ഉറുഗ്വേ
ഉറുഗ്വേ
സ്പെയിൻകാർ 1516-ൽ ഉറുഗ്വേയിൽ ആദ്യമായി എത്തിയപ്പോൾ അവർ അവിടെ സ്വർണമോ വെള്ളിയോ കണ്ടെത്തിയില്ല, പൗരസ്ത്യ ദേശത്ത് എത്താൻ അവർ തേടിക്കൊണ്ടിരുന്ന മാർഗവും കണ്ടില്ല. എങ്കിലും, അവിടുത്തെ കുന്നിൻപുറങ്ങളും മിതമായ കാലാവസ്ഥയും കാലിവളർത്തലിനു പറ്റിയതാണെന്നു കാലക്രമത്തിൽ അവർ മനസ്സിലാക്കി. അങ്ങനെ ഒരു പണ സമ്പാദന മാർഗം അവരുടെ മുന്നിൽ തെളിഞ്ഞു. അവിടുത്തെ ആദിവാസികളായ ചാരൂവ ഇന്ത്യക്കാരെ നശിപ്പിച്ച് അവരുടെ ദേശം സ്വന്തമാക്കുന്നതിന് സ്പെയിൻ ഉഗ്രമായ സൈനിക ആക്രമണം തുടങ്ങി. അതിന് അവർ പലപ്പോഴും അവലംബിച്ചത് സാമ്രാജ്യത്വ ശക്തികളുടേതിനു സമാനമായ രീതികൾ ആണ്. 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ അവർ പ്രാദേശിക ഇന്ത്യക്കാരെ തുരത്തി അവരുടെ ദേശം കൈവശമാക്കി എന്നുതന്നെ പറയാം. പിൽക്കാലത്ത്, ഇറ്റലിയിൽനിന്നും മറ്റു ദേശങ്ങളിൽനിന്നും ആയിരക്കണക്കിനു കുടിയേറ്റക്കാരും അവിടെ എത്തി. തന്മൂലം, ഇന്ന് ഉറുഗ്വേയിൽ ഉള്ള മിക്കവരും യൂറോപ്യൻ കുടിയേറ്റക്കാരുടെ സന്തതിപരമ്പരകളാണ്. സ്പാനിഷാണ് അവരുടെ ഔദ്യോഗിക ഭാഷ.
മൂന്നു ദശലക്ഷത്തിലധികം നിവാസികളുടെ പ്രബലമായ യൂറോപ്യൻ സ്വാധീനം ഉണ്ടെങ്കിൽ പോലും, ഇവിടുത്തെ 10 ശതമാനത്തോളം പേർ തദ്ദേശ ഇന്ത്യക്കാരും 3-ൽ താഴെ ശതമാനം പേർ ആഫ്രിക്കയിൽനിന്നു കൊണ്ടുവന്ന അടിമകളുടെ സന്തതികളുമാണ്. ബഹുഭൂരിപക്ഷം ഉറുഗ്വേക്കാരും മതത്തിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ല. തെക്കേ അമേരിക്കയിലെ മറ്റു രാജ്യങ്ങളിൽ കത്തോലിക്കാ സഭയ്ക്കു ശക്തമായ സ്വാധീനം ഉണ്ടെങ്കിലും ഇവിടുത്തെ ജനങ്ങളുടെമേൽ അതിന് അത്ര സ്വാധീനമില്ല. വാസ്തവത്തിൽ, 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതലേ സഭയും രാഷ്ട്രവും തമ്മിൽ ശ്രദ്ധേയമായ ഒരു വേർതിരിവ് ഉണ്ട്. സ്വതന്ത്ര ചിന്താഗതിക്കാരും അജ്ഞേയവാദികളും നിരീശ്വരവാദികളും ധാരാളമാണെങ്കിലും ദൈവത്തിൽ വിശ്വസിക്കുന്നവർ ഇപ്പോഴും ഗണ്യമായുണ്ട്. സാധാരണ കേൾക്കാറുള്ള
ഒരു പ്രസ്താവന അവരുടെ കാഴ്ചപ്പാടിനെ വ്യക്തമാക്കുന്നു: “ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു, പക്ഷേ മതത്തിൽ എനിക്കു വിശ്വാസമില്ല.”ക്രൈസ്തവലോകത്തിന്റെ വിശ്വാസപ്രമാണങ്ങൾക്കു പകരം, ബൈബിൾ വ്യക്തമാക്കുന്നതുപോലെ സ്നേഹപൂർവകമായ ഉദ്ദേശ്യമുള്ള, മനുഷ്യവർഗത്തോടു ദയാപൂർവം ഇടപെടുന്ന സത്യദൈവത്തെ കുറിച്ച് അവരെ പഠിപ്പിച്ചാൽ അവർ എങ്ങനെ പ്രതികരിക്കും? ദൈവം തന്റെ ആത്മീയ ആരാധനാ ഭവനത്തിലേക്കു സ്വാഗതം ചെയ്യുന്ന “അഭികാമ്യ വസ്തുക്ക”ളിൽ പെട്ടതാണ് അവർ എന്നു തെളിയുമോ?—ഹഗ്ഗാ. 2:7, NW.
ഒരു കൊച്ചു തുടക്കം
യഹോവയുടെ ആരാധകർ ആയിത്തീർന്നേക്കാവുന്ന ആത്മാർഥ ഹൃദയരെ തേടി 1924-ൽ ഹ്വാൻ മൂൻയിസ് എന്നു പേരുള്ള ഒരാൾ സ്പെയിനിൽനിന്ന് എത്തി. തെക്കേ അമേരിക്കയിൽ ചെന്ന് അർജന്റീന, ഉറുഗ്വേ, ചിലി, പരാഗ്വേ എന്നീ രാജ്യങ്ങളിൽ സുവാർത്താ പ്രസംഗവേലയ്ക്കു മേൽനോട്ടം വഹിക്കാൻ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ജെ. എഫ്. റഥർഫോർഡ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അർജന്റീനയിൽ എത്തിയ ഉടനെ ഉറുഗ്വേയിലെ ആളുകളോടു സുവാർത്ത പ്രസംഗിക്കാൻ പ്ലേറ്റ് നദി കുറുകെ കടന്ന് അദ്ദേഹം ആ രാജ്യത്തു ചെന്നു.
തുടർന്നുള്ള 43 വർഷക്കാലം—1967-ൽ മരിക്കുന്നതു വരെ—ഹ്വാൻ മൂൻയിസ് ദൈവവചനത്തിന്റെ ഒരു നിർഭയ ഉപദേഷ്ടാവായി പ്രവർത്തിച്ചു. ഉറുഗ്വേ ഉൾപ്പെടെ തെക്കേ അമേരിക്കയിലെ നിരവധി രാജ്യങ്ങളിൽ സുവാർത്ത പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിക്കുകയും ചെയ്തു. പ്രസംഗ നോട്ടുകൾ ഒന്നും ഇല്ലാതെ, ബൈബിൾ മാത്രം ഉപയോഗിച്ച്, രണ്ടോ മൂന്നോ മണിക്കൂർ സദസ്സിന്റെ ശ്രദ്ധ പിടിച്ചുനിർത്താൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു എന്ന് അക്കാലം മുതൽ യഹോവയുടെ സാക്ഷികൾ ആയിരിക്കുന്ന പലരും ഓർമിക്കുന്നു.
കൂടുതൽ പ്രവർത്തകർക്കുള്ള ആഹ്വാനത്തിന് ഉത്തരം ലഭിക്കുന്നു
തെക്കേ അമേരിക്കയിൽ എത്തിയ ഉടനെ ഹ്വാൻ മൂൻയിസ് ശിഷ്യരെ ഉളവാക്കുന്നതിലെ വലിയ സാധ്യത തിരിച്ചറിഞ്ഞു. അവിടെ സുവിശേഷ പ്രവർത്തകരുടെ വലിയ ആവശ്യം ഉള്ളതായും അദ്ദേഹം മനസ്സിലാക്കി. യേശുവിനെപ്പോലെ അദ്ദേഹത്തിനും തോന്നിയിരിക്കണം: “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” (മത്താ. 9:37, 38) അതിനാൽ ‘കൊയ്ത്തിന്റെ യജമാനൻ’ ആയ യഹോവയോടുള്ള തന്റെ പ്രാർഥനകൾക്കു ചേർച്ചയിൽ, മൂൻയിസ് സഹോദരൻ തന്റെ താത്പര്യങ്ങൾ റഥർഫോർഡ് സഹോദരനെ അറിയിച്ചു.
അദ്ദേഹത്തിന്റെ അഭ്യർഥനയ്ക്കുള്ള ഉത്തരമായി, 1925-ൽ ജർമനിയിലെ മാഗ്ദബുർഗിൽ ഒരു കൺവെൻഷൻ നടക്കവേ, തെക്കേ അമേരിക്കയിൽ പോയി സഹായിക്കാൻ സന്നദ്ധനാണോ എന്ന് റഥർഫോർഡ് സഹോദരൻ ഒരു ജർമൻ പയനിയറോടു ചോദിച്ചു. ആ ജർമൻകാരന്റെ പേര് കാൾ ഒട്ട് എന്നായിരുന്നു. പിന്നീട്, ആ നിയമനം സ്വീകരിച്ച ഒട്ട് സഹോദരൻ, സ്പാനിഷ് സംസാരിക്കുന്ന സഹോദരങ്ങളുടെ ഇടയിൽ കാർലോസ് ഒട്ട് എന്ന് അറിയപ്പെടാൻ ഇടയായി. കുറെ കാലം അർജന്റീനയിൽ പ്രവർത്തിച്ച അദ്ദേഹത്തെ 1928-ൽ ഉറുഗ്വേയുടെ തലസ്ഥാനമായ മോൺടെവിദേയോയിലേക്കു നിയമിച്ചു. തുടർന്നുള്ള പത്തു വർഷക്കാലം അദ്ദേഹം അവിടെ സേവിച്ചു.
അവിടെ എത്തിയ ഉടനെതന്നെ കാർലോസ് പ്രവർത്തനം തുടങ്ങി. അദ്ദേഹം ഉത്സാഹിയും കഴിവുറ്റവനും ആണെന്നു തെളിഞ്ഞു. താമസിയാതെ, അദ്ദേഹം റിയോ നേഗ്രോയിൽ ഒരിടം കണ്ടെത്തി അവിടെ താമസമാക്കി. അവിടെത്തന്നെ താത്പര്യക്കാരായ ചിലർക്കു വേണ്ടി പതിവായി ബൈബിൾ അധ്യയന യോഗങ്ങൾ നടത്തുകയും ചെയ്തു. ബൈബിൾ പ്രസംഗങ്ങൾ റേഡിയോവഴി പ്രക്ഷേപണം ചെയ്യുന്നതിനുള്ള ക്രമീകരണവും അദ്ദേഹം ചെയ്തു. ആ പ്രഭാഷണങ്ങൾ സൗജന്യമായി പ്രക്ഷേപണം ചെയ്യാമെന്ന് ഒരു റേഡിയോ നിലയം സമ്മതിക്കുക പോലും ചെയ്തു.
ചിലപ്പോഴൊക്കെ, കാർലോസ് റെസ്റ്ററന്റുകളിൽ പ്രവേശിച്ച് ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന മേശയുടെ അടുത്തു ചെന്നു സാക്ഷീകരിക്കുമായിരുന്നു. ഒരിക്കൽ മേശതോറുമുള്ള ഈ സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കെ, ജോസെ ഗായെക്ക് എന്നു പേരുള്ള ഒരു ജർമൻ കച്ചവടക്കാരനെ അദ്ദേഹം പരിചയപ്പെട്ടു. ആ ജർമൻകാരൻ സത്വരം ബൈബിൾ സത്യം സ്വീകരിച്ചു. താമസിയാതെ, കാർലോസിനോടു കൂടെ ഉറുഗ്വേയിലെ ആദ്യത്തെ സുവാർത്താ ഘോഷകരിൽ ഒരുവനായി അദ്ദേഹം ചേരുകയും ചെയ്തു.
ദൈവരാജ്യ സുവാർത്ത പ്രചരിപ്പിക്കുന്നതിൽ മുഴുസമയം പ്രവർത്തിക്കാൻ ദൃഢനിശ്ചയം ചെയ്ത ഗായെക്ക് സഹോദരൻ തന്റെ
പലചരക്കു കട വിറ്റിട്ടു പയനിയറിങ് തുടങ്ങി. വീടുതോറും സുവാർത്ത അറിയിക്കുകയും നിരവധി നഗരങ്ങളിലും പട്ടണങ്ങളിലും ബൈബിൾ പ്രസംഗങ്ങൾ നടത്തുകയും ചെയ്തുകൊണ്ട് അദ്ദേഹവും ഒട്ട് സഹോദരനും രാജ്യത്തിന്റെ വലിയൊരു ഭാഗം പ്രവർത്തിച്ചു തീർത്തു. 1953-ൽ മരിക്കുന്നതു വരെ, ഗായെക്ക് സഹോദരൻ അനവധി ഉറുഗ്വേക്കാരുടെ ഹൃദയങ്ങളിൽ രാജ്യവിത്തു സമൃദ്ധമായി വിതയ്ക്കുന്നതിൽ തുടർന്നു. അദ്ദേഹത്തിന്റെ ബൈബിൾ വിദ്യാർഥികളിൽ പലരും ക്രിസ്തീയ സഭയിലെ അംഗങ്ങൾ ആയിത്തീർന്നു. അവർ ഇന്നും വിശ്വസ്ത ക്രിസ്ത്യാനികളായി തുടരുകയും ചെയ്യുന്നു.റഷ്യക്കാർ സത്യം സ്വീകരിക്കുന്നു
ഒന്നാം ലോക മഹായുദ്ധകാലത്ത് അനേകം റഷ്യൻ കുടുംബങ്ങൾ ഉറുഗ്വേയിൽ വന്നു രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ സ്ഥിരതാമസമാക്കി. അവിടെ കോളനികൾ സ്ഥാപിച്ച് കാർഷികവൃത്തിയിൽ ഏർപ്പെട്ട അവർക്കു സമൃദ്ധമായ വിളവുകൾ ലഭിച്ചിരുന്നു. ബൈബിളിനോടു പരമ്പരാഗതമായി ആദരവു പുലർത്തിയിരുന്ന അവർ അതു പതിവായി വായിക്കുമായിരുന്നു. കഠിനാധ്വാനികളും അന്തർമുഖരുമായ അവർ മറ്റ് ഉറുഗ്വേ സമുദായങ്ങളുമായി അധികമൊന്നും ബന്ധമില്ലാത്ത, ഒരു ഒറ്റപ്പെട്ട സമൂഹമായി കഴിഞ്ഞു. ഉറുഗ്വേയിലെ ആദ്യകാല സുവാർത്താ ഘോഷകരിൽ മറ്റൊരാൾ രംഗപ്രവേശം ചെയ്തത് ഇവരുടെ ഇടയിൽ നിന്നാണ്. ന്യിക്യിഫർ കാച്ചെംഗൊ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
സ്വന്ത നാടായ ബെസറേബിയയിൽ ന്യിക്യിഫർ തീക്ഷ്ണതയുള്ള ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു. എന്നാൽ, ബ്രസീലിലേക്കു കുടിയേറിയ അദ്ദേഹത്തിന് വാച്ച് ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ച മരിച്ചവർ എവിടെ? എന്ന ശീർഷകമുള്ള ഒരു ചെറുപുസ്തകം ലഭിച്ചു. അതിൽ സത്യം ഉണ്ടെന്നു മനസ്സിലാക്കിയ അദ്ദേഹം നല്ല തീക്ഷ്ണതയുള്ള ഒരു ബൈബിൾ വിദ്യാർഥി ആയിത്തീർന്നു. ബ്രസീലിലെ സാവൊ പൗലോയിലുള്ള റഷ്യൻ ഭാഷക്കാരുടെ ഇടയിൽ അദ്ദേഹം പെട്ടെന്നുതന്നെ സുവാർത്ത ഘോഷിക്കാൻ തുടങ്ങി. ഉറുഗ്വേയിൽ താമസിക്കുന്ന റഷ്യക്കാരോടു തന്റെ സ്വന്തഭാഷയിൽ പ്രസംഗിക്കാൻ അദ്ദേഹത്തിന് ആഗ്രഹം തോന്നി. അങ്ങനെ 1938-ൽ, ഏകദേശം 2,000 കിലോമീറ്റർ യാത്ര ചെയ്ത് ഉത്തര ഉറുഗ്വേയിൽ ‘കോളോന്യ പാൽമ’ എന്നു വിളിക്കപ്പെടുന്ന റഷ്യൻ സമുദായത്തിൽ കാച്ചെംഗൊ സഹോദരൻ എത്തിച്ചേർന്നു. അതീവ തീക്ഷ്ണതയോടെ പ്രവർത്തിച്ചതിനാൽ അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്ന റഷ്യൻ ബൈബിൾ സാഹിത്യങ്ങൾ പെട്ടെന്നുതന്നെ തീർന്നുപോയി.
കർഷകർ ഉത്സാഹത്തോടെയാണു പ്രതികരിച്ചത്. കുടുംബാംഗങ്ങളെല്ലാവരും ബൈബിൾ പഠിച്ച് സത്യം സ്വീകരിക്കാൻ തുടങ്ങി.
അവർ, യഹോവയുടെ ഭവനത്തിലേക്കു ക്ഷണിക്കപ്പെട്ട “അഭികാമ്യ വസ്തുക്ക”ളിൽ പെട്ടവരാണെന്നു തെളിഞ്ഞു. കാച്ചെംഗൊ, സ്റ്റാംകോ, കട്ട്ലെറിയെംക, ഗൊർദ്യെംക, സെക്ലെയ്നൊഫ്, സിക്കാലോ തുടങ്ങിയ കുടുംബങ്ങളിലെ പേരക്കുട്ടികളും അവരുടെ മക്കളുമാണ് ബെയ യൂണിയൊൻ, സാൾട്ടോ, പൈസാൻഡൂ എന്നിവ പോലുള്ള വടക്കൻ സഭകളുടെ അടിസ്ഥാനം ആയിത്തീർന്നത്. ഈ കുടുംബങ്ങളിലെ ചിലർ പ്രത്യേക പയനിയർമാരും മൂപ്പന്മാരും സർക്കിട്ട് മേൽവിചാരകന്മാരും മിഷനറിമാരുമാണ്. 1974-ൽ മരിക്കുന്നതുവരെ, കാച്ചെംഗൊ സഹോദരൻ വിശ്വസ്തനായി നിലകൊണ്ടു.ആറു ജർമൻകാർ
നാസി ജർമനിയിൽ യഹോവയുടെ സാക്ഷികൾക്കു നേരെ ഉണ്ടായ ഭയങ്കര പീഡനം നിമിത്തം പല ജർമൻ പയനിയർമാരും തെക്കേ അമേരിക്കയിൽ ചെന്നു പ്രവർത്തിക്കാൻ അവിടം വിട്ടുപോയി. 1939-ന്റെ തുടക്കത്തിൽ, അവരിൽ ആറു പയനിയർമാർ മോൺടെവിദേയോയിൽ എത്തിച്ചേർന്നു. നിർധനരായ അവരുടെ പക്കൽ സമ്പാദ്യങ്ങൾ ഒന്നുമില്ലായിരുന്നു. അവിടെ തങ്ങളെ സ്വീകരിക്കാനെത്തിയ കാർലോസ് ഒട്ടിനെ കണ്ടതിൽ അവർ സന്തോഷിച്ചു. ഗൂസ്റ്റാവോ ബെണ്ടറും ഭാര്യ ബെറ്റിയും, ആഡൊൾഫോ ഫൊസും ഭാര്യ കാർലൊട്ടയും, കുർട്ട് നിക്കലും ഒട്ടോ ഹെലെയും ആയിരുന്നു ആ ആറു പേർ. അവിടെ എത്തി വെറും മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവർ വീടുതോറുമുള്ള സുവിശേഷ പ്രവർത്തനം തുടങ്ങി. സ്പാനിഷ് അറിയില്ലായിരുന്ന അവർ ഒരു സ്പാനിഷ്
സാക്ഷ്യകാർഡ് ആണ് ഉപയോഗിച്ചത്. അവർക്ക് സ്പാനിഷിൽ ആകെ പറയാൻ അറിയാമായിരുന്നത് “പോർ ഫാവോർ ലേയ എസ്തോ” (“ഇതു ദയവായി വായിക്കുക”) എന്നു മാത്രമായിരുന്നു. ഒട്ട് സഹോദരനെ അർജന്റീനയിലേക്കു പുനർനിയമിച്ചപ്പോൾ ഉറുഗ്വേയിലെ രാജ്യവേലയുടെ ചുമതല, ഭാഷാ പരിമിതികൾ ഉണ്ടായിരുന്നിട്ടും, ആ ജർമൻ കൂട്ടത്തെ ഏൽപ്പിച്ചു.ആദ്യത്തെ ഏതാനും മാസങ്ങൾ അത്ര എളുപ്പമല്ലായിരുന്നു. ഭാഷാപഠനം ഒരു വെല്ലുവിളി ആയിരുന്നു. അവർ ആളുകളെ റേയൂന്യോനെസിനു (യോഗങ്ങൾക്കു) പകരം റിന്യോനെസിനു (വൃക്കകൾക്കു) ക്ഷണിക്കുന്നത് അസാധാരണമല്ലായിരുന്നു; ഓവെച്ചാസിനു (ആടുകൾ) പകരം അവർ ആബെച്ചാസിനെ (തേനീച്ചകൾ) കുറിച്ചാണു സംസാരിച്ചത്; ആരിനയ്ക്കു (മാവുപൊടി) പകരം ആരേന (മണൽ) ആണ് അവർ ചോദിച്ചത്. അവരിൽ ഒരാൾ ഇങ്ങനെ ഓർമിക്കുന്നു: “ഭാഷ അറിയാതെ വീടുതോറും സുവിശേഷം അറിയിക്കുക, ബൈബിൾ അധ്യയനങ്ങളും യോഗങ്ങളും നടത്തുക എന്നിവയൊക്കെ ദുഷ്കരമായിരുന്നു. മാത്രമല്ല, ഞങ്ങൾക്കു യാതൊരു സാമ്പത്തിക സഹായവും ഇല്ലായിരുന്നു. ഞങ്ങളുടെ ജീവിത ചെലവുകൾക്കും യാത്രക്കൂലിക്കുമായി സാഹിത്യങ്ങൾ സമർപ്പിച്ചു കിട്ടുന്ന സംഭാവനകൾ ഉപയോഗിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. സന്തോഷകരമെന്നു പറയട്ടെ, 1939-ന്റെ അവസാനം ആയപ്പോഴേക്കും ഞങ്ങൾ 55 മാസികാ വരിസംഖ്യകളും 1,000-ത്തിലധികം പുസ്തകങ്ങളും 19,000 ചെറുപുസ്തകങ്ങളും സമർപ്പിച്ചു കഴിഞ്ഞിരുന്നു.”
സൈക്കിളുകളും കൂടാരങ്ങളും
ആ ആറു ജർമൻകാർ അത്ര പെട്ടെന്നൊന്നും നിരാശർ ആയിത്തീർന്നില്ല. ഏറ്റവും ചെലവു കുറഞ്ഞ വിധത്തിൽ രാജ്യത്തെങ്ങും സുവാർത്ത എത്തിക്കാനായി അവർ ആറു സൈക്കിളുകൾ വാങ്ങിച്ചു. കാച്ചെംഗൊ സഹോദരനെ സഹായിക്കുന്നതിനായി വർത്തിക്കുന്നതിന് ഒട്ടോ ഹെലെയും കുർട്ട് നിക്കലും ദിവസങ്ങളോളം—615 കിലോമീറ്റർ—സൈക്കിൾ ചവിട്ടി കോളോന്യ പാൽമയിൽ എത്തിച്ചേർന്നു. അദ്ദേഹത്തിനു സ്പാനിഷോ ജർമനോ സംസാരിക്കാൻ അറിയില്ല എന്നു മനസ്സിലായപ്പോൾ അവർ എത്രമാത്രം അമ്പരന്നുവെന്ന് ആലോചിക്കുക, അവർക്കാകട്ടെ റഷ്യനിൽ ഒരു വാക്കു പോലും അറിയില്ലായിരുന്നു! ബാബേലിൽ വെച്ചുണ്ടായ ഭാഷാകലക്കത്തിന്റെ ഫലങ്ങൾ അനുഭവിച്ചുകൊണ്ട് അവർ തങ്ങളുടെ പരിമിതമായ സ്പാനിഷ് ഉപയോഗിച്ച് അടുത്തുള്ള സാൾട്ടോ പട്ടണത്തിൽ സുവാർത്ത പ്രസംഗിക്കാൻ തീരുമാനിച്ചു. അതേസമയം, കാച്ചെംഗൊ സഹോദരനാകട്ടെ റഷ്യക്കാരുടെ ഇടയിൽ തന്റെ പ്രവർത്തനം തുടരുകയും ചെയ്തു.—ഉല്പ. 11:1-9.
ബെണ്ടർ ദമ്പതികൾ അതിനിടെ, ചരലും പൊടിയും നിറഞ്ഞ വഴികളിലൂടെ നൂറു കണക്കിനു മൈലുകൾ താണ്ടിയുള്ള ഒരു യാത്രയ്ക്കു
പുറപ്പെട്ടു. രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തുള്ള നഗരങ്ങളിലും പട്ടണങ്ങളിലും ബൈബിൾ സന്ദേശം എത്തിക്കുക ആയിരുന്നു അവരുടെ ലക്ഷ്യം. ഒരു കൂടാരം, ചെറിയൊരു സ്റ്റൗ, പാത്രങ്ങൾ, സാഹിത്യങ്ങൾ, റെക്കോർഡു ചെയ്ത ബൈബിൾ പ്രസംഗങ്ങൾ കേൾപ്പിക്കാനുള്ള ഗ്രാമഫോൺ, അനവധി മാസക്കാലത്തേക്കുള്ള വസ്ത്രങ്ങൾ തുടങ്ങിയവയൊക്കെ അവർ തങ്ങളുടെ ബൈക്കുകളിൽ കരുതിയിരുന്നു. ഓരോ സൈക്കിളിലും ഉണ്ടായിരുന്ന സാധനങ്ങൾക്ക് ഒരാളുടെ അത്രയുംതന്നെ ഭാരം ഉണ്ടായിരുന്നു! തണുപ്പിനെയും ചൂടിനെയും പേമാരിയെയും ചെറുത്തുനിൽക്കാൻ അവർക്കു പരിമിതമായ അത്രയും സാധനങ്ങളേ ഉണ്ടായിരുന്നുള്ളൂ. ചിലപ്പോഴൊക്കെ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ പുസ്തകങ്ങളും ഗ്രാമഫോണും മറ്റും നനയാതിരിക്കാൻ ഫലത്തിൽ സകലതും ചുമലിൽ വഹിച്ചുകൊണ്ടു വേണമായിരുന്നു അവർക്കു പോകാൻ.വളരെ അനിവാര്യമായ ഒന്ന് അവരുടെ കൂടാരമായിരുന്നു. തങ്ങളുടെ കൂടാരശീല വെള്ളം കടക്കാത്തത് ആക്കിത്തീർത്ത ബെണ്ടർ ദമ്പതികൾ കീടങ്ങളെ അകറ്റിനിർത്താൻ അതിൽ എണ്ണയും വെളുത്തുള്ളിയും തേച്ചിരുന്നു. ഒരു പ്രഭാതത്തിൽ ഉണർന്നു നോക്കിയ അവർക്കു തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. കൂടാരശീലയിലെ ഡസൻ കണക്കിനു ദ്വാരങ്ങളിലൂടെ അവർക്ക് ആകാശം കാണാൻ കഴിയുമായിരുന്നു. എണ്ണയും വെളുത്തുള്ളിയും തേച്ചിരുന്ന കൂടാരശീല രാത്രിയിൽ ചിതലുകൾക്കു വിശിഷ്ട ആഹാരമായി! ചിതലുകൾക്ക് ഇത്രയും വിശപ്പ് ഉണ്ടായിരിക്കുമെന്ന് ആ ജർമൻ ദമ്പതികൾ കരുതിയിരുന്നില്ല.
“നാസി ചാരന്മാർ”?
രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ സുവാർത്ത ഘോഷിക്കവേ ഗൂസ്റ്റാവോ ബെണ്ടറിനും ഭാര്യ ബെറ്റിക്കും ഏറ്റവും അധികം പ്രശ്നങ്ങൾ നേരിടേണ്ടിവന്നത് അവർ ജർമൻകാർ ആയിരുന്നു എന്ന കാരണത്താലാണ്. എന്തുകൊണ്ട്? രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊള്ളുകയായിരുന്നു. ഉറുഗ്വേയിലെ റേഡിയോയും പത്രങ്ങളുമൊക്കെ യൂറോപ്പിലെ ജർമൻ ആക്രമണങ്ങളെ കുറിച്ചു വികാരവിക്ഷുബ്ധമായ റിപ്പോർട്ടുകൾ നൽകി. ഒരിക്കൽ ബെണ്ടർ ദമ്പതികൾ ഒരു പട്ടണത്തിനു പുറത്തു തമ്പടിച്ചിരിക്കുകയായിരുന്നു. ശത്രുക്കളുടെ ആക്രമണ നിരകൾക്കു പിന്നിലായി ജർമൻകാർ സൈക്കിളുകൾ സഹിതം പാരച്ച്യൂട്ടിൽ സായുധരായ ആളുകളെ ഇറക്കിയിട്ടുണ്ട് എന്നു റേഡിയോയിലൂടെ അറിയിപ്പുണ്ടായി. നഗരത്തിനു വെളിയിൽ തമ്പടിച്ചിരിക്കുന്ന ജർമൻ ദമ്പതികൾ നാസി ചാരന്മാർ ആണെന്നു പട്ടണത്തിലെ പരിഭ്രാന്തരായ ആളുകൾ നിഗമനം ചെയ്തു! സ്ഥിതിഗതികളെ കുറിച്ച് അന്വേഷിക്കാൻ പ്രാദേശിക പൊലീസ് ബെണ്ടർ ദമ്പതികളുടെ ക്യാമ്പിലേക്കു കുതിച്ചു. സായുധരായ വലിയൊരു കൂട്ടം പുരുഷന്മാരും അവരോടൊപ്പം ഉണ്ടായിരുന്നു.
ഗൂസ്റ്റാവോയെയും ബെറ്റിയെയും ചോദ്യം ചെയ്തു. ചില സാധനങ്ങൾ ഒരു കാൻവാസ് ഷീറ്റുകൊണ്ടു മൂടിയിരിക്കുന്നതായി പൊലീസുകാർ ശ്രദ്ധിച്ചു. അതുകൊണ്ട് തെല്ലു ഭയത്തോടെ അവർ ചോദിച്ചു: “ആ ഷീറ്റുകൊണ്ട് നിങ്ങൾ മൂടിയിട്ടിരിക്കുന്നത് എന്താണ്?” ഗൂസ്റ്റാവോ മറുപടി നൽകി: “ഞങ്ങളുടെ സൈക്കിളുകളും ബൈബിൾ സാഹിത്യങ്ങളുമാണ്.” വിശ്വാസം വരാഞ്ഞ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആ ഷീറ്റ് എടുത്തുമാറ്റാൻ ആവശ്യപ്പെട്ടു. യന്ത്രത്തോക്കുകളല്ല, പകരം രണ്ടു സൈക്കിളുകളും നിരവധി പുസ്തകങ്ങളുമാണ് അവർക്കു കാണാൻ കഴിഞ്ഞത്. അപ്പോൾ പൊലീസുകാർക്കു വലിയ ആശ്വാസമായി. ആ പട്ടണത്തിൽ സുവിശേഷ വേല ചെയ്യുമ്പോൾ കുറെക്കൂടി മെച്ചപ്പെട്ട സ്ഥലത്ത്—പൊലീസ് സ്റ്റേഷനിൽ—താമസിക്കാൻ ആ ഉദ്യോഗസ്ഥർ ബെണ്ടർ ദമ്പതികളെ ക്ഷണിക്കുകയും ചെയ്തു!
ആ ആറു ജർമൻകാർ ഉറുഗ്വേയിൽ വിശ്വസ്തരായി ദശകങ്ങളോളം സുവാർത്താ ഘോഷണത്തിൽ ഏർപ്പെട്ടു. ഗൂസ്റ്റാവോ ബെണ്ടർ 1961-ൽ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ജർമനിയിലേക്കു മടങ്ങി. അവിടെ അവർ പയനിയറിങ് തുടരുകയും ചെയ്തു. 1995-ൽ അവർ നിര്യാതയായി. 1993-ൽ മരിച്ച ആഡൊൾഫോ ഫൊസും 1960-ൽ മരിച്ച അദ്ദേഹത്തിന്റെ ഭാര്യ കാർലൊട്ടയും അന്ത്യം വരെ ഉറുഗ്വേയിൽ മിഷനറിമാരായി സേവിച്ചു. 1984-ൽ മരിക്കുന്നതു വരെ കുർട്ട് നിക്കലും ഉറുഗ്വേയിൽത്തന്നെ കഴിഞ്ഞു. ഇത് എഴുതുന്ന സമയത്ത് 92 വയസ്സുള്ള ഒട്ടോ ഹെലെ ഉറുഗ്വേയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
വിത്തുകൾ ഫലം പുറപ്പെടുവിക്കുന്നു
ഉറുഗ്വേയിലെ ഈ ആദ്യകാല സുവാർത്താ ഘോഷകർ ദൈവരാജ്യത്തിന്റെ ഭാവി പ്രജകളെ കണ്ടെത്താൻ സതീക്ഷ്ണം അന്വേഷണം നടത്തി. 1944 ആയപ്പോഴേക്കും ഉറുഗ്വേയിൽ വയൽസേവനം റിപ്പോർട്ടു ചെയ്യുന്ന 20 പ്രസാധകരും 8 പയനിയർമാരും ഉണ്ടായിരുന്നു. അതു ചെറിയൊരു തുടക്കമായിരുന്നു. ‘അഭികാമ്യമായ’ മറ്റു ‘വസ്തുക്ക’ളെ ഇനിയും കണ്ടെത്തേണ്ടിയിരുന്നു.
