വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകവ്യാപക റിപ്പോർട്ട്‌

ലോകവ്യാപക റിപ്പോർട്ട്‌

ലോകവ്യാപക റിപ്പോർട്ട്‌

ആഫ്രിക്ക

വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ആഫ്രിക്കൻ ഭൂഖണ്ഡം ഭൂമിയുടെ മൊത്തം കരവിസ്‌തൃതിയുടെ അഞ്ചിലൊന്ന്‌ വരും. ഈ ഭൂഖണ്ഡത്തിൽ ഭൂമധ്യരേഖയോട്‌ ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ ഉഷ്‌ണമേഖലാ വനങ്ങളും അവയിൽ ആനകളും ജിറാഫുകളും സിംഹങ്ങളും ഉൾപ്പെടെയുള്ള നിരവധി വന്യമൃഗങ്ങളും ഉണ്ട്‌. ഈ ഭൂഖണ്ഡത്തിന്റെ വടക്കൻ മേഖലയിലാണ്‌ ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ. ചിലർ ഇരുണ്ട വൻകര എന്നു വിളിച്ചിട്ടുള്ള ഈ ഭൂഖണ്ഡത്തിൽ ദൈവവചനത്തിന്റെ വെളിച്ചം ഇപ്പോൾ കൂടുതൽ ശോഭയോടെ പ്രകാശിക്കുകയാണ്‌.​—⁠മത്താ. 4:⁠15.

ഘാനയിലെ ആറു വയസ്സുള്ള വിദ്യാർഥിനിയാണ്‌ മറി. ഒരു ദിവസം സഹപാഠികൾ അവളെ ടീച്ചറുടെ മുമ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുചെന്നു. ക്ലാസ്സിൽ പ്രാർഥനയുടെ സമയത്ത്‌ കണ്ണ്‌ അടയ്‌ക്കുകയോ “ആമേൻ” പറയുകയോ ചെയ്യുന്നില്ല എന്നതായിരുന്നു അവൾക്കെതിരെ ഉള്ള അവരുടെ ആരോപണം. ടീച്ചർ മറിയോട്‌ അതിനു വിശദീകരണം ആവശ്യപ്പെട്ടു. അവൾ ശാന്തയായി ഇങ്ങനെ മറുപടി നൽകി: “നിങ്ങൾ യേശുവിനോടല്ലേ പ്രാർഥിക്കുന്നത്‌, എന്നാൽ യേശുവിലൂടെ യഹോവയോടു പ്രാർഥിക്കണമെന്നാണ്‌ കുടുംബ ബൈബിൾ പഠനത്തിൽനിന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നത്‌. അപ്പോൾപ്പിന്നെ നിങ്ങൾ പ്രാർഥിക്കുമ്പോൾ എനിക്ക്‌ എങ്ങനെ ‘ആമേൻ’ പറയാനാകും?” അന്തംവിട്ടുപോയ ടീച്ചർ മറ്റു കുട്ടികളോടായി പറഞ്ഞു: “അവളെ വിട്ടേക്കൂ, അവൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌.” പിന്നീട്‌ മറിയുടെ അമ്മ ആ ടീച്ചർക്ക്‌ എന്റെ ബൈബിൾ കഥാ പുസ്‌തകത്തിന്റെ ഒരു കോപ്പി കൊടുത്തയച്ചു. ടീച്ചർ അത്‌ സ്‌കൂളിലെ വേദപാഠ ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഗിനിയിൽ താമസിക്കുന്ന ആൽഫ്രെഡ്‌ 1996-ൽ സത്യത്തെ കുറിച്ചു ചില കാര്യങ്ങൾ മനസ്സിലാക്കുകയുണ്ടായി. അദ്ദേഹത്തിനു സാക്ഷികളിൽനിന്നു ചില ബൈബിൾ പ്രസിദ്ധീകരണങ്ങളും ലഭിച്ചു. കുറെ കാലത്തിനു ശേഷം അദ്ദേഹം സ്വന്തം ഗ്രാമത്തിലേക്കു മടങ്ങി. താൻ മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്ന്‌ യഹോവയുടെ സാക്ഷികളുമായുള്ള ഹ്രസ്വമായ സമ്പർക്കത്തിൽനിന്ന്‌ അദ്ദേഹത്തിനു ബോധ്യമായി. തുടർന്ന്‌ ആൽഫ്രെഡ്‌ സാക്ഷികൾക്കു കത്തെഴുതി. മറുപടിക്കായി കാത്തിരിക്കവെ, ഒരു രാജ്യഹാൾ പണിയാനും ആൽഫ്രെഡ്‌ തീരുമാനിച്ചു. 1998-ൽ അദ്ദേഹം ലളിതമായ ഒരു ഹാൾ നിർമിച്ചു, എന്നാൽ തദ്ദേശവാസികൾ അതു നശിപ്പിച്ചു. അപ്പോൾ ആൽഫ്രെഡ്‌ രണ്ടാമതൊരു ഹാൾ നിർമിച്ചു. അതും നാട്ടുകാർ നശിപ്പിച്ചു. മൂന്നാമത്തെ തവണയും അതുതന്നെ സംഭവിച്ചു.

ആൽഫ്രെഡ്‌ ഇക്കാര്യം ഗ്രാമമുഖ്യന്റെ മുമ്പാകെ അവതരിപ്പിച്ചു. അദ്ദേഹം ആൽഫ്രെഡും എതിരാളികളും തമ്മിലുള്ള ഒരു യോഗം വിളിച്ചുകൂട്ടി. കാര്യങ്ങൾ ശ്രദ്ധാപൂർവം കേട്ട ഗ്രാമമുഖ്യൻ, രാജ്യഹാൾ നിർമിക്കാൻ ആൽഫ്രെഡിന്‌ അനുമതി നൽകുകയും ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിന്‌ അടുത്തായി പ്രധാന നിരത്തിനോടു ചേർന്ന്‌ നല്ലൊരു സ്ഥലം അതിനായി കൊടുക്കുകയും ചെയ്‌തു. മുളയും വനത്തിൽനിന്നുള്ള മറ്റു സാമഗ്രികളും ഉപയോഗിച്ച്‌ ആൽഫ്രെഡും അദ്ദേഹത്തിന്റെ ബൈബിൾ വിദ്യാർഥിയായ ഡാനിയേലും 14 ദിവസംകൊണ്ട്‌ ഒരു പുതിയ രാജ്യഹാൾ പണിതു.

ഹാളിന്റെ നിർമാണം തീർന്നയുടനെ, കൈവശമുണ്ടായിരുന്ന ലഘുപത്രികകൾ ഉപയോഗിച്ച്‌ അവർ അതിൽ യോഗങ്ങൾ നടത്താൻ തുടങ്ങി. ഗ്രാമമുഖ്യൻ ആ യോഗങ്ങളിൽ പതിവായി സംബന്ധിച്ചു. ഇക്കാര്യത്തെ കുറിച്ച്‌ അറിവ്‌ ലഭിച്ച ബ്രാഞ്ച്‌ ഓഫീസ്‌ അവരെ ക്രമമായി സന്ദർശിക്കുന്നതിനു ചില പ്രത്യേക പയനിയർമാരെ നിയോഗിച്ചു. ശരിയായ വിധത്തിൽ അധ്യയനങ്ങൾ നടത്താനും താത്‌പര്യക്കാരെ സഹായിക്കാനും എങ്ങനെ കഴിയുമെന്ന്‌ ആ പയനിയർമാർ അവർക്കു കാട്ടിക്കൊടുത്തു. സർക്കിട്ട്‌ മേൽവിചാരകന്റെ സന്ദർശന സമയത്ത്‌, ആ ഗ്രാമത്തിലുള്ള 400 പേരിൽ 69 പേർ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ എത്തിയിരുന്നു.

കെനിയയിൽ താമസിക്കുന്ന ജോഷ്വയും സൂസനും ഒരു റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അവരെ സന്ദർശിക്കാനെത്തിയ അവരുടെ പള്ളിക്കാരായ സുഹൃത്തുക്കൾ ആ അപകടം ദൈവത്തിൽനിന്നുള്ള ഒരു ശിക്ഷയാണെന്ന്‌ അഭിപ്രായപ്പെട്ടു. യഹോവയുടെ സാക്ഷികളിൽനിന്നു ലഭിച്ച മാസികകളും അവയിൽ പരാമർശിച്ചിരുന്ന ബൈബിൾ വാക്യങ്ങളും വായിച്ചിട്ടുണ്ടായിരുന്ന അവർക്ക്‌, അത്തരത്തിലുള്ള അപകടങ്ങൾ ദൈവം വരുത്തുന്നവയല്ലെന്ന്‌ അറിയാമായിരുന്നു. ആശ്വാസം പകരാനായി മറ്റൊന്നും പറയാനില്ലെങ്കിൽ തങ്ങളെ കാണാൻ വരേണ്ടതില്ലെന്ന്‌ അവർ തങ്ങളുടെ സഭക്കാരായ സന്ദർശകരോടു പറഞ്ഞു. ആശുപത്രി വിട്ടയുടനെ ആ ദമ്പതികൾ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടു. നവംബർ മാസത്തിൽ ഇരുവരും വയൽശുശ്രൂഷയിൽ പങ്കുപറ്റാൻ തുടങ്ങി. 2000 ഫെബ്രുവരിയിൽ അവർ സ്‌നാപനമേറ്റു. ജോഷ്വ ഇപ്പോൾ ഒരു നിരന്തര സഹായ പയനിയറാണ്‌, ഏപ്രിൽ മാസത്തിൽ സൂസൻ ഒരു സഹായ പയനിയറായി സേവിക്കുകയുണ്ടായി.

ലൈബീരിയയിലെ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ഒരു പോരാളിയാണ്‌ ഓട്ടിസ്‌. ഒരിക്കൽ അദ്ദേഹവും ഒരു “സുഹൃത്തും” തങ്ങൾ മോഷ്ടിച്ച ഒരു കാർ അയൽരാജ്യത്തു വിൽക്കാൻ പോകുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ “സുഹൃത്ത്‌” ഓട്ടിസിന്റെ ദേഹത്തുകൂടി മനഃപൂർവം കാർ ഓടിച്ചുകയറ്റി. തത്‌ഫലമായി ഓട്ടിസിന്റെ കാലുകൾ ഒടിയുകയും സുഷുമ്‌നാ നാഡിക്ക്‌ ക്ഷതമേൽക്കുകയും ചെയ്‌തു. എന്നിട്ട്‌ ആ “സുഹൃത്ത്‌” കാറുമായി കടന്നുകളഞ്ഞു. അതോടെ ഒരു വികലാംഗനായി മാറിയ അദ്ദേഹത്തിന്റെ അരയ്‌ക്ക്‌ താഴേക്കു തളർന്നുപോയി. പലപ്പോഴും ഓട്ടിസ്‌ ആത്മഹത്യയെ കുറിച്ചു ചിന്തിച്ചെങ്കിലും, പിതാവ്‌ ഒരു പ്രത്യേക പയനിയറോടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾക്കു മാറ്റം വന്നു. തന്റെ കിടക്കയിൽ തളർന്നു കിടക്കവെ, പിതാവിന്റെ മുറിയിൽനിന്ന്‌ കേട്ട പ്രത്യാശയുടെ സന്ദേശം അദ്ദേഹത്തെ സന്തോഷഭരിതനാക്കി. അതിനാൽ, തനിക്കും പങ്കെടുക്കാൻ കഴിയുമാറ്‌ അധ്യയനം തന്റെ മുറിയിൽ വെച്ചു നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. പഠിച്ച കാര്യങ്ങളോടു വിലമതിപ്പുണ്ടായിരുന്ന ഓട്ടിസ്‌ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി. അദ്ദേഹം പുകവലി നിർത്തി, വ്യക്തിത്വത്തിൽ പല മാറ്റങ്ങളും വരുത്തി. ഇന്ന്‌ ഓട്ടിസ്‌ തന്റെ വൈകല്യത്തെ കുറിച്ച്‌ ഉത്‌കണ്‌ഠാകുലനല്ല. സുവാർത്തയുടെ ഒരു പ്രസാധകനായ ഓട്ടിസ്‌, തന്റെ വീടിനടുത്തുകൂടി കടന്നുപോകുന്നവരുമായി ബൈബിൾ പ്രത്യാശ പങ്കുവെക്കാനുള്ള അവസരങ്ങൾക്കായി സദാ കാത്തിരിക്കുന്നു. സത്യമതം കണ്ടെത്തിയെന്ന ബോധ്യം ഉളവാക്കിയത്‌ എന്താണെന്നു ചോദിച്ചപ്പോൾ, സാക്ഷികൾ തന്നിൽ പ്രകടമാക്കിയ വ്യക്തിഗത താത്‌പര്യമാണ്‌ അത്‌ എന്ന്‌ അദ്ദേഹം വിശദീകരിച്ചു. ഓട്ടിസ്‌ പറഞ്ഞു: “ദിവസവും സഹോദരങ്ങൾ എന്നെ കാണാൻ വരുമായിരുന്നു. അപ്പോഴാണ്‌ ഞാൻ ഒരു മനുഷ്യനാണെന്ന ബോധം എനിക്ക്‌ ഉണ്ടായത്‌.”

