ഏഷ്യയും പസഫിക് ദ്വീപുകളും
ഏഷ്യയും പസഫിക് ദ്വീപുകളും
ഭൂജനസംഖ്യയുടെ വലിയൊരു ഭാഗം ഏഷ്യാ വൻകരയിലാണു താമസിക്കുന്നത്. അതിനുപുറമേ, സമുദ്രങ്ങളിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വലുതും ചെറുതുമായ ആയിരക്കണക്കിനു ദ്വീപുകളുമുണ്ട്. ആളുകൾ ഉള്ളിടത്തെല്ലാം ദൈവരാജ്യത്തിന്റെ സുവാർത്ത എത്തിക്കാൻ യഹോവയുടെ സാക്ഷികൾ ശ്രമിച്ചിരിക്കുന്നു.
ഇന്ത്യയുടെ തെക്കുകിഴക്കു സ്ഥിതിചെയ്യുന്ന ഒരു ദ്വീപരാജ്യത്തുനിന്നുള്ള അനുഭവം പരിചിന്തിക്കാം. ആളുകളുടെ പക്കൽ ബൈബിൾ സാഹിത്യങ്ങൾ എത്തിക്കുന്നതിലെ മൂല്യം അത് എടുത്തുകാട്ടുന്നു. 1980-കളുടെ ആരംഭത്തിൽ ശ്രീലങ്കയിൽ താമസിച്ചിരുന്ന ഒരു സാക്ഷി ഒരു മനുഷ്യന് എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിച്ചു. അദ്ദേഹം താമസിച്ചിരുന്ന പട്ടണത്തിൽ സാക്ഷികളാരുമില്ലായിരുന്നു. 1985-ൽ അദ്ദേഹം ആ പുസ്തകം വായിക്കാൻ തുടങ്ങി. അതു സത്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീട്, അദ്ദേഹമതു കുടുംബസമേതം വായിച്ചു. തന്റെ ഉറ്റ സുഹൃത്തുക്കളോടൊപ്പം അതു വായിച്ച് ചർച്ചചെയ്യാനും തുടങ്ങി. താമസിയാതെ 11 പേരടങ്ങുന്ന ഒരു സംഘം അതേക്കുറിച്ചു ചർച്ചചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടിൽ കൂടിവന്നു. അവർ വ്യാജമതവുമായുള്ള ബന്ധങ്ങൾ വിച്ഛേദിച്ചു. തന്നെയുമല്ല, മറ്റുള്ളവരോടു പ്രസംഗിക്കേണ്ടതുണ്ടെന്നും
അവർ മനസ്സിലാക്കി. 1997 ജനുവരിയിൽ അവർ സഹായമഭ്യർഥിച്ചുകൊണ്ടു ബ്രാഞ്ചിലേക്കെഴുതി.അവരെ സന്ദർശിക്കാൻ ഒരു പ്രത്യേകപയനിയർ ദമ്പതികളെ അങ്ങോട്ടയച്ചു. “ദയവായി ഞങ്ങളെ പ്രാർഥിക്കാൻ പഠിപ്പിക്കാമോ?” അവർ കേണപേക്ഷിച്ചു. നിരവധി ചോദ്യോത്തര ചർച്ചയ്ക്കുശേഷം പയനിയർമാരോട് രാത്രി അവിടെ തങ്ങാൻ അഭ്യർഥിച്ചു. പിറ്റേന്ന് രാവിലെ 6 മണിക്ക് ആവേശഭരിതനായ വീട്ടുടമ പയനിയർമാരെ വിളിച്ചുണർത്തി. അദ്ദേഹത്തിന് ഇനിയും ധാരാളം ചോദ്യങ്ങൾക്ക് ഉത്തരം വേണമായിരുന്നു. രാവിലെ 9 മണിയോടെ 16 പേർ ആ വീട്ടിലെത്തി. ഒരു തത്ക്ഷണ പരസ്യപ്രസംഗം നടത്തപ്പെട്ടു. കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരങ്ങളും നൽകി. ഉച്ചതിരിഞ്ഞു 2 മണിക്കാണു പയനിയർമാർ തങ്ങളുടെ വീട്ടിലേക്കു തിരിച്ചത്. ഇപ്പോൾ അവിടെ ക്രമമായി യോഗങ്ങൾ നടത്തിവരുന്നു.
