കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
കഴിഞ്ഞ വർഷത്തെ ആവേശഭരിതമായ സംഭവങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് “ദൈവ മാർഗത്തിലുള്ള ജീവിതം” അന്താരാഷ്ട്ര കൺവെൻഷനുകൾ. തന്റെ പുതിയ ലോകത്തിലെ ജീവിതത്തിനായി യഹോവ ഒരുക്കിക്കൊണ്ടിരിക്കുന്ന തന്റെ ആരാധകർ, “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ള . . . ഒരു മഹാപുരുഷാരം” ആയിത്തീർന്നിരിക്കുന്നു എന്നതിന് ആ കൺവെൻഷനുകൾ സുസ്പഷ്ടമായ തെളിവു നൽകി. (വെളി. 7:9, 10) ആ കൺവെൻഷനുകളിൽ ഒന്നിൽ പങ്കെടുത്ത ശേഷം ഗ്വാഡലൂപ്പിൽ നിന്നുള്ള ഒരു സാക്ഷി, തനിക്ക് ആ വാക്കുകളുടെ സത്യാവസ്ഥ ആദ്യമായി ‘ഹൃദയപൂർവം വിലമതിക്കാൻ’ സാധിച്ചു എന്നു പറഞ്ഞു.
അന്താരാഷ്ട്ര കൺവെൻഷനുകൾക്കായി ഇതിനു മുമ്പ് ഒരിക്കലും ഇത്രയധികം ആളുകൾ യാത്ര ചെയ്തിട്ടില്ല. കൺവെൻഷനുകളിൽ
പങ്കെടുക്കാനായി പതിനായിരക്കണക്കിനു സഹോദരങ്ങൾ മറ്റു രാജ്യങ്ങളിലേക്ക്, മറ്റു ഭൂഖണ്ഡങ്ങളിലേക്കു പോലും, യാത്ര ചെയ്തു. അത് അവർ ഒരു യഥാർഥ സാർവദേശീയ കുടുംബത്തിന്റെ ഭാഗമാണ് എന്ന വസ്തുതയ്ക്ക് ഈടുറ്റ തെളിവു നൽകി.മേയ് അവസാനം തുടങ്ങി ആഗസ്റ്റ് വരെ ഐക്യനാടുകൾ, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ പല നഗരങ്ങളിലും തുടർന്ന് ജർമനിയിലും ഗ്രീസിലും “ദൈവ മാർഗത്തിലുള്ള ജീവിതം” അന്താരാഷ്ട്ര കൺവെൻഷനുകൾ നടത്തപ്പെട്ടു. ഈ കൺവെൻഷനുകളിൽ ഓരോന്നിലും ഭരണസംഘാംഗങ്ങൾ പ്രസംഗിച്ചു, മിക്കപ്പോഴും അവരുടെ പ്രസംഗം തർജമ ചെയ്യപ്പെട്ടു. അതേസമയംതന്നെ വടക്കേ അമേരിക്കയിലും യൂറോപ്പിലും നൂറുകണക്കിനു ഡിസ്ട്രിക്റ്റ് കൺവെൻഷനുകളും നടത്തപ്പെട്ടു.
മേയ് 22-നു തുടക്കം കുറിച്ച, ആദ്യത്തെ അന്താരാഷ്ട്ര കൺവെൻഷൻ കാലിഫോർണിയയിലെ സാന്റിയാഗോയിലാണു നടന്നത്. 14 രാജ്യങ്ങളിൽ നിന്നുള്ള 45 മിഷനറിമാർ തങ്ങളോടൊപ്പം ഉണ്ടായിരുന്നതു കൺവെൻഷനു കൂടിവന്ന സഹോദരങ്ങളെ ആനന്ദഭരിതരാക്കി. രണ്ടു വാരങ്ങൾക്കു ശേഷം സ്പാനിഷ് ഭാഷ സംസാരിക്കുന്ന സാക്ഷികൾ അതേ സ്റ്റേഡിയത്തിൽ കൂടിവന്നു. സ്റ്റേഡിയത്തിൽ കൂടിവന്ന 25,181 പേരിൽ 3,100-ലധികം പേർ വിദേശത്തു നിന്നുള്ളവർ ആയിരുന്നു. അർജന്റീന, ഉറുഗ്വേ, എൽ സാൽവഡോർ, കോസ്റ്ററിക്ക, ചിലി, പെറു, മെക്സിക്കോ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രസംഗകർ പരിപാടിയിൽ പങ്കെടുത്തു. അവരുടെയെല്ലാം വ്യതിരിക്തമായ ഉച്ചാരണവുമായി ശ്രോതാക്കൾക്കു പൊരുത്തപ്പെടേണ്ടതുണ്ടായിരുന്നു. എത്ര സന്തുഷ്ടരും ഉത്സാഹഭരിതരും ആയിരുന്നു ആ സദസ്സ്!
പിറ്റേ വാരം മിഷിഗണിലെ പോൻഡിയാക്കിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്തവരുടെ സംഖ്യ 42,763 ആയി വർധിച്ചു. അതിൽ, ചുരുങ്ങിയത് 44 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തിച്ചേർന്നു. ചെക്ക് റിപ്പബ്ലിക്ക്, ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ ഓരോന്നിൽ നിന്നും 300-ലധികം പ്രതിനിധികൾ വീതം സന്നിഹിതർ ആയിരുന്നു. യൂറോപ്പിലെ 14-ഉം ആഫ്രിക്കയിലെ 8-ഉം അമേരിക്കകളിലെ 20-ഉം ഏഷ്യയിലെ 2-ഉം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൺവെൻഷന് എത്തിച്ചേർന്നു. ചിലയിടങ്ങളിൽ, തങ്ങളുടെ ഇടയിൽ നിന്ന് ഒരാളെ എങ്കിലും കൺവെൻഷന് അയയ്ക്കുന്നതിനു മുഴു കുടുംബവും സഭയും പോലും സാമ്പത്തിക സഹായം നൽകി. മറ്റു ദേശങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികളുടെ സാന്നിധ്യം സദസ്യരെ ഉത്സാഹഭരിതർ ആക്കിയതായി കാണപ്പെട്ടു. ഭരണസംഘാംഗങ്ങളായ ഷ്രോഡർ, ബാർ, സിഡ്ലിക് എന്നീ സഹോദരന്മാരുടെ പ്രസംഗങ്ങൾ അവരുടെ ഹൃദയത്തെ സ്പർശിച്ചു. ഒരു സാക്ഷിയുടെ വാക്കുകളിൽ സങ്കീർത്തനം 48:1, 12-14 താരതമ്യം ചെയ്യുക.
പറഞ്ഞാൽ, ‘തങ്ങൾ വരുവാനുള്ള തലമുറകളോട്—ഒരുപക്ഷേ ഉയിർപ്പിക്കപ്പെടാനിരിക്കുന്ന മുൻ തലമുറകളോടും—വർണിക്കാൻ വാഞ്ഛിക്കുന്ന കാര്യങ്ങളാണ്’ സംഭവിച്ചിരിക്കുന്നത്.—പോൻഡിയാക്കിൽ കൺവെൻഷൻ നടന്ന സമയത്ത് കാനഡയിലെ മോൺട്രിയൽ, ക്വിബെക് എന്നിവിടങ്ങളിലായി ഫ്രഞ്ച്, പോർച്ചുഗീസ്, ഗ്രീക്ക്, അറബിക് എന്നീ ഭാഷകളിൽ നാലു കൺവെൻഷനുകൾ നടക്കുക ആയിരുന്നു. പ്രായാധിക്യത്തിലും തങ്ങളെ സേവിക്കുന്ന ഭരണസംഘാംഗങ്ങളുടെ പ്രവർത്തനങ്ങൾ സഹോദരങ്ങളെയെല്ലാം ആഴത്തിൽ സ്പർശിച്ചു. മറ്റു ദേശങ്ങളിൽ നിന്നുള്ള 4,071 പ്രതിനിധികൾ ഉൾപ്പെടെ മൊത്തം ഹാജർ 33,242 ആയിരുന്നു. ഫ്രാൻസ്, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നു വലിയ ഒരു കൂട്ടം തന്നെ വന്നെത്തി; ഗ്വാഡലൂപ്പ്, ബെൽജിയം, മാർട്ടിനിക്ക് എന്നിവിടങ്ങളിൽ നിന്നും നിരവധി പേർ ഹാജരായിരുന്നു. ആഫ്രിക്കയിലെ 13 രാജ്യങ്ങളിൽ നിന്നു പ്രതിനിധികൾ ഹാജരായി. പശ്ചിമ ആഫ്രിക്കയിലെ മാലിയിൽ ദീർഘകാലമായി പയനിയറിങ് ചെയ്യുന്ന ഒരു സഹോദരി അവരിൽ ഒരാളായിരുന്നു. ആ സഹോദരിക്ക് എത്തിച്ചേരാൻ സാധിച്ചത് അവർ ക്രമമായി മാസികകൾ എത്തിച്ചു കൊടുക്കുന്ന ഒരു ബിസിനസുകാരി ദയാപുരസ്സരം യാത്രച്ചെലവു വഹിച്ചതുകൊണ്ടാണ്. കൺവെൻഷനു പോയിവരാനുള്ള ചെലവു നിർവഹിക്കാൻ തങ്ങളുടെ കാർ വിറ്റ ഒരു ബ്രസീലിയൻ ദമ്പതികൾ ഇങ്ങനെ പറഞ്ഞു: “കൺവെൻഷനു പങ്കെടുക്കാൻ സാധിച്ചതാണു ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച നിക്ഷേപം.”
ജൂണിലെ പിറ്റേ രണ്ടു വാരാന്തങ്ങളിലും കാനഡയുടെ പശ്ചിമ തീരത്തുള്ള വാൻകൂവറിൽ രണ്ടു കൺവെൻഷനുകൾ കൂടെ നടത്തപ്പെട്ടു. ദക്ഷിണപൂർവേഷ്യ, ഉത്തര യൂറോപ്പ് എന്നീ വിദൂര ദേശങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ ഉൾപ്പെടെ രണ്ടിടത്തെയും മൊത്തം ഹാജർ 22,273 ആയിരുന്നു. വാൻകൂവറിൽ അവസാനത്തെ കൺവെൻഷൻ നടക്കുമ്പോൾ ഒൺടേറിയോയിലെ ടൊറന്റോയിലും കൺവെൻഷൻ നടക്കുക ആയിരുന്നു. കാനഡയിൽ നിന്നുള്ളവർക്കു പുറമേ ജർമനി, പോളണ്ട്, ഫിൻലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നും യൂറോപ്പിലെയും ആഫ്രിക്കയിലെയും അനേകം ദേശങ്ങളിൽ നിന്നും പ്രതിനിധികൾ വന്നെത്തി. 41,381 പേർ ഹാജരായി. കാനഡയിൽ നടന്ന കൺവെൻഷനുകളിൽ 52 ദേശങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സന്നിഹിതർ ആയിരുന്നു—തീർച്ചയായും ഒരു അന്താരാഷ്ട്ര കൂട്ടംതന്നെ!
ഐക്യനാടുകളിൽ ജൂലൈ 3-5 തീയതികളിൽ പസഫിക് തീരത്തുള്ള, കാലിഫോർണിയയിലെ ലോങ് ബീച്ചിനു സമീപം ഒരേ സമയം ഏഴു കൺവെൻഷനുകൾ നടക്കുന്നുണ്ടായിരുന്നു. ഇംഗ്ലീഷ്, ഇറ്റാലിയൻ,
കൊറിയൻ, ജാപ്പനീസ്, ചൈനീസ് (കന്റോണിസിലും മൻഡാറിയനിലും), വിയറ്റ്നാമിസ്, റ്റാഗലോഗ് എന്നീ ഭാഷകളിൽ ലോങ് ബീച്ചിലെ സൗകര്യപ്രദമായ കൺവെൻഷൻ കേന്ദ്രത്തിൽ വ്യത്യസ്ത ഇടങ്ങളിലായിട്ടാണ് അവ നടത്തപ്പെട്ടത്. കൺവെൻഷനു ഹാജരായവരുടെ എണ്ണവും വ്യത്യാസപ്പെട്ടിരുന്നു. വിയറ്റ്നാമിസിന് 552 പേർ ഹാജരായപ്പോൾ ഇംഗ്ലീഷ് കൺവെൻഷന് 12,659 പേർ ഹാജരായി. പൗരസ്ത്യ ദേശത്തു നിന്നും ഇറ്റലിയിൽ നിന്നുമുള്ള നിരവധി പ്രതിനിധികൾ അമേരിക്കകൾ, പൂർവ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ സഹവാസം ആസ്വദിച്ചു. വളരെ ശ്രമം നടത്തി വന്നെത്തിയവരും അവരിൽ ഉണ്ടായിരുന്നു. പരിപാടിയുടെ ഇടവേളയിൽ പരമ്പരാഗത വസ്ത്രം ധരിച്ച പ്രതിനിധികൾ ഓരോ ഭാഷക്കാരെയും സമീപിച്ച് അഭിവാദ്യം ചെയ്യുകയും ഹസ്തദാനം നടത്തുകയും പരസ്പരം ആശ്ലേഷിക്കുകയും വിലാസങ്ങൾ കൈമാറുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു. അവിടെ കൺവെൻഷൻ ക്രമീകരണങ്ങൾ ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്ന ഒരു സഹോദരൻ എഴുതി: “എല്ലാ കൺവെൻഷനുകളും നല്ലതാണ്; മാസങ്ങൾക്കു ശേഷവും അവ മനസ്സിൽ തങ്ങിനിൽക്കുന്നു. എന്നാൽ ഈ കൺവെൻഷൻ ഒരു വൻതിര പോലെ ആയിരുന്നു. അതിശക്തമായ ആ വൻതിര ഹാജരായവരുടെ ഹൃദയത്തിൽ ശക്തമായ പ്രഭാവം ചെലുത്തി.”ലോങ് ബീച്ചിൽ നിരവധി കൺവെൻഷനുകൾ നടന്ന വാരാന്തത്തെ തുടർന്ന് ടെക്സാസിലെ ഹ്യൂസ്റ്റണിൽ സ്പാനിഷ് ഭാഷയിൽ ഒരു കൺവെൻഷൻ നടന്നു. ഹാജരായ 34,257 പേരിൽ 2,820 പേർ 14 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആയിരുന്നു. അവർക്കു താമസസൗകര്യം ഒരുക്കിയതു പ്രാദേശിക സാക്ഷികളുടെ വീടുകളിൽ ആയിരുന്നു—1,217 വീടുകളിൽ. മുഴു ഹൃദയത്തോടെ അവർ സന്ദർശകർക്ക് ആതിഥ്യമരുളി.
തങ്ങൾക്കു ലഭിച്ച ഊഷ്മളമായ സ്വാഗതമാണു പ്രതിനിധികളിൽ ആഴത്തിൽ മതിപ്പുളവാക്കിയ ഒരു സംഗതി. മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത സഹ ക്രിസ്ത്യാനികൾ അവരുടെമേൽ സഹോദര സ്നേഹം കോരിച്ചൊരിഞ്ഞു. സാർവദേശീയ സാഹോദര്യത്തെ കുറിച്ച് അവർ മുമ്പു വായിച്ചിട്ടുണ്ട്. അത്തരം സ്നേഹം പ്രകടിപ്പിക്കാൻ യഹോവ തന്റെ ജനത്തെ പഠിപ്പിക്കുന്നു എന്ന് അവർക്ക് അറിയാവുന്നതുമാണ്. (എബ്രാ. 13:1, 2; 3 യോഹ. 5-8) എന്നാൽ, മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത വിധത്തിൽ അവർ ഇപ്പോൾ അത് അനുഭവിച്ചറിയാൻ ഇടയായി. ചെറുപ്പക്കാരും പ്രായംചെന്നവരുമായ സഹോദരീസഹോദരന്മാർ വിമാനത്താവളത്തിൽ അവർക്ക് ആവേശഭരിതമായ സ്വാഗതമരുളി. വിദേശ പ്രതിനിധികൾക്കു പ്രാദേശിക സാക്ഷികളോടൊപ്പം താമസിക്കാനുള്ള ഏർപ്പാടുകളും അതിനോടകം ചെയ്യപ്പെട്ടിരുന്നു. അത് എത്രയോ അനുഗ്രഹകരമെന്നു തെളിഞ്ഞു!
തങ്ങളുടെ ആതിഥേയരെ സന്ധിക്കുന്നതിനു വിദേശ പ്രതിനിധികളെ ടെക്സാസിൽ നിന്നു റൊസെൻബെർഗ് രാജ്യഹാളിലേക്കു നൂറുകണക്കിനു ബസ്സുകളിലാണു കൊണ്ടുപോയത്. അവിടെ 500 സാക്ഷികളുടെ ഒരു സമൂഹം ആനന്ദഭരിതരായി, കരഘോഷത്തോടെ പ്രതിനിധികൾക്കു സ്വാഗതമരുളി. യാത്ര ചെയ്തു ക്ഷീണിച്ച് എത്തുന്ന പ്രതിനിധികളെ സ്വാഗതം ചെയ്യാൻ മിഷിഗണിലെ ബെൽവിലിൽ നൂറുകണക്കിനു സാക്ഷികൾ രാവും പകലും മുഴുവൻ കാത്തിരുന്നു. പ്രതിനിധികൾ സമ്മേളന ഹാളിൽ പ്രവേശിച്ചപ്പോൾ അനേകർ “ആയിരങ്ങളാം സഹോദരൻമാർ,” “നാം യഹോവയുടെ സാക്ഷികളാകുന്നു!” എന്നീ ഗീതങ്ങൾ ആലപിച്ചുകൊണ്ട് അവരെ സ്വാഗതം ചെയ്തു. കാലിഫോർണിയയിൽ ഉള്ള മിരാ ലോമാ സമ്മേളന ഹാളിൽ കൂടിവന്ന പലരും ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്നവർ ആയിരുന്നു. അതുകൊണ്ട് അവർ “യഹോവെ, നിനക്കു ഞങ്ങൾ നന്ദിപറയുന്നു” എന്ന ഗീതത്തിന്റെ ഒന്നിടവിട്ടുള്ള വരികൾ ഇംഗ്ലീഷിലും സ്പാനിഷിലും ആലപിച്ചു. ഹൃദ്യമായ ഒരു രംഗമായിരുന്നു അത്! മിക്കവരും ആനന്ദാശ്രുക്കൾ പൊഴിച്ചു!
മിഷിഗണിൽ, വേണ്ടതിന്റെ ഇരട്ടി താമസസൗകര്യങ്ങൾക്കു സാക്ഷികൾ ക്രമീകരണം ചെയ്തു. സന്ദർശകരായ സഹോദരങ്ങൾക്കു പരിപാലനം പ്രദാനം ചെയ്യുന്നതിനുള്ള പദവിക്കായി അപേക്ഷിച്ചുകൊണ്ട് അനേകരും ഫോൺ ചെയ്തു. താമസസൗകര്യം പ്രദാനം ചെയ്യാൻ സാധിക്കാഞ്ഞവർ ഭക്ഷണവും യാത്രാ സൗകര്യവും ഒരുക്കിക്കൊണ്ടു പ്രതിനിധികൾക്കു സഹായമേകി. തങ്ങളെ വീടുകളിൽ കൈക്കൊണ്ടതിനു പുറമേ തങ്ങൾക്കു കിടക്കകൾ തന്നിട്ട് ആതിഥേയർ തറയിൽ കിടന്നുറങ്ങുന്നതു ചിലർ ശ്രദ്ധിച്ചു. വൈകുന്നേരങ്ങളിലും കൺവെൻഷനുകൾക്കു ശേഷവും സാക്ഷി കുടുംബങ്ങൾ, ചിലപ്പോൾ സഭകൾ മൊത്തമായും, പ്രതിനിധികളോടൊപ്പം ഭക്ഷണം കഴിക്കുകയോ പിക്നിക്കിനു പോകുകയോ ചെയ്തു. അവർ പാട്ടുകൾ പാടിയും നാടോടി നൃത്തം ചെയ്തും അനുഭവങ്ങൾ പങ്കിട്ടും സമയം ചെലവഴിച്ചു. അതു തികച്ചും ഉല്ലാസപ്രദമായ അവസരം ആയിരുന്നു! പല പ്രതിനിധികൾക്കും ആതിഥേയരുടെ ഭാഷ വശമില്ലായിരുന്നെങ്കിലും—ചിലർക്ക് അങ്ങേയറ്റം പോയാൽ ഏതാനും വാക്കുകൾ അറിയാമായിരുന്നു—അവർ ആശയ വിനിമയത്തിനുള്ള വഴികൾ കണ്ടുപിടിച്ചു. പിരിയാൻ നേരമായപ്പോൾ ഭാഷയായിരുന്നില്ല ആശയ വിനിമയത്തിനു കൂടുതൽ തടസ്സം സൃഷ്ടിച്ചത്. മറിച്ച്, അവർ വികാരഭരിതർ ആയിരുന്നു. ആയുഷ്കാല സുഹൃദ്ബന്ധങ്ങൾക്ക് അടിത്തറ ഇടപ്പെട്ടു.
വീടുകളിലെ താമസ ക്രമീകരണത്തിൽ നിന്നു പ്രയോജനം അനുഭവിച്ചതു സന്ദർശകർ മാത്രമായിരുന്നില്ല. സന്ദർശകർക്കു താമസസൗകര്യം ഒരുക്കിയ കാനഡയിലുള്ള ഒരു ദമ്പതികൾ എഴുതി: “യാതൊരു പരിചയവും ഇല്ലാത്ത ആളുകളോടൊപ്പം ഒരാഴ്ച എങ്ങനെ കഴിയും എന്നു ഞങ്ങളെല്ലാം ചിന്തിച്ചിരുന്നു. പക്ഷേ, ആ ഒരാഴ്ച എത്ര പെട്ടെന്നാണു
കടന്നുപോയത്!” ഒറ്റയ്ക്കുളള ഒരു മാതാവ് എഴുതി: “ഫ്രാൻസിൽ നിന്നുള്ള ഒരു ദമ്പതികളെ പാർപ്പിക്കുന്നതിനുള്ള മഹത്തായ പദവി എനിക്കു ലഭിച്ചു. എന്നെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം അത് അത്യന്തം പരിപുഷ്ടിപ്പെടുത്തുന്നത് ആയിരുന്നു. അത് അതിശയകരവും ആനന്ദദായകവും അവിസ്മരണീയവും ആയ അനുഭവം ആയിരുന്നു എന്നേ എനിക്കു പറയാനുള്ളൂ.” ടോഗോയിൽ നിന്നുള്ള ഒരു അതിഥിയെ പാർപ്പിച്ച കുടുംബം എഴുതി: “ഞങ്ങൾ പങ്കിട്ട സന്തോഷത്തെയും സ്നേഹത്തെയും കുറിച്ചു വർണിക്കാൻ വാക്കുകൾ ഇല്ല. . . . എത്ര വലിയ ഒരു നിധി! ആഗ്രഹിക്കാവുന്നതെല്ലാം യഹോവ ഞങ്ങൾക്കു നൽകി.”87 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കു തങ്ങളുടെ ടൂറിന്റെ
ഭാഗമായി യഹോവയുടെ ദൃശ്യ സംഘടനയുടെ ആസ്ഥാനവും സന്ദർശിക്കാൻ സാധിച്ചു. ന്യൂയോർക്ക് സംസ്ഥാനത്തിൽ ബ്രുക്ലിനിലും വാൾക്കില്ലിലും (ബ്രുക്ലിനിൽ നിന്ന് 115 കിലോമീറ്റർ ദൂരം) പാറ്റേഴ്സനിലും (ബ്രുക്ലിനിൽ നിന്നു 112 കിലോമീറ്റർ ദൂരം) ആണ് അതിന്റെ പ്രവർത്തനങ്ങളിൽ അധികവും നടക്കുന്നത്. മേയ് 28-നും ജൂലൈ 20-നും ഇടയ്ക്ക് മൊത്തം 14,500-ലധികം സന്ദർശകർ അവിടെയെത്തി! അനേകരുടെയും കാര്യത്തിൽ അത് “ഒരു സ്വപ്നസാക്ഷാത്കാരം ആയിരുന്നു.” പാറ്റേഴ്സനിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ടൂർ നടത്തിയ ഒരു കൂട്ടം സന്ദർശകർ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കാൻ ഉച്ചഭക്ഷണത്തിനു ശേഷം ഭക്ഷണ ഹാളിൽ കൂടിവന്ന് ഹൃദ്യമായ, ചതുർഭാഗ താളവ്യവസ്ഥയിലുള്ള ‘“ഇതാകുന്നു മാർഗ്ഗം”’ എന്ന 42-ാം ഗീതം ആലപിച്ചു. തങ്ങൾ കണ്ട കാര്യങ്ങളാലും ആസ്വദിച്ച ആതിഥ്യോപചാരത്താലും പ്രചോദിതർ ആയി അനേകരും നിറകണ്ണുകളോടെയാണു ടൂർ ഗൈഡുകളായി സേവിച്ച സഹോദരീസഹോദരന്മാർക്കു നന്ദി നൽകിയത്. സന്ദർശകർ മാത്രമല്ല വികാരതരളിതർ ആയത്. ആ ദിനങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്നു ബെഥേൽ കുടുംബാംഗങ്ങളും പറഞ്ഞു.യൂറോപ്പിൽ അന്താരാഷ്ട്ര കൺവെൻഷനുകളിൽ പങ്കെടുത്തവരും സമാനമായ വികാരം പങ്കിട്ടു. ജൂലൈ മാസത്തിൽ പ്രതിനിധികൾ ബ്രിട്ടനിൽ എത്തിച്ചേരാൻ തുടങ്ങി. ജൂലൈ 24 മുതൽ 26 വരെ ഒരേ സമയത്ത് ഒമ്പതു നഗരങ്ങളിൽ ആയിട്ടാണ് അവിടെ കൺവെൻഷനുകൾ നടന്നത്. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പഞ്ചാബി എന്നിങ്ങനെ ഏതു ഭാഷ ആയിരുന്നാലും പരിപാടിയിൽ മാറ്റമില്ലായിരുന്നു. ഭരണസംഘാംഗങ്ങൾ
നടത്തിയ പ്രസംഗങ്ങൾ, ഇലക്ട്രോണിക് മാധ്യമം മുഖാന്തരം ബന്ധിപ്പിക്കപ്പെട്ടിരുന്ന എല്ലാ കൺവെൻഷൻ സ്ഥലങ്ങളിലേക്കും സംപ്രേക്ഷണം ചെയ്യപ്പെട്ടു. 60 ദേശങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സന്നിഹിതർ ആയിരുന്നു.മിഷനറിമാരും സാർവദേശീയ ദാസന്മാരും ആയി അഭിമുഖം നടത്തിയത് ആയിരുന്നു പരിപാടിയിലെ ഒരു സവിശേഷത. അവർ 45 ദേശങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. വിദേശ സേവനത്തിലെ സന്തോഷവും വെല്ലുവിളികളും അവർ സദസ്സുമായി പങ്കുവെച്ചു. പശ്ചിമാഫ്രിക്കയിൽ നിന്നുള്ള സൂസൻ സ്നാന്ത് ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “ഒരു പുതിയ നിയമനത്തിൽ പ്രവേശിച്ച് ആദ്യത്തെ ഏതാനും മാസങ്ങൾ പ്രത്യേകിച്ചും നിങ്ങൾക്കു ശക്തമായി ഗൃഹാതുരത്വം അനുഭവപ്പെട്ടേക്കാം. അതുകൊണ്ട്, മാതാപിതാക്കൾ പിന്തുണയും പ്രോത്സാഹനവും നൽകുന്നു എന്ന ബോധ്യം നിയമനത്തിൽ തുടരാൻ ശരിക്കും സഹായമേകിയേക്കാം.” ദക്ഷിണാഫ്രിക്കയിൽ ദീർഘകാലമായി മിഷനറിയായി സേവിക്കുന്ന ഡൊറീൻ കിൽഗോർ ഇങ്ങനെ പറഞ്ഞു: “ആളുകളെ സ്നേഹിക്കുക എന്നതാണു പ്രധാന സംഗതി. ആളുകളെ യഥാർഥമായി സ്നേഹിക്കുകയും യഹോവയെ സ്നേഹിക്കാനും അവന്റെ വഴികളിൽ നടക്കാനും അവരെ സഹായിക്കുകയും ചെയ്യുന്നെങ്കിൽ സേവനത്തിൽ തുടരാൻ അതു നിങ്ങളെ സഹായിക്കും.” ഇക്വഡോറിൽ നിന്നുള്ള മിർനാ സിംസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “പിന്നിൽ ഉപേക്ഷിച്ചു
പോന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ചെയ്യാനുള്ള വേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിരുത്സാഹപ്പെടുത്തുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കാതെ അവയ്ക്കപ്പുറം വീക്ഷിക്കുക. നമുക്ക് ഒരു വേല ചെയ്തു തീർക്കാനുണ്ട് എന്ന കാര്യം അനുസ്മരിക്കുക!” യുദ്ധത്താൽ പിച്ചിച്ചീന്തപ്പെട്ട ലൈബീരിയയിൽ നിന്നുള്ള ആൻ ക്രൂഡസ് പറയുന്നു: “ഞങ്ങൾ പ്രദേശിക സഹോദരീസഹോദരന്മാരെ പ്രോത്സാഹിപ്പിക്കാൻ ആണു പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, യഥാർഥത്തിൽ ഞങ്ങൾ അവരാൽ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ടു എന്നതാണു വസ്തുത. അവരുടെ തീക്ഷ്ണതയും വിശ്വാസവും യുദ്ധകാലത്തെ ധൈര്യവും അന്യോന്യമുള്ള പരിപാലനവും മറ്റൊരാൾക്കു വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്താനുള്ള മനസ്സൊരുക്കവും ഒക്കെ ഞങ്ങൾ കണ്ടറിഞ്ഞു. . . . സഹോദരങ്ങളുടെ സ്നേഹവും പരിപാലനവും വ്യക്തിപരമായി അനുഭവിച്ചറിഞ്ഞവരാണു ഞങ്ങൾ. നിയമന പ്രദേശത്തു നിന്നു നാലു തവണ ഞങ്ങൾ നാടുകടത്തപ്പെട്ടു. . . . ഞങ്ങൾ അഭയാർഥികൾ ആയിരുന്നപ്പോൾ സഹോദരങ്ങൾ ഞങ്ങളുടെ വികാരങ്ങളെ കുറിച്ചും ആത്മീയതയെ കുറിച്ചും അങ്ങേയറ്റം ചിന്തയുള്ളവർ ആയിരുന്നു. അതുകൊണ്ട് അവർ ഞങ്ങൾക്കു ഹൃദ്യമായ, പരിപുഷ്ടിപ്പെടുത്തുന്ന കത്തുകൾ അയച്ചു. . . . ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ അനുഗ്രഹങ്ങളെല്ലാം, സാഹചര്യങ്ങൾ ഭദ്രമല്ലാതിരുന്നപ്പോഴും ലൈബീരിയയിലേക്കു മടങ്ങുന്നത് എളുപ്പമാക്കിത്തീർത്തു.”ബ്രിട്ടനിൽ കൺവെൻഷൻ അവസാനിച്ച് ഏതാനും ദിവസങ്ങൾക്കകം ജർമനിയിൽ കൺവെൻഷനുകൾ തുടങ്ങി. ആതിഥേയ നഗരങ്ങളിലെ സാക്ഷികൾ പൊതുജനങ്ങൾക്കു ക്ഷണം നൽകി. അന്താരാഷ്ട്ര കൺവെൻഷനുകൾ—ജർമനിയിൽ അഞ്ചെണ്ണം പട്ടികപ്പെടുത്തിയിരുന്നു—ആഗോള ബൈബിൾ വിദ്യാഭ്യാസ പരിപാടിയുടെ സവിശേഷതയാണ് എന്ന് ആളുകളോടു വിശദീകരിക്കാൻ അത് അവസരം പ്രദാനം ചെയ്തു. മുഴു പരിപാടിയും 13 ഭാഷകളിൽ നടത്തപ്പെട്ടു. പരിപാടിയിലെ മുഖ്യ ഇനങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനായി അഞ്ചു സ്ഥലങ്ങളും (ബെർലിൻ, ന്യൂറംബർഗ്, മ്യൂനിക്, ഡോർട്ട്മണ്ട്, സ്റ്റുട്ട്ഗാർട്ട്) പരസ്പരം ബന്ധിപ്പിക്കപ്പെട്ടു. വിദേശങ്ങളിൽ നിന്നുള്ള 45,000 പേർ ഉൾപ്പെടെ അത്യുച്ച ഹാജർ 2,17,472 ആയിരുന്നു. പൂർവ യൂറോപ്പിൽ നിന്നുള്ള നിരവധി പേർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കുറഞ്ഞപക്ഷം 150 മിഷനറിമാരും സാർവദേശീയ ദാസന്മാരും വിദേശ നിയമനങ്ങളിലുള്ള ബെഥേൽ അംഗങ്ങളും അവരിൽ ഉൾപ്പെട്ടിരുന്നു.
സേവന വർഷം അവസാനിക്കുന്നതിനു മുമ്പ്, ആഗസ്റ്റ് 21-23 തീയതികളിൽ ഗ്രീസിലെ ഏഥൻസിൽ സുപ്രധാനമായ മറ്റൊരു അന്താരാഷ്ട്ര കൺവെൻഷൻ നടന്നു. ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ വൈദികരുടെ കടുത്ത എതിർപ്പുകൾക്കു മധ്യേയും 21 ദേശങ്ങളിൽ നിന്നായി 39,324 പേർ കൺവെൻഷനു കൂടിവന്നു. തങ്ങൾ
സന്ദർശിച്ചിടങ്ങളിലെല്ലാം, ഏഥൻസിലും ഗ്രീസിലെമ്പാടും, നല്ല പെരുമാറ്റത്തിലൂടെയും വസ്ത്രധാരണ-ചമയ രീതികളിലൂടെയും അതുപോലെ സാക്ഷീകരണത്തിലൂടെയും സാഹിത്യങ്ങൾ നൽകുന്നതിലൂടെയും പ്രതിനിധികൾ ശ്രദ്ധേയമായ സാക്ഷ്യം നൽകി. ക്രിസ്തീയ സ്നേഹം അനുഭവിച്ചറിയുന്നത് യഹോവയുടെ ജനത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവം അല്ലെങ്കിലും ഗ്രീസുകാരായ സാക്ഷികൾ തുറന്ന ഹൃദയത്തോടെ പ്രകടമാക്കിയ ആതിഥ്യോപചാരം പ്രതിനിധികളെ ആഴത്തിൽ സ്പർശിച്ചു. പലരും ആനന്ദാശ്രുക്കൾ പൊഴിച്ചു. ഈറനണിഞ്ഞ കണ്ണുകളോടെ ഗ്രീക്കുകാരും തുർക്കികളും അന്യോന്യം ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുന്നത്, ആതിഥ്യമരുളുകയും സ്വീകരിക്കുകയും ചെയ്യുന്നത്, യഹോവയ്ക്കു മാത്രം ചെയ്യാൻ സാധിക്കുന്ന ഒരു അത്ഭുതമാണ്!നാം ഇപ്പോൾ ഒരു പുതിയ സേവന വർഷത്തിലാണ്. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കൊറിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര കൺവെൻഷനുകൾ നടന്നുകൊണ്ടിരിക്കുന്നു.
രാജ്യവാർത്തയുടെ വിതരണം
നമ്മുടെ മുഖ്യ പ്രവർത്തനങ്ങളിൽ ഒന്നാണു വയൽ ശുശ്രൂഷ. തന്റെ പുത്രനിലൂടെ യഹോവ നമ്മെ ഏൽപ്പിച്ചിരിക്കുന്ന ഒരു വേലയാണ് അത്. നമ്മൾ ഘോഷിക്കുന്ന സന്ദേശം ആളുകൾക്ക് അത്യാവശ്യമുള്ള ഒന്നാണ്. (യെശ. 43:10-12; മത്താ. 24:14) പോയ വർഷം 58,88,650 പേർ ആ വേലയിൽ പങ്കുപറ്റി. 118,66,66,708 മണിക്കൂറുകൾ വയൽ ശുശ്രൂഷയിൽ ചെലവഴിച്ചു. എത്ര നല്ല സാക്ഷ്യത്തിന്റെ കൂമ്പാരം! രാജ്യവാർത്ത നമ്പർ 35-ന്റെ വിതരണം ആയിരുന്നു കഴിഞ്ഞ സേവന വർഷത്തിൽ ശുശ്രൂഷയിൽ ആവേശം പകർന്ന ഒരു ഘടകം. “എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ?” എന്നതായിരുന്നു അതിന്റെ പ്രതിപാദ്യ വിഷയം. സ്നേഹിക്കപ്പെടാനുള്ള മനുഷ്യരുടെ ആഗ്രഹത്തിന്—ദൈവം മനുഷ്യരുടെ ഉള്ളിൽ നട്ടിരിക്കുന്ന ആഗ്രഹത്തിന്—ചേർച്ചയിൽ അവരുടെ ശ്രദ്ധ ആകർഷിക്കുന്നതിന് എത്രയോ അനുയോജ്യമായ ഒന്നായിരുന്നു അത്! അതിലെ സന്ദേശം ശക്തമായിരുന്നു. ആത്മാർഥരായ അനേകർ ആ സന്ദേശത്തോട് അനുകൂലമായി പ്രതികരിച്ചു.
166 ഭാഷകളിലായി ആ ലഘുലേഖയുടെ 40,00,00,000 പ്രതികൾ അച്ചടിക്കപ്പെട്ടു. റഷ്യയിൽത്തന്നെ 27 ഭാഷകളിൽ ആ ലഘുലേഖ വിതരണം ചെയ്യപ്പെട്ടു. അതിൽ 10 ഭാഷകളിൽ മുമ്പൊരിക്കലും നമ്മുടെ സാഹിത്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. തങ്ങളുടെ പ്രദേശത്തെ വംശീയ വൈവിധ്യം തിരിച്ചറിഞ്ഞു നിരവധി ബ്രാഞ്ചുകളും 10-ഓ 20-ഓ 30-ഓ ഭാഷകളിൽ ആ ലഘുലേഖ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു.
ഘാനയിൽ ഒരു സഹോദരി കൃഷിയിടങ്ങൾ തോറും രാജ്യവാർത്ത വിതരണം ചെയ്യവേ കടുത്ത ശണ്ഠയിൽ ഏർപ്പെട്ടിരുന്ന ഒരു മനുഷ്യനെയും ഭാര്യയെയും കണ്ടുമുട്ടി. സഹോദരി ഉടനടി, “എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ?” എന്ന ആകർഷകമായ ശീർഷകത്തിലുള്ള രാജ്യവാർത്ത നമ്പർ 35 അവരെ കാണിച്ചു. പെട്ടെന്നുതന്നെ ആ ദമ്പതികൾ ശാന്തരായി. നമ്മുടെ സഹോദരി ലഘുലേഖയിലെ വിവരങ്ങൾ ചർച്ചചെയ്തുകൊണ്ട് അവരോടൊപ്പം കുറച്ചു സമയം ചെലവഴിച്ചു. ശണ്ഠയ്ക്കു വഴിതെളിക്കുന്ന കാരണങ്ങൾ എന്തെല്ലാം ആണെന്നും ദൈവരാജ്യം മനുഷ്യവർഗത്തിനു വേണ്ടി എന്തു ചെയ്യുമെന്നും ബൈബിളിൽ നിന്ന് കാണിച്ചുകൊടുത്തു. ചർച്ചയുടെ ഒടുവിൽ ആ മനുഷ്യൻ പറഞ്ഞു: “തീർച്ചയായും, ദൈവമാണു നിങ്ങളെ ഈ ലഘുലേഖയുമായി ഇങ്ങോട്ട് അയച്ചത്.” അവർ ഇരുവരും അത്യുത്സാഹത്തോടെ ബൈബിൾ അധ്യയനത്തിനു താത്പര്യം പ്രകടിപ്പിച്ചു. സൗജന്യ ബൈബിൾ അധ്യയനത്തിനു സമാനമായി ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് 1,850 പേർ ഘാനാ ബ്രാഞ്ചിലേക്ക് എഴുതി. മലാവിയിൽ 1,900-ഉം സിംബാബ്വേയിൽ 2,717-ഉം പോളണ്ടിൽ 1,346-ഉം ഐക്യനാടുകളിൽ 2,525-ഉം വായനക്കാരുടെ അഭ്യർഥനകൾ ലഭിക്കുകയുണ്ടായി; റഷ്യയിൽ ബൈബിൾ അധ്യയനത്തിനായി തങ്ങളെ സന്ദർശിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള 7,100 അഭ്യർഥനകൾ കൈപ്പറ്റി.
ലഘുലേഖയുടെ ആകർഷകമായ പുറംതാളും ചിന്തോദ്ദീപകമായ ശീർഷകവും അതിൽ അടങ്ങിയിരിക്കുന്ന ഹൃദ്യമായ വിവരങ്ങളും തന്നെയാണ് ആഭ്യന്തര യുദ്ധത്താൽ പിച്ചിച്ചീന്തപ്പെട്ട ശ്രീലങ്കയിൽ ആവശ്യമായിരുന്നത്. ലഘുപത്രിക ആവശ്യപ്പെട്ടുകൊണ്ടു നൂറുകണക്കിനു കൂപ്പണുകൾ ബ്രാഞ്ചിനു ലഭിച്ചു. അതിലധികവും ഭവന ബൈബിൾ അധ്യയനത്തിന് ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ളവ ആയിരുന്നു. അധ്യയനത്തിന് ആഗ്രഹിച്ച പലരും ഇപ്പോൾ സുവാർത്തയുടെ പ്രസാധകർ ആണ്; ചിലർ സ്നാപനം ഏൽക്കുകപോലും ചെയ്തിരിക്കുന്നു.
കാമറൂണിൽ ഉള്ള 30 പ്രസാധകർ ഗറൂവയിലെ രാജ്യഹാളിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഒരു പ്രദേശത്തു ലഘുലേഖകൾ വിതരണം ചെയ്യാൻ ഒരു ബസ് വാടകയ്ക്ക് എടുത്തു. രാവിലെ അവർ പ്രദേശത്തു മൊത്തം ലഘുലേഖകൾ വിതരണം ചെയ്തു. ഉച്ചകഴിഞ്ഞ് യഹോവയുടെ സാക്ഷികൾ—ആ പേരിനു പിന്നിലെ സ്ഥാപനം (ഇംഗ്ലീഷ്) എന്ന വീഡിയോ പ്രദർശിപ്പിച്ചു. 182 പേർ ഹാജരായി. വീഡിയോ പ്രദർശനത്തിനു ശേഷം പലരും കൂടുതൽ സാഹിത്യങ്ങൾ ആവശ്യപ്പെട്ടു. നിരവധി കുടുംബ ബൈബിൾ അധ്യയനങ്ങൾ തുടങ്ങി. താത്പര്യമുള്ള ആളുകളെ വീണ്ടും സന്ദർശിക്കാൻ സഭ ഒരു പയനിയറെ ഏർപ്പെടുത്തി.
കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽ അനേകരും രാജ്യവാർത്ത
നമ്പർ 35 ഇരുകയ്യും നീട്ടി സ്വീകരിച്ചു. മറ്റു ചിലർ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിൽ മരവിച്ച്, മനസ്സില്ലാമനസ്സോടെയാണ് അതു കൈപ്പറ്റിയത്. അത്തരക്കാരിൽ ഒരാളെ വീണ്ടും സന്ദർശിക്കാൻ എത്തിയപ്പോൾ ആ സ്ത്രീക്കു തീരെ സുഖമില്ലെന്നും മരുന്നു വാങ്ങാൻ അവരുടെ പക്കൽ പണമില്ലെന്നും പ്രസാധകർ മനസ്സിലാക്കി. പ്രസാധകർ ആ സ്ത്രീക്കു മരുന്നു വാങ്ങിക്കൊടുത്തു. അത് അവരുടെ ഹൃദയത്തെ സ്പർശിച്ചു. ആ സ്ത്രീക്കും നാലു മക്കൾക്കും അധ്യയനം നടത്തുന്നതിലേക്ക് അതു നയിച്ചു. മറ്റൊരു സന്ദർഭത്തിൽ, സാക്ഷികൾ തങ്ങളെക്കുറിച്ചുതന്നെ പൊങ്ങച്ചം പറയുകയാണ് എന്നാണു ലഘുലേഖ കൈപ്പറ്റിയ ഒരു ചെറുപ്പക്കാരൻ വിചാരിച്ചിരുന്നത്. ഒരിക്കൽ, അയാൾ യാത്ര ചെയ്ത ബസ് ഹൈവേ മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായി. കയ്യിൽ ചില്ലിക്കാശുപോലും ഇല്ലാതെ, ആരെയും പരിചയമില്ലാത്ത ഇടത്ത് എത്തിപ്പെട്ട അദ്ദേഹം ബസിൽ ഉണ്ടായിരുന്ന, മോഷണത്തിന് ഇരയായ ഒരു സാക്ഷിയോടൊപ്പം പോയി. അവർ ഒരു സാക്ഷിയുടെ വീടു കണ്ടെത്തി. അവർക്ക് ആ വീട്ടിൽ സ്വാഗതം ലഭിച്ചെന്നു മാത്രമല്ല രാത്രി അവിടെ തങ്ങാനും സാധിച്ചു. പിറ്റേന്നു രാവിലെ ഉദ്ദിഷ്ട സ്ഥാനത്ത് എത്തിച്ചേരാനും അവർക്കു സഹായം ലഭിച്ചു. വീട്ടിൽ തിരിച്ചെത്തിയ ആ ചെറുപ്പക്കാരൻ നടന്നതെല്ലാം തന്റെ സുഹൃത്തുക്കളോടു വിവരിച്ചുകൊണ്ടു പറഞ്ഞു: “യഹോവയുടെ സാക്ഷികൾ തെല്ലും അഹന്തയുള്ളവരല്ല. അവർക്കിടയിൽ യഥാർഥ സ്നേഹം പ്രകടമാണ്. അവർ തങ്ങളുടെ അയൽക്കാരെ സ്നേഹിക്കുന്നു.” അന്നുതന്നെ ആ ചെറുപ്പക്കാരനുമായി ബൈബിൾ അധ്യയനം തുടങ്ങി.ഉത്തര ചിലിയിൽ ഉള്ള ഒരു സഭ സകലർക്കും ലഘുലേഖ വിതരണം ചെയ്യാൻ പ്രസാധകർക്കു പ്രോത്സാഹനം നൽകി. ഒരു പ്രസാധകൻ പ്രാദേശിക റേഡിയോ നിലയം സന്ദർശിച്ചു. അവിടുത്തെ ഉദ്യോഗസ്ഥനിൽ ആ സന്ദേശം ആഴത്തിൽ മതിപ്പുളവാക്കി. പ്രഭാത പരിപാടി റദ്ദാക്കിയിട്ട് അദ്ദേഹം രാജ്യവാർത്ത നമ്പർ 35-ലെ മുഴു സന്ദേശവും റേഡിയോയിലൂടെ വായിച്ചു കേൾപ്പിച്ചു.
ഇറ്റലിയിൽ ബസ് കാത്തു നിന്ന ഒരു കന്യാസ്ത്രീക്ക് രാജ്യവാർത്ത നൽകുകയുണ്ടായി. ദിവസേന ബസ് സ്റ്റോപ്പിൽവെച്ച് 10-15 മിനിറ്റു നേരത്തെ ബൈബിൾ അധ്യയനത്തിന് അതു വഴിതെളിച്ചു. ഒരു മാസത്തിനു ശേഷം, ബൈബിൾ സത്യത്തിലുള്ള വിലമതിപ്പ്, കന്യാസ്ത്രീമഠം വിട്ടുപോരാൻ അവർക്കു പ്രേരണയേകി. ദൈവരാജ്യം മുഖാന്തരം, വംശീയമോ ഭാഷാപരമോ ആയ അതിർവരമ്പുകൾ ഇല്ലാതെ ആളുകൾ യഥാർഥത്തിൽ അന്യോന്യം സ്നേഹിക്കുന്ന ഇടമായിത്തീരും ഭൂമി എന്ന് അറിയാൻ സാധിച്ചതിൽ അവർ അങ്ങേയറ്റം സന്തുഷ്ട ആയിരുന്നു. ജന്മനാടായ ഗ്വാട്ടിമാലയിൽ മടങ്ങിയെത്തിയ അവർ, അതിനോടകം യഹോവയുടെ സാക്ഷി ആയ തന്റെ ജഡിക സഹോദരിയോടൊപ്പം ബൈബിൾ അധ്യയനം തുടർന്നു.
വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രം
ദൈവരാജ്യത്തെ കുറിച്ചുള്ള ആഗോള സാക്ഷ്യ വേലയിൽ ന്യൂയോർക്കിലെ പാറ്റേഴ്സനിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രം ഒരു ശ്രദ്ധേയമായ പങ്കു വഹിക്കുന്നുണ്ട്.
1994 ആയപ്പോഴേക്കും നിർമാണ പ്രവർത്തനം, സൊസൈറ്റിയുടെ ചില പ്രധാന വിഭാഗങ്ങൾ പാറ്റേഴ്സനിലേക്കു മാറ്റാൻ സാധിക്കുന്ന ഘട്ടത്തോളമെത്തി. മാസങ്ങൾ കൊണ്ട് എഞ്ചിനിയറിങ് വിഭാഗം, സേവന വിഭാഗം, എഴുത്തു വിഭാഗത്തിലെ കത്തിടപാടു വിഭാഗം, പരിഭാഷാ സേവന വിഭാഗം (ഇപ്പോൾ 116 ദേശങ്ങളിലുള്ള പരിഭാഷാ സംഘങ്ങളെ പിന്തുണയ്ക്കുന്നു), നിയമ വിഭാഗം (ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനുള്ള നിയമപരമായ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നു), ചിത്രകലാ വിഭാഗം (പുസ്തകങ്ങൾ, മാസികകൾ, ലഘുപത്രികകൾ തുടങ്ങിയവയുടെ ദൃശ്യ വിശദാംശങ്ങൾ കൈകാര്യം ചെയ്യുന്നു) എന്നിവയും അവയ്ക്കുവേണ്ട പിന്തുണാ സേവന വിഭാഗങ്ങളും അങ്ങോട്ടു മാറ്റപ്പെട്ടു.
1995 മാർച്ചിൽ ഗിലെയാദ് സ്കൂൾ, വാൾക്കില്ലിൽ നിന്നു പാറ്റേഴ്സനിലെ പുതിയ സൗകര്യങ്ങളിലേക്കു മാറ്റി. അതിനു ശേഷം മധ്യ-ദക്ഷിണ അമേരിക്ക, ആഫ്രിക്ക, പൂർവ യൂറോപ്പ്, പൗരസ്ത്യ നാടുകൾ, സമുദ്ര ദ്വീപുകൾ എന്നിവിടങ്ങളിലെ 51 ദേശങ്ങളിലേക്കു ഗിലെയാദ് സ്കൂൾ ബിരുദധാരികൾ അയയ്ക്കപ്പെട്ടിരിക്കുന്നു. അതിനു പുറമേ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കായുള്ള സ്കൂൾ, സൊസൈറ്റിയുടെ 106 ദേശങ്ങളിലുള്ള ബ്രാഞ്ചുകളിൽ നിന്നെത്തിയ 336 സഹോദരന്മാർക്കു പ്രത്യേക പരിശീലനം പ്രദാനം ചെയ്തു.
ഇപ്പോൾ ഓഡിയോ/വീഡിയോ റെക്കോർഡിങ് സൗകര്യങ്ങൾ ഉള്ള ഒരു പുതിയ കെട്ടിടം പാറ്റേഴ്സനിലെ വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ പൂർത്തിയായിരിക്കുന്നു. ബന്ധപ്പെട്ട ഓഫീസുകളും ഉപകരണങ്ങളും പുതിയ, മികച്ച ഈ റെക്കോർഡിങ് സൗകര്യങ്ങളിലേക്കു മാറ്റാൻ തുടങ്ങിയത് 1998 ഏപ്രിൽ 20-ാം തീയതിയാണ്. തയ്യാറാക്കപ്പെട്ട സൗകര്യങ്ങൾ, ഓഡിയോ/വീഡിയോ രംഗത്ത് ഉണ്ടായേക്കാവുന്ന പുരോഗതികൾ കൂടുതൽ ഫലപ്രദമായ വിധത്തിൽ പ്രയോജനപ്പെടുത്താൻ നമ്മെ പ്രാപ്തരാക്കും.
എന്നുവരികിലും, ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം, സൊസൈറ്റിയുടെ ഈ രംഗത്തെ കന്നിസംരംഭം ആയിരുന്നുവെന്ന് അർഥമാക്കുന്നില്ല. ലോക ആസ്ഥാനത്തു ചെയ്തുവരുന്ന വേലയ്ക്കു പുറമേ, 30-ഓളം ബ്രാഞ്ചുകൾ കുറച്ചൊക്കെ ഓഡിയോ കാസെറ്റ് റെക്കോർഡിങ് നടത്തുന്നുണ്ട്. ബൈബിളും നാട്ടുഭാഷയിലുള്ള മാസികകളും ലഘുപത്രികകളും കൺവെൻഷൻ നാടകങ്ങളുമൊക്കെ അതിൽ ഉൾപ്പെടുന്നു. 61 ഭാഷകളിലായി വ്യത്യസ്ത ഓഡിയോ കാസെറ്റുകൾ ഇപ്പോൾ ലഭ്യമാണ്.
ഏതാനും ഭാഷകളിൽ കാസറ്റുകൾ ലോകവ്യാപകമായി വിതരണം ചെയ്യപ്പെട്ടുവരുന്നു. നമ്മുടെ രാജ്യ ഗീതങ്ങൾ അടങ്ങിയ കോംപാക്ട് ഡിസ്കുകളും (സിഡി-കൾ) ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഗവേഷണ വിഷയങ്ങൾ (വാച്ച്ടവർ ലൈബ്രറി) അടങ്ങിയ സിഡി-കൾ ഇപ്പോൾ ഒമ്പതു ഭാഷകളിൽ ലഭ്യമാണ്.41 ഭാഷകളിൽ വീഡിയോ പരിപാടികൾ നിർമിക്കുന്നുണ്ട്. ലോകാസ്ഥാനത്താണു സ്ക്രിപ്റ്റുകൾ തയ്യാറാക്കുന്നത്. അവിടെ 2,100 മൂല വീഡിയോ കാസറ്റുകൾ ഉള്ള ഒരു ലൈബ്രറിയുമുണ്ട്. അവയിൽ നിന്നു കൂടുതലായ വിശദാംശങ്ങൾ പകർത്താനാകും. എങ്കിലും, വീഡിയോ റെക്കോർഡിങ് പാറ്റേഴ്സനിൽ മാത്രമല്ല ലോകത്തിന്റെ മറ്റനേകം ഭാഗങ്ങളിലും നടത്തിവരുന്നു. ഇപ്പോൾ, ഒറിജിനൽ മാസ്റ്റർ വീഡിയോ ടേപ്പുകളും ഇംഗ്ലീഷ് പതിപ്പും എഡിറ്റ് ചെയ്യുന്നതു സൊസൈറ്റിയുടെ പാറ്റേഴ്സനിലുള്ള പുതിയ ഓഡിയോ/വീഡിയോ റെക്കോർഡിങ് സ്റ്റുഡിയോയിൽ ആണ്. നെതർലൻഡ്സിൽ ഉള്ള സൊസൈറ്റിയുടെ സ്റ്റുഡിയോയിലാണ് ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകളിൽ പരിപാടികൾ ഡ്യൂപ്ലിക്കേഷനു വേണ്ടി തയ്യാറാക്കുന്നത്. ഓഡിയോ റെക്കോർഡിങ് സൗകര്യമുള്ള ബ്രാഞ്ചുകളിൽ ശബ്ദലേഖനം നടത്തിയിട്ട് അതു പിന്നീടു നെതർലൻഡ്സിലേക്ക് അയയ്ക്കുന്നു. അവിടെ പ്രസ്തുത പരിപാടിയോടു സംഗീതവും സൗണ്ട് ഇഫക്ടും സംയോജിപ്പിക്കുന്നതിനു പുറമേ വേണ്ടത്ര ദൃശ്യ ആവിഷ്കരണങ്ങളും ചേർക്കപ്പെടുന്നു. അങ്ങനെ ഓരോ ഭാഷയിലും വീഡിയോ കാസറ്റിന്റെ മാസ്റ്റർ കോപ്പിയുടെ പകർപ്പു തയ്യാറാക്കുന്നു. പൗരസ്ത്യ ദേശങ്ങൾക്കു വേണ്ടി ജപ്പാൻ ഈ വേലയിൽ ഒരു പങ്കു വഹിക്കുന്നുണ്ട്.
ആംഗ്യ ഭാഷകളിൽ വീഡിയോ കാസറ്റുകളുടെ ഉപയോഗം വർധിച്ചു വരുകയാണ്. ഓരോ ആംഗ്യ ഭാഷയും വ്യത്യസ്തമാണ് എന്നും അവ കേവലം സംസാര ഭാഷയുടെ ദൃശ്യ ആവിഷ്കരണമല്ല എന്നും മനസ്സിലാക്കിയതിന്റെ ഫലമായിട്ടാണ് അവയുടെ ഉപയോഗം വർധിച്ചിരിക്കുന്നത്. ആംഗ്യഭാഷാ വീഡിയോ ടേപ്പുകൾ ലഭിക്കാൻ തുടങ്ങിയതോടെ, യഹോവ തങ്ങളെ മറന്നിട്ടില്ല, മറിച്ച് ബധിരരെ കുറിച്ചും അവൻ കരുതൽ ഉള്ളവനാണ് എന്നതിന്റെ തെളിവായി ചില ബധിരർ അതിനെ കണക്കാക്കി. നേരത്തേതന്നെ നിർമിച്ചെടുത്ത ഓഡിയോ/വീഡിയോ അവതരണങ്ങളിൽ ആംഗ്യഭാഷാ വ്യാഖ്യാനം ചേർത്തുകൊണ്ടാണു സൊസൈറ്റി ആംഗ്യഭാഷാ വീഡിയോകൾ ഉത്പാദിപ്പിക്കുന്നത്. നിലവിലുള്ള വാച്ച് ടവർ പ്രസിദ്ധീകരണങ്ങളുടെ സമ്പൂർണ ദൃശ്യ പരിഭാഷ അവതരിപ്പിക്കുന്ന വീഡിയോ ടേപ്പുകളും ഉണ്ട്. ബധിരരുമായി ഭവന ബൈബിൾ അധ്യയനങ്ങൾ നടത്താനാണു മിക്കപ്പോഴും ഇവ ഉപയോഗിക്കുന്നത്. അതുകൊണ്ട്, വീഡിയോകളിൽ അധ്യയന ചോദ്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അത് ചോദ്യോത്തര
ചർച്ചയിൽ എന്നവണ്ണം അധ്യയനം സാധ്യമാക്കുന്നു. കൂടാതെ, ആംഗ്യഭാഷയിലുള്ള ഗീതാലാപനവും വീഡിയോ ടേപ്പുകളിൽ ലഭ്യമാണ്. ഗീതങ്ങൾക്കു ഭാവം നൽകാൻ സദസ്സിനെ നയിക്കുന്നതിനാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ഐക്യനാടുകൾ, മെക്സിക്കോ, ബ്രസീൽ, ജപ്പാൻ, ഡെൻമാർക്ക്, നെതർലൻഡ്സ് എന്നിവിടങ്ങളിൽ ഉള്ള സ്റ്റുഡിയോകളിൽ ആംഗ്യഭാഷാ പരിപാടികളുടെ വീഡിയോ റെക്കോർഡിങ്ങിനു സൊസൈറ്റി പിന്തുണ നൽകുന്നതായിരിക്കും. ഈ ബ്രാഞ്ചുകളിൽ മിക്കതിലും ആംഗ്യഭാഷാ പരിപാടികളും എഡിറ്റു ചെയ്യപ്പെടുന്നതായിരിക്കും.സമീപ വർഷങ്ങളിൽ ആംഗ്യഭാഷയിലുള്ള സാക്ഷീകരണം ഗണ്യമായി വർധിച്ചിരിക്കുന്നു. കൊറിയയിൽ 17 ആംഗ്യഭാഷാ സഭകൾ ഉണ്ട്. നിരവധി വർഷങ്ങളായി അവിടെ ഈ ആവശ്യത്തിനു പ്രത്യേകം ശ്രദ്ധ നൽകിയിരിക്കുന്നു. ഐക്യനാടുകളിൽ അത്തരം 19 സഭകളുണ്ട്. റഷ്യയിൽ അത്തരം ഒരു സഭയും 43 ചെറിയ കൂട്ടങ്ങളും ഉണ്ട്. ബധിരരുടെ പ്രത്യേക ആവശ്യങ്ങൾ കണക്കിലെടുത്തു നൽകപ്പെടുന്ന പരിഗണനയ്ക്കു മറ്റു സ്ഥലങ്ങളിൽ നിന്നും നല്ല പ്രതികരണമുണ്ട്. ലോകവ്യാപകമായി അത്തരം 80-ഓളം സഭകളും ധാരാളം ചെറിയ കൂട്ടങ്ങളും ഉണ്ട്. ശ്രവണ-സംസാര ശേഷിയുള്ള യഹോവയുടെ ദാസരുടെ കാര്യത്തിൽ വാസ്തവം ആയിരിക്കുന്നതുപോലെ അവരുടെ ബധിര സഹോദരങ്ങളും, ഭാഷാ വ്യത്യാസങ്ങൾ—അത് ശ്രവ്യഭാഷയോ ദൃശ്യഭാഷയോ ആയിക്കൊള്ളട്ടെ—തുറന്ന ആശയ വിനിമയത്തിനു പ്രതിബന്ധങ്ങൾ സൃഷ്ടിക്കാത്ത സമയത്തിനായി നോക്കിപ്പാർത്തിരിക്കുന്നു. എങ്കിലും, ഇപ്പോൾ പോലും പല ഭാഷകൾ ഉപയോഗിച്ചു നാമെല്ലാം “നിർമല ഭാഷ” സംസാരിക്കുകയും അങ്ങനെ, ഐക്യത്തിൽ യഹോവയുടെ നന്മ അറിയിക്കുന്നതിലുള്ള പദവി ആസ്വദിക്കുകയും ചെയ്യുന്നു.—സെഫ. 3:9, NW.
