വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുറെസോ

കുറെസോ

കുറെസോ

വെനെസ്വേലയുടെ തീരത്തുനിന്ന്‌ അകലെയായി സ്ഥിതിചെയ്യുന്ന ദ്വീപുകളാണ്‌ അരൂബയും കുറെസോയും ബെണേറും. മറ്റു കരീബിയൻ ദ്വീപുകൾക്ക്‌ ഉള്ളതുപോലുള്ള പച്ചപ്പിന്റെ മനോഹാരിത അവയ്‌ക്കില്ല. പകരം, മണലാരണ്യത്തിന്റെ മനോഹാരിതയാണുള്ളത്‌. രാത്രികാലങ്ങളിലെ നിഗൂഢതയാർന്ന നിഴൽരൂപങ്ങളും പകൽനേരങ്ങളിൽ ദൃശ്യമാകുന്ന വൈരുദ്ധ്യമാർന്ന നിറഭേദങ്ങളും ഈ മൂന്നു ദ്വീപുകൾക്കും തനതായ സൗന്ദര്യം പകരുന്നു.

മഴ കുറവായതിനാൽ കൂറ്റൻ കള്ളിമുൾച്ചെടികൾ ഈ ഭൂപ്രദേശത്തെ ഒന്നാകെ കയ്യടക്കിയിരിക്കുന്നു. ഇവയിൽ കഡൂഷി എന്ന ഇനം, കള്ളിച്ചെടി കുടുംബത്തിന്റെ അഭിമാനമാണ്‌. ഡിവി-ഡിവി വൃക്ഷവും ഇവിടങ്ങളിൽ തഴച്ചുവളരുന്നുണ്ട്‌. ഒരു വശത്തേക്കു ചാഞ്ഞിരിക്കുന്ന മകുടങ്ങൾ ഈ വൃക്ഷങ്ങളുടെ പ്രത്യേകതയാണ്‌. അവിടത്തെ തോട്ടങ്ങളിൽ, കാവൽഗോപുരങ്ങളെ പോലെ തല ഉയർത്തി നിൽക്കുന്ന പ്ലാന്റേഷൻ കെട്ടിടങ്ങൾ ഗതകാലത്തെ അധിനിവേശത്തെ അനുസ്‌മരിപ്പിക്കുന്നു. നാട്ടിൻപുറങ്ങളിലൂടെയും റോഡുകൾക്കു കുറുകെയുമെല്ലാം ആടുകൾ തുള്ളിക്കളിച്ചു നടക്കുന്നതു കാണാം.

തിരക്കേറിയ ടൂറിസ്റ്റ്‌ വ്യവസായ കേന്ദ്രങ്ങളാണ്‌ അരൂബയും ബെണേറും. എന്നാൽ കുറെസോയുടെ വരുമാനത്തിനു നിദാനം എണ്ണ ശുദ്ധീകരണവും സമുദ്രാധിഷ്‌ഠിത ബിസിനസ്സുമാണ്‌. ഈ മൂന്നു ദ്വീപുകളിലും ഓരോ ഉപ്പുനീക്കൽ നിലയങ്ങളുണ്ട്‌. ഇവിടെ കടൽവെള്ളത്തിൽനിന്ന്‌ ഉപ്പു നീക്കംചെയ്യുന്നു. അങ്ങനെ കുടിവെള്ളവും വൈദ്യുതി നിർമാണത്തിന്‌ ആവശ്യമായ നീരാവിയും ലഭ്യമാകുന്നു.

ഇപ്പോൾ 2,50,000-ത്തിൽ താഴെ മാത്രം ജനങ്ങളുള്ള ഈ ദ്വീപുകൾ കണ്ടെത്തിയത്‌ സ്‌പെയിൻകാരാണ്‌, 15-ാം നൂറ്റാണ്ടിൽ. പിന്നീട്‌ ഡച്ചുകാർ ഈ ദ്വീപുകൾ പിടിച്ചടക്കി. ഇടയ്‌ക്ക്‌ കുറച്ചു കാലത്തേക്ക്‌ അവ ഫ്രഞ്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും അധീനതയിലായെങ്കിലും 1815-ൽ അവ വീണ്ടും ഡച്ചുകാരുടെ കൈവശം വന്നുചേർന്നു. 1954 മുതൽ, പ്രസ്‌തുത ദ്വീപുകളും മൂന്ന്‌ ലീവാർഡ്‌ ദ്വീപുകളും ചേർന്ന നെതർലൻഡ്‌സ്‌ ഏന്റില്ലെസ്‌ ഫെഡറേഷന്‌ സ്വയം ഭരണാവകാശം ലഭിച്ചു. 1986-ൽ അരൂബയ്‌ക്ക്‌ സ്റ്റാറ്റസ്‌ ആപ്പാർട്ടെ അഥവാ സ്വതന്ത്ര ഭരണാവകാശം നൽകപ്പെട്ടു.

സംസ്‌കാരവും ഭാഷയും

ഡച്ച്‌ ഗവൺമെന്റിന്റെ കീഴിൽ ഈ ദ്വീപുകളിൽ മതസഹിഷ്‌ണുതയുടേതായ അന്തരീക്ഷം നിലനിൽക്കുന്നു. പ്രൊട്ടസ്റ്റന്റുകാരുടെ വലിയ കൂട്ടങ്ങൾ ഇവിടെയുണ്ടെങ്കിലും ദ്വീപവാസികളിൽ ഭൂരിഭാഗവും റോമൻ കത്തോലിക്കരാണ്‌. കുറെസോയിൽ നല്ലൊരു സംഖ്യ യഹൂദരുമുണ്ട്‌. വിവിധ വംശജരും 40 മുതൽ 50 വരെ വ്യത്യസ്‌ത രാഷ്‌ട്രങ്ങളിൽനിന്നുള്ളവരുമായ ആളുകൾ ഇവിടെ സമാധാനത്തിൽ ഒത്തൊരുമിച്ചു വസിക്കുന്നു. ഈ ആളുകൾക്കെല്ലാം ഒരു പൊതുഭാഷ ഉണ്ടെങ്കിലും ഓരോ ദ്വീപും തനതായ സവിശേഷത പുലർത്തുന്നു. വൈവിധ്യമാർന്ന ഈ സമൂഹത്തിൽ ബൈബിൾ സത്യം വേരെടുക്കുകയും പടർന്നുപന്തലിക്കുകയും ചെയ്‌തിരിക്കുന്നു.

പല ഭാഷകൾ കൈകാര്യം ചെയ്യുന്നവരാണ്‌ ഇവിടത്തെ ആളുകൾ. സംസാരത്തിനിടയിൽ ഒരു ഭാഷയിൽനിന്ന്‌ മറ്റൊന്നിലേക്കുള്ള മാറ്റം സാധാരണമായതിനാൽ തങ്ങൾ ഏതു ഭാഷയാണ്‌ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌ എന്നുപോലും ചിലപ്പോൾ ആളുകൾ മറന്നുപോകാറുണ്ട്‌. ഇവിടത്തെ മാതൃഭാഷ പാപ്പിയമെന്റോ ആണെങ്കിലും ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിരിക്കുന്നത്‌ ഡച്ചാണ്‌. കൂടാതെ ഇംഗ്ലീഷും സ്‌പാനീഷും ബിസിനസ്‌ മേഖലയിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നു. പാപ്പിയമെന്റോ ഉടലെടുത്തത്‌ 17-ാം നൂറ്റാണ്ടിനുമുമ്പ്‌ പശ്ചിമാഫ്രിക്കയിലെ കേപ്‌ വേർഡ്‌ ദ്വീപുകളിലാണെന്ന ഒരു അഭിപ്രായം നിലവിലുണ്ട്‌. ആഫ്രിക്കയിൽ മിന്നലാക്രമണം നടത്താൻ പോർച്ചുഗീസുകാർ ആ ദ്വീപുകളെ താവളമായി ഉപയോഗിച്ചു. ആഫ്രിക്കക്കാർക്കും പോർച്ചുഗീസുകാർക്കും ആശയവിനിമയം നടത്താൻ സാധിക്കേണ്ടതിന്‌ ഒരു പുതിയ ക്രയോൾ ഭാഷ​—⁠ആഫ്രിക്കൻ ഭാഷകളും പോർച്ചുഗീസ്‌ ഭാഷയും കൂടിച്ചേർന്ന ഒന്ന്‌​—⁠നിലവിൽ വന്നു. പരസ്‌പരം ആശയവിനിമയം നടത്താൻ വ്യത്യസ്‌ത ഭാഷാക്കൂട്ടങ്ങളെ പ്രാപ്‌തമാക്കുന്ന ഒരു ഭാഷയെ ലിങ്ക്വാ ഫ്രാങ്ക എന്നാണു വിളിക്കുന്നത്‌. പിന്നീട്‌, ഈ ദ്വീപുകളിലേക്കു കൊണ്ടുവരപ്പെട്ട അടിമകളാണ്‌ ഇവിടങ്ങളിൽ ക്രയോൾ ഭാഷ പ്രചരിക്കാനിടയാക്കിയത്‌. വർഷങ്ങളിലൂടെ ഡച്ച്‌, സ്‌പാനീഷ്‌, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ എന്നീ ഭാഷകൾ ക്രയോൾ ഭാഷയെ സ്വാധീനിച്ചു. തത്‌ഫലമായി രൂപംകൊണ്ട പാപ്പിയമെന്റോ ഈ ഭാഷകളുടെയെല്ലാം ഒരു സമന്വയമാണ്‌.

അടിമകൾ രൂപംനൽകുകയും ദ്വീപുകളിൽ പ്രചരിപ്പിക്കുകയും ചെയ്‌ത ലിങ്ക്വാ ഫ്രാങ്ക അടിസ്ഥാനപരമായി, അവർക്കിടയിലെ ആശയവിനിമയ വിടവ്‌ നികത്താനും അവരെ ഏകീകരിക്കാനും ഉള്ള ഒരു മാർഗമായി ഉതകി. എന്നാൽ മറ്റൊരു ലിങ്ക്വാ ഫ്രാങ്കയും നിലവിൽ വന്നിരിക്കുന്നു. സെഫന്യാവു 3:​9-ൽ (NW) പറഞ്ഞിരിക്കുന്ന ഒന്നാണ്‌ അത്‌: “അപ്പോൾ ജനതകളെല്ലാം യഹോവയെ തോളോടുതോൾ ചേർന്നു സേവിക്കേണ്ടതിന്‌, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കേണ്ടതിന്‌, ഞാൻ അവർക്ക്‌ ഒരു നിർമലഭാഷയിലേക്കുള്ള മാറ്റം നൽകും.” ഈ “നിർമലഭാഷ” സാമൂഹിക, വംശീയ, ദേശീയ ഭിന്നതകളെ മറികടക്കാൻ സഹായിച്ചുകൊണ്ട്‌ ചില ദ്വീപവാസികളെ ഏകീകരിച്ചിരിക്കുന്നു. അതിനുപുറമേ, യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സഹോദരവർഗവുമായി അത്‌ അവരെ ഏകീകൃതരാക്കുകയും ചെയ്‌തിരിക്കുന്നു. അതുകൊണ്ട്‌ പാപ്പിയമെന്റോ, ഇംഗ്ലീഷ്‌, സ്‌പാനീഷ്‌, ഡച്ച്‌ എന്നീ ഭാഷകളിൽ വെവ്വേറെ സഭകൾ ഉണ്ടെങ്കിലും ബൈബിൾ സത്യത്തിന്റെ ലിങ്ക്വാ ഫ്രാങ്ക സഹോദരങ്ങളെ ഒരു സ്‌നേഹവലയത്തിൽ അടുപ്പിച്ചുനിറുത്തുന്നു.

സത്യത്തിന്റെ ഉദയം

സത്യത്തിന്റെ ആദ്യ വിത്തുകൾ ഈ ദ്വീപുകളിൽ വിതയ്‌ക്കപ്പെട്ടത്‌ എങ്ങനെയെന്നു കൃത്യമായി അറിവായിട്ടില്ല. ഏതാണ്ട്‌ അഗോചരമായ ഒരു വിധത്തിലായിരുന്നു ഇവിടെ സത്യം ഉദയം ചെയ്‌തത്‌. ദീർഘകാലമായി റോമൻ കത്തോലിക്കാ സഭയുടെ ശക്തികേന്ദ്രങ്ങളായിരുന്ന, അന്ധകാരത്തിൽ ആണ്ടു കിടന്നിരുന്ന ഈ ദ്വീപുകളെ സത്യത്തിന്റെ കിരണങ്ങൾ പ്രകാശമാനമാക്കി. 1920-കളുടെ അവസാനത്തിലും 1930-കളിലും നിരവധി ആളുകൾ ഇവിടെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. മതപരമായ പുസ്‌തകങ്ങൾ വീടുതോറും കൊണ്ടുനടന്നു വിറ്റിരുന്ന ഒരു മനുഷ്യൻ, അറിയാതെയാണെങ്കിലും സത്യത്തിന്റെ വിത്തുകൾ പാകുന്നതിൽ ഒരു പങ്കുവഹിക്കുകയുണ്ടായി. കാരണം, അദ്ദേഹം വിൽപ്പന നടത്തിയിരുന്ന പുസ്‌തകങ്ങളുടെ കൂട്ടത്തിൽ ദൈവത്തിന്റെ സംഘടന പ്രസിദ്ധീകരിച്ചിരുന്ന സാഹിത്യങ്ങളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു പുത്രിമാർ, പേളും റൂബിയും പുസ്‌തക വിൽപ്പനയിൽ അദ്ദേഹത്തെ സഹായിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം അവർ യഹോവയുടെ സാക്ഷികൾ ആയിത്തീർന്നു. അവർ ഇരുവരും ഇന്നോളം വിശ്വസ്‌തരായി നിലകൊണ്ടിരിക്കുന്നു.

ഒരു എണ്ണ ശുദ്ധീകരണ ശാലയിൽ ജോലി ചെയ്‌തിരുന്ന ട്രിനിഡാഡുകാരനായ ബ്രൗൺ സഹോദരനാണ്‌ കുറെസോയിൽ ആദ്യമായി സ്‌നാപനം നിർവഹിച്ചത്‌, 1940-ൽ. അന്ന്‌ അദ്ദേഹം തന്റെ അധ്യയനത്തിലുള്ള അഞ്ചു പേരെ സ്‌നാപനപ്പെടുത്തി. അക്കൂട്ടത്തിൽ മാർട്ടിൻ നാറെൻഡോർപ്പും ഭാര്യ വിൽഹെൽമിന്നായും എഡ്വാർട്ട്‌ വാൻ മാർളും ഉണ്ടായിരുന്നു. ഇവർ മൂവരും സുരിനാമിൽനിന്ന്‌ ഉള്ളവരായിരുന്നു.

നാറെൻഡോർപ്‌ ദമ്പതികളുടെ മകളായ ആനിറ്റാ ലിബ്രെറ്റോ അനുസ്‌മരിക്കുന്നു: “1940-ൽ എനിക്ക്‌ ആറു വയസ്സുള്ളപ്പോൾ ഇംഗ്ലീഷ്‌ സംസാരിച്ചിരുന്ന ഒരു സഹോദരൻ എന്റെ മാതാപിതാക്കളെ ബൈബിൾ പഠിപ്പിച്ചിരുന്നതു ഞാൻ ഓർക്കുന്നു. അവർക്ക്‌ ഡച്ച്‌ മാത്രമേ സംസാരിക്കാൻ അറിയാമായിരുന്നുള്ളൂ, ഇംഗ്ലീഷ്‌ ഒട്ടുംതന്നെ മനസ്സിലാകുമായിരുന്നില്ല. എങ്കിലും അവർ നല്ല ശ്രമം ചെയ്‌തു. ആറു മാസത്തിനുള്ളിൽ അവർ സ്‌നാപനമേറ്റു. ഞങ്ങളുടെ വീട്ടിൽ വെച്ചായിരുന്നു യോഗങ്ങൾ നടത്തിയിരുന്നത്‌. എന്നാൽ അവ ഇന്നത്തെപ്പോലെ അത്ര ക്രമീകൃതമായിരുന്നില്ല. ആ സായാഹ്ന അധ്യയനങ്ങൾ അർധരാത്രിക്കു ശേഷം പോലും നീണ്ടുപോകുമായിരുന്നു. ഇംഗ്ലീഷിലുള്ള പുസ്‌തകങ്ങൾ വായിച്ചു മനസ്സിലാക്കാൻ എന്റെ മാതാപിതാക്കൾ ഏറെ കഷ്ടപ്പെട്ടു.” പ്രസംഗവേല പ്രധാനമായും ഇംഗ്ലീഷിലാണ്‌ നടത്തപ്പെട്ടിരുന്നത്‌. കാരണം, ആ കൊച്ചു കൂട്ടത്തിന്‌ പാപ്പിയമെന്റോ ഒഴുക്കോടെ സംസാരിക്കാൻ സാധിച്ചിരുന്നില്ല. തന്നെയുമല്ല, ആ ഭാഷയിൽ സാഹിത്യങ്ങളും ലഭ്യമായിരുന്നില്ല.

