വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജർമനി

ജർമനി

ജർമനി

അന്താരാ​ഷ്‌ട്ര പ്രവർത്ത​ന​ങ്ങ​ളു​ടെ ഒരു കേന്ദ്ര​സ്ഥാ​ന​മാ​ണു ജർമനി. പ്രതി​വർഷം ശരാശരി 1,50,00,000-ഓളം വിദേ​ശി​കൾ വിനോദ സഞ്ചാരി​ക​ളാ​യി ഇവിടെ എത്തുന്നു. അവരിൽ അനേക​രും ബവറിയ ആൽപ്‌സി​ലോ മനോ​ഹ​ര​മായ റൈൻ നദിയു​ടെ തീരം ചേർന്നു കിടക്കുന്ന ബ്ലാക്ക്‌ ഫോറ​സ്റ്റി​ലോ അല്ലെങ്കിൽ നഗരങ്ങ​ളി​ലുള്ള സാംസ്‌കാ​രിക കേന്ദ്രങ്ങൾ സന്ദർശി​ച്ചു​കൊ​ണ്ടോ അവധി​ക്കാ​ലം ചെലവ​ഴി​ക്കു​ന്നു. ബിസി​ന​സു​മാ​യി ബന്ധപ്പെ​ട്ടാ​യി​രി​ക്കാം മറ്റു ചിലർ ജർമനി​യിൽ എത്തുന്നത്‌. ഗോള​മെ​മ്പാ​ടും വ്യാപാ​ര​ക്ക​ണ്ണി​ക​ളുള്ള ജർമനി, ലോക​ത്തി​ലെ പ്രമുഖ വ്യാവ​സാ​യിക രാഷ്‌ട്ര​ങ്ങ​ളിൽ ഒന്നാണ്‌. ഈ രാജ്യ​ത്തി​ന്റെ തഴച്ചു​വ​ള​രുന്ന സമ്പദ്‌വ്യ​വസ്ഥ വർഷങ്ങ​ളോ​ളം മറ്റു ദേശങ്ങ​ളിൽ നിന്നുള്ള നിരവധി ജോലി​ക്കാ​രെ ആകർഷി​ച്ചി​ട്ടുണ്ട്‌. വൻ നഗരങ്ങ​ളി​ലെ ജനാവ​ലി​യു​ടെ ഘടനയിൽ നിന്ന്‌ അതു പ്രകട​മാണ്‌. ജർമനി​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ശുശ്രൂ​ഷ​യെ​യും അതു സ്വാധീ​നി​ച്ചി​രി​ക്കു​ന്നു.

രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്തും അതിന്റെ ഒടുവി​ലും നടന്ന സംഭവങ്ങൾ സാക്ഷി​ക​ളു​ടെ ശുശ്രൂ​ഷയെ കൂടു​ത​ലാ​യി ബാധി​ച്ചി​രി​ക്കു​ന്നു. അഡോൾഫ്‌ ഹിറ്റ്‌ല​റു​ടെ സ്വേച്ഛാ​ധി​പ​ത്യ​ത്തിൻ കീഴിൽ അവർ കിരാ​ത​മായ, തുടർച്ച​യായ ആക്രമ​ണ​ങ്ങൾക്കു വിധേ​യ​രാ​യി. കത്തോ​ലി​ക്കാ, പ്രൊ​ട്ട​സ്റ്റന്റ്‌ വൈദി​ക​രു​ടെ അനു​ഗ്ര​ഹാ​ശി​സ്സു​ക​ളോ​ടെ ഹിറ്റ്‌ലർ, ഏൺസ്‌റ്റെ ബീബിൾഫൊർഷറെ (ആത്മാർഥ​ത​യുള്ള ബൈബിൾ വിദ്യാർഥി​കളെ)—യഹോ​വ​യു​ടെ സാക്ഷികൾ അന്നു ജർമനി​യിൽ അങ്ങനെ​യാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌—ഉന്മൂലനം ചെയ്യു​മെന്നു പ്രതി​ജ്ഞ​യെ​ടു​ത്തു. എന്നാൽ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ വിശ്വാ​സ​ത്തിൽ വിട്ടു​വീഴ്‌ച വരുത്തി​യില്ല. നിർദ​യ​മായ ആക്രമ​ണ​ത്തിൻ മധ്യേ​യും അവർ ഉറച്ചു നിന്നു.

ജർമനി​യിൽ സാക്ഷി​ക​ളു​ടെ​മേൽ നിരോ​ധനം ഏർപ്പെ​ടു​ത്തി 12 വർഷം കഴിഞ്ഞ​പ്പോൾ ഹിറ്റ്‌ല​റും അയാളു​ടെ രാഷ്‌ട്രീയ പാർട്ടി​യും മൺമറഞ്ഞു. നേരെ​മ​റിച്ച്‌, യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​രാ​ജ്യ​ത്തെ​യും അതു മനുഷ്യ​വർഗ​ത്തിന്‌ എന്ത്‌ അർഥമാ​ക്കും എന്നതി​നെ​യും കുറിച്ച്‌ ആളുക​ളോ​ടു പറയു​ന്ന​തിൽ വ്യാപൃ​തർ ആയിരു​ന്നു. നാസി യുഗത്തി​ലെ അവരുടെ കയ്‌പേ​റിയ അനുഭ​വ​ങ്ങ​ളെ​യും അവർ അവയെ നേരിട്ട വിധങ്ങ​ളെ​യും കുറി​ച്ചുള്ള വൃത്താ​ന്തങ്ങൾ സാക്ഷ്യം നൽകു​ന്ന​തി​നുള്ള അടിസ്ഥാ​ന​മാ​യി തുടരു​ന്നു—അതേ, ഇപ്പോൾ അതു മുഴു ലോക​ത്തി​നും സാക്ഷ്യം നൽകുന്നു.

സാക്ഷി​കൾക്കു വിജയം വരിക്കാൻ കഴിഞ്ഞത്‌ എങ്ങനെ? അവരുടെ മിടു​ക്കി​നാ​ലോ സംഖ്യാ ബലത്താ​ലോ ആയിരു​ന്നില്ല എന്നതു സ്‌പഷ്ട​മാണ്‌. കാരണം, രണ്ടാം ലോക​മ​ഹാ​യു​ദ്ധം തുടങ്ങു​മ്പോൾ ജർമനി​യിൽ എമ്പാടു​മാ​യി 20,000-ത്തിൽ താഴെ സാക്ഷി​കളേ ഉണ്ടായി​രു​ന്നു​ള്ളൂ. അതേസ​മയം, നിഷ്‌ഠുര നാസി ഭരണകൂ​ടം അവിടെ ഉഗ്രവാഴ്‌ച നടത്തു​ക​യാ​യി​രു​ന്നു. ആ സ്ഥിതിക്ക്‌, പ്രസ്‌തുത ചോദ്യ​ത്തി​ന്റെ ഉത്തരം ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന, ദീർഘ കാലങ്ങൾക്കു മുമ്പു ജീവി​ച്ചി​രുന്ന ഗമാലി​യേൽ എന്ന ജ്ഞാനി​യായ ഒരു ഉപദേ​ഷ്ടാ​വി​ന്റെ വാക്കു​ക​ളിൽ കുടി​കൊ​ള്ളു​ന്നു: “ഈ ആലോ​ച​ന​യോ പ്രവൃ​ത്തി​യോ മാനുഷം എന്നു വരികിൽ അതു നശിച്ചു​പോ​കും; ദൈവി​കം എങ്കിലോ നിങ്ങൾക്കു അതു നശിപ്പി​പ്പാൻ കഴിക​യില്ല.” (പ്രവൃ. 5:34-39) ജീവൻ പണയ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു പോലും ജർമനി​യിൽ യഹോ​വ​യു​ടെ സാക്ഷികൾ ദൈവ​ത്തോ​ടു വിശ്വ​സ്‌തത പുലർത്തി. “തന്റെ വിശ്വ​സ്‌തരെ കൈ​വെ​ടി​യു​ക​യില്ല” എന്ന വാഗ്‌ദത്തം യഹോ​വ​യും നിവർത്തി​ച്ചു.—സങ്കീ. 37:28, NW.

യുദ്ധാ​നന്തര അവസരങ്ങൾ നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു

ധാരാളം വേല ചെയ്‌തു തീർക്കേ​ണ്ട​തുണ്ട്‌ എന്നു യുദ്ധത്തെ അതിജീ​വി​ച്ചവർ മനസ്സി​ലാ​ക്കി. തന്റെ സാന്നി​ധ്യ​ത്തി​ന്റെ​യും വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തി​ന്റെ​യും അടയാളം കുറി​ക്കു​മെന്നു യേശു​ക്രി​സ്‌തു മുൻകൂ​ട്ടി പറഞ്ഞ ചില സംഭവങ്ങൾ അതുപടി നിവർത്തി​ക്ക​പ്പെ​ടു​ന്നത്‌ അവർ അനുഭ​വി​ച്ച​റി​ഞ്ഞി​രു​ന്നു. ചരി​ത്ര​ത്തിൽ മുമ്പെ​ങ്ങും ഉണ്ടായി​ട്ടി​ല്ലാത്ത തരത്തി​ലുള്ള ഒരു യുദ്ധത്തി​ന്റെ കാലത്താണ്‌ അവർ ജീവി​ച്ചത്‌. ഉപദ്ര​വ​ത്തിന്‌ ഏൽപ്പി​ക്കുക, അന്യോ​ന്യം ഒറ്റി​ക്കൊ​ടു​ക്കുക, ജനതക​ളു​ടെ വിദ്വേ​ഷ​ത്തി​നു പാത്ര​മാ​കുക, കൊല​ചെ​യ്യ​പ്പെ​ടുക എന്നതൊ​ക്കെ എന്താണ്‌ എന്ന്‌ അവർ അനുഭ​വി​ച്ച​റി​ഞ്ഞി​രു​ന്നു. മുൻകൂ​ട്ടി പറയ​പ്പെ​ട്ടി​രുന്ന ഭക്ഷ്യക്ഷാ​മം അവരെ​യും വരിഞ്ഞു​ചു​റ്റി. അതി​ന്റെ​യെ​ല്ലാം അർഥം എന്താ​ണെന്ന്‌ ആളുക​ളോ​ടു പറയേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. തടങ്കൽ പാളയ​ങ്ങ​ളിൽ പോലും യഹോ​വ​യു​ടെ സാക്ഷികൾ പ്രസം​ഗ​വേ​ല​യിൽ നിന്നു പിന്മാ​റി​യില്ല. “രാജ്യ​ത്തി​ന്റെ ഈ സുവി​ശേഷം സകലജാ​തി​കൾക്കും സാക്ഷ്യ​മാ​യി ഭൂലോ​ക​ത്തിൽ ഒക്കെയും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും” എന്ന്‌ യേശു മുൻകൂ​ട്ടി പറഞ്ഞി​രു​ന്നത്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) (മത്താ. 24:3-14) കൂടുതൽ കാര്യങ്ങൾ ചെയ്യേ​ണ്ടത്‌ ഉണ്ടായി​രു​ന്നു; പ്രസം​ഗ​വേല തുടരാൻ അവർ ഉത്സുക​രും ആയിരു​ന്നു.

യുദ്ധാ​ന​ന്ത​രം പെട്ടെ​ന്നു​തന്നെ, ജർമനി​യി​ലെ സാക്ഷികൾ രാജ്യ ഘോഷണ വേല പുനഃ​സം​ഘ​ടി​പ്പി​ച്ചു. ഒമ്പതു വർഷത്തെ തടവിനു ശേഷം മോചി​പ്പി​ക്ക​പ്പെട്ട ഏറിഷ്‌ ഫ്രോസ്റ്റ്‌ ഉടനടി, പക്വത​യുള്ള സഹോ​ദ​രങ്ങൾ സഭകളെ സന്ദർശി​ക്കാ​നും പുനഃ​സം​ഘ​ടി​പ്പി​ക്കാ​നും ബലിഷ്‌ഠ​മാ​ക്കാ​നും വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. യോഗങ്ങൾ നടക്കവേ സാക്ഷി​ക​ളിൽ ചിലർ വിശപ്പു​മൂ​ലം തളർന്നു വീഴാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആത്മീയ ആഹാര​ത്തിൽ നിന്നു പ്രയോ​ജനം നേടത്ത​ക്ക​വണ്ണം അവിടെ സന്നിഹി​ത​രാ​കാൻ അവർ ദൃഢചി​ത്തർ ആയിരു​ന്നു. തടവിൽ നിന്നു മോചി​ത​യാ​യ​തി​ന്റെ പിറ്റേന്ന്‌ ഗെർട്രൂഡ്‌ പ്യൊ​റ്റ്‌സിം​ഗർ ഭർത്താ​വി​നെ കണ്ടുമു​ട്ടും എന്ന പ്രതീ​ക്ഷ​യിൽ മ്യൂനി​ക്കി​ലേക്ക്‌ പകൽ മുഴുവൻ നടന്നു. എന്നാൽ, അന്നു രാത്രി ആ സഹോ​ദരി തനിക്കു ഭക്ഷണവും താമസ സൗകര്യ​വും തരപ്പെ​ടു​ത്തിയ ഉദാര​മ​ന​സ്‌ക​രായ ആളുകൾക്ക്‌ യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങളെ കുറിച്ച്‌ അർധരാ​ത്രി കഴിയും വരെ സാക്ഷ്യം നൽകി. കൊൺറാഡ്‌ ഫ്രാങ്കെ മോചി​ത​നായ ഉടനെ പയനിയർ സേവനം തുടങ്ങി. അദ്ദേഹ​ത്തി​ന്റെ പക്കൽ ആകെ ഉണ്ടായി​രുന്ന വസ്‌ത്രം ജയിലിൽ ധരിച്ചി​രുന്ന വരയൻ കുപ്പാ​യ​മാണ്‌.

1947-ൽ, ജർമനി​യിൽ 15,856 സാക്ഷികൾ വയൽ ശുശ്രൂ​ഷ​യിൽ വീണ്ടും പരസ്യ​മാ​യി പങ്കെടു​ത്തു. ശാശ്വത സമാധാ​ന​ത്തി​നും സുരക്ഷി​ത​ത്വ​ത്തി​നും ഉള്ള ഏക പ്രത്യാശ ദൈവ​രാ​ജ്യം ആണെന്ന്‌ അവർ സധൈ​ര്യം അറിയി​ച്ചു​കൊ​ണ്ടി​രു​ന്നു. യഹോവ അവരുടെ തീക്ഷ്‌ണ​ത​യുള്ള ശുശ്രൂ​ഷയെ അനു​ഗ്ര​ഹി​ച്ചു. തത്‌ഫ​ല​മാ​യി, യുദ്ധം അവസാ​നിച്ച്‌ 30 വർഷത്തി​നു ശേഷം, 1975 മേയ്‌ മാസ​ത്തോ​ടെ 1,00,351 രാജ്യ ഘോഷകർ പശ്ചിമ ജർമനി​യിൽ തങ്ങളുടെ വേലയിൽ തിരക്കു​ള്ളവർ ആയിരു​ന്നു.

ജർമൻ വയലിൽ മാത്രമല്ല ആ വർഷങ്ങ​ളിൽ സാക്ഷ്യം ലഭിച്ചത്‌. തങ്ങളുടെ ശുശ്രൂഷ നിരവധി രാഷ്‌ട്ര​ങ്ങ​ളിൽ നിന്ന്‌ ഉള്ളവരെ സ്വാധീ​നി​ക്കു​ന്ന​താ​യി ജർമനി​യി​ലെ തീക്ഷ്‌ണ​ത​യുള്ള സാക്ഷികൾ മനസ്സി​ലാ​ക്കി. അതെങ്ങനെ?

വീട്ടു പടിക്കൽ ഒരു മിഷനറി വയൽ

തഴച്ചു വളരുന്ന സമ്പദ്‌വ്യ​വ​സ്ഥ​യ്‌ക്ക്‌ അനുസൃ​ത​മാ​യി 1950-കളുടെ മധ്യത്തിൽ ജർമനി, മറ്റു രാജ്യ​ങ്ങ​ളിൽ നിന്നുള്ള ഗാസ്റ്റാർ​ബൈ​റ്റർക്ക്‌ അഥവാ “അതിഥി ജോലി​ക്കാർ”ക്കു തൊഴിൽ നൽകാൻ തുടങ്ങി. ഇറ്റലി, ഗ്രീസ്‌, ടർക്കി, പോർച്ചു​ഗൽ, മുൻ യൂഗോ​സ്ലാ​വിയ, സ്‌പെ​യിൻ എന്നിവി​ട​ങ്ങ​ളിൽ നിന്നു നിരവധി പേർ എത്തി​ച്ചേർന്നു. 1972-ഓടെ വിദേ​ശി​ക​ളായ ജോലി​ക്കാ​രു​ടെ സംഖ്യ 21 ലക്ഷത്തിൽ അധിക​മാ​യി കുതി​ച്ചു​യർന്നു.

1950-കൾ മുതൽ 1970-കൾ വരെയുള്ള അതിഥി ജോലി​ക്കാ​രു​ടെ പ്രവാ​ഹ​ത്തി​നു ശേഷം, 1980-കളിൽ ആഫ്രി​ക്ക​യിൽ നിന്നും ഏഷ്യയിൽ നിന്നും ഉള്ള അഭയാർഥി​ക​ളു​ടെ ഒരു തള്ളിക്ക​യറ്റം തന്നെ ജർമനി​യിൽ ഉണ്ടായി. കൂടാതെ, 1990-കളിൽ പൂർവ യൂറോ​പ്പിൽ നിന്നും ബാൾക്കൻ രാജ്യ​ങ്ങ​ളിൽ നിന്നും അഭയാർഥി​കൾ അവിടെ എത്തി. രാഷ്‌ട്രീയ അഭയത്തി​നു വഴിതു​റന്ന അന്നത്തെ ഉദാര നിയമ​ങ്ങ​ളു​ടെ ഫലമായി ഇന്നു യൂറോ​പ്പിൽ ഏറ്റവും കൂടുതൽ വിദേശ വംശജർ ഉള്ള രാഷ്‌ട്രം ജർമനി​യാണ്‌.

യഹോ​വ​യു​ടെ സാക്ഷികൾ അതിനെ തങ്ങളുടെ വീട്ടു പടിക്കലെ ഉത്‌കൃ​ഷ്ട​മായ മിഷനറി പ്രദേ​ശ​മാ​യി​ട്ടാ​ണു കണ്ടത്‌. “ദൈവ​ത്തി​ന്നു മുഖപ​ക്ഷ​മില്ല” എന്നതി​നാ​ലും സ്വന്തം നാടു​ക​ളിൽ നിന്നു പറിച്ചു നടപ്പെട്ട ആളുകൾക്കു ദൈവ​വ​ച​ന​ത്തി​നു മാത്രം പ്രദാനം ചെയ്യാൻ സാധി​ക്കുന്ന സാന്ത്വനം ആവശ്യ​മാ​യ​തി​നാ​ലും അവരോ​ടു സുവാർത്ത പ്രസം​ഗി​ക്കാൻ തങ്ങൾ തികച്ചും ബാധ്യ​സ്ഥ​രാണ്‌ എന്ന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു തോന്നി. (പ്രവൃ. 10:34, 35; 2 കൊരി. 1:3, 4) എന്നാൽ, ജർമനി​യി​ലെ 75,00,000 വരുന്ന വിദേ​ശി​ക​ളു​മാ​യി അവരുടെ ഭാഷയിൽ സുവാർത്ത പങ്കിടു​ന്നത്‌ അത്രകണ്ട്‌ എളുപ്പം ആയിരു​ന്നില്ല.

വിദേ​ശി​ക​ളു​മാ​യി കൂടുതൽ ഫലപ്ര​ദ​മായ വിധത്തിൽ ബൈബിൾ സത്യം പങ്കു​വെ​ക്കു​ന്ന​തിന്‌ ജർമനി​യി​ലെ നിരവധി സാക്ഷികൾ പുതിയ ഭാഷകൾ പഠി​ച്ചെ​ടു​ത്തു. യേശു തന്റെ അനുഗാ​മി​കളെ പഠിപ്പി​ച്ച​തി​നു ചേർച്ച​യിൽ, അവർ തങ്ങളുടെ അയൽക്കാ​രെ യഥാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്നു എന്നതിന്റെ എത്ര ഉത്തമമായ തെളി​വാ​ണത്‌! (മത്താ. 22:39) വിദേ​ശത്തു മിഷന​റി​മാ​രാ​യി സേവി​ക്കാൻ ഈ സാക്ഷി​ക​ളിൽ മിക്കവർക്കും സാധി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും തങ്ങളു​ടെ​തന്നെ രാജ്യത്തു ലഭ്യമായ അവസരങ്ങൾ പരമാ​വധി പ്രയോ​ജ​ന​പ്പെ​ടു​ത്താൻ അവർ ഉത്സുകർ ആയിരു​ന്നു. അങ്ങനെ, 1998 ആഗസ്റ്റ്‌ മാസ​ത്തോ​ടെ 371 വിദേ​ശ​ഭാ​ഷാ സഭകളി​ലും 219 പ്രസാധക കൂട്ടങ്ങ​ളി​ലു​മാ​യി 23,600 പ്രസാ​ധകർ സുവാർത്ത പ്രസം​ഗി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വിദേശ ഭാഷാ സഭകൾ രൂപീ​ക​രി​ച്ച​തി​ന്റെ ഉദ്ദേശ്യം ഒരിക്ക​ലും ആളുകളെ വ്യത്യസ്‌ത സമൂഹ​ങ്ങ​ളാ​യി തിരി​ക്കുക എന്നതാ​യി​രു​ന്നില്ല. മറിച്ച്‌, ജർമൻ ഭാഷ വേണ്ടത്ര വശമി​ല്ലാ​ത്ത​വർക്കു തങ്ങളുടെ മാതൃ​ഭാ​ഷ​യിൽ സത്യം പഠിക്കാൻ സൗകര്യം ഒരുക്കുക എന്നതാ​യി​രു​ന്നു. രണ്ടാമ​തൊ​രു ഭാഷ ആളുക​ളു​ടെ മനസ്സിനെ സ്‌പർശി​ച്ചേ​ക്കാ​മെ​ങ്കി​ലും ഹൃദയത്തെ സ്‌പർശി​ക്കു​ന്ന​തി​നു മിക്ക​പ്പോ​ഴും മാതൃ​ഭാഷ തന്നെ വേണം എന്നു പല പ്രസാ​ധ​ക​രും തിരി​ച്ച​റി​യാൻ ഇടയായി.

ജർമനി​യിൽ ചിലർ വിദേ​ശി​കളെ പകയ്‌ക്കു​ക​യും അവരോട്‌ അപമര്യാ​ദ​യാ​യി പെരു​മാ​റു​ക​യും ചെയ്യു​ന്നു​ണ്ടെ​ങ്കി​ലും യഹോ​വ​യു​ടെ സാക്ഷികൾ ആത്മാർഥത തുളു​മ്പുന്ന ക്രിസ്‌തീയ സ്‌നേ​ഹ​ത്തോ​ടെ അവർക്കു സ്വാഗ​ത​മ​രു​ളു​ന്നു. ജർമൻ ഭാഷയ്‌ക്കു പുറമേ അംഹറിക്‌, അറബിക്‌, അൽബേ​നി​യൻ, ചൈനീസ്‌, ജാപ്പനീസ്‌, തമിഴ്‌, പേർഷ്യൻ, വിയറ്റ്‌നാ​മീസ്‌, ഹംഗേ​റി​യൻ, ഹിന്ദി, റൊ​മേ​നി​യൻ, റ്റഗ്രീന്യ തുടങ്ങിയ 24 ഭാഷക​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ ഇപ്പോൾ ഇവിടെ യോഗങ്ങൾ നടത്തി​വ​രു​ന്നു. ജർമനി​യിൽ, 1993-ലെ “ദിവ്യ​ബോ​ധനം” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളിൽ ഹാജരായ 1,94,751 പേരിൽ ഏറെക്കു​റെ 10 ശതമാനം വിദേ​ശ​ഭാ​ഷാ കൺ​വെൻ​ഷ​നു​ക​ളി​ലാ​ണു ഹാജരാ​യത്‌. മൊത്തം സ്‌നാ​പ​ന​ത്തി​ന്റെ ഏതാണ്ടു 14 ശതമാ​ന​വും അവിടെ ആയിരു​ന്നു.

രാജ്യ സന്ദേശ​ത്തോ​ടു വിലമ​തി​പ്പോ​ടെ പ്രതി​ക​രി​ച്ച​വ​രിൽ ശ്രീല​ങ്ക​യിൽ നിന്നുള്ള ഒരു ഹൈന്ദവ കുടും​ബ​വും ഉൾപ്പെ​ടു​ന്നു. 1983-ൽ യുദ്ധം നിമി​ത്ത​വും ആറു വയസ്സുള്ള മകന്റെ ചികി​ത്സാർഥ​വും ആണ്‌ അവർ ജർമനി​യിൽ എത്തിയത്‌. ദുഃഖ​ക​ര​മെന്നു പറയട്ടെ, ആ കുട്ടി മരിച്ചു​പോ​യി. എങ്കിലും, മരിച്ച​വരെ ഉയിർപ്പി​ക്കു​ക​യും നിത്യം ജീവി​ക്കാൻ തങ്ങൾക്ക്‌ അവസര​മേ​കു​ക​യും ചെയ്യുന്ന യഹോ​വയെ അവർ അറിയാൻ ഇടയായി. (പ്രവൃ. 24:15) കൗമാ​ര​പ്രാ​യ​ത്തിൽ ബിയാഫ്ര യുദ്ധത്തിൽ പോരാ​ടിയ ഒരു നൈജീ​രി​യ​ക്കാ​രി​യും സത്യ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചു. സമാധാ​ന​ത്തിൽ ഒരുമി​ച്ചു കഴിയാൻ യഹോവ ആളുകളെ പഠിപ്പി​ക്കു​ന്നു എന്നു മനസ്സി​ലാ​ക്കി​യ​തോ​ടെ, ജർമനി​യി​ലേക്കു താമസം മാറ്റിയ അവരുടെ ജീവി​ത​ത്തി​നു മാറ്റം സംഭവി​ച്ചു.—യെശ. 2:3, 4.

ജർമനി​യിൽവെച്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീർന്ന ഇറ്റലി​ക്കാർക്ക്‌ ഈ പഴഞ്ചൊല്ല്‌ പുത്തരി​യല്ല, “നോൻ റ്റുറ്റി ഇ മാലി വെങ്കോ​നോ പേർ ന്വോ​ച്ചേറേ” (“എല്ലാ ദൗർഭാ​ഗ്യ​വും ദോഷ​ക​ര​മാ​യി തീരു​ന്നില്ല”) എത്രയോ വാസ്‌തവം! ഇറ്റലി​ക്കാ​രായ അനേക​രും മറ്റു രാജ്യ​ങ്ങ​ളിൽ നിന്നു​ള്ള​വ​രും സാമ്പത്തിക ബുദ്ധി​മു​ട്ടു മറിക​ട​ക്കാ​നാ​ണു ജർമനി​യിൽ എത്തിയത്‌. എന്നാൽ, ഭൗതിക വസ്‌തു​ക്ക​ളെ​ക്കാൾ വളരെ​യ​ധി​കം വില​യേ​റിയ ഒന്ന്‌ അവർ കണ്ടെത്തി—ദൈവ​ത്തെ​യും അവന്റെ ഉദ്ദേശ്യ​ത്തെ​യും കുറി​ച്ചുള്ള സത്യം.

അത്തരം ആളുക​ളു​ടെ ഇടയിൽ സാക്ഷികൾ നടത്തുന്ന തീക്ഷ്‌ണ​ത​യോ​ടെ​യുള്ള പ്രവർത്തനം മറ്റുള്ള​വ​രു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റി​യി​ട്ടുണ്ട്‌. ഹാൽബെർഷ്‌റ്റാറ്റ്‌ സഭയ്‌ക്ക്‌ ഇങ്ങനെ ഒരു കത്തു കിട്ടി: “അഭയാർഥി​കൾക്കു ശരണ​മേ​കുന്ന പ്രധാന പാളയ​മാ​ണു ഞങ്ങളു​ടേത്‌. 40 രാജ്യ​ങ്ങ​ളിൽ നിന്നുള്ള അഭയാർഥി​കൾക്കു ഞങ്ങൾ പതിവാ​യി സംരക്ഷണം നൽകുന്നു. . . . വിവിധ സംസ്‌കാ​ര​ങ്ങ​ളിൽ നിന്നുള്ള ഇവർക്ക്‌ തങ്ങളുടെ കുടും​ബാം​ഗ​ങ്ങളെ മാത്രമല്ല നാട്‌, ഭാഷ, പാരമ്പ​ര്യ​ങ്ങൾ എന്നിവ ഒക്കെയും പിന്നിൽ ഉപേക്ഷി​ക്കേണ്ടി വന്നിരി​ക്കു​ന്നു. മിക്ക​പ്പോ​ഴും അവർക്കു മുറി​പ്പെ​ടു​ത്തുന്ന അനുഭ​വങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. അവരുടെ ഭാവി അനിശ്ചി​ത​മാണ്‌. . . . അവരിൽ അനേക​രും പിന്തു​ണ​യ്‌ക്കും പ്രത്യാ​ശ​യ്‌ക്കു​മാ​യി മതത്തി​ലേക്കു തിരി​യു​ന്നത്‌ അതു​കൊ​ണ്ടാണ്‌. നിങ്ങളു​ടെ ഉദാര​മായ സംഭാ​വ​ന​യ്‌ക്ക്‌ [വിവിധ ഭാഷക​ളി​ലുള്ള ബൈബി​ളു​കൾക്ക്‌] വളരെ നന്ദി. സ്വന്തം ഭാഷയിൽ ബൈബിൾ വായി​ക്കു​ന്നത്‌ ആശ്വാസം കണ്ടെത്താ​നും ആത്മവി​ശ്വാ​സം വളർത്തി​യെ​ടു​ക്കാ​നും അവരെ സഹായി​ക്കും.”

വിദേശ ഭാഷാ കൂട്ടങ്ങ​ളിൽ ചിലത്‌

ഇംഗ്ലീഷ്‌: നൈജീ​രിയ, ഘാന, ശ്രീലങ്ക, ഇന്ത്യ മുതലായ രാജ്യ​ങ്ങ​ളിൽ നിന്നുള്ള അഭയാർഥി​കൾ ഇംഗ്ലീഷ്‌ സഭകളു​ടെ പ്രവർത്ത​ന​ത്തിൽ നിന്നു പ്രയോ​ജനം നേടുന്നു. അവരിൽ ഒരാളാ​ണു ഘാനയിൽ നിന്നുള്ള സ്റ്റീവൻ ക്വാച്ചി. ജർമനി​യിൽ വെച്ച്‌, ബംഗ്ലാ​ദേ​ശിൽ നിന്നുള്ള ഒരു യുവാവ്‌ താൻ സാക്ഷി​കളെ ഒഴിവാ​ക്കാൻ ശ്രമി​ക്കു​ന്ന​താ​യി സ്റ്റീവ​നോ​ടു പറഞ്ഞ​പ്പോൾ അവരെ തന്റെ അടു​ത്തേക്ക്‌ അയയ്‌ക്കാൻ സ്റ്റീവൻ ആ യുവാ​വി​നോട്‌ അഭ്യർഥി​ച്ചു. ചെറു​പ്പ​ത്തിൽ ഘാനയിൽവെച്ച്‌ ഒരു സാക്ഷി സ്റ്റീവ​നോ​ടു സംസാ​രി​ച്ചി​ട്ടുണ്ട്‌. ഇപ്പോൾ ബന്ധുക്ക​ളു​ടെ സമ്മർദ​മൊ​ന്നും ഇല്ലാത്ത സ്ഥിതിക്ക്‌ കൂടുതൽ കാര്യങ്ങൾ അറിയാൻ സ്റ്റീവൻ ആഗ്രഹി​ച്ചു. ഇന്ന്‌ അദ്ദേഹം ഒരു ക്രിസ്‌തീയ മൂപ്പനാണ്‌. ഒപ്പം അദ്ദേഹ​ത്തി​ന്റെ കുടും​ബ​വും യഹോ​വയെ സേവി​ക്കു​ന്നു.

ടർക്കിഷ്‌: റസിമി​ന്റെ ഭാര്യ​യും കുട്ടി​ക​ളും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യിട്ട്‌ പത്തു വർഷത്തിൽ അധിക​മാ​യി. എന്നാൽ, റസിം ഇസ്ലാം മതത്തിൽ തുടർന്നു. എങ്കിലും പല മോസ്‌കു​ക​ളി​ലെ​യും ഖുർ-ആൻ വ്യാഖ്യാ​നങ്ങൾ തമ്മിൽ വലിയ അന്തരം ഉള്ളതി​നാൽ ചില മുസ്ലീങ്ങൾ തങ്ങളു​ടേ​ത​ല്ലാത്ത ഒരു മോസ്‌കി​ലും പോകു​ക​യി​ല്ലെന്ന കാര്യം അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. ഒരിക്കൽ തുർക്കി സന്ദർശി​ക്കവേ അദ്ദേഹം ഒരു മോസ്‌കി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​സ്ഥ​ല​ത്തും പോയി. ആ മോസ്‌കിൽ ഇസ്ലാമി​നെ കുറിച്ചു വിശദീ​ക​രി​ക്കു​ന്നത്‌ ജർമനി​യിൽ പഠിപ്പി​ക്ക​പ്പെ​ടു​ന്ന​തിൽ നിന്നു വ്യത്യ​സ്‌ത​മാ​യി​ട്ടാ​ണെന്ന്‌ അദ്ദേഹം ശ്രദ്ധിച്ചു. ഐക്യ​ത്തി​ന്റെ അഭാവം പ്രകട​മാ​യി​രു​ന്നു. ജർമനി​യിൽ തിരി​ച്ചെ​ത്തിയ ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: “തുർക്കി​യി​ലെ രാജ്യ​ഹാ​ളി​ലെ അതേ സ്‌നേഹം ഇവി​ടെ​യും പ്രകട​മാണ്‌, പരിപാ​ടി​ക​ളി​ലും യാതൊ​രു മാറ്റവു​മില്ല. ഇതുത​ന്നെ​യാ​ണു സത്യമതം.”

ഹിന്ദി: 1985-ൽ രണ്ടു സാക്ഷികൾ ശാരദാ അഗർവാ​ളി​ന്റെ വീടു സന്ദർശി​ച്ചു. തന്റെ ഹൃദയം പകരാ​വുന്ന ഒരു ദൈവത്തെ കണ്ടെത്താ​നാ​യി തന്നെ സഹായി​ക്കാൻ അവർ പ്രാർഥി​ച്ചു കഴിഞ്ഞതേ ഉണ്ടായി​രു​ന്നു​ള്ളൂ. അവരുടെ ഭർത്താ​വി​നു ശ്വാസ​കോശ അർബുദം ആയിരു​ന്നു. ഹൈന്ദവ ദൈവങ്ങൾ തന്റെ പ്രാർഥന അവഗണി​ക്കു​ക​യാ​ണെന്നു തോന്നി​യ​തി​നാൽ അവർക്കു കടുത്ത നിരാശ അനുഭ​വ​പ്പെട്ടു. യേശു​വാ​ണോ ദൈവം എന്ന്‌ അവർ സാക്ഷി​ക​ളോ​ടു ചോദി​ച്ചു. സാക്ഷി​ക​ളു​ടെ വിശദീ​ക​രണം ശ്രദ്ധി​ച്ച​തിൽ നിന്ന്‌, ദൈവത്തെ കണ്ടെത്താ​നുള്ള തന്റെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം ലഭിച്ച​താ​യി അവർക്കു ബോധ്യം വന്നു. യഹോ​വയെ കുറിച്ചു കേട്ട​പ്പോ​ഴേ ആ ദൈവത്തെ കുറി​ച്ചാ​ണു താൻ പഠിക്കാൻ ആഗ്രഹി​ച്ചത്‌ എന്ന്‌ അവർക്കു തോന്നി. ഹൈന്ദവ ദൈവ​ങ്ങളെ അപ്രീ​തി​പ്പെ​ടു​ത്തു​ന്ന​തി​ലുള്ള ഭയം മൂലം ആ ദൈവ​ങ്ങളെ ഉപേക്ഷി​ക്കാൻ ആദ്യ​മൊ​ക്കെ മടി തോന്നി​യെ​ങ്കി​ലും താമസി​യാ​തെ അവർ തന്റെ പക്കൽ ഉണ്ടായി​രുന്ന എല്ലാ വിഗ്ര​ഹ​ങ്ങ​ളും നശിപ്പി​ച്ചു കളയു​ക​യും യഹോ​വയെ സത്യ ദൈവ​മാ​യി സ്വീക​രി​ക്കു​ക​യും ചെയ്‌തു. 1987-ൽ സ്‌നാ​പ​ന​മേറ്റ അവർ ഇപ്പോൾ ഒരു നിരന്തര പയനി​യ​റാണ്‌. തനിക്ക്‌ ആശ്രയം വെക്കാ​വുന്ന, വ്യക്തി​ഗു​ണ​മുള്ള ദൈവത്തെ സേവി​ക്കു​ന്ന​തിൽ അവർ സന്തുഷ്ട​യാണ്‌. അവരുടെ ഭർത്താ​വും മകനും ശുശ്രൂ​ഷാ ദാസന്മാ​രാ​യി സേവി​ക്കു​ന്നു.—സങ്കീ. 62:8

പോളീഷ്‌: 1992-ൽ ബർലി​നിൽ ഒരു പോളീഷ്‌ സഭ രൂപീ​കൃ​ത​മാ​യി. അതേ വർഷം തന്നെ പോളീഷ്‌ ഭാഷയിൽ ഒരു പ്രത്യേക സമ്മേളന ദിനവും നടന്നു. പോളീഷ്‌ പശ്ചാത്ത​ല​ത്തി​ലുള്ള ആളുകൾ കൂടു​ത​ലുള്ള ജർമനി​യു​ടെ ഒരു ഭാഗത്താ​ണു സമ്മേളനം നടന്ന​തെ​ങ്കി​ലും സമ്മേളന ഹാളും അതി​നോ​ടു ചേർന്നുള്ള രാജ്യ​ഹാ​ളും ഭക്ഷണ ശാലയും പോലും നിറയു​മെന്ന്‌ ആരും വിചാ​രി​ച്ചി​രു​ന്നില്ല. തെല്ലും പ്രതീ​ക്ഷി​ക്കാ​തെ മൊത്തം 2,523 പേർ ഹാജരാ​യി! ജർമൻ സഭക​ളോ​ടൊ​ത്തു സഹവസി​ക്കുന്ന ചില പോളീഷ്‌ സാക്ഷി​ക​ളും അക്കൂട്ട​ത്തിൽ ഉണ്ടായി​രു​ന്നു. പോളീഷ്‌ വയലിൽ രാജ്യ പ്രസം​ഗ​വേ​ല​യ്‌ക്കു തുടക്കം കുറി​ച്ചത്‌ അവരെ അങ്ങേയറ്റം സന്തോ​ഷി​പ്പി​ച്ചു. തങ്ങളുടെ മാതൃ​ഭാ​ഷ​യിൽ ബൈബിൾ സത്യങ്ങൾ കേൾക്കാൻ സാധി​ച്ച​തിൽ അവരും നന്ദി പ്രകാ​ശി​പ്പി​ച്ചു.

റഷ്യക്കാ​രും സെർബോ-ക്രൊ​യേ​ഷ്യ​ക്കാ​രും ചൈന​ക്കാ​രും!

റഷ്യൻ: ശീതസ​മരം അവസാ​നി​ച്ച​പ്പോൾ റഷ്യയിൽ വളർന്നു വന്ന റഷ്യൻ ഭാഷ സംസാ​രി​ക്കുന്ന അനേക​രും തങ്ങളുടെ പൂർവി​ക​രു​ടെ ദേശമായ ജർമനി​യി​ലേക്കു മടങ്ങി. അന്നത്തെ പൂർവ ജർമനി​യിൽ തങ്ങളുടെ ആശ്രി​ത​രോ​ടൊ​പ്പം താമസി​ച്ചി​രുന്ന, സോവി​യറ്റ്‌ സായുധ സേനയി​ലെ അംഗങ്ങ​ളും അവിടെ ഉണ്ടായി​രു​ന്നു. എല്ലാ മനുഷ്യ​രും ആത്മീയ ആവശ്യ​ത്തോ​ടെ​യാ​ണു ജനിക്കു​ന്ന​തെ​ങ്കി​ലും അവരുടെ കാര്യ​ത്തിൽ ആ ആവശ്യം നിറ​വേ​റ്റ​പ്പെ​ട്ടി​രു​ന്നില്ല.

1992-ൽ യൂ​ക്രെ​യി​നി​ലെ ക്രൈ​മിയ ഉപദ്വീ​പിൽ നിന്നു തങ്ങളുടെ പൂർവി​ക​രു​ടെ നാട്ടി​ലേക്കു താമസം മാറ്റിയ ജർമൻ വംശജ​രാണ്‌ ഷ്‌ളേഗൽ കുടും​ബം. ഉസ്‌ബെ​കി​സ്ഥാ​നിൽ നിന്നുള്ള, ജർമനി​യിൽ വെച്ചു സാക്ഷി​യായ ഒരു യഹോ​വ​യു​ടെ സാക്ഷി അവരെ സന്ദർശി​ച്ചു. ബൈബിൾ പഠിച്ച ശേഷം ആ മുഴു കുടും​ബ​വും സ്‌നാ​പ​ന​മേറ്റു.

സ്‌യിർഗ്യേ​യും ഭാര്യ സെന്യാ​യും നിരീ​ശ്വ​ര​വാ​ദി​കൾ ആയിരു​ന്നു. എങ്കിലും അവരുടെ ചോദ്യ​ങ്ങൾക്ക്‌—പ്രത്യേ​കി​ച്ചും ഭാവി​യെ​ക്കു​റി​ച്ചുള്ള ചോദ്യ​ങ്ങൾക്ക്‌—ബൈബി​ളിൽ നിന്ന്‌ ഉത്തരം എടുത്തു കാട്ടി​യ​പ്പോൾ അവർ അതിശയം കൂറി. താഴ്‌മ​യോ​ടെ അവർ യഹോ​വ​യിൽ വിശ്വാ​സം നട്ടുവ​ളർത്തി. സ്‌യിർഗ്യേക്ക്‌ തന്റെ തൊഴി​ലും ഉടനെ ലഭിക്കു​മാ​യി​രുന്ന തൊഴിൽവി​രാമ വേതന​വും ഉപേക്ഷിച്ച്‌ മറ്റൊരു തൊഴിൽ സമ്പാദി​ക്കേ​ണ്ട​താ​യി വന്നെങ്കി​ലും അവർ തങ്ങളുടെ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തി.

ഒരു സൈനിക ആശുപ​ത്രി​യിൽ നേഴ്‌സ്‌ ആയിരുന്ന മരീന, ജീവി​ത​ത്തി​ന്റെ അർഥം തേടുക ആയിരു​ന്നു. നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌തകം കൈപ്പ​റ്റി​യ​പ്പോൾ അവർ അത്‌ ഉടനടി വായി​ക്കു​ക​യും താൻ തേടി​ക്കൊ​ണ്ടി​രു​ന്നതു കണ്ടെത്തി​യെന്നു താമസി​യാ​തെ തിരി​ച്ച​റി​യു​ക​യും ചെയ്‌തു. റഷ്യയിൽ മടങ്ങി​യെ​ത്തിയ ശേഷം, ജർമനി​യിൽ വെച്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം പഠിച്ചി​രുന്ന മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു മരീന അവരെ സന്ദർശി​ച്ചു. താമസി​യാ​തെ അവർ ഒരു പയനിയർ എന്ന നിലയിൽ പ്രവർത്തി​ച്ചു​കൊണ്ട്‌ ഉദ്ദേശ്യ​പൂർണ​മായ ജീവിതം നയിക്കാൻ തുടങ്ങി.

1998 ആഗസ്റ്റ്‌ മാസം ആയപ്പോ​ഴേ​ക്കും 31 റഷ്യൻ സഭകളി​ലും 63 ചെറിയ കൂട്ടങ്ങ​ളി​ലു​മാ​യി മൊത്തം 2,119 പ്രസാ​ധകർ ഉണ്ടായി​രു​ന്നു—മുൻ വർഷ​ത്തെ​ക്കാൾ 27 ശതമാനം വർധനവ്‌.

സെർബോ-ക്രൊ​യേ​ഷ്യൻ: മുൻ യൂഗോ​സ്ലാ​വി​യ​യിൽ കുറഞ്ഞ​പക്ഷം, 16 വ്യത്യസ്‌ത ദേശക്കാർ ജീവി​ച്ചി​രു​ന്നു എന്ന്‌ സെർബോ-ക്രൊ​യേ​ഷ്യൻ വയലിൽ സഞ്ചാര മേൽവി​ചാ​ര​ക​നാ​യി സേവി​ക്കുന്ന യോഹാൻ ഷ്‌​ട്രെക്കർ പറയുന്നു. “സത്യം അവരെ ഏകീക​രി​ക്കു​ന്നതു കാണു​ന്നതു വിസ്‌മ​യാ​വ​ഹ​മാണ്‌” എന്ന്‌ അദ്ദേഹം പറയുന്നു. യൂഗോ​സ്ലാ​വി​യൻ സേനയിൽ എട്ടു വർഷം സേവനം അനുഷ്‌ഠിച്ച ഒരു മുസ്ലീം ആയിരുന്ന മൂനി​ബിന്‌ ജർമനി​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു യോഗ​ത്തിൽ പങ്കെടു​ക്കാൻ ക്ഷണം ലഭിച്ചു. അവിടെ ക്രൊ​യേ​ഷ്യ​ക്കാ​രും സെർബി​യ​ക്കാ​രും മുസ്ലീം പശ്ചാത്ത​ല​ത്തിൽ നിന്നുള്ള മറ്റുള്ള​വ​രും സമാധാ​ന​ത്തോ​ടെ ഒരുമി​ച്ചു കൂടി​വ​രു​ന്നത്‌ അദ്ദേഹം കണ്ടു. അദ്ദേഹത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം അതു സങ്കൽപ്പാ​തീ​തം ആയിരു​ന്നു! ഒരു മാസം അദ്ദേഹം വെറുതെ യോഗ​ങ്ങൾക്കു ഹാജരാ​യി. സാക്ഷി​കൾക്കി​ട​യി​ലെ സമാധാ​ന​വും ഐക്യ​വും യഥാർഥ​മാണ്‌ എന്നു ബോധ്യം വന്നപ്പോൾ അദ്ദേഹം ബൈബിൾ അധ്യയ​ന​ത്തി​നു സമ്മതിച്ചു, 1994-ൽ സ്‌നാ​പ​ന​വു​മേറ്റു.

ക്രൊ​യേ​ഷ്യ​യിൽ നിന്നുള്ള റൊസാൻഡ മുമ്പ്‌ റോമൻ കത്തോ​ലി​ക്കാ മതവി​ശ്വാ​സി ആയിരു​ന്നു. കോൺവെ​ന്റിൽ നിരവധി വർഷങ്ങൾ ചെലവ​ഴിച്ച അവർ ജർമനി​യിൽവെച്ച്‌ സാക്ഷി​ക​ളാ​യി തീർന്ന ബന്ധുക്കളെ സന്ദർശി​ക്കാൻ എത്തി. അവരോ​ടൊ​പ്പം ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലും സേവന​യോ​ഗ​ത്തി​ലും ഹാജരായ ശേഷം റൊസാൻഡ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “നിങ്ങൾ പഠിപ്പി​ക്കു​ന്ന​താ​ണു സത്യം. ആദിമ ക്രിസ്‌ത്യാ​നി​കൾ സുവി​ശേഷം പ്രസം​ഗി​ച്ചത്‌ എങ്ങനെ ആയിരി​ക്കും എന്നു ഞാൻ പലപ്പോ​ഴും ചിന്തി​ച്ചി​ട്ടുണ്ട്‌. പ്ലാറ്റ്‌ഫാ​റ​ത്തിൽ, ഒരു സഹോ​ദരി മറ്റേ സഹോ​ദ​രി​യോ​ടു പ്രസം​ഗി​ക്കുന്ന വിധം കണ്ടപ്പോൾ ഞാൻ മനസ്സി​ലോർത്തു: ‘ആദിമ ക്രിസ്‌ത്യാ​നി​ക​ളും ഇങ്ങനെ​തന്നെ ആയിരി​ക്കണം പ്രസം​ഗി​ച്ചി​രു​ന്നത്‌.’” ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ മാതൃക പിന്തു​ടർന്നു​കൊണ്ട്‌ റൊസാൻഡ ഇന്നൊരു പയനിയർ ആയി സേവി​ക്കു​ന്നു.

മുൻ യൂഗോ​സ്ലാ​വി​യ​യിൽ നിന്നുള്ള ഈ കൂട്ടങ്ങ​ളോ​ടു സാക്ഷീ​ക​രി​ക്കാൻ അവരുടെ ഭാഷകൾ പഠി​ച്ചെ​ടുത്ത ജർമനി​യിൽ നിന്നുള്ള സാക്ഷികൾ പിന്നീട്‌ അവസരം ഒത്തുവ​ന്ന​പ്പോൾ ആ രാജ്യ​ങ്ങ​ളിൽ സേവനം അനുഷ്‌ഠി​ക്കാ​നാ​യി അങ്ങോട്ടു താമസം മാറ്റി.

ചൈനീസ്‌: ജർമനി​യി​ലെ ചൈനീസ്‌ വയലിൽ പ്രവർത്തനം ആരംഭി​ച്ചിട്ട്‌ ഏറെ വർഷങ്ങ​ളാ​യില്ല. “ചൈന​യിൽ നിന്നു​ള്ള​വ​രിൽ ഭൂരി​പക്ഷം പേരും [സാക്ഷി​കളെ] കുറിച്ചു കേട്ടി​ട്ടില്ല. ബൈബിൾ വായി​ച്ചി​ട്ടു​ള്ള​വ​രു​ടെ എണ്ണം ഒട്ടു പറയു​ക​യും വേണ്ട” എന്നു തായ്‌വാ​നിൽ സേവനം അനുഷ്‌ഠിച്ച മുൻ മിഷന​റി​യായ എഗീഡി​യൂസ്‌ ഹ്‌റ്യൂ​ലെ വിശദീ​ക​രി​ക്കു​ന്നു. അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “മിക്ക ചൈന​ക്കാ​രും പഠിക്കാൻ തത്‌പരർ ആയതി​നാൽ സ്‌പോഞ്ച്‌ വെള്ളം വലി​ച്ചെ​ടു​ക്കു​ന്നതു പോലെ അവർ അറിവ്‌ ഉൾക്കൊ​ള്ളു​ന്നു.”

