വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം നാല്‌

കുറ്റ​ബോ​ധം—“എന്റെ പാപം നീക്കി എന്നെ വെടി​പ്പാ​ക്കേ​ണമേ”

കുറ്റ​ബോ​ധം—“എന്റെ പാപം നീക്കി എന്നെ വെടി​പ്പാ​ക്കേ​ണമേ”

“പുതിയ ജോലി എന്റെയും കുടും​ബ​ത്തി​ന്റെ​യും ജീവി​ത​നി​ല​വാ​രം മെച്ച​പ്പെ​ടു​ത്തി. പക്ഷേ, ചോദ്യം​ചെ​യ്യത്തക്ക പല കാര്യ​ങ്ങ​ളി​ലും ഉൾപ്പെ​ടാൻ അത്‌ കാരണ​മാ​യി. ഞാൻ വിശേ​ഷ​ദി​വ​സങ്ങൾ ആഘോ​ഷി​ക്കാൻ തുടങ്ങി, രാഷ്‌ട്രീയ ചടങ്ങു​ക​ളിൽ പങ്കെടു​ത്തു, പള്ളിശു​ശ്രൂ​ഷ​ക​ളിൽപ്പോ​ലും സംബന്ധി​ച്ചു. ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി​രുന്ന ഞാൻ 40 വർഷം സഭയു​മാ​യി ബന്ധം പുലർത്താ​തെ, നിഷ്‌ക്രി​യ​യാ​യി കഴിഞ്ഞു. കാലം കടന്നു​പോ​കു​ന്തോ​റും, ‘ഇനി യഹോവ എന്നോടു ക്ഷമിക്കില്ല’ എന്ന ചിന്ത കൂടി​ക്കൂ​ടി വന്നു. കുറ്റ​ബോ​ധം എന്നെ വേട്ടയാ​ടി. കാരണം, സത്യം അറിയാ​മാ​യി​രു​ന്നി​ട്ടും ഞാൻ തെറ്റായ ദിശയി​ലാണ്‌ പൊയ്‌ക്കൊ​ണ്ടി​രു​ന്നത്‌. . . ”—മാർത്ത.

മനസ്സിനെ നുറു​ക്കി​ക്ക​ള​യുന്ന ഒരു ഭാരമാണ്‌ കുറ്റ​ബോ​ധം. “എന്റെ അകൃത്യ​ങ്ങൾ എന്റെ തലെക്കു​മീ​തെ കവിഞ്ഞി​രി​ക്കു​ന്നു; ഭാരമുള്ള ചുമടു​പോ​ലെ അവ എനിക്കു അതിഘ​ന​മാ​യി​രി​ക്കു​ന്നു” എന്നാണ്‌ ദാവീദ്‌ രാജാവ്‌ എഴുതി​യത്‌. (സങ്കീർത്തനം 38:4) ചില ക്രിസ്‌ത്യാ​നി​കൾ ഇതു​പോ​ലെ അതിദുഃ​ഖ​ത്തി​ലാ​യി​ട്ടുണ്ട്‌. യഹോ​വ​യ്‌ക്ക്‌ ഒരിക്ക​ലും തങ്ങളോട്‌ ക്ഷമിക്കാൻ കഴിയി​ല്ലെന്ന്‌ അവർ ധരിച്ചു​വെ​ച്ചി​രി​ക്കു​ന്നു. (2 കൊരി​ന്ത്യർ 2:7) അത്തരം ചിന്ത ശരിയാ​ണോ? കടുത്ത​പാ​പ​ങ്ങൾത​ന്നെ​യാണ്‌ നിങ്ങൾ ചെയ്‌തത്‌ എന്നിരി​ക്കട്ടെ. യഹോ​വ​യ്‌ക്ക്‌ ക്ഷമിച്ചു​ത​രാൻ പറ്റാത്ത​വി​ധം പരിധിക്ക്‌ അപ്പുറ​ത്താ​ണോ നിങ്ങൾ? അല്ല, അങ്ങനെയല്ല!

“വരൂ, നമുക്കു രമ്യത​പ്പെ​ടാം”

