വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം രണ്ട്‌

ഉത്‌ക​ണ്‌ഠകൾ—‘എല്ലാവി​ധ​ത്തി​ലും ഞെരു​ക്ക​പ്പെ​ടു​ന്നു’

ഉത്‌ക​ണ്‌ഠകൾ—‘എല്ലാവി​ധ​ത്തി​ലും ഞെരു​ക്ക​പ്പെ​ടു​ന്നു’

“25 വർഷത്തെ വിവാ​ഹ​ജീ​വി​ത​ത്തി​നു ശേഷം ഞങ്ങൾ വഴിപി​രി​ഞ്ഞു! വിവാ​ഹ​മോ​ചനം നേടി! എന്റെ മക്കൾ സത്യം വിട്ടു​പോ​യി. ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ മറ്റൊരു വഴിക്ക്‌! അങ്ങനെ ഞാൻ വിഷാ​ദ​ത്തി​ലാ​യി. ലോകം ഒന്നാകെ ഇടിഞ്ഞ്‌ എന്റെ മേൽ പതിച്ച​താ​യി എനിക്കു തോന്നി. ഇനി ഒന്നും എനിക്കു സഹിക്കാ​നാ​കു​മാ​യി​രു​ന്നില്ല. ഞാൻ സഭാ​യോ​ഗ​ങ്ങൾക്ക്‌ പോകു​ന്നത്‌ നിറുത്തി. ഞാൻ നിഷ്‌ക്രി​യ​യാ​യി!”—ജൂണാ.

ഉത്‌കണ്‌ഠ എല്ലാവർക്കു​മുണ്ട്‌. ദൈവ​ജ​ന​വും അതിൽനിന്ന്‌ ഒഴിവു​ള്ള​വരല്ല. “എന്റെ ഹൃദയ​ത്തി​ന്റെ ആകുല​തകൾ വർധി​ക്കു​മ്പോൾ. . . ” എന്ന്‌ സങ്കീർത്ത​ന​ക്കാ​രൻ എഴുതി. (സങ്കീർത്തനം 94:19, പി.ഒ.സി.) അവസാ​ന​നാ​ളു​ക​ളിൽ “ജീവി​ത​ത്തി​ന്റെ ആകുലതക”ൾ യഹോ​വയെ സേവി​ക്കു​ന്ന​വർക്ക്‌ ഒരു പ്രതി​ബ​ന്ധ​മാ​യി​ത്തീർന്നേ​ക്കാ​മെന്ന്‌ യേശു​വും പറഞ്ഞു. (ലൂക്കോസ്‌ 21:34) നിങ്ങളു​ടെ കാര്യ​മോ? സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടു​കൾ, കുടും​ബ​പ്ര​ശ്‌നങ്ങൾ, ആരോ​ഗ്യ​ത്തെ​ക്കു​റി​ച്ചുള്ള ഉത്‌കണ്‌ഠ ഇവയൊ​ക്കെ തളർത്തി​ക്ക​ള​യു​ന്ന​താ​യി നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? ഇവയൊ​ക്കെ മറിക​ട​ക്കാൻ യഹോ​വ​യ്‌ക്ക്‌ നിങ്ങളെ എങ്ങനെ സഹായി​ക്കാ​നാ​കും?

“അസാമാ​ന്യ​ശക്തി”

ഈ ഉത്‌ക​ണ്‌ഠകൾ ഒറ്റയ്‌ക്ക്‌ മറിക​ടന്ന്‌ മുന്നോ​ട്ടു​പോ​കാൻ നമുക്കാ​വില്ല. പൗലോസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ​യെ​ല്ലാം എഴുതി: ‘ഞങ്ങൾ എല്ലാവി​ധ​ത്തി​ലും ഞെരു​ക്ക​പ്പെ​ടു​ന്നു,’ ‘ഞങ്ങൾ ആശങ്കാ​കു​ല​രാണ്‌,’ ‘ഞങ്ങൾ വീണു​കി​ട​ക്കു​ന്നു.’ എന്നാൽ അവൻ ഇങ്ങനെ​യും എഴുതി: ഞങ്ങൾ “തകർന്നു​പോ​കു​ന്നില്ല,” ഞങ്ങൾ “ആശയറ്റ​വ​രാ​കു​ന്നില്ല,” ഞങ്ങൾ “നശിച്ചു​പോ​കു​ന്നില്ല.” സഹിച്ചു മുന്നോ​ട്ടു​പോ​കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എന്താണ്‌? “അസാമാ​ന്യ​ശക്തി!” അതായത്‌ സർവശ​ക്ത​നായ നമ്മുടെ ദൈവ​ത്തിൽനിന്ന്‌, യഹോ​വ​യിൽനിന്ന്‌, വരുന്ന ശക്തി.—2 കൊരി​ന്ത്യർ 4:7-9.

