വെളിച്ചം പ്രകാശിപ്പിക്കൽ
വെളിച്ചം പ്രകാശിപ്പിക്കൽ
പുരാതന ലോകത്തെ ഏഴ് അത്ഭുതങ്ങളിലൊന്ന് അലക്സാൻഡ്രിയയിലെ ദീപസ്തംഭമായിരുന്നു. ഈജിപ്തിലെ അലക്സാൻഡ്രിയ തുറമുഖത്ത് ഫാറോസ് ദ്വീപിൽ അതു തലയുയർത്തിനിന്നിരുന്നു. 1,500 വർഷത്തോളം ഈ പ്രകാശസ്രോതസ്സ് സമുദ്രസഞ്ചാരികളെ സുരക്ഷിതസ്ഥാനത്തേക്കു വഴികാട്ടി.
എന്നിരുന്നാലും, “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു പറഞ്ഞപ്പോൾ യേശുക്രിസ്തു അതിലുമേറെ പ്രധാനപ്പെട്ട ഒരു പ്രകാശസ്രോതസ്സിനെ തിരിച്ചറിയിച്ചു. (യോഹ. 8:12) ദൈവോദ്ദേശ്യങ്ങൾ സംബന്ധിച്ച ആത്മീയ പ്രബുദ്ധത നൽകിക്കൊണ്ട് അവൻ, എങ്ങനെ ജീവിക്കണമെന്നും എങ്ങനെ നിത്യജീവൻ പ്രാപിക്കാമെന്നും ആളുകളെ പഠിപ്പിച്ചു. അവൻ പഠിപ്പിച്ച കാര്യങ്ങൾ നമ്മുടെ കാലത്തും പ്രയോജനകരമായ വിധത്തിൽ ശക്തമായ പ്രഭാവം ചെലുത്തുന്നു. “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു പറഞ്ഞുകൊണ്ട് ശിഷ്യന്മാരുടെ ഉത്തരവാദിത്വം സംബന്ധിച്ച് അവൻ കൂടുതൽ നിർദേശങ്ങൾ നൽകി. മറ്റുള്ളവരോടു സംസാരിച്ചുകൊണ്ടു മാത്രമാണോ അവർ ആത്മീയ വെളിച്ചം ചൊരിയേണ്ടിയിരുന്നത്? യേശു കൂട്ടിച്ചേർത്തു: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—മത്താ. 5:14-16.
യഹോവയുടെ സാക്ഷികൾ നിയമാനുസാരികളും കുടുംബതാത്പര്യമുള്ളവരും ധാർമികവും സദാചാരപരവുമായ ഉന്നത നിലവാരങ്ങൾ പുലർത്തുന്നവരും ദൈവവചന സന്ദേശം സജീവമായി പ്രസംഗിക്കുന്നവരുമാണെന്നു ലോകത്തിലെ പലരും അംഗീകരിക്കുന്നു. എങ്കിലും, നമ്മുടെ വേലയെ എതിർക്കുന്നവരും യഹോവയുടെ ജനത്തിന്റെ സത്പേരിനെ കളങ്കപ്പെടുത്തുന്നതിനും വെളിച്ചം പ്രകാശിപ്പിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ വിഘ്നപ്പെടുത്തുന്നതിനും എന്തും ചെയ്യാൻ മടിക്കാത്തവരുമായ ആളുകളുമുണ്ട്. അവർ ഇതു ചെയ്യുന്നത് യഹോവയുടെ സാക്ഷികളെക്കുറിച്ച് കൃത്യതയില്ലാത്തതും ഭോഷ്കുനിറഞ്ഞതും നിന്ദാകരവുമായ വിവരങ്ങൾ ഗവൺമെൻറ് ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും നൽകിക്കൊണ്ടാണ്. അത്തരം തെറ്റായ സംഗതികളെ തിരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി എഴുത്തു കമ്മിറ്റിയുടെ (Writing Committee) മേൽനോട്ടത്തിൻ കീഴിൽ ഒരു പൊതുകാര്യ ഓഫീസിന്റെ (Public Affairs Office) രൂപീകരണത്തിന് 1997 ഫെബ്രുവരിയിൽ ഭരണസംഘം അനുമതി നൽകി. സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസുകളിൽ പൊതു വിജ്ഞാന വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.
സത്പ്രവൃത്തികൾ പ്രത്യക്ഷമാക്കപ്പെടുന്നു
മാധ്യമങ്ങൾക്കും അഭിജ്ഞർക്കും ഗവൺമെൻറ് ഉദ്യോഗസ്ഥർക്കും അതുപോലെതന്നെ പൊതുജനങ്ങൾക്കും നമ്മുടെ വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ ഒരു മുൻകരുതൽ സമീപനം കൈക്കൊള്ളുകയെന്നതാണ് ഈ ക്രമീകരണത്തിന്റെ ഉദ്ദേശ്യം. യഹോവയുടെ സാക്ഷികൾക്കു തങ്ങളെക്കുറിച്ചുതന്നെ പൊങ്ങച്ചം പറയാനുള്ള ഒരു ക്രമീകരണമല്ലിത്. അവർ യഹോവയെ ബഹുമാനിക്കുന്നു; യഹോവയുടെ ഉന്നത നിലവാരങ്ങൾ പ്രതിഫലിപ്പിക്കുന്ന അവരുടെ സത്പ്രവൃത്തികൾ മറ്റുള്ളവർ കാണാൻ ഇടയാക്കിക്കൊണ്ടാണ് അവർ ഭാഗികമായി ഇതു ചെയ്യുന്നത്.—1 കൊരി. 1:31.
ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നതുകൊണ്ട് യഹോവയുടെ ജനം വ്യക്തികളെന്ന നിലയിലും ഒരു കൂട്ടമെന്ന നിലയിലും തങ്ങൾ ജീവിക്കുന്ന ജനസമുദായത്തിന് ഒരു മുതൽക്കൂട്ടാണ്. യഹോവയുടെ സാക്ഷികളുടെ പൊതുപ്രവർത്തനങ്ങളിൽ നമ്മുടെ സുവിദിതമായ വീടുതോറുമുള്ള പ്രസംഗവേല മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. വിദഗ്ധരായ ആളുകളും സംഘടനകളും നമ്മുടെ സത്പ്രവൃത്തികളെക്കുറിച്ച് അറിവുള്ളവരാണെങ്കിൽ, വയൽസേവനത്തിൽ കണ്ടുമുട്ടുമ്പോൾ അവർ അനുകൂല മനോഭാവം പ്രകടിപ്പിക്കാൻ സാധ്യത കൂടുതലായിരിക്കും.
ദുരിതാശ്വാസപ്രവർത്തനങ്ങൾ
നാം അയൽക്കാരോടു പരസ്യമായി നന്മ പ്രകടമാക്കുന്ന ഒരു വിധം ദുരന്തകാലത്ത് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നതാണ്. ഗലാ. 6:10.
ഉദാഹരണത്തിന്, കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെ (മുമ്പ് സയർ എന്നറിയപ്പെട്ടിരുന്ന രാജ്യത്ത്) ആളുകൾക്കായി 1997-ൽ യഹോവയുടെ സാക്ഷികൾ മാത്രമടങ്ങിയ ഒരു കൂട്ടമാളുകൾ കാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബെൽജിയം, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ആയിരക്കണക്കിനു യഹോവയുടെ സാക്ഷികൾ നൽകിയ സഹായത്തിന്റെ ഫലമായി അഭയാർഥികൾക്ക് ടൺ കണക്കിനു ഭക്ഷണം, വസ്ത്രം, വിറ്റാമിൻ ഉത്പന്നങ്ങൾ, മരുന്നുകൾ എന്നിവ കൂടാതെ 18,500 ജോഡി ഷൂസും 1,000 കമ്പിളിപ്പുതപ്പും നൽകാൻ കഴിഞ്ഞു. ആ സാധനങ്ങളെല്ലാം വിമാനമാർഗം ആഫ്രിക്കയിലെത്തിച്ചു. അവയുടെ മൊത്തം മൂല്യം ഏതാണ്ട് 3.5 കോടി രൂപ വരും. അവ പ്രാഥമികമായും യഹോവയുടെ സാക്ഷികൾക്കുള്ള ദാനമായാണ് അയച്ചതെങ്കിലും, മറ്റുള്ളവരുമായും അവ പങ്കുവെച്ചു.—ഈ പ്രവർത്തനത്തെക്കുറിച്ചുള്ള വിശദവിവരങ്ങളടങ്ങുന്ന ഒരു ലഘുപത്രിക തയ്യാറാക്കുന്നതിൽ ഫ്രാൻസ് ബ്രാഞ്ചിനു സഹായം ലഭിച്ചു. ആ ലഘുപത്രിക ഗവൺമെൻറ് ഉദ്യോഗസ്ഥർക്കും വാർത്താമാധ്യമരംഗത്തുള്ളവർക്കും കൊടുത്തു. യഹോവയുടെ സാക്ഷികൾ ക്രിയാത്മകവും പ്രായോഗികവുമായ വിധത്തിൽ സഹായമാവശ്യമുള്ളവർക്കായി എന്തു ചെയ്യുന്നുവെന്നതിന്റെ ഉദാഹരണങ്ങൾ അവർക്കു പരിചയപ്പെടുത്തിക്കൊടുക്കാൻ ഉതകുന്നതായിരുന്നു അത്. അനവധി ഉദ്യോഗസ്ഥർ അതിലെ വിവരങ്ങളോട് ആത്മാർഥമായ വിലമതിപ്പു പ്രകടമാക്കി. കൊടുത്ത സാധനങ്ങൾ സഹായമാവശ്യമുള്ളവർക്കു ലഭിക്കുന്നെന്നും അവ മുഖപക്ഷമില്ലാതെ വിതരണം ചെയ്യപ്പെടുന്നെന്നും ഉറപ്പു വരുത്താൻ ചെയ്ത കാര്യങ്ങൾ അവരിൽ വിശേഷിച്ചും മതിപ്പുളവാക്കി.
കുടുംബജീവിതം അഭിവൃദ്ധിപ്പെടുത്തൽ
കുടുംബത്തകർച്ച ഗവൺമെൻറ് ഏജൻസികളുടെമേൽ വലിയൊരു ഭാരമായി മാറുകയും പൊതുകാര്യ ഉദ്യോഗസ്ഥരെ ഉത്കണ്ഠപ്പെടുത്തുകയും ചെയ്യുന്നു. കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിന്റെ വ്യാപകമായ വിതരണത്തിനു മുമ്പ്, ഭരണവിഭാഗ ഉദ്യോഗസ്ഥന്മാരെയും മേയർമാരെയും നഗരസഭാ ഭരണാധിപന്മാരെയും സാമൂഹിക ഉദ്യോഗസ്ഥരെയും പത്രാധിപർമാരെയും നേരിൽ കണ്ട് യഹോവയുടെ സാക്ഷികൾ എന്താണു ചെയ്യുന്നതെന്നും കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിനു കുടുംബങ്ങളെ എങ്ങനെ സഹായിക്കാനാകുമെന്നും വിശദീകരിക്കാൻ ഫിൻലൻഡിലെ യഹോവയുടെ സാക്ഷികൾ കൂട്ടായ ശ്രമം നടത്തി. തത്ഫലമായി, 120-ഓളം പത്രങ്ങൾ പ്രസ്തുത വിഷയത്തെക്കുറിച്ചു ക്രിയാത്മകമായ ലേഖനങ്ങളെഴുതി. മിക്കവാറും എല്ലാ മേയർമാരും മറ്റുള്ള ഉദ്യോഗസ്ഥന്മാരും ആ പുസ്തകത്തിന്റെ ഒരു പ്രതി സ്വീകരിച്ചുകൊണ്ട് അതു വായിക്കാമെന്നു വാഗ്ദാനം ചെയ്തു.
ലിത്വാനിയയിലെ ഒരു നഗരത്തിൽ ഏതാനും സാക്ഷികളേ ഉള്ളുവെങ്കിലും നഗരമേയർക്ക് ആ പുസ്തകത്തിന്റെ ഒരു പ്രതി കൊടുക്കാനും നമ്മുടെ വേലയെക്കുറിച്ചു വിശദീകരിക്കാനും അവർ അദ്ദേഹത്തെ സന്ദർശിച്ചു. മതിപ്പു തോന്നിയ ആ മേയർ, പ്രസ്തുത നഗരത്തിൽ അവർ പതിവായി യോഗങ്ങൾ നടത്താറുണ്ടോയെന്ന് ചോദിച്ചു. കാരണം, അത്തരം വിവരങ്ങൾ ആളുകൾക്കു പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം വിചാരിച്ചു. തങ്ങൾ അധികം പേരില്ലെന്നും തങ്ങൾക്ക് ഒരു ഹാളില്ലെന്നും അവർ വിശദീകരിച്ചപ്പോൾ, എങ്ങനെയും യോഗങ്ങൾ തുടങ്ങാൻ അദ്ദേഹം അവർക്കു പ്രോത്സാഹനം നൽകി. മേയറുടെ ആ പ്രോത്സാഹനത്തിന്റെ ഫലമായി, സാക്ഷികൾ സ്ക്വോഡെസിൽ ക്രമമായി യോഗങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങി.
നാസീ കൂട്ടക്കൊല സംബന്ധിച്ച വസ്തുതകൾ
സമീപ വർഷങ്ങളിൽ നാസീ കാലഘട്ടത്തോടും കൂട്ടക്കൊലയോടും ബന്ധപ്പെട്ട സംഭവങ്ങൾക്ക് പൊതുകാര്യ ഉദ്യോഗസ്ഥരും ചരിത്രകാരന്മാരും അധ്യാപകരും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. ഹിറ്റ്ലറുടെ ഭരണകാലത്ത് അരങ്ങേറിയ കൊടുംക്രൂരതകൾക്കെതിരെ നിരന്തരം തുറന്നു സംസാരിച്ച ചുരുക്കം ചില വിഭാഗങ്ങളിലൊന്നായിരുന്നു യഹോവയുടെ സാക്ഷികൾ. ഈ നിലപാടിന്റെ ചരിത്രം അഭിജ്ഞസമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നു. നാസീ കൂട്ടക്കൊലയോടു ബന്ധപ്പെട്ട സംഭവങ്ങൾ പഠിപ്പിക്കുന്നതിൽ വിദ്യാഭ്യാസപ്രവർത്തകരെ സഹായിക്കുന്നതിന് ഒരു പഠന സഹായി തയ്യാറാക്കി. കൂടാതെ, ക്ലാസ്സ് മുറികളിൽ കാണിക്കുന്നതിന് യഹോവയുടെ സാക്ഷികൾ നാസീ പീഡനത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്ന 28 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയും. അത്തരമൊരു ദുരന്തം ഉയർത്തിവിടുന്ന സദാചാരപരവും ധാർമികവുമായ വിവാദവിഷയങ്ങളാണ് അവ എടുത്തുകാട്ടുന്നത്. സമപ്രായക്കാരിൽനിന്നുള്ള സമ്മർദം, അസഹിഷ്ണുത, മനസ്സാക്ഷി തുടങ്ങിയ പ്രശ്നങ്ങളെ മുഖാമുഖം നേരിട്ട ഒരു വിഭാഗത്തിന്റെ ക്രിയാത്മക മാതൃക കുട്ടികളുടെ മുമ്പാകെ അവതരിപ്പിക്കാൻ അവ അധ്യാപകരെ സഹായിക്കും. അപ്പർ പ്രൈമറി സ്കൂളുകൾ മുതൽ യൂണിവേഴ്സിറ്റി തലംവരെയുള്ള ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ അത്തരം വിഷയങ്ങളോട് ആഴമായ താത്പര്യം പ്രകടമാക്കിയിട്ടുണ്ട്.
