വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസം​ഘ​ത്തി​ന്റെ കത്ത്‌

വരാനി​രി​ക്കു​ന്ന​തി​നാ​യി കാത്തി​രി​ക്കവേ ദൈവ​ത്തി​ന്റെ മുഴു​ജ​ന​ത​യും കഴിഞ്ഞ വർഷത്തെ സംഭവ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കു​ന്നതു നല്ലതാണ്‌. യഹോവ നമ്മുടെ മുമ്പാകെ വെച്ചി​രി​ക്കു​ന്നത്‌ എത്ര മഹത്തായ ഒരു പ്രതീ​ക്ഷ​യാണ്‌! ദൈവാ​ത്മാ​വി​നാൽ അഭിഷി​ക്ത​രായ ചെറിയ ആട്ടിൻകൂ​ട്ട​ത്തി​നു സ്വർഗ​ത്തിൽ യേശു​ക്രി​സ്‌തു​വി​നോ​ടൊ​പ്പം രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രു​മാ​യി സേവി​ക്കു​ന്ന​തി​നുള്ള പദവി​യുണ്ട്‌. (വെളി. 20:6) അമ്പത്‌ ലക്ഷത്തി​ല​ധി​കം വരുന്ന വേറെ​യാ​ടു​കൾക്ക്‌ ഒരു ഭൗമിക പറുദീ​സ​യി​ലെ, സകലരും യഹോ​വയെ അറിയു​ക​യും സ്‌നേ​ഹി​ക്കു​ക​യും സഹമനു​ഷ്യ​രോ​ടുള്ള ഇടപെ​ട​ലു​ക​ളിൽ അവന്റെ ഗുണങ്ങൾ പ്രതി​ഫ​ലി​പ്പി​ക്കു​ക​യും ചെയ്യുന്ന ഒരു പറുദീ​സ​യി​ലെ, അനന്തജീ​വന്റെ പ്രത്യാ​ശ​യാ​ണു​ള്ളത്‌. (യെശ. 11:9; 1 യോഹ. 4:7, 8; വെളി. 21:4, 5എ) എന്തു​കൊ​ണ്ടാണ്‌ യഹോവ ഇതു ചെയ്‌തി​രി​ക്കു​ന്നത്‌? അവന്റെ സ്‌നേഹം നിമി​ത്ത​വും അവന്റെ സ്വന്തപു​ത്ര​നായ യേശു​ക്രി​സ്‌തു മുഖാ​ന്തരം നൽകി​യി​രി​ക്കുന്ന മറുവി​ല​യാ​ഗ​ത്തിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​വ​രോ​ടുള്ള അവന്റെ മഹാ അനർഹ​ദ​യ​യു​ടെ പ്രകട​ന​മെന്ന നിലയി​ലു​മാണ്‌.—യോഹ. 3:16.

ദൈവം തന്റെ മുമ്പിൽ വെച്ചി​രി​ക്കു​ന്ന​തി​നോ​ടുള്ള താരത​മ്യ​ത്തിൽ “ഈ കാലത്തി​ലെ കഷ്ടങ്ങൾ സാരമില്ല” എന്നു പൗലൊസ്‌ അപ്പോ​സ്‌തലൻ പറഞ്ഞതിൽ അതിശ​യി​ക്കാ​നില്ല. സ്വർഗീയ രാജാ​ക്ക​ന്മാർ ഭൂമിയെ ശുദ്ധീ​ക​രി​ക്കാ​നുള്ള നടപടി​യി​ലേക്കു കടന്നി​രി​ക്കു​ന്നു​വെ​ന്ന​തി​ന്റെ വ്യക്തമായ തെളി​വി​നാ​യി നിരീ​ക്ഷി​ക്കു​ന്ന​വർക്കു​ണ്ടാ​കുന്ന “ആകാംക്ഷ”യെക്കു​റിച്ച്‌ അവൻ ഉചിത​മാ​യി വിവരി​ച്ചു. ആ നടപടി​ക്കു​ശേഷം മരിച്ചവർ ഉയിർക്കു​ക​യും അനുസ​ര​ണ​മുള്ള മനുഷ്യ​വർഗം പൂർണത പ്രാപി​ക്കു​ക​യും ചെയ്യും. അപ്പോൾ മനുഷ്യർക്ക്‌ ‘ദൈവ​മ​ക്ക​ളു​ടെ തേജസ്സാ​കുന്ന സ്വാത​ന്ത്ര്യം’ ആസ്വദി​ക്കാ​നാ​കും.—റോമ. 8:18-21.

സ്വർഗീ​യ​രാ​ജ്യം ഇപ്പോൾത്തന്നെ പ്രവർത്ത​ന​നി​ര​ത​മാണ്‌. (വെളി. 11:15-17) അതിന്റെ താത്‌പ​ര്യ​ങ്ങൾക്കാ​യി ഭൂമി​യിൽ സേവി​ക്കു​ക​യെന്ന പദവി നമുക്കുണ്ട്‌. രാജ്യ​ത്തി​ന്റെ സുവാർത്ത​യെ​ക്കു​റി​ച്ചു മറ്റുള്ള​വ​രോ​ടു പറയു​ക​യെ​ന്ന​താണ്‌ നമ്മുടെ നിയമനം. (മത്താ. 24:14) കഴിഞ്ഞ വർഷം അതു ചെയ്യവേ എങ്ങനെ​യുള്ള സാഹച​ര്യ​ങ്ങ​ളാ​ണു നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​ന്നത്‌? ഇപ്പോ​ഴത്തെ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അന്ത്യനാ​ളു​ക​ളിൽ ഉണ്ടായി​രി​ക്കു​മെന്നു തിരു​വെ​ഴു​ത്തു​കൾ മുൻകൂ​ട്ടി​പ്പറഞ്ഞ അതേ സാഹച​ര്യ​ങ്ങൾതന്നെ.—ലൂക്കൊ. 21:10, 11; 2 തിമൊ. 3:1-5.

അൽബേ​നി​യ​യിൽ മാസങ്ങ​ളോ​ളം അക്രമം നടമാടി. ആയുധ​ധാ​രി​ക​ളായ ഭീകര​സം​ഘങ്ങൾ കൊള്ള​യും കൊല​യും നടത്തി, വസ്‌തു​വ​കകൾ നശിപ്പി​ച്ചു, ബലാൽസം​ഗം ചെയ്‌തു. എന്നാൽ നമ്മുടെ സഹോ​ദ​രങ്ങൾ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽനി​ന്നു വിട്ടു​നി​ന്നില്ല. ആഫ്രി​ക്ക​യു​ടെ ഏറിയ ഭാഗങ്ങ​ളി​ലും യുദ്ധം കൊടു​മ്പി​രി​കൊ​ണ്ടി​രു​ന്നു, ലാറ്റി​ന​മേ​രി​ക്ക​യു​ടെ​യും ദക്ഷിണ​പൂർവേ​ഷ്യ​യു​ടെ​യും ഹൃദയ​ഭാ​ഗങ്ങൾ യുദ്ധത്താൽ പിച്ചി​ച്ചീ​ന്ത​പ്പെട്ടു. അചഞ്ചല​മായ ക്രിസ്‌തീയ നിഷ്‌പക്ഷത പാലി​ച്ചി​ട്ടും, നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽ പലരും അക്രമ​ത്തിൽ കൊല്ല​പ്പെട്ടു. പോരാ​ട്ട​ത്തെ​ത്തു​ടർന്നു​ണ്ടായ രോഗങ്ങൾ നിമി​ത്ത​വും ചിലർ മരിച്ചു. പലർക്കും വസ്‌തു​വ​കകൾ ഇട്ടെറിഞ്ഞ്‌ കുറ്റി​ക്കാ​ടു​ക​ളി​ലേ​ക്കും വനത്തി​ലേ​ക്കും പലായനം ചെയ്യേ​ണ്ടി​വന്നു. മറ്റു ചിലർക്കാ​കട്ടെ അഭയം തേടി ദേശീയ അതിർത്തി​കൾ കടക്കേ​ണ്ടി​വന്നു. പോളണ്ട്‌, ചെക്ക്‌ റിപ്പബ്ലിക്ക്‌, ഇറ്റലി, ഐക്യ​നാ​ടു​കൾ എന്നിവി​ട​ങ്ങ​ളി​ലൊ​ക്കെ വിപത്‌ക​ര​മായ വെള്ള​പ്പൊ​ക്ക​മു​ണ്ടാ​യി. ഒരു ഭൂകമ്പ​ത്തി​ന്റെ ഫലമായി വെനെ​സ്വേ​ല​യി​ലെ രണ്ടു രാജ്യ​ഹാ​ളു​കൾ തകർന്നു. മോൺസെ​റാറ്റ്‌ ദ്വീപി​ലെ അഗ്നിപർവതം ചുടു​ചാ​ര​വും ചെളി​യും പാറക്ക​ഷ​ണ​ങ്ങ​ളും പുറ​ത്തേക്കു തുപ്പി​യ​പ്പോൾ അവിടത്തെ പകുതി​യി​ല​ധി​കം നിവാ​സി​ക​ളും ഒഴിഞ്ഞു​പോ​കാൻ നിർബ​ന്ധി​ത​രാ​യി. പലയി​ട​ത്തെ​യും ആളുകളെ വലിയ സാമ്പത്തി​ക​പ്ര​ശ്‌നങ്ങൾ വലയ്‌ക്കു​ന്നു. തെരു​വി​ലെ അക്രമങ്ങൾ നിമിത്തം ആഭരണ​ങ്ങ​ളോ വാച്ചു​പോ​ലു​മോ ധരിക്കു​ന്നത്‌ അപകട​ക​ര​മാ​യി​ത്തീർന്നി​രി​ക്കു​ന്നു.

