വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർട്ടിനിക്ക്‌

മാർട്ടിനിക്ക്‌

മാർട്ടി​നിക്ക്‌

മാർട്ടി​നിക്ക്‌ എന്നു കേൾക്കു​മ്പോൾ ലോക​ത്തി​ന്റെ നാനാ ഭാഗങ്ങ​ളി​ലു​മുള്ള ആളുക​ളു​ടെ മനസ്സി​ലേക്കു പലതും ഓടി​യെ​ത്തു​ന്നു. സൂര്യ​ന്റെ​യും വെള്ളമണൽ വിരിച്ച കടലോ​ര​ങ്ങ​ളു​ടെ​യും നീലക്ക​ട​ലി​ന്റെ​യും ചിത്ര​മാ​യി​രി​ക്കാം മനോ​മു​കു​ര​ത്തിൽ തെളി​യു​ന്നത്‌. കരിമ്പ്‌, വാഴപ്പഴം എന്നിവ​പോ​ലെ മധുര​മുള്ള വസ്‌തു​ക്ക​ളെ​ക്കു​റി​ച്ചും റമ്മി​നെ​ക്കു​റി​ച്ചും അത്‌ ഒരുവനെ ഓർമി​പ്പി​ച്ചേ​ക്കാം. വിശാ​ല​മായ ഒരു പുഞ്ചി​രി​യോ​ടെ അസാധാ​രണ ഫലങ്ങൾ നിറച്ച താലങ്ങൾ നൽകി സന്ദർശ​കർക്കു സ്വാഗ​ത​മ​രു​ളുന്ന, കറുപ്പോ തവിട്ടു​നി​റ​മോ ഉള്ള തദ്ദേശീ​യ​രു​ടെ ദൃശ്യ​വും അതിലുൾപ്പെ​ട്ടേ​ക്കാം. പെലേ അഗ്നിപർവതം 1902-ൽ പൊട്ടി​യൊ​ഴു​കി​യ​തി​ന്റെ ഫലമായി സാൻപി​യെർ പട്ടണം പാടേ നശിച്ചു​പോ​യ​താ​യി​രി​ക്കാം മറ്റു ചിലർ ഓർത്തി​രി​ക്കു​ന്നത്‌. അന്ന്‌ ഈ മേഖല​യു​ടെ സാമ്പത്തിക-സാംസ്‌കാ​രിക തലസ്ഥാ​ന​മാ​യി​രു​ന്നു ആ പട്ടണം.

ഈ ദ്വീപ്‌ താരത​മ്യേന വളരെ ചെറു​താണ്‌. അതിന്റെ നീളം 80 കിലോ​മീ​റ്റ​റും വീതി 35 കിലോ​മീ​റ്റ​റും മാത്ര​മാണ്‌. എങ്കിലും, അന്താരാ​ഷ്‌ട്ര കാര്യ​ങ്ങ​ളിൽ അതു വഹിച്ചി​ട്ടുള്ള വലിയ പങ്ക്‌ അതിന്റെ വലുപ്പ​ത്തിന്‌ ആനുപാ​തി​കമല്ല. 17-ഉം 19-ഉം നൂറ്റാ​ണ്ടു​കൾക്കി​ട​യിൽ കൊ​ളോ​ണി​യൽ സാമ്രാ​ജ്യ​ത്വ​ശ​ക്തി​കൾ അമേരി​ക്ക​ക​ളി​ലെ​യും കരീബി​യൻ പ്രദേ​ശ​ത്തെ​യും പരമാ​ധി​കാ​ര​ത്തി​നു വേണ്ടി ഇവി​ടെ​വെച്ച്‌ നിർദയം പോരാ​ടി​യി​ട്ടുണ്ട്‌. പോരാ​ട്ട​ങ്ങ​ളു​ടെ പരിണ​ത​ഫ​ല​മ​നു​സ​രിച്ച്‌, സാൻ ഡൊമാങ്‌ (ഹെയ്‌റ്റി), ഗ്വാഡ​ലൂപ്പ്‌, മാർട്ടി​നിക്ക്‌ എന്നീ ദ്വീപു​ക​ളും വെസ്റ്റ്‌ ഇൻഡീ​സി​ലെ മറ്റു ദ്വീപു​ക​ളും വ്യത്യസ്‌ത ഉടമരാ​ഷ്‌ട്ര​ങ്ങ​ളു​ടെ കീഴിൽ മാറി​മാ​റി വന്നിട്ടുണ്ട്‌.

മാർട്ടി​നിക്ക്‌ ഒരു കൊച്ചു ദ്വീപാ​ണെ​ങ്കി​ലും അനേകം ദശകങ്ങ​ളോ​ളം അത്‌ കരീബി​യൻ പ്രദേ​ശത്തെ അടിമ​ക്ക​ച്ച​വ​ട​ത്തി​ന്റെ കേന്ദ്ര​മാ​യി​രു​ന്നു. മാർട്ടി​നി​ക്കി​ന്റെ ഭൂതകാ​ലത്തെ രൂപ​പ്പെ​ടു​ത്തിയ അടിമ​ത്ത​ത്തെ​ക്കു​റി​ച്ചു പരാമർശി​ക്കാ​തെ അവിടത്തെ ജനങ്ങ​ളെ​ക്കു​റിച്ച്‌ പറയാ​നാ​വില്ല. ആ ജനങ്ങളു​ടെ ഇപ്പോ​ഴത്തെ അവസ്ഥ​യെ​ക്കു​റി​ച്ചു വളരെ കാര്യങ്ങൾ വിശദീ​ക​രി​ക്കു​ന്ന​താണ്‌ അത്‌.

ദീർഘ​കാ​ലം അടിമ​ക​ളാ​യി കഴിഞ്ഞ​ശേഷം, ഇപ്പോൾ സ്വത​ന്ത്ര​രാ​യി​രി​ക്കു​ന്ന​തിൽ അഭിമാ​നി​ക്കുന്ന ആളുക​ളെ​ക്കു​റി​ച്ചാണ്‌ ഞങ്ങൾ പറയു​ന്നത്‌. വിചി​ത്ര​മായ വിരോ​ധാ​ഭാ​സ​ങ്ങ​ളു​ള്ള​വ​രാ​ണവർ. തങ്ങളുടെ സ്വാത​ന്ത്ര്യം സംബന്ധി​ച്ചു ശുഷ്‌കാ​ന്തി​യുള്ള അവർ അത്‌ അറിയി​ക്കാ​നു​മാ​ഗ്ര​ഹി​ക്കു​ന്നു. അതേസ​മയം, കോള​നി​വ​ത്‌ക​ര​ണ​ത്തി​ലൂ​ടെ തങ്ങളു​ടെ​മേൽ അടി​ച്ചേൽപ്പി​ക്ക​പ്പെട്ട ഫ്രഞ്ച്‌ സംസ്‌കാ​ര​വു​മാ​യി അവർ ഇണങ്ങി​പ്പോ​കു​ന്നു—ഭൂരി​പക്ഷം പേരും അനേകം വിധങ്ങ​ളിൽ വിലമ​തി​ക്കുന്ന മൂല്യ​വ​ത്തായ ഒരു സമ്പന്ന സംസ്‌കാ​ര​മാണ്‌ അത്‌. സ്വന്തം മതമായി ആളുകൾ സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌ റോമൻ കത്തോ​ലി​ക്കാ​മ​ത​മാണ്‌. മർദക​രായ ഭരണാ​ധി​പ​ന്മാർ അവരു​ടെ​മേൽ അടി​ച്ചേൽപ്പി​ച്ച​താണ്‌ അതും. തന്നെയു​മല്ല, തങ്ങൾക്ക്‌ കാര്യ​മാ​യൊ​ന്നും അറിഞ്ഞു​കൂ​ടാത്ത ഒരു ദൈവത്തെ ആരാധി​ക്കാ​നാണ്‌ അവരെ പഠിപ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന​തും ഒരു വസ്‌തു​ത​യാണ്‌. നീ​ഗ്രോ​ക​ളു​ടെ അടിമത്തം അംഗീ​ക​രി​ക്കുന്ന ഒരു ദൈവ​മാ​യാണ്‌ അവനെ അവരുടെ മുമ്പാകെ അവതരി​പ്പി​ച്ചി​രി​ക്കു​ന്നത്‌. കാരണം, ആ വർഗത്തെ ദൈവം ശപിച്ചു​വെ​ന്നാണ്‌ വാദം. സ്‌നേ​ഹ​വും നീതി​യും പോലുള്ള ഗുണങ്ങൾ അവനു​ള്ള​താ​യി പറയ​പ്പെ​ടു​ന്നു. എന്നാൽ വിചി​ത്ര​മെന്നു പറയട്ടെ, ആ ഗുണങ്ങൾ അസ്‌പ​ഷ്ട​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ തോന്നു​ന്നു. അടിസ്ഥാ​ന​പ​ര​മാ​യി, അനുഷ്‌ഠാ​ന​ങ്ങ​ളി​ലും മാമൂ​ലു​ക​ളി​ലും വേരൂ​ന്നിയ ഒരു മതമാണ്‌ അവരു​ടേത്‌. അവിടെ കൃത്യ​മായ വിശ്വാ​സ​ങ്ങൾക്കും ദൈവ​ശാ​സ്‌ത്ര​പ​ര​മായ വിശക​ല​ന​ങ്ങൾക്കും കാര്യ​മായ പ്രസക്തി​യില്ല. (സമാന​മായ വിധത്തിൽ, അയൽദ്വീ​പായ ബാർബ​ഡോസ്‌ ഔദ്യോ​ഗി​ക​മാ​യി സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌ ആംഗ്ലിക്കൻ മതമാണ്‌. കാരണം, അവിടെ കോളനി സ്ഥാപി​ച്ചത്‌ ബ്രിട്ട​നാണ്‌.)

ഈ നൂറ്റാണ്ട്‌ അതിന്റെ സമാപ്‌തി​യോ​ട​ടു​ക്കവേ മാർട്ടി​നി​ക്കി​ലെ ബഹുഭൂ​രി​പ​ക്ഷ​മാ​ളു​ക​ളും, തങ്ങൾ സ്വത​ന്ത്ര​രാ​ണെന്നു വീക്ഷി​ക്കാൻ ഇഷ്ടപ്പെ​ടു​ന്നെ​ങ്കി​ലും, കരുത്ത​രായ രണ്ട്‌ യജമാ​ന​ന്മാ​രു​ടെ അടിമ​ക​ളാണ്‌. ഒരു വശത്ത്‌, യഥാർഥ ആത്മീയ വിശപ്പി​നെ ശമിപ്പി​ക്കാത്ത, അനുഷ്‌ഠാ​ന​ങ്ങ​ളി​ലും മാമൂ​ലു​ക​ളി​ലും അധിഷ്‌ഠി​ത​മായ ഒരു ആരാധ​നാ​രീ​തി​യു​ടെ ഭാരം പേറു​ന്ന​വ​രാ​ണവർ. മറുവ​ശത്ത്‌ പാശ്ചാത്യ സംസ്‌കാ​ര​ത്തി​ന്റെ ഭൗതി​കാ​സക്ത ജീവി​ത​രീ​തി​യു​ടെ ശക്തമായ സ്വാധീ​നം നിമിത്തം അന്തമി​ല്ലാത്ത ആഗ്രഹ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്താൻ അവർ വൃഥാ അധ്വാ​നി​ക്കു​ന്നു.—സഭാ. 5:10.

അമൂല്യ സ്വാത​ന്ത്ര്യ​ത്തിൻ സന്ദേശം

ഈ ഉഷ്‌ണ​മേ​ഖലാ ദ്വീപി​ലാണ്‌ കഴിഞ്ഞ അരനൂ​റ്റാ​ണ്ടു​കാ​ല​മാ​യി ഏറിവ​രുന്ന തീവ്ര​ത​യോ​ടെ സ്വാത​ന്ത്ര്യ​ത്തി​ന്റെ ഒരു സന്ദേശം ഘോഷി​ക്ക​പ്പെ​ടു​ന്നത്‌. “സത്യം അറിക​യും സത്യം നിങ്ങളെ സ്വത​ന്ത്രൻമാ​രാ​ക്കു​ക​യും ചെയ്യും” എന്നു പറഞ്ഞ​പ്പോൾ യേശു പരാമർശിച്ച സ്വാത​ന്ത്ര്യ​മാ​ണത്‌. (യോഹ. 8:32) വ്യാജ​മായ ആശയങ്ങ​ളു​ടെ അടിമ​ത്ത​ത്തിൽനി​ന്നുള്ള സ്വാത​ന്ത്ര്യം, ആളുകളെ ക്രൂര​മാ​യി ചൂഷണം ചെയ്യുന്ന ഒരു സമ്പദ്‌വ്യ​വ​സ്ഥ​യു​ടെ അടിമ​ത്ത​ത്തിൽനി​ന്നുള്ള സ്വാത​ന്ത്ര്യം, പാപത്തിൽനി​ന്നും മരണത്തിൽനി​ന്നു​മുള്ള സ്വാത​ന്ത്ര്യം.

ഗ്വാഡ​ലൂ​പ്പിൽനി​ന്നുള്ള ഷൊർഷ്‌ മൂസ്റ്റാഷ്‌, ഫൊർദെ​ഫ്രാൻസി​ലും സാൻപി​യെ​റി​ലും സാക്ഷീ​ക​രി​ച്ചു​കൊണ്ട്‌ രണ്ടു വാരം ചെലവ​ഴിച്ച 1946 എന്ന വർഷത്തി​ലാണ്‌ സത്യത്തി​ന്റെ വിത്തുകൾ അവിടെ വിതയ്‌ക്ക​പ്പെ​ട്ടു​തു​ട​ങ്ങു​ന്നത്‌. മൂന്നു വർഷത്തി​നു​ശേഷം, അതായത്‌ 1949 ആഗസ്റ്റ്‌ 9-ന്‌, വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളി​ലെ ബിരു​ദ​ധാ​രി​ക​ളായ നാലു മിഷന​റി​മാർ (ഒരു ദമ്പതി​ക​ളും രണ്ട്‌ യുവസ​ഹോ​ദ​രി​മാ​രും) ആ ദ്വീപിൽ കാലു​കു​ത്തി. ഡേവിഡ്‌ ഹോമർ, ഭാര്യ സിലിയ, മേരി ലൊലൊ, ഫ്രാൻസെസ്‌ ബെയ്‌ലി എന്നിവ​രാ​യി​രു​ന്നു അവർ. ഐക്യ​നാ​ടു​ക​ളിൽനിന്ന്‌ എത്തിയ അവർക്ക്‌ ഫ്രഞ്ച്‌ അത്ര നന്നായി സംസാ​രി​ക്കാ​ന​റി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും, ഒന്നര വർഷക്കാ​ലം​കൊണ്ട്‌ ബൈബി​ളി​നെ​ക്കു​റി​ച്ചു വിശദീ​ക​രി​ക്കുന്ന 631 പുസ്‌ത​ക​ങ്ങ​ളും 200-ലധികം ചെറു​പു​സ്‌ത​ക​ങ്ങ​ളും സമർപ്പി​ക്കാൻ അവർക്കു സാധിച്ചു. കൂടാതെ, വ്യക്തി​ക​ളു​മാ​യും കുടും​ബ​ക്കൂ​ട്ട​ങ്ങ​ളു​മാ​യും അവർ 32 ബൈബി​ള​ധ്യ​യ​ന​ങ്ങ​ളും തുടങ്ങി. എന്നാൽ അക്കാലത്ത്‌ വളരെ സ്വാധീ​ന​മു​ണ്ടാ​യി​രുന്ന കത്തോ​ലി​ക്കാ പുരോ​ഹി​ത​വർഗം തങ്ങളുടെ അധികാ​രം ചോദ്യം ചെയ്യ​പ്പെ​ടാൻ ഒട്ടും ആഗ്രഹി​ച്ചി​രു​ന്നില്ല. 1951 ജനുവ​രി​യിൽ ആ മിഷന​റി​മാ​രെ ദ്വീപിൽനി​ന്നു പുറത്താ​ക്കാൻ അവർ തങ്ങളുടെ സ്വാധീ​നം ഉപയോ​ഗി​ച്ചു. മാർട്ടി​നി​ക്കി​ലെ സുവാർത്താ​പ്ര​സം​ഗം മൂന്നി​ലേറെ വർഷ​ത്തേക്ക്‌ പാടേ നിലച്ചു.

വീണ്ടും വേല ആരംഭി​ക്കു​ന്നു

1954 ജൂലൈ 10-ന്‌ ഗ്‌സാ​വി​യെ നൊളും ഭാര്യ സേറയും ഫ്രാൻസി​ലെ മാർസേ​യിൽനിന്ന്‌ അവിടെ എത്തി​ച്ചേർന്നു. ഇരുവ​രും മുഴു​സമയ ശുശ്രൂ​ഷ​ക​രാ​യി​രു​ന്നു. മാത്രമല്ല ഗ്‌സാ​വി​യെ, മാർസേ​യിൽ ഒരു സഭാ​മേൽവി​ചാ​ര​ക​നാ​യും സേവന​മ​നു​ഷ്‌ഠി​ച്ചി​രു​ന്നു.

തങ്ങളുടെ മാതൃ​ദേ​ശ​ത്തു​നിന്ന്‌ 7,000 കിലോ​മീ​റ്റർ അകലെ​യുള്ള, ലോക​ത്തി​ന്റെ മറ്റേ അറ്റമെന്ന്‌ അവർക്കു തോന്നിയ ആ ദ്വീപിൽ എത്തിയത്‌ അവർ ഇപ്പോ​ഴും ഓർക്കു​ന്നു. അവിടത്തെ ഉഷ്‌ണ​വും ഈർപ്പ​വും എങ്ങനെ​യി​രു​ന്നെന്ന്‌ അവർ ഇപ്പോ​ഴും മറന്നി​ട്ടില്ല. അവിടത്തെ ആളുക​ളു​ടെ സൗഹൃ​ദ​പ്ര​കൃ​ത​വും അതിഥി​പ്രി​യ​വും സത്‌പെ​രു​മാ​റ്റ​വും അവർ ഇപ്പോ​ഴും ഓർക്കു​ന്നു.

ചുരു​ങ്ങി​യ സൗകര്യ​ങ്ങ​ളിൽ ഒതുങ്ങി ജീവി​ക്കാൻ തുടക്കം​മു​തലേ അവർ ശീലിച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു ദയയോ​ടെ പെരു​മാ​റി​യി​രുന്ന ഒരാ​ളോ​ടൊ​പ്പം അവർ ഏതാനും ദിവസങ്ങൾ താമസി​ച്ചു. അതിനു​ശേഷം തടി​കൊണ്ട്‌ നിർമിച്ച, അതായത്‌ ഭിത്തി​ക​ളും തറയു​മൊ​ക്കെ തടി​കൊ​ണ്ടു​ണ്ടാ​ക്കിയ, ഒരു വീട്‌ അവർ കണ്ടെത്തി. മടക്കു​ക​ളുള്ള തകരം​കൊ​ണ്ടാണ്‌ മേൽക്കൂര ഉണ്ടാക്കി​യി​രു​ന്നത്‌. ആ വീടിന്‌ മച്ചില്ലാ​യി​രു​ന്നു. കക്കൂസ്‌ സൗകര്യ​ങ്ങ​ളു​മി​ല്ലാ​യി​രു​ന്നു. വൈകിട്ട്‌, തൊട്ടി​യി​ലെ “വിസർജ്യ​ങ്ങൾ” മലഞ്ചെ​രു​വിൽ കൊണ്ടു​പോ​യി കളയു​ന്നത്‌ നൊൾ സഹോ​ദ​രന്റെ ജോലി​യാ​യി​രു​ന്നു. ജൂലൈ 14-നായി​രു​ന്നു അദ്ദേഹം തൊട്ടി​യു​മാ​യി മലഞ്ചെ​രു​വി​ലേക്ക്‌ ആദ്യം പോയത്‌. അന്നൊരു ഫ്രഞ്ച്‌ ദേശീയ വിശേ​ഷ​ദി​വ​സ​മാ​യി​രു​ന്നു. സ്റ്റേലിൻഗ്രാഡ്‌ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു പൊതു​ച​ത്വ​രം കടന്നു​വേ​ണ​മാ​യി​രു​ന്നു അദ്ദേഹ​ത്തി​നു പോകാൻ. വിശേ​ഷ​ദി​വ​സ​ത്തോ​ടു ബന്ധപ്പെട്ട പ്രവർത്ത​നങ്ങൾ അവിടെ തകൃതി​യാ​യി നടക്കു​ന്നു​ണ്ടാ​യി​രു​ന്നു. വിശ്ര​മി​ക്കാ​നും ശുദ്ധവാ​യു ശ്വസി​ക്കാ​നും അവിടെ കൂടി​യി​രുന്ന ആളുകൾക്ക്‌ അതിലെ കടന്നു​പോയ അദ്ദേഹ​ത്തി​ന്റെ കയ്യിലെ തുറന്ന തൊട്ടി കാണാ​മാ​യി​രു​ന്നു. അതു കണ്ട്‌ രസംപി​ടിച്ച അവർക്കു ചിരി അടക്കാ​നാ​യില്ല. ഇത്തരത്തിൽ അവർക്കു​ണ്ടാ​കുന്ന ആദ്യത്തെ അനുഭ​വ​മാ​യി​രു​ന്നു അത്‌! ഒരു വെള്ളക്കാ​രൻ അത്തര​മൊ​രു കാര്യം ചെയ്യു​ന്നത്‌ മുമ്പൊ​രി​ക്ക​ലും അവർ കണ്ടിട്ടില്ല!

അതിശ​യി​പ്പി​ക്കുന്ന ഒരു സ്വാഗതം

അവി​ടെ​നി​ന്നു പുറത്താ​ക്ക​പ്പെ​ട്ട​പ്പോൾ മിഷന​റി​മാർ ഉപേക്ഷി​ച്ചു​പോയ പുസ്‌ത​ക​ങ്ങ​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും അടുക്കി​പ്പെ​റു​ക്കി​വെ​ക്കു​ന്ന​തി​നാ​യി അന്ന്‌ നേരത്തേ കുറെ സമയം നൊൾ സഹോ​ദരൻ ചെലവ​ഴി​ച്ചി​രു​ന്നു. അവയിൽ പലതും കീടങ്ങൾ നശിപ്പി​ച്ചി​രു​ന്നു. എങ്കിലും, പിറ്റേന്ന്‌ രാവിലെ നൊൾ ദമ്പതികൾ തുടങ്ങിയ പരസ്യ​സാ​ക്ഷീ​ക​ര​ണ​ത്തിൽ ഉപയോ​ഗി​ക്കു​ന്ന​തി​നു കൊള്ളാ​വുന്ന വേണ്ടത്ര പുസ്‌ത​കങ്ങൾ ഉണ്ടായി​രു​ന്നു.

ആദ്യ ദിവസത്തെ സേവന​ത്തെ​ക്കു​റി​ച്ചു നൊൾ സഹോ​ദരൻ പറയുന്ന ചില കാര്യ​ങ്ങ​ളി​താ: “ഇവിടെ ആദ്യമാ​യി പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടുന്ന ഞാനും ഭാര്യ​യും ആളുക​ളു​മാ​യി സമ്പർക്കം പുലർത്താ​നും അവരെ അറിയാ​നും ഞങ്ങൾക്ക്‌ എങ്ങനെ​യുള്ള സ്വീക​ര​ണ​മാ​ണു ലഭിക്കു​ന്ന​തെ​ന്ന​റി​യാ​നും ആകാം​ക്ഷ​യു​ള്ള​വ​രാ​യി​രു​ന്നു. എന്നാൽ, വാസ്‌ത​വ​ത്തിൽ സംഭവി​ച്ചത്‌ ഞങ്ങളുടെ പ്രതീ​ക്ഷ​കളെ കവിയു​ന്ന​താ​യി​രു​ന്നു. ഞങ്ങൾ സാക്ഷീ​ക​രണം തുടങ്ങി​യത്‌ പട്ടണമ​ധ്യ​ത്തി​ലാണ്‌. അന്ന്‌ അവിടത്തെ ജനസംഖ്യ 60,000 ആയിരു​ന്നു. ‘സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കും,’ ‘രാജ്യം സമീപി​ച്ചി​രി​ക്കു​ന്നു’ എന്നീ പുസ്‌ത​ക​ങ്ങ​ളും ‘സമാധാ​ന​പ്രഭു’ പോലുള്ള ചെറു​പു​സ്‌ത​ക​ങ്ങ​ളും ഞങ്ങളുടെ സാക്ഷീ​കരണ ബാഗു​ക​ളിൽ വീണ്ടും നിറയ്‌ക്കു​ന്ന​തി​നാ​യി വീട്ടി​ലേക്കു മടങ്ങവേ ആ പ്രഭാ​ത​ത്തിൽ ഞാനും ഭാര്യ​യും രണ്ടു പ്രാവ​ശ്യം കണ്ടുമു​ട്ടി.”

“നിങ്ങൾ ഇതിലേ വന്നതിന്റെ ഓർമ​യ്‌ക്കാ​യി ഞാൻ ഈ പുസ്‌ത​ക​മെ​ടു​ക്കാം,” അല്ലെങ്കിൽ, “ഇത്‌ ദൈവ​ത്തെ​ക്കു​റി​ച്ചു​ള്ള​താ​ണോ, എങ്കിൽ ഞാനി​തെ​ടു​ത്തോ​ളാം” എന്ന്‌ ആളുകൾ മിക്ക​പ്പോ​ഴും പറയു​മാ​യി​രു​ന്നു. ആദ്യത്തെ രണ്ടാഴ്‌ച​കൊണ്ട്‌ 200-ഓളം പുസ്‌ത​ക​ങ്ങ​ളും നൂറു​ക​ണ​ക്കി​നു ചെറു​പു​സ്‌ത​ക​ങ്ങ​ളും സമർപ്പി​ക്കു​ക​യു​ണ്ടാ​യി. ആളുക​ളു​മാ​യി സംഭാ​ഷണം തുടങ്ങുക എളുപ്പ​മാ​യി​രു​ന്നു. കാരണം, അപരി​ചി​തരെ സ്വീക​രി​ക്കാൻ ആളുകൾക്കു വലിയ താത്‌പ​ര്യ​വും ആഗ്രഹ​വു​മു​ണ്ടാ​യി​രു​ന്നു. ആതിഥ്യ​മ​ര്യാ​ദ​യോ​ടെ ആളുകൾ ഞങ്ങളെ സ്വീക​രി​ച്ചത്‌ എത്രയോ പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യി​രു​ന്നു!

ഇത്രയ​ധി​കം ആളുകളെ ബൈബിൾ പഠിപ്പി​ക്കാൻ തങ്ങൾക്കു സാധി​ക്കു​മോ എന്നായി​രു​ന്നു നൊൾ സഹോ​ദ​ര​ന്റെ​യും ഭാര്യ​യു​ടെ​യും സംശയം! എന്നാൽ സ്വാഭാ​വി​ക​മാ​യി അതിഥി​പ്രി​യം കാണി​ക്കു​ന്ന​വ​രെ​യും ദൈവ​ത്തിൽനി​ന്നു വരുന്ന സത്യം മനസ്സി​ലാ​ക്കി വാസ്‌ത​വ​ത്തിൽ അതിൻപ്ര​കാ​രം ജീവി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​യും തിരി​ച്ച​റി​യാൻ അവർ പെട്ടെ​ന്നു​തന്നെ പഠിച്ചു. ബൈബിൾ പഠിക്കാൻ ആഗ്രഹ​മുള്ള ചിലരു​ണ്ടാ​യി​രു​ന്നു. നൊൾ സഹോ​ദരൻ ഇങ്ങനെ അനുസ്‌മ​രി​ക്കു​ന്നു: “മാർട്ടി​നി​ക്കിൽ വന്നപ്പോൾ ഞങ്ങൾ ആദ്യം കണ്ടുമു​ട്ടിയ വ്യക്തി, ഫർണിച്ചർ നിർമാ​ണ​ശാ​ല​യിൽ പണി​യെ​ടു​ക്കു​ന്ന​വ​രും പരിശീ​ലനം നേടു​ന്ന​വ​രു​മായ ചിലർക്കു ഞങ്ങളെ പരിച​യ​പ്പെ​ടു​ത്തി. അന്നു രാത്രി​തന്നെ ഞങ്ങൾ അധ്യയനം തുടങ്ങി. ആദ്യ വാരത്തിൽ വേറേ രണ്ട്‌ അധ്യയ​നങ്ങൾ കൂടി ഞങ്ങൾ തുടങ്ങി.”

ആ അധ്യയ​ന​ങ്ങ​ളി​ലൊന്ന്‌ പോൾ ഷാക്ലാൻ ഭാര്യ നിക്കൊ​ളിൻ എന്ന യുവദ​മ്പ​തി​കൾക്കാ​യി​രു​ന്നു. വാരത്തിൽ മൂന്നു പ്രാവ​ശ്യം വീതം പഠിച്ചു​കൊ​ണ്ടി​രുന്ന അവർ നല്ല പുരോ​ഗതി കൈവ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. താമസി​യാ​തെ, അവർ നൊൾ ദമ്പതി​ക​ളു​മൊ​ത്തു വീടു​തോ​റും സാക്ഷീ​ക​ര​ണ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാൻ തുടങ്ങി. ഈ പുതിയ പ്രസാ​ധകർ കൂടി ആയതോ​ടെ പ്രസം​ഗ​വേ​ല​യ്‌ക്ക്‌ ഒരു തദ്ദേശീയ ഭാവം കൈവന്നു.

“ടോ-ടോ-ടോ”

ഒരു വീട്ടിൽ ചെല്ലു​മ്പോൾ, “ടോ-ടോ-ടോ, വീട്ടി​ലാ​രെ​ങ്കി​ലു​മു​ണ്ടോ?” എന്നു വിളി​ച്ചു​ചോ​ദി​ക്ക​ണ​മാ​യി​രു​ന്നു. “എന്തിനാണ്‌ വന്നിരി​ക്കു​ന്നത്‌?” എന്ന്‌ അകത്തു​നി​ന്നു മിക്ക​പ്പോ​ഴും ചോദി​ക്കും. പ്രസാ​ധകൻ ഉച്ചത്തിൽ സ്വയം പരിച​യ​പ്പെ​ടു​ത്തു​മ്പോൾ, “അകത്തു​വന്ന്‌ ഇരിക്കൂ” എന്ന്‌ വീട്ടു​കാ​രൻ പറയും. പിന്നെ രസകര​മായ സംഭാ​ഷണം തുടങ്ങു​ക​യാ​യി.

മിക്ക​പ്പോ​ഴും ആളുകൾ സംഭാ​ഷണം നടത്താൻ താത്‌പ​ര്യ​മു​ള്ള​വ​രാണ്‌. അന്നാളു​ക​ളിൽ മാർട്ടി​നി​ക്കി​ലെ ആളുക​ളു​ടെ ഇടയിൽ പിരി​മു​റു​ക്കം എന്നൊന്ന്‌ ഇല്ലായി​രു​ന്നു. നാമിന്ന്‌ നിരന്തരം കേൾക്കാ​റു​ള്ള​തു​പോ​ലെ, “എനിക്കു സമയമില്ല” എന്ന്‌ ആരും​തന്നെ പറയു​മാ​യി​രു​ന്നില്ല. എന്നിരു​ന്നാ​ലും, മിക്ക​പ്പോ​ഴും ആളുകൾ ഒടുവിൽ പറയു​ന്നത്‌ ഇങ്ങനെ​യാ​യി​രു​ന്നു: “നിങ്ങൾ പറയു​ന്ന​തെ​ല്ലാം എനിക്കു മനസ്സി​ലാ​കു​ന്നുണ്ട്‌. എന്നാൽ എന്റെ മാതാ​പി​താ​ക്ക​ളും മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രും പിൻപ​റ്റി​പ്പോന്ന മതം ഉപേക്ഷി​ക്കാൻ ഞാനാ​ഗ്ര​ഹി​ക്കു​ന്നില്ല.” കുറെ​യൊ​ക്കെ താത്‌പ​ര്യ​മു​ണ്ടെന്ന്‌ തോന്നിയ ഇടങ്ങളിൽപ്പോ​ലും “അടുത്ത പ്രാവ​ശ്യം നിങ്ങളെ കാണാൻ പറ്റുമോ?” എന്ന്‌ പ്രസാ​ധകർ ചോദി​ക്കു​മ്പോൾ ലഭിച്ചി​രുന്ന മറുപടി “ദൈവ​ഹി​ത​മെ​ങ്കിൽ കാണാം” എന്നായി​രു​ന്നു.

