അമേരിക്കകൾ
അമേരിക്കകൾ
ചില ദേശങ്ങളിൽ മറ്റു ചില ദേശങ്ങളെ അപേക്ഷിച്ചു കൊയ്ത്ത് കൂടുതലാണിപ്പോൾ. എന്നാൽ ‘വയലുകൾ കൊയ്ത്തിന്നു വെളുത്തിരിക്കുന്നു’ എന്ന് ഇപ്പോഴും തെളിയുന്നു. (യോഹ. 4:35) കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് ബ്രസീലിൽ രാജ്യഘോഷകരുടെ എണ്ണത്തിൽ 33 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്; മെക്സിക്കോയിൽ 36 ശതമാനം; ക്യൂബയിൽ 64 ശതമാനം; കൊളംബിയയിൽ 65 ശതമാനം. ഐക്യനാടുകളിലാണെങ്കിൽ അതേ കാലയളവിൽ 2,09,249 പേരാണ് ജലസ്നാപനത്തിലൂടെ തങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തിയത്. വയൽശുശ്രൂഷയിൽ പങ്കെടുത്തവരുടെ പുതിയ അത്യുച്ചം 10,40,283 ആയിരുന്നു!
ഹോണ്ടുറാസിന്റെ ദക്ഷിണ ഭാഗത്തു പ്രവർത്തിക്കുന്ന ഒരു പ്രത്യേക പയനിയർ വളരെ സന്തോഷകരമായ ഒരു ബൈബിൾ അധ്യയനം നടത്തിയിരുന്നു. പരിജ്ഞാനം പുസ്തകത്തിന്റെ 12-ാം അധ്യായത്തിൽ എത്തിയപ്പോഴേക്കും ആ വിദ്യാർഥി സ്നാപനം ഏറ്റിട്ടില്ലാത്ത പ്രസാധകൻ ആയിത്തീർന്നു. രണ്ടു മാസത്തിനുള്ളിൽ ആ വിദ്യാർഥി രണ്ട് അധ്യയനങ്ങൾ നടത്താൻ തുടങ്ങി. ആ അധ്യയനങ്ങൾ പുരോഗതി പ്രാപിക്കുന്നുണ്ടായിരുന്നു; രണ്ടു പേരും യോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങി. മൂന്നര മാസം കഴിഞ്ഞപ്പോൾ ആ വിദ്യാർഥികളിൽ ഒരാൾ സുവാർത്തയുടെ, സ്നാപനം ഏറ്റിട്ടില്ലാത്ത ഒരു പ്രസാധകൻ ആയിത്തീർന്നു. വീണ്ടും, ഒരു മൂന്നു മാസം കഴിഞ്ഞപ്പോൾ രണ്ടാമത്തെ വിദ്യാർഥിയും സാക്ഷീകരണത്തിൽ പങ്കെടുക്കാൻ തുടങ്ങി. ആദ്യത്തെ വിദ്യാർഥി
സ്നാപനത്തിനു തയ്യാറായപ്പോൾ അദ്ദേഹത്തിന്റെ ആദ്യ വിദ്യാർഥിയും അതിനു തയ്യാറായി കഴിഞ്ഞിരുന്നു. മറ്റേ ബൈബിൾ വിദ്യാർഥിയും നല്ല പുരോഗതി വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴോ? ഇപ്പോൾ നമ്മുടെ സഹോദരൻ ആയ ആദ്യത്തെ വിദ്യാർഥി ഒരു ദമ്പതികളുമൊത്തു മറ്റൊരു ബൈബിൾ അധ്യയനം നടത്തുന്നുണ്ട്. ശിഷ്യരാക്കൽ വേല എത്ര സന്തോഷപ്രദമാണ്!ബ്രസീലിലെ ആമസോൺ നദീമേഖലയിൽ ഒരു സമ്പൂർണ സാക്ഷ്യം നൽകുന്നതിനുള്ള ആത്മാർഥമായ ശ്രമം നടത്തിവരികയാണ്. നാലു വലിയ ബോട്ടുകൾ ഉപയോഗിച്ച് ആ പ്രദേശത്തു സുവാർത്ത ഘോഷിക്കുന്നതിന് 21 പയനിയർമാരെ ബ്രാഞ്ച് നിയമിച്ചിരിക്കുകയാണ്. ഈ പയനിയർമാർക്കെല്ലാം ജലയാത്രയിൽ അനുഭവപരിചയം ഉണ്ടെന്നു മാത്രമല്ല, അതിലും പ്രധാനമായി മനസ്സൊരുക്കമുള്ള ആത്മത്യാഗപരമായ ഒരു മനോഭാവം അവർ നിലനിർത്തുകയും ചെയ്യുന്നു. മഡിറ, പറൂസ്, സൂളിമോയിൻഷ്, ടോക്കൻടിൻസ് എന്നീ നദികളിലും മാറഴോ ദ്വീപിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് ഈ ബോട്ടുകൾ പ്രവർത്തിക്കുന്നത്. 9,700 കിലോമീറ്ററോളം നീളമുള്ള ഈ നദികളുടെ തീരത്തും പരിസരത്തുമായി ഏകദേശം 3,70,000 ആളുകളാണു താമസിക്കുന്നത്. ആ ബോട്ടുകളിൽ ഒന്നിലെ പയനിയർമാരിൽനിന്ന് അടുത്ത കാലത്തു കിട്ടിയ ഒരു കത്ത് ഭാഗികമായി ഇങ്ങനെ വായിക്കുന്നു: “ഞങ്ങൾ ഒടുവിൽ ഷാവിസ് എന്ന പട്ടണത്തിൽ എത്തി. . . . ഞങ്ങൾ അവിടെ ഒരു പരസ്യയോഗം നടത്തുകയും ദിവ്യബോധനത്താൽ ഏകീകൃതർ എന്ന വീഡിയോ കാണിക്കുകയും ചെയ്തു. 70 പേർ അതിൽ സംബന്ധിച്ചു. എന്നേക്കും ജീവിക്കാൻ പുസ്തകം സ്വീകരിച്ച ഒരാൾ ഞങ്ങൾ അവിടെ തങ്ങിയ ഒരാഴ്ചകൊണ്ട് അതു വായിച്ചുതീർത്തു. അദ്ദേഹം ഞങ്ങളോടു പറഞ്ഞു: ‘നിങ്ങൾ ഇവിടെ ഒരു പള്ളി തുടങ്ങിയാൽ, അതിലെ അംഗം ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’”
മറ്റുള്ളവരുടെ അടുക്കൽ എത്തിച്ചേരുക ദുഷ്കരമാണ്. അവർ വിദൂര ദേശങ്ങളിൽ പാർക്കുന്നതുകൊണ്ടല്ല, അവധിക്കാലത്തു വിദൂര ദേശങ്ങളിലേക്കു യാത്ര പോകുന്നതു കൊണ്ടാണത്. 20,320 അടി ഉയരമുള്ള മക്കിൻലി പർവതം കാണാൻ ഓരോ വേനൽക്കാലത്തും അലാസ്കയിലേക്കു പോകുന്ന ഒരു ദശലക്ഷത്തോളം ആളുകളുണ്ട്! ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു ചിന്തിക്കാൻ അത്തരം ആളുകളെ സഹായിക്കുന്ന എന്തെങ്കിലുമായി അവരെ സമീപിക്കാൻ നമുക്കു കഴിയുമോ? ദേനാലി ദേശീയ പാർക്കിൽ ഒരു സാഹിത്യ മേശ വെക്കാൻ പ്രാദേശിക സാക്ഷികൾ പ്രത്യേക അനുമതി വാങ്ങി. “പർവതങ്ങൾ—സൃഷ്ടിപ്പിൻ മഹദ്കർമങ്ങൾ” (ഒക്ടോബർ 8, 1994), “നമ്മുടെ ജന്തുജാലങ്ങളെ ആർ രക്ഷിക്കും?” (ജൂലൈ 8, 1997) “നമ്മുടെ മഴവനങ്ങളെ രക്ഷിക്കാനാകുമോ?” (മേയ് 8, 1998) “ഐഡിറ്ററോഡ്—സുസ്ഥാപിതമായിത്തീരാൻ പത്തു ശതകങ്ങൾ” (ഒക്ടോബർ 8, 1995) എന്നിങ്ങനെയുള്ള ഉചിതമായ വിവരങ്ങൾ ഉണരുക!യിൽനിന്നു തിരഞ്ഞെടുത്തു. ആളുകൾ ഉള്ളിടത്തു ചെല്ലാനുള്ള ഈ ശ്രമഫലമായി ഇംഗ്ലണ്ട്, ഇറ്റലി, ഓസ്ട്രേലിയ, ഗ്രീസ്, കാനഡ,
ചൈന, ജർമനി, തായ്വാൻ, സ്കോട്ട്ലൻഡ്, സ്വിറ്റ്സർലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ കാണാൻ സാധിച്ചു! ഐക്യനാടുകളുടെ മറ്റു ഭാഗങ്ങളിൽനിന്ന് ഉള്ളവർക്കും അവർ സാക്ഷ്യം കൊടുത്തു.മെക്സിക്കോയിലെ പ്രദേശം ഇപ്പോൾ കൂടെക്കൂടെ പ്രവർത്തിച്ചു തീർക്കുന്നുണ്ട്—പല നഗരങ്ങളിലും ഒന്നോ രണ്ടോ വാരം കൂടുമ്പോൾ പ്രദേശം പ്രവർത്തിച്ചു തീർക്കുന്നു. ചിയാപ്പസ് സംസ്ഥാനത്തെ ലാസ് നൂബസ് പ്രദേശത്തെ നിവാസികളിൽ ഭൂരിപക്ഷവും യഹോവയുടെ സാക്ഷികളാണ്. അവിടെ സാക്ഷികളുടേതല്ലാത്ത മൂന്നു ഭവനങ്ങളേ ഉള്ളൂ. സാൻ ആന്റോണിയോ ബ്വെനാവിസ്തയിൽ ഇപ്പോൾ എട്ടു സഭകളുണ്ട്, അവർക്കു സന്ദർശിക്കുന്നതിനായി സാക്ഷികളുടേതല്ലാത്ത 64 വീടുകളേ ഉള്ളൂ. സാക്ഷീകരണ പ്രദേശത്ത് എത്താനും ബൈബിൾ അധ്യയനങ്ങൾ നടത്താനുമായി അവിടെ സാക്ഷികൾക്ക് അനേക മണിക്കൂറുകൾ നടക്കേണ്ടിവരുന്നു.
