വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസംഘത്തിന്റെ കത്ത്‌

യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നാം എത്ര അനുഗൃഹീതരാണ്‌! അഖിലാണ്ഡത്തിന്റെ സ്രഷ്ടാവും ജീവനുള്ള ഏകസത്യദൈവവുമായ യഹോവയെ അറിയാൻ മാത്രമല്ല, അവന്റെ നാമം വഹിക്കാനും അവനെ സേവിക്കാനുമുള്ള പദവി നമുക്കു ലഭിച്ചിരിക്കുന്നു. അതിനെക്കാൾ മഹത്തായ മറ്റെന്തു പദവിയാണുള്ളത്‌!​—⁠യെശ. 43:12; എബ്രാ. 8:⁠11.

നമുക്കു രക്ഷയുടെ പ്രത്യാശയുണ്ട്‌. മാത്രമല്ല, മറ്റുള്ളവർക്കും യഹോവയെ ആരാധിക്കാനും നമ്മുടെ പ്രത്യാശയിൽ പങ്കുപറ്റാനും കഴിയേണ്ടതിന്‌ അവരോട്‌ രാജ്യസുവാർത്ത പ്രസംഗിക്കുകയെന്ന നിയോഗവുമുണ്ട്‌. (മത്താ. 24:14; റോമ. 10:13, 14; 1 തെസ്സ. 5:8) അന്യോന്യം സ്‌നേഹിക്കുകയും ആത്മാർഥമായി സഹായിക്കുകയും ചെയ്യുന്ന, ഒരു സാർവദേശീയ സഹോദരകുടുംബത്തിന്റെ ഭാഗമായിരിക്കുന്നതിന്റെ സന്തോഷവും നമുക്ക്‌ ആസ്വദിക്കാൻ കഴിയുന്നു. ഇതെല്ലാം എത്രയോ സംതൃപ്‌തിദായകമാണ്‌!

ബൈബിൾ സമുചിതമായി നമുക്ക്‌ ഈ ക്ഷണം വെച്ചുനീട്ടുന്നു: “സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; . . . അവന്റെ വാതിലുകളിൽ സ്‌തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്‌തുതിയോടുംകൂടെ വരുവിൻ; അവന്നു സ്‌തോത്രം ചെയ്‌തു അവന്റെ നാമത്തെ വാഴ്‌ത്തുവിൻ. യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്‌തത തലമുറതലമുറയായും ഇരിക്കുന്നു.” (സങ്കീ. 100:2-5) സന്തോഷത്തോടെ യഹോവയെ സേവിക്കുന്നത്‌ അവനുമായി ശക്തമായ ഒരു വ്യക്തിഗത ബന്ധം ഉണ്ടായിരിക്കുന്നതുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. താനുമായി അത്തരമൊരു ബന്ധത്തിലേക്കു വരാനുള്ള പദവി അവൻ നമുക്കു നൽകിയിരിക്കുന്നു. അങ്ങനെയുള്ള ഒരു ബന്ധം നാം നട്ടുവളർത്തുമ്പോൾ, ആവശ്യമായ ഏതു സമയത്തും യഹോവ നമ്മെ സഹായിക്കുകയും ബലപ്പെടുത്തുകയും ചെയ്യുമെന്ന്‌ നമുക്കറിയാം. ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ ജീവിക്കുന്നതിന്റെ വെല്ലുവിളികൾ നേരിടാൻ ആവശ്യമായ ആത്മീയ കരുത്തും മാർഗനിർദേശവും അവൻ തരുമെന്നതിൽ നമുക്ക്‌ ഉറപ്പുണ്ട്‌. എന്തെല്ലാം സമ്മർദങ്ങൾ നേരിട്ടാലും, നാം നമ്മുടെ ശുശ്രൂഷയിൽ സന്തോഷിക്കുന്നു. നാം ദിവസവും യഹോവയ്‌ക്കു നന്ദി കരേറ്റുന്നു. കാരണം, ‘അവൻ നമുക്കായി കരുതുന്നു’ എന്ന്‌ അവന്റെ വചനം നമ്മോടു പറയുന്നു.​—⁠1 പത്രൊ. 5:⁠7.

കഴിഞ്ഞ വർഷം യഹോവ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കുകയുണ്ടായി. “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ യഹോവയുടെ ആത്മീയ മേശയിൽനിന്നു ഭക്ഷിച്ചുകൊണ്ടും രാജ്യഗീതങ്ങൾ ആലപിച്ചുകൊണ്ടും നമ്മുടെ അതേ അമൂല്യ വിശ്വാസമുള്ള ആയിരങ്ങളോടൊപ്പം ആയിരിക്കാൻ കഴിഞ്ഞതിൽ നാം അത്യധികം സന്തോഷിച്ചു. സഭാ പുസ്‌തകാധ്യയനങ്ങളിൽ ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകത്തിന്റെ ഒത്തൊരുമിച്ചുള്ള പഠനം നാം ആസ്വദിക്കുകയുണ്ടായി. തീർച്ചയായും അത്‌ വിശ്വാസത്തെ കെട്ടുപണി ചെയ്യുന്ന ഒന്നായിരുന്നു. ഇതിനെല്ലാം പുറമേ, യെശയ്യാ പ്രവചനം​—⁠മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം എന്ന പുതിയ പ്രസിദ്ധീകരണത്തിന്റെ ഒന്നാം വാല്യം ലഭിച്ചതിൽ നാം അങ്ങേയറ്റം സന്തോഷിച്ചു. അതേ, ‘നമ്മുടെ പാനപാത്രം നിറഞ്ഞു കവിഞ്ഞിരിക്കുന്നു.’​—⁠സങ്കീ. 23:⁠5.

യഹോവയുടെ സേവനത്തിൽ ഏകീകൃതരായ ദശലക്ഷക്കണക്കിനു വരുന്ന ആത്മീയ സഹോദരീസഹോദരന്മാർ അടങ്ങുന്ന ഒരു ആഗോള കുടുംബത്തിന്റെ ഭാഗമാണ്‌ നാം എന്ന അറിവ്‌ നമുക്ക്‌ എത്ര വലിയ സന്തോഷം കൈവരുത്തുന്നു! വയൽശുശ്രൂഷയിലെ പുതിയ അത്യുച്ചങ്ങൾ വായിച്ചറിയാൻ കഴിയുന്നത്‌ നമുക്ക്‌ എത്രയധികം പ്രോത്സാഹനമാണ്‌ പകരുന്നത്‌! ലോകാവസ്ഥകൾ വഷളായിരുന്നെങ്കിലും, നമ്മുടെ കർത്താവിന്റെ സ്‌മാരകാഘോഷത്തിൽ സംബന്ധിക്കാൻ ദശലക്ഷങ്ങൾ കൂടിവന്നതിൽ നാം ഏറെ സന്തോഷിക്കുന്നു. ലോകവ്യാപക വയൽ നിരീക്ഷിക്കവെ, ‘കൊയ്‌ത്തു വളരെ ഉണ്ട്‌’ എന്നു സ്‌പഷ്ടമായി കാണാനാകും. (ലൂക്കൊ. 10:2) കഴിഞ്ഞ വർഷം ഓരോ വാരത്തിലും ശരാശരി 5,555 ബൈബിൾ വിദ്യാർഥികൾ ജലസ്‌നാപനത്തിലൂടെ തങ്ങളുടെ സമർപ്പണം പ്രതീകപ്പെടുത്തുന്ന ഘട്ടത്തോളം പുരോഗതി പ്രാപിച്ചു. ഭൂമിയുടെ ചില ഭാഗങ്ങളിൽ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്‌ കൊയ്‌ത്ത്‌ ഏറെയാണെങ്കിലും, യഹോവ നിവർത്തിക്കുന്ന കാര്യങ്ങളിൽ നാമെല്ലാം ആനന്ദിക്കുന്നു. ദൈവത്തിന്റെ ദാസന്മാരുടെ കൂട്ടായ ശ്രമങ്ങളുടെമേൽ അവന്റെ അനുഗ്രഹത്തിന്റെ സ്‌പഷ്ടമായ തെളിവു നാം കാണുന്നു.

നമുക്കു സന്തോഷിക്കുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്‌​—⁠പുതിയ രാജ്യഹാളുകളുടെ നിർമാണം! വികസ്വര രാജ്യങ്ങളിലെ നമ്മുടെ സഹോദരങ്ങൾ ഈ വേലയെ മുഴുഹൃദയാ പിന്താങ്ങുന്നതിൽ ഞങ്ങൾ ആനന്ദിക്കുന്നു. പരിശീലനം ലഭിച്ച രാജ്യഹാൾ നിർമാണ സംഘങ്ങളുടെ സഹായത്തോടെ നൂറുകണക്കിനു രാജ്യഹാളുകൾ ഇപ്പോൾത്തന്നെ നിർമിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. തങ്ങളുടെ രാജ്യത്തിനുള്ളിൽ സഭകൾതോറും സഞ്ചരിച്ച്‌ ഈ സഹോദരങ്ങൾ രാജ്യഹാൾ നിർമാണ പദ്ധതിക്കു നേതൃത്വം വഹിക്കുന്നു. ആയിരക്കണക്കിനു രാജ്യഹാളുകൾ ഇനിയും ആവശ്യമായതിനാൽ, ഈ അടിയന്തിര വേലയിൽ സ്വമേധയാ സഹായഹസ്‌തം നീട്ടാൻ വികസ്വര രാജ്യങ്ങളിലെ കൂടുതൽ സഹോദരങ്ങളോടു ഞങ്ങൾ ആഹ്വാനം ചെയ്യുകയാണ്‌. നിങ്ങൾ അത്തരമൊരു രാജ്യത്താണു ജീവിക്കുന്നതെങ്കിൽ, സഹായഹസ്‌തം വെച്ചുനീട്ടാൻ നിങ്ങൾക്കാകുമോ? ആരാധനയ്‌ക്കായി കൂടിവരുന്നതിനു സ്വന്തമായി ഒരു രാജ്യഹാൾ ഉണ്ടായിരിക്കുന്നത്‌ നമ്മുടെ പ്രിയ സഹോദരങ്ങൾ എത്രയധികം വിലമതിക്കുന്നു! അത്‌ ഒരു യാഥാർഥ്യം ആക്കുന്നതിനു സാമ്പത്തിക സഹായം നൽകുന്ന ആഗോള സഹോദരവർഗത്തോട്‌ അവർ എത്ര കൃതജ്ഞതയുള്ളവരാണ്‌!

നിയമവിജയങ്ങളും നമുക്കു പുളകം പകരുന്നു. എന്നാൽ, പല സ്ഥലങ്ങളിലും യഹോവയുടെ ആരാധനയെ ഞെരിച്ചമർത്താൻ ശ്രമിക്കുന്ന സ്വാധീനശക്തിയുള്ളവരുണ്ട്‌. അത്തരം സാഹചര്യങ്ങളെ നേരിടവെ, ഒരു കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ട്‌: സഹായിക്കുന്ന കാര്യം വരുമ്പോൾ ശത്രുക്കൾ എത്രയധികം ഉണ്ടെന്നതോ തന്റെ ദാസന്മാർ എത്ര ബലഹീനരായി കാണപ്പെടുന്നുവെന്നതോ യഹോവയ്‌ക്ക്‌ ഒരു പ്രശ്‌നമേയല്ല. (2 ദിന. 14:11, NW) സത്യാരാധനയിൽ ഉറച്ചുനിൽക്കുന്ന സഹോദരങ്ങളേ, നിങ്ങളെ ഞങ്ങൾ ഹൃദയംഗമമായി അനുമോദിക്കുന്നു.

ക്രിസ്‌തീയ ചുമതലകൾ സസന്തോഷം നിറവേറ്റവെ, വിശ്വാസത്തെ ബലിഷ്‌ഠമാക്കുകയും മാർഗനിർദേശത്തിനായി യഹോവയിൽ പൂർണമായി ആശ്രയിക്കുകയും ചെയ്യുന്നതിൽ തുടരുക. (സദൃ. 3:5, 6) ശത്രു എന്തുതന്നെ പ്രവർത്തിക്കാൻ ശ്രമിച്ചാലും നമുക്ക്‌ അധൈര്യപ്പെടാൻ യാതൊരു കാരണവുമില്ല. തന്റെ ഉത്‌കണ്‌ഠാകുലനായ പരിചാരകന്‌ എലീശാ നൽകിയ പ്രോത്സാഹനം ഓർക്കുക: ‘പേടിക്കേണ്ടാ; നമ്മോടു കൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികമാകുന്നു.’ (2 രാജാ. 6:15-17) എലീശായുടെ നാളിലെപ്പോലെതന്നെ ഇന്നും ശുദ്ധാരാധനയുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാൻ യഹോവയുടെ സ്വർഗീയ സൈന്യം ഒരുങ്ങിനിൽക്കുകയാണ്‌. ഉറപ്പോടെ നാം ഭാവിയിലേക്കു നോക്കുന്നു. യഹോവയ്‌ക്കു കാര്യങ്ങളുടെമേൽ പൂർണ നിയന്ത്രണമുണ്ട്‌. അവനോട്‌ പൊരുതി ജയിക്കാൻ രാഷ്‌ട്രങ്ങൾക്കാവില്ല. സമ്പൂർണ ഭരണാധികാരത്തോടെ അവൻ തന്റെ പുത്രനെ സിംഹാസനസ്ഥൻ ആക്കിയിരിക്കുന്നു. “അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].”​—⁠സങ്കീ. 2:1-6, 12.

പ്രിയ സഹോദരങ്ങളേ, നിങ്ങളെ ഞങ്ങൾ അതീവ വാത്സല്യത്തോടെ നിരന്തരം ഓർക്കുന്നു. നിങ്ങൾ ഓരോരുത്തരും ‘തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുളളവരുമായി നിൽക്കുമാറാകട്ടെ’ എന്നു ഞങ്ങൾ മുഴുഹൃദയാ പ്രാർഥിക്കുന്നു.​—⁠കൊലൊ. 4:⁠12.

നിങ്ങളുടെ സഹോദരന്മാർ,

യഹോവയുടെ സാക്ഷികളുടെ ഭരണസംഘം