ഭരണസംഘത്തിന്റെ കത്ത്
യഹോവയെ സ്നേഹിക്കുന്നവരേ,
നിങ്ങൾക്കറിയാമല്ലോ, ബൈബിൾ എന്ന പുസ്തകത്തിൽ ഒരുപാട് മനുഷ്യരെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. അവരിൽ അനേകരും വിശ്വസ്തരായ സ്ത്രീപുരുഷന്മാരായിരുന്നു. നമ്മെപ്പോലെതന്നെ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ടവർ, “നമുക്കു സമസ്വഭാവമുള്ള”വർ. (യാക്കോബ് 5:17, സത്യവേദപുസ്തകം.) അവരിൽ ചിലർ ക്ലേശങ്ങളും ഉത്കണ്ഠകളും കൊണ്ട് ഭാരപ്പെട്ട് തളർന്നവരായിരുന്നു. മറ്റു ചിലരെ കുടുംബാംഗങ്ങളോ സഹാരാധകരോ വല്ലാതെ വ്രണപ്പെടുത്തിയിട്ടുണ്ട്. ഇനിയും ചിലരുണ്ട്, കഴിഞ്ഞകാലത്തെ തങ്ങളുടെ പിഴവുകളുടെ കുറ്റബോധം പേറുന്നവർ.
ഈ മനുഷ്യരൊക്കെ യഹോവയെ പൂർണമായും ഉപേക്ഷിച്ചവരായിരുന്നോ? അല്ല, അവരിൽ മിക്കവരുടെയും വികാരങ്ങൾ സങ്കീർത്തനക്കാരൻ ഇങ്ങനെ വരച്ചിട്ടു: “കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാൻ മറക്കുന്നില്ല.” (സങ്കീർത്തനം 119:176) നിങ്ങൾക്കും ഇതുതന്നെയാണോ പറയാനുള്ളത്?
കൂട്ടത്തിൽനിന്ന് അകന്നകന്ന് ഒടുവിൽ കാണാതാകുന്ന തന്റെ ദാസീദാസന്മാരെ യഹോവ ഒരിക്കലും മറന്നുകളയുന്നില്ല. പിന്നെയോ അവൻ അവരെ തിരഞ്ഞുപോകുന്നു, പലപ്പോഴും സഹാരാധകരിലൂടെയായിരിക്കും അത് ചെയ്യുക. ഒരു ഉദാഹരണം നോക്കാം: ഇയ്യോബ് എന്ന ദൈവദാസന്റെ ജീവിതം. എത്രയെത്ര ദുരന്തങ്ങളാണ് ഒന്നിനുപിറകെ ഒന്നായി അവന്റെമേൽ ആഞ്ഞടിച്ചത്? സ്വത്തുവകകൾ നഷ്ടമായി, പ്രിയപ്പെട്ടവരെ മരണം കവർന്നെടുത്തു, ഗുരുതരമായ രോഗം ബാധിച്ച് ആരോഗ്യവും നഷ്ടപ്പെട്ടു. ആശ്വാസവും കൈത്താങ്ങും ആകേണ്ടിയിരുന്നവർ അവന്റെ മനസ്സിടിച്ചുകളഞ്ഞു, വാക്കുകളാൽ കുത്തി മുറിവേൽപ്പിച്ചു. ഒരു വേള ഇയ്യോബിന്റെ ചിന്താഗതി അല്പം വഴിവിട്ടുപോയെങ്കിലും, അവൻ ഒരിക്കലും യഹോവയ്ക്ക് പുറംതിരിഞ്ഞില്ല! (ഇയ്യോബ് 1:22; 2:10) സമചിത്തത വീണ്ടെടുത്ത് ചിന്താഗതി നേരെയാക്കാൻ യഹോവ എങ്ങനെയാണ് ഇയ്യോബിനെ സഹായിച്ചത്?
എലീഹൂ എന്ന ഒരു ദൈവദാസനെ, ഇയ്യോബിന്റെതന്നെ സഹവിശ്വാസിയെ, യഹോവ അവന്റെ അടുക്കലേക്ക് അയച്ചു. ദൈവം അവനെ സഹായിച്ച ഒരു വിധമായിരുന്നു അത്. ഇയ്യോബ് തന്റെ ആശങ്കകൾ വെളിപ്പെടുത്തിയപ്പോൾ എലീഹൂ എല്ലാം ശ്രദ്ധിച്ചു കേട്ടു, എന്നിട്ട് സംസാരിച്ചു. എലീഹൂ എങ്ങനെയാണ് സംസാരിച്ചത്? ഇയ്യോബിനെ വിമർശിച്ചോ? അവനിൽ കുറ്റബോധവും നാണക്കേടും ഉളവാക്കി മാറ്റം വരുത്താൻ പ്രേരിപ്പിച്ചോ? ഇയ്യോബിനെക്കാൾ ശ്രേഷ്ഠനാണ് താൻ എന്ന വിചാരം എലീഹൂവിനുണ്ടായിരുന്നോ? ഇല്ല!! ദൈവാത്മാവിനാൽ പ്രേരിതനായി അവൻ ഇങ്ങനെ പറഞ്ഞു: “ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവൻ; എന്നെയും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്നു.” (ഇയ്യോബ് 33:6) പിന്നെ എലീഹൂ ഈ ഉറപ്പും ഇയ്യോബിന് കൊടുത്തു: “എന്നെ നീ ഭയപ്പെടേണ്ടതില്ല, ഞാൻ നിന്റെമേൽ ദുസ്സഹമായ സമ്മർദ്ദം ചെലുത്തുകയില്ല.” (ഇയ്യോബ് 33:7, പി.ഒ.സി. ബൈബിൾ.) അപ്പോൾത്തന്നെ ഭാരപ്പെട്ട് തളർന്നിരുന്ന ഇയ്യോബിനെ വീണ്ടും ഭാരപ്പെടുത്താതെ ഇയ്യോബിനുവേണ്ട ഉൾക്കരുത്തും ഉപദേശങ്ങളും സ്നേഹപൂർവം പകർന്നുകൊടുക്കാനാണ് എലീഹൂ ശ്രമിച്ചത്.
ഈ ലഘുപത്രിക തയാറാക്കിയപ്പോൾ ഞങ്ങളുടെ വികാരവും എലീഹൂവിന്റേതുപോലെതന്നെ ആയിരുന്നു. ആദ്യം ഞങ്ങളും ‘ശ്രദ്ധിച്ചു കേട്ടു.’ യഹോവയുടെ ആട്ടിൻകൂട്ടത്തിൽനിന്ന് അകന്നുപോയ കുറെയേറെ പേർക്കു പറയാനുള്ളത് ഞങ്ങൾ ആദ്യം ശ്രദ്ധിച്ചു കേട്ടു, അവരുടെ സാഹചര്യങ്ങൾ ശ്രദ്ധയോടെ വിലയിരുത്തി. (സദൃശവാക്യങ്ങൾ 18:13) പിന്നെ ഞങ്ങൾ തിരുവെഴുത്തുകളിലേക്കു തിരിഞ്ഞു. കഴിഞ്ഞകാലങ്ങളിൽ, സമാനസാഹചര്യങ്ങളിൽ, യഹോവ തന്റെ ദാസന്മാരെ എങ്ങനെയെല്ലാമാണ് സഹായിച്ചത് എന്നതിനെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ ഞങ്ങൾ പ്രാർഥനാപൂർവം പരിശോധിച്ചു. ഒടുവിൽ, ആ തിരുവെഴുത്തുവിവരണങ്ങളും ഈ കാലത്തെ ചിലരുടെ അനുഭവങ്ങളും ചേർത്തിണക്കി ഈ ലഘുപത്രികയ്ക്ക് രൂപം നൽകി. ഈ പത്രികയിലെ വിവരങ്ങൾ ശ്രദ്ധയോടെ വായിക്കാൻ ഞങ്ങൾ നിങ്ങളെ ഹൃദയപൂർവം ക്ഷണിക്കുന്നു. ഞങ്ങൾ നിങ്ങളെ അത്രയേറെ സ്നേഹിക്കുന്നു!
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം