വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫ്രഞ്ച്‌ ഗയാന

ഫ്രഞ്ച്‌ ഗയാന

ഫ്രഞ്ച്‌ ഗയാന

എവിടെ നോക്കിയാലും കാടുകൾ. തെക്ക്‌ ടുമൂകുമാക്‌ പർവതനിര മുതൽ വടക്ക്‌ അറ്റ്‌ലാന്റിക്‌ സമുദ്രം വരെയുള്ള പ്രദേശം കണ്ടാൽ ഒരു പച്ചപ്പരവതാനി വിരിച്ചതുപോലെ തോന്നും. മറോണി, ഓയാപോക്‌ എന്നീ നദികൾ തെക്കുനിന്ന്‌ ഉത്ഭവിച്ച്‌ ഇടതൂർന്ന ഈ മഴവനത്തിലൂടെ വടക്കോട്ടൊഴുകി സമുദ്രത്തിൽ ലയിക്കുന്നു. ഈ നദികൾക്കിടയിലുള്ള ദേശമാണ്‌ ഫ്രഞ്ച്‌ ഗയാന.

വർഷത്തിന്റെ പകുതിയിലധികവും ലഭ്യമാകുന്ന മഴ പ്രദേശത്തെയാകെ ഹരിതാഭമാക്കുന്നു. എങ്കിലും ഈ ദേശത്തിന്റെ ഉൾഭാഗങ്ങളിലേക്ക്‌ അധികമാരും കടന്നുചെല്ലാറില്ല. തീരപ്രദേശത്തുനിന്ന്‌ ഉള്ളിലേക്കു കടന്നാൽ നല്ല റോഡുകൾ വിരളമാണ്‌. നദികളുടെ ചില ഭാഗങ്ങളിലെ ശക്തമായ ഒഴുക്ക്‌ അവയിലൂടെയുള്ള യാത്ര ദുഷ്‌കരമാക്കുന്നു. ഈ ഭാഗങ്ങൾക്കു നൽകിയിരിക്കുന്ന പേരുകൾതന്നെ അവ എത്ര അപകടകാരികളാണ്‌ എന്നു സൂചിപ്പിക്കുന്നു​—⁠സോ ഫ്രാകാ (ആർത്തിരമ്പും വെള്ളപ്പാച്ചിൽ), ഗ്രോ സോ (വമ്പൻ വെള്ളപ്പാച്ചിൽ), സോ റ്റാൺബൂർ (ചെണ്ടകൊട്ടി വെള്ളപ്പാച്ചിൽ), സോ ലെയ്‌സേ ഡേഡേ (ആളെക്കൊല്ലി വെള്ളപ്പാച്ചിൽ), ആ ഡ്യൂ വാറ്റ്‌ (നിങ്ങളുടെ കഥ കഴിഞ്ഞതുതന്നെ).

ഈർപ്പമുള്ള ഉഷ്‌ണമേഖലാ പരിതഃസ്ഥിതിയിൽ തഴച്ചുവളരുന്ന ആയിരത്തിലേറെ ഇനം വൃക്ഷങ്ങളും കണ്ണിനു വിരുന്നൊരുക്കുന്ന ഓർക്കിഡുകളും മറ്റു സസ്യങ്ങളും ഈ വനത്തിലുണ്ട്‌. 170-ലേറെ ഇനം സസ്‌തനികൾ, 720 ഇനം പക്ഷികൾ, എണ്ണമറ്റ ഇനം പ്രാണികൾ എന്നിവയുടെയും ഭവനമാണിത്‌. കൂടാതെ വലിയ അനക്കൊണ്ടകളും കെയ്‌മനുകളും (മുതലയോടു സാമ്യമുള്ള ഒരു ജീവി) ജാഗ്വാറുകളും (ഒരിനം പുള്ളിപ്പുലി) ഉറുമ്പുതീനികളും ഇവിടെയുണ്ട്‌. മനുഷ്യന്റെ തലവെട്ടം കണ്ടാലുടനെ ഓടിയൊളിക്കുന്നതിനാൽ ഇവയെ അങ്ങനെയൊന്നും കാണാൻ കിട്ടില്ലെന്നു മാത്രം. നടപ്പാതകൾക്കും നദികൾക്കും മുകളിലൂടെ അലസമായി പറന്നുനീങ്ങുന്ന കണ്ണഞ്ചിപ്പിക്കുന്ന നീലനിറത്തിലുള്ള ചിത്രശലഭങ്ങളെയും വൃക്ഷങ്ങൾതോറും പാറി നടക്കുന്ന നിറപ്പകിട്ടാർന്ന പക്ഷികളെയും ഇവിടെ കാണാം.

സസ്യലതാദികളെയും ജന്തുജാലങ്ങളെയും പോലെതന്നെ വൈവിധ്യമാർന്നതാണ്‌ ഇവിടത്തെ ജനങ്ങളും അവരുടെ സംസ്‌കാരങ്ങളും. ഗാലിബി, ആറവാക്‌, പാലിക്കൂർ, വായാനാ, എമ്രിയോൺ, ഓയാൺപി എന്നിവർ ഉൾപ്പെട്ട അമേരിക്കൻ ഇന്ത്യക്കാരുടെ ഗ്രാമങ്ങൾ സമുദ്രതീരത്തും നദീതീരത്തുമായി ചിതറിക്കിടക്കുന്നു.

ഈ കൊച്ചു തെക്കേ അമേരിക്കൻ രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാഗവും സമുദ്രതീരപ്രദേശങ്ങളിലും തലസ്ഥാനമായ കൈയെനിലുമാണ്‌ പാർക്കുന്നത്‌. സുരിനാം അതിർത്തിയിൽ നദീതീരത്തായി ബുഷ്‌ നീഗ്രോകൾ കൂട്ടമായി വസിക്കുന്നു. തോട്ടങ്ങളിൽ പണിയെടുക്കാനായി ആഫ്രിക്കയിൽനിന്നു കൊണ്ടുവന്ന അടിമകളുടെ കൂട്ടത്തിൽനിന്ന്‌ രക്ഷപ്പെട്ടവരുടെ പിൻതലമുറക്കാരാണ്‌ ഇവർ. സ്രാനൻടോംഗോ എന്ന ക്രിയോൾ ഭാഷയാണ്‌ ഇവർ സംസാരിക്കുന്നത്‌. ഏകദേശം നൂറു വർഷം മുമ്പ്‌ സിംഗപ്പൂർ, വിയറ്റ്‌നാം, ചൈന എന്നിവിടങ്ങളിൽനിന്ന്‌ ഏഷ്യക്കാർ ഇവിടേക്ക്‌ കുടിയേറി. 1977-ൽ മോങ്‌ ഗോത്രവർഗക്കാർ ലാവോസിൽനിന്ന്‌ രാഷ്‌ട്രീയ അഭയാർഥികളായി ഇവിടെയെത്താൻ തുടങ്ങി. ഏഷ്യക്കാരെ കൂടാതെ മാർട്ടിനിക്ക്‌, ഗ്വാഡലൂപ്പ്‌, ഹെയ്‌റ്റി, ബ്രസീൽ, സുരിനാം, ഡൊമിനിക്കൻ റിപ്പബ്ലിക്ക്‌, സെന്റ്‌ ലൂസിയ, ലബനോൻ, പെറു, ഫ്രാൻസ്‌ എന്നിവിടങ്ങളിൽനിന്നും ആളുകൾ ഇവിടേക്കു കുടിയേറിപ്പാർത്തു. ഫ്രഞ്ച്‌ ഗയാനയിലെ 1,50,000-ത്തിലധികം വരുന്ന ജനസംഖ്യയുടെ പകുതിയിലേറെ വരും കുടിയേറ്റക്കാരുടെ എണ്ണം.

ക്ലേശപൂർണമായ ജീവിതം

ഇവിടെ ആദ്യമായി യൂറോപ്യന്മാർ എത്തിയത്‌ 1500 എന്ന വർഷത്തോടടുത്ത്‌ ആയിരുന്നു. എന്നാൽ ഈ ദേശത്ത്‌ താമസമുറപ്പിക്കാനുള്ള അവരുടെ ആദ്യ ശ്രമങ്ങൾ വിജയിച്ചില്ല. അത്രയ്‌ക്കും ക്ലേശകരമായിരുന്നു ഇവിടത്തെ അവസ്ഥകൾ. എന്നിരുന്നാലും, ഇപ്പോൾ ഫ്രഞ്ച്‌ ഗയാന എന്നറിയപ്പെടുന്ന ഈ പ്രദേശം 17-ാം നൂറ്റാണ്ടിൽ ഒരു ഫ്രഞ്ച്‌ കോളനി ആയിത്തീർന്നു. പിൽക്കാലങ്ങളിൽ ഫ്രാൻസിൽനിന്നുള്ള ദീർഘകാല തടവുകാരെ കൈയെൻ, കൂരൂ, സെന്റ്‌ ലോറന്റ്‌ എന്നിവിടങ്ങളിലുള്ള തടവുകേന്ദ്രങ്ങളിലേക്ക്‌ നിർബന്ധ തൊഴിൽ ചെയ്യിക്കുന്നതിനായി അയയ്‌ക്കാൻ തുടങ്ങി. രാഷ്‌ട്രീയ തടവുകാരെ ചെകുത്താന്റെ ദ്വീപ്‌ (Devil’s Island) എന്ന സ്ഥലത്തേക്കാണ്‌ അയച്ചിരുന്നത്‌. അവിടെ ചെന്നുപെടുന്നവരിൽ വളരെ ചുരുക്കം പേരേ അതിജീവിച്ചിരുന്നുള്ളൂ. ഈ തടവുകേന്ദ്രങ്ങളൊക്കെ അടച്ചുപൂട്ടിയിട്ട്‌ നാളുകളായി. ഇപ്പോൾ കൂരൂവിൽ ഒരു യൂറോപ്യൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്‌. യൂറോപ്പിൽനിന്നും 7,100 കിലോമീറ്റർ അകലെയാണെങ്കിലും ഫ്രഞ്ച്‌ ഗയാന ഔദ്യോഗികമായി ഫ്രഞ്ച്‌ ഗവൺമെന്റിന്റെ കീഴിലുള്ള ഒരു വിദേശ പ്രവിശ്യ ആയതിനാൽ യൂറോപ്യൻ സമൂഹത്തിന്റെ ഭാഗമാണ്‌.

ഈ പ്രദേശത്തെ ഒരു സ്വർണനഗരത്തെ കുറിച്ചുള്ള ഐതിഹ്യം സർ വാൾട്ടർ റാലി റിപ്പോർട്ടു ചെയ്‌ത്‌ ഏകദേശം 300 വർഷം കഴിഞ്ഞ്‌, 19-ാം ശതകത്തിന്റെ രണ്ടാം പകുതിയിൽ ഇവിടെ ശരിക്കും സ്വർണം കണ്ടെത്തി. 1920-കൾ ആയപ്പോഴേക്കും സ്വർണജ്വരം പിടിപെട്ട 10,000-ത്തോളം ആളുകൾ പെട്ടെന്നു ധനികരാകാനുള്ള മോഹത്താൽ അപകടങ്ങളൊന്നും വകവെക്കാതെ ഈ മഴവനത്തിന്റെ ഉൾഭാഗങ്ങളിലേക്കു പ്രവേശിച്ചു.

തുടർന്ന്‌, ഫ്രഞ്ച്‌ ഗയാനയിലെ ക്ലേശപൂർണമായ ജീവിതത്തെ നേരിടാനുള്ള ധൈര്യമുണ്ടായിരുന്ന മറ്റാളുകളും ഇവിടെ എത്തിച്ചേർന്നു. എന്നാൽ സ്വാർഥപരമായ നേട്ടങ്ങൾക്കു വേണ്ടിയല്ല മറിച്ച്‌ തങ്ങൾക്കുണ്ടായിരുന്നത്‌ അവിടത്തെ ആളുകളുമായി പങ്കുവെക്കുക എന്ന ഉദ്ദേശ്യത്തിലാണ്‌ ഇവർ ഇവിടെ വന്നത്‌.

ബൈബിൾ സത്യത്തിന്റെ വിത്തുകൾ പാകുന്നു

ധീരരായ ഈ ആദ്യകാല സന്ദർശകർ ദൈവവചനത്തിൽ നിന്നുള്ള സുവാർത്തയുമായാണ്‌ ഫ്രഞ്ച്‌ ഗയാനയിൽ എത്തിയത്‌. രോഗവും മരണവും ഇല്ലാതാക്കാനും എല്ലാ ജനതകളിലും പെട്ട ആളുകൾ സഹോദരങ്ങളെ പോലെ ഒരുമിച്ചു കഴിയുന്ന ഒരു പറുദീസയായി ഭൂമിയെ രൂപാന്തരപ്പെടുത്താനുമുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ച്‌ അവർ ആളുകളെ അറിയിച്ചു. (യെശ. 2:​3, 4; 25:8; 33:24; വെളി. 7:​9, 10) അവസാനത്തിനു മുമ്പായി ദൈവരാജ്യ സുവാർത്ത “സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും” എന്ന്‌ യേശു പറഞ്ഞിരുന്നു. മുൻകൂട്ടി പറയപ്പെട്ട ആ വേലയിൽ പങ്കുപറ്റുകയായിരുന്നു അവർ. (മത്താ. 24:14) ഇവിടെ 1946-ലാണ്‌ മർമപ്രധാനമായ ഈ സുവിശേഷ വേല തുടങ്ങിയത്‌. ഫ്രഞ്ച്‌ ഗയാനയിൽ എത്തിയ ആദ്യകാല സാക്ഷികളിൽ മിക്കവരും ഫ്രഞ്ച്‌ ഗവൺമെന്റിന്റെതന്നെ മറ്റു വിദേശ പ്രവിശ്യകളായ ഗ്വാഡലൂപ്പിൽനിന്നും മാർട്ടിനിക്കിൽനിന്നും അതുപോലെ ഫ്രഞ്ച്‌ ഗയാനയോടു തൊട്ടുചേർന്ന്‌ അതിന്റെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഡച്ച്‌ ഗയാനയിൽനിന്നും (ഇപ്പോഴത്തെ സുരിനാം) ഉള്ളവരായിരുന്നു.

ഇവിടെ സത്യത്തിന്റെ ആദ്യ വിത്തുകൾ പാകിയത്‌ ഗ്വാഡലൂപ്പിൽനിന്ന്‌ എത്തിയ തീക്ഷ്‌ണതയുള്ള ഒരു ശുശ്രൂഷകനായ ഓൾഗ ലാആലൻഡ്‌ സഹോദരനാണ്‌. 1945 ഡിസംബറിൽ അദ്ദേഹം ഫ്രഞ്ച്‌ ഗയാനയുടെ ഉൾഭാഗത്തുള്ള മാനാ നദിക്കടുത്ത്‌ താമസിച്ചിരുന്ന തന്റെ അമ്മയെയും അനുജന്മാരെയും കാണാനായി പുറപ്പെട്ടു. നദിയിലൂടെ ദിവസങ്ങളോളം ചെറിയ തോണിയിൽ യാത്ര ചെയ്‌തു വേണമായിരുന്നു അവർ താമസിച്ചിരുന്ന ഗ്രാമത്തിൽ എത്താൻ. യാത്രയ്‌ക്കിടയിൽ രാത്രി കഴിച്ചുകൂട്ടിയിരുന്നത്‌ പനയോല മേഞ്ഞ തുറന്ന ഷെഡ്ഡുകളിൽ ആയിരുന്നു. പ്രസംഗിക്കുന്നതിനും ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്യുന്നതിനും ലാആലൻഡ്‌ സഹോദരൻ ആ അവസരങ്ങൾ പ്രയോജനപ്പെടുത്തി. അമ്മ താമസിച്ചിരുന്ന ഗ്രാമമായ ഓ സൂവനിരിൽ എത്തിയപ്പോൾ അദ്ദേഹം സന്തോഷപൂർവം ദൈവരാജ്യ സുവാർത്ത തന്റെ കുടുംബാംഗങ്ങളുമായി പങ്കുവെച്ചു. എന്നാൽ ഞെട്ടിക്കുന്ന വിധത്തിലാണ്‌ അവർ പ്രതികരിച്ചത്‌. അവർ അദ്ദേഹത്തെ ഭൂതം എന്നു വിളിച്ചു. ഈ പ്രതികൂല അവസ്ഥയിൻ മധ്യേ 1946-ൽ അദ്ദേഹം യേശുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിച്ചു. അനുജന്മാർ മാത്രമാണ്‌ അദ്ദേഹത്തോടൊപ്പം അതിനുവേണ്ടി കൂടിവന്നത്‌. പ്രാദേശിക പുരോഹിതന്റെ ഉപദേശപ്രകാരം അമ്മ പെട്ടെന്നുതന്നെ അദ്ദേഹത്തെ വീട്ടിൽനിന്ന്‌ ആട്ടിപ്പുറത്താക്കി. “ഭൂതങ്ങളെ എന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കില്ല” എന്ന്‌ അവർ ആക്രോശിച്ചു. എന്നാൽ അമ്മയുടെ പ്രതികൂല പ്രതികരണം അദ്ദേഹത്തിന്റെ തീക്ഷ്‌ണതയ്‌ക്ക്‌ ഒട്ടും മങ്ങലേൽപ്പിച്ചില്ല.

മടക്കയാത്രയിൽ സ്വർണഖനികളിലും ഡേഗ്രാകളിലും അഥവാ വ്യാപാര കേന്ദ്രങ്ങളിലും ഉള്ളവരോടു സുവാർത്ത പ്രസംഗിക്കാൻ ലഭിച്ച അവസരങ്ങൾ അദ്ദേഹം പ്രയോജനപ്പെടുത്തി. ഒരു രാത്രി, അദ്ദേഹവും മറ്റു യാത്രക്കാരും നദിക്കരയിലുള്ള ഒരു ഷെഡ്ഡിൽ കിടന്ന്‌ ഉറങ്ങുകയായിരുന്നു. കോരിച്ചൊരിയുകയായിരുന്ന മഴയത്ത്‌ കാതടപ്പിക്കുന്ന ശബ്ദത്തോടെ ഒരു കൂറ്റൻ മരം കടപുഴകി വീണു. നദിയിൽ നിറയെ പിരാനാ മത്സ്യങ്ങൾ ഉണ്ടെന്ന കാര്യം അറിയില്ലായിരുന്ന ഓൾഗ സഹോദരൻ വെപ്രാളത്തിൽ അതിലേക്ക്‌ എടുത്തു ചാടി. എന്നാൽ ആപത്തൊന്നും കൂടാതെ അദ്ദേഹം രക്ഷപ്പെട്ടു. അതു കണ്ട്‌ അദ്ദേഹത്തിന്‌ എന്തോ ദിവ്യശക്തിയുണ്ടെന്നു വിശ്വസിച്ച ആളുകൾ അദ്ദേഹത്തെ വളരെ ആദരവോടെ വീക്ഷിക്കാൻ തുടങ്ങി. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ സന്ദേശം ശ്രദ്ധിക്കാൻ അവർ ചായ്‌വ്‌ കാട്ടി.

