ലോകവ്യാപക റിപ്പോർട്ട്
ലോകവ്യാപക റിപ്പോർട്ട്
വർധനവിനനുസരിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ
പറുദീസാ ഭൂമിയിൽ യഹോവയെ നിത്യം സേവിക്കുകയെന്ന പ്രത്യാശയുള്ള ഒരു മഹാപുരുഷാരത്തെ ഈ വ്യവസ്ഥിതിയിൽ കൂട്ടിച്ചേർക്കുക എന്ന ദൈവോദ്ദേശ്യത്തെക്കുറിച്ച് 1935-ൽ യഹോവയുടെ സാക്ഷികൾ തിരുവെഴുത്തുകളിൽ നിന്നു മനസ്സിലാക്കി. (വെളി. 7:9, 10) ആദ്യമായി അവരുടെ ഒരു യോഗസ്ഥലം രാജ്യഹാൾ എന്നു വിളിക്കപ്പെട്ടത് ആ വർഷമാണ്, അത് ഹവായിയിലായിരുന്നു. ഇന്ന്, ബൈബിളിന്റെ ഹൃദയോഷ്മളമായ വാഗ്ദാനങ്ങൾ സ്വീകരിക്കുകയും അതിന്റെ നീതിയുള്ള നിലവാരങ്ങൾ തിരിച്ചറിയുകയും ചെയ്തിരിക്കുന്ന ആളുകളെക്കൊണ്ട് അത്തരം ആയിരക്കണക്കിനു രാജ്യഹാളുകൾ നിറഞ്ഞു കവിയുകയാണ്.
ദശലക്ഷക്കണക്കിന് ആളുകളാണ് രാജ്യഹാളുകളിലെ യോഗങ്ങൾക്കായി പതിവായി കൂടിവരുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിന് പേർ സ്നാപനമേൽക്കുന്നതിനാൽ, കൂടുതൽ രാജ്യഹാളുകളുടെ അടിയന്തിര ആവശ്യമുണ്ട്. 40 വികസ്വര രാജ്യങ്ങളിൽ 8,000 രാജ്യഹാളുകൾ കൂടി ആവശ്യമായിരിക്കുന്നതായി 1998-ലെ ഒരു കണക്കു സൂചിപ്പിച്ചു. പ്രസ്തുത ആവശ്യം നിറവേറ്റാനായി നാം കഴിഞ്ഞ വർഷം എന്താണ് ചെയ്തത്?
ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ജർമനി എന്നിങ്ങനെയുള്ള പ്രധാന സ്ഥലങ്ങളിൽ മേഖലാ രാജ്യഹാൾ ഓഫീസുകൾ സ്ഥാപിച്ചു. ഈ പ്രവർത്തന കേന്ദ്രത്തിൽ നിന്ന് യഥാക്രമം പൂർവ-പശ്ചിമ ആഫ്രിക്ക, ഏഷ്യ-പസിഫിക് പ്രദേശം, പശ്ചിമയൂറോപ്പ് എന്നിവിടങ്ങളിൽ രാജ്യഹാൾ നിർമാണ പദ്ധതികൾ സംഘടിപ്പിക്കുന്നതിനുള്ള സഹായം പ്രോജക്ട് മേൽവിചാരകന്മാർ ചെയ്തുകൊടുക്കാൻ തുടങ്ങിയിരിക്കുന്നു. ഇതേവരെ, ആഫ്രിക്കയിലെ 21 രാജ്യങ്ങളിലും പൂർവ യൂറോപ്പിലെ 7 രാജ്യങ്ങളിലും ഏഷ്യ-പസിഫിക് പ്രദേശത്തുള്ള
4 രാജ്യങ്ങളിലുമായി 77 അന്താരാഷ്ട്ര ദാസന്മാർ ഈ വേലയെ സഹായിക്കുന്നുണ്ട്. ലാറ്റിൻ അമേരിക്കയിലെ 2 രാജ്യങ്ങൾക്കും ഇത്തരത്തിലുള്ള സഹായം ലഭിക്കുന്നുണ്ട്. സാധ്യമായിരിക്കുന്നിടത്ത്, മുഴു സമയ രാജ്യഹാൾ നിർമാണ സംഘങ്ങളെ നിയമിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ആവുന്നത്രയും പ്രാദേശിക നിർമാണ രീതികളും നിർമാണ വസ്തുക്കളുമാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, നിർമാണ പ്രവർത്തനത്തിൽ പങ്കെടുക്കാൻ പ്രാദേശിക സഹോദരങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നുവരികിലും ആദ്യഘട്ടത്തിൽ, ആവശ്യമായ പരിശീലനം നൽകാനായി ഈ സംഘങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് ഒന്നോ രണ്ടോ അന്താരാഷ്ട്ര ദാസന്മാരായിരിക്കാം. രാജ്യഹാളുകളുടെ അടിയന്തിര ആവശ്യമുള്ളതും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിമിത്തം നിർമാണ വസ്തുക്കൾ വാങ്ങാൻ കഴിവില്ലാത്തതുമായ സ്ഥലങ്ങളിൽ പ്രാദേശിക സഹോദരങ്ങളെ ഇക്കാര്യത്തിൽ സഹായിക്കാനും അന്താരാഷ്ട്ര സഹോദരവർഗം ശ്രമിക്കുന്നു.ഘാനയിലെ സഹോദരങ്ങൾ വർഷത്തിൽ നാലു രാജ്യഹാൾ വീതമാണ് പണിതിരുന്നത്. എന്നാൽ നിർമിക്കാൻ വേണ്ട സഹായം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം 13 രാജ്യഹാൾ നിർമിക്കാൻ അവർക്കു സാധിച്ചു. അന്താരാഷ്ട്ര സഹായത്തിന്റെ ഫലമായി ബുറുണ്ടിയിൽ ഏതാനും മാസങ്ങൾക്കുള്ളിൽ 11 രാജ്യഹാളുകൾ നിർമിക്കാനായി. ബുറുണ്ടിയിലെ ഗിതെഗായിലുള്ള കുന്നിന്മേൽ നിർമിക്കപ്പെട്ട ആദ്യത്തെ കെട്ടിടമായിരുന്നു ആ രാജ്യഹാൾ. അവിടത്തെ സാധാരണ രീതി അനുസരിച്ച് മിക്കവരും ആ കുന്നിനെ യഹോവയുടെ പർവതം എന്നാണ് വിശേഷിപ്പിക്കുന്നത്.
ലൈബീരിയയിലെ പ്രസാധകരുടെ എണ്ണത്തിൽ 1998-ൽ 40 ശതമാനവും 1999-ൽ 19 ശതമാനവും വർധനവുണ്ടായി. ദീർഘകാലം ആഭ്യന്തര യുദ്ധം നടമാടിയ ആ രാജ്യത്തെ മിക്ക സഭകൾക്കും ഇപ്പോൾ രാജ്യഹാൾ ആവശ്യമായി വന്നിരിക്കുന്നു. എന്നിരുന്നാലും, അവിടത്തെ നമ്മുടെ ഭൂരിപക്ഷം സഹോദരങ്ങളും തൊഴിലില്ലായ്മ ഉൾപ്പെടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്. ആവശ്യമായ രാജ്യഹാളുകൾ നിർമിക്കാനായി മറ്റു രാജ്യങ്ങളിലെ സഹോദരങ്ങൾ നൽകിയ സാമ്പത്തിക സഹായത്തെപ്രതി അവർ എത്രമാത്രം നന്ദിയുള്ളവരാണെന്നോ! നിർമാണ പ്രവർത്തനം സംഘടിതമായി നടത്തുന്നതിൽ സഹായം നൽകാനായി എത്തിയ അഞ്ച് അന്താരാഷ്ട്ര ദാസന്മാരുടെ സഹായവും അവർ വളരെ വിലമതിക്കുന്നു.
നൈജീരിയയിൽ 1,800-ലധികം രാജ്യഹാളുകൾ കൂടി വേണം. നൈജീരിയയിലെ ആബേയോകൂറ്റായിൽ, നിർമാണ വേലയിൽ പങ്കെടുത്ത പ്രാദേശിക സാക്ഷികളുടെ ഐക്യവും തീക്ഷ്ണതയും നിരീക്ഷിച്ച
അടുത്തുള്ള പള്ളിയിലെ ഒരു കാര്യസ്ഥ പോലും ആ വേലയിൽ സഹായിക്കാൻ പ്രേരിതയായി. താൻ രാജ്യഹാൾ നിർമിക്കാൻ സഹായിച്ച സഭയോടൊത്ത് അവർ ഇപ്പോൾ യഹോവയെ സേവിച്ചുകൊണ്ടിരിക്കുന്നു. ടോഗോയിലെ ഒരു ഗ്രാമത്തിൽ രാജ്യഹാൾ നിർമാണത്തിന് കടുത്ത എതിർപ്പു നേരിട്ടതിനെ തുടർന്ന് സഹോദരങ്ങൾ മറ്റൊരു സ്ഥലത്ത് അതു നിർമിക്കാൻ തീരുമാനിച്ചു. പക്ഷേ, മനോഹരമായ ഒരു രാജ്യഹാൾ നിർമിക്കപ്പെടുന്നതായി കണ്ട എതിരാളികൾ, തങ്ങൾ പ്രശ്നമുണ്ടാക്കിയ സ്ഥലത്ത് മറ്റൊരു രാജ്യഹാൾ നിർമിക്കാമോ എന്ന് സഹോദരങ്ങളോടു ചോദിച്ചു.ശ്രീലങ്കയിലെ സഭകൾ യോഗം ചേരുന്നത് സ്വകാര്യ ഭവനങ്ങളിലും തെങ്ങോല മേഞ്ഞ ചെറിയ താത്കാലിക പുരകളിലും വീടിന്റെ പിൻഭാഗത്തായി ചാർത്തിക്കെട്ടിയ പന്തലുകളിലുമാണ്. അവിടെ കൂടുതൽ അനുയോജ്യമായ, മികച്ച ആരാധനാസ്ഥലങ്ങൾ നിർമിക്കപ്പെടുന്നതിൽ അവർ എത്രയോ നന്ദിയുള്ളവരാണ്! ശ്രീലങ്കയിൽ 13 രാജ്യഹാളുകൾ നിർമാണത്തിലിരിക്കുന്നു, മറ്റ് 20 എണ്ണത്തിന്റെ പ്ലാനുകളും മറ്റും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. 50 എണ്ണം അടുത്ത അഞ്ചു വർഷംകൊണ്ട് നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നു.
നല്ല രാജ്യഹാൾ ഉള്ളപ്പോൾ, യഹോവ നൽകുന്ന പ്രബോധനത്തിൽ നിന്നു പ്രയോജനം നേടുന്നതിന് കൂടിവരാൻ ആളുകൾക്കു മടി തോന്നുകയില്ല. പെറുവിലെ ലിമയുടെ പ്രാന്ത പ്രദേശത്തു പുതിയതും വലിപ്പമുള്ളതുമായ ഒരു രാജ്യഹാൾ നിർമിച്ചു കഴിഞ്ഞപ്പോഴത്തെ അനുഭവം അതാണ് തെളിയിക്കുന്നത്. ആ ഹാൾ ഉപയോഗിക്കുന്ന മൂന്നു സഭകളിലെയും യോഗഹാജർ വർധിച്ചു, മാത്രമല്ല ഒരു വർഷത്തിനുള്ളിൽ 75 പ്രസാധകർ പുതുതായി വയൽ സേവനത്തിൽ ഏർപ്പെടാനും തുടങ്ങി.
അനവധി സഭകളുള്ള വലിയ നഗരങ്ങളിൽ, ഒന്നിലധികം രാജ്യഹാളുകൾ അടങ്ങുന്ന കെട്ടിടങ്ങൾ നിർമിച്ചുകൊണ്ട് ഉള്ള സ്ഥലസൗകര്യം നന്നായി പ്രയോജനപ്പെടുത്തുന്നു. റുമേനിയയിൽ കഴിഞ്ഞ വർഷം മേയ് 29, 30 തീയതികളിലായി അത്തരം മൂന്നു രാജ്യഹാൾ സമുച്ചയങ്ങൾ സമർപ്പിക്കപ്പെട്ടു. ക്ലൂഷ്നാപ്പോക്കായിൽ നിർമിച്ച അത്തരമൊരു കെട്ടിടത്തിൽ നാലു രാജ്യഹാളുകൾ ഉണ്ടായിരുന്നു, വേറൊന്നിൽ രണ്ടും. പിറ്റേ ദിവസം, ടർഗൂമുരെഷ് എന്ന സ്ഥലത്ത് ഏഴു രാജ്യഹാളുകൾ അടങ്ങുന്ന ഒരു കെട്ടിടസമുച്ചയം സമർപ്പിക്കപ്പെട്ടു.
സമ്മേളനഹാളുകൾ നിർമിക്കൽ
വലിയ കൂടിവരവുകൾക്കായി, മിക്ക രാജ്യങ്ങളിലും സമ്മേളനഹാളുകളുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. എസ്തോണിയയിൽ രണ്ടു രാജ്യഹാൾ/സമ്മേളനഹാൾ കോംപ്ലക്സുകൾ കഴിഞ്ഞ
വർഷം സമർപ്പിക്കപ്പെട്ടു. ഓരോ കോംപ്ലക്സിലും മൂന്നു രാജ്യഹാളുകൾ വീതമുണ്ട്, അവ ഒന്നിച്ചു ചേർത്താൽ വലിയൊരു സമ്മേളനഹാളായി. ഒരു വാരാന്തത്തിൽ മാത്രമായി മൂന്നു സമ്മേളനഹാളുകൾ സമർപ്പിക്കപ്പെട്ടതായിരുന്നു കഴിഞ്ഞ സേവന വർഷം പോളണ്ടിൽ ഉണ്ടായ ഒരു സവിശേഷത. ഭരണസംഘത്തിലെ രണ്ട് അംഗങ്ങളായ തിയോഡർ ജാരറ്റ്സും ഡാനിയേൽ സിഡ്ലികും ഈ പ്രത്യേക അവസരത്തിൽ പങ്കുപറ്റുകയും ഓരോ ഹാളിലും പ്രോത്സാഹജനകമായ പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. സേസ്നോവിയെറ്റ്സ് നഗരത്തിലുള്ള, ഏറ്റവും വലിയ ഹാളിനോട് 6,400 പേർക്ക് ഇരിക്കാവുന്ന ഒരു വൃത്താകാര സ്റ്റേഡിയം കൂട്ടിച്ചേർത്തു. ജൂലൈ മാസത്തിൽ അഞ്ച് ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾക്കായി ഈ കെട്ടിടം ഉപയോഗിക്കപ്പെട്ടു.ഇപ്പോൾ 9,80,419 രാജ്യപ്രസാധകരുള്ള ഐക്യനാടുകളിൽ, കഴിഞ്ഞ വർഷം നാലു സമ്മേളന ഹാളുകൾകൂടി നിർമിക്കപ്പെട്ടു. ഇപ്പോൾ അവിടെ മൊത്തം 40 സമ്മേളനഹാളുകൾ ഉണ്ട്. 5,28,034 പ്രസാധകരുള്ള ബ്രസീലിൽ, 17-ാമത്തെ സമ്മേളനഹാൾ സമർപ്പിക്കപ്പെട്ടു. സാവൊ പൗലോയിൽ നിന്നും ഏതാണ്ട് 40 കിലോമീറ്റർ ദൂരെയാണ് 10,000 പേർക്ക് ഇരിക്കാവുന്ന രണ്ട് ഓഡിറ്റോറിയമുള്ള ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ വർഷം നൈജീരിയയിൽ വശങ്ങൾ മറയ്ക്കാത്ത രണ്ട് സമ്മേളന ഹാളുകൾകൂടി സമർപ്പിക്കപ്പെട്ടു—ഒന്ന് ഒട്ടായിലും മറ്റൊന്ന് ഇബാൻഡനിലുമാണ്. യഥാക്രമം 10,000-വും 5,000-വും പേർക്ക് ഇതിൽ ഇരിക്കാം.
ലോക വ്യാപക ബൈബിൾ വിദ്യാഭ്യാസ പരിപാടിയെ പിന്തുണയ്ക്കുന്ന മറ്റു നിർമാണ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രം
ഐക്യനാടുകളിലെ ന്യൂയോർക്കിലുള്ള പാറ്റേഴ്സണിൽ 28 കെട്ടിടങ്ങളോടുകൂടിയ വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നതിനായി 1986-ൽ ചില പ്രാരംഭ നിയമനടപടികൾ കൈക്കൊണ്ടു. ഒടുവിൽ, 1989-ൽ അതിന്റെ നിർമാണം തുടങ്ങാൻ സാധിച്ചു. 1994 ആയതോടെ യഹോവയുടെ സാക്ഷികളുടെ വിദ്യാഭ്യാസ പ്രവർത്തനവുമായി ബന്ധപ്പെട്ട പല ഓഫീസുകളും അവിടെ പ്രവർത്തിക്കാൻ തുടങ്ങി. 1995-ൽ ഗിലെയാദ് സ്കൂൾ ഇവിടേക്കു മാറ്റി. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കും സർക്കിട്ട് മേൽവിചാരകന്മാർക്കും വേണ്ടിയുള്ള സ്കൂളുകളും ഇവിടെയാണു നടക്കുന്നത്. 1999-ൽ ആ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ സമർപ്പണം നടന്നു. (ഇതു സംബന്ധിച്ചുള്ള ഒരു റിപ്പോർട്ട് 1999 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിൽ കാണാം.) ഓരോ വർഷവും പതിനായിരക്കണക്കിനു സാക്ഷികളും താത്പര്യക്കാരുമാണ് ഇവിടം സന്ദർശിക്കാൻ എത്തുന്നത്. തങ്ങളുടെ സ്വമേധയാ സംഭാവനകളാലും
സഹോദരങ്ങളുടെ കൂട്ടായുള്ള സ്വമേധയാ ശ്രമങ്ങളാലും എല്ലാറ്റിനുമുപരി യഹോവയുടെ അനുഗ്രഹത്താലും സാധ്യമായിരിക്കുന്ന സംഗതികൾ കാണുമ്പോൾ അവർ സന്തോഷിക്കുന്നു.ബ്രാഞ്ച് ഓഫീസുകളുടെ ആവശ്യം
പല രാജ്യങ്ങളിലും യഹോവയുടെ സ്തുതിപാഠകരുടെ വർധനവു നിമിത്തം പുതിയ ബ്രാഞ്ച് കെട്ടിടങ്ങൾ നിർമിക്കേണ്ടത് ആവശ്യമായിത്തീർന്നിരിക്കുന്നു. അത്തരം ബ്രാഞ്ച് ഓഫീസുകളിലും ലോക ആസ്ഥാനത്തും വേല ചെയ്യുന്നത് പ്രത്യേക മുഴു സമയ ദാസന്മാരുടെ ഗണത്തിൽ പെട്ട ബെഥേൽ കുടുംബാംഗങ്ങളാണ്.
ബൊളീവിയ: ശ്രദ്ധേയമായ ദിവ്യാധിപത്യ വികസനത്തിന്റെ ഫലമായി ബൊളീവിയയിലെ സാന്താക്രൂസിൽ, 1999 മാർച്ച് 20-ന് പുതിയ ബ്രാഞ്ച് സമർപ്പിക്കപ്പെട്ടു. 1968-ൽ മുൻ ബ്രാഞ്ച് സമർപ്പിക്കപ്പെട്ടപ്പോൾ രാജ്യപ്രസാധകരുടെ എണ്ണം 714 ആയിരുന്നു. എന്നാൽ ഇപ്പോൾ അത് 15,388 ആയി വർധിച്ചിരിക്കുന്നു. 1999-ലെ സ്മാരകഹാജർ 53,312 ആയിരുന്നു.
ബൊളീവിയയുടെ ഉഷ്ണമേഖലാ നിമ്നപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ പുതിയ ബ്രാഞ്ച് പണിതത് പ്രാദേശികമായിത്തന്നെയാണ്. പണിയുടെ ഭൂരിഭാഗവും സാക്ഷികൾ സ്വമേധയാ ചെയ്തതാണ്. പ്രാദേശിക നിർമാണ വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായിത്തന്നെ അതു നിർമിച്ചു. വൃക്ഷങ്ങൾ നിറഞ്ഞ ആ പ്രദേശത്തിന് നന്നായി ഇണങ്ങും വിധമാണ് അതിന്റെ രൂപകൽപ്പന. എയർ കണ്ടീഷനീങ് സൗകര്യം ഇല്ലെങ്കിൽപ്പോലും അതിനുള്ളിലെ അന്തരീക്ഷം കുളിർമയുള്ളതാണ്. ഭരണസംഘാംഗമായ ഗെരിറ്റ് ലോഷ് സഹോദരന്റെ സന്ദർശന വേളയിൽ, ഈ ബ്രാഞ്ച് കെട്ടിടങ്ങളും ഒപ്പം ആ രാജ്യത്തെ പ്രഥമ സമ്മേളനഹാളും യഹോവയ്ക്ക് സമർപ്പിച്ചു. സന്തോഷകരമായ ആ വേളയിൽ ബൊളീവിയക്കാരായ ആയിരക്കണക്കിനു സാക്ഷികളും 11 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരും സന്നിഹിതരായിരുന്നു. അവരിൽ, ബൊളീവിയയിൽ മിഷനറി പ്രവർത്തനം നടന്നിട്ടുള്ള 54 വർഷകാലയളവിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ സേവിച്ചിട്ടുള്ള മുൻ മിഷനറിമാരും ഉണ്ടായിരുന്നു.
മൊസാമ്പിക്ക്: “യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.” (സങ്കീ. 48:1) മൊസാമ്പിക്കിലെ സാക്ഷികൾക്കു പ്രിയങ്കരമായ ഒരു വാക്യമാണ് അത്. ഇൻഡ്യൻ മഹാസമുദ്രത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന മാപ്പൂട്ടൊയിൽ, പുതിയ ബ്രാഞ്ച് കെട്ടിടങ്ങൾ സമർപ്പിക്കപ്പെട്ട 1998 ഡിസംബർ 19-ാം തീയതി ഇത് അവിടെ മാറ്റൊലിക്കൊണ്ടു. ഏതാനും വർഷം മുമ്പു വരെ ഇത്തരമൊരു സംഗതി അസാധ്യമെന്നു തോന്നിയിരിക്കാം. 1991 വരെ, അതായത് രണ്ടു ദശാബ്ദത്തിലേറെക്കാലം യഹോവയുടെ സാക്ഷികൾ ഗവൺമെന്റ് നിരോധനത്തിൽ ആയിരുന്നു. സാക്ഷികളുടെ എണ്ണമാകട്ടെ വെറും 6,000-ത്തിൽ അൽപ്പം അധികവും. 1998-ന്റെ അവസാനമായപ്പോഴേക്കും 29,514 പ്രസാധകർ റിപ്പോർട്ടു ചെയ്തു. അതൊരു അത്യുച്ചമായിരുന്നു. തന്മൂലം, പുതിയ ബ്രാഞ്ച് ഓഫീസുകൾ വേണ്ടിവന്നു.
മൊസാമ്പിക്കിലെ ബഹുഭൂരിപക്ഷം സഹോദരങ്ങൾക്കും ഇത്തരം നിർമാണവേലയിൽ പരിചയമില്ലാഞ്ഞതിനാൽ, എങ്ങനെയാണ് ബ്രാഞ്ച് നിർമിച്ചത്? അനേകം അന്താരാഷ്ട്ര സേവകരിൽ നിന്നും സ്വമേധയാ പ്രവർത്തകരിൽ നിന്നും സഹായം ലഭിച്ചു. പണി നടന്നുകൊണ്ടിരുന്നപ്പോൾ അവർ പ്രാദേശിക സാക്ഷികൾക്കു പരിശീലനം നൽകി. സമർപ്പണത്തിന് 15 രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ സന്നിഹിതരായിരുന്നു, അതേ വാരാന്തത്തിൽത്തന്നെ, 26 കിലോമീറ്റർ അകലെയുള്ള മറ്റാലൊയിൽ മൊസാമ്പിക്കിലെ പ്രഥമ സമ്മേളനഹാളും സമർപ്പിക്കപ്പെട്ടു. വാസ്തവമായും, യഹോവ വലിയവൻ തന്നെ! യഹോവയുടെ സ്നേഹപുരസ്സരമായ കരുതൽ ഇല്ലായിരുന്നെങ്കിൽ, മൊസാമ്പിക്കിലെ അവന്റെ ദാസർക്ക് ഈ ചരിത്രപ്രധാനമായ സംഭവങ്ങൾക്കു സാക്ഷ്യം വഹിക്കാൻ കഴിയുമായിരുന്നില്ല.
ന്യൂകലഡോണിയ: 1998 ഒക്ടോബർ 24-ന് ന്യൂകലഡോണിയയിൽ പുതിയ ബ്രാഞ്ച് ഓഫീസും ഒരു സമ്മേളനഹാളും സമർപ്പിക്കപ്പെട്ടു. പഴയ ബ്രാഞ്ചിന്റെ മൂന്നു മടങ്ങിലധികം വലിപ്പമുള്ളതാണ് ഈ സൗകര്യങ്ങൾ. ന്യൂകലഡോണിയയിലെയും ആ രാജ്യത്തിന്റെ മേൽനോട്ടത്തിലുള്ള മറ്റു രാജ്യങ്ങളിലെയും ആത്മീയ ആവശ്യങ്ങൾ നിറവേറ്റാനായി മൂന്നു പരിഭാഷാ സംഘങ്ങൾ അവിടെ പ്രവർത്തിക്കുന്നു.
സമർപ്പണം നടന്ന ആ അവസരം വളരെ സന്തോഷദായകവും രസകരവുമായിരുന്നു. നിർമാണ പദ്ധതിയുടെ ദൃശ്യ-ശ്രവ്യ പ്രദർശനം പരിപാടിയുടെ ഒരു സവിശേഷതയായിരുന്നു. ആ വേളയിൽ സമർപ്പണ പ്രസംഗകനായി ഭരണസംഘാംഗമായ ലോയ്ഡ് ബാരി എത്തിയത് ന്യൂകലഡോണിയയിലെ യഹോവയുടെ സാക്ഷികൾക്കു പ്രത്യേക സന്തോഷത്തിന് കാരണം നൽകി.
സെനെഗൽ: 1951-ൽ ആദ്യത്തെ യഹോവയുടെ സാക്ഷി സെനെഗലിൽ എത്തിയതു മുതൽ, ഈ ബ്രാഞ്ചിന്റെ പ്രദേശത്തു താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ നല്ല ശ്രമം നടത്തിയിട്ടുണ്ട്. 18 രാജ്യങ്ങളിൽ നിന്നായി 194 മിഷനറിമാർ ഇവിടെ സേവിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 90 ശതമാനത്തിലധികവും ക്രൈസ്തവേതര മതക്കാരായ ഈ പ്രദേശത്തെ നൂറുകണക്കിന് ആളുകളെ യഹോവയുടെ ആരാധകർ ആയിത്തീരാൻ അവർ സഹായിച്ചിട്ടുണ്ട്.
ഡാക്കറിന്റെ പ്രാന്തപ്രദേശമായ കേപ്പ് ആൽമാഡിയെസിലെ പുതിയ ബ്രാഞ്ചിന്റെ നിർമാണത്തിന് ആ പ്രദേശത്തുള്ള അനേകരും കണ്ടിട്ടില്ലാത്ത രീതികൾ ഉപയോഗിച്ചു. മുന്നമേ വാർത്തുണ്ടാക്കിയ വലിയ കോൺക്രീറ്റു പാളികൾ യഥാസ്ഥാനത്ത് വെക്കാനായി ക്രെയിൻ ഉപയോഗിച്ച് അവ ഉയർത്തിയപ്പോൾ കണ്ടുനിന്നവർ ഹർഷാരവം മുഴക്കി. ഒരേ അളവിൽ കൃത്യമായി നിർമിച്ചവയായിരുന്നു അവയെല്ലാം. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഏറ്റവും പടിഞ്ഞാറായുള്ള മുനമ്പിലെ ആൽമാഡിയെസിൽ 1999 ജൂൺ 19-നു നടന്ന ഈ സമർപ്പണ പരിപാടിയുടെ സമാപനത്തിൽ, സന്നിഹിതരായിരുന്ന എല്ലാവരും “യഹോവെ, നിനക്കു ഞങ്ങൾ നന്ദി പറയുന്നു” എന്ന ഗീതം ഏക സ്വരത്തിൽ ഹൃദയംഗമമായി പാടി.
ആഫ്രിക്ക
ആഫ്രിക്കയിൽ യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രം തുടങ്ങുന്നത് 1880-കളുടെ പ്രാരംഭഘട്ടത്തിലാണ്. 1920-ഓടെ ആ ഭൂഖണ്ഡത്തിൽ സുവാർത്തയുടെ തീക്ഷ്ണമായ പരസ്യ ഘോഷണവേല തുടങ്ങി. ഇക്കഴിഞ്ഞ വർഷം ആഫ്രിക്കയിലെമ്പാടുമായി 8,30,000-ത്തിലധികം സാക്ഷികൾ “ദൈവത്തിന്റെ വൻകാര്യങ്ങ”ളെ കുറിച്ച് തങ്ങളുടെ അയൽക്കാരോടും മറ്റുള്ളവരോടും ഘോഷിക്കുന്ന വേലയിൽ പങ്കെടുത്തു.—പ്രവൃ. 2:11.
അനേകം യുവജനങ്ങൾ സ്കൂളിനെ തങ്ങളുടെ സാക്ഷീകരണ പ്രദേശമാക്കി മാറ്റിയിരിക്കുന്നതു കാണുന്നതു വളരെ പ്രോത്സാഹജനകമാണ്. മൊസാമ്പിക്കിലെ ഡോർക്കാസ് എന്ന ഒരു യുവ സഹോദരി തന്റെ സ്കൂളിലെ പ്രിൻസിപ്പലിനോടും എല്ലാ അധ്യാപകരോടും അതുപോലെതന്നെ സഹപാഠികളോടും സാക്ഷീകരിക്കുക എന്ന ലക്ഷ്യം വെച്ചിരിക്കുകയാണ്. അവൾക്ക് ഇപ്പോൾ എട്ട് ബൈബിൾ അധ്യയനങ്ങൾ ഉണ്ട്, അവരിൽ ആറു പേർ ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്. അവളുടെ ബൈബിൾ വിദ്യാർഥികളിൽ മൂന്നു പേർ സ്നാപനമേറ്റു, പിന്നീട് അവർ സാധാരണ പയനിയർമാർ ആകുന്നതിനുള്ള യോഗ്യതയും നേടി. ഡോർക്കാസിന്റെ നാല് അധ്യാപകർ സഭായോഗങ്ങളിൽ സംബന്ധിക്കാനുള്ള അവളുടെ ക്ഷണം പലപ്പോഴായി സ്വീകരിച്ചിട്ടുണ്ട്. ഡോർക്കാസിന്റെ പിതാവ് അവരിൽ ഒരാളെ ഇപ്പോൾ ബൈബിൾ പഠിപ്പിക്കുന്നുണ്ട്. അഞ്ചു വർഷം മുമ്പ് മറ്റൊരു സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ അവൾ ഒരു അധ്യാപികയോടു സാക്ഷീകരിച്ചു. ഒരു സത്യാരാധിക ആയിത്തീരാൻ ആഗ്രഹിച്ച അവർ അവളുടെ സ്ഥിരോത്സാഹത്തോടു പ്രതികരിക്കുകയും ഒരു ബൈബിൾ അധ്യയനത്തിനു സമ്മതിക്കുകയും ചെയ്തു.
1995 മുതൽ നൈജീരിയയിലെ അഞ്ച് ദശലക്ഷത്തോളം വരുന്ന ബധിരർക്കു കൂടുതലായ ശ്രദ്ധ നൽകപ്പെട്ടിരിക്കുന്നു. ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പ്രസംഗങ്ങൾ ആംഗ്യഭാഷയിലേക്കു പരിഭാഷ ചെയ്യുന്നതു
കണ്ടശേഷം, ശ്രവണശേഷിയുള്ള അനേകം പ്രസാധകർ ഈ ഭാഷ ഉപയോഗിച്ച് എങ്ങനെ ആശയവിനിമയം നടത്താമെന്നു പഠിക്കാനാഗ്രഹിച്ചു. ഏതാണ്ട് ഒരു വർഷംകൊണ്ട്, 61 സഭകളിൽ നിന്നുള്ള പ്രസാധകരും പയനിയർമാരുമായി 216 പേർ ബൈബിൾ അധ്യയനങ്ങൾ നടത്താനും യോഗങ്ങൾ പരിഭാഷ ചെയ്യാനും സാധ്യമാകുന്ന അളവോളം ആംഗ്യഭാഷ പഠിച്ചെടുത്തു. ഇപ്പോൾ 80-ലധികം സഭകളിൽ ബധിരർക്കായി യോഗങ്ങൾ പരിഭാഷ ചെയ്യപ്പെടുന്നു.ഐവറി കോസ്റ്റിലെ ഫ്ളോറൻസ് എന്ന ഒരു ചെറുപ്പക്കാരി ഒരു കന്യാസ്ത്രീയാകാൻ തീരുമാനിച്ചു. ചില ഉപദേശങ്ങൾ മർമങ്ങളാണെന്നും അവ മനസ്സിലാക്കാൻ കഴിയില്ലെന്നും ഉള്ള സഭയുടെ പഠിപ്പിക്കൽ അവളെ നിരുത്സാഹിതയാക്കിയിരുന്നു. അതിനു പുറമേ, ഒരു പുരോഹിതനിൽനിന്നും കൂടെക്കൂടെ ഉണ്ടായ മോശമായ പെരുമാറ്റം അവളെ ഞെട്ടിച്ചുകളഞ്ഞു. അങ്ങനെ, അവൾ മഠത്തിന്റെ പടിയിറങ്ങി. പിന്നീട്, അവൾ ബുർക്കിനാ ഫാസോയിൽ ആയിരിക്കുമ്പോൾ അവിടത്തെ യഹോവയുടെ സാക്ഷികൾ വീടുതോറുമുള്ള ശുശ്രൂഷയിൽ അവളെ കണ്ടുമുട്ടി. ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവും പഠിച്ച ഫ്ളോറൻസ് പെട്ടെന്നുതന്നെ യഹോവയുടെ ഒരു സന്തുഷ്ട ദാസി ആയിത്തീർന്നു.
പൊരിഞ്ഞ യുദ്ധം നടക്കുന്ന കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽ നിന്നും നദി കടന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ സാക്ഷികൾക്കു വേണ്ടി സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ബാംഗ്വിയിലുള്ള സാക്ഷികൾ കഴിഞ്ഞ വർഷം രണ്ടു പ്രാവശ്യം തങ്ങളുടെ രാജ്യഹാളുകളും സ്വകാര്യ ഭവനങ്ങളും തുറന്നു കൊടുത്തു. ജൂലൈയിൽ 200-ലധികം പേർ ബാംഗ്വിയിലേക്ക് പോകാൻ നിർബന്ധിതരായി. അവരിൽ സഹോദരന്മാരും സഹോദരിമാരും അവരുടെ കുടുംബങ്ങളും അതുപോലെതന്നെ മറ്റാളുകളും ഉണ്ടായിരുന്നു. ബഹുഭൂരിപക്ഷം അഭയാർഥികൾക്കും തുറസ്സായ അഭയാർഥി കേന്ദ്രങ്ങളിൽ കൂട്ടമായി താമസിക്കേണ്ടി വന്നപ്പോൾ നമ്മുടെ സഹോദരങ്ങളുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ മറ്റു സാക്ഷികൾ നിറവേറ്റി. അവർക്കുവേണ്ടി രണ്ടു രാജ്യഹാളുകളിലായി ലിങ്ക്വാല ഭാഷയിലുള്ള യോഗങ്ങൾ ക്രമീകരിക്കപ്പെട്ടു, അഞ്ച് പ്രതിവാര യോഗങ്ങളും നടത്തപ്പെട്ടു. ഇതെല്ലാം നിരീക്ഷിച്ച ഒരു പ്രാദേശിക അധികാരി ഇപ്രകാരം പറഞ്ഞു: “ദരിദ്രരായ ഈ ആളുകളെ പാർപ്പിക്കാൻ നിങ്ങളുടെ ഹാൾ തുറന്നുകൊടുത്തത് ശ്രേഷ്ഠമായ കാര്യം തന്നെ. അതിനു നിങ്ങളെ അഭിനന്ദിക്കാതിരിക്കാൻ വയ്യ.” ഹാളിന്റെ സമീപത്തുകൂടെ കടന്നുപോയ മറ്റൊരാൾ ഒരു മിഷനറിയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളെല്ലാം പ്രസംഗിക്കുന്നതിനനുസരിച്ച് ജീവിക്കുന്നു. നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ. ദൈവം നിങ്ങളെ അനുഗ്രഹിക്കും.”
ഘാനയിൽ, ഏതാനും വർഷങ്ങൾക്കു മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്നാപനമേൽക്കാത്ത ഒരു പ്രസാധിക തനിക്കു തീരെ സുഖമില്ലായിരുന്നെങ്കിലും, അവിടെയുണ്ടായിരുന്ന എല്ലാ
രോഗികളോടും സാക്ഷീകരിച്ചു. അവൾ പറഞ്ഞത് ചിലർ വിലമതിച്ചു, മറ്റു ചിലർ പുച്ഛിച്ചുതള്ളി. ഒരു സ്ത്രീ ശ്രദ്ധിച്ചെങ്കിലും കാര്യമായി പ്രതികരിച്ചില്ല. വർഷങ്ങൾ കഴിഞ്ഞ് ഘാനയിലെ “ദൈവമാർഗത്തിലുള്ള ജീവിതം” എന്ന ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കവെ അതിനോടകം ഒരു പ്രത്യേക പയനിയറായിത്തീർന്നിരുന്ന ആ പ്രസാധിക ആ സ്ത്രീയെ കണ്ടുമുട്ടി. “നിങ്ങൾ എങ്ങനെയാണ് ഇവിടെ വന്നത്?” എന്ന് ആ പയനിയർ ചോദിച്ചു. “യഹോവ വലിയവനാണ്.” ആ സ്ത്രീ പറഞ്ഞു. “ആശുപത്രിയിൽ വെച്ച് എന്നിൽ നട്ട രാജ്യസത്യത്തിന് നന്ദി പറയാൻ നിങ്ങളെ എന്നെങ്കിലും കണ്ടുമുട്ടുമോ എന്നു ഞാൻ എപ്പോഴും ചിന്തിക്കുമായിരുന്നു. തീരെ സുഖമില്ലാത്തതിനാൽ ആയിരുന്നു അന്ന് ഞാൻ ഒരു പ്രതികരണവും കാട്ടാഞ്ഞത്. എങ്കിലും “എനിക്കു ദീനം എന്നു” യാതൊരു നിവാസിയും പറയുകയില്ലാത്ത ദൈവരാജ്യത്തിൻ കീഴിലെ പറുദീസാ ഭൂമിയിലെ ജീവിതത്തെപ്പറ്റി നിങ്ങൾ പറഞ്ഞതിനെ സംബന്ധിച്ചു ഞാൻ ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ നിന്നും പോയ ഉടനെ, ഞാൻ യഹോവയുടെ സാക്ഷികളെ തേടിപ്പിടിച്ചു, അവർ എന്നെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കാൻ തുടങ്ങി. അതേത്തുടർന്നു പെട്ടെന്നുതന്നെ ഞാൻ മറ്റൊരു സ്ഥലത്തേക്കു താമസം മാറി. പുതിയ സ്ഥലത്ത് സാക്ഷികളെ കണ്ടുപിടിച്ച് ഞാൻ എന്റെ ബൈബിൾ അധ്യയനം തുടർന്നു. ഈ കൺവെൻഷനിൽ, നാളെ ഞാൻ സ്നാപനമേൽക്കാൻ പോകുകയാണ്.” ആ രണ്ടു സ്ത്രീകളും പരസ്പരം ആലിംഗനം ചെയ്ത് ആനന്ദാശ്രുക്കൾ പൊഴിച്ചു. ആശുപത്രിയിലെ ആ സാക്ഷീകരണത്തിന് എത്ര നല്ല ഫലമാണ് ലഭിച്ചത്!മാലിയിൽ, മന്ത്രവാദത്തിൽ ഏർപ്പെട്ടതു നിമിത്തം 13 വർഷമായി ശാരീരിക വൈകല്യം ബാധിച്ചിരുന്ന ഒരു സ്ത്രീ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വരുകയും ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്തു. മുട്ടുകളിൽ ഇഴഞ്ഞാണ് അവർ സഞ്ചരിച്ചിരുന്നത്. നമ്മുടെ സഭായോഗങ്ങളെക്കുറിച്ച് അവരോടു പറഞ്ഞെങ്കിലും, ഇത്ര വലിയൊരു വൈകല്യമുള്ള അവർ രാജ്യഹാളിൽ വരുമെന്ന് നമ്മുടെ സഹോദരിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നിരുന്നാലും, സത്യം ആ സ്ത്രീയുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചിരുന്നു. യോഗത്തിനു മുമ്പ് രാജ്യഹാളിനു മുന്നിൽ ആ സ്ത്രീയെ കണ്ടപ്പോൾ നമ്മുടെ സഹോദരങ്ങൾക്ക് എന്തുമാത്രം ആശ്ചര്യം തോന്നിക്കാണുമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ. കാർ ഉണ്ടായിരുന്ന ഒരു സഹോദരൻ യോഗശേഷം അവരെ വീട്ടിൽ കൊണ്ടുവിട്ടു. അവരുടെ പഠനം പുരോഗമിക്കുകയും യഹോവയിലുള്ള വിശ്വാസം വളരുകയും ചെയ്തപ്പോൾ ദുഷ്ടാത്മാക്കളുടെ പിടിയിൽ നിന്നും അവർ മോചിതയായി. ക്രമേണ അവരുടെ കാലുകളുടെ ബലം വർധിക്കാൻ തുടങ്ങി, ആറു മാസത്തിനു ശേഷം അവർക്കു വീണ്ടും നടക്കാമെന്നായി! അവർ ഇപ്പോൾ യഹോവയുടെ സ്നാപനമേറ്റ ഒരു ദാസിയാണ്.
ഉഗാണ്ടയിലെ ഒരു സാധാരണ പയനിയറുടെ അനുഭവം ശ്രദ്ധിക്കുക. തന്റെ പുതിയ ജോലിസ്ഥലത്തെത്തി രണ്ടാമത്തെ ദിവസം ഉച്ചയ്ക്കുള്ള
ഇടവേളയിൽ അദ്ദേഹം ഒരു സഹജോലിക്കാരനുമായി സംഭാഷണത്തിലേർപ്പെട്ടു. സഹോദരൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “കൂടെ ജോലി ചെയ്യുന്നവരുടെയെല്ലാം പേരുകൾ ഓർത്തിരിക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടാണ്.” “അതിൽ വിഷമിക്കാനൊന്നുമില്ല, കുറച്ചു കഴിയുമ്പോൾ അതൊക്കെ വശമായിക്കൊള്ളും, എന്റെ പേര് വില്യം എന്നാണ്,” ആ സഹജോലിക്കാരൻ പറഞ്ഞു. “നല്ല പേരാണല്ലോ,” നമ്മുടെ പയനിയർ സഹോദരൻ തുടർന്നു: “മറ്റുള്ളവരുടെ പേരുകൾ ഓർത്തിരിക്കുക എന്നത് ഒരു വലിയ പ്രശ്നമാണ്.” “താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്?” വില്യം ചോദിച്ചു. പയനിയർ തുടർന്നു പറഞ്ഞു: “ഉദാഹരണത്തിന്, നമ്മുടെ പ്രപഞ്ചത്തിന്റെയും അതിലെ ജീവജാലങ്ങളുടെയും സ്രഷ്ടാവിന്റെ പേര് എന്താണെന്നു ചോദിച്ചാൽ, താങ്കൾക്ക് പെട്ടെന്ന് ഉത്തരം പറയാൻ കഴിയുമോ?” ദൈവനാമത്തെ കുറിച്ചുള്ള ഈ ചർച്ചയുടെ ഫലമായി പിറ്റേ ദിവസം തന്നെ വില്യമുമായി ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു. തന്റെ കുടുംബാംഗങ്ങളോടു സംസാരിക്കാൻ വില്യം ആ പയനിയറെ തന്റെ വീട്ടിലേക്കു ക്ഷണിച്ചു. ഇപ്പോൾ ഈ കുടുംബത്തിലെ അഞ്ച് അംഗങ്ങൾ സ്നാപനമേറ്റ സാക്ഷികളാണ്. സ്മാരകത്തിനു മുമ്പ് ഈ പയനിയർ തന്റെ സഹ പ്രവർത്തകരെ ഈ സുപ്രധാന പരിപാടിക്കായി ക്ഷണിച്ചു. 40 പേർ സന്നിഹിതരായി. എത്ര സന്തോഷം പകരുന്ന ഒരു അനുഭവം!ആഫ്രിക്കൻ രാജ്യങ്ങളിൽ അനേകമാളുകൾ യുദ്ധങ്ങളുടെ ഫലമായി ദുരിതമനുഭവിച്ചിരിക്കുന്നു. മിക്കപ്പോഴും അവർക്ക് തങ്ങളുടെ വീടുവിട്ട് പലായനം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ അഭയാർഥികൾ യഹോവയുടെ സാക്ഷികൾ ആണെങ്കിൽ അവർ സുവാർത്ത പ്രസംഗിക്കുന്നതിൽ തുടരും. പശ്ചിമാഫ്രിക്കയിലെ ഗിനി-ബിസോയുടെ തലസ്ഥാന നഗരിയിൽ നിന്ന് അനേകം സഹോദരങ്ങൾക്ക് 240 കിലോമീറ്റർ അകലെയുള്ള ബുബാ പട്ടണത്തിലേക്ക് പലായനം ചെയ്യേണ്ടിവന്നു. സാക്ഷികളായ ഒരു ദമ്പതികൾ അവിടെ താമസിച്ചിരുന്നെങ്കിലും അവിടെ ഒരു സഭ ഇല്ലായിരുന്നു. തലസ്ഥാന നഗരിയിൽ നിന്നുള്ള സഹോദരങ്ങൾ എത്തിയ ഉടനെ യോഗങ്ങൾ സംഘടിപ്പിക്കപ്പെട്ടു, സാക്ഷ്യവേലയും പുരോഗമിച്ചു. താമസിയാതെ 40 പേർ യോഗത്തിനു ഹാജരാകാൻ തുടങ്ങി. 70 ബൈബിൾ അധ്യയനങ്ങളും ആരംഭിച്ചു.
ബുറുണ്ടിയിലെ ഗിറ്റരാൻയി സഭയിലെ 30 പ്രസാധകർക്ക് കയാൻസയിൽ നടത്തപ്പെട്ട തങ്ങളുടെ സർക്കിട്ട് സമ്മേളനത്തിൽ സംബന്ധിക്കാനായി 160-ഓളം കിലോമീറ്റർ നടക്കേണ്ടിവന്നു. അതിനു മൂന്ന് ദിവസം വേണ്ടിവന്നു. സൈക്കിളുകൾ ഉണ്ടായിരുന്നവർ, മറ്റുള്ളവരെ സൈക്കിളിൽ കുറേ ദൂരം മുമ്പോട്ടു കൊണ്ടുപോയി ആക്കിയിട്ട് തിരികെ വന്ന് പിമ്പിൽ നടന്നുവരുന്ന മറ്റുള്ളവരെയും കുറേ ദൂരം മുമ്പോട്ടു കൊണ്ടുപോയി ആക്കുമായിരുന്നു. ൻസെയ്മാന ജിൻ, കുടുംബസമേതം—ഭാര്യയും അമ്മാവിയമ്മയും പോളിയോ ബാധിതനായ, ഊന്നുവടി ഉപയോഗിക്കുന്ന ഒരു കുട്ടി ഉൾപ്പെടെ ഏഴു മക്കളും—ആണ് ഇങ്ങനെ യാത്ര ചെയ്തത്. മഹാ സന്തോഷത്തോടെ അവരെല്ലാം സമ്മേളനസ്ഥലത്ത് എത്തിച്ചേർന്നു.
അമേരിക്കകൾ
18-ാം നൂറ്റാണ്ട് ആയപ്പോഴേക്കും, അമേരിക്കകളിൽ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ മുഴു ബൈബിളും ലഭ്യമായി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, യഹോവയുടെ സാക്ഷികൾ—അന്നവർ ബൈബിൾ വിദ്യാർഥികൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്—ഒരു ബൈബിൾ വിദ്യാഭ്യാസ പരിപാടിക്കു തുടക്കമിട്ടു. 1935-ഓടെ അമേരിക്കകളിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും അതു വ്യാപിച്ചു. ഇപ്പോൾ ഈ രാജ്യങ്ങളിൽ 27,69,625 സജീവ സാക്ഷികളുണ്ട്.
ചില സ്ഥലങ്ങളിൽ ശൈത്യം അതികഠിനമാണ്. പക്ഷേ ഈ പ്രതികൂല കാലാവസ്ഥയിലും സുവാർത്ത പ്രസംഗിക്കുന്നതിലുള്ള സഹോദരങ്ങളുടെ ഉത്സാഹം തണുത്തു പോകുന്നില്ല. -37 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പോലും വീടുതോറുമുള്ള വേല നിർവിഘ്നം തുടരുന്നു എന്ന് അലാസ്കയിലെ നോർത്ത് പോൾ സഭയിലെ ഒരു മൂപ്പൻ അറിയിച്ചു. അതുപോലെ താപനില -48 ഡിഗ്രി സെൽഷ്യസ് ആകുമ്പോഴും യോഗങ്ങൾ നടത്തപ്പെടുന്നു. ഇത്തരം അവസ്ഥകളിൽ സേവിക്കുന്നതിനു സഹിഷ്ണുത കൂടിയേ തീരൂ.
ചില വൻ നഗരപ്രദേശങ്ങളിൽ, വർധിച്ച കുറ്റകൃത്യം നിമിത്തം പല കെട്ടിടങ്ങളിലെയും താമസക്കാർ തങ്ങളെ നേരിൽ കണ്ടു സംസാരിക്കാൻ പ്രസാധകരെ അനുവദിക്കാറില്ല. അർജന്റീനയിൽ അത്തരമൊരു കെട്ടിടത്തിൽ സാക്ഷീകരിച്ചുകൊണ്ടിരുന്ന ഒരു പ്രസാധിക ഇന്റർകോമിലൂടെ ഒരു സ്ത്രീയോടു സംസാരിച്ചു. അവർ അതു ശ്രദ്ധിച്ചു കേട്ടു. വേറൊരു സമയത്ത് സംഭാഷണം തുടരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. പരസ്പരം കാണാതെതന്നെ പല മടക്കസന്ദർശനങ്ങൾ നടത്തി. എന്നാൽ സംഭാഷണങ്ങൾ രസാവഹമായിരുന്നു, ഇന്റർകോമിലൂടെതന്നെ അവരെ തിരുവെഴുത്തുകൾ വായിച്ചു കേൾപ്പിക്കുമായിരുന്നു. ഒടുവിൽ നാലു മാസത്തിനു ശേഷം ആ സ്ത്രീ പ്രസാധികയെ തന്റെ അപ്പാർട്ടുമെന്റിലേക്കു
ക്ഷണിച്ചു. ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു. ആ പ്രസാധികയുടെ ക്ഷമാപൂർവകമായ സ്ഥിരോത്സാഹത്തിനു പ്രതിഫലം ലഭിച്ചു.ഐക്യനാടുകളിൽ പ്രായമായ ലക്ഷക്കണക്കിന് ആളുകൾ 17,000-ത്തിലധികം വരുന്ന നേഴ്സിങ് ഹോമുകളിലാണ് താമസിക്കുന്നത്. ഇവരുടെ പക്കൽ എങ്ങനെ സുവാർത്ത എത്തിക്കും? അത്തരം സ്ഥാപനങ്ങളുടെ ഡയറക്ടർമാരെ സമീപിച്ച് അന്തേവാസികളുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റുന്നതിനു സഹായം നൽകാൻ ഒരുക്കമാണെന്ന് അറിയിച്ച ചില സഭകൾക്കു നല്ല ഫലങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞിരിക്കുന്നു. ഒരു സന്ദർഭത്തിൽ, ആഗ്രഹമുള്ളവർക്കായി ആഴ്ചയിൽ ഒരിക്കൽ ഒരു സൗജന്യ ബൈബിൾ അധ്യയനം നടത്താൻ തങ്ങളുടെ സഭയിലെ സ്വമേധയാ സേവകർക്കു സന്തോഷമായിരിക്കും എന്ന് അവർ പറഞ്ഞപ്പോൾ ഡയറക്ടർ ആ നിർദേശം സസന്തോഷം സ്വീകരിച്ചു. പലപ്പോഴും ജീവനക്കാരും അന്തേവാസികളുടെ കുടുംബാംഗങ്ങളും മറ്റു സന്ദർശകരും സന്നദ്ധസേവകരും അധ്യയനത്തിന് ഇരിക്കുമായിരുന്നു. ഡയറക്ടർ എഴുതി: “ഇവർ ആത്മീയ പിന്തുണ പ്രദാനം ചെയ്യുകയും അന്തേവാസികളുടെ ക്ഷേമത്തിനു സംഭാവന ചെയ്യുകയും ചെയ്യുന്നു. അവരെല്ലാം ഈ ബൈബിൾ പഠനം വളരെയധികം ആസ്വദിക്കുന്നു.” പ്രായമായവരുടെ മാനസിക ആരോഗ്യത്തിന്മേൽ അതിനുള്ള ക്രിയാത്മക ഫലം അവർ വിലമതിച്ചു. നേഴ്സിങ് ഹോമിൽ വന്നതു മുതൽ ആരോടും ഒരക്ഷരം പോലും സംസാരിച്ചിട്ടില്ലായിരുന്ന ഒരു വൃദ്ധ അധ്യയനത്തിൽ അഭിപ്രായങ്ങൾ പറയാൻ തുടങ്ങിയപ്പോൾ ജീവനക്കാർക്കു വളരെയധികം സന്തോഷം തോന്നി. മറ്റൊരു വൃദ്ധനാണെങ്കിൽ, നേഴ്സിങ് ഹോമിലെ കൂട്ടായ പ്രവർത്തനങ്ങളിലൊന്നും ഒരിക്കലും പങ്കെടുത്തിരുന്നില്ല. എന്നാൽ ബൈബിൾ അധ്യയനത്തിന് ഇരിക്കാൻ അദ്ദേഹത്തിനു വലിയ ഉത്സാഹമായിരുന്നു.
ചിലിയിൽ ഒരു സെമിത്തേരിയിൽ സാക്ഷീകരിക്കവെ ഒരു സഹോദരി ഒരു സ്ത്രീയെ കണ്ടുമുട്ടി. ഒരു അപകടത്തിൽ അവർക്കു തന്റെ 12 വയസ്സുള്ള മകനെ നഷ്ടപ്പെട്ടിരുന്നു. ദുഃഖിതയായ ഈ അമ്മ ദിവസവും രണ്ടു പ്രാവശ്യം വീതം തന്റെ മകന്റെ ശവക്കല്ലറ സന്ദർശിക്കുമായിരുന്നു. സാക്ഷി അവരോട് പുനരുത്ഥാന പ്രത്യാശയെ കുറിച്ചു സംസാരിക്കുകയും ഒരു ബൈബിൾ അധ്യയനം ആരംഭിക്കുകയും ചെയ്തു. ദിവസവും സെമിത്തേരി സന്ദർശിക്കുമായിരുന്ന, തന്റെ അതേ സാഹചര്യത്തിലായിരുന്ന അയൽക്കാരിയോട് ഈ സ്ത്രീ ഇതിനെ കുറിച്ചു സംസാരിച്ചു. അവരും പഠിക്കാൻ തുടങ്ങി. അവരുടെ അമ്മ സെമിത്തേരിയിൽ പോയപ്പോൾ, മരിച്ച തന്റെ പേരക്കുട്ടിക്കു വേണ്ടി പ്രാർത്ഥനകൾ നടത്താൻ പുരോഹിതനോട് ആവശ്യപ്പെട്ടു. പുരോഹിതന്റെ അസുഖകരമായ മറുപടി അവരെ ചൊടിപ്പിക്കുകയും അവർ പള്ളിയിൽ പോകുന്നതു നിറുത്തുകയും ചെയ്തു. അതേത്തുടർന്ന് അവരും ബൈബിൾ പഠനം
ആരംഭിച്ചു. ഇപ്പോൾ ഈ മൂന്നു സ്ത്രീകളും തങ്ങൾക്കു പുതുതായി ലഭിച്ച പ്രത്യാശ സെമിത്തേരിയിൽ കണ്ടുമുട്ടുന്ന മറ്റുള്ളവരുമായി പങ്കുവെക്കുന്നു.വ്യക്തിപരമായ പരിമിതികൾ ഉണ്ടെങ്കിലും മറ്റുള്ളവരെ സത്യം പഠിപ്പിക്കാൻ തക്കവണ്ണം നിങ്ങളെത്തന്നെ വിട്ടു കൊടുത്തുകൊണ്ട് യഹോവയുടെ കൈയിലെ ഒരു ഉപകരണം എന്ന നിലയിൽ വർത്തിക്കാൻ നിങ്ങൾ ഒരുക്കമാണോ? കോസ്റ്ററിക്കയിലെ ഒരു മിഷനറി ചെയ്തത് അതാണ്. സ്പാനിഷ് ഒഴുക്കോടെ സംസാരിക്കാൻ അപ്പോഴും പഠിച്ചിരുന്നില്ലെങ്കിലും, ഒരു ഉറച്ച കത്തോലിക്കാവിശ്വാസിയായ അന്നയ്ക്ക് അവർ ബൈബിൾ അധ്യയനം എടുക്കാൻ തുടങ്ങി. ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയാണ് അധ്യയനത്തിന് ഉപയോഗിച്ചിരുന്നത്. കാഴ്ചശക്തി നന്നേ കുറവായിരുന്ന അന്ന, ഖണ്ഡികകളും തിരുവെഴുത്തുകളും വായിക്കുന്നത് കേട്ടാണ് അഭിപ്രായം പറഞ്ഞിരുന്നത്. ഒരിക്കൽ അന്ന മിഷനറി സഹോദരിയോടു പ്രോത്സാഹജനകമായ ഈ വാക്കുകൾ പറഞ്ഞു: “നമുക്ക് നന്നായി ആശയവിനിമയം നടത്താൻ കഴിയുന്നില്ലല്ലോ എന്നോർത്ത് ഒട്ടും വിഷമിക്കേണ്ട. നമ്മൾ ചർച്ച ചെയ്ത പല കാര്യങ്ങളും കത്തോലിക്ക സഭയുടെ പഠിപ്പിക്കലുകളിൽ നിന്നു വ്യത്യസ്തമാണ്. ഓരോ വാക്കും ചിട്ടപ്പെടുത്തി, വ്യാകരണ പിശകൊന്നുമില്ലാതെ, കാര്യങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞുതന്നിരുന്നെങ്കിൽ ഞാൻ അവ വിശ്വസിക്കുമായിരുന്നില്ല. എന്നാൽ അധികം വാക്കുകളൊന്നും കൂടാതെ നിങ്ങൾ എല്ലാം നേരെ ബൈബിളിൽനിന്ന് എന്നെ കാണിക്കുകയാണ് ചെയ്യുന്നത്, അതുകൊണ്ട് അവ യഥാർഥത്തിൽ ബൈബിൾ പഠിപ്പിക്കുന്നതു തന്നെയാണെന്ന് എനിക്ക് അറിയാം.”
നിക്കരാഗ്വയിലെ സാക്ഷികൾ ഉണരുക!യുടെ ചില ലക്കങ്ങൾ സ്കൂൾ അധ്യാപകർക്കു നൽകാനായി ഒരു പ്രത്യേക ശ്രമം ചെലുത്തുന്നു. “ഇന്നത്തെ യുവജനങ്ങൾക്ക് എന്തു പ്രത്യാശ?” എന്നതു പോലുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന മാസികകളാണ് അവർ തിരഞ്ഞെടുക്കുന്നത്. ഇത്തരം വിവരങ്ങൾ വളരെ മൂല്യവത്താണ് എന്നതിനു സംശയമില്ല. അവിടത്തെ ഒരു നഗരത്തിലുള്ള ഒരു സ്കൂളിന്റെ ഡയറക്ടർ, ഒരു അധ്യാപികയുടെ എതിർപ്പ് ഉണ്ടായിരുന്നിട്ടും മുഴു കുട്ടികളോടും സംസാരിക്കാൻ സാക്ഷികളെ ക്ഷണിച്ചു. ഒന്നര മണിക്കൂർ നേരത്തെ ഒരു സിമ്പോസിയം അവതരിപ്പിക്കപ്പെട്ടു. അതേത്തുടർന്ന് പല കുട്ടികളും പ്രസിദ്ധീകരണങ്ങൾ ആവശ്യപ്പെട്ടു. ആദ്യം എതിർപ്പു പ്രകടിപ്പിച്ച ആ അധ്യാപിക പിന്നീട്, അവർ ഡയറക്ടർ ആയിരിക്കുന്ന സ്കൂളിൽ ഇതേ പരിപാടി അവതരിപ്പിക്കാൻ സാക്ഷികളോടു പറഞ്ഞു. അവർ അങ്ങനെ ചെയ്തു. ആ അധ്യാപികയുമായി ഒരു ബൈബിൾ അധ്യയനവും ആരംഭിച്ചു. ഇപ്പോൾ തന്റെ സ്കൂളിലെ വിദ്യാർഥികൾക്കു വേണ്ടി എല്ലാ മാസവും പ്രസംഗങ്ങൾ നടത്താൻ അവർ സാക്ഷികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
യൂറേഷ്യ
യൂറോപ്പിനെയും ഏഷ്യയെയും ചേർത്ത് ഒറ്റ ഭൂഖണ്ഡമായി പരാമർശിക്കാനാണ് യൂറേഷ്യ എന്ന പേര് ഉപയോഗിക്കുന്നത്. ഇവിടെ വെച്ചാണ് യഹോവ അബ്രാഹാമിനോട് ആദ്യമായി സുവിശേഷം അറിയിച്ചത്. (ഗലാ. 3:8) ഇന്നു നമ്മുടെ കാലത്തു നടക്കുന്ന സുവിശേഷിക്കൽ വേലയ്ക്ക് യേശുക്രിസ്തു അടിസ്ഥാനമിട്ടതും ഇവിടെവെച്ചുതന്നെ. (മത്താ. 28:19, 20) യൂറേഷ്യയിലെ 80-ഓളം വരുന്ന രാജ്യങ്ങളിലെ സകലരുമായും സുവാർത്ത പങ്കുവെക്കാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു. വാച്ച് ടവർ സൊസൈറ്റി ബൈബിൾ സാഹിത്യങ്ങൾ അച്ചടിച്ചിരുന്ന നൂറുകണക്കിന് ഭാഷകൾക്കു പുറമേ, 1995 മുതൽ 36 ഭാഷകളിൽക്കൂടി അതു സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി, അങ്ങനെ യൂറേഷ്യയിലെ 17,00,00,000 ആളുകളുടെ പക്കലും സുവാർത്ത എത്തിച്ചേരുക സാധ്യമായി. ഇവയിൽ അസ്ർബൈജാനി, ഉസ്ബെക്, കസാഖ്, തജികി, പഞ്ചാബി [നസ്താലിക്], മംഗോളിയൻ എന്നീ ഭാഷകളും ഉൾപ്പെടുന്നു.
1999-ൽ, കൊസൊവോയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. അവിടത്തെ 8,00,000-ത്തോളം അൽബേനിയക്കാർ അയൽരാജ്യങ്ങളിൽ അഭയം തേടി. അവരിൽ 5,00,000-ത്തോളം പേർ അൽബേനിയയിലേക്കു പലായനം ചെയ്തു. ഈ അഭയാർഥികളിൽ യഹോവയുടെ സാക്ഷികളായ 14 പേരും അവരുടെ 8 കുട്ടികളും ഉണ്ടായിരുന്നു. ബുദ്ധിമുട്ടേറിയ ഈ നാളുകളിൽ അൽബേനിയയിലെ സാക്ഷികൾ ഈ സഹോദരങ്ങളെ തങ്ങളുടെ ഭവനങ്ങളിലേക്കു സ്വാഗതം ചെയ്തു. അവസ്ഥകൾ വഷളായപ്പോൾ കൊസൊവോയിലെ സഹോദരങ്ങൾ എന്തിനാണു കൂടുതൽ പ്രാധാന്യം കൽപ്പിച്ചതെന്നു വ്യക്തമായിത്തീർന്നു. സെർബിയക്കാരായ തങ്ങളുടെ സഹോദരങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ അവർ ആഗ്രഹിച്ചു. അതേസമയം, അൽബേനിയൻ സഹോദരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് ഉറപ്പുവരുത്തുന്നതിന് അവരുമായി ബന്ധപ്പെടാൻ സെർബിയക്കാരായ സാക്ഷികൾ പ്രത്യേക ശ്രമം നടത്തി. ചുറ്റുപാടും വംശീയ വിദ്വേഷം നടമാടുമ്പോൾ അവർ പ്രകടമാക്കിയ സ്നേഹം എത്ര വിശിഷ്ടമായിരുന്നു! നാലു മാസം കഴിഞ്ഞപ്പോൾ, കൊസൊവോയിലെ സഹോദരങ്ങൾ
തങ്ങളുടെ വീടുകളിലേക്കു തിരിച്ചു പോകാൻ തിടുക്കമുള്ളവരായിരുന്നു. ധാരാളം സാധന സാമഗ്രികൾ കൂടെ കൊണ്ടുപോകുന്നതിൽ ആയിരുന്നില്ല അവർക്കു താത്പര്യം. പകരം, ദൈവരാജ്യത്തെ സംബന്ധിച്ച ആശ്വാസദായകമായ സന്ദേശം മറ്റുള്ളവരെ പഠിപ്പിക്കാൻ ആവശ്യമായ പെട്ടിക്കണക്കിനു സാഹിത്യങ്ങളാണ് അവർ ആവശ്യപ്പെട്ടത്.ബെൽജിയത്തിലെ ഒരു സാക്ഷി ഇന്റർകോമിലൂടെ ഒരു സ്ത്രീയോട് സംസാരിച്ചപ്പോൾ, ആത്മീയ കാര്യങ്ങൾ സംസാരിക്കാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഇപ്പോൾ താനെന്ന് ആ സ്ത്രീ വ്യക്തമാക്കി. അങ്ങനെയെങ്കിൽ പിന്നീട് ഫോൺ ചെയ്യാമെന്ന് നമ്മുടെ സഹോദരി പറഞ്ഞു. പറഞ്ഞതുപോലെതന്നെ ഏതാനും ദിവസം കഴിഞ്ഞ് സഹോദരി ഫോൺ ചെയ്തപ്പോൾ ആ സ്ത്രീക്ക് അത്ഭുതം തോന്നി. അപ്പോൾ, താൻ അവിടെനിന്നു താമസം മാറുകയാണെന്നും മറ്റൊരു അപ്പാർട്ടുമെന്റ് കണ്ടെത്താൻ പൊതുജന ക്ഷേമ കാര്യാലയത്തിന്റെ സഹായം തേടിയിട്ടുണ്ടെന്നും അവർ വിശദീകരിച്ചു. ഒരു പ്രാവശ്യം കൂടി അവരുമായി ഫോണിൽ സംസാരിക്കുന്നതിനു സഹോദരിക്കു കഴിഞ്ഞെങ്കിലും പിന്നീട് അവരുമായി ബന്ധപ്പെടാനായില്ല. അതുകൊണ്ട്, സഹോദരി അവർക്ക് ഒരു കത്തെഴുതി പൊതുജന ക്ഷേമ കാര്യാലയത്തിന്റെ പേരിൽ അയച്ചു. അവർ അത് ആ സ്ത്രീക്കുള്ള ഫയലുകളോടൊപ്പം വെച്ചു. ഏതാനും ആഴ്ച കഴിഞ്ഞ്, ആ സ്ത്രീക്ക് പ്രസ്തുത കത്തു കിട്ടി, അങ്ങനെ അവർ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. അങ്ങനെയിരിക്കെയാണ് നമ്മുടെ രാജ്യ ശുശ്രൂഷ പിൻവരുന്ന പ്രകാരം പ്രസ്താവിച്ചത്: “ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ നാമെല്ലാം കൂട്ടായ ശ്രമം നടത്തുകയും നമ്മുടെ ശ്രമങ്ങളുടെമേൽ യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നെങ്കിൽ, പുതിയ അധ്യയനങ്ങൾ ലഭിക്കുമെന്ന് ഉറപ്പാണ്!” യഹോവയോട് ആത്മാർഥമായി പ്രാർഥിച്ച ശേഷം, ആ സ്ത്രീയുമായി ഒരു ബൈബിൾ അധ്യയനം നടത്താൻ താൻ അതിയായി ആഗ്രഹിക്കുന്നതായി നമ്മുടെ സഹോദരി ഫോണിലൂടെ അവരെ അറിയിച്ചു. അവർ അതിനു സമ്മതിച്ചു. ഇപ്പോൾ, അവരും ഭർത്താവും സഭാ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്. മാത്രമല്ല, പഠിക്കുന്ന കാര്യങ്ങൾ അവർ മറ്റു കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവെക്കുകയും ചെയ്യുന്നു.
മലേഷ്യയിൽ, സാക്ഷീകരണം അധികമൊന്നും നടന്നിട്ടില്ലാത്ത ഒരു പട്ടണത്തിൽ വെച്ച്, മഴയുള്ള ഒരു ദിവസം, ഒരു താത്കാലിക പ്രത്യേക പയനിയർ സഹോദരിയും സഹപ്രവർത്തകയും ഒരു കടക്കാരനോടു സംസാരിക്കുകയായിരുന്നു. അവരുടെ അടുത്തുതന്നെ പെരുമഴ തോരുന്നതും കാത്ത് ഒരു ഹൈസ്കൂൾ വിദ്യാർഥിനിയും നിൽപ്പുണ്ടായിരുന്നു. കടക്കാരന് സാഹിത്യം നൽകുന്നതു കണ്ട പെൺകുട്ടി ആ സഹോദരിമാരെ സമീപിച്ച് തനിക്കും അത്തരം സാഹിത്യം വേണമെന്ന് പറഞ്ഞു. സൗജന്യ ഭവന ബൈബിൾ അധ്യയനത്തെക്കുറിച്ച് ആ സഹോദരിമാർ അവളോടു വിശദീകരിക്കുകയും തങ്ങൾ താമസിക്കുന്നത് എവിടെയാണെന്നു പറഞ്ഞുകൊടുക്കുകയും ചെയ്തു. ഏതാണ്ട് ഒരാഴ്ചയ്ക്കു ശേഷം ആ വിദ്യാർഥിനി പയനിയർമാർക്കു ഫോൺ ചെയ്തു. അതിനോടകം ലഭിച്ച സാഹിത്യങ്ങൾ മുഴുവൻ അവൾ വായിച്ചുതീർത്തിരുന്നു. മാത്രമല്ല,
കൂടുതൽ സാഹിത്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. അവൾ ബൈബിൾ പഠിക്കാൻ തുടങ്ങി. ഒരു നല്ല വായനക്കാരിയായ ഈ പെൺകുട്ടി ഓരോ സന്ദർശനത്തിനു ശേഷവും കൂടുതൽ പ്രസിദ്ധീകരണങ്ങൾ ആവശ്യപ്പെടുമായിരുന്നു. പ്രസിദ്ധീകരണങ്ങളിൽ പരാമർശിച്ചിരിക്കുന്ന സാഹിത്യത്തിനുവേണ്ടി രാത്രി വളരെ വൈകി പോലും അവൾ ഫോൺ ചെയ്യുമായിരുന്നു. ആ പയനിയർമാർ പട്ടണത്തിൽ സ്ഥിരതാമസം അല്ലായിരുന്നതിനാൽ, അധ്യയനം ചിലപ്പോഴൊക്കെ നേരിട്ടും അല്ലാത്തപ്പോൾ കത്തിലൂടെയും ആയിരുന്നു നടത്തിയിരുന്നത്. രണ്ടു മാസത്തിനുള്ളിൽ ആ പെൺകുട്ടി പരിജ്ഞാനം പുസ്തകം പഠിച്ചുകഴിഞ്ഞു. തന്റെ സുഹൃത്തുക്കളോടും സഹയാത്രക്കാരോടും അവൾ സാക്ഷീകരിക്കാൻ തുടങ്ങി. നല്ല പുരോഗതി വരുത്തിയിരിക്കുന്ന അവൾ ഇപ്പോൾ സ്നാപനമേൽക്കാത്ത ഒരു പ്രസാധികയാണ്. സ്നാപനത്തിനായി ആകാംക്ഷാപൂർവം കാത്തിരിക്കുകയും ചെയ്യുന്നു.ഇറ്റലിയിലെ ഒരു സാക്ഷി തന്റെ പുതിയ അയൽക്കാരിയുമായി സൗഹൃദത്തിലായി. ജർമനിയിൽ ആയിരുന്ന ആ സ്ത്രീ, തന്റെ ഭർത്താവിന് ഇറ്റലിയിൽത്തന്നെ ഒരു ജോലി വാഗ്ദാനം ചെയ്യപ്പെട്ടതിനെ തുടർന്ന് അവിടേക്കു മടങ്ങിവന്നതായിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന് ആ ജോലി ലഭിച്ചില്ല. അതുകൊണ്ട് തന്റെ കുടുംബത്തെ ഇറ്റലിയിൽ ആക്കിയിട്ട് അദ്ദേഹം ജോലി തേടി വീണ്ടും വിദേശത്തേക്കു പോയി. അദ്ദേഹം ദൂരെയായിരുന്ന സമയത്ത് അയൽപക്കത്ത് താമസിച്ചിരുന്ന സാക്ഷികളായ ആ ദമ്പതികൾ സാധനങ്ങൾ വാങ്ങാനും അവരുടെ മകനെ സ്കൂളിൽ കൊണ്ടുപോയി ആക്കാനും മറ്റും ആ സ്ത്രീയെ സഹായിക്കുമായിരുന്നു. കൂടാതെ അവരെയും കുട്ടികളെയും ചിലപ്പോൾ ഭക്ഷണത്തിനായി തങ്ങളുടെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, അവർക്കാവശ്യമായ വളരെയധികം ധാർമിക പിന്തുണയും കൊടുത്തിരുന്നു. എന്തുകൊണ്ടാണ് തനിക്കുവേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് ആ സ്ത്രീ അവരോടു ചോദിച്ചു. “യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ ഞങ്ങൾ അയൽക്കാരെ സ്നേഹിക്കുന്നു” എന്നതായിരുന്നു മറുപടി. സാക്ഷികൾ പറയുന്നതു കേൾക്കാൻ തനിക്ക് ഒരിക്കലും സമയം ലഭിച്ചിട്ടില്ലെന്നും എന്നാൽ, അവർ വിശ്വസിക്കുന്നത് എന്താണെന്നറിയാൻ ഇപ്പോൾ ആഗ്രഹിക്കുന്നതായും അവർ വിശദീകരിച്ചു. ആ സ്ത്രീയുമായി ക്രമമായ ഒരു ബൈബിൾ അധ്യയനം തുടങ്ങി; അവർ യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. കുറെ കാലത്തിനു ശേഷം, അവരുടെ ഭർത്താവ് നാട്ടിൽ തിരിച്ചെത്തി. സാക്ഷികൾ ബൈബിൾ പഠിപ്പിക്കാമെന്നു പറഞ്ഞെങ്കിലും മാനസികമായി യാതൊരു സ്വസ്ഥതയും ഇല്ലാഞ്ഞതിനാൽ അതു വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വീണ്ടും ഒരു തൊഴിൽ കണ്ടെത്താനുള്ള തത്രപ്പാടിലായിരുന്നു അദ്ദേഹം. ആ കുടുംബം ഇറ്റലിയുടെ മറ്റൊരു ഭാഗത്തേക്കു മാറിത്താമസിച്ചപ്പോൾ, സാക്ഷികളായ ദമ്പതികൾ അവിടെയുള്ള രാജ്യഹാളിന്റെ മേൽവിലാസം നൽകുകയും യോഗങ്ങൾക്ക് പോകാൻ ആ സ്ത്രീയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും ലജ്ജ നിമിത്തം അവർ പോയില്ല. എങ്കിലും, നമ്മുടെ ഒരു സഹോദരി ഓരോ വാരത്തിലും അവരുമായി ഫോണിൽ ബന്ധപ്പെട്ട് യഹോവയിലുള്ള അവരുടെ
