വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അർജന്റീന

അർജന്റീന

അർജന്റീന

തെക്കേ അമേരിക്കയുടെ തെക്കുകിഴക്കായി ഏതാണ്ട്‌ 4,000 കിലോമീറ്റർ നീണ്ടുകിടക്കുന്ന അർജന്റീന വൈവിധ്യങ്ങൾ നിറഞ്ഞ ശ്രദ്ധേയമായ ഒരു നാടാണ്‌. 6,000-ത്തിലധികം മീറ്റർ ഉയരമുള്ള കൊടുമുടികളോടു കൂടിയ ആൻഡീസ്‌ പർവതനിരകൾ ഈ രാജ്യത്തിന്റെ അതിർത്തിക്കുള്ളിലാണ്‌. അർജന്റീനയുടെ വടക്ക്‌ പുള്ളിപ്പുലികളും കാട്ടുപന്നികളും വിഹരിക്കുന്ന ഉഷ്‌ണമേഖലാ വനപ്രദേശമാണ്‌. തെക്കുള്ള ടിയെറദെഫുയേഗോ മേഖലയിലെ തണുത്ത സമുദ്രജലത്തിൽ പെൻഗ്വിനുകളും തിമിംഗലങ്ങളുമുണ്ട്‌. ഇവിടത്തെ തിരമാലകൾ ചിലപ്പോൾ 30 മീറ്റർ വരെ ഉയരത്തിൽ എത്താറുണ്ട്‌. വിശാലമായ സമതലപ്രദേശങ്ങളിൽ വൻ കാലിക്കൂട്ടങ്ങളെ കാണാം. ആളുകൾ ഇവയെ കുതിരപ്പുറത്തിരുന്നാണു മേയ്‌ക്കുന്നത്‌. അവരെ ഗോച്ചോകൾ എന്നാണു വിളിക്കാറ്‌.

ഈ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും യഹോവയുടെ സാക്ഷികളെ കാണാം, എല്ലാ പ്രമുഖ നഗരങ്ങളിലും പട്ടണങ്ങളിലും അവരുണ്ട്‌. 1,20,000-ത്തിലധികം വരുന്ന അവർ പർവതപ്രദേശങ്ങളിലും വനങ്ങളിലും സമതലങ്ങളിലും തീരദേശങ്ങളിലുമൊക്കെ വസിക്കുന്നവരോടു സുവാർത്ത ഘോഷിക്കുന്നു. തലസ്ഥാനനഗരിയിലെ അംബരചുംബികളായ കെട്ടിടങ്ങളിലും വിദൂര ഗ്രാമങ്ങളിലും അവരുണ്ട്‌. അർജന്റീനയുടെ ഭൂമിശാസ്‌ത്രപരമായ വൈവിധ്യമോ അവിടത്തെ സാംസ്‌കാരികവും ഭാഷാപരവുമായ പ്രതിബന്ധങ്ങളോ സാമ്പത്തിക പരാധീനതയോ ഒന്നും സുവാർത്താ പ്രസംഗത്തിനു തടസ്സമായിരുന്നിട്ടില്ല. യേശു മുൻകൂട്ടി പറഞ്ഞതുപോലെ, ഇവിടെയും സുവാർത്ത പ്രസംഗിക്കപ്പെടുന്നു.​—⁠മർക്കൊ. 13:⁠10.

ഇതു യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല. മറിച്ച്‌, നല്ല വിശ്വാസവും തീക്ഷ്‌ണതയുമുള്ള അർപ്പിത സ്‌ത്രീപുരുഷന്മാർ ഏതു സാഹചര്യങ്ങളിലും ബൈബിൾ സന്ദേശം ഘോഷിക്കാനുള്ള നിശ്ചയദാർഢ്യം പ്രകടമാക്കിയതിന്റെ ഫലമാണ്‌. “വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്‌ക്ക” എന്നു പൗലൊസ്‌ അപ്പൊസ്‌തലൻ തിമൊഥെയൊസിനു നൽകിയ ബുദ്ധിയുപദേശം അവർ ഗൗരവമായി എടുത്തിരിക്കുന്നു. (2 തിമൊ. 4:⁠2) എന്നാൽ, ഈ സുവാർത്താ പ്രസംഗത്തിലെ നേട്ടങ്ങളുടെ ബഹുമതി അവർ സ്വീകരിക്കുന്നില്ല. യഹോവയുടെ ആത്മാവിന്റെ സഹായത്താൽ മാത്രമാണ്‌ തങ്ങൾ അതു നിർവഹിച്ചതെന്ന്‌ അവർക്കറിയാം.​—⁠സെഖ. 4:⁠6.

അടിസ്ഥാനം ഇടപ്പെടുന്നു

നിരവധി വർഷങ്ങൾക്കു മുമ്പാണ്‌ അർജന്റീനയിൽ സുവാർത്താ പ്രസംഗത്തിന്‌ അടിസ്ഥാനം ഇടപ്പെട്ടത്‌. അർജന്റീനയുടെ അതിവിദൂര ഭാഗങ്ങളിൽ സത്യം എത്തിച്ചേർന്നതിനെ കുറിച്ചുള്ള വിവരണം തീർച്ചയായും വിശ്വാസത്തെ ബലപ്പെടുത്തുന്ന ഒന്നാണ്‌.

1923-ൽ, ജോർജ്‌ യങ്‌ എന്ന കാനഡക്കാരൻ തെക്കേ അമേരിക്കയിൽ എത്തി. ബ്രസീലിൽ വ്യാപകമായ സാക്ഷീകരണം നടത്തിയ അദ്ദേഹം തുടർന്ന്‌ അർജന്റീനയിലേക്കു തന്റെ ശ്രദ്ധ തിരിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ, ആ രാജ്യത്തെ 25 പ്രമുഖ നഗരങ്ങളിലും പട്ടണങ്ങളിലുമായി 1,480 പുസ്‌തകങ്ങളും 3,00,000 മറ്റു ബൈബിൾ പ്രസിദ്ധീകരണങ്ങളും അദ്ദേഹം വിതരണം ചെയ്‌തു. തെക്കേ അമേരിക്കയിലെ മറ്റു രാജ്യങ്ങളിലേക്ക്‌ തന്റെ മിഷനറി പ്രവർത്തനം വ്യാപിപ്പിക്കുന്നതിനു മുമ്പ്‌ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: “രാജ്യസന്ദേശം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളുടെമേൽ ദൈവാംഗീകാരം ഉണ്ടെന്നതു വളരെ സ്‌പഷ്ടമാണ്‌.”

1924-ൽ, വാച്ച്‌ ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റ്‌ ആയിരുന്ന ജെ. എഫ്‌. റഥർഫോർഡ്‌ സ്‌പാനിഷുകാരനായ ഹ്വാൻ മൂൺയിസിനെ അർജന്റീനയിലെ സേവനത്തിനായി നിയമിച്ചു. രണ്ടു വർഷത്തിനുശേഷം അർജന്റീന, ഉറുഗ്വേ, ചിലി, പരാഗ്വേ എന്നീ രാജ്യങ്ങളിൽ സുവാർത്താ പ്രസംഗത്തിനു മേൽനോട്ടം വഹിക്കാൻ അദ്ദേഹം അർജന്റീനയിലെ ബ്വേനസാറിസിൽ വാച്ച്‌ ടവർ സൊസൈറ്റിയുടെ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിച്ചു.

അർജന്റീനയിൽ ജർമൻഭാഷ സംസാരിക്കുന്നവർ ധാരാളമുണ്ടെന്ന്‌ മനസ്സിലാക്കിയ മൂൺയിസ്‌ അവരുടെ പക്കൽ സുവാർത്ത എത്തിക്കുന്നതിന്‌ ഒരാളെ അയയ്‌ക്കാൻ സൊസൈറ്റിയോട്‌ അഭ്യർഥിച്ചു. ആ അഭ്യർഥനയെ തുടർന്ന്‌, റഥർഫോർഡ്‌ സഹോദരൻ കാർലോസ്‌ ഓട്ട്‌ എന്ന ഒരു മുഴുസമയ ജർമൻ ശുശ്രൂഷകനെ അവിടേക്ക്‌ അയച്ചു.

അർജന്റീനയിൽ നിരവധി ഗ്രീക്കുകാരും ഉണ്ടായിരുന്നു. 1930-ൽ അവരിലൊരാളായ നിക്കോളാസ്‌ ആർച്ചിറോസ്‌ ബൈബിൾസത്യം പഠിച്ചു. തുടർന്ന്‌ അദ്ദേഹം ബ്വേനസാറിസ്‌ പ്രദേശത്തെ ഗ്രീക്കുകാരായ നൂറുകണക്കിന്‌ ആളുകളോട്‌ സുവാർത്ത പ്രസംഗിക്കാൻ തുടങ്ങി. പിന്നീട്‌, അദ്ദേഹം പ്രാദേശിക ഭാഷയായ സ്‌പാനിഷ്‌ നന്നായി വശമാക്കിയപ്പോൾ, അർജന്റീനയിലെ 22 പ്രവിശ്യകളിൽ 14-ലും ദൈവവചന സന്ദേശം എത്തിച്ചുകൊണ്ട്‌ രാജ്യത്തിന്റെ വടക്കൻമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഏതാണ്ട്‌ അക്കാലത്തു തന്നെയാണ്‌ ഹ്വാൻ റെബാച്ച്‌ എന്ന പോളണ്ടുകാരൻ ബൈബിൾ പഠിച്ച്‌ യഹോവയുടെ സാക്ഷി ആയത്‌. പോളണ്ടുകാരനായ മറ്റൊരു സാക്ഷിയോടൊപ്പം അദ്ദേഹം മുഴുസമയ ശുശ്രൂഷ ആരംഭിച്ചു. മറ്റു രണ്ട്‌ മുഴുസമയ ശുശ്രൂഷകരുമായി ചേർന്ന്‌ അവർ അർജന്റീനയുടെ തെക്കൻമേഖല പ്രവർത്തിച്ചുതീർത്തു.

ഗ്രീക്ക്‌, ജർമൻ, സ്‌പാനിഷ്‌ എന്നീ ഭാഷകളിൽ മാത്രമല്ല അറബി, ആർമീനിയൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്‌, ക്രോയേഷ്യൻ, പോർച്ചുഗീസ്‌, പോളീഷ്‌, ഫ്രഞ്ച്‌, യിഡ്ഡിഷ്‌, യൂക്രേനിയൻ, ലിത്വാനിയൻ, ലെറ്റിഷ്‌, ഹംഗേറിയൻ, റഷ്യൻ തുടങ്ങിയ ഭാഷകളിലും ലക്ഷക്കണക്കിനു സാഹിത്യങ്ങൾ വിതരണം ചെയ്യപ്പെട്ടതായി അർജന്റീനയിൽ നിന്നുള്ള 1930-ലെ റിപ്പോർട്ടു പ്രകടമാക്കുന്നു.

അങ്ങനെ, വെറും ഏഴു വർഷംകൊണ്ട്‌ സ്‌പാനിഷുകാർക്കിടയിലും മറ്റു ഭാഷക്കാർക്കിടയിലും രാജ്യഘോഷണ-ശിഷ്യരാക്കൽ വേലയ്‌ക്ക്‌ അടിസ്ഥാനം ഇടപ്പെട്ടു. തുടർന്നുള്ള പുരോഗതിക്ക്‌ അനുകൂലമായ സമയം ആയിരുന്നു അത്‌.

വിശാലമായ പ്രദേശം തടസ്സമല്ല

ഇന്ത്യയുടെ അത്രതന്നെ ഭൂവിസ്‌തൃതിയുള്ള വിശാലമായ ഒരു രാജ്യമാണ്‌ അർജന്റീന. എന്നാൽ സാക്ഷികളെ സംബന്ധിച്ചിടത്തോളം രാജ്യസന്ദേശം പ്രചരിപ്പിക്കുന്നതിന്‌ ഈ രാജ്യത്തിന്റെ വലിപ്പം ഒരു തടസ്സം ആയിരുന്നിട്ടില്ല. ചിലർ കാൽനടയായും മറ്റുള്ളവർ സൈക്കിളിലും തീവണ്ടിയിലും കുതിരപ്പുറത്തും കുതിരവണ്ടിയിലുമൊക്കെ സഞ്ചരിച്ചാണ്‌ സുവാർത്ത പ്രചരിപ്പിച്ചത്‌.

1930-കളുടെ തുടക്കത്തിൽ, അർജന്റീനയുടെ മധ്യ പ്രവിശ്യയായ കോർദൊബയിൽ താമസിച്ചിരുന്ന ആർമാൻഡോ മെനാറ്റ്‌സിക്കു താൻ സത്യം കണ്ടെത്തിയതായി ബോധ്യപ്പെട്ടു. അദ്ദേഹം തന്റെ ഓട്ടോ വർക്ക്‌ഷോപ്പ്‌ വിറ്റു, തുടർന്ന്‌ മുഴുസമയ സുവാർത്താ ഘോഷണം ഏറ്റെടുത്തു. പിന്നീട്‌, മെനാറ്റ്‌സി ഒരു പഴയ ബസ്‌ വാങ്ങി പുതുക്കിയെടുത്തു. സുവാർത്ത പ്രചരിപ്പിക്കാൻ അതിൽ പത്തോ അതിലധികമോ പ്രസാധകർക്ക്‌ ഒരുമിച്ചു യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. ആ വാഹനം ഉപയോഗിച്ചാണ്‌ അവർ അർജന്റീനയുടെ വടക്കൻ മേഖലയിലെ ചുരുങ്ങിയത്‌ പത്തോളം പ്രവിശ്യകളിൽ സുവാർത്ത എത്തിച്ചത്‌.

1930-കൾ ആയപ്പോഴേക്കും ലാറ്റിനമേരിക്കയിൽ റെയിൽപ്പാതാ സൗകര്യം ഏറ്റവുമധികം ഉണ്ടായിരുന്നത്‌ അർജന്റീനയിൽ ആയിരുന്നു. അവിടത്തെ റെയിൽപ്പാതയുടെ മൊത്തം ദൈർഘ്യം 40,000 കിലോമീറ്ററിലധികം വരുമായിരുന്നു. സുവാർത്താ ഘോഷണവേല വ്യാപിപ്പിക്കാൻ അതു വളരെ സഹായകമായി. അന്ന്‌ റെയിൽവേയുടെ ഒരു ഡിവിഷനിലുള്ള മുഴു പ്രദേശത്തും സുവാർത്ത ഘോഷിക്കുന്നതിനുള്ള നിയമനം ചില പയനിയർമാർക്കു ലഭിച്ചു. ഉദാഹരണത്തിന്‌, പശ്ചിമ റെയിൽവേ ഡിവിഷന്റെ പ്രദേശം ഹോസേ റൈണ്ടിലിനു ലഭിച്ചു. അറ്റ്‌ലാന്റിക്‌ സമുദ്രതീരത്തുള്ള ബ്വേനസാറിസ്‌ പ്രവിശ്യ മുതൽ ചിലിയുടെ അതിർത്തിയോടു ചേർന്നു കിടക്കുന്ന മെൻഡോസ പ്രവിശ്യ വരെയുള്ള 1,000 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഒരു പ്രദേശം ആയിരുന്നു അത്‌!

റെയിൽവേയിൽ ജോലി ചെയ്‌തിരുന്ന യഹോവയുടെ സാക്ഷികൾ അർജന്റീനയുടെ വിദൂര സ്ഥലങ്ങളിൽ ബൈബിൾ സന്ദേശം എത്തിക്കാൻ ലഭിച്ച അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തി. വടക്കുകിഴക്കൻ പ്രവിശ്യയായ സാന്റഫേയിൽ വെച്ചു സത്യം പഠിച്ച എപ്പിഫാനിയോ ആഗിയാരെ എന്ന വ്യക്തിയെ റെയിൽവേ വകുപ്പ്‌ അതിനും വടക്കോട്ടു മാറിക്കിടക്കുന്ന ചാക്കോ എന്ന പ്രദേശത്തേക്ക്‌ സ്ഥലം മാറ്റി. അദ്ദേഹം ഉടൻതന്നെ ആ പ്രദേശത്ത്‌ സുവാർത്ത പ്രസംഗിക്കാൻ തുടങ്ങി. ജോലിസംബന്ധമായി തെക്കുള്ള ചബൂട്ടിലേക്ക്‌ 2,000 കിലോമീറ്ററും പിന്നീട്‌ തിരിച്ച്‌ വടക്കുള്ള സാന്റിയാഗോ ഡെലസ്റ്റെറോയിലേക്കും യാത്ര നടത്തിയ അദ്ദേഹം ആ പ്രവിശ്യകളിൽ രാജ്യസന്ദേശം എത്തിച്ചു.

തീക്ഷ്‌ണതയുള്ള ഒരു പയനിയർ സഹോദരി ആയിരുന്നു റിനാ ദെ മിദോലിനി. ബഹിയാബ്ലാങ്ക നഗരത്തിൽനിന്ന്‌ 50 കിലോമീറ്റർ അകലെയുള്ള മെദാനോസിൽ അവർ സാക്ഷീകരണം നടത്തി. അവിടേക്കു പോയപ്പോൾ അവർ ട്രെയിനിൽ തന്റെ സൈക്കിളും കൂടെ കൊണ്ടുപോയി. ലക്ഷ്യസ്ഥാനത്ത്‌ എത്തിയപ്പോൾ സുവാർത്ത പ്രചരിപ്പിക്കാൻ അവർ അതു നന്നായി പ്രയോജനപ്പെടുത്തി. ‘സൈക്കിളിൽ സഞ്ചരിക്കുന്ന ബൈബിൾ വനിത’ എന്നാണ്‌ നാട്ടുകാർ അവരെ വിളിച്ചിരുന്നത്‌. ആളുകളുടെ ഇടയിൽ അവർ പരക്കെ അറിയപ്പെട്ടിരുന്നു. ഒരിക്കൽ അവർ മടങ്ങിവരാൻ വൈകിയപ്പോൾ പുറപ്പെടുന്ന സമയം കഴിഞ്ഞിട്ടും ഡ്രൈവർ തീവണ്ടി അവർക്കായി നിർത്തിയിട്ടു!

ഗിലെയാദ്‌ മിഷനറിമാർ എത്തുന്നു

അർജന്റീനയിലെ ആദ്യകാല സാക്ഷികൾ ആ ദേശത്തെങ്ങും യാത്ര ചെയ്‌ത്‌ വളരെയധികം സാഹിത്യങ്ങൾ വിതരണം ചെയ്‌തു. അതിലൂടെ അവർ ദൈവരാജ്യത്തെ കുറിച്ചുള്ള പ്രത്യാശയിലേക്ക്‌ ആളുകളുടെ ശ്രദ്ധ തിരിച്ചു. കാലക്രമത്തിൽ, ചിട്ടയോടെയുള്ള ബൈബിൾ വിദ്യാഭ്യാസത്തിന്റെയും മെച്ചപ്പെട്ട സംഘാടനത്തിന്റെയും ആവശ്യം വ്യക്തമായി. 1945-ൽ, അർജന്റീന സന്ദർശിച്ച സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റ്‌ ആയിരുന്ന നേഥൻ എച്ച്‌. നോർ സ്‌പാനിഷിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ തുടങ്ങുന്നതിനു സഭകൾക്കു നിർദേശം നൽകി. പയനിയറിങ്‌ ചെയ്യാനും വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽ സംബന്ധിക്കുക എന്ന ലക്ഷ്യം വെക്കാനും അദ്ദേഹം അർജന്റീനയിലെ സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു.

താമസിയാതെ, 1946-ൽ രണ്ട്‌ അർജന്റീനക്കാർ ഗിലെയാദ്‌ സ്‌കൂളിൽനിന്ന്‌ ബിരുദം നേടി അർജന്റീനയിൽ മടങ്ങിയെത്തി. തുടർന്ന്‌, 1948-ൽ മറ്റു ദേശങ്ങളിൽ നിന്നുള്ള മിഷനറിമാരും അവിടെയെത്തി. ആദ്യത്തെ ഗിലെയാദ്‌ ക്ലാസ്സിൽനിന്നു ബിരുദം നേടിയ ചാൾസ്‌ ഐസൻഹൗർ, ഭാര്യ ലോറിൻ; വിയോള ഐസൻഹൗർ; ഹെലൻ നിക്കൾസ്‌; ഹെലൻ വിൽസൺ എന്നിവരും നാലാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽ നിന്നുള്ള റോബർട്ട മില്ലറും അക്കൂട്ടത്തിൽ പെടുന്നു. സോഫ സോവിയക്ക്‌, ഇഡിത്ത്‌ മോർഗൺ, എഥൽ ടിഷ്‌ഹൗസർ, മേരി ഹെൽമ്പ്രെക്‌റ്റ്‌ തുടങ്ങിയവരും മറ്റു പലരും പിൽക്കാലത്ത്‌ അവിടെ മിഷനറിമാരായി എത്തുകയുണ്ടായി. പല വർഷങ്ങളിലായി 78 മിഷനറിമാരെ അർജന്റീനയിലേക്ക്‌ അയച്ചിട്ടുണ്ട്‌. സുവിശേഷ ഘോഷണത്തിലെ അവരുടെ ഉത്സാഹം അവരുടെ മാതൃക അനുകരിക്കാൻ പ്രാദേശിക സാക്ഷികൾക്കു പ്രോത്സാഹനം ആയിരുന്നിട്ടുണ്ട്‌. 1940-ൽ അർജന്റീനയിൽ ആകെ 20 പയനിയർമാരാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ 1960-ൽ ആ സംഖ്യ 382 ആയി വർധിച്ചു. ഇന്ന്‌ അവിടെ 15,000-ത്തിലധികം പയനിയർമാരുണ്ട്‌.

ക്ലേശകരമായ നാളുകളെ അതിജീവിക്കുന്നു

വർഷങ്ങളോളം അർജന്റീനയിലെ അവസ്ഥകൾ സുവാർത്താ പ്രസംഗത്തിന്‌ അനുകൂലമായിരുന്നു. എല്ലാവരുമൊന്നും തന്റെ ശിഷ്യന്മാരുടെ പ്രവർത്തനത്തെ അംഗീകരിക്കുകയില്ലെന്ന്‌ യേശു പറഞ്ഞിരുന്നു. (യോഹ. 15:20) 1949-ൽ നോർ സഹോദരന്റെ അർജന്റീനാ സന്ദർശനവേളയിൽ ബ്വേനസാറിസിലെ വളരെ നല്ല ഒരു ഹാളിൽ സമ്മേളനം നടത്തുന്നതിനുള്ള അനുമതി പോലീസ്‌ പെട്ടെന്ന്‌ റദ്ദാക്കി. അതിനാൽ ആ സമ്മേളനം ഒരു രാജ്യഹാളിലാണ്‌ നടത്തിയത്‌. എന്നിട്ടും പോലീസിന്റെ ശല്യമുണ്ടായി. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 4:​40-ന്‌ നോർ സഹോദരൻ പ്രസംഗം നടത്തിക്കൊണ്ടിരിക്കെ, പോലീസ്‌ എത്തി അദ്ദേഹത്തെയും അവിടെ ഉണ്ടായിരുന്നവരെയും അറസ്റ്റു ചെയ്‌തു. അറസ്റ്റിനുള്ള ഒരു കാരണവും അവർ വിശദീകരിച്ചില്ല. അധികാരികൾ സഹോദരങ്ങളെ പിറ്റേന്നു രാവിലെവരെ മണിക്കൂറുകളോളം ഒരു വലിയ മുറ്റത്തു നിർത്തിയശേഷം വിട്ടയച്ചു.

വ്യക്തമായും, അർജന്റീനയിൽ യഹോവയുടെ ആരാധകർക്കെതിരെ എതിർപ്പിന്റെ കാറ്റ്‌ വീശാൻ തുടങ്ങിയിരുന്നു. ആ വർഷംതന്നെ, അതായത്‌ 1949-ൽ, വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള മതകാര്യ വിഭാഗത്തിൽ എല്ലാ മതവിഭാഗങ്ങളും രജിസ്റ്റർ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഗവൺമെന്റ്‌ ഒരു ബിൽ പാസാക്കി. അതു റോമൻ കത്തോലിക്കാ സഭയുടെ സ്വാധീനഫലമായിരുന്നു. പിറ്റേ വർഷം, ച്വാൻ ഡോമിങ്‌ഗോ പേറോൺ പ്രസിഡന്റായുള്ള അർജന്റീനിയൻ ഗവൺമെന്റ്‌, രാജ്യത്ത്‌ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ഔദ്യോഗികമായി നിരോധിച്ചു. നിരോധനത്തിൽ യഹോവയുടെ സാക്ഷികളുടെ പരസ്യമായ യോഗങ്ങളുടെയും അവരുടെ പ്രസംഗപ്രവർത്തനത്തിന്റെയും മേലുള്ള വിലക്ക്‌ ഉൾപ്പെട്ടിരുന്നു. എങ്കിലും അധികാരികൾ വാച്ച്‌ ടവർ സൊസൈറ്റിയുടെ ബ്രാഞ്ച്‌ ഓഫീസ്‌ അടച്ചുപൂട്ടിയില്ല.

പൊതുവെ പറഞ്ഞാൽ, വലിയ ബുദ്ധിമുട്ടുകളൊന്നും കൂടാതെ സാക്ഷികൾക്കു തങ്ങളുടെ പ്രവർത്തനം തുടരാൻ കഴിഞ്ഞു. എങ്കിലും, സമ്മേളനം റദ്ദാക്കിക്കൊണ്ടും രാജ്യഹാൾ അടച്ചുപൂട്ടിക്കൊണ്ടും അധികാരികൾ സാക്ഷികളുടെ മേലുള്ള നിരോധനം നടപ്പിലാക്കാൻ ശ്രമിച്ചു. സാക്ഷികൾ സ്വകാര്യ ഭവനങ്ങളിൽ യോഗങ്ങൾ നടത്തുകയോ പരസ്യ ശുശ്രൂഷയിൽ ഏർപ്പെടുകയോ ചെയ്‌ത ചില അവസരങ്ങളിൽ അധികാരികൾ അവരെ അറസ്റ്റു ചെയ്യുകയും അവർക്കു കഷ്ടം സഹിക്കേണ്ടിവരികയും ചെയ്‌തിട്ടുണ്ട്‌.

തത്‌ഫലമായി, ‘പാമ്പിനെപ്പോലെ ബുദ്ധിയുളളവർ’ ആയിരിക്കാൻ സാക്ഷികൾ ശ്രമിച്ചു. (മത്താ. 10:16) മറ്റുള്ളവരോടു സാക്ഷീകരിക്കുന്ന അവസരങ്ങളിൽ അവർ ബൈബിൾ മാത്രമേ ഉപയോഗിച്ചുള്ളൂ. 8 മുതൽ 12 വരെ പ്രസാധകർ അടങ്ങിയ ചെറുകൂട്ടങ്ങളായി സഭകളെ സംഘടിപ്പിച്ചു. നിരോധനത്തിന്റെ ആദ്യത്തെ ഏതാനും വർഷങ്ങളിൽ യോഗസ്ഥലങ്ങൾ പതിവായി മാറ്റിയിരുന്നു. മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്നു പതിയാത്ത ധാന്യപ്പുര, പുൽമാടം, തോട്ടത്തിലുള്ള വീട്ടിലെ അടുക്കള, മരച്ചുവട്‌ എന്നിവിടങ്ങളിൽ ഒക്കെയാണ്‌ അവർ കൂടിവന്നത്‌. അങ്ങനെ, കൂടിവരാനുള്ള ബൈബിളിന്റെ ആഹ്വാനത്തിന്‌ സഹോദരങ്ങൾ പ്രാധാന്യം കൊടുത്തു.​—⁠എബ്രാ. 10:24, 25.

സഹോദരങ്ങൾക്കു പ്രോത്സാഹനമേകാൻ നോർ സഹോദരൻ മിൽട്ടൺ ഹെൻഷലിനോടൊപ്പം 1953-ൽ അർജന്റീനയിൽ വീണ്ടും സന്ദർശനം നടത്തി. നിരോധനം നിലവിലിരുന്നതിനാൽ, അവർക്കു വലിയ സമ്മേളനം നടത്താൻ കഴിഞ്ഞില്ല. അതു പൊതുജനങ്ങളുടെ ശ്രദ്ധ വിളിച്ചുവരുത്തുമായിരുന്നു. എങ്കിലും, രാജ്യത്തെങ്ങും സമ്മേളനങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ അവർ ചെയ്‌തു. ഇതിനെ അവർ രാജ്യവ്യാപക സമ്മേളനം എന്നാണു വിളിച്ചത്‌. നോർ സഹോദരൻ ചിലിയിൽനിന്ന്‌ അർജന്റീനയിലെ മെൻഡോസയിലേക്കു വിമാനം കയറി. അതേസമയം ഹെൻഷൽ സഹോദരൻ അർജന്റീനയിൽ എത്തിയത്‌ പരാഗ്വേയിൽ നിന്നാണ്‌. 56 സ്ഥലങ്ങളിൽ നടത്തിയ വ്യത്യസ്‌ത പ്രാദേശിക സമ്മേളനങ്ങളിൽ അവർ ഇരുവരും ഒറ്റയ്‌ക്കു സഞ്ചരിച്ചു പ്രസംഗങ്ങൾ നടത്തി. ഈ സമ്മേളനങ്ങളിൽ ചിലതു നടത്തിയത്‌ അവിടത്തെ സാക്ഷികളുടെ കൃഷിയിടങ്ങളിലെ മനോഹരമായ ചുറ്റുപാടിൽ വെച്ചായിരുന്നു. ബ്വേനസാറിസിൽ കൂടിവന്ന സാക്ഷികളെ ഇരുസഹോദരന്മാരും സന്ദർശിച്ചു. അവിടത്തെ രണ്ടു കൂട്ടങ്ങളുമായി രണ്ടു മണിക്കൂർ നേരത്തെ യോഗവും നടത്തി. ദിവസവും അത്തരത്തിലുള്ള ഒമ്പത്‌ യോഗങ്ങൾ ക്രമീകരിച്ചു. വളരെ വ്യത്യസ്‌തമായ ഈ സമ്മേളനത്തിൽ മൊത്തം 2,505 പേരാണ്‌ സംബന്ധിച്ചത്‌.

നിരോധനത്തിന്‌ അയവു വരുന്നു

1955-ൽ ച്വാൻ പേറോണിന്റെ സൈനിക ഗവൺമെന്റ്‌ മറിച്ചിടപ്പെട്ടപ്പോൾ വലിയ കൂടിവരവുകൾ സംഘടിപ്പിക്കുക സാധ്യമായി. സഭകൾക്കു രാജ്യഹാൾ ഉണ്ടെങ്കിൽ അതിൽ യോഗങ്ങൾ നടത്താൻ പ്രോത്സാഹിപ്പിക്കപ്പെട്ടു. എന്നിരുന്നാലും, അതു രാജ്യഹാൾ ആണെന്നു കാണിക്കുന്ന ബോർഡൊന്നും അവർ വെച്ചില്ല. ഇടയ്‌ക്കിടെ അധികാരികളുടെ ശല്യം ഉണ്ടായിരുന്നെങ്കിലും, യഹോവയുടെ അനുഗ്രഹത്താൽ സഭകളുടെ എണ്ണവും വലിപ്പവും ക്രമാനുഗതം വർധിച്ചുകൊണ്ടിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ സമ്മേളനങ്ങൾ നടത്താൻ ബ്രാഞ്ച്‌ 1956-ൽ തീരുമാനിച്ചു. ആദ്യത്തെ സമ്മേളനം നടന്നത്‌ ബ്വേനസാറിസിൽ നിന്ന്‌ ഏതാണ്ട്‌ 60 കിലോമീറ്റർ അകലെയുള്ള ലപ്ലാറ്റയിൽ ആയിരുന്നു. അതിൽ 300 പേർ സംബന്ധിച്ചു. “ജനതകളേ, നിങ്ങൾ ആനന്ദിപ്പിൻ!” എന്ന ഗീതം ആലപിച്ചപ്പോൾ അവരുടെ സ്വരം ഇടറിയിരുന്നു. അത്രയ്‌ക്കു തീവ്രമായിരുന്നു അവരുടെ വികാരങ്ങൾ. ആറു വർഷത്തിൽ ഇതാദ്യമായാണ്‌ ഇത്രയേറെ സഹവിശ്വാസികളുമായി അവർക്കു കൂടിവരാനും ഒരുമിച്ചു രാജ്യഗീതങ്ങൾ പാടാനും സാധിച്ചത്‌.

നിരോധനം അപ്പോഴും പ്രാബല്യത്തിലുണ്ടായിരുന്നു. 1957 ഡിസംബറിൽ ബ്വേനസാറിസിലെ ലേ ആൻബാസാദ്യൂർ ഹാളിൽ ഒരു ദേശീയ കൺവെൻഷൻ നടത്താൻ സഹോദരങ്ങൾ ശ്രമിച്ചു. എങ്കിലും, പ്രതിനിധികൾ എത്തിക്കൊണ്ടിരുന്ന സമയത്ത്‌ പോലീസ്‌ ആ ഹാൾ അടച്ചുപൂട്ടുകയും നാലു സഹോദരന്മാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു. പോലീസിന്റെ അനുമതി കൂടാതെ സമ്മേളനം നടത്താൻ ശ്രമിച്ചു എന്നതായിരുന്നു അവരുടെ പേരിലുള്ള കുറ്റം.

അർജന്റീനയുടെ ഭരണഘടന മതസ്വാതന്ത്ര്യവും സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഉറപ്പു നൽകുന്നതിനാൽ, സഹോദരങ്ങൾ കോടതിയെ സമീപിച്ചു. 1958 മാർച്ച്‌ 14-ന്‌ സാക്ഷികൾക്ക്‌ അനുകൂലമായി വിധിയുണ്ടായി! അർജന്റീനയിൽ യഹോവയുടെ സാക്ഷികൾക്കു ലഭിച്ച ആദ്യത്തെ നിയമവിജയം ആയിരുന്നു അത്‌.

1958-ൽ അർജന്റീനയിൽ മറ്റൊരു ഭരണമാറ്റം ഉണ്ടായി. അതിന്റെ ഫലമായി അർജന്റീനയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു നിയമാംഗീകാരം ലഭിക്കുമെന്നു തോന്നി. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെയും അർജന്റീനയിലെ അവരുടെ അവസ്ഥകളെയും വിശദീകരിക്കുന്ന ഒരു പ്രത്യേക കത്ത്‌ എല്ലാ നിയമനിർമാതാക്കൾക്കും പത്രാധിപന്മാർക്കും ഉപ നിയമനിർമാണ സഭയിലെ അംഗങ്ങൾക്കും ന്യായാധിപന്മാർക്കുമൊക്കെ അയച്ചുകൊടുത്തു. അതിലൂടെ നല്ലൊരു സാക്ഷ്യം നൽകാൻ കഴിഞ്ഞെങ്കിലും, സാക്ഷികൾക്കു യാതൊരു നിയമാംഗീകാരവും ലഭിച്ചില്ല.

എങ്കിലും സാക്ഷികൾ തങ്ങളുടെ ശ്രമം ഉപേക്ഷിച്ചില്ല. പിറ്റേ വർഷം മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു നിവേദനം തയ്യാറാക്കി ഗവൺമെന്റിന്‌ അയച്ചുകൊടുത്തു. അതിൽ 3,22,636 പേർ ഒപ്പിട്ടിരുന്നു. ബ്രാഞ്ച്‌ പ്രതിനിധി എന്ന നിലയിൽ ചാൾസ്‌ ഐസൻഹൗർ ഗവൺമെന്റ്‌ അധികാരികളുമായി കൂടിക്കാഴ്‌ച നടത്തി. യഹോവയുടെ സാക്ഷികൾക്ക്‌ നിയമാംഗീകാരം നൽകാൻ ആവശ്യപ്പെട്ടുകൊണ്ട്‌ വിദേശത്തുനിന്ന്‌ 7,000 കത്തുകൾ സർക്കാരിനു ലഭിച്ചു. എന്നിട്ടും അവർ സാക്ഷികൾക്കു മതസ്വാതന്ത്ര്യം അനുവദിച്ചില്ല. എന്നിരുന്നാലും, അവർക്ക്‌ സാക്ഷികളോടുള്ള മനോഭാവത്തിൽ ഗണ്യമായ മാറ്റം വന്നു. ആ അനുകൂല അവസരം സഭകളെ ആത്മീയമായി ശക്തിപ്പെടുത്താൻ സഹോദരന്മാർ ഉപയോഗപ്പെടുത്തി.

തുടർന്ന്‌, 1961-ൽ സഞ്ചാരമേൽവിചാരകന്മാരുടെയും സഭാമേൽവിചാരകന്മാരുടെയും പരിശീലനാർഥം ഒരു രാജ്യശുശ്രൂഷാസ്‌കൂൾ സംഘടിപ്പിച്ചു. ഒരു മാസത്തെ ആ കോഴ്‌സ്‌ ആദ്യം ബ്വേനസാറിസിന്റെ ഹൃദയഭാഗത്തുള്ള ഒരു രാജ്യഹാളിലാണ്‌ നടത്തിയത്‌. പിന്നീട്‌ അത്‌ ബ്രാഞ്ച്‌ ഓഫീസിലേക്കു മാറ്റി. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കാൻ യോഗ്യതയുള്ള മേൽവിചാരകന്മാർ കൂടുതൽ ഉണ്ടായതോടെ, 1960-കളിൽ ഓരോ വർഷവും പ്രസാധകരുടെയും പയനിയർമാരുടെയും എണ്ണത്തിൽ വർധനവ്‌ ഉണ്ടായി. 1970 ആയപ്പോഴേക്കും പ്രസാധക അത്യുച്ചം 18,763-ലും പയനിയർ അത്യുച്ചം 1,299-ലും എത്തി.

ബ്രാഞ്ച്‌ വികസനം

അർജന്റീനയിലെ രാജ്യഘോഷകരുടെ എണ്ണം വർധിച്ചതിന്റെ ഫലമായി ബ്രാഞ്ച്‌ ഓഫീസിനും വികസനം ആവശ്യമായി വന്നു. 1940 മുതൽ വാച്ച്‌ ടവർ സൊസൈറ്റിയുടെ ബ്രാഞ്ച്‌ ഓഫീസ്‌ പ്രവർത്തിച്ചിരുന്നത്‌ ബ്വേനസാറിസിലെ 5646 ഹോണ്ടുറാസ്‌ സ്‌ട്രീറ്റിൽ ആയിരുന്നു. അവിടെ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റി തത്‌സ്ഥാനത്ത്‌ പുതിയ വലിയൊരു കെട്ടിടം പണിതു. 1962 ഒക്‌ടോബറിൽ അത്‌ ഉപയോഗത്തിനു സജ്ജമായി.

1960-കളുടെ അവസാനം ആയപ്പോഴേക്കും, ബ്രാഞ്ചിന്‌ ആ കെട്ടിടത്തിൽ സ്ഥലപരിമിതി നേരിട്ടു. തന്മൂലം, അതിനു പിന്നിലായി കുറെ സ്ഥലം വാങ്ങി പാർപ്പിടത്തിനായി ഒരു കെട്ടിടവും ഓഫീസിനായി മറ്റൊരു കെട്ടിടവും പ്രാദേശിക സഹോദരങ്ങൾതന്നെ നിർമിച്ചു. അതിനു പുറമേ, ഫിറ്റ്‌സ്‌ റോയി സ്‌ട്രീറ്റിലെ ഒരു കെട്ടിടം കൂടി വിലയ്‌ക്കു വാങ്ങി. പഴയ ബ്രാഞ്ച്‌ കെട്ടിടത്തോടും പുതിയതായി വാങ്ങിയ സ്ഥലത്തോടും ചേർന്നുള്ള ഒരു കെട്ടിടമായിരുന്നു അത്‌. പഴയ ബ്രാഞ്ച്‌ കെട്ടിടം 1970 ഒക്‌ടോബറിൽ പൊളിച്ചുമാറ്റാൻ തുടങ്ങി. നിർമാണ പ്രവർത്തനത്തിന്‌ എത്തിയവരിൽ ഏറെയും കെട്ടിട നിർമാണ പരിചയമുള്ള പ്രാദേശിക സാക്ഷികൾ ആയിരുന്നു. ബ്രാഞ്ച്‌ ഓഫീസിൽ പ്രവർത്തിച്ചിരുന്ന സഹോദരങ്ങളും പതിവു ജോലിക്കുശേഷം നിർമാണ പ്രവർത്തനത്തിൽ സഹായിക്കാനെത്തി. വാരാന്തങ്ങളിൽ സമീപ സഭകളിലെ സഹോദരങ്ങളും അവരോടു ചേർന്നു.

പിന്നീട്‌, മൂന്നു കെട്ടിടങ്ങളും തമ്മിൽ ബന്ധിപ്പിച്ച്‌ ഒരൊറ്റ സമുച്ചയമാക്കി മാറ്റിയെടുത്തു. അന്ന്‌ വാച്ച്‌ ടവർ സൊസൈറ്റിയുടെ ഉപപ്രസിഡന്റ്‌ ആയിരുന്ന എഫ്‌. ഡബ്ല്യു. ഫ്രാൻസ്‌ 1974 ഒക്‌ടോബറിൽ അതിന്റെ സമർപ്പണ പ്രസംഗം നടത്തി. പൂർത്തിയായ ആ ബ്രാഞ്ച്‌ കെട്ടിടങ്ങൾ അർമഗെദോൻ വരെ വയലിലെ ആവശ്യങ്ങൾക്ക്‌ ഉതകുമെന്ന്‌ അർജന്റീനയിലെ സഹോദരങ്ങൾ കരുതി. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു എന്ന്‌ അവർ തിരിച്ചറിഞ്ഞിരുന്നില്ല.

ബ്രാഞ്ച്‌ സമർപ്പിക്കപ്പെട്ട അതേ വർഷം, അർജന്റീനയിൽത്തന്നെ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും അച്ചടി തുടങ്ങുന്നതിന്‌ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം തീരുമാനിച്ചു. അക്കാലത്ത്‌ ഒരു മതമെന്ന നിലയിൽ സാക്ഷികൾക്ക്‌ അർജന്റീനയിൽ നിയമാംഗീകാരം ഇല്ലാതിരുന്നതിനാൽ, അച്ചടിയന്ത്രങ്ങൾ ഇറക്കുമതി ചെയ്യാൻ ഒരു നിയമ ഏജൻസിയുടെ ആവശ്യമുണ്ടായിരുന്നു. അതിനാൽ, സൊസൈറ്റി 1974 ഡിസംബറിൽ ആസോസ്യാസ്യോൺ കുൾട്ടൂറാൽ റിയോപ്ലാറ്റെൻസെക്കു (റിവർ പ്ലേറ്റ്‌ സാംസ്‌കാരിക സംഘടന) രൂപം നൽകി. അങ്ങനെ ഫ്രാൻസിൽനിന്ന്‌ ഒരു അച്ചടിയന്ത്രവും ജർമനിയിൽനിന്ന്‌ പേപ്പർ മുറിക്കുന്ന ഒരു യന്ത്രവും ഐക്യനാടുകളിൽനിന്ന്‌ ഒരു തുന്നൽ യന്ത്രവും അർജന്റീന ബ്രാഞ്ചിനു ലഭിച്ചു. അവയെല്ലാം സൗജന്യമായാണ്‌ ലഭിച്ചത്‌.

ആ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ അവർക്കു പല പ്രതിബന്ധങ്ങളെയും മറികടക്കേണ്ടിവന്നു. ഒടുവിൽ, വെബ്‌ ഓഫ്‌സെറ്റ്‌ പ്രസ്സിൽനിന്ന്‌ 1975 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരം പുറത്തുവന്നപ്പോൾ അവർക്ക്‌ എന്തൊരു സന്തോഷമായിരുന്നു. വാച്ച്‌ ടവർ സൊസൈറ്റി ലോകത്തിൽ ആദ്യമായി ഉപയോഗിക്കുന്ന അത്തരത്തിലുള്ള ഒരു പ്രസ്സ്‌ ആയിരുന്നു അത്‌! അതിന്റെ വിജയം യഹോവയുടെ സാക്ഷികളുടെ അച്ചടിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു.

“ദിവ്യ വിജയ” സാർവദേശീയ സമ്മേളനങ്ങൾ

1974-ന്റെ തുടക്കത്തിൽ, അർജന്റീനയിലെ റിയോ സേബായോസിലും ബ്വേനസാറിസിലും നടന്ന ‘ദിവ്യ വിജയം’ എന്ന വിഷയത്തിലുള്ള സാർവദേശീയ സമ്മേളനങ്ങൾ അവിടത്തെ യഹോവയുടെ സാക്ഷികൾക്കു വലിയ സന്തോഷം പകർന്നു. 15,000-ഓളം പേരാണ്‌ അവയിൽ സംബന്ധിച്ചത്‌.

നിരവധി സന്ദർശകർക്ക്‌ വേണ്ടത്ര താമസസൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മാസങ്ങൾക്കു മുമ്പേ തുടങ്ങി. സാക്ഷികളല്ലാത്തവർ പോലും കൺവെൻഷന്‌ എത്തിയ സാക്ഷികൾക്കു താമസസൗകര്യം നൽകി. കൺവെൻഷന്‌ എത്തിയ സാക്ഷികൾ ‘വാക്കിലും’ ‘പ്രവൃത്തിയിലും’ തങ്ങളുടെ സ്‌നേഹത്തിന്റെ തെളിവേകി. (1 യോഹ. 3:18) വിശാലമായ വലിയൊരു പ്രദേശം ഉപയോഗിക്കുന്നതിന്‌ അധികാരികൾ സാക്ഷികൾക്ക്‌ അനുമതി നൽകി. അവർ അവിടെ നിരനിരയായി കൂടാരങ്ങളും വാഹനഭവനങ്ങളും സ്ഥാപിച്ചു. ആ കൂടാര നഗരത്തിലെ ഓരോ നിരത്തുകൾക്കും അവർ ബൈബിൾ പേരുകളും ഇട്ടു. ഇതെല്ലാം ആ പ്രദേശത്തെ ആളുകളുടെമേൽ ക്രിയാത്മക ഫലമുളവാക്കി.

പ്രശ്‌നങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു

സഹോദരങ്ങൾക്കു വർധിച്ചുകൊണ്ടിരുന്ന ആരാധനാ സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിഞ്ഞിരുന്നെങ്കിലും, പിന്നെയും പ്രശ്‌നങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങി. 1973-ൽ ച്വാൻ പേറോൺ 17-ലധികം വർഷത്തെ പ്രവാസത്തിനുശേഷം പ്രസിഡന്റ്‌ സ്ഥാനത്തേക്കു മടങ്ങിവന്നു. തുടർന്ന്‌ പേറോൺ പക്ഷക്കാരും വിമതരും തമ്മിലുള്ള ഗറില്ലാ യുദ്ധങ്ങൾ രാജ്യത്ത്‌ അശാന്തി വിതച്ചു. രാഷ്‌ട്രീയ അക്രമം അരങ്ങേറിയതിനെ തുടർന്ന്‌ 1976 മാർച്ച്‌ 24-ന്‌ സൈന്യം ഗവൺമെന്റിന്റെ നിയന്ത്രണം ഏറ്റെടുത്തു.

സൈനിക ഗവൺമെന്റ്‌, കോൺഗ്രസിനെ പിരിച്ചുവിടുകയും ഇടതുപക്ഷക്കാരെ തുടച്ചുനീക്കാനുള്ള ആക്രമണ പരിപാടികൾ തുടങ്ങുകയും ചെയ്‌തു. “ആ പ്രക്രിയയിൽ അവർ അനേകരുടെ പൗരാവകാശങ്ങൾ ലംഘിച്ചു. ആയിരക്കണക്കിന്‌ ആളുകളെ വിചാരണ കൂടാതെ തടവിലാക്കുകയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്‌തു. തടവിലാക്കപ്പെട്ട പലരെയും പിന്നീടാരും കണ്ടിട്ടില്ല. അവരെ ലോസ്‌ ഡെസാപാരെസിദോസ്‌ (കാണാതായവർ) എന്നു വിളിക്കുന്നു,” ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ വിശദീകരിക്കുന്നു. സാധാരണ ജനങ്ങളുടെ പ്രവർത്തനങ്ങളുടെ മേലുള്ള പോലീസിന്റെ സൂക്ഷ്‌മ നിരീക്ഷണം വർധിച്ചുവന്നു. രാഷ്‌ട്രീയ പ്രശ്‌നങ്ങളിൽ യഹോവയുടെ സാക്ഷികൾ നിഷ്‌പക്ഷ നിലപാട്‌ സ്വീകരിക്കുന്നെങ്കിലും, 1976 ജൂലൈയിൽ ചെന്റെ എന്ന മാസിക, യഹോവയുടെ സാക്ഷികൾ എന്ന്‌ ആരോപിക്കുന്ന നാലു കുട്ടികൾ പതാകയ്‌ക്കു പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രങ്ങളോടു കൂടിയ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതു സത്യത്തിന്റെ വളച്ചൊടിക്കലായിരുന്നു! എന്തുകൊണ്ടെന്നാൽ ആ ചിത്രം എടുത്തതെന്നു കരുതപ്പെടുന്ന ദിവസം ആ പ്രദേശത്തെ സാക്ഷികളായ നാലു കുട്ടികളും സ്‌കൂളിൽ പോയിരുന്നില്ല. മാത്രമല്ല, യഹോവയുടെ സാക്ഷികൾ ദേശീയ പ്രതീകങ്ങളോട്‌ അത്തരം അനാദരവു പ്രകടമാക്കുന്നവരല്ല. എന്നിരുന്നാലും, ആ ദുഷ്‌പ്രചരണത്തിന്റെ ഫലമായി പലരും സാക്ഷികളെ വിദ്വേഷത്തോടെ വീക്ഷിക്കാൻ തുടങ്ങി.

സമൂഹത്തിൽ അശാന്തി നിലനിന്നിരുന്നതിനാൽ, ഗവൺമെന്റിനോടുള്ള വിയോജിപ്പിന്റെ ലാഞ്‌ഛന പോലും കടുത്ത സംശയദൃഷ്ടിയോടെയാണ്‌ അധികാരികൾ വീക്ഷിച്ചത്‌. അങ്ങനെയിരിക്കെ, കാർലോസ്‌ ഫെറെൻസിയ എന്ന സഞ്ചാരമേൽവിചാരകൻ വളരെ അപകടം പിടിച്ച പ്രദേശത്തെ ഒരു സഭ സന്ദർശിക്കാനെത്തി. അർജന്റീനയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിക്കാൻ പോകുന്നു എന്ന്‌ അറിയിക്കുന്ന ഒരു കത്ത്‌ അദ്ദേഹത്തിന്‌ ലഭിച്ചിട്ട്‌ അധികസമയം ആയിരുന്നില്ല. കാർലോസ്‌ ആ കത്തിനെ കുറിച്ചു ചിന്തിച്ചുകൊണ്ടു റോഡിലൂടെ നടക്കുമ്പോൾ ഒരു കാർ അദ്ദേഹത്തെ കടന്നുപോയി. അൽപ്പം മുന്നോട്ടു പോയശേഷം ഉടൻതന്നെ ആ കാർ തിരിച്ച്‌ അദ്ദേഹത്തിന്റെ അടുത്തേക്കു വന്നു. ചൂണ്ടിപ്പിടിച്ച തോക്കുകളുമായി മൂന്നു പുരുഷന്മാർ അതിൽനിന്ന്‌ പുറത്തിറങ്ങി. അവരിൽ ഒരാൾ കാർലോസ്‌ ആരാണെന്നു വ്യക്തമാക്കുന്ന രേഖകൾ കാണിക്കാൻ പരുക്കൻ രീതിയിൽ ആവശ്യപ്പെട്ടു. താൻ യഹോവയുടെ സാക്ഷികളിൽ ഒരുവനാണെന്ന്‌ കാർലോസ്‌ വ്യക്തമാക്കിയെങ്കിലും, അവർ അദ്ദേഹത്തെ പോലീസ്‌ സ്റ്റേഷനിലേക്കു കൊണ്ടുപോയി. സൊസൈറ്റിയിൽനിന്നു ലഭിച്ച കത്ത്‌ അവരുടെ കയ്യിൽ കിട്ടരുതേ എന്നായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ പ്രാർഥന.

പോലീസുകാർ അദ്ദേഹത്തെ അരണ്ട വെളിച്ചമുള്ള ഒരു മുറിയിലേക്കു കൊണ്ടുപോയി. ഒരു ബൾബിന്റെ തീവ്രമായ പ്രകാശം അദ്ദേഹത്തിന്റെ മുഖത്തേക്കു പതിപ്പിച്ചിരുന്നു. ഒരു പോലീസുകാരൻ ചോദിച്ചു: “നിന്റെ ആ ബാഗിനുള്ളിൽ എന്താണ്‌?” അവർ ആ ബാഗിലുള്ളതെല്ലാം മേശപ്പുറത്തു കുടഞ്ഞിട്ടു​—⁠ഒരു ബൈബിളും കുറെ മാസികകളും, ഒപ്പം ആ കത്തും!

പോലീസുകാരിൽ ഒരുവൻ പറഞ്ഞു: “വീക്ഷാഗോപുരം! വീക്ഷാഗോപുരം! വിധ്വംസകം, വിധ്വംസകം!”

എന്നാൽ, ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ ആ പോലീസുകാരനെ ശാസിച്ചുകൊണ്ട്‌ പറഞ്ഞു: “ഒന്നു മിണ്ടാതിരിക്കൂ, വിഡ്‌ഢീ. താൻ ഒരിക്കലും വീക്ഷാഗോപുരം കണ്ടിട്ടില്ലേ?”

ശാന്തത കൈവിടാതിരിക്കാനും ആദരവോടെ പെരുമാറാനും കാർലോസ്‌ ശ്രദ്ധിച്ചു. പോലീസ്‌ ആ പ്രസിദ്ധീകരണങ്ങളെല്ലാം പരിശോധിച്ചശേഷം അതെല്ലാം എടുത്തു മാറ്റിവെക്കാൻ അദ്ദേഹത്തോടു കൽപ്പിച്ചു. എന്നാൽ, ഒരു ഉദ്യോഗസ്ഥൻ ഇടയ്‌ക്കു കയറി ചോദിച്ചു: “ആ കവറിൽ എന്താണ്‌?”

കാർലോസ്‌, സൊസൈറ്റിയിൽ നിന്നുള്ള കത്ത്‌ അടങ്ങിയ ആ കവർ ഉദ്യോഗസ്ഥനു നൽകി. ഏതാനും നിമിഷങ്ങൾക്കു ശേഷം നമ്മുടെ സഹോദരൻ ഇങ്ങനെ ചോദിച്ചു: “ക്ഷമിക്കണം, ഞാൻ ഒരു കാര്യം പറഞ്ഞോട്ടേ?”

“തീർച്ചയായും,” കത്തിൽനിന്ന്‌ മുഖം ഉയർത്തിക്കൊണ്ട്‌ ഓഫീസർ പറഞ്ഞു.

കാർലോസ്‌ തുടർന്നു: “നിങ്ങൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുകയാണെന്ന്‌ എനിക്കറിയാം.” അത്‌ ആ ഓഫീസറുടെ ശ്രദ്ധ ആകർഷിച്ചു. ഇപ്പോഴത്തെ അക്രമം നിറഞ്ഞ അവസ്ഥകൾ ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി ആണെന്ന്‌ കാർലോസ്‌ അദ്ദേഹത്തിന്‌ ബൈബിളിൽനിന്നു കാട്ടിക്കൊടുത്തു.

അദ്ദേഹം പറഞ്ഞുതീർന്നപ്പോൾ ഓഫീസർ ഇങ്ങനെ പറഞ്ഞു: “സുഹൃത്തേ, ഞാൻ നിങ്ങളോടു യോജിക്കുന്നു.” തുടർന്ന്‌ അദ്ദേഹം ആ കത്തു വായിക്കാതെ തിരികെ നൽകി.

നിരോധിക്കപ്പെട്ട വേലയ്‌ക്കു വീണ്ടും നിരോധനം

നിരോധനം ആസന്നമാണെന്ന്‌ ബ്രാഞ്ച്‌ ഓഫീസിന്‌ എങ്ങനെയാണ്‌ വിവരം ലഭിച്ചത്‌? 1976 ആഗസ്റ്റ്‌ അവസാനം കേന്ദ്രസർക്കാരിന്റെ പോലീസ്‌, സൊസൈറ്റിയുടെ ബ്രാഞ്ച്‌ റെയ്‌ഡ്‌ ചെയ്‌തു. അതിന്റെ ചുമതല വഹിച്ചിരുന്ന ഇൻസ്‌പെക്‌ടർ, ബ്രാഞ്ചിൽ തോക്കുകൾ സംഭരിച്ചിരിക്കുന്നു എന്ന്‌ റിപ്പോർട്ടു ലഭിച്ചതായി പറഞ്ഞു. അക്കാലത്ത്‌ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായിരുന്ന ഉംബെർട്ടോ കൈറോ പോലീസുകാർക്ക്‌ സാഹിത്യങ്ങൾ സൂക്ഷിച്ചിരുന്ന മുറികൾ കാട്ടിക്കൊടുത്തു. ഒറ്റ തോക്കു പോലും അവിടെ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത്‌ പോലീസുകാർ ഉംബെർട്ടോയ്‌ക്കു നേരെ ചൂണ്ടിപ്പിടിച്ചിരുന്ന തോക്കുകൾ ആയിരുന്നു! പോലീസ്‌ അദ്ദേഹത്തെ ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡിനേറ്ററുടെ രണ്ടാം നിലയിലുള്ള ഓഫീസിലേക്കു കൊണ്ടുപോയി. ആ റെയ്‌ഡിന്റെ ഫലങ്ങളെ കുറിച്ചുള്ള ഒരു റിപ്പോർട്ട്‌ ഇൻസ്‌പെക്‌ടർ അവിടെവെച്ച്‌ തയ്യാറാക്കി, എന്നിട്ട്‌ സഹോദരന്മാരെക്കൊണ്ട്‌ അതിൽ ഒപ്പിടുവിച്ചു. ഗവൺമെന്റ്‌ യഹോവയുടെ സാക്ഷികളെ നിരോധിക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നതായി അദ്ദേഹം അവരോടു പറഞ്ഞു. ഉടൻതന്നെ, ഗവൺമെന്റ്‌ ഏർപ്പെടുത്താൻ പോകുന്ന നിരോധനത്തിനു വേണ്ടി ഒരുങ്ങിക്കൊള്ളാൻ നിർദേശിച്ചുകൊണ്ട്‌ ബ്രാഞ്ച്‌ കമ്മിറ്റി സഞ്ചാരമേൽവിചാരകന്മാർക്ക്‌ ഒരു കത്തയച്ചു.

എന്നാൽ, അർജന്റീനയിൽ യഹോവയുടെ സാക്ഷികളുടെ വേല 1950 മുതൽ നിരോധനത്തിലായിരുന്നു. നിരോധിക്കപ്പെട്ട ഒരു വേല വീണ്ടും നിരോധിക്കുക സാധ്യമാണോ? താമസിയാതെ അതിനുള്ള ഉത്തരം ലഭിച്ചു. അവിടുത്തെ ഒരു ബ്രാഞ്ച്‌ കമ്മിറ്റി അംഗമായ തോമാസ്‌ കാർദോസ്‌ പുതിയ നിരോധനം പ്രാബല്യത്തിലാക്കപ്പെട്ട 1976 സെപ്‌റ്റംബർ 7-ന്‌ എന്താണ്‌ സംഭവിച്ചതെന്നു പറയുന്നു: “രാവിലെ അഞ്ചു മണിക്ക്‌ തെരുവിൽ എന്തോ ബഹളം നടക്കുന്നതു കേട്ട്‌ ഞങ്ങൾ ഉണർന്നു. മിന്നുന്ന ചുവന്ന വെളിച്ചം ഷട്ടറുകൾക്കിടയിലൂടെ മുറിക്കുള്ളിലേക്ക്‌ അരിച്ചു കടക്കുന്നുണ്ടായിരുന്നു. എന്റെ ഭാര്യ വേഗമെണീറ്റ്‌ ജാലകത്തിലൂടെ പുറത്തേക്കു നോക്കി. എന്നിട്ട്‌ എന്റെ നേർക്കു തിരിഞ്ഞ്‌ ‘അവർ വന്നിരിക്കുന്നു’ എന്നു മാത്രം പറഞ്ഞു.”

ഒരു പട്രോളിങ്‌ വാഹനത്തിൽനിന്ന്‌ സായുധരായ നാലു പോലീസുകാർ ചാടിയിറങ്ങി. തുടർന്ന്‌, പോലീസ്‌ ഉദ്യോഗസ്ഥർ ഓഫീസുകളിലും ഫാക്‌ടറിയിലും പോലീസുകാരെ കാവൽ നിർത്തി. കാർദോസ്‌ സഹോദരൻ തുടർന്നു വിശദീകരിക്കുന്നു: “ഞങ്ങൾക്കു സാധാരണപോലെ ദിനവാക്യം പരിചിന്തിക്കാനും പ്രഭാതഭക്ഷണം കഴിക്കാനും കഴിയുമോ എന്നു ഞങ്ങൾ സംശയിച്ചു. പോലീസ്‌ ഉദ്യോഗസ്ഥർ അതിൽ വിയോജിപ്പു കാട്ടിയില്ല. അന്നു രാവിലെ, ഒരു പോലീസുകാരൻ വാതിൽക്കൽ കാവൽ നിൽക്കുകയും മറ്റൊരു പോലീസുകാരൻ ആദരപൂർവം മേശയ്‌ക്കരികെ ഇരിക്കുകയും ചെയ്യവെ, ഞങ്ങൾ ദിനവാക്യം പരിചിന്തിച്ചു. ‘ഇനിയെന്ത്‌?’ എന്ന്‌ ഞങ്ങൾ തമ്മിൽ തമ്മിൽ ചോദിച്ചു.”

രാജ്യത്തെങ്ങും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം വിലക്കുന്ന 1976 ആഗസ്റ്റ്‌ 31-ലെ നിരോധനാജ്ഞ, 1950 മുതൽ നിരോധിക്കപ്പെട്ടിരുന്ന ഒരു പ്രവർത്തനത്തെ ഫലത്തിൽ വീണ്ടും നിരോധിക്കുകയാണു ചെയ്‌തത്‌. ബ്രാഞ്ച്‌ ഓഫീസും ഫാക്‌ടറിയും താമസിയാതെ രാജ്യത്തെങ്ങുമുള്ള രാജ്യഹാളുകളും പോലീസ്‌ അടച്ചുപൂട്ടി.

മനുഷ്യരെക്കാളധികം ദൈവത്തെ ഭരണാധികാരിയായി അനുസരിക്കുന്നതിൽ യേശുവിന്റെ അപ്പൊസ്‌തലന്മാർ വെച്ച മാതൃക അനുകരിക്കാൻ ആ സാഹചര്യത്തിലും സഹോദരങ്ങൾ ദൃഢനിശ്ചയം ചെയ്‌തു. (പ്രവൃ. 5:29) ‘പ്രതികൂലകാലത്തും’ അർജന്റീനയിലെ സാക്ഷികൾ ബൈബിൾ സന്ദേശം പ്രസംഗിച്ചുകൊണ്ടിരുന്നു.​—⁠2 തിമൊ. 4:⁠2, NW.

പ്രയാസങ്ങൾ തരണം ചെയ്യുന്നു

ബ്രാഞ്ച്‌ ഓഫീസ്‌ ഔദ്യോഗികമായി അടച്ചുപൂട്ടിയതിനാൽ ഓഫീസുകളും അച്ചടിശാലയും മറ്റൊരിടത്തേക്കു മാറ്റാൻ ബ്രാഞ്ച്‌ കമ്മിറ്റി തീരുമാനിച്ചു. ഉംബെർട്ടോ കൈറോയ്‌ക്ക്‌ തന്റെ ഓഫീസ്‌ നിരന്തരം​—⁠ഏതാണ്ട്‌ മാസത്തിൽ ഒരിക്കൽ വെച്ച്‌​—⁠മാറ്റേണ്ടിവന്നു. സഹവിശ്വാസികളുടെ അപ്പാർട്ടുമെന്റുകളിലും ബിസിനസ്‌ സ്ഥാപനങ്ങളിലും വീടുകളിലും ഓഫീസുകളിലും നിന്ന്‌ അദ്ദേഹം പ്രവർത്തിച്ചു. ചാൾസ്‌ ഐസൻഹൗർ ഒരു സഹോദരനു സ്വന്തമായി ഉണ്ടായിരുന്ന വീഞ്ഞുകടയിൽനിന്ന്‌ കുറെക്കാലം പ്രവർത്തിച്ചു. ബ്വേനസാറിസിലെ വാണിജ്യ പ്രദേശത്തെ ഗാരേജുകളിലാണ്‌ ബ്രാഞ്ച്‌ കമ്മിറ്റി യോഗങ്ങൾ നടത്തിയിരുന്നത്‌.

ബെഥേൽ കുടുംബാംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടങ്ങൾ പോലീസ്‌ അടച്ചുപൂട്ടിയില്ല. അതിനാൽ ബ്രാഞ്ച്‌ പ്രവർത്തകർ ഒരു കുടുംബം എന്ന നിലയിൽ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും ദിനവാക്യം ചർച്ച ചെയ്യുന്നതുമൊക്കെ അവിടെത്തന്നെ ആയിരുന്നു. അവിടെനിന്നാണ്‌ അവർ തങ്ങളുടെ ജോലിസ്ഥലങ്ങളിലേക്കു പോയിരുന്നത്‌. ഓഫീസുകൾ അടുത്ത്‌ ആയിരുന്നവർ ഉച്ചഭക്ഷണത്തിനു ബെഥേലിലേക്കു മടങ്ങിവരുമായിരുന്നു.

ബെഥേലിൽ വസിച്ചിരുന്ന സഹോദരങ്ങളുടെ പ്രവർത്തനങ്ങളിൽ പോലീസിനു സംശയം തോന്നി. അവിടെ ആകെ ഉണ്ടായിരുന്ന പത്തു പേരെയും ചോദ്യം ചെയ്യാനായി പോലീസ്‌ തങ്ങളുടെ ആസ്ഥാനത്തേക്കു പലപ്പോഴും കൊണ്ടുപോകുമായിരുന്നു. അർജന്റീനയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള സർവകാര്യങ്ങളും അറിയാൻ പോലീസ്‌ ആഗ്രഹിച്ചു. പ്രാദേശിക സഭകളുടെ ചുമതല ആർക്കാണ്‌, അവർ താമസിക്കുന്നത്‌ എവിടെയാണ്‌ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം അവർ സഹോദരങ്ങളോടു ചോദിച്ചു. അത്തരം സമയങ്ങളെ കുറിച്ച്‌ ഐസൻഹൗർ സഹോദരൻ ഇങ്ങനെ പറയുന്നു: “സത്യമേ പറയാമായിരുന്നുള്ളൂ, എന്നാൽ വേലയ്‌ക്കോ സഹോദരങ്ങൾക്കോ ഹാനികരമായേക്കാവുന്ന യാതൊന്നും പറയാനും പാടില്ലായിരുന്നു. അധികാരികൾ തങ്ങളുടെ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം കിട്ടണമെന്നു നിർബന്ധം പിടിച്ചിരുന്നതിനാൽ, ഞങ്ങൾ വല്ലാതെ ബുദ്ധിമുട്ടി.”

“ചായ റദ്ദാക്കുക”

1976-ലെ നിരോധനം നടപ്പിൽ വരുന്നതിനു മുമ്പ്‌, രാജ്യവാർത്തയുടെ ഒരു പ്രത്യേക പതിപ്പ്‌ ലോകവ്യാപകമായി വിതരണം ചെയ്യാൻ സൊസൈറ്റി തീരുമാനിച്ചിരുന്നു. അർജന്റീനയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്മേൽ സർക്കാർ കൂടുതൽ വിലക്കുകൾ ഏർപ്പെടുത്തുന്നപക്ഷം സഹോദരങ്ങൾ എന്തു ചെയ്യുമായിരുന്നു? അക്കാലത്ത്‌ ഒരു സഞ്ചാരമേൽവിചാരകൻ ആയിരുന്ന പാബ്ലോ ജുസ്റ്റി ഇങ്ങനെ പറയുന്നു: “അക്കാര്യത്തിൽ എന്തു ചെയ്യണമെന്ന്‌ അറിയില്ലായിരുന്നതിനാൽ, ബ്രാഞ്ച്‌ ഓഫീസിന്റെ അഭിപ്രായം തേടാൻ ഞങ്ങൾ തീരുമാനിച്ചു. ആ ലഘുലേഖയുടെ വിതരണം പിന്നീടൊരു സമയത്തേക്കു മാറ്റിവെക്കുന്നതാണ്‌ ബുദ്ധിയെന്ന്‌ ബ്രാഞ്ചിനു തോന്നുന്നപക്ഷം ‘ചായ റദ്ദാക്കുക’ എന്നെഴുതിയ ഒരു ടെലഗ്രാം മൂപ്പന്മാർക്കു ലഭിക്കുമായിരുന്നു. സഹോദരങ്ങൾ ആ സന്ദേശം തെറ്റിദ്ധരിക്കുമെന്ന്‌ ഞങ്ങൾ ഒരിക്കലും കരുതിയില്ല!”

ഗവൺമെന്റ്‌ ഉത്തരവ്‌ നടപ്പിൽവന്നു താമസിയാതെ, ജുസ്റ്റി ദമ്പതികൾ മാലാർഗ്വെ സഭ ആദ്യമായി സന്ദർശിച്ചു. അതിർത്തി പോലീസിന്റെ ആസ്ഥാനം ഉണ്ടായിരുന്ന മെൻഡോസാ പട്ടണത്തിന്റെ തെക്കായിരുന്നു ആ സഭ. ആ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള നാഷണൽ ഹൈവേ സർവീസ്‌ കെട്ടിടത്തിൽ താമസിച്ച്‌ ജോലി നോക്കിയിരുന്ന ഒരു മൂപ്പന്റെ വിലാസം മാത്രമേ ജുസ്റ്റി ദമ്പതികളുടെ കൈവശം ഉണ്ടായിരുന്നുള്ളൂ. അവർ ചെന്ന സമയത്ത്‌ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. മിക്കപ്പോഴും വ്യായാമത്തിനു പോകുന്ന അടുത്തുള്ള ഒരു വനത്തിൽ അദ്ദേഹം കാണുമെന്ന്‌ അവിടത്തെ ഒരു ജോലിക്കാരൻ പറഞ്ഞു. അങ്ങോട്ടുള്ള വഴിയെ നടന്നപ്പോൾ അവിടം ഏകാന്തവും വിജനവും ആണെന്നും ആളുകൾക്കു സംശയം തോന്നാതെ കൂടിവരാൻ പറ്റിയ ഒരു സ്ഥലമാണ്‌ അതെന്നും ജുസ്റ്റി സഹോദരനു തോന്നി. അന്നൊരു ഞായറാഴ്‌ച ആയിരുന്നതിനാൽ, അവിടെ സഭായോഗം നടക്കുന്നുണ്ടായിരിക്കുമോ എന്ന്‌ അദ്ദേഹം സംശയിച്ചു. എന്നാൽ അവിടെ വ്യായാമം ചെയ്‌തുകൊണ്ട്‌ സഹോദരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജുസ്റ്റി ദമ്പതികളെ ആശ്ചര്യപ്പെടുത്തിയ ഒന്നുണ്ടായിരുന്നു!

തങ്ങളെ പരിചയപ്പെടുത്തിയശേഷം സഭയെ കുറിച്ച്‌ പാബ്ലോ ചോദിച്ചു. അപ്പോൾ സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഇവിടെ മാലാർഗ്വെയിൽ ഞങ്ങൾ എല്ലാം നിർത്തിവെച്ചിരിക്കുകയാണ്‌.”

പാബ്ലോ: “എല്ലാം എന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിച്ചത്‌?”

അതിന്‌ ആ സഹോദരൻ വളരെ വ്യക്തമായി ഇങ്ങനെ പറഞ്ഞു: “‘ചായ റദ്ദാക്കുക’ എന്ന ഒരു ടെലഗ്രാം സന്ദേശം കിട്ടിയതു മുതൽ ഞങ്ങൾ യോഗങ്ങളും സുവാർത്താ പ്രസംഗവുമൊക്കെ നിർത്തിവെച്ചിരിക്കുകയാണ്‌.” മറ്റൊരു സഭയും അങ്ങനെ ചെയ്യാഞ്ഞതു ഭാഗ്യം!

ശീഘ്രസന്ദർശനങ്ങൾ

ബ്രാഞ്ച്‌ അടച്ചുപൂട്ടിയപ്പോൾ, വേല എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതു സംബന്ധിച്ച നിർദേശങ്ങൾ നൽകാൻ ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾ സർക്കിട്ട്‌ മേൽവിചാരകന്മാരുമായി കൂടിക്കാഴ്‌ച നടത്തി. തങ്ങളുടെ പ്രവർത്തനം സംബന്ധിച്ച്‌ അധികാരികൾക്കുള്ള സംശയം കുറയ്‌ക്കാൻ ഒരു അംശകാല ലൗകിക ജോലി കണ്ടെത്താനും സ്ഥിരമായ ഒരു മേൽവിലാസം ഉണ്ടായിരിക്കാനും ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾ അവരോടു നിർദേശിച്ചു. തന്മൂലം, അവരിൽ മിക്കവരും രാവിലെ സമയം വിവിധ ഉത്‌പന്നങ്ങൾ വിൽക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടുകയും ഉച്ചകഴിഞ്ഞ്‌ സഭകൾ സന്ദർശിക്കുകയും ചെയ്‌തു.

ബ്രാഞ്ചിൽനിന്നു ലഭിച്ച നിർദേശങ്ങളുമായി സർക്കിട്ട്‌ മേൽവിചാരകന്മാർ സർക്കിട്ടുകളിൽ ഒരു ശീഘ്രസന്ദർശനം നടത്തി. ഒരാഴ്‌ചയ്‌ക്കുള്ളിൽ അവർ ഓരോ സർക്കിട്ടിലുമുള്ള 20-ഓളം സഭകളിലെ മൂപ്പന്മാരെ സന്ദർശിച്ച്‌, മാറിയ ഈ സാഹചര്യത്തിൽ എങ്ങനെ യോഗങ്ങളും സാക്ഷീകരണവും നടത്താം എന്നതു സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകി. സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനം അവശ്യം ഒരാഴ്‌ച ഉണ്ടായിരിക്കുകയില്ലെന്നും അതിന്റെ ദൈർഘ്യം സഭയിലെ പുസ്‌തകാധ്യയന കൂട്ടങ്ങളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുമെന്നും അവർ മൂപ്പന്മാരോടു പറഞ്ഞു. സഭായോഗങ്ങൾ സ്വകാര്യ ഭവനങ്ങളിൽ നടത്തേണ്ടിയിരുന്നു. ഓരോ പുസ്‌തകാധ്യയന കൂട്ടത്തിലും സർക്കിട്ട്‌ മേൽവിചാരകൻ ഒരു ദിവസത്തെ സന്ദർശനം നടത്തുമായിരുന്നു.

നിരോധന കാലത്ത്‌ പ്രാദേശിക സഭകളും ബ്രാഞ്ച്‌ കമ്മിറ്റിയുമായുള്ള സമ്പർക്കം നിലനിർത്തുന്നതിൽ സർക്കിട്ട്‌ മേൽവിചാരകന്മാർ ഒരു നിർണായക പങ്കു വഹിച്ചു. അക്കാലത്ത്‌ ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ച മാരിയോ മെന്നാ ഇപ്രകാരം പറയുന്നു: “ആ വർഷങ്ങളിൽ സഭകൾ സന്ദർശിച്ച്‌ സഹോദരങ്ങളെ ആശ്വസിപ്പിക്കാൻ കഴിഞ്ഞത്‌ ഒരു വലിയ പദവിതന്നെ ആയിരുന്നു. സമ്മേളന പരിപാടികളുടെ റെക്കോർഡു ചെയ്‌ത കാസെറ്റുകളും അയൽരാജ്യങ്ങളിൽനിന്നു ലഭിച്ച പുതിയ പ്രസിദ്ധീകരണങ്ങളും അല്ലെങ്കിൽ പരിപുഷ്ടിപ്പെടുത്തുന്ന അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട്‌ അവരെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു.”

മിഷനറിമാർ എന്തു ചെയ്യും?

സമൂഹത്തിൽ അശാന്തി ഒന്നിനൊന്ന്‌ കൂടിവന്നു. തദ്ദേശീയർ വിദേശീയരോട്‌ വിദ്വേഷം പുലർത്തിയിരുന്നതിനാൽ, മറ്റു സ്ഥലങ്ങളിലെ നിയമനങ്ങൾ സ്വീകരിക്കുന്നതിനു സൊസൈറ്റി മിഷനറിമാർക്ക്‌ ഒരു അവസരം നൽകി. ചിലർ ആ ക്ഷണം സ്വീകരിക്കുകയും തങ്ങളുടെ പുതിയ നിയമന സ്ഥലങ്ങളിൽ വിശ്വസ്‌തരായി സേവിക്കുകയും ചെയ്‌തു.

മറ്റു മിഷനറിമാർ അർജന്റീനയിൽതന്നെ തങ്ങി. 13-ാം ഗിലെയാദ്‌ ക്ലാസ്സിൽനിന്നു ബിരുദം നേടിയ മേരി ഹെൽമ്പ്രെക്‌റ്റിന്റെ നിയമനം സാന്റഫേയിലെ റോസാരിയോയിൽ ആയിരുന്നു. നിരോധനം നിലവിൽവന്ന ദിവസം രാവിലെ അവർ ഒരു വീട്ടിൽ ചെന്ന്‌ കോളിങ്‌ ബെൽ അമർത്തി. അത്‌ ഊഷ്‌മളമായ ഒരു ഗ്രീഷ്‌മകാല ദിനമായിരുന്നു. വീട്ടിനുള്ളിൽനിന്നും റേഡിയോയുടെ ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു. അർജന്റീനയിലെങ്ങും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്നു എന്ന റേഡിയോ വാർത്ത അവിടെവെച്ച്‌ മേരി കേട്ടു! മേരി ഇങ്ങനെ പറയുന്നു: “ഒരു സ്‌ത്രീ വന്ന്‌ വാതിൽ തുറന്നപ്പോൾ, ഞാൻ സമനില കൈവിടാതെ സാധാരണപോലെ അവരോടു സംസാരിച്ചു. ഉദ്ദേശിച്ചിരുന്നതു പോലെ, അന്നു രാവിലെ മുഴുവനും ഞങ്ങൾ വയലിൽ പ്രസംഗിച്ചു. ആ പ്രദേശത്ത്‌ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നു തോന്നിയതിനാൽ, സുവാർത്താ ഘോഷണം തുടരാൻ ഞങ്ങൾ തീരുമാനിച്ചു. അതു വളരെ ഗുണകരമായി. ഭയംമൂലം അന്നു പ്രസംഗത്തിനു വരാതിരുന്നവർ പിന്നീട്‌ കുഴപ്പമൊന്നുമില്ലെന്നു മനസ്സിലാക്കി ഞങ്ങളോടൊപ്പം ചേർന്നു.”​—⁠1 തെസ്സ. 5:⁠11.

രഹസ്യ നിക്ഷേപങ്ങൾ

പ്രാദേശിക സാക്ഷികൾ ആ പ്രതികൂല സാഹചര്യങ്ങളിൽ ധൈര്യവും സാമർഥ്യവും പ്രകടമാക്കി. റോബർട്ട്‌ നിയെറ്റോ ഇപ്രകാരം പറയുന്നു: “സാക്ഷികളോടു സഹതാപം ഉണ്ടായിരുന്ന ഒരു ഗ്രാമമജിസ്‌ട്രേട്ട്‌, രാജ്യഹാളുകൾ അടച്ചുപൂട്ടാനും സാക്ഷികളുടെ സാഹിത്യങ്ങൾ കണ്ടുകെട്ടാനുമുള്ള സർക്കാരിന്റെ തീരുമാനത്തെ കുറിച്ച്‌ ഞങ്ങളെ അറിയിച്ചു. രാജ്യഹാളിൽ വളരെയധികം സാഹിത്യങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ അത്‌ അവിടെനിന്നു മാറ്റാൻ ഞങ്ങൾ ഉടനടി രണ്ടു കാറുമായി പുറപ്പെട്ടു. പോകുന്ന വഴിക്ക്‌, രാജ്യഹാൾ അടച്ചുപൂട്ടാനും സാഹിത്യങ്ങൾ കണ്ടുകെട്ടാനുമുള്ള ഉത്തരവ്‌ നിറവേറ്റാൻ പോലീസും സൈന്യവും പിന്നാലെ വരുന്നത്‌ ഞങ്ങൾ കണ്ടു. അതിൽ ആദ്യത്തേതു മാത്രമേ അവർക്കു നിറവേറ്റാൻ കഴിഞ്ഞുള്ളൂ. കാരണം, ലൈബ്രറിയിൽ ഉള്ള പുസ്‌തകങ്ങൾ മാത്രമേ ഹാളിൽ ശേഷിച്ചിരുന്നുള്ളൂ.”

മറ്റൊരു സ്ഥലത്ത്‌ സഭാമൂപ്പന്മാർ രാത്രിയിൽ വളരെ കരുതലോടെ രാജ്യഹാളിൽ പ്രവേശിച്ച്‌ സാഹിത്യങ്ങൾ എടുത്തുമാറ്റി. പിന്നീട്‌ അവ ചെറിയ പാഴ്‌സലുകളാക്കി സഹോദരങ്ങളുടെ ഇടയിൽ വിതരണം ചെയ്‌തു.

തൂക്കമാനിലുള്ള നെരിദാ ദെ ലൂണ തന്റെ ഭവനത്തിൽ ബൈബിൾ സാഹിത്യങ്ങൾ ഒളിപ്പിച്ചു. ആ സഹോദരി പറയുന്നു: “വലിയ ചെടിച്ചട്ടികളിലും മൺപാത്രങ്ങളിലും ഞങ്ങൾ പുസ്‌തകങ്ങൾ ഒളിച്ചുവെച്ചു. എന്നിട്ട്‌ അവയുടെമേൽ കൃത്രിമച്ചെടികൾ വെച്ചു. കൂടാതെ സാഹിത്യങ്ങൾ അടങ്ങിയ പെട്ടികൾ ഞങ്ങൾ അലക്കുമുറിയിൽ ഒളിപ്പിച്ചു. ഒരു ദിവസം രാവിലെ രണ്ടു പട്ടാളക്കാർ വന്ന്‌ അലക്കുമുറി ഉൾപ്പെടെ മുഴു വീടും അരിച്ചുപെറുക്കി നോക്കിയെങ്കിലും അവർക്കൊന്നും കണ്ടെത്താനായില്ല.”

ആത്മീയ ഭക്ഷണം നൽകുന്നു

പ്രാദേശിക സഹോദരങ്ങൾ ഒളിച്ചുവെച്ച സാഹിത്യങ്ങൾ പെട്ടെന്നുതന്നെ തീർന്നു. എന്നാൽ, യഹോവ അവർക്ക്‌ തുടർന്നും ആത്മീയ ഭക്ഷണം നൽകിക്കൊണ്ടിരുന്നു. ഫിറ്റ്‌സ്‌ റോയിയിലെ അച്ചടിശാല അടച്ചുപൂട്ടിയെങ്കിലും, മറ്റ്‌ സ്ഥലങ്ങളിൽ അച്ചടി തുടർന്നു. സാന്റഫേ, കോർദൊബ പ്രവിശ്യകളിലും മാസികകൾ അച്ചടിക്കുകയുണ്ടായി. അച്ചടിച്ച പേജുകൾ കൂട്ടിത്തുന്നുന്നതിന്‌ മറ്റു സ്ഥലങ്ങളിലേക്ക്‌ അയച്ചു. ആദ്യമൊക്കെ, ഒരു അധ്യയന കൂട്ടത്തിന്‌ ഒന്ന്‌ എന്ന തോതിലാണ്‌ സഭകൾക്കു മാസികകൾ ലഭിച്ചിരുന്നത്‌. പിന്നീട്‌ അത്‌ പ്രസാധകന്‌ ഒന്നു വീതമാക്കി. അർജന്റീനിയൻ പ്രസിഡന്റിന്റെ ഓഫീസിൽനിന്ന്‌ ഏതാനും കെട്ടിടങ്ങൾക്ക്‌ അപ്പുറമുള്ള ഒരു വീടിന്റെ തട്ടിൻപുറം ആയിരുന്നു അച്ചടി നടന്ന ഒരു സ്ഥലം.

നിരോധന കാലത്ത്‌ സാഹിത്യങ്ങൾ അച്ചടിക്കുകയും സഹോദരങ്ങൾക്ക്‌ അയച്ചുകൊടുക്കുകയും ചെയ്യുന്നതിൽ ഉൾപ്പെട്ട ഒരാളായിരുന്നു രൂബെൻ കാർലൂച്ചി. ഒരിക്കൽ, അച്ചടി നിർവഹിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ, സൈനിക പോലീസ്‌ വീടുവീടാന്തരം നടത്തുന്ന പരിശോധനയെ കുറിച്ച്‌ അവരെ അറിയിച്ചതായി അദ്ദേഹം പറയുന്നു. സഹോദരങ്ങൾ ഉടൻ അച്ചടി നിർത്തി, എന്നിട്ട്‌ അച്ചടിയന്ത്രം ഒഴികെയുള്ള സകലതും ഒരു ട്രക്കിൽ കയറ്റി. രൂബെൻ ഇപ്രകാരം പറയുന്നു: “സമഗ്രവും വ്യാപകവുമായി പരിശോധന നടത്തിയിരുന്നതിനാൽ എങ്ങും പോലീസ്‌ ആയിരുന്നു. തന്മൂലം ഞങ്ങൾക്ക്‌ അവിടം വിട്ടുപോകാൻ കഴിഞ്ഞില്ല. ഞങ്ങൾ അടുത്തുകണ്ട ഒരു റെസ്റ്ററൻറിലേക്കു കയറി. പോലീസിന്റെ പരിശോധന കഴിയുവോളം ഞങ്ങൾ അവിടെത്തന്നെ ഇരുന്നു. നാലു മണിക്കൂർ നീണ്ട ആ കാത്തിരിപ്പ്‌ വളരെ ഗുണം ചെയ്‌തു, കാരണം സഹോദരങ്ങൾക്ക്‌ തങ്ങളുടെ വിലപ്പെട്ട സാഹിത്യങ്ങൾ ലഭിച്ചു.”

“തോക്കുധാരി പെപ്പിതാ”

വീക്ഷാഗോപുരവും ഉണരുക!യും തുന്നിയെടുത്തിരുന്നത്‌ തലസ്ഥാന നഗരിയിൽ നിർമാണത്തിലിരുന്ന ഒരു കെട്ടിടത്തിനുള്ളിൽ വെച്ചായിരുന്നു. പണി തീരുമ്പോൾ ആ കെട്ടിടം ഒരു രാജ്യഹാളായി ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം. ഒരു ദീർഘകാല ബെഥേലംഗമായിരുന്ന ലൂയിസാ ഫെർണാണ്ടെസ്‌ ആ കെട്ടിടത്തിൽ നടന്നിരുന്ന മാസികകളുടെ തുന്നൽ വേലയിൽ ഉൾപ്പെട്ടിരുന്നു. ഒരു ദിവസം രാവിലെ ലൂയിസാ സഹോദരിയും കൂട്ടരും തങ്ങളുടെ ജോലിയിൽ ഏർപ്പെട്ടിരിക്കെ, ആരോ വാതിലിൽ മുട്ടി. അതൊരു പോലീസ്‌ ഇൻസ്‌പെക്ടർ ആയിരുന്നു! യന്ത്രത്തിന്റെ ഒച്ച കാരണം അവിടത്തുകാർ ഒരു പരാതി തന്നതായി അദ്ദേഹം അറിയിച്ചു. “തുന്നാൻ ഉപയോഗിച്ചിരുന്ന യന്ത്രത്തിൽനിന്ന്‌ വളരെ ഒച്ച ഉണ്ടായിരുന്നതിനാൽ, അതു മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ആ യന്ത്രത്തെ പെപ്പിതാ ലാ പിസ്‌തോലേരാ (തോക്കുധാരി പെപ്പിതാ) എന്നാണ്‌ വിളിച്ചിരുന്നത്‌,” ലൂയിസാ പറയുന്നു.

ആ സമയത്ത്‌ ഒരു ബ്രാഞ്ച്‌ കമ്മിറ്റിയംഗം അവിടെയെത്തി തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിശദീകരിച്ചു. അപ്പോൾ ആ ഇൻസ്‌പെക്ടർ പറഞ്ഞു: “ഞാൻ ഉച്ചകഴിഞ്ഞ്‌ ഇതിലേ വരുമ്പോൾ ഇവിടെ ആരെയും കാണരുത്‌, അങ്ങനെയെങ്കിൽ ഞാനൊന്നും കണ്ടിട്ടില്ലെന്ന്‌ കരുതിക്കൊള്ളാം.” ഉടനെ സഹോദരങ്ങൾ അവിടെ ഉണ്ടായിരുന്നതെല്ലാം ട്രക്കുകളിൽ കയറ്റാൻ തുടങ്ങി. രണ്ടു മണിക്കൂറിനുള്ളിൽ അവർ അവിടെനിന്ന്‌ എല്ലാം നീക്കം ചെയ്‌തു. മാസികകൾ ബയൻഡ്‌ ചെയ്‌തതിന്റെ യാതൊരു അടയാളവും അവിടെ അവശേഷിച്ചിട്ടില്ലായിരുന്നു.

അവർ ആ യന്ത്രസാമഗ്രികൾ എവിടേക്കാണ്‌ കൊണ്ടുപോയത്‌? ബ്രാഞ്ചിലെ അച്ചടിശാല അടച്ചുപൂട്ടിയിരുന്നെങ്കിലും, പിൻവാതിലിലൂടെ അതിനുള്ളിൽ കടക്കാമായിരുന്നു. ലൂയിസായും കൂട്ടരും പഴയ അച്ചടിശാലയിൽ തങ്ങളുടെ യന്ത്രസാമഗ്രികൾ സ്ഥാപിച്ച്‌ ആരുടെയും ശ്രദ്ധയിൽ പെടാതെ മാസികകളുടെ ബയൻഡിങ്‌ തുടർന്നു!

ബിസ്‌കറ്റ്‌ ഫാക്‌ടറിയെക്കാൾ മെച്ചം

അർജന്റീനയിലെ മുഴു സഹോദരങ്ങളുടെയും ആവശ്യത്തിന്‌ മാസികകൾ ഉത്‌പാദിപ്പിച്ച്‌ വിതരണം ചെയ്യാൻ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മാസികാ ബയൻഡിങ്‌ ശാലകൾ സ്ഥാപിക്കേണ്ടത്‌ ആവശ്യമായിവന്നു. 1957 മുതൽ ഒരു പ്രത്യേക പയനിയർ ആയിരുന്ന ലേയോണിൽദാ മാർട്ടിനെലി, റോസാരിയോയിലുള്ള അത്തരമൊരു ശാലയിൽ പ്രവർത്തിച്ചു. ബയൻഡ്‌ ചെയ്യാനുള്ള അച്ചടിച്ച കടലാസ്‌ എത്തുമ്പോൾ, ജോലിക്കു നിയമിക്കപ്പെട്ട സഹോദരങ്ങൾ നീളം കൂടിയ ഒരു മേശപ്പുറത്ത്‌ പേജുകൾ സംഖ്യാക്രമത്തിൽ നിരത്തിവെക്കുമായിരുന്നു. എന്നിട്ട്‌ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള പേജുകൾ അവർ ചേർത്തുവെക്കാൻ തുടങ്ങും. ഇങ്ങനെ പൂർത്തിയായ മാസികക്കെട്ടുകൾ കാർട്ടനകത്തു കൊള്ളിക്കാൻ ആ മാസികകൾക്കുള്ളിലെ വായു പുറത്തു കളയണമായിരുന്നു. അതിനുള്ള ഹൈഡ്രോളിക്‌ പ്രസ്സ്‌ ഇല്ലാതിരുന്നതിനാൽ, നല്ല തടിയുള്ള ഒരു സഹോദരി ആ ജോലി ചെയ്യാമെന്നേറ്റു. ഒരു കെട്ട്‌ മാസിക തയ്യാറായിക്കഴിയുമ്പോൾ, അവയ്‌ക്കുള്ളിലെ വായു പുറത്തുകളയാൻ ആ സഹോദരി അതിന്റെ പുറത്ത്‌ ഇരിക്കുമായിരുന്നു. അതിനുശേഷം മറ്റൊരാൾ ആ മാസികകൾ പെട്ടികൾക്കുള്ളിൽ അടുക്കിവെക്കുമായിരുന്നു. ഈ രീതി ഫലകരം ആയിരുന്നതിനാൽ, ആ സഹോദരിയോടു ഭാരം കുറയ്‌ക്കരുതെന്ന്‌ സഹോദരങ്ങൾ ആവശ്യപ്പെട്ടു!

മാസികകൾ ബയൻഡു ചെയ്യുന്നതിന്‌ തങ്ങളുടെ വീട്‌ ഉപയോഗിച്ചുകൊള്ളാൻ സാന്റഫേ നഗരത്തിലെ ഗൈത്താൻ കുടുംബം പറഞ്ഞു. മുൻകരുതലുകൾ എടുത്തിരുന്നെങ്കിലും, ആ വീട്ടിലേക്കു പെട്ടികൾ കൊണ്ടുവരുന്നതും അവിടെനിന്ന്‌ അവ കൊണ്ടുപോകുന്നതും അയൽക്കാർ നിരീക്ഷിക്കുകയുണ്ടായി. ആ കുടുംബം ബിസ്‌കറ്റ്‌ ഉണ്ടാക്കുകയാണെന്നാണ്‌ അവർ വിചാരിച്ചത്‌. പിന്നീട്‌ 1979-ൽ ബ്രാഞ്ച്‌, മാസികാ ബയൻഡിങ്‌ അവിടെനിന്ന്‌ മറ്റൊരു സ്ഥലത്തേക്കു മാറ്റി. തന്മൂലം, ബിസ്‌കറ്റ്‌ ഫാക്‌ടറി അടച്ചുപൂട്ടിയോ എന്ന്‌ അയൽക്കാർ ചോദിച്ചു. ഗൈത്താൻ സഹോദരി പറയുന്നു: “ഞങ്ങൾ ഉണ്ടാക്കിയ ‘ബിസ്‌കറ്റുകൾ’ രുചികരവും അയൽക്കാർ മനസ്സിലാക്കിയതിലും ഏറെ പോഷകപ്രദവും ആയിരുന്നു!”

സാഹിത്യങ്ങൾ എത്തിക്കൽ

മാസികകളും മറ്റു സാഹിത്യങ്ങളും സഹോദരങ്ങൾക്ക്‌ എത്തിച്ചുകൊടുക്കുന്നത്‌ ഒരു വെല്ലുവിളി ആയിരുന്നു. വിശാലമായ ബ്വേനസാറിസിലെ തന്ത്രപ്രധാന സ്ഥാനങ്ങളിലുള്ള സാഹിത്യ ഡിപ്പോകളിൽ മാസികകൾ എത്തിക്കുന്നതിന്‌ ഒരു റൂട്ട്‌ കണ്ടെത്തി. ഒരിക്കൽ രൂബെൻ കാർലൂച്ചി ഒരു വാഹനത്തിൽ മാസികകൾ എത്തിക്കുകയായിരുന്നു. അവസാനത്തെ ഒരു ഡിപ്പോയിൽ കൂടി അവ എത്തിച്ചാൽ അദ്ദേഹത്തിന്റെ ജോലി തീരുമായിരുന്നു. അപ്പോഴാണ്‌ ഒരു പോലീസുകാരൻ തന്റെ പട്രോളിങ്‌ വാഹനത്തിനു പിന്നിലായി അദ്ദേഹത്തിന്റെ വണ്ടി നിർത്താൻ ആവശ്യപ്പെട്ടത്‌. ആശങ്ക തോന്നിയെങ്കിലും സഹായത്തിനായി യഹോവയോടു പ്രാർഥിച്ചുകൊണ്ട്‌ രൂബെൻ അതനുസരിച്ചു. അദ്ദേഹം റോഡിന്റെ ഒരു വശത്തായി വാഹനം നിർത്തിയപ്പോൾ ആ ഓഫീസർ അടുത്തു വന്ന്‌ പറഞ്ഞു: “എന്റെ വണ്ടി ഒന്നു തള്ളിത്തരാമോ? അതു സ്റ്റാർട്ടാകുന്നില്ല.” ആശ്വാസ നിശ്വാസം ഉതിർത്തുകൊണ്ട്‌ രൂബെൻ സസന്തോഷം അദ്ദേഹത്തിന്റെ വണ്ടി തള്ളിക്കൊടുത്തു. തുടർന്ന്‌ അദ്ദേഹം ഡിപ്പോയിലേക്കുള്ള മാസികകളുമായി പുറപ്പെട്ടു!

സാന്റഫേയിലെ റോസാരിയോ മേഖലയിൽ ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചിരുന്ന ഡാന്റെ ഡോബോലെറ്റ, ഒരു ബയൻഡിങ്‌ ശാലയിൽ ചെന്ന്‌ മാസികകൾ എടുത്ത്‌ തന്റെ സർക്കിട്ടിലെ എല്ലാ സഭകൾക്കും വിതരണം ചെയ്‌തിരുന്നു. അതിന്‌ അദ്ദേഹത്തിന്‌ അങ്ങോട്ടുമിങ്ങോട്ടുമായി 200 കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിയിരുന്നു. മാസത്തിൽ രണ്ടു തവണ അങ്ങനെ ചെയ്യണമായിരുന്നു. മറ്റുള്ളവർ തന്നെ ശ്രദ്ധിക്കാതിരിക്കാൻ രാത്രിയിലാണ്‌ അദ്ദേഹം ഈ യാത്രകൾ നടത്തിയിരുന്നത്‌. ഒരു സഭയിലെ തന്റെ സന്ദർശനം കഴിഞ്ഞ്‌ മാസികകൾ എടുക്കാൻ പോകുമായിരുന്ന അദ്ദേഹം ചിലപ്പോൾ പിറ്റേ പ്രഭാതത്തിലാണ്‌ മടങ്ങിവന്നിരുന്നത്‌. ഒരിക്കൽ ഒരു ചെക്ക്‌പോയിന്റിൽ നിരവധി കാറുകൾ നിർത്തിയിട്ടിരിക്കുന്നത്‌ അദ്ദേഹം കണ്ടു. ഓരോരുത്തരുടെയും രേഖകളും ലഗേജും മറ്റും സായുധരായ 30 പട്ടാളക്കാർ ശ്രദ്ധാപൂർവം പരിശോധിക്കുന്നുണ്ടായിരുന്നു. ഒരു പട്ടാളക്കാരൻ ഡാന്റെയോടു ചോദിച്ചു: “നിങ്ങളുടെ കാറിൽ എന്താണ്‌?”

“എന്റെ സാധനങ്ങൾ,” ഡാന്റെ മറുപടി പറഞ്ഞു.

പട്ടാളക്കാരൻ: “വേഗമാകട്ടെ, കാറിന്റെ ഡിക്കി തുറക്കൂ.”

അതിന്‌ ഡാന്റെ: “ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്‌. ഞങ്ങൾ എന്തു കൊണ്ടുപോകാനാണ്‌ സാധ്യതയുള്ളത്‌?”

ആ സംഭാഷണം കേട്ടുകൊണ്ട്‌ അടുത്തുനിന്ന മറ്റൊരു സൈനികൻ: “അവരെ വിട്ടേക്കൂ. യഹോവയുടെ സാക്ഷികൾ ഒരിക്കലും ആയുധങ്ങളോ നിയമവിരുദ്ധ സാധനങ്ങളോ കൊണ്ടുപോകാറില്ല.” ഡാന്റെയ്‌ക്കു രണ്ടു വർഷത്തോളം സാഹിത്യങ്ങൾ എത്തിക്കാൻ കഴിഞ്ഞു. അദ്ദേഹത്തെ ഒരിക്കലും പോലീസ്‌ പരിശോധിക്കുകയുണ്ടായില്ല.

യോഗങ്ങൾ ഉപേക്ഷിക്കുന്നില്ല

നിരോധനം ഏർപ്പെടുത്തിയ ആഴ്‌ച മുതൽ ഒരിക്കലും അർജന്റീനയിലെ യഹോവയുടെ സാക്ഷികൾ ‘സഭായോഗങ്ങൾ ഉപേക്ഷിച്ചില്ല.’ (എബ്രാ. 10:24, 25) ചെറിയ കൂട്ടങ്ങളായി അവർ കൂടിവന്നു. ഇടയ്‌ക്കിടെ യോഗസ്ഥലങ്ങളും സമയവും മാറ്റിയിരുന്നു. തന്മൂലം മൂപ്പന്മാർക്ക്‌ കൂടുതൽ വേല ചെയ്യേണ്ടിവന്നു. അവർക്ക്‌ ഒരേ യോഗംതന്നെ പല വീടുകളിലായി പല പ്രാവശ്യം നടത്തേണ്ടിവന്നു.

ടോട്ടോറാസ്‌ എന്ന ചെറിയ ഒരു പട്ടണത്തിൽ യോഗങ്ങൾ നടത്തുന്നതിനുള്ള ഏക സ്ഥലം പട്ടണമധ്യത്തിലുള്ള ഒരു സഹോദരന്റെ വീടായിരുന്നു. അതിനാൽ പ്രാദേശിക സാക്ഷികൾ കൂടുതലായ മുൻകരുതലുകൾ എടുത്തു. ആ വീടിന്റെ ഉടമസ്ഥൻ ആയിരുന്ന റേവെർബേരി സഹോദരൻ പലവക സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഒരു ഡ്രോയോടു കൂടിയ ഒരു മേശ ഉണ്ടാക്കി. എന്നാൽ, അതിന്റെ മേൽഭാഗം എടുത്തുമാറ്റിയാൽ പുസ്‌തകങ്ങളും മാസികകളും വെക്കാൻ പറ്റുന്ന ഒരു അറ ഉണ്ടായിരുന്നു. യോഗസമയത്ത്‌ ആരെങ്കിലും വാതിലിൽ മുട്ടിയാൽ, സഹോദരങ്ങൾ സാഹിത്യങ്ങൾ പെട്ടെന്ന്‌ മേശയ്‌ക്കുള്ളിൽ ഒളിപ്പിക്കുമായിരുന്നു!

സഹോദരങ്ങൾ യോഗങ്ങൾക്ക്‌ ഔദ്യോഗിക വസ്‌ത്രങ്ങൾ ധരിച്ചിരുന്നില്ല. സഹോദരിമാർ ചിലപ്പോൾ യോഗസമയത്ത്‌, മുടി ചുരുട്ടുന്ന ചീപ്പ്‌ മുടിയിൽ പിടിപ്പിച്ചിരുന്നു, പൈജാമയാണ്‌ അവർ ധരിച്ചിരുന്നത്‌. സാധനങ്ങൾ വാങ്ങാനുള്ള ഒരു സഞ്ചിയും പിടിച്ചിരുന്നു. ചായസത്‌കാരം എന്ന്‌ അർഥമുള്ള മാത്തേയാദാസ്‌ എന്നാണ്‌ യോഗങ്ങളെ വിളിച്ചിരുന്നത്‌. ചായ (മാത്തേ) കുടിക്കുമ്പോൾ മിക്കപ്പോഴും ബിസ്‌കറ്റോ കേക്കോ ഉണ്ടായിരിക്കുക പതിവാണ്‌. ഇതിന്‌ ആളുകൾ കൂടിവരുന്നത്‌ അർജന്റീനയിലെ ഒരു രീതിയാണ്‌. തന്മൂലം അതിന്റെ മറയിൽ ആത്മീയ യോഗങ്ങൾ നടത്താൻ സഹോദരങ്ങൾക്കു കഴിഞ്ഞു.

എന്നിരുന്നാലും, ആശങ്ക നിറഞ്ഞ സമയങ്ങൾ ഉണ്ടായിരുന്നു. തെരേസാ സ്‌പാഡിനി വിശ്വസ്‌തയും അതിഥിപ്രിയയുമായ ഒരു സഹോദരി ആയിരുന്നു. ചുറ്റുവട്ടത്ത്‌ അവർക്ക്‌ നല്ല ഖ്യാതിയും ഉണ്ടായിരുന്നു. സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശനസമയത്ത്‌ 35 പേർ അവരുടെ വീട്ടിൽ യോഗത്തിനായി കൂടിവന്നിരുന്നു. പെട്ടെന്ന്‌ ഒരു പോലീസ്‌ വണ്ടി അവരുടെ വീടിന്റെ മുന്നിൽ വന്നുനിന്നു. ഒരു പോലീസ്‌ ഓഫീസർ വാതിലിൽ മുട്ടിവിളിച്ചു. ഉടൻ, പ്രസംഗം നടത്തിക്കൊണ്ടിരുന്ന സഹോദരൻ മറ്റുള്ളവരോടൊപ്പം നിലത്തിരുന്നു. തെരേസാ ചെന്ന്‌ വാതിൽ തുറന്നപ്പോൾ ആ ഓഫീസർ ചോദിച്ചു, “തെരേസാ, ഞാൻ നിങ്ങളുടെ ഫോൺ ഒന്ന്‌ ഉപയോഗിച്ചോട്ടേ?”

അദ്ദേഹം അവിടെ കൂടിയിരുന്നവരെ നോക്കിയപ്പോൾ, തെരേസാ വിശദീകരിച്ചു: “ഇവിടെ ഞങ്ങളുടെ ഒരു കുടുംബയോഗം നടക്കുകയാണ്‌.” ആ ഉദ്യോഗസ്ഥൻ പോലീസ്‌ സ്റ്റേഷനിലേക്കു വിളിച്ചപ്പോൾ എല്ലാവരും ശ്വാസം അടക്കിപ്പിടിച്ച്‌ ഇരുന്നു. അവരെയെല്ലാം കൊണ്ടുപോകാൻ ഒരു പട്രോളിങ്‌ വണ്ടി അയയ്‌ക്കാൻ അദ്ദേഹം ആവശ്യപ്പെടുമെന്നാണ്‌ അവർ വിചാരിച്ചത്‌. എന്നാൽ അദ്ദേഹം മറ്റെന്തോ കാര്യം പറയാനാണ്‌ ഫോൺ ചെയ്‌തത്‌. ഫോൺ ചെയ്‌തുകഴിഞ്ഞപ്പോൾ അദ്ദേഹം തെരേസായ്‌ക്കു നന്ദി പറഞ്ഞു. എന്നിട്ട്‌ അവിടെ ഇരുന്നവരെ നോക്കി “ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം, നിങ്ങളുടെ കുടുംബയോഗം തുടരട്ടെ” എന്നു പറഞ്ഞിട്ട്‌ അദ്ദേഹം അവിടെനിന്നു പോയി.

പോലീസ്‌റെയ്‌ഡുകൾ നേരിടുന്നു

ഒരു കൂട്ടം സഹോദരങ്ങൾ ഒരു സ്‌നാപന ചടങ്ങിനായി കൂടിവന്നപ്പോൾ ഒരു അയൽവാസി അവരുടെ യോഗത്തെ കുറിച്ച്‌ പോലീസിന്‌ അറിവു നൽകി. തങ്ങളുടെ യോഗത്തിന്‌ ഒരു മറ എന്ന നിലയിൽ ഒരു ആസാഡോ (ബാർബിക്യൂ) നടത്താൻ സഹോദരങ്ങൾ ഉദ്ദേശിച്ചിരുന്നതിനാൽ അവർ തങ്ങളുടെ പരിപാടികളുമായി മുന്നോട്ടു പോയി. പൊരിച്ച ഇറച്ചി അർജന്റീനക്കാർക്കു വളരെ പ്രിയമാണ്‌. അതിനാൽ ആ ബാർബിക്യൂ പാർട്ടിയോട്‌ ആർക്കും പ്രതിഷേധം ഉണ്ടായിരുന്നില്ല. ഒരു സൈനിക ട്രക്കിൽ ക്ഷണിക്കപ്പെടാത്ത അതിഥികൾ എത്തിയപ്പോൾ, തങ്ങളുടെ ബാർബിക്യൂവിൽ സംബന്ധിക്കാൻ സഹോദരങ്ങൾ സ്‌നേഹപൂർവം ആ പട്ടാളക്കാരെ ക്ഷണിച്ചു. എങ്കിലും, ക്ഷണം സ്വീകരിക്കാതെ സൈനികർ തിരിച്ചുപോയി. സഹോദരങ്ങളുടെ ആ കൂടിവരവിന്റെ ഉദ്ദേശ്യം അവർക്കു മനസ്സിലായതുമില്ല!

ചിലപ്പോൾ യഹോവയുടെ സാക്ഷികളുടെ ഇടയിൽ ഉപയോഗിച്ച വാക്കുകൾ അവർക്ക്‌ ഒരു സംരക്ഷണമാണെന്നു തെളിഞ്ഞു. ഒരിക്കൽ, ഒരു സ്വകാര്യ ഭവനത്തിൽ നടന്ന സാക്ഷികളുടെ ഒരു യോഗത്തെ കുറിച്ച്‌ അവിടത്തെ അയൽക്കാർ അധികാരികളെ ഫോൺ ചെയ്‌ത്‌ വിവരമറിയിച്ചു. മൂപ്പന്മാർ ഒഴികെ എല്ലാവരും പോയശേഷമാണ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്‌. പോലീസ്‌ വാതിലിൽ മുട്ടിവിളിച്ചപ്പോൾ, അവിടെ താമസിച്ചിരുന്ന സഹോദരി “ദാസന്മാരൊഴികെ എല്ലാവരും പോയി” എന്നു പറഞ്ഞു.

“ഞങ്ങൾക്കു വേണ്ടത്‌ ദാസന്മാരെ അല്ല, ചുമതല വഹിക്കുന്നവരെ ആണ്‌!” എന്നു പറഞ്ഞുകൊണ്ട്‌ ആ ഉദ്യോഗസ്ഥർ വെറുംകയ്യോടെ മടങ്ങി.

നിരോധനകാലത്ത്‌ സുവാർത്ത പ്രസംഗിക്കുന്നു

വിലക്കുകൾ ഉണ്ടായിരുന്നെങ്കിലും, സഹോദരങ്ങൾ പ്രസംഗപ്രവർത്തനം തുടർന്നു. തീർച്ചയായും, അത്തരം ദുഷ്‌കരമായ സാഹചര്യങ്ങളിൽ സഹോദരങ്ങൾ വളരെ ശ്രദ്ധയുള്ളവർ ആയിരുന്നു. സാധാരണഗതിയിൽ, ഒരു പ്രദേശത്ത്‌ രണ്ടിൽ കൂടുതൽ പേർ ഒരേസമയം പ്രവർത്തിക്കുമായിരുന്നില്ല. ബ്വേനസാറിസിലെ ആളുകളെ സന്ദർശിച്ചതിനെ കുറിച്ച്‌ സാറാ ഷെലൻബെർഗ്‌ പറയുന്നു: “ഞങ്ങൾ കൈവെള്ളയിൽ ഒതുങ്ങുന്ന ചെറിയ പ്രദേശ മാപ്പുകൾ ഉണ്ടാക്കി. അതിന്റെ പിൻവശത്ത്‌ ആ പ്രദേശത്തെ എല്ലാ വീടുകളുടെയും നമ്പരുകളുടെ ലിസ്റ്റുള്ള ഒരു കടലാസ്‌ മടക്കി വെച്ചിരുന്നു. ഞങ്ങൾ ഒരു ബ്ലോക്കിന്റെ ഇരുവശത്തുമുള്ള ഓരോ വീടുകൾ സന്ദർശിക്കുമായിരുന്നു. എന്നിട്ട്‌ ഞങ്ങൾ അടുത്ത ബ്ലോക്കിൽ ചെന്ന്‌ മറ്റൊരു വീടു സന്ദർശിക്കും. സന്ദർശിക്കുന്ന വീടുകളുടെ നമ്പരിനു നേരെ ഞങ്ങൾ അടയാളമിടുമായിരുന്നു. അങ്ങനെയാകുമ്പോൾ പിന്നീട്‌ ആ പ്രദേശത്ത്‌ പ്രവർത്തിക്കുന്ന മറ്റൊരു പ്രസാധകന്‌ അടുത്ത വീടു സന്ദർശിക്കാൻ കഴിയും.”

ഈ രീതി ഉപയോഗിക്കാൻ തുടങ്ങി അധികം താമസിയാതെ, സെസെലിയ മാസ്‌ട്രോനാർഡി എന്ന സഹോദരി ഒരിക്കൽ തനിച്ച്‌ സുവാർത്താ പ്രസംഗത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ആ സഹോദരി ഒരു വാതിൽക്കൽ മുട്ടിവിളിച്ചു. അപ്പോഴാണ്‌ ഒരു പോലീസ്‌ ഓഫീസർ മോട്ടോർസൈക്കിളിൽ അവിടെയെത്തിയത്‌. “ഞാൻ എന്തു ചെയ്യുകയാണെന്ന്‌ അദ്ദേഹം ചോദിച്ചു,” സെസെലിയ പറയുന്നു. “അപ്പോൾ അദ്ദേഹത്തോടു സുവാർത്ത പറയാനും മനുഷ്യൻ ഇവിടെ വന്നത്‌ പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്‌തകം സമർപ്പിക്കാനുമാണ്‌ എനിക്കു തോന്നിയത്‌. അദ്ദേഹം ആ പുസ്‌തകം വാങ്ങി അതിനുള്ള സംഭാവനയും തന്നിട്ട്‌ സൗഹാർദപൂർവം യാത്ര പറഞ്ഞു. അദ്ദേഹം എന്നെ അറസ്റ്റു ചെയ്യാൻ വന്നതല്ലെന്ന്‌ അപ്പോഴാണ്‌ എനിക്കു മനസ്സിലായത്‌. ഞാൻ ചെന്ന വീട്ടിലാണ്‌ അദ്ദേഹം താമസിച്ചിരുന്നത്‌!”

പ്രസംഗവേല രഹസ്യമായി നിർവഹിക്കുന്നതിനു സഹോദരങ്ങൾ നാനാവിധ മാർഗങ്ങൾ അവലംബിച്ചു. ഒരു സഹോദരി സൗന്ദര്യവസ്‌തുക്കൾ നിർമിക്കുന്ന ഒരു കമ്പനിയിലെ ജോലി ബോധപൂർവം തിരഞ്ഞെടുത്തു. വീടുതോറും പോയി ഉപഭോക്താക്കളോട്‌ സുവാർത്ത ഘോഷിക്കുക എന്നതായിരുന്നു ആ സഹോദരിയുടെ ലക്ഷ്യം. ഇപ്പോൾ 86 വയസ്സുള്ള, കഴിഞ്ഞ 29 വർഷമായി ഒരു സാധാരണ പയനിയറായ മാരിയാ ബ്രൂണോ എന്ന സഹോദരിയുടെ കാര്യമെടുക്കുക. പൂന്തോട്ട നിർമാണത്തെ കുറിച്ചു സംസാരിക്കാൻ താത്‌പര്യമുള്ള വീട്ടമ്മമാരുടെ ശ്രദ്ധ ആകർഷിക്കാൻ ചെടികളുടെ മുളപൊട്ടിയ വിത്തുകളുമായി അവർ വീടുതോറും പോകുമായിരുന്നു. ആ വിധത്തിൽ, വിത്തു നടുന്നതിനെ കുറിച്ച്‌ പറഞ്ഞു പറഞ്ഞ്‌ സത്യത്തെ കുറിച്ചു സാക്ഷ്യം നൽകാൻ ആ സഹോദരിക്കു കഴിഞ്ഞിരുന്നു.

നിരോധനം നിലവിൽവന്ന്‌ അധികം താമസിയാതെ സ്‌നാപനമേറ്റ വ്യക്തിയാണ്‌ ഹ്വാൻ ബിക്‌ടോർ ബൂക്കേരി. ഒരു കട നടത്തിയിരുന്ന അദ്ദേഹം താൻ പഠിച്ച സുവാർത്ത മറ്റുള്ളവരുമായി പങ്കു വെക്കാൻ ആഗ്രഹിച്ചു. മുമ്പ്‌ അദ്ദേഹം തന്റെ കടയുടെ ഭിത്തിയിൽ മതപരമായ ചിത്രങ്ങളും സ്‌പോർട്‌സ്‌, വിനോദ രംഗങ്ങളിലെ പ്രസിദ്ധ താരങ്ങളുടെ പോസ്റ്ററുകളും പതിപ്പിച്ചിരുന്നു. അവ മാറ്റി അദ്ദേഹം ബൈബിൾ വാക്യങ്ങളോടു കൂടിയ, വശ്യസുന്ദരമായ സ്ഥലങ്ങളുടെ ചിത്രങ്ങൾ സ്ഥാപിച്ചു. അതിനുശേഷം അവിടെ സാധനങ്ങൾ വാങ്ങാൻ വന്നവർക്ക്‌ അതിശയം! ആ ചിത്രങ്ങളെയും തിരുവെഴുത്തുകളെയും കുറിച്ചു ചോദിച്ചവരോട്‌ ബൂക്കേരി സഹോദരൻ സുവാർത്ത പറഞ്ഞു. അങ്ങനെ പത്തിലധികം ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അവരിൽ ചിലർ സത്യത്തിൽ വന്നു, ഇന്നും വിശ്വസ്‌ത സഹോദരന്മാരായി തുടരുന്നു.

പച്ച ബൈബിളുകാർ

നിരോധന കാലത്തെ കഷ്ടപ്പാടുകൾ മെച്ചപ്പെട്ട ശുശ്രൂഷകർ ആയിത്തീരാൻ അർജന്റീനയിലെ പ്രസാധകർക്ക്‌ ഒരു പരിശീലനമായി. പ്രഥമ സന്ദർശനങ്ങളിൽ അവർ ബൈബിൾ മാത്രമാണ്‌ ഉപയോഗിച്ചിരുന്നത്‌. അങ്ങനെ ബൈബിൾ വാക്യങ്ങൾ എടുത്ത്‌ എതിർവാദങ്ങളെ മറികടക്കാനും ആളുകളെ ആശ്വസിപ്പിക്കാനും അവർ പ്രാഗത്ഭ്യം നേടി.

മറ്റുള്ളവർക്കു സംശയം തോന്നാതിരിക്കാൻ സഹോദരങ്ങൾ ചിലപ്പോഴൊക്കെ പുതിയലോക ബൈബിൾ ഭാഷാന്തരത്തിനു പകരം മറ്റേതെങ്കിലും ബൈബിളാണ്‌ ഉപയോഗിച്ചിരുന്നത്‌. പഴയ സ്‌പാനിഷിലുള്ള ഒരു കത്തോലിക്കാ ബൈബിളാണ്‌ ടോറെസ്‌ ആമാത്ത്‌. ഒരിക്കൽ ഒരു സഹോദരൻ അത്‌ ഉപയോഗിച്ചപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിലാണ്‌ ഒരു സ്‌ത്രീ പ്രതികരിച്ചത്‌. തിരുവെഴുത്തുകൾ വായിച്ചു കേൾപ്പിച്ചെങ്കിലും മനസ്സിലാകാത്തതിനാൽ, മനസ്സിലാക്കാൻ വളരെ എളുപ്പമുള്ള ഒരു ബൈബിൾ തന്റെ കൈവശം ഉണ്ടെന്നും അതു കൊണ്ടുവരാമെന്നും ആ സ്‌ത്രീ സഹോദരനോടു പറഞ്ഞു. അതിശയകരമെന്നു പറയട്ടെ, ആ സ്‌ത്രീ എടുത്തു കൊണ്ടുവന്ന ബൈബിൾ പുതിയലോക ഭാഷാന്തരം ആയിരുന്നു!

അക്കാലത്ത്‌ പുതിയലോക ഭാഷാന്തരത്തിന്‌ പച്ച കവറാണ്‌ ഉണ്ടായിരുന്നത്‌. തന്മൂലം, പച്ച ബൈബിളുകാർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കരുതെന്ന്‌ അധികാരികൾ ആളുകൾക്കു മുന്നറിയിപ്പു നൽകിയിരുന്നു. എന്നിരുന്നാലും, ഗവൺമെന്റിന്റെ വിലക്കുകളോട്‌ അധികം ആളുകൾക്ക്‌ യോജിപ്പ്‌ ഇല്ലാതിരുന്നതിനാൽ, ആ വിലക്ക്‌ ആളുകളുടെ ജിജ്ഞാസ വർധിപ്പിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ഒരിക്കൽ ഒരു സഹോദരിയോട്‌ കൈവശമുള്ള ബൈബിളിന്റെ നിറം എന്താണെന്ന്‌ ഒരു വീട്ടുകാരി ചോദിച്ചു. പച്ചനിറം ആണെന്ന്‌ സഹോദരി പറഞ്ഞപ്പോൾ ആ സ്‌ത്രീ പ്രതികരിച്ചു: “നന്നായി, പച്ച ബൈബിളുകാർ പറയുന്നതു കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ആ സ്‌ത്രീ സഹോദരിയെ ഉള്ളിലേക്കു ക്ഷണിച്ചു. തുടർന്ന്‌ അവർ തമ്മിൽ വളരെ സജീവമായ ഒരു ചർച്ച നടന്നു.

പുസ്‌തകങ്ങൾ ആരുടെ കൈവശം?

ഒളിച്ചുവെച്ച സാഹിത്യങ്ങൾ ഉപയോഗിച്ച്‌ അർജന്റീനയിലെ സാക്ഷികൾ കുറെക്കാലം സുവാർത്താ പ്രസംഗം നടത്തിയെങ്കിലും, കുറെ കഴിഞ്ഞപ്പോൾ അവ തീർന്നുപോയി. മാത്രമല്ല, പുതിയ സാഹിത്യങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്ന്‌ അവിടേക്ക്‌ എത്തിക്കുന്നതും അസാധ്യമായിരുന്നു. എന്നാൽ, സർക്കാർ പിടിച്ചുവെച്ചിരുന്ന 2,25,000 പുസ്‌തകങ്ങൾ ബ്രാഞ്ചിലെ സ്റ്റോർമുറിയിൽ ഉണ്ടായിരുന്നു.

പിടിച്ചുവെച്ച പുസ്‌തകങ്ങൾ കണ്ടുകെട്ടാനും അവ പേപ്പർ റീസൈക്ലിങ്‌ നടത്തുന്ന ഒരു കമ്പനിക്കു വിൽക്കാനും ഫെഡറൽ പോലീസ്‌ തീരുമാനിച്ചു. ആ പുസ്‌തകങ്ങൾ ബെഥേലിൽനിന്ന്‌ എടുത്ത്‌ റീസൈക്ലിങ്‌ കമ്പനിയിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ ഒരാളുമായി കരാറിലും ഒപ്പിട്ടു. എന്നാൽ അവ ട്രക്കിൽ കൊണ്ടുപോകാൻ എത്തിയ ഡ്രൈവർ തന്റെ അയലത്തു താമസിച്ചിരുന്ന യഹോവയുടെ സാക്ഷിയായ ഒരു വ്യക്തിയുമായി ബൈബിൾ പഠിച്ചിരുന്നു. താൻ കൊണ്ടുപോകുന്നത്‌ സാക്ഷികളുടെ പുസ്‌തകങ്ങൾ ആണെന്നു മനസ്സിലാക്കിയപ്പോൾ അവ വാങ്ങാൻ സാക്ഷികൾക്കു താത്‌പര്യമുണ്ടോ എന്ന്‌ അദ്ദേഹം തന്റെ മുൻ അയൽക്കാരനോടു ചോദിച്ചു. തുടർന്ന്‌ അതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. ബ്രാഞ്ച്‌ നിശ്ചയിച്ചിരുന്ന ഒരു സ്ഥലത്തേക്ക്‌ പോലീസ്‌ അനുമതിയോടെതന്നെ ആ പുസ്‌തകങ്ങൾ മാറ്റി! അങ്ങനെ, നിരോധനം നിലവിലിരുന്നെങ്കിലും, അധികാരികൾ പ്രതീക്ഷിച്ചതിലും വളരെ വ്യത്യസ്‌തമായ ഉപയോഗത്തിന്‌ ആ 2,25,000 പുസ്‌തകങ്ങൾ ലഭ്യമായി!

സൊസൈറ്റി പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ മറ്റു ദേശങ്ങളിൽനിന്ന്‌ കൊണ്ടുവരാൻ മനസ്സു കാട്ടിയ ധീരരായ സഹോദരന്മാരിലൂടെയും യഹോവ തന്റെ ജനത്തിനു വേണ്ടി കരുതി. ഒരു സാധാരണ പയനിയറായ നോർബെർട്ടോ ഗൊൺസാലസ്‌ ഇങ്ങനെ പറയുന്നു: “ഒരിക്കൽ ഉറുഗ്വേയിലെ ഒരു ബ്രാഞ്ച്‌ കമ്മിറ്റി അംഗം, അർജന്റീനയിൽ ഉത്തരവാദിത്വം വഹിക്കുന്ന സഹോദരങ്ങൾക്കു കൈമാറാൻ രാജ്യശുശ്രൂഷാസ്‌കൂൾ പാഠപുസ്‌തകത്തിന്റെ 100 പ്രതികൾ ഞങ്ങളെ ഏൽപ്പിച്ചു. അതു ഞങ്ങൾക്ക്‌ അർജന്റീനയിൽ എത്തിക്കാൻ കഴിഞ്ഞു. കസ്റ്റംസുകാർ പരിശോധിച്ചെങ്കിലും, കുഴപ്പമൊന്നും സംഭവിച്ചില്ല. ഞങ്ങൾ സന്തോഷംകൊണ്ട്‌ തുള്ളിച്ചാടി.” ഒരുപക്ഷേ തുള്ളിച്ചാടാൻ സാധിക്കാതിരുന്നത്‌ തന്റെ മരക്കാലിനകത്ത്‌ പുസ്‌തകങ്ങൾ ഒളിച്ചു വെച്ചിരുന്ന ഒരു സഹോദരനു മാത്രമാണ്‌!

അർജന്റീനയിലെ സാക്ഷികൾ വാച്ച്‌ ടവർ സൊസൈറ്റിയുടെ സാഹിത്യങ്ങൾ പൂർവാധികം വിലമതിച്ചു. നിരോധനത്തിന്റെ തുടക്കത്തിൽ അധ്യയന കൂട്ടത്തിന്‌ ഒന്നുവെച്ചു മാത്രമേ വീക്ഷാഗോപുരം ലഭിച്ചിരുന്നുള്ളൂ. ആ മാസിക പ്രസാധകർ കൈമാറി ഉപയോഗിച്ചു. അധ്യയനത്തിൽ പങ്കെടുക്കാൻ കഴിയത്തക്കവണ്ണം അവർ അതിലെ ചോദ്യങ്ങളും ഉത്തരങ്ങളും എഴുതി എടുക്കുമായിരുന്നു. (ഫിലി. 4:12) വീക്ഷാഗോപുരത്തിന്റെ പുറംതാളിൽ യാതൊന്നും അച്ചടിച്ചിരുന്നില്ലെങ്കിലും, അതിനുള്ളിലെ ആത്മീയ ഭക്ഷണം വളരെ വിശിഷ്ടമായിരുന്നു. ആ പ്രത്യേക കരുതൽ സഹോദരങ്ങളെ ഏകീകൃതരായി നിലകൊള്ളാൻ സഹായിച്ചു.

സമ്മേളനം രഹസ്യമായി നടത്തുന്നു

അർജന്റീനയിലെ സഹോദരങ്ങൾക്ക്‌ ആത്മീയ പ്രബോധനം ലഭിച്ചിരുന്നത്‌ ലഭ്യമായ സാഹിത്യങ്ങൾ ഉപയോഗിച്ച്‌ അവർ നടത്തിയ ചെറിയ യോഗങ്ങളിൽ നിന്നാണ്‌. എന്നാൽ യഹോവയുടെ സാക്ഷികൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ആസ്വദിക്കുന്ന മൂന്നു വാർഷിക കൺവെൻഷനുകളിൽനിന്ന്‌ അവർക്ക്‌ എങ്ങനെ പ്രയോജനം നേടാൻ കഴിയുമായിരുന്നു? നിരോധനം നിലവിൽ വന്നതിനു ശേഷമുള്ള ആദ്യത്തെ സമ്മേളനങ്ങളെ ‘മാതൃകാ സമ്മേളനങ്ങൾ’ എന്നു വിളിച്ചിരുന്നു. മൂപ്പന്മാരും അവരുടെ കുടുംബങ്ങളും മാത്രമാണ്‌ അവയിൽ സംബന്ധിച്ചത്‌. പിന്നീട്‌ മൂപ്പന്മാർ ആ പരിപാടികൾ തങ്ങളുടെ സ്വന്ത സഭകളിൽ നടത്തി. വർഷങ്ങളോളം ഒരു സഞ്ചാരമേൽവിചാരകനായി അക്ഷീണം സേവിച്ച എക്‌ടോർ ചാപ്പ്‌ പറയുന്നു: “ചിലപ്പോൾ പാടങ്ങളിൽ സമ്മേളനം നടത്താൻ ഞങ്ങൾക്കു സാധിച്ചിരുന്നു. ഗ്രാമപ്രദേശത്ത്‌ ആയിരിക്കുമ്പോൾ ചുറ്റും കാലികളും മറ്റും ഉണ്ടായിരിക്കും. എന്നാൽ സഹോദരങ്ങൾ ആത്മീയ പരിപാടികളിൽ മുഴുകിയിരിക്കുന്നതിനാൽ അവയെ ശ്രദ്ധിച്ചില്ല. അതിൽ സംബന്ധിക്കാൻ കഴിയാത്തവർക്കായി പല സഹോദരന്മാരും പരിപാടികൾ റെക്കോർഡു ചെയ്‌തു. പിന്നീട്‌ അവർക്ക്‌ അതു ചിരിക്കാൻ വകയായി​—⁠പ്രസംഗങ്ങളോടൊപ്പം പശുക്കളുടെ അമറലും പക്ഷികളുടെ ചിലയ്‌ക്കലും കഴുത കരയുന്ന ഒച്ചയുമൊക്കെ കേൾക്കാമായിരുന്നു.”

സഹോദരങ്ങൾ അത്തരം സമ്മേളനങ്ങളെ തമാശാരൂപത്തിൽ “പിക്‌നിക്കുകൾ” എന്നാണു വിളിച്ചത്‌. കാരണം, ഗ്രാമാന്തരീക്ഷത്തിൽ ആയിരുന്നു അവ പലപ്പോഴും നടത്തപ്പെട്ടിരുന്നത്‌. ബ്വേനസാറിസ്‌ പ്രവിശ്യയിൽ സാന്റഫേയുടെ അതിർത്തിക്ക്‌ അടുത്തായുള്ള സ്‌ട്രാഗോ മൂർഡ്‌ എന്ന ഗ്രാമപ്രദേശമാണ്‌ ഇതിനായി കൂടുതൽ ഉപയോഗിച്ചിരുന്നത്‌. അവിടം വളരെ അനുയോജ്യമായിരുന്നു. കാരണം അവരെ ആരും കാണാത്ത വിധത്തിൽ ചുറ്റും മരങ്ങൾ ഉണ്ടായിരുന്നു. ആ മനോഹര വൃക്ഷങ്ങൾ വെട്ടിയിടപ്പെട്ടതായി കണ്ടപ്പോൾ ‘പിക്‌നിക്കിന്‌’ പോയവർ ഞെട്ടിപ്പോയി! തങ്ങൾക്ക്‌ ഒരു മറയായി വൃക്ഷങ്ങൾ ഇല്ലെങ്കിലും, അവർ ‘പിക്‌നിക്ക്‌’ പരിപാടിയുമായി മുന്നോട്ടു പോയി. ഒരു വൃക്ഷക്കുറ്റി പ്രസംഗപീഠമായും മറ്റു കുറ്റികൾ ഹാജരായിരുന്ന എല്ലാവർക്കും ഇരിപ്പിടമായും അവർ ഉപയോഗിച്ചു.

സഹോദരങ്ങൾ സമ്മേളനങ്ങൾ നടത്താൻ ഉപയോഗിച്ച മറ്റൊരിടം യഹോവയുടെ ഒരു സാക്ഷിക്ക്‌ സ്വന്തമായി ഉണ്ടായിരുന്ന ഒരു ഫാക്ടറിയാണ്‌. ആ സഹോദരന്‌ വശങ്ങളും മുകൾഭാഗവും മറച്ച വലിയൊരു ട്രക്ക്‌ ഉണ്ടായിരുന്നു. സമ്മേളനത്തിൽ സംബന്ധിക്കാൻ ആഗ്രഹിച്ചവരെ അതിൽ കയറ്റി അവിടെ എത്തിച്ചിരുന്നു. ഡ്രൈവർ പോയി ഓരോ തവണയും 10-ഓ 15-ഓ പേരെ കൊണ്ടുവന്ന്‌ അടഞ്ഞ ഗാരേജ്‌ വാതിലിന്റെ പിന്നിലായി ഇറക്കുമായിരുന്നു. സമീപവാസികളോ പോലീസോ ശ്രദ്ധിക്കാതെ ഇങ്ങനെ 100 പേർക്ക്‌ അവിടെ നടത്തിയ സമ്മേളനത്തിൽ സംബന്ധിക്കാൻ സാധിച്ചു. അക്കാലത്ത്‌ അർജന്റീനയിലെ മറ്റു സാക്ഷികൾ സമ്മേളനങ്ങളിലെ ആത്മീയ കരുതലുകളിൽനിന്നു പ്രയോജനം നേടുന്നതിന്‌ ബ്രസീലിലേക്കോ ഉറുഗ്വേയിലേക്കോ പോകുമായിരുന്നു.

ജയിലിൽ യോഗങ്ങൾ

1976-ലെ നിരോധനത്തിനു മുമ്പുതന്നെ നമ്മുടെ യുവസഹോദരങ്ങളിൽ പലർക്കും ക്രിസ്‌തീയ നിഷ്‌പക്ഷതയെ പ്രതി വിശ്വസ്‌തതയുടെ പരിശോധനകൾ അഭിമുഖീകരിക്കേണ്ടിവന്നു. യെശയ്യാവു 2:​4-ലെ ‘യുദ്ധം അഭ്യസിക്കയില്ല’ എന്ന ബൈബിൾ തത്ത്വം പിൻപറ്റിയതിനാൽ അവരിൽ പലരും 3 മുതൽ 6 വരെ വർഷത്തോളം ജയിൽശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു.

എന്നാൽ, ജയിലിൽ ആയിരുന്നപ്പോൾ പോലും ബൈബിൾ പഠിക്കാനും യോഗങ്ങൾ നടത്താനുമുള്ള മാർഗങ്ങൾ അവർ കണ്ടെത്തി. ജയിലിലെ മറ്റുള്ളവരുമായി അവർ ഉത്സാഹപൂർവം രാജ്യസന്ദേശം പങ്കുവെക്കുകയും ചെയ്‌തു. സമീപ സഭകളിലെ മൂപ്പന്മാർ ജയിലിൽ സന്ദർശനം നടത്തി ഈ വിശ്വസ്‌ത യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും മർമപ്രധാനമായ ആത്മീയ ഭക്ഷണം നൽകുകയും ചെയ്‌തു.

ഓമാർ റ്റ്‌ഷിഡർ സഹോദരൻ 1982 മുതൽ ബെഥേലിൽ സേവിച്ചുകൊണ്ടിരിക്കുന്നു. 1978-1981 കാലഘട്ടത്തിൽ അധികാരികൾ അദ്ദേഹത്തെ ബ്വേനസാറിസ്‌ പ്രവിശ്യയിലെ മാഗ്‌ഡാലേന സൈനിക ജയിലിൽ അടയ്‌ക്കുകയുണ്ടായി. സൈനിക യൂണിഫോം ധരിക്കാൻ വിസമ്മതിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം. ഈ ജയിൽ പല ബ്ലോക്കുകളായി തിരിച്ചിരുന്നു. ഓരോ ബ്ലോക്കിലും ഇടനാഴിക്ക്‌ അഭിമുഖമായി 20 തടവുമുറികൾ ഉണ്ടായിരുന്നു. അവയുടെ വലിപ്പമാകട്ടെ, ഏഴ്‌ അടി വീതിയും പത്ത്‌ അടി നീളവും. ഹാളിലേക്കുള്ള ഇടനാഴിയുടെ അറ്റത്തായുള്ള മൂന്നു തടവുമുറികൾ തടവിലായിരുന്ന സാക്ഷികൾ യോഗങ്ങൾ നടത്താൻ ഉപയോഗിച്ചു. ഒരു തവണ പത്തോ പന്ത്രണ്ടോ പേർക്കേ അതിൽ സംബന്ധിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. തന്മൂലം ഓരോ വാരത്തിലും 8 മുതൽ 14 വരെ യോഗങ്ങൾ നടത്തിയിരുന്നു.

യോഗസമയത്ത്‌ വാതിൽപ്പഴുതിലൂടെ നിരീക്ഷണം നടത്താൻ ഒരു സഹോദരനെ നിയമിച്ചിരുന്നു. ആരെങ്കിലും വരുന്നതായി കണ്ടാൽ അദ്ദേഹം മറ്റുള്ളവർക്കു മുന്നറിയിപ്പു നൽകും. ഇതിനായി പലതരം സിഗ്നലുകൾ അവർ ഉപയോഗിച്ചിരുന്നു. ചിലപ്പോൾ ആ സഹോദരൻ ഭിത്തിയിൽ വെറുതെ മുട്ടും. മറ്റു ചിലപ്പോൾ സദസ്സിലിരിക്കുന്ന ഒരാളുമായി അദ്ദേഹത്തെ ചരടുകൊണ്ട്‌ ബന്ധിച്ചിട്ടുണ്ടാകും. അപകടസൂചന കണ്ടാൽ നിരീക്ഷണ ചുമതലയുള്ള സഹോദരൻ ആ ചരടു വലിക്കും, അപ്പോൾ അതിന്റെ മറുതലയ്‌ക്കലുള്ള സഹോദരൻ മറ്റുള്ളവർക്കു മുന്നറിയിപ്പു നൽകും. രഹസ്യസംജ്ഞ അടങ്ങിയ ഒരു വാചകം പറയുന്നതായിരുന്നു മറ്റൊരു രീതി. ഉദാഹരണത്തിന്‌, “ആരുടെയെങ്കിലും കൈവശം ഒരു കവറുണ്ടോ?” എന്ന്‌ നിരീക്ഷണം നടത്തുന്ന സഹോദരൻ ചോദിക്കും. ‘കവർ’ എന്ന രഹസ്യസംജ്ഞ കേൾക്കുമ്പോൾ സഹോദരന്മാർ പോയൊളിക്കും. ഗാർഡിന്‌ വാതിൽപ്പഴുതിലൂടെ കാണാൻ കഴിയാത്ത വിധത്തിൽ കിടക്കയ്‌ക്ക്‌ അടിയിലും വാതിലിനു പിന്നിലുമൊക്കെയായി ഓരോരുത്തർക്കും ഒളിക്കാൻ സ്ഥലമുണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇതെല്ലാം കഴിഞ്ഞിരിക്കും. ഇതിനെല്ലാം നല്ല സംഘാടനം ആവശ്യമായിരുന്നു!

ഒരിക്കൽ ഒരു യോഗം നടക്കുകയായിരുന്നു. അപരിചിതനായ ഒരാൾ ഇടനാഴിയിൽ പ്രവേശിച്ചിട്ടുണ്ടെന്നു മുന്നറിയിപ്പു ലഭിച്ചപ്പോൾ സഹോദരന്മാർ പെട്ടെന്ന്‌ ഒളിച്ചു. സാക്ഷിയല്ലാത്ത ഒരു തടവുകാരൻ ആയിരുന്നു അത്‌. അയാൾ വാതിൽ തുറന്ന്‌ എന്തോ മേശപ്പുറത്തു വെച്ചശേഷം പോകാൻ നേരം തിരിഞ്ഞുനിന്ന്‌ ചോദിച്ചു, “ഇതെന്താ നിങ്ങളെല്ലാം ഒളിച്ചിരിക്കുന്നത്‌?” ശുചീകരണം ചെയ്യാൻ സന്നദ്ധരായവരെ അന്വേഷിച്ച്‌ വിസിലുമടിച്ചുകൊണ്ട്‌ ഒരു ഗാർഡ്‌ അപ്പോൾ അതിലെ വരുന്നുണ്ടായിരുന്നു. അപ്പോൾ സഹോദരന്മാർ പറഞ്ഞു “അയാൾ കാണാതെ ഞങ്ങൾ ഒളിച്ചിരിക്കുകയാണ്‌.” വന്നയാൾ സഹതപിച്ചുകൊണ്ട്‌ അവിടെനിന്നു പോയി. പിന്നെ യാതൊരു ശല്യവുമില്ലാതെ സഹോദരന്മാർ തങ്ങളുടെ യോഗം തുടർന്നു.

ജയിലിലെ രഹസ്യ ലൈബ്രറി

സാക്ഷികളുടെ പെരുമാറ്റം നല്ലതായിരുന്നതിനാൽ ജയിലിൽ അവർക്കു കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിച്ചു. ജയിലിലെ അച്ചടിയന്ത്രം പ്രവർത്തിപ്പിച്ചിരുന്നതും സിനിമാശാലയുടെയും ആതുര ശുശ്രൂഷാലയത്തിന്റെയും ബാർബർഷോപ്പിന്റെയും ചുമതല വഹിച്ചിരുന്നതുമൊക്കെ സഹോദരന്മാർ ആയിരുന്നു. രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കാൻ അവർ ഈ പദവികൾ നന്നായി ഉപയോഗപ്പെടുത്തി. ഉദാഹരണത്തിന്‌, സിനിമാശാലയുടെ മൂലകൾ വൃത്താകാരത്തിൽ ഉള്ളവ ആയിരുന്നെങ്കിലും ജയിലിന്റെ രൂപരേഖയിൽ ആ ശാല ദീർഘചതുരമായി കാണിച്ചിരുന്നു. അതിനാൽ, ഭിത്തികൾക്കു പിന്നിലായി ഏകദേശം 8 അടി ഉയരവും 6 അടി വീതിയും 4 അടി താഴ്‌ചയുമുള്ള ഒരു സ്ഥലം ശേഷിച്ചിരുന്നു. സഹോദരങ്ങൾ അത്‌ ബൈബിളുകളും വാച്ച്‌ ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളും സൂക്ഷിക്കാൻ പറ്റിയ ഒരു ഇടമായി ഉപയോഗിച്ചു!

മൂന്നു വർഷം ആ ജയിലിൽ കിടന്ന എക്‌ടോർ വാരെല പറയുന്നതനുസരിച്ച്‌, സിനിമാശാലയിലെ പ്രൊജക്ടർ സ്ഥാപിച്ചിരുന്ന മുറിയിലെ ഭിത്തിയുടെ ഒരു പാനൽ നീക്കം ചെയ്‌ത്‌ ഒരു തട്ടുപലകയിൽ കയറിയാൽ അവിടേക്കു കടക്കാമായിരുന്നു. സഹോദരന്മാർ തീൻമുറികളിലെ അലമാരകളിലും പുസ്‌തകങ്ങൾ ഒളിച്ചുവെച്ചിരുന്നു.

ജയിലിൽനിന്ന്‌ പുറത്തു പോയി തങ്ങളുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഈ സഹോദരന്മാർക്ക്‌ ചിലപ്പോഴൊക്കെ അനുവാദമുണ്ടായിരുന്നു. ആ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ട്‌ അവർ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പുതിയ ലക്കങ്ങൾ ജയിലിലേക്കു കൊണ്ടുവരുമായിരുന്നു. അത്തരമൊരു അവസരത്തിൽ എന്താണ്‌ സംഭവിച്ചതെന്ന്‌ ഇപ്പോൾ ഒരു സഞ്ചാരമേൽവിചാരകനായി സേവിക്കുന്ന റോഡോൾഫോ ഡോമിങ്‌ഗെസ്‌ പറയുന്നു: “വീക്ഷാഗോപുരവും ഉണരുക!യും ഞങ്ങൾ വസ്‌ത്രത്തിനടിയിൽ ഒളിച്ചുവെച്ചിരുന്നു. ജയിലിൽ തിരിച്ചെത്തിയപ്പോൾ തടവുകാരുടെ ഒരു നീണ്ട നിരയാണു ഞങ്ങൾ കണ്ടത്‌. ഗാർഡുകൾ എല്ലാവരെയും പരിശോധിക്കുകയായിരുന്നു. ഞങ്ങളുടെ ഊഴമായപ്പോൾ അവിടെ നിന്ന ഗാർഡുകൾക്കു പകരം അടുത്ത ഷിഫ്‌റ്റിലുള്ള ഗാർഡുകൾ വരാനുള്ള സമയമായതിനാൽ തുടർന്നുള്ള പരിശോധന അവർ വേണ്ടെന്നു വെച്ചു!”

“ഞങ്ങൾ എല്ലാ യോഗങ്ങളും ജയിലിൽ നടത്തിയിരുന്നു,” ഡോമിങ്‌ഗെസ്‌ സഹോദരൻ പറയുന്നു. “വാസ്‌തവത്തിൽ, ഞാൻ ആദ്യത്തെ പരസ്യപ്രസംഗം നടത്തുന്നത്‌ അവിടെ വെച്ചാണ്‌.” പുരാതന വേഷവിധാനത്തോടു കൂടിയ ബൈബിൾ നാടകങ്ങളും തടവുകാരായ സാക്ഷികൾക്കു നടത്താൻ കഴിഞ്ഞിരുന്നു. കുടുംബാംഗങ്ങളെ സന്ദർശിച്ചിട്ടു വരുമ്പോൾ കൊണ്ടുവന്നിരുന്ന വ്യക്തിഗത സാധനങ്ങൾ അവർ ഇതിനായി ഉപയോഗിച്ചു. മെതിയടികളും കുപ്പായങ്ങളും അതുപോലുള്ള മറ്റു സാധനങ്ങളും എന്തിനാണെന്ന്‌ ഗാർഡുകൾ സംശയിച്ചിരുന്നില്ല.

ജയിൽ അന്തേവാസികളെ ശിഷ്യരാക്കുന്നു

ജയിലിനുള്ളിലും സുവാർത്താ പ്രസംഗവും ശിഷ്യരാക്കൽ വേലയും നന്നായി പുരോഗമിച്ചു. ജയിലിലെ സഹോദരങ്ങളുടെ ഉത്സാഹത്താലും നല്ല നടത്തയാലും പ്രയോജനം നേടിയ ഒരാളാണ്‌ നോർബെർട്ടോ ഹൈൻ. അർജന്റീനിയൻ സൈന്യത്തിൽ സേവിക്കുമ്പോൾ മയക്കുമരുന്ന്‌ ഉപയോഗിച്ചതിന്റെ പേരിലാണ്‌ അദ്ദേഹം തടവിലാക്കപ്പെട്ടത്‌. മനസ്സാക്ഷിപരമായ കാരണങ്ങളാൽ ചില കാര്യങ്ങൾ ചെയ്യാൻ വിസമ്മതിച്ചതിനാൽ തടവിലാക്കപ്പെട്ട യുവസാക്ഷികളെ അദ്ദേഹം പല ജയിലുകളിലും വെച്ചു കണ്ടിട്ടുണ്ടായിരുന്നു. അവരുടെ മനോഭാവത്തിൽ അദ്ദേഹത്തിനു വലിയ മതിപ്പു തോന്നി. പ്വെർട്ടോ ബെൽഗ്രാനോയിൽ ജയിൽശിക്ഷ അനുഭവിക്കുമ്പോൾ തനിക്കു ബൈബിൾ പഠിക്കണമെന്ന്‌ അദ്ദേഹം സാക്ഷികളോടു പറഞ്ഞു. ഒരു മാസംകൊണ്ട്‌ അദ്ദേഹം നിത്യജീവനിലേക്കു നയിക്കുന്ന സത്യം പുസ്‌തകം പഠിച്ചുതീർത്തു. പിന്നീട്‌, മാഗ്‌ഡാലേന ജയിലിൽ ആയിരിക്കെ, 1979-ൽ അദ്ദേഹം സ്‌നാപനമേറ്റു.

“സ്‌നാപന പ്രസംഗം നടത്തപ്പെട്ടത്‌ ഒരു ഞായറാഴ്‌ച ദിവസം രാത്രി ഒമ്പത്‌ മണിയോടടുത്താണ്‌,” നോർബെർട്ടോ പറയുന്നു. ഏകദേശം 10 പേർ അതിൽ സംബന്ധിച്ചു. ആരെങ്കിലും വരുന്നുണ്ടോ എന്നറിയാൻ മറ്റുള്ളവർ പുറത്ത്‌ നിരീക്ഷണം നടത്തിക്കൊണ്ടിരുന്നു. പ്രസംഗശേഷം രണ്ടു സഹോദരന്മാരോടൊപ്പം ഞാൻ തീൻമുറിയിലേക്കു പോയി. കലങ്ങളും പ്ലെയ്‌റ്റുകളും മറ്റും കഴുകുന്ന ഒരു വലിയ ടബ്ബ്‌ അവിടെ ഉണ്ടായിരുന്നു.” ശീതകാലമായതിനാൽ ആ “സ്‌നാപനത്തൊട്ടി”യിൽ നിറയെ തണുത്ത വെള്ളമാണുണ്ടായിരുന്നതെന്ന്‌ നോർബെർട്ടോ പറയുന്നു!

യഹോവയുടെ സാക്ഷികളുമായി സഹവസിച്ചതിനാൽ പീഡനം സഹിക്കേണ്ടി വന്നെങ്കിലും അദ്ദേഹം യഹോവയെ അചഞ്ചലമായി സേവിക്കുന്നതിൽ തുടർന്നു. (എബ്രാ. 11:27) നോർബെർട്ടോയും ഭാര്യ മാരിയാ എസ്ഥേറും 15-ലധികം വർഷക്കാലം ബെഥേലിൽ വിശ്വസ്‌തമായി സേവിച്ചുകഴിഞ്ഞിരിക്കുന്നു.

‘എന്നെ ശിക്ഷിക്കാൻ ദൈവത്തോടു പറയരുതേ’

ജയിലിലെ പല ഓഫീസർമാരും സാക്ഷികളോടു മയത്തോടെ ഇടപെട്ടിരുന്നെങ്കിലും, ചിലർ അങ്ങനെ ആയിരുന്നില്ല. ഒരു സൈനിക ജയിലിൽ ഗാർഡുകളുടെ തലവനായിരുന്ന ഒരു ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിൽ ആയിരിക്കുന്ന സമയത്ത്‌ അവിടെയുള്ള സാക്ഷികൾക്ക്‌ ഭക്ഷണവും പുതപ്പും കിട്ടുമായിരുന്നില്ല. അയാൾ ഒരു ഉഗ്രസ്വഭാവി ആയിരുന്നു. യൂഗോ കോറോണെൽ സഹോദരൻ ഇങ്ങനെ പറയുന്നു: “ഒരു ദിവസം അതിരാവിലെ അയാൾ എന്റെ ജയിൽമുറിയുടെ വാതിൽ ചവിട്ടിത്തുറന്ന്‌ എന്നെ പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. എന്നിട്ട്‌ സായുധരായ അഞ്ച്‌ പട്ടാളക്കാരെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ ‘നിന്റെ സമയം അടുത്തിരിക്കുന്നു’ എന്ന്‌ എന്നോടു പറഞ്ഞു. എന്റെ വിശ്വാസത്തെ തള്ളിപ്പറയുന്ന ഒരു കടലാസിൽ ഒപ്പു വെക്കാൻ അയാൾ നിർബന്ധിച്ചു. ഞാൻ അതിനു വിസമ്മതിച്ചപ്പോൾ എന്നെ കൊല്ലാൻ പോകുകയാണെന്നും വേണമെങ്കിൽ അമ്മയ്‌ക്ക്‌ ഒരു കത്ത്‌ എഴുതിക്കൊള്ളാനും അയാൾ എന്നോടു പറഞ്ഞു. കുപിതനായ അയാൾ എന്നെ ഒരു ഭിത്തിയോടു ചേർത്തുനിർത്തി. എന്നിട്ട്‌, എന്റെ നേരെ നിറയൊഴിക്കാൻ ഗാർഡുകൾക്ക്‌ ഉത്തരവു നൽകി! അവർ കാഞ്ചി വലിക്കുന്ന ശബ്ദമേ ഞാൻ കേട്ടുള്ളൂ. അവരുടെ തോക്കുകളിൽ തിരകൾ നിറച്ചിരുന്നില്ല. എന്റെ നിർമലത തകർക്കാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു അത്‌. ഞാൻ ഭയന്നു കരയുകയാണെന്നു പ്രതീക്ഷിച്ച്‌ എന്റെ അടുത്തേക്കു വന്ന ആ ഗാർഡ്‌ ഞാൻ ശാന്തനായി നിൽക്കുന്നതാണു കണ്ടത്‌. നിയന്ത്രണം നഷ്ടപ്പെട്ട അയാൾ എന്റെ നേരെ അലറി. പിന്നീട്‌ എന്നെ തടവുമുറിയിലേക്കു തിരികെ കൊണ്ടുപോയി. ആ സംഭവത്തിൽ തെല്ലൊന്ന്‌ പകച്ചെങ്കിലും, അചഞ്ചലത കൈവിടാതിരിക്കാൻ സഹായിക്കുന്നതിനുള്ള എന്റെ പ്രാർഥന യഹോവ കേട്ടതിൽ ഞാൻ സന്തോഷിച്ചു.”

യൂഗോയെ മറ്റൊരു ജയിലിലേക്കു മാറ്റുന്നതിന്‌ ഏതാനും ദിവസങ്ങൾക്കു മുമ്പ്‌, താൻ നിർബന്ധപൂർവം യൂഗോയെ സൈനിക യൂണിഫോം ധരിപ്പിക്കാൻ പോകുകയാണെന്ന്‌ ഗാർഡുകളുടെ ആ തലവൻ ബാരക്കുകളിലുള്ള എല്ലാവരോടും പറഞ്ഞു. യഹോവയ്‌ക്കു പോലും അതു തടയാനാവില്ലെന്നും അയാൾ വീമ്പിളക്കി. എന്നാൽ എന്താണ്‌ സംഭവിച്ചത്‌? യൂഗോ പറയുന്നു: “ഭയങ്കരമായ ഒരു വാഹനാപകടത്തിൽ ആ ഗാർഡിന്റെ തല അറ്റുപോയെന്ന്‌ പിറ്റേന്നു ഞങ്ങളറിഞ്ഞു. ആ സംഭവം ജയിലിലുള്ള എല്ലാവരിലും ഭീതി പടർത്തി. ആ പട്ടാളക്കാരന്റെ ധിക്കാരവും ഭീഷണിയും നിമിത്തം ദൈവം അയാളെ ശിക്ഷിച്ചതാണെന്ന്‌ മിക്കവരും വിചാരിച്ചു. വാസ്‌തവത്തിൽ, അന്നു രാത്രി എന്നെ ജയിൽമുറിയിലേക്കു കൊണ്ടുപോയ ഗാർഡ്‌ തന്നെയും ശിക്ഷിക്കാൻ ദൈവത്തോടു പറയരുതേ എന്ന്‌ എന്നോട്‌ അപേക്ഷിച്ചു!” യൂഗോ ഇപ്പോൾ മിസിയോണെസിലെ ബിയാ ഊർക്കിസായിൽ ഒരു മൂപ്പനായി സേവിക്കുന്നു.

ഒരു കാര്യം ഉറപ്പാണ്‌: സൈനിക സേവനത്തിനു വിസമ്മതിച്ച ആ യുവസാക്ഷികൾ വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിലും തങ്ങളുടെ നിർമലത കാത്തുസൂക്ഷിച്ചു. അവരിൽ ചിലരെ വെടിവെച്ചു കൊന്നുകളയുമെന്നു പോലും ജയിലധികൃതർ ഭീഷണി മുഴക്കി. മറ്റുള്ളവരെ അവർ പ്രഹരിക്കുകയും ഭക്ഷണം പോലും കൊടുക്കാതെ ഏകാന്തതടവിൽ ആക്കുകയും ചെയ്‌തു. അത്തരം സാഹചര്യങ്ങളിലും അവർ പ്രകടമാക്കിയ വിശ്വാസവും നിർമലതയും സൈനിക അധികാരികൾക്കും മറ്റു തടവുകാർക്കും നല്ലൊരു സാക്ഷ്യമായി ഉതകി.

ക്രമമായ കുടുംബ അധ്യയനത്തിൽനിന്ന്‌ പ്രയോജനം

‘തങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും പ്രതിവാദം പറയാൻ’ സാക്ഷികൾ തങ്ങളുടെ കുട്ടികളെയും പ്രോത്സാഹിപ്പിച്ചു. (1 പത്രൊ. 3:15) ഹ്വാൻ കാർലോസ്‌ ബാറോയുടെ ഏഴും എട്ടും വയസ്സുള്ള കുട്ടികൾ പബ്ലിക്‌ സ്‌കൂളിൽ പഠിക്കുകയായിരുന്നു. അവരിൽ മൂത്ത കുട്ടിയോട്‌ പതാക വന്ദിക്കാൻ സ്‌കൂളിന്റെ ഹെഡ്‌മിസ്‌ട്രസ്സ്‌ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ചപ്പോൾ അവർ അവനെ ശകാരിക്കുകയും തല്ലുകയും പതാകയുടെ അടുത്തേക്കു തള്ളിവിടുകയും ചെയ്‌തു. എന്നിട്ടും ആ കുട്ടി പതാക വന്ദിച്ചില്ല. അപ്പോൾ ആ ഹെഡ്‌മിസ്‌ട്രസ്സ്‌ അവരെ തന്റെ ഓഫീസിലേക്കു കൊണ്ടുപോയി ദേശഭക്തി ഗാനങ്ങൾ ആലപിക്കാൻ ഒരു മണിക്കൂറോളം നിർബന്ധിച്ചു. തന്റെ ശ്രമങ്ങൾ വിജയിക്കാതെ ആയപ്പോൾ ആ കുട്ടികളെ സ്‌കൂളിൽനിന്നു പുറത്താക്കാൻ അവർ തീരുമാനിച്ചു.

ഒടുവിൽ ഈ കേസ്‌ ഒരു കോടതി മുമ്പാകെ എത്തി. വിചാരണസമയത്ത്‌ ന്യായാധിപൻ കുട്ടികളെ മാറ്റി നിർത്തി ചില ചോദ്യങ്ങൾ ചോദിച്ചു. അവരുടെ പെട്ടെന്നുള്ള ഉത്തരങ്ങൾ കേട്ട്‌ ആ ന്യായാധിപൻ വിറയ്‌ക്കാൻ തുടങ്ങി. അദ്ദേഹം മുഷ്ടി ചുരുട്ടി മേശപ്പുറത്ത്‌ ഇടിച്ചിട്ട്‌ ആ മുറിയിൽനിന്ന്‌ ഇറങ്ങിപ്പോയി. 15 മിനിട്ട്‌ കഴിഞ്ഞ്‌ മടങ്ങിവന്നപ്പോഴും അദ്ദേഹം അസ്വസ്ഥനായിരുന്നു. കോടതിവിധി സാക്ഷികൾക്ക്‌ അനുകൂലമായിരുന്നു! അനുകൂല വിധി വായിച്ചശേഷം ആ ന്യായാധിപൻ ബാറോ സഹോദരനോട്‌ ഇങ്ങനെ പറഞ്ഞു: “എത്ര നല്ല കുടുംബമാണ്‌ നിങ്ങളുടേത്‌! ഇത്തരം ഉന്നതമായ തത്ത്വങ്ങൾ പിൻപറ്റുന്ന കുടുംബങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ഈ രാജ്യം എന്നേ മെച്ചപ്പെട്ടേനെ.” ബാറോ സഹോദരൻ പറയുന്നു: “കുടുംബ ബൈബിൾ അധ്യയനം പതിവായി നടത്തുന്നത്‌ ഉറച്ച നിലപാട്‌ സ്വീകരിക്കാൻ കുട്ടികളെ സഹായിക്കുമെന്ന്‌ ആ അനുഭവം എന്നെ ബോധ്യപ്പെടുത്തി.” പിന്നീട്‌ 1979-ൽ, അർജന്റീനയിലെ സുപ്രീം കോടതി ആ കുട്ടികൾക്കു വിദ്യാഭ്യാസത്തിന്‌ അവകാശമുണ്ടെന്നു വിധിച്ചു.

വീണ്ടും അനുകൂല കാലം

1950-ന്‌ ശേഷം, ഓരോ പുതിയ ഗവൺമെന്റ്‌ അധികാരത്തിൽ വരുമ്പോഴും ഒരു മതമെന്ന നിലയിൽ തങ്ങൾക്കു നിയമാംഗീകാരം ലഭിക്കാൻ യഹോവയുടെ സാക്ഷികൾ അപേക്ഷ നൽകുമായിരുന്നു. നിയമാംഗീകാരം ലഭിക്കുന്നതിൽ നിരവധി കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു. ഒന്നാമതായി, ഒരു നിശ്ചിത എണ്ണം വ്യക്തികൾ ഉൾപ്പെട്ടതും ആളുകളെ ബൈബിൾ പഠിപ്പിക്കുന്നതുപോലെ സാമൂഹികവും മതപരവുമായ ലക്ഷ്യങ്ങൾ ഉള്ളതുമായ ഒരു നിയമാധിഷ്‌ഠിത ഏജൻസിക്കു രൂപം കൊടുക്കണമായിരുന്നു. അതിനുശേഷം, ആ നിയമസംവിധാനം രജിസ്റ്റർ ചെയ്യണം. അതിന്റെ ലക്ഷ്യങ്ങൾ നിയമപരം ആണെന്നതിനോട്‌ സർക്കാർ യോജിക്കണം. സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ ഒരു രജിസ്‌ട്രേഷൻ നമ്പർ ലഭിക്കുമായിരുന്നു. തുടർന്ന്‌ ആ നമ്പർ കാണിച്ചുകൊണ്ട്‌ ഒരു മതസംഘടന എന്ന നിലയിൽ നിയമാംഗീകാരം ലഭിക്കാൻ അപേക്ഷ സമർപ്പിക്കാമായിരുന്നു. സാക്ഷികളുടെ പ്രവർത്തനത്തിന്മേൽ നിരോധനം ഉള്ളതിനാൽ അവരുടെ സാമൂഹികവും മതപരവുമായ ലക്ഷ്യങ്ങൾ നിയമവിരുദ്ധമാണെന്ന്‌ ആരോപിച്ചുകൊണ്ട്‌ 1981 വരെ സർക്കാർ അവരുടെ അപേക്ഷ തള്ളിക്കളയുകയാണ്‌ ചെയ്‌തത്‌.

1976 നവംബറിൽ, അതായത്‌ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്മേൽ വീണ്ടും നിരോധനം നടപ്പിൽ വന്ന്‌ വെറും രണ്ടു മാസം കഴിഞ്ഞപ്പോൾ, തങ്ങളുടെ മേലുള്ള നിരോധനം നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു നിവേദനം ബ്രാഞ്ച്‌ ഓഫീസ്‌ അർജന്റീനയിലെ ദേശീയ കോടതിമുമ്പാകെ സമർപ്പിച്ചു. അതിനു പുറമേ, ദേശഭക്തിപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്‌ സാക്ഷികളായ കുട്ടികളെ സ്‌കൂളിൽനിന്നു പുറത്താക്കിയതും മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനം ചെയ്യാത്തതിന്റെ പേരിൽ സഹോദരങ്ങളെ തടവിലാക്കിയതും വാച്ച്‌ ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ കണ്ടുകെട്ടിയതുമായ കേസുകളിൽ ബ്രാഞ്ച്‌ അപ്പീൽ നൽകി.

1978 ഒക്‌ടോബർ 10-ന്‌ ഈ അപ്പീലുകൾ ഇന്റർ-അമേരിക്കൻ മനുഷ്യാവകാശ കമ്മീഷന്റെ മുമ്പാകെയും സമർപ്പിച്ചു. സർക്കാർ യഹോവയുടെ സാക്ഷികളുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ചു എന്നു ബോധ്യം വന്ന കമ്മീഷൻ അവരുടെ മേലുള്ള നിരോധനം നീക്കം ചെയ്യാൻ ശുപാർശ ചെയ്‌തു.

നിലവിലിരുന്ന പട്ടാള ഗവൺമെന്റ്‌, 1980 ഡിസംബർ 12-ന്‌ ഇന്റർ-അമേരിക്കൻ മനുഷ്യാവകാശ കമ്മീഷന്റെ ശുപാർശ സ്വീകരിച്ചുകൊണ്ട്‌ സാക്ഷികളുടെ മേലുള്ള നിരോധനം നീക്കം ചെയ്‌തു. അതിന്റെ ഫലമായി അർജന്റീനയിലെ യഹോവയുടെ സാക്ഷികൾക്ക്‌ പരസ്യമായി കൂടിവരുക സാധ്യമായി. അതു സഹോദരങ്ങൾക്ക്‌ എത്രമാത്രം സന്തോഷം പകർന്നെന്നോ! യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളിന്മേൽ മേലാൽ വിലക്ക്‌ ഇല്ലാതിരുന്നെങ്കിലും, അവരുടെ മതസംഘടനയ്‌ക്ക്‌ അപ്പോഴും നിയമാംഗീകാരം ലഭിച്ചിരുന്നില്ല.

ഒടുവിൽ 1984 മാർച്ച്‌ 9-ന്‌ സർക്കാർ യഹോവയുടെ സാക്ഷികളുടെ സംഘടനയെ ഒരു മതമായി അംഗീകരിച്ചു. അങ്ങനെ നിയമാംഗീകാരത്തിനു വേണ്ടിയുള്ള നീണ്ട പോരാട്ടം അവസാനിച്ചു. ഒടുവിൽ, രാജ്യഹാളുകൾക്കു മുമ്പാകെ അവയുടെ ബോർഡുകൾ വെക്കാമെന്നായി! അത്‌ അർജന്റീനയിലെ സഹോദരങ്ങൾക്ക്‌ എത്രമാത്രം സന്തോഷം കൈവരുത്തിയെന്നോ! അവർ സങ്കീർത്തനക്കാരന്റെ വാക്കുകൾ ഏറ്റുപറഞ്ഞു: ‘യഹോവ ഞങ്ങളിൽ വൻകാര്യങ്ങളെ ചെയ്‌തിരിക്കുന്നു.’​—⁠സങ്കീ. 126:⁠3.

രാജ്യഹാളുകളുടെ ബോർഡുകൾ പ്രദർശിപ്പിക്കുന്നതിനെക്കാൾ വളരെയേറെ പ്രയോജനങ്ങൾ നിയമാംഗീകാരത്തിന്റെ ഫലമായി ഉണ്ടായി. ബ്വേനസാറിസിലെ ഒരു ക്രിസ്‌തീയ മൂപ്പനായ സിറിയക്കോ സ്‌പിന പറയുന്നു: “നിരോധനം നീക്കം ചെയ്യപ്പെട്ടപ്പോൾ വീണ്ടും വലിയ സമ്മേളനങ്ങൾ നടത്താൻ ഞങ്ങൾക്കു കഴിഞ്ഞു. നമ്മുടെ ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്താൻ ലഭ്യമായ ഏറ്റവും മികച്ച സ്ഥലം ഉപയോഗിക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. മാർദെൽപ്ലാറ്റയിലെ പുതിയ സിറ്റി സ്റ്റേഡിയം ലഭിക്കാൻ പലപ്പോഴും ശ്രമിച്ചിരുന്നെങ്കിലും, നിയമാംഗീകാരം ഇല്ലാതിരുന്നതിനാൽ അതു ഞങ്ങൾക്ക്‌ ഒരിക്കലും ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കെ 1984-ൽ, യഹോവയുടെ അനുഗ്രഹത്തിന്റെ ഫലമായി സാക്ഷികൾക്ക്‌ നിയമാംഗീകാരം ലഭിച്ചതിനാൽ ഇപ്പോൾ ഞങ്ങൾക്ക്‌ സിറ്റി സ്റ്റേഡിയവും സമീപകാലത്തായി സമ്മേളനങ്ങൾക്ക്‌ പുതിയ സ്‌പോർട്‌സ്‌ സെന്ററും ഉപയോഗിക്കാൻ കഴിയുന്നു.”

വലിയ കൂടിവരവുകളിൽ നിന്നുള്ള പ്രോത്സാഹനം സഹോദരങ്ങൾക്കു ലഭിച്ചിട്ട്‌ നിരവധി വർഷങ്ങളായിരുന്നു. അതിനാൽ മേഖലാമേൽവിചാരകനായ ഫ്രെഡ്‌ വിൽസന്റെ ഉടൻ നടക്കാൻ പോകുന്ന സന്ദർശനത്തിൽനിന്നു സമ്പൂർണ പ്രയോജനം നേടാൻ ബ്രാഞ്ച്‌ തീരുമാനിച്ചു. ബ്വേനസാറിസ്‌ നഗരപ്രദേശത്തെ സഹോദരങ്ങളെ ബേലെസ്‌ സാഴ്‌സ്‌ഫീൽഡ്‌ സ്റ്റേഡിയത്തിൽ കൂട്ടിവരുത്താനുള്ള ക്രമീകരണങ്ങൾ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ചെയ്‌തു. നിരോധനം നീക്കം ചെയ്‌തശേഷമുള്ള ആദ്യത്തെ വലിയ യോഗമായിരുന്നു അത്‌. വൈകിയാണ്‌ അറിയിച്ചതെങ്കിലും, 1984 ഫെബ്രുവരി 15-ന്‌ നടന്ന ആ ആത്മീയ “ഉത്സവ”ത്തിൽ 30,000 പേർ സന്തോഷപൂർവം പങ്കെടുത്തു.​—⁠സങ്കീ. 42:⁠4.

നിരോധനത്തിന്റെ ഫലം

സൈനികവാഴ്‌ചക്കാലത്ത്‌ ആയിരക്കണക്കിനാളുകളെ കാണാതായി, അനേകർ വധിക്കപ്പെട്ടു. എന്നാൽ അതിശയകരമെന്നു പറയട്ടെ, യഹോവയുടെ സാക്ഷികൾക്ക്‌ എതിരെയുള്ള ഗവൺമെന്റിന്റെ നിലപാട്‌ വളരെ ശക്തമായിരുന്നെങ്കിലും അവരിൽ ആരെയും കാണാതായില്ല.

സാക്ഷികളിൽ ആർക്കും ജീവഹാനി സംഭവിച്ചില്ലെന്നു മാത്രമല്ല നിരോധനത്തിന്റെ ഫലമായി അവർക്കു നല്ല പ്രചാരം ലഭിക്കുകയും ചെയ്‌തു. നിരോധനത്തിനു മുമ്പ്‌, നിങ്ങൾ ഏതു മതക്കാരാണെന്ന്‌ സാക്ഷികളോടു ചോദിച്ചവർ “യഹോവയുടെ സാക്ഷികൾ” എന്ന ഉത്തരം കേട്ട്‌ അമ്പരന്നിട്ടുണ്ട്‌. എന്നാൽ നിരോധനശേഷം അങ്ങനെ സംഭവിച്ചിട്ടില്ല. ഒരു മുഴുസമയ ശുശ്രൂഷകയായി 37 വർഷം സേവിച്ചുകഴിഞ്ഞ സൂസാനാ ദെ പൂക്കെറ്റി ഇങ്ങനെ പറയുന്നു: “നിരോധനം അവസാനിച്ചപ്പോൾ, ഞങ്ങളെ ആരും യഹോവാ പുത്രന്മാർ എന്നോ യഹോവകൾ എന്നോ വിളിച്ചില്ല. ഞങ്ങൾ ഏതോ ഇവാഞ്ചലിക്കൽ മതവിഭാഗക്കാരാണെന്നും ആളുകൾ കരുതിയില്ല. നിരോധനകാലത്ത്‌ ഞങ്ങളുടെ ശരിക്കുള്ള പേര്‌ റേഡിയോയിലും പത്രങ്ങളിലും കൂടെക്കൂടെ വരുമായിരുന്നു. അതുകൊണ്ടുള്ള ഗുണം ആളുകൾ യഹോവയുടെ സാക്ഷികളെ ആ പേരിനാൽ തിരിച്ചറിയാൻ ഇടയായി എന്നതാണ്‌.”

സൈനിക സേവനത്തിൽനിന്നു നിയമപരമായ വിടുതൽ

ഒരു മതമെന്ന നിലയിൽ യഹോവയുടെ സാക്ഷികളുടെ സംഘടനയ്‌ക്ക്‌ അംഗീകാരം നേടിത്തരുന്നതിന്റെ പിന്നിൽ പ്രവർത്തിച്ച മതകാര്യ ഉപസെക്രട്ടറിയായ മാരിയാ റ്റി. ദെ മോറിനി, യഹോവയുടെ സാക്ഷികളുടെ സംഘടനയുടെ പ്രതിനിധികളും മതകാര്യ സെക്രട്ടറിയും പ്രതിരോധ വകുപ്പ്‌ മന്ത്രിയും തമ്മിലുള്ള ഒരു സുപ്രധാന യോഗം വിളിച്ചുകൂട്ടി. ആ യോഗത്തിന്റെ ഉദ്ദേശ്യം സൈനിക സേവനത്തിൽനിന്ന്‌ യഹോവയുടെ സാക്ഷികൾക്കു വിടുതൽ നൽകുന്നതിനെ കുറിച്ചു ചർച്ച ചെയ്യുക എന്നതായിരുന്നു. നിരന്തര പയനിയർമാർക്കു സൈനിക സേവനത്തിൽനിന്നു വിടുതൽ ലഭിക്കുമെന്നാണു ബ്രാഞ്ച്‌ കമ്മിറ്റി പ്രതീക്ഷിച്ചിരുന്നത്‌. എന്നാൽ, അതിലുമധികം ചെയ്യാൻ അധികാരികൾ സന്നദ്ധരായിരുന്നു.

വിദ്യാർഥികളായി കണക്കാക്കപ്പെടുന്ന എല്ലാവർക്കും ആ വിടുതൽ ബാധകമാക്കാൻ അധികാരികൾ ഒരുക്കമായിരുന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പങ്കെടുക്കുന്ന എല്ലാവരും ദൈവശാസ്‌ത്ര വിദ്യാർഥികളായി കണക്കാക്കപ്പെട്ടു. സ്‌നാപനമേറ്റ ഒരു സഹോദരൻ 18 വയസ്സാകുമ്പോൾ സൈനിക സേവനത്തിന്‌ വിളിക്കപ്പെടുന്നപക്ഷം, ആ സഹോദരന്റെ സഭയിലെ മൂപ്പന്മാർ അദ്ദേഹത്തിന്റെ സത്‌സ്വഭാവത്തിന്റെ തെളിവെന്ന നിലയിൽ ഒരു ഫാറം പൂരിപ്പിച്ച്‌ ഒപ്പിട്ട്‌ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ അയയ്‌ക്കും. തുടർന്ന്‌ ബ്രാഞ്ച്‌ ആ ഫാറത്തിൽ ഒപ്പിട്ട്‌ മതരജിസ്റ്റർ ഓഫീസിന്‌ അയച്ചുകൊടുക്കും. അപ്പോൾ അവർ, സൈനിക സേവനത്തിൽനിന്നു വിടുതൽ ലഭിക്കുന്നതിന്‌ സൈനിക അധികാരികളെ കാണിക്കാനുള്ള ഒരു സർട്ടിഫിക്കറ്റ്‌ ആ സഹോദരനു നൽകുമായിരുന്നു. 1990-കളിൽ നിർബന്ധിത സൈനികസേവനം റദ്ദാക്കുന്നതുവരെ ഈ ഫലപ്രദമായ രീതി തുടർന്നുപോന്നു.

എല്ലായിടത്തും അതിശയകരമായ വളർച്ച

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം സർക്കാർ നിരോധിച്ചിരുന്ന 1950-നും 1980-നും ഇടയ്‌ക്കുള്ള ദുർഘട നാളുകളിൽ സഹോദരങ്ങൾ സതീക്ഷ്‌ണം വചനം പ്രസംഗിക്കുന്നതിൽ തുടർന്നു. തത്‌ഫലമായി വർധനവു നൽകി യഹോവ അവരെ അനുഗ്രഹിച്ചു. 1950-ൽ അർജന്റീനയിൽ 1,416 സാക്ഷികളാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ 1980 ആയപ്പോഴേക്കും ആ സംഖ്യ 36,050 ആയി വർധിച്ചു!

നിയമാംഗീകാരം ലഭിച്ചതോടെ പിന്നെയും കൂടുതൽ വർധനവുണ്ടായി. അത്‌ യെശയ്യാവു 60:​22-ന്‌ ചേർച്ചയിൽ ആയിരുന്നു. ആ വാക്യം ഇങ്ങനെ പറയുന്നു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.” രാജ്യത്തെ മൊത്തം റിപ്പോർട്ടുകളിൽ ഒന്ന്‌ കണ്ണോടിച്ചാൽ ആ വാക്കുകൾ എത്ര സത്യമാണെന്നു ബോധ്യമാകും. ഉദാഹരണത്തിന്‌, നിരോധനം നീക്കം ചെയ്യുന്ന സമയത്ത്‌ വിശാലമായ ബ്വേനസാറിസ്‌ നഗരപ്രദേശത്തെ ഫ്രാൻസിസ്‌കോ സോലാനോ സഭയിൽ 70 പ്രസാധകർ ഉണ്ടായിരുന്നു. ഇപ്പോൾ അവരുടെ എണ്ണം ഏഴു സഭകളിൽ 700 പ്രസാധകരായി വർധിച്ചിരിക്കുന്നു.

റിയോ നേഗ്രോയിലെ സിങ്‌കോ സാൾട്ടോസിൽ ഇപ്പോൾ ഒരു മൂപ്പനായി സേവിക്കുന്ന ആൽബെർട്ടോ പാർദോ ആ പട്ടണത്തിൽ വെറും 15 പ്രസാധകർ മാത്രമുണ്ടായിരുന്ന സമയത്തെ കുറിച്ച്‌ പറയുന്നു. ഇപ്പോൾ അവിടെ മൂന്നു സഭകളിലായി 272 പ്രസാധകർ ഉണ്ട്‌. ആ പട്ടണത്തിലെ ഓരോ 100 പേരിലും ഒരാൾ ഒരു സാക്ഷിയാണ്‌. ബ്വേനസാറിസിലെ കാർമെൻ ദെ പാറ്റാഗോണെസ്‌ സഭയിലുള്ള മാർത്താ ടോലോസ ഇങ്ങനെ പറയുന്നു: “ഇവിടെ 1964-ൽ ഒരു ചെറിയ മുറിയിൽ കൂടിവരാൻ മാത്രം സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന്‌ മൂന്നു സഭകളിലായി 250 സഹോദരീസഹോദരന്മാർ ഉണ്ട്‌. ഈ വർധനവിനെ കുറിച്ചു ചിന്തിക്കുന്നതു പോലും വലിയ സന്തോഷം കൈവരുത്തുന്നു.”

പാൽമിറയിലെയും സമീപ പട്ടണങ്ങളിലെയും ത്വരിത വളർച്ച നിമിത്തം വാരാന്തത്തിൽ രണ്ടു പ്രാവശ്യം പരസ്യപ്രസംഗവും വീക്ഷാഗോപുര അധ്യയനവും നടത്തേണ്ടിവരുന്നു. അല്ലെങ്കിൽ എല്ലാ സഹോദരങ്ങൾക്കും ഹാളിൽ സുഖപ്രദമായി ഇരിക്കാനുള്ള സ്ഥലമില്ല. സാധാരണഗതിയിൽ 250-ലധികം പേർ യോഗത്തിനു ഹാജരാകാറുള്ളതിനാൽ അവർ സ്‌മാരകത്തിന്‌ ഒരു വലിയ ഹാൾ വാടകയ്‌ക്കെടുത്തു. പാൽമിറ സഭയുടെ പ്രദേശത്തിന്റെ ഭാഗമായിരുന്ന നാലു പട്ടണങ്ങളിൽ 1986 മുതൽ പുതിയ സഭകൾ നിലവിൽ വന്നിരിക്കുന്നു.

ബ്വേനസാറിസ്‌ നഗരപ്രദേശത്തെ ഹോസേ ലേയോൺ സ്വാരെസ്‌ സഭയിൽ 33 പ്രസാധകരാണ്‌ മുമ്പ്‌ ഉണ്ടായിരുന്നത്‌. അവരുടെ എണ്ണം വർധിച്ച്‌ ഇപ്പോൾ അഞ്ചു സഭകൾ ആയിരിക്കുന്നു. അവിടുത്തെ ഒരു മൂപ്പനായ ഷെലൻബെർഗ്‌ ഇങ്ങനെ പറയുന്നു: “ഒരു പുതിയ സഭയ്‌ക്കു രൂപം കൊടുത്ത ഓരോ തവണയും ഞങ്ങളുടെ പ്രദേശം ചെറുതായിവന്നു. ഇപ്പോൾ ഞങ്ങളുടെ പ്രദേശത്തിന്‌ 16 നഗരബ്ലോക്കുകളുടെ അത്ര നീളവും 8 നഗരബ്ലോക്കുകളുടെ അത്ര വീതിയുമേ ഉള്ളൂ. ഈ നിയമിത പ്രദേശം ആഴ്‌ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഞങ്ങൾ പ്രവർത്തിച്ചുതീർക്കാറുണ്ട്‌. പലരും താത്‌പര്യം കാണിക്കാറില്ല. എങ്കിലും നല്ല ചില അനുഭവങ്ങൾ ലഭിക്കാറുണ്ട്‌, ചിലപ്പോൾ പുതിയ അധ്യയനങ്ങളും തുടങ്ങാൻ സാധിക്കുന്നു. ഞങ്ങളുടെ പ്രദേശത്തിന്റെ മധ്യഭാഗത്താണ്‌ രാജ്യഹാൾ. അതിനാൽ സഭയിലുള്ള 100 പ്രസാധകരിൽ മിക്കവർക്കും അവിടേക്ക്‌ നടന്നെത്താവുന്ന ദൂരമേ ഉള്ളൂ.”

പയനിയർ ആത്മാവ്‌ തഴയ്‌ക്കുന്നു

നിരോധനം മാറിയതോടെ പ്രവർത്തനത്തിന്‌ വ്യാപകമായ വയൽ തുറന്നുകിട്ടി. പല പ്രദേശങ്ങളിലും കൂടുതൽ രാജ്യഘോഷകരുടെ വലിയ ആവശ്യം ഉണ്ടായിരുന്നു.

സാക്ഷികൾ ഏറെയൊന്നും പ്രവർത്തിക്കാത്ത പ്രദേശങ്ങളിൽ സാക്ഷീകരണം തുടങ്ങുന്നതിന്‌ 1983 ഡിസംബറിൽ മൂന്നു മാസക്കാലത്തേക്ക്‌ താത്‌കാലിക പ്രത്യേക പയനിയർമാരായി പത്തു ദമ്പതിമാരെ സൊസൈറ്റി നിയമിച്ചു. ഇതിനായി തിരഞ്ഞെടുക്കപ്പെട്ടവർ സർക്കിട്ട്‌ മേൽവിചാരകന്മാർ ശുപാർശ ചെയ്‌ത സാധാരണ പയനിയർമാരോ സഹായ പയനിയർമാരോ ആയിരുന്നു. സാഹിത്യങ്ങൾ സമർപ്പിച്ചും ബൈബിൾ അധ്യയനങ്ങൾ നടത്തിയും വ്യാപകമായ ഒരു സാക്ഷ്യം നൽകുക എന്നതായിരുന്നു അവരെ നിയമിച്ചതിന്റെ ഉദ്ദേശ്യം. താത്‌പര്യം പ്രകടമാക്കിയവരെ സമീപ സഭകളിലെ പ്രസാധകർ സഹായിക്കുമായിരുന്നു. അല്ലെങ്കിൽ കത്തു മുഖേന കൂടുതൽ സഹായം നൽകി. അതിലൂടെ നല്ല ഫലങ്ങൾ ഉണ്ടായി. ആ പയനിയർമാർ സേവിച്ച പത്തു പട്ടണങ്ങളിൽ ഒമ്പതിലും ഇപ്പോൾ സഭയുണ്ട്‌.

ആ താത്‌കാലിക പയനിയർമാരിൽ ഒരാളായിരുന്നു ആർച്ചെന്റിന ദെ ഗൊൺസാലസ്‌. ഭർത്താവിനോടൊപ്പം ആർച്ചെന്റിനയ്‌ക്ക്‌, എസ്‌കിനയിലേക്കു നിയമനം ലഭിച്ചു. അവർ തങ്ങളുടെ നാലു കുട്ടികളുമായാണ്‌ അവിടെ എത്തിയത്‌. കിടക്കമുറികളിൽ ഒന്ന്‌ ആഴ്‌ചയിൽ മൂന്നു പ്രാവശ്യം അവർ യോഗസ്ഥലമായി ഉപയോഗിച്ചു. വീടുതോറും പോയപ്പോൾ എല്ലാവരുംതന്നെ അവരെ ക്ഷണിച്ചിരുത്തുമായിരുന്നു. അവർ എവിടെനിന്നു വരുന്നു, എത്ര കുട്ടികൾ ഉണ്ട്‌, എവിടെയാണ്‌ താമസം, ഇതൊക്കെയായിരുന്നു വീട്ടുകാർക്ക്‌ ആദ്യം അറിയേണ്ടിയിരുന്നത്‌. ആർച്ചെന്റിന ഇങ്ങനെ പറയുന്നു: “അവരുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം കിട്ടിക്കഴിയുമ്പോൾ, നമ്മുടെ സന്ദേശം കേൾക്കാൻ അവർ ഒരുക്കമാണ്‌. എനിക്ക്‌ ഏഴു ബൈബിൾ അധ്യയനങ്ങൾ ലഭിച്ചു. അവയിലൊന്ന്‌ നാലു കുട്ടികളുള്ള ഒരു സ്‌ത്രീക്കായിരുന്നു. അവർ ഉടൻതന്നെ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി, പിന്നെ ഒരിക്കലും മുടക്കിയിട്ടുമില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ ആ സ്‌ത്രീയും അവരുടെ ഒരു മകളും സ്‌നാപനമേറ്റു. ഇപ്പോൾ ആ മകൾ ഒരു പയനിയറാണ്‌. അവരെല്ലാം ഇപ്പോഴും യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നത്‌ എനിക്കു വലിയ സന്തോഷം കൈവരുത്തുന്നു.”

ഏതു സാഹചര്യത്തിലും സ്വയംപര്യാപ്‌തർ

രൂക്ഷമായ കാലാവസ്ഥയുമായും മറ്റുള്ളവരിൽനിന്ന്‌ ഒറ്റപ്പെട്ടതും ജീവിതസൗകര്യങ്ങൾ വളരെ കുറഞ്ഞതുമായ അവസ്ഥകളുമായും പൊരുത്തപ്പെടാൻ പയനിയർ ആത്മാവുള്ള ചിലർ സന്നദ്ധരായിരുന്നു. സന്റാക്രൂസ്‌ പ്രവിശ്യയിലെ റിയോ ടുർബിയോയിലാണ്‌ ഹോസേ ഫോർട്ടെയ്‌ക്കും ഭാര്യ എസ്റ്റേലയ്‌ക്കും പ്രത്യേക പയനിയർമാരായി നിയമനം ലഭിച്ചത്‌. ആ പ്രദേശത്ത്‌ യഹോവയുടെ സാക്ഷികളോ ബൈബിൾ പഠിക്കുന്നവരോ ഉണ്ടായിരുന്നില്ല. അർജന്റീനയുടെ ഏറ്റവും തെക്കുള്ള ആ സ്ഥലത്തെ താപനില മിക്കപ്പോഴും -18 ഡിഗ്രി സെൽഷ്യസിനും വളരെ താഴെ ആയിരുന്നു. അതും ഒരു വെല്ലുവിളി ആയിരുന്നു.

ഒരു സാക്ഷിക്കു റിയോ ടുർബിയോയിൽ ഉണ്ടായിരുന്ന ബന്ധുക്കളുടെ വീട്ടിലെ ഒരു ചെറിയ മുറിയിലാണ്‌ ഫോർട്ടെ ദമ്പതികൾ താമസിച്ചത്‌. അവർക്ക്‌ ഏറ്റവും അടുത്തുള്ള സഭയാകട്ടെ 300 കിലോമീറ്റർ അകലെയുള്ള റിയോ ഗാലിയേഗോസിൽ ആയിരുന്നു. ഒരിക്കൽ യോഗം കഴിഞ്ഞു മടങ്ങുമ്പോൾ അവർ ഓടിച്ചിരുന്ന കാറിന്റെ റേഡിയേറ്ററിലെ വെള്ളം ചോർന്നുപോയതിനാൽ എഞ്ചിൻ അമിതമായി ചൂടു പിടിച്ചിരുന്നു. വിജനമായ ഒരു ഹൈവേയിൽ വെച്ചാണ്‌ ഇതു സംഭവിച്ചത്‌. അന്തരീക്ഷ താപനില അപകടകരമാംവിധം താണിരുന്നു. ശക്തമായ തണുപ്പിൽ ഭയങ്കരമായി ഉറക്കം വരും, അത്‌ ഒടുവിൽ ആളുടെ മരണത്തിൽ കലാശിക്കും. ഇതിനെയാണ്‌ അവിടത്തുകാർ എൽ സ്വെന്യോ ബ്ലാങ്‌കോ എന്നു വിളിക്കുന്നത്‌. തങ്ങൾക്ക്‌ ആ അവസ്ഥ വരാതിരിക്കാൻ അവർ യഹോവയോടു പ്രാർഥിച്ചു. അടുത്തുള്ള ഒരു കാലിവളർത്തൽ കേന്ദ്രത്തിൽ ചെന്ന്‌ ചൂടുകൊള്ളാനും റേഡിയേറ്ററിൽ വെള്ളം നിറച്ച്‌ യാത്ര തുടരാനും കഴിഞ്ഞതിൽ അവർ വളരെ സന്തോഷിച്ചു!

ആൾപ്പാർപ്പു കൂടിയ പ്രദേശത്ത്‌ സുവാർത്ത പ്രസംഗിക്കുന്നതിലാണ്‌ ഫോർട്ടെ ദമ്പതികൾ തുടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. താമസിയാതെ അവർക്ക്‌ 30 നല്ല ബൈബിൾ അധ്യയനങ്ങൾ കിട്ടി. ചുരുങ്ങിയ കാലംകൊണ്ട്‌ ആ പട്ടണത്തിൽ ബൈബിൾ പഠിക്കുന്നവരുടെ ചെറിയൊരു കൂട്ടം രൂപംകൊണ്ടു. തുടർന്ന്‌, കുന്നിൻപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ഉള്ളവരുടെ പക്കൽ സുവാർത്ത എത്തിക്കാൻ അവർ ശ്രമിച്ചു. ഹോസേ സഹോദരൻ വർഷത്തിലൊരിക്കൽ ആറോ ഏഴോ ദിവസം നീണ്ടുനിൽക്കുന്ന പ്രസംഗപര്യടനത്തിനു പോകുമായിരുന്നു. അദ്ദേഹം കുതിരപ്പുറത്തു കയറിയാണ്‌ പോയിരുന്നത്‌. അത്തരമൊരു പര്യടനത്തിനിടയിൽ അദ്ദേഹവും കൂട്ടാളിയും ഒരിക്കൽ ഒരു കാലിവളർത്തൽ കേന്ദ്രത്തിൽ എത്തി. ഒരു സ്‌ത്രീയും ഒരു കടിയൻപട്ടിയുമാണ്‌ അവിടെ ഉണ്ടായിരുന്നത്‌. തങ്ങൾ യഹോവയുടെ സാക്ഷികൾ ആണെന്നു പറഞ്ഞപ്പോൾ, ആ സ്‌ത്രീ ഉറക്കെ ചിരിച്ചു. “ഇവിടെയും പ്രസംഗിക്കാനോ!” എന്ന്‌ ആ സ്‌ത്രീ പറഞ്ഞു. അങ്ങനെ പറഞ്ഞതിന്റെ കാരണം എന്താണെന്നു ചോദിച്ചപ്പോൾ, താൻ മുമ്പ്‌ ബ്വേനസാറിസിലെ ബെഥേലിനടുത്ത്‌ താമസിച്ചിരുന്നതായി അവർ പറഞ്ഞു. എന്നിട്ട്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഈ ഒറ്റപ്പെട്ട സ്ഥലത്തും യഹോവയുടെ സാക്ഷികൾ എത്തുമെന്ന്‌ ഞാൻ സ്വപ്‌നേപി വിചാരിച്ചിരുന്നില്ല. അതും ഗോച്ചോകളുടെ വേഷത്തിൽ.” ആ സ്‌ത്രീ അവരെ ഭക്ഷണത്തിനു ക്ഷണിച്ചു, തുടർന്ന്‌ അവർ സജീവമായ ഒരു ബൈബിൾ ചർച്ചയിലും ഏർപ്പെട്ടു. ഫോർട്ടെ ദമ്പതികളുടെ അക്ഷീണ ശ്രമത്തിന്റെ ഫലമായി റിയോ ടുർബിയോയിൽ ഇപ്പോൾ 31 പ്രസാധകരുള്ള തഴച്ചുവളരുന്ന ഒരു സഭയുണ്ട്‌.

ജലത്തിൽ പൊങ്ങിക്കിടക്കുന്ന രാജ്യഹാൾ

നിലവിലുള്ള അനുകൂല സമയം സുവാർത്താ പ്രസംഗത്തിനായി ഉപയോഗപ്പെടുത്താൻ ചിലർ ദൃഢനിശ്ചയം ചെയ്‌തു. ബ്വേനസാറിസിന്‌ അടുത്തുള്ള പാരനാ നദീതടത്തിലെ ദ്വീപുവാസികളോടു പ്രസംഗിക്കുകയെന്ന വെല്ലുവിളി അവർ ഏറ്റെടുത്തു. ദ്വീപുകൾ തമ്മിലുള്ള അകലവും യാത്രാസംവിധാനങ്ങളുടെ അപര്യാപ്‌തതയും പ്രവചിക്കാൻ പറ്റാത്ത കാലാവസ്ഥയും കണക്കിലെടുക്കുമ്പോൾ അതു ദുഷ്‌കരമായ ഒരു ദൗത്യമാണെന്നു മനസ്സിലാകും. സ്വകാര്യ ബോട്ടുകളിലെ യാത്രയ്‌ക്ക്‌ വളരെ ചെലവു വരുമെന്നു മാത്രമല്ല, അത്‌ അപകടം പിടിച്ചതുമായിരിക്കും. എന്നിരുന്നാലും, സഹോദരങ്ങളുടെ സ്ഥിരോത്സാഹം നല്ല ഫലങ്ങൾ കൈവരുത്തി. 1982-ഓടെ ടിഗ്രെ സഭയുടെ കീഴിൽ അവിടെ ഒരു ഒററപ്പെട്ട കൂട്ടം രൂപീകരിച്ചു.

യാത്രയുടെ ചെലവു കുറയ്‌ക്കുന്നതിന്‌, ടിഗ്രെ സഭയിലുള്ള ആലേഹാൻഡ്രോ ഗാസ്റ്റാൽഡിനി സഹോദരൻ കനം കുറഞ്ഞ പ്ലാസ്റ്റിക്‌ കൊണ്ട്‌ 23 അടി നീളമുള്ള ഒരു ബോട്ട്‌ ഉണ്ടാക്കി. പ്രൊപ്പെയ്‌ൻകൊണ്ട്‌ പ്രവർത്തിക്കുന്ന ഒരു മോട്ടോർ ഘടിപ്പിച്ച ആ ബോട്ടിന്റെ പേര്‌ എൽ കാർപ്പിഞ്ചോ എന്നായിരുന്നു. ആ സമയത്തുതന്നെ, ബ്വേനസാറിസിലെ റാമോൻ ആന്തൂണെസും കുടുംബവും ആ നദീതട പ്രദേശത്ത്‌ രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കാൻ തങ്ങളുടെ പായ്‌ബോട്ട്‌ വിട്ടുകൊടുക്കാമെന്നു സമ്മതിച്ചു. തീക്ഷ്‌ണതയുള്ള ഈ സഹോദരങ്ങൾ സുവാർത്താ ഘോഷണത്തിൽ ഉത്സാഹപൂർവം നേതൃത്വം വഹിക്കുകയും വാരാന്തങ്ങളിൽ തങ്ങളോടൊപ്പം ശുശ്രൂഷയിൽ പങ്കെടുക്കാൻ മറ്റു സഭകളിലെ പ്രസാധകരെ ക്ഷണിക്കുകയും ചെയ്‌തു. അവരുടെ പ്രവർത്തനഫലമായി പല ബൈബിൾ അധ്യയനങ്ങളും ആരംഭിച്ചു. അങ്ങനെ ആ പ്രദേശത്തെ നിരവധി കുടുംബങ്ങൾ സത്യം സ്വീകരിച്ചു.

ഈ ദ്വീപുകളിലെ മിക്കവർക്കും ബോട്ടുകൾ ഇല്ലായിരുന്നു. മാത്രമല്ല, പൊതുയാത്രാ സംവിധാനങ്ങളും കുറവായിരുന്നു. തന്മൂലം താത്‌പര്യക്കാരായ മിക്കവർക്കും യോഗങ്ങളിൽ സംബന്ധിക്കാൻ പ്രയാസമായിരുന്നു. അതിനാൽ കൂടിവരാനും ആത്മീയമായി ബലപ്പെടുത്താനും സഹോദരങ്ങൾ പരസ്‌പരം സഹായിച്ചു. ഉദാഹരണത്തിന്‌, ആ പ്രദേശത്തെ സ്‌നാപനമേറ്റ സാക്ഷികളെയും താത്‌പര്യക്കാരെയും ഒരു ബോട്ടിൽ കൂട്ടിവരുത്തി അതിൽത്തന്നെ സ്‌മാരകം ആഘോഷിക്കാനുള്ള ക്രമീകരണങ്ങൾ സഹോദരങ്ങൾ ചെയ്‌തു.

പിന്നീട്‌ ആ പ്രദേശത്തു പയനിയർമാരായി സേവിക്കാൻ കാർലോസ്‌ ബൂസ്റ്റോസിനെയും ഭാര്യ ആനായെയും മകൾ മാറിയാനയെയും സൊസൈറ്റി നിയമിച്ചു. ഒരു അടുക്കളയും കുളിമുറിയും മൂന്നു പേർക്ക്‌ ഉറങ്ങുന്നതിന്‌ സ്ഥലവുമുള്ള ഒരു മോട്ടോർബോട്ട്‌ വാങ്ങാൻ ബ്രാഞ്ച്‌ സഹായം നൽകി. പ്രേകുർസോർ ഒന്നാമൻ (പയനിയർ ഒന്നാമൻ) എന്നായിരുന്നു ആ ബോട്ടിന്റെ പേര്‌. ബോട്ടിന്റെ അമരത്തിന്‌ അടുത്തായിരുന്നു മാറിയാനയുടെ കിടപ്പുമുറി. ഒരു ശവപ്പെട്ടിപോലെ വളരെ ചെറുതായിരുന്നതിനാൽ അവർ അതിനെ എൽ സാർക്കോഫാഗോ എന്നാണു വിളിച്ചിരുന്നത്‌!

ടിഗ്രെ സഭയുടെ ഭാഗമെന്ന നിലയിൽ യഹോവയെ സേവിക്കുന്ന 20 പ്രസാധകർ ഈ നദീതട പ്രദേശത്തുണ്ട്‌. ഈ സഹോദരങ്ങളിൽ മിക്കവർക്കും ഇപ്പോൾ സ്വന്തമായി ബോട്ടുള്ളതിനാൽ ദിവ്യാധിപത്യ ചുമതലകൾ നിർവഹിക്കാൻ അവർ ഏറെ സജ്ജരാണ്‌. എന്നിരുന്നാലും, സ്വന്തമായി ഒരു രാജ്യഹാൾ നിർമിക്കുക എന്ന അവരുടെ സ്വപ്‌നം അസാധ്യം ആയിരിക്കുന്നതായി തോന്നി. എന്തുകൊണ്ട്‌?

നിരന്തരമായ വെള്ളപ്പൊക്കം ആ പ്രദേശത്തെ ഒരു പ്രശ്‌നമായതിനാൽ കെട്ടിടം നിർമിക്കാൻ അനുയോജ്യമായ സ്ഥലത്തിനു കനത്ത വില കൊടുക്കണമായിരുന്നു. പരിമിതമായ ഫണ്ടുള്ള ഒരു ചെറിയ കൂട്ടത്തിന്‌ അതു തികച്ചും അസാധ്യമായി തോന്നി. എന്നാൽ, ഭൂമി വാങ്ങുക എന്നത്‌ ബുദ്ധിമുട്ടാണെങ്കിലും, ജലത്തിനു കുറവൊന്നുമില്ലല്ലോ! അപ്പോൾ, എന്തുകൊണ്ട്‌ ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു രാജ്യഹാൾ ഉണ്ടാക്കിക്കൂടാ? അത്തരമൊരു രാജ്യഹാൾ നിർമിക്കുന്നതിൽ ബ്രാഞ്ച്‌ നേതൃത്വമെടുത്തു. അങ്ങനെ 1999 ജൂണിൽ അതിന്റെ നിർമാണം പൂർത്തിയായി. ഇപ്പോൾ ടിഗ്രെ സഭയിലെ മൂപ്പന്മാർ ഊഴമനുസരിച്ച്‌ ഈ രാജ്യഹാളിൽ വന്ന്‌ അവിടത്തെ കൂട്ടത്തിനായി യോഗങ്ങൾ നടത്തുന്നു.

കൊറിയക്കാരുടെ ഇടയിൽ സുവാർത്ത എത്തിക്കുന്നു

അർജന്റീനക്കാരോടു മാത്രമല്ല, മറ്റു രാജ്യങ്ങളിൽനിന്ന്‌ അവിടെ എത്തിയ ആളുകളുടെ അടുക്കലും സുവാർത്ത എത്തിക്കാൻ അവിടത്തെ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു. സാക്ഷികളുടെ പ്രവർത്തനത്തിന്മേൽ രണ്ടാം പ്രാവശ്യം നിരോധനം നടപ്പിൽ വരുന്നതിനു മുമ്പ്‌, 1971-ൽ ഹ്വാങ്‌ യോങ്‌ കൂയെൻ എന്ന കൊറിയൻ സഹോദരനും കുടുംബവും അർജന്റീനയിലേക്കു കുടിയേറി. ഒരു സ്‌പാനിഷ്‌ സഭയുമൊത്താണ്‌ അവർ സഹവസിച്ചിരുന്നത്‌. അർജന്റീനയിൽ കൊറിയക്കാരായ പലരും സത്യം പഠിക്കാൻ തുടങ്ങുകയും കൊറിയയിൽ നിന്നുള്ള കൂടുതൽ സാക്ഷികൾ അവിടേക്കു കുടിയേറുകയും ചെയ്‌തതോടെ ബ്വേനസാറിസ്‌ പ്രവിശ്യയിലെ മോറോണിൽ ഒരു കൊറിയൻ കൂട്ടം സ്ഥാപിക്കാൻ കഴിഞ്ഞു. താമസിയാതെ അവർ അഞ്ചു പ്രതിവാര സഭായോഗങ്ങളും നടത്താൻ തുടങ്ങി. തുടർന്ന്‌, 1975-ൽ അർജന്റീനയിൽ ആദ്യത്തെ കൊറിയൻ സഭ നിലവിൽ വന്നു. ഒരു വർഷത്തിനുശേഷം അവർ തങ്ങളുടെ ആദ്യത്തെ രാജ്യഹാൾ യഹോവയ്‌ക്കു സമർപ്പിച്ചു.

നിരോധന കാലത്ത്‌ കൊറിയൻ സഭയെ പല ചെറിയ കൂട്ടങ്ങളായി തിരിച്ചിരുന്നു. ഒരു സഭ എന്നനിലയിൽ കൂടിവരാൻ കൊറിയൻ സഹോദരങ്ങൾ ആഗ്രഹിച്ചതിനാൽ, അവർക്കു മാസത്തിലൊരിക്കൽ പരസ്യപ്രസംഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനുമായി ഒരു പാർക്കിൽ കൂടിവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. പോലീസിന്‌ കൊറിയൻ ഭാഷയിൽ ഒരു വാക്കു പോലും അറിയില്ലായിരുന്നതിനാൽ, അവ മതപരമായ യോഗങ്ങൾ ആണെന്ന്‌ അവർക്ക്‌ ഒരിക്കലും മനസ്സിലായില്ല.

നിരോധനം മാറിക്കിട്ടിയതോടെ, കൊറിയക്കാരായ കൂടുതൽ ആളുകൾ ബൈബിൾ പഠിക്കാൻ തുടങ്ങി. കൊറിയക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയതിനാൽ, അവരിൽ അർഹരായവരെ തേടി പലപ്പോഴും നൂറുകണക്കിനു കിലോമീറ്റർ യാത്ര ചെയ്യണമായിരുന്നു. കൊറിയയിൽ നിന്നുള്ള വ്യാപാരികളുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ വർഷത്തിൽ രണ്ടോ മൂന്നോ തവണ കൊറിയക്കാരായ സാക്ഷികൾ വിദൂര പ്രവിശ്യകളിലേക്കു പോകുമായിരുന്നു. അവരുടെ ശ്രമത്തെ യഹോവ അനുഗ്രഹിച്ചിരിക്കുന്നു. ഇന്ന്‌ നാലു സഭകളിലായി സതീക്ഷ്‌ണം വചനം പ്രസംഗിക്കുന്ന 288 കൊറിയൻ പ്രസാധകരുണ്ട്‌.

അടുത്ത കാലംവരെ കൊറിയൻ സഭകൾ സന്ദർശിച്ചിരുന്നത്‌ സ്‌പാനിഷ്‌ സംസാരിക്കുന്ന ഒരു സർക്കിട്ട്‌ മേൽവിചാരകൻ ആയിരുന്നു. യോഗങ്ങളിലും വയൽസേവനത്തിലും ഇടയസന്ദർശനങ്ങളിലുമൊക്കെ അദ്ദേഹത്തിന്‌ ഒരു ദ്വിഭാഷിയുടെ സഹായം വേണമായിരുന്നു. എന്നാൽ 1997-ൽ, 102-ാം ഗിലെയാദ്‌ ക്ലാസ്സിൽനിന്നു ബിരുദം നേടിയ സ്റ്റീവൻ ലീയും ഭാര്യ ജൂണും (യി സങ്‌ ഹോയും കിം യുൺ കിയോങ്ങും) അർജന്റീന, ബ്രസീൽ, പരാഗ്വേ എന്നിവിടങ്ങളിലെ കൊറിയൻ സഭകളെ സേവിക്കാൻ നിയമിക്കപ്പെട്ടു. കൊറിയൻ വംശജരായ ലീ ദമ്പതികൾ ആ ഭാഷ നന്നായി സംസാരിക്കുന്നതിനാൽ ആ സഭകളിലെ സഹോദരങ്ങൾ അവരുടെ സന്ദർശനത്തിൽനിന്നു വളരെ പ്രയോജനം നേടുന്നു. മുഖപക്ഷമില്ലാത്ത ദൈവത്തിന്റെ സ്‌നേഹപുരസ്സരമായ ഈ ക്രമീകരണത്തെ അവരെല്ലാം വളരെ വിലമതിക്കുന്നു.​—⁠പ്രവൃ. 10:34, 35.

ലീ ദമ്പതികൾക്ക്‌ മൂന്നു രാജ്യങ്ങളിലെ വ്യത്യസ്‌തമായ കാലാവസ്ഥയോടും ജലത്തോടും ആഹാരത്തോടും പൊരുത്തപ്പെടേണ്ടതുണ്ട്‌. ആറു മാസത്തെ ഒരു കാലയളവിൽ, അവർ മൂന്നു മാസം അർജന്റീനയിൽ ആണെങ്കിൽ രണ്ടു മാസം ബ്രസീലിലും ഒരു മാസം പരാഗ്വേയിലും ആയിരിക്കും. കൊറിയൻ സഭകളാണ്‌ സന്ദർശിക്കുന്നതെങ്കിലും, പ്രാദേശിക ഭാഷകളും അവർക്കു സംസാരിക്കേണ്ടതുണ്ട്‌. ബ്രസീലിൽ അവർക്ക്‌ പോർച്ചുഗീസ്‌ അറിഞ്ഞിരിക്കണം. കൂടാതെ, സ്‌പാനിഷിന്റെ രണ്ടു വ്യത്യസ്‌ത ഉച്ചാരണരീതിയും വശമായിരിക്കണം. എന്നിരുന്നാലും, മൂന്നു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ സർക്കിട്ടിലെ സേവനം അവർ വളരെ ആസ്വദിക്കുന്നു. രണ്ടു വർഷത്തിനുശേഷം, ഈ സർക്കിട്ടിലെ പയനിയർമാരുടെ എണ്ണം 10-ൽനിന്ന്‌ വർധിച്ച്‌ 60 ആയിത്തീർന്നിരിക്കുന്നു!

ബധിരർ യഹോവയെ സ്‌തുതിക്കുന്നു

1970-കളിൽ, ബധിരരായ ചിലർ സഭായോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങിയപ്പോൾ അവർക്കു സഹായം ആവശ്യമായിവന്നു. അവർക്കു യോഗങ്ങളിൽനിന്നു പ്രയോജനം കിട്ടാൻ ആംഗ്യഭാഷ അറിയാവുന്ന ദ്വിഭാഷികളെ ആവശ്യമായി വന്നു. 1979 ആയപ്പോൾ, ബ്വേനസാറിസിലെ ബിയാ ദെവോത്തോയിലുള്ള ഒരു ബധിര ദമ്പതികളായ കോക്കോ യാൻസോണിന്റെയും കോക്കായുടെയും ഭവനത്തിൽ ബധിരരുടെ ഒരു കൂട്ടത്തിനായി സഭായോഗം ആരംഭിച്ചു. എന്നാൽ, അതൊരു തുടക്കം മാത്രമായിരുന്നു.

സത്യം സ്വീകരിച്ച ബധിരരുടെ എണ്ണം നിരോധന നാളുകളിലും 1980-കളിലും 1990-കളിലും അനുക്രമം വർധിച്ചുകൊണ്ടിരുന്നു. 1980-കളിൽ ബധിര സഹോദരങ്ങളെയും അവരുടെ ദ്വിഭാഷികളെയും ബ്വേനസാറിസ്‌ നഗരപ്രദേശത്തെ ചില സഭകളിലേക്കു നിയമിച്ചു. ബധിര സഹോദരങ്ങൾക്ക്‌ എല്ലാ സഭായോഗങ്ങളിൽനിന്നും പ്രയോജനം ലഭിക്കാൻ മുഴു പരിപാടികളും തർജമ ചെയ്‌തിരുന്നു.

എന്നാൽ, സഭാപ്രവർത്തനങ്ങളിൽ കൂടുതൽ പൂർണമായി പങ്കെടുക്കാൻ ബധിര സഹോദരങ്ങൾ അതിയായി ആഗ്രഹിച്ചതിനാൽ, അവരെയും ദ്വിഭാഷികളെയും ചേർത്ത്‌ ഒരു ആംഗ്യഭാഷാ സഭയ്‌ക്ക്‌ 1992-ൽ ബ്രാഞ്ച്‌ രൂപംകൊടുത്തു. അങ്ങനെ, സ്വന്ത ഭാഷയിൽ സജീവമായി പഠിപ്പിക്കാനും ഉത്തരം നൽകാനും സുവാർത്ത അറിയിക്കാനും ആ ബധിര സഹോദരങ്ങൾക്കു സാധ്യമായി.

“ആംഗ്യഭാഷാ സഭ എന്റെ പ്രാർഥനകൾക്കുള്ള ഉത്തരമായിരുന്നു,” തനിച്ച്‌ ഒരു കുട്ടിയെ വളർത്തുന്ന ഒരു ബധിര സഹോദരിയായ സിൽവിയാ മോറി പറയുന്നു. “ബധിര സഹോദരങ്ങളുമായി കൂടുതൽ സമ്പർക്കമുള്ളതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. മുമ്പ്‌, ചെറിയ കൂട്ടങ്ങൾ എന്ന നിലയിൽ ശ്രവണശക്തിയുള്ളവരുടെ സഭകളുമായി സഹവസിച്ചിരുന്ന ഞങ്ങൾക്ക്‌ ആഴ്‌ചയിൽ ഒരിക്കലേ പരസ്‌പരം കാണാൻ കഴിഞ്ഞിരുന്നുള്ളൂ.”

മറ്റൊരു ബധിര സഹോദരിയായ എൽബാ ബാസാനി ഇപ്രകാരം പറയുന്നു: “ആംഗ്യഭാഷാ സഭ ഇല്ലാതിരുന്നപ്പോൾ എനിക്കു നിരുത്സാഹം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ വളരെയധികം സന്തോഷിക്കുന്നു. കാരണം, എനിക്കിപ്പോൾ സഹായ പയനിയറിങ്‌ ചെയ്‌തുകൊണ്ട്‌ യഹോവയെ തിരക്കോടെ സേവിക്കാനും ആത്മീയ സഹോദരങ്ങളുമായി അടുത്ത സമ്പർക്കം പുലർത്താനും കഴിയുന്നു. ഞാൻ യഹോവയോടു വളരെ നന്ദിയുള്ളവളാണ്‌.”

ആംഗ്യഭാഷ ആശയവിനിമയത്തിനുള്ള ഒരു ദൃശ്യമാധ്യമം ആയതിനാൽ, സൊസൈറ്റിയുടെ ആ ഭാഷയിലുള്ള വീഡിയോകൾ വിശേഷാൽ ഫലപ്രദമാണ്‌. യഹോവയുടെ സാക്ഷികൾ​—⁠ആ പേരിനു പിന്നിലെ സംഘടന എന്ന വീഡിയോ ഇപ്പോൾ അർജന്റീനിയൻ ആംഗ്യഭാഷയിൽ ലഭ്യമാണ്‌. കൂടാതെ, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയുടെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും വീഡിയോ പതിപ്പുകൾ തയ്യാറാക്കിവരുന്നു. അർജന്റീനയിൽ ഇപ്പോൾ നാല്‌ ആംഗ്യഭാഷാ സഭകളുണ്ട്‌. ഇവയിൽ മൊത്തം 200 പ്രസാധകരുണ്ട്‌. അവരിൽ 38 ബധിര സഹോദരന്മാർ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരുമായി സേവിക്കുന്നു.

ഇംഗ്ലീഷ്‌ സംസാരിക്കുന്നവർക്കു സഹായം

1993 മുതൽ വിദേശ ബിസിനസ്‌ സ്ഥാപനങ്ങൾ അർജന്റീനയിൽ പ്രവർത്തിക്കാൻ തുടങ്ങി. അവിടെ എത്തിയ ചില ജോലിക്കാർ സ്‌നാപനമേറ്റ സാക്ഷികൾ ആയിരുന്നു. അവർക്ക്‌ സ്‌പാനിഷ്‌ അറിയില്ലായിരുന്നെങ്കിലും, ഇംഗ്ലീഷ്‌ മനസ്സിലാകുമായിരുന്നു. അവരുടെ ആത്മീയ ആവശ്യങ്ങൾക്കായി കരുതാനും ഇംഗ്ലീഷ്‌ സംസാരിക്കുന്ന മറ്റ്‌ ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കാനുമായി ബ്വേനസാറിസിൽ രാജ്യത്തെ ആദ്യ ഇംഗ്ലീഷ്‌ സഭ സ്ഥാപിച്ചു. ഇംഗ്ലീഷ്‌ അറിയാമായിരുന്ന ചില അർജന്റീനിയൻ സഹോദരങ്ങളും ഈ പുതിയ സഭയോടൊത്തു സഹവസിക്കാൻ തുടങ്ങി.

1994 ജൂണിൽ സ്ഥാപിതമായശേഷം ഈ സഭയിൽനിന്ന്‌ 10 പേർ സ്‌നാപനം ഏൽക്കുകയുണ്ടായി. അർജന്റീനയിൽ താത്‌കാലികമായി കഴിയുന്ന മറ്റു പലർക്കും ഈ സഭയിലെ ഇംഗ്ലീഷ്‌ യോഗങ്ങൾ ആസ്വദിക്കാനും അവയിൽനിന്നു പ്രയോജനം അനുഭവിക്കാനും സാധിക്കുന്നു.

ഗോത്രവർഗക്കാരി പ്രവർത്തനത്തിനു തുടക്കമിടുന്നു

‘സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്താൻ സകലമനുഷ്യരെയും’ സഹായിക്കുന്നതിൽ സംവരണമേഖലകളിലെ ഗോത്രവർഗക്കാരുടെ അടുക്കൽ സുവാർത്ത എത്തിക്കുന്നത്‌ ഉൾപ്പെടുന്നു. (1 തിമൊ. 2:4) രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള നെയുക്കേൻ പ്രവിശ്യയിൽ മാപ്പൂച്ചെ ഗോത്രവർഗക്കാർക്കായി ഒരു സംവരണമേഖലയുണ്ട്‌. അവരുടെ ഗോത്രമുഖ്യൻ സാക്ഷികളെ അവിടെ പ്രവേശിപ്പിച്ചിരുന്നില്ല. മുൻ കാലങ്ങളിൽ മറ്റു മതവിഭാഗക്കാർ അവിടെവന്ന്‌ മോശമായി പെരുമാറിയതായിരുന്നു അതിന്റെ കാരണം. ആ ഗോത്രത്തിലെ പാട്രിസിയ സാബിനാ ഗ്വൈക്കിമിൽ എന്ന യുവതിക്ക്‌ അവളുടെ അമ്മയിൽനിന്നു സാക്ഷികളുടെ കുറെ പ്രസിദ്ധീകരണങ്ങൾ ലഭിച്ചിരുന്നു. തങ്ങളുടെ സംവരണമേഖലയ്‌ക്കു പുറത്തു ജോലി ചെയ്‌തിരുന്ന സമയത്താണ്‌ അവളുടെ അമ്മയ്‌ക്ക്‌ അവ ലഭിച്ചത്‌. കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട്‌ പാട്രിസിയ, ബ്രാഞ്ചിന്‌ എഴുതി. അതിനു മറുപടി അയയ്‌ക്കാൻ നിയോഗിക്കപ്പെട്ട മോണിക്കാ ലോപ്പെസ്‌ എന്ന സഹോദരി ആ സ്‌ത്രീക്ക്‌ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം അയച്ചുകൊടുക്കുകയും ബൈബിൾ അധ്യയന ക്രമീകരണത്തെ കുറിച്ചു വിശദീകരിക്കുകയും ചെയ്‌തു. പാട്രിസിയയ്‌ക്ക്‌ ആ ക്രമീകരണം ഇഷ്ടമായി. അങ്ങനെ അവർ പരസ്‌പരം കാണാതെ കത്തുകളിലൂടെ ഒരു വർഷത്തോളം ബൈബിൾ പഠിച്ചു.

ഒരു ദിവസം ആരോ വാതിലിൽ മുട്ടുന്നതു കേട്ട്‌ ചെന്നുനോക്കിയ മോണിക്ക, അതു പാട്രിസിയ ആണെന്നു മനസ്സിലാക്കിയപ്പോൾ അമ്പരന്നുപോയി. പ്രസവസമയമടുത്ത തന്റെ ചേച്ചിയോടൊപ്പം അവൾ ആംബുലൻസിൽ പട്ടണത്തിൽ എത്തിയതായിരുന്നു. കിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളിൽ മോണിക്ക അവളെ രാജ്യഹാൾ കാണിച്ചുകൊടുക്കുകയും അവിടെ നടത്തുന്ന യോഗങ്ങളെ കുറിച്ചു വിശദീകരിക്കുകയും ചെയ്‌തു. കൂടാതെ അടുത്തുവരുന്ന സന്ദർശനവാരത്തിൽ യോഗങ്ങൾക്കു വരാൻ അവളെ ക്ഷണിക്കുകയും ചെയ്‌തു.

വീട്ടിൽ തിരിച്ചെത്തിയ പാട്രിസിയ കൂടുതൽ പുരോഗതി പ്രാപിച്ചു. ഒരു ദിവസം പാട്രിസിയ പരിചിന്തിച്ച ദിനവാക്യം സുവാർത്ത പ്രസംഗിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഒന്നായിരുന്നു. അതിൽനിന്നു പ്രചോദനം നേടിയ അവൾ തന്റെ പെൺകുതിരപ്പുറത്ത്‌ കയറി രാവിലെ ഏഴു മണി മുതൽ സന്ധ്യവരെ അയൽക്കാരോടു സുവാർത്ത ഘോഷിച്ചു. അവളുടെ സാക്ഷീകരണ പ്രവർത്തനത്തിന്റെ ഫലമായി പുറത്തുനിന്നുള്ള യഹോവയുടെ സാക്ഷികൾക്ക്‌ ആ സംവരണമേഖലയിൽ വന്നു സുവാർത്ത പ്രസംഗിക്കാൻ കഴിഞ്ഞിരിക്കുന്നു. 1996-ൽ സ്‌നാപനമേറ്റ പാട്രിസിയ ദൈവം വരുത്തുന്ന ‘രക്ഷയെ’ കുറിച്ചുള്ള സുവാർത്ത ആ ഗോത്രസമൂഹത്തിനുള്ളിൽ ‘പ്രസിദ്ധമാക്കു’ന്നതിൽ തുടരുന്നു. (സങ്കീ. 96:2) ഗോത്രവർഗങ്ങൾ വസിക്കുന്ന മറ്റ്‌ സംവരണമേഖലകളിലും സാക്ഷികൾ സുവാർത്ത ഘോഷിക്കാറുണ്ട്‌.

രാജ്യഹാളുകൾ ആവശ്യമായിത്തീരുന്നു

നിരോധനത്തിനു ശേഷമുള്ള അനുകൂല കാലത്ത്‌ അർജന്റീനയിലെ യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചതിന്റെ ഫലമായി അനുയോജ്യമായ കൂടുതൽ രാജ്യഹാളുകളുടെ ആവശ്യം നേരിട്ടു. ചില രാജ്യഹാളുകൾ നല്ല രീതിയിലല്ല പണിതിരുന്നത്‌. ഉദാഹരണത്തിന്‌, ഉത്തരമേഖലയിലെ ഒരു പ്രവിശ്യയായ സാന്റിയാഗോ ഡെലസ്റ്റെറോയിലെ ഒരു ഹാളിന്റെ ഭിത്തികൾ പ്ലാസ്റ്റിക്‌ കൊണ്ടുള്ളവ ആയിരുന്നു. നിരവധി വർഷങ്ങളായി രാജ്യഹാൾ നിർമാണ പദ്ധതിയിൽ പങ്കെടുത്തിട്ടുള്ള ലൂയിസ്‌ ബെനിറ്റസ്‌ ഇങ്ങനെ വിവരിക്കുന്നു: “ഫോർമോസയിലേക്കുള്ള ഒരു യാത്രയിൽ, അവിടുത്തെ സഹോദരങ്ങൾ മേൽക്കൂരയോ കതകുകളോ ജനാലകളോ ഇല്ലാത്ത, ചുറ്റും നാല്‌ അടി ഉയരത്തിൽ ഭിത്തി കെട്ടിയ ഒരിടത്താണ്‌ യോഗങ്ങൾ നടത്തിയിരുന്നത്‌ എന്ന്‌ ഐസൻഹൗർ സഹോദരനും ഞാനും കണ്ടെത്തി. സഹോദരങ്ങൾ ഇഷ്ടികപ്പുറത്ത്‌ പലകകൾ വെച്ച്‌ ഇരിപ്പിടമായി ഉപയോഗിച്ചിരുന്നു. മഴയുള്ളപ്പോൾ എന്തു ചെയ്യുമെന്നു ചോദിച്ചപ്പോൾ ‘ചിലർ കുട കൊണ്ടുവരും, ബാക്കിയുള്ളവർ നനയും’ എന്നായിരുന്നു മറുപടി.

1980-ൽ നിരോധനം മാറിക്കിട്ടിയപ്പോൾ, ചബൂട്ട്‌ പ്രവിശ്യയിലെ ട്രിലെയു സഭയിൽ വരുന്നവർക്കെല്ലാം ആത്മീയ പ്രബോധനം ഇരുന്നു കേൾക്കാൻ അനുയോജ്യമായ ഒരു സ്ഥലം ഇല്ലായിരുന്നു. ആ സഭയിലെ ഒരു സഹോദരി ഒരു യോഗഹാൾ സ്വന്തമായുണ്ടായിരുന്ന ഒരു കുടുംബത്തിനു വേണ്ടി ജോലി ചെയ്‌തിരുന്നു. തങ്ങളുടെ സഭായോഗങ്ങൾ നടത്താൻ ആ ഹാൾ ഉപയോഗിച്ചോട്ടെ എന്ന്‌ ആ സഹോദരി അവരോടു ചോദിച്ചു. ആ കുടുംബം അതിന്‌ അനുമതി നൽകി. തുടർന്നുള്ള ഏഴെട്ടു മാസം സഭ ആ ഹാളിൽ സൗജന്യമായി യോഗങ്ങൾ നടത്തി. പിന്നീട്‌ അവർ യോഗങ്ങൾ കുറെ കാലത്തേക്ക്‌ ഒരു സഹോദരന്റെ അപ്‌ഹോൾസ്റ്ററി ഷോപ്പിലേക്കു മാറ്റി. എന്നാൽ, ആ സ്ഥലം എപ്പോഴും ലഭ്യമല്ലാതിരുന്നതിനാൽ പല സഹോദരങ്ങളുടെ വീടുകളിൽ ചെറിയ കൂട്ടങ്ങളായി അവർ കൂടിവന്നു. അവർക്ക്‌ യോഗങ്ങൾ നടത്താൻ സ്ഥിരമായ ഒരു സ്ഥലം ആവശ്യമാണെന്നു വ്യക്തമായിരുന്നു. സ്വന്തമായി ഒരു രാജ്യഹാൾ നിർമിക്കുന്നതിന്‌ ആ സഭയിലെ സഹോദരങ്ങൾ ദൃഢനിശ്ചയം ചെയ്‌തു. യോഗങ്ങൾ നടത്താനുള്ള സ്ഥിരമായ ഒരു സ്ഥലത്തിനു വേണ്ടിയുള്ള അന്വേഷണം അഞ്ചു വർഷത്തോളം തുടർന്ന ട്രിലെയുവിലെ യഹോവയുടെ സാക്ഷികൾക്ക്‌ ഒടുവിൽ സ്വന്തമായി നിർമിച്ച ഒരു രാജ്യഹാൾ യഹോവയ്‌ക്കു സമർപ്പിക്കാൻ കഴിഞ്ഞു. എന്നാൽ പ്രസാധകരുടെ എണ്ണം പിന്നെയും വർധിച്ചതിനാൽ അവർക്കു മറ്റൊരു രാജ്യഹാൾ കൂടി നിർമിക്കേണ്ടിവന്നു.

അർജന്റീനയിലെങ്ങും സഭകൾക്കു രാജ്യഹാളുകൾ ആവശ്യമായിരുന്നു. സത്യാരാധനയ്‌ക്ക്‌ അനുയോജ്യമായ കെട്ടിടങ്ങൾ ഉണ്ടായിരിക്കുന്നതിന്‌ എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന അവസ്ഥ സംജാതമായി.

ബ്രാഞ്ച്‌ സഹായഹസ്‌തം നീട്ടുന്നു

യോഗസ്ഥലങ്ങളുടെ ആവശ്യം കണക്കിലെടുത്തുകൊണ്ട്‌ ബ്രാഞ്ച്‌, രാജ്യഹാൾ നിർമാണ പരിപാടി നടപ്പിലാക്കി. അതു ഹാളുകളുടെ നിർമാണത്തിനു ലോൺ കൊടുക്കുക മാത്രമല്ല സുഖപ്രദവും പ്രായോഗികവും ലളിതവുമായ ഹാളുകളുടെ മികച്ച പ്ലാനുകളും സഭകൾക്കു നൽകി. കൂടാതെ, നിർമാണ പ്രവർത്തനം എങ്ങനെ നടത്താമെന്നതു സംബന്ധിച്ച നിർദേശങ്ങളും അതു നൽകി. സങ്കേതിക സഹായം നൽകുന്നതിന്‌ ബ്രാഞ്ച്‌ യോഗ്യരായ സഹോദരന്മാരെ നിയമിക്കുകയും ചെയ്‌തു. ഈ പരിപാടിയുടെ സഹായത്തോടെ രണ്ടു മാസംകൊണ്ട്‌ രാജ്യഹാളുകൾ നിർമിക്കാൻ സാധിച്ചു, പിന്നീട്‌ 30 ദിവസത്തിനുള്ളിലും.

മറ്റൊരു രാജ്യഹാൾ ആവശ്യമായിരുന്ന ട്രിലെയുവിലെ സഭകൾ ലളിതമായ ഈ നിർമാണ പരിപാടി പ്രയോജനപ്പെടുത്തി. നിർമാണം തുടങ്ങി വെറും 60 ദിവസം കഴിഞ്ഞപ്പോൾ അവർ പുതുതായി നിർമിച്ച ഹാളിൽ യോഗങ്ങൾ നടത്താൻ തുടങ്ങി. ചപ്പുചവറുകൾ കൂടിക്കിടന്നിരുന്ന ഒരു സ്ഥലത്ത്‌ മനോഹരമായ ഒരു രാജ്യഹാളിന്റെ പണിതീരുന്നതു കണ്ട പട്ടണവാസികൾക്ക്‌ അതു നല്ലൊരു സാക്ഷ്യമായി ഉതകി. ആ രാജ്യഹാളിന്റെ നിർമാണത്തിൽ മതിപ്പു തോന്നിയ ആ പ്രദേശത്തെ കെട്ടിട നിർമാതാക്കൾ തങ്ങളുടെ ജോലികൾക്കു സഹോദരങ്ങളെ വിളിക്കാൻ ആഗ്രഹിച്ചു!

വലിയ കൂടിവരവുകൾക്കായി സമ്മേളനഹാളുകൾ

വലിയ കൂടിവരവുകൾക്കായി തങ്ങൾക്ക്‌ സമ്മേളനഹാളുകൾ ആവശ്യമാണെന്ന്‌ അർജന്റീനയിലെ സഹോദരങ്ങൾ തിരിച്ചറിഞ്ഞു. രാജ്യത്തിന്റെ വടക്കുള്ള മിസിയോണെസ്‌ പ്രവിശ്യയിലെ ഓബെറയിൽ ഒരു കുടുംബം ദാനമായി നൽകിയ സ്ഥലത്ത്‌ പ്രാദേശിക സഹോദരങ്ങൾ ഒരു ഷെഡ്‌ ഉണ്ടാക്കി. 1981-ൽ അവിടെ നടത്തിയ സമ്മേളനത്തിൽ 300 പേർ സംബന്ധിച്ചു. ആ സ്ഥലത്ത്‌ ഇപ്പോൾ 2,200 പേർക്ക്‌ ഇരിക്കാവുന്ന സ്ഥിരമായ ഒരു ഹാളുണ്ട്‌.

യഹോവയുടെ സാക്ഷികളുടെ സംഘടനയ്‌ക്ക്‌ 1984-ൽ രജിസ്‌ട്രേഷൻ ലഭിച്ചശേഷം, ബ്വേനസാറിസ്‌ പ്രദേശത്ത്‌ യഹോവയ്‌ക്കായി രണ്ടു സമ്മേളനഹാളുകൾ സമർപ്പിക്കപ്പെട്ടു​—⁠ഒന്ന്‌ 1986-ൽ മോറേനോയിലും മറ്റേത്‌ 1988-ൽ ലോമാസ്‌ ഥി സാമോറയിലും. ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു ഫാക്ടറിയും പണ്ടകശാലയും ഭേദഗതി വരുത്തിയെടുത്തതാണ്‌ ലോമാസ്‌ ഥി സാമോറയിലെ ഹാൾ. 1985 ജൂലൈ 9-ന്‌, 1,500-ഓളം സന്നദ്ധസേവകർ 18 ദിവസത്തെ തുടർച്ചയായ കഠിനാധ്വാനത്തിന്‌ അവിടെ എത്തിച്ചേർന്നു. അവർ ആ കെട്ടിടം വൃത്തിയാക്കുകയും ഫാക്ടറിയുടെ ഒരു ഭാഗം 1,500 പേർക്ക്‌ സുഖമായി ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയമാക്കി മാറ്റുകയും ചെയ്‌തു. ആദ്യ സമ്മേളനത്തിനായി അത്‌ ഒരുക്കിയെടുക്കാൻ ചിലർ രാത്രി മുഴുവനും ജോലി ചെയ്‌തു. സമ്മേളനം നടന്നത്‌ 1985 ജൂലൈ 27-ന്‌ ആണ്‌. ഇന്ന്‌, അർജന്റീനയിൽ നാല്‌ സമ്മേളനഹാളുകൾ ഉണ്ട്‌. അവയിൽ ഒന്ന്‌ 1993-ൽ കോർദൊബയിൽ സമർപ്പിക്കപ്പെട്ട ഹാളാണ്‌.

ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ എവിടെ നടത്തും?

പ്രസാധകരുടെ എണ്ണത്തിലെ തുടർച്ചയായ വർധനവു നിമിത്തം ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾക്കു യോജിച്ച സ്ഥലം കിട്ടുക ഒന്നിനൊന്ന്‌ ബുദ്ധിമുട്ടായിത്തീർന്നു. ഓഡിറ്റോറിയങ്ങൾക്കു കനത്ത വാടക നൽകണമായിരുന്നു. മാത്രമല്ല, അവയുടെ നടത്തിപ്പുകാർ ഉടമ്പടിയിലെ വ്യവസ്ഥകൾ പലപ്പോഴും പാലിച്ചിരുന്നില്ല. ഉച്ചഭാഷിണികളും മറ്റ്‌ അവശ്യ സംഗതികളും കൊണ്ടുവന്ന്‌ സ്ഥാപിക്കുക ദുഷ്‌കരമായിരുന്നു എന്നു മാത്രമല്ല അത്‌ അത്ര ഫലപ്രദവുമല്ലായിരുന്നു. മുകൾഭാഗം മറച്ചിട്ടില്ലാത്ത സ്റ്റേഡിയങ്ങളായാൽ, സഹോദരങ്ങൾക്ക്‌ മഴയും വെയിലുമൊക്കെ ഏൽക്കേണ്ടി വരുമെന്നതിനാൽ പരിപാടികൾ നന്നായി ആസ്വദിക്കാൻ കഴിയുമായിരുന്നുമില്ല.

ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌, തലസ്ഥാന നഗരിക്ക്‌ തെക്കുപടിഞ്ഞാറുള്ള ഒരു ഗ്രാമപ്രദേശമായ കാന്യവേലാസിൽ സൊസൈറ്റി ഒരു സ്ഥലം വാങ്ങി. ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾക്കും മറ്റു സമ്മേളനങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു കൺവെൻഷൻ ഹാൾ നിർമിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഈ ഹാൾ അർജന്റീനയിൽ നിലവിലുള്ള നാലു സമ്മേളനഹാളുകൾക്ക്‌ പുറമേയുള്ള ഒന്നായി വർത്തിക്കുമായിരുന്നു.

നിർമാണം തുടങ്ങി 6 മാസത്തിൽ കുറഞ്ഞ സമയംകൊണ്ട്‌ ആ ഹാൾ പൂർത്തിയായി. 9,400 പേർക്ക്‌ ഇരിക്കാവുന്ന ആ കൺവെൻഷൻ ഹാൾ 1995 ഒക്ടോബറിൽ ആദ്യത്തെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനു സജ്ജമായി. (യോവേ. 2:26, 27) 1997 മാർച്ചിൽ ഈ ഹാൾ യഹോവയ്‌ക്കു സമർപ്പിക്കപ്പെട്ടു. ഭരണസംഘത്തിലെ ക്യാരി ബാർബർ ഉജ്ജ്വലമായ ഒരു സമർപ്പണ പ്രസംഗം നടത്തി. പിറ്റേന്ന്‌ കൂറ്റൻ റിവർ പ്ലേറ്റ്‌ സ്റ്റേഡിയത്തിൽ നടത്തിയ പ്രത്യേക യോഗത്തിലും അദ്ദേഹം സംബന്ധിച്ചു. പാന്റഗോണിയയിൽ നിന്ന്‌ 3,000 കിലോമീറ്റർ യാത്ര ചെയ്‌തെത്തിയ സഹോദരങ്ങൾ ഉൾപ്പെടെ, രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള 71,800 പേരെക്കൊണ്ട്‌ ആ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു.

പുതിയ ബ്രാഞ്ച്‌ സൗകര്യങ്ങൾ

1984 ഡിസംബറിൽ രാജ്യഘോഷകരുടെ എണ്ണം 51,962 എന്ന ഒരു പുതിയ അത്യുച്ചത്തിലെത്തി. ഈ വർധനവിന്റെ ഫലമായി കൂടുതൽ സാഹിത്യങ്ങളും അവ അച്ചടിക്കുന്നതിനു വലിയ അച്ചടി സംവിധാനങ്ങളും ആവശ്യമായിവന്നു. പ്രസ്‌തുത ആവശ്യം നിറവേറ്റാൻ ബ്വേനസാറിസിലെ 1551 കാൽഡാസ്‌ സ്‌ട്രീറ്റിലുള്ള ഒരു കെട്ടിട സമുച്ചയം വിലയ്‌ക്കു വാങ്ങി. അതു പുതുക്കിപ്പണിതെടുത്ത്‌ ഫാക്ടറിക്കും ഓഫീസ്‌ ആവശ്യങ്ങൾക്കും വേണ്ടി ഉപയോഗിച്ചു. ബ്രാഞ്ച്‌ ബ്വേനസാറിസിലെ 3850 എൽക്കാനോ അവന്യുവിൽ ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു സെറാമിക്‌ ഫാക്ടറിയും വിലയ്‌ക്കു വാങ്ങി. എന്നിട്ട്‌, അതു പൊളിച്ചുമാറ്റി തത്‌സ്ഥാനത്ത്‌ മനോഹരമായ ഒരു പുതിയ പാർപ്പിട സമുച്ചയം നിർമിച്ചു.

ആ നിർമാണ പ്രവർത്തനത്തിൽ മൊത്തം 640 മുഴുസമയ പ്രവർത്തകർ പങ്കുപറ്റി. അവരിൽ അന്താരാഷ്‌ട്ര നിർമാണ പദ്ധതിയിലെ 259 പേരും ഉണ്ടായിരുന്നു. കൂടാതെ, വാരാന്തങ്ങളിൽ നൂറുകണക്കിന്‌ സഹോദരങ്ങളും സഹായിക്കാനെത്തി. 200-ലധികം വിദേശ സന്നദ്ധസേവകർ നിർമാണ പ്രവർത്തനത്തിൽ പങ്കെടുത്തിരുന്നതിനാൽ രസകരമായ ചില സംഭവങ്ങളും ഉണ്ടായി. ഒരു സഹോദരൻ ഒരു ഫാറത്തിൽ ആവശ്യപ്പെട്ടത്‌ 12 വെളുത്ത പാലോമോസ്‌ (ആൺ വെള്ളരിപ്രാവുകൾ) എന്നാണ്‌. ബെഥേലിൽ സാധനങ്ങൾ വാങ്ങി നൽകുന്ന ഡിപ്പാർട്ടുമെന്റിലെ മേൽവിചാരകൻ ഈ പക്ഷികൾ എന്തിനാണെന്ന്‌ അമ്പരന്നു. എന്നാൽ അത്‌ എഴുതിയ സഹോദരന്‌ വാസ്‌തവത്തിൽ ആവശ്യമുണ്ടായിരുന്നത്‌ വെള്ള പെയിന്റടിച്ച 12 പോമോസ്‌ (കുഴലുകൾ) ആയിരുന്നു!

കെട്ടിട നിർമാണം നടന്നുകൊണ്ടിരുന്ന ആ സമയത്ത്‌ അർജന്റീനയിൽ കടുത്ത നാണയപ്പെരുപ്പം അനുഭവപ്പെട്ടിരുന്നു. നിർമാണ സാമഗ്രികളുടെ വില ചിലപ്പോൾ ഒരു ദിവസംതന്നെ മൂന്നിരട്ടി പോലും വർധിച്ചിരുന്നു. അവ വാങ്ങാൻ ചുമതലപ്പെട്ടവർക്ക്‌ അതൊരു വെല്ലുവിളി ആയിത്തീർന്നു. നിർമാണം നടന്നുകൊണ്ടിരുന്ന സമയത്തും സഹോദരങ്ങൾ തങ്ങളുടെ സുപ്രധാന വേല സുവാർത്താ പ്രസംഗം ആണെന്നതു വിസ്‌മരിച്ചില്ല. സാമഗ്രികളുടെ ഓർഡറുകൾ പിടിക്കാൻ ഒരു കമ്പനി അവരുടെ പ്രതിനിധികളെ എപ്പോഴും നിർമാണ സ്ഥലത്തേക്ക്‌ അയച്ചിരുന്നു. അവർക്ക്‌ ഓർഡറുകൾ മാത്രമല്ല നല്ലൊരു സാക്ഷ്യവും ലഭിച്ചു. സഹോദരങ്ങൾ ആ കമ്പനിജോലിക്കാർക്ക്‌ 20 മാസികകളും അഞ്ചു പുസ്‌തകങ്ങളും സമർപ്പിച്ചു. കമ്പനി ഉടമ ആ മാസികകൾ തന്റെ ഓഫീസിൽ പ്രദർശിപ്പിക്കുകയുണ്ടായി.

ആ നിർമാണ പ്രവർത്തനംതന്നെ ഒരു നല്ല സാക്ഷ്യമായി ഉതകി. നിർമാണസ്ഥലത്ത്‌ കോൺക്രീറ്റ്‌ ഭിത്തികൾ വാർത്തുണ്ടാക്കി ഒരു ക്രെയ്‌ൻ ഉപയോഗിച്ച്‌ ഉയർത്തി യഥാസ്ഥാനങ്ങളിൽ ഉറപ്പിക്കുന്ന രീതിയാണ്‌ സഹോദരന്മാർ അവലംബിച്ചത്‌. ഈ അസാധാരണ നിർമാണരീതി ആ പ്രദേശത്തെ കെട്ടിട നിർമാതാക്കളുടെ ശ്രദ്ധ ആകർഷിച്ചു. ശനിയാഴ്‌ച ദിവസങ്ങളിൽ രാവിലെ അടുത്തുള്ള ആർക്കിടെക്‌ചറൽ കോളെജിലെ വിദ്യാർഥികൾ അതു നിരീക്ഷിക്കാൻ വന്നു, അവിടെ ടൂർ നടത്താൻ അവർക്ക്‌ അനുവാദം ലഭിച്ചു.

1990 ഒക്‌ടോബറിൽ മനോഹരമായ ആ കെട്ടിടസമുച്ചയം യഹോവയ്‌ക്കു സമർപ്പിക്കപ്പെട്ടു. ഭരണസംഘത്തിലെ ഒരംഗമായ തിയോഡർ ജാരറ്റ്‌സ്‌ യെശയ്യാവു 2:2-4-നെ അടിസ്ഥാനമാക്കി ആവേശകരമായ ഒരു സമർപ്പണ പ്രസംഗം നടത്തി. ആ സന്തോഷകരമായ മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ അർജന്റീനയിൽ ആദ്യം സത്യത്തിന്റെ വിത്തുകൾ പാകിയ നിരവധി പേരും മറ്റു ബ്രാഞ്ചുകളിൽ നിന്നുള്ള അതിഥികളും എത്തിയിരുന്നു.

കൂടുതൽ വികസനം

പുതിയ ബ്രാഞ്ച്‌ കെട്ടിടങ്ങൾ സമർപ്പിച്ച്‌ ഉടനെതന്നെ കാൽഡാസ്‌ സ്‌ട്രീറ്റിലെ ഫാക്ടറി സമുച്ചയത്തിന്റെ കൂടുതലായ വികസന പ്രവർത്തനം തുടങ്ങി. സാഹിത്യങ്ങൾ സംഭരിച്ചുവെക്കാനായി അടുത്തുതന്നെ ഉണ്ടായിരുന്ന ഒരു സ്ഥലത്ത്‌ നിലവറയോടു കൂടിയ ഒരു മൂന്നുനില കെട്ടിടം ബ്രാഞ്ച്‌ പണിതു. 25 സന്നദ്ധസേവകർ എട്ടു മാസംകൊണ്ട്‌ അതിന്റെ പണി പൂർത്തിയാക്കി.

ഓഫീസ്‌ ആവശ്യങ്ങൾക്കു പിന്നെയും കൂടുതൽ സ്ഥലം വേണ്ടിവന്നു. അങ്ങനെയിരിക്കെയാണ്‌ ബെഥേൽ ഭവനത്തിൽനിന്ന്‌ അൽപ്പം അകലെയുള്ള ഒരു കെട്ടിടം വിൽക്കുന്നതായി അറിഞ്ഞത്‌. നഗരസഭയിൽനിന്നു പുതിയ കെട്ടിടങ്ങൾക്ക്‌ നിർമാണാനുമതി ലഭിക്കാൻ ബുദ്ധിമുട്ടായതിനാൽ, പണിതീർന്ന കെട്ടിടത്തോടു കൂടിയ ഒരു പ്ലോട്ട്‌ വാങ്ങുന്നത്‌ ന്യായയുക്തമായി തോന്നി. ആ കെട്ടിടത്തിനു 30-ലധികം വർഷത്തെ പഴക്കം ഉണ്ടായിരുന്നെങ്കിലും, ഉയർന്ന ഗുണനിലവാരമുള്ള വസ്‌തുക്കൾ കൊണ്ടായിരുന്നു അതു നിർമിച്ചിരുന്നത്‌. അതിന്റെ ഉൾഭാഗം കട്ടിയുള്ള തടിയും പുറംഭാഗം മാർബിളും ഉപയോഗിച്ചാണ്‌ പണിതിരുന്നത്‌. ബ്രാഞ്ച്‌ ആ കെട്ടിടം വാങ്ങി പുതുക്കിയെടുത്തു. കാര്യനിർവഹണ ഓഫീസുകൾക്കു പുറമേ പർച്ചെയ്‌സിങ്‌, സർവീസ്‌, കൺസ്‌ട്രക്‌ഷൻ, അക്കൗണ്ട്‌സ്‌ എന്നീ വിഭാഗങ്ങളും ഇപ്പോൾ ഈ കെട്ടിടത്തിലാണ്‌. 1997-ൽ കാന്യവേലാസിലെ കൺവെൻഷൻ ഹാൾ സമർപ്പിക്കപ്പെട്ട സമയത്തുതന്നെ ആയിരുന്നു ഈ കെട്ടിടത്തിന്റെയും സമർപ്പണം.

അയൽരാജ്യത്തെ സഹായിക്കുന്നു

നിരോധന കാലത്ത്‌ ഉറുഗ്വേ, ബ്രസീൽ തുടങ്ങിയ അയൽ രാജ്യങ്ങൾ ആത്മീയ ഭക്ഷണം നൽകി അർജന്റീനയിലെ സഹോദരങ്ങളെ സഹായിച്ചു. ഇപ്പോൾ അർജന്റീന ബ്രാഞ്ച്‌ അയൽരാജ്യമായ ചിലിയെ സഹായിക്കുന്നു. 1987 ജനുവരി മുതൽ മാസികകൾ ഇവിടെനിന്നു ചിലിയിലേക്ക്‌ അയയ്‌ക്കുന്നുണ്ട്‌. ആദ്യം അവ പുറത്തുള്ള ഏജൻസികൾ മുഖാന്തരമാണ്‌ അയച്ചിരുന്നത്‌. എന്നാൽ 1992 മുതൽ സൊസൈറ്റിയുടെ സ്വന്തം ട്രക്കുകളിലാണ്‌ അവ അയയ്‌ക്കുന്നത്‌.

3,100 മീറ്റർ ഉയരമുള്ള ആൻഡീസ്‌ പർവതനിര കടന്നു വേണം ചിലിയിൽ എത്താൻ. മഞ്ഞു മൂടിക്കിടക്കുന്ന ഈ പർവതനിരയിലെ ചുരത്തിലൂടെ സെമി ട്രെയ്‌ലറുകൾ ഓടിച്ചുപോകാൻ ഡ്രൈവർക്കു നല്ല പാടവം ആവശ്യമാണ്‌. ആ റോഡിന്‌ അപകടം പിടിച്ച 31 ഹെയർപിൻ വളവുകളുണ്ട്‌. എങ്കിലും ഈ നീണ്ട യാത്ര പ്രതിഫലദായകമാണ്‌. കാരണം ചിലിയിലെ സഹോദരങ്ങൾക്ക്‌ നേരത്തേ മാസികകൾ ലഭിക്കുന്നു.

മാസികകൾ കൂടുതൽ ആകർഷകമാക്കാൻ ചതുർവർണ അച്ചടി

വർണചിത്രങ്ങൾക്കു ലോകം കൂടുതൽ പ്രാധാന്യം നൽകിയതോടെ, വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ ചതുർവർണ അച്ചടി നടത്തുന്ന കാര്യം സൊസൈറ്റി പരിചിന്തിച്ചു. നമ്മുടെ മാസികകൾ കുറഞ്ഞ ചെലവിൽ കഴിവതും മനോഹരമാക്കി അച്ചടിക്കുക എന്നതായിരുന്നു ലക്ഷ്യം. ഐക്യനാടുകളിലെ വാച്ച്‌ ടവർ സൊസൈറ്റി ചതുർവർണ അച്ചടിക്കുള്ള നവീകരിച്ച ഒരു വെബ്‌ ഓഫ്‌സെറ്റ്‌ ഹാരിസ്‌ പ്രസ്‌ അർജന്റീന ബ്രാഞ്ചിന്‌ അയച്ചുകൊടുത്തു. അതിന്റെ ഭാഗങ്ങൾ വേർപെടുത്തി, പായ്‌ക്കു ചെയ്‌ത്‌, ന്യൂയോർക്കിലെ വാൾക്കിലിൽനിന്ന്‌ കപ്പലിലാണ്‌ അയച്ചത്‌. 1989 ഒക്‌ടോബർ 10-ന്‌ അതു ബ്വേനസാറിസിൽ എത്തിയപ്പോൾ അവ വീണ്ടും കൂട്ടി യോജിപ്പിക്കണമായിരുന്നു. ലോക ആസ്ഥാനത്തു നിന്നുള്ള സഹോദരന്മാർ അർജന്റീനയിലെത്തി ഈ വേലയ്‌ക്കു നേതൃത്വം നൽകുകയും അച്ചടിയന്ത്രം പ്രവർത്തിപ്പിക്കുന്നവർക്കു പരിശീലനം നൽകുകയും ചെയ്‌തു.

മാസികകൾ ചതുർവർണത്തിൽ ലഭ്യമായപ്പോൾ അവയുടെ സമർപ്പണം വർധിച്ചു. ചതുർവർണ അച്ചടി തുടങ്ങിയതിന്റെ പിറ്റേ വർഷം മാസികാസമർപ്പണം 62,84,504-ൽ നിന്ന്‌ വർധിച്ച്‌ 72,48,955 ആയി. ഏകദേശം പത്തു ലക്ഷത്തിന്റെ വർധനവ്‌!

സാർവദേശീയ കൺവെൻഷനുകൾ പരസ്‌പര പ്രോത്സാഹനം നൽകുന്നു

നിരവധി വർഷങ്ങൾ നിരോധനത്തിലായിരുന്ന അർജന്റീനയിലെ സാക്ഷികൾ മറ്റൊരു സാർവദേശീയ കൺവെൻഷൻ നടത്താൻ കൊതിച്ചു. ഒടുവിൽ, 1990 ഡിസംബറിൽ ബ്വേനസാറിസിൽ ഒരു “നിർമല ഭാഷാ” സാർവദേശീയ കൺവെൻഷൻ നടന്നു. അതിനായി 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള 6,000-ത്തോളം വിദേശ പ്രതിനിധികൾ എത്തിയിരുന്നു. ആ കൺവെൻഷനിൽ ഭരണസംഘത്തിലെ ജോൺ ബാറും ലൈമൻ സ്വിംഗളും ആവേശകരമായ പ്രസംഗങ്ങൾ നടത്തി. ആ ചതുർദിന പരിപാടി റിവർ പ്ലേറ്റ്‌ സ്റ്റേഡിയത്തിലും ബേലെസ്‌ സാഴ്‌സ്‌ഫീൽഡ്‌ സ്റ്റേഡിയത്തിലുമാണ്‌ നടത്തിയത്‌. രണ്ടിലും കൂടിയുള്ള മൊത്തം ഹാജർ 67,000-ത്തിലധികം ആയിരുന്നു.

കൺവെൻഷനിൽ സംബന്ധിച്ചവർ ആരാധനയിൽ ഏകീകൃതർ ആയിരുന്നെങ്കിലും, അവരുടെ സാംസ്‌കാരിക വൈജാത്യങ്ങൾ വളരെ പ്രകടമായിരുന്നു. സ്‌പാനിഷ്‌ സഹോദരിമാർ തങ്ങളുടെ മനോഹരമായ ദേശീയ ഉടയാടകളും ജപ്പാനിൽ നിന്നുള്ള സഹോദരിമാർ പരമ്പരാഗത വേഷമായ കിമോണകളും മെക്‌സിക്കോയിൽ നിന്നുള്ള സഹോദരന്മാർ കറുത്ത സൂട്ടും വീതികൂടിയ അരികുകളുള്ള തൊപ്പികളും ധരിച്ചിരുന്നു.

കൺവെൻഷൻ സമാപിച്ചപ്പോൾ പിരിഞ്ഞുപോകാൻ ആരും ആഗ്രഹിച്ചില്ല. ഭിന്ന ദേശങ്ങളിൽ നിന്നുള്ളവർ സ്വതഃപ്രേരിതമായി തങ്ങളുടെ ഭാഷകളിൽ രാജ്യഗീതങ്ങൾ ആലപിക്കാനും തൂവാലകൾ വീശിക്കാണിക്കാനും തുടങ്ങി. ഒരു മണിക്കൂറോളം ഇതു തുടർന്നശേഷമാണ്‌ അവർ ഒടുവിൽ വീടുകളിലേക്കു മടങ്ങിയത്‌. ഒരു പത്രത്തിന്റെ ഫോട്ടോഗ്രാഫർ ഇങ്ങനെ പ്രസ്‌താവിച്ചു: “അർജന്റീനയിൽ മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ല . . . ഇത്രയധികം വികാരാനുഭവവും ഊഷ്‌മളതയും ഇതാദ്യമായാണ്‌ ദർശിക്കാൻ കഴിയുന്നത്‌.”

മറ്റൊരു രാജ്യത്തെ സാർവദേശീയ കൺവെൻഷനു ക്ഷണിക്കപ്പെട്ടപ്പോഴത്തെ അർജന്റീനക്കാരുടെ ഉത്സാഹത്തിമർപ്പ്‌ ഒന്നു ചിന്തിക്കുക! അത്‌ 1993-ൽ ആയിരുന്നു. ചിലിയിലെ സാന്റിയാഗോ ആയിരുന്നു സ്ഥലം. അതിൽ സംബന്ധിക്കാൻ അർജന്റീനയിൽനിന്ന്‌ ആയിരത്തിലധികം സഹോദരങ്ങൾ എത്തി. വാടകയ്‌ക്കെടുത്ത 14 ബസ്സുകളിൽ ബ്വേനസാറിസിൽനിന്ന്‌ 26 മണിക്കൂർകൊണ്ട്‌ 1,400 കിലോമീറ്റർ സഞ്ചരിച്ചാണ്‌ അവർ സാന്റിയാഗോയിൽ എത്തിയത്‌. ആൻഡീസ്‌ പർവതനിരയിലൂടെയുള്ള യാത്രയിൽ അവർ അവിടത്തെ വശ്യസുന്ദരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ചു. അതിനെക്കാൾ എത്രയോ മഹത്തരമായിരുന്നു “ദിവ്യബോധനം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷന്‌ 24 രാജ്യങ്ങളിൽ നിന്നെത്തിയ 80,000-ഓളം സഹക്രിസ്‌ത്യാനികളുമായുള്ള അവരുടെ സഹവാസം!

പിന്നീട്‌ 1998-ൽ ബ്രസീലിലെ സാവൊ പൗലോയിലും കാലിഫോർണിയയിലെ സാൻഡിയേഗോയിലും “ദൈവമാർഗത്തിലുള്ള ജീവിതം” എന്ന വിഷയത്തിൽ നടന്ന സാർവദേശീയ കൺവെൻഷനുകൾക്ക്‌ പ്രതിനിധികളെ അയയ്‌ക്കാൻ അർജന്റീന ബ്രാഞ്ചിന്‌ ക്ഷണം ലഭിച്ചു. അർജന്റീനയിൽ നിന്നുള്ള 400-ലധികം പ്രതിനിധികളോടൊപ്പം ഒരു ദീർഘകാല പ്രത്യേക പയനിയറായ സാറാ ബൂച്ച്‌ഡൂഡ്‌, സാൻഡിയേഗോയിലെ കൺവെൻഷനിൽ സംബന്ധിച്ചു. അതു ശരിക്കും ആസ്വദിച്ച ആ സഹോദരി പറയുന്നു: “സഹോദരങ്ങളുടെ ഭവനങ്ങളിൽ ഞങ്ങളെ താമസിപ്പിക്കാൻ ഭരണസംഘം ക്രമീകരണം ചെയ്‌തിരുന്നു. അതു വളരെ സ്‌നേഹപുരസ്സരമായ ക്രമീകരണമായിരുന്നു. വർഗീയവും ഭാഷാപരവുമായ അതിർവരമ്പുകളൊന്നും ഇല്ലാത്ത പുതിയ ലോകത്തിലെ ജീവിതത്തിന്റെ ഒരു കൊച്ചു പകർപ്പായിരുന്നു അത്‌.”

“പഠിപ്പിക്കപ്പെട്ടവരുടെ നാവ്‌”

സഹോദരങ്ങളുടെ തീക്ഷ്‌ണമായ സുവാർത്താ പ്രസംഗത്തിന്റെയും സാർവദേശീയ കൺവെൻഷനുകൾ പോലുള്ള ആത്മീയ പരിപാടികളുടെയും ഫലമായി നിരവധി പേർ സത്യാരാധന സ്വീകരിച്ചു. 1992 ആയപ്പോഴേക്കും പ്രസാധക അത്യുച്ചം 96,780 ആയി. 1984-ൽ നിയമാംഗീകാരം ലഭിച്ചശേഷം സാക്ഷികളുടെ എണ്ണം രണ്ടിരട്ടിയായി വർധിച്ചു.

യഹോവയുടെ വർധിച്ചുവരുന്ന ആട്ടിൻകൂട്ടത്തെ പരിപാലിക്കാൻ വ്യക്തമായും കൂടുതൽ ഇടയന്മാരുടെ ആവശ്യമുണ്ടായി. (യെശ. 32:1, 2; യോഹ. 21:16) അതിനാൽ, സഭയെ പരിപാലിക്കുന്നതിന്‌ ഏകാകികളായ മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കുമുള്ള ഒരു പരിശീലന പരിപാടി യഹോവ ക്രമീകരിച്ചു. അതായിരുന്നു ശുശ്രൂഷാ പരിശീലന സ്‌കൂൾ. 1987-ൽ ആണ്‌ ആ സ്‌കൂൾ ഐക്യനാടുകളിൽ ആരംഭിച്ചത്‌. 1992-ൽ അത്തരമൊരു സ്‌കൂൾ അർജന്റീനയിലും തുടങ്ങി. പഴയ ബെഥേൽ കെട്ടിടം ഈ സ്‌കൂൾ നടത്തുന്നതിന്‌ അനുയോജ്യമായ സ്ഥലമായി ഉതകി.

അയൽരാജ്യങ്ങളിൽ നിന്നുള്ള 91 പേർ ഉൾപ്പെടെ ആ സ്‌കൂളിൽ പങ്കെടുത്ത 375 വിദ്യാർഥികളും തങ്ങൾക്കു ലഭിച്ച ആ പദവിയോട്‌ അങ്ങേയറ്റം വിലമതിപ്പു പ്രകടമാക്കി. ശുശ്രൂഷാ പരിശീലന സ്‌കൂളിൽ സംബന്ധിക്കുന്നതിനു ലൗകിക ജോലിയിൽനിന്ന്‌ രണ്ടു മാസത്തെ അവധി എടുക്കുക ദുഷ്‌കരമായിരുന്നു. ചിലർ ജോലി വേണ്ടെന്നു വെച്ചു, മറ്റു ചിലർക്ക്‌ ജോലി നഷ്ടമായി. എന്നാൽ, ജീവിതത്തിൽ രാജ്യതാത്‌പര്യങ്ങൾക്ക്‌ പ്രഥമ സ്ഥാനം നൽകുന്നവർക്കായി യഹോവ തീർച്ചയായും കരുതുന്നു. പലർക്കും മുമ്പത്തെക്കാൾ മെച്ചമായ സാഹചര്യങ്ങളിൽ വളരെ നല്ല ജോലി ലഭിച്ചു.​—⁠മത്താ. 6:⁠33.

ഈ സ്‌കൂളിന്റെ ആദ്യത്തെ ക്ലാസ്സിൽ സംബന്ധിക്കാൻ ക്ഷണം ലഭിച്ചപ്പോൾ യൂഗോ കാരേന്യോ ഒരു ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. നല്ല ശമ്പളം ലഭിച്ചിരുന്നു എന്നു മാത്രമല്ല, ജോലിക്കുശേഷം പയനിയറിങ്‌ ചെയ്യുന്നതിനുള്ള സമയവും ഉണ്ടായിരുന്നു. അദ്ദേഹം യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു. പരിശീലന സ്‌കൂളിൽ സംബന്ധിക്കാൻ വേണ്ടി അവധി ചോദിച്ചെങ്കിലും, അത്‌ സാധ്യമല്ലെന്നായിരുന്നു ബോസിന്റെ മറുപടി. അപ്പോൾ യൂഗോ പറഞ്ഞു: “എനിക്കു പോകാതെ നിവൃത്തിയില്ല, ആ കോഴ്‌സ്‌ കഴിയുംവരെ എനിക്ക്‌ അവധി തരികയാണെങ്കിൽ ഞാൻ താങ്കളോടു നന്ദിയുള്ളവൻ ആയിരിക്കും.”

ബാങ്കിന്റെ ഡയറക്ടർ ബോർഡ്‌ ഇക്കാര്യം ചർച്ച ചെയ്‌ത്‌ അദ്ദേഹത്തിന്‌ അവധി കൊടുക്കാൻ തീരുമാനിച്ചു. എന്നാൽ, ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്നുള്ള ബിരുദാനന്തരം യൂഗോയ്‌ക്ക്‌ പ്രത്യേക പയനിയറായി നിയമനം ലഭിച്ചു. അതനുസരിച്ച്‌ അദ്ദേഹം ഒരു മാസം 140 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിക്കണമായിരുന്നു. യഹോവയോടു വളരെ പ്രാർഥിച്ചശേഷം താൻ ജോലിയിൽനിന്നു വിരമിക്കുന്ന കാര്യം യൂഗോ തന്റെ ബോസിനെ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു? “നിങ്ങൾ വിട്ടുപോകുന്നതിൽ ഞങ്ങൾക്കു ഖേദമുണ്ട്‌, പുതിയ രംഗത്ത്‌ ഞങ്ങളുടെ ശുഭാശംസകൾ” എന്ന്‌ അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഒരു സഞ്ചാരമേൽവിചാരകനായി സേവിക്കുന്ന യൂഗോ ഇങ്ങനെ പറയുന്നു: “ജീവിതത്തിൽ യഹോവയുടെ സേവനത്തിനു പ്രഥമസ്ഥാനം കൊടുക്കുമ്പോൾ അവൻ നമ്മെ പരിപാലിക്കുന്നതായി അനുഭവത്തിൽനിന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു.”

തങ്ങൾ നിയമിക്കപ്പെട്ടിരിക്കുന്ന സഭകളെ പരിപോഷിപ്പിച്ചുകൊണ്ട്‌ ഈ ബിരുദധാരികൾ യേശുക്രിസ്‌തുവിന്റെ പിൻവരുന്ന വാക്കുകളുടെ സത്യതയ്‌ക്കു തെളിവു നൽകുന്നു: “ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.” (മത്താ. 11:19) അവർക്കു പരിശീലനം ലഭിച്ചതിനു ശേഷം സഭായോഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെട്ടിട്ടുണ്ട്‌, തത്‌ഫലമായി യോഗങ്ങളിൽ ഹാജരാകുന്നവരുടെ എണ്ണവും വർധിച്ചിരിക്കുന്നു. ഇടയസന്ദർശനം നടത്തവെ തങ്ങൾക്കു ലഭിച്ച പരിശീലനം ഉപയോഗിച്ച്‌ ഈ സഹോദരന്മാർ ‘തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുന്നത്‌’ എങ്ങനെയെന്ന്‌ വിവേചിച്ചറിയാൻ ശ്രമിക്കുന്നു. (യെശ. 50:4) ബിരുദധാരികളിൽ ചിലർ ഇപ്പോൾ സർക്കിട്ട്‌ മേൽവിചാരകന്മാരായി സേവിക്കുന്നു. മറ്റു പലരും പകരം സർക്കിട്ട്‌ മേൽവിചാരകന്മാരാണ്‌.

‘രക്തം വർജിക്കാൻ’ സഹായം

രാജ്യത്തെ പ്രസാധകരുടെ എണ്ണം വർധിച്ചതോടെ വൈദ്യസഹായം ആവശ്യമായ സഹോദരങ്ങളുടെ എണ്ണവും വർധിച്ചു. ‘രക്തം വർജിക്കാനുള്ള’ ബൈബിൾ കൽപ്പന അനുസരിച്ചു ജീവിക്കാൻ ശ്രമിക്കുന്നതിനാൽ അവരെ സഹായിക്കാനുള്ള ഒരു സേവനസംവിധാന ശൃംഖല സ്ഥാപിക്കുന്നത്‌ പ്രായോഗികമെന്നു തെളിഞ്ഞു.​—⁠പ്രവൃ. 15:28, 29.

രക്തപ്പകർച്ച അനിവാര്യമാണെന്ന്‌ കരുതിയിരുന്നതിനാൽ അതു നടത്തുന്നതിൽനിന്നു വിട്ടുനിൽക്കാൻ ഡോക്ടർമാർ വിസമ്മതിച്ചു. മാത്രമല്ല, സാക്ഷികളായ രോഗികളിൽ നിർബന്ധപൂർവം രക്തം കുത്തിവെക്കാൻ മിക്ക ന്യായാധിപന്മാരും ഡോക്ടർമാർക്ക്‌ അനായാസം അധികാരം നൽകി. ഏതു സാഹചര്യത്തിലും രക്തപ്പകർച്ച നിരസിക്കാനുള്ള തന്റെ ആഗ്രഹം സൂചിപ്പിക്കുന്ന സാധുതയുള്ള ഒരു നിയമ രേഖ കൈവശമുണ്ടായിരുന്ന ഒരു രോഗിയിൽ രക്തം കുത്തിവെക്കാൻ ഒരു കേസിൽ ന്യായാധിപൻ ആജ്ഞാപിച്ചു.

ആശുപത്രി ഏകോപന സമിതിയുടെ പ്രവർത്തനത്തിനു തുടക്കമിടുന്ന ഒരു അന്താരാഷ്‌ട്ര സെമിനാർ 1991 ഫെബ്രുവരിയിൽ ബ്വേനസാറിസിൽ നടത്തപ്പെട്ടു. അർജന്റീന, ഉറുഗ്വേ, ചിലി, പരാഗ്വേ, ബൊളീവിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 230 സഹോദരന്മാർക്കു പരിശീലനം നൽകുന്നതിനായി ബ്രുക്ലിനിലെ ഹോസ്‌പിററൽ ഇൻഫർമേഷൻ സർവീസസിൽ നിന്നുള്ള മൂന്നു സഹോദരന്മാർ എത്തിയിരുന്നു. സാക്ഷികളായ രോഗികളുടെ ആവശ്യങ്ങൾ തിരിച്ചറിയാനും രക്തരഹിത ചികിത്സ സംബന്ധിച്ച വിവരങ്ങൾ നൽകിക്കൊണ്ട്‌ ഡോക്ടർമാരെ സഹായിക്കാനും എങ്ങനെ കഴിയുമെന്ന്‌ പ്രസ്‌തുത സെമിനാറിൽ പങ്കെടുത്തവർ മനസ്സിലാക്കി.

ഇന്ന്‌ അർജന്റീനയിലെ പ്രമുഖ നഗരങ്ങളിൽ 17 ആശുപത്രി ഏകോപന സമിതികൾ ഉണ്ട്‌. ഇവയിൽ 98 മൂപ്പന്മാർ സേവിക്കുന്നു. ഈ സമിതികൾ ഡോക്ടർമാർക്കു സുപ്രധാന വിവരങ്ങളും യഹോവയുടെ സാക്ഷികൾക്ക്‌ സ്‌നേഹാർദ്രമായ പിന്തുണയും നൽകുന്നു. അവരുടെ ഈ സേവനത്തിനു പുറമേ, രോഗികളായ സാക്ഷികളെ സന്ദർശിച്ച്‌ അവർക്കു സഹായവും പ്രോത്സാഹനവും നൽകാൻ ആത്മത്യാഗികളായ മൂപ്പന്മാർ ഉൾപ്പെട്ട പേഷ്യന്റ്‌ വിസിറ്റേഷൻ ഗ്രൂപ്പുകളും ഉണ്ട്‌. രക്തം ഉപയോഗിക്കാതെ യഹോവയുടെ സാക്ഷികളെ ചികിത്സിക്കാൻ സന്നദ്ധതയുള്ള 3,600-ഓളം ഡോക്ടർമാർ ഇന്ന്‌ അർജന്റീനയിൽ ഉണ്ട്‌.

സ്‌നേഹത്താൽ പ്രേരിതമായ ദുരിതാശ്വാസ വേല

അർജന്റീന പ്രകൃതി വിപത്തുകളിൽനിന്ന്‌ മുക്തമായ ഒരു രാജ്യമല്ല. ഈ വിപത്തുകളെ യഹോവയുടെ സാക്ഷികൾ എങ്ങനെയാണു നേരിടുന്നത്‌? 1977 നവംബർ 23-ന്‌, റിക്‌ടർ സ്‌കെയിലിൽ 7.4 പോയിന്റ്‌ രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ഉണ്ടായി. അത്‌ അർജന്റീനയുടെ പശ്ചിമ-മധ്യ ഭാഗത്ത്‌ സാരമായ വിനാശം വരുത്തിവെച്ചു. അക്കാലത്ത്‌ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിക്കപ്പെട്ടിരുന്നെങ്കിലും, സഹോദരങ്ങൾ സത്വരം ദുരിതാശ്വാസ പ്രവർത്തനം സംഘടിപ്പിച്ചു. പല കഷ്ടപ്പാടുകൾ സഹിച്ചും സമീപ പ്രദേശങ്ങളിലെ സാക്ഷികൾ സ്‌നേഹത്താൽ പ്രചോദിതരായി ആ പ്രവർത്തനത്തിൽ പങ്കെടുത്തു.​—⁠1 തെസ്സ. 4:⁠9.

ആ ദുരന്തം നടന്ന ദിവസം മെൻഡോസ, സാൻലൂവസ്‌ എന്നീ അയൽ പ്രവിശ്യകളിലെ സാക്ഷികൾ ലഭ്യമായ വാഹനങ്ങളിൽ ദുരന്തബാധിത പ്രദേശത്തേക്കു പുറപ്പെട്ടു. ഭൂകമ്പത്തിന്റെ ഫലമായി റോഡുകളിൽ വലിയ വിള്ളലുകൾ ഉണ്ടായതിനാൽ തരിപ്പണമാക്കപ്പെട്ട കൗസെറ്റെ നഗരത്തിലേക്കുള്ള റോഡുകൾ എല്ലാംതന്നെ അധികാരികൾ അടച്ചു. സാക്ഷികൾ സമീപ പട്ടണങ്ങളിൽനിന്ന്‌ ഇതര മാർഗങ്ങളിലൂടെ അവിടേക്ക്‌ ഭക്ഷണവും വസ്‌ത്രങ്ങളും പ്രഥമശുശ്രൂഷാ സാമഗ്രികളും മറ്റും എത്തിച്ചു. അവർ നഗരത്തെ സമീപിച്ചപ്പോൾ പുക ഉയരുന്നത്‌ കണ്ടു. എന്നാൽ അതു പുക ആയിരുന്നില്ല, ഭൂകമ്പത്തിന്റെ ഫലമായി ഉണ്ടായ പൊടിപടലം ആയിരുന്നു. ഭൂകമ്പമുണ്ടായി നിമിഷങ്ങൾക്കുള്ളിൽ ആളുകളുടെ വീടുകളും ഭൗതിക വസ്‌തുക്കളുമെല്ലാം നശിച്ചുപോയിരുന്നു, ചിലർക്കു ജീവഹാനിയും സംഭവിച്ചിരുന്നു. വിലാപങ്ങളും രോദനങ്ങളും ഉയർന്നു കേൾക്കാമായിരുന്നു. കൗസെറ്റെയിൽ ആയിരത്തിലധികം വീടുകളാണ്‌ പാടേ നശിച്ചത്‌, ഇവയിൽ ആ പ്രദേശത്തെ എല്ലാ സഹോദരങ്ങളുടെയും വീടുകൾ ഉൾപ്പെടും. താമസംവിനാ സാക്ഷികൾ താത്‌കാലിക പാർപ്പിട സംവിധാനങ്ങൾ ഉണ്ടാക്കി. നൂറോളം സാക്ഷികളാണ്‌ ഈ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടത്‌.

കൗസെറ്റെ സഭയിലെ ഒരു സാധാരണ പയനിയറായ മാരിയാ ദെ ഏരേഥിയ പറയുന്നു: “എന്റെ അയൽവാസിയുടെ മകൾക്കു പ്രസവവേദന തുടങ്ങി. അന്നു രാത്രി ശക്തിയുള്ള ഒരു കാറ്റുമുണ്ടായി. സംരക്ഷണത്തിനായി സഹോദരങ്ങൾ അവരുടെ പറമ്പിൽ ഒരു വലിയ കൂടാരം ഉണ്ടാക്കിക്കൊടുത്തു. വിലമതിപ്പു തോന്നിയ ആ അയൽവാസി ഇങ്ങനെ പറഞ്ഞു: ‘ഞങ്ങൾ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നറിയാൻ പോലും ഞങ്ങളുടെ പള്ളിക്കാരാരും വരാത്തത്‌ ഭയങ്കരമായിപ്പോയി. ഞങ്ങൾക്കു പാർപ്പിടം ആവശ്യമായി വന്നപ്പോൾ സഹായിക്കാനെത്തിയത്‌ യഹോവയുടെ സാക്ഷികൾ മാത്രമാണ്‌!’”

1998 ഏപ്രിലിൽ സാക്ഷികൾ മറ്റൊരു ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി. ശക്തമായ പേമാരിയുടെ ഫലമായി അർജന്റീനയുടെ വടക്കൻ മേഖലയിൽ, പ്രത്യേകിച്ചും കോറിയെന്റേസ്‌, ഫോർമോസ, ചാക്കോ, സാന്റഫേ എന്നീ പ്രവിശ്യകളിൽ ശക്തമായ വെള്ളപ്പൊക്കം ഉണ്ടായി. 72 മണിക്കൂർകൊണ്ട്‌ കോറിയെന്റേസിലെ ഗോയാ നഗരത്തിൽ 60 സെന്റിമീറ്റർ മഴയാണു പെയ്‌തത്‌. ആ പ്രദേശത്തെ 80 ശതമാനം യഹോവയുടെ സാക്ഷികളുടെ വീടുകളിൽ വെള്ളം കയറി, നിരവധി വസ്‌തുവകകൾ ഉപയോഗശൂന്യമായി. വെള്ളപ്പൊക്കത്തിൽ വിളകൾ നശിച്ചു, മൃഗങ്ങൾ ഒലിച്ചുപോയി. പാലങ്ങളും ഹൈവേകളും തകർന്നതിനാൽ നഗരവുമായി ബന്ധപ്പെടാൻ യാതൊരു മാർഗവും ഇല്ലാതായി. ആ ദുരന്തബാധിത പ്രദേശത്തെ സർക്കിട്ട്‌ മേൽവിചാരകനായ ഏരിബെർത്തോ ഡിപ്‌ സഹോദരങ്ങളെ സഹായിക്കുന്നതിനായി പ്രാദേശിക മൂപ്പന്മാരോടൊപ്പം പ്രവർത്തിച്ചു. അവർ ആ പ്രദേശത്തെ പല ഭാഗങ്ങളായി തിരിച്ച്‌ അവിടത്തെ സഹോദരങ്ങളുടെ വീടുകൾ സന്ദർശിച്ചു. ചിലരെ വള്ളങ്ങളിൽ കയറ്റി രാജ്യഹാളിലേക്കു മാറ്റി. ഭക്ഷണവും വസ്‌ത്രവും മരുന്നുകളും സകലർക്കും നൽകി.

സമീപ പ്രവിശ്യയായ എൻട്രെ റിയോസിലെ യഹോവയുടെ സാക്ഷികൾ ഗോയായിലെ സഹവിശ്വാസികളുടെ ദുഃസ്ഥിതിയെ കുറിച്ച്‌ അറിഞ്ഞ ഉടൻ സഹായിക്കാൻ രംഗത്തിറങ്ങി. വെറും രണ്ടു ദിവസങ്ങൾക്കുള്ളിൽ, എൻട്രെ റിയോസ്‌ പ്രവിശ്യയിലെ പാരനായിലുള്ള 12 സഭകൾ ചേർന്ന്‌ 4 ടണ്ണോളം ഭക്ഷ്യസാധനങ്ങളും വസ്‌ത്രങ്ങളും ശേഖരിച്ച്‌ ഹൈവേ ഡിപ്പാർട്ടുമെന്റിൽനിന്ന്‌ കടമെടുത്ത ഒരു ട്രക്കിൽ നിറച്ചു.

ഈ ദുരിതാശ്വാസ വസ്‌തുക്കൾ എത്തിച്ചുകൊടുക്കുക അത്ര എളുപ്പമായിരുന്നില്ല. രണ്ടു പാലങ്ങൾ വെള്ളപ്പൊക്കത്തിൽ ഒഴുകി പോയിരുന്നു. ആദ്യത്തെ പാലം ഉണ്ടായിരുന്ന സ്ഥാനത്ത്‌ നൂറുകണക്കിനു മണൽചാക്കുകൾ ഇടാൻ സഹോദരങ്ങൾ ഹൈവേ ജോലിക്കാരെ സഹായിച്ചു. എന്നിട്ട്‌ അവർ ഇക്കരയിലെ ട്രക്കിൽനിന്ന്‌ സാധനങ്ങൾ ചുമന്ന്‌ അക്കരെ കാത്തുകിടന്നിരുന്ന ട്രക്കുകളിൽ എത്തിച്ചു.

യാത്രയുടെ രണ്ടാമത്തെ ഘട്ടത്തിൽ, വെള്ളം കുത്തിയൊഴുകുന്ന റോഡിലൂടെ അവർക്കു പോകേണ്ടിവന്നു. ട്രക്കുകൾ നിയന്ത്രിക്കാൻ ഡ്രൈവർമാർ നന്നേ പണിപ്പെട്ടു. സന്ധ്യയായപ്പോൾ, അവർ രണ്ടാമത്തെ പാലം ഒഴുകിപ്പോയ സ്ഥാനത്ത്‌ എത്തി. അവിടെ ഉണ്ടായിരുന്ന സൈനികർക്ക്‌ നല്ല വലിപ്പമുള്ള ഒരു ബോട്ട്‌ ഉണ്ടായിരുന്നു. അതിൽ സാധനങ്ങൾ മറുകര എത്തിക്കാൻ അവർ സമ്മതിച്ചു. അതിനു നിരവധി പ്രാവശ്യം അക്കരെ പോയിവരേണ്ടിവന്നു.

അവിടെ ദുരിതാശ്വാസ സംഘത്തിൽ പെട്ടവർ ഗോയായിൽ നിന്നുള്ള സഹോദരങ്ങളെ കണ്ടുമുട്ടി. എന്നിട്ട്‌ അവരോടു ചേർന്ന്‌ യാത്ര തുടർന്നു. തങ്ങളുടെ സഹവിശ്വാസികൾ പ്രകടമാക്കിയ സ്‌നേഹവും ദൃഢനിശ്ചയവും ഗോയായിൽ നിന്നുള്ള സഹോദരന്മാരെ യഥാർഥത്തിൽ വികാരാധീനരാക്കി. അതേസമയം, വെള്ളപ്പൊക്കത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവന്ന സഹോദരങ്ങളുടെ സഹിഷ്‌ണുത പാരനായിൽ നിന്നുള്ളവർക്കു പ്രോത്സാഹനമായി.

പ്രളയബാധിത പ്രദേശത്തെ സഭകളും തങ്ങളുടെ സ്ഥിരമായ സ്‌നേഹപ്രകടനങ്ങളാൽ നല്ലൊരു സാക്ഷ്യം നൽകി. ഒരു സഹോദരിയുടെ അവിശ്വാസിയായ ഭർത്താവ്‌ പേമാരി വരുത്തിവെച്ച സാമ്പത്തിക നഷ്ടത്തിൽ ആകുലനും ദുഃഖിതനും ആയിരുന്നു. തങ്ങളെ സഹായിക്കാൻ സഭയിലുള്ള സഹോദരങ്ങൾ എത്തുമെന്ന്‌ ആ സഹോദരി അദ്ദേഹത്തിന്‌ ഉറപ്പു കൊടുത്തു. പിറ്റേന്ന്‌ ആവശ്യത്തിനുള്ള ഭക്ഷ്യവസ്‌തുക്കളുമായി മൂപ്പന്മാർ അവരുടെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ വിഷാദം സന്തോഷത്തിനു വഴിമാറി! സർക്കാരിൽ നിന്നുള്ള ദുരിതാശ്വാസ സഹായം ലഭിച്ചപ്പോഴേക്കും, സാക്ഷികൾക്ക്‌ നാലോ അഞ്ചോ തവണ സഹായം ലഭിച്ചുകഴിഞ്ഞിരുന്നു.

പയനിയർ ആത്മാവ്‌ തണുത്തുപോകുന്നില്ല

സഹോദരങ്ങൾക്കു പ്രളയം മൂലം ഭൗതിക നഷ്ടം നേരിട്ടെങ്കിലും, സുവാർത്ത പ്രസംഗിക്കാൻ അവർ ദൃഢനിശ്ചയമുള്ളവർ ആയിരുന്നു. പ്രളയബാധിത പ്രദേശത്തുള്ള പലരും തങ്ങളുടെ പ്രസംഗപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. ഒരു സഭയുടെ 80 ശതമാനം പ്രദേശത്തും വെള്ളം കയറിയെങ്കിലും ആ സഭയിലെ പലരും സഹായ പയനിയർമാരായി പേർ ചാർത്തി!

ബിസിനസ്‌ സെന്ററുകളിലും ആശുപത്രികളിലും ബസ്‌ സ്റ്റാൻഡുകളിലും വൻ കെട്ടിടങ്ങളിലുമൊക്കെ പ്രസംഗിക്കാനുള്ള ക്രമീകരണം സഭകൾ ചെയ്‌തു. മഴ തുടർന്നെങ്കിലും, ആ പ്രദേശങ്ങളിൽ പ്രവർത്തിക്കാൻ പയനിയർമാർക്കു കഴിഞ്ഞു. വയൽസേവന ക്രമീകരണങ്ങളെ പിന്താങ്ങിക്കൊണ്ടും ക്രിയാത്മക മനോഭാവം പുലർത്തിക്കൊണ്ടും ഒരു ടീമെന്ന നിലയിൽ പ്രവർത്തിക്കാൻ സഹായ പയനിയർമാരും പഠിച്ചു. വളരെ ദുഷ്‌കരമായ അത്തരം സാഹചര്യങ്ങളിൽ, യഹോവയുടെ ആർദ്രമായ പരിപാലനം ലഭിച്ചതിന്റെ ഫലമായി അവരിൽ പലരും ഇപ്പോൾ സാധാരണ പയനിയർമാരായി സേവിക്കുന്നു.

ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു

“ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു” എന്നു തിരിച്ചറിഞ്ഞ്‌ കൂടുതൽ ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ കഴിയുമാറ്‌ തങ്ങളുടെ സേവന പട്ടികയിൽ പൊരുത്തപ്പെടുത്തൽ വരുത്താൻ അർജന്റീന ബ്രാഞ്ച്‌ സർക്കിട്ട്‌ മേൽവിചാരകന്മാരെ പ്രോത്സാഹിപ്പിച്ചു. (1 കൊരി. 7:​31, NW) ചില സ്ഥലങ്ങളിൽ മിക്കവരും മുഴുസമയ ജോലിക്കാർ ആയതിനാൽ, പകൽസമയത്ത്‌ ആളുകളെ വീടുകളിൽ കണ്ടെത്തുക ബുദ്ധിമുട്ടാണ്‌. അതിനാൽ രാവിലെ തെരുവുകളിലും ബിസിനസ്‌ പ്രദേശങ്ങളിലും സാക്ഷീകരണത്തിൽ ഏർപ്പെടാനും വൈകുന്നേരം വീടുതോറുമുള്ള പ്രസംഗം നടത്താനും നിർദേശിക്കപ്പെട്ടു. ടെലഫോൺ സാക്ഷീകരണത്തിനും അനൗപചാരിക സാക്ഷീകരണത്തിനും ഊന്നൽ നൽകിക്കൊണ്ട്‌ ആളുകളോടു സുവാർത്ത പറയാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രസാധകർ പ്രോത്സാഹിപ്പിക്കപ്പെട്ടു.

ഒരു സഹോദരി വീടുതോറും പ്രസംഗിച്ചുകൊണ്ടിരിക്കെ, എതിർവശത്തുള്ള പാർക്കിൽ കുട്ടികളുമൊത്ത്‌ കളിക്കുന്ന ഒരു മനുഷ്യനെ കണ്ടു. ആദ്യമൊന്നു മടിച്ചെങ്കിലും, കൂട്ടത്തിലുള്ള സഹോദരിയോടൊപ്പം അവർ അദ്ദേഹത്തെ സമീപിച്ചു. സംഭാഷണം തുടങ്ങിയപ്പോൾ, അദ്ദേഹത്തിന്റെ ക്രിയാത്മക പ്രതികരണം അവരെ അതിശയിപ്പിച്ചു. അദ്ദേഹം അവർക്ക്‌ തന്റെ വിലാസം നൽകി. പിന്നീട്‌ ആ സഹോദരിയും ഭർത്താവും അദ്ദേഹത്തെ സന്ദർശിച്ചു. അവരുടെ വരവിനായി അദ്ദേഹവും ഭാര്യയും ആകാംക്ഷാപൂർവം കാത്തിരിക്കുകയായിരുന്നു. പല സംഭാഷണങ്ങൾക്കു ശേഷം അവർക്കു ബൈബിൾ അധ്യയനം ആരംഭിച്ചു. മുമ്പ്‌ യഹോവയുടെ സാക്ഷികൾ അവരെ സന്ദർശിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യക്ക്‌ താത്‌പര്യം തോന്നിയിരുന്നില്ല. ഇപ്പോൾ ബൈബിൾ പഠനത്തിൽ അവർ നല്ല പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു. മാത്രമല്ല ആ കുടുംബം യോഗങ്ങൾക്കു ഹാജരാവുകയും അവയിൽ പങ്കുപറ്റുകയും ചെയ്യുന്നു.

തെക്കൻ പ്രവിശ്യയായ സന്റാക്രൂസിലെ ഗ്ലാസിയേഴ്‌സ്‌ ദേശീയ പാർക്കിലെ ഒരു ടൂർ ഗൈഡാണ്‌ ക്ലൗഥിയൂ ഹൂലിയാൻ ബോർക്കെസ്‌. അവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക്‌ അനൗപചാരിക സാക്ഷീകരണം നൽകാൻ അദ്ദേഹത്തിനു വളരെ ഉത്സാഹമാണ്‌. ആ പാർക്കിലെ 13 പ്രമുഖ ഹിമാനികളിൽ ഒന്നാണ്‌ ഏകദേശം അഞ്ചു കിലോമീറ്റർ വീതിയുള്ള പെരിറ്റോ മോറേനോ. അതു നേരിൽ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ അവിടെ സഞ്ചാരികൾ എത്താറുണ്ട്‌. അവർ ആ ഹിമാനിയുടെ സൗന്ദര്യത്തിൽ വിസ്‌മയിച്ചു നിൽക്കുമ്പോൾ, ഈ സഹോദരൻ സ്രഷ്ടാവിലേക്ക്‌ അവരുടെ ശ്രദ്ധ തിരിച്ചുവിടുകയും വിവിധ ഭാഷകളിൽ സാഹിത്യങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു. അതേ, ‘സകലമനുഷ്യരോടും’ വചനം പ്രസംഗിക്കാനുള്ള എല്ലാ അവസരങ്ങളും അർജന്റീനയിലെ യഹോവയുടെ സാക്ഷികൾ പ്രയോജനപ്പെടുത്തുന്നു.​—⁠1 തിമൊ. 2:⁠4.

ആളുകളെ സുവാർത്ത അറിയിക്കാനുള്ള മറ്റൊരു മാർഗമാണ്‌ തെരുവു സാക്ഷീകരണം. ഈ പ്രവർത്തനത്തിൽ സജീവമായി ഏർപ്പെടുന്ന ബിക്‌ടോർ ബൂക്കേർ സഹോദരൻ ക്രമമില്ലാത്ത ഒരു പ്രസാധകനെ തന്നോടൊപ്പം പ്രവർത്തിക്കാൻ ക്ഷണിച്ചു. ആ പ്രസാധകന്‌ രാവിലെ 8:​30-ന്‌ ജോലിക്കു പോകേണ്ടിയിരുന്നതിനാൽ അതിരാവിലെ 5:​30-നുതന്നെ അവർ തെരുവു സാക്ഷീകരണം തുടങ്ങി. രാവിലത്തെ ഈ സാക്ഷീകരണം അദ്ദേഹത്തെയും കുടുംബത്തിലെ മറ്റ്‌ ഒമ്പത്‌ അംഗങ്ങളെയും ശുശ്രൂഷയിൽ വീണ്ടും ക്രമമുള്ളവർ ആയിത്തീരാൻ സഹായിച്ചു. ആദ്യ മാസത്തിൽതന്നെ ബൈബിൾ അധ്യയനങ്ങൾ തുടങ്ങാനും 176 മാസികകൾ സമർപ്പിക്കാനും അവർക്കു കഴിഞ്ഞു. അതിരാവിലെയുള്ള തെരുവു സാക്ഷീകരണത്തിൽ ഏർപ്പെടാൻ ഈ അനുഭവം മറ്റു സഹോദരങ്ങൾക്കു പ്രോത്സാഹനമായി.

ദീർഘകാല മിഷനറിമാർ—⁠ഇപ്പോഴും സജീവ ശുശ്രൂഷകർ

പല മിഷനറിമാരും അനേക വർഷക്കാലം അർജന്റീനയിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. അവർ ഒരു പുതിയ ഭാഷ പഠിക്കുകയും വ്യത്യസ്‌ത ആചാരരീതികളുമായി പൊരുത്തപ്പെടുകയും ആരോഗ്യപ്രശ്‌നങ്ങൾ സഹിച്ചുനിൽക്കുകയും നിരോധനകാലത്ത്‌ പ്രതിബന്ധങ്ങളെ സധൈര്യം നേരിടുകയും ചെയ്‌തിട്ടുണ്ട്‌. നിയമനത്തിൽ മാറ്റം ലഭിച്ചതിനാലോ ആരോഗ്യപ്രശ്‌നങ്ങൾ നിമിത്തമോ കുടുംബ ഉത്തരവാദിത്വങ്ങൾ മൂലമോ ചിലർക്കു രാജ്യം വിട്ടുപോകേണ്ടി വന്നിട്ടുണ്ട്‌. ഗിലെയാദ്‌ സ്‌കൂളിന്റെ ആറാമത്തെ ക്ലാസ്സിൽ നിന്നുള്ള ഗ്വെനിഡ്‌ ഹ്യൂസ്‌ പിന്നീട്‌ വിവാഹം കഴിച്ചു. അദ്ദേഹത്തിനു രണ്ടു പുത്രന്മാരും ഉണ്ടായി. മരണത്തോളം യഹോവയുടെ സേവനത്തിൽ അദ്ദേഹം വിശ്വസ്‌തനായി തുടർന്നു. ഓഫേലിയാ എസ്‌ട്രാഡ, ലോറിൻ ഐസൻഹൗർ എന്നിവരെ പോലുള്ള മറ്റുള്ളവർ നിയമനത്തിൽ ആയിരിക്കെ മരിച്ചു. എന്നിരുന്നാലും, ഗിലെയാദ്‌ സ്‌കൂളിന്റെ ആദ്യ ക്ലാസ്സുകളിൽ നിന്നുള്ള നിരവധി മിഷനറിമാർ തങ്ങളുടെ നിയമനങ്ങളിൽ ഇപ്പോഴും സജീവമായി തുടരുന്നു.

ഗിലെയാദിലെ ആദ്യ ക്ലാസ്സിൽ നിന്നുള്ള ബിരുദധാരികളായ ഹെലൻ നിക്കൾസും ഹെലൻ വിൽസണും അർജന്റീനയിലേക്കു നിയമിക്കപ്പെട്ടത്‌ 1948-ൽ ആണ്‌. 1961-ൽ അവരെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തൂക്കമാനിലേക്ക്‌ അയച്ചു. അന്ന്‌ അവിടത്തെ സാൻമിഗെൽ ദ തൂക്കമാൻ എന്ന നഗരത്തിൽ ഒരു ചെറിയ സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ആ നഗരത്തിൽ 13 സഭകളും 7 രാജ്യഹാളുകളും സമീപ പ്രദേശത്ത്‌ വേറെ 5 സഭകളും ഉണ്ട്‌. ഈ വർധനവിൽ ഒരു പങ്കു വഹിക്കാൻ തങ്ങൾക്കു സാധിച്ചതിൽ ആ മിഷനറിമാർ എത്ര സന്തോഷമുള്ളവരാണെന്നോ!

ഗിലെയാദ്‌ സ്‌കൂളിന്റെ ആദ്യ ക്ലാസ്സിൽനിന്നു ബിരുദം നേടിയ ചാൾസ്‌ ഐസൻഹൗർ തന്റെ മിഷനറി സേവനം ആരംഭിച്ചത്‌ ക്യൂബയിലാണ്‌. അദ്ദേഹം 1943 മുതൽ 1948 വരെ അവിടെ സേവിച്ച നാളുകളിൽ പ്രസാധകരുടെ എണ്ണം 500-ൽനിന്ന്‌ 5,000-മായി വർധിച്ചു. തുടർന്ന്‌ സൊസൈറ്റി അദ്ദേഹത്തെ അർജന്റീനയിലേക്കു നിയമിച്ചു. അവിടെ അദ്ദേഹം ഒരു മിഷനറിയായും, തുടർന്ന്‌ ഒരു സർക്കിട്ട്‌ മേൽവിചാരകനായും, അതിനുശേഷം 1953 ഏപ്രിൽ വരെ ഒരു ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായും സേവിച്ചു. ആ വർഷം സൊസൈറ്റി അദ്ദേഹത്തെ അവിടത്തെ ബ്രാഞ്ച്‌ മേൽവിചാരകനായി നിയമിച്ചു. അർജന്റീനയിലെ പ്രസാധകരുടെ എണ്ണം 900-ത്തിൽനിന്ന്‌ 1,20,000-ത്തിലധികമായി വർധിക്കുന്നത്‌ കാണാനുള്ള പദവി അദ്ദേഹത്തിനു ലഭിച്ചു. ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡിനേറ്ററായി സേവിക്കുന്ന ഐസൻഹൗർ സഹോദരൻ ഇങ്ങനെ പറയുന്നു: “ഒരു വ്യക്തിയുടെ യൗവനകാലം യഹോവയുടെ സേവനത്തിൽ പൂർണമായി ചെലവിടുന്നതിനെക്കാൾ കൂടുതൽ സന്തുഷ്ടിദായകമായ മറ്റൊന്നുമില്ല.”

യഹോവയെ സേവിക്കുന്നതിന്റെ സന്തോഷം

മുഴുസമയ ശുശ്രൂഷയെ ജീവിതവൃത്തിയായി തിരഞ്ഞെടുത്തിരിക്കുന്ന അർജന്റീനയിലെ സഹോദരങ്ങളും യഹോവയുടെ സേവനത്തിനായി തങ്ങളുടെ ജീവിതം ഉപയോഗിക്കുന്നതിൽ സന്തുഷ്ടരാണ്‌. ദമ്പതിമാരായ മാർസെലോ ഓലിവാ പോപ്പിയെലും മാരിയയും സ്‌നാപനമേറ്റത്‌ യഥാക്രമം 1942, 1946 എന്നീ വർഷങ്ങളിലാണ്‌. കഴിഞ്ഞ 44 വർഷമായി അവർ പ്രത്യേക പയനിയർമാരാണ്‌. പോപ്പിയെൽ ദമ്പതികളെ സംബന്ധിച്ചിടത്തോളം 1976-ലെ നിരോധനം പുത്തരിയല്ലായിരുന്നു. 1950-ലെ നിരോധനം നടപ്പിൽ വന്നപ്പോൾ മുതലേ അവരുടെ പ്രവർത്തനത്തിന്മേൽ വിലക്കുകൾ ഉണ്ടായിരുന്നു. രണ്ടാമത്തെ നിരോധനകാലത്തുള്ള വിലക്കുകളെ നേരിടാൻ അവർ പുതിയവരെ സഹായിക്കുകയും ദൈവസേവനത്തിൽ സവിശ്വസ്‌തം തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. യഹോവയെ സേവിക്കുന്നതിൽ ചെലവിട്ട വർഷങ്ങൾ മാർസെലോയ്‌ക്ക്‌ അത്യന്തം പ്രിയങ്കരമാണ്‌. അദ്ദേഹം ഇങ്ങനെ പറയുന്നു: “യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നത്‌ വലിയ സന്തോഷം കൈവരുത്തുന്നു. യഹോവയെ സേവിക്കാനും ജീവിതത്തിലെ നല്ല കാലം അർഥവത്തായ വിധത്തിൽ ചെലവഴിക്കാനും അവൻ അനുവദിച്ചതിൽ ഞങ്ങൾ യഥാർഥത്തിൽ നന്ദിയുള്ളവരാണ്‌.”

1957-ൽ സ്‌നാപനമേറ്റ, ഏകദേശം 40 വർഷമായി ഒരു പ്രത്യേക പയനിയറായി സേവിക്കുന്ന പിയെട്രോ ബ്രാൻഡോളിനിക്കും അതേ അഭിപ്രായം ആണുള്ളത്‌. തന്റെ ജീവിതം മുഴുസമയ ശുശ്രൂഷയ്‌ക്കായി ചെലവഴിച്ചതിൽ അദ്ദേഹം സന്തുഷ്ടനാണ്‌. വിചാരിച്ചതിനെക്കാൾ നിരവധി അനുഗ്രഹങ്ങൾ അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നു. തന്നെ യഹോവ ആത്മീയവും ഭൗതികവുമായി എല്ലായ്‌പോഴും പരിപാലിച്ചിരിക്കുന്നു എന്ന്‌ അദ്ദേഹം ഉത്സാഹത്തോടെ പറയുന്നു.

ഇപ്പോൾ 70-തിനുമേൽ പ്രായമുള്ള പിയെട്രോയ്‌ക്ക്‌ ചിലപ്പോഴൊക്കെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്‌. എങ്കിലും അദ്ദേഹം ഒരു പ്രത്യേക പയനിയറെന്ന നിലയിൽ സജീവമായി പ്രവർത്തിക്കുന്നു. അടുത്തകാലത്ത്‌ അദ്ദേഹം ഒരു കത്തോലിക്കാ സ്‌കൂളിൽ അധ്യാപകനായി ജോലി നോക്കുന്ന ഒരാളെ കണ്ടുമുട്ടി. അദ്ദേഹത്തെ ബൈബിൾ പഠിപ്പിക്കാമെന്ന്‌ പിയെട്രോ പറഞ്ഞു. അദ്ദേഹം അതു സസന്തോഷം സമ്മതിക്കുകയും ചെയ്‌തു. നാലാമത്തെ അധ്യയനത്തിനു ശേഷം, താൻ പഠിക്കുന്നതു സത്യമാണെന്ന്‌ തനിക്കു ബോധ്യപ്പെട്ടതായി അദ്ദേഹം പിയെട്രോയോടു പറഞ്ഞു. യഹോവയുടെ സാക്ഷികളോടു കൂടെ പഠിക്കുന്ന വിവരം സ്‌കൂളിലെ പുരോഹിതന്മാർ അറിഞ്ഞാൽ അദ്ദേഹത്തിനു ജോലി നഷ്ടമാകാൻ സാധ്യതയുണ്ടെന്ന്‌ പിയെട്രോ പറഞ്ഞപ്പോൾ അതേക്കുറിച്ച്‌ തനിക്കു വേവലാതിയൊന്നും ഇല്ലെന്നും മറ്റെവിടെയെങ്കിലും ജോലി കിട്ടുമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദൈവവചനത്തിലെ സത്യത്തെ ആ അധ്യാപകൻ വളരെ അമൂല്യമായി വീക്ഷിച്ചതിൽ പിയെട്രോ എത്രയധികം സന്തുഷ്ടനായിരുന്നു!

സത്‌പ്രവൃത്തികളിൽ തീക്ഷ്‌ണതയുള്ളവർ

മറ്റു പലരും കാലത്തിന്റെ അടിയന്തിരത തിരിച്ചറിഞ്ഞുകൊണ്ട്‌ തങ്ങൾ ‘സൽപ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ളവർ’ ആണെന്നു പ്രകടമാക്കിയിട്ടുണ്ട്‌. (തീത്തൊ. 2:14) അർജന്റീനയിൽ ഇപ്പോഴുള്ള 1,20,000-ത്തിലധികം പ്രസാധകരിൽ 7,000-ത്തിലധികം പേർ സാധാരണ പയനിയർമാരാണ്‌. അവരിൽ ഒരാളാണ്‌ 70-ഓളം വയസ്സുള്ള എർനാൻ ടോറെസ്‌. കാഴ്‌ചശക്തിയില്ലാത്ത അദ്ദേഹം വീൽചെയർ ഉപയോഗിച്ചാണു സഞ്ചരിക്കുന്നത്‌. മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ അദ്ദേഹത്തിനു വലിയ ശ്രമം നടത്തേണ്ടിവരുന്നു. ചില ദിവസങ്ങളിൽ അദ്ദേഹം നേരത്തേ എഴുന്നേറ്റ്‌ താൻ താമസിക്കുന്ന നേഴ്‌സിങ്‌ ഹോമിന്റെ ഒരു ഭാഗത്തു ചെന്നിരിക്കും. അവിടെ അദ്ദേഹം മറ്റുള്ളവരോടു ബൈബിൾ സന്ദേശം പറയുകയും മടക്കസന്ദർശനങ്ങൾ നടത്തുകയും തന്റെ മാസികാ റൂട്ടിലുള്ള അന്തേവാസികൾക്കു മാസികകൾ കൊടുക്കുകയും ചെയ്യും. കാലാവസ്ഥ നല്ലതാണെങ്കിൽ, അദ്ദേഹം പുറത്തു ചെന്നിരുന്ന്‌ അതിലെ കടന്നുപോകുന്നവരോടു സുവാർത്ത പറയും. മറ്റു ദിവസങ്ങളിൽ ഒരു സഹോദരനോ സഹോദരിയോ അദ്ദേഹത്തെ വീടുതോറുമുള്ള ശുശ്രൂഷയ്‌ക്കു കൊണ്ടുപോകും. കാഴ്‌ച ഇല്ലാത്തതിനാൽ താൻ സംസാരിക്കുന്നത്‌ ആരോടാണെന്ന്‌ കൂടെ പ്രവർത്തിക്കുന്ന വ്യക്തിയാണ്‌ അദ്ദേഹത്തെ അറിയിക്കുന്നത്‌. പുരുഷനാണ്‌ വാതിൽ തുറക്കുന്നതെങ്കിൽ കൂടെയുള്ള ആൾ അദ്ദേഹത്തിന്റെ തോളിൽ ഒരു പ്രാവശ്യം തട്ടും, സ്‌ത്രീയാണെങ്കിൽ രണ്ടു പ്രാവശ്യം, യുവ വ്യക്തിയാണെങ്കിൽ മൂന്നു പ്രാവശ്യവും.

മറ്റൊരു സാധാരണ പയനിയറാണ്‌ റോളാൻഡോ ലെയ്‌വ. അദ്ദേഹം ഒരു ബാർബറാണ്‌. തന്റെ ബാർബർഷോപ്പിൽ വാച്ച്‌ ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം പ്രദർശിപ്പിച്ചിരിക്കുന്നു. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഏറ്റവും പുതിയ ലക്കങ്ങൾ അവിടെ ഉണ്ടാകും. അദ്ദേഹത്തിന്റെ കടയിൽ വരുന്നവർക്കു വായിക്കാൻ വാച്ച്‌ ടവർ പ്രസിദ്ധീകരണങ്ങളല്ലാതെ മറ്റൊന്നും കാണുകയില്ല. “ഇവിടെ വരുന്നവർക്ക്‌ അതിൽ പരാതിയൊന്നുമില്ല, കാരണം ഞാൻ കുറഞ്ഞ ചാർജിനാണ്‌ മുടി വെട്ടുന്നത്‌,” റോളാൻഡോ പറയുന്നു. ഒരാളുടെ മുടി വെട്ടിക്കൊണ്ടിരിക്കുമ്പോൾ കാത്തിരിക്കുന്ന മറ്റുള്ളവർ എന്താണു ചെയ്യുന്നതെന്ന്‌ അദ്ദേഹം നിരീക്ഷിക്കുന്നു. “ആരെങ്കിലും വളരെ ആകാംക്ഷയോടെ നമ്മുടെ മാസികകൾ വായിക്കുന്നെങ്കിൽ, അദ്ദേഹത്തിന്റെ മുടി വെട്ടുന്ന സമയത്ത്‌ ഞാൻ അദ്ദേഹവുമായി സംഭാഷണത്തിലേർപ്പെടും.” അതുവഴി ഒരു സേവനവർഷം റോളാൻഡോയ്‌ക്ക്‌ 163 വരിസംഖ്യകൾ കിട്ടി! അദ്ദേഹം തന്റെ കടയിൽ വരുന്നവരുമായി പല ബൈബിൾ അധ്യയനങ്ങളും ആരംഭിച്ചു. അദ്ദേഹം ഇപ്പോൾ നടത്തുന്ന അധ്യയനങ്ങളിൽ എട്ടെണ്ണവും ബാർബർഷോപ്പിൽ വെച്ചുള്ള അനൗപചാരിക സാക്ഷീകരണത്തിലൂടെ ലഭിച്ചവയാണ്‌.

സുവാർത്ത പ്രസംഗിക്കുന്നതിൽ കുട്ടികളും തീക്ഷ്‌ണതയുള്ളവരാണ്‌. ഹൂഹ്വി പ്രവിശ്യയിലെ സാൻ പേഡ്രോയിലുള്ള സെൻട്രോ സഭയിൽ രണ്ടു വർഷമായി പയനിയറിങ്‌ നടത്തുന്ന 13-കാരനാണ്‌ എൽബേർ ഏഗിയ. ഒരിക്കൽ ഒരു സഹോദരി തെരുവു സാക്ഷീകരണത്തിലൂടെ തനിക്കു ലഭിച്ച ഒരു അഡ്രസ്സ്‌ ആ സഹോദരനു നൽകി. എൽബേർ ആ അഡ്രസ്സിൽ അന്വേഷിച്ചു ചെന്നപ്പോൾ ആയോധനകല പഠിപ്പിക്കുന്ന ഒരാളെയാണ്‌ കണ്ടത്‌. അവൻ അദ്ദേഹത്തെ സമീപിച്ച്‌ താൻ വന്നതിന്റെ കാരണം വിശദീകരിച്ചു. തുടർന്ന്‌ അദ്ദേഹം നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ ഒരു കോപ്പി സ്വീകരിച്ചു. അദ്ദേഹത്തിന്‌ ആ പുസ്‌തകം വളരെ ഇഷ്ടമായി, തന്റെ ശിഷ്യർക്കായി അതിന്റെ കൂടുതൽ പ്രതികൾ ആവശ്യപ്പെടുകയും ചെയ്‌തു. തത്‌ഫലമായി എൽബേർ 50 പുസ്‌തകങ്ങളും 40 ലഘുപത്രികകളും നിരവധി മാസികകളും സമർപ്പിച്ചു. എൽബേർ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വിദ്യാർഥികളിൽ 25 പേർക്കും ബൈബിൾ അധ്യയനം തുടങ്ങി. അവരിൽ ചിലർ നന്നായി പുരോഗമിക്കുന്നുണ്ട്‌.

സാക്ഷികൾ​—⁠ഭൂമിയുടെ അതിവിദൂര ഭാഗത്തുനിന്നും അവിടേക്കും

അന്യ രാജ്യങ്ങളിലെ തീക്ഷ്‌ണതയുള്ള പ്രസാധകരാണ്‌ അർജന്റീനയിൽ സുവാർത്ത എത്തിച്ചത്‌. അവരുടെ ആത്മത്യാഗ മനോഭാവം അർജന്റീനയിലെ സഹോദരങ്ങൾ അനുകരിച്ചിരിക്കുന്നു. ഇവിടത്തെ ബെഥേലംഗങ്ങളുടെ എണ്ണം 286 ആയി ഉയർന്നിരിക്കുന്നു. കൂടാതെ, 300 സഹോദരീസഹോദരന്മാർ മുഴുസമയ ശുശ്രൂഷയുടെ മറ്റു മണ്ഡലങ്ങളിലും സേവിക്കുന്നു.

സുവിശേഷകരുടെ ആവശ്യം അധികമുള്ള രാജ്യങ്ങളിൽ സേവിക്കാൻ മറ്റുള്ളവർ സന്നദ്ധരായിട്ടുണ്ട്‌. (യെശ. 6:8) ഉദാഹരണത്തിന്‌, അർജന്റീനയിൽ നിന്നുള്ള 20 സഹോദരന്മാർ ഗിലെയാദ്‌ ക്ലാസ്സിൽ സംബന്ധിക്കാതെതന്നെ മിഷനറിമാരായി പരാഗ്വേയിൽ സേവിക്കുന്നതിന്‌ 1980-ൽ ഭരണസംഘം ക്രമീകരണം ചെയ്‌തു. ഈ അടുത്ത കാലത്ത്‌, അവിടെ സുവാർത്താ ഘോഷകരുടെ ആവശ്യം കൂടുതലുള്ള പ്രദേശങ്ങളിൽ സേവിക്കാൻ ഏകാകികളായ നിരവധി സഹോദരിമാരും മറ്റുള്ളവരും അവിടേക്കു താമസം മാറ്റിയിട്ടുണ്ട്‌. പരാഗ്വേയിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയുമായി ഇവർ സസന്തോഷം ഇണങ്ങിച്ചേർന്നിരിക്കുന്നു. അർജന്റീനയിൽ നിന്നുള്ള 73 സഹോദരങ്ങൾ ഇപ്പോൾ പരാഗ്വേയിൽ സേവിക്കുന്നുണ്ട്‌. അവിടെ ഇനിയും കൂടുതൽ ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കുന്നതിന്‌ അവരുടെ മാതൃഭാഷയായ ഗ്വാരനി പഠിക്കാൻ ഈ സഹോദരങ്ങളിൽ പലരും ശ്രമിക്കുന്നു.

പോയ വർഷങ്ങളിൽ പയനിയർമാരും സഞ്ചാരമേൽവിചാരകന്മാരുമായി സേവിക്കാൻ അർജന്റീനയിൽ നിന്നുള്ള പലരും ബൊളീവിയയിലേക്കും ചിലിയിലേക്കും പോയിട്ടുണ്ട്‌. പൂർവ യൂറോപ്പിൽ സാക്ഷികളുടെ വേല ആരംഭിച്ചപ്പോൾ ഹംഗേറിയൻ ഭാഷ അറിയാമായിരുന്ന ഒരു അർജന്റീനിയൻ സഹോദരൻ ഹംഗറിയിൽ പോയി പ്രവർത്തിക്കാൻ സന്നദ്ധനായി. ആ സഹോദരൻ ഇപ്പോൾ അവിടെ ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിക്കുന്നു. ആഫ്രിക്കയിലെ ബെനിൻ രാജ്യത്തു പോയി സുവാർത്ത ഘോഷിക്കാനുള്ള ആഗ്രഹം പ്രകടമാക്കിയ ഒരു ദമ്പതികളെ സൊസൈറ്റി മിഷനറിമാരായി അവിടേക്ക്‌ അയച്ചു. ദേശീയ അതിർത്തികൾ ഇല്ലാത്ത ആത്മീയ പറുദീസയിൽ വസിക്കുന്ന യഹോവയുടെ ജനത്തിന്റെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ്‌ ഇവരുടെയെല്ലാം സ്‌നേഹം.

രാജ്യസുവാർത്ത അത്യുത്സാഹത്തോടെ ഘോഷിക്കുന്ന അർജന്റീനയിലെ സഹോദരങ്ങൾ ‘സമയത്തും അസമയത്തും ഒരുങ്ങിനിന്നുകൊണ്ട്‌ വചനം പ്രസംഗിക്കാൻ’ സന്നദ്ധരായിരുന്നിട്ടുണ്ട്‌. (2 തിമൊ. 4:2) അവരുടെ സ്ഥിരോത്സാഹത്തിന്റെ ഫലമായി, ഇന്ന്‌ അർജന്റീനയിലുള്ള 1,20,000-ത്തിലധികം പേർ യഹോവയെ സ്‌തുതിക്കുകയും അവന്റെ സമൃദ്ധമായ അനുഗ്രഹം ആസ്വദിക്കുകയും ചെയ്യുന്നു.​—⁠സദൃ. 10:⁠22.

[186-ാം പേജിലെ ഗ്രാഫ്‌/ചിത്രം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

നിരോധിക്കപ്പെട്ട വർഷങ്ങളിൽ സാക്ഷികളുടെ എണ്ണത്തിലെ വർധനവ്‌

1950 1960 1970 1980

1,416 7,204 18,763 36,050

[148-ാം പേജിലെ ചിത്രം]

[150-ാം പേജിലെ ചിത്രങ്ങൾ]

അർജന്റീനയിലെ സുവാർത്താ ഘോഷണത്തിന്‌ അടിസ്ഥാനമിടാൻ സഹായിച്ചവർ: (1) ജോർജ്‌ യങ്‌, (2) ഹ്വാൻ മൂൺയിസ്‌, (3) കാർലോസ്‌ ഓട്ട്‌, (4) നിക്കോളാസ്‌ ആർച്ചിറോസ്‌

[152-ാം പേജിലെ ചിത്രം]

ഈ ബസ്‌ ഉപയോഗിച്ച്‌ ആർമാൻഡോ മെനാറ്റ്‌സിയും തീക്ഷ്‌ണതയുള്ള മറ്റു സാക്ഷികളും ചുരുങ്ങിയത്‌ പത്തു പ്രവിശ്യകളിലെങ്കിലും സുവാർത്ത എത്തിച്ചു

[156-ാം പേജിലെ ചിത്രം]

നോർ സഹോദരൻ (വലത്ത്‌), നിരോധനകാലത്ത്‌ 1953-ൽ നടത്തിയ സമ്മേളനങ്ങളിൽ ഒന്നിൽ

[161-ാം പേജിലെ ചിത്രം]

യഹോവയുടെ സാക്ഷികൾ ആദ്യമായി ഉപയോഗിച്ച വെബ്‌ ഓഫ്‌സെററ്‌ പ്രസ്സ്‌

[162-ാം പേജിലെ ചിത്രം]

1974-ൽ റിയോ സേബായോസിൽ നടന്ന “ദിവ്യ വിജയ” സാർവദേശീയ സമ്മേളനം

[178-ാം പേജിലെ ചിത്രങ്ങൾ]

പ്രയാസകരമായ നാളുകളിൽ വനത്തിൽ നടത്തിയ ഒരു സമ്മേളനം

[193-ാം പേജിലെ ചിത്രം]

പാരനാ നദീതടപ്രദേശത്ത്‌ ജലത്തിൽ പൊങ്ങിക്കിടക്കുന്ന രാജ്യഹാൾ

[194-ാം പേജിലെ ചിത്രം]

സ്റ്റീവൻ ലീയും ഭാര്യ ജൂണും മൂന്നു രാജ്യങ്ങളിലായുള്ള കൊറിയക്കാരുടെ സർക്കിട്ടിൽ സേവിക്കുന്നു

[200-ാം പേജിലെ ചിത്രം]

ടിയെറദെഫുയേഗോയിലുള്ള യൂസ്വായയിലെ ശീഘ്രനിർമിത രാജ്യഹാളുകളിൽ ഒന്ന്‌, ഏറ്റവും തെക്കുള്ള അത്തരം രാജ്യഹാളാണിത്‌

[202-ാം പേജിലെ ചിത്രങ്ങൾ]

അർജന്റീനയിലെ സമ്മേളനഹാളുകൾ: (1) മോറേനോ, (2) കോർദൊബ, (3) ലോമാസ്‌ ഥി സാമോറ, (4) മിസിയോണെസ്‌

[204-ാം പേജിലെ ചിത്രം]

കാന്യവേലാസിലെ കൺവെൻഷൻ ഹാൾ

[208, 209 പേജുകളിലെ ചിത്രങ്ങൾ]

1990-ലെ സാർവദേശീയ കൺവെൻഷൻ

[215-ാം പേജിലെ ചിത്രം]

അർജന്റീനയുടെ വടക്കൻ മേഖലയിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കം നിരവധി പേരെ ഭവനരഹിതരാക്കി

[218-ാം പേജിലെ ചിത്രങ്ങൾ]

അർജന്റീനയിൽ ഇപ്പോഴും സേവിക്കുന്ന ആദ്യകാല മിഷനറിമാർ: (1) ഫിലിയാ സ്‌പേഷൽ (2) ഇഡിത്ത്‌ മോർഗൺ (3) സോഫ സോവിയക്ക്‌ (4) ഹെലൻ വിൽസൺ (5) മേരി ഹെൽമ്പ്രെക്‌റ്റ്‌ (6) ചാൾസ്‌ ഐസൻഹൗർ

[223-ാം പേജിലെ ചിത്രങ്ങൾ]

(1) ബ്രാഞ്ച്‌ കമ്മിറ്റി (ഇടത്തുനിന്ന്‌): എം. പൂക്കെറ്റി, എൻ. കാവാലിയേരി, പി. ജുസ്റ്റി, റ്റി. കാർദോസ്‌, ആർ. വാസ്‌കെസ്‌, സി. ഐസൻഹൗർ

ബ്രാഞ്ച്‌ സൗകര്യങ്ങൾ: (2) ഓഫീസുകൾ, (3) അച്ചടിശാല, (4) ബെഥേൽ ഭവനം