ജർമനിയിലെ ബെർലിന് 60 കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന റാവെൻസ്ബ്ര്യൂക്ക് തടങ്കൽപ്പാളയ സ്മാരകമന്ദിരത്തിലായിരുന്നു ഉറച്ചുനിൽക്കുന്നു വീഡിയോയുടെ പ്രഥമ പ്രദർശനം. ഗവൺമെൻറ് ഉദ്യോഗസ്ഥരും പ്രമുഖരായ വ്യക്തികളും ചരിത്രകാരന്മാരും നാസീ പീഡനത്തെ അതിജീവിച്ചവരും സന്നിഹിതരായിരുന്നു. ആ പ്രഥമ പ്രദർശനം നല്ല പ്രതികരണമുളവാക്കി. 99 പത്രങ്ങളും രണ്ടു പ്രമുഖ റേഡിയോനിലയങ്ങളും
അതേക്കുറിച്ചുള്ള വാർത്തകൾ നൽകി. ഉറച്ചുനിൽക്കുന്നു വീഡിയോ ജർമനിയിലെ 150 നഗരങ്ങളിൽ പ്രദർശിപ്പിച്ചുവരുന്നു. പൊതുജനങ്ങൾ അതിൽ നല്ല താത്പര്യം കാണിക്കുന്നുണ്ട്.നാസീ കൂട്ടക്കൊല സംബന്ധിച്ച വിദ്യാഭ്യാസം എന്ന വിഷയത്തെക്കുറിച്ച് റഷ്യയിലെ മോസ്കോയിൽ 1997 മേയിൽ പണ്ഡിതന്മാർ നടത്തിയ ഒരു അന്താരാഷ്ട്ര സിമ്പോസിയത്തിൽ രണ്ടു സഹോദരന്മാർ പങ്കെടുത്തു. സകലരെയും മുഖപക്ഷമില്ലാതെ വീക്ഷിക്കാനാണ് യഹോവയുടെ സാക്ഷികളെ പഠിപ്പിച്ചിരിക്കുന്നതെന്ന വസ്തുത എടുത്തുകാട്ടിക്കൊണ്ട് നാസീ കാലഘട്ടത്തിലെ സാക്ഷികളുടെ ചരിത്രത്തെക്കുറിച്ച് അവർ പ്രസംഗിച്ചു.—പ്രവൃ. 10:34, 35.
മറ്റൊരു പരിപാടിയിൽ റഷ്യ, യൂക്രെയിൻ, ജർമനി എന്നിവിടങ്ങളിൽനിന്നുള്ള അതിജീവകരായ പത്തു സാക്ഷികൾ മോസ്കോയിൽ നടന്ന ഒരു പത്രസമ്മേളനത്തിലും ഉറച്ചുനിൽക്കുന്നു വീഡിയോയുടെ റഷ്യൻഭാഷാ പതിപ്പിന്റെ പ്രഥമ പ്രദർശനത്തിലും പങ്കെടുത്തു. ഷ്ചുറ്റ്ഹോഫ് പാളയത്തിൽ നിന്നുള്ള അതിജീവകരായ രണ്ടു പേർ 1945 മേയിൽ മോചിപ്പിക്കപ്പെട്ടശേഷം കത്തു മുഖേന പരസ്പരം ബന്ധപ്പെട്ടിരുന്നു. അവരിലൊരാൾ ജർമനിയിൽനിന്നും മറ്റേയാൾ യൂക്രെയിനിൽനിന്നുമായിരുന്നു. 