മാരിയ ദെ ബെർവെറ്റയും അവരുടെ നാലു മക്കളും—ലിറ, സെൽവ, ഹെർമിനാൽ, ലിബെർ എന്നിവർ—1944-ൽ ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. താമസിയാതെ ലിറയും സെൽവയും പ്രസംഗ വേല ആരംഭിച്ചു. ഏതാനും മാസം കഴിഞ്ഞപ്പോൾ അവർ പയനിയർ സേവനം ഏറ്റെടുത്തു. ഉറുഗ്വേയിലെ ഏറ്റവും തീക്ഷ്ണതയുള്ള ആദ്യകാല പ്രസാധകരിൽ ഒരാളായ ഐദ ലാർയെരയോടൊപ്പമാണ് അവർ വയൽസേവനത്തിനു പോയത്. എന്നാൽ, ബെർവെറ്റ കുടുംബക്കാർ ജലസ്നാപനത്താൽ തങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തിയിരുന്നില്ല. അർജന്റീനയിൽനിന്ന് സന്ദർശനം നടത്തിയ ഒരവസരത്തിൽ ഹ്വാൻ മൂൻയിസ് അതു മനസ്സിലാക്കി. അങ്ങനെ, മുഴുസമയ ശുശ്രൂഷയിൽ
പ്രവേശിച്ച് ആറു മാസം കഴിഞ്ഞപ്പോൾ ലിറയും സെൽവയും തങ്ങളുടെ ആങ്ങള ലിബെറിനോടും മാതാവ് മാരിയയോടുമൊപ്പം സ്നാപനമേറ്റു.“യഹോവയുടെ അനർഹ ദയ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ ആ സമർപ്പണത്തിനു നിരക്കാത്ത വിധത്തിൽ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല,” എന്ന് ലിറ പറയുന്നു. 1950-ൽ അവർ ഗിലെയാദ് സ്കൂളിലേക്കു ക്ഷണിക്കപ്പെട്ടു. പിന്നീട് മിഷനറി ആയിത്തീർന്നപ്പോൾ അർജന്റീനയിലേക്കു നിയമിക്കപ്പെട്ട അവർ അവിടെ 26 വർഷം സേവനം അനുഷ്ഠിച്ചു. 1976-ൽ അവർ ഉറുഗ്വേയിലേക്കു മടങ്ങിപ്പോയി. 1953-ൽ സെൽവയും, ഭർത്താവിനോടൊപ്പം, ഗിലെയാദ് സ്കൂളിൽ സംബന്ധിച്ചു. അവർക്കും നിയമനം ലഭിച്ചത് ഉറുഗ്വേയിലേക്കാണ്. അവിടെ സെൽവയുടെ ഭർത്താവ് ഒരു സർക്കിട്ട് മേൽവിചാരകനായി സേവനം അനുഷ്ഠിച്ചു. 1973-ൽ മരിക്കുന്നതു വരെ, സെൽവ വിശ്വസ്തയായി സേവനത്തിൽ തുടർന്നു. വിവാഹിതനായ ലിബെർ ഒരു കുടുംബത്തെ വളർത്തി. അദ്ദേഹവും അനേകം സേവനപദവികൾ ആസ്വദിച്ചു. 1975-ൽ മരിക്കുന്നതു വരെ, ഉറുഗ്വേയിൽ യഹോവയുടെ സാക്ഷികൾ ഉപയോഗിച്ചിരുന്ന ‘സോസ്യെദാദ് ലാ ടൊരെ ദെൽ വിച്ചിയ’ എന്ന നിയമ ഏജൻസിയുടെ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. ഹെർമിനാലിന് എന്തു സംഭവിച്ചു? അദ്ദേഹം യഹോവയുടെ സാക്ഷികളുമായുള്ള സഹവാസം നിർത്തി. എങ്കിലും, ഏകദേശം 25 വർഷത്തിനു ശേഷം സത്യത്തിന്റെ വിത്ത് അദ്ദേഹത്തിന്റെ ഹൃദയത്തിൽ വീണ്ടും പൊട്ടിമുളച്ചു. ഇന്ന് അദ്ദേഹം മോൺടെവിദേയോയിലെ ഒരു സഭയിൽ മൂപ്പനാണ്.
ഗിലെയാദ് മിഷനറിമാർ എത്തുന്നു
1945 മാർച്ചിൽ സൊസൈറ്റിയുടെ ലോക ആസ്ഥാനത്തുനിന്ന് നേഥൻ എച്ച്. നോറും ഫ്രെഡറിക് ഡബ്ലിയു. ഫ്രാൻസും ആദ്യമായി ഉറുഗ്വേ സന്ദർശിച്ചു. അവർ സകലർക്കും പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരുന്നു. അവർ വന്ന അതേ സമയത്തുതന്നെ ഉറുഗ്വേയിൽ എത്തിയ മറ്റൊരു സഹോദരനും ഉണ്ടായിരുന്നു—റസ്സൽ കൊർനേലിയസ്. അദ്ദേഹം വെറുമൊരു സന്ദർശകൻ ആയിരുന്നില്ല. ഉറുഗ്വേയിലേക്കു നിയമിക്കപ്പെടുന്ന ആദ്യത്തെ മിഷനറിയാണ് അദ്ദേഹം എന്ന് അറിഞ്ഞപ്പോൾ സഹോദരങ്ങൾ ആഹ്ലാദിച്ചു. സ്പാനിഷ് കാര്യമായൊന്നും അറിയില്ലായിരുന്നു എങ്കിലും, അതു പഠിച്ചെടുക്കാൻ അദ്ദേഹം ദൃഢനിശ്ചയം ചെയ്തു. വെറും ആറാഴ്ച കഴിഞ്ഞപ്പോൾ സ്പാനിഷിൽ തന്റെ ആദ്യത്തെ പരസ്യപ്രസംഗം നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു! അദ്ദേഹം ഉറുഗ്വേയിലെ രാജ്യവേലയ്ക്ക് അമൂല്യമായ സഹായം നൽകി.
ആ വർഷംതന്നെ സൊസൈറ്റി 16 മിഷനറിമാരെ കൂടി അവിടേക്ക് അയച്ചു. അവർ എല്ലാവരും യുവ സഹോദരിമാർ ആയിരുന്നു. മോൺടെവിദേയോയിലെ അവരുടെ സാന്നിധ്യം പെട്ടെന്നുതന്നെ
വ്യക്തമായിത്തുടങ്ങി. “മേക്കപ്പിട്ട സുന്ദരികളായ മാലാഖമാർ” സ്വർഗത്തിൽനിന്ന് മോൺടെവിദേയോയിലേക്ക് ഇറങ്ങി വന്നിരിക്കുന്നു എന്ന് ഒരു പത്രം അവരെക്കുറിച്ചു പറഞ്ഞുവത്രേ! ആ സഹോദരിമാർ ഉത്സാഹത്തോടും തീക്ഷ്ണതയോടും കൂടെ സുവാർത്ത ഘോഷിക്കാൻ തുടങ്ങി. അവരുടെ ശുശ്രൂഷയുടെ ഫലങ്ങൾ പ്രകടമായിത്തീർന്നു. 1945-ലെ 31 എന്ന സ്മാരക ഹാജർ പിറ്റേ വർഷം 204 ആയി ഉയർന്നു. പിന്നീട് ഈ മിഷനറിമാരിൽ പലരെയും രാജ്യത്തെ ഉൾപ്രദേശ നഗരങ്ങളിലേക്ക് അയയ്ക്കുകയുണ്ടായി. സുവാർത്ത മുമ്പൊരിക്കലും എത്താതിരുന്ന പ്രദേശങ്ങളിലെ അവരുടെ പ്രവർത്തനങ്ങളെ യഹോവ അനുഗ്രഹിച്ചു.ഇതിനോടകം, 80-ലധികം മിഷനറിമാർ ഉറുഗ്വേയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇഥൽ ഫൊസ്, ബെർഡിൻ ഹൊഫ്സ്റ്റെറ്റർ, ടോവ ഹോയൻസൺ, ഗുന്റർ ഷോൺഹാർട്ട്, ലിറ ബെർവെറ്റ, ഫ്ളോറൻസ് ലാറ്റിമെർ എന്നിവർ ഇപ്പോഴും തങ്ങളുടെ നിയമനങ്ങളിൽ തുടരുന്നു. അവർ എല്ലാവരും തങ്ങളുടെ നിയമനങ്ങളിൽ 20-ലധികം വർഷം ചെലവഴിച്ചവരാണ്. ലാറ്റിമെർ സഹോദരിയുടെ ഭർത്താവായ വില്യം നിയമനത്തിലിരിക്കെയാണ് മരിച്ചത്. മിഷനറിയായി പ്രവർത്തിച്ച 32 വർഷത്തിന്റെ ഏറിയ പങ്കും അദ്ദേഹം സഞ്ചാര വേലയിലാണ് ചെലവഴിച്ചത്.
ഒരു സുസംരക്ഷിത യോഗം
ഒന്നാം ഗിലെയാദ് ക്ലാസ്സിലെ ബിരുദധാരിയായ ജാക്ക് പവേഴ്സ് ഉറുഗ്വേയിൽ സേവനം ആരംഭിക്കുന്നത് 1945 മേയ് 1-നാണ്. 1978 വരെ അദ്ദേഹവും ഭാര്യയും അവിടെ രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കാൻ അക്ഷീണം പ്രവർത്തിച്ചു. എന്നാൽ, ആ വർഷം ഐക്യനാടുകളിൽ കഴിയുന്ന രോഗികളായ തങ്ങളുടെ മാതാപിതാക്കളുടെ പരിപാലനാർഥം അവർക്ക് അവിടേക്കു പോകേണ്ടിവന്നു. ഉറുഗ്വേയിൽ ആയിരുന്നപ്പോൾ തനിക്കുണ്ടായ അവിസ്മരണീയമായ ഒരു അനുഭവം ജാക്ക് ഓർമിക്കുന്നു. 1947-ൽ ജാക്ക് റിവെരയിൽ എത്തിച്ചേർന്നു. രാജ്യത്തിന്റെ വടക്ക് ബ്രസീലിയൻ അതിർത്തിക്ക് അടുത്തുള്ള ഒരു നഗരമാണ് അത്. അവിടെ തദ്ദേശീയരായ പ്രസാധകർ ആരും ഇല്ലായിരുന്നെങ്കിലും, ബ്രസീലിൽ നിന്നുള്ള ഒരു സഹോദരന്റെ സഹായത്തോടെ ആ നഗരത്തിലെങ്ങും സുവാർത്ത അറിയിക്കാൻ അദ്ദേഹം ഒരു മാസക്കാലം അവിടെ ചെലവഴിച്ചു. സ്പാനിഷ് ഭാഷയിലുള്ള ഏക ലോകം, ഏക ഗവൺമെന്റ് എന്ന ചെറുപുസ്തകത്തിന്റെ 1,000-ത്തിലധികം പ്രതികൾ സമർപ്പിക്കുകയും ചെയ്തു.
ഈ ഒരു മാസത്തെ പ്രവർത്തനത്തിന്റെ മഹത്തായ പാരമ്യമെന്നവണ്ണം പ്ലാസ ഇന്റർനാസ്യോണാലിൽ ഒരു പരസ്യയോഗം നടത്താൻ അദ്ദേഹം തീരുമാനിച്ചു. പേരു സൂചിപ്പിക്കുന്നതു പോലെ, ആ
പ്ലാസ സ്ഥിതി ചെയ്തിരുന്നത് ബ്രസീലിനും ഉറുഗ്വേയ്ക്കും ഇടയ്ക്കുള്ള അന്താരാഷ്ട്ര അതിർത്തിയിൽ ആയിരുന്നു. പ്രസ്തുത യോഗത്തെ കുറിച്ചു ദിവസങ്ങളോളം ആളുകളെ അറിയിച്ചിരുന്നു. പ്രസംഗം കേൾക്കുന്നതിനായി അനേകർ പ്ലാസയിൽ തടിച്ചുകൂടും എന്നു പ്രതീക്ഷിച്ചുകൊണ്ട് ആ രണ്ടു സഹോദരന്മാർ അവിടെ കാത്തിരുന്നു. പെട്ടെന്ന്, യോഗസമയത്തെ ക്രമസമാധാന പാലനത്തിനായി 50 സായുധ പൊലീസുകാർ അവിടെ എത്തി. യോഗഹാജർ എത്ര ആയിരുന്നെന്നോ? 53—ആ രണ്ടു സഹോദരന്മാരും പ്രസംഗവിഷയത്തിൽ താത്പര്യം തോന്നി എത്തിയ ഒരാളും 50 പൊലീസുകാരും. യോഗം വളരെ ക്രമസമാധാനത്തോടെ സുസംരക്ഷിതമായി നടന്നു!പിറ്റേ വർഷം സൊസൈറ്റി റിവെരയിലേക്ക് അഞ്ചു മിഷനറിമാരെ നിയമിച്ചു. മിഷനറിമാർ എത്തി അധികം താമസിയാതെ, സൊസൈറ്റിയുടെ ആസ്ഥാനത്തു നിന്നുള്ള നേഥൻ എച്ച്. നോറും മിൽട്ടൺ ജി. ഹെൻഷലും റിവെരയിൽ ഒരു യോഗം നടത്തി—380 പേർ ഹാജരായിരുന്നു. അനേക വർഷക്കാലം കൊണ്ട്, രാജ്യസന്ദേശത്തോടു സ്വീകാര്യക്ഷമതയുള്ള പലരെയും റിവെരയിൽ കണ്ടെത്താൻ കഴിഞ്ഞു. ഇപ്പോൾ ഈ പ്രദേശത്തു സജീവമായി പ്രവർത്തിക്കുന്ന രണ്ടു സഭകളുണ്ട്.
ജിജ്ഞാസുക്കളായ രണ്ട് അയൽക്കാർ
ഉറുഗ്വേയിലെ ഏറ്റവും വലിയ ഉൾപ്രദേശ നഗരങ്ങളിൽ ഒന്നായ സാൾട്ടോ സ്ഥിതി ചെയ്യുന്നത് ഉറുഗ്വേ നദിയുടെ പൂർവതീരത്താണ്. ഫലസമൃദ്ധിയുള്ള കാർഷിക പ്രദേശമായ ഇവിടം ഓറഞ്ചുകൾക്കും മറ്റു പഴവർഗങ്ങൾക്കും പ്രസിദ്ധമാണ്. ആത്മീയമായ അർഥത്തിലും സാൾട്ടോ ഫലസമൃദ്ധമാണ്. ഇപ്പോൾ ഇവിടെ അഞ്ചു സഭകൾ ഉണ്ട്. എന്നാൽ, സാൾട്ടോയിൽ മിഷനറിമാർ യഹോവയുടെ “അഭികാമ്യ വസ്തുക്കൾ”ക്കായുള്ള അന്വേഷണം തുടങ്ങുന്നത് 1947-ലാണ്.
1945-ൽ ഉറുഗ്വേയിൽ എത്തിയ 16 മിഷനറിമാരിൽ ഒരാളായ മേബൽ ജോൺസ്, മറ്റു ചില മിഷനറിമാരോടൊപ്പം, ആ വർഷം കുറെ വാരങ്ങൾ സാൾട്ടോയിൽ ചെലവിട്ടു. അവിടെ നടത്താനിരുന്ന ഒരു സമ്മേളനത്തിൽ ആളുകളുടെ താത്പര്യം ഉണർത്തുക എന്നതായിരുന്നു ലക്ഷ്യം. രണ്ട് അയൽക്കാർ, കാരോള ബെൽട്രാമെലിയും സ്നേഹിതയായ കാറ്റാലിന പൊംപോനിയും, മേബലിനെ സാകൂതം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ് മേബൽ വയൽശുശ്രൂഷയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്കു മടങ്ങവേ ജിജ്ഞാസുക്കളായ ആ രണ്ട് അയൽക്കാരികൾ അവരെ സമീപിച്ച് ചില ബൈബിൾ ചോദ്യങ്ങൾ ചോദിച്ചു. കാറ്റാലിന പൊംപോനി പറയുന്നു: “മതപരമായ അനേകം ആകുലതകൾ എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണു ഞാൻ സ്വന്തമായി ബൈബിൾ വായന തുടങ്ങിയത്. ഒട്ടേറെ കാര്യങ്ങൾ ഞാൻ മനസ്സിലാക്കി. ഉദാഹരണത്തിന്, ദൈവത്തോടുള്ള പ്രാർഥനകൾ മറ്റുള്ളവർ കാണാൻ വേണ്ടി ആയിരിക്കരുത്, മറിച്ച് സ്വകാര്യമായി വേണം നടത്താൻ എന്നു ഞാൻ മനസ്സിലാക്കി. അതിനു ശേഷം, ഗ്രാഹ്യത്തിനായി ഞാൻ മുട്ടുകുത്തിനിന്ന് ദൈവത്തോടു പ്രാർഥിക്കുമായിരുന്നു. മേബൽ ജോൺസ് ആദ്യമായി ഞങ്ങളോടു സംസാരിച്ചപ്പോൾ ഞങ്ങളുടെ കണ്ണുകളിൽനിന്ന് ഒരു പാട നീങ്ങിക്കിട്ടിയതുപോലെ തോന്നി. ഞാൻ വീട്ടിൽ മടങ്ങിയെത്തി മുട്ടുകുത്തിനിന്നു ദൈവത്തോടു നന്ദി പറഞ്ഞു. പിറ്റേന്ന് കാരോളയും ഞാനും സമ്മേളനത്തിലെ പരസ്യയോഗത്തിൽ സംബന്ധിച്ചു.”
ഭർത്താക്കന്മാരിൽനിന്ന് എതിർപ്പ് ഉണ്ടായിട്ടും, മേബലിന്റെ ആ രണ്ട് അയൽക്കാരികൾ സത്വരം പുരോഗതി പ്രാപിച്ച് സ്നാപനമേറ്റു. കുറെ കാലത്തിനുശേഷം കാറ്റാലിന പൊംപോനി ഒരു പ്രത്യേക പയനിയറായി നിയമിതയായി. 40 വർഷം നീണ്ടുനിന്ന ഫലപ്രദമായ തന്റെ മുഴുസമയ ശുശ്രൂഷയിൽ അവർ 110 പേരെ യഹോവയുടെ സ്നാപനമേറ്റ സാക്ഷികൾ ആയിത്തീരാൻ സഹായിക്കുകയുണ്ടായി. തീക്ഷ്ണതയുള്ള ഒരു രാജ്യഘോഷക എന്നു തെളിഞ്ഞ കാരോള ബെൽട്രാമെലി സ്നാപനം എന്ന പടിയോളം പുരോഗമിക്കാൻ 30 പേരെ സഹായിച്ചു. കാരോളയുടെ രണ്ടു പുത്രന്മാർ പയനിയർമാർ ആയിത്തീർന്നു. മൂത്ത മകനായ ഡെൽഫോസിന് ഗിലെയാദ് സ്കൂളിൽ സംബന്ധിക്കാനുള്ള പദവിയും ലഭിച്ചു. 1970 മുതൽ ബ്രാഞ്ചിന്റെ മേൽനോട്ടത്തിലും അദ്ദേഹം സഹായിച്ചിട്ടുണ്ട്.
മേറ്റ് കിട്ടുന്ന ദേശത്ത്
മിഷനറിമാർ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിച്ചപ്പോൾ, അവർ അനവധി എസ്റ്റാൻസ്യാസുകൾ സന്ദർശിച്ചു. കാലികളെയും ആടുകളെയും വളർത്തുന്ന സ്ഥലങ്ങളാണ് ഇവ. എസ്റ്റാൻസ്യാസുകളിൽ ഉള്ളവർ ലളിത ജീവിതം നയിക്കുന്നവരും അതിഥിപ്രിയരുമാണ്. തങ്ങളുടെ പരമ്പരാഗത
പാനീയമായ മേറ്റ് നൽകി സാക്ഷികളെ സ്വീകരിക്കുന്നത് അവരുടെ രീതിയാണ്. ഒരു ചുരയ്ക്കാ കുടുക്കയിൽനിന്ന് ബോംബില്ലയിലൂടെ—ഒരറ്റത്ത് ഒരു അരിപ്പ ഘടിപ്പിച്ചിട്ടുള്ള ഒരു ലോഹ കുഴലിലൂടെ—വലിച്ചു കുടിക്കുന്ന ഒരിനം ചൂടുചായ ആണ് മേറ്റ്. ഉറുഗ്വേക്കാരെ സംബന്ധിച്ചിടത്തോളം മേറ്റ് തയ്യാറാക്കി നൽകുന്നത് ഒരു ചടങ്ങുതന്നെയാണ്. ചായ തയ്യാറായിക്കഴിഞ്ഞാൽ ചായക്കപ്പ് ഓരോ വ്യക്തിയും കൈമാറുന്നു. എല്ലാവരും ഒരേ ബോംബില്ല തന്നെയാണ് ഉപയോഗിക്കുന്നത്.മേറ്റ് കൂട്ടം ചേർന്നു കുടിക്കാൻ ക്ഷണിക്കപ്പെട്ടപ്പോഴത്തെ മിഷനറിമാരുടെ പ്രതികരണം ഒന്നു ചിന്തിച്ചു നോക്കുക. പച്ച നിറത്തിലുള്ള കമർപ്പു ചായ കുടിച്ചപ്പോൾ മിഷനറിമാരുടെ മുഖങ്ങളിൽ വിടർന്ന വിവിധ ഭാവങ്ങൾ ആതിഥേയർക്കു രസം പകർന്നു. ആദ്യമായി കുടിച്ചുനോക്കിയ ചിലർ മേലാൽ അതു കുടിക്കില്ലെന്നു തീരുമാനിച്ചു. പിന്നീട് മേറ്റ് കുടിക്കാൻ ക്ഷണിക്കപ്പെട്ടപ്പോഴൊക്കെ അവർ വിനയപൂർവം അതു നിരസിക്കുകയാണു ചെയ്തത്.
‘വിഗ്രഹങ്ങൾ ഉണ്ടെങ്കിൽ, പിന്നെ ഞാൻ അങ്ങോട്ടില്ല’
ഉത്തര ഉറുഗ്വേയിലെ ഒരു നഗരമായ താക്വറെംബോയിൽ ഒരു കൂട്ടം മിഷനറിമാർ നിയമിക്കപ്പെട്ടു. ആ നഗരത്തിനു ചുറ്റും വലിയ എസ്റ്റാൻസ്യാസുകളും മറ്റു കാർഷിക സംരംഭങ്ങളും ഉണ്ട്. ജീവിതത്തെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉണ്ടായിരുന്ന ഒരു യുവ കർഷകനായ ചേരാർദോ എസ്ക്രിബാനോയ്ക്ക് 1949-ൽ രാജ്യഹാളിൽ ഒരു പരസ്യപ്രസംഗം കേൾക്കുന്നതിനുള്ള ക്ഷണക്കത്തു ലഭിച്ചു. ഒരു വ്യവസ്ഥയിൽ അദ്ദേഹം ക്ഷണം സ്വീകരിച്ചു: “നിങ്ങൾക്കു പ്രതിമകൾ ഉണ്ടായിരിക്കുകയോ പ്രാർഥനകൾ ആവർത്തിക്കാൻ എന്നോട് ആവശ്യപ്പെടുകയോ ചെയ്താൽ, പിന്നെ ഞാൻ അങ്ങോട്ടില്ല.”
രാജ്യഹാളിൽ പ്രതിമകളോ പ്രത്യേക ചടങ്ങുകളോ ഇല്ലാഞ്ഞതിൽ ചേരാർദോ വളരെ സന്തോഷവാൻ ആയിരുന്നു. ബൈബിളിലുള്ള തന്റെ താത്പര്യത്തെ ഉണർത്തിയ ഒരു തിരുവെഴുത്തു പ്രസംഗം ആയിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിച്ചത്. തുടർന്നും യോഗങ്ങളിൽ സംബന്ധിച്ച അദ്ദേഹം സമർപ്പിച്ചു സ്നാപനമേറ്റ് യഹോവയുടെ ഒരു ദാസൻ ആയിത്തീർന്നു. പ്രത്യേക പയനിയറിങ്, സർക്കിട്ട് വേല, ഡിസ്ട്രിക്റ്റ് വേല തുടങ്ങിയ പല പദവികളിലും വർഷങ്ങളായി അദ്ദേഹം സേവിച്ചിട്ടുണ്ട്. എസ്ക്രിബാനോ സഹോദരനും ഭാര്യ രാമോനയും ചേർന്ന് മൊത്തം 83 വർഷം മുഴുസമയ സേവനത്തിൽ ചെലവഴിച്ചിരിക്കുന്നു. 1976 മുതൽ എസ്ക്രിബാനോ സഹോദരൻ ഡെൽഫോസ് ബെൽട്രാമെലി, ഗുന്റർ ഷോൺഹാർട്ട് എന്നിവരോടൊപ്പം ബ്രാഞ്ച് കമ്മിറ്റിയിലെ ഒരു അംഗമാണ്. ജർമനിയിൽ നിന്നുള്ള ഒരു മിഷനറിയായ ഗുന്റർ സഹോദരൻ ബ്രാഞ്ചിന്റെ സമീപസ്ഥ സഭകളുടെ ആത്മീയ അഭിവൃദ്ധിക്കായി വളരെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
കൊയ്ത്തു വർധിക്കുന്നു
“കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം” എന്ന് യേശു പറഞ്ഞു. (മത്താ. 9:37, 38) ഉറുഗ്വേയിലെ മിഷനറിമാർക്കു പ്രവർത്തിച്ചു തീർക്കാൻ വിശാലമായ പ്രദേശം ഉണ്ടായിരുന്നതിനാൽ, അവരുടെ ജീവിതത്തിൽ ഈ വാക്കുകൾക്കു പ്രത്യേക അർഥം കൈവന്നു. വർഷങ്ങൾ കടന്നുപോയപ്പോൾ തന്റെ ദാസരുടെ ശ്രമങ്ങളെ യഹോവ പിന്താങ്ങുകയും അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട് എന്നതു വ്യക്തമായിത്തീർന്നു.
1949-ൽ നോർ സഹോദരനും ഹെൻഷൽ സഹോദരനും രണ്ടാം പ്രാവശ്യം ഉറുഗ്വേ സന്ദർശിച്ചപ്പോൾ നോർ സഹോദരൻ നടത്തിയ “നിങ്ങൾ വിചാരിച്ചതിനെക്കാൾ വൈകിയിരിക്കുന്നു!” എന്ന പ്രസംഗം കേൾക്കാൻ 592 പേരാണ് മോൺടെവിദേയോയിൽ സമ്മേളിച്ചത്. ആ അവസരത്തിൽ 73 പേർ സ്നാപനമേറ്റു. അന്നു രാജ്യത്താകെ 11 സഭകളേ ഉണ്ടായിരുന്നുള്ളൂ. പത്തു വർഷത്തിനു ശേഷം, തന്റെ നാലാമത്തെ സന്ദർശനത്തിൽ, നോർ സഹോദരൻ മോൺടെവിദേയോയിൽ പ്രസംഗിച്ചത് 2,000-ത്തിലധികം വരുന്ന ഒരു സദസ്സിന്റെ മുമ്പാകെയാണ്. അപ്പോൾ ഉറുഗ്വേയിൽ 41 സഭകളിലായി 1,415 പ്രസാധകർ ഉണ്ടായിരുന്നു.
1950-കളിൽ രാജ്യത്തെങ്ങും സഭകളുടെ എണ്ണത്തിൽ വർധനവ് കണ്ടു. എങ്കിലും, അനേകർക്കും സ്വകാര്യ ഭവനങ്ങളിൽ കൂടിവരേണ്ടി വന്നു. ബുദ്ധിപൂർവം പ്രവർത്തിച്ച ഒരു വീട്ടുകാരൻ തന്റെ ഇരിപ്പുമുറിയിലെ എല്ലാ ഫർണിച്ചറുകൾക്കും ചക്രങ്ങൾ പിടിപ്പിച്ചു. അതിനാൽ, സഭായോഗത്തിന് ഇടമുണ്ടാക്കാൻ ഫർണിച്ചറുകൾ അവിടെനിന്ന് ഉരുട്ടി മാറ്റിയാൽ മാത്രം മതിയായിരുന്നു. മറ്റൊരു കേസിൽ, ഒരു സ്വകാര്യ ഭവനത്തിന്റെ മുന്നിലായുള്ള ചെറിയൊരു മുറിയിലാണ് സഭ കൂടിവന്നത്. സഭ വളർന്നപ്പോൾ കൂടുതൽ ആളുകളെ ഇരുത്താൻ നടുച്ചുവരുകൾ മാറ്റി. പിന്നീട്, ഭിത്തികൾ മിക്കതും നീക്കം ചെയ്തു. വീടിന്റെ പിൻവശത്തെ പരിമിത സൗകര്യങ്ങളിൽ താമസിക്കാൻ ആ കുടുംബത്തിനു സമ്മതമായിരുന്നു.
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ഉറുഗ്വേയിലെ ആളുകൾക്കു പരിചയപ്പെടുത്താൻ പറ്റിയ ഒരു വിശിഷ്ട ഉപകരണമായിരുന്നു പുതിയലോക സമുദായം പ്രവർത്തനത്തിൽ എന്ന ചലച്ചിത്രം. 1955-ൽ ആണ് ആ ചിത്രം ഉറുഗ്വേയിൽ എത്തുന്നത്. ആ വർഷം ലിബെർ ബെർവെറ്റ, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ സഞ്ചരിച്ച് 4,500-ലധികം വ്യക്തികളെ ആ ചിത്രം കാണിച്ചു. നമ്മുടെ വേലയിൽ മുമ്പു വലിയ താത്പര്യമൊന്നും കാട്ടാതിരുന്ന ആളുകളെ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ അതു പ്രേരിപ്പിച്ചു.
ഒരു പുതിയ ബ്രാഞ്ച് ഓഫീസ്
പ്രസാധകരുടെ എണ്ണം ത്വരിതഗതിയിൽ വർധിച്ചതോടെ, ബ്രാഞ്ച് ഓഫീസിനും മിഷനറി ഭവനത്തിനും അനുയോജ്യമായ സൗകര്യങ്ങളുടെ ആവശ്യം വ്യക്തമായി. വർഷങ്ങളായി, പ്രസ്തുത ആവശ്യത്തിനു വേണ്ടി നിരവധി കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്തിരുന്നു. എന്നാൽ, സൊസൈറ്റിക്കു സ്വന്തം കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിന് സ്ഥലം വാങ്ങാനുള്ള സമയം ആയിക്കഴിഞ്ഞിരുന്നു. പക്ഷേ, തലസ്ഥാന നഗരിയായ മോൺടെവിദേയോയുടെ ഹൃദയഭാഗത്തു സ്ഥലം വാങ്ങുന്നതു വളരെ ചെലവേറിയത് ആയിരുന്നതിനാൽ നഗരത്തിന്റെ പ്രാന്തപ്രദേശത്തു സ്ഥലം വാങ്ങാനേ നിവൃത്തിയുള്ളൂ എന്നു തോന്നി. അങ്ങനെ, 1955-ൽ നല്ല വലിപ്പമുള്ള ഒരു സ്ഥലം വാങ്ങി. നിർമിക്കാനുള്ള കെട്ടിടങ്ങളുടെ പ്ലാനുകൾക്ക് അംഗീകാരം ലഭിച്ചു. ജോലിക്കാർ നിർമാണം തുടങ്ങാൻ തയ്യാറായിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ, സൊസൈറ്റി വാങ്ങിയ ആ സ്ഥലത്തുകൂടി ഒരു പ്രധാന വീഥി നീട്ടിയെടുക്കാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നതായി മനസ്സിലാക്കിയപ്പോൾ സഹോദരങ്ങൾ ഞെട്ടിപ്പോയി!
അവർ എന്തു ചെയ്യും? അധികാരികളുമായി കൂടിയാലോചനകൾ നടന്നു. പരിഹാരം എന്ന നിലയിൽ സൊസൈറ്റിയുടെ സ്ഥലം ഗവൺമെന്റ് വാങ്ങിക്കൊള്ളാമെന്നു സമ്മതിച്ചു. എന്നാൽ, സഹോദരങ്ങൾ മുടക്കിയതിലും കുറവായിരുന്നു അവർ കൊടുക്കാമെന്നു സമ്മതിച്ച തുക. അത്രയും വലിപ്പമുള്ള ഒരു സ്ഥലം വാങ്ങാൻ ആ പണം മതിയാകില്ലായിരുന്നു.
“നിർമാണം തുടങ്ങാനുള്ള യഹോവയുടെ സമയം ഒരുപക്ഷേ അത് അല്ലായിരിക്കാം എന്നു ഞങ്ങൾ ഒരു ഘട്ടത്തിൽ നിഗമനം ചെയ്തു,” ജാക്ക് പവേഴ്സ് ഓർമിക്കുന്നു. “എന്നാൽ, റോമർ 11:34, 35-ലെ ‘യഹോവയുടെ മനസ്സു അറിഞ്ഞവൻ ആർ? അവന്നു മന്ത്രിയായിരുന്നവൻ ആർ?’ എന്ന പൗലൊസിന്റെ വാക്കുകൾ പെട്ടെന്നുതന്നെ ഞങ്ങൾ കുറെക്കൂടി മെച്ചമായി മനസ്സിലാക്കാൻ ഇടയായി. സൊസൈറ്റിയുടെ സ്ഥലവും ഗവൺമെന്റ് ഉപയോഗിക്കാതെ ഇട്ടിരുന്ന ഒരു സ്ഥലവും വെച്ചുമാറാൻ കഴിയുമെന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ നിർദേശിച്ചു. വലിപ്പത്തിൽ സൊസൈറ്റിയുടെ സ്ഥലത്തിന്റെ അത്രയും ഉണ്ടായിരുന്ന ആ സ്ഥലം ഫ്രാൻസിസ്കോ ബാവുസ തെരുവിൽ മോൺടെവിദേയോയുടെ ഹൃദയഭാഗത്തുതന്നെ ആയിരുന്നു. സന്തോഷത്തോടെ ഞങ്ങൾ ആ വെച്ചുമാറ്റം സമ്മതിച്ചു. മൂല്യം നോക്കിയാൽ ഞങ്ങൾ നേരത്തേ വാങ്ങിയ സ്ഥലത്തിന്റേതിലും അനേകം മടങ്ങ് വരുമായിരുന്നു അതിന്റെ വില—തന്നെയുമല്ല കൂടുതലായി ഒരു ചില്ലിക്കാശു പോലും ഞങ്ങൾക്കു കൊടുക്കേണ്ടി വന്നുമില്ല! വാസ്തവത്തിൽ, യഹോവയുടെ കരം തന്റെ ജനത്തിനു വേണ്ടി പ്രവർത്തിച്ചു!”
ഒരു വാസ്തുശിൽപ്പി തീരുമാനമെടുക്കുന്നു
ഹൂസ്റ്റിനോ ആപ്പോളോ എന്ന പ്രസിദ്ധ വാസ്തുവിദ്യാ വിദഗ്ധന്റെ നിർദേശത്തിൻ കീഴിൽ ബ്രാഞ്ച് ഓഫീസിന്റെ നിർമാണം പുരോഗമിച്ചു. മിഷനറിമാരിൽ ഒരാളോടൊപ്പം ഹൂസ്റ്റിനോ ബൈബിൾ പഠിക്കാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം പറയുന്നു: “ദൈവത്തെ കുറിച്ചുള്ള സത്യം കണ്ടെത്താൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഒരു കത്തോലിക്കനായാണ് ഞാൻ വളർന്നുവന്നത്. എന്നാൽ വർഷങ്ങൾ കടന്നുപോയപ്പോൾ ഞാൻ കൂടുതൽ കൂടുതൽ നിരാശനാകുകയാണു ചെയ്തത്. എന്റെ വിവാഹത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ഞാൻ പള്ളിയിൽ പോയ ദിവസം ഇന്നും വ്യക്തമായി ഓർക്കുന്നു. പുരോഹിതൻ എന്നോടു ചോദിച്ചു: ‘നിങ്ങളുടെ വിവാഹച്ചടങ്ങിന്റെ സമയത്തു പള്ളിയിൽ എത്ര ദീപങ്ങൾ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു? ദീപങ്ങളുടെ എണ്ണം കൂടുന്തോറും അവയുടെ ചെലവും കൂടിയിരിക്കും. പക്ഷേ അങ്ങനെ ചെയ്താൽ, അതു നിങ്ങളുടെ സ്നേഹിതരിൽ വലിയ മതിപ്പ് ഉളവാക്കും, തീർച്ച.’ തീർച്ചയായും, നല്ല രീതിയിൽത്തന്നെ വിവാഹം നടത്താൻ ഞാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്, കൂടുതൽ ദീപങ്ങൾ വേണമെന്നു ഞാൻ പറഞ്ഞു. അപ്പോൾ പുരോഹിതൻ ചോദിച്ചു: ‘ചുവന്ന കാർപ്പറ്റ് വേണോ അതോ വെളുത്തതു വേണോ?’ അവ തമ്മിലുള്ള വ്യത്യാസം? ‘തീർച്ചയായും, കാർപ്പറ്റ് ചുവന്നതാണെങ്കിൽ അതു വധുവിന്റെ വസ്ത്രത്തെ എടുത്തുകാണിക്കും,’ അദ്ദേഹം വിശദീകരിച്ചു, ‘എന്നാൽ അതിന് ഇരട്ടി ചെലവു വരും.’ പിന്നെ ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർഥനയുടെ കാര്യമായി. ‘അത് ഒരാൾ ആലപിക്കുന്നതാണോ അതോ ഒരു ഗായകസംഘം ആലപിക്കുന്നതാണോ നിങ്ങൾക്ക് ഇഷ്ടം?’ ചടങ്ങുകളുടെ ഓരോ വശവും പുരോഹിതൻ എനിക്കു വിൽക്കുകയായിരുന്നു.
“പള്ളിയിൽ വെച്ചുതന്നെ എന്റെ വിവാഹം നടന്നു. എന്നാൽ മതത്തിലെ വാണിജ്യവത്കരണം എന്നിൽ വല്ലാത്ത അസ്വസ്ഥത ഉളവാക്കി. യഹോവയുടെ സാക്ഷികളോടൊത്തു പഠിക്കാൻ തുടങ്ങിയപ്പോൾ എനിക്കു ശരിക്കും വ്യത്യാസം കാണാൻ കഴിഞ്ഞു. സത്യം കണ്ടെത്തിയതായി ഞാൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.”
ബെഥേൽ നിർമാണത്തിൽ ഏർപ്പെട്ടിരിക്കെ അനേക മാസങ്ങൾ ബൈബിൾ പഠിക്കുകയും സാക്ഷികളോടൊത്തു സഹവസിക്കുകയും ചെയ്തശേഷം, താൻ ഒരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു എന്ന് ഹൂസ്റ്റിനോ തിരിച്ചറിഞ്ഞു. 1961-ന്റെ അവസാനത്തോട് അടുത്ത് ബെഥേലിന്റെ നിർമാണം പൂർത്തിയായപ്പോൾ, ആ വാസ്തുശിൽപ്പി ശരിയായ തീരുമാനം കൈക്കൊണ്ടുകൊണ്ടു സ്നാപനമേറ്റു. ഇപ്പോൾ ഒരു
മൂപ്പൻ ആയി സേവിക്കുന്ന ഹൂസ്റ്റിനോ ഉറുഗ്വേയിൽ 60-ലധികം രാജ്യഹാളുകളുടെ നിർമാണത്തിൽ സഹായിച്ചിട്ടുണ്ട്.ബ്രാഞ്ച് വികസനം തുടരുന്നു
1961 ഒക്ടോബർ 28-ന് മനോഹരമായ പുതിയ കെട്ടിടത്തിന്റെ സന്തോഷകരമായ സമർപ്പണം നടന്നു. ഒന്നാം നിലയിൽ ഓഫീസുകൾക്കും ഒരു സാഹിത്യ ഡിപ്പോയ്ക്കും സൗകര്യപ്രദമായ ഒരു രാജ്യഹാളിനും വേണ്ടത്ര സ്ഥലം ഉണ്ടായിരുന്നു. മിഷനറിമാർക്കും ഓഫീസ് ജോലിക്കാർക്കും വേണ്ടി മുകളിലത്തെ നിലയിൽ ഒമ്പതു കിടപ്പുമുറികളും ഉണ്ടായിരുന്നു.
അക്കാലത്ത് ഉറുഗ്വേയിൽ സജീവമായി പ്രവർത്തിച്ചിരുന്ന 1,570 പ്രസാധകരെ സംബന്ധിച്ചിടത്തോളം, പുതിയ ബെഥേൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏതു വർധനവും കൈകാര്യം ചെയ്യാൻ പോന്നതാണ് എന്നു തോന്നി. എന്നാൽ, പ്രതീക്ഷിച്ചതിലും വേഗത്തിൽ ആയിരുന്നു വളർച്ച. 1985-ൽ ഒരു രണ്ടുനില കെട്ടിടം കൂടി പണിതു, അങ്ങനെ ബ്രാഞ്ചിന്റെ വലിപ്പം ഇരട്ടിയായി.
കുറെക്കൂടി അടുത്ത കാലത്ത് സൊസൈറ്റി മോൺടെവിദേയോയുടെ പ്രാന്തപ്രദേശത്തു നല്ലൊരു സ്ഥലം വാങ്ങി. അവിടെ പുതിയ ബ്രാഞ്ച് സൗകര്യങ്ങളുടെയും ഒരു സമ്മേളന ഹാളിന്റെയും നിർമാണം നടന്നുകൊണ്ടിരിക്കുന്നു. ഒരു സംഘം അന്താരാഷ്ട്ര നിർമാണ പ്രവർത്തകരുടെ സഹായമുള്ള പ്രസ്തുത പദ്ധതി 1999-ൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
മേൽവിചാരകന്മാർക്കുള്ള പരിശീലനം
ഉറുഗ്വേയിലെ “അഭികാമ്യ വസ്തുക്ക”ളുടെ വർധനവു കൈകാര്യം ചെയ്യാൻ ബ്രാഞ്ച് സൗകര്യങ്ങൾ മാത്രമല്ല ഇടയന്മാരും ആവശ്യമായിരുന്നു. 1956-നും 1961-നും ഇടയ്ക്ക് പ്രസാധകരുടെ എണ്ണം ഇരട്ടിയായി, 13 സഭകൾ പുതുതായി സ്ഥാപിക്കപ്പെട്ടു. സ്നേഹപുരസ്സരവും സമയോചിതവുമായ എത്ര നല്ല ഒരു കരുതലായിരുന്നു രാജ്യ ശുശ്രൂഷാ സ്കൂൾ! 1961-ൽ രാജ്യ ശുശ്രൂഷാ സ്കൂൾ തുടങ്ങിയപ്പോൾ സഭകളിൽ ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിച്ചിരുന്ന പല സഹോദരന്മാരും ഒരു മാസത്തെ ദൈർഘ്യമുള്ള കോഴ്സുകളിൽ സംബന്ധിക്കുന്നതിന് ആസൂത്രണം ചെയ്തു. അവരിൽ പലർക്കും ദീർഘദൂരം യാത്ര ചെയ്യേണ്ടിവന്നു. മുഴു കോഴ്സിലും പങ്കെടുക്കുന്നതിനു വേണ്ടി ചിലർ തങ്ങളുടെ ജോലി പോലും അപകടപ്പെടുത്തി.
ഉദാഹരണത്തിന്, രാജ്യ ശുശ്രൂഷാ സ്കൂൾ നടക്കാനിരുന്ന മോൺടെവിദേയോയിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള ഡോലോറെസിലാണ് ഓറാസിയോ ലെഗിസാമൊൺ താമസിച്ചിരുന്നത്. അദ്ദേഹം തന്റെ
തൊഴിലുടമയോട് ഒരു മാസത്തെ അവധി ചോദിച്ചപ്പോൾ സാധ്യമല്ല എന്നായിരുന്നു തൊഴിലുടമയുടെ മറുപടി. ആ കോഴ്സ് തനിക്കു വളരെ പ്രധാനമാണെന്നും ജോലി നഷ്ടപ്പെട്ടാൽ പോലും താൻ അതിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നു എന്നും ലെഗിസാമൊൺ സഹോദരൻ വിശദീകരിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തൊഴിലുടമ തന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തീരുമാനിച്ചതിൽ സഹോദരൻ അമ്പരന്നുപോയി. അങ്ങനെ ജോലി നഷ്ടപ്പെടാതെതന്നെ സ്കൂളിൽ സംബന്ധിക്കാൻ അദ്ദേഹത്തിനു സാധിച്ചു.ഇത്രയധികം ബുദ്ധിമുട്ടുകൾ സഹിച്ചു സംബന്ധിക്കാൻ തക്ക മൂല്യമുള്ളതായിരുന്നോ ആ കോഴ്സ്? “അത്തരത്തിലുള്ള ഒരു അനുഭവം ഞങ്ങൾക്ക് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല,” ആ കോഴ്സിലെ ആദ്യ വിദ്യാർഥികളിൽ ഒരാൾ പറയുന്നു. “രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും എത്തിയ പക്വതയുള്ള സഹോദരന്മാരോടു കൂടെ ഒരു മാസം ചെലവഴിച്ചത് പുതിയ ലോകത്തിൽ ജീവിക്കുന്നതു പോലുള്ള പ്രതീതിയാണ് ഉളവാക്കിയത്. യഹോവയുടെ ദൃശ്യ സംഘടനയുടെ സ്നേഹമസൃണമായ പിന്തുണയോടെ, ആട്ടിൻകൂട്ടത്തിനു ഫലപ്രദമായി ഇടയവേല ചെയ്യുകയെന്ന വെല്ലുവിളി നേരിടാൻ ആ സ്കൂൾ മുഖാന്തരം ഞങ്ങൾ ശരിക്കും സജ്ജരായി.”
മെച്ചമായി സജ്ജരാകാൻ രാജ്യ ശുശ്രൂഷാ സ്കൂൾ പക്വതയുള്ള നൂറുകണക്കിനു ക്രിസ്ത്യാനികളെ സഹായിച്ചു. തത്ഫലമായി, പഴയ വ്യവസ്ഥിതിയുടെ പ്രശ്നങ്ങൾ തീവ്രമായിക്കൊണ്ടിരുന്ന ഒരു സമയത്തു സഭകൾ ബലപ്പെട്ടു.
ദരിദ്രർ എങ്കിലും ആത്മീയമായി സമ്പന്നർ
ഉറുഗ്വേയിലെ ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, 1960-കളിൽ രാജ്യം സാമ്പത്തികമായി അധഃപതിക്കാൻ തുടങ്ങി. മാട്ടിറച്ചി, തുകൽ, കമ്പിളി തുടങ്ങിയ പരമ്പരാഗത കയറ്റുമതി ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞു. അനേകം ബാങ്കുകളും പ്രമുഖ കമ്പനികളും പൊളിഞ്ഞപ്പോൾ ആയിരങ്ങൾ തൊഴിൽരഹിതർ ആയിത്തീർന്നു.
അനിയന്ത്രിത പണപ്പെരുപ്പം, പണത്തിന്റെ ശീഘ്ര മൂല്യശോഷണം, നികുതിവർധന, ഭക്ഷണത്തിനും മറ്റ് അടിസ്ഥാന സംഗതികൾക്കും നേരിട്ട ക്ഷാമം തുടങ്ങിയവ നിമിത്തം ആളുകൾ പരിഭ്രാന്തർ ആയിത്തീർന്നു.സാമ്പത്തിക പ്രതിസന്ധിക്കു കനത്ത സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടായി. ഇടത്തരക്കാരിൽ മിക്കവരും ദരിദ്രർ ആയിത്തീർന്നതിനാൽ കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിച്ചു. അതൃപ്തരായ ആളുകൾ അധികാരികൾക്ക് എതിരെ പലപ്പോഴും അക്രമാസക്തമായ പ്രകടനങ്ങൾ നടത്തി. ഒന്നിനൊന്നു വഷളായിക്കൊണ്ടിരുന്ന പ്രതിസന്ധിയിൽനിന്നു രക്ഷപ്പെടാനായി ആയിരക്കണക്കിന് ഉറുഗ്വേക്കാർ, പ്രത്യേകിച്ചും ചെറുപ്പക്കാർ, മറ്റു രാജ്യങ്ങളിലേക്കു ചേക്കേറി.
നേരെമറിച്ച്, 1960-കളുടെ ആ ദശകം യഹോവയുടെ സംഘടനയ്ക്കുള്ളിൽ വളർച്ചാ കാലഘട്ടമായിരുന്നു. അതു മനസ്സിലേക്കു കൊണ്ടുവരുന്നത് യെശയ്യാവു 35:1, 2-ലെ വാക്കുകളാണ്: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും. അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും.” 1961-നും 1969-നും ഇടയ്ക്ക് 15 പുതിയ സഭകൾ പുതുതായി സ്ഥാപിക്കപ്പെട്ടു. രാജ്യത്തെ മൊത്തം പ്രസാധകരുടെ എണ്ണം 2,940 എന്ന അത്യുച്ചത്തിൽ എത്തി.
1965 ഡിസംബർ 9-ന് നമ്മുടെ നിയമ ഏജൻസി ആയ ‘സോസ്യെദാദ് ലാ ടൊരെ ദെൽ വിച്ചിയ’യുടെ വ്യവസ്ഥകൾ ഗവൺമെന്റ് അംഗീകരിച്ചു. അതിനാൽ അച്ചടി, ഇറക്കുമതി, ബൈബിളിന്റെയും ബൈബിൾ സാഹിത്യങ്ങളുടെയും വിതരണം തുടങ്ങിയ സംഗതികൾക്കു പ്രത്യേക അനുമതികളും നികുതി ഇളവുകളും ലഭിക്കുക സാധ്യമായി. മാത്രമല്ല, നിയമാനുകൂല്യം ഉള്ളതിനാൽ സ്ഥലങ്ങൾ വാങ്ങി രാജ്യഹാളുകൾ നിർമിക്കുന്നതും സാധ്യമായിത്തീർന്നു.
“മഹാ സമ്മേളനം”
1967 എന്ന വർഷം “മഹാ സമ്മേളന”ത്തിന്റെ വർഷമായി എക്കാലവും സ്മരിക്കപ്പെടും. എഫ്. ഡബ്ലിയു. ഫ്രാൻസ്, എം. ജി. ഹെൻഷൽ എന്നിവർ ഉൾപ്പെടെ ഐക്യനാടുകളിൽ നിന്നും യൂറോപ്പിൽ നിന്നുമായി ഏകദേശം 400 പേർ അടങ്ങുന്ന ഒരു പ്രതിനിധി സംഘം സമ്മേളനത്തിൽ സംബന്ധിക്കാനെത്തി. 3,958 പേർ ഹാജരായ ആ സദസ്സ് ആദ്യമായാണു പുരാതന വേഷവിധാനങ്ങളോടു കൂടിയ ബൈബിൾ നാടകം ആസ്വദിച്ചത്. പ്രധാന സാമൂഹിക-കലാ-കായിക പരിപാടികൾ നടത്തിയിരുന്ന മോൺടെവിദേയോയിലെ വിശാലമായ സ്റ്റേഡിയം—പാലാസിയോ പാന്യാറോൾ—ആദ്യമായി ഉപയോഗിക്കാനും അന്ന് സഹോദരങ്ങൾക്കു സാധിച്ചു.
യാത്രയ്ക്കും താമസത്തിനുമുള്ള ചെലവുകൾക്കു പണമുണ്ടാക്കാൻ പ്രാദേശിക സഹോദരങ്ങളിൽ പലരും അസാധാരണ ശ്രമങ്ങൾ നടത്തി. യാത്രയ്ക്കുള്ള പണമുണ്ടാക്കാൻ ഒരു സഹോദരി ആറു മാസക്കാലം മറ്റുള്ളവരുടെ വസ്ത്രങ്ങൾ കഴുകുന്ന ജോലി ചെയ്തു. യഹോവയുടെ സാക്ഷി ആയതിന്റെ പേരിൽ ഭർത്താവിൽനിന്ന് എതിർപ്പു നേരിട്ട മറ്റൊരു സഹോദരി ശീതീകരിച്ച ലഘുഭക്ഷണങ്ങൾ ഉണ്ടാക്കി അയൽക്കാർക്കു വിറ്റാണു പണമുണ്ടാക്കിയത്.
സ്റ്റേഡിയം അധികൃതരിൽ ആ കൺവെൻഷൻ എങ്ങനെയുള്ള ഒരു ധാരണയാണ് ഉളവാക്കിയത്? “പാലാസിയോ പാന്യാറോൾ മുമ്പൊരിക്കലും ഇത്രയും വൃത്തിയുള്ളതും ദുർഗന്ധരഹിതവും ആയിരുന്നിട്ടില്ല!” എന്ന് അവരിൽ ഒരാൾ പ്രസ്താവിച്ചു. യഹോവയുടെ സാക്ഷികളുടെ ഇടയിലെ ചിട്ടയും നല്ല സംഘാടനവും ആ അധികൃതരിൽ നല്ല മതിപ്പ് ഉളവാക്കിയതുകൊണ്ട് കൺവെൻഷൻ മേൽനോട്ടത്തിനായി തങ്ങളുടെ സ്വകാര്യ ഓഫീസുകൾ അവർ സഹോദരങ്ങൾക്കു ലഭ്യമാക്കി. പിന്നീട് 1977 വരെ പല ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾക്കും ആ സ്റ്റേഡിയം ഉപയോഗിച്ചു. എന്നാൽ, ആ വർഷം യഹോവയുടെ സാക്ഷികളോടുള്ള തങ്ങളുടെ മനോഭാവത്തിനു മാറ്റം വരുത്തിയ ഗവൺമെന്റ് പിന്നീട് അനേക വർഷക്കാലം കൺവെൻഷനുകൾ നടത്തുന്നതിൽനിന്നു സാക്ഷികളെ വിലക്കി.
‘പാമ്പിനെപ്പോലെ ജാഗ്രത ഉള്ളവർ’
1970-കളുടെ തുടക്കത്തിൽ ഉറുഗ്വേയിലെ സാമ്പത്തികാവസ്ഥ കൂടുതൽ വഷളായി. നിയമലംഘനം സർവസാധാരണം ആയിത്തീർന്നു.
തൊഴിലാളികളും വിദ്യാർഥികളും നടത്തിയ പ്രകടനങ്ങൾ അക്രമാസക്തവും നശീകരണാത്മകവും ആയിരുന്നു. വൻ നഗരങ്ങളിൽ സായുധ ഗറില്ലാ സംഘങ്ങൾ പൊട്ടിമുളയ്ക്കാൻ തുടങ്ങി. ഈ സംഘങ്ങൾ കവർച്ച, ബോംബാക്രമണം, അക്രമപ്രവർത്തനങ്ങൾ, തട്ടിക്കൊണ്ടുപോക്ക് തുടങ്ങിയ കൃത്യങ്ങളിൽ ഏർപ്പെടാൻ തുടങ്ങിയപ്പോൾ എങ്ങും ഭീതി പടർന്നു. ഈ പ്രക്ഷുബ്ധാവസ്ഥയിൽ സായുധ സേനകളുടെ അധികാരം വർധിക്കുകയും 1973-ൽ അവർ ഭരണം പിടിച്ചെടുക്കുകയും ചെയ്തു.പട്ടാളഭരണം വളരെ പരുക്കനായിരുന്നു. രാഷ്ട്രീയ, വാണിജ്യ യൂണിയൻ പ്രവർത്തനങ്ങൾ നിരോധിക്കപ്പെട്ടു. വാർത്തകൾ കർശനമായി സെൻസർ ചെയ്യപ്പെട്ടു. അധികാരികളിൽനിന്നു മുൻകൂട്ടിയുള്ള അനുവാദമില്ലാതെ പരസ്യമായി യോഗങ്ങൾ നടത്താൻ കഴിയുമായിരുന്നില്ല. വ്യക്തിസ്വാതന്ത്ര്യം വളരെ പരിമിതമായിത്തീർന്നു. ഈ പ്രതികൂല അവസ്ഥയിൽ ‘വചനം പ്രസംഗിക്കാൻ’ സഹോദരങ്ങൾക്ക് എങ്ങനെ കഴിഞ്ഞു?—2 തിമൊഥെയൊസ് 4:2 താരതമ്യം ചെയ്യുക.
എസ്ക്രിബാനോ സഹോദരൻ പറയുന്നു: “മുമ്പത്തേതിൽനിന്നു വ്യത്യസ്തമായി മത്തായി 10:16-ലെ യേശുവിന്റെ വാക്കുകൾ ഞങ്ങൾക്കു ബാധകമാക്കേണ്ടി വന്നു: ‘ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുളളവരും [“ജാഗ്രത ഉള്ളവരും,” NW] പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.’ പ്രസംഗവേലയിൽ തീക്ഷ്ണതയോടെ തുടരുന്നതിന്, എന്നാൽ ജാഗ്രതയോടും നല്ല വിവേചനയോടും കൂടെ അതു ചെയ്യുന്നതിന്, ആവശ്യമായ പരിശീലനം പ്രസാധകർക്കു ലഭ്യമാകത്തക്കവണ്ണം സൊസൈറ്റി പെട്ടെന്നുതന്നെ എല്ലാ മൂപ്പന്മാർക്കും നിർദേശങ്ങൾ നൽകി.”
ചില വൈദികരും മതവിഭാഗങ്ങളും വിപ്ലവകാരികൾക്കു പിന്തുണ കൊടുക്കുന്നുണ്ടായിരുന്നു. അതിനാൽ സൈനിക ഗവൺമെന്റ് യഹോവയുടെ സാക്ഷികൾ ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളെയും സംശയദൃഷ്ടിയോടെയാണു വീക്ഷിച്ചത്. അതിന്റെ ഫലമായി, വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കെ പലരും രാജ്യത്തുടനീളം അറസ്റ്റു ചെയ്യപ്പെട്ടു. എന്നാൽ, മിക്ക കേസുകളിലും ബൈബിൾ സാഹിത്യങ്ങൾ കാണിക്കുകയും തങ്ങളുടെ പ്രവർത്തനത്തിന്റെ സ്വഭാവം വിശദീകരിക്കുകയും ചെയ്തുകഴിയുമ്പോൾ അവരെ പെട്ടെന്നുതന്നെ വിട്ടയയ്ക്കുമായിരുന്നു. ആദ്യകാലത്ത് ഇത്തരം അറസ്റ്റുകൾ ധാരാളം നടന്നപ്പോൾ തങ്ങളുടെ സാന്നിധ്യം അത്ര പ്രകടമാകാതിരിക്കാൻ ചെറിയ കൂട്ടങ്ങളായി പോകേണ്ടത് അനിവാര്യമാണെന്നു സഹോദരങ്ങൾക്കു തോന്നി.
ചില കേസുകളിൽ, സൈനികർ സാക്ഷികളുടെ വീടുതോറുമുള്ള വേലയെ നിശ്ശബ്ദം പിന്താങ്ങി. ഒരിക്കൽ, തങ്ങളുടേതായ വിധത്തിൽ സഹായിക്കാൻ പോലും അവർ ശ്രമിച്ചു. ഒരു സഹോദരി സുവിശേഷ ഘോഷണം നടത്തിക്കൊണ്ടിരുന്ന പ്രദേശത്ത് ഒരു കൂട്ടം സൈനികർ പട്രോളിങ് നടത്തുകയായിരുന്നു. ഒരു വീട്ടിൽ ചെന്ന് നമ്മുടെ സഹോദരി ബെല്ലടിച്ചു. വീട്ടുകാരി രണ്ടാം നിലയിലെ ജാലകത്തിലൂടെ തല പുറത്തേക്കിട്ട് അവിടെനിന്നു പോകാൻ മര്യാദകെട്ട രീതിയിൽ സഹോദരിയോടു പറഞ്ഞു. ഇതു കണ്ട ഒരു പട്ടാളക്കാരൻ വീട്ടുകാരിയുടെ നേർക്കു യന്ത്രത്തോക്ക് ചൂണ്ടിക്കൊണ്ട്, താഴെ ഇറങ്ങിവന്നു സഹോദരിയോടു മാന്യമായി സംസാരിക്കാൻ പറഞ്ഞു. വീട്ടുകാരി അത് അനുസരിച്ചു.
സമ്മേളനങ്ങൾ നടത്താൻ ഒരു സ്ഥലം
ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ സുപ്രീംകോടതിയുടെ നീതികാര്യ സെക്രട്ടറിയുടെ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടുന്ന ഒരു നോട്ടീസ് 1974 ജൂണിൽ ഗവൺമെന്റിൽനിന്നു ബ്രാഞ്ച് ഓഫീസിനു ലഭിച്ചു. ബെൽട്രാമെലി സഹോദരൻ അവരിൽ ഒരാളായിരുന്നു. അദ്ദേഹം പറയുന്നു: “ഞങ്ങൾക്ക് ഉത്കണ്ഠ തോന്നി. വേണമെങ്കിൽ, ഞങ്ങളുടെ വേല പാടേ നിരോധിക്കാനുള്ള അധികാരം പോലും ആ പട്ടാള ഗവൺമെന്റിന് ഉണ്ടെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ, രാജ്യഹാളായി ഉപയോഗിച്ചിരുന്ന ഒരു കെട്ടിടം വാങ്ങാൻ ഗവൺമെന്റിനു താത്പര്യമുണ്ടെന്ന് ആ ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ സഹോദരന്മാർക്ക് എത്ര ആശ്വാസം തോന്നിയെന്നോ! രാജ്യഹാളിനു വേണ്ട അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താൻ സഹായിക്കാമെന്നു പോലും അവർ പറഞ്ഞു. തത്ഫലമായി, മോൺടെവിദേയോയിലുള്ള ലൂട്ടെസിയോ സിനിമാശാല വാങ്ങാൻ ഞങ്ങൾക്കു സാധിച്ചു. പ്രധാന വീഥിയോടു ചേർന്നായിരുന്നു അതിന്റെ സ്ഥാനം. മാത്രമല്ല, ഗവൺമെന്റിൽനിന്നു ഞങ്ങൾക്കു ലഭിച്ച പണം ആ സിനിമാശാല ഒരു രാജ്യഹാൾ ആക്കി മാറ്റാൻ ആവശ്യമായതിലും അധികമായിരുന്നു.”
“യഹോവ എന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്ന് ഞങ്ങൾക്കു ബോധ്യമായി,” ബെൽട്രാമെലി സഹോദരൻ വിവരിക്കുന്നു. “ആ തിയേറ്ററിലെ വലിയ ഓഡിറ്റോറിയത്തിൽ 1,000-ത്തോളം പേർക്ക് ഇരിക്കാമായിരുന്നു. ആ പ്രദേശത്ത് ഒരു രാജ്യഹാളായും സമ്മേളനഹാളായും അത് ഉതകുമായിരുന്നു. സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും പുതിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിന്റെ വീക്ഷണത്തിൽ ഒരു സമ്മേളനഹാൾ വളരെ അടിയന്തിരമായിരുന്നുതാനും.”
അതിനാൽ ഈ മുൻ തിയേറ്റർ അനേക വർഷക്കാലം,
ഔദ്യോഗികമായി പ്രാദേശിക സഭയുടെ രാജ്യഹാൾ ആയിരുന്നെങ്കിലും, വാരം തോറും സർക്കിട്ട് സമ്മേളനങ്ങൾക്കു വേണ്ടിയും വാസ്തവത്തിൽ ഉപയോഗിച്ചിരുന്നു. അത്തരം വലിയ കൂടിവരവുകൾക്കു സഹോദരങ്ങൾ ജാഗ്രത പുലർത്താൻ പഠിച്ചു. കഴിവതും ആരുടെയും ശ്രദ്ധയിൽ പെടാത്ത വിധത്തിലാണ് അവർ ആ കെട്ടിടത്തിൽ പ്രവേശിച്ചതും അവിടെനിന്നു പുറത്തു പോയതും. അയൽപക്കത്ത് പല സ്ഥലങ്ങളിലായി അവർ തങ്ങളുടെ കാറുകൾ പാർക്കു ചെയ്തു.നിർമിക്കാൻ ഒരു കാലം
ആ പ്രക്ഷുബ്ധ കാലഘട്ടത്തിൽ പോലും, രാജ്യപ്രസാധകരുടെ എണ്ണം അനുക്രമം വർധിച്ചതും പുതിയ സഭകൾ സ്ഥാപിക്കപ്പെട്ടതും വലിയ സന്തോഷത്തിന്റെ ഒരു ഉറവായിരുന്നു. പത്തു വർഷത്തിൽ കുറഞ്ഞ സമയംകൊണ്ട്, അതായത് 1976 ആയപ്പോഴേക്കും, പ്രസാധകരുടെ എണ്ണം 100 ശതമാനത്തിലധികം വർധിച്ചു. എന്നാൽ അത് ഒരു വലിയ വെല്ലുവിളിയും ഉയർത്തി: ഏറെയും വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചിരുന്ന പഴയ രാജ്യഹാളുകളിൽ ഇത്രയധികം പുതിയവരെ എങ്ങനെ ഇരുത്താൻ കഴിയും? ശലോമോൻ രാജാവു നിശ്വസ്തതയിൽ പറഞ്ഞതുപോലെ ‘എല്ലാറ്റിനും ഒരു സമയം’ ഉണ്ടായിരുന്നു. സഭകളുടെ എണ്ണം 85 ആയിരുന്നെങ്കിലും 42 രാജ്യഹാളുകളേ അവർക്ക് ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ രാജ്യഹാളുകൾ ‘പണിയാനുള്ള കാലം’ വന്നിരിക്കുന്നു എന്നതു വ്യക്തമായി.—സഭാ. 3:1-3.
എന്നാൽ, മുഴു രാജ്യവും സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിൽ അമർന്നതിനാൽ രാജ്യഹാളുകൾ നിർമിക്കാൻ സഭകൾക്കു വേണ്ടത്ര പണം ഇല്ലായിരുന്നു. പണം എവിടെനിന്നു ലഭിക്കും? ബ്രാഞ്ച് കമ്മിറ്റി കോ-ഓർഡിനേറ്റർ ആയ ഡെൽഫോസ് ബെൽട്രാമെലി പറയുന്നു: “അക്കാലത്ത് യഹോവയുടെ കരവും അവന്റെ ജനത്തിന്റെ സ്നേഹവും പ്രവർത്തനത്തിൽ ഇരിക്കുന്നതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു. ലോകമെമ്പാടുമുള്ള സഹോദരങ്ങൾ ഉദാരമായ സംഭാവനകൾ നൽകിയതിനാൽ ഉറുഗ്വേയിലെ സഹോദരങ്ങൾക്ക് ആവശ്യമായ പണം വായ്പയായി നൽകാൻ ബ്രാഞ്ചിനു കഴിഞ്ഞു.”