കഴിഞ്ഞ കാലങ്ങ​ളിൽ ഈ “അസാമാ​ന്യ​ശക്തി’’ നിങ്ങൾക്ക്‌ ലഭിച്ചത്‌ എങ്ങനെ​യാ​ണെന്ന്‌ ഒന്നോർത്തെ​ടു​ക്കാൻ ശ്രമിക്കൂ. . . സഭയിൽ കേട്ട ഒരു പ്രസംഗം യഹോ​വ​യു​ടെ അചഞ്ചല​സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ വിലമ​തിപ്പ്‌ ഒന്നുകൂ​ടി ഊട്ടി​യു​റ​പ്പി​ച്ചത്‌ നിങ്ങൾക്ക്‌ ഓർമ​യു​ണ്ടോ? ഭൂമി പറുദീ​സ​യാ​കു​മെന്ന മനോ​ഹ​ര​മായ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വരെ പഠിപ്പി​ച്ച​പ്പോൾ യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ഒന്നുകൂ​ടി ബലപ്പെ​ട്ടി​ല്ലേ? സഭാ​യോ​ഗ​ങ്ങ​ളിൽ സംബന്ധി​ക്കു​മ്പോൾ, നമ്മുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ ആളുക​ളോട്‌ പറയു​മ്പോൾ, വാസ്‌ത​വ​ത്തിൽ ജീവി​തോ​ത്‌ക​ണ്‌ഠ​കളെ മറിക​ടന്ന്‌ മുന്നോട്ട്‌ പോകാ​നുള്ള ഉൾക്കരുത്ത്‌ നമുക്ക്‌ പകർന്നു​കി​ട്ടു​ക​യാണ്‌. ഒപ്പം യഹോ​വയെ സന്തോ​ഷ​ത്തോ​ടെ സേവി​ക്കാൻ മനസ്സിന്‌ സ്വസ്ഥത​യും ശാന്തത​യും ലഭിക്കു​ന്നു.

“യഹോവ നല്ലവൻ എന്നു രുചി​ച്ച​റി​വിൻ”

നാലു​പാ​ടു​നി​ന്നും ഒരേ സമയം പ്രതി​ബ​ന്ധങ്ങൾ തലപൊ​ക്കാം. അതു വാസ്‌ത​വ​മാണ്‌. ഉദാഹ​രണം പറഞ്ഞാൽ, ഒന്നാമത്‌ രാജ്യം അന്വേ​ഷി​ക്കാ​നും ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ള​ട​ങ്ങുന്ന ഒരു നല്ല ദിനചര്യ നിലനി​റു​ത്താ​നും യഹോവ നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നു. (മത്തായി 6:33; ലൂക്കോസ്‌ 13:24) എന്നാലി​താ പ്രതി​ബ​ന്ധങ്ങൾ: എതിർപ്പ്‌, മോശ​മായ ആരോ​ഗ്യം, കുടും​ബ​പ്ര​ശ്‌നങ്ങൾ! ഇവയെ​ല്ലാം നിങ്ങളെ ശാരീ​രി​ക​മാ​യി തളർത്തി​ക്ക​ള​യു​ന്നെ​ങ്കി​ലോ? ഇനി, സഭാകാ​ര്യ​ങ്ങൾക്കാ​യി ചെലവ​ഴി​ക്കേണ്ട സമയവും ഊർജ​വും നിങ്ങളു​ടെ ജോലി കവർന്നെ​ടു​ക്കു​ന്നെ​ങ്കി​ലോ? മുമ്പിൽ ചെയ്‌തു​തീർക്കാൻ ഒരുപാ​ടു കാര്യങ്ങൾ! പക്ഷേ, അതിനുള്ള സമയവും ഊർജ​വും ഒട്ടില്ല​താ​നും! നിങ്ങൾ ആകെ കുഴങ്ങി​പ്പോ​കു​കയേ ഉള്ളൂ. ഇത്തര​മൊ​രു സാഹച​ര്യ​ത്തിൽ നിങ്ങൾ ഇങ്ങനെ പോലും ചിന്തി​ച്ചു​പോ​യേ​ക്കാം: ‘എനിക്കു ചെയ്യാൻ കഴിയു​ന്ന​തിൽ കൂടുതൽ യഹോവ എന്നിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ക​യാ​ണോ?’

