കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം അവരുടെ വാർഷിക കൺവെൻഷനുകൾ വളരെ പ്രധാനപ്പെട്ടവയാണ്. 1999-ന്റെ മധ്യത്തോടെ തുടങ്ങിയ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളുടെ വിഷയം “ദൈവത്തിന്റെ പ്രാവചനിക വചനം” എന്നതായിരുന്നു. കൺവെൻഷൻ പരിപാടികൾ അനുദിന ബൈബിൾ വായനയുടെ മൂല്യം ഊന്നിപ്പറഞ്ഞു; യാക്കോബിനെയും ഏശാവിനെയും കുറിച്ചുള്ള ഒരു നാടകം അതിന് ഊന്നൽ നൽകുകയും ചെയ്തു. ദാനീയേൽ പുസ്തകത്തിലെ പ്രവചനങ്ങളുടെ സംക്ഷിപ്ത അവലോകനവും ഹബക്കൂക് പുസ്തകത്തിന്റെ വിശദമായ ചർച്ചയും പ്രസംഗങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഈ വ്യവസ്ഥിതിയുടെ അന്ത്യം എത്ര ആസന്നമാണെന്നു കൺവെൻഷൻ പരിപാടികൾ എടുത്തുകാട്ടി. ഇപ്പോൾ നാം നിർവഹിക്കുന്ന സാക്ഷീകരണത്തെ കുറിച്ചു ചർച്ച ചെയ്തതിനു പുറമേ, ‘സകലവും പുതുതാക്കു’മെന്ന വെളി. 21:5.
യഹോവയുടെ ഹൃദയോഷ്മളമായ വാഗ്ദാനത്തെ കുറിച്ചു ചിന്തിക്കാനും പരിപാടികൾ നമ്മെ സഹായിച്ചു.—47 ഭാഷകളിൽ പ്രസിദ്ധീകരിച്ച ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുതിയ പുസ്തകം ലഭിച്ചതു കൺവെൻഷനു കൂടിവന്ന സഹോദരങ്ങളെ ആഹ്ലാദഭരിതരാക്കി. കൊറിയയിലെ സഹോദരങ്ങൾക്കു കൂടുതലായ സന്തോഷത്തിനു കാരണം ഉണ്ടായിരുന്നു, വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം കൊറിയൻ ഭാഷയിൽ അവർക്കു ലഭ്യമായി.
മാസങ്ങളോളം യൂഗോസ്ലാവിയ യുദ്ധത്തിന്റെ പിടിയിൽ അമർന്നിരുന്നിട്ടും, സെർബിയൻ ഭാഷയിൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം പ്രകാശനം ചെയ്യാൻ സഹോദരങ്ങൾക്കു സാധിച്ചു എന്നതു തികച്ചും അതിശയകരമായ സംഗതിയാണ്. രാജ്യാന്തര ദിവ്യാധിപത്യ സഹകരണത്തിന്റെ ഫലമായി യൂഗോസ്ലാവിയയുടെ അയൽ രാജ്യങ്ങളിലും ക്രൊയേഷ്യൻ, മാസിഡോണിയൻ എന്നീ ഭാഷകളിൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ പ്രകാശനം ചെയ്യപ്പെട്ടു. സന്തോഷാശ്രുക്കളോടെയാണു സഹോദരങ്ങൾ അവ സ്വീകരിച്ചത്.
യൂഗോസ്ലാവിയയിലെ സഹോദരങ്ങൾക്കു സന്തോഷിക്കാൻ പ്രത്യേക കാരണം ഉണ്ടായിരുന്നു. ആ രാജ്യം, മാർച്ച് മാസത്തിലുടനീളം യുദ്ധത്തിനു വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു. ബെൽഗ്രേഡിൽ ബോംബാക്രമണം നടക്കുന്നപക്ഷം ടെലിഫോൺ ബന്ധം വിച്ഛേദിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ, ബെൽഗ്രേഡിലുള്ള പരിഭാഷാ കേന്ദ്രത്തിൽ നിന്ന് പരിഭാഷപ്പെടുത്തിയ വിവരങ്ങൾ ജർമനിയിലുള്ള അച്ചടികേന്ദ്രത്തിൽ എത്തിക്കുന്നതു ദുഷ്കരമാകുമായിരുന്നു. വ്യോമാക്രമണം ഉണ്ടാകുമെന്നു മാർച്ച് 23 ചൊവ്വാഴ്ച ഉറപ്പായി. തന്മൂലം, ബെൽഗ്രേഡ് കൺവെൻഷനിൽ പ്രകാശനം ചെയ്യാനുള്ള ബൈബിളിനോടു ബന്ധപ്പെട്ട വേലയിൽ ഏർപ്പെട്ടിരുന്ന സഹോദരങ്ങൾ അന്നു രാത്രി മുഴുവനും ജോലിചെയ്തു. പിറ്റേന്നു രാവിലെ, അതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഫയലുകൾ ജർമനിയിലേക്ക് അയയ്ക്കാൻ അവർക്കു സാധിച്ചു. ഏതാനും മണിക്കൂറുകൾക്കു ശേഷം ബോംബാക്രമണം ആരംഭിച്ചു. ബോംബുവർഷത്തിൽ നിന്നു രക്ഷപ്പെടുന്നതിനു സുരക്ഷാസങ്കേതങ്ങളിലേക്കു പോകാൻ നിർബന്ധിതരായെങ്കിലും തങ്ങളുടെ ജോലി നിർവഹിച്ചതിൽ ആ പരിഭാഷാ സംഘം തികച്ചും സന്തുഷ്ടരായിരുന്നു!
നാലു മാസത്തിനു ശേഷം, ബെൽഗ്രേഡിൽ നടന്ന കൺവെൻഷനിൽ ബൈബിൾ പ്രകാശനം ചെയ്യപ്പെട്ടപ്പോഴുണ്ടായ അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. എല്ലാവർക്കും ബൈബിളിന്റെ ഓരോ പ്രതി കിട്ടിയ ഉടനെ കൺവെൻഷൻ സ്ഥലം ശൂന്യമായി. ബൈബിൾ വായിക്കാനുള്ള വ്യഗ്രതയിൽ സഹോദരങ്ങൾ തങ്ങളുടെ വാസസ്ഥാനങ്ങളിലേക്കു മടങ്ങിക്കഴിഞ്ഞിരുന്നു! കൊലപാതകത്തിനും കടുത്ത
വിദ്വേഷത്തിനും വഴിമരുന്നിട്ടിരിക്കുന്ന വംശീയവും മതപരവുമായ ഭിന്നതകളാൽ ചീന്തപ്പെട്ട ഒരു ലോകത്തിൽ തങ്ങൾക്ക് ഏറ്റവും ഉത്തമമായ സമ്മാനമാണു ലഭിച്ചിരിക്കുന്നത് എന്ന് അവർക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു.തുടർന്നുവന്ന വാരാന്ത്യത്തിൽ, ഇന്തൊനീഷ്യയിലെ എട്ടു കൺവെൻഷനുകളിൽ ആദ്യത്തേതു നടക്കുകയുണ്ടായി. മത-രാഷ്ട്രീയ രംഗങ്ങളിലെ ഘടകകക്ഷികൾ അക്രമം അഴിച്ചുവിട്ടിരിക്കുന്ന ഒരു പ്രമുഖ പൗരസ്ത്യ ദേശമാണ് അത്. ജക്കാർത്തയിൽ നടന്ന കൺവെൻഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15,666 പേർ ഹാജരായിരുന്നു. അന്നാദ്യമായി കൺവെൻഷൻ സ്ഥലത്തു വെച്ചു തന്നെ സ്നാപനം നടത്തപ്പെട്ടു. 430 പേർ സ്നാപനമേൽക്കുന്നത് അത്യധികം ഉത്സാഹത്തോടെയാണു സദസ്യർ വലിയ ടെലിവിഷൻ സ്ക്രീനിൽ വീക്ഷിച്ചത്. എന്നാൽ, ഇന്തൊനീഷ്യനിൽ സമ്പൂർണ ബൈബിളിന്റെ പുതിയ ലോക ഭാഷാന്തരം അച്ചടിക്കപ്പെട്ടെന്നും താമസിയാതെ അതു ലഭ്യമാകുമെന്നും അറിയിച്ചപ്പോൾ അവിടെ കൂടിയിരുന്നവരുടെ ആവേശം അലതല്ലി.
ദൈവമാർഗത്തിലുള്ള ജീവിതം നയിക്കുന്നു
1999 സേവന വർഷത്തിന്റെ—അത് 1998 സെപ്റ്റംബറിൽ തുടങ്ങി—പ്രാരംഭ മാസങ്ങളിലും “ദൈവമാർഗത്തിലുള്ള ജീവിതം” അന്താരാഷ്ട്ര കൺവെൻഷനുകൾ തുടരുകയുണ്ടായി. അവയിൽ പലതും ഐക്യനാടുകളിലും യൂറോപ്പിലും അതിനോടകംതന്നെ നടന്നുകഴിഞ്ഞിരുന്നു. എന്നാൽ, സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ഇത്തരം 13 അന്താരാഷ്ട്ര കൺവെൻഷനുകൾ കൂടി നടക്കുകയുണ്ടായി.
1999 സേവന വർഷത്തിലെ ഈ കൺവെൻഷനുകളിൽ ആദ്യത്തേതു നടന്നത് 1998 സെപ്റ്റംബർ 18-20 തീയതികളിൽ ബ്രസീലിലെ സാവൊ പൗലോയിലാണ്. പിന്നീട്, മറ്റു 16 സ്ഥലങ്ങളിൽ ഒരേ സമയം കൺവെൻഷനുകൾ നടത്തപ്പെട്ടു. റിയോ ഡി ജനീറോയിലെ കൂറ്റൻ സ്റ്റേഡിയമായ മാരാകാനാനിൽ നടത്തപ്പെട്ട കൺവെൻഷനും അതിൽ ഉൾപ്പെടും. 15 ദേശങ്ങളിൽ നിന്നായി ആയിരക്കണക്കിനു പേർ അതിൽ ഹാജരായിരുന്നു. പങ്കെടുത്ത 54 മിഷനറിമാരിൽ 23 പേർ ബ്രസീലിൽ നിന്നു മൊസാമ്പിക്കിലേക്കു നിയമനം ലഭിച്ചവർ ആയിരുന്നു. ഞായറാഴ്ച, ദൈവമാർഗത്തിലുള്ള ജീവിതമാണ് ഏറ്റവും ഉത്തമം എന്നു പ്രഖ്യാപിക്കുന്ന ഒരു പ്രമേയം പാസ്സാക്കിയപ്പോൾ 17 സ്ഥലങ്ങളിലായി കൂടിവന്നിരുന്ന മൊത്തം 5,16,333 പേർ ഇടിമുഴക്കം പോലുള്ള ശബ്ദത്തിൽ സിൻ (ഉവ്വ്) എന്നു പറഞ്ഞുകൊണ്ട് അത് അംഗീകരിക്കുകയുണ്ടായി!
അതേ വാരാന്ത്യത്തിൽ, കൊറിയയിലെ സോളിലുള്ള ഒളിമ്പിക് സ്റ്റേഡിയം
63,886 പേരെക്കൊണ്ടു നിറഞ്ഞു. കൺവെൻഷനു മുമ്പുള്ള ദിവസങ്ങളിൽ 3,046 വിദേശ പ്രതിനിധികൾ എത്തിച്ചേർന്നു. അവരെ സ്വീകരിക്കാൻ പരമ്പരാഗത രീതിയിൽ വർണപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിച്ച സഹോദരിമാർ ഉൾപ്പെടെ കൊറിയക്കാരായ നൂറുകണക്കിനു സാക്ഷികൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഒടുവിലത്തെ പ്രസംഗത്തിനു ശേഷം, കൺവെൻഷനു ഹാജരായ ആയിരക്കണക്കിനു സാക്ഷികൾ ഇരുവശത്തും നിരനിരയായി നിലയുറപ്പിച്ചപ്പോൾ ഉണ്ടായ ഇടനാഴിയിലൂടെ വിദേശ പ്രതിനിധികൾ തങ്ങളുടെ ബസ്സുകളിലേക്കു നടന്നുനീങ്ങി. ചിലർ അതിനെ ‘സ്നേഹത്തിന്റെ ഇടനാഴി’ എന്നാണു വിശേഷിപ്പിച്ചത്. പ്രതിനിധികൾ അതിലൂടെ മുന്നോട്ടു നീങ്ങവെ, “പറുദീസയിൽവെച്ച് വീണ്ടും കാണാം,” “ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു” എന്നിങ്ങനെ കൊറിയക്കാരായ സാക്ഷികൾ വിളിച്ചു പറഞ്ഞു. സന്തോഷം കൊണ്ട് പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.സോളിൽ കൺവെൻഷൻ നടന്ന് അധികം കഴിയുന്നതിനു മുമ്പാണ് പോർട്ടറിക്കോയിൽ ജോർജസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പിറ്റേ വെള്ളിയാഴ്ച പോർട്ടറിക്കോയിൽ അന്താരാഷ്ട്ര കൺവെൻഷൻ നടക്കാനിരിക്കുകയായിരുന്നു. അതു സാധ്യമാകുമായിരുന്നോ? കൊടുങ്കാറ്റിന്റെ ഫലമായി, മുഴു ദ്വീപിലും ആഴ്ചകളോളം വൈദ്യുതി ഉണ്ടായിരിക്കുകയില്ല എന്നായിരുന്നു കണക്കുകൂട്ടൽ. വെള്ളം ലഭിക്കാതായി; സാൻഹ്വാൻ വിമാനത്താവളം അടച്ചുപൂട്ടി; ആയിരക്കണക്കിനു വിദേശ സാക്ഷികളെ പാർപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന സഹോദരങ്ങളുടെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ദുരന്തം നിമിത്തം, കൺവെൻഷൻ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് ഇടങ്ങളിൽ ഒരെണ്ണം—ഹൈറം ബിഥോൺ സ്റ്റേഡിയം—മാത്രമേ ഉപയോഗയോഗ്യമായ അവസ്ഥയിൽ ആയിരുന്നുള്ളൂ. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിക്കപ്പെട്ടു. ആ കൺവെൻഷന്റെ അത്യുച്ച ഹാജർ 15,065 ആയിരുന്നു!
ഏകദേശം ഒരു മാസം കഴിഞ്ഞ്, ഒക്ടോബർ 30 മുതൽ നവംബർ 1 വരെയുള്ള തീയതികളിൽ ഓസ്ട്രേലിയയിൽ ബ്രിസ്ബെയ്ൻ, മെൽബൺ, സിഡ്നി എന്നിവിടങ്ങളിലായി മൂന്ന് അന്താരാഷ്ട്ര കൺവെൻഷനുകൾ നടന്നു. ഭരണസംഘാംഗങ്ങൾ ആയ ജോൺ ബാർ, മിൽട്ടൺ ഹെൻഷൽ, ലോയിഡ് ബാരി, തിയോഡർ ജാരറ്റ്സ് എന്നിവർ ആ കൺവെൻഷനുകളിൽ പങ്കെടുത്തു. ലോയിഡ് ബാരിയും തിയോഡർ ജാരറ്റ്സും ഓസ്ട്രേലിയയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവരാണ്. മിഷനറി സേവനത്തിനായി ഓസ്ട്രേലിയയിൽ നിന്ന് അയയ്ക്കപ്പെട്ട തീക്ഷ്ണതയുള്ള പല മിഷനറിമാരും ആ കൺവെൻഷനുകളിൽ സന്നിഹിതരായിരുന്നു.
1998-ന്റെ അവസാനത്തോടെ, ആഫ്രിക്കയിൽ കൂടുതലായ അന്താരാഷ്ട്ര കൺവെൻഷനുകൾ നടത്തപ്പെട്ടു. ഡിസംബറിൽ,
കെനിയയിലെ നയ്റോബിയിലുള്ള മൊയ് ഇന്റർനാഷണൽ സ്പോർട്സ് സെന്ററിൽ നടന്ന കൺവെൻഷനിൽ സംബന്ധിച്ച 24,502 പേരിൽ തങ്ങൾക്കും ഉൾപ്പെടാൻ കഴിഞ്ഞത് 16 രാജ്യങ്ങളിൽ നിന്നുള്ള സാക്ഷികളെ സന്തോഷഭരിതരാക്കി.പിറ്റേ വാരം, ദക്ഷിണാഫ്രിക്കയിൽ (കേപ്പ് ടൗൺ, ഡർബൻ, ജോഹാനസ്ബർഗ്, പ്രിറ്റോറിയ എന്നിവിടങ്ങളിൽ) നാല് അന്താരാഷ്ട്ര കൺവെൻഷനുകൾ നടത്തപ്പെട്ടു. മൊത്തം 83,858 പേർ ഹാജരായി; 1,626 പേർ സ്നാപനമേറ്റു. തുടർന്ന് അവിടെ 18 ഡിസ്ട്രിക്റ്റ് കൺവെൻഷനുകളും നടത്തപ്പെട്ടു. അവയിൽ മൊത്തം 53,901 പേർ ഹാജരായി, 1,065 പേർ സ്നാപനമേറ്റു. ഇത്തവണ ത്സോംഗായിൽ സമ്പൂർണ ബൈബിളിന്റെ പുതിയ ലോക ഭാഷാന്തരം പ്രകാശനം ചെയ്തു. ആ കൺവെൻഷനുകളിൽ പങ്കെടുത്തവർക്കിടയിൽ പ്രകടമായ സ്നേഹവും ഐക്യവും യേശുവിന്റെ പിൻവരുന്ന വാക്കുകൾ അവർക്കു നന്നായി ചേരുന്നു എന്നതിനു സുവ്യക്തമായ തെളിവേകി: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”—യോഹന്നാൻ 13:35.
ഡിസംബറിലെ അവസാന വാരാന്ത്യത്തിൽ പശ്ചിമാഫ്രിക്കയിലെ ഐവറി കോസ്റ്റിലുള്ള അബിജാനിലും ഒരു കൺവെൻഷൻ നടത്തപ്പെട്ടു. ഫ്രഞ്ച്, ഇംഗ്ലീഷ്, റ്റ്വി എന്നീ ഭാഷകളിൽ പരിപാടികൾ അവതരിപ്പിക്കപ്പെട്ടു. ആ രാജ്യത്തുള്ള 6,000-ത്തോളം വരുന്ന പ്രസാധകരും വിദേശത്തു നിന്നുള്ള 500 സാക്ഷികളും ആ കൺവെൻഷനിൽ പങ്കെടുത്തു. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, ദൈവമാർഗത്തിലുള്ള ജീവിതത്തെ കുറിച്ചു പഠിക്കാൻ ആ കൺവെൻഷനിൽ കൂടിവന്നവരുടെ മൊത്ത ഹാജർ 16,009 ആയിരുന്നു!
ഒടുവിൽ, 32 അന്താരാഷ്ട്ര കൺവെൻഷനുകളുടെ ഉപസംഹാരമായി 1999 ജനുവരി 1-3 തീയതികളിൽ കോസ്റ്ററിക്കയിൽ നടന്ന കൺവെൻഷനിൽ 34,431 പേർ ഹാജരായി. അവിടത്തെ 19,000 വരുന്ന പ്രസാധകരിൽ അത് അങ്ങേയറ്റം സന്തോഷമുളവാക്കി. 42 രാജ്യാന്തര വിമാനങ്ങളിലായി വന്നിറങ്ങിയ പ്രതിനിധികൾക്കു സ്വാഗതമരുളാനായി 4,000-ത്തോളം പ്രാദേശിക സാക്ഷികൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. പ്രതിനിധികളെ സ്വീകരിക്കാനായി ഒരു ഇടനാഴി തീർത്ത അവർ, “ബിയെൻബെനിദോസ് എർമാനോസ്” (സഹോദരങ്ങളേ, നിങ്ങൾക്കു സ്വാഗതം!) എന്നു പറഞ്ഞുകൊണ്ടു കരഘോഷം മുഴക്കുകയും അവർക്ക് ആശംസയേകുകയും ചെയ്തു. സഹോദരങ്ങളുടെ സ്നേഹപ്രകടനത്തിൽ ആകൃഷ്ടനായ വിമാനത്താവളത്തിലെ ഒരു വിൽപ്പനക്കാരൻ തന്നെ ബൈബിൾ പഠിപ്പിക്കാൻ സാക്ഷികളോട് ആവശ്യപ്പെട്ടു!
അന്താരാഷ്ട്ര കൺവെൻഷനുകളിൽ കൂടിവന്നവർ പ്രകടമാക്കിയ സ്നേഹം, സാക്ഷികൾ അല്ലാത്ത നിരീക്ഷകരിൽ മതിപ്പുളവാക്കി. യഹോവയുടെ സാക്ഷികൾക്ക് ഇടയിലുള്ള അന്താരാഷ്ട്ര ബന്ധം വെളി. 7:9, 10.
ബലിഷ്ഠമാകാനും അവ ഉതകി. വാസ്തവത്തിൽ, “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു”ള്ള “ഒരു മഹാപുരുഷാര”ത്തെ—രക്ഷയ്ക്കായി യഹോവയിലേക്കും അവന്റെ പുത്രനായ യേശുക്രിസ്തുവിലേക്കും നോക്കുന്ന ആളുകളെ—നീതിനിഷ്ഠമായ തന്റെ പുതിയ ലോകത്തിലേക്ക് ആനയിക്കാനായി യഹോവ കൂട്ടിവരുത്തുകയാണ് എന്നതിന്റെ സുവ്യക്തമായ തെളിവായിരുന്നു ആ കൺവെൻഷനുകൾ.—‘പ്രവൃത്തിയിലും സത്യത്തിലും’ സ്നേഹിക്കുന്നു
യഹോവയുടെ സാക്ഷികൾക്ക് അന്യോന്യമുള്ള സ്നേഹം രാജ്യഹാളുകളിൽ വെച്ചു കാണുമ്പോഴുള്ള പുഞ്ചിരിയിലോ ഹസ്തദാനത്തിലോ മറ്റു ദേശങ്ങളിൽ നിന്നെത്തുന്ന കൺവെൻഷൻ പ്രതിനിധികൾക്ക് ആതിഥ്യമരുളുന്നതിലോ ഒന്നും ഒതുങ്ങുന്നില്ല. ബൈബിൾ വിദ്യാർഥികൾ എന്ന നിലയിൽ, 1 യോഹന്നാൻ 3:17, 18-ൽ (പി.ഒ.സി. ബൈബിൾ) എന്താണു രേഖപ്പെടുത്തിയിരിക്കുന്നത് എന്നു സാക്ഷികൾക്കു നന്നായി അറിയാം: “ലൗകികസമ്പത്തുണ്ടായിരിക്കയും സഹോദരനെ ആവശ്യക്കാരനായി കാണുകയും ചെയ്തിട്ട് അയാളുടെ നേരെ ഹൃദയമടയ്ക്കുന്നവനിൽ എങ്ങനെ ദൈവസ്നേഹം കുടികൊള്ളും? കുഞ്ഞുമക്കളേ, . . . പ്രവൃത്തിയിലും സത്യത്തിലുമാണ് നാം സ്നേഹിക്കേണ്ടത്.” ഉഗ്രമായ കൊടുങ്കാറ്റുകൾ, വരൾച്ചകൾ, ആഭ്യന്തര യുദ്ധങ്ങൾ എന്നിവ നിമിത്തം കഴിഞ്ഞ വർഷം യഹോവയുടെ ജനത്തിൽ പലരും സഹായം ആവശ്യമായ ഒരു അവസ്ഥയിൽ ആയിത്തീർന്നു. സാർവദേശീയ സഹോദരവർഗം അതിനോടു പ്രതികരിച്ചത് എങ്ങനെയാണ്?
1998 സെപ്റ്റംബറിൽ മെക്സിക്കോയിലെ ചിയാപസ് സംസ്ഥാനത്തുണ്ടായ പ്രളയം അവിടെ നാശം വിതച്ചു. ഏതാനും വാരങ്ങൾക്കു ശേഷം, സെന്റ് കിറ്റ്സ്, നെവിസ്, പോർട്ടറിക്കോ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഹെയ്റ്റി എന്നിവിടങ്ങളിലും ഐക്യനാടുകളുടെ ദക്ഷിണ ഭാഗത്തും വലിയ നാശനഷ്ടം വരുത്തിക്കൊണ്ട് ജോർജസ് ചുഴലിക്കാറ്റ് ആഞ്ഞുവീശി. ഒരു മാസത്തിനു ശേഷം, മണിക്കൂറിൽ 290 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച മിച്ച് ചുഴലിക്കാറ്റും പേമാരിയും ഹോണ്ടുറാസിൽ നാശം വരുത്തിവെച്ചു. നിക്കരാഗ്വയുടെ ചില ഭാഗങ്ങളെ വെള്ളത്തിനടിയിലാക്കുകയും എൽ സാൽവഡോറിലും ഗ്വാട്ടിമാലയിലും കനത്ത കെടുതി വരുത്തിവെക്കുകയും ചെയ്തു. ഒടുവിൽ മെക്സിക്കോയിൽ എത്തി ശക്തി കുറഞ്ഞ് അത് ഇല്ലാതായി. യഹോവയുടെ സാക്ഷികളുടെ 50 രാജ്യഹാളുകൾക്കും 2 സമ്മേളന ഹാളുകൾക്കും 1,800-ലധികം വീടുകൾക്കും ഭാഗികമായോ പൂർണമായോ നാശം സംഭവിച്ചു. വിളവുകൾ നശിച്ചു. സഹോദരങ്ങൾക്കു വസ്തുവകകളും നഷ്ടമായി. ചില സഭകളിലെ എല്ലാ സഹോദരങ്ങളെയും മാറ്റിപ്പാർപ്പിക്കേണ്ടതായി വന്നു.