52 വർഷത്തിനുശേഷം അവർ മോസ്കോയിൽവെച്ച് വീണ്ടും കണ്ടുമുട്ടി! ആ വാർത്താസമ്മേളനത്തിനുശേഷം, റിപ്പോർട്ടർമാർ സഹോദരങ്ങളുടെ ഇടയിൽ ചുറ്റിനടന്ന് അവരുടെ ചിത്രങ്ങളെടുക്കുകയും അവരുമായുള്ള അഭിമുഖങ്ങൾ റെക്കോർഡ് ചെയ്യുകയുമുണ്ടായി. ഉറച്ചുനിൽക്കുന്നു വീഡിയോ അനേകരെ കരയിപ്പിച്ചു, അതു കണ്ടവർ ദീർഘനേരം കരഘോഷം മുഴക്കി. ആ പരിപാടി വാർത്താമാധ്യമങ്ങളുടെയും വിദ്യാഭ്യാസരംഗത്തുള്ളവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. യഹോവയുടെ സാക്ഷികളോട് നിഷേധാത്മക മനോഭാവം പുലർത്തിയിരുന്ന റഷ്യൻ പത്രപ്രവർത്തകർ നമ്മുടെ ചരിത്രത്തെയും വേലയെയും കുറിച്ച് നല്ല കാര്യങ്ങൾ പറഞ്ഞു. ഒരു പത്രം ഇങ്ങനെ പറഞ്ഞു: “പലരും അറസ്റ്റ് ചെയ്യപ്പെട്ടു, തടങ്കൽപ്പാളയങ്ങളിൽ അയയ്ക്കപ്പെട്ടു, വധിക്കപ്പെട്ടു. എന്നാൽ ദൈവത്തിലുള്ള വിശ്വാസത്തിന്റെ പിന്തുണയോടുകൂടിയ മനുഷ്യധൈര്യമായിരുന്നു ഏറെ ശക്തം. ഈ ചിത്രം പിടിക്കാൻ അനുയോജ്യരായ ആളുകളെ കണ്ടെത്താനായതും അങ്ങനെ നാസിസത്തോടുള്ള എതിർപ്പിന്റെ ചരിത്രത്തിൽ അധികമൊന്നും അറിയപ്പെടാതെ കിടന്ന ഒരേട് ലോകത്തെ തുറന്നുകാണിക്കാനായതും ശ്ലാഘനീയമായ സംഗതിയാണ്. അവർക്കു ഞങ്ങളുടെ നന്ദി.”
മുൻകൈയെടുക്കൽ
വിവരങ്ങളും ആളുകളുടെ സഹകരണവും ലഭിച്ചാൽ ഉത്തരവാദിത്വബോധമുള്ള പത്രപ്രവർത്തകർ മിക്കപ്പോഴും മുഖപക്ഷമില്ലാതെയും
കൃത്യമായും അവ റിപ്പോർട്ടു ചെയ്യും. ഇസ്രായേലിൽ മതഭ്രാന്തു പിടിച്ച ജനക്കൂട്ടം ഒരു രാജ്യഹാൾ ആക്രമിച്ചപ്പോൾ, ആ സംഭവത്തെക്കുറിച്ചു മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള സംഘടിത ശ്രമങ്ങൾ നടന്നു. ഒരു ഉല്ലാസക്കപ്പലിൽ വിനോദയാത്രയിലായിരുന്ന 15 യഹോവയുടെ സാക്ഷികൾ കേടുപോക്കൽ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതു സംബന്ധിച്ച വാർത്ത പത്രങ്ങളും ഒരു ടെലിവിഷൻ കേന്ദ്രവും റിപ്പോർട്ടു ചെയ്തു. ദൈവത്തിൽ വിശ്വസിക്കുന്നുവെന്നു കേവലം അവകാശപ്പെടുന്നവരും വാസ്തവത്തിൽ ദൈവത്തിന്റെ പഠിപ്പിക്കലുകളനുസരിച്ച് ജീവിക്കുന്നവരും തമ്മിലുള്ള വലിയ അന്തരം ആ വാർത്ത എടുത്തുകാട്ടി.