യഹോ​വ​യ്‌ക്ക്‌ എല്ലാം മനസ്സി​ലാ​കും! അവൻ ഒരിക്ക​ലും നമുക്ക്‌ ചെയ്യാൻ കഴിയു​ന്ന​തിൽ കൂടുതൽ പ്രതീ​ക്ഷി​ക്കു​ക​യില്ല. ഇനി, മനസ്സി​നേറ്റ മുറി​വു​ക​ളും ക്ഷതങ്ങളും ശരീര​ത്തെ​യും ബാധി​ച്ചി​ട്ടു​ണ്ടാ​കും. അതിൽനി​ന്നെ​ല്ലാം കരകയ​റാൻ സമയ​മെ​ടു​ക്കു​മെ​ന്നും യഹോ​വ​യ്‌ക്ക്‌ അറിയാം!—സങ്കീർത്തനം 103:13, 14.

നമുക്ക്‌ ഒരു ഉദാഹ​രണം നോക്കാം: പ്രവാ​ച​ക​നായ ഏലിയാ​വി​നെ യഹോവ എങ്ങനെ​യാണ്‌ പരിപാ​ലി​ച്ച​തെന്ന്‌. . . ഒരു വേള ഏലിയാ​വി​ന്റെ മനസ്സു മടുത്തു, പ്രാണ​ഭയം അവനെ വേട്ടയാ​ടി. അവൻ ഒരു മരു​പ്ര​ദേ​ശ​ത്തേക്ക്‌ ഓടി​പ്പോ​യി. അപ്പോൾ യഹോവ എന്തു ചെയ്‌തു? അവനെ ശകാരിച്ച്‌ തന്റെ നിയമ​ന​ത്തി​ലേക്ക്‌ തിരി​ച്ചു​പോ​കാൻ ആജ്ഞാപി​ച്ചോ? ഇല്ല. യഹോവ തന്റെ ദൂതനെ അയച്ചു. അതും രണ്ടു തവണ. ദൂതൻ ഏലിയാ​വി​ന്റെ അടുത്തു ചെന്ന്‌ അവനെ മെല്ലെ തട്ടിയു​ണർത്തി, അവന്‌ ആഹാരം നൽകി. എന്നിട്ടും. . . 40 ദിവസ​ങ്ങൾക്കു ശേഷവും, ഏലിയാ​വി​ന്റെ മനസ്സു നിറയെ ഉത്‌ക​ണ്‌ഠ​യാ​യി​രു​ന്നു. ഭയം അവനെ വിട്ടു​മാ​റി​യില്ല. അവനെ സഹായി​ക്കാൻ യഹോവ പിന്നെ എന്താണ്‌ ചെയ്‌തത്‌? ഒന്നാമത്‌, തനിക്ക്‌ അവനെ സംരക്ഷി​ക്കാൻ പ്രാപ്‌തി​യു​ണ്ടെന്ന്‌ യഹോവ അവന്റെ കണ്മുന്നിൽത്തന്നെ തെളി​യി​ച്ചു കാണിച്ചു. രണ്ടാമത്‌, “സാവധാ​ന​ത്തിൽ ഒരു മൃദു​സ്വര”ത്തിൽ സംസാ​രി​ച്ചു​കൊണ്ട്‌ യഹോവ അവനെ ആശ്വസി​പ്പി​ച്ചു. മൂന്നാ​മത്‌, സത്യ​ദൈ​വത്തെ വിശ്വ​സ്‌ത​മാ​യി ആരാധി​ക്കുന്ന വേറെ ആയിര​ങ്ങ​ളു​ണ്ടെന്ന്‌ യഹോവ അവനോട്‌ വെളി​പ്പെ​ടു​ത്തി. പിന്നെ നമ്മൾ കാണു​ന്നത്‌ ഉത്സാഹ​ത്തോ​ടെ പ്രവാ​ച​ക​വേല നിർവ​ഹി​ക്കുന്ന ഏലിയാ​വി​നെ​യാണ്‌! (1 രാജാ​ക്ക​ന്മാർ 19:1-19) എന്താണ്‌ ഇതിൽനി​ന്നുള്ള പാഠം? ഉത്‌കണ്‌ഠ ഏലിയാ​വി​നെ വരിഞ്ഞു​മു​റു​ക്കി​യ​പ്പോൾ യഹോവ അവനോട്‌ ക്ഷമയോ​ടെ, അനുക​മ്പ​യോ​ടെ ഇടപെട്ടു. യഹോ​വ​യ്‌ക്ക്‌ മാറ്റം വന്നിട്ടില്ല! അതേ അനുക​മ്പ​യോ​ടെ, ക്ഷമയോ​ടെ അവൻ നമ്മോ​ടും ഇടപെ​ടും.