താത്പര്യത്തെ ജ്വലിപ്പിച്ചു നിറുത്തിയിരുന്നു. കുറെനാൾ കഴിഞ്ഞ്, തെരുവു സാക്ഷീകരണം നടത്തുന്ന രണ്ടു സാക്ഷികളെ ആ സ്ത്രീ കണ്ടുമുട്ടിയപ്പോൾ തന്നെ ബൈബിൾ പഠിപ്പിക്കാൻ അവർ ആവശ്യപ്പെട്ടു. പിന്നീട്, അവർ യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. അതിനോടകം അവരുടെ ഭർത്താവിന് ഒരു ജോലി ലഭിച്ചിരുന്നു. തനിക്കും ബൈബിൾ പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ രണ്ടു പേരും സമർപ്പിച്ച് സ്നാപനമേറ്റ ക്രിസ്ത്യാനികളാണ്. അവരുടെ മൂത്ത രണ്ടു കുട്ടികളും സ്നാപനമേറ്റു, മൂന്നാമത്തെ കുട്ടി സ്നാപനമേൽക്കാത്ത പ്രസാധകനാണ്.ലക്സംബർഗിലെ ഒരു പയനിയർ സഹോദരിക്കു തന്റെ പ്രദേശത്തുള്ള എല്ലാവരുടെയും അടുക്കൽ സുവാർത്ത എത്തിക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. അവിടെയുള്ള ഒരു വീടിന്റെ ജാലകമൂടി എപ്പോഴും താഴ്ത്തിയാണിട്ടിരുന്നത്, അവിടെ ആൾത്താമസം ഉണ്ടായിരുന്നില്ല. എന്നാൽ ഒരു ദിവസം തന്റെ മകളെ സ്കൂളിൽ നിന്നു കൂട്ടിക്കൊണ്ടു വരാനായി പോകുന്ന വഴിക്ക്, ആ വീടിന്റെ മുന്നിൽ ഒരു കാർ കിടക്കുന്നത് അവർ കണ്ടു. അപ്പോൾ ആ സഹോദരിക്ക് വയൽസേവനത്തിനു പോകാനുള്ള ഉദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, അവർ ആ അവസരം പാഴാക്കിയില്ല. സഹോദരി ബെല്ലടിച്ചു. വാതിൽ തുറന്ന വീട്ടുകാരൻ, തനിക്കു ബൈബിളിൽ താത്പര്യമില്ലെങ്കിലും, യേശുക്രിസ്തുവിനെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകം സഹോദരി അദ്ദേഹത്തിനു നൽകി. സഹോദരിയും ഭർത്താവും പല പ്രാവശ്യം മടക്ക സന്ദർശനങ്ങൾ നടത്തിയശേഷം ഒടുവിൽ അദ്ദേഹവുമായി ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു. അദ്ദേഹം വളരെ തിരക്കുള്ള ഒരു വ്യക്തി ആയിരുന്നതിനാൽ ആദ്യമൊക്കെ മൂന്നാഴ്ചയിൽ ഒരിക്കൽ മാത്രമേ അധ്യയനം നടന്നിരുന്നുള്ളു. ക്രമേണ ജീവിതത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ വീക്ഷണത്തിനു മാറ്റം വരാൻ തുടങ്ങി. ദൈവേഷ്ടം പഠിക്കാനും ചെയ്യാനുമായി കൂടുതൽ സമയം താൻ ചെലവഴിക്കേണ്ടതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ടേബിൾ ടെന്നീസ് എന്നുവെച്ചാൽ അദ്ദേഹത്തിനു ഭ്രാന്തായിരുന്നു, ആഴ്ചയിൽ നാലു രാത്രികൾ അതിനായി മാറ്റിവെക്കുകയും ചെയ്തിരുന്നു. ആ ശീലം അദ്ദേഹം ഉപേക്ഷിച്ചു. ക്രിസ്തീയ നിഷ്പക്ഷതയെ കുറിച്ചു വ്യക്തമായി മനസ്സിലാക്കിയപ്പോൾ, അദ്ദേഹം തന്റെ നിലവിലുള്ള ജോലി വേണ്ടെന്നു വെച്ച് അതിന്റെ പകുതിയിൽ താഴെ ശമ്പളമുള്ള മറ്റൊരു ജോലി സ്വീകരിച്ചു. അത്തരമൊരു മാറ്റത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം എന്താണ്? അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ആ മാറ്റം വരുത്താൻ എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളു. എല്ലാറ്റിനുമുപരി, എന്റെ ജീവിതത്തെ ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാൻ ഞാൻ അതിയായി ആഗ്രഹിച്ചു. സത്യം പഠിക്കുന്നതനുസരിച്ച് ഞാൻ പുരോഗതി വരുത്തിക്കൊണ്ടിരുന്നു. എന്റെ പുരോഗതിക്കു തടസ്സമാകാൻ ഞാൻ യാതൊന്നിനെയും അനുവദിച്ചില്ല. സ്നാപനമേൽക്കാത്ത ഒരു പ്രസാധകൻ ആയിത്തീർന്ന് അഞ്ചു മാസത്തിനു ശേഷം യഹോവയ്ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി ഞാൻ സ്നാപനമേറ്റു.” തന്റെ ശുശ്രൂഷ പൂർണമായി നിറവേറ്റിയ ആ പയനിയർ സഹോദരിയോട് അദ്ദേഹം എത്രയോ നന്ദിയുള്ളവനാണ്!
ദ്വീപുകൾ
തന്റെ രാജത്വത്തെ പ്രതി ഘോഷിച്ചാനന്ദിക്കാൻ ദ്വീപുവാസികൾ ഉൾപ്പെടെ, സകല ഭൂവാസികളെയും യഹോവ ക്ഷണിക്കുന്നു. (സങ്കീ. 97:1) പൊ.യു. 33-ൽ തന്നെ ക്രേത്ത ദ്വീപുവാസികൾക്ക് ആ ക്ഷണം ലഭിച്ചിരുന്നു. ഈ 20-ാം നൂറ്റാണ്ടിൽ പതിനായിരക്കണക്കിന് ദ്വീപുവാസികൾ ഇതിനോട് അനുകൂലമായി പ്രതികരിച്ചിരിക്കുന്നു. ഫിലിപ്പീൻസിൽ, യഹോവയുടെ രാജത്വത്തിന്റെ മഹത്ത്വത്തെക്കുറിച്ചു ഘോഷിക്കുന്ന 1,32,496 പേരുണ്ട്. അനേകം ദ്വീപുകൾ ചേർന്നുണ്ടായ ജപ്പാനിൽ, 2,22,857 പേർ ആ സന്തുഷ്ട സേവനത്തിൽ പങ്കെടുക്കുന്നു. ആൾത്താമസം വളരെക്കുറവുള്ള ദ്വീപുകളിലെ ആളുകൾക്കു പോലും ദൈവരാജ്യ സുവാർത്തയിൽ ആനന്ദിക്കാനുള്ള അവസരം ലഭിക്കുന്നു.
സമോവയിൽ, ഒരു യുവ പയനിയറുടെ ദയാപ്രവൃത്തി യഹോവയുടെ സാക്ഷികളെ സംബന്ധിച്ച് ആളുകൾക്കുള്ള മുൻവിധി ഇല്ലാതാക്കാൻ സഹായിച്ചു. ഒരു ദിവസം അദ്ദേഹം അടുത്തുള്ള ആശുപത്രിയുടെ ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ ഡോക്ടറെ കാണാൻ പോയി. നേഴ്സ്, ഒരു നമ്പർ കൊടുത്തിട്ട്, ഊഴത്തിനായി കാത്തുനിൽക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ നമ്പർ വിളിച്ച സമയത്ത്, അവിടെ വന്ന മറ്റെല്ലാവരെക്കാളും അവശയായി കാണപ്പെട്ട പ്രായമായ ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുത്തായി ഇരിപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്റെ ഊഴം ആ സ്ത്രീക്ക് കൊടുത്തിട്ട് അവരുടെ ഊഴം താൻ എടുത്തുകൊള്ളട്ടെയെന്നു നേഴ്സിനെ വിളിച്ച് ആ സഹോദരൻ ദയാപുരസ്സരം ചോദിച്ചു. നേഴ്സ് ഒന്ന് അമ്പരന്നുപോയെങ്കിലും അതിനു സമ്മതിച്ചു. സഹോദരന്റെ നമ്പർ വീണ്ടും വിളിക്കാറായപ്പോൾ, ഗ്രാമ മുഖ്യന്മാരിൽ ഒരാൾ അദ്ദേഹത്തിന്റെ അടുത്ത് വന്നിരുന്നു. ഈ മനുഷ്യൻ നമ്മുടെ സഹോദരനെക്കാൾ രോഗിയായിരുന്നതിനാൽ, സഹോദരൻ പിന്നെയും തന്റെ ഊഴം വിട്ടുകൊടുത്തു. പിന്നീട് ഒരിക്കൽ നമ്മുടെ സഹോദരൻ മുമ്പ് പറഞ്ഞ ആ സ്ത്രീയെ ചന്തസ്ഥലത്തുവെച്ചു കണ്ടുമുട്ടി. വളരെ സന്തുഷ്ടയായിരുന്ന അവർ ‘മോൻ ഒരു യഹോവയുടെ സാക്ഷിയാണോ?’
എന്നു ചോദിച്ചു. സഹോദരൻ ‘അതേ’ എന്ന് ഉത്തരം പറഞ്ഞപ്പോൾ, സാക്ഷികൾ സന്ദർശിക്കുന്നത് തനിക്ക് ഇഷ്ടമില്ലായിരുന്നെന്നും എന്നാൽ, അവർ തങ്ങളുടെ അയൽക്കാരെ യഥാർഥമായി സ്നേഹിക്കുന്നുവെന്ന് താൻ ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും അവർ പറഞ്ഞു. സഹോദരൻ അവരുടെ മേൽവിലാസം വാങ്ങി, അവർക്കു ക്രമമായ ഒരു ബൈബിൾ അധ്യയനവും തുടങ്ങി. ആ ഗ്രാമമുഖ്യന്റെ കാര്യമോ? നേരത്തേ തനിക്ക് സാക്ഷികളോട് യാതൊരു ആദരവും ഇല്ലായിരുന്നെന്നും എന്നാൽ ഇപ്പോൾ അവരെ തന്റെ വീട്ടിൽ വരാൻ അനുവദിക്കുന്നുവെന്നും ആ പയനിയറുടെ പിതാവിനോട് അദ്ദേഹം പറഞ്ഞു. സ്മാരകത്തിനു ഹാജരായ ആ ഗ്രാമമുഖ്യൻ ഇങ്ങനെ പറഞ്ഞു: “ആദ്യം വെറുത്തിരുന്ന കാര്യങ്ങളാകാം പിന്നീട് പ്രിയങ്കരങ്ങളായിത്തീരുന്നത്.”ബിസിനസ്സ് പ്രദേശത്ത് ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ശ്രമിക്കുന്നത് പ്രായോഗികമാണോ? ചിലപ്പോഴൊക്കെ അതേ. സൈപ്രസിലെ ഒരു പ്രത്യേക പയനിയർ ഒരു ബിസിനസ്സുകാരനു ക്രമമായി മാസികകൾ കൊടുത്തിരുന്നു. താൻ വായിച്ച കാര്യങ്ങളോട് അദ്ദേഹം വിലമതിപ്പു പ്രകടിപ്പിച്ചപ്പോൾ, ആവശ്യം ലഘുപത്രിക ഉപയോഗിച്ച് ബൈബിൾ പഠിക്കുന്ന വിധം ആ പയനിയർ പ്രകടിപ്പിച്ചു കാണിച്ചു. അദ്ദേഹത്തിന്റെ ജോലിസ്ഥലത്തു വെച്ചാണ് അധ്യയനം നടത്തപ്പെടുന്നത്. എന്നാൽ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഓരോ തവണയും പയനിയർ അധ്യയനം 10-ഓ 15-ഓ മിനിട്ടിൽ ഒതുക്കിനിറുത്തുന്നു.
ഗ്വാഡലൂപ്പിൽ, തെരുവു സാക്ഷീകരണത്തിന് പ്രത്യേക ഊന്നൽ നൽകപ്പെട്ടിരിക്കുന്നു. 1 പ്രസാധകന് 55 പേർ എന്ന ജനസംഖ്യ അനുപാതമുള്ള അവിടെ തെരുവു സാക്ഷീകരണം വാസ്തവത്തിൽ ആവശ്യമുണ്ടോ? വീട്ടിലായിരിക്കുമ്പോൾ മിക്കവരുടെയും ‘തൊഴിൽ’ ടിവി കാണുക എന്നതാണ്. അതുകൊണ്ട്, അവർ വീട്ടിൽ നിന്ന് അകലെ ആയിരിക്കുമ്പോഴാണ് അവരോടു സുവാർത്ത പ്രസംഗിക്കാൻ കൂടുതൽ എളുപ്പം. സെന്റ് മാർട്ടിനിൽ തെരുവു സാക്ഷീകരണത്തിൽ ഏർപ്പെട്ടിരുന്ന 15 പ്രസാധകർ ഏതാണ്ട് രണ്ടു മണിക്കൂറുകൾക്കുള്ളിൽ 250 മാസികകളും ഒപ്പം ലഘുലേഖകളും വിതരണം ചെയ്തതായി ഒരു സർക്കിട്ട് മേൽവിചാരകൻ റിപ്പോർട്ടു ചെയ്തു. ചിലപ്പോഴൊക്കെ, സന്തോഷത്തോടെ സാഹിത്യം സ്വീകരിച്ചേക്കാവുന്ന പലരും തങ്ങൾക്ക് സംസാരിക്കാൻ നേരമില്ലാത്തവിധം തിരക്കാണെന്ന് പറഞ്ഞേക്കാം. എങ്കിലും, മാറിവരുന്ന ജീവിത സാഹചര്യങ്ങൾ ഒരു വ്യക്തിയിൽ ആത്മീയ വിശപ്പ് ഉളവാക്കുമ്പോൾ, അയാളുടെ മുൻഗണനകൾക്കു മാറ്റം വരാൻ സാധ്യതയുണ്ട്. ലേ അബിമെ എന്ന പട്ടണത്തിലെ ഒരു സ്ത്രീക്ക് സമാനമായ ഒരു അനുഭവം ഉണ്ടായി. തന്റെ പിതാവിന്റെ മരണശേഷം അവരുടെ മനസ്സിൽ ഒട്ടനവധി ചോദ്യങ്ങൾ പൊന്തിവന്നു. ആദ്യം ആവശ്യം ലഘുപത്രികയും പിന്നെ പരിജ്ഞാനം പുസ്തകവും ഉപയോഗിച്ച് അവർ ബൈബിൾ പഠിച്ചു—ഏതാണ്ട് എല്ലാ ദിവസവും തന്നെ. ന്യായവാദം പുസ്തകത്തിൽ ഗവേഷണം നടത്തുന്ന അവർ അതിൽ ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ഒരു കടലാസിൽ എഴുതിയെടുക്കുന്നു. “തിരുവഴുത്തുകളുടെ സ്വന്ത പ്രതി ഉണ്ടാക്കിയ
ഇസ്രായേൽ രാജാക്കന്മാരെ പോലെയാണ്” താൻ എന്നു തോന്നുന്നതായി അവർ പറയാറുണ്ട്. “ക്രിസ്ത്യാനികൾ എന്നു പറയുന്നവരുടെയൊക്കെ പക്കൽ ബൈബിൾ ഉണ്ടെങ്കിലും, അതനുസരിച്ച് ജീവിക്കുന്നവർ യഹോവയുടെ സാക്ഷികൾ മാത്രമാണ്” എന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നിരിക്കുന്നു.ജപ്പാനിൽ, രണ്ടു കുട്ടികളെ വളർത്തുന്ന ഒറ്റയ്ക്കുള്ള ഒരു മാതാവാണ് ഹാറ്റ്സൂകോ. കുടുംബത്തെ പോറ്റാനായി അവർ രണ്ടിടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. യഹോവയെയും മനുഷ്യവർഗത്തെ സംബന്ധിച്ചുള്ള അവന്റെ സ്നേഹപുരസ്സരമായ ഉദ്ദേശ്യത്തെയും കുറിച്ചു സാക്ഷീകരിക്കാൻ അവർക്ക് എപ്പോഴാണു സമയം ലഭിക്കുക? ജോലി ചെയ്യുന്ന ഓരോ ഇടത്തേക്കും പോകാൻ അവർക്ക് 20 മിനിട്ട് സൈക്കിൾ ചവിട്ടണം. ആ സമയം സാക്ഷീകരണത്തിനായി ദിവസവും ഉപയോഗിക്കാൻ അവർ തീരുമാനിച്ചു. കണ്ടുമുട്ടുന്ന എല്ലാവരോടും—വഴിപോക്കർ, വിൽപ്പന യന്ത്രത്തിലെ (vending machine) ഉപഭോക്താക്കൾ, സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നവർ, നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങിയവരോടൊക്കെ—അവർ സംസാരിക്കുന്നു. ലജ്ജാശീലയായ അവരെ സംബന്ധിച്ചിടത്തോളം ആദ്യമൊക്കെ അത് ഒരു വെല്ലുവിളിയായിരുന്നു. താൻതന്നെ എല്ലാം പറയുന്നതിനെക്കാൾ മാസികകളെ സംസാരിക്കാൻ അനുവദിക്കുന്നതാണു കൂടുതൽ പ്രയോജനകരമെന്ന് അവർക്കു തോന്നി. കൂടാതെ, പുറപ്പെടും മുമ്പ് പ്രാർഥിക്കാൻ തുടങ്ങിയപ്പോൾ ആളുകളുമായി സംസാരിക്കുന്നത് കൂടുതൽ എളുപ്പമാകുന്നതായി കാലക്രമത്തിൽ അവർ കണ്ടെത്തി. കഴിഞ്ഞ രണ്ടു വർഷമായി ഈ വിധം സാക്ഷീകരിച്ചുകൊണ്ടിരിക്കുന്ന അവർ പ്രതിമാസം 200 മുതൽ 300 വരെ മാസികകൾ സമർപ്പിക്കുന്നുണ്ട്. തെരുവിൽ അവർക്കുള്ള മാസികാ റൂട്ടിലുള്ളവർക്കു നൽകുന്ന മാസികകളും അതിൽ ഉൾപ്പെടുന്നു.
യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സംഘടന എന്ന വീഡിയോ കാസെറ്റ് യഹോവയുടെ സംഘടനയോടുള്ള ആളുകളുടെ വിലമതിപ്പ് വളർത്തിയെടുക്കുന്നതിൽ ഒരു ശക്തമായ ഉപകരണം ആയിരുന്നിട്ടുണ്ട്. ഓസ്ട്രേലിയയിലെ ഒരു സ്ത്രീക്ക് അഞ്ചു വർഷമായി സൊസൈറ്റിയുടെ മാസികകളും മറ്റു പ്രസിദ്ധീകരണങ്ങളും ക്രമമായി ലഭിച്ചുകൊണ്ടിരുന്നു. പിന്നീട് മേൽപ്പറഞ്ഞ വീഡിയോ കാസെറ്റ് കാണാനായി സാക്ഷികൾ അത് ഒരാഴ്ചത്തേക്ക് അവർക്കു നൽകി. അടുത്ത പ്രാവശ്യം പ്രസാധകർ സന്ദർശിച്ചപ്പോൾ ആ സ്ത്രീ അവരെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. ആ വീഡിയോ കണ്ടിട്ട് അവർ സന്തോഷംകൊണ്ട് കരഞ്ഞുപോയി. തന്നെ സന്ദർശിച്ചിരുന്ന സാക്ഷികൾ ആശ്രയയോഗ്യരാണെന്ന് അവർക്ക് അറിയാമായിരുന്നു. എന്നാൽ അവരുടെ സംഘടനയിലും തനിക്ക് ആശ്രയിക്കാൻ കഴിയും എന്ന് അവർക്ക് ഇപ്പോൾ ബോധ്യമായി. അന്നുതന്നെ പരിജ്ഞാനം പുസ്തകം ഉപയോഗിച്ച് അവർക്ക് ഒരു അധ്യയനം തുടങ്ങി. പിറ്റേ വാരത്തിൽ അവർ രാജ്യഹാളിലെ യോഗത്തിൽ സംബന്ധിച്ചു.
ആളുകൾ ഉപദേശം ആരായുന്നത് ആരോടാണ്? ചിലപ്പോഴൊക്കെ
അത് വർത്തമാനപത്രങ്ങളുടെയോ മാസികകളുടെയോ കോളമെഴുത്തുകാരോടാണ്. ന്യൂകലഡോണിയയിലെ ഒരു പയനിയർ സഹോദരി, ലൗകിക മാസികയ്ക്ക് ഒരാൾ അയച്ച അത്തരമൊരു ചോദ്യത്തിനുള്ള വിശദമായ ഉത്തരം ഉണരുക!യുടെ ഒരു ലക്കത്തിൽ വന്നിട്ടുണ്ടെന്നു കണ്ടു. ആ സഹോദരി ഒരു കത്തെഴുതിയിട്ട്, ചോദ്യം ചോദിച്ച ആ വ്യക്തിക്ക് അയച്ചുകൊടുക്കണമെന്നുള്ള ഒരു അഭ്യർഥനയോടെ അത് ലൗകിക മാസികയുടെ പ്രസാധകർക്ക് അയച്ചുകൊടുത്തു. പ്രസ്തുത ചോദ്യം സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ തന്റെ പക്കൽ ഉണ്ടെന്നും അത് ആ വ്യക്തിയുമായി പങ്കുവെക്കാമെന്നും അവർ ആ കത്തിൽ സൂചിപ്പിച്ചിരുന്നു. മാത്രമല്ല, പ്രസ്തുത ലേഖനത്തിന്റെ വിഷയവും ചില ഉപതലക്കെട്ടുകളും തിരഞ്ഞെടുത്ത ചില ഉദ്ധരണികളും അതിൽ ഉൾപ്പെടുത്തിയിരുന്നു. മറുപടി ലഭിച്ചയുടനെ സാക്ഷി ഉണരുക! അവർക്ക് അയച്ചുകൊടുത്തു. കൂടുതലായ ആത്മീയ സഹായം ആ വ്യക്തിക്കു നൽകുന്നതിന് അതു വഴിതുറന്നു.അയർലണ്ടിലെ പ്രസാധകർ, തങ്ങളുടെ പ്രദേശത്തു താമസിക്കുന്ന, ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, പൗരസ്ത്യനാടുകൾ എന്നിവിടങ്ങളിൽ നിന്നെത്തിയ ആളുകളുമായി സുവാർത്ത പങ്കുവെക്കുന്നു. മാൻഡരിൻ ചൈനീസ് ഭാഷയിൽ ഒരു പരസ്യപ്രസംഗവും വീക്ഷാഗോപുര അധ്യയനവും നടത്താൻ ബെൽഫാസ്റ്റിലെ ഒരു സഭ ക്രമീകരണം ചെയ്തു. താത്പര്യക്കാരായ 22 പേർ സന്നിഹിതരായി. ബെൽഫാസ്റ്റിലെ ജോലിക്കാരോ കോളെജ് വിദ്യാർഥികളോ ആയ ചൈനക്കാരുടെ ഇടയിൽ ഒരു മിഷനറി ദമ്പതികൾ നടത്തിയ നല്ല പ്രവർത്തനത്തിന്റെ ഫലമായിരുന്നു അത്. 1993 മുതൽ, ചൈനയിലെ 17 പ്രവിശ്യകളിലും തായ്വാനിലെ പല പട്ടണങ്ങളിലും നിന്നുള്ള 75 വ്യക്തികളുമായി ആ മിഷനറിമാർ ബൈബിൾ അധ്യയനങ്ങൾ നടത്തിയിരിക്കുന്നു. അവരിൽ പലരും ചൈനയിലേക്ക് മടങ്ങിപ്പോയ ശേഷവും ആ മിഷനറി ദമ്പതികൾ അവരുമായി സമ്പർക്കം പുലർത്തിവരുന്നു. ഒരവസരത്തിൽ, ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഒരു ദമ്പതികളിൽ, ഭാര്യക്ക് ചൈനയിലേക്ക് മടങ്ങിപ്പോകേണ്ടിവന്നു. അവിടെ തന്റെ ബൈബിൾ അധ്യയനം തുടരാൻ കഴിയില്ലല്ലോ എന്നോർത്ത് ദുഃഖിതയായിരുന്നു അവർ. എങ്കിലും, താൻ ജോലി ചെയ്തുകൊണ്ടിരിക്കെ സാക്ഷികൾ തന്നെ സന്ദർശിച്ച്, “അയർലണ്ടിലെ നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളെ സന്ദർശിക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നു. ഞങ്ങൾ വീണ്ടും വരാം” എന്നെഴുതിയ ഒരു കുറിപ്പ് തന്നിട്ടു പോയതായി ഏതാനും ആഴ്ചകൾക്കു ശേഷം ഭർത്താവിന് എഴുതിയ കത്തിൽ അവർ പറഞ്ഞു. പറഞ്ഞതുപോലെ, അവർ വീണ്ടും സന്ദർശിക്കുകതന്നെ ചെയ്തു! ചൈനയിൽ നിന്ന് മറ്റൊരു ദമ്പതികൾ ആ മിഷനറിമാർക്ക് എഴുതി: “നിങ്ങളില്ലാത്തത് ഞങ്ങൾക്കു വലിയൊരു നഷ്ടം തന്നെയാണ്. ഓർക്കാൻ പലതുമുണ്ടെങ്കിലും, ഏറ്റവും മൂല്യവത്തായ സംഗതി നിങ്ങളോടൊത്തുള്ള ബൈബിൾ അധ്യയനം ആയിരുന്നുവെന്നു പറഞ്ഞുകൊള്ളട്ടെ. ഞങ്ങളുടെ ജീവിതത്തിന്റെ മൂലക്കല്ല് ഇപ്പോൾ ബൈബിളാണ്.”
[49-ാം പേജിലെ ചിത്രങ്ങൾ]
(1) മൊസാമ്പിക്ക്, (2) സെനെഗൽ, (3) ന്യൂകലഡോണിയ, (4) ബൊളീവിയ