യൂറോപ്പ്
യൂറോപ്പ്
യഹോവയുടെ സാക്ഷികൾ 100-ലധികം വർഷമായി യൂറോപ്പിൽ സുവാർത്ത ഘോഷിച്ചുവരുന്നു. യൂറോപ്പിൽനിന്നു നിരവധി സാക്ഷികൾ രാജ്യഘോഷകരുടെ ആവശ്യം അധികമുള്ള ദേശങ്ങളിലേക്കു താമസം മാറ്റിയിട്ടുണ്ട്. 1990-കളിൽ പൂർവ യൂറോപ്പിൽ സമഗ്ര സാക്ഷ്യം നൽകുന്നതിനു പ്രത്യേക ശ്രദ്ധ തിരിച്ചുവിട്ടിരിക്കുന്നു. സമീപകാലങ്ങളിൽ, സാക്ഷികൾ താരതമ്യേന കുറവുള്ള പ്രദേശങ്ങളിൽനിന്ന് അനേകർ സാക്ഷികൾ ധാരാളമുള്ള യൂറോപ്പിലേക്കു കുടിയേറിപ്പാർത്തിട്ടുണ്ട്. കുടിയേറ്റക്കാർക്കു സ്വാഗതമരുളുന്നതിലും അവരുമായി ദൈവരാജ്യത്തിന്റെ സുവാർത്ത പങ്കുവെക്കുന്നതിലും ഈ സാക്ഷികൾക്കു സന്തോഷമേയുള്ളൂ. യേശു മുൻകൂട്ടിപ്പറഞ്ഞവണ്ണം, “ഭൂമിയുടെ അററത്തോളവും” സാക്ഷ്യം നൽകുന്നതിന് ഇതെല്ലാം സംഭാവനചെയ്തിരിക്കുന്നു.—പ്രവൃ. 1:8.
മിക്ക ദേശങ്ങളിലും കുടിയേറ്റക്കാർ രാജ്യസന്ദേശത്തോടു സത്വരം പ്രതികരിക്കുന്നു. പ്രാദേശിക സാക്ഷികൾ അത്തരക്കാരുമായി ബൈബിൾ സത്യങ്ങൾ പങ്കുവയ്ക്കാൻ തങ്ങളാലാകുന്നതു ചെയ്യുമ്പോൾ യഹോവയുടെ ആത്മാവ് ആളുകളുടെ ഹൃദയത്തെ തുറക്കുന്നു. നോർവേയിലുള്ള ഒരു ലാറ്റിനമേരിക്കൻ അഭയാർഥിയുടെ കാര്യത്തിലും അതു വാസ്തവമെന്നു തെളിഞ്ഞു. നന്നായി വസ്ത്രധാരണംചെയ്ത ആബാലവൃദ്ധം ആളുകൾ, അഭയാർഥികേന്ദ്രത്തിനു തൊട്ടടുത്തുള്ള ഒരു രാജ്യഹാളിലേക്കു പോകുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹവും രാജ്യഹാളിൽ ചില യോഗങ്ങൾക്കു ഹാജരായി, അവിടെ കണ്ട കാര്യങ്ങൾ അദ്ദേഹത്തിനിഷ്ടമായി.
എന്നാൽ അദ്ദേഹത്തിനു നോർവീജിയൻ ഭാഷ വശമില്ലായിരുന്നു, അവിടെയുള്ള ആർക്കും സ്പാനിഷ് ഭാഷയും വശമില്ലായിരുന്നു. എന്നുവരികിലും, അദ്ദേഹവുമായി ഒരു ബൈബിളധ്യയനം തുടങ്ങി. സാക്ഷി നോർവീജിയൻ ഭാഷയിലുള്ള പരിജ്ഞാനം പുസ്തകവും പുതിയലോക ഭാഷാന്തരവും ഉപയോഗിച്ചു; ആ താത്പര്യക്കാരൻ അതേ പ്രസിദ്ധീകരണങ്ങൾ സ്പാനിഷ് ഭാഷയിലും ഉപയോഗിച്ചു. അധ്യയന ഭാഗങ്ങളിൽ നല്ല ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടും തിരുവെഴുത്തുകൾക്ക് ഊന്നൽ നൽകിയതുകൊണ്ടും പുരോഗതി സത്വരമായിരുന്നു. സഭയിലെ ക്രമവും ഐക്യവും സൗഹൃദഭാവവും താൻ ദൈവജനത്തെ കണ്ടെത്തിയെന്ന അദ്ദേഹത്തിന്റെ ബോധ്യത്തെ ശക്തമാക്കി.ഏതാനും മാസങ്ങൾക്കുശേഷം അദ്ദേഹം പ്രസാധകനാകാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ഭാഷാപ്രശ്നം കാരണം, അദ്ദേഹം ശരിക്കും യോഗ്യത നേടിയോ എന്നു മൂപ്പന്മാർക്കു മനസ്സിലാക്കാൻ സാധിച്ചില്ല. എങ്കിലും 2,400 കിലോമീറ്റർ അകലെ, ഓസ്ലോയിൽ ഒരു സ്പാനിഷ് സർക്കിട്ട് സമ്മേളനം നടക്കാനിരിക്കുകയായിരുന്നു. അതിൽ ഹാജരാകത്തക്കവണ്ണം ചില സഹോദരങ്ങൾ അദ്ദേഹത്തിന് വിമാനയാത്രാകൂലിക്കു പണം സംഭാവനചെയ്തു. സമ്മേളനത്തിൽവെച്ച്, സ്പാനിഷ് ഭാഷ സംസാരിക്കുന്ന മൂപ്പന്മാർ അദ്ദേഹം ശരിക്കും യോഗ്യത നേടിയിരിക്കുന്നതായി കണ്ടെത്തി. മാത്രമല്ല, ആ സമ്മേളനത്തിൽവെച്ച് അദ്ദേഹം ആദ്യമായി വയൽശുശ്രൂഷയിലും പങ്കുപറ്റി. തുടക്കംമുതലേ അദ്ദേഹം മറ്റുള്ള അഭയാർഥികൾക്കു സാക്ഷ്യം നൽകാനും അവരെ രാജ്യഹാളിലേക്കു ക്ഷണിക്കാനും വളരെയധികം ശ്രമം നടത്തിയിരുന്നു. അങ്ങനെ, തെക്കേ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുള്ള അഭയാർഥികളുമായി ബൈബിളധ്യയനങ്ങൾ തുടങ്ങി. രാജ്യഹാളിൽ ആദ്യമായി യോഗങ്ങൾക്കു ഹാജരായി ഒരു വർഷത്തിനുശേഷം അദ്ദേഹം സ്നാപനമേറ്റു.
ചില യുവജനങ്ങൾ, വെള്ളം വലിച്ചെടുത്ത സ്പോഞ്ച്പോലെ സത്യത്തോടു പ്രതികരിക്കുന്നു. ഫിൻലൻഡിൽ നിന്നുള്ള മാർക്കോയുടെ കാര്യത്തിൽ അതാണു സംഭവിച്ചത്. സംഗീത ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു യഹോവയുടെ സാക്ഷി ജോലിചെയ്യുന്ന കാര്യം ഒരു അധ്യാപകൻ അവനോടു പറഞ്ഞിരുന്നു. മാർക്കോ ആ സഹോദരിയെ ചെന്നുകണ്ട് ചില വിഷയങ്ങളെക്കുറിച്ച് സഹോദരിയുടെ വീക്ഷണമാരാഞ്ഞു. എന്നാൽ സംസാരിക്കാൻ അധികം സമയമുണ്ടായിരുന്നില്ല. സാക്ഷി അന്നു വൈകുന്നേരം മാർക്കോയെ ഫോണിൽ വിളിച്ചിട്ട്, കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ തന്റെ പുസ്തകങ്ങളിൽ ചിലതു വായിക്കാൻ തരാമെന്നു പറഞ്ഞു. ഉടനടി അവൻ സഹോദരിയുടെ വീട്ടിലെത്തി. അവിടെവെച്ച് സഹോദരിയും ഭർത്താവും അവന്റെ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകി. എന്നിട്ട് ആവശ്യം ലഘുപത്രികയും സ്ഥാപനം വീഡിയോയും ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?
എന്ന പുസ്തകവും അവനു കൊടുത്തു. ഏതാനും ദിവസങ്ങൾക്കു ശേഷം ഇനിയും സാഹിത്യങ്ങൾ വേണമെന്നു പറഞ്ഞ് അവൻ തിരിച്ചെത്തി. വായിച്ച വിവരങ്ങൾ ശരിക്കും ഉൾക്കൊണ്ടതായി അവന്റെ സംസാരം വ്യക്തമാക്കി. ഇത്തവണ അവനു പരിജ്ഞാനം പുസ്തകവും ഒരു ബൈബിളും കൊടുത്തയച്ചു. താത്പര്യക്കാരുമായി ബൈബിളധ്യയനം നടത്തുന്ന ക്രമീകരണത്തെക്കുറിച്ച് അവനോടു പറഞ്ഞെങ്കിലും ആദ്യം സ്വന്തമായി ആ പുസ്തകം വായിക്കാനായിരുന്നു അവനു താത്പര്യം. ഒരു വാരത്തിനകം അവൻ ആ മുഴുപുസ്തകവും വായിച്ചു, അതിലെ തിരുവെഴുത്തുകളെല്ലാം പരിശോധിച്ചു. ബൈബിളധ്യയനം തുടങ്ങുന്നതിനു മുമ്പുതന്നെ അവൻ പള്ളി വിട്ടുപോന്നിരുന്നു. അവൻ ഉടനടി ബന്ധുക്കളോടും സുഹൃത്തുക്കളോടും സംഗീത ഇൻസ്റ്റിറ്റ്യൂട്ടിലുള്ള അധ്യാപകരോടും സാക്ഷീകരിക്കാൻ തുടങ്ങി. ബൈബിളധ്യയനം തുടങ്ങി മൂന്നര മാസം കഴിഞ്ഞപ്പോൾ അവൻ സ്നാപനമേറ്റു.എസ്തോണിയയിലുള്ള ഒരു റഷ്യൻ ഭാഷാ അധ്യാപികയുടെ കാര്യമെടുക്കാം. 20 വർഷമായി ആത്മവിദ്യാചാരത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അവർ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുന്നത്. ദോലകമുപയോഗിച്ച് ആളുകളുടെ രോഗഗ്രസ്തമായ അവയവം കണ്ടുപിടിക്കുന്നതിൽ അവർ പരിശീലനം സിദ്ധിച്ചിരുന്നു. (ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ദോലകം ആടാൻ തുടങ്ങും.) സോവിയറ്റ് യൂണിയനിലെമ്പാടുമുള്ള, അതീന്ദ്രിയ ഗ്രഹണവിദ്യ ആചരിച്ചിരുന്നവരുടെ ഒരു സമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നു. നവയുഗ പ്രസ്ഥാനത്തിന്റെ യോഗങ്ങളിലും അവർ പങ്കെടുത്തിരുന്നു. എന്തിനുവേണ്ടി? അവരുടെ അമ്മ തീർത്തും രോഗിണിയായിരുന്നു. അമ്മയ്ക്കു രോഗശമനം വരുത്താനുള്ള മാർഗങ്ങൾ തേടുകയായിരുന്നു അവർ. യേശു രോഗികളെ സൗഖ്യമാക്കിയെന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ട് ഇന്നത്തെ ആത്മീയ രോഗശാന്തി ശുശ്രൂഷകർ ദൈവദാസരാണെന്നാണ് അവർ കരുതിയത്. രോഗശാന്തി കൈവരുത്തുന്നതിനുള്ള ശക്തി ദൈവത്തിൽനിന്നല്ലാതെയും വരാമെന്ന കാര്യം അവർക്കറിയില്ലായിരുന്നു. (ആവ. 18:10-12; മത്താ. 7:15-23) എന്നാൽ, ഭൂതങ്ങൾ അവരെ ദംശിക്കാനും കഴുത്തു ഞെരിക്കാനും തുടങ്ങി. അവൾക്കു സഹായം ലഭിച്ചേ തീരുമായിരുന്നുള്ളൂ. മറ്റു മതവിഭാഗങ്ങളിലെല്ലാം വിശ്വാസം നഷ്ടപ്പെട്ട അവർ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടു. ഉടനടി അവരുമായി ബൈബിളധ്യയനം തുടങ്ങി. പ്രാർഥിക്കാനും പിശാചിനോടു ചെറുത്തുനിൽക്കാനും എങ്ങനെ കഴിയുമെന്ന് അവർ മനസ്സിലാക്കി. യഹോവ ആത്മവിദ്യയെ വീക്ഷിക്കുന്നതെങ്ങനെയെന്നു മനസ്സിലാക്കിയപ്പോൾ അവൾ ആത്മവിദ്യയുമായി ബന്ധപ്പെട്ട സാഹിത്യങ്ങൾ കത്തിച്ചുകളയുകയും തന്റെ പക്കലുണ്ടായിരുന്ന അഞ്ചു ദോലകങ്ങൾ നശിപ്പിക്കുകയും ചെയ്തു. തനിക്ക് ഇത്രയധികം സ്വാതന്ത്ര്യം പ്രദാനം ചെയ്ത സത്യങ്ങളിൽനിന്നു പ്രയോജനമനുഭവിക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് അവർ നാലു മാസത്തിനകം വയൽസേവനത്തിൽ പങ്കുപറ്റാൻ തുടങ്ങി. ഇപ്പോൾ അവർ നിരന്തര സഹായപയനിയറായി സേവനമനുഷ്ഠിക്കുന്നു. യഹോവയുടെ സന്തുഷ്ട ജനത്തിന്റെ ഭാഗമായി എണ്ണപ്പെടുന്നതിൽ അവർ നന്ദിയുള്ളവളാണ്.
സ്പെയിനിലുള്ള ഒരു മൂപ്പന്റെ കൗമാരപ്രായക്കാരിയായ മകളാണു ഡാമാറിസ്. സഹപാഠികൾക്കു സാക്ഷ്യം നൽകുന്നത് തന്നെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ലെന്ന് അവൾ സമ്മതിച്ചുപറയുന്നു. എന്നാൽ, അവരിൽ മിക്കവരും പുകവലിക്കുന്നതായോ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുന്നതായോ അവൾ ശ്രദ്ധിച്ചു. അവർക്കു സഹായം ആവശ്യമാണെന്ന് അവൾക്കറിയാമായിരുന്നു. ഒടുവിൽ, അവളൊരു സഹപാഠിയോട് മയക്കുമരുന്നിന്റെയും പുകവലിയുടെയും ദൂഷ്യഫലങ്ങളെപ്പറ്റി പറഞ്ഞു. യുവജനങ്ങളുടെയെല്ലാം ക്ഷേമത്തിനുതകുന്ന വിഷയങ്ങൾ—മയക്കുമരുന്ന് ഉപയോഗിക്കുന്നതിലെ ദൂഷ്യഫലങ്ങളുൾപ്പെടെ—ചർച്ചചെയ്യുന്ന ഒരു പുസ്തകം തന്റെ പക്കലുണ്ടെന്നു ഡാമാറിസ് വിശദീകരിച്ചു. ആ പെൺകുട്ടി പ്രസ്തുത പുസ്തകം ആവശ്യപ്പെട്ടു. ക്ലാസ്സിലെ മറ്റുള്ളവർക്കും അതു കൈമാറി. ക്ലാസ്സിലെ മൂന്നിലൊരുഭാഗം കുട്ടികളും യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന ആ പുസ്തകത്തിന്റെ വ്യക്തിപരമായ പ്രതികൾ ആവശ്യപ്പെട്ടു. ഫലമോ? ഡാമാറിസ് ആദ്യം സംസാരിച്ച പെൺകുട്ടി പുകവലി നിർത്തിയെന്നു മാത്രമല്ല, കൂടുതലായ ചർച്ചയ്ക്കും അതു വഴിതുറന്നു.
മുൻ യൂഗോസ്ലാവിയയിലെ യുദ്ധകാലത്ത് അവിടെയുള്ള നമ്മുടെ സഹോദരങ്ങൾ അത്യന്തം ദുഷ്കര സമയങ്ങളിലൂടെ കടന്നുപോയി. ഭൗതികവസ്തുക്കളുടെ കാര്യത്തിൽ അവർ നിർധനരായിരുന്നെങ്കിലും ആത്മീയ അർഥത്തിൽ അവർ സമ്പന്നരാണ്. ഉദാഹരണത്തിന്, ക്രൊയേഷ്യയിലെ സാഗ്രെബിൽ നടന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ, വൂക്കവാറിൽനിന്നുള്ള ഹൃദയോഷ്മളമായ അനുഭവങ്ങൾ അവരെ വികാരഭരിതരാക്കി. ആ ക്രൊയേഷ്യൻ നഗരം ആദ്യം സെർബിയയുടെ നിയന്ത്രണത്തിലായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ക്രൊയേഷ്യയുടെ നിയന്ത്രണത്തിലായി. യുദ്ധത്തിന്റെ കിരാതമായ കെടുതികളിൽ ചിലത് അവിടെ അരങ്ങേറി. നമ്മുടെ സഹോദരങ്ങളുൾപ്പെടെ ജനങ്ങളിൽ ഭൂരിപക്ഷംപേരും ജീവനുംകൊണ്ട് അവിടന്നു പലായനം ചെയ്തു. മാരിയാ എന്നു പേരുള്ള ഒരു സഹോദരി ആ പട്ടണത്തിൽ അവശേഷിച്ചകാര്യം നാലു വർഷത്തേക്ക് ക്രൊയേഷ്യയിലെ സഹോദരങ്ങൾക്ക് അറിയില്ലായിരുന്നു. ആദ്യം സഹോദരി ഒറ്റയ്ക്ക് പ്രസംഗവേലയിലേർപ്പെട്ടു. ഇടയ്ക്കൊക്കെ സമീപത്തുള്ള സെർബിയയിലെ ഒരു സഭയിൽ പോകാൻ സഹോദരിക്കു കഴിഞ്ഞിരുന്നു. യുദ്ധകാലത്തെ അവരുടെ തീക്ഷ്ണതയ്ക്കു സമൃദ്ധമായ ഫലങ്ങളുണ്ടായി. ഡിസ്ട്രിക്റ്റ് കൺവെൻഷന് വൂക്കവാറിൽനിന്നുള്ള 20 പേരടങ്ങുന്ന ഒരു കൂട്ടത്തെ സ്വാഗതംചെയ്യവേ സഹോദരങ്ങൾക്കുണ്ടായ ആശ്ചര്യം ഒന്നു വിഭാവന ചെയ്യൂ!