യഹോ​വ​യ്‌ക്ക്‌ നൽകാൻ കഴിയു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾ യാഥാർഥ്യ​ബോ​ധ​ത്തോ​ടെ ചിന്തി​ക്കുക. ഇന്നു ചെയ്യു​ന്ന​തും കഴിഞ്ഞ കാലത്ത്‌ നിങ്ങൾ ചെയ്‌തി​രു​ന്ന​തും തമ്മിൽ ഒരിക്ക​ലും താരത​മ്യ​പ്പെ​ടു​ത്ത​രുത്‌. അതിനെ ഇങ്ങനെ ഉദാഹ​രി​ക്കാം: ഒരു ഓട്ടക്കാ​രൻ ഏതാനും മാസങ്ങ​ളോ വർഷങ്ങ​ളോ ആയി പരിശീ​ലനം നിറു​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണെന്ന്‌ വിചാ​രി​ക്കുക. അദ്ദേഹ​ത്തിന്‌ ആ പഴയ ദിനച​ര്യ​യി​ലേക്ക്‌ ഒറ്റയടിക്ക്‌ തിരി​ച്ചു​വ​രാ​നാ​വില്ല. പിന്നെ​യോ ചെറി​യ​ചെ​റിയ ലക്ഷ്യങ്ങൾ വെച്ച്‌ അദ്ദേഹം ശ്രമി​ക്കും. അങ്ങനെ കായി​ക​ക്ഷമത വീണ്ടെ​ടു​ക്കാൻ ക്രമേണ അദ്ദേഹ​ത്തിന്‌ കഴിയും, ഒപ്പം സഹിഷ്‌ണു​ത​യും. ക്രിസ്‌ത്യാ​നി​കൾ ഓട്ടക്കാ​രെ​പ്പോ​ലെ​യാണ്‌. വ്യക്തമായ ഒരു ലക്ഷ്യം വെച്ചു​കൊ​ണ്ടാണ്‌ അവരും പരിശീ​ലനം നേടു​ന്നത്‌. (1 കൊരി​ന്ത്യർ 9:24-27) നിങ്ങളു​ടെ ഇപ്പോ​ഴത്തെ സാഹച​ര്യ​ത്തിൽ നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്നത്‌ എന്താണ്‌? വളരെ എളുപ്പ​ത്തിൽ എത്താൻ കഴിയുന്ന ചെറി​യ​ചെ​റിയ ലക്ഷ്യങ്ങൾ വെച്ചു​നോ​ക്കുക. ഉദാഹ​ര​ണ​ത്തിന്‌ ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ ഒന്നിൽ സംബന്ധി​ക്കാൻ ലക്ഷ്യം വെക്കാ​വു​ന്ന​താണ്‌. ആ ലക്ഷ്യം കൈവ​രി​ക്കാ​നുള്ള സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ പ്രാർഥി​ക്കു​ക​യും വേണം. കുറേ​ശ്ശെ​യാ​യി ആത്മീയ​ബലം വീണ്ടെ​ടു​ത്തു​വ​രു​മ്പോൾ “യഹോവ നല്ലവൻ എന്ന്‌” നിങ്ങൾ ‘രുചി​ച്ച​റി​യും!’ (സങ്കീർത്തനം 34:8) ഒരു കാര്യം പ്രത്യേ​കം ഓർക്കുക: യഹോ​വ​യോ​ടുള്ള സ്‌നേഹം പ്രകടി​പ്പി​ക്കാൻ നിങ്ങൾ ചെയ്യു​ന്ന​തെ​ന്തും, അത്‌ എത്ര ചെറു​താ​ണെന്ന്‌ നിങ്ങൾക്ക്‌ തോന്നി​യാ​ലും, യഹോ​വ​യ്‌ക്ക്‌ അത്‌ വളരെ വിലയു​ള്ള​താണ്‌!—ലൂക്കോസ്‌ 21:1-4.

യഹോവ ഒരിക്ക​ലും നമുക്ക്‌ ചെയ്യാൻ കഴിയു​ന്ന​തിൽ കൂടുതൽ പ്രതീക്ഷിക്കുകയില്ല

“എനിക്കു വേണ്ടി​യി​രുന്ന ഓജസ്സ്‌. . . ”

തുടക്ക​ത്തിൽ കണ്ട ജൂണായെ, തന്റെ അടുക്ക​ലേക്കു മടങ്ങി​വ​രാൻ യഹോവ സഹായി​ച്ചത്‌ എങ്ങനെ​യാണ്‌? ജൂണാ പറയുന്നു: “സഹായി​ക്ക​ണമേ എന്ന്‌ ഞാൻ യഹോ​വ​യോട്‌ പതിവാ​യി പ്രാർഥി​ക്കു​മാ​യി​രു​ന്നു. അപ്പോ​ഴാണ്‌ മരുമകൾ എന്നോട്‌ എന്റെ പട്ടണത്തിൽവെച്ച്‌ ഒരു സമ്മേളനം നടക്കാൻ പോകു​ക​യാ​ണെന്ന്‌ പറഞ്ഞത്‌. ഒരു ദിവസം മാത്രം പോകാ​മെന്ന്‌ ഞാൻ തീരു​മാ​നി​ച്ചു. പക്ഷേ, അവിടെ ചെന്ന​പ്പോൾ യഹോ​വ​യു​ടെ ജനത്തിന്റെ ഇടയി​ലേക്കു തിരി​ച്ചു​ചെ​ന്ന​തി​ന്റെ അനുഭൂ​തി ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞു! എനിക്കു വേണ്ടി​യി​രുന്ന ഓജസ്സ്‌ ആ സമ്മേളനം പകർന്നു​തന്നു!! ഇപ്പോൾ ഞാൻ വീണ്ടും യഹോ​വയെ സന്തോ​ഷ​ത്തോ​ടെ സേവി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. അത്‌ ജീവി​ത​ത്തിന്‌ വളരെ​യേറെ അർഥം പകർന്നി​രി​ക്കു​ന്നു. ഒരു കാര്യം​കൂ​ടി എനിക്കു മനസ്സി​ലാ​യി: സ്വയം ഒറ്റപ്പെ​ടു​ത്തി എനിക്ക്‌ തുഴഞ്ഞു നീങ്ങാ​നാ​വില്ല, സഹോ​ദ​ര​ങ്ങ​ളു​ടെ സഹായം കൂടിയേ തീരൂ! തിരി​ച്ചു​വ​രാൻ കാലം ബാക്കി​യു​ണ്ടാ​യി​രു​ന്ന​ല്ലോ എന്ന്‌ ഓർക്കു​മ്പോൾ നന്ദിയാൽ എന്റെ ഹൃദയം നിറയു​ന്നു!”