മേൽപ്പറഞ്ഞ പ്രശ്‌ന​ങ്ങൾക്കും പാശ്ചാ​ത്യ​ലോ​കത്ത്‌ പൊതു​വേ​യുള്ള ഉദാസീ​ന​ത​യ്‌ക്കും മധ്യേ യഹോ​വ​യു​ടെ സാക്ഷികൾ പ്രസം​ഗി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. അത്തരം സംഗതി​കളെ അവർ എങ്ങനെ​യാ​ണു നേരി​ടു​ന്നത്‌? യഹോ​വ​യു​ടെ സ്‌നേ​ഹ​വും സാർവ​ദേ​ശീയ സഹോ​ദ​ര​വർഗ​ത്തി​ന്റെ ഉറ്റസ്‌നേ​ഹ​വും നമ്മുടെ കാലത്തെ സംഭവ​ങ്ങ​ളെ​ല്ലാം വ്യക്തമാ​യും വിരൽചൂ​ണ്ടു​ന്നത്‌ ഈ പഴയ വ്യവസ്ഥി​തി​യു​ടെ ആസന്നമായ അന്ത്യത്തി​ലേ​ക്കാ​ണെന്ന സൂക്ഷ്‌മ​മായ അവബോ​ധ​വു​മാണ്‌ അവരെ നിലനിർത്തു​ന്നത്‌.—റോമ. 8:35-39; 1 പത്രൊ. 4:7, 8.

വഷളാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന അവസ്ഥകൾ ജീവിതം ദുഷ്‌ക​ര​മാ​ക്കി​ത്തീർക്കു​ന്നെ​ങ്കി​ലും, നമ്മുടെ സഹോ​ദ​രങ്ങൾ ധൈര്യ​സ​മേതം സഭാ​യോ​ഗ​ങ്ങൾക്കും സമ്മേള​ന​ങ്ങൾക്കും കൂടി​വ​രു​ന്ന​തിൽ തുടരു​ന്നു. “നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പി​ക്കേ​ണമേ” എന്നതാ​യി​രു​ന്നു പോയ വർഷത്തെ വാർഷി​ക​വാ​ക്യം. (സങ്കീ. 143:10) ആ പഠിപ്പി​ക്ക​ലിൽ അധിക​വും നടക്കു​ന്നത്‌ ഈ യോഗ​ങ്ങ​ളി​ലാണ്‌. കഴിഞ്ഞ വർഷം വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ മുഖാ​ന്തരം യഹോവ നമ്മെ നന്നായി പോഷി​പ്പി​ച്ചു. അൽബേ​നി​യ​യി​ലെ ഗവൺമെൻറ്‌ അടിയ​ന്ത​രാ​വസ്ഥ പ്രഖ്യാ​പി​ച്ച​പ്പോൾ സഹോ​ദ​രങ്ങൾ യോഗങ്ങൾ പകൽസ​മ​യ​ത്താ​ക്കു​ക​യും പുസ്‌ത​കാ​ധ്യ​യന കൂട്ടങ്ങ​ളിൽ കൂടി​വ​രു​ക​യും ചെയ്‌തു. പ്രസാ​ധ​ക​രു​ടെ എണ്ണത്തിന്റെ രണ്ടും മൂന്നും ഇരട്ടി​യാ​യി​രു​ന്നു ഹാജർ. സിയെറാ ലിയോ​ണിൽ അരാജ​ക​ത്വം, കൊള്ള, കൊല എന്നിവ​യു​ടെ മധ്യേ സഹോ​ദ​രങ്ങൾ മുടങ്ങാ​തെ യോഗ​ങ്ങ​ളിൽ സംബന്ധി​ച്ചു. ശ്രീല​ങ്ക​യി​ലെ നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു വനത്തി​ലേക്കു പലായനം ചെയ്യേ​ണ്ടി​വ​ന്ന​പ്പോ​ഴോ ഐവറി കോസ്റ്റി​ലെ​പോ​ലെ അഭയാർഥി ക്യാമ്പിൽ കഴി​യേ​ണ്ടി​വ​ന്ന​പ്പോ​ഴോ ഒക്കെ അവർക്കു സമ്മേള​ന​പ​രി​പാ​ടി​ക​ളൊ​ന്നും നഷ്ടമാ​കാ​തി​രി​ക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്യ​പ്പെട്ടു.