നിക്കരാഗ്വയിലെ ഒരു രാജ്യഹാളിൽ യോഗത്തിനു ശേഷം ഒരു സാക്ഷി രണ്ടു യുവതികളെ അഭിവാദ്യം ചെയ്തു. മറ്റേതെങ്കിലും സഭയിൽനിന്നുള്ള സാക്ഷികളായിരിക്കും അവർ എന്നാണ് ആ സഹോദരി കരുതിയത്. എന്നാൽ വാസ്തവം അതല്ല, അവർ ജിജ്ഞാസ നിമിത്തം വന്നതാണ് എന്നു മനസ്സിലാക്കിയപ്പോൾ ആ സഹോദരി അവർക്ക് ബൈബിൾ അധ്യയനം വാഗ്ദാനം ചെയ്തു. അവർ അതിനു സമ്മതിച്ചു. അവർ ഇരുവരും ‘യുവജീവൻ’ എന്ന് അറിയപ്പെടുന്ന ഒരു മതവിഭാഗത്തിൽ അംഗങ്ങളായിരുന്നു. തന്നെയുമല്ല, അതിലെ മേഖലാ നേതൃത്വചുമതല ഉള്ളവരായിരുന്നു അവർ. അവരിൽ ഒരാളായ കാരില്യ, ബൈബിൾ അധ്യയനത്തിൽനിന്നു താൻ പഠിക്കുന്ന കാര്യങ്ങൾ തന്റെ കൂട്ടത്തെ പഠിപ്പിക്കാൻ തുടങ്ങി. അവൾ ആദ്യം അവരെ പഠിപ്പിച്ചതു ദൈവനാമമായിരുന്നു. യഹോവ എന്നതു ദൈവത്തിന്റെ യഥാർഥ പേരല്ല എന്നു പറഞ്ഞുകൊണ്ട് അതു നിരുത്സാഹപ്പെടുത്താൻ സഭയിലെ ഒരു പാസ്റ്റർ ശ്രമിച്ചു. അങ്ങനെയെങ്കിൽ മേലാൽ പാസ്റ്റർ തന്റെ ബൈബിൾ ഉപയോഗിക്കാൻ പാടില്ല, കാരണം അതിൽ യഹോവ എന്ന നാമം അടങ്ങിയിട്ടുണ്ട് എന്നു കാരില്യ മറുപടി കൊടുത്തു. അദ്ദേഹത്തിനു മറുപടി ഒന്നും പറയാനില്ലായിരുന്നു. പിന്നീട് ത്രിത്വത്തെക്കുറിച്ചും കുരിശിനെ കുറിച്ചുമുള്ള സത്യം കാരില്യ തന്റെ കൂട്ടത്തെ പഠിപ്പിച്ചു. താമസിയാതെ, യോഗങ്ങളിൽ പ്രാർഥിക്കുകയെന്ന പദവി പാസ്റ്റർമാർ അവളിൽനിന്നു നീക്കം ചെയ്തു. കാരണം അവൾ പ്രാർഥിച്ചത് യേശുക്രിസ്തുവിന്റെ നാമത്തിൽ യഹോവയോട് ആയിരുന്നു. അവരുടെ അടുത്ത റാലിക്കും അവൾക്കു ക്ഷണം ലഭിച്ചില്ല. തന്റെ അടുത്ത യോഗത്തിൽ, താൻ ഒരു യഹോവയുടെ സാക്ഷി ആയിത്തീരാൻ ആ മതവിഭാഗം വിട്ടുപോകുകയാണെന്ന് അവൾ അറിയിച്ചു. പരിജ്ഞാനം പുസ്തകത്തിലെ ആദ്യത്തെ നാല് അധ്യായങ്ങൾ പഠിച്ചപ്പോഴേ അവൾ ഈ തീരുമാനം എടുത്തു. ഏഴു മാസത്തിനുള്ളിൽ അവൾ സ്നാപനമേൽക്കുകയും ചെയ്തു.