സത്പ്രവൃത്തികളുടെ ദൃക്സാക്ഷികൾ
രാജ്യസുവാർത്ത മറ്റുള്ളവരുമായി പങ്കിടുമ്പോൾ തന്റെ ദാസർ പ്രകടിപ്പിക്കുന്ന തീക്ഷ്ണത യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. എങ്കിലും, അവരുടെ മാതൃകാപരമായ നടത്തയും സത്പ്രവൃത്തികളും മിക്കപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നു. ദുഃഖകരമെന്നു പറയട്ടെ, ചിലപ്പോഴൊക്കെ ആളുകൾ അവയെ തെറ്റായി വ്യാഖ്യാനിക്കാറുമുണ്ട്. തെറ്റിദ്ധാരണകൾ ഉള്ളവരെങ്കിലും യുക്തിബോധമുള്ള ആളുകളെ ഇതേക്കുറിച്ച് അറിയിക്കാനും പഠിപ്പിക്കാനും ഫലപ്രദമായ മാർഗങ്ങൾ ഉണ്ടോ?—1 പത്രൊ. 2:12.
റൈറ്റിങ് കമ്മിറ്റിയുടെ മാർഗനിർദേശത്തിൻ കീഴിൽ പ്രവർത്തിക്കുന്ന പൊതുകാര്യ ഓഫീസ് (Public Affairs Office) രാജ്യ സന്ദേശത്തോട് ആളുകൾ അനുകൂലമായി പ്രതികരിക്കത്തക്കവണ്ണം, ദൈവജനത്തെപ്പറ്റി
ആളുകൾക്കുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കാനുള്ള ശ്രമങ്ങൾ ചെയ്തുവരുന്നു. പ്രസ്തുത ഓഫീസ്, യഹോവയുടെ സാക്ഷികളെ മനസ്സിലാക്കാൻ പൊതു ജനങ്ങളെ സഹായിക്കുന്ന ശരിയായ വിവരങ്ങൾ മാധ്യമങ്ങൾക്കും ഉപദേഷ്ടാക്കൾക്കും മറ്റു വിദഗ്ധർക്കും അയച്ചുകൊടുക്കുന്നതിനു ലഭ്യമാക്കുന്നു.വംശീയവും വിഭാഗീയവുമായ കൊടിയ അക്രമം ലോക സമുദായത്തിൽ ആകുലീകരിക്കുന്ന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മുൻവിധിയും അക്രമാസക്തമായ പെരുമാറ്റവും ഒഴിവാക്കാൻ യുവ വിദ്യാർഥികളെ സഹായിക്കുന്നതിനു സദാചാര മൂല്യങ്ങൾ പഠിപ്പിക്കാൻ വിദ്യാഭ്യാസ വിദഗ്ധർ മാർഗങ്ങൾ ആരായുകയാണ്. അവരുമായി യഹോവയുടെ സാക്ഷികൾക്ക് എന്തു പങ്കിടാനാകും? സ്വീഡനിലെ ഒരു സാക്ഷി ഒരു ഉയർന്ന ഉദ്യോഗസ്ഥന് യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു (ഇംഗ്ലീഷ്) എന്ന വീഡിയോ അയച്ചുകൊടുത്തു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട്, ജീവത്ചരിത്രം എന്ന പേരിൽ ദേശവ്യാപകമായി നടത്തുന്ന ഒരു ബോധവത്കരണ പദ്ധതിയിൽ പങ്കെടുക്കാൻ ഗവൺമെന്റ് പ്രതിനിധികൾ സാക്ഷികളെ ക്ഷണിച്ചു. നാസി യുഗത്തിലെ യഹോവയുടെ സാക്ഷികളെ കുറിച്ചു നമ്മുടെ സഹോദരങ്ങൾ സ്കൂൾ കുട്ടികളെയും പൊതു ജനങ്ങളെയും അറിയിക്കാൻ അവർ ആഗ്രഹിച്ചു. തന്മൂലം, കൂട്ടക്കൊലയെ ആസ്പദമാക്കി സദാചാരത്തെയും ധാർമികതയെയും കുറിച്ചു ക്ലാസ്സുകളിൽ പ്രസംഗങ്ങൾ നടത്താൻ സാക്ഷികളെ ക്ഷണിക്കുന്നതിന് അധ്യാപകർ പ്രോത്സാഹിതരായി.
ചിലയിടങ്ങളിൽ, യഹോവയുടെ സാക്ഷികൾ—ആ പേരിനു പിന്നിലെ സംഘടന എന്ന വീഡിയോയാണു ഫലപ്രദമായിരുന്നത്. ഐവറി കോസ്റ്റിൽ ആ വീഡിയോ ദേശീയ ടെലിവിഷനിൽ കാണിച്ച ശേഷം അനേകർ യഹോവയുടെ സാക്ഷികളോടും അവരുടെ സംഘടനയോടും വളരെയധികം വിലമതിപ്പു പ്രകടമാക്കി.
ചികിത്സാർഥം രക്തം ഉപയോഗിക്കുന്നതു സംബന്ധിച്ചുള്ള തെറ്റിദ്ധാരണകളെ ഒരു പഴുതായി ഉപയോഗിച്ചുകൊണ്ട് റഷ്യയിൽ നമ്മുടെ പ്രവർത്തനത്തിനു തടയിടാൻ ചില എതിരാളികൾ ശ്രമിച്ചിരിക്കുന്നു. (പ്രവൃ. 15:28, 29) രക്തം വിതരണം ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ റഷ്യയിലെ ആരോഗ്യ സംഘടനതന്നെ പ്രശ്നങ്ങൾ നേരിടുന്ന സ്ഥിതിക്ക് പകര ചികിത്സയെ കുറിച്ചുള്ള വിവരങ്ങളിൽ നിന്ന് അതു പ്രയോജനം അനുഭവിക്കും. രക്തത്തിന്റെ ഉപയോഗം കൂടാതെ രോഗികളെ ചികിത്സിക്കാൻ മനസ്സൊരുക്കമുള്ള ഡോക്ടർമാർക്ക് ആ രംഗത്തു കൂടുതൽ അറിവും പരിശീലനവും ആവശ്യമാണ്. ജീവനെയും രക്തത്തെയും കുറിച്ചുള്ള ബൈബിളിന്റെ പ്രമാണത്തോടു പറ്റിനിൽക്കുന്നതുകൊണ്ട് യഹോവയുടെ സാക്ഷികൾക്ക്, ശാസ്ത്ര-ചികിത്സാ മേഖലകൾക്കും രോഗികളുടെ അവകാശങ്ങൾക്കു വില കൽപ്പിക്കുന്ന വൈദ്യ സമൂഹത്തിനും പൊതുജനങ്ങൾക്കു മൊത്തമായും വിവരങ്ങൾ പ്രദാനം ചെയ്യാൻ കഴിഞ്ഞിരിക്കുന്നു.
ഇതിനോടുള്ള ബന്ധത്തിൽ, പൊതുകാര്യ ഓഫീസും ഹോസ്പിറ്റൽ ഇൻഫർമേഷൻ സർവീസസും ചേർന്ന് സെന്റ് പീറ്റേഴ്സ്ബർഗിലും മോസ്കോയിലും ഉള്ള ആശുപത്രികളിൽ ഹ്രസ്വാവതരണങ്ങളുടെ ഒരു പരമ്പര ആവിഷ്കരിച്ചു. 1998-ലെ വസന്തത്തിൽ നടത്തിയ ആ സംരംഭത്തിൽ രക്തം ഉപയോഗിക്കാതിരിക്കാനുള്ള യഹോവയുടെ സാക്ഷികളുടെ തീരുമാനത്തോടു സഹകരിക്കുന്ന, ഐക്യനാടുകളിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള പ്രമുഖരായ ഡോക്ടർമാർ ക്ഷണിക്കപ്പെട്ടു. രക്തരഹിത ചികിത്സാ കേന്ദ്രമുള്ള ഒരു യു.എസ്. ആശുപത്രിയിലെ അനസ്തേഷ്യാ-അടിയന്തിര ചികിത്സാ വിഭാഗത്തിന്റെ തലവൻ ഇങ്ങനെ പറഞ്ഞു: “രക്തരഹിത ശസ്ത്രക്രിയ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ചെലവുകൾ ചുരുക്കുന്നതോടൊപ്പം രോഗിക്കു മെച്ചപ്പെട്ട ആരോഗ്യം സംഭാവന ചെയ്യുന്നതായിട്ടാണു ഞങ്ങളുടെ അനുഭവം.” 400 പേർ അടങ്ങുന്ന റഷ്യൻ ഡോക്ടർമാരുടെ ഒരു സംഘത്തോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “രക്തപ്പകർച്ചയെ ജീവരക്ഷാകരം ആയിട്ടാണു വീക്ഷിച്ചു പോന്നിട്ടുള്ളത്. എന്നാൽ, രോഗികളിൽ അത് ഏറ്റവും വിനാശകരമായ ഫലങ്ങൾ ഉളവാക്കുന്നതിന്റെ വർധിച്ചുവരുന്ന ഉദാഹരണങ്ങളാണു നാം കാണുന്നത്.” പ്രസ്തുത സിമ്പോസിയത്തിന്റെ പ്രാധാന്യത്തിനു മാധ്യമങ്ങളിൽ നല്ല പ്രചാരണം ലഭിച്ചു. റഷ്യയിലെ പ്രമുഖ ചികിത്സാ വിദഗ്ധരും ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ആരോഗ്യ കമ്മിറ്റികളിൽ നിന്നുമുള്ള പ്രതിനിധികളും സന്നിഹിതർ ആയിരുന്നു. അതേത്തുടർന്ന് താമസിയാതെ, വൈദ്യ സമൂഹത്തിൽ നിന്നുള്ള അങ്ങേയറ്റം ആദരണീയരായ ആളുകൾ രക്തത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട അപകടങ്ങളെ കുറിച്ചു നടത്തിയ പ്രസ്താവനകൾ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. രക്തപ്പകർച്ച നിരസിക്കുന്ന തീരുമാനത്തെ യുക്തിഹീനമായി വീക്ഷിക്കരുത് എന്നും അവർ അംഗീകരിച്ചു പറഞ്ഞു.
കൂടാതെ, പോയ വർഷം, തിരഞ്ഞെടുക്കപ്പെട്ട ഏതാനും രാജ്യങ്ങളിൽ കുടുംബത്തകർച്ചയെ കുറിച്ച് ഉത്കണ്ഠാകുലരായ വ്യക്തികളും സംഘടനകളുമായി ബന്ധപ്പെടുന്നതിനു സംഘടിത ശ്രമങ്ങൾതന്നെ നടത്തപ്പെട്ടു. കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം അവർക്കു നൽകുകയുണ്ടായി. പ്രതികരണമോ?
സ്പെയിനിലെ മഡ്രിഡിലുള്ള ഒരു പ്രമുഖ കത്തോലിക്കാ സ്കൂളിന്റെ ഡയറക്ടർ 90 കുടുംബസന്തുഷ്ടി പുസ്തകം—സ്കൂൾ ജീവനക്കാർക്ക് ഓരോരുത്തർക്കും ഒരു പ്രതിവീതം—ആവശ്യപ്പെട്ടു. നെതർലൻഡ്സിൽ കുഴപ്പക്കാരായ കുട്ടികളെ പാർപ്പിക്കുന്ന ഒരു സദനത്തിന്റെ എഫെ. 5:22–6:4) ആ പ്രചാരണ പരിപാടിയുടെ ഫലമായി ചില അധ്യാപകർ സഭായോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയിരിക്കുന്നു.