പ്രക്ഷുബ്ധത കൂടുതൽ വ്യാപ​ക​മാ​യി​ത്തീ​രവേ, യോഗ​ങ്ങ​ളിൽ സംബന്ധി​ക്കുന്ന കാര്യ​ത്തിൽ അയവു​വ​രു​ത്താ​നോ ആഴ്‌ച​യി​ലൊ​രി​ക്കൽ രാജ്യ​ഹാ​ളിൽ പോയാൽ മതിയെന്ന വീക്ഷണം കൈ​ക്കൊ​ള്ളാ​നോ ഉള്ള സമയമ​ല്ലിത്‌. ‘നമ്മുടെ സഭാ​യോ​ഗ​ങ്ങളെ ഉപേക്ഷി​ക്കാ​തെ തമ്മിൽ പ്രബോ​ധി​പ്പി​ക്കാൻ സൂക്ഷി​ച്ചു​കൊൾക. നാൾ സമീപി​ക്കു​ന്നു എന്നു കാണും​തോ​റും അതു അധിക​മ​ധി​ക​മാ​യി ചെയ്യേ​ണ്ട​താ​കു​ന്നു’ എന്നു തിരു​വെ​ഴു​ത്തു​കൾ നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (എബ്രാ. 10:24, 25) നമുക്ക്‌ എന്താണ്‌ ആവശ്യ​മെന്ന്‌ യഹോ​വ​യ്‌ക്ക​റി​യാം.

കഴിഞ്ഞ വർഷം യഹോ​വ​യ്‌ക്കുള്ള തങ്ങളുടെ സമർപ്പ​ണ​ത്തി​ന്റെ പ്രതീ​ക​മാ​യി 3,75,923 പേർ സ്‌നാ​പ​ന​മേറ്റു. സന്തോ​ഷ​ത്തി​നുള്ള എന്തൊരു കാരണം! “നിങ്ങൾ തല പൊക്കി നോക്കി​യാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്‌ത്തി​ന്നു വെളു​ത്തി​രി​ക്കു​ന്നതു കാണും” എന്ന്‌ യോഹ​ന്നാൻ 4:35-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ വാക്കുകൾ ഇപ്പോ​ഴും ബാധക​മാണ്‌. അതു​കൊണ്ട്‌, സാക്ഷ്യം നൽകു​ന്ന​തിൽ നാം മുന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. എണ്ണത്തിൽ കുറവാ​യി​രു​ന്നാ​ലും കൂടു​ത​ലാ​യി​രു​ന്നാ​ലും യഹോ​വ​യി​ലേക്കു തിരി​യു​ന്ന​വ​രു​ടെ ജീവൻ വില​യേ​റി​യ​താണ്‌. (ലൂക്കൊ. 15:7) കൂടു​ത​ലാ​യി പത്തു ലക്ഷം പേർ കഴിഞ്ഞ വർഷം സ്‌മാ​ര​ക​ത്തിൽ പങ്കെടു​ത്ത​തിൽ നാം തീർച്ച​യാ​യും യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​രാണ്‌!

“യഹോ​വ​യു​ടെ നാമം വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവ​രും രക്ഷിക്ക​പ്പെ​ടും” എന്ന ആഹ്വാ​ന​ത്തോ​ടു പ്രതി​ക​രി​ക്കാൻ ഇനിയും ലക്ഷക്കണ​ക്കി​നാ​ളു​കളെ സഹായി​ക്കേ​ണ്ട​തി​ന്റെ ആവശ്യം 1998-ലെ നമ്മുടെ വാർഷി​ക​വാ​ക്യം ഓർമി​പ്പി​ക്കു​ന്നു. (റോമ. 10:13) യഹോവ തന്റെ ജനത്തിനു വേണ്ടി ചെയ്‌തി​രി​ക്കുന്ന സകലതി​നോ​ടു​മുള്ള ആഴമായ വിലമ​തിപ്പ്‌ പ്രകട​മാ​ക്കി​ക്കൊണ്ട്‌ ഈ പുതു​സേ​വ​ന​വർഷ​ത്തിൽ സാക്ഷ്യം നൽകു​ന്ന​തിൽ സ്ഥാപന​ത്തി​ലുള്ള എല്ലാവർക്കും വ്യക്തി​പ​ര​മായ ഒരു പങ്കുണ്ടാ​യി​രി​ക്ക​ട്ടെ​യെ​ന്നാണ്‌ ഞങ്ങളുടെ ആത്മാർഥ​മായ പ്രാർഥന.

ലോക​മെ​ങ്ങു​മു​ള്ള ഞങ്ങളുടെ സഹദാ​സർക്ക്‌ ഊഷ്‌മള ക്രിസ്‌തീയ സ്‌നേ​ഹ​ത്തോ​ടെ,

നിങ്ങളുടെ സഹോ​ദ​ര​ന്മാർ,

യഹോവയുടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം