വിദ്യാഭ്യാസ പരിപാടികൾ
തങ്ങളുടെ ബൈബിൾ വിദ്യാഭ്യാസവേലയ്ക്കു യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി പേരുകേട്ടവരാണ്.
തങ്ങളുടെ ബൈബിൾ വിദ്യാഭ്യാസ പ്രവർത്തനത്തിനു സാക്ഷികൾ കൽപ്പിക്കുന്ന പ്രാധാന്യം നിമിത്തം അവർ ലൗകിക വിദ്യാഭ്യാസത്തിൽ തത്പരരല്ലെന്നു ചിലർ വിചാരിച്ചേക്കാം. എന്നാൽ വാസ്തവമതല്ല. മറ്റുള്ളവരെ പഠിപ്പിക്കാൻ ഒരു അധ്യാപകൻ ആദ്യം പഠിക്കേണ്ടതുണ്ട്. അതിന് ഉചിതമായ പരിശീലനവും പ്രബോധനവും ആവശ്യമാണ്. അതുകൊണ്ട്, ലൗകിക സ്കൂൾ പഠനത്തെ നല്ലരീതിയിൽ പ്രയോജനപ്പെടുത്തുന്നതിനു പുറമേ, വാച്ച് ടവർ സൊസൈറ്റി നടത്തുന്ന
വിവിധതരം വിദ്യാഭ്യാസ പരിപാടികളിൽനിന്നും സ്കൂളുകളിൽനിന്നും അനേക വർഷങ്ങളായി യഹോവയുടെ സാക്ഷികൾ പ്രയോജനമനുഭവിച്ചിട്ടുണ്ട്. മാനസികവും ധാർമികവും ആത്മീയവുമായി പുരോഗമിക്കാൻ അതു സാക്ഷികളെയും മറ്റുള്ളവരെയും സഹായിച്ചിട്ടുണ്ട്.ഉദാഹരണത്തിന്, നിരവധി രാജ്യങ്ങളിൽ സാക്ഷികൾ ഒരു പ്രത്യേകതരം വെല്ലുവിളിയെ അഭിമുഖീകരിച്ചിരിക്കുന്നു. ഉചിതമായ സ്കൂൾ പഠനം ലഭിക്കാൻ അൽപ്പംമാത്രം അവസരം കിട്ടിയ അല്ലെങ്കിൽ ഒട്ടുംതന്നെ അവസരം കിട്ടാഞ്ഞ, തന്മൂലം വായിക്കാനും എഴുതാനും അറിഞ്ഞുകൂടാത്ത ആളുകളെ എങ്ങനെ പഠിപ്പിക്കും എന്നതാണത്. ഈ ആവശ്യം നിറവേറ്റുന്നതിന്, വാച്ച് ടവർ സൊസൈറ്റി സാക്ഷരതാ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്.
അതിന് ഉദാഹരണമാണു നൈജീരിയയിൽ 1949 മുതൽ യഹോവയുടെ സാക്ഷികൾ നടത്തിയിരിക്കുന്ന സാക്ഷരതാ ക്ലാസ്സുകൾ. ഇത്തരം ക്ലാസ്സുകളുടെ സഹായത്തോടെ പതിനായിരക്കണക്കിനു നൈജീരിയക്കാർ വായിക്കാൻ പഠിച്ചു. നൈജീരിയയിലെ യഹോവയുടെ സാക്ഷികളൊഴിച്ചുള്ള ജനസംഖ്യയുടെ 50 ശതമാനത്തിൽ താഴെമാത്രമുള്ള സാക്ഷരരോടു തട്ടിച്ചുനോക്കുമ്പോൾ സാക്ഷികളിൽ 90-ൽപ്പരം ശതമാനം സാക്ഷരരാണെന്ന് ഒരു സർവേ പ്രകടമാക്കി. 1946 മുതൽ യഹോവയുടെ സാക്ഷികൾ മെക്സിക്കോയിൽ സാക്ഷരതാ ക്ലാസ്സുകൾ നടത്തിവരുന്നു. ഒറ്റ വർഷംകൊണ്ട് 6,500-ലധികം പേർ എഴുതാനും വായിക്കാനും പഠിപ്പിക്കപ്പെട്ടു. വാസ്തവത്തിൽ, 1,00,000-ത്തിലധികം പേരാണ് ഇങ്ങനെ സാക്ഷരരായിത്തീർന്നത്. ഇക്കഴിഞ്ഞ കുറെ വർഷങ്ങൾകൊണ്ട് ബൊളീവിയ, കാമറൂൺ, നേപ്പാൾ, സാംബിയ എന്നിങ്ങനെ മറ്റനേകം രാജ്യങ്ങളിലും സാക്ഷരതാ ക്ലാസ്സുകൾ ക്രമീകരിച്ചു. എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക (ഇംഗ്ലീഷ്) എന്ന പാഠപുസ്തകത്തിന്റെ 70 ലക്ഷത്തിലധികം പ്രതികൾ 100-ലേറെ ഭാഷകളിലായി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അത്തരം സാക്ഷരതാ പരിപാടികൾക്ക് അതു നടത്തപ്പെടുന്ന രാജ്യത്തെ വിദ്യാഭ്യാസാധികൃതർ മിക്കപ്പോഴും അംഗീകാരം നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, മെക്സിക്കോയിൽ ഒരു ഗവണ്മെൻറ് ഉദ്യോഗസ്ഥൻ ഇങ്ങനെ എഴുതി: “നിങ്ങളുടെ സഹകരണത്തിനു ഞാൻ നന്ദിയുള്ളവനാണ്. ജനങ്ങളുടെ പ്രയോജനത്തിനായി, നിരക്ഷരർക്ക് അറിവിന്റെ വെളിച്ചം പകരുന്ന നിങ്ങളുടെ പുരോഗമനാത്മകമായ സ്തുത്യർഹ സേവനത്തിനു സംസ്ഥാന ഗവണ്മെൻറിന്റെ പേരിൽ ഞാൻ അത്യന്തം ആത്മാർഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. . . . നിങ്ങളുടെ വിദ്യാഭ്യാസവേലയ്ക്കു ഞാൻ വിജയാശംസകൾ നേരുന്നു.”
കൂടുതലായ പരിശീലനം
തങ്ങളുടെ ബൈബിൾ വിദ്യാഭ്യാസവേലയ്ക്കു യഹോവയുടെ സാക്ഷികൾ വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നതുകൊണ്ട് മറ്റുള്ളവർക്കു ബൈബിളുപദേശങ്ങൾ വിശദീകരിച്ചുകൊടുക്കുന്നതിനുള്ള തങ്ങളുടെ കഴിവു മെച്ചപ്പെടുത്താൻ അവർ ശ്രമിക്കുന്നു. ഉദാഹരണത്തിന്, ലോകവ്യാപകമായി 1,19,000-ത്തിലധികം വരുന്ന സഭകളിൽ ഓരോന്നിലും വിദ്യാർഥികൾക്കു പരസ്യവായനയിലും പ്രസംഗം നടത്തുന്നതിലും പരിശീലനം ലഭിക്കുന്നു. തീരെ പ്രായം കുറഞ്ഞവർക്കുപോലും വായിക്കാൻ പഠിക്കുന്ന ഉടനെ പേർ ചാർത്തുന്നതിനും ഈ പരിശീലനം നേടുന്നതിനും സാധിക്കും. ലൗകിക
സ്കൂൾ പഠനമുൾപ്പെടെ മറ്റു മേഖലകളിലും അവർക്കതു പ്രയോജനപ്രദമാണെന്നു തെളിയുന്നു. സാക്ഷികളായ കുട്ടികൾ വളരെ വ്യക്തമായി ആശയങ്ങൾ അവതരിപ്പിക്കാൻ സമർഥരാണെന്നു നിരവധി വിദ്യാഭ്യാസ പ്രവർത്തകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.അതിനുപുറമേ, യഹോവയുടെ സാക്ഷികളുടെ ഓരോ സഭയും അതിന്റെ രാജ്യഹാളിൽ അഥവാ യോഗസ്ഥലത്ത്, ബൈബിളധ്യയന സഹായികളും നിഘണ്ടുക്കളും മറ്റു പരാമർശ ഗ്രന്ഥങ്ങളുമടങ്ങിയ ഒരു ഗ്രന്ഥശാല സൂക്ഷിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു. രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകുന്ന ഏവർക്കും ഈ ഗ്രന്ഥശാല ഉപയോഗിക്കുന്നതിനു ലഭ്യമാണ്. അവരുടെ സഭകളിൽ വായനയ്ക്കു ഹൃദയംഗമമായ പ്രോത്സാഹനം കൊടുക്കുന്നു. അതുപോലെതന്നെ, കുട്ടികളുടെയും മുതിർന്നവരുടെയും ആവശ്യാനുസരണം
വിവിധ തരത്തിലുള്ള പ്രസിദ്ധീകരണങ്ങളുള്ള ഒരു കുടുംബ ഗ്രന്ഥശാല ഉണ്ടായിരിക്കാനും ഓരോ കുടുംബവും പ്രോത്സാഹിപ്പിക്കപ്പെടുന്നു.ഉന്നതപരിശീലനം
മിഷനറിമാരായ സ്ത്രീപുരുഷന്മാരെ പരിശീലിപ്പിക്കുന്നതിനും അതുപോലെതന്നെ, പ്രാദേശിക സഭകളിൽ ശുശ്രൂഷാപരമായ ഉത്തരവാദിത്വങ്ങളുള്ള പുരുഷന്മാരെ പരിശീലിപ്പിക്കുന്നതിനും വാച്ച് ടവർ സൊസൈറ്റി സ്കൂളുകൾ നടത്തുന്നുണ്ട്. യഹോവയുടെ സാക്ഷികൾ വിദ്യാഭ്യാസത്തിനു വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നുവെന്നതിനുള്ള കൂടുതലായ തെളിവാണ് ഈ സ്കൂളുകൾ.