മാതാപിതാക്കളുടെ ധർമം
ഇന്നത്തെ സമൂഹത്തിൽ കുട്ടികളെ സമനിലയുളള മുതിർന്നവരായി വളർത്തിക്കൊണ്ടുവരുന്നതു നിസ്സാര സംഗതിയല്ലെന്നതിൽ യാതൊരു സംശയവുമില്ല.
വിജയപ്രദരെന്നു പരിഗണിക്കപ്പെട്ട മാതാപിതാക്കളുടെയിടയിൽ നടത്തിയ ഒരു സർവേയുടെ ഫലങ്ങൾ യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് പ്രസിദ്ധീകരിച്ചു. അവരുടെ 21 വയസ്സു കഴിഞ്ഞ കുട്ടികൾ “സമൂഹവുമായി പ്രത്യക്ഷത്തിൽ നന്നായി പൊരുത്തപ്പെട്ടുപോകുന്ന ഫലപ്രദരായ പക്വമതികളായിരുന്നു.” ആ മാതാപിതാക്കളോട് ഇങ്ങനെ ചോദിക്കുകയുണ്ടായി: ‘നിങ്ങളുടെ വ്യക്തിപരമായ അനുഭവത്തെ ആസ്പദമാക്കി മറ്റുള്ള മാതാപിതാക്കൾക്കു നൽകാനാകുന്ന ഏറ്റവും മികച്ച ഉപദേശമെന്താണ്?’ അനേകരുടെയും കൂടെക്കൂടെയുള്ള പ്രതികരണം
ഇങ്ങനെയായിരുന്നു: ‘നിർലോഭം സ്നേഹിക്കുക,’ ‘കെട്ടുപണി ചെയ്യുന്നവിധത്തിൽ ശിക്ഷണം നൽകുക,’ ‘ഒന്നിച്ചു സമയം ചെലവഴിക്കുക,’ ‘തെറ്റും ശരിയും തിരിച്ചറിയാൻ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക,’ ‘പരസ്പരം ആദരവു വളർത്തിയെടുക്കുക,’ ‘താത്പര്യപൂർവം അവർക്കു ചെവിചായ്ക്കുക,’ ‘പ്രസംഗിക്കുന്നതിനുപകരം മാർഗനിർദേശം പ്രദാനം ചെയ്യുക,’ ‘യാഥാർഥ്യബോധമുള്ളവരായിരിക്കുക.’എന്നിരുന്നാലും, നല്ല പെരുമാറ്റമുള്ള യുവജനങ്ങളെ ഉളവാക്കുന്നതിൽ മാതാപിതാക്കൾ തനിച്ചല്ല. വിദ്യാഭ്യാസ പ്രവർത്തകരും ഇതിൽ മർമപ്രധാനമായ പങ്കുവഹിക്കുന്നു. അനുഭവസമ്പന്നനായ ഒരു സ്കൂൾ ഉപദേഷ്ടാവ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ബുദ്ധിപരവും ശാരീരികവും വൈകാരികവുമായി നല്ല വികാസം പ്രാപിച്ച ഉത്തരവാദിത്വമുള്ള യുവാക്കളെ വളർത്തിയെടുക്കുന്നതിനു മാതാപിതാക്കളെ സഹായിക്കുകയാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ പ്രഥമ ലക്ഷ്യം.”
തന്മൂലം, മാതാപിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും ഒരേ ലക്ഷ്യം പങ്കിടുന്നു—ജീവിതം ആസ്വദിക്കുന്നവരും തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ തങ്ങളുടെ സ്ഥാനം കണ്ടെത്താൻ പ്രാപ്തരുമായി പിൽക്കാലത്തു പക്വതയും സമനിലയുമുള്ള മുതിർന്നവരായിത്തീരുന്ന യുവജനങ്ങളെ ഉളവാക്കുക.
സഹപ്രവർത്തകർ, മത്സരികളല്ല
എന്നിരുന്നാലും, അധ്യാപകരുമായി സഹകരിക്കാൻ മാതാപിതാക്കൾ പരാജയപ്പെടുമ്പോൾ പ്രശ്നങ്ങൾ പൊന്തിവരുന്നു. ഉദാഹരണത്തിന്, ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ചു തികച്ചും ഉദാസീനരാണ്; മറ്റു ചിലർ അധ്യാപകരുമായി മത്സരിക്കാൻ മുതിരുന്നു. ഈ സാഹചര്യത്തെപ്പറ്റി ചർച്ചചെയ്തുകൊണ്ട് ഒരു ഫ്രഞ്ച് മാസിക ഇങ്ങനെ പറഞ്ഞു: “അധ്യാപകൻ മേലിൽ കപ്പലിലുള്ള ഏക കപ്പിത്താനായിരിക്കുന്നില്ല. കുട്ടികളുടെ വിജയമെന്ന ജ്വരം ബാധിച്ചു മാതാപിതാക്കൾ പാഠപുസ്തകങ്ങൾ വിമർശനാർഥം അപഗ്രഥിക്കുകയും പഠിപ്പിക്കൽ രീതികളെ വിധിക്കുകയും വിമർശിക്കുകയും മക്കളുടെ ആദ്യത്തെ താഴ്ന്ന മാർക്കിൽ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.” അത്തരം പ്രവർത്തനങ്ങൾക്ക് അധ്യാപകരുടെ വിശേഷാധികാരങ്ങളിന്മേലുള്ള കടന്നാക്രമണമായിരിക്കാൻ കഴിയും.