ഡയറക്ടർ, ആ സദനത്തിലെ ഓരോ യൂണിറ്റിന്റെയും മേൽനോട്ടം വഹിക്കുന്നവർക്ക് ഒരു പ്രതി വീതം നൽകത്തക്കവണ്ണം കുടുംബസന്തുഷ്ടി പുസ്തകത്തിന്റെ പ്രതികൾ ആവശ്യപ്പെട്ടു. കുടുംബങ്ങളെ ബലിഷ്ഠമാക്കാൻ യഹോവയുടെ സാക്ഷികൾ ചെയ്യുന്ന പ്രചാരണ പരിപാടിയെ കുറിച്ച് യൂക്രെയിനിൽ വർത്തമാനപ്പത്രങ്ങളും റേഡിയോയും ടിവിയും റിപ്പോർട്ടു ചെയ്തു. 256 സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡയറക്ടർമാർ കുടുംബങ്ങളെ ബലിഷ്ഠമാക്കുന്നതു സംബന്ധിച്ചു തങ്ങളുടെ ജീവനക്കാർക്കു ക്ലാസ്സെടുക്കാൻ സാക്ഷികളെ ക്ഷണിച്ചു. (കഴിഞ്ഞ വർഷം പ്രത്യേകം ശ്രദ്ധ ചെലുത്തിയ മറ്റൊരു വിഷയം സ്ത്രീകളുടെ ധർമം സംബന്ധിച്ചുള്ളത് ആയിരുന്നു. 1998 ഏപ്രിൽ 8 ലക്കം, “സ്ത്രീകൾ—ഭാവി അവർക്ക് എന്തു കൈവരുത്തും?” എന്ന മുഖലേഖന പരമ്പര വിശേഷവത്കരിച്ചു. സ്ത്രീകൾ നേരിടുന്ന വിവേചനത്തെയും സമൂഹത്തിൽ അവരുടെ തൊഴിലിനുള്ള മൂല്യത്തെയും ബൈബിൾ കാഴ്ചവെക്കുന്ന ക്രിയാത്മക വീക്ഷണത്തെയും കുറിച്ച് അതു ചർച്ച ചെയ്തു. (സദൃ. 31:10-31; 1 തിമൊ. 5:1, 2) സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങൾക്കും സംഘടനകൾക്കും ഈ വിവരങ്ങൾ ലഭ്യമാക്കാൻ പ്രത്യേക ശ്രമങ്ങൾ നടത്തപ്പെട്ടു. അത്തരം വിവരങ്ങൾ പ്രദാനം ചെയ്യാൻ യഹോവയുടെ സാക്ഷികൾക്ക് അല്ലാതെ വേറെ ആർക്കു സാധിക്കും, അതും 230-ലധികം ദേശങ്ങളിൽ?
ജപ്പാൻ ബ്രാഞ്ചിലെ സഹോദരങ്ങൾ 3,000-ത്തിലധികം വനിതാ സംഘടനകൾക്ക് ഒരു കത്തിനോടൊപ്പം പ്രസ് റിലീസും ഉണരുക!യുടെ ഒരു പ്രതിയും അയച്ചുകൊടുത്തു. പോർട്ടോറിക്കോയിൽ താത്പര്യക്കാരായ ആളുകൾ—ചില സാമൂഹിക പ്രവർത്തകരും ഒരു സർവകലാശാലാ പ്രൊഫസറും അതിൽ ഉൾപ്പെട്ടിരുന്നു—ഉണരുക!യുടെ ആ പ്രത്യേക ലക്കം ആവശ്യപ്പെട്ടുകൊണ്ടു ബ്രാഞ്ചിലേക്കു ഫോൺ ചെയ്തു. ഒരു നിയമസഭാംഗം ആ മാസിക വായിച്ചിട്ട് യഹോവയുടെ സാക്ഷികൾ നടത്തുന്ന ലോകവ്യാപക വിദ്യാഭ്യാസ പരിപാടിയിലും സമൂഹത്തിലുള്ള അവരുടെ ആത്മാർഥമായ താത്പര്യത്തിലും മതിപ്പു തോന്നി സാക്ഷികളെ തന്റെ ഓഫീസിലേക്കു ക്ഷണിച്ചു. ഒരു നഗരത്തിൽ മേയറുടെ എക്സിക്യൂട്ടിവ് അസിസ്റ്റന്റ്, പ്രസ്തുത വിഷയത്തിൽ അതിയായ താത്പര്യം തോന്നിയിട്ടു മുനിസിപ്പൽ ഓഫീസിലെ അഞ്ചു ഡിപ്പാർട്ടുമെന്റുകൾക്കായി അതിന്റെ 100 പ്രതികൾ ആവശ്യപ്പെട്ടു.
നമ്മെക്കുറിച്ചു ലോകത്തിൽ അനേകർക്കുമുള്ള മോശമായ വീക്ഷണത്തെ മാറ്റിയെടുക്കാൻ നമുക്കാവില്ല. എന്നാൽ, തന്റെ പ്രവൃ. 13:48, NW.
നാമമഹത്ത്വീകരണത്തിൽ കലാശിക്കുന്ന പ്രവർത്തനങ്ങളെ യഹോവ അനുഗ്രഹിക്കുന്നതിൽ തുടരും എന്നു നമുക്കു വിശ്വാസമുണ്ട്. നമ്മുടെ സത്പ്രവൃത്തികൾ കാണുന്നതിന്റെ ഫലമായി “നിത്യജീവനായി ശരിയായ മനോനിലയുള്ളവർ” ദൈവത്തെ മഹത്ത്വപ്പെടുത്തുന്നവരുടെ കൂടെ ആയിരിക്കുന്നതിന്റെ ആവശ്യം തിരിച്ചറിയുന്നു.—‘കൂടാരത്തിന്റെ കയറുകളെ നീട്ടൽ’
ദീർഘകാലം മുമ്പ് തന്റെ സംഘടനയെ കുറിച്ച് യഹോവ പ്രാവചനികമായി ഇങ്ങനെ പറഞ്ഞു: “നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; . . . തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക.” (യെശ. 54:2) ഇപ്പോൾ വെളിപ്പാടു 7:9-ന്റെ നിവൃത്തിയെന്ന നിലയിൽ, മിശിഹൈക രാജ്യത്തിൻ കീഴിൽ ഭൂമിയിലെ ജീവിതത്തിനായി നോക്കിപ്പാർത്തിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ദിവ്യാധിപത്യ സംഘടനയോടൊത്തു സഹവസിക്കാൻ വന്നെത്തുന്നു. അവർക്കും സ്ഥാപനത്തിൽ ഇടം വേണം.
ബൈബിൾ പ്രബോധനം പ്രദാനം ചെയ്യുന്നതിന് ഉചിതമായ ഇടങ്ങൾക്കായി മിക്ക ദേശങ്ങളിലും രാജ്യഹാളുകൾ പണിയേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഘാനയിൽ 237 രാജ്യഹാളുകൾ ഉള്ളതായും 275 ഹാളുകൾ നിർമാണത്തിലുള്ളതായും ഒരു സർവേ വെളിപ്പെടുത്തി. യൂക്രെയിനിൽ 84 രാജ്യഹാളുകളുടെ നിർമാണം പൂർത്തിയായി, 61 ഹാളുകൾ നിർമാണത്തിലിരിക്കുന്നു എന്നു റിപ്പോർട്ടു ചെയ്യപ്പെടുന്നു. ദക്ഷിണാഫ്രിക്കയിൽ ഒരു മേഖലാ നിർമാണക്കമ്മിറ്റിയോടൊപ്പം പ്രവർത്തിക്കുന്ന സഹോദരങ്ങൾ രാജ്യഹാളിന് അടിത്തറയിടാൻ പ്രാദേശിക സഹോദരങ്ങളെ സഹായിക്കുകയും ഇഷ്ടിക നിർമാണ യന്ത്രം അവർക്കു നൽകുകയും ചെയ്തിരിക്കുന്നു. പ്രാദേശിക സാക്ഷികൾ—കൂടുതലും സഹോദരിമാർ—ഇഷ്ടികകൾ ഉണ്ടാക്കി അട്ടിയിട്ട് ഉണങ്ങാൻ വെക്കുന്നു. ഇഷ്ടികകൾ ഉപയോഗിക്കാറാകുമ്പോൾ മേഖലാ നിർമാണക്കമ്മിറ്റിയിലെ സന്നദ്ധസേവകർ മടങ്ങിയെത്തി പെട്ടെന്നുതന്നെ ഹാൾ പണിതുയർത്തുന്നു. കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഹാളുകൾ നിർമിക്കാൻ ഈ രീതിയിൽ അവർക്കു കഴിയുന്നു.
നല്ല രാജ്യഹാളുകൾ, കൂട്ടിച്ചേർക്കൽ വേല ത്വരിതപ്പെടുത്താൻ സഹായിക്കുന്നു. മഡഗാസ്കറിൽ രണ്ടു സഭകളുടെ ആവശ്യങ്ങൾക്കായി ഒരു രാജ്യഹാൾ നിർമിച്ച് ഏതാനും മാസങ്ങൾക്കകം അതേ പ്രദേശത്തു വേറെ രണ്ടു സഭകൾ രൂപീകൃതമായി. അവിടെത്തന്നെ വേറൊരു സഭ കൂടി രൂപീകൃതമാകുന്നതിനുള്ള സാധ്യതയും ഉണ്ട്. എങ്കിലും ആഫ്രിക്കയിൽ 28,000 പ്രസാധകരുള്ള ഒരു രാജ്യത്ത് 10 സഭകൾക്ക് ഒരു രാജ്യഹാൾ വീതമേ ഉള്ളൂ. 38,000 പ്രസാധകരുള്ള മറ്റൊരു രാജ്യത്ത്
26 സഭകൾക്ക് ഒരു രാജ്യഹാൾ വീതമേ ഉള്ളൂ. 1,00,000 പ്രസാധകരുള്ള പൂർവ യൂറോപ്പിലെ ഒരു ബ്രാഞ്ച് ഓഫീസ് പറയുന്നത് അവിടെ 13 സഭകൾക്ക് ഒരു രാജ്യഹാൾ വീതമേ ഉള്ളൂ എന്നാണ്. ചില രാജ്യങ്ങളിൽ അടിയന്തിരമായി 1,000-ത്തിലധികം രാജ്യഹാളുകൾ—2,500 പോലും—ആവശ്യമായിരിക്കുന്നു. അതുകൊണ്ട്, സേവന വർഷത്തിന്റെ അവസാനം, നിർദിഷ്ട ദേശങ്ങളിൽ അടിയന്തിരമായി ആവശ്യമായിരിക്കുന്ന 8,000-മോ അതിലധികമോ രാജ്യഹാളുകൾ പണിയുന്നതിനു സാർവദേശീയ സ്വമേധയാ സേവകരുടെ സഹായം ലഭ്യമാക്കാൻ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. അത്തരം ദേശങ്ങളിൽ, യഹോവയുടെ സംഘടനയിലേക്കു കൂട്ടമായി വന്നുകൊണ്ടിരിക്കുന്ന അനേകർക്ക് കൂടിവരുന്നതിന് ഇടം ലഭ്യമാക്കാൻ പ്രാദേശിക സഹോദരങ്ങൾക്കു വേണ്ടത്ര നിർമാണ വൈദഗ്ധ്യവും ഭൗതിക വിഭവങ്ങളും ഇല്ലാത്തതിനാലാണ് ഈ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്.പ്രസാധകരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിക്ക്—പോയ വർഷം 3,16,092 പേർകൂടി സ്നാപനമേറ്റു—ബ്രാഞ്ച് സൗകര്യങ്ങളും വികസിപ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നു. ലോകമെമ്പാടുമുള്ള ബെഥേൽ കുടുംബങ്ങളിൽ ഇപ്പോൾ 17,781 പേർ പ്രത്യേക മുഴു സമയ സേവകർ എന്ന നിലയിൽ സേവനം അനുഷ്ഠിക്കുന്നു.
കെനിയ: 1997 ഒക്ടോബർ 25-ന് കെനിയയിൽ പുതിയ ബ്രാഞ്ച് സൗകര്യങ്ങൾ സമർപ്പിക്കപ്പെട്ടു. ഭരണസംഘത്തിലെ മിൽട്ടൺ ഹെൻഷലും മുൻ കാലങ്ങളിൽ കെനിയയിൽ സേവനത്തിൽ പങ്കുപറ്റിയിരുന്നവരും സന്നിഹിതർ ആയിരുന്നു. വാരാന്തത്തിൽ ക്രമീകരിച്ച പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ പൂർവ ആഫ്രിക്കയിലെമ്പാടും നിന്ന് ഊർജസ്വലരായ സാക്ഷികൾ—ചിലർ നടന്നുപോലും—എത്തിച്ചേർന്നു.