ഒടുവിൽ ലാആലൻഡ്‌ സഹോദരൻ അറ്റ്‌ലാന്റിക്‌ സമുദ്രത്തിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന 800 നിവാസികളുള്ള മാനാ ഗ്രാമത്തിൽ എത്തിച്ചേർന്നു. അവിടെ ആദ്യം ആറു മാസത്തേക്കു താമസിച്ചപ്പോൾ അദ്ദേഹം യോഗങ്ങൾ ക്രമീകരിക്കുകയും യഥാർഥ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്ന ബൈബിൾ സത്യങ്ങൾ ആളുകളെ പഠിപ്പിക്കുകയും ചെയ്‌തു. അദ്ദേഹം ക്രമമായി പത്തു ബൈബിൾ അധ്യയനങ്ങൾ നടത്തിയിരുന്നു. (യോഹ. 8:32) അവിടത്തെ ആളുകൾ അദ്ദേഹത്തിന്‌ പെർ പാൽട്ടോ (കോട്ടിട്ട അച്ചൻ) എന്ന ഇരട്ടപ്പേരു നൽകി. ആളുകൾ ‘ളോഹക്കാരൻ അച്ചൻ’ എന്ന്‌ വിളിച്ചിരുന്ന സ്ഥലത്തെ പുരോഹിതനിൽനിന്നു വ്യത്യസ്‌തമായി അദ്ദേഹം കോട്ടു ധരിച്ചതായിരുന്നു ഇതിനു കാരണം. ലാആലൻഡ്‌ സഹോദരന്റെ കൈവശമുള്ള സാഹിത്യങ്ങളെല്ലാം തീർന്നുപോയെങ്കിലും അദ്ദേഹം പരസ്യപ്രസംഗങ്ങൾ നടത്തുകയും ശ്രദ്ധിക്കാൻ മനസ്സുകാട്ടിയ എല്ലാവരോടും സതീക്ഷ്‌ണം പ്രസംഗിക്കുകയും ചെയ്‌തു. പ്രാദേശിക വൈദികരുമായി സജീവ ചർച്ചകൾ നടത്താൻ യാതൊരു മടിയുമില്ലാത്ത, ഊർജസ്വലനായ പ്രസംഗകനായി അദ്ദേഹം അറിയപ്പെടാനിടയായി.

അമ്മയെ സന്ദർശിച്ച്‌ ഏകദേശം രണ്ടു വർഷം കഴിഞ്ഞപ്പോൾ ലാആലൻഡ്‌ സഹോദരൻ ഗ്വാഡലൂപ്പിലേക്കു മടങ്ങി. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഫലമായി ആരും സ്‌നാപനമേറ്റില്ലെങ്കിലും സത്യത്തിന്റെ വളരെയധികം വിത്തുകൾ പാകാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതിന്റെയൊക്കെ ഫലം പിന്നീടു വരുമായിരുന്നു.

വിവിധ ദേശങ്ങളിൽനിന്നുള്ള പ്രവർത്തകർ

1956-ൽ സുരിനാം ബ്രാഞ്ചിൽനിന്നുള്ള വിം വാൻ സെയ്‌ലിനോടു ഫ്രഞ്ച്‌ ഗയാനയിലേക്കു പോകാൻ വാച്ച്‌ ടവർ സൊസൈറ്റി ആവശ്യപ്പെട്ടു. അദ്ദേഹം പറയുന്നു: “സെന്റ്‌ ലോറന്റിൽനിന്ന്‌ ഒരു ചെറിയ വിമാനത്തിൽ ഞങ്ങൾ കൈയെനിലെത്തി. മൂന്നാഴ്‌ചയോളം ഞങ്ങൾ അവിടെ ഒരു ചെറിയ ഹോട്ടലിൽ താമസിച്ചു. ലാ വി ഏറ്റെർണൽ [നിത്യജീവൻ] എന്ന പുസ്‌തകം ഉപയോഗിച്ച്‌ കൈയെനിന്റെ വലിയൊരു ഭാഗം ഞങ്ങൾ പ്രവർത്തിച്ചു തീർത്തു. ആ പുസ്‌തകത്തിന്റെ നൂറുകണക്കിനു പ്രതികൾ സമർപ്പിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ആ പ്രദേശത്ത്‌ അനേകർക്കും നല്ല താത്‌പര്യമുണ്ടായിരുന്നു. എന്നാൽ ഫ്രഞ്ച്‌ ഭാഷ ഞങ്ങൾക്കു വശമില്ലായിരുന്നതിനാൽ അധ്യയനങ്ങൾ ആരംഭിക്കുക ബുദ്ധിമുട്ടായിരുന്നു. ‘സുവാർത്ത പ്രസംഗിക്കുന്നതിന്‌ വിമാനത്തിൽ ഇന്നലെ ഞങ്ങൾ കൈയെനിലെത്തി’ എന്ന വാചകമായിരുന്നു വീടുതോറുമുള്ള വേലയിലെ ഞങ്ങളുടെ മുഖവുര. ഫ്രഞ്ചിൽ ഞങ്ങൾക്ക്‌ അറിയാമായിരുന്ന മുഖവുര അതു മാത്രമായിരുന്നതിനാൽ രണ്ടാഴ്‌ച കഴിഞ്ഞും ‘ഇന്നലെ ഞങ്ങൾ കൈയെനിലെത്തി’ എന്നായിരുന്നു ഞങ്ങൾ പറഞ്ഞിരുന്നത്‌! ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു പഴയ തിയേറ്ററിൽ പുതിയലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്‌) എന്ന ഫിലിം ഞങ്ങൾ പ്രദർശിപ്പിച്ചു. ഫിലിമിന്റെ വിവരണഭാഗങ്ങൾ ഒരാൾ പാറ്റ്‌വോയിലേക്ക്‌ പരിഭാഷപ്പെടുത്തി. ഒരു സ്‌ത്രീ അത്‌ പാറ്റ്‌വോയിൽനിന്ന്‌ ഫ്രഞ്ചിലേക്കു വിവർത്തനം ചെയ്‌തു.” ആ പ്രദേശത്തെ ആളുകൾക്ക്‌ വളരെയധികം താത്‌പര്യം ഉണ്ടായിരുന്നു. എന്നാൽ അതെങ്ങനെ വളർന്നു വരുമായിരുന്നു?

സുരിനാമിൽനിന്നു കൂടുതൽ സാക്ഷികൾ സഹായിക്കാൻ എത്തി. അവരിൽ ചിലരായിരുന്നു പോൾ നാരെൻഡോർപ്‌, സേസിൽ പിനാസ്‌, നെൽ പിനാസ്‌ എന്നിവർ. വന്നവരിൽ പലർക്കും ഫ്രഞ്ച്‌ സംസാരിക്കാൻ അറിയാമായിരുന്നു.

അപ്രതീക്ഷിതമായ ഒരു ഉറവിൽനിന്നും സഹായം ലഭിച്ചു. ഫ്രാൻസിലെ ഡൻകെർക്കിൽ ഒരു കുടുംബം ബൈബിൾ പഠിച്ചിരുന്നു. എന്നാൽ ആ കുടുംബത്തിലെ 16 വയസ്സുള്ള മകൻ, ക്രിസ്റ്റ്യാൻ ബോൺകാസ്‌ മാത്രമേ താത്‌പര്യം കാണിക്കുന്നതിൽ തുടർന്നുള്ളൂ. ഈ കുടുംബം കൈയെനിലേക്കു താമസം മാറ്റിയപ്പോൾ ബൈബിളിൽനിന്നു താൻ പഠിച്ച സംഗതികളെ കുറിച്ച്‌ ക്രിസ്റ്റ്യാൻ സ്‌കൂളിലെ കുട്ടികളോടു പറയാൻ തുടങ്ങി. ഒരു കുട്ടിയും അവന്റെ മൂന്നു സഹോദരിമാരും താത്‌പര്യം കാണിച്ചു. സഹായം ആവശ്യപ്പെട്ടുകൊണ്ട്‌ ക്രിസ്റ്റ്യാൻ സൊസൈറ്റിക്ക്‌ എഴുതി.

ആ സമയം ആയപ്പോഴേക്കും, 1958-ൽ ഗിലെയാദ്‌ സ്‌കൂളിൽനിന്നു ബിരുദം നേടിയ ശേഷം ഗ്‌സാവിയേ നോളും ഭാര്യ സാറായും മാർട്ടിനിക്കിൽ തിരിച്ചെത്തി. ഫ്രഞ്ച്‌ ഗയാനയിൽ പോയി അവിടത്തെ ചെറിയ കൂട്ടത്തെ സഹായിക്കാൻ സൊസൈറ്റി നോൾ സഹോദരനോട്‌ ആവശ്യപ്പെട്ടു. അവിടെ എത്തിച്ചേരാനായി സഹോദരന്‌ ചെറിയ ഒരു കപ്പലിൽ പത്തു ദിവസം യാത്ര ചെയ്യേണ്ടിവന്നു. യാത്രയ്‌ക്കിടയിൽ അദ്ദേഹം ഉറങ്ങിയിരുന്നത്‌ കപ്പലിന്റെ തട്ടിലാണ്‌.

കൈയെനിലെത്തിയ നോൾ സഹോദരനെ താത്‌പര്യക്കാർ അതിഥിപ്രിയത്തോടെ സ്വീകരിച്ചു. അവർ അദ്ദേഹത്തെ എല്ലാ നേരവും തങ്ങളോടൊത്തു ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയും ഒരു മുൻ തടവുപുള്ളി നടത്തിയിരുന്ന ഹോട്ടലിൽ നല്ലൊരു മുറി ഏർപ്പാടാക്കി കൊടുക്കുകയും ചെയ്‌തു. ദിവസവും നോൾ സഹോദരൻ ക്രിസ്റ്റ്യാനോടും തന്നോടു വളരെയേറെ അതിഥിപ്രിയം കാട്ടിയ ആ കുടുംബത്തോടുമൊപ്പം ബൈബിൾ ചർച്ചകളും അധ്യയനങ്ങളും നടത്തി. ബൈബിൾ സത്യത്തെ കുറിച്ചുള്ള അവരുടെ ഗ്രാഹ്യം കൂടുതൽ ആഴമുള്ളതായിത്തീർന്നു. ഏതാനും ആഴ്‌ചകൾക്കകം ക്രിസ്റ്റ്യാനും സുഹൃത്തും സുഹൃത്തിന്റെ രണ്ടു സഹോദരിമാരും സ്‌നാപനമേൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. കടൽത്തീരത്ത്‌ വെച്ചു സ്‌നാപന പ്രസംഗം നടത്താനാണ്‌ നിശ്ചയിച്ചിരുന്നത്‌. എങ്കിലും മഴ തടസ്സമായതിനാൽ അവരുടെ ചെറിയ വാഹനത്തിൽ വെച്ചുതന്നെ നോൾ സഹോദരൻ പ്രസംഗം നടത്തി. തുടർന്ന്‌ അവരെ സ്‌നാപനപ്പെടുത്തി. ഫ്രഞ്ച്‌ ഗയാനയിൽ യഹോവയുടെ സാക്ഷികൾ നടത്തിയ ആദ്യത്തെ സ്‌നാപനം ആയിരുന്നു അത്‌.

ഫ്രഞ്ച്‌ ഗയാനയിൽ ആയിരുന്നപ്പോൾ നോൾ സഹോദരൻ തന്റെ സമയം വയൽ ശുശ്രൂഷയിൽ നന്നായി ഉപയോഗിച്ചു. ഒരാഴ്‌ചകൊണ്ട്‌ അദ്ദേഹം കൈവശമുണ്ടായിരുന്ന സാഹിത്യങ്ങൾ മുഴുവനുംതന്നെ സമർപ്പിച്ചു. വരിസംഖ്യാ ക്രമീകരണത്തെ കുറിച്ച്‌ ആളുകളോടു പറയാനായി ഒരു മാസിക മാത്രം അദ്ദേഹം കൈയിൽ വെച്ചു. മൂന്ന്‌ ആഴ്‌ചയ്‌ക്കുള്ളിൽ അദ്ദേഹത്തിന്‌ 70 വരിസംഖ്യകൾ ലഭിച്ചു. അവയിൽ ഒരു ഡസനോളം ചൈനീസിലുള്ളവയായിരുന്നു. അദ്ദേഹം എങ്ങനെയാണ്‌ ചൈനീസ്‌ ഭാഷ സംസാരിക്കുന്നവരോട്‌ കാര്യങ്ങൾ വിശദീകരിച്ചിരുന്നത്‌? അദ്ദേഹം തന്റെ ഗിലെയാദ്‌ ക്ലാസ്‌ ഫോട്ടോയിലെ ചൈനീസ്‌ വിദ്യാർഥികളെ അവർക്കു കാണിച്ചുകൊടുക്കുമായിരുന്നു. തുടർന്ന്‌, ധാരാളം ആംഗ്യങ്ങൾ ഉപയോഗിച്ച്‌ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്‌തു. “അത്‌ വളരെ ഫലപ്രദമായിരുന്നു” എന്ന്‌ അദ്ദേഹം പറയുന്നു. നോൾ സഹോദരൻ സാക്ഷീകരിച്ച മറ്റു വ്യക്തികളിൽ ഒരാളായിരുന്നു മിഷെൽ വാലാർ. അദ്ദേഹത്തിന്റെ അനുജൻ ഒരു വൈദികനായിരുന്നു. എന്നാൽ മിഷെൽ വാലാർ ഫ്രഞ്ച്‌ ഗയാനയുടെ ഉൾപ്രദേശങ്ങളിൽ സ്വർണം തിരയുന്നതിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. നോൾ സഹോദരൻ മടങ്ങിപ്പോയതിനു ശേഷം കൈയെനിലെ ചെറിയ കൂട്ടത്തിന്റെ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്‌ ക്രിസ്റ്റ്യാൻ ബോൺകാസ്‌ ആയിരുന്നു.

താമസിയാതെ, 1960-ൽ ഫ്രഞ്ച്‌ ഗയാനയിലെ സുവാർത്താ പ്രസംഗത്തിന്റെ മേൽനോട്ടം ഗ്വാഡലൂപ്പ്‌ ബ്രാഞ്ചിന്‌ നൽകപ്പെട്ടു. കൂടുതൽ ക്രമമായ അടിസ്ഥാനത്തിൽ സഹായം ലഭിക്കുന്നത്‌ എത്ര പ്രയോജനപ്രദം ആയിരുന്നു! അടിസ്ഥാനം ഇതിനോടകം ഇട്ടു കഴിഞ്ഞിരുന്നു. ഇനിയിപ്പോൾ അതിന്മേൽ പടിപടിയായി പണിയാൻ സാധിക്കുമായിരുന്നു. ഈ ലക്ഷ്യത്തിൽ 1960-ൽ മാർട്ടിനിക്കിൽനിന്ന്‌ ഓക്‌ട്ടാവ്‌ ടേലിസിനെ അവിടേക്കു പ്രത്യേക പയനിയറായി നിയമിച്ചു. നമ്മുടെ മാസികകളുടെ വരിസംഖ്യകളും മറ്റു വാച്ച്‌ ടവർ പ്രസിദ്ധീകരണങ്ങളും സ്വീകരിച്ചിരുന്നവരെ അദ്ദേഹം സന്ദർശിച്ചു. അതേ വർഷം മാർട്ടിനിക്കിൽനിന്നു തന്നെയുള്ള ടേയോഫാനീ വിക്ടോർ സഹോദരിയും പ്രസംഗപ്രവർത്തനത്തിനായി ഫ്രഞ്ച്‌ ഗയാനയിൽ എത്തി. താമസിയാതെ അവർക്ക്‌ പ്രത്യേക പയനിയറായി നിയമനം ലഭിച്ചു.

1954-ൽ, ഡച്ചുകാരനായ ശ്രീ. വാൻ പാർഡോ സുരിനാമിലെ പരമാരിബോയിൽ താമസമാക്കി. അവിടെവെച്ച്‌ സാക്ഷികൾ മാർട്ടിനിക്കുകാരിയായ അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിക്കാൻ ഇടയായി. അടുത്ത വർഷം ഈ ദമ്പതികൾ സെന്റ്‌ ലോറന്റിലേക്കു താമസം മാറി. സുരിനാമിനെ ഫ്രഞ്ച്‌ ഗയാനയിൽനിന്നു വേർതിരിക്കുന്ന മറോണി നദിക്ക്‌ തൊട്ട്‌ അക്കരെയായിരുന്നു ആ സ്ഥലം. യഹോവയെയും അവന്റെ നിബന്ധനകളെയും കുറിച്ച്‌ ഇവരെ പഠിപ്പിക്കുന്നതിനായി അടുത്ത അഞ്ചു വർഷത്തോളം സുരിനാമിൽനിന്നുള്ള പിനാസ്‌ സഹോദരനും ലിബ്രെട്ടോ സഹോദരനും ചെറിയ ഒരു തോണിയിൽ മറോണി നദി കടന്ന്‌ മൂന്നു മാസത്തിലൊരിക്കൽ അവിടെ എത്തിയിരുന്നു. 1960 ഡിസംബറിൽ വാച്ച്‌ ടവർ സൊസൈറ്റിയുടെ ലോകാസ്ഥാനത്തു നിന്നുള്ള മിൽട്ടൺ ഹെൻഷലിന്റെ സന്ദർശന സമയത്ത്‌ സുരിനാമിലെ പരമാരിബോയിൽ നടത്തിയ ഒരു കൺവെൻഷനിൽ വാൻ പാർഡോ ദമ്പതികളും ഫ്രഞ്ച്‌ ഗയാനയിൽനിന്നുള്ള മറ്റു രണ്ടു വ്യക്തികളും സ്‌നാപനമേറ്റു.

