ആഫ്രിക്ക
ആഫ്രിക്ക
ആഗോള തലത്തിൽ, “നിത്യജീവനായി ശരിയായ മനോനില” ഉള്ളവരെ കൂട്ടിച്ചേർക്കുന്ന വേല ത്വരിതഗതിയിൽ മുന്നേറുകയാണ്. (പ്രവൃ. 13:48, NW) ആഫ്രിക്കയുടെ മിക്ക ഭാഗങ്ങളിലും, യഹോവയുടെ മാർഗത്തിലുള്ള ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ പ്രവാഹം വിശേഷാൽ വലുതാണ്. അതിൽ അവരെ സഹായിക്കുന്നതിനു വേണ്ടി കഴിഞ്ഞ സേവനവർഷത്തിൽ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം യോരുബ ഭാഷയിലും (23 ദശലക്ഷം ആളുകൾ സംസാരിക്കുന്നു) ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ റ്റ്സോംഗ ഭാഷയിലും (4 ദശലക്ഷം ആളുകൾ സംസാരിക്കുന്നു) പ്രകാശനം ചെയ്തു.
കഴിഞ്ഞ അഞ്ചു വർഷക്കാലത്ത് അംഗോളയും ഉഗാണ്ടയും യഹോവയുടെ പരസ്യ സ്തുതിപാഠകരുടെ എണ്ണത്തിൽ 70 ശതമാനത്തിലധികം വർധനവ് റിപ്പോർട്ടു ചെയ്തു. ഇക്വറ്റോറിയൽ ഗിനി, ഗാംബിയ, മൊസാമ്പിക്ക്, റുവാണ്ട എന്നീ രാജ്യങ്ങളിൽ ഓരോന്നിലെയും വർധനവ് 100 ശതമാനത്തിലധികം ആയിരുന്നു. ഗിനി-ബിസോയിലെ പുരോഗതി 300 ശതമാനം ആണ്. നൈജീരിയയിൽ ശരാശരി 2,00,000-ത്തിലധികം പ്രസാധകർ ക്രമമായി റിപ്പോർട്ടു ചെയ്യുന്നുണ്ട്. കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലും സാംബിയയിലും 1,00,000-ത്തിലധികം രാജ്യഘോഷകർ നല്ല സാക്ഷ്യം നൽകുന്നു. മിക്കപ്പോഴും കടുത്ത പ്രശ്നങ്ങൾക്കു മധ്യേ ആണ് അവർ പ്രവർത്തിക്കുന്നത്.
ബൈബിൾ വിഷയങ്ങൾ പഠിക്കാൻ ആളുകൾ നല്ല ഉത്സാഹം കാണിക്കുന്ന
ഒരു വയലാണ് ബുർക്കിനാ ഫാസോ. കഴിഞ്ഞ സേവനവർഷത്തിൽ, നാലു പ്രത്യേക പയനിയർമാർ തലസ്ഥാന നഗരിയായ വാഗദൂഗൂവിന്റെ 140 കിലോമീറ്റർ ചുറ്റളവിലുള്ള 169 ഗ്രാമങ്ങളിൽ മൂന്നു മാസം സുവാർത്താ പ്രസംഗത്തിൽ ഏർപ്പെട്ടു. ചില പ്രദേശങ്ങളിൽ റോഡുകൾ ഇല്ലെന്നുതന്നെ പറയാം. ഗ്രാമങ്ങൾ തോറും സഞ്ചരിക്കവേ തീക്ഷ്ണതയുള്ള ഈ പയനിയർമാർക്ക് തണലിൽ 45 ഡിഗ്രി ചൂടുള്ള സമയത്ത് ദിവസം 15-ഓ അതിലധികമോ കിലോമീറ്റർ നടക്കണമായിരുന്നു. യഹോവയെക്കുറിച്ച് ഒരിക്കലും കേട്ടിട്ടില്ലാത്ത, അവന്റെ സാക്ഷികളെ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളോട് അവർ സംസാരിച്ചു. തദ്ദേശവാസികളെ മാതൃഭാഷയായ മോറേയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നതിനു സമീപ വർഷങ്ങളിൽ അധികാരികൾ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ വായിക്കുന്നതിനു ലഭ്യമായ വിവരങ്ങൾ വളരെ കുറവാണ്. പ്രസ്തുത ആവശ്യം നിവർത്തിക്കുന്നതിന്, സൊസൈറ്റി അവരുടെ ഭാഷയിൽ നിരവധി പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ആ പയനിയർമാർ റിപ്പോർട്ടു ചെയ്യുന്നു: “ആളുകളുടെ പ്രതികരണം വളരെ ഹൃദയസ്പൃക്കാണ്, അതു ഞങ്ങൾക്കു പ്രോത്സാഹനമേകുന്നു. . . . ഒടുവിൽ സ്വന്തം ഭാഷയിൽ പ്രസിദ്ധീകരണങ്ങൾ, പ്രത്യേകിച്ചും ദൈവത്തിന്റെ സുവാർത്തയെ കുറിച്ചുള്ള പ്രസിദ്ധീകരണങ്ങൾ, ലഭിച്ചതിൽ അവർക്കുള്ള സന്തോഷം ഞങ്ങൾ കാണുന്നു.” ഈ പ്രദേശത്തു ചെലവഴിച്ച മൂന്നു മാസക്കാലത്ത് പയനിയർമാർ 3,615 പുസ്തകങ്ങളും 22,228 ലഘുപത്രികകളും 368 മാസികകളും സമർപ്പിച്ചു.നൈജീരിയയിലെ ഒരു നഗരം. അവിടെ വംശീയ കലാപത്തിന്റെ ഒരു കാലഘട്ടത്തിൽ സംഘർഷം മുറ്റിനിന്ന ഒരു പ്രദേശത്ത് പ്രസാധകർ സാക്ഷീകരണത്തിനു പോകാൻ തുടങ്ങുകയായിരുന്നു. തങ്ങൾക്കു ലഭിച്ച മാർഗനിർദേശം അനുസരിച്ച് അവർ വീട്ടിലേക്കു മടങ്ങാൻ തുടങ്ങി. എന്നാൽ കോപാകുലരായ ഒരു സംഘം യുവാക്കൾ പ്രസാധകരുടെ കാർ തടഞ്ഞുനിർത്തി, വീടുകൾ കത്തിക്കാൻ തങ്ങൾക്ക് ഇന്ധനം വേണമെന്ന് ആവശ്യപ്പെട്ടു. സഹോദരന്മാർ തങ്ങളുടെ നിഷ്പക്ഷ നിലപാടു വിശദീകരിച്ചെങ്കിലും, ആ യുവാക്കൾ അതു ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല. (യോഹ. 17:16, NW; റോമ. 12:18) അപ്പോൾ പ്രസാധകർ രാജ്യവാർത്ത നമ്പർ 35-ന്റെ കോപ്പി ആ യുവാക്കളിൽ ഓരോരുത്തർക്കും കൊടുത്തു. അതിൽ എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ? എന്ന ചോദ്യം ഉന്നയിച്ചിരുന്നു. ലഘുലേഖ വിലമതിക്കുകയും സഹോദരങ്ങളെ പ്രശംസിക്കുകയും ചെയ്ത ആ യുവാക്കൾ സമാധാനത്തോടെ പോകാൻ അവരെ അനുവദിച്ചു.
റുവാണ്ടയിലെ ഒറ്റപ്പെട്ട പ്രദേശത്തു പ്രവർത്തിക്കവേ ഒരു സാക്ഷി ഒരു മനുഷ്യനെ കണ്ടുമുട്ടി. വളരെ സന്തോഷത്തോടെ പരിജ്ഞാനം പുസ്തകം സ്വീകരിച്ച അദ്ദേഹം സാക്ഷികളുമൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. തുടക്കം മുതലേ ഈ മനുഷ്യൻ സഭായോഗങ്ങളോടു വിലമതിപ്പു പ്രകടമാക്കി. (എബ്രാ. 10:24, 25) അദ്ദേഹത്തിന്റെ ഒരു കാലിന് മുട്ടിനു താഴേക്കുള്ള ഭാഗം ഇല്ലായിരുന്നെങ്കിലും, ഒറ്റത്തടിയിൽ നിർമിച്ച ഒരു കൊച്ചു വള്ളത്തിൽ ഒരു തടാകം കുറുകെ കടന്ന്, നാലു മണിക്കൂർ നടന്നു യോഗങ്ങൾക്കു വരുമായിരുന്നു. അദ്ദേഹം യോഗങ്ങളിൽ പതിവായി സംബന്ധിച്ചു, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ചേർന്നു, സ്രഷ്ടാവിനെ കുറിച്ചു പഠിക്കാൻ തന്റെ മക്കളെ സഹായിച്ചു. ഭാവിയിൽ തനിക്കു രണ്ടു കാലും ഉപയോഗിച്ചു നടക്കാൻ കഴിയുമെന്ന പ്രത്യാശയിൽ അദ്ദേഹം എത്രയധികം സന്തോഷിക്കുന്നുവെന്നോ!—യെശ. 35:6.
