സമുദ്ര ദ്വീപുകൾ
സമുദ്ര ദ്വീപുകൾ
84 ദ്വീപുകളിലും ദ്വീപ സമൂഹങ്ങളിലും യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തെ കുറിച്ചു സാക്ഷീകരിക്കുന്നതിൽ തിരക്കുള്ളവരാണ്. ചില ദ്വീപുകളിൽ ആളുകൾ ബൈബിൾ സത്യത്തോടു ശ്രദ്ധേയമായി പ്രതികരിച്ചിരിക്കുന്നു. ദക്ഷിണ പസിഫിക്കിലെ ഫ്രഞ്ച് പോളിനേഷ്യയിൽ 114 പേർക്ക് 1 സാക്ഷി എന്നതാണ് അനുപാതം. കരീബിയനിലെ ഗ്വാഡലൂപ്പിലെ ജനസംഖ്യ 4,10,000 ആണ്. എന്നാൽ, തുടർച്ചയായ പ്രസംഗവേലയുടെ ഫലമായി അവിടെ 52 പേർക്ക് 1 സാക്ഷി വീതം ഉണ്ട്. ദക്ഷിണ അറ്റ്ലാന്റിക്കിലെ സെന്റ് ഹെലീനയിലെ അനുപാതം 33-ന് 1 എന്നതാണ്.
ഇന്ത്യൻ മഹാസമുദ്രത്തിലെ സെയ്ഷെൽസ് ദ്വീപ സമൂഹങ്ങളിൽ ഒന്നായ ലാ ഡിഗ് വളരെ ചെറിയ ഒരു ദ്വീപാണ്. അവിടെ രണ്ടായിരത്തോളം നിവാസികളേ ഉള്ളൂ, ഏതാണ്ട് 500 വീടുകൾ എന്നർഥം. പ്രോത്സാഹജനകമായ സംഗതികളാണ് അവിടെ സംഭവിക്കുന്നത്. മാഹി ദ്വീപിലാണു ഫ്രെഡി ജനിച്ചുവളർന്നത്. എന്നാൽ, ലാ ഡിഗിലേക്കു മാറിയതോടെ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച കാര്യങ്ങൾ അദ്ദേഹം മനസ്സിലാക്കി. കത്തോലിക്കൻ ആയി വളർന്നുവന്ന അദ്ദേഹം 18-ാം വയസ്സിൽ സെമിനാരിയിൽ ചേർന്നു. അവിടെവെച്ചു ബൈബിൾ പഠിക്കാനാകും എന്നാണ് അദ്ദേഹം വിചാരിച്ചിരുന്നത്. ബൈബിളിന്റെ ഒരു പ്രതി വേണമെന്ന് അദ്ദേഹം നിരന്തരം ആവശ്യപ്പെടുമായിരുന്നു. എന്നാൽ, സഭാ പാരമ്പര്യങ്ങൾ പഠിക്കുക എന്നായിരുന്നു ലഭിച്ചിരുന്ന മറുപടി. തീർത്തും ഭഗ്നാശനായ അദ്ദേഹം ഏതാനും വാരങ്ങൾക്കു ശേഷം പ്രസ്തുത സ്ഥാപനം വിട്ട്, തന്റേതായ വിധത്തിൽ ദൈവത്തെ അന്വേഷിക്കാൻ
തുടങ്ങി. ഒരു ബൈബിൾ സ്വന്തമാക്കിയ അദ്ദേഹം മനസ്സൊരുക്കമുള്ള ഏതൊരാളുമായി അതു ചർച്ച ചെയ്യുമായിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ജീവിതരീതിയും ചിന്താഗതികളും തമ്മിൽ പൊരുത്തമില്ലായിരുന്നു. അദ്ദേഹം അധാർമികത, മയക്കുമരുന്നു ദുരുപയോഗം, അമിത മദ്യപാനം, ആയോധന കല എന്നിവയിൽ ഏർപ്പെട്ടു.പിന്നീട്, ലാ ഡിഗിൽ താമസിക്കുമ്പോൾ അദ്ദേഹം യഹോവയുടെ സാക്ഷികളായ മിഷനറിമാരെ കണ്ടുമുട്ടി. പെട്ടെന്നുതന്നെ അദ്ദേഹത്തിന് ഒരു ബൈബിൾ അധ്യയനം തുടങ്ങി, ചിലപ്പോഴൊക്കെ വാരത്തിൽ രണ്ടോ മൂന്നോ തവണ. ദൈവനാമത്തെ കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹം വികാരഭരിതനായി. പിറ്റേന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “യാതൊരു പിടിപാടുമില്ലാത്ത ആരോടോ പ്രാർഥിക്കുന്നതിനു പകരം താൻ ആരോടാണു പ്രാർഥിക്കുന്നത് എന്ന് ഒരുവന് അറിയാൻ കഴിയുന്നത് എത്രയോ നല്ലതാണ്. രാത്രി മുഴുവൻ ഞാൻ ദൈവത്തോട് അവന്റെ പേർ വിളിച്ചു പ്രാർഥിച്ചു. ദൈവം എന്റെ പ്രാർഥന കേൾക്കുന്നു എന്ന് എനിക്കു ശരിക്കും ബോധ്യപ്പെടുന്നത് ഇത് ആദ്യമായിട്ടാണ്.”
ഒരിക്കൽ അദ്ദേഹം പറഞ്ഞു: “വളരെ താത്പര്യമുള്ള ഒരു യുവാവിനെ എനിക്കു പരിചയമുണ്ട്. അവനുമായി അധ്യയനം നടത്താൻ നിങ്ങൾക്കു സമയമില്ലെന്ന് എനിക്കറിയാം. ഞാൻ ഇതിനോടകം വളരെയധികം കാര്യങ്ങൾ പഠിച്ച സ്ഥിതിക്ക് അവനുമായി അധ്യയനം നടത്തിയാലോ എന്ന് ആലോചിക്കുകയാണ്.” ദൈവമുമ്പാകെ തന്റെ സ്ഥിതിയെക്കുറിച്ച് ആദ്യം പരിചിന്തിക്കാൻ മിഷനറി അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം ഫ്രെഡി പറഞ്ഞു: “യഹോവയുടെ സാക്ഷി ആയിരിക്കുന്നതിനു ബുദ്ധ്യുപദേശങ്ങൾ അറിഞ്ഞാൽ മാത്രം പോരാ, അവ ജീവിതത്തിൽ ബാധകമാക്കണം എന്നു ഞാൻ മനസ്സിലാക്കുന്നു. എനിക്ക് യഹോവയെ പ്രതിനിധീകരിക്കാനുള്ള യോഗ്യതയില്ല എന്നു ഞാൻ തിരിച്ചറിയുന്നു. എന്റെ കുടുംബ ജീവിതം നേരേചൊവ്വേ അല്ലാത്തപ്പോൾ എനിക്ക് എങ്ങനെ മറ്റുള്ളവരോടു പ്രസംഗിക്കാൻ സാധിക്കും?” അങ്ങനെ തനിക്കു ബന്ധമുണ്ടായിരുന്ന സ്ത്രീയെ നിയമപരമായി വിവാഹം ചെയ്യുന്നതു വരെ അദ്ദേഹം അവരെ വേർപിരിഞ്ഞിരുന്നു. പിറ്റേ മാസം അവർ വിവാഹിതരായി. കൂടുതലായ ചില മാറ്റങ്ങൾ കൂടെ വരുത്തിക്കഴിഞ്ഞ് വയൽ സേവനത്തിൽ പങ്കുപറ്റാൻ ഒടുവിൽ തനിക്കു പദവി ലഭിച്ചപ്പോൾ ഫ്രെഡിക്കു സന്തോഷമായി. ഇപ്പോൾ അദ്ദേഹം സ്നാപമേറ്റിരിക്കുന്നു.
