വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം അഞ്ച്‌

‘നിങ്ങളു​ടെ ജീവനെ കാക്കുന്ന ഇടയന്റെ അടുക്ക​ലേക്കു മടങ്ങി​വ​രുക’

‘നിങ്ങളു​ടെ ജീവനെ കാക്കുന്ന ഇടയന്റെ അടുക്ക​ലേക്കു മടങ്ങി​വ​രുക’

യഹോവയിങ്കലേക്കു മടങ്ങാൻ തടസ്സമാ​യി നിൽക്കുന്ന ഏതാനും പ്രതി​സ​ന്ധി​ക​ളെ​ക്കു​റിച്ച്‌ ഈ ലഘുപ​ത്രി​ക​യിൽ നമ്മൾ കണ്ടല്ലോ. ഇതിൽ ഏതാണ്‌ നിങ്ങൾക്കൊ​രു തടസ്സമാ​യി നിൽക്കു​ന്നത്‌? ഒരുപക്ഷേ ഒന്നില​ധി​കം കണ്ടെന്നും​വ​രാം. എങ്കിൽ, നിരു​ത്സാ​ഹ​പ്പെ​ടു​ക​യോ മനസ്സു വിഷമി​ക്കു​ക​യോ വേണ്ട. കാരണം, നിങ്ങൾ ഒറ്റയ്‌ക്കല്ല. വിശ്വ​സ്‌ത​രായ പല ദൈവ​ദാ​സ​ന്മാർക്കും ഇതേ​പോ​ലുള്ള പ്രതി​സ​ന്ധി​കൾ നേരി​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌, ബൈബിൾക്കാ​ല​ങ്ങ​ളി​ലും ഇക്കാല​ത്തും. അവയൊ​ക്കെ മറിക​ട​ക്കാൻ യഹോ​വ​യിൽനിന്ന്‌ അവർക്ക്‌ സഹായം ലഭിച്ചു. നിങ്ങൾക്കും അത്‌ ലഭ്യമാണ്‌.

യഹോവയുടെ അടുക്ക​ലേക്ക്‌ നിങ്ങൾ മടങ്ങി​യെ​ത്തു​മ്പോൾ യഹോവ നിങ്ങളെ കാത്തി​രി​പ്പു​ണ്ടാ​കും

യഹോ​വ​യു​ടെ അടുക്ക​ലേക്ക്‌ നിങ്ങൾ മടങ്ങി​യെ​ത്തു​മ്പോൾ യഹോവ നിങ്ങളെ കാത്തി​രി​പ്പു​ണ്ടാ​കും. അക്കാര്യ​ത്തിൽ ഒരു സംശയ​വും വേണ്ട. ഉത്‌ക​ണ്‌ഠകൾ മറിക​ട​ക്കാൻ അവൻ നിങ്ങളെ സഹായി​ക്കും. മനസ്സി​നേറ്റ മുറി​വു​ണ​ങ്ങാൻ അവൻ സഹായി​ക്കും. ഒരു ശുദ്ധമ​ന​സ്സാ​ക്ഷി തിരി​കെ​ക്കി​ട്ടാൻ അവൻ സഹായി​ക്കും, അതിൽനിന്ന്‌ ഹൃദയ​സ​ന്തോ​ഷ​വും സ്വസ്ഥത​യും നിങ്ങൾക്ക്‌ അനുഭ​വി​ച്ച​റി​യാ​നാ​കും. അപ്പോൾ നിങ്ങൾക്ക്‌ സഹാരാ​ധ​ക​രോ​ടു ചേർന്ന്‌ യഹോ​വയെ സേവി​ക്കാൻ വീണ്ടും പ്രചോ​ദനം ലഭിക്കും. ഇങ്ങനെ​യൊ​ക്കെ ചെയ്‌തു​ക​ഴി​യു​മ്പോൾ നിങ്ങളു​ടെ സാഹച​ര്യം ഒന്നാം നൂറ്റാ​ണ്ടി​ലെ ചില ക്രിസ്‌ത്യാ​നി​ക​ളു​ടേ​തി​നു സമാന​മാ​യി​ത്തീ​രും. അവർക്ക്‌ പത്രോസ്‌ അപ്പൊ​സ്‌തലൻ ഇങ്ങനെ എഴുതി: “നിങ്ങൾ വഴി​തെറ്റി ഉഴലുന്ന ആടുക​ളെ​പ്പോ​ലെ ആയിരു​ന്നു; ഇപ്പോ​ഴോ നിങ്ങളു​ടെ ജീവനെ കാക്കുന്ന ഇടയന്റെ അടുക്ക​ലേക്കു നിങ്ങൾ മടങ്ങി​വ​ന്നി​രി​ക്കു​ന്നു.”—1 പത്രോസ്‌ 2:25.

നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം യഹോ​വ​യു​ടെ അടുക്ക​ലേക്കു മടങ്ങുക എന്നതാണ്‌. എന്തു​കൊണ്ട്‌? കാരണം, അതുവഴി നിങ്ങൾക്ക്‌ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കാ​നാ​കും! (സദൃശ​വാ​ക്യ​ങ്ങൾ 27:11) നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ, യഹോവ വികാ​ര​വി​ചാ​ര​ങ്ങ​ളുള്ള ദൈവ​മാണ്‌. അതു​കൊണ്ട്‌ നമ്മുടെ ചെയ്‌തി​കൾ അവനെ ബാധി​ക്കു​ന്നുണ്ട്‌. എന്നാൽ, തന്നെ സ്‌നേ​ഹി​ക്കാ​നും സേവി​ക്കാ​നും യഹോവ ആരെയും നിർബ​ന്ധി​ക്കു​ന്നില്ല. (ആവർത്ത​ന​പു​സ്‌തകം 30:19, 20) ഒരു ബൈബിൾപ​ണ്ഡി​തൻ അതെക്കു​റിച്ച്‌ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “മനുഷ്യ​ന്റെ ഹൃദയ​ക​വാ​ട​ത്തിന്‌, പുറത്തു​നി​ന്നു തുറക്കാൻ ഒരു കൈപ്പി​ടി​യില്ല. അത്‌ അകത്തു​നി​ന്നു മാത്രമേ തുറക്കാ​നാ​കൂ!” സ്‌നേഹം നിറഞ്ഞ ഹൃദയ​ത്തോ​ടെ യഹോ​വയെ ആരാധി​ക്കു​മ്പോൾ, നമ്മുടെ ഹൃദയ​ക​വാ​ടം നമ്മൾതന്നെ തുറക്കു​ക​യാണ്‌. അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ യഹോ​വ​യ്‌ക്ക്‌ ഒരു അമൂല്യ​മായ സമ്മാനം നൽകു​ക​യാണ്‌: നമ്മുടെ വിശ്വ​സ്‌തത! അത്‌ യഹോ​വ​യു​ടെ ഹൃദയ​ത്തിൽ നിറയ്‌ക്കുന്ന സന്തോഷം വളരെ വലുതാണ്‌! യഹോ​വ​യ്‌ക്ക്‌ അവൻ അർഹി​ക്കുന്ന ആരാധന നൽകു​മ്പോൾ നമുക്കു ലഭിക്കുന്ന സന്തോ​ഷത്തെ മറ്റൊ​ന്നി​നോ​ടും ഉപമി​ക്കാ​നാ​വില്ല!—പ്രവൃ​ത്തി​കൾ 20:35; വെളി​പാട്‌ 4:11.

സത്യാ​രാ​ധന നിങ്ങൾ വീണ്ടും തുടങ്ങു​മ്പോൾ നിങ്ങളു​ടെ ആത്മീയാ​വ​ശ്യം തൃപ്‌തി​പ്പെ​ടും. (മത്തായി 5:3) ഈ ഭൂമി​യി​ലെ​മ്പാ​ടു​മുള്ള ആളുക​ളിൽ പലരും, ‘നമ്മൾ ഇവിടെ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?’ എന്ന്‌ ചിന്തി​ക്കാ​റുണ്ട്‌. ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ അവർക്ക്‌ പല ചോദ്യ​ങ്ങ​ളു​മുണ്ട്‌. ഉത്തരത്തി​നാ​യി അവർ അലയു​ക​യാണ്‌. ഈ കാര്യ​ങ്ങ​ളൊ​ക്കെ അറിയാ​നുള്ള ഒരു ആഗ്രഹം സഹിത​മാണ്‌ യഹോവ മനുഷ്യ​രെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. അവനെ സേവി​ച്ചു​കൊണ്ട്‌ സംതൃ​പ്‌തി കണ്ടെത്താൻ തക്കവി​ധ​മാണ്‌ നമ്മളെ ദൈവം രൂപക​ല്‌പന ചെയ്‌തി​രി​ക്കു​ന്ന​തും. അതു​കൊണ്ട്‌, യഹോ​വയെ നിറഞ്ഞ സ്‌നേ​ഹ​ത്തോ​ടെ സേവി​ക്കുക. അതിന്റെ സംതൃ​പ്‌തി അനുഭ​വി​ച്ച​റി​യുക! അതിനു പകരം​വെ​ക്കാൻ മറ്റൊ​ന്നില്ല!—സങ്കീർത്തനം 63:1-5.

നിങ്ങൾ ഈ കാര്യം മറന്നു​പോ​ക​രുത്‌: നിങ്ങൾ യഹോ​വ​യു​ടെ അടുക്ക​ലേക്ക്‌ മടങ്ങി​വ​രാൻ അവൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു! എന്താണ്‌ ഉറപ്പ്‌? ഈ ലഘുപ​ത്രിക തയാറാ​ക്കി​യത്‌ ഒട്ടേറെ പ്രാർഥ​ന​കൾക്കു ശേഷമാണ്‌. ഇത്‌ നിങ്ങളു​ടെ കൈയി​ലെ​ത്തി​ച്ചത്‌ ഒരുപക്ഷേ ഒരു മൂപ്പനോ മറ്റൊരു സഹവി​ശ്വാ​സി​യോ ആകാം. കൈയിൽ കിട്ടി​യ​പ്പോൾ ഇതു വായി​ക്കാൻ നിങ്ങൾക്കു തോന്നി. ഇതിലെ സന്ദേശം നിങ്ങളെ ചിന്തി​പ്പി​ച്ചി​ല്ലേ? യഹോവ നിങ്ങളെ മറന്നി​ട്ടില്ല എന്നുള്ള​തി​ന്റെ തെളി​വു​ക​ളാണ്‌ ഇതെല്ലാം. മറന്നി​ട്ടി​ല്ലെന്നു മാത്രമല്ല, തന്റെ അടുക്ക​ലേക്ക്‌ മടങ്ങി​വ​രാൻ അവൻ നിങ്ങളെ വാത്സല്യ​ത്തോ​ടെ വിളി​ക്കു​ക​യു​മാണ്‌.—യോഹ​ന്നാൻ 6:44.

കാണാതെ പോയ തന്റെ ദാസീ​ദാ​സ​ന്മാ​രെ യഹോവ ഒരിക്ക​ലും മറക്കു​ന്നില്ല എന്നറി​യു​മ്പോൾ നമുക്ക്‌ വലിയ ആശ്വാസം തോന്നു​ന്നു, അല്ലേ? ഡോണ എന്നു പേരുള്ള ഒരു സഹോ​ദരി വിലമ​തി​പ്പോ​ടെ ഓർക്കു​ന്നത്‌ അതാണ്‌. ഡോണ പറയുന്നു: ‘ഞാൻ സത്യത്തിൽനിന്ന്‌ പതി​യെ​പ്പ​തി​യെ അകന്നു​പോ​യി. എന്നാൽ സങ്കീർത്തനം 139:23, 24-ലെ വാക്കുകൾ ഞാൻ കൂടെ​ക്കൂ​ടെ ഓർക്കു​മാ​യി​രു​ന്നു. അവിടെ ഇങ്ങനെ പറയുന്നു: “ദൈവമേ, എന്നെ ശോധന ചെയ്‌തു എന്റെ ഹൃദയത്തെ അറി​യേ​ണമേ; എന്നെ പരീക്ഷി​ച്ചു എന്റെ നിനവു​കളെ അറി​യേ​ണമേ. വ്യസന​ത്തി​ന്നുള്ള മാർഗ്ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വ​ത​മാർഗ്ഗ​ത്തിൽ എന്നെ നടത്തേ​ണമേ.” ഞാൻ ഈ ലോക​ത്തി​നു​ള്ള​വളല്ല എന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു. കാരണം, ഈ ലോകം ഒരിക്ക​ലും എനിക്കു ചേർന്ന​ത​ല്ലാ​യി​രു​ന്നു. എനിക്കു ചേരു​ന്നത്‌ യഹോ​വ​യു​ടെ സംഘട​ന​യാ​ണെ​ന്നും ഞാൻ അവിടെ ആയിരി​ക്കേ​ണ്ട​വ​ളാ​ണെ​ന്നും എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. യഹോവ എന്നെ ഒരിക്ക​ലും ഉപേക്ഷി​ച്ചി​ല്ലെന്ന്‌ ഞാൻ മനസ്സി​ലാ​ക്കി​ത്തു​ടങ്ങി. അവന്റെ അടുക്ക​ലേക്ക്‌ മടങ്ങുക, അതുമാ​ത്രമേ ഞാൻ ചെയ്യേ​ണ്ടി​യി​രു​ന്നു​ള്ളൂ. ഒടുവിൽ ഞാൻ അതു ചെയ്‌തു. ഞാൻ അതിൽ ഏറെ സന്തോ​ഷി​ക്കു​ന്നു!’

“യഹോവ എന്നെ ഒരിക്ക​ലും ഉപേക്ഷി​ച്ചി​ല്ലെന്ന്‌ ഞാൻ മനസ്സി​ലാ​ക്കി​ത്തു​ടങ്ങി. അവന്റെ അടുക്ക​ലേക്ക്‌ മടങ്ങുക, അതുമാ​ത്രമേ ഞാൻ ചെയ്യേ​ണ്ടി​യി​രു​ന്നു​ള്ളൂ”

“യഹോ​വ​യി​ങ്കലെ സന്തോഷം” വീണ്ടും നിങ്ങൾക്ക്‌ അനുഭ​വി​ച്ച​റി​യാ​നാ​കട്ടെ! (നെഹെ​മ്യാ​വു 8:10) അതാണ്‌ ഞങ്ങളുടെ ഹൃദയം​ഗ​മ​മായ പ്രാർഥന. . . യഹോ​വ​യു​ടെ അടുക്ക​ലേക്ക്‌ മടങ്ങി​യ​തിൽ ഒരിക്ക​ലും. . .ഒരിക്ക​ലും. . . നിങ്ങൾക്ക്‌ ഖേദി​ക്കേ​ണ്ടി​വ​രില്ല!!