ലബനോനിൽ ഒരു സഹോദരി മറ്റൊരു സാക്ഷിയെ സന്ദർശിക്കാൻ പോകുന്ന വഴിക്ക്, തന്റെ ചുമടു താഴെയിറക്കി വിശ്രമിച്ചുകൊണ്ടിരുന്ന ഒരു വൃദ്ധയെ കണ്ടുമുട്ടി. സഹായിക്കാമെന്നു സഹോദരി പറഞ്ഞപ്പോൾ, ആ സ്ത്രീ അതിശയപൂർവം ചോദിച്ചു: “ഇത്തരമാളുകൾ ഇപ്പോഴുമുണ്ടെന്നോ?” ആ സ്ത്രീ സഹോദരിക്ക് അകമഴിഞ്ഞ നന്ദിയേകി. ഒരു കപ്പു കാപ്പി കുടിച്ചിട്ടുപോകാൻ അവർ സഹോദരിയെ നിർബന്ധിച്ചു. സഹോദരി ക്ഷണം സ്വീകരിച്ചു. ലഭ്യമായ അവസരം കളഞ്ഞുകുളിക്കാതെ സഹോദരി അവർക്കു സാക്ഷ്യം നൽകി. പരിജ്ഞാനം പുസ്തകം കൊണ്ടുവരാമെന്നു വാഗ്ദാനം ചെയ്തു. തനിക്ക് യഹോവയുടെ സാക്ഷികളെ ഇഷ്ടമല്ലെന്നു പറഞ്ഞെങ്കിലും ആ സ്ത്രീ പുസ്തകം സ്വീകരിച്ചു. മടക്കസന്ദർശത്തിൽ, സഹോദരി ആ സ്ത്രീയുടെ മകളെ കണ്ടു. താൻ കേട്ട കാര്യങ്ങളിൽ മകൾക്ക് അതിയായ സന്തോഷം തോന്നി. ഇപ്പോൾ ആ മകളുമായി പരിജ്ഞാനം പുസ്തകമുപയോഗിച്ചു ക്രമമായ അധ്യയനം നടത്തിവരുന്നു.
രാഷ്ട്രീയ രംഗത്തുള്ള ചില പ്രമുഖർ യഹോവയുടെ സാക്ഷികളുടെ വേലയെ വിലമതിക്കുന്നുണ്ട്. എന്നാൽ, വൈദികരുടെ ശക്തമായ സമ്മർദം മൂലം ചിലർ സാക്ഷികളുടെമേൽ വിലക്കുകൾ ഏർപ്പെടുത്തുന്നു. എങ്കിലും, കഴിഞ്ഞവർഷം പാകിസ്ഥാൻ, മലേഷ്യ, കസാഖ്സ്ഥാൻ എന്നിവിടങ്ങളിൽ യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം ലഭിച്ചതിൽ നാം കൃതജ്ഞരാണ്.