ലൈബീരിയയിലെ മൊൺറോവിയയിലുള്ള ജാക്സൺ എന്ന വ്യക്തി സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചു. എന്നാൽ യുദ്ധം ഉണ്ടായപ്പോൾ സ്വന്തം നാടായ ബൊപ്പൊലൂവിലെ ഒരു ഗ്രാമത്തിലേക്കു പലായനം ചെയ്യാൻ അദ്ദേഹം നിർബന്ധിതനായി. ഒരു രാജ്യഹാൾ നിർമിക്കുന്നതിലും താത്പര്യക്കാരെ സംഘടിപ്പിക്കുന്നതിലും അടിയന്തിരമായി സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരു കത്ത് കുറെ കാലത്തിനു ശേഷം ബ്രാഞ്ചിൽ കിട്ടി. കാരണം? അദ്ദേഹം വിശദീകരിച്ചു: “എല്ലാ ഞായറാഴ്ചയും വെളുപ്പിന് ആറര മുതൽ വൈകുന്നേരം ഒമ്പതു വരെ എനിക്കു ബൈബിൾ അധ്യയനങ്ങൾ നടത്തുന്നതിന്റെ തിരക്കാണ് . . . ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരോടുമൊപ്പം അധ്യയനം നടത്താൻ എനിക്കു കഴിയുന്നില്ല. അതിനാൽ കുറെ ബൈബിൾ അധ്യയനങ്ങൾ നടത്തുന്നതിന്റെ ഉത്തരവാദിത്വം ഞാൻ എന്റെ നാലു ബൈബിൾ വിദ്യാർഥികളെ ഏൽപ്പിച്ചിരിക്കുകയാണ്. . . . ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഈ സഭയുടെ ചുമതല എങ്ങനെ നിർവഹിക്കാമെന്നതാണ് ഇപ്പോൾ ഞാൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ഞാൻതന്നെ ആത്മീയ പാൽ ആവശ്യമുള്ള ഒരു ശിശുവാണ്; അപ്പോൾ എനിക്ക് എങ്ങനെ മറ്റുള്ളവരെ പോഷിപ്പിക്കാനാകും?” ജാക്സൺ 37 പേർക്കു ബൈബിൾ അധ്യയനങ്ങൾ നടത്തുന്നുണ്ടെന്നും പഠിക്കാൻ താത്പര്യമുള്ളവർ അതിനെക്കാൾ കൂടുതൽ ആണെന്നും ബൊപ്പൊലൂ സന്ദർശിച്ച ഒരു സർക്കിട്ട് മേൽവിചാരകൻ റിപ്പോർട്ടു ചെയ്തു. ബൊപ്പൊലൂവിൽ അടിയന്തിരമായി ഒരു പ്രത്യേക പയനിയറെ നിയമിക്കാൻ ആ സർക്കിട്ട് മേൽവിചാരകൻ ശുപാർശ ചെയ്തു. ഒടുവിൽ, ജാക്സൺ സ്നാപനം ഏറ്റിട്ടില്ലാത്ത പ്രസാധകൻ ആയി സേവിക്കാൻ യോഗ്യത നേടി.
മൊസാമ്പിക്കിൽ ഉള്ള 637 സഭകളിൽ 372-ലും സാക്ഷരതാ ക്ലാസ്സുകൾ നടത്തപ്പെടുന്നുണ്ട്. നിലവിൽ 5,800 വിദ്യാർഥികൾ ഈ ക്ലാസ്സുകളിൽ സംബന്ധിക്കുന്നു. കഴിഞ്ഞ വർഷംതന്നെ വായിക്കാൻ പഠിച്ചവരുടെ എണ്ണം 1,525 ആണ്. മൊസാമ്പിക്കിൽ യഹോവയുടെ സാക്ഷികളുടെ ഇടയിലെ സാക്ഷരതാ നിരക്ക് 72 ശതമാനം ആണെന്നത് എടുത്തു പറയേണ്ടതാണ്. ബൈബിൾ സത്യത്തിന്റെ സൂക്ഷ്മ പരിജ്ഞാനം നേടാൻ ഈ സാക്ഷരതാ ക്ലാസ്സുകൾ ആളുകളെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.—1 തിമൊ. 2:3, 4.
ഒരു പ്രഭാതത്തിൽ, രണ്ടു കുടുംബങ്ങളിൽനിന്നു നാലും അഞ്ചും വീതം പ്രായമുള്ള രണ്ട് ആൺകുട്ടികളെ നമീബിയയിലെ വിന്റ്ഹുക്കിലുള്ള
ഒരു സ്കൂളിൽ കൊണ്ടുവിട്ടപ്പോൾ അന്നു ക്ലാസ്സിൽ ഒരു ജന്മദിന ആഘോഷം നടത്താൻ പോകുകയാണെന്നു പ്രധാന അധ്യാപിക അറിയിച്ചു. ആ അധ്യാപിക സ്കൂൾ ലഘുപത്രിക വായിച്ചിരുന്നതിനാൽ ആ കുട്ടികളുടെ കാര്യത്തിൽ എന്താണു ചെയ്യേണ്ടതെന്ന് അവർ കുട്ടികളിൽ ഒരാളുടെ അമ്മയോടു ചോദിച്ചു. അപ്പോൾ ആ സഹോദരി നമ്മുടെ നിലപാടു വ്യക്തമാക്കി. മാത്രമല്ല, കുട്ടികൾ സ്വന്തമായി തീരുമാനം എടുക്കാൻ പ്രാപ്തരാണെന്നും പറഞ്ഞു.സഹോദരിമാരിൽ ഒരാൾ തന്റെ കുട്ടിയെ തിരികെ കൊണ്ടുവരാൻ വൈകുന്നേരം സ്കൂളിൽ ചെന്നപ്പോൾ പ്രധാന അധ്യാപിക അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ഈ രണ്ട് ആൺകുട്ടികളെക്കുറിച്ചും നിങ്ങൾക്ക് അഭിമാനിക്കാം. ‘ഹാപ്പി ബെർത്ത്ഡേ’ ഗീതം പാടിയപ്പോൾ ഞാൻ അവർ രണ്ടു പേരെയും ക്ലാസ്സിനു പുറത്തു വിട്ടു. കേക്കു കൊടുത്തപ്പോൾ അത് ‘ഹാപ്പി ബെർത്ത്ഡേ’ കേക്ക് ആണോ എന്ന് അതിൽ ഇളയ കുട്ടി ചോദിച്ചു. അതേ എന്നു ഞാൻ മറുപടി പറഞ്ഞപ്പോൾ അവൻ അതു വിനയപൂർവം നിരസിച്ചു. മറ്റേ കുട്ടിയും അതുതന്നെ ചെയ്തു.” പിന്നീട്, അവരിൽ ഒരു കുട്ടി ദൈവത്തിന്റെ പേര് അറിയാമോ എന്ന് അധ്യാപികയോടു ചോദിക്കുകയും യഹോവയെ കുറിച്ച് അവർക്കു സാക്ഷ്യം നൽകുകയും ചെയ്തു. മറ്റേ കുട്ടി ആരോടും ചോദിക്കാതെതന്നെ യഹോവയുടെ സാക്ഷികൾ—ആ പേരിനു പിന്നിലെ സംഘടന എന്ന വീഡിയോ അധ്യാപികയ്ക്കു കൊണ്ടുപോയി കൊടുത്തു. ആ കുട്ടികളുടെ നല്ല മാതൃകയുടെയും ധീരമായ സാക്ഷീകരണത്തിന്റെയും ഫലമായി, സ്മാരകത്തിൽ സംബന്ധിക്കാൻ ക്ഷണിക്കപ്പെട്ടപ്പോൾ ആ അധ്യാപിക വന്നു. ഇപ്പോൾ ആ കുട്ടികളിൽ ഒരാളുടെ അമ്മ അവർക്കു ബൈബിൾ അധ്യയനം തുടങ്ങിയിരിക്കുകയാണ്. ആ അധ്യാപിക ഇങ്ങനെ പറയുകയുണ്ടായി: “ദൈവമാർഗത്തിൽ കാര്യങ്ങൾ ചെയ്യാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. അതിനു വിലങ്ങുതടി ആയിരിക്കാൻ യാതൊന്നിനെയും അനുവദിക്കില്ലെന്നു ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.”
ഫലപ്രദമായി തെരുവു സാക്ഷീകരണം നടത്തുന്നതിന് സാംബിയയിലെ തീക്ഷ്ണതയുള്ള ഒരു മൂപ്പൻ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളുടെ ഓഡിയോ കാസെറ്റുകൾ ഉപയോഗിക്കുന്നു. എങ്ങനെ? റോഡരികിൽ തന്റെ കാർ നിർത്തിയിട്ടശേഷം കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിന്റെ ഓഡിയോ കാസെറ്റ് അദ്ദേഹം പ്ലേ ചെയ്യും. എന്നിട്ട് അതിലെ കാര്യങ്ങൾ കേൾക്കാൻ അദ്ദേഹം വഴിപോക്കരെ ക്ഷണിക്കും. അത് എന്തിനെ കുറിച്ചുള്ളതാണെന്ന് അവർ ചോദിക്കും. കുടുംബസന്തുഷ്ടി പുസ്തകത്തിന്റെ ഒരു ഭാഗമാണ് അവർ കേട്ടതെന്ന് അപ്പോൾ നമ്മുടെ സഹോദരൻ വിശദീകരിക്കും. തത്ഫലമായി, ഒരു മാസംകൊണ്ട് അദ്ദേഹത്തിന് 29 പുസ്തകങ്ങൾ സമർപ്പിക്കാനും രണ്ടു ബൈബിൾ അധ്യയനങ്ങൾ തുടങ്ങാനും സാധിച്ചു.