ഏഷ്യ
ഏഷ്യ
“യഹോവയെ സ്തുതിപ്പിൻ . . . ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ” എന്ന ക്ഷണത്തോടു പൗരസ്ത്യദേശവും പ്രതികരിക്കുകയാണ്. (സങ്കീ. 150:1, 6) ഏഷ്യയിലെ എല്ലാ രാജ്യത്തും യഹോവയുടെ സാക്ഷികൾ സുവാർത്ത പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദേശം കേൾക്കാൻ ആളുകൾക്ക് അവസരം ലഭിക്കുന്നതനുസരിച്ച് സാക്ഷികളുടെ സംഖ്യ കൂടിക്കൊണ്ടുമിരിക്കുന്നു. ചില ദേശങ്ങളിൽ ആ വളർച്ച ത്വരിതഗതിയിലാണ്. ഇസ്രായേൽ, ബംഗ്ലാദേശ്, മക്കാവു എന്നിവിടങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷക്കാലത്ത് 100 ശതമാനത്തിലധികം വർധനവ് ഉണ്ടായി; നേപ്പാൾ, ജോർജിയ, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങൾ റിപ്പോർട്ടു ചെയ്യുന്ന പുരോഗതി 200 ശതമനത്തിലധികമാണ്. കസാഖ്സ്ഥാനിലെ പുരോഗതി 200 ശതമാനത്തിലും കൂടുതലാണ്. ദക്ഷിണ കൊറിയയിൽ ഏകദേശം 85,000 പേർ പതിവായി സുവാർത്താ ഘോഷണത്തിൽ പങ്കെടുക്കുന്നു. ജപ്പാനിലാകട്ടെ, യഹോവയെ വിശ്വസ്തമായി സേവിക്കുന്നവരുടെ സംഖ്യ 2,22,000-ത്തിലധികമാണ്.
1998 ഏപ്രിൽ 30-ന് കിർഗിസ്ഥാനിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു നിയമാംഗീകാരം ലഭിച്ചപ്പോൾ എത്രയധികം സന്തോഷം ഉളവായെന്നോ! സഹോദരങ്ങൾ, രജിസ്ട്രേഷന്റെ ചുമതലയുള്ള ദേശീയ കമ്മീഷന്റെ അധ്യക്ഷന്, അതിനോടകം പ്രസിദ്ധീകരിക്കപ്പെട്ടതും കിർഗിസ് ഭാഷയിൽ വിതരണത്തിനു ലഭ്യവുമായ പരിജ്ഞാനം പുസ്തകത്തിന്റെ ഒരു പ്രതി സമർപ്പിച്ചപ്പോൾ അദ്ദേഹം അമ്പരന്നുപോയി.
സ്നാപനം ഏൽക്കാത്തവരെങ്കിലും, കൊച്ചു കുട്ടികൾ പോലും ആളുകളെ സത്യാരാധനയിലേക്ക് ആകർഷിക്കുന്നതിൽ ചിലപ്പോൾ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. ഇന്ത്യയിൽ ഒരു സാക്ഷിക്കുടുംബത്തിലെ മൂന്നര വയസ്സുള്ള ഒരു ബാലൻ തന്റെ അയൽക്കാരുമായി സൗഹൃദത്തിൽ ആയിരുന്നു. അവർ തന്റെ മൂത്ത സഹോദരനും സഹോദരിയും ആണെന്നപോലെ അവൻ അവരോടു പെരുമാറി. ഞായറാഴ്ചകളിലെ സഭായോഗങ്ങൾക്കു തന്നോടൊപ്പം വരാൻ ആ ബാലൻ തന്റെ അയൽക്കാരനായ “സഹോദര”നെ നിരന്തരം ക്ഷണിക്കുമായിരുന്നു. എന്നാൽ ഞായറാഴ്ചകളിൽ ആ അയൽക്കാരൻ പതിവായി സിനിമയ്ക്കു പോയിരുന്നു. എന്നാൽ, ഒടുവിൽ ആ കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി യോഗത്തിനു പോകാൻ അദ്ദേഹം സമ്മതിച്ചു. രാജ്യഹാളിൽ പോകുമ്പോൾ മാന്യമായി വസ്ത്രം ധരിക്കണമെന്നു കുട്ടി അദ്ദേഹത്തോടു പറഞ്ഞു. ഒഴികഴിവുകൾ കണ്ടെത്താൻ ശ്രമിച്ചപ്പോൾ ആ ബാലൻ അദ്ദേഹത്തെ കൈക്കു പിടിച്ച് അദ്ദേഹത്തിന്റെ മുറിയിൽ കൊണ്ടുപോയി ധരിക്കാൻ ഉചിതമായ വസ്ത്രങ്ങൾ കാട്ടിക്കൊടുത്തു. യോഗത്തിൽ കേട്ട കാര്യങ്ങൾ ആ ചെറുപ്പക്കാരനു നന്നേ ഇഷ്ടമായി. അന്നു മുതൽ അയാളും പെങ്ങളും മുടങ്ങാതെ യോഗങ്ങൾക്കു ഹാജരാകുന്നു. “യഹോവ വീക്ഷിക്കുന്ന”തിനാൽ, മാതാപിതാക്കൾ അടുത്ത് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ആ ബാലൻ അവരെ അനുസരിക്കുന്നതായി പിന്നീട് കണ്ടെത്തിയപ്പോൾ അയാൾ ശരിക്കും അമ്പരന്നുപോയി. അയാളും പെങ്ങളും ഇപ്പോൾ സ്നാപനമേറ്റു സാക്ഷികൾ ആയിത്തീരാൻ വേണ്ടി ആകാംക്ഷാപൂർവം കാത്തിരിക്കുന്നു.
ജപ്പാനിലെ കാഗഷിമയിലുള്ള ഒരു പ്രസാധിക, സൊസൈറ്റിയുടെ വീഡിയോകൾ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടായിരുന്നു. ആളുകളുടെ ഹൃദയങ്ങളിൽ എത്തിച്ചേരുന്നതിനു വളരെ ഫലപ്രദമായ ഉപകരണങ്ങളാണ് ഇവ എന്നു ബോധ്യം വന്ന ആ സഹോദരി ആ വീഡിയോകളെല്ലാം തന്റെ അവിശ്വാസിയായ ഭർത്താവുമൊരുമിച്ചു കാണാൻ തീരുമാനിച്ചു. തുടക്കത്തിൽ അവർ കണ്ടത് യഹോവയുടെ സാക്ഷികൾ—ആ പേരിനു പിന്നിലെ സംഘടന എന്ന വീഡിയോ ആയിരുന്നു. തത്ഫലമായി, തനിക്കു പതിവായി ഒരു ബൈബിൾ അധ്യയനം ഉണ്ടായിരിക്കാൻ അവളുടെ ഭർത്താവ് സമ്മതിച്ചു. പിന്നീട് കണ്ട ദിവ്യബോധനത്താൽ ഏകീകൃതർ എന്ന വീഡിയോ ലോകവ്യാപക സാഹോദര്യം സംബന്ധിച്ച് അദ്ദേഹത്തിൽ മതിപ്പുളവാക്കി. അത് അദ്ദേഹത്തിൽ യഹോവയുടെ സാക്ഷികളിൽ ഒരുവൻ ആയിത്തീരാനുള്ള ആഗ്രഹം ഉളവാക്കി. എന്നാൽ, ജോലിയും ബന്ധുക്കളിൽനിന്നുള്ള സമ്മർദവും ഹേതുവായി അത് അസാധ്യമാണെന്ന് അദ്ദേഹത്തിനു തോന്നി. എങ്കിലും, ബൈബിൾ—വസ്തുതയുടെയും പ്രവചനത്തിന്റെയും ഒരു പുസ്തകം എന്ന വീഡിയോയുടെ ഒന്നും രണ്ടും വാല്യങ്ങൾ കണ്ടതോടെ അദ്ദേഹം തന്റെ വ്യക്തിഗത ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ
തുടങ്ങി. താമസിയാതെ, സ്നാപനം ഏറ്റിട്ടില്ലാത്ത ഒരു പ്രസാധകൻ എന്ന നിലയിൽ അദ്ദേഹം വയലിൽ പ്രവർത്തിക്കാൻ തുടങ്ങി. ഒടുവിൽ, യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്ന വീഡിയോ, യഹോവ തന്റെ ജനത്തെ ശക്തീകരിക്കുന്നു എന്ന ബോധ്യം അദ്ദേഹത്തിൽ ഉളവാക്കാൻ സഹായിച്ചു. അങ്ങനെ അദ്ദേഹം സ്നാപനത്തിനു സജ്ജനായി. 1997 ഒക്ടോബറിൽ അദ്ദേഹം സ്നാപനം ഏൽക്കുകയും ചെയ്തു.മ്യാൻമാറിൽ മെഥഡിസ്റ്റ് പള്ളിയിൽ പോയിരുന്ന അങ്ങേയറ്റം മതഭക്തയായ ഒരു സ്ത്രീയാണ് വാൾക്കിം. അവളുടെ പാസ്റ്റർ ആ സഭ വിട്ട് മറ്റൊരു സഭയിൽ പാസ്റ്റർ ആയപ്പോൾ അവളും തന്റെ സഭ വിട്ട് ആ സഭയിൽ ചേർന്നു. കാരണം, തന്റെ മുൻ സഭയിൽ അവൾ സന്തോഷം കണ്ടെത്തുന്നില്ലായിരുന്നു. പിന്നീട്, ഇവാഞ്ചലിക്കൽ സഭയിലേക്കു മാറിയ ആ പാസ്റ്റർ അവിടെയും ഒരു പാസ്റ്റർ ആയിത്തീർന്നു. വാൾക്കിമും ഇവാഞ്ചലിക്കൽ സഭയിലേക്കു മാറി. എന്നാൽ, കാലക്രമത്തിൽ ഈ മതങ്ങളെല്ലാം അവളെ നിരാശപ്പെടുത്തി. കാരണം, അവയൊന്നും അവളുടെ ആത്മീയ ആവശ്യത്തെ തൃപ്തിപ്പെടുത്തിയില്ല. അധികകാലം കഴിയുന്നതിനു മുമ്പ്, മൂന്നു വർഷത്തിനുള്ളിൽ അവളുടെ മൂന്നു മക്കളും മരിച്ചു. അവൾ അങ്ങേയറ്റം നിരാശിതയായി. തെല്ലൊരു ആശ്വാസത്തിന് വീഡിയോകൾ കാണാനും നോവലുകൾ വായിക്കാനും സുഹൃത്തുക്കൾ അവളെ പ്രോത്സാഹിപ്പിച്ചു. അപ്പോഴും അവളെ വിഷാദം വിട്ടകന്നില്ല. അങ്ങനെയിരിക്കെ, ഒരു നാൾ വാൾക്കിം ഒരു ബന്ധുവിനെ സന്ദർശിക്കുന്നതിനായി പോയി. ആ ബന്ധു ഒരു യഹോവയുടെ സാക്ഷി ആയിത്തീർന്നിരുന്നു. അവൾ സന്ദർശിച്ച ദിവസം അവിടെ ഒരു മൂപ്പൻ ഉണ്ടായിരുന്നു. ആ സ്ത്രീയുടെ ദുരവസ്ഥ അദ്ദേഹം കേൾക്കാൻ ഇടയായി. അദ്ദേഹം അവളെ രാജ്യഹാളിലെ യോഗങ്ങൾക്കു ക്ഷണിച്ചു. യോഗങ്ങൾക്കു ശേഷം ഏതു ചോദ്യങ്ങൾ വേണമെങ്കിലും ഉന്നയിക്കാമെന്നും അവളോടു പറഞ്ഞു. അവൾ ആ ക്ഷണം സ്വീകരിച്ചു. തന്നെ ഇത്രയും കാലം കുഴക്കിയ പ്രശ്നങ്ങൾക്ക് ആത്മീയ ഉത്തരങ്ങൾ ലഭിച്ചപ്പോൾ അവൾക്ക് ഒടുവിൽ തൃപ്തിയായി. അവൾ ഉടനെതന്നെ ഒരു ബൈബിൾ അധ്യയനത്തിനു സമ്മതിച്ചു. പുരോഗതി ത്വരിതഗതിയിൽ ആയിരുന്നു. ഇപ്പോൾ അവൾ സ്നാപനമേറ്റ ഒരു പ്രസാധിക ആണ്.
