യൂറോപ്പ്
യൂറോപ്പ്
ഇത് യഹോവയുടെ “രക്ഷാദിവസം” ആണ്. (2 കൊരി. 6:2) ആളുകൾക്കു ജീവൻ തിരഞ്ഞെടുക്കാനുള്ള അവസരം ഇപ്പോഴും തുറന്നു കിടക്കുന്നു. അനേകരും ജ്ഞാനപൂർവകമായ ആ തിരഞ്ഞെടുപ്പു നടത്തുന്ന ഒരു ഭൂപ്രദേശമാണു പൂർവ യൂറോപ്പ്. 1993 മുതൽ എസ്തോണിയ, ബൾഗേറിയ, ബോസ്നിയ-ഹെർസെഗോവിന, മൊൾഡോവ, യൂക്രെയിൻ, ലിത്വാനിയ എന്നിവിടങ്ങളിൽ 100 ശതമാനത്തിലധികവും ജോർജിയയിൽ 200 ശതമാനത്തിലധികവും വർധനവ് ഉണ്ടായിരിക്കുന്നു. പല ഉറവിടങ്ങളിൽ നിന്നും വർധിച്ച എതിർപ്പുകൾ നേരിട്ടിട്ടും ലട്വിയ, റഷ്യ എന്നിവിടങ്ങളിൽ 300 ശതമാനത്തിലധികം വർധനവ് ഉണ്ടായി. ബിലേറസിൽ 500-ലധികം ശതമാനം റിപ്പോർട്ടു ചെയ്തപ്പോൾ അസാധാരണമായ വർധനവായിരുന്നു അൽബേനിയയിലേത്, 830 ശതമാനം! തക്ക പ്രോത്സാഹനത്തിലൂടെ, ജീവൻ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ചതിൽ അനേകരും കൃതാർഥരാണെന്നു വ്യക്തം.
ഓസ്ട്രിയയിൽ ഒരു സാക്ഷി ഒരു സ്ത്രീയെ സന്ദർശിക്കുമ്പോഴെല്ലാം തനിക്ക് ഒട്ടും സമയമില്ലെന്ന് അവർ പറയുമായിരുന്നു. ഒരിക്കൽ അവരെ സന്ദർശിക്കവേ, സമാധാനപൂർണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ലഘുലേഖ സാക്ഷി അവരെ കാണിച്ചു. “എനിക്ക് ഒട്ടും സമയമില്ല” എന്ന് അവർ പറയും മുമ്പേ ലഘുലേഖ അവരുടെ കയ്യിൽ കൊടുത്തുകൊണ്ടു സാക്ഷി പറഞ്ഞു: “ഇതു നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവിയെ ബാധിക്കുന്നതാണ്.” ലഘുലേഖയിൽ നിന്നു വായിച്ച കാര്യങ്ങൾ, കൂടുതൽ
അറിയാൻ ആ സ്ത്രീക്കു പ്രേരണയായി. സാക്ഷി മടങ്ങിച്ചെന്നപ്പോൾ ആ സ്ത്രീ, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം ആവശ്യപ്പെട്ടു. ഒരു രാജ്യഹാളിനു വെളിയിൽ ആ പുസ്തകം പ്രദർശിപ്പിച്ചിരുന്നത് അവർ കണ്ടിരുന്നു. അതിനിടയിൽ, സ്ഥലത്തെ പള്ളിയിൽ ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നതിനെ കുറിച്ചുള്ള അറിയിപ്പ് അടങ്ങിയ ഒരു ലഘുലേഖ ആ കുടുംബത്തിനു ലഭിച്ചു. ആ സ്ത്രീയും ഭർത്താവും പ്രസ്തുത ബൈബിൾ ക്ലാസ്സിനു പോയി. എന്നാൽ അവർ പുരോഹിതനോടു ചോദ്യങ്ങൾ ചോദിച്ചപ്പോൾ, ക്ലാസ്സു നടക്കുമ്പോൾ ധ്യാനം മാത്രമേ പാടുള്ളൂ, ചർച്ച പാടില്ല എന്നായിരുന്നു അവർക്കു ലഭിച്ച മറുപടി. എന്നാൽ, പിറ്റേ തവണ സാക്ഷി അവരെ സന്ദർശിച്ചപ്പോൾ അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചു. അങ്ങനെ ബൈബിൾ അധ്യയനം തുടങ്ങി. പ്രതീക്ഷിച്ചതുപോലെ, എതിർപ്പു തലപൊക്കി. ആ സ്ത്രീയുടെ ഭർത്താവ് പള്ളിയിലെ കൈക്കാരനും ഇടവക കൗൺസിൽ അംഗവും ആയിരുന്നു. സമ്മർദം മൂലം അദ്ദേഹം കുറച്ചു നാളത്തേക്ക് അധ്യയനം നിർത്തി. ടെലഫോണിലൂടെ സംസാരിച്ചും മാസികകൾ എത്തിച്ചുകൊടുത്തും അദ്ദേഹവുമായി സാക്ഷി സമ്പർക്കം പുലർത്തിപ്പോന്നു. മൂന്നു മാസത്തിനു ശേഷം അധ്യയനം പുനരാരംഭിച്ചു. യഹോവയോടുള്ള വിലമതിപ്പു വർധിച്ചതിന്റെ ഫലമായി അദ്ദേഹം ഇടവക കൗൺസിൽ അംഗത്വം രാജിവെക്കുകയും കൈക്കാരൻ സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു. ഇപ്പോൾ അവർ ഇരുവരും സ്നാപനമേറ്റ സാക്ഷികളാണ്, മക്കൾ സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകരും.യൂറോപ്പിൽ നിന്നുള്ള അനേകർ ധനം സമ്പാദിക്കാനായി ഐക്യനാടുകളിലേക്കു കുടിയേറിയിരിക്കുന്നു. അതുതന്നെയാണ് ലട്വിയയിൽ നിന്നുള്ള അലക്സാണ്ടറും ചെയ്തത്. എന്നാൽ, വാഗ്ദത്തങ്ങളുടെ നാട്ടിൽ ജീവിതം അത്രകണ്ട് ആയാസരഹിതമായി അദ്ദേഹത്തിന് അനുഭവപ്പെട്ടില്ല; കൂടാതെ, സാമ്പത്തിക ഞെരുക്കങ്ങളും അനുഭവിക്കേണ്ടിവന്നു. എന്നുവരികിലും, അദ്ദേഹം ആത്മീയ സമ്പത്തു കണ്ടെത്തി. യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചതോടെ, താൻ പൊന്നിനെക്കാൾ വിലയുള്ള സത്യം കണ്ടെത്തിയെന്ന് അദ്ദേഹത്തിനു ബോധ്യമായി. പുതുതായി കണ്ടെത്തിയ വിശ്വാസങ്ങൾ പെട്ടെന്നുതന്നെ മറ്റുള്ളവരുമായി പങ്കിടാൻ സ്വതവെ ഉത്സാഹിയായ അദ്ദേഹം ആഗ്രഹിച്ചു. ഐക്യനാടുകളിലേക്കു പോകുന്നതിനു മുമ്പ് അദ്ദേഹം വിവാഹമോചനം നേടിയിരുന്നു. കിം എന്ന മകനെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ഭാര്യ ഇനാറയ്ക്ക് ആയിരുന്നു. അലക്സാണ്ടർ മുൻ ഭാര്യ ഇനാറയ്ക്ക് നിരവധി കത്തുകൾ എഴുതുകയും പലവട്ടം ഫോൺ വിളിക്കുകയും ചെയ്തതിന്റെ ഫലമായി, ലട്വിയയിൽ ആയിരുന്ന ഇനാറ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ സമ്മതിച്ചു. ഒടുവിൽ ന്യൂയോർക്കിൽ വെച്ച് അലക്സാണ്ടറും ലിത്വാനിയയിൽ വെച്ച് ഇനാറയും സ്നാപനമേറ്റു. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം അലക്സാണ്ടർ ലട്വിയയിൽ
തിരിച്ചെത്തി മുൻ ഭാര്യയെ വിവാഹം ചെയ്തു. ഒമ്പതു വയസ്സായിരുന്ന കിമ്മിന് അത് അളവറ്റ സന്തോഷം കൈവരുത്തി.ശത്രുക്കളെ പോലും സ്നേഹിക്കാൻ യേശു നമ്മെ പഠിപ്പിച്ചു. (മത്താ. 5:44, 45) അവരിൽ ചിലരും യഹോവയെ സന്തോഷിപ്പിക്കുന്നതിനു തങ്ങളുടെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തുന്നു. ലിത്വാനിയയിൽ ഉള്ള റ്റൗറാഗി സഭയിലെ ഒരു മൂപ്പൻ, പനവേഷിസ് നഗരത്തിൽ നിന്നുള്ള ഒരു സ്നാപനാർഥിയുമായി ചോദ്യങ്ങൾ അവലോകനം ചെയ്യുക ആയിരുന്നു. വർഷങ്ങളോളം താൻ ചെയ്തിരുന്ന ജോലിയുടെ ഫലമായി, സൗമ്യഭാവം വളർത്തിയെടുക്കുന്നതു തന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണെന്നു പ്രായംചെന്ന ആ സ്നാപനാർഥി ചർച്ചയ്ക്കിടയിൽ പറഞ്ഞു. പനവേഷിസിൽ സ്ത്രീകൾക്കായുള്ള തടവറയിൽ ആയിരുന്നു അവർക്കു ജോലി. അതു കേട്ടപ്പോൾ മൂപ്പൻ ജിജ്ഞാസുവായി. 1960-കളിൽ ആ തടവറയിൽ ജോലി ചെയ്തിരുന്നോ എന്ന് അദ്ദേഹം അവരോടു ചോദിച്ചു. “ഉവ്വ്” എന്ന മറുപടി കേട്ട് അദ്ദേഹം ചോദിച്ചു: “അന്ന് യഹോവയുടെ സാക്ഷികൾ ആയിരുന്ന, സത്യത്തെപ്രതി തടവിലാക്കപ്പെട്ട ഏതെങ്കിലും സ്ത്രീകളെ നിങ്ങൾക്ക് അറിയാമോ?” സത്യം പഠിക്കാൻ സമീപ കാലത്തു തന്നെ സഹായിച്ച പെട്രൂട്ടി ഉൾപ്പെടെ രണ്ടു മൂന്നു പേരെ അവർക്ക് ഓർമയുണ്ടായിരുന്നു. കൈക്കുഞ്ഞുമായി തടവിൽ ആക്കപ്പെട്ട ഒരു സഹോദരിയെയും അവർക്ക് ഓർമയുണ്ടായിരുന്നു. അതു കേട്ടയുടനെ ആ മൂപ്പൻ അതു തന്റെ അമ്മയായിരുന്നു എന്ന് ആവേശഭരിതനായി പറഞ്ഞു. സാക്ഷ്യം കൊടുത്തതു നിമിത്തം അമ്മയെ അറസ്റ്റു ചെയ്യുകയും കൈക്കുഞ്ഞിനെ ഒഴികെ മക്കളെയെല്ലാം കോടതി വിധിപ്രകാരം അവരിൽ നിന്ന് അകറ്റി ബന്ധുക്കളെ ഏൽപ്പിക്കുകയും ചെയ്ത കാര്യം അദ്ദേഹം പറഞ്ഞു. അന്ന് ആ മൂപ്പന് മൂന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇതാ, അദ്ദേഹം തന്റെ അമ്മയുടെ മുൻകാല ജയിലറുമായി സ്നാപനത്തിനുള്ള ചോദ്യങ്ങൾ ചർച്ച ചെയ്യുന്നു. അവർ സത്യം സ്വീകരിച്ചതിൽ അദ്ദേഹം എത്രയോ സന്തുഷ്ടൻ ആയിരുന്നു!