പശ്ചാത്ത​പി​ക്കുന്ന പാപി​കളെ യഹോവ ഒരിക്ക​ലും ഉപേക്ഷി​ച്ചു​ക​ള​യു​ന്നില്ല. വാസ്‌ത​വ​ത്തിൽ, അവൻ അവരുടെ അടുക്ക​ലേക്ക്‌ ചെല്ലു​ക​യാ​ണു ചെയ്യു​ന്നത്‌! ധൂർത്ത​പു​ത്രന്റെ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യഹോ​വയെ സ്‌നേ​ഹ​നി​ധി​യായ പിതാ​വാ​യി വരച്ചു​കാ​ട്ടു​ക​യാ​യി​രു​ന്നു യേശു. ധൂർത്ത​പു​ത്രൻ തന്റെ വീടി​നെ​യും വീട്ടു​കാ​രെ​യും ഉപേക്ഷിച്ച്‌ അധമജീ​വി​തം നയിച്ചു. കുറെ​ക്കാ​ല​ത്തി​നു ശേഷം വീട്ടി​ലേക്ക്‌ മടങ്ങി​വ​രാൻ അവൻ തീരു​മാ​നി​ച്ചു. വിവരണം പറയുന്നു: “ദൂരെ​വെ​ച്ചു​തന്നെ അവന്റെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ്‌ ഓടി​ച്ചെന്ന്‌ അവനെ കെട്ടി​പ്പി​ടിച്ച്‌ ആർദ്ര​മാ​യി ചുംബി​ച്ചു.” (ലൂക്കോസ്‌ 15:11-20) ഇതു​പോ​ലെ യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? ഉണ്ടെങ്കിൽത്തന്നെ ‘വളരെ ദൂരത്താണ്‌ ഞാൻ’ എന്ന ചിന്തയാ​ണോ നിങ്ങൾക്കു​ള്ളത്‌? യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലെ ആ പിതാ​വി​നെ​പ്പോ​ലെ, യഹോ​വ​യ്‌ക്ക്‌ നിങ്ങ​ളോട്‌ ആർദ്ര​സ്‌നേ​ഹ​വും അനുക​മ്പ​യും ഉണ്ട്‌. നിങ്ങളെ തിരികെ സ്വീക​രി​ക്കാൻ അവൻ ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാണ്‌!

ഇനി യഹോ​വ​യ്‌ക്ക്‌ ക്ഷമിക്കാ​നാ​കാ​ത്ത​വി​ധം, നിങ്ങളു​ടെ പാപങ്ങൾ അതീവ​ഗു​രു​ത​ര​മാണ്‌, അവ അനവധി​യാണ്‌, എന്നെല്ലാം നിങ്ങൾക്കു തോന്നു​ന്നെ​ങ്കി​ലോ? യഹോവ നൽകുന്ന ഈ ക്ഷണം ഒന്ന്‌ കേട്ടു നോക്കൂ: “വരൂ, നമുക്കു രമ്യത​പ്പെ​ടാം . . . നിങ്ങളു​ടെ പാപങ്ങൾ കടും​ചു​വ​പ്പാ​ണെ​ങ്കി​ലും ഹിമം​പോ​ലെ വെണ്മയു​ള്ള​താ​യി​ത്തീ​രും.” (യെശയ്യാ​വു 1:18, സത്യ​വേ​ദ​പു​സ്‌തകം, ആധുനിക വിവർത്തനം.) നിങ്ങളു​ടെ പാപങ്ങൾ, ഒരു വെളുത്ത തുണി​യി​ലെ കടുഞ്ചു​വപ്പ്‌ നിറമുള്ള കറപോ​ലെ, അത്രയ്‌ക്ക്‌ കടുത്ത​താ​ണെ​ങ്കി​ലും യഹോ​വ​യ്‌ക്ക്‌ അവ ഹിമം പോലെ വെളു​പ്പി​ക്കാ​നാ​കും; അതായത്‌, അവൻ ക്ഷമിച്ചു​ത​രും!

നിങ്ങൾ കുറ്റ​ബോ​ധ​മുള്ള മനഃസാ​ക്ഷി​യു​മാ​യി മല്ലിട്ടു​ജീ​വി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നില്ല. ദൈവം ക്ഷമിച്ചു എന്ന അറിവും ഒരു ശുദ്ധമ​നഃ​സ്സാ​ക്ഷി​യും നിങ്ങൾക്കു നൽകുന്ന ആശ്വാസം വളരെ വലുതാണ്‌! അതു നേടാൻ, ആ ആശ്വാസം അനുഭ​വി​ച്ച​റി​യാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? ദാവീദ്‌ രാജാവ്‌ കൈ​ക്കൊണ്ട രണ്ട്‌ പടികൾ നോക്കാം: ഒന്നാമ​താ​യി ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “എന്റെ ലംഘന​ങ്ങളെ യഹോ​വ​യോ​ടു ഏറ്റുപ​റ​യും.” (സങ്കീർത്തനം 32:5) ഓർക്കുക: പ്രാർഥ​ന​യിൽ തന്നോട്‌ അടുത്തു​വ​രാ​നും അങ്ങനെ താനു​മാ​യി ‘രമ്യത​പ്പെ​ടാ​നും’ യഹോവ നിങ്ങളെ ക്ഷണിച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ക​യാണ്‌! ആ ക്ഷണം സ്വീക​രി​ക്കുക! നിങ്ങളു​ടെ പാപങ്ങൾ യഹോ​വ​യോട്‌ ഏറ്റുപ​റ​യുക. നിങ്ങളു​ടെ വികാ​ര​വി​ചാ​രങ്ങൾ അവന്റെ മുമ്പാകെ പകരുക. സ്വന്തം അനുഭ​വ​ത്തിൽനിന്ന്‌ ദാവീ​ദിന്‌ ആത്മവി​ശ്വാ​സ​ത്തോ​ടെ ഇപ്രകാ​രം പ്രാർഥി​ക്കാൻ കഴിഞ്ഞു: “എന്റെ പാപം നീക്കി എന്നെ വെടി​പ്പാ​ക്കേ​ണമേ. . . . തകർന്നും നുറു​ങ്ങി​യു​മി​രി​ക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസി​ക്ക​യില്ല.” —സങ്കീർത്തനം 51:2, 17.

രണ്ടാമ​താ​യി, ദാവീദ്‌ ദൈവ​ത്തി​ന്റെ പ്രതി​നി​ധി​യായ നാഥാൻ പ്രവാ​ച​കന്റെ സഹായം സ്വീക​രി​ച്ചു. (2 ശമൂവേൽ 12:13) ഇന്ന്‌, സഭാമൂ​പ്പ​ന്മാ​രെ യഹോവ നിയമി​ച്ചി​ട്ടുണ്ട്‌. പശ്ചാത്താ​പ​മുള്ള പാപി​കളെ യഹോ​വ​യു​മാ​യി സൗഹൃ​ദ​ബ​ന്ധ​ത്തി​ലേക്ക്‌ തിരി​കെ​വ​രാൻ സഹായി​ക്കു​ന്ന​തിന്‌ പരിശീ​ലനം നേടി​യി​ട്ടു​ള്ള​വ​രാണ്‌ അവർ. മൂപ്പന്മാ​രെ സമീപി​ക്കു​മ്പോൾ, ബൈബിൾവാ​ക്യ​ങ്ങൾ ഉപയോ​ഗി​ച്ചും ഹൃദയ​സ്‌പർശി​യായ പ്രാർഥ​നകൾ നടത്തി​ക്കൊ​ണ്ടും അവർ നിങ്ങളു​ടെ ഹൃദയത്തെ സാന്ത്വ​നി​പ്പി​ക്കും, നിങ്ങളു​ടെ​യു​ള്ളി​ലെ നിഷേ​ധ​വി​കാ​ര​ങ്ങളെ പുറന്ത​ള്ളും, അല്ലെങ്കിൽ അതിന്റെ തോത്‌ കുറയ്‌ക്കും. അങ്ങനെ ആത്മീയ​മാ​യി സുഖ​പ്പെ​ടാൻ അവർ നിങ്ങളെ സഹായി​ക്കും.—യാക്കോബ്‌ 5:14-16.

ഒരു ശുദ്ധമ​നഃ​സാ​ക്ഷി നൽകുന്ന സ്വസ്ഥത നിങ്ങൾ അനുഭ​വി​ച്ച​റി​യാൻ യഹോവ ആഗ്രഹി​ക്കു​ന്നു

‘ലംഘനം ക്ഷമിച്ചു കിട്ടി​യവൻ ഭാഗ്യ​വാൻ’

പാപങ്ങ​ളെ​ക്കു​റിച്ച്‌ യഹോ​വ​യോട്‌ ഏറ്റുപ​റ​യു​ന്ന​തും സഹായ​ത്തി​നാ​യി മൂപ്പന്മാ​രെ സമീപി​ക്കു​ന്ന​തും ഏറ്റവും ബുദ്ധി​മു​ട്ടുള്ള ഒരു കാര്യ​മാ​യി​ട്ടാ​യി​രി​ക്കും നിങ്ങൾക്കു തോന്നു​ന്നത്‌. അതു മനസ്സി​ലാ​ക്കാ​നാ​കും. ദാവീ​ദി​നും അത്‌ അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു. അവൻ കുറച്ചു​നാൾ തന്റെ പാപ​ത്തെ​ക്കു​റിച്ച്‌ ‘മിണ്ടാ​തെ​യി​രു​ന്നു.’ (സങ്കീർത്തനം 32:3) എന്നാൽ, പാപങ്ങൾ ഏറ്റു പറഞ്ഞതും തെറ്റായ വഴി നേരെ​യാ​ക്കി​യ​തും എത്ര നന്നായി എന്ന്‌ പിന്നീട്‌ അവൻ തിരി​ച്ച​റി​ഞ്ഞു!

അതു​കൊ​ണ്ടു​ണ്ടാ​യ വലി​യൊ​രു മെച്ചം, ദാവീ​ദിന്‌ തന്റെ സന്തോഷം തിരി​കെ​ക്കി​ട്ടി എന്നുള്ള​താണ്‌. അവൻ അതെക്കു​റിച്ച്‌ എഴുതി​യത്‌ ഇങ്ങനെ​യാണ്‌: “ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടി​യവൻ ഭാഗ്യ​വാൻ.” (സങ്കീർത്തനം 32:1) അവൻ ഇങ്ങനെ​യും പ്രാർഥി​ച്ചു: “കർത്താവേ, (യഹോവേ) എന്റെ അധരങ്ങളെ തുറ​ക്കേ​ണമേ; എന്നാൽ എന്റെ വായ്‌ നിന്റെ സ്‌തു​തി​യെ വർണ്ണി​ക്കും.” (സങ്കീർത്തനം 51:15) അതെ, യഹോവ അവന്റെ പാപങ്ങൾ ക്ഷമിച്ചു​കൊ​ടു​ത്ത​പ്പോൾ, കുറ്റ​ബോ​ധ​ത്തിൽനിന്ന്‌ അവൻ മുക്തനാ​യ​പ്പോൾ, അവന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞു! മറ്റുള്ള​വ​രോട്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പറയാൻ ദാവീ​ദിന്‌ ഉത്സാഹ​മാ​യി.

ഒരു ശുദ്ധമ​നഃ​സാ​ക്ഷി നൽകുന്ന സ്വസ്ഥത നിങ്ങൾ അനുഭ​വി​ച്ച​റി​യാൻ യഹോവ ആഗ്രഹി​ക്കു​ന്നു. യഹോ​വ​യെ​ക്കു​റി​ച്ചും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും നിങ്ങൾ മറ്റുള്ള​വ​രോട്‌ പറയാൻ അവൻ ആഗ്രഹി​ക്കു​ന്നു. കുറ്റ​ബോ​ധം പേറി​ക്കൊ​ണ്ടല്ല, പിന്നെ​യോ ശുദ്ധമായ ഹൃദയ​ത്തോ​ടെ​യും അത്യധി​ക​മായ സന്തോ​ഷ​ത്തോ​ടെ​യും നിങ്ങൾ അത്‌ ചെയ്യണ​മെ​ന്നാണ്‌ അവന്റെ ആഗ്രഹം. (സങ്കീർത്തനം 65:1-4) പാപങ്ങൾ മായ്‌ച്ച്‌ അതുവഴി യഹോ​വ​യിൽനി​ന്നുള്ള ഉന്മേഷ​കാ​ലങ്ങൾ അനുഭ​വി​ക്കാ​നുള്ള യഹോ​വ​യു​ടെ ക്ഷണം ഓർക്കുക!—പ്രവൃ​ത്തി​കൾ 3:19.

മാർത്ത​യു​ടെ ജീവി​ത​ത്തിൽ അത്‌ സംഭവി​ച്ചു. മാർത്ത പറയുന്നു: “എന്റെ മകൻ പതിവാ​യി വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ എനിക്ക്‌ അയച്ചു​ത​രു​മാ​യി​രു​ന്നു. പതി​യെ​പ്പ​തി​യെ, യഹോ​വ​യു​മാ​യി ഞാൻ വീണ്ടും അടുക്കാൻ തുടങ്ങി. ചെയ്‌ത പാപങ്ങൾക്കെ​ല്ലാം ക്ഷമ ചോദി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു ഏറ്റവും വലിയ കടമ്പ. അങ്ങനെ ഒടുവിൽ ഞാൻ അത്‌ ചെയ്‌തു. ഞാൻ പ്രാർഥി​ച്ചു, എന്റെ പാപങ്ങൾ ക്ഷമിച്ചു​ത​ര​ണ​മെന്ന്‌ യാചി​ക്കു​ക​യും ചെയ്‌തു. യഹോ​വ​യു​ടെ അടുക്ക​ലേക്കു മടങ്ങി​വ​രാൻ 40 വർഷം എടു​ത്തെന്ന്‌ എനിക്കു വിശ്വ​സി​ക്കാൻ കഴിയു​ന്നില്ല! വർഷങ്ങൾ എത്രതന്നെ കഴിഞ്ഞാ​ലും, യഹോ​വ​യി​ങ്ക​ലേക്ക്‌ മടങ്ങി​വന്ന്‌ ആ സ്‌നേ​ഹ​ബ​ന്ധ​ത്തിൽ തുടരാ​നും അവനെ സേവി​ക്കാ​നും ആഗ്രഹി​ക്കു​ന്ന​വർക്ക്‌ അതിനുള്ള വാതിൽ ഇപ്പോ​ഴും തുറന്നു​കി​ട​ക്കു​ക​യാണ്‌. . . ഞാൻ അതിന്റെ ജീവി​ക്കുന്ന തെളി​വാണ്‌!”