മതമുൻവിധികളുടെ പ്രതിബന്ധങ്ങൾ മറികടന്ന് സുവാർത്ത എത്തിക്കാൻ പലപ്പോഴും ക്ഷമ അനിവാര്യമാണ്. ചിലർ ആത്മാർഥമായി ശ്രവിക്കുകയും സഭായോഗങ്ങളിൽ പതിവായി സംബന്ധിക്കാൻ നല്ല ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. ഏകദേശം 60 വയസ്സുള്ള നതാല്യ താമസിക്കുന്നത് കസാഖ്സ്ഥാനിലെ പർവതപ്രദേശത്താണ്. തന്റെ വീട്ടിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള രാജ്യഹാളിൽ യോഗത്തിനു വരണമെങ്കിൽ അവർക്കു രണ്ടു ബസുകൾ മാറി കയറണം. ആദ്യത്തെ ബസ് അവരെ 12 കിലോമീറ്റർ അകലെയുള്ള
താഴ്വാരത്ത് എത്തിക്കുന്നു. രണ്ടാമത്തെ ബസ് അവരെ 18 കിലോമീറ്റർ അകലെയുള്ള രാജ്യഹാളിൽ എത്തിക്കുന്നു. ഐസും മഞ്ഞുമുള്ള ശൈത്യകാലം വളരെ ആപത്കരമാണ്. അപ്പോൾ, മിക്കപ്പോഴും ബസ് മലമുകളിലേക്കു വരാറില്ല. എന്നാൽ, രണ്ടാമത്തെ ബസ് പിടിക്കാനായി നടന്നു താഴ്വരയിൽ എത്തുക നതാല്യയെ സംബന്ധിച്ചിടത്തോളം അത്ര അപകടകരമൊന്നുമല്ല. അവർ പറയുന്നു: “എനിക്കു വീട്ടിൽ,” അതായത് രാജ്യഹാളിൽ, “പോകേണ്ടതുണ്ട്.” അവർ വിശദീകരിക്കുന്നു: “എനിക്ക് രണ്ടു വീടുകളുണ്ട്. ഒന്ന് ഞാൻ ഉറങ്ങുന്ന ഭവനം, മറ്റേത് രാജ്യഹാൾ.”വിഭിന്ന വർഗങ്ങളിലും ഭാഷകളിലും മതങ്ങളിലും പെട്ടവരാണ് ഇസ്രായേലി ജനത. തങ്ങളുടെ സന്ദർശനത്തിന്റെ കാരണം വിശദീകരിക്കാൻ ഇസ്രായേലിലെ സാക്ഷികൾ മിക്കപ്പോഴും വീടിനുള്ളിലേക്കു ക്ഷണിക്കപ്പെടുന്നു. രാജ്യ സന്ദേശത്തോടു പലരും ആത്മാർഥമായ വിലമതിപ്പു പ്രകടമാക്കാറുണ്ട്. എന്നാൽ, രാജ്യസന്ദേശത്തിന് അധികമധികം ലഭിക്കുന്ന അനുകൂലമായ പ്രതികരണത്തിൽ അസ്വസ്ഥരായ ഒരു ന്യൂനപക്ഷം ഇന്ന് കടുത്ത യാഥാസ്ഥിതിക മനോഭാവം പുലർത്തുന്ന യഹൂദന്മാർക്കിടയിൽ ഉണ്ട്. ടെൽ അവീവിന് അടുത്തുള്ള ജാഫയിൽ ഡിസ്ട്രിക്റ്റ് സമ്മേളനം നടക്കുന്ന സ്ഥലത്തിനു വെളിയിലായി 1997 ഡിസംബറിൽ ഏകദേശം 300 പേർ പങ്കെടുത്ത ഒരു പ്രകടനം നടന്നു. പ്രകടനക്കാരിൽ പലരെയും രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും ബസിനു കൊണ്ടുവരുകയായിരുന്നു. തങ്ങൾ ആർക്ക് എതിരെയാണു പ്രകടനം നടത്തുന്നത് എന്ന് അവർക്കു യാതൊരു പിടിപാടും ഇല്ലായിരുന്നു.
