വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജപ്പാൻ

ജപ്പാൻ

ജപ്പാൻ

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ കെടു​തി​യിൽനി​ന്നു ലോക​ത്തി​ലെ ആധുനിക വ്യവസായ വൻശക്തി​ക​ളി​ലൊന്ന്‌ എന്ന സ്ഥാന​ത്തേക്ക്‌ ജപ്പാനെ പടുത്തു​യർത്തിയ ഗുണങ്ങ​ളിൽ പെടു​ന്ന​വ​യാണ്‌ അവിട​ത്തു​കാ​രു​ടെ നിശ്ചയ​ദാർഢ്യ​ത്തോ​ടെ​യുള്ള കഠിനാ​ധ്വാ​ന​വും ഉദ്ദേ​ശ്യൈ​ക്യ​വും. ഇന്ന്‌ ക്യാമ​റ​ക​ളു​ടെ​യും കാറു​ക​ളു​ടെ​യും വൈദ്യു​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വാണി​ജ്യ​നാ​മ​ങ്ങൾക്കു മാത്രമല്ല, ചെറി​പ്പൂ​ക്കൾക്കും പ്രത്യേ​ക​തരം കദളി​ച്ചെ​ടി​കൾക്കും ഹിമ​ത്തൊ​പ്പി​യ​ണിഞ്ഞ 3,776 മീറ്റർ ഉയരമുള്ള ഫുജി​പർവ​ത​ത്തി​നും പേരു​കേ​ട്ട​താണ്‌ 12.5 കോടി ആളുകൾ അധിവ​സി​ക്കുന്ന ഈ രാജ്യം.

എന്നാൽ, അതിലു​മേറെ മതിപ്പു​ള​വാ​ക്കു​ന്ന​താണ്‌ യുദ്ധാ​നന്തര കാലഘ​ട്ട​ത്തിൽ അവി​ടെ​യു​ണ്ടായ ദിവ്യാ​ധി​പത്യ പുരോ​ഗതി. 1951-ൽ ടോക്കി​യോ​യിൽ നടന്ന ഒരു കൺ​വെൻ​ഷ​നിൽ വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളി​ലെ 40-ഓളം മിഷനറി ബിരു​ദ​ധാ​രി​ക​ളും തദ്ദേശീയ ജപ്പാൻകാ​രായ 200-ഓളം പ്രസാ​ധ​ക​രും സംബന്ധി​ച്ചു. തദ്ദേശീയ ജപ്പാൻകാ​രായ രാജ്യ​ഘോ​ഷകർ വളരെ​യുള്ള, അതേസ​മയം മിഷന​റി​മാർ വിരള​മാ​യി​രി​ക്കുന്ന ഒരു കാലത്തി​നാ​യി താൻ പ്രതീ​ക്ഷാ​പൂർവം കാത്തി​രി​ക്കു​ന്നു​വെന്ന്‌ വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ അന്നത്തെ പ്രസി​ഡൻറാ​യി​രുന്ന എൻ. എച്ച്‌. നോർ പറയു​ക​യു​ണ്ടാ​യി. ആ കാലം അത്ര വിദൂ​ര​മാ​യി​രു​ന്നില്ല! യേശു​ക്രി​സ്‌തു​വി​നെ അടിസ്ഥാ​ന​മാ​ക്കി, ദൈവ​ത്തി​ന്റെ കൂട്ടു​വേ​ല​ക്കാ​രെന്ന നിലയിൽ ഈ മിഷന​റി​മാർക്ക്‌ ജപ്പാൻകാ​രായ ആദ്യത്തെ 1,000 പ്രസാ​ധ​കരെ കൂട്ടി​വ​രു​ത്താൻ പത്തു വർഷം വേണ്ടി​വന്നു. എന്നാൽ, 1992-ൽ ഓരോ മാസവും ശരാശരി 1,000 പുതിയ പ്രസാ​ധകർ വീതം കൂട്ടി​ച്ചേർക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. (1 കൊരി​ന്ത്യർ 3:9-11 താരത​മ്യം ചെയ്യുക.) അനേകം ദ്വീപു​കൾ ഉൾക്കൊ​ള്ളുന്ന ജപ്പാനിൽ ദൈവ​രാ​ജ്യ​ശു​ശ്രൂ​ഷ​ക​രു​ടെ മൊത്തം എണ്ണം 2,20,663 എന്ന അത്യു​ച്ച​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു. കഴിഞ്ഞ 18 വർഷത്തി​ല​ധി​ക​മാ​യി ഓരോ മാസവും പുതിയ അത്യുച്ചം ഉണ്ടായി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അവിടെ സംഭവി​ച്ചി​രി​ക്കു​ന്നത്‌ യെശയ്യാ​വു 60:8, 9-ന്റെ നിവൃ​ത്തി​യു​ടെ പുളക​പ്ര​ദ​മായ ഒരു ഭാഗമാണ്‌. ആ തിരു​വെ​ഴുത്ത്‌ ഇങ്ങനെ പറയുന്നു: ‘മേഘം​പോ​ലെ​യും തങ്ങളുടെ കിളി​വാ​തി​ലു​ക​ളി​ലേക്കു പ്രാവു​ക​ളെ​പ്പോ​ലെ​യും പറന്നു​വ​രുന്ന ഇവർ ആർ? ദ്വീപു​വാ​സി​കൾ [“ദ്വീപു​കൾത്തന്നെ,” NW] എനിക്കാ​യി കാത്തി​രി​ക്കു​ന്നു.’

വാർഷി​ക​പു​സ്‌തകം—1973 (ഇംഗ്ലീഷ്‌) ജപ്പാനിൽ നിന്നുള്ള ഈ ആദിമ ചരി​ത്ര​ത്തെ​ക്കു​റി​ച്ചു മാത്രമല്ല, 1972 വരെയുള്ള കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും റിപ്പോർട്ടു ചെയ്‌തി​രു​ന്നു. അന്ന്‌ 14,000-ത്തോളം പ്രസാ​ധ​ക​രാണ്‌ അവി​ടെ​യു​ണ്ടാ​യി​രു​ന്നത്‌. ത്വരി​ത​ഗ​തി​യിൽ വർധി​ച്ചു​വന്ന, പയനി​യർസേ​വ​ന​ത്തിൽ ഏർപ്പെ​ട്ടി​രുന്ന 3,000-ത്തിലധി​കം പേരും അവരിൽ ഉൾപ്പെ​ട്ടി​രു​ന്നു. ഇവിടെ ആ ചരിത്രം പുനര​വ​ലോ​കനം ചെയ്യുക മാത്രമല്ല, അതിനു ശേഷമുള്ള 25 വർഷത്തെ ചരി​ത്ര​വും ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

രാജ്യ​സ​ത്യ​ത്തി​ന്റെ ആദ്യ വിത്തുകൾ

പരമ്പരാ​ഗ​ത​മാ​യി ബുദ്ധമ​ത​വും ഷിന്റോ​മ​ത​വും പിൻപ​റ്റി​പ്പോ​രുന്ന ഈ നാട്ടിൽ സമൃദ്ധ​മായ ആത്മീയ വിളവ്‌ ഉത്‌പാ​ദി​പ്പി​ച്ചി​രി​ക്കുന്ന വിത്തുകൾ എങ്ങനെ​യാ​ണു വിതയ്‌ക്ക​പ്പെ​ട്ടത്‌? 1911-ൽ, വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ അന്നത്തെ പ്രസി​ഡൻറാ​യി​രുന്ന സി. റ്റി. റസ്സൽ ജപ്പാനിൽ ഒരു നിരീ​ക്ഷ​ണ​പ​ര്യ​ടനം നടത്തി. ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ മിഷന​റി​മാർ വളരെ നിരു​ത്സാ​ഹി​ത​രാ​ണെ​ന്നും പൊതു​വേ ആളുകൾക്കു മതത്തിൽ താത്‌പ​ര്യ​മി​ല്ലെ​ന്നും അദ്ദേഹം റിപ്പോർട്ടു ചെയ്‌തു. എന്നിരു​ന്നാ​ലും, ആളുകൾക്കാ​വ​ശ്യം “രാജ്യ​ത്തി​ന്റെ സുവി​ശേഷ”മാണെന്ന്‌ അദ്ദേഹ​ത്തി​നു തോന്നി. ആ പൗരസ്‌ത്യ​ദേ​ശത്ത്‌ അമേരി​ക്ക​ക്കാ​ര​നായ ആർ. ആർ. ഹോളി​സ്റ്ററെ സൊ​സൈ​റ്റി​യു​ടെ പ്രതി​നി​ധി​യാ​യി നിയമി​ച്ചു. യുഗങ്ങ​ളു​ടെ ദൈവിക നിർണ്ണയം ഉൾപ്പെടെ ലഘു​ലേ​ഖ​ക​ളും പുസ്‌ത​ക​ങ്ങ​ളും പരിഭാ​ഷ​പ്പെ​ടു​ത്തി ദശലക്ഷ​ക്ക​ണ​ക്കി​നു പ്രതികൾ വിതരണം ചെയ്‌തു. ഇതിനു പ്രധാ​ന​മാ​യും തദ്ദേശീയ ആളുകളെ കൂലി​ക്കെ​ടു​ക്കു​ക​യാ​ണു ചെയ്‌തത്‌. 1926-ൽ, ഒരു ജാപ്പനീസ്‌-അമേരി​ക്ക​ക്കാ​ര​നായ ജുൻസോ അകാഷി​യെ സൊ​സൈ​റ്റി​യു​ടെ പ്രതി​നി​ധി​യാ​യി ജപ്പാനി​ലേക്ക്‌ അയച്ചു. 1927-ന്റെ തുടക്ക​ത്തിൽ കോ​ബെ​യിൽ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപി​ത​മാ​യി. പിന്നീട്‌ അതേ വർഷം അത്‌ ടോക്കി​യോ​യി​ലേക്കു മാറ്റി. 1938 ആയപ്പോ​ഴേ​ക്കും മാസി​ക​ക​ളും പുസ്‌ത​ക​ങ്ങ​ളും വിതരണം ചെയ്യുന്ന കോൽപോർട്ടർമാ​രു​ടെ എണ്ണം 110 ആയി വർധി​ച്ചി​രു​ന്നു. എന്നാൽ അന്ധമായ മത-ദേശഭക്തി രാജ്യ​ത്തു​ട​നീ​ളം വീശി​യ​ടി​ച്ചു​കൊ​ണ്ടി​രു​ന്നു, അതു രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു വഴിമ​രു​ന്നി​ട്ടു. 1939 ജൂൺ 21-ന്‌, തോ​ദൈ​ഷാ​യി​ലെ (“പ്രകാ​ശ​ഗോ​പുര സഖ്യം” എന്നർഥം, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാ​ദേ​ശിക കൂട്ടത്തെ അന്ന്‌ അങ്ങനെ​യാ​ണു വിളി​ച്ചി​രു​ന്നത്‌) 130 അംഗങ്ങളെ ഒറ്റയടിക്ക്‌ അറസ്റ്റു ചെയ്‌ത്‌ തടവി​ലാ​ക്കി. ഫലത്തിൽ, യുദ്ധവർഷ​ങ്ങ​ളിൽ അവരുടെ സംഘടിത പ്രവർത്തനം നിലച്ചു.

സങ്കടക​ര​മെന്നു പറയട്ടെ, സമ്മർദ​ത്തിൻകീ​ഴിൽ ബ്രാഞ്ച്‌ മേൽവി​ചാ​രകൻ വിശ്വാ​സ​ത്യാ​ഗി​യാ​യി​ത്തീർന്നു. ഇഷിയി, മിയൂര തുടങ്ങിയ ചുരുക്കം ചില കുടും​ബ​ങ്ങ​ളൊ​ഴി​കെ തോ​ദൈ​ഷാ​യി​ലെ മിക്ക അംഗങ്ങ​ളും യഹോ​വ​യു​ടെ സേവനം ഉപേക്ഷി​ച്ചു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ പിന്നാലെ പോയി. ഒരു മനുഷ്യ​നെ, അതായത്‌ ജുൻസോ അകാഷി​യെ പിൻപ​റ്റി​യ​തും ആ കൂട്ടത്തി​ന്റെ പരാജ​യ​ത്തി​നു ഹേതു​വാ​യി. ഒരു ഭാര്യ ഉണ്ടായി​രി​ക്കെ അദ്ദേഹം ജപ്പാനി​ലെ പരമ്പരാ​ഗത ബഹുഭാ​ര്യ​ത്വ​സ​മ്പ്ര​ദാ​യം സ്വീക​രി​ച്ചു. ന്യൂ​യോർക്ക്‌ നഗരത്തിൽ 40-ലധികം വർഷക്കാ​ലം ആ സഹോ​ദരി വിശ്വ​സ്‌ത​ത​യോ​ടെ പയനിയർ സേവനം തുടർന്നു. പശ്ചിമ മൻഹാ​ട്ട​ണി​ലുള്ള പലരും ഒഗാവാ​ച്ചി സഹോ​ദരി എന്ന പേരിൽ അവരെ ഇപ്പോ​ഴും പ്രിയ​ത്തോ​ടെ ഓർമി​ക്കു​ന്നു. യുദ്ധാ​ന​ന്തരം ഗിലെ​യാദ്‌ മിഷന​റി​മാർ ജപ്പാനിൽ എത്തിയ​പ്പോൾ ഓസക്ക​യിൽ ഒരു വലിയ തോ​ദൈഷാ കൂട്ടത്തെ കണ്ടെത്തി. അതിലെ അംഗങ്ങൾ സ്‌നാ​പ​ന​പ്പെ​ടു​ത്തു​ന്ന​തി​നു പണം സ്വീക​രി​ച്ചി​രു​ന്നു​വെന്നു മാത്രമല്ല അതിലും മോശ​മാ​യി വളരെ അധാർമി​ക​മായ ജീവി​ത​രീ​തി സ്വീക​രി​ച്ചു​കൊണ്ട്‌ അകാഷി​യെ അനുക​രി​ക്കു​ക​യും ചെയ്‌തി​രു​ന്നു. ആ ജീവി​ത​രീ​തി ഉപേക്ഷി​ക്കാൻ അവർ കൂട്ടാ​ക്കി​യില്ല; അതു​കൊണ്ട്‌ സഭയുടെ ശുദ്ധി​യെ​പ്രതി അവരിൽ 30-ഓളം പേരെ പുറത്താ​ക്കേ​ണ്ട​താ​യി​വന്നു.

വിശ്വ​സ്‌ത​രാ​യി നില​കൊ​ണ്ട​വർ

അതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, ദമ്പതി​ക​ളായ ജിസ്സോ ഇഷിയി​യു​ടെ​യും മാറ്റ്‌സു​യെ ഇഷിയി​യു​ടെ​യും കാര്യം പരിചി​ന്തി​ക്കുക. ജപ്പാൻകാ​രായ ആദ്യ കോൽപോർട്ടർമാ​രിൽ പെട്ടവ​രാ​യി​രു​ന്നു അവർ. 1929 മുതൽ 1939 വരെയുള്ള വർഷങ്ങ​ളിൽ അവർ രാജ്യ​മെ​മ്പാ​ടും പ്രസം​ഗ​വേല ചെയ്‌തു. 1939 ജൂണിൽ അറസ്റ്റ്‌ ചെയ്‌ത്‌ അവരെ സെൻ​ഡൈ​യി​ലെ ജയിലി​ല​ടച്ചു. വൃത്തി​ഹീ​ന​വും ചെള്ളുകൾ നിറഞ്ഞ​തു​മായ ഒരു കൊച്ചു​മു​റി​യിൽ ഏകാന്ത​ത​ട​വിൽ കിടന്ന ആദ്യ വർഷം മാറ്റ്‌സു​യെ ഇപ്പോ​ഴും ഓർക്കു​ന്നു. ഷവറു​പ​യോ​ഗി​ച്ചോ അല്ലാ​തെ​യോ കുളി​ക്കാൻ അനുവ​ദി​ച്ചി​രു​ന്നില്ല, ദേഹമാ​സ​കലം മൂട്ടകൾ കടിച്ചു. എല്ലും തോലു​മാ​യി​ത്തീർന്ന അവരുടെ തൂക്കം വെറും 30 കിലോ ആയി കുറഞ്ഞു. അങ്ങനെ അവർ മരണത്തി​ന്റെ വക്കോ​ള​മെത്തി. മറ്റൊരു തടവറ​യി​ലേക്കു മാറ്റി​യ​പ്പോൾ അവർ കുറെ​യൊ​ക്കെ ആരോ​ഗ്യം വീണ്ടെ​ടു​ത്തു. 1944-ന്റെ അവസാ​ന​ത്തോ​ടെ അവർക്കു മോചനം കിട്ടി. സമാന​മായ പെരു​മാ​റ്റ​മാണ്‌ അവരുടെ ഭർത്താ​വി​നും ലഭിച്ചത്‌. പിന്നീട്‌ രക്തപ്പകർച്ച നിരസി​ച്ചു​കൊ​ണ്ടും അദ്ദേഹം തന്റെ നിർമലത പ്രകട​മാ​ക്കി. (പ്രവൃ. 21:25) 71-ാം വയസ്സിൽ അദ്ദേഹം നിര്യാ​ത​നാ​യി. മാറ്റ്‌സു​യെ ഇന്നും ഒരു വിശ്വസ്‌ത സാക്ഷി​യാണ്‌. ആ സഹോ​ദരി ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “യുദ്ധത്തി​നു മുമ്പ്‌ കഴിവി​ലും ബുദ്ധി​ശ​ക്തി​യി​ലും മികച്ചു​നിന്ന മിക്കവ​രും വലിയ സമ്മർദ​ത്തി​നു വിധേ​യ​രാ​യ​പ്പോൾ ദൈവ​സ്ഥാ​പനം ഉപേക്ഷി​ച്ചു. . . . വിശ്വ​സ്‌ത​രാ​യി നില​കൊ​ണ്ടവർ പ്രത്യേക കഴിവു​ക​ളു​ള്ള​വ​രോ പ്രശസ്‌ത​രോ ആയിരു​ന്നില്ല. തീർച്ച​യാ​യും നാമെ​ല്ലാ​വ​രും നമ്മുടെ മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കണം.”—സദൃ. 3:5.

കാറ്റ്‌സൂ​വോ മിയൂ​ര​യും ഹാഗി​നോ മിയൂ​ര​യു​മാ​യി​രു​ന്നു വിശ്വ​സ്‌ത​രായ മറ്റൊരു ദമ്പതികൾ. അവർ കോൽപോർട്ടർ സേവനം തുടങ്ങി​യത്‌ 1931-ലാണ്‌. 1939-ൽ ഹിരോ​ഷി​മ​യിൽവെച്ച്‌ അവരെ​യും അറസ്റ്റു ചെയ്‌തു. ചക്രവർത്തി​യെ ആരാധി​ക്കാൻ അല്ലെങ്കിൽ ജപ്പാന്റെ സൈനി​ക​മേ​ധാ​വി​ത്വ​ത്തെ പിന്താ​ങ്ങാൻ അവർ വിസമ്മ​തി​ച്ചു. കാറ്റ്‌സൂ​വോ​വിന്‌ കടുത്ത പ്രഹരം കിട്ടി. 1945 ആഗസ്റ്റിൽ ഒരു അണു​ബോംബ്‌ തടവറയെ തകർക്കു​ന്ന​തു​വരെ അദ്ദേഹം അവി​ടെ​ക്കി​ടന്ന്‌ യാതന അനുഭ​വി​ച്ചു. അദ്ദേഹ​ത്തിന്‌ 38 വയസ്സേ ഉണ്ടായി​രു​ന്നു​ള്ളു​വെ​ങ്കി​ലും ആരോ​ഗ്യം നന്നേ ക്ഷയിച്ചി​രു​ന്നു. തടവിൽനി​ന്നു പുറത്തു​വന്ന അദ്ദേഹം ഒരു വൃദ്ധ​നെ​പ്പോ​ലെ തോന്നി​ച്ചു. അദ്ദേഹം വടക്ക്‌ സെൻ​ഡൈ​യി​ലേക്കു മടങ്ങി. അവിടെ, നേരത്തേ ജയിൽമോ​ചി​ത​യായ ഹാഗി​നോ ഇളയ മകനായ സ്റ്റൊമൂ​വി​നെ വളർത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

യഹോ​വ​യു​ടെ സ്ഥാപന​വു​മാ​യി കാറ്റ്‌സൂ​വോ വീണ്ടു​മെ​ങ്ങ​നെ​യാണ്‌ സമ്പർക്ക​ത്തിൽ വന്നത്‌? വാച്ച്‌ ടവർ മിഷന​റി​മാ​രായ അഞ്ച്‌ യുവതി​കൾ ഒരു ജാപ്പനീസ്‌ ഭവനത്തിൽ ജാപ്പനീസ്‌ രീതി​യിൽ ജീവി​ക്കാൻ ഓസക്ക​യിൽ എത്തിയ​താ​യി ജപ്പാനി​ലെ പ്രമുഖ പത്രമായ അസാഹി മനസ്സി​ലാ​ക്കി. റിപ്പോർട്ടർമാർ അവരെ സന്ദർശിച്ച്‌ വളരെ നല്ല ഒരു സചി​ത്ര​ലേ​ഖനം തയ്യാറാ​ക്കി. സ്വർഗ​ത്തിൽനി​ന്നു പറന്നെ​ത്തിയ, ചെറി​പ്പൂ​ക്കൾ പോലുള്ള, മാലാ​ഖ​മാ​രോ​ടാണ്‌ ആ ലേഖനം അവരെ ഉപമി​ച്ചത്‌. ആ ലേഖന​ത്തിൽ മിഷനറി ഭവനത്തി​ന്റെ വിലാ​സ​വു​മു​ണ്ടാ​യി​രു​ന്നു. ഏതാണ്ട്‌ 800 കിലോ​മീ​റ്റർ വടക്ക്‌ സെൻ​ഡൈ​യിൽവെച്ച്‌ കാറ്റ്‌സൂ​വോ ആ ലേഖനം കാണാ​നി​ട​യാ​യി. ഉടൻതന്നെ അദ്ദേഹം സ്ഥാപന​വു​മാ​യി സമ്പർക്കം പുലർത്തു​ക​യും പയനി​യർസേ​വനം തുടങ്ങു​ക​യും ചെയ്‌തു. 1957-ൽ മരിക്കു​ന്ന​തു​വരെ അദ്ദേഹം വിശ്വ​സ്‌ത​നാ​യി സേവിച്ചു.

ജപ്പാനി​ലെ കോ​ബെ​യിൽ ഇന്നും സേവന​മ​നു​ഷ്‌ഠി​ക്കുന്ന മിയോ ഇദെയിക്ക്‌ ഇപ്പോൾ 92 വയസ്സുണ്ട്‌. സത്യത്തി​ലാ​യി​രുന്ന 65 വർഷക്കാ​ലം അവർക്ക്‌ അനേകം പ്രയാ​സങ്ങൾ സഹി​ക്കേ​ണ്ടി​വന്നു. അവരുടെ പുളക​പ്ര​ദ​മായ ജീവി​തകഥ 1991 സെപ്‌റ്റം​ബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ (ഇംഗ്ലീഷ്‌) കാണാം.

“49-കാർ”

രണ്ടാം ലോക​മ​ഹാ​യു​ദ്ധാ​ന​ന്തരം പ്രസം​ഗ​വേ​ല​യ്‌ക്കുള്ള സാഹച​ര്യ​ങ്ങൾ കൂടുതൽ അനുകൂ​ല​മാ​യി​ത്തീർന്നു. എന്നാൽ 1947-ൽ, താൻ ബൈബിൾ പഠിപ്പി​ക്ക​ലു​ക​ളു​മാ​യി യോജി​ക്കു​ന്നി​ല്ലെന്ന്‌ ജുൻസോ അകാഷി ന്യൂ​യോർക്കി​ലെ ബ്രുക്ലി​നി​ലുള്ള വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ഓഫീ​സി​നെ അറിയി​ച്ചു. ഉടൻതന്നെ മിഷനറി പരിശീ​ല​ന​ത്തി​നു വേണ്ടി ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ 11-ാം ക്ലാസ്സിൽ സംബന്ധി​ക്കാൻ ഹവായി​യി​ലെ ജാപ്പനീസ്‌-ഹവായി​യൻ സ്വമേ​ധ​യാ​സേ​വ​കർക്ക്‌ നോർ സഹോ​ദരൻ ക്ഷണം നൽകി. 1920-കളുടെ തുടക്ക​ത്തിൽ ജെ. എഫ്‌. റഥർഫോർഡി​ന്റെ സെക്ര​ട്ട​റി​യാ​യി​രുന്ന ഹവായ്‌ ബ്രാഞ്ച്‌ മേൽവി​ചാ​രകൻ ഇങ്ങനെ പറഞ്ഞു: “നോർ സഹോ​ദരാ, ഹാസ്‌ലെറ്റ്‌ ദമ്പതി​ക​ളു​ടെ കാര്യ​മോ?” അങ്ങനെ, 50-നോട​ടുത്ത്‌ പ്രായ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഡോൺ ഹാസ്‌ലെ​റ്റി​നും ഭാര്യ മേബലി​നും ക്ഷണം ലഭിച്ചു. ഗിലെ​യാ​ദിൽവെച്ച്‌ ഷിന്നിച്ചി തോഹ​ര​യും എൽസി താനി​ഗാ​വ​യും 20-ലധികം വിദ്യാർഥി​കളെ ജാപ്പനീസ്‌ ഭാഷ പഠിപ്പി​ച്ചു.

1949-ൽ “ആ ഹവായി​ക്കാർ”—ഡോൺ ഹാസ്‌ലെ​റ്റും മേബൽ ഹാസ്‌ലെ​റ്റും, ജെറി തോമ​യും യോഷി തോമ​യും, ഷിന്നിച്ചി തോഹ​ര​യും മാസാ​ക്കോ തോഹ​ര​യും അവരുടെ മൂന്നു കുട്ടി​ക​ളും, എൽസി താനി​ഗാ​വ​യും—ബോം​ബു​വർഷ​ത്തിൽ തകർന്ന ടോക്കി​യോ നഗരത്തിൽ നിയമ​ന​ങ്ങ​ളേ​റ്റെ​ടു​ത്തു. അതേ വർഷം അവർക്കു പിന്നാലെ ഓസ്‌​ട്രേ​ലി​യ​ക്കാ​രു​ടെ ഒരു കൂട്ട​മെ​ത്തി​ച്ചേർന്നു. ആഡ്രിയൻ തോം​സ​ണും, പെഴ്‌സി ഇസ്‌ലോ​ബും ഇൽമ ഇസ്‌ലോ​ബും, ലോയ്‌ഡ്‌ ബാരി​യും മെൽബ ബാരി​യും ഉൾപ്പെ​ട്ടി​രുന്ന ആ കൂട്ടത്തി​നു നിയമനം ലഭിച്ചത്‌ യുദ്ധത്താൽ തരിപ്പ​ണ​മായ കോബെ നഗരത്തി​ലേ​ക്കാ​യി​രു​ന്നു. ജപ്പാനി​ലെ ഈ ആദ്യ മിഷന​റി​മാർ “49-കാർ” എന്നു വിളി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. ഇവരിൽ ആറു പേർ നിയമ​ന​ത്തി​ലാ​യി​രി​ക്കെ​ത്തന്നെ മരിച്ചു. മറ്റുള്ള എട്ടു പേർ ജപ്പാനി​ലും ന്യൂ​യോർക്കി​ലെ ബ്രുക്ലി​നി​ലും ഇപ്പോ​ഴും മുഴു​സ​മ​യ​സേ​വനം അനുഷ്‌ഠി​ക്കു​ന്നു. 1949-ൽ എട്ടു തദ്ദേശ പ്രസാ​ധ​ക​രും രാജ്യ​സേ​വ​ന​ത്തിൽ സമയം ചെലവ​ഴി​ച്ച​താ​യി റിപ്പോർട്ടു ചെയ്‌തി​രു​ന്നു.

ടോക്കി​യോ​യി​ലെ വളർച്ച

ഹവായി​യിൽനി​ന്നെ​ത്തിയ സംഘം ടോക്കി​യോ​യിൽ ശ്രദ്ധേ​യ​മായ പുരോ​ഗതി കൈവ​രി​ക്കു​ക​യു​ണ്ടാ​യി. ആ യുദ്ധാ​നന്തര വർഷത്തിൽ അവർ പ്രവർത്തി​ച്ചി​രു​ന്നത്‌ “ഒളിത്താ​വ​ളങ്ങൾ തോറു”മായി​രു​ന്നു​വെന്ന്‌ യോഷി തോമ അനുസ്‌മ​രി​ക്കു​ന്നു. അവർ പറയുന്നു: “ആളുകൾ ദരി​ദ്ര​രാ​യി​രു​ന്നു. മാത്രമല്ല, യുദ്ധത്തി​ന്റെ കെടു​തി​ക​ളിൽനി​ന്നു കരകയ​റാൻ അവർ പാടു​പെ​ടു​ക​യു​മാ​യി​രു​ന്നു. ആഹാരം റേഷൻ കണക്കി​ലാ​ണു കൊടു​ത്തി​രു​ന്നത്‌. തനിക്കുള്ള കാബേജ്‌ ലഭിക്കാ​നാ​യി ഡോൺ ഹാസ്‌ലെറ്റ്‌ അയൽക്കാ​രോ​ടൊ​പ്പം നിരയിൽ നിൽക്കു​മാ​യി​രു​ന്നു.” വീട്ടു​കാർ അനുക​മ്പാർദ്ര​ത​യു​ള്ള​വ​രാ​യി​രു​ന്നു. ഈ മിഷന​റി​മാർ ജാപ്പനീസ്‌ ഭാഷയിൽ പ്രസം​ഗങ്ങൾ അവതരി​പ്പി​ക്കാൻ പാടു​പെ​ടു​മ്പോൾ അവർ ക്ഷമയോ​ടെ കേട്ടു​നിൽക്കു​മാ​യി​രു​ന്നു. വീടി​ന​കത്തു പ്രവേ​ശി​ക്കു​മ്പോൾ ഷൂസ്‌ അഴിച്ചു​മാ​റ്റുന്ന ശീലം മിഷന​റി​മാർക്കു പഠി​ക്കേ​ണ്ടി​യി​രു​ന്നു. എന്നിട്ട്‌ അടുത്ത മുറി​യി​ലേക്ക്‌ അവർ കടക്കും. എന്നാൽ സീലി​ങ്ങി​നു പൊക്കം കുറവാ​യി​രു​ന്നു, ഡോൺ ഹാസ്‌ലെ​റ്റിന്‌ നല്ല പൊക്ക​വും. അതു​കൊണ്ട്‌ അതിലി​ടി​ച്ച​തി​ന്റെ അനേകം പാടുകൾ അദ്ദേഹ​ത്തി​ന്റെ തലയി​ലു​ണ്ടാ​യി​രു​ന്നു. ഒന്നു രണ്ട്‌ വർഷത്തി​നു​ള്ളിൽ “ആ ഹവായി​ക്കാർ” ടോക്കി​യോ​യിൽ ഉറച്ച അടിത്ത​റ​യി​ട്ടു. അവിടെ ഇപ്പോൾ 139 സഭകളുണ്ട്‌.

ആ ‘49-കാരി’ൽപ്പെട്ട അഭിഷിക്ത സാക്ഷി​ക​ളാ​യി​രുന്ന ഡോൺ ഹാസ്‌ലെ​റ്റും മേബൽ ഹാസ്‌ലെ​റ്റും പ്രായ​മേ​റി​യ​പ്പോൾപ്പോ​ലും വയൽസേ​വ​ന​ത്തിൽ വിശി​ഷ്ട​മായ ഒരു മാതൃക വെച്ചു. 1966-ൽ ഡോൺ മരിച്ച​പ്പോൾ ശവസം​സ്‌കാര ശുശ്രൂ​ഷ​യ്‌ക്കാ​യി രാജ്യ​ഹാ​ളി​ലേക്ക്‌ അദ്ദേഹ​ത്തി​ന്റെ ശവപ്പെട്ടി ചുമന്ന ആറു സഹോ​ദ​ര​ന്മാ​രും അദ്ദേഹം സത്യം പഠിപ്പിച്ച യുവാ​ക്ക​ളാ​യി​രു​ന്നു, അവർ അന്ന്‌ ടോക്കി​യോ​യി​ലെ 19-അംഗ ജപ്പാൻ ബെഥേൽ കുടും​ബ​ത്തിൽ സേവന​മ​നു​ഷ്‌ഠി​ക്കു​ക​യാ​യി​രു​ന്നു.

ഡോണി​നെ​ക്കാൾ എട്ടു വർഷം കൂടുതൽ മേബൽ ജീവി​ച്ചി​രു​ന്നു. 70-കളിലാ​യി​രുന്ന അവർക്കു കുടലിൽ അർബുദം പിടി​പെട്ടു. രണ്ടാഴ്‌ച നേര​ത്തേ​തന്നെ ആശുപ​ത്രി​യിൽ എത്തണമെന്ന വ്യവസ്ഥ​യിൽ രക്തരഹിത ശസ്‌ത്ര​ക്രിയ നടത്താ​മെന്നു ടോക്കി​യോ​യി​ലെ തൊര​നോ​മോ​ണി​ലുള്ള പ്രമുഖ ആശുപ​ത്രി പരിഗ​ണ​നാ​പൂർവം സമ്മതിച്ചു. അവിടെ ചെന്ന ആദ്യ ദിവസം ഒരു യുവ​ഡോ​ക്ടർ അവരെ സന്ദർശി​ച്ചു, അവർ രക്തം നിരസി​ക്കു​ന്ന​തി​ന്റെ കാരണം സംബന്ധിച്ച്‌ അദ്ദേഹം ജിജ്ഞാ​സു​വാ​യി​രു​ന്നു. അത്‌ ഓപ്പ​റേ​ഷൻവരെ എല്ലാ ദിവസ​വും ബൈബിൾ ചർച്ചക​ളി​ലേക്കു നയിച്ചു. രോഗ​ത്തി​ന്റെ ഗൗരവാ​വസ്ഥ നിമിത്തം നാലു ഡോക്ടർമാർ ഓപ്പ​റേ​ഷ​നിൽ പങ്കെടു​ത്തു. ബോധം തെളി​ഞ്ഞ​പ്പോൾ മേബൽ ഉച്ചത്തിൽ പറഞ്ഞു: “ആദാം ശപിക്ക​പ്പെ​ട്ടവൻ!” എത്രയോ ഉചിതം! മേബലിന്‌ തീവ്ര​പ​രി​ചരണ വിഭാ​ഗ​ത്തിൽ ഒരു ദിവസമേ കിട​ക്കേ​ണ്ടി​വ​ന്നു​ള്ളൂ. എന്നാൽ രക്തപ്പകർച്ച സ്വീക​രിച്ച്‌ അതേ ദിവസം അതു​പോ​ലുള്ള ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​രായ മറ്റു നാലു രോഗി​കൾക്ക്‌ തീവ്ര​പ​രി​ചരണ വിഭാ​ഗ​ത്തിൽ ദിവസ​ങ്ങ​ളോ​ളം കിട​ക്കേ​ണ്ടി​വന്നു. ആ യുവ​ഡോ​ക്ട​റു​ടെ കാര്യ​മോ? പിന്നീട്‌ അദ്ദേഹം മേബലി​നോ​ടു പറഞ്ഞു: ‘നിങ്ങള​റി​ഞ്ഞി​ല്ലെ​ങ്കി​ലും ഓപ്പ​റേഷൻ തിയേ​റ്റ​റിൽ അഞ്ച്‌ ഡോക്ടർമാ​രു​ണ്ടാ​യി​രു​ന്നു. അവർ നിങ്ങളിൽ രക്തം കുത്തി​വെ​ക്കു​ന്നി​ല്ലെന്ന്‌ ഉറപ്പാ​ക്കാൻ ഞാനവി​ടെ ഉണ്ടായി​രു​ന്നു.’ തോമി​നാ​ഗാ എന്ന ആ ഡോക്ടർ യോ​ക്കോ​ഹാ​മ​യിൽവെച്ച്‌ ബൈബിൾപ​ഠനം തുടർന്നു. ഇന്ന്‌, അദ്ദേഹ​ത്തെ​യും ഭാര്യ​യെ​യും കൂടാതെ അദ്ദേഹ​ത്തി​ന്റെ മാതാ​വും ഡോക്ട​റായ പിതാ​വും സഭയിലെ സജീവാം​ഗ​ങ്ങ​ളാണ്‌. ഒരു ആശുപ​ത്രി​വാ​സ​ത്തി​ന്റെ എത്ര അത്ഭുത​ക​ര​മായ ഫലം!

ടോക്കി​യോ​യി​ലെ മിറ്റാ മിഷനറി ഭവനത്തിൽ താമസിച്ച്‌ മേബൽ മിഷനറി സേവനം തുടർന്നു. 78-ാം വയസ്സിൽ വീണ്ടും അർബുദം ബാധിച്ച്‌ അവർ കിടപ്പി​ലാ​യി. എന്നിരു​ന്നാ​ലും, ഒരു സായാ​ഹ്ന​ത്തിൽ മിഷന​റി​മാർ വന്ന്‌ രാജ്യ​വാർത്ത പ്രചാ​ര​ണ​പ​രി​പാ​ടി​യിൽ ഉണ്ടായ നല്ല അനുഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു വിവരി​ച്ച​പ്പോൾ, രാജ്യ​വാർത്ത വിതരണം ചെയ്യു​ന്ന​തി​നാ​യി തന്നെ പുതു​വ​സ്‌ത്രങ്ങൾ ധരിപ്പി​ച്ചു പുറത്തു കൊണ്ടു​പോ​ക​ണ​മെന്ന്‌ മേബൽ നിർബന്ധം പിടിച്ചു. അടുത്തുള്ള മൂന്നു ഭവനങ്ങ​ളിൽ സാക്ഷീ​ക​രി​ക്കാ​നുള്ള ശക്തിയേ അവർക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. ജപ്പാനിൽ എത്തിയ​പ്പോൾ ആ മൂന്നു വീടു​ക​ളിൽത​ന്നെ​യാ​യി​രു​ന്നു അവർ ആദ്യം പ്രസം​ഗി​ച്ച​തും. ഏതാനും ആഴ്‌ച​കൾക്കു​ശേഷം തന്റെ ഭൗമി​ക​ജീ​വി​തം പൂർത്തി​യാ​ക്കിയ അവർ സ്വർഗീയ നിയമ​ന​ത്തി​ലേക്കു കടന്നു.—ലൂക്കൊസ്‌ 22:28, 29 താരത​മ്യം ചെയ്യുക.

കോ​ബെ​യി​ലെ സംഭവ​വി​കാ​സ​ങ്ങൾ

കോ​ബെ​യി​ലും പുരോ​ഗതി പെട്ടെ​ന്നു​തന്നെ പ്രകട​മാ​യി​രു​ന്നു. ജപ്പാനിൽ ആദ്യമാ​യി ശരിക്കു​മുള്ള ദിവ്യാ​ധി​പത്യ കൺ​വെൻ​ഷൻ നടന്നത്‌ വിശാ​ല​മായ കോബെ മിഷനറി ഭവനത്തി​ന്റെ ഗ്രൗണ്ടി​ലാ​യി​രു​ന്നു, 1949 ഡിസംബർ 30 മുതൽ 1950 ജനുവരി 1 വരെ. കോ​ബെ​യി​ലെ താരൂമി സ്‌കൂൾ ഓഡി​റ്റോ​റി​യ​ത്തിൽ നടത്തിയ ഞായറാ​ഴ്‌ചത്തെ പരസ്യ​യോ​ഗ​ത്തി​ന്റെ ഹാജർ 101 ആയി ഉയർന്നു. താരൂ​മി​യി​ലെ വലിയ പൊതു സ്‌നാ​ന​കേ​ന്ദ്ര​ത്തിൽവെച്ച്‌ മൂന്നു പേർ സ്‌നാ​പ​ന​മേറ്റു.

കോബെ മിഷനറി സംഘത്തിൽനി​ന്നുള്ള ആഡ്രിയൻ തോംസൺ ജാപ്പനീസ്‌ ഭാഷയിൽ ശ്രദ്ധേ​യ​മായ പുരോ​ഗതി കൈവ​രി​ച്ചു. 1951-ൽ അദ്ദേഹം, ജപ്പാനി​ലെ ആദ്യത്തെ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി നിയമി​ത​നാ​യി. പിന്നീട്‌ അദ്ദേഹം ആദ്യത്തെ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നു​മാ​യി. പിൽക്കാല വളർച്ച​യ്‌ക്കാ​യി ഈടുറ്റ അടിസ്ഥാ​ന​മി​ടു​ന്ന​തിൽ അദ്ദേഹം നല്ല പങ്കു വഹിച്ചു. ന്യൂസി​ലൻഡി​ലെ ഒരു വിശ്വസ്‌ത ദീർഘ​കാല പയനിയർ സഹോ​ദ​രി​യു​ടെ പുത്ര​നായ അദ്ദേഹം മികച്ച റഗ്‌ബി ഫുട്‌ബോൾ കളിക്കാ​ര​നെന്ന നിലയിൽ പ്രസി​ദ്ധ​നാ​യി​രു​ന്നു. എന്നാൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ട​പ്പോൾ സ്‌പോർട്‌സി​ലെ പ്രശസ്‌തി ഉപേക്ഷിച്ച്‌ സ്‌നാ​പ​ന​മേറ്റ ഒരു സാക്ഷി​യാ​യി​ത്തീർന്ന അദ്ദേഹം ഓസ്‌​ട്രേ​ലി​യ​യിൽ മുഴു​സ​മ​യ​സേ​വ​ന​ത്തിൽ ഏർപ്പെട്ടു. 1977-ൽ മരിച്ചെ ങ്കിലും, ഊർജ​സ്വ​ല​ത​യ്‌ക്കും യഹോ​വ​യോട്‌ “അനന്യ​ഭക്തി” കാണി​ക്കു​ന്ന​തി​ലെ “സ്ഥിരത”യ്‌ക്കും “ടോമി” [ആഡ്രി​യന്റെ ഓമന​പ്പേര്‌] ദീർഘ​കാ​ലം സ്‌മരി​ക്ക​പ്പെ​ടും.—സംഖ്യാ. 25:11, NW.

ജപ്പാനി​ലെ ഭവനങ്ങൾ, സംസ്‌കാ​രം, ഭാഷ എന്നിവ​യു​മാ​യി പരിചി​ത​രാ​യി​ത്തീ​രാൻ മിഷന​റി​മാർക്കു കുറെ​ക്കാ​ലം വേണ്ടി​വന്നു. എന്നാൽ അവരുടെ മുഖ്യ ശ്രദ്ധ ബൈബിൾസ​ത്യം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്ന​തി​ലാ​യി​രു​ന്നു. തുറന്നി​ട​പ​ഴ​കുന്ന പ്രകൃ​ത​മുള്ള, ഓസ്‌​ട്രേ​ലി​യ​യി​ലെ ക്വീൻസ്‌ലൻഡു​കാ​ര​നായ “ടൈഗർ” (പെഴ്‌സി) ഇസ്‌ലോബ്‌ മുൻകാ​ലാ​നു​ഭ​വ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ധാരാളം ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തി. എനിക്ക്‌ 36 അധ്യയ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു, ഇൽമയ്‌ക്കും മറ്റുള്ള​വർക്കു​മു​ണ്ടാ​യി​രു​ന്നു ഏതാണ്ട്‌ അത്രയും​തന്നെ. പഠിക്കാൻ വിദ്യാർഥി​കൾ മിഷനറി ഭവനത്തി​ലേക്കു വരുമാ​യി​രു​ന്നു, ചിലരാ​കട്ടെ ദിവസ​വും. ആ ഭവനത്തി​ലെ എല്ലാ മുറി​ക​ളി​ലും ഓരോ രാത്രി​യി​ലും മൂന്നോ അതില​ധി​ക​മോ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​മാ​യി​രു​ന്നു. പഠിക്കാ​നുള്ള പുസ്‌ത​കങ്ങൾ ഞങ്ങൾ ഇംഗ്ലീ​ഷി​ലും ജാപ്പനീ​സി​ലും തുറന്നു​വെ​ക്കും. ഉത്തരം എവി​ടെ​യെന്നു കണ്ടെത്താൻ വിദ്യാർഥി​കളെ സഹായി​ക്കു​ന്ന​തിന്‌ ഞങ്ങൾ പുസ്‌ത​ക​ത്തി​ലെ വരികൾ എണ്ണി പറയും. അധ്യയനം വളരെ സാവധാ​ന​ത്തി​ലാ​യി​രു​ന്നു. എന്നാൽ തിരു​വെ​ഴു​ത്തു​കൾ വായിച്ച്‌ അവ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​മാ​യി താരത​മ്യം ചെയ്‌തു​കൊണ്ട്‌ അവർ കാര്യങ്ങൾ മനസ്സി​ലാ​ക്കു​ന്നത്‌ അത്ഭുത​ക​ര​മാ​യി​രു​ന്നു. അവരിന്ന്‌ സത്യത്തി​ലാണ്‌!”

പ്രസം​ഗ​പ്ര​വർത്തനം നടത്താൻ ആദ്യകാ​ല​ങ്ങ​ളിൽ മിഷന​റി​മാർക്ക്‌ സാഹി​ത്യ​ങ്ങൾ അധിക​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. യുദ്ധത്തി​നു മുമ്പു​ണ്ടാ​യി​രുന്ന പ്രകാശം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ ജാപ്പനീസ്‌ പതിപ്പി​ന്റെ രണ്ടാം വാല്യം നിറച്ച ഒരു പെട്ടി കോ​ബെ​യിൽ ലഭ്യമാ​യി. എന്നാൽ, ‘ആദ്യം ഒന്നാം വാല്യ​മാണ്‌ എനിക്കു വേണ്ടത്‌’ എന്ന്‌ ആളുകൾ പറയു​മാ​യി​രു​ന്നു. എങ്കിലും, കോ​ബെ​യിൽവെച്ചു സത്യത്തിൽ വന്ന ആദ്യത്തെ ജപ്പാൻകാ​രിൽപ്പെട്ട ഒരുവനു രണ്ടാം വാല്യം വായിച്ച്‌ താത്‌പ​ര്യ​മു​ണ്ടാ​യി. കാല​ക്ര​മേണ പക്വത നേടിയ അദ്ദേഹം ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി​ത്തീർന്നു. താമസി​യാ​തെ, “ദൈവം സത്യവാൻ” എന്ന പുസ്‌ത​ക​ത്തി​ലെ വിവരങ്ങൾ ഉപയോ​ഗി​ക്കാൻ തുടങ്ങി. പഠിച്ചു​കൊ​ണ്ടി​രുന്ന ചിലർ ആ പുസ്‌ത​ക​ത്തി​ന്റെ അധ്യാ​യങ്ങൾ സ്വന്തമാ​യി പരിഭാ​ഷ​പ്പെ​ടു​ത്തി മിമി​യോ​ഗ്രാഫ്‌ ഉപയോ​ഗിച്ച്‌ അതിന്റെ പകർപ്പു​ക​ളു​ണ്ടാ​ക്കി. എന്നിട്ട്‌ അവ ബൈബി​ള​ധ്യ​യ​ന​ങ്ങ​ളിൽ ഉപയോ​ഗി​ക്കു​ന്ന​തി​നു വേണ്ടി തത്‌കാ​ല​ത്തേക്കു മിഷന​റി​മാർക്കു കൊടു​ത്തു. എന്നാൽ ആ പരിഭാ​ഷ​ക​ളിൽ ചിലത്‌ അത്ര കൃത്യ​ത​യു​ള്ള​താ​യി​രു​ന്നില്ല. അത്തര​മൊ​രു പരിഭാ​ഷ​യു​ടെ പേജു​ക​ളിൽ ‘ശ്രീമതി ഇൽമ ഇസ്‌ലോ​ബി​ന്റെ വ്യാഖ്യാ​നങ്ങൾ’ അടിക്കു​റി​പ്പു​ക​ളാ​യി കൊടു​ത്തി​രി​ക്കു​ന്നതു കണ്ടപ്പോൾ ഇൽമ ഇസ്‌ലോബ്‌ ഞെട്ടി​പ്പോ​യി.

ഏതാണ്ട്‌ പത്തു വർഷം കഴിഞ്ഞ്‌ ഫൂക്കു​വൊക്ക നഗരത്തിൽവെച്ച്‌ പെഴ്‌സിക്ക്‌ മറക്കാ​നാ​വാത്ത ഒരു അനുഭ​വ​മു​ണ്ടാ​യി. രണ്ടാളു​കളെ കൊന്ന​തി​ന്റെ പേരിൽ വധശി​ക്ഷ​യ്‌ക്കു വിധി​ക്ക​പ്പെട്ട്‌ തടവിൽ കഴിഞ്ഞി​രുന്ന കിമി​ഹി​രോ നാക്കാത്ത എന്ന ഒരു വാടക​ക്കൊ​ല​യാ​ളി, തനിക്കു ബൈബിൾ പഠിക്ക​ണ​മെന്ന്‌ ആവശ്യ​പ്പെട്ടു. അദ്ദേഹത്തെ ബൈബിൾ പഠിപ്പി​ച്ചത്‌ പെഴ്‌സി​യാ​യി​രു​ന്നു. തത്‌ഫ​ല​മാ​യി, കിമി​ഹി​രോ തന്റെ “പഴയ വ്യക്തി​ത്വം” പാടേ ഉപേക്ഷി​ച്ചു. അദ്ദേഹം തടവറ​യിൽവെ​ച്ചു​തന്നെ സ്‌നാ​പ​ന​മേറ്റു. “എനിക്ക​റി​യാ​വുന്ന ഏറ്റവും തീക്ഷ്‌ണ​ത​യുള്ള രാജ്യ​പ്ര​സാ​ധ​ക​രിൽ ഒരുവൻ” എന്നാണ്‌ പെഴ്‌സി അദ്ദേഹ​ത്തെ​ക്കു​റി​ച്ചു പറയു​ന്നത്‌. (എഫെ. 4:22-24, NW) അദ്ദേഹം ബ്രയിൽലി​പി പഠിച്ച്‌ “ദൈവം സത്യവാൻ” എന്ന പുസ്‌ത​ക​വും “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത” എന്ന ചെറു​പു​സ്‌ത​ക​വും വീക്ഷാ​ഗോ​പു​ര​ത്തി​ലെ​യും ഉണരുക!യിലെ​യും അനേകം ലേഖന​ങ്ങ​ളും ആ ഭാഷയി​ലേക്ക്‌ പകർത്തി​യെ​ഴു​തി. അന്ധർക്കുള്ള വിദ്യാ​ല​യ​ങ്ങ​ളുൾപ്പെടെ, ജപ്പാന്റെ നാനാ​ഭാ​ഗ​ങ്ങ​ളിൽ ആ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിതരണം ചെയ്‌തു. എന്നിരു​ന്നാ​ലും, 1959 ജൂൺ 10-ാം തീയതി രാവിലെ മിഷനറി ഭവനത്തി​ന്റെ മുറ്റത്ത്‌ ഒരു പൊലീസ്‌ കാർ വന്നുനി​ന്നു. അന്നു രാവിലെ താൻ വധിക്ക​പ്പെ​ടുന്ന സമയത്ത്‌ പെഴ്‌സി സന്നിഹി​ത​നാ​യി​രി​ക്കാൻ കിമി​ഹി​രോ ആവശ്യ​പ്പെട്ടു. പെഴ്‌സി സമ്മതിച്ചു. വധനിർവഹണ സ്ഥലത്തു​വെച്ച്‌ അവർ അൽപ്പ​നേരം സംസാ​രി​ച്ചു. ഒടുവിൽ അവരൊ​ന്നിച്ച്‌ ഒരു രാജ്യ​ഗീ​തം പാടി. പെഴ്‌സി​യോ​ടു കിമി​ഹി​രോ ഇങ്ങനെ പറഞ്ഞു: “പെഴ്‌സി, താങ്ക​ളെ​ന്തി​നാ​ണു വിറയ്‌ക്കു​ന്നത്‌? വിറയ്‌ക്കേ​ണ്ടതു ഞാനാ​ണ​ല്ലോ.” തൂക്കി​ലേ​റ്റ​പ്പെ​ടു​ന്ന​തിന്‌ മുമ്പത്തെ അദ്ദേഹ​ത്തി​ന്റെ അവസാന വാക്കുകൾ ഇതായി​രു​ന്നു: “എനിക്കിന്ന്‌ യഹോ​വ​യി​ലും മറുവി​ല​യാ​ഗ​ത്തി​ലും പുനരു​ത്ഥാന പ്രത്യാ​ശ​യി​ലും ശക്തമായ വിശ്വാ​സം തോന്നു​ന്നു. അൽപ്പ​നേ​ര​ത്തേക്ക്‌ ഞാൻ ഉറങ്ങാൻ പോകു​ക​യാണ്‌, യഹോ​വ​യു​ടെ ഹിത​മെ​ങ്കിൽ പറുദീ​സ​യിൽവെച്ചു ഞാൻ താങ്കളെ കാണും.” ലോക​മെ​മ്പാ​ടു​മുള്ള സഹോ​ദ​ര​ങ്ങൾക്ക്‌ അദ്ദേഹം ഊഷ്‌മ​ള​മായ ആശംസ​ക​ള​യച്ചു. ജീവനു പകരം ജീവൻ എന്ന നീതി​യിൻ തത്ത്വത്തി​നു ചേർച്ച​യിൽ കിമി​ഹി​രോ മരിച്ചു—ആശയറ്റ, മനം തഴമ്പി​ച്ചു​പോയ ഒരു കുറ്റവാ​ളി എന്ന നിലയി​ലല്ല മറിച്ച്‌, യഹോ​വ​യു​ടെ സമർപ്പിച്ച്‌ സ്‌നാ​പ​ന​മേറ്റ ഒരു വിശ്വസ്‌ത ദാസൻ എന്ന നിലയിൽ.—പ്രവൃ​ത്തി​കൾ 25:11 താരത​മ്യം ചെയ്യുക.

പത്തു വർഷ​ത്തോ​ളം അർബു​ദ​ത്തോ​ടു മല്ലടി​ച്ച​ശേഷം ജപ്പാനി​ലെ എബിന​യി​ലുള്ള ബെഥേൽ ഭവനത്തിൽവെച്ച്‌ 1988 ജനുവരി 29-ാം തീയതി ഇൽമ ഇസ്‌ലോബ്‌ മരിച്ചു. അതിനു​ശേഷം, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ പെൻസിൽവേ​നി​യ​യി​ലെ ഒരു അംഗമെന്ന നിലയിൽ സൊ​സൈ​റ്റി​യു​ടെ വാർഷിക യോഗ​ങ്ങ​ളിൽ പെഴ്‌സി പല തവണ പങ്കെടു​ക്കു​ക​യു​ണ്ടാ​യി. അടുത്ത​കാ​ലത്തു നടന്ന ഒരു വാർഷി​ക​യോ​ഗ​ത്തിൽ അദ്ദേഹം ജപ്പാ​നെ​ക്കു​റിച്ച്‌ നല്ലൊരു റിപ്പോർട്ടു നൽകി; 1996-ൽ അദ്ദേഹ​വും മരിച്ചു.

ഭാഷാ​പ​ര​മായ തടസ്സമു​ണ്ടാ​യി​രു​ന്നി​ട്ടും, മെൽബ ബാരി 1949-ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ കോ​ബെ​യിൽ വയൽസേ​വ​ന​ത്തിൽ ഏർപ്പെട്ട ആദ്യ ദിവസം​തന്നെ ഒരു ബൈബി​ള​ധ്യ​യനം തുടങ്ങി. ആ അധ്യയ​ന​ത്തി​ന്റെ ഫലമായി പുതിയ രണ്ടു പ്രസാ​ധ​ക​രു​ണ്ടാ​യി. അവരിൽ ഒരാളായ മിയോ തകഗി പല പതിറ്റാ​ണ്ടു​കൾ പയനി​യ​റിങ്‌ ചെയ്‌തു. തന്നെ സന്ദർശി​ക്കാ​നാ​യി രണ്ടു മിഷനറി സഹോ​ദ​രി​മാർ ചെളി​നി​റഞ്ഞ വയലി​ലൂ​ടെ വരുന്ന കാഴ്‌ച​യാ​ണു തന്നിൽ മതിപ്പു​ള​വാ​ക്കി​യ​തെന്ന്‌ അവൾ പിന്നീട്‌ മെൽബ​യോ​ടു പറഞ്ഞു. 48 വർഷത്തി​നു​ശേഷം ഇന്നും മിയോ ഒരു ചക്രക്ക​സേ​ര​യിൽ വീടു​തോ​റും പോയി​ക്കൊണ്ട്‌ തന്റെ ശുശ്രൂഷ തുടരു​ന്നു. ടോക്കി​യോ​യി​ലെ മിഷന​റി​സേ​വ​ന​ത്തിൽ വീണ്ടും നിയമി​ക്ക​പ്പെ​ടു​ന്ന​തിന്‌ മുമ്പ്‌, മൂന്നു വർഷത്തിൽ കുറഞ്ഞ സമയം​കൊണ്ട്‌, സത്യം സ്വീക​രി​ക്കാൻ ഏഴു പേരെ മെൽബ സഹായി​ച്ചു. വർഷങ്ങ​ളോ​ളം അവരെ​ല്ലാം സഹിച്ചു​നിൽക്കു​ക​യു​ണ്ടാ​യി. 1995-ൽ കോ​ബെ​യി​ലു​ണ്ടായ വലിയ ഭൂകമ്പത്തെ അവരും അതിജീ​വി​ച്ചത്‌ സന്തോ​ഷ​ക​രം​തന്നെ.

കൂടുതൽ മിഷന​റി​മാർ വയലി​ലേക്ക്‌

1950-ന്റെ ആരംഭ​ത്തിൽ ന്യൂക​ല​ഡോ​ണി​യ​യിൽ പ്രവേ​ശി​ക്കു​ന്ന​തിന്‌ വിസ ലഭിക്കാ​തി​രുന്ന, 11-ാമത്തെ ഗിലെ​യാദ്‌ ക്ലാസ്സിലെ അഞ്ചു സഹോ​ദ​രി​മാർക്കു ജപ്പാനി​ലെ കോ​ബെ​യി​ലേക്ക്‌ പുനർനി​യ​മനം ലഭിച്ചു. മോളി ഹാരനും ഇപ്പോൾ 67 വർഷം പയനി​യ​റി​ങ്ങിൽ ചെലവി​ട്ടി​രി​ക്കുന്ന ലോയിസ്‌ ഡയറും അവരോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. കഴിഞ്ഞ 49 വർഷം അവർ ഒന്നിച്ചു പ്രവർത്തി​ച്ചു. അവർ ഇപ്പോൾ സേവി​ക്കു​ന്നത്‌ ടോക്കി​യോ​യി​ലെ മിറ്റാ മിഷനറി ഭവനത്തി​ലാണ്‌. ലോയി​സി​ന്റെ ജീവി​തകഥ 1980 ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ (ഇംഗ്ലീഷ്‌) വന്നിരു​ന്നു.

മോളി ഹാരൻ അനുസ്‌മ​രി​ക്കു​ന്നു: “കോ​ബെ​യി​ലെ മിഷനറി ഭവനം വിശാ​ല​മാ​യി​രു​ന്നു, ആദ്യത്തെ മിഷന​റി​മാ​രെത്തി ആറു മാസം കഴിഞ്ഞാ​യി​രു​ന്നു സ്‌മാ​രകം. 180-ഓളം പേരെ​ത്തി​യി​രു​ന്നു. തീൻമു​റി​യും ഇടനാ​ഴി​യും നിറഞ്ഞു​ക​വി​ഞ്ഞു. പരിഭാ​ഷ​പ്പെ​ടു​ത്തിയ പ്രസംഗം വേറെ ചിലർ ജനാല​വ​ഴി​യും ശ്രവി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.” വയൽസേ​വ​ന​ത്തെ​ക്കു​റി​ച്ചുള്ള ഒരു അറിയിപ്പ്‌ ആ യോഗ​ത്തിൽവെച്ചു നടത്തി​യി​രു​ന്നു, അതിൽ പങ്കെടു​ക്കു​ന്ന​തി​നാ​യി 35-ഓളം പേർ പിറ്റേന്ന്‌ (ഞായറാഴ്‌ച) രാവിലെ എത്തി​ച്ചേർന്നു. ബാരി സഹോ​ദരൻ റിപ്പോർട്ടു ചെയ്യുന്നു: “ഓരോ മിഷന​റി​യും മൂന്നോ നാലോ പുതിയ താത്‌പ​ര്യ​ക്കാ​രെ വീടു​കൾതോ​റും കൊണ്ടു​പോ​ക​ണ​മാ​യി​രു​ന്നു. മിഷന​റി​മാർക്ക്‌ ഭാഷ നല്ല വശമി​ല്ലാ​തി​രു​ന്ന​തി​നാൽ വീട്ടു​കാർ ജപ്പാൻകാ​രായ ആ താത്‌പ​ര്യ​ക്കാ​രു​മാ​യി സംഭാ​ഷ​ണ​ത്തി​ലേർപ്പെ​ടു​മാ​യി​രു​ന്നു. ആ താത്‌പ​ര്യ​ക്കാർ വീട്ടു​കാ​രോട്‌ എന്താണ്‌ പറഞ്ഞ​തെന്ന്‌ ഞങ്ങൾക്ക​റി​ഞ്ഞു​കൂ​ടാ.”

1950 ജൂൺ അവസാനം പെട്ടെന്ന്‌ കൊറി​യൻ യുദ്ധം പൊട്ടി​പ്പു​റ​പ്പെട്ടു. തങ്ങളുടെ ക്ലാസ്സിൽപ്പെട്ട എട്ട്‌ അംഗങ്ങൾ കൊറി​യ​യിൽ എങ്ങനെ​യി​രി​ക്കു​ന്നു​വെന്ന്‌ അറിയാൻ ജപ്പാനി​ലെ മിഷന​റി​മാർ ആഗ്രഹി​ച്ചു. അവർക്ക്‌ അധികം കാത്തി​രി​ക്കേ​ണ്ടി​വ​ന്നില്ല. യുദ്ധം പൊട്ടി​പ്പു​റ​പ്പെ​ട്ട​തി​ന്റെ രണ്ടാം ദിവസം കോ​ബെ​യി​ലെ മിഷന​റി​മാ​രിൽ ചിലർ ലോക്കൽ ട്രെയി​നിൽ ഭവനത്തി​ലേക്കു മടങ്ങു​ക​യാ​യി​രു​ന്നു. അതേസ​മയം, എതിർദി​ശ​യിൽനിന്ന്‌ മറ്റൊരു ട്രെയി​നും ആ സ്റ്റേഷനിൽ വന്നുനി​ന്നു. രണ്ടു ട്രെയി​നു​ക​ളും വിട്ടു​ക​ഴി​ഞ്ഞ​പ്പോൾ, എന്തൊ​ര​തി​ശയം! കൊറി​യ​യി​ലെ മിഷന​റി​മാ​രു​ടെ സംഘത്തി​ലെ എട്ട്‌ അംഗങ്ങൾ എതിർവ​ശ​ത്തുള്ള പ്ലാറ്റ്‌ഫാ​റ​ത്തിൽ നിൽക്കു​ന്നത്‌ കോ​ബെ​യി​ലെ മിഷന​റി​മാർ കണ്ടു. എത്ര സന്തോ​ഷ​ക​ര​മായ പുനഃ​സ​മാ​ഗമം! സൈനി​കേ​ത​രരെ കൊണ്ടു​പോ​കുന്ന അവസാ​നത്തെ വിമാ​ന​ത്തിൽ രാജ്യ​ത്തി​നു പുറത്തു കടക്കാൻ കൊറി​യ​യി​ലെ ആ മിഷന​റി​മാർക്കു സാധി​ച്ചി​രു​ന്നു. ഇപ്പോൾ, കോബെ ഭവനത്തി​ലുള്ള മിഷന​റി​മാ​രു​ടെ എണ്ണം 10-ൽനിന്നു 18 ആയി വർധിച്ചു. ആ നഗര​പ്ര​ദേ​ശ​ത്തി​ന്റെ അധിക​ഭാ​ഗ​വും തകർന്നു​പോ​യി​രു​ന്നെ​ങ്കി​ലും, അവിടെ വളരെ സമഗ്ര​മായ സാക്ഷ്യം നൽക​പ്പെട്ടു.

താമസി​യാ​തെ, സ്‌കോട്ട്‌ കൗണ്ട്‌സും ആലിസ്‌ കൗണ്ട്‌സും ടോക്കി​യോ ഭവനത്തി​ലേക്കു പോയി. എന്നാൽ ഒക്ടോ​ബ​റിൽ നഗോ​യ​യിൽ തുടങ്ങിയ ഒരു പുതിയ ഭവനത്തി​ലേക്ക്‌ ആ എട്ടു കൊറി​യൻ മിഷന​റി​മാ​രും മാറി​ത്താ​മ​സി​ച്ചു. കൊറി​യ​യിൽനി​ന്നെ​ത്തിയ സംഘത്തിൽപ്പെട്ട ഡോൺ സ്റ്റിയെ​ലും ഭാര്യ എർലി​നും മാത്രമേ സാഹച​ര്യ​ങ്ങൾ അനുകൂ​ല​മാ​യ​പ്പോൾ അവി​ടേക്കു മടങ്ങി​യു​ള്ളൂ.

കൊയ്‌ത്തി​നു വിളഞ്ഞ വയലുകൾ

നഗോയ ഭവനം സ്ഥാപി​ക്കു​ന്ന​തിൽ പങ്കെടു​ത്ത​വ​രാ​യി​രു​ന്നു ഗ്രെയ്‌സ്‌ ഗ്രിഗ​റി​യും ഗ്ലാഡിസ്‌ ഗ്രിഗ​റി​യും. പ്രദേശം കൊയ്‌ത്തി​നു വിളഞ്ഞി​രി​ക്കു​ന്ന​താ​യി അവർ കണ്ടെത്തി. ഒരു പിയാ​നോ വിൽപ്പ​ന​ക്കാ​ര​നു​വേണ്ടി പണി​യെ​ടു​ത്തു​കൊ​ണ്ടി​രുന്ന 18-കാരനായ ഇസാമൂ സുഗി​യൂ​രയെ 1951 ഏപ്രി​ലിൽ ഗ്രെയ്‌സ്‌ കണ്ടുമു​ട്ടി. ഗ്ലാഡിസ്‌ അനുസ്‌മ​രി​ക്കു​ന്നു: “ഇസാമൂ​വി​ന്റെ മാതാവ്‌ അവനെ ഷിന്റോ​മ​ത​വി​ശ്വാ​സി​യാ​യാ​ണു വളർത്തി​ക്കൊ​ണ്ടു​വ​ന്നത്‌. ജപ്പാൻ ഷിൻഷു (ദൈവ​ത്തി​ന്റെ നാട്‌) ആണെന്നും കാമി​ക്കാ​സി (ദിവ്യ​മായ കാറ്റ്‌) ജപ്പാനെ സംരക്ഷി​ക്കു​മെ​ന്നും യുദ്ധത്തിൽ ജയിക്കാൻ അവരെ സഹായി​ക്കു​മെ​ന്നും അവനോ​ടു പറഞ്ഞി​രു​ന്നു. യുദ്ധത്തിൽ ജപ്പാൻ അടിയ​റവു പറഞ്ഞ​പ്പോൾ ജാപ്പനീസ്‌ ദൈവ​ങ്ങ​ളി​ലുള്ള അവന്റെ വിശ്വാ​സം തകർന്നു​പോ​യി. യുദ്ധത്തി​ന്റെ ഫലമാ​യുള്ള സാമ്പത്തിക പരാധീ​ന​ത​ക​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും അവൻ അനുഭ​വി​ക്കു​ക​യു​ണ്ടാ​യി. യുദ്ധം അവസാ​നി​ച്ച​തി​ന്റെ പിറ്റേ വർഷം അവന്റെ പിതാവ്‌ വികല​പോ​ഷണം മൂലം മരിച്ചു. പറുദീ​സാ​ഭൂ​മി​യെ​ക്കു​റി​ച്ചുള്ള പ്രത്യാ​ശ​യോ​ടു പ്രതി​ക​രിച്ച യുവാ​വായ ഇസാമൂ 1951 ഒക്ടോ​ബ​റിൽ നടന്ന സർക്കിട്ട്‌ സമ്മേള​ന​ത്തിൽ സ്‌നാ​പ​ന​മേറ്റു.

ആ സമ്മേള​ന​ത്തിൽ 50-ഓളം മിഷന​റി​മാ​രും 250-ഓളം ജപ്പാൻകാ​രും സംബന്ധി​ച്ചു. രണ്ടാം ലോക​മ​ഹാ​യു​ദ്ധം കഴിഞ്ഞിട്ട്‌ വെറും ആറു വർഷമേ ആയിരു​ന്നു​ള്ളു​വെ​ങ്കി​ലും മിഷന​റി​മാർ ജപ്പാൻകാ​രോട്‌ യാതൊ​രു മുൻവി​ധി​യും കൂടാതെ സ്വത​ന്ത്ര​മാ​യി ഇടപെ​ടുന്ന കാഴ്‌ച ഇസാമൂ​വിൽ വളരെ മതിപ്പു​ള​വാ​ക്കി. ഗിലെ​യാദ്‌ സ്‌കൂ​ളി​ലെ​യും സർക്കിട്ട്‌-ഡിസ്‌ട്രി​ക്‌റ്റ്‌ പ്രവർത്ത​ന​ങ്ങ​ളി​ലെ​യും മുഴു​ദേ​ഹി​യോ​ടെ​യുള്ള 45 വർഷത്തെ സേവന​ത്തി​നു​ശേഷം സുഗി​യൂര സഹോ​ദരൻ ഇപ്പോൾ എബിന​യി​ലുള്ള ബെഥേ​ലി​ലെ ബ്രാഞ്ച്‌ കമ്മിറ്റി​യം​ഗ​മാ​യി സേവി​ക്കു​ന്നു.

ഒരു നാമധേയ ബുദ്ധമ​ത​ക്കാ​രി​യായ, പിന്നീട്‌ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകളി​ലേക്കു തിരി​ഞ്ഞെ​ങ്കി​ലും നിരാ​ശ​യോ​ടെ അവി​ടെ​നി​ന്നു വിട്ടു​പോന്ന, ഒരു സ്‌ത്രീ​യെ സന്ദർശി​ച്ച​തി​നെ​ക്കു​റിച്ച്‌ ഗ്ലാഡിസ്‌ ഗ്രിഗറി ഓർക്കു​ന്നു. ദൈവം ആരാ​ണെ​ന്നും തന്റെ പക്കലുള്ള ബൈബി​ളിൽ (ബുൺഗോ​ട്ടൈ, പഴയ ക്ലാസിക്‌ വേർഷൻ) ഏതാണ്ട്‌ 7,000 പ്രാവ​ശ്യം കാണ​പ്പെ​ടുന്ന ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ നാമം പാസ്റ്റർമാർ ഉപയോ​ഗി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടെ​ന്നും അവർക്കു വ്യക്തമാ​യി വിശദീ​ക​രി​ക്കാൻ കഴിയാ​ത്ത​തിൽ ആ സ്‌ത്രീക്ക്‌ നിരാശ തോന്നി. അവരുടെ അനേകം ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകു​ന്ന​തി​നു പകരം, “അതൊ​ക്കെ​യങ്ങ്‌ വിശ്വ​സി​ച്ചാൽ മതി” എന്നാണ്‌ പാസ്റ്റർ അവരോ​ടു പറഞ്ഞത്‌. തൊട്ട​ടുത്ത വീട്ടിൽ ഗ്ലാഡിസ്‌ കൊടു​ത്തി​ട്ടു​പോയ വീക്ഷാ​ഗോ​പു​രം (ജാപ്പനീസ്‌ ഭാഷയിൽ 1951 മേയ്‌ മുതൽ മാസം​തോ​റും പ്രസി​ദ്ധീ​ക​രി​ച്ചി​രു​ന്നു) അവർ വായി​ക്കാ​നി​ട​യാ​യി. വായിച്ച കാര്യ​ങ്ങ​ളിൽ മതിപ്പു​തോ​ന്നിയ അവർ ഗ്ലാഡി​സി​നെ തിരക്കി​പ്പോ​യി. ആ അനുഭ​വ​ത്തെ​ക്കു​റിച്ച്‌ ഗ്ലാഡിസ്‌ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “തന്റെ ചോദ്യ​ങ്ങൾക്കുള്ള ബൈബി​ളി​ന്റെ ഉത്തരങ്ങൾ കണ്ടപ്പോൾ അത്‌ അവരുടെ ഹൃദയത്തെ സ്‌പർശി​ച്ചു. അവർ പെട്ടെ​ന്നു​തന്നെ സഭാപു​സ്‌ത​കാ​ധ്യ​യ​ന​ത്തി​നു വന്നു. അവി​ടെ​വെച്ച്‌ അടുത്ത ദിവസ​ത്തേ​ക്കുള്ള വയൽസേവന അറിയി​പ്പു​കൾ കേട്ട​പ്പോൾ അതിൽ പങ്കെടു​ക്കു​ന്ന​തി​നുള്ള ആഗ്രഹം അവർ പ്രകടി​പ്പി​ച്ചു. ആദ്യം ബൈബിൾ കുറെ​യൊ​ക്കെ പഠിച്ചി​ട്ടേ വയൽസേ​വ​ന​ത്തി​നു പോകാൻ പറ്റുക​യു​ള്ളു എന്നു ഞങ്ങൾ പറഞ്ഞു​നോ​ക്കി. അവർ പറഞ്ഞു: ‘ശരി, ഞാൻ പഠിക്കാം. പക്ഷേ എനിക്കു സേവന​ത്തി​നു പോകു​ക​യും വേണം!’ അവർ അതുതന്നെ ചെയ്‌തു. ആദ്യത്തെ മാസം​തന്നെ അവർ 50-ലധികം മണിക്കൂർ റിപ്പോർട്ടു ചെയ്‌തു! ഒരു വർഷത്തി​നു​ള്ളിൽ സ്‌നാ​പ​ന​മേറ്റ്‌ പയനി​യ​റിങ്‌ ആരംഭിച്ച അവർ പിന്നീട്‌ ഫലപ്ര​ദ​യായ ഒരു പ്രത്യേക പയനി​യ​റാ​യി. 80 വയസ്സുള്ള ആ സഹോ​ദരി ഇപ്പോ​ഴും ഒരു പയനി​യ​റാണ്‌.”

യഹോവ വളരു​മാ​റാ​ക്കി

ബൈബിൾ പഠിക്കാ​നാ​യി പലരും മിഷനറി ഭവനത്തി​ലേക്കു വന്നു. 1951-ൽ ഓസക്ക​യി​ലേക്കു നിയമി​ക്ക​പ്പെട്ട അഞ്ചു മിഷനറി സഹോ​ദ​രി​മാ​രും ഇതിൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​രു​ന്നു. ജപ്പാൻകാ​രെ പരസ്‌പരം വേർതി​രി​ച്ച​റി​യാൻ ഈ പുതിയ മിഷന​റി​മാർക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. സ്വിറ്റ്‌സർലൻഡു​കാ​രി​യായ ലേന വിന്റെലർ ഇപ്രകാ​രം പറയുന്നു: “ആളുക​ളെ​ത്തു​മ്പോൾ ഞങ്ങൾ അഞ്ചു പേരും കൂടി ചെല്ലും, ഞങ്ങളി​ലാ​രാണ്‌ തങ്ങൾക്ക്‌ അധ്യയ​ന​മെ​ടു​ക്കു​ന്ന​തെന്ന്‌ അവർതന്നെ ഞങ്ങളോ​ടു പറയു​മാ​യി​രു​ന്നു.” ജപ്പാനി​ലെ ആചാരം പിൻപ​റ്റാൻ ശ്രമി​ച്ചു​കൊണ്ട്‌ ആ മിഷന​റി​മാർ, അതിഥി​കൾ ഭവനത്തിൽ വരു​മ്പോൾ അവർക്ക്‌ ഉപയോ​ഗി​ക്കാ​നാ​യി വള്ളി​ച്ചെ​രു​പ്പു​കൾ കൊടു​ക്കു​മാ​യി​രു​ന്നു. എന്നാൽ അതിഥി​കൾക്കുള്ള വള്ളി​ച്ചെ​രു​പ്പു​ക​ളും കക്കൂസി​ലു​പ​യോ​ഗി​ക്കുന്ന വള്ളി​ച്ചെ​രു​പ്പു​ക​ളും തമ്മിലുള്ള വ്യത്യാ​സം ആ മിഷന​റി​മാർക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. ഒരിക്കൽ ഒരു വിദ്യാർഥി ലേനയെ മാറ്റി​നിർത്തി​യിട്ട്‌ പറഞ്ഞു: “കക്കൂസി​ലു​പ​യോ​ഗി​ക്കുന്ന വള്ളി​ച്ചെ​രു​പ്പു​കൾ ഞങ്ങൾ അതിഥി​കൾക്കു കൊടു​ക്കാ​റില്ല.” ക്രമേണ മിഷന​റി​മാർക്കു വ്യത്യാ​സം പിടി​കി​ട്ടി.

ഓസക്ക​യി​ലു​ള്ള ഏകാകി​ക​ളായ അഞ്ചു സഹോ​ദ​രി​മാ​രെ കുറ​ച്ചൊ​ക്കെ സഹായി​ക്കു​ന്ന​തി​നാ​യി കോ​ബെ​യിൽനി​ന്നുള്ള മിഷനറി സഹോ​ദ​ര​ന്മാർ ഇടയ്‌ക്കി​ടെ അവിടം സന്ദർശി​ക്കു​മാ​യി​രു​ന്നു. അന്ന്‌ ഓസക്ക​യിൽ ചുരുക്കം ചില പ്രസാ​ധ​കരേ ഉണ്ടായി​രു​ന്നു​ള്ളൂ. കോഷി​യെ​നി​ലുള്ള ഒരു വലിയ ബേസ്‌ബോൾ സ്റ്റേഡി​യ​ത്തിൽ നടത്തിയ സംഗീ​ത​നാ​ടക കച്ചേരി​യിൽ സംബന്ധി​ക്കാൻ ഒരിക്കൽ ലോയ്‌ഡ്‌ ബാരി ഓസക്ക​യി​ലെ ചില മിഷന​റി​മാ​രോ​ടൊ​പ്പം എത്തി. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ഒരിക്കൽ ഒരു സമ്മേളനം നടത്തി ഈ സ്റ്റേഡിയം നമുക്കു നിറയ്‌ക്കാൻ കഴി​ഞ്ഞെ​ങ്കിൽ എത്ര നന്നായി​രു​ന്നേനെ!’ പ്രത്യ​ക്ഷ​ത്തിൽ അസാധ്യ​മായ ഒരു കാര്യം.

കോബെ പ്രദേ​ശ​ത്തുള്ള 52 സഭകൾക്ക്‌ വേണ്ടി പുതു​താ​യി പണിത ഹ്യോ​ഗോ സമ്മേള​ന​ഹാ​ളി​ന്റെ സമർപ്പ​ണ​പ്ര​സം​ഗം നടത്താൻ ഇപ്പോൾ ബ്രുക്ലി​നി​ലെ ഭരണസം​ഘ​ത്തി​ലെ ഒരംഗ​മായ ബാരി സഹോ​ദ​രനെ 1994 അവസാ​ന​ത്തോ​ട​ടുത്ത്‌ ക്ഷണിക്കു​ക​യു​ണ്ടാ​യി. അതു സന്തോ​ഷ​ക​ര​മായ ഒരു കൂടി​വ​ര​വാ​യി​രു​ന്നു. ജപ്പാനി​ലെ ആദ്യത്തെ പ്രസാ​ധ​ക​രിൽ പലരും അതിൽ സംബന്ധി​ച്ചു. പിറ്റേ ദിവസ​ത്തേ​ക്കാ​യി കുറെ​ക്കൂ​ടി വലിയ ഒരു സമ്മേളനം ആസൂ​ത്രണം ചെയ്യു​ക​യു​ണ്ടാ​യി. അത്‌ എവിടെ നടത്താൻ കഴിയു​മാ​യി​രു​ന്നു? വേറെ​യെ​ങ്ങു​മല്ല, കോഷി​യെൻ ബേസ്‌ബോൾ സ്റ്റേഡി​യ​ത്തിൽതന്നെ. 40,000-ത്തിലധി​കം പേർ അവിടെ സമ്മേളി​ച്ചു. അത്‌ എത്രയോ ക്രമവും ചിട്ടയു​മുള്ള ഒരു കൂട്ടമാ​യി​രു​ന്നു! ജപ്പാനി​ലെ മറ്റ്‌ 40 സ്ഥലങ്ങളിൽ വേറെ​യും അനവധി പേർ ടെല​ഫോൺവഴി ആ പരിപാ​ടി​കൾ ശ്രവിച്ചു. അങ്ങനെ അതിൽ മൊത്തം ഹാജരാ​യി​രു​ന്ന​വ​രു​ടെ എണ്ണം 2,54,000-ത്തിലധി​ക​മാ​യി​രു​ന്നു—1958-ൽ ന്യൂ​യോർക്കിൽ നടന്ന വലിയ സമ്മേള​ന​ത്തിൽ സംബന്ധി​ച്ച​വ​രെ​ക്കാൾ കൂടുതൽ. യഹോവ ജപ്പാനിൽ ഉളവാ​ക്കിയ ‘വളർച്ച’ എത്ര വിസ്‌മ​യ​ക​ര​മാണ്‌!—1 കൊരി. 3:6, 7.

1951-ന്റെ ആരംഭ​ത്തിൽ യൊ​ക്കൊ​ഹ​മ​യിൽ ഒരു മിഷനറി ഭവനം തുറക്കു​ക​യു​ണ്ടാ​യി. ഏറ്റവും ഫലപ്ര​ദ​മായ വയലെന്നു തെളിഞ്ഞു ഈ നഗരം. ആദ്യത്തെ ഭവനദാ​സ​നും ഇപ്പോൾ വിഭാ​ര്യ​നു​മായ ഗോർഡൻ ഡേൺ എബിന​യി​ലുള്ള ടോക്കി​യോ ബ്രാഞ്ചിൽ ഇപ്പോ​ഴും മുഴു​സ​മ​യ​സേ​വ​ന​ത്തിൽ തുടരു​ന്നു. യൊ​ക്കൊ​ഹ​മ​യിൽ ഇപ്പോൾ 114 സഭകളുണ്ട്‌. വർധനവ്‌ തുടരു​ന്നു. മിഷന​റി​മാർ തുടങ്ങി​വെച്ച പ്രവർത്തനം പ്രാ​ദേ​ശിക സഹോ​ദ​രങ്ങൾ മുന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്നു.

1952-ൽ ക്യോ​ട്ടോ നഗരത്തി​ലും ഒരു മിഷനറി ഭവനം സ്ഥാപി​ക്കു​ക​യു​ണ്ടാ​യി. ഓസക്ക​യി​ലും കോ​ബെ​യി​ലു​മുള്ള മിഷന​റി​മാ​രെ ക്യോ​ട്ടോ​യി​ലേക്കു മാറ്റി, അങ്ങനെ അവർ അവി​ടെ​യുള്ള പുതിയ മിഷന​റി​മാ​രു​ടെ തീക്ഷ്‌ണ​ത​യുള്ള കൂട്ട​ത്തോ​ടു ചേർന്നു. 1954 ഏപ്രി​ലിൽ ലോയിസ്‌ ഡയറി​നെ​യും മോളി ഹാര​നെ​യും കോ​ബെ​യിൽനി​ന്നു ക്യോ​ട്ടോ​യി​ലേക്കു നിയമി​ച്ചു.

ക്യോ​ട്ടോ​യിൽ ആയിര​ത്തോ​ളം ക്ഷേത്ര​ങ്ങ​ളുണ്ട്‌, ഏതു മുക്കി​ലും മൂലയി​ലും ഒരെണ്ണം കാണാം. യുദ്ധസ​മ​യത്ത്‌ ക്ഷേത്രങ്ങൾ നശിക്കാ​തി​രി​ക്കാൻ ആ നഗരത്തിൽ ബോം​ബി​ട്ടി​രു​ന്നില്ല. ലോയിസ്‌ ഓർമി​ക്കു​ന്നു: “അവി​ടെ​വെച്ച്‌ ഞങ്ങൾ ഷോസോ മിമ എന്ന ഒരു പലചരക്കു മൊത്ത​വ്യാ​പാ​രി​യെ കണ്ടുമു​ട്ടി. ദീർഘ​കാ​ല​മാ​യി രോഗാ​വ​സ്ഥ​യി​ലാ​യി​രുന്ന അദ്ദേഹം വീട്ടിൽ സുഖം പ്രാപി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. തീക്ഷ്‌ണ​ത​യുള്ള ഒരു ബുദ്ധമ​ത​ക്കാ​ര​നാ​യി​രു​ന്നെ​ങ്കി​ലും സത്യ​ദൈ​വ​ത്തെ​ക്കു​റിച്ച്‌ അറിയാൻ തനിക്ക്‌ ആഗ്രഹ​മു​ണ്ടെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു. അദ്ദേഹ​വു​മാ​യി ബൈബി​ള​ധ്യ​യനം തുടങ്ങാൻ വളരെ എളുപ്പ​മാ​യി​രു​ന്നു. പിന്നീട്‌ അദ്ദേഹ​ത്തി​ന്റെ ഭാര്യ​യും പെൺമ​ക്ക​ളും ബൈബിൾ പഠിച്ചു. അങ്ങനെ മുഴു​കു​ടും​ബ​വും സത്യത്തിൽ വന്നു. അഭിമ​ത​നായ ഷോസോ, ക്യോ​ട്ടോ സഭയിലെ ഒരു ആത്മീയ തൂണാ​യി​ത്തീർന്നു.”

സ്വിറ്റ്‌സർലൻഡു​കാ​രി​യായ മാർഗ്രിറ്റ്‌ വിന്റെലർ, ക്യോ​ട്ടോ​യി​ലുള്ള തന്റെ മൂത്ത സഹോ​ദരി ലേന​യോ​ടൊ​പ്പം ചേർന്നു. ഈ പുതിയ നിയമ​ന​പ്ര​ദേ​ശത്ത്‌ താൻ അവരുടെ ഭാഷയും ആംഗ്യ​ങ്ങ​ളും മനസ്സി​ലാ​ക്കേ​ണ്ട​തു​ണ്ടെന്ന്‌ അവൾ തിരി​ച്ച​റി​ഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, സാഹി​ത്യം വാങ്ങണ​മോ​യെന്ന്‌ ഭാര്യ തീരു​മാ​ന​മെ​ടു​ക്കാൻ പ്രതീ​ക്ഷി​ക്കുന്ന ഒരു മനുഷ്യൻ അവൾ വീട്ടി​ലി​ല്ലെന്നു സൂചി​പ്പി​ക്കാൻ തന്റെ ചെറു​വി​രൽ ചലിപ്പി​ക്കുക മാത്രമേ ചെയ്യു​ക​യു​ള്ളൂ. നേരേ​മ​റിച്ച്‌ ഭാര്യ​യാ​ണെ​ങ്കിൽ, ഭർത്താവ്‌ വീട്ടി​ലി​ല്ലെന്നു സൂചി​പ്പി​ക്കാൻ, അദ്ദേഹത്തെ പ്രതി​നി​ധാ​നം ചെയ്യുന്ന തള്ളവിരൽ ഉയർത്തി​ക്കാ​ണി​ച്ചേ​ക്കാം. ക്യോ​ട്ടോ​യി​ലുള്ള ആളുകൾ മെല്ലെ മാസി​ക​യു​ടെ താളുകൾ ഒന്നൊ​ന്നാ​യി മറിച്ചു നോക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കിൽ അതിനർഥം അതു വേണ്ടെന്ന്‌ അവർ ആംഗ്യ​ത്തി​ലൂ​ടെ പറയു​ക​യാ​ണെ​ന്നും നേരിട്ടു പറയാ​തെ​തന്നെ താൻ അതു തിരി​ച്ച​റി​യാൻ അവരാ​ഗ്ര​ഹി​ക്കു​ന്നെ​ന്നും മാർഗ്രിറ്റ്‌ മനസ്സി​ലാ​ക്കാ​നി​ട​യാ​യി. എന്നിരു​ന്നാ​ലും, ആംഗ്യ​ങ്ങ​ളി​ലൂ​ടെ​യോ വാക്കു​ക​ളി​ലൂ​ടെ​യോ ഉള്ള ഉത്തരങ്ങ​ളെ​ല്ലാ​മൊ​ന്നും നിഷേ​ധാ​ത്മ​ക​മാ​യി​രു​ന്നില്ല. ഇന്നു ക്യോ​ട്ടോ​യിൽ തഴച്ചു​വ​ള​രുന്ന 39 സഭകൾ യഹോ​വ​യു​ടെ സാക്ഷി​കൾക്കുണ്ട്‌.

ശീതകാ​ല​ത്തി​ന്റെ​യും പുതിയ ഭാഷയു​ടെ​യും വെല്ലു​വി​ളി

ആഡലൈൻ നാക്കോ​യും അവളുടെ പങ്കാളി​യായ ലില്യൻ സാംസ​ണും ഉൾപ്പെടെ കൂടുതൽ മിഷന​റി​മാർ 1953-ൽ ഹവായി​യിൽനി​ന്നു ജപ്പാനിൽ എത്തിയ​പ്പോൾ നല്ല തണുപ്പുള്ള സെൻഡൈ എന്ന വടക്കൻ നഗരത്തി​ലാണ്‌ അവർക്കു നിയമനം ലഭിച്ചത്‌. രാത്രി താപനില -5° സെൽഷ്യ​സാ​യി താഴു​മാ​യി​രു​ന്നു. തലേ ഒക്ടോ​ബ​റിൽ ഡോൺ ഹാസ്‌ലെ​റ്റും മേബൽ ഹാസ്‌ലെ​റ്റും ചേർന്ന്‌ ഒരു പുതിയ മിഷനറി ഭവനം സ്ഥാപി​ച്ചി​രു​ന്നു. ഷിന്നിച്ചി തോഹ​ര​യും മാസാ​ക്കോ തോഹ​ര​യും അവരോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഉഷ്‌ണ​മേ​ഖലാ പ്രദേ​ശത്തു വളർന്നു​വ​ന്ന​തി​നാൽ ഹവായി​ക്കാർക്ക്‌ സെൻ​ഡൈ​യി​ലെ ശൈത്യ​കാ​ലം ഒരു വെല്ലു​വി​ളി​യാ​യി​രു​ന്നു. “ശീഘ്ര ശീതീ​കൃത പുത്തൻ ഹവായി​ക്കാർ” എന്ന്‌ അവർ അറിയ​പ്പെ​ടാ​നി​ട​യാ​യി.

ലില്യൻ ഇങ്ങനെ അനുസ്‌മ​രി​ക്കു​ന്നു: “അടുപ്പിൽ കത്തിക്കു​ന്ന​തി​നു വിറകു കീറാൻ ഞങ്ങൾ ജീവി​ത​ത്തി​ലാ​ദ്യ​മാ​യി പഠിച്ചു. അടുക്ക​ള​യിൽ മാത്രമേ ചൂടു​ണ്ടാ​യി​രു​ന്നു​ള്ളൂ, ലോഹം​കൊ​ണ്ടുള്ള യൂട്ടാൻപോ എന്ന കിടക്ക​ചൂ​ടാ​ക്കുന്ന ഉപകരണം ഉപയോ​ഗിച്ച്‌ കിടക്കകൾ ചൂടാ​ക്കാൻ ഞങ്ങൾ ശ്രമി​ക്കു​മാ​യി​രു​ന്നു. പകൽനേ​രത്ത്‌ ഞങ്ങൾ ഇഷിയി യാക്കി​യി​മോ (കല്ലിൽ ചുട്ടെ​ടുത്ത മധുര​ക്കി​ഴ​ങ്ങു​കൾ) വാങ്ങി കൈചൂ​ടാ​ക്കാ​നാ​യി പോക്ക​റ്റിൽ സൂക്ഷി​ക്കും, എന്നിട്ട്‌ അവ ഉച്ചഭക്ഷ​ണ​മാ​യി കഴിക്കും.”

എന്നാൽ, പ്രശ്‌ന​മാ​യത്‌ തണുപ്പ്‌ മാത്ര​മാ​യി​രു​ന്നില്ല. മിഷന​റി​മാർ ജാപ്പനീസ്‌ അക്ഷരങ്ങൾ വായി​ക്കാൻ പഠിക്കു​ന്ന​തു​വരെ ബുദ്ധി​മു​ട്ടു പിടിച്ച സാഹച​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. തീപി​ടു​ത്ത​മു​ണ്ടാ​യാൽ അടിയ​ന്തി​ര​മാ​യി ഉപയോ​ഗി​ക്കാ​നുള്ള അലാറം, ചുവന്ന ഡോർബെൽ ആണെന്നു കരുതി ഒരു ദിവസം അമർത്തി​യത്‌ ആഡ​ലൈനു മറക്കാ​നാ​വില്ല, അവൾക്കു ജാപ്പനീസ്‌ ഭാഷ വായി​ക്കാൻ അറിയി​ല്ലാ​ത്ത​താ​യി​രു​ന്നു കാരണം. എന്താണു സംഭവി​ച്ച​തെ​ന്ന​റി​യാൻ ആളുകൾ കൂട്ടമാ​യി കെട്ടി​ട​ങ്ങ​ളിൽനി​ന്നു പുറത്തു​വ​രാൻ തുടങ്ങി. ആ അബദ്ധത്തിന്‌ അവൾക്ക്‌ നല്ല ശകാര​വും കിട്ടി.

എന്നാൽ, ജപ്പാനി​ലെ തങ്ങളുടെ ആദ്യ വർഷങ്ങ​ളി​ലെ വ്യക്തി​പ​ര​മായ അനുഭ​വ​ങ്ങ​ളെ​ക്കാ​ള​ധി​കം ആ മിഷന​റി​മാ​രു​ടെ ഓർമ​യി​ലുണ്ട്‌. അവരെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, ജപ്പാനി​ലെ ആയിര​ക്ക​ണ​ക്കി​നു സഹോ​ദ​ര​ങ്ങൾക്കും അവരോ​ടൊ​പ്പം തങ്ങൾക്കു പങ്കുണ്ടാ​യി​രുന്ന സംഭവ​വി​കാ​സ​ങ്ങൾക്കും ആ മിഷന​റി​മാ​രു​ടെ “കുടുംബ ആൽബ”ത്തിൽ ഒരു സ്ഥാനമുണ്ട്‌. ജപ്പാനി​ലെ ദിവ്യാ​ധി​പത്യ സമൂഹ​ത്തി​ന്റെ വളർച്ച​യ്‌ക്കു നിദാ​ന​മായ മറ്റു സംഭവ​ങ്ങ​ളി​ലേക്കു പിന്തി​രി​ഞ്ഞു​നോ​ക്കവേ ആ ആൽബത്തി​ന്റെ പേജുകൾ പരി​ശോ​ധി​ക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ന്നു.

പത്യേക പയനി​യർമാർ പുതു​വ​യ​ലു​കൾ തുറക്കു​ന്നു

ദേശത്തി​ന്റെ എല്ലാ ഭാഗങ്ങ​ളി​ലും രാജ്യ​സ​ന്ദേശം എത്തിക്കു​ന്ന​തിൽ പ്രത്യേക പയനി​യർമാ​രു​ടെ പ്രവർത്തനം ശ്രദ്ധേ​യ​മായ ഒരു പങ്കു വഹിച്ചു. ഇവരിൽ ചിലർക്കു മിഷന​റി​മാ​രിൽനി​ന്നു വ്യക്തി​പ​ര​മായ പരിശീ​ലനം ലഭിച്ചി​രു​ന്നു. അവരും യഹോ​വ​യോട്‌ അതേ തീക്ഷ്‌ണ​ത​യു​ള്ള​വ​രാണ്‌. മിഷന​റി​മാർ പ്രവർത്തി​ച്ചു​കൊ​ണ്ടി​രുന്ന കാലത്ത്‌ ഈ ജാപ്പനീസ്‌ പ്രത്യേക പയനി​യർമാ​രെ ചെറിയ ചെറിയ നഗരങ്ങ​ളി​ലേ​ക്കും പട്ടണങ്ങ​ളി​ലേ​ക്കും അയയ്‌ക്കു​ക​യു​ണ്ടാ​യി. ആദ്യകാല പ്രത്യേക പയനി​യർമാ​രിൽ പലരും സ്‌നാ​പ​ന​മേറ്റ്‌ അധികം താമസി​യാ​തെ​യാ​ണു നിയമി​ത​രാ​യ​തെ​ങ്കിൽപ്പോ​ലും ശ്രദ്ധേ​യ​മായ ഭക്തിയും സഹിഷ്‌ണു​ത​യും പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌.

സ്‌നാ​പ​ന​മേറ്റ്‌ കേവലം ഒരു വർഷവും നാലു മാസവും കഴിഞ്ഞ​പ്പോൾ ഹിസാ​ക്കോ വാക്കു​യിക്ക്‌ നിയമനം ലഭിച്ചു. അവരും പങ്കാളി​യായ താകാ​ക്കോ സാറ്റോ​യും 1957 മുതൽ ഒന്നിച്ചു പ്രത്യേക പയനി​യ​റിങ്‌ നടത്തുന്നു. ഒമ്പതു നിയമ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി അവർ ഇരുവ​രും കൂടി 80-ലധികം പേരെ സ്‌നാ​പ​ന​മേറ്റ സാക്ഷി​ക​ളാ​യി​ത്തീ​രാൻ സഹായി​ച്ചി​ട്ടുണ്ട്‌.

താൻ നടത്തിയ ആദ്യ ബൈബി​ള​ധ്യ​യ​ന​ങ്ങ​ളി​ലൊ​ന്നി​നെ യഹോവ അനു​ഗ്ര​ഹി​ച്ച​തി​ന്റെ ഫലങ്ങ​ളെ​ക്കു​റിച്ച്‌ ഹിസാ​ക്കോ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “തീക്ഷ്‌ണ​ത​യുള്ള ഒരു പള്ളിക്കാ​രി​യാ​യി​രു​ന്നെ​ങ്കി​ലും അവൾ ഇങ്ങനെ പറഞ്ഞു, ‘ബൈബിൾപ​ഠ​ന​മാ​ണെ​ങ്കിൽ അതു ദിവസ​വു​മാ​കാം.’ ദൈവ​ത്തി​ന്റെ നാമം യഹോവ എന്നാ​ണെ​ന്നും അവൻ യേശു​വി​ന്റെ പിതാ​വാ​ണെ​ന്നും മനസ്സി​ലാ​ക്കിയ അവൾ പള്ളി വിട്ടു​പോ​ന്നു. ഉടനെ വയൽസേ​വ​ന​ത്തി​ലും ഏർപ്പെ​ടാൻ തുടങ്ങി.” സഭക​ളൊ​ന്നു​മി​ല്ലാ​തി​രുന്ന, വളരെ തണുപ്പുള്ള ഒരു പ്രദേ​ശ​ത്തേക്കു താമസം മാറി​യ​പ്പോ​ഴും അവളുടെ തീക്ഷ്‌ണ​ത​യ്‌ക്കു മങ്ങലേ​റ്റില്ല. ഇന്ന്‌ ആ സഹോ​ദ​രി​യെ​ക്കൂ​ടാ​തെ ഭർത്താ​വും നാലു മക്കളും സത്യത്തി​ലാണ്‌. പുത്ര​ന്മാർ മൂന്നു പേരും മൂപ്പന്മാ​രാ​യി സേവി​ക്കു​ന്നു, മകളാ​ണെ​ങ്കിൽ ഒരു പ്രത്യേക പയനി​യ​റാണ്‌.

തങ്ങൾ യമനാഷി ഭരണ​പ്ര​ദേ​ശ​ത്തുള്ള റ്റ്‌സു​രൂ​വി​ലാ​യി​രു​ന്ന​പ്പോൾ പുരോ​ഗതി വളരെ മന്ദഗതി​യി​ലാ​യി​രു​ന്നെന്ന്‌ ഹിസാ​ക്കോ​യും താകാ​ക്കോ​യും കണ്ടെത്തി. യോഗ​ങ്ങൾക്ക്‌ നാലോ അഞ്ചോ പേരേ സംബന്ധി​ച്ചു​ള്ളൂ. കൂടുതൽ ഫലപ്ര​ദ​മായ ഒരു പ്രദേ​ശ​ത്തേക്ക്‌ അവരെ പുനർനി​യ​മി​ക്കു​ന്നത്‌ നന്നായി​രു​ന്നേ​ക്കാ​മെന്നു സർക്കിട്ട്‌ മേൽവി​ചാ​രകൻ വിചാ​രി​ച്ചു. എന്നാൽ റ്റ്‌സുരൂ പ്രദേശം വിട്ടു​പോ​കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രു​ന്നില്ല ആ സഹോ​ദ​രി​മാർ. യഹോവ തങ്ങളെ റ്റ്‌സു​രൂ​വി​ലേക്ക്‌ അയച്ചി​രി​ക്കു​ന്ന​തി​നാൽ അവന്‌ അവിടെ ചെമ്മരി​യാ​ടു​കൾ ഉണ്ടായി​രി​ക്ക​ണ​മെന്ന്‌ അവർ ശക്തമായി വിശ്വ​സി​ച്ചു. സർക്കിട്ട്‌ മേൽവി​ചാ​രകൻ ഇങ്ങനെ പറഞ്ഞു: “ഈ വാരാ​ന്ത​ത്തി​ലെ പരസ്യ​പ്ര​സം​ഗ​ത്തിന്‌ 18 പേർ വരുക​യാ​ണെ​ങ്കിൽ, ഈ നിയമ​ന​പ്ര​ദേ​ശത്തു തുടരാ​നുള്ള നിങ്ങളു​ടെ ആഗ്രഹം ഞാൻ സൊ​സൈ​റ്റി​യെ അറിയി​ക്കാം.” ആ ഞായറാ​ഴ്‌ചത്തെ യോഗ​ത്തിന്‌ ആളുകളെ അവിടെ കൊണ്ടു​വ​രാൻ തിരു​വെ​ഴു​ത്തു​പ​ര​മാ​യി തങ്ങൾക്കാ​കു​ന്ന​തെ​ല്ലാം ആ പയനി​യർമാർ ചെയ്‌തു. അതിശ​യ​ക​ര​മെന്നു പറയട്ടെ, 19 പേർ ഹാജരാ​യി! അടുത്ത വാരത്തി​ലെ ഹാജർ പിന്നെ​യും നാലോ അഞ്ചോ ആയി കുറഞ്ഞു, എന്നാൽ ആ പ്രദേ​ശത്തു തങ്ങളുടെ പ്രവർത്തനം തുടരാൻ ആ പയനി​യർമാർക്കു കഴിഞ്ഞു. ഇന്ന്‌ റ്റ്‌സുരൂ സഭയ്‌ക്കു നല്ലൊരു കൂട്ടം പ്രസാ​ധകർ മാത്രമല്ല മനോ​ഹ​ര​മായ ഒരു രാജ്യ​ഹാ​ളു​മുണ്ട്‌.

മറ്റൊരു പ്രത്യേക പയനി​യ​റാണ്‌ കാസു​ക്കോ കൊബാ​യാ​ഷി. പുതിയ പ്രദേ​ശ​ങ്ങ​ളിൽ പ്രവർത്തനം തുടങ്ങി​ക്കൊണ്ട്‌ 40 വർഷം അവർ സേവിച്ചു. ക്യോ​ട്ടോ​യി​ലെ ഒരു മിഷന​റി​യായ പോളിൻ ഗ്രീൻ, കാസു​ക്കോ​യെ ആദ്യമാ​യി കണ്ടുമു​ട്ടി​യ​പ്പോൾ ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം കണ്ടെത്താൻ അവർ ശ്രമി​ക്കു​ക​യാ​യി​രു​ന്നു. പോളിൻ അവരെ സഭാ​പ്ര​സം​ഗി 12:13 കാണി​ച്ചു​കൊ​ടു​ത്തു, അതു കാസു​ക്കോ​യെ തൃപ്‌തി​പ്പെ​ടു​ത്തി. ആ മിഷന​റി​യു​ടെ ജീവിതം ഒരു ക്രിസ്‌ത്യാ​നി ജീവി​ക്കേണ്ട വിധ​ത്തോട്‌ ഒത്തുവ​രു​ന്നു​വെന്ന്‌ അവർ നിഗമനം ചെയ്‌തു, അതു​കൊണ്ട്‌ അവരും അത്തര​മൊ​രു ജീവി​ത​ഗതി തന്റെ ലക്ഷ്യമാ​ക്കി. പ്രത്യേക പയനി​യ​റാ​യി നിയമനം ലഭിക്കു​മ്പോൾ അവർ സ്‌നാ​പ​ന​മേ​റ്റിട്ട്‌ മൂന്നു വർഷം കഴിഞ്ഞ​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. എന്നാൽ തന്റെ പ്രത്യേക സേവന​ത്തിൽ യഹോ​വ​യു​ടെ സ്‌നേ​ഹ​മ​സൃ​ണ​മായ ഹസ്‌തം അവർക്കു പെട്ടെ​ന്നു​തന്നെ കാണാൻ കഴിഞ്ഞു, അവർ നല്ല ഫലങ്ങൾ കൊയ്‌തു. ഗ്രാമ​ങ്ങ​ളി​ലെ ജനങ്ങളു​ടെ മനോ​ഗ​ത​വും കാസു​ക്കോ മനസ്സി​ലാ​ക്കി—മറ്റുള്ളവർ എന്തു വിചാ​രി​ക്കു​മെന്ന ഭയം അവരുടെ തീരു​മാ​ന​ങ്ങളെ സ്വാധീ​നി​ക്കു​ന്നു. അവർ അതിനെ എങ്ങനെ​യാ​ണു നേരി​ട്ടത്‌? അവർ പറയുന്നു: “അവരുടെ സ്‌നേ​ഹി​ത​യാ​കാൻ ഞാൻ ശ്രമിച്ചു. ഞാൻ ആളുകളെ സ്‌നേ​ഹി​ക്കു​ന്നു. ഞാൻ പോയി​ട​ത്തെ​ല്ലാം യഹോവ അവരെ​യും സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ ഓർമി​ക്കാൻ ഞാൻ ശ്രമിച്ചു. അപ്പോൾ അവരുടെ സ്‌നേ​ഹി​ത​യാ​കാൻ എളുപ്പ​മാ​യി​രു​ന്നു.”

1971 മാർച്ചിൽ, ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളിൽ പ്രസം​ഗി​ക്കു​ന്ന​തി​നാ​യി ബ്രാഞ്ച്‌ ഓഫീസ്‌ കൂടുതൽ പുതിയ പ്രത്യേക പയനി​യർമാ​രെ നിയമി​ക്കു​ക​യു​ണ്ടാ​യി. അതിന്‌ ഉദാഹ​ര​ണ​മാ​യി​രു​ന്നു മിയോ ഇദെയി​യു​ടെ ദത്തുപു​ത്രി​യായ ആകെമി ഇദെയി​യും (ഇപ്പോൾ, ഓഹാര) കാസു​ക്കോ യോഷി​യോ​ക്കാ​യും (ഇപ്പോൾ, തൊക്കു​മൊ​റി). ഈ സഹോ​ദ​രി​മാർ യുവത്വ​ത്തി​ലേക്കു കാലൂ​ന്നി​യ​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. മധ്യ ജപ്പാനി​ലെ കഗ എന്ന നഗരത്തി​ലാ​യി​രു​ന്നു അവരുടെ നിയമനം. അപ്പോൾവരെ അവർ തങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ​യും സഭകളു​ടെ​യും സംരക്ഷ​ണാ​ത്മക “കുട”ക്കീഴി​ലാ​യി​രു​ന്നു പ്രവർത്തി​ച്ചത്‌. “അതിനു​ശേഷം കാര്യങ്ങൾ വ്യത്യ​സ്‌ത​മാ​യി​രു​ന്നു,” കാസു​ക്കോ ഓർമി​ക്കു​ന്നു. “ഞങ്ങളെ നിയമിച്ച പ്രദേ​ശത്തു സുവാർത്ത പ്രസം​ഗി​ക്കു​ന്ന​വ​രാ​യി ഞങ്ങൾ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ.” അപരി​ചി​തരെ സംശയ​ദൃ​ഷ്ടി​യോ​ടെ വീക്ഷി​ച്ചി​രുന്ന ആളുകളെ സുഹൃ​ത്തു​ക്ക​ളാ​ക്കാൻ പ്രാ​ദേ​ശിക ഭാഷയിൽ, ആളുകൾ ഉപയോ​ഗി​ക്കുന്ന അതേ സംസാ​ര​രീ​തി​യിൽ അവർ സ്വയം പരിച​യ​പ്പെ​ടു​ത്താൻ തുടങ്ങി. സത്യം സ്വീക​രി​ച്ച​വ​രിൽ ഒരു സ്‌പോർട്‌സ്‌ ഗ്രൂപ്പിൽപ്പെട്ട മൂന്നു യുവാ​ക്ക​ളു​ണ്ടാ​യി​രു​ന്നു. അവർ വയൽശു​ശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ തുടങ്ങി​യ​പ്പോൾ അവർക്കൊ​പ്പ​മെ​ത്താൻ പാടു​പെ​ടേ​ണ്ടി​വ​ന്നു​വെന്ന്‌ കാസു​ക്കോ വിവരി​ക്കു​ന്നു. ദീർഘ​ദൂര ഓട്ടക്കാ​രാ​യി​രു​ന്ന​തി​നാൽ അവർ ഒരു വീട്ടിൽനിന്ന്‌ അടുത്ത വീട്ടി​ലേക്ക്‌ അക്ഷരാർഥ​ത്തിൽ ഓടു​മാ​യി​രു​ന്നു.

മുമ്പ്‌ ആർക്കും നിയമി​ച്ചു​കൊ​ടു​ത്തി​ട്ടി​ല്ലാഞ്ഞ പ്രദേ​ശ​ങ്ങ​ളിൽ തീക്ഷ്‌ണ​ത​യുള്ള പ്രത്യേക പയനി​യർമാർ സാക്ഷീ​ക​രി​ച്ച​തി​ന്റെ ഫലമായി സഭകളു​ടെ​യും ഒറ്റപ്പെട്ട കൂട്ടങ്ങ​ളു​ടെ​യും എണ്ണം വർധിച്ചു. അങ്ങനെ 1976 ജനുവ​രി​യിൽ അവയുടെ എണ്ണം 1,000 കവിഞ്ഞു.

ഓക്കി​നാ​വ​യി​ലെ സംഭവ​വി​കാ​സ​ങ്ങൾ

ഓക്കി​നാവ ദ്വീപു​ക​ളി​ലും പുരോ​ഗതി ഉണ്ടായി​ക്കൊ​ണ്ടി​രു​ന്നു. 12,00,000 ജനങ്ങൾ അധിവ​സി​ക്കുന്ന ആ ദ്വീപു​കൾ രണ്ടാം ലോക​മ​ഹാ​യു​ദ്ധാ​ന​ന്തരം ഐക്യ​നാ​ടു​ക​ളു​ടെ ഭരണത്തിൻകീ​ഴി​ലാ​യി. ശാന്തത​യും ക്ഷമയും ഊഷ്‌മ​ള​ത​യും സൗഹാർദ​ത​യു​മുള്ള പ്രകൃ​ത​മാണ്‌ ഓക്കി​നാ​വ​ക്കാ​രു​ടേത്‌. ഓക്കി​നാ​വ​യി​ലെ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രും സഹിഷ്‌ണു​ത​യും സത്യ​ത്തോ​ടുള്ള തീക്ഷ്‌ണ​ത​യും പോലുള്ള നല്ല ഗുണങ്ങൾ പ്രകട​മാ​ക്കു​ന്നു.

ഓക്കി​നാ​വ ജപ്പാൻ ബ്രാഞ്ചി​ന്റെ നിയമ​ന​പ്ര​ദേ​ശ​മാ​യി​രു​ന്നു. അന്ന്‌ ടോക്കി​യോ​യിൽ ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നായ ലോയ്‌ഡ്‌ ബാരി 1953-ൽ അവിടെ ആദ്യമാ​യി സന്ദർശനം നടത്തി. അദ്ദേഹത്തെ നാലു സഹോ​ദ​ര​ന്മാർ ചെന്നു​കണ്ടു, ഫിലി​പ്പീൻസിൽനി​ന്നുള്ള അവർ പുനർനിർമാണ ജോലി​കൾ ചെയ്യു​ന്ന​വ​രാ​യി​രു​ന്നു. അവർ അദ്ദേഹത്തെ ഉടൻതന്നെ യു.എസ്‌. പട്ടാള​ത്തി​ന്റെ ദുർഗു​ണ​പ​രി​ഹാര കേന്ദ്ര​ത്തി​ലേക്കു കൊണ്ടു​പോ​യി, മൂന്നു പട്ടാള​ക്കാ​രെ അവിടെ തടഞ്ഞു​വെ​ച്ചി​രു​ന്നു. ആ ചെറു​പ്പ​ക്കാർ ബൈബിൾസ​ത്യ​ത്തി​നാ​യി ഒരു നിലപാ​ടു സ്വീക​രി​ച്ചെ​ങ്കി​ലും, നയചാ​തു​ര്യ​മി​ല്ലാ​ത്ത​വ​രാ​യി​രു​ന്നു. അവർ അമി​തോ​ത്സാ​ഹം കാട്ടി. ഉദാഹ​ര​ണ​ത്തിന്‌, അവർ രാത്രി​യിൽ വളരെ വൈകി​വരെ രാജ്യ​ഗീ​തങ്ങൾ ഉച്ചത്തിൽ പാടി​ക്കൊണ്ട്‌ ആ കെട്ടി​ട​ത്തി​ലു​ള്ള​വ​രു​ടെ ഉറക്കം കെടുത്തി. കൂടുതൽ സമനില പ്രകട​മാ​ക്കാൻ അവർക്കു സഹായം നൽകി. യാദൃ​ച്ഛി​ക​മാ​യി, തന്റെ വീക്ഷണ​ത്തിൽ ക്രിസ്‌തു​വി​ന്റെ രാജ്യം ആയിരം വർഷം അകലെ​യാ​ണെന്ന്‌ ജയിൽ പുരോ​ഹി​തൻ അഭി​പ്രാ​യ​പ്പെട്ടു. ആ ചെറു​പ്പ​ക്കാ​രിൽ ഒരുവൻ പിന്നീട്‌ ബ്രുക്ലിൻ ബെഥേൽ കുടും​ബ​ത്തി​ലെ ഒരംഗ​മാ​യി സേവിച്ചു; അവർ മൂവരും ക്രിസ്‌തീയ സഭയിൽ ഉത്തരവാ​ദി​ത്വ സ്ഥാനങ്ങ​ളി​ലെത്തി. ആ സന്ദർശ​ന​സ​മ​യത്ത്‌, ലോഹ​ഷീ​റ്റു​കൊണ്ട്‌ കമാനാ​കൃ​തി​യിൽ നിർമിച്ച ഒരു കൂടാ​ര​ത്തി​നു​ള്ളിൽ ഒരു യോഗം നടത്തി, 100-ലധികം ദ്വീപു​നി​വാ​സി​കൾ അതിനു വന്നിരു​ന്നു.

ഒരു തദ്ദേശ ഓക്കി​നാ​വ​ക്കാ​രി​യായ യോഷി ഹിഗാ ആ യോഗ​ത്തിൽ സന്നിഹി​ത​യാ​യി​രു​ന്നു. മരിച്ച​വ​രു​ടെ ശരീരങ്ങൾ ഗർഭപാ​ത്രാ​കൃ​തി​യിൽ വാതാ​യ​ന​മുള്ള വലി​യൊ​രു ഗുഹയിൽ അടക്കം ചെയ്യു​ക​യാണ്‌ ഓക്കി​നാ​വ​യി​ലെ ആചാരം. മരിക്കു​ന്നവർ, തങ്ങൾ എവി​ടെ​നി​ന്നു വന്നുവോ അവി​ടേ​ക്കു​തന്നെ മടങ്ങു​ന്നു​വെ​ന്നാണ്‌ അതിന്റെ വിവക്ഷ. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ലെ ഉഗ്രമായ ഓക്കി​നാ​വാ പോരാ​ട്ട​ത്തിൽ അത്തര​മൊ​രു ഗുഹയ്‌ക്കു​ള്ളി​ലാണ്‌ യോഷി അഭയം തേടി​യത്‌. ശവശരീ​ര​ങ്ങ​ളി​ലേക്കു നോക്കി​യ​പ്പോൾ, മരിച്ചവർ ശരിക്കും മൃതരാ​ണെന്ന്‌ അവർക്കു ബോധ്യ​മാ​യി. ബൈബിൾ പഠിച്ച​പ്പോൾ, മരിച്ച​വ​രു​ടെ അവസ്ഥ​യെ​യും അത്ഭുത​ക​ര​മായ പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യെ​യും കുറി​ച്ചുള്ള അതിന്റെ പഠിപ്പി​ക്കൽ സ്വീക​രി​ക്കാൻ അവർക്കു യാതൊ​രു ബുദ്ധി​മു​ട്ടു​മി​ല്ലാ​യി​രു​ന്നു.

ഓക്കി​നാ​വ​യി​ലെ ആദ്യ പ്രസാ​ധി​ക​യും ആദ്യ നിരന്ത​ര​പ​യ​നി​യ​റും യോഷി ആയിരു​ന്നു. ബൈബിൾചർച്ചകൾ പ്രക്ഷേ​പണം ചെയ്യാൻ പ്രാ​ദേ​ശിക റേഡി​യോ നിലയ​ത്തിന്‌ ഉത്സാഹ​മാ​യി​രു​ന്നു. എന്നാൽ പരിപാ​ടി​കൾ അവതരി​പ്പി​ക്കുന്ന കാര്യ​ത്തിൽ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പുരോ​ഹി​ത​വർഗ​ത്തിന്‌ വിമു​ഖ​ത​യാ​യി​രു​ന്നു. എങ്കിലും, ആ വിടവു നികത്താൻ യോഷി​ക്കു സന്തോ​ഷ​മേ​യു​ള്ളു​വെന്ന്‌ അവർ കണ്ടെത്തി. അനേക മാസങ്ങ​ളോ​ളം വീക്ഷാ​ഗോ​പു​രം മാസി​ക​യി​ലെ ലേഖനങ്ങൾ പ്രക്ഷേ​പ​ണ​ത്തി​നു വേണ്ടി അവർ വായിച്ചു.

താമസി​യാ​തെ, 12-ഓളം പുതിയ പ്രാ​ദേ​ശിക പ്രസാ​ധ​കർക്കു വേണ്ടി ഒരു സർക്കിട്ട്‌ സമ്മേളനം ക്രമീ​ക​രി​ക്കാൻ സാധിച്ചു. ആഡ്രിയൻ തോം​സ​ണും ലോയ്‌ഡ്‌ ബാരി​യും മാറി മാറി ജാപ്പനീസ്‌ ഭാഷയിൽ പരിപാ​ടി​കൾ നടത്തി. വേല പെട്ടെ​ന്നു​തന്നെ പുരോ​ഗ​മി​ച്ചു. പ്രസാ​ധ​ക​രു​ടെ​യും പയനി​യർമാ​രു​ടെ​യും എണ്ണം ത്വരി​ത​ഗ​തി​യിൽ വർധി​ക്കാ​നും തുടങ്ങി.

യോഷി ഹിഗാ പയനി​യർവേല തുടങ്ങി​യത്‌ 1954 മേയി​ലാണ്‌. 43 വർഷത്തെ വിശ്വ​സ്‌ത​മായ പയനിയർ ശുശ്രൂ​ഷ​യി​ലൂ​ടെ 50-ലധികം വ്യക്തി​കളെ സത്യം പഠിക്കാൻ അവർ സഹായി​ച്ചി​ട്ടുണ്ട്‌. അവരുടെ ‘ശ്ലാഘ്യ​പ​ത്രങ്ങ’ളിൽ പലതും വന്നിരി​ക്കു​ന്നത്‌ പ്രാ​ദേ​ശിക ഷുരി പ്രൊ​ട്ട​സ്റ്റൻറ്‌ സഭയിൽനി​ന്നാണ്‌. (2 കൊരി. 3:1-3) ഗിനോ​വാൻ എന്ന പ്രദേ​ശത്ത്‌ അവർ തന്റെ പയനി​യർവേല തുടരു​ന്നു.

വളരെ ഉത്സാഹ​വ​തി​യായ മറ്റൊരു സാക്ഷി​യാണ്‌ മിറ്റ്‌സു​ക്കോ ടോ​മോ​യോ​രി എന്ന വിധവ. അവർ തന്റെ പുത്രി മാസാ​ക്കോ​യോ​ടൊ​പ്പം ഓക്കി​നാ​വ​യു​ടെ പുരാതന തലസ്ഥാ​ന​മായ ഷുരി​യിൽ 1957-ൽ പയനി​യ​റിങ്‌ തുടങ്ങി. മിറ്റ്‌സു​ക്കോ പയനി​യർസേ​വനം ആസ്വദിച്ച കഴിഞ്ഞ 40-ഓളം വർഷങ്ങ​ളെ​ക്കു​റി​ച്ചും നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം സ്വീക​രി​ക്കാൻ അവർ സഹായി​ച്ചി​ട്ടുള്ള അനേക​മാ​ളു​ക​ളെ​ക്കു​റി​ച്ചും പറയു​മ്പോൾ അവരുടെ കണ്ണുകൾ ഇപ്പോ​ഴും തിളങ്ങു​ന്നു.

1965-ൽ വാച്ച്‌ ടവർ സൊ​സൈറ്റി ഓക്കി​നാ​വ​യിൽ ഒരു ബ്രാഞ്ച്‌ സ്ഥാപിച്ചു, ഹവായി​ക്കാ​ര​നായ ഷിന്നിച്ചി തോഹര എന്ന മിഷന​റി​യാ​യി​രു​ന്നു ബ്രാഞ്ച്‌ മേൽവി​ചാ​രകൻ. (അദ്ദേഹം ഓക്കി​നാ​വൻ വംശജ​നാണ്‌.) 1972-ൽ ആ ദ്വീപു​കൾ ജപ്പാൻ ഗവൺമെൻറി​ന്റെ നിയ​ന്ത്ര​ണ​ത്തി​ലേക്കു തിരികെ കൈമാ​റ​പ്പെ​ട്ട​തി​നു ശേഷവും ഈ ക്രമീ​ക​രണം തുടർന്നു. 1976 ഫെബ്രു​വ​രി​യിൽ ബ്രാഞ്ച്‌ കമ്മിറ്റി ക്രമീ​ക​രണം പ്രാബ​ല്യ​ത്തിൽ വന്നപ്പോൾ ഷിന്നിച്ചി തോഹര, ജയിംസ്‌ ലിൻടൺ (ഓസ്‌​ട്രേ​ലി​യ​ക്കാ​ര​നായ ഒരു മിഷനറി), ചൂക്കിച്ചി യുനെ (ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​യായ ഒരു തദ്ദേശീയ ഓക്കി​നാ​വ​ക്കാ​രൻ) എന്നിവരെ കമ്മിറ്റി​യം​ഗ​ങ്ങ​ളാ​യി സേവി​ക്കാൻ നിയമി​ച്ചു.

സ്ഥിരോ​ത്സാ​ഹം അനിവാ​ര്യം

സുവാർത്താ​പ്ര​സം​ഗം വ്യാപി​പ്പി​ക്കാ​നുള്ള ശ്രമത്തി​ന്റെ ഭാഗമാ​യി 1976 സേവന​വർഷ​ത്തിൽ ഓക്കി​നാവ ബ്രാഞ്ചി​ന്റെ കീഴി​ലുള്ള കൂടുതൽ ദ്വീപു​ക​ളി​ലേക്ക്‌ പ്രത്യേക പയനി​യർമാ​രെ നിയമി​ച്ചു. ചില ദ്വീപു​ക​ളിൽ നല്ല പ്രതി​ക​രണം ലഭിച്ചു. ചിലയി​ട​ങ്ങ​ളി​ലാ​കട്ടെ, ആചാര​ങ്ങ​ളെ​യും അന്ധവി​ശ്വാ​സ​ത്തെ​യും ശക്തമായ കുടും​ബ​ബ​ന്ധ​ങ്ങ​ളെ​യും മറിക​ട​ക്കു​ന്ന​തി​നു വർഷങ്ങൾതന്നെ വേണ്ടി​വന്നു. അവിടെ പ്രവർത്തി​ക്കാൻ നിയോ​ഗി​ക്ക​പ്പെട്ട പ്രത്യേക പയനി​യർമാർക്ക്‌ വളരെ​യ​ധി​കം സ്ഥിരോ​ത്സാ​ഹം ആവശ്യ​മാ​യി​രു​ന്നു. ഒഴിഞ്ഞ നിരവധി വീടുകൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും തദ്ദേശീ​യർക്ക്‌ അപരി​ചി​ത​രി​ലുള്ള വിശ്വാ​സ​ക്കു​റവു നിമിത്തം താമസ​സൗ​ക​ര്യ​ങ്ങൾ കണ്ടെത്തുക ഏറെക്കു​റെ അസാധ്യ​മാ​യി​രു​ന്നു. ചില​പ്പോൾ ലഭ്യമായ ഏക ഭവനം ആരെങ്കി​ലും ആത്മഹത്യ ചെയ്‌ത വീടാ​യി​രു​ന്നു. എന്നാൽ, അവിട​ത്തു​കാ​രു​ടെ അന്ധവി​ശ്വാ​സം മൂലം അത്തര​മൊ​രു വീട്‌ യോഗ​സ്ഥ​ല​മാ​യി ഉപയോ​ഗി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല.

എന്നിരു​ന്നാ​ലും, സ്ഥിരോ​ത്സാ​ഹം കാട്ടി​യ​തി​ന്റെ ഫലമായി പയനി​യർമാർ ഫലം കാണാൻ തുടങ്ങി. ടോക്കു​നോ ഷിമ എന്ന ദ്വീപിൽ സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​വേ​ള​യിൽ ഒരു കുടും​ബം പരസ്യ​പ്ര​സം​ഗ​ത്തി​നു വന്നു. അവിടത്തെ വളരെ പ്രസിദ്ധ വിനോ​ദ​മായ കാള​പ്പോ​രിൽ പിതാവു സജീവ​മായ താത്‌പ​ര്യം കാട്ടി​യി​രു​ന്നു. (ഏതു കാളയ്‌ക്കാ​ണു കൂടുതൽ ശക്തി​യെ​ന്ന​റി​യാൻ കാളക​ളെ​ക്കൊണ്ട്‌ ബലപരീ​ക്ഷണം നടത്തി​ച്ചി​രു​ന്നു.) മത്സരങ്ങൾക്കു വേണ്ടി പ്രത്യേ​കം പരിശീ​ലി​പ്പി​ച്ചെ​ടുത്ത ഒരു മികച്ച കാള അയാൾക്കു​ണ്ടാ​യി​രു​ന്നു. എന്നാൽ തന്റെ ഒരു മകൾ മുഖാ​ന്തരം അയാൾക്കു ബൈബി​ളി​ലുള്ള താത്‌പ​ര്യം വർധിച്ചു. ജപ്പാനിൽവെച്ച്‌ മകളോ​ടു യഹോ​വ​യു​ടെ സാക്ഷികൾ സംസാ​രി​ച്ചി​രു​ന്നു. ആ കുടും​ബം ബൈബി​ള​ധ്യ​യ​ന​ത്തി​നു സമ്മതിച്ചു. അങ്ങനെ, അദ്ദേഹ​വും ഭാര്യ​യും മകളും മൂന്നു പുത്ര​ന്മാ​രും സമർപ്പിത സാക്ഷി​ക​ളാ​യി​ത്തീർന്നു. അവരുടെ അയലത്തുള്ള രണ്ടു കുടും​ബ​ങ്ങ​ളും സത്യത്തിൽ വന്നു. ആ കൂട്ടം പ്രവർത്ത​ന​ത്തിൽ തിരക്കു​ള്ള​വ​രാ​യി. ആ കൊച്ചു ദ്വീപി​ലി​പ്പോൾ 49 പ്രസാ​ധ​ക​രും 16 പയനി​യർമാ​രു​മ​ട​ങ്ങുന്ന ഒരു സഭയുണ്ട്‌.

ഇഷിഗാ​ക്കി എന്ന വിദൂര തെക്കൻ ദ്വീപിൽ സുപ്ര​സി​ദ്ധ​നായ ഒരു യുവ ബോക്‌സി​ങ്ങു​കാ​രൻ ബൈബി​ള​ധ്യ​യ​ന​ത്തി​നാ​യി തങ്ങളെ അന്വേ​ഷി​ച്ചത്‌ പ്രസാ​ധ​ക​രിൽ വിസ്‌മ​യ​മു​ള​വാ​ക്കി. നേരത്തേ യൊ​ക്കൊ​ഹ​മ​യിൽവെച്ച്‌ അയാൾ ബൈബിൾ പഠിച്ചി​രു​ന്നെ​ങ്കി​ലും, ബൈബിൾസ​ത്യം ഭരമേൽപ്പി​ക്കുന്ന ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാൻ അയാൾക്കു ഭയമാ​യി​രു​ന്നു. അതിൽനി​ന്നു തലയൂ​രാൻ അയാൾ ആൾപ്പാർപ്പ്‌ അധിക​മി​ല്ലാത്ത ഒരു ദ്വീപായ ഇരി​യൊ​മോ​ട്ടെ​യി​ലേക്ക്‌ ഓടി​പ്പോ​യി, അവിടെ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​രും കാണി​ല്ലെന്ന്‌ അയാൾക്ക്‌ ഉറപ്പാ​യി​രു​ന്നു. എന്നാൽ താമസി​യാ​തെ വാച്ച്‌ ടവർ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അയാൾ കാണാ​നി​ട​യാ​യി. യഹോ​വ​യു​ടെ സാക്ഷികൾ അവി​ടെ​യും പ്രസം​ഗി​ച്ചി​രി​ക്കു​ന്നു​വെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ അയാൾ അമ്പരന്നു. യഹോ​വ​യു​ടെ മുന്നിൽനിന്ന്‌ ഓടി​യ​ക​ലാൻ യാതൊ​രു മാർഗ​വു​മി​ല്ലെന്ന്‌ അയാൾ നിഗമനം ചെയ്‌തു. (യോനാ 1:3 താരത​മ്യം ചെയ്യുക.) പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൊ​ന്നിൽ കണ്ട പ്രസാ​ധ​കന്റെ വിലാ​സ​മു​പ​യോ​ഗിച്ച്‌ അടുത്തുള്ള ഇഷിഗാ​ക്കി ദ്വീപിൽ അയാൾ സാക്ഷി​കളെ അന്വേ​ഷി​ച്ചു. ചുരു​ങ്ങിയ സമയത്തി​നു​ള്ളിൽ അദ്ദേഹം ഒരു സമർപ്പിത സാക്ഷി​യും ഉത്സാഹ​മുള്ള ഒരു പയനി​യ​റു​മാ​യി​ത്തീർന്നു.

1980 സെപ്‌റ്റം​ബ​റിൽ മിൽട്ടൺ ഹെൻഷൽ നടത്തിയ മേഖലാ​സ​ന്ദർശ​ന​ത്തെ​ത്തു​ടർന്ന്‌ ഓക്കി​നാവ വീണ്ടും ജപ്പാൻ ബ്രാഞ്ചി​ന്റെ കീഴിൽ വന്നു. തോഹര സഹോ​ദ​ര​നും ഭാര്യ​യും, യുനെ സഹോ​ദ​ര​നും ഭാര്യ​യും ഓക്കി​നാ​വ​യിൽ മുഴു​സ​മ​യ​സേ​വനം തുടർന്നു. ലിൻടൺ സഹോ​ദ​ര​നും ഭാര്യ​യും ജപ്പാനി​ലെ കുറെ​ക്കൂ​ടി വലിയ ദ്വീപു​ക​ളിൽ ഡിസ്‌ട്രി​ക്‌റ്റ്‌ വേലയി​ലേക്കു മടങ്ങി.

സഞ്ചാര​സ​ഹോ​ദ​ര​ന്മാർ ഒരു പ്രധാന പങ്ക്‌ വഹിക്കു​ന്നു

സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രും അവരുടെ ഭാര്യ​മാ​രും കാട്ടിയ ആത്മത്യാ​ഗ​പ​ര​മായ മനോ​ഭാ​വം ജപ്പാനി​ലെ സഭകൾ വളർന്നു പക്വത പ്രാപി​ക്കാൻ അനേകം വിധങ്ങ​ളിൽ സഹായി​ച്ചി​ട്ടുണ്ട്‌. അവരുടെ സേവന​ത്തി​നു സഭകളു​ടെ​മേൽ പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന ഒരു ഫലമുണ്ട്‌. ഈ മേൽവി​ചാ​ര​ക​ന്മാ​രും അവരുടെ ഭാര്യ​മാ​രും ‘സുവി​ശേഷം നിമിത്തം വീടു​ക​ളെ​യും അമ്മയെ​യും അപ്പനെ​യും’ വിട്ടി​രി​ക്കു​ന്നു​വെന്ന്‌ സഹോ​ദ​രങ്ങൾ തിരി​ച്ച​റി​യു​ന്നു.—മർക്കൊ. 10:29.

മുൻകാ​ല​ങ്ങ​ളിൽ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ സഭകൾ സന്ദർശി​ക്കു​മ്പോൾ അവർക്കു വാസ്‌ത​വ​ത്തിൽ സ്വകാ​ര്യത നൽകുന്ന പാർപ്പി​ടങ്ങൾ നന്നേ കുറവാ​യി​രു​ന്നു. എന്നാൽ ലഭ്യമായ സൗകര്യം സന്തോ​ഷ​പൂർവം സ്വീക​രി​ച്ച​തി​നാൽ അവർ സഹോ​ദ​ര​ങ്ങൾക്കു പ്രിയ​ങ്ക​ര​രാ​യി. 1983-ൽ ഹോൺഷൂ​വി​ന്റെ വടക്കു ഭാഗത്തെ ഒരു വലിയ വീട്ടിൽ ഒരു അവിവാ​ഹി​ത​നായ സഹോ​ദ​ര​നോ​ടും അദ്ദേഹ​ത്തി​ന്റെ അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങ​ളോ​ടും കൂടെ താനും ഭാര്യ​യും താമസി​ച്ച​പ്പോ​ഴത്തെ അനുഭവം കേയിച്ചി യോഷി​ദ​യിൽ ചിരി​യു​ണർത്തു​ന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “ആ കുടും​ബം ഞങ്ങളെ ഊഷ്‌മ​ള​മാ​യി വരവേറ്റ്‌ താമസി​ക്കാ​നുള്ള സ്ഥലം കാണി​ച്ചു​തന്നു—ഒരു ബുദ്ധമത വേദിക വെച്ചി​രുന്ന മുറി​യാ​യി​രു​ന്നു അത്‌. ഞങ്ങൾ ഉറങ്ങാൻ കിടക്കു​മ്പോൾ, അവിടത്തെ വല്യപ്പൻ നിശാ​വ​സ്‌ത്രം ധരിച്ച്‌ നിരക്കി​മാ​റ്റുന്ന വാതിൽ തുറന്ന്‌ അകത്ത്‌ കടന്ന്‌ ഞങ്ങളോട്‌ ഒന്നും പറയാതെ വേദി​ക​മണി മുഴക്കു​ക​യും ധൂപം കത്തിക്കു​ക​യും പ്രാർഥ​നകൾ ഉരുവി​ടു​ക​യും ചെയ്‌തിട്ട്‌ മുറി​യു​ടെ മറുവ​ശ​ത്തു​കൂ​ടി പുറത്തു പോയി. മറ്റുള്ള​വ​രും അതു​പോ​ലെ​തന്നെ ചെയ്‌തു. വേദി​ക​സ​ന്ദർശനം എപ്പോ​ഴാ​ണെ​ന്നോ ഏത്‌ ദിശയിൽനി​ന്നാ​ണെ​ന്നോ അറിയാ​തെ ഞങ്ങൾ വാരം മുഴുവൻ കഴിച്ചു​കൂ​ട്ടി. എന്നാൽ ദയാവാ​യ്‌പും അതിഥി​പ്രി​യ​വു​മുള്ള ആ കുടും​ബ​ത്തോ​ടൊ​പ്പം ഞങ്ങൾ ആസ്വാ​ദ്യ​മായ ഒരു വാരം ചെലവ​ഴി​ച്ചു.”

ഇപ്പോൾ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രു​ടെ എണ്ണം 209 ആണ്‌. അവർക്കു ശരാശരി 20 വർഷത്തെ മുഴു​സമയ സേവന​ത്തി​ന്റെ രേഖയുണ്ട്‌. അവരിൽ ഭൂരി​പ​ക്ഷ​വും മുമ്പ്‌ പ്രത്യേക പയനി​യർമാ​രാ​യി​രു​ന്നു. വീടു​തോ​റു​മുള്ള സാക്ഷീ​ക​ര​ണ​ത്തിൽ നല്ല പരിശീ​ലനം നൽകാൻ ആ പശ്ചാത്തലം അവരെ സഹായി​ക്കു​ന്നു. വയൽസേ​വ​ന​ത്തി​ലുള്ള അവരുടെ ഉത്സാഹ​മാണ്‌ ജപ്പാനി​ലെ വളരെ വിശി​ഷ്ട​മായ പയനിയർ ആത്മാവിന്‌ നിദാനം.

രാജ്യ​സാ​ക്ഷി​ക​ളു​ടെ ആവശ്യം കൂടു​ത​ലുള്ള സ്ഥലങ്ങളി​ലേക്കു മാറി​പ്പാർക്കാൻ വ്യക്തി​ക​ളെ​യും കുടും​ബ​ങ്ങ​ളെ​യും പ്രചോ​ദി​പ്പി​ക്കുന്ന കാര്യ​ത്തിൽ ഈ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രിൽ ചിലർ സഹായി​ച്ചി​ട്ടുണ്ട്‌. മറ്റു ചിലർ അവിശ്വാ​സി​ക​ളായ ഇണകൾക്കു പ്രത്യേക ശ്രദ്ധ കൊടു​ത്തി​ട്ടുണ്ട്‌. തത്‌ഫ​ല​മാ​യി, അവരിൽ ചിലർ സ്‌നാ​പ​ന​മേറ്റ സാക്ഷി​ക​ളാ​യി​ത്തീർന്നി​രി​ക്കു​ന്നു. സഞ്ചാര​സ​ഹോ​ദ​ര​ന്മാർ യുവജ​ന​ങ്ങ​ളോ​ടു കാട്ടിയ പ്രത്യേ​ക​മായ വ്യക്തിഗത താത്‌പ​ര്യ​ത്തി​ന്റെ​യും അവരുടെ മാതൃ​ക​യു​ടെ​യും ഫലമായി ആത്മീയ ലക്ഷ്യങ്ങൾ എത്തിപ്പി​ടി​ക്കാൻ യുവജ​ന​ങ്ങൾക്കും സഹായം ലഭിച്ചി​ട്ടുണ്ട്‌.

മിഷന​റി​മാർ തുടർന്നും പങ്കു വഹിക്കു​ന്നു

1970-കൾ ആയപ്പോ​ഴേ​ക്കും മിഷന​റി​മാ​രെ ചെറിയ നഗരങ്ങ​ളി​ലേക്കു നിയമി​ക്കാൻ തുടങ്ങി. ആ സ്ഥലങ്ങളിൽ ആളുകൾ കൂടുതൽ യഥാസ്ഥി​തി​ക​രും പാരമ്പ​ര്യാ​ധി​ഷ്‌ഠി​ത​രു​മാ​യി​രു​ന്നു, അതു​കൊണ്ട്‌ അവിടെ ശിഷ്യ​രാ​ക്കൽവേല മന്ദഗതി​യി​ലാ​യി​രു​ന്നു. സഭകളു​ണ്ടാ​യി​രു​ന്നി​ടത്ത്‌, പ്രാ​ദേ​ശിക സഹോ​ദ​രങ്ങൾ നേതൃ​ത്വ​മെ​ടു​ക്കാൻ അനുവ​ദി​ച്ചു​കൊണ്ട്‌ അനുഭ​വ​ജ്ഞാ​നം നേടാൻ മിഷന​റി​മാർ അവരെ സഹായി​ച്ചു. അകിത, കവഗുച്ചി, കോഫൂ, കോച്ചി, ഗിഫൂ, നാഗാ​നോ, യമഗത്ത, വാകയാമ തുടങ്ങി​യവ അവർ പ്രവർത്തിച്ച ചില നഗരങ്ങ​ളാ​യി​രു​ന്നു.

ബൈബിൾസ​ത്യ​ത്തി​ന്റെ പൂർണ വ്യാപ്‌തി ഉൾക്കൊ​ള്ളു​ന്ന​തി​ലെ ജ്ഞാനം വിലമ​തി​ക്കാൻ അവർ പ്രാ​ദേ​ശിക സാക്ഷി​കളെ ക്ഷമയോ​ടെ സഹായി​ച്ചു. (എബ്രാ. 6:1) കോഫൂ​വി​ലുള്ള ഒരു സഭയിലെ അധ്യക്ഷ​മേൽവി​ചാ​ര​ക​നായ മാസാ​വോ ഫുജി​മാ​ക്കി, സഭയിൽ നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്ട​മാ​ക്കൽ പുസ്‌തകം പഠിച്ചു​കൊ​ണ്ടി​രുന്ന സമയം ഓർമി​ക്കു​ന്നു. ഭാര്യ​മാ​രോട്‌ പരസ്യ​മാ​യി സ്‌നേഹം കാണി​ക്കാ​നുള്ള പ്രബോ​ധനം സ്വീക​രി​ക്കാൻ പ്രായ​മുള്ള ഒരു സഹോ​ദ​രനു ബുദ്ധി​മു​ട്ട​നു​ഭ​വ​പ്പെട്ടു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “യുദ്ധകാ​ല​ത്തിന്‌ മുമ്പ്‌ വിദ്യാ​ഭ്യാ​സം നേടിയ ഞങ്ങൾക്ക്‌ ഇത്‌ തീർച്ച​യാ​യും അസാധ്യ​മാണ്‌.” സഭയിലെ മിഷന​റി​മാ​രി​ലൊ​രാ​ളായ റിച്ചാർഡ്‌ ബെയ്‌ലി സ്വകാ​ര്യ​മാ​യി പിൻവ​രു​ന്ന​പ്ര​കാ​രം പറഞ്ഞു​കൊണ്ട്‌ ദയാപു​ര​സ്സരം അദ്ദേഹത്തെ സഹായി​ച്ചു: ‘നാം പഠിക്കുന്ന സത്യം ദേശീയ പശ്ചാത്ത​ല​ത്തി​നോ തലമു​റ​കൾക്കോ അതീത​മാ​യി​രി​ക്കണം; അവ എപ്പോ​ഴും ബാധക​മാണ്‌, എപ്പോ​ഴും പ്രയോ​ജ​ന​പ്ര​ദ​മാണ്‌. നാം സത്യത്തി​ന്റെ ഏതെങ്കി​ലു​മൊ​രു ഭാഗം കുറച്ചു​കാ​ണു​ക​യാ​ണെ​ങ്കിൽ, അതിന്റെ കൂടുതൽ പ്രസക്ത​മായ വശങ്ങൾ തള്ളിക്ക​ള​യാൻ ധൈര്യം കാട്ടി​യെ​ന്നും വരാം.’ (ലൂക്കൊ. 16:10) ആ സഹോ​ദ​രനു കാര്യം പിടി​കി​ട്ടി, അതിനു​ശേഷം അദ്ദേഹം സന്തോ​ഷ​പൂർവം തന്റെ ഭാര്യ​യോ​ടൊ​പ്പം ഇരിക്കു​ന്നതു കാണാ​മാ​യി​രു​ന്നു. അത്‌ അവർക്കൊ​രു പുത്തൻ അനുഭ​വ​മാ​യി​രു​ന്നു.

മിഷന​റി​മാ​രോ​ടു സഹവസി​ച്ച​തി​നാൽ മറ്റു വിധങ്ങ​ളി​ലും പ്രാ​ദേ​ശിക സാക്ഷി​കൾക്കു പ്രയോ​ജനം കിട്ടി. ഒരു സഹോ​ദ​രി​യു​ടെ അഭി​പ്രാ​യം ഇതായി​രു​ന്നു: “അവർ ആഹ്ലാദ​ഭ​രി​ത​രാ​യി​രു​ന്നു, ദൈവത്തെ സന്തോ​ഷ​ത്തോ​ടെ സേവി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ അവർക്ക​റി​യാ​മാ​യി​രു​ന്നു. നിയമങ്ങൾ ഉണ്ടാക്കു​ന്ന​തി​നു പകരം, സ്‌നേ​ഹ​ത്തി​ല​ധി​ഷ്‌ഠി​ത​മായ തത്ത്വങ്ങ​ളോ​ടു പറ്റിനിൽക്കു​ന്ന​തി​ന്റെ പ്രാധാ​ന്യ​വും ഞാൻ അവരിൽനി​ന്നു മനസ്സി​ലാ​ക്കി.”—ആവ. 10:12; പ്രവൃ. 13:52.

തങ്ങൾ ലോക​വ്യാ​പക സഹോ​ദ​ര​വർഗ​ത്തി​ന്റെ ഭാഗമാ​ണെന്ന്‌ നന്നായി മനസ്സി​ലാ​ക്കാൻ മിഷന​റി​മാർ പലരെ​യും സഹായി​ച്ചു. ടോക്കി​യോ​യിൽവെച്ച്‌ ആദ്യം മെൽബ ബാരി​യോ​ടൊ​ത്തു ബൈബിൾ പഠിച്ച കാസു​ക്കോ സാറ്റോ, വളരെ​യ​ധി​കം മത​വൈ​ര​മു​ണ്ടാ​യി​രുന്ന ഒരു പ്രദേ​ശത്ത്‌ പയനി​യ​റി​ങ്ങി​ലേർപ്പെ​ട്ടി​രി​ക്കെ താൻ എങ്ങനെ ശക്തീക​രി​ക്ക​പ്പെ​ട്ടു​വെന്ന്‌ ഓർമി​ക്കു​ന്നു. ഏകാന്തത അനുഭ​വ​പ്പെ​ട്ട​തി​നാൽ, താൻ മുൻസ​ഭ​യിൽവെച്ച്‌ സഹവസി​ച്ചി​രുന്ന മിഷന​റി​മാർക്ക്‌ അവരെ​ഴു​തി: “പ്രസം​ഗി​ക്കാൻ ഞാൻ തനിച്ചേ ഉള്ളൂ.” അനേകം മിഷന​റി​മാ​രു​ടെ സന്ദേശ​ങ്ങ​ള​ട​ങ്ങിയ ഒരു കത്ത്‌ അവർക്കു കിട്ടി, അതിൽ പലരും അങ്ങേയറ്റം ശ്രമം ചെയ്‌ത്‌ ജാപ്പനീസ്‌ അക്ഷരങ്ങ​ളു​പ​യോ​ഗിച്ച്‌ എഴുതി​യി​രു​ന്നു. ആ കത്ത്‌ ഇപ്രകാ​ര​മാ​യി​രു​ന്നു: “കാസു​ക്കോ, നീ തനിച്ചല്ല! ഒന്നു കാതോർത്തു​നോ​ക്കൂ, ആപ്പിൾത്തോ​ട്ട​ത്തി​ന​പ്പു​റ​ത്തു​നി​ന്നു കാലൊച്ച കേൾക്കു​ന്നി​ല്ലേ? ലോക​മെ​മ്പാ​ടു​മുള്ള തീക്ഷ്‌ണ​ത​യും വിശ്വ​സ്‌ത​ത​യു​മുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ കാലൊ​ച്ച​യാ​ണത്‌.”—വെളി​പ്പാ​ടു 7:9, 10 താരത​മ്യം ചെയ്യുക.

നിലവിൽ, ജപ്പാനി​ലെ അഞ്ച്‌ മിഷനറി ഭവനങ്ങ​ളി​ലാ​യി—യമഗത്ത, ഇവാക്കി, ടോയാ​മാ എന്നിവി​ട​ങ്ങ​ളി​ലു​ള്ള​തും ടോക്കി​യോ​യി​ലുള്ള രണ്ടെണ്ണ​വും—41 മിഷന​റി​മാർ സേവന​മ​നു​ഷ്‌ഠി​ക്കു​ന്നു. കൂടാതെ, ഒമ്പതു മിഷന​റി​മാർ സഞ്ചാര​വേ​ല​യി​ലും ഒമ്പതു പേർ എബിന​യി​ലെ ബെഥേ​ലി​ലു​മുണ്ട്‌. യഹോ​വ​യോ​ടും അവന്റെ സ്ഥാപന​ത്തോ​ടു​മുള്ള വിശ്വ​സ്‌ത​ത​യു​ടെ കാര്യ​ത്തിൽ ഈ മിഷന​റി​മാർ നല്ലൊരു ദൃഷ്ടാന്തം വെച്ചി​രി​ക്കു​ന്നു. ജപ്പാനി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വീക്ഷണം “വിശാല”മാക്കു​ന്ന​തി​ലും സത്യം സംബന്ധിച്ച അവരുടെ ഗ്രാഹ്യം ആഴമു​ള്ള​താ​ക്കു​ന്ന​തി​ലും ഈ മിഷന​റി​മാർ വാക്കാ​ലും പ്രവൃ​ത്തി​യാ​ലും ഗണ്യമായ പങ്കു വഹിച്ചി​രി​ക്കു​ന്നു.—2 കൊരി. 6:13; എഫെ. 3:18.

അനിയ​മിത പ്രദേ​ശങ്ങൾ പ്രവർത്തി​ച്ചു​തീർക്കാൻ വേനൽക്കാല പ്രവർത്ത​ന​ങ്ങൾ

വിദൂര നഗരങ്ങ​ളി​ലും പട്ടണങ്ങ​ളി​ലും സുവാർത്ത എത്തിക്കു​ന്ന​തിൽ മറ്റുള്ള​വ​രും പങ്കു വഹിച്ചു. അനിയ​മിത പ്രദേ​ശ​ങ്ങ​ളിൽ വേനൽക്കാല മാസങ്ങ​ളിൽ പ്രവർത്തി​ക്കു​ന്ന​തി​നുള്ള ക്ഷണം 1971-ൽ നിരന്ത​ര​പ​യ​നി​യർമാർക്കു വെച്ചു​നീ​ട്ടു​ക​യു​ണ്ടാ​യി. പിന്നീട്‌ 1974-ൽ, വേനൽക്കാ​ലത്തെ മൂന്നു മാസങ്ങ​ളി​ലേ​ക്കാ​യി താത്‌കാ​ലിക പ്രത്യേക പയനിയർ സേവന​ക്ര​മീ​ക​രണം നിലവിൽ വന്നു. ഓരോ വർഷവും 25 വ്യത്യസ്‌ത പ്രദേ​ശ​ങ്ങ​ളി​ലേക്ക്‌ 50 താത്‌കാ​ലിക പ്രത്യേക പയനി​യർമാ​രെ നിയമി​ച്ചു. വലിയ അളവിൽ സാഹി​ത്യ​ങ്ങ​ളും സമർപ്പി​ക്ക​പ്പെട്ടു.

1980 ആയപ്പോ​ഴേ​ക്കും, ജപ്പാനിൽ സഭകൾക്കൊ​ന്നും നിയമി​ച്ചു​കൊ​ടു​ക്കാത്ത പ്രദേ​ശ​ങ്ങ​ളിൽ താമസി​ക്കുന്ന വ്യക്തി​ക​ളു​ടെ എണ്ണം ഏതാണ്ട്‌ 78,00,000 മാത്ര​മാ​യി​രു​ന്നു. തന്മൂലം, താത്‌കാ​ലിക പ്രത്യേക പയനി​യർമാ​രെ നിയമി​ക്കു​ന്ന​തി​നു പകരം, അനിയ​മിത പ്രദേ​ശ​ങ്ങ​ളിൽ വേനൽക്കാല മാസങ്ങ​ളിൽ പ്രവർത്തി​ക്കു​ന്ന​തി​നു നിരന്ത​ര​പ​യ​നി​യർമാ​രു​ടെ കൂട്ടങ്ങ​ളെ​യും കുടും​ബ​ങ്ങ​ളെ​യും ബ്രാഞ്ച്‌ ഓഫീസ്‌ ക്ഷണിക്കു​ക​യു​ണ്ടാ​യി. ഒത്തൊ​രു​മി​ച്ചു കാര്യങ്ങൾ ചെയ്യാ​നി​ഷ്ട​പ്പെ​ടുന്ന ജപ്പാനി​ലെ സാക്ഷി​കളെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, അത്‌ ആസ്വാ​ദ്യ​മായ ഒരു സംഗതി​യാ​യി​രു​ന്നു.

ഹൃദ​യോ​ഷ്‌മ​ളത പകരു​ന്ന​താ​യി​രു​ന്നു ഫലങ്ങൾ. അനിയ​മിത പ്രദേ​ശത്ത്‌ പ്രവർത്തി​ച്ചി​രുന്ന ഒരു പ്രസാ​ധകൻ 1986-ൽ ഇബരക്കി ഭരണ​പ്ര​ദേ​ശ​ത്തുള്ള മിവാ എന്ന ഗ്രാമ​ത്തി​ലെ പർവത​മു​ക​ളി​ലു​ണ്ടാ​യി​രുന്ന ഒരു വീട്ടിൽ ചെന്നു. അദ്ദേഹത്തെ സ്വാഗതം ചെയ്‌തത്‌ വീട്ടമ്മ​യാ​യി​രു​ന്നു, അവരുടെ പക്കൽ നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്ട​മാ​ക്കൽ, എന്റെ ബൈബിൾ കഥാ പുസ്‌തകം എന്നീ പുസ്‌ത​ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. മുമ്പൊ​രി​ക്കൽ അവർക്കു ലഭിച്ച​താ​യി​രു​ന്നു ആ പുസ്‌ത​കങ്ങൾ, അവ പലയാ​വർത്തി വായി​ക്കു​ക​യും ചെയ്‌തി​രു​ന്നു. അവർ പുസ്‌ത​ക​ക്ക​ട​ക​ളിൽ ഒരു ബൈബി​ളി​നാ​യി അന്വേ​ഷണം നടത്തി​യെ​ങ്കി​ലും കിട്ടി​യില്ല. അതിനാൽ, ഒരു ക്രിസ്‌തീയ കുടും​ബം തന്റെ ഗ്രാമ​ത്തിൽ താമസി​ക്കാൻ എത്തുന്നു​വെന്ന്‌ കേട്ട​പ്പോൾ അവർ വളരെ സന്തോ​ഷി​ച്ചു. ഉടൻതന്നെ ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു, ഇപ്പോൾ അവരുടെ മുഴു​കു​ടും​ബ​വും സത്യത്തി​ലാണ്‌.

ക്രമേണ, ശേഷിച്ച പട്ടണങ്ങ​ളും ഗ്രാമ​ങ്ങ​ളും അടുത്തുള്ള സഭകൾക്കു നിയമി​ച്ചു​കൊ​ടു​ത്തു.

മൂപ്പന്മാർക്കു പ്രത്യേക പരിശീ​ല​നം

സുവാർത്താ​പ്ര​സം​ഗം വ്യാപി​ച്ച​തോ​ടെ, സഭകളു​ടെ എണ്ണവും വലുപ്പ​വും വർധിച്ചു. മിക്ക​പ്പോ​ഴും നേതൃ​ത്വ​മെ​ടു​ക്കു​ന്ന​തി​നു സഭയിൽ ഒന്നോ രണ്ടോ സഹോ​ദ​ര​ന്മാ​രേ ഉണ്ടായി​രു​ന്നു​ള്ളൂ. അവരിൽ മിക്കവർക്കും സഭാപ​ര​മായ കാര്യ​ങ്ങ​ളിൽ പരിശീ​ലനം ലഭിച്ചി​രു​ന്നു​മില്ല. എന്നാൽ 1972 ഒക്ടോബർ 1-ന്‌ മൂപ്പൻക്ര​മീ​ക​രണം പ്രാബ​ല്യ​ത്തിൽ വന്നതോ​ടെ, പുതു​താ​യി നിയമി​ക്ക​പ്പെട്ട മൂപ്പന്മാ​രെ ന്യുമാ​സൂ​വി​ലുള്ള ബ്രാഞ്ചി​ലേക്കു വിളിച്ച്‌ രണ്ടാഴ്‌ചത്തെ പ്രത്യേക പരിശീ​ലനം നൽകി

ആ സ്‌കൂൾ വാസ്‌ത​വ​ത്തിൽ ഒരു നാഴി​ക​ക്ക​ല്ലാ​യി​രു​ന്നു. യഥാർഥ സ്‌നേഹം കാണി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാ​നും സഹസാ​ക്ഷി​ക​ളോട്‌ ഇടപെ​ടു​ന്ന​തിൽ സമനി​ല​യും ന്യായ​ബോ​ധ​വു​മു​ള്ള​വ​രാ​യി​രിക്കാ​നും സഹോ​ദ​ര​ന്മാ​രെ സഹായി​ക്കാൻ അധ്യാ​പ​ക​ന്മാർ ശ്രമിച്ചു. (2 കൊരി. 1:24) സ്വന്തം കുടും​ബത്തെ ആത്മീയ​മാ​യി പരിപാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​പ്പ​റ്റി​യും അവർ ഊന്നി​പ്പ​റഞ്ഞു. (1 തിമൊ. 3:4; 5:8) പൗരസ്‌ത്യ​ഭ​വ​ന​ങ്ങ​ളിൽ സാധാരണ അതിന്‌ പ്രാധാ​ന്യം കൽപ്പി​ച്ചി​രു​ന്നില്ല.

സ്‌കൂ​ളിൽനി​ന്നു പരമാ​വധി പ്രബോ​ധനം ഉൾക്കൊ​ള്ളാൻ സഹോ​ദ​ര​ന്മാർ ഉത്സുക​രാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, തങ്ങളുടെ സ്‌കൂൾനാ​ളു​ക​ളി​ലേ​തു​പോ​ലെ എല്ലാം മനപ്പാഠം പഠിക്കാ​നാ​യി​രു​ന്നു പലരു​ടെ​യും ചായ്‌വ്‌. പ്രബോ​ധ​ക​രിൽ ഒരാളാ​യി​രുന്ന താകാഷി ആബെ ഇങ്ങനെ അനുസ്‌മ​രി​ക്കു​ന്നു: “പകൽ ചർച്ച​ചെയ്‌ത വിവര​ങ്ങ​ളു​ടെ നോട്ടു​കൾ ശ്രമം​ചെ​യ്‌ത്‌ തയ്യാറാ​ക്കി​ക്കൊണ്ട്‌ വിദ്യാർഥി​കൾ രാത്രി വൈകും​വരെ ഉണർന്നി​രി​ക്കു​മാ​യി​രു​ന്നു. വളരെ​യ​ധി​കം കുറി​പ്പു​കൾ എഴുതു​ക​യും നിയമങ്ങൾ ഉണ്ടാക്കു​ക​യും ചെയ്യു​ന്ന​തിൽനിന്ന്‌ ഞങ്ങളവരെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി. പകരം, ചിന്താ​പ്രാ​പ്‌തി ഉപയോ​ഗി​ക്കാ​നും ബൈബിൾത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കാ​നും അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.”—റോമ. 12:1; എബ്രാ. 5:14.

വ്യക്തി​പ​ര​മാ​യി വലിയ ത്യാഗം സഹിച്ചാ​ണു പലരും ഈ സ്‌കൂ​ളിൽ സംബന്ധി​ച്ചത്‌. 1,300 കിലോ​മീ​റ്റർ വടക്കായി മഞ്ഞണിഞ്ഞു കിടക്കുന്ന പ്രദേ​ശ​മായ ഹൊ​ക്കൈ​ദോ​യിൽനി​ന്നാ​ണു ചിലർ വന്നത്‌; മറ്റു ചിലരാ​കട്ടെ, 1,800 കിലോ​മീ​റ്റർ തെക്കു​മാ​റി കിടക്കുന്ന ഉപോ​ഷ്‌ണ​മേ​ഖലാ പ്രദേ​ശ​മായ ഓക്കി​നാ​വ​യിൽനി​ന്നും. കുടും​ബ​ങ്ങ​ളി​ലേക്കു മടങ്ങി​ച്ചെ​ല്ലു​മ്പോൾ പുതിയ തൊഴിൽ കണ്ടെ​ത്തേ​ണ്ട​വർപോ​ലും ആ കൂട്ടത്തി​ലു​ണ്ടാ​യി​രു​ന്നു. 1977-ൽ, രാജ്യ​ത്തെ​ങ്ങു​മാ​യി നാനാ​യി​ട​ങ്ങ​ളിൽ ദ്വിദിന സ്‌കൂൾ പരിപാ​ടി​കൾ നടത്ത​പ്പെട്ടു. തന്മൂലം സഹോ​ദ​ര​ന്മാർക്ക്‌ ആ സ്‌കൂ​ളിൽ സംബന്ധി​ക്കാൻ കൂടുതൽ എളുപ്പ​മാ​യി.

കുടുംബ എതിർപ്പി​നെ നേരിടൽ

ജപ്പാനിൽ ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീ​രുക എന്നത്‌ അത്ര എളുപ്പമല്ല. “പ്രത്യേ​കി​ച്ചും ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ, തങ്ങളുടെ സമുദാ​യ​ത്തിൽ ജീവി​ക്കുന്ന ബന്ധുക്ക​ളിൽനിന്ന്‌ അവർ വളരെ​യ​ധി​കം എതിർപ്പ്‌ നേരി​ടു​ന്നു,” 37 വർഷമാ​യി ഒരു പയനി​യ​റാ​യി പ്രവർത്തി​ക്കുന്ന ഹിരോ​ക്കോ എറ്റോ വിശദീ​ക​രി​ക്കു​ന്നു. “സമുദാ​യ​ത്തി​ലെ മറ്റുള്ള​വ​രിൽനി​ന്നും വ്യത്യ​സ്‌ത​നായ ഒരു കുടും​ബാം​ഗം ഉണ്ടായി​രി​ക്കു​ന്നതു ബന്ധുക്കൾക്കു നാണ​ക്കേ​ടാണ്‌, മാനു​ഷ​ഭയം വളരെ ശക്തമാണ്‌.”

ഹിരോ​ക്കോ​യു​ടെ അമ്മയായ യൂറി​ക്കോ എറ്റോ​യ്‌ക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി സമ്പർക്ക​ത്തിൽ വരുന്ന​തി​നു മുമ്പു​തന്നെ ബൈബിൾ വളരെ ഇഷ്ടമാ​യി​രു​ന്നു. എന്നാൽ, വിശ്വസ്‌ത ക്രിസ്‌ത്യാ​നി​ക​ളു​ടെ ഒരു ചെറിയ ആട്ടിൻകൂ​ട്ടത്തെ സ്വർഗ​ത്തി​ലേക്കു കൊണ്ടു​പോ​കാ​നും യഹോ​വ​യു​ടെ സന്തുഷ്ട​രായ ദാസന്മാ​രെ​ക്കൊ​ണ്ടു നിറഞ്ഞ ഒരു പറുദീ​സ​യാ​യി ഈ ഭൂമിയെ മാറ്റാ​നു​മുള്ള ദൈ​വോ​ദ്ദേ​ശ്യ​ത്തെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കാൻ 1954-ൽ സാക്ഷികൾ ആ സ്‌ത്രീ​യെ സഹായി​ച്ച​പ്പോൾ, ആ സുവാർത്ത മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ അവർക്കു വളരെ ആകാം​ക്ഷ​യു​ണ്ടാ​യി​രു​ന്നു. യഹോ​വ​യു​ടെ അംഗീ​കാ​രം ലഭിക്കു​ന്ന​തിന്‌ മാനു​ഷ​ഭ​യത്തെ തരണം ചെയ്യാൻ അവരും കുട്ടി​ക​ളും അനേകരെ സഹായി​ച്ചി​രി​ക്കു​ന്നു.

ആത്മാർഥ​ത​യു​ള്ള ഒരു സ്‌ത്രീ​യെ സഹായി​ക്കുന്ന കാര്യ​ത്തിൽ ഹിരോ​ക്കോ​യ്‌ക്ക്‌ പിൻവ​രുന്ന അനുഭ​വ​മു​ണ്ടാ​യി. ഒരു വീട്ടമ്മ ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ അമ്മായി​യ​മ്മ​യിൽനിന്ന്‌ എതിർപ്പു നേരിട്ടു. അവരും ഭർത്താ​വും അമ്മായി​യ​മ്മ​യോ​ടൊ​ത്താ​യി​രു​ന്നു താമസി​ച്ചി​രു​ന്നത്‌. കുടും​ബ​സ​മാ​ധാ​നം തകർക്കാൻ ആഗ്രഹി​ക്കാഞ്ഞ ആ വീട്ടമ്മ പഠനം നിർത്തി​ക്ക​ളഞ്ഞു. “റോഡിൽവെച്ച്‌ എന്റെ കണ്ണുകൾ അവർക്കു വേണ്ടി പരതു​മാ​യി​രു​ന്നു. അമ്മായി​യ​മ്മ​യോട്‌ ദയ കാണി​ക്കാ​നും മാതൃക വെച്ചു​കൊ​ണ്ടു ബൈബിൾ പഠിക്കു​ന്ന​തി​ന്റെ നല്ല ഫലം കാട്ടി​ക്കൊ​ടു​ക്കാ​നും ഞാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു,” ഹിരോ​ക്കോ പറയുന്നു. “അവർ, താൻ പഠിച്ചു​കൊ​ണ്ടി​രുന്ന കാര്യങ്ങൾ സംബന്ധി​ച്ചു ഭർത്താ​വി​നോ​ടു നയപര​മാ​യി ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊണ്ട്‌ ക്രമേണ അയാളു​ടെ താത്‌പ​ര്യ​മു​ണർത്തി. ആദ്യം ഭർത്താവ്‌ അവരോ​ടു പറഞ്ഞു: ‘ഇതു​പോ​ലുള്ള ഒരു ഗ്രാമ​പ്ര​ദേ​ശത്ത്‌ ഒരു ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കുക അസാധ്യ​മാണ്‌.’ എന്നിരു​ന്നാ​ലും, യഹോ​വ​യോ​ടുള്ള സ്‌നേഹം വളരെ​യ​ധി​കം എതിർപ്പ്‌ തരണം ചെയ്യാൻ അവരെ സഹായി​ച്ചു.” ഇപ്പോൾ അവരി​രു​വ​രും മൂത്ത മകനും സ്‌നാ​പ​ന​മേ​റ്റ​വ​രാണ്‌. ശുശ്രൂ​ഷാ​ദാ​സ​നായ ഭർത്താവ്‌ തന്റെ ഭവനത്തിൽ സഭാപു​സ്‌ത​കാ​ധ്യ​യനം നടത്തുന്നു. അദ്ദേഹം ആദ്യ പരസ്യ​പ്ര​സം​ഗം നടത്തി​യ​പ്പോൾ എല്ലാവ​രെ​യും അതിശ​യി​പ്പി​ച്ചു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ അമ്മയും യോഗ​ത്തി​നു ഹാജരാ​യി.

പലപ്പോ​ഴും എതിർപ്പു​ണ്ടാ​കു​ന്നത്‌ വിവാ​ഹിത ഇണകളിൽനി​ന്നാണ്‌. ചില ഭർത്താ​ക്ക​ന്മാർ എതിർക്കു​ന്നത്‌ അസൂയ​കൊ​ണ്ടോ പുരു​ഷ​മേ​ധാ​വി​ത്വം സാധാ​ര​ണ​മായ ചുറ്റു​പാ​ടു​ക​ളിൽ വളർന്നു​വ​ന്ന​തു​കൊ​ണ്ടോ ആണ്‌. 1970-കളുടെ ആരംഭ​ത്തിൽ, നവവധു​വായ കെയ്‌ക്കോ ഇച്ചിമാ​രു ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ അവളുടെ ഭർത്താ​വായ ഹിരോ​യൂ​ക്കി ശക്തമായി എതിർക്കു​ക​യും യോഗ​ങ്ങൾക്കു പോക​രു​തെന്ന്‌ അവളോ​ടു പറയു​ക​യും ചെയ്‌തു. “മതം കഴിഞ്ഞുള്ള സ്ഥാനമേ എനിക്കു​ള്ളു​വെന്ന ചിന്ത എനിക്കു ദുസ്സഹ​മാ​യി​രു​ന്നു,” ഹിരോ​യൂ​ക്കി പിന്നീട്‌ വിശദീ​ക​രി​ച്ചു. കെയ്‌ക്കോ ഭർത്താ​വി​നെ സ്‌നേ​ഹി​ച്ചി​രു​ന്ന​തി​നാൽ, താൻ പഠിക്കു​ന്നത്‌ നല്ലതാ​ണോ​യെന്നു പരി​ശോ​ധി​ച്ചു​നോ​ക്കാൻ അവൾ നയപൂർവം അദ്ദേഹ​ത്തോട്‌ ആവശ്യ​പ്പെട്ടു. സ്വന്തമാ​യി ബൈബിൾ പഠിക്കാൻ അയാൾ തീരു​മാ​നി​ച്ചെ​ങ്കി​ലും അതു മനസ്സി​ലാ​ക്കാ​നാ​യില്ല. അധ്യയ​ന​ത്തിൽ തനിക്ക്‌ കൂടെ ഇരിക്കാൻ പറ്റു​മോ​യെന്ന്‌ അയാൾ ഭാര്യ​യോ​ടു ചോദി​ച്ചു. അവർ ഇരുവ​രും സ്‌നാ​പ​ന​മേറ്റ സാക്ഷി​ക​ളാ​യി​ത്തീർന്നു. ക്രമേണ ഒരു നിരന്ത​ര​പ​യ​നി​യ​റാ​യി​ത്തീർന്ന ഹിരോ​യൂ​ക്കി ഇപ്പോൾ ഒരു മൂപ്പനു​മാണ്‌.

1971-ൽ ചിക്കു​ഗോ​യിൽ രാജ്യ​പ്ര​സം​ഗ​വേല തുടങ്ങി​യ​ശേഷം ആദ്യം ബൈബിൾസ​ന്ദേശം സ്വീക​രി​ച്ച​വ​രിൽ ഒരുവ​ളാ​യി​രു​ന്നു മായുക്കി സാക്കാ​മോ​ട്ടോ. അടുത്തുള്ള ഒരു നഗരത്തിൽ അവളും മകനും യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ തുടങ്ങി​യ​പ്പോൾ ഭർത്താ​വായ ടൊ​യോ​ട്ടാ എതിർപ്പു പ്രകടി​പ്പി​ച്ചു. അവളെ തടയാൻ ദൃഢതീ​രു​മാ​നം ചെയ്‌ത ടൊ​യോ​ട്ടാ തന്റെ എതിർപ്പു ശക്തി​പ്പെ​ടു​ത്തി. 14 വർഷ​ത്തോ​ളം, അവൾ 1973-ൽ സ്‌നാ​പ​ന​മേ​റ്റ​ശേഷം പോലും, അയാൾ എതിർപ്പു തുടർന്നു. ഒരിക്കൽ, ഭാര്യ​യു​ടെ നേരേ തോക്കു ചൂണ്ടി അയാൾ അലറി: “നീ ഇത്‌ ഉപേക്ഷി​ക്കു​ന്നി​ല്ലെ​ങ്കിൽ ഞാൻ നിന്നെ കൊന്നു​ക​ള​യും!” അവളുടെ ശാന്തമായ പ്രതി​ക​രണം ടൊ​യോ​ട്ടാ​യിൽ ജിജ്ഞാ​സ​യു​ണർത്തി. അവളെ ഇത്ര അചഞ്ചല​യാ​ക്കി​യത്‌ എന്താ​ണെന്ന്‌ അയാൾ അത്ഭുതം കൂറി.

അതെല്ലാം നേരി​ട്ടി​ട്ടും മായുക്കി ഭർത്താ​വി​നോ​ടു സ്‌നേഹം കാണി​ക്കാൻ ശ്രമിച്ചു. സത്യം പഠിക്കാൻ അയാളെ സഹായി​ക്കാ​നുള്ള ശ്രമം അവൾ ഒരിക്ക​ലും ഉപേക്ഷി​ച്ചില്ല. (1 പത്രൊ. 3:1, 2) ഒരിക്കൽ, താൻ ലൗകിക ജോലി ചെയ്യു​മ്പോൾ ഭാര്യ​യും മകനും പയനി​യ​റിങ്‌ ചെയ്യു​ന്നു​വെന്ന വസ്‌തു​ത​യാൽ അസ്വസ്ഥ​നായ ടൊ​യോ​ട്ടാ തന്റെ ജോലി ഉപേക്ഷി​ച്ചു. അദ്ദേഹം ചെയ്‌ത വലി​യൊ​രു നടപടി​യാ​യി​രു​ന്നു അത്‌. കാരണം, ജപ്പാൻകാർ പൊതു​വേ തങ്ങളുടെ ജോലി​യെ വളരെ വില​യേ​റി​യ​താ​യി കണക്കാ​ക്കു​ന്നു. ഭാര്യ​യും മകനും തന്നെ​പ്രതി ദുഃഖി​ക്കു​മെ​ന്നാണ്‌ അദ്ദേഹം കരുതി​യത്‌. എന്നാൽ താൻ ചെയ്‌തത്‌ വീട്ടിൽ വന്ന്‌ അറിയി​ച്ച​പ്പോൾ അവർ കയ്യടി​ക്കു​ക​യാ​ണു ചെയ്‌തത്‌. അത്‌ ടൊ​യോ​ട്ടാ​യെ ചിന്തി​ക്കാൻ പ്രേരി​പ്പി​ച്ചു. താമസി​യാ​തെ അയാൾ ബൈബിൾ പഠിക്കാൻ തുടങ്ങി. കാല​ക്ര​മ​ത്തിൽ, അവരോ​ടൊ​പ്പം പയനി​യർസേ​വ​ന​ത്തിൽ പ്രവേ​ശിച്ച അദ്ദേഹം ഇപ്പോൾ ഒരു ക്രിസ്‌തീയ മൂപ്പനാ​യി സേവന​മ​നു​ഷ്‌ഠി​ക്കു​ന്നു.

1970-കളുടെ തുടക്ക​ത്തിൽ നമ്മുടെ യോഗ​ങ്ങൾക്ക്‌ ആദ്യമാ​യി വരുന്ന പുരു​ഷ​ന്മാർ, സ്‌ത്രീ​ക​ളും കുട്ടി​ക​ളും മാത്ര​മാണ്‌ യോഗ​ങ്ങൾക്കു വരുന്ന​തെന്ന്‌ മിക്ക​പ്പോ​ഴും അഭി​പ്രാ​യ​പ്പെട്ടു. എന്നാൽ അന്നുമു​തൽ പതിനാ​യി​ര​ക്ക​ണ​ക്കി​നു പുരു​ഷ​ന്മാർ നല്ല ആത്മീയ പുരോ​ഗതി കൈവ​രി​ച്ചി​രി​ക്കു​ന്നു. സ്ഥാപന​ത്തി​ലെ ആവശ്യങ്ങൾ നിറ​വേ​റ്റാൻ ആത്മീയ പക്വത​യുള്ള പുരു​ഷ​ന്മാ​രെ​ക്കൊണ്ട്‌ ബലിഷ്‌ഠ​മാ​ണു സ്ഥാപനം ഇപ്പോൾ. 1970-കളിൽ എതിർത്തി​രുന്ന ചിലരും അതിൽ പെടുന്നു.

പയനി​യർമാർ സ്‌കൂ​ളി​ലേക്ക്‌

1970-കളിൽ ഓരോ സഭയി​ലും പയനിയർ ശുശ്രൂ​ഷ​ക​രു​ടെ ശതമാനം ഉയർന്ന​താ​യി​രു​ന്ന​തി​നാൽ (25 മുതൽ 30 വരെ ശതമാനം), പയനി​യർസേ​വ​ന​സ്‌കൂ​ളിൽ ചേരാൻ അനേക​രു​ണ്ടാ​യി​രു​ന്നു. ജപ്പാനിൽ അത്‌ ആരംഭി​ച്ചത്‌ 1978 ജനുവ​രി​യി​ലാണ്‌. സഭകൾ പക്വത കൈവ​രി​ക്കു​ന്ന​തിൽ ഈ വിദ്യാ​ഭ്യാ​സ പരിപാ​ടി വലി​യൊ​രു പങ്ക്‌ വഹിച്ചി​രി​ക്കു​ന്നു.

സ്‌കൂ​ളി​ലേക്ക്‌ ആദ്യം ക്ഷണിക്ക​പ്പെ​ട്ടവർ പ്രത്യേക പയനി​യർമാ​രും മിഷന​റി​മാ​രും സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രും അവരുടെ ഭാര്യ​മാ​രു​മാ​യി​രു​ന്നു. ആദ്യത്തെ അധ്യാ​പ​ക​രിൽ ഒരാളായ ഷിഗെരൂ യോഷി​യോ​ക്കാ ഇങ്ങനെ അനുസ്‌മ​രി​ക്കു​ന്നു: “ആദ്യകാല ക്ലാസ്സു​ക​ളിൽ അനുഭ​വ​ജ്ഞാ​ന​മുള്ള ഈ പയനി​യർമാർ ഉണ്ടായി​രു​ന്നത്‌ ഒരു വലിയ സഹായം​തന്നെ ആയിരു​ന്നു. ഈ പക്വത​യുള്ള ശുശ്രൂ​ഷ​ക​രു​ടെ ഉത്തരങ്ങ​ളിൽനി​ന്നും അനുഭ​വ​ങ്ങ​ളിൽനി​ന്നും പഠിച്ച കാര്യങ്ങൾ മറ്റു ക്ലാസ്സിലെ വിദ്യാർഥി​ക​ളു​മാ​യി പങ്കു​വെ​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.”

1980 ഫെബ്രു​വ​രി​യിൽ തുടങ്ങി ഓരോ സർക്കി​ട്ടി​ലും പയനി​യർസേ​വ​ന​സ്‌കൂൾ നടത്താൻ തുടങ്ങി. ആ കോഴ്‌സിൽ സംബന്ധി​ച്ചി​ട്ടുള്ള സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രും പക്വത​യുള്ള ക്രിസ്‌ത്യാ​നി​ക​ളും അധ്യാ​പ​ക​രാ​യി സേവിച്ചു. ഈ സ്‌കൂൾ ആരംഭി​ച്ച​തി​നു​ശേ​ഷ​മുള്ള എട്ട്‌ വർഷങ്ങ​ളിൽ നിരന്ത​ര​പ​യ​നി​യർമാ​രു​ടെ എണ്ണത്തിൽ ശരാശരി 22 ശതമാനം വാർഷിക വർധന​വു​ണ്ടാ​യി, അതി​നോ​ടുള്ള താരത​മ്യ​ത്തിൽ പ്രസാ​ധ​ക​രു​ടെ വർധനവ്‌ 12 ശതമാ​ന​മാ​യി​രു​ന്നു. ഇപ്പോൾ മിക്ക സർക്കി​ട്ടു​ക​ളി​ലും 25-ഓ 30-ഓ വിദ്യാർഥി​കൾ വീതമുള്ള രണ്ടോ അതില​ധി​ക​മോ പയനിയർ ക്ലാസ്സുകൾ ഓരോ വർഷവും ക്രമമാ​യി നടക്കുന്നു.

ഈ സ്‌കൂ​ളിൽ സംബന്ധി​ക്കുന്ന പയനി​യർമാ​രിൽ മിക്കവ​രും വിശ്വാ​സ​ത്തിൽ പുതി​യ​വ​രാണ്‌. എന്നാൽ ഈ വിദ്യാ​ഭ്യാ​സ​ത്തി​ന്റെ ഫലമായി അവർ തങ്ങളുടെ ശുശ്രൂ​ഷ​യിൽ ആത്മവി​ശ്വാ​സ​വും ധൈര്യ​വും നേടുന്നു. ക്രിസ്‌തീയ ജീവി​ത​ത്തിൽ അവർ വില​യേ​റിയ പാഠങ്ങൾ ഉൾക്കൊ​ള്ളു​ക​യും ചെയ്യുന്നു. ഒരു പയനിയർ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഇപ്പോൾവരെ, സേവനം, കുട്ടി​ക​ളു​ടെ പരിശീ​ലനം, ക്രിസ്‌തീയ വ്യക്തി​ത്വം, ബൈബിൾപ​രി​ജ്ഞാ​നം തുടങ്ങി​യ​വ​യെ​ല്ലാം എന്റെ മനസ്സിൽ കൂടി​ക്കു​ഴഞ്ഞു കിടക്കു​ക​യാ​യി​രു​ന്നു. എന്നാൽ പത്തു ദിവസത്തെ സ്‌കൂൾ കോഴ്‌സി​ന്റെ ഫലമായി അവയെ​ല്ലാം ക്രമ​പ്പെ​ടു​ത്താൻ എനിക്കു കഴിഞ്ഞു.” 1997 സെപ്‌റ്റം​ബർ വരെയുള്ള കണക്കനു​സ​രിച്ച്‌ 3,650 ക്ലാസ്സുകൾ നടത്ത​പ്പെട്ടു; 87,158 പയനി​യർമാർ അതിൽ സംബന്ധി​ക്കു​ക​യും ചെയ്‌തു.

എല്ലാത്തരം ആളുക​ളും പ്രതി​ക​രി​ച്ചി​രി​ക്കു​ന്നു

നാനാ പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള ആളുകൾ ജപ്പാനി​ലെ ദിവ്യാ​ധി​പത്യ സ്ഥാപന​ത്തി​നു വർണപ്പ​കി​ട്ടേ​കു​ന്നു. യൊ​ക്കൊ​ഹമ സഭയിലെ സൗമ്യ​നായ ഒരു മൂപ്പനാണ്‌ തോഷി​യാ​ക്കി നിവാ. എന്നാൽ, യു.എസ്‌. നാവി​ക​ക്ക​പ്പ​ലു​കൾക്കു നേരേ ചാവേർ ആക്രമണം നടത്താ​നുള്ള പരിപാ​ടി​യ​നു​സ​രിച്ച്‌ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ ഒടുവിൽ ഓക്കാ എന്നു പേരുള്ള ഒരു റോക്കറ്റ്‌ ഗ്ലൈഡർ പറത്താൻ പരിശീ​ലനം നേടു​ക​യാ​യി​രു​ന്നു അദ്ദേഹം. ചക്രവർത്തി​യോ​ടുള്ള ഭക്തിയു​ടെ തെളി​വാ​യാണ്‌ അത്തരം സേവനം വീക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നത്‌. എന്നാൽ, രാജ്യ​ത്തി​നു വേണ്ടി മരിക്കാൻ ഒരവസരം ലഭിക്കു​ന്ന​തി​നു മുമ്പു​തന്നെ യുദ്ധം അവസാ​നി​ച്ചു. പിന്നീട്‌ അദ്ദേഹ​ത്തി​ന്റെ ഭാര്യ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിച്ചു. യുദ്ധസ​മ​യത്ത്‌ സാക്ഷികൾ കർശന​മായ നിഷ്‌പക്ഷത പാലി​ച്ചു​വെന്ന്‌ മനസ്സി​ലാ​ക്കി​യ​പ്പോൾ തോഷി​യാ​ക്കി​യു​ടെ താത്‌പ​ര്യ​മു​ണർന്നു. ബൈബി​ളി​ന്റെ സമാധാ​ന​സ​ന്ദേശം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്ന​തിൽ അദ്ദേഹം 1977-ൽ ഭാര്യ​യോ​ടു ചേർന്നു.

യഹോ​വ​യു​ടെ സ്‌തു​തി​പാ​ഠ​ക​രാ​യി​ത്തീ​രു​ന്ന​തി​നു സസന്തോ​ഷം തങ്ങളുടെ ജീവി​ത​രീ​തി​ക്കു മാറ്റം വരുത്തി​യി​രി​ക്കുന്ന വിനോ​ദ​ലോ​കത്തെ ആളുക​ളെ​യും കണ്ടിട്ടുണ്ട്‌. യോഷി​ഹി​രോ നാഗസാ​ക്കി അനേകം കോ​ളെജ്‌ സ്‌നേ​ഹി​ത​രു​മൊത്ത്‌ ഡിക്‌സി​ലാൻഡ്‌ ജാസ്‌ സംഗീ​ത​ത്തി​ന്റെ ഒരു ഗായക​ഗ​ണ​ത്തിന്‌ രൂപം നൽകി​യി​രു​ന്നു. തങ്ങളുടെ ഗായക​ഗ​ണ​ത്തി​ന്റെ നേതാ​വാ​കാൻ, തങ്ങളെ ജാസ്‌ സംഗീതം പഠിപ്പിച്ച ഒരു മനുഷ്യ​നോട്‌ അവർ ആവശ്യ​പ്പെട്ടു. യോഷി​മാ​സാ കസയി എന്ന ആ മനുഷ്യൻ ജപ്പാനി​ലെ ഏറ്റവും മികച്ച ജാസ്‌ സംഗീ​ത​ജ്ഞ​രിൽ ഒരുവ​നാ​യി​രു​ന്നു. അതി​നോ​ടകം അദ്ദേഹം, ഹവായി​യിൽനി​ന്നു സന്ദർശനം നടത്തുന്ന “ട്രമ്മി” യങ്‌ എന്ന വിദഗ്‌ധ കുഴലൂ​ത്തു​കാ​ര​നു​മാ​യി സമ്പർക്ക​ത്തിൽ വന്നിരു​ന്നു. “അന്നുമു​തൽ പാഠങ്ങ​ളാ​രം​ഭി​ച്ചു; സംഗീ​ത​ത്തി​ന്റെയല്ല, പിന്നെ​യോ സത്യത്തി​ന്റെ,” ഇപ്പോൾ ബ്രാഞ്ച്‌ കമ്മിറ്റി​യിൽ സേവി​ക്കുന്ന യോഷി​ഹി​രോ ഓർമി​ക്കു​ന്നു. “ഞങ്ങൾക്ക്‌ അതിൽ ഒട്ടും താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു. എന്നാൽ, സത്യം സംബന്ധിച്ച്‌ അദ്ദേഹം വളരെ ഉത്സാഹം കാട്ടി​യ​തി​നാ​ലും ഗായക​സം​ഘ​ത്തി​ന്റെ നേതാ​വി​നെ നഷ്ടമാ​കാൻ ഞങ്ങൾക്ക്‌ ആഗ്രഹ​മി​ല്ലാ​ഞ്ഞ​തി​നാ​ലും ഞങ്ങൾ അദ്ദേഹം പറയു​ന്നതു ശ്രദ്ധിച്ചു കേട്ടു.” അവർ പഠിക്കാൻപോ​ലും സമ്മതിച്ചു. എന്നാൽ യോഷി​ഹി​രോ​യെ സംബന്ധി​ച്ചി​ട​ത്തോ​ളം 1966 ഏപ്രി​ലി​ലെ സർക്കിട്ട്‌ സമ്മേള​ന​മാ​യി​രു​ന്നു വഴിത്തി​രി​വാ​യത്‌. സമ്മേള​ന​ത്തിൽവെച്ച്‌, മുമ്പ്‌ പരിച​യ​മു​ണ്ടാ​യി​രുന്ന ഒരു ഹൈസ്‌കൂൾ വിദ്യാർഥി​നി തന്നോ​ടൊ​പ്പം വയൽസേ​വ​ന​ത്തി​നു വരാൻ യോഷി​ഹി​രോ​യെ ക്ഷണിച്ചു. അവൾ ബൈബി​ളിൽനി​ന്നു സാക്ഷീ​ക​രി​ച്ചു, അദ്ദേഹം വീട്ടു​കാർക്കു ലഘു​ലേ​ഖകൾ നൽകി. “അന്നാദ്യ​മാ​യി, എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം സത്യത്തിന്‌ യഥാർഥ അർഥം കൈവ​രാൻ തുടങ്ങി,” അദ്ദേഹം ഓർമി​ക്കു​ന്നു. സമ്മേള​ന​ത്തിൽ പങ്കെടു​ത്ത​ശേഷം അദ്ദേഹം ഓരോ ദിവസ​വും സേവന​ത്തിൽ പങ്കുപ​റ്റു​ക​യും ത്വരി​ത​ഗ​തി​യിൽ പുരോ​ഗതി കൈവ​രി​ക്കു​ക​യും ചെയ്‌തു. ആ സംഘത്തി​ലെ ആറ്‌ അംഗങ്ങ​ളിൽ നാലു പേരും ഇപ്പോൾ സജീവ സാക്ഷി​ക​ളാണ്‌.

ഷിമാനെ ഭരണ​പ്ര​ദേ​ശ​ത്തുള്ള, ജപ്പാനി​ലെ ഏറ്റവും പ്രധാന ഷിന്റോ ദേവാ​ല​യ​ങ്ങ​ളി​ലൊ​ന്നായ പേരു​കേട്ട ഇസുമോ ദേവാ​ല​യ​ത്തി​ലെ ഒരു പുരോ​ഹി​ത​നാ​യി​രു​ന്നു ഷിൻജി സാറ്റോ. ഇസുമോ ഓയാ​ഷി​രോ​ക്യോ മതവി​ഭാ​ഗ​ത്തി​ന്റെ ഒരു പ്രബോ​ധ​ക​നാ​യും അദ്ദേഹം സേവി​ച്ചി​രു​ന്നു. 20 വർഷ​ത്തോ​ളം അദ്ദേഹം ഒരു ഷിന്റോ പുരോ​ഹി​ത​നാ​യി സേവി​ച്ചെ​ങ്കി​ലും, പുരോ​ഹി​ത​ന്മാ​രു​ടെ ഇടയിലെ അനീതി​യും സ്‌നേ​ഹ​രാ​ഹി​ത്യ​വും നിമിത്തം അദ്ദേഹം നിരാ​ശി​ത​നാ​യി. ഷിന്റോ ദൈവങ്ങൾ രക്ഷ കൈവ​രു​ത്തു​ന്നി​ല്ലെന്ന്‌ മനസ്സി​ലാ​ക്കിയ അദ്ദേഹം സത്യ​ദൈ​വത്തെ കണ്ടെത്താൻ അന്വേ​ഷണം തുടങ്ങി. ബൈബിൾ വായി​ക്കാൻ തുടങ്ങി​യെ​ങ്കി​ലും അദ്ദേഹ​ത്തിന്‌ അനവധി ചോദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

അങ്ങനെ​യി​രി​ക്കെ​യാണ്‌, ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​ണെന്നു തനിക്ക​റി​യാ​വുന്ന ഒരു പരിച​യ​ക്കാ​രനെ അദ്ദേഹം തെരു​വിൽവെച്ചു കണ്ടുമു​ട്ടി​യത്‌. അങ്ങനെ, സത്യമ​തത്തെ തിരി​ച്ച​റി​യി​ക്കു​മെന്നു താൻ വിചാ​രിച്ച ചോദ്യ​ങ്ങൾ അദ്ദേഹം ഉന്നയിച്ചു: “നിങ്ങളു​ടെ മതം രാഷ്‌ട്രീ​യ​ര​ഹി​ത​മാ​ണോ? നിങ്ങളു​ടേത്‌ ഒരു ലാഭര​ഹിത സംഘട​ന​യാ​ണോ? നിങ്ങളു​ടെ പഠിപ്പി​ക്ക​ലു​കൾ ദൈവ​ത്തിൽ നിന്നു​ള്ള​താ​ണോ? നിങ്ങളു​ടെ ആസ്ഥാന​ത്തുള്ള ആളുകൾ തങ്ങൾ പ്രസം​ഗി​ക്കു​ന്ന​തി​ന​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​ന്നു​ണ്ടോ?” എന്നിട്ട്‌ അദ്ദേഹം ഇങ്ങനെ ചോദി​ച്ചു: “നിങ്ങളു​ടെ സ്ഥാപനം ഈ വ്യവസ്ഥ​ക​ളിൽ എത്തി​ച്ചേ​രു​ന്നു​ണ്ടെ​ങ്കിൽ, ദയവായി എന്നെ ബൈബിൾ പഠിപ്പി​ക്കാ​മോ?” ഒടുവിൽ മഹാബാ​ബി​ലോ​നിൽനി​ന്നു മുക്തനാ​യ​പ്പോൾ അദ്ദേഹ​ത്തിന്‌ എന്തൊരു ആശ്വാ​സ​മാ​ണു തോന്നി​യത്‌! (വെളി. 18:4) അദ്ദേഹം പറയുന്നു: “ഇപ്പോൾ, ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി മറ്റുള്ള​വരെ സത്യ​ദൈ​വ​ത്തി​ന്റെ മാർഗം പഠിപ്പി​ക്കു​ന്ന​തി​നാൽ സദൃശ​വാ​ക്യ​ങ്ങ​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നു​ന്നു: ‘യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ സമ്പത്തു​ണ്ടാ​കു​ന്നു; അദ്ധ്വാ​ന​ത്താൽ അതി​നോ​ടു ഒന്നും കൂടു​ന്നില്ല.’”—സദൃ. 10:22.

പുകഴ്‌പെറ്റ ചില കലാകാ​ര​ന്മാ​രും സംഗീ​ത​ജ്ഞ​രും ഒരു ഹാസ്യ എഴുത്തു​കാ​ര​നും ഒരു സുമോ ഗുസ്‌തി​ക്കാ​ര​നും മികച്ച ചില സൈക്കി​ളോ​ട്ട​ക്കാ​രും തങ്ങളുടെ ഗതകാല മഹത്ത്വങ്ങൾ പിമ്പിൽ വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നു. ചികി​ത്സകർ, ഒരു വിദഗ്‌ധ എഴുത്തു​കാ​രൻ, അഭിഭാ​ഷകർ തുടങ്ങി സത്യത്തി​ലേക്കു വന്നിട്ടുള്ള പലരും രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കാൻ തങ്ങളുടെ കഴിവു​കൾ ഉപയോ​ഗി​ക്കു​ന്നു. മുൻകാ​ലത്ത്‌ മുഷ്‌ക​ര​സം​ഘ​ക്കാ​രും ഗുണ്ടക​ളും പൊലീ​സു​കാ​രും രാഷ്‌ട്രീ​യ​ക്കാ​രു​മാ​യി​രുന്ന ചിലർ ഇപ്പോൾ തങ്ങളുടെ ആത്മീയ സഹോ​ദ​ര​ങ്ങ​ളു​മാ​യി സമാധാ​ന​ത്തിൽ വർത്തി​ക്കു​ന്നു. (യെശ. 11:6-9) ചില ബുദ്ധമത സന്ന്യാ​സി​മാ​രും ഷിന്റോ​മത പുരോ​ഹി​ത​ന്മാ​രും സ്വന്തമാ​യി മതം സ്ഥാപിച്ച ഒരു സ്‌ത്രീ​യും മഹാബാ​ബി​ലോ​നിൽനി​ന്നു പുറത്തു​വ​ന്നി​രി​ക്കു​ന്നു. (വെളി. 18:2) സ്‌കൂ​ള​ധ്യാ​പകർ, ജപ്പാനി​ലെ പ്രമുഖ ബിസി​ന​സു​കാർ, കരകൗ​ശ​ല​പ്പ​ണി​ക്കാർ എന്നിങ്ങനെ വിവിധ കഴിവു​ക​ളുള്ള പലരും ദിവ്യാ​ധി​പത്യ നിർമാ​ണ​പ​ദ്ധ​തി​ക​ളിൽ ഒറ്റക്കെ​ട്ടാ​യി പ്രവർത്തി​ക്കു​ന്നു. “നീതി​യി​ലും വിശു​ദ്ധി​യി​ലും ദൈവാ​നു​രൂ​പ​മാ​യി സൃഷ്ടി​ക്ക​പ്പെട്ട പുതു​മ​നു​ഷ്യ​നെ ധരി”ക്കാൻ സഹായം ലഭിച്ചി​രി​ക്കുന്ന എല്ലാത്തു​റ​യി​ലും പെട്ടവർ യഹോ​വ​യു​ടെ പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന സ്ഥാപന​ത്തി​ന്റെ ഭാഗമാ​യി​ത്തീർന്നി​രി​ക്കു​ന്നു.—എഫെ. 4:24.

ഉത്സാഹ​പൂർവ​ക​മായ പയനിയർ ആത്മാവ്‌

സഭകളു​ടെ എണ്ണം വർധി​ക്കു​ന്ന​ത​നു​സ​രിച്ച്‌ പ്രദേ​ശങ്ങൾ കുറയു​ക​യും മതത്തോ​ടുള്ള വിരക്തി വർധി​ച്ചു​വ​രു​ക​യും ചെയ്‌തി​ട്ടും പയനി​യർസേ​വ​ന​ത്തോ​ടുള്ള വലിയ ഉത്സാഹം തുടരു​ന്നു. വസന്തകാ​ലത്ത്‌ സഹായ​പ​യ​നി​യർമാ​രു​ടെ വലിയ കൂട്ടങ്ങൾ പയനിയർ അണിയിൽ ചേരു​മ്പോൾ എല്ലാ പയനി​യർമാ​രു​ടെ​യും മൊത്ത സംഖ്യ പ്രസാ​ധ​ക​രു​ടെ 50 ശതമാ​ന​ത്തി​ല​ധി​ക​മാ​കു​ന്നു. 1997 മാർച്ചിൽ 1,08,737 പേർ പയനി​യർമാ​രാ​യി സേവി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

മിക്ക​പ്പോ​ഴും ചോദി​ക്കാ​റുള്ള ഒരു ചോദ്യ​മി​താണ്‌, “ജപ്പാനിൽ വളരെ​യ​ധി​കം പയനി​യർമാർ ഉള്ളതെ​ന്തു​കൊണ്ട്‌?” അതിൽ അനേകം ഘടകങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി തോന്നു​ന്നു. ജപ്പാനി​ലെ യുദ്ധാ​നന്തര വളർച്ച​യ്‌ക്ക്‌ അടിസ്ഥാ​ന​മി​ട്ടത്‌ തീക്ഷ്‌ണ​ത​യുള്ള മിഷന​റി​മാ​രാണ്‌, വിലമ​തി​പ്പുള്ള വിദ്യാർഥി​കൾ തങ്ങളെ പഠിപ്പി​ക്കു​ന്ന​വരെ അനുക​രി​ക്കാൻ ശ്രമി​ക്കു​ന്നു. (ലൂക്കൊ. 6:40) തത്‌ഫ​ല​മാ​യി, ശുശ്രൂ​ഷ​യോ​ടുള്ള തീക്ഷ്‌ണ​ത​യു​ടെ ഒരു പൈതൃ​കം ശിഷ്യ​ന്മാ​രു​ടെ അടുത്ത തലമു​റ​യി​ലേക്കു കൈമാ​റ​പ്പെ​ടു​ന്നു. പൊതു​വേ ജപ്പാനി​ലെ ഭവനങ്ങൾ വളരെ ലളിത​മാ​ണെ​ന്നതു സത്യമാണ്‌. അതിനാൽ, അതിന്റെ പരിപാ​ല​ന​ത്തിന്‌ അധികം സമയം വേണ്ടി​വ​രു​ന്നില്ല. മിക്കവ​രും പരമ്പരാ​ഗ​ത​മാ​യി ലളിത ജീവിതം നയിക്കു​ന്നു. തന്മൂലം ആത്മീയ കാര്യ​ങ്ങൾക്കു മുൻതൂ​ക്കം കൊടു​ക്കാൻ വീട്ടമ്മ​മാർക്ക്‌ എളുപ്പം കഴിയു​ന്നു. (മത്താ. 6:22, 33) മാത്ര​വു​മല്ല, ജപ്പാനി​ലേത്‌ പൊതു​വേ മിതോഷ്‌ണ കാലാ​വ​സ്ഥ​യാണ്‌. രാഷ്‌ട്രീ​യ​വും സാമ്പത്തി​ക​വു​മായ അനുകൂ​ലാ​വ​സ്ഥ​യും രാജ്യ​ത്തുണ്ട്‌.

സാംസ്‌കാ​രി​ക പശ്ചാത്ത​ല​വും ദേശീയ പ്രത്യേ​ക​ത​ക​ളും മറ്റൊരു ഘടകമാ​യി​രി​ക്കു​ന്ന​താ​യി തോന്നു​ന്നു. മൊത്ത​ത്തിൽ പറഞ്ഞാൽ, ജപ്പാൻകാർ മാർഗ​നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്ന​വ​രും ഏകീകൃത സംഘത്തി​ന്റെ പ്രോ​ത്സാ​ഹ​ന​ത്തോ​ടു പ്രതി​ക​രി​ക്കു​ന്ന​വ​രും തങ്ങളുടെ വേലയിൽ ഉത്സാഹ​പൂർവം ഏർപ്പെ​ടു​ന്ന​വ​രു​മാണ്‌. ഇതേക്കു​റിച്ച്‌ പ്രതി​പാ​ദി​ച്ചു​കൊണ്ട്‌, യുദ്ധാ​ന​ന്തരം ജപ്പാനിൽ ആദ്യ​മെ​ത്തി​ച്ചേർന്ന മിഷന​റി​മാ​രിൽ ഒരുവ​നായ, ജാപ്പനീസ്‌-അമേരി​ക്ക​ക്കാ​ര​നായ ഷിന്നിച്ചി തോഹര ഇങ്ങനെ പറഞ്ഞു: ‘തങ്ങളുടെ വ്യോ​മ​യാ​നം ശത്രു​വി​ന്റെ പടക്കപ്പ​ലു​കൾക്കു നേരേ പറപ്പി​ച്ചു​കൊണ്ട്‌ ചാവേർ വൈമാ​നി​കർ ചക്രവർത്തി​ക്കു വേണ്ടി മരിച്ചു. ജപ്പാൻകാർ മനുഷ്യ ഭരണാ​ധി​പ​ന്മാ​രോട്‌ അത്രമാ​ത്രം വിശ്വ​സ്‌ത​രാ​ണെ​ങ്കിൽ, യഥാർഥ ഭരണാ​ധി​പ​നായ യഹോ​വയെ അവർ കണ്ടെത്തി​യാ​ലോ?’ പയനി​യ​റി​ങ്ങി​നാ​യി ലഭിക്കുന്ന ഓരോ അപേക്ഷ​യ്‌ക്കും പിന്നി​ലു​ള്ളത്‌ യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നുള്ള തീവ്രാ​ഭി​ലാ​ഷ​മാണ്‌.

പയനി​യ​റിങ്‌ ചെയ്യുന്ന മാതാ​പി​താ​ക്കൾ

ആരാണ്‌ ഈ പയനി​യർമാർ? ഭൂരി​പ​ക്ഷ​വും സഹോ​ദ​രി​മാ​രാണ്‌, മിക്കവ​രും വിവാ​ഹി​ത​രും കുട്ടി​ക​ളു​ള്ള​വ​രും. അവിശ്വാ​സി​ക​ളായ ഭർത്താ​ക്ക​ന്മാ​രു​ടെ​യും ബന്ധുക്ക​ളു​ടെ​യും ആത്മീയ പിന്തുണ ഇല്ലാ​തെ​യാ​ണു മിക്കവ​രും പയനി​യ​റിങ്‌ ചെയ്യു​ന്നത്‌.

“ഞാൻ പയനി​യ​റിങ്‌ തുടങ്ങി​യ​പ്പോൾ എന്റെ ഇളയ മകൾക്ക്‌ ഏതാനും മാസം പ്രായമേ ഉണ്ടായി​രു​ന്നു​ള്ളൂ,” കഴിഞ്ഞ 20-ലധികം വർഷങ്ങ​ളാ​യി പയനി​യ​റിങ്‌ ചെയ്യുന്ന, ഫുജി​സാവ നഗരത്തി​ലെ, മുട്ട്‌സു​ക്കോ പറയുന്നു. “ഒരു ബാങ്കിൽ ജോലി ചെയ്യുന്ന എന്റെ ഭർത്താവ്‌, ഞങ്ങൾ വൈകു​ന്നേരം യോഗങ്ങൾ കഴിഞ്ഞ്‌ മടങ്ങി​യെ​ത്തി​യ​ശേ​ഷമേ സാധാരണ വീട്ടിൽ എത്തിയി​രു​ന്നു​ള്ളൂ. വളരെ ശ്രമം ആവശ്യ​മാ​യി​രു​ന്നെ​ങ്കി​ലും, ഞാൻ പയനി​യ​റിങ്‌ തുടരാൻ ആഗ്രഹി​ച്ചു.” മക്കൾ മൂന്നു പേരും വിദ്യാ​ഭ്യാ​സാ​ന​ന്തരം തന്നോ​ടൊ​പ്പം പയനി​യർസേ​വ​ന​ത്തിൽ പ്രവേ​ശി​ച്ചത്‌ അവരെ വളരെ സന്തോ​ഷി​പ്പി​ച്ചു. അനേക വർഷക്കാ​ലത്തെ എതിർപ്പി​നും നിസ്സം​ഗ​ത​യ്‌ക്കും ശേഷം അവരുടെ ഭർത്താ​വി​നും മാറ്റം വരാൻ തുടങ്ങി. സഭയിൽവെച്ച്‌ ഒരു പരസ്യ​പ്ര​സം​ഗ​ത്തി​ന്റെ ആദ്യ പകുതി തന്റെ മകനും രണ്ടാം പകുതി ഭർത്താ​വും നടത്തു​ന്നതു കണ്ടപ്പോൾ മുട്ട്‌സു​ക്കോ എത്ര സന്തോ​ഷ​വ​തി​യാ​യെ​ന്നോ!

പയനി​യ​റിങ്‌ ചെയ്യുന്ന പിതാ​ക്ക​ന്മാ​രും നല്ലൊരു സ്വാധീ​ന​മാണ്‌. പയനി​യ​റിങ്‌ ചെയ്യു​ന്ന​തി​നു വേണ്ടി തന്റെ പിതാവ്‌, കമ്പ്യൂട്ടർ ഡേറ്റാ പ്രൊ​സ​സിങ്‌ പഠിപ്പി​ക്കുന്ന ജോലി ഉപേക്ഷി​ച്ച​താ​യി ഹിസാ​ട്ടാ​ക്കാ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. സ്‌കൂ​ളി​ന്റെ മധ്യ​വേ​ന​ല​വ​ധി​ക്കാ​ലത്ത്‌, രാവി​ലെ​തോ​റും മറ്റുള്ള​വർക്കു പാലെ​ത്തി​ച്ചു​കൊ​ടു​ക്കുന്ന ജോലി​യിൽ തന്നെ സഹായി​ക്കാൻ പിതാവ്‌ ഹിസാ​ട്ടാ​ക്കാ​യോട്‌ ആവശ്യ​പ്പെട്ടു. “കിഴക്കൻ ചക്രവാ​ള​ത്തിൽ ഉജ്ജ്വല​മായ ഓറഞ്ചു​വർണങ്ങൾ നിറഞ്ഞു​നിന്ന സമയത്ത്‌ പിതാവ്‌ തന്റെ ആഴമായ വികാ​രങ്ങൾ എന്നോടു പ്രകടി​പ്പി​ക്കു​ക​യു​ണ്ടാ​യി. മുഴു​ദേ​ഹി​യോ​ടെ യഹോ​വയെ സേവി​ക്കു​ന്നത്‌ എത്ര പ്രതി​ഫ​ല​ദാ​യ​ക​മാ​ണെന്ന്‌ അദ്ദേഹം പറഞ്ഞു. അദ്ദേഹം സന്തോ​ഷ​പൂർവം യഹോ​വയെ സേവി​ക്കു​ന്നതു കണ്ടപ്പോൾ എനിക്കു ലഭിച്ച പ്രോ​ത്സാ​ഹനം വാക്കു​കൾക്കു വിശദീ​ക​രി​ക്കാൻ കഴിയാ​ത്ത​താ​യി​രു​ന്നു.” എബിന​യി​ലുള്ള ബെഥേൽ കുടും​ബ​ത്തി​ലെ ഒരംഗ​മാ​യി ഹിസാ​ട്ടാ​ക്കാ ഇപ്പോൾ സേവന​മ​നു​ഷ്‌ഠി​ക്കു​ന്നു.

കരോ​ഷി​യിൽനിന്ന്‌ രക്ഷിക്ക​പ്പെ​ടു​ന്നു

“പണി​യെ​ടു​ക്കാൻ കൊതി​യാ​ണെ​ങ്കിൽ ഒരു ജാപ്പനീസ്‌ കമ്പനി​യിൽ ചേർന്നാൽ മതി,” ചിലർ തമാശ​യാ​യി അങ്ങനെ പറഞ്ഞി​ട്ടുണ്ട്‌. ഇതിന്റെ കാരണം ജപ്പാനി​ലെ ഒരു സാധാരണ കുടും​ബ​നാ​ഥൻ ജോലി​യോ​ടു വളരെ അർപ്പണ​ബോ​ധ​മു​ള്ള​വ​നാണ്‌ എന്നതാണ്‌. തന്നെയു​മല്ല, അയാൾ ജോലി​സ്ഥ​ലത്തു ദീർഘ​നേരം ചെലവ​ഴി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ, കരോഷി (തൊഴി​ലാ​സക്തി നിമി​ത്ത​മുള്ള മരണം) ഉണ്ടാകുന്ന ഘട്ടത്തോ​ളം പണി​യെ​ടു​ക്കുന്ന പല പിതാ​ക്ക​ന്മാ​രും ഇപ്പോൾ അർപ്പി​ത​രാ​യി​രി​ക്കു​ന്നത്‌ ഒരു തൊഴിൽക്ക​മ്പ​നി​ക്കല്ല, മറിച്ച്‌ യഹോ​വ​യാം ദൈവ​ത്തി​നാണ്‌. പയനി​യർസേ​വനം ചെയ്യു​ന്ന​തിൽ അവർ തങ്ങളുടെ കുടും​ബ​ത്തോ​ടു ചേർന്നി​രി​ക്കു​ന്നു.

ഒരു പ്രമുഖ നിർമാ​ണ​ക്ക​മ്പ​നി​ക്കു വേണ്ടി ജോലി ചെയ്യുന്ന, കോബെ പ്രദേ​ശ​ത്തു​നി​ന്നുള്ള, ഷുഞ്ചി ഇങ്ങനെ പറയുന്നു: “എന്റെ തൊഴി​ലി​നോ​ടുള്ള അടുപ്പ​വും വിജയി​ക്കാ​നുള്ള ആഗ്രഹ​വു​മാണ്‌ എന്നെ പ്രചോ​ദി​പ്പി​ച്ചത്‌. ജോലി​സ്ഥ​ലങ്ങൾ വീട്ടിൽനി​ന്നു വളരെ അകലെ​യാ​യി​രു​ന്ന​പ്പോൾ വാരാ​ന്ത​ങ്ങ​ളിൽ മാത്രമേ ഞാൻ വീട്ടി​ലേക്കു മടങ്ങി​വ​ന്നി​രു​ന്നു​ള്ളൂ.” അതി​നെ​ല്ലാം എന്താണു മാറ്റം വരുത്തി​യത്‌? അദ്ദേഹം ഉത്തരം നൽകുന്നു: “എനിക്കു മരണത്തെ ഭയമാ​യി​രു​ന്നു. ഞാൻ മരിച്ചു​പോ​കു​ന്ന​പക്ഷം എന്റെ കുടും​ബ​ത്തിന്‌ എന്തു സംഭവി​ക്കു​മെന്ന്‌ ഞാൻ ഉത്‌ക​ണ്‌ഠ​പ്പെ​ട്ടി​രു​ന്നു. പ്രസം​ഗി​ക്കാൻ പോകു​ന്ന​തിൽ എന്റെ ഭാര്യ​യ്‌ക്കും മകനും വളരെ സന്തോ​ഷ​മു​ള്ള​തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ ഞാൻ ആശയക്കു​ഴ​പ്പ​ത്തി​ലാ​യി.” ഷുഞ്ചി രാജ്യ​ഹാ​ളി​ന്റെ നിർമാ​ണ​ത്തോ​ടു ബന്ധപ്പെട്ട്‌ സാങ്കേ​തിക കാര്യ​ങ്ങ​ളിൽ പ്രാ​ദേ​ശിക സഭയെ സഹായി​ച്ചു​കൊ​ണ്ടി​രി​ക്കെ, ബൈബിൾ പഠിക്കാൻ ഒരു മൂപ്പൻ അദ്ദേഹത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അങ്ങനെ അദ്ദേഹം ബൈബിൾ പഠിച്ചു. ഇപ്പോൾ അദ്ദേഹ​വും കുടും​ബ​വും നിരന്ത​ര​പ​യ​നി​യർ സേവന​ത്തി​ന്റെ സന്തോഷം ആസ്വദി​ക്കു​ന്നു. മേഖലാ നിർമാ​ണ​ക്ക​മ്മി​റ്റി​യിൽ സേവി​ക്കു​ക​യെന്ന പദവി​യും അദ്ദേഹ​ത്തി​നുണ്ട്‌.

പയനിയർ ശുശ്രൂ​ഷ​യ്‌ക്കാ​വ​ശ്യ​മായ സമയം കിട്ടാൻ, ഉറപ്പുള്ള ആജീവ​നാന്ത കമ്പനി​ജോ​ലി എന്നു വീക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നത്‌ വിട്ട്‌ താരത​മ്യേന അത്ര​യൊ​ന്നും ഉറപ്പി​ല്ലാത്ത അംശകാല ജോലി​കൾ ചെയ്യു​ന്ന​തി​നു കുടും​ബ​നാ​ഥ​ന്മാർക്കു യഥാർഥ വിശ്വാ​സ​വും ആത്മത്യാ​ഗ​പ​ര​മായ മനോ​ഭാ​വ​വും ആവശ്യ​മാണ്‌. ചിബയിൽനി​ന്നുള്ള മിറ്റ്‌സു​നോ​ബു​വി​ന്റെ പിതാവ്‌ തന്റെ ജോലി മാറ്റി. താൻ മുമ്പ്‌ പണി​യെ​ടു​ത്തി​രുന്ന ഒരു വലിയ കമ്പനി​യി​ലെ ഓഫീ​സു​കൾതോ​റും നടന്ന്‌ പുനഃ​സം​സ്‌ക​ര​ണ​ത്തി​നുള്ള പാഴ്‌ക്ക​ട​ലാസ്‌ അദ്ദേഹം ശേഖരി​ക്കാൻ തുടങ്ങി. എന്നാൽ, അദ്ദേഹ​ത്തി​ന്റെ മുൻസ​ഹ​പ്ര​വർത്ത​കർക്ക്‌ മാനേജർ തസ്‌തി​ക​യി​ലുള്ള ജോലി​ക​ളി​ലേക്കു സ്ഥാനക്ക​യറ്റം ലഭിച്ചു. യഥാർഥ വിലമ​തി​പ്പോ​ടെ മിറ്റ്‌സു​നോ​ബു പറയുന്നു: “പയനി​യർസേ​വനം ജീവി​ത​വൃ​ത്തി​യാ​ക്കാൻ സഹായി​ച്ചു​കൊണ്ട്‌ ആ അമൂല്യ സംഗതി​യെ വിലമ​തി​ക്കാൻ എന്നെ വ്യക്തി​പ​ര​മാ​യി പഠിപ്പിച്ച എന്റെ മാതാ​പി​താ​ക്ക​ളോട്‌ ഞാൻ വളരെ നന്ദിയു​ള്ള​വ​നാണ്‌!” ജീവി​ത​ത്തിൽ അത്തരം പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തു​ന്ന​വർക്ക്‌, സാമ്പത്തിക നേട്ടങ്ങൾ ക്ഷണിക​മാ​ണെ​ന്നും അതി​നെ​ക്കാൾ വളരെ വിലയു​ള്ളത്‌ ആത്മീയ നിക്ഷേ​പ​ങ്ങൾക്കാ​ണെ​ന്നു​മുള്ള ബോധ്യ​മുണ്ട്‌.—മത്താ. 6:19-21.

ദീർഘാ​യു​സ്സി​നാ​യി കരുതൽ ചെയ്യുക!

യഹോ​വ​യു​ടെ സേവന​ത്തിൽ പരമാ​വധി ചെയ്യാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കുന്ന ചിലർ വലിയ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ തരണം ചെയ്‌തി​ട്ടുണ്ട്‌. “ഏറിയാൽ, നിങ്ങളു​ടെ മകൻ പ്രായ​പൂർത്തി​യാ​കു​ന്ന​തു​വരെ നിങ്ങൾ ജീവി​ച്ചി​രു​ന്നേ​ക്കാം. അമിത​മാ​യി ഒരിക്ക​ലും പണി​യെ​ടു​ക്ക​രുത്‌, ദീർഘാ​യു​സ്സി​നാ​വ​ശ്യ​മായ കരുതൽ ചെയ്യുക.” യായെ​ക്കോ ഓനോ​യു​ടെ ഹൃദയ​സം​ബ​ന്ധ​മായ കുഴപ്പങ്ങൾ കണ്ടെത്തിയ ഡോക്ടർ പറഞ്ഞതാ​ണത്‌. അന്ന്‌ അവളുടെ മകന്‌ മൂന്ന്‌ വയസ്സു​ണ്ടാ​യി​രു​ന്നു. “ഖേദി​ക്കാ​തെ എനിക്ക്‌ ശിഷ്ടജീ​വി​തം എങ്ങനെ തള്ളിനീ​ക്കാൻ കഴിയും?” ആശുപ​ത്രി​യിൽനിന്ന്‌ വീട്ടി​ലേക്കു പോകവേ അവൾ തന്നോ​ടു​തന്നെ ചോദിച്ച ചോദ്യ​മാ​യി​രു​ന്നു അത്‌. വീട്ടി​ലെ​ത്തി​പ്പോ​ഴേ​ക്കും അവൾ ഒരു പയനി​യ​റാ​യി​ത്തീ​രാ​നുള്ള ദൃഢനി​ശ്ചയം ചെയ്‌തു​ക​ഴി​ഞ്ഞി​രു​ന്നു. അതേക്കു​റി​ച്ച​റിഞ്ഞ ബന്ധുക്കൾ ഉത്‌ക​ണ്‌ഠാ​കു​ല​രാ​യി, എന്നാൽ അതവളു​ടെ തീരു​മാ​ന​ത്തിന്‌ മാറ്റം വരുത്തി​യില്ല. അവൾ പറയുന്നു: ‘1978 സെപ്‌റ്റം​ബ​റിൽ ഞാൻ പയനി​യ​റിങ്‌ ആരംഭി​ച്ചു. ഞാൻ ഗർഭി​ണി​യാ​ണെന്ന്‌ അന്നെനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. എന്റെ അമ്മയ്‌ക്കാ​ണെ​ങ്കി​ലോ ഗുരു​ത​ര​മായ രോഗ​വും ബാധിച്ചു. എന്റെതന്നെ അവസ്ഥയും വഷളായി. എങ്കിലും, യേശു​വി​ന്റെ വാക്കു​ക​ളാണ്‌ എനിക്കു ധൈര്യം പകർന്നത്‌: “നിങ്ങൾക്കു കടുകു​മ​ണി​യോ​ളം വിശ്വാ​സ​മു​ണ്ടെ​ങ്കിൽ ഈ മലയോ​ടു: ഇവി​ടെ​നി​ന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും.” (മത്താ. 17:21) എന്റെ പരമാ​വധി ചെയ്യാൻ ഞാൻ തീരു​മാ​നി​ച്ചു.’

17 വർഷത്തി​നു​ശേഷം, യായെ​ക്കോ പറഞ്ഞു: “യഹോ​വ​യു​ടെ ആശ്വാ​സ​ക​രങ്ങൾ എന്നെ ചുറ്റി​യി​രു​ന്നു​വെന്ന്‌ എനിക്കു തോന്നു​ന്നു.” ചില​പ്പോൾ പ്രശ്‌നങ്ങൾ അവരെ വല്ലാതെ ഉലച്ചു, എന്നാൽ അവർ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കു​മാ​യി​രു​ന്നു. സ്ഥിരോ​ത്സാ​ഹം കാട്ടാൻ ഇതവരെ സഹായി​ച്ചു. അവരുടെ തീക്ഷ്‌ണ​ത​യാൽ പ്രോ​ത്സാ​ഹി​ത​നാ​യി ഭർത്താവ്‌ ബൈബിൾ പഠിക്കാൻ തുടങ്ങി. തന്റെ ആത്മാർഥ പ്രാർഥ​ന​കൾക്ക്‌ ഉത്തരമാ​യി അദ്ദേഹം അവളുടെ പയനിയർ പങ്കാളി​യാ​യ​പ്പോൾ അവളുടെ സന്തോഷം അതിന്റെ പാരമ്യ​ത്തി​ലെത്തി!

ജപ്പാനി​ലെ പയനി​യർമാ​രു​ടെ പ്രത്യേ​ക​ത​യാ​ണിത്‌. ഇനിയും മറ്റു പലരെ​ക്കു​റി​ച്ചും പറയാൻ സാധി​ക്കും—കഴുത്തു​മു​തൽ താഴേക്കു തളർന്നു​പോ​യെ​ങ്കി​ലും, പ്രധാ​ന​മാ​യും കത്തെഴു​തി​ക്കൊണ്ട്‌ പയനി​യ​റിങ്‌ ചെയ്യു​ക​വഴി മറ്റുള്ള​വർക്കു പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ നിരന്തര ഉറവായി മാറിയ ഒരു സഹോ​ദരൻ; ഈ നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തിൽ ജനിച്ച, 1994 വരെ തന്റെ അവസാന 13 വർഷങ്ങൾ ഒരു ഹിമ​പ്ര​ദേ​ശത്ത്‌ പയനി​യർസേ​വ​ന​ത്തിൽ ചെലവിട്ട ഒരു സഹോ​ദരി; പയനി​യ​റിങ്‌ ചെയ്യാ​നും ഒരു കൊച്ചു​സ​ഭയെ സഹായി​ക്കാ​നും മറ്റൊരു പട്ടണത്തി​ലേക്കു മാറി​പ്പാർത്ത അന്ധനായ ഒരു സഹോ​ദരൻ തുടങ്ങി​യ​വ​രൊ​ക്കെ ഈ പട്ടിക​യിൽ പെടും. ഗതകാല വിശ്വസ്‌ത സാക്ഷി​ക​ളെ​പ്പോ​ലെ, ഇവരെ​ല്ലാ​വ​രും ശാരീ​രിക ബലഹീ​ന​തകൾ ഉണ്ടായി​രു​ന്നി​ട്ടും ദൈവ​ത്തി​ന്റെ ഹിതം ചെയ്യാ​നാ​യി അവനിൽനി​ന്നു “ശക്തി പ്രാപി​ച്ചു.”—എബ്രാ. 11:32-34.

പുതി​യ​ലോക ഭാഷാ​ന്തരം ജാപ്പനീസ്‌ ഭാഷയി​ലേക്ക്‌

ലോക​വ്യാ​പ​ക​മാ​യി പരസ്യ​ശു​ശ്രൂ​ഷ​യിൽ യഹോ​വ​യു​ടെ സാക്ഷികൾ ബൈബിൾ ഉപയോ​ഗി​ക്കു​ന്നത്‌ അവരുടെ ഒരു തിരി​ച്ച​റി​യൽ അടയാ​ള​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. ആധുനിക ജാപ്പനീസ്‌ ഭാഷയിൽ കൃത്യ​ത​യു​ള്ള​തും എളുപ്പ​ത്തിൽ വായി​ക്കാ​വു​ന്ന​തു​മായ ഒരു ബൈബി​ളു​ണ്ടാ​യി​രി​ക്കാൻ ജപ്പാനി​ലെ പ്രസാ​ധകർ അതിയാ​യി ആഗ്രഹി​ച്ചി​രു​ന്നു. പഴയ ഒരു ഭാഷാ​ന്തരം പലർക്കും ബുദ്ധി​മു​ട്ടു​ള​വാ​ക്കി​യി​രു​ന്നു. മനോ​ഹ​ര​മായ പദപ്ര​യോ​ഗ​ങ്ങൾക്കു പുറമേ ദൈവ​ത്തി​ന്റെ വിശുദ്ധ നാമം ഉടനീളം അതിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. എന്നിട്ടും, അതിന്റെ പ്രാചീന വാക്യ​ഘടന നിമിത്തം, യുദ്ധാ​ന​ന്തരം വിദ്യാ​ഭ്യാ​സം നേടി​യ​വർക്ക്‌ അതു മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അതിനാൽ, പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഗ്രീക്കു ഭാഗം ജാപ്പനീസ്‌ ഭാഷയി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്താൻ അനുമതി നൽകി​ക്കൊ​ണ്ടുള്ള കത്ത്‌ 1970 ജനുവ​രി​യിൽ ആസ്ഥാന​ത്തു​നി​ന്നു ലഭിച്ച​പ്പോൾ ബ്രാഞ്ചി​ലുള്ള സഹോ​ദ​രങ്ങൾ ഏറ്റവും സന്തോ​ഷി​ച്ചു.

മൂന്നു വർഷത്തി​നു​ശേഷം, ഓസക്ക​യിൽവെച്ചു നടന്ന “ദിവ്യ വിജയ” സാർവ​ദേ​ശീയ കൺ​വെൻ​ഷ​നിൽവെച്ചു ഭരണസം​ഘ​ത്തി​ലെ ലൈമൻ സ്വിംഗൾ ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ജാപ്പനീസ്‌ പതിപ്പ്‌ പ്രകാ​ശനം ചെയ്യു​ന്ന​താ​യി അറിയി​ച്ച​പ്പോൾ 31,263 പേരട​ങ്ങിയ ജനാവലി സന്തോ​ഷാ​തി​രേ​ക​ത്താൽ കരഘോ​ഷം മുഴക്കി. അതിന്റെ പ്രകാ​ശ​ന​ത്തി​നു​ശേഷം ഒമ്പതു വർഷക്കാ​ലം​കൊണ്ട്‌ 11,40,000 പ്രതികൾ വിതരണം ചെയ്യ​പ്പെട്ടു. പ്രസാ​ധനം ചെയ്യപ്പെട്ട സമയത്തുള്ള പ്രസാ​ധ​ക​രു​ടെ എണ്ണത്തിന്റെ ഏതാണ്ട്‌ 75 ഇരട്ടി വരും അത്‌. ആ ബൈബി​ളി​ന്റെ അച്ചടി നിർവ​ഹി​ച്ചത്‌ ഐക്യ​നാ​ടു​ക​ളി​ലാ​യി​രു​ന്നു. എന്നാൽ അത്തരം അച്ചടി​യും ബയൻഡി​ങ്ങും ജപ്പാനി​ലെ നമ്മുടെ ഫാക്ടറി​യിൽ നിർവ​ഹി​ക്കുന്ന ദിവസം വിദൂ​ര​മാ​യി​രു​ന്നില്ല.

യോഗ​സ്ഥ​ലങ്ങൾ മെച്ച​പ്പെ​ടു​ത്താൻ കഴിയു​മാ​യി​രു​ന്നോ?

സഭകളു​ടെ എണ്ണം ജപ്പാനി​ലു​ട​നീ​ളം പെരു​കി​യ​തി​നാൽ അനു​യോ​ജ്യ​മായ യോഗ​സ്ഥ​ലങ്ങൾ വളരെ ആവശ്യ​മാ​യി​വന്നു. 1970-കൾക്കു മുമ്പ്‌ വളരെ കുറച്ചു സഭകൾക്കേ സ്വന്തമാ​യി യോഗ​സ്ഥ​ലങ്ങൾ ഉണ്ടായി​രു​ന്നു​ള്ളൂ. 1960-കളുടെ മുഴു ദശകത്തി​ലും ഒമ്പതു രാജ്യ​ഹാ​ളു​കളേ സമർപ്പി​ക്ക​പ്പെ​ട്ടി​രു​ന്നു​ള്ളൂ. മിക്ക സഭകളും കൂടി​വ​ന്നതു വാടക​യ്‌ക്കെ​ടുത്ത പൊതു​ഹാ​ളു​ക​ളി​ലോ സ്വകാര്യ ഭവനങ്ങ​ളി​ലോ ആയിരു​ന്നു.

പലയി​ട​ങ്ങ​ളി​ലാ​യി മാറി മാറി യോഗങ്ങൾ നടത്തു​ന്ന​തി​ലുള്ള അസൗക​ര്യ​ത്തെ​ക്കു​റിച്ച്‌ ഓർമി​ച്ചു​കൊണ്ട്‌ ഹിരോ​സാ​ക്കി​യി​ലുള്ള ആയി നാക്കാ​മുറ എന്ന സഹോ​ദരി ഇപ്രകാ​രം പറയുന്നു: “ഏതാണ്ട്‌ 1963-ൽ ഞങ്ങൾ ഓരോ വാരത്തി​ലും നഗരത്തി​ലുള്ള വിദ്യാ​ഭ്യാ​സ ഹാൾ വാടക​യ്‌ക്കെ​ടു​ത്തി​രു​ന്നു. ഹാൾ ലഭ്യമ​ല്ലാ​തി​രുന്ന ദിവസ​ങ്ങ​ളിൽ 15-ഓളം വരുന്ന ഞങ്ങളുടെ സഭാം​ഗങ്ങൾ യോഗ​ങ്ങൾക്കാ​യി എന്റെ വീട്ടി​ലേക്കു വരുമാ​യി​രു​ന്നു. യോഗം നടത്തുന്ന ഓരോ തവണയും മാസി​കകൾ, സാഹി​ത്യം, കൊണ്ടു​ന​ട​ക്കാ​വുന്ന പ്രസം​ഗ​പീ​ഠം തുടങ്ങി​യ​വ​യൊ​ക്കെ കൊണ്ടു​പോ​കു​ന്ന​തിൽ ഞങ്ങളെ​ല്ലാ​വ​രും സഹായി​ക്കേ​ണ്ടി​യി​രു​ന്നു.” വാടക​യ്‌ക്കെ​ടുത്ത ഹാളു​ക​ളിൽ പുകയി​ല​യു​ടെ ശക്തമായ ഗന്ധവും രാഷ്‌ട്രീയ, മതസം​ബ​ന്ധ​മായ വാചക​ങ്ങ​ളും വസ്‌തു​ക്ക​ളും കാണു​മാ​യി​രു​ന്നു. അവയൊ​ന്നും സാക്ഷി​ക​ളു​ടെ ആത്മീയ യോഗ​ങ്ങൾക്കു ചേരു​ന്ന​താ​യി​രു​ന്നില്ല.

യോഗ​ങ്ങൾക്കാ​യി തങ്ങൾ ക്യോ​ട്ടോ​യിൽ വാടക​യ്‌ക്കെ​ടുത്ത ഹാളി​നെ​ക്കു​റി​ച്ചു മോളി ഹാരനും ലോയിസ്‌ ഡയറും ഓർമി​ക്കു​ന്നു. ഒരു കടയുടെ രണ്ടാമത്തെ നിലയിൽ ടാറ്റാമി അഥവാ പുൽപ്പായ വിരിച്ച ഒരു മുറി​യാ​യി​രു​ന്നു അത്‌. അതിന്റെ ഇരുവ​ശ​ത്തും വേറെ​യും മുറി​ക​ളു​ണ്ടാ​യി​രു​ന്നു. ഒരു വശത്ത്‌ തന്ത്രി​ക​ളുള്ള ജാപ്പനീസ്‌ ഉപകര​ണ​മായ സാമി​സെൻ പഠിപ്പി​ച്ചി​രു​ന്നു; മറുവ​ശത്ത്‌, ഗോ എന്ന ഒരുതരം ജാപ്പനീസ്‌ ചതുരം​ഗ​ക്ക​ളി​യിൽ പുരു​ഷ​ന്മാർ ഏർപ്പെ​ട്ടി​രു​ന്നു. “ആ ശബ്ദകോ​ലാ​ഹ​ല​ങ്ങൾക്കി​ട​യി​ലാണ്‌ വീക്ഷാ​ഗോ​പുര അധ്യയനം നടത്താൻ ഞങ്ങൾ ശ്രമി​ച്ചത്‌. അക്കാലത്ത്‌ ഞങ്ങൾക്ക്‌ അത്തരം സ്ഥലങ്ങളേ ഉപയോ​ഗി​ക്കാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ,” ലോയിസ്‌ ഡയർ പറഞ്ഞു. മറ്റു മതവി​ഭാ​ഗ​ങ്ങൾക്കു​ള്ള​തു​പോ​ലെ, സ്ഥിരമായ യോഗ​സ്ഥ​ലങ്ങൾ ഞങ്ങൾക്കി​ല്ലാ​തി​രു​ന്ന​തി​നാൽ കേവലം അപ്രധാ​ന​മായ, അൽപ്പാ​യു​സ്സുള്ള ഒരു മതവി​ഭാ​ഗ​മാണ്‌ ഞങ്ങളു​ടേ​തെ​ന്നാ​യി​രു​ന്നു ആളുകൾ ധരിച്ചത്‌.

1970-കളുടെ മധ്യ​ത്തോ​ടെ പുതിയ സഭകളു​ടെ എണ്ണം വർധി​ച്ചു​വ​ന്ന​തി​നാൽ രാജ്യ​ഹാ​ളു​ക​ളാ​യി ഉപയോ​ഗി​ക്കാ​വുന്ന കെട്ടി​ടങ്ങൾ സഹോ​ദ​രങ്ങൾ അന്വേ​ഷി​ക്കാൻ തുടങ്ങി. 1974 ജൂലൈ ആയപ്പോ​ഴേ​ക്കും 646 സഭകൾ രാജ്യ​ത്തെ​മ്പാ​ടു​മാ​യി 200 രാജ്യ​ഹാ​ളു​കൾ ഉപയോ​ഗി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അവയിൽ 134 രാജ്യ​ഹാ​ളു​കൾ 1974 സേവന​വർഷ​ത്തിൽ മാത്ര​മാ​യി സമർപ്പി​ക്ക​പ്പെ​ട്ട​വ​യാ​യി​രു​ന്നു.

നമ്മുടെ സഹോ​ദ​രങ്ങൾ സാമ്പത്തിക പരിമി​തി​യു​ള്ള​വ​രാ​യി​രു​ന്നെ​ങ്കി​ലും, അവരുടെ പാടവ​ത്തിന്‌ യാതൊ​രു കുറവു​മി​ല്ലാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ക്യൂഷു ദ്വീപിൽ പ്രാ​ദേ​ശിക പ്രസാ​ധ​ക​രി​ലൊ​രാൾ നൽകിയ സ്ഥലത്ത്‌ കിതാ​ക്യൂ​ഷു വാക്കാ​മാ​റ്റ്‌സു സഭ 130 ചതുര​ശ്ര​മീ​റ്റർ വിസ്‌താ​ര​മുള്ള ഒരു രാജ്യ​ഹാൾ പണിതു. പൊളി​ച്ചു​മാ​റ്റ​പ്പെട്ട അഞ്ചു വീടു​ക​ളിൽനിന്ന്‌ ഉപയോ​ഗിച്ച തടിയും ഓടു​ക​ളും സഭയ്‌ക്കു സൗജന്യ​മാ​യി ലഭിച്ചു. കൂടാതെ, ഉപയോ​ഗി​ക്കാ​തെ കിടന്ന ഒരു പൊതു​സ്‌നാ​ന​കേ​ന്ദ്ര​ത്തിൽനി​ന്നുള്ള കുറച്ചു തടിയും അവർക്കു സൗജന്യ​മാ​യി കിട്ടി. അവർ ആകെപ്പാ​ടെ വാങ്ങിയ സാധനങ്ങൾ ഹാളിന്റെ മിനു​ക്കു​പ​ണി​ക്കു​ള്ളവ മാത്ര​മാ​യി​രു​ന്നു. പ്രവർത്തനം നിർത്തിയ അടുത്തുള്ള ഒരു സിനി​മാ​ശാ​ല​യിൽനിന്ന്‌ അവർക്കു കസേരകൾ സൗജന്യ​മാ​യി ലഭിച്ചു. അവ വീണ്ടും പെയിൻറ്‌ ചെയ്‌ത്‌ ഹാളിൽ ഇടുക​യാ​ണു ചെയ്‌തത്‌. അങ്ങനെ, ആറു മാസത്തെ കഠിനാ​ധ്വാ​ന​ത്തി​നു​ശേഷം സഹോ​ദ​ര​ങ്ങൾക്കു സ്വന്തമാ​യി ഒരു രാജ്യ​ഹാ​ളു​ണ്ടാ​യി.

സ്ഥലത്തിനു തീപി​ടിച്ച വിലയാ​യി​രു​ന്ന​തി​നാൽ, നഗര​പ്ര​ദേ​ശ​ങ്ങ​ളിൽ സ്ഥലങ്ങളു​ണ്ടാ​യി​രുന്ന ചില സാക്ഷികൾ ഒന്നാം നിലയിൽ രാജ്യ​ഹാ​ളും രണ്ടാം നിലയിൽ താമസ​സ്ഥ​ല​വും ആയിരി​ക്കുന്ന വിധത്തിൽ തങ്ങളുടെ വീട്‌ പൊളി​ച്ചു പണിതു.

പുരോ​ഗ​തി​ക്ക​നു​സ​രിച്ച്‌ ബ്രാഞ്ച്‌ നിർമി​ക്കു​ന്ന​തി​ന്റെ ആവശ്യം

വളരു​ന്തോ​റും കുട്ടിക്ക്‌ അവന്റെ വസ്‌ത്രം പാകമ​ല്ലാ​താ​കു​ന്നു. അതു​പോ​ലെ, ജപ്പാനിൽ സാക്ഷി​ക​ളു​ടെ എണ്ണം വർധി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ബ്രാഞ്ചി​ലെ സൗകര്യ​ങ്ങൾ വീണ്ടും വീണ്ടും കൂട്ടേ​ണ്ട​താ​യി​വ​ന്നി​ട്ടുണ്ട്‌. 1971-ൽ, നുമാ​സൂ​വിൽ മനോ​ഹ​ര​മായ ഫുജി​പർവ​ത​ത്തിന്‌ അഭിമു​ഖ​മാ​യി ഒരു മൂന്നു​നില ഫാക്ടറി​ക്കെ​ട്ടി​ട​വും അഞ്ചുനില ബെഥേൽ ഭവനവും നിർമി​ക്കാ​നുള്ള ആസൂ​ത്ര​ണങ്ങൾ ചെയ്‌തു.

പ്രാരം​ഭ​ത്തിൽ ഫാക്ടറി കെട്ടി​ടങ്ങൾ പ്രധാ​ന​മാ​യും ഉപയോ​ഗി​ച്ചി​രു​ന്നത്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും ജാപ്പനീസ്‌ ലക്കങ്ങൾ അച്ചടി​ക്കു​ന്ന​തി​നാ​യി​രു​ന്നു. ഇക്കാര്യ​ത്തിൽ, പുതു​താ​യി സ്ഥാപിച്ച 40 ടൺ ഭാരമുള്ള ടോക്കി​യോ കിക്കൈ റോട്ടറി പ്രസ്സിൽ ഉണരുക!യുടെ 1972 ഒക്ടോബർ 8 എന്ന പ്രത്യേക ലക്കം അച്ചടി​ച്ചത്‌ ഒരു നാഴി​ക​ക്ക​ല്ലാ​യി​രു​ന്നു. നുമാ​സൂ​വി​ലെ അച്ചടി​ശാ​ല​യിൽ നമ്മുടെ സഹോ​ദ​രങ്ങൾ ഉത്‌പാ​ദി​പ്പിച്ച ആദ്യ മാസി​ക​യാ​യി​രു​ന്നു അത്‌. എന്നാൽ അച്ചടി​ശാ​ല​യിൽ പ്രവർത്തി​ച്ചി​രു​ന്നവർ വളരെ കാര്യങ്ങൾ പഠി​ക്കേ​ണ്ടി​യി​രു​ന്നു. അച്ചടി​യ​ന്ത്രം ശരിയാ​യി പ്രവർത്തി​പ്പി​ക്കാൻ തങ്ങൾക്കു കഴിയു​മോ എന്ന്‌ അവർ സംശയിച്ച അവസര​ങ്ങ​ളു​ണ്ടാ​യി​ട്ടുണ്ട്‌. അച്ചടി​ശാ​ല​യിൽ ജോലി ചെയ്‌തി​രുന്ന ഒരു സഹോ​ദരൻ ഇപ്രകാ​രം പറഞ്ഞു: “അന്നൊക്കെ ചില അക്ഷരങ്ങ​ളിൽ മഷി കനത്തിൽ പുരണ്ടി​രു​ന്ന​തി​നാൽ വേണ​മെ​ങ്കിൽ അതു തൊട്ടു​നോ​ക്കി വായി​ക്കാ​മാ​യി​രു​ന്നു!” മറ്റു ചില അക്ഷരങ്ങ​ളാ​കട്ടെ അവ്യക്ത​മോ മഷി പടർന്ന​തോ ആയിരു​ന്നു. എന്നാൽ, സഹോ​ദ​രങ്ങൾ അനുഭ​വ​പ​രി​ചയം നേടി​യ​തോ​ടെ അച്ചടി​യു​ടെ മേന്മയും മേൽക്കു​മേൽ വർധിച്ചു. തത്‌ഫ​ല​മാ​യി, വയൽശു​ശ്രൂ​ഷ​യിൽ സമർപ്പി​ക്കുന്ന മാസി​ക​ക​ളു​ടെ എണ്ണം കൂടി.

നോർ സഹോ​ദരൻ 1973-ൽ നുമാ​സൂ​വി​ലെ ആ ബ്രാഞ്ച്‌ കെട്ടി​ട​ങ്ങ​ളു​ടെ സമർപ്പ​ണ​പ​രി​പാ​ടി​യിൽ പ്രസം​ഗി​ച്ച​പ്പോൾ പുതിയ ഫാക്ടറി കെട്ടി​ട​ത്തി​ന്റെ മൂന്നാം നിലയി​ലെ ശൂന്യ​മായ സ്ഥലത്താ​യി​രു​ന്നു അതിഥി​കൾ സമ്മേളി​ച്ചത്‌. ആ നില എന്തിനു വേണ്ടി ഉപയോ​ഗി​ക്ക​പ്പെ​ടും എന്നതി​നെ​ക്കു​റി​ച്ചു പരാമർശി​ച്ചു​കൊണ്ട്‌ അദ്ദേഹം പറഞ്ഞു: “ഈ ശൂന്യ​മായ സ്ഥലം നിങ്ങളു​ടെ വിശ്വാ​സ​ത്തെ​യാ​ണു പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌. ഒന്നോ രണ്ടോ വർഷത്തി​നു​ള്ളിൽ ഈ സ്ഥലം ആവശ്യ​മാ​യി വരു​മെ​ന്നാണ്‌ ഞങ്ങളുടെ വിശ്വാ​സം. ദൈവ​സ്ഥാ​പനം അതി​വേഗം മുന്നോ​ട്ടു കുതി​ക്കു​ക​യാണ്‌.”

നോർ സഹോ​ദരൻ പ്രവചി​ച്ച​തു​പോ​ലെ, താമസി​യാ​തെ വെറു​തെ​കി​ടന്ന സ്ഥലം ഉപയോ​ഗി​ക്കേ​ണ്ടി​വന്നു. 1974 ആയപ്പോ​ഴേ​ക്കും രണ്ടു കെട്ടി​ടങ്ങൾ കൂടി വേണ്ടി​വന്നു—ഒന്ന്‌ സാധനങ്ങൾ സംഭരി​ച്ചു​വെ​ക്കു​ന്ന​തി​നും മറ്റൊന്ന്‌ ജോലി​ക്കാ​രെ താമസി​പ്പി​ക്കു​ന്ന​തി​നും. “ജപ്പാനി​ലെ സാക്ഷികൾ സ്വയ​മേ​റ്റെ​ടുത്ത ആദ്യത്തെ നിർമാ​ണ​പ​ദ്ധ​തി​യാ​യി​രു​ന്നു അത്‌,” തോഷി​യോ ഹോൻമാ പറയുന്നു. “അനുഭ​വ​പ​രി​ച​യ​മുള്ള വേണ്ടത്ര ജോലി​ക്കാ​രെ ലഭിക്കു​മോ എന്നതു സംബന്ധിച്ച്‌ ഞങ്ങൾക്ക്‌ തെല്ലൊ​രു ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രു​ന്നു. ഒരു പ്രമുഖ കെട്ടി​ട​നിർമാണ കോൺട്രാ​ക്ട​റു​ടെ പക്കൽ 30 വർഷത്തി​ല​ധി​കം പ്രവൃ​ത്തി​പ​രി​ച​യ​മുള്ള ഒരു നിർമാ​ണ​മേൽവി​ചാ​ര​ക​നായ താഡാ​സോ ഫുക്കയാ​മ​യെ​പ്പോ​ലുള്ള ആളുകളെ നൽകി ദൈവം ഞങ്ങളെ അനു​ഗ്ര​ഹി​ച്ചു.”

ജോലി നിമിത്തം താഡാ​സോ​യ്‌ക്ക്‌ വർഷങ്ങ​ളോ​ളം വീട്ടിൽനി​ന്നു മാറി​നിൽക്കേ​ണ്ട​താ​യി​വ​ന്നി​രു​ന്നു. അതിനാൽ, തന്റെ കുടും​ബ​ത്തോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കാൻ അദ്ദേഹം തന്റെ ജോലി ഉപേക്ഷി​ച്ച​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ ബെഥേൽ വികസ​ന​ത്തിൽ മേൽനോ​ട്ടം വഹിക്കു​ന്ന​തി​നു നുമാ​സൂ​വി​ലേക്കു വരാൻ പറ്റു​മോ​യെന്നു ചോദി​ച്ച​പ്പോൾ അദ്ദേഹ​ത്തി​നു സമ്മി​ശ്ര​വി​കാ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അദ്ദേഹ​ത്തിന്‌ വീണ്ടും തന്റെ കുടും​ബത്തെ വിട്ടു​നിൽക്കേ​ണ്ടി​വ​രു​മോ? “ഇല്ല!” എന്നായി​രു​ന്നു ബ്രാഞ്ചിൽനി​ന്നു ലഭിച്ച മറുപടി. അദ്ദേഹ​ത്തി​ന്റെ ഭാര്യ​യും 18-ഉം 20-ഉം വീതം വയസ്സുള്ള രണ്ടു പുത്ര​ന്മാ​രും കൂടി ക്ഷണിക്ക​പ്പെട്ടു.

അന്നത്തെ കെട്ടി​ടങ്ങൾ ഭാവി​യിൽ നിർമി​ക്കാ​നി​രു​ന്ന​തി​നെ അപേക്ഷിച്ച്‌ ചെറു​താ​യി​രു​ന്നെ​ങ്കി​ലും, ആ പദ്ധതി സഹോ​ദ​ര​ങ്ങൾക്ക്‌ അനുഭ​വ​പ​രി​ച​യ​വും യഹോ​വ​യു​ടെ സഹായ​ത്തോ​ടെ അതിലും വലിയ നിർമാ​ണ​പ​ദ്ധ​തി​കൾ ഏറ്റെടു​ക്കാൻ കഴിയു​മെന്ന ആത്മവി​ശ്വാ​സ​വും പ്രദാനം ചെയ്‌തു.

തദ്ദേശ സഹോ​ദ​രങ്ങൾ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കു​ന്നു

1952 മുതൽ ബ്രാഞ്ചി​ന്റെ മേൽവി​ചാ​ര​ക​നാ​യി​രുന്ന ലോയ്‌ഡ്‌ ബാരി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തി​ലെ ഒരംഗ​മാ​യി സേവി​ക്കാൻ 1975 ഏപ്രി​ലിൽ ജപ്പാനിൽനി​ന്നു പോയി. ദിവ്യാ​ധി​പത്യ സ്ഥാപനം 1949-ലെ 8 പ്രസാ​ധ​ക​രിൽനിന്ന്‌ 30,000-ത്തിലധി​കം വരുന്ന തീക്ഷ്‌ണ​ത​യുള്ള രാജ്യ​ഘോ​ഷ​ക​രാ​യി വളർന്ന കാലത്ത്‌ അദ്ദേഹം ആ വേലയിൽ സജീവ​മാ​യി പങ്കെടു​ത്തി​രു​ന്നു. അദ്ദേഹം പോയ​പ്പോൾ ബ്രാഞ്ചി​ന്റെ മേൽനോ​ട്ടം ഏൽപ്പി​ച്ചത്‌ തോഷി​യോ ഹോൻമാ എന്ന ഒരു തദ്ദേശ ജാപ്പനീസ്‌ സഹോ​ദ​ര​നെ​യാ​യി​രു​ന്നു. ആ സഹോ​ദരൻ അന്ന്‌ ഫാക്ടറി മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ക​യാ​യി​രു​ന്നു.

ഹോൻമാ സഹോ​ദ​രന്റെ പ്രാപ്‌തി​ക​ളെ​ക്കു​റി​ച്ചു ഫാക്ടറി​യി​ലെ അദ്ദേഹ​ത്തി​ന്റെ സഹായി ഇപ്രകാ​രം പറഞ്ഞു: “ആരെങ്കി​ലും വിശദാം​ശ​ങ്ങ​ളോ​രോ​ന്നും പറഞ്ഞു​ത​രാൻ പ്രതീ​ക്ഷി​ച്ചു​കൊണ്ട്‌ വെറുതെ കയ്യും​കെ​ട്ടി​യി​രി​ക്കുന്ന തരക്കാ​ര​ന​ല്ലാ​യി​രു​ന്നു തോഷി​യോ. അദ്ദേഹ​ത്തിന്‌ ഒരു ജോലി കൊടു​ത്തിട്ട്‌ ‘ഈ ദിശയി​ലാണ്‌ നാം പോകാൻ ആഗ്രഹി​ക്കു​ന്നത്‌’ എന്നു പറഞ്ഞാൽ മതി, അദ്ദേഹം ലക്ഷ്യത്തി​ലേക്കു മുന്നേ​റി​ക്കൊ​ള്ളും. നല്ലൊരു സംഘാ​ട​ക​നാ​യി​രുന്ന അദ്ദേഹം ആളുകളെ ശരിക്കും പ്രചോ​ദി​പ്പി​ച്ചി​രു​ന്നു.”

1976 ഫെബ്രു​വ​രി​യിൽ സ്ഥാപന​പ​ര​മായ മറ്റൊരു മാറ്റം നിലവിൽ വന്നു. ലോക​മെ​മ്പാ​ടു​മുള്ള മറ്റു ബ്രാഞ്ചു​ക​ളി​ലെ​ന്ന​പോ​ലെ ജപ്പാൻ ബ്രാഞ്ചി​ലും മേൽനോ​ട്ടം ഒരു ബ്രാഞ്ച്‌ മേൽവി​ചാ​ര​കന്റെ കീഴി​ലാ​യി​രി​ക്കു​ന്ന​തി​നു​പ​കരം സഹോ​ദ​ര​ന്മാ​ര​ട​ങ്ങുന്ന ഒരു കമ്മിറ്റി​യു​ടെ കീഴിൽ വന്നു. ആദ്യം നിയമി​ക്ക​പ്പെട്ട അഞ്ചു പേർ കോ-ഓർഡി​നേ​റ്റ​റായ തോഷി​യോ ഹോൻമാ, മസത്തരോ ഒദ, ഷിഗെ​യോ ഇക്കെഹാ​ട്ടാ, കീച്ചി​രോ താനാക്ക, ജയിംസ്‌ മാൻസ്‌ എന്നിവ​രാ​യി​രു​ന്നു. ജപ്പാനി​ലെ സഹോ​ദ​ര​ന്മാർ ഈ പുതിയ ക്രമീ​ക​ര​ണത്തെ സത്വരം സ്വീക​രി​ച്ചു. കാരണം, തീരു​മാ​നം കൈ​ക്കൊ​ള്ളുന്ന കാര്യ​ത്തിൽ സംഘസ​മീ​പ​ന​വും അഭി​പ്രാ​യ​മാ​രാ​യൽരീ​തി​യും അവർക്കു സുപരി​ചി​ത​മാ​യി​രു​ന്നു. കമ്മിറ്റി​യം​ഗ​ങ്ങ​ളിൽ ഒരാൾ പിന്നീട്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ബ്രാഞ്ച്‌ കമ്മിറ്റി ക്രമീ​ക​ര​ണ​മു​ള്ള​പ്പോൾ സഹോ​ദ​രങ്ങൾ നോക്കു​ന്നത്‌ സ്ഥാപന​ത്തി​ന്റെ പ്രതി​നി​ധി​കൾ എന്നനി​ല​യിൽ പക്വത​യുള്ള ഒരു കൂട്ടം ക്രിസ്‌ത്യാ​നി​ക​ളി​ലേ​ക്കാ​യി​രി​ക്കും. സഹോ​ദ​ര​ങ്ങ​ളു​ടെ ശ്രദ്ധ ഒരു വ്യക്തി​യി​ലേക്കു തിരി​ച്ചു​വി​ടു​ന്ന​തി​നു​പ​കരം ദൈവ​സ്ഥാ​പ​ന​ത്തി​ലേക്കു തിരി​ച്ചു​വി​ടുന്ന ഫലമുണ്ട്‌ ഇതിന്‌.” ഈ ക്രമീ​ക​രണം നിമിത്തം, ഗൗരവ​മായ ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ട​തു​ള്ള​പ്പോൾ, അതേക്കു​റി​ച്ചു പരിചി​ന്തി​ക്കു​ന്ന​തി​നും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും ദൈവ​വ​ച​ന​ത്തി​ന്റെ​യും മാർഗ​നിർദേശം ആരായു​ന്ന​തി​നും വ്യത്യസ്‌ത പശ്ചാത്ത​ല​വും പ്രാപ്‌തി​ക​ളു​മുള്ള ആത്മീയ പുരു​ഷ​ന്മാ​രു​ടെ ഒരു കൂട്ടം ഉണ്ടായി​രി​ക്കും.

1960 ഫെബ്രു​വരി മുതൽ ബെഥേ​ലിൽ സേവി​ച്ചി​രുന്ന മസത്തരോ ഒദ 1983 ജനുവ​രി​യിൽ ഹോൻമാ സഹോ​ദ​ര​നു​പ​കരം കോ-ഓർഡി​നേ​റ്റ​റാ​യി. ആ സമയത്ത്‌ ഹോൻമാ സഹോ​ദ​രനു രണ്ടു വയസ്സുള്ള ഒരു മകനെ വളർത്തു​ന്ന​തുൾപ്പെ​ടെ​യുള്ള കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങൾ ഉണ്ടായി​രു​ന്നു. വ്യത്യസ്‌ത കാലയ​ള​വു​ക​ളിൽ ബ്രാഞ്ച്‌ കമ്മിറ്റി​യിൽ സേവി​ച്ചി​രുന്ന മറ്റുള്ളവർ ര്യോ​സു​ക്കെ ഫുജി​മൊ​ത്തോ, പെഴ്‌സി ഇസ്‌ലോബ്‌, ഇസാമൂ സുഗി​യൂര, യോഷി​ഹി​രോ നാഗസാ​ക്കി, മാക്കോ​ട്ടോ നാക്കാ​ജി​മാ, കെൻജി മിമൂര, റിച്ചാർഡ്‌ ബെയ്‌ലി എന്നിവ​രാ​യി​രു​ന്നു. ഇപ്പോൾ ഏഴു സഹോ​ദ​ര​ന്മാർ ബ്രാഞ്ച്‌ കമ്മിറ്റി​യിൽ സേവി​ക്കു​ന്നു. വേല വികസി​ച്ച​തോ​ടെ, ഈ സഹോ​ദ​ര​ന്മാ​രിൽ ഓരോ​രു​ത്ത​രും ലോക​വ​യ​ലി​ന്റെ ഈ ഭാഗത്ത്‌ ദൈവ​രാ​ജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കു​ന്ന​തി​നാ​യി താന്താന്റെ പ്രാപ്‌തി​കൾ താഴ്‌മ​യോ​ടെ വിനി​യോ​ഗി​ച്ചി​രി​ക്കു​ന്നു.

“ഈ ഘട്ടത്തിൽ പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ, ഈ കമ്മിറ്റി​ക്ര​മീ​ക​ര​ണ​ത്തി​ലെ ദിവ്യ​ജ്ഞാ​നം നമുക്കു കാണാൻ സാധി​ക്കും. 1976-ൽ ഈ കമ്മിറ്റി​ക്ര​മീ​ക​രണം നിലവിൽ വന്നതി​നു​ശേഷം ഒരു വ്യക്തിക്കു തനിയെ കൈകാ​ര്യം ചെയ്യാൻ സാധി​ക്കാത്ത വിധത്തിൽ വേല വികസി​ച്ചി​രി​ക്കു​ന്നു. പല സഹോ​ദ​ര​ന്മാർക്കു വേല വീതിച്ചു നൽകു​ന്ന​തി​നുള്ള ജ്ഞാനം യഹോവ ഭരണസം​ഘ​ത്തി​നു നൽകി. അതിനാൽ വേലയു​ടെ പുരോ​ഗ​തി​ക്കു തടസ്സം നേരി​ട്ടി​ട്ടില്ല” എന്ന്‌ ഒദ സഹോ​ദരൻ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

പ്രാ​ദേ​ശിക സഹോ​ദ​ര​ന്മാർ കൺ​വെൻ​ഷ​നു​കൾ സംഘടി​പ്പി​ക്കു​ന്നു

സമാന​മാ​യി, 1970-കളിൽ കൺ​വെൻ​ഷ​നു​ക​ളു​ടെ സംഘാ​ട​ന​ത്തോ​ടു ബന്ധപ്പെട്ട ഉത്തരവാ​ദി​ത്വം പ്രാ​ദേ​ശിക സാക്ഷി​കൾക്കു കൈമാ​റാൻ തുടങ്ങി. കൺ​വെൻ​ഷൻ മേൽവി​ചാ​രകൻ എന്നനി​ല​യിൽ ആദ്യമാ​യി സേവന​മ​നു​ഷ്‌ഠിച്ച ജാപ്പനീസ്‌ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാ​രിൽ ഒരാളാ​യി​രു​ന്നു താകാഷി ആബെ. പെഴ്‌സി ഇസ്‌ലോബ്‌ പോലുള്ള മിഷന​റി​മാ​രോ​ടു​കൂ​ടെ പ്രവർത്തി​ച്ച​തി​നാൽ അദ്ദേഹ​ത്തിന്‌ വിലപ്പെട്ട അനുഭ​വ​ജ്ഞാ​നം ലഭിച്ചി​രു​ന്നു. ടോക്കി​യോ കോര​ക്കു​യെൻ സൈക്ലിങ്‌ സ്റ്റേഡി​യ​ത്തിൽ 1969-ൽ നടന്ന “ഭൂമി​യിൽ സമാധാന” സാർവ​ദേ​ശീയ സമ്മേള​ന​ത്തി​ന്റെ കൺ​വെൻ​ഷൻ മേൽവി​ചാ​രകൻ പെഴ്‌സി​യാ​യി​രു​ന്നു. രണ്ടു വർഷത്തി​നു​ശേഷം അതേ സ്റ്റേഡി​യ​ത്തിൽ നടന്ന ദേശീയ കൺ​വെൻ​ഷ​നിൽ ആബെ സഹോ​ദരൻ കൺ​വെൻ​ഷൻ മേൽവി​ചാ​ര​ക​നാ​യി സേവന​മ​നു​ഷ്‌ഠി​ച്ചു. 1969-ലെ കൺ​വെൻ​ഷ​നിൽനിന്ന്‌ അദ്ദേഹ​ത്തി​നു ലഭിച്ച അനുഭ​വ​ജ്ഞാ​ന​ത്തി​ന്റെ ഫലമായി, ആ കൺ​വെൻ​ഷന്റെ പ്രവർത്തനം ഭംഗി​യാ​യി നടന്നു. എന്നാൽ അതിലും വലിയ ഉത്തരവാ​ദി​ത്വം വരാനി​രി​ക്കു​ക​യാ​യി​രു​ന്നു.

1973-ൽ ഓസക്ക​യിൽ നടക്കാ​നി​രുന്ന പഞ്ചദിന “ദിവ്യ വിജയ” സാർവ​ദേ​ശീയ സമ്മേള​ന​ത്തി​ന്റെ കൺ​വെൻ​ഷൻ മേൽവി​ചാ​ര​ക​നെന്ന നിലയിൽ സൊ​സൈറ്റി ആബെ സഹോ​ദ​ര​നെ​യാ​ണു നിയമി​ച്ചത്‌. 400 വിദേശ പ്രതി​നി​ധി​കൾ ഉൾപ്പെടെ, ഏകദേശം 30,000 പേർ ഹാജരാ​കു​മെ​ന്നാ​യി​രു​ന്നു പ്രതീക്ഷ. അദ്ദേഹ​ത്തി​ന്റെ പ്രതി​ക​ര​ണ​മോ? “നിയമ​ന​ക്കത്തു ലഭിച്ച​പ്പോൾ ഞാൻ വല്ലാതെ രോഗാ​വ​സ്ഥ​യി​ലാ​യി. ദിവസ​ങ്ങ​ളോ​ളം കിടക്ക​യിൽത്തന്നെ കഴി​യേ​ണ്ടി​വന്നു. ഒന്നെഴു​ന്നേൽക്കാൻപോ​ലും കഴിഞ്ഞില്ല. ആവശ്യ​മായ എല്ലാ കൺ​വെൻ​ഷൻ ഡിപ്പാർട്ടു​മെൻറു​ക​ളും സംഘടി​പ്പി​ക്കു​ന്ന​തി​ന്റെ വെല്ലു​വി​ളി​യെ​ക്കു​റി​ച്ചു ചിന്തി​ക്കാ​നേ എനിക്കു കഴിഞ്ഞു​ള്ളൂ. കൺ​വെൻ​ഷന്‌ ഏതാനും മാസങ്ങൾക്കു മുമ്പ്‌ കൺ​വെൻ​ഷൻ സംഘാ​ടനം എന്ന ചെറു​പു​സ്‌തകം സൊ​സൈ​റ്റി​യിൽനി​ന്നു ലഭിച്ച​പ്പോൾ ഞാൻ എത്ര സന്തോ​ഷി​ച്ചു​വെ​ന്നോ! ബൈബി​ള​ധി​ഷ്‌ഠിത നടപടി​ക്ര​മങ്ങൾ പിൻപ​റ്റി​യ​തി​നാൽ പല പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കാൻ കഴിഞ്ഞു,” അദ്ദേഹം അനുസ്‌മ​രി​ക്കു​ന്നു.

സത്വര​മാ​യ ആവശ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു പ്രതി​നി​ധി​കൾക്കെ​ല്ലാം ആവശ്യ​മായ ഇരിപ്പി​ടങ്ങൾ ക്രമീ​ക​രി​ക്കുക എന്നത്‌. ഓസക്ക​യി​ലെ എക്‌സ്‌പോ (1970) മെമ്മോ​റി​യൽ പാർക്കി​ലെ ഫെസ്റ്റിവൽ പ്ലാസ ആയിരു​ന്നു കൺ​വെൻ​ഷൻ നടത്തേണ്ട സ്ഥലം. എന്നാൽ ആ പ്ലാസയിൽ ഇരിപ്പി​ട​ങ്ങ​ളോ സ്റ്റേജോ ഒന്നുമി​ല്ലാ​യി​രു​ന്നു. കൺ​വെൻ​ഷനു വേണ്ടി മടക്കു​ക​സേ​രകൾ വാടക​യ്‌ക്കെ​ടു​ക്കു​ന്നതു സംബന്ധിച്ച വിവര​ങ്ങൾക്കാ​യി ചുറ്റു​പാ​ടു​മു​ണ്ടാ​യി​രുന്ന സഭക​ളോട്‌ ആരായു​ക​യു​ണ്ടാ​യി. ഒരു നഗരത്തി​ലെ എല്ലാ സ്‌കൂ​ളു​ക​ളി​ലെ​യും പ്രിൻസി​പ്പൽമാ​രു​മാ​യി ബന്ധപ്പെട്ടു. കൂടാതെ, കൺ​വെൻ​ഷ​നാ​വ​ശ്യ​മുള്ള കസേരകൾ വാടക​യ്‌ക്കു തരാൻ കഴിയു​മോ​യെന്നു ജപ്പാനി​ലെ ഏറ്റവും വലിയ വൈദ്യു​തോ​പ​കരണ നിർമാ​ണ​ക്ക​മ്പ​നി​യു​ടെ പ്രസി​ഡൻറി​നോ​ടു ചോദി​ക്കു​ക​യു​ണ്ടാ​യി. ഈ അപേക്ഷ സംബന്ധിച്ച്‌ പ്രസ്‌തുത കമ്പനി​യു​ടെ ഒരു പ്രതി​നി​ധി കൺ​വെൻ​ഷൻ മേൽവി​ചാ​ര​ക​നു​മാ​യി ബന്ധപ്പെട്ടു. കമ്പനിക്ക്‌ വാടക​യ്‌ക്കു തരാൻ കൂടു​ത​ലാ​യി മടക്കു​ക​സേ​രകൾ ഇല്ലായി​രു​ന്നെ​ങ്കി​ലും, 5,000 കസേരകൾ വാടക​യ്‌ക്കെ​ടു​ക്കു​ന്ന​തി​നുള്ള പണം അവർ സംഭാ​വ​ന​യാ​യി നൽകി. പിന്നെ​യും കൂടുതൽ ഇരിപ്പി​ടങ്ങൾ ആവശ്യ​മാ​യി​രു​ന്നു. അതിനു പരിഹാ​ര​മെ​ന്താ​യി​രു​ന്നു? ഒരു നിർമാ​ണ​ക്ക​മ്പ​നി​യിൽനി​ന്നു വാടക​യ്‌ക്കെ​ടുത്ത തട്ടുപ​ല​ക​കൾക്കൊ​ണ്ടു ബെഞ്ചു​ക​ളു​ണ്ടാ​ക്കുക. കൺ​വെൻ​ഷന്‌ ഏതാനും ദിവസ​ങ്ങൾക്കു മുമ്പ്‌ ബെഞ്ചു​ക​ളു​ണ്ടാ​ക്കി​ക്ക​ഴി​ഞ്ഞി​രു​ന്നു. 31,263 പേരുള്ള സദസ്സ്‌ പരസ്യ​പ്ര​സം​ഗം ശ്രദ്ധിച്ചു. എണ്ണം വർധി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​നാൽ ജപ്പാനി​ലും ഓക്കി​നാ​വ​യി​ലു​മുള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​ല്ലാം ഒരു കൺ​വെൻ​ഷ​നിൽത്തന്നെ കൂടി​വ​രാൻ കഴിഞ്ഞ അവസാന സന്ദർഭ​മാ​യി​രു​ന്നു അത്‌.

ബ്രുക്ലി​നി​ലു​ള്ള ലോകാ​സ്ഥാന ഭരണസം​ഘ​ത്തിൽപ്പെട്ട അഞ്ചംഗ​ങ്ങ​ളും ഫാക്ടറി മേൽവി​ചാ​ര​ക​നും ആ കൺ​വെൻ​ഷ​നിൽ സംബന്ധിച്ച്‌ സദസ്സിനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. കൂടാതെ ഐക്യ​നാ​ടു​കൾ, ഓസ്‌​ട്രേ​ലിയ, കാനഡ, ഗ്വാട്ടി​മാല, ജർമനി, നൈജീ​രിയ, ന്യൂസി​ലൻഡ്‌, പാപ്പുവ ന്യൂഗി​നി, ബ്രിട്ടൻ, ഹവായ്‌ എന്നിവി​ട​ങ്ങ​ളിൽനി​ന്നും പ്രതി​നി​ധി​കൾ സന്നിഹി​ത​രാ​യി​രു​ന്നു. അതിനാൽ, ആ കൺ​വെൻ​ഷൻ ശരിക്കും സാർവ​ദേ​ശീ​യ​മായ ഒന്നായി​രു​ന്നു.

ഓസക്ക​യി​ലെ ആ കൺ​വെൻ​ഷ​നെ​ത്തു​ടർന്ന്‌ കൂടുതൽ പ്രാ​ദേ​ശിക സഹോ​ദ​രങ്ങൾ കൺ​വെൻ​ഷൻ സംഘാ​ട​ന​ത്തിൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏൽക്കാൻ തുടങ്ങി. ഇതുമൂ​ലം, സഹോ​ദ​ര​ങ്ങൾക്കു കൺ​വെൻ​ഷൻപൂർവ പ്രവർത്ത​നത്തെ മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളു​മാ​യി സമനി​ല​യിൽ നിർത്തുക കൂടുതൽ എളുപ്പ​മാ​യി. കൂടാതെ, സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർക്ക്‌ ഓരോ കൺ​വെൻ​ഷ​നും മുമ്പ്‌ കൺ​വെൻ​ഷ​നോ​ടു ബന്ധപ്പെട്ട പ്രവർത്ത​ന​ങ്ങൾക്കാ​യി മാസങ്ങ​ളോ​ളം ചെലവ​ഴി​ക്കു​ന്ന​തി​നു​പ​കരം തങ്ങളുടെ നിയമ​ന​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നും കഴിഞ്ഞു.

1978-ലെ “വിജയ​പ്രദ വിശ്വാസ” സാർവ​ദേ​ശീയ കൺ​വെൻ​ഷ​നു​കൾ

ജപ്പാനിൽ നടത്താ​നി​രുന്ന നാലാ​മത്തെ സാർവ​ദേ​ശീയ കൺ​വെൻ​ഷൻ 1978-ലെ പഞ്ചദിന “വിജയ​പ്രദ വിശ്വാസ” കൺ​വെൻ​ഷ​നാ​യി​രു​ന്നു. എല്ലാവ​രെ​യും ഇതിൽ ഉൾപ്പെ​ടു​ത്തു​ന്ന​തിന്‌ ഇത്തവണ നാലു കൺ​വെൻ​ഷൻ സ്ഥലങ്ങൾ ഉപയോ​ഗി​ച്ചി​രു​ന്നു. പ്രധാന കൺ​വെൻ​ഷൻ നടത്തി​യത്‌ ഓസക്ക​യി​ലാ​യി​രു​ന്നു. അവിടത്തെ അത്യുച്ച ഹാജർ 31,785 ആയിരു​ന്നു. ഐക്യ​നാ​ടു​കൾ, കാനഡ, ജർമനി, സ്വിറ്റ്‌സർലൻഡ്‌, യൂറോ​പ്പി​ലെ​യും ഏഷ്യയി​ലെ​യും തെക്കേ അമേരി​ക്ക​യി​ലെ​യും മറ്റ്‌ രാജ്യങ്ങൾ എന്നിവി​ട​ങ്ങ​ളിൽനി​ന്നു​മാ​യി 200-ലധികം പ്രതി​നി​ധി​കൾ ഉൾപ്പെ​ടെ​യാ​യി​രു​ന്നു അത്‌. ആ കൺ​വെൻ​ഷൻ പരിപാ​ടി​യിൽ സംബന്ധി​ക്കാൻ ഭരണസം​ഘ​ത്തി​ലെ മൂന്നം​ഗ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

വർഷങ്ങ​ളാ​യി സഹകര​ണ​ത്തി​ന്റെ നല്ലൊരു ആത്മാവ്‌ നട്ടുവ​ളർത്ത​പ്പെ​ട്ടി​രു​ന്നു. യഹോ​വ​യു​ടെ സഹായ​ത്തോ​ടെ തങ്ങൾക്കു വലിയ ദിവ്യാ​ധി​പത്യ നിയമ​ന​ങ്ങൾപോ​ലും ചെയ്യാ​നാ​കു​മെന്ന പൂർണ ബോധ്യം സഹോ​ദ​ര​ങ്ങൾക്കു​ണ്ടാ​യി.

ബൗളിങ്‌ കേന്ദ്രം സമ്മേള​ന​ഹാ​ളാ​കു​ന്നു

രാജ്യ​ഹാ​ളു​കൾക്കു പുറമേ, സഹോ​ദ​ര​ങ്ങൾക്ക്‌ സമ്മേള​ന​ങ്ങൾക്കാ​യി വലുപ്പം കൂടിയ ഹാളുകൾ ആവശ്യ​മാ​ണെന്ന കാര്യം വ്യക്തമാ​യി. 1970-കളുടെ തുടക്ക​മാ​യ​പ്പോ​ഴേ​ക്കും അനേകം പൊതു​സ്ഥ​ല​ങ്ങ​ളും മതകൂ​ട്ട​ങ്ങൾക്ക്‌ വാടക​യ്‌ക്കു ലഭിക്കാ​താ​യി. ജിം​നേ​ഷ്യ​ങ്ങൾ ഉപയോ​ഗി​ക്കാ​നുള്ള കരാറു​കൾ അവസാ​ന​നി​മി​ഷം റദ്ദാക്ക​പ്പെ​ടാ​മാ​യി​രു​ന്നു. കാരണം, പ്രാ​ദേ​ശിക സ്‌പോർട്‌സ്‌ പരിപാ​ടി​കൾക്കാ​യി​രു​ന്നു പ്രാമു​ഖ്യത. സ്വന്തമായ സമ്മേള​ന​ഹാ​ളിന്‌ അന്വേ​ഷണം തുടങ്ങാൻ സഹോ​ദ​ര​ങ്ങളെ പ്രേരി​പ്പിച്ച ഒരു പ്രത്യേക സംഭവം, വർഷങ്ങ​ളോ​ളം ടോക്കി​യോ​യിൽ സമ്മേള​ന​മേൽവി​ചാ​ര​ക​നാ​യി സേവിച്ച ഹിരോ​ഫൂ​മി മോ​റോ​ഹാ​ഷി അനുസ്‌മ​രി​ക്കു​ന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “1974-ൽ ഓയാമാ നഗരത്തി​ലെ വിനോ​ദ​പാർക്കി​ലുള്ള ഒരു ഹാൾ ഞങ്ങളുടെ സർക്കിട്ട്‌ സമ്മേള​ന​ത്തി​ന്റെ ഉപയോ​ഗ​ത്തി​നു ലഭിക്കാൻ 2,00,000 യെൻ [700 യു.എസ്‌. ഡോളർ] ഞങ്ങൾ മുൻകൂ​റാ​യി അടച്ചു. പിന്നീട്‌ ആ വിനോ​ദ​പാർക്ക്‌ അടച്ചു​പൂ​ട്ടി. കൊടുത്ത പണം തിരികെ കിട്ടാ​നും അതു​പോ​ലെ സമ്മേള​ന​ത്തി​നാ​യി മറ്റൊരു സ്ഥലം കണ്ടെത്താ​നും ഞങ്ങൾക്കു നന്നേ പാടു​പെ​ടേ​ണ്ടി​വന്നു.” ഓസ്‌​ട്രേ​ലി​യ​യിൽ മനോ​ഹ​ര​മായ ഒരു സമ്മേള​ന​ഹാ​ളാ​യി മാറ്റി​യെ​ടുത്ത ഒരു പഴയ നെയ്‌ത്തു​ഫാ​ക്ട​റി​യു​ടെ ചിത്രങ്ങൾ പെഴ്‌സി ഇസ്‌ലോബ്‌ പിന്നീട്‌ അവരെ കാണിച്ചു. തങ്ങളും അതു​പോ​ലുള്ള ഒന്ന്‌ പരീക്ഷി​ച്ചു​നോ​ക്കേണ്ട സമയമാ​യെന്നു ടോക്കി​യോ​യി​ലെ സഹോ​ദ​ര​ങ്ങൾക്കു തോന്നി.

ഉപയോ​ഗി​ക്കാ​തെ കിടന്ന ഒരു ബൗളിങ്‌ കേന്ദ്രം അവർ കണ്ടെത്തി. ടോക്കി​യോ​യു​ടെ പ്രാന്ത​പ്ര​ദേ​ശത്തെ ഹിഗാഷി-മാറ്റ്‌സൂ​യാ​മ​യി​ലാ​യി​രു​ന്നു അത്‌. അതിന്റെ ഉടമയ്‌ക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചു യാതൊ​രു അറിവു​മി​ല്ലാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ അദ്ദേഹം ഐക്യ​നാ​ടു​ക​ളിൽ താൻ കൂടെ​ത്താ​മ​സിച്ച ഒരു കുടും​ബ​ത്തി​നെ​ഴു​തി ചോദി​ച്ചു. ഐക്യ​നാ​ടു​ക​ളിൽ ഏറ്റവും ആശ്രയ​യോ​ഗ്യ​മായ മതവി​ഭാ​ഗം യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു പറഞ്ഞു​കൊ​ണ്ടുള്ള അനുകൂ​ല​മായ ഒരു മറുപ​ടി​യാണ്‌ അദ്ദേഹ​ത്തി​നു ലഭിച്ചത്‌. അപ്പോൾമു​തൽ കാര്യങ്ങൾ ഭംഗി​യാ​യി നടന്നു. ഒരു ഉടമ്പടി​യും ഉണ്ടാക്കി.

അങ്ങനെ 1976 ഡിസം​ബ​റിൽ ജപ്പാനി​ലെ ആദ്യത്തെ സമ്മേള​ന​ഹാൾ പൂർത്തി​യാ​യി. അതിനി​ടെ മറ്റൊരു പ്രമുഖ നിർമാ​ണ​പ​രി​പാ​ടി നടക്കു​ക​യാ​യി​രു​ന്നു.

യഹോവ കാര്യ​ങ്ങളെ നയിക്കു​ന്നു

നുമാ​സൂ​വി​ലെ വികസിത കെട്ടി​ട​സ​മു​ച്ച​യങ്ങൾ 1977-ൽ സമർപ്പി​ക്ക​പ്പെ​ട്ട​പ്പോ​ഴേ​ക്കും പ്രസാ​ധ​ക​രു​ടെ എണ്ണം 40,000 കവിഞ്ഞി​രു​ന്നു. നുമാ​സൂ​വി​ലെ സ്ഥലത്തെ​ക്കാൾ 300 ശതമാനം കൂടുതൽ വലുപ്പ​മുള്ള ഒരു സ്ഥലം അന്വേ​ഷി​ക്കാൻ ബ്രാഞ്ചി​നു നിർദേശം ലഭിച്ചു. നുമാ​സൂ​വി​നും ടോക്കി​യോ​യ്‌ക്കും ഇടയിൽ എബിന എന്ന സ്ഥലത്ത്‌ ഒരു പഴയ തുണി​മില്ല്‌ കണ്ടെത്തി. 18 ഏക്കറു​ണ്ടാ​യി​രുന്ന ആ സ്ഥലം നുമാ​സൂ​വി​ലുള്ള സ്ഥലത്തെ​ക്കാൾ 1,600 ശതമാനം വലുതാ​യി​രു​ന്നു. സ്ഥലത്തിന്‌ തീപി​ടിച്ച വിലയുള്ള ഒരു രാജ്യത്ത്‌ അത്തര​മൊ​രു നീക്കത്തെ ഭരണസം​ഘം അംഗീ​ക​രി​ക്കു​മാ​യി​രു​ന്നോ? 1867-ൽ അലാസ്‌ക വാങ്ങു​ന്ന​തിന്‌ ഐക്യ​നാ​ടു​കൾ റഷ്യയ്‌ക്കു കൊടുത്ത തുകയു​ടെ ഇരട്ടി​യി​ല​ധി​കം വരുമാ​യി​രു​ന്നു ആ സ്ഥലത്തിന്റെ വില. കുറെ നാള​ത്തേക്ക്‌ ആസ്ഥാന​ത്തു​നി​ന്നു യാതൊ​രു പ്രതി​ക​ര​ണ​വു​മു​ണ്ടാ​യില്ല. “പിന്നീട്‌, പെട്ടെ​ന്നൊ​രു നാൾ ന്യൂ​യോർക്കിൽനി​ന്നു ബാരി സഹോ​ദരൻ സൊ​സൈ​റ്റി​യു​ടെ ബ്രുക്ലി​നി​ലെ ഫാക്ടറി മേൽവി​ചാ​ര​ക​നായ മാക്‌സ്‌ ലാർസ​ണു​മൊത്ത്‌ ആ സ്ഥലം കാണാ​നെത്തി, അങ്ങനെ ഞങ്ങൾക്ക്‌ അനുമ​തി​യും കിട്ടി,” തോഷി​യോ ഹോൻമാ പറയുന്നു. “കഴിഞ്ഞ 20 വർഷം​കൊണ്ട്‌ ഞങ്ങൾക്കു​ണ്ടായ വർധന​വു​ക​ളി​ലേക്കു പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ ആ വലിയ സ്ഥലം വാങ്ങാൻ ഞങ്ങളെ വഴിന​യി​ച്ച​തിൽ ഞങ്ങൾ യഹോ​വ​യ്‌ക്കു നന്ദി നൽകുന്നു.”

ഒരു ഇരുനില ഫാക്ടറി​ക്കെ​ട്ടി​ടം, ഒരു ഓഫീസ്‌ കെട്ടിടം, താമസി​ക്കു​ന്ന​തി​നു 161 മുറി​ക​ളുള്ള മൂന്നു കെട്ടി​ടങ്ങൾ, ഒരു രാജ്യ​ഹാൾ, രണ്ടു ചെറിയ വർക്കു​ഷോ​പ്പു​കൾക്കുള്ള കെട്ടി​ടങ്ങൾ തുടങ്ങി​യ​വ​യു​ടെ പണി 1979 ജനുവ​രി​യിൽ ആരംഭി​ച്ചു. അന്നുവരെ യഹോ​വ​യു​ടെ സാക്ഷികൾ ഏറ്റെടു​ത്തി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും വലിയ നിർമാ​ണ​പ​ദ്ധ​തി​ക​ളിൽ ഒന്നായി​രു​ന്നു അത്‌.

ഈ നിർമാ​ണ​വേ​ല​യിൽ പങ്കെടു​ക്കു​ന്ന​തി​നാ​യി നിർമാ​ണ​വൈ​ദ​ഗ്‌ധ്യ​മുള്ള കുടും​ബ​സ്ഥ​രായ പലരും തങ്ങളുടെ മുൻതൊ​ഴിൽ ഉപേക്ഷിച്ച്‌ സകുടും​ബം എബിന​യി​ലേ​ക്കോ അടുത്തുള്ള നഗരങ്ങ​ളി​ലേ​ക്കോ മാറി​പ്പാർത്തു. യോഷി​യാ​ക്കി നിഷി​യോ അവരി​ലൊ​രാ​ളാ​യി​രു​ന്നു. ഒരു പ്ലംബറെന്ന നിലയിൽ ഈ നിർമാണ പദ്ധതി​യിൽ പങ്കെടു​ക്കു​ന്ന​തിന്‌ അദ്ദേഹ​ത്തിന്‌ ആദ്യം ക്ഷണം കിട്ടി​യ​പ്പോൾ, ആവശ്യം കൂടു​ത​ലു​ള്ളി​ടത്ത്‌ പ്രവർത്തി​ക്കു​ന്ന​തിന്‌ അദ്ദേഹം ഷിക്കോ​ക്കൂ എന്ന ദ്വീപി​ലെ ഒരു കൊച്ചു​പ​ട്ട​ണ​ത്തി​ലേക്കു താമസം മാറ്റി​യ​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. അദ്ദേഹ​ത്തി​നു മൂന്നു കൊച്ചു​കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു, ജോലി​യി​ല്ലാ​യി​രു​ന്നു, സാമ്പത്തി​ക​ശേഷി തീരെ കുറവാ​യി​രു​ന്നു. അതിനാൽ അദ്ദേഹം ആദ്യം ക്ഷണം നിരസി​ച്ചു. എന്നാൽ അദ്ദേഹ​ത്തിന്‌ സ്‌പീഡ്‌ പോസ്റ്റി​ലൂ​ടെ മൂന്നാ​മത്തെ ക്ഷണക്കത്ത്‌ ലഭിച്ച​പ്പോൾ, താൻ ആ പ്രോ​ജ​ക്‌റ്റിൽ പങ്കെടു​ക്കാൻ യഹോവ തന്നോടു പറയു​ന്ന​തു​പോ​ലെ അദ്ദേഹ​ത്തി​നു തോന്നി. അദ്ദേഹം ഇക്കാര്യം ഭാര്യ​യു​മാ​യി ചർച്ച ചെയ്‌തു. അദ്ദേഹ​ത്തി​ന്റെ അസാന്നി​ധ്യ​ത്തിൽ കുടും​ബത്തെ പുലർത്തി​ക്കൊ​ള്ളാ​മെന്ന്‌ അവൾ ഏറ്റു. “ഞാൻ ബെഥേ​ലിൽ എത്തി​ച്ചേർന്ന​പ്പോൾ, ഞങ്ങളെ അഞ്ചു പേരെ​യു​മാണ്‌ ക്ഷണിച്ചി​രി​ക്കു​ന്ന​തെന്ന്‌ ഞാൻ മനസ്സി​ലാ​ക്കി! അത്‌ അവിശ്വ​സ​നീ​യ​മാ​യി​രു​ന്നു!” യോഷി​യാ​ക്കി അനുസ്‌മ​രി​ക്കു​ന്നു. ആ മൂന്നു കുട്ടികൾ വളർന്ന്‌ പയനി​യർമാ​രാ​യി​ത്തീർന്നു. അവരി​ലൊ​രാൾ ഇപ്പോൾ എബിന​യി​ലുള്ള ബെഥേൽ കുടും​ബ​ത്തി​ലെ ഒരംഗ​മാ​യി സേവി​ക്കു​ന്നു.

നിർമാ​ണ​ക്ക​മ്മി​റ്റി​യു​ടെ ചെയർമാൻ ജയിംസ്‌ മാൻസ്‌ ഇങ്ങനെ അനുസ്‌മ​രി​ക്കു​ന്നു: “ആ നിർമാ​ണ​ത്തോ​ടു ബന്ധപ്പെട്ട്‌ യഹോവ ഞങ്ങൾക്കു വാതി​ലു​കൾ തുറന്നു​ത​രു​ന്നത്‌ ഞങ്ങൾ വീണ്ടും വീണ്ടും കണ്ടു. മറിക​ട​ക്കാ​നാ​കാ​ത്ത​തെന്നു തോന്നിയ പ്രതി​ബ​ന്ധങ്ങൾ ഞങ്ങൾക്കു മുന്നി​ലു​ണ്ടാ​യി​രു​ന്നു. കാനഗവാ ഭരണ​പ്ര​ദേ​ശത്തെ ഗവൺമെൻറിന്‌ രാജ്യ​ത്തെ​ങ്ങു​മു​ള്ള​തിൽവെച്ച്‌ ഏറ്റവും കർശന​മായ മലിനീ​കരണ-നിയന്ത്രണ നിയമ​ങ്ങ​ളിൽ ചിലതുണ്ട്‌. ആ സ്ഥലത്തു​കൂ​ടി കടന്നു​പോ​കുന്ന കനാലി​ലേക്ക്‌ ഒരു തുള്ളി അഴുക്കു​വെള്ളം പോലും വീഴി​ക്കാൻ പാടി​ല്ലെന്ന്‌ ഞങ്ങളോ​ടു പറയു​ക​യു​ണ്ടാ​യി. എന്നാൽ യഹോവ ഞങ്ങൾക്കു വഴി തുറന്നു​തന്നു. മുമ്പ്‌ അവി​ടെ​യു​ണ്ടാ​യി​രുന്ന ഫാക്ടറി മൂന്നു കിണറു​ക​ളി​ലെ വെള്ളം​കൊ​ണ്ടാണ്‌ യന്ത്രങ്ങൾ തണുപ്പി​ച്ചി​രു​ന്നത്‌. ഒരു കനാലി​ലേക്ക്‌ ഒഴുകി​പ്പോയ ആ വെള്ളം അയൽപ​ക്ക​ത്തു​ള്ളവർ തങ്ങളുടെ വിളക​ളു​ടെ ജലസേ​ച​ന​ത്തി​നാ​യി ഉപയോ​ഗി​ച്ചി​രു​ന്നു. ഇനി തങ്ങൾക്ക്‌ അങ്ങനെ വെള്ളം കിട്ടു​ക​യി​ല്ലെന്ന്‌ കേട്ട​പ്പോൾ അയൽക്കാർ നഗരസ​ഭ​യിൽ പരാതി നൽകി, ‘ഞങ്ങളുടെ വിളകൾക്കാ​യി ആ സ്ഥലത്തു​നി​ന്നു വരുന്ന വെള്ള​ത്തെ​യാ​ണു ഞങ്ങൾ ആശ്രയി​ക്കു​ന്നത്‌.’ അങ്ങനെ ഉദ്യോ​ഗ​സ്ഥ​ന്മാർ തങ്ങളുടെ തീരു​മാ​നം തിരു​ത്തി​ക്കൊണ്ട്‌, കർഷക​രു​ടെ ഉപയോ​ഗ​ത്തി​നാ​യി ഓരോ ദിവസ​വും ഞങ്ങൾ കനാലി​ലേക്കു വിടേണ്ട വെള്ളത്തി​ന്റെ അളവിന്‌ ഒരു പരിധി വെച്ചു. കനാലി​ലേക്കു പോയ ശുദ്ധീ​ക​രിച്ച മലിന​ജ​ല​ത്തി​നു പുറമേ, കർഷക​രു​ടെ ആവശ്യത്തെ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തി​നു ഞങ്ങൾക്ക്‌ കിണറു​ക​ളിൽനി​ന്നു​കൂ​ടി വെള്ളം പമ്പു​ചെ​യ്യേ​ണ്ടി​വന്നു.”

പണിപൂർത്തി​യാ​യ കെട്ടി​ടങ്ങൾ, വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ പ്രസി​ഡൻറാ​യി​രുന്ന ഫ്രെഡ​റിക്‌ ഫ്രാൻസ്‌ സന്നിഹി​ത​നാ​യി​രുന്ന അവസര​ത്തിൽ 1982 മേയ്‌ 15-ന്‌ യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു. ലോയ്‌ഡ്‌ ബാരി​യും ഭാര്യ മെൽബ​യും ആ സന്ദർഭ​ത്തിൽ സന്നിഹി​ത​രാ​യി​രു​ന്നു, അവരും സമർപ്പ​ണ​പ​രി​പാ​ടി​യിൽ പങ്കെടു​ത്തു. 11-ാമത്തെ ഗിലെ​യാദ്‌ ക്ലാസ്സിൽനി​ന്നു ജപ്പാനി​ലേക്ക്‌ അയയ്‌ക്ക​പ്പെട്ട തന്റെ 14 സഹബി​രു​ദ​ധാ​രി​ക​ളു​മാ​യി ബാരി സഹോ​ദരൻ അഭിമു​ഖം നടത്തി​യ​പ്പോൾ ജപ്പാനി​ലെ സഹോ​ദ​ര​ങ്ങ​ളോ​ടുള്ള അദ്ദേഹ​ത്തി​ന്റെ ആഴമായ സ്‌നേഹം സദസ്യർക്കു മനസ്സി​ലാ​ക്കാൻ കഴിഞ്ഞു.

അളവി​ലും ഗുണ​മേ​ന്മ​യി​ലും അഭിവൃ​ദ്ധി

പ്രസാ​ധ​ക​രു​ടെ എണ്ണം വർധി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു; അതു​പോ​ലെ​തന്നെ സാഹി​ത്യ​ത്തി​നു വേണ്ടി​യുള്ള ആവശ്യ​വും. എബിന​യി​ലെ കെട്ടി​ടങ്ങൾ സമർപ്പി​ക്കു​ന്ന​തി​നു മുമ്പു​തന്നെ, അതായത്‌ 1979 ഒക്ടോ​ബ​റിൽ, ബ്രാഞ്ച്‌ അതിന്റെ ആദ്യത്തെ വെബ്‌ ഓഫ്‌സെറ്റ്‌ പ്രസ്സ്‌ കൈവ​ശ​മാ​ക്കി​യി​രു​ന്നു. 75 ടൺ ഭാരവും 20 മീറ്റർ നീളവു​മുള്ള ആ പ്രസ്സ്‌ മിനി​റ്റിൽ 300 മുഴു​വർണ മാസി​കകൾ അച്ചടി​ക്കു​മാ​യി​രു​ന്നു. ഞങ്ങളുടെ ആവശ്യ​ങ്ങൾക്ക്‌ അതു മതിയാ​യി​രു​ന്നോ?

മാൻസ്‌ സഹോ​ദരൻ അനുസ്‌മ​രി​ക്കു​ന്നു: “ജാരറ്റ്‌സ്‌ സഹോ​ദരൻ 1981-ൽ മേഖലാ​മേൽവി​ചാ​ര​ക​നാ​യി ഞങ്ങളെ സന്ദർശി​ച്ചു. ഞങ്ങൾ അച്ചടി​ശാ​ല​യിൽ ഇരട്ട ഷിഫ്‌റ്റ്‌ ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു ശ്രദ്ധിച്ച അദ്ദേഹം, രണ്ടാമ​തൊ​രു പ്രസ്സ്‌ വാങ്ങി​ക്കു​ന്ന​തി​നുള്ള അനുമതി ചോദി​ക്കാൻ ശുപാർശ ചെയ്‌തു. രണ്ടാമ​തൊ​ന്നി​നു​വേണ്ടി അപേക്ഷി​ക്കാൻ ഞങ്ങൾക്കു മടിയാ​യി​രു​ന്നു, കാരണം ഒരെണ്ണം മാത്രം ഉപയോ​ഗി​ച്ചാൽ ചെലവു ചുരു​ക്കാ​മ​ല്ലോ എന്നായി​രു​ന്നു ഞങ്ങളുടെ വിചാരം. എന്നിരു​ന്നാ​ലും, രണ്ടാമ​തൊ​രു റോട്ടറി ഓഫ്‌സെറ്റ്‌ പ്രസ്സ്‌ വാങ്ങു​ന്ന​തി​നുള്ള ഓർഡർ നൽകാൻ ഒരു മാസത്തി​നു​ള്ളിൽ ഞങ്ങൾക്കു ബ്രുക്ലി​നിൽനി​ന്നു നിർദേ​ശങ്ങൾ ലഭിച്ചു. സംഭവി​ക്കാൻ പോകു​ന്നത്‌ എന്താ​ണെന്ന്‌ അന്നു ഞങ്ങൾക്ക്‌ യാതൊ​രു ഊഹവു​മി​ല്ലാ​യി​രു​ന്നു. എന്നാൽ ഒരു വർഷത്തി​നു​ശേഷം മേയിൽ ഞങ്ങൾക്കതു ലഭിച്ച​പ്പോൾ, വെറും രണ്ടു മാസത്തി​നു ശേഷം നടക്കാ​നി​രുന്ന ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളിൽ ജാപ്പനീസ്‌ ഭാഷയിൽ പ്രകാ​ശനം ചെയ്യു​ന്ന​തി​നു വേണ്ടി മുഴു പുതി​യ​ലോക ഭാഷാ​ന്തരം ബൈബി​ളി​ന്റെ​യും ഉത്‌പാ​ദനം ഞങ്ങൾ ഉടനെ തുടങ്ങ​ണ​മാ​യി​രു​ന്നു. ആ കൺ​വെൻ​ഷ​നു​ക​ളിൽവെച്ച്‌ നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌ത​ക​വും പ്രകാ​ശനം ചെയ്യേ​ണ്ടി​യി​രു​ന്നു. അപ്പോ​ഴും യഹോവ കാര്യ​ങ്ങളെ നയിക്കു​ന്ന​താ​യി കാണാൻ കഴിഞ്ഞു. ഞങ്ങളുടെ മാസി​ക​ക​ളും ബൈബി​ളും പുസ്‌ത​ക​വു​മെ​ല്ലാം ഒറ്റ പ്രസ്സിൽ ഞങ്ങൾക്ക്‌ ഒരിക്ക​ലും അച്ചടി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല.”

വളരെ കാര്യ​ക്ഷ​മ​ത​യുള്ള മൂന്നാ​മത്തെ പ്രസ്സ്‌, മിറ്റ്‌സു​ബി​ഷി, 1984-ൽ സ്ഥാപി​ക്കു​ക​യു​ണ്ടാ​യി. അതിന്‌ രണ്ടു വെബ്ബു​ക​ളും നാലു കളർ യൂണി​റ്റു​ക​ളും കൂടു​ത​ലാ​യി കറുത്ത​മഷി അച്ചടി​ക്കുള്ള ഒരു യൂണി​റ്റു​മു​ണ്ടാ​യി​രു​ന്നു; മിനി​റ്റിൽ 1,000 മാസി​കകൾ ഉത്‌പാ​ദി​പ്പി​ക്കാൻ ശേഷി​യു​ണ്ടാ​യി​രുന്ന അത്‌ അക്കാലത്ത്‌ രാജ്യത്തെ ഏറ്റവും വേഗത​യുള്ള അച്ചടി​യ​ന്ത്ര​മാ​യി​രു​ന്നു, ലൗകിക അച്ചടി​ക്കാ​രു​ടെ സംസാ​ര​വി​ഷ​യ​വു​മാ​യി​രു​ന്നു. അതു പ്രവർത്തി​പ്പി​ക്കാൻ പ്രത്യേക പരിശീ​ലനം ലഭിച്ച ഇച്ച്‌ക്കി മാറ്റ്‌സു​നാ​ഗാ ആ യന്ത്രം അതിന്റെ പരമാ​വധി വേഗത്തിൽ പ്രവർത്തി​ക്കു​ന്നതു കണ്ടതിൽ അത്യധി​കം സന്തോ​ഷി​ച്ചു. “എന്നാൽ, അച്ചടിച്ച സന്ദേശം വളരെ വേഗത്തിൽ പുറ​ത്തേക്കു പോകു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ അതിലു​മേറെ സന്തോഷം തോന്നു​ന്നു,” അദ്ദേഹം പറഞ്ഞു.

മണിക്കൂ​റിൽ 60,000 മാസി​കകൾ എങ്ങനെ ഫലപ്ര​ദ​മാ​യി കൈകാ​ര്യം ചെയ്യാൻ സാധി​ക്കു​മാ​യി​രു​ന്നു? മാസി​ക​കളെ ഒരു ഹൈ​ഡ്രോ​ളിക്‌ പ്രസ്സിങ്‌ യൂണി​റ്റി​ലേ​ക്കും അവി​ടെ​നിന്ന്‌ മൂന്നു ബ്ലെയ്‌ഡു​ക​ളുള്ള ഒരു അരികു​മു​റി​ക്കൽ യന്ത്രത്തി​ലേ​ക്കും അവി​ടെ​നിന്ന്‌ ഒരു പാക്കിങ്‌ സ്റ്റേഷനി​ലേ​ക്കും കടത്തി​വി​ടുന്ന ഒരു വൈദ്യു​ത കൺവെയർ സംവി​ധാ​നം മെഷീൻ ഷോപ്പി​ലെ സഹോ​ദ​രങ്ങൾ രൂപകൽപ്പന ചെയ്‌ത്‌ ഉണ്ടാക്കി​യെ​ടു​ത്തു. ഈ പ്രവർത്ത​ന​ങ്ങ​ളു​ടെ മേൽനോ​ട്ട​മുള്ള സഹോ​ദരൻ വിശദീ​ക​രി​ക്കു​ന്നു: “ഓരോ 20 മിനി​റ്റി​ലും അര ടൺ പേപ്പറാണ്‌ അച്ചടി​യ​ന്ത്ര​ത്തി​ലേക്കു ഫീഡ്‌ ചെയ്യു​ന്നത്‌, നിരയു​ടെ മറ്റേ അറ്റത്ത്‌ ലേബ​ലൊ​ട്ടിച്ച കാർട്ട​നു​ക​ളി​ലേക്ക്‌ മാസി​കകൾ നേരിട്ട്‌ നിറയ്‌ക്കു​ന്നു, കയറ്റി അയയ്‌ക്കാൻ പാകത്തിന്‌.” അഞ്ചു മിനി​റ്റു​കൊണ്ട്‌ പേപ്പർ, റോളിൽനിന്ന്‌ അച്ചടി​യ​ന്ത്ര​ത്തി​ലൂ​ടെ​യും അരികു​മു​റി​ക്കൽ യന്ത്രത്തി​ലൂ​ടെ​യും കടന്ന്‌ കാർട്ട​നി​ലെ​ത്തു​ന്നു. ഈ പരസ്‌പര ബന്ധിത സംവി​ധാ​നം ജോലി​ക്കാ​രു​ടെ എണ്ണം കുറയ്‌ക്കു​ക​യും ധാരാളം സ്ഥലം ലാഭി​ക്കു​ക​യും ചെയ്യുന്നു.

ഈ യന്ത്രത്താൽ സാധ്യ​മാ​കുന്ന അച്ചടി​യി​ലെ ഉയർന്ന ഗുണ​മേ​ന്മ​യും കലാസൃ​ഷ്ടി​യി​ലും കടലാ​സി​ന്റെ ഗുണത്തി​ലു​മുള്ള അഭിവൃ​ദ്ധി​യും മാസി​ക​ക​ളു​ടെ ആകർഷ​ക​ത്വം വർധി​പ്പി​ച്ചു. പ്രസാ​ധകർ ഉത്സാഹ​ത്തോ​ടെ അവ വയലിൽ സമർപ്പി​ക്കു​ക​യും ചെയ്‌തു.

“വിദഗ്‌ധരെ അണിനി​ര​ത്തി​യി​രു​ന്നു”

ഓഫ്‌സെ​ററ്‌ അച്ചടി​യി​ലേക്കു മാറി​യ​തോ​ടെ സൊ​സൈറ്റി അതിന്റെ പ്രീ​പ്രസ്‌ പ്രവർത്ത​നങ്ങൾ കമ്പ്യൂ​ട്ടർവ​ത്‌ക​രി​ക്കാൻ തുടങ്ങി. ഈ മാറ്റം ഏറ്റെടു​ക്കാൻ കഴിയുന്ന, വേണ്ടത്ര സാങ്കേ​തിക പരിച​യ​മുള്ള ജാപ്പനീസ്‌ സാക്ഷികൾ ഉണ്ടായി​രി​ക്കു​മോ? ഉവ്വ്‌! ജപ്പാനി​ലെ കമ്പ്യൂട്ടർ ശാസ്‌ത്ര​രം​ഗത്തെ സാങ്കേ​തിക മുന്നണി​പ്ര​വർത്ത​ക​രിൽ ഒരുവ​നായ യാസൂ​വോ ഇഷിയി യഹോ​വ​യു​ടെ ഒരു സമർപ്പിത ദാസനാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. അദ്ദേഹം സഹപ്ര​വർത്ത​ക​രു​മാ​യി തന്റെ വിശ്വാ​സം പങ്കു​വെ​ച്ചി​രു​ന്നു. തത്‌ഫ​ല​മാ​യി, സിസ്റ്റംസ്‌ എഞ്ചിനി​യർമാ​രും പ്രോ​ഗ്രാ​മിങ്‌ വിദഗ്‌ധ​രു​മായ ആറു പേർ സ്‌നാ​പ​ന​മേറ്റ സാക്ഷി​ക​ളാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. സൊ​സൈ​റ്റി​യു​ടെ പ്രോ​ജ​ക്‌റ്റിൽ പങ്കെടു​ക്കാ​നുള്ള ക്ഷണം ആ മുഴു കൂട്ടവും സ്വീക​രി​ച്ചു, ചിലർ ബെഥേ​ലം​ഗ​ങ്ങ​ളാ​യും മറ്റു ചിലർ പോയി​വന്ന്‌ പ്രവർത്തി​ക്കു​ന്ന​വ​രാ​യും. സംഭവിച്ച കാര്യ​ത്തെ​ക്കു​റിച്ച്‌ ഓർത്തു​കൊണ്ട്‌ അന്നത്തെ ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡി​നേ​റ്റ​റാ​യി​രുന്ന തോഷി​യോ ഹോൻമാ ഇങ്ങനെ പറഞ്ഞു: “ഏതു സമയ​ത്തെ​യും ആവശ്യ​ത്തി​നാ​യി യഹോവ വിദഗ്‌ധരെ അണിനി​ര​ത്തി​യി​രു​ന്നു.”

ഉപയോ​ഗി​ക്കേ​ണ്ടി​യി​രുന്ന കമ്പ്യൂ​ട്ട​റി​ന്റെ കാര്യ​ത്തിൽ ഐബിഎം-ന്റെ ഇനിയും പുറത്തി​റ​ക്കാ​തി​രുന്ന മെയിൻ​ഫ്രെ​യിം മോഡൽ 4341 ആണ്‌ ബ്രുക്ലിൻ ഓഫീസ്‌ ശുപാർശ ചെയ്‌തി​രു​ന്നത്‌. നറുക്കി​ട്ട​പ്പോൾ ഈ മെയിൻ​ഫ്രെ​യിം കമ്പ്യൂ​ട്ട​റു​കൾ ലഭിക്കേണ്ട രണ്ടാമത്തെ സ്ഥാനത്തു വന്നു സൊ​സൈ​റ്റി​യു​ടെ ജപ്പാൻ ബ്രാഞ്ച്‌. എന്നിരു​ന്നാ​ലും, പ്രോ​ഗ്രാ​മിങ്‌ നടത്താൻ കഴിവുള്ള പതിവ്‌ ഉപഭോ​ക്താ​ക്ക​ളിൽ ഒരാൾക്ക്‌ അതു കൊടു​ക്കു​ന്ന​താ​യി​രി​ക്കും നല്ലതെന്ന്‌ കമ്പനി​യു​ടെ ജപ്പാനി​ലെ ഏജൻറി​നു തോന്നി. നമ്മുടെ പ്രോ​ജ​ക്‌റ്റിൽ പ്രവർത്തി​ക്കുന്ന അഞ്ചു സഹോ​ദ​ര​ന്മാ​രും ഒരു സഹോ​ദ​രി​യും സൊ​സൈ​റ്റി​യു​ടെ പ്രത്യേക ആവശ്യ​ങ്ങൾക്കു വേണ്ടി​യുള്ള സംഗതി​ക​ളു​ടെ പ്ലാൻ പെട്ടെന്ന്‌ തയ്യാറാ​ക്കി. വിശദാം​ശ​ങ്ങ​ള​ട​ങ്ങിയ ആ പ്ലാനുകൾ കണ്ടശേഷം പുതിയ മോഡൽ കമ്പ്യൂ​ട്ട​റു​കൾ ആദ്യം കയറ്റി​യ​യ​ച്ച​പ്പോൾ ആ കമ്പനി നമ്മുടെ ഓർഡ​റും സത്വരം ഉൾപ്പെ​ടു​ത്തി.

ഈ വിദഗ്‌ധ​രു​ടെ മികച്ച നേതൃ​ത്വ​ത്തിൻ കീഴിൽ, 40-ലധികം വരുന്ന യുവ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കു പ്രോ​ഗ്രാം ചെയ്യു​ന്ന​വ​രെന്ന നിലയി​ലുള്ള പരിശീ​ലനം ലഭിച്ചു. സൊ​സൈ​റ്റി​യു​ടെ ജാപ്പനീസ്‌ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കാ​യി ടൈപ്പ്‌സെ​റ്റി​ങ്ങി​നും കോ​മ്പോ​സി​ഷ​നും വേണ്ടി പൂർണ​മാ​യും ഒരു സ്വനി​യ​ന്ത്രിത സംവി​ധാ​നം ഉണ്ടാക്കി​യെ​ടു​ക്കുക എന്നതാ​യി​രു​ന്നു ലക്ഷ്യം. ആ സംവി​ധാ​നം സ്‌ക്രി​പ്‌റ്റ്‌ [SCRIPT] (സിസ്റ്റം ഓഫ്‌ ക്യാര​ക്‌റ്റർ റീ​പ്രൊ​ഡ​ക്‌ഷൻ ഇൻകോർപ്പ​റേ​റ്റിങ്‌ ഫോട്ടോ-ടൈപ്പ്‌സെ​റ്റിങ്‌) എന്നു വിളി​ക്ക​പ്പെട്ടു. രണ്ടു വർഷത്തിൽ കുറഞ്ഞ സമയം​കൊണ്ട്‌ അത്‌ പരീക്ഷി​ച്ചു​നോ​ക്കാൻ സജ്ജമായി. ഈ സംവി​ധാ​നം ഉപയോ​ഗിച്ച്‌ ആദ്യം നിർമിച്ച പ്രസി​ദ്ധീ​ക​രണം 192 പേജുള്ള “നിന്റെ രാജ്യം വരേണമേ” എന്ന പുസ്‌ത​ക​മാ​യി​രു​ന്നു.

1987 ആയപ്പോ​ഴേ​ക്കും ജാപ്പനീസ്‌ ഭാഷയു​ടെ പ്രത്യേക ആവശ്യങ്ങൾ നിവർത്തി​ക്കാ​നാ​കുന്ന അളവോ​ളം ലൗകിക പേഴ്‌സണൽ കമ്പ്യൂ​ട്ട​റു​ക​ളു​ടെ ശേഷി വർധി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ സ്‌ക്രി​പ്‌റ്റി​നോട്‌ ബന്ധിച്ചി​രുന്ന ഫോ​ട്ടോ​ടൈ​പ്പ്‌സെറ്റർ പ്രവർത്തി​ക്കാ​താ​യ​പ്പോൾ പകരം സൊ​സൈ​റ്റി​യു​ടെ ചെലവു​കു​റഞ്ഞ ടൈപ്പ്‌സെ​റ്റിങ്‌ സംവി​ധാ​നം ഉപയോ​ഗി​ക്കാൻ തുടങ്ങി. സ്‌ക്രി​പ്‌റ്റ്‌ സംവി​ധാ​ന​ത്തി​നു വേണ്ടി നമ്മുടെ സഹോ​ദ​രങ്ങൾ വികസി​പ്പി​ച്ചെ​ടുത്ത പ്രത്യേക പ്രോ​ഗ്രാ​മു​കൾ, ഏതാണ്ട്‌ 8,000-ത്തോളം അക്ഷരങ്ങൾ വരുന്ന സങ്കീർണ​മായ ജാപ്പനീസ്‌ “അക്ഷരമാല” ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌, മെപ്‌സ്‌ സംവി​ധാ​ന​വു​മാ​യി സമന്വ​യി​പ്പി​ച്ചു. പ്രാ​ദേ​ശിക ജാപ്പനീസ്‌ സിസ്റ്റത്തിൽ പ്രവർത്തി​ച്ചി​രുന്ന പ്രോ​ഗ്രാം ചെയ്യുന്ന അനേകർ സൊ​സൈ​റ്റി​യു​ടെ ലോക​വ്യാ​പക പ്രസി​ദ്ധീ​കരണ സംവി​ധാ​നത്തെ പിന്താ​ങ്ങാ​നാ​യി ഇപ്പോൾ മറ്റു രാജ്യ​ങ്ങ​ളിൽ സേവന​മ​നു​ഷ്‌ഠി​ക്കു​ന്നു.

പുതിയ ഒരു ഡിപ്പാർട്ട്‌മെൻറ്‌ രൂപം​കൊ​ള്ളു​ന്നു

ഏതാണ്ട്‌ 30 വർഷ​ത്തോ​ളം വയലിൽ ആവശ്യ​മായ പുസ്‌ത​കങ്ങൾ ജപ്പാന്‌ കൊടു​ത്തു​കൊ​ണ്ടി​രു​ന്നത്‌ സൊ​സൈ​റ്റി​യു​ടെ ബ്രുക്ലി​നി​ലെ അച്ചടി​ശാ​ല​യിൽനി​ന്നാ​യി​രു​ന്നു. എന്നാൽ 1978-ൽ എബിന​യിൽ പുതിയ ഫാക്ടറി​യു​ടെ നിർമാ​ണം തുടങ്ങി​യ​തോ​ടെ ജപ്പാന്‌ ആവശ്യ​മായ പുസ്‌ത​കങ്ങൾ അവിടെ സ്വന്തമാ​യി ഉത്‌പാ​ദി​പ്പി​ക്കാ​നുള്ള തീരു​മാ​നം കൈ​ക്കൊ​ണ്ടു.

ഞങ്ങൾ ചെയ്യാൻ ഉദ്ദേശി​ക്കുന്ന കാര്യ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കി​യ​പ്പോൾ പശ നിർമി​ക്കുന്ന ഒരു വലിയ കമ്പനി​യു​ടെ പ്രസി​ഡൻറ്‌ ഞങ്ങളെ സന്ദർശി​ച്ചു. ഞങ്ങൾ സ്വന്തമാ​യി പശ നിർമി​ക്കാൻ ഉദ്ദേശി​ക്കു​ന്നു​വെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ, അതിനാ​വ​ശ്യ​മായ അസംസ്‌കൃത വസ്‌തു​ക്ക​ളും ഉപകര​ണ​ങ്ങ​ളും അദ്ദേഹം വാഗ്‌ദാ​നം ചെയ്‌തു. അതല്ലെ​ങ്കിൽ, ഞങ്ങൾക്കു സമ്മതമാ​യി​രി​ക്കു​ന്ന​പക്ഷം സ്വന്തം ചെലവിൽ അദ്ദേഹം ഞങ്ങൾക്കു വേണ്ടി പശ ഉണ്ടാക്കു​മാ​യി​രു​ന്നു. കാരണം? ഏതാനും വർഷങ്ങൾക്കു മുമ്പ്‌ യു.എസ്‌.എ.-യിലെ ഷിക്കാ​ഗോ​യിൽ നടന്ന ബയൻഡിങ്‌-അച്ചടി യന്ത്ര എക്‌സി​ബി​ഷ​നിൽ അദ്ദേഹം സംബന്ധി​ച്ചി​രു​ന്നു. അവി​ടെ​വെച്ച്‌ അദ്ദേഹ​വും കൂട്ടരും ബ്രുക്ലിൻ ബെഥേ​ലിൽനി​ന്നുള്ള സഹോ​ദ​ര​ങ്ങളെ കണ്ടുമു​ട്ടി. അവർ അവരെ ന്യൂ​യോർക്കി​ലുള്ള വാച്ച്‌ടവർ സൊ​സൈ​റ്റി​യു​ടെ അച്ചടി​ശാല കാണാൻ ക്ഷണിച്ചു. അവിടത്തെ മുഴു പ്രവർത്ത​ന​വും, പ്രത്യേ​കിച്ച്‌ സഹോ​ദ​ര​ങ്ങ​ളു​ടെ ദയയും കഠിനാ​ധ്വാ​ന​വും അവരിൽ വളരെ മതിപ്പു​ള​വാ​ക്കി. തന്നെ​ക്കൊ​ണ്ടാ​കും​വി​ധം ഞങ്ങളെ സഹായി​ക്കാൻ ഇപ്പോൾ അദ്ദേഹം ആഗ്രഹി​ച്ചു. സ്വന്തമാ​യി ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തി​നു പകരം, അദ്ദേഹ​ത്തിൽനി​ന്നു പശ വാങ്ങു​ന്ന​താ​യി​രു​ന്നു കൂടുതൽ ലാഭകരം. മറ്റ്‌ അസംസ്‌കൃത വസ്‌തു​ക്കൾ നൽകുന്ന ആളുകൾക്കും അദ്ദേഹം ഞങ്ങളെ പരിച​യ​പ്പെ​ടു​ത്തി. വലിയ തോതിൽ ചെലവു ചുരു​ക്കാൻ ഇതുമൂ​ലം സാധിച്ചു.

പല യന്ത്രനിർമാ​താ​ക്ക​ളും സമാന​മായ വിധത്തിൽ സഹകരി​ച്ചു. ട്രിമ്മി​ങ്ങും ബയൻഡി​ങ്ങും ചെയ്യുന്ന യന്ത്രങ്ങൾ നിർമി​ക്കു​ന്ന​വ​രു​ടെ പ്രതി​നി​ധി​കൾ ഒരു കരാറി​നാ​യി എബിന​യിൽ വന്നപ്പോൾ, നിർമാ​ണ​സ്ഥ​ലത്ത്‌ തങ്ങൾ കണ്ട കാര്യങ്ങൾ, പ്രത്യേ​കി​ച്ചും കഠിനാ​ധ്വാ​നി​ക​ളായ സ്വമേ​ധ​യാ​സേ​വകർ ചെയ്യുന്ന കാര്യങ്ങൾ, അവരിൽ ആഴമായ മതിപ്പു​ള​വാ​ക്കി. തത്‌ഫ​ല​മാ​യി, തങ്ങളുടെ യന്ത്രങ്ങ​ളു​ടെ വില 10,00,000 യെൻ (10,000 യു.എസ്‌. ഡോളർ) കുറയ്‌ക്കാ​മെന്ന്‌ അവർ വാഗ്‌ദാ​നം ചെയ്‌തു.

സഹോ​ദ​ര​ങ്ങളെ ആർ പരിശീ​ലി​പ്പി​ക്കും?

പുസ്‌തകം ബയൻഡ്‌ ചെയ്യു​ന്ന​തിൽ പ്രാ​യോ​ഗിക പരിച​യ​മുള്ള ആരും ഫാക്ടറി​യി​ലു​ണ്ടാ​യി​രു​ന്നില്ല. ആറാഴ്‌ചത്തെ പരിശീ​ല​ന​ത്തി​നും ജപ്പാനി​ലെ സഹോ​ദ​ര​ങ്ങളെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നുള്ള അറിവു നേടു​ന്ന​തി​നു​മാ​യി റോബർട്ട്‌ പോബ്യൂ​ദ ബ്രുക്ലി​നി​ലേക്കു ക്ഷണിക്ക​പ്പെട്ടു. ബയൻഡിങ്‌ സംബന്ധിച്ച വിവരങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യും ഒരു ബയൻഡിങ്‌ പരിശീ​ലന സ്‌കൂൾ സംഘടി​പ്പി​ക്കു​ക​യും ചെയ്‌തു. ഇതിനു പുറമേ, വാണിജ്യ കമ്പനി​ക​ളിൽനി​ന്നുള്ള വിദഗ്‌ധർ വന്ന്‌ പുസ്‌തകം ബയൻഡ്‌ ചെയ്യാ​നുള്ള സാമ​ഗ്രി​കൾ ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ സഹോ​ദ​ര​ങ്ങൾക്ക്‌ പരിശീ​ല​ന​വും നൽകി. പ്രവർത്ത​നങ്ങൾ നോക്കി​ക്കാ​ണാ​നാ​യി ചില വാണിജ്യ ബയൻഡിങ്‌ ശാലകൾ സന്ദർശി​ക്കാ​നുള്ള ക്രമീ​ക​ര​ണ​വും ഞങ്ങൾ ചെയ്‌തു.

ഒരിക്കൽ അത്തര​മൊ​രു ബയൻഡിങ്‌ ശാലയിൽ സന്ദർശനം നടത്തി​യ​ശേഷം അതിന്റെ പ്രസി​ഡൻറി​ന്റെ ഓഫീ​സി​ലേക്കു സഹോ​ദ​ര​ങ്ങളെ വിളി​പ്പി​ച്ചു. “നിങ്ങൾക്കു ഞാൻ പ്രവേ​ശനം അനുവ​ദി​ച്ചത്‌ എന്തു​കൊ​ണ്ടെന്ന്‌ അറിയാ​മോ?” അദ്ദേഹം ചോദി​ച്ചു. “സാധാ​ര​ണ​ഗ​തി​യിൽ മറ്റ്‌ ബയൻഡിങ്‌ ശാലയി​ലു​ള്ള​വരെ ഞങ്ങളുടെ ഫാക്ടറി കാണാൻ ഞങ്ങൾ അനുവ​ദി​ക്കാ​റില്ല. സന്ദർശനം നടത്താ​നുള്ള അനുമ​തിക്ക്‌ നിങ്ങൾ അപേക്ഷി​ക്കു​ന്ന​തിന്‌ ഒരാഴ്‌ച മുമ്പ്‌ ഒരു സാക്ഷി എന്റെ വീട്ടിൽ വന്ന്‌ വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും തന്നു. ആ മാന്യ​വ​നി​ത​യു​ടെ പെരു​മാ​റ​റ​രീ​തി​ക​ളും ആ മാസി​ക​ക​ളിൽ ഞാൻ വായിച്ച കാര്യ​ങ്ങ​ളും എന്നിൽ മതിപ്പു​ള​വാ​ക്കി.” വീക്ഷാ​ഗോ​പു​ര​ത്തി​നും ഉണരുക!യ്‌ക്കു​മുള്ള വരിസം​ഖ്യ​കൾ ഉൾപ്പെടെ അദ്ദേഹം കൂടുതൽ സാഹി​ത്യം സ്വീക​രി​ക്കു​ക​യും ഒരു മാസ​ത്തേക്ക്‌ അദ്ദേഹ​ത്തി​ന്റെ ഫാക്ടറി​യിൽ കുറെ സഹോ​ദ​ര​ങ്ങളെ പരിശീ​ലി​പ്പി​ക്കാ​മെന്നു സമ്മതി​ക്കു​ക​യും ചെയ്‌തു.

അന്നുമു​തൽ വർഷങ്ങ​ളാ​യി ബയൻഡിങ്‌ ശാലയി​ലു​ള്ളവർ തങ്ങളുടെ അറിവും കഴിവും മെച്ച​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. വാണിജ്യ പുസ്‌തക ബയൻഡിങ്‌ കമ്പനികൾ തങ്ങളുടെ ജോലി​ക്കാ​രെ നമ്മുടെ ഫാക്ടറി​യി​ലേക്ക്‌ സന്ദർശ​ന​ത്തിന്‌ അയയ്‌ക്കു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌. അവിടെ കാണാൻ സാധി​ക്കുന്ന ശുചി​ത്വ​വും ചെറി​യ​ചെ​റിയ കാര്യ​ങ്ങ​ളിൽപ്പോ​ലും ചെലു​ത്തുന്ന ശ്രദ്ധയും അവരിൽ എല്ലായ്‌പോ​ഴും മതിപ്പു​ള​വാ​ക്കി​യി​രി​ക്കു​ന്നു. മുൻ ഫാക്ടറി​മേൽവി​ചാ​ര​ക​നായ ജയിംസ്‌ മാൻസ്‌ അനുസ്‌മ​രി​ക്കു​ന്നു: “ഒരു ബയൻഡിങ്‌ കമ്പനി​യു​ടെ പ്രതി​നി​ധി​കൾ തങ്ങളുടെ പതിവു​സ​ന്ദർശനം നടത്തി​യ​പ്പോൾ വീഡി​യോ എടുക്കാൻ ഞങ്ങൾ അനുമതി നൽകി. തങ്ങളുടെ ഫാക്ടറി​യി​ലുള്ള ജീവന​ക്കാ​രെ പരിശീ​ലി​പ്പി​ക്കാൻ ആ വീഡി​യോ ഉപയോ​ഗി​ക്കു​ന്ന​തിന്‌ അവർ ആസൂ​ത്രണം ചെയ്‌തു. അവർ ഉപയോ​ഗി​ച്ചി​രുന്ന ഉപകര​ണ​വും ചെയ്‌തി​രുന്ന വേലയും നമ്മു​ടേതു പോ​ലെ​യാ​യി​രു​ന്നു. എന്നാൽ ബെഥേ​ലം​ഗ​ങ്ങളെ തങ്ങളുടെ മാതൃ​ക​യാ​ക്കാൻ അവർ ആഗ്രഹി​ച്ചു. അതിനു കാരണം ജോലി ചെയ്യവേ ബെഥേ​ലം​ഗ​ങ്ങ​ളു​ടെ സന്തുഷ്ട​വ​ദ​ന​ങ്ങ​ളിൽ പ്രകട​മായ നല്ല മനോ​ഭാ​വ​വും ജോലി​യി​ലെ അവരുടെ കാര്യ​ക്ഷ​മ​ത​യു​മാ​യി​രു​ന്നു.” സൊ​സൈ​റ്റി​യു​ടെ ബയൻഡിങ്‌ ശാല സന്ദർശിച്ച ഒരു ബിസി​നസ്‌ എക്‌സി​ക്യു​ട്ടീ​വി​ന്റെ വിസ്‌മ​യ​വും മാൻസ്‌ സഹോ​ദരൻ ഓർമി​ക്കു​ന്നുണ്ട്‌. ആ എക്‌സി​ക്യു​ട്ടീവ്‌ ഇങ്ങനെ പറഞ്ഞു: “ജപ്പാൻകാ​രായ യുവജ​നങ്ങൾ, ത്രീ ‘കെ’ സിൻ​ഡ്രോം എന്ന്‌ അവർ വിളി​ക്കു​ന്ന​തി​ന്റെ പിടി​യി​ലാണ്‌—കിക്കെൻ, കിത്താ​നൈ, കിറ്റ്‌സൂ​യി.” വിപത്‌കരം, വൃത്തി​ഹീ​നം, വെല്ലു​വി​ളി​പരം എന്നാണ്‌ അവയുടെ അർഥം. ഇവയി​ലേ​തെ​ങ്കി​ലും ജോലി​യിൽ ഉൾപ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ മിക്ക യുവജ​ന​ങ്ങൾക്കും അതി​നോ​ടു താത്‌പ​ര്യം കാണില്ല. എന്നാൽ എബിന ഫാക്ടറി​യിൽ കാര്യങ്ങൾ അങ്ങനെയല്ല.

നമ്മുടെ ഡീലക്‌സ്‌ ബയൻഡിങ്‌ ശാല ആളുക​ളിൽ പ്രത്യേ​കി​ച്ചും താത്‌പ​ര്യ​മു​ണർത്തി​യി​ട്ടുണ്ട്‌. ജപ്പാനിൽ ഡീലക്‌സ്‌ ബയൻഡിങ്‌ സംബന്ധി​ച്ചുള്ള വിവര​ങ്ങ​ളു​ടെ മുഖ്യ ഉറവു​ക​ളിൽ ഒന്നായി​ത്തീർന്നി​രി​ക്കു​ന്നു എബിന കെട്ടി​ട​ത്തി​ലുള്ള നമ്മുടെ ബയൻഡിങ്‌ ശാല. ഈ ബയൻഡിങ്‌ ശാലയിൽ തോൽച്ച​ട്ട​യുള്ള ബൈബി​ളു​കൾ വൻതോ​തിൽ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു.

സമ്പൂർണ പുതി​യ​ലോക ഭാഷാ​ന്തരം ഉത്‌പാ​ദി​പ്പി​ക്കൽ

ഓഫ്‌സെറ്റ്‌ അച്ചടി​യി​ലേ​ക്കുള്ള മാറ്റം, ബയൻഡിങ്‌ ശാലയു​ടെ സ്ഥാപനം, സ്‌ക്രി​പ്‌റ്റ്‌ സംവി​ധാ​ന​ത്തി​ന്റെ വികസനം ഇവയെ​ല്ലാം സമ്പൂർണ പുതി​യ​ലോക ഭാഷാ​ന്തരം ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തിൽ അടിസ്ഥാ​ന​മാ​യി വർത്തിച്ചു.

പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ എബ്രായ തിരു​വെ​ഴു​ത്തു​ഭാ​ഗം പരിഭാ​ഷ​പ്പെ​ടു​ത്താ​നുള്ള അനുമതി 1975-ൽ ലഭിച്ചു. അതൊരു കൂട്ടായ ഉദ്യമ​മാ​യി​രു​ന്നു. അതിൽ പങ്കെടു​ക്കാൻ മൂന്നു പരിഭാ​ഷ​കരെ നിയോ​ഗി​ച്ചു. പല പ്രവർത്ത​ക​രു​ടെ​യും ഇടയിൽ ഉയർന്ന അളവി​ലുള്ള സമാനത നിലനിർത്താൻ എന്തു ചെയ്യാ​നാ​കു​മാ​യി​രു​ന്നു? വാക്കു​ക​ളു​ടെ വ്യാപ​ക​വും സവിസ്‌ത​ര​വു​മായ പട്ടികകൾ, സംജ്ഞാ​നാ​മങ്ങൾ, ജന്തുക്കൾ, ചെടികൾ, ധാതുക്കൾ, നിറങ്ങൾ, രോഗങ്ങൾ കൂടാതെ ഉപകര​ണങ്ങൾ, വസ്‌ത്രങ്ങൾ, ആഹാര​സാ​ധ​നങ്ങൾ, യാഗവ​സ്‌തു​ക്കൾ എന്നിവ​യൊ​ക്കെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച്‌ പരിഭാ​ഷ​കർക്കു പങ്കു​വെച്ചു. നൂറു​ക​ണ​ക്കിന്‌ പര്യാ​യ​പ​ദ​വി​ഭാ​ഗ​ങ്ങ​ളും പ്രധാന പ്രയോ​ഗ​ങ്ങ​ളും സസൂക്ഷ്‌മം വിലയി​രു​ത്തു​ക​യും ആ പട്ടിക​യോ​ടു കൂട്ടി​ച്ചേർക്കു​ക​യും ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ആസ്ഥാനത്ത്‌ ബൈബിൾ പരിഭാ​ഷാ പിന്തുണാ സംവി​ധാ​നം രൂപ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്ന​വ​രു​മാ​യി അനുഭ​വ​ജ്ഞാ​നം പങ്കു​വെ​ക്കാൻ ജാപ്പനീസ്‌ ബൈബിൾ വിവർത്ത​ക​രെ​യും ക്ഷണിക്കു​ക​യു​ണ്ടാ​യി. ലോക​മെ​മ്പാ​ടു​മുള്ള ബൈബിൾ പരിഭാ​ഷകർ ഇപ്പോൾ ഉപയോ​ഗി​ച്ചു​വ​രുന്ന നിർദേ​ശ​ങ്ങ​ളിൽ അവരുടെ നിർദേ​ശ​ങ്ങ​ളും ഉൾപ്പെ​ടു​ന്നു.

ജാപ്പനീസ്‌ ഭാഷയി​ലുള്ള സമ്പൂർണ പുതി​യ​ലോക ഭാഷാ​ന്തരം അച്ചടി​ച്ച​തും ബയൻഡ്‌ ചെയ്‌ത​തും എബിന​യി​ലുള്ള നമ്മുടെ ഫാക്ടറി​യി​ലാണ്‌. 1982-ലെ 17 “രാജ്യ​സത്യ” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളിൽ പ്രകാ​ശനം ചെയ്യു​ന്ന​തി​നു വേണ്ടി​യി​രുന്ന 1,36,000 ബൈബി​ളു​കൾ ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തി​നു ഗ്രാഫി​ക്‌സ്‌ ഡിപ്പാർട്ട്‌മെൻറും അച്ചടി​ശാ​ല​യും ബയൻഡിങ്‌ ശാലയും ദിവസ​വും 24 മണിക്കൂ​റും പ്രവർത്തി​ച്ചു. ചില സഹോ​ദ​രങ്ങൾ 12 മുതൽ 16 വരെ മണിക്കൂ​റുള്ള ഷിഫ്‌റ്റു​ക​ളിൽ പ്രവർത്തി​ച്ചു. ‘ദൈവ​നി​യ​മ​ത്തി​ന്റെ വിദഗ്‌ധ പകർപ്പെ​ഴു​ത്തു​കാര’നായി​രുന്ന (NW) എസ്രാ പുരാതന കാലങ്ങ​ളിൽ ചെയ്‌തി​രുന്ന വേല തങ്ങൾ തുടർന്നു ചെയ്യു​ക​യാ​ണെന്ന്‌ മനസ്സിൽ പിടി​ച്ച​തി​നാൽ അവർ പ്രോ​ത്സാ​ഹി​ത​രാ​യി. എസ്രാ തന്റെ വേല ചെയ്‌തത്‌ കൈ​കൊ​ണ്ടാ​യി​രു​ന്നു. എന്നാൽ ജാപ്പനീ​സിൽ അതു നിർവ​ഹി​ക്കു​ന്ന​തിന്‌ ഉയർന്ന വേഗത​യുള്ള വെബ്ബ്‌ ഓഫ്‌സെറ്റ്‌ അച്ചടി​യ​ന്ത്ര​മാണ്‌ അവർ ഉപയോ​ഗി​ച്ചി​രു​ന്നത്‌. ആ വിദഗ്‌ധ പകർപ്പെ​ഴു​ത്തു​കാ​രനെ അനുക​രി​ക്കാ​നുള്ള ഒരു ഓർമി​പ്പി​ക്ക​ലാ​യി അവർ എസ്രാ 7:6-ലെ വാക്കുകൾ അച്ചടി​യ​ന്ത്ര​ത്തി​ന്റെ ഒരു വശത്ത്‌ പതിപ്പി​ച്ചു.

ആ വർഷം ഫാക്ടറി​യി​ലെ എല്ലാ സഹോ​ദ​ര​ന്മാ​രും ഫുക്കൂ​ഷി​മ​യി​ലെ അവസാ​നത്തെ കൺ​വെൻ​ഷ​നിൽ സംബന്ധി​ച്ചു. പ്രകാ​ശനം ചെയ്യാ​നുള്ള അവസാ​നത്തെ ബൈബിൾ അവർ പൂർത്തി​യാ​ക്കി​യതു കൺ​വെൻ​ഷനു മുമ്പുള്ള അവസാന പ്രവൃ​ത്തി​ദി​നം തീരാൻ വെറും എട്ടു മിനിറ്റ്‌ മാത്ര​മു​ള്ള​പ്പോ​ഴാണ്‌. അന്നു ബയൻഡിങ്‌ ശാലയി​ലാ​യി​രുന്ന ഷിഗെരൂ യോഷി​യോ​ക്കാ ഇങ്ങനെ അനുസ്‌മ​രി​ക്കു​ന്നു: “ഞങ്ങൾ മടുത്തു​പോ​യി​രു​ന്നു, എന്നാൽ ദീർഘ​നാ​ളത്തെ കാത്തി​രി​പ്പി​നു​ശേഷം സമ്പൂർണ പുതി​യ​ലോക ഭാഷാ​ന്തരം ലഭിച്ച​പ്പോ​ഴത്തെ സഹോ​ദ​ര​ങ്ങ​ളു​ടെ സന്തോ​ഷാ​ശ്രു​ക്കൾ, ഞങ്ങളുടെ ശ്രമം തക്ക മൂല്യ​മു​ള്ള​താ​യി​രു​ന്നെന്ന തോന്നൽ ഞങ്ങളി​ലു​ള​വാ​ക്കി.”

ബൈബി​ളി​ന്റെ ജാപ്പനീസ്‌ പരിഭാ​ഷ​യു​ടെ ഫയലുകൾ കമ്പ്യൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന​തി​നാൽ പല വലുപ്പ​ത്തി​ലുള്ള പതിപ്പു​കൾ ഉണ്ടാക്കാൻ ബുദ്ധി​മു​ട്ടി​ല്ലാ​താ​യി. 1982-ൽ പൂർത്തി​യാ​യ​തു​മു​തൽ പല പതിപ്പു​ക​ളി​ലാ​യി ജാപ്പനീസ്‌ ഭാഷയി​ലുള്ള പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഏതാണ്ട്‌ 30,00,000 കോപ്പി​കൾ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌.

വളർച്ച​യ്‌ക്ക​നു​സൃ​ത​മായ കൂടുതൽ വികസ​ന​ങ്ങൾ

പെട്ടെന്നു വളരുന്ന കൗമാ​ര​പ്രാ​യ​ക്കാ​ര​നെ​പ്പോ​ലെ ജപ്പാനി​ലെ ദിവ്യാ​ധി​പത്യ സ്ഥാപനം വേഗത്തിൽ വളർന്നു, അവിടു​ത്തെ ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ മതിയാ​കാത്ത അളവോ​ളം. 1984 ഫെബ്രു​വ​രി​യിൽ വികസന പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയി​പ്പു നടത്തു​ക​യു​ണ്ടാ​യി. അതിൽ ഉൾപ്പെ​ട്ടി​രു​ന്നത്‌ ആറുനി​ല​യുള്ള കൂടു​ത​ലായ ഫാക്ടറി​ക്കെ​ട്ടി​ട​വും താമസ​ത്തി​നുള്ള എട്ടുനി​ല​ക്കെ​ട്ടി​ട​വു​മാ​യി​രു​ന്നു, രണ്ടിനും ബെയ്‌സ്‌മെൻറും ഉണ്ടായി​രി​ക്കും. പുതിയ ഫാക്ടറിക്ക്‌ 22,500 ചതുരശ്ര മീറ്റർ തറവി​സ്‌തൃ​തി​യുണ്ട്‌, എബിന​യി​ലെ ആദ്യത്തെ ഫാക്ടറി​യു​ടെ രണ്ടിര​ട്ടി​യാ​ണിത്‌. താമസി​ക്കാ​നുള്ള പുതിയ കെട്ടി​ട​ത്തിൽ ബെഥേൽ സ്വമേ​ധ​യാ​സേ​വ​കർക്കാ​യി 128 മുറി​ക​ളു​ണ്ടാ​യി​രി​ക്കും.

ഇവയുടെ പണി 1984 സെപ്‌റ്റം​ബ​റിൽ ആരംഭിച്ച്‌ 1988 ഫെബ്രു​വ​രി​യിൽ പൂർത്തി​യാ​യി. ഈ കാലയ​ള​വി​നു​ള്ളിൽ ജപ്പാനി​ലെ പ്രസാ​ധ​ക​രു​ടെ എണ്ണം 1,00,000 കവിഞ്ഞു. അതു തുടർന്നും കൂടി​ക്കൊ​ണ്ടി​രു​ന്നു. പുതിയ പദ്ധതി ജാപ്പനീസ്‌ വയലിലെ വർധി​ച്ചു​വ​രുന്ന ആവശ്യ​ങ്ങൾക്ക്‌ ഉതകാൻ മാത്രമല്ല അച്ചടി​യാ​വ​ശ്യ​ങ്ങ​ളിൽ മറ്റു രാജ്യ​ങ്ങളെ സഹായി​ക്കാ​നും ബ്രാഞ്ചി​നെ പ്രാപ്‌ത​മാ​ക്കു​ന്നു. 1989 മേയ്‌ 13-ന്‌ പുതിയ കെട്ടി​ടങ്ങൾ, അവ അനിവാ​ര്യ​മാ​ക്കി​ത്തീർത്ത, വർധന​വി​നു കാരണ​ഭൂ​ത​നായ യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു.

മറ്റു കാര്യ​ങ്ങൾക്കു​പരി സ്വകു​ടും​ബ​ത്തി​നു പ്രാധാ​ന്യം നൽകൽ

രാജ്യത്തെ മാധ്യ​മങ്ങൾ ചില​പ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലേക്കു ശ്രദ്ധ തിരി​ച്ചി​ട്ടുണ്ട്‌. 1986-ലെ ഒരു മാധ്യമ പ്രചര​ണ​പ​രി​പാ​ടി, യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ കുട്ടി​കൾക്കാ​യി എത്രമാ​ത്രം കരുതു​ന്നു​വെന്ന അവബോ​ധം ആളുക​ളിൽ ഉളവാക്കി. മൈനി​ച്ചി ഡെയ്‌ലി ന്യൂസി​ലെ ഒരു തലക്കെട്ട്‌ ഇങ്ങനെ​യാ​യി​രു​ന്നു: “ഉയർന്ന ജെഎൻആർ എക്‌സി​ക്യു​ട്ടീവ്‌ തന്റെ കുടും​ബ​ത്തോ​ടൊ​ത്താ​യി​രി​ക്കാൻ ജോലി ഉപേക്ഷി​ക്കു​ന്നു.” ജപ്പാനിൽ കൗമാ​ര​പ്രാ​യ​ക്കാ​രായ കുട്ടി​ക​ളുള്ള ഒരു പിതാ​വിന്‌ സ്ഥലംമാ​റ്റം—ജോലി​ക്ക​യറ്റം സഹിത​മാ​ണെ​ങ്കി​ലും—കിട്ടി​യാൽ അതൊരു പ്രശ്‌ന​മാ​യി​ത്തീ​രാ​റുണ്ട്‌. കുടും​ബാ​വസ്ഥ പരിഗ​ണി​ക്കാ​തെ​യാ​ണു സ്ഥലംമാ​റ്റം നടത്തു​ന്നത്‌. കുട്ടികൾ ഹൈസ്‌കൂ​ളി​ലെ​ത്തു​മ്പോൾ, കുടും​ബ​മൊ​ന്നാ​കെ സ്വന്തപ​ട്ടണം വിട്ടു​പോ​കു​ന്നത്‌ മിക്ക​പ്പോ​ഴും മാതാ​പി​താ​ക്കൾക്ക്‌ ഇഷ്ടമുള്ള കാര്യമല്ല. സാധാ​ര​ണ​ഗ​തി​യിൽ പിതാവ്‌ സ്ഥലംമാ​റ്റം സ്വീക​രിച്ച്‌ കുടും​ബത്തെ തനിച്ചാ​ക്കി​യി​ട്ടു പോകു​ന്നു. ജാപ്പനീസ്‌ ഭാഷയിൽ ഇതിനെ താൻഷിൻഫു​ണിൻ എന്നാണു വിളി​ക്കു​ന്നത്‌. ഒരു യഹോ​വ​യു​ടെ സാക്ഷി​യായ താക്കെഷി താമൂ​രയെ ജാപ്പനീസ്‌ ദേശീയ റെയിൽവേ​യു​ടെ (ജെഎൻആർ) ക്യൂഷു ബ്യൂ​റോ​യു​ടെ ഡയറക്ടർ ജനറലാ​യി നിയമി​ച്ചു​വെന്ന്‌ ആ പത്ര​ലേ​ഖനം റിപ്പോർട്ടു ചെയ്‌തു. എന്നാൽ, കുടും​ബ​ത്തിൽനിന്ന്‌ അകന്നു​നി​ന്നു​കൊണ്ട്‌ ആ വലിയ സ്ഥാനം സ്വീക​രി​ക്കു​ന്ന​തി​നു​പ​കരം രാജി​വെ​ക്കാ​നാണ്‌ അദ്ദേഹം തീരു​മാ​നി​ച്ചത്‌. “ഡയറക്ടർ ജനറലി​ന്റെ ജോലി ആർക്കും ചെയ്യാ​വു​ന്ന​തേ​യു​ള്ളൂ. എന്നാൽ, എന്റെ കുട്ടി​കൾക്കു പിതാ​വാ​യി ഞാൻ മാത്ര​മ​ല്ലേ​യു​ള്ളൂ” എന്നിങ്ങനെ താമൂര സഹോ​ദരൻ പറഞ്ഞതാ​യി ഒരു പത്രം ഉദ്ധരിച്ചു.

ആളുകൾ അമ്പരന്നു​പോ​യി. മക്കളെ മരിക്കാൻ അനുവ​ദി​ക്കുന്ന ക്രൂര​രായ ആളുക​ളാ​യി യഹോ​വ​യു​ടെ സാക്ഷി​കളെ ചിത്രീ​ക​രി​ച്ചു​കൊണ്ട്‌ അവരെ​ക്കു​റിച്ച്‌ മോശ​മായ ഒരു ചിത്രം മാധ്യ​മങ്ങൾ നേരത്തേ നൽകി​യി​രു​ന്നു. ജെഎൻആർ-ലെ മിക്കവ​രും എങ്ങനെ​യും എത്തി​പ്പെ​ടാ​നാ​ഗ്ര​ഹി​ക്കുന്ന ഒരു സ്ഥാനത്തു​നിന്ന്‌, കുടും​ബ​ത്തോ​ടൊ​ത്താ​യി​രി​ക്കാ​നുള്ള ആഗ്രഹം നിമിത്തം രാജി​വെ​ച്ചൊ​ഴി​യുന്ന ധീരനായ ഒരു മനുഷ്യൻ. ടെലി​വി​ഷൻ റിപ്പോർട്ടർമാർ വീടു​കൾതോ​റും പോയി. താൻഷിൻഫു​ണിൻ ബിസി​ന​സു​കാർ വാരാന്തം തങ്ങളുടെ കുടും​ബ​ങ്ങ​ളോ​ടൊ​ത്തു ചെലവ​ഴി​ക്കാൻ ട്രെയി​നിൽനിന്ന്‌ ഇറങ്ങിയ ഉടനെ റിപ്പോർട്ടർമാർ അവരു​മാ​യി അഭിമു​ഖം നടത്തി. താമൂ​ര​യു​ടെ തീരു​മാ​ന​ത്തെ​ക്കു​റിച്ച്‌ എന്തു തോന്നു​ന്നു​വെന്ന്‌ അവർ ആളുക​ളോ​ടു ചോദി​ച്ചു. പൊതു​വായ പ്രതി​ക​രണം, ‘ഞാൻ അദ്ദേഹ​ത്തി​ന്റെ തീരു​മാ​നത്തെ ആദരി​ക്കു​ന്നു. അതു ചെയ്യാ​നുള്ള ധൈര്യം എനിക്കു​ണ്ടാ​യി​രു​ന്നെ​ങ്കി​ലെന്ന്‌ ഞാനാ​ഗ്ര​ഹി​ക്കു​ന്നു’ എന്നതാ​യി​രു​ന്നു.

സംഭവ​ത്തെ​ക്കു​റിച്ച്‌ അനുസ്‌മ​രി​ച്ചു​കൊണ്ട്‌ താമൂര സഹോ​ദരൻ ഇങ്ങനെ പറയുന്നു: “മൈനി​ച്ചി പത്രത്തിന്‌ ആ വിവരം എങ്ങനെ​യാ​ണു കിട്ടി​യ​തെന്ന്‌ എനിക്ക​റി​യില്ല. സാധാ​ര​ണ​ഗ​തി​യിൽ, അത്തരം വിവരങ്ങൾ ചോരു​മ്പോൾ റിപ്പോർട്ടു ചെയ്യപ്പെട്ട വിവരം സത്യമ​ല്ലെന്നു തെളി​യി​ക്കാൻ ജെഎൻആർ മൊത്തം ജോലി​ക്കാ​രു​ടെ നിയമ​ന​ങ്ങ​ളിൽ മാറ്റം വരുത്താ​റുണ്ട്‌. എന്നാൽ, ഇപ്രാ​വ​ശ്യം മാധ്യ​മങ്ങൾ അറിയി​ച്ച​തിൽനി​ന്നു യാതൊ​രു മാറ്റവും ഉണ്ടായില്ല. അതി​നെ​ല്ലാം പിന്നിൽ യഹോവ ആയിരു​ന്നി​രി​ക്കണം. യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ കുടും​ബ​ത്തെ​ക്കു​റി​ച്ചു കരുതു​ന്ന​വ​രാ​ണെന്ന സന്ദേശം മാധ്യ​മ​ങ്ങ​ളി​ലൂ​ടെ ജപ്പാനി​ലെ ആളുകൾക്കു ലഭിച്ചു.” ഇന്ന്‌, താമൂര സഹോ​ദ​ര​നും കുടും​ബ​വും മുഴു​സമയ സുവി​ശേ​ഷ​ക​രാ​യി സേവി​ക്കു​ന്നു. അദ്ദേഹം സഭയിലെ അധ്യക്ഷ​മേൽവി​ചാ​ര​ക​നാണ്‌. അദ്ദേഹ​ത്തി​ന്റെ മകൻ ബെഥേ​ലി​ലെ താത്‌കാ​ലിക സ്വമേ​ധ​യാ​സേ​വ​ക​നാണ്‌.

ഓക്കി​നാ​വ​യി​ലെ പുരോ​ഗ​തി

ഓക്കി​നാവ ജപ്പാൻ ബ്രാഞ്ചി​ന്റെ കീഴിൽ വന്നതി​നു​ശേഷം അവിടെ നല്ല പുരോ​ഗ​തി​യാണ്‌. പഴയ ആചാര​രീ​തി​കൾക്ക്‌ ആളുക​ളു​ടെ ജീവി​ത​ത്തിൽ ശക്തമായ പ്രഭാ​വ​മുള്ള സ്ഥലമാണ്‌ അവിടം. 70 വയസ്സുള്ള കിക്കൂ സുനാ​ഗാ​വ​യ്‌ക്ക്‌ പയനി​യർവേ​ല​യിൽ പ്രവേ​ശി​ക്കാൻ പ്രായം ഒരു പ്രതി​ബ​ന്ധ​മാ​യി​രു​ന്നില്ല. വർഷങ്ങ​ളോ​ളം അവർ പ്രാ​ദേ​ശിക യൊത്താ​യു​ടെ അഥവാ ആത്മമധ്യ​വർത്തി​യു​ടെ പിടി​യി​ലാ​യി​രു​ന്നു. എന്നാൽ സത്യ​ദൈ​വ​ത്തിന്‌ ഒരു പേരു​ണ്ടെ​ന്നും അവന്‌ ഹൃദയങ്ങൾ മനസ്സി​ലാ​ക്കാ​നുള്ള കഴിവു​ണ്ടെ​ന്നു​മുള്ള അറിവ്‌ അവരിൽ ആഴമായ സ്വാധീ​നം ചെലുത്തി. യൊത്താ​യോ​ടു ബന്ധപ്പെട്ട്‌ തനിക്കു​ണ്ടാ​യി​രുന്ന സകലതും അവർ ഉടൻതന്നെ നശിപ്പി​ച്ചു​ക​ളഞ്ഞു. ദൈവ​ഹി​തം സംബന്ധിച്ച കൂടു​ത​ലായ അറിവു സമ്പാദി​ക്കു​ന്ന​തി​നാ​യി വായി​ക്കാൻ പഠിക്കു​ന്ന​തിന്‌ അവർ ദൃഢനി​ശ്ചയം ചെയ്‌തു. അധ്യയ​ന​മെ​ടു​ത്തി​രുന്ന ആൾ ക്ഷമയോ​ടെ അവർക്കു വേണ്ട സഹായം നൽകി. 1981-ൽ സ്‌നാ​പ​ന​മേറ്റ അവർ പിറ്റേ വർഷം പയനി​യർസേ​വ​ന​ത്തിൽ പ്രവേ​ശി​ച്ചു.

മുമ്പ്‌ അക്ഷരജ്ഞാ​ന​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും, പ്രായ​മുള്ള ഒരു ബൈബിൾ വിദ്യാർഥി​നി​യു​ടെ ഭർത്താ​വി​നെ എഴുത്തും വായന​യും പഠിപ്പി​ക്കാൻ കഴിയുന്ന നിലയി​ലെത്തി അവർ. അങ്ങനെ ആ ദമ്പതി​കൾക്കു സ്‌നാ​പ​ന​മെന്ന പടിയി​ലേക്കു പുരോ​ഗ​മി​ക്കാൻ കഴിഞ്ഞു. വിലമ​തി​പ്പുള്ള ആ ദമ്പതികൾ നല്ലൊരു രാജ്യ​ഹാൾ പണിയു​ന്ന​തി​നാ​വ​ശ്യ​മായ അനു​യോ​ജ്യ സ്ഥലം ആകമിച്ചി സഭയ്‌ക്കു നൽകി. തന്റെ ഇളയ രണ്ട്‌ സഹോ​ദ​രി​മാർ സത്യ​ദൈ​വ​മായ യഹോ​വയെ സേവി​ക്കു​ന്ന​തിന്‌ യൊത്താ​യു​ടെ സ്വാധീ​ന​ത്തിൽനിന്ന്‌ വിട്ടു​പോ​ന്നത്‌ കിക്കൂ​വി​ന്റെ ശ്രമങ്ങ​ളു​ടെ​മേ​ലുള്ള കൂടു​ത​ലായ അനു​ഗ്ര​ഹ​മാ​യി​രു​ന്നു.

ഓക്കി​നാ​വ തീരത്തു​നിന്ന്‌ ഏകദേശം 60 കിലോ​മീ​റ്റർ മാറി​ക്കി​ട​ക്കുന്ന ആഗുനി ജിമാ എന്ന കൊച്ചു ദ്വീപിൽ സാക്ഷീ​ക​രി​ക്കാ​നുള്ള നിയമനം ഹാമമാ​റ്റ്‌സൂ​വി​ലെ ഒരു വൃദ്ധദ​മ്പ​തി​കൾ 1989-ൽ സ്വീക​രി​ച്ചു. ആ വിദൂര ദ്വീപി​ലേക്കു യാത്ര ചെയ്യു​ന്ന​തി​നാ​വ​ശ്യ​മായ പണത്തി​നു​വേണ്ടി അവർ തങ്ങളുടെ വിവാ​ഹ​മോ​തി​രങ്ങൾ വിറ്റു. ആ ദ്വീപി​ലുള്ള 600 വീടുകൾ സന്ദർശി​ക്കു​ന്ന​തിന്‌ അവർ 20 ദിവസം ചെലവി​ട്ടു. ഒരു ദിവസം കൊടും​വേ​നൽച്ചൂ​ടിൽ ഒരു കന്മതി​ലി​ന​രി​കി​ലൂ​ടെ നടക്കവേ രണ്ടു കൊച്ചു പെൺകു​ട്ടി​കൾ അവർക്കു തങ്ങളുടെ പക്കലു​ണ്ടാ​യി​രുന്ന വെള്ളം കുടി​ക്കാൻ കൊടു​ത്തു. ആ കുട്ടി​ക​ളു​ടെ ദയാവാ​യ്‌പിൽ മതിപ്പു തോന്നി അവരുടെ മാതാ​പി​താ​ക്കളെ സന്ദർശി​ക്കാൻ ആ ദമ്പതികൾ തീരു​മാ​നി​ച്ചു. തങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു പറഞ്ഞ​പ്പോൾ ആ മാതാ​പി​താ​ക്കൾ അവരെ ആശ്ലേഷി​ച്ചു. എട്ടു മാസത്തി​നു മുമ്പ്‌ ഓക്കി​നാ​വ​യിൽനിന്ന്‌ അവി​ടേക്കു മാറി​യ​തി​നു​ശേഷം അവർ യഹോ​വ​യു​ടെ സാക്ഷി​കളെ ആരെയും കണ്ടിരു​ന്നില്ല. തപാൽവഴി ഒരു ബൈബി​ള​ധ്യ​യനം ക്രമീ​ക​രി​ക്ക​പ്പെട്ടു, പിന്നീട്‌ ആ അധ്യയനം ഓക്കി​നാ​വ​യി​ലെ നാഹാ സഭയ്‌ക്കു കൈമാ​റി. ആ മാതാ​പി​താ​ക്ക​ളും അവരുടെ മൂത്ത മകളും 1993-ൽ സ്‌നാ​പ​ന​മേറ്റു. ആ ഒറ്റപ്പെട്ട ദ്വീപിൽ അവർ സത്യം പഠിക്കാൻ അനേകരെ സഹായി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

1980-ൽ ഓക്കി​നാവ വീണ്ടും ജപ്പാൻ ബ്രാഞ്ചി​ന്റെ കീഴിൽ വന്നപ്പോൾ അവിട​ത്തെ​യും അയൽദ്വീ​പു​ക​ളി​ലെ​യും പ്രസാ​ധ​ക​രു​ടെ എണ്ണം 22 സഭകളി​ലാ​യി 958 ആയിരു​ന്നു. ഇപ്പോൾ ഓക്കി​നാവ ഭരണ​പ്ര​ദേ​ശത്ത്‌ സജീവ സേവന​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന 2,600-ലധികം രാജ്യ​ഘോ​ഷ​ക​രുണ്ട്‌.

മേഖലാ നിർമാ​ണ​ക്ക​മ്മി​റ്റി​കൾ സഹായി​ക്കു​ന്നു

പ്രാ​ദേ​ശിക വിഭവ​ങ്ങ​ളും അനുഭ​വ​ജ്ഞാ​ന​വും ഉപയോ​ഗ​പ്പെ​ടു​ത്തി പതിറ്റാ​ണ്ടു​ക​ളാ​യി അനേകം സഭകളും തങ്ങളുടെ രാജ്യ​ഹാ​ളു​കൾ പണിക​ഴി​ച്ചി​രു​ന്നു. എന്നാൽ ഘടനാ​പ​ര​വും നിയമ​പ​ര​വും മറ്റു തരത്തി​ലു​ള്ള​തു​മായ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. രാജ്യ​ഹാ​ളു​കൾക്ക്‌ യോജി​ക്കുന്ന നിറത്തി​ലുള്ള പെയി​ന്റ​ടി​ക്കു​ന്ന​തിൽ മിക്ക സഭകളും ശ്രദ്ധി​ച്ചി​രു​ന്നില്ല. വിദഗ്‌ധ​ര​ല്ലാത്ത സ്വമേ​ധ​യാ​സേ​വ​ക​രാ​യി​രു​ന്നു വേലയിൽ അധിക​വും നിർവ​ഹി​ച്ചി​രു​ന്നത്‌. മാത്രമല്ല, പദ്ധതികൾ പൂർത്തി​യാ​ക്കാൻ വളരെ സമയവു​മെ​ടു​ത്തി​രു​ന്നു. ചില നിർമാ​ണ​പ​ദ്ധ​തി​കൾക്കു മാസങ്ങ​ളോ വർഷങ്ങൾ പോലു​മോ വേണ്ടി​വന്നു. അതു സഭയുടെ, പ്രത്യേ​കി​ച്ചും നിർമാ​ണ​ത്തിൽ ഉൾപ്പെ​ട്ടി​രു​ന്ന​വ​രു​ടെ ആത്മീയ​തയെ അപകട​പ്പെ​ടു​ത്തി. ഐക്യ​നാ​ടു​ക​ളിൽ പ്രാബ​ല്യ​ത്തി​ലാ​ക്കിയ ശീഘ്ര​നിർമാ​ണ​രീ​തി​യു​ടെ തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്ന​തി​ന്റെ സാധ്യ​ത​യെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കാ​നുള്ള സമയമാ​യി​രു​ന്നു.

1990 സെപ്‌റ്റം​ബ​റിൽ ടോക്കി​യോ പ്രദേ​ശത്ത്‌ ആദ്യത്തെ മേഖലാ നിർമാ​ണ​ക്ക​മ്മി​റ്റിക്ക്‌ രൂപം കൊടു​ത്തു. രാജ്യത്തെ മറ്റു ഭാഗങ്ങ​ളു​ടെ ആവശ്യ​ത്തി​നാ​യി വേറേ ഏഴു കമ്മിറ്റി​ക​ളും രൂപീ​ക​രി​ച്ചു. ജപ്പാനിൽ ശീഘ്ര​നിർമാ​ണ​രീ​തി​കൾ അവലം​ബി​ച്ചുള്ള ആദ്യത്തെ രാജ്യ​ഹാൾ 1991 മാർച്ചിൽ ഇബരക്കി ഭരണ​പ്ര​ദേ​ശത്തെ നാക്കാ​മി​നാ​റ്റോ​യിൽ നിർമി​ക്ക​പ്പെട്ടു. നിർമാ​ണ​ത്തി​ന്റെ രണ്ടാം ദിവസ​മു​ണ്ടായ ഉഗ്രമായ കൊടു​ങ്കാറ്റ്‌ തത്‌കാ​ല​ത്തേക്കു വേലയെ തടസ്സ​പ്പെ​ടു​ത്തി​യെ​ങ്കി​ലും 120 പേർക്കി​രി​ക്കാ​വുന്ന ഹാളിന്റെ പണി നാലു ദിവസം​കൊ​ണ്ടു പൂർത്തി​യാ​യി.

അതിനു​ശേ​ഷം, ജപ്പാനിൽ ആദ്യമു​ണ്ടാ​യി​രുന്ന 8 മേഖലാ നിർമാ​ണ​ക്ക​മ്മി​റ്റി​കൾ 11 ആയി വർധി​ച്ചി​രി​ക്കു​ന്നു. ഇവ ഓരോ വർഷവും 80 മുതൽ 100 വരെ രാജ്യ​ഹാ​ളു​കൾ നിർമി​ക്കു​ന്ന​തിൽ സഹായി​ക്കു​ക​യു​ണ്ടാ​യി. ഇരട്ട രാജ്യ​ഹാ​ളു​ക​ളും, സ്ഥലത്തിനു തീപി​ടിച്ച വിലയാ​യ​തി​നാൽ തറനി​രപ്പ്‌ കാർ പാർക്കു ചെയ്യാ​നുള്ള സ്ഥലമായി ഉപയോ​ഗി​ക്കുന്ന ഹാളു​ക​ളും ഇതിൽ ഉൾപ്പെ​ടു​ന്നു. ദ്വീപു​ക​ളിൽ ആവർത്തി​ച്ചു​ണ്ടാ​കാ​റുള്ള ചുഴലി​ക്കൊ​ടു​ങ്കാ​റ്റു​കളെ അതിജീ​വി​ക്കുന്ന വിധത്തിൽ മേഖലാ നിർമാ​ണ​ക്ക​മ്മി​റ്റിക്ക്‌ ഓക്കി​നാ​വ​യിൽ കെട്ടി​ട​ങ്ങ​ളു​ടെ പ്ലാനുകൾ മാറ്റേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

ഓക്കി​നാ​വ​യി​ലെ കോച്ചിൻദാ സഭയ്‌ക്കു വേണ്ടി​യുള്ള ശീഘ്ര​നിർമാ​ണ​പ​ദ്ധതി തുടങ്ങാ​നി​രു​ന്ന​തി​ന്റെ തലേന്ന്‌ അതിനാ​വ​ശ്യ​മായ സ്ഥലം സംഭാവന ചെയ്‌ത സഹോ​ദരൻ നിര്യാ​ത​നാ​യി. അദ്ദേഹ​ത്തി​ന്റെ ശവസം​സ്‌കാര പരിപാ​ടി പിറ്റേ ഞായറാഴ്‌ച വൈകു​ന്നേരം 4:00 മണിക്കു നടത്താൻ ക്രമീ​ക​രി​ച്ചു—അതാകട്ടെ ഇനിയും പണിതി​ട്ടി​ല്ലാത്ത രാജ്യ​ഹാ​ളിൽ. മരിച്ച സഹോ​ദരൻ ആ പ്രദേ​ശത്തെ അറിയ​പ്പെ​ടുന്ന ഒരാളാ​യി​രു​ന്ന​തി​നാൽ ശവസം​സ്‌കാര പരിപാ​ടി മാധ്യ​മ​ങ്ങൾവഴി അറിയി​ച്ചി​രു​ന്നു. നിർമാ​ണ​സ്ഥ​ലത്ത്‌ കോൺക്രീറ്റ്‌ അടിസ്ഥാ​നം മാത്രം ഇട്ടിരി​ക്കു​ന്നത്‌ കണ്ടപ്പോൾ ആളുകൾ ആരാഞ്ഞു: “ശവസം​സ്‌കാര ശുശ്രൂഷ നടത്താ​റാ​കു​മ്പോ​ഴേ​ക്കും നിങ്ങൾ ഈ കെട്ടി​ട​ത്തി​ന്റെ പണി പൂർത്തി​യാ​ക്കു​മോ?” ഉവ്വ്‌, യഥാസ​മ​യ​ത്തു​തന്നെ അതിന്റെ പണി പൂർത്തി​യാ​യി. നിയമ, രാഷ്‌ട്രീയ വൃത്തങ്ങ​ളിൽനി​ന്നുള്ള ചിലരുൾപ്പെടെ, ധാരാളം പേർ ശവസം​സ്‌കാ​ര​പ്ര​സം​ഗം കേൾക്കാൻ എത്തിയി​രു​ന്നു.

ഇപ്പോൾ ജപ്പാനി​ലും ഓക്കി​നാ​വ​യി​ലു​മാ​യി 1,796 രാജ്യ​ഹാ​ളു​ക​ളുണ്ട്‌. അവയിൽ 511 എണ്ണം നിർമി​ക്കു​ക​യോ പുതു​ക്കി​പ്പ​ണി​യു​ക​യോ ചെയ്‌തത്‌ ശീഘ്ര​നിർമാ​ണ​രീ​തി ഉപയോ​ഗി​ച്ചാ​യി​രു​ന്നു. ഈ ഹാളുകൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സാന്നി​ധ്യ​ത്തി​നു വാചാ​ല​മായ സാക്ഷ്യ​മാണ്‌, അവർ ആരാധി​ക്കുന്ന ദൈവ​ത്തിന്‌ അവ ഉചിത​മായ മഹത്ത്വം കൈവ​രു​ത്തു​ക​യും ചെയ്യുന്നു.

രാജ്യ​ത്തു​ട​നീ​ളം സമ്മേള​ന​ഹാ​ളു​കൾ

സർക്കിട്ട്‌ സമ്മേള​ന​ങ്ങ​ളും പ്രത്യേക സമ്മേള​ന​ദി​ന​പ​രി​പാ​ടി​ക​ളും നടത്തുന്ന സമ്മേളന ഹാളു​ക​ളു​ടെ കാര്യ​ത്തി​ലും അതുതന്നെ പറയാ​വു​ന്ന​താണ്‌. 1980-കളിൽ തുടങ്ങി സമ്മേള​ന​ഹാ​ളു​കൾ ഒന്നൊ​ന്നാ​യി നിർമി​ക്കാൻ തുടങ്ങി—കാൻസൈ, എബിന, ചിബ, തോക്കൈ, ഹ്യോ​ഗോ, ഗുമ്മ, ഹൊ​ക്കൈ​ദോ, തൊച്ചി​ഗി എന്നിവി​ട​ങ്ങ​ളിൽ അവ നിർമി​ച്ചു. ക്യൂഷു​വിൽ നിർമിച്ച ഒമ്പതാ​മത്തെ സമ്മേള​ന​ഹാൾ 1997-ൽ പൂർത്തി​യാ​യി.

ആദ്യ​മൊ​ക്കെ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കാ​തി​രുന്ന അയൽക്കാ​രു​ടെ മനോ​ഭാ​വ​ത്തി​നു മാറ്റം വരുത്താൻ കഠിനാ​ധ്വാ​നി​ക​ളായ സഹോ​ദ​ര​ങ്ങ​ളു​ടെ മാതൃ​കാ​യോ​ഗ്യ​മായ നടത്തയ്‌ക്കു പലപ്പോ​ഴും കഴിഞ്ഞി​ട്ടുണ്ട്‌. നഗോ​യ​യ്‌ക്ക​ടുത്ത്‌ തോക്കൈ സമ്മേള​ന​ഹാൾ നിർമി​ച്ചു​കൊ​ണ്ടി​രുന്ന സന്ദർഭ​ത്തിൽ ഒരു അയൽവാ​സി ആ പദ്ധതിയെ ശക്തമായി എതിർത്തു, അതു തടയു​ന്ന​തിന്‌ ആളുകളെ സംഘടി​പ്പി​ക്കാൻ പോലും അദ്ദേഹം ശ്രമിച്ചു. എന്താണ്‌ നടക്കു​ന്ന​തെന്നു കാണാൻ അദ്ദേഹം എല്ലാ ദിവസ​വും നിർമാ​ണ​സ്ഥ​ലത്തു വന്നിരു​ന്നു. ഒരു ദിവസം അദ്ദേഹം വന്നപ്പോൾ കയ്യിൽ ഒരു ഈർച്ച​വാ​ളു​മു​ണ്ടാ​യി​രു​ന്നു. എന്തു ചെയ്യാൻ ഭാവി​ക്കു​ന്നു​വെന്ന്‌ ആ പദ്ധതിക്കു മേൽനോ​ട്ടം വഹിച്ചി​രുന്ന സഹോ​ദരൻ ചോദി​ച്ച​പ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഇതുവരെ ചെയ്‌തത്‌ ഞാൻ നിരീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അവിടെ നിൽക്കുന്ന ഇല്ലിക്കൂ​ട്ടം നിങ്ങൾക്കു തടസ്സമാ​കു​ന്ന​തു​പോ​ലെ തോന്നു​ന്നു. സ്വമേ​ധ​യാ​സേ​വ​ന​ത്തിൽ ഇന്ന്‌ ഞാനും കൂടി​ക്കോ​ട്ടെ.” പണിയിൽ ഒരു കൈ സഹായി​ക്കാൻ അദ്ദേഹ​വും ചേർന്നു.

1995-ൽ സഹോ​ദ​രങ്ങൾ ഏറ്റവും വടക്കുള്ള ഒരു ദ്വീപിൽ ഹൊ​ക്കൈ​ദോ സമ്മേള​ന​ഹാൾ നിർമി​ച്ചു​കൊ​ണ്ടി​രുന്ന സമയത്ത്‌ ഫണ്ട്‌ വളരെ പരിമി​ത​മാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ 2,000 ഇരിപ്പി​ടങ്ങൾ സൗജന്യ​മാ​യി ലഭിച്ച​പ്പോൾ അവർ വളരെ സന്തോ​ഷി​ച്ചു. അത്‌ എങ്ങനെ​യാ​ണു ലഭിച്ചത്‌? ഹാളിന്റെ നിർമാ​ണം നടന്നു​കൊ​ണ്ടി​രി​ക്കെ കോ​ബെ​യി​ലും സമീപ നഗരങ്ങ​ളി​ലും വലി​യൊ​രു ഭൂകമ്പ​മു​ണ്ടാ​യി, തത്‌ഫ​ല​മാ​യി പല കെട്ടി​ട​ങ്ങ​ളും ഉപയോ​ഗ​ശൂ​ന്യ​മാ​യി​ത്തീർന്നു. സംഗീ​ത​ക്ക​ച്ചേ​രി​ക്കുള്ള മനോ​ഹ​ര​മായ ഒരു ഹാൾ ഉൾപ്പെ​ട്ടി​രുന്ന കോബെ കോക്കൂ​സൈ കൈക്കാൻ അതി​ലൊ​ന്നാ​യി​രു​ന്നു. ആ കെട്ടിടം പൊളി​ച്ചു​മാ​റ്റാൻ തീരു​മാ​നി​ച്ച​തി​നു​ശേഷം, സംഗീ​തജ്ഞർ ആ ഹാളി​നോട്‌ വിടപ​റ​യുന്ന ഒരു റിപ്പോർട്ട്‌ ടെലി​വി​ഷ​നിൽ കാണി​ക്കു​ക​യു​ണ്ടാ​യി. കോ​ബെ​യിൽ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ട്ടി​രുന്ന സാക്ഷികൾ ആ വാർത്ത കണ്ടു. അവർ ആ കെട്ടി​ട​ത്തി​ന്റെ ചുമതല വഹിക്കു​ന്ന​വ​രു​മാ​യി ബന്ധപ്പെട്ട്‌ ഇരിപ്പി​ടങ്ങൾ അവി​ടെ​നിന്ന്‌ നീക്കം ചെയ്‌ത്‌ ഹൊ​ക്കൈ​ദോ സമ്മേള​ന​ഹാ​ളി​ലേക്കു കൊണ്ടു​പോ​കാൻ അനുമതി വാങ്ങി. 2,000 ഇരിപ്പി​ട​ങ്ങ​ളിൽ മൂന്നി​ലൊ​ന്നോ​ളം പുതി​യ​താ​യി​രു​ന്നു, ശേഷി​ക്കു​ന്നവ നന്നാക്കി​യെ​ടുത്ത്‌ ഉപയോ​ഗി​ക്കാ​വുന്ന അവസ്ഥയി​ലു​മാ​യി​രു​ന്നു. ഇരിപ്പി​ടങ്ങൾ അവി​ടെ​നി​ന്നു നീങ്ങി​ക്കി​ട്ടി​യ​തിൽ ആ സംഗീ​ത​ഹാൾ പൊളി​ച്ചു​മാ​റ്റിയ കമ്പനി​ക്കും സന്തോ​ഷ​മാ​യി.

രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​ത്തി​നു വേണ്ടി മേഖലാ നിർമാ​ണ​ക്ക​മ്മി​റ്റി​യു​ടെ കീഴിൽ സേവി​ക്കാൻ യോഗ്യത നേടിയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ സമ്മേള​ന​ഹാ​ളു​ക​ളു​ടെ നിർമാ​ണ​ത്തി​ലും ഏർപ്പെട്ടു. അവയിൽ ആദ്യത്തേവ 1995-ൽ തൊച്ചി​ഗി​യി​ലും ഹൊ​ക്കൈ​ദോ​യി​ലും നിർമിച്ച സമ്മേള​ന​ഹാ​ളു​ക​ളാ​യി​രു​ന്നു. സഹോ​ദ​രങ്ങൾ തങ്ങളുടെ സമ്മേള​ന​ഹാ​ളു​ക​ളെ​യും സമ്മേള​ന​സ​മ​യത്ത്‌ എല്ലാവ​രു​മൊ​ത്തു സഹവസി​ക്കു​ന്ന​തി​നുള്ള അവസര​ത്തെ​യും വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു. വില​യേ​റിയ സ്‌തു​തി​യാ​ഗം അർപ്പി​ക്കാ​നുള്ള തങ്ങളുടെ ശ്രമങ്ങ​ളു​ടെ​മേ​ലുള്ള യഹോ​വ​യു​ടെ സമൃദ്ധ​മായ അനു​ഗ്ര​ഹ​ത്തി​ന്റെ മറ്റൊരു തെളി​വാണ്‌ അവർ മനോ​ഹ​ര​മായ ഈ കെട്ടി​ട​ങ്ങ​ളിൽ കാണു​ന്നത്‌.

അനു​യോ​ജ്യ​മായ കൺ​വെൻ​ഷൻ സ്ഥലങ്ങൾ

1980-കളിൽ വലിയ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളിൽ മിക്കതും നടത്തി​യത്‌ തുറന്ന സ്റ്റേഡി​യ​ങ്ങ​ളി​ലാ​യി​രു​ന്നു. വേനൽക്കാല കൺ വെൻഷ​നു​ക​ളു​ടെ സമയത്ത്‌ ജപ്പാനിൽ ഉണ്ടാകാ​റുള്ള കടുത്ത വേനൽച്ചൂട്‌, ഉഷ്‌ണം, ചുഴലി​ക്കാ​റ്റു​കൾ തുടങ്ങി​യ​വയെ അതിജീ​വി​ക്കു​ന്നത്‌ ഇതിൽ ഉൾപ്പെ​ട്ടി​രു​ന്നു.

ഓസക്ക​യി​ലെ എക്‌സ്‌പോ മെമ്മോ​റി​യൽ പാർക്കി​ലുള്ള ഗ്രീനറി സ്‌ക്വ​യേ​ഴ്‌സിൽ 1983 ആഗസ്റ്റ്‌ 18 മുതൽ 21 വരെ 20,000-ത്തിലധി​കം പേർക്കു വേണ്ടി ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ ക്രമീ​ക​രി​ച്ചി​രു​ന്നു. അതിനു വേണ്ടി​യുള്ള ഒരുക്ക​ത്തി​ന്റെ ഭാഗമാ​യി ആഗസ്റ്റ്‌ 14 ഞായറാഴ്‌ച സ്വമേ​ധ​യാ​സേ​വകർ രണ്ടു വലിയ കൂടാ​രങ്ങൾ ഉയർത്തി​യി​രു​ന്നു. എന്നാൽ, മണിക്കൂ​റിൽ 160 കിലോ​മീ​റ്റർ വേഗത​യുള്ള ഒരു ചുഴലി​ക്കാറ്റ്‌ ഓസക്കയെ ലക്ഷ്യമാ​ക്കി നീങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. അപകടം ഒഴിവാ​ക്കു​ന്ന​തി​നു വേണ്ടി കൂടാരം നീക്കം ചെയ്യാൻ സഹോ​ദ​രങ്ങൾ തീരു​മാ​നി​ച്ചു. “സഹോ​ദ​രങ്ങൾ ചുഴലി​ക്കാ​റ്റി​ന്റെ പുരോ​ഗതി സസൂക്ഷ്‌മം നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​നാൽ കൺ​വെൻ​ഷൻ ആസ്ഥാനം ഒരു കാലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ​കേ​ന്ദ്രം​പോ​ലെ തോന്നി​ച്ചു,” കൺ​വെൻ​ഷൻ മേൽവി​ചാ​ര​ക​നാ​യി​രുന്ന ഷോഗോ നാക്കാ​ഗാവ പറയുന്നു.

“16-ാം തീയതി പ്രാർഥ​നാ​നിർഭ​ര​മാ​യി​രു​ന്നു. കൺ​വെൻ​ഷൻ യഥാസ​മയം തുടങ്ങ​ണ​മെ​ങ്കിൽ, ആഗസ്റ്റ്‌ 17-ാം തീയതി രാവിലെ 5:00 മണി​യോ​ടെ സഹോ​ദ​രങ്ങൾ കൂടാ​രങ്ങൾ ഉയർത്ത​ണ​മാ​യി​രു​ന്നു. ‘ഓസക്ക പ്രദേ​ശത്ത്‌ കൊടു​ങ്കാ​റ്റോ​ടു​കൂ​ടിയ പേമാരി പ്രതീ​ക്ഷി​ക്കു​ന്നു’ എന്ന വാർത്ത ആഗസ്റ്റ്‌ 16-ലെ സായാ​ഹ്ന​പ​ത്ര​ത്തിൽ വന്നിരു​ന്നു. ചുഴലി​ക്കാറ്റ്‌ വളരെ വേഗത്തിൽ വലത്തോട്ട്‌ തിരി​യു​ക​യും പടിഞ്ഞാ​റൻ മേഘങ്ങൾ നീങ്ങി​പ്പോ​കു​ക​യും ചെയ്‌താ​ലേ തക്കസമ​യത്ത്‌ കൂടാ​രങ്ങൾ ഉയർത്താൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. വാസ്‌ത​വ​ത്തിൽ അതാണു സംഭവി​ച്ച​തും. 17-ാം തീയതി രാവിലെ 4:00 മണിയാ​യ​പ്പോൾ ഓസക്ക​യു​ടെ തെക്കൻഭാ​ഗത്ത്‌ ശക്തമായി മഴ പെയ്‌തെ​ങ്കി​ലും കൺ​വെൻ​ഷൻ പ്രദേ​ശത്ത്‌ മഴയു​ണ്ടാ​യില്ല. കൃത്യ​സ​മ​യ​ത്തു​തന്നെ കൺ​വെൻ​ഷനു വേണ്ടി കൂടാ​രങ്ങൾ വീണ്ടും ഉയർത്തി. പട്ടിക​പ്പെ​ടു​ത്തി​യ​തു​പോ​ലെ 18-ാം തീയതി വ്യാഴാഴ്‌ച ഉച്ചതി​രിഞ്ഞ്‌ 1:20-ന്‌ കൺ​വെൻ​ഷൻ ആരംഭി​ച്ചു.”

എന്നാൽ, കാല​ക്ര​മേണ 10,000-ത്തിലധി​കം പേർക്ക്‌ ഇരിക്കാ​വുന്ന ഇൻഡോർ സ്റ്റേഡി​യ​ങ്ങ​ളും ഹാളു​ക​ളും ലഭ്യമാ​യി. 1990-കളിൽ യഹോ​വ​യു​ടെ സാക്ഷികൾ എയർക​ണ്ടീ​ഷൻ ചെയ്‌ത അത്തരം ഹാളുകൾ വാടക​യ്‌ക്കെ​ടു​ക്കാൻ തുടങ്ങി. അത്തരം ഇൻഡോർ സ്റ്റേഡി​യ​ങ്ങ​ളി​ലെ ഏറ്റവും വലിയ കൂടി​വ​ര​വു​ക​ളി​ലൊന്ന്‌ ടോക്കി​യോ ഡോം സ്റ്റേഡി​യ​ത്തി​ലാ​യി​രു​ന്നു നടന്നത്‌, 1992-ൽ. മൊത്തം 39,905 പേർ ആ “പ്രകാശ വാഹകർ” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷനു ഹാജരാ​യി. ആ സ്റ്റേഡിയം ടോക്കി​യോ നഗരത്തി​ന്റെ ഹൃദയ​ഭാ​ഗ​ത്താ​യി​രു​ന്ന​തി​നാൽ, കൺ​വെൻ​ഷൻ കാഴ്‌ച​ക്കാർക്ക്‌ നല്ലൊരു സാക്ഷ്യം നൽകി. ആ സ്റ്റേഡി​യ​ത്തി​ന​ടുത്ത്‌ ജോലി ചെയ്യുന്ന ഒരു മമനു​ഷ്യ​ന്റെ വീട്ടിൽ ഒരു പയനിയർ സന്ദർശി​ച്ച​പ്പോൾ, താനും തന്റെ സഹജോ​ലി​ക്കാ​രും സാക്ഷി​കളെ വിമർശി​ച്ചി​രു​ന്ന​താ​യി അദ്ദേഹം സമ്മതി​ച്ചു​പ​റഞ്ഞു. എന്നാൽ കൺ​വെൻ​ഷൻ പ്രതി​നി​ധി​കളെ നിരീ​ക്ഷി​ച്ച​ശേഷം ക്ഷമാപണം നടത്തി​ക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു: “ഇപ്പോൾ എന്റെ വീക്ഷണ​ങ്ങൾക്കു മാറ്റം വന്നിരി​ക്കു​ന്ന​തി​നാൽ, ഭാര്യ​യോ​ടൊ​പ്പ​മി​രുന്ന്‌ ഞാൻ ഈ മാസി​കകൾ വായി​ക്കും.”

ഒഴിപ്പി​ക്ക​പ്പെ​ട്ട​വരെ സ്വാഗതം ചെയ്യുന്നു

മറ്റൊരു ആവശ്യം നിവർത്തി​ക്കാ​നുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ പ്രാപ്‌തി 1980-കളിൽ പരി​ശോ​ധി​ക്ക​പ്പെട്ടു. യഹൂദ്യ​യി​ലെ ദരി​ദ്ര​രായ സഹവി​ശ്വാ​സി​കൾക്കു സഹായം നൽകി​ക്കൊണ്ട്‌ തങ്ങളുടെ സ്‌നേ​ഹ​ത്തി​ന്റെ ആഴം പ്രകട​മാ​ക്കു​ന്ന​തി​നുള്ള അവസരങ്ങൾ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഉണ്ടായി​രു​ന്ന​തു​പോ​ലെ, സമീപ വർഷങ്ങ​ളിൽ ജപ്പാനി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്കും വിപത്തി​ന്റെ നാളു​ക​ളിൽ ആ ക്രിസ്‌തീയ ഗുണങ്ങൾ പ്രകട​മാ​ക്കു​ന്ന​തി​നുള്ള അവസരങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. (പ്രവൃ. 11:28, 29; റോമ. 15:26) അവർ ഇതു ചെയ്‌തി​രി​ക്കുന്ന രീതി യേശു​വി​ന്റെ പിൻവ​രുന്ന വാക്കു​ക​ളു​ടെ നിവൃ​ത്തി​യു​ടെ കൂടു​ത​ലായ തെളി​വാണ്‌: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവ​രും അറിയും.”—യോഹ. 13:35.

വ്യാപ​ക​മാ​യ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ ആദ്യത്തെ ഉദാഹ​രണം 1986 നവംബർ 21-ന്‌ ഇസ്സ്‌ ഓഷ്‌മ ദ്വീപി​ലെ മിഹാര പർവതം പൊട്ടി​ത്തെ​റി​ച്ച​തി​നു​ശേഷം നടന്നതാണ്‌. ആ ദ്വീപിൽ ആകെയുള്ള ഒരു സഭയിലെ മൂപ്പനായ ജിരോ നിഷി​മൂ​രാ​യ്‌ക്ക്‌ വൈകു​ന്നേരം 4:17 ആയപ്പോൾ ഒരു വലിയ സ്‌ഫോ​ടനം ഉണ്ടാകു​ന്ന​താ​യി തോന്നി. “ഞാൻ പുറത്തി​റങ്ങി നോക്കി​യ​പ്പോൾ, ആറ്റം​ബോംബ്‌ സ്‌ഫോ​ടനം നടന്നാ​ലു​ള്ള​തു​പോ​ലെ മിഹാര പർവത​ത്തി​നു മുകളിൽ കൂണാ​കൃ​തി​യി​ലുള്ള മേഘപ​ട​ല​മു​ണ്ടാ​യി​രു​ന്നു,” നിഷി​മൂ​രാ സഹോ​ദരൻ പറയുന്നു. ഒരു മണിക്കൂ​റി​നു​ള്ളിൽ 80 ഭൂമി​കു​ലു​ക്കങ്ങൾ ആ ദ്വീപി​നെ പിടി​ച്ചു​ലച്ചു. ആ രാത്രി​യിൽ 10,000-ത്തിലധി​കം ആളുകളെ ദ്വീപിൽനിന്ന്‌ ഒഴിപ്പി​ച്ചു.

സ്‌ഫോ​ട​നം നടന്ന്‌ ഏതാനും മണിക്കൂ​റു​കൾക്കു​ള്ളിൽ, ഒഴിപ്പി​ക്ക​പ്പെട്ട സാക്ഷി​ക​ളു​ടെ പരിച​ര​ണാർഥം ഇസ്സ്‌ ഉപഭൂ​ഖ​ണ്ഡ​ത്തി​ലും ടോക്കി​യോ​യി​ലും ദുരി​താ​ശ്വാ​സ​ക്ക​മ്മി​റ്റി​കൾ രൂപീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ഒഴിപ്പി​ക്കാ​നുള്ള ഉത്തരവ്‌ ഉണ്ടായ​തി​നെ​ത്തു​ടർന്ന്‌ യോഷി​യോ നാക്കാ​മുറ, ടോക്കി​യോ​യി​ലെ സഭകളി​ലുള്ള മറ്റുള്ള​വ​രോ​ടു ചേർന്ന്‌ രാവിലെ രണ്ടു മണിക്ക്‌ ബോട്ടു​ജെ​ട്ടി​യി​ലെത്തി, ഇസ്സ്‌ ഓഷ്‌മ സഭയിലെ അംഗങ്ങളെ സഹായി​ക്കാ​നാ​യി​രു​ന്നു അത്‌. ഒഴിപ്പി​ക്ക​പ്പെ​ട്ട​വ​രിൽ ഒരാൾ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ കപ്പലിൽനിന്ന്‌ ഇറങ്ങി​യ​പ്പോൾ ‘യഹോ​വ​യു​ടെ സാക്ഷികൾ’ എന്നെഴു​തിയ ഒരു ബോർഡ്‌ ശ്രദ്ധിച്ചു. . . . ബോട്ടു​ജെ​ട്ടി​യിൽവെച്ച്‌ ഞങ്ങളെ എതി​രേൽക്കാൻ നിന്ന സഹോ​ദ​ര​ങ്ങളെ കണ്ടപ്പോൾ സന്തോ​ഷം​കൊണ്ട്‌ എന്റെ ഭാര്യ​യു​ടെ കണ്ണ്‌ നിറ​ഞ്ഞൊ​ഴു​കി.”

ഷിമാബര അഗ്നിപർവത സ്‌ഫോ​ട​നം

അതു കഴിഞ്ഞ്‌ അഞ്ച്‌ വർഷമാ​കു​ന്ന​തി​നു മുമ്പ്‌, അതായത്‌ 1991 ജൂണിൽ, നാഗസാ​ക്കി​ക്ക​ടു​ത്തുള്ള ഷിമാബര ഉപദ്വീ​പി​ലെ ഫൂഗെൻപർവതം പൊട്ടി​ത്തെ​റി​ച്ചു. 40-ലധികം പേർ മരിച്ചു. അതിതപ്‌ത വാതക​വും ചാരവും ശക്തമായി പ്രവഹിച്ച മാർഗ​ത്തിൽ വീടു​ണ്ടാ​യി​രുന്ന ഒരു സാക്ഷി​യും അവളുടെ കുട്ടി​ക​ളും തലനാ​രിഴ വ്യത്യാ​സ​ത്തി​ലാ​ണു രക്ഷപ്പെ​ട്ടത്‌. ഷിമാബര സഭയോ​ടൊത്ത്‌ സഹവസി​ച്ചി​രുന്ന 42 പ്രസാ​ധ​ക​രിൽ 30 പേരെ​യും മാറ്റി​പ്പാർപ്പി​ക്കേ​ണ്ടി​വന്നു. സഭയ്‌ക്കു മേലാൽ തങ്ങളുടെ രാജ്യ​ഹാൾ ഉപയോ​ഗി​ക്കാൻ കഴിഞ്ഞില്ല, കാരണം അത്‌ സ്ഥിതി ചെയ്‌തി​രു​ന്നത്‌ അപകട​മേ​ഖ​ല​യ്‌ക്കു​ള്ളി​ലാ​യി​രു​ന്നു. അപകട​ബാ​ധിത പ്രദേ​ശത്തെ സഹോ​ദ​ര​ങ്ങ​ളു​ടെ ആവശ്യങ്ങൾ സംബന്ധിച്ച്‌ രാജ്യ​മെ​മ്പാ​ടു​മുള്ള സഭകളെ അറിയി​ച്ചു. ദുരി​താ​ശ്വാ​സ നിധി​ക്കാ​യി ഒരു ബാങ്കു​കാർ അക്കൗണ്ട്‌ തുറക്കു​ക​യും ചെയ്‌തു. പ്രതി​ക​രണം സത്വര​മാ​യി​രു​ന്നു; പ്രാ​ദേ​ശിക ബാങ്ക്‌ അമ്പരന്നു​പോ​കു​മാറ്‌ അത്ര വലുതാ​യി​രു​ന്നു ലഭിച്ച തുക. നടപടി​ക്ര​മങ്ങൾ പൂർത്തി​യാ​ക്കു​ന്ന​തു​വരെ പണം അടയ്‌ക്കു​ന്നതു തത്‌കാ​ല​ത്തേ​യ്‌ക്കു നിർത്തി​വെ​ക്കാൻ അവർ ആവശ്യ​പ്പെട്ടു. ഒരു മാസത്തിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആവശ്യ​മാ​യി​രു​ന്ന​തി​ല​ധി​കം പണം ലഭിച്ച​തി​നാൽ പണമയ​യ്‌ക്കു​ന്നതു നിർത്താൻ പ്രാ​ദേ​ശിക ദുരി​താ​ശ്വാ​സ​ക്ക​മ്മി​റ്റി സഭക​ളോട്‌ ആവശ്യ​പ്പെട്ടു. വീടു​ക​ളും ജോലി​യും നഷ്ടപ്പെ​ട്ട​വരെ സഹായി​ക്കു​ന്ന​തി​നു പുറമേ, ഷിമാബര സഭയ്‌ക്കു വേണ്ടി നല്ലൊരു പുതിയ രാജ്യ​ഹാ​ളും പുതു​താ​യി സ്ഥാപി​ത​മാ​യ​തും അഭയാർഥി​ക​ളിൽ പകുതി​പ്പേർ സഹവസി​ക്കു​ന്ന​തു​മായ ആരിയെ എന്ന പുതിയ സഭയ്‌ക്കു വേണ്ടി മറ്റൊരു രാജ്യ​ഹാ​ളും ലഭിച്ച സംഭാ​വ​ന​കൾകൊണ്ട്‌ നിർമി​ക്കാൻ കഴിഞ്ഞു.

ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളും അതു​പോ​ലെ​തന്നെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ താത്‌പ​ര്യം പ്രകട​മാ​ക്കി​ക്കൊണ്ട്‌ ലഭിച്ച 3,000-ത്തിലധി​കം കത്തുക​ളും ദുരി​ത​ബാ​ധിത പ്രദേ​ശത്തെ സാക്ഷി​ക​ളു​ടെ ഹൃദയ​ങ്ങളെ ആഴത്തിൽ സ്‌പർശി​ച്ചു. തത്‌ഫ​ല​മാ​യി, ദുരന്താ​നന്തര വർഷത്തി​ലെ ഏപ്രിൽ മാസത്തിൽ ഷിമാബര സഭയിലെ 28 പ്രസാ​ധ​ക​രും അതു​പോ​ലെ​തന്നെ ആരിയെ സഭയിലെ സ്‌നാ​പ​ന​മേറ്റ 20 അംഗങ്ങ​ളും സഹായ​പ​യ​നി​യർ സേവനം ചെയ്‌തു. യഹോ​വ​യോ​ടുള്ള അവരുടെ കൃതജ്ഞ​ത​യു​ടെ ഒരു സൂചക​മാ​യി​രു​ന്നു അത്‌.

നിയമ​സ​ഹാ​യം ആവശ്യ​മാ​യി​വ​രു​ന്നു

തീർച്ച​യാ​യും, യഹോ​വ​യു​ടെ ദാസന്മാ​രു​ടെ സംഘടി​ത​പ്ര​വർത്ത​ന​ത്തിൽ ഒട്ടും സംതൃ​പ്‌തനല്ല സാത്താൻ. യഹോ​വ​യു​ടെ ജനത്തിന്റെ മുന്നേ​റ്റ​ത്തിന്‌ വിഘ്‌നം സൃഷ്ടി​ക്കാൻ പ്രതി​ബ​ന്ധ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തിന്‌ അവൻ മറ്റു രാജ്യ​ങ്ങ​ളി​ലേ​പ്പോ​ലെ​തന്നെ ഇവി​ടെ​യും ശ്രമി​ച്ചി​ട്ടുണ്ട്‌. അതിന്റെ ഫലമായി ചില​പ്പോ​ഴൊ​ക്കെ കോട​തി​യെ സമീപി​ക്കേ​ണ്ട​താ​യി വന്നിട്ടുണ്ട്‌.—പ്രവൃ​ത്തി​കൾ 25:11 താരത​മ്യം ചെയ്യുക.

നിയ​മോ​പ​ദേ​ശം ആവശ്യ​മുള്ള സ്ഥിതി​വി​ശേ​ഷങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തിന്‌ 1980-കളുടെ തുടക്ക​ത്തിൽ ബ്രാഞ്ച്‌ ഓഫീ​സിൽ ഒരു നിയമ​കാ​ര്യ​വി​ഭാ​ഗ​ത്തിന്‌ രൂപം കൊടു​ത്തു. 1991-ൽ ഒരു യുവ അഭിഭാ​ഷ​ക​നും ഭാര്യ​യും ബ്രാഞ്ചിൽ മുഴു​സ​മ​യ​സേ​വ​ന​ത്തി​നു സന്നദ്ധത പ്രകടി​പ്പി​ച്ചു. രാജ്യ​ഹാ​ളു​കൾ വാടക​യ്‌ക്കെ​ടു​ക്കു​ന്ന​തും വാങ്ങു​ന്ന​തും, യഹോ​വ​യു​ടെ ജനത്തി​നെ​തി​രെ​യുള്ള അക്രമത്തെ കൈകാ​ര്യം ചെയ്യു​ന്ന​തും വിവാ​ഹ​മോ​ച​ന​ത്തോ​ടും കുട്ടി​യു​ടെ സംരക്ഷ​ണാ​വ​കാ​ശ​ത്തോ​ടും ബന്ധപ്പെട്ട പ്രശ്‌ന​ങ്ങ​ളിൽ ജ്ഞാനപൂർവ​ക​മായ പടികൾ സ്വീക​രി​ക്കു​ന്ന​തും പോലുള്ള വിഷയ​ങ്ങ​ളിൽ മൂപ്പന്മാ​രു​ടെ സംഘങ്ങൾക്കു വേണ്ടി ഏറെ സഹായ​ക​മായ വിവരങ്ങൾ, നിയമ​വ​കു​പ്പിൽ പ്രവർത്തി​ക്കുന്ന മറ്റു സഹോ​ദ​ര​ങ്ങ​ളോട്‌ പര്യാ​ലോ​ചി​ച്ച​ശേഷം അദ്ദേഹം തയ്യാറാ​ക്കു​ക​യു​ണ്ടാ​യി. അതിനു പുറമേ, പ്രസി​ദ്ധീ​ക​ര​ണങ്ങൾ പ്രസാ​ധനം ചെയ്യൽ, ബൈബിൾ സാഹി​ത്യ​ങ്ങൾ കയറ്റി അയയ്‌ക്കൽ എന്നിങ്ങ​നെ​യുള്ള കാര്യ​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട നിയമ​ങ്ങ​ളിൽ വന്ന മാറ്റം കൈകാ​ര്യം ചെയ്യാൻ ബ്രാഞ്ചി​നു സഹായം ലഭിച്ചു.

മതപര​മായ മനസ്സാക്ഷി കോട​തി​യി​ലെ​ത്തു​ന്നു

കോട​തി​ക​ളു​ടെ മുമ്പാ​കെ​യെ​ത്തിയ ശ്രദ്ധേ​യ​മായ ഒരു കേസ്‌ 16 വയസ്സു​കാ​ര​നായ കുനി​ഹി​തോ കൊബാ​യാ​ഷി ഉൾപ്പെ​ട്ട​താ​യി​രു​ന്നു. കോബെ മുനി​സി​പ്പൽ ഇൻഡസ്‌ട്രി​യൽ ടെക്‌നി​ക്കൽ കോ​ളെ​ജിൽ പഠിച്ചു​കൊ​ണ്ടി​രുന്ന ഒരു വിദ്യാർഥി​യാ​യി​രു​ന്നു അവൻ. (ജപ്പാനിൽ ടെക്‌നി​ക്കൽ കോ​ളെ​ജു​കൾ അഞ്ചു വർഷത്തെ നിർബ​ന്ധി​ത​മ​ല്ലാത്ത ഒരു കോഴ്‌സ്‌ പ്രദാനം ചെയ്യു​ന്നുണ്ട്‌, അതിൽ ത്രിവത്സര ഹൈസ്‌കൂൾ കോഴ്‌സും ഉൾപ്പെ​ടും.) ആയോ​ധ​ന​കലാ പരിശീ​ലന ക്ലാസ്സിൽ പങ്കെടു​ക്കാത്ത വിദ്യാർഥി​കളെ തോൽപ്പി​ക്കു​ന്ന​തോ പുറത്താ​ക്കു​ന്ന​തോ ചില സ്‌കൂ​ളു​ക​ളി​ലെ പതിവാണ്‌. അങ്ങനെ അവർക്കു പഠിക്കാ​നുള്ള അവകാശം നിഷേ​ധി​ക്ക​പ്പെ​ടു​ന്നു. പ്രസ്‌തുത പ്രശ്‌നത്തെ അഭിമു​ഖീ​ക​രി​ക്കുന്ന മാതൃ​കാ​യോ​ഗ്യ​നായ ഒരു സഹോ​ദ​രനെ—ഒരു മൂപ്പന്റെ മകനാ​യി​രി​ക്കു​ന്നത്‌ അഭികാ​മ്യം—തിര​ഞ്ഞെ​ടുത്ത്‌, സ്‌കൂ​ളിൽനിന്ന്‌ അവനെ പുറത്താ​ക്കി​യ​തി​നെ​തി​രെ കോട​തി​യിൽ പരാതി നൽകാൻ 1986 ഡിസം​ബ​റിൽ മേഖലാ​സ​ന്ദർശ​ന​ത്തി​നാ​യി ബ്രാഞ്ചി​ലെ​ത്തി​യ​പ്പോൾ ലോയ്‌ഡ്‌ ബാരി സഹോ​ദരൻ ശുപാർശ ചെയ്യു​ക​യു​ണ്ടാ​യി.

‘വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർക്കാ​നും മേലാൽ യുദ്ധം അഭ്യസി​ക്കാ​തി​രി​ക്കാ’നുമുള്ള യെശയ്യാ​വു 2:4-ലെ ഉദ്‌ബോ​ധ​ന​ത്തി​നു ചേർച്ച​യിൽ കെൻഡോ (ജപ്പാനി​ലെ വാൾപ്പ​യറ്റ്‌) പരിശീ​ലന ക്ലാസ്സു​ക​ളിൽ പങ്കെടു​ക്കു​ക​യി​ല്ലെന്ന്‌ 1990-ൽ കുനി​ഹി​തോ കൊബാ​യാ​ഷി​യും മറ്റ്‌ നാലു വിദ്യാർഥി​ക​ളും തീരു​മാ​നി​ച്ചു. തത്‌ഫ​ല​മാ​യി, അവർക്കു ക്ലാസ്സു​ക​യറ്റം നിഷേ​ധി​ക്ക​പ്പെട്ടു. പഠനത്തിൽ, കുനി​ഹി​തോ ക്ലാസ്സിൽ ഒന്നാമ​നാ​യി​രു​ന്നെ​ങ്കി​ലും, തുടർച്ച​യാ​യി രണ്ടു വർഷം കായി​ക​വി​ദ്യാ​ഭ്യാ​സ ക്ലാസ്സിൽ പങ്കെടു​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ടർന്ന്‌ അവനെ സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്കി. ഭരണഘ​ടനാ അവകാ​ശ​ങ്ങ​ള​നു​സ​രിച്ച്‌, ആരാധ​ന​യ്‌ക്കും വിദ്യാ​ഭ്യാ​സം നേടു​ന്ന​തി​നു​മുള്ള സ്വാത​ന്ത്ര്യ​ത്തി​ന്മേൽ കടന്നു​ക​യറ്റം നടത്തി​യി​രി​ക്കു​ന്നു​വെന്നു പറഞ്ഞു​കൊണ്ട്‌ സ്‌കൂൾ നടപടി​കൾക്കെ​തി​രെ കുനി​ഹി​തോ​യും മറ്റ്‌ നാലു സഹോ​ദ​ര​ന്മാ​രും കേസു കൊടു​ത്തു. പല പ്രാവ​ശ്യം അപ്പീൽ കൊടു​ത്ത​തി​നു​ശേഷം ഒടുവിൽ കുനി​ഹി​തോ​യു​ടെ കേസ്‌ പരമോ​ന്നത കോട​തി​യിൽ എത്തി. മതത്തെ ഗണ്യമാ​ക്കാ​തെ വിദ്യാ​ഭ്യാ​സം തിര​ഞ്ഞെ​ടു​ക്കാൻ അവന്റെ​മേൽ നിർബന്ധം ചെലു​ത്തി​യത്‌ കോ​ളെ​ജി​ന്റെ ഭാഗത്തെ തെറ്റാ​യി​രു​ന്നു​വെന്ന്‌ പ്രസ്‌താ​വി​ച്ചു​കൊണ്ട്‌ 1996 മാർച്ച്‌ 8-ന്‌ പരമോ​ന്നത കോട​തി​യി​ലെ രണ്ടാമത്തെ പെറ്റിറ്റ്‌ ബെഞ്ച്‌ ഐകക​ണ്‌ഠ്യേന അനുകൂ​ല​മായ വിധി പുറ​പ്പെ​ടു​വി​ച്ചു. പാഠ്യ​പ​ദ്ധ​തി​യിൽ സ്‌കൂ​ളി​നുള്ള അധികാ​ര​ത്തി​നെ​തി​രെ മതസ്വാ​ത​ന്ത്ര്യ​ത്തെ തൂക്കി​നോ​ക്കുന്ന ഒരു കേസിൽ കോടതി വിധി പ്രഖ്യാ​പി​ക്കു​ന്നത്‌ നടാ​ടെ​യാ​യി​രു​ന്നു. സ്‌കൂ​ളി​ന്റെ പുതിയ പ്രിൻസി​പ്പൽ വിദ്യാർഥി​ക​ളെ​യെ​ല്ലാം വിളി​ച്ചു​കൂ​ട്ടി, ഇക്കാര്യ​ത്തിൽ സ്‌കൂ​ളി​നു ശരിയായ ന്യായ​ബോ​ധം ഇല്ലാ​തെ​പോ​യെന്ന്‌ സമ്മതി​ക്കു​ക​യും “കൊബാ​യാ​ഷി​യെ ഒരു സഹവി​ദ്യാർഥി​യെന്ന നിലയിൽ തിരികെ ഊഷ്‌മ​ള​മാ​യി സ്വാഗതം” ചെയ്യാൻ അവരോട്‌ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. പുറത്താ​ക്ക​പ്പെട്ട്‌ നാല്‌ വർഷം കഴിഞ്ഞ്‌ 1996 ഏപ്രി​ലിൽ 21 വയസ്സുള്ള കൊബാ​യാ​ഷി സഹോ​ദരൻ തിരികെ സ്‌കൂ​ളിൽ പോകാൻ തുടങ്ങി.

ആ കോട​തി​വി​ധി രാജ്യ​മെ​മ്പാ​ടും വ്യാപ​ക​മാ​യി റിപ്പോർട്ട്‌ ചെയ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. യഹോ​വ​യു​ടെ നാമവും നീതി​യുള്ള വഴിക​ളും ഒരിക്കൽ കൂടി പൊതു​ജ​ന​ശ്ര​ദ്ധ​യിൽ വരുക​യും അനുകൂ​ല​മായ ഒരു സാക്ഷ്യം നൽക​പ്പെ​ടു​ക​യും ചെയ്‌ത​തിൽ യഹോ​വ​യു​ടെ സാക്ഷികൾ സന്തോ​ഷി​ച്ചു.—മത്താ. 10:18.

രക്തം സംബന്ധിച്ച ദൈവ​നി​യ​മ​ത്തോട്‌ ആദരവു പ്രകട​മാ​ക്കൽ

സഹമനു​ഷ്യ​രു​ടെ ജീവ​നോട്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കുള്ള ആദരവ്‌ സുവി​ദി​ത​മാ​ണെ​ങ്കി​ലും, രക്തത്തിന്റെ പവി​ത്ര​ത​യോ​ടുള്ള സാക്ഷി​ക​ളു​ടെ ആദരവി​നെ​തി​രെ​യുള്ള ആഴമായ മുൻവി​ധി​കളെ തരണം ചെയ്യു​ന്ന​തി​നു കഠിന​മായ ശ്രമം നടത്തേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. (ഉല്‌പ. 9:4; പ്രവൃ. 15:28, 29) 1980-കൾക്കു​മുമ്പ്‌ ബ്രാഞ്ച്‌ ഓഫീസ്‌, രക്തരഹിത ശസ്‌ത്ര​ക്രിയ നടത്തി​യി​രുന്ന ആശുപ​ത്രി​ക​ളു​ടെ​യും ഡോക്ടർമാ​രു​ടെ​യും ഒരു പട്ടിക സൂക്ഷി​ച്ചി​രു​ന്നു. എന്നാൽ അത്‌ സഹകര​ണ​മ​നോ​ഭാ​വ​മുള്ള ഡോക്ടർമാ​രു​ടെ ഒരു പട്ടിക ആയിരു​ന്നില്ല; ചിലർ രക്തരഹിത ഓപ്പ​റേ​ഷ​നു​കൾ നടത്തി​യി​രു​ന്നത്‌ മടിച്ചു​മ​ടി​ച്ചാ​യി​രു​ന്നു.

രക്തരഹിത ശസ്‌ത്ര​ക്രിയ നടത്താൻ സന്നദ്ധരായ ഡോക്ടർമാ​രു​ടെ പേരുകൾ ആവശ്യ​മാ​യി​രുന്ന സാക്ഷി​കളെ സഹായി​ക്കാൻ കൂടു​ത​ലാ​യി എന്തെങ്കി​ലും ചെയ്യാൻ സാധി​ക്കു​മാ​യി​രു​ന്നോ? ഈ ആവശ്യം നിവർത്തി​ക്കു​ന്ന​തിൽ നേരിട്ട്‌ ഉൾപ്പെ​ട്ടി​രുന്ന ആക്കിഹി​രോ വുവോ​ട്ടാ​നി അനുസ്‌മ​രി​ക്കു​ന്നു: “ഞങ്ങൾക്കു നിരാശ തോന്നി. കാരണം, രക്തമി​ല്ലാ​തെ ഓപ്പ​റേഷൻ നടത്താൻ സന്നദ്ധരായ ഡോക്ടർമാ​രു​ടെ പേരുകൾ ആരാഞ്ഞു​കൊണ്ട്‌ അടിയ​ന്തിര ഫോൺകോ​ളു​കൾ സൊ​സൈ​റ്റിക്ക്‌ ലഭിക്കു​മ്പോൾ എന്തു ചെയ്യണ​മെന്ന്‌ ഞങ്ങൾക്കു മിക്ക​പ്പോ​ഴും അറിയി​ല്ലാ​യി​രു​ന്നു.” അങ്ങനെ​യി​രി​ക്കെ 1989-ന്റെ ആദ്യഘ​ട്ട​ത്തിൽ, ഐക്യ​നാ​ടു​ക​ളിൽ ആശുപ​ത്രി ഏകോപന സമിതി​യു​ടെ (എച്ച്‌എൽസി) സെമി​നാ​റു​കൾ നടക്കു​ന്നു​വെന്നു ജപ്പാനിൽ വിവരം ലഭിച്ചു. അതിൽ താത്‌പ​ര്യം തോന്നിയ ബ്രാഞ്ച്‌, വിവരങ്ങൾ ആരാഞ്ഞു​കൊണ്ട്‌ ബ്രുക്ലിൻ ആസ്ഥാന​ത്തേക്ക്‌ എഴുതി. പിന്നീട്‌ ആ വർഷം നവംബ​റിൽ ബ്രുക്ലി​നി​ലെ ഹോസ്‌പി​റ്റൽ ഇൻഫർമേഷൻ സർവീ​സ​സിൽനി​ന്നുള്ള ഒരു കത്തു കിട്ടി. 1990 മാർച്ചിൽ ജപ്പാനിൽ ഒരു എച്ച്‌എൽസി സെമി​നാർ നടത്താൻ പ്രസി​ദ്ധീ​കരണ കമ്മിററി ബ്രാഞ്ചിന്‌ അനുമതി നൽകു​ന്നു​വെ​ന്നുള്ള ഒരു അറിയി​പ്പാ​യി​രു​ന്നു അത്‌. ഐക്യ​നാ​ടു​കൾക്കു വെളി​യിൽ ആദ്യം നടത്തു​ന്ന​വ​യിൽ ഒന്നായി​രു​ന്നു അത്‌.

പുതു​താ​യി നിയു​ക്ത​രായ 91 എച്ച്‌എൽസി അംഗങ്ങളെ കൂടാതെ, ജപ്പാനി​ലെ 111 സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രും സാക്ഷി​ക​ളായ 25 ഡോക്ടർമാ​രും ദക്ഷിണ കൊറി​യ​യിൽനി​ന്നുള്ള 44 സഹോ​ദ​ര​ന്മാ​രും ബ്രുക്ലി​നിൽനി​ന്നുള്ള 3 അധ്യാ​പ​ക​രും സന്നിഹി​ത​രാ​യി​രു​ന്നു. സെമി​നാർ ഇംഗ്ലീ​ഷിൽ നടത്തി കൊറി​യ​നി​ലേ​ക്കും ജാപ്പനീ​സി​ലേ​ക്കും പരിഭാ​ഷ​പ്പെ​ടു​ത്തി.

വുവോ​ട്ടാ​നി സഹോ​ദരൻ ഇങ്ങനെ അനുസ്‌മ​രി​ക്കു​ന്നു: “‘ഡോക്ടർമാ​രെ ബോധ​വ​ത്‌ക​രി​ക്കേ’ണ്ടതിന്റെ ആവശ്യം അധ്യാ​പകർ സെമി​നാ​റിൽ ആവർത്തി​ച്ചാ​വർത്തി​ച്ചു പറഞ്ഞു. ഡോക്ടർമാ​രെ ബോധ​വ​ത്‌ക​രി​ക്കുക എന്ന ഉദ്ദേശ്യ​ത്തോ​ടെ അവരു​മാ​യി അഭിമു​ഖം നടത്തു​ന്ന​തും ആശുപ​ത്രി​കൾ സന്ദർശി​ക്കു​ന്ന​തും ജപ്പാനിൽ സ്വീകാ​ര്യ​മാ​യി​രി​ക്കു​മോ എന്നു ചിലർക്കു കാര്യ​മായ സംശയ​മു​ണ്ടാ​യി​രു​ന്നു. ഡോക്ടർമാർ നൽകുന്ന ചികിത്സ എന്തുതന്നെ ആയിരു​ന്നാ​ലും ജപ്പാൻകാർ മറു​ത്തൊ​ന്നും പറയാതെ അപ്പാടെ സ്വീക​രി​ച്ചി​രു​ന്ന​തി​നാൽ ആ സംശയം കഴമ്പു​ള്ള​താ​യി​രു​ന്നു. മാത്രമല്ല, തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ സാധാ​ര​ണ​ക്കാ​രു​മാ​യി ചർച്ച ചെയ്യാൻ ഡോക്ടർമാർ ഇഷ്ടപ്പെ​ട്ടി​രു​ന്നു​മില്ല. എന്നിരു​ന്നാ​ലും, സെമി​നാ​റി​നു​ശേഷം ആ മൂന്ന്‌ അധ്യാ​പകർ ആശുപ​ത്രി ഏകോപന സമിതി​യി​ലെ അംഗങ്ങളെ സംഘങ്ങ​ളാ​യി തിരിച്ച്‌ ടോക്കി​യോ പ്രദേ​ശ​ത്തുള്ള ആശുപ​ത്രി​കൾ സന്ദർശി​ച്ചു. അതിനു വളരെ നല്ല ഫലമു​ണ്ടാ​യി.”

മാധ്യ​മ​ങ്ങ​ളെ​യും ഡോക്ടർമാ​രെ​യും ബോധ​വ​ത്‌ക​രി​ക്കൽ

പത്രങ്ങ​ളിൽ വരുന്ന മുൻവി​ധി കലർന്ന റിപ്പോർട്ടു​ക​ളും കൃത്യ​മ​ല്ലാത്ത വിവര​ങ്ങ​ളും നിമിത്തം രക്തം സംബന്ധിച്ച നമ്മുടെ നിലപാ​ടി​നെ​ക്കു​റിച്ച്‌ മാധ്യ​മ​ങ്ങ​ളെ​യും അതു​പോ​ലെ​തന്നെ ഡോക്ടർമാ​രെ​യും ബോധ​വ​ത്‌ക​രി​ക്കാൻ ശ്രമങ്ങൾ നടത്തേ​ണ്ട​തി​ന്റെ ആവശ്യകത ബോധ്യ​പ്പെട്ടു. രക്തത്തിനു നിങ്ങളു​ടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? എന്ന ലഘുപ​ത്രി​ക​യു​ടെ പ്രകാ​ശ​ന​ത്തി​നു​ശേഷം, 1990 സെപ്‌റ്റം​ബ​റിൽ തുടങ്ങി, ദേശീയ-പ്രാ​ദേ​ശിക പത്രങ്ങ​ളിൽ വൈദ്യ​ശാ​സ്‌ത്ര​ത്തെ​ക്കു​റിച്ച്‌ ലേഖനങ്ങൾ എഴുതുന്ന റിപ്പോർട്ടർമാ​രെ കാണു​ന്ന​തി​നുള്ള ഒരു പരിപാ​ടിക്ക്‌ ബ്രാഞ്ച്‌ തുടക്ക​മി​ട്ടു. അതു വളരെ വിജയ​പ്ര​ദ​മാ​യി​രു​ന്നു. തങ്ങളെ കാണിച്ച വിവര​ങ്ങ​ളോ​ടു വിലമ​തി​പ്പു തോന്നിയ ചില റിപ്പോർട്ടർമാർ, രക്തരഹിത ശസ്‌ത്ര​ക്രിയ ചെയ്യുന്ന ഡോക്ടർമാ​രെ​ക്കു​റിച്ച്‌ ഒരു ലേഖന​മെ​ഴു​താ​മെ​ന്നു​പോ​ലും പറഞ്ഞു.

സാം​ക്ര​മി​ക​രോഗ ദേശീയ കേന്ദ്ര​ത്തി​ന്റെ ധർമശാ​സ്‌ത്ര​ക്ക​മ്മി​റ്റി സാക്ഷി​ക​ളു​ടെ കേസുകൾ എങ്ങനെ കൈകാ​ര്യം ചെയ്യാ​മെന്നു ചർച്ച ചെയ്യു​ന്ന​താ​യി പ്രമുഖ ദേശീയ പത്രങ്ങ​ളു​ടെ ശാസ്‌ത്ര​വി​ഷയ റിപ്പോർട്ടർമാർ ഓസക്ക എച്ച്‌എൽസി-യെ അറിയി​ച്ചു​വെ​ന്ന​താണ്‌ ആ പ്രചര​ണ​പ​രി​പാ​ടി​യു​ടെ മറ്റൊരു നല്ല ഫലം. ഉടൻതന്നെ, ആ കേന്ദ്ര​ത്തി​ന്റെ ഡയറക്ട​റു​മാ​യി അഭിമു​ഖം നടത്താൻ സാധി​ക്കു​മോ​യെന്ന്‌ ആരാഞ്ഞു​കൊണ്ട്‌ ഒരു കത്തെഴു​തി. ആ യോഗ​ത്തിൽ ധർമശാ​സ്‌ത്ര​ക്ക​മ്മി​റ്റി​യു​ടെ ഡയറക്ട​റും ഉപാധ്യ​ക്ഷ​നും സംബന്ധി​ച്ചു. തത്‌ഫ​ല​മാ​യി, രക്തപ്പകർച്ചകൾ നിരസി​ക്കാ​നുള്ള സാക്ഷി​ക​ളു​ടെ അവകാ​ശ​ങ്ങളെ ആദരി​ക്കു​ന്ന​തിന്‌ 1991 ഏപ്രിൽ 22-ന്‌ തീരു​മാ​ന​മാ​യി.

ഈ നല്ല തുടക്ക​ത്തി​നു​ശേഷം മറ്റ്‌ ആശുപ​ത്രി​ക​ളി​ലെ ധർമശാ​സ്‌ത്ര​ക്ക​മ്മി​റ്റി​ക​ളു​മാ​യും ബന്ധപ്പെട്ടു, അവിട​ങ്ങ​ളി​ലും നല്ല ഫലങ്ങളു​ണ്ടാ​യി. ടോക്കി​യോ മെ​ട്രോ​പൊ​ളി​റ്റൻ ഹോസ്‌പി​റ്റൽസ്‌ ആൻഡ്‌ മറ്റേണി​റ്റീ​സി​നു വേണ്ടി​യുള്ള ധർമശാ​സ്‌ത്ര​ക്ക​മ്മി​റ്റി, മതപര​മായ കാരണ​ങ്ങ​ളാൽ രക്തപ്പകർച്ച നിരസി​ച്ചാൽ അത്‌ എങ്ങനെ കൈകാ​ര്യം ചെയ്യാ​മെ​ന്നതു സംബന്ധിച്ച്‌ മാർഗ​രേ​ഖകൾ തയ്യാറാ​ക്കവേ ബ്രാഞ്ചിൽനിന്ന്‌ ഹോസ്‌പി​റ്റൽ ഇൻഫർമേഷൻ സർവീ​സ​സി​ന്റെ ഒരു പ്രതി​നി​ധി​യെ​യും ടോക്കി​യോ​യി​ലെ എച്ച്‌എൽസി അംഗങ്ങ​ളെ​യും അതിൽ പങ്കെടു​ക്കാൻ ക്ഷണിച്ചു. രക്തം അനിവാ​ര്യ​മാ​ണെന്നു ഡോക്ടർമാർക്കു തോന്നി​യാൽപ്പോ​ലും രക്തരഹിത ചികിത്സ ആഗ്രഹി​ക്കുന്ന പ്രായ​പൂർത്തി​യായ രോഗി​ക​ളു​ടെ ആഗ്രഹ​ങ്ങളെ മാനി​ക്കാൻ ടോക്കി​യോ മെ​ട്രോ​പൊ​ളി​റ്റൻ ഗവൺമെൻറി​ന്റെ മേൽനോ​ട്ട​ത്തി​ലുള്ള 16 ആശുപ​ത്രി​ക​ളോട്‌ ആ 13-അംഗ കമ്മിറ്റി ശുപാർശ ചെയ്‌തു. “രോഗി​യെ അബോ​ധാ​വ​സ്ഥ​യിൽ ആശുപ​ത്രി​യി​ലേക്കു കൊണ്ടു​വ​രി​ക​യും അതേസ​മയം ഒരു രക്തപ്പകർച്ച താൻ ആഗ്രഹി​ക്കു​ന്നില്ല എന്നു പ്രസ്‌താ​വി​ക്കുന്ന ഒരു രേഖ കൈവ​ശ​മു​ണ്ടാ​യി​രി​ക്കു​ക​യും ചെയ്‌താൽ ഡോക്ടർ മുൻഗണന നൽകേ​ണ്ടത്‌ ആ ആഗ്രഹ​ത്തി​നാ​യി​രി​ക്കണം,” മൈനി​ച്ചി ഷിമ്പുൺ റിപ്പോർട്ടു ചെയ്‌തു. “ഹൈസ്‌കൂൾ വിദ്യാർഥി​ക​ളെ​യും മുതിർന്ന​വ​രെ​പ്പോ​ലെ കണക്കാക്കി രക്തപ്പകർച്ച സംബന്ധിച്ച അവരുടെ ആഗ്രഹ​ങ്ങളെ മാനി​ക്കു​ന്ന​താ​യി​രി​ക്കും” എന്ന്‌ അതു കൂട്ടി​ച്ചേർത്തു.

“യഹോ​വ​യു​ടെ സാക്ഷി​കളെ സ്വീക​രി​ക്കു​ന്നതല്ല” എന്ന പോസ്റ്റ​റു​കൾ മുമ്പു തൂക്കി​യി​രുന്ന ചില ആശുപ​ത്രി​ക്കാർപോ​ലും അവരുടെ മനോ​ഭാ​വ​ത്തിൽ മാറ്റം വരുത്തി​യി​ട്ടുണ്ട്‌. സാക്ഷി​കളെ ചികി​ത്സി​ക്കാ​നും രക്തരഹിത മാർഗങ്ങൾ അവലം​ബി​ക്കാ​നും അവരി​പ്പോൾ ഒരുക്ക​മാണ്‌. സഹകര​ണ​മ​നോ​ഭാ​വ​മുള്ള ഡോക്ടർമാ​രു​ടെ പട്ടിക​യിൽ ഇപ്പോൾ 15,000-ത്തിലധി​കം പേരു​ക​ളുണ്ട്‌. പ്രാ​ദേ​ശിക എച്ച്‌എൽസി-യുടെ പട്ടിക​യിൽ പേരു ചേർക്കാ​ത്ത​പക്ഷം തങ്ങളെ അവഗണി​ക്കു​ന്ന​താ​യി ചില ഡോക്ടർമാർക്കു തോന്നി​യി​ട്ടുണ്ട്‌. മാറ്റ്‌സൂ​ഡോ​യി​ലെ ഷിൻ-ടോക്കി​യോ ആശുപ​ത്രി 1995 ഒക്ടോ​ബ​റിൽ ഒരു രക്തരഹിത ചികിത്സാ പരിപാ​ടി ആരംഭി​ക്കു​ക​യു​ണ്ടാ​യി. ആ ആശുപ​ത്രി രക്തം സംബന്ധിച്ച സാക്ഷി​ക​ളു​ടെ നിലപാ​ടി​നെ തികച്ചും ആദരി​ക്കു​ന്നു. അങ്ങനെ, ഈ പ്രധാന കാര്യ​ത്തിൽ നല്ല പുരോ​ഗതി കൈവ​രി​ച്ചി​രി​ക്കു​ന്നു.

സ്‌നേ​ഹ​വും സംഘാ​ട​ന​വും സമ്മേളി​ക്കു​മ്പോൾ

യേശു​ക്രി​സ്‌തു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ ഈ അന്ത്യനാ​ളു​ക​ളിൽ വലിയ ഭൂകമ്പങ്ങൾ ഒന്നിനു പുറകെ ഒന്നായി ഓരോ സ്ഥലങ്ങളിൽ ഉണ്ടായി​ക്കൊ​ണ്ടി​രി​ക്കു​ന്നു. (മത്താ. 24:3, 7) അതി​ലൊന്ന്‌ 1995 ജനുവരി 17-ാം തീയതി ചൊവ്വാഴ്‌ച കോബെ പ്രദേ​ശത്ത്‌ ഉണ്ടായി. ഭൂകമ്പ​മാ​പി​നി​യിൽ 7.2 അടയാ​ള​പ്പെ​ടു​ത്തിയ ആ ഭൂകമ്പം 5,000 പേരുടെ ജീവന​പ​ഹ​രി​ക്കു​ക​യും ആയിര​ക്ക​ണ​ക്കി​നാ​ളു​കളെ ഭവനര​ഹി​ത​രാ​ക്കു​ക​യും ചെയ്‌തു. ഭൂകമ്പ​ബാ​ധിത പ്രദേ​ശത്തു താമസി​ച്ചി​രുന്ന 9,000 സാക്ഷി​ക​ളിൽ സ്‌നാ​പ​ന​മേറ്റ 13 സാക്ഷി​കൾക്കും സ്‌നാ​പ​ന​മേൽക്കാത്ത 2 പ്രസാ​ധ​കർക്കും ജീവൻ നഷ്ടമായി. നിഷി​നോ​മി​യാ സെൻട്രൽ സഭയിൽ സേവി​ക്കുന്ന പ്രത്യേക പയനിയർ ദമ്പതി​ക​ളായ ഹിരോ​ഷി കാനെ​ക്കോ​യും കാസു കാനെ​ക്കോ​യും ഒരു പഴയ കെട്ടി​ട​ത്തി​ന്റെ അവശി​ഷ്ട​ങ്ങൾക്ക​ടി​യിൽ അകപ്പെ​ട്ടു​പോ​യ​താ​യി അന്നു രാവിലെ കണ്ടെത്തി. കാനെ​ക്കോ സഹോ​ദ​രനെ പുറ​ത്തെ​ടു​ക്കാൻ നാലു മണിക്കൂ​റി​ല​ധി​കം വേണ്ടി​വന്നു. എന്നാൽ അദ്ദേഹ​ത്തി​ന്റെ ഭാര്യ കാസു ഞെരി​ഞ്ഞ​മർന്ന്‌ മരിച്ചു​പോ​യി​രു​ന്നു. ഹിരോ​ഷി ദീർഘ​സ​മയം അവശി​ഷ്ട​ങ്ങൾക്ക​ടി​യിൽ ആയിരു​ന്ന​തി​നാൽ അദ്ദേഹ​ത്തി​ന്റെ വൃക്കക​ളു​ടെ പ്രവർത്തനം നിലച്ചി​രു​ന്നു. അതിനാൽ അദ്ദേഹ​ത്തി​ന്റെ നില ദിവസ​ങ്ങ​ളോ​ളം ഗുരു​ത​ര​മാ​യി തുടർന്നു. “ഭൗതിക വസ്‌തു​ക്കൾ എത്രയോ നിരർഥ​ക​മാ​ണെന്ന്‌ അതെന്നെ ബോധ്യ​പ്പെ​ടു​ത്തി. മറിച്ച്‌, വിശ്വാ​സ​വും പ്രത്യാ​ശ​യും പോലുള്ള ആന്തരിക ഗുണങ്ങ​ളു​ടെ പ്രാധാ​ന്യം ഞാൻ തിരി​ച്ച​റി​ഞ്ഞു. നമുക്കു​ണ്ടാ​യേ​ക്കാ​വുന്ന ഏറ്റവും പ്രതി​കൂ​ല​മായ അവസ്ഥക​ളെ​പ്പോ​ലും അതിജീ​വി​ക്കാൻ ആ ഗുണങ്ങൾ നമ്മെ സഹായി​ക്കു​ന്നു,” ഹിരോ​ഷി പറഞ്ഞു.

തങ്ങളുടെ സഹോ​ദ​ര​ങ്ങ​ളോ​ടുള്ള ആഴമായ സ്‌നേഹം ഹേതു​വാ​യി അവരെ സഹായി​ക്കാൻ സാക്ഷികൾ ഉടനടി പ്രവർത്തി​ച്ചു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, നഗരത്തെ തെക്കു​വ​ട​ക്കാ​യി തിരി​ക്കുന്ന വിധത്തിൽ കോ​ബെ​യ്‌ക്കു ചുറ്റു​മുള്ള സർക്കി​ട്ടു​കൾ സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഭൂകമ്പം ബാധി​ച്ചത്‌ കിഴക്കു​പ​ടി​ഞ്ഞാ​റൻ തീര​പ്ര​ദേ​ശത്തെ ആയിരു​ന്ന​തി​നാൽ ബുദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വരെ സഹായി​ക്കാൻ കഴിയുന്ന, ഭൂകമ്പ​ത്താൽ ബാധി​ക്ക​പ്പെ​ടാത്ത സഭകൾ ഇരു സർക്കി​ട്ടി​ലു​മു​ണ്ടാ​യി​രു​ന്നു. സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യി​രുന്ന ഭൂകമ്പം ബാധി​ക്കാത്ത സഭകളി​ലെ മൂപ്പന്മാർ ദുരി​താ​ശ്വാ​സ പ്രവർത്തനം സംഘടി​പ്പി​ക്കു​ന്ന​തിൽ മുൻ​കൈ​യെ​ടു​ത്തു. ആദ്യ ഭൂകമ്പം ഉണ്ടായ​തി​നു​ശേ​ഷ​മുള്ള ദിവസം 16 മോ​ട്ടോർ​സൈ​ക്കി​ളു​കൾ ഉൾപ്പെട്ട ഒരു വാഹന​നിര കോബെ നഗരമ​ധ്യ​ത്തി​ലുള്ള സഭകൾക്കു ഭക്ഷണവും വെള്ളവും എത്തിച്ചു​കൊ​ടു​ത്തു.

ഭൂകമ്പ​ബാ​ധി​ത പ്രദേ​ശ​ത്തുള്ള സാക്ഷി​ക​ളു​ടെ പരിര​ക്ഷ​ണാർഥം സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ ഉടൻതന്നെ താത്‌കാ​ലിക ദുരി​താ​ശ്വാ​സ​കേ​ന്ദ്രങ്ങൾ തുറന്നു. ദുരി​താ​ശ്വാ​സ വിഭവങ്ങൾ സംഭരി​ച്ചു​വെ​ക്കാ​നുള്ള കേന്ദ്ര​ങ്ങ​ളാ​യി നശിപ്പി​ക്ക​പ്പെ​ടാഞ്ഞ ആറ്‌ രാജ്യ​ഹാ​ളു​കൾ ബ്രാഞ്ച്‌ തിര​ഞ്ഞെ​ടു​ത്തു. “അഞ്ചു മണിക്കൂ​റി​നു​ള്ളിൽ ആ ഹാളുകൾ സ്ഥലമി​ല്ലാ​ത്ത​വണ്ണം നിറഞ്ഞു,” ബ്രാഞ്ച്‌ കമ്മിറ​റി​യി​ലെ ഒരംഗ​മായ യോഷി​ഹി​രോ നാഗസാ​ക്കി അനുസ്‌മ​രി​ക്കു​ന്നു. ഒരു സഹസാ​ക്ഷി​യു​ടെ മോ​ട്ടോർ​സൈ​ക്കി​ളി​ന്റെ പിന്നി​ലി​രുന്ന്‌ യാത്ര ചെയ്‌താണ്‌ അദ്ദേഹം ഭൂകമ്പ​ബാ​ധിത പ്രദേ​ശത്ത്‌ എത്തിയത്‌. “അടുത്തുള്ള സമ്മേള​ന​ഹാ​ളി​ലേക്കു സാധനങ്ങൾ വഴിതി​രി​ച്ചു​വി​ടാൻ ഞങ്ങൾക്കു സഹോ​ദ​ര​ങ്ങ​ളോട്‌ ആവശ്യ​പ്പെ​ടേ​ണ്ടി​വന്നു.” പ്രാ​ദേ​ശിക സഭകളി​ലെ പ്രതി​നി​ധി​കൾക്ക്‌ ആവശ്യ​മുള്ള സാധനങ്ങൾ എടുക്കാൻ കഴി​യേ​ണ്ട​തി​നു വിതര​ണ​കേ​ന്ദ്രങ്ങൾ തുറന്നു. ഓരോ സഭയി​ലെ​യും മൂപ്പന്മാർ അതിലെ അംഗങ്ങൾക്കു സാധനങ്ങൾ വിതരണം ചെയ്‌തു.

‘എല്ലാവർക്കും, വിശേ​ഷാൽ സഹവി​ശ്വാ​സി​കൾക്കും നൻമ ചെയ്യാൻ’ ബൈബിൾ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (ഗലാ. 6:10) സാക്ഷികൾ തങ്ങൾക്കു ലഭിച്ച വസ്‌തു​ക്കൾ അയൽക്കാ​രു​മാ​യി പങ്കു​വെച്ചു. കോ​ബെ​യിൽ ഭൂകമ്പ​മു​ണ്ടാ​യി രണ്ടു ദിവസം കഴിഞ്ഞ​പ്പോൾ, സാക്ഷി​കൾക്കു സാധനങ്ങൾ ആവശ്യ​ത്തി​നു​ണ്ടെന്നു തിരി​ച്ച​റിഞ്ഞ ഒരു മൂപ്പൻ പെട്ടെ​ന്നു​തന്നെ ഒരു പ്രാ​ദേ​ശിക അഭയാർഥി കേന്ദ്ര​ത്തി​ലേക്ക്‌ രണ്ടു വാനുകൾ നിറയെ ഭക്ഷണസാ​ധ​നങ്ങൾ അയച്ചു​കൊ​ടു​ത്തു.

കൂടു​ത​ലായ സഹായ​ഹ​സ്‌തം

വൈകാ​രി​ക​വും ആത്മീയ​വു​മായ ആവശ്യ​ങ്ങൾക്കും ശ്രദ്ധ നൽകു​ക​യു​ണ്ടാ​യി. പെട്ടെ​ന്നു​തന്നെ സഭാ​യോ​ഗങ്ങൾ നടത്തു​ന്ന​തി​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. ഭൂകമ്പ​മു​ണ്ടായ അന്നുതന്നെ ഒരു സഭ യോഗ​ത്തി​നാ​യി ഒരു പാർക്കിൽ കൂടി​വന്നു. പിറ്റേ ഞായറാ​ഴ്‌ച​യോ​ടെ ആ പ്രദേ​ശ​ത്തുള്ള മിക്ക സഭകളും തങ്ങളുടെ പതിവു വീക്ഷാ​ഗോ​പുര അധ്യയനം നടത്തി. ദുരി​ത​ബാ​ധി​ത​രു​ടെ വൈകാ​രി​ക​വും ആത്മീയ​വു​മായ ആവശ്യ​ങ്ങൾക്കാ​യി കരുതു​ന്ന​തി​നു ഭൂകമ്പ​ബാ​ധിത പ്രദേ​ശത്തെ അഞ്ച്‌ സർക്കി​ട്ടു​ക​ളി​ലുള്ള സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർക്കു പുറമേ ഏഴ്‌ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ​ക്കൂ​ടി അയച്ചു. സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്താ​നും വിപത്തു​കൾക്കു മധ്യേ​പോ​ലും ജീവി​ത​ത്തിൽ രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെക്കാൻ അവരെ സഹായി​ക്കാ​നും ആ സഹോ​ദ​ര​ന്മാർ പ്രത്യേക സന്ദർശ​നങ്ങൾ നടത്തി.

പത്തു രാജ്യ​ഹാ​ളു​കൾ ഉപയോ​ഗ​ശൂ​ന്യ​മായ അവസ്ഥയി​ലാ​യി​രു​ന്നു. അനേകം സഹോ​ദ​ര​ങ്ങ​ളു​ടെ വീടുകൾ പൂർണ​മാ​യോ ഭാഗി​ക​മാ​യോ തകർന്നു​പോ​യി​രു​ന്നു. കേടു​പ​റ്റിയ വീടുകൾ നന്നാക്കു​ന്ന​തി​നു ജപ്പാനി​ലുള്ള 11 മേഖലാ നിർമാ​ണ​ക്ക​മ്മി​റ്റി​കൾ ഓരോ​ന്നും 21 ജോലി​ക്കാ​രുള്ള സംഘടിത കൂട്ടങ്ങൾക്കു രൂപം കൊടു​ത്തു. ഈ വേലയിൽ പങ്കുപ​റ്റു​ന്ന​തി​നാ​യി ഐക്യ​നാ​ടു​ക​ളിൽനിന്ന്‌ സാക്ഷി​ക​ളു​ടെ ഒരു ദുരി​താ​ശ്വാ​സ​സം​ഘം സ്വന്തം ചെലവിൽ എത്തി​ച്ചേർന്നു. ഈ സംഘങ്ങ​ളു​ടെ വേല പൂർത്തി​യാ​യ​പ്പോ​ഴേ​ക്കും അവർ 1,023 ഭവനങ്ങ​ളു​ടെ കേടു​പാട്‌ തീർക്കു​ക​യും തകർന്നു​പോയ 4 വീടുകൾ പൊളി​ച്ചു​മാ​റ്റു​ക​യും ചെയ്‌തി​രു​ന്നു. രാജ്യ​ത്തി​ന്റെ നാനാ ഭാഗങ്ങ​ളിൽനി​ന്നും വന്ന ആത്മത്യാ​ഗി​ക​ളായ സഹോ​ദ​രങ്ങൾ അഞ്ചു രാജ്യ​ഹാ​ളു​കൾ പുനർനിർമി​ക്കു​ക​യും നാലെണ്ണം കേടു​പോ​ക്കു​ക​യും ചെയ്‌തു.

വിശ്വാ​സി​ക​ളോ​ടു കാണിച്ച അതേ ദയയോ​ടെ​യാണ്‌ അവരുടെ ഭവനങ്ങ​ളി​ലെ അവിശ്വാ​സി​ക​ളായ അംഗങ്ങ​ളോ​ടും ഇടപെ​ട്ടത്‌. നാലു കുട്ടി​ക​ളും അവിശ്വാ​സി​യായ ഭർത്താ​വു​മുള്ള ഒരു സഹോ​ദ​രി​ക്കു രണ്ടാമത്തെ മകനെ ഭൂകമ്പ​ത്തിൽ നഷ്ടപ്പെ​ട്ടി​രു​ന്നു. ആ കുടും​ബം മറ്റ്‌ 70 സാക്ഷി​ക​ളോ​ടൊ​പ്പം രാജ്യ​ഹാ​ളി​ലാണ്‌ ഒരാഴ്‌ച​ക്കാ​ലം താമസി​ച്ചത്‌. സഹോ​ദ​രങ്ങൾ പരിഗണന കാണി​ക്കു​ക​യും പ്രാ​യോ​ഗിക സഹായം നൽകു​ക​യും ചെയ്യു​ന്നതു കണ്ട്‌ ആ ഭർത്താവ്‌ യഹോ​വ​യു​ടെ സ്ഥാപനത്തെ വിലമ​തി​ക്കാൻ തുടങ്ങി. ഒരു നാൾ അദ്ദേഹം സ്വീത്ത​യി​ലുള്ള ദുരി​താ​ശ്വാ​സ​പ്ര​വർത്തന ആസ്ഥാനം സന്ദർശി​ച്ചു. തങ്ങൾക്കു പരിച​യ​മി​ല്ലാത്ത ആളുകൾക്കു വേണ്ടി പല സഹോ​ദ​ര​ങ്ങ​ളും അവിടെ കഠിനാ​ധ്വാ​നം ചെയ്യു​ന്നത്‌ അദ്ദേഹം കണ്ടു. വികാ​ര​ത​ര​ളി​ത​നായ അദ്ദേഹ​ത്തി​നു കണ്ണുനീർ അടക്കാ​നാ​യില്ല. അന്നുതന്നെ ഒരു ബൈബി​ള​ധ്യ​യ​ന​ത്തിന്‌ അദ്ദേഹം സമ്മതിച്ചു.

മാറ്റങ്ങളെ ക്രിയാ​ത്മ​ക​മാ​യി തരണം ചെയ്യൽ

വർഷങ്ങൾ കടന്നു​പോ​യ​തോ​ടെ, ജപ്പാനി​ലെ അവസ്ഥയ്‌ക്കു മാറ്റം വന്നിരി​ക്കു​ന്നു. 1949-ൽ മിഷന​റി​മാ​രു​ടെ ആദ്യത്തെ സംഘം ജപ്പാനിൽ എത്തി​ച്ചേർന്ന്‌ നാൽപ്പ​ത്തി​മൂ​ന്നു വർഷം കഴിഞ്ഞ​പ്പോൾ, അതായത്‌ 1992 മാർച്ച്‌ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും, ജപ്പാൻ ബ്രാഞ്ചി​നു നിയോ​ഗിച്ച മുഴു പ്രദേ​ശ​ത്തും രാജ്യ​സു​വാർത്ത ക്രമമാ​യി എത്തി​ച്ചേ​രു​ന്നു​ണ്ടാ​യി​രു​ന്നു. എങ്കിലും, ആളുക​ളു​ടെ മനോ​ഭാ​വ​ത്തി​നും സാഹച​ര്യ​ങ്ങൾക്കും കൂടി മാറ്റം വന്നിരി​ക്കു​ന്നു. ഇത്‌ യഹോ​വ​യു​ടെ സാക്ഷികൾ വഴക്കമു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർത്തി​രി​ക്കു​ന്നു.

അനേക വർഷക്കാ​ലം സഞ്ചാര​വേ​ല​യി​ലാ​യി​രുന്ന റോഡ്‌നി കിയ​ലോ​ഹാ എന്ന മിഷനറി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഇരുപ​ത്തഞ്ചു വർഷം മുമ്പ്‌ [1970-കളിൽ], ജപ്പാനി​ലെ ആളുകൾ വളരെ മര്യാ​ദ​യു​ള്ള​വ​രും സൗഹൃ​ദ​മു​ള്ള​വ​രും ആയിരു​ന്നു. സാക്ഷികൾ അവരെ സന്ദർശി​ച്ച​പ്പോൾ, താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അവർ ശ്രദ്ധിച്ചു.” ആളുകൾ വായി​ക്കു​ന്ന​തി​നു സമയം ചെലവ​ഴി​ച്ചി​രു​ന്നു. മാത്രമല്ല, സദാചാ​ര​ങ്ങ​ളോ​ടും സാമൂ​ഹിക ക്രമ​ത്തോ​ടും അവർക്കു പൊതു​വേ വലിയ ആദരവു​മു​ണ്ടാ​യി​രു​ന്നു. എന്നാൽ, വർധി​ച്ചു​വ​രുന്ന ഭൗതിക സമൃദ്ധി നിമിത്തം ക്രമേണ അവരുടെ ശ്രദ്ധ വ്യതി​ച​ലി​ക്കാൻ തുടങ്ങി. വീട്ടമ്മ​മാർ ജോലി​ക്കു പോയി​ത്തു​ടങ്ങി. പകൽസ​മ​യത്ത്‌ ആളുകളെ വീട്ടിൽ കാണാൻ പ്രയാ​സ​മാ​യി. വീട്ടി​ലു​ള്ള​വ​രാ​ണെ​ങ്കി​ലോ മതത്തെ​ക്കു​റി​ച്ചു കൂടുതൽ സംസാ​രി​ക്കാൻ കഴിയാ​ത്ത​വി​ധം തിരക്കു​ള്ള​വ​രു​മാ​യി​രു​ന്നു. വായി​ക്കാൻ സമയമി​ല്ലെന്ന തോന്നൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ സ്വീക​രി​ക്കാൻ അവരെ വിമു​ഖ​രാ​ക്കി.

ഇൻറർകോം സൗകര്യ​ത്തോ​ടു​കൂ​ടിയ കനത്ത സുരക്ഷി​ത​ത്വ​മുള്ള അപ്പാർട്ട്‌മെൻറ്‌ കെട്ടി​ട​ങ്ങ​ളും ഭവനങ്ങ​ളും നിർമി​ക്കാൻ തുടങ്ങി. അത്തരം പ്രദേ​ശ​ങ്ങ​ളി​ലുള്ള പ്രസാ​ധകർ ഇന്റർകോ​മി​ലൂ​ടെ തങ്ങളുടെ അവതരണം നടത്തുന്ന രീതി​യു​മാ​യി പരിചി​ത​രാ​ക​ണ​മാ​യി​രു​ന്നു. ദയാപു​ര​സ്സ​ര​വും ഹൃദ്യ​വു​മാ​യി പെരു​മാ​റു​ക​മാ​ത്രം ചെയ്‌ത​വ​രെ​പ്പോ​ലും വീണ്ടും സന്ദർശി​ക്കാൻ അവർ പഠിച്ചു. സപ്രൊ​യിൽ സേവന​മ​നു​ഷ്‌ഠി​ക്കുന്ന ഒരു പയനി​യ​റായ ഹിരോ​ക്കോ​യോട്‌ ഒരു സ്‌ത്രീ താനൊ​രു ഷിന്റോ മതക്കാ​രി​യാ​ണെ​ന്നും തനിക്കു ബൈബിൾ സന്ദേശ​ത്തിൽ താത്‌പ​ര്യ​മി​ല്ലെ​ന്നും ഇൻറർകോ​മി​ലൂ​ടെ പറഞ്ഞു. ആ സ്‌ത്രീ​യു​ടെ സന്തോ​ഷ​മുള്ള ശബ്ദവും മര്യാദ കലർന്ന രീതി​യും നിമിത്തം അവർ നല്ല ഹൃദയ​മുള്ള ഒരു സ്‌ത്രീ​യാ​യി​രി​ക്ക​ണ​മെന്ന്‌ ബോധ്യം വന്ന ഹിരോ​ക്കോ മടങ്ങി​ച്ചെന്നു. ക്രമേണ ആ സഹോ​ദരി ഇൻറർകോ​മി​ലൂ​ടെ ഒരു സൗഹൃദം വളർത്തി​യെ​ടു​ത്തു. പത്തു മാസം നീണ്ടു​നിന്ന അത്തരം സമ്പർക്ക​ത്തി​നു​ശേഷം, ഒടുവിൽ “ഒരു നിമിഷം നിൽക്കൂ” എന്ന വാക്കു​ക​ളാണ്‌ ആ സഹോ​ദരി കേട്ടത്‌. ആ സ്‌ത്രീ തന്റെ വീട്ടു​വാ​തിൽക്കൽ വന്ന്‌ സഹോ​ദ​രി​യെ അകത്തേക്കു ക്ഷണിച്ചു. കുടും​ബ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഒരു ചർച്ച പെട്ടെ​ന്നു​തന്നെ ബൈബി​ള​ധ്യ​യ​ന​ത്തി​ലേ​ക്കും അതു പിന്നീട്‌ ആ സ്‌ത്രീ​യു​ടെ സ്‌നാ​പ​ന​ത്തി​ലേ​ക്കും നയിച്ചു. ഇന്നൊരു പയനി​യ​റായ ആ പുതിയ സഹോ​ദ​രി​ക്കു തീർച്ച​യാ​യും നല്ലൊരു ഹൃദയ​മു​ണ്ടാ​യി​രു​ന്നു.

പകൽസ​മ​യത്ത്‌ പലരും വീട്ടി​ലി​ല്ലാ​ത്ത​തി​നാൽ, സായാ​ഹ്ന​സാ​ക്ഷീ​ക​ര​ണ​വും തെരുവു സാക്ഷീ​ക​ര​ണ​വും നടത്തു​ന്ന​തിന്‌ നമ്മുടെ രാജ്യ ശുശ്രൂഷ ശുപാർശ ചെയ്യു​ക​യു​ണ്ടാ​യി. പ്രസാ​ധകർ ഉടൻതന്നെ ഉത്സാഹ​ത്തോ​ടെ പ്രതി​ക​രി​ക്കു​ക​യും ചെയ്‌തു. പെട്ടെ​ന്നു​തന്നെ, ജപ്പാനി​ലു​ട​നീ​ളം തെരു​വു​ക​ളിൽ ആളുകൾ വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും കയ്യിൽപ്പി​ടിച്ച്‌ നിൽക്കു​ന്നതു കാണാ​മാ​യി​രു​ന്നു, പ്രത്യേ​കി​ച്ചും തിരക്കുള്ള റെയിൽവേ സ്റ്റേഷനു​കൾക്ക​ടുത്ത്‌.

യൊ​ക്കൊ​ഹ​മ​യ്‌ക്ക​ടു​ത്തുള്ള ഒരു സഹോ​ദരി ഇതി​നൊ​രു ഉദാഹ​ര​ണ​മാണ്‌. മുഴു​സമയ ജോലി ഉണ്ടായി​രു​ന്നെ​ങ്കി​ലും, ഒരു സഹായ പയനിയർ ആയിരി​ക്കാൻ അവളാ​ഗ്ര​ഹി​ച്ചു. ഓരോ ദിവസ​വും ജോലി​ക്കു പോകു​ന്ന​തി​നു മുമ്പ്‌ രാവിലെ 6:00 മുതൽ 8:00 വരെ റെയിൽവേ സ്റ്റേഷന​ടുത്ത്‌ തെരു​വു​സാ​ക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ടാ​മെന്ന്‌ ഒരു മൂപ്പൻ നിർദേ​ശി​ച്ചു. തന്റെതന്നെ സങ്കോ​ച​ത്തെ​യും ചില പതിവു​യാ​ത്ര​ക്കാർ ആദ്യ​മൊ​ക്കെ നടത്തി​യി​രുന്ന പരിഹാ​സ​ത്തെ​യും തരണം ചെയ്‌ത അവൾ മാസി​കകൾ സ്വീക​രി​ക്കാ​നാ​ഗ്ര​ഹ​മുള്ള 40-ഓളം വ്യക്തി​കൾക്ക്‌ ഒരു മാസി​കാ​റൂട്ട്‌ വികസി​പ്പി​ച്ചെ​ടു​ത്തു. പതിവു യാത്ര​ക്കാർ, സ്റ്റേഷൻ ജോലി​ക്കാർ, അടുത്തുള്ള കടക്കാർ തുടങ്ങി​യ​വ​രൊ​ക്കെ അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. പയനി​യർമാർ സാധാരണ 30 മാസി​കകൾ സമർപ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നി​ടത്ത്‌ അവളുടെ ശരാശരി മാസി​കാ​സ​മർപ്പണം പ്രതി​മാ​സം 235 ആയിരു​ന്നു. ഓരോ ദിവസ​വും അൽപ്പസ​മയം തിരു​വെ​ഴു​ത്താ​ശ​യങ്ങൾ ആളുക​ളു​മാ​യി പങ്കു​വെ​ച്ച​തി​നാൽ അവൾക്ക്‌ ആറ്‌ ബൈബി​ള​ധ്യ​യ​നങ്ങൾ തുടങ്ങാൻ സാധിച്ചു. അതി​ലൊന്ന്‌ ഒരു പൊലീ​സു​കാ​ര​നു​മാ​യി​ട്ടാ​യി​രു​ന്നു.

കനത്ത സുരക്ഷി​തത്വ സംവി​ധാ​ന​ങ്ങ​ളുള്ള കെട്ടി​ട​ങ്ങ​ളി​ലെ ആളുക​ളു​മാ​യി ബന്ധപ്പെ​ടു​ന്ന​തി​നു ചില പ്രസാ​ധകർ ടെല​ഫോൺ സാക്ഷീ​ക​ര​ണ​ത്തി​നുള്ള നിർദേ​ശങ്ങൾ ബാധക​മാ​ക്കി. സ്ഥിരോ​ത്സാ​ഹ​വും അതു​പോ​ലെ​തന്നെ ആകർഷ​ക​മായ ഒരു വിഷയം പ്രതി​പാ​ദി​ക്കു​ന്ന​തും അനേകം ബൈബി​ള​ധ്യ​യ​ന​ങ്ങൾക്കു വഴിതു​റ​ന്നി​രി​ക്കു​ന്നു. തന്റെയും കുടും​ബ​ത്തി​ന്റെ​യും ഭാവി എന്തായി​രി​ക്കു​മെന്നു ഗൗരവ​മാ​യി ചിന്തി​ച്ചി​ട്ടു​ണ്ടോ​യെന്ന്‌ ടെല​ഫോ​ണി​ലൂ​ടെ ഒരു സഹോ​ദരി ഒരു സ്‌ത്രീ​യോ​ടു ചോദി​ച്ച​പ്പോൾ കിട്ടിയ മറുപടി ഉണ്ടെന്നാ​യി​രു​ന്നു. മറ്റുള്ള​വർക്കു തന്നെ സഹായി​ക്കാൻ കഴിയാ​ത്ത​തി​ലുള്ള നിരാശ അവളുടെ ആരോ​ഗ്യ​ത്തെ ഹാനി​ക​ര​മാ​യി ബാധി​ച്ചി​രു​ന്നു. തത്‌ഫ​ല​മാ​യി ആ സ്‌ത്രീ ഒറ്റപ്പെട്ട്‌ വീട്ടിൽ കഴിയു​ക​യാ​യി​രു​ന്നു. സാക്ഷി പ്രകടി​പ്പിച്ച യഥാർഥ താത്‌പ​ര്യം ഹേതു​വാ​യി, അടുത്തുള്ള ഒരു സൂപ്പർമാർക്ക​റ്റിൽവെച്ചു കണ്ടുമു​ട്ടാ​മെന്ന്‌ ആ സ്‌ത്രീ സമ്മതിച്ചു. കുടും​ബ​ജീ​വി​തം പുസ്‌ത​ക​ത്തി​ന്റെ ഉള്ളടക്കം കാണി​ച്ച​പ്പോൾ അവർ സത്വരം ഒരു ബൈബി​ള​ധ്യ​യ​ന​ത്തി​നു സമ്മതിച്ചു.

വയലിലെ തീവ്ര​മായ പ്രവർത്ത​ന​ത്തി​ന്റെ​യും സഭാം​ഗങ്ങൾ പക്വത പ്രാപി​ച്ച​തി​ന്റെ​യും ഫലമാണ്‌ തുടർച്ച​യായ, സ്ഥായി​യായ വളർച്ച. പ്രസാ​ധ​ക​രു​ടെ എണ്ണത്തിലെ തുടർച്ച​യായ അത്യു​ച്ച​ങ്ങ​ളു​ടെ പരമ്പര ആരംഭി​ച്ചത്‌ 1979 ജനുവ​രി​യി​ലാണ്‌. കഴിഞ്ഞ 18 വർഷമാ​യി അത്‌ അവിരാ​മം തുടരു​ക​യും ചെയ്‌തി​രി​ക്കു​ന്നു. 1980-കളുടെ രണ്ടാം പകുതി​യി​ലും 1990-കളുടെ ആദ്യ പകുതി​യി​ലും പ്രസാ​ധ​ക​രു​ടെ ശരാശരി വർധനവ്‌ ഓരോ വർഷവും 10,000-ത്തിലധി​ക​മാ​യി​രു​ന്നു. 1995 മാർച്ച്‌ ആയപ്പോ​ഴേ​ക്കും ജപ്പാനിൽ 2,00,000 രാജ്യ​ഘോ​ഷ​ക​രു​ണ്ടാ​യി​രു​ന്നു. 1972 ആഗസ്റ്റിൽ 320 സഭകളി​ലാ​യി 14,199 പ്രസാ​ധ​ക​രാണ്‌ ഉണ്ടായി​രു​ന്നത്‌. അതിനെ അപേക്ഷിച്ച്‌ 1997 ആഗസ്റ്റ്‌ ആയപ്പോ​ഴേ​ക്കും 3,785 സഭക​ളോ​ടൊത്ത്‌ സഹവസി​ക്കുന്ന 2,20,663 പ്രസാ​ധകർ ഉണ്ടായി​രു​ന്നു. എന്നാൽ, ഈ പ്രസാ​ധ​ക​രിൽ വർധി​ച്ചു​വ​രുന്ന ഒരു കൂട്ടം ജാപ്പനീസ്‌ ഭാഷക്കാ​രല്ല.

വിദേശ ഭാഷാ​ക്കൂ​ട്ട​ങ്ങൾക്കു സഹായം

ജപ്പാനി​ലെ ഈടുറ്റ സമ്പദ്‌വ്യ​വസ്ഥ കണ്ട്‌ ജാപ്പനീസ്‌ അല്ലാതെ മറ്റു ഭാഷകൾ സംസാ​രി​ക്കുന്ന പല ജോലി​ക്കാ​രും അവി​ടേക്കു മാറി​പ്പാർത്തി​ട്ടുണ്ട്‌. അവരിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളും ഉൾപ്പെ​ടും. മിക്കവാ​റും എല്ലാവ​രു​ടെ​യും മാതൃ​ഭാഷ ജാപ്പനീസ്‌ ആയിരി​ക്കുന്ന ഒരു ദേശമാണ്‌ ജപ്പാ​നെന്നു മേലാൽ പറയാൻ കഴിയില്ല. ഈ വിദേശ ഭാഷാ​ക്കൂ​ട്ട​ങ്ങളെ ആത്മീയ​മാ​യി എങ്ങനെ സഹായി​ക്കാൻ കഴിയു​മാ​യി​രു​ന്നു?

1980-കൾക്കു മുമ്പ്‌ താരത​മ്യേന ചെറി​യൊ​രു വിദേശ ഭാഷാ​ക്കൂ​ട്ടമേ അവിടെ ഉണ്ടായി​രു​ന്നു​ള്ളൂ. യു.എസ്‌. സൈനി​ക​രു​ടെ ഭാര്യ​മാ​രു​ടെ​യും കുട്ടി​ക​ളു​ടെ​യും താത്‌പ​ര്യ​ക്കാ​രായ മറ്റുള്ള​വ​രു​ടെ​യും പ്രയോ​ജ​ന​ത്തി​നാ​യി മിസാവ, തച്ചിക്കാവ, ഓക്കി​നാവ തുടങ്ങിയ സ്ഥലങ്ങളിൽ ചെറിയ ഒറ്റപ്പെട്ട കൂട്ടങ്ങ​ളോ സഭകളോ സ്ഥാപിച്ചു.

ഇവയിൽ ഏറ്റവും വലുത്‌ ഓക്കി​നാ​വ​യി​ലെ അമേരി​ക്കൻ സൈനിക കേന്ദ്ര​ങ്ങൾക്കു വേണ്ടി​യു​ള്ള​താ​യി​രു​ന്നു. മുമ്പ്‌ കൊറി​യ​യിൽ മിഷന​റി​മാ​രാ​യി​രുന്ന കാൾ എമേഴ്‌സ​ണും ഈവലിൻ എമേഴ്‌സ​ണും ഓക്കി​നാ​വ​യി​ലെ ഇംഗ്ലീഷ്‌ സംസാ​രി​ക്കുന്ന ജനവി​ഭാ​ഗത്തെ സഹായി​ക്കു​ന്ന​തി​നാ​യി തങ്ങളുടെ ഇളയ മകനോ​ടൊ​പ്പം 1968-ൽ അവി​ടേക്കു താമസം മാറ്റി. 40-ാമത്തെ​യും 52-ാമത്തെ​യും ഗിലെ​യാദ്‌ ക്ലാസ്സു​ക​ളിൽനി​ന്നുള്ള ബിൽ ഐവ്‌സും മേരി ഐവ്‌സും, വെയ്‌ൻ ഫ്രെയ്‌സും പെന്നി ഫ്രെയ്‌സും അവരോ​ടൊ​പ്പം ഈ ഫലപ്ര​ദ​മായ വയലിൽ ചേർന്നു. വിസ്‌തൃ​ത​മായ കാദെന വ്യോ​മ​സൈ​നി​ക​താ​വ​ള​ത്തി​നു ചുറ്റും ഒരു ചെറിയ പഴഞ്ചൻ 360 സിസി കാർ ഓടി​ച്ചു​പോ​യി​രുന്ന വെയ്‌ൻ സൈന്യ​ത്തിൽ പുതു​താ​യി ചേർക്ക​പ്പെ​ട്ട​വ​രു​ടെ ഇടയിൽ പ്രവർത്തി​ക്കു​ന്ന​തിൽ പ്രത്യേ​കി​ച്ചും ഫലപ്ര​ദ​നാ​യി​രു​ന്നു. അതിനു കാരണം അദ്ദേഹ​ത്തി​ന്റെ​തന്നെ സൈനിക പശ്ചാത്ത​ല​മാണ്‌. ഓക്കി​നാ​വ​യിൽ സേവന​മ​നു​ഷ്‌ഠിച്ച 15 വർഷം​കൊണ്ട്‌ 100-ഓളം വ്യക്തി​കളെ സ്‌നാ​പ​ന​മേൽക്കാൻ സഹായി​ക്കു​ന്ന​തി​നു വെയ്‌നി​നും പെന്നി​ക്കും സാധി​ച്ചി​ട്ടുണ്ട്‌. അവരുടെ ശുശ്രൂഷ വളരെ ഫലപ്ര​ദ​മാ​യി​രു​ന്ന​തി​നാൽ, മറ്റെവി​ടെ​യെ​ങ്കി​ലും പോയി പ്രസം​ഗി​ക്കാൻ ഒരു താവള​ത്തി​ലെ കമാൻഡിങ്‌ ഓഫീസർ അവരോട്‌ അഭ്യർഥി​ക്കു​ക​പോ​ലു​മു​ണ്ടാ​യി. കാരണം? “എന്റെ ഏറ്റവും മികച്ച ആളുക​ളെ​യാണ്‌ നിങ്ങൾ കൊണ്ടു​പോ​കു​ന്നത്‌,” അദ്ദേഹം പരാതി​പ്പെട്ടു.

മറ്റു സൈനി​ക​താ​വ​ള​ങ്ങ​ളി​ലേക്കു ജോലി നിയമ​നങ്ങൾ മാറു​ന്ന​തി​നാൽ സഭയിൽ ആളുകൾ നിരന്തരം വരുക​യും പോകു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു. എങ്കിലും, അക്ഷരാർഥ​ത്തിൽ ആയിരങ്ങൾ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ക​യും യഹോ​വ​യ്‌ക്കു വേണ്ടി നില​കൊ​ള്ളാൻ നൂറു​ക​ണ​ക്കി​നാ​ളു​കൾക്കു സഹായം ലഭിക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ഐക്യ​നാ​ടു​ക​ളി​ലേക്കു തിരി​ച്ചു​പോയ ഇവരിൽ ഭൂരി​പ​ക്ഷ​വും യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടർന്നു. ചിലർ മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും ആയിത്തീർന്നി​ട്ടുണ്ട്‌. ഇവരി​ലൊ​രാ​ളായ നിക്ക്‌ സൈ​മൊ​ണെല്ലി, തന്നെ പഠിപ്പി​ച്ച​യാ​ളു​ടെ പാത പിൻപ​റ്റി​ക്കൊണ്ട്‌ 93-ാമത്തെ ഗിലെ​യാദ്‌ ക്ലാസ്സിൽ പിന്നീട്‌ സംബന്ധി​ക്കു​ക​യു​ണ്ടാ​യി. അദ്ദേഹ​മി​പ്പോൾ ഭാര്യ​യോ​ടൊ​പ്പം ഇക്വ​ഡോ​റിൽ സേവന​മ​നു​ഷ്‌ഠി​ക്കു​ന്നു.

ജപ്പാനി​ലെ ഇംഗ്ലീഷ്‌ ഭാഷാ​പ്ര​ദേ​ശം

1970-കളുടെ ഒടുവിൽ വിയറ്റ്‌നാം യുദ്ധം അവസാ​നി​ച്ചു. അക്കാലത്ത്‌ ജപ്പാനി​ലെ ഇംഗ്ലീഷ്‌ ഭാഷാ​ക്കൂ​ട്ടങ്ങൾ പിരി​ഞ്ഞു​പോ​യി. എന്നാൽ 1980-കളുടെ ആരംഭ​ത്തിൽ, ബെഥേ​ലിൽനിന്ന്‌ വണ്ടി​യോ​ടി​ച്ചു​പോ​യാൽ 15 മിനി​റ്റു​കൊണ്ട്‌ എത്താവുന്ന അറ്റ്‌സു​ഗി നാവിക-വ്യോമ താവള​ത്തി​ന്റെ ചുറ്റു​മുള്ള പ്രദേ​ശത്ത്‌ ഇംഗ്ലീഷ്‌ സംസാ​രി​ക്കുന്ന ആളുകൾ ധാരാ​ള​മു​ള്ള​താ​യി മനസ്സി​ലാ​ക്കിയ ജയിംസ്‌ മാൻസ്‌ ജൂനിയർ, ആ പൗരസ്‌ത്യ​ദേ​ശ​ത്തെത്തി സഹായി​ക്കാ​നാ​യി തന്റെ മാതാ​പി​താ​ക്കളെ ക്ഷണിച്ചു. അപ്പോൾ യു.എസ്‌.എ.-യിലെ കാലി​ഫോർണി​യ​യി​ലാ​യി​രു​ന്നു അവരുടെ താമസം. (പ്രവൃ​ത്തി​കൾ 16:9 താരത​മ്യം ചെയ്യുക.) അങ്ങനെ, 1981 മാർച്ചിൽ 62-ഉം 59-ഉം വയസ്സുള്ള ജയിംസ്‌ മാൻസ്‌ സീനി​യ​റും ഭാര്യ രൂത്തും അറ്റ്‌സു​ഗി താവള​ത്തി​ന​ടു​ത്തുള്ള സഗമി​ഹ​ര​യി​ലേക്കു താമസം മാറ്റി. “ഇംഗ്ലീഷ്‌ സംസാ​രി​ക്കു​ന്ന​വരെ കണ്ടെത്തുന്ന ഏതു സ്ഥലവും ഞങ്ങളുടെ പ്രദേ​ശ​മാ​യി​രു​ന്നു,” രൂത്ത്‌ ഓർമി​ക്കു​ന്നു. “തെരു​വു​വേ​ല​യിൽ ഏർപ്പെ​ട്ടി​രി​ക്കെ, സൈക്കി​ളിൽ വരുന്ന യുവ അമേരി​ക്കൻ പട്ടാള​ക്കാ​രെ രൂത്ത്‌ കൈ കാണിച്ചു നിറു​ത്തി​യിട്ട്‌ അവരെ മാസി​കകൾ കാണി​ക്കു​മാ​യി​രു​ന്നു,” എബിന ബെഥേൽ കുടും​ബ​ത്തി​ലെ ഒരംഗം ഓർമി​ക്കു​ന്നു. ദുഃഖ​ക​ര​മെന്നു പറയട്ടെ, ജപ്പാനി​ലെത്തി അധികം താമസി​യാ​തെ ജയിംസ്‌ മാൻസ്‌ സീനിയർ മരിച്ചു. എന്നാൽ, അവി​ടെ​ത്തന്നെ താമസിച്ച രൂത്ത്‌ സത്യത്തി​ലേക്കു വരാൻ അനേകരെ സഹായി​ച്ചു. സഗമി​ഹ​ര​യി​ലെ ചെറിയ ഇംഗ്ലീഷ്‌ കൂട്ടം 1985 ഒക്ടോ​ബ​റിൽ ഒരു സഭയാ​യി​ത്തീർന്നു.

1980-കളിൽ ജപ്പാനി​ലെ സമ്പദ്‌വ്യ​വസ്ഥ കൂടുതൽ ശക്തമാ​യ​തോ​ടെ വിദേ​ശി​ക​ളു​ടെ എണ്ണം വളരെ​യ​ധി​കം വർധിച്ചു. ഫിലി​പ്പീൻസു​കാ​രും തെക്കേ അമേരി​ക്ക​ക്കാ​രും ആഫ്രി​ക്ക​ക്കാ​രും ചൈന​ക്കാ​രും കൊറി​യ​ക്കാ​രു​മായ ആയിര​ക്ക​ണ​ക്കി​നാ​ളു​കൾ വിദേ​ശ​ജോ​ലി​ക്കാ​രാ​യി ജപ്പാനി​ലേക്കു പ്രവഹി​ച്ചു. ഈ വിദേ​ശ​ജോ​ലി​ക്കാർക്ക്‌ ആത്മീയ സഹായം നൽകു​ന്ന​തി​നാ​വ​ശ്യ​മായ പടികൾ സൊ​സൈറ്റി കൈ​ക്കൊ​ണ്ടു. ഈ സഹായം നൽകു​ന്ന​തി​നാ​യി ബെഥേ​ലിൽ സേവി​ക്കുന്ന പലരെ​യും ഇംഗ്ലീഷ്‌ സംസാ​രി​ക്കുന്ന ജാപ്പനീസ്‌ പയനി​യർമാ​രെ​യും നിയമി​ക്കു​ക​യു​ണ്ടാ​യി. അനേക വർഷങ്ങ​ളോ​ളം ഇംഗ്ലീഷ്‌ സഭയോ​ടൊ​ത്തു സഹവസിച്ച ഒരു സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “സൊ​സൈറ്റി ഇക്കാര്യ​ത്തിൽ നേതൃ​ത്വ​മെ​ടു​ക്കാൻ തുടങ്ങി​യ​പ്പോൾ പെട്ടെന്ന്‌ വർധന​വു​ണ്ടാ​യി.” 1997 സെപ്‌റ്റം​ബർ 1 ആയപ്പോ​ഴേ​ക്കും ഇംഗ്ലീഷ്‌ സഭകളു​ടെ എണ്ണം 18 ആയി, അങ്ങനെ അവ ചേർന്ന്‌ ഒരു സർക്കിട്ട്‌ രൂപീ​കൃ​ത​മാ​യി.

ബ്രസീ​ലു​കാർക്കു സഹായം

മാതാ​പി​താ​ക്ക​ളോ പിതാ​മ​ഹ​ന്മാ​രോ ബ്രസീ​ലി​ലേക്കു കുടി​യേ​റി​പ്പാർത്ത അനവധി ജപ്പാൻകാർ ജോലി​ക്കാ​യി ജപ്പാനി​ലേക്കു തിരി​ച്ചു​വന്നു. എന്നാൽ അവർക്ക്‌ ജാപ്പനീ​സോ ഇംഗ്ലീ​ഷോ അറിയി​ല്ലാ​യി​രു​ന്നു. മുമ്പ്‌ മിഷന​റി​മാ​രാ​യി ബ്രസീ​ലിൽ സേവി​ച്ചി​രുന്ന കാസു​യൂ​ക്കി കിരി​ത്താ​നി, നനക്കോ കിരി​ത്താ​നി ദമ്പതികൾ 1986-ൽ യൊ​ക്കൊ​ഹ​മ​യി​ലേക്കു താമസം മാറ്റി. പോർച്ചു​ഗീസ്‌ സംസാ​രി​ക്കുന്ന ഏതാനും സഹോ​ദ​രി​മാ​രും ബൈബിൾ വിദ്യാർഥി​ക​ളും അവിടെ ഉണ്ടായി​രു​ന്നു. ആ ചെറിയ കൂട്ടം മാസത്തി​ലൊ​രി​ക്കൽ പോർച്ചു​ഗീസ്‌ ഭാഷയിൽ വീക്ഷാ​ഗോ​പുര അധ്യയ​ന​വും സംക്ഷി​പ്‌ത​രൂ​പ​ത്തി​ലുള്ള ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളും നടത്തി.

ടോക്കി​യോ, നാഗോ​യിയ, തോയി​യോ​ഹാ​ഷി എന്നിവി​ട​ങ്ങ​ളിൽ താമസി​ച്ചി​രുന്ന മൂന്നു ബ്രസീ​ലി​യൻ മൂപ്പന്മാ​രെ​യും അതു​പോ​ലെ​തന്നെ കിരി​ത്താ​നി സഹോ​ദ​ര​നെ​യും പോർച്ചു​ഗീസ്‌ വയലിന്റെ പുരോ​ഗ​തി​യെ​ക്കു​റി​ച്ചു ചർച്ച ചെയ്യാൻ 1991-ലെ വസന്തത്തിൽ സൊ​സൈറ്റി ക്ഷണിച്ചു. 1991 ആഗസ്റ്റിൽ നാല്‌ പോർച്ചു​ഗീസ്‌ കൂട്ടങ്ങൾ പ്രവർത്ത​ന​മാ​രം​ഭി​ച്ചു. സന്നദ്ധരായ ബെഥേ​ലം​ഗ​ങ്ങളെ ചേർത്ത്‌ ബെഥേ​ലിൽ ഒരു പോർച്ചു​ഗീസ്‌ ഭാഷാ​ക്ലാസ്സ്‌ തുടങ്ങാൻ ബ്രാഞ്ച്‌ ഏർപ്പാടു ചെയ്‌തു. അവർ ഉത്സാഹ​പൂർവം ആ ഭാഷ പഠിച്ച്‌ പോർച്ചു​ഗീസ്‌ കൂട്ടങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ന്റെ ഭാഗമാ​യി​ത്തീർന്നു. പുതു​താ​യി സ്ഥാപി​ത​മായ കൂട്ടങ്ങൾ പെട്ടെ​ന്നു​തന്നെ സഭകളാ​യി മാറി. ആറു വർഷത്തി​നു​ള്ളിൽ 21 പോർച്ചു​ഗീസ്‌ സഭകളു​ണ്ടാ​യി. ഇവ ചേർന്ന്‌ ഒരു സർക്കിട്ട്‌ രൂപം​കൊ​ണ്ടു.

സ്‌പാ​നിഷ്‌ വയൽ തുറക്കു​ന്നു

1987 സെപ്‌റ്റം​ബ​റിൽ, അന്നുവരെ പോർച്ചു​ഗീസ്‌ കൂട്ട​ത്തോ​ടൊത്ത്‌ സഹവസി​ച്ചി​രുന്ന എട്ട്‌ സഹോ​ദ​രി​മാ​രെ സഹായി​ക്കാ​നാ​യി സ്‌പാ​നി​ഷിൽ ആദ്യ​യോ​ഗം നടത്തി. പെറു​വിൽനി​ന്നുള്ള ലൂയിസ്‌ ഡെൽഗാ​ഡോ എന്ന ഏകാകി​യായ സഹോ​ദരൻ നേതൃ​ത്വ​മെ​ടു​ത്തു. അക്കാല​ങ്ങ​ളിൽ, സ്‌പാ​നിഷ്‌ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാ​നാ​യി ചില സഹോ​ദ​രി​മാർ ആറ്‌ മണിക്കൂർ യാത്ര ചെയ്‌തി​രു​ന്നു. എന്നാൽ അവർക്കു ലഭിച്ച ആത്മീയ സഹായം തക്ക മൂല്യ​മു​ള്ള​താ​യി​രു​ന്നു. സാമ്പത്തിക സുരക്ഷി​ത​ത്വ​ത്തെ​പ്രതി ജപ്പാനി​ലെ പൗരന്മാ​രെ വിവാഹം ചെയ്‌ത ചിലർക്കു ഭാഷാ​ത​ടസ്സം മൂലം ദാമ്പത്യ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി. തന്നെയു​മല്ല, ജാപ്പനീസ്‌ സഭകളി​ലെ മൂപ്പന്മാ​രോ​ടു തങ്ങളുടെ വികാ​രങ്ങൾ തുറന്നു പറയാൻ അവർക്കു ബുദ്ധി​മു​ട്ടും നേരിട്ടു.