1996 ഒക്‌ടോ​ബ​റിൽ, സെൽറ്റേ​ഴ്‌സി​ലെ ബെഥേൽ കുടും​ബ​ത്തിൽ വെച്ച്‌ 12-ാമത്തെ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂൾ നടത്ത​പ്പെ​ട്ട​പ്പോൾ—സെൽറ്റേ​ഴ്‌സിൽ ഇദം​പ്ര​ഥ​മ​മാ​യി​ട്ടാണ്‌ അതു നടത്ത​പ്പെ​ട്ടത്‌—ജർമനി​യി​ലെ സ്‌കൂ​ളിൽ ആദ്യമാ​യി ഒരു ചൈനീസ്‌ വിദ്യാർഥി പങ്കെടു​ക്കു​ന്നതു കാണു​ന്നത്‌ ഹൃദ്യ​മായ ഒരു അനുഭവം ആയിരു​ന്നു. ജർമനി​യിൽ വെച്ചു സത്യം പഠിച്ച അദ്ദേഹം ചൈന​ക്കാ​രി​യായ ഒരു ഭൂമി​ശാ​സ്‌ത്ര പ്രൊ​ഫ​സർക്കു സാക്ഷ്യം നൽകി. ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​വും അദ്ദേഹം അവർക്കു നൽകി​യി​രു​ന്നു. ഒറ്റ ആഴ്‌ച​യ്‌ക്കകം അവർ മുഴു പുസ്‌ത​ക​വും വായിച്ചു തീർത്തു. പരിണാ​മം പഠിപ്പി​ക്കു​ന്ന​തി​നു പകരം അവർ ഇപ്പോൾ ഭവന ബൈബിൾ അധ്യയ​നങ്ങൾ നടത്തുന്നു. 1996-ന്റെ അവസാനം അവർ 16 അധ്യയ​നങ്ങൾ നടത്തു​ന്നു​ണ്ടാ​യി​രു​ന്നു.

പഠിച്ച കാര്യങ്ങൾ പങ്കിടാൻ ഉത്സുകർ

വർഷങ്ങ​ളിൽ ഉടനീളം, അക്ഷരാർഥ​ത്തിൽ നൂറു കണക്കിനു വിദേ​ശി​കൾ ജർമനി​യിൽ വെച്ചു സത്യം പഠിച്ചിട്ട്‌ തങ്ങളുടെ ജന്മദേ​ശ​ങ്ങ​ളിൽ സുവാർത്ത പ്രസം​ഗി​ക്കാ​നാ​യി അങ്ങോട്ടു മടങ്ങി​യി​ട്ടുണ്ട്‌. അവരിൽ അനേക​രും ഇപ്പോൾ മൂപ്പന്മാ​രാ​യോ ശുശ്രൂ​ഷാ ദാസന്മാ​രാ​യോ അല്ലെങ്കിൽ മറ്റ്‌ ഉത്തരവാ​ദി​ത്വ സ്ഥാനങ്ങ​ളി​ലോ സേവി​ക്കു​ന്നു. പീ​ട്രോസ്‌ കാരാ​ക്കാ​റീസ്‌ ഗ്രീസി​ലെ ബെഥേൽ കുടും​ബാം​ഗ​മാണ്‌; മാമാഡൂ കൈറ്റ, മാലി​യിൽ മിഷന​റി​യാ​യി സേവി​ക്കു​ന്നു; പൗലീൻ കങ്‌ഗാ​ലാ—പെപി എന്ന പേരിൽ പരക്കെ അറിയ​പ്പെ​ടു​ന്നു—സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലി​ക്കിൽ ഭാര്യ ആങ്കെ​യോ​ടൊ​പ്പം മിഷന​റി​യാ​യി സേവി​ക്കു​ന്നു.

1990-കളുടെ തുടക്കം മുതൽ ഗ്രീക്ക്‌ ഭാഷക്കാ​രായ 1,500-ലധികം പ്രസാ​ധകർ—അവരിൽ ചിലർ യോഗ്യ​രായ മൂപ്പന്മാ​രാണ്‌—ഗ്രീസി​ലേക്കു മടങ്ങി​യി​രി​ക്കു​ന്നു. മറ്റു ചിലർ സ്വീഡൻ, ബെൽജി​യം, ഇംഗ്ലണ്ട്‌, കാനഡ എന്നിവി​ട​ങ്ങ​ളി​ലുള്ള ഗ്രീക്കു ഭാഷക്കാ​രു​ടെ ഇടയിൽ പ്രസം​ഗ​വേല പുരോ​ഗ​മി​പ്പി​ക്കാ​നാ​യി അവിട​ങ്ങ​ളി​ലേക്കു താമസം മാറ്റി. എന്നുവ​രി​കി​ലും, ഗ്രീസിൽ ഒഴികെ ലോകത്ത്‌ ഒരിട​ത്തും ഒരുപക്ഷേ ജർമനി​യിൽ ഉള്ളത്ര​യും ഗ്രീക്കു സംസാ​രി​ക്കുന്ന പ്രസാ​ധകർ ഉണ്ടായി​രി​ക്കില്ല.

പൂർവ ജർമനി​യിൽ എന്താണു സംഭവി​ച്ചു​കൊ​ണ്ടി​രു​ന്നത്‌?

രണ്ടാം ലോക മഹായു​ദ്ധ​ത്തി​ന്റെ ഒടുവിൽ ഐക്യ​നാ​ടു​കൾ, ബ്രിട്ടൻ, ഫ്രാൻസ്‌, സോവി​യറ്റ്‌ യൂണിയൻ എന്നിവി​ട​ങ്ങ​ളി​ലെ സേനകൾ ജർമനി​യിൽ അധിനി​വേശം നടത്തി. ആ പരാജിത രാഷ്‌ട്രം നാല്‌ അധിനി​വേശ മേഖല​ക​ളാ​യി വിഭജി​ക്ക​പ്പെട്ടു; ഓരോ മേഖല​യും വിജയം വരിച്ച ആ നാലു ശക്തിക​ളു​ടെ അധീന​ത​യി​ലാ​യി. (തലസ്ഥാ​ന​മായ ബർലി​നും നാല്‌ അധിനി​വേശ മേഖല​ക​ളാ​യി വിഭജി​ക്ക​പ്പെട്ടു.) സോവി​യ​റ്റി​ന്റെ അധിനി​വേശ മേഖല, രാജ്യ​ത്തി​ന്റെ പൂർവ ഭാഗത്ത്‌ ആയിരു​ന്ന​തി​നാൽ അതു താമസി​യാ​തെ പൂർവ മേഖല എന്ന്‌ അറിയ​പ്പെട്ടു. 1949-ൽ ജർമനി​യു​ടെ ഈ ഭാഗത്തി​നു വീണ്ടും പരമാ​ധി​കാ​രം ലഭിച്ചു. അങ്ങനെ അത്‌ ജർമൻ ജനാധി​പത്യ റിപ്പബ്ലിക്ക്‌ ആയിത്തീർന്നു. വാസ്‌ത​വ​ത്തിൽ, “പൂർവ മേഖല” എന്ന പേരിൽ അറിയ​പ്പെ​ട്ടി​രുന്ന ആ മേഖല​യാ​ണു പൂർവ ജർമനി ആയിത്തീർന്നത്‌. ശേഷിച്ച മൂന്ന്‌ അധിനി​വേശ മേഖലകൾ 1955-ൽ ഫെഡറൽ റിപ്പബ്ലിക്ക്‌ ഓഫ്‌ ജർമനി ആയിത്തീർന്ന​പ്പോൾ ജനസമ്മി​തി​യുള്ള പ്രയോ​ഗ​ത്തി​നു ചേർച്ച​യിൽ അത്‌ പശ്ചിമ ജർമനി​യാ​യി.

നാസി ഭരണകൂ​ടം നിലം​പ​തി​ച്ച​പ്പോൾ പൂർവ മേഖല​യിൽ വസിക്കുന്ന യഹോ​വ​യു​ടെ സാക്ഷികൾ തെല്ലും സമയം പാഴാ​ക്കാ​തെ പരസ്യ​മാ​യി യോഗങ്ങൾ നടത്താ​നും വയൽ ശുശ്രൂ​ഷ​യിൽ തീക്ഷ്‌ണ​ത​യോ​ടെ പങ്കെടു​ക്കാ​നു​മുള്ള അവസരങ്ങൾ പ്രയോ​ജ​ന​പ്പെ​ടു​ത്തി. 1949-ന്റെ മധ്യ​ത്തോ​ടെ പൂർവ ജർമനി​യിൽ 17,000-ത്തിലധി​കം പേർ വയൽ ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്ന​താ​യി റിപ്പോർട്ടു ചെയ്‌തി​രു​ന്നു. എന്നാൽ, നാസി ഭരണകൂ​ട​ത്തി​ന്റെ പതനം കൈവ​രു​ത്തിയ ആശ്വാസം താത്‌കാ​ലി​കം ആയിരു​ന്നു. പൊലീസ്‌ വീണ്ടും സഭാ യോഗ​ങ്ങൾക്കു ഭംഗം വരുത്തി. സാഹി​ത്യ​ങ്ങൾ കണ്ടു​കെട്ടി. കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാ​തി​രി​ക്കാൻ സാക്ഷി​കൾക്കു മാർഗ​ത​ടസ്സം സൃഷ്ടിച്ചു. സഹോ​ദ​ര​ങ്ങളെ അറസ്റ്റു ചെയ്‌തു. 1950 ആഗസ്റ്റ്‌ 31-ന്‌ ഔദ്യോ​ഗി​ക​മാ​യി നിരോ​ധനം ഏർപ്പെ​ടു​ത്തി. പൂർവ ജർമനി​യി​ലെ സാക്ഷികൾ തങ്ങളുടെ പ്രവർത്തനം വീണ്ടും ഒളിവിൽ നടത്താൻ നിർബ​ന്ധി​ത​രാ​യി. ഇത്തവണ കമ്മ്യൂ​ണിസ്റ്റ്‌ ഭരണകൂ​ടം ആയിരു​ന്നു അതിനു കാരണം. ഏതാണ്ട്‌ 40 വർഷം അവർ ഒളിവിൽ വേല തുടർന്നു.

പൂർവ ജർമനി​യിൽ നിരോ​ധ​നത്തെ തുടർന്നു കൊടിയ പീഡനം അഴിച്ചു​വി​ട​പ്പെട്ടു. 1990-ൽ ജർമൻ വർത്തമാ​ന​പ്പ​ത്ര​മായ ബെർലീ​നർ മോർഗൻപോസ്റ്റ്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “1950-നും 1961-നും ഇടയ്‌ക്ക്‌ [മതിൽ പണി നടക്കവേ], പൂർവ ജർമനി​യി​ലെ അധികൃ​തർ 2,891 യഹോ​വ​യു​ടെ സാക്ഷി​കളെ അറസ്റ്റു ചെയ്‌തു; 674 സ്‌ത്രീ​കൾ ഉൾപ്പെടെ 2,202 പേരെ വിചാരണ ചെയ്‌ത്‌ മൊത്തം 12,013 വർഷം തടവിനു വിധിച്ചു. ദുഷ്‌പെ​രു​മാ​റ്റ​മോ രോഗ​മോ വികല​പോ​ഷ​ണ​മോ വാർധ​ക്യ​മോ നിമിത്തം 37 പുരു​ഷ​ന്മാ​രും 13 സ്‌ത്രീ​ക​ളും തടവിൽ കിടന്നു മരിച്ചു. കോട​തി​കൾ 12 പുരു​ഷ​ന്മാ​രെ ജീവപ​ര്യ​ന്തം തടവിനു വിധി​ച്ചെ​ങ്കി​ലും പിന്നീട്‌ ശിക്ഷാ​വി​ധി 15 വർഷമാ​ക്കി ചുരുക്കി.”

അതൊരു തുടക്കം മാത്ര​മാ​യി​രു​ന്നു. നിരോ​ധനം നാലു ദശകം നീണ്ടു​നി​ന്നു. സാക്ഷി​ക​ളു​ടെ മേലുള്ള സമ്മർദ​ത്തിന്‌ ഇടയ്‌ക്കൊ​ക്കെ അയവു​ണ്ടാ​യി എന്നതു ശരിതന്നെ. എന്നാൽ അതേസ​മ​യം​തന്നെ, വീടു​ക​ളിൽ അതി​ക്ര​മി​ച്ചു കയറി കൂടുതൽ പേരെ അറസ്റ്റു ചെയ്‌തി​രു​ന്നു. തടവി​ലാ​ക്ക​പ്പെ​ട്ട​വ​രു​ടെ കൃത്യ സംഖ്യ തിട്ടമി​ല്ലെ​ങ്കി​ലും സൊ​സൈ​റ്റി​യു​ടെ ചരിത്ര രേഖകൾ അനുസ​രിച്ച്‌, നിരോ​ധന കാലത്തു പൂർവ ജർമനി​യിൽ 231 സ്ഥലങ്ങളി​ലാ​യി 4,940 സാക്ഷികൾ തടവിൽ ആക്കപ്പെട്ടു.

വിവേ​ക​പൂർവം കൂടി​വ​രു​ന്നു

ദുഷ്‌ക​ര​മായ അത്തരം സാഹച​ര്യ​ങ്ങ​ളി​ലും അധ്യയ​ന​ങ്ങൾക്കു വേണ്ടി ബൈബിൾ സാഹി​ത്യം സ്വന്തമാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ പലപ്പോ​ഴും വഴി കണ്ടെത്തി. ആത്മീയ ആവശ്യങ്ങൾ നിറ​വേ​റ്റു​ന്ന​തി​നാ​യി ധീരരായ നൂറു കണക്കിനു സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ തങ്ങളുടെ സ്വാത​ന്ത്ര്യ​വും ചില​പ്പോ​ഴൊ​ക്കെ ജീവൻ പോലും പണയ​പ്പെ​ടു​ത്തി. ഇതിൽ സഹോ​ദ​രി​മാർ പലപ്പോ​ഴും മർമ​പ്ര​ധാ​ന​മായ പങ്കു വഹിച്ചി​രു​ന്നു. 1961-ൽ ബർലിൽ മതിൽ പണിയ​പ്പെ​ടു​ന്ന​തി​നു മുമ്പ്‌, അവർ ബർലിന്റെ പശ്ചിമ മേഖല​യി​ലേക്കു യാത്ര​ചെ​യ്‌ത്‌ അവിടെ ഉള്ള സൊ​സൈ​റ്റി​യു​ടെ ഓഫീ​സിൽ നിന്നു സാഹി​ത്യ​ങ്ങൾ രഹസ്യ​മാ​യി കൊണ്ടു​പോ​കു​മാ​യി​രു​ന്നു. പിന്നീട്‌, ഓഫീ​സിൽ നിന്നു സാഹി​ത്യ​ങ്ങൾ കൊണ്ടു​പോ​കു​ന്നത്‌ ആരാ​ണെന്നു പൂർവ ജർമനി​യി​ലെ ചാരന്മാർ വീക്ഷി​ക്കാൻ തുടങ്ങി​യ​തോ​ടെ അവരിൽ ചിലർ അറസ്റ്റി​ലാ​യി. തന്മൂലം, സാക്ഷികൾ മറ്റു ചില മാർഗങ്ങൾ അവലം​ബി​ച്ചു. ഈ ദൗത്യം നിർവ​ഹി​ച്ചി​രുന്ന സഹോ​ദ​രി​മാർ തങ്ങൾക്കുള്ള സാഹി​ത്യ​ങ്ങൾ ബർലി​നിൽ ഉള്ള സാക്ഷി​ക​ളു​ടെ വീടു​ക​ളിൽ നിന്നു കൊണ്ടു​പോ​കാൻ തുടങ്ങി. ചിലരെ അറസ്റ്റു ചെയ്‌ത്‌ കോട​തി​യിൽ കയറ്റു​ക​യും തടവി​ലാ​ക്കു​ക​യും ചെയ്‌തി​ട്ടും ആത്മീയ വിഭവ​ങ്ങ​ളു​ടെ ഒഴുക്ക്‌ ഒരിക്ക​ലും പൂർണ​മാ​യി നിലച്ചില്ല.

അത്തരം സാഹച​ര്യ​ങ്ങ​ളിൽ അവർക്കു ക്രിസ്‌തീയ യോഗങ്ങൾ നടത്താൻ സാധി​ക്കു​മാ​യി​രു​ന്നോ? ചിലർക്ക്‌ ആദ്യ​മെ​ല്ലാം കുറ​ച്ചൊ​ക്കെ ആശങ്ക തോന്നി​യെ​ന്നതു ശരിതന്നെ. എന്നാൽ, ആത്മീയ​മാ​യി ബലിഷ്‌ഠർ ആയിരി​ക്കു​ന്ന​തിന്‌ സഹ ക്രിസ്‌ത്യാ​നി​ക​ളോ​ടൊ​പ്പം സമ്മേളി​ക്കു​ന്നതു പ്രധാ​ന​മാണ്‌ എന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞു. (എബ്രാ. 10:23-25) വിവേ​ക​പൂർവം, ചെറിയ കൂട്ടങ്ങ​ളി​ലാ​യി കൂടി​വ​രാൻ അവർ ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. സുരക്ഷാ​പ​ര​മായ കാരണ​ങ്ങ​ളാൽ അവർ കുടുംബ പേർ ഉപയോ​ഗി​ക്കാ​തെ ആദ്യ പേർ ഉപയോ​ഗി​ച്ചാ​ണു പരസ്‌പരം സംബോ​ധന ചെയ്‌തി​രു​ന്നത്‌. യോഗ​സ്ഥ​ല​വും ദിവസ​വും മാറ്റി​ക്കൊ​ണ്ടി​രു​ന്നു. ഇരുട്ടു വീണ ശേഷമാ​ണു സാധാ​ര​ണ​ഗ​തി​യിൽ യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. വേനൽക്കാ​ലത്തു രാത്രി 10 മണിക്കു മുമ്പു യോഗങ്ങൾ തുടങ്ങാൻ സാധി​ച്ചി​രു​ന്നില്ല. എന്നുവ​രി​കി​ലും, അതൊ​ന്നും സഹോ​ദ​ര​ങ്ങളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യില്ല.

രാജ്യ​ഹാ​ളു​കൾ ഉപയോ​ഗി​ക്കാൻ സാധി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും സാക്‌സ​നിൽ സൗഹാർദ​ത​യുള്ള ഒരു കർഷകൻ തന്റെ ധാന്യ​പ്പുര യോഗ​സ്ഥ​ല​മാ​യി ഉപയോ​ഗി​ക്കാൻ തന്നു. കുറ്റി​ക്കാ​ടു​ക​ളാൽ മറയ്‌ക്ക​പ്പെട്ട ഒരു വഴിയി​ലേക്കു തുറക്കുന്ന പിൻവാ​തിൽ അതിനു​ണ്ടാ​യി​രു​ന്നു. 20 പേരുള്ള ഒരു കൂട്ടം ശീതകാ​ലം മുഴുവൻ ആ ധാന്യ​പ്പു​ര​യി​ലാ​ണു യോഗങ്ങൾ നടത്തി​യി​രു​ന്നത്‌, അതും മെഴു​കു​തി​രി വെളി​ച്ച​ത്തിൽ. താമസി​യാ​തെ ആ കർഷക​നും സാക്ഷി​യാ​യി.

സർവോ​പ​രി, കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം ആചരി​ക്കാൻ വേണ്ട ക്രമീ​ക​ര​ണ​ങ്ങ​ളും സഹോ​ദ​രങ്ങൾ ചെയ്‌തു. തടവി​ലാ​ക്ക​പ്പെട്ട ചില സഹോ​ദ​ര​ങ്ങൾക്കു സ്‌മര​ണാ​ചരണ ചിഹ്നങ്ങൾ ലഭ്യമാ​ക്കിയ ഒരു സന്ദർഭത്തെ കുറിച്ച്‌ മാൻ​ഫ്രെഡ്‌ റ്റാമ അനുസ്‌മ​രി​ക്കു​ന്നു: “ഞാൻ ഒരു ഹെയ​റോ​യിൽ കുപ്പി​യിൽ വീഞ്ഞു നിറച്ചിട്ട്‌, തടവിൽ ആയിരുന്ന ഒരു സഹോ​ദ​രനെ അത്‌ ഏൽപ്പി​ക്കാൻ ജയിൽ അധികാ​രി​യോട്‌ അഭ്യർഥി​ച്ചു. അദ്ദേഹം കുപ്പി തുറന്നു മണത്തു നോക്കി​യി​ട്ടു ചോദി​ച്ചു: ‘മുടി കൊഴി​ച്ചിൽ തടയുന്ന മരുന്നാ​ണോ ഇത്‌?’ ‘അങ്ങനെ​യാണ്‌ അവർ അവകാ​ശ​പ്പെ​ടു​ന്നത്‌,’ ഞാൻ മറുപടി പറഞ്ഞു. അടപ്പു മുറു​ക്കി​യിട്ട്‌ അദ്ദേഹം ആ കുപ്പി പ്രസ്‌തുത സഹോ​ദ​രനെ ഏൽപ്പിച്ചു!”

നിരോ​ധ​ന​ത്തിൻ കീഴിൽ സാക്ഷീ​ക​രി​ക്കാൻ പഠിക്കൽ

ദൈവ​രാ​ജ്യ സുവാർത്താ പ്രസംഗം പൂർവ ജർമനി​യിൽ നിന്നു​പോ​യില്ല. ബൈബിൾ ഉപയോ​ഗി​ക്കു​ന്ന​തി​നു നിരോ​ധനം ഉണ്ടായി​രു​ന്നില്ല. തന്മൂലം സഹോ​ദ​രങ്ങൾ മിക്ക​പ്പോ​ഴും ബൈബി​ളി​നെ പരാമർശി​ച്ചു​കൊ​ണ്ടു സംഭാ​ഷ​ണ​ത്തി​നു തുടക്ക​മി​ട്ടു. സമർപ്പ​ണ​ത്തിന്‌ അവരുടെ പക്കൽ സാഹി​ത്യ​ങ്ങൾ തീരെ കുറച്ചേ ഉണ്ടായി​രു​ന്നു​ള്ളൂ, അല്ലെങ്കിൽ ഒട്ടും​തന്നെ ഇല്ലായി​രു​ന്നു. അതു​കൊണ്ട്‌, വ്യത്യസ്‌ത വിഷയ​ങ്ങളെ ആസ്‌പ​ദ​മാ​ക്കി ഒന്നിനു പുറകെ ഒന്നായി തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവർ ബൈബിൾ ചർച്ചകൾ നടത്തി. പ്രസം​ഗ​വേല അപകടം പിടി​ച്ച​താ​യി​രു​ന്നു എന്നതു ശരിതന്നെ. ഏതു സമയത്തു വേണ​മെ​ങ്കി​ലും അതിനുള്ള സ്വാത​ന്ത്ര്യം ഇല്ലാതാ​കാ​മാ​യി​രു​ന്നു. സാക്ഷി​ക​ളി​ലൊ​രാൾ പറഞ്ഞ​പ്ര​കാ​രം, പ്രാർഥന അവരുടെ “സന്തത സഹചാരി” ആയിരു​ന്നു. “അതു ഞങ്ങളെ ആയാസ​ര​ഹി​ത​രാ​ക്കി എന്നു മാത്രമല്ല ഞങ്ങൾക്കു പ്രശാ​ന്ത​ത​യും പ്രദാനം ചെയ്‌തു. ഒറ്റയ്‌ക്കാണ്‌ എന്ന തോന്നൽ ഒരിക്ക​ലും ഞങ്ങൾക്ക്‌ ഉണ്ടായില്ല. എന്നിരു​ന്നാ​ലും, നിതാന്ത ജാഗ്രത പാലി​ക്കേ​ണ്ടത്‌ അനിവാ​ര്യം ആയിരു​ന്നു,” അദ്ദേഹം കൂട്ടി​ച്ചേർത്തു.

ജാഗരൂ​കർ ആയിരി​ക്കാ​നുള്ള എല്ലാം ശ്രമങ്ങ​ളും നടത്തി​യി​ട്ടും പൊലീ​സി​ന്റെ മുന്നിൽപ്പെട്ട സന്ദർഭങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. ഒരിക്കൽ, ഹെർമൻ ലൗബയും ഭാര്യ മാർഗി​റ്റും പരിച​യ​ക്കാ​രു​ടെ നിർദേശ പ്രകാരം ചില വീടുകൾ സന്ദർശി​ക്കുക ആയിരു​ന്നു. ഒരു വീട്ടു​കാ​രൻ വാതിൽ തുറന്ന​പ്പോൾ മുറി​ക്കു​ള്ളിൽ കോട്ട്‌ തൂക്കുന്ന റാക്കിൽ പൊലീസ്‌ യൂണി​ഫാ​റം കിടക്കു​ന്നത്‌ അവരുടെ കണ്ണിൽപ്പെട്ടു. മാർഗി​റ്റി​ന്റെ മുഖം വിളറി​വെ​ളു​ത്തു; ഹെർമന്റെ ഹൃദയ​മി​ടി​പ്പു വർധിച്ചു. തടവി​ലാ​ക്ക​പ്പെ​ടാൻ അത്രയു​മേ വേണ്ടി​യി​രു​ന്നു​ള്ളൂ! അവർ മൗനമാ​യി പ്രാർഥി​ച്ചു. “നിങ്ങൾ ആരാണ്‌?” അയാൾ വിനയ​പൂർവം ചോദി​ച്ചു. മാർഗി​റ്റാ​ണു മറുപടി നൽകി​യത്‌: “താങ്കളെ ഞാൻ എവി​ടെ​യോ വെച്ചു കണ്ടിട്ടുണ്ട്‌, പക്ഷേ എവിടെ വെച്ചാണ്‌ എന്ന്‌ ഓർമി​ക്കാൻ കഴിയു​ന്നില്ല. ങ്‌ഹാ, ഇപ്പോൾ ഓർക്കു​ന്നുണ്ട്‌, താങ്കൾ പൊലീ​സു​കാ​ര​നാണ്‌, അല്ലേ? ഡൂട്ടി സമയത്ത്‌ ആയിരി​ക്കണം ഞാൻ കണ്ടിട്ടു​ള്ളത്‌.” കുറച്ചു​കൂ​ടെ സ്‌നേ​ഹ​ഭാ​വ​ത്തിൽ അദ്ദേഹം ചോദി​ച്ചു: “നിങ്ങൾ യഹോ​വ​ക്കാ​രാ​ണോ?” ഇത്തവണ ഹെർമൻ മറുപടി പറഞ്ഞു: “അതേ. ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌. താങ്കളു​ടെ വീടു സന്ദർശി​ക്കാൻ ഞങ്ങൾക്കു ധൈര്യം ആവശ്യ​മാ​ണെന്നു താങ്കൾ സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഞങ്ങൾക്കു താങ്കളിൽ വ്യക്തി​പ​ര​മായ താത്‌പ​ര്യ​മുണ്ട്‌.” പൊലീ​സു​കാ​രൻ അവരെ വീട്ടി​നു​ള്ളി​ലേക്കു ക്ഷണിച്ചു. ഏതാനും സന്ദർശ​ന​ങ്ങൾക്കു ശേഷം ഒരു ബൈബിൾ അധ്യയനം തുടങ്ങി. ക്രമേണ അദ്ദേഹം ക്രിസ്‌തീയ സഹോ​ദ​ര​നു​മാ​യി.

ചില​പ്പോ​ഴൊ​ക്കെ ജയിലു​ക​ളി​ലാ​ണു സാക്ഷീ​ക​രണം നടത്തി​യി​രു​ന്നത്‌. വോൾഫ്‌ഗങ്‌ മൈസെ വാൾഡ്‌​ഹൈ​മി​ലെ തടവറ​യിൽ ആയിരുന്ന സമയം. ഒരിക്കൽ, അദ്ദേഹ​ത്തിന്‌ ഭാര്യ​യു​ടെ കത്തു കിട്ടി. താൻ “ബർലി​നിൽ വെച്ച്‌ കുറച്ചു നോർ സൂപ്പ്‌ ആസ്വദി​ച്ചു” എന്ന്‌ കത്തിൽ എഴുതി​യി​രു​ന്നു. (ജർമനി​യിൽ ആളുകൾക്കു പ്രിയ​മുള്ള ഒരു സൂപ്പാണ്‌ നോർ) ആ പ്രയോ​ഗത്തെ കുറിച്ചു പരാമർശി​ച്ചു​കൊണ്ട്‌ കിട്ടിയ അവസരം പാഴാ​ക്കാ​തെ വോൾഫ്‌ഗങ്‌ ഒരു സഹ ജയിൽപ്പു​ള്ളി​ക്കു സാക്ഷ്യം നൽകി. ബർലി​നിൽ ഒരു കൺ​വെൻ​ഷൻ നടന്നു എന്നും വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ പ്രസി​ഡ​ന്റായ എൻ. എച്ച്‌. നോർ അവിടെ പ്രസംഗം നടത്തി എന്നുമാണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌ എന്ന്‌ അദ്ദേഹം വിശദീ​ക​രി​ച്ചു. ഭാര്യ​യു​ടെ കത്തിനെ കുറിച്ചു വിശദീ​ക​രി​ക്കവേ സന്തോ​ഷ​ഭ​രി​തൻ ആയിത്തീർന്ന വോൾഫ്‌ഗ​ങ്ങി​ന്റെ കണ്ണിലെ തിളക്കം ആ ജയിൽപ്പു​ള്ളി​ക്കു മറക്കാൻ കഴിഞ്ഞില്ല. ഏതാണ്ടു 14 വർഷത്തി​നു ശേഷം പശ്ചിമ ജർമനി​യി​ലേക്കു താമസം മാറ്റിയ അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി, രണ്ടു വർഷത്തി​നു ശേഷം വ്യൂർട്‌സ്‌ബ്യുർഗിൽ വെച്ചു സ്‌നാ​പ​ന​വു​മേറ്റു.

ഇനി ഹിൽഡെ​ഗാർഡ്‌ സേലി​ഗാ​റി​ന്റെ കാര്യ​മെ​ടു​ക്കാം. നിരവധി വർഷങ്ങൾ നാസി തടങ്കൽ പാളയ​ങ്ങ​ളിൽ ചെലവ​ഴിച്ച അവരെ ലൈപ്‌സി​ഗി​ലുള്ള ഒരു കമ്മ്യൂ​ണിസ്റ്റ്‌ കോടതി പത്തു വർഷ​ത്തേ​ക്കും കൂടി തടവിനു വിധിച്ചു. ‘മുഴു ദിവസ​വും ബൈബി​ളി​നെ കുറിച്ചു സംസാ​രി​ച്ചി​രു​ന്ന​തി​നാൽ’ ഹിൽഡെ​ഗാർഡി​നെ തികച്ചും അപകട​കാ​രി ആയിട്ടാ​ണു പൊതു​വെ വീക്ഷി​ച്ചത്‌ എന്ന്‌ ഹാലി​യി​ലെ തടവറ​യി​ലുള്ള ഒരു വനിതാ ഗാർഡ്‌ പിന്നീട്‌ ഹിൽഡെ​ഗാർട്ടി​നോ​ടു പറഞ്ഞു.

നിരോ​ധ​ന​ത്തിൻ കീഴി​ലും തുടർച്ച​യായ വർധനവ്‌

സഹോ​ദ​രങ്ങൾ പ്രകട​മാ​ക്കിയ തീക്ഷ്‌ണത നല്ല ഫലം കൊയ്‌തു. 1950-ന്റെ തുടക്ക​ത്തിൽ ക്യൂനി​ഗ്‌സ്‌ വൂസ്റ്റർഹൗ​സൻ സഭയിൽ 25 പ്രസാ​ധ​ക​രാണ്‌ ഉണ്ടായി​രു​ന്നത്‌. എന്നാൽ, ബർലിൻ മതിൽ വീണ​പ്പോൾ അവിടെ 161 പ്രസാ​ധകർ—43 പ്രസാ​ധകർ പശ്ചിമ ജർമനി​യി​ലേക്കു താമസം മാറ്റു​ക​യും നിരവധി പേർ മൃതി​യ​ട​യു​ക​യും ചെയ്‌തി​ട്ടും—ഉണ്ടായി​രു​ന്ന​താ​യി ഹോർസ്റ്റ്‌ ഷ്രാം റിപ്പോർട്ടു ചെയ്യുന്നു. വാസ്‌ത​വ​ത്തിൽ, ചില സഭകളിൽ ഇപ്പോൾ സജീവ​രാ​യി പ്രവർത്തി​ക്കുന്ന 70-ലധികം ശതമാനം സാക്ഷികൾ നിരോ​ധ​ന​ത്തിൻ കീഴി​ലാ​ണു സത്യം പഠിച്ചത്‌.

കെമ്‌നിസ്റ്റ്‌ കുടും​ബ​ത്തി​ന്റെ ഉദാഹ​ര​ണ​മെ​ടു​ക്കാം. ബെർന്റും വൽട്രൗ​ഡും തീരെ ചെറു​പ്പ​ത്തിൽ, നിരോ​ധ​ന​ത്തി​ന്റെ ആദ്യ നാളു​ക​ളിൽത്തന്നെ, സത്യം പഠിച്ചു സ്‌നാ​പ​ന​മേ​റ്റി​രു​ന്നു. പിന്നീട്‌ അവർ വിവാ​ഹി​ത​രാ​യി കുടും​ബം പോറ്റാൻ തുടങ്ങി. തങ്ങളുടെ കുട്ടി​കളെ യഹോ​വ​യു​ടെ ദാസരാ​യി വളർത്തി​ക്കൊ​ണ്ടു വരുന്ന​തിൽ നിന്നു തങ്ങളെ തടയാൻ അവർ നിരോ​ധ​നത്തെ അനുവ​ദി​ച്ചില്ല. 1980-കളിൽ, വേല നിരോ​ധ​ന​ത്തിൽ ആയിരി​ക്കെ ആൻഡ്രയാ, ഗാബ്രി​യേല, റൂബൻ, എസ്റ്റർ എന്നിവർ തങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ മാതൃക പിൻപറ്റി യഹോ​വ​യ്‌ക്കു തങ്ങളെ​ത്തന്നെ സമർപ്പി​ച്ചു സ്‌നാ​പ​ന​മേറ്റു. ഏറ്റവും ഇളയ മകനായ മറ്റിയാസ്‌ മാത്രമേ നിരോ​ധനം നീക്ക​പ്പെ​ട്ട​പ്പോൾ സ്‌നാ​പ​ന​മേൽക്കാൻ ഉണ്ടായി​രു​ന്നു​ള്ളൂ. എതിർപ്പിൻ കീഴി​ലും ആ ദമ്പതികൾ പ്രകട​മാ​ക്കിയ നിശ്ചയ​ദാർഢ്യ​ത്തെ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചു. അവരുടെ അഞ്ചു മക്കളും ഇപ്പോൾ സെൽറ്റേ​ഴ്‌സ്‌ ബെഥേൽ കുടും​ബാം​ഗങ്ങൾ ആണ്‌. അവർക്കു ലഭിച്ച എത്ര വലിയ പ്രതി​ഫലം!

സൊ​സൈ​റ്റി​ക്കു വേണ്ടി പ്രതി​മാസ വയൽ സേവന റിപ്പോർട്ടു​കൾ യഥാ​ക്രമം ഒന്നിച്ചു ചേർത്ത്‌ അയയ്‌ക്കാൻ സഹായിച്ച ഒരു മൂപ്പൻ ഇങ്ങനെ പറയുന്നു: “40 വർഷത്തെ നിരോ​ധന കാലത്ത്‌ ഒരാ​ളെ​ങ്കി​ലും സ്‌നാ​പ​ന​മേൽക്കാത്ത ഒറ്റ മാസം പോലും ഇല്ലായി​രു​ന്നു.” അദ്ദേഹം കൂടു​ത​ലാ​യി ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “പൊതു​വെ, ചുരുക്കം ചിലർ കൂടി​വ​രുന്ന സന്ദർഭ​ങ്ങ​ളിൽ, സ്വകാര്യ ഭവനങ്ങ​ളി​ലാ​ണു സ്‌നാ​പ​നങ്ങൾ നടന്നി​രു​ന്നത്‌. പ്രസം​ഗ​ത്തി​നു ശേഷം ഒരു ബാത്ത്‌ട​ബ്ബി​ലെ വെള്ളത്തിൽ സ്‌നാ​പനം നടത്തി​യി​രു​ന്നു. സ്‌നാ​പ​നാർഥി​കളെ വെള്ളത്തിൽ പൂർണ​മാ​യി മുക്കു​ന്നതു മിക്ക​പ്പോ​ഴും ഒരു പ്രശ്‌നം ആയിരു​ന്നു. നിസ്സാ​ര​മായ അത്തരം ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ ഉണ്ടായി​രു​ന്നി​ട്ടും തങ്ങളുടെ സ്‌നാപന ദിനത്തെ കുറി​ച്ചുള്ള ഓർമ ഇപ്പോ​ഴും അവരെ ആഹ്ലാദ​ചി​ത്തർ ആക്കുന്നു.”

പൂർവ ജർമനി​യി​ലെ വയൽ സേവന റിപ്പോർട്ടു​കൾ വീണ്ടും പ്രസി​ദ്ധ​മാ​ക്കാൻ സാധി​ച്ചത്‌ സന്തോ​ഷ​ത്തി​നു വഴി​തെ​ളി​ച്ചു. 1980-കളിൽ ആ പ്രദേ​ശത്ത്‌ 20,704 സജീവ പ്രസാ​ധകർ ഉണ്ടായി​രു​ന്നു! ഇപ്പോൾ അവിടെ വെവ്വേറെ റിപ്പോർട്ടു​ക​ളു​ടെ ആവശ്യ​മില്ല. 1990-ൽ പുന​രേ​കീ​കൃത ജർമനി​യിൽ പ്രസാ​ധ​ക​രു​ടെ എണ്ണം 1,54,108 ആയി കുതി​ച്ചു​യർന്നു.

സഹോ​ദ​ര​വർഗത്തെ ബലിഷ്‌ഠ​മാ​ക്കാൻ പുനഃ​സം​ഘാ​ട​നം

കമ്മ്യൂ​ണിസ്റ്റ്‌ ഭരണാ​ധി​കാ​രി​കൾ, തങ്ങളുടെ പ്രദേ​ശത്ത്‌ ഉണ്ടായി​രുന്ന സാക്ഷി​കളെ ലോക​ത്തി​ലെ മറ്റു ദേശങ്ങ​ളി​ലുള്ള അവരുടെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളു​മാ​യി യാതൊ​രു ബന്ധവും പുലർത്താ​നാ​കാത്ത വിധം അകറ്റി നിർത്താൻ കിണഞ്ഞു പരി​ശ്ര​മി​ച്ചു. അതേസ​മയം ലോക​വ്യാ​പ​ക​മാ​യി, ശ്രദ്ധേ​യ​മാം​വി​ധം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്തന വിധങ്ങ​ളിൽ സംഘട​നാ​പ​ര​മായ മാറ്റങ്ങൾ വരുത്ത​പ്പെ​ടുക ആയിരു​ന്നു. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീയ സഭയെ കുറിച്ചു ബൈബിൾ പറയു​ന്ന​തു​മാ​യി താദാ​ത്മ്യം പ്രാപി​ക്കാ​നുള്ള ഉദ്ദേശ്യ​ത്തിൽ വരുത്തിയ മാറ്റങ്ങൾ സാർവ​ദേ​ശീയ സഹോ​ദ​ര​വർഗത്തെ ബലിഷ്‌ഠ​മാ​ക്കാ​നും വരും വർഷങ്ങ​ളി​ലെ ത്വരിത ഗതിയി​ലുള്ള വർധന​വി​നാ​യി സംഘട​നയെ സജ്ജമാ​ക്കാ​നും ഉതകി.—പ്രവൃ​ത്തി​കൾ 20:17, 28 താരത​മ്യം ചെയ്യുക.

അങ്ങനെ, 1972 ഒക്‌ടോ​ബർ മുതൽ സഭകളു​ടെ മേൽനോ​ട്ടം സഭാ ദാസൻ എന്നറി​യ​പ്പെ​ട്ടി​രുന്ന ഏക വ്യക്തി​യിൽ നിക്ഷി​പ്‌തം അല്ലാതാ​യി. അന്നു വരെ സഹായി​ക​ളു​ടെ സഹായ​ത്താൽ സഭാ ദാസനാ​യി​രു​ന്നു അത്യാ​വശ്യ ജോലി​കൾ നോക്കി നടത്തി​യി​രു​ന്നത്‌. അതിനു പകരമാ​യി, ഓരോ സഭയു​ടെ​യും മേൽനോ​ട്ടം വഹിക്കാൻ മൂപ്പന്മാ​രു​ടെ സംഘം നിയമി​ക്ക​പ്പെട്ടു. 1975-ഓടെ ഈ മാറ്റങ്ങൾ നിമി​ത്ത​മുള്ള നല്ല ഫലങ്ങൾ പ്രകട​മാ​യി കഴിഞ്ഞി​രു​ന്നു.

എന്നാൽ, എല്ലാവ​രു​മൊ​ന്നും മാറ്റത്തിൽ സന്തുഷ്ടർ ആയിരു​ന്നി​ല്ലെന്നു ദീർഘ​കാ​ലം സഞ്ചാര മേൽവി​ചാ​ര​ക​നാ​യി സേവി​ക്കുന്ന എർവിൻ ഹേർട്‌സിഗ്‌ അനുസ്‌മ​രി​ക്കു​ന്നു. “അത്‌ സഭാ ദാസന്മാ​രിൽ ചിലരു​ടെ ഹൃദയ​നില വെളി​പ്പെ​ടു​ത്താൻ” ഉതകി എന്ന്‌ അദ്ദേഹം പറയുന്നു. ബഹുഭൂ​രി​പ​ക്ഷ​ത്തി​നും വിശ്വസ്‌ത ഹൃദയ​മാണ്‌ ഉണ്ടായി​രു​ന്ന​തെ​ങ്കി​ലും അധികാ​ര​ക്കൊ​തി പൂണ്ട, തങ്ങളുടെ സഹോ​ദ​ര​ങ്ങളെ സേവി​ക്കു​ന്ന​തി​നെ​ക്കാൾ ഏതു വിധേ​ന​യും “ഒന്നാം സ്ഥാനം” കാംക്ഷിച്ച ചുരുക്കം ചിലർ മാറ്റത്തി​ന്റെ കാറ്റിൽ നിലം​പ​തി​ച്ചു.

കൂടുതൽ മാറ്റങ്ങൾ വരാൻ പോകു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. 1970-കളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തിൽ ഉള്ളവരു​ടെ എണ്ണം വർധി​പ്പിച്ച്‌ പുനഃ​സം​ഘ​ടി​പ്പി​ക്ക​പ്പെട്ടു. 1976 ജനുവരി 1 മുതൽ ആറു കമ്മിറ്റി​കൾക്കി​ട​യിൽ പ്രവർത്തനം വിഭജി​ക്ക​പ്പെട്ടു. ഒരു മാസം കഴിഞ്ഞ്‌, 1976 ഫെബ്രു​വരി 1-ന്‌ ലോക​മെ​മ്പാ​ടു​മുള്ള ബ്രാഞ്ച്‌ ഓഫീ​സു​ക​ളു​ടെ മേൽനോ​ട്ട​ത്തി​ലും പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തി. അന്നു മുതൽ ഒരു ബ്രാഞ്ചി​ന്റെ പ്രവർത്തനം ബ്രാഞ്ച്‌ ദാസൻ എന്ന ഒറ്റ വ്യക്തി​യു​ടെ മേൽനോ​ട്ട​ത്തിൽ അല്ലാതാ​യി. പകരം, ഓരോ ബ്രാഞ്ചി​ന്റെ​യും മേൽനോ​ട്ടം വഹിക്കാൻ ഭരണസം​ഘം ഒരു ബ്രാഞ്ച്‌ കമ്മിറ്റി​യെ നിയോ​ഗി​ച്ചു.

ഫ്രോസ്റ്റ്‌, ഫ്രാങ്കെ, കെൽസി എന്നീ സഹോ​ദ​ര​ന്മാർ മുമ്പ്‌ ജർമനി​യിൽ വ്യത്യസ്‌ത ഘട്ടങ്ങളിൽ ബ്രാഞ്ച്‌ ദാസന്മാ​രാ​യി സേവി​ച്ചി​ട്ടു​ള്ള​വ​രാണ്‌. ആരോഗ്യ പ്രശ്‌നം നിമിത്തം ഫ്രോസ്റ്റ്‌ സഹോ​ദ​രനു ബെഥേ​ലിൽ നിന്നു പോ​കേണ്ടി വന്നു. (1987-ൽ 86-ാം വയസ്സിൽ അദ്ദേഹം മരണമ​ടഞ്ഞു. 1961 ഏപ്രിൽ 15 വീക്ഷാ​ഗോ​പു​ര​ത്തിൽ [ഇംഗ്ലീഷ്‌] അദ്ദേഹ​ത്തി​ന്റെ ജീവിത കഥ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌.) 1976-ൽ ജർമനി​യിൽ അഞ്ചംഗ ബ്രാഞ്ച്‌ കമ്മിറ്റി സ്ഥാപി​ത​മാ​യി. കൊൺറാഡ്‌ ഫ്രാ​ങ്കെ​യും (അദ്ദേഹം നാസി യുഗത്തിൽ ആവർത്തി​ച്ചാ​വർത്തി​ച്ചു തടവി​ലാ​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌), റിച്ചാർഡ്‌ കെൽസി​യും (25 വർഷമാ​യി ജർമനി​യിൽ സേവനം അനുഷ്‌ഠി​ച്ചു​പോന്ന ഒരു ഗിലെ​യാദ്‌ ബിരു​ദ​ധാ​രി) അതിൽ അംഗങ്ങൾ ആയിരു​ന്നു. കൂടാതെ, വിലീ പോൾ (നാസി തടങ്കൽ പാളയ​ങ്ങ​ളിൽ കഴിഞ്ഞി​ട്ടുള്ള അദ്ദേഹം 15-ാമത്തെ ഗിലെ​യാദ്‌ ക്ലാസ്സി​ലും പങ്കെടു​ത്തി​ട്ടുണ്ട്‌), ഗുന്റർ ക്യൂൺസ്‌ (ഗിലെ​യാ​ദി​ന്റെ 37-ാമത്തെ ക്ലാസ്സിൽ നിന്നുള്ള ബിരു​ദ​ധാ​രി), വെർണർ റൂട്‌കെ (മുൻ സഞ്ചാര മേൽവി​ചാ​രകൻ) എന്നിവർ ആയിരു​ന്നു കമ്മിറ്റി​യി​ലെ മറ്റ്‌ അംഗങ്ങൾ.

1983-ൽ അന്തരിച്ച ഫ്രാങ്കെ സഹോ​ദരൻ ഒഴികെ മറ്റു നാലു പേരും ഇപ്പോ​ഴും ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങ​ളാ​യി സേവി​ക്കു​ന്നു. (1963 മാർച്ച്‌ 15 വീക്ഷാ​ഗോ​പു​ര​ത്തിൽ [ഇംഗ്ലീഷ്‌] കൊൺറാഡ്‌ ഫ്രാ​ങ്കെ​യു​ടെ ജീവിത കഥ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌.) മരണമടഞ്ഞ വേറെ രണ്ടു സഹോ​ദ​ര​ന്മാ​രും കുറച്ചു കാലം കമ്മിറ്റി അംഗങ്ങ​ളാ​യി സേവി​ച്ചി​ട്ടുണ്ട്‌: ഏഗൊൺ പീറ്റർ, 1978 മുതൽ 1989 വരെയും വോൾഫ്‌ഗങ്‌ ക്രോ​ലൊപ്‌ 1989 മുതൽ 1992 വരെയും.

ഇപ്പോൾ ബ്രാഞ്ച്‌ കമ്മിറ്റി​യിൽ എട്ട്‌ അംഗങ്ങ​ളുണ്ട്‌. നേരത്തേ പരാമർശി​ച്ച​വർക്കു പുറമേ, എഡ്‌മുൻഡ്‌ ആൺഷ്‌റ്റഡ്‌ (1978 മുതൽ), പീറ്റർ മീട്രെഗ (1989 മുതൽ), എബഹാർഡ്‌ ഫാബി​യാൻ (1992 മുതൽ), റേമൺ ടെംപിൾടൻ (1992 മുതൽ) എന്നിവ​രും കമ്മിറ്റി അംഗങ്ങ​ളാണ്‌.

1976-ൽ ബ്രാഞ്ച്‌ മേൽവി​ചാ​ര​ണ​യിൽ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തി​യ​പ്പോൾ പശ്ചിമ ജർമനി​യി​ലെ വീസ്‌ബാ​ഡെൻ ബെഥേൽ കുടും​ബ​ത്തിൽ വെറും 187 അംഗങ്ങളേ ഉണ്ടായി​രു​ന്നു​ള്ളൂ. ആ സംഖ്യ ഇപ്പോൾ 1,134 ആയിത്തീർന്നി​രി​ക്കു​ന്നു, അവരാ​കട്ടെ 30-ലധികം ദേശങ്ങ​ളിൽ നിന്നു​ള്ള​വ​രും. അത്‌ സാർവ​ദേ​ശീയ വേലയിൽ ബ്രാഞ്ചു വഹിക്കുന്ന പങ്ക്‌ ഒരു പരിധി​വരെ എടുത്തു​കാ​ട്ടു​ന്നു.

വർധിച്ചു വരുന്ന ആവശ്യം നിറ​വേ​റ്റാൻ അച്ചടി സൗകര്യ​ങ്ങൾ

1970-കളുടെ മധ്യത്തിൽ ജർമനി​യിൽ ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ സ്ഥിതി ചെയ്‌തി​രു​ന്നത്‌ കോൾഹെക്‌ എന്നറി​യ​പ്പെ​ടുന്ന വീസ്‌ബാ​ഡെന്റെ ഒരു ഭാഗത്ത്‌ ആയിരു​ന്നു. പട്ടണ​പ്രാ​ന്ത​ത്തി​ന്റെ അതിർത്തി​യിൽ, ഒരു വനത്തോ​ടു ചേർന്നു കിടന്നി​രുന്ന ശാന്തമായ ആ പ്രദേശം ഇപ്പോൾ ദ്രുത​ഗ​തി​യിൽ വളരുന്ന നഗര ഭാഗമാണ്‌. സൊ​സൈറ്റി നേര​ത്തേ​തന്നെ ഈ പ്രദേ​ശ​ത്തോ​ടു ചേർന്നു കിടക്കുന്ന സ്ഥലങ്ങൾ 13 പ്രാവ​ശ്യ​മാ​യി വാങ്ങി​യി​ട്ടുണ്ട്‌. എന്നാൽ, പശ്ചിമ ജർമനി​യിൽ രാജ്യ ഘോഷ​ക​രു​ടെ സംഖ്യ ഏതാണ്ട്‌ 1,00,000 ആയി വർധി​ച്ചി​രു​ന്നു. ജർമൻ വയലിന്റെ മേൽനോ​ട്ട​ത്തി​നു വലിയ ഓഫീസ്‌ വേണ്ടി​യി​രു​ന്നു. ബൈബിൾ സാഹി​ത്യ​ങ്ങൾ ലഭ്യമാ​ക്കു​ന്ന​തി​നു കൂടുതൽ വിപു​ല​മായ അച്ചടി​ശാല ആവശ്യ​മാ​യി​രു​ന്നു. വികസന പ്രവർത്ത​ന​ങ്ങൾക്കാ​യി കൂടുതൽ സ്ഥലസൗ​ക​ര്യ​ങ്ങൾ സ്വന്തമാ​ക്കു​ന്നത്‌ ഏറെ ദുഷ്‌ക​ര​മാ​യി​ക്കൊ​ണ്ടി​രു​ന്നു. പ്രശ്‌നം എങ്ങനെ പരിഹ​രി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു? യഹോ​വ​യു​ടെ മാർഗ​നിർദേ​ശ​ത്തി​നാ​യി ബ്രാഞ്ച്‌ കമ്മിറ്റി പ്രാർഥി​ച്ചു.

1977 അവസാ​ന​ത്തോ​ടെ ബ്രാഞ്ച്‌ കമ്മിറ്റി​യി​ലെ പുതിയ അംഗങ്ങൾ മറ്റൊരു സ്ഥലത്തു ബെഥേൽ ഭവനം പണിയു​ന്ന​തി​നുള്ള സാധ്യ​ത​കളെ കുറിച്ചു പരിചി​ന്തി​ച്ചു. എന്നാൽ അതിന്റെ ആവശ്യം ഉണ്ടായി​രു​ന്നോ? ഈ പഴയ വ്യവസ്ഥി​തി​യു​ടെ അന്ത്യം വളരെ സമീപി​ച്ചി​രി​ക്കു​ന്നു എന്നായി​രു​ന്നു പൊതു​വെ​യുള്ള ധാരണ. എന്നുവ​രി​കി​ലും, മറ്റൊരു വസ്‌തു​ത​യും പരിചി​ന്തി​ക്കേ​ണ്ടി​യി​രു​ന്നു. അച്ചടി രീതികൾ മാറി​ക്കൊ​ണ്ടി​രു​ന്നു. ഈ പഴയ വ്യവസ്ഥി​തി​യു​ടെ ശേഷിച്ച കാലം, വ്യാപ​ക​മായ അളവിൽ അച്ചടി നടത്താൻ ആഗ്രഹി​ക്കു​ന്ന​പക്ഷം ആ രീതികൾ അവലം​ബി​ക്കാൻ സൊ​സൈ​റ്റി​യു​ടെ മേൽ സമ്മർദ​മു​ണ്ടാ​യി. രസകര​മെന്നു പറയട്ടെ, അത്‌ അനിവാ​ര്യ​മാ​യി​ത്തീർന്ന​പ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​മേൽ നിരോ​ധനം ഏർപ്പെ​ടു​ത്തിയ കാലത്തു പൂർവ ജർമനി​യി​ലെ കാര്യങ്ങൾ നടത്തു​ന്ന​തിൽ സമ്പാദിച്ച അനുഭ​വ​പ​രി​ചയം വീസ്‌ബാ​ഡെ​നി​ലെ സഹോ​ദ​ര​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം മാറ്റങ്ങൾ വരുത്തു​ന്നത്‌ എളുപ്പ​മാ​ക്കി​ത്തീർത്തു. എങ്ങനെ?

ഓഫ്‌സെറ്റ്‌ അച്ചടി​ക്കുള്ള തീരു​മാ​നം

1961-ൽ ബർലിൻ മതിൽ പണിയ​പ്പെ​ട്ട​തോ​ടെ, പൂർവ ജർമനി​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്കു സാഹി​ത്യ​ങ്ങൾ ലഭ്യമാ​ക്കു​ന്നതു കൂടുതൽ ദുഷ്‌കരം ആയിത്തീർന്നു. അതു കുറച്ചു​കൂ​ടെ എളുപ്പ​മാ​ക്കാൻ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ വലിപ്പം കുറഞ്ഞ പ്രത്യേക പതിപ്പ്‌ അവർക്കു​വേണ്ടി തയ്യാറാ​ക്കി. അധ്യയന ലേഖനങ്ങൾ മാത്രമേ അതിൽ ഉണ്ടായി​രു​ന്നു​ള്ളൂ. ആ പതിപ്പ്‌, ലേഖനങ്ങൾ രണ്ടാമ​തും ടൈപ്പ്‌സെറ്റു ചെയ്യു​ന്നത്‌ ആവശ്യ​മാ​ക്കി​ത്തീർത്തു. തീരെ കനം കുറഞ്ഞ കടലാ​സിൽ അച്ചടി​ക്കു​ന്നതു ദുഷ്‌കരം ആയിരു​ന്നു. മാത്രമല്ല, അച്ചടിച്ച താളുകൾ മടക്കു​ന്ന​തും പ്രശ്‌നം സൃഷ്ടിച്ചു. ഈ രണ്ടു കാര്യ​ങ്ങ​ളും ചെയ്യാൻ സാധി​ക്കുന്ന സ്വയം പ്രവർത്തക ഫോൾഡിങ്‌ യന്ത്രം സഹോ​ദ​രങ്ങൾ കണ്ടെത്തി. ആ യന്ത്രങ്ങൾ പൂർവ ജർമനി​യി​ലെ ലൈപ്‌സി​ഗിൽ നിർമി​ക്ക​പ്പെട്ടവ ആയിരു​ന്നു എന്ന്‌ അവർ മനസ്സി​ലാ​ക്കി—ഏതു രാജ്യ​ത്താ​ണോ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വേല നിരോ​ധി​ക്കു​ക​യും വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ കൊച്ചു പതിപ്പ്‌ ആവശ്യ​മാ​യി​ത്തീ​രു​ക​യും ചെയ്‌തത്‌, അതേ രാജ്യ​ത്താണ്‌ ആ യന്ത്രം നിർമി​ക്ക​പ്പെ​ട്ടത്‌ എന്നതു വിരോ​ധാ​ഭാ​സം തന്നെ.

ബെഥേ​ലിൽ വരുന്ന​തി​നു മുമ്പ്‌ ഓഫ്‌സെറ്റ്‌ അച്ചടി നടത്തി​യി​രുന്ന ഒരു സഹോ​ദരൻ, ആ വിധത്തിൽ മാസി​കകൾ വീണ്ടും അച്ചടി​ക്കു​ന്നതു വേല ലഘൂക​രി​ക്കാൻ സഹായി​ക്കു​മെന്നു നിർദേ​ശി​ച്ചു. അധ്യയന ലേഖനങ്ങൾ ഫോ​ട്ടോ​ഗ്രാഫ്‌ ചെയ്‌ത്‌, വലിപ്പം കുറച്ച്‌, ഒരു ഓഫ്‌സെറ്റ്‌ പ്ലേറ്റിൽ എക്‌സ്‌പോസ്‌ ചെയ്യാൻ സാധി​ക്കു​മാ​യി​രു​ന്നു. മുറി​ച്ചെ​ടുത്ത കടലാ​സിൽ അച്ചടി നടത്തുന്ന ഒരു ചെറിയ ഓഫ്‌സെറ്റ്‌ അച്ചടി​യ​ന്ത്രം ബ്രാഞ്ചി​നു സമ്മാന​മാ​യി ലഭിച്ചു. ക്രമേണ, അധ്യയന ലേഖനങ്ങൾ മാത്രമല്ല, മുഴു മാസി​ക​യും—ആദ്യം ദ്വിവർണ​ങ്ങ​ളി​ലും പിന്നീട്‌ മുഴു​വർണ​ങ്ങ​ളി​ലും—അച്ചടി​ക്കാൻ സാധിച്ചു. അതേ വിധത്തിൽ ചെറിയ പുസ്‌ത​ക​ങ്ങ​ളും അച്ചടിച്ചു.

1975-ൽ, വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ അന്നത്തെ പ്രസി​ഡന്റ്‌ ആയിരുന്ന നേഥൻ നോർ വീസ്‌ബാ​ഡെൻ സന്ദർശി​ച്ച​പ്പോൾ അവിടു​ത്തെ പ്രവർത്ത​നങ്ങൾ സാകൂതം വീക്ഷിച്ചു. അച്ചടിച്ച പ്രസി​ദ്ധീ​ക​രണം പരി​ശോ​ധിച്ച ശേഷം അദ്ദേഹം ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഇതു കൊള്ളാ​മ​ല്ലോ.” അതു പൂർവ ജർമനി​ക്കു വേണ്ടി​യുള്ള പ്രത്യേക പതിപ്പാണ്‌ എന്നും പുതിയ രീതി​യിൽ അത്‌ ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തിൽ ഞങ്ങൾ സന്തുഷ്ട​രാണ്‌ എന്നും വിശദീ​ക​രി​ച്ച​പ്പോൾ നോർ സഹോ​ദരൻ പറഞ്ഞു: “കൊടിയ യാതനകൾ അനുഭ​വി​ക്കുന്ന ആ സഹോ​ദ​ര​ങ്ങൾക്കു നാം ഏറ്റവും നല്ലതു​തന്നെ ലഭ്യമാ​ക്കണം.” വേല നിർവ​ഹി​ക്കു​ന്ന​തി​നു കൂടുതൽ യന്ത്രങ്ങൾ വാങ്ങാൻ അദ്ദേഹം ഉടനടി അനുവാ​ദം നൽകി.

ഭരണസം​ഘ​ത്തി​ലെ അംഗം ആയിരുന്ന ഗ്രാന്റ്‌ സ്യൂട്ടർ 1977-ൽ ജർമനി സന്ദർശി​ക്കവേ, അച്ചടി മൊത്തം ഓഫ്‌ സെറ്റ്‌ അച്ചടി വിദ്യ​യി​ലേക്കു മാറ്റു​ന്ന​തി​നെ കുറിച്ചു സൊ​സൈറ്റി ദീർഘ​കാ​ല​മാ​യി ഗൗരവ​പൂർവം ചിന്തി​ക്കുക ആയിരു​ന്നു എന്നും അതു വലിയ അളവിൽ ചെയ്യാൻ ഇപ്പോൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു എന്നും പറഞ്ഞു. എന്നാൽ വീസ്‌ബാ​ഡെ​നി​ലെ സഹോ​ദ​രങ്ങൾ അതി​നോ​ട​കം​തന്നെ അക്കാര്യ​ത്തിൽ കുറ​ച്ചൊ​ക്കെ അനുഭ​വ​പ​രി​ചയം നേടി​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ, പൂർവ ജർമനി​യി​ലെ നിരോ​ധനം ഈ മാറ്റത്തിന്‌ അവരെ പരോ​ക്ഷ​മാ​യി സജ്ജരാ​ക്കുക ആയിരു​ന്നു.

അച്ചടി​വി​ദ്യ​ക​ളിൽ മാറ്റം വരു​ത്തേ​ണ്ടത്‌ ആവശ്യ​മാ​ണെന്ന ആശയം അംഗീ​ക​രി​ച്ചാൽ മാത്രം പോരാ​യി​രു​ന്നു. വലിയ, ഭാരം കൂടിയ അച്ചടി​യ​ന്ത്രങ്ങൾ ആവശ്യ​മാണ്‌ എന്ന്‌ സ്യൂട്ടർ സഹോ​ദരൻ വിശദീ​ക​രി​ച്ചു. എന്നാൽ, അവ എവിടെ സ്ഥാപി​ക്കു​മാ​യി​രു​ന്നു? മുഴു​വർണ​ത്തിൽ അച്ചടി​ക്കുന്ന വെബ്‌ ഓഫ്‌സെ​റ്റി​നെ കുറിച്ചു സ്വപ്‌നങ്ങൾ നെയ്യുക എളുപ്പ​മാണ്‌. എന്നാൽ, അതു പൂവണി​യു​ന്നത്‌ അത്രകണ്ട്‌ എളുപ്പ​മാ​യി​രു​ന്നില്ല. കൊഹ്‌ല​ക്കി​ലെ കൂടു​ത​ലായ വികസന സാധ്യ​ത​കളെ കുറിച്ച്‌ ആരാഞ്ഞ​റി​ഞ്ഞു. എന്നാൽ, അതിൽ എല്ലാം പ്രശ്‌ന​ങ്ങ​ളു​ള്ള​താ​യി കണ്ടെത്തി. എന്തു ചെയ്യാൻ കഴിയു​മാ​യി​രു​ന്നു?

ഒരു പുതിയ ബ്രാഞ്ച്‌ സമുച്ചയം

ബ്രാഞ്ചി​നു വേണ്ടി മറ്റൊ​രി​ടത്തു സ്ഥലം തേടാൻ തുടങ്ങി. 1978 ജൂലൈ 30-ന്‌ ഒരു കൺ​വെൻ​ഷ​നാ​യി ഡ്യൂ​സെൽഡോ​ഫിൽ ഏതാണ്ട്‌ 50,000 സാക്ഷി​ക​ളും മ്യൂണി​ക്കിൽ 60,000-ത്തോളം സാക്ഷി​ക​ളും സമ്മേളി​ച്ചു. പുതിയ ബ്രാഞ്ച്‌ സമുച്ചയം നിർമി​ക്കാ​നാ​യി സ്ഥലം വാങ്ങാ​നുള്ള പദ്ധതി സംബന്ധിച്ച അറിയിപ്പ്‌ അവരെ​യെ​ല്ലാം ആശ്ചര്യ​പ്പെ​ടു​ത്തി.

ഒരു വർഷത്തി​നു​ള്ളിൽ 123 സ്ഥലങ്ങൾ കാണു​ക​യു​ണ്ടാ​യി. ഒടുവിൽ സെൽറ്റേ​ഴ്‌സ്‌ ഗ്രാമ​ത്തിന്‌ അഭിമു​ഖ​മാ​യി ഒരു കുന്നിൻ മുകളി​ലുള്ള സ്ഥലം തിര​ഞ്ഞെ​ടു​ത്തു. ഭരണസം​ഘ​ത്തി​ന്റെ അനുമ​തി​യോ​ടെ 1979 മാർച്ച്‌ 9-ന്‌ ആ സ്ഥലം വാങ്ങി. കൂടാതെ, അതോടു ചേർന്നു കിടന്ന 65 തുണ്ടു​ഭൂ​മി​കൾ 18 ഭൂവു​ട​മ​ക​ളിൽ നിന്നായി വാങ്ങിച്ചു. അങ്ങനെ മൊത്തം 74 ഏക്കർ സ്ഥലം വാങ്ങി. വീസ്‌ബാ​ഡെ​നി​നു വടക്ക്‌ 40 കിലോ​മീ​റ്റർ അകലെ​യാ​യി സ്ഥിതി ചെയ്യുന്ന സെൽറ്റേ​ഴ്‌സ്‌ ചരക്കുകൾ കയറ്റി അയയ്‌ക്കാൻ സൗകര്യ​പ്ര​ദ​മായ സ്ഥലം ആയിരു​ന്നു. ഫ്രാങ്ക്‌ഫർട്ടി​ലെ റൈൻ-മൈൻ രാജ്യാ​ന്തര വിമാ​ന​ത്താ​വ​ള​ത്തി​ലേക്ക്‌ അവിടെ നിന്നു കഷ്ടിച്ച്‌ 65 കിലോ​മീ​റ്റർ ദൂരമേ ഉണ്ടായി​രു​ന്നു​ള്ളൂ.

ജർമനി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചരി​ത്ര​ത്തി​ലേ​ക്കും ഏറ്റവും വലിയ നിർമാണ പ്രവർത്ത​ന​ത്തി​നു തുടക്കം കുറി​ക്കാൻ പോകു​ക​യാ​യി​രു​ന്നു. എന്നാൽ, ആ സംരം​ഭ​ത്തി​നു ഞങ്ങൾ വാസ്‌ത​വ​ത്തിൽ സജ്ജരാ​യി​രു​ന്നോ? നിർമാണ കമ്മിറ്റി​യി​ലെ അംഗമായ റോൾഫ്‌ നോയ്‌ഫെർറ്റ്‌ അനുസ്‌മ​രി​ക്കു​ന്നു: “വാസ്‌തു​ശിൽപ്പി ആയിരുന്ന സഹോ​ദരൻ ഒഴികെ മറ്റാരും അത്തരം ഒരു വലിയ പദ്ധതി​യിൽ അതിനു മുമ്പു പ്രവർത്തി​ച്ചി​രു​ന്നില്ല. അത്‌ എത്ര ദുഷ്‌ക​ര​മായ ദൗത്യം ആയിരു​ന്നു എന്നു വിഭാവന ചെയ്യാൻ പോലു​മാ​വില്ല. സാധാ​ര​ണ​ഗ​തി​യിൽ, അനേക വർഷങ്ങ​ളി​ലെ അനുഭ​വ​പ​രി​ച​യ​വും വേണ്ടത്ര വൈദ​ഗ്‌ധ്യ​വും ഉള്ള ഓഫീ​സി​നു മാത്രമേ വലുതും സങ്കീർണ​വു​മായ അത്തരം ഒരു പദ്ധതി ഏറ്റെടു​ത്തു നടത്താൻ സാധി​ക്കു​മാ​യി​രു​ന്നു​ള്ളൂ.” എന്നിരു​ന്നാ​ലും, സഹോ​ദ​ര​ങ്ങ​ളു​ടെ ന്യായ​വാ​ദം ഇതായി​രു​ന്നു: നിർമാണ പ്രവർത്തനം നടത്തുക എന്നത്‌ യഹോ​വ​യു​ടെ ഹിതം ആണെങ്കിൽ അനന്തര​ഫ​ല​ത്തെ​യും അവൻ അനു​ഗ്ര​ഹി​ക്കും.

നിർമാണ പ്രവർത്ത​ന​ത്തിന്‌ 40 വ്യത്യസ്‌ത നിർമാണ അനുമ​തി​കൾ വേണ്ടി​യി​രു​ന്നു. പ്രാ​ദേ​ശിക അധികാ​രി​കൾ നന്നായി സഹകരി​ച്ചതു വളരെ​യ​ധി​കം വിലമ​തി​ക്ക​പ്പെട്ടു. തുടക്ക​ത്തിൽ ചില എതിർപ്പു​കൾ ഉണ്ടായി എന്നതു ശരിതന്നെ. അതിനു തിരി കൊളു​ത്തി​യതു പ്രധാ​ന​മാ​യും വൈദി​കർ ആയിരു​ന്നു. എതിർപ്പു​കൾ ഇളക്കി​വി​ടാൻ അവർ യോഗങ്ങൾ കൂടി​യെ​ങ്കി​ലും അവരുടെ ശ്രമങ്ങ​ളെ​ല്ലാം വിഫല​മാ​യി.

വേലയിൽ സഹായി​ക്കാൻ രാജ്യ​മെ​മ്പാ​ടു​മുള്ള സാക്ഷികൾ സ്വമേ​ധയാ മുന്നോ​ട്ടു വന്നു. അവർ പ്രകട​മാ​ക്കിയ മനസ്സൊ​രു​ക്കം ശ്രദ്ധേയം ആയിരു​ന്നു. നിർമാണ സ്ഥലത്തു ദിവസ​വും ശരാശരി 400 പേർ ക്രമമാ​യി വേലയിൽ ഏർപ്പെ​ട്ടി​രു​ന്നു. അവരോ​ടൊ​പ്പം എല്ലായ്‌പോ​ഴും 200-ഓളം “അവധി​ക്കാല” ജോലി​ക്കാ​രും ഉണ്ടായി​രു​ന്നു. നാലു വർഷം നീണ്ടു നിന്ന നിർമാണ പ്രവർത്ത​ന​ത്തിൽ, കുറഞ്ഞ​പക്ഷം 15,000 സാക്ഷി​ക​ളെ​ങ്കി​ലും സ്വമേ​ധയാ പങ്കുപറ്റി.

ഒരു സഹോ​ദരൻ അനുസ്‌മ​രി​ക്കു​ന്നു: “കാലാ​വ​സ്ഥ​യും മറ്റു ബുദ്ധി​മു​ട്ടു​ക​ളും ചൂടും തണുപ്പും അതി​ശൈ​ത്യ​വും ഒന്നും വേലയ്‌ക്കു ഭംഗം വരുത്തി​യില്ല. ചില​പ്പോ​ഴൊ​ക്കെ, മറ്റുള്ളവർ ജോലി നിർത്തുന്ന സമയത്തും ഞങ്ങൾ തുടരു​മാ​യി​രു​ന്നു.

മറ്റു രാജ്യ​ങ്ങ​ളിൽ നിന്നു​ള്ള​വ​രും സഹായ​ഹ​സ്‌തം നീട്ടി. ഐക്യ​നാ​ടു​ക​ളിൽ നിന്നു സഹായി​ക്കാ​നാ​യി എത്തിയ ജാക്ക്‌ സ്‌മി​ത്തി​നും നോറ സ്‌മി​ത്തി​നും അവരുടെ 15 വയസ്സു​കാ​രി മകൾ ബെക്കി​ക്കും ആയിര​ക്ക​ണ​ക്കി​നു കിലോ​മീ​റ്റർ പോന്ന ദൂര​മൊ​ന്നും ഒരു ദൂരമാ​യി​രു​ന്നില്ല. മ്യൂണി​ക്കി​ലെ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽ, ജർമനി​യിൽ പുതിയ ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ നിർമി​ക്കാ​നുള്ള സൊ​സൈ​റ്റി​യു​ടെ പദ്ധതി​യെ​ക്കു​റിച്ച്‌ അറിയി​ച്ച​പ്പോൾ അവരും സന്നിഹി​തർ ആയിരു​ന്നു. അവർ പറഞ്ഞു, “പുതിയ ബെഥേൽ നിർമാ​ണ​ത്തിൽ പങ്കുപ​റ്റു​ന്നത്‌ എന്തൊരു പദവി​യാ​യി​രി​ക്കും!” തങ്ങളും അതിൽ പങ്കുപ​റ്റാൻ തയ്യാറാ​ണെന്ന്‌ അവർ അറിയി​ച്ചു. “1979-ൽ കൺ​വെൻ​ഷനു വേണ്ടി​യുള്ള ഒരുക്കങ്ങൾ നടത്തി​ക്കൊ​ണ്ടി​രി​ക്കവേ കഴിയു​ന്നത്ര നേരത്തേ എത്തി​ച്ചേ​രാൻ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ഞങ്ങൾക്ക്‌ അപേക്ഷാ​ഫാ​റ​വും ക്ഷണവും ലഭിച്ചു. ഞങ്ങൾ ആകെ ഉത്സാഹ​ത്തി​മിർപ്പിൽ ആയിരു​ന്ന​തി​നാൽ ജോലി​യി​ലോ സമ്മേള​ന​ത്തി​ലോ ഒന്നും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ സാധി​ച്ചില്ല,” ജാക്ക്‌ അനുസ്‌മ​രി​ക്കു​ന്നു.

നിർമാണ പ്രവർത്ത​കർക്കു താമസി​ക്കാൻ അവിടെ നേരത്തേ ഉണ്ടായി​രുന്ന കെട്ടിടം പുതു​ക്കി​പ്പ​ണി​യേ​ണ്ടി​യി​രു​ന്നു. 1979/80-ലെ ശൈത്യ​കാ​ലം ആയപ്പോ​ഴേ​ക്കും ആദ്യത്തെ വീടിന്റെ പണി പൂർത്തി​യാ​യി. 1980 സെപ്‌റ്റം​ബ​റിൽ പുതിയ ബെഥേൽ ഭവനത്തി​നുള്ള അടിത്തറ പാകി. താമസി​യാ​തെ അച്ചടി​ശാ​ല​യു​ടെ​യും പണി തുടങ്ങി. 1978 ജനുവ​രി​യിൽ ഓർഡർ ചെയ്‌ത 27 മീറ്റർ നീളമുള്ള ഓഫ്‌സെറ്റ്‌ അച്ചടി​യ​ന്ത്രം 1982-ന്റെ ആരംഭ​ത്തിൽ എത്താൻ പ്രതീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. അതി​നോ​ടകം അച്ചടി​ശാ​ല​യു​ടെ നിർമാ​ണം ഭാഗി​ക​മാ​യെ​ങ്കി​ലും പൂർത്തി​യാ​ക്കേ​ണ്ടി​യി​രു​ന്നു.

മിക്ക വേലയും ഞങ്ങൾക്കു​തന്നെ ചെയ്‌തു തീർക്കാൻ സാധിച്ചു. ഒരു സഹോ​ദരൻ ഇപ്പോ​ഴും വിസ്‌മ​യ​ഭ​രി​ത​നാ​യി പറയുന്നു: “അത്തരം ഒരു വലിയ പദ്ധതി​യിൽ ജോലി ചെയ്‌തുള്ള പരിചയം ഞങ്ങൾക്കാർക്കും ഉണ്ടായി​രു​ന്നില്ല, അതും നിരന്തരം മാറി​ക്കൊ​ണ്ടി​രി​ക്കുന്ന നിർമാണ പ്രവർത്ത​ക​രോ​ടൊ​പ്പം. വിദഗ്‌ധ​രു​ടെ അഭാവ​ത്താൽ ചില ജോലി​കൾ മുന്നോ​ട്ടു കൊണ്ടു​പോ​കാൻ സാധി​ക്കാത്ത സ്ഥിതി​വി​ശേ​ഷങ്ങൾ പലപ്പോ​ഴും ഞങ്ങൾക്കു നേരി​ടേണ്ടി വന്നു. എന്നാൽ, അപ്പോ​ഴെ​ല്ലാം അവസാന നിമിഷം, യോഗ്യ​ത​യുള്ള ഏതെങ്കി​ലും ഒരു സഹോ​ദ​രന്റെ അപേക്ഷാ​ഫാ​റം വന്നെത്തു​മാ​യി​രു​ന്നു. ആവശ്യാ​നു​സൃ​തം, കൃത്യ സമയത്തു​തന്നെ സഹോ​ദ​രങ്ങൾ എത്തി​ച്ചേർന്നു.” യഹോ​വ​യു​ടെ മാർഗ​ദർശ​ന​ത്തി​നും അനു​ഗ്ര​ഹ​ത്തി​നു​മാ​യി അവർ അവനു നന്ദി​യേകി.

സെൽറ്റേ​ഴ്‌സി​ലേക്കു മാറുന്നു

200-ഓളം ബെഥേൽ അംഗങ്ങ​ളു​ടെ ഫർണി​ച്ച​റു​ക​ളും മറ്റു സാധന​ങ്ങ​ളും സെൽറ്റേ​ഴ്‌സി​ലേക്കു മാറ്റു​ന്നത്‌ നിസ്സാര സംഗതി ആയിരു​ന്നില്ല. അവരുടെ ജോലി​ക്കു​വേണ്ട യന്ത്രങ്ങ​ളും ഉപകര​ണ​ങ്ങ​ളും മാറ്റു​ന്ന​തി​നെ കുറിച്ച്‌ ഒട്ടു പറയു​ക​യും വേണ്ട. ഒറ്റ പ്രാവ​ശ്യം കൊണ്ട്‌ അതെല്ലാം കൊണ്ടു​പോ​കുക സാധ്യ​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ നിർമാണ പ്രവർത്തനം പുരോ​ഗ​മി​ക്കു​ന്നത്‌ അനുസ​രിച്ച്‌ ക്രമേണ ഓരോ ഡിപ്പാർട്ടു​മെ​ന്റാ​യി ബെഥേൽ കുടും​ബം സെൽറ്റേ​ഴ്‌സി​ലേക്കു താമസം മാറ്റി.

അച്ചടി​ശാ​ല​യു​ടെ പണിയാണ്‌ ആദ്യം പൂർത്തി​യാ​യത്‌. തന്മൂലം, അവിടെ ജോലി ചെയ്‌തി​രു​ന്നവർ ആദ്യം താമസം മാറ്റി. യന്ത്രങ്ങൾ ഒന്നൊ​ന്നാ​യി വീസ്‌ബാ​ഡെ​നിൽ നിന്നു സെൽറ്റേ​ഴ്‌സി​ലേക്കു മാറ്റി. അതി​നോ​ടകം, 1982 ഫെബ്രു​വരി 19-ന്‌ സെൽറ്റേ​ഴ്‌സി​ലെ പുതിയ റോട്ടറി ഓഫ്‌സെറ്റ്‌ അച്ചടി​യ​ന്ത്ര​ത്തിൽ മുഴു​വർണ​ത്തിൽ അച്ചടി തുടങ്ങി. സന്തോ​ഷി​ക്കാൻ എത്ര നല്ല കാരണ​മാ​യി​രു​ന്നു അത്‌! മേയ്‌ മാസ​ത്തോ​ടെ വീസ്‌ബാ​ഡെൻ അച്ചടി​ശാല നിശ്ശബ്ദ​മാ​യി. വീസ്‌ബാ​ഡെ​നിൽ നടന്നി​രുന്ന 34 വർഷത്തെ അച്ചടി പ്രവർത്ത​ന​ത്തിന്‌ അങ്ങനെ വിരാമം കുറിച്ചു.

നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌ത​ക​മാണ്‌ ഓഫ്‌സെറ്റ്‌ അച്ചടി​യ​ന്ത്ര​ത്തി​ലെ കന്നി സംരംഭം. അതൊരു വൻ സംരം​ഭം​തന്നെ ആയിരു​ന്നു. ആ പുതിയ പ്രസി​ദ്ധീ​ക​രണം 1982-ലെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളിൽ പ്രകാ​ശനം ചെയ്യാ​നു​ള്ളവ ആയിരു​ന്നു. ജർമനി അത്‌ ഏഴു ഭാഷക​ളിൽ അച്ചടി​ക്കേ​ണ്ടി​യി​രു​ന്നു. എന്നാൽ, ഒരു പ്രശ്‌നം തലപൊ​ക്കി, പുസ്‌തകം ബയന്റു ചെയ്യാ​നുള്ള യന്ത്രം അപ്പോ​ഴും വീസ്‌ബാ​ഡെ​നിൽ ആയിരു​ന്നു. വാസ്‌ത​വ​ത്തിൽ, ഒരു വർഷം കൂടെ കഴിഞ്ഞാണ്‌ അതു സെൽറ്റേ​ഴ്‌സി​ലേക്കു മാറ്റി​യത്‌. അതു​കൊണ്ട്‌, സെൽറ്റേ​ഴ്‌സിൽ അച്ചടിച്ച പുസ്‌തക താളുകൾ സൊ​സൈ​റ്റി​യു​ടെ ട്രക്കിൽ ബയന്റി​ങ്ങി​നാ​യി വീസ്‌ബാ​ഡെ​നി​ലേക്കു കൊണ്ടു​പോ​യി. കൂടു​ത​ലായ വളരെ​യ​ധി​കം ജോലി ഉൾപ്പെ​ട്ടി​രു​ന്നി​ട്ടും, ആദ്യ മുദ്ര​ണ​ത്തി​ലെ 13,48,582 പ്രതി​ക​ളിൽ 4,85,365 പ്രതികൾ നിരവധി രാജ്യ​ങ്ങ​ളി​ലെ കൺ​വെൻ​ഷ​നു​ക​ളിൽ പങ്കെടുത്ത അന്താരാ​ഷ്‌ട്ര പ്രതി​നി​ധി​കൾക്കു ലഭ്യമാ​ക്കാൻ സഹോ​ദ​ര​ങ്ങൾക്കു സാധിച്ചു. തീർച്ച​യാ​യും പുതിയ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ പ്രകാ​ശനം കൺ​വെൻ​ഷനു കൂടി​വ​ന്ന​വരെ ആഹ്ലാദ​ഭ​രി​ത​രാ​ക്കി.

സെൽറ്റേ​ഴ്‌സി​ലേ​ക്കുള്ള മാറ്റം സമ്മിശ്ര വികാ​ര​ത്തോ​ടെ ആയിരു​ന്നു എന്നത്‌ മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ബെഥേൽ കുടും​ബ​ത്തി​ലെ ചില അംഗങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം ഏതാണ്ട്‌ 35 വർഷം വീസ്‌ബാ​ഡെൻ അവരുടെ വീട്‌ ആയിരു​ന്നു. താമസി​യാ​തെ, വീസ്‌ബാ​ഡെ​നി​ലെ ബെഥേൽ സമുച്ചയം പല ഭാഗങ്ങ​ളാ​യി വ്യത്യസ്‌ത ആളുകൾക്കു വിറ്റു. മുൻ പുസ്‌തക ബയന്റു ശാലയു​ടെ ഒരു ചെറിയ ഭാഗം മാത്രം രാജ്യ​ഹാ​ളാ​യി മാറ്റി​യെ​ടു​ത്തു. യഹോ​വ​യു​ടെ ജനങ്ങളു​ടെ സവി​ശേ​ഷ​ത​യായ സാർവ​ദേ​ശീയ ഐക്യ​ത്തി​നു ചേർച്ച​യിൽ ഇന്ന്‌ ആ ഹാളിൽ നാലു സഭകൾ—ജർമൻ ഭാഷയിൽ രണ്ടും ഇംഗ്ലീഷ്‌, റഷ്യൻ ഭാഷക​ളിൽ ഓരോ​ന്നും—കൂടി​വ​രു​ന്നു.

സമർപ്പണ ദിവസം

സെൽറ്റേ​ഴ്‌സ്‌ ബെഥേൽ സമുച്ച​യ​ത്തി​ന്റെ അവസാന മിനു​ക്കു​പണി പൂർത്തി​യായ ശേഷം 1984 ഏപ്രിൽ 21-ന്‌ സമർപ്പണ പരിപാ​ടി നടത്ത​പ്പെട്ടു. ആ പദ്ധതി​യിൽ പങ്കുപ​റ്റിയ ഏവർക്കും തങ്ങളോ​ടു കൂടെ യഹോ​വ​യു​ടെ കരങ്ങൾ ഉണ്ടായി​രു​ന്നു എന്ന ശക്തമായ ബോധ്യം ഉണ്ടായി​രു​ന്നു. അവർ മാർഗ​ദർശ​ന​ത്തി​നാ​യി അവനി​ലേക്കു നോക്കി. പർവത​സ​മാന പ്രതി​ബ​ന്ധങ്ങൾ തങ്ങളുടെ വഴിയിൽ നിന്നു നീക്കി​ക്കൊ​ടു​ത്ത​തിൽ അവർ അവനു നന്ദി​യേകി. സത്യാ​രാ​ധ​ന​യു​ടെ ഉന്നമന​ത്തി​നാ​യി ഉപയോ​ഗി​ക്കാൻ തുടങ്ങിയ, പൂർത്തി​യാ​ക്ക​പ്പെട്ട ആ ബ്രാഞ്ച്‌ സൗകര്യ​ങ്ങ​ളിൽ അവന്റെ അനു​ഗ്ര​ഹ​സ്‌പർശം അവർക്ക്‌ അനുഭ​വ​വേ​ദ്യ​മാ​യി. (സങ്കീ. 127:1) വാസ്‌ത​വ​മാ​യും അതു പ്രത്യേക ആഹ്ലാദ​ത്തി​ന്റെ ഒരു സമയം ആയിരു​ന്നു.

ആ വാരത്തി​ന്റെ ആരംഭ​ത്തിൽ, ബെഥേൽ സമുച്ചയം സന്ദർശ​കർക്കാ​യി തുറന്നി​രു​ന്നു. നിർമാണ പ്രവർത്ത​ന​ത്തി​നാ​യി സൊ​സൈ​റ്റി​ക്കു ബന്ധപ്പെ​ടേ​ണ്ടി​വന്ന വ്യത്യസ്‌ത ഉദ്യോ​ഗ​സ്ഥരെ ടൂറി​നാ​യി പ്രത്യേ​കം ക്ഷണിച്ചി​രു​ന്നു. അയൽക്കാർക്കും സ്വാഗ​ത​മ​രു​ളി. പാസ്റ്റർ കാരണ​മാ​ണു തനിക്കു വരാൻ സാധി​ച്ചത്‌ എന്ന്‌ ഒരു സന്ദർശകൻ വെളി​പ്പെ​ടു​ത്തി. സമീപ വർഷങ്ങ​ളിൽ സാക്ഷി​കളെ അവമതി​ച്ചു സംസാ​രി​ക്കു​ന്നതു പാസ്റ്ററി​ന്റെ പതിവ്‌ ആയിരു​ന്നു എന്നും സഭാം​ഗങ്ങൾ അതു കേട്ടു മടുത്തു എന്നും അദ്ദേഹം വിശദീ​ക​രി​ച്ചു. തലേ ഞായറാഴ്‌ച പാസ്റ്റർ വീണ്ടും സാക്ഷി​കളെ കുറിച്ച്‌ അപമര്യാ​ദ​യാ​യി സംസാ​രി​ച്ചിട്ട്‌, സാക്ഷി​ക​ളു​ടെ ‘ഉദാര​മായ ആതിഥ്യം’ സ്വീക​രി​ക്ക​രുത്‌ എന്നു സഭാം​ഗ​ങ്ങൾക്കു മുന്നറി​യി​പ്പു നൽകി. “നിങ്ങളു​ടെ ക്ഷണത്തെ കുറിച്ച്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും തീയതി ഞാൻ മറന്നു പോയി​രു​ന്നു. കഴിഞ്ഞ ഞായറാഴ്‌ച പാസ്റ്റർ അതേക്കു​റി​ച്ചു സൂചി​പ്പി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഞാൻ അത്‌ ഓർക്കാൻ വഴിയി​ല്ലാ​യി​രു​ന്നു.”

പ്രാരംഭ ടൂറു​കൾക്കു ശേഷം ഒടുവിൽ സമർപ്പണ പരിപാ​ടി​ക്കുള്ള ദിവസം വന്നെത്തി. രാവിലെ 9:20-ന്‌ സംഗീ​ത​ത്തോ​ടു കൂടെ പരിപാ​ടി ആരംഭി​ച്ചു. ഭരണസം​ഘ​ത്തി​ലെ 14 അംഗങ്ങ​ളിൽ 13 പേരും ക്ഷണം സ്വീക​രി​ച്ചു സന്നിഹി​തർ ആയിരു​ന്നത്‌ എത്രമാ​ത്രം ആഹ്ലാദ​കരം ആയിരു​ന്നു! ഒന്നല്ലെ​ങ്കിൽ മറ്റൊരു വിധത്തിൽ നിർമാണ പദ്ധതി​യു​ടെ വിജയ​ത്തി​നു സംഭാവന ചെയ്‌ത എല്ലാവർക്കും വ്യക്തി​പ​ര​മാ​യി സന്നിഹി​തർ ആകാൻ സാധി​ക്കാ​ഞ്ഞതു നിമിത്തം രാജ്യ​മെ​മ്പാ​ടു​മുള്ള 11 വ്യത്യസ്‌ത പ്രദേ​ശ​ങ്ങളെ ടെല​ഫോ​ണി​ലൂ​ടെ ബന്ധിപ്പി​ച്ചു. അങ്ങനെ 97,562 പേർക്ക്‌ ഉത്‌കൃ​ഷ്ട​മായ ആ പരിപാ​ടി ആസ്വദി​ക്കാൻ കഴിഞ്ഞു.

സ്‌മര​ണാർഹ​മായ ആ ദിനത്തിൽ സെൽറ്റേ​ഴ്‌സിൽ വന്നു​ചേർന്ന​വ​രിൽ രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്തു നാസി തടങ്കൽ പാളയ​ങ്ങ​ളിൽ ആയിരു​ന്ന​പ്പോൾ തങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ മാറ്റു​ര​യ്‌ക്ക​പ്പെട്ട ചിലരും സമീപ കാലത്തു പൂർവ ജർമനി​യിൽ തടവിൽ നിന്നു മോചി​പ്പി​ക്ക​പ്പെട്ട ചിലരും ഉണ്ടായി​രു​ന്നു. ഏൺസ്റ്റ്‌ സെലി​ഗ​റും ഭാര്യ ഹിൽഡ​ഗാർഡും അക്കൂട്ട​ത്തിൽ ഉള്ളവർ ആയിരു​ന്നു. സെലിഗർ സഹോ​ദരൻ മുഴു​സമയ ശുശ്രൂഷ തുടങ്ങി​യിട്ട്‌ 60-ലധികം വർഷം ആയിരു​ന്നു. അദ്ദേഹ​വും ഭാര്യ​യും മൊത്തം 40-ലധികം വർഷം നാസി/കമ്മ്യൂ​ണിസ്റ്റ്‌ ഭരണകൂ​ട​ങ്ങ​ളു​ടെ തടങ്കൽ പാളയ​ങ്ങ​ളിൽ ചെലവ​ഴി​ച്ചി​രു​ന്നു. സമർപ്പണ പരിപാ​ടി​യിൽ പങ്കെടുത്ത ശേഷം അവർ എഴുതി: “നമ്മുടെ ആത്മീയ പറുദീ​സ​യിൽ സ്വാദി​ഷ്ട​മായ ഈ ആത്മീയ വിരു​ന്നിൽ പങ്കുപ​റ്റാൻ സാധി​ച്ച​തിൽ ഞങ്ങൾക്കു​ണ്ടായ സന്തോഷം നിങ്ങൾക്കു വിഭാവന ചെയ്യാൻ സാധി​ക്കു​മോ? മഹത്തായ ആ പരിപാ​ടി ആദ്യവ​സാ​നം കേൾക്കവേ, ദിവ്യാ​ധി​പത്യ ഐക്യ​ത്തി​ന്റെ​യും ഒത്തൊ​രു​മ​യു​ടെ​യും ഒരു ദിവ്യ​താ​ള​ലയം കേൾക്കു​ന്നതു പോലെ ഉണ്ടായി​രു​ന്നു.” (അവർ അനുഭ​വിച്ച വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​ന​കളെ കുറി​ച്ചുള്ള കൂടു​ത​ലായ വിശദാം​ശ​ങ്ങൾക്ക്‌ 1975 ജൂലൈ 15-ലെ വീക്ഷാ​ഗോ​പു​രം [ഇംഗ്ലീഷ്‌] കാണുക.)

‘യഹോ​വ​യു​ടെ നാമത്തി​നുള്ള ആലയങ്ങൾ’

സ്വമേ​ധയാ ജോലി ചെയ്‌തു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ വെറും ആഴ്‌ച​കൾക്കകം—ചില​പ്പോ​ഴൊ​ക്കെ ദിവസ​ങ്ങൾകൊ​ണ്ടു പോലും—രാജ്യ​ഹാ​ളു​ക​ളും വലിയ സമ്മേളന ഹാളു​ക​ളും പണിയു​ന്നത്‌ ആളുകളെ ആശ്ചര്യ​ഭ​രി​തർ ആക്കിയി​ട്ടുണ്ട്‌. അവരുടെ സ്വമേ​ധയാ സംഭാ​വ​ന​ക​ളാ​ലാണ്‌ ലക്ഷക്കണ​ക്കി​നു ഡോളർ ചെലവു വരുന്ന ബെഥേൽ സമുച്ച​യ​ങ്ങ​ളു​ടെ നിർമാ​ണം നടക്കു​ന്നത്‌ എന്നതും ആളുകളെ അതിശ​യി​പ്പി​ക്കു​ന്നു. ജർമനി​യി​ലെ നിവാ​സി​കൾക്ക്‌ ഈ പ്രവർത്ത​നങ്ങൾ എല്ലാം നേരിട്ടു കാണാൻ പല അവസര​ങ്ങ​ളും ലഭിച്ചി​ട്ടുണ്ട്‌.

1970-കളുടെ തുടക്ക​ത്തിൽ, പശ്ചിമ ബർലി​നിൽ പണിത പശ്ചിമ ജർമനി​യി​ലെ ആദ്യത്തെ സമ്മേളന ഹാൾ സമർപ്പി​ക്ക​പ്പെട്ടു. അതേത്തു​ടർന്നു വേറെ​യും ഹാളുകൾ പണിയ​പ്പെട്ടു. അങ്ങനെ, 1986 മുതൽ പശ്ചിമ ജർമനി​യിൽ എല്ലാ സർക്കിട്ട്‌ സമ്മേള​ന​ങ്ങ​ളും സാക്ഷി​ക​ളു​ടെ സ്വന്തം ഹാളു​ക​ളി​ലാ​ണു നടത്തി​വ​രു​ന്നത്‌.

സഹോ​ദ​ര​ങ്ങൾ ഈ പദ്ധതി​ക​ളിൽ വേല ചെയ്യവേ യഹോ​വ​യു​ടെ അനു​ഗ്രഹം പ്രകട​മാ​യി​രു​ന്നു. മ്യൂണി​ക്കിൽ നഗരാ​ധി​കാ​രി​ക​ളു​ടെ സഹകര​ണ​ത്തോ​ടെ വളരെ ന്യായ​മായ വിലയ്‌ക്ക്‌ ഒരു സമ്മേളന ഹാളി​നുള്ള സ്ഥലം വാങ്ങി. കൂറ്റൻ ഒളിമ്പിക്‌ സ്റ്റേഡി​യ​ത്തി​ന്റെ എതിർവ​ശത്ത്‌, ഹൈ​വേ​യോ​ടു ചേർന്ന്‌ ഒളിമ്പിക്‌ പാർക്കി​ന്റെ വശ്യസു​ന്ദ​ര​മായ പ്രകൃ​തി​വി​ലാ​സ​ത്തി​ന്റെ സമീപത്ത്‌ ആയിട്ടാണ്‌ അതിന്റെ സ്ഥാനം.

നിർമാണ പ്രവർത്ത​ന​ങ്ങൾക്കും സാധന​ങ്ങൾക്കും ഉള്ള ചെലവു​കൾ പരമാ​വധി ചുരു​ക്കു​ന്ന​തി​നു സഹോ​ദ​രങ്ങൾ ആത്മാർഥ​മാ​യി ശ്രമിച്ചു. ഒരു വൈദ്യു​ത നിലയം അവിടെ നിന്നു മാറ്റി സ്ഥാപി​ക്കുക ആയിരു​ന്ന​തി​നാൽ വൈദ്യു​ത സ്വിച്ച്‌ ബോർഡു​ക​ളും ടെല​ഫോൺ സ്വിച്ച്‌ ബോർഡും കുറഞ്ഞ വിലയ്‌ക്കു ലഭ്യമാ​യി. അങ്ങനെ, യഥാർഥ വിലയിൽ നിന്ന്‌ അഞ്ചു ശതമാനം കിഴി​വിൽ അവ വാങ്ങാൻ സഹോ​ദ​ര​ങ്ങൾക്കു സാധിച്ചു. തക്കസമ​യത്തു തന്നെ ഒരു കെട്ടിട സമുച്ചയം പൊളി​ച്ചു മാറ്റുക ആയിരു​ന്ന​തി​നാൽ ആവശ്യ​മു​ള്ളത്ര വാഷ്‌ബേ​സി​നു​ക​ളും ക്ലോസ​റ്റു​ക​ളും വാതി​ലു​ക​ളും കതകു​ക​ളും നൂറു​ക​ണ​ക്കി​നു മീറ്റർ നീളമുള്ള ജല, വാതക, വായു​സ​ഞ്ചാര പൈപ്പു​ക​ളും ന്യായ​മായ വിലയ്‌ക്കു വാങ്ങാൻ കഴിഞ്ഞു. കസേര​ക​ളും മേശക​ളും സ്വന്തമാ​യി നിർമി​ച്ച​തു​കൊണ്ട്‌ അതിനും അധികം പണച്ചെ​ലവ്‌ ഉണ്ടായില്ല. നഗരത്തി​ലെ പ്രകൃ​തി​വി​ലാസ നയം അനുസ​രിച്ച്‌, സമ്മേളന ഹാളിന്റെ മുറ്റത്ത്‌ 27 ലിൻഡൻ മരങ്ങൾ നട്ടുവ​ളർത്തേ​ണ്ടി​യി​രു​ന്നു. തൈകൾ വിൽക്കുന്ന ഒരു നഴ്‌സറി അടച്ചു പൂട്ടാൻ പോകുക ആയിരു​ന്നു. വേണ്ടത്ര ഉയരത്തി​ലുള്ള, ആവശ്യ​മു​ള്ളത്ര തൈകൾ അവിടെ ലഭ്യമാ​യി​രു​ന്നു. യഥാർഥ വിലയു​ടെ പത്തി​ലൊ​ന്നു വിലയ്‌ക്ക്‌ അവിടെ നിന്നു തൈകൾ വാങ്ങി. മ്യൂണി​ക്കി​ലെ തെരുവു നിർമാ​ണ​ത്തി​നാ​യി കൊണ്ടു​വ​ന്നി​രുന്ന ടൺ കണക്കിനു വലിയ ഉരുളൻ കല്ലുകൾ ബാക്കി വന്നതി​നാൽ അവ വളരെ തുച്ഛമായ വിലയ്‌ക്കു ലഭ്യമാ​യി. ആ കല്ലുകൾ ഹാളിനു ചുറ്റു​മുള്ള നടവഴി​യി​ലും അതോടു ചേർന്നുള്ള പാർക്കിങ്‌ സ്ഥലത്തും പാകു​ക​യു​ണ്ടാ​യി.

ജർമനി​യി​ലെ മറ്റു സമ്മേളന ഹാളു​ക​ളു​ടെ കാര്യ​ത്തി​ലും സമാന​മായ കഥകൾ വിവരി​ക്കാൻ സാധി​ക്കും. അവ തനതായ രൂപമാ​തൃ​ക​യി​ലും മനോ​ഹാ​രി​ത​യി​ലും മുന്തി​നിൽക്കു​ന്നു. വാസ്‌ത​വ​ത്തിൽ, അവയിൽ ഓരോ​ന്നും 3,000 വർഷം മുമ്പ്‌ യെരൂ​ശ​ലേ​മിൽ പണിതു​യർത്തിയ ആലയത്തെ ശലോ​മോൻ രാജാവ്‌ വർണി​ച്ചതു പോലെ, ‘യഹോ​വ​യു​ടെ നാമത്തി​ന്നുള്ള ഒരു ആലയം’ ആണ്‌.—1 രാജാ. 5:5.

കൂടാതെ, ജർമനി​യി​ലെ 2,083 സഭകൾക്കു കൂടി​വ​രാൻ രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​വും ദ്രുത​ഗ​തി​യിൽ നടക്കുന്നു. അവിടെ ഇപ്പോൾ 17 മേഖലാ നിർമാണ കമ്മിറ്റി​ക​ളുണ്ട്‌. 1984-ൽ ആദ്യത്തെ മേഖലാ കമ്മിറ്റി രൂപീ​കൃ​ത​മാ​കു​ന്ന​തി​നു മുമ്പ്‌ ജർമനി​യിൽ സാക്ഷി​കൾക്കു സ്വന്തമാ​യി 230 രാജ്യ​ഹാ​ളു​കളേ ഉണ്ടായി​രു​ന്നു​ള്ളൂ. അന്നു മുതൽ 1998 ആഗസ്റ്റ്‌ വരെ പ്രതി​വർഷം ശരാശരി 58 പുതിയ ഹാളുകൾ വീതം പണിയ​പ്പെട്ടു—പോയ 12 വർഷം പ്രതി​വാ​രം ഒന്നില​ധി​കം ഹാളുകൾ എന്ന നിരക്കിൽ!

നിർമാണ പ്രവർത്ത​ന​ങ്ങ​ളു​ടെ കാര്യ​ത്തി​ലും ജർമനി​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ ദേശീയ അതിർത്തി​കൾ കടന്നി​രി​ക്കു​ന്നു. അവർ ഒരു ആഗോള കുടും​ബ​ത്തി​ന്റെ ഭാഗമാണ്‌. ജർമനി​യിൽ നിന്നുള്ള 40-ൽപരം പേർ സാർവ​ദേ​ശീയ ദാസന്മാ​രാ​യി സേവി​ച്ചി​രി​ക്കു​ന്നു. സൊ​സൈറ്റി അയയ്‌ക്കു​ന്നി​ട​ത്തെ​ല്ലാം ആവശ്യ​മു​ള്ളി​ട​ത്തോ​ളം കാലം നിർമാണ പ്രവർത്ത​ന​ങ്ങ​ളിൽ പങ്കുപ​റ്റാൻ അവർ സന്നദ്ധരാണ്‌. അവരെ കൂടാതെ വേറെ​യും 242 പേർ വ്യത്യസ്‌ത കാലയ​ള​വിൽ മറ്റു രാജ്യ​ങ്ങ​ളിൽ അത്തരം പദ്ധതി​ക​ളിൽ പ്രവർത്തി​ച്ചി​ട്ടുണ്ട്‌.

സഞ്ചാര മേൽവി​ചാ​ര​ക​ന്മാർ ആടുകളെ മേയ്‌ക്കു​ന്നു

സംഘട​ന​യു​ടെ ആത്മീയ സ്ഥിതി​യിൽ മുഖ്യ​മായ പങ്കു വഹിച്ചി​രി​ക്കുന്ന ഒന്നാണു സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രു​ടെ പ്രവർത്തനം. അത്തരം പുരു​ഷ​ന്മാർ വാസ്‌ത​വ​മാ​യും ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ടത്തെ മേയ്‌ക്കു​ന്നവർ ആണ്‌. (1 പത്രൊ. 5:1-3) പൗലൊസ്‌ അപ്പൊ​സ്‌തലൻ വർണി​ച്ചതു പോലെ അവർ “മനുഷ്യ​രാം ദാനങ്ങൾ” ആണ്‌.—എഫെ. 4:8, NW.

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം സഞ്ചാര മേൽവി​ചാ​ര​ക​ന്മാർ സഭകൾ സന്ദർശിച്ച്‌ അവരെ കെട്ടു​പണി ചെയ്യു​ക​യും വയൽ ശുശ്രൂ​ഷ​യിൽ അവരോ​ടൊ​പ്പം പ്രവർത്തി​ക്കു​ക​യും ചെയ്‌തു. അവരിൽ, 1925-ൽ സ്‌നാ​പ​ന​മേറ്റ ഗേർഹാർഡ്‌ ഓൾറ്റ്‌മാൻസ്‌, യോ​സെഫ്‌ ഷാർനെർ, പൗൾ വ്രോ​ബെൽ എന്നീ സഹോ​ദ​ര​ന്മാ​രും 1930-കളിൽ സ്‌നാ​പ​ന​മേറ്റ ഓട്ടോ വൂലെ, മാക്‌സ്‌ സന്റ്‌നെർ എന്നീ സഹോ​ദ​ര​ന്മാ​രും ഉൾപ്പെ​ടു​ന്നു.

ആവശ്യാ​നു​സൃ​തം മറ്റു സഹോ​ദ​ര​ന്മാ​രും സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രു​ടെ പട്ടിക​യി​ലേക്കു ചേർക്ക​പ്പെട്ടു. രണ്ടാം ലോക മഹായു​ദ്ധത്തെ തുടർന്ന്‌ ഇന്നു വരെ പശ്ചിമ ജർമനി​യിൽ 290-ൽപരം സഹോ​ദ​ര​ന്മാ​രും പൂർവ ജർമനി​യിൽ 40-ൽപരം സഹോ​ദ​ര​ന്മാ​രും സഞ്ചാര വേലയിൽ സേവി​ച്ചി​രി​ക്കു​ന്നു. രാജ്യ താത്‌പ​ര്യ​ങ്ങ​ളു​ടെ ഉന്നമന​ത്തിന്‌ അവർ തങ്ങളെ​ത്തന്നെ അർപ്പി​ച്ചി​രി​ക്കു​ക​യാണ്‌. തന്മൂലം, അവരിൽ ചിലർക്കു തങ്ങളുടെ മുതിർന്ന മക്കളെ​യോ പേരക്കി​ടാ​ങ്ങ​ളെ​യോ കൂടെ​ക്കൂ​ടെ കാണാൻ സാധി​ക്കാ​താ​യി. മറ്റു ചിലർ നിയമ​ന​ത്തിന്‌ ഇടയി​ലും പ്രായം​ചെന്ന അല്ലെങ്കിൽ രോഗ​ഗ്ര​സ്‌ത​രായ മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം പതിവാ​യി സമയം ചെലവ​ഴി​ക്കാൻ ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു.

ആ സഞ്ചാര ശുശ്രൂ​ഷ​ക​ന്മാ​രിൽ ചിലർ ആയാസ​പൂർണ​വും അതേസ​മയം ഫലദാ​യ​ക​വു​മായ തങ്ങളുടെ വേലയിൽ ദശകങ്ങ​ളോ​ളം ചെലവ​ഴി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഹോർസ്റ്റ്‌ ക്രെറ്റ്‌ഷ്‌മെ​റി​ന്റെ​യും ഭാര്യ ഗെർട്രൂ​ഡി​ന്റെ​യും കാര്യ​മെ​ടു​ക്കാം. 1956 മുതൽ അവർ ജർമനി​യിൽ ഉടനീളം സഞ്ചാര വേലയിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്നു. 1950-ൽ വീസ്‌ബാ​ഡെ​നി​ലെ ബെഥേ​ലിൽ കുറച്ചു നാൾ തങ്ങിയത്‌ ക്രെറ്റ്‌ഷ്‌മെ​റിന്റ്‌ സഹോ​ദരൻ ഇപ്പോ​ഴും അനുസ്‌മ​രി​ക്കു​ന്നു. അദ്ദേഹ​ത്തി​ന്റെ തോളിൽ കയ്യിട്ടു​കൊണ്ട്‌ സ്‌നേ​ഹ​പു​ര​സ്സരം എറിക്‌ ഫ്രോസ്റ്റ്‌ ഇങ്ങനെ പറഞ്ഞു: “ഹോർസ്റ്റ്‌, ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. താങ്കൾ യഹോ​വ​യോ​ടു വിശ്വ​സ്‌തത പുലർത്തു​ന്ന​പക്ഷം അവൻ താങ്കളെ കാത്തു​പ​രി​പാ​ലി​ക്കും. ഞാൻ അത്‌ അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌; നിങ്ങളും അത്‌ അനുഭ​വി​ക്കും. വിശ്വ​സ്‌ത​നാ​യി നില​കൊ​ള്ളണം എന്നു മാത്രം.”

1998-ലെ കണക്കനു​സ​രിച്ച്‌ സർക്കിട്ട്‌/ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാ​രാ​യി സേവി​ക്കുന്ന 125 സഹോ​ദ​ര​ന്മാർ ജർമനി​യിൽ ഉണ്ട്‌. അവർ പക്വത​യുള്ള പുരു​ഷ​ന്മാ​രാണ്‌; യഹോ​വ​യ്‌ക്കുള്ള മുഴു സമയ സേവന​ത്തിൽ അവർ ശരാശരി 30 വർഷം ചെലവ​ഴി​ച്ചി​രി​ക്കു​ന്നു. അവരുടെ ഭാര്യ​മാ​രും ശുശ്രൂ​ഷ​യിൽ തീക്ഷ്‌ണത ഉള്ളവരാണ്‌. മാത്രമല്ല, തങ്ങൾ സന്ദർശി​ക്കുന്ന സഭകളി​ലെ സഹോ​ദ​രി​മാർക്ക്‌ അവർ പ്രത്യേക പ്രോ​ത്സാ​ഹ​ന​വു​മാണ്‌.

സഞ്ചാര മേൽവി​ചാ​രകൻ ബ്രുക്ലി​നി​ലേക്ക്‌

മാർട്ടിൻ പ്യൊ​റ്റ്‌സിം​ഗ​റും ഭാര്യ ഗെർട്രൂ​ഡും ജർമനി​യി​ലെ യഹോ​വ​യു​ടെ ജനങ്ങൾക്കി​ട​യിൽ പരക്കെ അറിയ​പ്പെ​ട്ടി​രു​ന്നു. ഹിറ്റ്‌ല​റി​ന്റെ നാസി ഭരണകാ​ല​ത്തി​നു മുമ്പും ഭരണകാ​ല​ത്തും ഭരണ​ശേ​ഷ​വും അവർ വിശ്വ​സ്‌ത​ത​യോ​ടെ യഹോ​വയെ സേവിച്ചു. നാസി തടവറ​യിൽ നിന്നു മോചി​പ്പി​ക്ക​പ്പെട്ട ശേഷം, ഉടനടി അവർ വീണ്ടും മുഴു​സമയ പ്രവർത്തനം തുടങ്ങി. 30-ലധികം വർഷം അവർ ജർമനി​യിൽ ഉടനീ​ള​മുള്ള സർക്കി​ട്ടു​ക​ളിൽ സേവനം അനുഷ്‌ഠി​ച്ചു​കൊണ്ട്‌ സഞ്ചാര വേലയിൽ തുടർന്നു. ആയിര​ക്ക​ണ​ക്കി​നു സാക്ഷികൾ അവരെ സ്‌നേ​ഹി​ക്കാ​നും ആദരി​ക്കാ​നും ഇടയായി.

1959-ൽ പോയ​റ്റ്‌സിം​ഗർ സഹോ​ദരൻ 32-ാമതു ഗിലെ​യാദ്‌ ക്ലാസ്സിൽ പങ്കെടു​ത്തു. ഇംഗ്ലീഷ്‌ വശമി​ല്ലാ​തി​രുന്ന ഗെർട്രൂഡ്‌ അദ്ദേഹത്തെ അനുഗ​മി​ച്ചി​രു​ന്നില്ല. എങ്കിലും, അദ്ദേഹ​ത്തി​നു ലഭിച്ച ആ പദവി​യിൽ അവർ ആഹ്ലാദ​വതി ആയിരു​ന്നു. ഭർത്താ​വി​നെ പിരി​ഞ്ഞി​രി​ക്കു​ന്നത്‌ അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം പുത്തരി ആയിരു​ന്നില്ല. വിവാഹം കഴിഞ്ഞ്‌ ഏതാനും മാസങ്ങൾക്കകം നാസി പീഡനം ഒമ്പതു വർഷ​ത്തേക്കു നിർബ​ന്ധ​പൂർവം അവരെ വേർപെ​ടു​ത്തി​യി​രു​ന്നു. ഇപ്പോൾ, യഹോ​വ​യു​ടെ സംഘടന ദിവ്യാ​ധി​പത്യ പ്രവർത്ത​ന​ത്തി​നു​വേണ്ടി സ്വമന​സ്സാ​ലെ പിരി​ഞ്ഞി​രി​ക്കാൻ ആവശ്യ​പ്പെ​ട്ട​പ്പോൾ തെല്ലും മടി കൂടാതെ—ലവലേശം പരാതി​പ്പെ​ടാ​തെ—അവർ അതിനു തയ്യാറാ​യി.

വ്യക്തി​പ​ര​മാ​യ നേട്ടങ്ങൾക്കു വേണ്ടി ആയിരു​ന്നില്ല അവർ ഇരുവ​രും യഹോ​വയെ സേവി​ച്ചി​രു​ന്നത്‌. ദിവ്യാ​ധി​പത്യ നിയമ​നങ്ങൾ സ്വീക​രി​ക്കാൻ അവർ എന്നും മനസ്സൊ​രു​ക്കം ഉള്ളവർ ആയിരു​ന്നു. എന്നാൽ, 1977-ൽ അവരെ അതിശ​യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌, യു.എസ്‌.എ-യിൽ ന്യൂ​യോർക്കി​ലെ ബ്രുക്ലി​നി​ലുള്ള ലോക ആസ്ഥാന​ത്തിൽ ബെഥേൽ കുടും​ബാം​ഗ​ങ്ങ​ളാ​യി സേവി​ക്കാൻ അവർക്കു ക്ഷണം ലഭിച്ചു. പോയ​റ്റ്‌സിം​ഗർ സഹോ​ദരൻ ഭരണസം​ഘ​ത്തി​ലെ അംഗമാ​യി സേവി​ക്ക​ണ​മാ​യി​രു​ന്നു!

യു.എസ്‌.-ൽ സ്ഥിരതാ​മ​സ​ത്തി​നുള്ള രേഖകൾ ലഭ്യമാ​കു​ന്നതു വരെ വീസ്‌ബാ​ഡെൻ ബെഥേ​ലിൽ താമസി​ക്കാൻ അവരോട്‌ ആവശ്യ​പ്പെട്ടു. അവരുടെ കാത്തി​രി​പ്പു പ്രതീ​ക്ഷി​ച്ച​തി​ലും ദീർഘി​ച്ചു, മാസങ്ങ​ളോ​ളം​തന്നെ. മാർട്ടിൻ ഇംഗ്ലീഷ്‌ നന്നായി വശമാ​ക്കാൻ ശ്രമി​ക്കവേ അദ്ദേഹ​ത്തി​ന്റെ ഉത്സാഹ​വ​തി​യായ ഭാര്യ ഗെർട്രൂ​ഡും ഇംഗ്ലീഷ്‌ പഠിക്കാൻ തുടങ്ങി. 65 വയസ്സായ ഒരു സ്‌ത്രീ​യെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു പുതിയ ഭാഷ പഠി​ച്ചെ​ടു​ക്കു​ന്നത്‌ അത്ര എളുപ്പം ആയിരു​ന്നില്ല. എങ്കിലും യഹോ​വ​യു​ടെ സേവന​ത്തി​നാ​യി അവർ ഇരുവ​രും എന്തിനും ഒരുക്ക​മു​ള്ളവർ ആയിരു​ന്നു!

വീസ്‌ബാ​ഡെൻ ബെഥേൽ കുടും​ബ​ത്തിൽ ഇംഗ്ലീഷ്‌ അറിയാ​വുന്ന പലരും മാർട്ടി​നെ​യും ഗെർട്രൂ​ഡി​നെ​യും ഭാഷ പഠിപ്പി​ക്കു​ന്ന​തിൽ വളരെ സന്തോ​ഷ​മു​ള്ളവർ ആയിരു​ന്നു. ഇംഗ്ലീഷ്‌ പഠിക്കു​ന്ന​തി​നി​ട​യിൽ ഗെർട്രൂ​ഡി​നു നിരു​ത്സാ​ഹം തോന്നു​മ്പോ​ഴെ​ല്ലാം അവരുടെ ഭർത്താവു ദയാപു​ര​സ്സരം ഇങ്ങനെ പറയു​മാ​യി​രു​ന്നു: “വിഷമി​ക്കാ​തെ ഗെർട്രൂഡ്‌, എല്ലാം സാവധാ​നം ശരിയാ​കും.” എന്നാൽ ‘എല്ലാം സാവധാ​നം ശരിയാ​കാൻ’ നോക്കി​യി​രി​ക്കുന്ന പ്രകൃ​ത​ക്കാ​രി ആയിരു​ന്നില്ല ഗെർട്രൂഡ്‌. മുഴു ഹൃദയ​ത്തോ​ടെ​യുള്ള അർപ്പണ​ബോ​ധ​വും നിശ്ചയ​ദാർഢ്യ​വും, യഹോ​വ​യു​ടെ സേവന​ത്തി​നാ​യി ഉഴിഞ്ഞു​വെ​ച്ചി​രുന്ന അവരുടെ ജീവി​ത​ത്തി​ന്റെ സവി​ശേഷത ആയിരു​ന്നു. അതേ അർപ്പണ​ബോ​ധ​ത്തോ​ടെ അവർ ഇംഗ്ലീഷ്‌ പഠി​ച്ചെ​ടു​ത്തു. 1978 നവംബ​റിൽ സ്ഥിരതാ​മ​സ​ത്തി​നുള്ള വിസ ലഭിച്ച ഉടനെ ഭർത്താ​വി​നോ​ടൊ​പ്പം ഗെർട്രൂഡ്‌ ബ്രുക്ലി​നി​ലേക്കു തിരിച്ചു.

അവർ ജർമനി വിടു​ന്നു​വെന്ന കാര്യം സഹോ​ദ​ര​ങ്ങ​ളിൽ സമ്മിശ്ര വികാ​രങ്ങൾ ഇളക്കി​വി​ട്ടെ​ങ്കി​ലും അവരുടെ പുതിയ പദവി​ക​ളിൽ സഹോ​ദ​രങ്ങൾ അത്യന്തം ആഹ്ലാദ​ചി​ത്തർ ആയിരു​ന്നു. ഏതാണ്ട്‌ ഒരു ദശകത്തി​നു ശേഷം, 1988 ജൂൺ 16-ന്‌ 83-ാം വയസ്സിൽ മാർട്ടി​ന്റെ ഭൗമിക ജീവി​ത​ഗതി അവസാ​നി​ച്ചു എന്നു കേട്ട​പ്പോൾ ജർമനി​യി​ലെ സഹോ​ദ​രങ്ങൾ അത്യന്തം വികാ​രാ​ധീ​ന​രാ​യി.

ഭർത്താ​വി​ന്റെ മരണ​ശേഷം ഗെർട്രൂഡ്‌ ജർമനി​യി​ലേക്കു മടങ്ങി. അവർ അവിടെ ബെഥേൽ കുടും​ബാം​ഗ​മാ​യി സേവി​ക്കു​ന്നു. അവർ ഇപ്പോ​ഴും ‘എല്ലാം സാവധാ​നം ശരിയാ​കാൻ’ നോക്കി​യി​രി​ക്കു​ന്നില്ല. ഒരിക്ക​ലും അവർ അങ്ങനെ ചെയ്യു​മെ​ന്നും തോന്നു​ന്നില്ല. ബെഥേൽ നിയമ​ന​ങ്ങൾക്കു പുറമേ, മിക്ക​പ്പോ​ഴും സഹായ പയനി​യ​റിങ്‌ ചെയ്‌തു കൊണ്ടു ഗെർട്രൂഡ്‌ അവധി​ക്കാ​ലങ്ങൾ ചെലവ​ഴി​ക്കു​ന്നു. (പോയ​റ്റ്‌സിം​ഗർ ദമ്പതി​മാ​രെ കുറി​ച്ചുള്ള കൂടു​ത​ലായ വിവര​ങ്ങൾക്ക്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ [ഇംഗ്ലീഷ്‌] 1969 ഡിസംബർ 1, 1984 ആഗസ്റ്റ്‌ 1, 1988 സെപ്‌റ്റം​ബർ 15 ലക്കങ്ങൾ കാണുക.)

സാർവ​ദേ​ശീയ ആവശ്യങ്ങൾ നിറ​വേ​റ്റാൻ പ്രത്യേക സ്‌കൂ​ളു​കൾ

1978-ൽ, പോയ​റ്റ്‌സിം​ഗർ ദമ്പതി​മാർ ബ്രുക്ലി​നി​ലേക്കു തിരിച്ച്‌ അധികം താമസി​യാ​തെ, പയനിയർ സേവന സ്‌കൂൾ ആരംഭി​ച്ചു. പ്രാ​യോ​ഗിക പരിശീ​ലനം പ്രദാനം ചെയ്‌ത, 10 ദിവസത്തെ ആ കോഴ്‌സ്‌ ജർമനി​യി​ലെ പയനി​യർമാ​രെ ബലിഷ്‌ഠ​രാ​കാൻ സഹായി​ച്ചു. വർഷം​തോ​റും രാജ്യ​മെ​മ്പാ​ടു​മുള്ള സർക്കി​ട്ടു​ക​ളിൽ ആ സ്‌കൂൾ നടത്ത​പ്പെ​ടു​ന്നു. മുമ്പ്‌ ഹാജരാ​യി​ട്ടി​ല്ലാത്ത, ഒരു വർഷമാ​യി പയനി​യർമാ​രു​ടെ പട്ടിക​യി​ലുള്ള എല്ലാവ​രെ​യും ആ സ്‌കൂ​ളി​ലേക്കു ക്ഷണിച്ചു​വ​രു​ന്നു. 1998-ന്റെ തുടക്ക​മാ​യ​പ്പോ​ഴേ​ക്കും, ആ സ്‌കൂ​ളിൽ പങ്കെടുത്ത 16,812 പേർ ഉണ്ടായി​രു​ന്നു. ജർമൻ ഭാഷയ്‌ക്കു പുറമേ ഇംഗ്ലീഷ്‌, ഇറ്റാലി​യൻ, ഗ്രീക്ക്‌, ടർക്കിഷ്‌, പോർച്ചു​ഗീസ്‌, പോളീഷ്‌, ഫ്രഞ്ച്‌, സെർബോ-ക്രൊ​യേ​ഷ്യൻ, സ്‌പാ​നിഷ്‌, റഷ്യൻ എന്നീ ഭാഷക​ളി​ലും ക്ലാസ്സുകൾ നടത്ത​പ്പെ​ടു​ന്നു.

വളരെ ദുഷ്‌ക​ര​മായ സാഹച​ര്യ​ങ്ങ​ളിൻ മധ്യേ​യാ​ണു ചിലർ പയനിയർ സേവന സ്‌കൂ​ളിൽ പങ്കെടു​ത്തത്‌. അവരിൽ ഒരാളാ​ണു ക്രിസ്റ്റീൻ ഏമൊസ്‌. പയനിയർ സേവന സ്‌കൂൾ തുടങ്ങു​ന്ന​തിന്‌ ഒരാഴ്‌ച മുമ്പ്‌, യോഗങ്ങൾ കഴിഞ്ഞു വീട്ടി​ലേക്കു മടങ്ങവേ ആ സഹോ​ദ​രി​യു​ടെ മകൻ ഒരു വാഹനാ​പ​ക​ട​ത്തിൽ കൊല്ല​പ്പെട്ടു. സാഹച​ര്യം അങ്ങനെ ആയിരി​ക്കെ, സഹോ​ദ​രി​ക്കു സ്‌കൂ​ളിൽ നിന്നു പ്രയോ​ജനം അനുഭ​വി​ക്കാൻ സാധി​ക്കു​മാ​യി​രു​ന്നോ? ആ സമയം വീട്ടിൽ ഒറ്റയ്‌ക്ക്‌ ആയിരി​ക്കു​മ്പോൾ ഭർത്താ​വി​ന്റെ അവസ്ഥ എന്താകു​മാ​യി​രു​ന്നു? ആത്മീയ കാര്യ​ങ്ങ​ളിൽ മനസ്സു കേന്ദ്രീ​ക​രി​ക്കു​ന്നത്‌ ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കും എന്നതു​കൊണ്ട്‌ സഹോ​ദരി സ്‌കൂ​ളിൽ പങ്കെടു​ക്കണം എന്നുതന്നെ അവർ ഇരുവ​രും തീരു​മാ​നി​ച്ചു. ആ സമയത്തു സഹോ​ദ​രി​യു​ടെ ഭർത്താ​വി​നു ബെഥേൽ സേവന​ത്തി​നു ക്ഷണം ലഭിച്ചു. താമസി​യാ​തെ ഇരുവ​രെ​യും നിർമാണ പ്രവർത്ത​ന​ങ്ങൾക്കാ​യി സെൽറ്റേ​ഴ്‌സി​ലേക്കു ക്ഷണിച്ചു. അവിടു​ത്തെ വേല തീർന്ന​പ്പോൾ അവർ ഗ്രീസ്‌, സ്‌പെ​യിൻ, സിംബാ​ബ്‌വേ എന്നിവി​ട​ങ്ങ​ളി​ലെ നിർമാണ പ്രവർത്ത​ന​ങ്ങ​ളി​ലും പങ്കുപറ്റി. ഇപ്പോൾ അവർ വീണ്ടും ജർമനി​യിൽ പയനി​യർമാ​രാ​യി സേവി​ക്കു​ന്നു.

പയനിയർ സേവന സ്‌കൂ​ളിൽ പങ്കെടുത്ത ചിലർ പയനിയർ സേവനം ജീവി​ത​വൃ​ത്തി ആക്കിയി​രി​ക്കു​ന്നു. അതു നിരന്തരം വെല്ലു​വി​ളി​കൾ ഉയർത്തു​ന്നു എങ്കിലും ആഴമായ സംതൃ​പ്‌തി പ്രദാനം ചെയ്യു​ന്ന​താ​യി അവർ കണ്ടെത്തു​ന്നു. 1958 മുതൽ പയനി​യ​റിങ്‌ ചെയ്‌തു​വ​രുന്ന ഇങ്‌ കോർറ്റ്‌ പറയുന്നു: “ദിനം തോറും യഹോ​വ​യോ​ടുള്ള നന്ദിയും കൃതജ്ഞ​ത​യും പ്രകടി​പ്പി​ക്കാൻ മുഴു സമയ സേവനം എനിക്കു പ്രത്യേക അവസരം പ്രദാനം ചെയ്യുന്നു.” 1959-ൽ പയനി​യ​റിങ്‌ തുടങ്ങിയ വാൾഡ്‌ട്രൗറ്റ്‌ ഗാൻ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “പയനിയർ സേവനം ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യിൽ ഒരു സംരക്ഷ​ണ​മാണ്‌. യഹോ​വ​യു​ടെ സഹായം അനുഭ​വി​ച്ച​റി​യു​ന്നത്‌ യഥാർഥ സന്തുഷ്ടി​യും ആന്തരിക സംതൃ​പ്‌തി​യും കൈവ​രു​ത്തു​ന്നു. ഭൗതിക നേട്ടങ്ങളെ അതി​നോ​ടു താരത​മ്യ​പ്പെ​ടു​ത്താ​നാ​കില്ല.” ഭർത്താ​വി​നോ​ടൊ​പ്പം പയനി​യ​റിങ്‌ ചെയ്യുന്ന മാർട്ടിന ഷാക്‌സ്‌ ഇങ്ങനെ പറയുന്നു: “ആത്മനി​യ​ന്ത്ര​ണ​വും ക്ഷമയും പോലുള്ള ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ പയനിയർ സേവനം എന്നെ സഹായി​ക്കു​ന്ന​തു​കൊണ്ട്‌ അതൊരു ‘ആയുഷ്‌കാല സ്‌കൂൾ’ ആണ്‌. ഒരു പയനിയർ എന്ന നിലയിൽ എനിക്ക്‌ യഹോ​വ​യോ​ടും അവന്റെ സംഘട​ന​യോ​ടും വളരെ​യ​ധി​കം അടുപ്പം തോന്നു​ന്നു.” മറ്റു ചിലർക്കു പയനിയർ സേവനം ബെഥേൽ സേവന​ത്തി​നും മിഷനറി വേലയ്‌ക്കും സർക്കിട്ട്‌ വേലയ്‌ക്കും ഒക്കെ ചവിട്ടു​പടി ആയിരു​ന്നി​ട്ടുണ്ട്‌.

മിഷന​റി​മാർക്കു വേണ്ടി​യുള്ള വർധിച്ച ആവശ്യം നിവർത്തി​ക്കാൻ ജർമനി​യിൽ 1981-ൽ ഒരു ഗിലെ​യാദ്‌ എക്‌സ്റ്റൻഷൻ സ്‌കൂൾ സ്ഥാപി​ക്കു​ക​യു​ണ്ടാ​യി. ജർമൻ ഭാഷ സംസാ​രി​ക്കുന്ന പയനി​യർമാർക്ക്‌ ഈ ഉത്‌കൃ​ഷ്ട​മായ പരിശീ​ലന പരിപാ​ടി ലഭ്യമാ​ക്കുക ആയിരു​ന്നു അതിന്റെ ഉദ്ദേശ്യം. സെൽറ്റേ​ഴ്‌സി​ലെ പുതിയ ബെഥേൽ സമുച്ച​യ​ത്തി​ന്റെ പണി പൂർത്തി​യാ​കാ​ഞ്ഞ​തു​കൊണ്ട്‌ ആദ്യത്തെ രണ്ടു ക്ലാസ്സുകൾ വീസ്‌ബാ​ഡെ​നിൽ വെച്ചാണു നടത്ത​പ്പെ​ട്ടത്‌. സെൽറ്റേ​ഴ്‌സി​ലേക്കു മാറി​യ​തി​നു ശേഷം മൂന്നു ക്ലാസ്സുകൾ കൂടി അവിടെ നടത്ത​പ്പെട്ടു. ആ അഞ്ചു ക്ലാസ്സു​ക​ളിൽ, ജർമനി​യിൽ നിന്നുള്ള 100 വിദ്യാർഥി​കൾക്കു പുറമേ ലക്‌സം​ബർഗ്‌, സ്വിറ്റ്‌സർലൻഡ്‌, നെതർലൻഡ്‌സ്‌ എന്നിവി​ട​ങ്ങ​ളി​ലുള്ള ജർമൻ ഭാഷ സംസാ​രി​ക്കുന്ന വിദ്യാർഥി​ക​ളും പങ്കെടു​ത്തു. ബിരു​ദാ​ന​ന്തരം ആ വിദ്യാർഥി​കൾ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, പൂർവ യൂറോപ്പ്‌, പസഫിക്‌ എന്നിങ്ങനെ 24 ദേശങ്ങ​ളി​ലേക്ക്‌ അയയ്‌ക്ക​പ്പെട്ടു.

1970-കളുടെ മധ്യ​ത്തോ​ടെ ജർമനി​യിൽ നിന്നുള്ള 183 മുഴു​സമയ സേവകർ വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളിൽ പങ്കുപറ്റി. 1996-ന്റെ അവസാ​ന​ത്തോ​ടെ, ഗിലെ​യാദ്‌ എക്‌സ്റ്റൻഷൻ സ്‌കൂ​ളി​ന്റെ സഹായ​ത്താൽ ആ സംഖ്യ 368 ആയി ഉയർന്നു. 1997 ജനുവ​രി​യിൽ, അതിൽ പകുതി​യോ​ളം പേരും മിഷന​റി​മാ​രാ​യി വിദേശ നിയമ​ന​ങ്ങ​ളിൽ സേവി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു എന്നത്‌ എത്ര സന്തോ​ഷ​പ്ര​ദ​മാണ്‌! പിൻവ​രു​ന്നവർ അവരിൽ ചിലരാണ്‌: പൗൾ എംഗ്‌ലർ, 1954 മുതൽ തായ്‌ലൻഡിൽ സേവനം അനുഷ്‌ഠി​ക്കു​ന്നു; 1962 മുതൽ സ്‌പെ​യി​നിൽ സേവനം അനുഷ്‌ഠിച്ച ഗുന്റർ ബുഷ്‌ബെക്‌, 1980-ൽ ഓസ്‌ട്രി​യ​യി​ലേക്കു നിയമി​ത​നാ​യി. കാൾ സൂമിഷ്‌, ഇന്തൊ​നീ​ഷ്യ​യി​ലും മധ്യപൂർവ​ദേ​ശ​ത്തും സേവന​മ​നു​ഷ്‌ഠിച്ച ശേഷം കെനി​യ​യി​ലേക്കു നിയമി​ക്ക​പ്പെട്ടു. കെനി​യ​യിൽ സേവി​ച്ചി​രുന്ന മാൻ​ഫ്രെഡ്‌ റ്റോനാക്ക്‌ എത്യോ​പ്യാ ബ്രാഞ്ചി​ലേക്കു നിയമി​ത​നാ​യി. മാർഗാ​രീറ്റ ക്യൂനി​ഗർ കഴിഞ്ഞ 32 വർഷക്കാ​ലം മഡഗാ​സ്‌കർ, കെനിയ, ബെനിൻ, ബുർക്കി​നാ ഫാസോ എന്നിവി​ട​ങ്ങ​ളിൽ മിഷന​റി​യാ​യി സേവി​ച്ചി​രി​ക്കു​ന്നു.

ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളാ​ണു മറ്റൊന്ന്‌. അത്‌ അവിവാ​ഹി​ത​രായ മൂപ്പന്മാർക്കും ശുശ്രൂ​ഷാ ദാസന്മാർക്കും പ്രബോ​ധനം പ്രദാനം ചെയ്യുന്നു. 1991 മുതൽ ജർമനി​യിൽ അതു ക്രമമാ​യി നടന്നു​വ​രു​ന്നു. ഓസ്‌ട്രിയ, ചെക്ക്‌ റിപ്പബ്ലിക്ക്‌, ഡെൻമാർക്ക്‌, നെതർലൻഡ്‌സ്‌, ബെൽജി​യം, ലക്‌സം​ബർഗ്‌, സ്വിറ്റ്‌സർലൻഡ്‌, ഹംഗറി എന്നിവി​ട​ങ്ങ​ളി​ലുള്ള ജർമൻ ഭാഷ സംസാ​രി​ക്കുന്ന സഹോ​ദ​ര​ന്മാർ ജർമനി​യി​ലെ സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം പ്രസ്‌തുത സ്‌കൂൾ പ്രദാനം ചെയ്യുന്ന ഉത്‌കൃ​ഷ്ട​മായ പരിശീ​ലനം ആസ്വദി​ച്ചി​രി​ക്കു​ന്നു. ബിരു​ദാ​ന​ന്തരം, ചില വിദ്യാർഥി​കൾ കൂടു​ത​ലായ ഉത്തരവാ​ദി​ത്വ​ങ്ങൾ നിർവ​ഹി​ക്കു​ന്ന​തി​നാ​യി, ആഫ്രി​ക്ക​യും പൂർവ യൂറോ​പ്പും പോലെ പ്രത്യേക ആവശ്യ​മുള്ള ഇടങ്ങളി​ലേക്ക്‌ അയയ്‌ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

സെൽറ്റേ​ഴ്‌സി​ലെ ബെഥേൽ ഭവനവും അച്ചടി​ശാ​ല​യും ഫലത്തിൽ ഒരു “സ്‌കൂൾ” ആണെന്നു തെളിഞ്ഞു. കാരണം പൂർവ യൂറോ​പ്പിൽ സ്വത​ന്ത്ര​മാ​യി പ്രസം​ഗ​വേല നിർവ​ഹി​ക്കു​ന്ന​തി​നുള്ള അവസരം തുറന്നു കിട്ടി​യ​പ്പോ​ഴേ​ക്കും ആ ആവശ്യം നിവർത്തി​ക്കു​ന്ന​തി​നാ​യി സഹോ​ദ​രങ്ങൾ സജ്ജരാ​ക്ക​പ്പെ​ട്ടി​രു​ന്നു. എല്ലാ തരത്തി​ലു​മുള്ള ആളുക​ളോ​ടൊ​പ്പം പ്രവർത്തി​ക്കാ​നും മാനുഷ അപൂർണത ഗണ്യമാ​ക്കാ​തെ എല്ലാ ആളുക​ളെ​യും തന്റെ വേല നിർവ​ഹി​ക്കാൻ യഹോ​വ​യ്‌ക്ക്‌ ഉപയോ​ഗി​ക്കാ​നാ​വു​മെന്നു തിരി​ച്ച​റി​യാ​നും ബെഥേൽ ജീവിതം അവരെ പഠിപ്പി​ച്ചു. ബൈബിൾ തത്ത്വങ്ങൾ നിരന്തരം ബാധക​മാ​ക്കു​ക​യും ഭരണസം​ഘ​ത്തി​ന്റെ മാർഗ​നിർദേ​ശങ്ങൾ സൂക്ഷ്‌മ​മാ​യി പിൻപ​റ്റു​ക​യും ചെയ്യു​ക​വഴി പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ സാധി​ക്കു​മെന്നു സേവന വിഭാ​ഗ​ത്തിൽ ജോലി ചെയ്‌തി​രുന്ന സഹോ​ദ​രങ്ങൾ മനസ്സി​ലാ​ക്കി. കൊടിയ സമ്മർദ​ത്തിൻ കീഴി​ലും ആത്മാവി​ന്റെ ഫലങ്ങൾ തുടർന്നു പ്രകടി​പ്പി​ക്കു​ക​യും സമനി​ല​യുള്ള മനോ​ഭാ​വം പ്രകട​മാ​ക്കു​ക​യും യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കു​ക​യും ചെയ്‌ത സഹോ​ദ​ര​ങ്ങ​ളാൽ അവർ പഠിപ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. മറ്റു ബ്രാഞ്ചു​ക​ളി​ലെ സഹോ​ദ​ര​ങ്ങ​ളു​മാ​യി പങ്കു​വെ​ക്കാൻ പറ്റിയ എത്രയോ വില​യേ​റിയ പാഠങ്ങൾ!

പ്രതി​ബ​ന്ധങ്ങൾ മറിക​ട​ക്കാൻ വിദ്യാ​ഭ്യാ​സ​വും സ്‌നേ​ഹ​വും

രക്തം ഉപയോ​ഗി​ക്ക​രുത്‌ എന്ന ബൈബി​ളി​ന്റെ വിലക്ക്‌ അനുസ​രി​ക്കു​ന്ന​തി​നുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിശ്ചയ​ദാർഢ്യ​ത്തെ ഊട്ടി​യു​റ​പ്പി​ക്കു​ന്ന​തിന്‌, പോയ ദശകത്തിൽ ലോക​വ്യാ​പ​ക​മാ​യി ഒരു വിദ്യാ​ഭ്യാ​സ പരിപാ​ടി സംഘടി​പ്പി​ക്കുക ഉണ്ടായി. (പ്രവൃ. 15:28, 29) മുൻവി​ധി​യു​ടെ​യും തെറ്റി​ദ്ധാ​ര​ണ​യു​ടെ​യും കോട്ടകൾ തകർക്കു​ന്നത്‌ അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. ഈ പരിപാ​ടി​യു​മാ​യി ബന്ധപ്പെട്ട്‌ ജർമനി​യിൽ, 1990-ൽ, ഹോസ്‌പി​റ്റൽ ഇൻഫർമേഷൻ സർവീ​സ​സി​നു തുടക്ക​മി​ട്ടു. അതേ വർഷം നവംബ​റിൽ, ജർമനി​യിൽ നടന്ന ഒരു സെമി​നാ​റിൽ 427 സഹോ​ദ​രങ്ങൾ പങ്കെടു​ത്തു. അവരിൽ അനേക​രും ജർമനി​യിൽ നിന്ന്‌ ഉള്ളവർ ആയിരു​ന്നെ​ങ്കി​ലും വേറെ ഒമ്പതു രാജ്യ​ങ്ങ​ളിൽ നിന്നു​ള്ള​വ​രും ഉണ്ടായി​രു​ന്നു. ഇത്‌ അന്താരാ​ഷ്‌ട്ര ബന്ധങ്ങളെ ശക്തമാക്കി. തങ്ങൾക്കു ലഭിച്ച സഹായ​ത്തിൽ മൂപ്പന്മാർ അത്യന്തം വിലമ​തി​പ്പു​ള്ളവർ ആയിരു​ന്നു. മാൻ​ഹൈ​മിൽ നിന്നുള്ള ഒരു മൂപ്പൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഞങ്ങളുടെ വീക്ഷണം വ്യക്തമാ​യും ദൃഢമാ​യും ഭയം കൂടാതെ, അതേ സമയം ആദര​വോ​ടെ അവതരി​പ്പി​ക്കാൻ ഇപ്പോൾ ഞങ്ങൾ സജ്ജരാണ്‌.” ഓസ്‌ട്രി​യ​യിൽ നിന്നുള്ള ഒരു മൂപ്പൻ ഇങ്ങനെ പറഞ്ഞു: “ഞാൻ പങ്കെടു​ത്തി​ട്ടുള്ള മറ്റൊരു സെമി​നാ​റി​ലും ഇത്രയും വിശദ​മായ വിവരങ്ങൾ ഇത്രമാ​ത്രം ലളിത​വും സരളവു​മായ വിധത്തിൽ അവതരി​പ്പി​ച്ചു കണ്ടിട്ടില്ല.”

അന്നു മുതൽ, രക്തരഹിത ചികി​ത്സ​യു​മാ​യി ബന്ധപ്പെട്ടു ജർമനി​യിൽ സാക്ഷി​ക​ളു​ടെ ആവശ്യം നിറ​വേ​റ്റു​ന്ന​തി​നാ​യി രൂപീ​ക​രി​ക്ക​പ്പെട്ട 55 ആശുപ​ത്രി ഏകോപന സമിതി​കൾക്കു പ്രബോ​ധ​ന​മേ​കാൻ നിരവധി സെമി​നാ​റു​കൾ നടന്നി​ട്ടുണ്ട്‌. ഈ കമ്മിറ്റി​ക​ളു​ടെ പ്രവർത്തനം നല്ല ഫലങ്ങൾ കൈവ​രി​ച്ചി​രി​ക്കു​ന്നു. 1998 ആഗസ്റ്റോ​ടെ, ജർമനി​യിൽ ഉടനീളം 3,560 ഡോക്‌ടർമാർ രക്തരഹിത ചികി​ത്സ​യ്‌ക്കു സാക്ഷി​ക​ളു​മാ​യി സഹകരി​ക്കാൻ സന്നദ്ധരാ​യി. ഏതാനും വർഷങ്ങൾ മുമ്പ്‌ “ജർമനി​യി​ലെ 1,000 മികച്ച ഡോക്‌ടർമാർ” എന്നു ഫോക്കസ്‌ മാസിക പട്ടിക​പ്പെ​ടു​ത്തിയ ഡോക്‌ടർമാ​രിൽ നാലി​ലൊ​ന്നു പേർ അതിൽ ഉൾപ്പെ​ടു​ന്നു.

1996 ജനുവ​രി​യിൽ ആശുപ​ത്രി ഏകോപന സമിതി​കൾ കുടുംബ പരിപാ​ല​ന​വും യഹോ​വ​യു​ടെ സാക്ഷി​കൾക്കു വേണ്ടി​യുള്ള വൈദ്യ നടപടി​യും [ഇംഗ്ലീഷ്‌] എന്ന ശീർഷ​ക​ത്തിൽ പ്രത്യേ​കം രൂപകൽപ്പന ചെയ്‌ത കൈപ്പു​സ്‌തകം വിതരണം ചെയ്യാൻ തുടങ്ങി. (ചികിത്സാ രംഗത്തെ വിദഗ്‌ധർക്കും ഉദ്യോ​ഗ​സ്ഥർക്കും മാത്ര​മാ​യി രൂപകൽപ്പന ചെയ്‌തി​രി​ക്കുന്ന മനോ​ഹ​ര​മായ ഈ കൈപ്പു​സ്‌ത​ക​ത്തിൽ രക്തരഹിത പകരചി​കി​ത്സ​കളെ കുറി​ച്ചുള്ള വിവരങ്ങൾ ഉൾക്കൊ​ള്ളു​ന്നു. ജഡ്‌ജി​മാർ, സാമൂ​ഹിക പ്രവർത്തകർ, നവജാ​ത​ശി​ശു​രോഗ വിദഗ്‌ധർ, ശിശു​രോഗ വിദഗ്‌ധർ എന്നിവർക്ക്‌ ഈ പുസ്‌തകം ലഭ്യമാ​ക്കാൻ സംഘടിത ശ്രമങ്ങൾ നടത്ത​പ്പെട്ടു.) കൈപ്പു​സ്‌ത​ക​ത്തി​ന്റെ ഗുണ​മേ​ന്മ​യെ​യും അതിന്റെ പ്രാ​യോ​ഗി​ക​ത​യെ​യും കൂടെ​ക്കൂ​ടെ പരാമർശി​ച്ചു​കൊ​ണ്ടു മിക്ക ജഡ്‌ജി​മാ​രും വിലമ​തി​പ്പു പ്രകട​മാ​ക്കി. രക്തം സ്വീക​രി​ക്കാൻ ഇഷ്ടപ്പെ​ടാ​ത്ത​വർക്കു നിരവധി രക്തരഹിത പകരചി​കി​ത്സകൾ ലഭ്യമാണ്‌ എന്നറി​ഞ്ഞ​പ്പോൾ അനേക​രും അതിശ​യം​കൂ​റി. നോർട്‌ലിം​ഗ​നിൽ ഉള്ള ഒരു ജഡ്‌ജി ഇങ്ങനെ പറഞ്ഞു: “ഇതുത​ന്നെ​യാണ്‌ എനിക്കു വേണ്ടത്‌.” സാർലാൻഡ്‌ സർവക​ലാ​ശാ​ല​യി​ലെ ഒരു പ്രൊ​ഫസർ, പൗരനി​യ​മ​ത്തിൽ ഉപരി​പ​ഠനം നടത്തുന്ന ഒരു കൂട്ടം വിദ്യാർഥി​ക​ളു​മാ​യുള്ള ചർച്ചയ്‌ക്കും അവരുടെ ലിഖിത പരീക്ഷ​യ്‌ക്കും ആധാര​മാ​യി ആ കൈപ്പു​സ്‌തകം ഉപയോ​ഗി​ച്ചു.

ആശുപ​ത്രി ഏകോപന സമിതി​കൾ ലോക​വ്യാ​പ​ക​മാ​യി പ്രവർത്തി​ക്കു​ന്ന​തു​കൊണ്ട്‌ അടിയ​ന്തിര സാഹച​ര്യ​ങ്ങ​ളിൽ അന്താരാ​ഷ്‌ട്ര സഹകരണം സാധ്യ​മാ​യി​രി​ക്കു​ന്നു. ഡോക്‌ടർമാർ കുറിച്ചു കൊടു​ക്കുന്ന ചില മരുന്നു​കൾ രോഗി​ക്കു പ്രസ്‌തുത രാജ്യത്തു ലഭ്യമ​ല്ലെ​ങ്കിൽ അന്താരാ​ഷ്‌ട്ര ശൃംഖ​ല​യി​ലൂ​ടെ വിവരം പെട്ടെ​ന്നു​തന്നെ ജർമനി​യിൽ അറിയി​ക്കു​ക​യും അവി​ടെ​നിന്ന്‌ അവ ഉടനടി തപാലിൽ അയയ്‌ക്കു​ക​യും ചെയ്യുന്നു. അതിനു​പു​റമേ, ഒരു ഡസനി​ല​ധി​കം രാജ്യ​ങ്ങ​ളിൽ നിന്നുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ തങ്ങളുടെ സാമ്പത്തിക ശേഷിക്ക്‌ അനുസൃ​ത​മാ​യി ചികിത്സ നേടു​ന്ന​തിന്‌, ജർമനി​യി​ലെ സഹകരണ മനോ​ഭാ​വ​മുള്ള ഡോക്‌ടർമാ​രു​മാ​യി ബന്ധപ്പെ​ടാ​നുള്ള ക്രമീ​ക​ര​ണ​ങ്ങ​ളും നടത്ത​പ്പെ​ട്ടി​രി​ക്കു​ന്നു.

ജർമനി​യി​ലെ സഹോ​ദ​ര​ങ്ങൾക്കും ഈ അന്താരാ​ഷ്‌ട്ര സഹകര​ണ​ത്തിൽ നിന്നു പ്രയോ​ജനം ലഭിക്കു​ന്നു എന്നതു വാസ്‌ത​വം​തന്നെ. 1995-ൽ നോർവേ​യി​ലേ​ക്കുള്ള യാത്രാ മധ്യേ ഒരു സഹോ​ദരി അപകട​ത്തിൽപ്പെട്ട്‌ ആശുപ​ത്രി​യി​ലാ​യി. അതേക്കു​റി​ച്ചു വിവരം ലഭിച്ച ഉടനെ ജർമനി​യിൽ ഉണ്ടായി​രുന്ന മകൻ ഹോസ്‌പി​റ്റൽ ഇൻഫർമേഷൻ സർവീ​സ​സി​ന്റെ സഹായം അഭ്യർഥി​ച്ചു. അവർ നോർവേ ബ്രാഞ്ച്‌ ഓഫീ​സി​നെ വിവരം ധരിപ്പി​ച്ചു. പിറ്റേ​ന്നു​തന്നെ നോർവേ​ക്കാ​ര​നായ ഒരു സഹോ​ദരൻ ആ സഹോ​ദ​രി​യെ സന്ദർശി​ച്ചു. കൂടു​ത​ലാ​യി സഹായം ലഭ്യമാ​ക്കാൻ ആ സഹോ​ദരൻ 130 കിലോ​മീ​റ്റർ വണ്ടി​യോ​ടിച്ച്‌, ജർമൻ ഭാഷ സംസാ​രി​ക്കുന്ന താത്‌പ​ര്യ​ക്കാ​രി​യായ ഒരു സ്‌ത്രീ​യെ​യും കൂട്ടി​യാണ്‌ സഹോ​ദ​രി​യെ സന്ദർശി​ച്ചത്‌. പിന്നീട്‌ സഹോ​ദ​രി​യു​ടെ മകൻ വിലമ​തി​പ്പു പ്രകട​മാ​ക്കി​ക്കൊണ്ട്‌ ഇങ്ങനെ എഴുതി: “എന്തൊരു സ്ഥാപനം! എന്തൊരു സ്‌നേഹം! . . . വാക്കുകൾ കൊണ്ട്‌ അതു വിവരി​ക്കാൻ ആവില്ല. തികച്ചും അതുല്യം​തന്നെ”!

അങ്ങനെ, വിദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യും സ്‌നേ​ഹ​ത്തി​ലൂ​ടെ​യും പർവത​സ​മാ​നം ആയിരുന്ന ഒരു പ്രതി​ബന്ധം മറിക​ട​ക്കുന്ന കാര്യ​ത്തിൽ വളരെ​യ​ധി​കം പുരോ​ഗതി കൈവ​രി​ക്കാൻ കഴിഞ്ഞി​രി​ക്കു​ന്നു. അതിനു തൊട്ടു മുമ്പു മറ്റൊരു പ്രതി​ബ​ന്ധ​വും നീക്കം​ചെ​യ്യ​പ്പെട്ടു.

നിനയ്‌ക്കാത്ത നേരം—ബർലിൻ മതിൽ വീഴുന്നു!

നിനയ്‌ക്കാത്ത നേരത്തു നടന്ന ആ സംഭവം ലോകത്തെ അമ്പരപ്പി​ച്ചു! ലോക​മെ​മ്പാ​ടും ഉള്ളവർ അതു ടെലി​വി​ഷ​നിൽ വീക്ഷിച്ചു. ബർലി​നിൽ ആയിരങ്ങൾ ആരവ​ത്തോ​ടെ അത്‌ ആഘോ​ഷി​ച്ചു. പൂർവ ജർമനി​ക്കും പശ്ചിമ ജർമനി​ക്കും ഇടയി​ലുള്ള മതിൽ നീക്കം ചെയ്യ​പ്പെട്ടു. 1989 നവംബർ 9-ന്‌ ആയിരു​ന്നു സംഭവം.

25-ലധികം വർഷം മുമ്പ്‌ 1961 ആഗസ്റ്റ്‌ 13-ാം തീയതി രാവിലെ, നഗരത്തി​ന്റെ മറ്റു ഭാഗത്തു നിന്നു കമ്മ്യൂ​ണിസ്റ്റ്‌ നിയ​ന്ത്രിത ഭാഗത്തെ വേർതി​രി​ച്ചു​കൊണ്ട്‌ പൂർവ ബർലി​നി​ലെ ഉദ്യോ​ഗസ്ഥർ ഒരു മതിൽ പണിയു​ന്നതു കണ്ട്‌ ബർലിൻ നഗരവാ​സി​കൾ സ്‌തബ്ധ​രാ​യി. പൂർവ ഭാഗവും പശ്ചിമ ഭാഗവു​മാ​യി അക്ഷരാർഥ​ത്തിൽ വിഭജി​ക്ക​പ്പെട്ട ബർലിൻ, പൂർവ ജർമനി​യി​ലെ​യും പശ്ചിമ ജർമനി​യി​ലെ​യും അവസ്ഥയെ അപ്പാടെ എടുത്തു​കാ​ട്ടി. ഒരുപക്ഷേ, ശീതസ​മ​ര​കാ​ലത്ത്‌ രണ്ടു വൻശക്തി​കൾക്ക്‌ ഇടയി​ലുള്ള അധികാര വടംവ​ലി​യെ ശ്രദ്ധേ​യ​മായ വിധത്തിൽ പ്രതി​നി​ധീ​ക​രി​ക്കാൻ ബർലിൻ മതിലി​നെ പോലെ മറ്റൊ​ന്നി​നും ആകുമാ​യി​രു​ന്നില്ല.

1989-ൽ നടന്ന വിസ്‌മ​യാ​വ​ഹ​മായ ആ സംഭവ​ത്തി​നു വെറും രണ്ടു വർഷം മുമ്പ്‌, 1987 ജൂൺ 12-ന്‌ യു.എസ്‌. പ്രസി​ഡന്റ്‌ റൊണാൾഡ്‌ റീഗൻ ബ്രാൻഡെൻബർഗ്‌ ഗേറ്റിനു സമീപം, ബർലിൻ മതിലി​നു പുറം തിരിഞ്ഞു നിന്നു​കൊണ്ട്‌ ഇങ്ങനെ ആവശ്യ​പ്പെട്ടു: “മിസ്റ്റർ ഗോർബ​ച്ചേവ്‌, ഈ ഗേറ്റു തുറക്കൂ. മിസ്റ്റർ ഗോർബ​ച്ചേവ്‌, മതിൽ പൊളി​ച്ചു​മാ​റ്റൂ.” എന്നാൽ, അദ്ദേഹ​ത്തി​ന്റെ അഭ്യർഥന അംഗീ​ക​രി​ക്ക​പ്പെ​ടും എന്നതിന്‌ എന്തെങ്കി​ലും സൂചന ഉണ്ടായി​രു​ന്നോ? ശീതസ​മ​ര​വു​മാ​യി ബന്ധപ്പെട്ട വെറു​മൊ​രു അഭ്യർഥന ആയിരു​ന്നി​ല്ലേ അത്‌? വാസ്‌ത​വ​ത്തിൽ അതേ. 1989-ന്റെ തുടക്ക​ത്തിൽ പൂർവ ജർമൻ ഭരണകൂ​ട​ത്തി​ന്റെ തലവൻ ആയിരുന്ന എറിഷ്‌ ഹോ​നെക്കർ അതിന്‌ ഉത്തര​മെ​ന്ന​വണ്ണം, മതിൽ “50 അല്ല 100 വർഷം നിലനിൽക്കും” എന്നു പറഞ്ഞു.

എന്നാൽ, പൊടു​ന്നനെ, നിനയ്‌ക്കാത്ത നേരം, ബ്രാൻഡൻബർഗ്‌ ഗേറ്റു തുറക്ക​പ്പെ​ടു​ക​യും ബർലിൻ മതിൽ നിലം പൊത്തു​ക​യും ചെയ്‌തു. സെൽറ്റേ​ഴ്‌സ്‌ ബെഥേൽ കുടും​ബ​ത്തി​ലെ ഒരംഗം നവംബർ 9-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ സഭാ​യോ​ഗ​ത്തിൽ പങ്കെടു​ത്തു വീട്ടിൽ മടങ്ങി​യെ​ത്തിയ ഉടനെ വാർത്ത കേൾക്കാൻ ടിവി ഓൺ ചെയ്‌തത്‌ ഓർക്കു​ന്നു. പൂർവ ജർമനി​ക്കും പശ്ചിമ ജർമനി​ക്കും ഇടയ്‌ക്കുള്ള അതിർത്തി തുറന്നതു സംബന്ധിച്ച റിപ്പോർട്ടു​കൾ അദ്ദേഹം സാകൂതം ശ്രദ്ധിച്ചു. അദ്ദേഹ​ത്തിന്‌ അത്‌ അവിശ്വ​സ​നീ​യ​മാ​യി തോന്നി. 27 വർഷത്തി​നു ശേഷം, ആദ്യമാ​യി പൂർവ ബർലിൻ നിവാ​സി​കൾ പശ്ചിമ ബർലി​നി​ലേക്കു നിർബാ​ധം കടക്കുന്നു! അദ്ദേഹ​ത്തി​നു തന്റെ കണ്ണുകളെ വിശ്വ​സി​ക്കാ​നാ​യില്ല: കാറുകൾ അതിർത്തി കടക്കവേ സന്തോ​ഷാ​തി​രേ​ക​ത്താൽ ഹോൺ അടിച്ചു​കൊ​ണ്ടേ​യി​രു​ന്നു. അതേ സമയം, പശ്ചിമ ബർലിൻ നിവാ​സി​കൾ—ഉറങ്ങാൻ കിടന്ന ചിലർ പോലും—പൂർവ ബർലി​നിൽ നിന്നുള്ള അപ്രതീ​ക്ഷിത സന്ദർശ​കരെ ആശ്ലേഷി​ക്കാ​നാ​യി അതിർത്തി​യി​ലേക്കു പാഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. പലരും സന്തോ​ഷാ​ശ്രു​ക്കൾ പൊഴി​ച്ചു. മതിൽ വീണി​രി​ക്കു​ന്നു—അതും ഒറ്റ രാത്രി​കൊണ്ട്‌!

തുടർന്നു വന്ന 24 മണിക്കൂർ ലോക​മെ​ങ്ങു​മുള്ള ആളുകൾ ടെലി​വി​ഷന്റെ മുന്നിൽ നിന്നു മാറി​യി​ല്ലെന്നു പറയാം. ഒരു ചരിത്ര സംഭവ​ത്തി​ന്റെ തുടക്കം ആയിരു​ന്നു അത്‌. ജർമനി​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അത്‌ എന്ത്‌ അർഥമാ​ക്കു​മാ​യി​രു​ന്നു? ലോക​മെ​മ്പാ​ടു​മുള്ള സാക്ഷി​ക​ളു​ടെ കാര്യ​ത്തി​ലോ?

ഒരു ട്രാബി വരുന്നു

തുടർന്നു​വന്ന ശനിയാഴ്‌ച രാവിലെ എട്ടു മണിക്കു മുമ്പ്‌ സെൽറ്റേ​ഴ്‌സ്‌ ബെഥേ​ലി​ലെ ഒരു സഹോ​ദരൻ തന്റെ ജോലി തുടങ്ങാ​നാ​യി പോകു​മ്പോൾ ബെഥേൽ കുടും​ബ​ത്തി​ലെ മറ്റൊ​രം​ഗ​മായ കാൾ​ഹൈൻസ്‌ ഹാർട്‌കൊ​പ്‌ഫി​നെ—ഇപ്പോൾ ഹംഗറി​യിൽ സേവനം അനുഷ്‌ഠി​ക്കു​ന്നു—കണ്ടുമു​ട്ടി. ആവേശ​ഭ​രി​ത​നാ​യി ആ സഹോ​ദരൻ ഹാർട്‌കൊ​പ്‌ഫി​നോ​ടു പറഞ്ഞു: “പൂർവ ജർമനി​യി​ലെ സഹോ​ദ​രങ്ങൾ ഉടൻതന്നെ സെൽറ്റേ​ഴ്‌സിൽ എത്തു​മെന്ന്‌ ഉറപ്പാണ്‌!” ഹാർട്‌കൊ​പ്‌ഫ്‌ സഹോ​ദരൻ പതിവു ശൈലി​യിൽ ശാന്തനും നിർവി​കാ​ര​നു​മാ​യി പറഞ്ഞു: “അവർ പണ്ടേ എത്തിക്ക​ഴി​ഞ്ഞു.” വാസ്‌ത​വ​ത്തിൽ, രണ്ടു സഹോ​ദ​രങ്ങൾ പൂർവ ജർമനി​യി​ലെ ടു-സ്‌​ട്രോക്ക്‌ സംവി​ധാ​നം ഉള്ള ട്രാബി കാറിൽ അതിരാ​വി​ലെ​തന്നെ എത്തിയി​രു​ന്നു. അവർ ബെഥേൽ ഗേറ്റിനു വെളി​യിൽ കാർ പാർക്കു ചെയ്‌ത്‌ ജോലി സമയം തുടങ്ങാൻ കാത്തി​രി​ക്കുക ആയിരു​ന്നു.

ബെഥേ​ലിൽ എങ്ങും ആ വാർത്ത പരന്നു. അപ്രതീ​ക്ഷി​ത​മാ​യി വന്നെത്തിയ ആ പ്രിയ​പ്പെട്ട അതിഥി​കളെ കാണാ​നും സംസാ​രി​ക്കാ​നും ഒക്കെ എല്ലാവർക്കും അവസരം കിട്ടു​ന്ന​തി​നു മുമ്പു​തന്നെ, തങ്ങളുടെ കാർ നിറയെ സാഹി​ത്യ​ങ്ങ​ളു​മാ​യി അവർ പൂർവ ജർമനി​യി​ലേക്കു യാത്ര തിരിച്ചു കഴിഞ്ഞി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സാഹി​ത്യ​ങ്ങൾ ഔദ്യോ​ഗി​ക​മാ​യി നിരോ​ധി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും—അവരുടെ വേലയു​ടെ കാര്യ​ത്തിൽ എന്ന പോലെ തന്നെ—ആ സന്ദർഭം ഇളക്കി​വിട്ട ആവേശം സഹോ​ദ​ര​ങ്ങൾക്കു ധൈര്യം പകർന്നു. “നാളെ രാവിലെ യോഗ​ത്തി​നു മുമ്പു ഞങ്ങൾക്കു തിരി​ച്ചെ​ത്തണം,” അവർ പറഞ്ഞു. ദീർഘ​കാ​ല​മാ​യി വളരെ പരിമി​ത​മാ​യി ലഭിച്ചു​കൊ​ണ്ടി​രുന്ന സാഹി​ത്യ​ങ്ങൾ, കാർട്ടൻ കണക്കിനു കണ്ടപ്പോൾ സഭയ്‌ക്കു​ണ്ടായ സന്തോഷം ഒന്നു വിഭാവന ചെയ്‌തു​നോ​ക്കൂ!

തുടർന്നു​വന്ന ഏതാനും വാരങ്ങൾ പൂർവ ജർമനി​യിൽ നിന്നു പശ്ചിമ ജർമനി​യി​ലേക്ക്‌ ആയിര​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ ഒരു പ്രവാ​ഹം​തന്നെ ഉണ്ടായി, അനേക​രു​ടെ​യും കാര്യ​ത്തിൽ അതു ജീവി​ത​ത്തിൽ ആദ്യമാ​യിട്ട്‌ ആയിരു​ന്നു. ദീർഘ​കാ​ല​മാ​യി അനുഭ​വി​ക്കാ​തി​രുന്ന സ്വാത​ന്ത്ര്യം അവർ നന്നായി ആസ്വദി​ക്കു​ക​തന്നെ ചെയ്‌തു. അതിർത്തി​യിൽ പശ്ചിമ ജർമനി​യിൽ നിന്നു​ള്ളവർ അവരുടെ നേർക്കു കൈവീ​ശി. സന്ദർശ​കരെ അഭിവാ​ദ്യം ചെയ്‌തു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളും അവിടെ ഉണ്ടായി​രു​ന്നു. എന്നാൽ, അതു വെറും ഉപരി​പ്ല​വ​മായ അഭിവാ​ദ്യം ആയിരു​ന്നില്ല. അവർ പൂർവ ജർമനി​യിൽ നിന്നുള്ള സന്ദർശ​കർക്കു ബൈബിൾ സാഹി​ത്യ​ങ്ങൾ സൗജന്യ​മാ​യി വിതരണം ചെയ്‌തു.

ചില അതിർത്തി നഗരങ്ങ​ളിൽ, പൂർവ ജർമനി​യിൽ നിന്നുള്ള സന്ദർശ​കരെ സന്ധിക്കു​ന്ന​തി​നു സഭകൾ പ്രത്യേക ശ്രമങ്ങൾ നടത്തി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സാഹി​ത്യ​ങ്ങൾ ദശകങ്ങ​ളാ​യി നിരോ​ധി​ച്ചി​രു​ന്നതു നിമിത്തം പലർക്കും അതിനെ കുറിച്ചു കാര്യ​മായ അല്ലെങ്കിൽ ഒട്ടും തന്നെ അറിവി​ല്ലാ​യി​രു​ന്നു. വീടു​തോ​റു​മുള്ള പ്രവർത്ത​ന​ത്തി​നു പകരം, “ട്രാബി തോറു​മുള്ള” സേവനം നിലവിൽ വന്നു. മതം ഉൾപ്പെടെ പുതിയ എന്തും ആരാഞ്ഞ​റി​യാൻ ആളുകൾ ഉത്സുകർ ആയിരു​ന്നു. ചില സന്ദർഭ​ങ്ങ​ളിൽ പ്രസാ​ധകർ ഇങ്ങനെ പറഞ്ഞു: “ഒരുപക്ഷേ നിങ്ങൾ ഒരിക്ക​ലും ഈ രണ്ടു മാസി​കകൾ വായി​ച്ചി​ട്ടു​ണ്ടാ​വില്ല. കാരണം, 40-ഓളം വർഷമാ​യി നിങ്ങളു​ടെ രാജ്യത്ത്‌ ഈ മാസി​കകൾ നിരോ​ധി​ച്ചി​രി​ക്കുക ആയിരു​ന്നു.” “അങ്ങനെ​യെ​ങ്കിൽ തീർച്ച​യാ​യും അവ നല്ലതാ​യി​രി​ക്കണം. ഞാൻ വായിച്ചു നോക്കട്ടെ” എന്നായി​രു​ന്നു മിക്ക​പ്പോ​ഴും ലഭിച്ചി​രുന്ന മറുപടി. ഹോഫ്‌ അതിർത്തി നഗരത്തി​ലുള്ള രണ്ടു പ്രസാ​ധകർ ഒരു മാസം 1,000-ത്തോളം മാസി​കകൾ വീതം സമർപ്പി​ച്ചു. പ്രാ​ദേ​ശിക സഭകളും അയൽ സഭകളും തങ്ങളുടെ പക്കൽ മിച്ചം ഉണ്ടായി​രുന്ന മാസി​ക​ക​ളെ​ല്ലാം പെട്ടെ​ന്നു​തന്നെ സമർപ്പി​ച്ചു തീർത്തു എന്നതു പ്രത്യേ​കം പറയേ​ണ്ട​തി​ല്ല​ല്ലോ.

അതേസ​മ​യം, പൂർവ ജർമനി​യി​ലുള്ള സഹോ​ദ​രങ്ങൾ, ആദ്യ​മൊ​ക്കെ ജാഗ്ര​ത​യോ​ടെ​യെ​ങ്കി​ലും, പുതു​താ​യി ലഭിച്ച സ്വാത​ന്ത്ര്യം ആസ്വദി​ക്കുക ആയിരു​ന്നു. 1972-ൽ, നിരോ​ധന കാലത്തു സത്യം പഠിച്ച വിൽഫ്രിഡ്‌ ഷ്രോ​യി​റ്റർ അനുസ്‌മ​രി​ക്കു​ന്നു: “മതിൽ വീണ്‌ അടുത്ത ഏതാനും ദിവസ​ത്തേക്ക്‌, എല്ലാം പെട്ടെ​ന്നു​തന്നെ പഴയപടി ആയിത്തീ​രു​മോ എന്ന ഭയമാ​യി​രു​ന്നു ഞങ്ങൾക്ക്‌.” രണ്ടു മാസത്തി​നകം അദ്ദേഹം ബർലിൻ സമ്മേളന ഹാളിൽ ഒരു സമ്മേള​ന​ത്തിൽ പങ്കെടു​ത്തു. അതേക്കു​റിച്ച്‌ അദ്ദേഹം പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “അനേകം സഹോ​ദ​ര​ങ്ങ​ളോ​ടു സഹവസി​ക്കാൻ സാധി​ച്ചത്‌ എന്നെ അത്യന്തം ആവേശ​ഭ​രി​ത​നാ​ക്കി. രാജ്യ​ഗീ​തങ്ങൾ പാടി​യ​പ്പോൾ മറ്റ്‌ അനേക​രു​ടെ​യും പോലെ എന്റെയും കണ്ണുകൾ ഈറന​ണി​ഞ്ഞു. ഒരു സമ്മേള​ന​ത്തി​നു നേരിട്ടു ഹാജരാ​കാൻ സാധി​ച്ച​പ്പോ​ഴത്തെ സന്തോഷം വർണി​ക്കാൻ വാക്കുകൾ പോരാ.”

മാൻ​ഫ്രെഡ്‌ റ്റമയും വിലമ​തി​പ്പു തുളു​മ്പുന്ന സമാന​മായ വികാരം പ്രകടി​പ്പി​ച്ചു. നിരോ​ധന കാലത്ത്‌ യോഗങ്ങൾ ചെറിയ കൂട്ടങ്ങ​ളാ​യാ​ണു നടത്തി​യി​രു​ന്നത്‌, ഉച്ചഭാ​ഷി​ണി​യു​ടെ ആവശ്യം ഉണ്ടായി​രു​ന്നില്ല. എന്നാൽ ഇപ്പോൾ അദ്ദേഹം പറയുന്നു: “30 വർഷമാ​യി പ്രത്യേക പയനിയർ ആയിരു​ന്നി​ട്ടും ഇപ്പോ​ഴാ​ണു ഞാൻ ആദ്യമാ​യി മൈക്കി​ലൂ​ടെ സംസാ​രി​ക്കു​ന്നത്‌. എന്റെ ശബ്ദം ഉച്ചഭാ​ഷി​ണി​യി​ലൂ​ടെ കേട്ട​പ്പോൾ എനിക്കു​ണ്ടായ സംഭ്രമം ഇപ്പോ​ഴും ഞാൻ ഓർക്കു​ന്നു. വാടക​യ്‌ക്ക്‌ എടുത്ത ഒരു ഹാളിൽ മുഴു സഭയോ​ടു​മൊത്ത്‌ ഇരിക്കാൻ സാധി​ച്ചതു മഹത്തായ ഒരു സംഗതി ആയിരു​ന്നു.”

കൂടാതെ, ഏതാനും മാസങ്ങൾക്കു ശേഷം മാൻ​ഫ്രെ​ഡി​നു കേൾക്കാൻ കഴിഞ്ഞ പിൻവ​രുന്ന അഭി​പ്രായ പ്രകടനം പോലുള്ള വേറെ പലരുടെ അഭി​പ്രായ പ്രകട​ന​ങ്ങ​ളും പ്രോ​ത്സാ​ഹ​ജ​നകം ആയിരു​ന്നി​ട്ടുണ്ട്‌. അദ്ദേഹം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “1990 ജനുവ​രി​യിൽ ഞാൻ ചികി​ത്സാർഥം നീരാ​വി​ക്കു​ളി​യിൽ ഏർപ്പെ​ട്ടി​രി​ക്കുക ആയിരു​ന്നു. അവിടെ വെച്ച്‌ ദേശീയ പൊലീസ്‌ സേനയു​ടെ അധികൃത പ്രതി​നി​ധി​യെ കണ്ടുമു​ട്ടി. സൗഹൃദം തുളു​മ്പിയ ഒരു ചർച്ചയിൽ അദ്ദേഹം പറഞ്ഞു: ‘മാൻ​ഫ്രെഡ്‌, നിങ്ങ​ളോട്‌ ആയിരു​ന്നില്ല ഞങ്ങൾ പോരാ​ടേ​ണ്ടി​യി​രു​ന്നത്‌ എന്നു ഞാൻ മനസ്സി​ലാ​ക്കു​ന്നു.’”

സമൃദ്ധ​മായ ആത്മീയ ആഹാരം!

“മനുഷ്യൻ അപ്പം​കൊ​ണ്ടു മാത്രമല്ല, ദൈവ​ത്തി​ന്റെ വായിൽകൂ​ടി വരുന്ന സകലവ​ച​നം​കൊ​ണ്ടും ജീവി​ക്കു​ന്നു.” നിശ്വസ്‌ത എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ നിന്ന്‌ യേശു​ക്രി​സ്‌തു ഉദ്ധരിച്ച ആ അടിസ്ഥാന സത്യം എല്ലായി​ട​ത്തു​മുള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്കു സുപരി​ചി​ത​മാണ്‌. (മത്താ. 4:4; ആവ. 8:3) നിരോ​ധന കാലങ്ങ​ളി​ലും, സാർവ​ദേ​ശീയ സഹോ​ദ​ര​വർഗ​ത്തി​ന്റെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ സഹായ​ത്താൽ പൂർവ ജർമനി​യി​ലുള്ള സാക്ഷി​കൾക്കു പരിമി​ത​മായ അളവി​ലാ​ണെ​ങ്കിൽ പോലും ആത്മീയ ആഹാരം ലഭിച്ചി​രു​ന്നു. മറ്റു ദേശങ്ങ​ളി​ലുള്ള തങ്ങളുടെ സഹോ​ദ​രങ്ങൾ ആസ്വദി​ക്കുന്ന ആത്മീയ ആഹാരം തങ്ങൾക്കും ലഭിക്കാൻ അവർ എത്രയ​ധി​കം കാംക്ഷി​ച്ചു!

ബർലിൻ മതിൽ വീണയു​ടനെ സാക്ഷികൾ ഓരോ​രു​ത്ത​രാ​യി പൂർവ ജർമനി​യി​ലേക്കു സാഹി​ത്യ​ങ്ങൾ കൊണ്ടു​പോ​കാൻ തുടങ്ങി. ഏതാണ്ടു നാലു മാസങ്ങൾക്കു ശേഷം, 1990 മാർച്ച്‌ 14-ന്‌ ജർമൻ ജനാധി​പത്യ റിപ്പബ്ലി​ക്കി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഔദ്യോ​ഗിക അംഗീ​കാ​രം നൽക​പ്പെട്ടു. അതോടെ, സൊ​സൈ​റ്റിക്ക്‌ നേരിട്ടു സാഹി​ത്യ​ങ്ങൾ അയയ്‌ക്കുക സാധ്യ​മാ​യി. മാർച്ച്‌ 30-ന്‌ 25 ടൺ ആത്മീയ ആഹാര​വു​മാ​യി സെൽറ്റേ​ഴ്‌സ്‌ സമുച്ച​യ​ത്തിൽ നിന്ന്‌ ഒരു ട്രക്ക്‌ പൂർവ ജർമനി​യി​ലേക്കു കുതിച്ചു. 1991 ബ്രിട്ടാ​ണി​ക്കാ ബുക്ക്‌ ഓഫ്‌ ദി ഇയർ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “വെറും രണ്ടു മാസം കൊണ്ട്‌ വാച്ച്‌ടവർ സൊ​സൈ​റ്റി​യു​ടെ പശ്ചിമ ജർമനി​യി​ലെ ബ്രാഞ്ച്‌ ഓഫീസ്‌ പൂർവ ജർമനി​യി​ലേക്കു മാത്ര​മാ​യി 1,15,000 ബൈബി​ളു​കൾ ഉൾപ്പെടെ, 275 ടൺ ബൈബിൾ സാഹി​ത്യ​ങ്ങൾ അയയ്‌ക്കു​ക​യു​ണ്ടാ​യി.”

ഏതാണ്ട്‌ അതേ സമയം, ലൈപ്‌സി​ഗിൽ ഉള്ള ഒരു സഹോ​ദരൻ പശ്ചിമ ജർമനി​യി​ലെ ഒരു സഹ സാക്ഷിക്ക്‌ എഴുതി: “ഒരാഴ്‌ച മുമ്പു വരെ ഞങ്ങൾ ആത്മീയ ആഹാരം ചെറിയ തോതിൽ രഹസ്യ​മാ​യി​ട്ടാ​ണു കടത്തി​യി​രു​ന്നത്‌; എന്നാൽ, താമസി​യാ​തെ ഞങ്ങൾ നാലു ടൺ ആഹാര​മാണ്‌ ട്രക്കിൽ നിന്ന്‌ ഇറക്കാൻ പോകു​ന്നത്‌!”

“സാഹി​ത്യ​ങ്ങ​ളു​മാ​യി ആദ്യത്തെ ട്രക്ക്‌ പെട്ടെ​ന്നു​തന്നെ വന്നെത്തി,” കെമ്‌നി​റ്റ്‌സിൽനി​ന്നുള്ള ഹൈൻസ്‌ ഗ്യോർലാഷ്‌ അനുസ്‌മ​രി​ക്കു​ന്നു. “ഞങ്ങൾ അതിനാ​യി ഒട്ടും തയ്യാറാ​യി​രു​ന്നില്ല. എന്റെ കിടപ്പു​മു​റി കാർട്ട​നു​കൾ കൊണ്ടു നിറഞ്ഞു. കിടക്ക​യു​ടെ അടു​ത്തെ​ത്താൻ എനിക്കു നന്നേ പാടു​പെ​ടേണ്ടി വന്നു. ഒരു നിലവ​റ​യിൽ കിടക്കു​ന്നതു പോ​ലെ​യാണ്‌ എനിക്കു തോന്നി​യത്‌.”

സ്വാത​ന്ത്ര്യം അനുഭ​വി​ക്കുന്ന സാക്ഷികൾ മിക്ക​പ്പോ​ഴും നിസ്സാ​ര​മാ​യി കരുതുന്ന പലതും ദീർഘ​കാ​ല​മാ​യി ലഭിക്കാ​തി​രു​ന്ന​വരെ സംബന്ധി​ച്ചി​ട​ത്തോ​ളം, ഈ പുതിയ സാഹച​ര്യം എന്ത്‌ അർഥമാ​ക്കു​ന്നു എന്നും സെൽറ്റേ​ഴ്‌സി​ലെ സഹോ​ദ​രങ്ങൾ ചെറിയ തോതിൽ അനുഭ​വി​ച്ച​റി​ഞ്ഞു. അച്ചടി​ശാ​ല​യി​ലുള്ള ഒരു മേൽവി​ചാ​രകൻ റിപ്പോർട്ടു ചെയ്യുന്നു: “പ്രായം​ചെന്ന, മാന്യ​മാ​യി വസ്‌ത്രം ധരിച്ച ഒരു സഹോ​ദരൻ, തന്നോ​ടൊ​പ്പം ടൂറിനു വന്ന സംഘം അവിടെ നിന്നു പോയി​ക്ക​ഴി​ഞ്ഞി​ട്ടും ഞങ്ങളുടെ അച്ചടി​യ​ന്ത്ര​ങ്ങ​ളിൽ ഒരെണ്ണ​ത്തിൽ നോക്കി​നി​ന്നു. അദ്ദേഹം ചിന്തയിൽ മുഴുകി, മാസി​കകൾ അതി​വേഗം യന്ത്രത്തിൽ നിന്നു പുറത്തു​വ​രു​ന്ന​തും നോക്കി അവിടെ തങ്ങി. ഈറന​ണിഞ്ഞ കണ്ണുക​ളോ​ടെ അദ്ദേഹം ഒരു സഹോ​ദ​രനെ സമീപി​ച്ചു; ആ ദൃശ്യം അദ്ദേഹത്തെ ആഴമായി സ്‌പർശി​ച്ചു എന്നു സ്‌പഷ്ടം. ‘മുറി ജർമനിൽ’ എന്തോ പറയാൻ ശ്രമിച്ച അദ്ദേഹ​ത്തി​നു വാക്കുകൾ തൊണ്ട​യിൽ കുരുങ്ങി. തന്റെ ജാക്കറ്റി​ന്റെ അകത്തെ പോക്ക​റ്റിൽ നിന്ന്‌ ഏതാനും കടലാസു താളുകൾ എടുത്തു ഞങ്ങളെ ഏൽപ്പി​ച്ചിട്ട്‌ അദ്ദേഹം ധൃതി​യിൽ അവിടെ നിന്നു പോയി. അദ്ദേഹ​ത്തി​ന്റെ മന്ദസ്‌മി​ത​ത്തിൽ നിന്നു ഞങ്ങൾക്കു കാര്യം പിടി​കി​ട്ടി. അദ്ദേഹം ഞങ്ങളെ ഏൽപ്പി​ച്ചത്‌ എന്തായി​രു​ന്നു? ഒരു സ്‌കൂൾ നോട്ട്‌ബു​ക്കിൽ പകർത്തി​യെ​ഴു​തിയ റഷ്യൻ ഭാഷയി​ലുള്ള മിക്കവാ​റും അവ്യക്ത​മായ വീക്ഷാ​ഗോ​പു​രം. മാസി​ക​യു​ടെ ആ പ്രതി ഉണ്ടാക്കാൻ എത്ര നാൾ എടുത്തി​രി​ക്കും? അത്‌ അറിയാൻ മാർഗം ഇല്ലെന്നു​വ​രി​കി​ലും ഒരു സംഗതി വ്യക്തമാണ്‌, അച്ചടി​യ​ന്ത്ര​ത്തിൽ ഒരു മാസിക അച്ചടി​ക്കാൻ എടുക്കുന്ന നിമി​ഷാം​ശ​ത്തി​ന്റെ നൂറു കണക്കിന്‌ ഇരട്ടി സമയം അതിനാ​യി എടുത്തി​രി​ക്കണം.”

ഇനിയി​പ്പോൾ ഓരോ അധ്യയന കൂട്ടത്തി​ലെ​യും സാക്ഷി​കൾക്ക്‌ ഏതാനും ദിവസങ്ങൾ മാത്രം തങ്ങളുടെ പക്കൽ സൂക്ഷി​ക്കാൻ, മാസി​ക​യു​ടെ പ്രതികൾ പകർത്തി എഴു​തേ​ണ്ട​തില്ല. എല്ലാവർക്കും സ്വന്തം പ്രതികൾ—മുഴു​വർണ​ത്തി​ലുള്ള ചിത്രങ്ങൾ സഹിതം—മാത്രമല്ല, വയൽ സേവന​ത്തിൽ സമർപ്പി​ക്കാ​നുള്ള പ്രതി​ക​ളും ലഭിച്ചു.

സ്വത​ന്ത്ര​മാ​യി ആരാധി​ക്കു​ന്ന​തി​നുള്ള ക്രമീ​ക​ര​ണ​ങ്ങൾ

കൂടു​ത​ലാ​യി ലഭിച്ച സ്വാത​ന്ത്ര്യം അതി​ന്റേ​തായ വെല്ലു​വി​ളി​ക​ളും ഉയർത്തി. നിരോ​ധ​ന​ത്തിൻ കീഴിൽ പ്രസം​ഗി​ക്കു​ന്ന​തി​നു ധൈര്യം ആവശ്യ​മാ​യി​രു​ന്നു. യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കാ​നും അത്‌ അവരെ പഠിപ്പി​ച്ചു. എന്നിരു​ന്നാ​ലും, നിരോ​ധനം നീങ്ങി​യ​പ്പോൾ, ലിമ്പഷ്‌-ഓബർ​ഫ്രോ​ന​യി​ലുള്ള ഒരു ക്രിസ്‌തീയ മൂപ്പനായ റാൽഫ്‌ ഷ്‌വാർറ്റ്‌സ്‌ ഇങ്ങനെ പറഞ്ഞു: “ഭൗതി​കത്വ ചിന്തയും ജീവി​തോ​ത്‌ക​ണ്‌ഠ​ക​ളും നമ്മെ വ്യതി​ച​ലി​പ്പി​ക്കാ​തി​രി​ക്കാൻ നാം പ്രത്യേ​കം ജാഗരൂ​കർ ആയിരി​ക്കേ​ണ്ട​തുണ്ട്‌.” 1990 ഒക്‌ടോ​ബ​റിൽ പൂർവ ജർമനി ഫെഡറൽ റിപ്പബ്ലി​ക്കി​നോ​ടു കൂട്ടി​ച്ചേർക്ക​പ്പെ​ട്ട​പ്പോൾ പൂർവ ജർമനി​യിൽ ഉണ്ടായി​രുന്ന ചില സാക്ഷി കുടും​ബങ്ങൾ, കൂടുതൽ സമയം ജോലി ചെയ്‌തു യോഗങ്ങൾ മുടക്കാ​തി​രി​ക്ക​ത്ത​ക്ക​വണ്ണം വാടക കുറഞ്ഞ വീടു​ക​ളി​ലേക്കു താമസം മാറ്റി.—മത്താ. 6:22, 24.

കമ്മ്യൂ​ണിസ്റ്റ്‌ ഭരണകൂ​ട​ത്തിൻ കീഴിലെ ദുഷ്‌ക​ര​മായ വർഷങ്ങ​ളി​ലും സഹോ​ദ​രങ്ങൾ തുടർച്ച​യാ​യി വയൽ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടി​രു​ന്നു. അവർ വീടു​തോ​റും പോലും സന്ദർശി​ച്ചു, വിവേ​ക​പൂർവം ആയിരു​ന്നു എന്നു മാത്രം. ഒരു ബ്ലോക്കിൽ ഒരു വീടു സന്ദർശിച്ച ശേഷം അവർ മറ്റൊരു ബ്ലോക്കി​ലുള്ള ഒരു വീടു സന്ദർശി​ക്കു​മാ​യി​രു​ന്നു. തടവി​ലാ​ക്ക​പ്പെ​ടാൻ വളരെ സാധ്യത ഉണ്ടായി​രു​ന്നി​ട്ടും ചിലർ ശുശ്രൂ​ഷ​യിൽ ഏർപ്പെട്ടു. നിരോ​ധനം ഏർപ്പെ​ടു​ത്തു​മ്പോൾ മാർട്ടിൻ യാന്‌ 11 വയസ്സേ ഉണ്ടായി​രു​ന്നു​ള്ളൂ. തങ്ങൾ അഭിമു​ഖീ​ക​രിച്ച ചില മാറ്റങ്ങളെ കുറിച്ച്‌ അദ്ദേഹം വിശദീ​ക​രി​ച്ചു: “പ്രസാ​ധ​കർക്ക്‌ എല്ലാ വീടു​ക​ളും സന്ദർശി​ക്ക​ത്ത​ക്ക​വി​ധം മുഴു പ്രദേ​ശ​വും വീണ്ടും പ്രവർത്തി​ക്കേ​ണ്ടത്‌ ഉണ്ടായി​രു​ന്നു. ഏതാനും വീടു​ക​ളിൽ അല്ലെങ്കിൽ ഏതെങ്കി​ലും നിലക​ളിൽ പ്രവർത്തി​ച്ചുള്ള പരിച​യമേ ഞങ്ങൾക്ക്‌ ഉണ്ടായി​രു​ന്നു​ള്ളൂ. ദീർഘ​കാ​ലം ഇതേ രീതി​യിൽ വേല ചെയ്‌തു പോന്ന​തി​നാൽ മറ്റൊരു ക്രമീ​ക​ര​ണ​വു​മാ​യി ഒത്തു​പോ​കാൻ ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ട്ട​വ​രോ​ടു ക്ഷമ കാണി​ക്കേണ്ടി വന്നു. മേലാൽ സാഹി​ത്യ​ങ്ങൾ വായി​ക്കാൻ കൊടു​ത്തി​ട്ടു തിരികെ വാങ്ങാതെ അവ സമർപ്പി​ക്കാൻ സാധി​ക്കു​മാ​യി​രു​ന്നു. എന്നാൽ, ആ രീതി പ്രസാ​ധ​കർക്കും താത്‌പ​ര്യ​ക്കാർക്കും പുത്തരി ആയിരു​ന്നു. ഞങ്ങൾ പഴയ രീതി​യു​മാ​യി കൂടുതൽ പഴകി​യി​രു​ന്ന​തി​നാൽ ചില​പ്പോ​ഴൊ​ക്കെ വയൽ സേവനം തുടങ്ങു​ന്ന​തി​നു മുമ്പ്‌ ഉണ്ടായി​രു​ന്ന​തി​നെ​ക്കാൾ കൂടുതൽ സാഹി​ത്യ​ങ്ങൾ വയൽ സേവന​ത്തി​നു ശേഷം പ്രസാ​ധ​ക​രു​ടെ ബാഗു​ക​ളിൽ കാണു​മാ​യി​രു​ന്നു.”

ആളുക​ളു​ടെ മനോ​ഭാ​വ​ങ്ങ​ളി​ലും മാറ്റങ്ങൾ ഉണ്ടായി. നിരോ​ധന കാലത്ത്‌ തങ്ങളുടെ വിശ്വാ​സ​ങ്ങ​ളിൽ അചഞ്ചല​രാ​യി നിൽക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ ധൈര്യം കാട്ടി​യതു കൊണ്ട്‌ അനേക​രും സാക്ഷി​കളെ വീര സ്‌ത്രീ​പു​രു​ഷ​ന്മാർ ആയിട്ടാ​ണു വീക്ഷി​ച്ചി​രു​ന്നത്‌. അത്‌ അവർക്ക്‌ ആദരവും കൈവ​രു​ത്തി​യി​രു​ന്നു. ഇപ്പോൾ കൂടുതൽ സ്വാത​ന്ത്ര്യം ലഭിച്ച സ്ഥിതിക്ക്‌, അനേക​രും സാക്ഷി​കളെ ഉത്സാഹ​പൂർവം സ്വാഗതം ചെയ്‌തു. എന്നാൽ ഏതാനും വർഷങ്ങൾക്കകം കാര്യാ​ദി​കൾക്കു മാറ്റം വന്നു. ആളുകൾ സ്വതന്ത്ര വിപണി​യു​മാ​യി ബന്ധപ്പെട്ട ജീവിത രീതി​യിൽ മുങ്ങി​പ്പോ​യി. ചിലർ സാക്ഷി​ക​ളു​ടെ സന്ദർശ​നങ്ങൾ സമാധാ​ന​ത്തി​നും ശാന്തത​യ്‌ക്കും ഭംഗം വരുത്തു​ന്ന​താ​യും ശല്യമാ​യും വീക്ഷി​ക്കാൻ തുടങ്ങി.

നിരോ​ധ​ന​ത്തിൻ കീഴിൽ സാക്ഷീ​ക​രി​ക്കാൻ ധൈര്യം ആവശ്യം ആയിരു​ന്നു. എന്നാൽ, പുതിയ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടാ​നും അത്രയും​തന്നെ നിശ്ചയ​ദാർഢ്യ​ത്തി​ന്റെ ആവശ്യം ഉണ്ടായി​രു​ന്നു. വാസ്‌ത​വ​ത്തിൽ, ദീർഘ​കാ​ലം വേല നിരോ​ധ​ന​ത്തിൽ ആയിരുന്ന ഒരു പശ്ചിമ യൂറോ​പ്യൻ രാജ്യത്തെ മേൽവി​ചാ​രകൻ പറഞ്ഞതി​നോട്‌ അനേകം സാക്ഷി​ക​ളും യോജി​ക്കു​ന്നു: “നിരോ​ധ​ന​ത്തിൻ കീഴിൽ പ്രവർത്തി​ക്കു​ന്ന​താ​ണു സ്വാത​ന്ത്ര്യം ഉള്ളപ്പോൾ പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കാൾ എളുപ്പം.”

വേല മന്ദീഭ​വി​പ്പി​ക്കാൻ എതിർപ്പി​നു കഴിയാ​താ​കു​ന്നു

പുതു​ക്ക​പ്പെട്ട ഉത്സാഹ​ത്തോ​ടെ പൂർവ ജർമനി​യിൽ പ്രസം​ഗ​വേല ആരംഭി​ച്ചെ​ങ്കി​ലും ക്രൈ​സ്‌തവ ലോക​ത്തി​ലെ വൈദി​കർ ആദ്യം അത്‌ അത്ര കാര്യ​മാ​ക്കി​യില്ല. എന്നാൽ, ആളുകൾ യഹോ​വ​യു​ടെ സാക്ഷികൾ പറയു​ന്നതു ഗൗരവ​പൂർവം കേൾക്കാൻ തുടങ്ങി​യെന്നു വ്യക്തമാ​യ​പ്പോൾ അത്‌ വൈദി​കരെ അലോ​സ​ര​പ്പെ​ടു​ത്തി. ഡോയി​റ്റ​ഷ്‌സ്‌ അൽഗെ​മൈ​നസ്‌ സൊന്റാ​ഗ്‌സ്‌ബ്ലറ്റ്‌ പറയുന്ന പ്രകാരം, മത കാര്യ​ങ്ങ​ളിൽ വിദഗ്‌ധ​നെന്നു സ്വയം കണക്കാ​ക്കി​യി​രുന്ന ഡ്രെസ്‌ഡെ​നിൽ നിന്നുള്ള ഒരു ശുശ്രൂ​ഷകൻ, “യഹോ​വ​യു​ടെ സാക്ഷികൾ കമ്മ്യൂ​ണിസ്റ്റ്‌ പാർട്ടി​യെ പോ​ലെ​യാണ്‌” എന്നു പ്രസ്‌താ​വി​ച്ചു. ഇപ്പോൾ, 1950-കളിൽ അവർ ചെയ്‌തി​രു​ന്നതു പോലെ, സാക്ഷികൾ കമ്മ്യൂ​ണി​സത്തെ എതിർക്കുന്ന അമേരി​ക്കൻ ചാരന്മാർ ആണെന്ന്‌ ആരോ​പി​ക്കു​ന്ന​തി​നു പകരം അവരെ കമ്മ്യൂ​ണി​സ​വു​മാ​യി ബന്ധപ്പെ​ടു​ത്താൻ വൈദി​കർ ശ്രമിച്ചു. എങ്കിലും, കമ്മ്യൂ​ണിസ്റ്റ്‌ ഗവൺമെന്റ്‌ 40 വർഷക്കാ​ലം സാക്ഷി​ക​ളു​ടെ മേൽ നിരോ​ധനം ഏർപ്പെ​ടു​ത്തി​യി​രു​ന്നു എന്ന്‌ അറിയാ​മാ​യി​രു​ന്നവർ അതു തികച്ചും തെറ്റായ ഒരു ചിത്രീ​ക​ര​ണ​മാണ്‌ എന്നു തിരി​ച്ച​റി​ഞ്ഞു.

എന്തായി​രു​ന്നു അതിന്റെ പിന്നിലെ ലക്ഷ്യം? നാസി ഭരണകൂ​ട​വും കമ്മ്യൂ​ണിസ്റ്റ്‌ ഭരണകൂ​ട​വും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​മേൽ നിരോ​ധനം ഏർപ്പെ​ടു​ത്തി​യി​രു​ന്നതു പോലെ, വീണ്ടും നിരോ​ധനം ഏർപ്പെ​ടു​ത്താൻ വൈദി​കർ ആഗ്രഹി​ച്ചു. ഭരണഘ​ട​നാ​പ​ര​മാ​യി സംരക്ഷി​ക്ക​പ്പെ​ടുന്ന സ്വാത​ന്ത്ര്യം യഹോ​വ​യു​ടെ സാക്ഷികൾ ആസ്വദി​ക്കു​ന്ന​തി​നു തടസ്സം സൃഷ്ടി​ക്കാൻ വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ പിൻബ​ല​ത്താൽ മത സംഘട​നകൾ കിണഞ്ഞു പരി​ശ്ര​മി​ച്ചെ​ങ്കി​ലും യേശു​ക്രി​സ്‌തു ആജ്ഞാപിച്ച പ്രകാരം സാക്ഷ്യം നൽകാൻ തങ്ങൾക്കു ലഭിക്കുന്ന എല്ലാ അവസര​ങ്ങ​ളും സാക്ഷികൾ പരമാ​വധി പ്രയോ​ജ​ന​പ്പെ​ടു​ത്തി.—മർക്കൊ. 13:10.

സത്യം സ്വീക​രിച്ച ചിലർ

ഈ പഴയ വ്യവസ്ഥി​തി​യോ​ടു മുഴു​വ​നാ​യി ഇഴുകി​ച്ചേർന്നി​രുന്ന ചിലരും രാജ്യ​സ​ന്ദേ​ശ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചു. ഏതാണ്ടു 38 വർഷക്കാ​ലം ഏഗോൻ, പൂർവ ജർമനി​യിൽ പൊലീസ്‌ ആയിരു​ന്നു. ഭാര്യ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മൊ​ത്തു പഠിക്കാൻ തുടങ്ങി​യ​പ്പോൾ അദ്ദേഹ​ത്തിന്‌ അതത്ര പിടി​ച്ചില്ല. എങ്കിലും, സാക്ഷി​ക​ളു​ടെ സൗഹൃദ ഭാവവും സ്‌നേ​ഹ​വും അച്ചടക്ക​മുള്ള പെരു​മാ​റ്റ​വും മിക്ക​പ്പോ​ഴും അവർ കൊണ്ടു​വ​ന്നി​രുന്ന ഉണരുക!യിലെ കാലോ​ചിത ലേഖന​ങ്ങ​ളും അദ്ദേഹ​ത്തിൽ മതിപ്പു​ള​വാ​ക്കി. ഭാര്യ​യോ​ടൊ​പ്പം ഒരു പ്രത്യേക സമ്മേളന ദിനത്തിൽ പങ്കെടു​ക്കവേ താൻ ഒരിക്കൽ അറസ്റ്റു ചെയ്‌ത വ്യക്തിയെ നേരിൽ കണ്ടത്‌ അദ്ദേഹത്തെ ആശ്ചര്യ​പ്പെ​ടു​ത്തി. അദ്ദേഹ​ത്തിന്‌ ആകെ അസ്വസ്ഥ​ത​യും കുറ്റ​ബോ​ധ​വും അനുഭ​വ​പ്പെട്ടു എന്നത്‌ എടുത്തു പറയേ​ണ്ട​തി​ല്ല​ല്ലോ. എന്നിട്ടും, കഴിഞ്ഞ കാര്യങ്ങൾ ഒന്നും കാര്യ​മാ​ക്കാ​തെ അവർക്കി​ട​യിൽ സുഹൃ​ദ്‌ബന്ധം വേരു മുളച്ചു. ഇപ്പോൾ ഏഗോ​നും ഭാര്യ​യും സ്‌നാ​പ​ന​മേറ്റ സാക്ഷി​ക​ളാണ്‌.

19 വർഷമാ​യി ഗുന്തർ സംസ്ഥാന സുരക്ഷാ സേവന വിഭാ​ഗ​ത്തിൽ അംഗമാ​യി​രു​ന്നു. അദ്ദേഹ​ത്തി​നു മേജറാ​യി സ്ഥാനക്ക​യ​റ്റ​വും കിട്ടി​യി​രു​ന്നു. ദീർഘ​കാ​ലം താൻ വേല ചെയ്‌ത വ്യവസ്ഥ നിലം​പ​തി​ക്കു​ന്നതു കണ്ടത്‌ അദ്ദേഹ​ത്തി​നു കയ്‌പ്പേ​റിയ ഒരു അനുഭവം ആയിരു​ന്നു എന്നു മാത്രമല്ല അദ്ദേഹം മിഥ്യാ​ബോധ മുക്തനു​മാ​യി. 1991-ലാണ്‌ അദ്ദേഹം ആദ്യമാ​യി സാക്ഷി​കളെ കണ്ടുമു​ട്ടു​ന്നത്‌. അവരുടെ നടത്തയി​ലും തന്റെ പ്രശ്‌നങ്ങൾ തിരി​ച്ച​റി​ഞ്ഞു തന്നോട്‌ അവർ പ്രകടി​പ്പിച്ച സഹാനു​ഭൂ​തി​യി​ലും അദ്ദേഹ​ത്തി​നു മതിപ്പു​തോ​ന്നി. അങ്ങനെ, ഒരു ബൈബിൾ അധ്യയനം തുടങ്ങി. ഒരു നിരീ​ശ്വ​ര​വാ​ദി ആയിരു​ന്നെ​ങ്കി​ലും ദൈവം ഉണ്ട്‌ എന്ന്‌ അദ്ദേഹ​ത്തി​നു ക്രമേണ ബോധ്യ​മാ​യി. 1993-ൽ അദ്ദേഹം സ്‌നാ​പ​ന​ത്തി​നു തയ്യാറാ​യി. ദൈവ രാജ്യത്തെ പിന്തു​ണ​ച്ചു​കൊ​ണ്ടു പ്രവർത്തി​ക്കു​ന്ന​തിൽ അദ്ദേഹം സന്തുഷ്ട​നാണ്‌.

ഇനി മറ്റൊ​രാ​ളു​ടെ കാര്യ​മെ​ടു​ക്കാം. ഒരിക്ക​ലും ദൈവ​ത്തിൽ വിശ്വ​സി​ക്കാ​തി​രുന്ന അദ്ദേഹം, കമ്മ്യൂ​ണി​സ​മാ​ണു മനുഷ്യ​വർഗ​ത്തി​ന്റെ ഏക പ്രത്യാശ എന്ന്‌ ഉറച്ചു വിശ്വ​സി​ച്ചി​രു​ന്നു. അതു​കൊണ്ട്‌, സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ങ്ങളെ കുറിച്ച്‌ സംസ്ഥാന സുരക്ഷാ സേവന വിഭാ​ഗ​ത്തി​നു വിവരങ്ങൾ കൈമാ​റാ​നുള്ള ഉദ്ദേശ്യ​ത്തിൽ യഹോ​വ​യു​ടെ സ്ഥാപന​ത്തി​ലേക്കു നുഴഞ്ഞു കടക്കാൻ അദ്ദേഹ​ത്തി​നു തെല്ലും വൈക്ല​ബ്യം തോന്നി​യില്ല. 1978-ൽ “സ്‌നാപന”മേറ്റ ശേഷം പത്തു വർഷക്കാ​ലം അദ്ദേഹം കപട ജീവിതം നയിച്ചു. എന്നാൽ, അദ്ദേഹം ഇപ്പോൾ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പെരു​മാ​റ്റം നേരി​ട്ട​റി​ഞ്ഞ​തും സൃഷ്ടി, വെളി​പാട്‌ പാരമ്യം എന്നീ പുസ്‌ത​ക​ങ്ങ​ളു​ടെ പഠനവും സാക്ഷി​കളെ കുറിച്ചു ശത്രുക്കൾ പറയു​ന്ന​തിൽ അധിക​വും ശരിയല്ല എന്ന്‌ എന്നെ ബോധ്യ​പ്പെ​ടു​ത്തി. ഒരു സ്രഷ്ടാ​വി​ന്റെ അസ്‌തി​ത്വ​ത്തെ കുറി​ച്ചുള്ള തെളി​വു​കൾ വിസ്‌മ​യാ​വ​ഹ​മാണ്‌.” ബർലിൻ മതിൽ വീണ്‌ അധികം താമസി​യാ​തെ, അദ്ദേഹ​ത്തി​നു ദുഷ്‌ക​ര​മായ ഒരു തീരു​മാ​നം എടു​ക്കേണ്ടി വന്നു: യഹോ​വ​യു​ടെ ജനത്തെ വിട്ട്‌, താൻ മേലാൽ വിശ്വ​സി​ക്കു​ന്നി​ല്ലാത്ത ഒരു വ്യവസ്ഥയെ പിന്തു​ണ​യ്‌ക്കു​ന്ന​തിൽ തുടരുക; അല്ലെങ്കിൽ, ഒറ്റുകാ​രൻ എന്ന്‌ ഏറ്റുപ​റഞ്ഞ്‌ യഹോ​വ​യു​ടെ ഒരു യഥാർഥ സേവകൻ ആയിത്തീ​രാൻ കഠിന​മാ​യി ശ്രമി​ക്കുക. അദ്ദേഹം രണ്ടാമ​ത്തേ​താ​ണു തിര​ഞ്ഞെ​ടു​ത്തത്‌. അദ്ദേഹ​ത്തി​ന്റെ ആത്മാർഥ അനുതാ​പം ഒരു ബൈബിൾ അധ്യയ​ന​ത്തി​ലേ​ക്കും രണ്ടാമത്തെ സ്‌നാ​പ​ന​ത്തി​ലേ​ക്കും നയിച്ചു. എന്നാൽ, ഇത്തവണ അത്‌ സൂക്ഷ്‌മ പരിജ്ഞാ​ന​ത്തി​ലും യഥാർഥ സമർപ്പ​ണ​ത്തി​ലും അധിഷ്‌ഠി​തം ആയിരു​ന്നു.

ഇപ്പോൾ അവർക്ക്‌ അതേ കുറിച്ചു പറയാൻ കഴിഞ്ഞു

നിരോ​ധനം നീക്കിയ ശേഷം പൂർവ ജർമനി​യിൽ നിന്നുള്ള സാക്ഷി​കൾക്ക്‌ കമ്മ്യൂ​ണിസ്റ്റ്‌ ഭരണത്തിൻ കീഴിൽ തങ്ങൾക്കു​ണ്ടായ അനുഭ​വത്തെ കുറിച്ചു തുറന്നു സംസാ​രി​ക്കാൻ സാധിച്ചു. 1996 ഡിസംബർ 7-ന്‌ ബർലി​നിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു ഭരണനിർവഹണ കെട്ടി​ട​ത്തി​ന്റെ സമർപ്പണ പരിപാ​ടി​യിൽ, പൂർവ ജർമനി​യി​ലെ ആട്ടിൻകൂ​ട്ടത്തെ ആത്മീയ​മാ​യി ബലിഷ്‌ഠ​രാ​ക്കി നിർത്തു​ന്ന​തിൽ മുഖ്യ പങ്കു വഹിച്ച നിരവധി മൂപ്പന്മാർ പോയ​കാല സംഭവങ്ങൾ അയവി​റക്കി.

സാക്ഷി​യാ​യിട്ട്‌ 50 വർഷമായ വൊൾഫ്‌ഗങ്‌ മൈസെ, 1951 ജൂൺ മാസത്തിൽ തനിക്ക്‌ 20 വയസ്സ്‌ ഉണ്ടായി​രു​ന്ന​പ്പോൾ നടന്ന ഒരു സംഭവം ഓർക്കു​ന്നു. പരസ്യ​മാ​യി നടത്തിയ ഒരു വിചാ​ര​ണ​യിൽ അദ്ദേഹത്തെ നാലു വർഷത്തെ തടവിനു വിധിച്ചു. അദ്ദേഹ​ത്തെ​യും കുറ്റം​വി​ധി​ക്ക​പ്പെട്ട മറ്റു പല സഹോ​ദ​ര​ങ്ങ​ളെ​യും കോടതി മുറി​യിൽ നിന്നു പുറത്തു കൊണ്ടു​പോ​കവേ, അവിടെ ഹാജരാ​യി​രുന്ന 150-ഓളം സഹോ​ദ​രങ്ങൾ ചുറ്റും​കൂ​ടി അവർക്കു ഹസ്‌ത​ദാ​നം നൽകി​യി​ട്ടു രാജ്യ​ഗീ​തം ആലപി​ക്കാൻ തുടങ്ങി. സംഭവി​ക്കു​ന്നത്‌ എന്താ​ണെന്നു കാണാൻ കോടതി കെട്ടി​ട​ത്തി​ന്റെ ജനാല​ക​ളി​ലൂ​ടെ ആളുകൾ തലനീട്ടി. പൊതു​ജ​ന​ങ്ങ​ളു​ടെ മനസ്സിൽ സാക്ഷി​കളെ കുറിച്ച്‌ അത്തരം ഒരു ധാരണ അവശേ​ഷി​പ്പി​ക്കാൻ അധികാ​രി​കൾ ആഗ്രഹി​ച്ചി​രു​ന്നില്ല. അതോടെ സാക്ഷി​കളെ പരസ്യ​മാ​യി വിചാരണ നടത്തുന്ന രീതി അവസാ​നി​പ്പി​ച്ചു.

നിരോ​ധ​ന​ത്തി​ന്റെ ആദ്യ നാളു​ക​ളിൽ വീക്ഷാ​ഗോ​പു​ര​ത്തി​ലെ ഓരോ ലേഖന​ത്തി​ന്റെ​യും ആറു മുതൽ പത്തു വരെ കാർബൺ പ്രതികൾ എടുത്തി​രു​ന്നത്‌ ഏഗോൻ റിങ്ക്‌ ഓർക്കു​ന്നു. “പശ്ചിമ ബർലി​നിൽ നിന്നു പൂർവ ജർമനി​യി​ലേ​ക്കും തിരി​ച്ചും ട്രക്ക്‌ ഓടി​ച്ചി​രുന്ന പശ്ചിമ ബർലി​നിൽ നിന്നുള്ള ഒരു സഹോ​ദരൻ സഭകൾക്ക്‌ ആത്മീയ ആഹാരം ലഭ്യമാ​ക്കു​ന്ന​തി​നു സന്നദ്ധനാ​യി. ഒരു വണ്ടിയിൽ നിന്നു മറ്റൊ​ന്നി​ലേക്കു ‘ആഹാരം’ പെട്ടെന്ന്‌—മൂന്നോ നാലോ സെക്കൻഡു​കൾക്കകം—മാറ്റു​ന്ന​തോ​ടൊ​പ്പം​തന്നെ ഒരേ വലിപ്പ​ത്തി​ലുള്ള രണ്ടു വലിയ പാവക്ക​ര​ടി​ക​ളെ​യും മാറ്റി​യി​രു​ന്നു. വീട്ടിൽ എത്തുന്ന ഉടൻ, പ്രധാന സന്ദേശ​ങ്ങ​ളും പുതിയ നിയമ​ന​ങ്ങളെ കുറി​ച്ചുള്ള വിവര​ങ്ങ​ളും അറിയു​ന്ന​തി​നു പാവക്ക​ര​ടി​ക​ളു​ടെ വയറുകൾ ‘കാലി’യാക്കു​മാ​യി​രു​ന്നു.”—യെഹെ​സ്‌കേൽ 3:3 താരത​മ്യം ചെയ്യുക.

മതിൽ പണിയു​ന്ന​തി​നു മുമ്പ്‌, പശ്ചിമ ബർലി​നിൽ നിന്നു പൂർവ ജർമനി​യി​ലേക്കു സാഹി​ത്യ​ങ്ങൾ കടത്തിയ സഹോ​ദ​ര​ങ്ങ​ളു​ടെ ധീരത മുറ്റിയ അനുഭ​വ​ങ്ങ​ളും വിവരി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. എന്നെങ്കി​ലും ഒരിക്കൽ പശ്ചിമ ബർലി​നി​ലേക്കു പ്രവേ​ശനം പൂർണ​മാ​യി നിരോ​ധി​ക്കാ​നുള്ള സാധ്യത ഉണ്ടായി​രു​ന്നു. അത്തരം ഒരു സാധ്യ​തയെ കുറിച്ചു ചർച്ച ചെയ്യാൻ 1960 ഡിസംബർ 25-ന്‌ പൂർവ ജർമനി​യി​ലെ നിരവധി സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു യോഗ​ത്തിൽ പങ്കെടു​ക്കാൻ ക്ഷണം ലഭിച്ചു. “യഹോ​വ​യു​ടെ വഴിന​ട​ത്തിപ്പ്‌ അതിൽ പ്രകട​മാ​യി​രു​ന്നു.” കാരണം, 1961 ആഗസ്റ്റ്‌ 13-നു മതിൽ പെട്ടെന്നു പണിയ​പ്പെ​ട്ട​പ്പോ​ഴേ​ക്കും നമ്മുടെ സംഘടന വേണ്ടത്ര തയ്യാ​റെ​ടു​പ്പു​കൾ നടത്തി​യി​രു​ന്നു” എന്ന്‌ മൈസെ സഹോ​ദരൻ വിവരി​ച്ചു.

സ്‌കോ​ട്ട്‌ലൻഡിൽ ഒരു യുദ്ധ തടവു​കാ​ര​നാ​യി കഴിയു​മ്പോ​ഴാ​ണു താൻ ആദ്യമാ​യി സത്യവു​മാ​യി സമ്പർക്ക​ത്തി​ലാ​കു​ന്നത്‌ എന്നു ഹെർമൻ ലൗബെ വിശദീ​ക​രി​ച്ചു. പൂർവ ജർമനി​യിൽ നിരോ​ധനം ഏർപ്പെ​ടു​ത്തി​യ​പ്പോൾ സഹോ​ദ​ര​ങ്ങൾക്കു കഴിയു​ന്നത്ര ആത്മീയ ആഹാരം വിതരണം ചെയ്യേ​ണ്ട​തി​ന്റെ ആവശ്യം അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌ സാക്ഷികൾ തങ്ങളുടെ സ്വന്തം താത്‌കാ​ലിക അച്ചടി സംവി​ധാ​നങ്ങൾ സ്ഥാപിച്ചു. “എന്നാൽ, കടലാസ്‌ ഇല്ലെങ്കിൽ ഏറ്റവും നല്ല അച്ചടി​യ​ന്ത്രം ഉണ്ടായിട്ട്‌ എന്തു കാര്യം,” ലാവ്‌ബെ സഹോ​ദരൻ പറഞ്ഞു. കാരണം, മൂന്നു ലക്കങ്ങൾ കൂടി അച്ചടി​ക്കാ​നുള്ള കടലാസ്സേ ബാക്കി​യു​ള്ളൂ എന്നു പറയപ്പെട്ട ദിവസം അദ്ദേഹം ഇപ്പോ​ഴും മറന്നി​ട്ടില്ല. എന്തായി​രു​ന്നു പോം​വഴി?

ലാവ്‌ബേ സഹോ​ദരൻ തുടർന്നു: “ഏതാനും ദിവസ​ങ്ങൾക്കു ശേഷം, ആരോ വീടിന്റെ പാത്തി​യിൽ മുട്ടു​ന്നതു കേട്ടു. അതു ബൗട്‌സ​നിൽ നിന്നുള്ള ഒരു സഹോ​ദരൻ ആയിരു​ന്നു. അദ്ദേഹം പറഞ്ഞു: ‘താങ്കൾ അച്ചടി​യൊ​ക്കെ നടത്തു​ന്നു​ണ്ട​ല്ലോ. ബൗട്‌സ​ണി​ലെ കുപ്പക്കൂ​ന​യിൽ അച്ചടി കടലാ​സു​ക​ളു​ടെ കുറേ റോളു​കൾ കിടക്കു​ന്നുണ്ട്‌. ഒരു വർത്തമാ​ന​പത്ര അച്ചടി​ശാ​ല​യിൽ ബാക്കി​വ​ന്ന​താണ്‌ അത്‌. അവർ അതു കുഴി​ച്ചു​മൂ​ടാൻ പോകു​ക​യാണ്‌. നിങ്ങൾക്ക്‌ അതു​കൊണ്ട്‌ ഉപയോ​ഗം ഉണ്ടാവി​ല്ലേ?’”

സഹോ​ദ​ര​ങ്ങൾ തെല്ലും സമയം പാഴാ​ക്കി​യില്ല. “അന്നു രാത്രി​യിൽത്തന്നെ ഞങ്ങൾ കുറേ പേർ ചേർന്ന്‌ ബൗട്‌സ​നി​ലേക്കു തിരിച്ചു. ഏതാനും കടലാസ്‌ റോളു​ക​ളൊ​ന്നും ആയിരു​ന്നില്ല അവിടെ കണ്ടത്‌. മറിച്ച്‌, രണ്ടു ടൺ! ഞങ്ങളുടെ പഴഞ്ചൻ വണ്ടികൾക്ക്‌ അതു വഹിക്കാൻ കഴിഞ്ഞു എന്നത്‌ ഇപ്പോ​ഴും അവിശ്വ​സ​നീ​യ​മാ​യി തോന്നു​ന്നു. ചുരു​ങ്ങിയ സമയത്തി​നു​ള്ളിൽ ആ കടലാസ്‌ റോളു​കൾ എല്ലാം ഞങ്ങൾ അവിടെ നിന്നു കൊണ്ടു​പോ​ന്നു. പിന്നീട്‌ സൊ​സൈറ്റി, ചെറിയ അക്ഷരത്തിൽ, കനം കുറഞ്ഞ കടലാ​സിൽ അച്ചടിച്ച സാഹി​ത്യ​ങ്ങൾ ലഭ്യമാ​ക്കും വരെ ഉപയോ​ഗി​ക്കാൻ ആ കടലാ​സു​കൾ പര്യാ​പ്‌തം ആയിരു​ന്നു.”

ആട്ടിൻകൂ​ട്ട​ത്തി​ലെ ആളുകളെ കുറി​ച്ചുള്ള വിവരങ്ങൾ രഹസ്യ​മാ​യി സൂക്ഷി​ക്കാൻ അങ്ങേയറ്റം ശ്രദ്ധ പുലർത്തേണ്ട ഒരു സാഹച​ര്യം ആയിരു​ന്നു നിലവി​ലി​രു​ന്നത്‌. റോൾഫ്‌ ഹിന്റെർ​മൈയർ അനുസ്‌മ​രി​ക്കു​ന്നു: “ഒരിക്കൽ സഹോ​ദ​ര​ങ്ങളെ സന്ദർശി​ച്ചു കഴിഞ്ഞു മടങ്ങവേ, വിചാ​ര​ണ​യ്‌ക്കാ​യി ഒരു കെട്ടി​ട​ത്തി​ലേക്ക്‌ എന്നെ പിടി​ച്ചു​കൊ​ണ്ടു പോയി. സഹോ​ദ​ര​ങ്ങ​ളു​ടെ വിലാ​സ​ങ്ങ​ളും മറ്റു വിവര​ങ്ങ​ളും അടങ്ങിയ കുറേ കടലാസ്‌ തുണ്ടുകൾ എന്റെ പക്കൽ ഉണ്ടായി​രു​ന്നു. ആ കെട്ടി​ട​ത്തി​ന്റെ മുകളി​ലെ​ത്താൻ വളഞ്ഞു​പു​ളഞ്ഞ ഗോവണി കയറണ​മാ​യി​രു​ന്നു. ആ തക്കം നോക്കി ഞാൻ കടലാസ്‌ തുണ്ടുകൾ വിഴുങ്ങി. കുറേ ഉണ്ടായി​രു​ന്നതു കൊണ്ട്‌ അതു വിഴു​ങ്ങാൻ കുറച്ചു സമയ​മെ​ടു​ത്തു. ഗോവ​ണി​യു​ടെ മുകളിൽ എത്തിയ ഉദ്യോ​ഗ​സ്ഥ​ന്മാർ ഞാൻ എന്താണു ചെയ്യു​ന്നത്‌ എന്നു മനസ്സി​ലാ​ക്കി എന്റെ കൊങ്ങ​യ്‌ക്കു പിടിച്ചു. ഞാൻ തൊണ്ട​യിൽ കയ്യിട്ടു പതറിയ ശബ്ദത്തിൽ പറഞ്ഞു, ‘ഞാൻ അവ മുഴുവൻ വിഴു​ങ്ങി​ക്ക​ഴി​ഞ്ഞു.’ അതു കേട്ട​പ്പോൾ അവർ കൊങ്ങ​യിൽ നിന്നു പിടി​വി​ട്ടു. അതി​നോ​ടകം ആ കടലാ​സ്സു​കൾ കൊച്ചു തുണ്ടുകൾ ആയിക്ക​ഴി​ഞ്ഞി​രു​ന്നു, മാത്രമല്ല അവ ഉമിനീ​രിൽ കുതിർന്നു​മി​രു​ന്നു. അതു​കൊണ്ട്‌, എനിക്കവ എളുപ്പം വിഴു​ങ്ങാൻ കഴിഞ്ഞു.”

പീഡനം അതിന്റെ പാരമ്യ​ത്തിൽ ആയിരുന്ന 1950-കളുടെ മധ്യത്തി​ലാണ്‌ ഹോർസ്റ്റ്‌ ഷ്‌ലോ​യ്‌സ്‌നർ സത്യത്തിൽ വന്നത്‌. അതു​കൊണ്ട്‌, പിൻവ​രുന്ന പ്രകാരം പറഞ്ഞ​പ്പോൾ അദ്ദേഹം അത്‌ അർഥമാ​ക്കി: “നിരോ​ധ​ന​ത്തിൽ ആയിരുന്ന 40-ഓളം വർഷം യഹോ​വ​യാം ദൈവം സ്‌നേ​ഹ​പു​ര​സ്സരം തന്റെ ദാസന്മാ​രെ സംരക്ഷി​ച്ചു എന്നത്‌ ഒരു വസ്‌തു​ത​യാണ്‌.”

ബർലി​നിൽ ഒരു വിജയാ​ഘോ​ഷം

കമ്മ്യൂ​ണിസ്റ്റ്‌ പീഡന​കാ​ലം അവസാ​നി​ച്ച​പ്പോൾ അത്‌ ആഘോ​ഷി​ക്കാൻ തന്നെ സഹോ​ദ​രങ്ങൾ തീരു​മാ​നി​ച്ചു. സർവോ​പരി, കൂടുതൽ സ്വാത​ന്ത്ര്യ​ത്തോ​ടെ തങ്ങൾക്ക്‌ യഹോ​വയെ സേവി​ക്കാൻ അവസരം ലഭിച്ച​തി​നു പൊതു സമ്മേള​ന​ത്തിൽ വെച്ച്‌ അവനു നന്ദി പ്രകാ​ശി​പ്പി​ക്കാൻ അവർ വാഞ്‌ഛി​ച്ചു.

1989 നവംബ​റിൽ ബർലിൻ മതിൽ വീണയു​ടനെ ബർലി​നിൽ ഒരു അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷൻ നടത്താ​നുള്ള പദ്ധതിക്കു തുടക്ക​മി​ടാൻ ഭരണസം​ഘം നിർദേ​ശങ്ങൾ നൽകി. പെട്ടെ​ന്നു​തന്നെ ഒരു കൺ​വെൻ​ഷ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്യ​പ്പെട്ടു. 1990 മാർച്ച്‌ 14-ന്‌ വൈകു​ന്നേരം, കൺ​വെൻ​ഷൻ ക്രമീ​ക​ര​ണ​ങ്ങളെ കുറിച്ചു ചർച്ച ചെയ്യാൻ കൂടി​വ​രു​ന്ന​തി​നു സമയം ക്രമീ​ക​രി​ച്ചു. അന്നു രാവിലെ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ പൂർവ ജർമനി​യിൽ ഔദ്യോ​ഗിക അംഗീ​കാ​രം ലഭിച്ച വിവരം, കൂടി​വ​ന്നി​രുന്ന സഹോ​ദ​ര​ങ്ങളെ അറിയി​ക്കാൻ കൺ​വെൻ​ഷൻ മേൽവി​ചാ​ര​ക​നാ​യി നിയമി​ക്ക​പ്പെട്ട ഡീറ്റ്‌റിഷ്‌ ഫോർസ്റ്റർ തന്നോടു പറഞ്ഞത്‌ ഹെൽമൂട്ട്‌ മാർട്ടിൻ ഇപ്പോ​ഴും ഓർമി​ക്കു​ന്നു. അതേ, നിരോ​ധനം ഔദ്യോ​ഗി​ക​മാ​യി നീക്ക​പ്പെട്ടു!

കൺ​വെൻ​ഷൻ നടത്താ​നുള്ള പദ്ധതി​യി​ട്ടത്‌ താരത​മ്യേന വൈകി ആയതി​നാൽ വാരാ​ന്ത​ങ്ങ​ളി​ലൊ​ന്നും ഒളിമ്പിക്ക്‌ സ്റ്റേഡിയം ലഭ്യമ​ല്ലാ​യി​രു​ന്നു. തന്മൂലം ജൂലൈ 24-27 തീയതി​ക​ളിൽ, ചൊവ്വാഴ്‌ച മുതൽ വെള്ളി​യാഴ്‌ച വരെ, കൺ​വെൻ​ഷൻ പട്ടിക​പ്പെ​ടു​ത്തി. കൺ​വെൻ​ഷനു സമയമാ​യ​പ്പോൾ, വേണ്ടത്ര ക്രമീ​ക​ര​ണങ്ങൾ നടത്താൻ സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു ദിവസമേ ഉണ്ടായി​രു​ന്നു​ള്ളൂ. കൺ​വെൻ​ഷൻ കഴിഞ്ഞ്‌ എല്ലാം എടുത്തു​മാ​റ്റാൻ ഏതാനും മണിക്കൂ​റു​ക​ളും.

അങ്ങനെ, 23-ാം തീയതി തിങ്കളാഴ്‌ച രാവിലെ അഞ്ചു മണിക്കു​തന്നെ നൂറു​ക​ണ​ക്കി​നു സന്നദ്ധ​സേ​വകർ സ്റ്റേഡി​യ​ത്തിൽ എത്തി. “പൂർവ ജർമനി​യിൽ നിന്നു​ള്ളവർ, ദീർഘ​കാ​ല​മാ​യി അത്തരം ജോലി ചെയ്‌തു പരിച​യ​മു​ള്ളതു പോ​ലെ​യാണ്‌ ഉത്സാഹ​ഭ​രി​ത​രാ​യി ആ വേലയിൽ ഏർപ്പെ​ട്ടത്‌,” സെൽറ്റേ​ഴ്‌സ്‌ ബെഥേൽ കുടും​ബാം​ഗ​മായ ഗ്രെ​ഗോർ റൈച്ചാർട്ട്‌ അനുസ്‌മ​രി​ക്കു​ന്നു. “ആദ്യമാ​യി​ട്ടാ​ണു സ്റ്റേഡിയം ഇത്ര നന്നായി ശുചി​യാ​ക്കി കിട്ടു​ന്നത്‌” എന്നും അതിൽ തനിക്കു സന്തോ​ഷ​മുണ്ട്‌ എന്നും സ്റ്റേഡി​യ​ത്തി​ന്റെ ഒരു മേലധി​കാ​രി പിന്നീടു പറഞ്ഞു.

പൂർവ ജർമനി​യിൽ നിന്ന്‌ 9,500 പേർ, വാടക​യ്‌ക്കെ​ടുത്ത 13 ട്രെയി​നു​ക​ളി​ലാ​യി കൺ​വെൻ​ഷനു വന്നെത്തി. മറ്റുള്ളവർ, വാടക​യ്‌ക്കെ​ടുത്ത 200 ബസ്സുക​ളി​ലും. ഒരു ട്രെയിൻ വാടക​യ്‌ക്ക്‌ എടുക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ നടത്തവേ, ഡ്രെസ്‌ഡ​നി​ലേക്കു മാത്രം അത്തരം മൂന്നു ട്രെയി​നു​കൾ വേണ്ടി​വ​രും എന്ന്‌ ഒരു റെയിൽവേ ഉദ്യോ​ഗ​സ്ഥ​നോ​ടു പറഞ്ഞ​പ്പോൾ അതിശയം കൊണ്ട്‌ അയാളു​ടെ കണ്ണു തള്ളി​പ്പോ​യെന്ന്‌ ഒരു മൂപ്പൻ റിപ്പോർട്ടു ചെയ്യുന്നു. “പൂർവ ജർമനി​യിൽ വാസ്‌ത​വ​ത്തിൽ ഇത്രയും യഹോ​വ​യു​ടെ സാക്ഷികൾ ഉണ്ടോ?” അയാൾ ചോദി​ച്ചു.

വാടക​യ്‌ക്കെ​ടു​ത്ത ട്രെയി​നു​ക​ളിൽ യാത്ര ചെയ്‌ത​വ​രു​ടെ കാര്യ​മെ​ടു​ക്കാം. അവർ ബർലി​നിൽ എത്തും മുമ്പു​തന്നെ കൺ​വെൻ​ഷൻ തുടങ്ങി. “ഞങ്ങൾക്കാ​യി ബുക്കു ചെയ്‌ത ട്രെയി​നിൽ കയറാൻ ഞങ്ങൾ കെമ്‌നി​റ്റ്‌സ്‌ റെയിൽവേ സ്റ്റേഷനിൽ എത്തി,” ലിംബക്‌ ഒബെർ​ഫ്രോ​ന​യിൽ നിന്നുള്ള ഒരു മൂപ്പനായ ഹറാൾഡ്‌ പേസ്സ്‌ലെർ അനുസ്‌മ​രി​ക്കു​ന്നു. “ബർലി​നി​ലേ​ക്കുള്ള യാത്ര അവിസ്‌മ​ര​ണീ​യം ആയിരു​ന്നു. ചെറിയ കൂട്ടങ്ങ​ളാ​യി ഒളിവിൽ പ്രവർത്ത​നങ്ങൾ നടത്തിയ, വർഷങ്ങ​ളോ​ളം നീണ്ട, നിരോ​ധ​ന​ത്തി​നു ശേഷം നിരവധി സഹോ​ദ​ര​ങ്ങളെ ഇപ്പോൾ ഒന്നിച്ചു കാണാൻ കഴിഞ്ഞു. യാത്ര​യിൽ ഉടനീളം പല കമ്പാർട്ടു​മെ​ന്റു​ക​ളി​ലും ഉള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യി സഹവസി​ക്കാൻ ഞങ്ങൾക്ക്‌ അവസരം ലഭിച്ചു. അവരിൽ അനേക​രെ​യും വർഷങ്ങ​ളോ​ളം അതേ, ദശകങ്ങ​ളോ​ളം പോലും കാണാൻ സാധി​ച്ചി​രു​ന്നില്ല. ആ പുനഃ​സ​മാ​ഗ​മ​ന​ത്തിൽ ഉണ്ടായ സന്തോഷം വർണി​ക്കാൻ വാക്കുകൾ പോര. എല്ലാവർക്കും പ്രായ​മേ​റി​യി​രു​ന്നെ​ങ്കി​ലും അവർ വിശ്വ​സ്‌ത​ത​യോ​ടെ സകലതും സഹിച്ചു. ബെർലിൻ-ലിഷ്‌റ്റെൻബെർഗ്‌ സ്റ്റേഷനിൽ ഞങ്ങൾക്ക്‌ അഭിവാ​ദ്യ​മേകി. വലിയ തിരി​ച്ച​റി​യി​ക്കൽ അടയാ​ള​ങ്ങ​ളു​മാ​യി ഞങ്ങളെ​യും കാത്തു വ്യത്യസ്‌ത സ്ഥലങ്ങളിൽ നിന്നി​രുന്ന ബർലിൻ സഹോ​ദ​ര​ങ്ങ​ളു​ടെ അടുക്ക​ലെ​ത്താൻ ഉച്ചഭാ​ഷി​ണി​യി​ലൂ​ടെ ഞങ്ങൾക്കു മാർഗ​നിർദേശം ലഭിച്ചു. അജ്ഞാത അവസ്ഥയിൽ കഴിഞ്ഞി​രുന്ന ഞങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം എന്തൊരു പുതു​മ​യുള്ള അനുഭവം ആയിരു​ന്നു അത്‌! അന്നു വരെ വായി​ക്കു​ക​യോ കേൾക്കു​ക​യോ മാത്രം ചെയ്‌തി​ട്ടുള്ള കാര്യങ്ങൾ ഞങ്ങൾ നേരിട്ട്‌ അനുഭ​വി​ച്ചു: നാം ശരിക്കും ഒരു വലിയ സാർവ​ദേ​ശീയ സഹോ​ദ​ര​വർഗ​മാണ്‌!”

പല സാക്ഷി​ക​ളെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം ഇത്‌ അവരുടെ ആദ്യത്തെ കൺ​വെൻ​ഷൻ ആയിരു​ന്നു. “ക്ഷണം ഞങ്ങളെ​യെ​ല്ലാം പുളകി​ത​രാ​ക്കി,” വിൽഫ്രിഡ്‌ ഷ്രോ​യ്‌റ്റർ അനുസ്‌മ​രി​ക്കു​ന്നു. 1972-ൽ നിരോ​ധ​ന​ത്തി​ന്മ​ധ്യേ സമർപ്പണം നടത്തിയ അദ്ദേഹ​ത്തി​ന്റെ വികാ​രങ്ങൾ മനസ്സി​ലാ​ക്കാ​വു​ന്നതേ ഉള്ളൂ. “ആഴ്‌ച​കൾക്കു മുമ്പേ ഞങ്ങളിൽ ആവേശം തിരതല്ലി. ഇതു​പോ​ലെ ഒന്ന്‌ ഞാൻ ഇന്നോളം അനുഭ​വി​ച്ചി​ട്ടില്ല. മറ്റു നിരവധി സഹോ​ദ​ര​ങ്ങ​ളു​ടെ കാര്യ​ത്തി​ലും ഇതുത​ന്നെ​യാ​ണു വസ്‌തുത. സാർവ​ദേ​ശീയ സഹോ​ദ​ര​വർഗം ഒരു വൻ സ്റ്റേഡി​യ​ത്തിൽ കൂടി​വ​രു​ന്നതു കാണാൻ സാധി​ക്കു​മെന്ന വസ്‌തുത ഞങ്ങൾക്ക്‌ ഉൾക്കൊ​ള്ളാ​വു​ന്ന​തി​ലും അധിക​മാ​യി​രു​ന്നു.”

പൂർവ ബർലി​നിൽ താമസി​ക്കുന്ന സഹോ​ദ​രങ്ങൾ പട്ടണത്തിൽ നിന്ന്‌ ഏതാനും കിലോ​മീ​റ്റർ അകലെ, തങ്ങളുടെ സഹോ​ദ​രങ്ങൾ കൺ​വെൻ​ഷനു കൂടി​വ​രു​ന്നി​ട​ത്തേക്കു യാത്ര ചെയ്യാൻ എത്രയോ തവണ ആഗ്രഹി​ച്ചി​ട്ടു​ള്ള​താണ്‌! ഒടുവിൽ, അവർക്ക്‌ അതിനു കഴിഞ്ഞു.

64 രാജ്യ​ങ്ങ​ളിൽ നിന്നായി 45,000-ത്തോളം പേർ സന്നിഹി​തർ ആയിരു​ന്നു. അവരിൽ ഭരണസം​ഘ​ത്തി​ലെ ഏഴ്‌ അംഗങ്ങ​ളും ഉൾപ്പെ​ട്ടി​രു​ന്നു. പൂർവ ജർമനി​യിൽ നിന്നുള്ള തങ്ങളുടെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം സുപ്ര​ധാ​ന​മായ ആ സന്ദർഭ​ത്തിൽ ആഹ്ലാദം പങ്കിടാ​നാണ്‌ അവർ എത്തിയത്‌. 1936-ൽ ഒളിമ്പിക്ക്‌ ഗയിം​സി​ലൂ​ടെ തങ്ങളുടെ നേട്ടങ്ങൾ ലോക​ത്തി​നു മുമ്പാകെ നിരത്തി വമ്പുകാ​ട്ടാൻ നാസി ഭരണകൂ​ടം ഉപയോ​ഗി​ച്ച​തും അതേ സ്റ്റേഡിയം ആയിരു​ന്നു. ആ സ്റ്റേഡിയം വീണ്ടും കരഘോ​ഷ​ത്താൽ മാറ്റൊ​ലി​കൊ​ണ്ടു. എന്നാൽ, കായി​ക​താ​ര​ങ്ങളെ പുകഴ്‌ത്ത​ലോ ദേശാ​ഭി​മാ​ന​മോ ആയിരു​ന്നില്ല ഇത്തവണ അതിനു കാരണം. കൂടി​വ​ന്നവർ യഹോ​വ​യു​ടെ ജനത്തിന്റെ സാർവ​ദേ​ശീയ കുടും​ബ​ത്തി​ലെ യഥാർഥ​ത്തിൽ സന്തുഷ്ട​രായ അംഗങ്ങൾ ആയിരു​ന്നു. യഹോ​വ​യോ​ടും അവന്റെ വചനത്തി​ലുള്ള വില​യേ​റിയ സത്യ​ത്തോ​ടും ഉള്ള വിലമ​തി​പ്പി​ന്റെ പ്രതി​ഫ​ലനം ആയിരു​ന്നു അവരുടെ കരഘോ​ഷം. ആ കൺ​വെൻ​ഷ​നിൽ 1,018 പേർ സ്‌നാ​പ​ന​മേറ്റു. അവരിൽ അധിക​വും നിരോ​ധ​ന​ത്തിൻ കീഴിൽ പൂർവ ജർമനി​യിൽ വെച്ചു സത്യം പഠിച്ചവർ ആയിരു​ന്നു.

പൂർവ ജർമനി​യി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ വികാരം ഏറ്റവും നന്നായി മനസ്സി​ലാ​ക്കാൻ സാധി​ച്ചത്‌ അയൽ രാജ്യ​മായ പോള​ണ്ടിൽ നിന്നുള്ള ഊർജ​സ്വ​ല​രായ 4,500 പ്രതി​നി​ധി​കൾക്ക്‌ ആയിരു​ന്നി​രി​ക്കണം. വർഷങ്ങ​ളോ​ളം നിരോ​ധ​ന​ത്തിൽ ആയിരുന്ന അവരും ആയിടെ ആയിരു​ന്നു വർഷങ്ങ​ളി​ലെ ഇടവേ​ള​യ്‌ക്കു ശേഷം ഒരു വലിയ കൺ​വെൻ​ഷ​നിൽ പങ്കെടു​ത്തത്‌. ഒരു പോളീഷ്‌ സാക്ഷി പിന്നീട്‌ ഇങ്ങനെ എഴുതി: “പോള​ണ്ടിൽ നിന്നുള്ള സഹോ​ദ​രങ്ങൾ തങ്ങളുടെ അയൽക്കാ​രായ ജർമനി​യി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ ആത്മത്യാഗ മനോ​ഭാ​വത്തെ അങ്ങേയറ്റം വിലമ​തി​ക്കു​ന്നു. താമസ സൗകര്യ​ങ്ങ​ളും ഭക്ഷണവും കൺ​വെൻ​ഷൻ സ്ഥലത്തേ​ക്കും തിരി​ച്ചും ഉള്ള ഗതാഗത സൗകര്യ​ങ്ങ​ളും എല്ലാം അവർ സൗജന്യ​മാ​യി നൽകി. അല്ലായി​രു​ന്നെ​ങ്കിൽ ഞങ്ങളിൽ അനേകർക്കും കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാൻ സാധി​ക്കു​മാ​യി​രു​ന്നില്ല.”

പശ്ചിമ ജർമനി​യിൽ നിന്നുള്ള സഹോ​ദ​ര​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം കൺ​വെൻ​ഷനു സ്വത​ന്ത്ര​മാ​യി കൂടി​വ​രു​ന്നത്‌ സർവസാ​ധാ​രണം ആയിരു​ന്നെ​ങ്കി​ലും, അവരി​ലും അത്‌ ആഴത്തിൽ മതിപ്പു​ള​വാ​ക്കി. “പ്രായം​ചെന്ന, വിശ്വ​സ്‌ത​രായ അനേകം സഹോ​ദ​രങ്ങൾ—അവരിൽ ചിലർ 40 വർഷം കമ്മ്യൂ​ണിസ്റ്റ്‌ ഭരണത്തിൻ കീഴിൽ മാത്രമല്ല നാസി ഭരണകാ​ല​ത്തും പീഡന​ത്തിന്‌ ഇരകളാ​യി—ഒരിക്കൽ അഡോൾഫ്‌ ഹിറ്റ്‌ല​റും നാസി കൊല​കൊ​മ്പ​ന്മാ​രും ഇരുന്നി​രുന്ന, മുൻകൂ​ട്ടി തിരി​ച്ചി​ട്ടി​രുന്ന ഭാഗത്ത്‌ ഇരിക്കുന്ന ആ ദൃശ്യം ഹൃദ​യോ​ഷ്‌മളം ആയിരു​ന്നു” എന്ന്‌ സെൽറ്റേ​ഴ്‌സ്‌ ബെഥേൽ കുടും​ബ​ത്തി​ലെ ക്ലോസ്‌ ഫൈഗ്‌ പറഞ്ഞു. സ്റ്റേഡി​യ​ത്തി​ന്റെ കണ്ണായ ആ ഭാഗം സ്‌നേ​ഹ​പു​ര​സ്സരം, പ്രായം ചെന്നവർക്കും അംഗ​വൈ​ക​ല്യം സംഭവി​ച്ച​വർക്കു​മാ​യി തിരി​ച്ചി​ട്ടി​രു​ന്നു. ദൈവ​രാ​ജ്യ​ത്തി​ന്റെ അന്തിമ വിജയ​ത്തി​ലേ​ക്കുള്ള മുന്നേ​റ്റ​ത്തി​നു തടയി​ടാൻ ഗൂഢാ​ലോ​ചന നടത്തിയ രാഷ്‌ട്രീയ സേനക​ളു​ടെ മേലുള്ള അതിന്റെ എത്ര ശ്രദ്ധാർഹ​മായ വിജയം!

സമ്മേളി​ക്കാൻ സ്ഥലങ്ങൾ ലഭ്യമാ​ക്കു​ന്നു

പൂർവ ജർമനി​യി​ലെ നിരോ​ധനം നീക്കപ്പെട്ട ഉടനെ, അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങൾക്ക്‌ ലോക​വ്യാ​പ​ക​മാ​യി യഹോ​വ​യു​ടെ സാക്ഷികൾ ആസ്വദി​ക്കുന്ന ക്രമമായ സമ്മേളന പരിപാ​ടി​ക​ളിൽ നിന്നു പ്രയോ​ജനം നേടാൻ ക്രമീ​ക​ര​ണങ്ങൾ ചെയ്യ​പ്പെട്ടു. സർക്കി​ട്ടു​ക​ളു​ടെ പുനഃ​സം​ഘാ​ടനം പൂർത്തി​യാ​കു​ന്ന​തി​നു മുമ്പു​തന്നെ പശ്ചിമ ജർമനി​യിൽ പ്രത്യേക സമ്മേള​ന​ങ്ങൾക്കും സർക്കിട്ട്‌ സമ്മേള​ന​ങ്ങൾക്കു​മാ​യി കൂടി​വ​രാൻ സഭകൾക്കു ക്ഷണം ലഭിച്ചു. തുടക്ക​ത്തിൽ, ഹാജരാ​യി​രുന്ന പ്രസാ​ധ​ക​രിൽ പകുതി വീതം പശ്ചിമ ജർമനി​യിൽ നിന്നും പൂർവ ജർമനി​യിൽ നിന്നും ഉള്ളവർ ആയിരു​ന്നു. ഇത്‌ സഹോ​ദ​ര​വർഗ​ത്തി​ന്റെ ബന്ധത്തെ അരക്കി​ട്ടു​റ​പ്പി​ച്ചു. മാത്രമല്ല, പശ്ചിമ ജർമനി​യി​ലെ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പ്രവർത്തി​ച്ചു​കൊണ്ട്‌ പൂർവ ജർമനി​യി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ കൺ​വെൻ​ഷൻ ക്രമീ​ക​ര​ണ​ങ്ങളെ കുറിച്ചു പഠിക്കാ​നും സാധിച്ചു.

സർക്കി​ട്ടു​കൾ രൂപീ​ക​രി​ക്കവേ, പശ്ചിമ ജർമനി​യിൽ അപ്പോൾ നിലവിൽ ഉണ്ടായി​രുന്ന സമ്മേളന ഹാളുകൾ ഉപയോ​ഗി​ക്കാൻ പൂർവ ജർമനി​യിൽ ഉള്ളവർക്ക്‌ ക്ഷണം ലഭിച്ചു. അതിൽ അഞ്ചെണ്ണം—ബർലിൻ, മ്യൂണിക്‌, ബ്യൂഷൻബഷ്‌, മ്യൊൽബെർഗൻ, ട്രാ​പ്പെൻകംപ്‌ എന്നിവി​ട​ങ്ങ​ളിൽ ഉള്ളവ—മുൻ അതിർത്തി​യോ​ടു ചേർന്ന്‌ ആയിരു​ന്ന​തി​നാൽ അത്‌ എളുപ്പ​മാ​യി​രു​ന്നു. എന്നുവ​രി​കി​ലും, പൂർവ ജർമനി​യിൽ ഒരു സമ്മേളന ഹാളി​നുള്ള പണി താമസി​യാ​തെ തുടങ്ങി. ഡ്രെസ്‌ഡനു സമീപം ഗ്ലാച്ചൗ​വിൽ പണിയ​പ്പെട്ട ഹാളിന്റെ സമർപ്പണം 1994 ആഗസ്റ്റ്‌ 13-ന്‌ ആയിരു​ന്നു. 4,000 പേർക്ക്‌ ഇരിക്കാ​വുന്ന ആ ഹാളാണ്‌ ഇപ്പോൾ ജർമനി​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഏറ്റവും വലിയ സമ്മേളന ഹാൾ.

രാജ്യ​ഹാ​ളു​കൾ നിർമി​ക്കുന്ന കാര്യ​ത്തി​ലും ശ്രദ്ധ നൽക​പ്പെട്ടു. ജർമൻ ജനാധി​പത്യ റിപ്പബ്ലി​ക്കിൽ അതിന്‌ അനുവാ​ദം ഉണ്ടായി​രു​ന്നില്ല. എന്നാൽ ഇപ്പോൾ 20,000-ത്തിലധി​കം സാക്ഷി​ക​ളുള്ള അവിടെ രാജ്യ​ഹാ​ളു​കൾ അനിവാ​ര്യം ആയിരു​ന്നു. നിർമാണ പ്രവർത്തനം ആളുകളെ അത്ഭുത​സ്‌ത​ബ്ധ​രാ​ക്കി.

സ്റ്റാവെൻഹാ​ഗൻ പട്ടണത്തി​ലെ രാജ്യ​ഹാ​ളി​ന്റെ നിർമാ​ണത്തെ കുറിച്ച്‌ ഒരു വർത്തമാ​ന​പ്പ​ത്രം ഇങ്ങനെ എഴുതി: “ആ കെട്ടി​ട​ത്തി​ന്റെ നിർമാണ വിധവും വേഗത​യും ജിജ്ഞാ​സു​ക്ക​ളായ വഴി​പോ​ക്കരെ അതിശ​യി​പ്പി​ച്ചു. . . . 35 വ്യത്യസ്‌ത തൊഴിൽ മേഖല​ക​ളിൽ നിന്നുള്ള വിദഗ്‌ധ​രായ 240-ഓളം നിർമാ​താ​ക്ക​ളാണ്‌ അതു പണിതു​യർത്തി​യത്‌. അവരെ​ല്ലാം സന്നദ്ധ സേവക​രായ യഹോ​വ​യു​ടെ സാക്ഷികൾ ആയിരു​ന്നു. ഒരു വാരാന്തം കൊണ്ട്‌, സൗജന്യ​മാ​യി അവർ ആ വേല ചെയ്‌തു തീർത്തു.”

ബാൾട്ടിക്‌ കടലി​ലുള്ള റ്യൂഗെൻ ദ്വീപി​ലെ സാഗാർഡ്‌ പട്ടണത്തിൽ പണിയ​പ്പെട്ട ഒരു ഹാളിനെ കുറിച്ചു മറ്റൊരു പത്രം ഇങ്ങനെ എഴുതി: “തേനീ​ച്ച​ക​ളെ​പ്പോ​ലെ തിരക്കുള്ള 50-ഓളം സ്‌ത്രീ​പു​രു​ഷ​ന്മാർ കെട്ടി​ട​ത്തി​ന്റെ അസ്‌തി​വാ​രം പണിയു​ക​യാണ്‌. എങ്കിലും, അവിടെ തെല്ലും തിക്കും തിരക്കു​മില്ല. ആയാസ​ര​ഹി​ത​വും സൗഹൃദം തുളു​മ്പു​ന്ന​തു​മായ അന്തരീക്ഷം. ഇത്ര വേഗത്തിൽ വേല ചെയ്‌തി​ട്ടും ആർക്കും ഒരു വെപ്രാ​ള​വും ഉള്ളതായി തോന്നു​ന്നില്ല. മിക്ക നിർമാണ സ്ഥലങ്ങളി​ലും പതിവു​ള്ളതു പോലെ ആരും ആരുടെ നേർക്കും പൊട്ടി​ത്തെ​റി​ക്കു​ന്നില്ല.”

1992-ന്റെ അവസാ​ന​ത്തോ​ടെ, ഏഴു രാജ്യ​ഹാ​ളു​കൾ നിർമി​ക്ക​പ്പെട്ടു. 16 സഭകൾ അവ ഉപയോ​ഗി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വേറെ 30-ഓളം എണ്ണത്തിന്‌ കരടു പദ്ധതി​യും പൂർത്തി​യാ​യി. 1998 ആയപ്പോ​ഴേ​ക്കും, മുമ്പ്‌ പൂർവ ജർമനി എന്ന്‌ അറിയ​പ്പെ​ട്ടി​രു​ന്നി​ടത്തെ 70-തിലധി​കം ശതമാനം സഭകൾക്കും സ്വന്തം രാജ്യ​ഹാ​ളു​ക​ളിൽ യോഗ​ങ്ങൾക്കു കൂടി​വ​രാൻ സാധിച്ചു.

പ്രോ​ത്സാ​ഹ​ജ​ന​ക​മായ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾ

പൂർവ യൂറോ​പ്പിൽ ഓരോ രാജ്യ​ത്തു​നി​ന്നാ​യി ഗവൺമെന്റ്‌ നിയ​ന്ത്ര​ണങ്ങൾ മാറ്റി​യ​ത​നു​സ​രിച്ച്‌ അവിട​ങ്ങ​ളിൽ കൺ​വെൻ​ഷ​നു​കൾ നടത്താൻ ഭരണസം​ഘം ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. അവ ആത്മീയ​മാ​യി പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന സന്ദർഭങ്ങൾ ആയിരു​ന്നു, ദൈവം തന്റെ ദാസന്മാ​രെ ഏൽപ്പി​ച്ചി​രി​ക്കുന്ന വേലയിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ പ്രോ​ത്സാ​ഹനം പ്രദാനം ചെയ്യപ്പെട്ട സന്ദർഭങ്ങൾ തന്നെ. (മത്താ. 6:19-24, 31-33; 24:14) ഈ ദേശങ്ങ​ളി​ലെ സാക്ഷി​ക​ളിൽ അനേകർക്കും വർഷങ്ങ​ളോ​ളം ചെറിയ കൂട്ടങ്ങ​ളാ​യേ കൂടി​വ​രാൻ സാധി​ച്ചി​രു​ന്നു​ള്ളൂ. എന്നാൽ, ഈ കൺ​വെൻ​ഷ​നു​കൾ, സഹ സാക്ഷി​കളെ അറിയാ​നും അവരുടെ വിശ്വസ്‌ത സഹിഷ്‌ണു​ത​യു​ടെ മേൽ യഹോ​വ​യു​ടെ അനു​ഗ്ര​ഹാ​ശി​സ്സു​ക​ളു​ടെ തെളി​വു​കൾ കണ്ട്‌ അതിൽനി​ന്നു പ്രോ​ത്സാ​ഹി​തർ ആകാനും അവർക്ക്‌ അവസര​മേകി. തങ്ങളും ഭാഗമാ​യി​രി​ക്കുന്ന സാർവ​ദേ​ശീയ സാഹോ​ദ​ര്യം പൂർണ​മായ അളവിൽ അനുഭ​വി​ച്ച​റി​യാൻ ഈ സഹോ​ദ​ര​ങ്ങൾക്ക്‌ അവസരം ലഭി​ക്കേ​ണ്ട​തി​നു വിദേ​ശ​ങ്ങ​ളിൽ നിന്നുള്ള പ്രതി​നി​ധി​ക​ളും ക്ഷണിക്ക​പ്പെട്ടു. ജർമനി​യിൽ നിന്നുള്ള അനേക​രും അവരിൽ ഉണ്ടായി​രു​ന്നു. പോളണ്ട്‌, ഹംഗറി, ചെക്കോ​സ്ലോ​വാ​ക്യ, മുൻ സോവി​യറ്റ്‌ യൂണിയൻ എന്നിവി​ട​ങ്ങ​ളിൽ 1989-നും 1993-നും ഇടയ്‌ക്കു നടന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​ക​ളിൽ ജർമനി​യിൽ നിന്നുള്ള നിരവധി സാക്ഷികൾ പങ്കെടു​ത്തു.

1991-ലെ “ദൈവിക സ്വാത​ന്ത്ര്യ സ്‌നേ​ഹി​കൾ” എന്ന കൺ​വെൻ​ഷന്‌ പ്രാഗിൽ—ഇപ്പോ​ഴത്തെ ചെക്ക്‌ റിപ്പബ്ലി​ക്കിൽ—തുടക്കം കുറി​ച്ച​തി​ന്റെ തലേന്ന്‌ ലിഡോ​വെ നൊവി​നി എന്ന വർത്തമാ​ന​പ്പ​ത്രം, “‘ജർമനി​യി​ലെ സഹോ​ദ​രങ്ങൾ’ താത്‌ക്കാ​ലിക ഉപയോ​ഗ​ത്തി​നാ​യി കൊടുത്ത ഉച്ചഭാ​ഷി​ണി സംവി​ധാ​നം” സ്ഥാപി​ക്കു​ന്ന​തിന്‌ 40 സാക്ഷി​ക​ളു​ടെ ഒരു സംഘം നടത്തിയ ശ്രദ്ധേ​യ​മായ വേലയെ കുറിച്ചു റിപ്പോർട്ടു ചെയ്‌തു. ജർമനി​യി​ലെ സഹോ​ദ​രങ്ങൾ ഉച്ചഭാ​ഷി​ണി സംവി​ധാ​നം താത്‌കാ​ലിക ഉപയോ​ഗ​ത്തി​നാ​യി കൊടു​ക്കുക മാത്രമല്ല, അതു സ്ഥാപി​ക്കാൻ സഹായി​ക്കു​ക​യും ചെയ്‌തു. ദശകങ്ങ​ളോ​ളം കൺ​വെൻ​ഷൻ നടത്തി​യുള്ള അനുഭ​വ​സ​മ്പത്ത്‌ ചെക്ക്‌ സഹോ​ദ​ര​ങ്ങ​ളു​മാ​യി പങ്കു​വെ​ക്കാൻ സാധി​ച്ച​തിൽ അവർ സന്തുഷ്ടർ ആയിരു​ന്നു. മിക്ക അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾക്കും ജർമനി​യിൽ നിന്നുള്ള പ്രതി​നി​ധി​ക​ളു​ടെ സംഖ്യ ഏതാനും നൂറു​ക​ളാ​യി പരിമി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. എന്നാൽ, പ്രാഗിൽ നടന്ന ഈ കൺ​വെൻ​ഷന്‌ 30,000 പ്രതി​നി​ധി​കൾ ക്ഷണിക്ക​പ്പെട്ടു. എത്ര നല്ല കൺ​വെൻ​ഷൻ ആയിരു​ന്നു അത്‌!

1955-ൽ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നാ​യി ചെക്കോ​സ്ലോ​വാ​ക്യ​യിൽ സേവനം അനുഷ്‌ഠിച്ച ഡീറ്റർ കാബൂ​സും ജർമനി​യിൽ നിന്നുള്ള പ്രതി​നി​ധി​യാ​യി ആ കൺ​വെൻ​ഷ​നിൽ പങ്കെടു​ത്ത​വ​രിൽ ഉണ്ടായി​രു​ന്നു. അദ്ദേഹം ഇങ്ങനെ എഴുതി: “പുതി​യ​ലോക ഭാഷാ​ന്തരം [ഇപ്പോൾ സൊ​സൈ​റ്റി​യു​ടെ അച്ചടി​ശാ​ല​ക​ളിൽ അച്ചടി​ക്കു​ന്നു] പ്രകാ​ശനം ചെയ്യവേ സകലരും തങ്ങളുടെ ഇരിപ്പി​ട​ങ്ങ​ളിൽ നിന്ന്‌ എഴു​ന്നേറ്റു. നിലയ്‌ക്കാത്ത കരഘോ​ഷ​ത്താൽ സ്റ്റേഡിയം മാറ്റൊ​ലി​കൊ​ണ്ടു. ഞങ്ങൾ പരസ്‌പരം ആശ്ലേഷി​ച്ചു; ആയിരങ്ങൾ സന്തോ​ഷാ​ശ്രു​ക്കൾ പൊഴി​ച്ചു, യാതൊ​രു സങ്കോ​ച​വും കൂടാതെ. 16 സഹോ​ദ​രങ്ങൾ ഒരേ ഒരു ബൈബിൾ പങ്കിട്ടി​രുന്ന തടവറ​യാ​ണു ഞങ്ങളുടെ മനസ്സി​ലേക്കു വന്നത്‌. പരിപാ​ടി കഴിഞ്ഞ ശേഷം ഗീതങ്ങൾ പാടി​യും ആനന്ദദാ​യ​ക​മായ സഹവാസം ആസ്വദി​ച്ചും കൊണ്ട്‌ അനേക​രും ഒരു മണിക്കൂ​റോ അതില​ധി​ക​മോ നേരം അവിടെ ചെലവ​ഴി​ച്ചു.”

പിറ്റേ വർഷം, 1992-ൽ, റഷ്യയി​ലെ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗിൽ നടന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നി​ലും ജർമനി​യിൽ നിന്നുള്ള പ്രതി​നി​ധി​കൾ പങ്കെടു​ത്തു. കാര്യാ​ദി​കൾ ഒന്നും അത്രകണ്ടു സുഗമ​മാ​യി​രു​ന്നില്ല എന്നു ചില​രെ​ങ്കി​ലും ഓർക്കു​ന്നു​ണ്ടാ​കും, പ്രത്യേ​കി​ച്ചും ജർമനി​യിൽ നിന്നുള്ള പ്രതി​നി​ധി​കൾക്കു താമസ സൗകര്യം ഒരുക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ. എങ്കിലും, അതും ഒരു സാക്ഷ്യ​മാ​യി ഉതകി. പ്രതി​നി​ധി​ക​ളു​ടെ ഒരു സംഘം കുറഞ്ഞ സമയത്തി​നു​ള്ളിൽ ഒരു ഹോട്ട​ലിൽ നിന്നു മറ്റൊരു ഹോട്ട​ലി​ലേക്കു മാറേണ്ടി വന്നപ്പോ​ഴത്തെ അവരുടെ പെരു​മാ​റ്റം 50 വയസ്സുള്ള റഷ്യൻ പരിഭാ​ഷ​ക​യിൽ ആഴത്തിൽ മതിപ്പു​ള​വാ​ക്കി. അവർ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തികച്ചും വ്യത്യ​സ്‌ത​രാണ്‌; നിങ്ങൾ ഒച്ചപ്പാട്‌ ഉണ്ടാക്കു​ക​യോ ക്ഷോഭി​ക്കു​ക​യോ ചെയ്യു​ന്നില്ല!” എന്നാൽ, ഈ പ്രതി​നി​ധി​കളെ അങ്ങേയറ്റം ആകർഷി​ച്ചത്‌ തങ്ങളുടെ പ്രിയ​പ്പെട്ട റഷ്യൻ സഹോ​ദീ​സ​ഹോ​ദ​ര​ന്മാ​രു​ടെ മനോ​ഭാ​വം ആയിരു​ന്നു. കൺ​വെൻ​ഷനു ശേഷം ജർമനി​യിൽ നിന്നുള്ള ഒരു പ്രതി​നി​ധി ഇങ്ങനെ എഴുതി: “സഹോ​ദ​രങ്ങൾ പരിപാ​ടി എത്രമാ​ത്രം ആസ്വദി​ച്ചു എന്നു വിവരി​ക്കാൻ വാക്കുകൾ പോരാ. ബൈബി​ളോ പാട്ടു​പു​സ്‌ത​ക​മോ ഇല്ലാതെ [ആ സമയത്തു റഷ്യയിൽ അവ രണ്ടും പരിമി​ത​മാ​യേ വിതരണം ചെയ്യ​പ്പെ​ട്ടി​രു​ന്നു​ള്ളൂ] അവർ യഹോ​വ​യ്‌ക്കു തങ്ങളോ​ടു പറയാ​നു​ള്ളതു പ്രതീ​ക്ഷാ​പൂർവം, ശ്രദ്ധ​യോ​ടെ കേട്ടി​രു​ന്നു.”

പിറ്റേ വർഷം, ജർമനി​യിൽ നിന്നുള്ള 1,200-ലധികം സാക്ഷികൾ റഷ്യയി​ലെ മോസ്‌കോ​യി​ലും യൂ​ക്രെ​യി​നി​ലെ കീവി​ലും നടന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾക്കു ഹാജരാ​യി. എത്രമാ​ത്രം പ്രോ​ത്സാ​ഹ​ജ​ന​ക​മായ വിവര​ങ്ങ​ളാണ്‌ മടങ്ങി എത്തിയ​പ്പോൾ അവർക്കു വിവരി​ക്കാൻ ഉണ്ടായി​രു​ന്നത്‌! 1950 മുതൽ സഞ്ചാര മേൽവി​ചാ​രകൻ ആയിരുന്ന റ്റീറ്റൂസ്‌ റ്റോയ്‌ബ്‌നർ പ്രതി​നി​ധി​ക​ളിൽ ഒരാൾ ആയിരു​ന്നു. അദ്ദേഹം പറഞ്ഞു: “പൂർവ ജർമനി​യിൽ എന്നെങ്കി​ലും നിരോ​ധനം നീക്കം ചെയ്യ​പ്പെ​ടു​ന്നെ​ങ്കിൽ ആദ്യത്തെ മോസ്‌കോ കൺ​വെൻ​ഷനു ഞാനും ഉണ്ടായി​രി​ക്കും എന്നു ഭാര്യ​യ്‌ക്കു വാക്കു കൊടു​ത്തി​രു​ന്ന​താണ്‌.” 1993-ൽ അദ്ദേഹം അതു തന്നെ ചെയ്‌തു. “റെഡ്‌ സ്‌ക്വ​യ​റിൽ ദിവ്യ ഗവൺമെ​ന്റി​നെ കുറി​ച്ചുള്ള മാസി​കകൾ എനിക്കു വിതരണം ചെയ്യാൻ സാധിച്ചു എന്നത്‌ ഒരു അത്ഭുത​മാ​യി തോന്നു​ന്നു,” അദ്ദേഹം പറഞ്ഞു. മറ്റൊരു പ്രതി​നി​ധി എഴുതി: “റഷ്യൻ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണു ഞങ്ങൾ ഈ കൺ​വെൻ​ഷനു ഹാജരാ​യത്‌. ഞങ്ങൾ അതുതന്നെ ചെയ്‌തു. എന്നാൽ, മറിച്ചും അതു വാസ്‌തവം ആയിരു​ന്നു. സ്‌നേ​ഹ​വും കൃതജ്ഞ​ത​യും വിശ്വ​സ്‌ത​ത​യും വിലമ​തി​പ്പും പ്രകട​മാ​ക്കി​ക്കൊണ്ട്‌ തങ്ങളുടെ മാതൃ​ക​യി​ലൂ​ടെ ഞങ്ങളുടെ റഷ്യൻ സഹോ​ദ​രങ്ങൾ ഞങ്ങളെ വളരെ​യ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ചു.”

വിശ്വ​സ്‌ത​രാ​യ അത്തരം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കു വേണ്ടി സേവനം അനുഷ്‌ഠി​ക്കാൻ സാധി​ച്ച​തിൽ സെൽറ്റേ​ഴ്‌സ്‌ ബെഥേൽ കുടും​ബാം​ഗങ്ങൾ തികച്ചും കൃതജ്ഞ​ത​യു​ള്ളവർ ആയിരു​ന്നു. മറ്റു ദേശങ്ങ​ളിൽ സാഹി​ത്യ​ങ്ങ​ളും മറ്റും എത്തിച്ചു മടങ്ങി വന്ന ട്രക്ക്‌ ഡ്രൈ​വർമാ​രായ സഹോ​ദ​ര​ങ്ങ​ളു​ടെ റിപ്പോർട്ടു​കൾ തങ്ങളുടെ പദവി സംബന്ധിച്ച ആ സഹോ​ദ​ര​ങ്ങ​ളു​ടെ വിലമ​തിപ്പ്‌ ഊട്ടി​യു​റ​പ്പി​ച്ചു. തങ്ങൾക്കു ലഭിച്ച ഊഷ്‌മ​ള​മായ സ്വാഗ​തത്തെ കുറിച്ച്‌ അവർ വിവരി​ച്ചു. മാത്രമല്ല, രാത്രി വളരെ വൈകി​യാ​ണെ​ങ്കിൽ കൂടി​യും സാഹി​ത്യ​ങ്ങൾ ഇറക്കു​ന്ന​തിൽ പങ്കുപ​റ്റാൻ സാധി​ച്ച​തിൽ സഹോ​ദ​ര​ങ്ങൾക്ക്‌ ഉണ്ടായ സന്തോ​ഷത്തെ കുറി​ച്ചും ട്രക്കു​ക​ളു​മാ​യി മടങ്ങു​ന്ന​തി​നു മുമ്പ്‌ ഒരുമി​ച്ചു പ്രാർഥന നടത്തി​യ​തി​നെ​യും തങ്ങൾക്ക്‌ ആശംസ​യേ​കി​യ​തി​നെ​യും കുറി​ച്ചും ഒക്കെ അവർ വിവരി​ച്ചു.

കൂടുതൽ കെട്ടി​ടങ്ങൾ—അടിയ​ന്തിര ആവശ്യ​ങ്ങൾക്കാ​യി

പൂർവ യൂറോ​പ്പിൽ ഓരോ ഭാഗത്താ​യി നിരോ​ധനം നീക്ക​പ്പെ​ടുക ആയിരു​ന്നു. വലിയ കൺ​വെൻ​ഷ​നു​കൾ നടത്ത​പ്പെട്ടു. സുവാർത്താ പ്രസം​ഗ​വേ​ല​യ്‌ക്ക്‌ ആക്കം കൂടി. വയലിന്റെ ആ ഭാഗത്ത്‌ ബൈബിൾ സാഹി​ത്യ​ങ്ങ​ളു​ടെ ആവശ്യം സത്വരം വർധിച്ചു വരുക​യാ​യി​രു​ന്നു. അത്‌ എങ്ങനെ നിറ​വേ​റ്റ​പ്പെ​ടു​മാ​യി​രു​ന്നു? കൂടു​ത​ലായ പങ്കു വഹിക്കാൻ ജർമനി​യി​ലെ ബ്രാഞ്ചി​നു ക്ഷണം ലഭിച്ചു.

1988-ൽ, ബർലിൻ മതിൽ വീഴു​ന്ന​തി​നു മുമ്പു​തന്നെ, ജർമനി​യി​ലെ ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ 50 ശതമാനം വർധി​പ്പി​ക്കാൻ ഭരണസം​ഘം അനുമതി നൽകി​യി​രു​ന്നു. അത്തര​മൊ​രു വികസനം എന്തിനാണ്‌ എന്ന്‌ ആദ്യം ബ്രാഞ്ച്‌ കമ്മറ്റിക്കു പിടി​കി​ട്ടി​യില്ല. വലിയ, ഒരു പുതു​പു​ത്തൻ സമുച്ചയം സമർപ്പി​ച്ചി​ട്ടു നാലു വർഷമേ ആയിരു​ന്നു​ള്ളൂ. എന്നിരു​ന്നാ​ലും, സഹോ​ദ​രങ്ങൾ പ്രാ​ദേ​ശിക അധികാ​രി​കൾക്ക്‌ അപേക്ഷ സമർപ്പി​ച്ചു. റൂട്‌കെ സഹോ​ദരൻ അനുസ്‌മ​രി​ക്കു​ന്നു: “ഞങ്ങൾ പദ്ധതി അവതരി​പ്പി​ച്ച​പ്പോൾ സെൽറ്റേ​ഴ്‌സി​ലെ നിർമാണ കമ്മീഷണർ കാതിൽ എന്നവണ്ണം എന്നോടു പറഞ്ഞു: ‘വീണ്ടും വലിപ്പം കൂട്ടാൻ അധികാ​രി​കൾ എന്നെങ്കി​ലും അനുമതി നൽകു​മെന്ന്‌ എനിക്കു തോന്നു​ന്നില്ല. അതു​കൊണ്ട്‌ ഇപ്പോൾ പരമാ​വധി വലിപ്പ​ത്തിൽ പണിയു​ന്ന​താ​ണു നല്ലത്‌.’ അതു ഞങ്ങളെ ചിന്തി​ക്കാൻ പ്രേരി​പ്പി​ച്ചു.” ഏതാനും മാസങ്ങൾക്കകം, ഗവൺമെന്റ്‌ ഓഫീ​സു​ക​ളിൽ നിന്നെ​ല്ലാം അനുമതി നേടി. അങ്ങനെ തുടക്ക​ത്തിൽ നിർദേ​ശി​ച്ചി​രുന്ന 50 ശതമാനം വികസനം 120 ശതമാനം വികസ​ന​ത്തി​നു വഴിമാ​റി!

1991 ജനുവ​രി​യിൽ യഥാർഥ നിർമാണ പ്രവർത്ത​ന​ത്തി​നു തുടക്കം കുറിച്ചു. പല സഹോ​ദ​ര​ങ്ങൾക്കും ഇത്രമാ​ത്രം വികസ​ന​ത്തി​ന്റെ ആവശ്യ​മു​ള്ള​താ​യി തോന്നി​യില്ല. നിർമാണ പദ്ധതി​യിൽ പങ്കുപ​റ്റാൻ പരിശീ​ലനം സിദ്ധി​ച്ച​വ​രു​ടെ ആവശ്യ​മു​ണ്ടെന്ന അറിയി​പ്പി​നോ​ടു കാട്ടിയ തണുപ്പൻ പ്രതി​ക​ര​ണ​ത്തിൽ നിന്നും പരിമി​ത​മായ സാമ്പത്തിക പിന്തു​ണ​യിൽ നിന്നും അതു വ്യക്തമാ​യി​രു​ന്നു. എന്തു ചെയ്യാൻ സാധി​ക്കു​മാ​യി​രു​ന്നു?

സഹോ​ദ​ര​ങ്ങൾക്ക്‌ അതേക്കു​റി​ച്ചു കൂടു​ത​ലായ വിശദാം​ശങ്ങൾ നൽകേ​ണ്ട​തു​ണ്ടാ​യി​രു​ന്നു എന്നു സ്‌പഷ്ടം. അങ്ങനെ, 1991 ഒക്‌ടോ​ബർ 3-ന്‌ ജർമനി​യി​ലെ എല്ലാ സമ്മേളന ഹാളു​ക​ളി​ലും, തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട മൂപ്പന്മാ​രു​മാ​യി പ്രത്യേ​കം യോഗങ്ങൾ നടത്ത​പ്പെട്ടു. പോയ ദശകത്തിൽ ജർമനി ബ്രാഞ്ചിൽ പുസ്‌തക ഉത്‌പാ​ദനം ഏറെക്കു​റെ മൂന്നി​രട്ടി ആയെന്നു വിശദ​മാ​ക്ക​പ്പെട്ടു. പോളണ്ട്‌, ഹംഗറി, പൂർവ ജർമനി, റൊ​മേ​നിയ, ബൾഗേ​റിയ, യൂ​ക്രെ​യിൻ, സോവി​യറ്റ്‌ യൂണിയൻ എന്നിവി​ട​ങ്ങ​ളിൽ നിരോ​ധനം നീക്ക​പ്പെ​ട്ടി​രു​ന്നു. ജർമനി​യു​ടെ അതിർത്തി ദേശങ്ങൾക്കു വളരെ അപ്പുറ​ത്തേ​ക്കും സാഹി​ത്യ​ങ്ങൾ അയയ്‌ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ രാജ്യ​ങ്ങ​ളി​ലുള്ള പ്രസാ​ധകർ സാഹി​ത്യ​ത്തി​നാ​യി കേണ​പേ​ക്ഷി​ക്കുക ആയിരു​ന്നു. അതു ലഭ്യമാ​ക്കു​ന്ന​തിൽ ഒരു വലിയ പങ്കുവ​ഹി​ക്കാൻ സെൽറ്റേ​ഴ്‌സി​നോട്‌ അഭ്യർഥി​ച്ചു. ആവശ്യം തിരി​ച്ച​റിഞ്ഞ ഉടനെ സഹോ​ദ​രങ്ങൾ ഉദാര​മായ പിന്തു​ണ​യേകി.

വാസ്‌ത​വ​ത്തിൽ, ആദ്യത്തെ തണുപ്പൻ പ്രതി​ക​രണം പിന്നീട്‌ അനു​ഗ്ര​ഹ​മെന്നു തെളിഞ്ഞു. അതെങ്ങനെ? ജർമനി​യിൽ നിന്നുള്ള സന്നദ്ധ​സേ​വ​കരെ മാത്രം ആശ്രയി​ക്കാ​തെ, 1985-ൽ ഭരണസം​ഘം ഏർപ്പെ​ടു​ത്തിയ ഒരു കരുതൽ പ്രയോ​ജ​ന​പ്പെ​ടു​ത്താൻ ബ്രാഞ്ച്‌ തീരു​മാ​നി​ച്ചു. ആ സമയത്ത്‌ സാർവ​ദേ​ശീയ സന്നദ്ധ​സേവക നിർമാണ പരിപാ​ടി​ക്കു തുടക്കം കുറി​ച്ചി​രു​ന്നു. ജർമനി ബ്രാഞ്ചി​ന്റെ നിർമാണ പ്രവർത്തനം തീർന്ന​പ്പോ​ഴേ​ക്കും 19 രാജ്യ​ങ്ങ​ളിൽ നിന്നുള്ള 331 സന്നദ്ധ സേവകർ ബെഥേൽ കുടും​ബ​ത്തോ​ടൊ​പ്പം പ്രവർത്തി​ച്ചു കഴിഞ്ഞി​രു​ന്നു.

കൂടാതെ, ജർമനി​യി​ലെ നിരവധി സാക്ഷി​ക​ളും നിർമാണ വേലയിൽ സഹായി​ച്ചു; പലരും അവധി​ക്കാ​ല​ങ്ങ​ളി​ലാണ്‌ അങ്ങനെ ചെയ്‌തത്‌. പൂർവ ജർമനി​യിൽ നിന്നുള്ള 2,000-ത്തോളം സാക്ഷികൾ അതിൽ ഉൾപ്പെ​ട്ടി​രു​ന്നു. എന്നെങ്കി​ലും ഒരിക്കൽ ബെഥേ​ലിൽ വേല ചെയ്യാൻ സാധി​ക്കു​മെന്ന്‌ നിരോ​ധന കാലത്ത്‌ അവരിൽ പലരും ഒരുപക്ഷേ സ്വപ്‌നം കണ്ടിട്ടു പോലും ഉണ്ടാവില്ല.

സമർപ്പണ വാരാന്തം

ശാരീ​രിക അധ്വാ​ന​ത്തി​ലൂ​ടെ​യും സാമ്പത്തിക പിന്തു​ണ​യി​ലൂ​ടെ​യും പ്രാർഥ​ന​യി​ലൂ​ടെ​യും ഒക്കെയാ​യി ജർമനി​യി​ലെ എല്ലാ യഹോ​വ​യു​ടെ സാക്ഷി​ക​ളും നിർമാണ പദ്ധതി​യിൽ സഹായി​ച്ചു. സെൽറ്റേ​ഴ്‌സ്‌ അവരുടെ ബെഥേൽ ആയിരു​ന്നു, യഹോ​വ​യ്‌ക്കു സമർപ്പി​ക്കാൻ അവർ ആഗ്രഹിച്ച വികസി​പ്പി​ക്ക​പ്പെട്ട ഒരു കെട്ടിട സമുച്ചയം. തന്മൂലം, നിർമാണ പ്രവർത്തനം തീരു​ന്ന​തി​നു വളരെ മുമ്പു​തന്നെ, ജർമനി​യി​ലുള്ള മുഴു സഹോ​ദ​ര​വർഗ​വും വിദേ​ശത്തു നിന്നുള്ള അതിഥി​ക​ളും ആഘോ​ഷ​ത്തി​നാ​യി ഒരുമി​ച്ചു കൂടു​ന്ന​തി​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്യ​പ്പെട്ടു.

പൂർവ യൂറോ​പ്പിൽ ‘പ്രവർത്ത​ന​ത്തി​ലേക്കു നയിക്കുന്ന ഒരു വലിയ വാതിൽ’ തുറന്നു കിട്ടു​ന്ന​തി​നെ കുറിച്ച്‌ ഊന്നി​പ്പ​റ​ഞ്ഞു​കൊണ്ട്‌ 1994 മേയ്‌ 14-ാം തീയതി ശനിയാഴ്‌ച രാവിലെ പരിപാ​ടി ആരംഭി​ച്ചു. (1 കൊരി. 16:9, NW) ഈ രാജ്യ​ങ്ങ​ളിൽ നിന്നുള്ള സഹോ​ദ​രങ്ങൾ, തങ്ങൾ ആസ്വദി​ക്കുന്ന നല്ല പുരോ​ഗ​തി​യെ​യും കൂടു​ത​ലായ വളർച്ച​യ്‌ക്കുള്ള ഭാവി സാധ്യ​ത​ക​ളെ​യും കുറിച്ചു നൽകിയ വ്യക്തി​പ​ര​മായ റിപ്പോർട്ടു​കൾ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കു​ന്നവ ആയിരു​ന്നു. സെൽറ്റേ​ഴ്‌സിൽ കൂടിവന്ന 3,658 പേർ പരിപാ​ടി​കൾ ആസ്വദി​ച്ചു. പിറ്റേ​ന്നും, അതായത്‌ ഞായറാ​ഴ്‌ച​യും ആവേശ​മു​ണർത്തുന്ന ആ പരിപാ​ടി​കൾ തുടർന്നു. വാടക​യ്‌ക്കെ​ടുത്ത ആറു സ്റ്റേഡി​യ​ങ്ങ​ളിൽ—ബ്രെമെൻ, കൊ​ളോൺ, ഗെൽസെൻകിർഷെൻ, ലൈപ്‌സിഗ്‌, ന്യൂർൺബെർഗ്‌, സ്റ്റുട്ട്‌ഗാർട്ട്‌ എന്നിവി​ട​ങ്ങ​ളിൽ—കൂടി​വ​രാൻ ജർമനി​യി​ലെ എല്ലാ യഹോ​വ​യു​ടെ സാക്ഷി​ക​ളും ക്ഷണിക്ക​പ്പെട്ടു.

കൂടിവന്ന പതിനാ​യി​ര​ങ്ങ​ളു​ടെ പ്രതീക്ഷ വാനോ​ളം ഉയർന്നു. ആറു സ്ഥലങ്ങളി​ലും ഒരേ സമയത്തു പരിപാ​ടി തുടങ്ങി. സെൽറ്റേ​ഴ്‌സിൽ ശനിയാഴ്‌ച നടന്ന സമർപ്പണ പരിപാ​ടി​യെ കുറി​ച്ചുള്ള ഹ്രസ്വ​മായ പുനര​വ​ലോ​ക​ന​ത്തി​നു ശേഷം വിദേശ പ്രതി​നി​ധി​കൾ ഹൃദ​യോ​ഷ്‌മ​ള​മായ വേറെ​യും റിപ്പോർട്ടു​കൾ നൽകി. ഗെൽസെൻകിർഷെൻ, ലൈപ്‌സിഗ്‌, സ്റ്റുട്ട്‌ഗാർട്ട്‌ എന്നിവി​ട​ങ്ങ​ളിൽ ഭരണസം​ഘാം​ഗ​ങ്ങ​ളു​ടെ പ്രസംഗം പരിപാ​ടി​യു​ടെ ഒരു സവി​ശേഷത ആയിരു​ന്നു. ഓരോ സ്ഥലത്തും ഒരു ഭരണസം​ഘാം​ഗം വീതം പ്രസം​ഗി​ച്ചു. മറ്റു മൂന്നു സ്ഥലങ്ങളി​ലെ​യും ശ്രോ​താ​ക്ക​ളു​ടെ പ്രയോ​ജ​ന​ത്തി​നാ​യി ആ പ്രസം​ഗങ്ങൾ ടെല​ഫോൺ ലൈനി​ലൂ​ടെ പ്രക്ഷേ​പണം ചെയ്യ​പ്പെട്ടു. വിശ്വാ​സ​ത്തിൽ ഉറച്ചു നിൽക്കാ​നും മന്ദീഭ​വി​പ്പി​ക്കുന്ന ഏതൊരു പ്രേര​ണ​യെ​യും ചെറുത്തു നിൽക്കാ​നും ഹാജരാ​യി​രുന്ന 1,77,902 പേരും പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെട്ടു. പ്രവർത്ത​ന​നി​രതർ ആയിരി​ക്കാ​നുള്ള സമയം ആയിരു​ന്നു അത്‌! യഹോവ പൂർവ യൂറോ​പ്പിൽ വികസ​ന​ത്തി​നുള്ള വാതിൽ അപ്രതീ​ക്ഷി​ത​മാ​യി തുറന്നി​രി​ക്കേ വേലയ്‌ക്കു പ്രതി​ബന്ധം സൃഷ്ടി​ക്കാൻ യാതൊ​ന്നി​നെ​യും അനുവ​ദി​ക്ക​രുത്‌. നന്ദിപു​ര​സ്സരം യഹോ​വ​യു​ടെ മുമ്പാകെ തല കുമ്പി​ടു​ന്ന​തി​നു മുമ്പ്‌ അവർ ഒരുമിച്ച്‌ ഈ ഗീതം ആലപിച്ചു: “സഹോദര സഹസ്രങ്ങൾ/നിൽക്കു​ന്നെൻ ചാരത്താ​യി/നൈർമ​ല്യം കാത്തീ​ടുന്ന/വിശ്വസ്‌ത സാക്ഷികൾ.” യഹോ​വ​യു​ടെ ജനത്തിന്റെ സവി​ശേ​ഷ​ത​യായ ഐക്യ​വും നിശ്ചയ​ദാർഢ്യ​വും അത്ര ശ്രേഷ്‌ഠ​മാ​യി പ്രകട​മായ മറ്റൊരു സന്ദർഭ​വും അന്നോളം അവിടെ ഉണ്ടായി​രു​ന്നി​ട്ടി​ല്ലെന്നു പറയാം.

മഹത്തായ സമർപ്പണ വാരാന്തം കഴി​ഞ്ഞെ​ങ്കി​ലും വികസ​ന​വേല പിന്നെ​യും തുടർന്നു. പിറ്റേന്നു രാവിലെ നിർമാണ പ്രവർത്തകർ വീണ്ടും തിരക്കി​ലാ​യി. അനാവശ്യ ചെലവും ഇരട്ടി​പ്പ​ണി​യും ഒഴിവാ​ക്കാൻ സൊ​സൈറ്റി സമീപ​കാ​ലത്ത്‌ പല ഭാഷക​ളി​ലു​മുള്ള സാഹി​ത്യ​ങ്ങൾ സൂക്ഷി​ക്കു​ന്ന​തി​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തി​രു​ന്നു. തന്മൂലം, കൂടു​ത​ലായ ഷിപ്പിങ്‌ സൗകര്യ​ങ്ങൾ സെൽറ്റേ​ഴ്‌സിൽ വേണ്ടി​വന്നു.

1975-ൽ ജർമനി ബ്രാഞ്ച്‌ 58,38,095 പുസ്‌ത​ക​ങ്ങ​ളും 2,52,89,120 മാസി​ക​ക​ളും ഉത്‌പാ​ദി​പ്പി​ച്ചി​രു​ന്നു. രണ്ടു ദശകങ്ങൾക്കു ശേഷം, 1998 സേവന വർഷക്കാ​ലത്ത്‌ ഉത്‌പാ​ദനം, 1,23,30,998 പുസ്‌ത​ക​ങ്ങ​ളും 19,96,68,630 മാസി​ക​ക​ളും 26,56,184 ശ്രവ്യ കാസറ്റു​ക​ളും ആയി വർധിച്ചു. പൂർവ യൂറോ​പ്പി​ലെ രാജ്യ​ങ്ങ​ളു​ടെ ആവശ്യ​മാ​ണു മുഖ്യ​മാ​യും ഗംഭീ​ര​മായ ഈ വർധന​വി​നു വഴി​തെ​ളി​ച്ചത്‌.

പൂർവ യൂറോ​പ്പി​ലെ മറ്റു രാജ്യ​ങ്ങ​ളി​ലെ​യും നിരോ​ധനം ഒന്നിനു പുറകെ ഒന്നായി നീക്കം ചെയ്യ​പ്പെ​ട്ട​പ്പോൾ, സെൽറ്റേ​ഴ്‌സ്‌ അവിട​ങ്ങ​ളി​ലേ​ക്കും സാഹി​ത്യ​ങ്ങൾ അയയ്‌ക്കാൻ തുടങ്ങി. വാസ്‌ത​വ​ത്തിൽ, 1989 മേയ്‌ മുതൽ 1998 ആഗസ്റ്റ്‌ വരെയുള്ള കാലഘ​ട്ട​ത്തിൽ ഉത്‌പാ​ദി​പ്പിച്ച സാഹി​ത്യ​ങ്ങ​ളു​ടെ 68 ശതമാ​ന​വും, അതായത്‌ 58,793 ടൺ, പൂർവ യൂറോ​പ്പി​ലെ 21 രാജ്യ​ങ്ങ​ളി​ലേ​ക്കും ഏഷ്യൻ രാജ്യ​ങ്ങ​ളി​ലേ​ക്കു​മാണ്‌ അയച്ചത്‌. 23 ടൺ വീതം കൊള്ളുന്ന 2,529 ട്രക്കു​ക​ളിൽ നിറച്ച സാഹി​ത്യ​ങ്ങൾക്കു തുല്യ​മാ​യി​രു​ന്നു അത്‌.

നിർമാ​ണം, ഒപ്പം പ്രസം​ഗ​വേ​ല​യും

1975 മുതൽ യഹോ​വ​യു​ടെ സാക്ഷികൾ വളരെ​യ​ധി​കം നിർമാണ പ്രവർത്ത​നങ്ങൾ നടത്തി​യി​ട്ടുണ്ട്‌. നിർമാ​ണ​ത്തോ​ടൊ​പ്പം “നീതി​പ്ര​സം​ഗി” കൂടി ആയിരുന്ന നോഹയെ പോലെ, സാക്ഷികൾ തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ സമനി​ല​യിൽ നിർത്താൻ പരി​ശ്ര​മി​ക്കു​ന്നു. (2 പത്രൊ. 2:5) ഇന്ന്‌ സത്യാ​രാ​ധ​ന​യു​ടെ പ്രധാ​ന​പ്പെട്ട ഒരു ഘടകമാ​ണു നിർമാണ പ്രവർത്തനം എന്ന്‌ അവർ തിരി​ച്ച​റി​യു​ന്നു. അതേസ​മ​യം​തന്നെ, സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തി​ന്റെ പ്രാധാ​ന്യ​ത്തി​ലും അടിയ​ന്തി​ര​ത​യി​ലും അവർ അങ്ങേയറ്റം ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നു.

സെൽറ്റേ​ഴ്‌സി​ലെ നിർമാണ പ്രവർത്ത​ന​വു​മാ​യി ബന്ധപ്പെട്ട കൂടു​ത​ലായ പ്രവർത്തനം വാസ്‌ത​വ​ത്തിൽ, വയൽ സേവന മണിക്കൂ​റു​കൾ കുതി​ച്ചു​യ​രാൻ ഇടയാ​ക്കി​യ​താ​യി സേവന വിഭാഗം റിപ്പോർട്ടു ചെയ്യുന്നു. ദിവ്യാ​ധി​പത്യ നിർമാണ പ്രവർത്ത​നങ്ങൾ അതിൽത്തന്നെ ഒരു സാക്ഷ്യം ആയിരു​ന്നു. ശീഘ്ര​നിർമിത രാജ്യ​ഹാ​ളു​ക​ളും സമ്മേളന ഹാളു​ക​ളും നിരീ​ക്ഷ​കരെ നിരന്തരം അതിശ​യി​പ്പി​ച്ചി​ട്ടുണ്ട്‌. യഹോ​വ​യു​ടെ സാക്ഷികൾ തീക്ഷ്‌ണ​ത​യോ​ടും അർപ്പണ​ബോ​ധ​ത്തോ​ടും കൂടെ നിർമിച്ച കെട്ടി​ടങ്ങൾ, തങ്ങൾ പ്രസം​ഗി​ക്കുന്ന സുവാർത്ത​യി​ലേക്കു ശ്രദ്ധ തിരി​ക്കാൻ ഉതകുന്നു. മറ്റൊരു മത വിഭാ​ഗ​ത്തി​ലും കണ്ടിട്ടി​ല്ലാത്ത, യഹോ​വ​യു​ടെ സാക്ഷി​കളെ പ്രചോ​ദി​പ്പി​ക്കുന്ന ആ ശക്തി ഏതാ​ണെന്നു തിരി​ച്ച​റി​യാൻ ആത്മാർഥ ഹൃദയർ ജിജ്ഞാ​സു​ക്ക​ളാണ്‌.

മാഗ്‌ഡെ​ബർഗിന്‌ എന്തെല്ലാം സംഭവി​ച്ചി​രി​ക്കു​ന്നു?

ഈ കാലഘ​ട്ട​ത്തിൽ ഒരു രാജ്യ​ഹാൾ മാഗ്‌ഡെ​ബർഗി​ലും സമർപ്പി​ക്ക​പ്പെട്ടു. 1923-ൽ, സൊ​സൈറ്റി ജർമനി​യി​ലെ അതിന്റെ ഓഫീസ്‌ ബാർമെ​നിൽ നിന്ന്‌ മാഗ്‌ഡെ​ബ്യൂർഗി​ലേക്കു മാറ്റി​യി​രു​ന്നു. 1927/28-ൽ 800 പേർക്ക്‌ ഇരിക്കാ​വുന്ന ഭംഗി​യുള്ള ഒരു സമ്മേളന ഹാൾ അവിടെ പണിയ​പ്പെട്ടു. വാച്ച്‌ ടവർ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച ദ ഹാർപ്പ്‌ ഓഫ്‌ ഗോഡ്‌ (ദൈവ​ത്തി​ന്റെ കിന്നരം) എന്ന പുസ്‌ത​ക​ത്തോ​ടുള്ള വിലമ​തി​പ്പു​കൊണ്ട്‌ സഹോ​ദ​രങ്ങൾ അതിനെ ഹാർപ്പ്‌ ഹാൾ എന്നു വിളിച്ചു. ദാവീദ്‌ രാജാവ്‌ കിന്നരം വായി​ക്കുന്ന ഒരു ശിൽപ്പം അതിന്റെ പിൻ ഭിത്തിയെ മോടി​പി​ടി​പ്പി​ച്ചു.

1933 ജൂണിൽ നാസികൾ മാഗ്‌ഡെ​ബർഗി​ലുള്ള സൊ​സൈ​റ്റി​യു​ടെ സ്വത്തുക്കൾ കണ്ടു​കെട്ടി, ഫാക്ടറി അടച്ചു​പൂ​ട്ടി, കെട്ടി​ട​ങ്ങ​ളു​ടെ മുകളിൽ സ്വസ്‌തിക പാറിച്ചു. രണ്ടാം ലോക​മ​ഹാ​യു​ദ്ധാ​ന​ന്തരം, സ്വത്തുക്കൾ സാക്ഷി​കൾക്കു തിരികെ കിട്ടി​യെ​ങ്കി​ലും താമസി​യാ​തെ, അതായത്‌ 1950 ആഗസ്റ്റിൽ, കമ്മ്യൂ​ണിസ്റ്റ്‌ അധികാ​രി​കൾ സാക്ഷി​കൾക്ക്‌ അതി​ന്മേ​ലുള്ള അവകാശം നിഷേ​ധി​ച്ചു.

ജർമനി​യു​ടെ പുന​രേ​കീ​ക​ര​ണ​ത്തി​നു ശേഷം, 1993-ൽ, ആ സ്ഥലത്തിന്റെ വലി​യൊ​രു ഭാഗം സൊ​സൈ​റ്റി​ക്കു തിരികെ കിട്ടി. ബാക്കി ഉണ്ടായി​രുന്ന ഏറിയ ഭാഗത്തി​നും പകരമാ​യി പണം ലഭിച്ചു. തിരിച്ചു കിട്ടിയ ഭാഗത്ത്‌ മുൻ ഹാർപ്പ്‌ ഹാളും ഉണ്ടായി​രു​ന്നു. മാസങ്ങ​ളോ​ളം നീണ്ടു നിന്ന കേടു​പോ​ക്ക​ലു​കൾക്കു ശേഷം മാഗ്‌ഡെ​ബർഗിന്‌ ഉചിത​മായ, വേണ്ടത്ര വലിപ്പ​മുള്ള ഒരു രാജ്യ​ഹാൾ ഉണ്ടായി.

“മൂന്നാ​മത്തെ തവണയാണ്‌ ഈ സമുച്ച​യങ്ങൾ സമർപ്പി​ക്കു​ന്നത്‌—ആദ്യം 1920-ലും പിന്നീട്‌ 1948-ലും ഇപ്പോൾ 1995-ലും,” സമർപ്പണ പരിപാ​ടി​യിൽ പീറ്റർ കോൺഷാക്‌ വിശദീ​ക​രി​ച്ചു. ജർമനി​യി​ലെ ബ്രാഞ്ച്‌ കമ്മിറ്റി​യെ പ്രതി​നി​ധാ​നം ചെയ്‌തു​കൊണ്ട്‌ സമർപ്പണ പ്രസംഗം നടത്തി​യതു വിലി പോൾ ആണ്‌. യുവ പ്രായ​ത്തിൽ അദ്ദേഹം മാഗ്‌ഡെ​ബർഗ്‌ ബെഥേ​ലിൽ സേവനം അനുഷ്‌ഠി​ച്ചി​ട്ടുണ്ട്‌. 1947-ൽ, ലോകാ​സ്ഥാ​നത്തു നിന്ന്‌ ഹേഡൻ കവിങ്‌ടൺ സഹോ​ദ​ര​ങ്ങളെ സന്ദർശിച്ച്‌ പ്രസംഗം നടത്തി​യ​പ്പോൾ പോൾ സഹോ​ദരൻ ആയിരു​ന്നു പരിഭാ​ഷകൻ. “ഈ പ്രസംഗം നടത്തവേ എനിക്ക്‌ അനുഭ​വ​പ്പെ​ടുന്ന വികാരം എന്തെന്നു നിങ്ങൾക്കു വിഭാവന ചെയ്യാ​നാ​കും,” ഹാജരാ​യി​രുന്ന 450 അതിഥി​ക​ളോട്‌ അദ്ദേഹം പറഞ്ഞു.

ഇന്ന്‌, യോഗ​ങ്ങൾക്കു ക്രമമാ​യി ആ മുൻ ഹാർപ്പ്‌ ഹാളിൽ കൂടി​വ​രുന്ന മാഗ്‌ഡെ​ബർഗി​ലെ സഭക​ളെ​ല്ലാം യഹോവ തന്റെ ദാസന്മാർക്കു നൽകിയ വാക്കു​ക​ളു​ടെ സത്യത​യ്‌ക്കുള്ള ജീവി​ക്കുന്ന തെളി​വു​ക​ളാണ്‌. 2,700-ൽപരം വർഷങ്ങൾക്കു മുമ്പ്‌ യെശയ്യാവ്‌ അതു രേഖ​പ്പെ​ടു​ത്തി: “നിനക്കു വിരോ​ധ​മാ​യി ഉണ്ടാക്കുന്ന യാതൊ​രു ആയുധ​വും ഫലിക്ക​യില്ല.” അതുമ​ല്ലെ​ങ്കിൽ, ഒരിക്കൽ ഹിസ്‌കി​യാവ്‌ രാജാവ്‌ തന്റെ ജനത്തെ ഓർമി​പ്പി​ച്ച​തു​പോ​ലെ​യാണ്‌ അത്‌: ‘നമ്മോ​ടു​കൂ​ടെ നമ്മെ സഹായി​പ്പാ​നും നമ്മുടെ യുദ്ധങ്ങളെ നടത്തു​വാ​നും നമ്മുടെ ദൈവ​മായ യഹോവ ഉണ്ട്‌.’—യെശ. 54:17; 2 ദിന. 32:8.

ഒരു പരിഭാ​ഷാ ഓഫീസ്‌

ജർമനി ബ്രാഞ്ചി​ലെ ഒരു പ്രധാന വേല പരിഭാ​ഷ​യാണ്‌. സ്വിറ്റ്‌സർലൻഡി​ലെ ബേണിൽ നിന്നു വീസ്‌ബാ​ഡെ​നി​ലേക്ക്‌ 1956-ലാണ്‌ ജർമൻ പരിഭാ​ഷാ വിഭാ​ഗത്തെ മാറ്റി​യത്‌. അന്നു പരിഭാ​ഷ​യ്‌ക്കാ​യി നാലു പേരേ അവിടെ ഉണ്ടായി​രു​ന്നു​ള്ളൂ. അക്കൂട്ട​ത്തിൽ ഉണ്ടായി​രുന്ന ആലീസ്‌ ബ്യെർനർ, എറീക്കാ സൂർബർ എന്നിവർ മരണപ​ര്യ​ന്തം വിശ്വ​സ്‌ത​ത​യോ​ടെ അവിടെ സേവനം അനുഷ്‌ഠി​ച്ചു. ആദ്യത്തെ നാലു പേരിൽ ഒരാളായ ആനി സുർബർ ഇപ്പോ​ഴും അവിടെ സേവനം അനുഷ്‌ഠി​ക്കു​ന്നു. വർഷങ്ങൾ കടന്നു പോകവേ പരിഭാ​ഷാ വിഭാഗം വലുതാ​യി. അതു​കൊണ്ട്‌, ഇപ്പോൾ മിക്ക​പ്പോ​ഴും, ജർമനി​യി​ലെ സാക്ഷി​കൾക്ക്‌ തങ്ങളുടെ ഭാഷയിൽ വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും മാത്രമല്ല, ബയന്റു ചെയ്‌ത പുസ്‌ത​ക​ങ്ങ​ളും ഇംഗ്ലീ​ഷിൽ പ്രകാ​ശനം ചെയ്യ​പ്പെ​ടുന്ന അതേ സമയത്തു തന്നെ ലഭിക്കു​ന്നു.

ജർമൻ പരിഭാ​ഷ​യ്‌ക്കു പുറമേ, റഷ്യൻ, പോളീഷ്‌ ഭാഷക​ളി​ലും 1960 മുതൽ ജർമനി​യിൽ പരിഭാ​ഷാ വേല നടന്നു​വന്നു. വിദേശ സേവന വിഭാ​ഗ​മാണ്‌ ഇതിന്റെ മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌. പൂർവ ജർമനി, പോളണ്ട്‌, സോവി​യറ്റ്‌ യൂണിയൻ എന്നിവി​ട​ങ്ങ​ളിൽ ഉൾപ്പെടെ നിരോ​ധ​ന​ത്തിൽ ആയിരുന്ന പല രാജ്യ​ങ്ങ​ളി​ലെ​യും വേലയ്‌ക്കു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌ ഈ സേവന വിഭാ​ഗ​മാണ്‌.

സാധ്യ​മാ​യ ഉടനെ, പോള​ണ്ടിൽ നിന്നുള്ള അനുഭ​വ​സ​മ്പ​ന്ന​രായ ചില പരിഭാ​ഷ​ക​രെ​യും സോവി​യറ്റ്‌ യൂണി​യ​നിൽ നിന്നുള്ള ഏതാനും ഭാവി പരിഭാ​ഷ​ക​രെ​യും സെൽറ്റേ​ഴ്‌സി​ലേക്കു ക്ഷണിക്കു​ക​യു​ണ്ടാ​യി. തങ്ങളുടെ വേലയ്‌ക്കാ​യി കൂടു​ത​ലായ പരിശീ​ലനം ലഭിക്കു​ന്ന​തി​നു വേണ്ടത്ര ഉപകര​ണ​ങ്ങ​ളും സൗകര്യ​പ്ര​ദ​മായ ചുറ്റു​പാ​ടു​ക​ളും അവിടെ അവർക്ക്‌ ഉണ്ടായി​രു​ന്നു. ജർമനി​യി​ലെ പരിഭാ​ഷ​ക​രു​ടെ അനുഭ​വ​ത്തിൽ നിന്ന്‌ അവർക്കു പ്രയോ​ജനം നേടാൻ സാധി​ക്കു​മാ​യി​രു​ന്നു. ഭാഷ ഏതുതന്നെ ആയിരു​ന്നാ​ലും, പരിഭാ​ഷ​കർക്കു പൊതു​വെ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നു സഹായ​ക​മായ വിവരങ്ങൾ ജർമനി​യി​ലെ പരിഭാ​ഷ​ക​രിൽ നിന്ന്‌ അവർക്കു പഠിക്കാൻ സാധിച്ചു. പെട്ടെ​ന്നു​തന്നെ ആ പരിഭാ​ഷകർ സെൽറ്റേ​ഴ്‌സ്‌ ബെഥേൽ കുടും​ബ​ത്തി​ലെ സകലരു​ടെ​യും കണ്ണിലു​ണ്ണി​ക​ളാ​യി.

തീർച്ച​യാ​യും, പരിശീ​ല​ന​ത്തി​നുള്ള ക്രമീ​ക​രണം താത്‌കാ​ലി​കം ആയിരു​ന്നു. ക്രമേണ, പരിഭാ​ഷ​കർക്കു തങ്ങളുടെ ജന്മ നാടു​ക​ളി​ലേക്കു മടങ്ങേ​ണ്ടി​യി​രു​ന്നു. അതു​കൊണ്ട്‌, 1992-ൽ, പോള​ണ്ടി​ലെ വാഴ്‌സോ​യി​ക്ക​ടുത്ത്‌ പുതിയ ബെഥേൽ സമുച്ചയം സമർപ്പി​ച്ചു കഴിഞ്ഞ്‌, ഒരു പ്രധാന പരിഭാ​ഷാ പദ്ധതി പൂർത്തി​യാ​ക്കിയ ശേഷം ജർമനി​യിൽ ഉണ്ടായി​രുന്ന പോളീഷ്‌ പരിഭാ​ഷകർ പോള​ണ്ടിൽ ഉണ്ടായി​രുന്ന പരിഭാ​ഷാ സംഘ​ത്തോ​ടു ചേർന്നു.

എന്നാൽ, അവർ പോകു​ന്ന​തി​നു മുമ്പ്‌, റഷ്യയി​ലും യൂ​ക്രെ​യി​നി​ലും നിന്നുള്ള കൂടുതൽ ഭാവി പരിഭാ​ഷകർ പരിശീ​ല​ന​ത്തി​നാ​യി എത്തി​ച്ചേ​രാൻ തുടങ്ങി. 1991 സെപ്‌റ്റം​ബർ 27-ന്‌ ആദ്യത്തെ അഞ്ചു പേർ എത്തി, പിന്നീട്‌ ശേഷി​ച്ച​വ​രും. മൊത്തം 30-ലധികം പേർ വന്നു​ചേർന്നു.

1994 ജനുവ​രി​യിൽ റഷ്യയിൽ നിന്നുള്ള പരിഭാ​ഷകർ, സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗിന്‌ അടുത്ത്‌ സോൾന്യെ​ച്ച്‌നോ​യെ​യിൽ നിർമാ​ണ​ത്തിൽ ആയിരുന്ന ബെഥേ​ലി​ലേക്കു താമസം മാറ്റി. എന്നാൽ ഇത്‌ എഴുതു​മ്പോൾ, യൂ​ക്രേ​നി​യൻ പരിഭാ​ഷകർ, സമീപ ഭാവി​യിൽ യൂ​ക്രെ​യി​നിൽ പണിയാ​നി​രി​ക്കുന്ന ബെഥേൽ ഭവനത്തി​ലേക്കു മാറാൻ പ്രതീ​ക്ഷി​ച്ചി​രി​ക്കു​ക​യാണ്‌. ഇടയ്‌ക്കൊ​ക്കെ, മറ്റു പരിഭാ​ഷാ സംഘങ്ങ​ളും സെൽറ്റേ​ഴ്‌സിൽ വേല ചെയ്‌ത്‌, അവി​ടെ​നി​ന്നു ലഭിച്ച സഹായ​ത്തിൽ നിന്നു പ്രയോ​ജനം നേടി​യി​ട്ടുണ്ട്‌. ഇതെല്ലാം, ഏക സത്യ ദൈവ​മായ യഹോ​വയെ സേവി​ക്കാൻ അർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന, “സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​നി​ന്നു ഉള്ള,” മനുഷ്യ സമുദാ​യ​ത്തി​ന്റെ അടിസ്ഥാ​ന​മാ​കുന്ന “പുതിയ ഭൂമി” ആയിത്തീ​രാ​നി​രി​ക്കുന്ന ആളുകളെ കൂട്ടി​വ​രു​ത്താ​നുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തെ കുറി​ച്ചുള്ള നിരന്തര ഓർമി​പ്പി​ക്ക​ലാ​യി ഉതകുന്നു.—വെളി. 7:9, 10; 2 പത്രൊ. 3:13.

അന്താരാ​ഷ്‌ട്ര സെമി​നാ​റു​കൾക്കുള്ള സ്ഥലം

ജർമനി ബ്രാഞ്ച്‌ സ്ഥിതി​ചെ​യ്യുന്ന ആ സൗകര്യ​പ്ര​ദ​മായ സ്ഥലം അനേകം സന്ദർശ​ക​രെ​യും ആകർഷി​ച്ചി​ട്ടുണ്ട്‌. റൈൻ-മെയ്‌ൻ വിമാ​ന​ത്താ​വളം, യൂറോപ്പ്‌ ഭൂഖണ്ഡ​ത്തി​ന്റെ ഏറ്റവും വലിയ കവാട​മെ​ന്ന​വണ്ണം ഫ്രാങ്ക്‌ഫർട്ടിൽ നില​കൊ​ള്ളു​ന്നു. ഫ്രാങ്ക്‌ഫർട്ട്‌ വിമാ​ന​ത്താ​വ​ള​ത്തിൽ നിന്നു സെൽറ്റേ​ഴ്‌സി​ലേക്കു കഷ്ടിച്ച്‌ 60 കിലോ​മീ​റ്റർ ദൂരമേ ഉള്ളൂ. തന്മൂലം, മറ്റു സ്ഥലങ്ങളി​ലേക്കു പോകുന്ന നിരവധി സാക്ഷികൾ സെൽറ്റേ​ഴ്‌സ്‌ ബ്രാഞ്ച്‌ സൗകര്യ​ങ്ങ​ളിൽ ഹ്രസ്വ​മായ ഒരു ടൂർ നടത്തി കുറച്ചു സമയ​ത്തേക്ക്‌ ആണെങ്കി​ലും ബ്രാഞ്ച്‌ കുടും​ബ​ത്തി​ന്റെ അതിഥി​സ​ത്‌കാ​രം ആസ്വദി​ക്കു​ന്നത്‌ ഉന്മേഷ​ദാ​യകം ആണെന്നു കണ്ടെത്തി​യി​രി​ക്കു​ന്നു.

കൂടാതെ, വ്യത്യസ്‌ത ബ്രാഞ്ചു​ക​ളിൽ നിന്നുള്ള പ്രതി​നി​ധി​കൾക്ക്‌ പരസ്‌പരം കൂടി​യാ​ലോ​ചി​ക്കാ​വുന്ന സാർവ​ദേ​ശീയ സെമി​നാ​റു​കൾക്കും യോഗ​ങ്ങൾക്കും പറ്റിയ ഇടമാണു സെൽറ്റേ​ഴ്‌സ്‌ എന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. അങ്ങനെ, 1992-ൽ 16 യൂറോ​പ്യൻ ബ്രാഞ്ചു​ക​ളിൽ നിന്നുള്ള പ്രതി​നി​ധി​കൾക്ക്‌ ബ്രുക്ലി​നിൽ നിന്നുള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യി ചർച്ച നടത്തു​ന്ന​തി​നു നാലു ദിവസ​ത്തേക്ക്‌ അവിടെ കൂടി​വ​രാൻ ഭരണസം​ഘ​ത്തി​ലെ പ്രസി​ദ്ധീ​കരണ കമ്മിറ്റി ക്രമീ​ക​രണം ചെയ്‌തു. സാമ്പത്തി​ക​മാ​യി പിന്നോ​ക്കാ​വ​സ്ഥ​യിൽ ആയിരി​ക്കുന്ന ദേശങ്ങൾ ഉൾപ്പെടെ യൂറോ​പ്പി​ലെ എല്ലാ ബ്രാഞ്ചു​ക​ളി​ലും ആത്മീയ ആഹാരം പര്യാ​പ്‌ത​മായ അളവിൽ ലഭിക്കു​ന്നു എന്ന്‌ ഉറപ്പു​വ​രു​ത്താൻ വേല സമന്വ​യി​പ്പി​ക്കുക ആയിരു​ന്നു അവരുടെ ലക്ഷ്യം.

അതിനു മുമ്പു​തന്നെ ജർമനി​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷികൾ, താത്‌പ​ര്യ​ക്കാർക്ക്‌ ബൈബിൾ സാഹി​ത്യ​ങ്ങൾ സൗജന്യ​മാ​യി വിതരണം ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. പണം ഉണ്ടാക്കാ​നാ​യി വാച്ച്‌ ടവർ സൊ​സൈറ്റി പ്രസി​ദ്ധീ​ക​ര​ണങ്ങൾ വിൽക്കു​ന്നു എന്ന ആരോ​പ​ണ​ത്തി​നുള്ള ചുട്ട മറുപ​ടി​തന്നെ.

സെൽറ്റേ​ഴ്‌സി​ലെ സെമി​നാ​റു​കളെ തുടർന്ന്‌ ഈ ക്രമീ​ക​രണം യൂറോ​പ്പിൽ എല്ലായി​ട​ത്തേ​ക്കും വ്യാപി​പ്പി​ച്ചു. പൂർവ യൂറോ​പ്പിൽ അതു വളരെ പ്രയോ​ജ​ന​പ്ര​ദ​മെന്നു തെളിഞ്ഞു. അവിടെ അസംഖ്യം ആളുകൾക്ക്‌ ആത്മീയ കാര്യ​ങ്ങ​ളിൽ താത്‌പ​ര്യം ഉണ്ടെങ്കി​ലും അവരുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാ​പ​ക​ര​മാണ്‌. അങ്ങനെ​യെ​ങ്കിൽ, ലോക​വ്യാ​പ​ക​മാ​യി രാജ്യ പ്രവർത്ത​ന​ത്തി​ന്റെ ചെലവു നിർവ​ഹി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ​യാണ്‌? യഹോ​വ​യു​ടെ സാക്ഷി​ക​ളും വിലമ​തി​പ്പു​ള്ള​വ​രും മറ്റുള്ള​വ​രും സ്വമേ​ധയാ കയ്യയച്ചു നൽകുന്ന സംഭാ​വ​ന​ക​ളി​ലൂ​ടെ. അവർ അത്തരം സംഭാ​വ​നകൾ നൽകു​ന്ന​തി​നു കാരണം? ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്നത്‌ ജീവി​തത്തെ എങ്ങനെ മെച്ച​പ്പെ​ടു​ത്തും എന്നു മനസ്സി​ലാ​ക്കാൻ കഴിയു​ന്ന​ത്ര​യും പേർക്ക്‌ അവസരം പ്രദാനം ചെയ്യു​ന്നതു മൂല്യ​വ​ത്താ​ണെന്നു ബോധ്യ​മു​ള്ള​തു​കൊ​ണ്ടാ​ണു ചിലർ അതു ചെയ്യു​ന്നത്‌. (യെശ. 48:17; 1 തിമൊ. 4:8) ദൈവം ഈ ദുഷ്ടവ്യ​വ​സ്ഥി​തിക്ക്‌ അന്ത്യം വരുത്തു​ന്ന​തി​നു മുമ്പ്‌ സകല ദേശങ്ങ​ളി​ലു​മുള്ള ആളുക​ളു​ടെ പക്കൽ ദൈവ​രാ​ജ്യ​ത്തെ കുറി​ച്ചുള്ള സുവാർത്ത എത്തിക്കു​ന്ന​തിൽ പങ്കുവ​ഹി​ക്കാ​നുള്ള ആഗ്രഹ​മാ​ണു മറ്റു ചിലരെ അതിനു പ്രേരി​പ്പി​ക്കു​ന്നത്‌.—മത്താ. 24:14.

1992 വരെ സാഹി​ത്യ​ങ്ങൾ യൂറോ​പ്യൻ രാജ്യ​ങ്ങ​ളി​ലുള്ള അതാതു ബ്രാഞ്ച്‌ ഓഫീ​സു​ക​ളി​ലേക്ക്‌ അയച്ചിട്ട്‌ അവിടെ നിന്നു സഭകളി​ലേക്ക്‌ അയയ്‌ക്കുക ആയിരു​ന്നു പതിവ്‌. എന്നാൽ ആ വർഷം അവസാനം യൂറോ​പ്പി​ലെ ഓരോ സഭയി​ലേ​ക്കും ജർമനി ബ്രാഞ്ച്‌ നേരിട്ടു സാഹി​ത്യ​ങ്ങൾ കയറ്റി അയയ്‌ക്കു​ന്ന​തി​നെ കുറിച്ചു ചർച്ച നടത്താ​നാ​യി രണ്ടാമത്‌ ഒരു സെമി​നാർ നടത്ത​പ്പെട്ടു. 1993 ഏപ്രി​ലിൽ നടന്ന മൂന്നാ​മ​തൊ​രു സെമി​നാ​റിൽ, മധ്യ യൂറോ​പ്പി​ലെ ആറു രാജ്യ​ങ്ങളെ ഈ ക്രമീ​ക​ര​ണ​ത്തിൽ ഉൾപ്പെ​ടു​ത്താൻ പടികൾ സ്വീക​രി​ച്ചു. 1994 ഫെബ്രു​വ​രി​യിൽ, പൂർവ യൂറോ​പ്യൻ രാജ്യ​ങ്ങൾക്കാ​യി ഓസ്‌ട്രി​യ​യി​ലെ വിയന്ന​യിൽ ഒരു സെമി​നാർ നടത്ത​പ്പെട്ടു. വേറെ 19 രാജ്യ​ങ്ങ​ളി​ലെ സഭകൾക്കു കൂടി പ്രയോ​ജ​കീ​ഭ​വി​ക്ക​ത്ത​ക്ക​വണ്ണം ക്രമീ​ക​ര​ണങ്ങൾ ചെയ്യ​പ്പെട്ടു.

ഈ ക്രമീ​ക​ര​ണ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ സുവ്യ​ക്ത​മാണ്‌. സാഹി​ത്യ​ങ്ങൾ ഓരോ ബ്രാഞ്ചി​ലും സൂക്ഷി​ക്കേണ്ട ആവശ്യ​മി​ല്ലാ​ത്ത​തി​നാൽ ചെലവു കുറവാണ്‌; അങ്ങനെ, ഓരോ രാജ്യ​ത്തും തനതായ വലിയ ഷിപ്പിങ്‌ വിഭാ​ഗ​ങ്ങ​ളു​ടെ ആവശ്യ​മില്ല. ഈ ക്രമീ​ക​രണം നിമിത്തം, ചില രാജ്യ​ങ്ങ​ളിൽ നിലവി​ലുള്ള ബെഥേൽ സൗകര്യ​ങ്ങൾ വികസി​പ്പി​ക്കേണ്ടി വരുന്നില്ല. മാത്രമല്ല, സാഹി​ത്യ​ങ്ങൾ സൂക്ഷിച്ചു വെക്കു​ന്ന​തി​നും പായ്‌ക്ക്‌ ചെയ്യു​ന്ന​തി​നും കയറ്റി അയയ്‌ക്കു​ന്ന​തി​നു​മൊ​ക്കെ മേൽനോ​ട്ടം വഹിക്കു​ന്നത്‌ ജർമനി ആയതി​നാൽ പുതിയ ബെഥേൽ ഭവനങ്ങൾ വലിയ വലിപ്പ​ത്തിൽ നിർമി​ക്കേ​ണ്ട​തു​മില്ല.

1989-ൽ ജർമനി​യി​ലെ ബ്രാഞ്ച്‌ 59 ഭാഷക​ളി​ലാ​യി 2,000 ഇനം സാഹി​ത്യ​ങ്ങൾ സൂക്ഷിച്ചു വെച്ചെ​ങ്കിൽ 1998 ആയപ്പോ​ഴേ​ക്കും 226 ഭാഷക​ളി​ലാ​യി 8,900 ഇനം സാഹി​ത്യ​ങ്ങ​ളാണ്‌ ഇവിടെ ഉണ്ടായി​രു​ന്നത്‌. 1998 ഏപ്രിൽ ആയപ്പോ​ഴേ​ക്കും ജർമനി​യി​ലെ സെൽറ്റേ​ഴ്‌സ്‌ ബ്രാഞ്ച്‌ 32 രാജ്യ​ങ്ങ​ളി​ലെ 8,857 സഭകളി​ലാ​യുള്ള 7,42,144 പ്രസാ​ധ​കർക്ക്‌ ആവശ്യ​മുള്ള സാഹി​ത്യ​ങ്ങൾ വിതരണം ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു.

സത്യ ക്രിസ്‌ത്യാ​നി​ക​ളോ​ടുള്ള വിദ്വേ​ഷം—ഒന്നാം നൂറ്റാ​ണ്ടോ​ടെ നിലച്ചില്ല

തന്റെ മരണത്തി​ന്റെ തലേ രാത്രി​യിൽ യേശു​ക്രി​സ്‌തു അപ്പൊ​സ്‌ത​ല​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ലോക​ക്കാ​രാ​യി​രി​ക്കാ​തെ [“ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തി​നാൽ,” NW] ഞാൻ നിങ്ങളെ ലോക​ത്തിൽനി​ന്നു തിര​ഞ്ഞെ​ടു​ത്ത​തു​കൊ​ണ്ടു ലോകം നിങ്ങളെ പകെക്കു​ന്നു. . . . അവർ എന്നെ ഉപദ്ര​വി​ച്ചു എങ്കിൽ നിങ്ങ​ളെ​യും ഉപദ്ര​വി​ക്കും.” (യോഹ. 15:19, 20) തന്മൂലം, ഹിറ്റ്‌ല​റി​ന്റെ നാസി ഭരണകൂ​ട​ത്തി​ന്റെ പതനത്തി​നു ശേഷം ജർമനി​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മേലുള്ള പീഡനം അപ്പാടെ നിലയ്‌ക്കും എന്നു പ്രതീ​ക്ഷി​ക്കാൻ വകയി​ല്ലാ​യി​രു​ന്നു. അതു​പോ​ലെ​തന്നെ, കമ്മ്യൂ​ണിസ്റ്റ്‌ ഭരണകൂ​ടം ഏർപ്പെ​ടു​ത്തിയ നിരോ​ധനം നീക്ക​പ്പെ​ട്ട​പ്പോൾ ആളുകൾക്കു പൊതു​വെ വ്യക്തി​പ​ര​മാ​യി കൂടുതൽ സ്വാത​ന്ത്ര്യം ലഭി​ച്ചെ​ങ്കി​ലും യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ എതി​രെ​യുള്ള പീഡനം നിലച്ചില്ല. അതു മറ്റു രൂപങ്ങ​ളിൽ തലപൊ​ക്കി.—2 തിമൊ. 3:12.

ഇപ്പോൾ, യഹോ​വ​യു​ടെ ജനത്തിന്റെ പീഡക​രു​ടെ സ്ഥാനം കയ്യടക്കി​യതു വിശ്വാസ ത്യാഗി​കൾ ആയിരു​ന്നു. ആലങ്കാ​രി​ക​മാ​യി പറഞ്ഞാൽ, അവർ തങ്ങളുടെ മുൻ ക്രിസ്‌തീയ സഹചാ​രി​കളെ അടിക്കാൻ കുറു​വടി എടുത്തു. (മത്താ. 24:48-51) 1980-കളുടെ അവസാ​ന​വും 1990-കളുടെ ആരംഭ​ത്തി​ലും ഈ വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ ശബ്ദം സാധാ​ര​ണ​യി​ലും ഉയർന്നു. ദ്രോ​ഹ​ക​ര​മായ കുറേ കുറ്റാ​രോ​പ​ണങ്ങൾ അവർ സാക്ഷി​കൾക്കെ​തി​രെ നടത്തി. ടിവി ചർച്ചാ വേദി​ക​ളിൽ വിശ്വാ​സ​ത്യാ​ഗി​കൾ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഇടയിലെ “വിദഗ്‌ധർ” ആയി അവതരി​പ്പി​ക്ക​പ്പെട്ടു. എങ്കിലും, നീരസം പൂണ്ട അത്തരം മുൻ അംഗങ്ങ​ളു​ടെ പ്രസ്‌താ​വ​ന​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ സാക്ഷി​കളെ വിലയി​രു​ത്തു​ന്ന​തി​ന്റെ പിന്നിലെ ഔചി​ത്യ​ത്തെ പരമാർഥ ഹൃദയ​രായ ചിലർ ചോദ്യം ചെയ്‌തു. അത്തര​മൊ​രു ടിവി ചർച്ചാ വേദിക്കു ശേഷം ഒരു ചെറു​പ്പ​ക്കാ​രൻ സെൽറ്റേ​ഴ്‌സി​ലുള്ള സൊ​സൈ​റ്റി​യു​ടെ ഓഫീ​സി​ലേക്കു ഫോൺ ചെയ്‌തു. അഭിമു​ഖം നടത്തിയ ആ മുൻ സാക്ഷി​യോ​ടൊ​പ്പം വർഷങ്ങൾക്കു മുമ്പ്‌ താൻ ബൈബിൾ പഠിച്ചി​രു​ന്ന​താ​യി അയാൾ വിശദീ​ക​രി​ച്ചു. വ്യക്തി​പ​ര​മായ കാരണ​ങ്ങ​ളാൽ ആ ചെറു​പ്പ​ക്കാ​രൻ പഠനം നിർത്തി​യി​രു​ന്നു. എന്നാൽ, ടിവി പരിപാ​ടി കണ്ടപ്പോൾ ആ മുൻ ഉപദേ​ഷ്ടാ​വി​നെ തിരി​ച്ച​റിഞ്ഞ ചെറു​പ്പ​ക്കാ​രൻ ആകെ അസ്വസ്ഥ​നാ​യി ഇങ്ങനെ ചോദി​ച്ചു: “സാക്ഷി​കളെ കുറിച്ചു താൻ പറയു​ന്നതു ശരിയ​ല്ലെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും അയാൾക്ക്‌ എങ്ങനെ അപ്രകാ​രം പറയാൻ കഴിഞ്ഞു?” ഫലമോ, ആ ചെറു​പ്പ​ക്കാ​രൻ പ്രാ​ദേ​ശിക സഭയിലെ ഒരു മൂപ്പ​നോ​ടൊത്ത്‌ വീണ്ടും ബൈബിൾ പഠിക്കാൻ തുടങ്ങി.

ടിവി​യിൽ കാണു​ന്ന​തും വർത്തമാ​ന​പ്പ​ത്ര​ങ്ങ​ളിൽ വായി​ക്കു​ന്ന​തും കണ്ണുമ​ടച്ചു വിശ്വ​സി​ക്കു​ന്നവർ നിരവ​ധി​യാണ്‌. യഹോ​വ​യു​ടെ സാക്ഷി​കളെ മാധ്യ​മങ്ങൾ അടിക്കടി ആക്രമി​ക്കു​ന്ന​തു​കൊണ്ട്‌, തെറ്റി​ദ്ധാ​ര​ണാ​ജ​ന​ക​മായ വ്യാജ പ്രചര​ണത്തെ ചെറു​ക്കു​ന്ന​തിന്‌ സൊ​സൈറ്റി 32 പേജുള്ള ഒരു ലഘുപ​ത്രിക തയ്യാറാ​ക്കി. നിങ്ങളു​ടെ അയൽക്കാ​രായ യഹോ​വ​യു​ടെ സാക്ഷികൾ—ആരാണ്‌ അവർ? എന്നായി​രു​ന്നു അതിന്റെ ശീർഷകം.

1,46,000-ത്തോളം സാക്ഷി​ക​ളു​ടെ ഇടയിൽ, 1994-ൽ നടത്തപ്പെട്ട ഒരു സർവേ വെളി​പ്പെ​ടു​ത്തിയ വസ്‌തു​നി​ഷ്‌ഠ​മായ വിവര​ങ്ങ​ളാണ്‌ ആ ലഘുപ​ത്രി​ക​യിൽ അടങ്ങി​യി​രു​ന്നത്‌. സാക്ഷി​കളെ കുറിച്ച്‌ അനേക​രും വെച്ചു​പു​ലർത്തിയ ധാരണ​കളെ നിഷ്‌പ്ര​യാ​സം ഖണ്ഡിക്കാൻ സർവേ​യു​ടെ ഫലങ്ങൾക്കു കഴിഞ്ഞു. വൃദ്ധ സ്‌ത്രീ​ക​ളു​ടെ മതമോ? ജർമനി​യി​ലെ മൊത്തം സാക്ഷി​ക​ളിൽ പത്തിൽ നാലു പേർ വീതം പുരു​ഷ​ന്മാ​രാണ്‌, സാക്ഷി​ക​ളു​ടെ ശരാശരി പ്രായം 44-ഉം. ചെറു​പ്പ​ത്തി​ലേ മസ്‌തി​ഷ്‌ക​പ്ര​ക്ഷാ​ളനം ചെയ്യ​പ്പെ​ട്ട​വ​രു​ടെ മതമോ? മൊത്തം സാക്ഷി​ക​ളിൽ 52 ശതമാനം പ്രായ​പൂർത്തി​യായ ശേഷമാ​ണു സാക്ഷി​ക​ളാ​യത്‌. കുടും​ബങ്ങൾ തകർക്കുന്ന മതമോ? സാക്ഷി​ക​ളിൽ 19 ശതമാനം അവിവാ​ഹി​ത​രും 68 ശതമാനം വിവാ​ഹി​ത​രും 9 ശതമാനം വിഭാ​ര്യ​രു​മാണ്‌. വിവാ​ഹ​മോ​ചനം നടത്തപ്പെട്ട 4 ശതമാ​ന​ത്തിൽ അധിക പങ്കും സാക്ഷികൾ ആകുന്ന​തി​നു മുമ്പാണു വിവാ​ഹ​ബന്ധം വേർപെ​ടു​ത്തി​യത്‌. കുട്ടികൾ ഉണ്ടാകു​ന്ന​തി​നെ എതിർക്കുന്ന മതമോ? വിവാ​ഹി​ത​രായ സാക്ഷി​ക​ളിൽ ഏകദേശം അഞ്ചിൽ നാലു പങ്ക്‌ മാതാ​പി​താ​ക്ക​ളാണ്‌. ശരാശ​രി​യിൽ താണ ബുദ്ധി​ശക്തി ഉള്ളവരോ? സാക്ഷി​ക​ളിൽ മൂന്നിൽ ഒരു പങ്ക്‌ കുറഞ്ഞ​പക്ഷം ഒരു വിദേശ ഭാഷ​യെ​ങ്കി​ലും സംസാ​രി​ക്കു​ന്നു. 69 ശതമാനം കാലിക വിവര​ങ്ങളെ കുറിച്ച്‌ അറിയാ​വു​ന്ന​വ​രാണ്‌. സഭാം​ഗങ്ങൾ ജീവിതം ആസ്വദി​ക്കു​ന്നതു തടയുന്ന മതമോ? പ്രതി​വാ​രം ഓരോ സാക്ഷി​യും 14.2 മണിക്കൂർ വ്യത്യസ്‌ത തരത്തി​ലുള്ള വിനോ​ദ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്നു. അതേസ​മയം, ആത്മീയ കാര്യ​ങ്ങൾക്കു മുൻതൂ​ക്കം നൽകി​ക്കൊണ്ട്‌ ഒരു സാക്ഷി മത പ്രവർത്ത​ന​ങ്ങൾക്കാ​യി ശരാശരി 17.5 മണിക്കൂർ ചെലവ​ഴി​ക്കു​ന്നു.

വലിയ വിവാദം ആയിത്തീർന്ന ‘കൊച്ച്‌ ഒലി​വെ​റി​ന്റെ’ കഥ ആ ലഘുപ​ത്രി​ക​യിൽ പ്രത്യേ​കം ചർച്ച ചെയ്‌തി​രു​ന്നു. 1991-ൽ പിറന്നു​വീണ ഉടനെ അവന്റെ ഹൃദയ​ത്തിൽ ഒരു ദ്വാര​മു​ള്ള​താ​യി ഡോക്‌ടർമാർ മനസ്സി​ലാ​ക്കി. തക്കസമ​യത്ത്‌ ഒലിവ​റി​ന്റെ അമ്മ അവനെ ഒരു ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​നാ​ക്കു​ന്ന​തി​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. തന്റെ മതവി​ശ്വാ​സ​ങ്ങ​ളോ​ടുള്ള ചേർച്ച​യിൽ രക്തം കൂടാതെ ശസ്‌ത്ര​ക്രിയ നടത്താൻ സന്നദ്ധരായ ഡോക്‌ടർമാ​രെ​യും അവർ കണ്ടെത്തി. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​കളെ കരി​തേച്ചു കാണി​ക്കാൻ കച്ചകെട്ടി ഇറങ്ങിയ ചിലർ ആ സംഭവത്തെ വളച്ചൊ​ടി​ക്കാൻ ശ്രമിച്ചു. രക്തം കൂടാതെ വിജയ​പ്ര​ദ​മാ​യി ശസ്‌ത്ര​ക്രിയ നടത്ത​പ്പെ​ട്ടി​ട്ടും ഒരു വർത്തമാ​ന​പ്പ​ത്രം ആ സംഭവത്തെ തലവാചക വാർത്ത​യാ​ക്കി. മതഭ്രാ​ന്തു പിടിച്ച ഒരു അമ്മയുടെ എതിർപ്പു വകവെ​ക്കാ​തെ ‘ജീവദാ​യ​ക​മായ രക്തം’ നൽകി​യ​തി​നാ​ലാണ്‌ ഒലിവ​റി​നെ രക്ഷിക്കാൻ കഴിഞ്ഞത്‌ എന്ന്‌ ആ പത്രം റിപ്പോർട്ടു ചെയ്‌തു. അതു പച്ചക്കള്ളം ആണെന്നു പ്രസ്‌തുത ലഘുപ​ത്രിക എടുത്തു​കാ​ട്ടി.

സാക്ഷി​കൾക്ക്‌ എതി​രെ​യുള്ള വ്യാജ ആരോ​പ​ണ​ങ്ങളെ കുറിച്ച്‌ അറിയാൻ ആഗ്രഹി​ക്കു​ന്ന​വർക്കു മാത്രം നൽകാൻ ഉദ്ദേശി​ച്ചാണ്‌ ലഘുപ​ത്രിക ആദ്യം തയ്യാറാ​ക്കി​യത്‌. എന്നാൽ, 1996-ൽ അതിന്റെ പുറം​താൾ വീണ്ടും രൂപകൽപ്പന ചെയ്‌തു, പിൻതാ​ളിൽ സൗജന്യ ബൈബിൾ അധ്യയന വാഗ്‌ദാ​ന​വും ഉൾപ്പെ​ടു​ത്തി. മുഴു ജർമനി​യി​ലു​മാ​യി അതിന്റെ 18,00,000 പ്രതികൾ വിതരണം ചെയ്യ​പ്പെട്ടു.

മാധ്യ​മ​ങ്ങൾക്കു കൃത്യ​മായ വിവരങ്ങൾ പ്രദാനം ചെയ്യുന്നു

യഹോ​വ​യു​ടെ സാക്ഷി​കളെ കുറിച്ചു വളച്ചൊ​ടിച്ച വിവരങ്ങൾ അവതരി​പ്പി​ക്കാൻ മാധ്യ​മ​ങ്ങളെ വിനി​യോ​ഗി​ക്കു​ന്ന​തി​നുള്ള എതിരാ​ളി​ക​ളു​ടെ നിരന്തര ശ്രമങ്ങളെ ചെറു​ക്കു​ന്ന​തിന്‌ അതേ വർഷം​തന്നെ മറ്റൊരു പടികൂ​ടി സ്വീക​രി​ക്കു​ക​യു​ണ്ടാ​യി. ഇൻഫർമേഷൻ സർവീ​സസ്‌ എന്ന്‌ അറിയ​പ്പെ​ടുന്ന വിഭാ​ഗ​ത്തി​ന്റെ മേൽനോ​ട്ടം വഹിക്കുന്ന കമ്മിറ്റി​യു​ടെ അധ്യക്ഷൻ വാൾട്ടർ ക്യൂബെ ആയിരു​ന്നു. അദ്ദേഹം വിശദീ​ക​രി​ക്കു​ന്നു: “എതിരാ​ളി​കൾ തൊടു​ത്തു​വി​ടുന്ന ശക്തമായ പ്രചര​ണ​ത്തിന്‌ ഉചിത​മായ മറുപടി നൽകാൻ തക്കവണ്ണം വിവരങ്ങൾ പെട്ടെന്നു ലഭ്യമാ​ക്കാൻ ഞങ്ങൾ നിർബ​ന്ധി​ത​രാ​യി.” ഫലപ്ര​ദ​മായ വിധത്തിൽ പൊതു​ജ​ന​ങ്ങ​ളു​മാ​യി ബന്ധങ്ങൾ സ്ഥാപി​ക്കാൻ പ്രാപ്‌ത​രായ വ്യക്തി​കളെ തിരഞ്ഞു​പി​ടി​ച്ചു. അവരെ പരിശീ​ലി​പ്പി​ക്കാൻ സെമി​നാ​റു​കൾ നടത്തി. രാജ്യത്തെ യഥോ​ചി​തം 22 മേഖല​ക​ളാ​യി തിരിച്ചു. 1998-ന്റെ അവസാ​ന​ത്തോ​ടെ, ആ മേഖല​ക​ളി​ലെ ആവശ്യങ്ങൾ നിവർത്തി​ക്കു​ന്ന​തി​നു പരിശീ​ലനം സിദ്ധിച്ച നൂറു​ക​ണ​ക്കിന്‌ ഇൻഫർമേഷൻ സർവീസ്‌ പ്രവർത്തകർ ഉണ്ടായി​രു​ന്നു. പ്രസാ​ധ​ക​രും പത്ര​പ്ര​വർത്ത​ക​രു​മാ​യി നേരിട്ടു ബന്ധപ്പെ​ടു​ന്ന​തിൽ അവർ പ്രത്യേ​കം ശ്രദ്ധ ചെലു​ത്തു​ന്നു.

ഈ വിഭാ​ഗ​ത്തി​ന്റെ ജോലി​യു​മാ​യി ബന്ധപ്പെട്ട്‌, യഹോ​വ​യു​ടെ സാക്ഷികൾ നാസി ആക്രമ​ണ​ത്തി​നെ​തി​രെ ഉറച്ചു​നിൽക്കു​ന്നു എന്ന വീഡി​യോ പൊതു​ജ​ന​ങ്ങളെ കാണി​ക്കാ​നും ക്രമീ​ക​ര​ണങ്ങൾ ചെയ്യ​പ്പെട്ടു. ഉറച്ചു നിൽക്കു​ന്നു വീഡി​യോ​യു​ടെ ജർമൻ പതിപ്പി​ന്റെ ആദ്യ പ്രദർശനം 1996 നവംബർ 6-ന്‌ ആയിരു​ന്നു. നിരവധി യഹോ​വ​യു​ടെ സാക്ഷികൾ തടവി​ലാ​ക്ക​പ്പെ​ട്ടി​രുന്ന റാവെൻസ്‌ബ്രൂ​ക്കി​ലെ തടങ്കൽ പാളയ സ്‌മാരക മന്ദിര​ത്തിൽ വെച്ച്‌ ആയിരു​ന്നു പ്രദർശനം. മാധ്യമ പ്രതി​നി​ധി​ക​ളും പ്രമുഖ ചരി​ത്ര​കാ​ര​ന്മാ​രും സന്നിഹി​തർ ആയിരു​ന്നു.

1998 സെപ്‌റ്റം​ബർ 1-ഓടെ, ഈ വീഡി​യോ​യു​ടെ 331 പൊതു പ്രദർശ​ന​ങ്ങൾക്ക്‌ മൊത്തം 2,69,000-ത്തോളം ആളുകൾ കൂടി​വന്നു. ഹാജരാ​യ​വ​രിൽ സാക്ഷികൾ മാത്രമല്ല മാധ്യമ പ്രതി​നി​ധി​ക​ളും ഗവൺമെന്റ്‌ അധികാ​രി​ക​ളും പൊതു​ജ​ന​ങ്ങ​ളും ഉണ്ടായി​രു​ന്നു. നൂറു​ക​ണ​ക്കി​നു വർത്തമാ​ന​പ്പ​ത്രങ്ങൾ ഈ പ്രദർശ​ന​ങ്ങളെ കുറിച്ച്‌ അനുകൂ​ല​മാ​യി റിപ്പോർട്ടു ചെയ്‌തു. അതിനു പുറമേ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മേലുള്ള നാസി പീഡന​ങ്ങളെ കുറി​ച്ചുള്ള 300-ൽപരം പൊതു പ്രദർശ​ന​ങ്ങൾക്ക്‌ ആയിരങ്ങൾ ഹാജരാ​യി.

മുമ്പെ​ന്ന​ത്തെ​ക്കാ​ളും മാധ്യമ പ്രതി​നി​ധി​കൾ, 1993 നവംബ​റിൽ മൈസ്‌നെർ റ്റ്‌​സൈ​റ്റുങ്‌ എന്ന വർത്തമാ​ന​പ്പ​ത്ര​ത്തിൽ എഴുതിയ പത്ര​പ്ര​വർത്ത​കന്റെ വികാ​രങ്ങൾ പങ്കിടു​ന്നു: “യഹോ​വ​യു​ടെ സാക്ഷികൾ ബൈബി​ളി​ന്റെ അവാസ്‌ത​വി​ക​മായ പഠിപ്പി​ക്ക​ലു​കൾ അന്ധമായി, കേട്ടപാ​തി വിശ്വ​സി​ക്കു​ന്നു എന്ന ധാരണ പുലർത്തു​ന്നവർ, സാക്ഷികൾ തങ്ങളുടെ മാതൃ​കാ​പു​രു​ഷ​നായ യേശു​ക്രി​സ്‌തു​വി​നെ എത്ര സൂക്ഷ്‌മ​മാ​യി തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു എന്നും ഉദ്ദേശ്യ​പൂർണ​മായ ജീവിതം നയിക്കാൻ ആ അറിവ്‌ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു എന്നും മനസ്സി​ലാ​ക്കു​മ്പോൾ അതിശയം കൂറും.”

അര നൂറ്റാ​ണ്ടി​നു ശേഷവും ഉറച്ചു നിൽക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​കളെ തടങ്കൽ പാളയ​ങ്ങ​ളിൽ നിന്നു മോചി​പ്പി​ച്ചിട്ട്‌ ഇപ്പോൾ അര നൂറ്റാണ്ടു കഴിഞ്ഞി​രി​ക്കു​ന്നു. എങ്കിലും അവരുടെ നിർമ​ല​ത​യു​ടെ വൃത്താന്തം ചരി​ത്ര​ത്തി​ന്റെ ഏടുക​ളിൽ ഒരു മായാത്ത മുദ്ര പതിപ്പി​ച്ചി​രി​ക്കു​ന്നു. അങ്ങനെ അത്‌ ലോക​ത്തിന്‌ ഇപ്പോ​ഴും ശക്തമായ സാക്ഷ്യം നൽകുന്നു. വിട്ടു​വീ​ഴ്‌ചാ​ര​ഹി​ത​മായ വിശ്വാ​സം ഹേതു​വാ​യി തടങ്കൽ പാളയ​ങ്ങ​ളിൽ കഴിഞ്ഞ ചിലർ ഇത്‌ എഴുതു​മ്പോ​ഴും ജീവി​ച്ചി​രി​പ്പുണ്ട്‌. അന്നത്തെ പോ​ലെ​തന്നെ ഇന്നും അവർ യഹോ​വ​യു​ടെ സേവന​ത്തിൽ തീക്ഷ്‌ണ​ത​യു​ള്ള​വ​രാണ്‌. അവരുടെ ധീരമായ നിലപാട്‌, യഹോ​വ​യ്‌ക്കു തന്റെ ജനത്തെ സംരക്ഷി​ക്കാൻ കഴിയും എന്നതിനു സാക്ഷ്യം വഹിക്കു​ന്നു. തങ്ങളെ പോലുള്ള നൂറു​ക​ണ​ക്കിന്‌ ആളുകളെ പ്രതി​നി​ധാ​നം ചെയ്‌തു​കൊണ്ട്‌ ആ തടങ്കൽ പാളയ അതിജീ​വ​ക​രിൽ ചിലർ പറയു​ന്നത്‌ എന്താ​ണെന്നു കേൾക്കുന്ന ഒപ്പംതന്നെ വലയത്തി​നു​ള്ളിൽ കൊടു​ത്തി​രി​ക്കുന്ന അവരുടെ പ്രായ​വും (1998 ആരംഭ​ത്തി​ലെ) ശ്രദ്ധി​ക്കുക.

ഹൈൻട്രിഷ്‌ ഡിക്ക്‌മാൻ (95): “സാക്‌സെൻഹൗ​സെ​നിൽ വെച്ച്‌ പാളയ​ത്തിൽ ഉണ്ടായി​രുന്ന മൊത്തം ആളുക​ളു​ടെ​യും സാന്നി​ധ്യ​ത്തിൽ എന്റെ അനുജൻ ഓഗസ്റ്റി​നെ വധിക്കു​ന്നതു കാണാൻ ഞാൻ നിർബ​ന്ധി​ത​നാ​യി. വിശ്വാ​സം തള്ളിപ്പ​റഞ്ഞ്‌ ഉടനടി മോചി​ത​നാ​കാൻ എനിക്ക്‌ അവസരം ഉണ്ടായി​രു​ന്നു. എന്നാൽ, വിട്ടു​വീ​ഴ്‌ച​യ്‌ക്കു തയ്യാറാ​കാ​ഞ്ഞ​തു​കൊണ്ട്‌ പാളയ മേധാവി പറഞ്ഞു: ‘തനിക്ക്‌ എത്രകാ​ലം കൂടെ ജീവി​ച്ചി​രി​ക്കാൻ സാധി​ക്കു​മെന്നു വീണ്ടും ചിന്തിച്ചു നോക്ക്‌.’ അഞ്ചു മാസത്തി​നു ശേഷം ഞാനല്ല, അയാളാ​ണു കൊല്ല​പ്പെ​ട്ടത്‌. എന്റെ ആപ്‌ത​വാ​ക്യം ഇതായി​രു​ന്നു: ‘മുഴു ഹൃദയ​ത്തോ​ടും കൂടെ യഹോ​വ​യിൽ ആശ്രയി​ക്കുക.’ ഇപ്പോ​ഴും അതിനു മാറ്റമില്ല.”

ആൻ ഡിക്ക്‌മാൻ (89): “മഹാ സ്രഷ്ടാ​വും ജീവദാ​താ​വു​മായ യഹോ​വ​യോ​ടു നിർമലത പുലർത്താൻ സഹായി​ക്കുന്ന പരിശീ​ല​ന​മാ​യി​ട്ടാ​ണു ഞാൻ അതിനെ [തടങ്കൽ പാളയ​ത്തി​ലെ അനുഭ​വത്തെ] വീക്ഷി​ക്കു​ന്നത്‌. എനിക്കു​ണ്ടായ അനുഭ​വങ്ങൾ എല്ലാം ജീവി​തത്തെ സമ്പുഷ്ട​മാ​ക്കു​ക​യും എന്നെ ദൈവ​ത്തോട്‌ അടുപ്പി​ക്കു​ക​യും ചെയ്‌തു. വിശ്വാ​സ​വും ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വു​മാണ്‌ വർഷങ്ങ​ളിൽ ഉടനീളം എനിക്കു പ്രചോ​ദ​ന​മേ​കി​യത്‌. ആരു​ടെ​യെ​ങ്കി​ലും സമ്മർദമല്ല.”

യോ​സെഫ്‌ റേവാൾഡ്‌ (86): “ദുഷ്‌ക​ര​മായ ആ പരി​ശോ​ധനാ കാല​ത്തേക്കു ഞാൻ തൃപ്‌തി​യോ​ടെ​യാ​ണു പിന്തി​രി​ഞ്ഞു നോക്കു​ന്നത്‌. കാരണം, സമ്മർദ​ത്തി​നും യാതന​കൾക്കും ഇടയിൽ ഞാൻ ക്രിസ്‌തീയ വിശ്വാ​സ​വും നിഷ്‌പ​ക്ഷ​ത​യും കാത്തു​കൊ​ണ്ടു. സർവശ​ക്ത​നായ യഹോ​വ​യു​ടെ അനു​ഗ്രഹം ഒന്നു​കൊ​ണ്ടു മാത്ര​മാ​ണു ഞാൻ അതിജീ​വി​ച്ചത്‌ എന്ന്‌ എനിക്കു ബോധ്യ​മുണ്ട്‌! എന്റെ ക്രിസ്‌തീയ വിശ്വാ​സം അന്നത്തെ​ക്കാൾ ശക്തമാണ്‌ ഇപ്പോൾ. യാതൊ​രു വിട്ടു​വീ​ഴ്‌ച​യ്‌ക്കും തയ്യാറാ​കാ​തെ ദൈവ​ത്തി​ന്റെ പക്ഷത്തു തുടർന്നു നില​കൊ​ള്ളണം എന്നാണ്‌ എന്റെ ആഗ്രഹം.”

എൽഫ്രി​ഡെ ല്യോർ (87): “ഹിറ്റ്‌ല​റി​ന്റെ അധീന​ത​യിൽ തടവിൽ ആയിരുന്ന എട്ടു വർഷക്കാ​ലം ഞാൻ അനുഭ​വിച്ച കാര്യ​ങ്ങളെ കുറിച്ച്‌ അയവി​റ​ക്കു​മ്പോൾ അപ്രതീ​ക്ഷി​ത​മാ​യി എന്തെങ്കി​ലും സംഭവി​ച്ച​താ​യി എനിക്കു തോന്നു​ന്നില്ല. സത്യത്തി​ന്റെ മാർഗം, പോരാ​ട്ട​ത്തെ​യും പീഡന​ത്തെ​യും അർഥമാ​ക്കു​മ്പോൾതന്നെ സന്തുഷ്ടി​യും വിജയ​വും ഉറപ്പു​വ​രു​ത്തു​ന്നു എന്നതു വ്യക്തമാ​യി​രു​ന്നു. സമയം പാഴാ​യി​പ്പോ​യെ​ന്നോ അതു​കൊ​ണ്ടു പ്രയോ​ജനം ഇല്ലാതെ പോ​യെ​ന്നോ എനിക്കു തോന്നു​ന്നില്ല.”

മറീയാ ഹോം​ബഷ്‌ (97): “ഏറ്റവും ക്രൂര​മായ സാഹച​ര്യ​ങ്ങ​ളി​ലും യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും കൃതജ്ഞ​ത​യും തെളി​യി​ക്കു​ന്ന​തിന്‌ എനിക്ക്‌ അനുപ​മ​മായ പദവി ലഭിച്ച​തിൽ ഞാൻ അത്യധി​കം സന്തോ​ഷ​മു​ള്ള​വ​ളാണ്‌. അങ്ങനെ ചെയ്യാൻ ആരും എന്റെമേൽ നിർബന്ധം ചെലു​ത്തി​യില്ല! നേരെ​മ​റിച്ച്‌, ഞങ്ങളുടെ മേൽ നിർബന്ധം ചെലു​ത്തി​യത്‌, ദൈവ​ത്തെ​ക്കാ​ള​ധി​കം ഹിറ്റ്‌ലറെ അനുസ​രി​ക്കു​ന്ന​തി​നു ഞങ്ങളെ ഭീഷണി​പ്പെ​ടു​ത്താൻ ശ്രമിച്ച ശത്രുക്കൾ ആയിരു​ന്നു. എന്നാൽ, അവർക്കു വിജയി​ക്കാ​നാ​യില്ല! ഒരു നല്ല മനസ്സാക്ഷി നിമിത്തം ജയിൽ ഭിത്തി​കൾക്ക്‌ ഉള്ളിൽ ആയിരു​ന്ന​പ്പോ​ഴും ഞാൻ സന്തുഷ്ട ആയിരു​ന്നു.”

ഗെർട്രൂഡ്‌ പ്യൊ​റ്റ്‌സിം​ഗർ (86): “എന്നെ മൂന്നര വർഷ​ത്തേക്ക്‌ ഏകാന്ത തടവിനു വിധിച്ചു. എന്നെ തിരികെ തടവറ​യി​ലേക്കു കൊണ്ടു​പോയ ഉദ്യോ​ഗസ്ഥൻ പറഞ്ഞു: ‘വളരെ നന്ദി. ദൈവ​ത്തിൽ വിശ്വ​സി​ക്കാൻ നിങ്ങൾ എന്നെ വീണ്ടും പ്രോ​ത്സാ​ഹി​പ്പി​ച്ചി​രി​ക്കു​ന്നു. ഇതു​പോ​ലെ തന്നെ ധൈര്യ​ശാ​ലി​യാ​യി തുടരുക. മൂന്നര വർഷം പെട്ടെന്നു കടന്നു പൊയ്‌ക്കൊ​ള്ളും.’ എത്ര സത്യം ആയിരു​ന്നു അത്‌! ഏകാന്ത തടവിൽ ആയിരു​ന്ന​പ്പോ​ഴാ​ണു ഞാൻ പ്രത്യേ​കി​ച്ചും യഹോ​വ​യു​ടെ സ്‌നേ​ഹ​വും അവൻ നൽകുന്ന ബലവും അനുഭ​വി​ച്ച​റി​ഞ്ഞത്‌.”

അതേ, തടങ്കൽ പാളയ അതിജീ​വകർ തുടർന്നും ഉറച്ചു നില​കൊ​ള്ളു​ന്നു. ആ സാക്ഷി​കളെ മോചി​പ്പിച്ച്‌ അര നൂറ്റാണ്ടു കഴിഞ്ഞി​ട്ടും അവരുടെ നിർമലത ഇപ്പോ​ഴും ലോക​ത്തി​നു സാക്ഷ്യം നൽകു​ന്ന​തോ​ടൊ​പ്പം യഹോ​വ​യ്‌ക്കു സ്‌തു​തി​യും കരേറ്റു​ന്നു. ദൈവ​ദാ​സ​ന്മാർക്കെ​ല്ലാം അത്‌ എന്തൊരു പ്രോ​ത്സാ​ഹ​ന​മാണ്‌!

സുവാർത്താ പ്രസം​ഗ​വേല ജർമനി​യിൽ ഇനിയും അവസാ​നി​ച്ചി​ട്ടില്ല. ദൈവ​രാ​ജ്യ​ത്തെ കുറിച്ച്‌ ഇവി​ടെ​യുള്ള ആളുക​ളോ​ടു പറഞ്ഞു​കൊണ്ട്‌ രണ്ടാം ലോക​മ​ഹാ​യു​ദ്ധാ​ന​ന്തരം 80,00,00,000-ത്തിലധി​കം മണിക്കൂ​റു​കൾ ചെലവ​ഴി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അതേസ​മ​യം​തന്നെ, ജർമനി​യിൽ യഹോ​വ​യു​ടെ സാക്ഷികൾ ചെയ്‌തി​രി​ക്കുന്ന ശുശ്രൂഷ, മറ്റനേകം ദേശങ്ങ​ളി​ലുള്ള ജനങ്ങളു​ടെ ജീവി​തത്തെ സ്‌പർശി​ച്ചി​രി​ക്കു​ന്നു. വേറിട്ട ദേശീയ കൂട്ടമാ​യി​ട്ടല്ല മറിച്ച്‌, ഏക സത്യ ദൈവ​മായ യഹോ​വയെ ആരാധി​ക്കു​ന്ന​വ​രു​ടെ ആഗോള കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​ട്ടാണ്‌ അവർ തങ്ങളെ​ത്തന്നെ വീക്ഷി​ക്കു​ന്നത്‌.

സാർവ​ദേ​ശീ​യ ഐക്യ​ത്തി​ന്റെ ശ്രദ്ധേ​യ​മായ തെളി​വാ​യി​രു​ന്നു 1998-ൽ നടന്ന “ദൈവ​മാർഗ​ത്തി​ലുള്ള ജീവിതം” അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾ. ജർമനി​യിൽ നടന്ന അത്തരം അഞ്ച്‌ കൺ​വെൻ​ഷ​നു​ക​ളിൽ 2,17,472 പേർ ഹാജരാ​യി​രു​ന്നു. നിരവധി ദേശങ്ങ​ളിൽ നിന്നു പ്രതി​നി​ധി​കൾ വന്നെത്തി; മുഴു പരിപാ​ടി​യും 13 ഭാഷക​ളിൽ നടത്ത​പ്പെട്ടു. വിശ്വ​സ്‌തത പാലി​ക്കു​ന്ന​തിൽ തുട​രേ​ണ്ട​തി​ന്റെ​യും സുവാർത്താ പ്രസം​ഗ​ത്തിൽ സ്ഥിരോ​ത്സാ​ഹം കാണി​ക്കേ​ണ്ട​തി​ന്റെ​യും ആവശ്യ​ക​ത​യ്‌ക്ക്‌ ആ കൺ​വെൻ​ഷ​നു​കൾ ഊന്നൽ നൽകി. യഹോ​വ​യു​ടെ സഹായ​ത്തോ​ടെ വിശ്വ​സ്‌ത​രാ​യി, ദൈവ​മാർഗ​ത്തി​ലുള്ള ജീവിതം നയിക്കു​ന്ന​തിൽ തുടരാൻ ജർമനി​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷികൾ ദൃഢചി​ത്ത​രാണ്‌.

[79-ാം പേജിലെ ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തി​നു പ്രസി​ദ്ധീ​ക​രണം നോക്കുക.)

പൂർവ ജർമനി

ഹംബ്യുർഗ്‌

മെക്കൻഹൈം

സെൽറ്റേഴ്‌സ്‌

ഫ്രാങ്ക്‌ഫുർട്ട്‌

വീസ്‌ബാഡെൻ

റോയിറ്റ്‌ലിങ്‌ഗൻ

മ്യൂണിക്‌

പശ്ചിമ ജർമനി

ബർലിൻ

മാഗ്‌ഡെബ്യുർഗ്‌

ഗ്ലൗഹൗ

[66-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]

[69-ാം പേജിലെ ചിത്രം]

1955-ൽ, ന്യൂർൺബെർഗിൽ നടന്ന “ജയോത്സവ രാജ്യ” അന്താരാ​ഷ്‌ട്ര സമ്മേളനം

[73-ാം പേജിലെ ചിത്രം]

ബൈബിൾ സത്യത്തിൽ നിന്നു പ്രയോ​ജനം നേടാൻ നിരവധി കുടി​യേ​റ്റ​ക്കാ​രെ ജർമൻ സാക്ഷികൾ സഹായി​ച്ചി​രി​ക്കു​ന്നു

[88-ാം പേജിലെ ചിത്രം]

1980-ലെ വിസ്‌ബാ​ഡെൻ ബെഥേൽ സമുച്ചയം

[90-ാം പേജിലെ ചിത്രം]

ബ്രാഞ്ച്‌ കമ്മിറ്റി (ഇടത്തു നിന്നു വലത്തോട്ട്‌). മുൻ നിര: ഗുന്റർ ക്യൂൺസ്‌, എഡ്‌മുൺഡ്‌ ആൻഷ്‌റ്റാറ്റ്‌, റേമൊൺ ടെംപിൾടൺ, വിലി പോൾ. പിൻ നിര: എബെർഹാർട്ട്‌ ഫാബി​യാൻ, റിച്ചർഡ്‌ കെൽസി, വേർനർ റൂട്ട്‌കെ, പീറ്റർ മിട്രീഗ

[95-ാം പേജിലെ ചിത്രങ്ങൾ]

ജർമനിയിൽ ഉപയോ​ഗ​ത്തി​ലുള്ള 10 സമ്മേളന ഹാളു​ക​ളിൽ ചിലത്‌

1. ഗ്ലൗഹൗ

2. റോയി​റ്റ്‌ലി​ങ്‌ഗൻ

3. മ്യൂണിക്‌

4. മെക്കൻ​ഹൈം

5. ബർലിൻ

[99-ാം പേജിലെ ചിത്രം]

മാർട്ടിൻ പ്യൊ​റ്റ്‌സിം​ഗ​റും ഭാര്യ ഗെർട്രൂ​ഡും

[100, 101 പേജു​ക​ളി​ലെ ചിത്രങ്ങൾ]

സെൽറ്റേ​ഴ്‌സി​ലെ ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ

[102-ാം പേജിലെ ചിത്രങ്ങൾ]

വിദേശ മിഷനറി സേവന​ത്തിൽ ആയിരി​ക്കുന്ന ജർമനി​യിൽ നിന്നുള്ള ചിലർ: (1) മാൻ​ഫ്രെഡ്‌ റ്റോനാക്ക്‌, (2) മാർഗാ​രീറ്റ ക്യൂനി​ഗർ, (3) പൗൾ എംഗ്‌ലർ, (4) കാൾ സൂമിഷ്‌, (5) ഗുന്റർ ബുഷ്‌ബെക്‌

[110-ാം പേജിലെ ചിത്രങ്ങൾ]

നിരോധനം നീങ്ങി​യ​തോ​ടെ ടൺ കണക്കിനു സാഹി​ത്യ​ങ്ങൾ പൂർവ യൂറോ​പ്പി​ലേക്ക്‌ അയയ്‌ക്കു​ക​യു​ണ്ടാ​യി

[118-ാം പേജിലെ ചിത്രങ്ങൾ]

1990-ലെ ബർലിൻ കൺ​വെൻ​ഷൻ

[124-ാം പേജിലെ ചിത്രങ്ങൾ]

മുൻ പൂർവ ജർമനി​യിൽ നിർമി​ക്ക​പ്പെട്ട ആദ്യത്തെ രാജ്യ​ഹാൾ

[132, 133 പേജു​ക​ളി​ലെ ചിത്രങ്ങൾ]

സമർപ്പണ പരിപാ​ടി—സെൽറ്റേ​ഴ്‌സി​ലും (മുകളിൽ) പിന്നീട്‌, ജർമനി​യിൽ ഉടനീ​ള​മുള്ള ആറ്‌ സ്റ്റേഡി​യ​ങ്ങ​ളി​ലും

[139-ാം പേജിലെ ചിത്രം]

തെറ്റായ വിവര​ങ്ങ​ളു​ടെ പ്രളയത്തെ ചെറു​ക്കാ​നുള്ള ഉപകര​ണ​ങ്ങൾ

[140, 141 പേജു​ക​ളി​ലെ ചിത്രങ്ങൾ]

തടങ്കൽ പാളയ​ങ്ങ​ളിൽ (അവിടെ യഹോ​വ​യു​ടെ സാക്ഷികൾ പർപ്പിൾ ട്രയാം​ഗി​ളി​നാ​ലാണ്‌ തിരി​ച്ച​റി​യ​പ്പെ​ട്ടി​രു​ന്നത്‌) ആയിരു​ന്നെ​ങ്കി​ലും ഈ വിശ്വസ്‌ത സാക്ഷികൾ വിശ്വാ​സ​ത്തിൽ ഉറച്ചു നിന്നു (ഇവിടെ കാണി​ച്ചി​രി​ക്കു​ന്നത്‌ 1995-ൽ എടുത്ത ബ്രാൻഡെൻബർഗി​ലെ ചിത്ര​മാണ്‌)

[147-ാം പേജിലെ ചിത്രങ്ങൾ]

എതിർവ​ശത്തെ പേജിൽ, ഘടികാര ക്രമത്തിൽ: ഹൈൻട്രിഷ്‌ ഡിക്ക്‌മാൻ, ആൻ ഡിക്ക്‌മാൻ, ഗെർട്രൂഡ്‌ പ്യൊ​റ്റ്‌സിം​ഗർ, മറിയാ ഹോം​ബഷ്‌, യോ​സെഫ്‌ റേവാൾഡ്‌, എൽഫ്രി​ഡെ ല്യോർ