മാതാപിതാക്കൾ വിദ്യാഭ്യാസ പ്രവർത്തകരുമായി സഹകരിക്കുകയും തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ സജീവമായ, സഹായകമായ താത്പര്യമെടുക്കുകയും ചെയ്യുമ്പോൾ തങ്ങളുടെ കുട്ടികൾക്കു മെച്ചമായ സേവനം ലഭിക്കുന്നുവെന്നു യഹോവയുടെ സാക്ഷികൾ കരുതുന്നു. വിദ്യാഭ്യാസ പ്രവർത്തകനെന്ന നിലയിലുള്ള നിങ്ങളുടെ തൊഴിൽ പൂർവാധികം ദുഷ്കരമായിത്തീർന്നിരിക്കുന്നതിനാൽ അത്തരം സഹകരണം പ്രത്യേകിച്ചും പ്രധാനമാണെന്ന് അവർ വിശ്വസിക്കുന്നു.
ഇന്നത്തെ സ്കൂൾ പ്രശ്നങ്ങൾ
സ്കൂളുകൾ ഏതിന്റെ ഭാഗമായിരിക്കുന്നുവോ ആ സമൂഹത്തിന്റെ പ്രതിഫലനമായതിനാൽ സ്കൂളുകൾ സമൂഹത്തിന്റെ പ്രശ്നങ്ങളിൽനിന്നു പൊതുവേ സംരക്ഷിക്കപ്പെടുന്നില്ല. വർഷങ്ങളായി സാമൂഹിക പ്രശ്നങ്ങൾ ദ്രുതഗതിയിൽ രൂക്ഷമായിത്തീർന്നിരിക്കുന്നു. ഐക്യനാടുകളിലെ ഒരു സ്കൂളിന്റെ അവസ്ഥ വർണിച്ചുകൊണ്ട്, ദ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ റിപ്പോർട്ടുചെയ്തു: “വിദ്യാർഥികൾ ക്ലാസ്സിലിരുന്ന് ഉറങ്ങുന്നു, അതുമിതും കുത്തിവരച്ചിരിക്കുന്ന ഇടനാഴികളിൽ അന്യോന്യം ഭീഷണിപ്പെടുത്തുന്നു, നല്ല വിദ്യാർഥികളെ അവർ അവമതിക്കുന്നു. . . . ശിശുക്കളെ പരിരക്ഷിക്കുക, തടവിലാക്കപ്പെട്ട മാതാപിതാക്കളുമായി ഇടപഴകുക, മുഷ്കര സംഘത്തിന്റെ അക്രമത്തെ അതിജീവിക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഏതാണ്ട് എല്ലാ വിദ്യാർഥികളുംതന്നെ അഭിമുഖീകരിക്കുന്നു. ഏതു ദിവസമെടുത്താലും മിക്കവാറും അഞ്ചിലൊന്ന് ഹാജരായിരിക്കുകയില്ല.”
സ്കൂളുകളിലെ അക്രമമെന്ന വർധിച്ചുവരുന്ന സാർവദേശീയ പ്രശ്നം പ്രത്യേകിച്ചും ഭീഷണി ഉയർത്തുന്നു. ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരുന്ന ഉന്തും തള്ളും നിത്യേനയുള്ള വെടിവെപ്പിനും കത്തിക്കുത്തിനും വഴിമാറിയിരിക്കുകയാണ്. കുട്ടികൾ വളരെ പെട്ടെന്ന്, ചെറുപ്രായത്തിൽ അക്രമത്തിനു മുതിരുന്നതോടെ ആയുധങ്ങൾ സാധാരണവും ആക്രമണങ്ങൾ കൂടുതൽ ശക്തവുമായിത്തീർന്നിരിക്കുന്നു.
എല്ലാ രാജ്യങ്ങളും അത്തരം ഭീകരാവസ്ഥകളെ അഭിമുഖീകരിക്കുന്നില്ലെന്നതു തീർച്ചയാണ്. എന്നിരുന്നാലും, ല പ്വാൻ എന്ന ഫ്രഞ്ച് ആഴ്ചപ്പതിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന സാഹചര്യത്തെ ലോകവ്യാപകമായി നിരവധി വിദ്യാഭ്യാസ പ്രവർത്തകർ അഭിമുഖീകരിക്കുന്നു: “അധ്യാപകൻ മേലാൽ ആദരിക്കപ്പെടുന്നില്ല; അദ്ദേഹത്തിന് യാതൊരു അധികാരവുമില്ല.”
അധികാരത്തോടുള്ള അത്തരം അനാദരവ് എല്ലാ കുട്ടികളുടെയും മുന്നിൽ ഒരു യഥാർഥ അപകടമുയർത്തുന്നു. അതുകൊണ്ട്, ഇന്നത്തെ സ്കൂൾ ജീവിതത്തിൽ മിക്കപ്പോഴും കൈമോശം വന്നിരിക്കുന്ന ഗുണങ്ങളായ അധികാരത്തോടുള്ള അനുസരണവും ആദരവും തങ്ങളുടെ കുട്ടികളിൽ ഉൾനടുവാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു.