ഭരണസംഘത്തിന്റെ കത്ത്
ഭരണസംഘത്തിന്റെ കത്ത്
“ദൈവം സ്നേഹം തന്നേ.” (1 യോഹ. 4:16) അതേ, യഹോവ സ്നേഹത്തിന്റെ മൂർത്തിമത്ഭാവമാണ്. ദൈവത്തിന്റെ സ്നേഹം പ്രകടമാകുന്ന വ്യത്യസ്ത വിധങ്ങളും യഹോവയുടെ സ്നേഹനിർഭരമായ ഉദ്ദേശ്യം അതിന്റെ നിവൃത്തിയിലേക്കു നിർബാധം മുന്നേറുന്നതിന്റെ തെളിവും കാണാൻ കഴിയുന്ന ഈ കാലത്തു ജീവിച്ചിരിക്കുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം എത്ര പുളകപ്രദമാണ്!
ദൈവജനം എന്ന നിലയിൽ അത്യുന്നതന്റെ സാക്ഷികൾ ആയിരിക്കാനുള്ള പദവി നമുക്കുണ്ട്. (യെശ. 43:10-12) തന്റെ നാമം വഹിച്ചിരുന്ന പുരാതന ജനത്തെക്കുറിച്ച് യഹോവ ഇങ്ങനെ പറഞ്ഞു: ‘എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു.’ (യെശ. 43:4) ആ വാക്കുകൾ ഇന്ന് ആത്മീയ ഇസ്രായേലിനും ബാധകമാണ്. കൂടാതെ, ഭൗമിക പറുദീസയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്ന മഹാപുരുഷാരത്തിൽപ്പെട്ട എല്ലാവരെയും യഹോവ സ്നേഹിക്കുന്നു. അതേക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ! യഹോവ പറയുന്നു: ‘ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു.’ നിങ്ങളെ കുറിച്ച് യഹോവ അതു പറയുന്നതു വ്യക്തിപരമായി നിങ്ങൾക്കു കേൾക്കാൻ കഴിയുന്നുണ്ടോ?
‘സ്നേഹം തണുത്തുപോയിരിക്കുന്ന’ അനേകർ ഈ ലോകത്തിൽ നമുക്കു ചുറ്റും ഉള്ളതിനാൽ നാം നിരുത്സാഹിതരാകാനുള്ള സാധ്യതയുണ്ടെങ്കിലും, നാം യഹോവയുടെ സ്നേഹഭാജനങ്ങളാണ് എന്ന നിരന്തരമായ തിരിച്ചറിവിൽ നിന്ന് എത്രയോ ശക്തമായ പ്രോത്സാഹനമാണു നമുക്കു ലഭിക്കുന്നത്! (മത്താ. 24:12) യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നാം അവന്റെ വലിയ സ്നേഹത്തിനും സാക്ഷികളാണ്, കാരണം ദൈനംദിന ജീവിതത്തിൽ നാം അവന്റെ സ്നേഹം അനുഭവിച്ചറിയുന്നു. യഹോവ നമ്മെ സ്നേഹിക്കുന്നതിനാൽ, സുവാർത്ത പ്രസംഗിക്കുന്നതിലെ വ്യക്തിപരവും കൂട്ടം എന്ന നിലയിലുമുള്ള നമ്മുടെ ശ്രമങ്ങളെ അവൻ അനുഗ്രഹിക്കുന്നു. ഈയിടെ ഭരണസംഘം സാധാരണ പയനിയർമാർക്കും സഹായ പയനിയർമാർക്കും ഉള്ള മണിക്കൂർ വ്യവസ്ഥ യഥാക്രമം 70-ഉം 50-ഉം ആയി കുറച്ചു. ഇത് പയനിയർ അണിയിൽ വലിയൊരു വർധനവിനു കാരണമായി. കഴിഞ്ഞ സേവന വർഷം, ശരാശരി 7,38,343 സാക്ഷികൾ പ്രത്യേക പയനിയർമാരോ സാധാരണ പയനിയർമാരോ സഹായ പയനിയർമാരോ ആയി സേവിച്ചു. കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 5.7 ശതമാനം വർധനവാണ് അത്. സതീക്ഷ്ണമായ സാക്ഷീകരണത്തിന്റെയും യഹോവയുടെ അനുഗ്രഹത്തിന്റെയും ഫലമായി പ്രതിവാരം ശരാശരി 45 പുതിയ സഭകൾ രൂപീകരിക്കപ്പെട്ടു. ഗോളമെമ്പാടും ഓരോ വാരത്തിലും സ്നാപനങ്ങൾ നടന്നുവരുന്നു. കഴിഞ്ഞ വർഷം, യഹോവയോടുള്ള തങ്ങളുടെ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായി ഗോളമെമ്പാടും ഓരോ വാരവും ശരാശരി 6,220 പേർ സ്നാപനമേറ്റു. ലോകവ്യാപകമായി സുവാർത്താ പ്രസംഗകരുടെ എണ്ണം 59,12,492 എന്ന ഒരു അത്യുച്ചത്തിൽ എത്തിയിരിക്കുന്നു.—മത്താ. 24:14.
ദൈവസ്നേഹത്തെ കുറിച്ചു ധ്യാനിക്കുന്നത് യഹോവയോടുള്ള സ്നേഹത്തിൽ വളർന്നുവരാൻ നമ്മെ സഹായിക്കുന്നു. ഓരോ ദിവസവും ബൈബിൾ വായിച്ചുകൊണ്ടോ അതിന്റെ കാസെറ്റ് ശ്രവിച്ചുകൊണ്ടോ നമുക്ക് അവനോടുള്ള സ്നേഹം പ്രകടമാക്കാൻ കഴിയും. സാധാരണമായി, നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾക്കുവേണ്ടി നാം സമയം കണ്ടെത്താറുണ്ട്. നാം യഹോവയെ സ്നേഹിക്കുന്നെങ്കിൽ, ബൈബിളിന്റെ ഒരു ഭാഗം വായിക്കാൻ തക്കവണ്ണം നമ്മുടെ ദൈനംദിന പട്ടിക ക്രമീകരിക്കാൻ ആത്മാർഥ ശ്രമം ചെയ്യും. അതേസമയം, വായിച്ചതിനെക്കുറിച്ചു ധ്യാനിക്കുന്നത് യഹോവയോടുള്ള നമ്മുടെ സ്നേഹം വളരാൻ ഇടവരുത്തും. സ്നേഹവും സൂക്ഷ്മ പരിജ്ഞാനവും ഒപ്പത്തിനൊപ്പം ഉണ്ടായിരിക്കേണ്ടതാണ്. ഈ രണ്ടു കാര്യങ്ങളിലും സമ്പന്നരാകുന്നതും ഒന്നിനെയും അവഗണിക്കാതിരിക്കുന്നതും പ്രയോജനകരമാണ്. ഫിലിപ്പിയർ 1:9, 11 പറയുന്നു: ‘നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകലവിവേകത്തിലും വർദ്ധിച്ചു വരട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.’—സങ്കീർത്തനം 119:97 കാണുക.
നമ്മുടെ സ്നേഹം യഹോവയോടു മാത്രമല്ല, മറിച്ച് ലോകമെമ്പാടുമുള്ള നമ്മുടെ മുഴു സഹോദരങ്ങളോടും ഉള്ളതാണ്. നാം നമ്മുടെ ‘മുഴു സഹോദരവർഗത്തെയും സ്നേഹിക്കുന്നു.’ (1 പത്രൊ. 2:17) ഈ സേവനവർഷത്തിന്റെ തുടക്കത്തിൽ, അന്താരാഷ്ട്ര കൺവെൻഷൻ പ്രതിനിധികളുമായി നിങ്ങളിൽ അനേകരും ഹൃദ്യമായ സൗഹൃദം ആസ്വദിച്ചു. മറ്റുള്ളവർ, ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലെ സൗഹൃദത്താൽ കെട്ടുപണി ചെയ്യപ്പെട്ടു.
കഴിഞ്ഞ വർഷത്തിലുടനീളം, ആഭ്യന്തര യുദ്ധങ്ങളുടെയും വിപത്തുകളുടെയും ഫലമായി പതിനായിരക്കണക്കിനു സഹോദരങ്ങൾ ദുരിതം അനുഭവിച്ചു. ആവശ്യമുള്ളവരെ സഹായിക്കാനായി ദുരിതാശ്വാസ പദ്ധതികൾ ക്രമീകരിക്കപ്പെട്ടു. മിക്ക കേസുകളിലും സാക്ഷികളല്ലാത്തവർക്കും മത്താ. 22:39, NW) എന്നിരുന്നാലും, നമ്മുടെ മുഖ്യ ഉത്തരവാദിത്വം ജീവരക്ഷാകരമായ പ്രസംഗ-പഠിപ്പിക്കൽ വേലയിൽ തിരക്കോടെ പങ്കുപറ്റുക എന്നതാണെന്ന കാര്യം നാം മനസ്സിൽ പിടിക്കേണ്ടതുണ്ട്. ഏതൊരു ജീവകാരുണ്യ പ്രവർത്തനത്തെക്കാളും പ്രധാനമാണ് ഈ വേല.—മത്താ. 28:19, 20.
