വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരാഗ്വേ

പരാഗ്വേ

പരാഗ്വേ

തെക്കേ അമേരി​ക്ക​യു​ടെ ഹൃദയ​ഭാ​ഗ​ത്താ​ണു സമു​ദ്രാ​തിർത്തി​ക​ളൊ​ന്നു​മി​ല്ലാത്ത പരാഗ്വേ എന്ന രാജ്യം സ്ഥിതി ചെയ്യു​ന്നത്‌. എന്താണ്‌ ആ പേരിന്റെ അർഥം? അതു സംബന്ധിച്ച അഭി​പ്രാ​യങ്ങൾ വിഭി​ന്ന​മാ​ണെ​ങ്കി​ലും, “ആഴിയിൽ ആരംഭി​ക്കുന്ന നദി” എന്നാണ്‌ അതിന്റെ അർഥ​മെന്ന്‌ പൊതു​വേ കരുതു​ന്നു. പരാഗ്വേ നദി ഉത്ഭവി​ക്കുന്ന, ബ്രസീ​ലി​ലെ ചതുപ്പു​നി​ല​ങ്ങ​ളി​ലുള്ള ചില കുളങ്ങൾ ഒരു സമു​ദ്ര​ത്തോ​ളം​തന്നെ വിസ്‌തൃ​ത​മാ​ണെ​ന്നാ​യി​രു​ന്നു ആ പ്രദേ​ശത്തെ അമേരി​ക്കൻ ഇന്ത്യക്കാ​രു​ടെ വിശ്വാ​സം. വടക്കു​നിന്ന്‌ തെക്കു​വരെ ആ ദേശത്തി​ലൂ​ടെ ഒഴുകുന്ന പരാഗ്വേ നദി രാജ്യത്തെ രണ്ടായി വിഭജി​ക്കു​ന്നു. നദിയു​ടെ കിഴക്ക്‌ മലനി​ര​ക​ളും ചെമ്മണ്ണുള്ള ഫലഭൂ​യി​ഷ്‌ഠ​മായ വയലു​ക​ളും നിബിഡ വനങ്ങളു​മാ​ണു​ള്ളത്‌. നദിയു​ടെ പടിഞ്ഞാ​റാണ്‌ ചേക്കോ എന്ന സ്ഥലം. അവി​ടെ​യുള്ള പുൽപ്ര​ദേ​ശ​ങ്ങ​ളിൽ അങ്ങിങ്ങാ​യി ആൾപ്പാർപ്പുണ്ട്‌. മുള്ളു​ക​ളുള്ള കുറ്റി​ച്ചെ​ടി​ക​ളും ഇവിടെ കാണാം. കൂടാതെ, പ്രാണി​വർഗ​ങ്ങ​ളു​ടെ കൂട്ടങ്ങ​ളും വർണാ​ഭ​മായ നാനാ​തരം ഉഷ്‌ണ​മേ​ഖലാ പക്ഷിക​ളും അധിവ​സി​ക്കുന്ന വിശാ​ല​മായ ചതുപ്പു​നി​ല​ങ്ങ​ളും ഇവി​ടെ​യുണ്ട്‌.

ആധുനിക സാങ്കേ​തി​ക​വി​ദ്യ​യും കർഷക​രു​ടെ ലളിത ജീവി​ത​വും തമ്മിലുള്ള വൈരു​ദ്ധ്യം പ്രകട​മാ​ക്കുന്ന ഒരു നാടാണ്‌ പരാഗ്വേ. ജെറ്റ്‌ വിമാ​ന​ങ്ങ​ളും വാർത്താ​വി​നി​മ​യോ​പ​ഗ്ര​ഹ​ങ്ങ​ളും ലോക​പ​രി​ജ്ഞാ​ന​ത്തി​ലേ​ക്കുള്ള കവാടം തുറന്നി​രി​ക്കു​ന്നു. തലസ്ഥാ​ന​ന​ഗ​രി​യായ അസൂൺഷി​യോ​ണിൽ അംബര​ചും​ബി​ക​ളായ കെട്ടി​ട​ങ്ങ​ളു​ടെ ആകാശ​രേഖ കാണാം. രാജ്യ​ത്തി​ന്റെ കിഴക്ക​ന​തിർത്തി​യി​ലെ ഇട്ടൈപ്പൂ എന്ന സ്ഥലത്ത്‌ പാരനാ നദിയിൽ ഒരു ജല​വൈ​ദ്യു​ത​നി​ല​യ​മുണ്ട്‌. വൈദ്യു​തി ഉത്‌പാ​ദ​ന​ത്തി​ന്റെ കാര്യ​ത്തിൽ ലോകത്ത്‌ അത്തരത്തി​ലുള്ള മറ്റൊരു വൈദ്യു​ത​നി​ല​യ​വും അതി​നോ​ടു കിടപി​ടി​ക്കില്ല.

ഇത്‌ സ്‌പാ​നിഷ്‌ സംസാ​രി​ക്കു​ന്ന​വ​രു​ടെ ഒരു രാജ്യ​മാ​ണെന്ന്‌ നിങ്ങൾ ധരി​ച്ചേ​ക്കാം. എന്നാൽ, എക്കാല​വും അത്‌ അങ്ങനെ​യാ​യി​രു​ന്നില്ല, ഇന്നത്തെ കാര്യ​മൊ​ട്ടു പറയു​ക​യും വേണ്ട. ഇവിടത്തെ ആദിവാ​സി​കൾ ഗ്വാരനി ഇന്ത്യക്കാ​രാ​യി​രു​ന്നു. 1520-നോട​ടുത്ത്‌, ഈ ദേശത്ത്‌ ആദ്യ​മെ​ത്തിയ വെള്ളക്കാർ ആലിഴൂ ഗാർസിയ നേതൃ​ത്വം നൽകിയ പോർച്ചു​ഗീസ്‌ പര്യ​വേ​ക്ഷ​ക​രാ​യി​രു​ന്നു. തുടർന്നു​വന്ന ദശകത്തിൽ, ഇപ്പോൾ അസൂൺഷി​യോൺ എന്നു വിളി​ക്ക​പ്പെ​ടുന്ന പ്രദേ​ശത്ത്‌ സ്‌പെ​യിൻകാർ വാസമു​റ​പ്പി​ച്ചു​തു​ടങ്ങി. 1811 വരെ ഈ രാജ്യം സ്‌പെ​യി​നി​ന്റെ അധീന​ത​യി​ലാ​യി​രു​ന്നു. എന്നാൽ, ഗ്വാരനി ഭാഷയു​ടെ സ്ഥാനം കയ്യടക്കാൻ സ്‌പെ​യി​നിൽനി​ന്നുള്ള ജേതാ​ക്ക​ളു​ടെ ഭാഷയായ സ്‌പാ​നി​ഷിന്‌ ഒരിക്ക​ലു​മാ​യില്ല. തത്‌ഫ​ല​മാ​യി, ഇമ്പമാർന്ന സുന്ദര​ഭാ​ഷ​യായ ഗ്വാര​നി​യാണ്‌ ആധുനിക പരാ​ഗ്വേ​യി​ലെ ഭൂരി​പ​ക്ഷ​മാ​ളു​ക​ളും സംസാ​രി​ക്കു​ന്നത്‌. സ്‌പാ​നി​ഷി​നൊ​പ്പം, ഔദ്യോ​ഗിക ഭാഷക​ളി​ലൊന്ന്‌ എന്ന സ്ഥാനം അതിനു​മുണ്ട്‌.

യൂറോ​പ്യൻ പര്യ​വേ​ക്ഷ​ക​രെത്തി ഏതാനും വർഷങ്ങൾ കഴിഞ്ഞ​പ്പോൾ ഗ്വാരനി വർഗക്കാ​രെ റോമൻ കത്തോ​ലി​ക്കാ​മ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്യി​ക്കാൻ ജെസ്യൂട്ട്‌ സന്ന്യാ​സി​മാ​രെത്തി. അക്കാലത്ത്‌ ഗ്വാരനി വർഗക്കാർക്കു ബിംബ​ങ്ങ​ളോ ക്ഷേത്ര​ങ്ങ​ളോ ഒന്നുമി​ല്ലാ​യി​രു​ന്നു. എന്നാൽ ജെസ്യൂട്ട്‌ സന്ന്യാ​സി​മാർ ഗ്വാരനി ഇന്ത്യക്കാ​രെ ഗോ​ത്ര​വ​സ​തി​ക​ളിൽ കൂട്ടി​വ​രു​ത്തി കത്തോ​ലി​ക്കാ ആചാര​ങ്ങ​ളും കീർത്ത​ന​ങ്ങ​ളും പഠിപ്പി​ച്ചു. കൂടാതെ വാണി​ജ്യ​വും മറ്റു വൈദ​ഗ്‌ധ്യ​ങ്ങ​ളും കൂടെ അവരെ പഠിപ്പി​ക്കു​ക​യു​ണ്ടാ​യി. ആ ഇന്ത്യക്കാ​രു​ടെ അടിസ്ഥാന ജീവി​താ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റു​ന്ന​തിന്‌ അവരുടെ അധ്വാ​ന​ത്തി​നു ലഭിച്ച വേതന​ത്തിൽ കുറെ ജെസ്യൂട്ട്‌ പുരോ​ഹി​ത​ന്മാർ ചെലവ​ഴി​ച്ചു. എന്നാൽ, സമ്പത്തും സ്വാധീ​ന​വും നേടാ​നുള്ള മാർഗ​മാ​യും അവർ ആ ക്രമീ​ക​ര​ണത്തെ ഉപയോ​ഗി​ച്ചു. പല സ്‌പാ​നിഷ്‌ ഭൂവു​ട​മ​കൾക്കും അതിൽ അസൂയ തോന്നി. അവർ ജെസ്യൂട്ട്‌ സന്ന്യാ​സി​മാ​രു​ടെ ഏറിവ​രുന്ന ശക്തി​യെ​ക്കു​റിച്ച്‌ സ്‌പാ​നിഷ്‌ രാജാ​വായ ചാൾസ്‌ മൂന്നാ​മ​നോട്‌ പരാതി​പ്പെട്ടു. ഗ്വാരനി വർഗക്കാ​രിൽനി​ന്നല്ല, മറിച്ച്‌ കത്തോ​ലി​ക്കാ കോള​നി​സ്ഥാ​പ​ക​രിൽനി​ന്നു ലഭിച്ച ഈ പരാതി 1767-ൽ സ്‌പെ​യിൻ, ജെസ്യൂ​ട്ടു​കാ​രെ ആ സാമ്രാ​ജ്യ​ത്തിൽനി​ന്നു പുറത്താ​ക്കു​ന്ന​തിൽ ഒരു മുഖ്യ ഘടകമാ​യി​രു​ന്നു. എന്നാൽ അവർ പഠിപ്പിച്ച കത്തോ​ലി​ക്കാ​മതം ആളുക​ളു​ടെ ജീവി​ത​ത്തിൽ അതിന്റെ പിടി നിലനിർത്തി. ബാഹ്യ​മാ​യി അവർ കത്തോ​ലി​ക്കാ​മ​ത​ത്തി​ന്റെ ആചാരങ്ങൾ സ്വീക​രി​ച്ചെ​ങ്കി​ലും, പലപ്പോ​ഴും തങ്ങളുടെ ചില പരമ്പരാ​ഗത വിശ്വാ​സ​ങ്ങളെ മുറു​കെ​പ്പി​ടി​ച്ചു. അന്ധവി​ശ്വാ​സം തഴച്ചു​വ​ള​രാൻ ഇടയാ​ക്കിയ ഒരു സാഹച​ര്യ​ത്തിന്‌ അതു വഴി​യൊ​രു​ക്കി. കത്തോ​ലി​ക്കാ​മതം സ്വീക​രി​ച്ച​തോ​ടെ അവരുടെ ജീവി​ത​ത്തിൽ കത്തോ​ലി​ക്കാ വൈദി​കർക്ക്‌ ശക്തമായ സ്വാധീ​ന​മാ​യി.

ആ മത​പൈ​തൃ​കം ഈ ദേശത്തി​നു സമാധാ​നം കൈവ​രു​ത്തി​യില്ല. പരാ​ഗ്വേ​യു​ടെ ചരി​ത്ര​ത്തിൽ യുദ്ധത്തി​നു​ണ്ടാ​യി​രുന്ന സ്വാധീ​നം വലുതാ​യി​രു​ന്നു. അത്‌ ആളുക​ളു​ടെ ജീവി​ത​ത്തിൽ ആഴത്തി​ലുള്ള മുറി​പ്പാ​ടു​കൾ അവശേ​ഷി​പ്പി​ച്ചു. ഫ്രാൻസി​സ്‌കോ സോലാ​നോ ലോ​പ്പെ​സി​ന്റെ കീഴിൽ പരാഗ്വേ 1864 മുതൽ 1870 വരെ ബ്രസീൽ, അർജൻറീന, ഉറുഗ്വേ എന്നീ രാജ്യ​ങ്ങ​ളു​മാ​യി പടവെട്ടി. ഫലങ്ങൾ വിനാ​ശ​ക​മാ​യി​രു​ന്നു. ലഭ്യമായ വിവര​ങ്ങ​ള​നു​സ​രിച്ച്‌, യുദ്ധാ​രം​ഭ​ത്തി​നു മുമ്പ്‌ ആ രാജ്യത്തെ ജനസംഖ്യ പത്തുല​ക്ഷ​മോ അതിൽ കൂടു​ത​ലോ ആയിരു​ന്നി​രി​ക്കാ​നി​ട​യുണ്ട്‌. യുദ്ധം അവസാ​നി​ച്ച​പ്പോ​ഴത്തെ ജനസംഖ്യ ഏതാണ്ട്‌ 2,20,000 ആയിരു​ന്നു. അവരിൽ ചുരു​ങ്ങി​യ​പക്ഷം 1,90,000 പേരെ​ങ്കി​ലും സ്‌ത്രീ​ക​ളും കുട്ടി​ക​ളു​മാ​യി​രു​ന്നു. മറ്റ്‌ യുദ്ധങ്ങ​ളും അരങ്ങേറി; ചേക്കോ​യു​ടെ മേലുള്ള ഉടമസ്ഥാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി ബൊളീ​വി​യ​യു​മാ​യു​ണ്ടായ തർക്കമാ​യി​രു​ന്നു ഒരു യുദ്ധത്തി​നു കാരണം. മറ്റു യുദ്ധങ്ങൾക്കു നിദാനം രാഷ്‌ട്രീയ അസ്ഥിര​ത​യാ​യി​രു​ന്നു. പരാ​ഗ്വേ​യിൽ മറ്റുള്ള​വ​രു​ടെ മേലുള്ള അധികാ​രം കാംക്ഷി​ച്ചവർ ലക്ഷ്യ​പ്രാ​പ്‌തി​ക്കാ​യി ആവർത്തി​ച്ചാ​വർത്തിച്ച്‌ കായബലം ഉപയോ​ഗി​ച്ച​തിൽ അതിശ​യി​ക്കാ​നില്ല.

ആദ്യം, 1914-ന്‌ മുമ്പ്‌ തപാൽവഴി അയച്ച ബൈബിൾ ലഘു​ലേ​ഖ​ക​ളാ​ലും പിന്നീട്‌ 1925-ലും അതിനു​ശേ​ഷ​വും വ്യക്തികൾ മുഖേ​ന​യും യഹോ​വ​യു​ടെ രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത ഈ ദേശ​ത്തെത്തി. അങ്ങനെ പരാഗ്വേ നദിയിൽനി​ന്നോ പാരനാ നദിയിൽനി​ന്നോ ഉള്ളതല്ല, മറിച്ച്‌ മറ്റൊരു നദിയിൽനി​ന്നുള്ള, അതായത്‌ “ജീവജ​ല​നദി”യിൽനി​ന്നുള്ള, ജലം ഭൂമി​യിൽ എല്ലായി​ട​ത്തെ​യും​പോ​ലെ ഇവി​ടെ​യും ലഭ്യമാ​യി​ത്തു​ടങ്ങി.—വെളി. 22:1.

രാജ്യ​സ​ത്യം എത്തുന്നു

വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ അന്നത്തെ പ്രസി​ഡൻറാ​യി​രുന്ന ജെ. എഫ്‌. റഥർഫോർഡ്‌ സ്‌പെ​യി​നിൽനിന്ന്‌ അർജൻറീ​ന​യി​ലേക്കു മാറി​ത്താ​മ​സി​ക്കാൻ ഹ്വാൻ മ്യൂണി​യി​സി​നോട്‌ അഭ്യർഥി​ച്ചു. ഭൂമി​യു​ടെ ആ ഭാഗത്തും സുവാർത്താ​പ്ര​സം​ഗം സംഘടി​പ്പി​ക്കാ​നും വ്യാപി​പ്പി​ക്കാ​നു​മാ​യി​രു​ന്നു അത്‌. 1924 സെപ്‌റ്റം​ബർ 12-ന്‌ അദ്ദേഹം ബ്യൂണസ്‌ അയേഴ്‌സിൽ എത്തി​ച്ചേർന്നു. താമസി​യാ​തെ, രാജ്യ​സ​ന്ദേശം വ്യാപി​പ്പി​ക്കു​ന്ന​തിന്‌ അദ്ദേഹം​തന്നെ നേരിട്ട്‌ ഉറു​ഗ്വേ​യി​ലേ​ക്കും കൂടാതെ പരാ​ഗ്വേ​യി​ലേ​ക്കും പോയി. ബൈബിൾ സത്യത്തി​ന്റെ വിത്തുകൾ വിതയ്‌ക്ക​പ്പെ​ട്ടെ​ങ്കി​ലും, കാര്യ​മായ പുരോ​ഗ​തി​യൊ​ന്നും അന്നുണ്ടാ​യില്ല.

1932-ൽ പരാഗ്വേ മറ്റൊരു യുദ്ധത്തി​ലേർപ്പെട്ടു. ഇത്തവണ ബൊളീ​വി​യ​യു​മാ​യി​ട്ടാ​യി​രു​ന്നു അത്‌. വീണ്ടും രാജ്യത്തെ ജനസംഖ്യ കാര്യ​മാ​യി കുറഞ്ഞു. രാജ്യ​ത്തി​ന്റെ സമ്പദ്‌വ്യ​വ​സ്ഥ​യെ​യും വിദേ​ശ​ത്തു​നിന്ന്‌ രാജ്യ​സു​വാർത്ത​യു​മാ​യി എത്തി​യേ​ക്കാ​വു​ന്ന​വ​രു​ടെ സുരക്ഷി​ത​ത്വ​ത്തെ​യും അതു പ്രതി​കൂ​ല​മാ​യി ബാധിച്ചു. എന്നിരു​ന്നാ​ലും, യുദ്ധം കൊടു​മ്പി​രി​കൊ​ണ്ടി​രി​ക്കെ, 1934-ൽ അർജൻറീന ബ്രാഞ്ച്‌ മൂന്ന്‌ യഹോ​വ​യു​ടെ സാക്ഷി​കളെ പരാ​ഗ്വേ​യി​ലേക്ക്‌ അയച്ചു. “ജീവജലം” സൗജന്യ​മാ​യി കുടി​ക്കാൻ ആത്മാർഥ​ഹൃ​ദ​യരെ ക്ഷണിക്കാ​നാ​യി​രു​ന്നു അത്‌. മാർട്ടോൺഫി, കൊ​റൊസ്‌, റേബാക്ക്‌ എന്നീ സഹോ​ദ​ര​ന്മാ​രാ​യി​രു​ന്നു അവർ.—വെളി. 22:17.

വൈദി​ക​രു​ടെ കടുത്ത എതിർപ്പ്‌

“ആ വർഷം ഒക്ടോ​ബ​റിൽ നാട്ടിൻപു​റ​ങ്ങ​ളി​ലേക്കു പോകാൻ ഞങ്ങൾ സജ്ജരാ​യി​രു​ന്നു. ഞങ്ങളുടെ പക്കൽ രണ്ടു പെട്ടികൾ നിറയെ സാഹി​ത്യ​വും ഓരോ സൂട്ട്‌കെ​യ്‌സു​മു​ണ്ടാ​യി​രു​ന്നു. അസൂൺഷി​യോ​ണിൽനി​ന്നു പാരഗ്വാ​രി​യി​ലേക്ക്‌ തീവണ്ടി​യിൽ യാത്ര​ചെയ്‌ത ഞങ്ങൾ അവി​ടെ​നിന്ന്‌ യാത്രാ​സൗ​ക​ര്യ​മി​ല്ലാ​ഞ്ഞ​തി​നാൽ 30 കിലോ​മീ​റ്റർ അകലെ​യുള്ള ഞങ്ങളുടെ ലക്ഷ്യസ്ഥാ​ന​മായ കാര​പെ​ഗ്വേ​യി​ലേക്ക്‌ കാൽന​ട​യാ​യാണ്‌ പോയത്‌. അന്നു രാത്രി സാഹി​ത്യ​ങ്ങൾ തലയ്‌ക്കൽ വെച്ച്‌ ഞങ്ങൾ നിലത്തു കിടന്നു​റങ്ങി. പിറ്റേന്ന്‌ സാക്ഷീ​ക​രണം തുടങ്ങി​യ​പ്പോൾ, ഞങ്ങൾ പറയു​ന്നത്‌ ശ്രദ്ധി​ക്ക​രു​തെന്നു പറഞ്ഞു​കൊണ്ട്‌ ആ ഗ്രാമ​ത്തി​ലെ പുരോ​ഹി​തൻ ആളുകളെ സന്ദർശി​ച്ചു. എന്നിട്ട്‌ അയാളും ഒരു സ്‌നേ​ഹി​ത​നും കുതി​ര​പ്പു​റ​ത്തേറി അയൽഗ്രാ​മ​ത്തി​ലെത്തി ഞങ്ങൾ പറയു​ന്നത്‌ ശ്രദ്ധി​ക്ക​രു​തെ​ന്നും ഞങ്ങളെ അവി​ടെ​നിന്ന്‌ ഓടി​ക്ക​ണ​മെ​ന്നും പറഞ്ഞു. ചിലയാ​ളു​കൾ ഞങ്ങളെ ഓടി​ക്കാൻ മുതി​രു​ക​യും ചെയ്‌തു” എന്ന്‌ റേബാക്ക്‌ സഹോ​ദരൻ എഴുതി.

ആ പുരോ​ഹി​ത​നിൽനിന്ന്‌ ഇങ്ങനെ സമ്മർദ​മു​ണ്ടാ​യ​തി​നാൽ, കുറച്ചു ബൈബിൾ സാഹി​ത്യ​ങ്ങളേ സമർപ്പി​ക്കാൻ കഴിഞ്ഞു​ള്ളൂ. ചിലർ അവ മടക്കി​ത്ത​രു​ക​പോ​ലും ചെയ്‌തു. കാര​പെ​ഗ്വേ​യിൽനി​ന്നു സാക്ഷികൾ പട്ടണം​തോ​റും ഗ്രാമം​തോ​റും നടന്നു—കിൻഡി, കാവപ്പൂ​ക്കൂ, വിയാ ഫ്‌ളോ​റിഡ, സാൻ മിഗെൽ എന്നിവി​ട​ങ്ങ​ളി​ലേക്ക്‌ അവർ പോയി. സാൻ ഹ്വാൻ ബൗട്ടി​സ്റ്റ​യി​ലെ​ത്തു​ന്ന​തിന്‌ അവർ പകൽ മുഴു​വ​നും പാതി​രാ​ത്രി​വ​രെ​യും നടത്തം തുടർന്നു. ഉറങ്ങി​യത്‌ ഒരു പാടത്താണ്‌. പിറ്റേന്ന്‌ നന്നേ രാവിലെ അവർ യാത്ര തുടർന്നു. പട്ടണത്തി​ലെ​ത്തിയ അവർ ആദ്യം പോയത്‌ പൊലീ​സി​ന്റെ അടു​ത്തേ​യ്‌ക്കാണ്‌, തങ്ങൾ ചെയ്യു​ന്നത്‌ എന്തെന്നു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ. അവർ സാക്ഷി​കളെ ആദര​വോ​ടെ സ്വീക​രി​ച്ചു. അതിനു​ശേഷം സഹോ​ദ​രങ്ങൾ ആ ദിവസം മുഴു​വ​നും പരസ്യ​ശു​ശ്രൂ​ഷ​യിൽ ഏർപ്പെട്ടു.

എന്നാൽ, പിറ്റേന്ന്‌ രാവിലെ മാർട്ടോൺഫി സഹോ​ദരൻ, തങ്ങൾ വാടക​യ്‌ക്കെ​ടുത്ത കുടി​ലി​നു വെളി​യിൽ വന്നപ്പോൾ അമ്പരപ്പി​ക്കുന്ന ഒരു കാഴ്‌ച കണ്ടു. അപ്പോ​ഴും അകത്താ​യി​രുന്ന റേബാക്ക്‌ സഹോ​ദ​ര​നോട്‌ അദ്ദേഹം വിളി​ച്ചു​പ​റഞ്ഞു: “ഇന്ന്‌ പുതിയ ഒന്ന്‌ സംഭവി​ച്ചി​രി​ക്കു​ന്നു.” അവർ തലേന്ന്‌ സമർപ്പിച്ച സാഹി​ത്യ​ങ്ങ​ളെ​ല്ലാം വലിച്ചു​കീ​റി അവരുടെ കുടി​ലി​നു ചുറ്റു​മി​ട്ടി​രു​ന്നു. ചില കഷണങ്ങ​ളിൽ വൃത്തി​കെ​ട്ട​തും അസഭ്യ​വു​മായ വാക്കുകൾ എഴുതി​പ്പി​ടി​പ്പി​ച്ചി​രു​ന്നു. കൂടാതെ, ജീവ​നോ​ടെ അവർ ആ പട്ടണത്തിൽനിന്ന്‌ പുറത്തു കടക്കു​ക​യി​ല്ലെന്ന ഭീഷണി​ക​ളു​മു​ണ്ടാ​യി​രു​ന്നു അതിൽ.

പ്രാതൽ കഴിച്ചു​കൊ​ണ്ടി​രി​ക്കെ പൊലീസ്‌ വന്ന്‌ അവരെ അറസ്റ്റ്‌ ചെയ്‌തു. അങ്ങനെ​യൊ​രു മാറ്റമു​ണ്ടാ​കാൻ എന്തായി​രു​ന്നു കാരണം? റേബാക്ക്‌ സഹോ​ദരൻ പിന്നീട്‌ റിപ്പോർട്ടു ചെയ്‌തു: “കാരണ​മാ​രാ​ഞ്ഞ​പ്പോൾ, ഞങ്ങളെ സുവി​ശേ​ഷ​ക​രാ​യി ചമഞ്ഞ ബൊളീ​വി​യൻ ചാരന്മാ​രെന്നു കുറ്റ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒരു പത്രം അവർ കാണിച്ചു. പത്രത്തി​ന്റെ ഡയറക്ടർ ആ ഡിസ്‌ട്രി​ക്‌റ്റി​ലെ ഒരു പ്രമുഖ പുരോ​ഹി​ത​നാ​യി​രു​ന്നു.”