ഭക്ഷണത്തിനും വെള്ളത്തിനും വസ്ത്രത്തിനും മരുന്നിനുമുള്ള ആവശ്യം വർധിച്ചു. കൊടുങ്കാറ്റിന്റെ പ്രഹരമേൽക്കാത്ത ഇടങ്ങളിലെ സാക്ഷികൾ പെട്ടെന്നുതന്നെ പ്രവർത്തനനിരതരായി. ചിലയിടങ്ങളിൽ നാശനഷ്ടത്തെ കുറിച്ചു കേട്ടയുടനെ, തങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളെ സഹായിക്കുന്നതിനു വേണ്ടി ഭക്ഷണവും വസ്ത്രങ്ങളും പണവുമായി സാക്ഷികൾ തങ്ങളുടെ ദേശത്തെ ബ്രാഞ്ച് ഓഫീസിൽ എത്താൻ തുടങ്ങി. കാറോ ട്രക്കോ പോലുള്ള വാഹനങ്ങൾക്കു കടന്നു ചെല്ലാനാവാത്ത ദുരന്ത സ്ഥലങ്ങളിൽ സഹോദരങ്ങൾ തോണികളിലും സൈക്കിളുകളിലും എന്തിന്, തോളുകളിൽ ചുമന്നുകൊണ്ടു പോലും ദുരിതാശ്വാസ സാധനങ്ങൾ എത്തിച്ചുകൊടുത്തു. സഹോദരങ്ങളുടെ വീടുകൾ നന്നാക്കാൻ പ്രാദേശിക മൂപ്പന്മാർ തങ്ങളാലാകുന്നതു ചെയ്തു. ഡോക്ടർമാരായ സാക്ഷികൾ തങ്ങളുടെ സേവനം ലഭ്യമാക്കി.
സാമ്പത്തിക സഹായം നൽകാനും അടിയന്തിരമായി ആവശ്യമായിരുന്ന ഭക്ഷ്യവസ്തുക്കൾ, വസ്ത്രം, നിർമാണ വസ്തുക്കൾ എന്നിവ അയൽരാജ്യങ്ങളിൽ നിന്നു കയറ്റി അയയ്ക്കാനും യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ക്രമീകരണം ചെയ്തു. വാടകയ്ക്കെടുത്ത വിമാനത്തിലും കപ്പലിലും ട്രക്കുകളിലുമായി സാധനങ്ങൾ എത്തിച്ചുകൊടുത്തു. ലോകമെമ്പാടുമുള്ള സഹോദരങ്ങൾ പ്രകടമാക്കിയ സ്നേഹത്തെ ദുരന്തബാധിത പ്രദേശങ്ങളിലെ സഹോദരങ്ങൾ ആഴമായി വിലമതിച്ചു.
രാജ്യഹാൾ നിർമാണത്തിൽ സഹായിക്കാൻ ഉദ്ദേശിച്ചുള്ള മേഖല നിർമാണക്കമ്മിറ്റികൾ, വീടുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യാനും അവ ഗലാത്യർ 6:10-ലെ ബൈബിൾ മാർഗനിർദേശത്തിനു ചേർച്ചയിൽ, തങ്ങളുടെ ആത്മീയ സഹോദരങ്ങളെ സഹായിക്കുന്നതിലാണ് അവർ മുഖ്യമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. എങ്കിലും, ഒരു സ്കൂളിന്റെ മേൽക്കൂര നന്നാക്കാനും മക്കളില്ലാത്ത പ്രായംചെന്ന ചിലരുടെ വീടുകൾ നന്നാക്കാനും അവർ സഹായിച്ചു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പ്രാദേശിക സാക്ഷികൾ ഒരു ആശുപത്രിയുടെ ചുറ്റുപാടുകൾ വൃത്തിയാക്കിക്കൊടുത്തു.
വൃത്തിയാക്കാനും സഹായിച്ചു. സെന്റ് കിറ്റ്സിലും നെവിസിലും ഉള്ള സഹസാക്ഷികളുടെ വീടുകൾക്കുണ്ടായ കേടുപാടുകൾ തീർക്കാൻ ഐക്യനാടുകളിൽ നിന്ന് ഏകദേശം 30 പേർ വീതം അടങ്ങുന്ന ഏഴു സംഘങ്ങൾ സ്വന്തം ചെലവിൽ എത്തിച്ചേർന്നു. അറ്റകുറ്റപ്പണികളിലും പുനഃനിർമാണത്തിലും സഹായിക്കാനായി വേറെ 600 സ്വമേധയാ സേവകർ വിമാനമാർഗം പോർട്ടറിക്കോയിൽ എത്തി.പോർട്ടറിക്കോയിൽ സഹോദരങ്ങളുടെ ഒരു സംഘം ഒരു മലമ്പ്രദേശ പട്ടണമായ യാബൂക്കോവയിൽ താമസിക്കുന്ന ഒരു സഹോദരിയുടെ—അവരുടെ ഭർത്താവ് സാക്ഷിയല്ല—വീടു പുതുക്കിപ്പണിയുന്നതിനു സഹായിക്കാൻ ചെന്നു. തന്റെ ക്രിസ്തീയ സഹോദരങ്ങൾ തന്നെ സഹായിക്കാൻ എത്തുമെന്നു പറഞ്ഞപ്പോൾ അയൽക്കാർ ആ സഹോദരിയെ പരിഹസിച്ചിരുന്നു. സഹോദരങ്ങൾ എത്തിച്ചേർന്നപ്പോൾ സഹോദരിക്കു സന്തോഷം അടക്കാനായില്ല. ഏതാനും മണിക്കൂറുകൾക്കകം 200-ഓളം കാഴ്ചക്കാർ വീടിനു ചുറ്റും കൂടി. സഹോദരങ്ങൾ ജോലിചെയ്യുന്നതു നിരീക്ഷിച്ചുകൊണ്ട് അവർ മുഴു ദിവസവും അവിടെ തങ്ങി. ഒടുവിൽ, മുൻവശത്തെ കതകു പിടിപ്പിച്ച ശേഷം സഹോദരങ്ങൾ ഒരു പൂച്ചെണ്ടും പുതുക്കിപ്പണിത വീടിന്റെ താക്കോലും സഹോദരിക്കു നൽകി. ലൈറ്റുകൾ ഇട്ടപ്പോൾ അയൽക്കാർ കരഘോഷം മുഴക്കി. ആ സംഭവത്തിന്റെ ഫലമായി, അവിടെ മുമ്പു സാക്ഷികളെ ഒഴിവാക്കിയിരുന്ന പലരും ഇപ്പോൾ രാജ്യസന്ദേശത്തിനു ചെവി കൊടുക്കാൻ സന്നദ്ധത കാട്ടുന്നുണ്ട്.
അതേസമയം, നവംബറിൽ യൂറോപ്പിലെ പശ്ചിമ യൂക്രെയിനിൽ കടുത്ത വെള്ളപ്പൊക്കം ഉണ്ടാകുകയും ജനുവരിയിൽ ഒരു ഭൂകമ്പം തെക്കേ അമേരിക്കയിലെ കൊളംബിയയിൽ ദുരന്തം വിതയ്ക്കുകയും ചെയ്തു. അവിടങ്ങളിലും യഹോവയുടെ ജനം സ്നേഹപുരസ്സരം സമാനമായ സഹായമേകി.
1999-ൽ അംഗോള വീണ്ടും ആഭ്യന്തരയുദ്ധത്തിന്റെ പിടിയിൽ അമർന്നതിന്റെ ഫലമായി 17,00,000 പേർ അഭയാർഥികളായി. സഹ സാക്ഷികളായ അഭയാർഥികളെ—മറ്റുള്ളവരെയും—സഹായിക്കാൻ, അവരുടെ
അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കാൻ, സഹോദരങ്ങൾ ആത്മാർഥമായി ശ്രമിച്ചു. ഇറ്റലി, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക എന്നീ ബ്രാഞ്ചുകൾ അയച്ചുകൊടുത്ത 34 ടൺ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും, വീടും നാടും ഉപേക്ഷിച്ചു പോകേണ്ടിവന്നവർക്കു വിതരണം ചെയ്തു. മാസങ്ങളായി ബോംബാക്രമണം നടന്നുകൊണ്ടിരുന്ന ചില യുദ്ധ മേഖലകളിൽ പോലും ഈ ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചുകൊടുക്കാൻ സഹോദരങ്ങൾക്കു സാധിച്ചു.സേവന വർഷത്തിന്റെ തുടക്കത്തിൽ, ആഭ്യന്തരയുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന 2,00,000-ത്തിലധികം ആളുകളെ സഹായിക്കുന്നതിനു ദുരിതാശ്വാസ സാധനങ്ങൾ ആവശ്യമാണെന്ന് അറിയിച്ചുകൊണ്ട് കോംഗോ (കിൻഷാസ) ബ്രാഞ്ച് ഭരണസംഘത്തിന് എഴുതി. ഉടൻതന്നെ, അവിടേക്കും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഭക്ഷ്യവസ്തുക്കൾ അയയ്ക്കാനും കൂടുതലായ ദുരിതാശ്വാസ വസ്തുക്കൾ വാങ്ങാനുള്ള പണം അയച്ചുകൊടുക്കാനും ബ്രിട്ടൻ, ബെൽജിയം, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ബ്രാഞ്ചുകളെ ഭരണസംഘം ചുമതലപ്പെടുത്തി. യൂറോപ്പിലുള്ള യഹോവയുടെ സാക്ഷികൾ 75 ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കൾ ശേഖരിച്ച് വിമാനമാർഗം അയച്ചുകൊടുത്തു.
എന്നാൽ കോംഗോയിലെ പോരാട്ടം അവസാനിച്ചിരുന്നില്ല. പുതിയ പ്രതിസന്ധികൾ തലപൊക്കി. കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെ അവസ്ഥയെ കുറിച്ച് 1999 ഫെബ്രുവരി 7-ന് ന്യൂയോർക്കിലെ ലോകാസ്ഥാനത്തുള്ള ബെഥേൽ ഭവനത്തിൽ ഇങ്ങനെയൊരു അറിയിപ്പ് നടത്തപ്പെട്ടു: “ആഭ്യന്തരയുദ്ധത്തിന്റെ പിടിയിൽ അമർന്നിരിക്കുന്ന ആ രാജ്യത്തിന്റെ പൂർവ ഭാഗത്തുള്ള 30,000 പ്രസാധകർ ദുരിതാശ്വാസ സാധനങ്ങൾക്കായി കാത്തിരിക്കുന്നു. യുദ്ധം നിമിത്തം ഈ ഭാഗത്തുള്ള സഹോദരങ്ങളുമായി ബന്ധപ്പെടാൻ കിൻഷാസയിലുള്ള ബ്രാഞ്ച് ഓഫീസിനു സാധിക്കുന്നില്ല. എന്നുവരികിലും, ബെൽജിയത്തിൽ നിന്ന് അവിടേക്കു ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കാൻ ഭരണസംഘം അനുമതി നൽകിയിരിക്കുന്നു. അതിൽ ആദ്യത്തെ ഫ്ളൈറ്റ് ഈ ആഴ്ചയിലും രണ്ടാമത്തേത് ഫെബ്രുവരി 20-നും പുറപ്പെടുന്നതായിരിക്കും. രണ്ടാമത്തെ സംഘത്തോടൊപ്പം ചികിത്സകരുടെ ഒരു കൂട്ടത്തെയും അയയ്ക്കുന്നതായിരിക്കും.” യൂറോപ്പിലെ സഹോദരങ്ങൾ, പൂർവ കോംഗോയിലെ യഹോവയുടെ സാക്ഷികളുടെ 11 ഔദ്യോഗിക ദുരിതാശ്വാസ കമ്മിറ്റികളുമായി ചേർന്നു പ്രവർത്തിച്ചു.