സഹായം നീട്ടിക്കൊടുത്തു. ലോകത്തിലുള്ള ആളുകളോടു നാം സ്നേഹം പ്രകടമാക്കുന്നതിന്റെ ഒരു ഭാഗമാണ് ഇത്. ക്രിസ്ത്യാനികൾ എന്ന നിലയിൽ, നാം ‘നമ്മുടെ അയൽക്കാരെ സ്നേഹിക്കുന്നു.’ (അക്രമാസക്തവും അധാർമികവുമായ വിനോദം കൂടുതൽ വ്യാപകമായിരിക്കുന്നതും ഭൗതിക വസ്തുക്കൾക്കു വേണ്ടിയുള്ള പരക്കംപാച്ചിലിനെ വാഴ്ത്തുന്നതുമായ ഒരു ലോകത്തു ജീവിക്കുന്നതിനാൽ ഈ ലോകത്തിൽ നിന്നുള്ള വശീകരണങ്ങളെ ചെറുത്തുനിൽക്കാൻ കഴിയേണ്ടതിനു നാം യഹോവയോടുള്ള നമ്മുടെ സ്നേഹത്തെ ആഴമുള്ളതാക്കേണ്ടതുണ്ട്. (1 യോഹ. 2:15) യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നത് ഈ ലക്ഷ്യം കൈവരിക്കാൻ നിങ്ങളെ സഹായിക്കും. യഹോവയുടെ ‘ആലയത്തിൽ വസിക്കാ’നും “സഭകളിൽ” അവനെ വാഴ്ത്താനും സങ്കീർത്തനക്കാരനായ ദാവീദ് അതിയായി ആഗ്രഹിച്ചു.—സങ്കീ. 26:8, 12.
യഹോവയോടുള്ള നമ്മുടെ സ്നേഹം ബലിഷ്ഠമാക്കുന്നത് പീഡനത്തിന്മധ്യേയും ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നു. അതുപോലെതന്നെ, യാതൊരു സൃഷ്ടിക്കും ‘കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല’ എന്ന ബോധ്യവും നമ്മെ ശക്തീകരിക്കുന്നു.—റോമ. 8:39.
1999 ഒക്ടോബർ മുതൽ, ഞങ്ങളോടൊപ്പം ഭരണസംഘത്തിൽ സേവിക്കാൻ നാല് അഭിഷിക്ത സഹോദരങ്ങളെ കൂടി നിയമിച്ച വിവരം നിങ്ങളെ അറിയിക്കാൻ ഞങ്ങൾക്കു സന്തോഷമുണ്ട്. വാർഷിക യോഗത്തിൽ അത് അറിയിക്കുകയുണ്ടായി. പുതുതായി നിയമിതരായ ഈ സഹോദരന്മാരുടെ ശരാശരി പ്രായം 57-ഉം മുഴുസമയ ശുശ്രൂഷയിലെ ശരാശരി വർഷം 31-ഉം ആണ്. സാം ഹെർഡ്, സ്റ്റീവ് ലെറ്റ്, ഗൈ പിയേഴ്സ്, ഡേവിഡ് സ്പ്ലെയ്ൻ എന്നിവരാണ് അവർ.
നിങ്ങൾ പ്രായം ചെന്ന ഒരാളോ ഒരു യുവാവോ യുവതിയോ കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയോ അല്ലെങ്കിൽ ഒരു കൊച്ചുകുട്ടിയോ ആയിക്കൊള്ളട്ടെ, ഭരണസംഘം നിങ്ങളെ ഹൃദയംഗമമായി സ്നേഹിക്കുന്നു എന്ന് ഉറപ്പുള്ളവരായിരിക്കുക.—1 യോഹ. 3:23; 2 യോഹ. 2.
‘ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊള്ളവെ,’ “നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ.”—യൂദാ 2, 21.
നിങ്ങളുടെ സഹോദരങ്ങൾ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം