വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം ഒന്ന്‌

‘കാണാ​തെ​പോ​യ​തി​നെ ഞാൻ അന്വേ​ഷി​ക്കും’

‘കാണാ​തെ​പോ​യ​തി​നെ ഞാൻ അന്വേ​ഷി​ക്കും’

ആ ചെമ്മരി​യാട്‌ ആകെ പേടി​ച്ച​ര​ണ്ടു​നിൽക്കു​ക​യാണ്‌!! മേച്ചിൽപ്പു​റ​ത്തു​കൂ​ടി പുൽനാ​മ്പു​കൾ കടിച്ച്‌ നടക്കു​ന്ന​തി​നി​ടെ എങ്ങനെ​യോ അത്‌ കൂട്ടം വിട്ടു​പോ​യി. കൂട്ട​ത്തെ​യോ തന്റെ ഇടയ​നെ​യോ അവി​ടെ​ങ്ങും കാണാ​നില്ല. ഇരുട്ട്‌ പരന്നു​തു​ടങ്ങി. ഇരപി​ടി​യ​ന്മാർ പതുങ്ങി​ന​ട​ക്കുന്ന ആ താഴ്‌വ​ര​യിൽ. . . ഒറ്റയ്‌ക്ക്‌. . . ! നിസ്സഹാ​യ​നാ​യി. . . ! ഒടുവി​ലതാ, ഒരു ശബ്ദം. . . ഏറെ പരിച​യ​മുള്ള ശബ്ദമാണ്‌. . . ! അത്‌ ഇടയ​ന്റേ​താ​യി​രു​ന്നു. ആ ഇടയൻ തന്റെ ആടിന്റെ അരികി​ലേക്ക്‌ ഓടി​യ​ണഞ്ഞു. കുനിഞ്ഞ്‌ അതിനെ എടുത്ത്‌, തന്റെ അങ്കിയു​ടെ മടക്കിൽ ചേർത്തു​വെച്ചു. എന്നിട്ട്‌ വീട്ടി​ലേക്ക്‌ മടങ്ങി. . .

ഇങ്ങനെ​യൊ​രു ആട്ടിട​യ​നാ​യാണ്‌ യഹോവ സ്വയം വിശേ​ഷി​പ്പി​ക്കു​ന്നത്‌! പല ആവർത്തി യഹോവ തന്നെക്കു​റിച്ച്‌ അങ്ങനെ പറഞ്ഞി​ട്ടുണ്ട്‌. “ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞു​നോ​ക്കും” എന്ന്‌ തന്റെ വചനത്തിൽ യഹോവ ഉറപ്പു​നൽകു​ന്നു.—യെഹെ​സ്‌കേൽ 34:11, 12.

‘ഞാൻ തന്നേ എന്റെ ആടുകളെ മേയി​ക്കും’

ആരാണ്‌ യഹോ​വ​യു​ടെ ആടുകൾ? ലളിത​മാ​യി പറഞ്ഞാൽ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും അവനെ ആരാധി​ക്കു​ക​യും ചെയ്യു​ന്ന​വ​രാണ്‌ യഹോ​വ​യു​ടെ ആടുകൾ. ബൈബിൾ പറയുന്നു: “വരുവിൻ, നാം വണങ്ങി നമസ്‌ക​രിക്ക; നമ്മെ നിർമ്മിച്ച യഹോ​വ​യു​ടെ മുമ്പിൽ മുട്ടു​കു​ത്തുക. അവൻ നമ്മുടെ ദൈവ​മാ​കു​ന്നു; നാമോ അവൻ മേയി​ക്കുന്ന ജനവും അവന്റെ കൈക്കലെ ആടുക​ളും തന്നേ.” (സങ്കീർത്തനം 95:6, 7) ആടുകൾ അവയുടെ ഇടയന്റെ പിന്നാലെ പോകു​ന്ന​തു​പോ​ലെ യഹോ​വയെ ആരാധി​ക്കു​ന്ന​വ​രും തങ്ങളുടെ ഇടയനെ അനുഗ​മി​ക്കാൻ ഇഷ്ടമു​ള്ള​വ​രാണ്‌. അവർ കുറ്റമ​റ്റ​വ​രാ​ണോ? അല്ല. യഹോ​വ​യു​ടെ ദാസന്മാർ ചില സമയങ്ങ​ളിൽ, “ചിതറി​പ്പോയ”വരാണ്‌, “കാണാ​തെ​പോയ”വരാണ്‌, “വഴി​തെറ്റി ഉഴലുന്ന”വരാണ്‌. (യെഹെ​സ്‌കേൽ 34:12; മത്തായി 15:24; 1 പത്രോസ്‌ 2:25) പക്ഷേ, തന്റെ ഒരു ദാസനോ ദാസി​യോ കൂട്ടം​വിട്ട്‌ പോയി​ട്ടു​ണ്ടെ​ങ്കിൽ യഹോവ ആ വ്യക്തിയെ ഉപേക്ഷി​ക്കു​ന്നില്ല, പ്രതീ​ക്ഷ​യ്‌ക്കു വകയി​ല്ലാത്ത ഒരാളാ​യി കാണു​ന്നില്ല.

യഹോവ ഇപ്പോ​ഴും നിങ്ങളു​ടെ ഇടയനാ​ണെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? താൻ ഒരു ഇടയനാ​ണെന്ന്‌ യഹോവ ഇന്ന്‌ തെളി​യി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? മൂന്നു വിധങ്ങൾ നോക്കാം.

അവൻ നമ്മളെ ആത്മീയ​മാ​യി പോഷി​പ്പി​ക്കു​ന്നു. “നല്ല മേച്ചൽപു​റത്തു ഞാൻ അവയെ മേയി​ക്കും; . . . അവിടെ അവ നല്ല കിടപ്പി​ടത്തു കിടക്കു​ക​യും . . . പുഷ്ടി​യുള്ള മേച്ചൽപു​റത്തു മേയു​ക​യും ചെയ്യും” എന്ന്‌ യഹോവ പറയുന്നു. (യെഹെ​സ്‌കേൽ 34:14) ഊർജ​വും ഉന്മേഷ​വും പകരുന്ന വൈവി​ധ്യ​മാർന്ന ആത്മീയ​വി​ഭ​വങ്ങൾ യഹോവ അതാതു​സ​മ​യത്തു നൽകുന്നു. അക്കാര്യ​ത്തിൽ അവൻ ഒരിക്ക​ലും മുടക്കം വരുത്തി​യി​ട്ടില്ല. ഒരു ലേഖനം, ഒരു പ്രസംഗം, ഒരു വീഡി​യോ നിങ്ങളു​ടെ പ്രാർഥ​ന​യ്‌ക്കുള്ള ഉത്തരമാ​യി യഹോവ നൽകി​യ​താ​ണെന്ന്‌ നിങ്ങൾക്ക്‌ തോന്നി​യി​ട്ടി​ല്ലേ? യഹോവ നിങ്ങൾക്കു​വേണ്ടി വ്യക്തി​പ​ര​മാ​യി കരുതു​ന്നു​ണ്ടെന്ന്‌ അപ്പോൾ നിങ്ങൾക്ക്‌ ബോധ്യ​പ്പെ​ട്ടി​ട്ടി​ല്ലേ?