മൗറീഷ്യസിൽ ഉള്ള എൽസി തന്റെ പട്ടണത്തിൽ ഗ്രോ മാമാ വെളിച്ചപ്പാടത്തി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സകലർക്കും അവരെ ഭയമായിരുന്നു. അവർ ശവക്കോട്ടയിൽ ക്ഷുദ്രപ്രയോഗങ്ങൾ നടത്തിയിരുന്നു. ദുഷ്ടാത്മാക്കളെ തുരത്താൻ അപാര ശക്തിയുള്ള സ്ത്രീ ആയിട്ടാണ് അവർ അറിയപ്പെട്ടിരുന്നത്. അവർ ബൈബിൾ സത്യങ്ങൾ പഠിക്കാൻ ഇടയായത് എങ്ങനെ?
അങ്ങേയറ്റം ക്ഷമയും വ്യക്തിപരമായ താത്പര്യവും യഹോവയുടെ അനർഹദയയുമാണ് അതിനു വഴിതെളിച്ചത്. എൽസിയുടെ മകൾ പഠിക്കാൻ തുടങ്ങിയപ്പോൾ സാക്ഷികൾ അമ്മയെയും സന്ദർശിച്ചു. എൽസി ആത്മവിദ്യയിൽ ആഴമായി ഉൾപ്പെട്ടിരുന്നു, അവർക്കു വായിക്കാനും അറിഞ്ഞുകൂടായിരുന്നു. ഗൗരവാവഹമായ കുടുംബ പ്രശ്നങ്ങൾ അവരെ അലട്ടിയിരുന്നു. മാത്രമല്ല, അവർ കടുത്ത പുകവലിക്കാരിയും ആയിരുന്നു. ഇതെല്ലാം സാക്ഷികൾ മനസ്സിലാക്കി. എന്നിരുന്നാലും, എന്റെ ബൈബിൾ കഥാ പുസ്തകം ഉപയോഗിച്ചു ബൈബിൾ ചർച്ചകൾ തുടങ്ങി. “യഹോവയിൽ ആശ്രയം വെക്കുവാൻ” അവരെ നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ട് ആഴ്ചയിൽ മൂന്നു തവണ വീതം സാക്ഷികൾ അവരെ സന്ദർശിച്ചു.മാറ്റങ്ങൾ വരുത്തുക അത്ര എളുപ്പമായിരുന്നില്ല. പുകവലി നിർത്താൻ മല്ലടിക്കവേ നാം ചെയ്യുന്നതെല്ലാം യഹോവ കാണുന്നുണ്ട് എന്നും അവനിൽ നിന്നു നമുക്ക് ഒന്നും മറച്ചുവെക്കാനാവില്ല എന്നും അവർ മനസ്സിലാക്കേണ്ടത് ഉണ്ടായിരുന്നു. (എബ്രാ. 4:13) ആദിമ ക്രിസ്ത്യാനികൾ മാന്ത്രിക വിദ്യയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കത്തിച്ചുകളയുന്ന ചിത്രം എന്നേക്കും ജീവിക്കാൻ പുസ്തകത്തിൽ അവർ കണ്ടിരുന്നു. അതിന്റെ അർഥവും അവർക്കു വിശദീകരിച്ചു കൊടുത്തിരുന്നു. എന്നുവരികിലും, ഉടനെയൊന്നും അവർ തന്റെ ഭൂതവിദ്യ നിർത്തിയില്ല. (പ്രവൃ. 19:19) എങ്കിലും, ഭീതിദമായ ഒരു അനുഭവത്തിനു ശേഷം വ്യാജാരാധനയിൽ താൻ ഉപയോഗിച്ചിരുന്ന സകല വസ്തുക്കളും അവർ നദിയിൽ എറിഞ്ഞു കളഞ്ഞു.
പിന്നീട് ഗൂഢവിദ്യാ പ്രവർത്തനങ്ങൾക്കായി ആളുകൾ അവരെ സന്ദർശിക്കുമ്പോഴെല്ലാം, താൻ ചെയ്തിരുന്നതു ദൈവത്തെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ആയിരുന്നില്ല എന്ന് അവർ വിശദീകരിക്കുമായിരുന്നു. ബൈബിൾ പഠിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. യഹോവയ്ക്കു മാത്രമേ ദുഷ്ടാത്മാക്കളിൽ നിന്നു സംരക്ഷണം നൽകാൻ സാധിക്കുകയുള്ളൂ എന്നു പറഞ്ഞുകൊണ്ട് അവനിൽ ആശ്രയിക്കാൻ അവർ ആളുകളെ പ്രോത്സാഹിപ്പിച്ചു. സമീപകാലത്ത് എൽസി നിര്യാതയായെങ്കിലും മുമ്പ് അവരെ സന്ദർശിച്ചിരുന്ന ചിലർ ഇപ്പോൾ യഹോവയുടെ ദാസരാണ്.