സംഘടിത അക്രമ പ്രവർത്തനത്തിന്റെ ഫലമായി, ജനക്കൂട്ടം സഹോദരിമാരെ കഠിനമായി മർദിക്കുകയും മടക്കസന്ദർശനങ്ങൾ നടത്തവേ സഹോദരന്മാരെ പതിയിരുന്ന് ആക്രമിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മെ നാസികളെന്നു പരാമർശിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടും ആളുകളെ മതം മാറ്റുന്നതിനു വേണ്ടി നാം പണം കൊടുക്കുന്നു എന്ന് ആരോപിച്ചുകൊണ്ടും ശത്രുക്കൾ നമ്മുടെ സഹോദരങ്ങൾക്ക് എതിരെ വിദ്വേഷം ഇളക്കിവിടാൻ ശ്രമിച്ചിട്ടുണ്ട്. അതു സത്യമല്ലെന്ന് ഈ വിദ്വേഷ പ്രചാരണത്തിന്റെ സംഘാടകർക്ക് അറിയാമെങ്കിലും, നമ്മെക്കുറിച്ചു തെറ്റിദ്ധാരണകൾ ഉള്ള നിരവധി പേർ ആ നുണകൾ വിശ്വസിക്കുകയും തങ്ങളോട് ആവശ്യപ്പെടുന്നത് എന്തും ചെയ്യാൻ സന്നദ്ധത കാട്ടുകയും ചെയ്യുന്നു.
എതിർപ്പ് സഹോദരങ്ങളെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. സത്യം കണ്ടെത്തുന്നതിൽ നിന്ന് അതു താത്പര്യക്കാരെ തടഞ്ഞിട്ടുമില്ല. ഇസ്രായേലികളിൽ മിക്കവരും നിയമവിരുദ്ധമായ അത്തരം നടപടികളിൽ രോഷം കൊള്ളുന്നവരാണ്. ബെഥേലിനു മുമ്പാകെ പ്രകടനം നടത്തുന്ന മതവാദികളെ കാണുന്ന പലരും ചോദ്യങ്ങൾ ചോദിക്കുന്നു. അവയ്ക്കുള്ള ബൈബിൾ ഉത്തരങ്ങൾ കേൾക്കാൻ കഴിയുന്നതിൽ അവർ സന്തുഷ്ടരാണ്. ഈ പ്രകടനങ്ങളാൽ
ആകർഷിക്കപ്പെട്ട് ചിലർ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാനും അവരുടെ യോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങിയിരിക്കുന്നു.ലബനോനിലെ കരുതൽ മനോഭാവം പ്രകടമാക്കിയ ഒരു സഹോദരിക്ക്, യഹോവയുടെ ജനത്തോടുള്ള സഹവാസത്തിൽ വളർന്നുവന്ന ഒരു പെൺകുട്ടിയെ സഹായിക്കാൻ കഴിഞ്ഞു. 15 വയസ്സുവരെ അവൾ യോഗങ്ങളിൽ സംബന്ധിച്ചിരുന്നു, നല്ല രീതിയിൽ പുരോഗമിക്കുന്നതു പോലെയും കാണപ്പെട്ടു. പിന്നീട് പെട്ടെന്ന് സഭയുമായുള്ള സഹവാസം നിർത്തിയ അവൾ ബൈബിൾ സത്യത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ആഗ്രഹിച്ചില്ല. സഭയിൽനിന്ന് അകന്നുനിൽക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞിരുന്നു. ഒടുവിൽ, മൂപ്പന്മാരുമായി കൂടിക്കാണുകയും പ്രാർഥിക്കുകയും ചെയ്തതിനു ശേഷം തന്റെ സന്ദർശനം സ്വാഗതം ചെയ്യുമോ എന്നറിയാൻ ഒരു സഹോദരി ആ പെൺകുട്ടിക്കു ഫോൺ ചെയ്തു. മറുപടി ഇതായിരുന്നു: “എന്തിനാണു നിങ്ങൾ എന്നെ കാണാൻ വരുന്നത്? സത്യത്തെക്കുറിച്ചു സംസാരിക്കാനാണു വരുന്നതെങ്കിൽ, അതിന്റെ ആവശ്യമില്ല.” അവളുടെ അഭാവം തനിക്ക് അനുഭവപ്പെടുന്നുണ്ടെന്നും അടുത്തയിടെ താൻ നടത്തിയ യൂറോപ്പ് സന്ദർശനത്തെക്കുറിച്ചു പറയാൻ ആഗ്രഹിക്കുന്നുവെന്നും സഹോദരി അവളോടു പറഞ്ഞു. അവളുടെ താത്പര്യങ്ങളെ താൻ ആദരിക്കുമെന്നും സഹോദരി പറഞ്ഞു; എന്നിരുന്നാലും അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിന്നോട് ഏതാനും ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിന്നെ പോലുള്ള യുവജനങ്ങളെ സഹായിക്കാൻ നിന്റെ ഉത്തരങ്ങൾ എനിക്കു സഹായകമാകും.”
അവർ ഇരുവരും കൂടിവന്നപ്പോൾ, നമ്മുടെ സഹോദരി തന്റെ യൂറോപ്പ് സന്ദർശനത്തെ കുറിച്ചും സംബന്ധിച്ച കൺവെൻഷനെക്കുറിച്ചും പെൺകുട്ടിയോടു സംസാരിച്ചു. സഹോദരങ്ങളുടെ കൂടെ ആയിരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ആ സഹോദരി പ്രകടമാക്കുകയും അവർ പ്രകടമാക്കിയ സ്നേഹത്തെക്കുറിച്ചു വിലമതിപ്പോടെ പറയുകയും ചെയ്തു. അതെല്ലാം കേട്ടപ്പോൾ ആ പെൺകുട്ടിക്കു സന്തോഷമായി, അത് അവളിൽ മതിപ്പ് ഉളവാക്കുകയും ചെയ്തു. പിന്നീട് സഹോദരി അവളോടു ചില ചോദ്യങ്ങൾ ചോദിച്ചു. “കഴിഞ്ഞ ഒരു വർഷക്കാലം സത്യത്തിന്റെ കെട്ടുപാടുകൾക്കു വെളിയിൽ നീ സ്വന്തമായ ഒരു ജീവിതം നയിച്ചിരിക്കുന്നു. ഇനി എന്നോടു പറയൂ, നീ സന്തുഷ്ടയും സംതൃപ്തയും ആയിരുന്നിട്ടുണ്ടോ? സത്യത്തിൽ ആയിരിക്കുമ്പോൾ ലഭിക്കാത്ത എന്താണ് നീ ലോകപ്രകാരമുള്ള ജീവിതത്തിൽ കണ്ടെത്തിയത്? കഴിഞ്ഞ ഒരു വർഷക്കാലം നീ സഹവസിച്ചുകൊണ്ടിരുന്ന വ്യക്തികളുടെ കാര്യമോ—മുമ്പു നീ സഹവസിച്ചിരുന്നവരെക്കാൾ മെച്ചപ്പെട്ടവരാണ് അവരെന്നു നീ കരുതുന്നുണ്ടോ?” ആ ചോദ്യങ്ങളെ കുറിച്ച് ആലോചിച്ചിട്ട് പിന്നീട് അവയ്ക്ക് ഉത്തരങ്ങൾ നൽകാൻ അവർ അവളോട് ആവശ്യപ്പെട്ടു.
പത്തു ദിവസങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടി. ആ ചോദ്യങ്ങൾക്കുള്ള ഉത്തരമായി, തനിക്കു മുഷിപ്പ് അനുഭവപ്പെട്ടെന്നും വീട്ടുജോലികൾ നോക്കിയും സംഗീതം ശ്രവിച്ചും ടിവിയും വീഡിയോയുമൊക്കെ കണ്ടും സമയം ചെലവഴിക്കാൻ താൻ ശ്രമിച്ചുവെന്നും എന്നിട്ടും സന്തോഷവതിയല്ലെന്നും ആ പെൺകുട്ടി ഉത്തരം നൽകി. തനിക്കൊരു കാമുകൻ ഉണ്ടെന്നും അയാൾ തന്നെ വിവാഹം കഴിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും അവൾ പറഞ്ഞു. യഥാർഥ പ്രണയം എന്താണെന്നും ഒരു പെൺകുട്ടിയെ യഥാർഥമായി സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരൻ തന്റെ സ്നേഹവും അവളിലുള്ള താത്പര്യവും എങ്ങനെ പ്രകടിപ്പിക്കുമെന്നും മനസ്സിലാക്കാൻ അവളെ സഹായിക്കുന്നതിന് ചില തിരുവെഴുത്തുകളും ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു” ലേഖനങ്ങളിൽ ചിലതും നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകവും ആ സഹോദരി ഉപയോഗിച്ചു. തുടർന്നുവന്ന അനവധി സന്ദർശനങ്ങളിൽ കുടുംബജീവിതം പുസ്തകത്തിലെ ആദ്യത്തെ അഞ്ച് അധ്യായങ്ങൾ അവർ ചർച്ച ചെയ്തു, താൻ ആഗ്രഹിച്ചതരം ഭർത്താവല്ല തന്റെ കാമുകനെന്ന് അവൾ മനസ്സിലാക്കി.
അവളുമായി വീണ്ടും ബൈബിൾ അധ്യയനം തുടങ്ങിയതിന്റെ ഫലമായി ക്രമമായ പുരോഗതി ഉണ്ടാകാൻ തുടങ്ങി. പിന്നീട് മറ്റൊരു യുവാവിന് അവളിലും സത്യത്തിലും താത്പര്യം ഉണ്ടെന്നു പറഞ്ഞു. അവൻ ബൈബിൾ പഠിച്ചെങ്കിലും പുരോഗതിയൊന്നും വരുത്തിയില്ല. അവൾ അവനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. കാരണം, തന്നോടൊപ്പം യഹോവയെ മുഴുഹൃദയത്തോടെ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരാളെ വിവാഹം ചെയ്യാനാണ് അവൾ തീരുമാനിച്ചത്. ഒരു വർഷത്തിനുശേഷം അവൾ സ്നാപനമേറ്റു. ഒരു അംശകാല ജോലി കണ്ടെത്തിയ അവൾ പയനിയറായി പ്രവർത്തിക്കാൻ തുടങ്ങി. മുഷിപ്പു തോന്നുന്നതിനു പകരം, അവൾ ഇപ്പോൾ സസന്തോഷം സേവനം അനുഷ്ഠിക്കുന്ന ഒരു പയനിയറാണ്. താൻ ഒരിക്കൽ ചിന്തിച്ചതുപോലെ, ലോകം തങ്ങളെ സന്തുഷ്ടരാക്കും എന്നു കരുതുന്ന യുവജനങ്ങളെ സഹായിക്കാൻ അവൾക്ക് ഇപ്പോൾ കഴിയുന്നു.
പാകിസ്ഥാനിലെ 13,00,00,000-യിലധികം വരുന്ന ജനങ്ങളുടെ ഇടയിൽ ചെമ്മരിയാടുതുല്യരെ എങ്ങനെ കണ്ടെത്താൻ സാധിക്കും? കഴിഞ്ഞ വർഷം, ഉർദുവിലും ഇംഗ്ലീഷിലും രാജ്യവാർത്ത നമ്പർ 35 പോലുള്ള പ്രസിദ്ധീകരണങ്ങൾ നമ്മുടെ സഹോദരങ്ങൾ ഉത്സാഹപൂർവം വിതരണം ചെയ്യുകയുണ്ടായി. മാസങ്ങൾ കഴിഞ്ഞപ്പോൾ സാക്ഷികൾ ആരുമില്ലാത്ത നഗരങ്ങളിൽ നിന്നുപോലും, ആവശ്യം ലഘുപത്രികയും ബൈബിൾ അധ്യയനവും ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർഥനകൾ ലഭിക്കാൻ തുടങ്ങി. വെളിപ്പാടു 14:6-ൽ പരാമർശിച്ചിരിക്കുന്ന, മധ്യാകാശത്തിൽ പറക്കുന്ന ദൂതന് രാജ്യഘോഷണ വേലയിൽ നിർണായകമായ ഒരു പങ്ക് ഉണ്ടെന്നുള്ളതു വ്യക്തമാണ്.