പൊതു​വേ ആളുകൾക്ക്‌ ബൈബി​ളി​നോ​ടു വലിയ ആദരവു​ണ്ടാ​യി​രു​ന്നു. എന്നാൽ അവരിൽ കുറച്ചാ​ളു​കൾക്കേ ബൈബി​ളു​ണ്ടാ​യി​രു​ന്നു​ള്ളൂ. ആളുകൾക്കു ബൈബി​ളു​മാ​യി യാതൊ​രു ബന്ധവു​മു​ണ്ടാ​കാ​തി​രി​ക്കാൻ കത്തോ​ലി​ക്കാ പുരോ​ഹി​ത​വർഗം കിണഞ്ഞ്‌ ശ്രമി​ച്ചി​രു​ന്നു. എന്നിരു​ന്നാ​ലും, ചുരുക്കം പേർക്കെ​ങ്കി​ലും ല്വി സെഗൊൺ പരിഭാ​ഷ​പ്പെ​ടു​ത്തിയ പ്രൊ​ട്ട​സ്റ്റൻറു​കാ​രു​ടെ ഫ്രഞ്ച്‌ പതിപ്പ്‌ സ്വന്തമാ​ക്കാൻ സാധി​ച്ചി​രു​ന്നു. സാധനങ്ങൾ വിറ്റു​ന​ട​ക്കു​ന്ന​വ​രിൽനി​ന്നു ചിലർക്കത്‌ ലഭിച്ചു. മറ്റു ചിലർക്ക്‌ അതു ലഭിച്ച​തോ, സെവൻത്‌-ഡേ അഡ്വെൻറി​സ്റ്റു​ക​ളായ അയൽക്കാ​രിൽനിന്ന്‌. ഇനിയും വേറേ ചിലർക്ക്‌, ഇവാഞ്ച​ലി​ക്കൽ സഭക്കാ​രിൽനി​ന്നാ​യി​രു​ന്നു കിട്ടി​യത്‌, അതും അപൂർവ​മാ​യി മാത്രം.

പുരോ​ഹി​ത​വർഗം ഭയം പ്രകട​മാ​ക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷികൾ ഫൊർദെ​ഫ്രാൻസിൽ തങ്ങളുടെ പ്രവർത്തനം വീണ്ടും തുടങ്ങി അഞ്ച്‌ മാസം കഴിഞ്ഞ​പ്പോൾ കത്തോ​ലി​ക്കാ​സ​ഭ​യു​ടെ ഒരു പത്രത്തിൽ “യഹോ​വ​യു​ടെ സാക്ഷികൾ ആര്‌?” എന്ന ചോദ്യ​ത്തോ​ടെ ഒരു പ്രത്യേക ലേഖനം പ്രത്യ​ക്ഷ​പ്പെട്ടു. ആ ലേഖനം ഒരു പുരോ​ഹി​ത​നും ഇടവക​ക്കാ​ര​നും തമ്മിലുള്ള സംഭാ​ഷ​ണ​രൂ​പ​ത്തി​ലാ​യി​രു​ന്നു: “അച്ചോ, യഹോവ ആരാ​ണെന്ന്‌ അച്ചനറി​യാ​മോ?” “തീർച്ച​യാ​യും! തനിക്ക്‌ എബ്രാ​യ​ഭാ​ഷ​യും സംസാ​രി​ക്കാ​ന​റി​യാം, അല്ലേ?” തുടർന്ന്‌, യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ സുദീർഘ​മാ​യി ദൂഷണം പറയു​ക​യും അവരുടെ പഠിപ്പി​ക്ക​ലു​കളെ ദ്രോ​ഹ​ബു​ദ്ധ്യാ തെറ്റായി വ്യാഖ്യാ​നി​ക്കു​ക​യും ചെയ്‌തു. നൊൾ സഹോ​ദ​രി​യു​ടെ ഒരു പരിഹാ​സ​ചി​ത്രം​പോ​ലും പള്ളിക്കാ​രു​ടെ ഒരു ലഘു​ലേ​ഖ​യിൽ കൊടു​ത്തി​രു​ന്നു.

ആ ദ്വീപിൽ ഏതാനും സാക്ഷി​കളേ ഉണ്ടായി​രു​ന്നു​ള്ളു​വെ​ങ്കി​ലും, ആ രാജ്യ​പ്ര​സം​ഗ​ക​രു​ടെ തീക്ഷ്‌ണ​ത​യിൽ പ്രകട​മാ​യും അസ്വസ്ഥ​നായ ഒരു പുരോ​ഹി​തൻ കുറെ നാളു​കൾക്കു​ശേഷം ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “നല്ലവരായ ആയിര​ക്ക​ണ​ക്കി​നാ​ളു​കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീ​രു​ന്നു. കാരണം, സ്വന്തമ​ത​ത്തെ​ക്കു​റിച്ച്‌ അവർക്കു കാര്യ​മാ​യി അറിയില്ല.” ധനവാ​നെ​യും ലാസറി​നെ​യും കുറി​ച്ചുള്ള ഉപമയിൽ യേശു​ക്രി​സ്‌തു ദൃഷ്ടാ​ന്തീ​ക​രി​ച്ച​തു​പോ​ലെ ആയിരു​ന്നു അത്‌. സമ്പദ്‌സ​മൃ​ദ്ധി അനുഭ​വി​ക്കുന്ന പുരോ​ഹി​ത​വർഗ​ത്തി​ന്റെ മേശയിൽനി​ന്നു വീഴുന്ന ആത്മീയ നുറു​ക്കു​കൾക്കാ​യി സാമാ​ന്യ​ജനം അതിയാ​യി ആഗ്രഹി​ക്കു​ക​യാ​യി​രു​ന്നു.—ലൂക്കൊസ്‌ 16:19-31 കാണുക.

നോട്ര ഡം ഡ്യൂ ഗ്രാൻ റെറ്റൂ​റി​ന്റെ സന്ദർശനം

അതിന്‌ ഏതാനും വർഷങ്ങൾക്ക്‌ മുമ്പ്‌, അതായത്‌ 1948-ൽ, അനേകം കത്തോ​ലി​ക്ക​രു​ടെ​യും വിശ്വാ​സ​ത്തി​നു കോട്ടം തട്ടി. ബിഷപ്പി​ന്റെ ഓഫീസ്‌ ഒരു വലിയ തട്ടിപ്പു​പ​രി​പാ​ടി സംഘടി​പ്പി​ച്ചി​രു​ന്നു. മറിയ​യു​ടെ ഒരു പ്രതിമ വലിയ ആഘോ​ഷ​ങ്ങ​ളോ​ടെ ഫ്രാൻസിൽനി​ന്നു കൊണ്ടു​വന്നു. അത്‌ ഒരു വാഹന​ത്തിൽവെച്ച്‌ മാർട്ടി​നി​ക്കി​ലെ​ങ്ങും കൊണ്ടു​ന​ടന്നു. ആളുകൾ അതിനെ അങ്ങേയറ്റം വാഴ്‌ത്തു​ക​യു​ണ്ടാ​യി. അതിനു തുല്യ​മായ ഒരു സംഭവം ഇന്നുവരെ അവിടെ നടന്നി​ട്ടില്ല. “കന്യാ​മ​റിയ”ത്തിന്റെ ആ പ്രതിമ ചക്രങ്ങൾ ഘടിപ്പി​ച്ചി​രുന്ന ഒരു ബോട്ടിൽവെച്ച്‌ തെരു​വു​കൾതോ​റും കൊണ്ടു​ന​ടന്നു. “കന്യാ​മ​റിയ”ത്തിനായി ആളുകൾ ആ ബോട്ടിൽനി​റയെ പണവും ആഭരണ​ങ്ങ​ളും ഇട്ടു​കൊ​ടു​ത്തു. അക്കാലത്ത്‌ ദരിദ്ര-സമ്പന്ന ഭേദമി​ല്ലാ​തെ എല്ലാ മാർട്ടി​നി​ക്കു​കാ​രും സ്വർണാ​ഭ​ര​ണ​ങ്ങ​ളാണ്‌ ധരിച്ചി​രു​ന്നത്‌. തത്‌ഫ​ല​മാ​യി, ശേഖരി​ക്ക​പ്പെട്ട സാധന​ങ്ങ​ളു​ടെ പണപര​മായ മൂല്യം വളരെ വലുതാ​യി​രു​ന്നു.

അന്ന്‌ സംഭവിച്ച കാര്യങ്ങൾ ഇപ്പോ​ഴും വ്യക്തമാ​യി ഓർക്കു​ന്ന​വ​രുണ്ട്‌. ഇപ്പോൾ ഒരു യഹോ​വ​യു​ടെ സാക്ഷി​യായ മാർട്ട്‌ ലൊറാൻ, “കന്യാ​മ​റിയ”ത്തിന്റെ വരവി​നെ​ക്കു​റിച്ച്‌ ഓർക്കു​ന്നു. “അത്‌ 1948 മാർച്ച്‌ ആരംഭ​ത്തി​ലുള്ള ഒരു ശനിയാഴ്‌ച സന്ധ്യയ്‌ക്കാ​യി​രു​ന്നു. ഫൊർദെ​ഫ്രാൻസി​ലെ സാവന്ന​യ്‌ക്കു ചുറ്റു​മുള്ള പൊതു ചത്വര​മാ​യി​രു​ന്നു സ്ഥലം,” അവർ പറയുന്നു. “ആ ചത്വരം ആളുക​ളെ​ക്കൊണ്ട്‌ നിറഞ്ഞി​രു​ന്നു. പെട്ടെന്ന്‌ കടലിൽ, ലാ പ്വാൻറ്‌ ദെ നെ​ഗ്രെ​യു​ടെ അഗ്രഭാ​ഗ​ത്താ​യി ഞങ്ങളൊ​രു കൊച്ചു​വെ​ളി​ച്ചം കണ്ടു. ആ വലിയ ജനക്കൂട്ടം തിമർത്താ​ടി; ‘കന്യാ​മ​റി​യം’ ബോട്ടിൽ അവിടെ എത്തുക​യാ​യി​രു​ന്നു!” പിയെ​റെറ്റ്‌ ആന്റൊണി നേർച്ചകൾ അർപ്പി​ക്കാൻ വീണ്ടും വീണ്ടും അതിന​ടുത്ത്‌ പോയി. അവരും ഭർത്താ​വും തങ്ങളുടെ വീട്‌ പൂക്കൾക്കൊണ്ട്‌ അലങ്കരി​ച്ചു. ഷേ നൂ സ്വായേ റെൻ (നീ ഞങ്ങളുടെ ഭവനത്തി​ലെ രാജ്ഞി​യാ​യി​രി​ക്കേ​ണമേ) എന്ന ആലേഖ​ന​മുള്ള പതാക​യും അവർ തൂക്കി​യി​രു​ന്നു. അത്തര​മൊ​രു സാഹച​ര്യ​ത്തിൽ വികാ​രാ​ധീ​ന​രായ ആളുകൾ ഉദാര​മാ​യി സംഭാ​വ​നകൾ നൽകി. “കന്യാ​മ​റി​യം” അത്ഭുതം പ്രവർത്തി​ക്കു​മെ​ന്നാ​യി​രു​ന്നു അവരുടെ ചിന്ത. ഉദാഹ​ര​ണ​ത്തിന്‌, ഒരാളു​ടെ മകൾക്ക്‌ ഒരുതരം പേശീ​രോ​ഗം ബാധി​ച്ചി​രു​ന്നു. “കന്യാ​മ​റി​യം” തന്റെ മകളെ സുഖ​പ്പെ​ടു​ത്തു​മെന്ന്‌ പ്രത്യാ​ശി​ച്ചു​കൊണ്ട്‌ അയാൾ ചക്രങ്ങ​ളുള്ള ആ ബോട്ടി​ന്റെ പിന്നാലെ മുട്ടിൽ ഇഴഞ്ഞു​നീ​ങ്ങി.

ഒടുവിൽ, ആ പ്രതിമ ഫ്രാൻസി​ലേക്കു തിരി​ച്ചു​കൊ​ണ്ടു​പോ​യെന്നു കേട്ടു. എന്നാൽ അത്‌ പച്ചക്കള്ള​മാ​യി​രു​ന്നു. ആ പ്രതിമ ഒരു പണ്ഡകശാ​ല​യിൽ ഒളിപ്പി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​താ​യി പിന്നീട്‌ കണ്ടുപി​ടി​ക്ക​പ്പെട്ടു. നാട്ടു​കാർ പറയു​ന്ന​ത​നു​സ​രിച്ച്‌, ആ തട്ടിപ്പു​പ​രി​പാ​ടി​യി​ലൂ​ടെ സംഘടി​പ്പിച്ച പണവും സ്വത്തു​ക്ക​ളും അതിന്റെ സംഘാ​ട​ക​രു​മാ​യി പറന്ന വിമാനം കടലിനു മുകളിൽവെച്ച്‌ തകർന്നു​വീ​ണു. അനേക​രു​ടെ​യും ചിന്ത അത്‌ ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷയാ​ണെ​ന്നാ​യി​രു​ന്നു. ഇന്നും ആളുകൾ ആ സംഭവ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മ്പോൾ, വിഗ്ര​ഹാ​രാ​ധന സംബന്ധിച്ച്‌ ബൈബിൾ പറയു​ന്നത്‌ അവർക്കു കാട്ടി​ക്കൊ​ടു​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഒരവസരം ലഭിക്കു​ന്നു.—പുറ. 20:4, 5; സങ്കീ. 115:4-8; 1 യോഹ. 5:21.

വിവാ​ഹ​മാണ്‌ വേണ്ടത്‌, കേവലം ഒന്നിച്ച്‌ പാർക്കലല്ല

അടിമ​ത്ത​സ​മ്പ്ര​ദാ​യം അവസാ​നി​ച്ചി​ട്ടും ചില ആഫ്രിക്കൻ ആചാരങ്ങൾ നിലനി​ന്നു​പോ​ന്നു. അവയിൽ പങ്കെടു​ക്കു​ന്നവർ കത്തോ​ലി​ക്കാ അനുഷ്‌ഠാ​നങ്ങൾ നിർവ​ഹി​ക്കു​ന്നി​ട​ത്തോ​ളം​കാ​ലം കത്തോ​ലി​ക്കാ​സഭ അവയെ അംഗീ​ക​രി​ച്ചി​രു​ന്നു. അത്തര​മൊ​രു സ്ഥിതി​വി​ശേ​ഷ​ത്തിൽ, വിവാ​ഹി​ത​രാ​കാ​ത്തവർ ഒന്നിച്ചു പാർക്കു​ന്നത്‌ സർവസാ​ധാ​ര​ണ​മാ​യി​രു​ന്നു. ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​മ്പോൾ നൊൾ സഹോ​ദ​രി​യോട്‌ “നിങ്ങൾക്കു കുട്ടി​ക​ളു​ണ്ടോ?” എന്ന്‌ ആളുകൾ ചോദി​ക്കു​മാ​യി​രു​ന്നു. “ഇല്ല” എന്നു മറുപടി പറയു​മ്പോൾ അവർ ചോദി​ക്കും “നിങ്ങളു​ടെ ഭർത്താ​വി​നോ?” പുരു​ഷ​ന്മാർക്കു നിയമാ​നു​സൃത ഭാര്യ​യി​ല​ല്ലാ​തെ മറ്റു സ്‌ത്രീ​ക​ളിൽ കുട്ടികൾ ജനിക്കു​ന്നത്‌ അസാധാ​ര​ണ​മാ​യി​രു​ന്നില്ല. സത്യ​ക്രി​സ്‌ത്യാ​നി​ക​ളാ​യി​ത്തീ​രാൻ ആഗ്രഹി​ക്കു​ന്നവർ തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ അത്തരം ആചാര​രീ​തി​കൾ ഉപേക്ഷി​ക്ക​ണ​മാ​യി​രു​ന്നു.—എബ്രാ. 13:4.

അത്തര​മൊ​രു സാഹച​ര്യ​ത്തെ അഭിമു​ഖീ​ക​രിച്ച മാർട്ടി​നി​ക്കി​ലെ ആദ്യ വ്യക്തി ഒരു സ്‌ത്രീ​യാ​യി​രു​ന്നു. അവർക്കു മൂന്നു പുരു​ഷ​ന്മാ​രി​ലാ​യി ആറു കുട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. അവർ ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ താമസി​ച്ചു​കൊ​ണ്ടി​രു​ന്നത്‌ തന്റെ ഇളയ കുട്ടി​യു​ടെ പിതാ​വി​നോ​ടൊ​ത്താ​യി​രു​ന്നു. യഹോ​വയെ പ്രസാ​ദി​പ്പി​ക്ക​ണ​മെ​ങ്കിൽ ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെന്ന്‌ മാർഗെ​രിറ്റ്‌ ലിലേ പെട്ടെ​ന്നു​തന്നെ തിരി​ച്ച​റി​ഞ്ഞു. (1 കൊരി. 6:9-11) വിവാഹം ചെയ്യാതെ കൂടെ​പ്പാർക്കുന്ന ഭർത്താ​വി​നോട്‌ തന്നെ വിട്ടു​പോ​കാൻ അവർ ആവശ്യ​പ്പെട്ടു. ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടായി​രു​ന്നി​ട്ടും, തന്റെ ആറു മക്കളെ പരിപാ​ലി​ക്കു​ന്ന​തി​ലുള്ള സാമ്പത്തിക ബുദ്ധി​മു​ട്ടു​കളെ അവർ ധൈര്യ​സ​മേതം അഭിമു​ഖീ​ക​രി​ച്ചു. 1956-ൽ അവർ സ്‌നാ​പ​ന​മേറ്റു. പിന്നീട്‌, അവർ മാർട്ടി​നി​ക്കി​ലെ ആദ്യത്തെ പ്രത്യേക പയനി​യ​റാ​യി​ത്തീർന്നു.

താൻ നിയമ​പ​ര​മാ​യി വിവാഹം ചെയ്‌തി​ട്ടി​ല്ലാത്ത ഒരാളിൽനിന്ന്‌ കുട്ടികൾ ജനിച്ച ഷാൻ മാക്‌സി​മാ​നും സ്‌നാ​പ​ന​മേൽക്കാ​നാ​ഗ്ര​ഹി​ച്ചു. അടുത്ത സമ്മേള​ന​ത്തി​നു മുമ്പ്‌ തങ്ങളുടെ ബന്ധം നിയമ​സാ​ധു​ത​യു​ള്ള​താ​ക്കു​മെന്ന്‌ പലതവണ വാക്ക്‌ കൊടു​ത്തെ​ങ്കി​ലും അയാളത്‌ പാലി​ച്ചില്ല. ഒടുക്കം, 1959-ൽ ഒരു സമ്മേളനം അടുത്തു​വ​രവേ, അയാൾ വീട്ടി​ലി​ല്ലാ​തി​രുന്ന തക്കം​നോ​ക്കി അവൾ അവി​ടെ​നിന്ന്‌ മറ്റൊരു സ്ഥലത്തേക്കു താമസം മാറ്റി. തിരി​ച്ചെ​ത്തി​യ​പ്പോൾ അവൾ അവി​ടെ​യി​ല്ലെ​ന്നും ഫർണിച്ചർ പലതും കാണാ​നി​ല്ലെ​ന്നും അയാൾ മനസ്സി​ലാ​ക്കി! അവൾ എവി​ടെ​യാ​ണെന്നു പറയാൻ അയൽക്കാർക്കു യാതൊ​രു മടിയും തോന്നി​യില്ല. വീട്ടി​ലേക്കു മടങ്ങി​വ​രാൻ നിർബ​ന്ധിച്ച അയാൾ, രണ്ടാഴ്‌ച​യ്‌ക്കു​ള്ളിൽ വിവാ​ഹി​ത​രാ​കാ​മെ​ന്നും ആ കാലയ​ള​വി​നു​ള്ളിൽ അതിനു വേണ്ട ക്രമീ​ക​ര​ണങ്ങൾ നടത്താ​മെ​ന്നും വാഗ്‌ദാ​നം ചെയ്‌തു. എന്നാൽ അവളുടെ മറുപടി ഉറച്ചതാ​യി​രു​ന്നു: “നാം എന്ന്‌ വിവാ​ഹി​ത​രാ​കു​ന്നോ, അന്നേ ഞാൻ മടങ്ങി​വരൂ. അതിനു മുമ്പില്ല.” വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. പത്തു ദിവസ​ത്തി​നു​ള്ളിൽ അവർ നിയമ​പ​ര​മാ​യി വിവാ​ഹി​ത​രാ​കു​ക​യും ചെയ്‌തു. നമ്മുടെ പല സഹോ​ദ​രി​മാർക്കും സമാന​മായ അനുഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടുണ്ട്‌.

ഒരു ദൈവിക ക്രമീ​ക​ര​ണ​മാ​യി വിവാ​ഹത്തെ വീക്ഷി​ക്കുന്ന മതം ആചരി​ക്കു​ന്ന​വ​രെന്ന ഖ്യാതി യഹോ​വ​യു​ടെ സാക്ഷി​കൾക്കുണ്ട്‌. വിവാ​ഹി​ത​രാ​കാ​തെ പല വർഷങ്ങ​ളോ​ളം ഒന്നിച്ചു പാർത്തി​രുന്ന രണ്ടു ദമ്പതി​ക​ളു​ടെ വിവാ​ഹ​ങ്ങ​ളിൽ, ചുരു​ങ്ങിയ കാലം​കൊണ്ട്‌ പ്രാ​ദേ​ശിക പ്രത്യേക പയനി​യർമാ​രായ ഷാക്ക്‌ നെൽസ​ണും ഭാര്യ പിയെ​റെ​റ്റും സാക്ഷി​ക​ളാ​യി നിൽക്കു​ന്നത്‌ കണ്ട്‌ ലെ വോക്ലാൻ എന്ന ഗ്രാമ​ത്തി​ലെ രജിസ്‌ട്രാർ അമ്പരന്നു​പോ​യി. ആ ഉദ്യോ​ഗ​സ്ഥ​യു​ടെ പക്കൽ നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്ട​മാ​ക്കൽ എന്ന പുസ്‌ത​ക​മു​ണ്ടാ​യി​രു​ന്നു. അതു വീണ്ടും വായി​ക്കാ​മെന്ന്‌ അവർ വാക്കു കൊടു​ത്തു. കാരണം അവർ വിവാഹം കഴിപ്പി​ച്ച​വ​രു​ടേ​തിൽനി​ന്നും വ്യത്യ​സ്‌ത​മ​ല്ലാ​യി​രു​ന്നു അവരു​ടെ​യും അവസ്ഥ. ചർച്ച അവസാ​നി​പ്പി​ക്കു​ന്ന​തിന്‌ മുമ്പ്‌, ശാന്തമായ സ്വരത്തിൽ അവർ നമ്മുടെ രണ്ടു സാക്ഷി​ക​ളോട്‌ പറഞ്ഞു: “ഷാമേ ഡ്വേ സാൻ ട്ര്വാ” (“രണ്ടു​ണ്ടെ​ങ്കിൽ മൂന്നു​മു​ണ്ടാ​കും”). ഇക്കാര്യ​ത്തിൽ അത്‌ സത്യ​മെന്നു തെളിഞ്ഞു. അധിക​നാൾ കഴിയു​ന്ന​തി​നു മുമ്പ്‌, തങ്ങൾ ബൈബിൾ പഠിപ്പിച്ച മൂന്നാ​മ​തൊ​രു ഇണകളു​ടെ വിവാ​ഹ​ത്തി​ന്റെ സാക്ഷി​ക​ളാ​യി ആ പയനി​യർമാർ വീണ്ടും അവരുടെ മുമ്പാ​കെ​യെത്തി.

മദ്യത്തി​ന്റെ ദുരു​പ​യോ​ഗ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​കു​ന്നു

മാർട്ടി​നി​ക്കി​ലെ റം പേരു​കേ​ട്ട​താണ്‌. കരിമ്പിൽനി​ന്നു​ണ്ടാ​ക്കുന്ന ഈ ലഹരി​പാ​നീ​യം ഈ ദ്വീപി​ലെ​വി​ടെ​യും ലഭ്യമാണ്‌. പലർക്കും അത്‌ പ്രിയ​ങ്ക​ര​മാണ്‌. എന്നാൽ അമിത​മാ​യി കുടി​ച്ചാൽ അതു വളരെ ഹാനി​ക​ര​മാ​ണു​താ​നും. 1950-കളിൽ, ഒരാൾക്ക്‌ കേവലം 50 സാൻറി​മിന്‌ (ഏതാണ്ട്‌ നാലു രൂപയ്‌ക്ക്‌) ഒരു ബാറിൽ ചെന്ന്‌ ഒരു ഗ്ലാസ്സ്‌ നിറയെ റം വാങ്ങാ​മാ​യി​രു​ന്നു. ഒരു കുപ്പി റം, ഒരു കുപ്പി കരിമ്പിൻ നീര്‌, പച്ച നാരങ്ങ​യു​ടെ ഏതാനും കഷണങ്ങൾ എന്നിവ കുടി​ക്കാൻ ചെല്ലു​ന്ന​യാ​ളു​ടെ മുമ്പിൽ വെക്കും. അയാൾക്കത്‌ ഇഷ്ടം​പോ​ലെ എടുത്ത്‌ കുടി​ക്കാ​മാ​യി​രു​ന്നു.

ദിവസ​വും ഇങ്ങനെ റം അമിത​മാ​യി കുടി​ച്ചി​രു​ന്ന​വരെ ബൈബിൾസ​ത്യ​ത്തി​നു സഹായി​ക്കാൻ കഴിയു​മാ​യി​രു​ന്നോ? തീർച്ച​യാ​യും! (1 പത്രൊ. 4:3) അത്തരം സഹായം ലഭിച്ച ആദ്യ വ്യക്തി ഒരു സ്‌ത്രീ​യാ​യി​രു​ന്നു. അവർ ധാരാളം കുടി​ച്ചി​രു​ന്ന​തു​കൊണ്ട്‌ അവരുടെ മുമ്പി​ലി​രുന്ന്‌ സംസാ​രി​ക്കു​ന്നത്‌ അങ്ങേയറ്റം അസ്വസ്ഥ​ത​യു​ള​വാ​ക്കി​യി​രു​ന്നു. തന്നെയു​മല്ല, താൻ വിവാഹം ചെയ്യാത്ത ഒരു പുരു​ഷന്റെ കൂടെ​യാ​യി​രു​ന്നു അവർ പാർത്തി​രു​ന്നത്‌. അയാളും അവരെ​പ്പോ​ലെ മദ്യത്തിന്‌ അടിമ​യാ​യി​രു​ന്നു. ഏതാനും മാസത്തി​നു​ള്ളിൽ ഭവന​ബൈ​ബി​ള​ധ്യ​യ​ന​ത്തി​ലൂ​ടെ പഠിച്ച സംഗതി​ക​ളു​ടെ വെളി​ച്ച​ത്തിൽ അവൾ കുടി നിർത്തി. മാത്രമല്ല, വിവാഹം കഴിക്കാ​തെ കൂടെ പാർത്തി​രുന്ന ഭർത്താ​വി​നെ ഉപേക്ഷി​ക്കു​ക​യും ചെയ്‌തു. ആ സ്‌ത്രീ​യെ അറിയാ​വു​ന്ന​വ​രെ​ല്ലാം ഈ മാറ്റങ്ങൾ ശ്രദ്ധിച്ചു. അവളുടെ ആരോ​ഗ്യം മെച്ച​പ്പെട്ടു. തൊഴി​ലും അഭിവൃ​ദ്ധി​പ്പെട്ടു. ഒരു സർക്കാ​രു​ദ്യോ​ഗസ്ഥ എന്ന നിലയി​ലുള്ള അവരുടെ ജോലി സ്ഥിരമാ​യി​ത്തീർന്നു. മുൻകാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ ശമ്പളം ലഭിച്ച​പ്പോൾ 1958-ൽ ന്യൂ​യോർക്കിൽ നടന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ദിവ്യ​ഹിത സാർവ​ദേ​ശീയ സമ്മേള​ന​ത്തിൽ പങ്കെടു​ക്കാൻ അവരത്‌ ഉപയോ​ഗി​ച്ചു. ഏലിസ ലാഫിന്‌ 90 വയസ്സു​ണ്ടെ​ങ്കി​ലും രാജ്യ​സു​വാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ ആ സഹോ​ദരി പതിവാ​യി പങ്കെടു​ക്കു​ന്നു. നല്ല ക്രിസ്‌തീയ നടത്തയ്‌ക്ക്‌ ആ സഹോ​ദരി ഒരു മാതൃ​ക​യാണ്‌. മദ്യത്തി​ന്റെ അടിമ​ത്ത​ത്തിൽനി​ന്നു ദൈവ​വ​ച​ന​ത്തിന്‌ തീർച്ച​യാ​യും ഒരു വ്യക്തിയെ സ്വത​ന്ത്ര​നാ​ക്കാൻ കഴിയും.

ദേശത്തി​ന്റെ ഹൃദയ​ഭാ​ഗത്ത്‌ ഫലമു​ണ്ടാ​കു​ന്നു

മാർട്ടി​നി​ക്കി​ന്റെ ഭൂപടം നോക്കി​യാൽ ആ ദ്വീപ്‌ ഫൊർദെ​ഫ്രാൻസ്‌ ഉൾക്കട​ലി​നു ചുറ്റും വളഞ്ഞു​കി​ട​ക്കു​ന്ന​താ​യി തോന്നും. നിസ്സം​ശ​യ​മാ​യും ഈ പ്രദേ​ശ​ത്തി​ന്റെ ഹൃദയ​ഭാ​ഗം ഇവിട​മാണ്‌. ആ ഉൾക്കട​ലി​ന്റെ വടക്കു ഭാഗത്ത്‌ ചേർന്നു​കി​ട​ക്കുന്ന മൂന്നു പട്ടണങ്ങ​ളുണ്ട്‌. ഫൊർദെ​ഫ്രാൻസ്‌, ഷ്യോൾഷർ, ലെ ലാമാൻടാൻ എന്നിവ യാണ്‌ അവ. മാർട്ടി​നി​ക്കി​ലെ ജനങ്ങളിൽ പകുതി​യും ഇവി​ടെ​യാണ്‌ വസിക്കു​ന്നത്‌. കൃഷി​യു​ടെ കാര്യ​മൊ​ഴി​ച്ചാൽ ഈ ദ്വീപി​ലെ മിക്ക പ്രവർത്ത​ന​ങ്ങ​ളും കേന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌ ഇവി​ടെ​യാണ്‌. ഈ പ്രദേ​ശ​ത്താണ്‌ സുവാർത്താ​പ്ര​സം​ഗം ആദ്യം നടത്തി​യത്‌. ചുരുക്കം ചില​രൊ​ഴി​ച്ചാൽ, ആദ്യത്തെ പ്രസാ​ധകർ ഇവി​ടെ​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു.

1955-ന്റെ തുടക്ക​ത്തിൽ രാജ്യ​സ​ന്ദേശം വ്യാപി​പ്പി​ക്കു​ന്ന​തി​നാ​യി നൊൾ സഹോ​ദ​ര​നും ഭാര്യ​യും തലസ്ഥാ​ന​ത്തി​നു വെളി​യി​ലും യാത്ര ചെയ്യാൻ തുടങ്ങി. പകൽ മുഴുവൻ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ചെലവിട്ട്‌ അവർ വീട്ടി​ലെ​ത്തു​മ്പോൾ വൈകു​ന്നേ​ര​മാ​കു​മാ​യി​രു​ന്നു. ഒരു വെള്ളി​യാഴ്‌ച, ലെ ലാമാൻടാ​നി​ലേ​ക്കാണ്‌ പോകു​ന്ന​തെ​ങ്കിൽ അടുത്ത വെള്ളി​യാഴ്‌ച കടൽത്തീ​ര​ത്തോ​ടു ചേർന്നുള്ള ലെ ഫ്രാൻസ്വേ എന്ന ഗ്രാമ​ത്തി​ലേ​ക്കാ​യി​രി​ക്കും അവർ പോകു​ന്നത്‌. ക്രമേണ, ആളുകൾ സത്യം സ്വീക​രി​ക്കാൻ തുടങ്ങി. ലെ ലാമാൻടാ​നിൽ ആദ്യം സത്യം പഠിച്ച​വ​രിൽ ഷാനിൻ മാരി-ആനായി, സ്യൂസാൻ ഗിറ്റോ, ലില്യാൻ നേറാൾ, പൊ​ലെറ്റ്‌ ഷാൻ-ല്വി എന്നിവ​രു​ണ്ടാ​യി​രു​ന്നു. ലെ ഫ്രാൻസ്വേ​യിൽ ഗോദാർ, കാദാസ്‌ എന്നീ കുടും​ബ​ങ്ങ​ളും പിയെർ ല്വാ​സോ​യു​മു​ണ്ടാ​യി​രു​ന്നു. കുറെ കാലത്തി​നു​ശേഷം പ്രത്യേക പയനി​യർമാ​രെ ലെ ലാമാൻടാ​നി​ലേ​ക്ക​യച്ചു. അവരിൽ വാലാൻടാൻ കാരെ​ലും നിക്കോ​ളേ റേനെ​ലും ഉണ്ടായി​രു​ന്നു. (കാരെൽ സഹോ​ദരൻ പിന്നീട്‌ ബ്രാഞ്ച്‌ കമ്മിറ്റി​യം​ഗ​മാ​യി​ത്തീർന്നു.) അവി​ടെ​യും തെക്കുള്ള സമീപ പ്രദേ​ശ​ത്തു​മാ​യി ഇപ്പോൾ ഏഴു സഭകളുണ്ട്‌.

ചിലർ തുടക്ക​ത്തിൽ നന്നായി പഠി​ച്ചെ​ങ്കി​ലും, പിന്നീട്‌ സത്യത്തി​ന്റെ ഇടുങ്ങിയ വഴി ഉപേക്ഷി​ച്ചു. ജീവി​തോ​ത്‌ക​ണ്‌ഠ​ക​ളും ഭൗതി​കാ​സ​ക്തി​യും അധാർമി​ക​ത​യും അവരെ കീഴടക്കി. മറ്റു ചിലരാ​കട്ടെ രാജ്യ​വ​ചനം തങ്ങളുടെ ഹൃദയ​ങ്ങ​ളിൽ ഉൾക്കൊ​ണ്ടു. വർഷങ്ങ​ളോ​ളം ഫലം പുറ​പ്പെ​ടു​വിച്ച നല്ല മണ്ണെന്നു തെളിഞ്ഞു ആ ഹൃദയങ്ങൾ. (മത്താ. 13:18-23) ആദ്യകാ​ല​ങ്ങ​ളിൽ സത്യം സ്വീക​രിച്ച ബഹുഭൂ​രി​പക്ഷം പേരും ഇന്നും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നു. 30-ലധികം വർഷങ്ങൾക്കു മുമ്പ്‌ മാർട്ടി​നി​ക്കിൽ സ്‌നാ​പ​ന​മേറ്റ ലേയൊൺ ബെലേ, ക്രിസ്റ്റ്യാൻ ബെലേ, ഷ്യൂൾ ന്യൂബ്യൂൾ, ഷെർമേൻ ബെർത്തൊ​ലൊ, വാൻസാൻ മുളർ, റോഷേ റോസാ​മൊൺ, ആൽബെർ നെൽസൺ, വാൻസാൻ സേബോ, ഫിലിപ്‌ ദൊർദൊൻ തുടങ്ങിയ സഹോ​ദ​രങ്ങൾ അവരിൽപ്പെ​ടു​ന്നു. തങ്ങളുടെ യൗവനം യഹോ​വ​യു​ടെ സേവന​ത്തിന്‌ അർപ്പിച്ച അവരെ​ല്ലാ​വ​രും യഹോ​വ​യോ​ടു വലിയ സ്‌നേഹം കാട്ടി. ഇപ്പോൾ യൗവന​യു​ക്ത​ര​ല്ലെ​ങ്കി​ലും അവരെ​ല്ലാ​വ​രും സഭകളിൽ മൂപ്പന്മാ​രാ​യി സേവി​ക്കു​ന്നു. മറ്റു ചിലർ മരിച്ചു​പോ​യി. അവരി​ലൊ​രാ​ളാണ്‌ ടൂസാൻ ലാദേ. അദ്ദേഹ​ത്തി​ന്റെ സൗമ്യ​പ്ര​കൃ​ത​വും ഊഷ്‌മ​ള​മായ ചിരി​യും പഴമക്കാ​രിൽ പലരും ഇപ്പോ​ഴും ഓർക്കു​ന്നുണ്ട്‌. ആ പട്ടിക​യോ​ടു ചേർക്കാൻ കഴിയുന്ന മറ്റു പലരു​മുണ്ട്‌. അവർ വിശ്വാ​സ​ത്തി​ന്റെ​യും തീക്ഷ്‌ണ​ത​യു​ടെ​യും നല്ല ദൃഷ്ടാ​ന്ത​ങ്ങ​ളാ​യി​രു​ന്നു, അല്ലെങ്കിൽ ആണ്‌. യുവത​ല​മുറ അവരുടെ കാലടി​കൾ പിൻതു​ട​രു​ന്നു. പ്രായ​മു​ള്ള​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം വലിയ സന്തോ​ഷ​ത്തി​ന്റെ ഒരു ഉറവാണ്‌ അത്‌.

സ്‌ത്രീ​കൾ വിശ്വ​സ്‌ത​ത​യോ​ടെ സുവാർത്ത ഘോഷി​ക്കു​ന്നു

ആദിമ കാലങ്ങ​ളിൽ ദേശീയ വിദ്യാ​ഭ്യാ​സ മന്ത്രാ​ല​യ​ത്തിൽ അധ്യാ​പി​ക​മാ​രാ​യി​രുന്ന അനേകം സഹോ​ദ​രി​മാ​രും ദൈവ​വ​ചനം പഠിപ്പി​ക്കു​ന്ന​വ​രെന്ന നിലയിൽ ഉത്‌കൃ​ഷ്ട​മായ വേല നിർവ​ഹി​ച്ചു. സ്റ്റെല്ല നെൽസി അവരി​ലൊ​രാ​ളാ​യി​രു​ന്നു. ആ കൂട്ടത്തിൽ ആദ്യം സ്‌നാ​പ​ന​മേ​റ്റത്‌ അവരാ​യി​രു​ന്നു. തന്റെ വൃദ്ധമാ​താ​വി​നെ—102-ാമത്തെ വയസ്സിൽ അവർ മരിച്ചു—പരിച​രി​ക്കു​മ്പോ​ഴും അവർ ശുശ്രൂ​ഷ​യിൽ നല്ല ശുഷ്‌കാ​ന്തി കാട്ടി. കൂടാതെ ആൻദ്രേ സൊ​സൊ​റു​മുണ്ട്‌. ഹെഡ്‌മി​സ്‌ട്രസ്‌ ആയിരുന്ന അവർ ദൈവ​വ​ച​ന​ത്തി​ലെ സത്യത്തി​നു വേണ്ടി ഫലപ്ര​ദ​മാ​യി വാദി​ക്കു​ക​യു​ണ്ടാ​യി. വിക്ടർ ഫൂസ്‌ (ഇപ്പോൾ, ലാസി​മാൻ) എന്ന സഹോ​ദരി കുടും​ബ​ത്തിൽനിന്ന്‌ എതിർപ്പു​ണ്ടാ​യി​രു​ന്നി​ട്ടും അചഞ്ചല​യാ​യി നില​കൊ​ണ്ടു. ഫൂസ്‌ സഹോ​ദ​രി​യു​ടെ നല്ല ദൃഷ്ടാന്തം അവരുടെ കുട്ടി​ക​ളു​ടെ​മേ​ലും ശക്തമായ സ്വാധീ​നം ചെലുത്തി. തത്‌ഫ​ല​മാ​യി, അവരുടെ പുത്ര​ന്മാ​രി​ലൊ​രാൾ അനേക വർഷങ്ങ​ളാ​യി ഒരു മൂപ്പനാണ്‌. അവരുടെ മകൾ മാർലെൻ ഇപ്പോൾ മാലി​യിൽ ഒരു മിഷന​റി​യാണ്‌.

പ്രായ​മോ രോഗ​മോ മറ്റു ചിലരു​ടെ ക്രിസ്‌തീയ ഓട്ടത്തെ അവസാ​നി​പ്പി​ച്ചി​രി​ക്കു​ന്നു. ലേയൊ​നിഡ്‌ പൊപ്പാൻകൂ​റി​ന്റെ കാര്യ​ത്തിൽ അതു സത്യമാ​യി​രു​ന്നു. ജോലി​യിൽനി​ന്നു നേരത്തേ വിരമിച്ച അവർ 16 വർഷം പയനി​യ​റിങ്‌ ചെയ്‌തു. പൊപ്പാൻകൂർ സഹോ​ദരി 1990-ൽ നിര്യാ​ത​യാ​യെ​ങ്കി​ലും അവരുടെ പുത്രി ഷാക്ലിൻ, ഫ്രഞ്ച്‌ ഗയാന​യിൽ മിഷന​റി​യാ​യി സേവി​ക്കു​ന്നു. ബൈബിൾസ​ത്യ​ത്തി​നു വേണ്ടി വാദി​ക്കു​ന്ന​തിൽ ഇമാ ഊർസ്യൂ​ലെ​യും നല്ലൊരു മാതൃക വെച്ചു. യഹോ​വ​യു​ടെ വഴിക​ളിൽ നടക്കാൻ തന്റെ മക്കളെ സഹായി​ക്കു​ന്ന​തിൽ അവരും പ്രത്യേ​ക​മായ ശ്രമം നടത്തി. അവരുടെ പുത്രി​മാ​രിൽ മൂന്ന്‌ പേർ പയനി​യർസേ​വനം ആരംഭി​ച്ചു. അവരുടെ പുത്ര​നായ ആന്‌റി മാർട്ടി​നി​ക്കി​ലെ ബ്രാഞ്ച്‌ കമ്മിറ്റി​യം​ഗ​മാ​യി സേവി​ക്കു​ന്നു.

43 വർഷം മുമ്പ്‌ ഒരു പ്രത്യേക പയനി​യ​റാ​യി മാർട്ടി​നി​ക്കി​ലെ​ത്തിയ സേറ നൊൾ ഇപ്പോൾ 82-ാം വയസ്സി​ലും മുഴു​സ​മ​യ​സേ​വനം തീക്ഷ്‌ണ​ത​യോ​ടെ തുടരു​ക​യാണ്‌. പ്രദേശം പലവട്ടം പ്രവർത്തി​ച്ചു​തീർക്കാ​റു​ണ്ടെ​ങ്കി​ലും വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും വിതരണം ചെയ്യു​ന്ന​തിൽ അവർക്ക്‌ ഇപ്പോ​ഴും നല്ല വിജയ​മുണ്ട്‌. ബിസി​നസ്‌ പ്രദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ക്കു​ന്നത്‌ സംബന്ധിച്ച്‌ സൊ​സൈറ്റി നൽകിയ നിർദേ​ശങ്ങൾ പിൻപ​റ്റി​യ​തി​നാൽ മിക്ക ഗവൺമെൻറ്‌ ഓഫീ​സു​ക​ളി​ലും കടന്നു​ചെ​ല്ലാൻ അവർക്കു കഴിഞ്ഞി​ട്ടുണ്ട്‌. ടൗൺ ഹാൾ, പൊലീസ്‌ ആസ്ഥാനം, പൊതു​മ​രാ​മത്ത്‌ വകുപ്പ്‌ തുടങ്ങി മറ്റു പലയി​ട​ങ്ങ​ളി​ലും അവർക്ക്‌ മാസി​കാ​റൂ​ട്ടുണ്ട്‌. ചില മാസങ്ങ​ളിൽ അവർ 500-ഓളം മാസി​കകൾ സമർപ്പി​ച്ചി​ട്ടുണ്ട്‌. മാർട്ടി​നി​ക്കി​ലാ​യി​രുന്ന വർഷങ്ങ​ളിൽ അവർ 1,11,000-ത്തിലധി​കം മാസി​കകൾ സമർപ്പി​ക്കു​ക​യു​ണ്ടാ​യി.

പർവത​ങ്ങ​ളിൽ വെള്ളം കയറുന്നു

പർവത​ങ്ങ​ളു​ടെ നാടാണ്‌ മാർട്ടി​നിക്ക്‌. ആ രാജ്യം എങ്ങനെ​യു​ള്ള​താ​ണെന്ന്‌ ജോർജ്‌ രണ്ടാമൻ രാജാ​വിന്‌ ഒരു ധാരണ നൽകാൻ ഇംഗ്ലീ​ഷു​കാ​ര​നായ ഒരു അഡ്‌മി​റൽ ഒരു കടലാ​സെ​ടുത്ത്‌ ചുരു​ട്ടി​ക്കൂ​ട്ടി മേശപ്പു​റ​ത്തേക്ക്‌ എറിഞ്ഞ​താ​യി പറയ​പ്പെ​ടു​ന്നു. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു, “സർ, ഇതാണ്‌ മാർട്ടി​നിക്ക്‌.” “ഡിലോ പാ കാ മൊൻടാ മൊൺ” (“പർവത​ങ്ങ​ളിൽ വെള്ളം കയറില്ല”) എന്ന്‌ ക്രീ​യോ​ളു​കാർക്കി​ട​യിൽ ഒരു പഴഞ്ചൊ​ല്ലുണ്ട്‌. എന്നാൽ മാർട്ടി​നി​ക്കിൽ പർവത​ങ്ങ​ളിൽ കയറുന്ന വെള്ളമുണ്ട്‌. പഴയ പട്ടണമായ ഫൊർദെ​ഫ്രാൻസ്‌ സമു​ദ്ര​നി​ര​പ്പി​ലാ​ണു സ്ഥിതി​ചെ​യ്യു​ന്ന​തെ​ങ്കി​ലും, അതിന്റെ സ്ഥാനം പല മലകളു​ടെ​യും അടിവാ​ര​ത്തി​ലാണ്‌. ബൈബിൾസ​ത്യ​മാ​കുന്ന വെള്ളം ആ മലകളിൽ കയറി​യി​രി​ക്കു​ന്നു.—വെളി. 22:17.

1956-ൽ ആ ദ്വീപിൽ ഏഴു പ്രസാ​ധ​ക​രും മൂന്നു പയനി​യർമാ​രും മാത്രമേ ഉണ്ടായി​രു​ന്നു​ള്ളു​വെ​ങ്കി​ലും, ആ വർഷം 5,000 പുസ്‌ത​ക​ങ്ങ​ളും 9,000-ത്തിലധി​കം മാസി​ക​ക​ളും അനവധി ചെറു​പു​സ്‌ത​ക​ങ്ങ​ളും സമർപ്പി​ക്ക​പ്പെട്ടു. ആ സാഹി​ത്യ​ങ്ങ​ളി​ല​ധി​ക​വും സമർപ്പി​ച്ചത്‌ ബസ്‌ സ്റ്റാൻഡു​ക​ളി​ലാ​യി​രു​ന്നു. ദ്വീപി​ന്റെ എല്ലാ ഭാഗങ്ങ​ളി​ലേ​ക്കും വന്നും പോയു​മി​രുന്ന യാത്രി​കർക്ക്‌ അവ നൽകി. മാസി​കകൾ സമർപ്പി​ക്കു​ന്ന​തി​നാ​യി നൊൾ സഹോ​ദ​ര​നും സഹോ​ദ​രി​യും മീൻച​ന്ത​യി​ലും പച്ചക്കറി​ച്ച​ന്ത​യി​ലും പോകു​മാ​യി​രു​ന്നു. ആ കമ്പോ​ള​ങ്ങൾക്ക​ടു​ത്തു​ണ്ടാ​യി​രുന്ന അനവധി മദ്യശാ​ല​ക​ളി​ലും അവർ പ്രസം​ഗി​ച്ചു. അങ്ങനെ, ഗ്രാമ​വാ​സി​കൾ കുന്നിൻപു​റ​ങ്ങ​ളി​ലും അതിന​പ്പു​റ​വു​മുള്ള വീടു​ക​ളി​ലേക്കു മടങ്ങി​യ​പ്പോൾ അവരുടെ സഞ്ചിക​ളിൽ അമൂല്യ​മായ ബൈബിൾ സാഹി​ത്യ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

“നമ്മുടെ സഭാ​യോ​ഗ​ങ്ങളെ ഉപേക്ഷി​ക്കാ​തെ”

മാർട്ടി​നി​ക്കി​ലെത്തി ഏതാനും വാരങ്ങൾ കഴിഞ്ഞ​പ്പോൾ നൊൾ സഹോ​ദ​ര​നും സഹോ​ദ​രി​യും യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ ബൈബിൾ പഠിച്ചു​കൊ​ണ്ടി​രു​ന്ന​വരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു തുടങ്ങി. (എബ്രാ. 10:23-25) തത്‌ഫ​ല​മാ​യി, ഫൊർദെ​ഫ്രാൻസി​ലുള്ള മോൺ പിഷവാ​നിൽ തടി​കൊ​ണ്ടു ലളിത​മാ​യി നിർമിച്ച ഒരു വീടിന്റെ സ്വീക​ര​ണ​മു​റി​യിൽ അവരിൽ ഏതാനും പേർ കൂടി​വന്നു. ആ മുറി​യിൽ പത്തു പേർക്കുള്ള സ്ഥലമേ ഉണ്ടായി​രു​ന്നു​ള്ളൂ. നൊൾ സഹോ​ദ​ര​നും സഹോ​ദ​രി​യും ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മ്പോൾ, കൂടി​വ​രു​ന്ന​തി​നാ​യി ഒരു യോഗ​സ്ഥ​ല​മു​ണ്ടോ​യെന്ന്‌ ആളുകൾ ചോദി​ക്കു​മാ​യി​രു​ന്നു. ആ കൊച്ചു മുറി​യെ​ക്കാൾ ഭേദപ്പെട്ട ഒന്നിനാ​യി ആ മിഷന​റി​മാർ അതിയാ​യി വാഞ്‌ഛി​ച്ചു.

സാക്ഷി​ക​ളാ​യ ആദ്യത്തെ മിഷന​റി​മാ​രെ അപ്പോ​ഴും ഓർത്തി​രുന്ന, ഫൊർദെ​ഫ്രാൻസി​ലെ ഒരു ഹോട്ടൽ മാനേജർ (അദ്ദേഹ​ത്തി​ന്റെ സത്രത്തി​ലാ​യി​രു​ന്നു അവർ കുറെ​ക്കാ​ലം താമസി​ച്ചത്‌) ഞായറാഴ്‌ച ഉച്ചതി​രിഞ്ഞ്‌ തന്റെ റെസ്റ്ററൻറി​ലെ ഭോജ​ന​ശാല ഉപയോ​ഗി​ക്കു​ന്ന​തിന്‌ അനുവാ​ദം നൽകി. കാരണം, ഞായറാഴ്‌ച റെസ്റ്ററൻറിന്‌ അവധി​യാ​യി​രു​ന്നു. ഷ്യോൾഷർ തെരു​വി​ലാ​യി​രു​ന്നു അത്‌ സ്ഥിതി ചെയ്‌തി​രു​ന്നത്‌. അടിമ​ത്ത​നിർമാർജ​ന​ത്തി​നുള്ള വ്യവസ്ഥകൾ നിർവ​ചി​ച്ചു​കൊ​ണ്ടുള്ള 1848 ഏപ്രിൽ 27-ലെ കൽപ്പന തയ്യാറാ​ക്കിയ ഫ്രഞ്ച്‌ രാഷ്‌ട്രീയ നേതാ​വി​ന്റെ പേരാ​യി​രു​ന്നു ആ തെരു​വിന്‌ ഇട്ടിരു​ന്നത്‌. മെത്രാ​സ​ന​പ്പ​ള്ളി​യും ആ തെരു​വിൽത്തന്നെ ആയിരു​ന്നു. കൂടുതൽ മെച്ചപ്പെട്ട ഒരു യോഗ​സ്ഥ​ല​മുള്ള സ്ഥിതിക്ക്‌ അനവധി​യാ​ളു​കൾ വരു​മെ​ന്നാണ്‌ സാക്ഷികൾ കരുതി​യത്‌. എങ്കിലും, 100-ലധികം പേർക്ക്‌ ഇരിക്കാ​വുന്ന ആ ഹാളിൽ കുറെ കാല​ത്തേക്ക്‌ 5-ഓ 10-ഓ പേർ മാത്രമേ കൂടി​വ​ന്നു​ള്ളൂ. വരാൻ മറ്റുള്ള​വരെ ക്ഷണിച്ച​പ്പോൾ മിക്കവ​രു​ടെ​യും മറുപടി “ദൈവ​ഹി​ത​മെ​ങ്കിൽ ഞാൻ വരാം” എന്നായി​രു​ന്നു. ഇക്കാര്യ​ത്തിൽ ദൈവ​ഹി​ത​മെ​ന്തെന്ന്‌ ബൈബിൾ പറയു​ന്ന​തി​നെ​ക്കു​റിച്ച്‌ അപൂർവ​മാ​യി മാത്രമേ ആളുകൾ സഗൗരവം ചിന്തി​ച്ചു​ള്ളൂ.

എന്നിരു​ന്നാ​ലും, ജോലി​യിൽനി​ന്നു വിരമിച്ച ഒരു സ്‌കൂ​ള​ധ്യാ​പി​ക​യായ ശ്രീമതി മാർസൊ ആദ്യം മെത്രാ​സ​ന​പ്പ​ള്ളി​യി​ലെ കുർബാ​ന​യ്‌ക്കു പോകു​മാ​യി​രു​ന്നു. എന്നിട്ട്‌ ബൈബിൾസ​ന്ദേശം ശ്രവി​ക്കാൻ അവർ പതിവാ​യി വന്നിരു​ന്നു. മെത്രാ​സ​ന​പ്പ​ള്ളി​യി​ലെ തൂപ്പു​കാ​രി​യാ​യി​രുന്ന ആലിസ്‌ ലാസ്യൂ​സും ഈ യോഗ​ങ്ങൾക്കു വരുമാ​യി​രു​ന്നു. അവരി​രു​വ​രും യഹോ​വ​യു​ടെ വിശ്വസ്‌ത സാക്ഷി​ക​ളാ​യി​ത്തീർന്നു. എന്നാൽ കൂടി​വ​രുന്ന ആളുക​ളു​ടെ എണ്ണത്തിന്‌ അനുസൃ​ത​മാ​യി സാക്ഷി​കൾക്ക്‌ ഒരു യോഗ​സ്ഥലം ആവശ്യ​മാ​യി​രു​ന്നു.

ഏതാനും മാസങ്ങൾക്കു​ശേഷം, അന്ന്‌ ഒരു മിഷന​റി​ഭ​വ​ന​മാ​യി ഉപയോ​ഗി​ച്ചി​രുന്ന, ഫൊർദെ​ഫ്രാൻസി​ലെ ക്ലെരി​യെ​റി​ലുള്ള വില്ലാ മാ ഫ്‌ള്യൂർ ദെ മെയി​ലേക്ക്‌ (വില്ല എന്റെ മേയ്‌മാ​സ​പ്പു​ഷ്‌പം) അവർ യോഗങ്ങൾ മാറ്റി. യോഗ​ങ്ങ​ളിൽ സംബന്ധി​ച്ചു​തു​ട​ങ്ങി​യി​രുന്ന സ്റ്റെല്ല നെൽസി അവിടെ ഒരവസ​ര​ത്തിൽ കേട്ട സംഗതി​യിൽ അമ്പരന്നു​പോ​യി. അവർ പിന്നീട്‌ ഇങ്ങനെ അനുസ്‌മ​രി​ച്ചു: “‘മാർട്ടി​നി​ക്കി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട ഭവനം ഇതാണ്‌’ എന്ന്‌ അധ്യക്ഷൻ പറഞ്ഞു.” അവൾ കൂട്ടി​ച്ചേർത്തു: “അദ്ദേഹം പറഞ്ഞത്‌ ശരിയാ​ണെന്നു താമസി​യാ​തെ എനിക്കു മനസ്സി​ലാ​യി. ആ ഭവനം വളരെ ലളിത​മായ ഒന്നായി​രു​ന്നു. പായ്‌ക്കി​ങ്ങിന്‌ ഉപയോ​ഗി​ച്ചി​രുന്ന പലകകൾക്കു മുകളിൽ കാർഡ്‌ബോർഡ്‌ പട്ടകൾ വെച്ചു​ണ്ടാ​ക്കി​യെ​ടുത്ത ബെഞ്ചുകൾ അതിൽ ഉപയോ​ഗി​ച്ചി​രു​ന്നു. എങ്കിലും, ആ ഭവനത്തിൽവെ​ച്ചാണ്‌ ഒരുവൻ യഹോ​വ​യാം ദൈവ​ത്തി​ന്റെ​യും അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ​യും മഹത്തായ ഉദ്ദേശ്യ​ത്തെ​യും ഹിത​ത്തെ​യും അനുപ​മ​മായ വ്യക്തി​ത്വ​ത്തെ​യും കുറിച്ച്‌ മനസ്സി​ലാ​ക്കി​യത്‌. അതേ, സത്യമാ​യും അതായി​രു​ന്നു ഏറ്റവും പ്രധാ​ന​പ്പെട്ട ഭവനം!”

1960-ൽ പ്രസാ​ധ​ക​രു​ടെ എണ്ണം 47 ആയി വർധിച്ചു. വേണ്ടത്ര സൗകര്യ​ങ്ങ​ളുള്ള മറ്റൊരു യോഗ​സ്ഥലം കണ്ടെ​ത്തേ​ണ്ടത്‌ ആവശ്യ​മാ​യി​വന്നു. ആഡ്രി​യെൻ റൂഡിയേ, ബെൽവ്യൂ​വി​ലുള്ള തന്റെ ഭവനത്തി​ന്റെ താഴത്തെ നിലയി​ലെ രണ്ടു മുറികൾ ഞങ്ങൾക്കു നൽകി. യോഗ​സ്ഥലം വലുതാ​ക്കു​ന്ന​തി​നു ശേഷി​ക്കുന്ന ഭിത്തി പൊളി​ച്ചു​ക​ള​യാ​മെ​ന്നും താൻ മുകളി​ലത്തെ നിലയി​ലേക്കു താമസം മാറ്റി​ക്കൊ​ള്ളാ​മെ​ന്നും രണ്ടു വർഷത്തി​നു​ശേഷം അവർ പറഞ്ഞു. രണ്ടു വർഷം​കൊണ്ട്‌ പ്രസാ​ധ​ക​രു​ടെ എണ്ണം ഇരട്ടി​യാ​യി വർധി​ച്ചി​രു​ന്നു. ഇപ്പോൾ പ്രസാ​ധകർ 94 ആയി. 177 ഭവന​ബൈ​ബി​ള​ധ്യ​യ​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. പ്രസാ​ധ​ക​രിൽ ചിലർ ഫൊർദെ​ഫ്രാൻസി​ന്റെ മറ്റേ ഭാഗത്തു​നി​ന്നു​ള്ള​വ​രാ​യ​തി​നാൽ രണ്ടാമ​തൊ​രു കൂട്ടത്തി​നു രൂപം നൽകു​ന്ന​താണ്‌ ബുദ്ധി​യെന്നു തോന്നി. ഫൊർദെ​ഫ്രാൻസി​ന്റെ തെക്കൻ പ്രദേ​ശ​മായ സാൻറ്‌ തേരെ​സി​ലുള്ള ഇനോ​യെർ പ്വിസി​യു​ടെ ഭവനത്തി​ലാണ്‌ അവർ കൂടി​വ​ന്നത്‌.

വർധനവ്‌ തുടർന്നു​കൊ​ണ്ടി​രു​ന്നു. 1964 ആയപ്പോ​ഴേ​ക്കും ശരാശരി 157 പ്രസാ​ധ​ക​രു​ണ്ടാ​യി​രു​ന്നു. യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്ന​വ​രു​ടെ സൗകര്യാർഥം ഫൊർദെ​ഫ്രാൻസ്‌ പ്രദേ​ശത്തെ ബെൽവ്യൂ​വിൽ ഒരു വീട്‌ വിലയ്‌ക്കു വാങ്ങി അത്‌ രാജ്യ​ഹാ​ളാ​ക്കി മാറ്റി. അഞ്ചു വർഷത്തി​നു​ശേഷം പട്ടണത്തി​ന്റെ മറ്റൊരു ഭാഗത്ത്‌ വേറൊ​രു രാജ്യ​ഹാൾ നിർമി​ച്ചു. സേസാർ കാസി​മ​യും ഭാര്യ എൽവി​റും അവരുടെ വീടിന്റെ കോൺക്രീറ്റ്‌ ചെയ്‌ത പരന്ന മേൽക്കൂര ഞങ്ങൾക്കു ദയാപു​ര​സ്സരം ലഭ്യമാ​ക്കി. അതിന്മേൽ രാജ്യ​ഹാൾ നിർമി​ച്ചു.

സമ്മേള​നങ്ങൾ ചെറു​താ​യി​രു​ന്ന​പ്പോൾ

ആദ്യ സമ്മേളനം 1955-ലായി​രു​ന്നു. നൊൾ സഹോ​ദ​ര​ന്റെ​യും സഹോ​ദ​രി​യു​ടെ​യും വീട്ടി​ലാ​യി​രു​ന്നു അത്‌ നടത്തി​യത്‌. മാർട്ടി​നി​ക്കി​ലുള്ള 5 സാക്ഷി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു ഗ്വാഡ​ലൂ​പ്പിൽനിന്ന്‌ 27 പേർ അവി​ടേക്കു വന്നു. മൊത്തം ഹാജർ 40-ൽ എത്തിയില്ല. എന്നാൽ, ആ സമ്മേള​ന​പ​രി​പാ​ടി​യിൽ സമൃദ്ധ​മായ ആത്മീയ ഭക്ഷണമു​ണ്ടാ​യി​രു​ന്നു. സഹോ​ദ​ര​സ്‌നേഹം തുളു​മ്പുന്ന ഒരു ആത്മീയ അന്തരീ​ക്ഷ​ത്തിൽ കൂടി​വ​രാൻ കഴിഞ്ഞത്‌ എന്തൊരു സന്തോ​ഷ​മാ​യി​രു​ന്നു!

അന്നാളു​ക​ളിൽ യോഗങ്ങൾ കൃത്യ​സ​മ​യ​ത്തു​തന്നെ തുടങ്ങുക ദുഷ്‌ക​ര​മാ​യി​രു​ന്നു. ആളുകൾ താമസി​ച്ചെ​ത്തി​യ​പ്പോൾ രസകര​മായ ചില സംഭവങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. 1956-ലെ ഒരു സമ്മേള​ന​ത്തിൽ ഒരാൾ പുരോ​ഹി​ത​വേ​ഷ​ത്തിൽ ഒരു പ്രകടനം നടത്തി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സാഹി​ത്യ​ങ്ങൾ വായി​ക്കു​ന്ന​തിൽനിന്ന്‌ ഒരാളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്താ​നാ​യി പുരോ​ഹി​തൻ അയാളു​ടെ വീട്‌ സന്ദർശി​ക്കു​ന്ന​താ​യി​രു​ന്നു രംഗം. താടി വെച്ചി​രുന്ന ഒരു സഹോ​ദരൻ ളോഹ ധരിച്ചു​കൊണ്ട്‌ പുരോ​ഹി​തന്റെ ഭാഗം അഭിന​യി​ച്ചു. താമസി​ച്ചെ​ത്തിയ ഒരു താത്‌പ​ര്യ​ക്കാ​രന്‌ അതൊരു പ്രകട​ന​മാ​ണെന്നു മനസ്സി​ലാ​യില്ല. യോഗ​ത്തി​നു​ശേഷം അൽപ്പം വികാ​ര​ഭ​രി​ത​നാ​യി അയാൾ പറഞ്ഞു: ‘ആ പുരോ​ഹി​തൻ കാണി​ച്ച​തി​നോട്‌ ഞാൻ വിയോ​ജി​ക്കു​ന്നു. പ്രശ്‌ന​മു​ണ്ടാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ മെത്രാ​സ​ന​പ്പ​ള്ളി​യിൽ പോകാ​റി​ല്ല​ല്ലോ. അതിനാൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കാൻ പുരോ​ഹി​ത​നും ഇവിടെ വരാൻ പാടില്ല!’

വടക്കു​കി​ഴക്കൻ തീരത്തിന്‌ സ്വാത​ന്ത്ര്യ സന്ദേശം

കാല​ക്ര​മേണ, ദ്വീപി​ന്റെ തലസ്ഥാ​ന​ത്തു​നിന്ന്‌ അകലെ​യുള്ള ഭാഗങ്ങൾക്ക്‌ കൂടുതൽ ശ്രദ്ധ കൊടു​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​വന്നു. മാർട്ടി​നി​ക്കി​ന്റെ പശ്ചിമ​തീ​രം കരീബി​യൻ സമു​ദ്ര​വും പൂർവ​തീ​രം അറ്റ്‌ലാൻറിക്‌ സമു​ദ്ര​വു​മാണ്‌. തത്‌ഫ​ല​മാ​യി, വാണി​ജ്യ​ക്കാ​റ്റു​കൾ നേരി​ട്ട​ടി​ക്കു​ന്നത്‌ പൂർവ​തീ​ര​ത്താണ്‌. അങ്ങനെ കനത്ത മഴയും ഈർപ്പ​മുള്ള കാലാ​വ​സ്ഥ​യും ഉണ്ടാകു​ന്നു. ആ പ്രദേ​ശത്ത്‌ ജലസമൃ​ദ്ധ​മായ കുന്നു​ക​ളി​ലും പീഠഭൂ​മി​ക​ളി​ലും, എല്ലാം​തന്നെ അതായത്‌ കരിമ്പും പച്ചക്കറി​ക​ളും വാഴയും മറ്റു ഫലങ്ങളു​മൊ​ക്കെ വളരുന്നു. മിക്കവാ​റും തീര​ദേ​ശ​ങ്ങ​ളി​ലാ​യി കിടക്കുന്ന വലിയ ഗ്രാമങ്ങൾ മത്സ്യബ​ന്ധ​ന​ത്തെ​യും ആശ്രയി​ക്കു​ന്നു.

അടിമ​ക്ക​ച്ച​വ​ട​ത്തെ​യും അടിമ​ക​ളു​ടെ വിമോ​ച​ന​ത്തെ​യും കുറി​ച്ചുള്ള ചരിത്രം നമ്മോടു പറയുന്ന ഒരു മേഖല​യാ​ണിത്‌. ലെ ലൊറാൻ എന്ന ഗ്രാമ​ത്തി​ലെ ചില പ്രദേ​ശ​ങ്ങ​ളു​ടെ പേരുകൾ ആ കാലഘ​ട്ട​ത്തി​ന്റെ സ്‌മരണ ഉണർത്തു​ന്ന​വ​യാണ്‌. അതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌ ഫോൺ-ഷാൻ-ലി​ബ്രെ​യും (സ്വതന്ത്ര ജനതയു​ടെ താഴ്‌വര) ഫോൺ-മാസാ​ക്രെ​യും (കൂട്ട​ക്കൊ​ല​യു​ടെ താഴ്‌വര). അടിമത്തം നിർമാർജനം ചെയ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും, യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​രാ​ജ്യ​സ​ന്ദേശം ഈ പ്രദേ​ശ​ത്തെ​ത്തി​ച്ച​പ്പോൾ ആളുകൾക്ക്‌ വിമോ​ച​ന​മാ​വ​ശ്യ​മു​ള്ള​താ​യി അവർ കണ്ടെത്തി. വ്യാജ​മ​ത​ത്തിൽനി​ന്നും അന്ധവി​ശ്വാ​സ​ത്തിൽനി​ന്നു​മുള്ള സ്വാത​ന്ത്ര്യം ആളുകൾക്ക്‌ ആവശ്യ​മാ​യി​രു​ന്നു. ബൈബിൾസ​ത്യം സ്വീക​രി​ക്കു​ക​വഴി മാത്രമേ അതു സാധി​ക്കു​മാ​യി​രു​ന്നു​ള്ളൂ.

ബിംബങ്ങൾ തകർത്ത്‌ തെരു​വി​ലെ​റി​യു​ന്നു

ഫൊർദെ​ഫ്രാൻസിൽനിന്ന്‌ 50 കിലോ​മീ​റ്റർ അകലെ​യുള്ള വടക്കൻതീ​രത്തെ ബാസ്‌-പ്വാൻറി​ലേ​ക്കുള്ള മിഷന​റി​മാ​രു​ടെ ആദ്യയാ​ത്ര 1954 നവംബർ 1-നായി​രു​ന്നു. മത്സ്യബ​ന്ധ​ന​വും കൃഷി​യും നടത്തുന്ന ഈ ഗ്രാമ​ത്തി​ലേ​ക്കുള്ള പാത കിഴു​ക്കാം​തൂ​ക്കാ​യി​രു​ന്നു. അത്‌ മോശ​മായ അവസ്ഥയി​ലാ​യി​രു​ന്നു. പ്രത്യേ​കി​ച്ചും മഴക്കാ​ല​ത്തി​നു​ശേഷം. ചിലയി​ട​ങ്ങ​ളിൽ എത്തു​മ്പോൾ മിഷന​റി​മാർക്ക്‌ തങ്ങളുടെ മോ​ട്ടോർ​സൈ​ക്കി​ളു​കൾ നിർത്തി തള്ളി​ക്കൊ​ണ്ടു​പോ​ക​ണ​മാ​യി​രു​ന്നു.

ആ ഗ്രാമ​ത്തി​ലെ സ്‌കൂൾ ഹെഡ്‌മി​സ്‌ട്ര​സ്സി​നെ സന്ദർശി​ക്കാൻ അവർക്ക്‌ ഉദ്ദേശ്യ​മു​ണ്ടാ​യി​രു​ന്നു. നേരത്തേ, ഫ്രാൻസിൽവെച്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ട്ടി​രുന്ന അവർ ഉണരുക!യുടെ വരിസം​ഖ്യ എടുത്തി​രു​ന്നു. ഇപ്പോ​ഴാ​കട്ടെ ആ വരിസം​ഖ്യ​യു​ടെ കാലാ​വധി തീർന്നി​രു​ന്നു. ആ സന്ദർശനം വളരെ പ്രയോ​ജ​ന​ക​ര​മെന്നു തെളിഞ്ഞു. താൻ വേദപാ​ഠം പഠിപ്പി​ക്കു​ന്ന​യാ​ളാ​ണെ​ങ്കി​ലും, വിവാ​ഹ​ക്ര​മീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു പുരോ​ഹി​തൻ അനാദ​ര​ണീ​യ​മാ​യി സംസാ​രി​ച്ച​തി​നെ​ത്തു​ടർന്ന്‌ താൻ പള്ളിയിൽപോക്ക്‌ നിർത്തി​യ​താ​യി അവർ വിശദീ​ക​രി​ച്ചു. ദേഹി​യെ​ക്കു​റി​ച്ചും ഭൗമിക പറുദീ​സ​യി​ലെ അനന്തജീ​വ​നെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നത്‌ അറിയാൻ അവർ താത്‌പ​ര്യം കാട്ടി. താമസി​യാ​തെ, ഫ്രാൻസി​ലേക്കു മടങ്ങി​പ്പോയ അവർ അവി​ടെ​വെച്ച്‌ യഹോ​വ​യ്‌ക്കു സമർപ്പണം നടത്തി സ്‌നാ​പ​ന​മേറ്റു.

മാർട്ടി​നി​ക്കി​ലാ​യി​രു​ന്ന​പ്പോൾ സമൂഹ​ത്തി​ലെ ഒരു പ്രമുഖ വ്യക്തി​യാ​യും വളരെ ഭക്തിയുള്ള ഒരു കത്തോ​ലി​ക്കാ​സ്‌ത്രീ​യാ​യും ആളുകൾ അവരെ വീക്ഷി​ച്ചി​രു​ന്നു. അവർ മാർട്ടി​നി​ക്കിൽ തിരി​ച്ചെ​ത്തി​യ​പ്പോൾ ചെറു​തും വലുതു​മായ എല്ലാ വിഗ്ര​ഹ​ങ്ങ​ളും തച്ചുടച്ച്‌ അവയുടെ കഷണങ്ങൾ പാഴ്‌വ​സ്‌തു​ക്കൾ ശേഖരി​ക്കു​ന്ന​വർക്കു കൊണ്ടു​പോ​ക​ത്ത​ക്ക​വണ്ണം വെളി​യിൽ കളഞ്ഞ​പ്പോ​ഴു​ണ്ടായ ബഹള​ത്തെ​ക്കു​റിച്ച്‌ ഒന്നു വിഭാവന ചെയ്യൂ. (ആവർത്ത​ന​പു​സ്‌തകം 9:16, 21 താരത​മ്യം ചെയ്യുക.) കോപാ​കു​ല​നായ പുരോ​ഹി​തൻ ഈ മുൻക​ത്തോ​ലി​ക്കാ​സ്‌ത്രീ​യു​ടെ പെരു​മാ​റ്റത്തെ നിശി​ത​മാ​യി വിമർശി​ക്കാൻ തീപ്പൊ​രി പ്രസം​ഗങ്ങൾ തയ്യാറാ​ക്കി നടത്തി. തത്‌ഫ​ല​മാ​യി, ശ്രീമതി ക്രെസാ​ന്റെ മതം എന്ന്‌ തങ്ങൾ വിളി​ച്ച​തി​നെ​ക്കു​റി​ച്ചാ​യി ആളുക​ളു​ടെ സംസാരം. ഇപ്പോൾ 42 വർഷമാ​യി ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി​രി​ക്കുന്ന 88 വയസ്സുള്ള ഗാബ്രി​യെൽ ക്രെസാൻ തന്റെ ഹൃദയാ​ഭി​ലാ​ഷം നിവർത്തി​ക്കാൻ ശ്രമി​ച്ചി​രി​ക്കു​ന്നു: “എന്റെ ഓരോ ഹൃദയ​സ്‌പ​ന്ദ​ന​വും യഹോ​വ​യ്‌ക്കുള്ള സ്‌തു​തി​യാ​യി​രി​ക്കട്ടെ.”

പുരോ​ഹി​തൻ ക്രെസാൻ സഹോ​ദ​രി​ക്കു വിരോ​ധ​മാ​യി വളരെ മോശ​മായ രീതി​യിൽ സംസാ​രി​ക്കു​ന്നതു കേട്ട അയൽക്കാ​രി​യായ ഒരു കത്തോ​ലി​ക്കാ സ്‌ത്രീ, എന്താണു കാര്യ​മെന്ന്‌ സഹോ​ദ​രി​യോ​ടു ചോദി​ക്കാൻ തീരു​മാ​നി​ച്ചു. 11 കുട്ടി​ക​ളു​ടെ മാതാ​വും ആ പ്രദേ​ശത്തെ പോസ്റ്റു​മാ​ന്റെ ഭാര്യ​യു​മായ ലെയൊ​ണി ഡ്യൂക്‌ടെയ്‌ൽ ആയിരു​ന്നു അവർ. ക്രെസാൻ സഹോ​ദ​രി​യിൽനി​ന്നു മനസ്സി​ലാ​ക്കി​യത്‌ സത്യമാ​ണെന്നു ബോധ്യ​പ്പെട്ട അവർ തന്റെ കുട്ടി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങി. തുടർന്നു​വന്ന വർഷങ്ങ​ളിൽ ആ സ്‌ത്രീ​യും അവരുടെ ഒമ്പതു മക്കളും സമർപ്പിച്ച്‌ സ്‌നാ​പ​ന​മേറ്റ സാക്ഷി​ക​ളാ​യി​ത്തീർന്നു. വർഷങ്ങൾക്കു​ശേഷം അവരുടെ എഡ്‌ഗാർ എന്ന മകൾ ഷേരാർ ട്രിവി​നി​യെ വിവാഹം ചെയ്‌തു. അദ്ദേഹം പിൽക്കാ​ലത്ത്‌ ബ്രാഞ്ച്‌ കമ്മിറ്റി​യം​ഗ​മാ​യി​ത്തീർന്നു.

ക്രെസാൻ സഹോ​ദ​രി​യു​ടെ സഹായ​ത്തോ​ടെ ലെയൊ​ണി ഡ്യൂക്‌ടെയ്‌ൽ സത്യം പഠിക്കു​ന്ന​തിന്‌ പത്തു വർഷം മുമ്പ്‌ ഇരുവ​രു​ടെ​യും അയൽക്കാ​രി​യായ ജോർജെറ്റ്‌ ഷോ​സെഫ്‌, അഡ്‌വെൻറിസ്റ്റ്‌ പള്ളിയി​ലെ ഒരു ചടങ്ങിൽ ആലപിച്ച ഒരു കീർത്ത​ന​ത്തിൽ യഹോവ എന്ന നാമം കേട്ടി​രു​ന്നു. ആ നാമം അവരുടെ ശ്രദ്ധയാ​കർഷി​ച്ചു. ഒരു സ്‌ത്രീ യഹോ​വ​യു​ടെ വചന​ത്തെ​ക്കു​റി​ച്ചു തന്നോട്‌ ഇപ്പോൾ വിശദീ​ക​രി​ച്ച​തേ​യു​ള്ളു​വെന്ന്‌ അയൽക്കാ​രി​യായ ശ്രീമതി ഡ്യൂക്‌ടെയ്‌ൽ അവരോ​ടു പറഞ്ഞു. അതു സംബന്ധിച്ച്‌ കൂടുതൽ കാര്യ​ങ്ങ​ള​റി​യാൻ അവർക്ക്‌ ആഗ്രഹ​മാ​യി. അവരും എട്ടു മക്കളും പിന്നീട്‌ ഭർത്താ​വും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീർന്നു.

ഏതാനും വരുന്ന ആ കുടും​ബങ്ങൾ ദ്വീപി​ന്റെ അറ്റ്‌ലാൻറി​ക്കിന്‌ അഭിമു​ഖ​മാ​യുള്ള വടക്കൻതീ​രത്ത്‌ സത്യാ​രാ​ധ​ക​രു​ടെ കേന്ദ്ര​മാ​യി വർത്തിച്ചു. തുടർന്നു​വന്ന വർഷങ്ങ​ളിൽ ബാസ്‌-പ്വാൻറിൽനിന്ന്‌, അറ്റ്‌ലാൻറിക്‌ തീരത്തുള്ള പട്ടണങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും സത്യത്തി​ന്റെ വിത്തുകൾ വിതയ്‌ക്ക​പ്പെട്ടു. ലെ ലൊറാൻ, മാരി​ഗോ, സാൻറ്‌ മാരി, ട്രിനി​റ്റേ, ലെ റോബർ എന്നിവി​ട​ങ്ങ​ളി​ലും അതു​പോ​ലെ​തന്നെ ദ്വീപി​ന്റെ ഉൾപ്ര​ദേ​ശ​ങ്ങ​ളായ ആഷൂപ്പാ ബൂയോൺ, വെർ പ്രേ, ഗ്രോ​മൊൺ എന്നിവി​ട​ങ്ങ​ളി​ലും ആ വിത്തുകൾ വളർന്ന്‌ പുഷ്‌പി​ച്ചു.

പൂർവ​തീ​ര​ത്തു​ട​നീ​ളം സത്യം വ്യാപി​പ്പി​ക്കു​ന്ന​തി​നു തീക്ഷ്‌ണ​ത​യുള്ള പയനി​യർമാർ കാര്യ​മായ പങ്കു വഹിച്ചു. 1965-ൽ സാൻറ്‌ മാരി​യി​ലേക്കു താമസം മാറ്റിയ ഒസ്‌മാൻ ലേയാൻഡ്രെ എന്ന വിധവ തന്റെ ഭവനം യോഗങ്ങൾ നടത്തു​ന്ന​തി​നു ലഭ്യമാ​ക്കി. ഗ്വാഡ​ലൂ​പ്പിൽനി​ന്നുള്ള ആർക്കാദ്‌ ബെൽവ്യൂ, മാരിസ്‌ മാൻസ്വേല എന്നീ പ്രത്യേക പയനി​യർമാർ 1967 ഡിസം​ബ​റിൽ ലെ റോബ​റിൽ എത്തി​ച്ചേർന്നു. ആ പ്രദേ​ശത്തെ കത്തോ​ലി​ക്കാ പുരോ​ഹി​തന്റെ എതിർപ്പു​ണ്ടാ​യി​രു​ന്നി​ട്ടും, അവർ തങ്ങളുടെ സേവന​ത്തിൽ സ്ഥിരോ​ത്സാ​ഹം കാട്ടി. 1970-ൽ ആലിൻ ആദേലാ​യി​ദും ഷാക്ലിൻ പൊപ്പാൻകൂ​റും ലെ ലൊറാ​നിൽ സാക്ഷീ​ക​രണം തുടങ്ങി. അവിടെ, ഒരു മന്ത്രവാ​ദി​നി​യെ ഭൂതനി​യ​ന്ത്ര​ണ​ത്തിൽനി​ന്നു സ്വത​ന്ത്ര​യാ​കാൻ തിരു​വെ​ഴു​ത്തു​ക​ളു​പ​യോ​ഗി​ച്ചു സഹായി​ക്കു​ന്ന​തിന്‌ ആലിനു കഴിഞ്ഞു. മൂന്നു വർഷം കഴിഞ്ഞ​പ്പോൾ മിഷെൽ ഊർസ്യൂ​ലേ, ഷാൻ ഊർസ്യൂ​ലേ, ഷോ​സെറ്റ്‌ മേരിൻ എന്നീ മൂന്നു പേർ ആ പയനി​യർമാ​രോ​ടു ചേർന്നു. നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം പഠിപ്പി​ക്കു​ക​യെന്ന അത്യധി​കം പ്രധാ​ന​മായ വിദ്യാ​ഭ്യാ​സ​വേ​ല​യിൽ പങ്കെടു​ക്കു​ന്ന​തിന്‌ ലെ ലൊറാ​നി​ലെ ഈ പയനി​യർമാർ തങ്ങളുടെ അധ്യാ​പ​ന​വൃ​ത്തി ഉപേക്ഷി​ച്ചി​രു​ന്നു.

പുരോ​ഹി​തൻ സത്യം പുസ്‌തകം ആഗ്രഹി​ച്ചത്‌ എന്തു​കൊണ്ട്‌?

ഷാൻ ഊർസ്യൂ​ലേ വിവരി​ക്കു​ന്നു: “ലെ ലൊറാ​നിൽ താമസി​ക്കുന്ന ഒരാളു​ടെ കത്ത്‌ സൊ​സൈറ്റി 1974-ൽ ഞങ്ങൾക്ക്‌ അയച്ചു​തന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സാഹി​ത്യ​ങ്ങൾ, പ്രത്യേ​കി​ച്ചും അയാൾ ആരു​ടെ​യോ വീട്ടിൽവെച്ച്‌ കണ്ട നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം എന്ന പുസ്‌തകം, സ്വീക​രി​ക്കു​ന്ന​തിൽ അയാൾ വലിയ താത്‌പ​ര്യം കാണി​ച്ചി​രു​ന്നു. പിറ്റേന്നു രാവിലെ ആ മനുഷ്യ​നെ കണ്ടുപി​ടി​ക്കാൻ ഞങ്ങൾ പുറ​പ്പെട്ടു. അയാളു​ടെ പേര്‌ ഞങ്ങൾക്കു പരിചി​ത​മ​ല്ലാ​യി​രു​ന്നു. ആളാരാ​ണെ​ന്ന​റി​യാൻ ഞങ്ങൾക്ക്‌ ഒരു പോസ്റ്റു​മാ​നോ​ടു ചോദി​ക്കേ​ണ്ടി​വന്നു. സൊ​സൈ​റ്റിക്ക്‌ ആ കത്തയച്ചത്‌ ഒരു ഇടവക​യി​ലെ പുരോ​ഹി​ത​നാ​ണെ​ന്ന​റി​ഞ്ഞ​പ്പോൾ ഞങ്ങൾ അതിശ​യി​ച്ചു​പോ​യി!

“എങ്ങനെ​യുള്ള സ്വീക​ര​ണ​മാ​യി​രി​ക്കും ലഭിക്കു​ക​യെന്ന്‌ ചിന്തി​ച്ചു​കൊണ്ട്‌ ഞങ്ങൾ പള്ളിമു​റി​യി​ലെത്തി. സ്വയം പരിച​യ​പ്പെ​ടു​ത്തി​യ​ശേഷം അദ്ദേഹം, ഞങ്ങളോ​ടു സംസാ​രി​ക്കാ​നാ​ഗ്ര​ഹ​മി​ല്ലെ​ന്നും സാഹി​ത്യ​ങ്ങൾ ലഭിക്കാൻ മാത്രമേ താത്‌പ​ര്യ​മു​ള്ളു​വെ​ന്നും തണുപ്പൻ മട്ടിൽ പറഞ്ഞു. ഞങ്ങൾ ആശയക്കു​ഴ​പ്പ​ത്തി​ലാ​യി. ആ സന്ദർശനം നടത്തി കുറെ നാളുകൾ കഴിഞ്ഞ​പ്പോൾ, പുരോ​ഹി​തന്റെ ചില വിശദീ​ക​ര​ണങ്ങൾ ഞങ്ങളു​ടേ​തു​പോ​ലെ​യാ​ണെന്ന്‌ ആളുകൾ ഞങ്ങളോ​ടു പലപ്പോ​ഴും പറയു​മാ​യി​രു​ന്നു. അതിനാൽ, പള്ളി​പ്ര​സം​ഗങ്ങൾ തയ്യാറാ​ക്കാൻ ആ പുരോ​ഹി​തൻ നിസ്സം​ശ​യ​മാ​യും നമ്മുടെ സാഹി​ത്യ​ങ്ങൾ ഉപയോ​ഗി​ച്ചി​രു​ന്നെന്ന്‌ ഞങ്ങൾ നിഗമനം ചെയ്‌തു.”

ദൈവത്തെ അന്വേ​ഷിച്ച്‌ വാസ്‌ത​വ​ത്തിൽ അവനെ കണ്ടെത്തു​ന്നു

1967-ൽ, കൂടു​ത​ലായ നാലു പ്രത്യേക പയനി​യർമാർ—ഒക്‌റ്റാവ്‌ തേലി​സും ഭാര്യ ആൽവി​ന​യും, ഏലി റേഗാ​ലാ​ഡും ഭാര്യ ല്യൂ​സെ​റ്റും—ചേർന്ന്‌ ഒരു സഭ ആരംഭി​ച്ചു. അതാണ്‌ ട്രിനി​റ്റേ സഭ. വന്നതിന്റെ പിറ്റേ​ന്നു​തന്നെ ഏലി റേഗാ​ലാഡ്‌ പ്രസം​ഗ​വേ​ല​യി​ലേർപ്പെട്ടു. അദ്ദേഹം എവി​ടെ​യാണ്‌ തുടങ്ങി​യത്‌? ഇടത്തും വലത്തു​മു​ണ്ടാ​യി​രുന്ന വീടു​ക​ളി​ലൊ​ന്നും കയറാതെ അദ്ദേഹം നേരേ പോയത്‌ ശ്രീമതി മൂത്തൂ​സേ​മി​യു​ടെ വീട്ടി​ലാ​യി​രു​ന്നു. അദ്ദേഹം മുമ്പൊ​രി​ക്ക​ലും അവരെ കണ്ടിട്ടു​ണ്ടാ​യി​രു​ന്നില്ല. ആരും അവരുടെ വിലാസം അദ്ദേഹ​ത്തി​നു നൽകി​യി​രു​ന്നു​മില്ല. എന്നാൽ അവർതന്നെ സംഭവം വിവരി​ക്കട്ടെ:

“കുട്ടി​ക്കാ​ലം​മു​തലേ കത്തോ​ലി​ക്കാ​മ​ത​ത്തോട്‌ എനിക്കു വലിയ അടുപ്പം തോന്നി​യി​രു​ന്നു. ഞാൻ വർഷങ്ങ​ളോ​ളം ജോലി​യെ​ടു​ത്തി​രു​ന്നത്‌ പുരോ​ഹി​ത​ന്മാർ നടത്തി​യി​രുന്ന ഒരു ശിശു​പ​രി​പാ​ലന കേന്ദ്ര​ത്തി​ലാ​യി​രു​ന്നു. എങ്കിലും സഭയിൽ കണ്ട കാപട്യം എന്നെ നിരാ​ശ​യി​ലാ​ഴ്‌ത്തി. അതി​നോ​ടുള്ള എന്റെ അടുപ്പ​ത്തി​നു നാൾതോ​റും കോട്ടം തട്ടി. കത്തോ​ലി​ക്കാ ഉപദേ​ശങ്ങൾ പഠിക്കു​ന്ന​തി​നാ​യി എന്റെ മൂത്ത രണ്ടു പുത്ര​ന്മാ​രെ ചേർക്കേണ്ട സമയം വന്നപ്പോൾ എന്തു ചെയ്യണ​മെന്ന്‌ എനിക്കു തിട്ടമി​ല്ലാ​യി​രു​ന്നു. കാരണം, കത്തോ​ലി​ക്ക​രായ ബന്ധുക്ക​ളു​ടെ നിർബ​ന്ധ​വും കമ്യു​ണി​സ്റ്റു​കാ​ര​നായ ഭർത്താ​വി​ന്റെ എതിർപ്പും അഡ്‌വെൻറി​സ്റ്റു​കാ​രി​യായ സഹോ​ദ​രി​യു​ടെ സ്വാധീ​ന​വു​മെ​ല്ലാം എനിക്ക്‌ അനുഭ​വി​ക്കേ​ണ്ടി​വന്നു. എന്തു ചെയ്യണ​മെന്ന്‌ ഒരു പിടി​യും കിട്ടി​യില്ല. ഒരു പരിഹാ​രം കണ്ടെത്താൻ സഹായ​ത്തി​നാ​യി ദൈവ​ത്തോ​ടു പ്രാർഥി​ച്ചു​കൊണ്ട്‌ ഞാൻ ഒരു രാത്രി​യിൽ വളരെ സമയം ചെലവ​ഴി​ച്ചു. പിറ്റേന്ന്‌ രാവിലെ റേഗാ​ലാഡ്‌ സഹോ​ദരൻ വന്നു വാതി​ലിൽ മുട്ടി. താനൊ​രു യഹോ​വ​യു​ടെ സാക്ഷി​യാ​ണെന്ന്‌ അദ്ദേഹം സ്വയം പരിച​യ​പ്പെ​ടു​ത്തി. അദ്ദേഹം നേരേ വന്നത്‌ എന്റെ വീട്ടി​ലേ​ക്കാ​യി​രു​ന്നു. ട്രിനി​റ്റേ​യിൽ അദ്ദേഹം സംസാ​രി​ക്കുന്ന ആദ്യത്തെ വ്യക്തി ഞാനാ​യി​രു​ന്നു.”

ലിസെറ്റ്‌ മൂത്തൂ​സേ​മി​യും കമ്യു​ണി​സ്റ്റു​കാ​ര​നാ​യി​രുന്ന അവരുടെ ഭർത്താ​വും എട്ടു മാസങ്ങൾക്കു​ശേഷം സ്‌നാ​പ​ന​മേറ്റു. ഇപ്പോൾ 30-ലധികം വർഷങ്ങൾ പിന്നിട്ട അവർ കുടും​ബ​മൊ​ന്നിച്ച്‌ യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരു​ന്നു. അവരുടെ പുത്ര​ന്മാ​രിൽ മൂന്നു പേർ മൂപ്പന്മാ​രാണ്‌. ബൈബിൾ പറയു​ന്ന​തു​പോ​ലെ​തന്നെ, സത്യ​ദൈ​വത്തെ ആളുകൾ ആത്‌മാർഥ​മാ​യി അന്വേ​ഷി​ക്കു​മ്പോൾ, അവർ അവനെ കണ്ടെത്തു​മെ​ന്നത്‌ തീർച്ച​യാണ്‌.—പ്രവൃ. 17:26, 27.

വളരെ ഫലപ്ര​ദ​മായ പ്രദേ​ശ​മെന്നു തെളിഞ്ഞ അവിടെ പുതിയ സഭകളു​ണ്ടാ​യി. ട്രിനി​റ്റേ​യിൽ ഒരെണ്ണം. അതിൽനി​ന്നു വേറേ ആറെണ്ണ​മു​ണ്ടാ​യി—ലെ റോബ​റിൽ രണ്ടെണ്ണം, സാൻറ്‌ മാരി​യിൽ ഒരെണ്ണം, ഗ്രോ​മൊ​ണിൽ ഒരെണ്ണം, വെർ പ്രേയിൽ ഒരെണ്ണം, കൂടാതെ ട്രിനി​റ്റേ​യി​ലും ഒരെണ്ണം. അവയെ​ല്ലാം യഹോ​വ​യ്‌ക്കു മഹത്ത്വം കരേറ്റി​ക്കൊണ്ട്‌ വളർന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

പുരോ​ഹി​ത​ന്മാർ ആക്രമി​ക്കു​ന്നു

മാർട്ടി​നി​ക്കി​ലെ​ങ്ങും, തങ്ങൾ അജ്ഞതയിൽ നിർത്തി​യി​രുന്ന ആളുക​ളു​ടെ​മേ​ലുള്ള നിയ​ന്ത്രണം കുറഞ്ഞു​വ​രു​ന്ന​തിൽ പുരോ​ഹി​തൻമാർ കോപി​ഷ്‌ഠ​രാ​യി. 1956-ൽ, മരിച്ചു​പോയ ഒരു അയൽക്കാ​രന്റെ ബാസ്‌-പ്വാൻറി​ലുള്ള ബന്ധുക്കളെ സന്ദർശിച്ച രണ്ടു പെൺകു​ട്ടി​ക​ളു​ടെ നേരേ ഇടവക​യി​ലെ പുരോ​ഹി​തൻ തന്റെ രോഷം പ്രകട​മാ​ക്കി. ആ പെൺകു​ട്ടി​കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന്‌ അറിയാ​മാ​യി​രുന്ന അദ്ദേഹം വിശ്വാ​സ​ത്യാ​ഗി​ക​ളെന്ന്‌ അവരെ അപലപി​ച്ചു. കൂടാതെ, കുർബാന കൂടു​ന്നത്‌ നിർത്തി​യ​തി​നാൽ അവർ അഗ്നിന​ര​ക​ത്തിൽ പോകു​മെ​ന്നും പറഞ്ഞു. ആ പെൺകു​ട്ടി​ക​ളി​ലൊ​രാൾ ദൃഢമായ മറുപടി കൊടു​ത്ത​പ്പോൾ അയാൾ സർവശ​ക്തി​യു​മെ​ടുത്ത്‌ അവളെ അടിച്ചിട്ട്‌ കോപാ​കു​ല​നാ​യി ജീപ്പിൽ കയറി ഓടി​ച്ചു​പോ​യി.

1967-ൽ ലെ റോബ​റിൽ രണ്ടു പയനിയർ സഹോ​ദ​രി​മാർ എത്തിയ​പ്പോൾ, അവരെ വീട്ടിൽ കയറ്റു​ന്ന​തിൽനി​ന്നു പുരോ​ഹി​തൻ തന്റെ ഇടവക​ക്കാ​രെ വിലക്കി. കോപ​ത്താൽ ഭ്രാന്തു​പി​ടിച്ച അയാൾ ഒരു ദിവസം അവരെ കാറി​ടി​പ്പി​ക്കാൻ നോക്കി. വിദ്വേ​ഷ​വും കോപ​വും നിറഞ്ഞ മുന്നറി​യി​പ്പു​ക​ളോ​ടു​കൂ​ടി ഇടവക​യിൽനി​ന്നി​റ​ങ്ങുന്ന നോട്ടീ​സു​ക​ളു​ടെ എണ്ണം വർധിച്ചു. ‘റോമൻ കത്തോ​ലി​ക്കാ​സ​ഭ​യു​ടെ സമാധാ​നം കെടു​ത്തുന്ന സാത്താന്റെ ഏജൻറു​മാർ’ എന്ന്‌ ആ സഹോ​ദ​രി​മാ​രെ മുദ്ര​കു​ത്തി പുരോ​ഹി​ത​ന്മാർ അൾത്താ​ര​ക​ളിൽനി​ന്നു ശക്തമായ അപലപ​നങ്ങൾ നടത്തി.

മറ്റു മതവി​ഭാ​ഗ​ങ്ങ​ളും ആ ആക്രമ​ണ​ത്തിൽ പങ്കു​ചേർന്നു. പ്രത്യേ​കി​ച്ചും ഇവാഞ്ച​ലി​ക്കൽ മതവി​ഭാ​ഗങ്ങൾ നാം യേശു​ക്രി​സ്‌തു​വിൽ വിശ്വ​സി​ക്കാ​ത്ത​വ​രാ​ണെന്ന്‌ ആക്ഷേപി​ച്ചു. നാം ശബത്ത്‌ അനുഷ്‌ഠി​ക്കാ​തി​രി​ക്കു​ന്ന​തി​നെ അഡ്‌വെൻറി​സ്റ്റു​കാർ അപലപി​ച്ചു. എന്നാൽ അവരിൽ മിക്കവ​രും വെറും അധര​സേ​വനം മാത്ര​മാ​ണു നടത്തി​യി​രു​ന്നത്‌. കുറെ കാല​ത്തേക്കു സഹോ​ദ​രങ്ങൾ ആ മതങ്ങളി​ലെ പാസ്റ്റർമാ​രു​മാ​യി എങ്ങു​മെ​ത്താത്ത ചർച്ചക​ളിൽ ഏർപ്പെ​ടു​മാ​യി​രു​ന്നു. മിക്ക​പ്പോ​ഴും രാത്രി വളരെ വൈകി അവസാ​നി​ച്ചി​രുന്ന ആ ചർച്ചകൾക്ക്‌ യാതൊ​രു ഫലവു​മു​ണ്ടാ​യി​രു​ന്നില്ല. ക്രമേണ വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ​യു​ടെ സഹായ​ത്തോ​ടെ, നല്ല ഇടയന്റെ ശബ്ദം ശ്രവി​ക്കു​ന്ന​തിൽ യഥാർഥ സന്തോഷം കണ്ടെത്തുന്ന ചെമ്മരി​യാ​ടു​തു​ല്യ​രെ അന്വേ​ഷിച്ച്‌ കണ്ടെത്തു​ന്ന​തി​നു സമയം വിനി​യോ​ഗി​ക്കാൻ ഞങ്ങൾ പഠിച്ചു.

എങ്കിലും, ആ ചർച്ചകൾ ചെമ്മരി​യാ​ടു​തു​ല്യ​രായ ഏതാനും പേരുടെ കണ്ണു തുറന്നു. ഫൊർദെ​ഫ്രാൻസി​ലെ ഷ്യൂൾ ന്യൂബ്യൂൾ എന്ന വ്യക്തി​യു​ടെ കാര്യ​ത്തിൽ അതു സത്യമാ​യി​രു​ന്നു. ക്രിസ്‌ത്യാ​നി​കൾ ശബത്ത്‌ ആചരി​ക്കേ​ണ്ട​താ​ണെന്ന ഉപദേ​ശത്തെ പിന്താ​ങ്ങാൻ ശ്രമി​ച്ചു​കൊണ്ട്‌ ബൈബിൾ ഉദ്ധരി​ക്കു​ന്ന​താ​യി ഭാവി​ക്കുക മാത്ര​മാണ്‌ പാസ്റ്റർ ചെയ്യു​ന്ന​തെന്ന്‌ അദ്ദേഹം ശ്രദ്ധിച്ചു. വാസ്‌ത​വ​ത്തിൽ അത്തരം ഭാഗങ്ങൾ പാസ്റ്റർ കെട്ടി​ച്ച​മ​യ്‌ക്കു​ക​യാണ്‌ ചെയ്‌തത്‌. (റോമർ 10:4-ഉം കൊ​ലൊ​സ്സ്യർ 2:13-16-ഉം താരത​മ്യം ചെയ്യുക.) ഇപ്പോൾ ന്യൂബ്യൂൾ സഹോ​ദരൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭയിൽ ഒരു മൂപ്പനാണ്‌. ഭാര്യ​യായ ആൽവി​ന​യോ​ടൊ​പ്പം പ്രത്യേക പയനി​യ​റിങ്‌ നടത്തി​ക്കൊ​ണ്ടി​രുന്ന ഒക്‌റ്റാവ്‌ തേലി​സു​മാ​യി നടത്തിയ ഒരു ചർച്ചയിൽ, തന്റെ പാസ്റ്റർ സത്യസന്ധത കാട്ടാ​തി​രു​ന്നത്‌ സെവൻത്‌-ഡേ അഡ്‌വെൻറി​സ്റ്റാ​യി​രുന്ന ട്രിനി​റ്റേ​യി​ലെ ഷെർട്ര്യൂഡ്‌ ബ്യൂവാൽ ശ്രദ്ധി​ക്കു​ക​യു​ണ്ടാ​യി. വർഷങ്ങൾക്കു​ശേഷം ഇപ്പോ​ഴും, വാർധ​ക്യം പ്രാപിച്ച്‌ ആരോ​ഗ്യം ക്ഷയിച്ചി​ട്ടും, ബ്യൂവാൽ സഹോ​ദരി യഹോ​വ​യു​ടെ സ്ഥാപന​ത്തോ​ടു വിശ്വ​സ്‌ത​ത​യോ​ടെ പറ്റിനിൽക്കു​ന്നു.

അഗ്നിപർവ​ത​ത്തി​ന്റെ അടിവാ​ര​ത്തിൽ—അവർ ശ്രദ്ധി​ക്കു​മോ?

ദ്വീപി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റൻ ഭാഗത്ത്‌ പെലേ പർവത​ത്തി​നു ചുറ്റു​മാ​യി സ്ഥിതി​ചെ​യ്യുന്ന പട്ടണങ്ങ​ളാണ്‌ സാൻപി​യെർ, ലെ പ്രെഷ്യൂർ, ലെ കാർബെ, ലെ മോൺ റൂഷ്‌ എന്നിവ. 1902-ൽ സാൻപി​യെ​റി​നെ​യും അവിടത്തെ 30,000 നിവാ​സി​ക​ളെ​യും നശിപ്പിച്ച ആ പർവതം ദുഃഖ​ക​ര​മായ വിധത്തിൽ ഖ്യാതി നേടി.

ആ വർഷം മേയ്‌ 8-നുണ്ടായ സ്‌ഫോ​ട​ന​ത്തി​ന്റെ കാര്യ​മെ​ടു​ക്കാം. സാൻപി​യെ​റി​ലെ നിവാ​സി​കൾ മുന്നറി​യി​പ്പു​കൾ അവഗണി​ച്ച​തും അവി​ടെ​നിന്ന്‌ ഓടി​പ്പോ​കാൻ വിസമ്മ​തി​ച്ച​തും ആണ്‌ ആളുകൾ പ്രധാ​ന​മാ​യും ഓർക്കു​ന്നത്‌. ഒരു മാസ​ത്തോ​ളം ആ അഗ്നിപർവതം പുകയും ചാരവും പാറക്ക​ഷ​ണ​ങ്ങ​ളും പുറ​ത്തേക്കു തുപ്പി​ക്കൊ​ണ്ടി​രു​ന്നു. സാൻപി​യെർ ചാരം​കൊണ്ട്‌ മൂടി. ചെളി​പ്ര​വാ​ഹ​ത്തിൽപ്പെട്ട്‌ 25 പേർ മരിച്ചു. ആളുകൾ ഭയന്നെ​ങ്കി​ലും അവിടം വിട്ട്‌ ഓടി​യില്ല. അതിന്റെ ഭാഗി​ക​മായ ഒരു കാരണം അവരുടെ വിധി​വി​ശ്വാ​സ​മാ​യി​രു​ന്നു; ഭാഗി​ക​മായ മറ്റൊരു കാരണം അവിടം വിട്ടു​പോ​കാ​തി​രി​ക്കാൻ പുരോ​ഹി​ത​ന്മാ​രുൾപ്പെടെ ജനനേ​താ​ക്കൾ ആളുകളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​വെ​ന്ന​താണ്‌. യഹോ​വ​യു​ടെ ആസന്നമായ ഭയാന​ക​ദി​വ​സ​ത്തെ​ക്കു​റി​ച്ചുള്ള മുന്നറി​യി​പ്പി​നോട്‌ പലർക്കു​മുള്ള പ്രതി​ക​ര​ണത്തെ സ്വാധീ​നി​ക്കു​ന്ന​തും അതേ ഘടകങ്ങൾത​ന്നെ​യാണ്‌.—യോവേ. 2:31, 32.

മാർട്ടി​നി​ക്കു​കാ​ര​ധി​ക​വും വിധി​വി​ശ്വാ​സി​ക​ളാണ്‌. പ്രയാ​സ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ അവർ കേവലം തോളു കുലു​ക്കി​ക്കൊണ്ട്‌ ഇങ്ങനെ പറയും: “അത്‌ ദൈവ​ഹി​ത​മാണ്‌.” പെലേ പർവതം പൊട്ടി​യൊ​ഴു​കി​യ​പ്പോ​ഴത്തെ സംഗതി​കൾ ചർച്ച ചെയ്‌തു​കൊണ്ട്‌ വിധി​വി​ശ്വാ​സ​ത്തെ​ക്കു​റിച്ച്‌ വസ്‌തു​നി​ഷ്‌ഠ​മാ​യി ചിന്തി​ക്കാൻ അവരെ സഹായി​ക്കു​ന്ന​തി​നു ഞങ്ങൾ മിക്ക​പ്പോ​ഴും ശ്രമി​ക്കാ​റുണ്ട്‌. ഞങ്ങൾ അവരോട്‌ ഇങ്ങനെ ചോദി​ക്കാ​റുണ്ട്‌: “അത്തരം സംഭവങ്ങൾ ‘ദൈവ​ഹിത’മാണെ​ങ്കിൽ, ആ ദുരന്ത​സ​മ​യത്ത്‌ എല്ലാ ‘നല്ല ക്രിസ്‌ത്യാ​നിക’ളും ‘വിശു​ദ്ധ​ന്മാര’ടക്കം പള്ളിക​ളും നശിച്ചു​പോ​യ​പ്പോൾ ഒരു ജയിലി​ലെ ഭൂഗർഭ ഇരുട്ട​റ​യിൽ ഏകാന്ത​ത​ട​വി​ലാ​യി​രുന്ന ഒരു സ്ഥിരം കുറ്റവാ​ളി മാത്രം രക്ഷപ്പെ​ട്ടത്‌ എന്തു​കൊ​ണ്ടാണ്‌?”

1960-കളുടെ തുടക്ക​ത്തിൽ, ഫൊർദെ​ഫ്രാൻസി​ലെ പ്രസാ​ധകർ അഗ്നിപർവ​ത​ത്തി​ന്റെ അടുത്തുള്ള പ്രദേ​ശ​ങ്ങ​ളി​ലു​ള്ള​വർക്കു രാജ്യ​സ​ന്ദേശം എത്തിക്കാൻ മിക്കവാ​റും പതിവാ​യി അവി​ടേക്കു പോകാൻ തുടങ്ങി. എങ്കിലും, ആളുകളെ ഭയം ശക്തമായി സ്വാധീ​നി​ച്ചി​രു​ന്നു. “ആളുകൾ എന്തു പറയും?” എന്നായി അവരുടെ ചിന്ത. അയൽക്കാർ തങ്ങളെ ഉപേക്ഷി​ക്കു​മോ എന്ന ഭയം മൂലം യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടാൻ ആരും ആഗ്രഹി​ച്ചി​രു​ന്നില്ല. 1962-ൽ, ഫ്രാൻസിൽനി​ന്നുള്ള ഷാർപ്പാൻറി​യേർ എന്ന കുടും​ബം സാൻപി​യെ​റി​നു വടക്കു​കി​ഴ​ക്കുള്ള ലെ മോൺ റൂഷിൽ താമസ​മാ​ക്കി. ഭാര്യ​യായ മാഡ്‌ലെൻ ഒരു പ്രത്യേക പയനി​യ​റാ​യി​രു​ന്നു. വർഷങ്ങ​ളോ​ളം അവരും ഭർത്താ​വായ റെനേ​യും ഈ പ്രദേ​ശത്ത്‌ രാജ്യ​സ​ത്യ​ത്തി​ന്റെ വിത്തുകൾ വിതച്ചു.

എന്നിരു​ന്നാ​ലും, ദ്വീപി​ന്റെ വടക്കു​ഭാ​ഗത്ത്‌ സഭയുടെ സ്വാധീ​നം ഇപ്പോ​ഴും ശക്തമാണ്‌. അവിടത്തെ ആദ്യ കുടി​യേ​റ്റ​ക്കാ​രു​ടെ പിൻഗാ​മി​ക​ളായ സമ്പന്നരായ ഭൂവു​ട​മ​കൾക്ക്‌ സ്വന്തമാ​യി വലിയ ചില തോട്ട​ങ്ങ​ളുണ്ട്‌. അവരും കത്തോ​ലി​ക്കാ പുരോ​ഹി​ത​വർഗ​വും കൈ​കോർത്ത്‌ കഴിയു​ന്നു. മാർട്ടി​നി​ക്കി​ലെ ഈ പ്രാ​ദേ​ശിക വെള്ളക്കാ​രിൽ വിരലി​ലെ​ണ്ണാ​വു​ന്നവർ മാത്രമേ സത്യം സ്വീക​രി​ച്ചി​ട്ടു​ള്ളൂ.

മാനു​ഷ​ഭ​യ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​ക്ക​പ്പെ​ടു​ന്നു

യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി അടുത്ത ബന്ധം പുലർത്താൻ പൊതു​വേ ആളുകൾ വിമു​ഖ​രാ​യി​രു​ന്നെ​ങ്കി​ലും, യോളാൻ ഓർട്ടാൻസി​നും ഭാര്യ ബെർനാ​ഡെ​റ്റി​നും യഹോ​വ​യോ​ടും അവന്റെ വചന​ത്തോ​ടും ആഴമായ സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു. വിശ്വാ​സ​ത്തി​ന്റെ ഏതെല്ലാം പരി​ശോ​ധ​ന​ക​ളാണ്‌ അവർ അഭിമു​ഖീ​ക​രി​ച്ചത്‌? അവർ വിവരി​ക്കു​ന്നു: “‘പുതിയ മതം’ ആദ്യം സ്വീക​രി​ച്ചത്‌ ഞങ്ങളാ​യി​രു​ന്ന​തി​നാൽ, സമൂഹ​ത്തിൽ എല്ലാവ​രും ഞങ്ങളെ ഒറ്റപ്പെ​ടു​ത്തി​യി​രു​ന്നു. പീഡനാ​ത്മ​ക​മായ കാലഘ​ട്ട​ങ്ങ​ളി​ലൂ​ടെ ഞങ്ങൾ കടന്നു​പോ​യി. ഒരു വർഷത്തിൽത്തന്നെ അപകട​ത്തിൽപ്പെട്ട്‌ ഞങ്ങളുടെ രണ്ടു കുട്ടികൾ മരിച്ചു. അങ്ങനെ, കത്തോ​ലി​ക്കാ​മതം ഉപേക്ഷി​ച്ച​തി​നു ദൈവ​ത്തിൽനിന്ന്‌ ഞങ്ങൾക്കു കിട്ടിയ ശിക്ഷയാ​ണ​തെന്ന്‌ പറയാൻ ആളുകൾക്ക്‌ ഒരു കാരണ​മാ​യി. എന്നാൽ ഞങ്ങൾ യഹോ​വ​യെ​ക്കു​റിച്ച്‌ അതി​നോ​ടകം പഠിച്ച കാര്യങ്ങൾ, അചഞ്ചല​രാ​യി നില​കൊ​ള്ളാൻ ഞങ്ങളെ സഹായി​ച്ചു.”

അതി​നെ​ല്ലാം പുറമേ, യോളാ​ന്റെ തൊഴി​ലു​ട​മ​യായ ഒരു ബേക്കേ (പ്രാ​ദേ​ശിക വെള്ളക്കാ​രൻ) പുരോ​ഹി​തന്റെ സ്വാധീ​ന​ത്തിൻകീ​ഴിൽ, പള്ളിയിൽ വരാത്ത​പക്ഷം ജോലി​യിൽനിന്ന്‌ യോളാ​നെ പിരി​ച്ചു​വി​ടു​മെന്നു ഭീഷണി​പ്പെ​ടു​ത്തി. എങ്കിലും, യോളാൻ ഉറച്ചു​നി​ന്നു. തൊഴി​ലു​ടമ തന്റെ ഭീഷണി​പ്ര​കാ​ര​മൊ​ന്നും പ്രവർത്തി​ച്ചില്ല. കാരണം, നമ്മുടെ സഹോ​ദരൻ മനസ്സാ​ക്ഷി​പൂർവം ജോലി​ചെ​യ്യുന്ന ഒരാളാ​യി​രു​ന്നു. പ്രയാ​സ​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കേ​ണ്ടി​വ​ന്നെ​ങ്കി​ലും, ഓർട്ടാൻസ്‌ സഹോ​ദ​ര​നും സഹോ​ദ​രി​യും യഹോ​വ​യു​ടെ വിശ്വസ്‌ത ദാസരാ​യി തുടരു​ന്നു.

1968-ൽ പാൽവെർ കുടും​ബം ഫൊർദെ​ഫ്രാൻസിൽനിന്ന്‌ ലെ മോൺ റൂഷി​ലേക്കു താമസം മാറ്റി. കാല​ക്ര​മേണ, മറ്റു പലരും സത്യം സ്വീക​രി​ച്ചു. ഇന്ന്‌ ലെ മോൺ റൂഷിൽ 60 പ്രസാ​ധ​ക​രുള്ള ഒരു സഭയുണ്ട്‌.

അഗ്നിപർവ​ത​ത്തി​ന്റെ ചുറ്റു​വ​ട്ട​ത്തു​ള്ള​വർക്കു കൂടു​ത​ലായ സഹായം

ആൻ-മാരി ബിർബ, ആർലെറ്റ്‌ ഷിരോൻദാൻ എന്നീ രണ്ടു പ്രത്യേക പയനിയർ സഹോ​ദ​രി​മാർ 1972 മുതൽ സാൻപി​യെർ, ലെ കാർബെ, ലെ പ്രെഷ്യൂർ എന്നിവി​ട​ങ്ങ​ളി​ലെ ആളുകളെ സഹായി​ക്കാ​നാ​യി ധൈര്യ​സ​മേതം പ്രവർത്തി​ച്ചു. സമാധാ​ന​ത്തി​ന്റെ സന്ദേശ​മാണ്‌ അവർ കൊണ്ടു​വ​ന്ന​തെ​ങ്കി​ലും, ചില​പ്പോ​ഴൊ​ക്കെ ആളുകൾ അവരെ കല്ലെറി​യു​ക​യും ചൂലു​കൊ​ണ്ട​ടി​ക്കു​ക​യും ചെയ്‌തു. ആ പ്രദേ​ശത്ത്‌ സത്യം സ്വീക​രിച്ച പല സ്‌ത്രീ​കൾക്കും തങ്ങളുടെ ഭർത്താ​ക്ക​ന്മാ​രു​ടെ കടുത്ത എതിർപ്പി​നു പാത്ര​മാ​കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. എന്നാൽ ആ ഭാര്യ​മാ​രു​ടെ നല്ല നടത്ത നിമിത്തം ക്രമേണ ഭർത്താ​ക്ക​ന്മാർ കൂടുതൽ സഹിഷ്‌ണു​ത​യു​ള്ള​വ​രാ​യി​ത്തീർന്നു.—1 പത്രൊ. 3:1, 2.

ഷ്യൂൾ മാർട്ടി​നോൺ എന്ന പ്രായം​ചെന്ന ഒരു സാക്ഷി സ്ഥിരോ​ത്സാ​ഹ​ത്തി​ന്റെ മാതൃ​ക​യാ​യി​രു​ന്നു. സാൻപി​യെ​റിൽ 20-ലധികം വർഷം അദ്ദേഹം സേവിച്ചു. കഷ്ടിച്ച്‌ നല്ലതെന്നു പറയാ​വുന്ന ഇടങ്ങളി​ലാ​യി​രു​ന്നു 1960-കളിലും 1970-കളിലും ഈ പ്രദേ​ശത്ത്‌ യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. എന്നിരു​ന്നാ​ലും, ജോൺ ഷാവിൻയി​യെ​പ്പോ​ലുള്ള അർപ്പി​ത​രായ സഹോ​ദ​ര​ന്മാ​രും പിന്നീട്‌ ലിമ്വാൻ, പാപ്പായ എന്നീ കുടും​ബ​ങ്ങ​ളും സാൻപി​യെ​റിൽ നല്ലൊരു സഭ വളർന്നു​വ​രാൻ സഹായി​ച്ചി​ട്ടുണ്ട്‌. പെലേ അഗ്നിപർവ​ത​ത്തി​ന്റെ ചുവട്ടിൽ യഹോ​വ​യു​ടെ സാക്ഷികൾ സുസ്ഥാ​പി​ത​രാ​യി​രി​ക്കു​ന്നു എന്നതിന്റെ തെളി​വാ​യി 200 പേർക്കി​രി​ക്കാ​വുന്ന മനോ​ഹ​ര​മായ ഒരു രാജ്യ​ഹാൾ തലയു​യർത്തി നിൽക്കു​ന്നു.

മാവി​ന്മേൽ കഴിച്ചു​കൂ​ട്ടിയ ഒരു രാത്രി

1955-ൽത്തന്നെ രാജ്യ​സ​ന്ദേശം ലെ ലാമാൻടാ​നിൽ എത്തിയി​രു​ന്നു. എന്നാൽ യഹോ​വ​യാം ദൈവത്തെ ആരാധി​ക്കാൻ ശ്രമി​ച്ച​വർക്ക്‌ കടുത്ത പരി​ശോ​ധ​ന​കളെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വന്നു. എപ്പോ​ഴു​മൊ​ന്നും അതിന്റെ കാരണം പുരോ​ഹി​ത​ന്മാ​രാ​യി​രു​ന്നില്ല. മാർട്ടി​നി​ക്കി​ലെ പുരു​ഷ​ന്മാർ പൊതു​വേ തങ്ങളുടെ പൗരുഷം സംബന്ധിച്ച്‌ അഹന്തയു​ള്ള​വ​രാണ്‌. അവരിൽ പലർക്കും ഭാര്യ​മാ​രു​ടെ നേർക്ക്‌ മേധാ​വി​ത്വ​മ​നോ​ഭാ​വ​മാ​ണു​ള്ളത്‌. യഹോ​വയെ ആരാധി​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന ഒരു സ്‌ത്രീക്ക്‌ മിക്ക​പ്പോ​ഴും ഭർത്താ​വിൽനിന്ന്‌ അക്രമം നേരി​ടേ​ണ്ടി​വ​ന്നി​രു​ന്നു.

ലെ ലാമാൻടാ​നി​ലെ ഒരു സഹോ​ദരി ഇങ്ങനെ വിവരി​ക്കു​ന്നു: “1972-ലാണ്‌ എന്റെ ഭവനത്തിൽ രാജ്യ​സ​ന്ദേശം എത്തിയത്‌. ഞാൻ അതിയാ​യി ആഗ്രഹി​ച്ചി​രു​ന്ന​തി​ന്റെ ഒരു സാക്ഷാ​ത്‌കാ​ര​മാ​യി​രു​ന്നു അത്‌. എന്നാൽ ബൈബിൾ പഠിക്ക​രു​തെന്ന്‌ ഭർത്താവ്‌ എന്നെ വിലക്കി. എങ്കിലും, ഞാൻ രഹസ്യ​മാ​യി പഠനം തുടർന്നു. അതു മനസ്സി​ലാ​ക്കിയ അദ്ദേഹം എന്റെ ബൈബി​ളും അധ്യയ​ന​പു​സ്‌ത​ക​വും കത്തിച്ചു​ക​ള​യു​ക​യും എന്നെ തല്ലുക​യും ചെയ്‌തു. മറ്റൊരു സ്ഥലത്തേക്കു ഞങ്ങളുടെ താമസം മാറ്റാൻ അദ്ദേഹം തീരു​മാ​നി​ച്ചു. ബൈബി​ളി​ലുള്ള എന്റെ താത്‌പ​ര്യം അതോടെ തീരു​മെ​ന്നാണ്‌ അദ്ദേഹം കരുതി​യത്‌.

“ഞാൻ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ തുടങ്ങി​യ​പ്പോൾ എന്നെ പുറത്താ​ക്കി അദ്ദേഹം വീട്‌ പൂട്ടു​മാ​യി​രു​ന്നു. പലപ്പോ​ഴും ഞാനു​റ​ങ്ങി​യത്‌ വരാന്ത​യി​ലാ​യി​രു​ന്നു. എനിക്ക്‌ സംരക്ഷ​ണ​മാ​കു​മെന്നു കരുതിയ സകലതും അദ്ദേഹം നശിപ്പി​ച്ചു, കോഴി​ക്കൂ​ടു​പോ​ലും. പലപ്പോ​ഴും അദ്ദേഹം എന്നെ തല്ലുമാ​യി​രു​ന്നു. അനേകം തവണ എനിക്ക്‌ ആഹാരം തരാതി​രു​ന്നി​ട്ടുണ്ട്‌. ഒരിക്കൽ, ഒരു പാതി​രാ​ത്രിക്ക്‌ വാക്കത്തി​യു​മാ​യി അദ്ദേഹ​മെന്നെ ഓടിച്ചു! രക്ഷപ്പെ​ടാൻ ഒരു കുറ്റി​ക്കാ​ട്ടി​ലൂ​ടെ ഓടി വേഗത്തിൽ ഒരു മാവിൽ വലിഞ്ഞു​ക​യ​റേ​ണ്ടി​വന്നു. അദ്ദേഹ​ത്തി​ന്റെ കയ്യിലി​രുന്ന ടോർച്ച്‌ തെളി​യാ​തെ വന്നതു​കൊ​ണ്ടു മാത്ര​മാണ്‌ ഞാൻ രക്ഷപ്പെ​ട്ടത്‌. മണിക്കൂ​റു​ക​ളോ​ളം അദ്ദേഹം എന്നെ തിരഞ്ഞു. ഞാൻ പ്രാർഥി​ച്ചു​കൊണ്ട്‌ പതുങ്ങി​യി​രുന്ന ആ മരത്തിന്റെ അടുത്തു​കൂ​ടി​യും അദ്ദേഹം കടന്നു​പോ​യി. ആ രാത്രി ഞാൻ മാവി​ന്മേൽ കഴിച്ചു​കൂ​ട്ടി.” എങ്കിലും, 1977-ൽ അവർ സ്‌നാ​പ​ന​മേറ്റു. പിന്നീട്‌ അവരുടെ മകളും യഹോ​വ​യു​ടെ ആരാധന സ്വീക​രി​ച്ചു.

അന്ധവി​ശ്വാ​സ​ത്തിൽനി​ന്നും കാൻബ്വേ​യിൽനി​ന്നും സ്വാത​ന്ത്ര്യം

ആളുകൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കു​ക​യും പഠിക്കുന്ന കാര്യങ്ങൾ ബാധക​മാ​ക്കു​ക​യും ചെയ്യു​മ്പോൾ അവർ സ്വാത​ന്ത്ര്യം അനുഭ​വി​ക്കു​ന്നത്‌ നാനാ​വി​ധ​ങ്ങ​ളി​ലാ​യി​രി​ക്കും. മാർട്ടി​നി​ക്കു​കാ​രു​ടെ പല വിശ്വാ​സ​ങ്ങ​ളും ആചാര​ങ്ങ​ളും അധിഷ്‌ഠി​ത​മാ​യി​രി​ക്കു​ന്നത്‌ ആഫ്രി​ക്ക​യിൽനി​ന്നെ​ത്തി​യ​തും റോമൻ കത്തോ​ലി​ക്കാ​സഭ സസന്തോ​ഷം സ്വീക​രി​ച്ച​തു​മായ അനുഷ്‌ഠാ​ന​ങ്ങ​ളി​ലും അന്ധവി​ശ്വാ​സ​ങ്ങ​ളി​ലു​മാണ്‌. വർഷങ്ങൾക്കു മുമ്പ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീർന്നവർ തങ്ങൾ സ്വത​ന്ത്ര​രാ​ക്ക​പ്പെട്ട അന്ധവി​ശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ ഇപ്പോ​ഴും ഓർക്കു​ന്നു.

ദുഃഖ​വെ​ള്ളി​യാഴ്‌ച ഏറ്റവും ആദ്യം ഒരുവൻ ചെയ്യേ​ണ്ടത്‌ കുരിശ്‌ മുത്തുക എന്നതാ​യി​രു​ന്നു​വെന്ന്‌ അവരോർക്കു​ന്നു. ആ ദിവസം ആണിയും ചുറ്റി​ക​യും ഉപയോ​ഗി​ക്കു​ന്നത്‌ കർശന​മാ​യി വിലക്കി​യി​രു​ന്നു. ക്രിസ്‌തു​വി​ന്റെ സ്‌മര​ണാർഥ​മാ​യി​രു​ന്നു അത്‌. തൂമ്പയോ മൺവെ​ട്ടി​യോ ഉപയോ​ഗിച്ച്‌ നിലം കുഴി​ക്കു​ന്ന​തും വിലക്കി​യി​രു​ന്നു. കാരണം അവരെ പഠിപ്പി​ച്ച​ത​നു​സ​രിച്ച്‌, അങ്ങനെ ചെയ്‌താൽ “ഭൂമി​യിൽനിന്ന്‌ രക്തമൊ​ലി​ക്കു”മായി​രു​ന്നു. പിറ്റേന്ന്‌, ശനിയാഴ്‌ച പ്രഭാ​ത​ത്തിൽ കത്തോ​ലി​ക്കാ പള്ളിയിൽനി​ന്നു കേൾക്കുന്ന മണിനാ​ദം എല്ലാവ​രു​ടെ​യും അനു​ഗ്ര​ഹ​ത്തിൽ കലാശി​ക്കു​മെ​ന്നാ​യി​രു​ന്നു വിശ്വാ​സം. അതിന്റെ പ്രയോ​ജനം കിട്ടാൻ, മണിനാ​ദം കേട്ട​ശേഷം ആളുകൾ നദിയി​ലോ സമു​ദ്ര​ത്തി​ലോ മുങ്ങാൻ പ്രതീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. രോഗി​ക​ളായ കുട്ടി​ക​ളെ​യും അവർ കുളി​പ്പി​ക്കു​മാ​യി​രു​ന്നു. പ്രയോ​ജനം കിട്ടു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്താൻ അവർ കണരോ​ഗ​മുള്ള കുട്ടി​കളെ പിടി​ച്ചു​കു​ലു​ക്കു​മാ​യി​രു​ന്നു.

മറ്റു ചിലർ ‘ശവസം​സ്‌കാര കൂടി​വ​രവി’നെക്കു​റിച്ച്‌ ഓർക്കു​ന്നു. ആരെങ്കി​ലും മരിച്ചാൽ ആളുകൾ ശവസം​സ്‌കാ​ര​ത്തിൽ പങ്കെടു​ക്കു​ന്നത്‌ ഒരാചാ​ര​മാ​യി​രു​ന്നു. ശവത്തിന്‌ കാവലി​രിപ്പ്‌, ചെണ്ട​കൊ​ട്ടൽ, നൃത്തം ചവിട്ടൽ, ഗാനാ​ലാ​പനം, ക്രീ​യോൾ കഥകൾ പറയൽ എന്നിവ​യൊ​ക്കെ അടങ്ങുന്ന വളരെ ശബ്ദായ​മാ​ന​മായ ഒരു പരിപാ​ടി​യാ​യി​രു​ന്നു അത്‌. മരിച്ച​യാ​ളു​ടെ ആത്മാവ്‌ ആ വീട്ടിൽ അലഞ്ഞു​ന​ട​ക്കാ​തി​രി​ക്കാൻ അതു സഹായി​ക്കു​മെ​ന്നാ​യി​രു​ന്നു ആളുക​ളു​ടെ വിശ്വാ​സം.

ആളുകൾക്ക്‌ ബൈബിൾ വായി​ക്കുന്ന പതിവി​ല്ലാ​യി​രു​ന്നെ​ങ്കി​ലും, അതിനെ പവി​ത്ര​മാ​യി പലരും വീക്ഷി​ച്ചി​രു​ന്നു. വീട്ടി​നു​ള്ളിൽ, അവർ സങ്കീർത്ത​ന​ത്തി​ന്റെ ഒരു പ്രത്യേക ഭാഗം തുറന്ന്‌ അതിനു മുകളിൽ ഒരു ജോഡി കത്രിക വെക്കു​മാ​യി​രു​ന്നു. അത്‌ ദുഷ്ടാ​ത്മാ​ക്ക​ളിൽനിന്ന്‌ ആ വീടിനെ സംരക്ഷി​ക്കു​മെന്ന്‌ അവർ വിശ്വ​സി​ച്ചി​രു​ന്നു.

മന്ത്രവാ​ദി​കൾ കലക്കി​ക്കൊ​ടു​ത്തി​രുന്ന കഷായ​ങ്ങ​ളെ​ക്കു​റി​ച്ചും അവർ മറന്നി​ട്ടില്ല. കാൻബ്വേ എന്ന ക്രീ​യോൾ പദം വന്നിരി​ക്കു​ന്നത്‌ “ട്യാൻ, ബ്വാ!” (“ഇതു കുടി​ച്ചോ​ളൂ!”) എന്ന ഫ്രഞ്ച്‌ പ്രയോ​ഗ​ത്തിൽനി​ന്നാ​ണെന്ന്‌ ചിലർ പറയുന്നു. മന്ത്രവാ​ദി​കൾ തങ്ങളുടെ അടുക്കൽ വരുന്ന​വർക്ക്‌ മിക്ക​പ്പോ​ഴും മാന്ത്രിക കഷായങ്ങൾ കുടി​ക്കാൻ കൊടു​ക്കു​ന്നു​വെന്ന വസ്‌തുത സംബന്ധിച്ച പരാമർശ​മാ​ണിത്‌. വാസ്‌ത​വ​ത്തിൽ, ഈ കഷായ​ങ്ങൾക്കു മാന്ത്രി​ക​ശ​ക്തി​യൊ​ന്നു​മി​ല്ലെ​ങ്കി​ലും അവ കൊടു​ത്താണ്‌ അനേകം മന്ത്രവാ​ദി​ക​ളും സമ്പന്നരാ​കു​ന്നത്‌. സത്യാ​രാ​ധന സ്വീക​രി​ക്കുക എന്നതി​നർഥം അത്തരം എല്ലാ അന്ധവി​ശ്വാ​സ​ങ്ങ​ളിൽനി​ന്നും സ്വത​ന്ത്ര​രാ​കു​ക​യെ​ന്നാണ്‌.

ദ്വീപി​ന്റെ തെക്കു​ഭാ​ഗ​ത്തി​നു ശ്രദ്ധ കൊടു​ക്കു​ന്നു

ദ്വീപി​ന്റെ തെക്കൻ മുനമ്പി​നു ചുറ്റു​മുള്ള തീരദേശ ഗ്രാമ​ങ്ങ​ളാണ്‌ ലെ മാരാൻ, സാൻറ്‌ ആൻ, ലെ വോക്ലാൻ തുടങ്ങി​യവ. അൽപ്പം ഉള്ളി​ലേക്കു മാറി​യുള്ള പ്രദേ​ശ​മാണ്‌ റിവി​യേർ പിലോട്ട്‌. വെള്ളമണൽ വിരിച്ച കടലോ​ര​ങ്ങ​ളും നീലവർണ പവിഴ​പ്പു​റ്റു​ക​ളോ​ടു​കൂ​ടിയ സമു​ദ്ര​ങ്ങ​ളു​മുള്ള ഒരു ദ്വീപാ​യി സന്ദർശകർ മാർട്ടി​നി​ക്കി​നെ വീക്ഷി​ക്കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നത്‌ ഈ സ്ഥലങ്ങളാണ്‌. ഇവിട​ങ്ങ​ളിൽനിന്ന്‌ യഹോ​വ​യു​ടെ സ്‌തു​തി​പാ​ഠ​ക​രു​മു​ണ്ടാ​യി​ട്ടുണ്ട്‌.

ഇവയിൽ സാക്ഷ്യം ലഭിക്കുന്ന ആദ്യത്തെ ഗ്രാമം റിവി​യേർ പിലോ​ട്ടാണ്‌. അതെങ്ങനെ? ഡോക്ടർ മാഗി പ്ര്യൂ​ഡാൻ ഫ്രാൻസി​ലെ തന്റെ വൈദ്യ​ശാ​സ്‌ത്ര പഠനങ്ങൾ പൂർത്തി​യാ​ക്കി​യ​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. അവർ മാർട്ടി​നി​ക്കി​ലേക്കു മടങ്ങു​ന്ന​തി​നു മുമ്പ്‌, മനുഷ്യ​വർഗത്തെ സംബന്ധിച്ച ദൈവ​ത്തി​ന്റെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യു​ടെ സാക്ഷികൾ അവരോ​ടു സംസാ​രി​ച്ചി​രു​ന്നു. അങ്ങനെ, മാർട്ടി​നി​ക്കി​ലെ​ത്തി​യ​പ്പോൾ അവർ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെട്ടു. സേറ നൊളാണ്‌ അവർക്കു ബൈബി​ള​ധ്യ​യ​ന​മെ​ടു​ത്തത്‌. 1959-ൽ അവർ സ്‌നാ​പ​ന​മേറ്റു. വൈദ്യ​സം​ബ​ന്ധ​മായ ജോലി​യിൽ പ്ര്യൂ​ഡാൻ സഹോ​ദരി അനേക​മാ​ളു​ക​ളു​മാ​യി, ചുറ്റു​മുള്ള ഗ്രാമ​ങ്ങ​ളി​ലെ ആളുക​ളു​മാ​യും, സമ്പർക്ക​ത്തിൽ വന്നു. ദൈവ​വ​ച​ന​ത്തിൽനിന്ന്‌ താൻ പഠിച്ച സത്യങ്ങൾ അവർ ആ ആളുക​ളു​മാ​യി പങ്കു​വെച്ചു.

സാക്ഷ്യം കൊടു​ക്കു​ന്ന​തിന്‌ ഫൊർദെ​ഫ്രാൻസി​ലെ പ്രസാ​ധ​ക​രും അവി​ടേക്കു വരുമാ​യി​രു​ന്നു. അക്കാല​ങ്ങ​ളിൽ അപൂർവം സാക്ഷി​കൾക്കേ കാറു​ണ്ടാ​യി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ അവർ ഒരു “വീപ്പ” (ചെറിയ ബസ്‌) വാടക​യ്‌ക്കെ​ടു​ക്കു​മാ​യി​രു​ന്നു. അതിന്റെ ആകൃതി ഒരു എണ്ണവീ​പ്പ​യു​ടേ​തു​പോ​ലെ ആയിരു​ന്ന​തു​കൊ​ണ്ടാണ്‌ അതിന​ങ്ങനെ പേരി​ട്ടത്‌. ഗ്രാമ​ത്തി​ലുള്ള ആളുക​ളോ​ടു സാക്ഷീ​ക​രി​ച്ചു​കൊ​ണ്ടാണ്‌ അവർ തങ്ങളുടെ മുഴു​ദിന യാത്രകൾ ആരംഭി​ച്ചത്‌. അതിനു​ശേഷം, മലഞ്ചെ​രു​വു​ക​ളിൽ താമസി​ക്കു​ന്ന​വ​രു​ടെ അടു​ത്തേക്ക്‌ അവർ പോയി. ആ ദിവസത്തെ പരിപാ​ടി​കൾ അവസാ​നി​ച്ചി​രു​ന്നത്‌ ഒരു മാഞ്ചു​വ​ട്ടിൽവെച്ച്‌ നടത്തി​യി​രുന്ന വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തോ​ടെ​യാ​യി​രു​ന്നു.

പിന്നീട്‌, ആ പ്രദേ​ശ​ത്തേക്ക്‌ പ്രത്യേക പയനി​യർമാ​രെ അയച്ചു. അക്കൂട്ട​ത്തിൽ 70-വയസ്സു​കാ​രി​യായ മാരി ദേമാ​യു​മു​ണ്ടാ​യി​രു​ന്നു. അവരുടെ മാതൃ​ദേശം ഫ്രാൻസാ​യി​രു​ന്നു. അവരുടെ ധീരത​യും നർമ​ബോ​ധ​വും യുവജ​ന​ങ്ങൾക്ക്‌ അനുക​രി​ക്കാൻ നല്ലൊരു മാതൃ​ക​യാ​യി​രു​ന്നു. 1963-ൽ പ്രത്യേക പയനി​യർമാ​രായ സേഫോ​രേ മാർട്ടി​നോ​ണും ജോർജെറ്റ്‌ ഷാളും അവിടെ ഉണ്ടായി​രുന്ന ഏതാനും പ്രസാ​ധ​കരെ സഹായി​ക്കാ​നെത്തി. എന്നിരു​ന്നാ​ലും, സമീപ ഗ്രാമ​ങ്ങ​ളായ ലെ വോക്ലാൻ, ലെ മാരാൻ, സാൻറ്‌ ആൻ എന്നിവി​ട​ങ്ങ​ളി​ലെ പ്രത്യേക പയനി​യർമാർക്ക്‌ 1970-കളോടെ മാത്രമേ തങ്ങളുടെ കഠിനാ​ധ്വാ​ന​ത്തി​ന്റെ ഫലങ്ങൾ കൊയ്യാ​നാ​യു​ള്ളൂ, അതും വർഷങ്ങ​ളോ​ളം നടുക​യും നനയ്‌ക്കു​ക​യും ചെയ്‌ത​തി​നു ശേഷം. ആ പയനി​യർമാ​രു​ടെ കൂട്ടത്തിൽ ലെ വോക്ലാ​നി​ലെ സ്റ്റേഫാനി വിക്ടറും മോണിക്ക്‌ കൂട്ടി​നാ​രും ഭാര്യ യൂഷി​നി​യും ഉണ്ടായി​രു​ന്നു. വലിയ ശസ്‌ത്ര​ക്രി​യ​യ്‌ക്കു ശേഷം ശാരീ​രി​ക​മാ​യി അപ്രാ​പ്‌ത​യാ​യി കഴിഞ്ഞ യൂഷിനി കാട്ടിയ ധൈര്യം ശ്രദ്ധേ​യ​മാണ്‌. അവർക്ക്‌ നടക്കാൻ ക്രച്ചസ്‌ ഉപയോ​ഗി​ക്കേ​ണ്ടി​വന്നു. സംസാ​രി​ക്കാ​നാ​ണെ​ങ്കി​ലോ വളരെ പ്രയാ​സ​വും. എങ്കിലും, അവർ ഒരു നിരന്ത​ര​പ​യ​നി​യ​റാ​യി പ്രവർത്തനം തുടർന്നു.

1966-ൽ ആൻ-മാരി ബിർബ, ആർലെറ്റ്‌ ഷിരോൻദാൻ എന്നീ രണ്ടു പ്രത്യേക പയനി​യർമാ​രെ റിവി​യേർ പിലോ​ട്ടി​ലേക്ക്‌ അയച്ചു. രണ്ടു വർഷത്തി​നു​ള്ളിൽ അവിടെ ഒരു സഭയു​ണ്ടാ​യി. 1970-ൽ വേറേ രണ്ടു പേരെ—ഏലെൻ പേറാ​സി​യെ​യും തേരെസ്‌ പാ​ദ്രേ​യെ​യും—ലെ മാരാ​നി​ലേക്ക്‌ അയച്ചു. 1975 വരെ ഈ പ്രദേ​ശ​ത്തു​ണ്ടാ​യി​രുന്ന ഏതാനും വരുന്ന സഹോ​ദ​ര​ങ്ങൾക്ക്‌ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ റിവി​യേർ പിലോ​ട്ടു​വരെ പോക​ണ​മാ​യി​രു​ന്നു. യഹോവ വേലയെ അനു​ഗ്ര​ഹി​ച്ച​തി​നാൽ 1979-ൽ ലെ മാരാ​നി​ലും 1984-ൽ ലെ വോക്ലാ​നി​ലും 1993-ൽ സാൻറ്‌ ലൂസി​ലും 1997-ൽ സാൻറ്‌ ആനിലും സഭകൾ രൂപീ​ക​രി​ക്ക​പ്പെട്ടു. ഈ ഗ്രാമ​ങ്ങ​ളി​ലെ​ല്ലാ​മുള്ള സഹോ​ദ​രങ്ങൾ മനോ​ഹ​ര​മായ രാജ്യ​ഹാ​ളു​ക​ളിൽ ഇപ്പോൾ കൂടി​വ​രു​ന്നു. മാത്രമല്ല, തഴച്ചു​വ​ള​രുന്ന സഭകൾ ആ പ്രദേ​ശ​ങ്ങ​ളി​ലെ ആളുക​ളു​ടെ ആത്മീയാ​വ​ശ്യ​ങ്ങൾ നിവർത്തി​ക്കു​ക​യും ചെയ്യുന്നു.

വലിയ സമ്മേള​ന​ങ്ങൾക്കുള്ള സ്ഥലങ്ങൾ

സർക്കിട്ട്‌ സമ്മേള​ന​ങ്ങൾക്കും ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾക്കും കൂടുതൽ അനു​യോ​ജ്യ​മായ സ്ഥലങ്ങൾ പെട്ടെ​ന്നു​തന്നെ ആവശ്യ​മാ​യി​വന്നു. അക്കാലത്ത്‌ ലഭ്യമാ​യി​രുന്ന വലിയ ഹാളുകൾ പായൊട്ട്‌ (ഓലമേഞ്ഞ കുടി​ലു​കൾ) എന്നു വിളി​ക്ക​പ്പെ​ട്ടി​രുന്ന നൃത്തശാ​ല​ക​ളാ​യി​രു​ന്നു. മെടഞ്ഞ തെങ്ങോ​ലകൾ ചുറ്റും വെച്ചു​കെ​ട്ടി​യി​രു​ന്ന​തി​നാ​ലാണ്‌ അവയെ അങ്ങനെ വിളി​ച്ചി​രു​ന്നത്‌. കെർളി​യി​ലെ​യും സെർഷ്‌ രൂഷി​ലെ​യും നൃത്തശാ​ലകൾ പഴമക്കാർ ഓർക്കു​ന്നു. അവി​ടെ​യാ​യി​രു​ന്നു വർഷങ്ങ​ളോ​ളം നമ്മുടെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾ നടത്തി​യി​രു​ന്നത്‌. കാലം കടന്നു​പോ​യ​പ്പോൾ അത്തരത്തി​ലുള്ള ഹാളുകൾ മതിയാ​കാ​തെ​വന്നു.

എടുത്തു​മാ​റ്റാ​വുന്ന ഒരു ഇരുമ്പു​ച​ട്ട​ക്കൂട്‌ നമ്മുടെ സഹോ​ദ​രങ്ങൾ ഉണ്ടാക്കി. അതുള്ള​തു​കൊണ്ട്‌ ദ്വീപി​ന്റെ നാനാ ഭാഗങ്ങ​ളി​ലും സമ്മേള​നങ്ങൾ നടത്താൻ കഴിയു​മാ​യി​രു​ന്നു. ഓരോ ഗ്രാമ​ത്തി​ലും ഫുട്‌ബോൾ കോർട്ടു​ണ്ടാ​യി​രു​ന്നു. സർക്കിട്ട്‌ സമ്മേള​ന​ങ്ങൾക്കുള്ള സമയമാ​കു​മ്പോൾ ഞങ്ങൾ ദ്വീപി​ലെ പല കളിസ്ഥ​ല​ങ്ങ​ളി​ലാ​യി സഞ്ചരി​ക്കുന്ന ഈ സമ്മേള​ന​ഹാൾ സജ്ജീക​രി​ക്കു​മാ​യി​രു​ന്നു. വർഷങ്ങ​ളോ​ളം ഈ രീതി തുടർന്നു. അത്‌ എത്ര നല്ലൊരു സാക്ഷ്യ​മാ​യി​രു​ന്നു! ആ സമ്മേള​നങ്ങൾ നടന്ന ഗ്രാമ​ങ്ങ​ളി​ലെ സാക്ഷി​കൾക്ക്‌ അതെത്ര പ്രോ​ത്സാ​ഹ​ജ​ന​ക​മാ​യി​രു​ന്നു!

ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾക്കാ​യി ഫൊർദെ​ഫ്രാൻസി​ലെ ല്വി ആഷി സ്റ്റേഡി​യ​ത്തി​ന്റെ ഇൻഡോർ സ്‌പോർട്‌സ്‌ കോം​പ്ല​ക്‌സ്‌ ഞങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്തി. 1978-ലെ “വിജയ​പ്രദ വിശ്വാസ” സാർവ​ദേ​ശീയ കൺ​വെൻ​ഷൻ ഞങ്ങൾ ഇപ്പോ​ഴും ഓർക്കു​ന്നുണ്ട്‌. അന്ന്‌ ഭരണസം​ഘ​ത്തി​ലെ ഒരംഗ​മായ ജോൺ സി. ബൂത്ത്‌ മുഖ്യ പ്രസം​ഗ​ക​നാ​യി അവിടെ എത്തി. അതൊരു പദവി​യാ​യി ഞങ്ങൾ കണക്കാക്കി. ഒരു പ്രസം​ഗ​ത്തിൽ ബൂത്ത്‌ സഹോ​ദരൻ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “യഹോ​വ​യു​ടെ സ്ഥാപന​ത്തി​ലുള്ള വിശ്വാ​സം നഷ്ടമാ​കാൻ നമുക്കു യാതൊ​രു കാരണ​വു​മില്ല.” എന്നിട്ട്‌ അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “നാം സന്തോ​ഷ​ക​ര​മായ വിജയം നേടു​മ്പോൾ നമ്മുടെ അചഞ്ചല​മായ വിശ്വാ​സ​ത്തി​നു പ്രതി​ഫലം ലഭിക്കും. തന്റെ വിശ്വസ്‌ത ദാസന്മാ​രെ യഹോവ ഒരിക്ക​ലും നിരാ​ശ​പ്പെ​ടു​ത്തു​ക​യില്ല.” സന്നിഹി​ത​രാ​യി​രുന്ന 2,886 പേരെ​യും ആ പരിപാ​ടി ശരിക്കും പ്രോ​ത്സാ​ഹി​പ്പി​ച്ചു.

ബൈബിൾ നാടകങ്ങൾ ശ്രദ്ധയാ​കർഷി​ക്കു​ന്നു

1966-ൽ നടത്തിയ ആദ്യത്തെ ബൈബിൾ നാടകം ഒരു മായാത്ത മുദ്ര പതിപ്പി​ച്ചു. നാടക​ത്തി​ന്റെ ടേപ്പുകൾ പ്രവർത്തി​പ്പി​ക്കു​ന്ന​തിന്‌ കാസെറ്റ്‌ റെക്കോർഡ​റു​ക​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു. പങ്കെടു​ക്കു​ന്നവർ തങ്ങളുടെ ഭാഗങ്ങൾ മനപ്പാ​ഠ​മാ​ക്കി അവതരി​പ്പി​ക്കേ​ണ്ടി​യി​രു​ന്നു. യിരെ​മ്യാ​വി​നെ​ക്കു​റി​ച്ചുള്ള ആ നാടകം രണ്ടു മണിക്കൂ​റോ​ളം നീണ്ടു​നി​ന്നു! നാടക​ത്തിൽ പങ്കെടു​ത്തവർ സംഭാ​ഷ​ണങ്ങൾ മൈക്കി​ലൂ​ടെ നടത്തി​യി​രു​ന്ന​തി​നാൽ അനവധി മൈക്കു​കൾ ഉപയോ​ഗി​ക്കേ​ണ്ടി​വന്നു. അതനു​സ​രിച്ച്‌ കഥാപാ​ത്ര​ങ്ങ​ളു​ടെ ചലനവും പൊരു​ത്ത​പ്പെ​ടു​ത്തേ​ണ്ടി​വന്നു. തന്നെയു​മല്ല, അക്കാലത്ത്‌ മാർട്ടി​നി​ക്കിൽ സാക്ഷി​ക​ളു​ടെ എണ്ണം വളരെ കുറവാ​യി​രു​ന്ന​തി​നാൽ ചിലർക്കു പല ഭാഗങ്ങൾ അഭിന​യി​ക്കേ​ണ്ടി​വന്നു. പ്രതി​നി​ധീ​ക​രി​ക്കുന്ന കഥാപാ​ത്ര​ത്തി​നൊത്ത്‌ രംഗങ്ങൾക്കി​ട​യിൽ അവർ വേഷവി​ധാ​നം മാറ്റേ​ണ്ടി​യി​രു​ന്നു. എത്രയോ ശ്രമം ആവശ്യ​മാ​യി​രു​ന്നു അതിന്‌! എന്നാൽ സദസ്യർ ഉത്സാഹ​ത്തി​മർപ്പി​ലാ​യി​രു​ന്നു.

കൂടാതെ, പ്രത്യേക ശബ്ദസം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ഇടിമു​ഴ​ക്ക​ത്തി​ന്റെ പ്രതീതി ജനിപ്പി​ക്കാൻ വേണ്ടി ഒരു സഹോ​ദരൻ പിൻസ്റ്റേ​ജിൽനിന്ന്‌ മടക്കു​ക​ളുള്ള ഒരു തകരം നിലത്ത​ടി​ക്കു​മാ​യി​രു​ന്നു. മിന്നലി​ന്റെ പ്രതീ​തി​യു​ള​വാ​ക്കാൻ ദീപങ്ങൾ അണയ്‌ക്കു​മ്പോൾ, ഒരു സഹോ​ദരൻ സ്റ്റേജിനു മുകളിൽനിന്ന്‌ ക്യാമ​റ​യു​ടെ ഫ്‌ളാഷ്‌ തെളി​ക്കു​മാ​യി​രു​ന്നു. സാധാരണ ഒരു ദ്വീപിൽ വാർത്തകൾ പരക്കു​ന്നത്‌ വളരെ പെട്ടെ​ന്നാണ്‌. ഞങ്ങൾ നടത്തുന്ന നാടക​ത്തെ​ക്കു​റിച്ച്‌ ആളുകൾ മനസ്സി​ലാ​ക്കി​യ​പ്പോൾ, ഞങ്ങളുടെ റിഹേ​ഴ്‌സ​ലു​കൾ ചിത്രീ​ക​രി​ക്കാൻ ആ പ്രദേ​ശത്തെ ടെലി​വി​ഷൻ കേന്ദ്ര​ത്തിൽനി​ന്നു പ്രതി​നി​ധി​ക​ളെത്തി. അവർ അതു സം​പ്രേ​ക്ഷണം ചെയ്‌തത്‌ സമ്മേള​ന​ങ്ങൾക്കു നല്ല പ്രസിദ്ധി നൽകി.

പൊളി​ച്ചു​മാ​റ്റ​ലും പണിയ​ലും

യഹോ​വ​യു​ടെ വചനത്തി​ലെ സത്യം മാർട്ടി​നി​ക്കിൽ അബദ്ധധാ​ര​ണ​യു​ടെ​യും അന്ധവി​ശ്വാ​സ​ത്തി​ന്റെ​യും അനേകം കോട്ടകൾ പൊളി​ച്ചെ​റി​ഞ്ഞു. യിരെ​മ്യാ​പ്ര​വാ​ച​ക​നെ​പ്പോ​ലെ “നിർമ്മൂ​ല​മാ​ക്കു​വാ​നും പൊളി​പ്പാ​നും നശിപ്പി​പ്പാ​നും ഇടിച്ചു​ക​ള​വാ​നും” മാത്രമല്ല “പണിവാ​നും നടുവാ​നു”മുള്ള നിയോ​ഗം യഹോ​വ​യു​ടെ ദാസന്മാർക്കു ലഭിച്ചി​രി​ക്കു​ന്നു. (യിരെ. 1:10) അതു​കൊണ്ട്‌, യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​വ​ചനം കുറ്റം​വി​ധി​ക്കു​ന്ന​തി​നെ തുറന്നു​കാ​ട്ടാൻ മാത്രമല്ല “സത്യത്തി​ന്റെ ഫലമായ നീതി​യി​ലും വിശു​ദ്ധി​യി​ലും ദൈവാ​നു​രൂ​പ​മാ​യി സൃഷ്ടി​ക്ക​പ്പെട്ട പുതു​മ​നു​ഷ്യ​നെ ധരി”ക്കാൻ എളിയ​വരെ സഹായി​ക്കാ​നും അത്‌ ഉപയോ​ഗി​ക്കു​ന്നു.—എഫെ. 4:24.

ദൈവ​വ​ച​ന​ത്തോട്‌ വിലമ​തി​പ്പോ​ടെ പ്രതി​ക​രി​ച്ച​വ​രു​ടെ എണ്ണം വർധി​ച്ച​തോ​ടെ മറ്റു നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളും അനിവാ​ര്യ​മാ​യി​വന്നു. മാർട്ടി​നി​ക്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എണ്ണം കൂടി​ക്കൊ​ണ്ടി​രു​ന്നു. 1975-ൽ 1,000-മായി​രുന്ന അത്‌ 1984-ൽ 1,500-ഉം 1986-ൽ 2,000-ഉം ആയി വർധിച്ചു. സഭാ​യോ​ഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്ന​വ​രു​ടെ എണ്ണം പൊതു​വേ പ്രസാ​ധ​ക​രു​ടെ എണ്ണത്തിന്റെ ഇരട്ടി​യാണ്‌. വാർഷിക സസ്‌മാ​ര​ക​ത്തിന്‌ വരുന്ന​വ​രു​ടെ എണ്ണമാ​കട്ടെ അതിൽ കൂടു​ത​ലും. യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്ന​വർക്ക്‌ ഇരിക്കാൻ വേണ്ടത്ര സ്ഥലമു​ണ്ടാ​യി​രി​ക്കു​ന്ന​തിന്‌ കൂടുതൽ രാജ്യ​ഹാ​ളു​കൾ ആവശ്യ​മാ​യി​വന്നു. 20 രാജ്യ​ഹാ​ളു​കൾ നിർമി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അവയിൽ ഓരോ​ന്നി​നും 250-നും 300-നും ഇടയിൽ ആളുകൾക്ക്‌ ഇരിക്കാ​നുള്ള സ്ഥലമുണ്ട്‌. ബ്രാഞ്ച്‌ ഓഫീ​സിന്‌ അനു​യോ​ജ്യ​മായ സ്ഥലവും വേണ്ടി​യി​രു​ന്നു.

ഒരു സുപ്ര​ധാന പടി

വർഷങ്ങ​ളോ​ളം ഉത്സാഹ​പൂർവം അന്വേ​ഷണം നടത്തി​യ​തി​നു​ശേഷം സഹോ​ദ​രങ്ങൾ ഫൊർദെ​ഫ്രാൻസ്‌ പട്ടണത്തി​ന്റെ മധ്യഭാ​ഗ​ത്തിന്‌ അഭിമു​ഖ​മാ​യി നിൽക്കുന്ന കുന്നു​ക​ളി​ലൊ​ന്നിൽ സ്ഥലം കണ്ടെത്തി. അവിടെ നിന്നാൽ ഉൾക്കട​ലി​ന്റെ വശ്യമായ ഒരു ദൃശ്യം ലഭിക്കു​മാ​യി​രു​ന്നു. മാർട്ടി​നി​ക്കി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു അസാധാ​ര​ണ​മായ അനുഭ​വ​ത്തി​ന്റെ തുടക്ക​മാ​യി​രു​ന്നു അത്‌.

മുഴു​സ​മ​യം ജോലി ചെയ്യാൻ പറ്റിയ പ്രത്യേക തൊഴിൽ​വൈ​ദ​ഗ്‌ധ്യ​മുള്ള പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങ​ളു​ടെ എണ്ണം വളരെ കുറവാ​യി​രു​ന്നു. അതു​കൊണ്ട്‌ യോഗ്യ​ത​യുള്ള സാക്ഷികൾ വിദേ​ശ​ത്തു​നി​ന്നെത്തി സഹായി​ക്കു​ന്ന​തി​നുള്ള ഒരു ക്രമീ​ക​ര​ണ​ത്തി​നു ഭരണസം​ഘം അനുമതി നൽകി. ആദ്യം എത്തി​ച്ചേർന്നത്‌ റോബർട്ട്‌ വൈൻസെ​പ്‌ഫ്‌ളെൻ ആയിരു​ന്നു. 1982 ഫെബ്രു​വ​രി​യിൽ അവിടെ എത്തി​ച്ചേർന്ന അദ്ദേഹം ഫ്രാൻസിൽനി​ന്നുള്ള ഒരു വാസ്‌തു​ശിൽപ്പി​യാ​യി​രു​ന്നു. ഏതാനും ദിവസ​ങ്ങൾക്കു​ശേഷം, നിർമാ​ണ​സ്ഥ​ലത്തെ മേൽനോ​ട്ട​ത്തി​നു വേണ്ടി സിൽവാൻ തേബെർഷ്‌ കാനഡ​യിൽനി​ന്നെത്തി. ഏതാനും ആഴ്‌ച​കൾക്കു​ശേഷം, കാനഡ​യിൽനിന്ന്‌ 20 സഹോ​ദ​ര​ങ്ങ​ളും മാർട്ടി​നി​ക്കിൽനി​ന്നുള്ള ഏതാനും സ്വമേ​ധ​യാ​സേ​വ​ക​രും കൂടി​യാ​യ​പ്പോൾ സംഘത്തി​ലെ അംഗങ്ങ​ളു​ടെ എണ്ണം പൂർത്തി​യാ​യി. പ്രാ​ദേ​ശിക സഹോ​ദ​രങ്ങൾ ആ നിർമാ​ണ​പ്ര​വർത്ത​ന​ത്തിൽ സഹായി​ച്ചത്‌ കഠിനാ​ധ്വാ​നം ചെയ്‌തു​കൊ​ണ്ടു മാത്രമല്ല, ഓരോ വ്യക്തി​യു​ടെ കഴിവ​നു​സ​രിച്ച്‌ ഉദാര​മായ സംഭാ​വ​നകൾ നടത്തി​ക്കൊ​ണ്ടു​മാണ്‌. ഇതിനാ​യി ചിലർ തങ്ങളുടെ സ്വർണാ​ഭ​ര​ണ​ങ്ങൾപോ​ലും കൊടു​ത്തു. ആ പദ്ധതി​യോ​ടു ബന്ധപ്പെട്ട്‌ പ്രകട​മാ​ക്കിയ ഉത്സാഹ​വും ഐക്യ​വും സ്‌നേ​ഹ​വും നല്ലൊരു സാക്ഷ്യം നൽകു​ന്ന​തിൽ കലാശി​ച്ചു!

ആ നിർമാ​ണ​പ്ര​വർത്ത​ന​ത്തി​ലേക്കു ശ്രമങ്ങൾ തിരി​ച്ചു​വി​ട്ട​തി​ന്റെ ഫലമായി അക്കാലത്ത്‌ മാർട്ടി​നി​ക്കിൽ സുവാർത്താ​പ്ര​സം​ഗം മന്ദഗതി​യി​ലാ​യോ? വാസ്‌ത​വ​ത്തിൽ, ശ്രദ്ധേ​യ​മായ വർധന​വാണ്‌ ഉണ്ടായത്‌. 1982 മാർച്ചിൽ വയൽശു​ശ്രൂ​ഷ​യിൽ സജീവ​മാ​യി പ്രവർത്തി​ക്കുന്ന 1,267 പ്രസാ​ധകർ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. അവരിൽ 19 പേർ നിരന്ത​ര​പ​യ​നി​യർമാ​രാ​യി​രു​ന്നു. കൂടാതെ 190 പേർ സഹായ പയനി​യർമാ​രു​മാ​യി​രു​ന്നു. 1984-ൽ ബ്രാഞ്ച്‌ നിർമാ​ണം പൂർത്തി​യാ​കാ​റാ​യ​പ്പോൾ പ്രസാ​ധ​ക​രു​ടെ എണ്ണം 1,635 ആയി വർധി​ച്ചി​രു​ന്നു. ഏപ്രി​ലിൽ 491 സഹായ പയനി​യർമാ​രു​മു​ണ്ടാ​യി​രു​ന്നു. യഹോവ ഞങ്ങളുടെ ശ്രമങ്ങളെ അനു​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന​തി​നു തെളി​വാ​യി​രു​ന്നു അത്‌.

എന്നാൽ പുരോ​ഗതി നിലച്ചില്ല. 1984 ആഗസ്റ്റ്‌ 22-ന്‌ നടന്ന സമർപ്പണ പരിപാ​ടി​യിൽ ഭരണസം​ഘ​ത്തി​ലെ അംഗമായ ജോൺ ബാർ “യഹോ​വ​യു​ടെ സ്ഥാപന​ത്തോ​ടൊ​പ്പം മുന്നേറൽ” എന്ന വിഷയത്തെ ആസ്‌പ​ദ​മാ​ക്കി പ്രസം​ഗി​ച്ചു. “വർധന​വി​നെ നേരി​ടാ​നും യഹോ​വ​യു​ടെ ആടുകൾക്കു മെച്ചമായ സേവനം നൽകാ​നു​മുള്ള വിശി​ഷ്ട​മായ ഒരു ഉപകരണ”മാണ്‌ നാലു​നി​ല​യുള്ള പുതിയ ബ്രാഞ്ച്‌ ഓഫീ​സും ബെഥേൽ ഭവനവു​മെന്ന്‌ അദ്ദേഹം വിവരി​ച്ചു. പരിപാ​ടി കേട്ടു​കൊ​ണ്ടി​രുന്ന സാർവ​ദേ​ശീയ സദസ്സിൽ, ഏതാണ്ട്‌ 34 വർഷം മുമ്പ്‌ ആ രാജ്യ​ത്തു​നിന്ന്‌ പുറത്താ​ക്ക​പ്പെട്ട നാലു മിഷന​റി​മാ​രു​മു​ണ്ടാ​യി​രു​ന്നു. ആ കൊച്ചു കരീബി​യൻ ദ്വീപി​ലെ തന്റെ ദാസന്മാ​രെ യഹോവ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​തി​ന്റെ തെളിവു കണ്ടതിൽ അവർ സന്തോ​ഷി​ച്ചു.

ആത്മീയ പുരു​ഷ​ന്മാ​രിൽനിന്ന്‌ വിലപ്പെട്ട സഹായം

തീർച്ച​യാ​യും, നൽകപ്പെട്ട സഹായ​ത്തിൽ കെട്ടി​ട​ങ്ങ​ളെ​ക്കാ​ള​ധി​കം ഉൾപ്പെ​ട്ടി​രു​ന്നു. സ്‌നേ​ഹ​പു​ര​സ്സ​ര​മായ മേൽനോ​ട്ട​വും ലഭിക്കു​ക​യു​ണ്ടാ​യി. 1977 വരെ അനേക വർഷങ്ങ​ളോ​ളം മാർട്ടി​നി​ക്കി​ലെ പ്രസം​ഗ​പ്ര​വർത്തനം ഗ്വാഡ​ലൂപ്പ്‌ ബ്രാഞ്ചി​ന്റെ മേൽനോ​ട്ട​ത്തിൻകീ​ഴി​ലാ​യി​രു​ന്നു. അക്കാല​ങ്ങ​ളിൽ ആ സഹോ​ദ​ര​ദ്വീ​പിൽനിന്ന്‌ ആത്മീയ ഇടയന്മാ​രായ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രെ അയയ്‌ക്കു​ക​യു​ണ്ടാ​യി. പിയെർ യാങ്കി, നിക്കോ​ളേ ബ്രിസാർ എന്നിവരെ പ്രായ​മു​ള്ളവർ ഓർക്കു​ന്നുണ്ട്‌. പിന്നീട്‌, 1963 മുതൽ ആർമാൻ ഫൗസ്റ്റി​നി​യാണ്‌ അവി​ടെ​യുള്ള സഭകൾ പതിവാ​യി സന്ദർശി​ച്ചത്‌.

അവർക്കു​ശേ​ഷം വ്യത്യസ്‌ത അഭിരു​ചി​ക​ളും വ്യക്തി​ത്വ​ങ്ങ​ളു​മുള്ള സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ സഭകളെ ആത്മീയ​മാ​യി കെട്ടു​പണി ചെയ്യു​ന്ന​തിൽ വളരെ​യ​ധി​കം പങ്കുവ​ഹി​ച്ചു. ഗ്‌സാ​വി​യെ നൊൾ പല വർഷങ്ങ​ളോ​ളം ആ സേവന​ത്തിൽ പങ്കുപറ്റി. കൂടാതെ, ഷാൻ-പിയെർ വിയെ​സെ​ക്കും ഭാര്യ ഷാനി​നു​മു​ണ്ടാ​യി​രു​ന്നു. ഡാവിഡ്‌ മോ​റൊ​യും ഭാര്യ മാരി​ലാ​നും ഇവി​ടെ​യും ഫ്രഞ്ച്‌ ഗയാന​യി​ലു​മുള്ള സഭകൾ സന്ദർശി​ച്ചു. അന്ന്‌ അവിടം മാർട്ടി​നിക്ക്‌ ബ്രാഞ്ചി​ന്റെ മേൽനോ​ട്ട​ത്തിൻ കീഴി​ലാ​യി​രു​ന്നു. ഫ്രഞ്ച്‌ ഗയാന​യിൽ ബ്രാഞ്ച്‌ സ്ഥാപി​ച്ച​പ്പോൾ മാർട്ടി​നിക്ക്‌ ബ്രാഞ്ചിൽ പരിശീ​ലനം നേടിയ മോറൊ സഹോ​ദ​രനെ ഫ്രഞ്ച്‌ ഗയാന​യി​ലെ ബ്രാഞ്ച്‌ കമ്മിറ്റി​യു​ടെ കോ-ഓർഡി​നേ​റ്റ​റാ​യി നിയമി​ച്ചു. മാർട്ടി​നി​ക്കിൽ സർക്കിട്ട്‌ വേല ചെയ്യാൻ നിയമനം ലഭിച്ച​പ്പോൾ ക്ലോഡ്‌ ലാവി​ന്യ​യും ഭാര്യ റോസ്‌ മാരി​യും ഫ്രഞ്ച്‌ ഗയാന​യി​ലെ കൂരൂ​യിൽ മിഷന​റി​മാ​രാ​യി സേവി​ക്കു​ക​യാ​യി​രു​ന്നു. ഇപ്പോൾ അവർ ഗിനി റിപ്പബ്ലി​ക്കിൽ മിഷന​റി​മാ​രാ​യി സേവന​മ​നു​ഷ്‌ഠി​ക്കു​ന്നു. മറ്റു ചിലരും കുറെ കാല​ത്തേക്കു സർക്കിട്ട്‌ വേലയിൽ സേവന​മ​നു​ഷ്‌ഠി​ച്ചു. എന്നാൽ അവരെ​യെ​ല്ലാം തങ്ങളുടെ കഠിനാ​ധ്വാ​ന​വും വിശ്വ​സ്‌ത​ത​യും നിമിത്തം സഹോ​ദ​രങ്ങൾ പ്രിയ​ത്തോ​ടെ ഓർക്കാ​റുണ്ട്‌. വിവാഹം കഴിച്ച​വരെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, ഭാര്യ​മാർ അവർക്ക്‌ ഉത്തമ സ്‌നേ​ഹി​ത​രാ​യി​രു​ന്നു​വെന്നു മാത്രമല്ല സഭകളി​ലെ സഹോ​ദ​രി​മാർക്ക്‌ നല്ല മാതൃ​ക​യു​മാ​യി​രു​ന്നു. ഇപ്പോൾ ആലാൻ കാസ്റ്റിൽനോ​യും മോയിസ്‌ ബെലേ​യും ഭാര്യ​മാ​രോ​ടൊ​പ്പം രണ്ടു സർക്കി​ട്ടു​ക​ളി​ലെ​യും സഭകൾ സന്ദർശി​ക്കു​ന്നു. ഓരോ സഭയി​ലും ശരാശരി അഞ്ച്‌ മൂപ്പന്മാ​രും ഏഴു ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും വീതമുണ്ട്‌.

മാർട്ടി​നിക്ക്‌ ഒരു കൊച്ചു​ദ്വീ​പാ​ണെ​ങ്കി​ലും, ഭരണസം​ഘ​ത്തി​ലെ അംഗങ്ങൾ ഇവി​ടെ​യുള്ള യഹോ​വ​യു​ടെ ദാസന്മാർക്ക്‌ സ്‌നേ​ഹ​പു​ര​സ്സ​ര​മായ മേൽനോ​ട്ടം നൽകി​യി​രി​ക്കു​ന്നു. യൂവർട്ട്‌ സി. ചിറ്റി, ഡാനി​യേൽ സിഡ്‌ലിക്ക്‌, കാൾ ക്ലൈൻ, വില്യം കെ. ജാക്‌സൺ, ലോയ്‌ഡ്‌ ബാരി, മിൽട്ടൺ ഹെൻഷൽ എന്നിവ​രും മറ്റു ചില മേഖലാ​മേൽവി​ചാ​ര​ക​ന്മാ​രും ഇവിടം സന്ദർശി​ച്ചി​ട്ടുണ്ട്‌. ഇവിടത്തെ ബെഥേൽ ഭവനത്തിൽ താമസിച്ച്‌ ജോലി ചെയ്യുന്ന 12 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രും അതു​പോ​ലെ​തന്നെ മാർട്ടി​നി​ക്കി​ലുള്ള ശേഷം യഹോ​വ​യു​ടെ സാക്ഷി​ക​ളും ആ സന്ദർശ​നങ്ങൾ അത്യധി​കം വിലമ​തി​ക്കു​ന്നു.

‘യഹോവ താഴ്‌മ​യു​ള്ള​വനെ കടാക്ഷി​ക്കു​ന്നു’

“യഹോവ ഉന്നത​നെ​ങ്കി​ലും താഴ്‌മ​യു​ള്ള​വനെ കടാക്ഷി​ക്കു​ന്നു”വെന്ന്‌ സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ എഴുതി. (സങ്കീ. 138:6) ‘ദൈവം താഴ്‌മ​യു​ള്ള​വർക്കു കൃപ നല്‌കു​ന്നു’വെന്നു ശിഷ്യ​നായ യാക്കോബ്‌ കൂട്ടി​ച്ചേർത്തു. (യാക്കോ. 4:6) യഹോവ മാർട്ടി​നി​ക്കിൽ തന്നി​ലേക്ക്‌ ആകർഷി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ ഇടയിൽ അതിന്റെ ധാരാളം തെളി​വുണ്ട്‌.

ഫൊർദെ​ഫ്രാൻസിൽ താമസി​ച്ചി​രുന്ന ക്രിസ്റ്റ്യാൻ ബെലേ​യും ഭാര്യ ലൊ​റെ​റ്റും അത്തരം കൃപയ്‌ക്കു പാത്രീ​ഭൂ​ത​രാ​യി. മാർട്ടി​നി​ക്കി​ലെ അനേകം മതങ്ങൾ അവരെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രു​ന്നു. ദൈവം അതിൽ ഏതി​നെ​യാണ്‌ അംഗീ​ക​രി​ക്കു​ന്നത്‌? ക്രിസ്റ്റ്യാൻ ബെലേ വെളി​പ്പാ​ടു 22:18, 19 വായി​ച്ച​പ്പോൾ ആ ചോദ്യ​ത്തി​നുള്ള ഉത്തരം കണ്ടെത്തി​യ​താ​യി അദ്ദേഹ​ത്തി​നു തോന്നി. ദൈവ​വ​ച​ന​ത്തോ​ടു കൂട്ടി​ച്ചേർക്കാ​ത്ത​തും അതിൽനി​ന്നു നീക്കം ചെയ്യാ​ത്ത​തു​മായ മതം ഏതാണ്‌? വസ്‌തു​തകൾ പരി​ശോ​ധി​ച്ച​ശേഷം അത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്ന്‌ അദ്ദേഹ​ത്തി​നു ബോധ്യ​മാ​യി. അതേ തത്ത്വം—ദൈവ​വ​ച​ന​ത്തോട്‌ കൂട്ടി​ച്ചേർക്കാ​നോ അവഗണി​ച്ചു​കൊണ്ട്‌ അല്ലെങ്കിൽ തള്ളിക്ക​ള​ഞ്ഞു​കൊണ്ട്‌ അതിന്റെ ഒരു ഭാഗവും എടുത്തു​ക​ള​യാ​നോ പാടി​ല്ലെന്ന തത്ത്വം—തന്റെ ജീവി​ത​ത്തി​ലും ബാധക​മാ​ക്കേ​ണ്ട​തു​ണ്ടെന്ന്‌ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. അന്നുവരെ അദ്ദേഹം നിയമ​പ​ര​മായ വിവാഹം കൂടാതെ ഒരു സ്‌ത്രീ​യോ​ടൊത്ത്‌ കഴിയു​ക​യാ​യി​രു​ന്നു. എന്നാൽ 1956-ൽ അദ്ദേഹം ലൊ​റെ​റ്റു​മാ​യുള്ള തന്റെ ബന്ധം നിയമ​സാ​ധു​ത​യു​ള്ള​താ​ക്കി. ആ സന്ദർഭ​ത്തിൽ നടത്തിയ പ്രസം​ഗ​മാ​യി​രു​ന്നു മാർട്ടി​നി​ക്കിൽ ഒരു സാക്ഷി നടത്തുന്ന ആദ്യത്തെ വിവാ​ഹ​പ്ര​സം​ഗം. പിറ്റേ വർഷം ഫൊർദെ​ഫ്രാൻസി​ലെ മാദാം നദിയിൽ അവർ സ്‌നാ​പ​ന​മേറ്റു. അദ്ദേഹ​ത്തി​ന്റെ സഹോ​ദരൻ ലേയൊ​ണും മാതാ​പി​താ​ക്ക​ളും ലൊ​റെ​റ്റി​ന്റെ ആങ്ങള ആലക്‌സാൻ​ഡ്രെ​യും സത്യം സ്വീക​രി​ച്ചു. ക്രിസ്റ്റ്യാ​നി​ന്റെ​യും ലൊ​റെ​റ്റി​ന്റെ​യും പുത്ര​ന്മാ​രിൽ ഒരുവ​നായ മോയിസ്‌ ബെലേ ഇപ്പോൾ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ന്നു. യഹോ​വ​യിൽനിന്ന്‌ എത്രമാ​ത്രം അനർഹ​ദ​യ​യാണ്‌ ആ കുടും​ബം അനുഭ​വി​ച്ചി​രി​ക്കു​ന്നത്‌!

യഹോ​വ​യു​ടെ ദാസന്മാ​രോ​ടു കാണി​ക്കുന്ന കൊച്ചു ദയാ​പ്ര​വൃ​ത്തി​ക​ളാ​യി​രി​ക്കാം ദയാത​ത്‌പ​ര​നായ ഒരുവന്‌ അനു​ഗ്ര​ഹ​ത്തി​ന്റെ മാർഗം തുറന്നു​കൊ​ടു​ക്കു​ന്നത്‌. (മത്താ. 10:42) ഫൊർദെ​ഫ്രാൻസിൽ ഒരു ആഭരണ​പ്പ​ണി​ക്ക​ട​യു​ണ്ടാ​യി​രുന്ന ഏണസ്റ്റ്‌ ലാസ്യൂ​സി​ന്റെ കാര്യ​ത്തിൽ അതു സത്യമാ​യി​രു​ന്നു. അദ്ദേഹം പതിവാ​യി ഉണരുക! മാസിക സ്വീക​രി​ച്ചി​രു​ന്നു. വ്യക്തി​പ​ര​മാ​യി അയാൾക്ക്‌ അതിൽ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടല്ല, മറിച്ച്‌ ഒരു ദയാ​പ്ര​വൃ​ത്തി​യെന്ന നിലയിൽ മാത്രം. സമാധാ​ന​പ്ര​ഭു​വായ യേശു​ക്രി​സ്‌തു​വി​നു മാത്രമേ ഭൂമി​യിൽ നിലനിൽക്കുന്ന നീതി കൊണ്ടു​വ​രാൻ സാധി​ക്കു​ക​യു​ള്ളു​വെന്ന്‌ അദ്ദേഹ​ത്തി​നു മാസി​കകൾ എത്തിച്ചു​കൊ​ടുത്ത സാക്ഷി ഒരിക്കൽ വിശദീ​ക​രി​ച്ചു. ഏണസ്റ്റ്‌ ലാസ്യൂസ്‌ ആഗ്രഹി​ച്ച​തും അതുത​ന്നെ​യാ​യി​രു​ന്നു. സാക്ഷി തന്റെ വീട്ടിൽ സന്ദർശനം നടത്താൻ അദ്ദേഹം സമ്മതിച്ചു. അങ്ങനെ ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു. അദ്ദേഹം പറയുന്നു, “എന്റെ ആഗ്രഹ​ങ്ങ​ളെ​ല്ലാം സഫലമാ​യി. എന്റെ മക്കളിൽ മിക്കവ​രും സത്യത്തി​ലാണ്‌; എന്റെ ഒരു മകൾ പയനി​യ​റിങ്‌ ചെയ്യുന്നു. പയനി​യ​റായ ഒരു മകൻ ഒരു മൂപ്പനു​മാണ്‌. മൂത്ത ഒരു മകൻ മാർട്ടി​നി​ക്കി​ലെ ബെഥേൽ കുടും​ബാം​ഗ​മാണ്‌.”

യഹോ​വയെ സേവി​ക്കാൻ ദൃഢചി​ത്തർ

ചെറു​പ്പ​ക്കാർ യഹോ​വ​യി​ലേക്കു തിരി​യു​ന്ന​തും അവന്റെ സ്‌നേ​ഹ​പൂർവ​ക​മായ മാർഗ​നിർദേ​ശ​ത്തോട്‌ വിലമ​തി​പ്പു പ്രകട​മാ​ക്കു​ന്ന​തും കാണു​ന്നത്‌ പ്രോ​ത്സാ​ഹ​ജ​ന​ക​മായ ഒരു സംഗതി​യാണ്‌. ലോക​ത്തിൽ നല്ല മാർഗ​നിർദേ​ശ​ത്തി​ന്റെ അഭാവ​മു​ള്ള​തി​നാൽ അവരിൽ പലരും ആകുല​ചി​ത്ത​രാ​യി​രു​ന്നു. എന്നാൽ ജീവി​ത​ത്തി​ന്റെ യഥാർഥ ഉദ്ദേശ്യം മനസ്സി​ലാ​ക്കാൻ ദൈവ​വ​ചനം അവരെ സഹായി​ക്കു​ക​യാണ്‌. (സഭാ. 12:13) ബൈബി​ളിൽ അടങ്ങി​യി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ മനസ്സി​ലാ​ക്കു​മ്പോൾ യെശയ്യാ​വു 30:21-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ബുദ്ധ്യു​പ​ദേശം ചെവി​ക്കൊ​ള്ളു​ന്ന​തിൽനി​ന്നാണ്‌ യഥാർഥ പ്രയോ​ജനം ലഭിക്കു​ന്ന​തെന്ന്‌ അവർ തിരി​ച്ച​റി​യു​ന്നു. “വഴി ഇതാകു​ന്നു, ഇതിൽ നടന്നു​കൊൾവിൻ എന്നൊരു വാക്കു പിറകിൽനി​ന്നു കേൾക്കും” എന്നതാണ്‌ ആ ബുദ്ധ്യു​പ​ദേശം.

അവരിൽ ഒരാളാ​യി​രു​ന്നു ക്ലോദ്യ എന്ന പത്തു വയസ്സു​കാ​രി. തന്റെ വീട്ടിൽ വന്ന ഒരു സാക്ഷി​യോട്‌ അവൾ നിരവധി ചോദ്യ​ങ്ങൾ ചോദി​ച്ചു. അവളുടെ പിതാ​വി​ന്റെ രോഗം നിമിത്തം മാതാ​വു​മാ​യുള്ള അധ്യയനം ക്രമമാ​യി നടന്നില്ല. എങ്കിലും, ആ പെൺകു​ട്ടി ബൈബിൾ തുടർന്ന്‌ പഠിക്കു​ക​യും അതിലെ ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കു​ക​യും ചെയ്‌തു. അവൾ തന്റെ വേദപാ​ഠ​പ്പു​സ്‌ത​ക​വും കുർബാ​ന​പ്പു​സ്‌ത​ക​വും കത്തിച്ചു​ക​ളഞ്ഞു. കൂടാതെ, മതപര​മായ ബിംബ​ങ്ങ​ളെ​ല്ലാം നശിപ്പി​ക്കു​ക​യും ചെയ്‌തു. പിതാവു മരിച്ച​പ്പോൾ കറുത്ത വിലാ​പ​വ​സ്‌ത്രങ്ങൾ ധരിക്കാൻ അവൾ കൂട്ടാ​ക്കി​യില്ല. തന്റെ പിതാ​വി​ന്റെ ആത്മാവി​നു വേണ്ടി പ്രാർഥി​ക്കാ​നാ​ഗ്ര​ഹി​ച്ച​വർക്ക്‌ അവൾ സാക്ഷ്യം കൊടു​ത്തു. നയമാന്റെ ഭാര്യ​യു​ടെ ദാസി​യാ​യി​രുന്ന ഇസ്രാ​യേല്യ പെൺകു​ട്ടി​യു​ടേ​തു​പോ​ലത്തെ മനോ​ഭാ​വം പ്രകട​മാ​ക്കിയ അവൾ സഭാ​യോ​ഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ തന്റെ മാതാ​വി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (2 രാജാ. 5:2-4) രാജ്യ​ഹാ​ളി​ലെ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ സ്‌കൂ​ളിൽ അവൾ പേർ ചാർത്തി. താമസി​യാ​തെ അവൾ സേവന​ത്തിൽ പങ്കെടു​ക്കാൻ തുടങ്ങി. തന്റെ മാതാ​വി​നോ​ടൊ​പ്പം 1985-ൽ 12-ാമത്തെ വയസ്സിൽ അവൾ സ്‌നാ​പ​ന​മേറ്റു. തന്റെ ആത്മീയ പുരോ​ഗ​തിക്ക്‌ മകൾ വലി​യൊ​രു പങ്കു വഹിച്ച​താ​യി ആ മാതാവു തുറന്നു സമ്മതി​ക്കു​ന്നു.

ചില യുവജ​നങ്ങൾ സ്‌കൂ​ളിൽവെച്ച്‌ സാക്ഷ്യം നൽകു​ന്ന​തി​നുള്ള അവസരങ്ങൾ നിർഭയം പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു. മാർട്ടി​നി​ക്കി​ലുള്ള വ്യത്യസ്‌ത മതങ്ങ​ളെ​ക്കു​റിച്ച്‌ ഗവേഷണം നടത്താൻ ലെ ഫ്രാൻസ്വേ​യി​ലുള്ള ഒരു ഫ്രഞ്ച്‌ അധ്യാ​പിക തന്റെ വിദ്യാർഥി​ക​ളോട്‌ ആവശ്യ​പ്പെട്ടു. അന്ന്‌ 18 വയസ്സു​ണ്ടാ​യി​രുന്ന റോസ്‌ലെ​നും അവളുടെ സഹപാ​ഠി​ക്കും അപ്പോൾ നല്ലൊരു സാക്ഷ്യം നൽകു​ന്ന​തിന്‌ അവസരം ലഭിച്ചു. ദൈവ​ത്തി​നു​വേ​ണ്ടി​യുള്ള മനുഷ്യ​വർഗ​ത്തി​ന്റെ അന്വേ​ഷണം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം അവർ ശരിക്കും ഉപയോ​ഗ​പ്പെ​ടു​ത്തി. അവർ വിദ്യാർഥി​കൾക്കും അധ്യാ​പി​ക​യ്‌ക്കും കൂടി 20 പുസ്‌ത​കങ്ങൾ സമർപ്പി​ച്ചു.

സ്‌കൂ​ളിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ അങ്ങേയറ്റം വിവാ​ദ​പ​ര​മാ​ണെ​ങ്കി​ലും, യഹോ​വ​യു​ടെ വചനത്തി​ന്റെ ഉന്നത തത്ത്വങ്ങൾ വ്യക്തമാ​ക്കു​ന്ന​തി​നു വേണ്ടി മാർട്ടി​നി​ക്കി​ലുള്ള യുവസാ​ക്ഷി​കൾ തുറന്ന്‌ സംസാ​രി​ച്ചി​രി​ക്കു​ന്നു. മാരി-സ്യൂ​സൊൺ മോൺഷി​നി തന്റെ അനുഭവം വിവരി​ക്കു​ന്നു: “ഒരു ദിവസം ജനപ്പെ​രു​പ്പ​ത്തോ​ടു ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യവേ, ആധുനിക ജനനനി​യ​ന്ത്ര​ണോ​പാ​ധി​ക​ളെ​ക്കു​റിച്ച്‌ അധ്യാ​പകൻ പരാമർശി​ച്ചു. ഗർഭച്ഛി​ദ്രം എന്ന പ്രശ്‌നം ഉയർന്നു​വന്നു. അത്‌ ചൂടു​പി​ടിച്ച വാഗ്വാ​ദ​ത്തി​നു വഴി​തെ​ളി​ച്ചു. പ്രസ്‌തുത വിഷയം സംബന്ധിച്ച്‌ എന്റെ വീക്ഷണം വ്യക്തമാ​ക്കു ന്നതിന്‌ പിറ്റേന്നു കുറെ വിവരങ്ങൾ അവതരി​പ്പി​ക്കാ​നുള്ള അനുമതി തരാ​മോ​യെന്ന്‌ ഞാൻ അധ്യാ​പ​ക​നോ​ടു ചോദി​ച്ചു. അദ്ദേഹം അതു സമ്മതിച്ചു. രണ്ടു മണിക്കൂ​റോ​ളം മുഴു ക്ലാസ്സു​മാ​യി ഞങ്ങൾ ചർച്ചയി​ലേർപ്പെട്ടു.” അതിനുള്ള വിവരങ്ങൾ ശേഖരി​ച്ചത്‌ ഉണരുക! മാസി​ക​യിൽനി​ന്നാ​യി​രു​ന്നു. ഫ്രഞ്ച്‌ ഭാഷയി​ലെ 1980 ആഗസ്റ്റ്‌ 22 ലക്കത്തിൽ വന്ന “ഒരു അജാത ശിശു​വി​ന്റെ ഡയറി”യും അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. ആ ചർച്ചയു​ടെ ഫലം, ക്ലാസ്സി​ലു​ണ്ടാ​യി​രു​ന്ന​വർക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു​ണ്ടാ​യി​രുന്ന മനോ​ഭാ​വം മെച്ച​പ്പെട്ടു എന്നതാണ്‌.

മാർട്ടി​നി​ക്കിൽ യുവജ​നങ്ങൾ വളരെ​യ​ധി​ക​മുണ്ട്‌. ഭൗതിക വസ്‌തു​ക്കൾക്ക്‌ സാധാ​ര​ണ​യി​ല​ധി​കം ഊന്നൽ നൽകുന്ന ഒരു സമ്പദ്‌വ്യ​വസ്ഥ യുവജ​ന​ങ്ങളെ കാര്യ​മാ​യി വശീക​രി​ച്ചി​രി​ക്കു​ന്നു. എന്നാൽ സാക്ഷി​ക​ളായ യുവജ​ന​ങ്ങൾക്ക്‌ ആത്മീയ മൂല്യ​ങ്ങ​ളോ​ടു വിലമ​തിപ്പ്‌ വളർന്നു​വ​ന്നി​രി​ക്കു​ന്നു. യഹോ​വ​യെ​യും അവന്റെ വഴിക​ളെ​യും കുറിച്ച്‌ അറിയാ​നാ​ഗ്ര​ഹി​ക്കുന്ന യുവജ​ന​ങ്ങ​ളെ​ക്കൊണ്ട്‌ മാർട്ടി​നി​ക്കി​ലെ രാജ്യ​ഹാ​ളു​കൾ നിറഞ്ഞി​രി​ക്കു​ന്നതു കാണു​ന്നത്‌ സന്തോ​ഷ​ക​ര​മാണ്‌.

മയക്കു​മ​രു​ന്നി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ മോചനം

മറ്റു ദേശങ്ങ​ളിൽ ഭൗതി​കാ​സക്തി ആത്മീയ മൂല്യ​ങ്ങളെ അടിച്ച​മർത്തി​യി​രി​ക്കു​ന്ന​തു​പോ​ലെ മാർട്ടി​നി​ക്കി​ലെ നിരവധി യുവജ​നങ്ങൾ ക്രാക്കും ആസക്തി​യു​ള​വാ​ക്കുന്ന മറ്റ്‌ മയക്കു​മ​രു​ന്നു​ക​ളും ഉപയോ​ഗി​ച്ചു​കൊണ്ട്‌ തങ്ങളുടെ ആരോ​ഗ്യം നശിപ്പി​ക്കു​ക​യും ജീവിതം താറു​മാ​റാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. എങ്കിലും, നാശക​ര​മായ അത്തരം ശീലങ്ങ​ളിൽനി​ന്നു സത്യ​ക്രി​സ്‌ത്യാ​നി​ത്വം അവരിൽ ചിലരെ വിടു​വി​ച്ചി​രി​ക്കു​ന്നു. ഫൊർദെ​ഫ്രാൻസി​ലെ പൊൾ-ആന്‌റി​യും ദാനി​യെ​ലും മരിജ്വാ​ന അനിയ​ന്ത്രി​ത​മാ​യി ഉപയോ​ഗി​ച്ചി​രുന്ന രാസ്‌താ​ഫ​രി​യൻ സമൂഹ​ത്തി​ലെ അംഗങ്ങ​ളാ​യി​രു​ന്നു. ‘ജാതി​ക​ളു​ടെ രോഗ​ശാ​ന്തി​ക്കു​ത​കുന്ന ഇലക’ളെക്കു​റി​ച്ചു പറയുന്ന അപ്പോ​ക്കാ​ലി​പ്‌സി​നു രാസ്‌താ​ഫ​രി​യ​ന്മാർ സ്വന്തമായ വിശദീ​ക​ര​ണങ്ങൾ കൊടു​ത്തി​രു​ന്നു. എന്നാൽ ബൈബി​ളി​ന്റെ ശേഷിച്ച ഭാഗത്തി​ല​ധി​ക​വും വിശദീ​ക​രി​ക്കാൻ അവർ ശ്രമി​ക്കു​ക​പോ​ലും ചെയ്‌തില്ല. പക്ഷേ, പോൾ-ആന്‌റി​യും ദാനി​യെ​ലും അതു മനസ്സി​ലാ​ക്കാ​നാ​ഗ്ര​ഹി​ച്ചു. യഹോ​വ​യു​ടെ സാക്ഷികൾ അവർക്കു സഹായം വെച്ചു​നീ​ട്ടി.

പോൾ-ആന്‌റി​യും ദാനി​യെ​ലും ഇങ്ങനെ പറയുന്നു: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ ഞങ്ങൾക്കു മടിയാ​യി​രു​ന്നു. ഞങ്ങളുടെ വെറു​പ്പു​ള​വാ​ക്കുന്ന ബാഹ്യ​പ്ര​കൃ​തം​മൂ​ലം നല്ല സ്വാഗ​ത​മൊ​ന്നും കിട്ടില്ല എന്നായി​രു​ന്നു ഞങ്ങളുടെ ഭയപ്പാട്‌.” എന്നാൽ അവിടെ ചെന്ന​പ്പോൾ അവരോ​ടു കാട്ടിയ ദയയും ഊഷ്‌മ​ള​ത​യും രാജ്യ​ഹാ​ളിൽ അവർ കണ്ട ആളുകൾക്കി​ട​യിൽ ഉണ്ടായി​രുന്ന നിഷ്‌ക​പ​ട​ത​യും അവരെ അമ്പരപ്പി​ച്ചു​ക​ളഞ്ഞു. പിറ്റേ ആഴ്‌ച അവർ തലമുടി വെട്ടി. കൂടുതൽ മാന്യ​മായ വസ്‌ത്രങ്ങൾ ധരിക്കാ​നും തുടങ്ങി. കുറച്ചു​കാ​ലം​കൊണ്ട്‌ അവർ പുകവ​ലി​യും നിർത്തി. താമസി​യാ​തെ അവർ മറ്റുള്ള​വ​രു​മാ​യി സുവാർത്ത പങ്കു​വെ​ക്കാൻ തുടങ്ങി.

പോൾ-ആന്‌റി കൂട്ടി​ച്ചേർക്കു​ന്നു: “ഒരിക്കൽ ഞാൻ തെരു​വു​സാ​ക്ഷീ​ക​രണം നടത്തു​ക​യാ​യി​രു​ന്നു. എന്റെ മയക്കു​മ​രു​ന്നു​പ​യോ​ഗം നിമിത്തം എന്നെ നോട്ട​പ്പു​ള്ളി​യാ​ക്കി​യി​രുന്ന ഒരു പൊലീസ്‌ ഇൻസ്‌പെക്ടർ ആശ്ചര്യ​ത്തോ​ടെ വിളി​ച്ചു​പ​റഞ്ഞു: ‘ഗ്രോ​ദേ​സൊർമോ അല്ലേ അത്‌!’ ഞാൻ എന്റെ ബാഗിൽനിന്ന്‌ പുറ​ത്തെ​ടു​ത്തത്‌ മയക്കു​മ​രു​ന്നു​ക​ളാ​യി​രു​ന്നില്ല, പിന്നെ​യോ എന്റെ ബൈബി​ളും മാസി​ക​ക​ളു​മാ​യി​രു​ന്നു. അത്‌ സസന്തോ​ഷം സ്വീക​രിച്ച അദ്ദേഹം എന്നെ അഭിന​ന്ദി​ക്കു​ക​യും ഈ വേലയിൽ തുടരാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. ഞാൻ ചെയ്‌ത​തും അതുതന്നെ. 1984-ൽ ഞാൻ സ്‌നാ​പ​ന​മേറ്റു. 1985-ൽ നിരന്ത​ര​പ​യ​നി​യർമാ​രു​ടെ അണിക​ളിൽ ചേർന്നു. വിവാ​ഹി​ത​നും കുടും​ബ​നാ​ഥ​നു​മായ ഞാൻ ഇന്ന്‌ പ്രാ​ദേ​ശിക സഭയിൽ മൂപ്പനാ​യി സേവി​ക്കു​ന്നു. എന്റെ സ്‌നേ​ഹി​ത​നായ ദാനി​യെ​ലും ബൈബിൾ സത്യത്തിൽ സമാന​മായ പുരോ​ഗതി വരുത്തു​ക​യു​ണ്ടാ​യി.”

ജീവി​ത​പ്ര​ശ്‌ന​ങ്ങൾക്ക്‌ ഉത്തരം തേടു​ന്നതു യുവജ​നങ്ങൾ മാത്രമല്ല. മുതിർന്ന​വ​രു​മുണ്ട്‌. 1995 ഏപ്രി​ലി​നും മേയ്‌ക്കും ഇടയിൽ, പഠിക്കാൻ സന്നദ്ധരാ​യ​വരെ സഹായി​ക്കാ​നുള്ള ഉദ്ദേശ്യ​ത്തിൽ “ജീവിതം ഇത്ര പ്രശ്‌ന​പൂ​രി​ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?” എന്ന ശീർഷ​ക​ത്തി​ലുള്ള രാജ്യ​വാർത്ത​യു​ടെ 2,50,000 പ്രതികൾ വിതരണം ചെയ്യു​ന്ന​തി​നു ബ്രാഞ്ച്‌ ലഭ്യമാ​ക്കി. ദ്വീപി​ലെ ജനസംഖ്യ 3,30,000 മാത്ര​മാ​യി​രു​ന്ന​തി​നാൽ ഓരോ മുതിർന്ന വ്യക്തി​ക്കും യുവജ​ന​ങ്ങ​ളായ അനേകർക്കും ആ സുപ്ര​ധാന സന്ദേശ​ത്തിൽനി​ന്നു പ്രയോ​ജനം നേടാൻ കഴിയു​മെന്ന്‌ അത്‌ അർഥമാ​ക്കി. ഫലപ്ര​ദ​മായ അനേകം ചർച്ചകൾക്ക്‌ അതു വഴി തുറന്നു.

ആ ലഘുലേഖ വായി​ച്ച​ശേഷം ഗ്രാമ​പ്ര​ദേ​ശ​ത്തുള്ള ഒരു സ്‌ത്രീ സൊ​സൈ​റ്റി​യു​ടെ ബ്രാഞ്ചി​ലേക്കു ഫോൺ ചെയ്യാൻ ശ്രമി​ച്ച​തി​നെ​ക്കു​റിച്ച്‌ ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ റിപ്പോർട്ടു ചെയ്‌തു. അവർ തിടു​ക്ക​ത്തിൽ തെറ്റായ നമ്പരാണ്‌ ഡയൽ ചെയ്‌തത്‌. എങ്കിലും അത്‌ ഉപകാ​ര​പ്പെട്ടു. ഫോണ​ടി​ച്ചത്‌ ഫൊർദെ​ഫ്രാൻസി​ലെ ഒരു രാജ്യ​ഹാ​ളി​ലാ​യി​രു​ന്നു. അപ്പോൾ അവിടത്തെ പ്രസാ​ധകർ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നോ​ടൊ​പ്പം സേവന​ത്തി​നു പോകാൻ ഒരുങ്ങു​ക​യാ​യി​രു​ന്നു. ആ സ്‌ത്രീ പറഞ്ഞു: “ദയവായി എത്രയും പെട്ടെന്ന്‌ ഒരു യഹോ​വ​യു​ടെ സാക്ഷിയെ എന്റെ അടു​ത്തേക്ക്‌ വിടുക. എനിക്ക്‌ ബൈബിൾ പഠിക്കാ​നാ​ഗ്ര​ഹ​മുണ്ട്‌.” പിറ്റേ​ന്നു​തന്നെ ആ സ്‌ത്രീക്ക്‌ അവരാ​ഗ്ര​ഹിച്ച സഹായം ലഭിച്ചു.

ഒടുവിൽ സ്വന്തം സമ്മേള​ന​ഹാൾ

ഞങ്ങൾക്കു കൺ​വെൻ​ഷ​നു​കൾ നടത്താ​നുള്ള സ്ഥലം കണ്ടെത്തുക വലിയ ഒരു പ്രശ്‌ന​മാ​യി​ത്തീർന്നു. അവയിൽ സംബന്ധി​ക്കു​ന്ന​വ​രു​ടെ എണ്ണം കൂടി​ക്കൊ​ണ്ടി​രു​ന്നു. തന്നെയു​മല്ല, കൺ​വെൻ​ഷ​നു​കൾക്കാ​യി ഞങ്ങൾ ഉപയോ​ഗി​ച്ചി​രുന്ന സ്റ്റേഡി​യ​ത്തി​ലെ സ്‌പോർട്‌സ്‌ ഹാൾ മേലാൽ മതിയാ​കാ​തെ​വന്നു. ഇനി എന്തു ചെയ്യും?

ഈ സമയത്ത്‌ റിവി​യേർ സാലേ സഭയിലെ ഒരു മൂപ്പൻ രാജ്യ​ഹാൾ പണിയു​ന്ന​തി​നു വേണ്ടി ഒരു സ്ഥലം അന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. അതിശ​യ​ക​ര​മെന്നു പറയട്ടെ, 15 ഏക്കർ സ്ഥലമാണ്‌ അദ്ദേഹം കണ്ടെത്തി​യത്‌. ഒരു രാജ്യ​ഹാ​ളിന്‌ ആവശ്യ​മാ​യ​തി​ലും വളരെ​യ​ധി​കം! സന്ദർഭ​വ​ശാൽ അതു ദ്വീപി​ന്റെ മധ്യഭാ​ഗ​ത്താ​യി​രു​ന്നു. ആ സ്ഥലത്ത്‌ ഇരുമ്പു​കൊ​ണ്ടു​ണ്ടാ​ക്കിയ ഒരു ഷെഡ്ഡു​മു​ണ്ടാ​യി​രു​ന്നു. അതു പഴകി​യ​താ​യി​രു​ന്നെ​ങ്കി​ലും, തത്‌കാ​ലം കൺ​വെൻ​ഷ​നു​വേണ്ടി ഉപയോ​ഗി​ക്കാ​മാ​യി​രു​ന്നു. 1985-ൽ ഞങ്ങളവി​ടെ ആദ്യത്തെ കൺ​വെൻ​ഷൻ നടത്തി. 4,653 പേർ ഹാജരാ​യി. തലേ വർഷ​ത്തെ​ക്കാൾ 600 പേർ കൂടുതൽ.

1992-ൽ പുതിയ കെട്ടി​ട​ത്തി​ന്റെ പണി തുടങ്ങി. നിർമാ​ണ​ത്തിൽ ഞങ്ങളെ സഹായി​ക്കാൻ ഇറ്റലി​യിൽനി​ന്നുള്ള അനവധി സഹോ​ദ​രങ്ങൾ സ്വന്തം ചെലവിൽ അവിടെ വന്നു. പ്രാ​ദേ​ശിക സാക്ഷികൾ തങ്ങളുടെ സമയവും പണവും ഉദാര​മാ​യി നൽകി. പദ്ധതി ഇപ്പോൾ പൂർത്തി​യാ​യി​രി​ക്കു​ന്നു. മനോ​ഹ​ര​മായ ആ സമ്മേള​ന​ഹാ​ളിൽ 5,000 പേർക്ക്‌ ഇരിക്കാ​നാ​കും. വാസ്‌ത​വ​ത്തിൽ അത്‌ മാർട്ടി​നി​ക്കി​ലെ ഏറ്റവും വലിയ ഓഡി​റ്റോ​റി​യ​മാണ്‌.

ഫുട്‌ബോൾ മത്സരങ്ങൾ നീട്ടി​വെ​ക്കു​ന്നതു നിമിത്തം മേലാൽ ഞങ്ങൾക്കു സമ്മേള​നങ്ങൾ മാറ്റി​വെ​ക്കേ​ണ്ട​തില്ല—പ്രത്യേ​കി​ച്ചും അവസാന നിമി​ഷ​ത്തിൽ. മാത്രമല്ല, എടുത്തു​മാ​റ്റാ​വുന്ന ഇരുമ്പു​ച​ട്ട​ക്കൂട്‌ സ്ഥാപി​ക്കു​ന്ന​തി​ലും അഴിച്ചു​മാ​റ്റു​ന്ന​തി​ലും മറ്റു സ്ഥലത്തേക്കു കൊണ്ടു​പോ​കു​ന്ന​തി​ലും സൂക്ഷി​ച്ചു​വെ​ക്കു​ന്ന​തി​ലു​മൊ​ക്കെ ഉൾപ്പെ​ട്ടി​രി​ക്കുന്ന കഠിന​വേല ഒഴിവാ​യി. പുഷ്‌പ​ങ്ങ​ളാ​ലും അമേരി​ക്കൻ പനകളാ​ലും വർണപ്പ​കി​ട്ടാർന്ന വൃക്ഷങ്ങ​ളാ​ലും ചുറ്റ​പ്പെട്ട്‌ നില​കൊ​ള്ളുന്ന ഞങ്ങളുടെ സമ്മേള​ന​ഹാൾ യഹോ​വ​യ്‌ക്കു മഹത്ത്വം കരേറ്റു​ന്നു.

യഹോ​വയെ സ്‌തു​തി​ക്കുന്ന ഒരു സ്ഥാപനം

കഴിഞ്ഞ അരനൂ​റ്റാ​ണ്ടു​കാ​ലം​കൊണ്ട്‌ സത്യാ​രാ​ധന മാർട്ടി​നി​ക്കിൽ സുസ്ഥാ​പി​ത​മാ​കാ​നും തഴച്ചു​വ​ള​രാ​നും യഹോവ ഇടയാ​ക്കി​യി​രി​ക്കു​ന്നു. മേൽവി​ചാ​ര​ണ​യു​ടെ ഉത്തരവാ​ദി​ത്വ​മു​ള്ള​വർക്ക്‌ അവൻ തന്റെ സ്ഥാപന​ത്തി​ലൂ​ടെ പരിശീ​ലനം നൽകി​യി​രി​ക്കു​ന്നു. ഗ്‌സാ​വി​യെ നൊളി​നും ഭാര്യ​യ്‌ക്കും 31-ാം ഗിലെ​യാദ്‌ ക്ലാസ്സിന്റെ ഭാഗമാ​യി മിഷനറി പരിശീ​ലനം ലഭിക്കു​ക​യു​ണ്ടാ​യി. പിന്നീട്‌, 1964-ലെ ഒരു പത്തുമാസ ഗിലെ​യാദ്‌ കോഴ്‌സി​ലൂ​ടെ നൊൾ സഹോ​ദ​രനു കൂടു​ത​ലായ പരിശീ​ലനം ലഭിച്ചു. 1977 ഫെബ്രു​വ​രി​യിൽ മാർട്ടി​നി​ക്കിൽ വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപി​ക്കാൻ ഭരണസം​ഘം തീരു​മാ​നി​ച്ച​പ്പോൾ ആ പരിശീ​ലനം വളരെ പ്രയോ​ജ​ന​ക​ര​മെന്നു തെളിഞ്ഞു.

കോ-ഓർഡി​നേ​റ്റ​റായ ഗ്‌സാ​വി​യെ നൊൾ, വാലാൻടാൻ കാരെൽ, ഷേരാർ ട്രിവി​നി എന്നിവ​രാ​യി​രു​ന്നു ബ്രാഞ്ച്‌ കമ്മിറ്റി​യി​ലെ ആദ്യ അംഗങ്ങൾ. പിന്നീട്‌, സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി അനേക​വർഷം ചെലവ​ഴിച്ച ആർമാൻ ഫൗസ്റ്റി​നി​യും കമ്മിറ്റി​യി​ലെ അംഗമാ​യി നിയമി​ത​നാ​യി. ട്രിവി​നി സഹോ​ദരൻ നിര്യാ​ത​നാ​കു​ക​യും കാരെൽ സഹോ​ദരൻ ഫ്രാൻസി​ലേക്കു പോകു​ക​യും ചെയ്‌ത​പ്പോൾ 1989-ൽ ആന്‌റി ഊർസ്യൂ​ലേയെ ബ്രാഞ്ച്‌ കമ്മിറ്റി​യി​ലെ മൂന്നാ​മത്തെ അംഗമാ​യി നിയമി​ച്ചു. മാർട്ടി​നി​ക്കി​ലെ ശുശ്രൂ​ഷ​യ്‌ക്കാ​യി സ്വയം അർപ്പി​ച്ചു​കൊണ്ട്‌ ഗ്‌സാ​വി​യെ നൊൾ സഹോ​ദ​ര​നും ഭാര്യ സേറയും ഫ്രാൻസിൽനിന്ന്‌ അവി​ടേക്കു വന്ന വർഷമായ 1954-ലാണ്‌ അദ്ദേഹം ജനിച്ചത്‌. അപ്പോ​സ്‌ത​ല​നായ പൗലൊ​സി​ന്റെ ഒരു സഹകാ​രി​യാ​യി​രുന്ന തിമൊ​ഥെ​യൊ​സി​നെ​പ്പോ​ലെ അമ്മയുടെ വിശ്വാ​സ​മാ​തൃ​ക​യിൽനിന്ന്‌ ആന്‌റി ശൈശവം മുതൽ പ്രയോ​ജനം നേടി​യി​രു​ന്നു.—2 തിമൊ. 1:5.

1975-ൽ ആ ദ്വീപിൽ മൊത്തം 1,000 പ്രസാ​ധ​ക​രും 15 സഭകളു​മാണ്‌ ഉണ്ടായി​രു​ന്നത്‌. 1997-ൽ 4,000-ത്തിലധി​കം പ്രസാ​ധ​ക​രു​ടെ ഒരു അത്യു​ച്ച​മു​ണ്ടാ​യി. അവരെ​ല്ലാ​വ​രും 46 സഭക​ളോ​ടൊത്ത്‌ സഹവസി​ക്കു​ന്നു. കഴിഞ്ഞ 20 വർഷമാ​യി ശരാശരി 7 ശതമാനം വാർഷിക വർധനവ്‌ ഇവി​ടെ​യുണ്ട്‌.

മാർട്ടി​നി​ക്കി​ലെ ഓരോ 90 നിവാ​സി​കൾക്കും 1 സാക്ഷി വീതമുണ്ട്‌. താത്‌പ​ര്യ​ക്കാ​രു​മൊത്ത്‌ ആയിര​ക്ക​ണ​ക്കി​നു ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ആ ദ്വീപി​ലു​ട​നീ​ളം യഹോ​വ​യു​ടെ വേല പ്രസി​ദ്ധ​മാണ്‌. അവന്റെ സാക്ഷി​ക​ളും നന്നായി അറിയ​പ്പെ​ടു​ന്നു. മറ്റുള്ള​വർക്കു സാക്ഷി​ക​ളെ​ക്കു​റി​ച്ചു മോശ​മായ കാര്യങ്ങൾ പറയുക കൂടുതൽ പ്രയാ​സ​ക​ര​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. കാരണം, അത്തരം ഏഷണി​ക്കാ​രെ ശാസി​ക്കാൻ അടുത്തു​തന്നെ ആരെങ്കി​ലും എപ്പോ​ഴു​മു​ണ്ടാ​യി​രി​ക്കും. തെരു​വു​ക​ളി​ലും പൊതു​ച​ത്വ​ര​ങ്ങ​ളി​ലും കമ്പോ​ള​ങ്ങ​ളി​ലും ആശുപ​ത്രി​ക​ളി​ലെ​യും വലിയ ഷോപ്പിങ്‌ സെന്ററു​ക​ളി​ലെ​യും കാർ പാർക്കിങ്‌ സ്ഥലങ്ങളി​ലും മറ്റും നടത്തുന്ന സാക്ഷീ​ക​രണം രാജ്യ​സ​ന്ദേ​ശ​ത്തി​ലേക്ക്‌ ആളുക​ളു​ടെ ശ്രദ്ധയാ​കർഷി​ക്കാൻ സഹായി​ക്കു​ന്നു. “ടോ-ടോ-ടോ, ഇല്യാ ഡ്യൂ മോൺട്‌?” (“ഹലോ, ആരെങ്കി​ലും വീട്ടി​ലു​ണ്ടോ?”) എന്ന്‌ ആരെങ്കി​ലും വിളി​ച്ചു​ചോ​ദി​ക്കു​മ്പോ​ഴേ ആളുകൾക്ക​റി​യാം യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ എത്തിയി​രി​ക്കു​ന്നു​വെന്ന്‌.

ദ്വീപി​ന്റെ ചില ഭാഗങ്ങ​ളിൽ വാരം​തോ​റും പ്രദേ​ശങ്ങൾ പ്രവർത്തി​ച്ചു​തീർക്കു​ന്നത്‌ അസാധാ​ര​ണമല്ല. പ്രസാ​ധകർ വയൽസേ​വ​ന​ത്തി​നു പോകു​മ്പോൾ അവർക്കു പ്രദേ​ശ​മാ​യി കിട്ടു​ന്നത്‌ വെറും 10-ഓ 15-ഓ വീടു​ക​ളാ​യി​രി​ക്കാം. അത്തരം പ്രദേ​ശ​ങ്ങ​ളിൽ വീണ്ടും വീണ്ടും ആ സന്ദേശം കേട്ടി​ട്ടു​ള്ള​വ​രോ​ടാണ്‌ അവർ സാക്ഷീ​ക​രണം നടത്തു​ന്നത്‌. തന്മൂലം പ്രസാ​ധകർ വ്യത്യ​സ്‌ത​മായ മുഖവു​ര​ക​ളും ചർച്ചാ​വി​ഷ​യ​ങ്ങ​ളും ഉപയോ​ഗി​ക്കേ​ണ്ട​തുണ്ട്‌. വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ നൽകുന്ന വിഭവ​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും അവർ ഫലപ്ര​ദ​മാ​യി ഉപയോ​ഗി​ക്കേ​ണ്ട​തുണ്ട്‌. അടുത്ത​കാ​ലം​വരെ ഫ്രഞ്ച്‌ പ്രദേ​ശ​ങ്ങ​ളിൽ അപൂർവ​മാ​യേ തെരു​വു​സാ​ക്ഷീ​ക​രണം നടത്തി​യി​രു​ന്നു​ള്ളൂ. എന്നാൽ അതി​പ്പോൾ ശുശ്രൂ​ഷ​യു​ടെ രസകര​വും ഫലപ്ര​ദ​വു​മായ ഒരു വശമാ​യി​ത്തീർന്നി​രി​ക്കു​ന്നു.

“സി ബോൺ ദ്യേ ലേ”

മാർട്ടി​നി​ക്കു​കാർ തങ്ങളുടെ സംസാ​ര​ത്തിൽ “സി ബോൺ ദ്യേ ലേ” (“ദൈവ​ഹി​ത​മെ​ങ്കിൽ”) എന്നു കൂടെ​ക്കൂ​ടെ ഉപയോ​ഗി​ക്കാ​റുണ്ട്‌. തീർച്ച​യാ​യും, ദൈവ​ഹി​തം ബൈബി​ളിൽ വ്യക്തമാ​യി പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു. സങ്കീർത്തനം 97:1 ഇങ്ങനെ പ്രഖ്യാ​പി​ക്കു​ന്നു: “യഹോവ വാഴുന്നു; ഭൂമി ഘോഷി​ച്ചാ​ന​ന്ദി​ക്കട്ടെ; ബഹുദ്വീ​പു​ക​ളും സന്തോ​ഷി​ക്കട്ടെ.” സങ്കീർത്തനം 148:13 കൂട്ടി​ച്ചേർക്കു​ന്നു: “ഇവരൊ​ക്കെ​യും യഹോ​വ​യു​ടെ നാമത്തെ സ്‌തു​തി​ക്കട്ടെ.” തന്റെ പ്രവാ​ച​ക​നായ യെശയ്യാ​വു മുഖാ​ന്തരം യഹോവ ഹൃദ്യ​മായ ഈ ക്ഷണം വെച്ചു​നീ​ട്ടു​ന്നു: “അയ്യോ, നീ എന്റെ കല്‌പ​ന​കളെ കേട്ടനു​സ​രി​ച്ചെ​ങ്കിൽ . . . നിന്റെ സമാധാ​നം നദി​പോ​ലെ . . . ആകുമാ​യി​രു​ന്നു.” (യെശ. 48:18) നന്മയുള്ള ദൈവ​ത്തി​ന്റെ ഹിതം “സകലമ​നു​ഷ്യ​രും രക്ഷപ്രാ​പി​പ്പാ​നും സത്യത്തി​ന്റെ പരിജ്ഞാ​ന​ത്തിൽ എത്തുവാ​നു”മാണ്‌. (1 തിമൊ. 2:4) ദൈവ​ത്തി​ന്റെ ഹിതം, തന്റെ സൃഷ്ടിയെ വരിഞ്ഞി​രി​ക്കുന്ന ചങ്ങലകൾ പൊട്ടിച്ച്‌ അതിനെ സ്വത​ന്ത്ര​മാ​ക്കു​ക​യും സ്രഷ്ടാ​വി​ന്റെ ആരാധ​ന​യിൽ ഏകീകൃ​ത​രായ സകല വർഗങ്ങ​ളി​ലും വർണങ്ങ​ളി​ലും പെട്ട മനുഷ്യർ അധിവ​സി​ക്കുന്ന ഒരു പറുദീ​സ​യാ​യി മുഴു ഭൂമി​യെ​യും മാറ്റി​യെ​ടു​ക്കു​ക​യെ​ന്ന​തു​മാണ്‌. (റോമ. 8:19-21) ആ സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഉദ്ദേശ്യ​ത്തിൽനി​ന്നു പ്രയോ​ജ​ന​മ​നു​ഭ​വി​ക്കു​ന്ന​തി​നുള്ള അവസര​ത്തി​ന്റെ വാതിൽ മാർട്ടി​നി​ക്കി​ലെ ആളുക​ളു​ടെ മുന്നിൽ ഇപ്പോ​ഴും തുറന്നു​കി​ട​ക്കു​ന്നു.

കഴിഞ്ഞ പത്തു വർഷം​കൊണ്ട്‌ ഭൂമി​യു​ടെ മിക്ക ഭാഗങ്ങ​ളി​ലെ​യും​പോ​ലെ​തന്നെ മാർട്ടി​നി​ക്കി​ലും വലിയ മാറ്റങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. ഒരിക്കൽ ഒരു സുന്ദര പറുദീ​സ​യാ​യി​രുന്ന ഇവിടം മയക്കു​മ​രു​ന്നു​ക​ളാ​ലും ഭൗതി​കാ​സ​ക്തി​യാ​ലും ധാർമി​ക​ച്യു​തി​യാ​ലും വളരെ​യ​ധി​കം മാറ്റി​മ​റി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഈ അവസ്ഥകൾക്കു കാരണ​മായ മനുഷ്യ​മ​നോ​ഭാ​വ​ത്തി​ലെ മാറ്റങ്ങ​ളെ​ക്കു​റി​ച്ചു ദൈവ​വ​ചനം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (2 തിമൊ. 3:1-5) എന്നാൽ അത്തരം അവസ്ഥകൾ ദൈവ​ഹി​തമല്ല. മറിച്ച്‌, പറുദീ​സ​യിൽ അധിവ​സി​ക്കാ​നി​രി​ക്കുന്ന തന്റെ ജനമാ​കുന്ന ഒരു ആഗോള സമൂഹ​ത്തി​ന്റെ ഭാഗ​മെ​ന്ന​നി​ല​യിൽ “അഭികാ​മ്യ വസ്‌തു​ക്കൾ” എന്ന്‌ താൻ വർണി​ക്കു​ന്ന​വരെ ജീവനു​വേണ്ടി ഒരുക്കു​ന്ന​തിന്‌ യഹോവ ആളുക​ളു​ടെ ഇടയിൽനി​ന്നും പുറത്തു​കൊ​ണ്ടു​വ​രു​ന്ന​തിൽ തുടരു​ന്നു. (ഹഗ്ഗാ. 2:7, NW) ദൈവ​ഹി​ത​മാ​ണെ​ങ്കിൽ ഏതായാ​ലും അതു സംഭവി​ക്കും എന്ന്‌ വിശ്വ​സി​ച്ചു​കൊണ്ട്‌ നിസ്സം​ഗ​ത​യോ​ടെ യാതൊ​രു നടപടി​യും കൈ​ക്കൊ​ള്ളാ​തി​രി​ക്കുന്ന ആളുകളല്ല അവർ. മറിച്ച്‌, ദൈവ​ഹി​ത​മെ​ന്തെ​ന്ന​റി​യാൻ തിരു​വെ​ഴു​ത്തു​കൾ ശ്രദ്ധാ​പൂർവം പരി​ശോ​ധി​ക്കു​ക​യും സ്‌നേ​ഹ​ത്താൽ പ്രേരി​ത​രാ​യി അവനെ പ്രസാ​ദി​പ്പി​ക്കുന്ന കാര്യങ്ങൾ ശുഷ്‌കാ​ന്തി​യോ​ടെ പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന ആളുക​ളാ​ണവർ.—പ്രവൃ. 17:11; തീത്തൊ. 2:13, 14.

[192-ാം പേജിലെ ഭൂപടം]

ഇവിടെ കാണി​ച്ചി​രി​ക്കുന്ന സ്ഥലങ്ങളി​ലാ​യി 46 സഭകളുണ്ട്‌

ട്രിനിറ്റേ (2)

ഫൊർദെഫ്രാൻസ്‌ (14)

ബാസ്‌-പ്വാൻറ്‌

ലെ ലാമാൻടാൻ (3)

റിവിയേർ പിലോട്ട്‌

ലെ മോൺ റൂഷ്‌

റിവിയേർ സാലേ

സാൻറ്‌ മാരി

ലെ ഫ്രാൻസ്വേ (2)

സാൻഷോസെഫ്‌ (2)

സാൻപിയെർ

ലെ ലൊറാൻ

ലെ മാരാൻ

ലെ ട്ര്വാ ഇലെ

ലെ റോബർ (2)

സാൻ എസ്‌പ്രി

ഷ്യോൾഷർ (2)

ലെ വോക്ലാൻ

ഗ്രോമൊൺ

കാസ്‌ പിലോട്ട്‌

ആഷൂപ്പാ ബൂയോൺ

മാരിഗോ

വെർ പ്രേ

ഡ്യൂക്കോസ്‌

സാൻറ്‌ ലൂസ്‌

സാൻറ്‌ ആൻ

[162-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[167-ാം പേജിലെ ചിത്രം]

ഗ്‌സാവിയെ നൊളും ഭാര്യ സേറയും, അവർ മാർട്ടി​നി​ക്കിൽ എത്തിയ വർഷം

[175-ാം പേജിലെ ചിത്രം]

യഹോവയുടെ വിശ്വ​സ്‌ത​രായ ദീർഘ​കാല ദാസന്മാർ: (1ലേയൊൺ ബെലേ, (2ഷ്യൂൾ ന്യൂബ്യൂൾ, (3ഷെർമേൻ ബെർത്തൊ​ലൊ, (4ഫിലിപ്‌ ദൊർദൊൻ, (5റോഷേ റോസാ​മൊൺ, (6ക്രിസ്റ്റ്യാൻ ബെലേ, (7ആൽബെർ നെൽസൺ, (8വാൻസാൻ സേബോ, (9വാൻസാൻ മുളർ

[177-ാം പേജിലെ ചിത്രം]

ദൈവവചനം പഠിപ്പി​ക്കു​ന്ന​വ​രെന്ന നിലയിൽ നല്ല ദൃഷ്ടാന്തം വെച്ച വനിതകൾ: (1സ്റ്റെല്ല നെൽസി, (2വിക്ടർ ഫൂസ്‌ (ഇപ്പോൾ, ലാസി​മാൻ), (3ലേയൊ​നിഡ്‌ പൊപ്പാൻകൂർ, (4ആൻദ്രേ സൊ​സൊർ, (5ഇമാ ഊർസ്യൂ​ലെ

[183-ാം പേജിലെ ചിത്രം]

തങ്ങളുടെ ആദ്യത്തെ സ്വന്തമായ രാജ്യ​ഹാൾ (ഫൊർദെ​ഫ്രാൻസിൽ)

[186-ാം പേജിലെ ചിത്രം]

മൂത്തൂസേമി കുടും​ബം, ഇവരെ​ല്ലാ​വ​രും ക്രിസ്‌തീയ സഭയോ​ടൊത്ത്‌ സഹവസി​ക്കു​ന്നു

[191-ാം പേജിലെ ചിത്രം]

പെലേ പർവതം, തീര​ദേ​ശ​പ​ട്ട​ണ​മായ സാൻപി​യെർ

[199-ാം പേജിലെ ചിത്രം]

മാർട്ടിനിക്കിലെ ബെഥേൽ കുടും​ബം

[207-ാം പേജിലെ ചിത്രം]

ഒടുവിൽ, റിവി​യേർ സാലേ​യിൽ ഒരു സമ്മേള​ന​ഹാൾ