സാംബിയയിൽ ഒരു പത്രപ്രവർത്തകൻ യഹോവയുടെ സാക്ഷികളെ സാത്താന്യാരാധനയുമായി ബന്ധപ്പെടുത്തിയ പത്രലേഖനം എഴുതുകയുണ്ടായി. പത്രാധിപരുമായി ബന്ധപ്പെടുന്നതിനുള്ള നിർദേശങ്ങളും ‘പത്രാധിപർക്കുള്ള കത്തി’ന്റെ ഒരു മാതൃകയും സഹിതം ആവശ്യമായ സഹായങ്ങൾ ബ്രാഞ്ച് ഓഫീസിനു ലഭിച്ചു. ആ പത്രാധിപർക്ക് പരിജ്ഞാനം പുസ്തകത്തിന്റെയും മരിച്ചവരുടെ ആത്മാക്കൾ എന്ന ലഘുപത്രികയുടെയും പ്രതികൾ നൽകി. ആ വിഷയം കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. പിറ്റേന്ന് രാവിലത്തെ പത്രത്തിൽ “യഹോവയുടെ സാക്ഷികൾ സാത്താന്യാരാധനയ്ക്കെതിരെ” എന്ന ശീർഷകത്തോടെ പത്രാധിപർക്കുള്ള ആ കത്ത് യാതൊരു മാറ്റവും കൂടാതെ പ്രസിദ്ധീകരിച്ചുവന്നു.
യഹോവയുടെ സാക്ഷികളെ തെറ്റായി ചിത്രീകരിക്കുകയും അവരെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി ചില യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവേ യഹോവയുടെ സാക്ഷികളെ അപകടകരമായ വ്യക്തിപൂജാപ്രസ്ഥാനങ്ങളുമായി തെറ്റായി ബന്ധപ്പെടുത്തിയിരുന്നു. ഒരു സ്ഥാപനമെന്ന നിലയിൽ നമ്മുടെ പ്രവർത്തനങ്ങളെ വ്യക്തമാക്കുന്നതും ഗവൺമെൻറുകൾക്കു നമ്മെക്കുറിച്ചുള്ള ഭയങ്ങൾ ദൂരീകരിക്കുന്നതുമായ മറുപടി നൽകുന്നതിനു ബ്രാഞ്ചുകൾക്കു സഹായം ലഭിച്ചിട്ടുണ്ട്.
ലോകത്തിൽ ഇന്നുള്ള ആത്മീയ അന്ധകാരത്തിൽനിന്നു വ്യത്യസ്തമായി സത്യത്തിന്റെ വെളിച്ചം ശോഭനമായി പ്രകാശിക്കുന്നതിൽ തുടരുന്നു. ‘നിങ്ങൾ ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു’വെന്ന് പൗലൊസ് അപ്പോസ്തലൻ ഫിലിപ്പിയർ 2:15-ൽ എഴുതിയ വാക്കുകൾ എത്രയോ ഉചിതമാണ്! യഹോവയുടെ സാക്ഷികളുടെ സ്ഥാപനത്തെയും പ്രവർത്തനത്തെയും കുറിച്ചുള്ള അബദ്ധധാരണകളും മുൻവിധികളും തിരുത്താനുള്ള ശ്രമങ്ങളിൽ യഹോവയുടെ വഴിനടത്തിപ്പും അനുഗ്രഹവും ഉണ്ടായിരിക്കട്ടെയെന്നു നാം പ്രാർഥിക്കുന്നു. ഈ വിധത്തിൽ ‘നമ്മുടെ വെളിച്ചം പ്രകാശി’പ്പിക്കുന്നതിൽ തുടരുന്നത് നമ്മുടെ പാതയെ പ്രകാശമാനമാക്കുന്ന വെളിച്ചത്തിന്റെ ഉറവിടമായ യഹോവയ്ക്കു കൂടുതൽ സ്തുതി കരേറ്റും.—സങ്കീ. 36:9.