അസൂൺഷി​യോ​ണി​ലേ​ക്കുള്ള മടക്കയാ​ത്ര

ആ രണ്ടു സാക്ഷി​കളെ തടവു​കാ​രാ​യി അസൂൺഷി​യോ​ണി​ലേക്ക്‌ അയച്ചു. അത്‌ ഒരു ദീർഘ​ദൂര കാൽന​ട​യാ​ത്ര​യാ​യി​രു​ന്നു. അവർ ഓരോ പൊലീസ്‌ സ്റ്റേഷനിൽനി​ന്നും അടുത്ത​തി​ലേക്കു സഞ്ചരി​ക്കു​മ്പോൾ ഒരു സായുധ കാവൽക്കാ​രൻ അവരെ അനുഗ​മി​ച്ചി​രു​ന്നു. വഴിയിൽ ചിലർ അവരെ കൂക്കു​വി​ളി​ക്കു​ക​യും മാലി​ന്യ​ങ്ങൾ അവരുടെ നേരേ വലി​ച്ചെ​റി​യു​ക​യും ചെയ്‌തു. എന്നാൽ പൊലീ​സു​കാർ സഹോ​ദ​ര​ന്മാ​രോട്‌ ആദര​വോ​ടെ​യാണ്‌ ഇടപെ​ട്ടത്‌. അവർ ചാരവൃ​ത്തി ചെയ്‌തെ​ന്നുള്ള ആരോ​പണം ആക്ഷേപാർഹ​മാ​ണെന്ന്‌ ആ പൊലീ​സു​കാർ പറയു​ക​പോ​ലും ചെയ്‌തു. ചില​പ്പോൾ കുതി​ര​പ്പു​റ​ത്തേ​റിയ പൊലീ​സു​കാ​ര​നാ​യി​രു​ന്നു സഹോ​ദ​ര​ന്മാ​രു​ടെ ലഗ്ഗേജ്‌ വഹിച്ചത്‌. കുതി​ര​പ്പു​റത്തു യാത്ര ചെയ്യാൻ അവരി​ലൊ​രാൾ മാർട്ടോൺഫി സഹോ​ദ​രനെ അനുവ​ദി​ക്കു​ക​പോ​ലും ചെയ്‌തു. അതേസ​മയം പൊലീ​സു​കാ​ര​നാ​കട്ടെ, റേബാക്ക്‌ സഹോ​ദരൻ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു പറയു​ന്നതു കേട്ടു​കൊണ്ട്‌ അദ്ദേഹ​ത്തോ​ടൊ​പ്പം നടന്നു.

എന്നാൽ, കിൻഡി​യിൽവെച്ച്‌ സഹോ​ദ​ര​ന്മാ​രെ സൈന്യ​ത്തിന്‌ ഏൽപ്പി​ച്ച​പ്പോൾ അവരോ​ടുള്ള പെരു​മാ​റ്റം പരുഷ​മാ​യി​ത്തീർന്നു. 14 ദിവസ​ത്തേക്ക്‌ അവരെ ഒരു കാവൽപ്പു​ര​യി​ലാ​ക്കി, നിവർന്ന മരക്ക​സേ​ര​ക​ളിൽ ഇരിക്കാൻ കൽപ്പിച്ചു, കിടക്കു​ന്ന​തോ എഴു​ന്നേൽക്കു​ന്ന​തോ വിലക്കി, ഭർത്സിച്ചു, കുതി​ര​ച്ചാ​ട്ട​വാ​റു​കൊണ്ട്‌ അടിച്ചു. പിന്നീട്‌ അവരെ വിലങ്ങു​വെച്ച്‌, തോക്കു​ധാ​രി​ക​ളായ 12 പട്ടാള​ക്കാ​രു​ടെ അകമ്പടി​യോ​ടെ, പാരഗ്വാ​രി​യി​ലെ തീവണ്ടി സ്റ്റേഷനി​ലേക്കു കൊണ്ടു​പോ​യി. അവി​ടെ​വെച്ച്‌, അസൂൺഷി​യോ​ണി​ലേ​ക്കുള്ള ശേഷിച്ച യാത്ര​യിൽ അവരെ വീണ്ടും പൊലീ​സി​നു കൈമാ​റി.

തലസ്ഥാ​ന​ന​ഗ​രി​യിൽ തടവിൽ കഴിഞ്ഞ​പ്പോ​ഴത്തെ അവരുടെ അവസ്ഥകൾ ഭയങ്കര​മാ​യി​രു​ന്നു. എന്നാൽ, അപ്പോ​ഴും കൈവ​ശ​മു​ണ്ടാ​യി​രുന്ന ബൈബി​ളു​പ​യോ​ഗിച്ച്‌ അവർ മറ്റു തടവു​കാർക്കു സാക്ഷ്യം നൽകി. തലസ്ഥാ​ന​ന​ഗ​രി​യി​ലെ ഒരാഴ്‌ചത്തെ തടവി​നു​ശേഷം ഒടുവിൽ അവരെ പൊലീസ്‌ മേധാ​വി​യു​ടെ ഓഫീ​സി​ലേക്കു കൊണ്ടു​പോ​യി. ആഭ്യന്ത​ര​വ​കുപ്പ്‌ മന്ത്രി കേണൽ റിബാ​റോ​ലാ​യും അവിടെ സന്നിഹി​ത​നാ​യി​രു​ന്നു. (സാൻ ഹ്വാൻ ബൗട്ടി​സ്റ്റ​യി​ലെ പത്രത്തിൽ നമ്മുടെ സഹോ​ദ​ര​ന്മാർക്കെ​തി​രെ നടത്തിയ ആരോ​പ​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ കേണൽ റിബാ​റോ​ലാ​യ്‌ക്കു വിവരം കിട്ടി​യ​പ്പോൾ, അവർ ജീവ​നോ​ടെ തലസ്ഥാ​നത്ത്‌ തിരി​ച്ചെ​ത്തു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്താൻ അദ്ദേഹം സൈനി​ക​മേ​ധാ​വി​കൾക്കു ടെല​ഗ്രാം അയച്ചതാ​യി പിന്നീ​ട​റി​ഞ്ഞു.) “ഉണ്ടായ സംഭവ​ത്തിൽ ഇരുവ​രും ഖേദം പ്രകടി​പ്പി​ച്ചു” എന്ന്‌ റേബാക്ക്‌ സഹോ​ദരൻ പറഞ്ഞു. “ഇതൊരു കത്തോ​ലി​ക്കാ ദേശമാ​ണെ​ങ്കി​ലും ഇവിടെ മതസ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും നേരത്തേ ചെയ്‌തി​രു​ന്ന​തു​പോ​ലെ വീടു​തോ​റു​മുള്ള പ്രസംഗം തുടരാൻ ഞങ്ങൾക്ക്‌ അധികാ​ര​മു​ണ്ടെ​ന്നും എന്നാൽ ഞങ്ങളുടെ സുരക്ഷി​ത​ത്വ​ത്തെ​പ്രതി തലസ്ഥാനം വിട്ടു​പോ​ക​രു​തെ​ന്നും അവർ പറഞ്ഞു.”

ബ്യൂണസ്‌ അയേഴ്‌സി​ലാ​യി​രുന്ന മ്യൂണി​യിസ്‌ സഹോ​ദരൻ ഈ അനുഭ​വ​ത്തെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ യുദ്ധാ​വ​സാ​നം​വരെ അർജൻറീ​ന​യി​ലേക്കു മടങ്ങി​പ്പോ​രാൻ അദ്ദേഹം സഹോ​ദ​ര​ന്മാർക്കു നിർദേശം കൊടു​ത്തു. പിറ്റേ​വർഷം യുദ്ധം അവസാ​നി​ച്ചു. എന്നാൽ, അറസ്റ്റ്‌ ചെയ്യ​പ്പെ​ട്ട​വ​രു​ടെ കൂട്ടത്തിൽ ഇല്ലാതി​രുന്ന കൊ​റൊസ്‌ സഹോ​ദരൻ അസൂൺഷി​യോ​ണിൽ തങ്ങി.

പരാ​ഗ്വേ​യി​ലെ ആദ്യഫ​ല​ങ്ങൾ

ഏതാണ്ട്‌ ഈ സമയത്ത്‌ ഒരു പയനിയർ കണ്ടുമു​ട്ടിയ ഒരാൾ, ലബനോ​നിൽനി​ന്നു കുടി​യേ​റി​പ്പാർത്ത തന്റെ ഭാര്യാ​പി​താ​വി​നു വേണ്ടി അറബി​ഭാ​ഷ​യി​ലുള്ള സാഹി​ത്യ​ങ്ങൾ ചോദി​ക്കു​ക​യു​ണ്ടാ​യി. അങ്ങനെ, താൻ പിന്നീട്‌ വളരെ വിലമ​തി​ക്കാ​നി​ട​യായ ഒരു പുസ്‌തകം ഹൂലി​യാൻ ഹദദിനു ലഭിച്ചു. സത്യം കണ്ടെത്തി​യെന്നു ബോധ്യം​വന്ന അദ്ദേഹം അതു തന്റെ കുട്ടി​കളെ പഠിപ്പി​ക്കാൻ തുടങ്ങി. തന്റെ അയൽക്കാർക്കു നൽകാ​നാ​യി സാഹി​ത്യ​ങ്ങൾ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ അദ്ദേഹം സൊ​സൈ​റ്റി​ക്കെ​ഴു​തി. ഏതാനും വർഷങ്ങൾക്കു​ശേഷം സാൻ ഹ്വാൻ നേപ്പോ​മ്യൂ​സേ​നോ​യിൽവെച്ചു ഹൂലി​യാ​നെ കണ്ടുമു​ട്ടിയ ഒരു പയനിയർ അദ്ദേഹ​ത്തി​നു കൂടു​ത​ലായ ആത്മീയ സഹായം നൽകി. 1940-ൽ സ്‌നാ​പ​ന​മേറ്റ ഹദദ്‌ ദമ്പതി​ക​ളാണ്‌ പരാ​ഗ്വേ​യി​ലെ സ്‌നാ​പ​ന​മേറ്റ ആദ്യത്തെ പ്രാ​ദേ​ശിക സാക്ഷികൾ. അന്നുമു​തൽ ഹൂലി​യാ​നും ഒരു മകനും പൗത്ര​ന്മാ​രിൽ പലരും പയനി​യർസേ​വ​ന​ത്തിൽ ഏർപ്പെ​ട്ട​തി​ന്റെ സന്തോഷം അനുഭ​വി​ച്ചി​രി​ക്കു​ന്നു. 77-ാമത്തെ വയസ്സിൽ മരിക്കു​ന്ന​തിന്‌ തൊട്ടു​മു​മ്പു​വരെ ഹൂലി​യാൻ ആ സേവന​ത്തിൽ തുടർന്നു.

ജീവി​ത​ത്തെ​ക്കു​റി​ച്ചു സഗൗരവം ചിന്തി​ക്കാൻ ചേക്കോ യുദ്ധം ഹ്വാൻ ഹോസേ ബ്രി​സ്വെ​ലയെ പ്രേരി​പ്പി​ച്ചു. പരിക്കേറ്റ അയാളെ ബൊളീ​വി​യ​ക്കാർ തടവു​കാ​ര​നാ​ക്കി​യി​രു​ന്നു. പിതാ​ക്ക​ന്മാർ നഷ്ടപ്പെട്ട കുട്ടി​ക​ളെ​ച്ചൊ​ല്ലി വിധവ​മാർ കരയു​ന്ന​തും കത്തോ​ലി​ക്കാ പുരോ​ഹി​ത​ന്മാർ ബൊളീ​വി​യൻ സൈനി​കരെ ആശീർവ​ദി​ക്കു​ന്ന​തും യുദ്ധത്ത​ട​വു​കാ​ര​നായ അയാൾ നേരിൽ കണ്ടിരു​ന്നു. പരാ​ഗ്വേ​യൻ പട്ടാള​ക്കാ​രാ​യി​രുന്ന അയാൾക്കും മറ്റുള്ള​വർക്കും സമാന​മായ ആശീർവാ​ദം ലഭിച്ച​താ​യി അയാ​ളോർമി​ച്ചു. അയാൾ ചിന്തിച്ചു: “എന്തോ കുഴപ്പ​മു​ണ്ടാ​യി​രി​ക്കണം. ദൈവ​മു​ണ്ടെ​ങ്കിൽ ഇങ്ങനെ സംഭവി​ക്കാൻ പാടില്ല. ദൈവം ഉണ്ടെങ്കിൽ, ഞാൻ അവനെ കണ്ടെത്തും​വരെ അന്വേ​ഷി​ക്കാൻ പോക​യാണ്‌.”

യുദ്ധം കഴിഞ്ഞ്‌ ഹൂലി​യാൻ ഹദദ്‌, കാർമൻ ഡെൽ പാരാ​നേ​യിൽവെച്ച്‌ ഹ്വാൻ ഹോ​സേയെ കണ്ടുമു​ട്ടി. അദ്ദേഹ​ത്തി​ന്റെ ചോദ്യ​ങ്ങൾക്കു ബൈബി​ളിൽനി​ന്നു തൃപ്‌തി​ക​ര​മായ ഉത്തരങ്ങൾ കണ്ടെത്താൻ ഹൂലി​യാൻ സഹായി​ച്ചു. ദീർഘ​കാ​ലം മുമ്പ്‌ പൗലൊസ്‌ അപ്പോ​സ്‌തലൻ പറഞ്ഞതു​പോ​ലെ, മനുഷ്യർ തന്നെ ‘തപ്പി​നോ​ക്കി കണ്ടെത്തുക’ ദൈവം സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നു. (പ്രവൃ. 17:27) താൻ സത്യ​ദൈ​വ​മായ യഹോ​വയെ കണ്ടെത്തി​യി​രി​ക്കു​ന്നെന്നു ഹ്വാൻ ഹോസേ പെട്ടെ​ന്നു​തന്നെ തിരി​ച്ച​റി​ഞ്ഞു. (ആവ. 4:35; സങ്കീ. 83:18) അദ്ദേഹം 1945-ൽ സ്‌നാ​പ​ന​മേറ്റു; ഭാര്യ ഹോവിത്ത 1946-ലും.

അതിനി​ടെ, സാൻ ലോ​റെൻസോ​യി​ലുള്ള കമ്പോ​ള​ത്തി​ലെ ഒരു പച്ചക്കറി​ക്ക​ട​യിൽവെ​ച്ചും ബൈബിൾസ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ചർച്ച നടക്കു​ന്നു​ണ്ടാ​യി​രു​ന്നു. അതു നടത്തി​യത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​രു​മാ​യി​രു​ന്നില്ല, പിന്നെ​യോ സാക്ഷികൾ പഠിപ്പി​ക്കു​ന്ന​തിൽ താത്‌പ​ര്യം കാട്ടിയ ഒരു സ്‌ത്രീ​യാ​യി​രു​ന്നു. അക്ഷരാ​ഭ്യാ​സ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും, സേബാ​സ്റ്റ്യേന വാസ്‌കെസ്‌ താത്‌പ​ര്യ​ത്തോ​ടെ അതു കേട്ടി​രു​ന്നു. ആത്മീയ പുരോ​ഗതി പ്രാപി​ക്കു​ന്ന​തിന്‌ അവൾ വായന വശമാക്കി. 1942-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരുവ​ളാ​യി അവൾ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു.

ഒരു കൊച്ചു കൂട്ടത്തിന്‌ വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​ന​കൾ

പരാ​ഗ്വേ​യിൽ ആദ്യത്തെ സഭ, അഥവാ അന്നറി​യ​പ്പെ​ട്ടി​രു​ന്ന​തു​പോ​ലെ കമ്പനി, സംഘടി​പ്പി​ക്ക​പ്പെ​ട്ടത്‌ 1939-ലായി​രു​ന്നു. രണ്ടു പ്രസാ​ധ​കരേ ഉണ്ടായി​രു​ന്നു​ള്ളു​വെ​ങ്കി​ലും, അവർ തീക്ഷ്‌ണ​ത​യുള്ള സുവി​ശേ​ഷ​ക​രാ​യി​രു​ന്നു. ആ സേവന​വർഷം അവർ മൊത്തം 847 മണിക്കൂർ റിപ്പോർട്ടു ചെയ്യു​ക​യും 1,740 പുസ്‌ത​ക​ങ്ങ​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും സമർപ്പി​ക്കു​ക​യും ചെയ്‌തു. അസൂൺഷി​യോ​ണി​ലെ ആൻറാ​കെര തെരു​വി​നും താക്വാ​രി തെരു​വി​നും ഇടയിൽ ഇപ്പോൾ ഗാസ്‌പാർ റോ​ഡ്രി​ഗെസ്‌ ഡെ ഫ്രാൻസിയ അവന്യൂ (മുമ്പ്‌, ആമാം​ബെയ്‌) എന്നു വിളി​ക്ക​പ്പെ​ടുന്ന സ്ഥലത്തെ ഒരു സ്വകാര്യ ഭവനത്തി​ലാണ്‌ അവർ യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. ഏകദേശം നാലു മീറ്റർ നീളവും നാലു മീറ്റർ വീതി​യു​മുള്ള ഒരു മുറി​യിൽ നടത്തി​യി​രുന്ന ആ യോഗ​ങ്ങൾക്ക്‌ അഞ്ചോ ആറോ പേരേ വന്നിരു​ന്നു​ള്ളൂ. 1944 വരെ ആ സ്ഥലം തൃപ്‌തി​ക​ര​മാ​യി ഉപയോ​ഗി​ച്ചു.

പിറ്റേ വർഷം സഹോ​ദ​രങ്ങൾ വിവിധ ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള റെക്കോർഡു ചെയ്‌ത ഹ്രസ്വ​മായ പ്രസം​ഗങ്ങൾ പ്രക്ഷേ​പണം ചെയ്യു​ന്ന​തി​നു രണ്ട്‌ വൈദ്യു​ത ആലേഖ​നോ​പ​ക​ര​ണങ്ങൾ ഉപയോ​ഗി​ക്കാൻ തുടങ്ങി. കോപാ​ക്രാ​ന്ത​രായ വൈദി​കർ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൂടു​ത​ലായ ഏതൊരു പ്രവർത്ത​ന​വും നിരോ​ധി​ക്കു​ന്ന​തിന്‌ ഗവൺമെൻറി​നു പരാതി നൽകി. എന്നാൽ സാക്ഷികൾ തങ്ങളുടെ പ്രവർത്ത​നങ്ങൾ തുടർന്നു. ആ റെക്കോർഡു​ക​ളി​ലെ വ്യക്തവും തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​വു​മായ പ്രഭാ​ഷ​ണങ്ങൾ ഫലപ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന​തിൽ സംശയ​മില്ല. പോളണ്ട്‌, റഷ്യ, ജർമനി, യൂ​ക്രെ​യിൻ എന്നിവി​ട​ങ്ങ​ളിൽനി​ന്നൊ​ക്കെ കുടി​യേറി രാജ്യ​ത്തി​ന്റെ തെക്കു​ഭാ​ഗത്തു സ്ഥിരവാ​സ​മാ​ക്കിയ ആളുക​ളു​ടെ പക്കൽ എത്തി​ച്ചേ​രു​ന്ന​തി​നു വിവിധ ഭാഷക​ളി​ലുള്ള അത്തരം റെക്കോർഡു​കൾ ഫലപ്ര​ദ​മാ​യി ഉപയോ​ഗി​ച്ചു.

എൻകാർനാ​സ്യോ​നി​ന​ടുത്ത്‌ പോള​ണ്ടു​കാ​രും യൂ​ക്രെ​യിൻകാ​രും ഉൾപ്പെട്ട ഒരു കോള​നി​യിൽ പാർത്തി​രുന്ന ഗോളാ​സിക്ക്‌ കുടും​ബം ആ പ്രദേ​ശത്ത്‌ ആദ്യം സത്യം സ്വീക​രി​ച്ച​വ​രിൽപ്പെ​ടു​ന്നു. താമസി​യാ​തെ, റോ​ബെർട്ടോ ഗോളാ​സിക്ക്‌ ഗ്രാമ​ഫോ​ണും സാഹി​ത്യ​ങ്ങ​ളു​മാ​യി സാക്ഷ്യം നൽകു​ന്ന​തി​നു കുതി​ര​പ്പു​റത്തു കോള​നി​കൾതോ​റും യാത്ര ചെയ്‌തു. ആദ്യ​മൊ​ക്കെ മാസത്തി​ലൊ​രി​ക്ക​ലാ​യി​രു​ന്നു ഇവിടെ യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. പിന്നീ​ടത്‌ മാസത്തിൽ രണ്ടു തവണയാ​ക്കി. ഒടുവിൽ വാരത്തിൽ ഒന്നുവീ​ത​മാ​ക്കി. ചില​പ്പോ​ഴൊ​ക്കെ അഞ്ചു വ്യത്യസ്‌ത ഭാഷാ​ക്കൂ​ട്ട​ങ്ങ​ളിൽനി​ന്നു​ള്ളവർ ആ സദസ്സിൽ ഉണ്ടായി​രു​ന്നെ​ങ്കി​ലും, അവരെ​ല്ലാ​വ​രും ക്രമേണ ബൈബിൾസ​ത്യ​ത്തി​ന്റെ നിർമ​ല​ഭാഷ മനസ്സി​ലാ​ക്കി​ത്തു​ടങ്ങി.—സെഫ. 3:9.

ദുഃഖ​ക​ര​മെ​ന്നു പറയട്ടെ, അക്കാലത്ത്‌ സാക്ഷ്യം കൊടു​ക്കു​ന്ന​തിൽ പങ്കുവ​ഹിച്ച എല്ലാവ​രു​മൊ​ന്നും ജീവനി​ലേ​ക്കുള്ള ഇടുങ്ങിയ പാതയിൽ തുടർന്നില്ല. സൊ​സൈ​റ്റിക്ക്‌ അസൂൺഷി​യോ​ണി​ലു​ണ്ടാ​യി​രുന്ന സാഹിത്യ ഡിപ്പോ​യു​ടെ മേൽവി​ചാ​രകൻ സ്വന്തം വീക്ഷണങ്ങൾ പ്രചരി​പ്പി​ക്കാൻ തുടങ്ങി. അദ്ദേഹം യഹോ​വ​യു​ടെ സ്ഥാപന​ത്തിൽനിന്ന്‌ അകന്ന​പ്പോൾ മറ്റുള്ള​വ​രും യഹോ​വ​യു​ടെ സേവനം ഉപേക്ഷി​ച്ചു. 1943-ൽ രാജ്യ​ഘോ​ഷ​ക​രു​ടെ എണ്ണം 33 ആയിരു​ന്നെ​ങ്കിൽ, 1944-ൽ അത്‌ 8 ആയി കുറഞ്ഞു. ഇന്നോ? വിശ്വസ്‌ത സാക്ഷി​ക​ളാ​ണെന്നു തെളി​യി​ച്ച​വരെ യഹോവ അനു​ഗ്ര​ഹി​ച്ചു, അങ്ങനെ സ്ഥാപനം വീണ്ടും വളരാൻ തുടങ്ങി.—സങ്കീ. 37:28.

മിഷന​റി​മാർ പ്രാ​ദേ​ശി​ക​രീ​തി​കൾ മനസ്സി​ലാ​ക്കു​ന്നു

പരാ​ഗ്വേ​യി​ലെ ആട്ടിൻകൂ​ട്ട​ത്തി​ന്റെ ക്ഷേമത്തിൽ സ്‌നേ​ഹ​പു​ര​സ്സ​ര​മായ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ വേലയ്‌ക്കു നേതൃ​ത്വം നൽകു​ന്ന​തിന്‌ അർജൻറീ​ന​യി​ലെ ബ്രാഞ്ച്‌ ഓഫീസ്‌ ഗ്വെനിഡ്‌ ഹ്യൂസി​നെ അവി​ടേ​ക്ക​യച്ചു. എന്നാൽ, 1945-ലെ വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളിൽ സംബന്ധി​ക്കാൻ അദ്ദേഹം ക്ഷണിക്ക​പ്പെ​ട്ട​പ്പോൾ യൂയൻ ഡേവി​സി​നെ​യും ഭാര്യ ഡേലി​യ​യെ​യും പരാ​ഗ്വേ​യി​ലേക്ക്‌ അയയ്‌ക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്യ​പ്പെട്ടു. എന്നാൽ ഡേവിസ്‌ സഹോ​ദ​ര​നും ഭാര്യ​യ്‌ക്കും ആവശ്യ​മായ യാത്രാ​രേ​ഖകൾ കിട്ടാൻ വൈകി. അതിനാൽ ഗിലെ​യാദ്‌ സ്‌കൂൾ ബിരു​ദ​ധാ​രി​യായ ഹോളിസ്‌ സ്‌മി​ത്താണ്‌ ആദ്യ​മെ​ത്തി​യത്‌. 1945-ന്റെ ഒടുവിൽ ഒരു നദീ​ബോ​ട്ടിൽ അസൂൺഷി​യോ​ണിൽ വന്ന ഡേവിസ്‌ ദമ്പതി​കളെ സ്വീക​രി​ക്കാൻ അദ്ദേഹം എത്തിയി​രു​ന്നു. ഏതാനും ദിവസ​ങ്ങൾക്കു​ശേഷം ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​ക​ളായ ആൽബർട്ട്‌ ലാങ്ങും ഭാര്യ ആഞ്ച​ലൈ​നും വിമാ​ന​മാർഗം എത്തി​ച്ചേർന്നു. പിന്നെ​യും കൂടുതൽ മിഷന​റി​മാ​രെത്തി. ആ മിഷന​റി​മാ​രെ പാർപ്പി​ക്കു​ന്ന​തി​നും പ്രാ​ദേ​ശിക സഭയ്‌ക്കു കൂടി​വ​രു​ന്ന​തി​നു​മാ​യി ഒരു വീട്‌ വാടക​യ്‌ക്കെ​ടു​ത്തു. ആ മിഷന​റി​മാ​രെ​ല്ലാ​വ​രും സേവന​മ​നു​ഷ്‌ഠി​ക്കാൻ ആകാം​ക്ഷ​യു​ള്ള​വ​രാ​യി​രു​ന്നു. എന്നാൽ, അവർ തീർച്ച​യാ​യും ആളുക​ളു​ടെ ജീവി​ത​രീ​തി പരിചി​ത​മാ​ക്കേ​ണ്ടി​യി​രു​ന്നു.

ആളുകൾക്കു ബൈബിൾപ​രി​ജ്ഞാ​നം ഇല്ലായി​രു​ന്നെ​ങ്കി​ലും, അവർ വളരെ മതഭക്തി​യു​ള്ള​വ​രാ​ണെന്ന്‌ മിഷന​റി​മാർ കണ്ടെത്തി. ഓരോ നഗരത്തി​നും സാധാ​ര​ണ​മാ​യി “കന്യാ​മ​റിയ”ത്തോടു ബന്ധപ്പെ​ടു​ത്തി തിരി​ച്ച​റി​യി​ക്ക​പ്പെ​ട്ടി​രുന്ന കാവൽ “പുണ്യ​വാ​ളൻ” അല്ലെങ്കിൽ “പുണ്യ​വതി” ഉണ്ടായി​രു​ന്നു.

ആളുക​ളു​ടെ ആചാര​രീ​തി​കൾ മനസ്സി​ലാ​ക്കി​യ​പ്പോൾ അവയിൽ പലതും അവർക്ക്‌ ആകർഷ​ക​മാ​യി തോന്നി. കമ്പോ​ള​ത്തിൽ പഴങ്ങളും പച്ചക്കറി​ക​ളും കൂമ്പാ​ര​മാ​യി ഇട്ടിരു​ന്നു, വലിയ കൊട്ടകൾ നിറയെ സാധന​ങ്ങ​ളും തലയി​ലേറ്റി ബാലൻസ്‌ തെറ്റാതെ പോകുന്ന സ്‌ത്രീ​കളെ കാണാ​മാ​യി​രു​ന്നു. കൈ​കൊ​ണ്ടു​ണ്ടാ​ക്കിയ, ന്യാൻഡൂ​റ്റി എന്നറി​യ​പ്പെ​ടുന്ന ചരടുകൾ കടകളിൽ ലഭ്യമാ​യി​രു​ന്നു. വളരെ നേർത്ത​തും മൃദു​വു​മായ അവ ചിലന്തി​വ​ല​യോ​ടു സമാന​മാ​യി​രു​ന്നു. ആളുകൾ നേരത്തേ ജോലി തുടങ്ങു​ന്ന​താ​യും ദിവസ​ത്തിൽ ഏറ്റവും ചൂടുള്ള ഉച്ചസമ​യത്ത്‌ ഒരു മയക്കത്തി​നാ​യി പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം നിർത്തി​വെ​ക്കു​ന്ന​താ​യും അവർ നിരീ​ക്ഷി​ച്ചു. രാജ്യ​സ​ന്ദേ​ശ​വു​മാ​യി ഭവനങ്ങൾ സന്ദർശി​ക്കു​മ്പോൾ, ഗേറ്റി​ങ്കൽനി​ന്നു കൈ കൊട്ടാ​നും കടന്നു​ചെ​ല്ലാൻ അനുവാ​ദം ലഭിച്ച​ശേഷം മാത്രം മുറ്റത്തു പ്രവേ​ശി​ക്കാ​നും മിഷന​റി​മാർ പഠിച്ചു. ആളുക​ളു​ടെ സൗഹൃ​ദ​ഭാ​വ​വും ലാളി​ത്യ​വും ഊഷ്‌മ​ള​ത​യും അവർക്കു ശരിക്കും അനുഭ​വ​പ്പെട്ടു. സ്‌പാ​നി​ഷിൽ മാത്രമല്ല അവരുടെ ഭാഷയായ ഗ്വാര​നി​യി​ലും അവരോ​ടു സംസാ​രി​ക്കാൻ മിഷന​റി​മാർ പഠി​ക്കേ​ണ്ടി​യി​രു​ന്നു.

1946 ഏപ്രി​ലിൽ, മിഷന​റി​മാ​രെത്തി അധികം താമസി​യാ​തെ, ഡേവിസ്‌ സഹോ​ദ​ര​നെ​യും ഭാര്യ​യെ​യും അർജൻറീ​ന​യി​ലേക്കു പുനർനി​യ​മി​ച്ചു. ഏതാനും മാസങ്ങ​ളാ​യി യോഗ​ങ്ങ​ളിൽ സംബന്ധി​ച്ചി​രുന്ന പാബ്ലോ ഓസോ​റി​യോ റേയിസ്‌ സ്‌നാ​പ​ന​മേ​റ്റി​രു​ന്നി​ല്ലെ​ങ്കി​ലും വീക്ഷാ​ഗോ​പുര അധ്യയനം നടത്താൻ നിയമി​ക്ക​പ്പെട്ടു. അത്ര പെട്ടെന്ന്‌ എന്തു​കൊണ്ട്‌? അദ്ദേഹ​ത്തി​നു പ്രാ​ദേ​ശിക ഭാഷ സംസാ​രി​ക്കാൻ അറിയാ​മാ​യി​രു​ന്നു​വെന്നു മാത്രമല്ല, അദ്ദേഹം നല്ല ആത്മീയ പുരോ​ഗതി കൈവ​രി​ക്കു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ അദ്ദേഹം വെല്ലു​വി​ളി​കളെ അഭിമു​ഖീ​ക​രി​ച്ചു. പിന്നീട്‌ ഓസോ​റി​യോ സഹോ​ദരൻ എഴുതി: “വീക്ഷാ​ഗോ​പുര അധ്യയന നിർവാ​ഹ​ക​നാ​യി എന്നെ നിയമിച്ച്‌ അധികം കഴിയു​ന്ന​തി​നു മുമ്പ്‌, ഒരാൾ പറഞ്ഞ തെറ്റായ ഉത്തരം എനിക്കു തിരു​ത്തേ​ണ്ടി​വന്നു. ഉത്തരം പറഞ്ഞയാൾ കോപാ​ക്രാ​ന്ത​നാ​യി, അവി​ടെ​വെച്ച്‌ ഒരു പോരാ​ട്ട​ത്തിന്‌ അയാൾ എന്നെ വെല്ലു​വി​ളി​ച്ചു. തീർച്ച​യാ​യും ഞാൻ അതു നിരസി​ച്ചു. സാഹച​ര്യം ശാന്തമാ​ക്കാൻ ഒരു മിഷനറി സഹായ​ത്തി​നെത്തി. ഒരുവൻ പക്വത പ്രാപി​ക്കാൻ കുറെ​യൊ​ക്കെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഉണ്ടെങ്കിൽ മതി.” ദുഃഖ​ക​ര​മെന്നു പറയട്ടെ, കോപ​പ്ര​വ​ണ​ത​യുള്ള ആ മനുഷ്യൻ പിന്നീട്‌ യഹോ​വ​യു​ടെ സേവനം ഉപേക്ഷി​ച്ചു.

സ്ഥാപനം പടുത്തു​യർത്തൽ

1946-ന്റെ അവസാ​ന​ത്തി​നു മുമ്പായി ദിവ്യാ​ധി​പത്യ പ്രവർത്ത​ന​ത്തി​ന്റെ കേന്ദ്ര​മാ​യി ഉപയോ​ഗി​ക്കു​ന്ന​തി​നു കൂടു​ത​ലായ സൗകര്യ​ങ്ങൾ ആവശ്യ​മാ​യി​രു​ന്നു. ആറ്‌ മിഷന​റി​മാർ കൂടി എത്തി​ച്ചേർന്നി​രു​ന്നു—വില്യം ഷില്ലി​ങ​റും ഭാര്യ ഫേണും, വേറേ നാലു പേരും. മാരി​സ്‌കാൽ ലോ​പ്പെസ്‌ അവന്യൂ​വിൽ വലിയ മുറ്റമുള്ള ഒരു വീട്‌ വാടക​യ്‌ക്കെ​ടു​ത്തു. ആ കെട്ടിടം പ്രതി​രോധ മന്ത്രാ​ല​യ​ത്തി​നു നേരേ എതിർവ​ശ​ത്താ​യി​രു​ന്നു. ഗവൺമെൻറി​ന്റെ സൈനി​ക​വി​ഭാ​ഗ​വു​മാ​യി ഇടപാ​ടു​കൾ നടത്തുന്ന ആർക്കും കാണത്ത​ക്ക​വണ്ണം “രാജ്യ​ഹാൾ” എന്നു വലുപ്പ​ത്തി​ലെ​ഴു​തിയ ഒരു ബോർഡ്‌ ഗേറ്റിന്റെ മുന്നിൽ വെച്ചി​രു​ന്നു.

ആ വർഷം സെപ്‌റ്റം​ബർ 1-ന്‌ സൊ​സൈറ്റി പരാ​ഗ്വേ​യിൽ ഒരു ബ്രാഞ്ച്‌ സ്ഥാപിച്ചു. അടുത്ത​കാ​ലത്തു വാടക​യ്‌ക്കെ​ടുത്ത ആ കെട്ടിടം ബ്രാഞ്ച്‌ ഓഫീ​സി​നുള്ള സ്ഥലമായി ഉതകി. സംഘാ​ടനം മെച്ചമാ​യ​തോ​ടെ സാക്ഷീ​ക​ര​ണ​വേ​ല​യു​ടെ ആക്കവും വർധിച്ചു, ഒപ്പം എതിർപ്പും. കത്തോ​ലി​ക്ക​രായ തപാൽജോ​ലി​ക്കാ​രെ വാച്ച്‌ ടവർ സാഹി​ത്യ​ങ്ങൾ കൊണ്ടു​പോ​യി കൊടു​ക്കു​ന്ന​തിൽനി​ന്നു പിന്തി​രി​പ്പി​ക്കാൻ തക്കവണ്ണം അവരിൽ ഭയമു​ണർത്താ​നും വിവരങ്ങൾ ശേഖരി​ക്കാ​നും വൈദി​കർ കുമ്പസാ​ര​ക്കൂട്‌ ഉപയോ​ഗി​ച്ചി​രു​ന്ന​താ​യി തോന്നു​ന്നു.

അന്ന്‌ പ്രവർത്തി​ച്ചു​കൊ​ണ്ടി​രുന്ന നാലു ചെറിയ സഭകൾ സന്ദർശിച്ച്‌ അവയെ ബലപ്പെ​ടു​ത്താൻ നവംബ​റിൽ ഹ്യൂസ്‌ സഹോ​ദരൻ അർജൻറീ​ന​യിൽനിന്ന്‌ എത്തി. അദ്ദേഹം ഗിലെ​യാദ്‌ സ്‌കൂ​ളിൽ പോയി​രു​ന്നു. മാത്രമല്ല, 20 ഭാഷക​ളിൽ പരിപാ​ടി​കൾ നടത്തു​ക​യും അവസാന ദിവസം പ്രസം​ഗങ്ങൾ കേൾക്കു​ന്ന​തി​നാ​യി സ്റ്റേഡി​യ​ത്തിൽ 80,000 പേർ തിങ്ങി​നി​റ​യു​ക​യും ചെയ്‌ത യു.എസ്‌.എ.-യിലെ ഒഹാ​യോ​വി​ലുള്ള ക്ലിവ്‌ലൻഡിൽ നടന്ന സാർവ​ദേ​ശീയ സന്തുഷ്ട ജനതാ ദിവ്യാ​ധി​പത്യ സമ്മേള​ന​ത്തിൽ അദ്ദേഹം സംബന്ധി​ക്കു​ക​യും ചെയ്‌തി​രു​ന്നു. അതു​കൊണ്ട്‌ സഹോ​ദ​ര​ങ്ങ​ളു​മാ​യി പങ്കു​വെ​ക്കാൻ അദ്ദേഹ​ത്തി​നു ധാരാളം കാര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ്രതി​കൂ​ലാ​വ​സ്ഥ​യിൽ തങ്ങളുടെ സേവനം തുടരു​ന്ന​തിന്‌ അവർക്ക്‌ ആ പ്രബോ​ധനം ആവശ്യ​മാ​യി​രു​ന്നു​താ​നും.

വിപ്ലവ​ത്തിൻമ​ധ്യേ

1947-ന്റെ ആദ്യ ഘട്ടത്തിൽ വിപ്ലവം പൊട്ടി​പ്പു​റ​പ്പെട്ടു. മിഷന​റി​ഭ​വ​ന​ത്തി​നു മുന്നി​ലാ​യു​ണ്ടാ​യി​രുന്ന നടപ്പാ​ത​യിൽ ഗവൺമെൻറ്‌ സേനകൾ യന്ത്ര​ത്തോ​ക്കു​കൾ സ്ഥാപിച്ചു. ഒരു ദിവസത്തെ പോരാ​ട്ട​ത്തെ​ത്തു​ടർന്ന്‌ കുറ​ച്ചൊ​ക്കെ ശാന്തത കൈവന്നു. പിന്നീട്‌ മാർച്ച്‌ 7-ന്‌ സ്ഥിതി​ഗ​തി​കൾ വീണ്ടും വഷളായി. തെരു​വു​ക​ളിൽ തുറന്ന പോരാ​ട്ടം നടന്നു. പട്ടാള​നി​യമം പ്രഖ്യാ​പി​ക്ക​പ്പെട്ടു. വിപ്ലവ​കാ​രി​കൾ അസൂൺഷി​യോൺ നഗരമ​ധ്യ​ത്തി​ലുള്ള പൊലീസ്‌ ആസ്ഥാനങ്ങൾ ആക്രമി​ച്ചു.

മുഖ്യ സൈനിക ആസ്ഥാന​ങ്ങ​ളും ആക്രമി​ക്ക​പ്പെ​ടു​മെന്നു വിചാ​രി​ച്ച​തി​നാൽ, ചുമതല വഹിച്ചി​രുന്ന ജനറൽ സൈനി​കോ​പ​യോ​ഗ​ത്തി​നാ​യി മിഷന​റി​ഭ​വനം ആവശ്യ​പ്പെ​ടു​ക​യും അവി​ടെ​നിന്ന്‌ ഒഴിഞ്ഞു​പോ​കാൻ സഹോ​ദ​ര​ന്മാർക്കു മൂന്നു ദിവസം അനുവ​ദി​ക്കു​ക​യും ചെയ്‌തു. സഹോ​ദ​രങ്ങൾ അപേക്ഷി​ച്ച​പ്പോൾ അതു പത്തു ദിവസ​മാ​ക്കി. വിപ്ലവം നടമാ​ടു​ക​യും വീടുകൾ കിട്ടാൻ വളരെ ബുദ്ധി​മുട്ട്‌ നേരി​ടു​ക​യും ചെയ്‌ത ആ സമയത്ത്‌ സഹോ​ദ​രങ്ങൾ ഒരു ദൗത്യ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു: വീട​ന്വേ​ഷണ ദൗത്യം. തന്റെ സാക്ഷി​ക​ളു​ടെ സാന്നി​ധ്യ​ത്തെ​ക്കു​റിച്ച്‌ പരാ​ഗ്വേ​യി​ലെ ഉന്നതാ​ധി​കാ​രി​കൾ തുടർന്നും ബോധ​വാ​ന്മാ​രാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ച്ച​താ​യി തോന്നു​ന്നു. ലഭ്യമായ ഒരേ​യൊ​രു യോജിച്ച വീട്‌, എംബസി​കൾ സ്ഥിതി ചെയ്‌തി​രുന്ന നിരയിൽ പ്രസി​ഡൻറി​ന്റെ വസതിക്ക്‌ അടുത്തു​ള്ള​താ​യി​രു​ന്നു.

വിപ്ലവ​ത്തെ​ക്കു​റിച്ച്‌ 1947 മാർച്ച്‌ 26-ലെ ഒരു കത്തിൽ ബ്രാഞ്ച്‌ ദാസൻ ഇങ്ങനെ എഴുതി: “ഇവിടെ സ്ഥിതി​ഗ​തി​കൾ അനുദി​നം വഷളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഈ കത്ത്‌ എഴുതി​ക്കൊ​ണ്ടി​രി​ക്കെ, ഏതാനും കിലോ​മീ​റ്റർ അകലെ ഒരു വിമാനം ഉയർന്നു പറക്കു​ന്നുണ്ട്‌. അതു വിമാ​ന​ത്താ​വ​ള​ത്തിൽ ബോം​ബാ​ക്ര​മണം നടത്തു​ക​യാ​ണെന്നു തോന്നു​ന്നു. വിമാ​ന​വേധ തോക്കു​കൾ അതിനെ ആക്രമി​ക്കു​ന്നുണ്ട്‌. പ്രസി​ഡൻറി​ന്റെ വസതിക്കു ചുറ്റും നൂറു​ക​ണ​ക്കി​നു ഭടന്മാ​രുണ്ട്‌. അവരുടെ തോക്കു​ക​ളിൽനി​ന്നുള്ള വെടി​യൊച്ച ഭയജന​ക​മാണ്‌. വെടി​മ​രു​ന്നി​ന്റെ പുകപ​ട​ല​ത്താൽ വായു നീലച്ചി​രി​ക്കു​ന്നു, അതിന്റെ ഗന്ധം മടുപ്പി​ക്കു​ന്ന​താണ്‌. വിപ്ലവ​സേ​നകൾ നഗര​ത്തോ​ടു വളരെ അടുത്തു​കൊ​ണ്ടി​രി​ക്കു​ന്നു; തോക്കി​ന്റെ​യും ബോം​ബി​ന്റെ​യും ശബ്ദം ഞങ്ങൾക്കു തുടർച്ച​യാ​യി കേൾക്കാം . . . ഭക്ഷണത്തി​ന്റെ കാര്യ​മാ​ണെ​ങ്കിൽ, അതു ദിവസ​വും വഷളാ​യി​വ​രു​ന്നു.”

വിപ്ലവ​സേ​ന​കൾ മിഷന​റി​ഭ​വ​ന​ത്തോ​ടു പത്തു കെട്ടി​ട​സ​മു​ച്ച​യ​ങ്ങൾവരെ അടു​ത്തെത്തി. അപ്പോൾ ഗവൺമെൻറ്‌ സേനകൾ അവയെ തിരി​ച്ചോ​ടി​ക്കാൻ തുടങ്ങി. ആ സമയ​ത്തെ​ല്ലാം സഹോ​ദ​രങ്ങൾ തങ്ങൾക്കാ​വു​ന്ന​തു​പോ​ലെ സാക്ഷീ​ക​രണം നടത്തി​ക്കൊ​ണ്ടി​രു​ന്നു. ആ വിപ്ലവം ഏതാണ്ട്‌ ആറ്‌ മാസ​ത്തോ​ളം നീണ്ടു​നി​ന്നു. അത്‌ ശരിക്കും ഒരു പരി​ശോ​ധ​ന​തന്നെ ആയിരു​ന്നു, പ്രത്യേ​കി​ച്ചും പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങൾക്ക്‌. ക്രിസ്‌തീയ നിഷ്‌പക്ഷത പാലി​ക്കു​ക​നി​മി​ത്തം അവരോട്‌ അധികാ​രി​കൾ വളരെ പരുഷ​മാ​യാ​ണു പെരു​മാ​റി​യത്‌.

കൂടി​വ​രു​ന്ന​തിൽ വീഴ്‌ച വരുത്തു​ന്നി​ല്ല

വിപ്ലവം അവസാ​നി​ച്ച​തോ​ടെ രാജ്യം സാധാരണ അവസ്ഥയി​ലേക്കു മടങ്ങി​വ​രാൻ തുടങ്ങി. അർജൻറീ​ന​യി​ലേക്കു പലായനം ചെയ്‌ത ചിലർ തിരി​ച്ചു​വന്നു. പരാ​ഗ്വേ​യി​ലെ ആദ്യത്തെ സമ്മേളനം 1948 ജൂൺ 4-6-ന്‌ നടത്താ​നുള്ള ആസൂ​ത്ര​ണങ്ങൾ ചെയ്യ​പ്പെട്ടു. എന്നാൽ കുഴപ്പങ്ങൾ വരുത്തി​ക്കൂ​ട്ടു​ന്ന​തിൽ പിശാച്‌ തിര​ക്കോ​ടെ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ജൂൺ 3-ന്‌ ഒരു സൈനിക അട്ടിമറി നടന്നു. പ്രസി​ഡൻറി​നെ​യും അദ്ദേഹ​ത്തി​ന്റെ മന്ത്രി​സ​ഭ​യിൽ പെട്ടവ​രെ​യും തടവു​കാ​രാ​ക്കി. തലസ്ഥാ​നത്തു കാര്യങ്ങൾ ആകെ കുഴഞ്ഞു​മ​റിഞ്ഞ അവസ്ഥയി​ലാ​യി​രു​ന്നു. സമ്മേള​ന​ത്തി​ന്റെ കാര്യ​മോ?

അനു​യോ​ജ്യ​മാ​യ ഒരു ഹാൾ വാടക​യ്‌ക്കെ​ടു​ക്കാ​നുള്ള ശ്രമങ്ങൾ വിജയി​ച്ചില്ല. എന്നാൽ യഹോവ മറ്റൊരു വിധത്തിൽ കരുതൽ ചെയ്‌തു. സൈനിക ആസ്ഥാന​ത്തിന്‌ എതിർവ​ശത്തു നേര​ത്തേ​യു​ണ്ടാ​യി​രുന്ന മിഷന​റി​ഭ​വനം ഒഴിഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. സമ്മേള​ന​ത്തി​നു​വേണ്ടി അതു വാടക​യ്‌ക്കു തരാൻ അതിന്റെ ഉടമ സമ്മതിച്ചു. കുഴപ്പങ്ങൾ നടന്നു​കൊ​ണ്ടി​രുന്ന നഗരമ​ധ്യ​ത്തിൽനിന്ന്‌ അകലെ​യാ​യി​രു​ന്നു അത്‌. അതിന്റെ മുറ്റം സമ്മേളന പരിപാ​ടി​കൾക്കു​വേ​ണ്ടി​യും കെട്ടിടം നഗരത്തി​നു വെളി​യിൽനി​ന്നു വരുന്ന പ്രതി​നി​ധി​കൾക്കു താമസി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും ഉപയോ​ഗി​ക്കാ​മാ​യി​രു​ന്നു. വന്നവർ തനി പരാഗ്വേ സമ്പ്രദാ​യ​മ​നു​സ​രിച്ച്‌ എല്ലാവർക്കും ഹസ്‌ത​ദാ​നം നൽകി പരസ്‌പരം അഭിവാ​ദനം ചെയ്‌തു. “മുഴു മാനവ​രാ​ശി​യു​ടെ​യും ആസന്നമായ സന്തോഷം” എന്ന പ്രസംഗം കേൾക്കാൻ നൂറി​ല​ധി​കം പേർ എത്തിയി​രു​ന്നു. പരാ​ഗ്വേ​യി​ലെ ആളുകൾക്ക്‌ എത്ര കാലോ​ചി​ത​മായ ഒരു പ്രസംഗം!

പൊലീസ്‌ ജനക്കൂ​ട്ടത്തെ തടഞ്ഞു​നിർത്തു​ന്നു

യഹോ​വ​യു​ടെ സാക്ഷികൾ പരാ​ഗ്വേ​യിൽ തങ്ങളുടെ ബൈബിൾ വിദ്യാ​ഭ്യാ​സ​വേല തുടങ്ങി​യ​തു​മു​തൽ, മത​വൈ​ദി​ക​രിൽനി​ന്നു കൂടെ​ക്കൂ​ടെ എതിർപ്പു നേരി​ട്ടി​ട്ടുണ്ട്‌. 1948-ൽ, രാജ്യ​ത്തി​ന്റെ തെക്കു​ഭാ​ഗ​ത്തുള്ള ഒരു കൊച്ചു​പ​ട്ട​ണ​മായ യൂട്ടി​യു​ടെ മധ്യത്തി​ലുള്ള ചെറി​യൊ​രു പാർക്കിൽവെച്ച്‌ ഒരു പരസ്യ​പ്ര​സം​ഗം നടത്താൻ സർക്കിട്ട്‌ മേൽവി​ചാ​രകൻ ആസൂ​ത്രണം ചെയ്‌തു. കത്തോ​ലി​ക്കാ പള്ളിയു​ടെ നേരേ എതിർവ​ശ​ത്താ​യി​രു​ന്നു ആ സ്ഥലം. സാക്ഷികൾ സഭയെ ഭിന്നി​പ്പി​ക്കാ​നും ആളുകളെ സഭയിൽനിന്ന്‌ അകറ്റാ​നും പോകു​ന്നു​വെന്നു പ്രഖ്യാ​പി​ച്ചു​കൊണ്ട്‌ ആ പ്രസംഗം തടസ്സ​പ്പെ​ടു​ത്താൻ അവിടത്തെ പുരോ​ഹി​തൻ ആളുകളെ പ്രേരി​പ്പി​ച്ചു. പ്രസംഗം തുടങ്ങു​ന്ന​തി​നു മുമ്പ്‌ വലി​യൊ​രു ജനാവലി പള്ളിയു​ടെ മുമ്പിൽ തടിച്ചു​കൂ​ടി. തെരു​വി​ന്റെ എതിർവ​ശ​ത്തുള്ള പാർക്കിൽ യഹോ​വ​യു​ടെ സാക്ഷി​കളെ—എട്ടു പേരെ—കണ്ടപ്പോൾ “പ്രൊ​ട്ട​സ്റ്റൻറു​കാ​രേ, പോകൂ! പ്രൊ​ട്ട​സ്റ്റൻറു​കാ​രേ, പോകൂ!” എന്നവർ അലറി​വി​ളി​ക്കാൻ തുടങ്ങി. അതേസ​മയം, പ്രസംഗം കേൾക്കാൻ അനേക​മാ​ളു​കൾ കാത്തി​രി​പ്പു​ണ്ടാ​യി​രു​ന്നു. എന്നാൽ ആൾക്കൂ​ട്ടത്തെ ഭയന്ന്‌ പാർക്കിൽ പ്രവേ​ശി​ക്കാൻ അവർ മടിച്ചു.

പൊലീസ്‌ ജനക്കൂ​ട്ട​ത്തി​ന്റെ മുമ്പിൽ ഒരു യന്ത്ര​ത്തോക്ക്‌ സ്ഥാപിച്ചു. ആരെങ്കി​ലും വരയ്‌ക്കി​പ്പു​റം കടന്നാൽ വെടി​വെ​ക്കു​മെന്ന്‌ അവർ പറഞ്ഞു. സഹോ​ദ​രങ്ങൾ അവി​ടെ​നി​ന്നു സുരക്ഷി​ത​രാ​യി പുറത്തു കടക്കു​ന്ന​തു​വരെ ഇതു ജനക്കൂ​ട്ടത്തെ തടഞ്ഞു​നിർത്തി. എന്നാൽ, വാരം മുഴുവൻ അവർ പ്രസം​ഗ​ത്തെ​ക്കു​റി​ച്ചു പരസ്യ​പ്പെ​ടു​ത്തി​യി​രു​ന്നു, താത്‌പ​ര്യ​ക്കാർക്ക്‌ കേൾക്കു​ന്ന​തിന്‌ ഒരവസരം നൽകാൻ അവർ ദൃഢനി​ശ്ചയം ചെയ്‌തി​രു​ന്നു. ഒരു പ്രാ​ദേ​ശിക സാക്ഷി തന്റെ വീട്‌ ഉപയോ​ഗി​ക്കു​ന്ന​തി​നു വിട്ടു​കൊ​ടു​ത്തു. ഒരു പ്രാവ​ശ്യം പ്രസംഗം കഴിഞ്ഞ​പ്പോൾ മറ്റൊരു കൂട്ടം ആളുക​ളെത്തി, അവരും അതു കേൾക്കാ​നാ​ഗ്ര​ഹി​ച്ചു; അതു​കൊണ്ട്‌ സർക്കിട്ട്‌ മേൽവി​ചാ​രകൻ അന്ന്‌ ആ പ്രസംഗം രണ്ടു പ്രാവ​ശ്യം നടത്തി. യൂട്ടി​യിൽ രണ്ടുതരം ആരാധ​നാ​രീ​തി​ക​ളു​ടെ​യും വിപരീത ഫലങ്ങൾ വ്യക്തമാ​യും പ്രകട​മാ​കു​ക​യാ​യി​രു​ന്നു.

മിഷന​റി​മാർ നാടു​ക​ട​ത്ത​ലി​നെ അഭിമു​ഖീ​ക​രി​ക്കു​ന്നു

1992 വരെ ഗവൺമെൻറ്‌ അംഗീ​കൃത മതം റോമൻ കത്തോ​ലി​ക്കാ​സഭ ആയിരു​ന്നെ​ങ്കി​ലും ഔദ്യോ​ഗി​ക​മായ ഒരു തലത്തിൽ പരാഗ്വേ പൊതു​വേ മതസഹി​ഷ്‌ണു​ത​യു​ടെ ചരിത്രം നിലനിർത്തി. സാധാരണ കുഴപ്പ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ള്ളത്‌ ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളി​ലാണ്‌. അതിനു കാരണ​ക്കാർ അവിടത്തെ പുരോ​ഹി​ത​ന്മാ​രും അവരുടെ മതഭ്രാ​ന്ത​രായ അനുഗാ​മി​ക​ളു​മാ​യി​രു​ന്നു. എന്നാൽ, 1950-ന്റെ തുടക്ക​ത്തിൽ രാജ്യ​ത്തു​നി​ന്നു വാച്ച്‌ ടവർ മിഷന​റി​മാ​രെ പുറത്താ​ക്കു​ന്ന​തി​നുള്ള ഔദ്യോ​ഗിക ശ്രമങ്ങൾ നടക്കു​ക​യു​ണ്ടാ​യി.

ഒരു പുതിയ നിയമ​മ​നു​സ​രിച്ച്‌ കുടി​യേ​റുന്ന എല്ലാവ​രും ലാൻഡ്‌സ്‌ ഡിപ്പാർട്ടു​മെൻറിൽ രജിസ്റ്റർ ചെയ്യു​ക​യും തങ്ങൾ ചെയ്യുന്ന ജോലി​യു​ടെ തെളിവു നൽകു​ക​യും വേണമാ​യി​രു​ന്നു. എന്നാൽ മിഷന​റി​മാർ രജിസ്റ്റർ ചെയ്യാൻ ശ്രമി​ച്ച​പ്പോൾ, അവർക്ക്‌ അതു ചെയ്യാ​നാ​വി​ല്ലെ​ന്നും അവർ ഇപ്പോൾത്തന്നെ രാജ്യത്തു വസിക്കു​ന്നത്‌ നിയമ​വി​രു​ദ്ധ​മാ​യി​ട്ടാ​ണെ​ന്നും അതിനാൽ അറസ്റ്റ്‌ ചെയ്യ​പ്പെ​ടു​മെ​ന്നും അവരോ​ടു പറഞ്ഞു. അവരുടെ പ്രവർത്തനം സംബന്ധിച്ച്‌ അധികാ​രി​കൾക്ക്‌ തെറ്റായ വിവരങ്ങൾ ലഭിച്ചി​രു​ന്ന​താ​യി തോന്നു​ന്നു.

ചില ഓഫീ​സർമാർ അനുക​മ്പ​യു​ള്ള​വ​രാ​യി​രു​ന്നു. എന്നാൽ അവരു​ടെ​യും അമേരി​ക്കൻ എംബസി​യി​ലു​ള്ള​വ​രു​ടെ​യും ശ്രമങ്ങൾക്ക്‌ പ്രതി​ബന്ധം തരണം ചെയ്യാ​നാ​യില്ല. ലാറ്റി​ന​മേ​രി​ക്ക​യിൽ മിക്ക​പ്പോ​ഴും നിങ്ങൾ ആരാ​ണെ​ന്നതല്ല, മറിച്ച്‌ പിടി​പാ​ടുള്ള ആരെങ്കി​ലും നിങ്ങൾ ക്കുണ്ടോ എന്നതാണ്‌ ഫലം കൈവ​രു​ത്തു​ന്നത്‌. പ്രസി​ഡൻറി​ന്റെ ഓഫീ​സിൽ ജോലി ചെയ്‌തി​രുന്ന, തങ്ങളോട്‌ അനുകൂ​ല​ഭാ​വം പുലർത്തിയ ഒരു വ്യക്തിയെ സഹോ​ദ​ര​ങ്ങൾക്ക്‌ അറിയാ​മാ​യി​രു​ന്നു. അദ്ദേഹം മുഖാ​ന്തരം, മിഷന​റി​ഭ​വ​ന​ത്തി​ലെ വിരു​ന്നി​നാ​യി അവർ പ്രസി​ഡൻറി​ന്റെ പേഴ്‌സണൽ സെക്ര​ട്ട​റി​യെ ക്ഷണിച്ചു. ക്ഷണം കൃതജ്ഞ​താ​പൂർവം സ്വീക​രി​ക്ക​പ്പെട്ടു.

മിഷന​റി​മാ​രു​ടെ പ്രവർത്ത​ന​ത്തി​ന്റെ യഥാർഥ സ്വഭാ​വ​ത്തെ​ക്കു​റി​ച്ചും അതു രാജ്യ​ത്തി​നു ചെയ്യുന്ന പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ചർച്ച ചെയ്യു​ന്ന​തി​നുള്ള ഒരു അവസരം അതു പ്രദാനം ചെയ്‌തു. രജിസ്‌​ട്രേഷൻ സംബന്ധിച്ച പ്രശ്‌ന​വും ചർച്ച ചെയ്യു​ക​യു​ണ്ടാ​യി. അക്കാര്യ​ത്തിൽ പ്രസി​ഡൻറി​ന്റെ സെക്ര​ട്ടറി വലിയ താത്‌പ​ര്യം കാട്ടി. തത്‌ഫ​ല​മാ​യി, 1950 ജൂൺ 15-ന്‌ മിഷന​റി​മാ​രിൽ ആദ്യത്തെ ആൾക്ക്‌ കുടി​യേ​റ്റ​ക്കാ​ര​നാ​യി രജിസ്റ്റർ ചെയ്യാൻ സാധിച്ചു. രാജ്യത്തു താമസി​ച്ചു​കൊണ്ട്‌ ബൈബിൾ വിദ്യാ​ഭ്യാ​സ​വേല തുടരു​ന്ന​തി​നുള്ള നിയമ​പ​ര​മായ അധികാ​ര​വും അദ്ദേഹ​ത്തി​നു ലഭിച്ചു.

ഗ്രാമ​പ്ര​ദേ​ശത്തെ ഒരു ദുഷ്‌കര ദിനം

അക്കാല​ങ്ങ​ളിൽ സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ പ്രവർത്തനം പ്രത്യേ​ക​തരം വെല്ലു​വി​ളി​കൾ നിറഞ്ഞ​താ​യി​രു​ന്നു. അനേകം മണിക്കൂ​റു​കൾ യാത്ര ചെയ്യു​ന്ന​തും ചില​പ്പോൾ അക്രമാ​സ​ക്ത​മായ എതിർപ്പി​നെ സഹിച്ചു​നിൽക്കു​ന്ന​തും അതിലുൾപ്പെ​ട്ടി​രു​ന്നു. ഗിലെ​യാദ്‌ സ്‌കൂ​ളിൽനി​ന്നു ബിരു​ദ​മെ​ടുത്ത ലോയിഡ്‌ ജമസൺ 1952-ൽ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി മുഴു​സ​മയം സേവി​ക്കാൻ തുടങ്ങി. യൂട്ടിക്കു വടക്കുള്ള ഒരു സഭ സന്ദർശി​ച്ച​ശേഷം എന്താണു സംഭവി​ച്ച​തെന്ന്‌ അദ്ദേഹം റിപ്പോർട്ടു ചെയ്‌തു. അടുത്തുള്ള പ്രദേ​ശങ്ങൾ സമീപ​കാ​ലത്ത്‌ പ്രവർത്തി​ച്ചു​തീർത്തി​രു​ന്നു. അതു​കൊണ്ട്‌ അകലെ​യുള്ള ഒരു പട്ടണത്തിൽ സാക്ഷീ​ക​രണം നടത്തു​ന്ന​തിന്‌ ആസൂ​ത്രണം ചെയ്‌തു. ആറു സഹോ​ദ​ര​ന്മാ​രും നാലു സഹോ​ദ​രി​മാ​രും ഉൾപ്പെട്ട ഒരു സംഘം രാവിലെ 4:00 മണിക്ക്‌ അവി​ടേക്കു പുറ​പ്പെട്ടു. ഒരു വയസ്സുള്ള കുട്ടി​യു​ണ്ടാ​യി​രുന്ന ഒരു സഹോ​ദ​രി​യൊ​ഴി​കെ മറ്റെല്ലാ​വ​രും നടന്നാണ്‌ പോയത്‌. 11 മണിയാ​യ​പ്പോൾ അവർ പ്രദേ​ശ​ത്തെത്തി. രണ്ടു ഗ്രൂപ്പു​ക​ളാ​യി തിരിഞ്ഞ്‌ പ്രവർത്തനം തുടങ്ങി.

ജമസൺ സഹോ​ദരൻ പറയുന്നു: ‘ഞങ്ങൾ ഒരു മണിക്കൂർ പ്രവർത്തി​ച്ചു​ക​ഴി​ഞ്ഞതേ ഉണ്ടായി​രു​ന്നു​ള്ളൂ. ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ പുല്ലു​മേഞ്ഞ ഒരു വീട്ടി​ലി​രുന്ന്‌ താത്‌പ​ര്യം പ്രകട​മാ​ക്കിയ ഒരു കുടും​ബ​ത്തോട്‌ ഞങ്ങൾ സാക്ഷീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അപ്പോൾ ഗ്രാമ​ത്ത​ല​വ​നും 16-വയസ്സു​കാ​ര​നായ ഒരു ഭടനും ഞങ്ങൾക്കു നേരേ തോക്കു​ചൂ​ണ്ടി​ക്കൊണ്ട്‌ അകത്തു​ക​ടന്നു. സാഹി​ത്യ​ങ്ങൾ തിരി​ച്ചു​കൊ​ടു​ക്കാൻ അയാൾ ആ വീട്ടി​ലു​ള്ള​വ​രോട്‌ വളരെ കർശന​മാ​യി പറഞ്ഞു. എന്നിട്ട്‌ അവരോ​ടൊ​പ്പം പൊലീസ്‌ സ്റ്റേഷനി​ലേക്കു ചെല്ലാൻ ആജ്ഞാപി​ച്ചു. മറ്റു പ്രസാ​ധകർ അതി​നോ​ടകം പൊലീസ്‌ സ്റ്റേഷനിൽ എത്തിയി​രു​ന്നു. ഗ്രാമ​ത്ത​ല​വ​നു​മാ​യി ന്യായ​വാ​ദം ചെയ്യാൻ ഞാൻ ശ്രമി​ച്ചെ​ങ്കി​ലും അയാൾക്കു ഗ്വാരനി ഭാഷ മാത്രമേ വശമു​ണ്ടാ​യി​രു​ന്നു​ള്ളൂ, സ്‌പാ​നിഷ്‌ അറിയി​ല്ലാ​യി​രു​ന്നു. കോപം​കൊണ്ട്‌ അയാളു​ടെ കണ്ണുകൾ ചുവന്നി​രു​ന്നു. പട്ടണത്തിൽനി​ന്നു പുറത്തു കടക്കാ​നും മേലാൽ അവിടെ വന്നു​പോ​ക​രു​തെ​ന്നും അയാൾ ആജ്ഞാപി​ച്ചു.

‘ഒരു കിലോ​മീ​റ്റർ നടന്നു​കാ​ണും, അപ്പോൾ ഉച്ചഭക്ഷണം കഴിക്കാ​നാ​യി ഞങ്ങൾ ഒരു മരച്ചു​വ​ട്ടി​ലി​രു​ന്നു. പെട്ടെന്ന്‌ കൂട്ടത്തി​ലു​ണ്ടാ​യി​രുന്ന എല്ലാവ​രും എഴു​ന്നേറ്റ്‌ ഓടാൻ തുടങ്ങി. ഞാൻ ചുറ്റും നോക്കി​യ​പ്പോൾ കണ്ടത്‌ ഗ്രാമ​ത്ത​ല​വ​നും ഒരു ഭടനും നീണ്ട ചാട്ടവാ​റു​ക​ളു​മാ​യി കുതി​ര​പ്പു​റത്തു വരുന്ന കാഴ്‌ച​യാണ്‌. മറ്റുള്ള​വ​രോ​ടൊ​പ്പ​മാ​യി​രി​ക്കുന്ന​താണ്‌ ഏറ്റവും ഉചിത​മെന്നു കരുതിയ ഞാനും ഓട്ടം പിടിച്ചു. ഞാനൊ​രു അരുവി​ക്കു കുറുകെ ചാടി​യ​പ്പോൾ ചൂടിൽനി​ന്നുള്ള സംരക്ഷ​ണ​മാ​യി വെച്ചി​രുന്ന കണ്ണട നിലത്തു വീണു. ഞാന​തെ​ടു​ക്കാൻ കുനി​ഞ്ഞ​പ്പോൾ പുറത്ത്‌ ചാട്ടവാ​റു​കൊ​ണ്ടു ശക്തമായ അടി കിട്ടി. എന്നിട്ട്‌ എന്റെ മുകളിൽക്കൂ​ടി കുതി​രയെ പായി​ക്കാൻ ഗ്രാമ​ത്ത​ലവൻ ശ്രമിച്ചു; എന്നാൽ എനിക്കു കുതി​ര​യെ​ക്കു​റിച്ച്‌ കുറ​ച്ചൊ​ക്കെ അറിയാ​മാ​യി​രു​ന്ന​തി​നാൽ ഞാൻ കുതി​ര​യ്‌ക്കു മുമ്പി​ലാ​യി എന്റെ സാക്ഷീ​കരണ ബാഗ്‌ ആഞ്ഞുവീ​ശി. അപ്പോൾ അത്‌ എന്റെ അടു​ത്തേക്കു വന്നില്ല.

‘അപ്പോ​ഴേ​ക്കും ഗ്രാമ​ത്ത​ലവൻ മറ്റേ സഹോ​ദ​ര​ന്മാ​രിൽ മൂന്നു പേരെ ചാട്ട​കൊണ്ട്‌ ആവർത്തി​ച്ചാ​വർത്തിച്ച്‌ അടിച്ചി​രു​ന്നു. എന്നിട്ട്‌, 70 വയസ്സുള്ള ഒരു പയനിയർ സഹോ​ദ​രി​യു​ടെ മീതെ​കൂ​ടി കുതി​രയെ പായി​ക്കാൻ അയാൾ ഒരു ശ്രമം നടത്തി. ഒടുവിൽ അവരി​രു​വ​രും പട്ടണത്തി​ലേക്കു തിരി​ച്ചു​പോ​യി, ഞങ്ങൾ യാത്ര തുടരു​ക​യും ചെയ്‌തു. ചാട്ടവാ​റു​കൊ​ണ്ടുള്ള അടി നിമിത്തം ചിലരു​ടെ മുതു​കത്ത്‌ കരുവാ​ളിച്ച പാട്‌ ഉണ്ടാ​യെ​ങ്കി​ലും ആർക്കും ഗുരു​ത​ര​മായ പരി​ക്കേ​റ്റില്ല. ആർക്കും വേദന​യൊ​ന്നും തോന്നി​യു​മില്ല. 16 മണിക്കൂർ നടന്ന്‌ ഞങ്ങൾ വീട്ടി​ലെ​ത്തി​യ​പ്പോൾ രാത്രി 8 മണി ആയിരു​ന്നു.’

ചെറിയ ചില പട്ടണങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും അത്തരം സംഭവങ്ങൾ ഉണ്ടാ​യെ​ങ്കി​ലും, രാജ്യ​ഘോ​ഷണ വേല തുടർന്നും പുരോ​ഗ​മി​ച്ചു.

ഭരണകൂ​ട​ത്തി​നു വന്ന മാറ്റത്തി​നു​ശേ​ഷം

രാജ്യ​ത്തി​ന്റെ രാഷ്‌ട്രീയ ചരി​ത്ര​ത്തിൽ 1954 ഒരു നിർണാ​യക വർഷമാ​യി​രു​ന്നു. ഡോൺ ഫേഡേ​റി​ക്കോ ചാവസി​ന്റെ ഭരണകൂ​ടം മറിച്ചി​ട​പ്പെട്ടു. ജനറൽ ആൽ​ഫ്രെ​ഡോ സ്‌​ട്രെ​സ്‌നർ ജൂലൈ 11-ന്‌ പ്രസി​ഡൻറ്‌ സ്ഥാന​ത്തേക്കു തിര​ഞ്ഞെ​ടു​ക്ക​പ്പെട്ടു. 34-ൽപ്പരം വർഷം നീണ്ടു​നിന്ന സൈനി​ക​വാ​ഴ്‌ച​യ്‌ക്ക്‌ അതു നാന്ദി കുറിച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നത്തെ അത്‌ എങ്ങനെ​യാ​ണു ബാധി​ച്ചത്‌?

ആ വർഷം നവംബർ 25-28 തീയതി​ക​ളിൽ ഒരു ചതുർദിന ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ ക്രമീ​ക​രി​ക്ക​പ്പെട്ടു. പരാഗ്വേ പട്ടാള​ഭ​ര​ണ​ത്തിൻ കീഴി​ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ഏതുതരം യോഗം നടത്തു​ന്ന​തി​നും ഞങ്ങൾക്കു പൊലീ​സി​ന്റെ അനുമതി ആവശ്യ​മാ​യി​രു​ന്നു. അതൊരു പ്രശ്‌ന​മാ​യി​രി​ക്കു​മാ​യി​രു​ന്നോ? ഒരു ഓഡി​റ്റോ​റി​യം വാടക​യ്‌ക്കെ​ടു​ക്കു​ന്ന​തി​നുള്ള ഏർപ്പാ​ടു​കൾ സഹോ​ദ​രങ്ങൾ ഇതി​നോ​ടകം ചെയ്‌തു​ക​ഴി​ഞ്ഞി​രു​ന്നു. എന്നാൽ അവർ സമ്മേള​ന​ത്തി​നു പൊലീ​സി​ന്റെ അനുമതി തേടാൻ പോയ​പ്പോൾ കൺ​വെൻ​ഷൻ നടത്താൻ സാധി​ക്കി​ല്ലെ​ന്നാണ്‌ അവരോ​ടു പറഞ്ഞത്‌. കാരണം? പുരോ​ഹി​ത​ന്മാർ തങ്ങളു​ടെ​മേൽ സമ്മർദം ചെലു​ത്തു​ന്നു​വെന്ന്‌ ഒരു ഓഫീസർ സമ്മതി​ച്ചു​പ​റഞ്ഞു. സഹോ​ദ​രങ്ങൾ പലയാ​വർത്തി പൊലീ​സു​കാ​രെ സന്ദർശി​ക്കു​ക​യും അവരു​മാ​യി ന്യായ​വാ​ദം നടത്തു​ക​യും ചെയ്‌തു. തത്‌ഫ​ല​മാ​യി, അനുമതി തരുക​യി​ല്ലെ​ങ്കിൽപോ​ലും കൺ​വെൻ​ഷൻ സമയത്ത്‌ തങ്ങൾ പ്രശ്‌നം സൃഷ്ടി​ക്കു​ക​യി​ല്ലെന്ന്‌ പൊലീസ്‌ സഹോ​ദ​ര​ങ്ങ​ളോ​ടു പറഞ്ഞു. നോട്ടീസ്‌ നൽകി​യോ പത്രങ്ങ​ളിൽ പരസ്യ​പ്പെ​ടു​ത്തി​യോ കൺ​വെൻ​ഷ​നെ​ക്കു​റിച്ച്‌ അറിയി​ക്കാ​തി​രി​ക്കാൻ സഹോ​ദ​രങ്ങൾ വിവേകം കാട്ടി. വാക്കാ​ലുള്ള ക്ഷണമാ​യി​രു​ന്നു എല്ലാവർക്കും നൽകി​യത്‌. പ്രശ്‌ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ കൺ​വെൻ​ഷൻ നടന്നു.

മതപര​മായ എതിർപ്പ്‌ തുടരു​ന്നു

യഹോ​വ​യു​ടെ സാക്ഷി​കളെ തടസ്സ​പ്പെ​ടു​ത്തു​ന്ന​തിൽ കത്തോ​ലി​ക്കാ വൈദി​കർ യാതൊ​രു വിരാ​മ​വും വരുത്തി​യില്ല. 1955-ന്റെ അവസാ​ന​മാ​യ​പ്പോൾ, തലസ്ഥാ​ന​ത്തു​നിന്ന്‌ 72 കിലോ​മീ​റ്റർ കിഴക്കു മാറി പിരി​ബെ​ബ്‌വി​യിൽ ഒരു ചെറിയ സർക്കിട്ട്‌ സമ്മേളനം നടത്തു​ന്ന​തി​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്യ​പ്പെട്ടു. സമ്മേള​ന​ത്തി​ന്റെ ആദ്യ ദിവസം സൂര്യാ​സ്‌ത​മ​യ​ശേഷം, യോഗം അലങ്കോ​ല​പ്പെ​ടു​ത്താൻ വടിക​ളും വാക്കത്തി​ക​ളു​മേ​ന്തിയ ഒരു ജനക്കൂ​ട്ട​ത്തി​ന്റെ അകമ്പടി​യോ​ടെ ആ ഇടവക​യി​ലെ പുരോ​ഹി​ത​നെത്തി. ഒരു പ്രാ​ദേ​ശിക സ്‌കൂ​ള​ധ്യാ​പകൻ ഇടപെ​ട്ട​തി​നാൽ ജനക്കൂട്ടം തെരു​വി​ലേക്കു പിന്മാറി. ആ സായാഹ്നം മുഴുവൻ അവർ കൂക്കു​വി​ളി​ക്കു​ക​യും കല്ലും പടക്കങ്ങ​ളും എറിയു​ക​യും ചെയ്‌തു​കൊണ്ട്‌ അവിടെ തങ്ങി.

1957 മാർച്ച്‌ 1-നും മതപര​മായ എതിർപ്പു​ണ്ടാ​യി. അതു തലസ്ഥാ​ന​ത്തി​നു തെക്കു​കി​ഴ​ക്കാ​യി സ്ഥിതി​ചെ​യ്‌തി​രുന്ന ഇറ്റേ എന്ന പട്ടണത്തി​ലാ​യി​രു​ന്നു. ആ തീയതി​ക്കു വളരെ മുമ്പു​തന്നെ ആ പട്ടണത്തിൽ സർക്കിട്ട്‌ സമ്മേളനം നടത്തു​ന്ന​തി​നു സഹോ​ദ​ര​ന്മാർ നിയമ​പ​ര​മായ ക്രമീ​ക​ര​ണങ്ങൾ ചെയ്‌തി​രു​ന്നു. സമ്മേളനം നടത്തു​ന്ന​തി​നുള്ള നിയമാ​നു​വാ​ദം ഇറ്റേ നഗരാ​ധി​കാ​രി​ക​ളിൽനി​ന്നും തലസ്ഥാ​നത്തെ പൊലീ​സിൽനി​ന്നും ലഭിച്ചി​രു​ന്നു. എന്നിരു​ന്നാ​ലും, എന്തോ പന്തി​കേ​ടു​ള്ള​താ​യി സമ്മേള​ന​ത്തിന്‌ ഇറ്റേയി​ലെ​ത്തിയ സഹോ​ദ​ര​ങ്ങൾക്കു കാണാൻ കഴിഞ്ഞു. ആ നഗരം ഒരു ഉപേക്ഷി​ക്ക​പ്പെട്ട പട്ടണം​പോ​ലെ തോന്നി​ച്ചു. തെരു​വു​കൾ വിജന​മാ​യി​രു​ന്നു; ജനാല​ക​ളും വാതി​ലു​ക​ളും അടച്ചു​പൂ​ട്ടി​യി​രു​ന്നു. കാരണം?

ആ സമ്മേളനം അവിടെ നടത്തി​ക്കു​ക​യി​ല്ലെന്നു ശപഥം ചെയ്‌തി​രുന്ന അവിടത്തെ പുരോ​ഹി​തൻ തന്റെ ശപഥം നിറ​വേ​റ്റാ​നാ​യി സാധ്യ​മാ​കു​ന്ന​തെ​ല്ലാം ചെയ്‌തി​രു​ന്നു. ആ ഗ്രാമ​ത്തി​ലെ​ങ്ങും ഒരു വിമാനം ഉപയോ​ഗിച്ച്‌ ആയിര​ക്ക​ണ​ക്കി​നു ലഘു​ലേ​ഖകൾ വിതറു​ന്ന​തി​നു​പോ​ലും അദ്ദേഹം ക്രമീ​ക​രണം ചെയ്‌തി​രു​ന്നു. അവയിലെ സന്ദേശം ഇതായി​രു​ന്നു: “1957 മാർച്ച്‌ 1 വെള്ളി​യാഴ്‌ച വൈകു​ന്നേരം 5:30-ന്‌ നഗരത്തി​ലും പ്രവി​ശ്യ​ക​ളി​ലു​മുള്ള എല്ലാ കത്തോ​ലി​ക്കാ ക്രിസ്‌ത്യാ​നി​ക​ളും പള്ളിയു​ടെ മുന്നിൽ തടിച്ചു​കൂ​ടും. . . . 6:30-ന്‌ ‘യഹോ​വ​യു​ടെ (വ്യാജ) സാക്ഷിക’ളെ അപലപി​ച്ചു​കൊണ്ട്‌ കത്തോ​ലി​ക്ക​രു​ടെ ഒരു വമ്പിച്ച പ്രകട​ന​മു​ണ്ടാ​യി​രി​ക്കും. ഇറ്റേയിൽ യാതൊ​രു തരത്തി​ലുള്ള സമ്മേള​ന​വും നടത്താൻ ആ പ്രൊ​ട്ട​സ്റ്റൻറ്‌ പാഷണ്ഡി​കൾക്ക്‌ അവകാ​ശ​മില്ല.”

പുരോ​ഹി​ത​നാ​യ ആയാല​യു​ടെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചു സഹോ​ദ​ര​ങ്ങൾക്കു വിവരം ലഭിച്ച​പ്പോൾ, വാടക​യ്‌ക്കെ​ടുത്ത താരത​മ്യേന തുറന്ന ആ സ്ഥലത്തു​നി​ന്നും സമ്മേളനം ഒരു സഹോ​ദ​രന്റെ വീട്ടി​ലേക്കു മാറ്റു​ന്ന​താ​യി​രി​ക്കും ഏറ്റവും നല്ലതെന്ന്‌ അവർ തീരു​മാ​നി​ച്ചു. ആക്രമ​ണ​മു​ണ്ടാ​കു​ന്ന​പക്ഷം ഭവനം മെച്ചപ്പെട്ട സംരക്ഷണം നൽകു​മാ​യി​രു​ന്നു.

ആ രംഗം നിങ്ങൾക്കു വിഭാവന ചെയ്യാൻ സാധി​ക്കും. ആ സഹോ​ദ​രന്റെ ഭവനത്തിൽ 60-ഓളം സമാധാ​ന​സ്‌നേ​ഹി​ക​ളായ ക്രിസ്‌ത്യാ​നി​കൾ ദൈവ​വ​ചനം പരിചി​ന്തി​ക്കു​ന്ന​തി​നാ​യി കൂടി​വ​ന്നി​രി​ക്കു​ന്നു. രണ്ടു കെട്ടി​ട​ങ്ങൾക്ക​പ്പു​റത്ത്‌ ആയിര​ത്തി​ല​ധി​കം പേർ വരുന്ന ഒരു ജനാവലി പുരോ​ഹി​തന്റെ അപലപന പ്രസം​ഗ​വും ആക്രമി​ക്കാ​നുള്ള ആഹ്വാ​ന​വും കേട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. അവരുടെ എണ്ണം അനുനി​മി​ഷം കൂടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ജനക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രുന്ന എല്ലാവ​രു​മൊ​ന്നും പുരോ​ഹി​തന്റെ പ്രവർത്ത​ന​ങ്ങ​ളോ​ടു യോജി​പ്പു​ള്ള​വ​രാ​യി​രു​ന്നില്ല. പരാ​ഗ്വേ​യി​ലെ വ്യോ​മ​സേ​ന​യു​ടെ ഉപലെ​ഫ്‌റ്റ​നെൻറായ സോലാ​നോ ഗാമാറ പുരോ​ഹി​തനെ ശാന്തനാ​ക്കാൻ ശ്രമിച്ചു. അദ്ദേഹം പുരോ​ഹി​തന്റെ സഹപു​രോ​ഹി​ത​ന്മാ​രോ​ടും സംസാ​രി​ച്ചു. എങ്കിലും യാതൊ​രു ഫലവു​മു​ണ്ടാ​യില്ല. ആയാല​യു​ടെ ഒരു സഹപ്ര​വർത്തകൻ വളരെ കോപിച്ച്‌ ലെഫ്‌റ്റ​നെൻറി​നെ ഇടിച്ച്‌ അദ്ദേഹ​ത്തി​ന്റെ ചുണ്ടിൽ മുറി​വേൽപ്പി​ച്ചു. ഇതു കണ്ടപ്പോൾ ജനക്കൂട്ടം ചെന്നാ​യ്‌ക്ക​ളെ​പ്പോ​ലെ ലെഫ്‌റ്റ​നെൻറി​ന്റെ നേരേ തിരിഞ്ഞ്‌ അദ്ദേഹത്തെ അടിക്കു​ക​യും തലയിൽ മുറി​വേൽപ്പി​ക്കു​ക​യും ചെയ്‌തു. അക്രമി​കൾ അദ്ദേഹ​ത്തി​ന്റെ ഷർട്ട്‌ വലിച്ചു​കീ​റി കത്തിക്കു​ന്ന​തി​നാ​യി ഒരു കോലിൽ കുത്തി​നിർത്തി. ഗാമാറ ജീവനും​കൊ​ണ്ടോ​ടി.

രക്തക്കൊ​തി പൂണ്ട ജനക്കൂട്ടം അപ്പോൾ സമ്മേളി​തർക്കു നേരേ തിരിഞ്ഞു. “യഹോവ നശിക്കട്ടെ!” “യഹോവ മരിക്കട്ടെ!” എന്ന്‌ അവർ അലറി​വി​ളി​ച്ചു. അവർ സമ്മേളനം നടക്കുന്ന ഭവനത്തി​ന്റെ അടു​ത്തെ​ത്തി​യ​പ്പോൾ സംരക്ഷ​ണ​ത്തി​നാ​യി നിന്നി​രുന്ന ഏതാനും പൊലീ​സു​കാർ എവി​ടെ​യോ അപ്രത്യ​ക്ഷ​രാ​യി. സഹോ​ദ​രങ്ങൾ ഉള്ളിൽനിന്ന്‌ വാതിൽക്കൽ തടസ്സം സൃഷ്ടിച്ചു. ജനക്കൂ​ട്ട​ത്തിൽ ചിലർ ഒരു അയൽക്കാ​രന്റെ പറമ്പിൽക്കൂ​ടി പുറകി​ലുള്ള പോർട്ടി​ക്കോ​യിൽ കടക്കാൻ ശ്രമി​ച്ചെ​ങ്കി​ലും തന്റെ നിലപാ​ടിൽ ഉറച്ചു​നിന്ന ആ അയൽക്കാ​രൻ അവരെ കടത്തി​വി​ട്ടില്ല. തനിക്ക്‌ അസുഖം വന്നപ്പോൾ, ഇപ്പോൾ ആക്രമി​ക്ക​പ്പെ​ട്ടി​രുന്ന വീട്ടിലെ സാക്ഷി തന്നോട്‌ ദയാവാ​യ്‌പോ​ടെ ഇടപെട്ട കാര്യം അദ്ദേഹം മറന്നി​രു​ന്നില്ല. അതേസ​മയം സഹോ​ദ​രങ്ങൾ യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ തങ്ങളാ​ലാ​കും​വി​ധം യോഗ​പ​രി​പാ​ടി​യു​മാ​യി മുന്നോ​ട്ടു​പോ​യി. സുരക്ഷി​ത​ത്വ​ത്തെ​പ്രതി അവരെ​ല്ലാ​വ​രും അന്നു രാത്രി ആ വീട്ടിൽ കഴിഞ്ഞു. അടുത്ത ദിവസം, സാക്ഷി​ക​ളു​ടെ സുരക്ഷി​ത​ത്വ​ത്തെ​പ്ര​തി​യും പ്രാ​ദേ​ശിക പൊലീ​സിന്‌ ജനക്കൂ​ട്ടത്തെ നിയ​ന്ത്രി​ക്കാ​നാ​വി​ല്ലാ​ത്ത​തി​നാ​ലും സമ്മേള​ന​ത്തി​നുള്ള അനുമതി റദ്ദാക്കി​ക്കൊ​ണ്ടുള്ള അറിയിപ്പ്‌ പൊലീസ്‌ ഹെഡ്‌ക്വാർട്ടേ​ഴ്‌സിൽനിന്ന്‌ കിട്ടി. ഒരു ബസ്‌ വാടക​യ്‌ക്കെ​ടുത്ത്‌ സന്തുഷ്ട​രായ, ഗീതമാ​ല​പി​ച്ചു​കൊ​ണ്ടി​രുന്ന പ്രതി​നി​ധി​കൾ സമ്മേളനം പൂർത്തി​യാ​ക്കു​ന്ന​തി​നു വേണ്ടി അസൂൺഷി​യോ​ണി​ലുള്ള ബ്രാഞ്ച്‌-മിഷന​റി​ഭ​വ​ന​ത്തി​ലേക്കു പോയി. അവർ വിശ്വാ​സ​ത്തി​ന്റെ ഒരു പരി​ശോ​ധ​നയെ നേരി​ട്ടി​രു​ന്നു, ഇപ്പോൾ അതു നിമിത്തം അവർ കൂടുതൽ ശക്തരാ​ക്ക​പ്പെട്ടു.

നിയമാം​ഗീ​കാ​രം

ഇറ്റേയി​ലെ കൂട്ട​പ്ര​ക്ഷോ​ഭ​ണ​ത്തെ​ത്തു​ടർന്ന്‌, അപ്പോ​സ്‌ത​ല​നായ പൗലൊസ്‌ സ്വീക​രിച്ച മാർഗത്തെ അനുക​രി​ച്ചു​കൊണ്ട്‌ ബ്രാഞ്ച്‌ ഓഫീസ്‌ പരാ​ഗ്വേ​യിൽ ‘സുവാർത്ത നിയമ​പ​ര​മാ​യി സ്ഥാപി​ക്കു​ന്ന​തി​നുള്ള നടപടി​കൾ സ്വീക​രി​ച്ചു. (ഫിലി. 1:7, NW; പ്രവൃ. 16:35-39) തന്മൂലം നല്ല ഫലമു​ണ്ടാ​യി. പ്രാ​ദേ​ശി​ക​മായ എല്ലാ നിയമ​വ്യ​വ​സ്ഥ​ക​ളി​ലും എത്തി​ച്ചേർന്ന​പ്പോൾ 1957 ഒക്ടോബർ 14-ന്‌ ആ ദേശത്ത്‌ യഹോ​വ​യു​ടെ സാക്ഷി​കളെ പ്രതി​നി​ധീ​ക​രി​ക്കാൻ അധികാ​ര​മുള്ള ഒരു നിയമാ​ധി​ഷ്‌ഠിത കോർപ്പ​റേഷൻ എന്ന അംഗീ​കാ​രം വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​ക്കു ലഭിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ്‌ പ്രസി​ഡൻറി​ന്റെ കൽപ്പന​യാ​യി പത്രങ്ങ​ളിൽ പ്രസി​ദ്ധീ​ക​രി​ച്ചു. ആവശ്യ​മുള്ള ഭൂസ്വത്ത്‌ വാങ്ങേ​ണ്ട​താ​യി വന്നപ്പോൾ അതു വളരെ ഫലപ്ര​ദ​മെന്നു തെളി​യു​ക​യു​ണ്ടാ​യി. മിഷന​റി​മാർക്കു രാജ്യത്ത്‌ സ്ഥിരതാ​മ​സ​മാ​ക്കാ​നും അതുമൂ​ലം കഴിഞ്ഞു.

അവരുടെ ആദ്യത്തെ ചലച്ചി​ത്രം

യഹോ​വ​യു​ടെ സ്ഥാപനത്തെ പൊതു​ജ​ന​ങ്ങൾക്കു പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്ന​തിൽ 1954 മുതൽ 1961 വരെ ചലച്ചി​ത്രങ്ങൾ വളരെ​യ​ധി​കം പ്രയോ​ജ​ന​പ്പെട്ടു. രാജ്യ​ത്തി​ന്റെ കിഴക്കൻ പ്രദേ​ശ​ങ്ങ​ളു​ടെ അധിക ഭാഗത്തും സൊ​സൈ​റ്റി​യു​ടെ ചലച്ചി​ത്രങ്ങൾ പ്രദർശി​പ്പി​ക്കു​ന്ന​തി​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്യ​പ്പെട്ടു. എണ്ണമെ​ടു​ത്ത​ത​നു​സ​രിച്ച്‌, അഞ്ചു വർഷക്കാ​ലം​കൊണ്ട്‌ 70,000-ത്തിലധി​കം​പേർ ആ പ്രദർശ​നങ്ങൾ കാണു​ക​യു​ണ്ടാ​യി.

ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ ചലച്ചി​ത്രങ്ങൾ കാണി​ക്കു​ന്ന​തിന്‌ ആവശ്യ​മായ ഉപകര​ണ​ങ്ങ​ളോ​ടൊ​പ്പം ജനറേറ്റർ കൊണ്ടു​പോ​കുക എന്നത്‌ ഒരു സാഹസം തന്നെയാ​യി​രു​ന്നു. സാധാ​ര​ണ​മാ​യി പ്രദർശ​ന​സ്ഥ​ല​മാ​യി തിര​ഞ്ഞെ​ടു​ത്തി​രു​ന്നത്‌ ഒഴിഞ്ഞു​കി​ട​ന്നി​രുന്ന ഒരു ഫുട്‌ബോൾ ഗ്രൗണ്ടാ​യി​രു​ന്നു. രാത്രി​യാ​കു​ന്ന​തി​നു മുമ്പ്‌ ഉപകര​ണങ്ങൾ സജ്ജീക​രി​ക്കു​മാ​യി​രു​ന്നു. എന്നിട്ട്‌ പൊതു​ജ​ന​ങ്ങളെ ക്ഷണിക്കു​ന്ന​തിന്‌ ഉച്ചഭാ​ഷി​ണി​യി​ലൂ​ടെ അറിയി​പ്പു നടത്തി​യി​രു​ന്നു. ചില​പ്പോൾ പോക്കി​രി​കൾ കല്ലു​പെ​റു​ക്കി എറിയു​മാ​യി​രു​ന്നു. സദസ്സിന്റെ വലിപ്പം വ്യത്യാ​സ​പ്പെ​ട്ടി​രു​ന്നു. 20-തിൽ താഴെ മാത്രം പ്രസാ​ധ​ക​രുള്ള ഒരു സഭ ഹെനെ​റാൽ ആർട്ടി​ഗാസ്‌ എന്ന സ്ഥലത്തു​ണ്ടാ​യി​രു​ന്നു. അവർ പട്ടണത്തിൽനി​ന്നും എട്ടു കിലോ​മീ​റ്റർ അകലെ യോഗ​ങ്ങൾക്കു കൂടി​വ​രു​മാ​യി​രു​ന്നു. അവിടെ ഒരു രാത്രി​യിൽ ആ ചലച്ചി​ത്രം കാണാൻ 1,300-ഓളം പേർ സമ്മേളി​ച്ചു! ചലച്ചി​ത്ര​ത്തി​ന്റെ ആദ്യത്തെ ഏതാനും നിമി​ഷ​ങ്ങ​ളിൽ രംഗങ്ങൾ മാറി​മാ​റി വരുന്നത്‌ കണ്ടപ്പോൾ ആളുകൾ പൊതു​വേ സന്തോ​ഷി​ച്ചു തിമർക്കു​മാ​യി​രു​ന്നു. ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ ആളുകൾ ആദ്യമാ​യി​ട്ടാ​യി​രു​ന്നു ചലച്ചി​ത്രം കാണു​ന്ന​തു​തന്നെ.

ആ ചിത്രങ്ങൾ, യഹോ​വ​യു​ടെ സാക്ഷികൾ ലോക​വി​സ്‌തൃ​ത​മാ​യി ചെയ്യുന്ന വേലയു​ടെ വ്യാപ്‌തി സംബന്ധിച്ച്‌ ഒരു ധാരണ പ്രാ​ദേ​ശിക സാക്ഷി​കൾക്കും പൊതു​ജ​ന​ത്തി​നും നൽകി.

മിഷന​റി​മാർ തങ്ങളെ​ത്തന്നെ സൗജന്യ​മാ​യി അർപ്പിച്ചു

പ്രസാ​ധ​ക​രു​ടെ എണ്ണം വർധി​ച്ച​പ്പോൾ, പക്വത​യി​ലെ​ത്താൻ അവരെ സഹായി​ക്കു​ന്ന​തി​നു മിഷന​റി​മാർ ഒരു സംഘടിത ശ്രമം നടത്തി. ന്യൂ​യോർക്ക്‌ നഗരത്തിൽ 1953-ൽ പുതി​യ​ലോക സമുദായ സമ്മേളനം നടന്ന​പ്പോൾ, അതിൽ സംബന്ധി​ക്കാൻ മിഷന​റി​മാർക്കു പദവി ലഭിച്ച അവസര​ത്തിൽ നല്ല ഫലങ്ങൾ പ്രകട​മാ​യി​രു​ന്നു. അവർ ദൂരെ​യാ​യി​രു​ന്ന​പ്പോൾ, അസൂൺഷി​യോൺ സഭയുടെ മേൽനോ​ട്ട​ത്തി​ന്റെ ഉത്തരവാ​ദി​ത്വം പ്രാ​ദേ​ശിക സഹോ​ദ​രങ്ങൾ വഹി​ക്കേ​ണ്ടത്‌ അനിവാ​ര്യ​മാ​യി​വന്നു. വയൽസേവന പ്രവർത്ത​ന​ങ്ങ​ളിൽ പുതിയ അത്യു​ച്ച​ങ്ങ​ളി​ലെ​ത്തി​ച്ചേർന്നു. പ്രാ​ദേ​ശിക സഹോ​ദ​രങ്ങൾ തങ്ങളുടെ ചുമതല നന്നായി നിർവ​ഹി​ച്ചി​രു​ന്ന​തി​നാൽ, മിഷന​റി​മാർ മടങ്ങി​വ​ന്ന​പ്പോൾ ആ നിയമ​ന​ങ്ങ​ളു​ടെ ചുമതല തുടർന്നും വഹിച്ചു​കൊ​ള്ളാൻ അവർ പ്രാ​ദേ​ശിക സഹോ​ദ​ര​ന്മാ​രോട്‌ ആവശ്യ​പ്പെട്ടു. മറ്റു സ്ഥലങ്ങളിൽ പ്രവർത്തി​ക്കാൻ ഇതു മിഷന​റി​മാ​രെ സ്വത​ന്ത്ര​രാ​ക്കി.

അവർക്കു വളരെ കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. വെർനർ ആപ്പൻസെലർ ഈ രാജ്യത്ത്‌ എത്തിയിട്ട്‌ നാലു മാസം കഴിഞ്ഞി​രു​ന്നു, അദ്ദേഹ​ത്തിന്‌ കുറ​ച്ചൊ​ക്കെ സ്‌പാ​നിഷ്‌ സംസാ​രി​ക്കാ​നും സാധിച്ചു. അതു​കൊണ്ട്‌, എൻകാർനാ​സ്യോ​നു ചുറ്റു​മുള്ള സർക്കി​ട്ടി​ന്റെ ചുമതല വഹിക്കാൻ അദ്ദേഹത്തെ നിയമി​ച്ചു. മിക്ക റോഡു​ക​ളും കല്ലു പാകി​യ​താ​യി​രു​ന്നില്ല. സാധാ​ര​ണ​ഗ​തി​യിൽ യാത്ര, നടന്നോ കുതി​ര​പ്പു​റ​ത്തോ ആയിരു​ന്നു. ആ മുഴു​സർക്കി​ട്ടി​ലു​മാ​യി 100 പ്രസാ​ധ​കരേ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ, പ്രോ​ത്സാ​ഹ​ന​വും പരിശീ​ല​ന​വും അവരുടെ ആത്മീയ പുരോ​ഗ​തി​യെ സഹായി​ക്കു​മാ​യി​രു​ന്നു. ഏതാനും വർഷങ്ങൾക്കു​ശേഷം, ആ നാട്ടു​കാ​ര​നും റോബർട്ട്‌ ഗോളാ​സി​ക്കി​ന്റെ പുത്ര​നു​മാ​യി​രുന്ന, ലാഡി​സ്ലാ​വു ഗോളാ​സിക്ക്‌ സർക്കിട്ട്‌ വേലയിൽ നിയമി​ക്ക​പ്പെട്ടു.

1961-ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും ഗിലെ​യാദ്‌ സ്‌കൂ​ളിൽ പരിശീ​ലനം നേടിയ മിഷന​റി​മാർ 15 വർഷമാ​യി പരാ​ഗ്വേ​യിൽ പ്രവർത്ത​ന​നി​ര​ത​രാ​യി​രു​ന്നു. അന്ന്‌ ആ രാജ്യത്ത്‌ 411 സാക്ഷി​ക​ളാണ്‌ ഉണ്ടായി​രു​ന്നത്‌. അവർ 22 സഭകളി​ലാ​യി സംഘടി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ ദേശത്ത്‌ സുവാർത്താ​പ്ര​സം​ഗ​ത്തി​നാ​യി 5,94,000-ത്തിലധി​കം മണിക്കൂ​റു​കൾ ചെലവ​ഴി​ച്ചി​രു​ന്നു. അക്കാലത്ത്‌ മിഷന​റി​മാർ സേവന​മ​നു​ഷ്‌ഠി​ച്ചി​രു​ന്നത്‌ അഞ്ചു മിഷന​റി​ഭ​വ​ന​ങ്ങ​ളിൽ താമസി​ച്ചു​കൊ​ണ്ടാണ്‌. അസൂൺഷി​യോൺ, എൻകാർനാ​സ്യോൻ, വിയാ​റി​ക്കാ, കൊ​റൊ​ണെൽ ഒവി​യേ​ദോ, പെഡ്രോ ഹ്വാൻ കാബാ​ല്യേ​റോ എന്നിവി​ട​ങ്ങ​ളി​ലാ​യി​രു​ന്നു അവ സ്ഥിതി ചെയ്‌തി​രു​ന്നത്‌. മിഷന​റി​മാർ ഈ നഗരങ്ങ​ളിൽനി​ന്നു ചുറ്റു​മുള്ള പ്രദേ​ശ​ങ്ങ​ളിൽ പോയി പ്രസംഗം നടത്തി. 1961 വരെ 50 മിഷന​റി​മാർ പരാ​ഗ്വേ​യി​ലെ വേലയിൽ പങ്കെടു​ക്കു​ക​യു​ണ്ടാ​യി. രോഗ​ത്താ​ലോ മറ്റു കാരണ​ങ്ങ​ളാ​ലോ ഇവരിൽ 29 പേർക്ക്‌ സ്വദേ​ശ​ത്തേക്കു മടങ്ങേ​ണ്ടി​വന്നു. എന്നാൽ പരാ​ഗ്വേ​യിൽ രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കു​ന്ന​തിൽ അവരെ​ല്ലാ​വ​രും നാനാ​വി​ധ​ങ്ങ​ളിൽ പങ്കു വഹിച്ചി​ട്ടുണ്ട്‌. പത്തുമാസ ഗിലെ​യാദ്‌ കോഴ്‌സ്‌ പൂർത്തി​യാ​ക്കിയ ബിരു​ദ​ധാ​രി​ക​ളായ എൽമർ പിഷും ഭാര്യ മേരി​യും 1961 ഡിസം​ബ​റിൽ പരാ​ഗ്വേ​യിൽ എത്തി​ച്ചേർന്നു.

സ്വന്തം യോഗ​സ്ഥ​ലങ്ങൾ നിർമി​ക്കു​ന്നു

ഏതാണ്ട്‌ ഇക്കാല​ത്താണ്‌ അസൂൺഷി​യോ​ണി​ലെ സഹോ​ദ​രങ്ങൾ പരാ​ഗ്വേ​യിൽ അവർക്കു സ്വന്തമാ​യുള്ള ആദ്യത്തെ ഒരു രാജ്യ​ഹാൾ നിർമി​ച്ചത്‌. ഇഷ്ടിക​യും സിമൻറും കൊണ്ടു​ണ്ടാ​ക്കിയ ഒരു നല്ല ഹാളാ​യി​രു​ന്നു അത്‌. 200-ലധികം പേർക്ക്‌ ഇരിക്കാൻ അതിൽ ഇടമു​ണ്ടാ​യി​രു​ന്നു. കുഴി​ക്കു​ന്ന​തി​ലും കോൺക്രീറ്റ്‌ കൂട്ടു​ന്ന​തി​ലും ഇഷ്ടികകൾ പോളിഷ്‌ ചെയ്യു​ന്ന​തി​ലും ചായമ​ടി​ക്കു​ന്ന​തി​ലും ശുചി​യാ​ക്കു​ന്ന​തി​ലും പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും പങ്കെടു​ത്തത്‌ സ്ഥലവാ​സി​കൾക്ക്‌ എത്ര നല്ലൊരു സാക്ഷ്യ​മാ​യി​രു​ന്നു! അവർ ഉത്സാഹി​ക​ളായ ജോലി​ക്കാ​രാ​ണെന്നു നിരീ​ക്ഷ​കർക്കു വ്യക്തമാ​യി​രു​ന്നു.

രാജ്യ​ത്തി​ന്റെ തെക്കു​ഭാ​ഗ​ത്താ​യി വാക്കാവൂ എന്ന ഗ്രാമ​പ്ര​ദേ​ശത്ത്‌ സാക്ഷി​ക​ളു​ടെ ഒരു ചെറിയ കൂട്ടമു​ണ്ടാ​യി​രു​ന്നു. അവർ അപ്പോ​ഴും ഒരു സഭയാ​യി​ത്തീർന്നി​രു​ന്നില്ല. അനവധി പേർ യോഗ​ങ്ങൾക്കു വരാൻ തുടങ്ങി​യ​പ്പോൾ തങ്ങൾക്കും ഒരു രാജ്യ​ഹാൾ ആവശ്യ​മാ​ണെന്ന്‌ അവർ തീരു​മാ​നി​ച്ചു. പക്ഷേ അവർക്കു പണമി​ല്ലാ​യി​രു​ന്നു. അവർ എന്തു ചെയ്യും? അവർ അവിടത്തെ ഒരു തടിവ്യ​വ​സാ​യി​യു​മാ​യി ഒരു ഉടമ്പടി​യി​ലേർപ്പെട്ടു. അതനു​സ​രിച്ച്‌, അവർ സംഘടി​ത​മാ​യി ഒരു പ്രദേശം തെളി​ച്ചു​കൊ​ടു​ക്കും, പകരം അയാൾ നിർമാ​ണ​സാ​മ​ഗ്രി​ക​ളും കുറെ പണവും അവർക്കു നൽകും. ഹാളിന്റെ നിർമാ​ണം പൂർത്തി​യാ​യ​പ്പോൾ താത്‌പ​ര്യ​ക്കാ​രായ നാലു കുടും​ബങ്ങൾ ദൂരെ​യുള്ള തങ്ങളുടെ കൃഷി​യി​ടങ്ങൾ വിറ്റ്‌ രാജ്യ​ഹാ​ളി​ന​ടുത്ത്‌ വന്ന്‌ താമസി​ക്കാൻ തുടങ്ങി, യോഗങ്ങൾ നഷ്ടപ്പെ​ടാ​തി​രി​ക്കാ​നാ​യി​രു​ന്നു അവരങ്ങനെ ചെയ്‌തത്‌.

പിന്നീട്‌, സമ്മേള​ന​ങ്ങൾക്കും കൺ​വെൻ​ഷ​നു​കൾക്കും വേണ്ടി സൗകര്യ​ങ്ങ​ളു​ണ്ടാ​ക്കി. പല അവസര​ങ്ങ​ളിൽ സഹോ​ദ​രങ്ങൾ മാർട്ടിൻ പെസ്‌കാ​ഡോർ എന്ന യോഗ​സ്ഥ​ല​വും നാഷണൽ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ​യും അമേരി​ക്കൻ സ്‌കൂ​ളി​ലെ​യും താമസ​സൗ​ക​ര്യ​ങ്ങ​ളും ഉപയോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. അങ്ങനെ, 1970-കളുടെ ആരംഭ​ത്തിൽ സംഭാ​വ​ന​യാ​യി കിട്ടിയ സ്ഥലത്ത്‌ അവർക്ക്‌ ഒരു കൺ​വെൻ​ഷൻ സെൻറർ നിർമി​ക്കാൻ സാധിച്ചു. വർഷങ്ങൾക്കൊ​ണ്ടാണ്‌ അതു പൂർത്തി​യാ​യത്‌.

അനു​യോ​ജ്യ​മായ ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ ഒരുക്കൽ

വർധിച്ച പ്രവർത്ത​ന​ത്തി​ന്റെ​യും തത്‌ഫ​ല​മാ​യുള്ള യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്റെ​യും ഫലമായി കുറെ​ക്കൂ​ടെ വലിയ ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ ആവശ്യ​മാ​യി​വന്നു. ഈ ഉദ്ദേശ്യ​ത്തിൽ, വർഷങ്ങ​ളാ​യി പല ഭവനങ്ങൾ വാടക​യ്‌ക്കെ​ടു​ത്തി​രു​ന്നു. എന്നാൽ 1962-ൽ നഗരത്തി​ന്റെ നല്ല ഭാഗങ്ങ​ളി​ലൊ​ന്നിൽ സ്ഥലം വാങ്ങു​ന്ന​തി​നുള്ള നിർദേശം വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ അന്നത്തെ പ്രസി​ഡൻറാ​യി​രുന്ന നാഥാൻ നോർ നൽകു​ക​യു​ണ്ടാ​യി. ഒരു രാജ്യ​ഹാൾ ഉൾപ്പെടെ ബ്രാഞ്ച്‌-മിഷന​റി​ഭ​വനം നിർമി​ക്കുക എന്നതാ​യി​രു​ന്നു അതിന്റെ ഉദ്ദേശ്യം. തലസ്ഥാ​ന​ന​ഗ​രി​യി​ലെ ഒരു പ്രധാന വീഥി​യിൽ അതിനുള്ള സ്ഥലം കണ്ടെത്തി. പരാ​ഗ്വേ​യി​ലെ മുഖ്യ സ്‌പോർട്‌സ്‌ സ്റ്റേഡി​യ​ത്തിൽനി​ന്നു രണ്ടു കെട്ടി​സ​മു​ച്ച​യ​ങ്ങ​ളു​ടെ അകലത്തി​ലാ​യി​രു​ന്നു ആ സ്ഥലം. പ്ലാനുകൾ തയ്യാറാ​ക്കു​ക​യും നഗരാ​ധി​കാ​രി​ക​ളിൽനിന്ന്‌ അനുമതി ലഭിക്കു​ക​യും ചെയ്‌ത​ശേഷം 1965 ജനുവ​രി​യിൽ അതിന്റെ നിർമാ​ണം തുടങ്ങി. പത്തു മാസത്തി​നു​ള്ളിൽ ആ പദ്ധതി പൂർത്തി​യാ​യി. 1966-ന്റെ ആരംഭ​ത്തിൽ നോർ സഹോ​ദരൻ നടത്തിയ മേഖലാ​സ​ന്ദർശ​ന​ങ്ങ​ളി​ലൊ​ന്നി​ന്റെ സമയത്ത്‌ പുതിയ ബ്രാഞ്ച്‌ സൗകര്യ​ങ്ങ​ളു​ടെ സമർപ്പ​ണ​ത്തിന്‌ അദ്ദേഹം തങ്ങളോ​ടൊ​ത്തു​ണ്ടാ​യി​രു​ന്നത്‌ സഹോ​ദ​ര​ങ്ങൾക്ക്‌ വലിയ സന്തോ​ഷ​ത്തി​നു കാരണ​മാ​യി.

ആ കെട്ടിടം സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥാനം ഹേതു​വാ​യി യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ ഇടയി​ലു​ണ്ടെന്ന കാര്യം അസൂൺഷി​യോ​ണി​ലെ അനേകാ​യി​ര​ങ്ങൾക്കു ദിവസ​വും ബോധ്യ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു. സ്‌പോർട്‌സ്‌ പരിപാ​ടി​കൾക്കാ​യി അവർ അതിലെ കടന്നു​പോ​യ​പ്പോൾ പരാ​ഗ്വേ​യിൽ യഹോ​വ​യ്‌ക്കു സാക്ഷി​ക​ളു​ണ്ടെന്ന കാര്യം സംബന്ധിച്ച്‌ അവർ വീണ്ടും ഓർമി​പ്പി​ക്ക​പ്പെട്ടു.

പുതിയ ഭരണസം​വി​ധാ​നം

സൊ​സൈ​റ്റി​യു​ടെ ഗോള​മെ​മ്പാ​ടു​മുള്ള ബ്രാഞ്ച്‌ ഓഫീ​സു​ക​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, 1976 ഫെബ്രു​വരി 1-ന്‌ ഇവി​ടെ​യും ബ്രാഞ്ച്‌ കമ്മിറ്റി നിലവിൽ വന്നു. അങ്ങനെ, ഒരൊറ്റ ബ്രാഞ്ച്‌ മേൽവി​ചാ​രകൻ എന്ന ക്രമീ​ക​രണം എടുത്തു​മാ​റ്റ​പ്പെട്ടു. അതിനു മുമ്പത്തെ 30-വർഷ കാലയ​ള​വിൽ ആൽബർട്ട്‌ ലാങ്‌, വില്യം ഷില്ലിങർ, മാക്‌സ്‌ ലോയിഡ്‌, ലോയിഡ്‌ ജമസൺ, ഹാരി കെയ്‌സ്‌, എൽമർ പിഷ്‌ തുടങ്ങി​യവർ വ്യത്യസ്‌ത കാലയ​ള​വു​ക​ളിൽ ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവന​മ​നു​ഷ്‌ഠി​ച്ചി​രു​ന്നു. രാജ്യ​വേ​ല​യ്‌ക്കാ​യി അവരെ​ല്ലാ​വ​രും നല്ല സംഭാ​വ​നകൾ ചെയ്‌തി​രു​ന്നു. ഇനി പുതിയ ക്രമീ​ക​രണം പ്രാബ​ല്യ​ത്തിൽ വരാൻ പോകു​ക​യാ​യി​രു​ന്നു. അതനു​സ​രിച്ച്‌ പക്വത​യുള്ള പുരു​ഷ​ന്മാർ ഉൾപ്പെട്ട ഒരു കമ്മിറ്റി രാജ്യ​ത്തെ​മ്പാ​ടു​മുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​ന്റെ മേൽനോ​ട്ടം വഹിക്കും.

എൽമർ പിഷ്‌ ബ്രാഞ്ച്‌ കമ്മിറ്റി​യു​ടെ കോ-ഓർഡി​നേ​റ്റ​റാ​യി നിയമി​ക്ക​പ്പെട്ടു. ചാൾസ്‌ മില്ലറും ഇസാക്ക്‌ ഗാവി​ലാ​നും അതിലെ മറ്റംഗ​ങ്ങ​ളാ​യി നിയമി​ക്ക​പ്പെട്ടു. പിഷ്‌ സഹോ​ദ​ര​നും മില്ലർ സഹോ​ദ​ര​നും ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​ക​ളാ​യി​രു​ന്നു. പരാ​ഗ്വേ​ക്കാ​ര​നായ ഗാവി​ലാൻ സഹോ​ദരൻ 13 വർഷമാ​യി മുഴു​സമയ സേവന​ത്തി​ലാ​യി​രു​ന്നു.

ഔദ്യോ​ഗിക എതിർപ്പി​ന്റെ മറ്റൊരു തരംഗം

ലോക​മെ​മ്പാ​ടും സത്യമാ​യി​രി​ക്കു​ന്ന​തു​പോ​ലെ, യഹോ​വ​യു​ടെ സാക്ഷികൾ രാഷ്‌ട്രീയ കാര്യ​ങ്ങ​ളിൽ നിഷ്‌പ​ക്ഷ​രാണ്‌. “നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമല്ല” എന്ന്‌ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞ സംഗതി അവർ ഗൗരവ​മാ​യെ​ടു​ക്കു​ന്നു. (യോഹ. 15:19, NW) “വിഗ്ര​ഹ​ങ്ങ​ളോ​ടു അകന്നു സൂക്ഷി​ച്ചു​കൊൾവിൻ” എന്ന ബൈബിൾ ബുദ്ധ്യു​പ​ദേശം മനസ്സിൽ പിടി​ച്ചു​കൊണ്ട്‌, വിഗ്ര​ഹാ​രാ​ധ​നാ​പ​ര​മെന്നു തങ്ങൾ വീക്ഷി​ക്കുന്ന ദേശഭ​ക്തി​പ​ര​മായ ചടങ്ങു​ക​ളിൽ പങ്കെടു​ക്കു​ന്ന​തിൽനിന്ന്‌ അവർ ഒഴിഞ്ഞു​നിൽക്കു​ന്നു. (1 യോഹ. 5:21) രാഷ്‌ട്രീയ വ്യവസ്ഥ​യിൽ ആഴത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ക​യും ആളുകളെ ഒന്നിപ്പി​ക്കു​ന്ന​തി​നുള്ള ഒരു മാർഗ​മാ​യി ദേശീ​യ​വാ​ദത്തെ കാണു​ക​യും ചെയ്യുന്ന ഗവൺമെൻറ്‌ ഉദ്യോ​ഗ​സ്ഥ​ന്മാർ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിലപാട്‌ മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​താ​യി ആദ്യം കണ്ടെത്തി​യേ​ക്കാം. മറ്റ്‌ മതവി​ഭാ​ഗങ്ങൾ, വൈദി​കർപോ​ലും, രാഷ്‌ട്രീ​യ​ത്തി​ലും ദേശഭ​ക്തി​പ​ര​മായ ചടങ്ങു​ക​ളി​ലും പങ്കെടു​ക്കാൻ മടിക്കു​ന്നി​ല്ലെന്ന്‌ അവർക്ക​റി​യാം. ഗവൺമെൻറ്‌ ഉദ്യോ​ഗ​സ്ഥ​രു​ടെ ഇടയിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ സംശയ​ത്തി​ന്റെ വിത്തുകൾ പാകാൻ വൈദി​കർ കൂടെ​ക്കൂ​ടെ ഈ സ്ഥിതി​വി​ശേഷം മുത​ലെ​ടു​ക്കു​ന്നു.

1974 ഒക്ടോബർ 31-ാം തീയതി​യി​ലെ ഒരു കത്തിൽ മതകാ​ര്യ​വി​ഭാ​ഗ​ത്തി​ന്റെ ജനറൽ ഡയറക്ട​റായ ഡോ. മാൻ​ഫ്രെ​യ്‌ഡോ റാമി​റെസ്‌ റൂസ്സോ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിശ്വാ​സ​ങ്ങ​ളെ​യും സംഘട​ന​യെ​യും കുറി​ച്ചുള്ള വിവരങ്ങൾ ആവശ്യ​പ്പെട്ടു. “എല്ലാ വിദ്യാ​ഭ്യാ​സ സ്ഥാപന”ങ്ങളിലും “പതാക ഉയർത്തൽ ചടങ്ങും ദേശീ​യ​ഗാന ആലാപ​ന​വും” ആവശ്യ​മാ​ക്കി​ത്തീർക്കുന്ന ഒരു കൽപ്പന 1976 ഫെബ്രു​വരി 25-ന്‌ ഭരണകൂ​ടം പുറ​പ്പെ​ടു​വി​ക്കു​ക​യു​ണ്ടാ​യി. സ്‌തോ​ഭ​ജ​ന​ക​മായ പത്രറി​പ്പോർട്ടു​ക​ളു​ടെ സ്റ്റൈലിൽ എൽ സെൻഡെ​രോ (മാർഗം) എന്ന മതപ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്റെ സെപ്‌റ്റം​ബർ 3-17 ലക്കം “യഹോ​വ​യു​ടെ സാക്ഷികൾ” എന്ന ശീർഷ​ക​ത്തോ​ടു​കൂ​ടിയ അപമാ​ന​ക​ര​മായ ഒരു മുഴു​പേജ്‌ ലേഖനം പ്രസി​ദ്ധീ​ക​രി​ച്ചു. അതി​നെ​ത്തു​ടർന്ന്‌ ഗവൺമെൻറ്‌ രാഷ്‌ട്രീയ പാർട്ടി​യു​ടെ ഔദ്യോ​ഗിക പത്രമായ പാട്രി​യ​യിൽ സമാന​മാ​യി അപമാ​ന​ക​ര​മായ ഒരു ലേഖനം “മതഭ്രാന്ത്‌” എന്ന ശീർഷ​ക​ത്തോ​ടെ 1977 മാർച്ച്‌ 14-ന്‌ പ്രസി​ദ്ധീ​ക​രി​ച്ചു.

അതേസ​മ​യം, മതകാ​ര്യ​വി​ഭാ​ഗ​ത്തി​ന്റെ ജനറൽ ഡയറക്ട​റു​മാ​യി അഭിമു​ഖം നടത്തു​ന്ന​തി​നു യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കേന്ദ്ര ഓഫീ​സി​ലെ പ്രതി​നി​ധി​കളെ വിളി​ച്ചു​വ​രു​ത്തി. ആ യോഗ​ത്തി​നു​ശേഷം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പഠിപ്പി​ക്ക​ലു​ക​ളു​ടെ ഒരു സംഗ്രഹം നൽക​പ്പെട്ടു. പതാക, ദേശീ​യ​ഗാ​നം, സൈനി​ക​സേ​വനം എന്നിവ​യോ​ടു ബന്ധപ്പെട്ട അവരുടെ നിലപാ​ടിൽ പ്രത്യേ​കിച്ച്‌ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു​ള്ള​താ​യി​രു​ന്നു അത്‌. ഏതാനും ദിവസ​ങ്ങൾക്കു​ശേഷം ഒബ്‌ദൂ​ലി​യോ ആർഗ്വേ​യോ ബ്രി​ട്ടെസ്‌ എന്ന ഒരു പൊലീസ്‌ ഉദ്യോ​ഗസ്ഥൻ അസൂൺഷി​യോ​ണി​ലുള്ള സൊ​സൈ​റ്റി​യു​ടെ ഓഫീ​സി​ലേക്കു വന്ന്‌, യഹോ​വ​യു​ടെ സാക്ഷികൾ ജനുവരി 6 മുതൽ 9 വരെ നടത്തിയ സമ്മേള​ന​ത്തെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ ആവശ്യ​പ്പെട്ടു. അതിനു​ശേഷം താമസി​യാ​തെ, സ്റ്റേറ്റ്‌ അറ്റോർണി ജനറലായ ഡോ. ക്ലോട്ടിൽഡെ ഹിമെ​നെസ്‌ ബെനി​റ്റെസ്‌, മതകാ​ര്യ​ഭ​ര​ണ​വി​ഭാ​ഗ​ത്തി​ന്റെ ഓഫീ​സിൽവെച്ച്‌ നേരത്തേ പരിചി​ന്തി​ച്ചി​രുന്ന അതേ വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ സൊ​സൈ​റ്റി​യു​ടെ പ്രതി​നി​ധി​ക​ളു​മാ​യി അഭിമു​ഖം നടത്തി.

ഈ സംഭവ​പ​ര​മ്പ​ര​യെ​ത്തു​ടർന്ന്‌, ദേശീ​യ​ഗാ​നം പാടു​ന്ന​തിൽനി​ന്നു വിട്ടു​നിന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കുട്ടി​കളെ 1978-ൽ സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്കാൻ തുടങ്ങി. അവർക്കു മറ്റൊരു സ്‌കൂ​ളിൽ പ്രവേ​ശി​ക്കു​ന്ന​തി​നുള്ള സാധ്യ​ത​യു​മി​ല്ലാ​യി​രു​ന്നു. എന്നാൽ കാര്യങ്ങൾ അവിടെ അവസാ​നി​ച്ചില്ല.

വിലക്ക്‌—അത്‌ അർഥമാ​ക്കി​യത്‌

ഒടുവിൽ, 1979 ജനുവരി 3-ന്‌ “ബോംബ്‌” പൊട്ടി​ത്തെ​റി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​കളെ പ്രതി​നി​ധാ​നം ചെയ്യുന്ന വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ നിയമ​പ​ര​മായ അംഗീ​കാ​രം റദ്ദാക്കി​ക്കൊ​ണ്ടുള്ള ഒരു കൽപ്പന പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ടു.

ആ കൽപ്പന വിളം​ബരം ചെയ്‌ത പത്രത്തി​ലെ തലക്കെ​ട്ടു​കൾ സാക്ഷി​ക​ളെ​യും സാക്ഷി​ക​ള​ല്ലാ​ത്ത​വ​രെ​യും ഒരു​പോ​ലെ ഞെട്ടിച്ചു. ഫലത്തിൽ, എല്ലാ വാർത്താ​മാ​ധ്യ​മ​ങ്ങ​ളും ഇക്കാര്യ​ത്തിൽ താത്‌പ​ര്യ​മെ​ടു​ത്തു. ചിലത്‌ ആ നടപടി​യെ അനുകൂ​ലി​ച്ച​പ്പോൾ, മറ്റു ചിലത്‌ അതിനെ അപലപി​ച്ചു. “സാർവ​ത്രിക മനുഷ്യാ​വ​കാശ പ്രഖ്യാ​പ​ന​ത്തി​ന്റെ 18-ാം വകുപ്പ്‌ അനുശാ​സി​ക്കുന്ന അടിസ്ഥാന മനുഷ്യാ​വ​കാ​ശ​ത്തി​ന്റെ ലംഘന​മാണ്‌” ആ കൽപ്പന​യെന്ന്‌ എബിസി എന്ന പത്രം പ്രസ്‌താ​വി​ച്ചു.

നിരോ​ധ​ന​ത്തെ​ക്കു​റിച്ച്‌ വിവരം കിട്ടിയ ഉടനെ, അതിന്റെ വിലക്കു​ക​ളു​ടെ പരിധി​ക​ളെ​ക്കു​റിച്ച്‌ അറിയു​ന്ന​തി​നു മുമ്പു​തന്നെ, ബ്രാഞ്ച്‌ കമ്മിറ്റി മറ്റു സ്ഥലങ്ങളിൽ ബ്രാഞ്ചി​ന്റെ പ്രവർത്തനം നോക്കി​ന​ട​ത്തു​ന്ന​തിന്‌ സംഗതി​കൾ സംഘടി​പ്പി​ച്ചു. “മതപീ​ഡനം എന്നനി​ല​യിൽ ഇതി​നെ​ക്കു​റി​ച്ചു ഞങ്ങളൊ​രി​ക്ക​ലും ചിന്തി​ച്ചി​ട്ടില്ല,” വിദ്യാ​ഭ്യാ​സ-മതകാര്യ വകുപ്പ്‌ മന്ത്രി​യായ ഡോ. രാവൂൽ പെന്യേ പ്രഖ്യാ​പി​ച്ചു. എന്നിരു​ന്നാ​ലും, സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളിൽ ചെറിയ കൂട്ടങ്ങ​ളാ​യി യോഗങ്ങൾ നടത്തേ​ണ്ട​തി​ന്റെ ആവശ്യം യഹോ​വ​യു​ടെ സാക്ഷി​കൾക്കു തോന്നി. അവരുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു കൈവി​ലങ്ങ്‌ വീണു. എങ്കിലും, ഭൂരി​പക്ഷം സഹോ​ദ​ര​ങ്ങ​ളു​ടെ​യും തീക്ഷ്‌ണ​ത​യെ​യും ധൈര്യ​ത്തെ​യും ഇതു ബാധി​ച്ചില്ല. ക്രിസ്‌തീയ സമ്മേള​ന​ങ്ങ​ളിൽനി​ന്നു പ്രയോ​ജനം നേടു​ന്ന​തിന്‌, മറ്റു രാജ്യ​ങ്ങ​ളിൽ അത്തരം സമ്മേള​ന​ങ്ങ​ളിൽ സംബന്ധി​ക്കാൻ അവർ തത്‌കാ​ല​ത്തേക്ക്‌ ക്രമീ​ക​ര​ണങ്ങൾ ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

ഈ സംഭവ​പ​രമ്പര എങ്ങനെ​യാ​ണു തുടങ്ങി​യത്‌? ഡോ. മാൻ​ഫ്രെ​യ്‌ഡോ റാമി​റെസ്‌ റൂസ്സോ പൂർണ​മാ​യും ഭരണപ​ര​മായ അധികാ​ര​ത്തോ​ടെ​യാ​ണോ പ്രവർത്തി​ച്ചത്‌? അസൂൺഷി​യോ​ണി​ലെ യുൾട്ടി​മാ ഓറ എന്ന പത്രത്തിൽ 1981 ആഗസ്റ്റ്‌ 25-ന്‌ മാൻ​ഫ്രെ​യ്‌ഡോ റാമി​റെസ്‌ റൂസ്സോ​യും “മോൺസി​ഞ്ഞോർ” ഹോസേ മെയ്‌സും സാദരം മുഖാ​മു​ഖം നിൽക്കുന്ന ഒരു ചിത്രം പ്രത്യേ​കി​ച്ചു നൽകി​യി​രു​ന്നു. അതിന്റെ അടിയിൽ ഈ ചിത്ര​ക്കു​റി​പ്പു​ണ്ടാ​യി​രു​ന്നു: “കത്തോ​ലി​ക്കാ സഭയ്‌ക്കു​വേണ്ടി നിർവ​ഹിച്ച സേവന​ങ്ങ​ളു​ടെ അംഗീ​കാ​രാർഥം പാപ്പാ​യു​ടെ അപ്പോ​സ്‌ത​ലിക ദൂതൻ മോൺസി​ഞ്ഞോർ ഹോസേ മെയ്‌സ്‌, വിദ്യാ​ഭ്യാ​സ വകുപ്പി​ലെ മതകാ​ര്യ​വി​ഭാ​ഗ​ത്തി​ന്റെ ഡയറക്ട​റായ മാൻ​ഫ്രെ​യ്‌ഡോ റാമി​റെസ്‌ റൂസ്സോ​യ്‌ക്ക്‌ ‘മഹാനായ വിശുദ്ധ ഗ്രിഗറി’യുടെ പേരി​ലുള്ള സമാദ​ര​ണീയ പതക്കം നൽകി​യി​രി​ക്കു​ന്നു.”

നിരോ​ധ​നം ഏർപ്പെ​ടു​ത്തി​യ​ശേഷം, പല സ്ഥലങ്ങളി​ലും യഹോ​വ​യു​ടെ സാക്ഷികൾ അറസ്റ്റു ചെയ്യ​പ്പെട്ടു. സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളിൽ ചെറിയ യോഗങ്ങൾ നടത്തു​ന്നതു കണ്ടപ്പോ​ഴും ബൈബി​ളി​ന്റെ പ്രത്യാ​ശാ സന്ദേശം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ വീടു​കൾതോ​റും പോയ​പ്പോ​ഴും താത്‌പ​ര്യ​ക്കാ​രു​മൊത്ത്‌ അവരുടെ ഭവനങ്ങ​ളിൽവെച്ചു ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തി​യ​പ്പോ​ഴു​മൊ​ക്കെ അവരെ കസ്റ്റഡി​യി​ലെ​ടു​ത്തു.

1981 ഒക്ടോബർ 8-നും 11-നും ഇടയിൽ എൻകാർനാ​സ്യോ​നി​ലെ ഒമ്പതു സഹോ​ദ​ര​ന്മാർ തടവി​ലാ​ക്ക​പ്പെട്ടു. അറസ്റ്റ്‌ ചെയ്യ​പ്പെ​ടാ​തി​രുന്ന ഒരു പ്രാ​ദേ​ശിക മൂപ്പനായ ആന്റോ​ണി​യോ പെരേയ്‌ര, ജയിലി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ ക്ഷേമം ഉറപ്പാ​ക്കു​ന്ന​തി​നു വേണ്ടി പൊലീസ്‌ ചീഫായ യൂലി​യോ ആന്റോ​ണി​യോ മാർട്ടി​നെ​സി​നോട്‌ സംസാ​രി​ക്ക​ണ​മെന്ന്‌ ആവശ്യ​പ്പെ​ട്ട​പ്പോൾ, പൊലീസ്‌ ചീഫ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യാൻ ഉത്തരവി​ട്ടു. അദ്ദേഹത്തെ സുരക്ഷാ​സം​വി​ധാ​നം ഏറ്റവു​മ​ധി​ക​മുള്ള അറയി​ല​ടച്ചു. അതിനി​ടെ, അടുത്തുള്ള ഒരു സഭയിലെ ജോസഫ്‌ സിൽനർ എന്തു സംഭവി​ക്കു​ന്നു​വെ​ന്ന​റി​യാൻ സഹോ​ദ​ര​ങ്ങ​ളിൽ ആദ്യം തടവി​ലാ​ക്ക​പ്പെട്ട ആളുടെ അമ്മയുടെ വീട്ടി​ലേക്കു പോയി. ഇക്കാര്യം ആരോ പൊലീ​സി​നെ അറിയി​ച്ചി​രി​ക്കണം. പത്തു മിനി​റ്റി​നു​ള്ളിൽ അദ്ദേഹ​ത്തി​നു പൊലീസ്‌ അകമ്പടി​യോ​ടെ എൻകാർനാ​സ്യോൻ ജയിലി​ലേക്കു പോ​കേ​ണ്ടി​വന്നു.

പീഡന​ത്തി​ന്റെ ജ്വാലകൾ ആളിക്ക​ത്തി​ക്കു​ന്നു

നിരോ​ധനം ഏർപ്പെ​ടു​ത്തി ഏതാനും വർഷങ്ങൾ കഴിഞ്ഞ​പ്പോൾ അറസ്റ്റുകൾ നിലച്ചു. സഹോ​ദ​രങ്ങൾ മെല്ലെ തങ്ങളുടെ രാജ്യ​ഹാ​ളു​കൾ ഉപയോ​ഗി​ക്കാ​നും ചെറിയ സമ്മേള​നങ്ങൾ നടത്താ​നും തുടങ്ങി. എന്നാൽ, ദേശീ​യ​ഗാ​നം പാടാ​ഞ്ഞ​തി​ന്റെ പേരിൽ അസൂൺഷി​യോ​ണി​ലുള്ള ഒരു തൊഴി​ല​ധി​ഷ്‌ഠിത ടെക്‌നി​ക്കൽ സ്‌കൂ​ളിൽനിന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളായ നാലു വിദ്യാർഥി​കളെ പുറത്താ​ക്കി​യ​തി​നെ​ക്കു​റി​ച്ചുള്ള വാർത്ത 1984-ൽ ഒരു പ്രാ​ദേ​ശിക പത്രത്തിൽ വന്നപ്പോൾ അതെല്ലാം പെട്ടെന്നു തകിടം മറിഞ്ഞു. അത്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ​യുള്ള വലിയ പോരാ​ട്ട​ത്തി​ന്റെ ജ്വാലകൾ ആളിക്ക​ത്തി​ച്ചു. അതിന്റെ പിന്നാലെ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സ്‌കൂൾപ്രാ​യ​ത്തി​ലുള്ള മിക്കവാ​റു​മെല്ലാ കുട്ടി​ക​ളെ​യും പുറത്താ​ക്കി. അവരിൽ പല കുട്ടി​കൾക്കും വീണ്ടു​മൊ​രി​ക്ക​ലും സ്‌കൂ​ളി​ലേക്കു മടങ്ങി​ച്ചെ​ല്ലാ​നാ​യില്ല.

ഒരു കത്തോ​ലി​ക്കാ പുരോ​ഹി​ത​നായ ആന്റോ​ണി​യോ കോ​ലൊൻ എഴുതിയ ഒരു അപലപന ലേഖന​പ​രമ്പര ഓയി (ഇന്ന്‌) എന്ന പത്രം ആ വർഷം മേയ്‌ 2 മുതൽ 5 വരെ പ്രസി​ദ്ധ​പ്പെ​ടു​ത്തി. പിന്നീട്‌ അതേ വർഷം ഒരു പുതിയ വിദ്യാ​ഭ്യാ​സ-മതകാര്യ മന്ത്രി സത്യ​പ്ര​തിജ്ഞ ചെയ്‌ത്‌ അധികാ​ര​മേറ്റു. എന്നാൽ, മുൻഗാ​മി​യു​ടെ നയങ്ങളാണ്‌ അദ്ദേഹം പിൻതു​ടർന്നത്‌. അദ്ദേഹം ശക്തമായ ഒരു ദേശീ​യ​വാദ പ്രഖ്യാ​പനം നടത്തി​യ​തി​നെ​ത്തു​ടർന്ന്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മിക്ക കുട്ടി​കൾക്കും പിറ്റേ വർഷം സ്‌കൂ​ളിൽ പ്രവേ​ശനം നിഷേ​ധി​ക്ക​പ്പെട്ടു. മതവി​ശ്വാ​സ​മോ മനസ്സാ​ക്ഷി​പ്രേ​ര​ണ​യോ തള്ളിക്ക​ള​യാ​തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കുട്ടി​കൾക്ക്‌ സ്‌കൂ​ളിൽ പഠിക്കു​ന്ന​തി​നുള്ള അവകാ​ശ​ത്തി​നാ​യി ഒരു കൂട്ടം വിദ്യാർഥി​ക​ളു​ടെ പേരിൽ കോട​തി​ക​ളിൽ അപ്പീൽ നൽകി. ആ കുട്ടി​ക​ളിൽ ആറു പേരെ സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്കി​യി​രു​ന്നു. നാലു പേർക്കു പ്രവേ​ശനം നിഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. കോടതി സാക്ഷി​കൾക്ക്‌ അനുകൂ​ല​മാ​യി വിധിച്ചു. എന്നാൽ വിദ്യാ​ഭ്യാ​സ-മതകാര്യ മന്ത്രാ​ലയം സുപ്രീം​കോ​ട​തി​യിൽ അപ്പീൽ നൽകി.

1985-ൽ ഉടനീളം ഈ വിഷയം എല്ലാവ​രു​ടെ​യും ശ്രദ്ധ പിടി​ച്ചു​പറ്റി. ചില കോള​മെ​ഴു​ത്തു​കാർ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിലപാ​ടി​നെ അനുകൂ​ലി​ച്ചെ​ഴു​തി. എന്നാൽ ഔദ്യോ​ഗിക വൃത്തങ്ങ​ളി​ലു​ള്ളവർ തുടർന്നും അവർക്കെ​തി​രെ പോരാ​ടി. ഈ പ്രശ്‌നം കൊടു​മ്പി​രി​കൊ​ണ്ടി​രി​ക്കെ 1985 ജൂലൈ 23-ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​ത്തു​നിന്ന്‌ പരാ​ഗ്വേ​യി​ലെ പ്രസി​ഡൻറിന്‌ ഒരു കത്ത്‌ അയയ്‌ക്കു​ക​യു​ണ്ടാ​യി.

സ്‌കൂൾപ്രാ​യ​ത്തി​ലുള്ള കുട്ടികൾ ഉൾപ്പെട്ട കേസിൽ കീഴ്‌ക്കോ​ടതി തങ്ങൾക്ക​നു​കൂ​ല​മാ​യി വിധി പ്രഖ്യാ​പി​ച്ച​തി​നെ​ത്തു​ടർന്ന്‌ രാജ്യ​ഹാ​ളു​കൾ പരസ്യ​മാ​യി വീണ്ടും ഉപയോ​ഗി​ക്കാൻ ബ്രാഞ്ച്‌ ഓഫീസ്‌ സഭകളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ശക്തമായി എതിർത്തു​കൊണ്ട്‌ അല്ലെങ്കിൽ കൂടുതൽ സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു​കൊണ്ട്‌ വ്യക്തമായ നിലപാ​ടെ​ടു​ക്കാൻ ഇത്‌ അധികാ​രി​കളെ നിർബ​ന്ധി​ത​രാ​ക്കു​മാ​യി​രു​ന്നു.

1986 മാർച്ച്‌ 21-ന്‌ ബ്രാഞ്ച്‌ കമ്മിറ്റി​യു​ടെ കോ-ഓർഡി​നേ​റ്ററെ പൊലീസ്‌ ഹെഡ്‌ക്വാർട്ടേ​ഴ്‌സി​ലേക്കു വിളി​പ്പി​ച്ചു. “നിങ്ങൾ വീണ്ടും യോഗ​സ്ഥ​ലങ്ങൾ ഉപയോ​ഗി​ക്കു​ന്നു. നിങ്ങൾക്ക്‌ അതിന്‌ അനുവാ​ദ​മില്ല” എന്ന മുന്നറി​യി​പ്പാണ്‌ ലഭിച്ചത്‌. ഗാവി​ലാൻ സഹോ​ദരൻ ഇങ്ങനെ മറുപടി കൊടു​ത്തു: “ഞങ്ങളുടെ നിയമ​പ​ര​മായ അംഗീ​കാ​രം റദ്ദാക്കിയ കൽപ്പന​യു​ടെ ഭരണഘ​ട​നാ​പ​ര​മായ ഔചി​ത്യം ചോദ്യം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ ദയവായി ഞാൻ നിങ്ങളെ ഓർമി​പ്പി​ക്കട്ടെ. അത്‌ നിലവിൽ സുപ്രീം​കോ​ട​തി​യു​ടെ പരിചി​ന്ത​ന​ത്തിൻകീ​ഴി​ലാണ്‌; കോടതി ഇതുവ​രെ​യും ഒരു വിധി​യും പ്രഖ്യാ​പി​ച്ചി​ട്ടില്ല. ഭരണഘ​ട​നാ​വി​രു​ദ്ധ​മായ ഒരു നടപടി ആ കൽപ്പനയെ മരവി​പ്പി​ക്കു​ന്ന​തി​നാൽ, നിയമ​പ​ര​മായ ഒരു നിലപാ​ടിൽനി​ന്നു നോക്കു​മ്പോൾ അന്തിമ കോട​തി​വി​ധി ഉണ്ടാകു​ന്ന​തു​വരെ ഞങ്ങളുടെ പ്രവർത്ത​നങ്ങൾ തുടരു​ന്ന​തി​നുള്ള അവകാശം ഞങ്ങൾക്കുണ്ട്‌.” “ഞാനൊ​രു വക്കീലല്ല. അതിനാൽ എനിക്ക്‌ എതിർവാ​ദം പറയാ​നാ​വില്ല. അതിനാൽ നിങ്ങളു​ടെ യോഗ​സ്ഥ​ല​ങ്ങ​ളു​ടെ ഒരു പട്ടിക എനിക്കു തരൂ. എന്താണു നടക്കു​ന്ന​തെന്ന്‌ ഞങ്ങൾ നോക്കട്ടെ” എന്ന്‌ ആ പൊലീസ്‌ ഓഫീസർ മറുപടി നൽകി. ആ അഭിമു​ഖ​ത്തി​ന്റെ അവസാ​ന​മാ​യി​രു​ന്നു അത്‌. ആവശ്യ​പ്പെട്ട വിവരങ്ങൾ, തത്തുല്യ​മായ നിയമ​വാ​ദ​ഗ​തി​യോ​ടൊ​പ്പം സമർപ്പി​ച്ചു. രാജ്യ​ഹാ​ളു​കൾ വീണ്ടും അടച്ചു​പൂ​ട്ടി​യില്ല.

എന്നിരു​ന്നാ​ലും, ഡോ. ലൂയിസ്‌ മാരിയ ആർഗാന്യ ചീഫ്‌ ജസ്റ്റിസാ​യുള്ള സുപ്രീം​കോ​ടതി 1987 ഫെബ്രു​വരി 26-ന്‌ സ്‌കൂൾകു​ട്ടി​ക​ളു​ടെ കാര്യ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ വിധി പ്രഖ്യാ​പി​ച്ചു. ഒരു രാഷ്‌ട്രീയ തീരു​മാ​ന​മാ​യി​ട്ടാ​ണു ബുദ്ധി​ജീ​വി​ക​ളിൽ പലരും അതിനെ കണ്ടത്‌. അതിനെ അപലപി​ച്ചവർ കുറ​ച്ചൊ​ന്നു​മ​ല്ലാ​യി​രു​ന്നു​താ​നും. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വേലയു​ടെ​മേൽ ഇതി​നെ​ല്ലാം എന്തു ഫലമാ​ണു​ണ്ടാ​യി​രു​ന്നത്‌?

സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ തുടരു​ന്നു

ആ പ്രയാ​സ​ക​ര​മായ വർഷങ്ങ​ളിൽ രാജ്യ​ഘോ​ഷണ വേല നിലച്ചു​പോ​യില്ല. താത്‌കാ​ലിക പ്രത്യേക പയനി​യർമാർ മുഖാ​ന്തരം ഒറ്റപ്പെട്ട പ്രദേ​ശങ്ങൾ പ്രവർത്തി​ക്കു​ന്ന​തി​നുള്ള ഒരു പരിപാ​ടിക്ക്‌ 1984 ജനുവ​രി​യിൽ ബ്രാഞ്ച്‌ ഓഫീസ്‌ തുടക്ക​മി​ട്ടു. ആദ്യവർഷം പ്രസ്‌തുത പരിപാ​ടി​യിൽ മുപ്പതു പേരാണ്‌ പങ്കെടു​ത്തത്‌. 75 വ്യത്യസ്‌ത പട്ടണങ്ങൾ അവർ സന്ദർശി​ച്ചു. അവയിൽ 14 പട്ടണങ്ങ​ളിൽ പ്രസം​ഗി​ക്കു​ന്ന​തി​നു പ്രാ​ദേ​ശിക അധികാ​രി​കൾ സഹോ​ദ​ര​ങ്ങളെ അനുവ​ദി​ച്ചില്ല. എന്നാൽ മറ്റു ചില സ്ഥലങ്ങളിൽ ഈ ആത്മീയ വേലയു​ടെ മൂല്യം അധികാ​രി​കൾക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ത്ത​പ്പോൾ, അവർ നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു സംരക്ഷണം വാഗ്‌ദാ​നം ചെയ്‌തു. ചില അവസര​ങ്ങ​ളിൽ പൊലീസ്‌ സ്റ്റേഷനിൽതന്നെ ഉറങ്ങു​ന്ന​തി​നുള്ള സൗകര്യം​പോ​ലും അവർ ചെയ്‌തു​കൊ​ടു​ത്തു!

ഈ പ്രവർത്ത​ന​ത്തി​ന്റെ ഫലമായി താത്‌പ​ര്യ​ക്കാ​രായ പലരെ​യും കണ്ടെത്തി. അസൂൺഷി​യോ​ണിൽനിന്ന്‌ ഏതാണ്ട്‌ 200 കിലോ​മീ​റ്റർ അകലെ താമസി​ക്കുന്ന ഒരു സ്‌ത്രീ പയനി​യർമാ​രിൽനിന്ന്‌ നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌തകം സ്വീക​രി​ച്ച​തി​നു​ശേഷം കൂടുതൽ സഹായ​ത്തി​നാ​യി ബ്രാഞ്ച്‌ ഓഫീ​സി​ലേക്ക്‌ എഴുതി. സാക്ഷി​ക​ളായ ഒരു ദമ്പതികൾ അവരുടെ ചോദ്യ​ത്തി​നു മറുപടി കൊടു​ക്കാ​നാ​യി ചെന്ന​പ്പോൾ ആ സ്‌ത്രീ ആകാശ​ത്തേക്കു നോക്കി നിറക​ണ്ണു​ക​ളോ​ടെ യഹോ​വ​യ്‌ക്കു നന്ദി പറഞ്ഞു. ബന്ധുക്ക​ളിൽനിന്ന്‌ എതിർപ്പ്‌ നേരി​ട്ടെ​ങ്കി​ലും അവർ യഹോ​വ​യു​ടെ ഒരു വിശ്വസ്‌ത ദാസി​യാ​യി​ത്തീർന്നു, അയൽക്കാ​രോ​ടും പരിച​യ​ക്കാ​രോ​ടും സാക്ഷീ​ക​രി​ക്കു​ക​യും ചെയ്‌തു.

മുമ്പ്‌ ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളാ​യി​രുന്ന ഈ സ്ഥലങ്ങളിൽ പുതിയ പ്രസാ​ധ​ക​ക്കൂ​ട്ട​ങ്ങ​ളും പുതിയ സഭകളും സംഘടി​പ്പി​ക്ക​പ്പെട്ടു. താത്‌കാ​ലിക പ്രത്യേക പയനിയർ പരിപാ​ടി ഒരു വാർഷിക ക്രമീ​ക​ര​ണ​മാ​ക്ക​പ്പെട്ടു. അതി​പ്പോ​ഴും തുടരു​ന്നു. അതിന്റെ ഫലങ്ങൾ അത്ഭുത​ക​രം​തന്നെ.

സമ്മർദം നിലയ്‌ക്കു​ന്നു

ഔദ്യോ​ഗിക വൃത്തങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളും അവരുടെ പ്രവർത്ത​ന​ങ്ങ​ളും കൂടുതൽ അറിയ​പ്പെ​ടാൻ തുടങ്ങി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തനം സംബന്ധിച്ച്‌ വ്യക്തമായ ഗ്രാഹ്യം ലഭിക്കാൻ അധികാ​രി​കളെ സഹായി​ക്കു​ന്ന​തി​നുള്ള ശ്രമങ്ങൾ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​തന്നെ കൺ​വെൻ​ഷൻ സെന്ററിൽ 1987 മാർച്ച്‌ 21, 22 തീയതി​ക​ളിൽ ഒരു പരസ്യ സമ്മേളനം നടത്തു​ന്ന​തിന്‌ ഒടുവിൽ വാക്കാ​ലുള്ള അനുമതി ലഭിക്കു​ന്ന​തു​വരെ തുടർന്നു.

അത്‌ സഹോ​ദ​ര​ങ്ങൾക്ക്‌ എത്ര സന്തോ​ഷ​ക​ര​മായ ദിനമാ​യി​രു​ന്നു! സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ നിറക​ണ്ണു​ക​ളോ​ടെ പരസ്‌പരം കെട്ടി​പ്പു​ണർന്നു. ഒമ്പതു വർഷത്തെ സമ്മർദ​ത്തി​നും പിരി​മു​റു​ക്ക​ത്തി​നും അനിശ്ചി​ത​ത്വ​ത്തി​നും കടുത്ത പീഡന​ത്തി​നും ശേഷം പരാ​ഗ്വേ​യിൽ സ്വത​ന്ത്ര​മാ​യി ആരാധി​ക്കു​ന്ന​തിന്‌ അവർക്ക്‌ നടാടെ കൂടി​വ​രാൻ കഴിഞ്ഞു. ഈ പ്രത്യേക അവസര​ത്തിൽ അർജൻറീന, ഉറുഗ്വേ, ബ്രസീൽ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള പ്രതി​നി​ധി​കൾ സന്നിഹി​ത​രാ​യി​രു​ന്നു. അത്‌ നിരോ​ധ​ന​ത്തി​ന്റെ സ്വാധീ​ന​ത്തിന്‌ ഒരു പ്രഹര​മാ​യി​രു​ന്നു.

വീണ്ടും നിയമാം​ഗീ​കാ​രം

പരാഗ്വേ പരിവർത്ത​ന​ത്തി​ന്റെ കാലങ്ങളെ അഭിമു​ഖീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. രാഷ്‌ട്രീയ പിരി​മു​റു​ക്കം കൂടി​ക്കൂ​ടി​വന്നു. ഒടുവിൽ, 1989 ഫെബ്രു​വരി 2-ന്‌ അസൂൺഷി​യോ​ണിൽ തോക്കി​ന്റെ വെടി​യൊച്ച വീണ്ടും മുഴങ്ങി. വിപ്ലവം പൊട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു! പിറ്റേന്ന്‌ ആൽ​ഫ്രെ​ഡോ സ്‌​ട്രെ​സ്‌ന​റു​ടെ സൈനി​ക​വാഴ്‌ച അവസാ​നി​ച്ചു.

ഉടൻതന്നെ നിയമാം​ഗീ​കാ​രം നേടാ​നുള്ള ശ്രമങ്ങൾ പുനരാ​രം​ഭി​ച്ചു. ഒടുവിൽ 1991 ആഗസ്റ്റ്‌ 8-ന്‌ അപേക്ഷ​യ്‌ക്ക്‌ അംഗീ​കാ​രം ലഭിച്ചു. പരാ​ഗ്വേ​യിൽ യഹോ​വ​യു​ടെ ജനത്തിന്‌ എത്ര സന്തോ​ഷ​ക​ര​മായ ദിനമാ​യി​രു​ന്നു അത്‌!

1992 ജൂൺ 20-ന്‌ ഒരു പുതിയ ഭരണഘടന പ്രാബ​ല്യ​ത്തിൽ വന്നു. സമ്മേളി​ക്കു​ന്ന​തി​നുള്ള സ്വാത​ന്ത്ര്യം, മനസ്സാ​ക്ഷി​പൂർവം എതിർക്കു​ന്ന​തി​നുള്ള സ്വാത​ന്ത്ര്യം, മതവി​ശ്വാ​സ​വും പ്രത്യ​യ​ശാ​സ്‌ത്ര​വും വെച്ചു​പു​ലർത്തു​ന്ന​തി​നുള്ള സ്വാത​ന്ത്ര്യം, രാഷ്‌ട്ര​മതം എന്ന ആശയം നീക്കം ചെയ്യൽ എന്നിങ്ങ​നെ​യുള്ള മനുഷ്യാ​വ​കാ​ശ​ങ്ങളെ ഉൾപ്പെ​ടു​ത്തുന്ന സുപ്ര​ധാന വകുപ്പു​കൾ അതിലുൾപ്പെ​ട്ടി​രു​ന്നു. ഇവയും മറ്റുള്ള ഭേദഗ​തി​ക​ളും സസന്തോ​ഷം സ്വീക​രി​ക്ക​പ്പെട്ടു.

വേല മുന്നേ​റു​ന്നു!

പരാ​ഗ്വേ​യിൽ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. 1979-ൽ നിരോ​ധനം ഏർപ്പെ​ടു​ത്തി​യ​പ്പോൾ പരാ​ഗ്വേ​യിൽ 1,541 രാജ്യ​ഘോ​ഷ​ക​രാണ്‌ ഉണ്ടായി​രു​ന്നത്‌. നിയമാം​ഗീ​കാ​രം വീണ്ടും ലഭിച്ച വർഷം 3,760 പേർ റിപ്പോർട്ടു ചെയ്‌തു. ഇപ്പോൾ 6,200-ലധികം പേരുണ്ട്‌. എന്നാൽ ജനസം​ഖ്യ​യോ​ടുള്ള അനുപാ​ത​ത്തിൽ പ്രസാ​ധ​ക​രു​ടെ എണ്ണം ഇപ്പോ​ഴും 817-ന്‌ 1 ആണ്‌. ആളുക​ളു​ടെ പക്കൽ എത്തി​ച്ചേ​രു​ന്ന​തിന്‌ ഇനിയും എന്തു ചെയ്യാൻ സാധി​ക്കും?

സഭകളി​ല്ലാ​ത്ത പട്ടണങ്ങ​ളി​ലേക്ക്‌ ഓരോ വർഷവും പ്രത്യേക പയനി​യർമാ​രെ ക്രമമാ​യി നിയമി​ക്കു​ന്നു. എന്നാൽ ജനസം​ഖ്യ​യു​ടെ 49 ശതമാ​ന​വും താമസി​ക്കു​ന്നത്‌ ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളി​ലാണ്‌. പ്രത്യേക പയനി​യർമാർക്ക്‌ ഒരു സഞ്ചാര​ഭ​വ​ന​മാ​യി ഉതകുന്ന വിധത്തിൽ ആവശ്യ​മായ അടിസ്ഥാന സംഗതി​കൾ സഹിത​മുള്ള ഒരു ട്രക്ക്‌ 1987-ൽ ബ്രാഞ്ച്‌ സജ്ജമാക്കി. സഭകളോ താത്‌കാ​ലിക പ്രത്യേക പയനി​യർമാ​രോ പ്രവർത്തി​ക്കാത്ത ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ എത്തി​ച്ചേ​രു​ന്ന​തിന്‌ ഇപ്പോൾ പത്തു വർഷ​ത്തോ​ള​മാ​യി അത്‌ ഉപയോ​ഗി​ക്കു​ന്നു. അങ്ങനെ രാജ്യ​ത്തി​ന്റെ വിശാ​ല​മായ ഭാഗങ്ങ​ളി​ലെ​ങ്ങും ജീവജലം വ്യാപി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

നദിക്ക​ര​ക​ളിൽ വസിക്കുന്ന ആളുക​ളോ​ടു സാക്ഷീ​ക​രി​ക്കു​ന്ന​തി​നും പ്രത്യേ​ക​മായ ശ്രമം നടത്തുന്നു. മിക്ക​പ്പോ​ഴും അവർ പുറം​ലോ​ക​വു​മാ​യി ബന്ധപ്പെ​ടു​ന്നത്‌ ബോട്ട്‌ മുഖാ​ന്തരം മാത്ര​മാണ്‌. അതു​കൊണ്ട്‌ നാലു പേരുടെ സംഘത്തി​നു മതിയായ ഇടമുള്ള ഒരു ബോട്ട്‌ 1992-ൽ സൊ​സൈറ്റി നിർമി​ച്ചു. നദിക്ക​ര​ക​ളിൽ അവർ ചെമ്മരി​യാ​ടു​തു​ല്യ​രായ ആളുകളെ സംഘടി​ത​മായ രീതി​യിൽ അന്വേ​ഷി​ക്കാൻ തുടങ്ങി. ഉചിത​മാ​യും, ആ ബോട്ടി​ന്റെ പേര്‌ പയനിയർ എന്നാണ്‌.

ആ സംഘത്തി​ന്റെ ചുമതല വഹിക്കുന്ന സഹോ​ദരൻ എഴുതു​ന്നു: “പരാഗ്വേ നദിയി​ലൂ​ടെ ഞങ്ങൾ അസൂൺഷി​യോ​ണിൽനിന്ന്‌ 483 കിലോ​മീ​റ്റർ അകലെ​യുള്ള പോർട്ടോ ഫോൺസ്യേ​രെ​യിൽ എത്തി​ച്ചേർന്ന്‌ വീടു​തോ​റും പ്രസം​ഗി​ക്കാൻ തുടങ്ങി. പ്രായ​മായ ഒരു സ്‌ത്രീ​യു​മാ​യി സംസാ​രി​ക്കു​ന്ന​തി​നി​ട​യിൽ, ദൈവം സകല ദുഷ്ടത​യും നശിപ്പി​ക്കു​മെ​ന്നും അവനത്‌ തന്റെ രാജ്യം മുഖാ​ന്തരം ചെയ്യു​മെ​ന്നും യഹോ​വ​യു​ടെ സാക്ഷി​ക​ളായ ഞങ്ങൾ ആളുകളെ അത്‌ അറിയി​ക്കു​ക​യാ​ണെ​ന്നും ഞങ്ങൾ പറഞ്ഞു. സംഭാ​ഷണം മുറി​ച്ചു​കൊണ്ട്‌ അവർ തന്റെ കൊച്ചു​മ​കളെ വിളി​ച്ചിട്ട്‌ ‘തന്റെ ആളുകൾ’ വന്നിരി​ക്കു​ന്ന​താ​യി മുത്തശ്ശ​നോ​ടു പറയാൻ ആവശ്യ​പ്പെട്ടു. പെട്ടെ​ന്നു​തന്നെ മുത്തശ്ശൻ, 70-കളിലാ​യി​രുന്ന ഒരു മനുഷ്യൻ, എത്തി. കൃഷി​യി​ട​ത്തിൽ പണി​യെ​ടു​ക്കു​ക​യാ​യി​രു​ന്ന​തി​നാൽ അദ്ദേഹം വിയർത്തി​രു​ന്നു. അദ്ദേഹം ഞങ്ങളെ ഊഷ്‌മ​ള​മാ​യി അഭിവാ​ദനം ചെയ്‌തു. എന്നിട്ട്‌ ഒടുവിൽ ഞങ്ങൾ എത്തി​ച്ചേർന്ന​തിൽ നിറക​ണ്ണു​ക​ളോ​ടെ ദൈവ​ത്തോ​ടു നന്ദി പറഞ്ഞു. അദ്ദേഹം കുറെ​ക്കാ​ല​മാ​യി ഞങ്ങളുടെ സന്ദർശ​ന​ത്തി​നു വേണ്ടി കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെന്നു പറഞ്ഞു. ഒട്ടൊന്ന്‌ അമ്പരന്നു​പോയ ഞങ്ങൾ കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. പെന്യേ എർമോസ എന്ന ദ്വീപിൽനി​ന്നുള്ള ഏതോ ഒരു പട്ടാള ക്യാപ്‌റ്റൻ തനി​ക്കൊ​രു ബൈബി​ളും ‘ദൈവ​ത്തി​നു ഭോഷ്‌കു പറയാൻ അസാദ്ധ്യ​മായ കാര്യങ്ങൾ’ എന്ന പുസ്‌ത​ക​വും തന്നതായി അദ്ദേഹം പ്രതി​വ​ചി​ച്ചു. ആ ക്യാപ്‌റ്റൻ സങ്കീർത്തനം 37:10, 11; സങ്കീർത്തനം 83:18 തുടങ്ങിയ നിരവധി ബൈബിൾ വാക്യങ്ങൾ അടയാ​ള​പ്പെ​ടു​ത്തി​യി​രു​ന്നു. ഒരിക്കൽ യഹോ​വ​യു​ടെ സാക്ഷികൾ നിങ്ങളു​ടെ വീട്ടിൽ വന്ന്‌ യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു കൂടുതൽ കാര്യങ്ങൾ പറയു​മെന്ന്‌ ആ ക്യാപ്‌റ്റൻ അദ്ദേഹ​ത്തോ​ടു പറഞ്ഞി​രു​ന്നു. പെട്ടെ​ന്നു​തന്നെ ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു.”

ആ ബോട്ട്‌ ഇന്നോളം പരാഗ്വേ നദിയു​ടെ ഓരത്തുള്ള പ്രദേ​ശങ്ങൾ മുഴു​വ​നും, വടക്ക്‌ ബൊളീ​വി​യ​യു​ടെ അതിർത്തി​മു​തൽ തെക്ക്‌ അർജൻറീ​ന​യു​ടെ അതിർത്തി​വരെ, രണ്ടു പ്രാവ​ശ്യം പ്രവർത്തി​ച്ചു​തീർത്തി​രി​ക്കു​ന്നു. ഇതിന്റെ ദൈർഘ്യം മൊത്തം ഏതാണ്ട്‌ 1,260 കിലോ​മീ​റ്റർ വരും.

തീക്ഷ്‌ണ​ത​യുള്ള വേലക്കാർ കൊയ്‌ത്തിൽ പങ്കെടു​ക്കു​ന്നു

ഒന്നാം നൂറ്റാ​ണ്ടി​ലെ തന്റെ ശിഷ്യ​ന്മാർക്കു യേശു നിർദേ​ശങ്ങൾ നൽകി​യ​പ്പോൾ അവൻ അവരെ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “കൊയ്‌ത്തി​ന്റെ യജമാ​ന​നോ​ടു കൊയ്‌ത്തി​ലേക്കു വേലക്കാ​രെ അയക്കേ​ണ്ട​തി​ന്നു യാചി​പ്പിൻ.” (മത്താ. 9:38) യഹോ​വ​യു​ടെ ആധുനി​ക​കാല സാക്ഷികൾ അതു ഗൗരവ​മാ​യി​ത്തന്നെ എടുത്തി​രി​ക്കു​ന്നു. പരാ​ഗ്വേ​യി​ലെ ആത്മീയ കൊയ്‌ത്തിൽ പങ്കെടു​ക്കു​ന്ന​തി​നു യജമാനൻ തീക്ഷ്‌ണ​ത​യുള്ള അനേകം വേലക്കാ​രെ വയലി​ലേക്കു തീർച്ച​യാ​യും അയച്ചി​രി​ക്കു​ന്നു.

1945 മുതൽ ഇക്കാലം​വരെ പരാ​ഗ്വേ​യിൽ 191 മിഷന​റി​മാർ സേവന മനുഷ്‌ഠി​ച്ചി​രി​ക്കു​ന്നു. അവരിൽ 60 പേർ പത്തു വർഷമോ അതിൽ കൂടു​ത​ലോ ആയി ആ രാജ്യത്തു പ്രവർത്തി​ക്കു​ന്ന​വ​രാണ്‌ (ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​ക​ള​ല്ലെ​ങ്കി​ലും, മിഷന​റി​മാ​രാ​യി സേവി​ക്കുന്ന 22 പേരും അക്കൂട്ട​ത്തിൽ പെടും). ഇവിടെ ഇപ്പോൾ 84 മിഷന​റി​മാർ സേവന​മ​നു​ഷ്‌ഠി​ക്കു​ന്നു. പരാ​ഗ്വേ​യു​ടെ കിഴക്കൻ ഭാഗത്തു​ട​നീ​ളം അവർ തങ്ങളുടെ പ്രവർത്ത​ന​ത്തി​നു ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചി​രി​ക്കുന്ന ഇടങ്ങളിൽ പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന 61 സഭകളുണ്ട്‌ ഇപ്പോൾ.

ഓരോ സാക്ഷി​ക്കും 817 പേർ എന്ന അനുപാ​ത​ത്തിൽ ജനസം​ഖ്യ​യുള്ള ഈ ദേശത്തു സാക്ഷ്യം നൽകു​ന്ന​തിന്‌ അയൽബ്രാ​ഞ്ചു​കൾ ഇവി​ടേക്കു ചില പ്രത്യേക പയനി​യർമാ​രെ നിയമി​ച്ചി​ട്ടുണ്ട്‌. പല ദേശങ്ങ​ളിൽനിന്ന്‌ മറ്റു സാക്ഷി​ക​ളും പരാ​ഗ്വേ​യി​ലേക്കു മാറി​പ്പാർത്തി​ട്ടുണ്ട്‌. അർജൻറീന, ഇറ്റലി, ഇംഗ്ലണ്ട്‌, ഉറുഗ്വേ, ഐക്യ​നാ​ടു​കൾ, ഓസ്‌ട്രിയ, കാനഡ, ചിലി, ജർമനി, ഡെൻമാർക്ക്‌, ഫിൻലൻഡ്‌, ഫ്രാൻസ്‌, ബൊളീ​വിയ, ബ്രസീൽ, ലക്‌സം​ബർഗ്‌, സ്‌പെ​യിൻ, സ്വിറ്റ്‌സർലൻഡ്‌, സ്വീഡൻ തുടങ്ങിയ ദേശങ്ങ​ളിൽനി​ന്നാണ്‌ അവർ വന്നിരി​ക്കു​ന്നത്‌. രാജ്യ​ഘോ​ഷണ വേല ഉന്നമി​പ്പി​ക്കാൻ അവർ തങ്ങളുടെ വിഭവ​ങ്ങ​ളും പ്രാപ്‌തി​ക​ളും പല വിധങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ചിലർ നഗര​പ്ര​ദേ​ശ​ങ്ങ​ളിൽ സേവി​ച്ചി​രി​ക്കു​ന്നു; മറ്റുള്ളവർ തങ്ങളുടെ ശുശ്രൂഷ നിർവ​ഹി​ക്കു​ന്നത്‌ ജീവി​താ​വ​സ്ഥകൾ അത്ര വികസി​ത​മ​ല്ലാത്ത പട്ടണങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലു​മാണ്‌. അവരിൽ ഭൂരി​പ​ക്ഷ​വും പയനി​യർമാ​രാണ്‌. ചിലർ രാജ്യ​ഹാ​ളു​ക​ളും ബ്രാഞ്ച്‌ കെട്ടി​ട​ങ്ങ​ളും നിർമി​ക്കു​ന്ന​തിൽ പങ്കു വഹിച്ചി​രി​ക്കു​ന്നു.

വർഷങ്ങ​ളാ​യി വിഭിന്ന ദേശീയ പശ്ചാത്ത​ല​ങ്ങ​ളി​ലുള്ള കുടി​യേ​റ്റ​ക്കാ​രെ പരാഗ്വേ സ്വീക​രി​ച്ചി​ട്ടുണ്ട്‌. ജർമനി, പോളണ്ട്‌, റഷ്യ, യൂ​ക്രെ​യിൻ, ജപ്പാൻ, കൊറിയ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള കുടി​യേ​റ്റ​ക്കാർ രാജ്യ​ത്തി​ന്റെ നാനാ​ഭാ​ഗ​ങ്ങ​ളിൽ വാസമു​റ​പ്പി​ച്ചി​രി​ക്കു​ന്നു. പരാ​ഗ്വേ​യി​ലേക്കു മാറി​ത്താ​മ​സി​ച്ചി​ട്ടുള്ള മിഷന​റി​മാ​രിൽനി​ന്നും മറ്റു സാക്ഷി​ക​ളിൽനി​ന്നും അവർക്കും സാക്ഷ്യം ലഭിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

എന്നാൽ ഗ്വാരനി ഭാഷ സംസാ​രി​ക്കു​ന്ന​വ​രു​ടെ കാര്യ​മോ? ജനസം​ഖ്യ​യു​ടെ 90 ശതമാ​ന​വും ഇവരാണ്‌. അടുത്ത​കാ​ലത്തെ ഒരു സർവേ അനുസ​രിച്ച്‌, 37 ശതമാനം പരാ​ഗ്വേ​ക്കാർക്കും ഗ്വാരനി മാത്രമേ സംസാ​രി​ക്കാൻ അറിയൂ. ഇവരുടെ ഇടയിലെ വേല അധിക​വും ചെയ്യു​ന്നത്‌ പ്രാ​ദേ​ശിക സാക്ഷി​ക​ളാണ്‌. ഇതു നിറ​വേ​റ്റു​ന്ന​തി​നു സഹായ​ക​മാ​യി ഗ്വാരനി ഭാഷയിൽ ലഘുപ​ത്രി​കകൾ ഉള്ളതിൽ അവർ സന്തുഷ്ട​രാണ്‌.

അനേകം വർഷങ്ങൾ മുഴു​സ​മ​യ​ശു​ശ്രൂ​ഷ​യിൽ ചെലവ​ഴി​ച്ചി​രി​ക്കുന്ന ചിലർ പ്രാ​ദേ​ശിക സാക്ഷി​ക​ളു​ടെ കൂട്ടത്തി​ലുണ്ട്‌. 36 വർഷത്തെ പ്രത്യേക പയനി​യർസേവന കാലയ​ള​വിൽ സമർപ്പ​ണ​വും സ്‌നാ​പ​ന​വും എന്ന ഘട്ടത്തോ​ള​മെ​ത്താൻ 78 വ്യക്തി​കളെ സഹായി​ക്കു​ന്ന​തിന്‌ എഡ്യൂൾഫിന ഡെ യിൻഡെ​യ്‌ക്കു കഴിഞ്ഞി​ട്ടുണ്ട്‌. അവരും ഭർത്താ​വും സേവിച്ച സ്ഥലങ്ങളിൽ ഇപ്പോൾ തഴച്ചു​വ​ള​രുന്ന അഞ്ച്‌ സഭകളു​ള്ള​തിൽ അവരി​രു​വ​രും സന്തോ​ഷി​ക്കു​ന്നു. ഒരു പ്രത്യേക പയനി​യ​റാ​യി സേവിച്ച 39 വർഷ കാലയ​ള​വിൽ മാരിയ ചാവസും അനേകരെ സഹായി​ച്ചി​ട്ടുണ്ട്‌.

കൂടാതെ, പയനി​യർമാ​ര​ല്ലാത്ത ആയിര​ക്ക​ണ​ക്കി​നാ​ളു​കൾ യഹോ​വയെ സേവി​ക്കു​ന്ന​തിൽ ഇപ്പോ​ഴും തീക്ഷ്‌ണ​ത​യു​ള്ള​വ​രാണ്‌. യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്ന​തി​നും തങ്ങളുടെ ഗ്രാമ​പ്ര​ദേ​ശത്ത്‌ സമ്പൂർണ​മായ സാക്ഷ്യം നൽകു​ന്ന​തി​നും അവരിൽ പലരും വളരെ ദൂരം നടക്കുന്നു. പലപ്പോ​ഴും അവർ തങ്ങളുടെ പ്രവർത്ത​ന​പ്ര​ദേ​ശ​ത്തേക്കു വീട്ടിൽനി​ന്നു തിരി​ക്കു​ന്നത്‌ സൂര്യോ​ദ​യ​ത്തി​നു മുമ്പാണ്‌. മിക്ക​പ്പോ​ഴും അവർ തങ്ങളോ​ടൊ​പ്പം വേണ്ടത്ര “പരാ​ഗ്വേ​യൻ സൂപ്പ്‌” (ഒരു ഖരയാ​ഹാ​രം) കൊണ്ടു​പോ​കും. അതല്ലെ​ങ്കിൽ കൂടെ കരുതു​ന്നത്‌ പാൻകേ​ക്കും യാക്കാ​കി​ഴ​ങ്ങു​മാ​യി​രി​ക്കും. ഏഴു മണിയാ​കു​മ്പോ​ഴേ​ക്കും സാക്ഷീ​ക​രണം തുടങ്ങാൻ അവർ തയ്യാറാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കും. മിക്കവാ​റും സായാ​ഹ്നം​വരെ തങ്ങളുടെ പ്രവർത്തനം തുടരു​ക​യും ചെയ്യുന്നു. വീട്ടി​ലെ​ത്തു​മ്പോ​ഴേ​ക്കും ക്ഷീണി​ച്ചി​രി​ക്കു​മെ​ങ്കി​ലും, യഹോ​വ​യെ​യും അവന്റെ അത്ഭുത​ക​ര​മായ ഉദ്ദേശ്യ​ത്തെ​യും കുറിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാൻ കഴിഞ്ഞ​തിൽ അവർ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും.

ദാഹി​ക്കു​ന്നവർ ‘ജീവജലം സൗജന്യ​മാ​യി വാങ്ങുന്നു’

തിരു​വെ​ഴു​ത്തു​ക​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, ‘ജീവജലം സൗജന്യ​മാ​യി വാങ്ങാൻ’ ആഗ്രഹി​ക്കുന്ന ഏവർക്കും ക്ഷണം വെച്ചു​നീ​ട്ടി​യി​രി​ക്കു​ന്നു. (വെളി. 22:17) ആ ക്ഷണം സ്വീക​രി​ച്ചി​രി​ക്കുന്ന ആയിര​ക്ക​ണ​ക്കി​നാ​ളു​കളെ പരാ​ഗ്വേ​യിൽ കാണാം.

എരെനിയ അവരി​ലൊ​രാ​ളാണ്‌. അവൾ വളർന്നു​വ​ന്നത്‌ റോമൻ കത്തോ​ലി​ക്കാ​മ​ത​ത്തി​ലാണ്‌. സഭയുടെ പാരമ്പ​ര്യ​ങ്ങ​ളി​ലും മതപര​മായ അന്ധവി​ശ്വാ​സ​ങ്ങ​ളി​ലും അവൾ ഉറച്ചു വിശ്വ​സി​ച്ചി​രു​ന്നു. മരിച്ച​വ​രെ​യും നരകാ​ഗ്നി​യെ​യും അവൾ വളരെ​യ​ധി​കം ഭയപ്പെ​ട്ടി​രു​ന്നു. ശകുന​ങ്ങ​ളിൽ വിശ്വ​സി​ച്ചി​രുന്ന അവൾ, ദുശ്ശകു​ന​മാ​യി കരുതിയ എന്തെങ്കി​ലും കാണു​ക​യോ കേൾക്കു​ക​യോ ചെയ്യു​മ്പോൾ വളരെ​യ​ധി​കം ഭയപ്പെ​ട്ടി​രു​ന്നു. 20 വർഷ​ത്തോ​ളം അത്തരം ഭയവും പേറി അവൾ ജീവിച്ചു. അങ്ങനെ​യി​രി​ക്കെ, 1985-ൽ അവൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. പഠനം പുരോ​ഗ​മി​ച്ച​പ്പോൾ സത്യത്തി​ന്റെ ജലം അവൾക്ക്‌ വലിയ നവോ​ന്മേഷം കൈവ​രു​ത്തു​ക​യും ദൈവ​വ​ച​ന​ത്തിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന പറുദീ​സ​യിൽ നിത്യ​മാ​യി ജീവി​ക്കാ​നുള്ള ആഗ്രഹം അവളിൽ അങ്കുരി​പ്പി​ക്കു​ക​യും ചെയ്‌തു.

1996-ൽ കാര​പെ​ഗ്വേ എന്ന പട്ടണത്തി​ലെ ഇസാബെൽ എന്ന സ്‌ത്രീ​യും ജീവജലം രുചിച്ചു. എന്നിരു​ന്നാ​ലും, നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന പുസ്‌ത​ക​ത്തിൽ അവൾ കണ്ട കാര്യങ്ങൾ അവളുടെ വിശ്വാ​സ​വു​മാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​യില്ല. അതു​കൊണ്ട്‌ തന്നെ വീണ്ടും സന്ദർശി​ക്കേ​ണ്ട​തി​ല്ലെന്ന്‌ അവൾ സാക്ഷി​ക​ളോ​ടു പറഞ്ഞു. എന്നാൽ ആ പുസ്‌തകം തനിയെ വായിച്ച അവൾ അയൽക്കാ​രോട്‌ അതേക്കു​റി​ച്ചു പറഞ്ഞു. അവൾ അടുത്ത പ്രാവ​ശ്യം ഒരു സാക്ഷിയെ കണ്ടപ്പോൾ, നാലു വീട്ടിലെ ആളുകൾക്ക്‌ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ആകാം​ക്ഷ​യു​ണ്ടാ​യി​രു​ന്നു. ഒരു പെന്ത​ക്കോ​സ്‌തു​പ​ദേ​ശി​യു​ടെ സമ്മർദം ഹേതു​വാ​യി അവരിൽ മിക്കവ​രും തണുത്തു​പോ​യെ​ങ്കി​ലും, നല്ലൊരു സാക്ഷ്യം നൽകാൻ കഴിഞ്ഞു. ആദ്യത്തെ സ്‌ത്രീ​യും ഒരു അയൽക്കാ​രി​യും ജീവദാ​യ​ക​മായ സത്യങ്ങ​ളിൽനിന്ന്‌ തുടർന്നും പ്രയോ​ജ​നങ്ങൾ നേടി.

ഡിയോ​നി​സ്യോ​യ്‌ക്കും ആന്നയ്‌ക്കും സത്യത്തി​ന്റെ ജലം ആദ്യമാ​യി നൽകി​യ​പ്പോൾ, മറ്റനേ​ക​രെ​പ്പോ​ലെ അവർ വിവാഹം കഴിക്കാ​തെ ഒന്നിച്ചു പാർക്കു​ക​യാ​യി​രു​ന്നു. അതും, 20 വർഷമാ​യി. ഡിയോ​നി​സ്യോ​യും മൂത്ത പുത്രി​യും 1986-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ പഠിക്കാൻ തുടങ്ങി; ആന്നയും മറ്റ്‌ രണ്ടു പുത്രി​മാ​രും അതിനെ എതിർത്തു. സാക്ഷി ഡിയോ​നി​സ്യോ​യോട്‌ സംസാ​രി​ക്കു​ന്നതു നിർത്ത​ണ​മെന്ന്‌ അപേക്ഷിച്ച അവൾ സാക്ഷിയെ കൊല്ലു​മെന്നു ഭീഷണി​പ്പെ​ടു​ത്തു​ക​യും പൊലീ​സി​നെ വിളി​ക്കു​മെന്ന്‌ പറയു​ക​യും ചെയ്‌തു. കൂടാതെ, ഒരു കത്തോ​ലി​ക്കാ കന്യാ​സ്‌ത്രീ​യോട്‌ അഭി​പ്രാ​യം ചോദി​ക്കു​ക​യും ചെയ്‌തു. ബൈബിൾ പഠനം തന്റെ മൂത്ത പുത്രി​യെ അപകട​ത്തി​ലാ​ക്കു​മെന്ന അടിസ്ഥാ​ന​ത്തിൽ ആന്ന കുട്ടി​കൾക്കാ​യുള്ള കോട​തി​യിൽ പരാതി കൊടു​ത്തു. ഡിയോ​നി​സ്യോ വാസ്‌ത​വ​ത്തിൽ തന്റെ കുടും​ബ​ത്തി​നു വേണ്ടി നന്നായി കരുതു​ന്നു​വെന്ന്‌ മനസ്സി​ലാ​ക്കി​യ​പ്പോൾ ഡിയോ​നി​സ്യോ​യോ​ടൊ​പ്പം ബൈബിൾ പരി​ശോ​ധി​ച്ചു​നോ​ക്കാ​നാണ്‌ ജഡ്‌ജി ആന്നയോ​ടു ശുപാർശ ചെയ്‌തത്‌. സാക്ഷികൾ തങ്ങളുടെ യോഗ​ങ്ങ​ളിൽ അധാർമി​ക​മായ കാര്യങ്ങൾ ചെയ്യു​ന്നു​വെന്നു തന്റെ സ്‌നേ​ഹി​ത​യായ കന്യാ​സ്‌ത്രീ മുന്നറി​യിപ്പ്‌ നൽകി​യ​താ​യി ആന്ന പ്രതി​ഷേ​ധി​ച്ചു. ആ വനിതാ​ജ​ഡ്‌ജി അപ്പോൾ അവളെ ആശ്വസി​പ്പി​ച്ചു​കൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “നമുക്കു ബൈബിൾ അറിയാ​മെ​ന്നാ​ണു കത്തോ​ലി​ക്ക​രായ നമ്മൾ പറയു​ന്നത്‌. പക്ഷേ വാസ്‌ത​വ​ത്തിൽ നമുക്ക്‌ ഒന്നുമ​റി​യില്ല. യഹോ​വ​യു​ടെ സാക്ഷികൾ ബൈബിൾ പഠിക്കു​ന്നു. നിങ്ങളും ബൈബിൾ പരി​ശോ​ധി​ച്ചു​നോ​ക്കാ​നാ​ണു ഞാൻ നിർദേ​ശി​ക്കു​ന്നത്‌.” ഡിയോ​നി​സ്യോ​യെ വിവാഹം കഴിക്കാ​നും ആ ജഡ്‌ജി ആന്നയോ​ടു ശുപാർശ ചെയ്‌തു.

അമ്പരന്നു​പോ​യ ആന്ന, കന്യാ​സ്‌ത്രീ​യെ സമീപിച്ച്‌ തങ്ങളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ അഭ്യർഥി​ച്ചു. അതിന്റെ ആവശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു കന്യാ​സ്‌ത്രീ​യു​ടെ മറുപടി. മാത്രമല്ല, പണ്ട്‌ ഡിയോ​നി​സ്യോ​യ്‌ക്കു സമ്മതമി​ല്ലാഞ്ഞ കാലത്ത്‌ ആ കന്യാ​സ്‌ത്രീ, അദ്ദേഹത്തെ വിവാഹം കഴി​ച്ചേ​തീ​രൂ എന്ന്‌ ആന്നയോട്‌ ആവർത്തി​ച്ചു പറഞ്ഞി​രു​ന്നെ​ങ്കി​ലും, ഇപ്പോൾ അദ്ദേഹത്തെ വിവാഹം കഴിക്കാ​തി​രി​ക്കാൻ അവളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഈ സംഭവ​ത്തി​നു​ശേഷം അധികം താമസി​യാ​തെ, ആന്നയുടെ പിതാ​വി​നു കടുത്ത രോഗം ബാധിച്ചു. പ്രാ​ദേ​ശിക സാക്ഷികൾ ആ കുടും​ബ​ത്തി​നു സാമ്പത്തി​ക​മാ​യി വളരെ സഹായം ചെയ്‌തു. അത്‌ ആന്നയുടെ ജീവി​ത​ത്തിൽ ഒരു വഴിത്തി​രി​വാ​യി​രു​ന്നു. ബൈബിൾ പഠിക്കാൻ തുടങ്ങിയ അവൾ ഡിയോ​നി​സ്യോ​യെ വിവാഹം കഴിച്ചു. ഇപ്പോൾ പത്തു വർഷം കഴിഞ്ഞി​രി​ക്കു​ന്നു. ഡിയോ​നി​സ്യോ ഇന്നൊരു മൂപ്പനാണ്‌. അദ്ദേഹ​ത്തി​ന്റെ മുഴു കുടും​ബ​വും യഹോ​വയെ തീക്ഷ്‌ണ​ത​യോ​ടെ സേവി​ക്കു​ന്നു.

സ്‌നേ​ഹ​പു​ര​സ്സ​ര​മായ സ്ഥിരോ​ത്സാ​ഹം പരാ​ഗ്വേ​യിൽ അനേക​രു​ടെ​യും ഹൃദയത്തെ സ്‌പർശി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, 1982-ൽ സാൻ ലോ​റെൻസോ പ്രദേ​ശത്ത്‌ ഒരു സഭയേ ഉണ്ടായി​രു​ന്നു​ള്ളൂ. നിരോ​ധ​ന​മു​ണ്ടാ​യി​രു​ന്നി​ട്ടും, പല സാക്ഷി​ക​ളും പയനി​യർസേ​വ​ന​ത്തിൽ പങ്കുപറ്റി; തത്‌ഫ​ല​മാ​യി, അടുത്തുള്ള നഗരങ്ങ​ളും ഉൾപ്പെ​ട്ടി​രുന്ന ആ സഭയുടെ പ്രദേശം ക്രമമാ​യി പ്രവർത്തി​ച്ചു​തീർക്കാൻ തുടങ്ങി. യഹോവ അവരുടെ തീക്ഷ്‌ണ​തയെ അനു​ഗ്ര​ഹി​ച്ചു. ഇപ്പോൾ ആ പ്രദേ​ശത്ത്‌ ഒമ്പതു സഭകളുണ്ട്‌. പരാ​ഗ്വേ​യി​ലെ തങ്ങളുടെ 40-വർഷക്കാ​ലത്തെ സേവന​ത്തി​ലെ ഏറ്റവും വലിയ സന്തോഷം ആ പ്രദേ​ശത്തു സേവി​ക്കവേ തങ്ങൾ കണ്ട പുരോ​ഗ​തി​യാ​ണെന്ന്‌ വെർനർ ആപ്പൻസെ​ല​റും ഭാര്യ ആലിസും കരുതു​ന്നു.

അത്തരം വളർച്ച ഇന്നും തുടരു​ന്നു. ഒരു പ്രദേ​ശത്തു മാത്രമല്ല, ആ രാജ്യ​ത്തെ​ങ്ങും. 1996-ൽ അസൂൺഷി​യോ​ണിൽനിന്ന്‌ ഏതാണ്ട്‌ പത്തു കിലോ​മീ​റ്റർ അകലെ​യുള്ള ഒരു സ്ഥലത്ത്‌ പുതിയ നല്ല ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ സമർപ്പി​ക്ക​പ്പെട്ടു. രാജ്യ​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലും രാജ്യ​ഹാ​ളു​ക​ളുണ്ട്‌. ബൈബിൾ പ്രബോ​ധ​ന​ത്തി​നാ​യുള്ള യോഗങ്ങൾ അവിടെ ക്രമമാ​യി നടത്താ​റുണ്ട്‌. യഹോ​വ​യു​ടെ സാക്ഷികൾ ആളുകളെ അവരുടെ വീടു​ക​ളിൽ സന്ദർശി​ക്കു​ക​യും തെരു​വു​ക​ളിൽവെച്ച്‌ അവരോ​ടു സംസാ​രി​ക്കു​ക​യും ചെയ്യുന്നു. ‘ജീവജലം സൗജന്യ​മാ​യി വാങ്ങു​വിൻ’ എന്ന ക്ഷണം എല്ലാത്തരം ആളുകൾക്കും അവർ തീക്ഷ്‌ണ​ത​യോ​ടെ വെച്ചു​നീ​ട്ടു​ന്നു.

[210-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[213-ാം പേജിലെ ചിത്രം]

പരാഗ്വേയിൽ രാജ്യ​സ​ന്ദേശം എത്തിക്കു​ന്ന​തിൽ ഹ്വാൻ മ്യൂണി​യി​സിന്‌ ഒരു പങ്കുണ്ടാ​യി​രു​ന്നു

[217-ാം പേജിലെ ചിത്രം]

പരാഗ്വേയിൽ ആദ്യമാ​യി ബൈബിൾസ​ത്യം സ്വീക​രി​ച്ച​വ​രിൽ പെടുന്ന വ്യക്തി​യാണ്‌ ഹൂലി​യാൻ ഹദദ്‌

[218-ാം പേജിലെ ചിത്രം]

1946-ൽ സ്‌നാ​പ​ന​മേറ്റ ഹോവിത്ത ബ്രി​സ്വെല ഇപ്പോ​ഴും ഒരു പ്രത്യേക പയനി​യ​റാണ്‌

[218-ാം പേജിലെ ചിത്രം]

1942 മുതൽ യഹോ​വ​യു​ടെ സേവന​ത്തി​ലാ​യി​രി​ക്കുന്ന സേബാ​സ്റ്റ്യേന വാസ്‌കെസ്‌

[222-ാം പേജിലെ ചിത്രം]

വില്യം ഷില്ലിങർ തന്റെ മരണം​വരെ, 40 വർഷക്കാ​ലം, പരാ​ഗ്വേ​യിൽ ഒരു മിഷന​റി​യാ​യി സേവന​മ​നു​ഷ്‌ഠി​ച്ചു

[230-ാം പേജിലെ ചിത്രം]

വെർനർ ആപ്പൻസെ​ല​റും ഭാര്യ ആലിസും 40 വർഷ​ത്തോ​ളം പരാ​ഗ്വേ​യിൽ മിഷന​റി​മാ​രാ​യി​രു​ന്നു

[233-ാം പേജിലെ ചിത്രം]

(അസൂൺഷി​യോ​ണി​ലെ) തങ്ങളുടെ രാജ്യ​ഹാ​ളി​നെ​പ്രതി അഭിമാ​നം കൊള്ളു​ന്നു—പരാ​ഗ്വേ​യിൽ സാക്ഷികൾ സ്വന്തമാ​യി നിർമിച്ച ആദ്യ​ത്തേത്‌

[235-ാം പേജിലെ ചിത്രം]

യഹോവയുടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷൻ സെൻറർ

[237-ാം പേജിലെ ചിത്രം]

വിയാറിക്കായിൽ ഒരു കരിമ്പു​വി​ള​വെ​ടു​പ്പു​കാ​ര​നോ​ടു സാക്ഷീ​ക​രി​ക്കു​ന്നു

[243-ാം പേജിലെ ചിത്രം]

ഫെർനാൻഡോ ഡെ ലാ മോറ (നോർട്ടെ) രാജ്യ​ഹാൾ

[243-ാം പേജിലെ ചിത്രം]

അസൂൺഷിയോണിലെ വിസ്റ്റാ ആലെഗ്രെ (നോർട്ടെ) രാജ്യ​ഹാൾ

[244, 245 പേജു​ക​ളി​ലെ ചിത്രങ്ങൾ]

സാക്ഷ്യം നൽകു​ന്ന​തിൽ പങ്കുപ​റ്റാൻ അനേകം ദേശങ്ങ​ളിൽനി​ന്നു തീക്ഷ്‌ണ​ത​യുള്ള വേലക്കാർ പരാ​ഗ്വേ​യി​ലേക്കു വന്നിരി​ക്കു​ന്നു: (1കാനഡ, (2ഓസ്‌ട്രിയ, (3ഫ്രാൻസ്‌, (4ബ്രസീൽ, (5കൊറിയ, (6യു.എസ്‌.എ., (7ബെൽജി​യം, (8ജപ്പാൻ, (9ജർമനി

[246-ാം പേജിലെ ചിത്രം]

“എൽ പിയോ​നെ​റോ” എന്ന ബോട്ട്‌ പരാഗ്വേ നദിയിൽ

[251-ാം പേജിലെ ചിത്രം]

അസൂൺഷിയോണിനടുത്തുള്ള പരാഗ്വേ ബെഥേൽ ഭവനവും ബ്രാഞ്ച്‌ ഓഫീ​സും അവിടെ സേവന​മ​നു​ഷ്‌ഠി​ക്കു​ന്ന​വ​രും

[252-ാം പേജിലെ ചിത്രം]

ബ്രാഞ്ച്‌ കമ്മിറ്റി (മുകളിൽനി​ന്നു താഴോട്ട്‌): ചാൾസ്‌ മില്ലർ, വിൽഹെം കാസ്റ്റെൻ, ഇസാക്ക്‌ ഗാവി​ലാൻ