1961 മേയിൽ ഗ്വാഡലൂപ്പ്‌ ബ്രാഞ്ച്‌ മേൽവിചാരകനായ നിക്കോളാ ബ്രിസാർ കൈയെനിലുണ്ടായിരുന്ന 16 പ്രസാധകരെ സന്ദർശിക്കുകയും അവിടെ ആദ്യമായി നടത്തപ്പെട്ട സർക്കിട്ട്‌ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്‌തു. കൂടാതെ, 250 പേർ അടങ്ങിയ ഒരു സദസ്സിനു മുമ്പാകെ പുതിയലോക സമുദായത്തിന്റെ സന്തോഷം (ഇംഗ്ലീഷ്‌) എന്ന ഫിലിം അദ്ദേഹം പ്രദർശിപ്പിച്ചു. അതിനു വളരെ നല്ല പ്രതികരണമാണു ലഭിച്ചത്‌. പുതിയലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്‌) എന്ന മറ്റൊരു ഫിലിമും കൂടെ പ്രദർശിപ്പിക്കാൻ ഇത്‌ അദ്ദേഹത്തെ പ്രേരിപ്പിച്ചു. സെന്റ്‌ ലോറന്റിലും ഈ ഫിലിമുകൾക്ക്‌ നല്ല പ്രതികരണം ലഭിക്കുകയുണ്ടായി. വളരെ മതിപ്പു തോന്നിയ അവിടത്തെ ഡെപ്യൂട്ടി മേയർ ഇങ്ങനെ പറഞ്ഞു: “ജീവിതത്തിൽ ആദ്യമായിട്ടാണ്‌ ഞാൻ ഇതുപോലെ ഒന്നു കാണുന്നത്‌.” സഹോദരങ്ങൾക്കു കൈ കൊടുക്കവെ “ഈ ഫിലിം ടൗൺ ഹാളിൽ പ്രദർശിപ്പിക്കുന്നതിന്‌ മേയറോട്‌ നിങ്ങൾ അനുവാദം ചോദിച്ചോ” എന്ന്‌ അദ്ദേഹം ആരാഞ്ഞു. എന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നാളെത്തന്നെ അതിനെ കുറിച്ച്‌ അദ്ദേഹത്തോടു സംസാരിക്കാം.” ഫിലിമുകൾ പ്രദർശിപ്പിക്കാൻ മാത്രമല്ല, എന്നും രാത്രിയിൽ ഒരു ബൈബിളധിഷ്‌ഠിത പരസ്യപ്രസംഗം നടത്താനുമുള്ള അനുവാദം ലഭിച്ചു. ബ്രിസാർ സഹോദരന്റെ ആ അവിസ്‌മരണീയമായ സന്ദർശനവേളയിൽ 500-ലധികം ആളുകൾ സൊസൈറ്റിയുടെ ഫിലിമുകൾ കാണാനും ബൈബിളധിഷ്‌ഠിത പ്രസംഗങ്ങൾ കേൾക്കാനും ഇടവന്നു. സെന്റ്‌ ലോറന്റിലെ ഡെപ്യൂട്ടി മേയർ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികളായ നിങ്ങളെപ്പോലെയുള്ള ആളുകളെ ആണ്‌ ഞങ്ങൾക്ക്‌ ആവശ്യം.” ഏകദേശം രണ്ടു വർഷം കഴിഞ്ഞ്‌ 1963 മാർച്ചിൽ കൈയെനിൽ യഹോവയുടെ സാക്ഷികളുടെ ആദ്യത്തെ സഭ സ്ഥാപിക്കപ്പെട്ടു. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള പെറ്റി മോണാക്കോ എന്ന സ്ഥലത്തെ ഒരു ചെറിയ വീട്ടിൽവെച്ചാണ്‌ യോഗങ്ങൾ നടത്തിയിരുന്നത്‌.

അവർക്കു സത്യം ലഭിച്ച വിധം

ആ ആദ്യ സഭയോടൊത്ത്‌ സഹവസിച്ചിരുന്നവരിൽ മാർട്ടിനിക്കുകാരായ സിൽവസ്റ്റർ സഹോദരനും സഹോദരിയും ഉണ്ടായിരുന്നു. അവർ എങ്ങനെയാണ്‌ യഹോവയുടെ സാക്ഷികൾ ആയിത്തീർന്നത്‌? 1952-ൽ ആയിരുന്നു അത്‌. ഒരു ദിവസം ശ്രീമതി സിൽവസ്റ്റർ പലചരക്കുകടയിൽ പോകുന്ന വഴിക്ക്‌ ചെകുത്താന്റെ ദ്വീപിലെ ഒരു മുൻ തടവുകാരൻ അവരുടെ ഭർത്താവിനു കൊടുക്കാനായി കുറച്ചു പുസ്‌തകങ്ങൾ അവരെ ഏൽപ്പിച്ചു. അയാൾക്ക്‌ എവിടെനിന്നാണ്‌ ആ പുസ്‌തകങ്ങൾ ലഭിച്ചതെന്ന്‌ അവർക്ക്‌ അറിയില്ലായിരുന്നു. എന്നാൽ അവ വാച്ച്‌ ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ ആയിരുന്നതിനാൽ അവർ അവ സ്വീകരിച്ചു. തന്റെ ഭർത്താവിന്‌ അവ വായിക്കുന്നത്‌ ഇഷ്ടമാണെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. സിൽവസ്റ്റർ സഹോദരി ഇങ്ങനെ അനുസ്‌മരിക്കുന്നു: “പുസ്‌തകങ്ങൾ മേശപ്പുറത്ത്‌ വെച്ചപ്പോൾ ‘ദൈവം സത്യവാൻ’ എന്ന ശീർഷകം എന്റെ ശ്രദ്ധയിൽ പെട്ടു. ദൈവത്തെ കുറിച്ചു പറയുന്ന ആ പുസ്‌തകത്തിൽ എനിക്കു താത്‌പര്യം തോന്നി. ദൈവനാമം, വിഗ്രഹാരാധന, വിലക്കപ്പെട്ട കനി എന്നിവയെക്കുറിച്ചൊക്കെ അതിൽ വായിച്ച കാര്യങ്ങൾ ഭർത്താവു വന്നപ്പോൾ ഞാൻ പറഞ്ഞുകേൾപ്പിച്ചു. ആ വിശദീകരണങ്ങളൊക്കെ ഞാൻ കേൾക്കുന്നത്‌ ആദ്യമായിട്ട്‌ ആയിരുന്നു. ഇതു സത്യമാണെന്ന്‌ എനിക്ക്‌ അപ്പോൾത്തന്നെ ബോധ്യമായി. ഉടനെ ഞാൻ എന്റെ മതത്തിന്റെ യോഗങ്ങൾക്കു പോകുന്നതു നിറുത്തി. ഒരിക്കൽപ്പോലും സാക്ഷികളെ കണ്ടുമുട്ടിയിരുന്നില്ലെങ്കിലും പുസ്‌തകത്തിൽനിന്നു മനസ്സിലാക്കിക്കൊണ്ടിരുന്ന കാര്യങ്ങൾ ഞാൻ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും അതു വായിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ഒമ്പതു വർഷം കഴിഞ്ഞ്‌ ഒരു ദിവസം ടേയോഫാനീ വിക്ടോർ എന്ന മാന്യയായ ഒരു സ്‌ത്രീ വീട്ടിൽവന്ന്‌ എനിക്കു രണ്ട്‌ ഉണരുക! മാസികകൾ തന്നു. അവർ പോകാനിറങ്ങിയപ്പോൾ അവരുടെ മതം ഏതാണെന്ന്‌ ഞാൻ ചോദിച്ചു. ‘യഹോവയുടെ സാക്ഷികളുടെ സഭ’ എന്നവർ ഉത്തരം പറഞ്ഞു. ‘ഒമ്പത്‌ വർഷമായിട്ട്‌ ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു! എനിക്ക്‌ എപ്പോഴാണ്‌ നിങ്ങളുമായിട്ടൊന്നു സംസാരിക്കാനാവുക?’ എന്ന്‌ ഞാൻ ആഹ്ലാദപൂർവം ചോദിച്ചു.” കാലക്രമത്തിൽ ഇവരും ഭർത്താവും യഹോവയുടെ ആരാധനയ്‌ക്കായി ഒരു ഉറച്ച നിലപാടു കൈക്കൊണ്ടു.

സ്വർണം തിരയുന്നതിൽ ഏർപ്പെട്ടിരിക്കവെ ഗ്‌സാവിയേ നോളിൽനിന്നു സുവാർത്ത കേട്ട മിഷെൽ വാലാറും ഈ രാജ്യത്ത്‌ സാക്ഷികളുടെ എണ്ണം വളരെ കുറവായിരുന്ന ആദ്യകാലങ്ങളിൽ സത്യം സ്വീകരിച്ചവരിൽ ഒരാളാണ്‌. സാക്ഷികളുടെ യോഗങ്ങൾക്കു പോയിത്തുടങ്ങിയ അദ്ദേഹം തന്റെ ചോദ്യങ്ങൾക്കു തൃപ്‌തികരമായ ഉത്തരങ്ങൾ കിട്ടുന്നതായി ക്രമേണ തിരിച്ചറിഞ്ഞു. വിക്ടോർ സഹോദരി ഒരു ബൈബിൾ അധ്യയനം വാഗ്‌ദാനം ചെയ്‌തപ്പോൾ അദ്ദേഹം അതു സന്തോഷത്തോടെ സ്വീകരിച്ചു. എന്നാൽ അദ്ദേഹം ബൈബിൾ പഠിക്കുന്നത്‌ ഭാര്യ ഷാന്‌ ഒട്ടും ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട്‌ വീട്ടിൽ വെച്ച്‌ അധ്യയനം നടത്താൻ കഴിഞ്ഞിരുന്നില്ല. എങ്കിലും താൻ പഠിക്കുന്നത്‌ സത്യമാണെന്നു പൂർണ ബോധ്യമുണ്ടായിരുന്നതിനാൽ അത്‌ ഷാനുമായി പങ്കുവെക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ട്‌ ഭാര്യയുടെ താത്‌പര്യത്തെ ഉണർത്തുമെന്ന്‌ അറിയാമായിരുന്ന ലേഖനങ്ങൾ മാസികകളിൽനിന്നു തിരഞ്ഞെടുത്ത്‌ അവർ കാണത്തക്ക വിധത്തിൽ അദ്ദേഹം വെക്കുമായിരുന്നു. ഒടുവിൽ, ഷാൻ ഒരു ബൈബിൾ അധ്യയനത്തിനു സമ്മതിച്ചു. 1963-ൽ ഇരുവരും സ്‌നാപനമേറ്റു. അവരുടെ മക്കളും സത്യം സ്വീകരിച്ചു. അവരിലൊരാളായ ഷാൻ-ഡാന്യെൽ മിഷോട്ട്‌ (മിഷെൽ വാലാറിനെ വിവാഹം കഴിക്കുന്നതിനു മുമ്പ്‌ ഷാന്‌ ഉണ്ടായ പുത്രൻ) ഇപ്പോൾ ബ്രാഞ്ച്‌ കമ്മിറ്റിയിലെ ഒരംഗമാണ്‌.

ഫ്രാൻസിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്‌ ഫ്രഞ്ച്‌ ഗയാനയിൽനിന്നുള്ള ഒരു യുവ അധ്യാപകനായ പോൾ ഷോങ്‌ വിങ്‌ സാക്ഷികളുമായി സമ്പർക്കത്തിൽ വരുന്നത്‌. ലോകാവസ്ഥകളും ആളുകളുടെ മനോഭാവങ്ങളും അദ്ദേഹത്തെ വല്ലാതെ നിരാശപ്പെടുത്തിയിരുന്നു. ഫ്രീമേസൺസ്‌ എന്ന സംഘടനയുമായി സഹവസിച്ചെങ്കിലും അദ്ദേഹത്തെ കുഴക്കിയിരുന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരം ലഭിച്ചിരുന്നില്ല. എന്നാൽ എവിടെയെങ്കിലും സത്യം ഉണ്ടായിരിക്കുമെന്ന്‌ അദ്ദേഹത്തിനു തീർച്ചയായിരുന്നു. അതു കണ്ടുപിടിക്കാൻതന്നെ അദ്ദേഹം ദൃഢനിശ്ചയം ചെയ്‌തു. യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വന്നപ്പോൾ താൻ തിരഞ്ഞുകൊണ്ടിരുന്ന സത്യം കണ്ടെത്തിയെന്ന്‌ അദ്ദേഹത്തിനു ബോധ്യമായി. ഫ്രഞ്ച്‌ ഗയാനയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം മിഷെൽ വാലാറുമായി ബന്ധപ്പെട്ടു. തന്റെ വീടിനടുത്തുതന്നെ ഒരു രാജ്യഹാൾ ഉണ്ടെന്ന്‌ അറിഞ്ഞപ്പോൾ അദ്ദേഹം വളരെയധികം സന്തോഷിച്ചു. 1964-ൽ അദ്ദേഹവും പിറ്റേ വർഷം ഭാര്യയും സ്‌നാപനമേറ്റു. അദ്ദേഹം പെട്ടെന്നുതന്നെ ആത്മീയമായി പുരോഗതി പ്രാപിച്ചു. കഴിവും മനസ്സൊരുക്കവുമുള്ള പുരുഷന്മാരുടെ ആവശ്യം സഭയിൽ വളരെയേറെ ഉണ്ടായിരുന്നതിനാൽ ഒരു വർഷം കഴിഞ്ഞപ്പോൾത്തന്നെ അദ്ദേഹത്തെ സഭാദാസനായി നിയമിച്ചു. പുതുതായി ധാരാളം സഭകൾ സ്ഥാപിക്കാൻ അദ്ദേഹം സഹായിച്ചു. ഇപ്പോൾ അദ്ദേഹം ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി സേവിക്കുന്നു.

ഒറ്റപ്പെട്ട പ്രസാധകരെ സഹായിക്കുന്നു

കൈയെനിലെ സഭ വളരുകയായിരുന്നു. എന്നാൽ അവിടത്തെ പ്രസാധകർ തങ്ങളുടെ പ്രവർത്തനം ആ പ്രദേശത്തു മാത്രമായി ഒതുക്കിയില്ല. സെന്റ്‌ ലോറന്റ്‌, മാനാ, ഇറാക്കൂബോ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രസാധകരുടെ ചെറിയ കൂട്ടങ്ങളെ പിന്തുണയ്‌ക്കുന്നതിനായി കൈയെനിലെ സഹോദരങ്ങൾ ക്രമമായി അവരെ സന്ദർശിച്ചിരുന്നു. വാരാന്തങ്ങളാണ്‌ അവർ അതിനായി തിരഞ്ഞെടുത്തിരുന്നത്‌. വളരെ തിരക്കു പിടിച്ച ദിവസങ്ങളായിരുന്നു അവ. ആദ്യം കൈയെനിൽനിന്ന്‌ തീരദേശത്തുകൂടെ വണ്ടിയോടിച്ച്‌ അവർ സുരിനാം അതിർത്തിക്ക്‌ അടുത്തുള്ള സെന്റ്‌ ലോറന്റിൽ എത്തുമായിരുന്നു. ശനിയാഴ്‌ച വൈകിട്ട്‌ ആറു മണിക്ക്‌ പരസ്യ പ്രസംഗവും വീക്ഷാഗോപുര അധ്യയനവും ഉൾപ്പെടുന്ന ഒരു യോഗം അവിടെ നടത്തിയതിനു ശേഷം രാത്രി അവിടെത്തന്നെ തങ്ങുകയും പിറ്റേ ദിവസം രാവിലെ എട്ടു മണിക്ക്‌ വടക്കുള്ള മാനായിൽ മറ്റൊരു യോഗം നടത്തത്തക്ക വിധത്തിൽ പുറപ്പെടുകയും ചെയ്യുമായിരുന്നു. കൈയെനിലേക്കുള്ള മടക്കയാത്രയിലാണ്‌ ഉച്ചഭക്ഷണം കഴിച്ചിരുന്നത്‌. ഇറാക്കൂബോയിൽ ഇറങ്ങി, മൂന്നു മണിക്ക്‌ അവിടെ ഒരു യോഗം നടത്തുമായിരുന്നു. പിന്നീട്‌ കൈയെനിലേക്കുള്ള യാത്ര തുടരുകയും ചെയ്യും.

ഈ യാത്രകൾക്ക്‌ വളരെയധികം സമയവും ശ്രമവും ആവശ്യമായിരുന്നു. എന്നാൽ ഉൾപ്പെട്ടിരുന്നവർക്കെല്ലാം അവ മറക്കാനാവാത്ത പല ഓർമകളും സമ്മാനിച്ചു. കുണ്ടും കുഴിയും നിറഞ്ഞ ചെമ്മൺ പാതകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും 250 കിലോമീറ്റർ വീതം യാത്ര ചെയ്യണമായിരുന്നു. നല്ലൊരു മഴ പെയ്‌താൽ റോഡെല്ലാം വെള്ളത്തിനടിയിലാകും. ചിലപ്പോഴൊക്കെ ഒരു മീറ്റർ വരെ വെള്ളം പൊങ്ങും. വെള്ളം താഴ്‌ന്നു കഴിഞ്ഞേ യാത്ര തുടരാൻ സാധിക്കുമായിരുന്നുള്ളൂ. അതിനായി സഹോദരങ്ങൾക്ക്‌ ഏതാനും മണിക്കൂർ കാത്തു നിൽക്കേണ്ടി വരുമായിരുന്നു. റോഡുകളിലെ കുഴികൾ വളരെ ആഴമുള്ളവ ആയിരുന്നതിനാൽ പലപ്പോഴും കാറുകൾക്ക്‌ മുന്നോട്ടു പോകാൻ കഴിയുമായിരുന്നില്ല. അങ്ങനെയുള്ളപ്പോൾ സഹോദരങ്ങൾ കാട്ടിൽനിന്നു ചെറിയ മരങ്ങൾ മുറിച്ചു കൊണ്ടുവന്ന്‌ കുഴികൾക്കു മുകളിലൂടെ ഇടും. എന്നിട്ട്‌ എല്ലാവരുംകൂടെ കാറുകൾ ഉന്തി അപ്പുറത്ത്‌ എത്തിക്കും. ആദ്യം അപ്പുറം കടക്കുന്ന കാർ മറ്റു കാറുകളെ വലിച്ച്‌ അപ്പുറം കടത്തുന്നതിൽ സഹായിക്കുമായിരുന്നു. അതുകൊണ്ട്‌ എപ്പോഴും അഞ്ചാറു വാഹനങ്ങൾ ഒന്നിച്ചു യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. കൂടാതെ കൂരൂവിലും മാനായിലും കടത്തുബോട്ടുകൾക്കായി പലപ്പോഴും വളരെ സമയം കാത്തുനിൽക്കേണ്ടിയും വരുമായിരുന്നു. ആ സമയത്ത്‌ കൊതുകിന്റെ ശല്യവും ഉണ്ടാകും. എന്നാൽ വഴിപോക്കർക്ക്‌ മാസികകൾ കൊടുത്തുകൊണ്ട്‌ ആ സമയം സഹോദരങ്ങൾ നന്നായി വിനിയോഗിച്ചിരുന്നു.

ഈ സന്ദർശനങ്ങൾ പ്രസാധകരുടെ ഒറ്റപ്പെട്ട കൂട്ടങ്ങളെ വളരെയധികം ശക്തിപ്പെടുത്തി. അവരുടെ നന്ദിപ്രകടനങ്ങൾ കാണുമ്പോൾ യാത്രയിലെ ബുദ്ധിമുട്ടുകൾ ഒന്നുമല്ലെന്നു സഹോദരങ്ങൾക്കു തോന്നിയിരുന്നു. കൈയെനിൽനിന്ന്‌ ഇങ്ങനെ പോയിരുന്ന സഹോദരങ്ങൾക്കും പ്രയോജനം ലഭിച്ചു. വാൻ പാർഡോ സഹോദരനും സഹോദരിയും, ഫാൻറ്റാൻ, ബാർട്ടാബാൻ, ഡേഫ്രെയ്‌ട്ടാസ്‌ എന്നീ സഹോദരിമാരും പ്രകടമാക്കിയ അതിഥിപ്രിയവും തീക്ഷ്‌ണതയും അവർക്കു വളരെ പ്രോത്സാഹനമേകി. പിന്നീട്‌ ഗ്വാഡലൂപ്പിൽനിന്നുള്ള ഫ്‌ളേറോ സഹോദരനെയും സഹോദരിയെയും ഈ പ്രദേശത്തേക്കു പ്രത്യേക പയനിയർമാരായി നിയമിച്ചു. അവിടെ താത്‌പര്യം വളർത്തിയെടുക്കുന്നതിൽ ഇവർ വളരെ ഫലപ്രദമായി പ്രവർത്തിച്ചു. “സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കൽപ്പന നിറവേറ്റവെ യഹോവയുടെ സാക്ഷികൾ ഫ്രഞ്ച്‌ ഗയാനയിൽ ഉള്ളവരെ അവഗണിച്ചിട്ടില്ല എന്നതു വ്യക്തമാണ്‌.​—⁠മത്താ. 28:⁠20.

മന്ദഗതിയിലെങ്കിലും പുരോഗതി ഉണ്ടാകുന്നു

1970 ആയപ്പോഴേക്കും കൈയെൻ സഭയിലെ പ്രസാധകരുടെ എണ്ണം 129 ആയി. സെന്റ്‌ ലോറന്റിലും കൂരൂവിലും ഒറ്റപ്പെട്ട കൂട്ടങ്ങൾ വളരെ സജീവമായി പ്രവർത്തിച്ചിരുന്നു. എണ്ണത്തിൽ കുറവായിരുന്നെങ്കിലും യഹോവയുടെ സാക്ഷികൾ രാജ്യമെമ്പാടും അറിയപ്പെട്ടു തുടങ്ങി. എന്നാൽ പുരോഗതി മന്ദഗതിയിൽ ആയിരുന്നു. ഫ്രഞ്ച്‌ ഗയാനയിലെ രാജ്യഘോഷകരുടെ എണ്ണം ഇരട്ടിയാകുന്നതിന്‌ പത്തു വർഷം വേണ്ടിവന്നു.

പുറത്താക്കലും അനുതാപവും സംബന്ധിച്ച ബൈബിൾ ബുദ്ധിയുപദേശങ്ങൾ സ്വീകരിക്കുന്നതിൽ ചിലർക്കു തോന്നിയ ബുദ്ധിമുട്ട്‌ ആത്മീയ പുരോഗതിക്കു തടസ്സമായി. പ്രസാധകരുടെ ഇടയിൽ ഭിന്നിപ്പ്‌ ഉണ്ടായി. ചിലർ മൂപ്പന്മാരുടെ സംഘം എടുത്ത തീരുമാനങ്ങളെ പിന്തുണച്ചപ്പോൾ മറ്റുചിലർ അവയെ എതിർത്തു. ഈ സംഗതി സംബന്ധിച്ച ഭരണസംഘത്തിന്റെ നിർദേശങ്ങൾ സഹോദരങ്ങളുമായി ചർച്ച ചെയ്യുന്നതിന്‌ ഗ്വാഡലൂപ്പിൽനിന്ന്‌ സഞ്ചാര മേൽവിചാരകന്മാർ എത്തിച്ചേർന്നു. യഹോവയാം ദൈവത്തിന്റെ സരണിയിലൂടെ ലഭിച്ച നിർദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചവർ പുരോഗതി പ്രാപിച്ചു.

പ്രസാധകരുടെ മനോഭാവത്തെ സ്വാധീനിച്ച മറ്റൊരു സംഗതി കൈയെനിൽ നമ്മുടെ പ്രസംഗപ്രവർത്തനത്തിനു ലഭിച്ച പ്രതികരണമായിരുന്നു. കത്തോലിക്കാ സഭയ്‌ക്കു വളരെ സ്വാധീനം ഉണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു അത്‌. പുരോഹിതന്മാർ യഹോവയുടെ സാക്ഷികളെ നിന്ദയോടെ വീക്ഷിക്കുകയും തങ്ങളുടെ ആടുകളെ അവർക്ക്‌ എതിരായി തിരിക്കുകയും ചെയ്‌തു. എന്നാൽ ഇതുകൊണ്ടൊന്നും സഹോദരങ്ങൾ പിന്മാറിയില്ല. പകരം അവർ തീക്ഷ്‌ണതയോടെ പ്രവർത്തിച്ചു. അത്‌ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചെടുക്കുകതന്നെ ചെയ്‌തു. ആളുകൾ വാതിൽ തുറന്നില്ലെങ്കിൽ അവർ വീടിന്റെ പിൻഭാഗത്തുചെന്ന്‌ അവിടെ ആരെങ്കിലും ഒളിച്ചിരിപ്പുണ്ടോ എന്ന്‌ നോക്കുമായിരുന്നു. ചില സഹോദരങ്ങൾ അഡ്‌വെന്റിസ്റ്റുകാരുമായി ശബത്തിനെ കുറിച്ചും ഇവാഞ്ചലിസ്റ്റുകാരുമായി ആത്മാവിന്റെ അമർത്ത്യതയെയും അഗ്നിനരകത്തെയും കുറിച്ചും ഉള്ള ചൂടുപിടിച്ച തർക്കങ്ങളിൽ ഏർപ്പെട്ടു. ചിലപ്പോൾ അത്തരം ചർച്ചകൾ രാവിലെ തുടങ്ങിയാൽ വൈകുന്നേരം വരെ നീണ്ടുപോകുമായിരുന്നു!

മാർട്ടിനിക്കിൽനിന്ന്‌ എത്തിയ ഒരു സഞ്ചാര മേൽവിചാരകനായ ഡേവിഡ്‌ മോറോ അത്തരമൊരു തർക്കത്തെ കുറിച്ചു വിവരിക്കുന്നു: “ഞങ്ങൾ ഒരു യുവാവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സെവന്ത്‌ ഡേ അഡ്‌വെൻറ്റിസ്റ്റു സഭയുടെ ഒരു പാസ്റ്റർ വന്ന്‌ സംഭാഷണത്തിൽ പങ്കുചേർന്നു. ശബത്തിനെ കുറിച്ചുതന്നെ സംസാരിക്കണമെന്ന്‌ അദ്ദേഹത്തിനു നിർബന്ധമായിരുന്നു. നമ്മുടെ സഹോദരനായ വെർഗോ താൻ ദൈവരാജ്യത്തെ കുറിച്ചു സംസാരിക്കാൻ വന്നതാണെന്നു പറഞ്ഞെങ്കിലും ചർച്ച ഒടുവിൽ ശബത്തിലേക്കു തന്നെ തിരിഞ്ഞു. പാസ്റ്റർ ഇങ്ങനെ പറഞ്ഞു: ‘ശബത്ത്‌ ദൈവത്തിൽ നിന്നുള്ളതാണ്‌. വരാനിരിക്കുന്ന പറുദീസയിൽ പോലും ശബത്താചരണം ഉണ്ടായിരിക്കും!’ “അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയിൽ നമസ്‌കരിപ്പാൻ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുന്ന യെശയ്യാവു 66:​23 അദ്ദേഹം ഉദ്ധരിച്ചു. അപ്പോൾ വെർഗോ സഹോദരൻ പാസ്റ്ററിനോടു ചോദിച്ചു: ‘അതുകൊണ്ട്‌ ഈ വാക്യം അനുസരിച്ച്‌ കഴിഞ്ഞ ബുധനാഴ്‌ചയുടെ പ്രാധാന്യം എന്തായിരുന്നു?’ പല ഉത്തരങ്ങൾ പറഞ്ഞുനോക്കിയെങ്കിലും കഴിഞ്ഞുപോയ ബുധനാഴ്‌ചയും ആ വാക്യവും തമ്മിലുള്ള ബന്ധം കാണാനാവാതെ പാസ്റ്റർ വിയർത്തു. അപ്പോൾ വെർഗോ സഹോദരൻ പറഞ്ഞു: ‘അന്ന്‌ അമാവാസി ആയിരുന്നു! നോക്കൂ! നിങ്ങൾ ശബത്ത്‌ ആചരിക്കുന്നു, എന്നാൽ അമാവാസിയുടെ കാര്യം മറന്നുപോകുന്നു! വാസ്‌തവത്തിൽ, നിങ്ങൾ ബൈബിളിൽനിന്ന്‌ ഒരു വള്ളിയിലും പുള്ളിയിലും അധികം മാറ്റിക്കളയുന്നു.’” പിന്നീട്‌ വെർഗോ ഡേവിഡിനോടു പറഞ്ഞു: “അമാവാസി എന്നാണെന്ന്‌ കലണ്ടറിൽ നോക്കാതെ ഒരിക്കലും ഞാൻ വയൽസേവനത്തിനു പോകാറില്ല. എപ്പോഴാണ്‌ ഒരു അഡ്‌വെന്റിസ്റ്റിനെ കണ്ടുമുട്ടുക എന്നു പറയാനാവില്ലല്ലോ.”

തങ്ങളുടെ വിശ്വാസങ്ങൾക്കു വേണ്ടി വാദിക്കുന്നതിൽ സഹോദരങ്ങൾ വിദഗ്‌ധരായിത്തീർന്നിരുന്നു. എങ്കിലും ചിലർക്ക്‌ ചെമ്മരിയാടു തുല്യരെ കണ്ടെത്തുന്നതിനെക്കാൾ തർക്കങ്ങൾ ജയിക്കുന്നതിൽ ആയിരുന്നു കൂടുതൽ ശ്രദ്ധ. ഫലപ്രദമായി സാക്ഷീകരിക്കുന്നതിന്‌ പരിശീലനം ആവശ്യമായിരുന്നു. ഈ പരിശീലനം യഹോവ പ്രദാനം ചെയ്‌തു.

മിഷനറിമാർ ഉൾപ്രദേശങ്ങളിൽ പ്രവർത്തനം ആരംഭിക്കുന്നു

ഗിലെയാദ്‌ സ്‌കൂളിൽനിന്നു പരിശീലനം ലഭിച്ച മിഷനറിമാരും നേരിട്ടു മിഷനറിമാരായി നിയമിക്കപ്പെട്ട ഫ്രാൻസിൽ നിന്നുള്ള പയനിയർമാരും 1970-കളുടെ അവസാനത്തിൽ ഫ്രഞ്ച്‌ ഗയാനയിൽ എത്തിത്തുടങ്ങി. സഭകളെ പരിശീലിപ്പിക്കുകയും ശക്തീകരിക്കുകയും ചെയ്യുക എന്ന സുപ്രധാന വേലയ്‌ക്ക്‌ അവർ തുടക്കമിട്ടു. കൂടുതൽ നയപരവും ഫലപ്രദവുമായ വിധത്തിൽ സാക്ഷീകരണം നടത്താനുള്ള പരിശീലനം സഹോദരങ്ങൾക്കു ലഭിച്ചു. രാജ്യത്തെ വിവിധ ഭാഷാക്കൂട്ടങ്ങളുടെ ഇടയിലുള്ള പ്രസംഗപ്രവർത്തനത്തിലും മിഷനറിമാർ നേതൃത്വം വഹിച്ചു. താമസിയാതെ പ്രാദേശിക സഹോദരങ്ങൾ അവരുടെ മാതൃക അനുകരിച്ചുകൊണ്ട്‌ ഇംഗ്ലീഷ്‌, പോർച്ചുഗീസ്‌, സ്രാനൻടോംഗോ, ഗാലിബി​—⁠ഒരു അമേരിക്കൻ ഇന്ത്യൻ ഭാഷ​—⁠എന്നീ ഭാഷകൾ പഠിക്കാൻ തുടങ്ങി. ഇപ്പോൾ ഫ്രഞ്ച്‌ ഗയാനയിലെ ബ്രാഞ്ച്‌ ഓഫീസ്‌ 18 ഭാഷകളിൽ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്‌.

ന്യൂകലഡോണിയയിൽ സേവിക്കുകയായിരുന്ന ഗിലെയാദ്‌ ബിരുദധാരികളായ ഷോനാദാബ്‌ ലാആലൻഡിനെയും ഭാര്യയെയും 1991 ഏപ്രിലിൽ കൂരൂവിലെ സഭയെ ശക്തീകരിക്കുന്നതിനായി അവിടേക്കു നിയമിച്ചു. ഫ്രഞ്ച്‌ ഗയാനയിൽ ബൈബിൾ സത്യത്തിന്റെ വിത്തുകൾ ആദ്യമായി പാകിയ ഓൾഗ ലാആലൻഡിന്റെ മകനായിരുന്നു ഷോനാദാബ്‌. ഇപ്പോൾ കൂരൂവിൽ യഹോവയുടെ സ്‌തുതിപാഠകരായി 280-ലധികം പ്രസാധകർ ഉണ്ട്‌.

പുതിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ചും എത്തിപ്പെടാൻ വളരെ പ്രയാസമായ ഉൾനാടൻ പ്രദേശങ്ങളിൽ, പ്രവർത്തനം ആരംഭിക്കുന്നതിലും മിഷനറിമാർ നേതൃത്വം വഹിച്ചു. ഉഷ്‌ണമേഖലാ പ്രദേശങ്ങളിൽ ഉണ്ടാകാറുള്ള മലമ്പനി പോലുള്ള രോഗങ്ങൾക്കോ പാമ്പുകൾക്കോ പ്രാണികളുടെ കൂട്ടങ്ങൾക്കോ ഒന്നും ഇവരെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. കൂലംകുത്തിയൊഴുകുന്ന നദികളിലൂടെയുള്ള അപകടം പിടിച്ച യാത്രകളും കോരിച്ചൊരിയുന്ന മഴയും ചെളിയുമൊന്നും അവർ പ്രശ്‌നമാക്കിയതേയില്ല.

ഏലീ റേഗാലാഡും ഭാര്യ ല്യൂസെറ്റും കൈയെനിലും സെന്റ്‌ ലോറന്റിലും വളരെ നന്നായി പ്രവർത്തിച്ചു. കൂടാതെ രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലെ മറോണി നദിയുടെ ഉത്ഭവസ്ഥാനത്തിനടുത്തുള്ള മുമ്പ്‌ പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശത്തും അവർ സാക്ഷ്യം നൽകി. സെന്റ്‌ ലോറന്റ്‌ മുതൽ മാരിപ്പാസൂലാ വരെയുള്ള എല്ലാ നദീതട ഗ്രാമങ്ങളിലും സഹോദരങ്ങളുടെ ഒരു ചെറിയ കൂട്ടത്തോടൊപ്പം അവർ മൂന്നാഴ്‌ചത്തെ ഒരു പ്രസംഗ പര്യടനത്തിനായി പുറപ്പെട്ടു. എന്നാൽ കൂട്ടത്തിലൊരാൾ മലമ്പനി പിടിപെട്ട്‌ അവശ നിലയിലായിത്തീർന്നതിനാൽ സെന്റ്‌ ലോറന്റിൽ വെച്ച്‌ ചികിത്സ നടത്തേണ്ടി വന്നു. ഇതു മൂലം യാത്ര ഇടയ്‌ക്കു വെച്ചു തടസ്സപ്പെട്ടു. എന്നാൽ ഉൾപ്രദേശങ്ങളിൽ സുവാർത്ത എത്തിക്കുന്നതിനുള്ള ഇത്തരം പ്രസംഗ പര്യടനങ്ങൾ തുടർന്നും നടത്തപ്പെട്ടു.

19-ാം നൂറ്റാണ്ടിൽ സ്വർണം തേടി ഇവിടെയെത്തിയ പര്യവേക്ഷകർ സ്ഥാപിച്ച ഒരു ഗ്രാമമാണ്‌ സെന്റ്‌-ഏലി. അവിടെ എത്താനായി, സിനമറി നദിയുടെ തീരത്തുനിന്ന്‌ രാജ്യത്തിന്റെ മധ്യഭാഗത്തുകൂടെ തോണിയിൽ ഏഴു മണിക്കൂർ യാത്ര ചെയ്യണം. പിന്നെ ഭാരമുള്ള ബാഗും പുറത്തുതൂക്കി കാട്ടിലൂടെ മുപ്പതു കിലോമീറ്റർ നടക്കണം. അതിനു രണ്ടു ദിവസം വേണ്ടിവരും. അവിടെ സാക്ഷീകരണത്തിനായി പോകുന്നവർ മൂന്നു ദിവസത്തേക്ക്‌ ആവശ്യമായ ഭക്ഷണവും വേണ്ടത്ര സാഹിത്യങ്ങളും കൂടെ കരുതണമായിരുന്നു. രാത്രി വന്യമൃഗങ്ങൾ അടുത്തുവരാതിരിക്കുന്നതിന്‌ തീകൂട്ടേണ്ടതുണ്ടായിരുന്നു. മിക്കപ്പോഴും മരത്തിൽ ഊഞ്ഞാൽ കിടക്കകൾ കെട്ടിയാണ്‌ അവർ ഉറങ്ങിയിരുന്നത്‌. എന്നാൽ ഇങ്ങനെ പോയി അവിടത്തെ 150 നിവാസികൾക്ക്‌ ഒരു സമഗ്ര സാക്ഷ്യം നൽകാൻ കഴിഞ്ഞത്‌ ഫ്രാൻസിൽനിന്നുള്ള മിഷനറിമാരായ എറിക്ക്‌ കൂസിനെയും മിഷെൽ ബൂക്കെയും വളരെ ആസ്വദിച്ചു. അവിടെ അവർ സംഘടിപ്പിച്ച ഒരു സ്ലൈഡ്‌ പ്രദർശനത്തിന്‌ 20 പേർ ഹാജരായി.

ഇവിടെ വെച്ചാണ്‌ തന്റെ ആത്മീയാവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ ശ്രമിക്കുകയായിരുന്ന ഫാനേലിയെ സഹോദരന്മാർ കണ്ടുമുട്ടിയത്‌. ഒരു റോമൻ കത്തോലിക്കയായിരുന്ന അവർ അടുത്തകാലത്ത്‌ സഭ മാറി അഡ്‌വെന്റിസ്റ്റുകാരുടെ കൂടെ ചേർന്നിരുന്നു. സ്വന്തം മതത്തിൽപ്പെട്ട ആരും ഒരിക്കലും അവരെ കാണാൻ സെന്റ്‌-ഏലിയിൽ ചെന്നിരുന്നില്ല. തപാൽ വഴിയുള്ള ബൈബിൾ കോഴ്‌സുകളിൽ പങ്കെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും അവർ എഴുതുന്ന കത്തുകൾക്ക്‌ ഒരിക്കലും മറുപടി ലഭിച്ചിരുന്നില്ല. സാക്ഷികളെ കണ്ടുമുട്ടിയപ്പോൾ സെന്റ്‌-ഏലി പോലെ എത്തിപ്പെടാൻ പ്രയാസമായ പ്രദേശങ്ങളിൽ ചെന്ന്‌ ആളുകളെ സന്ദർശിക്കാൻ ശ്രമം നടത്തുന്നത്‌ അവർ മാത്രമാണെന്ന്‌ ഫാനേലി തിരിച്ചറിഞ്ഞു. ഒരാഴ്‌ചത്തേക്ക്‌ എല്ലാ ദിവസവും സഹോദരന്മാരോടൊപ്പം അവർ ബൈബിൾ പഠിച്ചു. അതിനുശേഷം ആറുമാസത്തേക്ക്‌ അവർ കുറേക്കൂടെ എളുപ്പത്തിൽ ചെന്നെത്താൻ കഴിയുന്ന ഒരു നഗരത്തിലേക്കു മാറി താമസിച്ചു. ആ സമയത്ത്‌ ആഴ്‌ചയിൽ മൂന്നു പ്രാവശ്യം വീതം അധ്യയനം നടത്തിയിരുന്നു. ഗ്രാമത്തിലേക്കു മടങ്ങേണ്ട സമയം ആയപ്പോഴേക്കും ഫാനേലി സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധിക ആയിക്കഴിഞ്ഞിരുന്നു. സാക്ഷിയല്ലാത്ത ഭർത്താവിന്റെയും അഞ്ച്‌ കൊച്ചു കുട്ടികളുടെയും കാര്യങ്ങൾ നോക്കണമായിരുന്നെങ്കിലും സത്യത്തോടുള്ള തീക്ഷ്‌ണത, ഓരോ മാസവും സാക്ഷീകരണ വേലയിൽ 40-ലധികം മണിക്കൂർ ചെലവഴിക്കാൻ അവരെ പ്രേരിപ്പിച്ചു. താത്‌പര്യക്കാർക്കായി യോഗങ്ങൾ സംഘടിപ്പിക്കാനും അവർ സഹായിച്ചു. ഇപ്രകാരം നടത്തിയ ഒരു സ്‌മാരകാഘോഷത്തിൽ 40 പേർ സംബന്ധിച്ചു. അതിനുശേഷം ഫാനേലി തീരപ്രദേശത്തേക്കു താമസം മാറി. ഇപ്പോഴും അവർ ശുശ്രൂഷയിൽ സജീവമായി പ്രവർത്തിക്കുന്നു. ഒരു മകൾ സ്‌നാപനമേൽക്കുകയും ഭർത്താവു ബൈബിൾ പഠനം തുടങ്ങുകയും ചെയ്‌തിരിക്കുന്നതിൽ അവർ വളരെ സന്തുഷ്ടയാണ്‌.

രാജ്യത്തിന്റെ കിഴക്കു ഭാഗത്തുള്ള കോ, വാനാരി, ഫാവാർ എന്നീ പ്രദേശങ്ങളിലും മിഷനറിമാരാണ്‌ ആദ്യമായി പ്രവർത്തിച്ചത്‌. 1987-ൽ ചില പ്രാദേശിക സാക്ഷികളോടൊപ്പം താൻ ആദ്യമായി ആ സ്ഥലങ്ങളിലേക്കു സാക്ഷീകരണത്തിനു പോയത്‌ കൂസിനെ സഹോദരൻ നന്നായി ഓർക്കുന്നു. ആദ്യം കടത്തുബോട്ടിൽ യാത്ര ചെയ്‌തതിനുശേഷം ഒരു ചെമ്മൺപാതയിലൂടെ 40 കിലോമീറ്റർ വണ്ടിയോടിച്ച്‌ അവർ ഒരു ചതുപ്പുനിലത്ത്‌ എത്തിച്ചേർന്നു. കാർ നിറുത്തിയപ്പോൾ കിടിലംകൊള്ളിക്കുന്ന ഗർജനങ്ങൾ കേൾക്കാൻ തുടങ്ങി. തങ്ങളുടെമേൽ ചാടിവീഴാൻ തയ്യാറായി നിൽക്കുന്ന ജാഗ്വാറുകളുടെ ഗർജനമാണ്‌ അതെന്ന്‌ അദ്ദേഹം വിചാരിച്ചു. എന്നാൽ ഒരു കൂട്ടം ഹൗളർ കുരങ്ങന്മാരാണ്‌ അവയെന്നു പറഞ്ഞുകൊണ്ട്‌ കൂടെയുണ്ടായിരുന്ന സഹോദരങ്ങൾ കൂസിനെ സഹോദരനെ സമാധാനിപ്പിച്ചു, മനുഷ്യരുടെ സാന്നിധ്യം അവയ്‌ക്ക്‌ അത്ര രസിച്ചില്ലെന്നു തോന്നുന്നു. ഈ യാത്രയിൽ, സത്യം അന്വേഷിച്ചുകൊണ്ടിരുന്ന ഒരു ദമ്പതികളെ കണ്ടുമുട്ടാൻ അവർക്കു കഴിഞ്ഞു. പിന്നീട്‌ കൈയെനിലേക്കു മാറിത്താമസിച്ച അവർ സ്‌നാപനമേൽക്കാൻ തക്കവണ്ണം പുരോഗതി പ്രാപിച്ചു. അവർ ഇപ്പോൾ ഫ്രഞ്ച്‌ ഗയാനയിലെ പോർച്ചുഗീസ്‌ വയലിൽ സേവിക്കുകയാണ്‌.

ക്രമേണ, എത്തിപ്പെടാൻ പ്രയാസമുള്ള മറ്റു പല പ്രദേശങ്ങളിലും മിഷനറിമാർ സുവാർത്ത എത്തിച്ചു. അവരുടെ സന്ദർശനങ്ങളിൽനിന്നു പ്രയോജനം നേടിയ അങ്ങനെയുള്ള പ്രദേശങ്ങളിൽ ചിലതാണ്‌ ഗ്രാൻ സാന്റി, പാപായ്‌ഷ്‌റ്റോൻ, സാവൂവെൽ എന്നിവ. മുമ്പ്‌ പ്രവർത്തിക്കാതെ കിടന്നിരുന്ന മിക്ക പ്രദേശങ്ങളും ഇപ്പോൾ രാജ്യപ്രസാധകർ ക്രമമായി സന്ദർശിക്കുന്നു.

മാരിപ്പാസൂലായിലെ പ്രസംഗപ്രവർത്തനം

1963 ആയപ്പോഴേക്കുംതന്നെ മാരിപ്പാസൂലായിൽ​—⁠മറോണി നദിയുടെ ഉത്ഭവസ്ഥാനത്തിന്‌ അടുത്തുള്ള വളരെ പ്രധാനപ്പെട്ട ഒരു ഗ്രാമം​—⁠രാജ്യസന്ദേശം എത്തിയിരുന്നു. ആ സമയത്ത്‌ ഒരു ബൈബിൾ വിദ്യാർഥിയായിരുന്ന ആഡ്രിയാൻ ഷാൻ-മാറി തൊഴിൽ സംബന്ധമായി വർഷത്തിൽ മൂന്നു പ്രാവശ്യം ഈ പ്രദേശം സന്ദർശിച്ചിരുന്നു. താൻ മനസ്സിലാക്കിയ സത്യത്തോടുള്ള തീക്ഷ്‌ണത അവിടെ നല്ല സാക്ഷ്യം നൽകുന്നതിനായി ആ അവസരങ്ങൾ ഉപയോഗിക്കാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. അദ്ദേഹം അനേകം ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കുകയും ചെയ്‌തു.

മാരിപ്പാസൂലായിൽ മറ്റു സഹോദരങ്ങളും പ്രവർത്തിച്ചെങ്കിലും സ്രാനൻടോംഗോ സംസാരിക്കുന്ന തദ്ദേശവാസികളുമായുള്ള ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു. അവിടത്തുകാർ ടാക്കി-ടാക്കി എന്നു വിളിക്കുന്ന ഈ ഭാഷ ഇംഗ്ലീഷിൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്‌. കൂടാതെ ഡച്ച്‌, ഫ്രഞ്ച്‌, പോർച്ചുഗീസ്‌ എന്നീ ഭാഷകളും ആഫ്രിക്കയിലെയും ഇന്ത്യയിലെയും പല ഭാഷകളും ഇതിലേക്കു സംഭാവന ചെയ്‌തിട്ടുണ്ട്‌. മൂന്നു മുതൽ ആറു വരെ മാസത്തേക്കു പ്രവർത്തിക്കുന്നതിനായി സുരിനാം ബ്രാഞ്ച്‌ സ്രാനൻടോംഗോ സംസാരിക്കുന്ന പ്രത്യേക പയനിയർമാരെ മാരിപ്പാസൂലായിലേക്ക്‌ അയച്ചു. എന്നാൽ അവിടത്തെ ആളുകളുടെ പ്രതികരണം പ്രതികൂലമായിരുന്നു. ഒടുവിൽ സുരിനാമിൽനിന്നുള്ള വിദേശികളാണെന്നു പറഞ്ഞ്‌ സഹോദരങ്ങളെ അവർ ആ ഗ്രാമത്തിൽനിന്നു പുറത്താക്കി. എന്നാൽ അവർ യഹോവയുടെ സാക്ഷികളാണ്‌ എന്നതായിരുന്നു പ്രധാന കാരണം.

1992-ൽ കോർണേലി ലാൻഗെയെയും ഭാര്യ ഏലനെയും ഇവിടേക്ക്‌ പ്രത്യേക പയനിയർമാരായി നിയമിച്ചു. സ്രാനൻടോംഗോ ഭാഷ അറിയാമായിരുന്നതുകൊണ്ട്‌ അവർക്ക്‌ അവിടെ ഫലപ്രദമായി സാക്ഷീകരിക്കാൻ കഴിഞ്ഞു. കൂടാതെ ഫ്രഞ്ചുകാരായിരുന്നതിനാൽ അവരോടുള്ള അവിടത്തുകാരുടെ മനോഭാവം കൂടുതൽ അനുകൂലമായിരുന്നു. ആഴ്‌ചയിൽ മൂന്നു ദിവസം അവർ മാരിപ്പാസൂലായിൽ സാക്ഷീകരിക്കുകയും അടുത്ത മൂന്നു ദിവസം മാരിപ്പാസൂലായിൽനിന്ന്‌ ഒരു മണിക്കൂർ തോണി യാത്ര ചെയ്‌ത്‌ പാപായ്‌ഷ്‌റ്റോൻ ഗ്രാമത്തിൽ പോയി പ്രസംഗിക്കുകയും ചെയ്‌തിരുന്നു. ആദ്യമൊക്കെ അവർ മാരിപ്പാസൂലായിലെ തങ്ങളുടെ ഭവനത്തിൽ വെച്ചാണ്‌ യോഗങ്ങൾ നടത്തിയിരുന്നത്‌. രണ്ടു വർഷത്തെ പ്രവർത്തനത്തിനു ശേഷം എട്ടു പേർ സ്‌മാരകത്തിനു ഹാജരായി. എത്തിപ്പെടാൻ പ്രയാസമായ ഈ ദിക്കിൽ പല പ്രശ്‌നങ്ങൾക്കും മധ്യേ ഈ പയനിയർ ദമ്പതികൾ സഹിച്ചുനിന്നു. ആളുകളോടുള്ള സ്‌നേഹമാണ്‌ അതിന്‌ അവരെ സഹായിച്ചത്‌. കാലക്രമത്തിൽ അവരുടെ സഹിഷ്‌ണുതയ്‌ക്കു പ്രതിഫലം ലഭിച്ചു. അവിടെ രണ്ടു സഭകൾ സ്ഥാപിക്കപ്പെട്ടു.

ബൈബിൾ സന്ദേശത്തോടു പ്രതികരിച്ചവരിൽ ഒരാൾ ആൻറ്റ്വാൻ ടാഫാന്യേ ആയിരുന്നു. അദ്ദേഹത്തെ സമുദായത്തിലെ ഒരു പ്രധാനിയായാണ്‌ ആളുകൾ കണക്കാക്കിയിരുന്നത്‌. കാരണം, അവരുടെ പ്രപഞ്ചാത്മവാദി സമുദായത്തിന്റെ പരമോന്നത അധികാരിയായ ഗ്രാൻ മാനിന്റെ അടുത്ത ബന്ധുവായിരുന്നു അദ്ദേഹം. ടാഫാന്യേക്ക്‌ രണ്ടു വെപ്പാട്ടികൾ ഉണ്ടായിരുന്നു. അവിടത്തെ നദീതട സമുദായങ്ങളിലെ ആളുകൾക്കിടയിൽ ആ രീതി സാധാരണമാണ്‌. അതുകൊണ്ട്‌ സത്യത്തിനു വേണ്ടി ഒരു നിലപാട്‌ എടുക്കുന്നതിന്‌ ടാഫാന്യേക്കു തന്റെ ജീവിതത്തിൽ ക്രമപ്പെടുത്തലുകൾ വരുത്തണമായിരുന്നു. ഒന്നുകിൽ അദ്ദേഹം ആ സ്‌ത്രീകളിൽ ഒരാളെ വിവാഹം കഴിക്കുകയോ അല്ലെങ്കിൽ ഏകനായി കഴിയുകയോ ചെയ്യേണ്ടിയിരുന്നു. അദ്ദേഹം തങ്ങളിൽ ഒരാളെ ഉപേക്ഷിക്കാൻ പോകുകയാണെന്ന്‌ അറിഞ്ഞപ്പോൾ വെവ്വേറെ താമസിച്ചിരുന്ന ഈ സ്‌ത്രീകൾ തമ്മിൽ വലിയ വഴക്കുണ്ടായി. ഇപ്പോൾ ആൻറ്റ്വാൻ ടാഫാന്യേ സ്‌നാപനമേറ്റ ഒരു സാക്ഷിയാണ്‌. അദ്ദേഹവും ഭാര്യയും സന്തോഷത്തോടെ യഹോവയെ സേവിക്കുന്നു. മറ്റേ സ്‌ത്രീയുടെ കാര്യമോ? കുറച്ചു കഴിഞ്ഞപ്പോൾ അവരും ബൈബിൾ പഠിക്കാൻ തുടങ്ങി. ഇന്ന്‌ അവരും യഹോവയുടെ ഒരു സമർപ്പിത ദാസിയാണ്‌.

ആ പ്രദേശത്ത്‌ യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള ആളുകളുടെ വിലമതിപ്പു വർധിച്ചു. ഒരു പ്രാദേശിക സമിതി, സഹോദരങ്ങൾക്കു യോഗങ്ങൾ നടത്താൻ മൂന്നു വർഷത്തേക്ക്‌ സൗജന്യമായി ഒരു സ്ഥലം ഏർപ്പാടാക്കിക്കൊടുത്തു. രാജ്യഹാൾ പണിയേണ്ട സമയം വന്നപ്പോൾ അതിന്‌ ആവശ്യമായിരുന്ന ഗാൽവനൈസ്‌ഡ്‌ ഷീറ്റുകളിൽ പകുതിയും സംഭാവന ചെയ്‌തത്‌ ഈ അനുഭാവികൾ ആയിരുന്നു. ടെലിവിഷൻ സംപ്രേഷണ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്ന മറ്റൊരു പ്രാദേശിക സമിതി വാച്ച്‌ ടവർ സൊസൈറ്റിയുടെ അന്നു ലഭ്യമായിരുന്ന അഞ്ചു വീഡിയോ ടേപ്പുകൾ പ്രക്ഷേപണം ചെയ്‌തു. അവയിൽ യഹോവയുടെ സാക്ഷികൾ​—⁠ആ പേരിനു പിമ്പിലെ സ്ഥാപനം എന്ന വീഡിയോ ഗ്രാമവാസികൾ പ്രത്യേകിച്ചും വിലമതിച്ചു.

മുമ്പ്‌ സാക്ഷികളോടു ശത്രുത വെച്ചുപുലർത്തിയിരുന്ന ഈ പ്രദേശത്ത്‌ ഇപ്പോൾ സാക്ഷികൾ ചുവടുറപ്പിച്ചു കഴിഞ്ഞിരുന്നു. 1993 ആയപ്പോഴേക്കും മാരിപ്പാസൂലായിലും പാപായ്‌ഷ്‌റ്റോനിലും രാജ്യഹാളുകൾ പണിതിരുന്നു. മറോണി നദിക്കരയിലെ ഈ പ്രദേശത്തുള്ളവർക്ക്‌ രാജ്യസുവാർത്ത കേൾക്കാനുള്ള അവസരങ്ങൾ ക്രമമായി ലഭിച്ചു തുടങ്ങി.

ഓയാപോക്‌ നദിക്കരയിലുള്ള പ്രദേശങ്ങളിലെ സാക്ഷീകരണം

രാജ്യത്തിന്റെ കിഴക്കൻ അതിർത്തിയിൽ​—⁠ഫ്രഞ്ച്‌ ഗയാനയ്‌ക്കും ബ്രസീലിനും ഇടയിലൂടെ ഓയാപോക്‌ നദി ഒഴുകുന്ന ഭാഗം⁠—⁠എന്താണു സംഭവിച്ചുകൊണ്ടിരുന്നത്‌? 1973-ൽ സെൻ ഷോർഷ്‌ പട്ടണം സന്ദർശിച്ച ആഡ്രിയാൻ ഷാൻ-മാറി അവിടെ വളരെ നല്ലൊരു സാക്ഷ്യം നൽകി. അദ്ദേഹത്തിന്റെ ആദ്യ സന്ദർശനം മൂന്നു ദിവസത്തേക്കായിരുന്നു. അതേ വർഷംതന്നെ രണ്ടു പ്രാവശ്യം കൂടെ അദ്ദേഹം അവിടം സന്ദർശിച്ചു. അദ്ദേഹം അവിടെ ഒരു പരസ്യയോഗം സംഘടിപ്പിച്ചു. അതിന്‌ 20 പേർ ഹാജരായി. തപാൽ വഴി ഏതാനും ബൈബിൾ അധ്യയനങ്ങളും ആരംഭിച്ചു. എന്നാൽ കത്തെഴുതി ശീലമില്ലായിരുന്ന ആ വിദ്യാർഥികളുടെ കാര്യത്തിൽ ഈ രീതി അത്ര പ്രായോഗികമായിരുന്നില്ല. അതേ നദിക്കരയിലുള്ള ഒരു ബുഷ്‌ നീഗ്രോ ഗ്രാമമായ ടാൺപാക്കിലും ഷാൻ-മാറി സഹോദരൻ ബൈബിൾ സന്ദേശത്തിൽ താത്‌പര്യമുള്ളവരെ കണ്ടെത്തി.

പത്തു വർഷം കഴിഞ്ഞ്‌ 1983-ൽ, എത്തിപ്പെടാൻ പ്രയാസമായ ഈ പ്രദേശത്ത്‌ കൂടുതലായ സാക്ഷ്യം നൽകാനും താത്‌പര്യക്കാരെ സഹായിക്കാനുമായി ഏറ്റ്യെനിസ്‌ മാൺഡ്‌, ഷാക്ക്‌ലിൻ ലാഫിറ്റൊ എന്നീ സഹോദരിമാരെ നിയമിച്ചു. പരസ്യ പ്രസംഗങ്ങൾ നടത്തിക്കൊണ്ടും വയലിൽ പ്രവർത്തിച്ചുകൊണ്ടും ഈ സഹോദരിമാരെ പിന്തുണയ്‌ക്കാനായി തങ്ങൾക്കു സാധിക്കുന്ന വാരാന്തങ്ങളിലെല്ലാം സഹോദരങ്ങൾ കൈയെനിൽനിന്നു വിമാനത്തിൽ സെൻ ഷോർഷിൽ എത്തുമായിരുന്നു. എന്നാൽ ഫലം ലഭിക്കുന്നതിന്‌ വളരെയധികം സഹിഷ്‌ണുത ആവശ്യമായിരുന്നു. മാൺഡ്‌ സഹോദരി പറയുന്നു: “ഞാൻ പല ബൈബിൾ അധ്യയനങ്ങൾ തുടങ്ങി. എന്നാൽ അധികം കഴിയുന്നതിനു മുമ്പ്‌ സ്ഥലത്തെ പുരോഹിതൻ നമ്മുടെ വേലയെ എതിർക്കാൻ തുടങ്ങി. ‘സാക്ഷികൾ പിശാചിന്റെ ഏജന്റുമാരായതിനാൽ നിങ്ങൾ പറയുന്നതു ശ്രദ്ധിക്കുകയോ നിങ്ങളെ വീട്ടിൽ കയറ്റുകയോ ചെയ്യരുതെന്ന്‌ പുരോഹിതൻ പറഞ്ഞിട്ടുണ്ട്‌’ എന്നു ചിലർ ഞങ്ങളോടു പറയുമായിരുന്നു. എന്റെ ബൈബിൾ വിദ്യാർഥികളിൽ പലരും അധ്യയനം നിറുത്തി.” എന്നാൽ സഹിഷ്‌ണുത പ്രകടമാക്കിയതിനാൽ നല്ല ഫലങ്ങൾ ലഭിക്കുകതന്നെ ചെയ്‌തു.

ഈ പ്രദേശത്ത്‌ സത്യത്തോടു താത്‌പര്യം നട്ടുവളർത്തുന്നതിൽ പങ്കുണ്ടായിരുന്ന മറ്റു രണ്ടു വ്യക്തികളാണ്‌ മിഷെൽ ബൂക്കെയും ഒരു പ്രത്യേക പയനിയർ ആയിരുന്ന റിച്ചർഡ്‌ റോസും. അവർ സെൻ ഷോർഷിൽ നന്നായി പ്രവർത്തിച്ചു. എന്നാൽ, 1989-ൽ അവരോട്‌ ആ പ്രദേശത്തിനു വെളിയിലുള്ള വയലിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു. അടുത്തയിടെ, റോസ്‌ സഹോദരനും ഭാര്യക്കും ഫ്രഞ്ച്‌ ഗയാനയിൽനിന്ന്‌ ഗിലെയാദ്‌ സ്‌കൂളിൽ പങ്കെടുക്കുന്ന ആദ്യ പയനിയർമാരാകാനുള്ള പദവി ലഭിച്ചു. അവർ ഇപ്പോൾ ഹെയ്‌റ്റിയിൽ സേവിക്കുന്നു.

ഓയാപോക്‌ നദിക്ക്‌ ഇക്കരെയുള്ള ഫ്രഞ്ച്‌ ഗയാനാ പ്രദേശങ്ങളിൽ ചുവടുറപ്പിച്ചു കഴിഞ്ഞപ്പോൾ നദിക്ക്‌ അക്കരെ ബ്രസീലിലുള്ള ഒരു ചെറിയ പ്രദേശം പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. സെൻ ഷോർഷിൽനിന്ന്‌ തോണിയിൽ ഏതാണ്ട്‌ 20 മിനിട്ടു യാത്ര ചെയ്‌താൽ 10,000 നിവാസികളുള്ള ഓയാപോക്കേ എന്ന ഈ പട്ടണത്തിൽ എത്താം. സെൻ ഷോർഷിൽ ഉള്ളതിനെക്കാൾ താത്‌പര്യം ഈ പ്രദേശത്തുണ്ടെന്നു പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞ സഹോദരങ്ങൾ അവിടെ പ്രവർത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. മോറോ സഹോദരൻ പറയുന്നു: “ഒരു കടയുടെ പുറകിലാണ്‌ ഞങ്ങൾ രാത്രി കഴിച്ചുകൂട്ടിയിരുന്നത്‌. ‘സഹോദരി’ എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന ഒരു നല്ല സ്‌ത്രീ ഞങ്ങൾക്ക്‌ ഉറങ്ങാൻ ഇടവും കുളിക്കാൻ ഒരു വീപ്പ വെള്ളവും ഒക്കെ തന്നിരുന്നെങ്കിലും അവിടെ താമസിക്കുക അത്ര എളുപ്പമായിരുന്നില്ല. ഒരിക്കൽ വെള്ളത്തിന്‌ ദുർഗന്ധമുണ്ടെന്ന്‌ എന്റെ ഭാര്യ മാരിലാൻ പറഞ്ഞപ്പോൾ പ്രാദേശിക പയനിയർമാർക്ക്‌ അത്‌ തമാശയായി തോന്നി. എല്ലാവരും പുറകുവശത്ത്‌ ഇരുട്ടത്തു നിന്നു കുളിച്ചിട്ട്‌ കിടന്നുറങ്ങി. എന്നാൽ പിറ്റേന്ന്‌ രാവിലെ നോക്കുമ്പോഴുണ്ട്‌ വീപ്പയിലെ വെള്ളത്തിൽ ഒരു വലിയ എലി ചത്തു പൊങ്ങിക്കിടക്കുന്നു!” എന്നിരുന്നാലും, ശുശ്രൂഷയിൽ അവർക്കു ലഭിച്ച നല്ല അനുഭവങ്ങളുടെമേൽ കരിനിഴൽ വീഴ്‌ത്താൻ അത്തരം സംഭവങ്ങൾക്കു സാധിച്ചില്ല.

ബൂക്കെ സഹോദരന്റെ നേതൃത്വത്തിൽ ഓയാപോക്കേ പട്ടണത്തിൽ കുറച്ച്‌ സ്ഥലം വാങ്ങി. അദ്ദേഹവും റോസ്‌ സഹോദരനും മറ്റു പയനിയർമാരും കൈയെനിൽനിന്നുള്ള സഹോദരങ്ങളും കൂടി 80 പേർക്ക്‌ ഇരിക്കാവുന്ന ഒരു രാജ്യഹാളും അതിനോടു ചേർന്ന്‌ ഒരു അപ്പാർട്ടുമെന്റും പണിതു.

പ്രത്യേക പയനിയർമാരായ ഡാ കോസ്റ്റാ ദമ്പതികൾ കൂടുതൽ സഹായം പ്രദാനം ചെയ്യുന്നതിനായി 1990-കളിൽ ഓയാപോക്കേയിൽ എത്തിച്ചേർന്നു. അവിടെയുള്ള സ്‌കൂളുകൾ എല്ലാം സന്ദർശിച്ച്‌ ഹെഡ്‌മാസ്റ്റർമാർക്കു യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും​—⁠പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്‌തകത്തിന്റെ പ്രതികൾ നൽകാനുള്ള ഒരു പ്രത്യേക ശ്രമം അവർ നടത്തി. വിദ്യാർഥികൾക്കും പുസ്‌തകം വിതരണം ചെയ്യാനുള്ള അനുവാദം അവർ വാങ്ങി. പുസ്‌തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ചു കേട്ടുകഴിഞ്ഞപ്പോൾ എല്ലാ കുട്ടികളും അധ്യാപകരും അതിന്റെ പ്രതികൾ ആവശ്യപ്പെട്ടു. മൊത്തം 250 പുസ്‌തകങ്ങൾ അവർ സമർപ്പിച്ചു.

ഡാ കോസ്റ്റാ സഹോദരൻ തങ്ങൾക്കുണ്ടായ ഒരു അനുഭവം വിവരിക്കുന്നു: “പ്രാദേശിക പട്ടാള ക്യാമ്പിന്റെ കമാൻഡറുമായി ഞങ്ങൾ വളരെ നല്ല ഒരു ചർച്ച നടത്തി. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ ഒരു പ്രതി ഞങ്ങൾ അദ്ദേഹത്തിനു നൽകി. അദ്ദേഹം അതു സ്വീകരിക്കുകയും ക്യാമ്പിലുള്ളവരുടെ മദ്യപാനത്തിനും അധാർമികതയ്‌ക്കും കടിഞ്ഞാണിടുന്നതിൽ ഞങ്ങളുടെ സഹായം ആവശ്യപ്പെടുകയും ചെയ്‌തു. അവർക്കുവേണ്ടി ഒരു പ്രസംഗം നടത്താമെന്ന്‌ ഞങ്ങൾ പറഞ്ഞു. ആ നിർദേശം അദ്ദേഹത്തിന്‌ ഇഷ്ടപ്പെട്ടു. അടുത്ത ആഴ്‌ച ഒരു ചെറിയ കൂട്ടം പ്രസംഗം കേൾക്കാൻ കൂടിവരുമെന്ന്‌ അദ്ദേഹം പറഞ്ഞു. പിറ്റേ ആഴ്‌ച ഞങ്ങൾ പ്രസംഗം നടത്താനെത്തിയപ്പോൾ ഞങ്ങളെ കാത്തിരിക്കുന്ന 140 പട്ടാളക്കാരെയാണു കണ്ടത്‌. എല്ലാവരും പ്രസംഗം നന്നായി ശ്രദ്ധിച്ചു. ഞങ്ങൾ 70 മാസികകൾ സമർപ്പിച്ചു. ഇത്രയും പേർ വരുമെന്നു യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നതിനാൽ അത്രയും മാസികകളേ ഞങ്ങൾ കൊണ്ടുപോയിരുന്നുള്ളൂ. ഈ ക്രമീകരണം ആഴ്‌ചകളോളം തുടർന്നു. പട്ടാളക്കാർ ഒരു സ്ഥലത്തുതന്നെ അധികം നാൾ തങ്ങാത്തതിനാൽ അവരിൽ മിക്കവരുമായും ഞങ്ങൾക്കു സമ്പർക്കം നഷ്ടപ്പെട്ടു.” എന്നിരുന്നാലും നൽകപ്പെട്ട സഹായത്തോട്‌ പലരും അനുകൂലമായി പ്രതികരിച്ചു.

റോസ എന്ന ഒരു യുവതി ബ്രസീലിലെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചിരുന്നു. എന്നാൽ സുവാർത്തയെ പൂർണ ഗൗരവത്തോടെ കാണുന്നതിൽ അവൾ പരാജയപ്പെട്ടു. ഫ്രഞ്ച്‌ ഗയാനയിലെ ഒരു സ്വർണ ഖനിയിൽ പോയി പ്രവർത്തിച്ചാൽ ധാരാളം പണം സമ്പാദിക്കാൻ കഴിയുമെന്ന്‌ കേട്ട റോസ തന്റെ വീടും ബൈബിൾ അധ്യയനവും എല്ലാം ഉപേക്ഷിച്ച്‌ ഓയാപോക്കേയിലേക്കു തിരിച്ചു. അവിടെനിന്ന്‌ ഫ്രഞ്ച്‌ ഗയാനയിലേക്കു നിയമവിരുദ്ധമായി കടക്കുക എന്നതായിരുന്നു അവളുടെ പദ്ധതി. വനത്തിന്റെ നടുവിലുള്ള സ്വർണ ഖനിയിൽ പുരുഷന്മാരുടെ ഇടയിൽ കഴിയുക എന്നത്‌ തീർച്ചയായും ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം സുരക്ഷിതമല്ലായിരുന്നു. ഖനികളിലേക്കു പുറപ്പെടുന്നതിനു മുമ്പായി തന്റെ തീരുമാനം പുനർവിചിന്തനം ചെയ്യാൻ ഓയാപോക്കേയിൽവെച്ച്‌ ഒരു സഹോദരി റോസയെ സഹായിച്ചു. മത്തായി 6:​25-34-ലെ ബൈബിൾ ബുദ്ധിയുപദേശം അവളെ ആഴത്തിൽ സ്‌പർശിച്ചു. അവൾ തന്റെ മനസ്സു മാറ്റി. റോസ തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുകയും വീട്ടിലേക്കു മടങ്ങിപ്പോകുകയും ചെയ്‌തു. വർഷങ്ങളായി വേർപിരിഞ്ഞു കഴിയുകയായിരുന്ന അവളും ഭർത്താവും വീണ്ടും ഒന്നിച്ചു.

ഓയാപോക്കേയിൽ ഇപ്പോൾ 25 പ്രസാധകരുള്ള ഒരു സഭയുണ്ട്‌. സെൻ ഷോർഷിലെ അഞ്ചു പ്രസാധകരുടെ പ്രവർത്തനവും ഫലം കായ്‌ക്കുന്നുണ്ട്‌. സെൻ ഷോർഷ്‌ നിവാസികളിൽ സത്യത്തിനു വേണ്ടി ഒരു നിലപാടു സ്വീകരിച്ച ആദ്യത്തെ ആൾ ഷാൺ റെനേ മാത്തൂരെൺ ആയിരുന്നു. ഇന്ന്‌ അദ്ദേഹം ഒരു ശുശ്രൂഷാദാസനായും ഭാര്യ സാധാരണ പയനിയറായും സേവിക്കുന്നു.

സന്തോഷകരമായ കൂടിവരവുകൾ

ആരാധനയ്‌ക്കായി ക്രമമായി കൂടിവരാൻ ബൈബിൾ കാലങ്ങളിൽ യഹോവ തന്റെ ആരാധകരോടു കൽപ്പിച്ചിരുന്നു. (ആവ. 16:​1-17) സമാനമായി, ഈ ആധുനികനാളുകളിൽ ഫ്രഞ്ച്‌ ഗയാനയിലെ യഹോവയുടെ ദാസന്മാരുടെ ആരാധനയിൽ സമ്മേളനങ്ങളും കൺവെൻഷനുകളും ഒരു മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്‌. രാജ്യത്തെ പ്രസാധകരുടെ എണ്ണം വളരെ കുറവായിരുന്നപ്പോൾ പോലും സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിന്‌ സഹോദരങ്ങൾക്കു യാതൊരു മടിയും ഇല്ലായിരുന്നു. ഒരു സഹോദരൻ ഇങ്ങനെ പറയുന്നു: “എട്ടു ദിവസം ദൈർഘ്യമുള്ള ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളായിരുന്നു 1960-കളിൽ ഇവിടെ നടത്തിയിരുന്നത്‌. കൺവെൻഷനിൽ നാല്‌ ബൈബിൾ നാടകങ്ങൾ ഉണ്ടാകുമായിരുന്നു. അഭിനേതാക്കൾ തങ്ങളുടെ ഭാഗങ്ങൾ മനഃപാഠമാക്കേണ്ടിയിരുന്നു. പ്രസാധകർക്കെല്ലാം വളരെ കഠിനാധ്വാനം ചെയ്യേണ്ടി വന്നിരുന്നു. സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ മാർട്ടിനിക്കിൽനിന്നും ഗ്വാഡലൂപ്പിൽനിന്നും അനേകം സഹോദരങ്ങൾ സഹായിക്കാൻ എത്തിയിരുന്നത്‌ ഫ്രഞ്ച്‌ ഗയാനയിലെ പ്രസാധകരുടെ ചെറിയ കൂട്ടത്തിന്‌ വലിയൊരു അനുഗ്രഹമായിരുന്നു.” അവരുടെ സാന്നിധ്യം സഹോദരങ്ങൾ വളരെ വിലമതിച്ചു. അവരെ സ്വീകരിക്കുന്നതിന്‌ മിക്ക പ്രാദേശിക സഹോദരങ്ങളും വിമാനത്താവളത്തിൽ എത്തുമായിരുന്നു. ആ നാളുകളെ കുറിച്ച്‌ പലരും ഇപ്പോഴും സന്തോഷത്തോടെ ഓർക്കുന്നു.

ഈ കൂടിവരവുകൾ വാസ്‌തവത്തിൽ സന്തോഷിക്കാനുള്ള അവസരങ്ങൾ തന്നെയായിരുന്നു. ഓരോ സമ്മേളനവും ഒരു ആത്മീയ വിരുന്നായിരുന്നു. ഇവയിൽ പങ്കെടുത്ത സഹോദരങ്ങൾക്ക്‌ പുരാതന ഇസ്രായേല്യർക്ക്‌ ഉണ്ടായ അതേ വികാരമാണ്‌ അനുഭവപ്പെട്ടത്‌. ഇസ്രായേല്യരോട്‌ യഹോവ ഇങ്ങനെ പറഞ്ഞിരുന്നു: “നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ . . . സന്തോഷിക്കേണം.”​—⁠ലേവ്യ. 23:40

കൂടുതൽ അനുഭവപരിചയമുള്ള സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം വളരെ തിരക്കു പിടിച്ച ദിവസങ്ങളായിരുന്നു ഇവ. കൺവെൻഷൻ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വത്തിനു പുറമേ പ്രസംഗങ്ങൾ നടത്തുന്നതിനും പലപ്പോഴും ഒന്നിൽ കൂടുതൽ നാടകങ്ങളിൽ അഭിനയിക്കുന്നതിനുമുള്ള നിയമനവും അവർക്ക്‌ ഉണ്ടായിരുന്നു. ഒരു കൺവെൻഷനിൽ ഒരു സഹോദരൻ മൂന്നു നാടകങ്ങളിൽ അഭിനയിക്കുന്നതും അഞ്ചാറ്‌ പ്രസംഗങ്ങൾ നടത്തുന്നതും ഒക്കെ സാധാരണമായിരുന്നു.

ഉച്ചയ്‌ക്ക്‌ വിഭവസമൃദ്ധമായ ആഹാരം തയ്യാറാക്കി വിളമ്പിയിരുന്നു. ഇതിനും വളരെയധികം അധ്വാനം ആവശ്യമായിരുന്നു. ചില സമയങ്ങളിൽ പന്നി, പല്ലി വർഗത്തിൽപ്പെട്ട ജീവികൾ, അഗുട്ടി, കടലാമ, ആർമഡില്ലോ എന്നിവയെല്ലാം ഉൾപ്പെട്ടതായിരിക്കും ഭക്ഷണം. കൺവെൻഷനിൽ സംബന്ധിക്കാൻ എത്തുന്ന സഹോദരങ്ങൾക്ക്‌ ചിലപ്പോഴൊക്കെ ആവശ്യമായ ഭക്ഷണത്തിനു വേണ്ടി വേട്ടയാടാനോ മീൻപിടിക്കാനോ ഒക്കെ പോകേണ്ടി വരുമായിരുന്നു.

കൂടിവരുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തുക എന്നത്‌ എപ്പോഴും ഒരു വെല്ലുവിളി ആയിരുന്നിട്ടുണ്ട്‌. ആദ്യമൊക്കെ വാലാർ സഹോദരന്റെ ഭവനമാണ്‌ ഇതിനായി ഉപയോഗിച്ചിരുന്നത്‌. വീട്ടുവളപ്പിൽ സഹോദരങ്ങൾ ഷെഡ്‌ കെട്ടുമായിരുന്നു. സദസ്സിന്റെ വലിപ്പം കൂടുന്നതനുസരിച്ച്‌ ഓരോ വർഷവും ഷെഡ്ഡിന്റെ വലിപ്പം കൂട്ടിയിരുന്നു. എന്നാൽ ഹാജർ 200 കവിഞ്ഞപ്പോൾ കൂടുതൽ വിശാലമായ ഒരു സ്ഥലം കണ്ടെത്തേണ്ടത്‌ ആവശ്യമായി വന്നു. ആദ്യമൊക്കെ ഹാൻഡ്‌ബോൾ, ബാസ്‌കറ്റ്‌ബോൾ കോർട്ടുകൾ മാത്രമേ വാടകയ്‌ക്കു കിട്ടിയിരുന്നുള്ളൂ. സഹോദരങ്ങൾ അവിടെ സ്റ്റേജ്‌ കെട്ടുമായിരുന്നു. എന്നാൽ തങ്ങൾക്ക്‌ ഇരിക്കാനുള്ള കസേരകൾ ഓരോരുത്തരും കൊണ്ടുവരേണ്ടിയിരുന്നു. ഇത്‌ എളുപ്പമായിരുന്നില്ലെങ്കിലും സഹോദരങ്ങൾക്കെല്ലാം ഒരു ക്രിയാത്മക മനോഭാവം ഉണ്ടായിരുന്നു. തങ്ങളുടെ കസേരകൾ പ്രായമുള്ളവർക്കായി വിട്ടുകൊടുക്കുന്നതിന്‌ യുവജനങ്ങൾ ഒരിക്കലും മടി കാണിച്ചിരുന്നില്ല, അതിന്റെ ഫലമായി ദിവസം മുഴുവനും നിൽക്കേണ്ടി വന്നാൽപ്പോലും.

വാടകയ്‌ക്ക്‌ എടുത്ത നൃത്തഹാളുകളിൽ ആണ്‌ വർഷങ്ങളോളം സമ്മേളനങ്ങൾ നടത്തിയിരുന്നത്‌. ശനിയാഴ്‌ച പരിപാടി കഴിഞ്ഞാലുടൻ സഹോദരങ്ങൾ ഹാൾ ഒഴിഞ്ഞുകൊടുക്കണമായിരുന്നു. കാരണം അന്നു രാത്രി മുഴുവനും നീണ്ടുനിൽക്കുന്ന നൃത്തപരിപാടികൾക്കായി തയ്യാറെടുക്കാൻ അപ്പോൾ ഗായകസംഘം എത്തുമായിരുന്നു. അതിരാവിലെ സഹോദരങ്ങൾ തിരിച്ചെത്തി ഞായറാഴ്‌ച രാവിലെ പരിപാടി നടത്താൻ തക്കവണ്ണം ഹാൾ വൃത്തിയാക്കുമായിരുന്നു. സാധാരണമായി, മതപരമായ യോഗങ്ങൾ നടത്താൻ കൊള്ളാവുന്ന സ്ഥലങ്ങളായല്ല ആളുകൾ ഇത്തരം ഹാളുകളെ വീക്ഷിച്ചിരുന്നത്‌. അതുകൊണ്ട്‌ ഗൂയിയാനാ പാലസ്‌, ഓ സോലെയ്‌ ലെവാൻ, ഓ കാനാരി എന്നീ നൃത്തഹാളുകളിൽ സമ്മേളനങ്ങൾ നടത്തിയപ്പോൾ ആ പ്രദേശത്തെ ആളുകൾ സഹോദരങ്ങളെ പരിഹസിച്ചു. എന്നാൽ സമയം കടന്നു പോയതോടെ സമ്മേളനങ്ങൾക്കു കൂടിവരുന്നവർ ഈ ഹാളുകളിൽ കൊള്ളുന്നതിനെക്കാളും അധികമായി.

അവസാനം സഹോദരങ്ങൾ മാർട്ടിനിക്കിലെയും ഗ്വാഡലൂപ്പിലെയും ഹാളുകളുടെ മാതൃകയിൽ സ്വന്തമായി ഒരു സമ്മേളനഹാൾ പണിയാൻ തീരുമാനിച്ചു. ലോഹം കൊണ്ടുള്ള ചട്ടക്കൂടും ഗാൽവനൈസ്‌ഡ്‌ ഷീറ്റുകൾ ഇട്ട മേൽക്കൂരയും ഉള്ള ഒരു ഹാൾ ആയിരിക്കുമായിരുന്നു അത്‌. ആയിരത്തോളം പേർക്ക്‌ ഇരിക്കാവുന്ന വലിപ്പം ഉണ്ടായിരിക്കുമെങ്കിലും അത്‌ അനായാസം അഴിച്ചെടുക്കാൻ കഴിയുമായിരുന്നു. എന്നാൽ ഈ സമ്മേളനഹാളിനു പറ്റിയ ഒരു സ്ഥലം കണ്ടെത്തേണ്ടിയിരുന്നു. ഷാൻ-ഡാന്യേൽ മിഷോട്ട്‌ തന്റെ സ്ഥലത്തിന്റെ ഒരു ഭാഗം ഇതിനായി വിട്ടുകൊടുത്തു. അനേകം വർഷത്തേക്ക്‌ ഇവിടെയാണ്‌ സമ്മേളനങ്ങൾ നടത്തിയിരുന്നത്‌.

അസാധാരണമായ ഒരു നിർമാണ പദ്ധതി

സത്യതത്‌പരരായ ആളുകളുടെ എണ്ണം വർധിച്ചപ്പോൾ കൂടുതൽ വലിപ്പമുള്ള ഒരു സമ്മേളനഹാൾ ആവശ്യമായി വന്നു. 2,000 പേർക്ക്‌ ഇരിക്കാവുന്ന ഒരു സമ്മേളനഹാൾ പണിയാൻ പറ്റിയ ഒരു സ്ഥലത്തിനായി സഹോദരങ്ങൾ അന്വേഷണം ആരംഭിച്ചു. അനേകം വർഷത്തെ അന്വേഷണത്തിനു ശേഷം അനുയോജ്യമായ ഒരു സ്ഥാനത്ത്‌ 7.5 ഏക്കർ വരുന്ന ഒരു സ്ഥലം സഹോദരങ്ങൾ കണ്ടെത്തി. ന്യായമായ വിലയ്‌ക്ക്‌ അതു ലഭിച്ചു. പ്രാദേശിക സഹോദരങ്ങൾക്ക്‌ എഞ്ചിനീയറിങ്ങിലും കെട്ടിട നിർമാണത്തിലും വേണ്ടത്ര പരിചയം ഇല്ലായിരുന്നതുകൊണ്ട്‌ ഹാളിന്റെ നിർമാണത്തിന്‌ ഫ്രാൻസിലെ ബ്രാഞ്ചിന്റെ സഹായം ആവശ്യപ്പെട്ടു. ഒരു വമ്പിച്ച നിർമാണ പദ്ധതിക്ക്‌ രൂപം നൽകപ്പെട്ടു. 1993-ലാണ്‌ പണി നടന്നത്‌. വെറും എട്ടാഴ്‌ചകൊണ്ട്‌ 2,000 ചതുരശ്ര മീറ്റർ ഉള്ള ഒരു സമ്മേളനഹാളിന്റെയും അഞ്ച്‌ രാജ്യഹാളുകളുടെയും പ്രത്യേക പയനിയർമാർക്കുള്ള മൂന്ന്‌ അപ്പാർട്ടുമെന്റുകളുടെയും മൂന്നു മിഷനറി ഭവനങ്ങളുടെയും പണി പൂർത്തിയായി!

നിർമാണസ്ഥലത്തേക്കുള്ള സാധനങ്ങളിൽ ഏറെയും 32 വലിയ കണ്ടെയ്‌നറുകളിലായി ഫ്രാൻസിൽനിന്ന്‌ കയറ്റി അയയ്‌ക്കുകയായിരുന്നു. ട്രാക്ടറുകൾ, ട്രക്കുകൾ, ബസ്സുകൾ, ഗാൽവനൈസ്‌ഡ്‌ ഷീറ്റുകൾ, കട്ടകൾ, നിർമാണത്തിന്‌ ആവശ്യമായ മറ്റു വസ്‌തുക്കൾ, ഒട്ടേറെ ഭക്ഷ്യവസ്‌തുക്കൾ എന്നിവ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന ഫ്രാൻസിലെ മേഖല നിർമാണക്കമ്മിറ്റികൾ വളരെ കഠിനാധ്വാനം ചെയ്‌തു.

നാലു വ്യത്യസ്‌ത സ്ഥലങ്ങളിലായി നടന്ന ഈ പണിയിൽ 500 പ്രാദേശിക സഹോദരങ്ങളോടൊപ്പം പങ്കെടുക്കുന്നതിനായി 800-ഓളം സഹോദരീസഹോദരന്മാർ സ്വന്തം ചെലവിൽ ഫ്രാൻസിൽനിന്ന്‌ എത്തി. പടിഞ്ഞാറേ അറ്റത്തുള്ള പണിസ്ഥലവും ഏറ്റവും കിഴക്കുള്ള പണിസ്ഥലവും തമ്മിൽ 250 കിലോമീറ്റർ ദൂരമുണ്ടായിരുന്നതിനാൽ നല്ല ആശയവിനിമയം ആവശ്യമായിരുന്നു. ഈ രണ്ടുമാസക്കാലത്ത്‌ ഫ്രാൻസിൽനിന്നുള്ള സഹോദരങ്ങൾ പലപ്പോഴായാണു വന്നത്‌. എന്നാൽ ഒരവസരത്തിൽ ഫ്രാൻസിൽനിന്നുള്ള 500 സഹോദരങ്ങൾ 422 പ്രാദേശിക സാക്ഷികളോടൊപ്പം പ്രവർത്തിക്കാൻ ഇടയായി. പണിക്കാർക്കെല്ലാം താമസസൗകര്യം പ്രദാനം ചെയ്യുക എന്നത്‌ ഒരു വെല്ലുവിളിയായിരുന്നു. സ്ഥലത്തെ പല സഹോദരങ്ങളും ഫ്രാൻസിൽനിന്ന്‌ എത്തിയ രണ്ടോ മൂന്നോ സഹോദരങ്ങളെ തങ്ങളോടൊപ്പം താമസിപ്പിച്ചു. ആർക്കും ഹോട്ടലിൽ താമസിക്കേണ്ടി വന്നില്ല. സഹോദരങ്ങളെ പണിസ്ഥലത്ത്‌ എത്തിക്കുന്നതിനും തിരിച്ചു കൊണ്ടുവന്നാക്കുന്നതിനുമുള്ള ക്രമീകരണങ്ങളും ചെയ്യേണ്ടിയിരുന്നു. ഒരു സഹോദരൻ ഇങ്ങനെ പറയുന്നു: “ചില സഹോദരങ്ങളെ പണിസ്ഥലത്തു കൊണ്ടുപോയി വിട്ടിട്ടാണ്‌ ഞാൻ ജോലിക്കു പോയിരുന്നത്‌. തിരിച്ചു വരുമ്പോഴും ഞാൻ അവിടെച്ചെന്ന്‌ അവരെ കൂട്ടിക്കൊണ്ടു പോരുമായിരുന്നു. പണിക്കാർക്ക്‌ ഒരു അസൗകര്യവും ഉണ്ടാകാതിരിക്കാൻ ഞങ്ങൾ കഴിയുന്നത്ര ശ്രമിച്ചിരുന്നു.”

കൂടുതൽ സഹോദരങ്ങളും മാട്ടൂരിയിൽ സമ്മേളനഹാളിന്റെ (ഒരു രാജ്യഹാളിനുള്ള സൗകര്യവും അതിലുണ്ടായിരുന്നു) പണി നടക്കുന്നിടത്ത്‌ ആയിരുന്നു. അതു കൂടാതെ സിനമറിയിലും മാനായിലും ഓരോ രാജ്യഹാളും മിഷനറി ഭവനവും പണിയുന്നുണ്ടായിരുന്നു. മാനായിൽ സ്രാനൻടോംഗോ ഭാഷ സംസാരിക്കുന്ന ആളുകൾ വസിക്കുന്ന പ്രദേശത്ത്‌ പ്രത്യേക പയനിയർമാർക്കായുള്ള ഒരു അപ്പാർട്ടുമെന്റോടു കൂടിയ മറ്റൊരു രാജ്യഹാളിന്റെ പണി നടക്കുന്നുണ്ടായിരുന്നു. സെന്റ്‌-ലോറന്റിൽ 330 പേർക്ക്‌ ഇരിക്കാവുന്ന ഒരു രാജ്യഹാളും 6 പേർക്കായുള്ള ഒരു മിഷനറി ഭവനവും പണിതു. ഈ ഹാളിൽ രണ്ടു സഭകൾ കൂടിവരുന്നുണ്ട്‌. സാധാരണ 600-ഓളം ആളുകൾ സംബന്ധിക്കാറുള്ള സ്രാനൻടോംഗോ കൺവെൻഷനുകൾക്ക്‌ ഈ വലിയ രാജ്യഹാളാണ്‌ ഉപയോഗിക്കുന്നത്‌.

ഈ ബൃഹത്തായ നിർമാണ പരിപാടിക്കു ശേഷം ചില ഫ്രഞ്ച്‌ സഹോദരങ്ങൾ ഫ്രഞ്ച്‌ ഗയാനയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു. തങ്ങളുടെ നിർമാണ വൈദഗ്‌ധ്യങ്ങൾ സംഭാവന ചെയ്‌തിരിക്കുന്നതിനു പുറമേ ഈ സഹോദരങ്ങൾ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും നിർമാണ കമ്മിറ്റികളിലെ അംഗങ്ങളും എന്ന നിലയിൽ സേവിച്ചുകൊണ്ട്‌ സഭകൾക്ക്‌ ഒരു അനുഗ്രഹം ആയിത്തീർന്നിരിക്കുന്നു. പിന്നീട്‌ അവരിൽ ചിലർ പുതിയ ബ്രാഞ്ച്‌ സൗകര്യങ്ങളുടെ നിർമാണത്തിലും പങ്കെടുത്തു.

ഒരു ബ്രാഞ്ച്‌ ഓഫീസിന്റെ ആവശ്യം

ഫ്രഞ്ച്‌ ഗയാനയിലെ ബ്രാഞ്ച്‌ ഓഫീസ്‌ 1990-ൽ തലസ്ഥാനത്തിന്‌ അടുത്തുള്ള മോൺഷോളീ എന്ന പട്ടണത്തിലെ ഒരു വാടക വീട്ടിൽ പ്രവർത്തനം ആരംഭിച്ചു. ഡേവിഡ്‌ മോറോ ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡിനേറ്ററായി നിയമിക്കപ്പെട്ടു. ഗിലെയാദ്‌ സ്‌കൂളിൽനിന്ന്‌ 1981-ൽ ബിരുദം നേടിയ ശേഷം മാർട്ടിനിക്കിൽ സേവിച്ചുകൊണ്ടിരിക്കെ അദ്ദേഹം പലപ്പോഴും ഫ്രഞ്ച്‌ ഗയാനയിൽ പല നിയമനങ്ങളും നിറവേറ്റിയിരുന്നു. അദ്ദേഹത്തെ കൂടാതെ ഷാൻ-ഡാന്യേൽ മിഷോട്ട്‌, പോൾ ഷോങ്‌ വിങ്‌, എറിക്ക്‌ കൂസിനെ എന്നിവരും ബ്രാഞ്ച്‌ കമ്മിറ്റിയിൽ ഉണ്ടായിരുന്നു. പിന്നീട്‌ ക്രിസ്റ്റ്യൻ ബേലോട്ടിയും ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി നിയമിക്കപ്പെട്ടു. പ്രാദേശിക ബ്രാഞ്ചിൽനിന്ന്‌, അതും തങ്ങളുടെ ആവശ്യങ്ങൾ നന്നായി അറിയാവുന്ന പക്വമതികളായ സഹോദരങ്ങളിൽനിന്നു ലഭിക്കുന്ന മാർഗനിർദേശം സഭകൾ വളരെയധികം വിലമതിച്ചു.

ബ്രാഞ്ച്‌ സ്ഥാപിക്കപ്പെട്ട സമയത്ത്‌ രാജ്യത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളിൽ സേവിച്ചുകൊണ്ടിരുന്ന 14 മിഷനറിമാർ ഉൾപ്പെടെ 660 പ്രസാധകർ ആണ്‌ ഇവിടെ ഉണ്ടായിരുന്നത്‌. അതായത്‌, 173 ആളുകൾക്ക്‌ ഒരു പ്രസാധകൻ വീതം. പ്രസാധകരുടെ എണ്ണം വർധിച്ചുകൊണ്ടേയിരുന്നതിനാൽ​—⁠ചില വർഷങ്ങളിൽ 18 ശതമാനം വരെ​—⁠കൂടുതൽ അനുയോജ്യമായ ഓഫീസ്‌ സൗകര്യങ്ങൾ കണ്ടെത്തേണ്ടിയിരുന്നു. 1992-ൽ കൈയെനിനടുത്തുള്ള മാട്ടൂരിയിലേക്ക്‌ ബ്രാഞ്ച്‌ ഓഫീസ്‌ മാറ്റി. പിന്നീട്‌ 1995-ൽ ബ്രാഞ്ചിന്റെ ആവശ്യങ്ങൾക്ക്‌ കൂടുതൽ അനുയോജ്യമായ ഒരു കെട്ടിട സമുച്ചയം പണിയാൻ ഭരണസംഘം അനുമതി നൽകി. രണ്ടു വർഷം കൊണ്ട്‌ അതിന്റെ പണി പൂർത്തിയായി. ഇത്‌ സഹോദരങ്ങളെ വളരെയധികം സന്തുഷ്ടരാക്കി എന്നതിനു പുറമേ മറ്റുള്ളവർക്കു വലിയൊരു സാക്ഷ്യമായി ഉതകുകയും ചെയ്‌തു.

ശുശ്രൂഷയിലെ വെല്ലുവിളികൾ

ഈ രാജ്യത്ത്‌ സുവാർത്ത പ്രസംഗിക്കുന്നതിന്‌ കഠിനാധ്വാനം ചെയ്യാനുള്ള മനസ്സൊരുക്കവും ആത്മത്യാഗ മനോഭാവവും സ്‌നേഹവും അത്യന്താപേക്ഷിതമാണ്‌. ആത്മാർഥരായ ബൈബിൾ വിദ്യാർഥികൾ സഹോദരങ്ങളുടെ ഈ ഗുണങ്ങൾ നിരീക്ഷിക്കുന്നു. തന്നെ ബൈബിൾ പഠിപ്പിച്ചുകൊണ്ടിരുന്ന സഹോദരിയോട്‌ ഒരു സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക്‌ എന്നോടുള്ള സ്‌നേഹവും എന്നെ പഠിപ്പിക്കുന്നതിലുള്ള അർപ്പണ മനോഭാവവും ഞാൻ കാണുന്നു. മാസങ്ങളായി എന്നെ സുവിശേഷം പഠിപ്പിക്കാൻ നിങ്ങൾ വന്നുകൊണ്ടിരിക്കുന്നു. മഴയത്തുപോലും നിങ്ങൾ അതു മുടക്കിയിട്ടില്ല. അതിനു പകരം ഞാൻ എല്ലാ ഞായറാഴ്‌ചയും നിങ്ങളുടെ യോഗങ്ങൾക്കു വരുന്നതായിരിക്കും.” അവർ യോഗങ്ങൾക്കു ഹാജരായി എന്നുമാത്രമല്ല ചില സുഹൃത്തുക്കളെ തന്നോടൊപ്പം കൊണ്ടുവരികയും ചെയ്‌തു.

കൈത്തോടുകൾക്കു കുറുകെ ഇട്ടിരിക്കുന്ന തടിയിലൂടെ നടന്നുവേണം ചിലപ്പോഴൊക്കെ പ്രസാധകർക്ക്‌ അധ്യയനങ്ങൾക്കു പോകാൻ. തടിയുടെ കുറേ ഭാഗം വെള്ളത്തിൽ മുങ്ങി കിടക്കുമ്പോൾ അതിലൂടെയുള്ള നടപ്പ്‌ കൂടുതൽ വെല്ലുവിളി നിറഞ്ഞത്‌ ആകുന്നു. ഒരിക്കൽ ഡേവിഡ്‌ മോറോ സഹോദരൻ വീഴാതിരിക്കാനായി കൈകൾ വിരിച്ചുപിടിച്ച്‌ അത്തരമൊരു മരപ്പാലത്തിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന്‌ പിന്നിലാരോ വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ടു. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പയനിയർ സഹോദരി ആയിരുന്നു അത്‌. സഹോദരി ധൈര്യപൂർവം വീണ്ടും തടിയിലേക്കു കയറുകയും അധ്യയന സ്ഥലത്ത്‌ എത്തിയപ്പോൾ ചെളിയൊക്കെ കഴുകിക്കളഞ്ഞ്‌ യാതൊന്നും സംഭവിക്കാത്തതു പോലെ അധ്യയനം എടുക്കുകയും ചെയ്‌തു.

വേറൊരു സ്ഥലത്ത്‌ ബൂക്കെ സഹോദരൻ തോണിയിൽ യാത്ര ചെയ്‌ത്‌ ഒരു ഗ്രാമത്തിനടുത്തെത്തി. ആ സമയത്ത്‌ വേലിയിറക്കമായിരുന്നതിനാൽ നദീതീരം മുഴുവനും ചേറും ചെളിയുമായിരുന്നു. ഗ്രാമത്തിലേക്കു നടക്കവെ അദ്ദേഹം മുട്ടറ്റം ചെളിയിൽ പൂണ്ടുപോയി. ഏതാണ്ട്‌ 25 മീറ്റർ ആ ചെളിയിലൂടെ നടന്നു കഴിഞ്ഞാണ്‌ അദ്ദേഹം ഉണങ്ങിയ നിലത്തെത്തിയത്‌. നല്ലവരായ ഗ്രാമീണർ നൽകിയ വെള്ളം കൊണ്ട്‌ കാലു കഴുകി വൃത്തിയാക്കിയശേഷം അദ്ദേഹം പ്രസംഗ പ്രവർത്തനം ആരംഭിച്ചു.

അമേരിക്കൻ ഇന്ത്യക്കാരുടെ അടുക്കൽ സുവാർത്ത എത്തിക്കുന്നത്‌ പ്രയാസമുള്ളതാക്കിത്തീർക്കുന്നത്‌, അവരുടെ ഗ്രാമങ്ങളിൽ ചെന്നെത്താനുള്ള ബുദ്ധിമുട്ടും ഭാഷാ പ്രശ്‌നവും മാത്രമല്ല. നാഗരികതയുടെ കടന്നാക്രമണത്തിൽനിന്ന്‌ ഈ പ്രദേശങ്ങളെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റുള്ളവർ അങ്ങോട്ടു കടക്കുന്നതിന്മേൽ ഗവൺമെന്റ്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. അവരുടെ ഗ്രാമങ്ങളിൽ ക്രമീകൃതമായ വിധത്തിൽ പ്രസംഗപ്രവർത്തനം നടത്താൻ അനുവാദമില്ല. എന്നിരുന്നാലും അമേരിക്കൻ ഇന്ത്യക്കാർ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ അടുത്തുള്ള ഗ്രാമങ്ങളിലേക്കു വരുന്ന അവസരങ്ങളിൽ അവരുമായി സുവാർത്ത പങ്കിടാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു. സാധാരണമായി അവിടെ കണ്ടുവരുന്ന ഒരു പകർച്ചവ്യാധിയായ മലമ്പനി ഉൾപ്പെടെയുള്ള എല്ലാ രോഗങ്ങളിൽനിന്നും വിമുക്തമായ ഒരു ലോകത്തെ കുറിച്ചുള്ള അത്ഭുതകരമായ പ്രത്യാശ അവർ അവരുമായി പങ്കുവെക്കുന്നു.

ചിലരെ സംബന്ധിച്ചിടത്തോളം ഒരു നിശ്ചിത സമയത്ത്‌ ഒരു കാര്യം ചെയ്യുന്നതിന്‌ അവരുടെ ചിന്താരീതിയിൽ വലിയ മാറ്റം വരുത്തേണ്ടതുണ്ട്‌. 30 വർഷം മുമ്പ്‌ തദ്ദേശീയർ ആരും വാച്ച്‌ കെട്ടിയിരുന്നില്ല. ആർക്കും ഒരു തിരക്കും ഇല്ലായിരുന്നു. യോഗങ്ങൾക്കു കൃത്യ സമയത്ത്‌ എത്തുക എന്നത്‌ അവർക്ക്‌ ഒരു പുതിയ ആശയമായിരുന്നു. ഒരു സഹോദരി പ്രാർഥനയുടെ സമയത്ത്‌ യോഗത്തിന്‌ എത്താൻ കഴിഞ്ഞതിൽ സന്തോഷിച്ചു. എന്നാൽ അപ്പോഴാണ്‌ അത്‌ സമാപന പ്രാർഥനയാണെന്നു മനസ്സിലായത്‌! മറ്റൊരു അവസരത്തിൽ, സെൻ ഷോർഷിൽ പ്രവർത്തിക്കുകയായിരുന്ന ഒരു മിഷനറി ഒരു വ്യക്തിയോട്‌ റാഷിനാ എന്ന ഗ്രാമത്തിലേക്ക്‌ അവിടെനിന്ന്‌ ഒരുപാട്‌ ദൂരമുണ്ടോയെന്നു തിരക്കി. “ഇല്ല,” അദ്ദേഹം ഉത്തരം നൽകി. “ഏകദേശം എത്ര ദൂരം കാണും?” എന്നു മിഷനറി ചോദിച്ചു. “വെറും ഒമ്പതു ദിവസത്തെ നടപ്പേ ഉള്ളൂ” എന്നായിരുന്നു മറുപടി. സമയത്തെ കുറിച്ചുള്ള ഈ വീക്ഷണം ചിലർക്ക്‌ സത്യം ഇഷ്ടമാണെങ്കിലും ദൈവത്തെ സേവിക്കാനുള്ള തീരുമാനം എടുക്കുന്നതിൽ വൈകുന്നതിന്റെ കാരണം മനസ്സിലാക്കാൻ സഹായിക്കുന്നു.

കുടുംബജീവിതത്തോടുള്ള ബന്ധത്തിൽ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റാനായി ചിലർക്ക്‌ ഗോത്ര നിയമങ്ങൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്‌. ചില സമയങ്ങളിൽ യഹോവയുടെ വഴികളിൽ നടക്കാനുള്ള അവരുടെ തീരുമാനം ഗ്രാമത്തലവന്മാരെ വളരെ കോപിഷ്‌ഠരാക്കിയിട്ടുണ്ട്‌. ഒരു ഗ്രാമത്തിൽ സേവിച്ചുകൊണ്ടിരുന്ന പ്രത്യേക പയനിയറെയും ഭാര്യയെയും അവിടത്തെ ഗ്രാമത്തലവൻ വധശിക്ഷയ്‌ക്കു വിധിച്ചു. അതിൽനിന്നു രക്ഷപ്പെടാനായി അവർക്ക്‌ ആ ഗ്രാമത്തിൽനിന്ന്‌ ഓടിപ്പോകേണ്ടിവന്നു. തുടർന്ന്‌ അവർക്ക്‌ 300 കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്ഥലത്ത്‌ നിയമനം ലഭിച്ചു.

ഈ വെല്ലുവിളികൾ ഒക്കെ ഉണ്ടെങ്കിലും എല്ലാ പശ്ചാത്തലങ്ങളിൽനിന്നും ജീവിതതുറകളിൽനിന്നും ഉള്ള ആളുകൾ “ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ” എന്ന ക്ഷണത്തോടു പ്രതികരിക്കുന്നുണ്ട്‌. (വെളി. 22:17) കഴിഞ്ഞ വർഷം ഫ്രഞ്ച്‌ ഗയാനയിൽ 1,500 പ്രസാധകർ സുവാർത്താ പ്രസംഗത്തിൽ പങ്കെടുത്തു. ഇത്‌ ഒരു അത്യുച്ചമായിരുന്നു. താത്‌പര്യക്കാരുമായി ശരാശരി 2,288 ബൈബിൾ അധ്യയനങ്ങൾ നടത്തി. ഏപ്രിൽ 19-ന്‌ 5,293 പേർ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാഘോഷത്തിനു കൂടിവന്നു. സത്യം സ്വന്തമാക്കിക്കൊണ്ട്‌ ഇനിയും അനേകരും യേശുക്രിസ്‌തുവിന്റെ യഥാർഥ ശിഷ്യന്മാരായിത്തീരട്ടെ എന്നതാണു നമ്മുടെ ആത്മാർഥമായ ആഗ്രഹം.

[224-ാം പേജിലെ ചിത്രം]

[228-ാം പേജിലെ ചിത്രം]

ഓൾഗ ലാആലൻഡ്‌

[230-ാം പേജിലെ ചിത്രം]

ഇടത്തുനിന്ന്‌: ക്രിസ്റ്റ്യാൻ ബോൺകാസും ഗ്‌സാവിയേ നോളും

[234-ാം പേജിലെ ചിത്രങ്ങൾ]

മിഷെൽ വാലാറും ഭാര്യ ഷാനും

[237-ാം പേജിലെ ചിത്രം]

കോൺസ്റ്റാൻസ്‌ ഫ്‌ളേറോയും ഭാര്യ എഡ്‌മോജീനിയും

[238-ാം പേജിലെ ചിത്രങ്ങൾ]

(1) മഴവനത്തിനുള്ളിൽ തടികൊണ്ടുള്ള ഒരു നടപ്പാത, (2) എറിക്ക്‌ കൂസിനെയും മിഷൽ ബൂക്കെയും അവശ്യവസ്‌തുക്കളുമായി, (3) ഒരു അമേരിക്കൻ ഇന്ത്യൻ ഗ്രാമം

[241-ാം പേജിലെ ചിത്രങ്ങൾ]

ഏലി റേഗാലാഡും ഭാര്യ ല്യൂസെറ്റും

[251-ാം പേജിലെ ചിത്രങ്ങൾ]

എട്ടാഴ്‌ചത്തെ ഒരു അന്താരാഷ്‌ട്ര നിർമാണ പദ്ധതി: (1) മാട്ടൂരിയിലെ സമ്മേളനഹാൾ; (2, 3) മാനായിലെയും (4) സെന്റ്‌ ലോറന്റിലെയും (5) സിനമറിയിലെയും രാജ്യഹാളുകളും താമസസൗകര്യങ്ങളും; (6) ഫ്രഞ്ച്‌ ഗയാനയിലെ സാക്ഷികളും ഫ്രാൻസിൽനിന്നുള്ള നൂറുകണക്കിനു സഹോദരങ്ങളും ഈ വേലയിൽ പങ്കുചേർന്നു

[252, 253 പേജുകളിലെ ചിത്രങ്ങൾ]

ഫ്രഞ്ച്‌ ഗയാനയിലെ ബ്രാഞ്ച്‌ ഓഫീസും ബെഥേൽ ഭവനവും ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങളും (ഇടത്തുനിന്ന്‌): പോൾ ഷോങ്‌ വിങ്‌, ഡേവിഡ്‌ മോറോ, ഷാൻ-ഡാന്യേൽ മിഷോട്ട്‌, എറിക്ക്‌ കൂസിനെ