വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

‘നാം പിന്മാറുന്ന തരക്കാരല്ല പിന്നെയോ വിശ്വാസമുള്ള തരക്കാരാണ്‌’ എന്ന തിരുവെഴുത്ത്‌ 2000-ാം ആണ്ടിൽ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ തങ്ങളുടെ രാജ്യഹാളുകളിൽ വ്യക്തമായി പ്രദർശിപ്പിക്കുകയുണ്ടായി. (എബ്രാ. 10:​39, NW) തങ്ങളുടെ ശുശ്രൂഷ നിർവഹിക്കുന്നതിൽ തുടരവെ, അവർ പ്രകടമാക്കുന്ന മനോഭാവത്തിന്റെ സവിശേഷത ആ വാക്യത്തിൽ കാണാം. അപരിചിതരോടു സംസാരിക്കാൻ ചിലർക്കു ബുദ്ധിമുട്ടു തോന്നിയേക്കാം എന്നതു ശരിതന്നെ, ചില സാഹചര്യങ്ങളിൽ തെല്ലൊരു ഭയവും. എന്നിരുന്നാലും, യഹോവയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട്‌ അവർ അവന്റെ കൽപ്പനകൾ അനുസരിക്കുന്നതിൽ തുടരുന്നു.

കഴിഞ്ഞ ആഗസ്റ്റ്‌ 31-ന്‌ അവസാനിച്ച സേവനവർഷക്കാലത്ത്‌ യഹോവയുടെ അനുഗ്രഹത്തോടെ അവർ നിർവഹിച്ച കാര്യങ്ങളുടെ ചില പ്രസക്ത വശങ്ങളാണ്‌ 31-ാം പേജിലെ ലോകവ്യാപക റിപ്പോർട്ടിൽ കൊടുത്തിരിക്കുന്നത്‌. 32-9 പേജുകളിലെ ചാർട്ടിൽ കൂടുതൽ വിശദാംശങ്ങൾ കാണാം. മാത്രമല്ല, കഴിഞ്ഞ സേവനവർഷത്തിൽ നടത്തിയ കൺവെൻഷനുകളും എടുത്തുപറയേണ്ട ഒന്നാണ്‌.

ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർക്കായുള്ള കൺവെൻഷനുകൾ

1999 ഡിസംബറിൽ, “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനു ഹാജരാകാൻ എല്ലാ യഹോവയുടെ സാക്ഷികളും താത്‌പര്യക്കാരായ മറ്റുള്ളവരും ആഹ്വാനം ചെയ്യപ്പെട്ടു. ഈ കൺവെൻഷനുകളിൽ ആദ്യത്തേത്‌ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള ലോങ്‌ ബീച്ചിൽ 2000 മേയ്‌ 19-21 തീയതികളിൽ നടന്നു. 2001 ആരംഭത്തിൽ ഈ കൺവെൻഷൻ പരമ്പര അവസാനിക്കുന്നതിനു മുമ്പ്‌, ലോകവ്യാപകമായി അത്തരം നൂറുകണക്കിനു കൺവെൻഷനുകൾ നടന്നിരിക്കും.

കൺവെൻഷൻ പരിപാടികൾ വിസ്‌മയ കാര്യങ്ങൾ പ്രവർത്തിക്കുന്ന യഹോവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവന്റെ പ്രവൃത്തികൾ ഒന്നും മറക്കാതിരിക്കാനും മുഴുഹൃദയാ അവനെ സ്‌തുതിക്കാനും നമുക്കു പ്രോത്സാഹനം ലഭിച്ചു. (സങ്കീ. 9:1; 103:2) കൂടാതെ, കുടുംബജീവിതം സംബന്ധിച്ചും ജഡത്തിലെ മുള്ളിനെ തരണം ചെയ്യുന്നതു സംബന്ധിച്ചുമുള്ള പ്രായോഗിക ബുദ്ധിയുപദേശവും ലഭിച്ചു. ആത്മീയത നട്ടുവളർത്തുന്നതിൽ കഠിനമായി യത്‌നിക്കാനും കേട്ടു മറക്കുന്നവർ ആയിരിക്കാതെ ദൈവവചനം അനുസരിക്കുന്നവർ ആയിരിക്കാനും യഹോവയുടെ വിസ്‌മയാവഹമായ പ്രവൃത്തികളെ കുറിച്ച്‌ മറ്റുള്ളവരോടു പറയുന്നതിൽ തുടരാനുമുള്ള പ്രോത്സാഹനം നമുക്കു ലഭിച്ചു. അനുഭവങ്ങളും അഭിമുഖങ്ങളും അതുപോലെതന്നെ പ്രസംഗങ്ങളും ചർച്ച ചെയ്യപ്പെട്ട കാര്യങ്ങളുടെ പ്രായോഗിക മൂല്യം എടുത്തുകാട്ടുകയും നമ്മുടെ ഹൃദയങ്ങളെ സ്‌പർശിക്കുകയും ചെയ്‌തു. “നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ” എന്ന ശക്തമായ ബൈബിൾ നാടകം യഹോവയുമായുള്ള ബന്ധത്തെ തകർത്തേക്കാവുന്ന നടത്തയ്‌ക്കെതിരെ ഉറച്ച നിലപാടു സ്വീകരിക്കാൻ നമ്മെ സഹായിച്ചു. യെശയ്യാവു, സെഫന്യാവു എന്നീ ബൈബിൾ പുസ്‌തകങ്ങളിലെ പ്രവചനങ്ങളുടെ ഗഹനമായ ചർച്ച നമ്മെ കെട്ടുപണി ചെയ്‌തു.

കൺവെൻഷൻ നടന്ന ഇടങ്ങളിൽ ഒന്നാണ്‌ ഹംഗറിയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നേപ്‌ഷ്‌റ്റാഡിയോൺ. അവിടെ ആദ്യ ദിവസത്തെ പരിപാടികൾക്ക്‌ 22,000-ത്തിലേറെ പേർ കൂടിവരുകയുണ്ടായി. തുടക്കം മുതലേ സന്നിഹിതർ ആയിരിക്കാനുള്ള പ്രോത്സാഹനം ചെവിക്കൊണ്ടവർക്ക്‌ ഒരിക്കലും ഖേദിക്കേണ്ടിവരില്ല. രാവിലത്തെ പരിപാടിയുടെ സമാപനത്തിൽ, ഭരണസംഘത്തിലെ അംഗമായ ഗെരിറ്റ്‌ ലോഷ്‌ ഒരു പ്രത്യേക പ്രസംഗം നടത്തി. അതിൽ ഹംഗേറിയൻ ഭാഷയിലുള്ള ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം പ്രകാശനം ചെയ്യപ്പെട്ടു. അതേ മാസം നടന്ന മറ്റു കൺവെൻഷനുകളിൽ റൊമേനിയൻ, അൽബേനിയൻ എന്നീ ഭാഷകളിലും ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം പ്രകാശനം ചെയ്യപ്പെട്ടു.

അൽബേനിയയിൽ ഒരു മാസംതന്നെ പല സ്ഥലങ്ങളിലായി വ്യത്യസ്‌ത കൺവെൻഷനുകൾ ക്രമീകരിച്ചിരുന്നെങ്കിലും, റ്റിറാനയിൽ നടന്ന കൺവെൻഷന്റെ പ്രാരംഭദിന പരിപാടികൾക്കു കൂടിവരാനുള്ള ക്ഷണം അൽബേനിയയിലും കൊസൊവോയിലുമുള്ള സാക്ഷികൾ സ്വീകരിച്ചു. അൽബേനിയൻ ഭാഷയിലുള്ള ബൈബിൾ പ്രകാശനം ചെയ്യപ്പെട്ടത്‌ അവർക്ക്‌ എത്രമാത്രം സന്തോഷം കൈവരുത്തിയെന്നോ! ഒരു യുവസഹോദരൻ ഇങ്ങനെ പറഞ്ഞു: “ഈ പരിഭാഷ വായിച്ചപ്പോൾ ബൈബിൾ ഏറെ സ്‌പഷ്ടമായും വളരെ എളുപ്പത്തിലും എനിക്കു ഗ്രഹിക്കാൻ കഴിഞ്ഞു. മാത്രമല്ല, അതു ബൈബിളിനോടുള്ള എന്റെ സ്‌നേഹം വർധിപ്പിക്കുകയും ചെയ്‌തു!” മുമ്പ്‌ പാർലമെന്റിലെ ഒരു കമ്മ്യൂണിസ്റ്റ്‌ അംഗമായിരുന്ന, ഇപ്പോൾ ഒരു സാധാരണ പയനിയറായി സേവിക്കുന്ന 60-നു മേൽ പ്രായമുള്ള ഒരു സഹോദരി എഴുതി: “എത്രയോ വിശിഷ്ടം! ഗദ്യവും പദ്യവും ഒഴുക്കുള്ള വിവരണങ്ങളും അടങ്ങിയ എത്ര മനോഹരമായ ഒരു ഗ്രന്ഥമാണ്‌ ബൈബിളെന്ന്‌ എനിക്കു മനസ്സിലായത്‌ ഈ പരിഭാഷ പഠിച്ചതിനു ശേഷമാണ്‌. ഇതു വായിക്കുമ്പോൾ, വികാരസാന്ദ്രമായ രംഗങ്ങൾ വളരെ വ്യക്തമായി ഭാവനയിൽ കാണാനാകും. യേശുവിന്റെ അത്ഭുത പ്രവൃത്തികളെയും അവനു സഹിക്കേണ്ടിവന്ന ദേഹോപദ്രവത്തെയും പരിഹാസത്തെയും കുറിച്ചുള്ള വിവരണങ്ങൾ മുമ്പൊരിക്കലും എന്റെ ഹൃദയത്തെ ഇത്ര ആഴത്തിൽ സ്‌പർശിച്ചിട്ടില്ല!”

പുതിയലോക ഭാഷാന്തരത്തിന്റെ റഫറൻസ്‌ പതിപ്പു ലഭിച്ചതിൽ ചെക്ക്‌ റിപ്പബ്ലിക്കിലെ കൺവെൻഷനുകളിൽ സംബന്ധിച്ചവർ വളരെയധികം സന്തോഷിച്ചു. ധാരാളം റഫറൻസുകളും അടിക്കുറിപ്പുകളുമുള്ള അത്‌ ദൈവവചനം ശ്രദ്ധാപൂർവം പഠിക്കുന്നവർക്ക്‌ തീർച്ചയായും ഒരു മുതൽക്കൂട്ടാണ്‌. അതിന്റെ പ്രകാശനം അറിയിച്ചപ്പോൾ പ്രാഗിലെയും ഓസ്‌ട്രവയിലെയും നിരവധി കൺവെൻഷൻ പ്രതിനിധികൾ എഴുന്നേറ്റു നിന്ന്‌ ദീർഘനേരം കരഘോഷം മുഴക്കി.

കഴിഞ്ഞ സേവനവർഷത്തിന്റെ തുടക്കത്തിൽ “ദൈവത്തിന്റെ പ്രാവചനിക വചനം” എന്ന വിഷയത്തിലുള്ള ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ ലോകത്തിന്റെ ചില ഭാഗങ്ങളിൽ നടക്കുന്നുണ്ടായിരുന്നു. ആ സുപ്രധാന വിവരങ്ങൾ വ്യത്യസ്‌ത ജനതകളിലും ഭാഷകളിലും പെട്ട കഴിയുന്നത്ര ആളുകളുടെ പക്കൽ എത്തിക്കുന്നതിന്‌ ആത്മാർഥമായ ശ്രമം നടത്തപ്പെട്ടു. ഉദാഹരണത്തിന്‌, മെക്‌സിക്കോയിൽ “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ 190 എണ്ണമാണ്‌ നടത്തിയത്‌, മൊത്തം 10,73,667 പേർ അവയിൽ സംബന്ധിക്കുകയും ചെയ്‌തു. കൺവെൻഷൻ പരിപാടികൾ സ്‌പാനിഷ്‌, ഇംഗ്ലീഷ്‌, മേയ, മെക്‌സിക്കൻ ആംഗ്യഭാഷ എന്നിവയിൽ നേരിട്ടു നടത്തുകയും മാസാടേക്കോ, മിക്‌സേ, റ്റ്‌സോട്‌സിൽ എന്നീ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്‌തു. ദൈവം മനുഷ്യവർഗത്തിനായി ഒരുക്കിവെച്ചിരിക്കുന്ന അത്ഭുതകരമായ കാര്യങ്ങളെ കുറിച്ചു ബൈബിൾ നൽകുന്ന ഉൾക്കാഴ്‌ചയിൽനിന്നു പ്രയോജനം നേടുന്നതിന്‌ ഭാഷ ആളുകൾക്ക്‌ ഒരു പ്രതിബന്ധമായില്ല.

ദുർഘട സാഹചര്യങ്ങളെ തരണം ചെയ്യുന്നു

കഴിഞ്ഞ സേവനവർഷത്തിലും യഹോവയാം ദൈവത്തെയും മിശിഹൈക രാജ്യത്തെയും കുറിച്ച്‌ മികച്ച സാക്ഷ്യം നൽകപ്പെട്ടു. ഈ പ്രവർത്തനത്തിൽ പങ്കെടുത്ത പ്രസാധകരുടെ അത്യുച്ചം 60,35,564 ആയിരുന്നു. കഴിഞ്ഞ വർഷം ശരാശരി 8,05,205 പേർ പയനിയർ ശുശ്രൂഷയിൽ പങ്കുപറ്റി. ഏപ്രിൽ മാസത്തിൽ മൊത്തം പയനിയർമാരുടെ എണ്ണം 14,18,062 ആയി വർധിച്ചു! സുവാർത്ത ഘോഷിക്കാൻ സാക്ഷികൾ ഈ വർഷവും നൂറു കോടിയിൽ അധികം മണിക്കൂർ ചെലവഴിച്ചു. വിശ്വാസത്തിന്റെ കടുത്ത പരിശോധനകളിൻ മധ്യേയാണ്‌ പലരും ഈ വേലയിൽ പങ്കെടുത്തത്‌. അത്തരത്തിലുള്ള എല്ലാ സാഹചര്യങ്ങളിലും തങ്ങൾ “പിന്മാറുന്ന തരക്കാരല്ല” എന്നതിനു യഹോവയുടെ സാക്ഷികൾ തെളിവു നൽകി.