സ്‌പാ​നിഷ്‌ കൂട്ടത്തി​ന്റെ വയൽശു​ശ്രൂ​ഷ​യും ഒരു വെല്ലു​വി​ളി ആയിരു​ന്നു. പ്രദേ​ശങ്ങൾ സംഘടി​പ്പി​ക്കു​ന്ന​തി​നു വേണ്ടി, വാതി​ലു​ക​ളിൽ സ്‌പാ​നിഷ്‌ പേരുകൾ എഴുതി​വെ​ച്ചി​രി​ക്കു​ന്നത്‌ അന്വേ​ഷിച്ച്‌ അവർ മധ്യജ​പ്പാ​നെ കോർത്തി​ണ​ക്കിയ റെയിൽപാ​ത​യായ യമനൊ​ത്തെ​യി​ലെ 29 സ്റ്റേഷനു​ക​ളി​ലേ​ക്കും പോയി. ക്ഷീണി​പ്പി​ക്കു​ന്ന​തും വളരെ സമയം വേണ്ടി​വ​രു​ന്ന​തു​മാ​യി​രു​ന്നെ​ങ്കി​ലും, അത്‌ അവർക്കു പ്രവർത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മായ പ്രദേശം നൽകി.

കൊളം​ബി​യൻ സ്‌ത്രീ​കൾ പലരും താമസി​ച്ചി​രുന്ന പ്രദേ​ശ​ങ്ങ​ളിൽ പകൽസ​മ​യത്ത്‌ സഹോ​ദ​രി​മാ​രു​ടെ കൂട്ടങ്ങൾ സന്ദർശി​ക്കു​മാ​യി​രു​ന്നു. ആ സ്‌ത്രീ​കൾ ജോലി​യെ​ടു​ത്തി​രു​ന്നത്‌ ജപ്പാനി​ലെ മാഫി​യ​യായ യാക്കൂസാ സാധാരണ നടത്താ​റുള്ള മദ്യശാ​ല​ക​ളി​ലാ​യി​രു​ന്നു. ഒരു സ്‌ത്രീ ആത്മീയ പുരോ​ഗതി നേടു​ന്ന​താ​യി തോന്നു​മ്പോൾ യാക്കൂസാ ഇടപെട്ട്‌ അവളെ മറ്റൊരു സ്ഥലത്തേക്കു മാറ്റു​മാ​യി​രു​ന്നു. എങ്കിലും, യഹോ​വയെ പ്രസാ​ദി​പ്പി​ക്കാൻ തന്റെ ജോലി​ക്കു മാറ്റം വരു​ത്തേ​ണ്ട​താ​വ​ശ്യ​മാ​ണെന്ന്‌ അത്തര​മൊ​രു വിദ്യാർഥി​നി മനസ്സി​ലാ​ക്കി. യാക്കൂ​സാ​യിൽനിന്ന്‌ ഓടി​യ​കന്ന്‌ ഒളിച്ചു പാർക്കേ​ണ്ടി​വ​രും എന്നായി​രു​ന്നു അതിനർഥം. തനിക്ക്‌ അധ്യയനം നടത്തി​ക്കൊ​ണ്ടി​രുന്ന വ്യക്തി​യു​ടെ സഹായ​ത്തോ​ടെ ഒടുവിൽ സ്വന്തരാ​ജ്യ​ത്തേക്കു തിരി​കെ​പ്പോ​കാൻ അവൾക്കു കഴിഞ്ഞു.

1990-കളുടെ തുടക്ക​ത്തിൽ പെറു, അർജൻറീന, പരാഗ്വേ, ബൊളീ​വിയ എന്നിവി​ട​ങ്ങ​ളിൽനി​ന്നും മറ്റു ചില രാജ്യ​ങ്ങ​ളിൽനി​ന്നും ജപ്പാനി​ലേക്കു വലി​യൊ​രു കൂട്ടം ജോലി​ക്കാർ പ്രവഹി​ച്ച​പ്പോൾ അവരുടെ ആത്മീയാ​വ​ശ്യ​ങ്ങൾ നോക്കു​ന്ന​തി​നു യഹോവ ഒരു ചെറിയ സ്‌പാ​നിഷ്‌ കൂട്ടത്തെ ഒരുക്കി​നിർത്തി​യി​രു​ന്നു. സഹായി​ക്കാൻ സന്നദ്ധരായ ബെഥേ​ലം​ഗ​ങ്ങൾക്കു വേണ്ടി ഒരു സ്‌പാ​നിഷ്‌ ക്ലാസ്സ്‌ 1991-ൽ ആരംഭി​ച്ചു. ഒരു വർഷത്തി​നു​ള്ളിൽ ചിലർ ആ ഭാഷയിൽ പരസ്യ​പ്ര​സം​ഗങ്ങൾ നടത്താൻ തുടങ്ങി. 1993-ൽ ടോക്കി​യോ പ്രദേ​ശത്ത്‌ ആദ്യത്തെ സ്‌പാ​നിഷ്‌ സഭ രൂപീ​കൃ​ത​മാ​യി. 1997 ആയപ്പോ​ഴേ​ക്കും തഴച്ചു​വ​ള​രുന്ന 13 സ്‌പാ​നിഷ്‌ സഭകളു​ണ്ടാ​യി​രു​ന്നു. ഇവ ചേർന്ന്‌ ഒരു വിദേശ ഭാഷാ സർക്കിട്ട്‌ രൂപം​കൊ​ണ്ടി​രി​ക്കു​ന്നു.

ഏഷ്യയിൽനി​ന്നു​ള്ള​വരെ സഹായി​ക്കൽ

ജപ്പാനി​ലേക്ക്‌ അനേകം ചൈന​ക്കാ​രും പ്രവഹി​ച്ചു​കൊ​ണ്ടി​രു​ന്നു. അവരിൽ ആയിര​ക്ക​ണ​ക്കി​നു വിദ്യാർഥി​ക​ളും രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ അവസാനം ചൈന​യിൽ ഉപേക്ഷി​ക്ക​പ്പെട്ട ജാപ്പനീസ്‌ കുട്ടി​ക​ളു​ടെ പിൻത​ല​മു​റ​ക്കാ​രും ഉണ്ടായി​രു​ന്നു. ജപ്പാനിൽ 3,00,000-ത്തിലധി​കം ചൈന​ക്കാർ പാർക്കു​ന്നു​ണ്ടെന്നു കണക്കാ​ക്ക​പ്പെ​ട്ടി​രു​ന്നു. അവരിൽ 2,00,000 പേർ ടോക്കി​യോ പ്രദേ​ശ​ത്താ​യി​രു​ന്നു. കണ്ണുക​ളു​യർത്തി ചൈനീസ്‌ വയലി​ലേക്കു നോക്കി​യ​പ്പോൾ അതു കൊയ്‌ത്തി​നു വിളഞ്ഞി​രി​ക്കു​ന്ന​താ​യി സഹോ​ദ​ര​ങ്ങൾക്കു കാണാൻ കഴിഞ്ഞു, എന്നാൽ ‘വേലക്കാർ ചുരുക്ക’മായി​രു​ന്നു.—മത്താ. 9:37; യോഹ. 4:35

മാസാ​യു​ക്കി യാമാ​മോ​ട്ടോ​യും ഭാര്യ മാസാ​ക്കോ​യും തായ്‌വാ​നിൽ എട്ടു വർഷം മിഷനറി സേവന​ത്തിൽ ചെലവ​ഴി​ച്ചി​രു​ന്നു. ചൈനീസ്‌ ഭാഷ സംസാ​രി​ക്കു​ന്ന​വരെ സഹായി​ക്കാൻ സന്നദ്ധരായ ബെഥേ​ലം​ഗ​ങ്ങളെ 1992-ൽ ആ ഭാഷ പഠിപ്പി​ക്കു​ക​യു​ണ്ടാ​യി. താമസി​യാ​തെ, ചൈനീസ്‌ സംസാ​രി​ച്ചി​രുന്ന ചിലരു​മാ​യി മാസാ​യു​ക്കി ബന്ധപ്പെട്ടു. അങ്ങനെ 28 പ്രസാ​ധ​ക​രുള്ള ഒരു ചൈനീസ്‌ കൂട്ടം പ്രവർത്തനം തുടങ്ങി. ചൈനീസ്‌ ഭാഷ സംസാ​രി​ച്ചി​രുന്ന താത്‌പ​ര്യ​ക്കാ​രെ സഹായി​ക്കാൻ ആകാം​ക്ഷ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, ആ ഭാഷ ശരിക്കും വശമി​ല്ലാ​തി​രുന്ന ജാപ്പനീസ്‌ പയനി​യർമാ​രാ​യി​രു​ന്നു അവരി​ല​ധി​ക​വും. ജപ്പാനി​ലെ സാക്ഷികൾ കാട്ടിയ അത്തരം തീക്ഷ്‌ണത ചൈന​ക്കാ​രു​ടെ ഹൃദയത്തെ തൊട്ടു​ണർത്തി. ഒരു യുവതിക്ക്‌, തന്നോ​ടൊ​പ്പം സ്‌കൂ​ളിൽ പഠിച്ചു​കൊ​ണ്ടി​രുന്ന ഒരു സഹോ​ദ​ര​നിൽനിന്ന്‌ ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം ലഭിച്ചു. ഒരാഴ്‌ച​കൊണ്ട്‌ അവൾ ആ പുസ്‌തകം വായി​ച്ചു​തീർത്തു. എല്ലാ യോഗ​ങ്ങ​ളി​ലും സംബന്ധി​ക്കാൻ ഇത്‌ അവളെ പ്രേരി​പ്പി​ച്ചു. ചൈനീസ്‌ സംസാ​രി​ക്കുന്ന ആളുക​ളു​മാ​യി സുവാർത്ത പങ്കു​വെ​ക്കാൻവേണ്ടി മാത്രം ചൈനീസ്‌ പഠിക്കുന്ന അനേകം ജപ്പാൻകാ​രെ കണ്ടത്‌ അവളെ അത്ഭുത​പ്പെ​ടു​ത്തി. അവളും ഇളയ സഹോ​ദ​ര​നും പെട്ടെ​ന്നു​തന്നെ പുരോ​ഗതി പ്രാപിച്ച്‌ ഒരു വർഷത്തി​നു​ള്ളിൽ സ്‌നാ​പ​ന​മേറ്റു. സ്‌നാ​പ​ന​മേൽക്കു​ന്ന​തി​നു മുമ്പു​തന്നെ അവൾ സ്വന്തമാ​യി ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ന്നു​ണ്ടാ​യി​രു​ന്നു.

1993 മേയിൽ ആദ്യത്തെ ചൈനീസ്‌ സർക്കിട്ട്‌ സമ്മേളനം നടന്നു. 399 പേർ സന്നിഹി​ത​രാ​യി​രു​ന്നു, 8 പേർ സ്‌നാ​പ​ന​മേറ്റു. പെട്ടെ​ന്നു​തന്നെ മാൻഡ​റിൻ-ചൈനീസ്‌ ഭാഷയിൽ അഞ്ച്‌ സഭകൾ പ്രവർത്തനം തുടങ്ങി, അതു​പോ​ലെ ഒരു ജാപ്പനീസ്‌ സഭയിൽ ഒരു ചൈനീസ്‌ പുസ്‌ത​കാ​ധ്യ​യ​ന​വും.

മറ്റു ഭാഷാ​ക്കൂ​ട്ട​ങ്ങൾ

1980-കളുടെ ഒടുവിൽ പെൻ പിറ്റോ​റെ​സും ഭാര്യ ഫിക്‌സാ​ങ്ങും ബൈബിൾ പഠിക്കാൻ തുടങ്ങി. കംബോ​ഡി​യ​യിൽനി​ന്നുള്ള അഭയാർഥി​ക​ളാ​യി​രുന്ന അവർക്ക്‌ തങ്ങളുടെ മാതൃ​ദേ​ശത്തു നടന്ന കൂട്ട​ക്കൊ​ല​യിൽ മാതാ​പി​താ​ക്കളെ നഷ്ടപ്പെ​ട്ടി​രു​ന്നു. കംബോ​ഡി​യൻ ഭാഷയിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഒന്നും​തന്നെ ഇല്ലാതി​രു​ന്ന​തി​നാൽ പുരോ​ഗതി മന്ദഗതി​യി​ലാ​യി​രു​ന്നു. എന്നാൽ ഒടുവിൽ അവർ സ്‌നാ​പ​ന​മേറ്റു. കംബോ​ഡി​യ​യിൽനി​ന്നുള്ള സഹ അഭയാർഥി​ക​ളു​ടെ ആത്മീയാ​വ​ശ്യ​ങ്ങ​ളിൽ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ അവരോ​ടൊ​ത്തു ബൈബി​ള​ധ്യ​യ​നങ്ങൾ നടത്താൻ അവർ ശ്രമിച്ചു. താമസി​യാ​തെ കംബോ​ഡി​യ​ക്കാ​രു​ടെ ഒരു ചെറിയ കൂട്ടം രൂപം​കൊ​ണ്ടു. 1994-ൽ കംബോ​ഡി​യൻ ഭാഷയിൽ വീക്ഷാ​ഗോ​പു​രം ലഭ്യമാ​യ​പ്പോൾ അവർക്കതു കൂടുതൽ സഹായ​ക​മാ​യി. അതിനു​ശേഷം, ബെഥേ​ലിൽനി​ന്നുള്ള പത്തു സഹോ​ദ​രങ്ങൾ ആ ഭാഷ പഠിക്കാൻ തുടങ്ങി. കംബോ​ഡി​യൻ ഭാഷയി​ലുള്ള യോഗ​ങ്ങൾക്കു ഹാജരാ​കാൻ അവർക്കു നിയമനം ലഭിച്ചു.

ജപ്പാനി​ലെ വിദേ​ശ​ഭാ​ഷാ​ക്കൂ​ട്ട​ങ്ങ​ളിൽ ഏറ്റവും വലിയതു കൊറി​യ​നാ​ണെ​ങ്കി​ലും, അവരിൽ മിക്കവർക്കും ജാപ്പനീസ്‌ അറിയാ​മെ​ന്ന​തു​കൊണ്ട്‌ വർഷങ്ങ​ളോ​ളം അവർക്കാ​യി പ്രത്യേ​കം സഭകളി​ല്ലാ​യി​രു​ന്നു. എന്നാൽ, ജപ്പാനിൽ താമസി​ക്കുന്ന കൊറി​യ​ക്കാർ സ്വന്തഭാ​ഷ​യിൽ സത്യം പഠിക്കു​ക​യാ​ണെ​ങ്കിൽ അവർക്കതു കൂടുതൽ എളുപ്പ​ത്തിൽ ഗ്രഹി​ക്കാ​നാ​കു​മെന്നു ശ്രദ്ധയിൽപ്പെട്ടു. 1996 ഏപ്രി​ലിൽ ബെഥേ​ലി​ന​ടുത്ത്‌ ഒരു കൊറി​യൻ കൂട്ടം രൂപീ​ക​രി​ക്കു​ന്ന​തിന്‌ അതു കാരണ​മാ​യി. പിന്നീട്‌ ഹ്യോ​ഗോ ഭരണ​പ്ര​ദേ​ശ​ത്തുള്ള ഇറ്റേമി നഗരത്തിൽ മറ്റൊരു കൂട്ടവും രൂപം​കൊ​ണ്ടു.

ആംഗ്യ​ഭാ​ഷാ സഭകളു​ടെ കാര്യ​വും അവഗണി​ക്കാ​വു​ന്നതല്ല. രാജ്യ​മെ​മ്പാ​ടും ശ്രവണ​വൈ​ക​ല്യ​മുള്ള ആളുകളെ സഹായി​ക്കു​ന്ന​തി​നു സന്നദ്ധഹൃ​ദ​യ​രായ പലരും ജാപ്പനീസ്‌ ആംഗ്യ​ഭാഷ പഠിച്ചി​രി​ക്കു​ന്നു. 1982 മുതൽ ചില ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളിൽ ആംഗ്യ​ഭാ​ഷ​യി​ലേ​ക്കുള്ള പരിഭാ​ഷ​യ്‌ക്കു സൊ​സൈറ്റി ക്രമീ​ക​രണം ചെയ്‌തി​രു​ന്നു. ഫൂക്കു​വൊക്ക, കൂമ​മോ​ട്ടോ എന്നീ നഗരങ്ങ​ളിൽ 1992-ൽ ആംഗ്യ​ഭാ​ഷാ സഭകൾ രൂപീ​കൃ​ത​മാ​യ​പ്പോൾ ശ്രവണ​വൈ​ക​ല്യ​മു​ള്ള​വരെ സഹായി​ക്കാ​നുള്ള സംഘടിത യജ്ഞം നടക്കു​ക​യു​ണ്ടാ​യി. ആംഗ്യ​ഭാ​ഷ​യി​ലുള്ള വീഡി​യോ​ക​ളും തയ്യാറാ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ഇപ്പോൾ ജപ്പാനിൽ ശ്രവണ​വൈ​ക​ല്യ​മുള്ള ആളുകളെ സജീവ​മാ​യി സഹായി​ച്ചു​വ​രുന്ന 11 സഭകളും 9 ചെറിയ കൂട്ടങ്ങ​ളു​മുണ്ട്‌.

അങ്ങനെ, ജപ്പാനി​ലുള്ള വിവിധ ഭാഷാ​ക്കൂ​ട്ട​ങ്ങളെ കണ്ടെത്തി മനസ്സി​ലാ​കുന്ന ഭാഷയിൽത്തന്നെ അവർക്കു സുവാർത്ത​യിൽനി​ന്നു പ്രയോ​ജനം നേടാൻ സഹായി​ക്കു​ന്ന​തി​നു ജപ്പാനി​ലെ യഹോ​വ​യു​ടെ സാക്ഷികൾ നല്ലൊരു ശ്രമം നടത്തി​യി​രി​ക്കു​ന്നു.

പുതിയ സ്‌കൂ​ളിൽ ചേരാ​നുള്ള ഉത്സാഹം

1993-ൽ ജപ്പാനി​ലെ അവിവാ​ഹി​ത​രായ മൂപ്പന്മാർക്കും ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കും പുളക​പ്ര​ദ​മായ പുതി​യൊ​രു അവസരം ലഭിച്ചു. തങ്ങളുടെ സേവനം രാജ്യ​ത്തി​ന​ക​ത്തും പുറത്തും വ്യാപി​പ്പി​ക്കു​ന്ന​തിന്‌ അത്‌ അവർക്ക്‌ അവസരം പ്രദാനം ചെയ്‌തു. ജപ്പാനിൽ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളി​ന്റെ ആദ്യത്തെ ക്ലാസ്സ്‌ നടത്തു​ന്ന​തി​നു സഞ്ചാര​വേ​ല​യിൽ പതിറ്റാ​ണ്ടു​ക​ളി​ലെ അനുഭ​വ​പ​രി​ച​യ​മുള്ള സഹോ​ദ​ര​ന്മാ​രായ ജയിംസ്‌ ഹിൻഡെ​റ​റെ​യും ഡേവിഡ്‌ ബിഗ്ല​റെ​യും ഐക്യ​നാ​ടു​ക​ളിൽനിന്ന്‌ അയച്ചു. ഇംഗ്ലീ​ഷിൽ നടത്തപ്പെട്ട ഈ ആദ്യത്തെ ക്ലാസ്സിൽ ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലി​പ്പീൻസ്‌ എന്നിവി​ട​ങ്ങ​ളിൽനി​ന്നു നിരീ​ക്ഷ​ക​രാ​യി ഏഴു പേരു​മു​ണ്ടാ​യി​രു​ന്നു. തങ്ങളുടെ രാജ്യ​ങ്ങ​ളിൽ അധ്യാ​പ​ക​രാ​യി സേവി​ക്കാൻ ഈ നിരീ​ക്ഷകർ തയ്യാറാ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഈ സ്‌കൂ​ളിൽനി​ന്നു തങ്ങൾ എങ്ങനെ പ്രയോ​ജനം നേടി എന്നതി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കവേ ആദ്യ ക്ലാസ്സിലെ ഒരു വിദ്യാർഥി ഇങ്ങനെ പറഞ്ഞു: “എന്റെ അഭി​പ്രാ​യ​ത്തിൽ, ബന്ധപ്പെട്ട തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ ബാധക​മാ​ക്കി​ക്കൊണ്ട്‌ ന്യായ​വി​ചാ​രം നടത്തി സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ഞങ്ങളിൽ പലർക്കും ബുദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. നിയമങ്ങൾ അനുസ​രി​ക്കുക കൂടുതൽ എളുപ്പ​മാ​യി​രു​ന്നു. എന്നാൽ സ്‌കൂ​ളിൽ ആവർത്തി​ച്ചാ​വർത്തിച്ച്‌ ഉന്നയിച്ച ‘എന്തു​കൊണ്ട്‌?’ ‘എങ്ങനെ?’ എന്നീ രണ്ടു ചോദ്യ​ങ്ങ​ളാൽ വസ്‌തു​ത​കൾക്കും ഉത്തരങ്ങൾക്കും പിന്നി​ലുള്ള കാരണ​ങ്ങ​ളെ​ക്കു​റി​ച്ചു വിചി​ന്തനം ചെയ്യാൻ ഞങ്ങൾ പരിശീ​ലി​പ്പി​ക്ക​പ്പെട്ടു.” ആ ക്ലാസ്സിലെ മറ്റൊരു വിദ്യാർഥി അതേ ആശയത്തിന്‌ ഊന്നൽ നൽകി​ക്കൊ​ണ്ടു സംസാ​രി​ച്ചു. പുതിയ മാസി​കകൾ സമർപ്പി​ക്കുന്ന ഒരു അവതര​ണ​രീ​തി തയ്യാറാ​ക്കി മറ്റു പ്രസാ​ധ​ക​രു​മാ​യി പങ്കു​വെ​ക്കാൻ മാസി​കാ​ദാ​സനു സാധി​ക്കു​മെന്ന്‌ അധ്യാ​പ​ക​രി​ലൊ​രാൾ പറഞ്ഞ​പ്പോൾ ഉണ്ടായ സംഭവ​മാണ്‌ ആ വിദ്യാർഥി അനുസ്‌മ​രി​ക്കു​ന്നത്‌. വിദ്യാർഥി​ക​ളി​ലൊ​രു​വൻ ഇതേക്കു​റി​ച്ചു​ന്ന​യിച്ച ചോദ്യം നീതി​യും നന്മയും തമ്മിലുള്ള വ്യത്യാ​സ​ത്തി​ന്റെ മതിപ്പു​ള​വാ​ക്കുന്ന ഒരു വിശദീ​ക​ര​ണ​ത്തി​ലേക്കു നയിച്ചു. അധ്യാ​പകൻ ഇങ്ങനെ വിശദീ​ക​രി​ച്ചു: “നീതി ലിഖിത മാർഗ​നിർദേ​ശങ്ങൾ നിവർത്തി​ക്കു​ന്നു. എന്നാൽ മറ്റുള്ള​വ​രു​ടെ പ്രയോ​ജ​ന​ത്തി​നാ​യി ചെയ്യാൻ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​ല​ധി​കം ചെയ്യു​ന്ന​താ​ണു നന്മ. നാം നീതി​മാ​ന്മാർ മാത്രമല്ല നന്മയു​ള്ള​വ​രു​മാ​യി​രി​ക്കണം. ഒരു ലിഖിത നിയമ​മി​ല്ലാ​തെ​തന്നെ സഭാം​ഗ​ങ്ങൾക്കു പ്രയോ​ജനം ചെയ്യാൻ കഴിയുന്ന എന്തും നാം ചെയ്യണം.”

ജപ്പാനി​ലു​ള്ള ഏകാകി​ക​ളായ സഹോ​ദ​ര​ന്മാർ പൊതു​വേ വിവാ​ഹ​ത്തി​നു തിടുക്കം കൂട്ടാ​റില്ല. ആദ്യത്തെ 18 ക്ലാസ്സു​ക​ളി​ലു​ണ്ടാ​യി​രു​ന്നവർ ശരാശരി 29 വയസ്സു​ള്ള​വ​രും സത്യത്തിൽ വന്നിട്ട്‌ ശരാശരി 13 വർഷമാ​യ​വ​രും മുഴു​സമയ ശുശ്രൂ​ഷ​യി​ലാ​യിട്ട്‌ ശരാശരി 8 വർഷമാ​യ​വ​രും ആയിരു​ന്നു. 1997 ആഗസ്റ്റ്‌ ആയപ്പോ​ഴേ​ക്കും 790-ലധികം വിദ്യാർഥി​കൾ 33 ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂൾ ക്ലാസ്സു​ക​ളിൽനി​ന്നു ബിരുദം നേടി​യി​രു​ന്നു. കൂടാതെ, അതിൽ സംബന്ധി​ക്കാൻ വേറേ ആയിരങ്ങൾ കാത്തി​രി​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. ബിരു​ദാ​ന​ന്തരം ചിലർക്ക്‌ സർക്കിട്ട്‌, പ്രത്യേക പയനിയർ, മിഷനറി വേലക​ളിൽ നിയമനം ലഭിച്ചു.—സങ്കീ. 110:3.

ഈ സുശി​ക്ഷി​ത​രായ മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും സഭക​ളോ​ടൊ​ത്തു പ്രവർത്തി​ക്കു​മ്പോൾ പ്രയോ​ജ​നങ്ങൾ പെട്ടെന്നു കാണാം. ഒരു വിദ്യാർഥി​ക്കു സഭാം​ഗ​ങ്ങ​ളു​ടെ മേലു​ണ്ടാ​യി​രുന്ന നല്ല സ്വാധീ​ന​ത്തെ​ക്കു​റിച്ച്‌ അഭി​പ്രാ​യ​പ്പെ​ട്ടു​കൊണ്ട്‌ ഒരു മൂപ്പൻ പറഞ്ഞു: “സഭ കൂടുതൽ ജീവസ്സു​റ്റ​തും സന്തോ​ഷ​മു​ള്ള​തു​മാ​യി​ത്തീർന്നു. പയനിയർ ആത്മാവ്‌ വർധിച്ചു. ദിവ്യാ​ധി​പത്യ നടപടി​ക്ര​മ​മ​നു​സ​രിച്ച്‌ കാര്യങ്ങൾ ചെയ്യു​ന്ന​തി​ന്റെ പ്രാധാ​ന്യ​ത്തോ​ടു കൂടുതൽ വിലമ​തിപ്പ്‌ സഭയി​ലുള്ള എല്ലാ അംഗങ്ങ​ളും നേടു​ക​യു​ണ്ടാ​യി. ആത്മീയ കാര്യ​ങ്ങ​ളോ​ടുള്ള യുവജ​ന​ങ്ങ​ളു​ടെ ഉത്സാഹം വർധിച്ചു. പലരും ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ സ്‌കൂ​ളിൽ ചേർന്നു.” അങ്ങനെ സഭകൾ ബലിഷ്‌ഠ​മാ​ക്ക​പ്പെ​ടു​ക​യും കെട്ടു​പണി ചെയ്യ​പ്പെ​ടു​ക​യും ചെയ്‌തി​രി​ക്കു​ന്നു.

വിദേശ കൺ​വെൻ​ഷ​നു​കൾക്കു പ്രതി​നി​ധി​കളെ അയയ്‌ക്കൽ

ജപ്പാനി​ലെ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ സാർവ​ദേ​ശീയ സഹോ​ദ​ര​വർഗ​ത്തോ​ടു സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിൽ ‘വിശാ​ല​ത​യു​ള​ള​വ​രാ​കാൻ’ വർഷങ്ങ​ളാ​യി അനേകം അവസരങ്ങൾ ലഭിച്ചി​ട്ടുണ്ട്‌. (2 കൊരി. 6:13) വിദേ​ശ​യാ​ത്രാ​ച്ചെ​ല​വു​കൾ കൂടുതൽ താങ്ങാ​വു​ന്ന​താ​യ​തോ​ടെ, യൂറോ​പ്പി​ലും ആഫ്രി​ക്ക​യി​ലും ഏഷ്യയി​ലും അമേരി​ക്കൻ ഭൂഖണ്ഡ​ങ്ങ​ളി​ലും ഹവായി​യി​ലും ന്യൂസി​ലൻഡി​ലും നടന്ന പ്രത്യേക സാർവ​ദേ​ശീയ കൺ​വെൻ​ഷ​നു​കൾക്ക്‌ സൊ​സൈറ്റി ജപ്പാൻ ബ്രാഞ്ചി​നെ ക്ഷണിച്ചു.

ഈ ക്ഷണത്തോ​ടു പ്രതി​ക​രി​ക്കുന്ന പ്രതി​നി​ധി​ക​ളു​ടെ എണ്ണം വർഷങ്ങ​ളാ​യി വർധി​ച്ചി​ട്ടുണ്ട്‌. ഈ പ്രതി​നി​ധി​ക​ളു​ടെ കൂട്ടത്തിൽ പയനി​യർമാ​രു​ടെ​യും മറ്റു മുഴു​സമയ ശുശ്രൂ​ഷ​ക​രു​ടെ​യും വലിയ കൂട്ടങ്ങളെ കാണുക അസാധാ​ര​ണമല്ല. 1996-ൽ ചെക്ക്‌ റിപ്പബ്ലി​ക്കി​ലും ഹംഗറി​യി​ലും പ്രത്യേക കൺ​വെൻ​ഷ​നു​കൾ നടത്തി​യ​പ്പോൾ ജപ്പാനിൽനി​ന്നെ​ത്തിയ 1,320 പ്രതി​നി​ധി​ക​ളിൽ 1,114 പേർ മുഴു​സമയ ശുശ്രൂ​ഷ​ക​രാ​യി​രു​ന്നു.

ജപ്പാനി​ലെ പ്രതി​നി​ധി​കൾ ഈ പ്രത്യേക കൺ​വെൻ​ഷ​നു​ക​ളിൽ കണ്ടതും കേട്ടതു​മായ കാര്യങ്ങൾ അവരുടെ വീക്ഷണത്തെ വിശാ​ല​മാ​ക്കു​ക​യും യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കു​ന്ന​തിന്‌ അവർക്കു കൂടു​ത​ലായ പ്രചോ​ദനം നൽകു​ക​യും ചെയ്‌തു. 1978-ലെ സാർവ​ദേ​ശീയ കൺ​വെൻ​ഷ​നു​കൾക്കു വേണ്ടി ദക്ഷിണ കൊറിയ, ഹോ​ങ്കോംഗ്‌, ഫിലി​പ്പീൻസ്‌, തായ്‌വാൻ എന്നിവി​ടങ്ങൾ സന്ദർശിച്ച ഷിഗെ​യോ ഇക്കെഹാ​ട്ടാ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “വിദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ ഇടയിലെ സ്‌നേ​ഹ​ബന്ധം എന്നിൽ ആഴമായ മതിപ്പു​ള​വാ​ക്കി. യഹോ​വ​യു​ടെ സാക്ഷികൾ നിർമല ഭാഷയാൽ ഏകീകൃ​ത​രാ​യി​രി​ക്കു​ന്നത്‌ നേരിട്ടു കാണാൻ കഴിഞ്ഞത്‌ വിശേ​ഷി​ച്ചും എന്റെ സേവന​പ​ദ​വി​ക​ളോ​ടുള്ള വിലമ​തി​പ്പി​നെ​യും പ്രാർഥ​ന​യി​ലുൾപ്പെ​ടു​ത്തുന്ന കാര്യ​ങ്ങ​ളെ​യും സ്വാധീ​നി​ച്ചി​രി​ക്കു​ന്നു.”

യഹോ​വ​യു​ടെ ദാസന്മാർ കടുത്ത പീഡനത്തെ സഹിച്ചു​നി​ന്നി​ട്ടുള്ള രാജ്യങ്ങൾ സന്ദർശി​ച്ച​തി​നാ​ലും അവരുടെ അനുഭ​വങ്ങൾ നേരിട്ടു കേട്ടതി​നാ​ലും അവരുടെ വിശ്വാ​സത്തെ അനുക​രി​ക്കാൻ പ്രതി​നി​ധി​കൾ പ്രചോ​ദി​ത​രാ​യി. മുൻ സോവി​യറ്റ്‌ യൂണി​യ​നി​ലെ സെൻറ്‌ പീറ്റേ​ഴ്‌സ്‌ബർഗിൽ 1992-ൽ നടത്തിയ ആദ്യത്തെ സാർവ​ദേ​ശീയ കൺ​വെൻ​ഷ​നിൽ മിസാ​ക്കോ ഒദ സംബന്ധി​ച്ചി​രു​ന്നു. അവൾ ഇങ്ങനെ അനുസ്‌മ​രി​ക്കു​ന്നു: “കൺ​വെൻ​ഷന്റെ ആദ്യ ദിവസം പ്രാരം​ഭ​ഗീ​തം ആരംഭി​ച്ച​പ്പോൾ എന്റെ അടുത്തി​രുന്ന ഒരു റഷ്യൻ സഹോ​ദരി കരയാൻ തുടങ്ങി. തലയു​യർത്തി നോക്കി​യ​പ്പോൾ അനേകം റഷ്യൻ സഹോ​ദ​രി​മാ​രു​ടെ കണ്ണുകൾ നിറഞ്ഞി​രി​ക്കു​ന്നത്‌ എനിക്കു കാണാൻ കഴിഞ്ഞു. അവർക്കു ഗീതം പൂർത്തി​യാ​ക്കാ​നാ​യില്ല. അവരോ​ടൊ​പ്പം അവിടെ ആയിരി​ക്കാ​നും യഹോ​വ​യ്‌ക്കും വിശ്വ​സ്‌ത​രായ സഹോ​ദ​ര​ങ്ങൾക്കും വിജയം കാഴ്‌ച​വെച്ച ചരി​ത്ര​പ്ര​ധാ​ന​മായ ആ മുഹൂർത്ത​ത്തിന്‌ സാക്ഷ്യം​വ​ഹി​ക്കാ​നും അവർക്കു​ണ്ടാ​യ​തു​പോ​ലത്തെ പീഡനം അനുഭ​വി​ച്ചി​ട്ടി​ല്ലാത്ത എന്നെ അനുവ​ദി​ച്ച​തി​ലുള്ള അനർഹ​ദ​യ​യ്‌ക്കു ഞാൻ യഹോ​വ​യോട്‌ ആഴമായി നന്ദി പറഞ്ഞു.”

ഒരു യുവപ​യ​നി​യർ സഹോ​ദ​രി​യായ സെയ്‌ക്കോ നാമ്പ (ഇപ്പോൾ, നാക്കാ​ജി​മാ) 1990-ൽ ബ്യൂണസ്‌ അയേഴ്‌സിൽ നടന്ന കൺ​വെൻ​ഷ​നെ​ക്കു​റി​ച്ചു നന്നായി ഓർക്കു​ന്നു. അവൾ പറയുന്നു: “സ്‌നേ​ഹ​വും വിലമ​തി​പ്പും പ്രകട​മാ​ക്കേ​ണ്ടത്‌ എങ്ങനെ​യെ​ന്നും അത്തരം വികാ​രങ്ങൾ മറ്റുള്ള​വ​രോ​ടു പ്രകട​മാ​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​വും അർജൻറീ​ന​യി​ലെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രിൽനി​ന്നു ഞാൻ മനസ്സി​ലാ​ക്കി. ഞങ്ങൾ പോരു​മ്പോൾ പ്രായ​മുള്ള ഒരു സഹോ​ദരി എന്നെ ആശ്ലേഷി​ക്കു​ക​യും ഒരു സമ്മാനം തരുക​യും ചെയ്‌തു. ‘ഹാസ്‌ത ല്യൂഗോ എൻ എൽ പാരെ​യ്‌സോ’ [പറുദീ​സ​യിൽവെച്ചു കാണാം] എന്നു കൂടെ​ക്കൂ​ടെ പറഞ്ഞു​കൊ​ണ്ടി​രുന്ന അവർ കരയു​ന്നു​ണ്ടാ​യി​രു​ന്നു. ഞാൻ ജപ്പാനി​ലേക്കു തിരി​ച്ചു​വ​ന്ന​ശേഷം എന്റെ സഭയി​ലും പ്രദേ​ശ​ത്തു​മുള്ള ആളുക​ളോട്‌ അതേ സ്‌നേ​ഹ​വും ദയയും പ്രകട​മാ​ക്കാൻ ഞാൻ ശ്രമിച്ചു.” പൊതു​വേ, ലജ്ജാശീ​ല​രും മിതഭാ​ഷി​ക​ളു​മായ ജപ്പാനിൽനി​ന്നുള്ള മറ്റു പ്രതി​നി​ധി​ക​ളും തങ്ങളുടെ ലാറ്റി​ന​മേ​രി​ക്കൻ സഹോ​ദ​ര​ങ്ങ​ളു​മാ​യുള്ള സഹവാ​സ​ത്തി​ലൂ​ടെ തങ്ങളുടെ സ്‌നേഹം പ്രകടി​പ്പി​ക്കു​ന്ന​തിന്‌ സഹായി​ക്ക​പ്പെട്ടു.

മറ്റു ദേശങ്ങ​ളിൽ നടന്നി​ട്ടുള്ള പ്രത്യേക കൺ​വെൻ​ഷ​നു​കൾക്ക്‌ ആയിര​ക്ക​ണ​ക്കി​നു പ്രതി​നി​ധി​കളെ അയയ്‌ക്കാ​നുള്ള പദവി വർഷങ്ങ​ളാ​യി ജപ്പാൻ ബ്രാഞ്ചി​നു ലഭിച്ചി​ട്ടുണ്ട്‌. സഭകളി​ലേക്കു ക്ഷണക്കത്തു​കൾ അയയ്‌ക്കു​മ്പോൾ കിട്ടുന്ന വമ്പിച്ച പ്രതി​ക​രണം സാർവ​ദേ​ശീയ ക്രിസ്‌തീയ കുടും​ബ​ത്തോ​ടൊ​പ്പ​മാ​യി​രി​ക്കാൻ ലഭിക്കുന്ന അവസര​ത്തോ​ടുള്ള ഉത്സാഹ​ത്തെ​യും വിലമ​തി​പ്പി​നെ​യും സൂചി​പ്പി​ക്കു​ന്നു.

ലോക​വ്യാ​പക ആവശ്യ​ത്തി​നു സംഭാവന ചെയ്യുന്നു

ലോക​വ്യാ​പക സഹോ​ദ​ര​വർഗത്തെ നാനാ​വി​ധ​ങ്ങ​ളിൽ ഇപ്പോൾ സഹായി​ക്കാൻ കഴിയു​ന്നത്‌ വലി​യൊ​രു പദവി​യാണ്‌. അച്ചടി​യിൽ വില​യേ​റിയ അനുഭ​വ​ജ്ഞാ​ന​മു​ള്ള​തി​നാൽ, അച്ചടി​യാ​വ​ശ്യ​ങ്ങ​ളിൽ അയൽബ്രാ​ഞ്ചു​കളെ സഹായി​ക്കാൻ ജപ്പാൻ ബ്രാഞ്ചി​നു കഴിയു​ന്നു. ഇപ്പോൾ ഓരോ മാസവും എബിന​യി​ലുള്ള ഫാക്ടറി​യിൽ പത്തു ഭാഷക​ളി​ലാ​യി വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും 90,00,000-ത്തിലധി​കം പ്രതികൾ അച്ചടി​ക്കു​ന്നുണ്ട്‌.

ജപ്പാൻ ബ്രാഞ്ച്‌ ഇപ്പോൾ, ചൈനീസ്‌, തമിഴ്‌ (ശ്രീല​ങ്ക​യ്‌ക്കു വേണ്ടി), തായ്‌, ലാവോ​ഷ്യൻ, സിംഹള, 11 ഫിലി​പ്പീൻ ഭാഷകൾ എന്നിവ ഉൾപ്പെടെ 26 ഭാഷക​ളി​ലാ​യി പുസ്‌ത​ക​ങ്ങ​ളും ബൈബി​ളു​ക​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും ലഘുപ​ത്രി​ക​ക​ളും മുഴു​വർണ​ത്തിൽ അച്ചടി​ക്കു​ന്നുണ്ട്‌. വയലിലെ ആവശ്യ​ങ്ങ​ളോ​ടു സത്വരം പ്രതി​ക​രി​ക്കാൻ വളരെ വേഗത​യുള്ള ഓഫ്‌സെറ്റ്‌ റോട്ടറി അച്ചടി​യ​ന്ത്രങ്ങൾ സഹായി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ദീർഘ​നാ​ളാ​യി കാത്തി​രുന്ന താഗാ​ലോഗ്‌ ബൈബി​ളി​ന്റെ പ്രത്യേക പതിപ്പ്‌ അച്ചടി​ക്കു​ന്ന​തി​നുള്ള വിവരങ്ങൾ 1993 സെപ്‌റ്റം​ബ​റിൽ ജപ്പാനി​ലേക്ക്‌ അയച്ചു​കൊ​ടു​ത്തു. ആ ബൈബി​ളിൽ ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം അടങ്ങി​യി​രു​ന്നു. ഒക്ടോബർ പകുതി ആയപ്പോ​ഴേ​ക്കും 70,000 താഗാ​ലോഗ്‌ ബൈബി​ളു​കൾ അച്ചടിച്ച്‌ കയറ്റി​യ​യച്ചു, ഡിസം​ബ​റി​ലെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളിൽ സഹോ​ദ​ര​ങ്ങൾക്കാ​യി പ്രകാ​ശനം ചെയ്യാൻ സാധ്യ​മാ​ക​ത്ത​ക്ക​വ​ണ്ണ​മാ​യി​രു​ന്നു അത്‌. അതിനു​ശേഷം ഉടൻതന്നെ സെബു​വാ​നോ, ഇലോ​ക്കോ എന്നീ ഭാഷക​ളി​ലും ബൈബി​ളി​ന്റെ അച്ചടി നിർവ​ഹി​ക്ക​പ്പെട്ടു. പോർച്ചു​ഗീസ്‌, സ്‌പാ​നിഷ്‌ ബൈബി​ളു​ക​ളു​ടെ ഡീലക്‌സ്‌ ബയൻഡി​ങ്ങും ഇപ്പോൾ എബിന​യി​ലെ അച്ചടി​ശാ​ല​യി​ലാണ്‌ നിർവ​ഹി​ക്ക​പ്പെ​ടു​ന്നത്‌.

1989-ൽ ലോകാ​സ്ഥാ​നത്ത്‌ പരിഭാ​ഷാ സേവന വിഭാഗം സ്ഥാപി​ച്ച​തി​നു​ശേഷം ജപ്പാൻ ബ്രാഞ്ചി​നെ ഏഷ്യയി​ലെ​യും പസഫിക്‌ പ്രദേ​ശ​ങ്ങ​ളി​ലെ​യും പരിഭാ​ഷ​കർക്കു സഹായം നൽകു​ന്ന​തിൽ പങ്കെടു​ക്കാൻ ക്ഷണിക്കു​ക​യു​ണ്ടാ​യി. ലോക​ജ​ന​സം​ഖ്യ​യു​ടെ പകുതി​യി​ല​ധി​ക​വും ഈ പ്രദേ​ശ​ങ്ങ​ളി​ലാ​ണു വസിക്കു​ന്നത്‌. എന്നാൽ ബഹുദശം ഭാഷക്കാ​രായ അനേകർക്കും വാച്ച്‌ ടവർ പ്രസി​ദ്ധീ​ക​ര​ണങ്ങൾ തങ്ങളുടെ ഭാഷയിൽ ലഭ്യമല്ല. പരിഭാ​ഷാ വൈദ​ഗ്‌ധ്യ​വും കമ്പ്യൂട്ടർ ജ്ഞാനവു​മുള്ള ജപ്പാനി​ലെ സഹോ​ദ​ര​ന്മാർക്ക്‌ ഇന്ത്യ, ഇന്തോ​നേഷ്യ, കംബോ​ഡിയ, ഗ്വാം, തായ്‌ലൻഡ്‌, നേപ്പാൾ, പാകി​സ്ഥാൻ, മലേഷ്യ, മ്യാൻമാർ, ലബനോൻ, ശ്രീലങ്ക, സോളമൻ ദ്വീപു​കൾ എന്നിവി​ട​ങ്ങ​ളും മറ്റു ദേശങ്ങ​ളും സന്ദർശിച്ച്‌ പരിഭാ​ഷ​കരെ കണ്ടെത്തി പരിശീ​ലി​പ്പിച്ച്‌ അവരെ സംഘടി​പ്പി​ക്കു​ന്ന​തി​നും സൊ​സൈറ്റി വികസി​പ്പി​ച്ചെ​ടുത്ത സോഫ്‌റ്റ്‌വെയർ പ്രോ​ഗ്രാ​മു​കൾ ഇൻസ്‌റ്റോൾ ചെയ്യു​ന്ന​തി​നും സഹായി​ക്കു​ന്ന​തി​നുള്ള പദവി ലഭിച്ചി​ട്ടുണ്ട്‌.

പരസ്‌പര പ്രോ​ത്സാ​ഹ​നം

ജപ്പാനിൽ സേവന​മ​നു​ഷ്‌ഠി​ക്കുന്ന മിഷന​റി​മാ​രെ അനുക​രി​ച്ചു​കൊണ്ട്‌ ഒമ്പത്‌ വിദേ​ശ​രാ​ജ്യ​ങ്ങ​ളിൽ രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കു​ന്ന​തി​നുള്ള നിയമനം ഉത്സാഹ​പൂർവം സ്വീക​രി​ച്ചി​രി​ക്കുന്ന 76 ജാപ്പനീസ്‌ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ അവഗണി​ക്കാ​വു​ന്നതല്ല. ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളിൽനി​ന്നുള്ള 13 ബിരു​ദ​ധാ​രി​ക​ളും ഈ കൂട്ടത്തിൽപ്പെ​ടും. അവരെ നിയമി​ച്ചി​രി​ക്കുന്ന രാജ്യ​ങ്ങ​ളിൽ പെടു​ന്ന​താണ്‌ ബ്രസീൽ (7), കംബോ​ഡിയ (1), ഗ്വാം (2), മലേഷ്യ (2), നൈജീ​രിയ (1), പാപ്പുവ ന്യൂഗി​നി (11), പരാഗ്വേ (8), സോളമൻ ദ്വീപു​കൾ (5), തായ്‌വാൻ (39) തുടങ്ങി​യവ. പുതിയ ഭാഷകൾ, ആചാര​രീ​തി​കൾ, ഭക്ഷണം, ഉഷ്‌ണ​മേ​ഖലാ രോഗങ്ങൾ തുടങ്ങി​യ​വ​യു​മാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കാൻ പഠിക്കു​ന്ന​തിൽ അവർ വിജയി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ ഈ നിയമ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രിൽനി​ന്നു ലഭിച്ച കത്തുകൾ സൂചി​പ്പി​ക്കു​ന്നു. സമ്പന്നമായ ആധുനിക ജപ്പാനി​ലേ​തിൽനി​ന്നു വ്യത്യ​സ്‌ത​മായ അപരി​ഷ്‌കൃത പ്രദേ​ശ​ങ്ങ​ളിൽ ചില​പ്പോൾ പൈപ്പു​വെ​ള്ള​മോ പാചക​വാ​ത​ക​മോ വൈദ്യു​തി​യോ ഇല്ലാതെ കഴിഞ്ഞു​കൂ​ടാൻ അവർ ഒരുക്ക​മു​ള്ള​വ​രാണ്‌. അവർ പ്രാ​ദേ​ശിക ആളുക​ളോ​ടു സ്‌നേഹം വളർത്തി​യെ​ടു​ക്കു​ക​യും ദൈവി​ക​തൃ​പ്‌തി​യു​ള്ള​വ​രാ​യിരി​ക്കാൻ പഠിക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഈ വിധത്തിൽ രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കാൻ കഴിയു​ന്ന​തിൽ അവർ സന്തോ​ഷി​ക്കു​ന്നു.

ജപ്പാനി​ലെ ദിവ്യാ​ധി​പത്യ വികസനം ഹേതു​വാ​യി ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ വർധി​പ്പി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​വ​ന്ന​പ്പോൾ, അന്താരാ​ഷ്‌ട്ര സഹകര​ണ​ത്തോ​ടെ വേല തുടങ്ങി. ഈ പദ്ധതി​യിൽ ഉൾപ്പെ​ടു​ന്നത്‌ താമസ​ത്തി​നുള്ള 13-നില ഇരട്ട​ക്കെ​ട്ടി​ട​ങ്ങ​ളും സർവീ​സസ്‌ ഓഫീ​സി​നു വേണ്ടി​യുള്ള ഒരു 5-നില കെട്ടി​ട​വു​മാണ്‌. 1994-ൽ ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ഫ്രാങ്ക്‌ ലിയെ നിർമാണ മേൽവി​ചാ​ര​ക​നാ​യി നിയമി​ച്ചു. ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള അന്താരാ​ഷ്‌ട്ര ദാസനായ സ്റ്റിവ്‌ ഗിവിൻസും നിർമാ​ണ​ക്ക​മ്മി​റ്റി​യിൽ സേവി​ക്കു​ന്നു. ഇറ്റലി, ഇംഗ്ലണ്ട്‌, ഐക്യ​നാ​ടു​കൾ, ഓസ്‌​ട്രേ​ലിയ, കാനഡ, കോസ്റ്റ​റിക്ക, ന്യൂസി​ലൻഡ്‌, ഫിൻലൻഡ്‌, ഫ്രാൻസ്‌, ലക്‌സം​ബർഗ്‌ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള 49-ലധികം സ്വമേ​ധ​യാ​സേ​വ​ക​രു​മുണ്ട്‌. സ്വന്ത രാജ്യ​ങ്ങ​ളിൽ സ്ഥിരമാ​യി താമസി​ക്കാൻ കഴിയു​മാ​യി​രു​ന്നി​ട്ടും വിദേ​ശ​ത്തുള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യി തങ്ങളുടെ അനുഭ​വ​ജ്ഞാ​ന​വും വൈദ​ഗ്‌ധ്യ​വും പങ്കു​വെ​ക്കു​ന്ന​തി​നും രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കു​ന്ന​തി​നു​മാ​യി ത്യാഗങ്ങൾ സഹിച്ചു​കൊണ്ട്‌ അവർ സന്തോ​ഷ​പൂർവം മറ്റു ദേശങ്ങ​ളി​ലേക്കു പോയി​രി​ക്കു​ന്നു.

ജപ്പാനി​ലെ സഹോ​ദ​ര​ന്മാ​രു​ടെ വമ്പിച്ച പ്രതി​ക​ര​ണ​വും ശ്രദ്ധേ​യ​മായ ഒരു സംഗതി​യാ​യി​രു​ന്നു. ആ പദ്ധതി​യിൽ പ്രവർത്തി​ക്കു​ന്ന​തി​നാ​യി വൈദ​ഗ്‌ധ്യ​മു​ള്ള​വ​രും അല്ലാത്ത​വ​രു​മാ​യി 4,600-ലധികം പേർ അപേക്ഷ നൽകി​യി​ട്ടുണ്ട്‌. കുറച്ചു കാല​ത്തേ​ക്കാ​ണെ​ങ്കിൽപ്പോ​ലും, ആ പദ്ധതി​യിൽ പ്രവർത്തി​ക്കു​ന്ന​തിന്‌ അവരിൽ മിക്കവർക്കും വലിയ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരു​ത്തേ​ണ്ട​താ​യി​ട്ടുണ്ട്‌. ജോലി​യിൽനി​ന്നും കുടും​ബ​ങ്ങ​ളിൽനി​ന്നും മാറി​നിൽക്കു​ന്നത്‌ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ തങ്ങളുടെ ശ്രമങ്ങൾക്കു സമൃദ്ധ​മായ അനു​ഗ്രഹം ലഭിക്കു​ന്ന​താ​യി അവർക്കു തോന്നു​ന്നു.

പ്രായ​മു​ള്ള​വ​രെ​ങ്കി​ലും തീക്ഷ്‌ണ​ത​യു​ള്ള​വർ

ജപ്പാനി​ലെ യഹോ​വ​യു​ടെ സ്‌തു​തി​പാ​ഠ​ക​രു​ടെ ഈ വലിയ കൂട്ടത്തി​ന്റെ വളർച്ച ആരംഭി​ച്ചത്‌ 1949-50-ലെ 11-ാം ഗിലെ​യാദ്‌ ക്ലാസ്സിൽനി​ന്നുള്ള മിഷന​റി​മാ​രു​ടെ വരവോ​ടെ​യാണ്‌. 7-ാമത്തെ ക്ലാസ്സിൽനി​ന്നു കുറച്ചു​പേ​രും പിന്നീട്‌ നടന്ന ക്ലാസ്സു​ക​ളിൽനി​ന്നു കുറെ അധികം​പേ​രും അവരോ​ടു ചേർന്നു. അവരിൽ 59 പേർ ഇപ്പോ​ഴും ജപ്പാനിൽ മുഴു​സമയ സേവന​ത്തി​ലാണ്‌. അവരിൽ ചിലർ ഇപ്പോൾ തങ്ങളുടെ 70-കളിലും 80-കളിലു​മാണ്‌. അവരെ​ല്ലാ​വ​രും സേവന​ത്തിൽ ഇപ്പോ​ഴും തീക്ഷ്‌ണ​ത​യു​ള്ള​വ​രാണ്‌. 64 വർഷത്തെ നിശ്ചയ​ദാർഢ്യ​ത്തോ​ടെ​യുള്ള മുഴു​സമയ സേവന​ത്തി​നു​ശേഷം ലോയിസ്‌ ഡയർ ഇങ്ങനെ പറഞ്ഞു: “‘ബലം ക്ഷയിക്കു​മ്പോൾ എന്നെ ഉപേക്ഷി​ക്ക​യു​മ​രു​തേ. ദൈവമേ, . . . വാർദ്ധ​ക്യ​വും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷി​ക്ക​രു​തേ’ എന്നു വളരെ തീവ്ര​മാ​യി ദാവീദ്‌ പ്രാർഥി​ച്ച​തു​പോ​ലെ ഞാൻ ഉറപ്പോ​ടെ പ്രാർഥി​ക്കു​ന്ന​തിൽ തുടരു​ന്നു.” (സങ്കീ. 71:9, 18) തങ്ങളുടെ ആയുസ്സി​ന്റെ നല്ലൊരു ഭാഗം വിശ്വ​സ്‌ത​മാ​യി രാജ്യ​സേ​വ​ന​ത്തിൽ ചെലവി​ട്ടി​രി​ക്കുന്ന ഈ വിശ്വ​സ്‌തരെ യഹോവ ഉപേക്ഷി​ച്ചി​ട്ടില്ല. മിഷനറി ഭവനത്തി​ലെ ഒരംഗം ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ചൂടുള്ള കമ്പിളി​യിൽ പൊതി​ഞ്ഞു നമ്മെ മാറോ​ടു​ചേർത്തു​പി​ടി​ക്കുന്ന ഒരു മാതാ​വി​നെ​പ്പോ​ലെ​യാണ്‌ യഹോ​വ​യു​ടെ സ്ഥാപനം.”

പ്രായ​മു​ള്ള ഇവരിൽ 21 പേർ ഇപ്പോൾ ടോക്കി​യോ​യി​ലെ മിറ്റാ മിഷനറി ഭവനത്തി​ലുണ്ട്‌. പ്രായം​ചെന്ന ഈ മിഷന​റി​മാ​രെ പാർപ്പി​ക്കു​ന്ന​തി​നു ടോക്കി​യോ​യിൽ ബ്രാഞ്ച്‌ സ്ഥിതി​ചെ​യ്‌തി​രുന്ന ആദ്യത്തെ കെട്ടിടം പൂർണ​മാ​യി നവീക​രി​ക്കു​ക​യു​ണ്ടാ​യി. അതൊരു അസാധാ​രണ മിഷനറി കുടും​ബ​മാണ്‌! അവർക്ക്‌ ശരാശരി 74 വയസ്സുണ്ട്‌, സത്യത്തി​ലാ​യിട്ട്‌ 50 വർഷവും. അവരിൽ എട്ടു പേർ 11-ാമത്തെ ഗിലെ​യാദ്‌ ക്ലാസ്സിൽ നിന്നു​ള്ള​വ​രാണ്‌. ആ മിഷനറി ഭവനത്തി​ലു​ള്ള​വ​രെ​ല്ലാം ചേർന്ന്‌ വർഷങ്ങൾക്കൊണ്ട്‌ ഒരു സാക്ഷി​ക്കൂ​മ്പാ​രം സൃഷ്ടി​ച്ചി​രി​ക്കു​ന്നു. അവർ ഏതാണ്ട്‌ 567 വ്യക്തി​കളെ സത്യം പഠിക്കാൻ സഹായി​ച്ചി​രി​ക്കു​ന്നു. ആ കുടും​ബ​ത്തി​ലെ പലരും തങ്ങളുടെ 80-കളിലാ​ണെ​ങ്കി​ലും, സാരമായ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ അനുഭ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അവർ കർമനി​ര​ത​രാണ്‌. 1997 സേവന​വർഷ​ത്തിൽ അവർ പ്രതി​മാ​സം ശരാശരി 40 മണിക്കൂർ വയലിൽ ചെലവ​ഴി​ക്കു​ക​യും മൊത്തം 17,291 മാസി​ക​ക​ളും നൂറു​ക​ണ​ക്കി​നു പുസ്‌ത​ക​ങ്ങ​ളും നന്നായി പ്രവർത്തി​ച്ചി​രി​ക്കുന്ന പ്രദേ​ശത്ത്‌ സമർപ്പി​ക്കു​ക​യും ചെയ്‌തു. പ്രായം​ചെന്ന ഇവർ തങ്ങളുടെ സഭാം​ഗ​ങ്ങ​ളാൽ ബഹുമാ​നി​ക്ക​പ്പെ​ടു​ക​യും അയൽക്കാ​രാൽ ആദരി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു.

ഇപ്പോൾ 87 വയസ്സുള്ള രൂത്ത്‌ അൾറിച്ച്‌ പയനിയർ സേവന​ത്തി​ലും മിഷനറി പ്രവർത്ത​ന​ത്തി​ലു​മാ​യി 68 വർഷം ചെലവ​ഴി​ച്ചി​രി​ക്കു​ന്നു. അവർ പറയുന്നു: “ഈ ആളുക​ളെ​ല്ലാം പുറജാ​തീയ മതങ്ങൾ വിട്ട്‌ സത്യത്തി​ലേക്കു വരുന്ന​തും യഥാർഥ​ത്തിൽ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാ​യി​ത്തീ​രു​ന്ന​തും കാണു​ന്നത്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കുന്ന ഒന്നാണ്‌.”

ജപ്പാനി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആധുനി​ക​കാല ചരി​ത്ര​ത്തെ​ക്കു​റി​ച്ചു പറയുന്ന “കുടുംബ ആൽബം” നോക്കവേ യഹോ​വ​യു​ടെ ഈ തീക്ഷ്‌ണ​ത​യുള്ള ദാസന്മാ​രിൽ പലരെ​യും നാം കണ്ടു. എന്നാൽ ദൈവ​രാ​ജ്യ സുവാർത്ത ഘോഷി​ക്കുന്ന, ജപ്പാനി​ലുള്ള 2,20,000-ത്തിലധി​കം വരുന്ന​വ​രിൽ ചിലർ മാത്ര​മാ​ണി​വർ. മൂന്നും നാലും തലമു​റ​വരെ നീളുന്ന തങ്ങളുടെ ആത്മീയ മക്കളു​ടെ​യും കൊച്ചു​മ​ക്ക​ളു​ടെ​യും നേട്ടങ്ങ​ളിൽ ആഴമായ സംതൃ​പ്‌തി​യു​ള്ള​വ​രാണ്‌ ഈ മിഷന​റി​മാർ. ഈ വ്യവസ്ഥി​തി​യു​ടെ സമാപന നാളു​ക​ളി​ലും സമീപ​സ്ഥ​മാ​യി​രി​ക്കുന്ന അത്ഭുത​ക​ര​മായ പുതിയ ലോക​ത്തി​ലും യഹോ​വ​യു​ടെ ഉദ്ദേശ്യ​പ്ര​കാ​രം തങ്ങൾ വഹിക്കേണ്ട പങ്ക്‌ എന്തെന്നു കാണാൻ അവർ ആകാം​ക്ഷാ​പൂർവം കാത്തി​രി​ക്കു​ന്നു!

[66-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[71-ാം പേജിലെ ചിത്രങ്ങൾ]

യുദ്ധപൂർവകാലം മുതലുള്ള വിശ്വസ്‌ത ജാപ്പനീസ്‌ പ്രസാ​ധകർ: (1) ജിസ്സോ ഇഷിയി​യും മാറ്റ്‌സു​യെ ഇഷിയി​യും, (2) മിയോ ഇദെയി, (3) കാറ്റ്‌സൂ​വോ മിയൂ​ര​യും ഹാഗി​നോ മിയൂ​ര​യും

[72, 73 പേജു​ക​ളി​ലെ ചിത്രങ്ങൾ]

1949-50-ൽ ജപ്പാനിൽ സേവന​മാ​രം​ഭിച്ച ചില മിഷന​റി​മാർ: (1) ഡോൺ ഹാസ്‌ലെ​റ്റും മേബൽ ഹാസ്‌ലെ​റ്റും, (2) ലോയ്‌ഡ്‌ ബാരി​യും മെൽബ ബാരി​യും, (3) ജെറി തോമ​യും യോഷി തോമ​യും, (4) എൽസി താനി​ഗാവ, (5, 6) പെഴ്‌സി ഇസ്‌ലോ​ബും ഇൽമ ഇസ്‌ലോ​ബും, (7) നോറിൻ തോംസൺ (വിവാ​ഹ​ത്തി​നു മുമ്പത്തെ കുടും​ബ​പ്പേര്‌, മില്ലർ), (8) ആഡ്രിയൻ തോംസൺ, (9) ലോയിസ്‌ ഡയർ, (10) മോളി ഹാരൻ, (11) ഷിന്നിച്ചി തോഹ​ര​യും മാസാ​ക്കോ തോഹ​ര​യും

[79-ാം പേജിലെ ചിത്രം]

എൻ. എച്ച്‌. നോർ (മുകളിൽ ഇടത്ത്‌) 1951-ൽ കോ​ബെ​യി​ലെ മിഷനറി ഭവനത്തിൽ നടന്ന സമ്മേള​നത്തെ അഭിസം​ബോ​ധന ചെയ്യുന്നു

[81-ാം പേജിലെ ചിത്രം]

ഗിലെയാദ്‌ സ്‌കൂ​ളി​ന്റെ 11-ാമത്തെ ക്ലാസ്സിൽനി​ന്നുള്ള ഗ്രെയ്‌സ്‌ ഗ്രിഗ​റി​യും (മുകളിൽ) ഗ്ലാഡിസ്‌ ഗ്രിഗ​റി​യും

[82-ാം പേജിലെ ചിത്രം]

മാർഗ്രിറ്റ്‌ വിന്റെലർ (വലത്ത്‌, 23-ാമത്തെ ഗിലെ​യാദ്‌ ക്ലാസ്സ്‌) ജപ്പാനി​ലാ​യി​രുന്ന തന്റെ സഹോ​ദരി ലേന​യോ​ടൊ​പ്പം (15-ാമത്തെ ക്ലാസ്സ്‌) ചേർന്നു

[88-ാം പേജിലെ ചിത്രം]

ഡോൺ ഹാസ്‌ലെ​റ്റും ലോയ്‌ഡ്‌ ബാരി​യും ടോക്കി​യോ ബെഥേൽ ഭവനത്തിൽ, 1953

[89-ാം പേജിലെ ചിത്രം]

40 വർഷ​ത്തോ​ളം സേവന​മ​നു​ഷ്‌ഠിച്ച ജപ്പാൻകാ​രായ പ്രത്യേക പയനി​യർമാർ (ഇടത്തു​നിന്ന്‌ വലത്തോട്ട്‌): താകാ​ക്കോ സാറ്റോ, ഹിസാ​ക്കോ വാക്കുയി, കാസു​ക്കോ കൊബാ​യാ​ഷി

[90-ാം പേജിലെ ചിത്രം]

ഓക്കിനാവ ബ്രാഞ്ച്‌, 1979

[95-ാം പേജിലെ ചിത്രം]

ഹൊക്കൈദോയിൽ ശിശി​ര​കാല സാക്ഷീ​ക​ര​ണ​ത്തിന്‌ പുറ​പ്പെ​ടു​ന്നു

[95-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ: ആഡലൈൻ നാക്കോ

താഴെ: ലില്യൻ സാംസൺ

[99-ാം പേജിലെ ചിത്രം]

യൂറിക്കോ എറ്റോ

[102-ാം പേജിലെ ചിത്രം]

വയൽസേവനത്തിനു പുറ​പ്പെ​ടുന്ന ഒരു സന്തുഷ്ട പയനിയർ കുടും​ബം

[110-ാം പേജിലെ ചിത്രങ്ങൾ]

ടോക്കിയോയിലെ ബ്രാഞ്ച്‌ ഓഫീസ്‌, 1949-62

ടോക്കിയോയിലെ ബ്രാഞ്ച്‌ ഓഫീസ്‌, 1963-73

നുമാസൂവിലെ ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ, 1972-82

[115-ാം പേജിലെ ചിത്രം]

1970-കളുടെ മധ്യത്തിൽ ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നാ​യി​രുന്ന തോഷി​യോ ഹോൻമാ

[116-ാം പേജിലെ ചിത്രം]

1997-ലെ ബ്രാഞ്ച്‌ കമ്മിറ്റി (ഇടത്തു​നിന്ന്‌ വലത്തോട്ട്‌): റിച്ചാർഡ്‌ ബെയ്‌ലി, ഷിഗെ​യോ ഇക്കെഹാ​ട്ടാ, ഇസാമൂ സുഗി​യൂര, മസത്തരോ ഒദ, മാക്കോ​ട്ടോ നാക്കാ​ജി​മാ, യോഷി​ഹി​രോ നാഗസാ​ക്കി, കെൻജി മിമൂര

[124-ാം പേജിലെ ചിത്രം]

ഫാക്ടറിയുടെ മേൽനോ​ട്ട​ത്തിൽ പങ്കുവ​ഹിച്ച ജയിംസ്‌ മാൻസ്‌ (കൂടെ​യു​ള്ളത്‌ ഭാര്യ, സേറ)

[132-ാം പേജിലെ ചിത്രങ്ങൾ]

സമ്മേളനഹാളുകൾ: ഹ്യോ​ഗോ, എബിന, കാൻസൈ

[139-ാം പേജിലെ ചിത്രം]

കുനിഹിതോ കൊബാ​യാ​ഷി

[142-ാം പേജിലെ ചിത്രം]

കോബെ, 1995-ലെ ഭൂകമ്പ​ത്തി​നു​ശേഷം

[150-ാം പേജിലെ ചിത്രം]

മാസായുക്കി യാമാ​മോ​ട്ടോ​യും മാസാ​ക്കോ യാമാ​മോ​ട്ടോ​യും

[156-ാം പേജിലെ ചിത്രങ്ങൾ]

വിദേശ കൺ​വെൻ​ഷ​നു​ക​ളിൽ ജപ്പാനിൽനി​ന്നുള്ള പ്രതി​നി​ധി​കൾ: (1) കെനിയ, (2) ദക്ഷിണാ​ഫ്രിക്ക, (3) റഷ്യ

[158-ാം പേജിലെ ചിത്രങ്ങൾ]

എബിനയിലുള്ള ബ്രാഞ്ച്‌ ഓഫീ​സും ബെഥേൽ ഭവനവും; കൂടു​ത​ലാ​യി 1997-ൽ പണിതു​കൊ​ണ്ടി​രി​ക്കുന്ന കെട്ടി​ടങ്ങൾ ഇൻസെ​റ്റിൽ കാണി​ച്ചി​രി​ക്കു​ന്നു