മതപരമായ വൈവിധ്യത്തിന്റെ വെല്ലുവിളി
ഒരു വിദ്യാഭ്യാസ പ്രവർത്തകനെന്ന നിലയിൽ നിങ്ങൾ, മുൻ നൂറ്റാണ്ടുകളിൽ വിദ്യാഭ്യാസ പ്രവർത്തകർ അപൂർവമായി അഭിമുഖീകരിച്ചിട്ടുള്ള ഒരു വെല്ലുവിളിയെ നേരിടുകയാണ്—മതപരമായ വൈവിധ്യം.
മധ്യയുഗങ്ങളിലുടനീളം ഒരു ദേശത്തെ പൗരന്മാർ സാധാരണമായി ഒരേ മതമാണ് ആചരിച്ചിരുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാനംവരെ ചുരുക്കംചില പ്രമുഖ മതങ്ങളേ യൂറോപ്പിൽ അറിയപ്പെട്ടിരുന്നുള്ളൂ: പടിഞ്ഞാറ് കത്തോലിക്കാ-പ്രൊട്ടസ്റ്റന്റു മതങ്ങളും കിഴക്ക് ഓർത്തഡോക്സ് സഭയും ഇസ്ലാമും പിന്നെ, യഹൂദമതവും. ഇന്നു മതപരമായ വൈവിധ്യം സംശയലേശമന്യേ, യൂറോപ്പിലും ലോകത്തുടനീളവും സർവസാധാരണമാണ്. തദ്ദേശവാസികളിൽത്തന്നെയും ചിലർ സ്വീകരിച്ചതോ കുടിയേറ്റക്കാരോ അഭയാർഥികളോ അവതരിപ്പിച്ചതോ ആയ അപരിചിത മതങ്ങൾ വേരുറപ്പിച്ചിരിക്കുന്നു.
അങ്ങനെ, ഇന്ന് ഓസ്ട്രേലിയ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഐക്യനാടുകൾ എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ നാം നിരവധി മുസ്ലീംകളെയും ബുദ്ധമതക്കാരെയും ഹിന്ദുക്കളെയും കാണുന്നു. അതേസമയം, ക്രിസ്ത്യാനികളെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ 239 ദേശങ്ങളിൽ സജീവമായി ശുശ്രൂഷയിലേർപ്പെട്ടിരിക്കുകയാണ്; 14 രാജ്യങ്ങളിലോരോന്നിലും സജീവ പ്രവർത്തകരായ സാക്ഷികളുടെ എണ്ണം 1,50,000-ത്തിലേറെയാണ്.— യഹോവയുടെ സാക്ഷികൾ—ഒരു ലോകവ്യാപക മതം എന്ന ചതുരം കാണുക.
പ്രാദേശിക മതാചാരങ്ങളുടെ വൈവിധ്യം വിദ്യാഭ്യാസ പ്രവർത്തകർക്കു വെല്ലുവിളി ഉയർത്തിയേക്കാം. ഉദാഹരണത്തിന്, ജനസമ്മതിയാർജിച്ച ചില ആഘോഷങ്ങൾ സംബന്ധിച്ചു ചില പ്രധാന ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടേക്കാം: ആചാരങ്ങളെല്ലാം ഓരോ വിദ്യാർഥിയുടെമേലും—അവന്റെയോ അവളുടെയോ മതം ഗണ്യമാക്കാതെ—അടിച്ചേൽപ്പിക്കണമോ? ഭൂരിപക്ഷവും അത്തരം ആഘോഷങ്ങളിൽ തെറ്റൊന്നും കാണാതിരുന്നേക്കാം. എന്നിരുന്നാലും, ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ വീക്ഷണങ്ങളും ആദരിക്കപ്പെടേണ്ടതല്ലേ? മാത്രമല്ല, മറ്റൊരു വസ്തുതയും പരിചിന്തിക്കേണ്ടതുണ്ട്: മതത്തെ രാഷ്ട്രത്തിൽനിന്നു വേർതിരിക്കുന്ന, മതപരമായ പ്രബോധനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതില്ലാത്ത രാജ്യങ്ങളിൽ, അത്തരം ആഘോഷങ്ങൾ സ്കൂളിൽ നിർബന്ധമാക്കുന്നതു പൂർവാപരവിരുദ്ധമായി ചിലർ കണ്ടെത്തുകയില്ലേ?