അഭയാർഥികളിൽ ചിലർ അയൽരാജ്യങ്ങളിലേക്കു പോയി. ആയിരക്കണക്കിന് ആളുകൾ പോയത് അയൽരാജ്യമായ സാംബിയയിലേക്കാണ്. അവിടെ ദുരിതാശ്വാസ ഏജൻസികൾ അവരെ വളരെയധികം സഹായിച്ചു; അതോടൊപ്പം സാക്ഷികൾ അവർക്കു കമ്പിളിപ്പുതപ്പുകളും വസ്ത്രങ്ങളും ഭക്ഷണം പാകംചെയ്യാനുള്ള പാത്രങ്ങളും കാർഷികോപകരണങ്ങളും
നൽകി. പ്രായംചെന്ന ഒരു സഹോദരനു കമ്പിളിപ്പുതപ്പു കിട്ടിയപ്പോൾ അദ്ദേഹം തലചുറ്റി വീണു; അദ്ദേഹത്തിനു സ്വന്തമായി ഒരു പുതിയ കമ്പിളിപ്പുതപ്പു കിട്ടുന്നത് ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു. സാംബിയയിലേക്കു പോകുകയായിരുന്ന ഒരു സർക്കിട്ട് മേൽവിചാരകൻ അംഗവൈകല്യം സംഭവിച്ച ഒരു സഹോദരൻ ഒരു മരത്തിന്റെ കീഴിൽ ഇരിക്കുന്നതു കണ്ടു. അദ്ദേഹത്തെ തന്റെ സൈക്കിളിൽ ഇരുത്തി ആ സർക്കിട്ട് മേൽവിചാരകൻ സൈക്കിൾ തള്ളിക്കൊണ്ടു പോയി. കുത്തനെയുള്ള കുന്നു കയറേണ്ടി വരുമ്പോൾ അദ്ദേഹം സർക്കിട്ട് മേൽവിചാരകന്റെ സഹായത്താൽ സൈക്കിളിൽ നിന്നിറങ്ങി, ടയറിന്റെ കഷണങ്ങൾ കൈകാലുകളിൽ കെട്ടിവെച്ച് വളരെ ബുദ്ധിമുട്ടി നിരങ്ങി കയറുമായിരുന്നു. ഒടുവിൽ അവർ സുരക്ഷിതമായി സാംബിയയിലെ കാപൂട്ടാ പട്ടണത്തിൽ എത്തിച്ചേർന്നു. അവിടെ സഭാ യോഗങ്ങളിൽ ഉപയോഗിക്കേണ്ടതിനു ബ്രാഞ്ച് ഓഫീസ് സ്വാഹിലിയിൽ എല്ലാവർക്കും സാഹിത്യങ്ങൾ ലഭ്യമാക്കി. ഏപ്രിൽ മാസത്തിൽ, ഈ അഭയാർഥികളിൽ 2,000-ത്തിലധികം പേർ ഹാജരായ ഒരു യോഗത്തിൽ ബ്രാഞ്ചിൽ നിന്നുള്ള സഹോദരങ്ങൾ അവർക്കു സ്നേഹപുരസ്സരമായ ആത്മീയ പ്രോത്സാഹനം പകർന്നു. പലർക്കും പാട്ടുപുസ്തകം ഇല്ലായിരുന്നെങ്കിലും, മുതിർന്നവരും കുട്ടികളും ഉൾപ്പെടെ ആ അഭയാർഥികളെല്ലാം “യഹോവ രക്ഷാദായകൻ,” “യഹോവ നമ്മുടെ സങ്കേതമാകുന്നു,” “യഹോവെ, നിനക്കു ഞങ്ങൾ നന്ദിപറയുന്നു,” “ദൈവത്തിന്റെ പറുദീസാ വാഗ്ദത്തം” എന്നീ ഗീതങ്ങൾ ഹൃദയംഗമമായി ആലപിച്ചു.സുവാർത്ത പ്രസംഗിക്കുന്നതിലെ ശുഷ്കാന്തി
ദൈവരാജ്യ സുവാർത്ത ഘോഷണത്തോടു യഹോവയുടെ സാക്ഷികൾ പ്രകടമാക്കുന്ന സ്നേഹം പ്രത്യേകാൽ ശ്രദ്ധാർഹമാണ്. യേശുക്രിസ്തു നൽകിയ നിർദേശത്തോടുള്ള പ്രതികരണമായി, ആവുന്നത്ര ആളുകളുടെ പക്കൽ സുവാർത്തയുമായി ചെല്ലാൻ അവർ ശ്രമിക്കുന്നു. (മർക്കൊ. 13:10) അതിനായി അവർ തങ്ങളെത്തന്നെയും തങ്ങളുടെ വിഭവങ്ങളും മനസ്സോടെ നൽകുന്നു. കഴിഞ്ഞ വർഷം ഈ പ്രവർത്തനത്തിൽ പങ്കെടുത്തവരുടെ എണ്ണം 59,12,492 എന്ന അത്യുച്ചത്തിലെത്തി, അവർ 114,45,66,849 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിച്ചു. സാധാരണ പയനിയർമാരോ സഹായ പയനിയർമാരോ ആയി സേവിക്കേണ്ടതിന് അനേകം സാക്ഷികളും തങ്ങളുടെ കാര്യാദികൾ ക്രമീകരിച്ചിരിക്കുന്നു.
പയനിയർമാർ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. തങ്ങളുടെ ലൗകിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരോ വിദ്യാഭ്യാസത്തോടൊപ്പം പയനിയറിങ് നടത്താൻ കഴിയത്തക്കവിധം തങ്ങളുടെ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നവരോ ആയ യുവജനങ്ങളാണ് ഇവരിൽ ആയിരങ്ങൾ. മറ്റു ചിലർ കുടുംബിനികളാണ്; ചിലരാകട്ടെ കുടുംബത്തെ പോറ്റാൻ തൊഴിൽ ചെയ്യുന്ന പുരുഷന്മാരും. സെന്റ് ലൂഷയിലുള്ള ക്രിസ്തീയ മൂപ്പനായ ഒരു കുടുംബനാഥന് പയനിയറിങ് ചെയ്യാൻ മത്താ. 6:19-22, NW) ഉയർന്ന ശമ്പളം കിട്ടുമായിരുന്ന ഒരു ലൗകിക തൊഴിൽ ഈയിടെ അദ്ദേഹത്തിനു വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ, അദ്ദേഹം അതു നിരസിച്ചു. എന്തുകൊണ്ട്? ആ തൊഴിൽ സ്വീകരിക്കുന്നപക്ഷം അതിനുവേണ്ടി അദ്ദേഹം കൂടുതൽ സമയം ചെലവഴിക്കേണ്ടിവരും, ക്രിസ്തീയ യോഗങ്ങൾ മുടക്കേണ്ടിവരും, ആറു മാസത്തേക്കു കുടുംബത്തിൽ നിന്ന് അകന്നു കഴിയേണ്ടിവരും, മാത്രമല്ല പയനിയർ ശുശ്രൂഷ നിറുത്തേണ്ടതായും വരും. കുടുംബത്തിനുവേണ്ടി കരുതാനുള്ള തന്റെ ശ്രമങ്ങളെ യഹോവ തുടർന്നും അനുഗ്രഹിക്കും എന്ന ബോധ്യത്തോടെ ഒന്നാമതു രാജ്യം അന്വേഷിക്കാൻ അദ്ദേഹം തീരുമാനിച്ചു.
സാധിച്ചിരിക്കുന്നു. കാരണം, ‘അദ്ദേഹം തന്റെ കണ്ണ് ലളിതമായി സൂക്ഷിക്കാൻ’ ശ്രദ്ധയുള്ളവനാണ്. (ആന്റിഗ്വയിൽ താമസിക്കുന്ന 95 വയസ്സുള്ള ഒരു സാക്ഷി വർഷത്തിൽ ഒന്നോ രണ്ടോ തവണ സഹായ പയനിയർ സേവനം ആസ്വദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. എന്നു മുതലാണ് അതു തുടങ്ങിയത് എന്ന് അവർക്കു പോലും ഓർമയില്ല. താൻ പയനിയറിങ് ചെയ്യുന്നതിന്റെ കാരണം അവർ വിശദീകരിക്കുന്നു: “സാധാരണയിൽ കവിഞ്ഞ ഊർജവും ശക്തിയും നൽകിക്കൊണ്ട് യഹോവ എന്നെ അനുഗ്രഹിച്ചിരിക്കുന്നു, അവനോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു അവസരമായാണ് ഞാൻ ഇതിനെ വീക്ഷിക്കുന്നത്.”
ഡെന്മാർക്കിൽ, 60-കളുടെ മധ്യത്തിൽ ആയിരിക്കുന്ന ഒരു സഹോദരി സഹായ പയനിയറാകാൻ തീരുമാനിച്ചു. എന്തുകൊണ്ട്? അവർ ഇങ്ങനെ വിശദീകരിച്ചു: “ബൈബിൾ വായനയാണ് ഇതു ചെയ്യാൻ എന്നെ പ്രചോദിപ്പിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. . . . ടെലിവിഷൻ വീക്ഷിക്കുന്നത് ഒരുവനെ മോശമായി സ്വാധീനിച്ചേക്കാം എന്നതുപോലെതന്നെ ദൈനംദിനം യഹോവയുടെ വചനം വായിക്കുന്നത് നല്ലതു ചെയ്യാൻ ഒരുവനെ സ്വാധീനിക്കുന്നു. അതാണ് എനിക്കു ശക്തമായ പ്രേരണയേകിയത്.”
ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനോടുള്ള ബന്ധത്തിൽ എല്ലായിടത്തുമുള്ള ആളുകൾ അനുഭവിക്കുന്ന വർധിച്ച സമ്മർദം കണക്കിലെടുത്തുകൊണ്ട് 1999 ജനുവരിയിൽ സാധാരണ പയനിയർമാർക്കും സഹായ പയനിയർമാർക്കും ഉള്ള മണിക്കൂർ വ്യവസ്ഥയിൽ (യഥാക്രമം 90-ൽ നിന്ന് 70-ഉം 60-ൽ നിന്ന് 50-ഉം ആയി കുറച്ചുകൊണ്ട്) ഭരണസംഘം പൊരുത്തപ്പെടുത്തൽ വരുത്തി. അത് എത്ര വലിയ ഒരു അനുഗ്രഹമായിരുന്നു! ഇതു നിമിത്തം പയനിയറിങ് ചെയ്തുകൊണ്ടിരുന്നവർക്ക് അതിൽത്തന്നെ തുടരാനും അനേകായിരങ്ങൾക്ക് പയനിയർ അണിയിൽ ചേരാനും സാധിച്ചിരിക്കുന്നു. മറ്റ് അനേകരെയും സംബന്ധിച്ചിടത്തോളം ‘കർത്താവു ദയാലുവാകുന്നു’ എന്നതിന്റെ കൂടുതലായ തെളിവായിരുന്നു അത്.—1 പത്രൊ. 2:3.
ഈ പൊരുത്തപ്പെടുത്തലിനെ തുടർന്നുള്ള മാസങ്ങളിൽ, ഓസ്ട്രേലിയയിൽ സാധാരണ പയനിയർമാരുടെ എണ്ണത്തിൽ 400 ശതമാനത്തിലധികം
വർധനവുണ്ടായതായി അവിടത്തെ ബ്രാഞ്ച് റിപ്പോർട്ടു ചെയ്യുന്നു. കൊളംബിയയിൽ 300 ശതമാനത്തോളം വർധനവുണ്ടായി. യൂക്രെയിനിൽ ഓരോ മാസവും പയനിയർമാരുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു, അത് കഴിഞ്ഞ വർഷത്തെക്കാൾ 42 ശതമാനം കൂടുതൽ ആണെന്ന് റിപ്പോർട്ടു കാണിക്കുന്നു. മൈക്രോനേഷ്യയിൽ, ശരാശരി ഒന്നിൽ കൂടുതൽ പയനിയർമാർ ഓരോ സഭയോടും കൂട്ടിച്ചേർക്കപ്പെട്ടു. ലൈബീരിയയിൽ മിക്ക സഹോദരങ്ങളും ചെറിയ കച്ചവടങ്ങൾ നടത്തി, വളരെ ബുദ്ധിമുട്ടിയാണ് അഹോവൃത്തി കഴിക്കുന്നത്. എന്നാൽ, മണിക്കൂർ വ്യവസ്ഥയിലെ പൊരുത്തപ്പെടുത്തലിനെ തുടർന്ന് അവിടെ സാധാരണ പയനിയർമാരുടെ എണ്ണത്തിൽ തുടർച്ചയായ എട്ട് അത്യുച്ചങ്ങൾ രേഖപ്പെടുത്തപ്പെട്ടു.സഹായ പയനിയർമാരുടെ എണ്ണത്തിലും വർധനവുണ്ടായി. ഓസ്ട്രിയയിൽ 1999-ലെ ആദ്യത്തെ മൂന്നു മാസങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 56 ശതമാനം വർധനവുണ്ടായി. അതേ കാലയളവിൽത്തന്നെ, മലേഷ്യ സഹായ പയനിയർമാരുടെ എണ്ണത്തിൽ 103 ശതമാനം വർധനവു റിപ്പോർട്ടു ചെയ്തു. ആ വർഷത്തിന്റെ ആദ്യ പകുതിയിൽ ഡെന്മാർക്കിൽ 91 ശതമാനം വർധനവുണ്ടായി. കൂടുതൽ പ്രവർത്തനത്തിന് അനുകൂലമായ ജനുവരി മാസം കൊറിയയിൽ, പയനിയർ സേവനത്തിന്റെ ഏതെങ്കിലും മേഖലയിൽ 57 ശതമാനം പേർ പങ്കെടുത്തു.
അതേസമയം, “പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്നു” എന്ന പരിപാടി നല്ല ഫലങ്ങൾ ഉളവാക്കിക്കൊണ്ടിരിക്കുന്നു. അലാസ്കയിലെ അങ്കൊറിജിലുള്ള ഫിലിപ്പിനോ സഭയിലെ ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “ഞാൻ സത്യത്തിൽ വന്നിട്ട് 11 വർഷമായി. എന്നെ സംബന്ധിച്ചിടത്തോളം വയൽസേവനത്തിൽ ഏർപ്പെടുക എന്നത് പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാത്ത വെറുമൊരു ചര്യ മാത്രമായിരുന്നു.” എന്നാൽ കുറെക്കാലം സ്ഥലത്തെ ഒരു പയനിയറോടൊപ്പം പ്രവർത്തിച്ചതിൽപ്പിന്നെ, ആ സഹോദരിയുടെ കാര്യത്തിൽ വയൽസേവനം കൂടുതൽ അർഥവത്തായിത്തീർന്നു. അവർ ഈ വേലയുടെ അടിയന്തിരതയെ വിലമതിക്കാൻ ഇടയായി. ആളുകളിൽ കൂടുതൽ തത്പരയായിത്തീർന്നതിന്റെ ഫലമായി ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ആ സഹോദരിക്കു സാധിച്ചു. ദക്ഷിണാഫ്രിക്കയിൽ, ഇന്റർകോമിലൂടെ ആളുകളുടെ മറുപടിക്കായി കാത്തുനിൽക്കവെ സമയം പാഴാക്കാതെ വഴിപോക്കരോടു സംസാരിച്ചുകൊണ്ട് കൂടുതലായ സംതൃപ്തി കണ്ടെത്താൻ ഒരു പയനിയർ സഹോദരി ഒരു പ്രസാധികയെ സഹായിച്ചു. അവർ ഒന്നിച്ചിരുന്ന് ശുശ്രൂഷയിലെ വ്യത്യസ്ത ലക്ഷ്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യുമായിരുന്നു. ആറു മാസത്തെ പ്രസ്തുത പരിപാടി തീർന്നപ്പോഴേക്കും ആ പ്രസാധിക ഒരു സാധാരണ പയനിയർ ആയിത്തീർന്നു. തന്നെ സഹായിച്ച ആ വ്യക്തിയോടൊപ്പം പ്രവർത്തിച്ചുകൊണ്ട് അവൾ ശുശ്രൂഷയിൽ മുമ്പെന്നത്തേതിലുമധികം ആനന്ദം കണ്ടെത്തുന്നു.
ബൈബിൾ സത്യം—അച്ചടിച്ച താളുകളിൽ
മോശെയുടെ കാലം മുതൽക്കേ യഹോവ ആത്മീയ പ്രബോധനം ലിഖിത രൂപത്തിൽ നൽകിയിട്ടുണ്ട്. വാഗ്രൂപേണയുള്ള പ്രബോധനത്തിലൂടെ അത് എല്ലായ്പോഴും ദൃഢീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാൽ സുവാർത്ത വ്യാപിപ്പിക്കുന്നതിൽ അച്ചടിച്ച താളുകൾ ഒരു സുപ്രധാന പങ്കുവഹിച്ചിരിക്കുന്നു. ബൈബിളും അതിനെ വിശദീകരിക്കുന്ന സാഹിത്യങ്ങളും വൻതോതിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷംതന്നെ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും 102,67,06,628 പ്രതികൾ അച്ചടിക്കപ്പെട്ടു; 4,15,79,805 പുസ്തകങ്ങളും 7,12,21,759 ലഘുപത്രികകളും ചെറുപുസ്തകങ്ങളും ഒപ്പം ധാരാളം ലഘുലേഖകളും യഹോവയുടെ സാക്ഷികൾ ഉത്പാദിപ്പിക്കുകയുണ്ടായി. ഇവ 332 ഭാഷകളിൽ പ്രസിദ്ധീകരിച്ചുവരുന്നു.
ഈ പ്രവർത്തനത്തിന്റെ ഫലമായി അനേകം സ്ഥലങ്ങളിലെ ആളുകൾ
പ്രയോജനം അനുഭവിച്ചിരിക്കുന്നു. ടുവാലുവിൽ—പവിഴ ദ്വീപുകൾ ചേർന്നാണ് അത് ഉണ്ടായിരിക്കുന്നത്—9,403 നിവാസികളേ ഉള്ളൂ. അവരുടെ ഭാഷയിൽ വീക്ഷാഗോപുരം പ്രസിദ്ധീകരിക്കുന്നുണ്ട്. ഇപ്പോൾ യഹോവയുടെ ആരാധകരായി 45 പേർ അവിടെ ഉണ്ട്. വ്യവസായവത്കൃത ലോകത്തിൽ നിന്ന് അകലെയാണെങ്കിലും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ലിംഗാല, സാൻഡേ, സാംഗോ എന്നീ ഭാഷകളിൽ വീക്ഷാഗോപുരവും ഉണരുക!യും വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. ആ രാജ്യത്ത് 2,305 സാക്ഷികളുണ്ട്, മാത്രമല്ല കഴിഞ്ഞ വർഷത്തെ സ്മാരകാഘോഷത്തിന് അതിന്റെ അഞ്ചു മടങ്ങ് ആളുകൾ കൂടിവരികയും ചെയ്തു. ആഭ്യന്തര യുദ്ധം പിച്ചിച്ചീന്തിയ അംഗോളയിൽ മിക്കവരും ദരിദ്രരാണ്. എങ്കിലും കഴിഞ്ഞ വർഷം മുതൽ വീക്ഷാഗോപുരം പ്രതിമാസപ്പതിപ്പായി ഉമ്പുണ്ടു ഭാഷയിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. അംഗോളയിലെ യഹോവയുടെ സാക്ഷികളുടെ രണ്ടു സർക്കിട്ടുകളിലെ സഹോദരങ്ങളും അവർ ആത്മീയമായി സഹായിക്കുന്ന ഒട്ടനവധി ആളുകളും ഇതിൽ നിന്നു പ്രയോജനം നേടുന്നു. കഴിഞ്ഞ വർഷം യൂക്രെയിനിൽ സഹോദരങ്ങൾ 2 കോടി 60 ലക്ഷം മാസികകൾ സമർപ്പിച്ചു. 20 വർഷക്കാലമായി സത്യദൈവത്തെ അന്വേഷിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യന്, ഉണരുക!യുടെ ഒറ്റ ലക്കം വായിച്ചപ്പോഴേക്കും താൻ സത്യം കണ്ടെത്തിയതായി ബോധ്യപ്പെട്ടു. ആ വർഷം മറ്റ് 12,320 പേർ കൂടി സ്നാപനമേറ്റത് യൂക്രെയിനിലെ 1,07,045 പ്രസാധകരെ ആനന്ദഭരിതരാക്കി.കൊളംബിയയിൽ, ദുരിതം അനുഭവിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീക്ക് മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ? എന്ന ലഘുലേഖ ലഭിക്കാനിടയായി. ഒരിക്കലും മതത്തിൽ താത്പര്യം ഇല്ലായിരുന്നെങ്കിലും ഒരു ഭൂകമ്പത്തിൽ തന്റെ മകനെ നഷ്ടപ്പെട്ട അവരെ ഈ പ്രത്യേക വിഷയം ആകർഷിച്ചു. അത് ഒരു ബൈബിൾ അധ്യയനത്തിലേക്കു നയിച്ചു. ലിത്വാനിയയിൽ, ഒരു സാക്ഷി ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ച് കരുതുന്നുവോ? എന്ന ലഘുപത്രിക ഒരു സ്ത്രീക്ക് കൊടുത്തു. ദൈവത്തിനു മാത്രം നൽകാൻ കഴിയുന്ന സഹായം അങ്ങേയറ്റം അവശ്യമായിരുന്ന ആ സ്ത്രീ ഒരു ഭവന ബൈബിൾ അധ്യയനത്തിനു സമ്മതിക്കുകയും പെട്ടെന്നുതന്നെ സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും പടികളിലേക്കു പുരോഗമിക്കുകയും ചെയ്തു. അതേ, അനേകരും പ്രസിദ്ധീകരണങ്ങളെ വിലമതിക്കുന്നു, സുവാർത്ത പ്രസിദ്ധമാക്കുന്നതിൽ അവ അമൂല്യ ഉപകരണങ്ങളാണ്.
യഹോവയാൽ പഠിപ്പിക്കപ്പെടുന്നു
യഹോവ തന്റെ ദാസന്മാരെ വ്യത്യസ്ത വിധങ്ങളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അവരെ ഇപ്പോൾ ചെയ്യുന്ന വേലയ്ക്കായി സജ്ജരാക്കുന്നതിനും ഭാവി പ്രവർത്തനങ്ങൾക്കായി ഒരുക്കുന്നതിനും ആണിത്. (യെശ. 54:13) അതിനു പുറമെ, യഹോവയുടെ അത്ഭുതകരമായ വിദ്യാഭാസ പരിപാടിയിൽ നിന്നു പ്രയോജനം നേടാൻ 230-ലധികം രാജ്യങ്ങളിലെ ആളുകൾക്കു വ്യക്തിപരമായ ക്ഷണം വെച്ചുനീട്ടുകയുമാണ്. “നിത്യജീവനായി ശരിയായ മനോനിലയുള്ള” ദശലക്ഷങ്ങൾ അതിനോടു പ്രതികരിച്ചിരിക്കുന്നു. (പ്രവൃ. 13:48, NW) അത്തരം ആളുകളുമായി ഈ കഴിഞ്ഞ സേവന വർഷം, പ്രതിമാസം ശരാശരി 44,33,884 സൗജന്യ ഭവന ബൈബിൾ അധ്യയനങ്ങൾ നടത്തപ്പെട്ടു. തങ്ങൾക്കു വ്യക്തമായി മനസ്സിലാകുന്ന വിധത്തിൽ തിരുവെഴുത്തു വിശദീകരണങ്ങൾ ലഭ്യമായത് അവരെ സംബന്ധിച്ചിടത്തോളം എത്ര വലിയ അനുഗ്രഹമായിരുന്നു!
യഹോവ തന്റെ സംഘടനയിലൂടെ പ്രദാനം ചെയ്യുന്ന പഠിപ്പിക്കലിൽ വ്യത്യസ്ത തരത്തിലുള്ള പ്രത്യേക പരിശീലന പരിപാടികളും ഉൾപ്പെടുന്നുണ്ട്. ഈ വർഷം വീണ്ടും, ഒരു വർഷം പൂർത്തിയാക്കിയ ആയിരക്കണക്കിനു സാധാരണ പയനിയർമാർ, പയനിയർ സേവന സ്കൂളിൽ നിന്നു പ്രയോജനം നേടി. കഴിഞ്ഞ സേവന വർഷം, 40 ബ്രാഞ്ചുകളിൽ
ശുശ്രൂഷാ പരിശീലന സ്കൂൾ നടത്തപ്പെട്ടു. അമേരിക്കകൾ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, സമുദ്ര ദ്വീപുകൾ—മൊത്തം 89 രാജ്യങ്ങൾ—എന്നിവിടങ്ങളിൽ നിന്നുള്ള യോഗ്യരായ സഹോദരന്മാർ അതിൽ പങ്കെടുത്തു. 2,174 പേർക്ക് ഈ പ്രത്യേക സ്കൂളിൽ നിന്നു പരിശീലനം ലഭിച്ചു. രണ്ടു മാസത്തെ പ്രത്യേക പരിശീലന പരിപാടിക്കായി ന്യൂയോർക്കിലെ പാറ്റേഴ്സണിലുള്ള വാച്ച് ടവർ വിദ്യാഭ്യാസ കേന്ദ്രത്തിലേക്കു 43 രാജ്യങ്ങളിൽ നിന്നുള്ള ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ക്ഷണിക്കപ്പെടുകയുണ്ടായി. ഗിലെയാദ് സ്കൂളിൽ സംബന്ധിച്ച വിദ്യാർഥികൾ—അവിടെ അവർ അഞ്ചു മാസത്തെ സമഗ്രമായ ഒരു ബൈബിൾ പഠനം ആസ്വദിച്ചു—ദൈവവചനത്തിന്റെ പ്രസംഗകരും ഉപദേഷ്ടാക്കളുമെന്ന നിലയിൽ 31 രാജ്യങ്ങളിലേക്കു നിയമിക്കപ്പെട്ടു.കൂടാതെ, വാച്ച് ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ സഞ്ചാര മേൽവിചാരകന്മാർക്കു വേണ്ടിയും ഒരു പുതിയ സ്കൂൾ ആരംഭിച്ചു. എട്ട് ആഴ്ച ദൈർഘ്യമുണ്ടായിരുന്ന, 48 പേർ അടങ്ങിയ ആദ്യത്തെ ക്ലാസ്സ് മേയിൽ തുടങ്ങി. ഐക്യനാടുകളിൽ നിന്നും കാനഡയിൽ നിന്നും ഉള്ള സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാർ സന്നിഹിതരായിരുന്നു. അവരുടെ പരിശീലനത്തെ ക്ലാസ്സ് മുറിയിലെ പഠനം, സേവന വിഭാഗത്തിലെ പ്രവർത്തനം എന്നിങ്ങനെ തിരിച്ചിരുന്നു. അവരുടെ വേലയുടെ എല്ലാ വശങ്ങൾക്കും ശ്രദ്ധ നൽകപ്പെട്ടു, അവർ സേവിക്കുന്ന സഭകളിലെ ആയിരക്കണക്കിനു സഹോദരീസഹോദരന്മാർക്ക് അതു തീർച്ചയായും വളരെ പ്രയോജനം ചെയ്യും. സർക്കിട്ട് മേൽവിചാരകന്മാരുടെ ഭാര്യമാർ ബെഥേൽ ജോലികൾ ചെയ്തുകൊണ്ടും അടുത്തുള്ള സഭകളോടൊത്തു വയൽ സേവനത്തിൽ പങ്കുപറ്റിക്കൊണ്ടും പാറ്റേഴ്സണിലെ തങ്ങളുടെ സമയം ചെലവഴിച്ചു. തങ്ങൾക്കും സഹോദരന്മാർക്കും ഒരുപോലെ പ്രയോജനപ്രദമായ ഒരു പ്രസംഗം അവർ ആഴ്ചതോറും ശ്രദ്ധിക്കുമായിരുന്നു.
‘അത് സാക്ഷ്യം പറവാൻ തരമാകും’
തന്റെ അനുഗാമികൾ “രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പി”ലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. 20-ാം നൂറ്റാണ്ടിൽ അത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ലോകവ്യാപകമായി ഉണ്ടായിട്ടുണ്ടെന്നുള്ള വസ്തുത നാം അന്ത്യനാളുകളിലാണ് ജീവിക്കുന്നത് എന്നതിനു കൂടുതലായ തെളിവു നൽകുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? അത് യഹോവയുടെ സാക്ഷികൾ നിയമം അനുസരിക്കാത്തതു നിമിത്തമല്ല. മറിച്ച്, ‘യേശുക്രിസ്തുവിന്റെ നാമം നിമിത്തം,’ അതായത് അവർ ക്രിസ്തുവിനെ സ്വർഗീയ രാജാവായി സ്വീകരിക്കുകയും അവനെപ്പോലെ ‘ലോകത്തിന്റെ ഭാഗമല്ലാ’തിരിക്കുകയും ചെയ്യുന്നതു നിമിത്തമാണ്. എന്നാൽ അവർക്ക് ‘അത് സാക്ഷ്യം പറവാൻ തരമാകു’മെന്നും യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ലൂക്കൊ. 21:12, 13; മത്താ. 24:9; യോഹ. 17:16, NW) കഴിഞ്ഞ സേവനവർഷത്തിൽ അതു തീർച്ചയായും സത്യമാണെന്നു തെളിഞ്ഞു. നിർബാധം ആരാധന നടത്താനുള്ള യഹോവയുടെ സാക്ഷികളുടെ അവകാശം സംരക്ഷിക്കാനുള്ള ഉത്സാഹപൂർവകമായ ശ്രമങ്ങളുടെ ഭാഗമായി അനേകം രാജ്യങ്ങളിലെ ഉദ്യോഗസ്ഥന്മാർക്കു സാക്ഷ്യം നൽകപ്പെട്ടിരിക്കുന്നു.
1998-ൽ, ബൾഗേറിയയിലെ യഹോവയുടെ സാക്ഷികൾ ഉൾപ്പെടുന്ന ഒരു കേസ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ പരിഗണനയ്ക്കു വന്നു. അതിലേക്കു നയിച്ചത് എന്തായിരുന്നു? ബൾഗേറിയൻ ഗവൺമെന്റ് യഹോവയുടെ സാക്ഷികൾക്കും മറ്റ് 20-ഓളം മതസംഘടനകൾക്കും ഉണ്ടായിരുന്ന നിയമാംഗീകാരം പിൻവലിച്ചു. സാക്ഷികൾ നൽകിയ അപ്പീൽ ബൾഗേറിയൻ സുപ്രീം കോടതി തള്ളിക്കളഞ്ഞു. ത്രിത്വത്തിലും ക്രൈസ്തവലോകത്തിന്റെ ബൈബിൾ അധിഷ്ഠിതമല്ലാത്ത മറ്റ് ഉപദേശങ്ങളിലും യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നില്ല എന്നതായിരുന്നു അതിന്റെ ഒരു കാരണം. തത്ഫലമായി, അധികാരികൾ പല സാക്ഷികളെയും അറസ്റ്റു ചെയ്യുകയും അവരുടെ ആരാധനാ യോഗങ്ങൾ അലങ്കോലപ്പെടുത്തുകയും മതസാഹിത്യങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. യഹോവയുടെ സാക്ഷികളുമായി പ്രശ്നങ്ങൾ സൗഹൃദപരമായി പരിഹരിക്കാൻ യൂറോപ്യൻ കോടതി ബൾഗേറിയൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. തത്ഫലമായി, 1998 ഒക്ടോബറിൽ ബൾഗേറിയ യഹോവയുടെ സാക്ഷികൾക്കു വീണ്ടും നിയമാംഗീകാരം നൽകി. തന്മൂലം, ബൾഗേറിയയിലെ ആളുകളുമായി രാജ്യസുവാർത്ത പങ്കുവെക്കുന്നതിന് പ്രാദേശിക പ്രസാധകരെ സഹായിക്കാൻ 106-ാം ഗിലെയാദ് ക്ലാസ്സിൽനിന്നുള്ള നാലു മിഷനറിമാരെ അവിടേക്ക് അയയ്ക്കാൻ കഴിഞ്ഞു.
ഫ്രാൻസിലും യഹോവയുടെ സാക്ഷികൾ ഉൾപ്പെടുന്ന നിയമ പ്രശ്നങ്ങൾ വ്യാപകമായ സാക്ഷ്യത്തിൽ കലാശിച്ചിരിക്കുന്നു. അവിടെ സാക്ഷികളെ പരസ്യമായി കരിതേച്ചു കാണിക്കുകയുണ്ടായി. മതഭേദ-വിരുദ്ധ സംഘടനകൾ അവരെ കുറിച്ച് ആക്ഷേപകരമായ വാർത്തകൾ പത്രമാസികകളിൽ പ്രസിദ്ധീകരിച്ചു. 1996-ൽ ഒരു പാർലമെന്റ് റിപ്പോർട്ട് യഹോവയുടെ സാക്ഷികളെ ഒരു ‘അപകടകരമായ മതഭേദ’മായി തരംതിരിച്ചു. സാക്ഷികൾക്കു ലഭിക്കുന്ന എല്ലാ സംഭാവനകളുടെ മേലും 1999 ജനുവരിയിൽ ഗവൺമെന്റ് 60 ശതമാനം നികുതി ഏർപ്പെടുത്തി. അത്തരം ഒരു നടപടി മറ്റൊരു മതസംഘടനയ്ക്ക് എതിരെയും ഉണ്ടായിട്ടില്ല. ഒരു ത്രിദിന പ്രചാരണ പരിപാടി സംഘടിപ്പിച്ചുകൊണ്ടാണ് യഹോവയുടെ സാക്ഷികൾ അതിനോടു പ്രതികരിച്ചത്. 1999 ജനുവരി 29-ന് തുടങ്ങിയ ആ പ്രചാരണ പരിപാടിയിൽ, ഫ്രാൻസിലെ ജനങ്ങളേ, നിങ്ങൾ വഞ്ചിക്കപ്പെടുന്നു! എന്ന ശീർഷകത്തിലുള്ള ഒരു ലഘുലേഖയുടെ 1,20,00,000 പ്രതികൾ അവർ വിതരണം ചെയ്തു.
ആ പ്രചാരണ പരിപാടിയെ കുറിച്ചു വിശദീകരിക്കാനായി ആദ്യ ദിവസം
ഒരു പത്രസമ്മേളനം നടത്തി. ഉച്ചയോടെ ടെലിവിഷൻ-റേഡിയോ നിലയങ്ങൾ അതേക്കുറിച്ചുള്ള വിവരങ്ങൾ പ്രക്ഷേപണം ചെയ്തു തുടങ്ങി. പ്രസ്തുത പ്രചാരണ പ്രവർത്തനത്തെ കുറിച്ച് 60-ലേറെ ദേശീയ-പ്രാദേശിക പത്രമാസികകൾ, “യഹോവ ഫ്രാൻസിനെ സാക്ഷി പറയാൻ വിളിച്ചുവരുത്തുന്നു,” “യഹോവയുടെ സാക്ഷികളുടെ സത്യ വിശദീകരണ ദൗത്യം” എന്നിങ്ങനെയുള്ള ശീർഷകങ്ങളോടു കൂടിയ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.പ്രചാരണ പരിപാടിയുടെ ആദ്യ ദിവസം പതിനായിരക്കണക്കിനു പ്രസാധകർ റെയിൽവേ സ്റ്റേഷനുകൾക്കു വെളിയിലും ഫാക്ടറികളിലും ഓഫീസുകളിലും കടകമ്പോളങ്ങളിലും മറ്റിടങ്ങളിലും പ്രസ്തുത ലഘുലേഖ വിതരണം ചെയ്തു. ചുരുക്കം ചിലരേ അതു നിരസിച്ചുള്ളൂ.
ഒരു ജയിലിനടുത്ത് പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഒരു സഹോദരനെ ജയിൽ ഗാർഡ് സമീപിച്ചു. സഹോദരൻ ഒരു ലഘുലേഖ നൽകിയപ്പോൾ ഗാർഡ് ഇങ്ങനെ പറഞ്ഞു: “എനിക്ക് ഇതിന്റെ കൂടുതൽ പ്രതികൾ വേണം; അകത്ത് ഒട്ടേറെ ആളുകൾ ഉണ്ട്.” തങ്ങളുടെ റിട്ടയർമെന്റ് ഭവനത്തിലേക്കു ബസിൽ മടങ്ങിപ്പോകുകയായിരുന്ന ചില വൃദ്ധജനങ്ങൾ ലഘുലേഖ കിട്ടാഞ്ഞതിൽ പരിഭവം പ്രകടിപ്പിച്ചു. ലഘുലേഖ ആവശ്യമുള്ളവർ കൈ ഉയർത്താൻ ഡ്രൈവർ പറഞ്ഞു. തുടർന്ന്, ഒരു സാക്ഷിയെ കണ്ട സ്ഥലത്തേക്കു അദ്ദേഹം വണ്ടിയോടിച്ചു ചെന്നിട്ട് ആവശ്യമായിരുന്നത്ര ലഘുലേഖകൾ ചോദിച്ചു വാങ്ങി.
ആളുകൾ നിരസിച്ചതിന്റെയും അനുഭവങ്ങളുണ്ട്. ഗ്രെനോബിൾ നഗരത്തിലെ ഒരു ചന്തയിൽ, ലഘുലേഖ കിട്ടിയ ഒരു സ്ത്രീ അതു നൽകിയ സാക്ഷിയെ ചീത്തപറഞ്ഞു. നമ്മുടെ സഹോദരൻ ശാന്തനായി നിലകൊണ്ടു. എന്നാൽ, ആ സ്ത്രീയുടെ ബഹളം കേട്ട് ചുറ്റുംകൂടിയ കച്ചവടക്കാർ ഉടൻതന്നെ “യഹോവ നീണാൾ വാഴട്ടെ!” എന്ന് ഉദ്ഘോഷിച്ചു. അതോടെ ആ സ്ത്രീ സ്ഥലം വിട്ടു.
പ്രചാരണ ഫലം എന്തായിരുന്നു? ഫ്രാൻസിൽ ഉടനീളമുള്ള സഭകളെ ആ പ്രവർത്തനം ആവേശം കൊള്ളിച്ചു. നിഷ്ക്രിയരായിരുന്ന നൂറുകണക്കിനു സഹോദരങ്ങൾ ഈ പ്രത്യേക പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പ്രചോദിതരായി. ഈ വിധത്തിൽ തങ്ങളുടെ വിശ്വാസം ഉയർത്തിപ്പിടിക്കാൻ അവസരം ലഭിച്ചതിൽ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള പ്രസാധകർ ആഴമായ സംതൃപ്തി പ്രകടിപ്പിച്ചു. ബ്രാഞ്ച് ഓഫീസിൽ പൊതുജനങ്ങളിൽനിന്നു നൂറുകണക്കിന് ഫോൺ വിളികളും കത്തുകളും ലഭിച്ചു. ചിലർ അസഹിഷ്ണുത പ്രകടമാക്കി. അനേകർ പിന്തുണ പ്രകടിപ്പിച്ചു. ആ വാരാന്തത്തിൽ ഉടനീളം, തങ്ങളെ സന്ദർശിക്കാൻ ആളുകൾ സാക്ഷികളെ ക്ഷണിച്ചു. അനേകം ബൈബിൾ അധ്യയനങ്ങൾ ആരംഭിച്ചു.
ഗവൺമെന്റ് ചുമത്തിയ നികുതിയുടെ കാര്യമോ? പ്രസ്തുത
ഗവൺമെന്റ് നടപടിയുടെ ഫലമായി, ഉന്നത ഉദ്യോഗസ്ഥന്മാർക്ക് യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള നിയമപരമായ അനേകം രേഖകൾ പരിശോധിക്കേണ്ടിവന്നു—തീർച്ചയായും ഒരു സാക്ഷ്യംതന്നെ! ഈ നികുതി ചുമത്തലിന് എതിരെ അപ്പീൽ നൽകിയിരിക്കുകയാണ്. ആവശ്യമെങ്കിൽ, യൂറോപ്യൻ മനുഷ്യാവകാശ കോടതിവരെയും നിയമയുദ്ധം തുടരും.യു.എസ്.എ.-യിലെ ന്യൂജേഴ്സിയിലുള്ള ഓറഡെൽ നഗരസഭ വർഷങ്ങളായി സുവാർത്ത പ്രസംഗത്തോട് എതിർപ്പു പ്രകടമാക്കിയിരുന്നു. നിയമപരമായ അനുവാദം വാങ്ങി ഒരു പ്രത്യേക ബാഡ്ജ് ധരിക്കാത്തപക്ഷം യഹോവയുടെ സാക്ഷികൾ തങ്ങളുടെ പരസ്യ ശുശ്രൂഷ നടത്താൻ പാടില്ലെന്നായിരുന്നു നഗരസഭയുടെ നിലപാട്. ഈ നിബന്ധനകളുടെ ഭരണഘടനാ വിരുദ്ധമായ സ്വഭാവം മേയറെയും നഗരസഭാ കൗൺസിലിനെയും ബോധ്യപ്പെടുത്താൻ നടത്തിയ ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ പ്രാദേശിക നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് ന്യൂജേഴ്സി ജില്ലയിലെ യു.എസ്. ജില്ലാ ഫെഡറൽ കോടതിയിൽ ഒരു ഹർജി സമർപ്പിച്ചു. പരസ്യശുശ്രൂഷ നടത്താനുള്ള നമ്മുടെ അവകാശം അംഗീകരിച്ചുകിട്ടാൻ കഴിഞ്ഞ 50 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഐക്യനാടുകളിൽ ഇത്തരം ഒരു നടപടി സ്വീകരിക്കേണ്ടിവന്നത്. കോടതിയിൽ നൽകിയ പരാതിയിൽ, നമ്മുടെ വേലയുടെ സ്വഭാവവും അതിന്റെ തിരുവെഴുത്തുപരമായ അടിസ്ഥാനവും വിശദീകരിച്ചിരുന്നു; അങ്ങനെ നല്ലൊരു സാക്ഷ്യം നൽകപ്പെട്ടു.
1999 മാർച്ച് 8-ന് ഫെഡറൽ ജില്ലാ മജിസ്ട്രേറ്റ് ജഡ്ജി നമ്മുടെ നിയമ വിഭാഗത്തിന്റെ പ്രതിനിധികളും ഓറഡെൽ നഗരസഭയുടെ പ്രതിനിധികളും ആയി ഒരു യോഗം നടത്തുകയും നഗരസഭയോട് അതിന്റെ നിയമങ്ങൾക്കു മാറ്റം വരുത്താൻ നിർദേശിക്കുകയും ചെയ്തു. അനുവാദവും ബാഡ്ജും വേണമെന്ന നിബന്ധനയിൽനിന്ന് മതസംഘടനകളെ ഒഴിവാക്കിക്കൊണ്ട് നഗരസഭാ കൗൺസിലിന്റെ യോഗത്തിൽവെച്ച് മാർച്ച് 16-ന് കൗൺസിലും മേയറും ഒരു പ്രമേയം പാസാക്കി. ഭരണഘടനാ വിരുദ്ധമായ തടസ്സങ്ങൾ കൂടാതെ ഇപ്പോൾ വീണ്ടും ഓറഡെലിൽ സുവാർത്ത പ്രസംഗിക്കാൻ സാധിക്കുന്നു!
യഹോവയുടെ നാമവും അവന്റെ നാമം വഹിക്കുന്ന ജനവും കോടതിയിലോ പാർലമെന്റിലോ പരാമർശിക്കപ്പെടുന്ന ഓരോ തവണയും, രാജ്യസന്ദേശം കേൾക്കാൻ പലപ്പോഴും അവസരം ലഭിക്കാത്ത ഉന്നത “അധികാരസ്ഥന്മാർ”ക്ക് ഒരു സാക്ഷ്യം നൽകപ്പെടുന്നു. (1 തിമൊ. 2:2) എന്നാൽ ചില അവസരങ്ങളിൽ, നേരിട്ടും വ്യാപകമായും വളരെയേറെ സാക്ഷ്യം കൊടുക്കാൻ അവസരം കിട്ടുന്നു. റഷ്യയിൽ സംഭവിച്ചത് അതാണ്.
യഹോവയുടെ സാക്ഷികളുടെ മതപ്രവർത്തനം നിരോധിക്കാനായി 1998 സെപ്റ്റംബർ മുതൽ 1999 മാർച്ച് വരെ റഷ്യയിലെ മോസ്കോയിലുള്ള
ഒരു ഇടുങ്ങിയ കോടതി മുറിയിൽ നിശ്ചയദാർഢ്യത്തോടെയുള്ള ഒരു ശ്രമം നടന്നു. എന്നാൽ ഈ കോടതി മുറി യഹോവയുടെ സാക്ഷികളെ നിശ്ശബ്ദരാക്കുന്നതിനു പകരം ശക്തമായൊരു സാക്ഷ്യം നൽകാൻ അവർക്ക് അതുല്യമായൊരു അവസരം ഒരുക്കിക്കൊടുക്കുകയാണു ചെയ്തത്.യഹോവയുടെ സാക്ഷികളുടെ മോസ്കോ സഭയെ ഇല്ലായ്മ ചെയ്യാനായി മോസ്കോയിലെ പ്രോസിക്യൂട്ടറുടെ ഓഫീസും റഷ്യൻ ഓർത്തഡോക്സ് സഭയുമായി ബന്ധമുള്ള ഒരു മതഭേദ-വിരുദ്ധ സംഘടനയും പിന്നീട് മോസ്കോ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസും ചേർന്ന് നടപടികൾ ആരംഭിച്ചു. അവർ സാക്ഷികൾക്ക് എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കേസ് ഫയൽ ചെയ്തു. സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികൾ സാധാരണഗതിയിൽ മതപഠിപ്പിക്കലുകളെയും വിശ്വാസങ്ങളെയും കുറിച്ചു കോടതിമുറിയിൽ വിമർശനപരമായി അപഗ്രഥനം നടത്താറില്ല. എന്നാൽ, ആരോപണങ്ങളിൽ യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളും ആചാരങ്ങളും ഉൾപ്പെട്ടിരുന്നതിനാൽ അവ വിചാരണയിലെ മുഖ്യ വിഷയമായിത്തീർന്നു.
സാക്ഷികളുടേത് സത്യമതം ആണെന്ന് പഠിപ്പിക്കുക വഴി അവരുടെ സാഹിത്യങ്ങൾ മതശത്രുത വളർത്തുന്നുവെന്ന് ഗവൺമെന്റ് അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അപ്പോൾ, യഹോവയുടെ സാക്ഷികളിൽ ഒരാളായ പ്രതിഭാഗം അഭിഭാഷകൻ ജഡ്ജിക്കും പ്രോസിക്യൂട്ടർക്കും ബൈബിളിന്റെ ഓരോ പ്രതി നൽകിയിട്ട് “കർത്താവു ഒരുവൻ, വിശ്വാസം ഒന്നു, സ്നാനം ഒന്നു” എന്ന എഫെസ്യർ 4:5-ലെ വാക്യം വായിച്ചു. തന്റെ തിരുവെഴുത്തു വാദം തുടർന്ന നമ്മുടെ ആ റഷ്യൻ സഹോദരൻ ‘ലോകത്തിൽനിന്ന് വേറിട്ടിരിക്കേണ്ടതിന്റെ’ ആവശ്യം പ്രകടമാക്കുന്ന യാക്കോബ് 1:27, യോഹന്നാൻ 17:16, വെളിപ്പാടു 18:1-4 എന്നീ തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ട് പ്രോസിക്യൂട്ടറുടെ പരാതിയിലെ മറ്റ് ആരോപണങ്ങളെ ഖണ്ഡിച്ചു. പക്ഷേ, മഹതിയാം ബാബിലോനെ കുറിച്ചു പറയുന്ന ആ അവസാനത്തെ വാക്യം മറ്റു മതങ്ങൾക്കു ബാധകമാക്കുമ്പോൾ അത് അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നു പ്രോസിക്യൂട്ടർ വാദിച്ചു. എന്നാൽ ഒരു തത്ത്വശാസ്ത്ര പ്രൊഫസറായ ഒരു യൂണിവേഴ്സിറ്റി അധ്യാപിക പിന്നീട് ഇങ്ങനെ അഭിപ്രായപ്പെട്ടു: “യഹോവയുടെ സാക്ഷികളെ അവരുടെ പഠിപ്പിക്കലുകളെ പ്രതി കുറ്റപ്പെടുത്തുന്ന വിദഗ്ധർ, വാസ്തവത്തിൽ തങ്ങൾ ബൈബിളിന് എതിരായിട്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല.”
പ്രോസിക്യൂഷൻ പരാതിയിൽ ഉൾപ്പെടുത്തിയിരുന്ന യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ കോടതിമുമ്പാകെ വായിക്കാനുള്ള അവസരം വിചാരണയിൽ ലഭിച്ചു. എന്നാൽ ഇത്തവണ, ആ പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ അവയുടെ പശ്ചാത്തലം സഹിതമാണു വായിക്കപ്പെട്ടത്. അങ്ങനെ, നമ്മുടെ വിശ്വാസങ്ങൾ
കൃത്യമായി അവതരിപ്പിക്കപ്പെട്ടു. അതുവഴി, സാക്ഷികൾ തെറ്റു ചെയ്തുവെന്ന നിയമപരമായ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലാതായി. പ്രോസിക്യൂട്ടറുടെ അവകാശവാദങ്ങളെ ഖണ്ഡിക്കുന്ന, റഷ്യയിലെ പ്രമുഖരായ പ്രൊഫഷണലുകൾ തയ്യാറാക്കിയ അഞ്ചിലേറെ ശാസ്ത്രീയ പഠന റിപ്പോർട്ടുകളും കോടതിയിൽ അവതരിപ്പിക്കപ്പെട്ടു. മതസ്വാതന്ത്ര്യത്തോടുള്ള ആദരവ് ആവശ്യപ്പെടുന്ന സാർവദേശീയ കോടതി വിധികളെയും ഉടമ്പടികളെയും കുറിച്ചും അവിടെ ഊന്നിപ്പറയപ്പെട്ടു.പ്രോസിക്യൂട്ടറുടെ നിയമ നടപടിക്ക് അടിസ്ഥാനം നൽകിയ 1997-ലെ റഷ്യൻ നിയമം യേശുവിന്റെ പ്രവർത്തനങ്ങളെ എങ്ങനെ വീക്ഷിക്കുമായിരുന്നു? യഹോവയുടെ സാക്ഷികളിൽ ഒരുവനായ, കാനഡക്കാരനായ, ഒരു പ്രതിഭാഗം അഭിഭാഷകൻ ആ വിഷയം കൈകാര്യം ചെയ്തു. അദ്ദേഹം കോടതിയോട് പറഞ്ഞു: ‘“നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ” ആണെന്നുള്ള യോഹന്നാൻ 8:44, 45-ലെ വാക്കുകൾ തന്റെ നാളിലെ മതനേതാക്കന്മാർക്കു ബാധകമാക്കിക്കൊണ്ട് യേശു അവരെ വിമർശിക്കുകയുണ്ടായി. മത്തായി 15:2-9-ൽ കാണുന്ന പ്രകാരം, ദൈവവചനത്തിനു വിരുദ്ധമായ പാരമ്പര്യങ്ങളെ യേശു കുറ്റം വിധിച്ചു. മത്തായി 10:34-37-ൽ പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങൾ പറയുക വഴി യേശു കുടുംബങ്ങളെ തകർക്കാൻ ശ്രമിക്കുക ആയിരുന്നോ? അല്ല. ആളുകൾ ചില രീതികളിൽ പ്രതികരിക്കുമ്പോൾ തീർച്ചയായും ഉണ്ടാകുന്ന പരിണതഫലങ്ങളെ കുറിച്ചു പ്രസ്താവിക്കുക മാത്രമായിരുന്നു അവൻ. കൂടാതെ, തന്റെ അടുത്തു വരാൻ യേശു കുട്ടികളെ ക്ഷണിച്ചതായി ലൂക്കൊസ് 18:15, 16 ചൂണ്ടിക്കാട്ടുന്നു. അതുവഴി അവൻ കൗമാരപ്രായക്കാരെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും ക്രിസ്ത്യാനിത്വത്തിലേക്കു വശീകരിക്കുകയായിരുന്നോ? യേശുവിന്റെ പ്രസംഗപ്രവർത്തനം തടയാൻ മതവൈരികൾ ആഗ്രഹിച്ചത് എന്തുകൊണ്ടായിരുന്നു? അത് അനേകർ യേശുവിനെ അനുഗമിച്ചതുകൊണ്ട് ആയിരുന്നെന്ന് യോഹന്നാൻ 11:47, 48 പ്രകടമാക്കുന്നു. അങ്ങനെ, തങ്ങൾക്ക് അംഗങ്ങൾ നഷ്ടമാകുകയാണെന്ന് യഹൂദ പുരോഹിതവർഗം വിചാരിച്ചു. ഈ കാര്യങ്ങളിൽ ചില സമാനതകൾ നാം ഇന്ന് കാണുന്നു.’ യേശുക്രിസ്തു മോസ്കോയിൽ പ്രസംഗിച്ചിരുന്നെങ്കിൽ, യഹോവയുടെ സാക്ഷികൾക്ക് എതിരെ ഈ കേസിൽ ഉന്നയിക്കപ്പെട്ടിരിക്കുന്ന അതേ ആരോപണങ്ങൾ അവന് എതിരായും ഉന്നയിക്കപ്പെടുമായിരുന്നു എന്ന് വ്യക്തമാണ്. എന്നാൽ തെറ്റ് ആരുടെ പക്ഷത്താണ്? വ്യക്തമായും ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ പക്ഷത്താണ്. എന്തെന്നാൽ യേശു “പാപം ചെയ്തിട്ടില്ല.”—1 പത്രൊസ് 2:22.
യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകളെ കുറിച്ച് പ്രോസിക്യൂഷൻ ഉയർത്തിയ ചോദ്യങ്ങൾക്കു പ്രതികരണമായി, നമ്മുടെ സഹോദരനായ ഒരു റഷ്യൻ അഭിഭാഷകൻ ബൈബിളിൽ നിന്ന് ദാനീയേൽ 2:44, 45-ഉം 2 തിമൊഥെയൊസ് 3:1-5-ഉം വായിച്ചു കേൾപ്പിച്ചു. ആ ദിവസം ഉച്ചകഴിഞ്ഞ്, മൂന്നാം തലമുറക്കാരനായ ഒരു സാക്ഷി കോടതിയിൽ തെളിവു നൽകി. യഹോവയുടെ സാക്ഷികൾ പതിറ്റാണ്ടുകളായി റഷ്യയിൽ ഉണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം പ്രകടമാക്കുന്നു. സോവിയറ്റ് ഭരണകൂടത്താൽ നിരോധിക്കപ്പെട്ടിരുന്ന കാലത്ത് സൈബീരിയയിലേക്കുള്ള നാടുകടത്തലിന്റെയും മറ്റ് അടിച്ചമർത്തൽ നടപടികളുടെയും ഫലമായി യഹോവയുടെ സാക്ഷികൾ അനുഭവിച്ച ദുരിതങ്ങളുടെ ഒരു ഓർമിപ്പിക്കൽകൂടി ആയിരുന്നു അദ്ദേഹത്തിന്റെ സാക്ഷ്യം.—1999 ഏപ്രിൽ 22 ലക്കം ഉണരുക!യുടെ 20-5 പേജുകൾ കാണുക.
യഹോവയുടെ സാക്ഷികളെ പ്രതിനിധീകരിക്കാൻ മൂന്നാമതായി ഒരു അഭിഭാഷകയും ഉണ്ടായിരുന്നു. യഹോവയുടെ സാക്ഷിയല്ലായിരുന്നെങ്കിലും വളരെ നീതിബോധമുള്ള, മനുഷ്യാവകാശ വിഷയങ്ങൾ വാദിച്ച് നല്ല പരിചയമുള്ള, ഒരു വനിതയായിരുന്നു അവർ. ബൈബിൾ തുറന്ന് അനേകം വാക്യങ്ങളിലേക്ക് കോടതിയുടെ ശ്രദ്ധ ക്ഷണിക്കാൻ അവർക്കും അവസരം ലഭിച്ചു. വെളിപ്പാടു 14:1; 16:16; 20:6; സങ്കീർത്തനം 37:9, 10 എന്നീ തിരുവെഴുത്തുകൾ ചൂണ്ടിക്കാട്ടിയ ശേഷം, യഹോവയുടെ സാക്ഷികൾക്ക് എവിടെയാണ് തെറ്റ് സംഭവിച്ചിരിക്കുന്നത് എന്നു ചൂണ്ടിക്കാട്ടാൻ പ്രോസിക്യൂട്ടറുടെ മത “പണ്ഡിതനെ” അവർ വെല്ലുവിളിച്ചു. എന്നാൽ അയാൾക്ക് അതിനു കഴിഞ്ഞില്ല.
രസാവഹമായി, 1999 ഏപ്രിൽ 29-ന് റഷ്യയിലെ ദേശീയ നീതിന്യായ മന്ത്രാലയം യഹോവയുടെ സാക്ഷികളെ ഒരു മതസംഘടനയായി രജിസ്റ്റർ ചെയ്തു. എന്നാൽ, അതുകൊണ്ടൊന്നും കോടതി മോസ്കോയിലെ കേസ് തള്ളിക്കളയാനോ യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി വിധിന്യായം പറയാനോ തയ്യാറായില്ല. പകരം വിചാരണക്കോടതി, യഹോവയുടെ സാക്ഷികളുടെ സാഹിത്യത്തെ കുറിച്ചു വിശകലനം നടത്താൻ ജഡ്ജി നിയമിച്ച ഒരു “പണ്ഡിത” സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. അതിന്റെ പരിണതി എന്തായിരുന്നാലും അത് ‘സാക്ഷ്യം പറവാൻ തരമാകും’ എന്നു നമുക്ക് ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്.—മത്തായി 10:18.
കോടതി മുറിയിൽ ഉദ്യോഗസ്ഥന്മാർക്കു നൽകിയ സാക്ഷ്യത്തിനു പുറമേ, പ്രസ്തുത വിചാരണയെ കുറിച്ചുള്ള വാർത്തകൾ റഷ്യയിൽ ഉടനീളം പത്രങ്ങളിലും ടെലിവിഷനിലും പ്രത്യക്ഷപ്പെട്ടു. റഷ്യയിലെ യഹോവയുടെ സാക്ഷികൾ വിചാരണയെ കുറിച്ചുള്ള വിവരങ്ങൾ വാർത്താ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ദിവസവും എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു. പ്രോസിക്യൂഷൻ തെറ്റായി വ്യാഖ്യാനിച്ച വാച്ച്ടവർ പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള പൂർണമായ ഉദ്ധരണികളും സാക്ഷികളുടെ മുൻകാല പ്രവർത്തനങ്ങളെ കുറിച്ചുള്ള വളരെയേറെ വിവരങ്ങളും നൽകപ്പെടുകയുണ്ടായി. കുറഞ്ഞത് ഏഴ് പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ പ്രതിനിധികൾ വിചാരണ വേളയിൽ വ്യത്യസ്ത സമയങ്ങളിലായി സന്നിഹിതരായിരുന്നു. മറ്റ്
രാജ്യങ്ങളുടെ എംബസികളും മനുഷ്യാവകാശ സംഘടനകളും കോടതി നടപടികളിൽ ആഴമായ താത്പര്യം പ്രകടമാക്കി. മതസ്വാതന്ത്ര്യം ഉറപ്പുവരുത്താനും അങ്ങനെ തങ്ങളുടെ ഗവൺമെന്റ് ഒരു അംഗമായിരിക്കുന്ന അന്താരാഷ്ട്ര ഉടമ്പടികൾക്ക് അനുസൃതമായി പ്രവർത്തിക്കാനും റഷ്യയിലെ എല്ലാ തുറകളിലുമുള്ള ഉദ്യോഗസ്ഥന്മാരോട് ആവശ്യപ്പെട്ടുകൊണ്ട് മാർച്ച് 11-ന് യൂറോപ്യൻ പാർലമെന്റ് ഒരു പ്രമേയം പാസാക്കി. പിറ്റേ മാസം, മോസ്കോയിലെ കോടതിക്കേസിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള മറ്റൊരു പ്രമാണത്തിൽ യൂറോപ്യൻ കൗൺസിലിന്റെ പാർലമെന്ററി അസംബ്ലിയിലെ 11 അംഗങ്ങൾ ഒപ്പുവെച്ചു.രാജ്യ സന്ദേശത്തെ എതിർക്കുന്നവർക്കു തങ്ങളുടെ നേരെ “പക” ഉണ്ടെന്ന് മോസ്കോയിലും റഷ്യയുടെ മറ്റെല്ലാ ഭാഗങ്ങളിലുമുള്ള സഹോദരങ്ങൾക്ക് നന്നായി അറിയാം. സെന്റ് പീറ്റേഴ്സ്ബർഗിൽ ഒരു സഭായോഗസ്ഥലത്ത് ഗ്യാസ് ബോംബ് വെക്കുകയുണ്ടായി. പ്രായമായ ഒരു സഹോദരി വയൽസേവനത്തിൽ ഏർപ്പെടവെ, ഒരു എതിരാളി അവരെ ഒരു ആയുധംകൊണ്ട് ആക്രമിച്ചു. കെട്ടിട ഉടമസ്ഥർ വാടക കരാറുകൾ റദ്ദാക്കിയതിന്റെ ഫലമായി മോസ്കോയിലെ 2,000 സാക്ഷികൾക്ക് തങ്ങളുടെ യോഗങ്ങൾ നടത്താനായി മറ്റു സ്ഥലങ്ങൾ അന്വേഷിക്കേണ്ടി വന്നു. യഹോവയുടെ സാക്ഷികൾ മോസ്കോയിൽ നടത്താനിരുന്ന കൺവെൻഷൻ തടയാനുള്ള ശ്രമങ്ങളും നടന്നു. എന്നാൽ അതു ഗണ്യമാക്കാതെ ആഗസ്റ്റ് മാസം അവർ അതു നടത്തി. ശനിയാഴ്ച ബോംബു ഭീഷണി നിമിത്തം സ്റ്റേഡിയത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നെങ്കിലും ആ കൺവെൻഷനിൽ 600 പേർ സ്നാപനമേറ്റു. ശേഷിക്കുന്ന പരിപാടികൾ ശ്രദ്ധിക്കാനായി 15,100 പേർ ഞായറാഴ്ച മടങ്ങിയെത്തുകയും ചെയ്തു.
ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ തങ്ങളുടെ ശുശ്രൂഷ തുടരവെ അവർക്കു നാനാതരത്തിലുള്ള സമ്മർദങ്ങളെ നേരിടേണ്ടിവരുന്നു. ഇതിന്റെ വീക്ഷണത്തിൽ, ‘സുവാർത്തയ്ക്കു വേണ്ടി പ്രതിവാദം നടത്തുകയും അതു നിയമപരമായി സ്ഥാപിച്ചെടുക്കുകയും’ ചെയ്യുന്നതിനോടു ബന്ധപ്പെട്ട നിലവിലുള്ള ആവശ്യങ്ങൾ ചർച്ചചെയ്യാനായി ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ 1999 ഏപ്രിലിൽ യോഗം ചേർന്നത് തികച്ചും ഉചിതമായിരുന്നു.—ഫിലി. 1:7, NW.
ബൈബിൾ പറയുന്നതുപോലെ തന്നെ, “യഹോവയുടെ ദാസന്മാ”ർക്ക് എതിരായി ഉണ്ടാക്കുന്ന യാതൊരു ആയുധവും വിജയിക്കില്ല എന്ന കാര്യത്തിൽ യഹോവയുടെ സാക്ഷികൾക്ക് ഉറച്ച ബോധ്യമുണ്ട്. (യെശ. 54:17) കൂടാതെ, യിരെമ്യാവു 1:19-ൽ പിൻവരുന്ന വാഗ്ദാനം നൽകപ്പെട്ടിരിക്കുന്നു: “അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.”
[6-ാം പേജിലെ ചിത്രം]
“ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!” എന്ന ഇംഗ്ലീഷ് പുസ്തകം ഡാനിയേൽ സിഡ്ലിക് പ്രകാശനം ചെയ്യുന്നു
[6-ാം പേജിലെ ചിത്രം]
കൊറിയൻ ഭാഷയിലുള്ള “പുതിയ ലോക ഭാഷാന്തരം” ചോങ്-ഇൽ പാക് പ്രകാശനം ചെയ്യുന്നു
[12, 13 പേജുകളിലെ ചിത്രങ്ങൾ]
32 അന്താരാഷ്ട്ര കൺവെൻഷനുകളിൽ— ഒരെണ്ണം നടന്ന കെനിയയിലെ നയ്റോബി
[14-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ ഇടത്ത്: ബെൽജിയത്തിൽ നിന്ന് ആഫ്രിക്കയിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികൾ ട്രക്കിൽ കയറ്റുന്നു. താഴെ: കോംഗോയിൽ നിന്നുള്ള അഭയാർഥികൾക്കു പ്രബോധനം ലഭിക്കുന്നു, അവർ ഹൃദയംഗമമായി യഹോവയ്ക്കു സ്തുതിഗീതം ആലപിക്കുന്നു
[20, 21 പേജുകളിലെ ചിത്രങ്ങൾ]
ലോക ആസ്ഥാനത്തുനിന്നു കയറ്റി അയയ്ക്കാൻ തയ്യാർ ചെയ്യപ്പെടുന്ന സാഹിത്യം