യഹോവയുടെ സാക്ഷികൾ—വാർഷികപുസ്തക റിപ്പോർട്ട് 1998
യഹോവയുടെ സാക്ഷികൾ—വാർഷികപുസ്തക റിപ്പോർട്ട് 1998
പ്രവാചകനായ യോവേൽ വലിയ അടിയന്തിരതയോടെ യഹോവയുടെ ദിവസത്തിന്റെ വരവിനെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞു. “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും” എന്നെഴുതിയപ്പോൾ അതിജീവനത്തിനുള്ള മുഖ്യ സംഗതിയാണ് അവൻ തിരിച്ചറിയിച്ചത്.—യോവേ. 1:15; 2:1, 28-32.
പൊ.യു.മു. 607-ൽ യഹോവയുടെ അത്തരമൊരു ദിവസം യെരൂശലേമിന്റെമേൽ വന്നു. യഹോവ ന്യായവിധി നടത്തിയ സമയമായിരുന്നു അത്. തന്നോട് അനാദരവോടെ പെരുമാറിയതിനു കാര്യമായ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്ന് യഹൂദയിലെയും യെരൂശലേമിലെയും നിവാസികൾക്ക് അവൻ വർഷങ്ങൾക്കു മുമ്പേ മുന്നറിയിപ്പു കൊടുത്തിരുന്നു. അവർക്ക് അവന്റെ നാമം അറിയാമായിരുന്നു, അത് ഉപയോഗിക്കുകയും ചെയ്തിരുന്നു. എങ്കിലും അവർ ആത്മാർഥമായി യഹോവയുടെ മാർഗനിർദേശം തേടിയില്ല. തങ്ങളുടെ പ്രവൃത്തികൾ സംബന്ധിച്ച് യഹോവ കണക്കു ചോദിക്കുമെന്ന് അവർ വാസ്തവത്തിൽ വിചാരിച്ചുമില്ല. (നെഹെ. 9:26; സെഫ. 1:4-6, 12) അവർ അരിഷ്ടതയുടെ നാളിൽ യഹോവയെ വിളിക്കുന്നെങ്കിൽ അത് അപഹാസ്യമായിരുന്നു. താൻ ശ്രദ്ധിക്കുകയില്ലെന്ന് യഹോവ പറഞ്ഞു. (യിരെ. 11:10, 11) യെരൂശലേം നശിപ്പിക്കപ്പെട്ടപ്പോൾ യിരെമ്യാവ്, ബാരൂക്ക്, ഏബെദ്-മേലെക്, യോനാദാബിന്റെ പുത്രന്മാർ തുടങ്ങിയ നീതിസ്നേഹികൾ രക്ഷപ്പെട്ടു. കാരണം, നേരുള്ളതും ദൈവത്തിനു പ്രസാദകരവുമായ കാര്യങ്ങൾ ചെയ്യാൻ അവർ ആത്മാർഥമായി ശ്രമിച്ചിരുന്നു.
യോവേലിന്റെ പ്രവചനത്തിന് ഒന്നാം നൂറ്റാണ്ടിലും നിവൃത്തിയുണ്ടായെന്ന് അപ്പോസ്തലനായ പത്രൊസ് വിശദീകരിച്ചു. യഹോവയുടെ ദിവസം വരുന്നതിനു മുമ്പ് ദൈവാത്മാവു പകരപ്പെടുന്നതിനെക്കുറിച്ച് യോവേൽ എഴുതിയതിന്റെ നിവൃത്തിയാണ് പൊ.യു. 33-ലെ പെന്തക്കോസ്തിൽ സംഭവിച്ചതെന്നു പരിശുദ്ധാത്മാവിനാൽ വഴിനയിക്കപ്പെട്ട പത്രൊസ് വ്യക്തമാക്കി. പൊ.യു. 70-ൽ യഹോവയുടെ ആ ദിവസം നാശകരമായ ക്രോധത്തോടെ യെരൂശലേമിന്റെമേൽ വന്നു. (പ്രവൃ. 2:16-21) എന്നിരുന്നാലും, അതിന് ഏതാണ്ട് 14 വർഷം മുമ്പ് റോമിലെ ക്രിസ്ത്യാനികൾക്കെഴുതിയ അപ്പോസ്തലനായ പൗലൊസ് യോവേൽ 2:32 ഉദ്ധരിക്കുകയുണ്ടായി. (റോമ. 10:13) എന്തുകൊണ്ട്? യഹൂദന്മാരോടും ഗ്രീക്കുകാരോടുമുള്ള ദൈവത്തിന്റെ മുഖപക്ഷമില്ലായ്മ ഊന്നിപ്പറയാൻ. പ്രവാചകൻ എഴുതിയതുപോലെ, ‘യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും’ രക്ഷ ലഭ്യമായിരുന്നു. എന്നാൽ വിദൂരസ്ഥിതമായ യെരൂശലേമിന്റെമേൽ വരാനിരുന്ന നാശത്തെക്കുറിച്ച് റോമിലെ ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പ് നൽകേണ്ടത് അനിവാര്യമായിരുന്നതെന്തുകൊണ്ട്? അവർക്ക് അപകടമേഖലയിൽനിന്ന് അകന്നുനിൽക്കാൻ കഴിയേണ്ടതിന്. പൊ.യു. 70-ൽ യെരൂശലേമിൽ നടന്ന യഹൂദരുടെ പെസഹാ ഉത്സവത്തിനു പോയവരൊക്കെ ആ നഗരത്തിന്റെമേൽ വിപത്തു വന്നപ്പോൾ കെണിയിലകപ്പെട്ടു. എന്നാൽ ഏകദേശം നാലു വർഷം മുമ്പ്, തന്റെ പുത്രൻ മുഖാന്തരം ദൈവം നൽകിയ വചനം ചെവിക്കൊണ്ടവർ നാശത്തിനു വിധിക്കപ്പെട്ട ആ നഗരത്തിൽനിന്നു രക്ഷിക്കപ്പെട്ടു.—ലൂക്കൊ. 21:20-22.
അതിനെക്കാൾ ദൂരവ്യാപക ഫലമുളവാക്കുന്ന യഹോവയുടെ ഒരു ദിവസം നമുക്ക് തൊട്ടുമുന്നിലുണ്ട്. യഹോവയുടെ ന്യായവിധിനിർവഹണം ഗോളത്തിന്റെ എല്ലാ ഭാഗത്തുമെത്തും. എന്നാൽ പൂർണ വിശ്വാസത്തോടെ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുകയും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ പാപപരിഹാര ബലിയിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നവൻ ഏതു ദേശത്തിലോ വർഗത്തിലോ ഭാഷയിലോ പെട്ടവനായിരുന്നാലും അവനു രക്ഷ സാധ്യമായിരിക്കും. (വെളി. 7:9, 10) എങ്കിലും, റോമർ 10:14 ചോദിക്കുന്നു: “അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും?” സകലർക്കും ആ അവസരം നൽകേണ്ടതിന്റെ അടിയന്തിരത യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു.
കഴിഞ്ഞ സേവനവർഷത്തിൽ, അതായത് 1996 സെപ്റ്റംബർ മുതൽ 1997 ആഗസ്റ്റ് വരെയുള്ള കാലയളവിൽ, യഹോവയെയും അവന്റെ പുത്രനെയും മിശിഹൈക രാജ്യത്തെയും കുറിച്ച് യഹോവയുടെ സാക്ഷികൾ വമ്പിച്ച സാക്ഷ്യം നൽകി. 232 ദേശങ്ങളിലും ദ്വീപസമൂഹങ്ങളിലും പ്രദേശങ്ങളിലും അവർ പരസ്യസാക്ഷീകരണത്തിൽ ഏർപ്പെട്ടതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. ഈ പ്രവർത്തനത്തിനായി 100 കോടിയിലധികം, കൃത്യമായി പറഞ്ഞാൽ 117,97,35,841 മണിക്കൂർ ചെലവഴിച്ചതായി റിപ്പോർട്ട് പ്രകടമാക്കുന്നു! ശരാശരി 45,52,589 ഭവന ബൈബിളധ്യയനങ്ങൾ നടത്തപ്പെട്ടു. യഹോവയ്ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി 3,75,923 പേർ സ്നാപനമേറ്റു. അതൊരു പുതിയ അത്യുച്ചമായിരുന്നു.
ഈ ആഗോള സാക്ഷ്യവേലയിൽ പങ്കെടുക്കുന്നത് ആരാണെന്നു നാം തിരിച്ചറിയുമ്പോൾ അതു വിശേഷാൽ മതിപ്പാർന്നതാണെന്നു
മനസ്സിലാകും. സകല ജനതകളിലും വർഗങ്ങളിലുംപെട്ട, നൂറുകണക്കിനു ഭാഷകൾ സംസാരിക്കുന്ന ആളുകളാണവർ. തങ്ങൾക്കു ചുറ്റുമുള്ള ലോകത്തിലെ ആളുകളെപ്പോലെതന്നെ വലിയ സാമ്പത്തിക പ്രശ്നങ്ങൾ നിമിത്തം അവരിൽ പലരും കഷ്ടപ്പെടുന്നു. യുദ്ധത്താൽ പിച്ചിച്ചീന്തപ്പെട്ട നാടുകളിലാണ് അവരിൽ ആയിരങ്ങൾ വസിക്കുന്നത്. വിശ്വസ്തതയോടെ സാക്ഷീകരണവേലയിൽ ഏർപ്പെടുന്ന പലരും ഗുരുതരമായ രോഗങ്ങളുള്ളവരാണ്. ഘോരമായ സംഭവങ്ങൾ റുവാണ്ടയിൽ നടന്നിട്ടും പയനിയർമാരെക്കൂടാതെ അവിടെയുള്ള സാക്ഷികൾ ഓരോ മാസവും ശരാശരി 20-ലധികം മണിക്കൂർ വയൽസേവനത്തിൽ ചെലവഴിക്കുന്നു. അൽബേനിയയിലെ പ്രക്ഷുബ്ധകാലത്ത് താരതമ്യേന ശാന്തതയുള്ള പ്രഭാതസമയത്ത്, അതായത് വെടിവെപ്പ് തുടങ്ങുന്നതിന് മുമ്പ്, സാക്ഷീകരണത്തിലേർപ്പെടുന്നതിന് അവിടെയുള്ള പ്രസാധകർ ക്രമീകരണം ചെയ്തു.ഓരോ മാസവും ലോകവ്യാപകമായി രാജ്യഘോഷണത്തിൽ ശരാശരി 53,53,078 പേർ പങ്കെടുത്തു. പോയ വർഷത്തിൽ ഒരു സമയത്ത് വയൽശുശ്രൂഷയിൽ പങ്കെടുത്തവരുടെ പുതിയ അത്യുച്ചം 55,99,931 ആയിരുന്നു. ഇതിൽ പയനിയർമാരുടെ ഒരു വലിയ കൂട്ടം ഉൾപ്പെടുന്നു—ഓരോ മാസവും ശരാശരി 7,06,270 പേർ. അത് മുമ്പെന്നത്തെക്കാളും കൂടുതലാണ്. അതിനു കാരണം എന്താണ്?
ഒരു പ്രത്യേക ക്ഷണത്തോടുള്ള ഉത്സാഹപൂർവകമായ പ്രതികരണം
“ആവശ്യമുണ്ട് . . . സഹായ പയനിയർമാരെ” എന്ന ആഹ്വാനം 1997-ന്റെ ആരംഭത്തിൽ പുറപ്പെടുവിക്കുകയുണ്ടായി. അതിന് ഒരാൾക്ക് എങ്ങനെ സമയം ക്രമീകരിക്കാമെന്നുള്ള പ്രായോഗിക നിർദേശങ്ങൾ നമ്മുടെ രാജ്യ ശുശ്രൂഷയിലൂടെ നൽകിയിരുന്നു. മാർച്ച് മുതൽ മേയ് വരെയുള്ളതിൽ ഏതെങ്കിലും ഒരു മാസം അല്ലെങ്കിൽ ഒന്നിലധികം മാസങ്ങളിൽ സഹായ പയനിയറിങ് ചെയ്യാൻ പ്രോത്സാഹനം നൽകി. ഓരോ ബ്രാഞ്ചും ഒരു ലക്ഷ്യം വെച്ചു. ഉദാഹരണത്തിന്, ഐക്യനാടുകൾ 1,00,000; ഫിലിപ്പീൻസ് 20,000; ദക്ഷിണ കൊറിയ 10,000; ന്യൂസിലൻഡ് 2,000; ലൈബീരിയ 350.
പ്രതികരണം എങ്ങനെയുള്ളതായിരുന്നു? സങ്കീർത്തനം 110:3-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ, യഹോവയുടെ ദാസന്മാർ വാസ്തവത്തിൽ ‘സ്വമേധാദാനമായി’ തങ്ങളെത്തന്നെ അർപ്പിക്കുന്നുവെന്നതിന്റെ അത്ഭുതകരമായ തെളിവ് ലഭിച്ചു. മാർച്ചിൽ ഗ്വാഡലൂപ്പ് വെച്ച സഹായ പയനിയർമാരുടെ ലക്ഷ്യം 43 ശതമാനം കവിഞ്ഞു; ഇക്വഡോർ 73 ശതമാനം കവിഞ്ഞു. പോർട്ടോറിക്കോയിൽ 4,173 പേർ ഉണ്ടായിരുന്നു, പ്രതീക്ഷിച്ചതിന്റെ ഇരട്ടി. മോശമായ സാമ്പത്തികാവസ്ഥകളായിരുന്നിട്ടും 5,000 സഹായ പയനിയർമാർക്കുള്ള ആഹ്വാനം നൽകിയപ്പോൾ യൂക്രെയിനിൽ 10,365 പേരാണ് പങ്കെടുത്തത്. ഐക്യനാടുകളിൽ ആ ത്രിമാസ പരിപാടിയിൽ പങ്കെടുത്ത സഹായ പയനിയർമാരുടെ മൊത്തം എണ്ണം 2,51,880 ആയിരുന്നു. തലേ വർഷം അതേ കാലയളവിൽ ഉണ്ടായിരുന്നവരെക്കാൾ 130 ശതമാനം കൂടുതലായിരുന്നു അത്.
ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കുന്നതിനു കൂടുതലായ ശ്രമങ്ങൾ നടത്തപ്പെട്ടു. ഫലമോ? ലൈബീരിയയിലെ ബ്രാഞ്ച് റിപ്പോർട്ടു ചെയ്തു: “മാർച്ചിലെ പ്രത്യേക പരിപാടിയനുസരിച്ച് പ്രസംഗപ്രവർത്തനം ശരിക്കും മുന്നേറാൻ തുടങ്ങി. യുദ്ധപങ്കിലമായ ഈ രാജ്യത്ത് സഹായ പയനിയറായി സേവിക്കുകയെന്നതു വലിയൊരു ത്യാഗമാണ്. ഇവിടെ ചില സഹോദരീസഹോദരന്മാർക്കു തങ്ങളുടെ വസ്തുവകകളെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്, അതും മൂന്നു തവണപോലും. ബഹുഭൂരിപക്ഷം ആളുകളെ സംബന്ധിച്ചിടത്തോളം, കുടുംബത്തിന് ദിവസവും ഒരു നേരത്തെ അടിസ്ഥാന ആഹാരം—‘പാമോയിലും ചോറ്’ അല്ലെങ്കിൽ ‘ഉണക്ക’ ഗോതമ്പും അടങ്ങിയ ഒരു കോപ്പ ആഹാരം—കൊടുക്കാൻതന്നെ മുഴുസമയം പ്രവർത്തിക്കേണ്ടിയിരിക്കുന്നു. 350 സഹായ പയനിയർമാർ എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധ്യതയില്ലെന്നു തോന്നി. കഴിഞ്ഞ വർഷത്തെ പ്രസാധകരുടെ എണ്ണത്തിന്റെ 25 ശതമാനമായിരുന്നു അത്. എന്നാൽ യഹോവയിൽ ആശ്രയിച്ചുകൊണ്ട് നമ്മുടെ സഹോദരങ്ങൾ നന്നായി പ്രതികരിച്ചു. സർവകാല അത്യുച്ചമായ 496 പേർ മാർച്ചിൽ സഹായ പയനിയറിങ്ങിൽ പങ്കെടുത്തു! 150 നിരന്തരപയനിയർമാരും 29 പ്രത്യേക പയനിയർമാരും ഉൾപ്പെടെ പ്രസാധകരുടെ 42 ശതമാനം മാർച്ചിൽ ഏതെങ്കിലും തരം പയനിയർസേവനത്തിൽ പങ്കെടുത്തു!”
വാരത്തിലൊന്നോ അതിൽ കൂടുതലോ പ്രാവശ്യം പ്രവർത്തിച്ചുതീർന്നിട്ടുള്ള പ്രദേശങ്ങളുടെ കാര്യമോ? കൊളംബിയയിലെ ബ്രാഞ്ചിനടുത്തു താമസിക്കുന്ന ഒരാൾ ഒരു പയനിയറോടു പറഞ്ഞു: “എനിക്കിത് വിശ്വസിക്കാനാകുന്നില്ല. ഫാക്കായിൽവെച്ച് ഞാൻ ബസ്സിൽ കയറാൻ തുടങ്ങിയപ്പോൾ അവർ എന്നെ സമീപിച്ചു. ദിവസം മുഴുവൻ അവരെന്നെ കണ്ടെത്തി—ബസ്സിൽ മാത്രമല്ല എല്ലായിടത്തും. ഇപ്പോൾ രാത്രി 8:00 മണിയായിരിക്കുന്നു, ഇപ്പോഴും നിങ്ങൾ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു.” കാരണം? ജീവനിലേക്കുള്ള പാതയിലേക്കു കടക്കാൻ ആളുകളെ സഹായിക്കാനാണ് യഹോവയുടെ സാക്ഷികൾ ആഗ്രഹിക്കുന്നത്. ആ അവസരം തള്ളിക്കളയാനാഗ്രഹിക്കുന്നവരുടെ രക്തത്തിൽനിന്ന് ഒഴിവുള്ളവരായിരിക്കാനും അവരാഗ്രഹിക്കുന്നു.—യെഹെ. 3:19; പ്രവൃ. 20:26, 27.
മാർച്ച് തീർച്ചയായും ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആഘോഷിച്ച മാസമായിരുന്നു. ദൈവപുത്രൻ തന്റെ അനുഗാമികളെ മത്താ. 28:19, 20; പ്രവൃ. 1:8.
ഭരമേൽപ്പിച്ച വേലയിൽ വർധിച്ച പങ്കുണ്ടായിരിക്കുന്നതിനെക്കാളധികമായി വേറേ ഏതു വിധത്തിലാണ് നമുക്ക് അവന്റെ മരണത്തിന്റെ അർഥത്തോട് വിലമതിപ്പു പ്രകടമാക്കാൻ കഴിയുക!—“ഇത് ചെയ്തുകൊണ്ടിരിപ്പിൻ”
യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ഓരോ സത്യക്രിസ്ത്യാനിയുടെ ജീവിതത്തിലും ശക്തമായ പ്രഭാവമുണ്ട്. അപ്പോസ്തലനായ പൗലൊസ് എഴുതി: “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബ്ബന്ധിക്കുന്നു; . . . ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു.” (2 കൊരി. 5:14, 15) ഒരു മനുഷ്യനായുള്ള തന്റെ ജീവിതത്തിന്റെ അവസാന ദിവസം യേശു തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തി. ഓരോ വർഷവും അവന്റെ ആത്മാഭിഷിക്ത അനുഗാമികൾ അവന്റെ ബലിമരണം ആഘോഷിക്കണമായിരുന്നു. 1997 മാർച്ച് 23-ന് യേശുവിന്റെ കൽപ്പനയോടുള്ള അനുസരണത്തിൽ അവർ അതു ചെയ്തു. (1 കൊരി. 11:25) മറ്റു ദശലക്ഷക്കണക്കിനാളുകൾ നിരീക്ഷകരായി അവരോടൊപ്പം കൂടിവന്നു. ലോകവ്യാപകമായുള്ള മൊത്തം ഹാജർ 1,43,22,226 ആയിരുന്നു. 1996-ലേതിനെക്കാൾ പത്തു ലക്ഷത്തിലധികം പേർ കൂടുതൽ. യഹോവയുടെ കൃപയുടെയും അനുഗ്രഹത്തിന്റെയും എന്തൊരു അത്ഭുതകരമായ തെളിവ്!
തങ്ങളോടൊത്ത് സ്മാരകത്തിനു ഹാജരാകാൻ മറ്റുള്ളവരെ ക്ഷണിക്കുന്ന കാര്യത്തിൽ പല സ്ഥലങ്ങളിലുമുള്ള യഹോവയുടെ സാക്ഷികൾ വളരെ തീക്ഷ്ണതയുള്ളവരായിരുന്നു. ടോഗോയിലെ ഗാമെ സെവാ എന്ന ഗ്രാമത്തിലെ 19 പ്രസാധകർ 820 പേർ സ്മാരകത്തിനു ഹാജരാകുന്നത് കണ്ടതിൽ സന്തോഷിച്ചു. കസാഖ്സ്ഥാനിലെ 209 പ്രസാധകരുള്ള ആക്സൂ സഭ ഈ പ്രത്യേക പരിപാടിക്ക് 1,080 പേരെ സ്വാഗതം ചെയ്തു. ബെനിനിലെ എക്പെയിലുള്ള 56 പ്രസാധകർ, ആ പരിപാടിക്കായി 1,351 പേർ വന്നപ്പോൾ ആശ്ചര്യഭരിതരും ആനന്ദപുളകിതരുമായി. സ്മാരകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ഓർമിപ്പിക്കുന്നതിനു ലൈബീരിയയിലെ ബാപാ എന്ന സ്ഥലത്തെ നാലു പ്രസാധകർ മാർച്ചിൽ ആവർത്തിച്ചാവർത്തിച്ചു സന്ദർശനങ്ങൾ നടത്തി. തത്ഫലമായി 193 പേർ ആ ഗ്രാമത്തിൽ സമ്മേളിച്ചു.
നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനത്തിനൊത്ത് പ്രവർത്തിക്കൽ
ക്രിസ്തീയ ശുശ്രൂഷയുടെ ഒരു സുപ്രധാന ഘടകം ശിഷ്യരാക്കലാണ്. സ്വർഗത്തിലേക്കു മടങ്ങുന്നതിനു മുമ്പ്, ‘സ്നാനം കഴിപ്പിച്ചും മത്താ. 28:19, 20) അതിനോടുള്ള ചേർച്ചയിൽ, വ്യക്തിപരമായ ബൈബിൾ പ്രബോധനമെന്ന ഒരു സൗജന്യപരിപാടിക്ക് സമയം കണ്ടെത്താൻ യഹോവയുടെ സാക്ഷികൾ ലോകമെങ്ങുമുള്ള ആളുകളെ ക്ഷണിക്കുന്നു. കഴിഞ്ഞ വർഷം ഓരോ മാസവും ശരാശരി 45,52,589 അധ്യയനങ്ങൾ നടത്തപ്പെട്ടു.
ഉപദേശിച്ചുംകൊണ്ട് സകലജാതികളെയും ശിഷ്യരാക്കാൻ’ യേശു തന്റെ അനുഗാമികൾക്കു കൽപ്പന കൊടുത്തു. (ഇത്തരം ചില അധ്യയനങ്ങൾ നടത്തിയത് സത്യാന്വേഷികൾക്കായിരുന്നു. ലബനോനിലെ ഒരു മനുഷ്യൻ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പ്രതികൾ കുപ്പത്തൊട്ടിയിൽ കണ്ടെത്തി. അവ വായിച്ച അയാൾ സൗജന്യ ഭവന ബൈബിളധ്യയനത്തിനുള്ള ക്ഷണം ശ്രദ്ധിച്ചു. തുടർന്ന് അദ്ദേഹം സാക്ഷികളെ തേടിപ്പുറപ്പെട്ടു.
ചിലർക്ക് ആദ്യമൊന്നും അത്ര താത്പര്യമുണ്ടായിരുന്നില്ല. പസഫിക്കിന്റെ തെക്കുപടിഞ്ഞാറ് കിടക്കുന്ന വനുവാട്ടുവിൽ ഒരു ഗ്രാമത്തലവനും ഭാര്യയും സത്യം പഠിക്കുകയും പ്രസ്ബിറ്റേറിയൻ സഭ വിട്ട് യഹോവയുടെ സാക്ഷികളോടൊത്ത് സഹവസിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകൻ അതിൽ കോപാകുലനായി. എന്നാൽ, ഒരു പയനിയർക്ക് ആ മകനോടു സംസാരിക്കാൻ കഴിഞ്ഞു. ബൈബിളധ്യയനം നടത്തുന്നതെങ്ങനെയെന്ന് ‘പരീക്ഷണാർഥം’ പ്രകടിപ്പിച്ചുകാട്ടാമെന്ന് ആ പയനിയർ അവനോടു പറഞ്ഞു. ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയാണ് ഉപയോഗിച്ചത്. അവർ ഒരു വിഷയം പഠിച്ചുകഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരൻ രണ്ടാമത്തെയും മൂന്നാമത്തെയും വിഷയങ്ങൾ പഠിക്കാനാഗ്രഹിച്ചു. താമസിയാതെ, ആഴ്ചയിൽ രണ്ടു പ്രാവശ്യം അധ്യയനത്തിലേർപ്പെട്ട അവൻ യോഗങ്ങൾക്കു വന്നുതുടങ്ങി.
രസം പിടിച്ചുകഴിഞ്ഞാൽ, പലരും ആഴ്ചയിൽ പല പ്രാവശ്യം പഠിക്കാനാഗ്രഹിക്കുന്നു. താനൊരു നിരീശ്വരവാദിയാണെന്ന് അവകാശപ്പെട്ടിരുന്ന ഡെൻമാർക്കിലെ ലാസ് എന്നയാളുടെ കാര്യത്തിൽ അത് സത്യമായിരുന്നു. ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകം വായിച്ചപ്പോൾ ദൈവമുണ്ടെന്ന് പെട്ടെന്നുതന്നെ അദ്ദേഹത്തിനു ബോധ്യമായി. അങ്ങനെ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ അദ്ദേഹത്തിന് ആകാംക്ഷയായി. വളരെയധികം ആകാംക്ഷയുണ്ടായിരുന്നതിനാൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം ഉപയോഗിച്ച് അദ്ദേഹം താമസിയാതെ ആഴ്ചയിൽ മൂന്നു പ്രാവശ്യം പഠിക്കാൻ തുടങ്ങി. മൂന്നു സഹോദരന്മാർ മാറിമാറിയാണ് അധ്യയനമെടുത്തത്.
തീർച്ചയായും, കേവലം അറിവുണ്ടായിരിക്കുന്നതു മാത്രം മതിയാകുന്നില്ല. ഒരു വ്യക്തി ദൈവഹിതം ചെയ്യേണ്ടതുണ്ട്. ചിലപ്പോൾ
വലിയ മാറ്റങ്ങൾ വരുത്തേണ്ടിവരും. ഇന്തോനേഷ്യയിലെ ഒരു ചെറുപ്പക്കാരന്റെ നടത്ത ഞെട്ടിക്കുന്നതായിരുന്നു. അതുകൊണ്ട് അവന്റെ കൺഫ്യൂഷ്യസ് മാതാപിതാക്കൾ അവനെ തിരുത്താനാകാത്തവനെന്ന നിലയിൽ അധികാരികളെ ഏൽപ്പിച്ചു. എന്നാൽ ഒടുവിൽ അവൻ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു പോയപ്പോൾ തന്നോടു കാണിച്ച ആത്മാർഥതയും സ്നേഹവും യഹോവയെക്കുറിച്ച് അറിയാൻ അവനെ പ്രേരിപ്പിച്ചു. രണ്ടു മാസത്തെ പഠനത്തിനുശേഷം അവൻ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. പുകവലിയും മയക്കുമരുന്നുപയോഗവും നിർത്തി. താമസിയാതെ അവൻ പ്രസാധകനായി, സ്നാപനമേറ്റു, സഹായ പയനിയറായി, പിന്നീട് ഒരു നിരന്തരപയനിയറായി—ഇതെല്ലാം 15 മാസത്തിനുള്ളിൽ!വെളിപ്പാടു 7:9, 10-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ, സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ആളുകളിൽനിന്നും ഭാഷകളിൽനിന്നുമുള്ള “ഒരു മഹാപുരുഷാരം” വാസ്തവത്തിൽ യഹോവയെ സേവിക്കാൻ വന്നുകൊണ്ടിരിക്കുന്നു.
ആളുകളുടെ അടുക്കൽ എത്തിച്ചേരുന്നതിലുള്ള കഴിവ്
യേശുക്രിസ്തു തന്റെ ശുശ്രൂഷ നിർവഹിച്ചപ്പോൾ അവൻ ആളുകളുണ്ടായിരുന്നിടത്തേക്കു പോയി. അങ്ങനെ അവൻ സ്വകാര്യ ഭവനങ്ങളിലെത്തി. മീൻപിടിത്തക്കാർ വല നന്നാക്കിക്കൊണ്ടിരുന്ന സ്ഥലത്തും ഒരു ഗ്രാമത്തിലെ കിണറ്റിൻകരയിലും യെരൂശലേമിലെ ആലയത്തിലുമൊക്കെ അവൻ സാക്ഷീകരണം നടത്തി. (മത്താ. 13:1, 2; 26:55; ലൂക്കൊ. 5:1-3; യോഹ. 4:5-26) അപ്പോസ്തലനായ പൗലൊസും പരസ്യമായും “വീടുതോറും” പ്രസംഗിച്ചു. കാരണം, ആരും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനുള്ള ഉത്തമ മാർഗം അതായിരുന്നു. (പ്രവൃ. 20:20) ഇത് അനുകരിച്ചുകൊണ്ട് ഇന്ന് യഹോവയുടെ സാക്ഷികൾ ആളുകളുള്ളിടത്തേക്കു പോകുന്നു.
മുമ്പെന്നത്തെക്കാളുമധികം സാക്ഷീകരണം ഇന്ന് ടെലഫോൺവഴി നടത്തപ്പെടുന്നു. ഉയർന്ന സുരക്ഷാസംവിധാനങ്ങളുള്ള അപ്പാർട്ടുമെൻറുകളിലും കവാടം അടച്ചിട്ടിരിക്കുന്ന കെട്ടിടങ്ങളിലും പ്രവേശനം നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിലുമുള്ള ആളുകളുമായി പതിവായി ബന്ധപ്പെടുന്നതിന് ഇതുമൂലം കഴിയുന്നു. ഒറ്റപ്പെട്ട അനേകം ചെറുദ്വീപുകൾ ചേർന്നതാണ് ബഹാമസ്. അവിടത്തെ ഇത്തരം നൂറുകണക്കിനു ദ്വീപുകളിലെ ആളുകളുമായി ബന്ധപ്പെടുന്നതിനും ടെലഫോൺ ഉപയോഗിച്ചുവരുന്നു. ദൂരവും ആളുകളുടെ പക്കൽ എത്തിച്ചേരുന്നതിന്റെ ചെലവും എപ്പോഴും വലിയ വെല്ലുവിളിയാണ്. ഇപ്പോൾ ടെലഫോൺവഴി ക്രമമായ “സന്ദർശനങ്ങൾ” നടത്തുന്നുണ്ട്.
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഒരു പ്രസാധകൻ വിമാനത്താവളത്തിൽ സാക്ഷീകരണം ആസ്വദിക്കുന്നു. ആ പ്രസാധകൻ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “വിമാനത്താവള പ്രദേശം പ്രത്യേകതയുള്ളതാണ്. പാസ്പോർട്ട് പോലുമില്ലാതെ എനിക്ക് അനേകം ദേശങ്ങളിലുള്ളവരോടു സംസാരിക്കാൻ കഴിയുന്നു. യാത്രികർക്കു കൂടെ കൊണ്ടുപോകാൻ കഴിയുന്ന രസകരമായ ലേഖനങ്ങളടങ്ങിയ മാസികകൾ ഞാൻ നൽകുന്നു. വിമാനത്താവളത്തിലേക്കു യാത്രക്കാരെ കൊണ്ടുവരുന്നവരെയും വരുന്ന യാത്രക്കാർക്കായി കാത്തുനിൽക്കുന്നവരെയും ഞാൻ സമീപിക്കാറുണ്ട്. ഓരോ മണിക്കൂറിലെയും എന്റെ മാസികാസമർപ്പണം 30 ആണ്. ഇപ്പോൾ വിമാനത്താവളത്തിലെ ജോലിക്കാർ ഏറ്റവും പുതിയ മാസികകൾക്കായി ഞാൻ വരുന്നതും കാത്തിരിക്കുന്നു. ജോലിക്കാരിൽ ഒരാളുമായി ഞാൻ ബൈബിളധ്യയനം തുടങ്ങിക്കഴിഞ്ഞു.” ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഒരു പ്രധാന പരിപാടിയായ ദേശീയ പുസ്തകച്ചന്ത നടന്ന അവസരത്തിൽ കഴിഞ്ഞ വർഷം പുസ്തകപ്രദർശനത്തിനായി സാക്ഷികളും ഒരു ബൂത്ത് തുറന്നു. അവിടെവെച്ച് നടന്ന അനവധി സംഭാഷണങ്ങൾ ധാരാളം ബൈബിളധ്യയനങ്ങൾക്കു വഴിതെളിച്ചു.
തായ്വാനിലെ ഒരു സഭയിലെ മൂപ്പന്മാർ തങ്ങളുടെ പ്രദേശത്തെ വലിയ ആശുപത്രികളിൽ യോഗ്യതയുള്ള സഹോദരീസഹോദരന്മാർ സന്ദർശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. രണ്ടു സഹോദരിമാർ ഡയാലിസിസ് ഡിപ്പാർട്ട്മെൻറ് സന്ദർശിച്ചു. മണിക്കൂറുകളോളം അവിടെയായിരിക്കേണ്ടിവരുന്ന രോഗികളുമായി സൗഹൃദം സ്ഥാപിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. നല്ല ഫലങ്ങളുണ്ടായിട്ടുണ്ടോ? ഒരു ഉദാഹരണം പരിചിന്തിക്കുക. ഒരാൾ കുറച്ചു താത്പര്യം കാട്ടിയപ്പോൾ ഒരു സഹോദരി തന്റെ ഭർത്താവിനെ കൂട്ടിക്കൊണ്ടുവന്ന് അയാൾക്കു പരിചയപ്പെടുത്തി. അങ്ങനെ ഒരു അധ്യയനം തുടങ്ങി. അത് ഓരോ വാരത്തിലും ആ ആശുപത്രിയിൽവെച്ചു നടത്തുന്നു. താമസിയാതെ, ആ മനുഷ്യൻ ക്രമമായി യോഗങ്ങളിൽ സംബന്ധിച്ചുതുടങ്ങി.
ശവസംസ്കാരം നടത്തുന്നവർക്കു നൽകാനായി ഓസ്ട്രേലിയയിലെ ചില സാക്ഷികൾ ഒരു പായ്ക്കറ്റുണ്ടാക്കി. നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്നീ ലഘുപത്രികകളും ദുഃഖിക്കുന്നവർക്കു പറ്റിയ ഏതാനും ലഘുലേഖകളും അതിൽ അടങ്ങിയിരുന്നു. അവ സന്തോഷപൂർവം സ്വീകരിക്കപ്പെട്ടു. പുതിയ ലഘുപത്രികകളും ലഘുലേഖകളും കൊടുക്കുന്നതിന് സഹോദരങ്ങൾ ഇടയ്ക്കിടെ അവരെ സന്ദർശിക്കാറുണ്ട്.
അനേകം ദേശങ്ങളിലും ജയിൽപ്പുള്ളികളുടെ എണ്ണം കുതിച്ചുയർന്നിരിക്കുന്നു. സാധ്യമാകുന്നിടത്ത് യഹോവയുടെ സാക്ഷികൾ
ജയിലിലും പ്രസംഗിക്കുന്നു. 6,000 അന്തേവാസികളുള്ള ഒരു കാരാഗൃഹം ഉൾപ്പെടെയുള്ള ജയിൽസമുച്ചയം 15 വർഷങ്ങൾക്കു മുമ്പ് ബ്രസീലിലെ സാവൊ പൗലോയിലുള്ള സാക്ഷികൾ സന്ദർശിക്കാൻ തുടങ്ങി. അവിടെ 45 ബൈബിളധ്യയനങ്ങൾ ക്രമമായി നടത്തുന്നു. ആ അന്തേവാസികളിൽ ഒമ്പതു പേർ ഇപ്പോൾ രാജ്യഘോഷകരാണ്. അവരെല്ലാവരും സത്യം പഠിച്ചത് ജയിലിൽവെച്ചാണ്. സ്നാപനമേൽക്കുമ്പോൾ അവർ സഹായ പയനിയർമാരായി പേർ ചാർത്തുന്നു. അന്തേവാസികളിൽ ചിലർ തങ്ങളുടെ കുടുംബാംഗങ്ങളുമായി പ്രതിവാര ബൈബിളധ്യയനങ്ങൾ നടത്തുന്നു. ഒരാൾ മറ്റ് 30 അന്തേവാസികളെ എഴുത്തും വായനയും പഠിപ്പിക്കുന്നു. തത്ഫലമായി, ജയിൽപ്പുള്ളികൾക്കിടയിൽ നടത്തുന്ന ഈ വേലയെ ജയിലധികാരികൾ പുകഴ്ത്തുന്നു.ദക്ഷിണാഫ്രിക്കയിലെ രണ്ടു സാക്ഷികൾ കോടതിക്കെട്ടിടങ്ങളിലെ മജിസ്ട്രേട്ടുമാരെയും അഭിഭാഷകരെയും ക്ലർക്കുമാരെയും സന്ദർശിച്ചു. ഇവിടെവെച്ച് അവർ ഒരു വിവാഹ രജിസ്ട്രാറെ കണ്ടുമുട്ടി. “നിങ്ങൾ നേരത്തേ എന്തുകൊണ്ട് വന്നില്ല?” എന്നായിരുന്നു അവരുടെ ചോദ്യം. അന്ന് രാവിലെ 20-ലധികം വ്യക്തികളെ താൻ വിവാഹം കഴിപ്പിച്ചതേയുള്ളുവെന്ന് അവർ വിശദീകരിച്ചു. കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം അവർ സ്വീകരിച്ചു. അവരുടെ ഓഫീസിലുണ്ടായിരുന്ന മൂന്ന് ദമ്പതികളും ആ പുസ്തകം വാങ്ങി. ഇപ്പോൾ സഹോദരങ്ങൾ വാരത്തിൽ മൂന്നു പ്രാവശ്യം അവിടെ പോകാറുണ്ട്, 60-ഓ 100-ഓ പേർ വരുന്ന ഒരു സദസ്സിന്റെ മുമ്പാകെ അവർ അഞ്ചു മിനിറ്റു നേരത്തെ ഒരു പ്രസംഗം നടത്തുന്നു. വിവാഹം സംബന്ധിച്ച യഹോവയുടെ വീക്ഷണം അവർ വിശദീകരിക്കുകയും അതേ കോടതിയിൽ എല്ലാ വെള്ളിയാഴ്ചയും 100-ലധികം വിവാഹബന്ധങ്ങൾ വിവാഹമോചനത്തിൽ കലാശിക്കുന്നുവെന്നു പരാമർശിക്കുകയും ചെയ്യുന്നു. എന്നിട്ട് വിവാഹജീവിതം വിജയപ്രദമാക്കാൻ ദമ്പതികളെ സഹായിക്കുന്നതിന് അവർ കുടുംബസന്തുഷ്ടി പുസ്തകം സമർപ്പിക്കുന്നു.
ഒരു പ്രത്യേക സമ്മേളനദിനത്തിനു പോകവേ ഫിലിപ്പീൻസിലെ ബെഥേൽ ഭവനത്തിലുള്ള ഒരംഗം ഒരു ദീർഘദൂര ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കാരുടെ നേരംപോക്കിനു വേണ്ടി ബസ് ജീവനക്കാർ അതിൽ വീഡിയോ കാസെറ്റ് പ്ലെയർ ഉപയോഗിച്ച് സിനിമകൾ പ്രദർശിപ്പിക്കുമായിരുന്നു. എന്നാൽ, ഈ യാത്രയിൽ താൻ കൂടെ കൊണ്ടുവന്ന വീഡിയോടേപ്പ് ഇട്ടുകൊള്ളട്ടേയെന്ന് സഹോദരൻ ചോദിച്ചു. ബസ് കണ്ടക്ടർ സമ്മതിച്ചു. തത്ഫലമായി യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം എന്ന വീഡിയോ 70 യാത്രക്കാർ കണ്ടു. തീർച്ചയായും, ആളുകളെ സുവാർത്ത കേൾപ്പിക്കാൻ അനവധി മാർഗങ്ങളുണ്ട്.
‘പ്രവർത്തിക്കാത്ത പ്രദേശത്ത്’ പ്രസംഗിക്കുന്നതിന്റെ സന്തോഷം
മുമ്പ് സാക്ഷ്യം നൽകപ്പെടാതിരുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നതിൽ പൗലൊസ് അപ്പോസ്തലൻ സന്തോഷം കണ്ടെത്തി. അതുപോലെ, “പ്രവർത്തിക്കാത്ത പ്രദേശ”ങ്ങളിലും ക്രമമായ സാക്ഷീകരണം നടത്താത്ത ഇടങ്ങളിലും പ്രവർത്തിക്കാൻ ആധുനികകാല യഹോവയുടെ സാക്ഷികളിൽ ചിലർ തങ്ങളെത്തന്നെ ലഭ്യരാക്കിയിരിക്കുന്നു.—റോമ. 15:23.
പൂർവയൂറോപ്പിലെ മൊൾഡോവയിലുള്ള വലിയ ഗ്രാമപ്രദേശങ്ങൾ സുവാർത്താപ്രസംഗത്തിന്റെ കാര്യത്തിൽ പ്രവർത്തിക്കാത്ത പ്രദേശങ്ങളാണ്. എങ്കിലും ശ്രദ്ധ കൊടുത്തപ്പോൾ ചില ഗ്രാമങ്ങളിൽ നല്ല ഫലമുള്ളതായി തെളിഞ്ഞു. അത്തരമൊരു പ്രദേശത്തെ രണ്ടു ഗ്രാമങ്ങളിൽ റ്റിഗിനയിലെ ഒരു സഭ 1997 ജനുവരിയിൽ പ്രവർത്തിച്ചു. പെട്ടെന്നുതന്നെ അധ്യയനങ്ങൾ ആരംഭിച്ചു. ഗ്രീഷ്മകാല ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ആ ഗ്രാമങ്ങളിൽനിന്നുള്ള 13 പേർ സ്നാപനമേറ്റു. സന്തോഷിക്കാൻ എന്തൊരു കാരണം!
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സാക്ഷീകരണം നടത്തുകവഴി തന്റെ സേവനം വികസിപ്പിക്കാൻ പെറുവിലെ ലിമയിലുള്ള ഒരു പയനിയർ സഹോദരി ആഗ്രഹിച്ചു. ആൻഡാമാർക്കാ ജില്ലയിലുള്ള സ്വന്തപട്ടണത്തിലേക്ക് അവൾ 15 മണിക്കൂർ ബസ് യാത്ര നടത്തി. അവിടെ പാർക്കുന്ന 7,000 ആളുകളിൽ ഒരാൾപോലും സാക്ഷിയായിരുന്നില്ല. അതിശയകരമെന്നു പറയട്ടെ അവൾക്കു പെട്ടെന്നുതന്നെ ഒരു ജോലി തരപ്പെട്ടു. അവളുടെ പയനിയർ പങ്കാളിയും അവിടേക്കു വന്നു. അവിടെ ഡോക്ടർമാർ, എഞ്ചിനിയർമാർ, വാസ്തുശിൽപ്പികൾ എന്നിവരോടും ജോലിക്കാരായ മറ്റാളുകളോടും സാക്ഷീകരിക്കുന്നത് അതിശയകരമാംവിധം എളുപ്പമാണെന്ന് അവർ കണ്ടെത്തി. ചിലർക്ക് യഥാർഥമായ ആത്മീയ വിശപ്പുണ്ടായിരുന്നു. വെറും രണ്ടു മാസത്തിനുള്ളിൽ സഭായോഗങ്ങളിൽ മൂന്നെണ്ണം സ്ഥിരമായിത്തന്നെ നടത്താൻ കഴിഞ്ഞു. 15 പേർ യോഗങ്ങൾക്കു കൂടിവന്നു. സസ്മാരകത്തിന് 66 പേർ ഹാജരായി.
ഗയാനയിൽ ആവശ്യം കൂടുതലുള്ള ഒരിടത്ത് പ്രവർത്തിക്കുന്ന ഒരു പയനിയർ ദമ്പതികൾക്കു തങ്ങളുടെ പ്രദേശത്ത് എത്തുന്നതിനു മുമ്പുതന്നെ നല്ല ഫലങ്ങൾ ലഭിച്ചു. അവർ രാത്രി തങ്ങിയ സ്ഥലത്ത് പ്രാദേശിക ഗ്രാമവാസികളിൽ ചിലരോടു സംസാരിച്ചു. പിറ്റേന്ന് രാവിലെ അവർ യാത്ര തുടങ്ങുന്നതിനു മുമ്പ്, ഒരു കൊച്ചു പെൺകുട്ടി അവരുടെ കൂടാരത്തിൽ വന്ന് തന്റെ അമ്മ അവരോടു സംസാരിക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞു. 14 വർഷമായി സൊസൈറ്റിയുടെ സാഹിത്യങ്ങൾ വായിക്കുന്ന ഒരു സ്ത്രീയെ കണ്ടത് അവരെ എത്രമാത്രം അതിശയിപ്പിച്ചെന്നോ! അവരുടെ സഹോദരി അവർക്കത് പ്രവൃ. 16:9.
ഐക്യനാടുകളിൽനിന്ന് അയച്ചുകൊടുത്തതായിരുന്നു. ആ കുടുംബത്തിൽ അവയ്ക്കു ശക്തമായ സ്വാധീനമുണ്ടായിരുന്നതിനാൽ അവർ കത്തോലിക്കാസഭയിൽനിന്ന് വിട്ടുപോന്നു, തന്മൂലം സമൂഹം അവർക്കു ഭ്രഷ്ട് കൽപ്പിക്കുകപോലും ചെയ്തു! അവർ അതെല്ലാം സഹിച്ചു. പിറ്റേ ഞായറാഴ്ച ഒരു യോഗത്തിനുള്ള ക്രമീകരണം ചെയ്യപ്പെട്ടു. ആ സ്ത്രീയുടെ കുടുംബത്തിലെ 23 പേരുൾപ്പെടെ 47 പേർ ഹാജരായിരുന്നു. പിന്നീട് അവിടെ സ്മാരകം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. അതിന് 66 പേർ ഹാജരായി. ‘മക്കെദോന്യയിലേക്കു കടന്നുവന്ന് സഹായിക്കാനുള്ള’ വിളിയോടു പ്രതികരിക്കുന്നവരുടേത് എത്ര സമൃദ്ധമായ അനുഗ്രഹങ്ങളാണ്!—കുട്ടികൾ ‘യഹോവയുടെ നാമത്തെ സ്തുതിക്കുന്നു’
യഹോവയെ തീക്ഷ്ണതയോടെ സേവിക്കുന്നതിൽ അനേകം കുട്ടികളുമുള്ളത് തികച്ചും പ്രോത്സാഹജനകമാണ്. സങ്കീർത്തനം 148:7-13 ഇങ്ങനെ ക്ഷണിക്കുന്നു: “ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ. . . . യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.” ആ ഹൃദ്യമായ ക്ഷണം അനേകായിരങ്ങൾ സ്വീകരിക്കുന്നു. അവർ വാക്കാലും ക്രിസ്തീയ നടത്തയാലും നല്ല സാക്ഷ്യം കൊടുക്കാനുള്ള അവസരങ്ങൾ തേടുന്നു.
ഘാനയിലെ പ്രസാധകരുടെ ഇടയിൽ നടത്തിയ ഒരു സർവേ, അവിടെയുള്ള 50,000-ത്തിലധികം വരുന്ന പ്രസാധകരിൽ 12 ശതമാനവും 6-നും 20-നും ഇടയ്ക്കു പ്രായമുള്ളവരാണെന്നു പ്രകടമാക്കുന്നു. അടുത്ത കാലത്തെ കൺവെൻഷൻ പരമ്പരകളിൽ സ്നാപനമേറ്റ 3,441 പേരിൽ പകുതിയും 12 വയസ്സുമുതൽ മേലോട്ട് പ്രായമുള്ള യുവജനങ്ങളാണെന്ന് അർജൻറീനയിലെ ബ്രാഞ്ച് റിപ്പോർട്ടു ചെയ്യുന്നു. ഇവരിൽ മിക്കവരും ഇപ്പോഴും സ്കൂളിൽ പോകുന്നവരാണ്. മറ്റുള്ളവർക്കു സത്വരം കടന്നുചെല്ലാനാകാത്ത സവിശേഷമായ ഒരു പ്രദേശമാണ് അവരുടേത്. അതു മിക്കപ്പോഴും ഫലപ്രദമായ പ്രദേശമാണുതാനും.
ഘാനയിലെ സ്നാപനമേൽക്കാത്ത ആറുവയസ്സുകാരനാണ് ഡാനിയേൽ. അവൻ പത്തു ബൈബിളധ്യയനങ്ങൾ നടത്തുന്നു. മിക്കതും സ്കൂളിലെ സ്നേഹിതരുമായി. അവരിൽ ഒരുവനായ ഒരു 19-വയസ്സുകാരൻ കഴിഞ്ഞ മാർച്ചിൽ സ്മാരകത്തിനു ഹാജരായി. അധ്യാപകൻ മൃഗജീവന്റെ ഉത്ഭവം സംബന്ധിച്ച് തെറ്റായ ഒരു പ്രസ്താവന ക്ലാസ്സിൽ നടത്തിയപ്പോൾ ഡാനിയേൽ അതൊരു അവസരമായിക്കണ്ടു. ഇടവേള സമയത്ത് അവൻ അധ്യാപകന്റെ അടുത്തു ചെന്ന്, തങ്ങൾ ചർച്ച ചെയ്ത വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു പ്രസിദ്ധീകരണം തന്റെ പക്കലുണ്ടെന്ന് പറഞ്ഞു.
അധ്യാപകൻ ഒരു ലഘുപത്രിക വായിച്ചശേഷം ഡാനിയേലിന്റെ പിതാവിനൊരു കുറിപ്പെഴുതി. ആ അധ്യാപകനിപ്പോൾ നിത്യജീവനിലേക്കു നയിക്കുന്ന അറിവു നേടുന്നതിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.ദൈവഭയമുള്ള മാതാപിതാക്കളിൽനിന്ന് അഭ്യസനം ലഭിച്ചിട്ടുള്ള സ്കൂൾപ്രായമെത്താത്ത കുട്ടികൾക്കുപോലും സാക്ഷ്യം നൽകുന്നതിൽ ഫലപ്രദമായ പങ്കുണ്ടായിരിക്കാൻ കഴിയും. റഷ്യയിൽ ഒരു മാതാവും അഞ്ചുവയസ്സുള്ള മകളും ഭൂഗർഭതീവണ്ടിയിൽ സഞ്ചരിക്കുമ്പോൾ മിക്കപ്പോഴും സംഭാഷണങ്ങൾക്കു തുടക്കമിടുന്നത് ആ കൊച്ചു കുട്ടിയായിരിക്കും. അവർക്കടുത്തായി ആരെങ്കിലും ഇരിപ്പുണ്ടെങ്കിൽ ആ കുട്ടി ഉടനെ ചോദിക്കും, “ആൻറീ, ദൈവത്തിന്റെ പേര് യഹോവയാണെന്ന് ആൻറിക്കറിയാമോ?” മിക്കപ്പോഴും ലഭിക്കുന്ന ഉത്തരം “ഇല്ല” എന്നായിരിക്കും. അപ്പോൾ കുട്ടി മമ്മിയുടെ നേർക്കു തിരിഞ്ഞിട്ട് പറയും: “മമ്മീ, അതേക്കുറിച്ച് ആൻറിക്കൊന്നു പറഞ്ഞുകൊടുക്കാവോ?”
നമ്മുടെ കുട്ടികളുടെയിടയിൽ നല്ല ധൈര്യവും തീക്ഷ്ണതയുമുള്ള സാക്ഷികളുണ്ട്. ഇപ്പോൾ പത്തു വയസ്സുള്ള ബ്യാഡ്കി ഐസ്ലൻഡിലെ തന്റെ സഹപാഠികളോടു മിക്കപ്പോഴും പ്രസംഗിച്ചിട്ടുണ്ട്. ദൈവത്തിലല്ല, മറിച്ച് യഹോവയിൽ വിശ്വസിക്കുന്നതുകൊണ്ട് അവൻ ക്രിസ്ത്യാനിയല്ലെന്ന് അടുത്ത കാലത്ത് അവർ വാദിച്ചു. അവൻ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അവരതു വിശ്വസിക്കാൻ കൂട്ടാക്കിയില്ല. വീട്ടിലേക്കു പോകവേ തന്നോടൊപ്പം വീട്ടിലേക്കു വരാൻ തന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയെ ബ്യാഡ്കി ക്ഷണിച്ചു. ഒരു സംഗതി കാണിച്ചുകൊടുക്കുന്നതിനു വേണ്ടിയായിരുന്നു അത്. വീട്ടിലെത്തിയപ്പോൾ ഐസ്ലാൻഡിക് ബൈബിളിൽ ഉല്പത്തി 2:5-ന്റെ അടിക്കുറിപ്പ് ബ്യാഡ്കി തുറന്നു കാട്ടിക്കൊടുത്തു. അവിടെ ദൈവനാമം കൊടുത്തിരുന്നു. ദൈവനാമം യഹോവയാണെന്നു തന്റെ സുഹൃത്തിനെ ബോധ്യപ്പെടുത്താൻ അവൻ ഇംഗ്ലീഷിലുള്ള പുതിയലോക ഭാഷാന്തരവും ഉപയോഗിച്ചു. എന്നിട്ട് ബ്യാഡ്കി പറഞ്ഞു: “ബൈബിൾ പറയുന്നതനുസരിച്ച് ദൈവനാമം യഹോവയാണെന്നു നീയിപ്പോൾ നേരിട്ട് കണ്ടിരിക്കുന്നു. അതുകൊണ്ട്, സ്കൂളിലെ കുട്ടികൾ ദൈവനാമം യഹോവ എന്നല്ലെന്നു പറയുമ്പോൾ, അവർ പറയുന്നതു ശരിയല്ലെന്നും ബൈബിളിൽ ആ നാമം നീ നേരിട്ട് കണ്ടുവെന്നും നിനക്ക് അവരോടു പറയാൻ കഴിയും.” ബ്യാഡ്കി തന്റെ സുഹൃത്തിനെ സത്യം പഠിപ്പിക്കുക മാത്രമല്ല ചെയ്തത്, എങ്ങനെ പ്രസംഗിക്കണമെന്നുള്ള നിർദേശങ്ങളും കൊടുത്തു.
ചിലപ്പോൾ ക്ലാസ്സ് മുറിയിൽപോലും നയപൂർവം സാക്ഷ്യം നൽകുക സാധ്യമായിരുന്നിട്ടുണ്ട്. ലബനോനിലെ ഒരു യുവസഹോദരൻ
യഹോവയുടെ സാക്ഷികളെക്കുറിച്ചു തന്റെ സഹപാഠികൾക്ക് ഒരു റിപ്പോർട്ടു നൽകി. അതിൽ അവൻ യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം എന്ന വീഡിയോയുടെ പ്രദർശനവും ഉൾപ്പെടുത്തി. സ്കൂളിന്റെ “ഈസ്റ്റർ” അവധിക്കാലത്ത് ചെയ്ത കാര്യങ്ങളെക്കുറിച്ച് ഒരു ഉപന്യാസമെഴുതാൻ ആവശ്യപ്പെട്ടപ്പോൾ, പോർട്ടുഗലിലെ ഒരു പ്രസാധിക താൻ സ്മാരകത്തിൽ സംബന്ധിച്ചുവെന്ന വസ്തുതയും അതിൽ ഉൾപ്പെടുത്തി. തത്ഫലമായുണ്ടായ താത്പര്യം നിമിത്തം അവളുടെ അധ്യാപിക ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. അവരിപ്പോൾ സ്നാപനമേൽക്കാത്ത ഒരു പ്രസാധികയാണ്.സഹായ പയനിയർമാരായി—ചിലരുടെ കാര്യത്തിൽ, നിരന്തരപയനിയർമാരായി—പ്രവർത്തിക്കാൻ തീക്ഷ്ണത നിരവധി യുവജനങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നു. റുവാണ്ടയിലെ മാരി റോസ് അവരിലൊരാളാണ്. ഹൈസ്കൂളിൽ പഠിക്കുന്ന അവൾ തന്റെ വൃദ്ധമാതാവിനെ സഹായിക്കാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എങ്കിലും, നിരന്തരപയനിയറായ അവൾ 15 ബൈബിളധ്യയനങ്ങൾ നടത്തുന്നു. അടുത്ത കുടുംബാംഗങ്ങളാരും സാക്ഷികളല്ലായിരുന്നെങ്കിലും കാമറൂണിലെ ഗ്ലോറി സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ സഹായ പയനിയറായി സേവിച്ചു. ഇപ്പോൾ അവളൊരു നിരന്തരപയനിയറാണ്. അവളുടെ കുടുംബത്തിലെ മറ്റ് മൂന്നു പേർ സാക്ഷികളായി സ്നാപനമേൽക്കുകയും ചെയ്തിരിക്കുന്നു. ഗ്ലോറി പറയുന്നു: “സ്കൂളിലായിരിക്കെ പയനിയറിങ് ചെയ്തത് ഇക്കാലത്ത് പല സ്കൂളുകളെയും ബാധിച്ചിരിക്കുന്ന മയക്കുമരുന്നുപയോഗം, അധാർമികത, അക്രമം തുടങ്ങിയവയിൽനിന്നുള്ള ഉത്തമ സംരക്ഷണമാർഗമായി എനിക്ക് ഉതകി.”
പയനിയറിങ് ചെയ്യുന്നവർക്ക് ഒരു സ്കൂൾ
ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിരന്തരപയനിയറായിട്ടുള്ളവർക്ക് ഒരു പ്രത്യേക പരിശീലന പരിപാടിയുണ്ട്. 1977 നവംബറിൽ പയനിയർ സേവനസ്കൂളിൽ സംബന്ധിക്കുന്നതിനുള്ള ആദ്യ ക്ഷണം ഐക്യനാടുകളിൽ പുറപ്പെടുവിച്ചു. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഐക്യനാടുകളിലെ 1,95,000 പയനിയർമാർ ഈ സ്കൂളിൽനിന്നു പ്രയോജനം നേടിയിട്ടുണ്ട്. കഴിഞ്ഞ സേവനവർഷം ഈ സ്കൂളിൽ സംബന്ധിച്ച 10,345 പേരും അതിലുൾപ്പെടും. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾക്ക് ഈ പരിശീലനം ലഭിച്ചിരിക്കുന്നു.
ഈ സ്കൂളിന്റെ ലക്ഷ്യമെന്താണ്? (1) യേശുക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് യഹോവയോടൊത്തു നടക്കാനും (2) മുഴുസഹോദരവർഗത്തോടുമുള്ള സ്നേഹത്തിൽ കൂടുതൽ തികവുള്ളവരാകാനും (3) “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ” കൂടുതൽ ഫലപ്രദമായി പ്രകാശിക്കാൻതക്കവണ്ണം പ്രസംഗ-പഠിപ്പിക്കൽ പ്രാപ്തികൾ മെച്ചപ്പെടുത്താനും ഫിലി. 2:15.
പയനിയർമാരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ കോഴ്സ്.—വയൽശുശ്രൂഷയ്ക്കുള്ള പ്രായോഗിക പരിശീലനത്തിനുപുറമേ, “പയനിയർവേലയിൽ സമനിലയുള്ളവരായിരിക്കാനും ശരിയായ വീക്ഷണം നഷ്ടപ്പെടുത്താൻ ഈ വ്യവസ്ഥിതിയിലെ സംഗതികളെ അനുവദിക്കാതിരിക്കാനും” ഈ കോഴ്സ് വിദ്യാർഥികളെ സഹായിച്ചുവെന്നു രണ്ട് അധ്യാപകർ പറഞ്ഞു. തത്ഫലമായി, സംതൃപ്തിദായകമായ ഒരു വേലയെന്നനിലയിൽ മുഴുസമയ ശുശ്രൂഷ തുടരാൻ അനേകർക്കു സഹായം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ പൂർവയൂറോപ്പിലെയും ആഫ്രിക്കയിലെയും യഹോവയുടെ സാക്ഷികളുടെ മേലുള്ള നിരോധനം നീക്കം ചെയ്തപ്പോൾ, ആ പ്രദേശങ്ങളിലുള്ള പയനിയർമാർക്ക് പയനിയർ സേവനസ്കൂളിൽനിന്നു പ്രയോജനം നേടുന്നതിനു പെട്ടെന്നുതന്നെ ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. സ്ലോവേനിയ റിപ്പോർട്ട് ചെയ്യുന്നു: “വ്യക്തിഗത പയനിയർമാരുടെ കഴിവും ഫലപ്രദത്വവും അഭിവൃദ്ധിപ്പെടുന്നത് ഈ സ്കൂളിന്റെ ക്രിയാത്മക ഫലങ്ങളുടെ തെളിവാണ്.” ഈ സ്കൂളിൽ സംബന്ധിച്ചവർ പ്രകടമാക്കുന്ന ഉത്സാഹം പയനിയറിങ് ചെയ്യാൻ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുന്നു. ഹംഗറിയിൽ അതാണു സംഭവിച്ചത്. അവിടെ ഒരു സഭയിലെ ചിലർ പയനിയർ സേവനസ്കൂളിൽ സംബന്ധിച്ചതിനുശേഷം പയനിയർമാരുടെ എണ്ണം 5-ൽനിന്ന് 21 ആയി വർധിച്ചു.
തീർച്ചയായും കൊയ്ത്തു വലുതാണ്. വയലിൽ മനസ്സൊരുക്കമുള്ള, സുശിക്ഷിതരായ ശുശ്രൂഷകരുടെ ആവശ്യമുണ്ട്. ഈ ആവശ്യം നിവർത്തിക്കാൻ പയനിയർ സേവനസ്കൂൾ തുടർന്നും ഉപകരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
ശുശ്രൂഷാ പരിശീലന സ്കൂളിന്റെ പത്തു വർഷങ്ങൾ
പയനിയർ സേവനസ്കൂൾ തുടങ്ങി ഏതാണ്ട് പത്തു വർഷം കഴിഞ്ഞപ്പോൾ, 1987 ഒക്ടോബർ 1-ന് യു.എസ്.എ.-യിലെ പെൻസിൽവേനിയയിലുള്ള പിറ്റ്സ്ബർഗിൽ ശുശ്രൂഷാ പരിശീലന സ്കൂൾ ഉത്ഘാടനം ചെയ്യപ്പെട്ടു. ഈ സ്കൂളിൽ പരിശീലനം ലഭിക്കുന്ന ഏകാകികളായ മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും ലോകവ്യാപക വയലിൽ ആവശ്യമുള്ളിടത്ത് സേവിക്കാൻ ക്ഷണിച്ചേക്കാം. പത്തു വർഷം മുമ്പ് ലോകവ്യാപകമായി 54,911 സഭകളാണുണ്ടായിരുന്നത്; ഇന്ന് 85,256 സഭകളുണ്ട്. ഇടയവേല നടത്താനും പഠിപ്പിക്കാനും ബൃഹത്തായ സുവിശേഷവേലയിൽ നേതൃത്വമെടുക്കാനും യോഗ്യതയുള്ള പുരുഷന്മാരുടെ വലിയ ആവശ്യമുണ്ട്. ആ ആവശ്യങ്ങൾ നിവർത്തിക്കാൻ ശുശ്രൂഷാ പരിശീലന സ്കൂൾ സമർപ്പിത പുരുഷന്മാരെ സജ്ജരാക്കുന്നു.—2 തിമൊ. 2:2.
അതു തുടങ്ങിയശേഷം അമേരിക്കകളിൽ 3,698 പേരും ആഫ്രിക്കയിൽ 1,208 പേരും ഏഷ്യയിലും പസഫിക് ദ്വീപുകളിലും 1,804 പേരും യൂറോപ്പിൽ 2,295 പേരും ഈ സ്കൂളിൽ സംബന്ധിച്ചു. ഈ സ്കൂളിൽനിന്നുള്ള ബിരുദധാരികൾ 126 വ്യത്യസ്ത ദേശങ്ങളിൽ ഇപ്പോൾ സേവിക്കുന്നു.
ബിരുദധാരികളിൽ പലർക്കും പല ഭാഷകളറിയാം. അത്തരം കഴിവുള്ളവരെ അനേകം ഭാഷാക്കൂട്ടങ്ങളുള്ള അവരുടെ സ്വന്തദേശത്തോ വിദേശവയലിലോ ഉടൻതന്നെ നിയമിക്കുന്നു. മറ്റു ചിലരാണെങ്കിൽ തങ്ങളെ നിയമിച്ചിരിക്കുന്ന രാജ്യങ്ങളിലെ ഭാഷകൾ പഠിച്ചിരിക്കുന്നു.
നൂറുകണക്കിനു ബിരുദധാരികൾ പ്രത്യേക പയനിയർസേവനം ചെയ്യുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അവർ പ്രവർത്തനം തുടങ്ങിവെക്കുന്നു. മൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും ആവശ്യമുള്ള സഭകൾ അവരുടെ സേവനങ്ങളിൽനിന്നു പ്രയോജനം നേടിയിട്ടുണ്ട്. ചിലരെ സർക്കിട്ട് വേലയിൽ നിയമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, നൈജീരിയയിലെ 50 ബിരുദധാരികൾ സഞ്ചാരവേലയിലാണെന്ന് അവിടെനിന്നു റിപ്പോർട്ടു ചെയ്തിരിക്കുന്നു. ഏതാണ്ട് അത്രയും പേർതന്നെ മെക്സിക്കോയിൽ ആ സേവനം അനുഷ്ഠിക്കുന്നുണ്ട്. അവിടെ പല പുതിയ സഭകളും രൂപീകരിച്ചിട്ടുണ്ട്. ഫിലിപ്പീൻസിലെ 37 ബിരുദധാരികൾ സർക്കിട്ട് വേലയിലാണ്. 111 പേർ പകരം സർക്കിട്ട് മേൽവിചാരകന്മാരായി സേവിക്കുന്നു. സാങ്കേതിക വൈദഗ്ധ്യങ്ങളുള്ള ചില ബിരുദധാരികളെ ബ്രാഞ്ച് പ്രവർത്തനങ്ങളുടെ ആവശ്യം നിവർത്തിക്കുന്നതിനു നിയമിച്ചിട്ടുണ്ട്.
രാജ്യതാത്പര്യങ്ങൾക്കായി സേവിക്കാൻ സ്വമേധയാ തങ്ങളെത്തന്നെ അർപ്പിക്കുന്ന സഹോദരന്മാർക്കു വിലപ്പെട്ട സഹായം നൽകുന്നതിനുള്ള ഒരു നല്ല ഉപാധിയാണ് ഈ സ്കൂൾ. (സങ്കീ. 110:3) കൂടുതൽ ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ, അവരോടു കൂടുതൽ ആവശ്യപ്പെടുകയും ചെയ്യുന്നു. എങ്കിലും അവരുടെ അനുഗ്രഹങ്ങൾ അനവധിയാണ്.—ലൂക്കൊ. 12:48ബി.
‘നിങ്ങൾ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കണം’
പുരാതന ഇസ്രായേലിൽ യഹോവയുടെ ആരാധകർ കാലികോത്സവങ്ങൾക്കായി കൂടിവരുന്ന പതിവുണ്ടായിരുന്നു. “നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം” എന്ന് കൂടാരപ്പെരുന്നാളിനു പോയവരോടു കൽപ്പിച്ചിരുന്നു. (ലേവ്യ. 23:40) സമാനമായി, യഹോവയുടെ ജനത്തെ സംബന്ധിച്ചിടത്തോളം വാർഷിക ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ പ്രത്യേക സന്തോഷത്തിന്റെ സമയമാണ്. കഴിഞ്ഞ സേവനവർഷത്തിന്റെ ആദ്യപാദത്തിൽ “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ ചില ദേശങ്ങളിൽ നടക്കുന്നുണ്ടായിരുന്നു.
യുദ്ധപങ്കിലമായ ലൈബീരിയയിൽ അത് കൺവെൻഷനുള്ള എത്രയോ ഉചിതമായ വിഷയമായിരുന്നു! ആഴ്ചകൾക്കു മുമ്പേതന്നെ “ദൈവസമാധാന സന്ദേശവാഹകർ” എന്നെഴുതിയ ബാഡ്ജുകൾ അഭിമാനപൂർവം വഹിച്ചിരുന്ന സഹോദരങ്ങളെ പട്ടണങ്ങളിലും നഗരങ്ങളിലും കാണാമായിരുന്നു. അത്തരമൊരു തിരിച്ചറിയിക്കൽ ലേബൽ ധരിക്കുന്നതിനുള്ള സകല അവകാശവും യഹോവയുടെ സാക്ഷികൾക്കുണ്ടായിരുന്നു. യുദ്ധവർഷങ്ങളിൽ ദൈവസമാധാനത്തിന്റെ യഥാർഥ സന്ദേശവാഹകരാണെന്നു തെളിഞ്ഞത് യഹോവയുടെ സാക്ഷികൾ മാത്രമാണെന്നു ലൈബീരിയയിലെ ജനങ്ങൾക്കറിയാം. മറ്റു മതവിഭാഗങ്ങളിലെ ആയിരക്കണക്കിനാളുകൾ സായുധവിഭാഗത്തോടു ചേർന്ന് യുദ്ധായുധങ്ങളേന്തിയപ്പോൾ, യുദ്ധത്താൽ വലഞ്ഞ ലൈബീരിയക്കാർക്കു ബൈബിൾ കയ്യിലേന്തി ദൈവസമാധാന സന്ദേശം പകർന്നുകൊടുക്കുന്ന യഹോവയുടെ ജനത്തെ എവിടെയും കാണാമായിരുന്നു.
1997-ന്റെ പകുതിയായപ്പോഴേക്കും “ദൈവവചന വിശ്വാസ” കൺവെൻഷൻ പരമ്പര തുടങ്ങിക്കഴിഞ്ഞിരുന്നു. “നിങ്ങളുടെ കണ്ണു ലഘുവായി സൂക്ഷിക്കുക” എന്ന നാടകത്തോടു പലരും ആഴമായ നന്ദി പ്രകടിപ്പിച്ചു. “നിങ്ങളുടെ വിശ്വാസത്തിന്റെ ഗുണനിലവാരം—ഇപ്പോൾ പരിശോധിക്കപ്പെടുന്നു” എന്ന കാലോചിത പ്രസംഗത്തിലാണു പലരും ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രകാശനം ചെയ്ത സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിക ഇപ്പോൾത്തന്നെ 58 ഭാഷകളിൽ ലഭ്യമാണ്. പോളണ്ടിലെ കൺവെൻഷന്റെ ഏറ്റവും ശ്രദ്ധേയമായ സംഗതി പോളിഷ് ഭാഷയിലുള്ള സമ്പൂർണ പുതിയലോക ഭാഷാന്തരം വാഴ്സോയിലും വ്രോറ്റ്സ്ലാഫിലും ഒരേ സമയം പ്രകാശനം ചെയ്തുവെന്നതാണ്. ഗ്രീസിൽ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിന്റെ സമ്പൂർണ ഗ്രീക്കു പതിപ്പ് അച്ചടിച്ച് പ്രകാശനം ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോൾ, അതിന്റെ അറിയിപ്പ് തീരുന്നതിനു മുമ്പുതന്നെ, ദീർഘനേരം കരഘോഷം മുഴങ്ങി. ചിലർ സന്തോഷവും വിലമതിപ്പും നിമിത്തം കരഞ്ഞുപോയി.
ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾക്കു പുറമേ, പല സ്ഥലങ്ങളിലും വിശേഷാലുള്ള മറ്റു സമ്മേളനങ്ങൾ നടന്നു. അതിലൊന്ന്, ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ 3,000 പേർക്കിരിക്കാവുന്ന ഒരു സമ്മേളനഹാളും രാജ്യഹാളും ഉൾപ്പെട്ട പുതിയ ബ്രാഞ്ചിന്റെ സമർപ്പണത്തോടു ബന്ധപ്പെട്ടതായിരുന്നു. 1996 നവംബറിലായിരുന്നു അത്. ഏകാധിപതിയായ ട്രൂഹിയോയുടെ പത്തുവർഷക്കാലത്തെ കൊടിയ പീഡനത്തെ അതിജീവിച്ച പലരും അപ്പോൾ സന്നിഹിതരായിരുന്നു. മിഷനറിമാർ രാജ്യത്തുതന്നെ തങ്ങി എന്തെങ്കിലും ലൗകിക ജോലി ചെയ്തുകൊണ്ട് വിവേകപൂർവം സാക്ഷീകരണം നടത്തിയെന്നും തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത പലരുമുൾപ്പെടെ പ്രാദേശിക സാക്ഷികളെ
പ്രോത്സാഹിപ്പിച്ചെന്നും മുൻമിഷനറിയായ വാനിറ്റ ബ്രാൻറ് വിശദീകരിച്ചു. ഏകാധിപതിയായ ട്രൂഹിയോയുടെ ഒരു ബന്ധുവായ ലൂയിസ് മോൺടാസ് രാഷ്ട്രീയ പാർട്ടിയുടെ ഖജാൻജിയായിരിക്കുമ്പോഴാണു സത്യം പഠിച്ചത്. അദ്ദേഹത്തെ വേട്ടയാടിപ്പിടിച്ച് തടവിലാക്കി. പലതവണ അദ്ദേഹം മരണത്തെ മുഖാമുഖം കണ്ടു. 91 വയസ്സുള്ള അദ്ദേഹം ബ്രാഞ്ചിന്റെ സമർപ്പണത്തിനു സന്നിഹിതനായിരുന്നു. തുടർന്നു നടന്ന ദേശീയ സമ്മേളനത്തിൽ സംബന്ധിച്ച 35,678 പേരിൽ ഒരാളായിരിക്കുകയെന്ന സന്തോഷവും അദ്ദേഹത്തിനുണ്ടായി.ബ്രസീലിലെ വികസിപ്പിച്ച ബ്രാഞ്ച് സൗകര്യങ്ങളോടു ബന്ധപ്പെട്ട് 1997 മാർച്ചിൽ ശ്രദ്ധേയമായ മറ്റൊരു യോഗം നടന്നു. അതിന്റെ സമർപ്പണസമയത്ത് ബ്രസീലിലെ 26 സംസ്ഥാനങ്ങളിൽനിന്നുള്ള സാക്ഷികൾ സന്നിഹിതരായിരുന്നു. കൂടാതെ മറ്റ് 24 ദേശങ്ങളിൽനിന്നുള്ള പ്രതിനിധികളും ബ്രസീലിൽ സേവിച്ച 43-ാമത്തെ ഗിലെയാദ് സ്കൂളിനെ പ്രതിനിധാനം ചെയ്യുന്ന മിഷനറിമാരുമുണ്ടായിരുന്നു. എത്ര ആവേശം തുടിക്കുന്ന സമയമായിരുന്നു അത്! പിറ്റേന്ന് റിയോ ഡി ജനിറോയിലെ മാരാകാനാൻ സ്റ്റേഡിയത്തിൽ നടന്ന ഒരു പ്രത്യേക യോഗത്തിൽ ഭരണസംഘാംഗമായ മിൽട്ടൺ ഹെൻഷൽ പ്രസംഗിച്ചു. മറ്റു നാല് നഗരങ്ങളിലെ ജനക്കൂട്ടങ്ങളും ആ പരിപാടി ശ്രവിച്ചു. മൊത്തം ഹാജർ 2,00,000-ത്തിലധികമായിരുന്നു. സഭാപ്രസംഗി 12-ാം അധ്യായത്തിൽനിന്ന് അദ്ദേഹം വികസിപ്പിച്ചെടുത്ത ഹൃദയോഷ്മളമായ വിഷയം “യഹോവ യുവജനങ്ങളെ സ്നേഹിക്കുന്നു” എന്നതായിരുന്നു. ‘വിപത്കര നാളുകൾ വരുന്നതിനു മുമ്പ് പയനിയർസേവനത്തിൽ പങ്കെടുത്തുകൊണ്ട് യഹോവയെ പൂർണമായി സേവിക്കാൻ’ അദ്ദേഹം യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചു.
പിന്നീട് അതേ മാസം അർജൻറീനയിൽ നടന്ന ഒരു സമ്മേളനത്തിൽ, 9,400 പേർക്കിരിക്കാവുന്ന ഒരു പുതിയ കൺവെൻഷൻ ഹാളിന്റെ സമർപ്പണവും ഉൾപ്പെട്ടിരുന്നു. കാന്യവേലസിലെ ആ ഹാൾ സാക്ഷികളുടെ സ്വന്തമാണ്. അർജൻറീനയുടെ തലസ്ഥാനനഗരിയിലും പ്രാന്തപ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ഡിസ്ട്രിക്റ്റ് കൺവെൻഷനുകളും സർക്കിട്ട് സമ്മേളനങ്ങളും നടത്തുന്നതിനുള്ള ഇടമായി ഉതകും അത്. സമർപ്പണപരിപാടിയിൽ അർജൻറീനയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്റെ പുളകപ്രദമായ വിവരണവും ഉൾപ്പെട്ടിരുന്നു. 33 വർഷക്കാലം അവിടെ നിരോധനവും
വിലക്കുകളും ഉണ്ടായിരുന്നിട്ടും ദിവ്യാധിപത്യ വളർച്ച തുടർന്നുപോന്നു. സമർപ്പണപരിപാടിയുടെ പിറ്റേന്ന് ബ്യൂണസ് അയേഴ്സ് നഗരത്തിലെ കൂറ്റൻ റിവർ പ്ലേറ്റ് സ്റ്റേഡിയത്തിൽ ഒരു യോഗം സംഘടിപ്പിച്ചു. ആ സ്റ്റേഡിയം തിങ്ങിനിറഞ്ഞപ്പോൾ സഹോദരങ്ങൾ മൈതാനത്തേക്ക് ഇറങ്ങിയിരുന്നു. മൊത്തം 71,800 പേർ ഹാജരായിരുന്നു. ചിലർ ദീർഘദൂരം യാത്രചെയ്താണ് അവിടെയെത്തിയത്. ആളുകൾ നിറഞ്ഞ ഒരു ബസ്സ് 3,100 കിലോമീറ്റർ അകലെയുള്ള പാൻറഗോണിയയിൽനിന്നാണു വന്നത്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് റിവർ പ്ലേറ്റ് സ്റ്റേഡിയത്തിൽ എത്തിയത് 1,200 ബസ്സുകളാണ്.91 വയസ്സുണ്ടായിരുന്ന ഭരണസംഘാംഗമായ ക്യാരി ബാർബർ ആ അവസരങ്ങളിൽ പ്രസംഗിച്ചു. സമർപ്പണസമയത്ത് ബൈബിളിന്റെ വായന ശക്തമായി പ്രോത്സാഹിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “സഹോദരീസഹോദരന്മാരേ, നാമെല്ലാം ബൈബിൾ ദിവസവും വായിക്കാറുണ്ടോ? ദിവസവും ബൈബിൾ വായിക്കാൻ കഴിയാത്തവിധം തിരക്കാണെന്നു പറയുന്ന പലരും കണ്ടേക്കാം; എന്നാൽ അവർക്കു ദിവസവും മൂന്നു നേരം സുഭിക്ഷമായി ഭക്ഷിക്കാൻ വേണ്ടത്ര സമയമുള്ളതായി കാണുന്നു. അതു വ്യക്തമാണുതാനും, അല്ലേ? അവർ ദിവസവും ബൈബിൾ വായിക്കുകയാണെങ്കിൽ, അതും വ്യക്തമായിരിക്കില്ലേ?” പിറ്റേന്ന് അതേ സ്റ്റേഡിയത്തിൽവെച്ച് നടത്തിയ “ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കേണ്ട വിധം” എന്ന പ്രസംഗം ഉത്സാഹികളും ദത്തശ്രദ്ധരുമായ സദസ്യരുടെ കരഘോഷത്താൽ പലപ്പോഴും ഇടമുറിഞ്ഞു. സദ്ഗുണപൂർണവും നീതിനിഷ്ഠവുമായ
നടത്തയിൽ പുരോഗമിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചപ്പോൾ, വിജയിക്കാൻ നമുക്ക് യഹോവയുടെ സഹായവും ആത്മാവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. “ലോകത്തിന്റെ അസഭ്യസംസാരത്തിനും അധാർമിക നടത്തയ്ക്കും പുറംതിരിക്കേണ്ട”തിന്റെ പ്രാധാന്യം ബാർബർ സഹോദരൻ ഊന്നിപ്പറഞ്ഞു. എന്നിട്ട് അദ്ദേഹം ഈ ആഹ്വാനം നൽകി: “യഹോവയെ സേവിക്കുന്നതിലും ആരാധിക്കുന്നതിലും പ്രസാദിപ്പിക്കുന്നതിലും സന്തോഷം കണ്ടെത്തുവിൻ.” ആ പ്രത്യേക പരിപാടി സന്നിഹിതരിൽ ശരിക്കും മതിപ്പാർന്ന ഫലമുളവാക്കി.‘കൂടാരത്തിന്റെ കയറുകൾ നീട്ടുക’
യഹോവയുടെ വഴികളെക്കുറിച്ചു പഠിച്ച് അവയിൽ നടക്കുന്നതിനായി അവന്റെ വലിയ ആത്മീയ ഭവനത്തിലേക്കു കയറിപ്പോകുന്ന ലോകവ്യാപക ജനത്തിന്റെ സംഖ്യ സമീപ വർഷങ്ങളിൽ അതിശയകരമാംവിധം വർധിച്ചുകൊണ്ടിരിക്കുന്നു. (യെശ. 2:2-4) കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ യഹോവയ്ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി 15,93,995 പേർ ജലസ്നാപനത്തിനു വിധേയരായി. പ്രബോധനത്തിനും ആരാധനയ്ക്കുമായി കൂടിവരാൻ അവർക്കു രാജ്യഹാളുകൾ ആവശ്യമാണ്. പ്രത്യേക സമ്മേളനദിനങ്ങൾക്കും സർക്കിട്ട് സമ്മേളനങ്ങൾക്കും ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾക്കും സമ്മേളനഹാളുകൾ ആവശ്യമാണ്. പ്രാദേശിക ഭാഷകളിലേക്കു ബൈബിൾ സാഹിത്യങ്ങൾ പരിഭാഷപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും അവ അച്ചടിക്കുന്നതിനുള്ള അച്ചടിശാലകളും കഴിയുന്നിടത്തോളം ഏതൊരാൾക്കും രാജ്യസന്ദേശം ശ്രവിക്കാൻ അവസരം ലഭിക്കുന്നതിന് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുള്ള ബ്രാഞ്ച് ഓഫീസുകളും ആവശ്യമാണ്. “നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; . . . തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക” എന്ന പ്രാവചനിക പ്രഖ്യാപനം എത്രയോ ഉചിതമാണ്.—യെശ. 54:2.
ഇവയൊക്കെ എങ്ങനെയാണു സാധ്യമായിരിക്കുന്നത്? തന്റെ സാക്ഷികളുടെ ഏകീകൃത ശ്രമങ്ങളുടെ മേലുള്ള യഹോവയുടെ അനുഗ്രഹം മൂലം. സാധ്യമായിരിക്കുന്നിടത്ത്, പ്രാദേശിക സാക്ഷികൾ നിർമാണപ്രവർത്തനങ്ങൾ നടത്തുകയും സ്വമേധയാ സംഭാവനകളിലൂടെ അതിന്റെ ചെലവു വഹിക്കുകയും ചെയ്യുന്നു. മിക്കപ്പോഴും സത്യമായിരിക്കുന്നതുപോലെ, ആവശ്യമായിരിക്കുന്നിടത്ത് രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലുള്ള സാക്ഷികളോ സാർവദേശീയ സഹോദരവർഗമോ സഹായം നൽകുന്നു. ചിലപ്പോൾ അഞ്ചോ പത്തോ അതിൽക്കൂടുതലോ രാജ്യങ്ങളിൽനിന്നുള്ള സ്വമേധയാസേവകർ പ്രമുഖ ബ്രാഞ്ച് നിർമാണപ്രവർത്തനങ്ങളിൽ സഹായിക്കുന്നു.
കഴിഞ്ഞ സേവനവർഷത്തിൽ പൂർത്തിയാക്കി സമർപ്പിച്ച പദ്ധതികളിൽ നിരവധി രാജ്യഹാളുകളും ഏതാനും സമ്മേളനഹാളുകളും അനവധി ബ്രാഞ്ച് സൗകര്യങ്ങളും ഉൾപ്പെടുന്നു. ജമെയ്ക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഫ്രഞ്ച് ഗയാന, മഡഗാസ്കർ, മൗറീഷ്യസ്, സിയെറാ ലിയോൺ, റഷ്യ എന്നിവിടങ്ങളിൽ തികച്ചും പുതിയ ബ്രാഞ്ച് സൗകര്യങ്ങൾ നിർമിക്കുന്നതും അർജൻറീന, ഓസ്ട്രേലിയ, ബ്രസീൽ എന്നിവിടങ്ങളിൽ ബ്രാഞ്ച് സൗകര്യങ്ങൾ വിപുലമാക്കുന്നതും അവയിലുൾപ്പെട്ടിരുന്നു. ഈ സൗകര്യങ്ങൾ ആവശ്യമായിവരത്തക്കവണ്ണം ഇവിടങ്ങളിൽ എന്താണ് സംഭവിച്ചിരിക്കുന്നത്?
അർജൻറീന: അർജൻറീനയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്മേലുള്ള ഗവൺമെൻറ് നിരോധനം 1980-ൽ നീക്കം ചെയ്യപ്പെട്ടശേഷം ആ രാജ്യത്തെ രാജ്യപ്രസാധകരുടെ എണ്ണത്തിൽ ഒരു “സ്ഫോടനം” സംഭവിച്ചിരിക്കുന്നു. 1981-ൽ അവിടെ 38,869 സജീവ സാക്ഷികളാണുണ്ടായിരുന്നത്. 717 നിവാസികൾക്ക് ഒരു സാക്ഷി എന്ന അനുപാതമായിരുന്നു അത്. ഇപ്പോൾ അവിടെ 1,16,151 പ്രസാധകരുണ്ട്. 281 നിവാസികൾക്ക് ഒരു സാക്ഷി വീതം. ഫാക്ടറി സൗകര്യങ്ങൾ പലതവണ വികസിപ്പിക്കേണ്ടിവന്നിട്ടുണ്ട്. അടുത്തയിടെ രണ്ടു കെട്ടിടങ്ങൾ കൂടി വാങ്ങി ആധുനീകരിച്ചെടുത്തു. പാർപ്പിടസൗകര്യങ്ങളും വിപുലമാക്കി. നിലവിലുള്ള വിശാലമായ ബ്രാഞ്ച് സൗകര്യങ്ങൾക്കു പുറമേയാണ് ഇതെല്ലാം.
ഓസ്ട്രേലിയ: സിഡ്നിയുടെ പ്രാന്തപ്രദേശത്തുള്ള ഇപ്പോഴത്തെ സ്ഥാനത്തേക്ക് ബ്രാഞ്ച് മാറ്റിയതിനുശേഷം രാജ്യത്തെ സാക്ഷികളുടെ എണ്ണം ഏതാണ്ട് ഇരട്ടിയായിരിക്കുന്നു, അതായത് 60,946. പുതിയ ഡിപ്പാർട്ടുമെൻറുകൾ കൂട്ടിച്ചേർത്തു. മേഖലാ എഞ്ചിനിയറിങ് ഓഫീസ്, ഹോസ്പിറ്റൽ ഇൻഫർമേഷൻ സർവീസസ്, നിയമ വിഭാഗം തുടങ്ങിയവയും മറ്റ് ഡിപ്പാർട്ടുമെൻറുകളും ഇവയിലുൾപ്പെടുന്നു. പസഫിക് പ്രദേശത്തിനായുള്ള ഒരു സാഹിത്യ പണ്ടകശാലയാണ് ഇവിടത്തെ ഷിപ്പിങ് ഡിപ്പാർട്ടുമെൻറ്. ഈ ആവശ്യങ്ങൾ നിവർത്തിക്കുന്നതിന് ഓഫീസ്,
സർവീസസ്, പാർപ്പിടം എന്നിവയ്ക്കുള്ള മൂന്നു കെട്ടിടങ്ങൾ ഓസ്ട്രേലിയ ബ്രാഞ്ച് സമുച്ചയത്തോടു കൂട്ടിച്ചേർക്കുകയുണ്ടായി.ബ്രസീൽ: സെസാരിയൂ ലാൻഷിയിലെ ബ്രാഞ്ച് കെട്ടിടങ്ങൾ 1981-ൽ സമർപ്പിച്ചതിനുശേഷം അവ മൂന്നിരട്ടിയായി വർധിപ്പിക്കേണ്ടിവന്നു. എന്തുകൊണ്ട്? യഹോവയുടെ സാക്ഷികളുടെ നിരയോട് ബ്രസീലിലെ 3,38,600-ലധികം പേർ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. അവർ കഴിഞ്ഞ വർഷം സുവാർത്താപ്രസംഗത്തിനായി 8,03,00,000-ത്തിലധികം മണിക്കൂർ ചെലവഴിക്കുകയും ദശലക്ഷക്കണക്കിനു ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്യുകയും ശരാശരി 4,43,028 ഭവന ബൈബിളധ്യയനങ്ങൾ നടത്തുകയും ചെയ്തു. 6,960 സഭകളുടെയും 340 സഞ്ചാരമേൽവിചാരകന്മാരുടെയും പ്രവർത്തനങ്ങളുടെ മേൽനോട്ടം ഈ ബ്രാഞ്ച് വഹിക്കുന്നു.
ഡൊമിനിക്കൻ റിപ്പബ്ലിക്ക്: ഇത് ഫലപ്രദമായ ഒരു വയലാണ്. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ 21,007 രാജ്യപ്രസാധകർ 35,362 ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നു. അവിടത്തെ വേലയ്ക്കു പുതിയ ബ്രാഞ്ച് സൗകര്യങ്ങൾ അടിയന്തിരമായി ആവശ്യമായിരുന്നു.
ഫ്രഞ്ച് ഗയാന: ഗ്വാഡലൂപ്പിൽനിന്നും മാർട്ടിനിക്കിൽനിന്നുമുള്ള സാക്ഷികൾ മുഖ്യമായും ഇവിടെ സാക്ഷീകരണം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. 1990-ൽ 660 പ്രസാധകർ റിപ്പോർട്ടു ചെയ്യുന്നുണ്ടായിരുന്നു. ഒരു ബ്രാഞ്ച് ഓഫീസ് അവിടെ പ്രവർത്തനം തുടങ്ങി. ഫലമെന്തായിരുന്നു? അഞ്ചു വർഷംകൊണ്ട് പ്രസാധകരുടെ എണ്ണം ഇരട്ടിച്ചു. പ്രധാനമായും ആമസോൺ മഴക്കാടുകൾ തിങ്ങിനിറഞ്ഞിരിക്കുന്ന ഈ ദേശത്ത് സുവാർത്താപ്രസംഗം തഴച്ചുവളരുന്നു. ഇപ്പോഴിവിടെ 100 പേരിൽ ഒരാൾ എന്ന അനുപാതത്തിൽ സാക്ഷികളുണ്ട്. 1,468 പ്രസാധകർ 2,167 ബൈബിളധ്യയനങ്ങൾ നടത്തുന്നുവെന്ന വസ്തുതയും 1997-ലെ സസ്മാരകത്തിന് 5,506 പേർ ഹാജരായി എന്ന സംഗതിയും വിരൽ ചൂണ്ടുന്നത് കൂടുതലായ വളർച്ചയിലേക്കാണ്.
ജമെയ്ക്ക: ഇവിടെ സുവാർത്ത ആദ്യം പ്രസംഗിക്കപ്പെട്ടത് 1897-ലാണ്. അതുകൊണ്ട് 1997-ൽ നടന്ന മനോഹരമായ പുതിയ ബ്രാഞ്ച് കെട്ടിടത്തിന്റെ സമർപ്പണവും ഈ രാജ്യത്ത് സാക്ഷീകരണം തുടങ്ങിയതിന്റെ നൂറാം വാർഷികവും യാദൃച്ഛികമായി ഒന്നിച്ചുവന്നു. പുതിയ ബ്രാഞ്ച് ഓഫീസ്/സർവീസസ് കെട്ടിടം, ബെഥേൽ ഭവനം, സമ്മേളനഹാൾ, രാജ്യഹാൾ എന്നിവ പുതിയ കെട്ടിടസമുച്ചയത്തിൽ ഉൾപ്പെടുന്നു. രാജ്യത്തെ കൂടുതലായ ദിവ്യാധിപത്യ വികസനത്തിൽ ഈ സൗകര്യങ്ങൾ നിസ്സംശയമായും വലിയൊരു പങ്കു വഹിക്കും.
മഡഗാസ്കർ: യഹോവയുടെ ദാസന്മാർ ആദ്യമായി 1925-ൽ മഡഗാസ്കർ സന്ദർശിച്ചതിനെത്തുടർന്ന് വളരെയധികം കാര്യങ്ങൾ ചെയ്യപ്പെട്ടിട്ടുണ്ട്.
സമീപ വർഷങ്ങളിൽ പ്രവർത്തനത്തിന്റെ ആക്കം വളരെ വർധിച്ചിരിക്കുന്നു. 1997 മാർച്ചിൽ 8,404 പ്രസാധകർ വയൽസേവനത്തിൽ പങ്കെടുക്കുകയും 22,321 ബൈബിളധ്യയനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ 45,300 പേർ സ്മാരകത്തിനു ഹാജരായി. യഹോവയുടെ സത്യാരാധകരുടെ വർധിച്ചുവരുന്ന ഈ കൂട്ടത്തിന്റെ ആവശ്യങ്ങൾക്കായി കരുതാൻ പുതിയ ബ്രാഞ്ച് സമുച്ചയം തീർച്ചയായും സഹായിക്കും.മൗറീഷ്യസ്: ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ദ്വീപിൽ മനോഹരമായ ഒരു പുതിയ ബ്രാഞ്ച് ഓഫീസും വശങ്ങൾ തുറന്ന ഒരു സമ്മേളനഹാളും നിർമിക്കുകയുണ്ടായി. എന്തുകൊണ്ട്? എന്തെന്നാൽ, ഈ ദ്വീപുകളിൽ യഹോവയുടെ സ്തുതിഘോഷത്തിൽ ചേരാനുള്ള ബൈബിളിന്റെ ഹൃദ്യമായ ക്ഷണത്തോട് ആളുകൾ പ്രതികരിക്കുന്നു. (യെശ. 42:10) കഴിഞ്ഞ എട്ടു വർഷംകൊണ്ട് ഈ പ്രദേശത്തെ സാക്ഷികളുടെ എണ്ണം ഏതാണ്ട് ഇരട്ടിച്ചിരിക്കുന്നു.
സിയെറാ ലിയോൺ: ഈ ദേശത്ത് ദീർഘകാലം നീണ്ടുനിന്ന ആഭ്യന്തരയുദ്ധവും രാഷ്ട്രീയ കോളിളക്കവും ദൈവരാജ്യത്തിനു മാത്രം കൈവരുത്താൻ കഴിയുന്ന സുരക്ഷിതത്വത്തിനായി കാംക്ഷിക്കാൻ ആളുകളെ പ്രേരിപ്പിച്ചിരിക്കുന്നു. ഈ അവസ്ഥകൾക്കു മധ്യേ നടന്ന പുതിയ ബ്രാഞ്ചിന്റെ നിർമാണം ഒരു നല്ല സാക്ഷ്യമായിരുന്നു. നാനാ ദേശങ്ങളിൽനിന്നുള്ള നിർമാണവിദഗ്ധർ സ്വമേധയാ സേവനമനുഷ്ഠിച്ചു. അത് ആദ്യമൊക്കെ ആളുകൾക്കു വിശ്വസിക്കാൻ പ്രയാസമായിരുന്നു. വെള്ളക്കാരായ വിദേശികൾ സിയെറാ ലിയോണിലെ സാക്ഷികളോടൊപ്പം കായികവേലയിൽ പങ്കെടുത്തത് ആളുകളുടെ “സംസാരവിഷയമായി.” സമാധാനത്തിലും യഥാർഥ സാഹോദര്യത്തിലും ജീവിക്കാൻ യഹോവയുടെ സാക്ഷികൾ പഠിച്ചിരിക്കുന്നുവെന്നതിന്റെ തെളിവായിരുന്നു അത്.
റഷ്യ: റഷ്യയിലെ പുതിയ ബ്രാഞ്ച് കെട്ടിടങ്ങളുടെ സമർപ്പണം പ്രത്യേകമായ സാർവദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ലോകത്തിന്റെ ഈ ഭാഗത്ത് ശ്രദ്ധേയമായ ദിവ്യാധിപത്യ പുരോഗതി ഉണ്ടായിരുന്നു. 1997 ജൂൺ 21-ലെ ആ പരിപാടിക്ക് 42 ദേശങ്ങളിൽനിന്നുള്ള ആളുകൾ എത്തിയിരുന്നു.
1972-ൽ മുഴു സോവിയറ്റ് യൂണിയനിലുമായി 10,000 സാക്ഷികളാണുണ്ടായിരുന്നത്. 1991-ൽ അവിടെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു നിയമാംഗീകാരം ലഭിച്ചപ്പോൾ യൂണിയനിലെ 15 റിപ്പബ്ലിക്കുകളിലായി 49,171 സാക്ഷികൾ റിപ്പോർട്ടു ചെയ്യുന്നുണ്ടായിരുന്നു. 1997 മേയിൽ ആ പ്രദേശത്ത് 2,15,000 സാക്ഷികൾ പ്രവർത്തനിരതരായിരുന്നു. 6,00,000-ത്തോളം പേർ മാർച്ചിൽ സ്മാരകത്തിനു ഹാജരായി.
റഷ്യയും ഒമ്പത് മുൻ റിപ്പബ്ലിക്കുകളും റഷ്യ ബ്രാഞ്ചിന്റെ മേൽനോട്ടത്തിൻ കീഴിൽ വരുന്നു. അവിടത്തെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും അവിടേക്കു വേണ്ട സാഹിത്യങ്ങൾ പരിഭാഷപ്പെടുത്തുന്നതിനും സെൻറ് പീറ്റേഴ്സ്ബർഗിന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സോൾന്യെച്ച്നോയെ എന്ന സ്ഥലത്തിനടുത്ത് പുതിയ ബ്രാഞ്ച് സൗകര്യങ്ങൾ പണിയുകയുണ്ടായി. റഷ്യൻ ഫെഡറേഷനിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ മതസ്ഥാപനത്തിന് ഭരണകേന്ദ്രത്തിലുള്ള നിയമപരമായ രജിസ്ട്രേഷനു ചേർച്ചയിലായിരുന്നു ഇത്. മനോഹരമായ ഈ സമുച്ചയത്തിൽ ഉൾപ്പെടുന്നത് 250 പേർക്കുതകുന്ന ഏഴ് പാർപ്പിടങ്ങളും 500-ലധികം പേർക്കിരിക്കാവുന്ന ഒരു രാജ്യഹാളും തീൻമുറിയും കൂടാതെ വിശാലമായ ഒരു ഓഫീസ്-സംഭരണ സമുച്ചയവുമാണ്.
സമർപ്പണപരിപാടിയിൽ ഭരണസംഘാംഗമായ തിയോഡർ ജാരറ്റ്സ് “ഭാവിയിലേക്കുള്ള നിർമാണം” എന്ന മുഖ്യ പ്രസംഗം നടത്തി. രസകരമായ ചരിത്രസംഭവവികാസങ്ങൾ മറ്റുള്ളവർ വിവരിച്ചു. റഷ്യയിൽ യഹോവയുടെ സാക്ഷികളുടെ 100-ലധികം വർഷത്തെ പ്രവർത്തനത്തിന്റെ തെളിവു നൽകുന്ന ഫോട്ടോകളും അനുഭവങ്ങളും സ്വീകരണമുറിയിലെ വലിയ ബോർഡുകളിൽ പ്രദർശിപ്പിച്ചിരുന്നു. ബൈബിൾ വിദ്യാർഥികളിൽനിന്ന് (യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറഞ്ഞതിന്റെ പേരിൽ 1892-ൽ മോസ്കോയിലെ ഓർത്തഡോക്സ് മെത്രാപ്പോലീത്തയുടെ നിർദേശപ്രകാരം ഒരാളെ ഇന്ന് കസാഖ്സ്ഥാൻ എന്നറിയപ്പെടുന്ന സ്ഥലത്തേക്കു നാടുകടത്തിയതായി സന്ദർശകർ മനസ്സിലാക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസീ തടങ്കൽപ്പാളയത്തിലായിരുന്നപ്പോൾ യഹോവയുടെ സാക്ഷികളിൽനിന്നു ബൈബിൾസത്യം പഠിച്ച നൂറുകണക്കിനു റഷ്യക്കാരെക്കുറിച്ച് അവർ വായിച്ചറിഞ്ഞു. സ്റ്റാലിന്റെ ഏകാധിപത്യ ഭരണകാലത്ത്, 1951-ൽ സൈബീരിയയിലേക്കും റഷ്യൻ വിദൂരപൂർവ ദേശത്തേക്കും നാടുകടത്തപ്പെട്ട ആയിരക്കണക്കിന് യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ അവർ വായിച്ചു മനസ്സിലാക്കി.
വിശ്വാസത്തെപ്രതി ജയിലിലും സൈബീരിയയിലെ ലേബർ ക്യാമ്പുകളിലും വർഷങ്ങളോളം കഷ്ടമനുഭവിച്ച പലരും സമർപ്പണപരിപാടിക്ക് എത്തിയവരുടെ ഇടയിലുണ്ടായിരുന്നു. ഉദ്യാനതുല്യമായ 17 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഈ കെട്ടിടങ്ങൾ സന്ദർശിച്ച ഈ പഴമക്കാരുടെ വിസ്മയം നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ? പല സഹോദരങ്ങളുടെയും കണ്ണുകൾ ഈറനണിഞ്ഞു, പ്രത്യേകിച്ചും തടവുകാലത്തിനുശേഷം തമ്മിൽ കാണാതിരുന്നവരെ തിരിച്ചറിഞ്ഞപ്പോൾ. സഹോദരങ്ങൾ വലിയ മുറ്റത്തു നിന്നുകൊണ്ട്, ദശകങ്ങൾക്കു മുമ്പ് സൈബീരിയയിൽ പ്രവാസത്തിലായിരുന്നപ്പോൾ
തങ്ങൾ പാടിയ ചതുർഭാഗതാളപ്പൊരുത്തമുള്ള രാജ്യഗീതങ്ങൾ സ്വതവേതന്നെ ആലപിക്കവേ അവിടെയായിരിക്കുന്നത് എത്ര സന്തോഷപ്രദമായിരുന്നു!ഈ കെട്ടിടങ്ങൾ പണിയാൻ 20-ഓളം രാജ്യങ്ങളിൽനിന്നുള്ള അനവധി നിർമാണപ്രവർത്തകർ നാലു വർഷത്തിലധികം കൂട്ടായി യത്നിച്ചു. റഷ്യയിലെ സഹോദരങ്ങളെ സഹായിക്കാൻ ചിലർ തങ്ങളുടെ ഭവനം വിട്ടുപോരുകയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. മറ്റു ദിവ്യാധിപത്യ നിയമനങ്ങളിലേക്കു കടക്കാൻ ഒരുങ്ങിനിൽക്കുന്ന അവർക്ക് എത്രമാത്രം സന്തോഷമുളവാക്കിയ ഒരു അനുഭവമായിരുന്നു അത്!
സൊസൈറ്റിയുടെ ഹെഡ്ക്വാർട്ടേഴ്സിലും ലോകമെങ്ങുമുള്ള ബ്രാഞ്ചുകളിലുമായി മൊത്തം 16,982 സ്വമേധയാസേവകർ നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ഈ ബെഥേൽ കുടുംബാംഗങ്ങൾ സേവിക്കുന്ന സാഹചര്യങ്ങൾ നിമിത്തം അവരെയെല്ലാം പ്രത്യേക മുഴുസമയ സേവകരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
‘നിലങ്ങൾ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നു’
“നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും” എന്ന് യേശു പറഞ്ഞു. (യോഹ. 4:35) മുമ്പെന്നത്തെക്കാളും അത് ഇന്ന് സത്യമാണ്. ആഗോള സാക്ഷ്യവേലയ്ക്കു തുടക്കമിട്ട 1919 മുതൽ ലോകവയലിൽ വലിയ അളവിൽ “വിത്ത്” വിതച്ചിട്ടുണ്ട്. ശതകോടിക്കണക്കിനു ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. യഹോവയുടെ ഉദ്ദേശ്യത്തെപ്പറ്റി ആളുകളുമായി സഹസ്രകോടിക്കണക്കിനു സംഭാഷണങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്. മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശയെന്ന നിലയിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള മർമപ്രധാനമായ സന്ദേശം ആളുകളുടെ മുമ്പാകെ അവതരിപ്പിക്കുന്നതിനു സാധ്യമായ എല്ലാ പ്രചാരമാർഗങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ വിളവെടുപ്പിന്റെ സമയമാണ്.
മെക്സിക്കോയിലും മധ്യ, ദക്ഷിണ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലുമായി കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് 5,90,760 പേർ സ്നാപനമേറ്റു. യഹോവയെ അറിയാനും സേവിക്കാനും താത്പര്യം പ്രകടമാക്കിയ മറ്റുള്ളവരുമായി കഴിഞ്ഞ വർഷം ശരാശരി 18,58,462 ബൈബിളധ്യയനങ്ങൾ ഈ പ്രദേശത്തു നടത്തുകയുണ്ടായി.
1993-നുശേഷം, ആഫ്രിക്കയിലും അയൽദ്വീപുകളിലും സമർപ്പണ-സ്നാപന പടിയിലൂടെ യഹോവയുടെ ദാസന്മാരായിത്തീർന്നവരുടെ എണ്ണം 2,74,724 ആണ്. ആ ദേശങ്ങളിൽ സസ്മാരകത്തിന് 28,63,594 പേർ കൂടിവന്നു. മലാവിയിൽ 1,25,000 പേരും അംഗോളയിൽ 1,60,414 പേരും അതിനു കൂടിവന്നു. യുദ്ധപങ്കിലമായ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽ (മുമ്പ് സയർ) 5,74,736 പേരാണു സ്മാരകത്തിനു വന്നത്. ഇവരിൽ പലരും സത്യാരാധന സ്വീകരിക്കുമെന്നത് തീർച്ചയാണ്.
1989-ൽ ബെർലിൻ മതിൽ പൊളിച്ചുമാറ്റാൻ തുടങ്ങിയതുമുതൽ മുൻ സോവിയറ്റ് ചേരിയിൽപ്പെട്ട രാജ്യങ്ങളിൽ 3,09,589 പേരാണ് സത്യം പഠിച്ച് സ്നാപനമേറ്റത്. അവരെല്ലാവരും യഹോവയാൽ പഠിപ്പിക്കപ്പെടാൻ മാത്രമല്ല അവന്റെ ഹിതം ചെയ്യാനും മനസ്സൊരുക്കം കാണിക്കുന്നു.
യഹോവയുടെ സാക്ഷികൾ ഒരു നൂറ്റാണ്ടിലേറെക്കാലമായി പ്രസംഗിച്ചുകൊണ്ടിരിക്കുന്ന വടക്കേ അമേരിക്കയിലും യൂറോപ്പിലും കുടിയേറ്റക്കാരായ വൻ ജനസമൂഹങ്ങൾ ശിഷ്യരാക്കൽവേലയ്ക്കു പാകമായ ഒരു വയലാണ്.
തീർച്ചയായും യഹോവയുടെ ദിവസം വന്നെത്തുമ്പോൾ അവന്റെ “നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.” (യോവേ. 2:32) യഹോവയെക്കുറിച്ച് അറിയാനും അവനെ ആശ്രയിക്കാനും ജീവിതം അവന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാനും ആളുകളെ നാം ഇപ്പോൾ സഹായിക്കേണ്ടത് എത്ര മർമപ്രധാനമാണ്! അത്തരം പടികൾ സ്വീകരിക്കുന്നെങ്കിൽ, യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരുമ്പോൾ അവൻ പ്രീതിയോടെ വീക്ഷിക്കുന്നവരുടെ ഇടയിൽ അവരും കണ്ടെന്നുവരാം.—സെഫ. 2:3.
[4, 5 പേജുകളിലെ ചിത്രങ്ങൾ]
യോവേൽ പ്രവചനം ഉദ്ധരിച്ചുകൊണ്ട് പൗലൊസ് അപ്പോസ്തലൻ, പ്രസംഗിക്കുന്നതിന്റെ അടിയന്തിരത ഊന്നിപ്പറഞ്ഞു
[20-ാം പേജിലെ ചിത്രം]
ലൂയിസ് മോൺടാസ്, ഒരു ദീർഘകാല സാക്ഷി
[21-ാം പേജിലെ ചിത്രങ്ങൾ]
റിവർ പ്ലേറ്റ് സ്റ്റേഡിയത്തിൽ കൂടിയ 71,800 പേർക്ക് ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കാൻ ക്യാരി ബാർബർ ആഹ്വാനം നൽകി
[22-ാം പേജിലെ ചിത്രം]
അർജൻറീനയിലെ കാന്യവേലസിൽ 9,400 പേർക്കിരിക്കാവുന്ന പുതിയ കൺവെൻഷൻ ഹാൾ
[27-ാം പേജിലെ ചിത്രങ്ങൾ]
(1) റഷ്യ
(2) അർജൻറീന
(3) സിയെറാ ലിയോൺ
(4) ഓസ്ട്രേലിയ
[28-ാം പേജിലെ ചിത്രങ്ങൾ]
(5) ഫ്രഞ്ച് ഗയാന
(6) ബ്രസീൽ
(7) മഡഗാസ്കർ
(8) ഡൊമിനിക്കൻ റിപ്പബ്ലിക്ക്
[29-ാം പേജിലെ ചിത്രങ്ങൾ]
(9) മൗറീഷ്യസ്
(10) ജമെയ്ക്ക