ദക്ഷിണ പസഫിക്കിലെ വാലിസ്, ഫുട്ടൂന ദ്വീപുകളിൽ എല്ലാ ഗ്രാമങ്ങളിലുമൊന്നും വീടുതോറുമുള്ള വേലയ്ക്ക് അനുവാദമില്ല. എങ്കിലും ബന്ധുക്കളെ സന്ദർശിച്ച് അനൗപചാരിക സാക്ഷീകരണം നടത്താൻ സാധിക്കും. അവിടെ ഒരു ബൈബിൾ വിദ്യാർഥി തന്റെ സുഹൃത്തിന് രാജ്യവാർത്ത നമ്പർ 35 കൊടുത്തു. കുടിയനെന്നു കുപ്രസിദ്ധിയുള്ള അയാൾക്കു നീണ്ട തലമുടിയും ദീക്ഷയും ഉണ്ടായിരുന്നു. അയാൾ ഭാര്യയെയും മക്കളെയും നിരന്തരം മർദിക്കുമായിരുന്നു. പല ചർച്ചകൾക്കു ശേഷം ആ മനുഷ്യൻ സഭാ പുസ്തക അധ്യയനത്തിനു ഹാജരാകാൻ സമ്മതിച്ചു. പഠിച്ച കാര്യങ്ങളിൽ അങ്ങേയറ്റം മതിപ്പുതോന്നിയ അയാൾ ഭാര്യയെയും കൂട്ടി രാജ്യഹാളിൽ വരട്ടെ എന്നു ചോദിച്ചു. ആ വാരത്തിലെ പരസ്യ പ്രസംഗം “യഹോവയെ
ബഹുമാനിക്കുന്ന ഒരു ശുദ്ധ ജനം” എന്നതായിരുന്നു. അവരിൽ അത് അങ്ങേയറ്റം മതിപ്പുളവാക്കി. ഇരുവരും ബൈബിൾ അധ്യയനത്തിന് ആഗ്രഹം പ്രകടിപ്പിച്ചു. ആ ദമ്പതികളെ യോഗത്തിനു ക്ഷണിച്ച ബൈബിൾ വിദ്യാർഥി അവർ തന്റെ വീട്ടിൽ വന്ന് അവിടെവെച്ച് രണ്ടു സാക്ഷികളെ പരിചയപ്പെടത്തക്കവണ്ണം ക്രമീകരണങ്ങൾ ചെയ്തു. താത്പര്യക്കാരായ ആ ദമ്പതികൾ എത്തിയപ്പോൾ അവരിൽ ഭർത്താവ് തിരിച്ചറിയാനാകാത്തവിധം മാറിപ്പോയിരുന്നു. അയാൾ ദീക്ഷ വടിച്ച്, ജടപിടിച്ച നീണ്ട തലമുടി വെട്ടിക്കളഞ്ഞ്, വൃത്തിയുള്ള വസ്ത്രം ധരിച്ചിരുന്നു. അയാളുടെ സംസാര രീതിക്കു പോലും മാറ്റം വന്നിരുന്നു. അയാൾ മൊത്തത്തിൽ ഒരു പുതിയ മനുഷ്യനായിരുന്നു. അന്നു മുതൽ എല്ലാ സഭായോഗങ്ങൾക്കും അവർ ക്രമമായി ഹാജരായി. നമ്മുടെ വേല മറ്റുള്ളവരെ വിധിക്കുകയല്ല മറിച്ച്, അവരുമായി ബൈബിൾ സത്യങ്ങൾ പങ്കിടുകയാണ് എന്നതു വ്യക്തമാണ്. ആളുകളുടെ ഹൃദയം പരമാർഥത ഉള്ളതാണെങ്കിൽ തങ്ങളുടെ ജീവിതത്തിൽ അത്യാവശ്യമായ മാറ്റങ്ങൾ വരുത്താൻ യഹോവയുടെ ആത്മാവ് അവരെ സഹായിക്കും.തായ്വാനിൽ അനേകർക്കും ശവസംസ്കാരവും പൂർവികാരാധനയും മറ്റുമായി ബന്ധപ്പെട്ടു വിശ്വാസത്തിന്റെ യഥാർഥ പരിശോധനകൾ അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. പുതുതായി സ്നാപനമേറ്റ മേഹ്വാ എന്ന സഹോദരി മരണശയ്യയിൽ കിടക്കുന്ന അമ്മായിയച്ഛനെ സ്നേഹപുരസ്സരം മാസങ്ങളോളം ആശുപത്രിയിൽ ചെന്നുകണ്ടു. അദ്ദേഹം മരിച്ചപ്പോൾ, അദ്ദേഹത്തെ ആരാധിക്കാത്തപക്ഷം അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കുകയില്ലെന്നും ആത്മാവ് കുടുംബത്തെ വേട്ടയാടുമെന്നും സഹോദരിയോട് അമ്മായിയമ്മ പറഞ്ഞു. സമ്മർദങ്ങളെല്ലാം ഉണ്ടായിട്ടും മേഹ്വാ സഹോദരി ഉറച്ചുനിന്നു. തന്മൂലം, സ്വന്തം വീട്ടിലേക്കു തിരിച്ചുപോകാൻ സഹോദരിയുടെമേൽ നിർബന്ധം ചെലുത്താൻ അമ്മായിയമ്മ നിശ്ചയിച്ചു. മരിച്ചവരെ ആരാധിക്കുന്നതിൽ പങ്കുപറ്റാൻ വിസമ്മതിച്ച മേഹ്വാ തന്റേതായ വിധത്തിൽ മരിച്ചയാൾക്ക് ആദരവു നൽകാൻ തന്നെ അനുവദിക്കണമെന്ന് അവരോട് അഭ്യർഥിച്ചു. അതിശയകരമെന്നു പറയട്ടെ, അവർ സമ്മതം മൂളി! ഉചിതമായ ഒരു പ്രാർഥനയ്ക്കു മേഹ്വാ തയ്യാറെടുത്തു. സമയമായപ്പോൾ മുഴു കുടുംബത്തിന്റെയും മുമ്പാകെ അവർ നിറകണ്ണുകളോടെ പ്രാർഥിച്ചു. അമ്മായിയച്ഛൻ യാതന അനുഭവിക്കുകയല്ല, മറിച്ച് സമാധാനത്തിലാണ് എന്നു മനസ്സിലാക്കുന്നതിനു മുഴു കുടുംബത്തെയും സഹായിക്കാൻ സഹോദരി യഹോവയോട് ആത്മാർഥമായി അപേക്ഷിച്ചു. പുനരുത്ഥാനത്തെ കുറിച്ചും അമ്മായിയച്ഛന് അതിൽ നിന്ന് എങ്ങനെ പ്രയോജനം നേടാം എന്നതിനെ കുറിച്ചും സഹോദരി പ്രാർഥനയിൽ പരാമർശിച്ചു. (പ്രവൃ. 24:15) ഫലം വിസ്മയാവഹം ആയിരുന്നു. അമ്മായിയമ്മയും അവിശ്വാസിയായ ഭർത്താവും മുഴു കുടുംബവും സഹോദരിയെ ധൈര്യശാലിയായ ഒരു ഉത്തമ സ്ത്രീയെന്ന നിലയിൽ ആദരവോടെ വീക്ഷിക്കാൻ തുടങ്ങി. ശുശ്രൂഷയിൽ തീക്ഷ്ണതയോടെ പങ്കെടുത്തുകൊണ്ട് സഹോദരി യഹോവയോടുള്ള തന്റെ വിലമതിപ്പ് തുടർന്നും പ്രകടമാക്കുന്നു.