വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അംഗോള

അംഗോള

അംഗോള

യുദ്ധം, ഭക്ഷ്യക്ഷാമം, മാരക രോഗങ്ങൾ, വന്യമൃഗങ്ങളെ പോലെ പ്രവർത്തിക്കുന്ന മനുഷ്യരാലുള്ള ദുരിതവും കൊലയും. നമ്മുടെ നാളിൽ ഇതെല്ലാം ഉണ്ടാകുമെന്ന്‌ അപ്പോക്കലിപ്‌സിലെ (വെളിപ്പാടിലെ) പ്രതീകാത്മക കുതിരക്കാരെ ഉപയോഗിച്ച്‌ ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്നു. (വെളി. 6:3-8) ഇതെല്ലാം മുഴു ഭൂമിയെയും ബാധിച്ചിരിക്കുന്നു. അംഗോള അതിനൊരു അപവാദമല്ല.

ഈ രാജ്യത്ത്‌ അങ്ങോളമിങ്ങോളം ആ കുതിരക്കാരുടെ ഉഗ്രമായ പാച്ചലിന്റെ ഫലങ്ങൾ അനുഭവപ്പെട്ടിരിക്കുന്നു. ഈ സാഹചര്യങ്ങളിൽ യഹോവയുടെ സാക്ഷികളുടെ അവസ്ഥ എന്തായിരുന്നു?

അവിടെ പല സാക്ഷികൾക്കും കൊടിയ പീഡനം സഹിക്കേണ്ടിവന്നിരിക്കുന്നു. മൃഗീയവും ഒടുങ്ങാത്തതുമായ ആഭ്യന്തര യുദ്ധങ്ങളിൽ നിഷ്‌പക്ഷത പാലിച്ചതിന്റെ പേരിൽ അവരിൽ ചിലർ വധിക്കപ്പെട്ടിട്ടുമുണ്ട്‌. രാഷ്‌ട്രീയവും സാമ്പത്തികവുമായ കോളിളക്കത്തിന്റെ ഫലമായുണ്ടായ ഭക്ഷ്യക്ഷാമത്തിന്റെ ഉഗ്രഫലങ്ങളും അവരിൽ പലരും അനുഭവിച്ചിരിക്കുന്നു. എന്നിരുന്നാലും, യഹോവയാം ദൈവത്തിലുള്ള അവരുടെ വിശ്വാസത്തെയോ അവന്റെ വചനത്തിലുള്ള അവരുടെ ബോധ്യത്തെയോ യാതൊന്നും കെടുത്തിക്കളഞ്ഞിട്ടില്ല. ദൈവത്തോടു വിശ്വസ്‌തരായി നിലകൊള്ളുകയും അവന്റെ ഉദ്ദേശ്യങ്ങളെ കുറിച്ച്‌ മറ്റുള്ളവർക്കു ഒരു പൂർണ സാക്ഷ്യം നൽകുകയും ചെയ്യുക എന്നതാണ്‌ അവരുടെ ആത്മാർഥമായ ആഗ്രഹം. സാക്ഷികൾ അന്യോന്യം പ്രകടമാക്കുന്ന സ്‌നേഹം അവർ യേശുക്രിസ്‌തുവിന്റെ യഥാർഥ ശിഷ്യന്മാർ ആണ്‌ എന്നതിന്റെ ശക്തമായ തെളിവാണ്‌.​—⁠യോഹ. 13:⁠35.

അവരുടെ വിശ്വാസത്തിന്റെ മികച്ച മാതൃകയുടെ രണ്ട്‌ ഉദാഹരണങ്ങൾ നോക്കുക. 40 വർഷം മുമ്പ്‌, ഒരു പോലീസ്‌ ഇൻസ്‌പെക്ടർ യഹോവയുടെ സാക്ഷിയായ ഒരാളോട്‌ ഇങ്ങനെ തീർത്തു പറഞ്ഞു: “അംഗോളയെ സംബന്ധിച്ചിടത്തോളം . . . വാച്ച്‌ ടവർ സംഘടനയുടെ കാലം കഴിഞ്ഞു, തീർച്ച!” അതു കഴിഞ്ഞ്‌ അദ്ദേഹം, അംഗോളയിൽ ജനിച്ച ഒരു സാക്ഷിയോട്‌ ഭീഷണിപ്പെടുത്തുന്ന സ്വരത്തിൽ സംസാരിച്ചു. “നിനക്കൊക്കെ വരാൻ പോകുന്നത്‌ എന്താണെന്ന്‌ അറിയാമോ?” ആ ഇൻസ്‌പെക്ടർ കയർത്തു. സാക്ഷി ശാന്തനായി ഇങ്ങനെ മറുപടി നൽകി: “താങ്കൾക്ക്‌ എന്നോടു എന്തു ചെയ്യാനാകുമെന്ന്‌ എനിക്ക്‌ അറിയാം. അങ്ങേയറ്റം പോയാൽ എന്നെ കൊല്ലുമായിരിക്കും. അതിൽ കൂടുതലൊന്നും ചെയ്യില്ലല്ലോ. എന്നാൽ ഞാൻ എന്റെ വിശ്വാസം ത്യജിക്കുന്ന പ്രശ്‌നമേയില്ല.” വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവന്നിട്ടും ഷ്വാവുൻ മാൻകോക്കാ എന്ന ആ സാക്ഷി തന്റെ ദൃഢതീരുമാനത്തോടു പറ്റിനിൽക്കുകതന്നെ ചെയ്‌തിരിക്കുന്നു.

അടുത്ത കാലത്ത്‌, ഹ്വാമ്പോ പ്രവിശ്യയിലുള്ള ഒരു മൂപ്പൻ ഇപ്രകാരം എഴുതി: “ഞങ്ങളുടെ അവസ്ഥ അപകടകരമാണ്‌. ഞങ്ങൾ മുഴു പട്ടിണിയിലാണ്‌, രോഗം വന്നാൽ മരുന്നു പോലുമില്ല. അതിനാൽ സഹോദരങ്ങൾ വളരെ കഷ്ടത്തിലാണ്‌. ഇപ്പോഴത്തെ സാഹചര്യവും സഹോദരങ്ങളുടെ അവസ്ഥയും വർണിക്കാൻ വാക്കുകളില്ല.” എന്നാൽ, അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ശാരീരികാവസ്ഥ ശോചനീയമാണെങ്കിലും, ഞങ്ങൾ ആത്മീയമായി ആരോഗ്യവാന്മാരാണ്‌. ഇതെല്ലാം മത്തായി 24-ാം അധ്യായത്തിലും 2 തിമൊഥെയൊസ്‌ 3:1-5 വാക്യങ്ങളിലും മുൻകൂട്ടി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തന്നെയാണ്‌.”

അങ്ങേയറ്റത്തെ കഷ്ടപ്പാടുകൾക്കു മധ്യേയും അത്തരത്തിലുള്ള ക്രിയാത്മക വീക്ഷണം പുലർത്താൻ അവരെ സഹായിക്കുന്നത്‌ എന്താണ്‌? തങ്ങളിൽത്തന്നെയോ മറ്റു മനുഷ്യരിലോ അല്ല, പകരം യേശുക്രിസ്‌തുവിന്റെ കൈകളിലെ ദൈവരാജ്യത്തിൽ പ്രത്യാശ വെക്കുന്നതിന്റെ ഫലമായുള്ള വിശ്വാസവും ധൈര്യവുമാണ്‌ അത്‌. ശത്രു ഇപ്പോൾ വിജയിക്കുന്നതായി തോന്നിയാലും, സാഹചര്യം എത്ര ദുർഘടമായാലും ഒടുവിൽ ദൈവോദ്ദേശ്യം വിജയിക്കുകതന്നെ ചെയ്യുമെന്ന്‌ അവർക്കറിയാം. സ്വർഗത്തിൽനിന്നു ഭരിക്കുന്ന ദൈവപുത്രൻ വിജയം വരിക്കുമെന്നും അവന്റെ ഭരണത്തിൻ കീഴിൽ ഭൂമി ഒരു പറുദീസ ആയിത്തീരുമെന്നും അവർക്കു പൂർണ ബോധ്യമുണ്ട്‌. (ദാനീ. 7:13, 14; വെളി. 6:1, 2; 19:11-16) ഇപ്പോൾ പോലും ദുർബലരായ മനുഷ്യർക്ക്‌ കഷ്ടതകൾ സഹിക്കാനാവശ്യമായ അത്യന്ത ശക്തി ദൈവം നൽകുന്നുവെന്ന്‌ അംഗോളയിലെ യഹോവയുടെ സാക്ഷികളുടെ അനുഭവം തെളിയിച്ചിരിക്കുന്നു.​—⁠2 കൊരി. 4:7-9.

എന്നാൽ അംഗോളയിലെ യഹോവയുടെ ജനത്തിന്റെ ചരിത്രം കൂടുതലായി പരിശോധിക്കുന്നതിനു മുമ്പ്‌, ആ രാജ്യത്തെ കുറിച്ച്‌ നമുക്കൊരു ഹ്രസ്വ അവലോകനം നടത്താം.

മിനുക്കാത്ത വജ്രം

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറായാണ്‌ അംഗോള സ്ഥിതി ചെയ്യുന്നത്‌. വടക്ക്‌ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കും തെക്ക്‌ നമീബിയയും കിഴക്ക്‌ സാംബിയയുമാണ്‌ അതിന്റെ അയൽരാജ്യങ്ങൾ, പടിഞ്ഞാറ്‌ അറ്റ്‌ലാന്റിക്‌ സമുദ്രവും. അതിന്റെ വിസ്‌തീർണം 12,46,700 ചതുരശ്ര കിലോമീറ്ററാണ്‌. ഇത്‌ ഫ്രാൻസ്‌, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങളുടെ മൊത്തം ഭൂവിസ്‌തൃതിയോളം വരും. 16-ാം നൂറ്റാണ്ടിൽ അംഗോളയെ തങ്ങളുടെ കോളനിയാക്കാൻ തുടങ്ങിയ പോർച്ചുഗലിന്റെ ഏതാണ്ട്‌ 14 മടങ്ങ്‌ വരും ഇത്‌. പോർച്ചുഗീസുകാരുടെ കോളനിവത്‌കരണത്തിന്റെ ഫലമായി അംഗോളക്കാരിൽ ഏതാണ്ട്‌ 50 ശതമാനവും കത്തോലിക്കാ വിശ്വാസികളാണ്‌.

ഔദ്യോഗിക ഭാഷ ഇപ്പോഴും പോർച്ചുഗീസ്‌ ആണെങ്കിലും, അംഗോള ഒരു ബഹുഭാഷാ സമൂഹമാണ്‌. അവിടത്തെ 40-തിലധികം ഭാഷകളിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്‌ അംബുണ്ടൂ, കിംബുണ്ടൂ, കികോങ്‌ഗോ എന്നിവയാണ്‌.

കഴിഞ്ഞ നിരവധി വർഷങ്ങളായി, അംഗോളയിൽ സമൃദ്ധമായുള്ള അസംസ്‌കൃത വസ്‌തുക്കൾ ആളുകൾ മറ്റു ദേശങ്ങളിലേക്കു കടത്തിയിട്ടുണ്ട്‌. അവിടത്തെ കോളനിവാഴ്‌ചക്കാലത്ത്‌ ദശലക്ഷക്കണക്കിന്‌ ആളുകളെയാണ്‌ പോർച്ചുഗീസുകാർ അടിമകളായി ബ്രസീലിലേക്കു കൊണ്ടുപോയത്‌, അക്കാലത്ത്‌ ബ്രസീലും ഒരു പോർച്ചുഗീസ്‌ കോളനി ആയിരുന്നു. അംഗോളയിലെ വളക്കൂറുള്ള മണ്ണിൽ ഒരു കാലത്ത്‌ വാഴയും മാവും കൈതയും കരിമ്പും കാപ്പിയുമൊക്കെ തഴച്ചുവളർന്നിരുന്നു. കോളനിവാഴ്‌ച അവസാനിച്ച ശേഷം നടന്ന വിനാശകമായ ആഭ്യന്തര കലാപം ആ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു സാരമായ മങ്ങലേൽപ്പിച്ചു. എങ്കിലും അംഗോള ഇപ്പോഴും പ്രകൃതിവിഭവങ്ങൾ സമൃദ്ധമായുള്ള ഒരു രാജ്യമാണ്‌. പെട്രോളിയത്തിന്റെയും വജ്രങ്ങളുടെയും ഇരുമ്പയിരിന്റെയും വൻശേഖരം അതിൽ പെടുന്നു. എന്നിരുന്നാലും, താഴ്‌മയും ദൃഢചിത്തതയുമുള്ള ആളുകൾ തന്നെയാണ്‌ അവിടത്തെ ഏറ്റവും വിലപ്പെട്ട സമ്പത്ത്‌. ഇവരിൽ ആയിരക്കണക്കിന്‌ ആളുകൾ ദൈവവചനത്തോടും ദൈവരാജ്യത്തിൻ കീഴിലെ ശോഭനമായ ഭാവി സംബന്ധിച്ച അതിന്റെ വാഗ്‌ദാനത്തോടും ആഴമായ സ്‌നേഹം പ്രകടമാക്കിയിരിക്കുന്നു.

“നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക”

ഗ്രേ സ്‌മിത്തിന്റെയും ഭാര്യ ഓൾഗയുടെ പ്രവർത്തനമാണ്‌ അംഗോളയിൽ യഹോവയുടെ സാക്ഷികളുടെ ആദ്യത്തെ പ്രവർത്തനമായി റിപ്പോർട്ടു ചെയ്യപ്പെട്ടത്‌. ദക്ഷിണാഫ്രിക്കയിലെ കേപ്‌ ടൗണിൽ നിന്നുള്ള പയനിയർ ദമ്പതികളായ അവർ, 1938 ജൂലൈയിൽ റെക്കോർഡ്‌ ചെയ്‌ത ബൈബിൾ പ്രസംഗങ്ങൾ കേൾപ്പിക്കാനുള്ള സംവിധാനമുള്ള ഒരു കാറിലാണ്‌ ജോഹാനസ്‌ബർഗിൽനിന്ന്‌ അവിടെ എത്തിയത്‌. ആ കാറിൽ നിറയെ വാച്ച്‌ ടവർ പ്രസിദ്ധീകരണങ്ങൾ ആയിരുന്നു. തങ്ങളുടെ ത്രൈമാസ പര്യടനവേളയിൽ സ്‌മിത്ത്‌ ദമ്പതികൾ നിരവധി വീക്ഷാഗോപുര വരിസംഖ്യകളും 8,158 ബൈബിളുകളും പുസ്‌തകങ്ങളും ചെറുപുസ്‌തകങ്ങളും സമർപ്പിച്ചു. ബെൻഗ്വെല, ലുവാണ്ട, സാ ഡ ബാൻഡെയ്‌റ (ഇപ്പോൾ ലുബാങ്‌ഗൂ) എന്നിവിടങ്ങളും അംഗോളയുടെ പശ്ചിമ മേഖലയിലെ മറ്റു പല പട്ടണങ്ങളും ഉൾപ്പെട്ട വിസ്‌തൃതമായ പ്രദേശത്ത്‌ അവർ ധാരാളം ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്‌തു. എന്നാൽ, പിറ്റേ വർഷം രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാൽ താത്‌പര്യക്കാരുമായി സമ്പർക്കം പുലർത്തുക ദുഷ്‌കരമായിത്തീർന്നു.

അവർ അവിടെ സുവാർത്ത പ്രസംഗിച്ചെങ്കിലും, കുറെ കാലത്തേക്ക്‌ കാര്യമായ ഫലമൊന്നും ഉണ്ടായില്ല. എങ്കിലും, സഭാപ്രസംഗി 11:​1-ലെ തത്ത്വം സത്യമെന്നു തെളിഞ്ഞു. ആ വാക്യം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും.”

ഹ്വിലാ പ്രവിശ്യയിൽനിന്നുള്ള ഒരു റിപ്പോർട്ട്‌ സൂചിപ്പിക്കുന്നതു പോലെ, സത്യത്തിന്റെ ചില വിത്തുകൾ പൊട്ടിമുളയ്‌ക്കാൻ വർഷങ്ങൾതന്നെ വേണ്ടിവന്നു. സ്‌മിത്ത്‌ ദമ്പതികളുടെ പ്രസംഗ പര്യടനത്തിനുശേഷം വർഷങ്ങൾ കഴിഞ്ഞ്‌, ദക്ഷിണാഫ്രിക്കയിൽനിന്ന്‌ കാറിൽ കടന്നുപോകുകയായിരുന്ന ഒരാൾ തനിക്ക്‌ കുറെ വാച്ച്‌ ടവർ പ്രസിദ്ധീകരണങ്ങൾ തന്നുവെന്ന്‌ ആൻഡ്രാഡി എന്നൊരു വ്യക്തി പറയുന്നു. 41-കാരനായ അദ്ദേഹം സാ ഡ ബാൻഡെയ്‌റയിലാണ്‌ താമസിച്ചിരുന്നത്‌. അന്ന്‌ അദ്ദേഹം ധനം എന്ന പുസ്‌തകവും വീക്ഷാഗോപുരത്തിന്റെ വരിസംഖ്യയും സ്വീകരിച്ചു. തുടർന്ന്‌ അദ്ദേഹം ബ്രസീൽ ബ്രാഞ്ചിന്‌ എഴുതി, കത്തു മുഖേന ബൈബിൾ പഠിക്കാനുള്ള ക്രമീകരണം ബ്രാഞ്ച്‌ ഏർപ്പാടാക്കുകയും ചെയ്‌തു. എന്നാൽ പിന്നീട്‌ ആ ക്രമീകരണം നിറുത്തി. കാരണം, അധികാരികൾ തനിക്കുള്ള കത്തുകൾ പരിശോധിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. അങ്ങനെ വർഷങ്ങളോളം അദ്ദേഹത്തിനു സാക്ഷികളുമായുള്ള സമ്പർക്കം ഇല്ലാതായി.

പുതുതായി സ്‌നാപനമേറ്റ സൂലെയ്‌ക്ക ഫാരെലെയ്‌റൂ എന്ന സഹോദരി 1967-ൽ സാ ഡ ബാൻഡെയ്‌റയിലേക്കു താമസം മാറ്റി. സൂലെയ്‌ക്കയ്‌ക്കു സത്യത്തെ കുറിച്ചു കാര്യമായ പരിജ്ഞാനമൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല, അക്കാലത്ത്‌ അവിടെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്മേൽ നിരോധനവും ഉണ്ടായിരുന്നു. എങ്കിലും സത്യത്തെ കുറിച്ചു തനിക്ക്‌ അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ അവർക്കു വലിയ ഉത്സാഹമായിരുന്നു. അങ്ങനെ അവർ ഒരു സ്‌ത്രീക്ക്‌ ബൈബിൾ അധ്യയനം തുടങ്ങി. ഈ സഹോദരിയുടെ അതേ മതക്കാരനായ ഒരു ചെരിപ്പുകുത്തിയെ തനിക്ക്‌ അറിയാമെന്ന്‌ ആ സ്‌ത്രീ പറഞ്ഞു. നന്നാക്കാനുള്ള കുറെ ചെരിപ്പുകളുമെടുത്ത്‌ ഫാരെലെയ്‌റൂ സഹോദരി അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു. അവർ ആ ചെരിപ്പുകുത്തിയെ നിത്യജീവനിലേക്കു നയിക്കുന്ന സത്യം പുസ്‌തകം കാണിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത്‌ സന്തോഷം തിരതല്ലി. അദ്ദേഹവുമായി ഒരു ബൈബിൾ അധ്യയനം തുടങ്ങാൻ അവർക്കു കഴിഞ്ഞു. ആ മനുഷ്യൻ നേരത്തേ പരാമർശിച്ച ആൻഡ്രാഡി ആയിരുന്നു. വീൽച്ചെയർ ഉപയോഗിക്കേണ്ട അവസ്ഥയിലായിരുന്നു അദ്ദേഹം. സ്വന്തം ഭാര്യയെ കൊല ചെയ്യുന്നത്‌ കണ്ടുനിൽക്കേണ്ടിവന്ന അദ്ദേഹത്തിനു കടുത്ത മാനസിക ആഘാതവും ഏറ്റിരുന്നു. അതിനാൽ രാജ്യപ്രത്യാശ അദ്ദേഹത്തിനു വളരെ ആകർഷകമായി തോന്നി, അദ്ദേഹം അതു മുറുകെ പിടിക്കുകയും ചെയ്‌തു. 1971-ൽ യഹോവയുടെ സാക്ഷികളിൽ ഒരാളായി സ്‌നാപനമേറ്റ അദ്ദേഹം 80-ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടർന്നു. 1981-ൽ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. ശാരീരിക വൈകല്യവും പ്രായാധിക്യവും ഉണ്ടായിരുന്നിട്ടും, അദ്ദേഹം യോഗങ്ങളിൽ ക്രമമായി സംബന്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ മാതൃക സഭയിലുള്ളവർക്കെല്ലാം വലിയൊരു പ്രോത്സാഹനമായിരുന്നു.

അംഗോളക്കാരെ പഠിപ്പിക്കാനും ഉന്നമിപ്പിക്കാനുമുള്ള ഉദ്യമം

ഏകദേശം 60 വർഷം മുമ്പ്‌, സിമാവുൻ ടോക്കോ എന്നൊരാൾ വടക്കൻ അംഗോളയിലെ ഒരു ബാപ്‌റ്റിസ്റ്റ്‌ മതവിഭാഗവുമായി സഹവസിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം അംഗോളയിലെ അംബാൻസാ കോംഗോയിൽനിന്ന്‌ ബെൽജിയൻ കോംഗോയിലെ (ഇപ്പോൾ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെ കിൻഷാസ) ലിയപോൾഡ്‌വിലേക്ക്‌ പോകവെ ഒരു സുഹൃത്തിന്റെ വീട്ടിൽ തങ്ങി. അവിടെ ലൂസ്‌ ഇ വെർദാഡി (ഇപ്പോൾ ഡെസ്‌പെർത്തൈ! [ഉണരുക!]) മാസികയുടെ ഒരു പ്രതി കിടക്കുന്നത്‌ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. രാജ്യം​—⁠ലോകത്തിന്റെ പ്രത്യാശ എന്ന ചെറുപുസ്‌തകത്തിന്റെ പോർച്ചുഗീസ്‌ പരിഭാഷ അതിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‌ അത്‌ വളരെ ഇഷ്ടപ്പെട്ടു. എന്നാൽ, ആ മാസികയിൽ വലിയ താത്‌പര്യമൊന്നും ഇല്ലാതിരുന്ന സുഹൃത്ത്‌ അത്‌ എടുത്തുകൊള്ളാൻ ടോക്കോയോടു പറഞ്ഞു. അങ്ങനെ അദ്ദേഹത്തിനും യഹോവയുടെ സാക്ഷികളുടെ ഒരു ബൈബിൾ പ്രസിദ്ധീകരണം ലഭിക്കുകയുണ്ടായി.

1943-ൽ ലിയപോൾഡ്‌വിലിൽ എത്തിയശേഷം ടോക്കോ ഒരു ചെറിയ ഗായകസംഘത്തിനു രൂപം നൽകി. കാലക്രമത്തിൽ അത്‌ നൂറുകണക്കിന്‌ അംഗങ്ങളുള്ള ഒരു വലിയ ഗായകസംഘം ആയിത്തീർന്നു. നാടുകടത്തപ്പെട്ട തന്റെ സഹ അംഗോളക്കാരെ പഠിപ്പിക്കാനും ഉന്നമിപ്പിക്കാനും അതിയായ ആഗ്രഹം ഉണ്ടായിരുന്നതിനാൽ അദ്ദേഹം രാജ്യം​—⁠ലോകത്തിന്റെ പ്രത്യാശ എന്ന ചെറുപുസ്‌തകം കികോങ്‌ഗോയിലേക്കു പരിഭാഷപ്പെടുത്തി. ക്രമേണ, താൻ രചിച്ച കീർത്തനങ്ങളിൽ രാജ്യപ്രത്യാശയും മറ്റു ബൈബിൾ സത്യങ്ങളും അദ്ദേഹം ഉൾപ്പെടുത്തി. തന്റെ ഗായകസംഘത്തിലെ ചിലരുമായുള്ള ബൈബിൾ ചർച്ചകളിലും അദ്ദേഹം ആ വിവരങ്ങൾ ഉൾപ്പെടുത്തി. ലിയപോൾഡ്‌വിലിൽ ജോലി ചെയ്‌തിരുന്ന മറ്റൊരു അംഗോളക്കാരനായ ഷ്വാവുൻ മാൻകോക്കാ 1946-ൽ ടോക്കോയുടെ ബൈബിൾ പഠന സംഘത്തോടു സഹവസിക്കാൻ തുടങ്ങി. ശനിയാഴ്‌ചയും ഞായറാഴ്‌ചയും രാത്രികളിൽ നടത്തിയിരുന്ന അവരുടെ യോഗങ്ങളിൽ 50-ഓളം പേർ കൂടിവന്നിരുന്നു. മാൻകോക്കാ അവയിൽ മുടങ്ങാതെ സംബന്ധിച്ചിരുന്നു.

1949-ൽ, തങ്ങൾ പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയാനുള്ള പ്രചോദനം ആ സംഘത്തിലെ അംഗങ്ങൾക്കു തോന്നി. അങ്ങനെ അവരിൽ നിരവധി പേർ ലിയപോൾഡ്‌വിലിൽ ഒരു പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെട്ടു. അതു ബാപ്‌റ്റിസ്റ്റ്‌ പുരോഹിതന്മാരെയും ബെൽജിയൻ അധികാരികളെയും കോപാകുലരാക്കി. തുടർന്ന്‌ അവർ ടോക്കോയുടെ ഗ്രൂപ്പിലെ പലരെയും അറസ്റ്റു ചെയ്‌തു. ഷ്വാവുൻ മാൻകോക്കായും അറസ്റ്റ്‌ ചെയ്യപ്പെട്ടു. മാസങ്ങളോളം അവർക്കു തടവിൽ കഴിയേണ്ടിവന്നു. ടോക്കോ രൂപം കൊടുത്ത പ്രസ്ഥാനത്തെ ഉപേക്ഷിക്കാനോ വാച്ച്‌ ടവർ സൊസൈറ്റിയുടെ സാഹിത്യങ്ങൾ വായിക്കുന്നതു നിറുത്താനോ വിസമ്മതിച്ചവരെ കോംഗോയിലെ അധികാരികൾ അവരുടെ സ്വദേശമായ അംഗോളയിലേക്കു നാടുകടത്തി. ഇങ്ങനെ നാടുകടത്തപ്പെട്ടവർ 1,000-ത്തോളം പേർ വരുമായിരുന്നു.

തിരിച്ചയയ്‌ക്കപ്പെട്ടവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ അംഗോളയിലെ പോർച്ചുഗീസ്‌ അധികാരികൾക്ക്‌ നിശ്ചയമില്ലായിരുന്നു. ഒടുവിൽ, അധികാരികൾ അവരെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലേക്ക്‌ അയച്ചു.

1950-കളിൽ ആയിരുന്നു ഈ സംഭവം. ഈ സമയത്താണ്‌ അംഗോളയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഹ്വാമ്പോയിൽ​—⁠അന്ന്‌ ഈ നഗരം ന്യൂ ലിസ്‌ബൺ എന്ന്‌ അറിയപ്പെട്ടിരുന്നു​—⁠ബൈബിൾ സത്യം എത്തിച്ചേർന്നത്‌. കാലക്രമേണ ഇവിടത്തുകാർ സത്യം സ്വീകരിക്കാൻ തുടങ്ങി. ഈ നഗരത്തിൽനിന്ന്‌ യഹോവയുടെ വിശ്വസ്‌ത ദാസന്മാർ ആയിത്തീർന്ന ചിലരാണ്‌ ഷ്വാവുൻ ദാ സിൽവ വീമ, യേലോണാർഡൂ സോഞ്ചാംബ, ആഗൂഷ്‌സ്റ്റിനിയൂ ചിമ്പിലി, മാരിയ എട്ടോസി, ഫ്രാൻസിസ്‌കൂ പോർട്ടൂഗാൽ എലിസേയൂ തുടങ്ങിയവർ. യഹോവയെയും അവന്റെ നീതിയുള്ള നിലവാരങ്ങളെയും കുറിച്ചു പഠിക്കാൻ അവർ തങ്ങളുടെ കുടുംബാംഗങ്ങളെയും സഹായിച്ചു.

അധികാരികൾ ടോക്കോയെയും മറ്റു ചിലരെയും രാജ്യത്തിന്റെ വടക്കൻ മേഖലയിലെ ഒരു കാപ്പിത്തോട്ടത്തിൽ പണിയെടുക്കാനായി അയച്ചു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അപ്പോഴേക്കും ടോക്കോയുടെ വീക്ഷണത്തിനു മാറ്റം വരാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. മുമ്പ്‌ ടോക്കോയും കൂട്ടരും ബെൽജിയൻ കോങ്‌ഗോയിലെ ലിയപോൾഡ്‌വിലിൽ ആയിരുന്ന സമയത്ത്‌ ആത്മവിദ്യ ആചരിച്ചിരുന്ന സിമാവുൻ കെംബാങ്‌ഗുവിന്റെ അനുയായികൾ അവരുടെ യോഗങ്ങളിൽ സംബന്ധിക്കാൻ വരുമായിരുന്നു. ഒരിക്കൽ യോഗം നടന്നുകൊണ്ടിരിക്കെ, ആത്മാവ്‌ പകരപ്പെടുന്നതു പോലുള്ള ഒരു അനുഭവം തങ്ങൾക്ക്‌ ഉണ്ടായതായി ചിലർ പറഞ്ഞു. എന്നാൽ ‘ആ ആത്മാവ്‌ ദൈവത്തിൽ നിന്നുള്ളതാണോ എന്ന്‌ അവർ ശോധന’ ചെയ്‌തില്ല. (1 യോഹ. 4:1) ‘ആത്മാവി’നോടുള്ള പ്രിയം നിമിത്തം അവർ ബൈബിൾ പഠനം അവഗണിച്ചത്‌ ഷ്വാവുൻ മാൻകോക്കായെ അസ്വസ്ഥനാക്കിയിരുന്നു.

എന്നാൽ അവർ അംഗോളയിലേക്കു മടങ്ങിവന്നപ്പോൾ ഷ്വാവുൻ മാൻകോക്കാ ലുവാണ്ടയിലെത്തി. മാൻകോക്കായും സാല ഫിലിമോനും കാർലൂസ്‌ ആഗൂഷ്‌സ്റ്റിനിയൂ കാഡിയും ചേർന്ന്‌, ബൈബിളിനോടു പറ്റിനിൽക്കാനും അതിനു നിരക്കാത്ത ആചാരങ്ങൾ തള്ളിക്കളയാനും തങ്ങളുടെ കൂട്ടത്തിൽ പെട്ടവരെ പ്രോത്സാഹിപ്പിച്ചു. ടോക്കോ പിന്നീട്‌ രാജ്യത്തിന്റെ തെക്കുള്ള ഒരു സ്ഥലത്തേക്കു താമസം മാറ്റി. അവിടേക്കുള്ള യാത്രയിൽ അദ്ദേഹം ലുവാണ്ട വഴിയാണു കടന്നുപോയത്‌. കെംബാങ്‌ഗുവിന്റെ അനുയായികളുടെ വിശ്വാസങ്ങൾ അദ്ദേഹത്തെ വളരെ ശക്തമായി സ്വാധീനിച്ചുവെന്ന കാര്യം വ്യക്തമായിരുന്നു.

1952-ൽ, ആ വിഭാഗക്കാരോടു സഹവസിച്ചിരുന്ന ഒരാൾ ഒറ്റിക്കൊടുത്തതിന്റെ ഫലമായി ഷ്വാവുൻ മാൻകോക്കായെയും കാർലൂസ്‌ ആഗൂഷ്‌സ്റ്റിനിയൂ കാഡിയെയും സാല ഫിലിമോനെയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌, ഒരു മത്സ്യബന്ധന കേന്ദ്രത്തിന്‌ അടുത്തായി പോർച്ചുഗീസുകാർ കുറ്റവാളികളെ പാർപ്പിച്ചിരുന്ന ഒരു കോളനിയായ ബയീയ ദൂഷ്‌ ടീഗ്രിഷിലേക്കു നാടുകടത്തി. അവരെ ഒറ്റിക്കൊടുത്തയാൾ രണ്ടു ഭാര്യമാരുള്ള ഒരു ഉഗ്ര മനുഷ്യൻ ആയിരുന്നു. ലുവാണ്ടയിലെ തങ്ങളുടെ ഗ്രൂപ്പിന്റെ നേതാവാകാൻ അയാൾ ശ്രമിച്ചതിന്റെ ഫലമായി അവരിൽ കുറെ പേർ ആ കൂട്ടം ഉപേക്ഷിച്ചു പോകാൻ പോലും ഒരുമ്പെട്ടു. എന്നാൽ തട്ടിപ്പുകാരനായ അയാൾ അധികാരികളുമായി ഇടഞ്ഞതിനാൽ അവർ അയാളെയും കുറ്റവാളികളെ അയച്ചിരുന്ന അതേ കോളനിയിലേക്കു നാടുകടത്തി.

മൂന്ന്‌ ദൗത്യങ്ങളുമായി ഒരു സന്ദർശകൻ

1954-ൽ ബയീയ ദൂഷ്‌ ടീഗ്രിഷിലുള്ള കൂട്ടത്തിൽനിന്ന്‌ ദക്ഷിണാഫ്രിക്ക ബ്രാഞ്ചിനു നിരവധി കത്തുകൾ ലഭിച്ചു. ബൈബിൾ സാഹിത്യങ്ങൾ ലഭിക്കാനുള്ള അതിയായ താത്‌പര്യം അവർ അതിൽ പ്രകടിപ്പിച്ചിരുന്നു. തന്മൂലം 1955-ൽ ഫ്രാൻസിൽ നിന്നുള്ള ഒരു വാച്ച്‌ ടവർ മിഷനറിയായ ജോൺ കുക്കിനെ സൊസൈറ്റി അംഗോളയിലേക്ക്‌ അയച്ചു. മൂന്നു ദൗത്യങ്ങളുമായാണ്‌ അദ്ദേഹം അവിടെ എത്തിയത്‌: ഒന്ന്‌, അംഗോളയിൽ 1,000 സാക്ഷികൾ ഉണ്ടെന്ന റിപ്പോർട്ട്‌ സത്യമാണോ എന്ന്‌ അന്വേഷിക്കുക; രണ്ട്‌, സാധ്യമെങ്കിൽ അവരെ സഹായിക്കുക; മൂന്ന്‌, അംഗോളയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിയമപരമായി സ്ഥാപിക്കാൻ എന്തു ചെയ്യാനാകുമെന്നു കാണുക. നിരവധി ഗ്രൂപ്പുകളുമായി കണ്ടുമുട്ടിയ ശേഷം, അവിടെ സാക്ഷികളുടെ എണ്ണം 1,000-ത്തിലും വളരെ വളരെ കുറവാണെന്ന്‌ അഞ്ചു മാസത്തെ അന്വേഷണത്തിൽനിന്ന്‌ അദ്ദേഹത്തിനു മനസ്സിലായി. അംഗോളയിൽ നിന്നുള്ള 1955-ലെ വയൽസേവന റിപ്പോർട്ട്‌ പ്രകടമാക്കുന്നതുപോലെ, സുവാർത്ത പ്രസംഗിക്കുന്ന 30 പ്രസാധകരേ രാജ്യത്താകെ ഉണ്ടായിരുന്നുള്ളൂ.

പല ആഴ്‌ചകൾക്കു ശേഷമാണ്‌ ഷ്വാവുൻ മാൻകോക്കായെയും ദക്ഷിണ അംഗോളയിലുള്ള ബയീയ ദൂഷ്‌ ടീഗ്രിഷിലെ ചെറിയ കൂട്ടത്തെയും സന്ദർശിക്കാൻ പോർച്ചുഗീസ്‌ അധികാരികൾ ജോൺ കുക്കിനെ അനുവദിച്ചത്‌. അഞ്ചു ദിവസം അവിടെ താമസിക്കാൻ കുക്ക്‌ സഹോദരന്‌ അനുമതി ലഭിച്ചു. അദ്ദേഹത്തിന്റെ ബൈബിൾ വിശദീകരണങ്ങൾ കേട്ടപ്പോൾ, യഹോവയാം ദൈവത്തെ യഥാർഥമായും സേവിക്കുന്ന സംഘടനയെയാണ്‌ അദ്ദേഹം പ്രതിനിധീകരിക്കുന്നതെന്ന്‌ മാൻകോക്കായ്‌ക്കും മറ്റുള്ളവർക്കും ബോധ്യമായി. തന്റെ സന്ദർശനത്തിന്റെ അവസാന ദിവസം കുക്ക്‌ സഹോദരൻ “രാജ്യത്തിന്റെ ഈ സുവാർത്ത” എന്ന വിഷയത്തെ അധികരിച്ച്‌ ഒരു പരസ്യപ്രസംഗം നടത്തി. കുറ്റവാളികളെ പാർപ്പിക്കുന്ന ആ കോളനിയുടെ തലവൻ ഉൾപ്പെടെ 80-ഓളം പേർ ആ പ്രസംഗം കേൾക്കാനായി കൂടിവരുകയുണ്ടായി.

അംഗോളയിൽ ആയിരുന്ന മാസങ്ങളിൽ കുക്ക്‌ സഹോദരൻ ടോക്കോയുമായും അദ്ദേഹത്തെ നേതാവായി കണ്ടിരുന്ന വിവിധ സ്ഥലങ്ങളിലെ ആളുകളുമായും കൂടിക്കാഴ്‌ച നടത്തി. അവരിൽ പലരും ടോക്കോയുടെ ചൊൽപ്പടിക്കാരായ വിഭാഗീയ ചിന്താഗതിക്കാരായിരുന്നു. മാത്രമല്ല, അവർക്ക്‌ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിൽ വലിയ താത്‌പര്യമൊന്നും ഇല്ലായിരുന്നുതാനും. അവരിൽനിന്നു വ്യത്യസ്‌തനായിരുന്നു ലുവാണ്ടയിലെ ആന്റോണിയൂ ബിസി എന്ന ഒരു ചെറുപ്പക്കാരൻ. യഹോവയുടെ ഉദ്ദേശ്യങ്ങളെ കുറിച്ചു കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ആ ചെറുപ്പക്കാരനു വലിയ ഉത്സാഹമായിരുന്നു. ഇനി, ടോക്കോയുടെ കാര്യമോ? സാ ഡ ബാൻഡെയ്‌റയ്‌ക്കു സമീപത്തുള്ള ഒരു ഗ്രാമത്തിൽ ബന്ധനത്തിലായിരുന്ന അദ്ദേഹത്തെ കത്തുകൾ അയയ്‌ക്കാനോ സ്വീകരിക്കാനോ അധികാരികൾ അനുവദിച്ചിരുന്നില്ല.

ബയീയ ദൂഷ്‌ ടീഗ്രിഷിലുള്ള വിശ്വസ്‌തരുടെ ചെറിയ കൂട്ടത്തിന്‌ കുക്ക്‌ സഹോദരന്റെ സന്ദർശനം വലിയ പ്രോത്സാഹനമായി. “തങ്ങൾ തെറ്റായ വഴിയിലല്ല സഞ്ചരിക്കുന്നത്‌” എന്ന്‌ ആ സന്ദർശനം തങ്ങളെ ബോധ്യപ്പെടുത്തിയതായി മാൻകോക്കാ സഹോദരൻ പറയുന്നു. അംഗോളയിൽ സാക്ഷികളുടെ എണ്ണം റിപ്പോർട്ടു ചെയ്‌തിരുന്നതിലും കുറവായിരുന്നെങ്കിലും, വളർച്ചയ്‌ക്കുള്ള വൻ സാധ്യത ഉണ്ടെന്നും അദ്ദേഹത്തിന്റെ സന്ദർശനം വെളിപ്പെടുത്തി. താൻ കണ്ടുമുട്ടിയ ചിലർ “പഠിക്കാൻ വലിയ ഉത്സാഹികൾ” ആണെന്നും “ഇവിടെ ഒരു നല്ല വയൽ ഉള്ളതായി തോന്നുന്നു” എന്നും കുക്ക്‌ സഹോദരൻ പ്രസ്‌താവിച്ചു.

കൂടുതലായ പ്രോത്സാഹനം

കുക്ക്‌ സഹോദരൻ സന്ദർശിച്ചതിന്റെ പിറ്റേ വർഷം, ഗിലെയാദ്‌ സ്‌കൂളിൽനിന്ന്‌ ബിരുദം നേടിയ പ്രാപ്‌തനായ മെർവിൻ പാസ്‌ലോ എന്ന മിഷനറിയെയും ഭാര്യ അറോറയെയും സൊസൈറ്റി ലുവാണ്ടയിലേക്ക്‌ അയച്ചു. ജോൺ കുക്ക്‌ സമാഹരിച്ച 65 മാസികാ വരിക്കാരുടെയും താത്‌പര്യക്കാരായ മറ്റുള്ളവരുടെയും ഒരു ലിസ്റ്റ്‌ അവരുടെ പക്കൽ ഉണ്ടായിരുന്നു. തുടക്കത്തിൽ വരിക്കാരുമായി സമ്പർക്കം പുലർത്താൻ പാസ്‌ലോ ദമ്പതികൾക്കു പ്രയാസമായിരുന്നു. കാരണം, മാസികകൾ അവർക്കു ലഭിച്ചിരുന്നത്‌ അവരുടെ വീട്ടഡ്രസ്സിൽ ആയിരുന്നില്ല, മറിച്ച്‌ പോസ്റ്റ്‌ ബോക്‌സ്‌ അഡ്രസ്സിൽ ആയിരുന്നു. ഈ സമയത്താണ്‌ ബെർട്ട ടെയ്‌ഷെയ്‌റ എന്ന വനിത പോർച്ചുഗലിൽനിന്ന്‌ ലുവാണ്ടയിലേക്ക്‌ മടങ്ങിവന്നത്‌. പോർച്ചുഗലിൽവെച്ച്‌ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടിയ ബെർട്ടയ്‌ക്കു ബൈബിൾ സത്യത്തിൽ വലിയ താത്‌പര്യമായിരുന്നു. അവർ ലുവാണ്ടയിലേക്കു വരുന്ന വിവരം ലിസ്‌ബണിലെ വാച്ച്‌ ടവർ ഓഫീസ്‌ പാസ്‌ലോ ദമ്പതികളെ അറിയിച്ചിരുന്നു. ബെർട്ട എത്തിയ ഉടനെ പാസ്‌ലോ ദമ്പതികൾ അവർക്കു ബൈബിൾ അധ്യയനം തുടങ്ങി. അങ്ങനെ പോസ്റ്റ്‌ ഓഫീസിൽ ജോലി ചെയ്‌തിരുന്ന, ബെർട്ടയുടെ ഒരു ബന്ധുവഴി വരിക്കാരുടെ വിലാസങ്ങൾ പാസ്‌ലോ ദമ്പതികൾക്കു ലഭിച്ചു. ആ വരിക്കാരിൽ പലരും ഉത്സാഹത്തോടെ ബൈബിൾ പഠിക്കാൻ ആരംഭിച്ചു. താമസിയാതെ, അവർ തങ്ങളുടെ സ്‌നേഹിതരോടും അയൽക്കാരോടും സുവാർത്ത പങ്കുവെക്കാൻ തുടങ്ങി. അങ്ങനെ ആറു മാസത്തിനുള്ളിൽ പാസ്‌ലോ ദമ്പതികൾക്ക്‌ 50 ബൈബിൾ അധ്യയനങ്ങൾ ലഭിച്ചു.

പാസ്‌ലോ ദമ്പതികൾ എത്തി ഏതാനും മാസങ്ങൾക്കു ശേഷം അവർ തങ്ങളുടെ മുറിയിൽ വീക്ഷാഗോപുരം ഉപയോഗിച്ച്‌ ക്രമമായി ബൈബിൾ പഠിക്കാൻ തുടങ്ങി. ആദ്യ മാസത്തിന്റെ അവസാനത്തോടുകൂടി ആ മുറിയിൽ കൊള്ളുന്നതിലും അധികം ആളുകൾ ഹാജരാകാൻ തുടങ്ങി. ഒരു ഭാഷാ അധ്യാപന സ്‌കൂൾ നടത്തിയിരുന്ന ബെർട്ട ടെയ്‌ഷെയ്‌റ, തന്റെ ഒരു ക്ലാസ്സ്‌മുറി യോഗങ്ങൾ നടത്താൻ വേണ്ടി വിട്ടുകൊടുത്തു. തുടർന്ന്‌ കൂടുതലായ പുരോഗതി ഉണ്ടാകുകയും എട്ടു മാസങ്ങൾക്കു ശേഷം ലുവാണ്ടയിലെ ഉൾക്കടലിൽ അംഗോളയിലെ യഹോവയുടെ സാക്ഷികളുടെ ആദ്യത്തെ സ്‌നാപനം നടക്കുകയും ചെയ്‌തു.

അംഗോളയിലെ അന്നത്തെ സ്ഥിതിവിശേഷം ഹേതുവായി പാസ്‌ലോ ദമ്പതികൾക്ക്‌ അവിടത്തെ ആഫ്രിക്കൻ സഹോദരങ്ങളുമായി പരിമിതമായ സമ്പർക്കമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവരിൽ ചിലർ പാസ്‌ലോ ദമ്പതികളെ സന്ദർശിക്കുകതന്നെ ചെയ്‌തു. അങ്ങനെ പതിവായി എത്തിയ ഒരാളായിരുന്നു, ആത്മാർഥതയുള്ള ഒരു ബൈബിൾ വിദ്യാർഥിയെന്ന്‌ ജോൺ കുക്ക്‌ നേരത്തേ മനസ്സിലാക്കിയിരുന്ന ആന്റോണിയൂ ബിസി. ഷ്വാവുൻ മാൻകോക്കാ അപ്പോഴും തടവിൽ ആയിരുന്നെങ്കിലും അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ കത്തുകൾ എഴുതുമായിരുന്നു.

എന്നിരുന്നാലും, ആ ആദ്യ സ്‌നാപനത്തിനു ശേഷം താമസിയാതെ പാസ്‌ലോ ദമ്പതികളുടെ വിസ പുതുക്കാൻ ഗവൺമെന്റ്‌ വിസമ്മതിച്ചതു മൂലം അവർക്കു രാജ്യം വിടേണ്ടിവന്നു. എങ്കിലും, പുതിയ ‘വിത്തുകൾ’ നടുന്നതിലും മറ്റുള്ളവർ നട്ട വിത്തുകൾ നനയ്‌ക്കുന്നതിലും അവർ സ്‌തുത്യർഹമായ ഒരു സേവനമാണ്‌ അനുഷ്‌ഠിച്ചത്‌. (1 കൊരി. 3:6) അംഗോളയിലെ സഹോദരങ്ങളെ അവർ അതിയായി സ്‌നേഹിച്ചിരുന്നു. പോലീസ്‌ കാട്ടിയ വിദ്വേഷത്തിന്റെ ഫലമായി പ്രാദേശിക സഹോദരങ്ങൾ, പ്രത്യേകിച്ച്‌ ആഫ്രിക്കൻ സഹോദരങ്ങൾ, തങ്ങളെ യാത്ര അയയ്‌ക്കാൻ വരരുതെന്ന്‌ പാസ്‌ലോ ദമ്പതികൾ മുന്നമേ പറഞ്ഞിരുന്നു. എന്നാൽ അവരുടെ സ്‌നേഹബന്ധം വളരെ ശക്തമായിരുന്നതിനാൽ, പാസ്‌ലോ ദമ്പതികൾ കപ്പലിലേക്കു കയറവെ തങ്ങളുടെ ആശംസ അറിയിക്കാൻ നിരവധി പേർ എത്തിയിരുന്നു.

പാസ്‌ലോ ദമ്പതികൾ ലുവാണ്ടയിൽ ആയിരിക്കെ ഒരു മേഖലാമേൽവിചാരകനായ ഹാരി ആർണട്ട്‌ 1958-ൽ അവരെ സന്ദർശിച്ചിരുന്നു. 1959 ഫെബ്രുവരിയിൽ അദ്ദേഹം അവിടെ രണ്ടാമത്തെ സന്ദർശനത്തിന്‌ വന്നപ്പോൾ മാൻകോക്കാ സഹോദരനും ടെയ്‌ഷെയ്‌റ സഹോദരിയും ഉൾപ്പെടെ ചെറിയൊരു കൂട്ടം അദ്ദേഹത്തെ വരവേൽക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ ഉടൻതന്നെ പോലീസ്‌ ഇടപെട്ടു. അവർ ആർണട്ട്‌ സഹോദരനെ ആ കൂട്ടത്തിൽനിന്ന്‌ മാറ്റിനിറുത്തി അദ്ദേഹത്തിന്റെ ലഗേജു പരിശോധിച്ചു.

തുടർന്ന്‌, പോലീസ്‌ ആർണട്ട്‌ സഹോദരനെ പിടിച്ച്‌ മാൻകോക്കാ സഹോദരനെ ആക്കിയിരുന്ന ജയിൽ മുറിയിലിട്ടു. തമ്മിൽ കണ്ടപ്പോൾ അവർ പരസ്‌പരം നോക്കി ചിരിച്ചു. ആ സാഹചര്യത്തിന്റെ നർമം എന്താണെന്നു മനസ്സിലാക്കാൻ പോലീസ്‌ ഇൻസ്‌പെക്ടർക്കു കഴിഞ്ഞില്ല. ഉഗ്രകോപത്തോടെ അദ്ദേഹം മാൻകോക്കായോടു പറഞ്ഞു: “നിനക്കൊക്കെ വരാൻ പോകുന്നത്‌ എന്താണെന്ന്‌ അറിയാമോ?” അതിനോടകം ആറു വർഷം ജയിലിൽ കിടക്കുകയും പോലീസുകാരുടെ തുടർച്ചയായ പ്രഹരം ഏൽക്കുകയും ചെയ്‌തിരുന്ന മാൻകോക്കാ സഹോദരൻ ശാന്തനായി ഇങ്ങനെ ഉത്തരം പറഞ്ഞു: “എനിക്കു കരയാനാവില്ല. താങ്കൾക്ക്‌ എന്നോടു എന്തു ചെയ്യാനാകുമെന്ന്‌ എനിക്ക്‌ അറിയാം. അങ്ങേയറ്റം പോയാൽ എന്നെ കൊല്ലുമായിരിക്കും. അതിൽ കൂടുതലൊന്നും ചെയ്യില്ലല്ലോ.” എന്നിട്ട്‌ അദ്ദേഹം ഇപ്രകാരം പറഞ്ഞവസാനിപ്പിച്ചു: “എന്നാൽ ഞാൻ എന്റെ വിശ്വാസം ത്യജിക്കുന്ന പ്രശ്‌നമേയില്ല.” എന്നിട്ട്‌ അദ്ദേഹം ആർണട്ട്‌ സഹോദരനെ നോക്കി പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ മന്ദഹസിച്ചു. ആ സാഹചര്യത്തെ കുറിച്ച്‌ ആർണട്ട്‌ സഹോദരൻ പിന്നീട്‌ ഇപ്രകാരം പറഞ്ഞു: “സ്വന്തം ദുഃസ്ഥിതിയെ കുറിച്ച്‌ മാൻകോക്കാ സഹോദരൻ ചിന്തിക്കാത്തതു പോലെ തോന്നി. അപ്പോഴത്തെ അവസ്ഥയിൽ എന്നെ നിരുത്സാഹപ്പെടുത്താതിരിക്കുന്നതിൽ ആയിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. വർഷങ്ങളോളം ജയിൽവാസം അനുഭവിച്ച ആ ആഫ്രിക്കൻ സഹോദരന്റെ ധീരമായ നിലപാട്‌ എനിക്ക്‌ അങ്ങേയറ്റം പ്രോത്സാഹനമേകി.”

മാൻകോക്കാ സഹോദരൻ ഉൾപ്പെട്ട മേൽപ്പറഞ്ഞ സംഭവത്തിനു ശേഷം, ആർണട്ട്‌ സഹോദരൻ അംഗോളയിൽ ഇറങ്ങിയ അതേ വിമാനത്തിൽത്തന്നെ അധികാരികൾ അദ്ദേഹത്തെ തിരിച്ചയച്ചു. ഏഴു മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനുശേഷം മാൻകോക്കാ സഹോദരനെയും അധികാരികൾ വിട്ടയച്ചു.

പ്രസ്‌തുത സംഭവം നടന്ന്‌ ഒരാഴ്‌ചയ്‌ക്കു ശേഷം മാൻകോക്കാ സഹോദരൻ കാർലൂസ്‌ കാഡി, സാല ഫിലിമോൻ എന്നീ സ്‌നേഹിതരോടൊപ്പം സ്‌നാപനമേറ്റു. ഏതാണ്ട്‌ ആ സമയത്താണ്‌ യഹോവയുടെ സാക്ഷികളുടെ ഔദ്യോഗിക സഭ ലുവാണ്ടയുടെ പ്രാന്തപ്രദേശമായ സാംബിസാങ്‌ഗയിൽ ഒരു മുറി വാടകയ്‌ക്കെടുത്ത്‌ യോഗങ്ങൾ നടത്താൻ തുടങ്ങിയത്‌. അന്ന്‌ സഹോദരങ്ങൾ ഗീതാലാപനത്തോടെ യോഗങ്ങൾ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു. ഈ ഗീതാലാപനം സമീപവാസികളുടെ ശ്രദ്ധ ആകർഷിച്ചു. വീക്ഷാഗോപുര അധ്യയനത്തിൽ ഉത്തരം പറഞ്ഞുകൊണ്ട്‌ ആ യോഗത്തിൽ പങ്കെടുക്കാനും യോഗാനന്തരം ചോദ്യങ്ങൾ ഉന്നയിക്കാനും ലഭിച്ച അവസരത്തെ പലരും വിലമതിച്ചു. ക്രൈസ്‌തവ സഭകളിൽ ഇല്ലാതിരുന്ന അത്തരമൊരു ക്രമീകരണം ആ പ്രദേശത്തെ സാക്ഷികളുടെ വേലയ്‌ക്ക്‌ ആക്കം കൂട്ടി.

‘പാമ്പിനെപ്പോലെ ബുദ്ധിയുള്ളവർ’

1960-ൽ, സൊസൈറ്റി അംഗോളയിലെ സുവാർത്താ പ്രസംഗത്തിന്റെ ചുമതല ദക്ഷിണാഫ്രിക്ക ബ്രാഞ്ചിൽനിന്ന്‌ മാറ്റി പോർച്ചുഗൽ ബ്രാഞ്ചിനു നൽകി. അംഗോളയെ ഒരു കോളനിയാക്കി ദീർഘകാലം ഭരിച്ചുപോന്ന പോർച്ചുഗലും അംഗോളയും തമ്മിലുള്ള രാഷ്‌ട്രീയ ബന്ധങ്ങൾ അധഃപതിച്ചുകൊണ്ടിരുന്ന ഒരു കാലത്ത്‌ ആ രാജ്യങ്ങളിലെ യഹോവയുടെ സാക്ഷികൾക്കിടയിൽ ശക്തമായ ബന്ധങ്ങൾ ഉണ്ടായത്‌ ശ്രദ്ധേയമായ ഒന്നായിരുന്നു.

അയൽരാജ്യമായ ബെൽജിയൻ കോംഗോയ്‌ക്കു സ്വാതന്ത്ര്യം ലഭിക്കുകയും അതേത്തുടർന്ന്‌ അവിടെ ആഭ്യന്തര യുദ്ധം നടക്കുകയും ചെയ്‌തു. അത്‌ അംഗോളയിലെ രാഷ്‌ട്രീയ അന്തരീക്ഷത്തെ വളരെയധികം ബാധിച്ചു. കോളനിവാഴ്‌ച നടത്തിയിരുന്ന പോർച്ചുഗീസുകാർ അംഗോളയിൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചെങ്കിലും, ആ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള ഒരു ഗറില്ലായുദ്ധം തടയാൻ അവർക്കു കഴിഞ്ഞില്ല. 1961 ജനുവരിയിൽ മധ്യ അംഗോളയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. അതിന്റെ ഫലമായി ആ വർഷം ഫെബ്രുവരിയിൽ ലുവാണ്ടയിൽ ഗവൺമെന്റിനെ മറിച്ചിടാനുള്ള ഒരു ശ്രമം നടന്നു. തുടർന്ന്‌ മാർച്ചിൽ, വടക്കുള്ള ദാരിദ്ര്യബാധിത പ്രദേശമായ കോംഗോയിൽ വേതനത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്‌ അംഗോളക്കാർ നൂറുകണക്കിന്‌ പോർച്ചുഗീസുകാരെ കൊലപ്പെടുത്തി. അതിനുള്ള തിരിച്ചടിയായി പോർച്ചുഗീസുകാർ നിരവധി അംഗോളക്കാരെ വധിച്ചു.

1960-കളിൽ മൂന്നു പ്രമുഖ കോളനിവാഴ്‌ചാവിരുദ്ധ പ്രസ്ഥാനങ്ങൾ ഉടലെടുത്തു. അംഗോളാ കമ്മ്യൂണിസ്റ്റ്‌ വിമോചന ജനകീയ പ്രസ്ഥാനം (മൂവിമെന്റൂ പോപ്പൂലാർ ഡി ലെബെർട്ടാസാവുൻ ഡി അംഗോള), അംഗോളാ വിമോചന ദേശീയ മുന്നണി (ഫ്രെന്റി നാസിയോണാൽ ഡി ലെബെർട്ടാസാവുൻ ഡി അംഗോള), അംഗോളാ സമഗ്ര സ്വാതന്ത്ര്യ ദേശീയ യൂണിയൻ (യൂണിയാവുൻ നാസിയോണാൽ പാരാ ഇൻഡെപെൻഡെൻസിയ ടോട്ടാൽ ഡി അംഗോള) എന്നിവ ആയിരുന്നു അവ.

എണ്ണത്തിൽ കുറവായിരുന്ന അംഗോളയിലെ യഹോവയുടെ സാക്ഷികൾക്ക്‌ ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി സത്വരം ചില പ്രശ്‌നങ്ങൾ ഉണ്ടായി. “ക്രിസ്‌തീയ വിരുദ്ധവും സമൂഹത്തിനു ഹാനികരവുമായ ഒരു വിഭാഗം” എന്ന്‌ മാധ്യമങ്ങൾ അവരെ മുദ്രകുത്തി. പത്രപ്രവർത്തകർ ഉണരുക!യിൽ വന്ന ലേഖനങ്ങളെ വളച്ചൊടിച്ച്‌ ഉദ്ധരിച്ചുകൊണ്ട്‌, “അടുത്ത കാലത്ത്‌ രാജ്യത്തിന്റെ വടക്കൻമേഖലയിൽ ഉണ്ടായതു പോലുള്ള ഭീകരപ്രവർത്തനത്തെ ന്യായീകരിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും പോലും ചെയ്യുകയാണ്‌” സാക്ഷികളുടെ ഉദ്ദേശ്യമെന്ന്‌ എഴുതിപ്പിടിപ്പിച്ചു. “മതപ്രചരണത്തിലൂടെ തദ്ദേശീയരുടെ മനസ്സിൽ വിഷം കുത്തിവെക്കുന്നു” എന്ന ചിത്രക്കുറിപ്പോടു കൂടി ഉണരുക!യുടെ ഒരു പടവും അവർ പത്രത്തിൽ കൊടുത്തു.

ഇതേ കാലഘട്ടത്തിൽ യഹോവയുടെ സാക്ഷികളായ എല്ലാവരെയും അധികാരികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവർക്കുള്ള എല്ലാ തപാൽ ഉരുപ്പടികളും അധികാരികൾ പരിശോധിച്ചിരുന്നതിനാൽ പോർച്ചുഗൽ ബ്രാഞ്ചുമായുള്ള കത്തിടപാടുകൾ പരിമിതമായിരുന്നു. മാത്രമല്ല, വാച്ച്‌ ടവർ പ്രസിദ്ധീകരണങ്ങൾ ലഭിക്കുന്നതും വളരെ ബുദ്ധിമുട്ടായിത്തീർന്നു. തപാൽവഴി സാഹിത്യങ്ങൾ ലഭിച്ചിരുന്നവരെ പോലീസ്‌ ചോദ്യം ചെയ്‌തിരുന്നു.

ഒരേ കുടുംബത്തിൽ പെടാത്ത രണ്ടിലധികം പേർ കൂടിവരുന്നത്‌ കോളനിവാഴ്‌ച നടത്തിയിരുന്ന ഭരണകൂടം സംശയദൃഷ്ടിയോടെയാണു വീക്ഷിച്ചത്‌. മുൻകരുതൽ എന്നോണം സാക്ഷികൾ യോഗസ്ഥലങ്ങൾ മാറ്റുകയും ചെറിയ കൂട്ടങ്ങളായി കൂടിവരുകയും ചെയ്‌തു. എന്നിരുന്നാലും, 1961-ൽ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകത്തിന്‌ 130 പേരാണ്‌ ഹാജരായത്‌. സ്‌മാരകത്തിനു കൂടിവന്നവർ സുരക്ഷിതരായി തങ്ങളുടെ വീടുകളിൽ എത്തിയെന്ന്‌ ഉറപ്പു വരുത്താൻ മാൻകോക്കാ, ഫിലിമോൻ സഹോദരന്മാർ അവരെ സന്ദർശിക്കുകയുണ്ടായി. അവർ പ്രകടമാക്കിയ സ്‌നേഹപുരസ്സരമായ ആ താത്‌പര്യം സഹോദരങ്ങൾക്ക്‌ ആത്മീയ ബലം പകർന്നു.

കഠിന പരിശോധനകളുടെ ഒരു സമയം

അക്കാലത്ത്‌ പുതിയ ബൈബിൾ വിദ്യാർഥികൾക്കു സംഭവിക്കാനിരുന്നതിന്റെ ഒരു ഉദാഹരണം ആയിരുന്നു സിൽവെഷ്‌ട്രെ സിമാവുന്റെ അനുഭവം. 1959-ൽ സ്‌കൂളിൽ പഠിക്കുന്ന കാലത്ത്‌ അവന്‌ ഒരു സഹപാഠിയിൽനിന്ന്‌ “നരകാഗ്നി​—⁠ബൈബിൾ സത്യമോ പുറജാതീയ ഭീതിയോ?” എന്ന ഒരു ലഘുലേഖ ലഭിച്ചു. അവൻ പിന്നീട്‌ ഇപ്രകാരം പറഞ്ഞു: “ആ ലഘുലേഖ വായിച്ചത്‌ എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ്‌ ആയിരുന്നു. നരകത്തെ ഭയപ്പെടാൻ കത്തോലിക്കാ സഭ എന്നെ പഠിപ്പിച്ചിരുന്നു. എന്നാൽ അതേക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയപ്പോൾ, ഞാൻ പള്ളിയിൽപോക്ക്‌ നിറുത്തുകയും സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ വായിച്ചു തുടങ്ങുകയും ചെയ്‌തു.”

സംഘർഷപൂരിതമായ അക്കാലത്തൊക്കെ സാക്ഷികൾ താത്‌പര്യക്കാരായ എല്ലാവരെയും അത്ര പെട്ടെന്നൊന്നും തങ്ങളുടെ യോഗങ്ങൾക്ക്‌ ക്ഷണിക്കുമായിരുന്നില്ല. എന്നാൽ രണ്ടു വർഷത്തിനു ശേഷം സിൽവെഷ്‌ട്രെയെ യോഗത്തിനു ക്ഷണിക്കുന്നതിൽ കുഴപ്പമില്ലെന്ന്‌ അവർക്കു തോന്നി. ആദ്യ യോഗത്തിനുശേഷം ശബത്തിനെ കുറിച്ച്‌ അദ്ദേഹം ചില ചോദ്യങ്ങൾ ചോദിച്ചു. ലഭിച്ച ഉത്തരങ്ങൾ തൃപ്‌തികരമായിരുന്നു, അങ്ങനെ താൻ സത്യം കണ്ടെത്തിയിരിക്കുന്നതായി അദ്ദേഹത്തിനു ബോധ്യപ്പെട്ടു. അദ്ദേഹം ആ സത്യത്തെ എത്രത്തോളം വിലമതിച്ചു? അടുത്ത വാരം, അതായത്‌ 1961 ജൂൺ 25-ന്‌, രണ്ടാമത്തെ യോഗത്തിനു വന്നപ്പോൾ പഠിച്ച കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ വിലമതിപ്പ്‌ പരിശോധിക്കപ്പെട്ടു. റോന്തുചുറ്റിക്കൊണ്ടിരുന്ന കുറെ സൈനികർ വന്ന്‌ യോഗങ്ങൾ നിറുത്തിച്ചു. അവർ പുരുഷന്മാരെയെല്ലാം പുറത്തേക്കു കൊണ്ടുപോയി ഇരുമ്പുവടികൊണ്ട്‌ അടിച്ചു. അതേക്കുറിച്ച്‌ ഒരു സഹോദരൻ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “കൊല്ലാനുള്ള ഒരു മൃഗത്തെപ്പോലെ അവർ ഞങ്ങളെ തല്ലിച്ചതച്ചു​—⁠തല്ലിക്കൊന്ന്‌ കമ്പോളത്തിൽ കൊണ്ടുപോയി വിൽക്കാനുള്ള പന്നിയെ എന്നതുപോലെ.” സിൽവെഷ്‌ട്രെ സിമാവുന്റെയും മറ്റുള്ളവരുടെയും ശരീരത്ത്‌ ആ അടിയുടെ പാടുകൾ ഇപ്പോഴുമുണ്ട്‌. സൈനികർ അവരെ ഒന്നൊന്നായി ഒരു ഫുട്‌ബോൾ സ്റ്റേഡിയത്തിലേക്കു കൊണ്ടുപോയി. ഉത്തര അംഗോളയിലെ യുദ്ധത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുപിതരായ യൂറോപ്യന്മാരുടെ ഒരു വലിയ സംഘം ആ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. അവരും പൊതുജനങ്ങളും ആ യൂറോപ്യന്മാരിൽ ചിലരും ചേർന്ന്‌ ആ സഹോദരന്മാരെ വീണ്ടും മൃഗീയമായി തല്ലിച്ചതച്ചു.

എന്നിട്ട്‌ സിൽവെഷ്‌ട്രെയെയും മറ്റു സഹോദരന്മാരെയും ഒരു ട്രക്കിൽ സാവൊ പൗലോയിലെ ജയിലിലേക്കു കൊണ്ടുപോയി. ആ ജയിലിന്റെ നിയന്ത്രണം കുപ്രസിദ്ധ രഹസ്യ പോലീസിന്‌ ആയിരുന്നു. അവർ നമ്മുടെ സഹോദരന്മാരെ വീണ്ടും മൃഗീയമായി പ്രഹരിക്കുകയും മത്തിയടുക്കുന്നതു പോലെ ഒരു അറയിൽ കൊള്ളിക്കുകയും ചെയ്‌തു. ഭയങ്കരമായി മുറിവേറ്റ അവരുടെ ശരീരങ്ങളിൽനിന്ന്‌ രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു. അവിടെക്കിടന്ന്‌ മരിക്കാനാണ്‌ അധികാരികൾ അവരെ അവിടെ തള്ളിയത്‌.

ഷ്വാവുൻ മാൻകോക്കായെ ആ സംഘത്തിന്റെ തലവനായി അവർ വീക്ഷിച്ചു. കാരണം വീക്ഷാഗോപുര അധ്യയനം നടത്തിയിരുന്നത്‌ അദ്ദേഹമാണ്‌. ക്രൂരമായ ആ പ്രഹരത്തിനു ശേഷം, പോലീസ്‌ അദ്ദേഹത്തെ വധിക്കാൻ കൊണ്ടുപോയി. വെള്ളക്കാരെ ആക്രമിക്കാൻ ആസൂത്രണം ചെയ്‌തു എന്നതായിരുന്നു അദ്ദേഹത്തിന്റെമേൽ ആരോപിച്ച കുറ്റം. ആ വിധത്തിലാണ്‌ വീക്ഷാഗോപുരത്തിലെ ഒരു ഖണ്ഡിക അധികാരികൾ വളച്ചൊടിച്ചത്‌. ഒരു യൂറോപ്യന്റെ പക്കലോ ബ്രസീലിലെയോ പോർച്ചുഗലിലെയോ ഒരു കുടുംബത്തിലോ ആ മാസിക കണ്ടാൽ പ്രതികരണം എന്തായിരിക്കും എന്ന്‌ മാൻകോക്കാ സഹോദരൻ അവരോടു ചോദിച്ചു. ആ മാസിക ആഗോളമായി പ്രസിദ്ധീകരിക്കുന്നതാണെന്നും എല്ലാ ദേശക്കാരും അതു പഠിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്‌ ഉറപ്പു വരുത്താൻ അധികാരികൾ അദ്ദേഹത്തെ യഹോവയുടെ സാക്ഷികളുടെ ഒരു പോർച്ചുഗീസ്‌ കുടുംബത്തിലേക്കു വാഹനത്തിൽ കൊണ്ടുപോയി. അവർ ആ മാസിക അവിടെ കണ്ടെത്തി, ആ കുടുംബം അതേ ലേഖനം തന്നെയാണു പഠിക്കുന്നതെന്നു മനസ്സിലാക്കിയപ്പോൾ മാൻകോക്കാ സഹോദരനെ വധിക്കേണ്ട എന്ന്‌ അവർ തീരുമാനിച്ചു. തുടർന്ന്‌ അദ്ദേഹത്തെ സാവൊ പൗലോ ജയിലിലുള്ള മറ്റു സഹോദരങ്ങളുടെ അടുക്കലേക്കു തിരിച്ചയച്ചു.

അതിൽ അധികാരികൾ എല്ലാവരുമൊന്നും സന്തുഷ്ടരായിരുന്നില്ല. സാവൊ പൗലോ ജയിലിൽ എത്തിയപ്പോൾ മെലിഞ്ഞ ഒരു പോർച്ചുഗീസുകാരനായ അവിടത്തെ വാർഡൻ മാൻകോക്കാ സഹോദരനെ തന്റെ “പരിപാലനത്തിൽ” ആക്കി. ആ “പരിപാലനത്തിൽ” മാൻകോക്കാ സഹോദരന്‌ ഉച്ചകഴിഞ്ഞ സമയം മുഴുവനും ചുട്ടുപൊള്ളുന്ന വെയിലത്തു നിൽക്കേണ്ടിവന്നു. അധികാരികൾ അദ്ദേഹത്തിനു ആഹാരമൊന്നും കൊടുത്തുമില്ല. അഞ്ചു മണി ആയപ്പോൾ വാർഡൻ ഒരു ചാട്ടയെടുത്ത്‌ മാൻകോക്കാ സഹോദരന്റെ മേൽ പ്രയോഗിക്കാൻ തുടങ്ങി. മാൻകോക്കാ സഹോദരൻ പറയുന്നു: “ആരും അയാളെ പോലെ ചാട്ട പ്രയോഗിക്കുന്നത്‌ ഞാൻ കണ്ടിട്ടില്ല. ഞാൻ മരിച്ചാലേ ചാട്ടവാർ പ്രയോഗം നിറുത്തുകയുള്ളുവെന്ന്‌ അയാൾ ആക്രോശിച്ചു.” ഒരു മണിക്കൂർ നേരത്തേക്ക്‌ അയാൾ നിഷ്‌കരുണം ചാട്ടവാറടി തുടർന്നു. ക്രമേണ മാൻകോക്കാ സഹോദരന്‌ വേദന തോന്നാതായി. അടി കൊള്ളുന്നതിനിടെ, ഉറങ്ങണമെന്ന്‌ പെട്ടെന്നൊരു തോന്നൽ അദ്ദേഹത്തിനുണ്ടായി. മാൻകോക്കാ മരിക്കുകയാണെന്ന്‌ ക്ഷീണിതനായ വാർഡനു ബോധ്യം വന്നു. അതിനാൽ ഒരു പട്ടാളക്കാരൻ അദ്ദേഹത്തിന്റെ ശരീരം വലിച്ചിഴച്ചുകൊണ്ടുപോയി ഒരു പെട്ടിയുടെ അടിയിലിട്ടു. അദ്ദേഹം മരിച്ചുവെന്ന്‌ ഉറപ്പു വരുത്താൻ രാത്രിയിൽ അർധസൈനിക വിഭാഗം എത്തിയപ്പോൾ മാൻകോക്കായെ മൂടിയിരുന്ന പെട്ടി അവരെ കാട്ടിക്കൊണ്ട്‌ അയാൾ മരിച്ചുപോയി എന്നു പട്ടാളക്കാരൻ പറഞ്ഞു. എന്നാൽ അതിശയകരമെന്നു പറയട്ടെ, മാൻകോക്കാ സുഖം പ്രാപിച്ചു. മൂന്നു മാസത്തിനു ശേഷം മാൻകോക്കായെ തീൻമുറിയിൽ വെച്ച്‌ കണ്ട ആ പട്ടാളക്കാരൻ അമ്പരന്നുപോയി. അന്നു രാത്രി സംഭവിച്ച കാര്യങ്ങൾ അദ്ദേഹം മാൻകോക്കാ സഹോദരനെ വിശദമായി പറഞ്ഞു കേൾപ്പിച്ചു. ഉറങ്ങണമെന്ന്‌ പെട്ടെന്നുണ്ടായ തോന്നലാണ്‌ മാൻകോക്കാ സഹോദരനെ രക്ഷിച്ചത്‌, അല്ലെങ്കിൽ ഉറപ്പായും അദ്ദേഹം മരിക്കുമായിരുന്നു.

മാൻകോക്കാ സഹോദരൻ മറ്റു സഹോദരങ്ങളോടൊപ്പം ചേർന്നു, അവർ ജയിലിൽ യോഗങ്ങൾ നടത്തി. അവർ സാവൊ പൗലോ ജയിലിൽ കിടന്ന അഞ്ചു മാസത്തിനുള്ളിൽ മൂന്നു പരസ്യപ്രസംഗങ്ങൾ നടത്തപ്പെട്ടു, ഏകദേശം 300 പേർ ഹാജരായിരുന്നു. താത്‌പര്യം പ്രകടമാക്കിയ പല തടവുകാരും വിമോചനശേഷം സ്‌നാപനമേൽക്കുന്ന ഘട്ടത്തോളം പുരോഗതി പ്രാപിച്ചതിനാൽ ജയിലിൽ നൽകപ്പെട്ട സാക്ഷ്യം പുറത്തുള്ള സഭകളെ ശക്തിപ്പെടുത്തി.

ജയിലിലായിരുന്ന സമയത്ത്‌ സിൽവെഷ്‌ട്രെ സിമാവുൻ ചിട്ടയോടെയുള്ള ബൈബിൾ പഠനത്തിന്‌ കൂട്ടത്തോടു ചേരുകയും ആവശ്യമായ ആത്മീയ കരുത്ത്‌ നേടുകയും ചെയ്‌തു. അവരെ അവിടെനിന്ന്‌ മറ്റു ജയിലുകളിലേക്കും തൊഴിൽപ്പാളയങ്ങളിലേക്കും മാറ്റി. അവിടെയൊക്കെ അവർക്ക്‌ ഉഗ്രമായ പ്രഹരവും കഠിന ജോലിയുമാണു ലഭിച്ചത്‌. നാലു വർഷം പല ജയിലുകളിലും മാറിമാറി കഴിഞ്ഞ സിൽവെഷ്‌ട്രെ 1965 നവംബറിൽ മോചിതനായപ്പോൾ ലുവാണ്ടയിലേക്കു മടങ്ങി. അവിടെ റാഞ്ചെൽ എന്ന സ്ഥലത്തെ സാക്ഷികളോടു സഹവസിച്ചുതുടങ്ങിയ അദ്ദേഹം 1967-ൽ സ്‌നാപനമേറ്റു. അതിനോടകം അദ്ദേഹത്തിന്റെ വിശ്വാസം വളരെയധികം പരിശോധിക്കപ്പെട്ടിരുന്നു. മാൻകോക്കാ ഉൾപ്പെടെ ജയിലിലുള്ള മറ്റുള്ളവരെ വിട്ടയച്ചത്‌ 1970-ൽ ആണെങ്കിലും, അവർക്കു പിന്നെയും ജയിലിൽ പോകേണ്ടിവന്നു.

‘അവർ ഇനി യുദ്ധം അഭ്യസിക്കയില്ല’

രാജ്യം യുദ്ധത്തിൽ മുങ്ങിക്കുളിച്ചിരുന്നു. ആളുകൾ യഹോവയുടെ വഴികളെ കുറിച്ചു പഠിക്കുമ്പോൾ അവർ “വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കു”മെന്നും മേലാൽ ‘യുദ്ധം അഭ്യസിക്ക’യില്ലെന്നും ബൈബിൾ പറയുന്നു. (യെശ. 2:3, 4) അംഗോളയിലെ യുവാക്കൾ ഇക്കാര്യത്തിൽ എന്തു ചെയ്യുമായിരുന്നു?

1969 മാർച്ചിൽ, ക്രിസ്‌തീയ നിഷ്‌പക്ഷതയിൽ വിട്ടുവീഴ്‌ച ചെയ്യാൻ വിസമ്മതിച്ച എല്ലാവർക്കുമെതിരെ ക്രൂരമായ ആക്രമണം തുടങ്ങി. ലുവാണ്ടയിൽ ആദ്യം അറസ്റ്റ്‌ ചെയ്യപ്പെട്ടവർ ആന്റോണിയൂ ഗോവേയയും ഷ്വാവുൻ പരേരയും ആയിരുന്നു. ഗോവേയ സഹോദരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌ ജോലിസ്ഥലത്തു വെച്ചാണ്‌. അവർ അദ്ദേഹത്തെ വൃത്തികെട്ട ഒരു സെല്ലിൽ അടച്ചു. ഒന്നര മാസം കഴിഞ്ഞപ്പോൾ മാത്രമാണ്‌ അദ്ദേഹത്തെ കാണാൻ അധികാരികൾ അദ്ദേഹത്തിന്റെ അമ്മയെ അനുവദിച്ചത്‌.

ഫെർണാൻഡൂ ഗോവേയ, ആന്റോണിയൂ ആൽബെർട്ടൂ, ആന്റോണിയൂ മാറ്റിയസ്‌ എന്നിവർ ഹ്വാമ്പോയിൽ അറസ്റ്റ്‌ ചെയ്യപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു. പോലീസ്‌ അവരെ ദിവസവും മൂന്നു പ്രാവശ്യം ക്രൂരമായി മർദിച്ചിരുന്നു. ആ മർദനത്തിനു ശേഷം ഫെർണാൻഡൂവിനെ പെറ്റമ്മ പോലും തിരിച്ചറിഞ്ഞില്ല. ഒടുവിൽ, സഹോദരങ്ങൾ തങ്ങൾ അനുഭവിക്കുന്ന ക്രൂരതയെ വിവരിച്ചുകൊണ്ട്‌ സായുധ സൈന്യത്തിന്റെ കമാൻഡർക്ക്‌ ഒരു കത്തെഴുതി. അപ്പോൾ മാത്രമാണ്‌ ക്രൂരതയ്‌ക്ക്‌ തെല്ലൊന്ന്‌ അയവു വന്നത്‌.

സഹിച്ചുനിൽക്കാൻ തങ്ങളെ സഹായിച്ച ചില കാര്യങ്ങളെ കുറിച്ച്‌ ആന്റോണിയൂ ഗോവേയ ഓർക്കുന്നു. ഇടയ്‌ക്കിടെ അദ്ദേഹത്തിന്റെ അമ്മ വീക്ഷാഗോപുരത്തിന്റെ ഒരു താൾ താൻ കൊണ്ടുവന്ന ഭക്ഷണത്തിൽ ഒളിച്ചുവെക്കുമായിരുന്നു. “ഞങ്ങളുടെ മനസ്സിനെ ഉണർവുള്ളതാക്കി നിറുത്താൻ അതു സഹായിച്ചു. അതു ഞങ്ങളുടെ ആത്മീയത നിലനിറുത്തുകയും ചെയ്‌തു.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മനസ്സിൽ വന്ന ഏതൊരു ബൈബിൾ വിഷയത്തെ കുറിച്ചും ഞങ്ങൾ ജയിലിലെ മതിലുകളോടു പ്രസംഗിക്കുമായിരുന്നു.” നിരുത്സാഹിതരാകാതിരിക്കാൻ ചില സഹോദരങ്ങൾ അൽപ്പം നർമവും ഉപയോഗിക്കുമായിരുന്നു. ഒരു സുപ്രധാന കാര്യം അറിയിക്കാനെന്ന പോലെ, തങ്ങളുടെ സെല്ലുകളിൽ കൊന്ന നിരവധി ഈച്ചകളുടെ എണ്ണം അവർ ഉച്ചത്തിൽ വിളിച്ചു പറയുമായിരുന്നു.

പോർച്ചുഗലിൽനിന്ന്‌ സൈനിക സേവനത്തിനായി അംഗോളയിലേക്ക്‌ അയച്ചെങ്കിലും മനസ്സാക്ഷിപരമായ കാരണങ്ങളാൽ അതിനു വിസമ്മതിച്ച ആറു യുവസാക്ഷികളും തടവിലാക്കപ്പെട്ടവരിൽ ഉണ്ടായിരുന്നു. അവരിൽ ഒരാളായ ഡാവി മോട്ട ഇപ്രകാരം പറയുന്നു: “പലപ്പോഴും ഞങ്ങൾക്കു യഹോവയുടെ സംരക്ഷണം അനുഭവിച്ചറിയാൻ കഴിഞ്ഞിരുന്നു. ദൈവത്തോടുള്ള ഞങ്ങളുടെ വിശ്വസ്‌തത തകർക്കാൻ അധികാരികൾ നാനാ മാർഗങ്ങൾ ഉപയോഗിച്ചു. ഞങ്ങളുടെ ഇടയിലെ സ്‌നാപനമേൽക്കാത്ത വ്യക്തികളെയാണ്‌ അവർ പ്രത്യേകിച്ചും ലക്ഷ്യമിട്ടത്‌. പിൻവരുന്ന രീതി അവർ ആവർത്തിച്ചാവർത്തിച്ച്‌ ഉപയോഗിച്ചു: പാതിരാത്രിക്ക്‌ അവർ ഞങ്ങളെ ഉണർത്തി അഞ്ചു പേരെ തിരഞ്ഞെടുത്ത്‌ ഓരോ ആളെ വീതം മാറ്റിനിറുത്തി ബുള്ളറ്റ്‌ നിറച്ചതെന്നു തോന്നിക്കുന്ന കൈത്തോക്കുകൾ തലയ്‌ക്കു നേരെ ചൂണ്ടിപ്പിടിച്ച്‌ കാഞ്ചി വലിക്കുമായിരുന്നു. ഞങ്ങളെ സെല്ലുകളിലേക്കു തിരിച്ചയച്ച്‌ അര മണിക്കൂർ കഴിയുമ്പോൾ സൈനികർ ഈ രീതി ആവർത്തിക്കുമായിരുന്നു. ജീവനോടിരിക്കുന്നതിൽ ഞങ്ങളെല്ലാം യഹോവയോട്‌ വളരെ നന്ദിയുള്ളവരാണ്‌. ഞങ്ങൾ ഒടുവിൽ അധികാരികളുടെ ആദരവു നേടി, അങ്ങനെ ജയിലിൽ യോഗങ്ങൾ നടത്താനുള്ള അനുമതി ഞങ്ങൾക്കു ലഭിക്കുകയും ചെയ്‌തു. ജയിലിലായിരിക്കെ ആറു സഹതടവുകാർ സ്‌നാപനമേറ്റത്‌ ഞങ്ങളെ എത്രമാത്രം സന്തോഷിപ്പിച്ചെന്നോ!”

സഹോദരന്മാർക്ക്‌ 45 വയസ്സാകുന്നതുവരെ ജയിലിൽ ഇട്ടേക്കുമെന്ന്‌ അധികാരികൾ പറഞ്ഞെങ്കിലും, അത്രയും കാലം അവർക്കു കാത്തിരിക്കേണ്ടി വന്നില്ല. എങ്കിലും അവിടെ കഴിച്ചുകൂട്ടിയ വർഷങ്ങൾ വളരെ ദുരിതപൂർണമായിരുന്നു. അവർ അനുഭവിച്ച കാര്യങ്ങൾ അവരുടെ വിശ്വാസത്തെ ബലപ്പെടുത്തുകയാണുണ്ടായത്‌. ഇന്ന്‌ ആ സഹോദരന്മാരിൽ മിക്കവരും സഭകളിൽ മൂപ്പന്മാരായി സേവിക്കുന്നു.

കോളനി വാഴ്‌ചയുടെ പെട്ടെന്നുള്ള അന്ത്യം

1974 ഏപ്രിൽ 25-ന്‌ പോർച്ചുഗലിൽ നടന്ന ഒരു ആസൂത്രിത അട്ടിമറിയുടെ ഫലമായി അവിടത്തെ ഏകാധിപത്യഭരണം അവസാനിച്ചു. അതോടെ അംഗോളയിലെ 13 വർഷത്തെ കോളനിവാഴ്‌ചയ്‌ക്കും തിരശ്ശീല വീണു. തുടർന്ന്‌ പോർച്ചുഗീസ്‌ സേന അവിടെനിന്നു പിൻവാങ്ങിത്തുടങ്ങി. പത്തു മാസത്തേക്ക്‌ ഒരു താത്‌കാലിക ഗവൺമെന്റ്‌ അധികാരത്തിൽ വന്നു. 1975 ജനുവരി 31-ന്‌ ഭരണം തുടങ്ങിയ ആ ഗവൺമെന്റിന്‌ ആറു മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

പെട്ടെന്നുണ്ടായ ആ മാറ്റം തുടക്കത്തിൽ യഹോവയുടെ സാക്ഷികൾക്കു പ്രയോജനം ചെയ്‌തു. നിഷ്‌പക്ഷതയുടെ പേരിൽ യഹോവയുടെ സാക്ഷികളായ 25 പേർ കാബൂ ലെദൂ ജയിലിൽ തടവിലായിരുന്നു. മേയ്‌ മാസത്തിൽ അവർക്കു പൊതുമാപ്പ്‌ ലഭിച്ചു. ആഫ്രിക്കൻ കോളനികൾക്ക്‌ എതിരെയുള്ള യുദ്ധങ്ങളിലും മറ്റു പോരാട്ടങ്ങളിലും പങ്കെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട പോർച്ചുഗീസുകാരായ ആറു സഹോദരന്മാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തങ്ങൾക്ക്‌ അപ്രതീക്ഷിതമായി ലഭിച്ച ഈ സ്വാതന്ത്ര്യത്തെ ആ യൂറോപ്യൻ സഹോദരന്മാർ എങ്ങനെ വിനിയോഗിക്കുമായിരുന്നു? ഡാവി മോട്ട ഇപ്രകാരം പറയുന്നു: “ജയിലിൽ ആയിരുന്നപ്പോൾ യഹോവയുമായുള്ള അടുത്ത ബന്ധത്തിൽനിന്ന്‌ കരുത്താർജിച്ച ഞങ്ങൾ ആറു പേരും അംഗോളയിൽത്തന്നെ പയനിയറിങ്‌ തുടങ്ങാൻ തീരുമാനിച്ചു.”

അംഗോളയിലെ 1,500 സാക്ഷികളെ സംബന്ധിച്ചിടത്തോളം മതസഹിഷ്‌ണുതയുടെ അന്തരീക്ഷം ഒരു പുതിയ അനുഭവം ആയിരുന്നു. രഹസ്യപ്പോലീസ്‌ രംഗത്തുനിന്നു മറഞ്ഞു, അറസ്റ്റുകൾ നിലച്ചു, സാക്ഷികൾക്കു സ്വതന്ത്രമായി കൂടിവരാമെന്ന അവസ്ഥ സംജാതമായി. അംഗസംഖ്യ വർധിക്കുന്നതിനാൽ തങ്ങൾക്കു കൂടിവരാൻ പറ്റിയ ഓഡിറ്റോറിയങ്ങളും വിനോദ കേന്ദ്രങ്ങളും മറ്റു സ്ഥലങ്ങളുമൊക്കെ കണ്ടെത്താൻ സാക്ഷികൾ ലുവാണ്ട മുഴുവൻ അരിച്ചുപെറുക്കി. രാജ്യത്തുണ്ടായിരുന്ന 18 സഭകൾ മുമ്പ്‌ സ്വകാര്യ ഭവനങ്ങളിലാണ്‌ കൂടിവന്നിരുന്നത്‌.

പാവില്യാവുൻ ദൂ ഫെറോവിയയിൽ ഒരു പ്രത്യേക സേവനയോഗം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. അതിനായി നിരവധി സഭകളിൽനിന്നു ക്ഷണിക്കപ്പെട്ട 400 പേരിൽ ഒരാളാണ്‌ ഷൂസെ ഔഗുഷ്‌ടൂ. ഇപ്പോൾ പോർച്ചുഗൽ ബെഥേൽ കുടുംബത്തിലെ ഒരു അംഗമായ അദ്ദേഹം ഇങ്ങനെ പറയുന്നു: “അംഗോളയിൽ ഇത്രയധികം സഹോദരീസഹോദരന്മാർ സ്വതന്ത്രമായി കൂടിവരുന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം പുതിയ ഒരു അനുഭവം ആയിരുന്നു! അത്‌ ഒരു സ്വപ്‌നം പോലെ ആയിരുന്നു. മറ്റു സഭകളിലെ സഹോദരങ്ങളുമായി ഇടപഴകിയപ്പോൾ അതിരില്ലാത്ത സന്തോഷമാണ്‌ ഞങ്ങൾക്കു തോന്നിയത്‌.”

ഒരു പ്രക്ഷുബ്‌ധകാലത്തെ ആത്മീയ സന്തോഷം

ജനകീയ പ്രസ്ഥാനം, ദേശീയ മുന്നണി, ദേശീയ യൂണിയൻ എന്നീ ദേശീയ പ്രസ്ഥാനങ്ങൾക്കിടയിൽ അധികാര വടംവലി നടന്നു. എതിർവിഭാഗക്കാർ ലുവാണ്ടയിൽ ആക്രമിച്ചു കടന്ന്‌ തങ്ങളുടെ ആസ്ഥാനങ്ങൾ സ്ഥാപിച്ചു. “ആദ്യമൊക്കെ ഒളിപ്പോരാളികളുടെ വെടിയൊച്ച മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളൂ,” ദൃക്‌സാക്ഷിയായ ലൂയിഷ്‌ സേബിനൂ പറയുന്നു. “പിന്നീട്‌ വിദ്വേഷം വർധിച്ചതോടെ, സൈനികർ ശക്തിയേറിയ ആയുധങ്ങൾ പ്രയോഗിക്കാൻ തുടങ്ങി. നിരത്തുകളിൽ ടാങ്കുകൾ പ്രത്യക്ഷപ്പെട്ടു, റോക്കറ്റുകൾ തൊടുത്തു വിടപ്പെട്ടു. തത്‌ഫലമായി സഹോദരങ്ങളുടേത്‌ ഉൾപ്പെടെ നൂറുകണക്കിനു വീടുകളാണു നശിപ്പിക്കപ്പെട്ടത്‌.”

സഭായോഗങ്ങൾ പുസ്‌തക അധ്യയന കേന്ദ്രങ്ങളിൽ നടത്തുന്നതാണ്‌ ബുദ്ധിയെന്നു സഹോദരങ്ങൾ മനസ്സിലാക്കി. “സമീപത്തുനിന്നു യന്ത്രത്തോക്കുകളുടെ ഗർജനം കേൾക്കുമ്പോൾ യോഗങ്ങൾക്കു തടസ്സം നേരിടുക സാധാരണമായിരുന്നു,” മാന്വെൽ കൂന്യ പറയുന്നു. “വെടിവയ്‌പ്പ്‌ നിലയ്‌ക്കുന്നതുവരെ എല്ലാവരും നിലത്തു കമിഴ്‌ന്നു കിടക്കും, അതിനുശേഷം പരിപാടി തുടരും. ചില അവസരങ്ങളിൽ ശ്രദ്ധ ആകർഷിക്കാതിരിക്കാൻ മുറിയിലെ ലൈറ്റു കെടുത്തുമായിരുന്നു. യോഗം കഴിഞ്ഞ്‌ വളരെ കരുതലോടെയാണ്‌ സഹോദരങ്ങൾ തങ്ങളുടെ വീടുകളിലേക്കു പോയിരുന്നത്‌.”

അത്തരം അപകടങ്ങൾ ഉണ്ടായിരുന്നെങ്കിലും, തങ്ങളുടെ ശുശ്രൂഷ വർധിപ്പിക്കാൻ സഹോദരങ്ങൾ ദൃഢചിത്തരായിരുന്നു. ഡെലൂസിറിയൂ ഓലിവെയ്‌റ ഇങ്ങനെ വിശദീകരിക്കുന്നു: “കോളനിവാഴ്‌ചക്കാലത്ത്‌ ഞങ്ങളുടെ പ്രവർത്തനം നിരോധിക്കപ്പെട്ടിരുന്നതിനാൽ, ഇപ്പോൾ സ്വതന്ത്രമായി വീടുതോറും പോകാൻ കഴിഞ്ഞത്‌ മിക്ക പ്രസാധകർക്കും ഒരു പുത്തൻ അനുഭവമായിരുന്നു. ഈ പ്രവർത്തനത്തിൽ പയനിയർമാർ നേതൃത്വമെടുക്കുകയും തങ്ങളോടൊപ്പം ചേരാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. വയൽസേവന യോഗങ്ങൾക്ക്‌ നിരവധി സഹോദരങ്ങൾ എത്തുമായിരുന്നു.” എങ്കിലും ചുറ്റും യുദ്ധലക്ഷണങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം തുടരുന്നു: “വയൽസേവനത്തിൽ ആയിരിക്കുമ്പോൾ വെടിയൊച്ച കേൾക്കുക സാധാരണമായിരുന്നു. ചിലപ്പോഴൊക്കെ റോഡിന്റെ വശങ്ങളിൽ രക്തം തളംകെട്ടി കിടന്നിരുന്നതിനാൽ ഞങ്ങൾക്കു മാറി നടക്കേണ്ടിയിരുന്നു. മറ്റു ചില അവസരങ്ങളിൽ തെരുവിൽ ശവങ്ങൾ കിടക്കുന്നതും കാണാമായിരുന്നു.”

ഒരു പയനിയർ സഹോദരിയും ഒരു പ്രസാധികയും വയൽസേവനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ്‌ സമീപത്ത്‌ ഒരു ബോംബുസ്‌ഫോടനം നടന്നത്‌. പ്രസാധികയായ സഹോദരി ഒരു മതിലിനോടു ചേർന്നു പരമാവധി പതുങ്ങിയിരുന്നു, എന്നിട്ട്‌ വീട്ടിലേക്കു മടങ്ങാമെന്ന്‌ മറ്റേ സഹോദരിയോടു നിർദേശിച്ചു. എന്നാൽ കുറെ നേരം കൂടി പ്രവർത്തിക്കാമെന്നും ബോംബിങ്‌ വീണ്ടും തുടങ്ങുകയാണെങ്കിൽ വീട്ടിൽ പോകാമെന്നും പയനിയർ സഹോദരി പറഞ്ഞു. അന്നു രാവിലെതന്നെ അവർ ഒരു ദമ്പതികൾക്ക്‌ ബൈബിൾ അധ്യയനം തുടങ്ങി. ആഴ്‌ചയിൽ മൂന്നു തവണ പഠിക്കാൻ ആ ദമ്പതികൾ ആഗ്രഹം പ്രകടമാക്കി.

അരക്ഷിതാവസ്ഥ നിലവിലിരുന്നിട്ടും, 1975 മാർച്ചിൽ സഹോദരങ്ങൾ തങ്ങളുടെ ആദ്യത്തെ സർക്കിട്ട്‌ സമ്മേളനം നടത്തി. അതിനായി ലുവാണ്ടയിലെ ഏറ്റവും വലിയ ഇൻഡോർ ഓഡിറ്റോറിയമായ സിറ്റാഡെല ഡെസ്‌പോർട്ടിവ സഹോദരങ്ങൾ വാടകയ്‌ക്കെടുത്തു. ഒരു മുൻകരുതൽ എന്ന നിലയിൽ, സഭായോഗങ്ങൾക്കു പതിവായി ഹാജരാകുന്നവരെ മാത്രമേ ആ സമ്മേളനത്തിനു ക്ഷണിച്ചുള്ളൂ. എന്നിട്ടും ഹാജർ 2,888 ആയിരുന്നു.

പ്രശ്‌നങ്ങളൊന്നും കൂടാതെ ആ സമ്മേളനം നടന്നതിനാൽ രണ്ടാമതു നടന്ന സമ്മേളനത്തിന്‌ താത്‌പര്യക്കാരെയും ബൈബിൾ പഠിക്കുന്നവരെയും സഹോദരങ്ങൾ ക്ഷണിച്ചു. ആനിബാൽ മഗലൈൻഷ്‌ ഇങ്ങനെ വിവരിക്കുന്നു: “ഓഡിറ്റോറിയത്തിലേക്കു കടന്നപ്പോൾത്തന്നെ ‘നിങ്ങൾ എങ്ങനെയുള്ളവർ ആയിരിക്കണം.​—⁠2 പത്രൊ. 3:12’ എന്ന സമ്മേളനവിഷയമാണ്‌ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്‌. അതു ഞങ്ങളിൽ വളരെ മതിപ്പുളവാക്കി. പരിപാടി തുടങ്ങുന്നതിനു മുമ്പുതന്നെ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞിരുന്നു. ആ ഹാളിൽ 7,713 പേർ ഹാജരായിരിക്കുന്നുവെന്ന്‌ അറിയിച്ചപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണു ഞങ്ങൾക്കു തോന്നിയത്‌. പലർക്കും സന്തോഷാശ്രുക്കൾ അടക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ അവിടെ കണ്ടത്‌ നടക്കാനിരിക്കുന്ന ഒരു വലിയ കൂട്ടിച്ചേർക്കൽ വേലയുടെ സൂചന ആയിരുന്നു. ഈ ദിവസം കാണാൻ ഞങ്ങളെ ജീവനോടെ പരിപാലിച്ചതിന്‌ ഞങ്ങൾ യഹോവയ്‌ക്കു നന്ദി പറഞ്ഞു.”

സമാപന പ്രാർഥനയ്‌ക്കുശേഷം സഹോദരങ്ങൾ ഓഡിറ്റോറിയം വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന സമയത്ത്‌ വീണ്ടും വെടിയൊച്ച കേൾക്കാൻ തുടങ്ങി. ആ പ്രദേശമെങ്ങും വെടിയൊച്ചയാൽ മുഖരിതമായിരുന്നു. അവർ ‘സമാധാനദ്വേഷികളുടെ ഇടയിൽ പാർക്കുന്നു’ എന്നതിന്റെ ഒരു ഓർമിപ്പിക്കലായി അത്‌ ഉതകി.​—⁠സങ്കീ. 120:⁠6.

യുദ്ധം നാശം വിതയ്‌ക്കുന്നു

മൂന്ന്‌ രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ രാജ്യത്തെ പറിച്ചുകീറാൻ തുടങ്ങി. തലസ്ഥാനനഗരിയായ ലുവാണ്ടയിൽ ഉഗ്രപോരാട്ടം നടന്നു. പുരുഷന്മാരെയും സ്‌ത്രീകളെയും കുട്ടികളെയും നിർബന്ധിച്ച്‌ സൈന്യത്തിൽ ചേർത്തു. സൈനിക വേഷം ധരിച്ച 12 വയസ്സുള്ള കുട്ടികൾ പോലും ഓട്ടോമാറ്റിക്‌ തോക്കുകളുമേന്തി തെരുവുകളിൽ വിഹരിക്കുന്നതു കാണാമായിരുന്നു. അവർ ലക്ഷ്യമില്ലാതെ വെടി വെച്ചുകൊണ്ടിരുന്നു. യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഷെല്ലുകളും മിസൈലുകളുമൊക്കെ ആളുകളുടെ ഉറക്കം കെടുത്തി. അങ്ങനെ നിലയ്‌ക്കാത്ത യുദ്ധത്തിന്റെ ഒരു കാലഘട്ടത്തിലേക്ക്‌ അംഗോള കൂപ്പുകുത്തി. തന്മൂലം അക്രമത്തിന്റെയും വെടിയൊച്ചകളുടെയും ബോംബു സ്‌ഫോടനങ്ങളുടെയും പശ്ചാത്തലത്തിലാണ്‌ യുവ അംഗോളക്കാരുടെ ഒരു തലമുറതന്നെ പിറന്നുവീണതും വളർന്നുവന്നതും.

തങ്ങളുടെ ക്രിസ്‌തീയ സഹോദരങ്ങളെ ബലപ്പെടുത്തുന്നതിനായി, ജോലിക്കു പോകുമ്പോഴും ജോലി കഴിഞ്ഞു വരുമ്പോഴും വിശ്വസ്‌തരായ ആത്മീയ ഇടയന്മാർ അവരുടെ വീടുകളിൽ ഹ്രസ്വ സന്ദർശനങ്ങൾ പതിവായി നടത്തിയിരുന്നു. സന്ദർശിക്കുന്ന കുടുംബത്തിലെ എല്ലാവരും സുരക്ഷിതരാണെന്ന്‌ അവർ ഉറപ്പു വരുത്തുകയും അവരോടൊപ്പം ഒന്നോ രണ്ടോ തിരുവെഴുത്തുകൾ വായിക്കുകയും ചെയ്യുമായിരുന്നു.

യോഗങ്ങൾക്കു ഹാജരാകാനും വയലിൽ പ്രവർത്തിക്കാനും നല്ല ധൈര്യവും യഹോവയിലുള്ള ശക്തമായ ആശ്രയവും ആവശ്യമായിരുന്നു. എന്നിരുന്നാലും, യഹോവയുടെ സാക്ഷികളിൽ ഒരുവനായി തിരിച്ചറിയിക്കുന്നത്‌ മിക്കപ്പോഴും സംരക്ഷണമായി ഉതകിയിരുന്നു. സൊസൈറ്റിയുടെ ഓഫീസിലേക്ക്‌ ഫോസ്റ്റിനൂ ദാ റോഷ പിന്റൂ പോകുമ്പോഴാണ്‌ ഒരു പട്ടാളക്കാരൻ അദ്ദേഹത്തിനു നേരെ തോക്കു ചൂണ്ടി ഇങ്ങനെ ആക്രോശിച്ചത്‌: “നീ എവിടെ പോകുന്നു? നീ ഏതു പ്രസ്ഥാനത്തിൽ പെട്ടവനാണ്‌? ആ ബ്രീഫ്‌കെയ്‌സ്‌ ഇങ്ങു തരൂ!” അതു തുറന്നപ്പോൾ ഒരു ബൈബിളും കുറെ വാച്ച്‌ ടവർ പ്രസിദ്ധീകരണങ്ങളുമാണ്‌ ആ പട്ടാളക്കാരൻ കണ്ടത്‌. ഉടൻതന്നെ അദ്ദേഹത്തിന്റെ മനോഭാവത്തിനു മാറ്റം വന്നു. “ഓ, താങ്കൾ യഹോവയുടെ സാക്ഷികളിൽ ഒരുവനാണല്ലേ! ക്ഷമിക്കണം, താങ്കൾ പൊയ്‌ക്കൊള്ളൂ.”

മറ്റൊരു അവസരത്തിൽ ഒരു പട്ടാളക്കാരൻ ഒരു യുവ സഹോദരിയോട്‌ കയർത്തു ചോദിച്ചു: “നീ ഏതു രാഷ്‌ട്രീയ പ്രസ്ഥാനത്തെയാണ്‌ പിന്താങ്ങുന്നത്‌?” സഹോദരിയുടെ മറുപടി, “യഹോവയുടെ സാക്ഷിയായ എനിക്ക്‌ ഒരു രാഷ്‌ട്രീയ പ്രസ്ഥാനവുമായും ബന്ധമില്ല” എന്നായിരുന്നു. അതു കേട്ടപ്പോൾ ആ പട്ടാളക്കാരൻ തന്റെ സഹസൈനികരോടായി പറഞ്ഞു: “ഇവളെ നോക്ക്‌, സൂക്ഷിച്ചു നോക്ക്‌! ഇവൾ ഇട്ടിരിക്കുന്ന പാവാട നോക്ക്‌! എത്ര മാന്യമായ വസ്‌ത്രധാരണം. മറ്റു പെൺകുട്ടികളെ പോലെയല്ല, ഇവൾ യഹോവയുടെ സാക്ഷികളിൽ ഒരുവളാണ്‌.” യാതൊരു ദ്രോഹവും ഏൽപ്പിക്കാതെ അവർ ആ സഹോദരിയെ പോകാൻ അനുവദിച്ചു. കരുതലോടെ വേണം പോകാൻ എന്ന്‌ ദയാപൂർവം ഒരു മുന്നറിയിപ്പും അവർ നൽകി.

പോരാട്ടം രൂക്ഷമായിത്തീർന്നതിനാൽ സഭകളുമായുള്ള, പ്രത്യേകിച്ചും വൻനഗരങ്ങൾക്കു പുറത്തെ സഭകളുമായുള്ള, ആശയവിനിമയം കൂടുതൽ ദുഷ്‌കരമായിത്തീർന്നു. സൈന്യങ്ങൾ ഒരു പട്ടണത്തെ ആക്രമിച്ചാൽ വീടുകൾ കൊള്ളയടിക്കുകയും ശേഷിക്കുന്ന വസ്‌തുക്കൾ ചുട്ടെരിക്കുകയും ചെയ്യുമായിരുന്നു. ഈ അവസ്ഥ നിമിത്തം സാക്ഷികൾ ഉൾപ്പെടെ നിരവധി പേർ കാട്ടിലേക്കു പലായനം ചെയ്യാൻ നിർബന്ധിതരായി. ബംഗ എന്ന സ്ഥലത്ത്‌ 100 പ്രസാധകരോടൊപ്പം വേറെ 300 പേർ യോഗങ്ങൾക്കു കൂടിവരുന്നുണ്ടായിരുന്നു. വീടുകൾ ഉപേക്ഷിച്ച്‌ അവർക്കും ദിവസങ്ങളോളം വനത്തിൽ അഭയം തേടേണ്ടിവന്നു. ഷാംബയിലെയും സെലയിലെയും സഭകളിലുള്ളവരും ‘ജീവൻ കൊള്ള കിട്ടിയതുപോലെ’യാണ്‌ പലായനം ചെയ്‌തത്‌. (യിരെ. 39:18) ലുബാങ്‌ഗൂവിൽ അപ്പോഴും ഉണ്ടായിരുന്ന മിക്ക യൂറോപ്യൻ സാക്ഷികളും പ്രാണരക്ഷാർഥം അയൽരാജ്യമായ നമീബിയയിലെ വിൻഹുക്കിലേക്കു പോയി.

വനത്തിലായിരുന്ന ഈ സഹോദരങ്ങളുടെ പക്കൽ സാഹിത്യങ്ങൾ എത്തിക്കുക ഏറെക്കുറെ അസാധ്യമായിരുന്നു. മാലാൻഷി, ലോബിറ്റോ, ബെൻഗ്വെല, ഗാബെല, ഹ്വാമ്പോ, ലുബാങ്‌ഗൂ എന്നിവിടങ്ങളിലേതു പോലുള്ള സഭകൾ ഒറ്റപ്പെട്ടുപോയതിനാൽ അവരുമായുള്ള സമ്പർക്കം മാസങ്ങളോളം സാധ്യമായിരുന്നില്ല.

ഒരു ദുഃഖസമയം

കോളനിവാഴ്‌ച അവസാനിച്ച ഉടൻതന്നെ ആയിരക്കണക്കിന്‌ പോർച്ചുഗീസുകാർ രാജ്യം വിടാൻ തുടങ്ങി. ദേശത്ത്‌ അരാജകത്വം നടമാടിയതിനാൽ അവർ അടിയന്തിരമായി പലായനം ചെയ്യേണ്ട അവസ്ഥ സംജാതമായി. മിക്കവർക്കും തങ്ങളുടെ വളരെ കുറച്ചു സാധനങ്ങളേ കൂടെ കൊണ്ടുപോകാൻ സാധിച്ചുള്ളൂ. യൂറോപ്യന്മാർക്ക്‌ അംഗോളക്കാരിൽ ജനിച്ചവരെ പോലും കൊല്ലുമെന്ന്‌ ഒരു രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചു, അവർക്കു യൂറോപ്യന്മാരോട്‌ അത്രയ്‌ക്കു വിദ്വേഷമായിരുന്നു.

എന്നാൽ പോർച്ചുഗീസുകാരും അംഗോളക്കാരുമായ സാക്ഷികൾക്ക്‌ അത്തരത്തിലുള്ള ശത്രുതാമനോഭാവം ഉണ്ടായിരുന്നില്ല. അവർക്കിടയിലെ സഹോദരസ്‌നേഹം ശക്തമായിരുന്നു. പോർച്ചുഗീസുകാർ ദേശം വിട്ടുപോകുന്നതിന്റെ അർഥം അംഗോളക്കാർക്ക്‌ ഉത്തമ സുഹൃത്തുക്കളിൽ പലരെയും നഷ്ടപ്പെടും എന്നായിരുന്നു. 1975 ജൂൺ ആയപ്പോഴേക്കും, സുവാർത്താ ഘോഷണത്തിൽ നേതൃത്വം എടുത്തിരുന്ന എല്ലാ പോർച്ചുഗീസ്‌ സഹോദരന്മാർക്കും രാജ്യം വിടേണ്ടിവന്നു. സുവാർത്താ പ്രസംഗത്തിന്റെയും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്മേലുള്ള ഇടയവേലയുടെയും ചുമതല വിശ്വസ്‌തരായ പ്രാദേശിക സഹോദരന്മാരുടെ കരങ്ങളിലായി. അവരിൽ പലരും മുഴുസമയ ജോലിയുള്ള കുടുംബനാഥന്മാർ ആയിരുന്നു. പോർച്ചുഗീസ്‌ സഹോദരങ്ങൾ തങ്ങളെ വിട്ടുപോയതിൽ ദുഃഖിതരായിരുന്നെങ്കിലും, യഹോവയുടെ സഹായത്താൽ മുന്നേറാൻ അവർ ദൃഢചിത്തരായിരുന്നു.

എങ്ങനെയുള്ള അവസ്ഥകളാണ്‌ അവർക്കു നേരിടേണ്ടിവന്നത്‌? പോർച്ചുഗൽ ബ്രാഞ്ചിന്‌ ലുവാണ്ടാ ഓഫീസിൽനിന്ന്‌ അസ്വാസ്ഥ്യജനകമായ ഈ റിപ്പോർട്ടു ലഭിച്ചു: “നഗരത്തിൽ ഇപ്പോൾ ഷെൽവർഷം നടക്കുകയാണ്‌. റോഡുകൾ ബ്ലോക്കു ചെയ്‌തിരിക്കുന്നു. മറ്റു നഗരങ്ങളുമായി ആശയവിനിമയം അസാധ്യമാണ്‌. ലുവാണ്ടാ തുറമുഖം അടച്ചിട്ടിരിക്കുന്നു. കടകളിലൊന്നും ആഹാരസാധനങ്ങൾ ലഭ്യമല്ല. കൊള്ളയും പിടിച്ചുപറിയും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ദിവസവും രാത്രി 9 മുതൽ കർഫ്യൂ ആണ്‌. അതിനു ശേഷം തെരുവിൽ കാണുന്ന ആരെയും സൈന്യം വെടിവെക്കും.”

യഹോവയുടെ ദാസന്മാർ മുന്നേറുന്നു

രാഷ്‌ട്രീയ അനിശ്ചിതത്വത്തിന്റെ ഈ കാലയളവിൽ അംഗോളയിൽ അഭൂതപൂർവകമായ ആത്മീയ വളർച്ച ഉണ്ടായി. പ്രസാധകരുടെ എണ്ണം 3,055 എന്ന അത്യുച്ചത്തിൽ എത്തി. അതു തലേ വർഷത്തെ അപേക്ഷിച്ച്‌ 68 ശതമാനം വർധനവായിരുന്നു. സ്‌മാരകത്തിന്‌ 11,490 പേരാണു ഹാജരായത്‌!

1975 സെപ്‌റ്റംബർ 5-ന്‌ ദീർഘനാളായി കാത്തിരുന്ന ഒരു വാർത്ത ലഭിച്ചു. താത്‌കാലിക ഗവൺമെന്റിലെ നീതിന്യായ മന്ത്രി യഹോവയുടെ സാക്ഷികളെ നിയമാംഗീകാരമുള്ള “ഒരു മതവിഭാഗം” ആയി പ്രഖ്യാപിച്ചു. ഷ്വാവുൻ മാൻകോക്കാ ഇങ്ങനെ പറയുന്നു: “സഹോദരങ്ങൾക്ക്‌ അടക്കാനാവാത്ത സന്തോഷമായിരുന്നു. പൂർണമായ പരസ്യ ആരാധനാ സ്വാതന്ത്ര്യം മുമ്പെങ്ങും അവർക്കു ലഭിച്ചിരുന്നില്ല. ജയിലറകളുടെ കവാടങ്ങൾ മലർക്കെ തുറക്കപ്പെട്ടതു പോലെ ആയിരുന്നു അത്‌. അങ്ങനെ ആദ്യമായി യോഗങ്ങളും സർക്കിട്ട്‌ സമ്മേളനങ്ങളും പരസ്യമായി നടത്താൻ കഴിഞ്ഞു. 1976-ലെ വസന്തത്തിൽ നടത്തപ്പെട്ട സർക്കിട്ട്‌ സമ്മേളനങ്ങൾ സുവാർത്താ പ്രസംഗത്തിന്റെ ആക്കം കൂട്ടുകയും വരും വർഷങ്ങളിലെ പ്രവർത്തനത്തിനായി സഹോദരങ്ങളെ ദൃഢചിത്തരാക്കുകയും ചെയ്‌തു.”

അഞ്ച്‌ സർക്കിട്ട്‌ സമ്മേളനങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടു. മുൻകരുതൽ എന്ന നിലയിൽ ഒരു സമയത്ത്‌ മൂന്നോ നാലോ സഭകൾ മാത്രമേ കൂടിവരാവൂ എന്ന്‌ സഹോദരങ്ങൾ തീരുമാനിച്ചു. മൂന്നു സഹോദരന്മാർ വാരാന്തങ്ങളിൽ സർക്കിട്ട്‌ മേൽവിചാരകന്മാരായി സഭകൾ സന്ദർശിക്കുന്നതിനുള്ള ക്രമീകരണവും ചെയ്യപ്പെട്ടു.

അനേകം വർഷങ്ങളായി, സൊസൈറ്റി നടത്തുന്ന പ്രത്യേക സ്‌കൂളുകളിലൊന്നും സംബന്ധിക്കാൻ അംഗോളയിലെ സാഹചര്യങ്ങൾ അവിടത്തെ മേൽവിചാരകന്മാരെ അനുവദിച്ചിരുന്നില്ല. അതിനാൽ 1976 മേയ്‌ 19-24 തീയതികളിൽ മൂപ്പന്മാർക്കായി ആദ്യത്തെ രാജ്യശുശ്രൂഷാസ്‌കൂൾ നടത്തുന്നതിനുള്ള ആസൂത്രണം ചെയ്യപ്പെട്ടു. പോർച്ചുഗലിൽ വെച്ചു നടത്തിയ ആ സ്‌കൂളിൽനിന്ന്‌ അംഗോളക്കാരായ രണ്ടു സഹോദരന്മാർ പരിശീലനം നേടി. പരിശീലനശേഷം മടങ്ങിവന്ന അവർ ലുവാണ്ടയിൽ അതേ സ്‌കൂൾ നടത്തി. പോർച്ചുഗൽ ബ്രാഞ്ചിൽ നിന്നുള്ള മാരിയൂ പി. ഓലിവെയ്‌റ അവരെ സഹായിക്കാനായി എത്തി.

ആ സ്‌കൂളിൽ പങ്കെടുത്ത 23 മൂപ്പന്മാരും ‘ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാൻ’ തങ്ങൾക്കു ലഭിച്ച ബൈബിളധിഷ്‌ഠിത പരിശീലനത്തെ അതിയായി വിലമതിച്ചു. (1 പത്രൊ. 5:2) അക്കാലത്ത്‌ ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചിരുന്ന കാർലൂസ്‌ കാഡി ഈ സ്‌കൂളിന്റെ സ്വാധീനഫലത്തെ കുറിച്ച്‌ ഇങ്ങനെ പറയുന്നു: “യഹോവയുടെ സംഘടനയെ കുറിച്ച്‌ ഒരു പുതിയ വീക്ഷണം കൈവരിക്കാൻ മൂപ്പന്മാർക്കു കഴിഞ്ഞു. യഹോവയുടെ സംഘടന പരിശീലനത്തിനു നൽകുന്ന പ്രാധാന്യം ആ സ്‌കൂളിലൂടെ സഹോദരന്മാർക്കു മനസ്സിലാക്കാൻ കഴിഞ്ഞു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാവുന്ന വിധം കാണാൻ തങ്ങളുടെ സഭകളിലെ സഹോദരങ്ങളെ എങ്ങനെ സഹായിക്കാമെന്ന്‌ അവർ പഠിച്ചു. തങ്ങളോടൊപ്പം സഭയിൽ സേവിക്കുന്ന ശുശ്രൂഷാദാസന്മാരുടെ കഴിവുകൾ പൂർണമായി പ്രയോജനപ്പെടുത്തിക്കൊണ്ട്‌ സഭാപ്രവർത്തനം എങ്ങനെ മെച്ചപ്പെടുത്താമെന്നു മനസ്സിലാക്കാനും ആ സ്‌കൂൾ മൂപ്പന്മാരെ സഹായിച്ചു.”

നിയമാംഗീകാരം ലഭിച്ചതോടെ ബൈബിളുകളും ബൈബിൾ സാഹിത്യങ്ങളും മറ്റു രാജ്യങ്ങളിൽനിന്ന്‌ അംഗോളയിലേക്കു കൊണ്ടുവരാമെന്ന സ്ഥിതിയായി. അങ്ങനെ അഞ്ചു മാസത്തിനുള്ളിൽ ആദ്യമായി ചില സഭകൾക്ക്‌ മാസികകൾ ലഭിച്ചു. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും 32 പേജുള്ള ലക്കങ്ങൾ സഹോദരങ്ങൾക്കു ലഭിച്ചത്‌ എത്ര വലിയ ഒരു അനുഗ്രഹമായി! തങ്ങൾക്കു ‘തുറന്നുകിട്ടിയ വലിയതും സഫലവുമായ വാതിലിലൂടെ’ സഹോദരങ്ങൾ അതിവേഗം മുന്നോട്ടു നീങ്ങി. (1 കൊരി. 16:9) എന്നിരുന്നാലും, രാജ്യത്തെ അസ്ഥിരമായ അവസ്ഥകൾ പിന്നെയും ഗുരുതരമായ പ്രശ്‌നങ്ങൾക്കു വഴിതെളിച്ചു.

തീരുമാനിച്ചിരുന്നതുപോലെ അംഗോളയ്‌ക്കു പോർച്ചുഗീസുകാരിൽ നിന്നുള്ള ഔദ്യോഗിക സ്വാതന്ത്ര്യം 1975 നവംബർ 11-നു തന്നെ ലഭിച്ചെങ്കിലും, മുഖ്യ രാഷ്‌ട്രീയ പാർട്ടികൾ തമ്മിലുള്ള പോരാട്ടം ഒരു സമഗ്ര ആഭ്യന്തര യുദ്ധമായി പരിണമിച്ചു. അതേത്തുടർന്ന്‌ പ്രത്യേകം പ്രത്യേകം സ്വതന്ത്ര റിപ്പബ്ലിക്കുകൾ രൂപംകൊണ്ടു. ലുവാണ്ട, മാർക്‌സിസ്റ്റ്‌ ചേരിയായ ജനകീയ പ്രസ്ഥാനത്തിന്റെയും ഹ്വാമ്പോ, സഖ്യകക്ഷികളായ ദേശീയ യൂണിയന്റെയും ദേശീയ മുന്നണിയുടെയും തലസ്ഥാനങ്ങളായിത്തീർന്നു.

ഓരോ രാഷ്‌ട്രീയ പാർട്ടിയും മറ്റു പാർട്ടികൾക്ക്‌ എതിരായി നടത്തിയ കുപ്രചാരണങ്ങൾ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള വർഗീയവും വംശീയവുമായ വിദ്വേഷത്തിനു കാരണമായി. തലസ്ഥാന നഗരിയിൽ അരുംകൊല, ആളുകളെ ചുട്ടെരിക്കുന്നതു പോലും, ഒരു നിത്യസംഭവം ആയിത്തീർന്നു. പലപ്പോഴും ദ്രോഹിക്കപ്പെടുന്നവരുടെ പേരിലുള്ള ഏക തെറ്റ്‌, അവർ ലുവാണ്ടയ്‌ക്കു പുറത്തുള്ള ഏതെങ്കിലും പ്രദേശത്തുനിന്നു വരുന്നതായി തിരിച്ചറിയിക്കുന്ന ഒരു ഭാഷ സംസാരിക്കുന്നു എന്നതായിരുന്നു. പരദേശികളോടുള്ള ഈ പക, രാജ്യത്തിന്റെ വടക്കുനിന്നും തെക്കുനിന്നും ആളുകൾ കൂട്ടത്തോടെ തങ്ങളുടെ സ്വന്ത ദേശങ്ങളിലേക്കു പലായനം ചെയ്യുന്നതിനു കാരണമായി. എന്നിരുന്നാലും, ചിലർ തങ്ങളുടെ ആത്മീയ സഹോദരങ്ങളെ സഹായിക്കുന്നതിനായി ധൈര്യപൂർവം അന്യദേശങ്ങളിൽ തങ്ങി.

“വീവാ യഹോവ!”

യഹോവയുടെ സാക്ഷികൾക്കു വീണ്ടും മൃഗീയ പീഡനം സഹിക്കേണ്ടിവന്നു. ലുവാണ്ടയിലെ സാക്ഷികൾ രാഷ്‌ട്രീയ പാർട്ടിയുടെ പ്രാദേശിക കമ്മിറ്റികളുടെ മുമ്പാകെ വിളിച്ചു വരുത്തപ്പെട്ടു. പാർട്ടിയുടെ കാർഡുകൾ വാങ്ങാൻ ആ കമ്മിറ്റികൾ അവരുടെമേൽ സമ്മർദം ചെലുത്തി. സംഭ്രമജനകമായ ആ അന്തരീക്ഷത്തിൽ ജനകീയ പ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മിറ്റിയുടെ രാഷ്‌ട്രീയ ബ്യൂറോ, രാഷ്‌ട്രത്തെ അനുസരിക്കാതിരിക്കാനും ദേശീയ പതാകയെ അനാദരിക്കാനും സൈനികസേവനം നിഷേധിക്കാനും സാക്ഷികൾ ആളുകളെ പ്രേരിപ്പിക്കുന്നതായി ആരോപിച്ചു. യഹോവയുടെ സാക്ഷികൾ നൽകിയ വിശദീകരണങ്ങൾ ബധിര കർണങ്ങളിലാണു പതിച്ചത്‌.

1976 മാർച്ചിൽ പോർച്ചുഗലിൽനിന്ന്‌ കുറെ സാഹിത്യങ്ങൾ അംഗോളയിലേക്ക്‌ അയച്ചു. 3,000 ബൈബിളുകളും നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്‌തകത്തിന്റെ 17,000 കോപ്പികളും നഷ്ടപ്പെട്ട പറുദീസയിൽനിന്നു തിരിച്ചുകിട്ടിയ പറുദീസയിലേക്ക്‌ എന്ന പുസ്‌തകത്തിന്റെ 3,000 കോപ്പികളും മാസികകളും അതിലുണ്ടായിരുന്നു. എന്നാൽ അധികാരികൾ അവ കണ്ടുകെട്ടി കത്തിച്ചുകളഞ്ഞു.

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെ സുസൂക്ഷ്‌മം നിരീക്ഷിക്കാൻ 1976 മേയ്‌ 27-ന്‌ നടത്തിയ റേഡിയോ പ്രഭാഷണങ്ങളിലൂടെ സർക്കാർ പ്രാദേശിക കമ്മിറ്റികളോടും സംസ്ഥാന സംഘടനകളോടും ആഹ്വാനം ചെയ്‌തു. യഹോവയുടെ സാക്ഷികൾ അട്ടിമറി പ്രവർത്തനം നടത്തുന്നവരാണെന്ന്‌ കത്തോലിക്കാ സഭ അതിന്റെ റേഡിയോ നിലയത്തിൽനിന്നു ദിവസവും അറിയിപ്പുകൾ നടത്തുമായിരുന്നു.

റേഷൻ കടയിലെ ക്യൂവിൽ പോലും സാക്ഷികൾക്കു നിൽക്കാൻ അനുവാദം ഇല്ലായിരുന്നു. സഭായോഗങ്ങൾ നടത്തിയിരുന്ന ഇടങ്ങൾക്കു വെളിയിൽ അവരെ ആക്രമിക്കാൻ ആളുകൾ കൂടിവരുമായിരുന്നു. കുട്ടികൾക്കു സ്‌കൂളിൽ ദ്രോഹവും പരിഹാസവും സഹിക്കേണ്ടിവന്നു. ഷൂസെ ദോസ്‌ സാന്റോസ്‌ കാർദോസൂവിന്റെയും ഭാര്യ ബ്രീഷിദയുടെയും കുട്ടികൾക്കു പാർട്ടിഗീതവും ദേശീയഗാനവും പാടാനും “യഹോവ തുലയട്ടെ” എന്നു പറയാനുമുള്ള കടുത്ത സമ്മർദം മറ്റുള്ളവരിൽ നിന്നുണ്ടായി. അതു നിരസിച്ചതിനാൽ അവർക്കു പീഡനം സഹിക്കേണ്ടിവന്നു. ഷൂസെ ജൂനിയറിന്‌ അന്ന്‌ 9 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ അവൻ പെട്ടെന്നു പറഞ്ഞു, “ശരി, വീവാ [നീണാൾ വാഴട്ടെ] എന്നു പറയാം!” അവൻ അതു പറയുന്നതു കേൾക്കാൻ എല്ലാവരും കാതു കൂർപ്പിച്ചു നിന്നു. ഒടുവിൽ ആ ബാലൻ “വീവാ യഹോവ!” [“യഹോവ നീണാൾ വാഴട്ടെ!”] എന്നു വിളിച്ചുപറഞ്ഞു. അവൻ പറഞ്ഞത്‌ എന്താണെന്നു മനസ്സിലാകുന്നതിനു മുമ്പുതന്നെ അവരെല്ലാം ഏക സ്വരത്തിൽ “വീവാ!” എന്ന്‌ ആർത്തു.

‘ചൂളയിൽ’

യഹോവയുടെ സാക്ഷികളെ എങ്ങനെയും സൈന്യത്തിൽ ചേർക്കാൻ ഭരണപക്ഷം അരയും തലയും മുറുക്കി രംഗത്തിറങ്ങി. തത്‌ഫലമായി സാക്ഷികൾക്കു ക്രൂരമായ പീഡനം സഹിക്കേണ്ടിവന്നു.

ഹ്വിലാ പ്രവിശ്യയിലെ തീക്ഷ്‌ണതയുള്ള ഒരു സഹോദരൻ ആയിരുന്നു അർത്തൂർ വാനക്കാംബി. 1977 ഫെബ്രുവരി 17-ന്‌ അദ്ദേഹം തന്റെ നിഷ്‌പക്ഷ നിലപാടിനെ കുറിച്ച്‌ അധികാരികളോടു വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. അദ്ദേഹത്തെയും മൂന്നു സഹോദരന്മാരെയും തെരുവിലൂടെ നടത്തിയാണ്‌ ജയിലിലേക്കു കൊണ്ടുപോയത്‌. തെരുവുതൂപ്പുകാർ ഉൾപ്പെടെ കാണികൾ എല്ലാവരും അവരെ അടിക്കാൻ ക്ഷണിക്കപ്പെട്ടു. അടുത്ത ദിവസം, അവരിൽ മൂന്നു പേരുടെ ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാരുടെ അവസ്ഥയെ കുറിച്ച്‌ അറിയാൻ ജയിലിലെത്തി. വളരെ നേരം കാത്തിരിക്കേണ്ടിവന്ന അവർക്ക്‌ പോലീസുകാരുടെ നിഷ്‌കരുണമായ ചാട്ടവാറടിയാണു ലഭിച്ചത്‌. അടിയേറ്റ്‌ അവശരായ അവരുടെ ശരീരത്തുനിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നു. അന്ന്‌ ഉച്ചതിരിഞ്ഞ്‌ ആ സഹോദരിമാരെയും ഭർത്താക്കന്മാരുടെ കൂടെ ജയിലിലാക്കി.

തടവിലായ സഹോദരന്മാരുടെ മറ്റൊരു കൂട്ടത്തിന്‌ പത്തു ദിവസത്തിനു ശേഷം എന്തു സംഭവിച്ചുവെന്ന്‌ തെലഷ്‌ സഹോദരൻ പറയുന്നു: “ഞങ്ങളിൽ 35 പേരെ ‘ചൂളയിൽ’ ഇട്ടു. 23 അടി നീളവും 10 അടി വീതിയുമുള്ള ഒരു മുറി ആയിരുന്നു അത്‌. വായു കടക്കുന്നതിന്‌ അതിന്റെ കോൺക്രീറ്റ്‌ മേൽക്കൂരയിൽ ഒരാളുടെ കൈ കടത്താവുന്നതിലും ചെറിയ രണ്ടു ദ്വാരങ്ങൾ ഉണ്ടായിരുന്നു. ഏറ്റവും ചൂടുകൂടിയ സീസൺ ആയിരുന്നതിനാൽ, ആ മുറി ശരിക്കും ഒരു ചൂളപോലെ ആയിത്തീർന്നു. ഞങ്ങളെ കൊല്ലാൻ ദൃഢനിശ്ചയം ചെയ്‌തിരുന്ന അധികാരികൾ ആ ദ്വാരങ്ങൾ പോലും അടച്ചുകളഞ്ഞു.

“നാലു ദിവസം കഴിഞ്ഞപ്പോൾ, ആ കൊടുംചൂടിനെ സഹിച്ചുനിൽക്കാനുള്ള ശക്തി തരേണമേയെന്ന്‌ ഞങ്ങൾ യഹോവയോടു കേണപേക്ഷിച്ചു. ഞങ്ങളുടെ മനസ്സിലേക്കു വന്നത്‌ ദാനീയേലിന്റെ നാളിൽ തീച്ചൂളയിലേക്ക്‌ എറിയപ്പെട്ട വിശ്വസ്‌ത പുരുഷന്മാരാണ്‌. പിറ്റേന്നു രാവിലെ മൂന്നു മണിക്ക്‌ ആരോ വാതിലിൽ ശക്തിയായി തട്ടുന്ന ശബ്ദം കേട്ടു. തുടർന്ന്‌ വാതിൽ മലർക്കെ തുറക്കപ്പെട്ടു. ശുദ്ധ വായു ശ്വസിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക്‌ എത്ര സന്തോഷം തോന്നിയെന്നോ! വാതിൽ തുറന്നത്‌ അവിടത്തെ ജയിലറായിരുന്നു. പാതി ഉറക്കത്തിലായിരുന്ന അയാൾ വാതിൽ തുറന്നയുടൻ കുഴഞ്ഞുവീണു. ഏതാണ്ട്‌ പത്തു മിനിട്ടുകൾക്കു ശേഷം അയാൾ എഴുന്നേറ്റ്‌ യാതൊന്നും പറയാതെ വാതിൽ അടച്ചു. ഏതാനും നിമിഷനേരത്തേക്കു ശുദ്ധവായു ശ്വസിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ യഹോവയോടു നന്ദി പറഞ്ഞു.

“കുറെ ദിവസം കഴിഞ്ഞപ്പോൾ ഏഴു സഹോദരന്മാരെ കൂടി ഞങ്ങൾ കിടന്നിരുന്ന മുറിയിലേക്കു തള്ളി. അതുകൂടി ആയപ്പോൾ ഞങ്ങൾക്ക്‌ ഇരിക്കാൻ പോലും സ്ഥലമില്ലാതായി. ഞങ്ങളെ പലപ്പോഴും പ്രഹരിക്കുമായിരുന്നു. ചൂടു കൂടിയതോടെ, ചൂടുകുരുക്കളും പ്രഹരമേറ്റുണ്ടായ മുറിവുകളും പഴുത്തു വിങ്ങി ദുർഗന്ധം വമിക്കാൻ തുടങ്ങി.

“മാർച്ച്‌ 23-ന്‌ ഞങ്ങൾ സ്‌മാരകം ആഘോഷിച്ചു. ചിഹ്നങ്ങൾ ഇല്ലാതെ വെറുമൊരു പ്രസംഗം മാത്രമായിരുന്നു അത്‌. ഞങ്ങൾ മൊത്തം 45 പേർ ഉണ്ടായിരുന്നു. ഞങ്ങളിൽ ചിലർക്ക്‌ 52 ദിവസം ആ ‘ചൂളയിൽ’ കിടക്കേണ്ടിവന്നു. എങ്കിലും, ആരും മരിച്ചില്ല.”

‘ചൂളയിൽ’നിന്ന്‌ നീക്കിയശേഷം, അവരെ കിഴക്കൻ പ്രവിശ്യയായ മോഷിക്കൂവിൽനിന്ന്‌ 1,300 കിലോമീറ്റർ അകലെയുള്ള സേക്കേസാങ്‌ഗിയിലെ ഒരു ജയിലിലെ തൊഴിൽപ്പാളയത്തിൽ ആക്കി.

പീഡനത്തിനു ‘നിയമാംഗീകാരം’

1978 മാർച്ച്‌ 8-ന്‌ ജനകീയ പ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മിറ്റിയുടെ രാഷ്‌ട്രീയ ബ്യൂറോ “യഹോവയുടെ സാക്ഷികളുടെ സഭ”യെ നിയമവിരുദ്ധമെന്നു പ്രഖ്യാപിച്ചുകൊണ്ട്‌ അതിന്റെമേൽ നിരോധനം ഏർപ്പെടുത്തി. അതിനു വ്യാപകമായ പ്രചാരം ലഭിക്കാൻ ലുവാണ്ട റേഡിയോ സ്റ്റേഷനിൽനിന്ന്‌ ദിവസവും മൂന്നു പ്രാവശ്യം ആ അറിയിപ്പ്‌ നടത്തുമായിരുന്നു. ആദ്യം പോർച്ചുഗീസിലാണ്‌ ആ അറിയിപ്പു നടത്തിയത്‌. എന്നാൽ എല്ലാവരും അതേക്കുറിച്ച്‌ അറിയുന്നുവെന്ന്‌ ഉറപ്പുവരുത്താൻ ഒരാഴ്‌ചത്തേക്ക്‌ ചോക്വി, കികോങ്‌ഗോ, കിംബുണ്ടൂ, അംബുണ്ടൂ എന്നീ ഭാഷകളിലും അറിയിപ്പു നടത്തുകയുണ്ടായി. ഒടുവിൽ, 1978 മാർച്ച്‌ 14-ന്‌ പാർട്ടിപ്പത്രമായ ഷോർണാൽ ദെ ആംഗോളയിലും അതു പ്രസിദ്ധീകരിച്ചു. വാസ്‌തവത്തിൽ, ആ നിരോധനം സാക്ഷികൾ അപ്പോൾത്തന്നെ അനുഭവിച്ചുകൊണ്ടിരുന്ന കൊടുംക്രൂരതയ്‌ക്കു ‘നിയമാംഗീകാരം’ നൽകുക മാത്രമാണു ചെയ്‌തത്‌.

‘ജനസംരക്ഷക സംഘടന’യും സാക്ഷികളെ അപലപിച്ചുകൊണ്ടിരുന്നു. യഹോവയുടെ സാക്ഷികളിൽ പലരെയും വളഞ്ഞു പിടിച്ച്‌ വിചാരണ കൂടാതെ തടവിലാക്കി. ലുവാണ്ടയിലെങ്ങുമുള്ള ഫാക്ടറികളിൽ സാക്ഷികൾക്കായി മിന്നൽ പരിശോധനകൾ നടത്തി. സ്യൂട്ട്‌കെയ്‌സ്‌ നിർമിക്കുന്ന ഒരു കമ്പനിയായ മാലാസ്‌ ഓണിലിൽനിന്ന്‌ 14 സാക്ഷികളെ അറസ്റ്റു ചെയ്‌തു. ലുബാങ്‌ഗൂ എന്ന പട്ടണത്തിൽ വേറെ 13 സാക്ഷികൾ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു ശേഷം അൺഡാലാറ്റാൻഡോയിൽ നിന്ന്‌ 50 സാക്ഷികളെ അറസ്റ്റു ചെയ്‌തതായുള്ള വാർത്ത സ്ഥിരീകരിക്കപ്പെട്ടു. നിരോധനം നടപ്പിൽവന്ന്‌ വെറും ഒരാഴ്‌ചയ്‌ക്കുള്ളിൽ 150 സഹോദരീസഹോദരന്മാരാണ്‌ തടവിലാക്കപ്പെട്ടത്‌.

അതു മാത്രമല്ല, സാക്ഷികളെ ജോലിയിൽനിന്നു നിർബന്ധപൂർവം പിരിച്ചുവിടുകയും ചെയ്‌തു. വർഷങ്ങളായി കഠിനാധ്വാനം ചെയ്യുകയും മാതൃകാപരമായി ജോലി നോക്കുകയും ചെയ്‌തതിനൊന്നും യാതൊരു വിലയും കൽപ്പിക്കപ്പെട്ടില്ല. യഥാർഥത്തിൽ, ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടവരിൽ ചിലർ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കു വഹിച്ചിരുന്നവരാണ്‌.

അധികാരികൾ സ്‌ത്രീകളെ പോലും ഒഴിവാക്കിയില്ല. എമിലിയാ പരേര തന്റെ വീട്ടുമുറ്റത്തു നിൽക്കുമ്പോഴാണ്‌ ഒരു സൈനിക ഉദ്യോഗസ്ഥൻ അവളെ കണ്ടത്‌. സൈന്യത്തിൽ ചേരാത്തത്‌ എന്തുകൊണ്ടെന്ന്‌ അയാൾ അവളോടു ചോദിച്ചു. കൊലയും രക്തച്ചൊരിച്ചിലും ഉൾപ്പെടുന്ന യാതൊന്നും തനിക്ക്‌ ഇഷ്ടമില്ലെന്നു പറഞ്ഞപ്പോൾ അവൾ യഹോവയുടെ ഒരു സാക്ഷിയാണെന്ന്‌ അയാൾക്കു മനസ്സിലായി. താനൊരു സാക്ഷിയാണെന്ന്‌ പറഞ്ഞപ്പോൾ, അവിടെ കിടന്നിരുന്ന ഒരു ലോറിയിൽ കയറാൻ അയാൾ അവളോട്‌ ആവശ്യപ്പെട്ടു. കാര്യം എന്തെന്ന്‌ അറിയാനെത്തിയ അവളുടെ രണ്ടു സഹോദരിമാരെയും സൈനികർ ലോറിയിലേക്കു തള്ളിക്കയറ്റി. അപ്പോഴേക്കും വീട്ടിലെത്തിയ അവരുടെ പിതാവിനോടും ആ ഉദ്യോഗസ്ഥൻ വണ്ടിയിൽ കയറാൻ ആജ്ഞാപിച്ചു. അവർ പോകാറായപ്പോൾ, കാര്യം എന്താണെന്ന്‌ അടുത്തു താമസിച്ചിരുന്ന ഒരു സഹോദരൻ ചോദിച്ചു. സൈനികർ അദ്ദേഹത്തെയും ബലമായി വണ്ടിയിലേക്കു തള്ളിക്കയറ്റി.

അവരെ ഒരു ജയിലിലേക്കാണു കൊണ്ടുപോയത്‌, സഹോദരിമാരെ സ്‌ത്രീകളുടെ സെല്ലിലിട്ടു. ദിവസവും രാത്രിയിൽ സൈനിക ഉദ്യോഗസ്ഥർ ആ യുവ സഹോദരിമാരെ ലൈംഗികമായി ദ്രോഹിക്കാൻ ശ്രമിക്കുമായിരുന്നു. എന്നാൽ സഹോദരിമാർ എല്ലാവരും കെട്ടിപ്പിടിച്ചു നിന്ന്‌ ഉച്ചത്തിൽ നിലവിളിക്കുകയും ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യുമായിരുന്നു. തന്മൂലം അവരുടെ ദുരുദ്ദേശ്യം നടന്നില്ല.

മാലാൻഷി പ്രവിശ്യയിലുള്ള സഹോദരങ്ങൾക്കും കടുത്ത പരിശോധനകൾ നേരിട്ടു. ആന്റോണിയൂ ഷൂസെ ബാർത്തോലോമേയൂ എന്ന 74 വയസ്സുള്ള സഹോദരനു നേരിട്ട ദേഹോപദ്രവത്തിന്റെ ഫലമായി അദ്ദേഹം മരിച്ചുപോയി. അറസ്റ്റ്‌ ചെയ്യപ്പെട്ടശേഷം പോലീസിന്റെ ആവർത്തിച്ചുള്ള പീഡനമേറ്റ ഡൂമിങ്‌ഗാഷ്‌ ആന്റോണിയൂ എന്ന സഹോദരി തീർത്തും പരിക്ഷീണയായി. ഒടുവിൽ മലമ്പനി പിടിപെട്ട്‌ അവർ മരിച്ചു. ജയിലിൽനിന്ന്‌ തന്റെ കുടുംബത്തിന്‌ ഒരു കത്തെഴുതി എന്നതിന്റെ പേരിൽ മാന്വെൽ റിബേരൂവിനെ അധികാരികൾ വിഷം കൊടുത്തു കൊന്നു.

നിരോധനം പ്രാബല്യത്തിൽ വന്ന്‌ ഒരാഴ്‌ചയ്‌ക്കു ശേഷം ലുവാണ്ടയിലുള്ള സഭകളിലെ മൂപ്പന്മാരുടെ ഒരു യോഗം നടത്തി. അവർക്ക്‌ അതിൽനിന്നു തിരുവെഴുത്തുപരമായ പ്രോത്സാഹനവും ഭാവി പ്രവർത്തനം സംബന്ധിച്ച മാർഗനിർദേശവും ലഭിച്ചു, അവർ അതു തങ്ങളുടെ സഭകളിലെ സഹോദരങ്ങൾക്കു കൈമാറുകയും ചെയ്‌തു. 1978-ലേക്കുള്ള പിൻവരുന്ന വാർഷികവാക്യം അവരുടെ ദൃഢതീരുമാനത്തെ ഒന്നുകൂടി ബലപ്പെടുത്തുന്നതായിരുന്നു: ‘അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ [യഹോവ] നിന്നോടുകൂടെ ഉണ്ട്‌.’​—⁠യിരെ. 1:⁠19.

ഗവൺമെന്റ്‌ അധികാരികൾക്ക്‌ അപ്പീൽ കൊടുക്കുന്നു

1978 മാർച്ച്‌ 21-ന്‌, അംഗോളയിലെ യഹോവയുടെ സാക്ഷികളുടെ സംഘടന ജനകീയ പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ ബ്യൂറോയ്‌ക്ക്‌ ഒരു അപ്പീൽ നൽകി. നിയമലംഘനങ്ങൾ കോടതി തീരുമാനിക്കണമെന്നും സാക്ഷികളെ നിയമവിരുദ്ധമായി തടവിലാക്കുന്നത്‌ അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്യുന്നതായിരുന്നു അത്‌. ആ കത്തിന്റെ പകർപ്പുകൾ രാജ്യത്തെ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും രാജ്യരക്ഷ, നീതികാര്യം, വിദ്യാഭ്യാസം, സംസ്‌കാരം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർക്കും അയച്ചുകൊടുത്തു. എങ്കിലും, അതിനു യാതൊരു മറുപടിയും ലഭിച്ചില്ല.

പൗലൊസ്‌ അപ്പൊസ്‌തലന്റെ മാതൃക പിൻപറ്റിക്കൊണ്ട്‌ പോർച്ചുഗൽ ബ്രാഞ്ച്‌ അംഗോളയിലെ പരമോന്നത അധികാരിക്ക്‌ ഒരു അപ്പീൽ സമർപ്പിച്ചു. (പ്രവൃ. 25:​11, 12) പ്രസ്‌തുത അപ്പീൽ, യഹോവയുടെ സാക്ഷികളുടെ ചരിത്രം പരിശോധിക്കാനും അവർക്കു പറയാനുള്ളതു കേൾക്കാനും അംഗോളാ ജനായത്ത റിപ്പബ്ലിക്കിന്റെ പ്രസിഡന്റിനോട്‌ സാദരം ആവശ്യപ്പെടുന്നതായിരുന്നു. തടവിൽ കഴിയുന്ന ഓരോ സാക്ഷിയെയും സംബന്ധിച്ചുള്ള വസ്‌തുതകൾ കോടതികൾ പരിശോധിക്കാനും ആ കത്തിൽ അപേക്ഷിച്ചിരുന്നു. ഇത്തവണ, പ്രസ്‌തുത കാര്യത്തെ കുറിച്ച്‌ അന്വേഷണം നടത്തുമെന്നു പറഞ്ഞുകൊണ്ടുള്ള ഒരു മറുപടി പോർച്ചുഗൽ ബ്രാഞ്ചിനു ലഭിച്ചു.

ദൃഢനിശ്ചയം പ്രോത്സാഹനമേകുന്നു

ആഭ്യന്തര യുദ്ധം അംഗോളയിൽ നാശം വിതച്ചുകൊണ്ടിരുന്നതിനാൽ, അവിടെ വിദേശീയരായ സന്ദർശകരുടെ എണ്ണം വളരെ കുറവായിരുന്നു. അങ്ങനെയിരിക്കെയാണ്‌ നൈജീരിയാ ബ്രാഞ്ചിലെ ഒരു മേൽവിചാരകനായ ആൽബർട്ട്‌ ഓലീ 1979 ആഗസ്റ്റിൽ അംഗോള സന്ദർശിക്കുമെന്ന്‌ അവിടത്തെ കൺട്രി കമ്മിറ്റിക്ക്‌ വിവരം ലഭിച്ചത്‌. ആ വാർത്ത സഹോദരങ്ങളെ എന്തുമാത്രം സന്തോഷിപ്പിച്ചെന്നോ!

ഓലീ സഹോദരൻ ഇപ്രകാരം പറഞ്ഞു: “ഒരാഴ്‌ച മുഴുവൻ സൈനികത്താവളത്തിൽ ആയിരുന്ന പ്രതീതിയായിരുന്നു എനിക്ക്‌. എവിടെ നോക്കിയാലും സായുധരായ സൈനികർ മാത്രം.” തെരുവിലെ വെടിവയ്‌പ്പ്‌ രാത്രിയിൽ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി.

മുൻ വർഷങ്ങളിൽ അംഗോളയിലെ സഹോദരങ്ങളുടെ സാഹചര്യങ്ങൾക്കു ത്വരിതഗതിയിലുള്ള മാറ്റം ഭവിച്ചിരുന്നു. 1973 മുതൽ 1976 വരെയുള്ള വർഷങ്ങളിൽ പ്രസാധകരുടെ എണ്ണത്തിൽ 266 ശതമാനം വർധനവുണ്ടായി. അംഗോള അപ്പോഴും കോളനി വാഴ്‌ചയുടെ കീഴിലായിരുന്നു. തുടർന്ന്‌ 1977-ൽ പീഡനം ശക്തിപ്പെടുകയും 1978-ൽ അധികാരികൾ സാക്ഷികളുടെ പ്രവർത്തനം നിരോധിക്കുകയും ചെയ്‌തപ്പോൾ ആ വളർച്ച ഏതാണ്ടൊന്ന്‌ നിലച്ച മട്ടായി. അവിടത്തെ സാക്ഷികളിൽ പലരും സ്‌നാപനമേറ്റിട്ട്‌ അധികനാൾ ആയിരുന്നില്ല. 1975-ൽ മാത്രം സ്‌നാപനമേറ്റവർ 1,000 പേരാണ്‌. അവിടെ 31 സഭകൾ ഉണ്ടായിരുന്നെങ്കിലും, പലതിലും മൂപ്പന്മാർ ഇല്ലായിരുന്നു. ആത്മീയ ഇടയന്മാരുടെ സ്‌നേഹാർദ്രമായ പരിപാലനത്തിന്റെ അഭാവത്തിൽ ഗുരുതരമായ ചില പ്രശ്‌നങ്ങളും ധാർമിക അശുദ്ധിയും സഭകളിൽ ഉണ്ടായിരുന്നു. മാലാൻഷി, വാക്കൂ കൂങ്‌ഗൂ, അൺഡാലാറ്റാൻഡോ എന്നീ പ്രദേശങ്ങളിലെ എല്ലാ സഹോദരങ്ങളെയും പോലീസ്‌ തടവിലാക്കിയിരുന്നു.

അംഗോളയിൽ എത്തിയപ്പോൾ, ചർച്ച ചെയ്‌തു പരിഹരിക്കേണ്ട കാര്യങ്ങളുടെ ഒരു നീണ്ട പട്ടികതന്നെ ഓലീ സഹോദരനു ലഭിച്ചു. നിലവിലുള്ള സാഹചര്യങ്ങളിൽ, പ്രാദേശിക സാക്ഷികൾക്കു തങ്ങളുടെ ദൈവദത്ത ശുശ്രൂഷ തുടരാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യപ്പെട്ടു. അച്ചടിക്കടലാസിന്‌ ക്ഷാമമുണ്ടായിരുന്നെങ്കിലും, എങ്ങനെ സാഹിത്യങ്ങൾ ലഭ്യമാക്കാം എന്നതു സംബന്ധിച്ചു മാർഗനിർദേശം നൽകപ്പെട്ടു. പ്രാദേശിക ഭാഷകളിൽ കൂടുതൽ സാഹിത്യങ്ങൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യവും ചർച്ചയിൽ ഉയർന്നുവന്നു. എന്നാൽ, യോഗ്യതയുള്ള പരിഭാഷകരെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനു കുറെ സമയം വേണ്ടിവരുമായിരുന്നു.

സഭകളിലെ പ്രശ്‌നങ്ങൾക്കും ശ്രദ്ധ നൽകപ്പെട്ടു. മൂപ്പന്മാർ ഉൾപ്പെടെ സകലരും ബൈബിൾ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കണമെന്ന്‌ ഓലീ സഹോദരൻ ഊന്നിപ്പറഞ്ഞു. തങ്ങൾ ബുദ്ധിയുപദേശത്തിന്‌ അതീതരാണെന്ന്‌ ആരും വിചാരിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌നാപനത്തിനുള്ള യോഗ്യതകൾ, വിവാഹ രജിസ്‌ട്രേഷൻ, സർക്കിട്ട്‌ മേൽവിചാരകന്മാരുടെ സഭാസന്ദർശനം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക്‌ ഓലീ സഹോദരൻ മറുപടി നൽകി. അനുഭവജ്ഞാനമുള്ള ആ സഹോദരനെ അയച്ച്‌ തങ്ങൾക്കു തിരുവെഴുത്തു മാർഗനിർദേശം നൽകിയതിൽ അംഗോളയിലെ സഹോദരങ്ങൾ വിലമതിപ്പുള്ളവർ ആയിരുന്നു.

ഓലീ സഹോദരന്റെ സന്ദർശനസമയത്ത്‌ ലുവാണ്ടയിലെയും അവിടെ വന്നുചേരാൻ കഴിഞ്ഞ മറ്റു പ്രദേശങ്ങളിലെയും മൂപ്പന്മാരുമൊത്ത്‌ ഒരു യോഗം നടത്തി. യോഗസ്ഥലം മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ രാവിലെ 10 മണി മുതൽ ഓരോരുത്തരായി അവിടെ എത്തിത്തുടങ്ങി. എന്നിരുന്നാലും, മറ്റുള്ളവർ നിരീക്ഷിക്കുന്നുണ്ട്‌ എന്നു തോന്നിയതിനാൽ യോഗസ്ഥലം രണ്ടു തവണ മാറ്റേണ്ടിവന്നു. ഒടുവിൽ യോഗം ആരംഭിച്ചത്‌ രാത്രി 7 മണിക്കാണ്‌. മൂന്നാമത്തെ സ്ഥലത്ത്‌ ഓലീ സഹോദരൻ എത്തിയപ്പോൾ അവിടെ വീട്ടുമുറ്റത്ത്‌ തന്നെയും കാത്ത്‌ 47 മൂപ്പന്മാർ ഇരിപ്പുണ്ടായിരുന്നു. നൈജീരിയൻ ബെഥേൽ കുടുംബത്തിന്റെ സ്‌നേഹാന്വേഷണങ്ങൾ അറിയിച്ചപ്പോൾ കൈയടിക്കുന്നതിനു പകരം, കൈകൾ വായുവിൽ വീശിയാണ്‌ സഹോദരന്മാർ വിലമതിപ്പു പ്രകടമാക്കിയത്‌. സഭയിൽ മൂപ്പന്മാരുടെ ക്രമീകരണത്തെ കുറിച്ച്‌ അദ്ദേഹം ഒരു മണിക്കൂർ നേരം ഒരു ബൈബിളധിഷ്‌ഠിത പ്രസംഗം നടത്തി. ക്രിസ്‌തീയ സഭയിൽ കൂടുതൽ മൂപ്പന്മാർ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തിനും അവരുടെ ചുമതലകൾക്കും ആ പ്രസംഗത്തിൽ ഓലീ സഹോദരൻ ഊന്നൽ നൽകി. പ്രസംഗശേഷം, രണ്ടു മണിക്കൂറോളം സഹോദരന്മാർ തങ്ങളുടെ സംശയങ്ങൾ ചോദിച്ചു. തുടർന്ന്‌ കർഫ്യൂ തുടങ്ങുന്നതിനു മുമ്പ്‌ സുരക്ഷിതമായി വീടുകളിൽ എത്തിച്ചേരാൻ കഴിയുമാറ്‌ അവർ അവിടെനിന്നു പിരിഞ്ഞുപോയി.

അംഗോളയിലെ സഹോദരന്മാരുമൊത്ത്‌ താൻ ചെലവഴിച്ച ആ ഒരാഴ്‌ചയെ കുറിച്ച്‌ ഓലീ സഹോദരന്റെ അഭിപ്രായം എന്താണ്‌? “അത്‌ എനിക്ക്‌ യഥാർഥത്തിൽ വളരെ പ്രയോജനം ചെയ്‌തുവെന്നു പറഞ്ഞുകൊള്ളട്ടെ. കഷ്ടപ്പാടുകൾക്കു മധ്യേയും യഹോവയെ സേവിക്കാനുള്ള സഹോദരങ്ങളുടെ ദൃഢനിശ്ചയം എനിക്ക്‌ വലിയ പ്രോത്സാഹനമായി. അംഗോളയിൽനിന്നു തിരികെ പോരുമ്പോൾ, യാതന അനുഭവിക്കുന്നെങ്കിലും തങ്ങളുടെ മഹത്തായ പ്രത്യാശ നിമിത്തം മന്ദസ്‌മിതം തൂകുന്ന ആ സഹോദരങ്ങളെ പ്രതി എന്റെ ഹൃദയം നിറയെ പ്രാർഥനകളും കണ്ണുകൾ നിറയെ നീർക്കണങ്ങളും ആയിരുന്നു.”

രണ്ടാം സന്ദർശനം

ഓലീ സഹോദരൻ സന്ദർശനം നടത്തി ഒരു വർഷം കഴിഞ്ഞപ്പോൾ, അംഗോളയിലെ സഹോദരങ്ങളെ സേവിക്കാൻ നൈജീരിയ ബ്രാഞ്ചിൽനിന്നു തന്നെയുള്ള ആൽബർട്ട്‌ ഓലൂബേബിയെ ഭരണസംഘം അയച്ചു. ആ രാജ്യത്തെ 50 സാധാരണ പയനിയർമാർക്കായി പയനിയർ സേവനസ്‌കൂൾ നടത്താൻ അദ്ദേഹം ശുപാർശ ചെയ്‌തു. ചുരുങ്ങിയ ഹാജരോടെ ആറു മാസത്തിലൊരിക്കൽ സർക്കിട്ട്‌ സമ്മേളനങ്ങൾ നടത്തുന്നതിനു ശ്രമിക്കാനും അദ്ദേഹം ശുപാർശ ചെയ്‌തു.

ഓലൂബേബി സഹോദരന്റെ സന്ദർശനസമയത്ത്‌ മൂപ്പന്മാരുമായും മൂപ്പന്മാരില്ലാത്ത സഭകളിൽ ചുമതല വഹിക്കുന്ന സഹോദരന്മാരുമായും മൂന്നു യോഗങ്ങൾ നടത്തപ്പെട്ടു. 102 പേരാണ്‌ അതിൽ പങ്കെടുത്തത്‌. മൂപ്പന്മാർ ബൈബിൾ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ആട്ടിൻകൂട്ടത്തിന്മേൽ കർത്തൃത്വം നടത്താതെ അതിനു മാതൃകകൾ ആയിത്തീരുകയും ചെയ്യേണ്ടതു സംബന്ധിച്ച്‌ തിരുവെഴുത്തു ബുദ്ധിയുപദേശം നൽകപ്പെട്ടു. (1 പത്രൊ. 5:3) മൂപ്പന്മാരില്ലാത്ത സഭകളിൽ പക്വതയുള്ള സഹോദരന്മാരെ മൂപ്പന്മാരായി ശുപാർശ ചെയ്യുന്നതു സംബന്ധിച്ച നടപടിക്രമത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കപ്പെട്ടു.

ഈ യോഗത്തിൽ സംബന്ധിച്ച ഒരു സഹോദരനാണ്‌ സിൽവെഷ്‌ട്രെ സിമാവുൻ. നാലു വർഷത്തോളം ജയിലുകളിലും തൊഴിൽപ്പാളയങ്ങളിലും കഴിയേണ്ടിവന്ന അദ്ദേഹത്തിന്‌ വിശ്വാസത്തിന്റെ പല പരിശോധനകളും നേരിടേണ്ടിവന്നിരുന്നു. വർഷങ്ങളോളം ഒരു മൂപ്പനായി സേവിച്ച അദ്ദേഹത്തിന്‌ ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിക്കുകയെന്ന കൂടുതലായ ചുമതല ലഭിച്ചിരുന്നു. 1970-കളുടെ മധ്യത്തിൽ യൂറോപ്യൻ സഹോദരങ്ങൾ അംഗോള വിട്ടുപോകാൻ നിർബന്ധിതരായ അവസരത്തിലായിരുന്നു അത്‌. ഇനിയിപ്പോൾ ആറു മാസത്തിലൊരിക്കൽ സർക്കിട്ട്‌ സമ്മേളനങ്ങൾ നടക്കുമെന്നതിനാൽ ഒരു ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്റെ ആവശ്യമുണ്ടായിരുന്നു. സിമാവുൻ സഹോദരന്‌ ആറു കുട്ടികൾ ഉണ്ടായിരുന്നു, ഒരു ലൗകിക ജോലിയും. എങ്കിലും, അദ്ദേഹം ആ പുതിയ നിയമനം സ്വീകരിച്ചു. കഴിഞ്ഞ 20 വർഷമായി മാതൃകായോഗ്യമായ രീതിയിൽ അദ്ദേഹം ആ നിയമനം നിർവഹിച്ചിരിക്കുന്നു. അദ്ദേഹം ഇപ്പോൾ അംഗോളയിൽ ഒരു ബ്രാഞ്ച്‌ കമ്മിറ്റിയംഗമായും സേവിക്കുന്നു.

തന്റെ സന്ദർശനത്തിന്റെ ഒടുവിൽ ഓലൂബേബി സഹോദരൻ അനുകൂലമായ ഒരു സംഭവവികാസത്തെ കുറിച്ചു റിപ്പോർട്ടു ചെയ്‌തു: യോഗങ്ങൾക്കു കൂടിവരുകയും പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുന്ന കാര്യത്തിൽ സാക്ഷികൾ ജാഗ്രത പുലർത്തേണ്ടിയിരുന്നു. അതേസമയം, സൈനികസേവനത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നവർക്കെതിരെയുള്ള കടുത്ത പീഡനം കുറഞ്ഞുവരുന്നതായി തോന്നി. വാസ്‌തവത്തിൽ, 150-നും 200-നും ഇടയ്‌ക്കു സഹോദരന്മാർ അപ്പോഴും ജയിലുകളിലോ തൊഴിൽപ്പാളയങ്ങളിലോ ആയിരുന്നെങ്കിലും, 1982 മാർച്ച്‌ ആയപ്പോഴേക്കും അവരുടെ എണ്ണം 30 ആയി കുറഞ്ഞു.

ആത്മീയ ഭക്ഷണം എത്തിക്കൽ​—⁠ഒരു വെല്ലുവിളി

നിരോധന കാലത്തുടനീളം സഹോദരന്മാർ ഏറ്റവും പ്രാധാന്യം കൽപ്പിച്ചത്‌ മുടക്കം കൂടാതെ ആത്മീയ ഭക്ഷണം എത്തിക്കുന്നതിനായിരുന്നു. വളരെ അപകടം പിടിച്ച ഒന്നായിരുന്നു അത്‌.

ഒരു സംഗതി, വീക്ഷാഗോപുരത്തിന്റെ കല്ലച്ചിലുള്ള കോപ്പികൾ ഉണ്ടാക്കാനുള്ള കടലാസ്‌ ലഭിക്കുക വളരെ ദുഷ്‌കരമായിരുന്നു. ഈ അച്ചടിക്കടലാസ്‌ വാങ്ങുന്നതിനു സർക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. രാജ്യത്ത്‌ 3,000 പ്രസാധകർ ഉണ്ടായിരുന്നെങ്കിലും, അച്ചടിക്കടലാസിന്റെ ലഭ്യത കുറവായിരുന്നതിനാൽ ഒരു സമയത്ത്‌ അധ്യയന ലേഖനങ്ങളുടെ 800-നും 1,000-ത്തിനും ഇടയ്‌ക്ക്‌ കോപ്പികൾ മാത്രമേ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നിട്ടും, ചെറു അച്ചടിയന്ത്രങ്ങൾ ഉപയോഗിച്ച്‌ നിത്യജീവനിലേക്കു നയിക്കുന്ന സത്യം പോലുള്ള ചെറിയ പുസ്‌തകങ്ങളുടെ കോപ്പികൾ അച്ചടിക്കാനും സഹോദരങ്ങൾക്കു കഴിഞ്ഞു. കട്ടി കുറഞ്ഞ പുറംചട്ടയായിരുന്നു അവയുടേത്‌.

വലിയ അപകടം പിടിച്ച ഈ സാഹചര്യത്തിൽ, ഫെർണാൻഡൂ ഫിഗെയ്‌രേദൂവും ഫ്രാൻസിസ്‌കൂ ഷ്വാവുൻ മാന്വെലും സാഹിത്യങ്ങൾ പുനരുത്‌പാദിപ്പിക്കാനുള്ള നിയമനം ഏറ്റെടുത്തു. സാഹിത്യങ്ങളുടെ പകർപ്പുകൾ കൂടുതലായി ഉണ്ടാക്കാൻ കഴിയുന്ന പുതിയ സ്ഥലങ്ങൾ ആ സഹോദരന്മാർ കണ്ടെത്തി. ചിലപ്പോഴൊക്കെ സുരക്ഷയെ പ്രതി സ്ഥലം മാറ്റേണ്ടതായി വന്നിരുന്നു. ചില സ്ഥലങ്ങളിൽ സാഹിത്യങ്ങളുടെ കോപ്പികൾ ഉണ്ടാക്കാനുള്ള മിമിയോഗ്രാഫ്‌ യന്ത്രം ശബ്ദം പുറത്തു പോകാത്ത മുറിയിൽ സ്ഥാപിക്കണമായിരുന്നു. ജനാലകളോ വായുപ്രവാഹമോ ഇല്ലാത്ത അത്തരം മുറികളിൽ പണിയെടുക്കുക അങ്ങേയറ്റം ദുഷ്‌കരമായിരുന്നു. അതിനടുത്ത ഒരു മുറിയിൽ സ്വമേധയാ സേവകരായ മറ്റുള്ളവർ പ്രസിദ്ധീകരണങ്ങളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത്‌ പിൻ ചെയ്യുന്ന വേലയിൽ ഏർപ്പെട്ടിരുന്നു. അച്ചടിച്ച ഭാഗങ്ങൾ ചേർത്തുവെച്ച്‌ പിൻ ചെയ്യുന്നതും സാഹിത്യങ്ങൾ പായ്‌ക്കു ചെയ്യുന്നതും പോലുള്ള ജോലികൾ രാത്രിയിൽത്തന്നെ ചെയ്‌തുതീർക്കണമായിരുന്നു. തുടർന്ന്‌, അവിടെ അത്തരം ജോലി ചെയ്‌തതിന്റെ സകല തെളിവുകളും അവർ നീക്കം ചെയ്യണമായിരുന്നു. മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനായിരുന്നു ഇത്‌. നിർമാണം വർധിച്ചതോടെ, ഒരേസമയം രണ്ടു മിമിയോഗ്രാഫ്‌ യന്ത്രങ്ങൾ “അടുക്കള”യിൽ പ്രവർത്തിപ്പിക്കുമായിരുന്നു, ആത്മീയ ആഹാരം പാകം ചെയ്‌തിരുന്ന സ്ഥലത്തെ അവർ അങ്ങനെയാണു വിളിച്ചിരുന്നത്‌. ഇവിടെ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടം സഹോദരന്മാരുടെ അനുദിന ജോലികളിൽ സ്റ്റെൻസിലുകൾ ടൈപ്പ്‌ ചെയ്യുക, പ്രൂഫ്‌വായന നടത്തുക, ഭാഗങ്ങൾ ചേർത്തുവെച്ച്‌ പിൻ ചെയ്യുക, മാസികകൾ സഭകളിൽ എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെട്ടിരുന്നു.

ലുവാണ്ടയ്‌ക്കു പുറത്ത്‌ അങ്ങിങ്ങായി കിടക്കുന്ന സഭകളിൽ സാഹിത്യങ്ങൾ എത്തിച്ചിരുന്നത്‌ പ്രത്യേക സന്ദേശവാഹകർ ആയിരുന്നു. അതു വളരെ അപകടകരമായ ഒരു ദൗത്യമായിരുന്നു. അത്തരമൊരു സന്ദേശവാഹകനായി പ്രവർത്തിച്ച ഒരു സഹോദരൻ ഇങ്ങനെ പറയുന്നു: “നിരോധനം ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഏതാനും മാസങ്ങൾക്കു ശേഷം, ലൗകിക ജോലിയോടു ബന്ധപ്പെട്ട്‌ എനിക്ക്‌ ബെൻഗ്വെല പ്രവിശ്യയിലേക്ക്‌ പോകേണ്ടിവന്നു. ലോബിറ്റോയിലും ബെൻഗ്വെലയിലുമുള്ള സഭകൾക്കു കൊടുക്കാൻ സൊസൈറ്റി ചില സാധനങ്ങൾ എന്നെ ഏൽപ്പിച്ചിരുന്നു. ആ നഗരങ്ങളിലെ സഹോദരങ്ങളിൽ ആരെയും എനിക്ക്‌ പരിചയമില്ലായിരുന്നു. അവരുമായി ബന്ധപ്പെടാനുള്ള ഏക മാർഗം ബെൻഗ്വെലയിലെ മൂപ്പന്മാരിൽ ഒരാളുടെ ടെലഫോൺ നമ്പരായിരുന്നു. സുരക്ഷയെ പ്രതി എന്നെ തിരിച്ചറിയിക്കാനുള്ള കോഡ്‌ ‘യെശയ്യാവിന്റെ കുടുംബം’ എന്നതു മാത്രമായിരുന്നു.

“ബെൻഗ്വെലയിൽ എത്തിയപ്പോൾ, എല്ലാം ഭംഗിയായി നടക്കുന്നതുപോലെ തോന്നി. വിമാനത്താവളത്തിൽ അധികാരികൾ എന്നെ പരിശോധിച്ചില്ല. കാരണം എന്റെ ജോലിയുടെ വീക്ഷണത്തിൽ എന്നെ പരിശോധിക്കുന്ന പതിവ്‌ ഉണ്ടായിരുന്നില്ല. അതിനാൽ കൈവശമുണ്ടായിരുന്ന പായ്‌ക്കറ്റിന്‌ ഒന്നും സംഭവിച്ചില്ല. നഗരത്തിൽ എത്തിയ ഉടനെ, പായ്‌ക്കറ്റ്‌ കൊണ്ടുപൊയ്‌ക്കൊള്ളാൻ പറഞ്ഞുകൊണ്ട്‌ ഞാൻ സഹോദരനു ഫോൺ ചെയ്‌തു. ഫോൺ എടുത്ത സഹോദരൻ, തനിക്കു സുഖമില്ലെന്നും പായ്‌ക്കറ്റ്‌ വാങ്ങാൻ ഹോട്ടലിലേക്ക്‌ മറ്റൊരാളെ അയയ്‌ക്കാമെന്നും പറഞ്ഞു. ഞാൻ നാലു ദിവസം ആ ഹോട്ടലിൽ തങ്ങി, ദിവസവും ആ സഹോദരനെ ഫോണിൽ വിളിക്കുകയും ചെയ്യുമായിരുന്നു. എങ്കിലും, ആ പായ്‌ക്കറ്റ്‌ വാങ്ങാൻ ആരും എത്തിയില്ല.

“ഒടുവിൽ എനിക്കു തിരികെ പോകാനുള്ള ദിവസമായി. പായ്‌ക്കറ്റ്‌ ലുവാണ്ടയിലേക്കു കൊണ്ടുപോകുകയല്ലാതെ നിർവാഹമൊന്നും ഇല്ലായിരുന്നു. വിമാനത്താവളത്തിൽ എത്തിയപ്പോൾ ഞങ്ങളുടെ മേലധികാരി, ഞങ്ങൾ ലഗേജുകളെല്ലാം പരിശോധിക്കാൻ അനുവദിച്ചുകൊണ്ട്‌ മറ്റു യാത്രക്കാർക്കു മാതൃക വെക്കണമെന്നു നിർബന്ധം പിടിച്ചു. ഒന്നുകിൽ പായ്‌ക്കറ്റ്‌ ചവറ്റുകൂനയിൽ തള്ളുക; അല്ലെങ്കിൽ കൈവശം വെച്ചുകൊണ്ട്‌ അറസ്റ്റ്‌ വരിക്കുക. എന്റെ മുന്നിൽ മറ്റു മാർഗമൊന്നും ഇല്ലായിരുന്നു.

“യഹോവയോടു പ്രാർഥിച്ചപ്പോൾ സദൃശവാക്യങ്ങൾ 29:25 എന്റെ മനസ്സിലേക്കു വന്നു. ‘മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും’ എന്നാണ്‌ ആ വാക്യം. അത്രയും ആത്മീയ ആഹാരം പാഴാക്കുന്നത്‌ ഉചിതമല്ലാത്തതിനാൽ വരുന്നത്‌ വരട്ടെയെന്നു വിചാരിച്ചുകൊണ്ട്‌ ആ സാഹചര്യത്തെ നേരിടാൻ ഞാൻ തീരുമാനിച്ചു.

“സാഹിത്യവും മാസികകളും പോലീസ്‌ കണ്ടെടുക്കുമ്പോൾ, ആളുകളുടെ ഇടയിൽ കോലാഹലം ഉണ്ടാകാതിരിക്കാൻ ഞാൻ നിരയുടെ ഏറ്റവും ഒടുവിൽ ചെന്നുനിന്നു. പരിശോധനയ്‌ക്കു രണ്ടു പേർ മാത്രം ശേഷിച്ചിരിക്കെ, ‘ഒരു പാക്കേജ്‌ സംബന്ധിച്ച്‌ ലുവാണ്ടയിൽ നിന്നുള്ള പ്രതിനിധികളിൽ ഒരാളെ കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ഇവിടെ വന്നിരിക്കുന്നു’ എന്ന്‌ ആരോ വിളിച്ചു പറഞ്ഞു. അതു കേട്ടപ്പോൾ ‘യഹോവ എന്റെ പ്രാർഥന കേട്ടിരിക്കുന്നു’ എന്നു ഞാൻ എന്നോടുതന്നെ പറഞ്ഞു. “രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല” എന്നു പറയുന്ന യെശയ്യാവു 59:​1-ന്റെ നിവൃത്തി കാണുകയാണെന്നും ഞാൻ ഓർത്തു. അപ്പോൾ ഞാൻ തിടുക്കത്തിൽ പുറത്തു കടന്നു. പായ്‌ക്കറ്റ്‌ വാങ്ങാൻ വന്ന സഹോദരന്റെ അടുത്തെത്തിയപ്പോൾ ‘യെശയ്യാവിന്റെ കുടുംബം’ എന്നു മാത്രം പറയാനേ എനിക്കു സമയം കിട്ടിയുള്ളൂ. അങ്ങനെതന്നെ പ്രതിവചിച്ചുകൊണ്ട്‌ അദ്ദേഹം എന്റെ കൈയിൽനിന്നും പാക്കേജ്‌ വാങ്ങി. വിമാനം പുറപ്പെടാനുള്ള സമയം ആയതിനാൽ ആ സഹോദരനോടു സംസാരിക്കുന്നതിനുള്ള സമയം പോലും എനിക്കു കിട്ടിയില്ല. യഹോവ ‘കഷ്ടകാലത്തു നമ്മുടെ രക്ഷ ആകുന്നു’ എന്ന്‌ ആ അനുഭവം എന്നെ പഠിപ്പിച്ചു.​—⁠യെശ. 33:⁠2.

അപകടങ്ങൾ ഗണ്യമാക്കാതെ ആടുകളെ പരിപാലിക്കുന്നു

അപ്പോക്കലിപ്‌സിലെ ചുവന്ന കുതിരയുടെ സവാരിക്കാരൻ പ്രതീകപ്പെടുത്തുന്ന യുദ്ധം അംഗോളയിലെ ജനജീവിതത്തിൽ നാശം വിതച്ചുകൊണ്ടിരുന്നു. (വെളി. 6:4) സൈനികർ പട്ടണങ്ങളും ഫാക്ടറികളും ബോംബിട്ടു തകർത്തു, റോഡുകളിൽ കുഴിബോംബുകൾ പാകി, പാലങ്ങൾ ഡൈനാമിറ്റുവെച്ചു തകർത്തു, ജലവിതരണ സംവിധാനങ്ങൾ തകരാറിലാക്കി, ഗ്രാമങ്ങൾ ആക്രമിച്ചു. സാധാരണ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നത്‌ ഒരു നിത്യസംഭവമായി മാറി. വിളകൾ നശിപ്പിക്കപ്പെട്ടു. കർഷകർ നഗരങ്ങളിലേക്കു പലായനം ചെയ്‌തു. യുദ്ധത്തിൽ സകലവും നഷ്ടപ്പെട്ട അഭയാർഥികൾ ലുവാണ്ടയിൽ തടിച്ചുകൂടി. റേഷൻ സമ്പ്രദായവും കരിഞ്ചന്തയും അനുദിന ജീവിതത്തെ അങ്ങേയറ്റം ക്ലേശകരമാക്കി. എന്നാൽ തീർത്തും ആശയറ്റ സാഹചര്യങ്ങളിൽ അതിജീവിക്കാൻ യഹോവയുടെ സാക്ഷികളുടെ ഇടയിലെ സ്‌നേഹപുരസ്സരമായ സഹകരണം അനേകരെ സഹായിച്ചു.

ദുഷ്‌കരമായ ആ നാളുകളിൽ റൂയി ഗോൺസാൽവിഷ്‌, എൽഡർ സിൽവ എന്നീ സഹോദരന്മാർ രാജ്യത്തിൽ അങ്ങിങ്ങായുള്ള സഭകൾ സന്ദർശിച്ചു. തങ്ങളുടെ ജീവൻ പോലും പണയപ്പെടുത്തിയാണ്‌ അവർ അതു ചെയ്‌തത്‌. അത്തരം സന്ദർശനങ്ങൾ നടത്തുന്നത്‌ എങ്ങനെയെന്നു വിശദീകരിച്ചുകൊണ്ട്‌ ഗോൺസാൽവിഷ്‌ സഹോദരൻ ഇപ്രകാരം എഴുതി: “തോംബുവയിൽ സർക്കിട്ട്‌ മേൽവിചാരകൻ ആദ്യമായി സന്ദർശിക്കുന്നത്‌ 1982 മേയ്‌ മാസത്തിലാണ്‌. യോഗദിവസം രാവിലെ 10 മണി മുതൽ ശരിക്കും ആസൂത്രിതമായ ഇടവേളകളിൽ 35 സഹോദരങ്ങൾ യോഗസ്ഥലത്ത്‌ എത്താൻ തുടങ്ങി. അവിടെ എത്തിയ അവർ നിശ്ശബ്ദരായി കാത്തിരുന്നു. പട്ടണത്തിലെ സകല നീക്കവും ജനസംരക്ഷക സംഘടന നിയന്ത്രിച്ചിരുന്നു. 11 മണിക്കൂറിനു ശേഷം രാത്രി 9 മണിക്ക്‌ ഇരുളിന്റെ മറവിൽ ഞാൻ അവിടെ എത്തിച്ചേർന്നു. 30 മിനിട്ട്‌ കഴിഞ്ഞു തുടങ്ങിയ യോഗം രാവിലെ 4:​40-നാണ്‌ അവസാനിച്ചത്‌.”

സർക്കിട്ട്‌ വേലയിൽ പങ്കെടുത്ത മിക്കവരും വിവാഹിതരും കുട്ടികൾ ഉള്ളവരും ആയിരുന്നു. എങ്കിലും, സഭകളുടെ ആത്മീയ ക്ഷേമത്തിനായി അവർ തങ്ങളാലാവതു ചെയ്‌തു. അന്നത്തെ സർക്കിട്ട്‌ സന്ദർശനം എങ്ങനെയുള്ളത്‌ ആയിരുന്നുവെന്ന്‌ അവരിൽ ഒരാൾ​—⁠ഇപ്പോൾ ഒരു ബ്രാഞ്ച്‌ കമ്മിറ്റിയംഗം​—⁠പറയുന്നു: “ഓരോ സഭയെയും ഒരാഴ്‌ചത്തെ സന്ദർശനത്തിനായി പട്ടികപ്പെടുത്തുമായിരുന്നു. എന്നാൽ സന്ദർശനം ചൊവ്വാഴ്‌ചയല്ല, തിങ്കളാഴ്‌ചയാണ്‌ തുടങ്ങിയിരുന്നത്‌. സഭയിലുള്ള എല്ലാവർക്കും ഒരുമിച്ചു കൂടിവരാൻ സാധിക്കാത്തതായിരുന്നു അതിന്റെ കാരണം. ഓരോ പുസ്‌തക അധ്യയന കൂട്ടത്തിലുമാണ്‌ സന്ദർശനം നടത്തിയിരുന്നത്‌. വലിയ സഭകളിൽ ഒരു വൈകുന്നേരം തന്നെ പല കൂട്ടങ്ങളെയും സന്ദർശിക്കുമായിരുന്നു. സർക്കിട്ട്‌ മേൽവിചാരകന്‌ ഒരു കൂട്ടത്തിൽനിന്ന്‌ അടുത്ത കൂട്ടത്തിലേക്കു പോകാൻ കഴിയേണ്ടതിന്‌ യോഗങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയിരുന്നു. ഓരോ കൂട്ടത്തിന്റെയും പ്രയോജനത്തിനായി അദ്ദേഹം പരിപാടികൾ ആവർത്തിക്കുമായിരുന്നു. അങ്ങനെ ഓരോ വാരത്തിലും അദ്ദേഹം തന്റെ പ്രസംഗങ്ങൾ 7 മുതൽ 21 വരെ പ്രാവശ്യം നടത്തുമായിരുന്നു. മുഴു വാരവും നീണ്ടുനിന്ന പരിപാടികൾ തിരക്കിട്ടതും ക്ഷീണിപ്പിക്കുന്നതും ആയിരുന്നു. എങ്കിലും, സഭകളെ പ്രോത്സാഹിപ്പിക്കാൻ ഈ സഹോദരന്മാർ കഠിനമായി യത്‌നിച്ചു.”

1983 ജനുവരിയിൽ കൂബാൽ പട്ടണത്തിലേക്കുള്ള ദുർഘടം പിടിച്ച യാത്രയെ കുറിച്ച്‌ റൂയി ഗോൺസാൽവിഷ്‌ വ്യക്തമായി ഓർക്കുന്നു. ആ യാത്രയിൽ അവർ കഷ്ടിച്ചാണു രക്ഷപ്പെട്ടത്‌. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “സംരക്ഷണാർഥം സൈനിക വാഹന വ്യൂഹത്തോടൊപ്പം പോകുക എന്നതായിരുന്നു ഈ സഭ സന്ദർശിക്കുന്നതിനുള്ള ഏക മാർഗം. സ്ഥിതിഗതികൾ നന്നായി വിലയിരുത്തിയശേഷം 35 വാഹനങ്ങൾക്ക്‌ സൈന്യം യാത്രാനുമതി നൽകി. ഗോഡിന്യൂ സഹോദരന്റെ കാറിലാണ്‌ ഞങ്ങൾ യാത്ര ചെയ്‌തത്‌. ആറു വാഹനങ്ങളുടെ നിരയിൽ മൂന്നാമത്തേത്‌ ആയിരുന്നു ഞങ്ങളുടേത്‌. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഗറില്ലകൾ തൊടുത്തുവിട്ട ഒരു മിസൈൽ ആദ്യത്തെ സൈനിക വാഹനത്തെ തകർത്തു. രണ്ടാമത്തെ വാഹനവും മറ്റൊരു മിസൈൽ വന്നിടിച്ചു തകർന്നു. രണ്ടു ബോംബുകൾ ഞങ്ങളുടെ വാഹനത്തിൽ വീണെങ്കിലും, പൊട്ടിയില്ല. കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കെ, എല്ലാവരും പുറത്തേക്കു ചാടാൻ ഗോഡിന്യൂ സഹോദരൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. കുറ്റിക്കാടിന്റെ മറവിലേക്കു ഇഴഞ്ഞു നീങ്ങവെ വെടിയേറ്റ്‌ എന്റെ ഇടത്തെ ചെവിക്കുടയുടെ അധിക ഭാഗവും അറ്റുപോയി. താമസിയാതെ ഞാൻ ബോധം കെട്ടു.”

ബോധരഹിതനാകുന്നതിനു മുമ്പ്‌, മൂന്നു ഗറില്ലാ പോരാളികൾ സഹോദരന്മാരുടെ പിന്നാലെ പായുന്നത്‌ അദ്ദേഹം കണ്ടു. എന്നാൽ ആ സഹോദരന്മാർ വനത്തിൽ ഓടിയൊളിച്ചു. ഗോൺസാൽവിഷ്‌ സഹോദരൻ തുടരുന്നു: “എനിക്കു ബോധം വീണപ്പോൾ എന്റെ തലയാകെ രക്തത്തിൽ കുളിച്ചിരുന്നു. മണിക്കൂറുകൾക്കു ശേഷം ഞാൻ റോഡിലേക്ക്‌ ഇഴഞ്ഞുനീങ്ങി. അതുവഴി വന്ന കുറെ സൈനികർ എന്നെ കണ്ടു. പ്രഥമ ശുശ്രൂഷ നൽകിയശേഷം അവർ എന്നെ ബെൻഗ്വെലയിലുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.” ആ കൂട്ടത്തിൽ ഉണ്ടായിരുന്ന എല്ലാ വാഹനങ്ങളും ഗറില്ലാ പോരാളികൾ അഗ്നിക്കിരയാക്കുകയോ മറ്റു പ്രകാരത്തിൽ നശിപ്പിക്കുകയോ ചെയ്‌തതായി അദ്ദേഹം പിന്നീടു മനസ്സിലാക്കി. ആ കാറുകളിൽ ഉണ്ടായിരുന്ന 12 പേർ മരിച്ചു, വെടികൊണ്ട 11 പേർക്ക്‌ ഗുരുതരമായ പരിക്കേറ്റു. ഗോൺസാൽവിഷ്‌ സഹോദരന്റെ കൂടെ സഞ്ചരിച്ച സഹോദരന്മാർക്കു മാത്രമാണ്‌ വെടിയേൽക്കാതിരുന്നത്‌. ഗോൺസാൽവിഷ്‌ സഹോദരന്‌ തന്റെ ഇടത്തെ ചെവിക്കുടയുടെ ഭൂരിഭാഗവും കുറെ വസ്‌തുവകകളും നഷ്ടമായെങ്കിലും, “ഞങ്ങൾ യഹോവയ്‌ക്കു ഹൃദയംഗമമായ നന്ദി നൽകി” എന്ന്‌ അദ്ദേഹം പറയുന്നു.

ജീവദായക ജലം പങ്കുവെക്കുന്നു

മിക്ക അംഗോളക്കാരും സ്വന്ത ജീവൻ രക്ഷിക്കുന്നതിനെ കുറിച്ചു മാത്രം ചിന്തിച്ചിരുന്ന ഒരു സമയത്ത്‌ യഹോവയുടെ സാക്ഷികൾ വിശാലമായ ആ പ്രദേശത്തുടനീളം ‘നന്മ സുവിശേഷിക്കാൻ’ ഉത്സാഹമുള്ളവർ ആയിരുന്നു. (യെശ. 52:7) അവർ എങ്ങനെയാണ്‌ ഈ വേല നിർവഹിച്ചത്‌?

താനും ഭാര്യയും കൊച്ചു മകളും ഒന്നിച്ചു സുവാർത്ത പ്രസംഗിക്കാൻ പോകുമായിരുന്നു എന്ന്‌ ലുവാണ്ടയിലെ ഒരു പയനിയർ വിശദീകരിക്കുന്നു. വീട്ടുകാരനോടു നമസ്‌കാരം പറഞ്ഞശേഷം, തങ്ങളുടെ കൊച്ചുമകൾക്കു കുടിക്കാൻ അവർ വെള്ളം ചോദിക്കുമായിരുന്നു. വീട്ടുകാരൻ വെള്ളം തന്നാൽ, അതിനെക്കാൾ വലിയ പ്രയോജനങ്ങൾ കൈവരുത്തുന്ന ഒരുതരം വെള്ളത്തെ കുറിച്ചു തങ്ങൾക്ക്‌ അറിയാമെന്ന്‌ അവർ വീട്ടുകാരനോടു പറയും. ജിജ്ഞാസയുള്ളവർ ‘അത്‌ എന്തു വെള്ളമാണ്‌?’ എന്നു ചോദിക്കും. അപ്പോൾ ആ കുടുംബം ദൈവരാജ്യം കൈവരുത്തുന്ന അനുഗ്രഹങ്ങളെയും നിത്യജീവന്റെ പ്രത്യാശയെയും കുറിച്ച്‌ അവരോടു പറയും.​—⁠യോഹ. 4:7-15.

അവർ തങ്ങളുടെ ശുശ്രൂഷയിൽ ബാഗുകളോ ബൈബിളുകളോ സാഹിത്യമോ ഒന്നും കൊണ്ടുപോകുമായിരുന്നില്ല. എന്നാൽ വീട്ടുകാരനു സ്വന്തമായി ബൈബിൾ ഉണ്ടെങ്കിൽ, അവർ തുടർന്നുള്ള ചർച്ച അതുപയോഗിച്ച്‌ നടത്തുമായിരുന്നു. സന്ദേശത്തിൽ കൂടുതലായ താത്‌പര്യം കാണിക്കുന്നവരുടെയെല്ലാം അടുക്കൽ അവർ മടങ്ങി ചെല്ലുമായിരുന്നു. അതുപോലെ നയപരമായ സമീപനത്തിലൂടെ താത്‌പര്യക്കാരെ കണ്ടെത്താൻ സാക്ഷികൾക്കു കഴിഞ്ഞിരുന്നു. തന്മൂലം സഭകളിൽ പ്രസാധകരുടെ എണ്ണം അടിക്കടി വർധിച്ചുകൊണ്ടിരുന്നു.

ഒരു ദൈവപുരുഷൻ

അംഗോളയുടെ വിദൂര ദേശങ്ങളിൽ പോലും സുവാർത്ത എത്തിയിരുന്നു. ചാന്ദി കൂയിത്തൂന എന്ന ഒരു സഹോദരന്റെ ശ്രമഫലമായി നമീബിയൻ അതിർത്തിക്കു സമീപമുള്ള ഗാംബോസ്‌ പ്രദേശത്തു പോലും സുവാർത്ത എത്തി. അദ്ദേഹം രാജ്യസന്ദേശം ആദ്യമായി കേട്ടത്‌ റൊഡേഷ്യയിൽ (ഇപ്പോഴത്തെ സിംബാബ്‌വേ) വെച്ചായിരുന്നു. കുറേക്കാലം ദക്ഷിണാഫ്രിക്കയിലെ ഖനികളിൽ ജോലി ചെയ്‌തിരുന്ന അദ്ദേഹം സ്വദേശത്തു മടങ്ങിയെത്തി കാലിവളർത്തൽ തുടങ്ങി. വാച്ച്‌ ടവർ പ്രസിദ്ധീകരണങ്ങൾ കൊണ്ടുവരാൻ അദ്ദേഹം കൂടെക്കൂടെ ദക്ഷിണാഫ്രിക്കയിൽ പോകുമായിരുന്നു. 1961-ലെ അത്തരമൊരു യാത്രയിൽ അദ്ദേഹം സ്‌നാപനമേറ്റു. തുടർന്ന്‌ അദ്ദേഹം തന്റെ നാട്ടിൽ സതീക്ഷ്‌ണം സുവാർത്ത ഘോഷിച്ചു.

അദ്ദേഹം തന്റെ കാളവണ്ടിയിൽ ആഹാരസാധനങ്ങളും വെള്ളവും ബൈബിൾ സാഹിത്യങ്ങളും നിറച്ച്‌ രണ്ടോ മൂന്നോ മാസത്തേക്കു കിമ്പോ (ഗ്രാമം) തോറും പോകുമായിരുന്നു. വണ്ടി കേടായാൽ കാളയുടെ പുറത്തായിരുന്നു യാത്ര. 70-ാം വയസ്സിലും മറ്റു പ്രസാധകരുമൊത്ത്‌ അദ്ദേഹം 200 കിലോമീറ്ററിലധികം ദൂരം കാൽനടയായി പോയിരുന്നു.

സമതലപ്രദേശങ്ങളിൽ മേഞ്ഞുനടക്കുന്ന നിരവധി കാലിക്കൂട്ടങ്ങൾ ചാന്ദി കൂയിത്തൂനയ്‌ക്ക്‌ ഉണ്ടായിരുന്നു. ആ ഗോത്രസമൂഹം അദ്ദേഹത്തെ തലവനായാണ്‌ വീക്ഷിച്ചത്‌. ദിവസവും രാവിലെ മണി മുഴങ്ങും, അപ്പോൾ അദ്ദേഹം പ്രാദേശിക ഭാഷയിൽ ബൈബിൾ വാക്യം ചർച്ച ചെയ്യുന്നത്‌ കേൾക്കാൻ ആളുകൾ തടിച്ചുകൂടും. യോഗദിവസങ്ങളിൽ, മണിനാദം കേൾക്കുമ്പോൾ ആത്മീയ പ്രബോധനത്തിനായി 100-ഓളം ആളുകൾ കൂടിവരുമായിരുന്നു.

ഗാംബോസ്‌ പ്രദേശത്തെങ്ങുമുള്ളവർ ചാന്ദി കൂയിത്തൂനയെ ദൈവപുരുഷനായി വീക്ഷിച്ചു. “വിശ്വസ്‌തനും വിവേകിയുമായ അടിമ” നൽകുന്ന മൂല്യവത്തായ പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെയുള്ള വ്യക്തിപരമായ ബൈബിൾ പഠനത്തിൽനിന്നു മനസ്സിലാക്കിയ കാര്യങ്ങൾ ബാധകമാക്കിക്കൊണ്ട്‌ കൂയിത്തൂന സഹോദരൻ അനുകരണാർഹമായ മികച്ച ദൃഷ്ടാന്തം വെച്ചു. കഴിയുന്നത്ര ആളുകളുടെ പക്കൽ ബൈബിൾസത്യം എത്തിക്കാനായി അദ്ദേഹം “രാജ്യത്തിന്റെ ഈ സുവാർത്ത” എന്ന ചെറുപുസ്‌തകം ന്യാനെക്കാ, ക്വാന്യാമാ ഭാഷകളിലേക്കു വിവർത്തനം ചെയ്‌തു.

നമീബിയയിലെ വിൻഹുക്കിലുള്ള സഹോദരങ്ങൾവഴി ഇടയ്‌ക്കിടെ അദ്ദേഹം നൽകുമായിരുന്ന വയൽസേവന റിപ്പോർട്ടുകളിൽനിന്ന്‌ ലുവാണ്ടയിലെ ഓഫീസ്‌ കൂയിത്തൂന സഹോദരന്റെ പ്രവർത്തനത്തെ കുറിച്ച്‌ മനസ്സിലാക്കി. കൂയിത്തൂന സഹോദരനെ മറ്റു സാക്ഷികളുമായി സമ്പർക്കത്തിൽ കൊണ്ടുവരുന്നതിന്‌ 1979-ൽ ലുവാണ്ടയിലെ ഓഫീസ്‌ ഒരു സർക്കിട്ട്‌ മേൽവിചാരകനായ എൽഡർ സിൽവയെ അദ്ദേഹത്തിന്റെ അടുക്കലേക്ക്‌ അയച്ചു. സിൽവ സഹോദരന്റെ മനസ്സിൽ ആ യാത്രയുടെ ഓർമകൾ ഇപ്പോഴും മങ്ങാതെ ശേഷിക്കുന്നു.

അദ്ദേഹം എഴുതുന്നു: “ഞങ്ങൾ ഷിയാങ്‌ഗി വരെയുള്ള 160 കിലോമീറ്റർ ദൂരം കാറിലാണു സഞ്ചരിച്ചത്‌. തുടർന്നുള്ള 70 കിലോമീറ്റർ നടന്നു വേണമായിരുന്നു പോകാൻ. ആറു മണിക്കൂറോളം നീണ്ടുനിന്ന പേമാരി തുടർന്നുള്ള യാത്രയെ ഏറെക്കുറെ അസാധ്യമാക്കിത്തീർത്തു. ചിലപ്പോൾ ഞങ്ങൾ മുട്ടോളം വെള്ളത്തിലായിരുന്നു. എന്നാൽ അവിടം അപകടകാരികളായ വന്യമൃഗങ്ങൾ ഉള്ള സ്ഥലമായിരുന്നതിനാൽ യാത്ര നിറുത്താൻ ഞങ്ങൾക്കു യാതൊരു നിർവാഹവും ഇല്ലായിരുന്നു. ചെളിയിലൂടെ നടക്കാനുള്ള എളുപ്പത്തിന്‌ ഞങ്ങൾ പാദരക്ഷകൾ ഊരിമാറ്റി. കൈവശം ഉണ്ടായിരുന്ന സാധനങ്ങളെല്ലാം ഒരു കോലിൽ കെട്ടി തോളത്ത്‌ വെച്ചു. ഒടുവിൽ ഞങ്ങൾ ലിയോക്കാഫെലാ പ്രദേശത്ത്‌ എത്തി. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ കൂയിത്തൂന സഹോദരന്റെ കിമ്പോ (ഗ്രാമം). ഞങ്ങൾക്കു നല്ല വിശപ്പും ക്ഷീണവും ഉണ്ടായിരുന്നു. ഗ്രാമത്തിലെ സ്‌ത്രീകൾ മോരുംവെള്ളവും ചോളം കൊണ്ടുള്ള ബുലുങ്കാ (കിസാങ്കുവ) എന്ന ഒരു നാടൻ പാനീയവും കൊക്കോയും ചോളം കൊണ്ട്‌ ഉണ്ടാക്കിയ ഇഹിത്തായും (പിരാവുൻ ദി മാസാങ്കൂ) ഞങ്ങൾക്കു തന്നു. അവിടെ ഇരുന്ന്‌ കുറെ നേരം തീ കാഞ്ഞശേഷം, ഞങ്ങൾ ഭാവി പ്രവർത്തനങ്ങൾക്കു സജ്ജരായി.” ഗാംബോസ്‌ പ്രദേശത്ത്‌ സംഘടിതമായി സുവാർത്ത പ്രസംഗിക്കുന്നതിൽ ഈ സന്ദർശനം ഒരു സുപ്രധാന പങ്കു വഹിച്ചു.

1986 ആഗസ്റ്റിൽ 18 പേർ കാസൂലൂവാർ നദിയിൽ സ്‌നാപനമേറ്റത്‌ സന്നിഹിതരായ ആർക്കും മറക്കാനാവാത്ത ഒരു സംഭവമാണ്‌. രാജ്യസന്ദേശം ഗാംബോസ്‌ പ്രദേശത്ത്‌ എത്തിയ ശേഷമുള്ള 40 വർഷത്തിനിടെ അവിടെ നടക്കുന്ന ആദ്യത്തെ സ്‌നാപനമായിരുന്നു അത്‌. അവിടത്തെ പയനിയർമാരാണ്‌ അതിൽ ഏറ്റവുമധികം സന്തോഷിച്ചത്‌. സ്‌നാപനം നിരീക്ഷിക്കവെ കൂയിത്തൂന സഹോദരനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. സന്തോഷത്താൽ തുള്ളിച്ചാടിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു: “യഹോവയുടെ പെട്ടകത്തെ അനുഗമിച്ച ദാവീദിന്‌ ഉണ്ടായ വികാരമാണ്‌ എനിക്കു തോന്നുന്നത്‌.” (2 ശമൂ. 6:11-15) കൂയിത്തൂന സഹോദരൻ ഇപ്പോഴും അവിടെ ഒരു സാധാരണ പയനിയറായി സേവിക്കുന്നു.

അംഗോളയുടെ തെക്കൻ മേഖലയിലെ പ്രവർത്തനം

തെക്കൻ അംഗോളയിലെ ഹ്വിലാ പ്രദേശത്തു താമസിച്ചിരുന്ന നല്ല പൊക്കമുള്ള ഒരു 18-കാരി ആയിരുന്നു തിമോളി. 1975-ൽ ഷൂസെ തിയാക്കാത്താണ്ടെല എന്ന ഒരു പയനിയർ അവളെ ബൈബിൾ സത്യം അറിയിച്ചു. തിമോളിക്ക്‌ ബൈബിൾ സന്ദേശത്തോട്‌ വിലമതിപ്പുണ്ടായിരുന്നെങ്കിലും, മാതാപിതാക്കൾ അവളുടെ ബൈബിൾ പഠനത്തെ ശക്തമായി എതിർത്തു. അവർ അവളെ ദിവസങ്ങളോളം പട്ടിണിക്കിടുകയും തല്ലുകയും ഒടുവിൽ കല്ലുപെറുക്കി എറിയുകയും ചെയ്‌തു. ജീവൻ അപകടത്തിലാണ്‌ എന്നു മനസ്സിലാക്കി അവൾ 60 കിലോമീറ്റർ നടന്ന്‌ ലുബാങ്‌ഗൂവിൽ എത്തിച്ചേർന്നു. അവിടെ സഭായോഗങ്ങളിൽ സംബന്ധിക്കാൻ അവൾക്കു കഴിഞ്ഞു. ആ സഭയിൽ നടത്തിയിരുന്ന സാക്ഷരതാ ക്ലാസ്സിൽ ചേർന്ന അവൾ എഴുത്തും വായനയും പഠിക്കുകയും അങ്ങനെ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ ചേരാൻ കഴിയുന്ന അളവോളം പുരോഗതി പ്രാപിക്കുകയും ചെയ്‌തു. 1981-ൽ സ്‌നാപനമേറ്റ തിമോളി ഒരു ഉപജീവനമാർഗം എന്ന നിലയിൽ തയ്യൽജോലി പഠിച്ചു. 1978-ൽ സുവാർത്ത കേട്ട അവളുടെ ഗോത്രത്തിൽപെട്ട മൂന്നു പുരുഷന്മാരും നാലു സ്‌ത്രീകളും 1980-ൽ സ്‌നാപനമേൽക്കുകയുണ്ടായി.

പിന്നീട്‌ ലുബാങ്‌ഗൂവിൽ നിന്നുള്ള ഷൂസെ മാരിയ മൂവിണ്ടി 1983-ൽ മൂന്നു മാസം ഒരു സഹായ പയനിയറായി സേവിച്ചു. അദ്ദേഹം തെക്കോട്ടു നീങ്ങി ജാവു, ഗാംബോസ്‌ നഗരങ്ങൾക്കു ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിൽ സുവാർത്ത ഘോഷിച്ചു. നാമിബേ പ്രദേശത്തേക്കു നീങ്ങിയ അദ്ദേഹം അവിടത്തെ പ്രമുഖ ഗോത്രമായ മുകുബായികളുടെ ഇടയിൽ സുവാർത്ത പ്രസംഗിച്ചു. ആ പ്രദേശത്ത്‌ നിരവധി ആളുകൾ സത്യം പഠിക്കാൻ ആഗ്രഹിക്കുന്നു എന്നു മനസ്സിലാക്കിയ അദ്ദേഹം അവിടെ ഒരു സാധാരണ പയനിയറായി പ്രവർത്തനം തുടങ്ങി. ക്രമേണ മറ്റു പയനിയർമാരും അദ്ദേഹത്തോടു ചേർന്നു.

മൂവിണ്ടി സഹോദരന്റെ പ്രവർത്തനഫലമായി, ബൈബിൾ സത്യം അവിടത്തെ പലരുടെയും ഹൃദയത്തെ ആഴമായി സ്‌പർശിച്ചു. അവർ തങ്ങളുടെ ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തി. യഹോവയെ സ്വീകാര്യമായി സേവിക്കുന്നതിന്‌ ബഹുഭാര്യത്വം, അധാർമികത, മദ്യാസക്തി, അന്ധവിശ്വാസം എന്നിവ പോലുള്ള തിരുവെഴുത്തു വിരുദ്ധമായ ആചാരങ്ങൾ അവർ ഉപേക്ഷിക്കേണ്ടിയിരുന്നു. പരമ്പരാഗതമായ ചിങ്ക്വാനിയെക്കാൾ (കോണകം) കൂടുതൽ വസ്‌ത്രങ്ങൾ അവർ ധരിക്കാൻ തുടങ്ങി. തങ്ങളുടെ ബന്ധം നിയമപരമാക്കാൻ നിരവധി ഇണകൾ ലുബാങ്‌ഗൂവിലേക്കു പോയി. പ്രസ്‌തുത അവസരത്തിലാണു ചിലർ തങ്ങളുടെ ഗ്രാമത്തിൽനിന്ന്‌ ആദ്യമായി പുറത്തു പോകുന്നത്‌! ഗാംബോസ്‌ പ്രദേശത്തുനിന്ന്‌ നിരവധി ആളുകൾ എത്തി തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള ജനന സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും ആവശ്യപ്പെട്ടപ്പോൾ ഷിയാങ്‌ഗിയിൽ പത്തു വർഷമായി അടച്ചിട്ടിരുന്ന രജിസ്‌ട്രാർ ഓഫീസ്‌ വീണ്ടും തുറക്കേണ്ടിവന്നു.

ദുഃഖകരമെന്നു പറയട്ടെ, 1986-ൽ മൂവിണ്ടി സഹോദരൻ കരൾവീക്കം മൂലം മരിച്ചു. എങ്കിലും അദ്ദേഹത്തിന്റെ തീക്ഷ്‌ണമായ ശുശ്രൂഷയ്‌ക്കു നല്ല ഫലം കിട്ടി. അദ്ദേഹത്തിന്റെയും അവിടെ പ്രവർത്തിച്ച മറ്റുള്ളവരുടെയും ശ്രമഫലമായി നിരവധി പേർക്കു സാക്ഷ്യം നൽകപ്പെട്ടു. ഇപ്പോൾ ആ പ്രദേശത്ത്‌ ഒമ്പതു സഭകളും സഭകളായിത്തീർന്നിട്ടില്ലാത്ത പത്തു കൂട്ടങ്ങളുമുണ്ട്‌. അവയെല്ലാം അവിടെ സത്യാരാധനയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.

പോലീസ്‌ നിരീക്ഷണം വർധിക്കുന്നു

1984-ൽ പൊതുജന ജാഗ്രതാസംഘങ്ങൾ (ബിപിവി) രൂപീകരിക്കപ്പെട്ടതോടെ, സഹോദരങ്ങളുടെ മേലുള്ള സമ്മർദം വീണ്ടും വർധിച്ചു. വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തവരെ അടുത്തു നിരീക്ഷിക്കുക എന്നതായിരുന്നു ഈ സംഘങ്ങളുടെ ദൗത്യം. ഈ സംഘങ്ങൾ എങ്ങനെയാണു തങ്ങളുടെ ദൗത്യം നിറവേറ്റിയിരുന്നത്‌? അക്കാലത്ത്‌ ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചിരുന്ന ഡൂമിങ്‌ഗൂഷ്‌ മാത്തേയുസ്‌ അതേക്കുറിച്ചു പറയുന്നു: “ലുവാണ്ടയിലെ ഏതു മുക്കിലും മൂലയിലും ബിപിവി എന്ന എഴുത്തുള്ള നീലനാട കെട്ടിയ പൊതുജന ജാഗ്രതാസംഘാംഗങ്ങളെ കാണാമായിരുന്നു. അതിലേ കടന്നുപോകുന്നവരെ ആരെയും പരിശോധിക്കാൻ അവർക്ക്‌ അധികാരമുണ്ടായിരുന്നു. തന്മൂലം, യോഗങ്ങൾക്കു പ്രസിദ്ധീകരണങ്ങൾ കൊണ്ടുവരിക ഒന്നിനൊന്നു ബുദ്ധിമുട്ടായിത്തീർന്നു. 1985 ഡിസംബറിൽ, ലുവാണ്ടയിൽ മാത്രമായി 800 പൊതുജന ജാഗ്രതാസംഘങ്ങൾ ഉണ്ടായിരുന്നു. തന്മൂലം സഭായോഗങ്ങൾ പോലും നടത്താൻ കഴിയാതെവന്നു.

“എഷ്‌ ലാർഗൂ സെർപ്പ പിന്റൂ പ്രദേശത്തു മാത്രം നിരീക്ഷണത്തിനായി 40 പൊതുജന ജാഗ്രതാസംഘാംഗങ്ങൾ ഉണ്ടായിരുന്നു. യന്ത്രത്തോക്കുകളേന്തിയ അംഗോളാ വിമോചന ജനകീയ സായുധ സേനാംഗങ്ങളും അവരോടൊപ്പം ഉണ്ടായിരുന്നു. ആരെയെങ്കിലും ഓടിക്കുകയോ ചോദ്യം ചെയ്യാൻ വഴിയിൽ തടഞ്ഞുനിറുത്തുകയോ ചെയ്യുമ്പോൾ അവർ വെടിയുതിർക്കുക സാധാരണമായിരുന്നു.

“ഒരിക്കൽ ഒരു സഹോദരന്റെ വീട്ടിൽ ഒരു സഭ വലിയൊരു യോഗം ആസൂത്രണം ചെയ്‌തിരുന്നു. പരിപാടി തുടങ്ങുന്നതിനു മുമ്പ്‌, യോഗസ്ഥലത്തേക്ക്‌ സഹോദരങ്ങൾ എത്തുന്നത്‌ പൊതുജന ജാഗ്രതാസംഘത്തിലെ ഒരംഗം നിരീക്ഷിക്കുകയും അവരുടെ പേരുകൾ ഒരു നോട്ടുബുക്കിൽ എഴുതിവെക്കുകയും ചെയ്യുന്നതായി ഞങ്ങൾ മനസ്സിലാക്കി. അവിടെ താമസിച്ചിരുന്ന സഹോദരൻ ആ അപകടത്തിൻ മുന്നിൽ പരിഭ്രാന്തനായില്ല. അദ്ദേഹത്തിന്‌ അപ്പോൾ ഒരു ആശയം തോന്നി. അദ്ദേഹം ശബ്ദമുണ്ടാക്കാതെ അവന്റെ പിന്നിലെത്തി. വളരെ അടുത്തെത്തിയപ്പോൾ, അദ്ദേഹം ‘നാട്ടുകാരേ, ഇതാ! കള്ളൻ, കള്ളൻ! അവനെ പിടിക്കൂ!’ എന്ന്‌ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

“ഞെട്ടിപ്പോയ പൊതുജന ജാഗ്രതാസംഘാംഗം അവിടെനിന്ന്‌ ഓടിപ്പോയി. ഓടുന്നതിനിടെ അയാളുടെ കൈയിലുള്ളതെല്ലാം താഴെ വീണു. പരിസരത്തുള്ളവർ ഓടിക്കൂടാനും ആളുകൾ ജനാലവഴി എത്തിനോക്കാനും തുടങ്ങിയപ്പോൾ ആ സഹോദരൻ തിരികെ വീട്ടിൽ ചെന്ന്‌ അവിടെ ഉണ്ടായിരുന്ന മൂപ്പനോടു പറഞ്ഞു: ‘സഹോദരാ, ഇനി യോഗം തുടങ്ങിക്കോളൂ. സാഹചര്യം ഇപ്പോൾ ശാന്തമാണ്‌.’ പ്രസ്‌തുത വാരത്തേക്ക്‌ ആ വീട്ടിൽ ക്രമീകരിച്ചിരുന്ന എല്ലാ യോഗങ്ങളും യാതൊരു കുഴപ്പവും കൂടാതെ നടന്നു.”

“സൂപ്പ്‌ തൂകിപ്പോയി”

യഹോവയുടെ സാക്ഷികൾക്കു രാജ്യത്തിനു പുറത്തുള്ള ക്രിസ്‌തീയ സഹോദരങ്ങളുമായി ആശയവിനിമയം നടത്തുക ഒന്നിനൊന്ന്‌ ദുഷ്‌കരമായിത്തീർന്നു. എന്നാൽ ആന്റോണിയൂ ആൽബെർട്ടൂ ജോലി ചെയ്‌തിരുന്നത്‌ വിദേശ ഉടമസ്ഥതയിലുള്ള ഒരു പെട്രോളിയം കമ്പനിയിൽ ആയിരുന്നു. അംഗോളയിലെ സഹോദരങ്ങളും പോർച്ചുഗൽ ബ്രാഞ്ചും തമ്മിൽ സുപ്രധാന കത്തിടപാടുകൾ നടത്താൻ അദ്ദേഹം സഹായിച്ചു.

എന്നാൽ 1987-ലെ ഒരു ദിവസം സർക്കിട്ട്‌ സന്ദർശനങ്ങളും മറ്റു ചില പ്രധാന കാര്യങ്ങളും സംബന്ധിച്ച കത്തിടപാടുകൾ അടങ്ങുന്ന ഒരു പായ്‌ക്കറ്റ്‌ വിമാനത്താവളത്തിൽ വെച്ച്‌ പോലീസ്‌ പിടിച്ചു. ആൽബെർട്ടൂ സഹോദരന്‌ കടുത്ത വ്യസനം തോന്നി. ഉച്ചയ്‌ക്ക്‌ അദ്ദേഹം സ്വന്തം വീട്ടിലേക്കു പോയി. പോലീസ്‌ തന്നെ അറസ്റ്റു ചെയ്യുമെന്ന്‌ അദ്ദേഹത്തിന്‌ ഉറപ്പായിരുന്നു. ചുമതല വഹിച്ചിരുന്ന സഹോദരന്‌ അദ്ദേഹം ഫോൺ ചെയ്‌ത്‌ ഇങ്ങനെ പറഞ്ഞു: “വല്യച്ഛാ, സൂപ്പ്‌ തൂകിപ്പോയി.”

തുടർന്ന്‌ ആൽബെർട്ടൂ സഹോദരൻ, വിമാനത്താവളത്തിലെ സുരക്ഷയുടെ ചുമതല വഹിച്ചിരുന്ന പോലീസ്‌ ഓഫീസറുടെ വീട്ടിൽ ചെന്നു. കോളനി വാഴ്‌ചക്കാലത്ത്‌ പോർച്ചുഗീസുകാരായ ചില യുവാക്കളോടൊപ്പം താൻ ജയിലിൽ ആയിരുന്നെന്നും തുടർന്ന്‌ അവർ തനിക്കു കത്തുകൾ എഴുതുമായിരുന്നുവെന്നും ആ കത്തുകൾ അടങ്ങിയ ഒരു പായ്‌ക്കറ്റ്‌ വിമാനത്താവളത്തിൽവെച്ച്‌ പോലീസ്‌ കണ്ടുകെട്ടിയെന്നും സഹോദരൻ അദ്ദേഹത്തോടു പറഞ്ഞു. സുരക്ഷയുടെ ചുമതല വഹിച്ചിരുന്ന ആ ഓഫീസർ, പ്രസ്‌തുത പായ്‌ക്കറ്റ്‌ കണ്ടുകെട്ടിയ പോലീസുകാരനോട്‌ അതു തന്റെ ഓഫീസിൽ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട്‌ ഒരു കാർഡ്‌ സഹോദരനു നൽകി. സഹോദരൻ വിമാനത്താവളത്തിൽ വന്ന്‌ ആ വിവരം പ്രസ്‌തുത പോലീസുകാരനെ അറിയിച്ചപ്പോൾ അയാൾ അന്ധാളിച്ചുപോയി. എന്തായിരുന്നു കാരണം? സുരക്ഷയുടെ തലവന്‌ ആ കത്തുകൾ കൈമാറാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല, അവ കത്തിച്ചുകളഞ്ഞിരുന്നു! അതിനാൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല, അത്‌ ആൽബെർട്ടൂ സഹോദരനു വലിയ ആശ്വാസമായി.

യഹോവയുടെ വഴികളിൽ നടക്കാൻ ദൃഢചിത്തർ

നടന്നുകൊണ്ടിരുന്ന യുദ്ധത്തിന്റെ ഫലമായി, ക്രിസ്‌തീയ നിഷ്‌പക്ഷത ലംഘിക്കാൻ യഹോവയുടെ സാക്ഷികളുടെമേൽ കൂടുതൽ സമ്മർദമുണ്ടായി. 1984 ഫെബ്രുവരിയിൽ, സൈനിക സേവനത്തിനു വിസമ്മതിച്ചതിനെ പ്രതി 13 ചെറുപ്പക്കാർ അറസ്റ്റു ചെയ്യപ്പെട്ടു. അവരിൽ സ്‌നാപനമേറ്റ സാക്ഷികളായി മൂന്നു പേരേ ഉണ്ടായിരുന്നുള്ളൂ; മറ്റുള്ളവർ സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകരും ബൈബിൾ വിദ്യാർഥികളും ആയിരുന്നു. ഭീഷണിയും ശാരീരിക ദ്രോഹവും സഹിക്കേണ്ടിവന്നിട്ടും യഹോവയുടെ വഴികളിൽ നടക്കാനുള്ള തങ്ങളുടെ തീരുമാനത്തിൽ അവർ യാതൊരു വിട്ടുവീഴ്‌ചയും ചെയ്‌തില്ല. (യെശ. 2:3, 4) ദുഃഖകരമെന്നു പറയട്ടെ, ലുവാണ്ടയിലേക്ക്‌ അവരെ കയറ്റിക്കൊണ്ടുപോയ വിമാനം പറന്നുയരവെ തകർന്നുവീണ്‌ അതിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.

1985 ഏപ്രിലിൽ, സ്‌നാപനമേറ്റ സാക്ഷികളും സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകരും താത്‌പര്യക്കാരും അടങ്ങുന്ന ഒമ്പതു പേരുടെ ഒരു കൂട്ടം തങ്ങളുടെ നിഷ്‌പക്ഷത ലംഘിക്കാൻ വിസമ്മതിച്ചു. (യോഹ. 17:16) അവരെ ആദ്യം ട്രെയിനിലും പിന്നീട്‌ ഹെലിക്കോപ്‌റ്ററിലും കയറ്റി കടുത്ത പോരാട്ടം നടക്കുന്ന ഒരു സ്ഥലത്ത്‌ എത്തിച്ചു. പോരാട്ടത്തിൽ പങ്കുചേരാൻ പട്ടാളക്കാർ അവരെ നിർബന്ധിച്ചു. മനുവൽ മോറൈഷ്‌ ദെ ലമ അതിനു വിസമ്മതിച്ചപ്പോൾ സൈനികർ അദ്ദേഹത്തെ വെടിവെച്ചു കൊന്നു. ഒരു ഷെൽ വന്നു വീണു മറ്റൊരു സഹോദരന്റെ കാലിനു ഗുരുതരമായ മുറിവേറ്റു. അതിനാൽ അദ്ദേഹത്തെ അവിടെനിന്നു മാറ്റി ഒരു ആശുപത്രിയിൽ എത്തിച്ചു. രണ്ടു സഹോദരന്മാരോട്‌ ഇങ്ങനെ പറയപ്പെട്ടു, “നിങ്ങളെ ഇവിടെ എത്തിച്ച ഹെലിക്കോപ്‌റ്ററുകൾ യഹോവയുടേതല്ല.” അതിനാൽ 200 കിലോമീറ്റർ ദൂരം അവർക്കു നടന്നു പോകണമായിരുന്നു, അതും ഗറില്ലാ പോരാളികളും വന്യമൃഗങ്ങളുമുള്ള പ്രദേശത്തു കൂടി. ലുവാണ്ടയിൽ എത്തിയപ്പോൾ അധികാരികൾ അവരെ വീണ്ടും ജയിലിലിട്ടു. എന്നിരുന്നാലും, യഹോവയോടും സഹമനുഷ്യരോടുമുള്ള സ്‌നേഹത്തിൽ അധിഷ്‌ഠിതമായി വേണം ജീവിക്കാൻ എന്ന ബോധ്യമുണ്ടായിരുന്ന അവർ തങ്ങളുടെ ക്രിസ്‌തീയ നിഷ്‌പക്ഷതയിൽ വിട്ടുവീഴ്‌ച ചെയ്യാൻ കൂട്ടാക്കിയില്ല.​—⁠ലൂക്കൊ. 10:25-28.

മറ്റൊരു സംഭവം എടുക്കുക. നാലു സാക്ഷികളെ അംഗോളയുടെ തെക്കേ അറ്റത്തായി ഒറ്റപ്പെട്ടു കിടക്കുന്ന ഒരു സൈനിക പാളയത്തിലാക്കി. യുദ്ധം കൊടുമ്പിരികൊള്ളുമ്പോൾ ആത്മരക്ഷയ്‌ക്കായി സാക്ഷികൾ ആയുധങ്ങളെടുക്കുമെന്ന്‌ സൈനികർ വിചാരിച്ചു. എന്നാൽ സാക്ഷികളുടെ അചഞ്ചലമായ നിലപാടിൽ മതിപ്പു തോന്നുകയും അവർ നിരുപദ്രവകാരികളാണെന്ന്‌ മനസ്സിലാക്കുകയും ചെയ്‌ത ചില ഉദ്യോഗസ്ഥർ അവർക്ക്‌ ആ പ്രദേശത്തു സഞ്ചാരസ്വാതന്ത്ര്യം നൽകുകയാണു ചെയ്‌തത്‌. അവരാകട്ടെ, യഹോവ തന്റെ പുത്രനായ യേശുക്രിസ്‌തു മുഖാന്തരം നിത്യജീവനായി ചെയ്‌തിരിക്കുന്ന കരുതലുകളെ കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കാൻ ആ സ്വാതന്ത്ര്യം ഉപയോഗിച്ചു. 1987-ൽ അവർ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആഘോഷിച്ചപ്പോൾ 47 പേർ സന്നിഹിതരായിരുന്നു. തുടർന്ന്‌, സഭയിലെ യോഗഹാജർ 58 ആയി ഉയർന്നു.

1990-ൽ ക്രിസ്‌തീയ നിഷ്‌പക്ഷതയെ പ്രതി യഹോവയുടെ സാക്ഷികളായ 300-ഓളം പേർ പിന്നെയും ജയിലിൽ ഉണ്ടായിരുന്നു. ചിലർക്കു പലവട്ടം ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു, ഓരോ തവണയും അഞ്ചു വർഷത്തിൽ കൂടുതൽ. മറ്റു ചില സാക്ഷികളെ വിചാരണ കൂടാതെ നാലു വർഷത്തോളം തടവിലിട്ടു. പൊതുമാപ്പ്‌ പ്രഖ്യാപിച്ച ശേഷവും ചില ജയിലധികൃതർ അക്കാര്യം അറിയിക്കാതെ അവരെ ജയിലിൽ വെച്ചുകൊണ്ടിരുന്നു. മറ്റു ചില അധികാരികൾ അവരെ വിട്ടയയ്‌ക്കാൻ വൈകിയത്‌ അവർ ഏറ്റവും നല്ല പണിക്കാരും ജയിലുകൾക്കു വെളിയിൽ ജോലി ചെയ്യുമ്പോൾ പോലും ആശ്രയയോഗ്യരായ വ്യക്തികളും ആയതിനാൽ ആയിരുന്നു. പൊതുമാപ്പ്‌ പ്രഖ്യാപിച്ചിട്ടും 1994-ൽ രണ്ടു സാക്ഷികളെ കൂടി അറസ്റ്റ്‌ ചെയ്‌ത്‌ വധിക്കുകയുണ്ടായി.

പിന്നീടൊരിക്കൽ, രാജ്യവാർത്ത നമ്പർ 35 വിതരണം ചെയ്‌തുകൊണ്ടിരിക്കെ ഒരു പയനിയർ സഹോദരി ഒരു മുൻ സൈനികനെ കണ്ടുമുട്ടി. ആയുധമെടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മൂന്നു സാക്ഷികളെ വധിച്ചപ്പോൾ താനും സന്നിഹിതനായിരുന്നു എന്ന്‌ അയാൾ ആ സഹോദരിയോടു പറഞ്ഞു. സകലരും യഹോവയുടെ സാക്ഷികൾ ആയിരുന്നാൽ ലോകം മെച്ചപ്പെട്ട ഒരു സ്ഥലമാകുമായിരുന്നോ എന്നു സഹോദരി ചോദിച്ചപ്പോൾ, സഹമനുഷ്യരെ വധിക്കാൻ വിസമ്മതിക്കുന്നതിന്റെ പേരിൽ മരണം വരിക്കാൻ സാക്ഷികൾക്കു കഴിയുന്ന സ്ഥിതിക്ക്‌, സകലരും യഹോവയുടെ സാക്ഷികൾ ആയാൽ ലോകം തീർച്ചയായും സമാധാനം കളിയാടുന്ന ഒരു സ്ഥലമായിത്തീരും എന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക സ്വീകരിക്കുകയും ബൈബിൾ അധ്യയനത്തിനു സമ്മതിക്കുകയും ചെയ്‌ത അദ്ദേഹം സഭായോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി.

സത്യത്തിന്റെ ജലപ്രവാഹം തുടർന്നിരിക്കുന്നു

ദൈവത്തിന്റെ വലിയ ആത്മീയ ആലയത്തിൽനിന്നുള്ള ജീവജല പ്രവാഹത്തെ കുറിച്ചുള്ള ഒരു ദർശനം യഹോവ പ്രവാചകനായ യെഹെസ്‌കേലിനു നൽകി. പ്രതിബന്ധങ്ങൾക്ക്‌ അടിയിലൂടെയും ചുറ്റിലൂടെയും അതുപോലെ നിമ്‌നോന്നതമായ പ്രദേശത്തു കൂടെയും ഒഴുകിയെത്തിയ ആ ജലപ്രവാഹം ഒരിക്കൽ മൃതമായിരുന്ന ഒരു പ്രദേശത്തിനു ജീവൻ പകർന്നു. (യെഹെ. 47:1-9) പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും ആ ജീവജലം, അംഗോള ഉൾപ്പെടെ, 230-ൽപ്പരം രാജ്യങ്ങളിലേക്ക്‌ ഒഴുകിയെത്തിയിരിക്കുന്നു.

ചിലപ്പോൾ പ്രതിബന്ധങ്ങൾ മറികടക്കാനാവാത്തതു പോലെ തോന്നിയിട്ടുണ്ട്‌. എന്നാൽ ദൈവത്തിൽനിന്നുള്ള ജീവജലം ആ പ്രതിബന്ധങ്ങളെ അതിജീവിച്ച്‌ മുന്നോട്ട്‌ ഒഴുകിയിരിക്കുന്നു. 1980-കളിൽ ഉടനീളം വളരെ കർശനമായ പരിശോധന ഉണ്ടായിരുന്നതിനാൽ, വിദേശ സഹോദരങ്ങളുമായി കത്തിടപാടുകൾ അസാധ്യമായിരുന്നു. വല്ലപ്പോഴും വിദേശത്തു നിന്നു വരുന്നവർ എത്തിക്കുന്ന സന്ദേശങ്ങൾ മാത്രമേ ലുവാണ്ട ഓഫീസിനു ലഭിച്ചിരുന്നുള്ളൂ. എങ്കിലും, നവോന്മേഷദായകമായ സത്യങ്ങൾ അടങ്ങുന്ന ബൈബിൾ സാഹിത്യങ്ങൾ നമീബിയൻ അതിർത്തിയിലൂടെ അംഗോളയിലെത്തി. ആ അതിർത്തിയിലൂടെ അവ കടത്തിക്കൊണ്ടു പോരുക താരതമ്യേന എളുപ്പമായിരുന്നു. അങ്ങനെ പോർച്ചുഗീസിലും പ്രാദേശിക ഭാഷകളിലുമുള്ള പ്രസിദ്ധീകരണങ്ങൾ അംഗോളയിൽ എത്തി. ആ പ്രദേശത്ത്‌ ഈ ക്രമീകരണം വർഷങ്ങളോളം വിജയപ്രദമായി നിലവിലിരുന്നു.

സാഹിത്യങ്ങൾ ലഭ്യമാക്കുന്നതിൽ പലരും സഹോദരങ്ങളുടെ തുണയ്‌ക്കെത്തി. പല രംഗത്തും വിദഗ്‌ധരായ നിരവധി പേർ സഹോദരങ്ങൾക്കു ബൈബിളുകൾ എത്തിച്ചുകൊടുക്കുന്നതിൽ ഒരു പങ്കു വഹിച്ചു. സാക്ഷികളുടെ ബന്ധുക്കളായ ചില സൈനിക ഉദ്യോഗസ്ഥർ പോലും അംഗോളയിലെ സഹോദരങ്ങളെ സഹായിക്കുന്നതിൽ വളരെയധികം ത്യാഗങ്ങൾ സഹിച്ചു. പകർപ്പുണ്ടാക്കുന്ന ഒരു യന്ത്രം ഉൾപ്പെടെ പല ഓഫീസ്‌ സാമഗ്രികളും സ്വാധീനശക്തിയുള്ള ആളുകളുടെ പേരിലാണ്‌ അംഗോളയിൽ എത്തിയത്‌. അത്തരമൊരു വ്യക്തി ദൈവപുത്രനായ “സമാധാനപ്രഭു”വിന്റെ നിർദേശത്തിൻ കീഴിൽ സേവിക്കുന്നതിന്‌ യഹോവയുടെ ജനത്തോടു ചേരുക പോലും ചെയ്‌തു.​—⁠യെശ. 9:⁠6.

1984-ൽ തിയെറി ഡൂയെറ്റ്‌വായും ഭാര്യ മാന്വെലയും സയറിൽനിന്ന്‌ (ഇപ്പോൾ കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്‌) അംഗോളയിലേക്കു താമസം മാറ്റി. പ്രാദേശിക സഹോദരങ്ങൾക്ക്‌ അവരോടു വലിയ സ്‌നേഹമായിരുന്നു. നല്ല പൊക്കമുണ്ടായിരുന്ന ഡൂയെറ്റ്‌വാ സഹോദരൻ റഷ്യക്കാരനാണെന്ന്‌ ആളുകൾ തെറ്റിദ്ധരിച്ചിരുന്നു. അക്കാലത്ത്‌ അംഗോളയിൽ നിരവധി റഷ്യക്കാർ ഉണ്ടായിരുന്നുവെന്നു മാത്രമല്ല അവർക്കു സമ്പൂർണ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.

ആളുകളുടെ ആ തെറ്റിദ്ധാരണയെ മുതലെടുത്തുകൊണ്ട്‌ അദ്ദേഹം യുദ്ധത്താൽ ചീന്തപ്പെട്ട ആ രാജ്യത്തേക്ക്‌ വളരെയധികം ബൈബിൾ സാഹിത്യങ്ങൾ എത്തിച്ചു. യഹോവയാം ദൈവം മിശിഹൈക രാജ്യം മുഖേന മനുഷ്യവർഗത്തിന്‌ എങ്ങനെ സമാധാനം കൈവരുത്തുമെന്നും ഭൂമിയുടെ അറ്റങ്ങൾ വരെയും അതു തഴച്ചുവളരാൻ അവൻ എങ്ങനെ ഇടയാക്കുമെന്നുമാണ്‌ ആ സാഹിത്യങ്ങൾ വിവരിക്കുന്നത്‌. (സങ്കീ. 72:7, 8) ഡൂയെറ്റ്‌വാ സഹോദരൻ വിമാനത്തിലെ പൈലറ്റുമാരുമായി പല ബിസിനസ്‌ ബന്ധങ്ങളും സ്ഥാപിച്ചു. അങ്ങനെ അവർ ബൈബിൾ സാഹിത്യങ്ങൾ അടങ്ങിയ പെട്ടികൾ അംഗോളയിലേക്ക്‌ എത്തിക്കാമെന്ന്‌ സമ്മതിക്കുകയുണ്ടായി. തുടർന്ന്‌ ഡൂയെറ്റ്‌വാ സഹോദരൻ ആ സാഹിത്യങ്ങൾ വിമാനത്താവളത്തിൽ ചെന്നെടുത്ത്‌ സഹോദരങ്ങൾക്കു നൽകുമായിരുന്നു. രോഗികളായ സഹോദരന്മാർക്ക്‌ അവശ്യം വേണ്ട മരുന്നുകളും അദ്ദേഹം എത്തിക്കുമായിരുന്നു.

ഡൂയെറ്റ്‌വാ സഹോദരൻവഴി ഉത്തരവാദിത്വം വഹിക്കുന്ന സഹോദരന്മാർ ഇലിഡ്യൂ സിൽവ എന്നൊരു വ്യാപാരിയെ പരിചയപ്പെട്ടു. അദ്ദേഹം സാക്ഷികൾക്കു രണ്ടു പകർപ്പുണ്ടാക്കൽ യന്ത്രങ്ങൾ സൗജന്യമായി നൽകി. രാജ്യത്തുള്ള ഓഫീസ്‌ യന്ത്രങ്ങളുടെ കണക്കുകൾ ഗവൺമെന്റ്‌ സൂക്ഷിച്ചിരുന്നതിനാൽ അക്കാലത്ത്‌ അത്തരം യന്ത്രങ്ങൾ ലഭിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. സിൽവ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടു. കാരണം, അദ്ദേഹം പിന്നീട്‌ യഹോവയുടെ സ്‌നാപനമേറ്റ ഒരു ദാസൻ ആയിത്തീർന്നു.

പകർപ്പുണ്ടാക്കുന്ന ഇലക്‌ട്രോണിക്‌ യന്ത്രങ്ങൾ ലഭിച്ചതിനാൽ വീക്ഷാഗോപുരത്തിന്റെ 20 പേജുള്ള പതിപ്പ്‌ ഉണ്ടാക്കുക സാധ്യമായി. അംഗോളയിലെ സഹോദരങ്ങൾക്കു മുമ്പ്‌ ലഭിക്കാതെപോയ ഉപലേഖനങ്ങളും അതിൽ ഉൾപ്പെടുത്തുകയുണ്ടായി. ചുരുങ്ങിയ സമയംകൊണ്ട്‌ ശരാശരി 10,000 കോപ്പികൾ വിതരണം ചെയ്യാൻ കഴിഞ്ഞു. തിരുവെഴുത്തുകൾ പരിശോധിക്കലിന്റെയും കോപ്പികൾ ഉണ്ടാക്കി. സഹോദരങ്ങൾ അതും വളരെയധികം വിലമതിച്ചു. അംഗോളയിലെ സഹോദരങ്ങളുടെ ആവശ്യത്തിനായി മിമിയോഗ്രാഫ്‌ കോപ്പികൾ ഉണ്ടാക്കുന്നതിന്‌ ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’ എന്ന പുസ്‌തകത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ പോർച്ചുഗലിൽനിന്ന്‌ അയച്ചുകൊടുത്തു. പിന്നീട്‌ ഒരു ചെറുപുസ്‌തകത്തിന്റെ രൂപത്തിൽ ആ വിവരങ്ങൾ ലഭ്യമാക്കപ്പെട്ടു. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലെ പരിപാടികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഇതുമൂലം സാധിച്ചു. ഈ ആത്മീയ കരുതലുകളെല്ലാം എത്ര ആശ്വാസപ്രദമായിരുന്നു!

ഈ ദേശത്ത്‌ യഹോവയെ സ്‌തുതിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവും ദിവ്യാനുഗ്രഹത്തിന്റെ ഒരു തെളിവാണ്‌. 1987 സേവനവർഷത്തിന്റെ ഒടുവിൽ പ്രവർത്തനം റിപ്പോർട്ടു ചെയ്‌തവരുടെ എണ്ണം 8,388 ആയിരുന്നു. 1978-ൽ നിരോധനം നിലവിൽ വന്നശേഷം ഇത്‌ 150 ശതമാനത്തിലധികം വർധനവായിരുന്നു. കൂടാതെ, സഭകളുടെ എണ്ണം 33-ൽ നിന്ന്‌ 89 ആയും വർധിച്ചു. പുതിയ താത്‌പര്യക്കാരെ യോഗങ്ങൾക്കു ക്ഷണിക്കുന്ന കാര്യത്തിൽ വലിയ ജാഗ്രത പുലർത്തിയിരുന്നെങ്കിലും, പലപ്പോഴും സഭയിലെ ഹാജർ പ്രസാധകരുടെ എണ്ണത്തിന്റെ ഏകദേശം 150 ശതമാനം വരുമായിരുന്നു. പ്രസാധകരുടെ ശരാശരി പ്രതിമാസ മണിക്കൂർ 18 ആയിരുന്നു. ഭവന ബൈബിൾ അധ്യയനങ്ങൾ 23,665 എന്ന അത്യുച്ചത്തിലെത്തി! സഹോദരങ്ങൾക്കു സാമ്പത്തിക പരാധീനതകളും ഭക്ഷ്യക്ഷാമവും ഉണ്ടായിരുന്നു. എന്നാൽ യഹോവയുടെ വാഗ്‌ദാനങ്ങളിൽ ഉള്ള ഉറപ്പ്‌ ധൈര്യമുള്ളവരായിരിക്കാൻ അവരെ പ്രാപ്‌തരാക്കി. ‘ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിക്കാൻ’ അവർ ദൃഢനിശ്ചയം ചെയ്‌തിരുന്നു.​—⁠പ്രവൃ. 4:⁠31.

സർക്കിട്ട്‌ മേൽവിചാരകന്മാർക്കു പ്രത്യേക പരിശീലനം

സഭകൾക്കായി കഠിനാധ്വാനം ചെയ്‌തുകൊണ്ടിരുന്ന സഞ്ചാര മേൽവിചാരകന്മാർക്കും പ്രോത്സാഹനം ആവശ്യമായിരുന്നു. പോർച്ചുഗലിലെ ലിസ്‌ബണിൽ 1988 നവംബറിൽ തങ്ങൾക്കായി നടത്തുന്ന ഒരു പ്രത്യേക സെമിനാറിനെ കുറിച്ച്‌ അറിഞ്ഞപ്പോൾ അവർ എത്രമാത്രം സന്തോഷിച്ചെന്നോ!

പോർച്ചുഗലിലെ ബെഥേൽ കുടുംബത്തോട്‌ സഹവസിക്കുന്നതിന്റെ സന്തോഷം ഒന്ന്‌ ഓർത്തുനോക്കുക! ആ സെമിനാറിൽ സംബന്ധിച്ച ലൂയിഷ്‌ കാർദോസൂ അതേക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “അത്‌ എന്നെ സംബന്ധിച്ചിടത്തോളം ആവേശകരമായ സമയമായിരുന്നു. പോർച്ചുഗൽ ബെഥേൽ കുടുംബം ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. ഞങ്ങൾക്കായി എത്ര ചെയ്‌തിട്ടും മതിയാകാത്തതു പോലെ ആയിരുന്നു അവർക്ക്‌. സന്തോഷകരമായ പ്രവർത്തനത്തിന്റെയും പഠനത്തിന്റെയും തിരക്കിട്ട 34 ദിവസങ്ങൾ ആയിരുന്നു അവ.”

കാര്യങ്ങൾ നിരീക്ഷിച്ചു പഠിക്കാനായി, പോർച്ചുഗലിലെ സർക്കിട്ടുകളിൽ സഞ്ചാര മേൽവിചാരകന്മാരോടൊപ്പം പ്രവർത്തിക്കുന്നതിന്‌ അവർ ആദ്യത്തെ രണ്ടാഴ്‌ച മാറ്റിവെച്ചു. അതിനടുത്ത രണ്ടാഴ്‌ചക്കാലം അവർ സെമിനാറിൽ സംബന്ധിച്ചു. അവരുടെ ദിവ്യാധിപത്യ പ്രവർത്തന മേഖലയെ കേന്ദ്രീകരിച്ചായിരുന്നു ആ സെമിനാർ. രാജ്യശുശ്രൂഷാസ്‌കൂളിന്റെ അധ്യാപകരായുള്ള പരിശീലനവും അതിൽ ഉൾപ്പെട്ടിരുന്നു. അതിനടുത്ത വാരം, പോർച്ചുഗലിലെ മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും വേണ്ടി നടത്തിയ രാജ്യശുശ്രൂഷാസ്‌കൂളുകളിൽ അവർ സംബന്ധിച്ചു. സെമിനാറിൽനിന്നു പഠിച്ച കാര്യങ്ങൾ പോർച്ചുഗലിലെ സഞ്ചാര മേൽവിചാരകന്മാർ പ്രാദേശിക മൂപ്പന്മാരെ എങ്ങനെ പഠിപ്പിക്കുന്നുവെന്നു നേരിൽ കാണാൻ അംഗോളയിൽനിന്ന്‌ എത്തിയ സഹോദരന്മാർക്ക്‌ അതിലൂടെ അവസരം ലഭിച്ചു.

“എങ്ങനെ ഒരു നല്ല വിദ്യാർഥി ആയിരിക്കാമെന്ന്‌ ഈ സെമിനാർ എന്നെ പഠിപ്പിച്ചു,” കാർദോസൂ സഹോദരൻ പറയുന്നു. “മുമ്പൊരിക്കലും ചെയ്‌തിട്ടില്ലാത്ത വിധത്തിൽ പഠിക്കാനും ഗവേഷണം ചെയ്യാനും ഞാൻ പഠിച്ചു. ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ കഴിയുമാറ്‌ ഭാര്യമാരോട്‌ എങ്ങനെ പരിഗണന കാണിക്കണമെന്ന കാര്യത്തിൽ ഞങ്ങളെ പഠിപ്പിച്ച സഹോദരന്മാർ നല്ല മാതൃകകളായിരുന്നു. ‘സൃഷ്ടിപ്പിൻ ഫോട്ടോ നാടക’ത്തിന്റെ പ്രദർശനമായിരുന്നു ഏറ്റവും അവിസ്‌മരണീയമായ സംഗതി. ഞാൻ അതേക്കുറിച്ച്‌ ധാരാളം കേട്ടിരുന്നു. എന്നാൽ അതു നേരിൽ കാണാൻ കഴിഞ്ഞത്‌ ഒരു വലിയ അനുഭവം ആയിരുന്നു.”

ആ പ്രബോധനത്തിനു ശേഷം കൂടുതലായ ഒരു സഹായം എന്ന നിലയിൽ, അംഗോളയിലെ സർക്കിട്ട്‌ മേൽവിചാരകന്മാർ സ്വന്തരാജ്യത്തെ സഭകളിൽ സന്ദർശനം നടത്തവെ അവരോടൊപ്പം പ്രവർത്തിക്കാൻ 1990 ഒക്‌ടോബറിൽ പോർച്ചുഗലിൽ നിന്നുള്ള ഒരു സർക്കിട്ട്‌ മേൽവിചാരകനായ മാരിയൂ നോബ്രേയെ സൊസൈറ്റി നിയമിച്ചു. സഹോദരന്മാരെ പരിശീലിപ്പിച്ചുകൊണ്ട്‌ അദ്ദേഹം അംഗോളയിൽ രണ്ടു മാസം ചെലവഴിച്ചു. ദയാവായ്‌പോടെയും ക്ഷമയോടെയുമുള്ള അദ്ദേഹത്തിന്റെ സമീപനം സഹോദരങ്ങൾ വളരെയധികം വിലമതിച്ചു.

അംഗോളയിൽ എത്തി ഏതാനും ദിവസങ്ങൾക്കു ശേഷം ഉണ്ടായ ഒരു അനുഭവത്തെ കുറിച്ച്‌ നോബ്രേ സഹോദരൻ വലിയ സന്തോഷത്തോടെ ഇങ്ങനെ പറയുന്നു: “198 പ്രസാധകരുള്ള ഒരു സഭയിൽ ഞാൻ പരസ്യപ്രസംഗം നടത്തുന്നതിന്‌ സഹോദരങ്ങൾ ക്രമീകരണം ചെയ്‌തു. അതിന്‌ 487 പേർ ഹാജരായത്‌ എന്നെ വിസ്‌മയിപ്പിച്ചു. ആ പ്രസംഗം ഒന്നുകൂടി നടത്താൻ അവിടത്തെ അധ്യക്ഷ മേൽവിചാരകൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ പിന്നെയും അമ്പരന്നു. ആദ്യത്തെ പ്രസംഗത്തിനു പകുതി പേരേ വന്നിരുന്നുള്ളുവത്രേ! ഞാൻ ആ പ്രസംഗം വീണ്ടും നടത്താമെന്നു സമ്മതിച്ചു, പ്രസംഗം രണ്ടാമതു നടത്തിയപ്പോൾ 461 പേർ ഹാജരായിരുന്നു. രണ്ടിലും കൂടി 948 പേർ!”

അംഗോളയിലെ താമസക്കാലത്ത്‌ നോബ്രേ സഹോദരൻ അവിടത്തെ സഹോദരങ്ങളുടെ അനുദിന ജീവിതത്തെ കുറിച്ച്‌ വളരെ കാര്യങ്ങൾ പഠിച്ചു. വെടിവെപ്പു നടക്കുന്നതിനാൽ ലുവാണ്ടയിലെ തെരുവുകൾ സുരക്ഷിതമല്ലെന്ന്‌ അദ്ദേഹം കണ്ടെത്തി. എങ്കിലും ആ സാഹചര്യത്തോട്‌ അദ്ദേഹം പെട്ടെന്നുതന്നെ ഇഴുകിച്ചേരുകയും ആളുകൾ രാജ്യസന്ദേശത്തിൽ കാണിക്കുന്ന അസാധാരണ താത്‌പര്യത്തിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌തു. തനിക്കു ലഭിച്ച താമസസൗകര്യത്തെ കുറിച്ച്‌ അദ്ദേഹം ഇങ്ങനെ പറയുന്നു: “തങ്ങളാലാവുന്ന ഏറ്റവും മികച്ച സൗകര്യങ്ങളാണ്‌ അവർ എനിക്കു നൽകിയത്‌. ഞങ്ങളുടെ ആവശ്യങ്ങൾ കഷ്ടിച്ചു നടന്നു, എങ്കിലും അതു തൃപ്‌തികരമായിരുന്നു.”

കഠിന വരൾച്ച

1990-ന്റെ തുടക്കത്തിൽ, അപ്പോക്കലിപ്‌സിലെ കറുത്ത കുതിരപ്പുറത്ത്‌ സവാരി ചെയ്യുന്നവനാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന ക്ഷാമം അംഗോളയുടെ തെക്കൻ മേഖലയെ ശക്തമായി പ്രഹരിച്ചു. മൂന്നു മാസത്തെ കഠിന വരൾച്ചയുടെ ഫലം അതിദാരുണം ആയിരുന്നു. (വെളി. 6:5, 6) വിളകൾ നശിച്ചു. ആളുകൾ വളരെയധികം യാതന അനുഭവിച്ചു. ലിസ്‌ബണിലെ ഡിയാരിയൂ ദെ നോട്ടിസ്‌യാസ്‌ എന്ന പത്രം റിപ്പോർട്ടു ചെയ്‌ത പ്രകാരം, ആ വരൾച്ച മൂലം 10,000 പേരെങ്കിലും മരിക്കുകയുണ്ടായി.

പോർച്ചുഗൽ ബ്രാഞ്ച്‌ ഇതേക്കുറിച്ച്‌ അറിഞ്ഞപ്പോൾ, അവിടെയുള്ള സഹോദരങ്ങൾ മുഖേനയും ബൈബിൾ സത്യത്തിൽ താത്‌പര്യം പ്രകടമാക്കിയ ബിസിനസുകാരിലൂടെയും രണ്ടു വലിയ കണ്ടെയ്‌നറുകളിൽ ദുരിതാശ്വാസ സാമഗ്രികൾ അയച്ചുകൊടുത്തു, ഒരു കണ്ടെയ്‌നർ ബെൻഗ്വെലയിലേക്കും മറ്റേത്‌ ലുവാണ്ടയിലേക്കും.

ദക്ഷിണാഫ്രിക്ക ബ്രാഞ്ച്‌ നമീബിയവഴി 25 ടൺ ദുരിതാശ്വാസ സാമഗ്രികൾ ട്രക്കിൽ അയച്ചുകൊടുത്തു. സഹോദരങ്ങൾ വിൻഹുക്കിൽ എത്തിയപ്പോൾ, അംഗോളയിൽ പ്രവേശിച്ച്‌ തങ്ങളുടെ ക്രിസ്‌തീയ സഹോദരങ്ങൾക്ക്‌ ഈ സാമഗ്രികൾ എത്തിച്ചുകൊടുക്കാൻ അനുവദിക്കണമെന്ന്‌ അംഗോളയിലെ സ്ഥാനപതിയോട്‌ അപേക്ഷിച്ചു. സാക്ഷികൾക്ക്‌ അംഗോളയിൽ നിയമാംഗീകാരം ഇല്ലെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നിട്ടും, കഷ്ടമനുഭവിക്കുന്നവർക്ക്‌ ദുരിതാശ്വാസം എത്തിക്കാനുള്ള രേഖകൾ അദ്ദേഹം സസന്തോഷം നൽകി. അവ നിർദിഷ്ട സ്ഥലത്തു സുരക്ഷിതമായി എത്തുന്നു എന്ന്‌ ഉറപ്പു വരുത്താൻ ഒരു സൈനിക അകമ്പടിക്കുള്ള ക്രമീകരണവും ചെയ്‌തു.

ട്രക്ക്‌ കൂനേന നദിക്കു കുറുകെയുള്ള ഒരു താത്‌കാലിക പാലത്തിനടുത്ത്‌ എത്തിയപ്പോൾ, സാധനങ്ങൾ ഒരു ചെറിയ ട്രക്കിൽ നിറച്ചാണ്‌ അക്കരെ കടത്തിയത്‌. തുടർന്ന്‌ തങ്ങളുടെ ട്രക്ക്‌ സുരക്ഷിതമായി മറുകരയിൽ എത്തിയപ്പോൾ അവർ വീണ്ടും സാധനങ്ങൾ അതിൽ കയറ്റി. 30 സൈനിക ചെക്ക്‌പോസ്റ്റുകൾ കടന്നാണ്‌ ആ ട്രക്ക്‌ ലുബാങ്‌ഗൂവിൽ എത്തിയത്‌. അതു വിജയിച്ചതിനാൽ, സഹോദരങ്ങൾ അതുപോലുള്ള മൂന്നു ട്രിപ്പുകൾ കൂടി നടത്തി. ഓരോന്നിലും ടൺ കണക്കിന്‌ ദുരിതാശ്വാസ സാമഗ്രികൾ ഉണ്ടായിരുന്നു.

ആദ്യത്തെ ട്രക്ക്‌ എത്തിയപ്പോൾ ഫ്‌ളാവിയൂ ടെയ്‌ഷെയ്‌റ കെന്റാൽ, ലുബാങ്‌ഗൂവിൽ ഉണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “ട്രക്ക്‌ ഉച്ചതിരിഞ്ഞ്‌ മൂന്നു മണിയോടടുത്ത്‌ എത്തിച്ചേർന്നപ്പോൾ, ഞങ്ങൾക്ക്‌ എന്തെന്നില്ലാത്ത സന്തോഷവും ആശ്വാസവുമാണു തോന്നിയത്‌. ഒപ്പം വിസ്‌മയവും തെല്ലു ഭയവും. 25 ടൺ സാഹിത്യവും വസ്‌ത്രവും ഭക്ഷണവുമെല്ലാം ഞങ്ങൾ എവിടെ സൂക്ഷിക്കും? ഞങ്ങളുടെ രാജ്യഹാളിന്‌ കതകുകളോ ജാലകവാതിലുകളോ ഇല്ലായിരുന്നു. ഞങ്ങളുടെ വീട്ടിലാണെങ്കിൽ ആ പെട്ടികൾ വെക്കാനുള്ള സ്ഥലവുമില്ല. അതിനാൽ സാധനങ്ങളെല്ലാം രാജ്യഹാളിൽ വെച്ചിട്ട്‌ ഞങ്ങൾ സഹോദരന്മാരെ രാവും പകലും കാവൽ നിറുത്തി.”

ലഭിച്ച വിഭവങ്ങളെല്ലാം ഉടൻതന്നെ വിതരണം ചെയ്‌തു. കെന്റാൽ സഹോദരൻ തുടരുന്നു: “അതു യുദ്ധകാലമായിരുന്നു. . . . അന്ന്‌ ഒരു സഭയ്‌ക്ക്‌ ആകെക്കൂടി ഒറ്റ മാസികയേ ഉണ്ടായിരുന്നുള്ളൂ. യഹോവയോടും അവന്റെ സംഘടനയോടും തങ്ങൾ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത സഹോദരങ്ങൾക്കു വേണ്ടി ജീവൻ പോലും പണയപ്പെടുത്താൻ തയ്യാറായ ഞങ്ങളുടെ പ്രിയ സഹോദരങ്ങളോടും ഞങ്ങൾ അതീവ നന്ദിയുള്ളവരാണ്‌! ഇത്‌, സ്വന്തം ജീവൻ മറ്റുള്ളവർക്കായി നൽകിക്കൊണ്ട്‌ മനുഷ്യവർഗത്തോട്‌ യേശു പ്രകടമാക്കിയതരം സ്‌നേഹത്തെ കുറിച്ച്‌ ചിന്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു.”​—⁠യോഹ. 3:⁠16.

ബെൻഗ്വെലയിലെ മൂപ്പന്മാർ എഴുതിയ ഒരു വിലമതിപ്പിൻ കത്തിലെ വാക്കുകൾ നോക്കുക: “32 സ്വമേധയാ സേവകർ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുകയായിരുന്നതിനാൽ തിരക്കിട്ട പ്രവർത്തനത്തിന്റെ ഒരു സമയമായിരുന്നു കഴിഞ്ഞ വാരാന്തം. ഞങ്ങൾക്ക്‌ ഈ ദാനം നൽകാൻ മനസ്സലിവു തോന്നിയവരോടു ഞങ്ങൾ നന്ദിയുള്ളവരാണ്‌.” ക്ഷാമം ഉണ്ടായിട്ടും, സഹോദരങ്ങളിൽ ആരും പട്ടിണികിടന്നു മരിച്ചില്ല.

മനുഷ്യാവകാശ വാഗ്‌ദാനം

അംഗോളയിലെ തമ്മിലടിക്കുന്ന വിഭാഗങ്ങൾ 1991 മേയ്‌ 31-ന്‌ ഒരു വെടിനിറുത്തൽ ഉടമ്പടിയിൽ ഒപ്പുവെച്ചു. അങ്ങനെ ആ രാജ്യത്ത്‌ ആപേക്ഷിക സമാധാനത്തിന്റെ ഒരു കാലഘട്ടം പിറന്നുവീണു. മനുഷ്യ-രാഷ്‌ട്രീയ അവകാശങ്ങൾ ഉറപ്പുനൽകുന്ന ഒരു പുതിയ ഭരണഘടനയും നിലവിൽ വന്നു. 16 വർഷം നീണ്ടുനിന്ന യുദ്ധത്തിന്റെ ഫലമായി ആ രാജ്യം പാടേ നശിച്ചിരുന്നു, 3,00,000-ത്തോളം പേർ കൊല്ലപ്പെട്ടു. പുരുഷന്റെ ആയുർപ്രതീക്ഷ 43 വർഷവും സ്‌ത്രീയുടേത്‌ 46 വർഷവും ആയിരുന്നു. തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും കുതിച്ചുയർന്നു. വിദ്യാഭ്യാസ വ്യവസ്ഥ താറുമാറായി. പുനരധിവാസ പ്രവർത്തനങ്ങൾ ഗണ്യമായ അളവിൽ ആവശ്യമായിരുന്നു. രാജ്യത്ത്‌ ഇപ്പോൾ മാറിവന്ന സാഹചര്യം, 1978 മുതൽ നിലവിലിരിക്കുന്ന നിരോധനത്തിൽനിന്ന്‌ യഹോവയുടെ സാക്ഷികളെ മോചിപ്പിക്കുമായിരുന്നോ?

1991 ഒക്‌ടോബർ 22-ന്‌, അംഗോളയിലെ യഹോവയുടെ സാക്ഷികളുടെ മതസംഘടനയെ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ നീതിന്യായ മന്ത്രിക്കു സമർപ്പിക്കപ്പെട്ടു. ഈ അപേക്ഷയെ കുറിച്ചു പൊതുജനങ്ങളെ അറിയിക്കാൻ ഒരു പത്രപ്രസ്‌താവനയും സാക്ഷികൾ ഇറക്കി.

പിറ്റേന്നുതന്നെ ഷോർണാൽ ദെ ആംഗോള എന്ന പത്രം ഈ വിഷയത്തെ കുറിച്ച്‌ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതു ഭാഗികമായി ഇങ്ങനെ പറയുന്നു: “അംഗോളയിലെ യഹോവയുടെ സാക്ഷികളുടെ വക്താവു പറയുന്നതനുസരിച്ച്‌, തങ്ങളുടെ സംഘടനയ്‌ക്ക്‌ നിയമാംഗീകാരം കിട്ടുമെന്ന ശുഭാപ്‌തിവിശ്വാസം അവർക്കുണ്ട്‌. നീതിന്യായ മന്ത്രാലയത്തിന്റെ പ്രഥമ പ്രതികരണം തൃപ്‌തികരമായിരുന്നു.” ആ ലേഖനം അംഗോളയിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രത്തെ അവലോകനം ചെയ്യുകയും അവരുടെ പ്രവർത്തനത്തിന്മേലുള്ള നിരോധനം നീക്കം ചെയ്യപ്പെട്ട പോർച്ചുഗൽ, മൊസാമ്പിക്ക്‌ എന്നീ രാജ്യങ്ങളിലെ അവരുടെ ചരിത്രത്തെ കുറിച്ചു പ്രതിപാദിക്കുകയും ചെയ്‌തു.

അങ്ങനെ, അംഗോളയിൽ ഇതാദ്യമായി യഹോവയുടെ സാക്ഷികൾക്ക്‌ അനുകൂലമായ പ്രചരണം ലഭിച്ചുതുടങ്ങി! പല ദിവസങ്ങൾക്കു ശേഷം, ആ ലേഖനം പ്രസിദ്ധീകരിച്ചതിനെ പ്രതി അഭിനന്ദിച്ചുകൊണ്ട്‌ തനിക്കു പലരും, സ്വാധീനമുള്ള ഉന്നത ഉദ്യോഗസ്ഥർ പോലും, ഫോൺ ചെയ്‌തതായി ആ പത്രത്തിന്റെ ഡയറക്ടർ പറഞ്ഞു.

‘ഒരു അവിസ്‌മരണീയ അനുഭവം’

അപ്പോഴേക്കും യഹോവയുടെ സാക്ഷികൾ കൂടുതൽ സ്വതന്ത്രമായി കൂടിവരാൻ തുടങ്ങിയിരുന്നു. 100 പ്രസാധകരുള്ള പല സഭകളും 300 മുതൽ 500 വരെ യോഗഹാജർ റിപ്പോർട്ടു ചെയ്‌തു! സ്വകാര്യ ഭവനങ്ങളിൽ ചെറുകൂട്ടങ്ങളായി കൂടിവരാൻ നിർബന്ധിതരായിരുന്ന ആ സാക്ഷികൾ ഈ വർധനവിനെ എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു? സഭായോഗങ്ങൾ നടത്തുന്നതിനു ചില സഹോദരങ്ങൾ തങ്ങളുടെ വീട്ടുമുറ്റത്ത്‌ തകരഷീറ്റുകൊണ്ട്‌ പന്തലുണ്ടാക്കി സഭയുടെ ഉപയോഗത്തിനു വിട്ടുകൊടുത്തു. പല സഭകളും അതു പോലുമില്ലാതെ തുറസ്സായ സ്ഥലത്തു യോഗങ്ങൾ നടത്തി. എല്ലാവർക്കും ഇരിക്കുന്നതിന്‌ വേണ്ടത്ര സ്ഥലമില്ലാത്തതിനാൽ, നല്ല പുരോഗതി വരുത്തിയ ബൈബിൾ വിദ്യാർഥികളെ മാത്രമേ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും ക്ഷണിക്കാവൂ എന്ന്‌ പ്രസാധകർക്കു പ്രത്യേക നിർദേശം ഉണ്ടായിരുന്നു. ആരാധനാസ്ഥലങ്ങൾ അടിയന്തിരമായി ആവശ്യമായിരുന്നു.

നിലവിലുള്ള കാര്യങ്ങൾ വിലയിരുത്താനും ഭാവി ആവശ്യങ്ങളെ കുറിച്ചു ചർച്ച ചെയ്യാനും പോർച്ചുഗലിൽനിന്ന്‌ ഡഗ്ലസ്‌ ഗെസ്റ്റ്‌, മാരിയൂ പി. ഓലിവെയ്‌റ എന്നീ സഹോദരന്മാരെ സൊസൈറ്റി അയച്ചു. അവരുടെ സന്ദർശനസമയത്ത്‌ തലസ്ഥാന നഗരിയായ ലുവാണ്ടയിലെ 127 സഭകളിൽ നിന്നുള്ള മൂപ്പന്മാരുമായും പയനിയർമാരുമായും അവർ പ്രത്യേക യോഗങ്ങൾ നടത്തി. കൂടാതെ തലസ്ഥാനത്തിനു പുറത്തുള്ള 30 സഭകളിലെ മൂപ്പന്മാരുമായി കൂടിവരുന്നതിനും അവർക്കു സാധിച്ചു. എത്ര പ്രോത്സാഹജനകമായിരുന്നു അത്‌!

ഗെസ്റ്റ്‌ സഹോദരനെ സംബന്ധിച്ചിടത്തോളവും ആ സന്ദർശനം ഹൃദയസ്‌പർശിയായിരുന്നു. കഴിഞ്ഞ 30-തിലധികം വർഷമായി കത്തുകൾ മുഖേന അദ്ദേഹം അംഗോളയിലെ സഹോദരങ്ങളുമായി അടുത്തു പ്രവർത്തിച്ചിരുന്നു. തന്റെ സന്ദർശനത്തെ കുറിച്ച്‌ അദ്ദേഹം ഇപ്രകാരം പറയുന്നു: “തങ്ങളുടെ ജീവിത ഭാഗധേയത്തെ കുറിച്ച്‌ ആരും പരാതി പറഞ്ഞില്ല എന്നത്‌ ശ്രദ്ധേയമായിരുന്നു. അവർ അനുഭവിക്കുന്ന ആന്തരിക സമാധാനം അവരുടെ പുഞ്ചിരി തൂകുന്ന മുഖങ്ങളിൽ ദൃശ്യമായിരുന്നു. അവർ ആത്മീയമായി ഊർജസ്വലരും സന്തുഷ്ടരും ആണെന്ന്‌ അത്‌ അർഥമാക്കി. തങ്ങളുടെ രാജ്യത്ത്‌ പ്രസംഗപ്രവർത്തനം എങ്ങനെ ഊർജിതപ്പെടുത്താം എന്നതിനെ കുറിച്ചു മാത്രമാണ്‌ അവർ സംസാരിച്ചത്‌. അത്‌ എന്നെ സംബന്ധിച്ചിടത്തോളം ഒരു അവിസ്‌മരണീയ അനുഭവമാണ്‌.”

വീണ്ടും നിയമാംഗീകാരം

1992 ഏപ്രിൽ 10-ന്‌, സർക്കാരിന്റെ ഔദ്യോഗിക പത്രമായ ഡിയാരിയൂ ദാ റെപ്പൂബ്ലിക്ക യഹോവയുടെ സാക്ഷികളുടെ സംഘടനയ്‌ക്കു നിയമാംഗീകാരം നൽകിയിരിക്കുന്നതായി പ്രഖ്യാപിച്ചു. തുറന്നുകിട്ടിയ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ യഹോവയുടെ സാക്ഷികൾ ദൃഢനിശ്ചയം ചെയ്‌തു. താമസിയാതെ, പ്രസാധക അത്യുച്ചം 18,911-ൽ എത്തി. മുൻ വർഷത്തെ ശരാശരിയെക്കാൾ 30 ശതമാനം വർധനവായിരുന്നു അത്‌. അവർ നടത്തിയ 56,075 ബൈബിൾ അധ്യയനങ്ങൾ​—⁠ഒരു പ്രസാധകനു ശരാശരി മൂന്നു വീതം​—⁠ഭാവിയിലെ സമൃദ്ധമായ ഒരു വിളവെടുപ്പിലേക്കു വിരൽ ചൂണ്ടി.

വീക്ഷാഗോപുരവും ഉണരുക!യും മറ്റു സാഹിത്യങ്ങളും അംഗോളയിലേക്ക്‌ അയച്ചുകൊള്ളാൻ ദക്ഷിണാഫ്രിക്കാ ബ്രാഞ്ചിനു നിർദേശം ലഭിച്ചു. സാഹിത്യങ്ങൾ പ്രാദേശിക സഭകളിൽ എത്തിക്കുന്നതിന്‌ സൊസൈറ്റി രണ്ടു ട്രക്കുകൾ വാങ്ങി. 1992 മേയ്‌ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 24,000 കോപ്പികളും 1992 മേയ്‌ 8 ലക്കം ഉണരുക!യുടെ 12,000 കോപ്പികളും ലഭിച്ചപ്പോൾ സഹോദരങ്ങൾക്ക്‌ ഉണ്ടായ സന്തോഷം ഒന്ന്‌ ഓർത്തുനോക്കൂ! താമസിയാതെ, ഭവന ബൈബിൾ അധ്യയനങ്ങൾ നടത്തുന്നതിനുള്ള പുസ്‌തകങ്ങളും ലഭ്യമായി. അതിനു മുമ്പ്‌, അധ്യയനങ്ങൾ നടത്തുന്നതിനായി ചില പ്രസാധകർ തങ്ങൾ പഠിപ്പിക്കുന്ന പ്രസിദ്ധീകരണത്തിലെ എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും മനഃപാഠമാക്കിയിരുന്നു.

വീണ്ടും ദുർഘട നാളുകൾ!

അക്രമം അവസാനിച്ചിരുന്നില്ല. 1992 സെപ്‌റ്റംബറിലെ തെരഞ്ഞെടുപ്പിനെ തുടർന്ന്‌, രാജ്യം വീണ്ടും ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമർന്നു. ഒക്‌ടോബർ 30-ന്‌ അഞ്ചു പ്രമുഖ നഗരങ്ങളിൽ, അതായത്‌ ലുബാങ്‌ഗൂ, ബെൻഗ്വെല, ഹ്വാമ്പോ, ലോബിറ്റോ എന്നിവിടങ്ങളിലും വിശേഷിച്ച്‌ ലുവാണ്ടയിലും, വീണ്ടും പോരാട്ടം ആരംഭിച്ചു. പോരാട്ടത്തിന്റെ ആദ്യ ദിവസങ്ങളിൽത്തന്നെ ലുവാണ്ടയിൽ 1,000 പേർ കൊല്ലപ്പെട്ടുവെന്നു റിപ്പോർട്ടു ചെയ്യപ്പെട്ടു.

ആശുപത്രികളിൽ ആളുകളെ കിടത്താൻ സ്ഥലമില്ലാതായി. തെരുക്കളിൽ മൃതശരീരങ്ങൾ കിടക്കുന്നതു കാണാമായിരുന്നു. പകർച്ചവ്യാധികൾ പടർന്നുപിടിച്ചു. ആഴ്‌ചകളോളം വൈദ്യുതി, ഭക്ഷണം, വെള്ളം തുടങ്ങിയവയൊന്നും ലഭിച്ചില്ല. മോഷണവും കൊള്ളയും പെരുകി. പൊതുജനങ്ങൾ സംഭ്രാന്തരായി കഴിഞ്ഞുകൂടി.

ലുവാണ്ടയിലെ യഹോവയുടെ സാക്ഷികളിൽ പലരും കൊല്ലപ്പെട്ടു; മറ്റു ചിലരെ കാണ്മാനില്ല എന്ന റിപ്പോർട്ടു ലഭിച്ചു. അംഗോളയിലെ സഹോദരങ്ങളുടെ ദുഃസ്ഥിതിയെ കുറിച്ച്‌ അറിഞ്ഞപ്പോൾ പോർച്ചുഗൽ ബ്രാഞ്ച്‌ ഭക്ഷണവും മരുന്നും സത്വരം അയച്ചുകൊടുത്തു.

രാഷ്‌ട്രീയ വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടം നടക്കവെ, യഹോവയുടെ സാക്ഷികളുടെ അചഞ്ചലമായ നിഷ്‌പക്ഷതയെ ആളുകൾ നിരീക്ഷിച്ചു. രാഷ്‌ട്രീയത്തിൽ ഉൾപ്പെടുകയോ അധികാര വടംവലിയിൽ പക്ഷം പിടിക്കുകയോ ചെയ്യാതിരിക്കുന്നത്‌ അവർ മാത്രമാണെന്ന്‌ അനേകർ പറഞ്ഞു. തങ്ങളെ ബൈബിൾ പഠിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പലരും തെരുവിൽവെച്ച്‌ സാക്ഷികളെ സമീപിച്ചു.

തങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയാണെന്നു സാക്ഷികൾക്കു ബോധ്യമുണ്ടായിരുന്നു. അത്‌ ദൈവരാജ്യത്തിലുള്ള അവരുടെ വിശ്വാസത്തെ ഒന്നുകൂടി ബലപ്പെടുത്തി. വെളിപാട്‌​—⁠അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകത്തിന്റെ, പ്രത്യേകിച്ചും ഈ അന്ത്യനാളുകളിൽ കാട്ടുമൃഗത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഭാഗത്തിന്റെ, കാലോചിതമായ പഠനത്തെ അവർ വിലമതിച്ചു.

ഭരണസംഘത്തിൽനിന്ന്‌ ഒരു സന്ദേശം

വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ട്‌ അധികം താമസിയാതെ അംഗോളയിലെ സഹോദരങ്ങൾക്കുള്ള ഹൃദയോഷ്‌മളമായ ഒരു കത്ത്‌ ഭരണസംഘം പോർച്ചുഗൽ ബ്രാഞ്ചിന്‌ അയച്ചുകൊടുത്തു. മറ്റു കാര്യങ്ങൾക്കു പുറമേ, അംഗോളയിലെ സഹോദരങ്ങളുടെ അടിയന്തിര ആവശ്യങ്ങളെ കുറിച്ച്‌ ആ കത്തിൽ പരാമർശിച്ചിരുന്നു. കത്തിന്റെ ഒടുവിൽ, തങ്ങളുടെ ഊഷ്‌മള സ്‌നേഹം അംഗോളയിലെ സഹോദരങ്ങളെ അറിയിക്കാൻ ഭരണസംഘം ആവശ്യപ്പെട്ടിരുന്നു.

ഈ സന്ദേശം ലുവാണ്ടയിൽ എത്തിയപ്പോൾ, അരിഷ്ടസമയത്ത്‌ തന്റെ ജനത്തിനു വേണ്ടി സ്‌നേഹപൂർവം കരുതുന്ന ഒരു സംഘടനയെ യഹോവ ഉപയോഗിക്കുന്നതിൽ അവിടത്തെ സഹോദരങ്ങൾ അവനു ഹൃദയംഗമമായ നന്ദി കരേറ്റി. അക്രമത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട സഹോദരങ്ങളുടെ കുടുംബങ്ങൾക്ക്‌ ഭരണസംഘത്തിൽ നിന്നുള്ള സന്ദേശം വിശേഷാൽ ആശ്വാസപ്രദമായിരുന്നു.

ചരിത്രപ്രധാന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ

1993 ജനുവരി ആയപ്പോഴേക്കും ലുവാണ്ടയിലെ സ്ഥിതിഗതികൾ ഏതാണ്ടൊന്ന്‌ ശാന്തമായി. തന്മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രസാധകർക്ക്‌ തലസ്ഥാനത്തു നടന്ന “പ്രകാശവാഹകർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ സംബന്ധിക്കാൻ കഴിഞ്ഞു. ചിലർ ദീർഘദൂരം നടന്നാണ്‌ എത്തിയത്‌. ഹ്വാമ്പോ പ്രവിശ്യയിലെ ഒരു സഹോദരി നാലു കൊച്ചുകുട്ടികളെയും കൊണ്ട്‌​—⁠ഏറ്റവും മൂത്ത കുട്ടിക്ക്‌ ആറ്‌ വയസ്സ്‌​—⁠ഏഴു ദിവസം നടന്നാണ്‌ കൺവെൻഷന്‌ എത്തിയത്‌. അപ്പോഴേക്കും ആ സഹോദരി തീർത്തും അവശയായിത്തീർന്നിരുന്നു. എങ്കിലും, താൻ പങ്കുപറ്റാൻ പോകുന്ന ആത്മീയ വിരുന്നിന്റെ പ്രതീക്ഷയിൽ അവർ വളരെ സന്തോഷവതിയായിരുന്നു.

കൺവെൻഷനുകൾക്കു വേണ്ടി വ്യാവസായിക മേളാ പവലിയൻ രണ്ടാഴ്‌ചത്തേക്ക്‌ വാടകയ്‌ക്ക്‌ എടുത്തിരുന്നു. ജനറേറ്ററുകളും ഉച്ചഭാഷിണികളും മറ്റും പോർച്ചുഗലിൽ നിന്നാണ്‌ എത്തിച്ചത്‌. പതിവായി യോഗങ്ങൾക്കു വരുന്നവരെ മാത്രമേ സഹോദരങ്ങൾ ക്ഷണിച്ചിരുന്നുള്ളുവെങ്കിലും, ആ രണ്ടു കൺവെൻഷനുകളിലും അവിടം ആളുകളെക്കൊണ്ട്‌ തിങ്ങിനിറഞ്ഞിരുന്നു. ഇരു കൺവെൻഷനുകളിലുമായി 24,491 പേരാണ്‌ സംബന്ധിച്ചത്‌. ഇത്‌ ആദ്യമായിട്ടായിരുന്നു, നാടകം ഉൾപ്പെടെ മൂന്നു ദിവസത്തെയും മുഴു കൺവെൻഷൻ പരിപാടികളും അംഗോളയിലെ സഹോദരങ്ങൾ ആസ്വദിക്കുന്നത്‌. ഈ കൺവെൻഷനുകളിൽ 629 പുതിയ ശുശ്രൂഷകർ സ്‌നാപനമേറ്റു. ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രിക കികോങ്‌ഗോ, കിംബുണ്ടൂ, അംബുണ്ടൂ എന്നീ ഭാഷകളിലും ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക പോർച്ചുഗീസിലും ലഭിച്ചതിൽ സമ്മേളിതർ അതിയായി സന്തോഷിച്ചു.

കൺവെൻഷനുകൾക്കു ഹാജരായ സാക്ഷികളുടെ നല്ല നടത്ത ഗവൺമെന്റ്‌ ഉദ്യോഗസ്ഥർ സുസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ലുവാണ്ടയിലെ അക്രമത്തിൽനിന്നു വ്യത്യസ്‌തമായി സാക്ഷികൾക്കിടയിലെ ഐക്യവും സമാധാനവും ഏവർക്കും കാണാൻ കഴിഞ്ഞു. ആദ്യ കൺവെൻഷൻ തുടങ്ങിയ ദിവസം, നഗരത്തിന്റെ പല ദിക്കുകളിലും അഭയാർഥികൾക്കു നേരെ അക്രമം പൊട്ടിപ്പുറപ്പെട്ടു. അനേകർ മരിച്ചു, നൂറുകണക്കിനു പേർക്ക്‌ പരിക്കേറ്റു. എവിടെയും കവർച്ച. സഹോദരന്മാരുടേത്‌ ഉൾപ്പെടെ, അനേകരുടെ വീടുകൾ നശിപ്പിക്കപ്പെട്ടു. പുതുതായി ഉരുണ്ടുകൂടിയ അക്രമത്തിന്റെ കാർമേഘവും യഹോവയുടെ ജനം ആസ്വദിക്കുന്ന ആത്മീയ വെളിച്ചവും തമ്മിലുള്ള അന്തരം മുമ്പൊരിക്കലും ഇത്ര സ്‌പഷ്ടമായി കാണപ്പെട്ടിട്ടില്ല.​—⁠യെശ. 60:⁠2.

സഭകൾക്ക്‌ ഓഫീസുമായുള്ള ബന്ധം അറ്റുപോകുന്നു

പോരാട്ടം വീണ്ടും ആരംഭിച്ചതിനാൽ പ്രവിശ്യകളിലുള്ള മിക്ക സഭകൾക്കും ലുവാണ്ടാ ഓഫീസുമായുള്ള ബന്ധം ക്രമേണ അറ്റുപോയി. വിമത സൈന്യം 1993 ജനുവരിയിൽ ഹ്വാമ്പോയിൽ തങ്ങളുടെ ആസ്ഥാനം സ്ഥാപിച്ചു. അതേത്തുടർന്ന്‌ ഉഗ്രമായ പോരാട്ടം നടന്നു. സഹോദരങ്ങൾ കൂട്ടത്തോടെ വനത്തിലേക്കു പലായനം ചെയ്‌തു. അക്രമത്തിൽ ഹ്വാമ്പോ നഗരം ഏറെക്കുറെ പൂർണമായും നശിപ്പിക്കപ്പെട്ടു. അവിടത്തെ 11 സഭകളെ കുറിച്ച്‌ നാലു മാസത്തോളം യാതൊരു വിവരവുമില്ലായിരുന്നു. ഒടുവിൽ, ഏപ്രിൽ മാസത്തിൽ ചെറിയൊരു സന്ദേശം ലഭിച്ചു: “ഹ്വാമ്പോയിലെ 11 സഭകളുടെ മൊത്തം സ്‌മാരകഹാജർ 3,505; ഇതുവരെ സഹോദരങ്ങളിൽ ആർക്കും ജീവഹാനി നേരിട്ടിട്ടില്ല.” എത്ര ആശ്വാസം!

തുടർന്നുവന്ന മാസങ്ങളിലും വർഷങ്ങളിലും, സഹോദരങ്ങളുടെ വിശ്വസ്‌തതയെയും സഹിഷ്‌ണുതയെയും കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ ലഭിച്ചുതുടങ്ങി. ഒരു സഭ ഇപ്രകാരം റിപ്പോർട്ടു ചെയ്‌തു: “ഉഗ്രപോരാട്ടം നടന്ന രണ്ടു മാസക്കാലം ഏറ്റവും ശോചനീയമായിരുന്നു. പകൽസമയത്ത്‌ തെരുവുകളിൽ ഇറങ്ങാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. ഒരു അപ്പാർട്ട്‌മെന്റ്‌ കെട്ടിടത്തിന്റെ നിലയറയിൽ സഹോദരങ്ങളെല്ലാം ഒന്നിച്ചുകൂടിയിരുന്നു. അടുത്ത ദിവസത്തേക്കു ചൂടാക്കാനുള്ള കുടിവെള്ളമെടുക്കാൻ അവർ രാത്രിയിൽ പുറത്തു പോകുമായിരുന്നു. ഒരു കെട്ടിടത്തിൽനിന്ന്‌ റോഡിന്റെ മറുവശത്തെ മറ്റൊരു കെട്ടിടത്തിലേക്കു കടക്കാൻ ശ്രമിച്ചവർക്ക്‌ മിക്കപ്പോഴും ഒളിപ്പോരാളികളുടെ വെടിയേറ്റു. ഭക്ഷണത്തിനായി സഹോദരങ്ങൾ എന്താണു ചെയ്‌തത്‌? അവർ കൈവശം ഉണ്ടായിരുന്നതെല്ലാം സമാഹരിച്ച്‌ പൊന്നുംവിലയ്‌ക്ക്‌ സൈനികരുടെ പക്കൽനിന്ന്‌ അരി വാങ്ങിയിരുന്നു. ആളൊന്നിന്‌ ദിവസവും ഒരു കപ്പ്‌ അരി വീതമേ കിട്ടിയിരുന്നുള്ളൂ. അതും കിട്ടാതാകുമ്പോൾ തിളപ്പിച്ചാറ്റിയ വെള്ളം കുടിച്ച്‌ അവർ വിശപ്പ്‌ അടക്കാൻ ശ്രമിക്കുമായിരുന്നു. അവർക്കു സാഹിത്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ, കൈവശമുണ്ടായിരുന്ന മാസികകളും പുസ്‌തകങ്ങളും വീണ്ടും വീണ്ടും വായിച്ചാണ്‌ അവർ ആത്മീയ ബലം നിലനിറുത്തിയിരുന്നത്‌. അങ്ങനെ അവർക്ക്‌ ഇപ്പോൾ യഹോവയോടു കൂടുതൽ അടുപ്പം തോന്നുന്നു.”

ക്വാൻസാ നോർട്ടി പ്രവിശ്യയിൽ ഉണ്ടായിരുന്ന ഒരു സഭയ്‌ക്ക്‌ രണ്ടു വർഷത്തോളം ലുവാണ്ടാ ഓഫീസുമായി ബന്ധപ്പെടാനായില്ല. ഒറ്റപ്പെട്ടു പോയെങ്കിലും, അവിടത്തെ സാക്ഷികൾ തങ്ങളുടെ വയൽസേവനത്തിന്റെയും പണമായി ലഭിച്ച സംഭാവനകളുടെയും രേഖകൾ വിശ്വസ്‌തമായി സൂക്ഷിച്ചിരുന്നു. അവരുടെ സാഹചര്യം വളരെ പരിതാപകരമായിരുന്നെങ്കിലും, വ്യക്തിപരമായ ആവശ്യങ്ങൾക്ക്‌ അവർ ആ സംഭാവനയിൽനിന്ന്‌ ഒരു അംശം പോലും എടുത്തില്ല. ലോകവ്യാപക വേലയ്‌ക്കായി അവർ വ്യക്തിഗത സംഭാവനകൾ കൊടുത്തുകൊണ്ടിരുന്നു. ഓഫീസുമായി വീണ്ടും സമ്പർക്കത്തിൽ വന്നപ്പോൾ അവർ ആ പണം സൊസൈറ്റിയെ ഏൽപ്പിച്ചു. യഹോവയുടെ ദൃശ്യ സംഘടനയോടുള്ള വിലമതിപ്പിന്റെ എത്ര മികച്ച ദൃഷ്ടാന്തം!

ബെഥേൽ വികസനം

കൺട്രി കമ്മിറ്റിയുടെ ഓഫീസ്‌ പ്രവർത്തിച്ചിരുന്നത്‌ വാടകയ്‌ക്കെടുത്ത ഒരു മൂന്നുനില കെട്ടിടത്തിൽ ആയിരുന്നു. 1992-ന്റെ അവസാനം യഹോവയുടെ സാക്ഷികളുടെ സംഘടന അതു വിലയ്‌ക്കു വാങ്ങി. ആ വർഷംതന്നെ അവർ ഒരു സംഭരണശാലയും വാടകയ്‌ക്കെടുത്തു. സാഹിത്യങ്ങൾ സൂക്ഷിക്കാൻ അനുയോജ്യമായിരുന്ന ആ ശാല ചെറിയ തോതിലുള്ള അച്ചടി പ്രവർത്തനങ്ങൾക്കായും ഉപയോഗിച്ചു. രണ്ടു വർഷത്തിനു ശേഷം, ആ മൂന്നുനില കെട്ടിടം പുതുക്കിപ്പണിയാനും അതിനോടു ചേർന്ന്‌ മറ്റൊരു മൂന്നുനില കെട്ടിടം നിർമിക്കാനും ആസൂത്രണം ചെയ്യപ്പെട്ടു.

അതിനു വേണ്ട സാമഗ്രികൾ പ്രാദേശികമായി ലഭ്യമായിരുന്നില്ല. അതിനാൽ നിർമിക്കാൻ ഉദ്ദേശിച്ച കെട്ടിടത്തിന്റെ ഭാഗങ്ങൾ പോർച്ചുഗലിൽ വെച്ചു വാർത്തുണ്ടാക്കി കണ്ടെയ്‌നറുകളിലാക്കി അംഗോളയിലേക്കു കയറ്റി അയയ്‌ക്കുകയാണു ചെയ്‌തത്‌. കെട്ടിട നിർമാണത്തിൽ വിദഗ്‌ധരായിരുന്ന കാർലൂസ്‌ കൂന്യ, ഷോർഷേ പെഗാദൂ, നോയെ നൂണിഷ്‌ തുടങ്ങിയവർ അംഗോളയിലെ ഈ നിർമാണ പ്രവർത്തനത്തിൽ സഹായിക്കാൻ പോർച്ചുഗലിൽനിന്ന്‌ എത്തിയിരുന്നു. ആ നിർമാണ വേലയുടെ മേൽനോട്ടം വഹിച്ചിരുന്ന പോർച്ചുഗീസുകാരനായ മാരിയൂ പി. ഓലിവെയ്‌റ പറയുന്നു: “1994 ജൂലൈയിൽ കെട്ടിട നിർമാണം തുടങ്ങിയപ്പോൾ, ഒന്നിനു പുറകെ ഒന്നായി കണ്ടെയ്‌നറുകൾ എത്തിക്കൊണ്ടിരുന്നു. അങ്ങനെ ബെഥേൽ സജീവ പ്രവർത്തനത്തിന്റെ ഒരു കേന്ദ്രമായിത്തീർന്നു. ഉപകരണങ്ങളും പെയിന്റ്‌, ടൈൽസ്‌, വാതിലുകൾ, ജാലകപ്പടികൾ തുടങ്ങിയ നിർമാണ സാമഗ്രികളും പണിയായുധങ്ങളും കണ്ടെയ്‌നറുകളിൽനിന്ന്‌ ഇറക്കാൻ ബെഥേൽ കുടുംബത്തിലെ എല്ലാവരുംതന്നെ സഹായിച്ചു. സമയം ലാഭിക്കുന്ന തരത്തിലുള്ള നിർമാണ പദ്ധതികളെ കുറിച്ച്‌ ബെഥേലംഗങ്ങൾക്ക്‌ വായിച്ചുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മൂന്നുനില കെട്ടിടത്തിന്റെ നിർമാണം ത്വരിതഗതിയിൽ പൂർത്തിയാകുന്നതു കണ്ട അവർക്ക്‌ തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.”

നിർമാണ പദ്ധതിയുടെ ഒടുവിൽ ഒരു പ്രാദേശിക സഹോദരൻ വിലമതിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട്‌ ഒരു കത്തെഴുതി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പുതിയ ബെഥേൽ കെട്ടിടത്തിന്റെ നിർമാണത്തിൽ സഹായിക്കാൻ എന്നെ അനുവദിച്ചതിൽ ഞാൻ യഹോവയ്‌ക്കു നന്ദി പറയുന്നു. തുടക്കത്തിൽ അത്‌ എനിക്ക്‌ ഒരു സ്വപ്‌നം പോലെ ആയിരുന്നു. ഇപ്പോൾ അതൊരു യാഥാർഥ്യം ആയിക്കഴിഞ്ഞിരിക്കുന്നു. ദിനവാക്യ പരിചിന്തന സമയത്തു ബെഥേൽ കുടുംബത്തിൽ ഉണ്ടായിരിക്കുക എന്നത്‌ ഒരു വലിയ പദവി ആയിരുന്നു. അതിലൂടെ എനിക്കു വലിയ പ്രോത്സാഹനം ലഭിച്ചു. ബെഥേൽ അംഗങ്ങളെ എനിക്കിപ്പോൾ പേരിനാൽ അറിയാം. അവരിൽ ചിലർ കൺവെൻഷനിൽ പ്രസംഗിക്കാൻ വന്ന അവസരത്തിൽ മാത്രമാണു ഞാൻ അവരെ കണ്ടിട്ടുള്ളത്‌. ഒരു പുതിയ ബെഥേലിന്റെയോ കെട്ടിടത്തിന്റെയോ നിർമാണം ഭാവിയിൽ നടക്കുന്നപക്ഷം അതിൽ പങ്കുപറ്റാനുള്ള മഹത്തായ പദവി എനിക്ക്‌ വീണ്ടും ലഭിക്കാൻ ഇടവരട്ടെ എന്നു ഞാൻ യഹോവയോട്‌ അപേക്ഷിക്കുന്നു.”

അതിനുശേഷം, വർധിച്ചുവരുന്ന രാജ്യതാത്‌പര്യങ്ങൾ നിറവേറ്റാൻ ലുവാണ്ടയ്‌ക്കു വെളിയിൽ ഏതാണ്ട്‌ 10 കിലോമീറ്റർ അകലെയായി സൊസൈറ്റി 11 ഏക്കർ സ്ഥലം വാങ്ങി. അവിടെ പുതിയ ഓഫീസും ബെഥേൽ ഭവനവും നിർമിക്കാനാകും എന്നതാണു സഹോദരങ്ങളുടെ പ്രതീക്ഷ.

സഹായിക്കാൻ അതീവ താത്‌പര്യമുള്ള സഹോദരങ്ങൾ മറ്റു ദേശങ്ങളിൽനിന്ന്‌ അംഗോളയിൽ എത്തി. 1994 മേയിലും ജൂണിലുമായി 8 മിഷനറിമാരാണ്‌ അവിടെ എത്തിയത്‌. ഒരു പുതിയ അച്ചടിയന്ത്രം സ്ഥാപിക്കാനും പ്രാദേശിക സഹോദരങ്ങളെ അത്‌ ഉപയോഗിക്കുന്ന വിധം പഠിപ്പിക്കാനും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സഹോദരങ്ങൾ അംഗോളയിൽ നിരവധി സന്ദർശനങ്ങൾ നടത്തി. കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിലും അക്കൗണ്ട്‌സിലും സംഘടനയോടു ബന്ധപ്പെട്ട ഇതര കാര്യങ്ങളിലുമൊക്കെ അംഗോളയിലെ ഓഫീസിനെ സഹായിക്കാൻ പോർച്ചുഗലിൽനിന്ന്‌ സഹോദരങ്ങൾ എത്തി. കാനഡയിൽനിന്നും ബ്രസീലിൽനിന്നുമുള്ള വിദേശ സേവനത്തിൽ ആയിരിക്കുന്ന ബെഥേലംഗങ്ങളും തങ്ങളുടെ നൈപുണ്യം പങ്കുവെച്ചുകൊണ്ട്‌ സഹായിച്ചു. വേല ചെയ്യുന്നതിലും മൂല്യവത്തായ യന്ത്രപ്പണികളിൽ പ്രാദേശിക സഹോദരങ്ങളെ പരിശീലിപ്പിക്കുന്നതിലുമുള്ള അവരുടെ മനസ്സൊരുക്കം അംഗോളയിലെ സഹോദരങ്ങൾ എത്രമാത്രം വിലമതിച്ചുവെന്നോ!

കൺവെൻഷനുകൾ നല്ല സാക്ഷ്യം നൽകുന്നു

1994-ൽ കൂടുതൽ സ്ഥലങ്ങളിൽ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. ആദ്യമായി അവയിൽ രണ്ടെണ്ണം പ്രവിശ്യകളിൽ നടത്തി: ഒരെണ്ണം ബെൻഗ്വെലയിൽ, ഹാജർ 2,043; മറ്റേത്‌ നാമിബേയിൽ, അത്യുച്ച ഹാജർ 4,088. അംഗോളയിലെ കൺവെൻഷനുകളുടെ മൊത്തം ഹാജർ 67,278; സ്‌നാപനമേറ്റവർ 962.

ഒരു ഹാളിൽ നടത്തിയ സാക്ഷികളുടെ കൺവെൻഷനിൽ നിരീക്ഷിച്ച കാര്യങ്ങൾ അതിന്റെ ഡയറക്ടറിൽ വലിയ മതിപ്പുളവാക്കി. തന്മൂലം അടുത്ത രണ്ട്‌ ആഴ്‌ചത്തെ ഉപയോഗത്തിന്‌ അദ്ദേഹം ആ ഹാൾ സാക്ഷികൾക്കു സൗജന്യമായി നൽകി. കൂടാതെ, ഒരു താത്‌പര്യക്കാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “അവരുടെ പെരുമാറ്റം എത്ര ഹൃദ്യമാണ്‌! ഞാൻ നിങ്ങളെ രഹസ്യമായി നിരീക്ഷിക്കാൻ വന്നവനല്ല; നിങ്ങളോടൊപ്പം ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളോട്‌ ഒരു വലിയ സഹായം ചോദിക്കുകയാണ്‌: എനിക്കും നിങ്ങളെപ്പോലെ ആകാൻ കഴിയേണ്ടതിന്‌ ബൈബിൾ പഠിപ്പിക്കുന്ന ഒരാളെ എത്രയും പെട്ടെന്ന്‌ അയയ്‌ക്കുക.”

1995 ആഗസ്റ്റിലെ “സന്തുഷ്ട സ്‌തുതിപാഠകർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾക്കു വേണ്ടി ലുവാണ്ടയുടെ ഹൃദയഭാഗത്തുതന്നെ സാക്ഷികൾ ഒരു വലിയ സ്റ്റേഡിയം ബുക്കു ചെയ്‌തു. അതിൽ തടികൊണ്ടുള്ള ഒരു നിര ഇരിപ്പിടങ്ങൾ ദ്രവിച്ചുപോയിരുന്നു. സഹോദരങ്ങൾ അവ മാറ്റി പുതിയവ സ്ഥാപിച്ചു; പെയിന്റും അടിച്ചു. പ്ലംബിങ്ങിൽ കുറെ അറ്റകുറ്റപ്പണികൾ ചെയ്യാനുണ്ടായിരുന്നു, അവർ അതും ചെയ്‌തു. ആ കൺവെൻഷനിൽ സംബന്ധിക്കാനുള്ള ക്ഷണത്തോട്‌ പൊതുജനങ്ങൾ എങ്ങനെയാണു പ്രതികരിച്ചത്‌? അതിനോടുള്ള പ്രതികരണം ആവേശകരമായിരുന്നു! ആദ്യത്തെ വാരാന്തത്തിൽ ജനക്കൂട്ടത്തിനു ഫുട്‌ബോൾ ഗ്രൗണ്ടിലും തട്ടുകൾക്കു കീഴിലുള്ള സ്ഥലത്തും ഇരിക്കേണ്ടിവന്നു. 40,035 പേരാണ്‌ ആ കൺവെൻഷന്‌ ഹാജരായത്‌. അതിനടുത്ത വാരാന്തത്തിൽ കൂടിവന്നത്‌ 33,119 പേരാണ്‌. സ്‌നാപനമേറ്റവർ മൊത്തം 1,089-ഉം.

രാജ്യത്ത്‌ ആകെയുള്ള യഹോവയുടെ സാക്ഷികളുടെ എണ്ണം 26,000-ത്തിൽ കുറവായിരുന്ന സ്ഥിതിക്ക്‌, ഇത്രയധികം ആളുകൾ എവിടെനിന്നാണ്‌ വന്നത്‌? അവർ യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്ന ബൈബിൾ സന്ദേശത്തിൽ താത്‌പര്യമുള്ള ആളുകൾ ആയിരുന്നു. ലുവാണ്ടയിലെ ഒരു വാർത്താ ഏജൻസിയുടെ റിപ്പോർട്ടർ ഇപ്രകാരം പറഞ്ഞു: “മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒന്ന്‌ ഇപ്പോൾ കോക്കെയ്‌റോസ്‌ സ്റ്റേഡിയത്തിൽ നടക്കുകയാണ്‌. സമൂഹത്തിലെ എല്ലാ തുറകളിൽ നിന്നുമുള്ള 60,000-ത്തോളം യഹോവയുടെ സാക്ഷികൾ ഈ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സംബന്ധിക്കുന്നു. ഇതു തികച്ചും ശ്രദ്ധേയമാണ്‌; പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം ഇവിടെ കൂടിവന്നിരിക്കുന്നു . . . തങ്ങളുടെ ദൈവമായ യഹോവയെ സ്‌തുതിക്കാനുള്ള ആഹ്വാനത്തിന്‌ അവർ ചെവികൊടുക്കുകയാണ്‌.”

കൺവെൻഷനിൽ സംബന്ധിച്ച പ്രതിനിധികളിൽ മിക്കവരുടെയും സാമ്പത്തികനില അത്ര നല്ലതല്ലായിരുന്നിട്ടും, അവർ വൃത്തിയും വെടിപ്പും ഉള്ളവരായിരുന്നു എന്ന കാര്യം നിരീക്ഷകരിൽ മതിപ്പുളവാക്കി. കൺവെൻഷൻ പരിപാടികൾ എല്ലാവരും സശ്രദ്ധം കേൾക്കുന്നുണ്ടായിരുന്നു. എഴുന്നേറ്റു നടക്കുന്നവരായി കാണപ്പെട്ടത്‌ ഹാജരായവരുടെ എണ്ണമെടുക്കുന്ന സേവകന്മാർ മാത്രമായിരുന്നു. ഞായറാഴ്‌ച രാവിലത്തെ മുഴു പരിപാടികളിലും സംബന്ധിച്ച അവിടത്തെ ഒരു ഉപമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടു: “എനിക്ക്‌ അതിശയം തോന്നുന്നു! ഈ സ്റ്റേഡിയത്തിന്‌ അകത്തുള്ളവരും പുറത്തുള്ളവരും തമ്മിൽ എന്തൊരു വ്യത്യാസം. പ്രായോഗിക മൂല്യമുള്ള നിങ്ങളുടെ പരിപാടി എനിക്ക്‌ നന്നേ ബോധിച്ചു. അഭിനന്ദനങ്ങൾ!”

ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടന്ന യഹോവയുടെ സാക്ഷികളുടെ വലിയ കൺവെൻഷനുകളെ കുറിച്ച്‌ അംഗോളയിലെ സാക്ഷികൾ വായിച്ചറിഞ്ഞിരുന്നു. എന്നാൽ ഇതാ, സ്വന്തം രാജ്യത്ത്‌ അത്തരമൊരു കൺവെൻഷൻ നടക്കുന്നു. ദുർഘട നാളുകളിൽ വർഷങ്ങളോളം വിശ്വസ്‌തരായി നിലകൊണ്ടതിന്റെ എത്ര മഹത്തായ അനുഗ്രഹം! അവർ വിസ്‌മയം കൂറിനിന്നു. മനുഷ്യ ചരിത്രത്തിലെ ഈ നിർണായക നാളുകളിൽ ഭൂമിയിലെ ഈ പ്രത്യേക കുടുംബത്തിന്റെ ഭാഗമായിരിക്കാൻ കഴിയുന്നതിൽ അവർ യഹോവയ്‌ക്കു മുഴുഹൃദയാ നന്ദി കരേറ്റി.

അംഗോളയിൽ ഒരു ബ്രാഞ്ച്‌ സ്ഥാപിതമാകുന്നു

സുവാർത്താ പ്രസംഗവേല ത്വരിതഗതിയിൽ മുന്നേറുകയായിരുന്നു. 1994 മുതൽ 1996 വരെയുള്ള കാലയളവിൽ പ്രസാധകരുടെ എണ്ണം ഓരോ വർഷവും ശരാശരി 14 ശതമാനം വർധിച്ചു. പ്രസാധക അത്യുച്ചം 28,969-ൽ എത്തി. ബൈബിൾ അധ്യയനങ്ങൾ ആകട്ടെ 61,000-ത്തിൽ അധികവും. 1992-ൽ യഹോവയുടെ സാക്ഷികളുടെ സംഘടനയ്‌ക്ക്‌ നിയമാംഗീകാരം ലഭിച്ച സമയത്ത്‌ ആകെ 213 സഭകളാണ്‌ അംഗോളയിൽ ഉണ്ടായിരുന്നത്‌; 1996 ആയപ്പോഴേക്കും അത്‌ 405 ആയി വർധിച്ചു. ആ വർഷം സ്‌മാരകത്തിന്‌ 1,08,394 പേർ കൂടിവന്നു, അത്‌ വൻ വർധനവിന്റെ ഒരു സൂചനയായിരുന്നു.

ലുവാണ്ടയിലെ ഓഫീസ്‌ ഒരു ബ്രാഞ്ചാക്കി മാറ്റിയാൽ പ്രാദേശിക ആവശ്യങ്ങൾ സത്വരം നിറവേറ്റാൻ കഴിയുമായിരുന്നു. അങ്ങനെ, 1996 സെപ്‌റ്റംബർ 1-ന്‌ അംഗോളയിൽ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ നിലവിൽവന്നു. അവിടത്തെ കൺട്രി കമ്മിറ്റിയിൽ വിശ്വസ്‌തമായി സേവിച്ചിരുന്ന ഷ്വാവുൻ മാൻകോക്കാ, ഡൂമിങ്‌ഗൂഷ്‌ മാത്തേയുസ്‌, സിൽവെഷ്‌ട്രെ സിമാവുൻ എന്നീ സഹോദരന്മാരെ ഭരണസംഘം ബ്രാഞ്ച്‌ കമ്മിറ്റിയായി നിയമിച്ചു. അവരോടൊപ്പം പ്രവർത്തിക്കാൻ മിഷനറിമാരായ ഷൂസെ കാസിമിരൂ, സ്റ്റിവ്‌ സ്റ്ററിക്കി എന്നീ രണ്ടു പേരെയും നിയമിച്ചു.

ഒരു ബ്രാഞ്ച്‌ ഓഫീസായുള്ള പരിവർത്തനത്തിൽ സഹായം നൽകാൻ പോർച്ചുഗൽ ബ്രാഞ്ചിൽ നിന്നുള്ള ഡഗ്ലസ്‌ ഗെസ്റ്റ്‌ 1996 ജൂണിൽ അംഗോള സന്ദർശിച്ചു. സകലത്തിലും നല്ല മാതൃക വെക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച്‌ അദ്ദേഹം ബെഥേലിലെ 56 അംഗങ്ങളോടും സംസാരിച്ചു. വിശാലമായ ലുവാണ്ടയിൽ നിന്നുള്ള മൂപ്പന്മാരും പയനിയർമാരും അവരുടെ ഭാര്യമാരും ഉൾപ്പെടെ 5,260 പേർ അടങ്ങുന്ന ഒരു പ്രത്യേക യോഗപരിപാടി അദ്ദേഹം നടത്തി. ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങളെയും പ്രായമുള്ള മറ്റു സഹോദരങ്ങളെയും അഭിമുഖം ചെയ്‌തത്‌ ആ പരിപാടിയുടെ ഒരു സവിശേഷത ആയിരുന്നു. അംഗോളയിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിലെ പ്രസക്ത ആശയങ്ങൾ അവർ എടുത്തുപറഞ്ഞു. യഹോവയിൽ ആശ്രയിക്കുന്നതിൽ നിന്നും ശക്തിക്കായി അവനിലേക്കു നോക്കുന്നതിൽ നിന്നും ലഭിക്കുന്ന ധൈര്യത്തെ കുറിച്ച്‌ ഗെസ്റ്റ്‌ സഹോദരൻ അവരോടു സംസാരിച്ചു.

സത്യം മാതൃഭാഷയിൽ

‘സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും’ നിന്നുള്ള “ഒരു മഹാപുരുഷാരം” യഹോവയെ ആരാധിക്കുന്നതിൽ ചേരുമെന്ന്‌ വെളിപ്പാടു 7:9 പറയുന്നു. ഈ പ്രവചനത്തിൽ തീർച്ചയായും അംഗോളയും ഉൾപ്പെട്ടിരിക്കുന്നു. അംഗോളയിൽ 42 ഭാഷകളും അതിലേറെ ഭാഷാഭേദങ്ങളുമുണ്ട്‌. ഇവയിൽ അംബുണ്ടൂ, കിംബുണ്ടൂ, കികോങ്‌ഗോ എന്നിവയാണ്‌ ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന നാട്ടുഭാഷകൾ.

വർഷങ്ങളായി, സഭായോഗങ്ങളിൽ പഠിക്കുന്ന പ്രസിദ്ധീകരണങ്ങളിലെ വിവരങ്ങൾ പോർച്ചുഗീസിൽനിന്ന്‌ ഒരു പ്രാദേശിക ഭാഷയിലേക്കു വാചിക തർജമ ചെയ്യുമായിരുന്നു. പഠിക്കുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കാൻ ആളുകൾ പോർച്ചുഗീസ്‌ അറിഞ്ഞിരിക്കണമായിരുന്നു. എന്നിരുന്നാലും വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വളരെ പരിമിതമായിരുന്നു. അംബുണ്ടൂ ഭാഷയിൽ ലഭ്യമായ ആദ്യത്തെ പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ്‌ “രാജ്യത്തിന്റെ ഈ സുവാർത്ത” എന്ന ചെറുപുസ്‌തകം. 1978-ൽ അതിന്റെ ഒരു കോപ്പി ലഭിച്ചപ്പോൾ ഒരു മൂപ്പൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇപ്പോൾ ഈ പ്രസിദ്ധീകരണം അംബുണ്ടൂവിൽ ഉള്ളതിനാൽ, മൂസാമഡിഷിലെ [ഇപ്പോൾ നാമിബേ] പ്രസാധകരുടെ എണ്ണം 300-ൽ അധികമായി വർധിക്കുമെന്ന്‌ കരുതുന്നു. ഈ പ്രദേശത്തുള്ള മിക്കവർക്കും ആ ഭാഷ അറിയാം. ഇത്‌ തീർച്ചയായും ഒരു അനുഗ്രഹംതന്നെ!” അത്‌ വളരെ മഹത്തായ ഒരു അനുഗ്രഹം ആയിത്തീർന്നിരിക്കുന്നു, ഇപ്പോൾ നാമിബേയിൽ 21 സഭകളിലായി 1,362 പ്രസാധകരുണ്ട്‌.

എന്നാൽ, അംഗോളക്കാരുടെ പ്രാദേശിക ഭാഷകളിൽ സുവാർത്ത ലഭ്യമാക്കിക്കൊണ്ട്‌ അവരുടെ ഹൃദയങ്ങളിൽ എത്തിച്ചേരുന്നതിന്‌ ഏറെ കാര്യങ്ങൾ ഇനിയും ചെയ്യേണ്ടതുണ്ടായിരുന്നു. സമ്പൂർണ രീതിയിൽ പ്രവർത്തിക്കുന്ന ഒരു പരിഭാഷാ വിഭാഗത്തിനുള്ള അടിസ്ഥാനമിടേണ്ടിയിരുന്നു. യഹോവയുടെ സാക്ഷികൾക്ക്‌ 1992-ൽ നിയമാംഗീകാരം ലഭിച്ച ഉടൻതന്നെ പ്രാഥമിക പരിഭാഷാ പരിശീലനത്തിനായി മൂന്നു പേരെ ദക്ഷിണാഫ്രിക്കാ ബ്രാഞ്ചിലേക്ക്‌ അയച്ചു. കമ്പ്യൂട്ടറുകൾ ലഭ്യമാക്കി. ആ പുതിയ ഡിപ്പാർട്ട്‌മെന്റ്‌ സംഘടിപ്പിക്കുന്നതിലും പരിഭാഷയ്‌ക്കുള്ള സൊസൈറ്റിയുടെ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിക്കുന്നതിലും സഹായിക്കാൻ കിത്ത്‌ വിഗിലും ഭാര്യ എവ്‌ലിനും അംഗോളയിലെത്തി.

പ്രാദേശിക ഭാഷകളിൽ കൂടുതൽ സാഹിത്യങ്ങൾ ലഭ്യമായിത്തുടങ്ങി. ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? തുടങ്ങിയ ലഘുപത്രികകൾ അംബുണ്ടൂ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. തുടർന്ന്‌ ആ ലഘുപത്രികകളും പല ലഘുലേഖകളും കികോങ്‌ഗോ, കിംബുണ്ടൂ ഭാഷകളിൽ ലഭ്യമാക്കി. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകവും ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയും 1996-ൽ ആ മൂന്നു ഭാഷകളിലും പ്രസിദ്ധീകരിച്ചു. താൻ സന്ദർശിച്ച സഭകളിലൊന്നിൽ ലളിതവും നേരിട്ടുള്ളതുമായ ഒരു അവതരണരീതി ഉപയോഗിച്ചതിന്റെ ഫലമായി ഒറ്റ വാരത്തിൽത്തന്നെ 90 ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ തനിക്കു സാധിച്ചുവെന്ന്‌ ഒരു ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകൻ റിപ്പോർട്ടു ചെയ്‌തു! പിറ്റേ വർഷം അംഗോളയിലെ സഭകളുടെ എണ്ണം 478-ൽനിന്ന്‌ 606 ആയി വർധിച്ചു.

സഹോദരങ്ങൾക്കു മാതൃഭാഷയിൽ ബൈബിൾ സത്യങ്ങൾ കേൾക്കാനും വായിക്കാനും കഴിഞ്ഞത്‌ എത്ര വലിയ അനുഗ്രഹമായി! 1998-ൽ അംബുണ്ടൂ ഭാഷയിലുള്ള ആദ്യത്തെ സമ്പൂർണ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ ഹ്വാമ്പോയിൽ നടന്നു. 3,600-ലധികം പേരാണ്‌ അതിൽ സംബന്ധിച്ചത്‌. “യഹോവ ഞങ്ങളെ മറന്നിട്ടില്ല!” എന്നു വിലമതിപ്പോടെ പ്രതിനിധികൾ പറയുന്നതു കേൾക്കാമായിരുന്നു. 1999 ജനുവരി 1 മുതൽ വീക്ഷാഗോപുരം അംബുണ്ടൂ ഭാഷയിൽ ലഭ്യമായപ്പോൾ യഹോവയുടെ സ്‌നേഹത്തിന്റെ തെളിവ്‌ ഒന്നുകൂടി വ്യക്തമാക്കപ്പെട്ടു.

രാജ്യഹാളുകളുടെ അടിയന്തിര ആവശ്യം

നിരവധി വർഷങ്ങളായി നിരോധനത്തിൻ കീഴിൽ ആയിരുന്നതിനാൽ അംഗോളയിലെ യഹോവയുടെ സാക്ഷികൾക്ക്‌ സ്വന്തമായി രാജ്യഹാളുകൾ നിർമിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, 1992-ന്‌ ശേഷം ലുവാണ്ടയിൽ മാത്രമുള്ള സഭകളുടെ എണ്ണം 147-ൽ നിന്ന്‌ 514 ആയി വർധിച്ചു. രാജ്യത്താകെ സഭകളുടെ എണ്ണം 200 ശതമാനം വർധിച്ച്‌ 696 ആയിത്തീർന്നു. പല സഭകളിലെയും ശരാശരി യോഗഹാജർ 200-നും 400-നും ഇടയ്‌ക്കാണ്‌. 1998-ലെ സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും ഹാജരായവരുടെ എണ്ണം പ്രസാധകരുടെ എണ്ണത്തിന്റെ നാലു മടങ്ങ്‌ ആയിരുന്നു! തന്മൂലം, അനുയോജ്യമായ യോഗസ്ഥലങ്ങൾ അടിയന്തിരമായി ആവശ്യമായിരുന്നു.

ലുബാങ്‌ഗൂ നഗരത്തിൽ 1997-ലും ലോബിറ്റോയിൽ 1998 ജൂലൈയിലും വിയാനയിൽ (ലുവാണ്ടയുടെ തൊട്ടു തെക്ക്‌) 1999 ഡിസംബറിലും ആദ്യ രാജ്യഹാൾ നിർമിക്കപ്പെട്ടു. അന്താരാഷ്‌ട്ര രാജ്യഹാൾ നിർമാണ പരിപാടിയുടെ സഹായത്തോടെ ഇപ്പോൾ നിരവധി ഹാളുകളുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു.

എടുത്തു മാറ്റാവുന്ന, വശങ്ങൾ മറച്ചിട്ടില്ലാത്ത, സ്റ്റീൽകൊണ്ടു നിർമിച്ച ഒരു രാജ്യഹാളും അംഗോളയിലുണ്ട്‌. എന്തിനാണ്‌ എടുത്തു മാറ്റാവുന്ന ഒരു ഹാൾ? വ്യക്തമായ നിയമരേഖകളോടെ ഒരു സ്ഥലം വാങ്ങി അതിൽ ഒരു ഹാൾ നിർമിച്ചാലും, ആ സ്ഥലത്തിന്‌ അവകാശം പറഞ്ഞുകൊണ്ട്‌ ആരെങ്കിലും വരിക പതിവാണ്‌. അതിനാൽ എടുത്തു മാറ്റാവുന്ന വിധത്തിലാണ്‌ ആ ഹാളിന്റെ രൂപകൽപ്പന. വശങ്ങൾ മറച്ചിട്ടില്ലാത്തതിനാൽ, ഉഷ്‌ണകാലത്ത്‌ ആ ഹാൾ ഏറെ അനുയോജ്യമാണ്‌. 2000 മേയിൽ, രാജ്യഹാൾ ഭാഗങ്ങൾ വാർത്തുണ്ടാക്കാനുള്ള സാമഗ്രികളും മറ്റും ലഭിച്ചു. വിവിധ തരത്തിലുള്ള 24 രാജ്യഹാളുകളേ ഇപ്പോൾ അംഗോളയിൽ ഉള്ളൂ. അടുത്ത അഞ്ചു വർഷത്തിനകം 355 രാജ്യഹാളുകൾ കൂടി നിർമിക്കേണ്ടതുണ്ട്‌. ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ ആ അടിയന്തിര ആവശ്യത്തിന്‌ ഉതകുമെന്ന്‌ പ്രത്യാശിക്കുന്നു.

രാജ്യഹാളുകളുടെ നിർമാണത്തിനു പുറമേ, വശങ്ങൾ മറച്ചിട്ടില്ലാത്തതും സ്റ്റീൽ കൊണ്ടുള്ളതും 12,000 പേർക്ക്‌ ഇരിക്കാവുന്നതുമായ ഒരു സമ്മേളനഹാൾ ആസൂത്രണ ഘട്ടത്തിലാണ്‌.

രക്തത്തിന്റെ പവിത്രതയെ ആദരിക്കൽ

കരുതലുള്ള പത്തു മൂപ്പന്മാർ അടങ്ങുന്ന ഒരു ആശുപത്രി ഏകോപന സമിതി 1996 ഒക്‌ടോബറിൽ നിലവിൽവന്നു. ലുവാണ്ടയിലെ നൂറുകണക്കിനു സഭകളുടെ പ്രയോജനത്തിനാണ്‌ ഇത്‌. ‘രക്തം വർജിക്കാനുള്ള’ തങ്ങളുടെ ആഗ്രഹത്തെ മാനിക്കുന്ന ഡോക്ടർമാരെ കണ്ടെത്താൻ തങ്ങളെ സഹായിക്കുന്ന, നല്ല പരിശീലനം നേടിയ സഹോദരന്മാർ ഉൾപ്പെട്ട ആ ക്രമീകരണം പ്രാദേശിക സാക്ഷികൾക്കു വലിയ സന്തോഷം കൈവരുത്തി.​—⁠പ്രവൃ. 15:28, 29.

യുദ്ധത്തിൽ തകരാഞ്ഞ ചില ആശുപത്രികൾ ഉണ്ടായിരുന്നെങ്കിലും, 1970-കൾക്കു ശേഷം അവയ്‌ക്കൊന്നും കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല. അവിടെ മരുന്നുകൾ ദുർലഭമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ രക്തരഹിത ചികിത്സയും ശസ്‌ത്രക്രിയയും നടത്തുന്നതിൽ ഡോക്ടർമാർ യഹോവയുടെ സാക്ഷികളോടു സഹകരിക്കുമായിരുന്നോ? തുടക്കത്തിൽ മിക്ക ഡോക്ടർമാരും ആശുപത്രികളും നിഷേധാത്മകമായി പ്രതികരിക്കുകയും ആശുപത്രി ഏകോപന സമിതി അംഗങ്ങൾക്ക്‌ സന്ദർശനാനുമതി നൽകാതിരിക്കുകയും ചെയ്‌തു. എന്നാൽ പിന്നീട്‌ ഒരു അടിയന്തിര ചികിത്സാ സാഹചര്യം ഉടലെടുത്തു.

മാലാൻഷി പ്രവിശ്യയിൽ നിന്നുള്ള ഒരു സഹോദരനെ, ഉദരത്തിൽ ഒരു മുഴ ഉണ്ടായതിനെത്തുടർന്ന്‌ ലുവാണ്ടയിലെ ആമെരിക്കൂ ബോവാവിദാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ഏകോപന സമിതിയിലെ ഒരു സഹോദരൻ രോഗിയുടെ ഭാര്യയോടൊപ്പം ഡോക്ടറെ ചെന്നുകണ്ടു. ആ ആശുപത്രിയിലെ ശസ്‌ത്രക്രിയാ വിഭാഗത്തിന്റെ തലവനായ ഡോ. ഷൈമി ദെ അബ്രെയു അവരെ സ്വീകരിച്ചിരുത്തി. അതിശയകരമെന്നു പറയട്ടെ, രക്തം സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ നിലപാട്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. പോർച്ചുഗലിൽ ഒരു അവധിക്കാലം ചെലവഴിക്കവെ, രക്തരഹിത ശസ്‌ത്രക്രിയയെ കുറിച്ച്‌ അദ്ദേഹം കേട്ടിട്ടുണ്ടായിരുന്നു.

ഡോ. ദെ അബ്രെയുവിന്റെ സഹകരണത്തോടെ സഹോദരന്‌ നടത്തിയ ഓപ്പറേഷൻ വിജയകരമായിരുന്നു. പിന്നീട്‌, കൂടുതൽ വിവരങ്ങൾ നൽകുന്നതിന്‌ ആശുപത്രി ഏകോപന സമിതിയിലെ സഹോദരന്മാർ ഡോ. ദെ അബ്രെയുവിനെ ചെന്നുകണ്ടു. ഇപ്പോൾ ഇവിടെ സാക്ഷികൾക്കു രക്തരഹിത ചികിത്സ നടത്താൻ സന്നദ്ധരായ അഞ്ചു ഡോക്ടർമാരുണ്ട്‌.

കൊയ്‌ത്തിന്‌ കൂടുതൽ വേലക്കാർ

സംഘടനയോടും സാഹിത്യത്തോടും ബന്ധപ്പെട്ട അനേകം ആവശ്യങ്ങൾ കൈകാര്യം ചെയ്‌തശേഷം, ബൈബിൾ സത്യത്തിൽ നല്ല താത്‌പര്യം പ്രകടമാക്കുന്നവർക്കു കൂടുതൽ ശ്രദ്ധ നൽകപ്പെട്ടു. “കൊയ്‌തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം” എന്ന യേശുവിന്റെ വാക്കുകൾ അംഗോളയ്‌ക്കു നന്നായി യോജിക്കുന്നു. (മത്താ. 9:37) ഡസൻ കണക്കിനു നഗരങ്ങളിൽ സത്യത്തിൽ താത്‌പര്യം പ്രകടമാക്കുന്നവർക്കു സഹായം ആവശ്യമാണെന്ന്‌ റിപ്പോർട്ടുകൾ സൂചിപ്പിച്ചു.

ഈ ആവശ്യത്തോടുള്ള പ്രതികരണമായി ‘കൊയ്‌ത്തിൽ’ സഹായിക്കാൻ സൊസൈറ്റി 11 മിഷനറിമാരെ കൂടി അവിടേക്ക്‌ അയച്ചു. ചിലർക്കു നിയമനം ലഭിച്ചത്‌ തീരദേശ നഗരങ്ങളായ ബെൻഗ്വെലയിലും നാമിബേയിലുമാണ്‌. എന്നാൽ യഹോവ വേലക്കാരിൽ ഭൂരിപക്ഷത്തെയും അംഗോളക്കാരുടെ ഇടയിൽനിന്നു തന്നെ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 21,839 പേരാണു സ്‌നാപനമേറ്റ്‌ ഈ ദേശത്ത്‌ യഹോവയെ സ്‌തുതിക്കുന്ന സമർപ്പിത വ്യക്തികളോടൊപ്പം ചേർന്നിരിക്കുന്നത്‌.

യഹോവയുടെ കണ്ണുകൾ അവരുടെമേൽ

ആളുകൾ ദൈവവചനത്തിൽ താത്‌പര്യം പ്രകടമാക്കുന്നിടത്തെല്ലാം അനുഭവസമ്പന്നരായ സഹോദരന്മാരെ അയയ്‌ക്കുക അസാധ്യമാണ്‌. എങ്കിലും, വേലയുടെ ചുക്കാൻ പിടിക്കുന്നത്‌ മനുഷ്യനല്ല, ദൈവാത്മാവാണ്‌ എന്നതിന്റെ കൂടുതലായ തെളിവു പ്രകടമാക്കപ്പെട്ടിരിക്കുന്നു. (സെഖ. 4:6) യഹോവയുടെ കണ്ണുകൾ അവന്റെ സകല ദാസന്മാരുടെയും അതുപോലെതന്നെ സത്യദൈവമായ അവനെ അറിയാനും സേവിക്കാനും ആത്മാർഥമായി ആഗ്രഹിക്കുന്ന എല്ലാവരുടെയും മേലുണ്ട്‌.​—⁠സങ്കീ. 65:2; സദൃ. 15:⁠3.

ക്വാൻസാ നോർട്ടി പ്രവിശ്യയിലെ ചില ഗ്രാമീണർ ഒരിക്കൽ ലുവാണ്ടയിലെത്തി. തെരുവുസാക്ഷീകരണം നടത്തുകയായിരുന്ന സാക്ഷികളിൽനിന്ന്‌ അവർക്ക്‌ മാസികകൾ ലഭിച്ചു. അവയിൽ അടങ്ങിയ സുവാർത്ത വായിച്ചു മനസ്സിലാക്കിയപ്പോൾ, ലുവാണ്ടയിലെ സാക്ഷികളെപ്പോലെ ആ മാസികകളിലെ വിവരങ്ങൾ തങ്ങളും മറ്റുള്ളവരെ അറിയിക്കേണ്ടതാണെന്ന്‌ ആ ഗ്രാമീണർക്കു തോന്നി. യോഗങ്ങൾ നടത്തേണ്ടതിന്റെ ആവശ്യവും അവർ തിരിച്ചറിഞ്ഞു. അതിനാൽ അക്കൂട്ടത്തിലെ ഒരുവൻ തന്നാലാവുന്ന വിധത്തിൽ യോഗങ്ങൾ നടത്തി. അവരുടേത്‌ ഒരു വിദൂര ഗ്രാമം ആയിരുന്നതിനാൽ, മൂന്നു വർഷം മുമ്പ്‌ യഹോവയുടെ സാക്ഷികൾക്ക്‌ നിയമാംഗീകാരം ലഭിച്ച വിവരം അവിടത്തെ പ്രാദേശിക അധികാരികൾ അറിഞ്ഞിരുന്നില്ല. അതിനാൽ പരസ്യമായി കൂടിവരുന്നതിൽനിന്ന്‌ അധികാരികൾ ആ ഗ്രാമീണരെ വിലക്കി. അതിൽ പതറാതെ അവർ വനത്തിനുള്ളിൽ യോഗങ്ങൾ നടത്താൻ തുടങ്ങി.

ഒടുവിൽ, കിലോംബൂ ദൂസ്‌ ദെംബൂസിലെ ആളുകൾക്ക്‌ ഒരു സഭ രൂപീകരിക്കുന്നതിന്‌ സഹായം ആവശ്യമാണെന്ന്‌ ലുവാണ്ടാ ഓഫീസിൽ വിവരം ലഭിച്ചു. അതേത്തുടർന്ന്‌ 1997 ഒക്‌ടോബറിൽ ഒരു സർക്കിട്ട്‌ മേൽവിചാരകനെ ബ്രാഞ്ച്‌ ഓഫീസ്‌ അവിടേക്ക്‌ അയച്ചു. അദ്ദേഹത്തിന്റെ സന്ദർശനസമയത്ത്‌ 140 പേരാണു കൂടിവന്നത്‌. യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം നൽകുന്ന രേഖകളുടെ ഒരു പ്രതി അദ്ദേഹം എപ്പോഴും കൂടെ കരുതിയിരുന്നു. അതിനാൽ യഹോവയുടെ സാക്ഷികൾ നിയമാനുസൃതം പ്രവർത്തിക്കുന്ന ഒരു സംഘടനയാണെന്നതു സംബന്ധിച്ച്‌ പ്രാദേശിക അധികാരികൾക്കു തെളിവു നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. തങ്ങൾക്ക്‌ ഇപ്പോൾ സ്വതന്ത്രമായി കൂടിവരാൻ കഴിയുന്നതിൽ അവിടെയുള്ളവർ വളരെ സന്തോഷിക്കുന്നു. അവിടെ ഇപ്പോൾ പയനിയർമാർ ഉണ്ട്‌, അവർ സത്യം ഗ്രഹിക്കാൻ അവിടെയുള്ള നിരവധി താത്‌പര്യക്കാരെ സഹായിക്കുന്നു.

1996-ൽ ഏന മാരിയ ഫിലോമെന, ബിയേ പ്രവിശ്യയിലെ ഒരു ചെറിയ പട്ടണത്തിലെത്തി. കഴിയുന്നത്ര ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാൻ അവൾ പരമാവധി പ്രവർത്തിച്ചു. താമസിയാതെ, ഓരോ വാരത്തിലും താത്‌പര്യക്കാരായ കുറെ പേർ പുസ്‌തകാധ്യയനത്തിനും വീക്ഷാഗോപുര അധ്യയനത്തിനുമായി കൂടിവരാൻ തുടങ്ങി. സ്‌നാപനമേറ്റ സഹോദരന്മാർ ആരുമില്ലാഞ്ഞതിനാൽ ഏന മാരിയ തന്നെയാണ്‌ യോഗങ്ങൾ നടത്തിയിരുന്നത്‌. അവിടെ പഠിപ്പിക്കുന്ന കാര്യങ്ങൾ എന്താണെന്ന്‌ അറിയാൻ ഞായറാഴ്‌ചത്തെ യോഗത്തിന്‌ ഒരു സൈനിക കമാൻഡർ വരുന്നുണ്ടെന്ന്‌ ഒരു ദിവസം അവൾക്ക്‌ അറിവു കിട്ടി. രണ്ടു സൈനികരോടൊപ്പം അദ്ദേഹം അവിടെ വന്നു. താൻ കേട്ട കാര്യങ്ങളിൽ അദ്ദേഹത്തിനു മതിപ്പു തോന്നിയിരിക്കണം, കാരണം “ഈ പ്രദേശത്തു നിങ്ങളുടെ പ്രവർത്തനം നിർഭയം തുടർന്നോളൂ” എന്നു പോകാൻ നേരം അദ്ദേഹം പറഞ്ഞു. ആ ചെറിയ കൂട്ടം ഇപ്പോൾ അംബുണ്ടൂ ഭാഷയിലുള്ള കുയിട്ടൂ-ബിയേ സൂൽ സഭയാണ്‌. 40 പ്രസാധകരുള്ള ആ സഭയിൽ ഞായറാഴ്‌ച യോഗത്തിനു കൂടിവരുന്നവരുടെ എണ്ണം 150 ആണ്‌.

ഊയീഗേ പ്രവിശ്യയിലുള്ള സഭകൾ രണ്ടു വർഷത്തോളം ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നതിനാൽ, അവർക്ക്‌ ആത്മീയ ഭക്ഷണം ലഭിക്കുന്നില്ലായിരുന്നു. അവിടത്തെ ഒരു സാക്ഷി പ്രസ്‌തുത പ്രശ്‌നത്തെ കുറിച്ച്‌ ഒരു ബന്ധുവിനോടു സംസാരിച്ചു. വിമാനത്തിൽ ചരക്കുകൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ഒരു ജോലി ആയിരുന്നു അയാളുടേത്‌. അടുത്ത ഫ്‌ളൈറ്റിൽത്തന്നെ യാതൊരു ചെലവും കൂടാതെ സർക്കിട്ട്‌ മേൽവിചാരകനെയും ഒരു പ്രത്യേക പയനിയറെയും അതുപോലെതന്നെ 400 കിലോഗ്രാം സാഹിത്യങ്ങളും എത്തിക്കാമെന്ന്‌ അദ്ദേഹം ഏറ്റു. ആ സഹോദരങ്ങൾ സ്ഥലത്ത്‌ എത്തിയപ്പോൾ ഒറ്റപ്പെട്ട അഞ്ച്‌ കൂട്ടങ്ങളുടെ ചുമതല വഹിക്കുന്ന ഒരു സഭയാണു കണ്ടത്‌. ഓരോ കൂട്ടത്തിലും 50-60 പേർ യോഗത്തിനു ഹാജരായിരുന്നു.

അതേ പ്രവിശ്യയിൽ 1996-ന്റെ തുടക്കത്തിൽ, ഒരു സർക്കിട്ട്‌ മേൽവിചാരകൻ സംഘടനയുമായി നാലു വർഷത്തിലധികം യാതൊരു ബന്ധവുമില്ലാതെ കഴിഞ്ഞിരുന്ന ഒരു സഭ സന്ദർശിച്ചു. അദ്ദേഹം എന്താണ്‌ അവിടെ കണ്ടത്‌? അവിടെ 75 പ്രസാധകരേ ഉണ്ടായിരുന്നുള്ളുവെങ്കിലും, 794 പേരാണ്‌ അദ്ദേഹത്തിന്റെ പരസ്യപ്രസംഗം കേൾക്കാനെത്തിയത്‌! ഒറ്റപ്പെട്ടാണു കഴിഞ്ഞിരുന്നതെങ്കിലും, സുവാർത്ത പ്രസംഗിക്കുന്നതിലെ ഈ സഹോദരന്മാരുടെ തീക്ഷ്‌ണതയ്‌ക്കു യാതൊരു മങ്ങലും ഏറ്റിരുന്നില്ല.

ലുവാണ്ടയ്‌ക്ക്‌ അൽപ്പം തെക്കുമാറി സ്ഥിതിചെയ്യുന്ന ഗാബെല പ്രദേശത്തെയും ആളുകൾ സത്യത്തിൽ ആഴമായ താത്‌പര്യം പ്രകടമാക്കുന്നതായുള്ള സമാനമായ റിപ്പോർട്ടുകൾ ലഭിച്ചു. അവിടെയുള്ള ഒരു പയനിയർ വാരത്തിൽ അഞ്ചു സഭാ പുസ്‌തകാധ്യയനങ്ങളാണ്‌ നടത്തുന്നത്‌​—⁠ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ എല്ലാ വൈകുന്നേരവും ഓരോന്നു വീതം. അദ്ദേഹവും ‘കൊയ്‌ത്തിന്റെ യജമാനനോടു കൊയ്‌ത്തിനു കൂടുതൽ വേലക്കാരെ അയയ്‌ക്കാൻ യാചിക്കുന്നു.’​—⁠മത്താ. 9:37, 38.

“നമ്മുടെ കാലത്തെ അതിദാരുണ പോരാട്ടം”

അംഗോളയിലെ അവസ്ഥകൾ കണക്കിലെടുക്കുമ്പോൾ, ആ രാജ്യത്തെമ്പാടും സുവാർത്ത ഘോഷിക്കുന്ന യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം പൂർവാധികം സജീവമാണ്‌. “നമ്മുടെ കാലത്തെ അതിദാരുണ പോരാട്ടം” എന്നാണ്‌ അംഗോളയിലെ ആഭ്യന്തര യുദ്ധത്തെ ഒരു ഐക്യരാഷ്‌ട്ര റിപ്പോർട്ട്‌ വർണിക്കുന്നത്‌. അംഗോളക്കാരുടെ ദുരിതം കണക്കിലെടുക്കുമ്പോൾ ആ പ്രസ്‌താവന സത്യമാണെന്നു മനസ്സിലാകും. വെടിനിറുത്തൽ പ്രഖ്യാപിച്ച ശേഷവും 1,000 പേർ ദിവസംപ്രതി വധിക്കപ്പെടുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. 2000 മാർച്ചിൽ ദ ന്യൂയോർക്ക്‌ ടൈംസ്‌ ഇങ്ങനെ പറഞ്ഞു: “1.2 കോടി ആളുകൾ അധിവസിക്കുന്ന അംഗോളയിലെ യുദ്ധത്തിൽ 10 ലക്ഷം പേർ മരിച്ചു, 30 ലക്ഷത്തിന്‌ തങ്ങളുടെ വീടുവിട്ട്‌ പലായനം ചെയ്യേണ്ടതായി വന്നിരിക്കുന്നു.”

തോക്കുകളുടെ ഗർജനം നിലച്ചാലും യുദ്ധത്തിന്റെ ദാരുണഫലങ്ങൾ പിന്നെയും നിലനിൽക്കും. ലോകത്തിൽ ഏറ്റവും കൂടുതൽ കുഴിബോംബുകൾ പാകിയിരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ്‌ അംഗോള. ഇത്തരം ബോംബുകൾ പൊട്ടി കൈകാലുകൾ നഷ്ടപ്പെട്ടവർ ഏറ്റവും കൂടുതലുള്ള രാജ്യമാണ്‌ ഇത്‌​—⁠70,000. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പാർട്ടികൾ ഇപ്പോഴും കുഴിബോംബുകൾ പാകുന്നു എന്നത്‌ അങ്ങേയറ്റം സങ്കടകരമാണ്‌. തത്‌ഫലമായി കർഷകർ വയലുകളിൽ കൃഷി ഇറക്കാതിരിക്കുന്നു. അത്‌ വലിയ ഭക്ഷ്യക്ഷാമത്തിന്‌ ഇടയാക്കുന്നു.

ഇത്തരത്തിലുള്ള അക്രമത്തിൽനിന്ന്‌ യഹോവയുടെ സാക്ഷികൾക്കു ഹാനി തട്ടാതിരുന്നിട്ടില്ല. ക്വാൻസാ നോർട്ടി പ്രവിശ്യയിൽ, ഗവൺമെന്റ്‌ സൈന്യവും വിമത സേനയും തമ്മിലുള്ള വെടിവയ്‌പ്പിൽ നാലു സാക്ഷികളും ഒരു താത്‌പര്യക്കാരനും മരിച്ചു. കുഴിബോംബു സ്‌ഫോടനങ്ങളിലും കമ്പോളത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ബോംബു സ്‌ഫോടനത്തിലും മറ്റു ചില സാക്ഷികൾ മരിച്ചിട്ടുണ്ട്‌. 1999-ൽ, ഹ്വാമ്പോയിലെ സഹക്രിസ്‌ത്യാനികൾക്ക്‌ ഭക്ഷണം എത്തിക്കുന്നതിനിടെ നാലു സാക്ഷികൾക്കു ജീവഹാനി സംഭവിച്ചു. എന്നാൽ സന്തോഷകരമായ ഒരു കാര്യം, അത്തരം സംഭവങ്ങൾ അപൂർവമാണ്‌ എന്നതാണ്‌.

ഭക്ഷണത്തിന്റെയും വസ്‌ത്രത്തിന്റെയും പാർപ്പിടത്തിന്റെയും ദൗർലഭ്യവും യഹോവയുടെ സാക്ഷികളെ ദുരിതത്തിൽ ആഴ്‌ത്തിയിട്ടുണ്ട്‌. 1999-ൽ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയത്ത്‌, യഹോവയുടെ സാക്ഷികളായ നിരവധി പേർ ഉൾപ്പെടെ 17,00,000 പേർക്ക്‌ വീടുവിട്ട്‌ പലായനം ചെയ്യേണ്ടിവന്നു. യുദ്ധമേഖല വിട്ടോടുന്നവർ സാധാരണ പോകാറുള്ളത്‌ ബന്ധുക്കളുടെ വീട്ടിലേക്ക്‌ ആയിരിക്കും, അവിടം അപ്പോൾത്തന്നെ ആളുകളെക്കൊണ്ട്‌ നിറഞ്ഞിരിക്കും. സ്വന്തം കുടുംബാവശ്യങ്ങൾ നിറവേറ്റുക വളരെ ദുഷ്‌കരമാണെങ്കിലും, സഹോദരങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കായി മൂപ്പന്മാർ തുടർന്നും കരുതുന്നു. ഇറ്റലിയിലെയും പോർച്ചുഗലിലെയും ദക്ഷിണാഫ്രിക്കയിലെയും സഹക്രിസ്‌ത്യാനികൾ അവരുടെ ദുഃസ്ഥിതി മനസ്സിലാക്കി ആഹാരവും വസ്‌ത്രവും അവശ്യം വേണ്ട മരുന്നുകളും അയച്ചുകൊടുത്തിട്ടുണ്ട്‌. അവരോടുള്ള അംഗോളയിലെ സഹോദരങ്ങളുടെ വിലമതിപ്പു വാക്കുകളിലൂടെ പ്രകടിപ്പിക്കാനാവില്ല.

വിശ്വാസത്തിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങൾ

പുരാതന നാളുകളിൽ ഉഗ്രതാപം ഉപയോഗിച്ച്‌ സ്വർണം ശുദ്ധീകരിച്ചെടുത്തിരുന്നു. അതുപോലെ ഉഗ്രതാപസമാന പീഡാനുഭവങ്ങൾ, പരിശോധിക്കപ്പെട്ട്‌ ഗുണം തെളിഞ്ഞ വിശ്വാസം ദൈവദാസരിൽ ഉളവാക്കുന്നു. (സദൃ. 17:3; 1 പത്രൊ. 1:6, 7) അംഗോളയിലെ യുവാക്കളും പ്രായമുള്ളവരുമായ ആയിരക്കണക്കിന്‌ യഹോവയുടെ സാക്ഷികൾക്ക്‌ പരിശോധിക്കപ്പെട്ട്‌ ഗുണം തെളിഞ്ഞ അത്തരം വിശ്വാസമുണ്ട്‌.

അരനൂറ്റാണ്ട്‌ മുമ്പ്‌ ബെൽജിയൻ കോംഗോയിൽ ആയിരുന്നപ്പോൾ ഷ്വാവുൻ മാൻകോക്കായോടൊപ്പം വിലപ്പെട്ട ബൈബിൾ സത്യങ്ങൾ പഠിച്ച ഒരു വ്യക്തിയാണ്‌ കാർലൂസ്‌ കാഡി. അദ്ദേഹം ഇപ്രകാരം പറയുന്നു: “മരിച്ചുപോയവർ ഉൾപ്പെടെ നമ്മുടെ പ്രിയ സഹോദരങ്ങളുടെ ധീരോദാത്തവും നിശ്ചയദാർഢ്യം കലർന്നതുമായ നിലപാട്‌ ശക്തമായ ഒരു സാക്ഷ്യമായി വർത്തിച്ചിരിക്കുന്നു. ഇത്‌ അവരുടെ പ്രവർത്തനങ്ങളുടെ മാത്രമല്ല അധികാര സ്ഥാനത്തുള്ള പലരോടും ധീരമായി സംസാരിച്ചതിന്റെയും ഫലമാണ്‌.”

അത്തരം സാക്ഷ്യം നൽകിയതിന്റെ ഒരു നല്ല ദൃഷ്ടാന്തമാണ്‌ ആന്റൂണിഷ്‌ റ്റിയാഗൂ പൗലൂ. അദ്ദേഹത്തിന്റെ ക്രിസ്‌തീയ നിഷ്‌പക്ഷത തകർക്കാൻ ശ്രമിച്ചവർ അദ്ദേഹത്തോടു മൃഗീയമായി പെരുമാറി. ഇന്ന്‌ അദ്ദേഹം സമാനമായി പീഡിപ്പിക്കപ്പെട്ട ഷൂസ്റ്റിനൂ സെസാർ, ഡൂമിങ്‌ഗൂഷ്‌ കാംബോങ്‌ഗോലൂ, ആന്റോണിയൂ മൂഫൂമ, ഡാവി മിസ്സി, മിഗെൽ നെറ്റൂ എന്നിവരോടൊപ്പം അംഗോളയിലെ ബെഥേലിൽ സേവിക്കുന്നു. ആറു വർഷത്തിലധികം ജയിലിൽ കിടന്ന ആൽഫ്രെദൂ ചിംബയിയ സഹോദരൻ ഭാര്യയോടൊപ്പം ഇപ്പോൾ സർക്കിട്ട്‌ വേലയിലാണ്‌.

ശത്രുഗോത്രക്കാർ തന്റെ ഭർത്താവിനെ ബലമായി പിടിച്ചുകൊണ്ടുപോയി വധിക്കുന്നത്‌ ഒരു സഹോദരിക്കു കണ്ടുനിൽക്കേണ്ടിവന്നു. ജീവൻ വേണമെങ്കിൽ, കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലേക്ക്‌ ഓടിപ്പൊയ്‌ക്കൊള്ളാൻ അവർ അവൾക്കു മുന്നറിയിപ്പു നൽകി. അവിടേക്ക്‌ അവൾക്കു നാലു കുട്ടികളുമായി നടക്കേണ്ടിവന്നു. അതിനു പത്തു മാസം വേണ്ടിവന്നു. യാത്ര തുടങ്ങുമ്പോൾ താൻ ഗർഭിണിയാണെന്ന വിവരം അവൾക്ക്‌ അറിയില്ലായിരുന്നു. കോംഗോയിൽ എത്തുന്നതിനു മുമ്പേ അവൾ പ്രസവിച്ചു. സങ്കടകരമെന്നു പറയട്ടെ, ആ കുട്ടി പിന്നീടു മരിച്ചുപോയി. അവൾ നിരന്തരം പ്രാർഥിച്ചു. യാതൊരു പോംവഴിയുമില്ലാത്ത അത്തരം സന്ദർഭങ്ങളിൽ നമ്മുടെ ഭാരം യഹോവയുടെമേൽ വെച്ചുകൊള്ളണമെന്ന്‌ അവൾ പറയുന്നു. (സങ്കീ. 55:22) അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ആത്മസഹതാപം തോന്നി “യഹോവേ, എനിക്കെന്തിനീ കഷ്ടം?” എന്നു ചോദിക്കാൻ ഇടയാകും. താൻ രക്ഷപ്പെട്ടതിൽ ആ സഹോദരി വളരെയധികം നന്ദിയുള്ളവൾ ആയിരുന്നു. തന്മൂലം കിൻഷാസയിൽ എത്തിയ ആദ്യ മാസം അവൾ സഹായ പയനിയറിങ്‌ നടത്തി.

“ദൈവം അവരെ കുറിച്ചു ലജ്ജിക്കുന്നില്ല”

പുരാതന കാലത്തെ വിശ്വസ്‌ത സ്‌ത്രീപുരുഷന്മാരെ കുറിച്ച്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതിയത്‌ അംഗോളയിലെ യഹോവയുടെ ദാസന്മാരുടെ കാര്യത്തിലും സത്യമാണ്‌. അവന്റെ വാക്കുകളെ മറ്റൊരു വിധത്തിൽ ഇങ്ങനെ പറയാൻ കഴിയും: ‘നാം ഇനി എന്തു പറയേണ്ടു? വാളിന്റെ വായ്‌ത്തലയിൽനിന്നു രക്ഷപ്പെട്ടവരുടെയും ബലഹീനതയിൽനിന്ന്‌ ശക്തി പ്രാപിച്ചവരുടെയും വിട്ടുവീഴ്‌ച ചെയ്യാതെ ഭേദ്യം ഏറ്റവരുടെയും വിശ്വാസത്തിന്റെ നല്ല ദൃഷ്ടാന്തങ്ങളെ കുറിച്ചു പറയാൻ സമയം പോര. അവർ പരിഹാസവും ചമ്മട്ടിപ്രഹരവും സഹിച്ചു; അവരെ ചങ്ങലയ്‌ക്കിടുകയും തടവിലാക്കുകയും ചെയ്‌തു. അവർ പരീക്ഷിക്കപ്പെട്ടു, അവർ ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു; ലോകം അവർക്കു യോഗ്യമായിരുന്നില്ല.’ (എബ്രാ. 11:32-38) പീഡകർ അവരെ പുച്ഛിച്ചെങ്കിലും, യുദ്ധവും അരാജകത്വവും നിമിത്തം ദാരിദ്ര്യത്തിലാണ്‌ അനേകരും ഇപ്പോഴും ജീവിക്കുന്നതെങ്കിലും, “ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല.” കാരണം, അവന്റെ വാഗ്‌ദാനങ്ങളുടെ നിവൃത്തിയിൽ അവർ തങ്ങളുടെ ദൃഷ്ടികൾ ഉറപ്പിച്ചിരിക്കുന്നു.​—⁠എബ്രാ. 11:⁠16.

അപ്പോക്കലിപ്‌സിലെ കുതിരക്കാരുടെ ചീറിപ്പാച്ചിലിന്റെ തിക്തഫലങ്ങൾ അംഗോളയിലെ സാക്ഷികൾ അനുഭവിക്കുന്നുണ്ടെങ്കിലും, അവർ ദൈവാനുഗ്രഹം സംബന്ധിച്ച്‌ സൂക്ഷ്‌മമായ അവബോധം ഉള്ളവരാണ്‌. കഴിഞ്ഞ വർഷം, ഈ ദേശത്തെ 40,000-ത്തിലധികം വരുന്ന പ്രസാധകർ ദൈവരാജ്യ സുവാർത്ത മറ്റുള്ളവരോടു ഘോഷിക്കാൻ 1,00,00,000-ൽപ്പരം മണിക്കൂർ ചെലവഴിച്ചു. താത്‌പര്യക്കാരുമായി ബൈബിൾ അധ്യയനം നടത്തുന്നതിൽ അവർ തിരക്കോടെ ഏർപ്പെട്ടു. ഓരോ മാസവും ശരാശരി 83,000-ത്തിലധികം ബൈബിൾ അധ്യയനങ്ങളാണ്‌ അവർ നടത്തിയത്‌. ദൈവം യേശുക്രിസ്‌തു മുഖാന്തരം ലഭ്യമാക്കുന്ന സാക്ഷാലുള്ള ജീവൻ തിരഞ്ഞെടുക്കുന്നതിന്‌ സകലർക്കും അവസരം നൽകുക എന്നതാണ്‌ അംഗോളയിലെ രാജ്യപ്രസാധകരുടെ ആത്മാർഥ ആഗ്രഹം. രാജ്യത്തെ അനിശ്ചിതാവസ്ഥകൾ ഗണ്യമാക്കാതെ കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്‌ 1,81,000-ത്തിലധികം പേർ കൂടിവന്നതിൽ അവർ എത്രമാത്രം സന്തോഷിച്ചുവെന്നോ! വയൽ കൊയ്‌ത്തിനു പാകമായിരിക്കുന്നു എന്നതിന്റെ സമൃദ്ധമായ തെളിവുകൾ അവർ കാണുന്നു.​—⁠യോഹ. 4:35.

ലോകമെമ്പാടുമുള്ള തങ്ങളുടെ ക്രിസ്‌തീയ സഹോദരങ്ങളെ പോലെതന്നെ, തങ്ങളുടെ സ്വർഗീയ രാജാവും നായകനുമായ യേശുക്രിസ്‌തു അന്തിമ വിജയം വരിക്കുമെന്ന കാര്യത്തിൽ അംഗോളയിലെ യഹോവയുടെ സാക്ഷികൾക്ക്‌ പൂർണ ബോധ്യമുണ്ട്‌. (സങ്കീ. 45:1-4; വെളി. 6:2) പീഡാനുഭവങ്ങൾ നേരിട്ടാലും, സ്‌നേഹവാനായ യഹോവയാം ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാരും സാക്ഷികളും ആയിരിക്കാനാണ്‌ അവരുടെ ദൃഢനിശ്ചയം.​—⁠സങ്കീ. 45:⁠17.

[68-ാം പേജിലെ ആകർഷക വാക്യം]

‘ശാരീരികമായി ഞങ്ങൾ ശോച്യാവസ്ഥയിൽ ആണെങ്കിലും, ആത്മീയമായി ആരോഗ്യവാന്മാരാണ്‌. ഇതെല്ലാം ബൈബിൾ മുൻകൂട്ടി പറഞ്ഞ കാര്യങ്ങൾ തന്നെയാണ്‌.’

[73-ാം പേജിലെ ആകർഷക വാക്യം]

ബൈബിൾ പഠിച്ച അവർ സുവാർത്ത പ്രസംഗിക്കാൻ തുടങ്ങി. ഉടൻ അധികാരികൾ അവരെ അംഗോളയിലേക്കു നാടുകടത്തി.

[78-ാം പേജിലെ ആകർഷക വാക്യം]

“അങ്ങേയറ്റം പോയാൽ എന്നെ കൊല്ലുമായിരിക്കും. അതിൽ കൂടുതലൊന്നും ചെയ്യില്ലല്ലോ. എന്നാൽ ഞാൻ എന്റെ വിശ്വാസം ത്യജിക്കുന്ന പ്രശ്‌നമേയില്ല.”

[82-ാം പേജിലെ ആകർഷക വാക്യം]

താൻ സത്യം കണ്ടെത്തിയെന്ന്‌ അദ്ദേഹത്തിനു ബോധ്യപ്പെട്ടു. അദ്ദേഹം ആ സത്യത്തെ എത്രത്തോളം വിലമതിച്ചു?

[85-ാം പേജിലെ ആകർഷക വാക്യം]

മനസ്സിൽ വന്ന ഏതൊരു ബൈബിൾ വിഷയത്തെയും അടിസ്ഥാനമാക്കി അവർ ജയിലിലെ മതിലുകളോടു സംസാരിക്കുമായിരുന്നു.

[89-ാം പേജിലെ ആകർഷക വാക്യം]

ചുറ്റും പോരാട്ടം നടക്കുക ആയിരുന്നെങ്കിലും, അവർ തങ്ങളുടെ ശുശ്രൂഷ തുടർന്നു.

[91-ാം പേജിലെ ആകർഷക വാക്യം]

ജോലിക്കു പോകുമ്പോഴും ജോലി കഴിഞ്ഞു വരുമ്പോഴും, ക്രിസ്‌തീയ ഇടയന്മാർ തങ്ങളുടെ സഹോദരങ്ങളുടെ വീടുകളിൽ ഹ്രസ്വ സന്ദർശനങ്ങൾ പതിവായി നടത്തി. അവർ മിക്കപ്പോഴും തങ്ങൾ സന്ദർശിക്കുന്ന കുടുംബത്തോടൊത്ത്‌ ഏതാനും തിരുവെഴുത്തുകളും വായിക്കുമായിരുന്നു.

[96-ാം പേജിലെ ആകർഷക വാക്യം]

“ശരി, ഞാൻ വീവാ എന്നു പറയാം!” എല്ലാവരും കാതോർത്തിരുന്നു. ഒടുവിൽ ആ ബാലൻ വിളിച്ചുപറഞ്ഞു, “വീവാ യഹോവ!”

[103-ാം പേജിലെ ആകർഷക വാക്യം]

“അംഗോളയിൽനിന്നു തിരികെ പോരുമ്പോൾ, യാതന അനുഭവിക്കുന്നെങ്കിലും തങ്ങളുടെ മഹത്തായ പ്രത്യാശ നിമിത്തം മന്ദസ്‌മിതം തൂകുന്ന ആ സഹോദരങ്ങളെ പ്രതി എന്റെ ഹൃദയം നിറയെ പ്രാർഥനകളും കണ്ണുകൾ നിറയെ നീർക്കണങ്ങളും ആയിരുന്നു.”

[108-ാം പേജിലെ ആകർഷക വാക്യം]

“ഓരോ വാരത്തിലും അദ്ദേഹം തന്റെ പ്രസംഗങ്ങൾ 7 മുതൽ 21 വരെ പ്രാവശ്യം നടത്തുമായിരുന്നു. മുഴു വാരവും നീണ്ടുനിന്ന പരിപാടികൾ തിരക്കിട്ടതും ക്ഷീണിപ്പിക്കുന്നതും ആയിരുന്നു.”

[111-ാം പേജിലെ ആകർഷക വാക്യം]

ഈ ഗോത്ര സമൂഹത്തിലെ ആളുകൾ അദ്ദേഹത്തെ തലവനായി വീക്ഷിച്ചു. ആളുകൾക്ക്‌ അദ്ദേഹം ഒരു ദൈവപുരുഷൻ ആയിരുന്നു.

[116-ാം പേജിലെ ആകർഷക വാക്യം]

ക്രിസ്‌തീയ നിഷ്‌പക്ഷത തകർക്കാനുള്ള ശ്രമം ഉണ്ടായിട്ടും, യഹോവയുടെ വഴികളിൽ നടക്കാനുള്ള തീരുമാനത്തിൽ അവർ യാതൊരു വിട്ടുവീഴ്‌ചയും ചെയ്‌തില്ല.

[124-ാം പേജിലെ ആകർഷക വാക്യം]

“യഹോവയോടും അവന്റെ സംഘടനയോടും തങ്ങൾ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത സഹോദരങ്ങൾക്കു വേണ്ടി ജീവൻ പോലും പണയപ്പെടുത്താൻ തയ്യാറായ ഞങ്ങളുടെ പ്രിയ സഹോദരങ്ങളോടും ഞങ്ങൾ അതീവ നന്ദിയുള്ളവരാണ്‌!”

[128-ാം പേജിലെ ആകർഷക വാക്യം]

ആളുകൾ യഹോവയുടെ സാക്ഷികളുടെ അചഞ്ചലമായ നിഷ്‌പക്ഷത നിരീക്ഷിച്ചു.

[138-ാം പേജിലെ ആകർഷക വാക്യം]

രാജ്യത്ത്‌ 696 സഭകൾ ഉണ്ടെങ്കിലും 24 രാജ്യഹാളുകളേ ഉള്ളൂ.

[81-ാം പേജിലെ ഭൂപടം/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

അറ്റ്‌ലാന്റിക്‌ സമുദ്രം

കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്‌

അംഗോള

ലുവാണ്ട

മാലാൻഷി

ലോബിറ്റോ

ബെൻഗ്വെല

ഹ്വാമ്പോ

ലുബാങ്‌ഗൂ

നാമിബേ

ബയീയ ദൂഷ്‌ ടീഗ്രിഷ്‌

നമീബിയ

[66-ാം പേജിലെ ചിത്രം]

[71-ാം പേജിലെ ചിത്രങ്ങൾ]

ഗ്രേ സ്‌മിത്തും ഭാര്യ ഓൾഗയും

[74-ാം പേജിലെ ചിത്രം]

ജോൺ കുക്കും (മധ്യത്തിൽ) ഷ്വാവുൻ മാൻകോക്കായും (വലത്ത്‌) സാല ഫിലിമോനും (ഇടത്ത്‌) അംഗോളയിൽ സത്യാരാധനയ്‌ക്കായി ഒരു ഉറച്ച നിലപാട്‌ സ്വീകരിച്ച ആദ്യ വ്യക്തികളിൽ പെടുന്നു

[87-ാം പേജിലെ ചിത്രം]

1975-ൽ സ്വാതന്ത്ര്യത്തിന്റെ ഒരു കാലഘട്ടത്തിൽ നടന്ന ഉത്സാഹപൂർവകമായ സമ്മേളനം

[90-ാം പേജിലെ ചിത്രം]

യുദ്ധം പിച്ചിച്ചീന്തിയ ഒരു രാജ്യം

[102-ാം പേജിലെ ചിത്രങ്ങൾ]

ആത്മീയ ഭക്ഷണം പാകം ചെയ്‌തിരുന്ന “അടുക്കള”

[104-ാം പേജിലെ ചിത്രം]

സിൽവെഷ്‌ട്രെ സിമാവുൻ

[123-ാം പേജിലെ ചിത്രങ്ങൾ]

അംഗോളയിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികൾ ദക്ഷിണാഫ്രിക്കയിൽവെച്ച്‌ വണ്ടിയിൽ കയറ്റുന്നു

[126-ാം പേജിലെ ചിത്രം]

മുകളിൽ: ലുവാണ്ടയിലെ മൂപ്പന്മാരും സാധാരണ പയനിയർമാരുമൊത്തുള്ള പ്രത്യേക യോഗം

[126-ാം പേജിലെ ചിത്രം]

1991-ൽ ഡഗ്ലസ്‌ ഗെസ്റ്റ്‌ (ഇടത്ത്‌) അംഗോളയിൽ, ഒപ്പം ഷ്വാവുൻ മാൻകോക്കായും ഭാര്യ മാരിയയും കൂടാതെ മാരിയൂ ഓലിവെയ്‌റയും

[131-ാം പേജിലെ ചിത്രം]

ലുവാണ്ടയിലെ യഹോവയുടെ സാക്ഷികളുടെ ആദ്യത്തെ ഓഫീസ്‌

[134-ാം പേജിലെ ചിത്രങ്ങൾ]

ലുവാണ്ടയിൽ നടന്ന “സന്തുഷ്ട സ്‌തുതിപാഠകർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ 73,154 പേർ സംബന്ധിച്ചു

[139-ാം പേജിലെ ചിത്രം]

സ്റ്റീലിൽ തീർത്ത ഒരു രാജ്യഹാൾ​—⁠അംഗോളയിലെ 24 ഹാളുകളിൽ ഒന്ന്‌

[140-ാം പേജിലെ ചിത്രം]

ബ്രാഞ്ച്‌ കമ്മിറ്റി (ഇടത്തുനിന്ന്‌): ഷ്വാവുൻ മാൻകോക്കാ, സ്റ്റിവ്‌ സ്റ്ററിക്കി, സിൽവെഷ്‌ട്രെ സിമാവുൻ, ഡൂമിങ്‌ഗൂഷ്‌ മാത്തേയുസ്‌, ഷൂസെ കാസിമിരൂ

[140, 141 പേജുകളിലെ ചിത്രം]

1996-ൽ ബ്രാഞ്ച്‌ രൂപീകൃതമായപ്പോൾ അംഗോളയിലെ ബെഥേൽ കുടുംബം

[142-ാം പേജിലെ ചിത്രങ്ങൾ]

കഠിന പീഡനത്തിന്മധ്യേ വിശ്വസ്‌തത പാലിച്ച ബെഥേൽ കുടുംബത്തിലെ നിരവധി അംഗങ്ങളിൽ ചിലർ: (1) ആന്റൂണിഷ്‌ റ്റിയാഗൂ പൗലൂ, (2) ഡൂമിങ്‌ഗൂഷ്‌ കാംബോങ്‌ഗോലൂ, (3) ഷൂസ്റ്റിനൂ സെസാർ

[147-ാം പേജിലെ ചിത്രം]

കാർലൂസ്‌ കാഡി