അവൻ നമ്മളെ സംരക്ഷി​ക്കു​ന്നു, തുണയ്‌ക്കു​ന്നു. “വഴി തെറ്റി​പ്പോ​യ​തി​നെ ഞാൻ തിരി​യെ​ക്കൊ​ണ്ടു​വ​രും; മുറി​വേ​റ്റ​തി​നെ ഞാൻ വച്ചു​കെ​ട്ടും. ബലഹീ​ന​മാ​യ​തി​നെ ഞാൻ ശക്തി​പ്പെ​ടു​ത്തും,” അതാണ്‌ യഹോവ നൽകുന്ന ഉറപ്പ്‌. (യെഹെ​സ്‌കേൽ 34:16, പി.ഒ.സി.) മനോ​ബ​ലം​കെട്ട്‌ തളർന്നു​പോ​യ​വ​രെ​യും ഉത്‌ക​ണ്‌ഠ​ക​ളിൽ ആഴ്‌ന്നു​പോ​യ​വ​രെ​യും യഹോവ ശക്തി​പ്പെ​ടു​ത്തും. അവൻ തന്റെ ആടുക​ളു​ടെ മുറിവ്‌ വെച്ചു​കെ​ട്ടു​ന്നു. മുറി​വു​കൾ സുഖ​പ്പെ​ടാൻ അത്‌ സഹായി​ക്കും; ഒരുപക്ഷേ സഹാരാ​ധ​ക​രാൽ ആയിരി​ക്കാം മുറി​വേ​റ്റത്‌. കൂടാതെ, വഴി​തെറ്റി അകന്നു​പോ​യ​വയെ അവൻ തിരി​കെ​ക്കൊ​ണ്ടു​വ​രു​ന്നു. അവർ പലവിധ നിഷേ​ധ​വി​കാ​ര​ങ്ങ​ളു​മാ​യി മല്ലിടു​ന്നു​ണ്ടാ​കാം. യഹോവ അത്‌ മനസ്സി​ലാ​ക്കു​ന്നു.

അവന്‌ നമ്മോട്‌ ഒരു ഉത്തരവാ​ദി​ത്വം തോന്നു​ന്നു. യഹോവ പറയുന്നു: “ചിതറി​പ്പോയ സകലസ്ഥ​ല​ങ്ങ​ളി​ലും​നി​ന്നു (ഞാൻ) അവയെ വിടു​വി​ക്കും,” “കാണാ​തെ​പോ​യ​തി​നെ ഞാൻ അന്വേഷി”ക്കും. (യെഹെ​സ്‌കേൽ 34:12, 16) വഴി​തെ​റ്റി​പ്പോയ ഒരാട്‌ ‘ഒരിക്ക​ലും ഗുണം​പി​ടി​ക്കില്ല’ എന്ന്‌ യഹോവ ചിന്തി​ക്കു​ന്നതേ ഇല്ല. ഒരാടി​നെ കാണാതെ പോയി എന്ന്‌ മനസ്സി​ലാ​യാൽ, അവൻ അതിനെ അന്വേ​ഷി​ക്കു​ന്നു, കണ്ടെത്തി​ക്ക​ഴി​ഞ്ഞാൽ അതിയാ​യി സന്തോ​ഷി​ക്കു​ന്നു! (മത്തായി 18:12-14) “ഞാൻ തന്നേ എന്റെ ആടുകളെ മേയി”ക്കും എന്ന്‌ യഹോവ പറയുന്നു. (യെഹെ​സ്‌കേൽ 34:15) ആ ആടുക​ളിൽ ഒരാൾ നിങ്ങളാണ്‌! അതു​കൊ​ണ്ടാണ്‌ നിങ്ങ​ളെ​ക്കു​റിച്ച്‌ അവന്‌ ചിന്തയു​ള്ളത്‌, കരുത​ലു​ള്ളത്‌. . .

വഴിതെറ്റിപ്പോയ ഒരാട്‌ ‘ഒരിക്ക​ലും ഗുണം​പി​ടി​ക്കില്ല’ എന്ന്‌ യഹോവ ചിന്തി​ക്കുന്നതേ ഇല്ല. അതിനെ കണ്ടെത്തി​ക്ക​ഴി​ഞ്ഞാൽ അവൻ അതിയാ​യി സന്തോ​ഷി​ക്കു​ന്നു

“ഞങ്ങൾക്കു പണ്ടത്തെ​പ്പോ​ലെ ഒരു നല്ലകാലം വരു​ത്തേ​ണമേ”

യഹോവ നിങ്ങളെ അന്വേ​ഷി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? തന്റെ അടുക്ക​ലേക്ക്‌ മടങ്ങി​വ​രാൻ നിങ്ങളെ ക്ഷണിക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? നിങ്ങൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു! തന്റെ ആടുക​ളു​ടെ മേൽ അനു​ഗ്ര​ഹ​വർഷം ചൊരി​യു​മെ​ന്നാണ്‌ യഹോവ പറഞ്ഞി​രി​ക്കു​ന്നത്‌. (യെഹെ​സ്‌കേൽ 34:26) അത്‌ വെറും പൊള്ള​യായ വാഗ്‌ദാ​നമല്ല! അതിന്റെ തെളി​വു​കൾ നിങ്ങൾ നേരിട്ട്‌ കണ്ടിട്ടു​ള്ള​വ​രാണ്‌.

നിങ്ങൾ യഹോ​വയെ അറിഞ്ഞു​തു​ട​ങ്ങിയ ആ കാലഘട്ടം മനസ്സി​ലേ​ക്കൊ​ന്നു കൊണ്ടു​വരൂ. സത്യ​ദൈവം, ദൈവ​ത്തി​ന്റെ നാമം, മനുഷ്യ​രാ​ശി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ങ്ങൾ ഇങ്ങനെ​യുള്ള ആവേശ​ക​ര​മായ സത്യങ്ങൾ ആദ്യമാ​യി കേട്ട​പ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നി? സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും പ്രിയ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം സൗഹൃദം നുകർന്ന സമയങ്ങൾ നിങ്ങൾ ഓർക്കു​ന്നി​ല്ലേ? എത്ര കുളിർമ​യേ​കു​ന്ന​താ​യി​രു​ന്നു അവയൊ​ക്കെ! പിന്നെ നിങ്ങൾ, സുവാർത്ത അറിയി​ക്കാൻ തുടങ്ങി. സുവാർത്ത​യിൽ ആത്മാർഥ താത്‌പ​ര്യം കാണിച്ച ഒരാ​ളോട്‌ സംസാ​രി​ച്ച​തി​ന്റെ സംതൃ​പ്‌തി​യോ​ടെ, മനസ്സു​നി​റഞ്ഞ്‌, നിങ്ങൾ വീട്ടി​ലേക്ക്‌ മടങ്ങിയ സന്ദർഭങ്ങൾ ഓർത്തെ​ടു​ക്കാ​മോ?

ആ സന്തോ​ഷ​വേ​ള​ക​ളെ​ല്ലാം ഇനിയും നിങ്ങളു​ടെ സ്വന്തമാ​കും! കഴിഞ്ഞ കാലങ്ങ​ളി​ലെ ചില ദൈവ​ദാ​സ​ന്മാർ പ്രാർഥി​ച്ചത്‌ ഇങ്ങനെ​യാണ്‌: “യഹോവേ, ഞങ്ങൾ മടങ്ങി​വ​രേ​ണ്ട​തി​ന്നു ഞങ്ങളെ നിങ്ക​ലേക്കു മടക്കി​വ​രു​ത്തേ​ണമേ; ഞങ്ങൾക്കു പണ്ടത്തെ​പ്പോ​ലെ ഒരു നല്ലകാലം വരു​ത്തേ​ണമേ.” (വിലാ​പങ്ങൾ 5:21) യഹോവ ആ പ്രാർഥന കേട്ടു. ആ പഴയ സന്തോ​ഷ​ത്തോ​ടെ ദൈവ​ജനം യഹോ​വയെ സേവി​ക്കാൻ മടങ്ങി​യെത്തി. (നെഹെ​മ്യാ​വു 8:17) നിങ്ങളു​ടെ കാര്യ​ത്തി​ലും യഹോവ അതുതന്നെ ചെയ്യും!

പക്ഷേ, യഹോ​വ​യി​ങ്ക​ലേക്കു മടങ്ങി​വ​രു​ന്നത്‌ പറയു​ന്നത്ര എളുപ്പ​മ​ല്ലെന്ന്‌ നിങ്ങൾക്കു തോന്നി​യേ​ക്കാം. ചില പ്രതി​ബ​ന്ധങ്ങൾ നമുക്കു നോക്കാം, അവയെ എങ്ങനെ മറിക​ട​ക്കാ​മെ​ന്നും.