നിർമാണ വൈദഗ്ധ്യമുള്ളവരുടെ ആവശ്യം ഉണ്ടായിരുന്നു. ഉറുഗ്വേയിലെ സാക്ഷികൾ ആ ആവശ്യത്തോടും പ്രതികരിച്ചു. പല സ്ഥലങ്ങളിലും രാജ്യഹാളുകൾ നിർമിക്കുന്നതിനു പലരും തങ്ങളെത്തന്നെ തുടർന്നും ലഭ്യരാക്കിയിരിക്കുന്നു. ഈ അക്ഷീണ സ്വമേധയാ പ്രവർത്തകരിൽ ഒരുവനായിരുന്നു ആബേലിനോ ഫിലിപ്പൊനി. 1961-ൽ ബ്രാഞ്ചിന്റെ നിർമാണത്തിൽ പങ്കെടുത്തശേഷം ഫിലിപ്പൊനി സഹോദരനും
ഭാര്യ എൽദയും പ്രത്യേക പയനിയർമാരായി പ്രവർത്തിച്ചു. തുടർന്ന് 1968 മുതൽ അദ്ദേഹം ഒരു സർക്കിട്ട് മേൽവിചാരകനായും സേവിച്ചിരിക്കുന്നു. വർഷങ്ങളോളം നിർമാണ പദ്ധതികളിൽ വിദഗ്ധ സേവനവും മാർഗനിർദേശവും നൽകിക്കൊണ്ട് രാജ്യഹാളുകളുടെ നിർമാണത്തിൽ സഹായിക്കാനും അദ്ദേഹം നിയോഗിക്കപ്പെട്ടു.“എൽ പ്ലോമിറ്റോ”
രാജ്യഹാളുകളുടെ നിർമാണവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങൾ ഫിലിപ്പൊനി സഹോദരൻ വിവരിക്കുന്നു: “രാജ്യഹാൾ നിർമിച്ച ഓരോ സ്ഥലത്തും സാക്ഷികളായ പ്രവർത്തകർ കാട്ടിയ ഉത്സാഹവും തീക്ഷ്ണതയും അയൽക്കാരിലും വഴിയാത്രക്കാരിലും വളരെ മതിപ്പുളവാക്കി. നിർമാണം നടന്നുകൊണ്ടിരുന്ന ഒരു സ്ഥലത്ത് അയൽപക്കത്തുനിന്നു സാക്ഷിയല്ലാത്ത ഒരു ആറു വയസ്സുകാരൻ ദിവസവും അവിടെ വന്ന് തന്നെയും പണിയിൽ കൂട്ടണമെന്ന് അഭ്യർഥിക്കുമായിരുന്നു. അങ്ങേയറ്റം നിർബന്ധക്കാരനായിരുന്ന അവൻ എൽ പ്ലോമിറ്റോ—‘കൊച്ചു ശല്യക്കാരൻ’ എന്ന് അർഥമുള്ള പ്രാദേശിക പദപ്രയോഗം—എന്ന് അറിയപ്പെടാൻ ഇടയായി. വർഷങ്ങൾ കടന്നുപോയി, ആ ബാലനെക്കുറിച്ച് പിന്നെ ഞങ്ങൾ ഒന്നും കേട്ടില്ല. എന്നാൽ, ഒരു സമ്മേളനം നടക്കുന്ന അവസരത്തിൽ ഒരു സഹോദരൻ എന്നെ സമീപിച്ച്, ‘ഫിലിപ്പൊനി സഹോദരാ, “എൽ പ്ലോമിറ്റോ”യെ ഓർമയുണ്ടോ? അതു ഞാനാണ്! രണ്ടു വർഷം മുമ്പ് ഞാൻ സ്നാപനമേറ്റു’” എന്നു പറഞ്ഞു. വ്യക്തമായും, ആ ബാലനിൽ സത്യത്തിന്റെ വിത്തു നടപ്പെട്ടത് രാജ്യഹാൾ നിർമാണം നടക്കുമ്പോഴായിരുന്നു.
ഇപ്പോൾ അവിടെ 129 പ്രസാധകർക്ക് ഒരു രാജ്യഹാൾ വീതം ഉണ്ട്—മൊത്തം 81 രാജ്യഹാളുകൾ. നിസ്സംശയമായും, ഉറുഗ്വേയിലെ തന്റെ ജനത്തിനു വേണ്ടിയുള്ള ഉചിതമായ ആരാധനാ സ്ഥലങ്ങളുടെ നിർമാണത്തെ യഹോവ അനുഗ്രഹിച്ചിരിക്കുന്നു.
അയൽക്കാരെ സഹായിക്കാനുള്ള സമ്മേളനങ്ങൾ
ഉറുഗ്വേയ്ക്കു പടിഞ്ഞാറുള്ള അയൽരാജ്യമായ അർജന്റീനയിലും പട്ടാള ഭരണം നിലവിൽ വന്നു. അവിടെ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസും രാജ്യഹാളുകളും ഗവൺമെന്റ് അടച്ചുപൂട്ടി. തന്മൂലം, അർജന്റീനയിലെ സഹോദരങ്ങൾ ചെറിയ കൂട്ടങ്ങളായി തങ്ങളുടെ യോഗങ്ങൾ നടത്താൻ തുടങ്ങി. എന്നാൽ, അക്കാലത്ത് ഗവൺമെന്റിന്റെ എതിർപ്പു കൂടാതെ പരസ്യമായി സമ്മേളനങ്ങൾ നടത്താനും അവർക്കു കഴിഞ്ഞു. എങ്ങനെ? അതിർത്തി കടന്നെത്തിയ അവർ തങ്ങളുടെ സമ്മേളനങ്ങൾ ഉറുഗ്വേയിൽ നടത്തി! ആ വലിയ സമ്മേളനങ്ങൾ സംഘടിപ്പിച്ചത് റോമ. 1:12.
ഉറുഗ്വേയിലെ സഹോദരന്മാർ ആയിരുന്നെങ്കിലും, പല പരിപാടികളും നടത്തിയത് അർജന്റീനയിൽനിന്നു വന്ന സഹോദരന്മാർ ആയിരുന്നു. ആയിരക്കണക്കിന് അർജന്റീനിയൻ സഹോദരങ്ങൾക്കു താമസസൗകര്യം കൊടുക്കുന്നത് ഒരു പ്രത്യേക പദവി ആയിരുന്നു. അതിന്റെ ഫലമായി വിശ്വാസത്തെ ബലപ്പെടുത്തുന്ന “പ്രോത്സാഹന കൈമാറ്റം” നടന്നു.—1977 ജനുവരി 13-16 തീയതികളിൽ പാലാസിയോ പാന്യാറോളിൽ അവിസ്മരണീയമായ ഒരു കൺവെൻഷൻ നടന്നു. ഉറുഗ്വേയിലെയും അർജന്റീനയിലെയും സഹോദരങ്ങൾ അടങ്ങുന്ന സദസ്സിൽ ഏകദേശം 7,000 പേർ സംബന്ധിച്ചു. കൺവെൻഷന്റെ സമാപനത്തിൽ സദസ്സിൽ ഉണ്ടായിരുന്ന സകലരും യഹോവയെ പാടി സ്തുതിച്ചു. സദസ്യർ തങ്ങളുടെ ഊഴമനുസരിച്ചു പാടി—അർജന്റീനക്കാർ ഒരു വരി പാടുമ്പോൾ ഉറുഗ്വേക്കാർ നിശ്ശബ്ദരായി നിൽക്കും, ഉറുഗ്വേക്കാർ പാടുമ്പോഴാകട്ടെ അർജന്റീനക്കാർ നിശ്ശബ്ദരായി നിൽക്കും. ഒടുവിൽ, എല്ലാവരും ചേർന്ന് അവസാന വരി പാടി. കൺവെൻഷന് ഒന്നിച്ചായിരിക്കാൻ കഴിഞ്ഞതു പലരിലും സമ്മിശ്ര വികാരങ്ങൾ ഉണർത്തി. തങ്ങളുടെ പ്രിയ സഹോദരങ്ങളോടു വിട പറയേണ്ടി വന്നത് അനേകരെയും കരയിച്ചു.
എന്നാൽ, 1977 ജനുവരി 13-ന് പാലാസിയോ പാന്യാറോളിൽ ആ വലിയ കൺവെൻഷൻ നടന്നുകൊണ്ടിരിക്കെ കത്തോലിക്കാ സഭയെ അനുകൂലിച്ചിരുന്ന ഒരു പ്രസിദ്ധ പത്രം “യഹോവയുടെ സാക്ഷികൾ: അവരുടെ നിയമാനുസൃത അംഗീകാരം ചോദ്യം ചെയ്യപ്പെടുന്നു” എന്ന തലക്കെട്ടോടെ മുൻ പേജിൽത്തന്നെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ആ ലേഖനം ദേശീയ ചിഹ്നങ്ങൾ സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ നിലപാടിനെ അപലപിക്കുകയുണ്ടായി. അർജന്റീനയിൽ ഗവൺമെന്റ് നമ്മുടെ വേലയെ നിരോധിച്ചിരിക്കുകയാണെന്നും അതുതന്നെ ഉറുഗ്വേയിലും സംഭവിച്ചേക്കാമെന്നും ആ ലേഖനം ഊന്നിപ്പറഞ്ഞു. ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം താമസിയാതെ കൺവെൻഷനുകളും സമ്മേളനങ്ങളും നടത്താനുള്ള അനുമതി സാക്ഷികൾക്കു കൊടുക്കുന്നത് ഗവൺമെന്റ് നിർത്തൽ ചെയ്തു.
നിയന്ത്രണങ്ങൾ ശക്തമാകുന്നു
1975-ൽ ദേശഭക്തിയും ദേശീയതയും പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഒരു പ്രചാരണ പരിപാടിക്കു സൈനിക ഗവൺമെന്റ് തുടക്കമിട്ടു. ഈ ദേശീയത്വ ജ്വരം ക്രിസ്തീയ നിഷ്പക്ഷത പാലിക്കാൻ ശ്രമിച്ച പല സഹോദരങ്ങൾക്കും ബുദ്ധിമുട്ട് ഉളവാക്കി. അവർ ‘കൈസർക്കുളളതു കൈസർക്കും ദൈവത്തിന്നുളളതു ദൈവത്തിന്നും കൊടുക്കാൻ’ ശ്രമിച്ചു. മർക്കൊ. 12:17) ദേശീയ ചിഹ്നങ്ങളെ ആരാധിക്കുന്നതിൽനിന്നു മനസ്സാക്ഷിപൂർവം ഒഴിഞ്ഞുനിന്നതിനാൽ യുവസാക്ഷികളിൽ നിരവധി പേർ സ്കൂളിൽനിന്നു പുറത്താക്കപ്പെട്ടു. പല സഹോദരങ്ങളും പരിഹാസത്തിനും ജോലിസ്ഥലത്തെ ദ്രോഹത്തിനും ഇരകളായി. തങ്ങളുടെ നിഷ്പക്ഷ നിലപാടു മൂലം ചില സാക്ഷികൾക്കു ജോലി പോലും നഷ്ടമായി.
(ചെറിയ ഉൾപ്രദേശ നഗരങ്ങളിലും പട്ടണങ്ങളിലും പ്രാദേശിക അധികാരികൾ സാക്ഷികളെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ ഗവൺമെന്റ് ചാരന്മാർ താത്പര്യക്കാരായി നടിച്ച് രാജ്യഹാളിൽ വരുമായിരുന്നു. തന്മൂലം, അങ്ങേയറ്റം ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യം സഹോദരങ്ങൾക്കു മനസ്സിലായി. യോഗങ്ങളിൽ നിഷ്പക്ഷത എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാതിരുന്നുകൊണ്ട് അവർ അധികാരികളുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി.
അത്തരമൊരു അവസരത്തിൽ, യോഗം തുടങ്ങുന്നതിനു മുമ്പ് ഒരു ചാരൻ ഒരു രാജ്യഹാളിൽ എത്തി. അദ്ദേഹം ഒരു സഹോദരനോടു ചോദിച്ചു: “ഇന്ന് സഭയിൽ എപ്പോഴാണ് കീർത്തനം ആലപിക്കുന്നത്?” ഇംനോ എന്ന സ്പാനിഷ് പദത്തിന് ദേശീയ ഗാനം എന്നും മതഗീതം എന്നും അർഥമുണ്ട്. ആൾ ഒരു ചാരൻ ആണെന്നു മനസ്സിലാക്കിയ സഹോദരൻ ഇങ്ങനെ മറുപടി നൽകി: “മൂന്നു പ്രാവശ്യം ആലപിക്കും—യോഗം തുടങ്ങുമ്പോഴും യോഗത്തിന്റെ ഇടയ്ക്കുവെച്ചും യോഗം തീരുമ്പോഴും.” തീർച്ചയായും, നമ്മുടെ സഹോദരൻ അർഥമാക്കിയതു രാജ്യഗീതങ്ങളെ ആയിരുന്നു. യോഗസമയത്ത് നമ്മുടെ സഹോദരങ്ങൾ മൂന്നു പ്രാവശ്യം ദേശീയ ഗാനം ആലപിക്കും എന്നു വിചാരിച്ചുകൊണ്ട് തികച്ചും സംതൃപ്തനായി ആ ചാരൻ ഉടനെ സ്ഥലം വിട്ടു.
അറസ്റ്റ് ചെയ്യപ്പെട്ടിട്ടും സന്തുഷ്ടർ
ചിലപ്പോൾ യോഗം നടന്നുകൊണ്ടിരിക്കെ പൊലീസുകാർ രാജ്യഹാളുകളിൽ റെയ്ഡു നടത്തി എല്ലാവരെയും അറസ്റ്റു ചെയ്യുമായിരുന്നു. എന്നിട്ട് സഹോദരങ്ങളെ ഓരോരുത്തരെയും ചോദ്യം ചെയ്യുമായിരുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കു സാക്ഷ്യം നൽകാനുള്ള അവസരം ഇതുമൂലം സഹോദരങ്ങൾക്കു ലഭിച്ചു. ഓരോ ആളെയും ചോദ്യം ചെയ്തുകഴിഞ്ഞ്—സാധാരണ പല മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയ—എല്ലാവരെയും വിട്ടയയ്ക്കുമായിരുന്നു.—പ്രവൃത്തികൾ 5:41 താരതമ്യം ചെയ്യുക.
മോൺടെവിദേയോയുടെ വടക്കുള്ള ഫ്ളോറിഡ സഭയിലെ സെലി ആസാൻഡ്രി ദെ നൂന്യെസ് എന്ന സഹോദരിക്കു ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ വിദ്യാർഥി പ്രസംഗം നടത്താൻ നിയമനം ലഭിച്ചു. തന്റെ
പ്രസംഗം കേൾക്കാൻ വരുന്നതിന് അയൽക്കാരിയായ മേബലിനെ അവൾ ക്ഷണിച്ചു. മേബൽ മുമ്പൊരിക്കലും രാജ്യഹാളിൽ പോയിരുന്നില്ല. അന്നു രാത്രി പൊലീസ് യോഗസ്ഥലത്ത് റെയ്ഡ് നടത്തി മേബൽ ഉൾപ്പെടെ എല്ലാവരെയും അറസ്റ്റു ചെയ്തുകൊണ്ടുപോയി. പൊലീസുകാർ മണിക്കൂറുകളോളം തടഞ്ഞുവെച്ച മേബലിനെ ഇറക്കിക്കൊണ്ടുവരാൻ അവളുടെ ഭർത്താവിനു കഴിഞ്ഞു. ഈ ഞെട്ടിക്കുന്ന അനുഭവം നിമിത്തം യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകളിൽ മേബലിന് യഥാർഥ താത്പര്യം തോന്നി. താമസിയാതെ, ബൈബിൾ പഠിക്കാനും യോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങിയ മേബൽ ഇപ്പോൾ സമർപ്പിച്ചു സ്നാപനമേറ്റ ഒരു സാക്ഷിയാണ്.സൈനിക ഭരണത്തിന്റെ വിലക്കുകൾ 12 വർഷത്തോളം നീണ്ടുനിന്നെങ്കിലും, ആത്മാർഥഹൃദയർ യഹോവയുടെ സംഘടനയിലേക്കു പ്രവഹിച്ചുകൊണ്ടിരുന്നു. 1973-ൽ രാജ്യത്ത് ആകെ ഉണ്ടായിരുന്നത് 3,791 പ്രസാധകർ ആണ്. 1985-ൽ ദുഷ്കരമായ ആ കാലഘട്ടം അവസാനിച്ചപ്പോൾ പ്രസ്തുത സംഖ്യ 5,329 ആയി ഉയർന്നിരുന്നു—40 ശതമാനത്തിലധികം വർധനവ്! അരിഷ്ടതയുടെ ഈ കാലത്തൊക്കെയും നിസ്സംശയമായും യഹോവയുടെ അനുഗ്രഹം അവന്റെ ജനത്തിന്മേൽ ഉണ്ടായിരുന്നു.
നിയന്ത്രണങ്ങൾ ഇല്ലാത്ത സമ്മേളനങ്ങൾ
1985 മാർച്ചിൽ ഒരു ജനാധിപത്യ ഗവൺമെന്റ് നിലവിൽ വന്നപ്പോൾ എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യപ്പെട്ടു. അപ്പോൾ മുതൽ യഹോവയുടെ ജനത്തിനു സ്വതന്ത്രമായി രാജ്യസന്ദേശം പ്രസംഗിക്കാനും പഠിപ്പിക്കാനും കഴിഞ്ഞു. സർക്കിട്ട് സമ്മേളനങ്ങളും ഡിസ്ട്രിക്റ്റ് കൺവെൻഷനുകളും സ്വതന്ത്രമായി നടത്താനും സഹോദരങ്ങൾക്കു കഴിഞ്ഞു. രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലുള്ള തങ്ങളുടെ സഹ ആരാധകരെ വീണ്ടും കാണാനുള്ള അവസരം ലഭിച്ചതിൽ സഹോദരങ്ങൾ ഏറെ സന്തോഷിച്ചു. തങ്ങളുടെ ആ സഹോദരങ്ങളും അചഞ്ചലരായി നിലകൊള്ളുകയും യഹോവയെ വിശ്വസ്തമായി സേവിക്കുകയും ചെയ്തു എന്നു കണ്ടത് അവർക്ക് എത്ര പ്രോത്സാഹജനകം ആയിരുന്നുവെന്നോ!