പൂർവ ആഫ്രിക്കയിൽ, മൊത്തം 29,000 സജീവ സാക്ഷികൾ ഉള്ള ഒരു പ്രദേശത്തെ പ്രസംഗ വേലയിലും ശിഷ്യരാക്കൽ വേലയിലും മേൽനോട്ടം വഹിക്കുന്നത് ഈ ബ്രാഞ്ചാണ്. 1930-കളുടെ ആരംഭത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ധീരരായ പയനിയർമാർ കെനിയയിൽ സാക്ഷ്യവേലയ്ക്കു തുടക്കമിട്ടു. എങ്കിലും, മേരി ഹ്വിറ്റിങ്ടൺ സ്നാപനമേറ്റ് ഏറെനാൾ കഴിയും മുമ്പേ 1949-ൽ ഇംഗ്ലണ്ടിൽ നിന്ന് എത്തിയതോടെയാണ് അവിടങ്ങളിൽ തുടർച്ചയായി സാക്ഷ്യം നൽകപ്പെടാൻ തുടങ്ങിയത്. ആദ്യത്തെ മിഷനറിമാരെന്ന നിലയിൽ, ഗിലെയാദ് പരിശീലനം നേടിയ വില്യം നിസ്ബെറ്റും ഭാര്യ മ്യൂറിയലും 1956-ൽ എത്തിച്ചേർന്നു. നിസ്ബെറ്റ് സഹോദരന്റെ ജ്യേഷ്ഠന്മാരായ റോബർട്ടും ജോർജും 1930-കളിൽ കെനിയയിൽ ആദ്യമായി സാക്ഷ്യം നൽകിയ ആദ്യകാല പയനിയർമാരിൽ പെട്ടവരാണ്. വേറെ പല മിഷനറിമാരും സാംബിയ, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക
പയനിയർമാരും ആവശ്യം കൂടുതൽ ഉള്ളിടത്തു സേവിക്കുന്ന മറ്റു സഹോദരങ്ങളും കെനിയയിലെ വേലയുടെ പുരോഗതിയിൽ കാര്യമായ സംഭാവന ചെയ്തിട്ടുണ്ട്. കെനിയയിൽ പ്രസാധകരുടെ സംഖ്യ 1,000-ത്തിൽ എത്താൻ 41 വർഷമെടുത്തു. എന്നാൽ, ഇപ്പോൾ വർഷം തോറും 1,000-ത്തിലധികം ആളുകളാണു സ്നാപനം ഏൽക്കുന്നത്!ഫ്രാൻസ്: 1997 നവംബർ 15, 16 വാരാന്ത്യ തീയതികളിൽ ഫ്രാൻസിലെ യഹോവയുടെ സാക്ഷികൾ പാരീസിൽ നിന്നു 100 കിലോമീറ്റർ പടിഞ്ഞാറുള്ള ലൂവിയേയിൽ പുതിയ ബ്രാഞ്ച് സൗകര്യങ്ങൾ സമർപ്പിച്ചു. സമർപ്പണ പരിപാടിയിൽ 42 ബ്രാഞ്ചുകളിൽ നിന്നുള്ള സഹോദരീസഹോദരന്മാർ സന്നിഹിതർ ആയിരുന്നു. ഭരണസംഘാംഗങ്ങളായ ലോയിഡ് ബാരിയുടെയും ഡാനിയേൽ സിഡ്ലിക്കിന്റെയും പ്രസംഗങ്ങൾ പരിപാടിയുടെ സവിശേഷത ആയിരുന്നു. പിറ്റേന്ന്, പാരീസിനു വടക്കുള്ള വിൽപാന്റ് എക്സിബിഷൻ കേന്ദ്രത്തിൽ നടത്തിയ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന 95,888 പേരടങ്ങുന്ന ഒരു ജനസമൂഹത്തെ കാണുന്നത് എത്രമാത്രം രോമാഞ്ചജനകം ആയിരുന്നു! ഇത്രയധികം യഹോവയുടെ സാക്ഷികൾ ഫ്രാൻസിൽ കൂടിവരുന്നത് ആദ്യമായിട്ടാണ്.
1980-കളിൽ പ്രസാധകരുടെ എണ്ണത്തിലുണ്ടായ 50 ശതമാനം വർധനവ് ബെഥേലിൽ കൂടുതൽ സ്ഥലസൗകര്യങ്ങൾ ആവശ്യമാക്കിത്തീർത്തു. എന്നിരുന്നാലും, പദ്ധതി പൂർത്തിയാക്കാൻ 10 വർഷം വേണ്ടിവന്നു. ഇപ്പോഴത്തെ കെട്ടിടങ്ങളോടു ചേർന്നു വീണ്ടും പണിയാനുള്ള ആദ്യ ശ്രമങ്ങൾക്കു ശക്തമായ എതിർപ്പുകൾ നേരിടേണ്ടിവന്നു. ഫ്രാൻസിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു തടസ്സം സൃഷ്ടിക്കാൻ എതിരാളികൾ അശ്രാന്ത പരിശ്രമം ചെയ്യുന്നു. എന്നുവരികിലും, ഫ്രാൻസിലെ 1,21,000 വരുന്ന സാക്ഷികൾ ദൈവരാജ്യ സുവാർത്തയുടെ ഘോഷണത്തിൽ മന്ദീഭവിക്കുന്നില്ല. ഫ്രഞ്ചു ഭാഷ സംസാരിക്കുന്നവരായി ലോകമെമ്പാടുമുള്ള 10 കോടിയിൽപ്പരം ആളുകൾ ‘ജീവജലം സൗജന്യമായി വാങ്ങാ’നുള്ള ക്ഷണം കൃതജ്ഞതാപൂർവം സ്വീകരിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് അവർ ആ വേലയിൽ ഏർപ്പെടുന്നത്.—വെളി. 22:17.
സ്പെയിൻ: ഇവിടെയും പരമാർഥ ഹൃദയരായ അനേകർ ദൈവരാജ്യ സുവാർത്തയോട് അനുകൂലമായി പ്രതികരിക്കുന്നു. 1983-ൽ, മാഡ്രിഡിന്റെ പ്രാന്തത്തിലുള്ള ബ്രാഞ്ച് സമുച്ചയം സമർപ്പിക്കപ്പെട്ടതിനു ശേഷം സ്പെയിനിലെ സാക്ഷികളുടെ സംഖ്യ 53,000-ത്തിൽ നിന്ന് 1,03,000 ആയി വർധിച്ചു. സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിലേക്കുള്ള വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ അച്ചടി പ്രതിവർഷം
65,00,000 ആയിരുന്നതിൽ നിന്ന് ഏതാണ്ട് 2,30,00,000 ആയി വർധിച്ചിരിക്കുന്നു. “താമസസൗകര്യം അങ്ങേയറ്റം പരിമിതമായിരുന്നതിനാൽ 150-ഓളം ബെഥേൽ ജോലിക്കാർ ബെഥേലിൽ നിന്നു നിരവധി കിലോമീറ്റർ അകലെയാണു താമസിച്ചിരുന്നത്,” ഭവന മേൽവിചാരകനായ ജോൺ ഹൈഡെൽബർഗ് വിശദീകരിക്കുന്നു. “സാഹിത്യങ്ങൾ സൂക്ഷിക്കാനും കയറ്റി അയയ്ക്കാനും കൂടുതൽ സൗകര്യങ്ങൾ അത്യന്താപേക്ഷിതം ആയിരുന്നു.”വികസിപ്പിച്ച ബ്രാഞ്ച് സൗകര്യങ്ങളുടെ സമർപ്പണം 1998 മാർച്ച് 28-ന് ആയിരുന്നു. 25,000-ത്തിലധികം സ്വമേധയാ സേവകരുടെ—അവരിൽ അധികം പേരും സ്പെയിനിൽ നിന്നായിരുന്നെങ്കിലും വിദേശത്തു നിന്നുള്ളവരും ഉണ്ടായിരുന്നു—അഞ്ചു വർഷം നീണ്ടുനിന്ന കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു അത്. ബ്രുക്ലിൻ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള വില്യം മലെൻഫോണ്ടും ഗെരിറ്റ് ലോഷും സമർപ്പണ പരിപാടിയിൽ പങ്കുപറ്റി. സ്ഥലപരിമിതി മൂലം പ്രസ്തുത പരിപാടിയിൽ പങ്കെടുത്തവരുടെ എണ്ണം പരിമിതം ആയിരുന്നെങ്കിലും പിറ്റേന്നു മഡ്രിഡിലും ബാർസലോണയിലുമായി 65,775 പേർ ഉത്കൃഷ്ടമായ മറ്റൊരു പരിപാടി ആസ്വദിക്കാൻ സമ്മേളിച്ചു.
റൊമേനിയ: 80 വർഷത്തിലേറെയായി യഹോവയുടെ സാക്ഷികൾ റൊമേനിയയിൽ തങ്ങളുടെ പരസ്യ ശുശ്രൂഷ നടത്തിവരുകയാണ്. അവരുടെ പ്രവർത്തനത്തിന്മേൽ 43 വർഷക്കാലമായി നിലനിന്ന നിരോധനം 1990-ൽ, നീക്കിയപ്പോൾ അവിടെ 19,000-ത്തോളം സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അവിടെ 37,000-ത്തിലധികം സാക്ഷികളുണ്ട്. 82,000-ത്തിലധികം പേർ 1998-ലെ സ്മാരകത്തിനു കൂടിവന്നു. റൊമേനിയയിൽ ബ്രാഞ്ച് സൗകര്യങ്ങൾ ആവശ്യമായിവന്നു. അങ്ങനെ, പോയ വർഷത്തെ ഒരു സവിശേഷ സംഭവം എന്നവണ്ണം, 1998 മേയ് 2-ന് പുതിയ ബ്രാഞ്ച് സമർപ്പിക്കപ്പെട്ടു. ഭരണസംഘാംഗമായ ഗെരിറ്റ് ലോഷ് ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നുള്ള സഹോദരങ്ങൾ ആ സന്ദർഭത്തിന്റെ സന്തോഷം പങ്കുവെക്കാൻ സന്നിഹിതർ ആയിരുന്നു.
1998 സേവന വർഷം അവസാനിച്ചപ്പോഴേക്കും പ്രാദേശിക സാക്ഷികളോടൊപ്പം വിവിധ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അനുഭവ സമ്പന്നരായ 397 സാർവദേശീയ ദാസന്മാരും 150 സാർവദേശീയ സ്വമേധയാ സേവകരും ഉണ്ടായിരുന്നു. 38 രാജ്യങ്ങളിലെ വലിയ നിർമാണ പ്രവർത്തനവും 23 രാജ്യങ്ങളിലെ ചെറിയ പദ്ധതികളും അതിൽ ഉൾപ്പെട്ടിരുന്നു. ആയിരക്കണക്കിനു രാജ്യഹാളുകൾ ഇപ്പോൾ അവരുടെ നിർമാണ പ്രവർത്തന ലിസ്റ്റിൽ ചേർക്കപ്പെടുന്നതാണ്. വാസ്തവമായും, ആലങ്കാരിക കൂടാരം കൂടുതൽ “വിശാലമാ”ക്കാനും അതിന്റെ ‘കയറുകൾ നീട്ടാനും’ പല വിധങ്ങളിലായി അനേകം കാര്യങ്ങൾ ചെയ്തുവരുന്നു.
[6-ാം പേജിലെ ചിത്രം]
ഭരണസംഘാംഗങ്ങൾ ഓരോ അന്താരാഷ്ട്ര കൺവെൻഷനിലും പ്രസംഗിച്ചു
[11-ാം പേജിലെ ചിത്രം]
മിഷനറിമാരുടെ റിപ്പോർട്ടുകൾ സവിശേഷ ഇനമായിരുന്നു
[12-14 പേജുകളിലെ ചിത്രങ്ങൾ]
കൺവെൻഷനിൽ പങ്കെടുത്തവരിൽ ശ്രദ്ധേയമായ സ്നേഹവും സന്തോഷവും പ്രകടമായിരുന്നു
[21-ാം പേജിലെ ചിത്രങ്ങൾ]
പാറ്റേഴ്സനിലെ ഓഡിയോ/വീഡിയോ റെക്കോർഡിങ് സ്റ്റുഡിയോ
[29-ാം പേജിലെ ചിത്രങ്ങൾ]
സമർപ്പിക്കപ്പെട്ട ബ്രാഞ്ചുകൾ: (1) സ്പെയിൻ, (2) കെനിയ, (3) ഫ്രാൻസ്