ഫിൻലൻഡിൽ കഴിഞ്ഞ വർഷം സാക്ഷികളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായില്ലെങ്കിലും 20,103 എന്ന പുതിയ പ്രസാധക അത്യുച്ചം അവരെ സന്തോഷിപ്പിച്ചു. സത്യം അന്വേഷിക്കുന്ന പലരും ഇപ്പോഴും ആ രാജ്യത്തുണ്ട്. ഉദാഹരണത്തിന്, ഒരു സാക്ഷി ദമ്പതികൾ അയൽപക്കത്തെ കുടുംബവുമായി സൗഹൃദത്തിലാകാൻ അവസരം കാത്തിരിക്കുക ആയിരുന്നു. എന്നാൽ, അവരുടെ പക്ഷത്തുനിന്ന് എന്തെങ്കിലും ശ്രമം ഉണ്ടാകുന്നതിനു മുമ്പുതന്നെ അയൽക്കാരി സ്ത്രീ സാക്ഷികളുടെ വീട്ടിലേക്കു ചെന്നു. സംസാരം ആത്മീയ കാര്യങ്ങളിലേക്കു തിരിഞ്ഞു. നമ്മുടെ സഹോദരി ആ സ്ത്രീക്ക് പരിജ്ഞാനം പുസ്തകം നൽകി.
അവർ പുസ്തകം വീട്ടിൽ കൊണ്ടുപോയി. അവരുടെ ഭർത്താവ് രണ്ടു നാൾ കൊണ്ട് ആ പുസ്തകം വായിച്ചുതീർത്തു. യഹോവയുടെ സാക്ഷികളെ
കുറിച്ചു മുൻവിധി ഉണ്ടായിരുന്നതുകൊണ്ട് അവരെ വിമർശിക്കുക ആയിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. എങ്കിലും കൂടുതൽ കാര്യങ്ങൾ അറിയാൻ അദ്ദേഹം താത്പര്യം കാട്ടി. ദീർഘനാളായി തങ്ങൾ സത്യമതം അന്വേഷിച്ചുകൊണ്ടിരിക്കുക ആയിരുന്നു എന്ന് അവർ താമസിയാതെ സാക്ഷികളോടു പറഞ്ഞു. പല മതങ്ങളും അവർ ആരാഞ്ഞു നോക്കി. എന്നാൽ, സകലരും യഹോവയുടെ സാക്ഷികളെ കുറ്റം പറയുന്നതുകൊണ്ട് അവരെ കുറിച്ച് അറിയാനൊട്ടു മിനക്കെട്ടുമില്ല. “മറ്റു മതങ്ങളിൽ ഒന്നും സത്യമില്ലാത്ത സ്ഥിതിക്ക് സാക്ഷികളുടെ പക്കൽ അത് ഉണ്ടാകാൻ വഴിയില്ല,” അവർ വിചാരിച്ചു.ഉടൻതന്നെ ആ കുടുംബത്തോടൊപ്പം അധ്യയനം തുടങ്ങി. “അധ്യയനത്തിനിടയിൽ സുപരിചിതം ആയിരുന്ന പല തിരുവെഴുത്തുകൾക്കും പുതിയ അർഥം കൈവരുന്നതുപോലെ ഞങ്ങൾക്കു തോന്നി. പടിപടിയായി സത്യം വെളിപ്പെടുത്തപ്പെട്ടപ്പോൾ ഇരുളിൽ നിന്നു വെളിച്ചത്തിലേക്കു വന്നതുപോലെ ഞങ്ങൾക്ക് അനുഭവപ്പെട്ടു. ഒരു പുസ്തകത്തിൽ പറുദീസയുടെ ഒരു ചിത്രം കണ്ടയുടനെ ഞങ്ങൾ ഓർത്തു: ‘അവിടെ ആയിരിക്കാനാണു ഞങ്ങളുടെ ആഗ്രഹം!’”
പെട്ടെന്നുതന്നെ അവർ സഭാ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. ഭാര്യ അനുസ്മരിക്കുന്നു: “ഞങ്ങൾക്ക് ഊഷ്മളമായ സ്വാഗതം ലഭിച്ചു—എനിക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല!” അവിടത്തെ ചിട്ടയും സമയനിഷ്ഠയുമൊക്കെ ഭർത്താവിൽ മതിപ്പുളവാക്കി. 12 വയസ്സുള്ള അവരുടെ മകൻ മറ്റൊന്നാണു നിരീക്ഷിച്ചത്: “അധ്യയനത്തിന്റെ ഫലമായി വീട്ടിൽ ഡാഡിയും മമ്മിയും കുറച്ചുകൂടെ നല്ലവരായി, വീട്ടിലെ അന്തരീക്ഷം രസകരവും പിരിമുറുക്കം ഇല്ലാത്തതും ആയിത്തീർന്നു.” ഭർത്താവ് വിലമതിപ്പോടെ പറയുന്നു: “യഹോവ ഞങ്ങളോടു ദീർഘക്ഷമ കാട്ടി. ഞങ്ങൾ നശിച്ചുപോകാൻ അവൻ ആഗ്രഹിച്ചില്ല. ഞങ്ങൾ അനുതപിക്കാൻ അവൻ ഇടവരുത്തി.” ഏതാണ്ട് ഏഴു മാസത്തിനുള്ളിൽ മുഴു കുടുംബവും സ്നാപനമേറ്റു.—റോമ. 2:4; 2 പത്രൊ. 3:9.
ഒരു മലമ്പ്രദേശത്ത്, മുഖ്യ മെക്കാനിക്ക് ആയി ജോലി നോക്കുമ്പോഴാണ് സ്വിറ്റ്സർലൻഡിൽ ഉള്ള ഒരു മനുഷ്യൻ സത്യം പഠിച്ചത്. ആ ജോലി ഇഷ്ടമായിരുന്നെങ്കിലും അദ്ദേഹം കുറഞ്ഞ വേതനമുള്ള ഫാക്ടറി ജോലിയിൽ വീണ്ടും പ്രവേശിച്ചു. താഴ്വാരത്തു നടക്കുന്ന യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തത്. ജോലിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നതോടൊപ്പംതന്നെ തന്റെ മറ്റ് ഉത്തരവാദിത്വങ്ങൾക്കും വേണ്ടത്ര ശ്രദ്ധ നൽകുന്നതിനു തന്നെ സഹായിക്കാൻ അദ്ദേഹം യഹോവയോടു പ്രാർഥിച്ചു.
വർഷാവസാനം, ഡയറക്ടർ അദ്ദേഹത്തെ ഓഫീസിലേക്കു വിളിപ്പിച്ചിട്ട്, അദ്ദേഹത്തിന്റെ ജോലിയിലും മനോഭാവത്തിലും തങ്ങൾ സന്തുഷ്ടരാണ് എന്നു പറഞ്ഞു. ദിവസവും വൈകുന്നേരം നാലു മണിക്കു ജോലി നിർത്തി
പോകുന്നത് എന്തിനാണെന്നു സഹോദരനോടു ഡയറക്ടർ ചോദിച്ചു. തനിക്കു വേറെ രണ്ടു കോൺട്രാക്റ്റുകളും ഉണ്ടെന്നു സഹോദരൻ മറുപടി നൽകി. കാര്യം പിടികിട്ടാതെ ഡയറക്ടർ സഹോദരന്റെ നേരെ മിഴിച്ചുനോക്കി, എന്താണ് അർഥമാക്കിയതെന്നു ചോദിച്ചു. സഹോദരൻ പറഞ്ഞു: “ഞാൻ വിവാഹം ചെയ്തപ്പോൾ ഭാര്യയോട്, അവളെ പരിപാലിക്കാം എന്നും അവളോടൊപ്പം സമയം ചെലവഴിക്കാം എന്നും വാഗ്ദാനം ചെയ്തിരുന്നു. എന്റെ കുടുംബത്തെ പോറ്റിപ്പുലർത്താൻ തൊഴിൽ ചെയ്യുന്നതിനു പുറമേ സമയം ചെലവഴിക്കേണ്ടത് ആവശ്യമായിരിക്കുന്ന ഒരു ആത്മീയ ഘടകവും ഉണ്ട്, ദൈവവും ആയുള്ള എന്റെ ബന്ധം. ഈ മൂന്നു പ്രവർത്തനങ്ങളും എന്റെ അനുദിന ജീവിതത്തിൽ സമനിലയിൽ നിർത്തേണ്ടിയിരിക്കുന്നു.” വാസ്തവത്തിൽ, ദിവസത്തിന്റെ സിംഹഭാഗവും—ഒമ്പതു മണിക്കൂർ നേരത്തെ ജോലിക്കു പുറമേ ഫാക്ടറിയിലേക്കും തിരിച്ചും ഉള്ള യാത്രയ്ക്കു വേണ്ടിവരുന്ന സമയം—ലൗകിക തൊഴിലിനായിട്ടാണു ചെലവഴിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡയറക്ടർക്കു കാര്യം പിടികിട്ടി. തുടർന്നും വൈകുന്നേരം നാലു മണിക്കു ജോലി നിർത്തി പോകാൻ അദ്ദേഹം സഹോദരന് അനുവാദം നൽകി. അങ്ങനെ ഡയറക്ടർക്കു സാക്ഷ്യം നൽകാൻ സഹോദരനു കഴിഞ്ഞു. മറ്റു സഹ പ്രവർത്തകർക്കു സാക്ഷ്യം നൽകാനും അദ്ദേഹം അവസരങ്ങൾ തക്കത്തിൽ വിനിയോഗിക്കുന്നു. അവരിൽ പലരും ഇതിനു മുമ്പു സാക്ഷ്യം ലഭിച്ചിട്ടില്ലാത്തവരാണ്.വർഷങ്ങളോളം സ്പെയിനിലെ ഒരു സ്ഥാപനത്തിൽ ജനാല ചില്ലുകൾ തുടയ്ക്കുന്ന ജോലിയായിരുന്നു ഫെർണാണ്ടോയുടേത്. അവിടെയാണ് യഹോവയുടെ സാക്ഷിയായ കാർലോസും ജോലി ചെയ്തിരുന്നത്. ഇടയ്ക്കിടെ അവർ ഹ്രസ്വ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. എങ്കിലും ഫെർണാണ്ടോ സത്യത്തിൽ കാര്യമായ താത്പര്യമൊന്നും പ്രകടിപ്പിച്ചില്ല. എന്നാൽ, ബാർസെലോനയിൽ ഉള്ള, ഭാര്യയുടെ ചേച്ചിയെ സന്ദർശിച്ചതിനു ശേഷം ഫെർണാണ്ടോയ്ക്കു നിരവധി ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു. ചേച്ചിയുടെ അയൽക്കാരൻ—മുമ്പ് കുടിയനായിരുന്ന, ഭാര്യയെ ദിവസവും മർദിക്കുകയും പലവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്ന ആൾ—ആകെ മാറി നല്ല ഭർത്താവായതു ഫെർണാണ്ടോ ശ്രദ്ധിച്ചു. അയാൾ യഹോവയുടെ സാക്ഷിയായെന്നു ഫെർണാണ്ടോ മനസ്സിലാക്കി. എന്നാൽ, ഇത്തരമൊരു മാറ്റം എങ്ങനെ സാധ്യമാകുമായിരുന്നു? ദൈവവചനത്തിന് ആളുകളിൽ അത്തരം മാറ്റങ്ങൾ വരുത്താൻ കഴിയും എന്നു ഫെർണാണ്ടോയോടു കാർലോസ് വിശദീകരിച്ചു. (എബ്രാ. 4:12) ഫെർണാണ്ടോയ്ക്കു താത്പര്യമായി. ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹവും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. ഇപ്പോൾ അദ്ദേഹം സുവാർത്തയുടെ ഘോഷകനാണ്.