പാകിസ്ഥാനിൽ ഒരു പ്രാദേശിക പള്ളിമൂപ്പൻ സാക്ഷികളെ വീട്ടിൽ കയറ്റരുതെന്ന് ജനങ്ങളോടു പറയാറുണ്ടായിരുന്നു. സാക്ഷികൾ യേശുവിൽ വിശ്വസിക്കുന്നില്ലെന്നും അവരുടെ പഠിപ്പിക്കലുകൾ
സത്യമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. എങ്കിലും, ഒരു പ്രത്യേക പയനിയർ അധ്യയനം നടത്തിയിരുന്ന ഒരു കുടുംബം പഠനം തുടരാൻ ആഗ്രഹിച്ചു. ഒരു ദിവസം ആ പള്ളിമൂപ്പൻ പ്രസ്തുത കുടുംബത്തെ സന്ദർശിക്കാനെത്തി. അപ്പോൾ അവിടെ പതിവുപോലെ ബൈബിളധ്യയനം നടക്കുകയായിരുന്നു. അധ്യയനവേളയിൽ അദ്ദേഹം നിശബ്ദനായിരുന്ന് എല്ലാം കേട്ടു. സാക്ഷികൾ വാസ്തവമായും ബൈബിൾ പഠിപ്പിക്കുന്നുവെന്ന വസ്തുത അദ്ദേഹത്തെ അത്ഭുതസ്തബ്ധനാക്കി. തത്ഫലമായി, അദ്ദേഹവുമായി ഒരു ബൈബിളധ്യയനം തുടങ്ങി. അദ്ദേഹം സഭായോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി, ഇപ്പോൾ സ്നാപനമേറ്റ സാക്ഷിയുമാണ്. ആ മുൻ പള്ളിമൂപ്പൻ നിമിത്തം ഇപ്പോൾ വേറേ ആറ് വ്യക്തികൾ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നുണ്ട്.മലേഷ്യയിൽ 30,000-ത്തിലധികം ആളുകൾ പാർക്കുന്ന നിരവധി പട്ടണങ്ങളിലും ഒറ്റ സാക്ഷിപോലുമില്ല. അത്രയുമാളുകളുടെ പക്കൽ സുവാർത്ത എത്തിക്കുകയെന്നതു പ്രസാധകരെ സംബന്ധിച്ചിടത്തോളം ഒരു വലിയ നിയമനംതന്നെ. ചില പ്രദേശങ്ങൾ വളരെ ഫലവത്താണ്. ബൊർനിയോയുടെ വടക്കുഭാഗത്തുള്ള സാബയിലേക്ക് നാലു താത്കാലിക പ്രത്യേക പയനിയർമാരെ നിയമിക്കുകയുണ്ടായി. സമീപകാലത്തു കാഡാസാൻ ഡൂസൂൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയ പറുദീസയിലെ നിത്യജീവൻ! എന്ന ലഘുപത്രിക ഉപയോഗിച്ചുകൊണ്ട് ഒരു ത്രൈമാസ കാലയളവിൽ 50 ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങാൻ അവർക്കു കഴിഞ്ഞു.
പൗരസ്ത്യദേശത്തുള്ള നിരവധി ഭാഷകളിൽ ബൈബിൾ സാഹിത്യങ്ങൾ ലഭ്യമാക്കുകയെന്നത് ഒരു ബൃഹത്തായ ഉദ്യമമാണ്. ഭൂരിപക്ഷം പേർക്കും ഒരുപരിധിവരെയെങ്കിലും അറിയാവുന്ന ഭാഷകളിൽ ഇപ്പോൾ അവ ലഭ്യമാണ്. എങ്കിലും, ആളുകളുടെ മാതൃഭാഷയിൽ പ്രസിദ്ധീകരണങ്ങൾ ഇറക്കുന്നത് എത്രയോ വ്യത്യസ്തമാണ്! കിർഗിസ്ഥാനിലുള്ള ഒരു വൃദ്ധസഹോദരിക്കു റഷ്യൻ ഭാഷ വശമില്ലാഞ്ഞതിനാൽ പരിമിതമായേ ശുശ്രൂഷയിൽ ഏർപ്പെടാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ കിർഗിസ് ഭാഷയിൽ പരിജ്ഞാനം പുസ്തകം ലഭ്യമായപ്പോൾ സഹോദരി അത് ഊർജസ്വലതയോടെ സേവനത്തിലുപയോഗിച്ചു. തത്ഫലമായി, മറ്റു ഗ്രാമങ്ങളിലുള്ള ആളുകൾ അതേക്കുറിച്ചു കേട്ട് നടന്നോ സൈക്കിളിലോ കഴുതവണ്ടിയിലോ ഒക്കെയായി സഹോദരിയെ സന്ദർശിക്കാനെത്തി. ആ സഹോദരി ഇപ്പോൾ നിരവധി ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്. സുവാർത്ത വ്യാപിപ്പിക്കാൻ തന്റെ സ്വന്തം ഭാഷയിൽ ഒരു പ്രസിദ്ധീകരണം ലഭിച്ചതിൽ സഹോദരി അതിയായി സന്തോഷിക്കുന്നു.