വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ലഘുപ​ത്രി​ക​യു​ടെ ഉദ്ദേശ്യം

ഈ ലഘുപ​ത്രി​ക​യു​ടെ ഉദ്ദേശ്യം

“മനുഷ്യ നടപടി​കളെ പരിഹ​സി​ക്കു​ക​യോ അവയെ​ക്കു​റി​ച്ചു കരയു​ക​യോ അവയെ വെറു​ക്കു​ക​യോ ചെയ്യു​ന്ന​തി​നു പകരം അവയെ മനസ്സി​ലാ​ക്കാൻ ഞാൻ കിണഞ്ഞു പരി​ശ്ര​മി​ച്ചി​രി​ക്കു​ന്നു” എന്നു ഡച്ച്‌ തത്ത്വചി​ന്ത​ക​നായ സ്‌പി​നോസ എഴുതി. ഒരു വിദ്യാ​ഭ്യാ​സ പ്രവർത്ത​ക​നെന്ന നിലയിൽ നിങ്ങൾ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കുട്ടി​ക​ളുൾപ്പെടെ നിങ്ങളു​ടെ മേൽനോ​ട്ട​ത്തി​ലുള്ള വിദ്യാർഥി​ക​ളു​ടെ വീക്ഷണ​ങ്ങ​ളും പശ്ചാത്ത​ല​ങ്ങ​ളും വിശ്വാ​സ​വും മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക എന്ന വെല്ലു​വി​ളി​യെ അഭിമു​ഖീ​ക​രി​ക്കു​ന്നു. ചില​പ്പോ​ഴൊ​ക്കെ അത്തരക്കാ​രായ കുട്ടികൾ ചില കാര്യ​ങ്ങ​ളിൽ, പൊരു​ത്ത​പ്പെ​ട്ടു​പോ​കാത്ത ഒരു നിലപാ​ടു സ്വീക​രി​ച്ചെ​ന്നു​വ​രാം. എന്നാൽ അത്തരം നടപടി​കൾ വ്യക്തമാ​യും ഒരു വിദ്യാർഥി​യു​ടെ മതാത്മക, ധാർമിക ബോധ്യ​ങ്ങ​ളിൽനിന്ന്‌ ഉരുത്തി​രി​യു​മ്പോൾ അവ നിങ്ങളു​ടെ ശ്രദ്ധയർഹി​ക്കു​ന്നു. സാക്ഷി​ക​ളായ കുട്ടി​കളെ മെച്ചമാ​യി അറിയു​ന്ന​തി​നു നിങ്ങളെ സഹായി​ക്കാൻ സംവി​ധാ​നം ചെയ്‌തു​കൊ​ണ്ടു വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​യാണ്‌ (യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​കരണ ഏജൻസി) ഈ ലഘുപ​ത്രിക നിർമി​ച്ചി​രി​ക്കു​ന്നത്‌. ഇതു ശ്രദ്ധാ​പൂർവം വായി​ക്കു​വാൻ നിങ്ങൾ സമയം കണ്ടെത്തു​മെന്നു ഞങ്ങൾ പ്രത്യാ​ശി​ക്കു​ന്നു.

മറ്റൊ​രാ​ളു​ടെ മത വിശ്വാ​സങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തി​നു നിങ്ങൾ അവ സ്വീക​രി​ക്കു​ക​യോ പിൻപ​റ്റു​ക​യോ ചെയ്യേണ്ട ആവശ്യ​മില്ല, അതേക്കു​റിച്ച്‌ അറിയി​ക്കു​ന്നതു മതപരി​വർത്തനം നടത്തലു​മല്ല. നിങ്ങളി​ലോ നിങ്ങളു​ടെ വിദ്യാർഥി​ക​ളി​ലോ സാക്ഷി​ക​ളു​ടെ മത വീക്ഷണങ്ങൾ അടി​ച്ചേൽപ്പി​ക്കാൻ ഈ ലഘുപ​ത്രിക ശ്രമി​ക്കു​ന്നില്ല. നിങ്ങളു​ടെ വിദ്യാർഥി​ക​ളിൽ ചിലരെ അവരുടെ മാതാ​പി​താ​ക്കൾ പഠിപ്പി​ക്കുന്ന തത്ത്വങ്ങ​ളും വിശ്വാ​സ​ങ്ങ​ളും സംബന്ധി​ച്ചു കേവലം നിങ്ങളെ അറിയി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു. തന്മൂലം, സാക്ഷി​ക​ളായ കുട്ടി​കളെ മനസ്സി​ലാ​ക്കു​ന്ന​തും അവരു​മാ​യി സഹകരി​ക്കു​ന്ന​തും എളുപ്പ​മെന്നു നിങ്ങൾ കണ്ടെത്തും. തീർച്ച​യാ​യും, കുട്ടികൾ പഠിപ്പി​ക്ക​പ്പെ​ടു​ന്ന​തും പ്രവർത്തി​ക്കു​ന്ന​തും എല്ലായ്‌പോ​ഴും ചേർച്ച​യി​ലാ​ണെന്നു വരില്ല. കാരണം ഓരോ കുട്ടി​യും സ്വന്തം മനസ്സാക്ഷി കരുപ്പി​ടി​പ്പി​ക്കാൻ പഠിക്കു​ന്ന​തേ​യു​ള്ളൂ.

മിക്ക മാതാ​പി​താ​ക്ക​ളെ​യും​പോ​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളും തങ്ങളുടെ കുട്ടികൾ സ്‌കൂൾ പഠനത്തെ പരമാ​വധി പ്രയോ​ജ​ന​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കു​ന്നു. ആ ഉദ്ദേശ്യ​ത്തിൽ, അധ്യാ​പ​ക​രു​മാ​യി സഹകരി​ക്കാൻ അവർ തങ്ങളുടെ കുട്ടി​കളെ പഠിപ്പി​ക്കു​ന്നു. തിരിച്ച്‌, വിദ്യാ​ഭ്യാ​സ പ്രവർത്തകർ സഹാനു​ഭൂ​തി​യോ​ടും ആദര​വോ​ടും കൂടെ തങ്ങളോ​ടു പെരു​മാ​റു​ന്നതു സാക്ഷി​ക​ളായ മാതാ​പി​താ​ക്ക​ളും അവരുടെ കുട്ടി​ക​ളും വിലമ​തി​ക്കു​ന്നു.

ലോക​വ്യാ​പ​ക​മാ​യി അറിയ​പ്പെ​ടുന്ന ക്രിസ്‌ത്യാ​നി​ക​ളാ​ണു യഹോ​വ​യു​ടെ സാക്ഷികൾ. എന്നുവ​രി​കി​ലും, ചില​പ്പോ​ഴെ​ല്ലാം അവർ തെറ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്നു. തന്മൂലം, നിങ്ങളു​ടെ മേൽനോ​ട്ട​ത്തി​ലുള്ള സാക്ഷി​ക​ളായ കുട്ടി​കളെ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ ഈ ലഘുപ​ത്രിക നിങ്ങളെ സഹായി​ക്കു​മെ​ന്നാ​ണു ഞങ്ങളുടെ പ്രത്യാശ. വിശിഷ്യ, ചില പ്രത്യേക സാഹച​ര്യ​ങ്ങ​ളിൽ വ്യത്യ​സ്‌ത​രാ​യി​രി​ക്കാ​നുള്ള തങ്ങളുടെ അവകാ​ശത്തെ അവർ ഉയർത്തി​പ്പി​ടി​ച്ചേ​ക്കാ​വു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു നിങ്ങൾ മനസ്സി​ലാ​ക്കു​മെന്നു ഞങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നു.