മൊസാമ്പിക്കിലെ ആവെലിനൂ എന്നയാൾക്ക്‌ നമ്മുടെ മാസികകളുടെ വരിസംഖ്യ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്ത്‌ സാക്ഷികളാരും ഉണ്ടായിരുന്നില്ല. പിന്നീട്‌ സഹോദരങ്ങൾ അദ്ദേഹവുമായി കത്തു മുഖാന്തരം ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു. പുതുതായി ലഭിച്ച അറിവ്‌ ആവെലിനൂ മറ്റുള്ളവരുമായി പങ്കുവെക്കാൻ തുടങ്ങി. താമസിയാതെ, ഒരു കൂട്ടം ആളുകൾ വീക്ഷാഗോപുരം മാസികയിൽനിന്നും തിരുവെഴുത്തുകളിൽ നിന്ന്‌ ന്യായവാദം ചെയ്യൽ പുസ്‌തകത്തിൽനിന്നുമുള്ള ലേഖനങ്ങൾ വായിക്കാൻ അദ്ദേഹത്തോടൊപ്പം കൂടിവരാൻ തുടങ്ങി. ഇതു മനസ്സിലാക്കിയ ചില സഹോദരങ്ങൾ ആ പ്രദേശത്തു പ്രസംഗിക്കാനെത്തി. അവിടെ 30 പേർ കൂടിവരുന്നുണ്ടെന്ന്‌ മനസ്സിലാക്കിയപ്പോൾ അവർക്കു വിസ്‌മയം തോന്നി. അവർ അവിടെ ഒരു പരസ്യപ്രസംഗം നടത്തി. 90 പേർ അതു കേൾക്കാനെത്തി. തുടർന്ന്‌ നാംപുലയിൽ നടത്തപ്പെട്ട കൺവെൻഷനിൽ ആ കൂട്ടത്തിലെ പത്തു പേർ സംബന്ധിച്ചു. ആ നഗരത്തിൽ തങ്ങിയ അവരിലൊരാൾ ഒറ്റ ആഴ്‌ചകൊണ്ട്‌ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം വായിച്ചുതീർത്തു. ആളുകൾ പ്രകടമാക്കിയ ഈ താത്‌പര്യത്തിന്റെ ഫലമായി, രണ്ടു സാധാരണ പയനിയർമാർ അവരുടെ പ്രദേശത്തു പ്രവർത്തിക്കാനെത്തി. ആ കൂട്ടം ഇപ്പോൾ നല്ല പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു.

റുവാണ്ടയിൽ പ്രസാധകരുടെ എണ്ണം ജൂൺ മാസത്തിൽ 7,435 എന്ന ഒരു പുതിയ അത്യുച്ചത്തിൽ എത്തി. കഴിഞ്ഞ സേവന വർഷം ഓരോ മാസവും ശരാശരി 5 പ്രസാധകരിൽ ഒരാൾ വീതം പയനിയർ ശുശ്രൂഷയുടെ ഏതെങ്കിലുമൊരു മണ്ഡലത്തിൽ പങ്കെടുക്കുകയുണ്ടായി. 12,000-ത്തിലധികം ബൈബിൾ അധ്യയനങ്ങൾ ഈ രാജ്യത്ത്‌ നടത്തപ്പെടുന്നുണ്ട്‌. 30,716 പേർ സ്‌മാരകത്തിൽ സംബന്ധിച്ചു. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 51 രാജ്യഹാളുകൾ സമർപ്പിക്കപ്പെട്ടു. 115 ഹാളുകൾ കൂടി നിർമിക്കാൻ ഉദ്ദേശിക്കുന്നു. ഹാളുകളുടെ നിർമാണത്തിനുവേണ്ടി സമയം ചെലവഴിക്കേണ്ടിവന്നിട്ടും വയൽശുശ്രൂഷയിൽ പ്രസാധകരുടെ ശരാശരി മണിക്കൂർ 20 ആണ്‌.

ഗാംബിയയിലെ ഒരു ചെറുപ്പക്കാരൻ കാനഡയിൽ ചെന്ന്‌ ഒരു പെന്തക്കോസ്‌ത്‌ പാസ്റ്റർ ആയിത്തീരാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹം പ്രാദേശിക പെന്തക്കോസ്‌ത്‌ ചർച്ചിലെ സെക്രട്ടറി ആയിരുന്നു. അദ്ദേഹവും ഭാര്യയും ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക സാക്ഷികളോടൊത്തു പഠിക്കാൻ സമ്മതിച്ചു. അവരെ പഠിപ്പിച്ച വ്യക്തി “ചർച്ചയ്‌ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ” ഉൾപ്പെടെ പുതിയലോക ഭാഷാന്തരത്തിന്റെ പ്രത്യേകതകൾ അധ്യയനത്തിനിടെ അവർക്കു കാണിച്ചുകൊടുത്തു. അതിനുശേഷം, രാവിലെ പതിവായി ചെയ്യാറുണ്ടായിരുന്നതുപോലെ ഭക്തിഗാനങ്ങൾ ആലപിക്കുന്നതിനു പകരം, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എല്ലാം എടുത്തുനോക്കിക്കൊണ്ട്‌ ആ വിഷയങ്ങൾ ഒരോന്നു വീതം അവർ പരിശോധിക്കാൻ തുടങ്ങി. കാനഡയിലെ ഒരു സെമിനാരിയിലെ ദ്വിവർഷ കോഴ്‌സിനുള്ള ക്ഷണം ലഭിച്ചപ്പോൾ അയാൾ ഇങ്ങനെ പ്രതികരിച്ചു: “എനിക്ക്‌ എന്തിനാണ്‌ ആ കോഴ്‌സ്‌? ഞങ്ങൾ ഇപ്പോൾ സത്യം കണ്ടെത്തിയിരിക്കുന്നു!” ആറു മാസത്തെ ബൈബിൾ പഠനത്തിനുശേഷം, സ്‌നാപനമേറ്റ അദ്ദേഹവും ഭാര്യയും തങ്ങൾ പഠിച്ചതും തങ്ങൾക്കു വളരെ പ്രയോജനം ചെയ്‌തതുമായ അത്ഭുതകരമായ ബൈബിൾ സത്യങ്ങൾ ഇപ്പോൾ മറ്റുള്ളവരുമായി ഉത്സാഹപൂർവം പങ്കുവെക്കുന്നു.

അമേരിക്കകൾ

രണ്ടു ഭൂഖണ്ഡങ്ങളാണ്‌ അമേരിക്കകൾ. അത്‌ അതിശൈത്യമുള്ള ആർട്ടിക്‌ മേഖല മുതൽ ചൂടും ഈർപ്പവുമുള്ള ഉഷ്‌ണമേഖലയും പിന്നിട്ട്‌ അന്റാർട്ടിക്‌ പ്രദേശം വരെ വ്യാപിച്ചുകിടക്കുന്നു. ഭൂമിയിൽ മറ്റെവിടെയും ഉള്ളതിലധികം സസ്യ-ജന്തുജാലങ്ങൾ തെക്കേ അമേരിക്കയിൽ കാണാം. ഇരു ഭൂഖണ്ഡങ്ങളിലും സുവാർത്ത സതീക്ഷ്‌ണം ഘോഷിക്കപ്പെടുന്നു.

ബൊളീവിയയിലെ ഒരാൾ തന്റെ ഭാര്യയെയും രണ്ടു മക്കളെയും തീർത്തും അവഗണിച്ചിരുന്നു. മുഴുക്കുടിയനായ അയാൾക്ക്‌ കൊക്കായില ചവയ്‌ക്കുന്ന ശീലവും ഉണ്ടായിരുന്നു. എങ്കിലും, ബൈബിൾ പഠിക്കാൻ തുടങ്ങിയ അയാൾ ക്രമേണ തന്റെ ചീത്ത ശീലങ്ങൾ ഉപേക്ഷിച്ചു. ഭാര്യ തന്നോടൊപ്പം ബൈബിൾ പഠിക്കാൻ തീർത്തും കൂട്ടാക്കാഞ്ഞതിൽ അസ്വസ്ഥനായ അയാൾ, ബൈബിൾ പഠനം നിർത്തി താൻ പൂർവ ജീവിതഗതിയിലേക്കു മടങ്ങുകയാണെന്ന്‌ ഭാര്യയോടു പറഞ്ഞു. അത്‌ അവളിൽ ഞെട്ടലുളവാക്കി. ഭർത്താവിൽ വന്ന നല്ല മാറ്റങ്ങൾ ആ സ്‌ത്രീ ഇഷ്ടപ്പെട്ടിരുന്നു. എന്തുകൊണ്ടാണ്‌ ഇങ്ങനെ നിരുത്സാഹിതനാകുന്നത്‌ എന്നു ചോദിച്ചപ്പോൾ, കുടുംബാംഗങ്ങൾ കൂടെയില്ലാതെ രാജ്യഹാളിൽ പോകുന്നത്‌ തനിക്ക്‌ ഇഷ്ടമില്ല എന്നായിരുന്നു അയാളുടെ മറുപടി. അതു കേട്ട്‌ ഭാര്യ ബൈബിൾ പഠിക്കാൻ സമ്മതിച്ചു. ഭർത്താവ്‌ സ്‌നാപനമേറ്റ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ അവൾ സംബന്ധിക്കുകയും ചെയ്‌തു.

സേവന വർഷം 2000-ത്തിൽ, ബ്രസീലിലെ 17,00,000 വരുന്ന ബധിരർക്കിടയിലെ സുവാർത്താ ഘോഷണത്തിന്‌ ആക്കം വർധിച്ചു. വളരെയധികം ബധിരരുള്ള നഗരപ്രദേശങ്ങളിൽ സേവിക്കാൻ ബ്രസീലിയൻ ആംഗ്യഭാഷ നല്ല വശമുള്ള 18 പ്രത്യേക പയനിയർമാരെ സൊസൈറ്റി നിയമിച്ചു. കൂടാതെ, 1999 സെപ്‌റ്റംബറിൽ ബ്രസീലിയൻ ആംഗ്യഭാഷയിൽ ഒരു പരിഭാഷാ സംഘം രൂപീകരിച്ചതോടെ, “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിലെ ബൈബിൾ നാടകവും പ്രധാന പ്രസംഗങ്ങളും രാജ്യഗീതങ്ങളും മറ്റും ആദ്യമായി വീഡിയോയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. ബധിരർക്കു ബൈബിളിനോടുള്ള വിലമതിപ്പു വളർത്തിയെടുക്കാൻ സൊസൈറ്റി ബ്രസീലിയൻ ആംഗ്യഭാഷയിൽ നിരവധി വീഡിയോ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കിവരുകയാണ്‌. ബ്രസീലിൽ ഇപ്പോൾ 16 ആംഗ്യഭാഷാ സഭകളും 87 കൂട്ടങ്ങളും ഉണ്ട്‌.

ഒരു സർവകലാശാലയിൽ നാലു വർഷത്തോളം സാമൂഹികശാസ്‌ത്രം പഠിച്ച മൈക്കിൾ ഒരു പുരോഹിതനാകാനുള്ള ആഗ്രഹം നിമിത്തം കാനഡയിലെ ടൊറന്റോയിലുള്ള ഒരു റോമൻ കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. ക്രിസ്‌തുവിലൂടെ മാത്രമല്ല, മറ്റു പല മാർഗങ്ങളിലൂടെയും ദൈവത്തെ പ്രാർഥനയിൽ സമീപിക്കാൻ കഴിയുമെന്ന്‌ പ്രൊഫസറായ ഒരു റോമൻ കത്തോലിക്കാ ബിഷപ്പ്‌ ഒരിക്കൽ ക്ലാസ്സിലെ കുട്ടികളോടു പറഞ്ഞതായി അദ്ദേഹം ഓർമിക്കുന്നു. “ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” എന്ന യോഹന്നാൻ 14:​6-ലെ യേശുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്‌ മൈക്കിൾ ബിഷപ്പിന്റെ വാക്കുകളോട്‌ വിയോജിച്ചു. ബൈബിളിലെ കാര്യങ്ങൾ താൻ വ്യാഖ്യാനിച്ചുകൊള്ളാമെന്നും വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധിച്ചാൽ മതിയെന്നുമായിരുന്നു ബിഷപ്പിന്റെ മറുപടി.

മൈക്കിൾ സൊസൈറ്റിയുടെ കാനഡയിലെ ബ്രാഞ്ചിനു ഫോൺ ചെയ്‌ത്‌ ആത്മീയ സഹായം അഭ്യർഥിച്ചു. ആഴ്‌ചയിൽ രണ്ടു പ്രാവശ്യം ബൈബിൾ പഠിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ചിലപ്പോൾ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകത്തിലെ രണ്ട്‌ അധ്യായങ്ങൾ ഒറ്റത്തവണ അദ്ദേഹം പഠിച്ചുതീർക്കുമായിരുന്നു. ഒടുവിൽ, മൈക്കിൾ തന്റെ മതസ്ഥാപനം ഉപേക്ഷിച്ച്‌ ഒരു ഓഫീസിൽ ജോലി കണ്ടെത്തി. 1999 ഒക്‌ടോബർ 9-ന്‌ സൊസൈറ്റിയുടെ കാനഡയിലെ ബ്രാഞ്ച്‌ ഓഫീസ്‌ അദ്ദേഹം സന്ദർശിച്ചു. ആ സന്ദർശനത്തിന്‌ അദ്ദേഹത്തിന്റെമേൽ ഒരു ക്രിയാത്മക സ്വാധീനമാണ്‌ ഉണ്ടായിരുന്നത്‌. എല്ലാ സഭായോഗങ്ങളിലും സംബന്ധിക്കാനും കുറിപ്പുകൾ എടുക്കാനും അർഥവത്തായ ഉത്തരങ്ങൾ പറയാനും അദ്ദേഹം തീരുമാനിച്ചു. 2000 ഫെബ്രുവരി 19-ന്‌ മൈക്കിൾ സ്‌നാപനമേറ്റു. സെപ്‌റ്റംബർ മുതൽ അദ്ദേഹം ഒരു സാധാരണ പയനിയറായി സേവിക്കുന്നു.

താൻ അനുഭവിച്ചിരുന്ന അനേകം പ്രശ്‌നങ്ങളും സമ്മർദങ്ങളും നിമിത്തം കോസ്റ്ററിക്കയിലെ ഒരു സഹോദരി വളരെ നിരുത്സാഹിത ആയിരുന്നു. ഒരു അപകടത്തിന്റെ ഫലമായി, അവർക്കു വീൽച്ചെയർ ഉപയോഗിക്കേണ്ടിവന്നു. അമ്മയുടെ മരണശേഷം, അന്ധനും മാനസിക വൈകല്യമുള്ളവനുമായ പിതാവിനെയും അതുപോലെ മാനസിക പ്രശ്‌നമുള്ള അനുജനെയും അനുജത്തിയെയും പരിപാലിക്കേണ്ട ചുമതല അവളുടെ ചുമലിലായി. ആഹാരം പാകം ചെയ്യുന്നതും വീടു വൃത്തിയാക്കുന്നതും തുണി കഴുകുന്നതും കുടുംബാംഗങ്ങൾക്കായി കരുതുന്നതുമെല്ലാം അവൾ തന്നെയാണ്‌​—⁠ഇതെല്ലാം ചെയ്യുന്നതോ വീൽച്ചെയറിൽ ഇരുന്നുകൊണ്ടും. ശുശ്രൂഷയിൽ പരമാവധി പങ്കെടുക്കാൻ അവൾ ആഗ്രഹിച്ചിരുന്നതിനാൽ, അതിനു കഴിയുന്ന അവസരങ്ങളെ കുറിച്ച്‌ അപഗ്രഥിക്കാൻ സഭാമൂപ്പന്മാർ സ്‌നേഹപൂർവം അവളെ സഹായിച്ചു. പാതയോരത്ത്‌ 20-30 മിനിട്ട്‌ പതിവായി ഇരുന്ന്‌ വഴിപോക്കരുമായി സുവാർത്ത പങ്കുവെക്കുക എന്നതായിരുന്നു ഒരു നിർദേശം. അടുത്തുള്ള ബസ്‌സ്റ്റോപ്പിലേക്കും അവിടെനിന്നും നിരവധി ആളുകൾ ആ സഹോദരിയുടെ വീടിന്റെ മുന്നിലൂടെ പോകാറുണ്ടായിരുന്നു. അവരോടു സംസാരിക്കാനും ലഘുലേഖകളോ മാസികകളോ സമർപ്പിക്കാനും ആ വഴിയിൽക്കൂടി കൂടെക്കൂടെ പോകാറുള്ളവർക്ക്‌ മടക്കസന്ദർശനങ്ങൾ നടത്താനും അവർ ആ സഹോദരിയെ പ്രോത്സാഹിപ്പിച്ചു. മൂപ്പന്മാരുടെ നിർദേശംപോലെ അവർ ചെയ്‌തു. റോമർ 1:14, 15-ൽ കാണുന്ന പൗലൊസിന്റെ പിൻവരുന്ന വാക്കുകളെ കുറിച്ച്‌ അവൾ വളരെ ഗൗരവമായി ചിന്തിച്ചു: “യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.” തനിക്കും തന്റെ അയൽക്കാരോട്‌ ഒരു കടമുണ്ടെന്ന്‌ ആ സഹോദരി തിരിച്ചറിഞ്ഞു. തന്റെ വിശുദ്ധ സേവനത്തിൽ ആ സഹോദരി സന്തോഷവും സംതൃപ്‌തിയും കണ്ടെത്തിയിരിക്കുന്നുവെന്ന്‌ ശുശ്രൂഷയെ കുറിച്ചുള്ള അവരുടെ സംസാരത്തിൽനിന്നു വ്യക്തമാണ്‌.

ഇക്വഡോറിലെ ഒരു മിഷനറി ദമ്പതികൾ ഗ്വയാക്കിലെ വ്യാപാര മേഖലയിൽ സാധിക്കുന്നത്ര ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാൻ ശ്രമം നടത്തി. എന്നിരുന്നാലും, കനത്ത സുരക്ഷാ ക്രമീകരണങ്ങൾ നിമിത്തം അവിടത്തെ ഒരു ബഹുനില കെട്ടിടത്തിൽ പ്രവേശിക്കാൻ അവർക്ക്‌ സാധിച്ചിരുന്നില്ല. ഇന്റർകോമിലൂടെ ഏകദേശം 20 ജോലിക്കാരോടും ഗാർഡുകളോടും സംസാരിക്കാൻ അവർക്കു കഴിഞ്ഞെങ്കിലും, അപ്പാർട്ട്‌മെന്റ്‌ ഉടമകളിൽ ആരോടും അവർക്കു സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. തന്മൂലം, ആ കെട്ടിടത്തിന്റെ ജനറൽ മാനേജരോടു സംസാരിക്കാൻ അവർ തീരുമാനിച്ചു. തങ്ങളുടെ വരവിന്റെ ഉദ്ദേശ്യം കുടുംബങ്ങൾക്കുള്ളിലെ ധാർമികവും ആത്മീയവുമായ മൂല്യങ്ങൾ ശക്തിപ്പെടുത്തുകയാണെന്നു വിശദീകരിച്ചപ്പോൾ മനേജരുടെ പ്രതികരണം ഇതായിരുന്നു: “എങ്കിൽ, നിങ്ങളുടെ സന്ദേശം എല്ലാവരും കേൾക്കേണ്ടതാണ്‌!” തുടർന്ന്‌ അദ്ദേഹം തന്റെ സെക്രട്ടറിയെ വിളിച്ച്‌ പിൻവരുന്ന അറിയിപ്പ്‌ നോട്ടീസ്‌ ബോർഡിൽ ഇടാൻ പറഞ്ഞു: “ധാർമിക മൂല്യങ്ങൾ ഉന്നമിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ, ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ ശ്രീമതി ഗാബി മെർട്‌സ്‌ ഈ കെട്ടിടത്തിലെ എല്ലാ അപ്പാർട്ട്‌മെന്റുകളും സന്ദർശിക്കുന്നതായിരിക്കും. അവരെ സ്വീകരിക്കാൻ ആർക്കെങ്കിലും അസൗകര്യമുണ്ടെങ്കിൽ, അക്കാര്യം ദയവായി എന്നെ അറിയിക്കുക. ജനറൽ മാനേജർ.”

കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽനിന്നാണ്‌ മിഷനറിമാർ പ്രവർത്തിച്ചുതുടങ്ങിയത്‌. അവിടെ താമസിച്ചിരുന്ന ഒരു സ്‌കൂൾ മേലധികാരിക്ക്‌ അവർ ഒരു ബൈബിൾ അധ്യയനം തുടങ്ങി. അതിന്റെ താഴത്തെ നിലയിൽ അവർക്കു മൂന്ന്‌ അധ്യയനങ്ങൾ ലഭിച്ചു. ഒരു കുടുംബം സ്‌മാരകത്തിനു ഹാജരാകുകയും പിന്നീട്‌ ബ്രാഞ്ച്‌ സന്ദർശിക്കുകയും ചെയ്‌തു. മുമ്പ്‌ സാക്ഷികളാരും സന്ദർശിച്ചിട്ടില്ലായിരുന്ന ആ ബഹുനില കെട്ടിടത്തിൽ മിഷനറിമാർ മൊത്തം 16 ബൈബിൾ അധ്യയനങ്ങൾ ആരംഭിച്ചു.

പെറുവിലെ ജെസിക്ക എന്ന 15-കാരി മാത്രമായിരുന്നു അവളുടെ കുടുംബത്തിലെ ഏക സാക്ഷി. ഒരു സാധാരണ പയനിയർ ആയിരുന്ന അവൾ വയൽസേവനത്തിന്‌ ഉപയോഗിക്കുന്ന ഷൂസ്‌ തേഞ്ഞുതീരാറായിരുന്നു. അതിനാൽ പുതിയ ഒരു ജോഡി ഷൂസ്‌ വാങ്ങിത്തരാൻ അവൾ പിതാവിനോട്‌ ആവശ്യപ്പെട്ടു. എന്നാൽ, “നിന്റെ യഹോവ നിനക്ക്‌ ഷൂസ്‌ തരും!” എന്നായിരുന്നു പിതാവിന്റെ മറുപടി. ഒരു ദിവസം, തേഞ്ഞുതീരാറായ ഷൂസുമിട്ട്‌ ജെസിക്ക വയൽസേവനത്തിനു പോയി. വീട്ടിലേക്കു മടങ്ങുന്ന വഴിക്ക്‌, ഷൂസ്‌ ഉണ്ടാക്കുന്ന ഒരു സഹോദരന്റെ വീടിനു മുന്നിൽ എത്തിയപ്പോൾ ആ സഹോദരൻ അവളോടു പറഞ്ഞു: “അകത്തേക്ക്‌ വരൂ. ഞാൻ നിനക്കു വേണ്ടി ഒരു സാധനം ഉണ്ടാക്കി വെച്ചിട്ടുണ്ട്‌!” എന്നിട്ട്‌ അദ്ദേഹം അവൾക്ക്‌ ഒരു ജോഡി പുതിയ ഷൂസ്‌ വെച്ചുനീട്ടി. അവൾ പുതിയ ഷൂസ്‌ ധരിച്ചിരിക്കുന്നതു കണ്ട്‌ അതിശയിച്ചുപോയ പിതാവ്‌ അത്‌ എവിടെനിന്നു കിട്ടിയതാണെന്നു ചോദിച്ചു. “ഇതെനിക്ക്‌ യഹോവ തന്നതാണ്‌!” എന്നായിരുന്നു ജെസിക്കയുടെ മറുപടി.

അമേരിക്കൻ ഐക്യനാടുകളിൽ വിദേശ ഭാഷാവയൽ വർധിച്ചുവരുകയാണ്‌. ഈ വയലിൽ 16,000-ത്തിലധികം സാക്ഷികളാണു പ്രവർത്തിക്കുന്നത്‌. ഇംഗ്ലീഷും സ്‌പാനിഷും കൂടാതെ 31 ഭാഷകളിൽ ഇവർ സുവാർത്ത ഘോഷിക്കുന്നു. സേവന വർഷം 2000-ത്തിൽ 11 പുതിയ വിദേശ ഭാഷാ സഭകൾ രൂപീകരിക്കപ്പെട്ടു. ഇവയിൽ കംബോഡിയൻ, മോങ്‌ ഭാഷകളിലുള്ള സഭകളും ഉൾപ്പെടും. ഐക്യനാടുകളിൽ ഈ ഭാഷകളിലെ ആദ്യത്തെ സഭകളാണ്‌ ഇവ.

ഏഷ്യ

ഭൂമിയിലെ ഏറ്റവും വലിയ ഭൂഖണ്ഡമാണ്‌ ഇത്‌. ധ്രുവപ്രദേശങ്ങൾ മുതൽ ഉഷ്‌ണമേഖലാ പ്രദേശങ്ങൾ വരെയുള്ള വൈവിധ്യമാർന്ന കാലാവസ്ഥയും സസ്യജാലങ്ങളും ഇവിടത്തെ സവിശേഷതയാണ്‌. ഏഷ്യയിലെ ടിബറ്റിലുള്ള പർവതപ്രദേശങ്ങളിലാണ്‌ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികൾ ഉള്ളത്‌. ഏഷ്യയിലുള്ള നിരവധി ആളുകൾ സുവാർത്ത കേട്ടിട്ടില്ല. എന്നിരുന്നാലും കഴിയുന്നത്ര ആളുകളുടെ അടുക്കൽ ആ സന്ദേശം എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഏഷ്യാ വൻകരയോട്‌ ചേർന്നു കിടക്കുന്നതിനാൽ ജപ്പാൻ, തായ്‌വാൻ എന്നീ ദ്വീപുകളിലെ അനുഭവങ്ങളും ഞങ്ങൾ ഈ ഭാഗത്ത്‌ ഉൾപ്പെടുത്തുകയാണ്‌.

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ നടന്ന, “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ 140 പേർ സംബന്ധിച്ചു. ഓഡിറ്റോറിയം ശുചിയാക്കാൻ അവിടത്തെ സഹോദരങ്ങൾ കഠിനാധ്വാനം ചെയ്യുകയുണ്ടായി. അവർ സ്റ്റേജ്‌ പുഷ്‌പങ്ങൾകൊണ്ട്‌ മനോഹരമായി അലങ്കരിച്ചിരുന്നു. ആ ഓഡിറ്റോറിയത്തിലെ ഒരു ജീവനക്കാരൻ സാക്ഷികളെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഇവിടത്തെ 14 വർഷത്തെ എന്റെ ജോലിക്കിടയിൽ, നിങ്ങളെപ്പോലെ സംഘടിതരും വൃത്തിയുള്ളവരുമായ ആളുകളെ ഞാൻ കണ്ടിട്ടേയില്ല. നിങ്ങൾ ഈ ഓഡിറ്റോറിയം വൃത്തിയും വിശുദ്ധിയും ഉള്ളതാക്കിയിരിക്കുന്നു.”

രാജ്യഹാളുകളുടെ നിർമാണത്തിൽ ആഗോള സഹോദരവർഗത്തിന്റെ സ്‌നേഹപുരസ്സരമായ സഹായം പ്രയോജനപ്പെടുത്തിക്കൊണ്ട്‌, 250 രാജ്യഹാളുകൾ നിർമിക്കുന്നതിനോ പുതുക്കിപ്പണിയുന്നതിനോ ഉള്ള ശ്രമങ്ങൾ ഇന്ത്യയിൽ നടന്നുവരുന്നു. ഇതിൽ തങ്ങളാലാവുന്ന പോലെ സഹായിക്കാൻ ഈ ക്രമീകരണം പ്രാദേശിക സഹോദരങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നു. ഒരു വൃദ്ധ സഹോദരൻ രാജ്യഹാൾ നിർമിക്കാൻ 4,500 ചതുരശ്ര അടി വിസ്‌തീർണമുള്ള ഒരു സ്ഥലം സംഭാവനയായി നൽകി. എന്നാൽ, ആ സ്ഥലം പരിശോധിച്ച സഹോദരങ്ങൾ രാജ്യഹാൾ നിർമിക്കുന്നതിന്‌ അവിടം അനുയോജ്യമല്ലെന്നു കണ്ടെത്തി. കാരണം, വർഷകാലത്ത്‌ അവിടെ വെള്ളം കയറുമായിരുന്നു. ഇക്കാര്യം ആ സഹോദരനോടു പറഞ്ഞപ്പോൾ, അദ്ദേഹം തനിക്കുള്ള മുഴുവൻ സ്ഥലവും കാട്ടിക്കൊടുത്തിട്ട്‌ രാജ്യഹാൾ നിർമിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം തിരഞ്ഞെടുത്തുകൊള്ളാൻ പറഞ്ഞു. “മരിക്കുംമുമ്പ്‌ ഈ പ്രദേശത്ത്‌ ഒരു നല്ല രാജ്യഹാൾ ഉണ്ടായിക്കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കുള്ള സകലതും അതിനായി നൽകാൻ ഞാൻ ഒരുക്കമാണ്‌,” അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറിയയിലെ സോളിൽ താമസിക്കുന്ന കിം ഹ്യോസൂക്കിന്‌ പയനിയർ സേവനത്തിൽ കാര്യമായ സന്തോഷമോ വിജയമോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതിനാൽ പ്രവർത്തിക്കാൻ വ്യക്തിപരമായി ഒരു പ്രദേശം ഉണ്ടായിരിക്കുന്നതു നല്ലതാണെന്ന്‌ ഒരു സർക്കിട്ട്‌ മേൽവിചാരകൻ ആ സഹോദരിയോടു നിർദേശിച്ചു. ആ സഹോദരി ഇങ്ങനെ പറയുന്നു: “ഞാൻ ആ നിർദേശം അനുസരിച്ചു. പെട്ടെന്നുതന്നെ ഞാൻ എന്റെ പ്രദേശത്തുള്ള വീട്ടുകാരെ പരിചയപ്പെടുകയും അവരുമായി സൗഹൃദം വളർത്തിയെടുക്കുകയും ചെയ്‌തു. അവരുടെ സൗകര്യത്തിന്‌ അനുസരിച്ച്‌ ഞാൻ എന്റെ സന്ദർശന സമയങ്ങൾ ക്രമീകരിച്ചു. തത്‌ഫലമായി, എന്റെ പ്രതിമാസ മടക്കസന്ദർശനങ്ങളുടെ എണ്ണം 35-ൽനിന്ന്‌ 80-ൽ അധികമായി വർധിച്ചു. എനിക്ക്‌ ഏഴു ബൈബിൾ അധ്യയനങ്ങൾ ഉണ്ട്‌. ഞാൻ ഇപ്പോൾ യഥാർഥ സന്തോഷം കണ്ടെത്തുന്നു.”

ഇസ്രായേലിലെ സാം തന്റെ സ്‌കൂളിലെ ഏക സാക്ഷിയാണ്‌. അവന്റെ ക്ലാസ്സിൽ, മോഷ്ടിക്കപ്പെട്ട ചോദ്യക്കടലാസിന്റെ കോപ്പി സ്വീകരിക്കാഞ്ഞ ഏക വിദ്യാർഥിയും അവനായിരുന്നു. പരീക്ഷ കഴിഞ്ഞപ്പോൾ, സാം ഒഴികെ ക്ലാസ്സിലെ എല്ലാ കുട്ടികളും വഞ്ചന കാട്ടിയതായി പ്രിൻസിപ്പലിനു മനസ്സിലായി. അതിനാൽ സാമിന്‌ ഏറ്റവും കൂടുതൽ മാർക്കു കൊടുത്തു. കത്തോലിക്കരും മുസ്ലീങ്ങളുമായ കുട്ടികൾ പഠിക്കുന്ന ക്ലാസ്സിനും അവരുടെ അധ്യാപകർക്കും ഈ സംഭവത്തിന്റെ ഫലമായി നല്ലൊരു സാക്ഷ്യം ലഭിക്കാൻ ഇടയായി.

ജപ്പാനിലെ 83 വയസ്സുള്ള ഒരു സഹോദരി, തന്റെ മകനെ സന്ദർശിക്കാൻ ബുള്ളറ്റ്‌ ട്രെയിനിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു. മകനു കൊടുക്കാൻ പുതിയ മാസികകൾ എടുത്തുവെക്കവെ, തന്റെ കൈവശം സമർപ്പിക്കാത്ത ധാരാളം മാസികകൾ ഉണ്ടെന്ന്‌ അവർ മനസ്സിലാക്കി. അതിനാൽ അവയും അവർ ബാഗിൽ എടുത്തുവെച്ചു. ദീർഘയാത്രയിൽ യാത്രികർക്കു മുഷിപ്പു തോന്നുന്നുവെന്നു മനസ്സിലാക്കിയ അവർ കൈവശമുള്ള ചില മാസികകൾ അവർക്കു സമർപ്പിച്ചാലോ എന്ന്‌ ആലോചിച്ചു. യാത്രയ്‌ക്കിടെ, അടുത്തിരിക്കുകയായിരുന്ന ഒരു മനുഷ്യൻ നമ്മുടെ സഹോദരി ഉത്സാഹത്തോടെ വായിക്കുന്നത്‌ എന്താണെന്നു ചോദിച്ചു. സഹോദരി നൽകിയ മാസികകൾ സസന്തോഷം വാങ്ങിയ അയാൾ വലിയ താത്‌പര്യത്തോടെ അവ വായിക്കാൻ തുടങ്ങി. ഇതു കണ്ട മറ്റു യാത്രക്കാരും സഹോദരിയോടു മാസികകൾ ആവശ്യപ്പെട്ടു. തനിക്ക്‌ ഇറങ്ങേണ്ട സ്ഥലത്ത്‌ എത്തിയപ്പോൾ മകൻ അവിടെ എത്തിയിട്ടില്ല എന്നു മനസ്സിലാക്കിയ അവർ, ട്രെയിനുകൾക്കു കാത്തിരിക്കുന്നവരോടു സാക്ഷീകരിക്കാൻ തീരുമാനിച്ചു. മകൻ വന്ന സമയമായപ്പോഴേക്കും അവർ 40 മാസികകൾ സമർപ്പിച്ചു കഴിഞ്ഞിരുന്നു. അപ്പോഴാകട്ടെ, മകനു കൊടുക്കാൻ മാസികകൾ ഇല്ലായിരുന്നുതാനും!

മംഗോളിയയിലെ ആളുകൾ പരമ്പരാഗതമായി ബുദ്ധമതക്കാർ ആണെങ്കിലും പലരും നിരീശ്വരവാദികളാണ്‌. ജീവൻ നിങ്ങൾക്ക്‌ എത്ര അമൂല്യമാണ്‌? എന്ന ശീർഷകത്തോടു കൂടിയ നാലു പേജുള്ള ഒരു ലഘുലേഖ ആ രാജ്യത്തെ ജനങ്ങൾക്കായി സൊസൈറ്റി തയ്യാറാക്കി. പുകയില ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ചു പ്രതിപാദിക്കുന്നതായിരുന്നു ആ ലഘുലേഖ. പ്രസ്‌തുത വിഷയം സംബന്ധിച്ച്‌ ആളുകൾ വളരെ ജിജ്ഞാസുക്കളാണ്‌. 1999 നവംബർ, ഡിസംബർ മാസങ്ങളിൽ ഈ ലഘുലേഖയുടെ ഒരു പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിച്ചിരുന്നു. അവിടെയുള്ള 22 പ്രസാധകരും അതിൽ പങ്കുപറ്റി. ആ ലഘുലേഖ ആരുംതന്നെ നിരസിക്കുകയുണ്ടായില്ല. ആദ്യത്തെ പത്തു ദിവസത്തിനുള്ളിൽ സഹോദരങ്ങൾ തലസ്ഥാന നഗരിയായ ഊലാൻ ബാറ്റോറിൽ ഏകദേശം 10,000 ലഘുലേഖകൾ സമർപ്പിച്ചു. ആ പ്രചാരണ പരിപാടിയെ കുറിച്ച്‌ സർക്കാർ ഉദ്യോഗസ്ഥർ പലരും അനുകൂലമായ അഭിപ്രായങ്ങൾ പറഞ്ഞു. ഈ പ്രവർത്തനത്തെ കുറിച്ചുള്ള വാർത്ത ടിവിയിലൂടെയും റേഡിയോയിലൂടെയും പല പ്രാവശ്യം പ്രക്ഷേപണം ചെയ്‌തു. മൂന്ന്‌ പത്രങ്ങളിൽ അതേക്കുറിച്ചുള്ള ലേഖനങ്ങളും വന്നു. സഹോദരങ്ങൾക്കു പല ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ സാധിച്ചു.

സത്യം അതിവിദൂര സ്ഥലങ്ങളിലേക്കും കടന്നുചെല്ലുന്നു. കസാഖ്‌സ്ഥാനിൽ കുറ്റവാളികളെ പാർപ്പിക്കുന്ന ഒരു കേന്ദ്രമുണ്ട്‌, അതിൽ 1,000 തടവുപുള്ളികളും. അവിടത്തെ ചില തടവുകാർ സാക്ഷികളുടെ പ്രാദേശിക ഓഫീസിന്‌ എഴുതിയതിനെ തുടർന്ന്‌ അവരുമായി ബൈബിൾ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന്‌ അനുമതി തേടിക്കൊണ്ട്‌ 1997-ൽ യഹോവയുടെ സാക്ഷികളായ രണ്ടു പേർ ആ കേന്ദ്രത്തിന്റെ ഡയറക്ടറെ സന്ദർശിച്ചു. കുറെ നാളുകൾക്കുള്ളിൽ യഹോവയുടെ സാക്ഷികൾ 20 തടവുകാർക്ക്‌ അധ്യയനം ആരംഭിച്ചു. 1998-ൽ അവരിൽ നാലു പേർ സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകരായി. അവർക്കു ജയിലിൽ സഭായോഗങ്ങൾ നടത്താനുള്ള അനുമതിയും ലഭിച്ചു. യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകൾ തടവുകാരിൽ നല്ല ഫലം ഉളവാക്കുന്നുവെന്ന്‌ കണ്ട ജയിൽ അധികൃതർ അവിടുത്തെ ഉച്ചഭാഷിണിയിലൂടെ പരസ്യപ്രസംഗങ്ങൾ നടത്താനുള്ള അനുവാദം സാക്ഷികൾക്കു നൽകി. ഈ പ്രസംഗങ്ങൾ കേൾക്കാനുള്ള അവസരം എല്ലാ തടവുകാർക്കുമുണ്ട്‌.

യഹോവയുടെ സാക്ഷികളുടെ മതം സൗകര്യപ്പെടുമ്പോൾ മാത്രം അണിയാൻ കഴിയുന്ന ഒരു മുഖംമൂടിപോലെയല്ലെന്ന്‌ അധികാരികൾക്ക്‌ ഒന്നിനൊന്നു ബോധ്യപ്പെട്ടു. പിൻവരുന്ന അനുഭവം അതു മനസ്സിലാക്കാൻ അവരെ സഹായിച്ചു: മയക്കുമരുന്നുകൾ ഉൾപ്പെടെ എന്തും തടവുകാർക്കു വാങ്ങാൻ കിട്ടുമെന്നതിനാൽ, പണം കൈവശം വെക്കാൻ അവർക്ക്‌ അനുവാദമില്ല. എന്നാൽ ഒരു തടവുകാരനു പുറത്തുനിന്ന്‌ പണം പതിവായി പക്കേജുകളിൽ ലഭിച്ചിരുന്നു. ആത്മീയമായി പുരോഗമിച്ചപ്പോൾ മനസ്സാക്ഷി അയാളെ അലട്ടാൻ തുടങ്ങി. ഒരിക്കൽ അയാൾ ആ കേന്ദ്രം സന്ദർശിച്ച ഒരു മൂപ്പന്‌ രാജ്യവേലയ്‌ക്കുള്ള സംഭാവനയായി കുറെ പണം വെച്ചുനീട്ടി. എന്നാൽ മൂപ്പൻ അതു വാങ്ങിയില്ല. അയാളിൽനിന്നു പണം വാങ്ങുന്നത്‌ ജയിൽ നിയമങ്ങൾക്ക്‌ എതിരാണെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. ആ മൂപ്പൻ അയാളോട്‌ പറഞ്ഞു: “നിങ്ങളുടെ മനസ്സാക്ഷി പറയുന്നതുപോലെ ഈ പണം ഉപയോഗിക്കൂ.” ആ തടവുകാരൻ, ഗാർഡുകളുടെ തലവന്റെ അടുക്കൽ ചെന്ന്‌ പണം മേശപ്പുറത്ത്‌ വെച്ചിട്ട്‌ പറഞ്ഞു: “ഈ പണം കൈവശം വെച്ചുകൊണ്ടിരിക്കാൻ ബൈബിൾ പരിശീലിത മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ല. ഈ പണംകൊണ്ട്‌ നിങ്ങൾക്ക്‌ ഇഷ്ടമുള്ളതുപോലെ ചെയ്‌തുകൊള്ളൂ.” ഇതു കേട്ട ആ ഉദ്യോഗസ്ഥൻ അമ്പരന്നുപോയി: “ഞാൻ 20 വർഷമായി ഈ കേന്ദ്രത്തിൽ ജോലി ചെയ്യുന്നു. ഇതുവരെ ആരും ഇങ്ങനെ പണം സ്വന്തം ഇഷ്ടത്താൽ കൊണ്ടുവന്ന്‌ തരുന്നത്‌ ഞാൻ കണ്ടിട്ടില്ല!”

മലേഷ്യയിൽ ഒരു സ്‌കൂൾ അധ്യാപിക ആയിരുന്ന ഒരു സഹോദരി ഒരിക്കൽ യഹോവയെയും അവന്റെ വാഗ്‌ദാനങ്ങളെയും കുറിച്ച്‌ തന്റെ സഹപ്രവർത്തകയോടു സംസാരിച്ചു. തന്റെ ദൈവങ്ങൾ പ്രശ്‌നങ്ങളിൽനിന്ന്‌ കരകയറാൻ തന്നെ സഹായിക്കുന്നില്ലെന്ന്‌ ആ സഹപ്രവർത്തക ദുഃഖത്തോടെ പറഞ്ഞു. ബുദ്ധനോടും പല ചൈനീസ്‌ ദൈവങ്ങളോടും യേശുക്രിസ്‌തുവിനോടു പോലും ആ സ്‌ത്രീ പ്രാർഥിച്ചിരുന്നു. എന്നാൽ അതുകൊണ്ടൊന്നും യാതൊരു പ്രയോജനവും ഉണ്ടായില്ല.

ആ സ്‌ത്രീക്ക്‌ രാപകൽ ഭൂതോപദ്രവം ഉണ്ടായിരുന്നു. രാത്രിയിൽ വളരെ കുറച്ചേ അവർക്ക്‌ ഉറങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. പകൽസമയത്ത്‌ ഭൂതങ്ങൾ അവരുടെ ജോലിക്കു ഭംഗം വരുത്തിയിരുന്നതിനാൽ, നന്നായി ജോലി ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സ്വസ്ഥത നഷ്ടപ്പെട്ട അവർ ആത്മമധ്യവർത്തികളെ അഭയം പ്രാപിച്ചു. എന്നാൽ അതു കാര്യങ്ങളെ ഒന്നുകൂടി വഷളാക്കിയതേ ഉള്ളൂ.

സദൃശവാക്യങ്ങൾ 18:10 അനുസരിച്ച്‌, “യഹോവയുടെ നാമം ബലമുള്ള ഗോപുരം” ആണെന്നും അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ അവൻ സംരക്ഷിക്കുന്നു എന്നും നമ്മുടെ സഹോദരി ആ സ്‌ത്രീയോടു പറഞ്ഞു. അടുത്ത തവണ ഭൂതോപദ്രവം ഉണ്ടാകുമ്പോൾ യഹോവയാം ദൈവത്തോടു പ്രാർഥിക്കാൻ ആ സഹോദരി അവരെ പ്രോത്സാഹിപ്പിച്ചു.

ഭൂതോപദ്രവം ഉണ്ടായപ്പോൾ താൻ സഹായത്തിനായി യഹോവയെ വിളിച്ചപേക്ഷിച്ചെന്നും അപ്പോൾ ഭൂതങ്ങൾ തന്നെ വിട്ടുപോയെന്നും പിറ്റേന്ന്‌ അവർ സഹോദരിയോടു പറഞ്ഞു. പിന്നീട്‌ അവർക്ക്‌ ഒരു ബൈബിൾ അധ്യയനം തുടങ്ങി. അവർ ത്വരിതഗതിയിൽ പുരോഗമിക്കുകയും വ്യാജാരാധനയോടു ബന്ധപ്പെട്ട സകലവും എറിഞ്ഞുകളയുകയും ചെയ്‌തു. പിന്നീടൊരിക്കലും ഭൂതങ്ങൾ അവളെ ശല്യപ്പെടുത്തിയിട്ടില്ല. അടുത്തകാലത്തെ ഒരു സർക്കിട്ട്‌ സമ്മേളനത്തിൽ അവർ സ്‌നാപനമേറ്റു.

50 വർഷമായി, ക്രിസ്‌തീയ നിഷ്‌പക്ഷത പാലിക്കാനുള്ള ദൃഢനിശ്ചയത്തിന്റെ ഫലമായി തായ്‌വാനിലെ സാക്ഷികളായ ചില യുവാക്കൾക്ക്‌ ദീർഘകാലം തടവിൽ കഴിയേണ്ടിവന്നിട്ടുണ്ട്‌. എന്നാൽ സമീപ വർഷങ്ങളിൽ അവിടെ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. ഫലപ്രദമായ പരിശീലനം നൽകാൻ കഴിയുന്നതിലുമേറെ പേരെ സൈന്യത്തിൽ എടുത്തിരുന്നതിനാൽ, കുറെ പേരെ സൈനികേതര സേവനത്തിനു നിയമിക്കാൻ കഴിയുന്ന വിധത്തിൽ സൈനിക സേവന നിയമങ്ങൾക്കു ഭേദഗതി വരുത്താൻ തീരുമാനമായി. മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനത്തോട്‌ എതിർപ്പ്‌ ഉണ്ടായിരുന്നവരുടെ കാര്യത്തിൽ മറ്റു രാജ്യങ്ങൾ ചെയ്‌തതു സംബന്ധിച്ചുള്ള വിവരങ്ങൾ അധികാരികൾ ഇക്കാര്യത്തിൽ ഉപയോഗിച്ചു. മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവരും ജയിലിൽ പോകുന്നതിനെക്കാൾ ഗവൺമെന്റ്‌ മേൽനോട്ടത്തിലുള്ള സൈനികേതര ജോലി ഇഷ്ടപ്പെടുന്നവരുമായ വ്യക്തികൾ അക്കാര്യം ഒരു അപേക്ഷാഫാറത്തിൽ സൂചിപ്പിക്കണമായിരുന്നു. ഈ പുതിയ ക്രമീകരണം അനുസരിച്ച്‌, സൈനികേതര സേവനം 33 മാസം ചെയ്യുന്നവർക്ക്‌ വാരാന്തങ്ങളിലും മിക്ക വൈകുന്നേരങ്ങളിലും ജോലി ഇല്ലാത്തതിനാൽ ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയും.

യൂറോപ്പ്‌

ദീർഘകാലമായി യൂറോപ്പ്‌ ഒരു ഭൂഖണ്ഡമായി കരുതപ്പെടുന്നെങ്കിലും, വാസ്‌തവത്തിൽ അത്‌ യൂറേഷ്യയുടെ പടിഞ്ഞാറോട്ടു തള്ളിനിൽക്കുന്ന കൂറ്റൻ ഉപഭൂഖണ്ഡമാണ്‌. 2,000-ത്തോളം വർഷം മുമ്പ്‌ പൗലൊസ്‌ അപ്പൊസ്‌തലൻ തെക്കൻ യൂറോപ്പിൽ സുവാർത്ത എത്തിക്കുകയുണ്ടായി. നിങ്ങൾക്കു കാണാവുന്നതുപോലെ, സത്യത്തിന്റെ ഈ ഉജ്ജ്വല സന്ദേശം ഭൂമിയുടെ ഈ ഭാഗത്ത്‌ നന്നായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്‌.

ക്രൊയേഷ്യയിലെ സാഗ്രേബിലെ പാർക്കിൽ ഒരു സഹോദരി ഇരിക്കുകയായിരുന്നു. ഒരു യുവാവ്‌ കുറ്റിച്ചെടികൾക്കു പിന്നിൽ ഒളിച്ചിരിക്കുന്നത്‌ അവർ കണ്ടു. അയാൾ ആകെ വിളറിയിരുന്നു, വിറയ്‌ക്കുന്നുമുണ്ടായിരുന്നു. അയാൾക്ക്‌ എന്തെങ്കിലും അസുഖമായിരിക്കുമെന്ന്‌ അവർ വിചാരിച്ചു. അടുത്തുചെന്ന്‌ സഹോദരി പറഞ്ഞു: “സർ, സുഖമില്ലെങ്കിൽ ഞാൻ നിങ്ങളെ ആശുപത്രിയിൽ കൊണ്ടുപോകാം.” തനിക്ക്‌ അസുഖമൊന്നും ഇല്ലെന്ന്‌ അയാൾ മറുപടി പറഞ്ഞു. അപ്പോഴും അയാൾ വിറയ്‌ക്കുന്നുണ്ടായിരുന്നു. അപ്പോൾ സഹോദരി: “വിശക്കുന്നുണ്ടോ? എങ്കിൽ ഞാൻ ഭക്ഷണം വാങ്ങിത്തരാം.” അയാൾ: “വേണ്ട. ദയവായി എന്റെ അടുത്തു വരരുത്‌. പോലീസ്‌ എന്നെ തിരയുകയാണ്‌. നിങ്ങൾ എന്റെ കൂടെയുള്ള വ്യക്തിയാണെന്ന്‌ അവർക്കു സംശയം തോന്നാം.” സഹോദരി: “നിങ്ങൾ എന്തു തെറ്റാണു ചെയ്‌തത്‌?” താൻ ഒരു കടയിൽനിന്നു പണം മോഷ്ടിച്ചതായി അയാൾ സമ്മതിച്ചു. എന്നിട്ട്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “ആ പണം മുഴുവൻ എന്റെ പോക്കറ്റിലുണ്ട്‌. എനിക്കു പോലീസിനെ വലിയ ഭയമാണ്‌, അതുപോലെ ജയിൽശിക്ഷയും.” സഹതാപം തോന്നിയ സഹോദരി അയാളെ സഹായിക്കാൻ ആഗ്രഹിച്ചു. പ്രസ്‌തുത കാര്യം ചർച്ച ചെയ്യാൻ തന്റെ അടുത്ത്‌ ഇരിക്കാൻ സഹോദരി അയാളെ ക്ഷണിച്ചു. പണം മോഷ്ടിച്ച കടയിൽ തിരിച്ചു ചെല്ലുമ്പോൾ എന്തു പറയണമെന്നതു സംബന്ധിച്ച ജ്ഞാനം യഹോവയാം ദൈവം നൽകുമെന്ന്‌ സഹോദരി അയാളോടു പറഞ്ഞു. അവർ പറഞ്ഞതെല്ലാം അയാൾ ശ്രദ്ധിച്ചു കേട്ടു. അയാൾ അപ്പോഴും ഭയന്നു വിറയ്‌ക്കുകയായിരുന്നു. സഹോദരി അയാൾക്ക്‌ ഈ ബുദ്ധിയുപദേശം നൽകി: “മനേജരെ കണ്ട്‌, താൻ പണം മോഷ്ടിച്ചെന്ന്‌ ഏറ്റുപറയുക, അതു തിരികെ നൽകാൻ ആഗ്രഹിക്കുന്നുവെന്നും പറയുക.” അവർ സംസാരിച്ചുകൊണ്ടിരിക്കെ, അതുവഴി കടന്നുപോയ ഒരു അയൽക്കാരി സഹോദരിയെ പേരു ചൊല്ലി വിളിക്കുകയുണ്ടായി. അങ്ങനെ അയാൾക്കു സഹോദരിയുടെ പേരു മനസ്സിലായി.

താമസിയാതെ, ഒരു പ്രാദേശിക പത്രത്തിൽ തന്നെ സംബോധന ചെയ്‌തുകൊണ്ട്‌ ഒരു കത്തു കണ്ട്‌ ആ സഹോദരി അമ്പരന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “ശ്രീമതി ബാരിക്കാ, നിങ്ങൾ ദയാപുരസ്സരം നൽകിയ ബുദ്ധിയുപദേശത്തിനു നന്ദി. നന്ദി, നന്ദി, ഒരായിരം നന്ദി. നിങ്ങൾ സഹായിച്ചില്ലായിരുന്നെങ്കിൽ എനിക്കു ജയിലിൽ പോകേണ്ടിവരുമായിരുന്നു. നിങ്ങളുടെ വിലാസം അറിയില്ലാത്തതിനാൽ എന്റെ വിലമതിപ്പ്‌ നിങ്ങളെ വ്യക്തിപരമായി അറിയിക്കാൻ കഴിഞ്ഞില്ല. എന്റേതു പോലുള്ള ഒരു സാഹചര്യത്തിൽ ആയിരിക്കുന്നവർ ഇതു വായിച്ച്‌, സഹായം നൽകുന്ന സത്യദൈവമായ യഹോവയിലേക്കു തിരിയാൻ വേണ്ടിയാണ്‌ ഞാൻ ഇത്‌ എഴുതുന്നത്‌! ഞാൻ ആ മാനേജർക്കു പണം തിരികെ നൽകി. മോഷ്ടിക്കപ്പെട്ട പണം 1,500 കുണ ആണെന്ന്‌ മാനേജർ പറഞ്ഞു. എന്നാൽ ഞാൻ പോക്കറ്റിൽനിന്ന്‌ 1,700 കുണ എടുത്തുകൊടുത്തു. 200 കുണ എന്റെ കൈവശം വെച്ചുകൊള്ളാനും തനിക്ക്‌ 1,500 കുണ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്നും മാനേജർ പറഞ്ഞു. അപ്പോൾ ഞാൻ: ‘ഇല്ല സാർ, എന്റെ പോക്കറ്റിൽ ഒരു കുണപോലും ഉണ്ടായിരുന്നില്ല. ആഹാരത്തിനുള്ള പൈസ പോലും എന്റെ കൈവശം ഇല്ലായിരുന്നു.’ അപ്പോൾ ആ മാനേജർ എനിക്കു കുറെ സാധനങ്ങൾ തന്നു. അദ്ദേഹം പറഞ്ഞു: ‘ഈ 200 കുണ നിങ്ങളുടേതാണ്‌.’ അതിനു പുറമേ, അദ്ദേഹം എനിക്ക്‌ 500 കുണയും രണ്ടു വലിയ റൊട്ടിക്കഷണങ്ങളും രണ്ടു പായ്‌ക്കറ്റു പാലും തൈര്‌ അടങ്ങിയ അഞ്ച്‌ ചെറിയ ടിന്നുകളും മസാല ചേർത്ത അര കിലോയോളം മാംസവും കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള കുറച്ച്‌ ആഹാരവും തന്നു. മാനേജർ ആ ചെറുപ്പക്കാരനോടു പറഞ്ഞു: ‘നിങ്ങൾ സത്യസന്ധൻ ആയതിനാലും കുറ്റം സമ്മതിച്ചതിനാലുമാണ്‌ ഞാൻ ഇതു ചെയ്യുന്നത്‌.’ എനിക്കു ജയിലിൽ പോകേണ്ടിവരാത്തതിൽ ഞാൻ ദൈവത്തിനും നിങ്ങൾക്കും നന്ദി പറയുന്നു. വീണ്ടും ഒരായിരം നന്ദി!”

യൂറോപ്പിലെ പ്രമുഖ തുറമുഖങ്ങളിൽ ഒന്ന്‌ ഡെന്മാർക്കിലെ കോപ്പെൻഹേഗനിലാണ്‌. കടത്തുബോട്ടുകൾക്കു പുറമേ ഓരോ വർഷവും 2,000-ത്തിലധികം കപ്പലുകളും ഇവിടെ നങ്കൂരമിടുന്നു. സഹോദരങ്ങൾ സാക്ഷീകരണത്തിനായി ഒരു കപ്പലിൽ പ്രവേശിച്ചു. സാക്ഷികളെ കുറിച്ച്‌ അറിയാമോ എന്നു ചോദിച്ചപ്പോൾ അതിലെ ചില ജീവനക്കാർ അറിയാമെന്നു പറഞ്ഞു. തങ്ങളുടെ കപ്പലിൽ യഹോവയുടെ സാക്ഷിയായ ഒരാൾ ഉണ്ടെന്നും അവർ പറഞ്ഞു. സഹോദരങ്ങൾ തങ്ങളുടെ സഹവിശ്വാസിയെ കാണാൻ ആഗ്രഹിച്ചു. എന്നാൽ അദ്ദേഹം സ്‌നാപനമേറ്റിട്ടില്ല എന്ന്‌ അവർ മനസ്സിലാക്കി. പസഫിക്‌ സമുദ്രത്തിലെ, വെറും 2,000 പേർ മാത്രമുള്ള ഒരു ചെറിയ ദ്വീപിൽ ആയിരുന്നു അദ്ദേഹത്തിന്റെ വീട്‌. ആ ദ്വീപിൽ സാക്ഷികൾ ആരുമുണ്ടായിരുന്നില്ലതാനും. ലോകത്തിലെ വിവിധ തുറമുഖങ്ങളിൽനിന്ന്‌ ലഭിച്ച ബൈബിൾ സാഹിത്യങ്ങൾ വായിച്ചായിരുന്നു അദ്ദേഹം സത്യം മനസ്സിലാക്കിയത്‌. അദ്ദേഹം ആ സാഹിത്യങ്ങൾ വീട്ടിലുള്ള ഭാര്യയ്‌ക്കും കൊണ്ടുപോയി കൊടുത്തിരുന്നു. തങ്ങൾ സത്യം കണ്ടെത്തിയതായി ഇരുവർക്കും ബോധ്യപ്പെട്ടു. പഠിച്ച ബൈബിൾ സത്യങ്ങൾ അദ്ദേഹം കപ്പലിലെ മറ്റു ജോലിക്കാരോടും ഉത്സാഹത്തോടെ പ്രസംഗിക്കുന്നുണ്ടായിരുന്നു. അദ്ദേഹം മാസികകളുടെ വരിസംഖ്യ സ്വീകരിച്ചു. അവരുടെ വീടിന്‌ ഏറ്റവും അടുത്തുള്ള സഭയ്‌ക്ക്‌ അവരെ കുറിച്ച്‌ വിവരം നൽകാമെന്ന്‌ ആ സഹോദരങ്ങൾ വാഗ്‌ദാനം ചെയ്‌തു.

ജർമനിയിലെ ബ്രെമർഹാവനിലുള്ള പ്രസാധകരുടെ കാര്യമെടുക്കുക. കപ്പൽ ജോലിക്കാർക്കും ചരക്കുകൾ കയറ്റാനും ഇറക്കാനും എത്തുന്ന ട്രക്കു ഡ്രൈവർമാർക്കും സാഹിത്യങ്ങൾ വിതരണം ചെയ്യാൻ അവർ പതിവായി അവിടത്തെ തുറമുഖത്തു പോകാറുണ്ട്‌. 48 രാജ്യങ്ങളിൽ നിന്നുള്ള ട്രക്ക്‌ ഡ്രൈവർമാരെ താൻ അവിടെവെച്ചു കണ്ടുമുട്ടിയിട്ടുണ്ടെന്ന്‌ ഒരു സഹോദരൻ പറയുന്നു. ഇവരുടെയെല്ലാം അടുക്കൽ സുവാർത്ത എത്തിക്കുന്നതിനു ഞങ്ങളുടെ കാറിൽ 39 ഭാഷകളിലുള്ള സാഹിത്യങ്ങൾ കരുതാറുണ്ട്‌,” അദ്ദേഹം വിശദീകരിക്കുന്നു. നിരവധി റഷ്യൻ ഡ്രൈവർമാർ തുറമുഖത്ത്‌ ആയിരിക്കെ യോഗങ്ങൾക്കു ഹാജരായിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും വലിപ്പമുള്ള യാത്രാക്കപ്പലുകളിൽ ഒന്ന്‌ അറ്റകുറ്റപ്പണികൾക്കായി ഇട്ടിരിക്കുന്നത്‌ ഒരു ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ ഫ്രെഡും ക്രിസ്റ്റിയാനും ശ്രദ്ധിച്ചു. ആ കപ്പലിൽ ഉണ്ടായിരുന്ന 950 ജീവനക്കാർ 50 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ളവർ ആയിരുന്നു! പസഫിക്കിലെ ഒരു ദ്വീപിൽ നിന്നുള്ള ഒരു നാവികൻ ആ കപ്പലിൽ വെച്ച്‌ സഹോദരന്മാരെ സമീപിച്ച്‌ ഇങ്ങനെ ചോദിച്ചു: “വർണഭംഗിയാർന്ന ചിത്രങ്ങളോടു കൂടിയ ആ മഞ്ഞപ്പുസ്‌തകം നിങ്ങളുടെ കൈവശമുണ്ടോ?” അദ്ദേഹം ഉദ്ദേശിച്ചത്‌ എന്റെ ബൈബിൾ കഥാ പുസ്‌തകം ആയിരുന്നു. സഹോദരങ്ങളുടെ കൈവശം അത്‌ ഉണ്ടായിരുന്നില്ല. അതിനാൽ ആ നാവികനു നിരാശ തോന്നി. തങ്ങളുടെ സാഹിത്യമെല്ലാം സമർപ്പിച്ചശേഷം ഫ്രെഡ്‌, സെൽറ്റേഴ്‌സിലുള്ള ബെഥേലിൽ ചെന്ന്‌ കൂടുതൽ സാഹിത്യങ്ങളെടുത്തു. കാറിൽ അങ്ങോട്ടുമിങ്ങോട്ടും ഉള്ള യാത്രയ്‌ക്ക്‌ പത്തു മണിക്കൂർ വേണ്ടിയിരുന്നു. പിറ്റേന്ന്‌ അവർ 900 മാസികകളും 300 ലഘുപത്രികകളും 850 പുസ്‌തകങ്ങളും ആ കപ്പൽ ജീവനക്കാർക്കു നൽകി. ഫ്രെഡ്‌ സൗഹൃദമനസ്‌കനായ ആ നാവികനെ കണ്ടെത്തി മഞ്ഞപ്പുസ്‌തകവും കൊടുത്തു. “ആ പുസ്‌തകം എത്തിക്കാൻ 1,000-ത്തിലേറെ കിലോമീറ്റർ കാറോടിച്ചു എന്നു കേട്ടപ്പോൾ, അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞുപോയി,” ഫ്രെഡ്‌ വിശദീകരിക്കുന്നു.

1998 ആരംഭത്തിൽ, ലക്‌സംബർഗിലെ ചെറിയ ഒരു സ്വകാര്യ റേഡിയോ നിലയം തങ്ങളുടെ ശ്രോതാക്കളുടെ ഒരു സർവേ നടത്തി. ജീവിത ലക്ഷ്യങ്ങളും പ്രതീക്ഷകളും സംബന്ധിച്ച്‌ അവർ ആളുകളോട്‌ ഫോണിലൂടെ ചോദിച്ചു. വെറുതെ കുറെ നമ്പരുകൾ തിരഞ്ഞെടുത്തായിരുന്നു അവർ വിളിച്ചിരുന്നത്‌. നിലയത്തിലെ പ്രക്ഷേപകൻ ഒരിക്കൽ ഒരു നമ്പർ ഡയൽ ചെയ്‌തപ്പോൾ ഉപയോഗിച്ച പ്രദേശ കോഡ്‌ മാറിപ്പോയി. അദ്ദേഹത്തിനു ലൈനിൽ കിട്ടിയത്‌ 400 കിലോമീറ്റർ അകലെ ജർമനിയിലെ ന്യൂറംബർഗിന്‌ അടുത്തുള്ള ഒരു വനിതയെയാണ്‌. ആ സ്‌ത്രീയുടെ പൊതുവിജ്ഞാനവും ക്രിയാത്മകമായ ജീവിത വീക്ഷണവും അദ്ദേഹത്തിൽ മതിപ്പുളവാക്കി. അത്തരം നല്ലൊരു വീക്ഷണം എങ്ങനെയാണു വളർത്തിയെടുത്തത്‌ എന്ന്‌ അദ്ദേഹം അവരോടു ചോദിച്ചു. രാജ്യവിത്ത്‌ വിതയ്‌ക്കാൻ വീണുകിട്ടിയ ഒരു അവസരമാണ്‌ അതെന്നു തിരിച്ചറിഞ്ഞ അവർ താൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന്‌ പറഞ്ഞു. ആ സംഭാഷണം, റേഡിയോ നിലയത്തിലെ ആ ഉദ്യോഗസ്ഥന്റെ ജിജ്ഞാസ ഉണർത്തി, സഹോദരി അദ്ദേഹത്തെ പിന്നീട്‌ വിളിക്കാമെന്നു പറഞ്ഞു. അടുത്ത രണ്ടു മാസക്കാലത്ത്‌ പല പ്രാവശ്യം സഹോദരി അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ദൈവത്തെയും ജീവിതത്തെയും യഹോവയുടെ സാക്ഷികളെയും കുറിച്ച്‌ സഹോദരി കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹത്തിന്റെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകാനും സഹോദരിക്കു കഴിഞ്ഞു. അപ്പോൾ ആ ഉദ്യോഗസ്ഥനു കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹമായി. അദ്ദേഹം ലക്‌സംബർഗിലുള്ള ഒരു സഭയിലേക്കു ഫോൺ ചെയ്‌ത്‌ തനിക്കു ബൈബിൾ പഠിക്കാനും യോഗങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും ആഗ്രഹമുണ്ടെന്ന്‌ പറഞ്ഞു. രാജ്യഹാളിൽ എത്തിയ അദ്ദേഹത്തിന്‌ അവിടത്തെ ഊഷ്‌മളമായ അന്തരീക്ഷത്തിലും തനിക്കു ലഭിച്ച ഹൃദ്യമായ സ്വാഗതത്തിലും വലിയ മതിപ്പു തോന്നി. ബൈബിൾ പഠിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന്‌ അത്‌ ആക്കം കൂട്ടി.

ജർമനിയിലെ ആ സഹോദരിക്കു ഫോൺ ചെയ്‌ത്‌ 13 മാസത്തിനു ശേഷം അദ്ദേഹം സ്‌നാപനമേറ്റു. 1999 ഒക്‌ടോബറിൽ അദ്ദേഹം ഒരു സാധാരണ പയനിയറായി. ആ ജർമൻ സഹോദരി, താനൊരു സാക്ഷിയാണെന്നു വെളിപ്പെടുത്താനും രാജ്യവിത്തു വിതയ്‌ക്കാനും പ്രസ്‌തുത അവസരം വിനിയോഗിച്ചത്‌ എത്രയോ ഫലവത്തായിരുന്നു.

പോർച്ചുഗലിലെ ആന്റോണിയൂവിന്റെ സഹോദരൻ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിരുന്നു. അദ്ദേഹം ആന്റോണിയൂവിനെ സന്ദർശിക്കുന്ന അവസരങ്ങളിൽ നടത്തിയിരുന്ന ബൈബിൾ ചർച്ചകളുടെ ഫലമായി ആന്റോണിയൂവിന്‌ ബൈബിൾ സന്ദേശത്തിലുള്ള താത്‌പര്യം വർധിച്ചു. തത്‌ഫലമായി, ആന്റോണിയൂ ബൈബിളിനെ കുറിച്ചു കൂടുതൽ പഠിക്കാൻ ആഗ്രഹിച്ചു. അദ്ദേഹം സഹായത്തിനായി ദൈവത്തോടു നിരന്തരം പ്രാർഥിക്കുമായിരുന്നു. അധികം താമസിയാതെ രണ്ടു സാക്ഷികൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി. അവർ അദ്ദേഹത്തിന്‌ ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു. അറിവു നേടുന്നതനുസരിച്ച്‌, ആന്റോണിയൂ ദൈവഹിതത്തിനു ചേർച്ചയിൽ ജീവിതത്തിൽ പല മാറ്റങ്ങളും വരുത്താൻ തുടങ്ങി. ഒന്നാമതായി, തനിക്കു വളരെ പ്രിയങ്കരമായിരുന്ന മൃഗവേട്ട അദ്ദേഹം നിർത്തി. 15 വർഷമായി മുനിസിപ്പാലിറ്റി മേയർ എന്ന ഉന്നത സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം ക്രിസ്‌തീയ നിഷ്‌പക്ഷത എന്ന വിഷയത്തെ കുറിച്ചു പഠിച്ചപ്പോൾ ആ സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചു. രാജിയിൽനിന്ന്‌ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും, തന്റെ തീരുമാനത്തോടു പറ്റിനിൽക്കാൻ യാക്കോബ്‌ 4:​4-ലെ ബുദ്ധിയുപദേശം അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹവും ഭാര്യയും കൂടുതൽ പുരോഗതി പ്രാപിക്കുകയും യഹോവയുമായുള്ള തങ്ങളുടെ ബന്ധം ആഴമുള്ളതാക്കുകയും ചെയ്‌തു. ചുരുങ്ങിയ കാലത്തിനുള്ളിൽ അവർ പ്രസാധകർ ആയിത്തീർന്നു, താമസിയാതെ സ്‌നാപനമേൽക്കുകയും ചെയ്‌തു.

സ്‌പെയിനിലെ ഒരു സഹോദരന്റെ അനുഭവം ശ്രദ്ധിക്കുക. നിരവധി വർഷങ്ങൾക്കു മുമ്പ്‌ ഒരു സഹജോലിക്കാരൻ അദ്ദേഹത്തിന്റെ വിശ്വാസത്തെ പ്രതി അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്നു. അയാൾ മാസങ്ങളോളം ഈ സഹോദരന്റെ മതത്തെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്‌തിരുന്നു. അത്‌ ഒട്ടും സഹിക്കാൻ കഴിയാതായപ്പോൾ, ക്രിസ്‌തുവിനെപ്പോലെ തിന്മയ്‌ക്കു പകരം തിന്മ ചെയ്യാതെ വിഷമസാഹചര്യത്തെ സഹിച്ചുനിൽക്കാനുള്ള കഴിവിനായി ആ സഹോദരൻ യഹോവയോടു പ്രാർഥിച്ചു. അതിശയകരമെന്നു പറയട്ടെ, പരിഹാസിയായ ആ ജോലിക്കാരന്റെ മനോഭാവത്തിനു മാറ്റം വന്നു. അയാൾ സഹോദരനോടു ക്ഷമ ചോദിക്കുകയും അദ്ദേഹത്തിന്റെ മുന്നിൽവെച്ച്‌ ഇനിയൊരിക്കലും ദൈവത്തെ പരിഹസിക്കുകയില്ലെന്ന്‌ ഉറപ്പു നൽകുകയും ചെയ്‌തു. കുറച്ചു നാളുകൾക്കു ശേഷം, അയാൾ ആ കമ്പനിയിലെ ജോലി നിർത്തിപ്പോയി.

ആ മുൻ സഹജോലിക്കാരനെ നമ്മുടെ സഹോദരൻ കാണുന്നത്‌ 24 വർഷത്തിനു ശേഷമാണ്‌. ആ സഹോദരൻ ഒരു രാജ്യഹാളിൽ പ്രസംഗം നടത്താൻ ചെന്നപ്പോഴായിരുന്നു അത്‌. താൻ ഇപ്പോൾ ബൈബിൾ പഠിച്ച്‌ സ്‌നാപനമേറ്റ ഒരു സാക്ഷി ആണെന്ന്‌ അദ്ദേഹം സഹോദരനോടു പറഞ്ഞു. അനേകം വർഷങ്ങൾ പിന്നിട്ടെങ്കിലും, “തന്നോടും തന്റെ ദൈവത്തോടുമുള്ള പരിഹാസം ദീർഘകാലം ക്ഷമിച്ചുനിന്ന പ്രസ്‌തുത സാക്ഷിയെ” അദ്ദേഹം മറന്നിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദ്വീപുകൾ

പല വലിപ്പത്തിലുള്ള ദ്വീപുകളുണ്ട്‌, അവ വളരെ വലിപ്പമേറിയ ഭൂഖണ്ഡങ്ങളിൽ നിന്നു തികച്ചും വ്യത്യസ്‌തമാണ്‌. ഒരു ദ്വീപഭൂഖണ്ഡമായ ഓസ്‌ട്രേലിയയെ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, 22,00,000 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ഗ്രീൻലൻഡ്‌ ആണ്‌ ഭൂമിയിലെ ഏറ്റവും വലിയ ദ്വീപ്‌. ഏറ്റവും ചെറിയ ദ്വീപുകൾക്ക്‌ ഒരു നഗരബ്ലോക്കിനെക്കാളും കുറഞ്ഞ വിസ്‌തീർണമേ ഉള്ളൂ. ഇടത്തരം വലിപ്പമുള്ള ആയിരക്കണക്കിനു ദ്വീപുകളുമുണ്ട്‌. ചില ദ്വീപുകളിൽ നിന്നുള്ള അനുഭവങ്ങൾ നോക്കുക.

ഓസ്‌ട്രേലിയയിൽ വീടുതോറുമുള്ള വേലയിൽ ഒരു സഹോദരി ഒരു സ്‌ത്രീയെ കണ്ടുമുട്ടി. അവർക്കു ദൈവവചനത്തിൽ വലിയ താത്‌പര്യമുള്ളതായി തോന്നിയില്ല. ആ സ്‌ത്രീ ഒരു ലഘുലേഖ സ്വീകരിച്ചെങ്കിലും, മടക്കസന്ദർശനം നടത്തുന്നതുകൊണ്ട്‌ വലിയ പ്രയോജനമൊന്നും ഉണ്ടായിരിക്കില്ലെന്ന്‌ സഹോദരി വിചാരിച്ചു. എന്നിരുന്നാലും, മടങ്ങിച്ചെല്ലാൻ സഹോദരി തീരുമാനിച്ചു. പല സന്ദർശനങ്ങൾക്കു ശേഷമേ അവരെ വീട്ടിൽ കാണാൻ സാധിച്ചുള്ളൂ. സഹോദരിയുടെ ആദ്യസന്ദർശനത്തിനു ശേഷം താൻ വിലകൂടിയ ഒരു ബൈബിൾ വാങ്ങിയതായി ആ സ്‌ത്രീ പറഞ്ഞു. നമ്മുടെ സഹോദരി അവരുമായി ബൈബിൾ ചർച്ച തുടങ്ങി. ക്രിസ്‌തീയ തത്ത്വങ്ങളുമായി അനുരൂപപ്പെടുന്നതിന്‌ ആ സ്‌ത്രീ ഇപ്പോൾ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, അവർ എല്ലാ യോഗങ്ങളിലും സംബന്ധിക്കുകയും ചെയ്യുന്നുണ്ട്‌.

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വീടുതോറുമുള്ള പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കെ, ഒരു സഹോദരൻ 60-നോടടുത്ത്‌ പ്രായമുള്ള ഒരു സ്‌ത്രീയെ കണ്ടുമുട്ടി. സംഭാഷണം കഴിഞ്ഞ്‌ പോകാൻ നേരം ഹസ്‌തദാനം ചെയ്യാൻ സഹോദരൻ കൈ നീട്ടിയെങ്കിലും, അവർ കൈ നീട്ടിയില്ല. അപ്പോഴാണ്‌ അവർക്കു കാഴ്‌ചശക്തി ഇല്ലെന്ന കാര്യം സഹോദരനു മനസ്സിലായത്‌. അവരുടെ അടുക്കൽ വീണ്ടും മടങ്ങിവരാമെന്നു സഹോദരൻ വാഗ്‌ദാനം ചെയ്‌തു.

അന്ധയായ തന്റെ ക്ഷേമത്തിൽ ഒരാൾ വ്യക്തിപരമായ താത്‌പര്യം പ്രകടമാക്കിയത്‌ തന്നെ അമ്പരപ്പിച്ചതായി താൻ മകളോടു പറഞ്ഞെന്ന്‌ അദ്ദേഹം മടങ്ങിച്ചെന്നപ്പോൾ ആ സ്‌ത്രീ പറഞ്ഞു. കാഴ്‌ചശക്തി വീണ്ടുകിട്ടാനുള്ള യാതൊരു സാധ്യതയും ഇല്ലെന്ന്‌ ആളുകൾ തന്നോടു പറഞ്ഞതായി അവർ വിശദീകരിച്ചു. ആ സഹോദരൻ പ്രത്യാശയുടെ ദൈവത്തെ കുറിച്ച്‌ അവരോടു സംസാരിക്കുകയും യേശു അന്ധർക്കു കാഴ്‌ച നൽകിയ ചില ബൈബിൾ വിവരണങ്ങൾ വായിച്ചു കേൾപ്പിക്കുകയും ചെയ്‌തു. (മത്താ. 9:27-30) ഇത്‌ ആ സ്‌ത്രീയിൽ ആഴമായ വിലമതിപ്പ്‌ ഉളവാക്കി.

ആ സ്‌ത്രീക്കായി എന്തെങ്കിലും ചെയ്യാനാകുമോ എന്നറിയാൻ ആ സഹോദരൻ അന്ധർക്കായുള്ള ഒരു സ്ഥാപനത്തിൽ അന്വേഷണം നടത്തി, ഒരു ഡോക്‌ടറെ കാണാനുള്ള ക്രമീകരണങ്ങളും ചെയ്‌തു. പരിശോധനയ്‌ക്കു ശേഷം, ഓപ്പറേഷൻ നടത്തിയാൽ ഒരുപക്ഷേ കാഴ്‌ചശക്തി തിരികെ കിട്ടിയേക്കുമെന്ന്‌ ഡോക്‌ടർ പറഞ്ഞു. പിന്നീട്‌ അവർക്ക്‌ ഓപ്പറേഷൻ നടത്തി, അതു വിജയമായിരുന്നു. ഈ കാലയളവിലെല്ലാം ആ സ്‌ത്രീ കൂടുതലായ ബൈബിൾ ഗ്രാഹ്യം നേടിക്കൊണ്ടിരുന്നു. ഓപ്പറേഷനു ശേഷം അവർ എന്റെ ബൈബിൾ കഥാ പുസ്‌തകം വായിക്കാൻ തുടങ്ങി. ഏതാനും ആഴ്‌ചകൊണ്ട്‌ അവർ അതു വായിച്ചുതീർത്തു. അതിനുശേഷം, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകവും അവർ പഠിച്ചു. ഓപ്പറേഷനു മുമ്പ്‌ അവർ യോഗങ്ങളിൽ പതിവായി സംബന്ധിക്കുമായിരുന്നു. കാഴ്‌ചശക്തി ലഭിച്ചശേഷവും അവർ ഒരിക്കലും യോഗങ്ങൾ മുടക്കിയിട്ടില്ല. താൻ പഠിക്കുന്ന കാര്യങ്ങളെ കുറിച്ചും കാഴ്‌ചശക്തി തിരികെ കിട്ടാൻ തനിക്കു ലഭിച്ച സഹായത്തെ കുറിച്ചും അവർ മറ്റുള്ളവരോടു പറയാൻ തുടങ്ങി. 1999-ലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ അവർ സ്‌നാപനമേറ്റു.

ഒരു സഹോദരി റീയൂണിയൻ ദ്വീപിൽ സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കെ, ഒരു സ്‌ത്രീക്ക്‌ നമ്മുടെ മാസികകൾ കൊടുത്തു. “വായിക്കാൻ അറിയില്ലാത്തതിനാൽ, ഈ മാസികകൾകൊണ്ട്‌ എനിക്ക്‌ യാതൊരു പ്രയോജനവും ഇല്ല” എന്നായിരുന്നു അവരുടെ മറുപടി. അവരെ വായന പഠിപ്പിക്കാമെന്ന്‌ സഹോദരി പറഞ്ഞു. ആ സ്‌ത്രീക്ക്‌ അതിൽ വലിയ സന്തോഷം തോന്നി. എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്നീ ലഘുപത്രികകളുമായി സഹോദരി അവരെ വീണ്ടും സന്ദർശിച്ചു. സഹോദരി അവരെ ആഴ്‌ചയിൽ അര മണിക്കൂർ വായനയും അര മണിക്കൂർ ബൈബിൾ വിഷയങ്ങളും പഠിപ്പിച്ചു. വായിക്കുന്നതിലും സത്യത്തിന്റെ ഗ്രാഹ്യം നേടുന്നതിലും ആ സ്‌ത്രീ നല്ല പുരോഗതി നേടി.

മക്കൾ അവരെ അതിൽനിന്ന്‌ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, താൻ തുടർന്നു പഠിക്കുമെന്ന്‌ അവർ പറഞ്ഞു. താമസിയാതെ അവർ പരിജ്ഞാനം പുസ്‌തകം പഠിക്കാനും യോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങി. ഈ അടുത്ത കാലത്ത്‌ അവർ സ്‌നാപനമേറ്റു. ഇപ്പോൾ അക്ഷരാഭ്യാസമുള്ള അവർക്കു ബൈബിളും മറ്റു പ്രസിദ്ധീകരണങ്ങളും വായിക്കാൻ സാധിക്കുന്നു.

ന്യൂസിലൻഡിലെ നോർത്ത്‌ അയലണ്ടിൽ ഹീന എന്നു പേരുള്ള ഒരു യുവതിക്ക്‌ ഒരു സഹോദരി ബൈബിൾ അധ്യയനം തുടങ്ങി. ആവശ്യം ലഘുപത്രിക ഉപയോഗിച്ചുള്ള രണ്ട്‌ അധ്യയനങ്ങൾക്കു ശേഷം താനൊരു യഹോവയുടെ സാക്ഷി ആകാൻ ആഗ്രഹിക്കുന്നുവെന്നും ആ പ്രദേശത്തെ ഒരു റൗഡിസംഘത്തിലെ പ്രമുഖ അംഗമായ തന്റെ കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പോകുകയാണെന്നും ഹീന ആ സഹോദരിയെ അറിയിച്ചു. അവൾ ധൈര്യസമേതം തന്റെ ഉദ്ദേശ്യങ്ങൾ കാമുകനെ അറിയിച്ചു. “അതിനെന്താ, നിനക്ക്‌ ഇഷ്‌ടമുള്ളതുപോലെ ചെയ്‌തുകൊള്ളൂ” എന്നായിരുന്നു അയാളുടെ മറുപടി. അതു ഹീനയെ അത്ഭുതപ്പെടുത്തി.

എന്നാൽ പിന്നീട്‌ മനസ്സു മാറ്റിയ അയാൾ ഹീനയോടു മാത്രമല്ല യഹോവയുടെ സാക്ഷികളോടും പ്രതികാരം ചെയ്യാൻ മുതിർന്നു. രാജ്യഹാളിനു നേർക്ക്‌ നിറയൊഴിക്കാൻ അയാൾ തീരുമാനിച്ചു. എന്നാൽ അത്തരമൊരു നടപടി സ്വീകരിക്കുന്നതിനു മുമ്പ്‌, സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിക്കാനും അവരെ കുറിച്ച്‌ അന്വേഷണം നടത്താനും ഒരു മുൻ കൂട്ടാളി അയാളോടു നിർദേശിച്ചു. ഹീനയുടെ കാമുകൻ അതു സമ്മതിച്ചു. അന്നു രാത്രി അയാൾ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ സംബന്ധിച്ചു. ആ യോഗം അയാളിൽ വളരെ മതിപ്പ്‌ ഉളവാക്കി. റൗഡിസംഘത്തിലെ മറ്റുള്ളവരെ വിളിച്ച്‌ താനൊരു യഹോവയുടെ സാക്ഷി ആകാൻ ആഗ്രഹിക്കുന്നു എന്ന്‌ അയാൾ അറിയിച്ചു! പിന്നീട്‌ ഒരു ശ്‌മശാനത്തിൽ വെച്ച്‌ അവരുടെ സംഘത്തിന്റെ ഒരു ഔദ്യോഗിക യോഗം നടന്നു. മയക്കുമരുന്ന്‌ ദുരുപയോഗവും വ്യാജമദ്യ ബിസിനസും ഒക്കെ ഉൾപ്പെടുന്ന തന്റെ കഴിഞ്ഞകാല ജീവിതഗതി താൻ അവസാനിപ്പിക്കുക ആണെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌, റൗഡിസംഘത്തിന്റെ ഭാഗമായി തന്നെ തിരിച്ചറിയിക്കാൻ ധരിച്ചിരുന്ന അടയാളം അവിടെവെച്ച്‌ അയാൾ കുഴിച്ചുമൂടി. യോഗങ്ങൾക്കു പതിവായി ഹാജരാകാറുള്ള അദ്ദേഹവും ഹീനയും ഇപ്പോൾ നിയമപരമായി വിവാഹിതരാണ്‌. ഹീന അടുത്തകാലത്തു സ്‌നാപനമേറ്റു. സ്‌നാപനത്തിനു യോഗ്യനാകാൻ അവളുടെ ഭർത്താവ്‌ ഇപ്പോൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു.

ഉണരുക!യുടെ 2000 ഫെബ്രുവരി 8, 22 ലക്കങ്ങൾക്കു പ്രത്യേക പ്രചരണം നൽകാൻ ട്രിനിഡാഡ്‌ ബ്രാഞ്ച്‌ തീരുമാനിച്ചു. അതിൽ ആദ്യ ലക്കത്തിലെ ആമുഖ ലേഖനപരമ്പര അച്ഛനില്ലാത്ത കുടുംബങ്ങളെ കുറിച്ചും രണ്ടാമത്തെ ലക്കത്തിലേത്‌ ആത്മഹത്യയെ കുറിച്ചും ആയിരുന്നു. സാമൂഹിക-ക്ഷേമ സംഘടനകൾ, പോലീസ്‌ സാമൂഹിക സേവന സംഘങ്ങൾ, സ്‌കൂളുകൾ, ഗവൺമെന്റിതര സംഘടനകൾ എന്നിവയ്‌ക്കും മന്ത്രിമാർക്കും പാർലമെന്റ്‌ അംഗങ്ങൾക്കും ആ ലക്കങ്ങളിൽ ചർച്ച ചെയ്‌തിരിക്കുന്ന വിഷയങ്ങളിൽ പ്രത്യേക താത്‌പര്യം കാണിച്ചേക്കാവുന്ന മറ്റു വ്യക്തികൾക്കും അവ സമർപ്പിക്കാൻ പരിപാടിയിട്ടു.

14,941 മാസികകളും 1,374 പുസ്‌തകങ്ങളും 90 ലഘുപത്രികകളും സമർപ്പിച്ചതായി ബ്രാഞ്ചിൽ നിന്നുള്ള പൂർത്തിയാകാത്ത റിപ്പോർട്ട്‌ പ്രകടമാക്കുന്നു. ആ പ്രചരണ പരിപാടിയുടെ ഫലമായി 860 മടക്കസന്ദർശനങ്ങളും 29 ഭവന ബൈബിൾ അധ്യയനങ്ങളും ലഭിച്ചു. സാധാരണ ഗതിയിലുള്ള സാക്ഷീകരണത്തിലൂടെ കണ്ടുമുട്ടാൻ സാധ്യതയില്ലാതിരുന്ന ആളുകളായിരുന്നു അവരിൽ പലരും. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തോടു വിലമതിപ്പു പ്രകടമാക്കിക്കൊണ്ട്‌ നിരവധി മന്ത്രിമാരും മന്ത്രാലയങ്ങളും സൊസൈറ്റിക്കു കത്ത്‌ അയച്ചു. അവയിൽ ഒന്ന്‌ അറ്റോർണി ജനറലിന്റെയും നിയമവകുപ്പിന്റെയും മന്ത്രാലയത്തിൽനിന്ന്‌ ലഭിച്ചതായിരുന്നു. അത്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “ഉണരുക! മാസികയുടെ . . . സൗജന്യ പ്രതികൾക്കു നന്ദി. അവ അങ്ങേയറ്റം വിജ്ഞാനപ്രദമായിരുന്നു. ഞങ്ങളുടെ മന്ത്രാലയത്തിലുള്ള വ്യത്യസ്‌ത ഡിപ്പാർട്ടുമെന്റുകൾക്കു കൊടുക്കാൻ കൂടുതലായി ആറു പ്രതികൾ കൂടി ലഭിച്ചാൽ ഉപകാരമായിരുന്നു. കുടുംബജീവിതത്തോടു ബന്ധപ്പെട്ട ഞങ്ങളുടെ നയങ്ങൾ ഉന്നമിപ്പിക്കാൻ ഉതകുന്ന വിവരങ്ങൾ ഉണ്ടെങ്കിൽ, ദയവായി ഞങ്ങൾക്കു തരിക. ഞങ്ങൾ അതു തീർച്ചയായും വിലമതിക്കുന്നതായിരിക്കും.” ആ കത്തിൽ അറ്റോർണി ജനറൽ തന്നെയാണ്‌ ഒപ്പിട്ടിരുന്നത്‌.