ഹാജരാകാൻ പ്രതീക്ഷിക്കപ്പെടുന്ന 10,000-ത്തിലധികം പേർക്ക് ഇരിക്കാവുന്ന കൺവെൻഷൻ സ്ഥലം എവിടെ കണ്ടെത്താൻ കഴിയുമായിരുന്നു? മുമ്പ് ഉപയോഗിച്ചിരുന്ന സ്ഥലങ്ങളൊന്നും മതിയാകുമായിരുന്നില്ല. വീണ്ടും യഹോവ ഞങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം നൽകി. സൈനിക ഗവൺമെന്റ് തങ്ങളുടെ ഭരണകാലത്ത് മോൺടെവിദേയോയിലെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നായ പാർക്കെ റിവെരയിൽ എസ്റ്റാഡിയോ ചാരൂവ എന്ന ഫുട്ബോൾ സ്റ്റേഡിയം പണികഴിപ്പിച്ചിരുന്നു.
കായിക പരിപാടികൾക്കു മാത്രമാണ് ഈ സ്റ്റേഡിയം ഉപയോഗിച്ചിരുന്നതെങ്കിലും, 1985 ഡിസംബറിൽ നടന്ന ദേശീയ കൺവെൻഷനു വേണ്ടി അതു വാടകയ്ക്ക് എടുക്കാൻ ഞങ്ങൾക്കു സാധിച്ചു. അതിനുശേഷം, വർഷം തോറും കൺവെൻഷനുകൾക്കായി ആ സ്റ്റേഡിയം ഞങ്ങൾക്കു തരുന്നതിൽ പ്രാദേശിക അധികാരികൾ നന്നായി സഹകരിക്കുന്നു. ഇവിടെ നടക്കുന്ന കൺവെൻഷനുകളിൽ പലപ്പോഴും 13,000-ത്തിലധികം പേർ സംബന്ധിക്കാറുണ്ട്.1990 ഡിസംബറിൽ ട്രെയ്ൻറ്റാ ഇ ട്രേസ് എന്ന നഗരത്തിലെ സ്റ്റേഡിയത്തിൽ നടന്ന സർക്കിട്ട് സമ്മേളനം ഒരു നല്ല സാക്ഷ്യം ആയിരുന്നു. ഒരു കത്തോലിക്കാ പള്ളിയുടെ ഉള്ളിൽനിന്നു നോക്കിയാൽ സാക്ഷികളെക്കൊണ്ടു നിറഞ്ഞിരിക്കുന്ന സ്റ്റേഡിയം മുഴുവനും ശരിക്കും കാണാമായിരുന്നു. ഒരു പ്രഭാതത്തിൽ പുരോഹിതൻ ജാലകത്തിലൂടെ പുറത്തേക്കു ചൂണ്ടിക്കൊണ്ട് തന്റെ ഇടവകക്കാരോടു പറഞ്ഞു: “യഹോവയുടെ സാക്ഷികൾ എത്ര പേരെ കൂട്ടിവരുത്തിയിരിക്കുന്നു എന്നു നിങ്ങൾ കണ്ടോ? അവർക്ക് ഇത്രയധികം ആളുകളെ എങ്ങനെയാണു കിട്ടുന്നത്? കത്തോലിക്കരായ നിങ്ങൾക്ക് ഇല്ലാത്ത ഒന്ന് അവർക്കുണ്ട്—സുവിശേഷഘോഷണ ആത്മാവ്! നാം ദിവസവും എണ്ണത്തിൽ കുറഞ്ഞുവരുകയാണ്, കാരണം അവർ ചെയ്യുന്നതുപോലെ നാം പുറത്തു പോയി സുവിശേഷം ഘോഷിക്കാറില്ല. സാക്ഷികൾ ചെയ്യുന്നതുപോലെ നമ്മളും സുവിശേഷ ഘോഷണം നടത്തണം, അല്ലെങ്കിൽ നമ്മുടെ സഭ നിർജീവമാകും.”
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രവർത്തിക്കൽ
രാജ്യത്തിന്റെ അതിവിദൂര ഭാഗങ്ങളിൽ സുവാർത്ത എത്തിക്കുന്നതിന് 1980-കളിൽ ഒരു പ്രത്യേക ശ്രമംതന്നെ നടത്തി. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഒരു സ്ഥലത്തു നടത്തിയ വാർഷിക സന്ദർശന വേളയിൽ കൂച്ചിയ ദെ കാരാഗ്വാറ്റ എന്ന ഗ്രാമത്തിൽ ഒരു കൂട്ടം സഹോദരങ്ങൾ നിരവധി പുസ്തകങ്ങൾ സമർപ്പിച്ചു. പിറ്റേ വർഷം സാക്ഷികൾ, തന്റെ പക്കൽ സത്യം ഉണ്ടെന്ന് അവകാശപ്പെട്ട ഒരാളെ അവിടെ കണ്ടുമുട്ടി. അയാൾ സാക്ഷികളുടെ സന്ദേശം ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല. “ഞാൻ ഒരു യഹോവയുടെ സാക്ഷിയാണ്!” അയാൾ പറഞ്ഞു. തലേ വർഷം സാക്ഷികൾ ആ ഗ്രാമത്തിൽ ചെന്നപ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നില്ല. തിരിച്ചു വന്നപ്പോൾ സാക്ഷികൾ കൊടുത്തിട്ടു പോയിരുന്ന സാഹിത്യം വായിച്ച അദ്ദേഹം അതുതന്നെ സത്യം എന്നു നിഗമനം ചെയ്തു. അദ്ദേഹം നഗരത്തിലെങ്ങും പോയി താൻ ഒരു യഹോവയുടെ സാക്ഷിയാണെന്നു സകലരോടും പറഞ്ഞു. ഇന്ന് ആ ഗ്രാമത്തിൽ ഒരു ചെറിയ സഭയുണ്ട്.
ബെർട്ട ദെ ഹെർബിഗ് വിദൂര പട്ടണമായ ഡോലോറെസിലാണു
താമസിച്ചിരുന്നത് എങ്കിലും പതിവായി യോഗങ്ങളിൽ സംബന്ധിക്കേണ്ടതിന്റെ പ്രാധാന്യം ആ വനിത മനസ്സിലാക്കി. അവർ തന്റെ ആറു മക്കളെയും കൂട്ടി 11 കിലോമീറ്റർ നടന്ന് രാജ്യഹാളിൽ എത്തുമായിരുന്നു. മിക്കപ്പോഴും യോഗം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പേ അവർ എത്തും. ഒരു മാതാവ് എന്ന നിലയിൽ അവർ പ്രകടമാക്കിയ സഹിഷ്ണുതയുടെയും ദൃഢനിശ്ചയത്തിന്റെയും നല്ല മാതൃകയ്ക്കു കുട്ടികളുടെമേൽ ശക്തമായ ഒരു സ്വാധീനം ഉണ്ടായിരുന്നു. അനേക വർഷക്കാലത്തെ അവരുടെ വിശ്വസ്ത സേവനം തികച്ചും പ്രതിഫലദായകം ആയിരുന്നു. അവരുടെ നാലു കുട്ടികൾ ഇപ്പോൾ സജീവ സാക്ഷികളാണ്. മെഗേൽ ആഞ്ചെൽ അവരിൽ ഒരാളാണ്. പിൽക്കാലത്ത് ഒരു പയനിയർ ആയിത്തീർന്ന അദ്ദേഹം, ലാ ചാർക്കെയാദ-സെബോയാറ്റിയിലെ ഒരു ഒറ്റപ്പെട്ട കൂട്ടത്തിന്റെ അടുക്കൽ ചെല്ലാൻ 58 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്യുമായിരുന്നു. മറ്റൊരു മകനായ ഡാനിയേൽ, ട്രെയ്ൻറ്റാ ഇ ട്രേസ് എന്ന പട്ടണത്തിൽ ഒരു പ്രത്യേക പയനിയറായി സേവിക്കുന്നു.ഒരു മെച്ചപ്പെട്ട ബന്ധം
രക്തം ഉപയോഗിക്കാതിരിക്കുന്നതു സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ മനോഭാവം മനസ്സിലാക്കാൻ കഴിയാഞ്ഞ ഉറുഗ്വേയിലെ പല ആരോഗ്യ വിദഗ്ധരും അവരെ വർഷങ്ങളോളം അവജ്ഞയോടെ വീക്ഷിച്ചിരുന്നു. (പ്രവൃ. 15:28, 29) രാജ്യത്തെ അനവധി ആശുപത്രികൾ യഹോവയുടെ സാക്ഷികളെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചു. മറ്റു ചില ആശുപത്രികൾ ശസ്ത്രക്രിയയ്ക്കായി സാക്ഷികളെ പ്രവേശിപ്പിച്ചിട്ട് അവർ രക്തം സ്വീകരിക്കുകയില്ല എന്ന കാരണത്താൽ ഓപ്പറേഷനു മുമ്പ് അവരെ പറഞ്ഞുവിടുമായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഏതാനും വർഷംകൊണ്ട് ചികിത്സാ രംഗത്തുള്ളവരും സാക്ഷികളും തമ്മിലുള്ള ബന്ധം ഗണനീയമായി മെച്ചപ്പെട്ടിട്ടുണ്ട്.
1986-ൽ, യഹോവയുടെ സാക്ഷികൾക്കായുള്ള പകര ചികിത്സകളെ കുറിച്ചു ചർച്ച ചെയ്യാൻ ഒസ്പിറ്റാൽ സെൻട്രാൽ ദെ ലാസ് ഫ്വെർസാസ് ആർമാദാസ് ഒരു കൺവെൻഷൻ സംഘടിപ്പിച്ചു. ചികിത്സ, ശസ്ത്രക്രിയ എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും വൈദ്യരംഗത്തെ സംഗതികൾ മാത്രം കൈകാര്യം ചെയ്യുന്ന വക്കീലന്മാരും അതിൽ സംബന്ധിച്ചു. ആശുപത്രി അധികാരികൾക്ക് യഹോവയുടെ സാക്ഷികൾ വിവരങ്ങളും നിർദേശങ്ങളും പ്രദാനം ചെയ്തു. ആ യോഗത്തിന്റെ ഫലമായി, ഉറുഗ്വേയിലെ പല ഡോക്ടർമാരും സാക്ഷികളെ സംബന്ധിച്ച തങ്ങളുടെ മനോഭാവത്തിനു മാറ്റം വരുത്തി. സാക്ഷികളെ ചികിത്സിക്കാനും രക്തം സംബന്ധിച്ച അവരുടെ ബൈബിളധിഷ്ഠിത വീക്ഷണത്തെ ആദരിക്കാനും അവർ ഇന്നു മനസ്സൊരുക്കം ഉള്ളവരാണ്.
അതേത്തുടർന്ന്, മോൺടെവിദേയോയിലും പിന്നീട് മറ്റു നഗരങ്ങളിലും വളരെയധികം പ്രചാരം നൽകിയ നിരവധി യോഗങ്ങൾ നടത്തപ്പെട്ടു. യഹോവയുടെ സാക്ഷികളുടെ സഹായത്താൽ രക്തരഹിത വൈദ്യചികിത്സയിലെ പുത്തൻ രീതികൾ തങ്ങൾ മനസ്സിലാക്കിയിരിക്കുന്നതായി പ്രമുഖ ചികിത്സാ വിദഗ്ധർ സമ്മതിച്ചു പറഞ്ഞിട്ടുണ്ട്. ഒരു ഹീമോതെറാപ്പി പ്രൊഫസർ ഇങ്ങനെ പ്രസ്താവിച്ചു: “യഹോവയുടെ സാക്ഷികളുടെ സഹായത്താൽ ഞങ്ങൾ വളരെ കാര്യങ്ങൾ മനസ്സിലാക്കുകയും ഞങ്ങളുടെ മനോഭാവത്തിനു മാറ്റം വരുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ കാലത്ത് ഞങ്ങൾ അവരുമായി ഏറ്റുമുട്ടിയിരുന്നു, കാരണം ഞങ്ങൾ അവരെ മനസ്സിലാക്കിയിരുന്നില്ല. ഇപ്പോൾ, പല സംഗതികളിലും അവർ പറയുന്നതാണു ശരി എന്നു ഞങ്ങൾ തിരിച്ചറിയുന്നു. രക്തം നിരസിക്കുന്നതിനാൽ അവർ പല തലവേദനകളും ഒഴിവാക്കിയിട്ടുണ്ട് എന്നതാണു വാസ്തവം.”
അവരുടെ പ്രവർത്തനം വ്യർഥമല്ല
1920-കൾ മുതൽ 1940-കൾ വരെ തീക്ഷ്ണതയുള്ള രാജ്യഘോഷകർ ഉറുഗ്വേയിൽ ചെയ്ത കഠിന വേല വ്യർഥമായില്ല എന്നു സത്യമായും പറയാൻ കഴിയും. വിദേശത്തുനിന്ന് എത്തിയ തീക്ഷ്ണതയുള്ള ഏതാനും രാജ്യഘോഷകർ മലനിരകളുടെ മനോഹരമായ ഈ രാജ്യത്ത് “അഭികാമ്യ വസ്തുക്ക”ളായ ആയിരക്കണക്കിന് ആളുകളെ കൂട്ടിവരുത്തുകയും പ്രബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. (ഹഗ്ഗാ. 2:7) ഉറുഗ്വേയിൽ ഇപ്പോൾ ദൈവരാജ്യത്തിന്റെ 10,000-ത്തിലധികം പ്രസാധകർ ഉണ്ട്. 135-ലധികം വരുന്ന സഭകളിൽ ഓരോന്നിലും ശരാശരി അഞ്ചു മൂപ്പന്മാർ വീതമുണ്ട്. ഏറ്റവും ഒടുവിൽ, 1998 മാർച്ചിൽ, നടത്തിയ രാജ്യ ശുശ്രൂഷാ സ്കൂളിൽ 656 മൂപ്പന്മാരും 945 ശുശ്രൂഷാദാസന്മാരും സംബന്ധിച്ചു. മിക്കവാറും എല്ലാ സഭകൾക്കുംതന്നെ രാജ്യഹാളുകൾ ഉണ്ട്. അവയിൽ പലതും സൊസൈറ്റിയിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ സഹോദരങ്ങൾതന്നെ നിർമിച്ചതാണ്.
കഴിഞ്ഞ 20 വർഷംകൊണ്ട് പ്രസാധകരുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചിരിക്കുന്നു. മാത്രമല്ല, ഭാവി വളർച്ചയ്ക്കു നല്ല സാധ്യതകളുമുണ്ട്. അടുത്തുവരുന്ന മഹോപദ്രവത്തിന്റെ കാറ്റുകളെ യഹോവ തടഞ്ഞുനിർത്തുന്നിടത്തോളം കാലം ഉറുഗ്വേയിലെ യഹോവയുടെ സാക്ഷികൾ ആളുകൾക്കു പിൻവരുന്ന ക്ഷണം വെച്ചുനീട്ടിക്കൊണ്ടിരിക്കും: ‘വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരും.’—യെശ. 2:3; വെളി. 7:1.
[224-ാം പേജ് നിറയെയുള്ള ചിത്രം]
[227-ാം പേജിലെ ചിത്രം]
ഹ്വാൻ മൂൻയിസ്
[229-ാം പേജിലെ ചിത്രം]
സാക്ഷീകരിക്കുന്നതിനു വേണ്ടി, അവർ സ്വന്തമായി ഉണ്ടാക്കിയ കൂടാരങ്ങളിൽ പാർക്കുകയും ഉറുഗ്വേയിലെങ്ങും സൈക്കിളിൽ യാത്ര നടത്തുകയും ചെയ്തു (ഇടത്തുനിന്ന് വലത്തേക്ക്): കുർട്ട് നിക്കൽ, ഗൂസ്റ്റാവോ ബെണ്ടർ, ബെറ്റി ബെണ്ടർ, ഒട്ടോ ഹെലെ
[235-ാം പേജിലെ ചിത്രം]
ഉറുഗ്വേയിലെ ആദ്യകാല പ്രസാധകർ (ഇടത്തുനിന്ന് വലത്തേക്ക്): മാരിയ ദെ ബെർവെറ്റ, കാരോള ബെൽട്രാമെലി, കാറ്റാലിന പൊംപോനി
[237-ാം പേജിലെ ചിത്രം]
ഇപ്പോഴും ഉറുഗ്വേയിൽ പ്രവർത്തിക്കുന്ന മിഷനറിമാർ: (1) ഫ്ളോറൻസ് ലാറ്റിമെർ, (2) ഇഥൽ ഫൊസ്, (3) ബെർഡിൻ ഹൊഫ്സ്റ്റെറ്റർ, (4) ലിറ ബെർവെറ്റ, (5) ടോവ ഹോയൻസൺ, (6) ഗുന്റർ ഷോൺഹാർട്ട്
[243-ാം പേജിലെ ചിത്രം]
1998-ൽ നിർമാണത്തിലിരിക്കുന്ന പുതിയ ബ്രാഞ്ചു കെട്ടിടങ്ങൾ
[245-ാം പേജിലെ ചിത്രം]
ബ്രാഞ്ച് കമ്മിറ്റി (ഇടത്തുനിന്ന് വലത്തേക്ക്): ഗുന്റർ ഷോൺഹാർട്ട്, ഡെൽഫോസ് ബെൽട്രാമെലി, ചേരാർദോ എസ്ക്രിബാനോ