ഉദാഹരണത്തിന്‌, കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്‌ മാസങ്ങളായി യുദ്ധത്തിന്റെ പിടിയിലാണ്‌. ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥിതിചെയ്യുന്ന കിൻഷാസയുമായി നേരിട്ടുള്ള ആശയവിനിമയ ബന്ധങ്ങൾ ഏറെയും അറ്റുപോയിരിക്കുന്ന കിഴക്കൻ മേഖലയിൽ 30,000-ത്തിലധികം രാജ്യപ്രസാധകരുണ്ട്‌. ചില പ്രദേശങ്ങളിൽ പട്ടാളക്കാർ സാക്ഷികൾ ഉൾപ്പെടെയുള്ള സാധാരണ പൗരന്മാരെ തടഞ്ഞു നിറുത്തി ചോദ്യം ചെയ്യുകയും ചിലപ്പോൾ പ്രഹരിക്കുകയും ചെയ്യും. എങ്കിലും സാക്ഷികൾ പ്രസംഗപ്രവർത്തനം നിറുത്തുന്നില്ല. ഈ രാജ്യത്ത്‌ അഞ്ചു കോടിയോളം ജനങ്ങളുണ്ട്‌. സുവാർത്ത കേൾക്കുന്നതിന്‌ അവർക്കും അവസരം ലഭിക്കേണ്ടതുണ്ട്‌. കഴിഞ്ഞ സേവനവർഷത്തിൽ ഇവിടത്തെ പ്രസാധകർ ഓരോ മാസവും ശരാശരി 13 മണിക്കൂർ വയൽസേവനത്തിൽ ചെലവഴിച്ചു.

ലൈബീരിയയിലെ സഹോദരങ്ങളും അങ്ങേയറ്റം ശ്രദ്ധേയമായ വിശ്വാസം പ്രകടമാക്കി. സാമ്പത്തിക പരാധീനതകളോടും മലമ്പനി, ടൈഫോയ്‌ഡ്‌ തുടങ്ങിയ രോഗങ്ങളോടും അവർക്ക്‌ ദൈനംദിനം മല്ലിടേണ്ടിവരുന്നു. ഇത്‌ പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്നു. അതു കണക്കിലെടുക്കുമ്പോൾ, “2000 ഏപ്രിൽ നമുക്ക്‌ ഏറ്റവും മെച്ചപ്പെട്ട മാസം ആക്കാനാകുമോ?” എന്ന ആഹ്വാനത്തോടുള്ള ഈ സഹോദരങ്ങളുടെ പ്രതികരണം അവരുടെ വിശ്വാസത്തിന്റെയും യഹോവയോടുള്ള തീക്ഷ്‌ണതയുടെയും അവരുടെ ജീവിതത്തിൽ യഹോവയുടെ ആത്മാവിനുള്ള പ്രഭാവത്തിന്റെയും ശക്തമായ തെളിവായിരുന്നു. ഇവിടെ 3,193 പ്രസാധകരുടെ ഒരു സർവകാല അത്യുച്ചം റിപ്പോർട്ടു ചെയ്യപ്പെട്ടു. സഹായ പയനിയർമാരുടെയും സാധാരണ പയനിയർമാരുടെയും മൊത്തം എണ്ണം പ്രസാധകരുടെ 32 ശതമാനം വരുമായിരുന്നു. ഈ പ്രവർത്തനത്തിന്റെ ഫലമായി, എല്ലാ പ്രതീക്ഷകളെയും കടത്തിവെട്ടിക്കൊണ്ട്‌ 16,875 പേർ സ്‌മാരകത്തിനു ഹാജരായി. മേയ്‌ മാസത്തിൽ ലൈബീരിയയിലെ സഹോദരങ്ങൾ 10,164 ബൈബിൾ അധ്യയനങ്ങൾ നടത്തിയതായി ആ മാസത്തെ റിപ്പോർട്ടു പ്രകടമാക്കുന്നു.

ശ്രീലങ്കയിൽ 19 വർഷം മുമ്പു തുടങ്ങിയ ആഭ്യന്തരയുദ്ധം ഇന്നും തുടരുകയാണ്‌. 2000 ഏപ്രിൽ മാസത്തിൽ ഉത്തര ജാഫ്‌നാ ഉപദ്വീപിൽ നടന്ന കനത്ത പോരാട്ടത്തിന്റെ ഫലമായി, പതിനായിരക്കണക്കിന്‌ ആളുകൾക്കു വീടുവിട്ട്‌ പലായനം ചെയ്യേണ്ടിവന്നു. അത്‌ അഞ്ചു സഭകളെ, പ്രസാധകരും താത്‌പര്യക്കാരും ഉൾപ്പെടെ 600 പേരെ, പ്രതികൂലമായി ബാധിച്ചു. അവർക്ക്‌ രാജ്യഹാളിരിക്കുന്ന സ്ഥലത്തും സമീപത്തെ ഉപേക്ഷിക്കപ്പെട്ട വീടുകളിലും താമസിക്കേണ്ടിവന്നു. അവരുടെ അവസ്ഥ എങ്ങനെയുള്ളത്‌ ആയിരുന്നു? അവിടത്തെ ഒരു മൂപ്പൻ എഴുതി: “എങ്ങും ദാരിദ്ര്യവും വികലപോഷണവുമാണ്‌. . . . സഹോദരങ്ങൾക്ക്‌ വീടുകളും വസ്‌തുവകകളും നഷ്ടപ്പെട്ടിരിക്കുന്നു. എങ്ങും കുഴിബോംബുകൾ പാകിയിരിക്കുകയാണ്‌. സഹോദരങ്ങൾക്കു ജോലിയില്ല; കുട്ടികൾക്കു സ്‌കൂളിൽ പോകാൻ സാധിക്കുന്നില്ല. ജീവിതം വളരെ ക്ലേശപൂർണമാണ്‌. എങ്കിലും, യഹോവയുടെ ആത്മാവിനാലും ആത്മീയ സഹായത്താലും സഹോദരങ്ങൾ സഹിച്ചുനിൽക്കുന്നു. . . . ഞങ്ങൾക്ക്‌ യഹോവയുടെ സഹായഹസ്‌തം കാണാൻ കഴിയുന്നു, ഞങ്ങൾ അവനോടു നന്ദിയുള്ളവരാണ്‌.” അത്തരം അവസ്ഥകളിൽ ആയിരുന്നിട്ടും, ആ സഹോദരങ്ങൾ ഒരു സഭായോഗം പോലും മുടക്കിയില്ല. ചെറിയ കൂട്ടങ്ങൾ ആയിട്ടാണെങ്കിലും, സർക്കിട്ട്‌ സമ്മേളനം നടത്താനുള്ള സുരക്ഷിതമായ സ്ഥലങ്ങളും അവർ കണ്ടെത്തി. വയലിലെ പ്രവർത്തനത്തിൽ മന്ദീഭവിച്ചു പോകുന്നതിനു പകരം, തങ്ങളുടെ അയൽക്കാരോടു സുവാർത്ത അറിയിക്കാനുള്ള ശ്രമങ്ങൾ അവർ വർധിപ്പിക്കുകയാണു ചെയ്‌തത്‌.

യൂക്രെയിനിലെ സാമ്പത്തിക പരാധീനതകൾ നിമിത്തം അവിടെയുള്ള ചില പ്രദേശങ്ങളിൽ യാത്രക്കൂലി വഹിക്കാൻ പലർക്കും കഴിയുന്നില്ല. എന്നിരുന്നാലും, യഹോവയെ സേവിക്കുന്ന പദവിയെ അമൂല്യമായി വീക്ഷിക്കുന്ന ഒരു സഹോദരിയുടെ കാര്യമെടുക്കുക. 80 വയസ്സ്‌ പിന്നിട്ടിരുന്ന ആ സഹോദരി കുറെ വർഷങ്ങൾ നാലു മണിക്കൂർ നടന്നാണ്‌ സുവാർത്ത പ്രസംഗിക്കാനുള്ള സ്ഥലത്ത്‌ എത്തിയിരുന്നത്‌. മാത്രമല്ല, ആ സഹോദരി കുന്നും മലയും കയറി 10 കിലോമീറ്റർ നടന്നാണ്‌ യോഗങ്ങൾക്കു ഹാജരാകുന്നത്‌.

ഓർത്തഡോക്‌സ്‌ സഭയിലെ പുരോഹിതന്മാരുടെ ശക്തമായ എതിർപ്പിൻ മധ്യേയാണ്‌ റൊമേനിയയിലെ യഹോവയുടെ സാക്ഷികൾ പ്രവർത്തിക്കുന്നത്‌. മേഖലാമേൽവിചാരകനായ വില്ലി ഗൂർനോന്റെ സന്ദർശനസമയത്ത്‌ അദ്ദേഹത്തിന്റെ ഒരു പ്രത്യേക പ്രസംഗത്തിനായി സഹോദരങ്ങൾ ബൂക്കറെസ്റ്റിലെ ഒരു ഫുട്‌ബോൾ സ്റ്റേഡിയം വാടകയ്‌ക്കെടുത്തിരുന്നു. എന്നാൽ ഓർത്തഡോക്‌സ്‌ സഭാതലപ്പത്തുനിന്ന്‌ ഉണ്ടായ സമ്മർദത്തെ തുടർന്ന്‌ ആ സ്റ്റേഡിയത്തിന്റെ ബുക്കിങ്‌ റദ്ദാക്കപ്പെട്ടു. എന്നിരുന്നാലും, മേഖലാമേൽവിചാരകന്റെ സന്ദർശനത്തിന്‌ ഏതാനും ദിവസം മുമ്പ്‌ സ്വാധീനമുള്ള ഒരാൾ ഇടപെട്ട്‌ മനോഹരമായ സാലാ പാലാത്തൂലൂയി (പാലസ്‌ ഹാൾ) വാടകയ്‌ക്കെടുക്കാൻ സഹോദരങ്ങളെ സഹായിച്ചു. മേഖലാമേൽവിചാരകൻ ആ ഹാളിൽ നടത്തിയ “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു ശോധന ചെയ്‌വിൻ” എന്ന വിഷയത്തിലുള്ള സമയോചിത പ്രസംഗം കേൾക്കാൻ 2,184 പേർ എത്തിയിരുന്നു. വിശ്വാസം പരിശോധിക്കപ്പെട്ട, റൊമേനിയയിലെ 38,000-ത്തിലധികം പ്രസാധകർ അവിരാമം സുവാർത്ത പ്രസംഗിക്കുന്നതിൽ തുടരുന്നു. ഇവരിൽ 3,569-ഓളം പേർ പയനിയർമാരാണ്‌. മുഴുസമയ ലൗകിക ജോലി ഉണ്ടായിരുന്നിട്ടു കൂടിയാണ്‌ അവരിൽ മിക്കവരും പയനിയറിങ്‌ ചെയ്യുന്നത്‌.

എത്യോപ്യൻ ഭരണഘടന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നെങ്കിലും, അവിടത്തെ പുരോഹിതവർഗം തങ്ങളുടെ സഭാംഗങ്ങളെ സാക്ഷികൾക്കെതിരെ ഇളക്കിവിടുന്നു. വയൽസേവനത്തിൽ ആയിരിക്കെ സാക്ഷികൾക്കു ദിവസവും ചീത്ത കേൾക്കേണ്ടി വരുന്നു. ആളുകളുടെ എതിർപ്പ്‌ അതോടെ തീരുന്നില്ല. മതഭ്രാന്തരായ ചില വീട്ടുകാർ സാക്ഷികളെ തല്ലുകയും കല്ലുപെറുക്കി എറിയുകയുമൊക്കെ ചെയ്യാറുണ്ട്‌. എന്നിരുന്നാലും, ആഫ്രിക്കയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഈ രാജ്യത്തെ 6.2 കോടി ജനങ്ങളുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ അവിടെ യഹോവയുടെ സാക്ഷികളായുള്ള 6,166 പേർ ശ്രമിക്കുന്നു.

61 വയസ്സുള്ള ബെജോമയ്‌ക്ക്‌ സത്യം പഠിക്കുമ്പോൾ അക്ഷരാഭ്യാസം ഇല്ലായിരുന്നു. സത്യത്തിനായി ദാഹിച്ചിരുന്ന അദ്ദേഹം തനിക്കു വേണ്ടി ദിവസവും ബൈബിൾ അധ്യയനം നടത്താൻ അഭ്യർഥിച്ചു. മഡഗാസ്‌കറിലെ തന്റെ സ്വന്തഗ്രാമത്തിലുള്ള ആളുകളെ പഠിപ്പിക്കാൻ കഴിയുമാറ്‌ എഴുത്തും വായനയും പഠിക്കാൻ അദ്ദേഹം ഉത്സാഹിച്ചു. സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകൻ ആയിത്തീർന്ന അദ്ദേഹം തന്റെ ഗ്രാമത്തിലേക്കു മടങ്ങി, അവിടെ യോഗങ്ങൾ നടത്താൻ തുടങ്ങി. പിറ്റേ വർഷം അദ്ദേഹം സ്‌നാപനമേറ്റു. മൂന്നു വർഷത്തിനുശേഷം ബെജോമ പയനിയറിങ്‌ ആരംഭിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ സുവാർത്ത പ്രസംഗിക്കുക എളുപ്പമായിരുന്നില്ല. ബൈബിൾ പഠിക്കാൻ താത്‌പര്യം കാട്ടിയവർക്ക്‌ നാട്ടുകാരിൽനിന്നു കടുത്ത സമ്മർദമുണ്ടായി. ഒരിക്കൽ അവരുടെ മനസ്സു മാറ്റാനായി ആ ഗ്രാമത്തിലുള്ള എല്ലാവരും കൂടിവന്നു. അവരെ പിന്തിരിപ്പിക്കാൻ കുടുംബാംഗങ്ങൾ കൂടോത്രം ചെയ്‌തു. ചില താത്‌പര്യക്കാരുടെ വീട്ടിൽ ചെന്നാൽ ബെജോമയെ വെടിവെച്ചു കൊല്ലുമെന്ന്‌ അവരുടെ ബന്ധുക്കൾ ഭീഷണി മുഴക്കിയിരിക്കുന്നു. അതിനാൽ സ്വന്തം വീട്ടിൽവെച്ചാണ്‌ അദ്ദേഹം ആ താത്‌പര്യക്കാർക്കു ബൈബിൾ അധ്യയനം നടത്തുന്നത്‌. ഇത്തരം എതിർപ്പുകൾ ഉണ്ടെങ്കിലും, സഹോദരങ്ങൾ സുവാർത്താ പ്രസംഗമോ യോഗങ്ങളോ നിറുത്തുന്നില്ല. ഇത്‌ എഴുതുന്ന സമയത്ത്‌ അവിടെ നാലു പ്രസാധകർ ഉണ്ടായിരുന്നു. 40-ഓളം പേർ യോഗങ്ങൾക്കു ഹാജരാകുന്നുമുണ്ടായിരുന്നു.

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട്‌ ഇസ്രായേലിലെ യഹൂദ മതതീവ്രവാദികൾ ശബ്‌ദായമാനമായ പ്രകടനങ്ങൾ നടത്തുന്നതിൽ തുടർന്നു. പ്രസാധകർ വീടുകളിലും പാർക്കുകളിലും സാക്ഷീകരണത്തിൽ ഏർപ്പെട്ടപ്പോൾ, താത്‌പര്യക്കാരുമായുള്ള അവരുടെ സംഭാഷണങ്ങൾ മുടക്കാനായി അവർ കച്ചകെട്ടിയിറങ്ങി. സാക്ഷികളുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതിനെതിരെ പൊതുജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ ചില പ്രധാന ഇടങ്ങളിൽ അവർ പ്രസാധകരുടെ വലിയ ഫോട്ടോകൾ സ്ഥാപിച്ചു. മാത്രമല്ല, തൊഴിലുടമകൾ യഹോവയുടെ സാക്ഷികളായ ജോലിക്കാരെ പിരിച്ചുവിടാത്തപക്ഷം തങ്ങൾ അവരുടെ ഉത്‌പന്നങ്ങളും സേവനങ്ങളും ബഹിഷ്‌കരിക്കുമെന്ന്‌ അവർ ഭീഷണി മുഴക്കി. അങ്ങനെ, ടെലിവിഷനിലും പത്രങ്ങളിലും യഹോവയുടെ സാക്ഷികൾക്കും അവരുടെ വിശ്വാസങ്ങൾക്കും വലിയ പ്രചാരം ലഭിച്ചിരിക്കുന്നു. യഹോവയുടെ അനുഗ്രഹത്താൽ, ഇസ്രായേലിൽ അവനെ സേവിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം 7 ശതമാനം വർധിച്ചു.

കൊളംബിയയിലെ സായുധ സംഘങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളുടെ ഫലമായി, ആ രാജ്യത്തെ ജനങ്ങൾക്കു വിതരണം ചെയ്യാൻ ഭരണസംഘത്തിന്റെ നിർദേശത്തിൻ കീഴിൽ “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്ന ശീർഷകത്തിലുള്ള ഒരു പ്രത്യേക ലഘുലേഖ തയ്യാറാക്കേണ്ടിവന്നു. സഹോദരങ്ങൾ അതിന്റെ ഒരു കോടിയോളം പ്രതികൾ വിതരണം ചെയ്‌തു. സായുധ പോരാട്ടങ്ങൾ സംബന്ധിച്ച്‌ യഹോവയുടെ സാക്ഷികൾ പുലർത്തുന്ന നിഷ്‌പക്ഷ നിലപാട്‌ വ്യക്തമാക്കുന്നതായിരുന്നു ആ ലഘുലേഖ. ആളുകളെ ധാർമിക മൂല്യങ്ങൾ പഠിപ്പിക്കാനും ജയിലിൽ കിടക്കുന്നവർക്കു പ്രബോധനമേകാനും ബധിരർക്കും അതുപോലെതന്നെ പ്രകൃതി വിപത്തുകൾക്ക്‌ ഇരയായവർക്കും സഹായം നൽകാനും ഭാവി സംബന്ധിച്ച്‌ ആളുകൾക്കു പ്രത്യാശ പകരാനുമായി സാക്ഷികൾ ചെയ്യുന്ന ശ്രമങ്ങളെ അതു വിശദീകരിച്ചു. കൊളംബിയയിൽ ‘സമാധാന സുവിശേഷം’ അറിയിക്കുന്നതിൽ വ്യാപൃതരായ യഹോവയുടെ സാക്ഷികളുടെ എണ്ണം 1,07,613 ആണ്‌. (എഫെ. 6:14, 15) സഭാപ്രദേശത്തും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഈ ലഘുലേഖ വിതരണം ചെയ്‌തു. കൗക്ക പ്രവിശ്യയിലുള്ള രണ്ടു പയനിയർമാർ ആ പ്രദേശത്തെ ഒരു സായുധ സംഘത്തിനു സാക്ഷ്യം നൽകുന്നതിനുള്ള അവസരം ലഭിക്കുന്നതിനായി പ്രാർഥിച്ചു. ഒരിക്കൽ അവർ ഒരു പട്ടണത്തിൽ എത്തിയപ്പോൾ അവരുടെ പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിച്ചു. ആ സായുധ സംഘത്തിലെ നിരവധി പേർ അപ്പോൾ ആ പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പ്രദേശത്ത്‌ നമ്മുടെ പയനിയർമാർ ലഘുലേഖ വിതരണം ചെയ്‌തു. അതു വായിച്ചശേഷം, ചോക്കോ പ്രവിശ്യയിലുള്ള ഒരു പട്ടണത്തിലെ മേയർ സൊസൈറ്റിയുടെ എല്ലാ വീഡിയോകളും അവിടത്തെ പ്രാദേശിക ടെലിവിഷൻ കേന്ദ്രത്തിൽനിന്നു സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതി തേടി.

ദൈവവചനം പഠിക്കുന്ന ഇടമായ രാജ്യഹാൾ നിർമിക്കാനുള്ള അനുമതി ലഭിക്കുന്നതിന്‌ പല ദേശങ്ങളിലും സഹോദരങ്ങൾക്കു ക്ഷമയോടെ കാത്തിരിക്കേണ്ടിവരുന്നു. എന്നിരുന്നാലും, ഗ്രീസിലെ ഉത്തര മേഖലയിലുള്ള കാസാന്ത്രായിൽ ഒരു രാജ്യഹാൾ നിർമിക്കുന്നതിന്‌ സഹോദരങ്ങൾ നഗര ആസൂത്രണ വകുപ്പിന്റെ അനുമതി തേടി. അതോടെ പല പ്രശ്‌നങ്ങളും തുടങ്ങി. കെട്ടിടം നിർമിക്കാമെന്നേറ്റ കോൺട്രാക്‌ടറെയും പണിക്കാരെയും കോൺക്രീറ്റ്‌ മിശ്രിതവും മറ്റു നിർമാണ സാമഗ്രികളും നൽകാമെന്നേറ്റ കമ്പനികളെയും ശത്രുക്കൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന്‌ അവർ ആ പദ്ധതിയിൽനിന്നു പിൻവാങ്ങുകയും സഹോദരങ്ങൾക്ക്‌ ആവശ്യമുള്ള സാധനങ്ങൾ കൊടുക്കാൻ വിസമ്മതിക്കുകയും ചെയ്‌തു. പദ്ധതിക്ക്‌ ആവശ്യമായ വെള്ളവും വൈദ്യുതിയും നൽകാൻ മുനിസിപ്പാലിറ്റിയും വിസമ്മതിച്ചു. 1999 ഒക്‌ടോബർ 21-ന്‌ ഹാളിന്റെ നിർമാണം നടന്നുകൊണ്ടിരിക്കെ, പള്ളിമണികൾ മുഴങ്ങി. സ്ഥലത്തെ മേയറുടെയും പുരോഹിതന്മാരുടെയും നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ സകലതും നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിർമാണ സ്ഥലത്തേക്ക്‌ ഇരച്ചുകയറി. ഈ വിവരമറിഞ്ഞ ഏഥൻസിലെ ക്രമസമാധാനപാലന വകുപ്പു മന്ത്രി സാക്ഷികൾക്ക്‌ സമ്പൂർണ പോലീസ്‌ സംരക്ഷണം ഉറപ്പു കൊടുത്തു. ഹാളിന്റെ നിർമാണ സമയത്ത്‌ സംരക്ഷണം നൽകുന്നതിന്‌ ഗ്രീസിന്റെ ഉത്തര മേഖലയിൽ നിന്നുള്ള 300-ലധികം പോലീസുകാർ നിയോഗിക്കപ്പെട്ടിരുന്നു. മനോഹരമായ ആ രാജ്യഹാളിന്റെ നിർമാണം ഒക്‌ടോബർ 30-ന്‌ പൂർത്തിയായി. തങ്ങൾ “പിന്മാറുന്ന തരക്കാരല്ല” എന്നതിനു നമ്മുടെ സഹോദരങ്ങൾ വ്യക്തമായ തെളിവേകി. ഈ വിജയം ഗ്രീസിന്റെ മറ്റു ഭാഗങ്ങളിൽ രാജ്യഹാളുകൾ നിർമിക്കുന്നതിൽ ഗുണകരമായി വർത്തിക്കുമെന്നു പ്രത്യാശിക്കുന്നു.

കൊസൊവോയിൽ വസിക്കുന്ന അൽബേനിയക്കാരും സെർബിയക്കാരും തമ്മിലുള്ള ബന്ധം ഉലഞ്ഞതിനെ തുടർന്ന്‌ 1999-ൽ അന്താരാഷ്‌ട്ര ഇടപെടൽ ആവശ്യമായിവന്നു എന്നത്‌ പരക്കെ അറിയാവുന്ന കാര്യമാണ്‌. ലക്ഷക്കണക്കിന്‌ ആളുകൾ പ്രാണരക്ഷാർഥം അയൽരാജ്യങ്ങളിലേക്കു പലായനം ചെയ്‌തു. പലരും കൊസൊവോയിൽ തിരിച്ചെത്തിയശേഷം, അൽബേനിയയിൽ നിന്നും പിന്നീട്‌ ഓസ്‌ട്രിയയിൽ നിന്നുമുള്ള സാക്ഷികൾ അവിടത്തെ സഹോദരങ്ങളെ സന്ദർശിക്കാനെത്തി. അവർ അവിടെ എന്താണു കണ്ടത്‌? വ്യാപകമായ നാശനഷ്ടങ്ങൾ! ശൈത്യകാലത്ത്‌ വൈദ്യുതിയും വെള്ളവും വീടു ചൂടുപിടിപ്പിക്കാനുള്ള എണ്ണയും വളരെ പരിമിതമായിരുന്നു. യോഗസ്ഥലങ്ങളിലെ താപനില വളരെ താണിരുന്നെങ്കിലും, സാക്ഷികൾ ഒരിക്കലും യോഗങ്ങൾ റദ്ദാക്കിയില്ല. സഹോദരങ്ങൾ പ്രസംഗങ്ങൾ നടത്തിയതും ഉത്തരങ്ങൾ പറഞ്ഞതുമൊക്കെ മെഴുകുതിരി വെളിച്ചത്തിലാണ്‌. അന്തരീക്ഷം അങ്ങേയറ്റം തണുപ്പുള്ളത്‌ ആയിരുന്നതിനാൽ, യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടിയപ്പോൾ അവരുടെ നിശ്വാസവായുവിലെ ഈർപ്പം ഘനീഭവിച്ച്‌ അവർക്കു ദൃശ്യമായിത്തീർന്നു. വംശീയ പോരാട്ടത്തിൽ സാക്ഷികളുടെ രണ്ടു വീടുകൾ നശിപ്പിക്കപ്പെട്ടെങ്കിലും, അൽബേനിയയിൽനിന്നും ഇറ്റലിയിൽനിന്നുമുള്ള സഹോദരങ്ങൾ അവ പുനർനിർമിക്കാൻ സഹായിച്ചു. അതു പൊതുജനങ്ങൾക്കു നല്ലൊരു സാക്ഷ്യമായി. എങ്ങും വംശീയ വിദ്വേഷം ആളിക്കത്തുന്നതിനാൽ, വളരെ കരുതലോടെ വേണം പ്രസാധകർക്കു ശുശ്രൂഷയിൽ ഏർപ്പെടാൻ. എങ്കിലും ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ അവർ കടകമ്പോളങ്ങളിലും പോസ്റ്റോഫീസിലും തെരുവുകളിലും അയൽപക്കത്തുമൊക്കെ സുവാർത്ത ഘോഷിക്കുന്നു.

1999 ഡിസംബർ മധ്യത്തിൽ വെനെസ്വേലയിലെ തീരദേശ സംസ്ഥാനമായ വാർഗാസിൽ ആ രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ഉണ്ടായി. കനത്ത മഴയെ തുടർന്ന്‌, ആളുകൾ തിങ്ങിപ്പാർത്തിരുന്ന ഒരു തീരപ്രദേശത്തേക്ക്‌ ഒരു മലയോരം ഇടിഞ്ഞുവീണതിന്റെ ഫലമായി 50,000 ആളുകൾ മരിക്കുകയും 4,00,000 പേർ ഭവനരഹിതരാകുകയും ചെയ്‌തു. വീടുവിട്ടു പലായനം ചെയ്യേണ്ടിവന്നവരിൽ 1,200 സാക്ഷികളും ഉണ്ടായിരുന്നു. ആ ദുരന്തം ഉണ്ടായെങ്കിലും, ഏപ്രിൽ മാസത്തിൽ സഹായ പയനിയറിങ്‌ ചെയ്യാനുള്ള ആഹ്വാനത്തോട്‌ വാർഗാസ്‌ പ്രദേശത്തെ ശേഷിച്ച 11 സഭകൾ എങ്ങനെയാണു പ്രതികരിച്ചത്‌? അവിടെ അപ്പോൾത്തന്നെ സേവിച്ചിരുന്ന 77 സാധാരണ പയനിയർമാരോടൊപ്പം 112 സഹോദരങ്ങൾ​—⁠ഓരോ സഭയിൽനിന്നും ശരാശരി പത്തു പേർ വീതം​—⁠സഹായ പയനിയറിങ്‌ നടത്തിയതായി അവിടെനിന്നുള്ള റിപ്പോർട്ടു പ്രകടമാക്കുന്നു.

സുരിനാമിലെ രണ്ടു സഹോദരന്മാരുടെ കാര്യമെടുക്കുക. പരിക്കേറ്റതിനാൽ ഒരു സഹോദരന്റെ ഇരുകാലുകൾക്കും ശേഷിയില്ല; മറ്റേ സഹോദരന്റെ രണ്ടു കാലുകളും മുറിച്ചുകളഞ്ഞിരിക്കുന്നു. അതിനാൽ കൈകൊണ്ടു തിരിക്കുന്ന പെഡലുകൾ ഘടിപ്പിച്ച ട്രൈസൈക്കിളിലാണ്‌ അവർ സഞ്ചരിക്കുന്നത്‌. ഇരുവരും പയനിയർമാരാണ്‌. മഴക്കാലത്ത്‌ അവരുടെ ട്രൈസൈക്കിളുകൾ ചെളിയിൽ പൂണ്ടുപോകാറുണ്ട്‌. എങ്കിലും, പുഞ്ചിരി തൂകുന്ന മുഖത്തോടെയാണ്‌ അവർ രാജ്യഹാളിൽ എത്തുന്നത്‌.

യഹോവയുടെ സാക്ഷികൾക്ക്‌ എല്ലാ സഭായോഗങ്ങളും പ്രധാനമാണെങ്കിലും, അതിപ്രധാനം സ്‌മാരകാഘോഷമാണ്‌. 2000 ഏപ്രിൽ 19-ന്‌ പാപ്പുവയിലെ ആവാസോയിൽ നടന്ന സ്‌മാരകത്തിന്‌ 11 താത്‌പര്യക്കാർ എത്തിയത്‌ ഇളകിമറിയുന്ന കടലിലൂടെ ഒരു ചെറുബോട്ടിൽ 17 മണിക്കൂർ സഞ്ചരിച്ചാണ്‌. സ്‌മാരക ആഘോഷത്തിനു ശേഷം, ഈ താത്‌പര്യക്കാരുടെ തീക്ഷ്‌ണതയും ക്രിസ്‌തീയ സഹോദരങ്ങളോടുള്ള സ്‌നേഹവും മനസ്സിലാക്കിയപ്പോൾ സദസ്സിൽ ഉണ്ടായിരുന്നവർ കരഞ്ഞുപോയി. “യഹോവയെ സേവിക്കുന്ന സഹ ആരാധകരോടൊപ്പം ക്രിസ്‌തുവിന്റെ സ്‌മാരകം ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു; അതിനാൽ, ഇങ്ങോട്ടുള്ള ഞങ്ങളുടെ വരവ്‌ ശരിക്കും ഗുണകരമായിരുന്നു,” അവർ പറഞ്ഞു.

കൂടുതൽ ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കുന്നു

പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി: “യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.” (റോമ. 1:14) മറുവില മുഖാന്തരം സകലർക്കും നിത്യജീവൻ നേടാനുള്ള അവസരം യഹോവ തുറന്നു കൊടുത്തിരിക്കുന്നു. അതേക്കുറിച്ചുള്ള പരിജ്ഞാനം ലഭിച്ച പൗലൊസിനെ ക്രിസ്‌തു ജനതകളുടെ അപ്പൊസ്‌തലനായി നിയമിച്ചു. മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുന്നതിനു തന്നാലാവുന്ന സകലതും ചെയ്യാൻ തനിക്കു കടപ്പാടുണ്ടെന്നു പൗലൊസ്‌ തിരിച്ചറിഞ്ഞിരുന്നു. അവൻ അത്‌ ഉത്സാഹത്തോടെ നിർവഹിക്കുകയും ചെയ്‌തു. സമാനമായി നമ്മുടെ കാലത്ത്‌, ഒരു സാക്ഷ്യമായി നിവസിത ഭൂമിയിലെല്ലാം സുവാർത്ത പ്രസംഗിക്കാനുള്ള നിയോഗം “വിശ്വസ്‌തനും വിവേകിയുമായ അടിമ” സഗൗരവം എടുക്കുന്നു. (മത്താ. 24:14, 45-47) തീർച്ചയായും, ഭൂമിയിലെമ്പാടുമുള്ള ആളുകൾ സുവാർത്തയുടെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കുന്നതിന്‌ അവർ അതു കേൾക്കുകയോ തങ്ങളുടെ ഭാഷയിൽ വായിച്ചറിയുകയോ ചെയ്യേണ്ടതുണ്ട്‌. അതിനു നിരവധി ഭാഷകളിലേക്കു പരിഭാഷ നടത്തേണ്ടത്‌ ആവശ്യമാണ്‌.

കഴിഞ്ഞ വർഷം യഹോവയുടെ സാക്ഷികൾ 3.1 കോടി ആളുകൾ സംസാരിക്കുന്ന 22 പുതിയ ഭാഷകളിൽ കൂടി ബൈബിൾ സാഹിത്യങ്ങൾ പ്രസിദ്ധീകരിച്ചു. ഇവയ്‌ക്കു പുറമേ, ബൊളീവിയയിലെയും പെറുവിലെയും കെച്ച്‌വാ ഭാഷ സംസാരിക്കുന്ന അക്ഷരാഭ്യാസം ഇല്ലാത്ത ആളുകൾക്കായി പരിജ്ഞാനം പുസ്‌തകം ഓഡിയോ കാസെറ്റുകളിൽ ലഭ്യമാക്കി. യഹോവയുടെ സാക്ഷികൾ ഇപ്പോൾ 360 ഭാഷകളിൽ ബൈബിൾ സാഹിത്യങ്ങൾ അച്ചടിക്കുന്നുണ്ട്‌.

ബൈബിൾ സത്യം പ്രചരിപ്പിക്കാൻ മുഖ്യമായി ഉപയോഗിക്കുന്ന രണ്ടു പ്രസിദ്ധീകരണങ്ങളാണ്‌ വീക്ഷാഗോപുരവും ഉണരുക!യും. ഓരോ മാസവും നാലു മാസികകൾ ഇംഗ്ലീഷിൽ തയ്യാറാക്കുന്നതുതന്നെ ഒരു വലിയ വേലയാണ്‌. ഇവ മറ്റു ഭാഷകളിൽ അർധമാസ, പ്രതിമാസ, ത്രൈമാസ പതിപ്പുകളായി ലഭ്യമാക്കുന്നത്‌ അതിനെക്കാൾ ഭാരിച്ച ഒരു ദൗത്യമാണ്‌. കഴിഞ്ഞ വർഷം ഈ മാസികകളുടെ 4,078 വ്യത്യസ്‌ത പതിപ്പുകൾ തയ്യാറാക്കുന്നത്‌ അതിൽ ഉൾപ്പെട്ടിരുന്നു. റഷ്യൻ ഭാഷയ്‌ക്കു പുറമേ 13 രാജ്യങ്ങളിൽ 3.6 കോടി ആളുകൾ സംസാരിക്കുന്ന മറ്റ്‌ 7 ഭാഷകളിലേക്കും റഷ്യാ ബ്രാഞ്ച്‌ വീക്ഷാഗോപുരം പരിഭാഷപ്പെടുത്തുന്നു.

വാർഷികപുസ്‌തകം 31 ഭാഷകളിലേക്കും തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ 114 ഭാഷകളിലേക്കും വിവർത്തനം ചെയ്യുന്നു. ഇവയ്‌ക്കു പുറമേ, കഴിഞ്ഞ വർഷം 119 മറ്റു പുസ്‌തകങ്ങളും 265 ലഘുപത്രികകളും 34 ചെറുപുസ്‌തകങ്ങളും 273 ലഘുലേഖകളും വിവർത്തനം ചെയ്യപ്പെട്ടു. അതേവർഷം ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം നാലു ഭാഷകളിലും (അൽബേനിയൻ, ഹംഗേറിയൻ, റൊമേനിയൻ, ഷോന) സമ്പൂർണ പുതിയലോക ഭാഷാന്തരം ഘോസ ഭാഷയിലും ലഭ്യമാക്കി. മാത്രമല്ല, 24 വ്യത്യസ്‌ത വീഡിയോ കാസെറ്റുകളും പുറത്തിറക്കി. കൂടാതെ, 11 ഭാഷകളിൽ സൊസൈറ്റി ഇപ്പോൾ ബ്രെയിൽ സാഹിത്യങ്ങൾ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. കഴിഞ്ഞ വർഷം കൺവെൻഷൻ നാടകത്തിന്റെ വീഡിയോകൾ അമേരിക്കൻ, ബ്രസീലിയൻ, ജാപ്പനീസ്‌, കൊറിയൻ ആംഗ്യഭാഷകളിലും ലഭ്യമാക്കി. ഇതെല്ലാം ദൈവവചനത്തിലെ ജീവദായക സന്ദേശം സാധിക്കുന്നത്ര ആളുകളുടെ പക്കൽ എത്തിക്കാനാണ്‌.

ക്രിയോൾ ഭാഷ സംസാരിക്കുന്ന ആളുകളുമായി സത്യം പങ്കുവെക്കുന്നത്‌ ഒരു വെല്ലുവിളിയാണ്‌. രണ്ടോ അതിലധികമോ ഭാഷകൾ ചേർത്ത്‌ ലളിതമാക്കിയെടുത്ത ഒരു ഭാഷയാണ്‌ ക്രിയോൾ. ഇത്‌ ഒരു ജനവിഭാഗത്തിന്റെ പ്രഥമ ഭാഷയായിത്തീർന്നിരിക്കുന്നു. അത്‌ അവരുടെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ക്രിയോൾ സംസാരിക്കുന്നവർ സാധാരണഗതിയിൽ അതു വായിക്കാറില്ല. എന്നാൽ, യഹോവയുടെ സാക്ഷികൾ മറ്റുള്ളവരെ പഠിപ്പിക്കുന്നവരാണ്‌. അതിനാൽ മൗറീഷ്യസ്‌, റീയൂണിയൻ എന്നിവിടങ്ങളിലെ തദ്ദേശ ക്രിയോൾ വായിക്കാനും എഴുതാനും അവർ പഠിക്കുന്നു. തദ്ദേശവാസികളെ അവരുടെ മാതൃഭാഷയിൽ സുവാർത്ത വായിച്ചു കേൾപ്പിക്കാനും ആ ഭാഷയിൽ അതു വായിക്കാൻ അവരെ പഠിപ്പിക്കാനുമാണ്‌ സാക്ഷികൾ ഇങ്ങനെ ചെയ്യുന്നത്‌. മൗറീഷ്യസിലെയും റീയൂണിയനിലെയും ക്രിയോൾ ഭാഷകൾ എഴുതുന്നതിന്‌ ഒരു നിശ്ചിത ലിപി സമ്പ്രദായം ഇല്ലാതിരുന്നതിനാൽ അവ എഴുതുന്നതിനുള്ള ഉചിതമായ ലിപി സമ്പ്രദായം സൊസൈറ്റി വികസിപ്പിച്ചെടുത്തു. ശുശ്രൂഷയിൽ ഉപയോഗിക്കുകയെന്ന ഉദ്ദേശ്യത്തിൽ, എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്നീ ലഘുപത്രികകളുടെ ക്രിയോൾ പതിപ്പുകൾ സൊസൈറ്റി പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയശേഷം, താൻ അഞ്ചു ബൈബിൾ അധ്യയനങ്ങൾ തുടങ്ങിയതായി ഒരു സഹോദരി പറഞ്ഞു. ഒരു സഹോദരൻ പറഞ്ഞതു കേൾക്കുക: “ഈ ലഘുപത്രികകൾ ഉപയോഗിക്കാൻ തുടങ്ങിയതു മുതൽ, ഞങ്ങളോടൊത്തു പഠിക്കുന്നവർ ദൈവവചനത്തിലെ ആശയങ്ങൾ മെച്ചമായി മനസ്സിലാക്കുന്നു. ക്രിയോൾ അവർക്ക്‌ അത്ര എളുപ്പം വായിക്കാനാവില്ലെങ്കിലും, ഞങ്ങൾ ആ ഭാഷയിൽ വായിച്ചു കേൾപ്പിക്കുമ്പോൾ അവർ ആശയം പെട്ടെന്നു ഗ്രഹിക്കുന്നു.”

കൂടുതൽ ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കാനുള്ള മറ്റൊരു മാർഗമാണ്‌ ലളിതമാക്കപ്പെട്ട സാഹിത്യ വിതരണ ക്രമീകരണം. ഇക്കാര്യത്തിൽ തന്റെ ദാസന്മാർ പ്രകടമാക്കിയിരിക്കുന്ന വിശ്വാസത്തെ യഹോവ അനുഗ്രഹിച്ചിരിക്കുന്നു. വില ഈടാക്കാതെയാണ്‌ അവർ സാഹിത്യങ്ങൾ വിതരണം ചെയ്യുന്നത്‌. എങ്കിലും, സ്വമേധയാ സംഭാവനാ ക്രമീകരണം അവർ ആളുകൾക്കു വിശദീകരിച്ചു കൊടുക്കുന്നു. ഈ ക്രമീകരണം നിലവിലില്ലാതിരുന്ന ദേശങ്ങളിലും 2000 ജനുവരി മുതൽ അതു നടപ്പിലാക്കി. അതേക്കുറിച്ച്‌ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്‌ ബ്രാഞ്ച്‌ എഴുതി: “ഈ ക്രമീകരണത്തിലൂടെ, ഒരാളുടെ സാമ്പത്തികസ്ഥിതി എന്തായിരുന്നാലും ക്രിസ്‌തുവിന്റെ ഒരു ശിഷ്യൻ ആയിത്തീരാൻ സഹായിക്കുന്ന സാഹിത്യങ്ങൾ സ്വന്തമാക്കാൻ അയാൾക്കു കഴിയുന്നു. പ്രസാധകരും പൊതുജനങ്ങളും ഒരുപോലെ ഈ ക്രമീകരണത്തെ വിലമതിക്കുന്നു.” ഇന്തൊനീഷ്യ ബ്രാഞ്ച്‌ ഇങ്ങനെ പറഞ്ഞു: “ഈ ക്രമീകരണത്തിന്റെ ഫലമായി, നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ അച്ചടിവില വഹിക്കാൻ കഴിയുന്നവരെയല്ല, പകരം അതു വായിക്കാൻ താത്‌പര്യപ്പെടുന്നവരെ കണ്ടെത്താനാണ്‌ സഹോദരങ്ങൾ ശ്രമിച്ചത്‌.” ദക്ഷിണാഫ്രിക്കാ ബ്രാഞ്ച്‌ റിപ്പോർട്ടു ചെയ്യുന്നു: “മാസികകളുടെ അച്ചടി ഇരട്ടിയായി വർധിച്ചിരിക്കുന്നു, ചില ഭാഷകളിൽ നാല്‌ ഇരട്ടിയായും! . . . ഇതെല്ലാം സൂചിപ്പിക്കുന്നത്‌ മുമ്പെന്നത്തേതിലും അധികമായി സത്യത്തിന്റെ ‘വിത്തുകൾ’ വിതയ്‌ക്കപ്പെടുന്നു എന്നാണ്‌.​—⁠മത്താ. 13:3-8.”

കഴിഞ്ഞ വർഷം, ചില പ്രദേശങ്ങളിൽ ഹ്രസ്വകാലത്തേക്ക്‌ താത്‌കാലിക പ്രത്യേക പയനിയർമാരെ നിയമിക്കുകയുണ്ടായി. ഇതുവരെ സാക്ഷ്യം ലഭിച്ചിട്ടില്ലാത്ത ആളുകൾക്ക്‌ അതുവഴി പ്രയോജനം ലഭിച്ചു. ഐവറി കോസ്റ്റ്‌ നല്ല ഫലങ്ങൾ റിപ്പോർട്ടു ചെയ്‌തു. ചില നഗര ഉദ്യോഗസ്ഥർ ഈ പയനിയർമാരെ സസന്തോഷം സ്വീകരിക്കുകയും അവരെ തിരികെ അയയ്‌ക്കാൻ മടിക്കുകയും ചെയ്‌തു. സിപ്പിലൂവിലെ ഡെപ്യൂട്ടി മേയർ ഈ പയനിയർമാർക്കു സൗജന്യ താമസസൗകര്യം നൽകുകയും അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത്‌ യോഗങ്ങൾ നടത്താൻ അനുവദിക്കുകയും ചെയ്‌തു. തിയെമെലക്രോയിൽ നിയമിക്കപ്പെട്ട രണ്ടു പയനിയർ സഹോദരിമാർ അവിടത്തെ മേയറോടു യാത്ര പറയാൻ ചെന്നപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നെന്നു കേൾക്കുക: “ഇല്ല! നിങ്ങൾക്ക്‌ അങ്ങനെ പോകാൻ ഒക്കില്ല. . . . ഈ മൂന്നു മാസംകൊണ്ട്‌ നിങ്ങൾ ചിലരെ ശിഷ്യരാക്കിയിരിക്കുമല്ലോ, അതുകൊണ്ടാണല്ലോ പള്ളി പണിയുന്നതിനുള്ള സ്ഥലത്തിന്‌ നിങ്ങൾ എന്നെ സമീപിച്ചത്‌. ഞാൻ നിങ്ങൾക്കു സ്ഥലം തരാൻ ഒരുക്കമാണ്‌. പക്ഷേ, നിങ്ങൾക്കു പകരം ആരാണു വരുന്നതെന്നു ദയവായി പറയണം!”

അത്ര എളുപ്പത്തിൽ സാക്ഷ്യം നൽകാനാവാത്ത പ്രദേശങ്ങളിൽ ഉള്ളവരെ ബൈബിൾ സത്യം അറിയിക്കാൻ പല സാക്ഷികളും തങ്ങൾക്കു ലഭിച്ച അവസരം ഉപയോഗപ്പെടുത്തി. മാർഷൽ ദ്വീപുകളിലെ ഒരു സഹോദരിക്ക്‌ ദൂരെയുള്ള ജാല്യവട്ട്‌ ദ്വീപിൽ അധ്യാപികയായി ജോലി കിട്ടി. ആ ദ്വീപിൽ സാക്ഷികൾ ആരും ഇല്ലെന്ന്‌ സഹോദരി മനസ്സിലാക്കി. അവർ അവിടത്തുകാരോടു ഉത്സാഹപൂർവം സുവാർത്ത പറയാൻ തുടങ്ങി, ഒമ്പതു ബൈബിൾ അധ്യയനങ്ങളും ലഭിച്ചു. സഹോദരി ആ കൂട്ടത്തിനുള്ള പ്രതിവാര യോഗത്തിനു നേതൃത്വം വഹിക്കാനും തുടങ്ങി. മാജുറോ ദ്വീപിൽ നിന്നുള്ള ഒരു ശുശ്രൂഷാദാസൻ ഏപ്രിൽ 19-ന്‌ അവിടെ സ്‌മാരക പ്രസംഗത്തിനു വന്നപ്പോൾ ആ യോഗത്തിൽ സംബന്ധിക്കാൻ 175 പേർ എത്തിയിരുന്നു. തന്നെക്കൊണ്ട്‌ ആകുന്നത്ര ആളുകളെ സഹോദരി ആ സുപ്രധാന യോഗത്തിനു ക്ഷണിച്ചിരുന്നു. ആത്മീയമായി വളരാൻ ഈ ആളുകളെ സഹായിക്കുന്നതിന്‌ ജാല്യവട്ട്‌ ദ്വീപിലേക്കു താമസം മാറ്റാൻ ആ ശുശ്രൂഷാദാസനും ഭാര്യയും ഇപ്പോൾ ആസൂത്രണം ചെയ്യുന്നു.

തെറ്റിദ്ധാരണ നീക്കാൻ ‘സധൈര്യം പ്രസംഗിക്കുന്നു’

ആദിമ നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ വിവാദം തെല്ലും പുത്തരി ആയിരുന്നില്ല. ഉദാഹരണത്തിന്‌, ഇക്കോന്യയിൽ നിരവധി ആളുകൾ ക്രിസ്‌തീയ പഠിപ്പിക്കലുകൾ സ്വീകരിച്ചപ്പോൾ എതിരാളികൾ “ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി.” തങ്ങളുടെ പ്രവർത്തനത്തിൽനിന്നു പിന്തിരിയുന്നതിനു പകരം പൗലൊസും ബർന്നബാസും “വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ [“സധൈര്യം,” NW] പ്രസംഗിച്ചുകൊണ്ടിരുന്നു.”​—⁠പ്രവൃ. 14:1-7.

ഇന്നും ശത്രുക്കൾ യഹോവയുടെ സാക്ഷികൾക്കെതിരെ പൊതുജന വികാരം ഇളക്കിവിടുന്നു. ആ ലക്ഷ്യത്തിൽ അവർ ചിലപ്പോഴൊക്കെ മാധ്യമങ്ങളും മറ്റു പൊതു മാർഗങ്ങളും ഉപയോഗപ്പെടുത്തുന്നു. അതിനു പ്രതികരണമായി, ബ്രുക്ലിനിലെ പൊതുകാര്യ ഓഫീസും സൊസൈറ്റിയുടെ ബ്രാഞ്ച്‌ ഓഫീസുകളിലെ പൊതുകാര്യ വിഭാഗങ്ങളും സാക്ഷികളെ കുറിച്ചുള്ള സത്യം പത്രാധിപന്മാരെയും പത്രപ്രവർത്തകരെയും മറ്റുള്ളവരെയും സധൈര്യം അറിയിക്കുന്നതിനുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിന്‌ വളരെയേറെ സമയം ചെലവഴിക്കുന്നു.

2000 മേയിൽ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടന്ന ഡോക്ടർമാരുടെ ഒരു ചർച്ചാസമ്മേളനത്തിൽ രക്തപ്പകർച്ചയ്‌ക്കു പകരമുള്ള ചികിത്സാരീതികൾ​—⁠ലളിതം, സുരക്ഷിതം, ഫലപ്രദം (ഇംഗ്ലീഷ്‌) എന്ന പുതിയ ഒരു വീഡിയോ സൊസൈറ്റി പ്രദർശിപ്പിച്ചു. ലോകത്തിലെ ചില പ്രമുഖ ശസ്‌ത്രക്രിയാ വിദഗ്‌ധരുമായുള്ള അഭിമുഖങ്ങളും രക്തരഹിത ശസ്‌ത്രക്രിയാ രീതികളുടെ പ്രകടനങ്ങളും ആ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ദാനം ചെയ്യപ്പെട്ട രക്തം ഉപയോഗിക്കാതെ യഹോവയുടെ സാക്ഷികളെയും മറ്റുള്ളവരെയും ചികിത്സിക്കുന്നതിനുള്ള മാർഗങ്ങൾ യൂറോപ്പിലെ ഡോക്ടർമാർക്ക്‌ ആ വീഡിയോ പരിചയപ്പെടുത്തി. പ്രസ്‌തുത ചർച്ചാസമ്മേളനത്തിൽ പങ്കെടുത്ത ഡോക്ടർമാർ ആ വീഡിയോയുടെ 300-ഓളം കോപ്പികൾ ഓർഡർ ചെയ്‌തു.

ബൈബിൾ പരിഭാഷകളിൽ യഹോവ എന്ന നാമം ഉപയോഗിക്കുന്നതു സംബന്ധിച്ച്‌ ബെൽജിയത്തിൽ ചരിത്രപ്രധാനമായ ഒരു പ്രദർശനം നടന്നു. വില്യം ടിൻഡെയ്‌ൽ പോലുള്ള ആദ്യകാല പരിഭാഷകരുടെയും അച്ചടിക്കാരുടെയും പ്രവർത്തനങ്ങളെയും പൊതുജനങ്ങൾക്കു ബൈബിൾ ലഭ്യമാക്കുന്നതിൽ അവർക്കു നേരിട്ട പ്രതിബന്ധങ്ങളെയും ആ പ്രദർശനം എടുത്തുകാട്ടി. 13 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ആ പ്രദർശനം കാണാനെത്തി.

കഴിഞ്ഞ വർഷം ബ്രസീലിൽ പലയിടങ്ങളിലായി നടത്തിയ പർപ്പിൾ ട്രയാംഗിൾസ്‌ എന്ന വീഡിയോയുടെ പ്രദർശനം കാണാൻ 70,000-ത്തിലധികം ആളുകൾ എത്തി. പുരാതന ഇക്കോന്യയിൽ എന്നതു പോലെ അനേകർ, വസ്‌തുതകൾ വളച്ചൊടിക്കുന്നവരാൽ സ്വാധീനിക്കപ്പെട്ട്‌ തങ്ങളുടെ മനസ്സിനെ കുരുടാക്കുകയില്ലെന്നും ബൈബിൾ സത്യങ്ങൾ വിലമതിപ്പോടെ ശ്രദ്ധിക്കുമെന്നുമാണ്‌ യഹോവയുടെ സാക്ഷികളുടെ പ്രത്യാശ.

‘സുവാർത്ത നിയമപരമായി സ്ഥാപിക്കൽ’

“സുവാർത്തയ്‌ക്കു വേണ്ടി പ്രതിവാദം നടത്തുന്നതിലും അതു നിയമപരമായി സ്ഥാപിക്കുന്നതിലും” പൗലൊസ്‌ അപ്പൊസ്‌തലൻ വെച്ച കീഴ്‌വഴക്കത്തിനു ചേർച്ചയിൽ, യഹോവയുടെ സാക്ഷികൾ കഴിഞ്ഞ വർഷം നിരവധി രാജ്യങ്ങളിലെ നിയമപരമായ പ്രശ്‌നങ്ങൾക്കു ശ്രദ്ധ കൊടുത്തു. (ഫിലി. 1:​7, NW) അസർബൈജാൻ, ബെനിൻ, സ്വീഡൻ, റൊമേനിയ എന്നിവിടങ്ങളിൽ സാക്ഷികൾക്ക്‌ ഔദ്യോഗികമായും നിയമപരമായും അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞു​—⁠ഒരു സംഘടന എന്ന നിലയിൽ മാത്രമല്ല, ഒരു മതം എന്ന നിലയിലും. അതുവഴി ആരാധനാ സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന നിയമങ്ങൾക്കു കീഴിൽ അവർക്കു കൂടുതൽ സംരക്ഷണം ഉറപ്പാക്കപ്പെട്ടു.

എന്നാൽ, കരിങ്കടലിനോടു ചേർന്നു കിടക്കുന്ന ജോർജിയ റിപ്പബ്ലിക്കിൽ യഹോവയുടെ സാക്ഷികളുടെ നിയമപരമായ രജിസ്‌ട്രേഷൻ അസാധുവാക്കാൻ എതിരാളികൾ ശ്രമിക്കുകയുണ്ടായി. യഹോവയുടെ സാക്ഷികളിൽ ഒരാളുടെ വിചാരണസമയത്ത്‌, ഓർത്തഡോക്‌സ്‌ സഭയുമായി ബന്ധപ്പെട്ട മതതീവ്രവാദികൾ കോടതിയുടെ പ്രവേശന കവാടത്തിൽ തിങ്ങിക്കൂടി നിൽക്കുകയും അവർ കയ്യിൽ പിടിച്ചിരുന്ന മരക്കുരിശിനെ മുത്താത്ത ആരും അകത്തു പ്രവേശിക്കാതിരിക്കാൻ ബലപ്രയോഗം നടത്തുകയും ചെയ്‌തു. വിചാരണവേളയിൽ അവർ മതചിഹ്നങ്ങളും മരക്കുരിശുകളും ഉയർത്തിപ്പിടിക്കുകയും ഇടവേളകളിൽ കോടതിമുറിയിൽ മെഴുകുതിരികൾ കത്തിക്കുകയും ചെയ്‌തു. മതതീവ്രവാദികൾ കോടതിമുറിയിൽ വെച്ച്‌ വക്കീലന്മാരെയും പത്രപ്രവർത്തകരെയും യഹോവയുടെ സാക്ഷികളെയും കയ്യേറ്റം ചെയ്‌തു. ജോർജിയയിലെ സഹോദരങ്ങൾ തങ്ങൾക്ക്‌ പ്രതികൂലമായ കോടതിവിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തിരിക്കുകയാണ്‌. സത്യവും നീതിയും അവിടെ വിജയിക്കുമെന്നാണ്‌ അവരുടെ പ്രതീക്ഷ. ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നിട്ടും, ജോർജിയയിലെ 14,855 പ്രസാധകർ ദൈവവചനത്തിലെ വിമോചന സത്യങ്ങൾ ആളുകളെ പഠിപ്പിക്കുന്നതിൽ കഴിഞ്ഞ സേവനവർഷം 28,87,835 മണിക്കൂർ ചെലവഴിച്ചു.

റഷ്യയിലെ മോസ്‌കോ നഗരത്തിലെ യഹോവയുടെ സാക്ഷികളുടെ നിയമാംഗീകാരം അസാധുവാക്കാൻ ഉദ്ദേശിച്ചുള്ള ഒരു കോടതിക്കേസിന്‌ ഇതുവരെ തീർപ്പായിട്ടില്ല. ഇപ്പോൾ അവിടെ സഹോദരങ്ങൾക്കു കൂടുതൽ രാജ്യഹാളുകളുടെ ആവശ്യമുണ്ടെങ്കിലും, അവ നിർമിക്കാൻ നിയമപരമായ അനുമതിയില്ല. എന്നിരുന്നാലും, 1999 നവംബർ 23-ന്‌ റഷ്യയിലെ ഭരണഘടനാ കോടതി സാക്ഷികൾക്ക്‌ അനുകൂലമായി വിധി പുറപ്പെടുവിച്ചു. യാരസ്ലാവൽ സഭ ഉൾപ്പെട്ട ഒരു കേസിനോട്‌ അനുബന്ധിച്ചായിരുന്നു അത്‌. 1997-ൽ നടപ്പിൽ വന്ന ഒരു മതനിയമപ്രകാരം, 15 വർഷമായി നിലവിലിരിക്കുന്നു എന്നു സ്ഥിരീകരിക്കുന്ന ഒരു രേഖ സമർപ്പിക്കാൻ ആ സഭയ്‌ക്കു കഴിഞ്ഞില്ല. തന്മൂലം, മതപരമായ സാഹിത്യങ്ങൾ ഇറക്കുമതി ചെയ്യുന്നതും വിതരണം നടത്തുന്നതും നിറുത്തണമെന്നും ആ നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു ജർമൻ സഹോദരൻ അവിടത്തെ തന്റെ പ്രവർത്തനം നിറുത്തണമെന്നും പ്രാദേശിക അധികാരികൾ ആവശ്യപ്പെട്ടു. എന്നാൽ യഹോവയുടെ സാക്ഷികളെ പോലെ, ദേശവ്യാപക അടിസ്ഥാനത്തിൽ നിയമപരമായി രജിസ്റ്റർ ചെയ്‌തിട്ടുള്ള ഒരു “കേന്ദ്രീകൃത മതസംഘടന”യുടെ ഭാഗമായുള്ള പ്രാദേശിക സഭകൾക്ക്‌, അസ്‌തിത്വത്തിൽ വന്നിട്ട്‌ 15 വർഷമായി എന്നു രേഖാമൂലം സ്ഥാപിക്കുന്ന വ്യവസ്ഥ ബാധകമല്ലെന്ന്‌ കോടതി വിധിച്ചു. 1999 ഏപ്രിൽ 29-ന്‌, ദേശീയ റഷ്യൻ നീതിന്യായ മന്ത്രാലയം യഹോവയുടെ സാക്ഷികളുടെ പുനഃരജിസ്‌ട്രേഷന്‌ അംഗീകാരം നൽകി. അത്തരം കാര്യങ്ങൾ ബ്രാഞ്ചിലെ നിയമവിഭാഗം കൈകാര്യം ചെയ്യവെ, റഷ്യയിലെ പ്രസാധകർ കഴിഞ്ഞ വർഷം പരസ്യ ശുശ്രൂഷയിൽ 2,47,82,467 മണിക്കൂർ ചെലവഴിച്ചു. 7 ശതമാനം വർധനവോടെ പ്രസാധകരുടെ എണ്ണം 1,14,284 എന്ന ഒരു പുതിയ അത്യുച്ചത്തിലെത്തി.

ഫ്രാൻസിലെ സഹോദരങ്ങളും ദുഷ്‌കരമായ ഒരു സാഹചര്യത്തെ നേരിടുകയാണ്‌. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ, സ്വത്തുനികുതിയിൽനിന്നു രാജ്യഹാളുകളെ ഒഴിവാക്കുന്നതു സംബന്ധിച്ച്‌ അവർക്ക്‌ അനുകൂലമായി 921 വിചാരണക്കോടതി വിധികളും 65 അപ്പീൽക്കോടതി വിധികളും ഉണ്ടായി. അത്തരം വിധികൾക്ക്‌ എതിരെയുള്ള നികുതി വകുപ്പിന്റെ കടുത്ത അപ്പീൽ നയത്തിന്റെ ഫലമായി, ആ കേസ്‌ ഫ്രാൻസിലെ പരമോന്നത കോടതിയായ ഫ്രഞ്ച്‌ കോൺസെയ്‌ ഡേറ്റായുടെ പരിഗണനയിലെത്തി. 2000 ജൂൺ 23-ന്‌ പ്രസ്‌തുത കോടതി, ഫ്രഞ്ച്‌ നിയമപ്രകാരം യഹോവയുടെ സാക്ഷികൾ ഒരു മതസംഘടന ആണെന്നും അതിനാൽ സ്വത്തുനികുതി നിയമങ്ങൾ അവരുടെ രാജ്യഹാളുകൾക്ക്‌ ബാധകമല്ലെന്നും വിധിച്ചു. അതിലും പ്രധാനമായി, രാജ്യഹാളുകൾക്കുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങൾ “പൊതുജന നയത്തിനു വിരുദ്ധമല്ല” എന്നും കോടതി പ്രസ്‌താവിച്ചു. എന്നിരുന്നാലും ഈ വിധി ഉണ്ടായി 11 ദിവസത്തിനു ശേഷം, ഫ്രാൻസിലെ യഹോവയുടെ സാക്ഷികളുടെ മതപ്രവർത്തനങ്ങൾക്കു ലഭിക്കുന്ന സംഭാവനകളുടെ മേൽ 60 ശതമാനം നികുതി ഏർപ്പെടുത്തിയ നികുതി വകുപ്പിന്റെ നടപടിയെ പിന്താങ്ങുന്ന ഒരു കേസിൽ നാന്റെറിലെ ഒരു വിചാരണക്കോടതി, യഹോവയുടെ സാക്ഷികൾക്കു ഫ്രാൻസിൽ മതപരമായ നിയമാംഗീകാരം ഇല്ലാത്തതിനാൽ നികുതി നൽകുന്നതിൽനിന്ന്‌ അവർ ഒഴിവുള്ളവരല്ലെന്നു വ്യക്തമാക്കുന്ന ഒരു ലിഖിത വിധിന്യായം പുറപ്പെടുവിച്ചു. അതിനെതിരെ വർസൈലുള്ള അപ്പീൽക്കോടതിയിൽ പരാതി സമർപ്പിക്കാൻ സഹോദരങ്ങൾ നടപടികൾ സ്വീകരിച്ചുവരുന്നു. അതിനിടെ, വിഭാഗീയ പ്രസ്ഥാനമായി കണക്കാക്കപ്പെടുന്ന ഒരു സംഘടനയോ അതിന്റെ ഡയറക്ടർമാരോ കോടതി മുമ്പാകെ രണ്ടു പ്രാവശ്യം കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടെങ്കിൽ, ആ സംഘടനയെ പിരിച്ചുവിടാൻ ഉദ്ദേശിച്ചുള്ള ഒരു ബിൽ ഫ്രാൻസിലെ ദേശീയ പാർലമെന്റിന്റെ പരിഗണനയിലുണ്ട്‌. ശത്രുക്കൾ ‘ഉത്തരവുകളാൽ ദുരിതമുണ്ടാക്കുന്നതിൽ’ തുടരവെ, സകലരും കണക്കു ബോധിപ്പിക്കേണ്ട മഹാ ന്യായാധിപനായ യഹോവയിൽ അവന്റെ സാക്ഷികൾ ആശ്രയം വെക്കുന്നു.​—⁠സങ്കീ. 94:​20, NW; റോമ. 14:⁠10.

രാജ്യഹാളുകൾക്കു വേണ്ടിയുള്ള അടിയന്തിര ആവശ്യം നിവർത്തിക്കൽ

യഹോവയെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച്‌, അവർക്ക്‌ ആരാധനയ്‌ക്കായി കൂടിവരുന്നതിനുള്ള രാജ്യഹാളുകളുടെ ആവശ്യവും ഏറിവരുന്നു. ഈ ആവശ്യം നിവർത്തിക്കുന്നതിന്‌ ഇപ്പോൾ ഓസ്‌ട്രേലിയ, ജർമനി, ദക്ഷിണാഫ്രിക്ക, ബ്രസീൽ, മെക്‌സിക്കോ എന്നിവിടങ്ങളിലെ ബ്രാഞ്ച്‌ ഓഫീസുകളിൽ മേഖലാ രാജ്യഹാൾ ഓഫീസുകൾ പ്രവർത്തിച്ചുവരുന്നു. ഈ സ്ഥലങ്ങളിൽനിന്ന്‌ യോഗ്യതയുള്ള സഹോദരന്മാർ മറ്റു ബ്രാഞ്ചുകൾ സന്ദർശിച്ച്‌ രാജ്യഹാൾ നിർമാണ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിൽ സഹായിക്കുന്നു. ഏഷ്യ/ഓഷ്യാനിയ, പൂർവ യൂറോപ്പ്‌, പശ്ചിമ-പൂർവ ആഫ്രിക്ക, മധ്യ-ദക്ഷിണ അമേരിക്ക, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെ 72 രാജ്യങ്ങൾക്ക്‌ നിലവിൽ ഈ സഹായം നൽകുന്നുണ്ട്‌.

ഇപ്പോൾ 100-ലധികം സാർവദേശീയ ദാസന്മാർ, ഓരോ രാജ്യങ്ങളിലെയും പ്രാദേശിക സഹോദരന്മാർക്കു രാജ്യഹാൾ നിർമാണ സംഘങ്ങൾ എന്ന നിലയിൽ കൂട്ടായി പ്രവർത്തിക്കുന്നതിനുള്ള പരിശീലനം കൊടുക്കുന്നതിൽ വ്യാപൃതരാണ്‌. ഈ ക്രമീകരണത്തിന്റെ സഹായത്താൽ ഇതുവരെ 30 രാജ്യങ്ങളിലായി 453 രാജ്യഹാളുകൾ നിർമിച്ചുകഴിഞ്ഞു, 727 രാജ്യഹാളുകൾ നിർമാണത്തിലിരിക്കുന്നു. ഓരോ രാജ്യത്തും പ്രാദേശിക നിർമാണ സാമഗ്രികളും രീതികളും ഉപയോഗിച്ച്‌ തനതായ വിധത്തിൽ രാജ്യഹാൾ നിർമിക്കുന്നതിനാണ്‌ ഈ പരിപാടി ഊന്നൽ നൽകുന്നത്‌. കെനിയയിൽ കല്ലുകളും ടോഗോയിൽ ഇഷ്ടികയും ഉപയോഗിക്കുമ്പോൾ, കാമറൂണിൽ കോൺക്രീറ്റ്‌ കട്ടകൾക്കാണു പ്രിയം. ഇങ്ങനെ, ദേശീയ രാജ്യഹാൾ നിർമാണ പരിപാടിയിൽ സുപ്രധാന പങ്കു വഹിക്കാൻ പ്രാദേശിക സഹോദരങ്ങൾ പെട്ടെന്നു വൈദഗ്‌ധ്യം നേടുന്നു.

രാജ്യഹാൾ നിർമാണത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ, പല രാജ്യങ്ങളിലെയും നിരവധി സഹോദരങ്ങൾ അതിൽ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടമാക്കി. പ്രാപ്‌തരായ നൂറുകണക്കിനു പ്രാദേശിക സഹോദരീസഹോദരന്മാർ സേവനത്തിനു സ്വമേധയാ മുന്നോട്ടുവന്നിരിക്കുന്നു. ചില രാജ്യങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ നിമിത്തം, സ്വന്തം ചെലവിൽ ഈ നിർമാണ പ്രവർത്തനത്തിൽ പങ്കെടുക്കാൻ ചില സഹോദരങ്ങൾക്കു കഴിയാതെവരുന്നു. അത്തരം സാഹചര്യങ്ങളിൽ, അനുമതി ലഭിച്ച അപേക്ഷകർക്ക്‌ അവരുടെ രാജ്യത്ത്‌ അടിയന്തിരമായി ആവശ്യമുള്ള രാജ്യഹാളുകളുടെ നിർമാണത്തിലും നവീകരണത്തിലും പൂർണമായി പങ്കെടുക്കാൻ കഴിയേണ്ടതിന്‌ അവരുടെ ഭക്ഷണ-പാർപ്പിട ചെലവുകൾക്കുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെടുന്നു.

ഇത്തരം രാജ്യഹാളുകളുടെ നിർമാണത്തിന്‌ യഹോവയുടെ സാക്ഷികൾ സമൂഹത്തിൽ നിർവഹിക്കുന്ന പ്രവർത്തനത്തിന്മേൽ എന്തു ഫലമാണുള്ളത്‌? പശ്ചിമാഫ്രിക്കയിലെ ബെനിൻ എന്ന രാജ്യത്തു നിന്നുള്ള റിപ്പോർട്ടു നോക്കുക: “ക്രാക്കിലെ രാജ്യഹാൾ ഇന്നലെ സമർപ്പിക്കപ്പെട്ടു എന്ന്‌ അറിയുന്നതിൽ നിങ്ങൾക്കു സന്തോഷമുണ്ടായിരിക്കുമല്ലോ. 34 പ്രസാധകരുള്ള ഈ സഭയിലെ ഞായറാഴ്‌ചത്തെ ശരാശരി ഹാജർ 73 ആണ്‌. എന്നാൽ, ഹാളിന്റെ സമർപ്പണത്തിന്‌ 651 പേരാണ്‌ എത്തിയത്‌. ചില പള്ളികളോടുള്ള താരതമ്യത്തിൽ ഞങ്ങൾക്ക്‌ ആദ്യമുണ്ടായിരുന്ന രാജ്യഹാൾ അത്ര മെച്ചമായിരുന്നില്ല. അതിനാൽ സഹോദരങ്ങൾക്കു മറ്റുള്ളവരുടെ മുൻവിധിയും പരിഹാസവും കലർന്ന സംസാരം സഹിക്കേണ്ടിവന്നിട്ടുണ്ട്‌. ഞങ്ങളുടെ പുതിയ രാജ്യഹാൾ ഈ പട്ടണത്തിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിൽ ഒന്നാണ്‌. സമർപ്പണത്തിനു ഹാജരായ പട്ടണവാസികളിൽ മിക്കവരും ഇപ്പോൾ തങ്ങളുടെ അഭിപ്രായത്തിനു മാറ്റം വരുത്തിയിരിക്കുന്നു. കാരണം, ഏതാനും ആഴ്‌ചകൾകൊണ്ട്‌ സഹോദരങ്ങൾ ആ രാജ്യഹാൾ പണിതുയർത്തുന്നതിന്‌ അവർ സാക്ഷ്യം വഹിച്ചിരിക്കുന്നു.” മലാവിയിലെ നാഫിസി സഭ ഇങ്ങനെ പറയുന്നു: “ഇപ്പോൾ ഞങ്ങൾക്കു മനോഹരമായ ഒരു രാജ്യഹാൾ ഉണ്ട്‌. അതുതന്നെ പൊതുജനങ്ങൾക്ക്‌ നല്ലൊരു സാക്ഷ്യമാണ്‌. തന്മൂലം, പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കവെ ബൈബിൾ അധ്യയനങ്ങൾ തുടങ്ങുക എളുപ്പമാണ്‌. ഇതെല്ലാം കാണുമ്പോൾ ആളുകൾക്കു വളരെ വിസ്‌മയമാണ്‌.”

സമീപ വർഷങ്ങളിൽ പ്രസാധകരുടെ എണ്ണത്തിലുണ്ടായ വർധനവ്‌ നിമിത്തം ലൈബീരിയയിൽ രാജ്യഹാളുകളുടെ അടിയന്തിര ആവശ്യമുണ്ട്‌. എന്നാൽ, തങ്ങളുടെ കൊച്ചു വീടുകൾക്കു വാടക കൊടുക്കാൻ പോലും വളരെ ബുദ്ധിമുട്ടുന്ന സഹോദരങ്ങൾക്ക്‌ ഹാളുകൾ നിർമിക്കാൻ യാതൊരു നിർവാഹവും ഇല്ലായിരുന്നു. പലയിടങ്ങളിലും അവർ യോഗങ്ങൾക്കു കൂടിവന്നിരുന്നത്‌ സഹോദരങ്ങളുടെ വീടുകളിൽ ആയിരുന്നു. ഉള്ളിൽ സ്ഥലം തികയാതെ പുറത്തു നിരത്തുകളിൽ പോലും അവർക്ക്‌ ഇരിക്കേണ്ടിവന്നിരുന്നു. അല്ലെങ്കിൽ, അവർ താത്‌കാലികമായുള്ള ഏതെങ്കിലും ഷെഡ്ഡിൽ കൂടിവരിക പതിവായിരുന്നു. ഈ പ്രശ്‌നത്തിന്‌ ഒരു പരിഹാരവും ഇല്ലെന്നു കരുതിയിരിക്കുമ്പോഴാണ്‌ സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങൾക്കായുള്ള രാജ്യഹാൾ നിർമാണ പരിപാടിയെന്ന അത്ഭുതകരമായ ക്രമീകരണത്തെ കുറിച്ച്‌ അവിടത്തെ സഹോദരങ്ങൾ അറിഞ്ഞത്‌. ഹാളുകൾ അടിയന്തിരമായി ആവശ്യമുള്ള സ്ഥലങ്ങളിൽ അവ നിർമിക്കുന്നതിന്‌ മറ്റു ദേശങ്ങളിലെ സഹോദരങ്ങളുടെ സംഭാവനകൾ ഉപയോഗിക്കേണ്ടിയിരുന്നു. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ലൈബീരിയയിൽ അഞ്ചു രാജ്യഹാളുകൾ നിർമിച്ചുകഴിഞ്ഞു. ഈ സഹോദരങ്ങൾ (സാമ്പത്തികമായി) ‘പ്രാപ്‌തിയില്ലാത്തവർ’ ആണെങ്കിലും, നിർമാണ പ്രവർത്തനത്തിൽ കഠിനാധ്വാനം ചെയ്‌തുകൊണ്ട്‌ അവർ തങ്ങളുടെ “മനസ്സൊരുക്കം” കാട്ടിയിരിക്കുന്നു. (2 കൊരി. 8:12) ഉദാഹരണത്തിന്‌, ന്യൂ ജോർജ സഭയിലെ സഹോദരങ്ങൾ ഒറ്റ ദിവസംകൊണ്ട്‌ 1,000 സിമന്റ്‌ ഇഷ്ടികയാണ്‌ പിടിച്ചത്‌!

വിപുലമായ പുതിയ ബ്രാഞ്ച്‌ സൗകര്യങ്ങൾ

എണ്ണത്തിൽ വർധിച്ചുവരുന്ന യഹോവയുടെ സാക്ഷികൾക്കായി കരുതാനും ശുശ്രൂഷയ്‌ക്ക്‌ അവരെ സജ്ജരാക്കാനും അനുയോജ്യമായ ബ്രാഞ്ച്‌ സൗകര്യങ്ങൾ ആവശ്യമായിവന്നു. അവയിൽ ചിലത്‌ കഴിഞ്ഞ വർഷം സമർപ്പിക്കപ്പെട്ടു. ലോകവ്യാപകമായി ഇപ്പോൾ അത്തരം ബ്രാഞ്ചുകളിൽ സേവിക്കുന്ന 19,587 നിയമിത ശുശ്രൂഷകരുണ്ട്‌. അവരെല്ലാവരും പ്രത്യേക മുഴു സമയ ദാസന്മാരുടെ ഗണത്തിൽ പെടുന്നു.

ദക്ഷിണാഫ്രിക്ക: 1987-ൽ, ക്രൂഗർസ്‌ഡോർപ്പിലെ ബ്രാഞ്ച്‌ സൗകര്യങ്ങൾ പൂർത്തിയായപ്പോൾ അത്‌ ആവശ്യമായതിലും വലുതാണെന്ന്‌ തോന്നിയിരുന്നു. എന്നാൽ വെറും 12 വർഷത്തിനു ശേഷം, ഓഫീസ്‌ ബ്ലോക്കും താമസത്തിനുള്ള പുതിയ മൂന്നു കെട്ടിടങ്ങളും ഒരു ലോറി-ഗരാജും വിശാലമായ ഒരു സംഭരണശാലയും ആവശ്യമായി വന്നത്‌ എന്തുകൊണ്ടാണ്‌?

അതിന്റെ ഒരു കാരണം, ശീതയുദ്ധം അവസാനിച്ചശേഷം യഹോവയുടെ ജനം ആസ്വദിക്കുന്ന കൂടുതലായ സ്വാതന്ത്ര്യമാണ്‌. റുവാണ്ട, മലാവി, മൊസാമ്പിക്ക്‌, അംഗോള തുടങ്ങിയ രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്മേൽ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റപ്പെട്ടു. 1987-ൽ ബ്രാഞ്ച്‌ സൗകര്യങ്ങൾ പൂർത്തിയായ ശേഷം, ദക്ഷിണാഫ്രിക്കാ ബ്രാഞ്ച്‌ സാഹിത്യങ്ങൾ അയയ്‌ക്കുന്ന പത്തു രാജ്യങ്ങളിലെ പ്രസാധകരുടെ എണ്ണത്തിൽ മൊത്തം 148 ശതമാനം വർധനവുണ്ടായി! (ആ 12 വർഷംകൊണ്ട്‌ മൊസാമ്പിക്കിൽ മാത്രം വർധനവ്‌ 523 ശതമാനമായിരുന്നു.)

മാത്രമല്ല, ദക്ഷിണാഫ്രിക്കയിൽ പുതിയ ഭരണകൂടം നിലവിൽ വരുകയും വർണവിവേചനം ഇല്ലാതാക്കപ്പെടുകയും ചെയ്‌തതോടെ, ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലേക്കും അവിടങ്ങളിൽനിന്നു ദക്ഷിണാഫ്രിക്കയിലേക്കുമുള്ള യാത്ര എളുപ്പമായി. അങ്ങനെ, അയൽ ബ്രാഞ്ചുകളിലേക്കു കൂടുതൽ സാഹിത്യങ്ങളും നിർമാണ സാമഗ്രികളും മറ്റും അയയ്‌ക്കാൻ ദക്ഷിണാഫ്രിക്കാ ബ്രാഞ്ചിനു സാധിച്ചിരിക്കുന്നു. മാസികകളും ലഘുപത്രികകളും മറ്റു പ്രസിദ്ധീകരണങ്ങളും അച്ചടിക്കുന്നതിനു പുറമേ, ഈ ബ്രാഞ്ച്‌ സാഹിത്യങ്ങൾ സംഭരിക്കുകയും അയൽരാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകൾ പ്രകാരം സാഹിത്യങ്ങൾ നൽകുകയും ചെയ്യുന്നു. മാത്രമല്ല, സമ്മേളനഹാളുകളുടെയും രാജ്യഹാളുകളുടെയും നിർമാണത്തിന്‌ ആഫ്രിക്കയിൽ ആക്കം വർധിക്കുന്നതനുസരിച്ച്‌, ദക്ഷിണാഫ്രിക്ക കൂടുതൽ കൂടുതൽ ബ്രാഞ്ചുകളിലേക്ക്‌ നിർമാണ സാമഗ്രികൾ അയയ്‌ക്കുകയും ചെയ്യുന്നു.

മറ്റു ഘടകങ്ങൾ: 1987 മുതൽ ദക്ഷിണാഫ്രിക്കാ ബ്രാഞ്ചിന്റെ പ്രദേശത്തു മാത്രം രാജ്യഘോഷകരുടെ എണ്ണത്തിൽ 62 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ വർഷങ്ങളിൽ ഏഴു പ്രാദേശിക ഭാഷകളിലേക്കുള്ള​—⁠ആഫ്രിക്കാൻസ്‌, ഘോസ, ത്‌സോംഗ, ത്‌സ്വാന, സെപ്പിടി, സെസോത്തോ, സുളു​—⁠ബൈബിളിന്റെ പരിഭാഷ ഏറ്റെടുത്തതുകൊണ്ട്‌ ഭാഷാന്തര വിഭാഗം വിപുലമാക്കേണ്ടിവന്നു. ദക്ഷിണാഫ്രിക്കയിൽ ബ്രാഞ്ച്‌ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടി വന്നതിൽ തെല്ലും അതിശയിക്കാനില്ല.

1999 ഒക്‌ടോബർ 23-ന്‌ ദക്ഷിണാഫ്രിക്കയിലെ വികസിപ്പിച്ച ബ്രാഞ്ച്‌ സൗകര്യങ്ങൾ സമർപ്പിക്കപ്പെട്ടു. തദവസരത്തിൽ സന്നിഹിതനായിരുന്ന ഭരണസംഘത്തിലെ അംഗമായ ഡാനിയേൽ സിഡ്‌ലിക്‌ “ദൈവത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കുന്ന സമർപ്പണങ്ങൾ” എന്ന വിഷയത്തിലുള്ള ഉത്തേജകമായ പ്രസംഗം നടത്തി.

ജപ്പാൻ: ആ സമർപ്പണം നടന്ന്‌ ഏതാനും ആഴ്‌ചകൾ കഴിഞ്ഞ്‌ അതായത്‌ നവംബർ 13-ന്‌ ജപ്പാനിലെ എബിനയിൽ, വികസിപ്പിച്ച ബ്രാഞ്ച്‌ സൗകര്യങ്ങൾ സമർപ്പിക്കപ്പെട്ടു. പാർപ്പിടത്തിനുള്ള രണ്ട്‌ 12-നില കെട്ടിടങ്ങളും സേവന വിഭാഗത്തിനുള്ള ഒരു നാലുനില കെട്ടിടവും ഇതിൽപ്പെടും. നിർമാണ വൈദഗ്‌ധ്യമുള്ള അന്താരാഷ്‌ട്ര ദാസന്മാരും സ്വമേധയാസേവകരുമായ 70-ലധികം പേരും ദീർഘകാല അടിസ്ഥാനത്തിലും ഹ്രസ്വകാല അടിസ്ഥാനത്തിലും നിർമാണത്തിൽ പങ്കെടുത്ത 2,000 തദ്ദേശ പ്രവർത്തകരും ചേർന്ന്‌ മൂന്നര വർഷം കൊണ്ട്‌ അതിന്റെ പണി പൂർത്തിയാക്കി.

രണ്ടാം ലോകമഹായുദ്ധാനന്തരം ആദ്യത്തെ വാച്ച്‌ ടവർ മിഷനറിമാർ എത്തി 50 വർഷത്തിനു ശേഷമാണ്‌ ഈ സമർപ്പണ പരിപാടി നടന്നത്‌. ഇപ്പോഴും ജപ്പാനിൽ സേവിക്കുന്ന ആ മിഷനറിമാരിൽ ചിലർ സമർപ്പണത്തിൽ സംബന്ധിക്കാൻ എത്തിയിരുന്നു. അവരെ കൂടാതെ ജപ്പാനിലെ എല്ലാ സഞ്ചാരമേൽവിചാരകന്മാരും യഹോവയുടെ മറ്റു ദീർഘകാല ദാസന്മാരും 37 രാജ്യങ്ങളിൽ നിന്നുള്ള 344 പ്രതിനിധികളും പ്രസ്‌തുത അവസരത്തിൽ സന്നിഹിതരായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ആദ്യ മിഷനറിമാർ ടോക്കിയോയിൽ എത്തി സുവാർത്താ ഘോഷണം പുനരാരംഭിച്ചപ്പോൾ ജപ്പാനിൽ വിശ്വസ്‌തരായ യഹോവയുടെ ദാസന്മാരുടെ എണ്ണം വളരെ കുറവായിരുന്നു. ഇന്ന്‌, ഓരോ മുക്കിലും മൂലയിലും സുവാർത്ത പ്രചരിപ്പിക്കുന്ന 2,21,000-ത്തിലധികം സജീവ രാജ്യഘോഷകർ ഈ രാജ്യത്തുണ്ട്‌. ജപ്പാൻ ഇപ്പോൾ 27 ഭാഷകളിൽ ബൈബിൾ സാഹിത്യങ്ങൾ അച്ചടിച്ച്‌ മറ്റു രാജ്യങ്ങളിലേക്ക്‌ അയയ്‌ക്കുന്നു. അതു കൂടാതെ, ഭരണസംഘത്തിന്റെ നിർദേശത്തിൻ കീഴിൽ ഈ ബ്രാഞ്ച്‌ ചില ഏഷ്യൻ രാജ്യങ്ങളിലെ വയൽപ്രവർത്തനങ്ങൾക്കു നേരിട്ടുള്ള സഹായവും നൽകുന്നു.

സമർപ്പണത്തിന്റെ പിറ്റേന്ന്‌ നടത്തപ്പെട്ട ഒരു പ്രത്യേക യോഗത്തിൽ ഭരണസംഘത്തിലെ അംഗമായ തിയോഡർ ജാരറ്റ്‌സ്‌, യോക്കഹോമ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽവെച്ച്‌ 61,323 പേരടങ്ങുന്ന ഒരു സദസ്സിനു മുമ്പാകെ പ്രസംഗം നടത്തി. ആ പരിപാടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 41 സ്ഥലങ്ങളിലേക്ക്‌ ഇലക്‌ട്രോണിക്‌ മാധ്യമത്തിലൂടെ പ്രേഷണം ചെയ്‌തു. അങ്ങനെ അതിൽ സംബന്ധിച്ചവരുടെ മൊത്തം എണ്ണം 2,69,376 ആയിത്തീർന്നു. വിദേശ പ്രതിനിധികളിൽ നിന്നുള്ള റിപ്പോർട്ടും “യഹോവയാൽ പഠിപ്പിക്കപ്പെടുന്നത്‌ ഇന്നും എന്നും പ്രയോജനപ്രദം” എന്ന വിഷയത്തിൽ ജാരറ്റ്‌സ്‌ സഹോദരൻ നടത്തിയ ഒരു പ്രസംഗവും ഉൾപ്പെട്ട പ്രസ്‌തുത പരിപാടി സന്നിഹിതരായിരുന്ന ഏവർക്കും ആത്മീയ പുരോഗതി വരുത്തുന്നതിൽ തുടരുന്നതിന്‌ ശക്തമായ പ്രോത്സാഹനമേകി.

ബെനിൻ: പശ്ചിമാഫ്രിക്കയിലെ ഈ രാജ്യം ആത്മീയ കൊയ്‌ത്തിനു ശരിക്കും വിളഞ്ഞ ഒരു ദേശമാണെന്നു തെളിഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെ ഇപ്പോൾ സുവാർത്താ ഘോഷകരായ 6,343 പ്രസാധകരുണ്ട്‌. ഇവരിൽ പകുതിയിലധികവും സ്‌നാപനമേറ്റത്‌ 1990-നു ശേഷമാണ്‌.

സത്യാരാധകരുടെ വർധിച്ചുവരുന്ന ഈ ഗണത്തിനും നൈജറിലുള്ള സാക്ഷികൾക്കും വേണ്ടി പുതിയ ബ്രാഞ്ച്‌ സൗകര്യങ്ങളും ഒരു പുതിയ സമ്മേളനഹാളും ഒരു മിഷനറി ഭവനവും ബെനിനിലെ ആബോമെയ്‌-കാലാവിയിൽ 2000 ജനുവരി 1-ന്‌ സമർപ്പിക്കപ്പെട്ടു. ഭരണസംഘത്തിലെ അംഗമായ ഗെരിറ്റ്‌ ലോഷ്‌ സഹോദരൻ തദവസരത്തിൽ പിൻവരുന്ന രണ്ടു കാര്യങ്ങൾ ഊന്നിപ്പറഞ്ഞു: (1) നാം യഹോവയെ സേവിക്കുന്നതിന്റെ മുഖ്യ കാരണം നിത്യജീവൻ ലഭിക്കാനുള്ള ആഗ്രഹം ആയിരിക്കരുത്‌, മറിച്ച്‌ അവനോടുള്ള സ്‌നേഹം ആയിരിക്കണം. (2) ദൈവവചനമായ ബൈബിൾ ദിവസവും വായിക്കുക. എത്ര പ്രായോഗിക മൂല്യമുള്ള ഓർമിപ്പിക്കലുകൾ!

മ്യാൻമാർ: ബെനിനിലെ ബ്രാഞ്ച്‌ സമർപ്പണത്തിന്‌ ഏതാനും ആഴ്‌ചകൾക്കുശേഷം, മ്യാൻമാറിലെ പുതിയ ബ്രാഞ്ച്‌ സൗകര്യങ്ങൾ സമർപ്പിക്കപ്പെട്ടു. 1947-ൽ ആണ്‌ അവിടെ ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിക്കപ്പെട്ടത്‌. 1977-ൽ, അനുയോജ്യമായ ബ്രാഞ്ച്‌ സൗകര്യങ്ങൾ പണിയുന്നതിനുള്ള സ്ഥലം സൊസൈറ്റിക്കു ലഭിച്ചു. അതിനു വളരെയധികം പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടതായി വന്നു. ആ രാജ്യത്ത്‌ യഹോവയുടെ സാക്ഷികൾക്ക്‌ രജിസ്‌ട്രേഷൻ ലഭിച്ചിരുന്നില്ല. അപ്പോൾപ്പിന്നെ, എങ്ങനെയാണ്‌ അവർക്കു കെട്ടിടം പണിയുന്നതിനുള്ള അനുമതി ലഭിച്ചത്‌? നിർമാണ സാമഗ്രികൾ ഇറക്കുമതി ചെയ്യേണ്ടിയുമിരുന്നു. അതിന്‌ ഒരു സംഘടനയ്‌ക്കും അനുമതി ലഭിച്ചിരുന്നില്ല. ആ സ്ഥിതിക്ക്‌ അത്‌ എങ്ങനെ സാധിക്കുമായിരുന്നു? നിർമാണത്തിനു സഹോദരന്മാരെ വിദേശത്തുനിന്നു കൊണ്ടുവരുന്നതും അസാധ്യമായി തോന്നി. കാരണം ഗവൺമെന്റ്‌ തന്നെ ഏറ്റെടുത്തു നടത്തുന്ന പദ്ധതികളിൽ പങ്കെടുക്കുന്നവർക്കു മാത്രമേ വിസകൾ നൽകിയിരുന്നുള്ളൂ. തന്നെയുമല്ല, സൊസൈറ്റി 20-ലധികം വർഷം കൈവശം വെച്ചിരുന്ന സ്ഥലം തന്റേതാണ്‌ എന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ ഒരു സ്‌ത്രീ കോടതിയിൽ കേസും കൊടുത്തു. എന്നിരുന്നാലും, പെട്ടെന്നുതന്നെ പ്രശ്‌നങ്ങൾ മാറിക്കിട്ടി. പ്രതിബന്ധമായിരുന്ന ഓരോ ഗവൺമെന്റ്‌ നയത്തിനും മാറ്റം വന്നു. നിർമാണം തുടങ്ങിയതോടെ, ആ സ്ഥലം കൈവശമാക്കാൻ ശ്രമിച്ച സ്‌ത്രീയുടെ അവകാശവാദം കോടതി തള്ളിക്കളയുകയും ചെയ്‌തു.

നിർമാണത്തിനുള്ള സാമഗ്രികളിൽ ഏറെയും ഓസ്‌ട്രേലിയയിലെ സഹോദരങ്ങൾ ദാനമായി നൽകുകയായിരുന്നു. അതുപോലെ മലേഷ്യ, തായ്‌ലൻഡ്‌, സിംഗപ്പൂർ എന്നിവിടങ്ങളിൽനിന്നും നിർമാണ സാമഗ്രികൾ ലഭിച്ചു. ഐക്യനാടുകൾ, ഓസ്‌ട്രേലിയ, ഗ്രീസ്‌, ജർമനി, ന്യൂസിലൻഡ്‌, ഫിജി, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള സഹോദരങ്ങൾ നിർമാണത്തിൽ സഹായിക്കാനെത്തി. കൂടാതെ, പ്രാദേശിക സാക്ഷികളും നിർമാണത്തിൽ പങ്കെടുത്തു. പൂർത്തിയായ ബ്രാഞ്ച്‌ സൗകര്യങ്ങൾ 2000 ജനുവരി 22-ന്‌ സമർപ്പിക്കപ്പെട്ടു. ഭരണസംഘത്തിലെ അംഗമായ ജോൺ ഇ. ബാറിന്റെ സന്ദർശന സമയത്തായിരുന്നു അതിന്റെ സമർപ്പണം. അതിൽ സംബന്ധിച്ചവർ പിൻവരുന്ന പ്രകാരം പറയാൻ നിർബന്ധിതരായി: ‘യഹോവ ഞങ്ങളിൽ വൻകാര്യങ്ങളെ ചെയ്‌തിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു.’​—⁠സങ്കീ. 126:⁠3.

കഴിഞ്ഞ വർഷത്തെ സംഭവങ്ങൾ വിലയിരുത്തുമ്പോൾ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ വികാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്‌ ആ വാക്കുകൾ.

[6-ാം പേജിലെ ചിത്രം]

◼സാമുവെൽ ഹെർഡ്‌ “യെശയ്യാ പ്രവചനം​—⁠മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം” പ്രകാശനം ചെയ്യുന്നു

[6-ാം പേജിലെ ചിത്രങ്ങൾ]

◼“നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ” എന്ന ബൈബിൾ നാടകം

[8-ാം പേജിലെ ചിത്രം]

◼പുതിയ ബൈബിൾ ലഭിച്ചതിൽ ഹംഗറിയിലെ കൺവെൻഷൻ പ്രതിനിധികൾ സന്തോഷിക്കുന്നു

[14-ാം പേജിലെ ചിത്രം]

◼കൊസൊവോയിലെ ഒരു ഗരാജിൽ സഭായോഗത്തിനായി കൂടിവന്നിരിക്കുന്ന സന്തുഷ്ടരായ സാക്ഷികൾ

[24-ാം പേജിലെ ചിത്രങ്ങൾ]

◼ബെനിനിലെ ക്രാക്ക്‌ പട്ടണത്തിലുള്ള രാജ്യഹാൾ​—⁠പഴയതും പുതിയതും

[27-ാം പേജിലെ ചിത്രങ്ങൾ]

(1) മ്യാൻമാർ, (2) ബെനിൻ, (3) ദക്ഷിണാഫ്രിക്ക, (4) ജപ്പാൻ