ജന്മദിനങ്ങൾ
മതപരമായ ബന്ധങ്ങളുണ്ടെങ്കിൽത്തന്നെ അവ തീരെ കുറവായി കാണപ്പെടുന്ന ആഘോഷങ്ങളുടെ
കാര്യത്തിൽപോലും തെറ്റിദ്ധാരണകൾ ഉയർന്നുവന്നേക്കാം. നിരവധി സ്കൂളുകളിൽ ആഘോഷിച്ചുവരുന്ന ജന്മദിനങ്ങളുടെ കാര്യത്തിൽ ഇതു വാസ്തവമാണ്. ജന്മദിനങ്ങൾ ആഘോഷിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ യഹോവയുടെ സാക്ഷികൾ ആദരിക്കുന്നുവെങ്കിലും അത്തരം ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവർക്കു താത്പര്യമില്ലെന്ന കാര്യം നിങ്ങൾക്കു നന്നായി അറിയാമെന്നതിൽ സംശയമില്ല. എന്നാൽ, അവരും കുട്ടികളും അത്തരം ആഘോഷങ്ങളിൽ പങ്കെടുക്കാതിരിക്കാൻ തീരുമാനിച്ചിരിക്കുന്നതിന്റെ കാരണങ്ങളെപ്പറ്റി ഒരുപക്ഷേ നിങ്ങൾക്ക് അറിഞ്ഞുകൂടായിരിക്കും.ഫ്രാൻസിൽ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ല ലിവ്ര ഡ റിലിഷോൻ (മതങ്ങളുടെ ഗ്രന്ഥം) എന്ന എൻസൈക്ലോപീഡിയ ഈ ആചാരത്തെ ഒരു ചടങ്ങെന്നു വിളിക്കുകയും “മതേതര ചടങ്ങുക”ളുടെ പട്ടികയിൽപ്പെടുത്തുകയും ചെയ്യുന്നു. നിരുപദ്രവകരമായ ഒരു മതേതര ആചാരമായി ഇന്നു കരുതപ്പെടുന്നുവെങ്കിലും ജന്മദിനാഘോഷങ്ങൾ വാസ്തവത്തിൽ പുറജാതി മതത്തിൽ വേരൂന്നിയിരിക്കുന്നു.
ദി എൻസൈക്ലോപീഡിയ അമേരിക്കാനാ (1991-ലെ പതിപ്പ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “ഈജിപ്തും ഗ്രീസും റോമും പേർഷ്യയുമടങ്ങിയ പുരാതന ലോകം ദൈവങ്ങളുടെയും രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ജന്മദിനങ്ങൾ ആഘോഷിച്ചു.” ഗ്രന്ഥരചയിതാക്കളായ റാൽഫ് ലിൻറനും അഡെലിൻ ലിന്റനും അതിന്റെ അടിസ്ഥാന കാരണം വെളിപ്പെടുത്തുന്നു. ജന്മദിന വിജ്ഞാനീയം (ഇംഗ്ലീഷ്) എന്ന തങ്ങളുടെ പുസ്തകത്തിൽ അവർ ഇങ്ങനെ എഴുതി: “നാഗരികതയുടെ പിള്ളത്തൊട്ടിലുകളായിരുന്ന മെസപ്പൊട്ടേമിയയും ഈജിപ്തുംതന്നെയാണ് ആളുകൾ തങ്ങളുടെ ജന്മദിനങ്ങൾ ആദ്യമായി സ്മരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ദേശങ്ങൾ. ജാതകം നോക്കുന്നതിനു ജന്മനാൾ അത്യന്താപേക്ഷിതമായിരുന്നുവെന്ന മുഖ്യ കാരണത്താൽ പുരാതന കാലങ്ങളിൽ ജന്മദിന രേഖകൾ സൂക്ഷിക്കുന്നതു പ്രധാനമായിരുന്നു.” ജ്യോതിഷവുമായുള്ള അതിന്റെ നേരിട്ടുള്ള ബന്ധം, ജ്യോതിഷത്തെക്കുറിച്ചു ബൈബിൾ പറയുന്നതിന്റെ അടിസ്ഥാനത്തിൽ അത് ഒഴിവാക്കുന്ന ഏതൊരാൾക്കും വളരെ ഗൗരവമേറിയ കാര്യമാണ്.—യെശയ്യാവു 47:13-15.
“ആരുടെയെങ്കിലും ജനനം കൊണ്ടാടുന്നത് ഒരു പുറജാതീയ ആചാരമാണെന്ന് ആദിമ ക്രിസ്ത്യാനികൾ കരുതിയിരുന്നതുകൊണ്ട്
അവർ അവന്റെ [ക്രിസ്തുവിന്റെ] ജനനം ആഘോഷിച്ചില്ല” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നതിൽ അതിശയിക്കാനില്ല.—വാല്യം 3, പേജ് 416.മേൽപ്പറഞ്ഞ സംഗതി മനസ്സിൽപ്പിടിച്ചുകൊണ്ട്, യഹോവയുടെ സാക്ഷികൾ ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാതിരിക്കാൻ തീരുമാനിക്കുന്നു. ഒരു കുട്ടിയുടെ ജനനം സന്തോഷകരവും മഹനീയവുമായ ഒരു സംഭവമാണെന്നതു തീർച്ചയാണ്. ഓരോ വർഷവും കടന്നുപോകവേ തങ്ങളുടെ കുട്ടികൾ വളർന്നു വലുതാകുന്നതിൽ എല്ലാ മാതാപിതാക്കളും ആനന്ദിക്കുക സ്വാഭാവികമാണ്. സമ്മാനങ്ങൾ നൽകിക്കൊണ്ടും ഒരുമിച്ചു സമയം ചെലവഴിച്ചുകൊണ്ടും തങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും സ്നേഹം പ്രകടിപ്പിക്കുന്നതിൽ യഹോവയുടെ സാക്ഷികളും വളരെയധികം സന്തോഷം കണ്ടെത്തുന്നു. എന്നിരുന്നാലും, ജന്മദിനാഘോഷങ്ങളുടെ ഉത്ഭവത്തിന്റെ വീക്ഷണത്തിൽ വർഷത്തിലുടനീളം മറ്റു സമയങ്ങളിൽ അതു ചെയ്യാനാണ് അവർക്കു താത്പര്യം.—ലൂക്കൊസ് 15:22-25; പ്രവൃത്തികൾ 20:35.
ക്രിസ്മസ്
ലോകവ്യാപകമായി, അക്രൈസ്തവ രാജ്യങ്ങളിൽപ്പോലും, ക്രിസ്മസ് ആഘോഷിക്കപ്പെടുന്നു. ക്രൈസ്തവലോകത്തിലെ ഭൂരിഭാഗം മതങ്ങളും ഈ വിശേഷദിവസത്തെ
അംഗീകരിക്കുന്നതിനാൽ, യഹോവയുടെ സാക്ഷികൾ ഇത് ആഘോഷിക്കാതിരിക്കാൻ തീരുമാനിക്കുന്നത് അതിശയകരമായി തോന്നിയേക്കാം. അതിന്റെ കാരണമെന്താണ്?നിരവധി എൻസൈക്ലോപീഡിയകൾ വ്യക്തമായി പ്രസ്താവിക്കുന്ന പ്രകാരം, റോമാ പുറജാതി ഉത്സവത്തോട് ഒത്തുവരാൻ യേശുവിന്റെ ജന്മദിനം ഡിസംബർ 25 ആയി സൗകര്യാർഥം നിശ്ചയിച്ചതാണ്. വ്യത്യസ്ത പരാമർശ ഗ്രന്ഥങ്ങളിൽ നിന്നുള്ള പിൻവരുന്ന പ്രഖ്യാപനങ്ങൾ ശ്രദ്ധിക്കുക:
“ക്രിസ്തുവിന്റെ ജനന തീയതി അറിഞ്ഞുകൂടാ. സുവിശേഷങ്ങൾ ദിവസമോ മാസമോ സൂചിപ്പിക്കുന്നില്ല.”—ന്യൂ കാത്തലിക് എൻസൈക്ലോപീഡിയ, വാല്യം II, പേജ് 656.
“യൂറോപ്പിൽ ഇപ്പോൾ നിലവിലുള്ള അല്ലെങ്കിൽ മുൻകാലങ്ങളിൽനിന്നു രേഖപ്പെടുത്തിയ ക്രിസ്മസ് ആചാരങ്ങളിൽ മിക്കതും യഥാർഥ ക്രിസ്തീയ ആചാരങ്ങളല്ല. മറിച്ച്, സഭ ഉൾക്കൊള്ളുകയോ അനുവദിക്കുകയോ ചെയ്ത പുറജാതി ആചാരങ്ങളാണ്. . . . റോമിലെ സാറ്റർനേലിയ, ക്രിസ്മസ് കാലത്തെ മിക്ക ഉല്ലാസഭരിതമായ ആചാരങ്ങൾക്കും മാതൃകയേകി.”—എൻസൈക്ലോപീഡിയ ഓഫ് റിലിജൻ ആൻഡ് എത്തിക്സ് (എഡിൻബർഗ്, 1910), ജെയിംസ് ഹെസ്റ്റിങ്സിനാലുള്ള പതിപ്പ്, വാല്യം III, പേജുകൾ 608-9.
“നാലാം നൂറ്റാണ്ടുമുതൽ എല്ലാ ക്രിസ്തീയ സഭകളും ഡിസംബർ 25-നു ക്രിസ്മസ് ആഘോഷിച്ചുവരുന്നു. അത്, ‘സൂര്യന്റെ ജനനം’ (ലത്തീൻ, നാറ്റാല) എന്നു വിളിച്ചിരുന്ന മകരസംക്രാന്തിയെന്ന പുറജാതി ഉത്സവത്തിന്റെ ദിവസമായിരുന്നു. കാരണം, പകൽ വീണ്ടും ദീർഘിക്കവേ സൂര്യനു പുനർജനനം ലഭിച്ചതായി കാണപ്പെട്ടു. ഒരു പുതിയ അർഥം നൽകിക്കൊണ്ട്, . . . അത്യന്തം ജനസമ്മതിയാർജിച്ച ഈ ആചാരം റോമിൽ സഭ അംഗീകരിച്ചു.”—എൻസൈക്ലോപീഡിയ യൂണിവേർസാലിസ്, 1968, (ഫ്രഞ്ച്) വാല്യം 19, പേജ് 1375.
“ക്രിസ്മസ് ഉത്സവത്തിന്റെ വികാസം സോൾ ഇൻവിക്റ്റുസിന്റെ (മിത്ര) പുറജാതി ആഘോഷങ്ങളുമായുള്ള വ്യത്യാസത്താൽ സ്വാധീനിക്കപ്പെട്ടിരുന്നു. അതേസമയം, മകരസംക്രാന്തിയെന്ന നിലയിൽ ഡിസംബർ 25, ക്രിസ്തുവിലൂടെ ലോകത്തിലേക്കു ചൊരിയപ്പെട്ട പ്രകാശത്തോടു ബന്ധപ്പെട്ടതായി തിരിച്ചറിയിക്കപ്പെട്ടു. അങ്ങനെ, സോൾ ഇൻവിക്റ്റുസിന്റെ പ്രതീകം ക്രിസ്തുവിലേക്കു മാറ്റപ്പെട്ടു.”—ബ്രോക്ഹൗസ് എൻറ്റ്സ്യൂക്ലോപഡി, (ജർമൻ) വാല്യം 20, പേജ് 125.
ക്രിസ്മസിനെക്കുറിച്ചുള്ള വസ്തുതകൾ അറിഞ്ഞപ്പോൾ ചിലർ എങ്ങനെയാണു പ്രതികരിച്ചത്? ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പ്രസ്താവിക്കുന്നു: “അത് [ക്രിസ്മസ്] ഒരു പുറജാതി ഉത്സവമായിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ 1644-ൽ ഇംഗ്ലീഷുകാരായ പ്യൂരിറ്റൻസ്, ഉല്ലാസമോ മതപരമായ ശുശ്രൂഷകളോ പോലുള്ള എന്തും പാർലമെൻറിന്റെ നിയമം മുഖാന്തരം നിരോധിച്ചു. മാത്രമല്ല, അത് ഉപവാസ ദിനമായി
ആചരിക്കണമെന്നു കൽപ്പനയും പുറപ്പെടുവിച്ചു. ചാൾസ് II-ാമൻ ആ ആഘോഷം പുനരുജ്ജീവിപ്പിച്ചു, എന്നാൽ സ്കോട്ട്ലണ്ടുകാർ പ്യൂരിറ്റൻ വീക്ഷണത്തോടു പറ്റിനിന്നു.” ആദിമ ക്രിസ്ത്യാനികൾ ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല. യഹോവയുടെ സാക്ഷികളും ഇന്നു ക്രിസ്മസ് ആഘോഷിക്കുകയോ അതിനോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ല.എന്നിരുന്നാലും, മറ്റു സന്ദർഭങ്ങളിൽ സമ്മാനങ്ങൾ കൊടുക്കുന്നതിനെ അല്ലെങ്കിൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ആസ്വാദ്യമായ ഒരു ഊണിനു ക്ഷണിക്കുന്നതിനെ ബൈബിൾ അനുകൂലിക്കുന്നു. സാമൂഹികമായി പ്രതീക്ഷിക്കുമ്പോൾമാത്രം സമ്മാനങ്ങൾ കൊടുക്കുന്നതിനുപകരം ആത്മാർഥമായി ഔദാര്യ മനസ്കരായിരിക്കുന്നതിനു കുട്ടികളെ പരിശീലിപ്പിക്കാൻ അതു മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. (മത്തായി 6:2, 3) സഹിഷ്ണുതയുള്ളവരും ആദരവു കാട്ടുന്നവരുമായിരിക്കാൻ യഹോവയുടെ സാക്ഷികളുടെ കുട്ടികൾ പഠിപ്പിക്കപ്പെടുന്നു. ക്രിസ്മസ് ആഘോഷിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ അംഗീകരിക്കുന്നതും അതിൽ ഉൾപ്പെടുന്നു. ക്രമത്തിൽ, ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാതിരിക്കാനുള്ള അവരുടെ തീരുമാനം ആദരിക്കപ്പെടുമ്പോൾ അവർ അതു വിലമതിക്കുന്നു.
മറ്റ് ആഘോഷങ്ങൾ
വ്യത്യസ്ത ദേശങ്ങളിൽ സ്കൂൾ വർഷത്തിൽ വരുന്ന മതപരമോ അർധ-മതപരമോ ആയ മറ്റു വിശേഷദിവസങ്ങളുടെ കാര്യത്തിലും യഹോവയുടെ സാക്ഷികൾ അതേ നിലപാടു സ്വീകരിക്കുന്നു. ബ്രസീലിലെ ജൂൺ ഉത്സവങ്ങൾ, ഫ്രാൻസിലെ ഇപിഫനി, ജർമനിയിലെ കാർനിവൽ, ജപ്പാനിലെ സെറ്റ്സുബൻ, ഐക്യനാടുകളിലെ ഹാലൊവിൻ എന്നിവ അവയിൽ ഉൾപ്പെടുന്നു. ഇവയോ ഇവിടെ സൂചിപ്പിക്കാത്ത വേറെ ഏതെങ്കിലും നിർദിഷ്ട ആഘോഷമോ സംബന്ധിച്ചു നിങ്ങൾക്കുണ്ടായിരിക്കാവുന്ന ഏതു ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ സാക്ഷികളായ മാതാപിതാക്കളോ അവരുടെ കുട്ടികളോ തീർച്ചയായും സന്തോഷമുള്ളവരായിരിക്കും.