പൊതുവേ, സ്ഥലവാസികൾ ബൈബിൾ വായിക്കാറില്ലായിരുന്നു. കാരണം കത്തോലിക്കാ സഭ അതു വിലക്കിയിരുന്നു. പുരോഹിതന്മാർ ബൈബിളുകൾ കണ്ടുകെട്ടുന്നതും സർവസാധാരണമായിരുന്നു. ആദ്യമൊക്കെ പുരോഹിതന്മാരിൽ ഒരാൾ സഹോദരന്മാരെ നിരന്തരം പിന്തുടരുമായിരുന്നു. എന്നിട്ട്‌ നിലത്ത്‌ ആഞ്ഞുചവിട്ടിക്കൊണ്ട്‌ “എന്റെ ആട്ടിൻകൂട്ടത്തെ നിങ്ങളൊന്നു വെറുതെ വിടുന്നുണ്ടോ!” എന്ന്‌ ആക്രോശിക്കുമായിരുന്നു.

അരൂബയിലും ബെണേറിലും വിത്തുകൾ പാകുന്നു

മാർട്ടിൻ നാറെൻഡോർപ്പും മുമ്പ്‌ ഒരു അഡ്വന്റിസ്റ്റുകാരനായിരുന്ന ജോൺ ഹിപ്പോലിറ്റും 1943-ൽ അരൂബ സന്ദർശിച്ചു. അവിടെ സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ അവർ തങ്ങളുടെ അവധിക്കാലം ചെലവഴിച്ചു. ആദ്യമായി അവിടെ സുവാർത്ത പ്രസംഗിച്ചത്‌ അവരാണെന്നു കരുതപ്പെടുന്നു. കുറെസോയിൽ മടങ്ങിച്ചെന്ന ശേഷം ഹിപ്പോലിറ്റ്‌ സഹോദരൻ, വയലിൽ സഹായം വേണമെന്ന്‌ അഭ്യർഥിച്ചുകൊണ്ട്‌ ബ്രുക്ലിനിലെ ഹെഡ്‌ക്വാർട്ടേഴ്‌സിലേക്ക്‌ എഴുതി. മൂന്നു വർഷത്തിനുശേഷം അവിടേക്കു മിഷനറിമാർ അയയ്‌ക്കപ്പെട്ടു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അവർ അവിടെ ചെല്ലുന്നതിനു മുമ്പേ അദ്ദേഹം മരിച്ചിരുന്നു. എങ്കിലും കുറെസോയിലെ, ജോൺ ഹിപ്പോലിറ്റിനെ പോലുള്ള ധീരരായ സഹോദരന്മാർ സഭാപ്രസംഗി 11:​6-ലെ ബുദ്ധിയുപദേശം പിൻപറ്റിക്കൊണ്ട്‌ വിത്തുകൾ നിർലോഭം വിതച്ചിരുന്നു. അവ പിൽക്കാലത്തു വേരെടുക്കുകയും പൊട്ടിമുളയ്‌ക്കുകയും ചെയ്‌തു.

ഗ്രനേഡയിലെ എഡ്‌മണ്ട്‌ കുമിങ്‌സും ട്രിനിഡാഡിലെ വുഡ്‌വേർത്ത്‌ മിൽസും 1944-ൽ അരൂബയിൽ എത്തി. സാൻ നിക്കോളാസിലുള്ള എണ്ണ ശുദ്ധീകരണ ശാലയിൽ അവർ ജോലിക്കു ചേർന്നു. അരൂബയുടെ കിഴക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന സാൻ നിക്കോളാസ്‌ പട്ടണം കുടിയേറ്റക്കാരെക്കൊണ്ടു നിറഞ്ഞിരുന്നു. എണ്ണ ശുദ്ധീകരണ ശാലയിൽ പണിയെടുക്കാനായി വെസ്റ്റ്‌ ഇൻഡീസിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ എത്തിയവരായിരുന്നു അവർ. നല്ലൊരു പരസ്യപ്രസംഗകനായ മിൽസ്‌ സഹോദരൻ, സുവാർത്താ പ്രസംഗത്തിനു വലിയ തോതിൽ ഉത്തേജനം നൽകി. 1946 മാർച്ച്‌ 8-ന്‌, മിൽസ്‌ സഹോദരനും കുമിങ്‌സ്‌ സഹോദരനും സാൻ നിക്കോളാസിൽ ആദ്യത്തെ ഇംഗ്ലീഷ്‌ സഭ സ്ഥാപിച്ചു. സഭയിൽ 11 പ്രസാധകർ ഉണ്ടായിരുന്നു. മിൽസ്‌ സഹോദരൻ ആയിരുന്നു കമ്പനി (സഭാ) ദാസൻ.

അവിടെ ആദ്യത്തെ സ്‌നാപനം നടന്നത്‌ 1946 ജൂൺ 9-ന്‌ ആയിരുന്നു. സ്‌നാപനമേറ്റ നാലു പേരിൽ തിമോത്തി ജെ. കാമ്പെല്ലും വിൽഫ്രഡ്‌ റോജേഴ്‌സും ഉണ്ടായിരുന്നു. 1946-ന്റെ അവസാനത്തോടെ പ്രസാധകരുടെ എണ്ണം ഇരട്ടിച്ചിരുന്നു. പിന്നീട്‌ ബോയിറ്റെമാൻ കുടുംബം, ഡേഫ്രേറ്റാസ്‌ കുടുംബം, കാമ്പെൽ കുടുംബം, സ്‌കോട്ട്‌ കുടുംബം, പോട്ടർ കുടുംബം, മൈയർ കുടുംബം, റ്റീറ്റ്ര കുടുംബം, ഫോസ്റ്റിൻ കുടുംബം തുടങ്ങി കുടിയേറ്റക്കാരായ സാക്ഷികൾ സഭയിൽ അംഗങ്ങളായി.

അനൗപചാരിക സാക്ഷീകരണത്തിൽ ശ്രദ്ധേയമായ വിജയം കൈവരിച്ചിരുന്ന ഒരു വ്യക്തിയാണ്‌ മിൽസ്‌ സഹോദരൻ. അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ ഒരാളായ ഓറിസ്‌ എന്ന സ്റ്റെനോഗ്രാഫർ അനുകൂലമായി പ്രതികരിച്ചു. 1947 ജനുവരിയിൽ അവർ സ്‌നാപനമേറ്റു. അതുവഴി, മിൽസ്‌ സഹോദരന്‌ ഒരു സഹോദരിയെ ലഭിച്ചു, ഒപ്പം തന്റെ പ്രതിശ്രുത വധുവിനെയും. അവർ പിന്നീടു വിവാഹിതരായി. 1956-ൽ 27-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽ പങ്കെടുക്കാൻ അവർക്കു ക്ഷണം ലഭിച്ചു. തുടർന്ന്‌ അവർ നൈജീരിയയിൽ നിയമിക്കപ്പെട്ടു.

അരൂബയിൽ, 1950 വരെ പ്രസംഗപ്രവർത്തനത്തിൽ അധികപങ്കും നടന്നത്‌ സാൻ നിക്കോളാസിൽ ആയിരുന്നു. കാരണം അവിടത്തെ ആളുകളിൽ ഭൂരിഭാഗവും ഇംഗ്ലീഷ്‌ സംസാരിക്കുന്നവരായിരുന്നു, സഹോദരന്മാർക്കാണെങ്കിൽ പാപ്പിയമെന്റോ വശമില്ലായിരുന്നുതാനും. അതുവരെ, അരൂബക്കാർ ആരും സത്യം സ്വീകരിച്ചിരുന്നില്ല. കത്തോലിക്കാ സഭയുടെ നിരന്തരമായ എതിർപ്പ്‌ പൊതുവേ സൗഹൃദപ്രകൃതക്കാരായ അരൂബക്കാരെ സാക്ഷികൾക്കെതിരെ തിരിച്ചു. തന്നിമിത്തം പുരോഗതി ഉണ്ടാകാൻ സമയം എടുത്തു. ദേഷ്യംപൂണ്ട വീട്ടുകാരൻ സാക്ഷികളുടെ പിന്നാലെ വാക്കത്തിയുമായി ഓടുന്ന കാഴ്‌ച ആദ്യകാലങ്ങളിൽ സാധാരണമായിരുന്നു. ചില വീട്ടുകാർ സഹോദരന്മാരുടെ മേൽ ചൂടുവെള്ളം ഒഴിക്കുകയോ അവരുടെ നേരെ പട്ടിയെ അഴിച്ചുവിടുകയോ ചെയ്‌തിരുന്നു. മറ്റു ചിലരാകട്ടെ, സഹോദരന്മാരെ അകത്തേക്കു ക്ഷണിച്ചിരുത്തിയശേഷം വീട്ടിൽനിന്ന്‌ ഇറങ്ങിപ്പോകുമായിരുന്നു. സന്ദർശകരെ പരിചരിക്കാത്തത്‌ അവഹേളനമായിട്ടാണ്‌ ദ്വീപവാസികൾ കണക്കാക്കുന്നത്‌.

അരൂബയിലെ ഒരു പയനിയർ ആയ എഡ്വിന്ന സ്‌ട്രൂപ്പ്‌ അനുസ്‌മരിക്കുന്നു: “സഭ വിട്ടുപോയാൽ ശപിച്ചു കളയുമെന്നൊക്കെ പറഞ്ഞ്‌ പുരോഹിതന്മാർ ആളുകളെ വിരട്ടിയിരുന്നു.” എന്നാൽ, ഇതൊന്നും സഹോദരന്മാരുടെ തീക്ഷ്‌ണതയെ കെടുത്തിക്കളഞ്ഞില്ല. യഹോവയോടും അയൽക്കാരോടുമുള്ള സ്‌നേഹം വേലയിൽ പിടിച്ചുനിൽക്കാൻ അവരെ പ്രചോദിപ്പിച്ചു.

ചില മരുസസ്യങ്ങളുടെ വിത്തുകൾ പതിറ്റാണ്ടുകളോളം സുഷുപ്‌താവസ്ഥയിൽ ആയിരിക്കും. എന്നാൽ വേണ്ടത്ര മഴ ലഭിക്കുമ്പോൾ അവ പൊട്ടിമുളച്ച്‌ ഒടുവിൽ പൂവണിയും. ബെണേറിലെ യാക്കോബോ റേന്നാ എന്ന കസ്റ്റംസ്‌ ഉദ്യോഗസ്ഥന്റെ അനുഭവം അതുപോലെയായിരുന്നു. 1928-ൽ അദ്ദേഹത്തിന്‌ സൃഷ്ടി (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ലഭിച്ചിരുന്നു. റോമൻ കത്തോലിക്കാ കുടുംബത്തിലാണ്‌ ജനിച്ചതെങ്കിലും അദ്ദേഹം പ്രൊട്ടസ്റ്റന്റ്‌ മതങ്ങളിലും ഒരു അന്വേഷണം നടത്തിയിരുന്നു. പക്ഷേ അവയ്‌ക്കൊന്നും അദ്ദേഹത്തെ തൃപ്‌തിപ്പെടുത്താൻ സാധിച്ചില്ല. സൃഷ്ടി പുസ്‌തകം വായിച്ചപ്പോൾ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ സത്യമുണ്ട്‌ എന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. യഹോവയുടെ ദാസന്മാർ പ്രസിദ്ധീകരിക്കുന്ന മറ്റു പുസ്‌തകങ്ങളുടെ പേരുകൾ ആ പുസ്‌തകത്തിൽ പട്ടികപ്പെടുത്തിയിരുന്നു. എന്നാൽ യാക്കോബോയ്‌ക്ക്‌ അവ സമ്പാദിക്കാൻ സാധിച്ചില്ല. ഒടുവിൽ 19 വർഷത്തിനു ശേഷം, 1947-ൽ, തന്റെ പെങ്ങളെ സന്ദർശിക്കാൻ കുറെസോയിൽ എത്തിയപ്പോൾ അവരുമൊത്ത്‌ അധ്യയനം നടത്തിയിരുന്ന മിഷനറിയെ അദ്ദേഹം പരിചയപ്പെട്ടു. അക്കാലമത്രയും തന്റെ പേഴ്‌സിൽ കൊണ്ടുനടന്നിരുന്ന ആ ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന പുസ്‌തകങ്ങൾ കൈവശമുണ്ടോ എന്ന്‌ അദ്ദേഹം മിഷനറിയോടു ചോദിച്ചു. അവരുടെ ബാഗിലുണ്ടായിരുന്ന എല്ലാ സാഹിത്യങ്ങളും അദ്ദേഹം വാങ്ങി, കുറഞ്ഞത്‌ 7 ബയൻഡിട്ട പുസ്‌തകങ്ങളും 13 ചെറുപുസ്‌തകങ്ങളും. കൂടാതെ, അദ്ദേഹം വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യ എടുത്തു. കാലങ്ങൾക്കു മുമ്പ്‌ തുടങ്ങിയ അദ്ദേഹത്തിന്റെ ആത്മീയ വിശപ്പ്‌ ശമിക്കാൻ പോകുകയായിരുന്നു. അതേ, ഇക്കാലമത്രയും സുഷുപ്‌താവസ്ഥയിൽ ആയിരുന്ന സത്യത്തിന്റെ വിത്തുകൾക്ക്‌ വളരാൻ ആവശ്യമായ ജലം ഇപ്പോൾ ലഭിക്കുമായിരുന്നു.

കുറെസോയിൽ ആദ്യത്തെ മിഷനറിമാർ എത്തിച്ചേരുന്നു

ആറാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽനിന്നു ബിരുദമെടുത്ത തോമസ്‌ റസ്സൽ യേറ്റ്‌സും ഭാര്യ ഹേസലും 1946 മേയ്‌ 16-ന്‌ കുറെസോയിൽ എത്തിച്ചേർന്നു. സാക്ഷികളുടെ പ്രവർത്തനം ഒട്ടുംതന്നെ നടന്നിട്ടില്ലായിരുന്ന ഒരു പ്രദേശമായിരുന്നു കുറെസോ. ആ ദ്വീപുകളിലെ സാക്ഷീകരണ വേലയിൽ യേറ്റ്‌സ്‌ സഹോദരൻ ഗണ്യമായ ഒരു പങ്കു വഹിക്കാനിരിക്കുകയായിരുന്നു. 1999-ൽ മരിക്കുന്നതുവരെ, 50-ലധികം വർഷം അദ്ദേഹം തന്റെ നിയമനത്തിൽ നിലനിന്നു. ഇടയ്‌ക്ക്‌ ഒരു ചെറിയ ഇടവേള ഉണ്ടായത്‌ ഒഴിച്ചാൽ, 1950 മുതൽ 1994 വരെ അദ്ദേഹം അവിടത്തെ ബ്രാഞ്ചിന്റെ മേൽനോട്ടം വഹിച്ചിരുന്നു. എല്ലായ്‌പോഴും നർമബോധവും തികഞ്ഞ ശുഭപ്രതീക്ഷയും അചഞ്ചലമായ വിശ്വാസവും പ്രകടമാക്കിയിരുന്ന അദ്ദേഹത്തിന്‌ രാജ്യപ്രസംഗ വേല വലിയ തോതിൽ വളർന്നു വികാസംപ്രാപിക്കുന്നതു കാണാനുള്ള പദവി ലഭിച്ചു.

തന്റെ ഭർത്താവിനെ വിശ്വസ്‌തമായി പിന്തുണച്ചിരുന്ന ഹേസൽ ഇന്നോളം തന്റെ നിയമനത്തോടു വിശ്വസ്‌തത പുലർത്തിയിരിക്കുന്നു. എല്ലാവർക്കും അവർ പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരുന്നിട്ടുണ്ട്‌. നാറെൻഡോർപ്‌ സഹോദരനും വാൻ മാൾ സഹോദരനും ക്ലമന്റ്‌ ഫ്‌ളെമിങ്‌ എന്ന താത്‌പര്യക്കാരനും ചേർന്ന്‌ വിമാനത്താവളത്തിൽവെച്ച്‌ തങ്ങളെ ഊഷ്‌മളമായി വരവേറ്റത്‌ അവർ അനുസ്‌മരിക്കുന്നു.

ക്ലമന്റിന്‌ കുട്ടികൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ലഭിച്ചിരുന്നു. അതു വായിച്ചപ്പോൾ താൻ സത്യം കണ്ടെത്തി എന്ന്‌ അദ്ദേഹത്തിനു ബോധ്യമായി. യുവാവായിരിക്കെ, റോമൻ കത്തോലിക്കാ സഭയുടെ പല പഠിപ്പിക്കലുകളോടും യോജിക്കാൻ കഴിയാഞ്ഞതു മൂലം അദ്ദേഹം ആ സഭ ഉപേക്ഷിച്ചിരുന്നു. പിന്നീട്‌, അദ്ദേഹം സാക്ഷികളുമൊത്തു സഹവസിക്കാൻ തുടങ്ങി. അങ്ങനെയാണ്‌ അദ്ദേഹം ആദ്യത്തെ മിഷനറിമാരെ സ്വീകരിക്കാനെത്തിയത്‌. 1946 ജൂലൈയിൽ, പുതിയ മിഷനറിയായ റസ്സൽ യേറ്റ്‌സ്‌ അദ്ദേഹത്തെ സ്‌നാപനപ്പെടുത്തി. ഇപ്പോഴും ഒരു രാജ്യഘോഷകനായ ഫ്‌ളെമിങ്‌ സഹോദരൻ പറയുന്നു: “അർമഗെദോൻ യുദ്ധത്തെ അതിജീവിച്ച്‌ ഒരിക്കലും മരിക്കേണ്ടതില്ലാതെ പുതിയ വ്യവസ്ഥിതിയിലേക്കു പ്രവേശിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കുമെന്ന പ്രത്യാശ ഈ 93-ാം വയസ്സിലും ഞാൻ കൈവെടിഞ്ഞിട്ടില്ല.” വിശ്വാസത്തിന്റെയും സഹിഷ്‌ണുതയുടെയും എത്ര നല്ല മാതൃക!

യേറ്റ്‌സ്‌ സഹോദരി പറയുന്നു: “വിമാനത്താവളത്തിൽനിന്ന്‌ ഞങ്ങളെ പുതിയ താമസസ്ഥലത്തേക്കു കൊണ്ടുപോയി. പന്നിവാലും ഉണക്കമീനും വിറ്റിരുന്ന ഒരു കടയുടെ മുകളിലായിരുന്നു ഞങ്ങളുടെ അപ്പാർട്ട്‌മെന്റ്‌. രണ്ടു മുറികളുള്ള ആ അപ്പാർട്ട്‌മെന്റിൽ ഗൃഹോപകരണങ്ങളോ കുളിമുറിയോ ഒന്നും ഉണ്ടായിരുന്നില്ല. കുളിക്കാൻ ഞങ്ങൾ താഴത്തെ നിലയിൽ പോകേണ്ടിയിരുന്നു. മെച്ചപ്പെട്ട മറ്റൊരു താമസസ്ഥലം കണ്ടെത്തുന്നതുവരെ ആറു മാസം ഞങ്ങൾ അവിടെ കഴിഞ്ഞുകൂടി.” പല പ്രാവശ്യം ഹേസലിന്‌ അതിസാരം പിടിപെട്ടെങ്കിലും അവരും റസ്സലും നിരുത്സാഹിതരായില്ല. വർഷങ്ങൾക്കു ശേഷം യേറ്റ്‌സ്‌ സഹോദരൻ എഴുതി: “യഹോവയുടെ ശുശ്രൂഷകരുടെ കാര്യത്തിൽ വിശേഷിച്ചും ജീവിതത്തെ രസകരമാക്കുന്നത്‌ സാഹചര്യങ്ങളോ പ്രകൃതിഭംഗിയോ ഭാഷ പോലുമോ അല്ല, മറിച്ച്‌ മനുഷ്യരാണ്‌. എല്ലാ നിയമനങ്ങളിലും അവർ ഉണ്ടുതാനും.”

പ്രാദേശിക ഭാഷയായ പാപ്പിയമെന്റോ പഠിക്കവേ ധീരരായ ഈ മിഷനറിമാർക്ക്‌ കുറെസോയിലെ ജനങ്ങളെ നിർമല ഭാഷ, സത്യത്തിന്റെ ലിങ്ക്വാ ഫ്രാങ്ക, പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു കാമീല്യോ ഗിരിഗോറ്യാ. തദ്ദേശവാസികളിൽ ആദ്യമായി സ്‌നാപനമേറ്റ വ്യക്തി അദ്ദേഹമായിരുന്നു, 1950-ൽ. ഒരു എണ്ണ ശുദ്ധീകരണ ശാലയിൽ ജോലി ചെയ്‌തിരുന്ന അദ്ദേഹം, സുവാർത്തയുടെ തീക്ഷ്‌ണതയുള്ള ഒരു ഘോഷകനായ ഹെന്‌റീക്കസ്‌ ഹാസ്സൽ ഉൾപ്പെടെ വിവിധ സഹോദരന്മാരുമായി സംസാരിച്ചതുവഴി സത്യം എന്താണെന്നു മനസ്സിലാക്കി. ഇപ്പോൾ 78 വയസ്സുള്ള കാമീല്യോ ഒരു മൂപ്പനായി സേവിക്കുന്നു. 24 ആളുകളെ സമർപ്പണത്തിന്റെ പടിയിലേക്കു പുരോഗമിക്കാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്‌. 1946-ൽ മിഷനറിമാർ കുറെസോയിൽ ആദ്യത്തെ ഇംഗ്ലീഷ്‌ സഭ സ്ഥാപിച്ചു. എന്നാൽ ആദ്യത്തെ പാപ്പിയമെന്റോ സഭ സ്ഥാപിതമായത്‌ 1954-ൽ ആണ്‌.

അരൂബയിൽ സത്യം തുടർന്നും പ്രകാശിക്കുന്നു

പന്ത്രണ്ടാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽനിന്നുള്ള കാനഡക്കാരായ ഹെന്‌റി ട്വിഡും ഭാര്യ ആലീസും 1949 ജൂലൈയിൽ അരൂബയിലേക്കു പോയി. അവിടെ നിർമല ഭാഷ പഠിപ്പിക്കുന്നതിൽ അവർ ശ്രദ്ധേയമായ ഒരു പങ്കു വഹിച്ചു. നീണ്ടു മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു ഹെന്‌റിയുടേത്‌. ദയയും സൗമ്യതയുമുള്ള ഒരാളായാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌, ആലീസാകട്ടെ നർമബോധവും ശുശ്രൂഷയിൽ അക്ഷീണ ഉത്സാഹവും ഉള്ള ഒരു വ്യക്തിയായും. മൂന്നു ദ്വീപുകളിലും താമസിക്കുകയും പ്രസംഗവേലയിൽ ഏർപ്പെടുകയും ചെയ്‌ത ഏക മിഷനറിമാർ അവരായിരുന്നു. അവർ പ്രകടമാക്കിയ ആത്മത്യാഗ മനോഭാവവും തീക്ഷ്‌ണതയും പതിറ്റാണ്ടുകൾക്കുശേഷവും വിലമതിപ്പോടെ അനുസ്‌മരിക്കപ്പെടുന്നു.

പതിന്നാലാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽനിന്നു ബിരുദമെടുത്ത വില്യം യേറ്റ്‌സിനും (റസ്സലിന്റെ ബന്ധു) ഭാര്യ മേരിക്കും 1950-ൽ കുറെസോയിലേക്കു നിയമനം ലഭിച്ചു. 1953-ൽ അവർ അരൂബയിലേക്കു പോയി. ഏതാണ്ട്‌ 50 വർഷത്തിനു ശേഷവും അവർ തങ്ങളുടെ നിയമനത്തിൽ തുടരുന്നു, വിശ്വാസത്തിന്റെയും സഹിഷ്‌ണുതയുടെയും ഉത്തമ മാതൃകകളായി. വർഷങ്ങളിലുടനീളം മേരി ശുശ്രൂഷയിൽ അസാധാരണ തീക്ഷ്‌ണത പ്രകടമാക്കിയിട്ടുണ്ട്‌. സാക്ഷീകരണ വേലയിൽ അവർ എപ്പോഴും മുൻപന്തിയിൽത്തന്നെ ഉണ്ടായിരുന്നു. വില്യം ബൈബിൾ സാഹിത്യങ്ങൾ പരിഭാഷപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വില്യമും മേരിയും എത്തിച്ചേരുന്നതുവരെ രണ്ട്‌ ഇംഗ്ലീഷ്‌ സഭകളും തദ്ദേശവാസികളോടുള്ള ബന്ധത്തിൽ കാര്യമായ പുരോഗതി വരുത്തിയിട്ടുണ്ടായിരുന്നില്ല. ക്ഷമയോടെ, പടിപടിയായി വില്യമും മേരിയും പാപ്പിയമെന്റോ ഭാഷ സംസാരിക്കുന്ന അരൂബക്കാർക്കിടയിൽ സത്യത്തിന്റെ വിത്തുകൾ വിതച്ചു. പതുക്കെ അവരുടെ ശ്രമങ്ങൾക്കു പ്രതിഫലം ലഭിക്കാൻ തുടങ്ങി. വില്യം അനുസ്‌മരിക്കുന്നു: “മിഷനറി ഭവനത്തിന്റെ മുറ്റത്തുള്ള വലിയ ക്വിഹി വൃക്ഷത്തിന്റെ ചുവട്ടിൽവെച്ച്‌ ഞങ്ങൾ വീക്ഷാഗോപുര അധ്യയനങ്ങൾ നടത്താൻ തുടങ്ങി. ചിലപ്പോൾ 100-ഓളം ആളുകൾ സന്നിഹിതരാകുമായിരുന്നു. കത്തോലിക്കാ പള്ളി ഉപേക്ഷിച്ചുതള്ളിയ ബെഞ്ചുകളാണ്‌ ഞങ്ങൾ ഇരിക്കാൻ ഉപയോഗിച്ചിരുന്നത്‌.” 1954-ൽ അവിടെ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിച്ചു. തുടർന്ന്‌, പാപ്പിയമെന്റോയിൽ ഒരു സഭാ പുസ്‌തക അധ്യയനവും സംഘടിപ്പിക്കപ്പെട്ടു.

ആദ്യമായി ഒരു അരൂബക്കാരൻ സത്യം പഠിക്കുന്നു

യുവാവായിരിക്കെ ഗബ്രിയേൽ ഹെന്‌റീക്കസ്‌ ചില വാരാന്തങ്ങളിൽ നന്നായി മദ്യപിക്കുമായിരുന്നു. അതുകൊണ്ട്‌ തിങ്കളാഴ്‌ചകളിൽ രാവിലെ എണ്ണ ശുദ്ധീകരണ ശാലയിലെ തന്റെ ജോലിക്കു ഹാജരാകാൻ അയാൾക്കു കഴിഞ്ഞിരുന്നില്ല. ഗബ്രിയേലിന്റെ ഈ ജീവിതശൈലി മാറ്റിയെടുക്കാൻ അയാളുടെ മേലുദ്യോഗസ്ഥൻ ആഗ്രഹിച്ചു. അങ്ങനെ, സ്വയം ഒരു നിരീശ്വരവാദിയായിരുന്നെങ്കിലും അദ്ദേഹം ഗബ്രീയേലിന്‌ ഉണരുക! മാസികയുടെ വരിസംഖ്യ സമ്മാനിച്ചു. അത്‌ അയാളെ സഹായിക്കുമെന്ന്‌ അദ്ദേഹത്തിന്‌ ഉറപ്പായിരുന്നു. പിന്നീട്‌, ഗബ്രിയേൽ തന്റെ ഭാര്യാപിതാവിന്‌ അധ്യയനം നടത്തിയിരുന്ന ട്വിഡ്‌ ദമ്പതികളെ പരിചയപ്പെടാൻ ഇടയായി. അധ്യയന പുസ്‌തകം സ്‌പാനീഷിൽ ആയിരുന്നതുകൊണ്ട്‌ ഭാര്യാപിതാവിനുവേണ്ടി ഗബ്രിയേൽ അതു പരിഭാഷപ്പെടുത്തിക്കൊടുക്കുമായിരുന്നു. താമസിയാതെ, ഗബ്രിയേലിന്റെ താത്‌പര്യം വർധിച്ചു. അങ്ങനെ 1953-ൽ അയാൾ വില്യമിനോടും മേരിയോടുമൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. ഗബ്രിയേൽ പറയുന്നു: “ഒടുവിൽ എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചു.” 1954-ൽ അയാൾ തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു. ആദ്യമായി സ്‌നാപനമേറ്റ അരൂബക്കാരൻ ഗബ്രിയേൽ ആയിരുന്നു.

ആദ്യത്തെ പാപ്പിയമെന്റോ സഭ സ്ഥാപിതമായത്‌ 1956-ലാണ്‌. അന്ന്‌ 16 പ്രസാധകരായിരുന്നു സഭയിൽ ഉണ്ടായിരുന്നത്‌. സേവനവർഷം 1957-ന്റെ അവസാനത്തിൽ 26 പ്രസാധകർ റിപ്പോർട്ടു ചെയ്യുകയുണ്ടായി. ‘മഹാബാബിലോന്റെ’ വ്യാജപഠിപ്പിക്കലുകൾ തിരിച്ചറിയുകയും മാനുഷഭയം ഇല്ലാതാകുകയും ചെയ്‌തുകഴിഞ്ഞാൽപ്പിന്നെ അരൂബക്കാർ സത്യസ്‌നേഹികളും സുവാർത്തയുടെ തീക്ഷ്‌ണതയുള്ള ഘോഷകരുമായി മാറുന്നു. (വെളി. 17:​5, NW) അത്തരമൊരു വ്യക്തിയായിരുന്നു ഡാനിയേൽ വെബ്‌. അദ്ദേഹത്തിന്റെ ഭാര്യയായ നിനീറ്റ ആദ്യം എതിർപ്പു പ്രകടിപ്പിച്ചെങ്കിലും പിന്നീട്‌ ഭർത്താവിനോടൊപ്പം സത്യം സ്വീകരിച്ചു. ഇരുവരും രാജ്യത്തിന്റെ തീക്ഷ്‌ണതയുള്ള പ്രസാധകർ ആയിത്തീർന്നു. മറ്റുള്ളവർ അവരുടെ മാതൃക പിൻപറ്റുമായിരുന്നോ?

ഡാനിയേലിനെ പോലെ മറ്റു പലരും സത്യം പഠിക്കുകയും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും ജീവിതം രൂപപ്പെടുത്താൻ അതിനെ അനുവദിക്കുകയും ചെയ്‌തു. സത്യം പഠിക്കാൻ തുടങ്ങിയ അത്തരമൊരു വ്യക്തിയായിരുന്നു പേഡ്രോ റാമേൻ. ഒരു ദിവസം വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, ഒരു ഉറച്ച കത്തോലിക്കാ വിശ്വാസിയായിരുന്ന തന്റെ അമ്മ മാരിയ, തന്റെ പഠന പുസ്‌തകങ്ങളെല്ലാം നശിപ്പിച്ചുകളഞ്ഞതായി മനസ്സിലാക്കി. പുതിയ വ്യക്തിത്വം ധരിച്ചുകഴിഞ്ഞിട്ടില്ലാഞ്ഞതിനാൽ അമ്മ ആരാധിച്ചിരുന്ന വിഗ്രഹങ്ങളെല്ലാം അദ്ദേഹം തച്ചുടച്ചു. സങ്കടത്തോടെ മാരിയ പുരോഹിതന്റെ അടുക്കൽ പരാതി ബോധിപ്പിച്ചു. എന്നാൽ, ആ വിഗ്രഹങ്ങളെല്ലാം പ്രയോജനരഹിതമാണെന്ന പെഡ്രോയുടെ ധാരണ ശരിയാണെന്നായിരുന്നു പുരോഹിതന്റെ അഭിപ്രായം! കുപിതയായ അവർ പുരോഹിതനെ ആട്ടിയിറക്കി, ബൈബിൾ പരിശോധിക്കാൻ അവർ തീരുമാനിച്ചു. തത്‌ഫലമായി, മാരിയയും അവരുടെ ഭർത്താവ്‌ ഹേനാറോയും തങ്ങളുടെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു. അവരും അവരുടെ 11 മക്കളും 26 പേരക്കുട്ടികളും അവരിൽ ഒരാളുടെ മകനും​—⁠അങ്ങനെ മൊത്തം 40 വ്യക്തികൾ​—⁠ഇപ്പോൾ യഹോവയെ സേവിക്കുന്നു!

മാരിയയുടെ മരുമകനായ ഡാന്നിയെൽ വാൻ ഡെർ ലിൻഡെ മാതാപിതാക്കളിൽനിന്നുള്ള എതിർപ്പിനെ വകവെക്കാതെ സ്‌നാപനമേറ്റു. അവർ അദ്ദേഹത്തെ വീട്ടിൽനിന്നു പുറത്താക്കി. ഒരു കത്തോലിക്കാ പുരോഹിതനിൽനിന്ന്‌ അദ്ദേഹത്തിനു പ്രഹരവും ഏൽക്കേണ്ടിവന്നു. എങ്കിലും തന്റെ പക്കൽ സത്യം ഉണ്ടെന്ന ഉറച്ച ബോധ്യത്തോടെ ഡാന്നിയെൽ സഹിച്ചുനിന്നു. ഇത്രയൊക്കെ എതിർപ്പുകളെ നേരിടേണ്ടി വന്നെങ്കിലും ഡാന്നിയെൽ തന്നെത്തന്നെ അനുഗൃഹീതനായി വീക്ഷിക്കുന്നു. കാരണം ബൈബിൾ സത്യം പഠിക്കാൻ അനേകരെ സഹായിക്കുന്നതിന്‌ യഹോവ അദ്ദേഹത്തെ ഉപയോഗിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ മകൾ പ്രിസ്‌ക്കേല്ലായും മരുമകനായ മാന്വെലും ദിവസവും വീട്ടിൽനിന്നു വന്നുപോയി കുറെസോ ബ്രാഞ്ച്‌ ഓഫീസിലെ പരിഭാഷാ വിഭാഗത്തിൽ സേവിക്കുന്നു. മാരിയയുടെ മറ്റൊരു മരുമകനായ ടോണിയും യഹോവയിലും നമ്മെ പുലർത്തുമെന്നുള്ള അവന്റെ വാഗ്‌ദാനത്തിലും ശക്തമായ വിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നു. അസുഖം മൂലം അഞ്ചു പ്രാവശ്യം അദ്ദേഹത്തിനു ശസ്‌ത്രക്രിയയ്‌ക്കു വിധേയനാകേണ്ടി വന്നിട്ടുണ്ട്‌. ടോണി പറയുന്നു: “എന്റെ അസുഖം ഭേദമാകില്ലെന്നു ഡോക്ടർമാർ കരുതുന്നു. എന്നാൽ ശക്തിക്കായി ഞാൻ യഹോവയോടു പ്രാർഥിക്കുന്നതിൽ തുടരുന്നു. എനിക്ക്‌ ലോകവ്യാപകമായി ആയിരക്കണക്കിന്‌ ആത്മീയ സഹോദരന്മാർ ഉണ്ടെന്ന കാര്യം എന്നെ പുറന്തള്ളിയ എന്റെ ജഡിക സഹോദരന്മാർക്ക്‌ മനസ്സിലായിരിക്കുന്നു.​—⁠മർക്കൊ. 10:29, 30.

ദ്വീപുകളിലെ പുരോഗതി

ഇരുപതാമത്തെ ഗിലെയാദ്‌ ക്ലാസ്സിലെ ആൽബർട്ട്‌ സൂയെറിന്‌ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്‌ 1965-ൽ കുറെസോ വിട്ടുപോകേണ്ടിവന്നു. എങ്കിലും ഉത്‌കൃഷ്ടങ്ങളായ “ശ്ലാഘ്യപത്ര”ങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ്‌ അദ്ദേഹം പോയത്‌. (2 കൊരി. 3:1, 2) അതിൽ ഒരാളായ ഓല്ലിവ്‌ റോജേഴ്‌സ്‌ 1951 സെപ്‌റ്റംബറിൽ ഒരു സാധാരണ പയനിയർ ആയി. നിയമപരമായ വിവാഹം കൂടാതെ 17 വർഷമായി ഓല്ലിവ്‌ ഒരു പുരുഷനോടൊപ്പം ജീവിച്ചുവരികയായിരുന്നു. എന്നാൽ യഹോവയുടെ ഉയർന്ന നിലവാരങ്ങളെ കുറിച്ചു മനസ്സിലാക്കിയപ്പോൾ, ആ പുരുഷനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അവർ തീരുമാനിച്ചു. അയാളുടെ വൈകിയുള്ള വിവാഹാഭ്യർഥന നിരസിച്ചുകൊണ്ട്‌ അവർ സ്‌നാപനമേറ്റു, തുടർന്ന്‌ പയനിയർ സേവനം ഏറ്റെടുക്കുകയും ചെയ്‌തു. ആരോഗ്യം മോശമാകുന്നതുവരെ, ഏതാണ്ട്‌ 40 വർഷം അവർ ആ സേവനത്തിൽ തുടർന്നു. റോജേഴ്‌സ്‌ സഹോദരിയെ എവിടെയും കാണാമായിരുന്നു. തന്റെ നിയമിത പ്രദേശത്ത്‌ അവർ പ്രസരിപ്പോടെ പ്രവർത്തിച്ചു. ഇന്ന്‌, ഈ സഹോദരിയുടെ ഉജ്ജ്വലമായ അനുഭവകഥകൾ ആളുകളിൽനിന്നു നമുക്കു കേൾക്കാൻ കഴിയും. റോജേഴ്‌സ്‌ സഹോദരിയുടെ കെടാത്ത തീക്ഷ്‌ണതയും സ്ഥിരോത്സാഹവും തങ്ങളുടെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാൻ വലിയ കുടുംബങ്ങൾ ഉൾപ്പെടെ, ഒട്ടേറെ ആളുകളെ സഹായിച്ചു.

യഹോവയെ സേവിക്കുന്നതിൽ കഠിനാധ്വാനം ചെയ്യുന്ന ഒട്ടേറെ കുടുംബങ്ങൾ ഇന്ന്‌ ഏന്റില്ലെസിലും അരൂബയിലും ഉണ്ട്‌. മാർട്ട കുടുംബം, ക്രൂസ്‌ കുടുംബം, ഡേക്കോഫ്‌ കുടുംബം, റാമേൻ കുടുംബം, ലിക്കെറ്റ്‌ കുടുംബം, ഫോസ്റ്റിൻ കുടുംബം, ഒസ്റ്റിയാന്ന കുടുംബം, റൂമ്മർ കുടുംബം തുടങ്ങിയ വലിയ കുടുംബങ്ങളാണ്‌ അവിടത്തെ സഭകളുടെ അടിത്തറ. സഭകളെ കെട്ടുറപ്പുള്ളതാക്കി കാത്തുസൂക്ഷിക്കുന്നതിൽ അവരെല്ലാം വലിയ പങ്കു വഹിക്കുന്നു.

സൗഹൃദപ്രകൃതക്കാരനായ യൂജിൻ റിച്ചാർഡ്‌സൻ 15-ാം വയസ്സിലാണ്‌ യഹോവയെ കുറിച്ചു പഠിക്കുന്നത്‌. ഔപചാരികമായ ഒരു ബൈബിൾ അധ്യയനം ഇല്ലായിരുന്നെങ്കിലും എല്ലാ ക്രിസ്‌തീയ യോഗങ്ങളിലും സംബന്ധിച്ചുകൊണ്ട്‌ യൂജിൻ നല്ല ആത്മീയ പുരോഗതി വരുത്തുകയും 17-ാം വയസ്സിൽ സ്‌നാപനമേൽക്കുകയും ചെയ്‌തു. 1956-ൽ യൂജിൻ ഒരു സാധാരണ പയനിയർ ആയി നിയമിതനായി. താൻ നേരിട്ട ഒരു വലിയ പ്രശ്‌നം യാത്രാസൗകര്യമില്ലായ്‌മ ആയിരുന്നുവെന്ന്‌ അദ്ദേഹം പറയുന്നു: “എന്റെ നിയമന പ്രദേശം വീട്ടിൽനിന്ന്‌ 20 കിലോമീറ്റർ [15 മൈ.] അകലെയായിരുന്നു. അവിടേക്കു യാത്ര ചെയ്യാൻ ഒരു സൈക്കിൾ വാങ്ങുന്നതിന്‌ ഞാൻ എന്റെ പിയാനോ വിറ്റു. ഇത്‌ എന്റെ കുടുംബത്തെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. 40 വർഷത്തിനു ശേഷം ഇന്നും അവർ അതേക്കുറിച്ചു പറയാറുണ്ട്‌. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അതു വളരെ പ്രായോഗികമായ ഒരു നടപടിയായിരുന്നു. വിശേഷിച്ചും, നാലു മാസത്തിനു ശേഷം ബാൻഡാ ആബായൂവിലെ അതുവരെ ആരും പ്രവർത്തിച്ചിട്ടില്ലായിരുന്ന പ്രദേശത്ത്‌ പ്രത്യേക പയനിയറായി സേവിക്കാൻ ഞാൻ നിയമിതനായപ്പോൾ.”

പുതിയ പ്രദേശം തുറക്കുന്നു

ബാൻഡാ ആബായൂ എന്ന നാട്ടിൻപുറം​—⁠പ്രാദേശികമായി കൂനൂക്കൂ എന്ന്‌ അറിയപ്പെടുന്നു​—കുറെസോയുടെ പശ്ചിമഭാഗത്താണു സ്ഥിതി ചെയ്യുന്നത്‌. ഇത്‌ ദ്വീപിന്റെ ഏതാണ്ട്‌ പകുതിയോളം വരും. അത്ര നിരപ്പായ പ്രദേശമല്ല അവിടത്തേത്‌. ദ്വീപിന്റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച്‌ ഇവിടം ഏറെക്കുറെ വരണ്ടതാണ്‌. വീടുകൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്നതുകൊണ്ട്‌ ഈ പ്രദേശം പ്രവർത്തിച്ചുതീർക്കാൻ ഏറെ സമയം വേണം. ക്ലിന്റൺ വില്യംസ്‌ എന്ന തീക്ഷ്‌ണതയുള്ള മറ്റൊരു യുവ പയനിയർ യൂജിനോടൊപ്പം ചേർന്നു. അവർ ഒരുമിച്ച്‌ ഈ പ്രദേശത്തെ പ്രവർത്തനത്തിനു തുടക്കം കുറിച്ചു. യൂജിൻ അനുസ്‌മരിക്കുന്നു: “ദ്വീപിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച്‌ ഈ പ്രദേശത്തു പ്രവർത്തിക്കുക ബുദ്ധിമുട്ടായിരുന്നു. ആളുകൾ സൗഹൃദപ്രകൃതക്കാരായിരുന്നു. അവരോടു സംസാരിക്കാനും രസമായിരുന്നു. പക്ഷേ അതിൽ കവിഞ്ഞ ഒരു താത്‌പര്യം പൊതുവേ അവർ കാണിക്കുമായിരുന്നില്ല. എങ്കിലും ഞങ്ങൾ രണ്ടു വർഷം അവിടെ പ്രവർത്തിച്ചു. വളരെ നല്ല അനുഭവങ്ങൾ ഞങ്ങൾക്ക്‌ ഉണ്ടാകുകയും ചെയ്‌തിട്ടുണ്ട്‌. ആദ്യത്തെ മാസം ഞാൻ കണ്ടുമുട്ടിയ ഒരു മനുഷ്യൻ എന്നോടു പറഞ്ഞു, ദൈവരാജ്യം 1914-ൽ സ്ഥാപിക്കപ്പെട്ടതായി തെളിയിക്കാമെങ്കിൽ താൻ ഒരു സാക്ഷിയാകാമെന്ന്‌. അയാൾ ഒരു സാക്ഷിയാകുകതന്നെ ചെയ്‌തു, ഒപ്പം അയാളുടെ ഭാര്യയും മക്കളും. പിന്നീടൊരു അവസരത്തിൽ ഞാൻ ഒരു സ്‌ത്രീയെ കണ്ടുമുട്ടി. തന്റെ സഹോദരിയുടെ പുത്രൻ ബൈബിളിൽ വളരെ തത്‌പരനാണെന്ന്‌ അവർ എന്നോടു പറഞ്ഞു. അന്നുതന്നെ ഉച്ചകഴിഞ്ഞ്‌ ഞാൻ മടങ്ങിച്ചെന്ന്‌ അയാളോടു സാക്ഷീകരിച്ചു. സീറോ ഹൈഡെ എന്നായിരുന്നു ആ വ്യക്തിയുടെ പേര്‌.”

എല്ലാവരോടും തുറന്നിടപെടുന്ന സ്വഭാവക്കാരനായ സീറോ തന്റെ അനുഭവം വിവരിക്കുന്നു: “ഞാൻ ഒരു അടിയുറച്ച കത്തോലിക്കാ വിശ്വാസി ആയിരുന്നു. വേദപാഠം നന്നായി അറിയാമായിരുന്നതുകൊണ്ട്‌ എനിക്കത്‌ സ്‌കൂളിൽ പഠിപ്പിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഒരു സംഗതി എന്നെ എപ്പോഴും കുഴക്കിയിരുന്നു. പള്ളിയിൽ പോക്ക്‌ മുടക്കുന്നത്‌ കൊടിയ പാപമായി വീക്ഷിക്കുന്നതിന്റെയും അത്‌ ഉടനടി ഏറ്റുപറഞ്ഞില്ലെങ്കിൽ നരകത്തിൽ പോകേണ്ടി വരുമെന്നു പറയുന്നതിന്റെയും കാരണം എനിക്കു മനസ്സിലായിരുന്നില്ല. ഒരു ദിവസം ഒരു യുവാവ്‌ സൈക്കിളിൽ ഞങ്ങളുടെ വീട്ടിൽ വന്ന്‌ എന്റെ ആന്റിയുമായി ബൈബിളിനെ കുറിച്ചു സംസാരിച്ചു. എനിക്ക്‌ മതത്തിൽ താത്‌പര്യമുള്ളതായി അറിയാമായിരുന്നതുകൊണ്ട്‌ ഞാൻ വീട്ടിലുള്ളപ്പോൾ മടങ്ങിവരാൻ ആന്റി അയാളെ ക്ഷണിച്ചു. അയാളെ കാണാൻ എനിക്കു തിടുക്കമായിരുന്നു. കാരണം മതത്തെ കുറിച്ച്‌ അയാളെക്കാൾ കൂടുതൽ കാര്യങ്ങൾ എനിക്ക്‌ അറിയാമെന്നു ഞാൻ വിചാരിച്ചു. അന്നു വൈകുന്നേരംതന്നെ യൂജിൻ മടങ്ങിവന്നു. ഞാൻ ദിവസവും ചൊല്ലാറുണ്ടായിരുന്ന വിശ്വാസപ്രമാണത്തിൽ യേശു പാതാളത്തിൽ അഥവാ നരകത്തിൽ പോയിട്ടുള്ളതായി പറഞ്ഞിരിക്കുന്നത്‌ അയാൾ ചൂണ്ടിക്കാട്ടിയപ്പോൾ ഞാൻ അന്തംവിട്ടുപോയി. കാരണം അതിന്റെ അർഥത്തെ കുറിച്ചൊന്നും ചിന്തിക്കാതെയാണ്‌ ഞാൻ അതുവരെ അതു ചൊല്ലിയിരുന്നത്‌. എന്തു കാര്യം വിശദീകരിക്കാനും യൂജിൻ ബൈബിൾ ഉപയോഗിച്ചിരുന്നു എന്നതാണ്‌ എന്നെ ഏറ്റവും അതിശയിപ്പിച്ചത്‌, എനിക്കാകട്ടെ ഒരൊറ്റ തിരുവെഴുത്തു പോലും കണ്ടുപിടിക്കാൻ സാധിച്ചിരുന്നില്ലതാനും. ഉടനടി ഞാൻ ബൈബിൾ പഠിക്കാൻ ആരംഭിച്ചു. ആ നിമിഷം മുതൽ എന്റെ ജീവിതത്തിനു സമൂല പരിവർത്തനം ഉണ്ടായി.” ഭാര്യയിൽനിന്ന്‌ എതിർപ്പുണ്ടായെങ്കിലും സീറോ സ്‌നാപനമേറ്റു. കാലാന്തരത്തിൽ, സീറോയുടെ നല്ല മാതൃക നിമിത്തം അദ്ദേഹത്തിന്റെ ഭാര്യയും തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു. 30 വർഷമായി അവർ ഇരുവരും യഹോവയെ വിശ്വസ്‌തതയോടെ സേവിച്ചുകൊണ്ടിരിക്കുന്നു. 25 വർഷമായി സീറോ സഭയിൽ ഒരു മൂപ്പനാണ്‌.

യൂജിൻ 1958-ൽ ഗിലെയാദ്‌ സ്‌കൂളിൽ സംബന്ധിച്ചു. അദ്ദേഹത്തെ വീണ്ടും ബാൻഡാ ആബായൂവിൽത്തന്നെ നിയമിച്ചു. യാത്രാസൗകര്യം അപ്പോഴും അവിടെ ഒരു പ്രശ്‌നംതന്നെയായിരുന്നു. അദ്ദേഹം വിവരിക്കുന്നു: “വയൽസേവനത്തിനു ചിലപ്പോൾ 13 സഹോദരന്മാർ വരെ ഉണ്ടാകും. യാത്രയ്‌ക്കുള്ളതോ ആകെ എന്റെ ഒരു കാറും. അതുകൊണ്ട്‌ രണ്ടു തവണയായിട്ടാണ്‌ സഹോദരന്മാരെ കൊണ്ടുപോയിരുന്നത്‌. ഓരോ തവണയും 30 കിലോമീറ്റർ [20 മൈ.] വീതം അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യണമായിരുന്നു. ആദ്യത്തെ കൂട്ടത്തെ പ്രദേശത്ത്‌ കൊണ്ടുപോയി വിട്ടശേഷം രണ്ടാമത്തെ കൂട്ടത്തെ കൊണ്ടുവരാനായി ഞാൻ തിരക്കിട്ടുപോകും. ഉച്ചകഴിഞ്ഞ്‌ സഹോദരന്മാരെ തിരിച്ചു കൊണ്ടുവന്നിരുന്നതും ഇതേ രീതിയിൽത്തന്നെയായിരുന്നു. ദിവസം മുഴുവൻ ഞങ്ങൾ ശുശ്രൂഷയിൽ ചെലവഴിക്കുമായിരുന്നു. അത്‌ ഞങ്ങളെ ക്ഷീണിപ്പിച്ചിരുന്നെങ്കിലും എത്ര സന്തോഷമായിരുന്നു ഞങ്ങൾ അനുഭവിച്ചത്‌!” ഏതാനും വർഷം സഞ്ചാരവേലയിൽ സേവിക്കാനും യൂജിനു പദവി ലഭിച്ചു.

കൂനൂക്കൂയിലെ മാറ്റങ്ങൾ

ക്ലിന്റൺ വില്യംസും 1959 ആയപ്പോഴേക്കും ഗിലെയാദ്‌ സ്‌കൂളിൽനിന്നു ബിരുദമെടുത്തിരുന്നു. അദ്ദേഹം കൂനൂക്കൂയിൽ പ്രവർത്തനം തുടർന്നു. പിന്നീട്‌ അദ്ദേഹം ഊഷേനിയെ വിവാഹം ചെയ്‌തു. തീക്ഷ്‌ണതയുള്ള ഒരു പയനിയർ ആയിരുന്നു ഊഷേനി. അവരുടെ ദയാപൂർവകമായ പെരുമാറ്റം അവരെ എല്ലാവർക്കും പ്രിയങ്കരിയാക്കി. 1970-ൽ സോർഹ്‌ഫ്‌ലിറ്റ്‌ ബേ യാൻ കോക്ക്‌ ഗ്രാമത്തിൽ 17 പ്രസാധകരുള്ള ഒരു സഭ സ്ഥാപിതമായി. യോഗങ്ങൾ നടത്തിയിരുന്നത്‌ പീറ്റെഴ്‌സ്‌ ക്വിർസിന്റെ വീട്ടിലാണ്‌. പ്രത്യേക പയനിയർമാരായ വാന്നാ പീറ്റെഴ്‌സ്‌ ക്വിർസും അവരുടെ മകളായ എസ്റ്ററും മിങ്കെൽ കുടുംബവും ക്വീമാൻ കുടുംബവുമെല്ലാം സഭയെ കെട്ടുപണി ചെയ്യാൻ കഠിനമായി പ്രയത്‌നിച്ചിട്ടുണ്ട്‌. 1985 ആയപ്പോഴേക്കും സഭ 76 പ്രസാധകരുള്ള ഒന്നായി വളർന്നു കഴിഞ്ഞിരുന്നു, യോഗഹാജരാകട്ടെ 125-ഉം. അതേ വർഷംതന്നെ, പാന്നെക്കൂക്കിൽ ഒരു രാജ്യഹാൾ നിർമിക്കുന്നതിനായി തങ്ങളുടെ സേവനം സ്വമേധയാ ലഭ്യമാക്കാൻ സ്‌നേഹം ഐക്യനാടുകളിലെ സഹോദരന്മാരെ പ്രേരിപ്പിച്ചു. പഴയ രാജ്യഹാൾ മിഷനറി ഭവനമാക്കി മാറ്റി. രണ്ടു വർഷംകൊണ്ട്‌ പ്രസാധകരുടെ എണ്ണം 142 ആയി വർധിച്ചു. അങ്ങനെ 1987-ൽ റ്റെറാ കോറാ സഭ സ്ഥാപിതമായി.

പയനിയർമാർക്കു താമസസ്ഥലം കണ്ടെത്തുന്നത്‌ എപ്പോഴും ഒരു പ്രശ്‌നമായിരുന്നിട്ടുണ്ട്‌. ഒരിക്കൽ, ആടുകൾ കൈയടക്കി വെച്ചിരുന്ന, ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു വീട്‌ ശരിയാക്കി എടുക്കേണ്ടിവന്നത്‌ യൂജിൻ ഓർക്കുന്നു. അവിടത്തെ “സുഗന്ധം” ഒന്നു മാറ്റിയെടുക്കാൻ ആഴ്‌ചകളോളം അദ്ദേഹത്തിനു പണിപ്പെടേണ്ടിവന്നു. ആട്ടിറച്ചി പ്രാദേശികമായി പ്രിയപ്പെട്ട വിഭവമാണ്‌. വർഷങ്ങളോളം, സമ്മേളനങ്ങൾക്ക്‌ ഭക്ഷണം ഒരുക്കിയിരുന്നപ്പോൾ, ആട്ടിറച്ചിയായിരുന്നു സാധാരണ വിഭവം. ഉച്ചഭക്ഷണത്തിന്‌ മസാലയെല്ലാം ചേർത്ത്‌ തയ്യാറാക്കിയിരുന്ന ആട്ടിറച്ചി സഹോദരങ്ങളെല്ലാം നന്നായി ആസ്വദിക്കുമായിരുന്നു. എങ്കിലും ചിലപ്പോൾ പഴകിയ ഇറച്ചി ഉപയോഗിച്ചതു നിമിത്തം പലർക്കും വയറിളക്കവും പിടിപെട്ടിട്ടുണ്ട്‌.

മീമി എന്നു പേരുള്ള ആടിന്റെ കഥ പറയാൻ റസ്സൽ യേറ്റ്‌സിന്‌ വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ അവൾ മൂന്ന്‌ ബൈബിളുകളും നിരവധി പാട്ടുപുസ്‌തകങ്ങളും മറ്റു ചില പുസ്‌തകങ്ങളും മാസികകളുമൊക്കെ അകത്താക്കിയത്രേ. അവളുടെ ഉടമസ്ഥ റീറ്റ മാത്യൂസ്‌ ഇങ്ങനെ പറഞ്ഞു: “അവൾ നമ്മുടെ ഇത്രയധികം സാഹിത്യങ്ങൾ തിന്നതുകൊണ്ട്‌ ഞങ്ങൾ അവളെ ‘വിശുദ്ധ ആട്‌’ എന്നാണു വിളിച്ചിരുന്നത്‌.” മീമിയെ പിന്നീടു വിറ്റു.

സമ്മേളനങ്ങൾ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം നട്ടുവളർത്തുന്നു

കൂടിവരുന്നതിന്‌ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നത്‌​—⁠വിശേഷിച്ചും സമ്മേളനങ്ങൾക്ക്‌​—⁠വർഷങ്ങളോളം ഒരു പ്രശ്‌നമായിരുന്നു. അഞ്ചാമത്തെ ഗിലെയാദ്‌ ക്ലാസ്സിലെ മാക്‌സ്‌ ഗാറി, കുറെസോയിലെ ബുവെന വിസ്‌തയിലുള്ള ആദ്യത്തെ രാജ്യഹാളിന്റെ നിർമാണത്തിനു വേണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സഹോദരന്മാർ മുഴുഹൃദയത്തോടെ ഉത്സാഹപൂർവം നിർമാണവേലയിൽ പങ്കെടുത്തു. പണിതീർന്നപ്പോൾ അവരുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. 1961-ൽ കുറെസോയിൽ രണ്ടാമത്തെ പാപ്പിയമെന്റോ സഭ സ്ഥാപിതമായി. മനോഹരമായ ആ പുതിയ രാജ്യഹാളിൽ സഹോദരങ്ങൾ കൂടിവന്നു. ഏതാണ്ട്‌ 50 വർഷമായി സുവാർത്തയുടെ പ്രസാധകനായ വിക്‌ടോർ മാന്വെൽ ആയിരുന്നു സഭാദാസൻ. 1962 മാർച്ച്‌ 28-ന്‌ ബ്രുക്ലിൻ ബെഥേലിലെ നേഥൻ എച്ച്‌. നോർ ഈ ഹാളിന്റെ സമർപ്പണം നിർവഹിച്ചു.

ആയിരത്തിത്തൊള്ളായിരത്തെഴുപതുകളിൽ ബുവെന വിസ്‌ത ഹാളിന്‌ അരികെയുള്ള സ്ഥലം നിരപ്പാക്കി കോൺക്രീറ്റ്‌ ഇട്ടു. തുടർന്ന്‌ ഒരു സ്റ്റേജ്‌ കെട്ടിപ്പൊക്കി. വർഷങ്ങളോളം കൺവെൻഷനുകളും സമ്മേളനങ്ങളും നടത്തിയിരുന്നത്‌ ഇവിടെയാണ്‌. കുറെസോയിൽ മഴ തീരെ കുറവായതിനാൽ കൂടിവരവുകൾ നടന്നിരുന്നത്‌ തുറസ്സായ സ്ഥലങ്ങളിലാണ്‌, കാര്യമായ പ്രശ്‌നങ്ങളൊന്നും കൂടാതെ. എന്നാൽ ചില അവസരങ്ങളിൽ സഹോദരങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ശക്തമായ മഴ പെയ്‌തിട്ടുമുണ്ട്‌. വസ്‌ത്രവും പുസ്‌തകങ്ങളുമെല്ലാം നനയുമെങ്കിലും അതൊന്നും ഒരു പ്രശ്‌നമായി അവർക്കു തോന്നിയിട്ടേയില്ല. കുടയും നിവർത്തിപ്പിടിച്ച്‌ അവർ പരിപാടിക്ക്‌ അടുത്ത ശ്രദ്ധ നൽകുമായിരുന്നു. കഴിഞ്ഞകാലങ്ങളിൽ ഈ കൂടിവരവുകൾ രണ്ടു ഭാഷകളിലായിരുന്നു നടത്തപ്പെട്ടിരുന്നത്‌. ചില പ്രസംഗങ്ങൾ ഇംഗ്ലീഷിൽ നടത്തി പരിഭാഷപ്പെടുത്തും, മറ്റു ചിലതിന്റെ സംക്ഷിപ്‌തം മാത്രം പാപ്പിയമെന്റോയിൽ നൽകും. ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ അരൂബയിലും കുറെസോയിലും മാറിമാറിയാണ്‌ നടത്തിയിരുന്നത്‌. മറ്റു സ്ഥലങ്ങളിൽനിന്നുള്ള കൺവെൻഷൻ പ്രതിനിധികളിൽ ചിലർ വാടകയ്‌ക്ക്‌ എടുത്ത വിമാനത്തിലും മറ്റു ചിലർ ബോട്ടിലുമാണ്‌ കൺവെൻഷൻ സ്ഥലത്തേക്കു പോയിരുന്നത്‌. ഒരവസരത്തിൽ കൺവെൻഷനിൽ പങ്കെടുക്കാൻ നയാഗ്ര എന്ന ബോട്ടിൽ പോകുകയായിരുന്ന വലിയൊരു കൂട്ടത്തിന്‌ കടൽച്ചൊരുക്കുണ്ടായി. എങ്കിലും ആത്മീയ വിരുന്നിൽ പങ്കെടുക്കാനുള്ള അവരുടെ ഉത്സാഹത്തിന്‌ തെല്ലും മങ്ങലേറ്റില്ല.

അന്ന്‌ 16 വയസ്സുണ്ടായിരുന്ന ഇങ്ക്രിഡ്‌ സെലാസ്സാ, യാത്രയ്‌ക്കു വേണ്ട പണം സ്വരൂപിക്കാൻ തന്റെ മുത്തശ്ശി ഒരു പന്നിയെ വിറ്റത്‌ ഓർക്കുന്നു. മറ്റു സ്ഥലങ്ങളിൽനിന്നു കൺവെൻഷന്‌ എത്തിയവർ സഹോദരങ്ങളുടെ വീടുകളിലാണു താമസിച്ചത്‌. ചിലപ്പോൾ അവരിൽ ചിലർക്ക്‌ നിലത്തു കിടന്ന്‌ ഉറങ്ങേണ്ടി വന്നിരുന്നു. നിലനിൽക്കുന്ന സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കാൻ സഹോദരങ്ങൾക്ക്‌ അവസരം ലഭിച്ചു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം എങ്ങും ദൃശ്യമായിരുന്നു. 1959-ൽ ബാൻഡാ ആബായൂവിലെ സാന്റാ ക്രൂസ്‌ പ്ലാന്റേഷൻ കെട്ടിടത്തിൽ പാപ്പിയമെന്റോ ഭാഷയിലുള്ള ആദ്യത്തെ കൺവെൻഷൻ നടന്നു. ഇങ്ക്രിഡ്‌ അനുസ്‌മരിക്കുന്നു: “ബസ്സുകളിൽ ആഹാരസാധനങ്ങളും കിടക്കയും മറ്റു സാധനസാമഗ്രികളും നിറച്ച്‌ ഞങ്ങൾ കൺവെൻഷനു യാത്രയായി. അത്‌ ഒരു ആത്മീയ വിരുന്നുതന്നെയായിരുന്നു. സായാഹ്നങ്ങളിൽ ഞങ്ങൾ തുറസ്സായ സ്ഥലത്തിരുന്ന്‌ ബൈബിൾ കളികളിൽ ഏർപ്പെട്ടു, രാജ്യഗീതങ്ങൾ പാടി. അവിടെ ചെലവഴിച്ച ആ മൂന്നു ദിവസം ഞാൻ ഒരിക്കലും മറക്കില്ല. ഞങ്ങൾ ശരിക്കും ഒരു സഹോദരവർഗത്തിന്റെ ഭാഗമാണെന്ന്‌ അനുഭവിച്ചറിഞ്ഞു.” 1969-ൽ നടന്ന “ഭൂമിയിൽ സമാധാനം” അന്താരാഷ്‌ട്ര സമ്മേളനം പോലുള്ള, വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്ന അന്താരാഷ്‌ട്ര കൂടിവരവുകളും സഹോദരങ്ങൾക്കിടയിൽ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ആത്മാവ്‌ വളർത്തിയെടുക്കാൻ ഉതകി.

പുതിയ സമ്മേളന ഹാളുകൾ

വർഷങ്ങൾ കടന്നുപോകവേ, ബുവെന വിസ്‌തയിലെ സമ്മേളന സ്ഥലം തീരെ ചെറുതായി കാണപ്പെട്ടു. എന്നാൽ സഭകൾ ഉദാരമായി സംഭാവന ചെയ്‌തതു മൂലം എണ്ണ ശുദ്ധീകരണ ശാലയുടെ വകയായിരുന്ന ഒരു കെട്ടിടം വാങ്ങാൻ സഹോദരന്മാർക്കു കഴിഞ്ഞു. സ്‌ഹെൽപ്‌വേക്ക്‌ ജില്ലയിൽ സ്ഥിതി ചെയ്‌തിരുന്ന ഈ കെട്ടിടത്തിന്‌ സഹോദരന്മാർ ചില മിനുക്കുപണികൾ നടത്തി. വർഷങ്ങളോളം അവിടെയാണ്‌ സർക്കിട്ട്‌ സമ്മേളനങ്ങളും ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളും നടത്തിയത്‌. ഈ കെട്ടിടം പൊളിച്ചുകളഞ്ഞ്‌ 720 പേർക്ക്‌ ഇരിക്കാവുന്ന ഒരു സമ്മേളന ഹാൾ ആയുംകൂടി ഉപയോഗിക്കാൻ കഴിയുന്ന ഒരു ഇരട്ട രാജ്യഹാൾ പണിയാൻ അടുത്തയിടെ ബ്രാഞ്ച്‌ ഓഫീസിന്‌ അനുമതി ലഭിച്ചിട്ടുണ്ട്‌. ഇത്‌ സഹോദരങ്ങൾക്കു വലിയ സന്തോഷം നൽകിയിരിക്കുന്നു.

ഹാളുകൾ വാടകയ്‌ക്ക്‌ എടുത്താണ്‌ 1968-ന്‌ മുമ്പ്‌ അരൂബയിൽ സമ്മേളനങ്ങൾ നടത്തിയിരുന്നത്‌. എന്നാൽ രാജ്യവേലയുടെ വികസനത്തോടെ സ്ഥിരമായ ഒരു സമ്മേളന ഹാൾ ആവശ്യമായി വന്നു. അതുകൊണ്ട്‌ സമ്മേളനങ്ങൾ നടത്താൻ തക്ക വലിപ്പമുള്ള ഒരു രാജ്യഹാൾ പണിയാൻ തീരുമാനമായി. 1968-ൽ പ്രാദേശിക സഹോദരന്മാരുടെ കഠിനാധ്വാനത്തിന്റെയും ആത്മത്യാഗ മനോഭാവത്തിന്റെയും ഫലമായി യഹോവയ്‌ക്കു സ്‌തുതിയർപ്പിക്കാൻ മനോഹരമായ ഒരു രാജ്യഹാൾ ഉയർന്നുവന്നു. കൂറ്റൻ കള്ളിമുൾച്ചെടികൾ വളർന്നുനിന്നിരുന്നതിനാൽ അവിടെ നടക്കുന്ന നിർമാണപ്രവർത്തനത്തെ കുറിച്ച്‌ വഴിപോക്കർ അറിഞ്ഞിരുന്നില്ല. ആദ്യത്തെ സമ്മേളനം നടക്കുന്നതിന്‌ ഒരാഴ്‌ച മുമ്പ്‌ കള്ളിച്ചെടികൾ വെട്ടിനീക്കാൻ ഗവൺമെന്റ്‌ ഉത്തരവിട്ടു. ഒറ്റ രാത്രികൊണ്ട്‌ ഒരു ഹാൾ പ്രത്യക്ഷപ്പെട്ടതുപോലെ കാണപ്പെട്ടു! അതിനെ ഒരു അത്ഭുതമായാണ്‌ അവിടത്തെ ആളുകൾ വീക്ഷിച്ചത്‌. അത്‌ ഒറ്റരാത്രികൊണ്ടുതന്നെ പണിതതാണെന്ന്‌ പലരും വിശ്വസിച്ചു. എന്നാൽ ശീഘ്ര നിർമിത ഹാളുകളുടെ രൂപത്തിൽ സമാനമായ അത്ഭുതങ്ങൾ നടക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ബെണേറിൽ പ്രവർത്തനം പുരോഗമിക്കുന്നു

ബ്രുക്ലിനിൽനിന്നുള്ള പ്രത്യേക പ്രതിനിധിയായ ജോഷ്വ സ്റ്റീൽമാൻ 1949-ൽ ബെണേർ സന്ദർശിച്ചു. ബെണേറിൽ അപ്പോൾ യാക്കോബോ റേന്നായും ഒരു കർഷകനായ മാറ്റൈസ്‌ ബെർനാബെല്ലായും സജീവമായി പ്രസംഗവേല നടത്തുന്നുണ്ടായിരുന്നു. ഇരുവരും സ്‌നാപനമേറ്റിരുന്നില്ല. ബെണേറിൽ ആദ്യത്തെ പരസ്യപ്രസംഗം നടത്താൻവേണ്ട ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. 100-ഓളം ആളുകൾ എത്തിയെങ്കിലും 30 പേർ മാത്രമേ ഹാളിൽ പ്രവേശിച്ചുള്ളൂ. ബാക്കിയുള്ള 70 പേരെ യോഗം അലങ്കോലപ്പെടുത്താൻ സ്ഥലത്തെ കത്തോലിക്കാ പുരോഹിതൻ പറഞ്ഞയച്ചതായിരുന്നു. ആ സംഭവം അനുസ്‌മരിച്ചുകൊണ്ട്‌ റസ്സൽ യേറ്റ്‌സ്‌ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഈജിപ്‌തിൽ ഉണ്ടായ കൽമഴയെ അനുസ്‌മരിപ്പിക്കുമാറ്‌ തകരംകൊണ്ടുള്ള മേൽക്കൂരയിൽ കല്ലുകൾ വന്നു വീഴാൻ തുടങ്ങി. ആളുകൾ പടക്കം പൊട്ടിക്കുകയും ബക്കറ്റുകളിൽ കൊട്ടി ശബ്ദമുണ്ടാക്കുകയും ചെയ്‌തു.” എങ്കിലും അവരുടെ ഉദ്ദേശ്യം വിജയിച്ചില്ല. കാരണം, സത്യത്തിന്റെ വിത്തുകൾ വിതയ്‌ക്കപ്പെടുകയും വേരെടുക്കുകയും ചെയ്‌തു. പിറ്റേ വർഷം, ബെണേറിലെ ആദ്യത്തെ സാക്ഷികളായ യാക്കോബോയും മാറ്റൈസും കുറെസോയിൽവെച്ചു സ്‌നാപനമേറ്റു.

റസ്സൽ യേറ്റ്‌സും വില്യം യേറ്റ്‌സും 1951-ൽ ബെർനാബെല്ലാ സഹോദരന്റെ ഭവനത്തിൽ യോഗങ്ങൾ സംഘടിപ്പിച്ചു. 1952-ൽ, ക്രാലൻഡൈക്കിൽ ഒരു ഹാൾ വാടകയ്‌ക്കെടുത്ത്‌ പുതിയ സഭ സ്ഥാപിക്കാൻ ക്ലിന്റൺ വില്യംസിനെ ബെണേറിലേക്കു നിയമിച്ചു. ഇത്‌ അവിടത്തെ കത്തോലിക്കാ പുരോഹിതനെ കുപിതനാക്കി. അയാൾ വില്യംസിനെ അവിടെനിന്നു തുരത്താൻ ശ്രമിച്ചു. പുരോഹിതൻ വില്യംസ്‌ സഹോദരൻ ബൈബിൾ പഠിപ്പിച്ചിരുന്ന ഒരു സ്‌ത്രീയെ ചെന്നു കാണുകയും സഹോദരൻ അവരോടു മോശമായി പെരുമാറിയെന്നു പരാതിപ്പെടാൻ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ അവർ അതിനു വിസമ്മതിച്ചു. നിരാശിതനായ പുരോഹിതൻ വില്യംസ്‌ സഹോദരനെ വാറാ-വാറാ എന്നു വിളിച്ചു. ദ്വീപുകളിൽ കാണപ്പെടുന്ന ഒരു ഇരപിടിയൻ പക്ഷിയാണ്‌ വാറാ-വാറാ. തന്റെ ആടുകളെ വില്യംസ്‌ തട്ടിയെടുക്കുകയാണെന്ന്‌ അയാൾ ആരോപിച്ചു. എന്നാൽ കുറെസോയിൽ വീണ്ടും നിയമിക്കപ്പെടുന്നതുവരെ വില്യംസ്‌ സഹോദരൻ യഹോവയുടെ ആത്മാവിന്റെ സഹായത്തോടെ ആ പുതിയ സഭയെ ശക്തീകരിക്കുന്നതിൽ തുടർന്നു. 1954-ൽ, അവിടെ ആദ്യത്തെ സർക്കിട്ട്‌ സമ്മേളനം നടത്തപ്പെട്ടു. അന്നുമുതൽ ബെണേറിലെ സഹോദരന്മാരുടെ ആത്മീയ ജീവിതത്തിൽ സമ്മേളനങ്ങളും കൺവെൻഷനുകളും ഒരു മർമപ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌. യഹോവയുടെ സാക്ഷികൾ നിർമിച്ച ചലച്ചിത്രങ്ങൾ കാണാനും ആളുകൾ കൂട്ടമായി എത്തുമായിരുന്നു. അവയെല്ലാം ആളുകളിൽ താത്‌പര്യമുണർത്തിയെങ്കിലും 1969-ൽ പ്രത്യേക പയനിയർമാരായ പേറ്റ്രാ സെലാസ്സായും അവരുടെ മകളായ ഇങ്ക്രിഡും എത്തുന്നതുവരെ അവിടെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല.

പേറ്റ്രായും ഇങ്ക്രിഡും ഈ ദ്വീപിൽ എത്തുമ്പോൾ അവർക്കു കാർ ഉണ്ടായിരുന്നില്ല; എങ്കിലും കാൽനടയായിത്തന്നെ അവർ ഏതാണ്ട്‌ മുഴു പ്രദേശവും പ്രവർത്തിച്ചു തീർത്തു. അവരുടെ വിദ്യാർഥികളിൽ പലരും പിന്നീടു സ്‌നാപനമേറ്റു. ശിരോവസ്‌ത്രം ധരിച്ച്‌, ഇരുന്നുകൊണ്ട്‌ സഹോദരിമാർ ഇരുവരും എല്ലാ യോഗങ്ങളും നടത്തി. മാസത്തിൽ ഒരിക്കൽ ഒരു സഹോദരൻ കുറെസോയിൽനിന്ന്‌ വിമാനമാർഗം എത്തി അവരോടൊപ്പം പ്രവർത്തിക്കുകയും ഒരു പരസ്യപ്രസംഗം നടത്തുകയും ചെയ്യുമായിരുന്നു. പിന്നീട്‌ പേറ്റ്രായ്‌ക്ക്‌ അവിടെനിന്നു പോകേണ്ടി വന്നപ്പോൾ മറ്റൊരു പ്രത്യേക പയനിയറായ ക്ലൗഡെറ്റ്‌ റ്റെസോയ്‌ഡാ ഇങ്ക്രിഡിനോടൊപ്പം ചേർന്നു. ഇരുവരും ആളുകളെ ബൈബിൾ സത്യം പഠിപ്പിക്കുന്നതിൽ തുടർന്നു.

ഒരു രാഷ്‌ട്രീയക്കാരന്റെ ഭാര്യ പൂർണതയുള്ള ഗവൺമെന്റ്‌ കണ്ടെത്തുന്നു

നിർമല ഭാഷ പഠിച്ചവരുടെ കൂട്ടത്തിൽ ഒരു പ്രമുഖ രാഷ്‌ട്രീയക്കാരന്റെ ഭാര്യയും ഉൾപ്പെടുന്നു. സ്‌നേഹത്തോടെ ഏവരും ഡാ എന്നു വിളിക്കുന്ന കാരിഡാഡ്‌ അബ്രാഹാം, ബെണേർ മന്ത്രിസഭയിലെ ഒരംഗത്തിന്റെ പത്‌നിയായിരുന്നു. അവരുടെ രണ്ട്‌ ആൺമക്കളും മരുമകനും രാഷ്‌ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഡായും അവരുടെ ഭർത്താവിനുവേണ്ടി ഊർജസ്വലമായി പ്രചാരണം നടത്തിയിട്ടുണ്ട്‌. പരക്കെ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്‌തിരുന്ന ഒരു സ്‌ത്രീയായിരുന്നു അവർ. അവരുടെ മക്കളിൽ ഒരാളുടെ തലതൊട്ടപ്പനായ ഒരു പ്രൊട്ടസ്റ്റന്റ്‌ ശുശ്രൂഷകൻ യഹോവയുടെ സാക്ഷികൾ യേശുക്രിസ്‌തുവിൽ വിശ്വസിക്കാത്തവരാണെന്ന്‌ അവരോടു പറഞ്ഞിരുന്നു. ആ മനുഷ്യൻ അവരുടെ ഒരു സുഹൃത്തും ഒപ്പം ഒരു ശുശ്രൂഷകനും ആയിരുന്നതിനാൽ അവർ ആ വ്യാജപ്രസ്‌താവന വിശ്വസിച്ചു.

ഭർത്താവിന്റെ മരണശേഷം ഡാ നെതർലൻഡ്‌സിലേക്കു താമസം മാറ്റി. അവിടെയായിരിക്കെ രണ്ട്‌ പ്രൊട്ടസ്റ്റന്റ്‌ ശുശ്രൂഷകർ തങ്ങൾ സ്വവർഗരതിക്കാരാണെന്ന്‌ ടെലിവിഷനിൽ പരസ്യമായി ഏറ്റുപറഞ്ഞതു കണ്ടപ്പോൾ അവർ ഞെട്ടിപ്പോയി. മതത്തോടു മടുപ്പു തോന്നിയ അവർ പള്ളിയിൽ പോകുന്നതു നിറുത്തി. പിന്നീട്‌ അവർ ഒരു ബൈബിൾ അധ്യയനം സ്വീകരിക്കുകയും ഒരു സാക്ഷിയാകുകയും ചെയ്‌തു. തുടർന്ന്‌ അവർ ബെണേറിലേക്കു മടങ്ങിപ്പോയി. ഡാ ഇപ്രകാരം പറഞ്ഞു: “സത്യം എത്ര ഉത്‌കൃഷ്ടമാണ്‌! തിരിച്ചുചെന്ന്‌ എന്റെ ആളുകളുമായി അതു പങ്കുവെക്കാതിരിക്കാൻ എനിക്കു കഴിയുമായിരുന്നില്ല.” ഇപ്പോൾ, ബെണേറിലെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി ഒരു മാനുഷ ഗവൺമെന്റിനെ ചൂണ്ടിക്കാണിക്കുന്നതിനു പകരം അവർ സ്ഥിരവും യഥാർഥവുമായ ഒരു പരിഹാരത്തെ​—⁠യേശുക്രിസ്‌തുവിന്റെ കരങ്ങളിലെ ദൈവരാജ്യത്തെ​—⁠കുറിച്ച്‌ പ്രസംഗിക്കാൻ തുടങ്ങി. തന്റെ മകനു വേണ്ടി വോട്ടു ചോദിക്കാൻ വന്നതാണെന്നു കരുതി ആളുകൾ അവരെ വീട്ടിൽ സ്വീകരിച്ചു. എന്നാൽ അവരുടെ സന്ദേശം ആളുകളെ അതിശയിപ്പിച്ചു. എങ്കിലും ഡാ പരക്കെ അറിയപ്പെട്ടിരുന്ന ഒരു വ്യക്തിയായതിനാൽ, ഒരുപക്ഷേ മറ്റു സാക്ഷികൾക്കു ശ്രദ്ധ കൊടുക്കുകയില്ലായിരുന്ന പലരും രാജ്യസന്ദേശത്തിനു ചെവി കൊടുക്കാൻ തുടങ്ങി.

സാഹിത്യങ്ങൾ പ്രാദേശിക ഭാഷയിൽ ലഭ്യമാകുന്നു

ബൈബിൾ പ്രസിദ്ധീകരണങ്ങൾ മാതൃഭാഷയിൽ വായിക്കാൻ സാധിച്ചാൽ സത്യം ആളുകളുടെ ഹൃദയത്തെ വേഗത്തിൽ സ്‌പർശിക്കും. എന്നാൽ ആദ്യത്തെ മിഷനറിമാർ വന്നെത്തുമ്പോൾ പാപ്പിയമെന്റോ ഭാഷയിൽ ബൈബിൾ സാഹിത്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇംഗ്ലീഷ്‌, സ്‌പാനീഷ്‌, ഡച്ച്‌ എന്നീ ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച്‌ ഇംഗ്ലീഷും പാപ്പിയമെന്റോയും കൂട്ടിക്കലർത്തിയാണ്‌ യോഗങ്ങൾ നടത്തിയിരുന്നത്‌. സത്യം മനസ്സിലാക്കാൻ സഹോദരന്മാർക്ക്‌ വളരെയധികം യത്‌നിക്കേണ്ടിയിരുന്നു. അതുകൊണ്ട്‌ പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തേണ്ടത്‌ അനിവാര്യമായിത്തീർന്നു. എന്നാൽ, പാപ്പിയമെന്റോ ഭാഷയുടെ പദസഞ്ചയം പരിമിതമായിരുന്നു. ആ ഭാഷയിൽ നിഘണ്ടുക്കളൊന്നും ഇല്ലായിരുന്നെന്നു മാത്രമല്ല പാപ്പിയമെന്റോ എഴുതേണ്ട വിധത്തെ ചൊല്ലി അനേകം തർക്കങ്ങളും നിലവിലുണ്ടായിരുന്നു. അനുഭവപരിചയമുള്ള ഒരു പരിഭാഷകനായ വില്യം യേറ്റ്‌സ്‌ വർഷങ്ങൾക്കു ശേഷം ഇങ്ങനെ എഴുതി: “രാജ്യസന്ദേശം പ്രസിദ്ധീകരിക്കുന്നതിന്‌, പാപ്പിയമെന്റോയിൽ അതുവരെ പറയപ്പെടുകയോ എഴുതപ്പെടുകയോ ചെയ്‌തിട്ടില്ലാതിരുന്ന കാര്യങ്ങൾ ഞങ്ങൾക്ക്‌ പറയുകയും എഴുതുകയും ചെയ്യേണ്ടിവന്നു. സ്വീകരിക്കേണ്ടതും ഉപയോഗിക്കേണ്ടതുമായ മാനദണ്ഡങ്ങൾ സ്ഥാപിക്കുക എന്നത്‌ ഒരു വെല്ലുവിളിതന്നെ ആയിരുന്നു.” അതേ, തീർച്ചയായും അത്‌ എളുപ്പമുള്ള ഒരു പണി ആയിരുന്നില്ല! 1948-ൽ സഹോദരന്മാർ ആദ്യത്തെ ചെറുപുസ്‌തകം, സകല ജനങ്ങളുടെയും സന്തോഷം (ഇംഗ്ലീഷ്‌) പരിഭാഷപ്പെടുത്തി. 1959-ൽ “ദൈവം സത്യവാൻ” പുസ്‌തകത്തിന്റെ പരിഭാഷ പൂർത്തിയായി. തുടർന്ന്‌ ബയൻഡിട്ട മറ്റു പുസ്‌തകങ്ങളുടെയും പരിഭാഷ ആരംഭിച്ചു. കൂടാതെ ടോറെൻ ഡി വിഹിലാൻസ്യായും (വീക്ഷാഗോപുരം) സ്‌പ്യെർട്ടായും (ഉണരുക!) പാപ്പിയമെന്റോയിലേക്കു ക്രമമായി പരിഭാഷപ്പെടുത്തിത്തുടങ്ങി. പ്രാദേശിക ജനം ദൈവവചനത്തിലെ സത്യങ്ങൾ സ്വന്തം ഭാഷയിൽ വായിച്ചു മനസ്സിലാക്കാൻ ആരംഭിച്ചതോടെ അവരുടെ മേലുള്ള സഭയുടെ പിടി ക്രമേണ അയഞ്ഞുതുടങ്ങി.

പരിഭാഷ സഭായോഗങ്ങളിലെ ഗീതാലാപനത്തിന്മേലും നല്ല ഫലം ഉളവാക്കി. ഏന്റില്ലെസുകാർ ഹൃദയം തുറന്ന്‌ ഉറക്കെയാണ്‌ ഗീതങ്ങൾ ആലപിക്കുന്നത്‌. എന്നാൽ ആദ്യകാലങ്ങളിൽ അവർക്ക്‌ അതിനു കഴിഞ്ഞിരുന്നില്ല. കാരണം പാട്ടുപുസ്‌തകങ്ങൾ സ്‌പാനീഷിൽ ആയിരുന്നു. 1986-ൽ സഹോദരങ്ങൾക്ക്‌ പാപ്പിയമെന്റോയിൽ പാട്ടുപുസ്‌തകങ്ങൾ ലഭിച്ചപ്പോൾ ഹാളുകളിൽ അവരുടെ ഉച്ചത്തിലുള്ള ആലാപനം മാറ്റൊലികൊണ്ടു. ഒടുവിൽ, തങ്ങളുടെ മഹാദൈവമായ യഹോവയെ ഹൃദയം തുറന്നു പാടിസ്‌തുതിക്കാൻ അവർക്കു കഴിഞ്ഞു. മാരീയ ബ്രിറ്റൻ ഇങ്ങനെ പറഞ്ഞു: “ആദ്യമായി ഞാൻ രാജ്യഹാൾ സന്ദർശിച്ചപ്പോൾ എന്റെ ഹൃദയത്തെ സ്‌പർശിച്ചത്‌ ഗീതാലാപനമായിരുന്നു. അതു വളരെ മനോഹരമായിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞുപോയി.”​—⁠യെശ. 42:10, 11എ.

വേല വർധിച്ചതോടെ, കൂടുതൽ പരിഭാഷകരെ ആവശ്യമായിവന്നു. തീക്ഷ്‌ണതയുള്ള രണ്ട്‌ യുവ പയനിയർമാർ​—⁠റെയ്‌മണ്ട്‌ പീറ്റേഴ്‌സും ജാനിൻ കോൺസെപ്‌സ്യോണും​—⁠പരിഭാഷാവേല ചെയ്യാൻ തുടങ്ങി. ഇന്ന്‌ ഇവിടത്തെ പരിഭാഷാ വിഭാഗത്തിൽ ഒമ്പതു പേരുണ്ട്‌. 1989-ൽ മെപ്‌സ്‌ സോഫ്‌റ്റ്‌വെയറോടു കൂടിയ കമ്പ്യൂട്ടറുകൾ എത്തിച്ചേർന്നു. അവ പരിഭാഷകർക്ക്‌ വിലയേറിയ ഒരു ഉപകരണമായി ഉതകിയിട്ടുണ്ട്‌. അങ്ങനെ, ഒടുവിൽ വീക്ഷാഗോപുരം മറ്റു ഭാഷകളോടൊപ്പംതന്നെ പാപ്പിയമെന്റോയിലും പ്രസിദ്ധീകരിക്കാൻ സാധിച്ചു. പ്രസംഗപ്രവർത്തനത്തിൽ ഇതു വളരെ സഹായകമായിരുന്നിട്ടുണ്ട്‌.

കൂടുതൽ മിഷനറി സഹായം

റസ്സൽ യേറ്റ്‌സിന്‌ ഗിലെയാദ്‌ സ്‌കൂളിലെ റിഫ്രഷർ കോഴ്‌സിൽ സംബന്ധിക്കേണ്ടിയിരുന്നതിനാൽ, 1962-ൽ അദ്ദേഹത്തിനു പകരം 37-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിലെ ജോൺ ഫ്രൈ ബ്രാഞ്ച്‌ മേൽവിചാരകനായി നിയമിതനായി. 18 മാസങ്ങൾക്കുശേഷം, ഫ്രൈ സഹോദരി ഗർഭിണിയായപ്പോൾ അവർ ഇംഗ്ലണ്ടിലേക്കു മടങ്ങി. യേറ്റ്‌സ്‌ സഹോദരൻ വീണ്ടും ബ്രാഞ്ച്‌ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാൻ തുടങ്ങി. 1964 ഡിസംബർ 31-ന്‌, 39-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽനിന്നു ബിരുദം നേടിയ ശേഷം ആഹെ വാൻ ഡാൽഫ്‌സൻ നെതർലൻഡ്‌സിൽനിന്ന്‌ ദ്വീപുകളിൽ എത്തി. കുറെസോയിൽ കാലുകുത്തിയപ്പോൾ രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ടുള്ള പടക്കങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദവും വാണങ്ങൾ മുകളിലേക്കു ചീറിപ്പാഞ്ഞുപോകുന്ന കാഴ്‌ചയുമൊക്കെയായിരുന്നു അദ്ദേഹത്തെ വരവേറ്റത്‌. ദ്വീപവാസികൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയായിരുന്നില്ല. മറിച്ച്‌, അവർ തങ്ങളുടെ ഒരു വാർഷിക ആചാരം കൊണ്ടാടുകയായിരുന്നു. അശുദ്ധാത്മാക്കളെ തുരത്തിയോടിച്ചും പോയവർഷത്തിലെ കാലക്കേടുകളെ ഇല്ലായ്‌മ ചെയ്‌തുംകൊണ്ട്‌ നവവത്സരത്തെ സ്വാഗതം ചെയ്യുന്ന രീതിയായിരുന്നു അത്‌. ചുറുചുറുക്കുള്ള ഒരു യുവാവായിരുന്ന വാൻ ഡാൽഫ്‌സൻ സഹോദരൻ സർക്കിട്ട്‌ വേലയും പിന്നീട്‌ ഡിസ്‌ട്രിക്‌റ്റ്‌ വേലയും ഏറ്റെടുത്തു. മിക്ക മിഷനറിമാരെയും പോലെതന്നെ അദ്ദേഹം തന്റെ പുതിയ ഭവനത്തെ സ്‌നേഹിക്കാൻ ഇടയായി. അദ്ദേഹം പറയുന്നു: “ആളുകൾ സൗഹൃദപ്രകൃതമുള്ളവരും അതിഥിപ്രിയരും സത്യസന്ധരുമാണ്‌. ഇവിടെ നിയമനം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്‌, അതിനെ ഒരു വലിയ പദവിയായി ഞാൻ വീക്ഷിക്കുന്നു.”

ട്രിനിഡാഡിൽനിന്നുള്ള ജൂലി എന്ന സഹോദരിയെ 1974-ൽ ആഹെ വിവാഹം ചെയ്‌തു. അവർ അദ്ദേഹത്തോടൊപ്പം സഞ്ചാരവേലയിൽ പങ്കുചേർന്നു. ജൂലി അനുസ്‌മരിക്കുന്നു: “ദ്വീപിലെ ആളുകളുടെ സൗഹാർദപൂർവമായ പെരുമാറ്റവും മതസഹിഷ്‌ണുതയും എന്നെ വളരെയധികം ആകർഷിച്ചു. എനിക്ക്‌ പാപ്പിയമെന്റോ വശമില്ലായിരുന്നു. എന്നാൽ അവരുടെ സഹായമനസ്‌കത നിമിത്തം പ്രസംഗവേല ആസ്വദിക്കാൻ എനിക്കു സാധിച്ചു. ‘കോൻ റ്റാ ബൈ?’ (സുഖമാണോ?) എന്നു ചോദിക്കുന്നതും ഇവിടത്തെ രീതിയനുസരിച്ച്‌ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ക്ഷേമത്തെ കുറിച്ച്‌ ആരായുന്നതും എളുപ്പമായിരുന്നു. സാഹിത്യങ്ങൾ സമർപ്പിക്കാനും ബുദ്ധിമുട്ടില്ലായിരുന്നു. എന്നാൽ പൊടിയോടും കാറ്റിനോടും മല്ലിട്ട്‌ നാലു ഭാഷകളിലുള്ള സാഹിത്യങ്ങൾ നിറച്ച ഭാരിച്ച ബാഗും ചുമന്നുകൊണ്ടു നടക്കുന്നതായിരുന്നു ബുദ്ധിമുട്ട്‌! എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം സന്തോഷം നൽകുന്ന അനുഭവങ്ങളായിരുന്നു.” 1980-ൽ, ആഹെയുടെ അൽഷൈമേഴ്‌സ്‌ രോഗിയായിരുന്ന പിതാവിനെ ചികിത്സിക്കാനായി അദ്ദേഹവും ജൂലിയും നെതർലൻഡ്‌സിലേക്കു പോയി. എന്നാൽ 1992-ൽ അവർ കുറെസോയിൽ തിരിച്ചെത്തി.

വാൻ ഡാൽഫ്‌സൻ ദമ്പതികളുടെ അഭാവത്തിൽ സർക്കിട്ട്‌ വേല തുടർന്നുകൊണ്ടുപോയത്‌ 67-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽനിന്നുള്ള റോബർട്ടസ്‌ ബെർക്കേർസും ഭാര്യ ഗേലും ആയിരുന്നു. മുഴുസമയ ശുശ്രൂഷയോടുള്ള ആവേശം ഇവർ സഹോദരങ്ങളിൽ ഉൾനട്ടു. 1986-ൽ ഓട്ടോ ക്ലോസ്റ്റർമാനും ഭാര്യ ഇവോന്നയും ഗിലെയാദ്‌ പരിശീലനം പൂർത്തിയാക്കി കുറെസോയിലേക്കു വന്നു. 1994-ൽ ക്ലോസ്റ്റർമാൻ സഹോദരൻ ബ്രാഞ്ച്‌ കോ-ഓർഡിനേറ്ററായി നിയമിതനായി. 2000-ത്തിൽ അവർ നെതർലൻഡ്‌സിലേക്കു മടങ്ങി. 2000 മാർച്ചിൽ വാൻ ഡാൽഫ്‌സൻ സഹോദരന്‌ ബ്രാഞ്ച്‌ കമ്മിറ്റിയിൽ സേവിക്കാൻ നിയമനം ലഭിച്ചു. അങ്ങനെ സഹോദരനും സഹോദരിയും ബെഥേലിൽ എത്തി. അവർ ഇരുവരും ഇപ്പോൾ അവിടെ ബെഥേലിൽ സേവിക്കുന്നു. 1997-ൽ, ബ്രുക്ലിനിലെ ഗ്രാഫിക്‌സ്‌ വിഭാഗത്തിൽ സേവിച്ചിരുന്ന ഗ്രിഗറി ഡൂഹോണും ഭാര്യ ഷാരോണും വിദേശ സേവനത്തിലുള്ള ബെഥേൽ അംഗങ്ങൾ എന്ന നിലയിൽ കുറെസോ ബ്രാഞ്ചിൽ നിയമിതരായി. മാരകമായ കാൻസർ പിടിപെട്ടിരുന്ന റസ്സൽ യേറ്റസ്‌ സഹോദരനെ പരിചരിക്കുന്നതിൽ രജിസ്റ്റേർഡ്‌ നേഴ്‌സായ ഷാരോണും മറ്റുള്ളവരും വിലയേറിയ പങ്കു വഹിച്ചു. 2000 മാർച്ചിൽ ഡൂഹോൺ സഹോദരൻ ബ്രാഞ്ച്‌ കോ-ഓർഡിനേറ്ററായി നിയമിതനായി. ദയാവായ്‌പുള്ളവനും സമീപിക്കാൻ കഴിയുന്നവനുമായ ഒരു വ്യക്തിയാണ്‌ അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ എല്ലാവരും ഇഷ്ടപ്പെടുന്നു. ഇപ്പോൾ ഗ്രിഗറി ഡൂഹോണും ക്ലിന്റൺ വില്യംസും ആഹെ വാൻ ഡാൽഫ്‌സനുമാണ്‌ ബ്രാഞ്ച്‌ കമ്മിറ്റിയിലുള്ളത്‌.

പയനിയറിങ്ങിൽ സമൃദ്ധമായ ഫലങ്ങൾ കൊയ്യുന്നു

ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ മാർഗരറ്റ്‌ പീറ്റെഴ്‌സ്‌ സ്വന്തം മതത്തിൽ സംതൃപ്‌തയായിരുന്നു. അവർ അനുസ്‌മരിക്കുന്നു: “മതം മാറണമെന്ന യാതൊരു ഉദ്ദേശ്യവും തുടക്കത്തിൽ എനിക്കില്ലായിരുന്നു. കത്തോലിക്കാ സഭാംഗമായിരുന്ന ഞാൻ ലിജിയൻ ഓഫ്‌ മേരിയിലും പള്ളിയിലെ ഗായകസംഘത്തിലുമൊക്കെ സജീവമായി പ്രവർത്തിച്ചിരുന്നു. പക്ഷേ ബൈബിൾ പഠിച്ചപ്പോൾ സഭാ പഠിപ്പിക്കലുകളെല്ലാം തെറ്റാണെന്നു ഞാൻ തിരിച്ചറിഞ്ഞു. വയൽ ശുശ്രൂഷയിൽ പങ്കെടുക്കാനുള്ള ക്ഷണം കിട്ടാനൊന്നും ഞാൻ കാത്തുനിന്നില്ല; പങ്കെടുത്തോട്ടേയെന്നു ഞാൻ അങ്ങോട്ടു ചോദിക്കുകയായിരുന്നു. വ്യാജമതത്തിൽനിന്നു പുറത്തുകടന്ന്‌ സത്യത്തിനു വേണ്ടി ഉറച്ച നിലപാടു സ്വീകരിക്കുന്നതിൽ മറ്റുള്ളവരെ സഹായിക്കാൻ ഞാൻ ആഗ്രഹിച്ചു.” 1974-ൽ സ്‌നാപനമേറ്റ അവർ കഴിഞ്ഞ 25 വർഷമായി ഒരു സാധാരണ പയനിയറായി സേവിക്കുന്നു.

യഹോവ മാർഗരറ്റിനെ അനുഗ്രഹിച്ചിരിക്കുന്നതായി അവരുടെ പല അനുഭവങ്ങളിൽനിന്നും കാണാൻ സാധിക്കും. മെൽവാ കൂമ്‌സ്‌ എന്നു പേരുള്ള ഒരു പെൺകുട്ടി ബൈബിൾ പഠിക്കാൻ മാർഗരറ്റിന്റെ അടുക്കൽ എത്തി. അച്ഛന്റെ പക്കൽനിന്ന്‌ ബൈബിൾ പഠിക്കാനുള്ള അനുവാദം വാങ്ങാൻ മാർഗരറ്റ്‌ മെൽവായോട്‌ ആവശ്യപ്പെട്ടു. തന്നോടുള്ള മാർഗരറ്റിന്റെ ആദരവ്‌ മി. കൂമ്‌സിന്റെ ഹൃദയത്തെ സ്‌പർശിച്ചു. തന്റെ മകൾ മാത്രമല്ല മുഴു കുടുംബവും​—⁠അവർ ഏഴു പേരും​—⁠പഠിക്കാൻ സന്നദ്ധരാണെന്ന്‌ അദ്ദേഹം അറിയിച്ചു! അവർ എല്ലാവരും സ്‌നാപനമേൽക്കുന്നതു കാണുന്നതിലെ സന്തോഷം അനുഭവിക്കാൻ മാർഗരറ്റിനു സാധിച്ചു. ആ കുടുംബത്തിലെ ആൺമക്കളിൽ ഒരാൾ പിന്നീട്‌ മൂപ്പനായി നിയമിക്കപ്പെട്ടു.

യഹോവയുടെ നന്മ രുചിച്ചറിഞ്ഞ മറ്റൊരു പയനിയറാണ്‌ ബ്ലാഞ്ച്‌ വാൻ ഹൈഡോൺ. 1961-ലാണ്‌ അവർ സ്‌നാപനമേറ്റത്‌, അവരുടെ ഭർത്താവ്‌ ഹാൻസ്‌ 1965-ലും. കഴിഞ്ഞ 35 വർഷമായി അവർ ഒരു പയനിയറാണ്‌. പയനിയറിങ്‌ ചെയ്യുന്നതോടൊപ്പം ബ്ലാഞ്ചിന്‌ തന്റെ ആറ്‌ മക്കളുടെ​—⁠അവരിൽ രണ്ടു പേർ ഇപ്പോൾ സാധാരണ പയനിയർമാരാണ്‌⁠—⁠കാര്യങ്ങളും നോക്കേണ്ടതുണ്ടായിരുന്നു. ഹാൻസിൽനിന്നുള്ള ഭൗതികവും വൈകാരികവുമായ പിന്തുണയില്ലാതെ അതു സാധ്യമാകുമായിരുന്നില്ല. യഹോവയ്‌ക്കു ജീവിതം സമർപ്പിക്കാൻ അവർ ഇരുവരും ചേർന്ന്‌ 65 വ്യക്തികളെ സഹായിച്ചിരിക്കുന്നു.

സത്യം പഠിക്കാൻ ബ്ലാഞ്ച്‌ സഹായിച്ചിട്ടുള്ള നിരവധി പേരിൽ ഒരാൾ അവരുടെ അയൽക്കാരിയായ സെറാഫീന്നായാണ്‌. അധ്യയനം ആരംഭിച്ചപ്പോൾ സെറാഫീന്നായുടെ ഭർത്താവ്‌ ടേയോയിൽനിന്നു കടുത്ത എതിർപ്പുണ്ടായി. അയാൾ സെറാഫീന്നായുടെ പുസ്‌തകങ്ങൾ കത്തിച്ചുകളയുകയും ബ്ലാഞ്ച്‌ വീട്ടിൽ വരുന്നതു വിലക്കുകയും ചെയ്‌തു. ബ്ലാഞ്ചിനെ വകവരുത്താനായി താൻ ഒരു വാക്കത്തി മൂർച്ച വരുത്തി വെച്ചിട്ടുണ്ടെന്ന്‌ അയാൾ എല്ലാവരോടും പറഞ്ഞു. ടേയോയുടെ ഈ എതിർപ്പിനു കാരണം എന്താണെന്ന്‌ ഹാൻസ്‌ കണ്ടെത്തി. അയാളുടെ സുഹൃത്തിന്റെ ഭാര്യ ഒരു പ്രാദേശിക മതത്തിന്റെ ശുശ്രൂഷകനിൽനിന്ന്‌ പ്രബോധനങ്ങൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ പിന്നീട്‌ ആ സ്‌ത്രീ തന്നെ പഠിപ്പിക്കാൻ വന്നിരുന്ന ശുശ്രൂഷകനോടൊപ്പം ഒളിച്ചോടി. തന്റെ ഭാര്യയും അങ്ങനെ ചെയ്‌തേക്കുമോ എന്നായിരുന്നു ടേയോയുടെ പേടി. എബ്രായർ 13:4 ഉപയോഗിച്ച്‌ വിവാഹം സംബന്ധിച്ച സാക്ഷികളുടെ കാഴ്‌ചപ്പാട്‌ എന്താണെന്ന്‌ ഹാൻസ്‌ വിശദമാക്കി. ടേയോയ്‌ക്ക്‌ ആശ്വാസമായി, അധ്യയനം തുടരാൻ അനുവാദം നൽകുകയും ചെയ്‌തു. സെറാഫീന്നാ സ്‌നാപനമേറ്റു, കുറച്ചു നാളുകൾക്കുശേഷം ടേയോയും. ഇരുവരും ഇപ്പോൾ വിശ്വസ്‌തമായി യഹോവയെ സേവിക്കുന്നു.

ഒരു ദിവസം രാവിലെ പതിനൊന്നു മണിക്ക്‌ ഒരു ബൈബിൾ അധ്യയനം നടത്തിയശേഷം ഉച്ചയൂണിനായി വീട്ടിൽ തിരിച്ചെത്തിയ താൻ രണ്ടു മണിക്കൂറിനുശേഷം പുത്രനായ ലൂഷനിനു ജന്മം നൽകിയതായി ബ്ലാഞ്ച്‌ പറയുന്നു! ഇന്നും അവർ പയനിയർ സേവനം എന്ന പദവിയെ അമൂല്യമായി വീക്ഷിക്കുന്നു. ബ്ലാഞ്ച്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: “പയനിയറിങ്‌ ചെയ്യുമ്പോൾ നമ്മൾ നിരന്തരം തയ്യാറാകുകയും പഠിക്കുകയും ചെയ്യും. മറ്റു യാതൊന്നിൽനിന്നും കണ്ടെത്താനാകാത്ത സംതൃപ്‌തി പയനിയറിങ്‌ നൽകുന്നു.”

സാധാരണയിൽ കവിഞ്ഞ ശക്തി

മാരിയോൻ ക്ലേഫ്‌സ്‌ട്രായും യഹോവയെ മുഴുസമയം സേവിക്കുന്നതിൽ വലിയ സംതൃപ്‌തി കണ്ടെത്തിയിട്ടുണ്ട്‌. ഒരു കൗമാരപ്രായക്കാരിയായിരിക്കെ, കണ്ണുകാണാത്ത മുത്തശ്ശിക്ക്‌ മാസികകൾ വായിച്ചുകൊടുക്കുക വഴിയാണ്‌ അവർക്കു സത്യത്തോടു താത്‌പര്യം ജനിച്ചത്‌. 1955-ൽ യഹോവയ്‌ക്കു തന്റെ ജീവിതം സമർപ്പിച്ച അവർ 1970-ൽ ഒരു സാധാരണ പയനിയറായി പുത്രനായ ആൽബർട്ടും അവരുടെ പാത പിന്തുടർന്നു. കഴിഞ്ഞ 18 വർഷമായി ആൽബർട്ട്‌ ഒരു പയനിയറായി സേവിക്കുന്നു.

ഒമ്പതു മക്കളുടെ അമ്മയായ യോഹാന്നാ മാർട്ടീന്നായുമൊത്ത്‌ മാരിയോൻ ബൈബിൾ അധ്യയനം ആരംഭിച്ചു. യോഹാന്നായുടെ ഭർത്താവ്‌ ആന്റോണ്യോ ഇതിനെ വളരെയധികം എതിർത്തു. അദ്ദേഹം ഉള്ളപ്പോൾ മാരിയോന്‌ യോഹാന്നായുമൊത്ത്‌ അധ്യയനം നടത്താൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹം വീട്ടിലുള്ളപ്പോൾ യോഹാന്നാ ഗേറ്റിൽ ഒരു തുണിക്കഷണം കെട്ടിയിടും. അതു കാണുമ്പോൾ മാരിയോൻ തിരിച്ചുപോകും, എന്നിട്ട്‌ മറ്റൊരു സമയത്തു മടങ്ങിച്ചെല്ലും. മാരിയോന്റെ ക്ഷമയും യോഹാന്നായുടെ സ്ഥിരോത്സാഹവും നിമിത്തം യോഹാന്നായും ആന്റോണ്യോയും സത്യം സ്വീകരിക്കുകയും ഒരുമിച്ചു സ്‌നാപനമേൽക്കുകയും ചെയ്‌തു. ഒമ്പതു മക്കളിൽ എട്ടു പേരെ യഹോവയ്‌ക്കു തങ്ങളുടെ ജീവിതം സമർപ്പിക്കാൻ സഹായിക്കുന്നതിന്‌ അവർക്കു കഴിഞ്ഞു.

ദുഃഖകരമെന്നു പറയട്ടെ, ആന്റോണ്യോ പിന്നീട്‌ ഒരു വാഹനാപകടത്തിൽ മരിച്ചു. കുറച്ചു വർഷങ്ങൾക്കു ശേഷം യോഹാന്നായുടെ ഒരു മകനും മകളും ഇതേ രീതിയിൽ മരണമടഞ്ഞു. മൂന്നാമതൊരു മകളും ദാരുണമായി മരിക്കുകയുണ്ടായി. എന്നാൽ ഈ പരിശോധനകളിൻ കീഴിലെല്ലാം യോഹാന്നാ പിടിച്ചുനിന്നു. സഹിച്ചുനിൽക്കാൻ പ്രാപ്‌തയാകേണ്ടതിന്‌ ‘സാധാരണയിൽ കവിഞ്ഞ ശക്തി’ക്കായി അവർ യഹോവയിൽ ആശ്രയിച്ചു. (2 കൊരി. 4:​7, NW) കടുത്ത മനോവേദനയുടെ സമയങ്ങളെ തരണം ചെയ്യാൻ മാത്രമല്ല, കഴിഞ്ഞ 25 വർഷം പയനിയർ സേവനത്തിൽ തുടരാനും ശക്തമായ വിശ്വാസം യോഹാന്നായെ സഹായിച്ചിരിക്കുന്നു. യോഹാന്നായ്‌ക്ക്‌ ഇപ്പോൾ 81 വയസ്സുണ്ട്‌. അവർ പറയുന്നു: “യഹോവ വലിയവനാണ്‌. അവൻ എന്നെ താങ്ങുന്നു. ഞാൻ അവനോടു യാചിച്ചുകൊണ്ടേയിരിക്കുന്നു. ഒരിക്കലും അവൻ എന്നെ നിരാശപ്പെടുത്തിയിട്ടില്ല.”

മിക്ക സഭകളുടെയും അടിത്തറയായി ഉതകുന്ന, അവയെ സമ്പുഷ്ടമാക്കുന്ന കഠിനാധ്വാനികളായ പയനിയർമാരുടെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്‌ ഇവർ. 1998-ൽ പയനിയർമാരുടെ മണിക്കൂർ വ്യവസ്ഥയിൽ മാറ്റം വരുത്തിയപ്പോൾ ഈ സേവനരംഗത്തു പ്രവേശിക്കാൻ മറ്റു പലർക്കും അവസരം ലഭിച്ചു. പയനിയർ സേവന സ്‌കൂളിനോടുള്ള തങ്ങളുടെ ആഴമായ വിലമതിപ്പ്‌ പയനിയർമാർ പ്രകടിപ്പിച്ചിട്ടുണ്ട്‌. മെച്ചപ്പെട്ട ശുശ്രൂഷകരാകാനുള്ള പരിശീലനം നേടുന്നതിൽ ഈ സ്‌കൂൾ അവരെ വളരെയധികം സഹായിച്ചിരിക്കുന്നു. തീക്ഷ്‌ണതയുള്ള പ്രസാധകരും യഹോവയ്‌ക്ക്‌ അർപ്പിക്കപ്പെടുന്ന സ്‌തുതിഘോഷത്തിൽ തങ്ങളുടെ സ്വരങ്ങൾ ചേർക്കുന്നു. പിൻവരുന്ന അനുഭവം തെളിയിക്കുന്ന പ്രകാരം ഇവരിൽ ചിലർ അനൗപചാരിക സാക്ഷീകരണത്തിൽ വളരെയധികം വിജയിച്ചിട്ടുണ്ട്‌.

ഗയാനയിൽനിന്നുള്ള ഒരു യുവ ഡോക്ടറായ ആൽബർട്ട്‌ ഹിത്ത്‌ 1950-കളുടെ ആരംഭത്തിൽ ഇന്തൊനീഷ്യയിലെ ജക്കാർത്തയിലുള്ള ഒരു യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുകയായിരുന്നു. അവിടെവെച്ച്‌ അദ്ദേഹം വ്യത്യസ്‌തമായ ഒരു സൗഖ്യമാക്കലിനെ കുറിച്ചു പഠിക്കാൻ തുടങ്ങി. ഒരു നേത്രരോഗ വിദഗ്‌ധനായിരുന്ന അദ്ദേഹത്തിന്‌ വെളിപ്പാടു 3:​18-ൽ രേഖപ്പെടുത്തിയിരിക്കുന്ന, യേശു ലവോദിക്യരോട്‌ പരാമർശിച്ച ‘ലേപന’ത്തിന്റെ മൂല്യം മനസ്സിലാക്കാൻ കഴിഞ്ഞു. ആളുകൾക്കു താൻ കുറിച്ചുകൊടുക്കേണ്ടത്‌ ഈ ‘ലേപന’മാണെന്ന്‌ ആർബർട്ടിനു ബോധ്യമായി. 1964-ൽ അദ്ദേഹവും കുടുംബവും കുറെസോയിലേക്കു താമസം മാറ്റി. യേശു ഭൂമിയിലെ തന്റെ അടിമ വർഗത്തെ ഭരമേൽപ്പിച്ചിരിക്കുന്ന ആത്മീയ സൗഖ്യമാക്കൽ പരിപാടിയെ കുറിച്ചു പഠിക്കുന്നതിൽ അദ്ദേഹം തുടർന്നു. (മത്താ. 24:​45, NW) 1969-ൽ ആൽബർട്ടും മകനും ഒരേ സമ്മേളനത്തിൽവെച്ചു സ്‌നാപനമേറ്റു. തന്റെ ക്ലിനിക്കിൽവെച്ച്‌ അദ്ദേഹം രോഗികൾക്കും ജീവനക്കാർക്കും നല്ല സാക്ഷ്യം നൽകി. ഒട്ടേറെ പേരെ സത്യത്തിന്റെ ജലത്തിനരികിലേക്കു നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അവരിൽ ചിലർ ഇന്നു മൂപ്പന്മാരായി സേവിക്കുന്നു.

ഒരു അപ്രതീക്ഷിത വിഘ്‌നം

കുറെസോയിലെ ജനജീവിതം എല്ലായ്‌പോഴും സുഗമമായി മുന്നോട്ടു പോയിരുന്നു. ഏറെക്കുറെ ശാന്തമായ അന്തരീക്ഷത്തിനു വിഘ്‌നം സൃഷ്ടിക്കുന്ന യാതൊന്നും വർഷങ്ങളായി അവിടെ നടന്നിരുന്നില്ല. എന്നാൽ ഈ അവസ്ഥയെ തകിടം മറിക്കുമായിരുന്ന സംഭവവികാസങ്ങൾ അരങ്ങേറാനിരിക്കുകയായിരുന്നു. 1969 മേയ്‌ ആദ്യം മേഖലാ മേൽവിചാരകനായ റോബർട്ട്‌ ട്രേസി അലംഭാവത്തിനെതിരെയും ദ്വീപിലെ ശാന്തമായ അന്തരീക്ഷത്താൽ കബളിപ്പിക്കപ്പെട്ട്‌ വ്യാജമായ സുരക്ഷിത ബോധത്തിന്‌ അടിമപ്പെടുന്നതിന്റെ അപകടത്തിനെതിരെയും മുന്നറിയിപ്പു നൽകുകയുണ്ടായി. അവിടത്തെ പ്രശാന്തമായ അന്തരീക്ഷം തകിടം മറിയാൻ പോകുകയായിരുന്നു. വെറും ആഴ്‌ചകൾക്കകം, മേയ്‌ 30-ന്‌, ഒരു തൊഴിലാളി തർക്കം അക്രമത്തിന്റെ രൂപം കൈക്കൊണ്ടു. ദ്വീപിലാകെ കൊള്ളയും കൊള്ളിവെപ്പും നടമാടി. ഒരിക്കൽ പ്രശാന്തമായിരുന്ന സാമൂഹിക അന്തരീക്ഷം രാഷ്‌ട്രീയ പ്രക്ഷോഭങ്ങളുടെ കേളീരംഗമായി മാറി. ക്ലിന്റൺ വില്യംസ്‌ അനുസ്‌മരിക്കുന്നു: “ഷർട്ടിടാത്ത ഒരു മനുഷ്യൻ രോഷം കത്തിക്കാളുന്ന കണ്ണുകളോടെ എന്റെ കാറിനടുത്തേക്കു പാഞ്ഞുവന്നു. പെട്ടെന്ന്‌, മുമ്പ്‌ ഞാൻ ബൈബിൾ അധ്യയനം നടത്തിയിരുന്ന ഒരു വ്യക്തി എന്റെ രക്ഷയ്‌ക്കെത്തി. ‘അദ്ദേഹത്തെ ഒന്നും ചെയ്യരുത്‌! അദ്ദേഹം ഒരു നല്ല മനുഷ്യനാണ്‌’ എന്ന്‌ അയാൾ വിളിച്ചുപറഞ്ഞു. ആ മനുഷ്യൻ താൻ സൂപ്പർമാർക്കറ്റിൽനിന്നു കൊള്ളയടിച്ച ചില ടിന്നുകൾ എന്റെ കാറിന്റെ സീറ്റിലേക്കു വലിച്ചെറിഞ്ഞിട്ടു തിരിച്ചുപോയി. ഞാൻ ആശ്വാസപൂർവം ഒരു ദീർഘനിശ്വാസം ഉതിർത്തു, സംരക്ഷണം നൽകിയതിന്‌ യഹോവയോടു നന്ദി പറഞ്ഞു.”

സംഭ്രാന്തിയും അനിശ്ചിതത്വവും നിലനിന്നിരുന്ന, പ്രക്ഷുബ്ധമായ ആ സാഹചര്യത്തിൻ മധ്യേയും യഹോവയുടെ ജനം ശാന്തരായിരുന്നു. സമീപ ഭാവിയിൽ ദൈവരാജ്യം ഏവർക്കും പൂർണതയുള്ള ഒരു ഗവൺമെന്റ്‌ പ്രദാനം ചെയ്യുമെന്നും അന്ന്‌ യഹോവ “സകല ജീവികളുടെയും” ആഗ്രഹത്തെ തൃപ്‌തിപ്പെടുത്തുമെന്നുമുള്ള അറിവ്‌ അവർക്കു സുരക്ഷിതത്വ ബോധം നൽകി. (സങ്കീ. 145:​16, NW) 1969 മേയ്‌ 30 ദ്വീപിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി ഇന്ന്‌ ആളുകൾ കാണുന്നു.

പുതിയ ബ്രാഞ്ച്‌ ഓഫീസുകൾ

നേഥൻ എച്ച്‌. നോർ 1977-ൽ താൻ മരിക്കുന്നതു വരെ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായി സേവിച്ചിരുന്നു. മിഷനറിമാരിൽ എല്ലായ്‌പോഴും അതീവ താത്‌പര്യം കാട്ടിയിരുന്ന അദ്ദേഹം സഹോദരന്മാരെ ശക്തീകരിക്കാനായി കൂടെക്കൂടെ വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യുമായിരുന്നു. 1956-ൽ മേഖലാ മേൽവിചാരകന്മാരും ലോകമെമ്പാടുമുള്ള സഹോദരന്മാരെ സന്ദർശിക്കാൻ തുടങ്ങി. ഈ “മനുഷ്യരാം ദാനങ്ങൾ” ‘കരുത്തേകുന്ന സഹായി’കളായിരുന്നിട്ടുണ്ട്‌. ഈ ദ്വീപുകളിലെ പ്രവർത്തനത്തിന്‌ അവർ വലിയ ഉത്തേജനം നൽകിയിരിക്കുന്നു. (എഫെ. 4:​8, NW; കൊലൊ. 4:​11, NW) 1950-ൽ നോർ സഹോദരൻ ആദ്യമായി ഈ ദ്വീപുകൾ സന്ദർശിച്ചു. കുറെസോയിൽ ആയിരിക്കെ അദ്ദേഹം പുതിയ ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിക്കുന്നതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്‌തു. റസ്സൽ യേറ്റ്‌സ്‌ ആയിരുന്നു ബ്രാഞ്ച്‌ ദാസൻ. നോർ സഹോദരൻ നൽകിയ, “ബന്ദികൾക്കു സ്വാതന്ത്ര്യം” എന്ന പ്രസംഗത്തെ കുറിച്ച്‌ യേറ്റ്‌സ്‌ സഹോദരൻ ഇപ്രകാരം എഴുതി: “ഓരോ വ്യക്തിയെയും സ്റ്റേജിലേക്കു വിളിച്ച്‌ വ്യക്തിപരമായ ബുദ്ധിയുപദേശം നൽകുന്നതുപോലെയാണ്‌ തോന്നിയത്‌.” 1955-ൽ നോർ സഹോദരൻ വീണ്ടും ഇവിടം സന്ദർശിച്ചു. അരൂബയിലുള്ള ഓറഞ്ച്‌സ്റ്റാഡിലെ പണിതീരാത്ത രാജ്യഹാളിൽവെച്ച്‌ അദ്ദേഹം ഒരു പ്രസംഗം നടത്തി. പിന്നീട്‌ അദ്ദേഹം കുറെസോയിൽ നടക്കുന്ന സമ്മേളനത്തിൽ സംബന്ധിക്കാനായി ഒരു കൂട്ടം സഹോദരന്മാരോടൊപ്പം അവിടേക്കു പോയി. 1962-ലെ തന്റെ അവസാനത്തെ ഔദ്യോഗിക സന്ദർശനത്തിൽ, നോർ സഹോദരൻ കുറെസോയിലെ ബുവെന വിസ്‌തയിലുള്ള രാജ്യഹാളിന്റെ സമർപ്പണം നിർവഹിക്കുകയും കാലോചിതമായ പ്രസംഗങ്ങളാൽ സഹോദരന്മാരെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. കൂടാതെ, വില്ലെംസ്റ്റാറ്റിനു തൊട്ടടുത്തുള്ള ഓസ്റ്റർബേക്‌സ്‌റ്റ്രാറ്റിൽ, ഒരേ സ്ഥലത്തുതന്നെ ഒരു പുതിയ ബ്രാഞ്ച്‌ ഓഫീസും മിഷനറി ഭവനവും രാജ്യഹാളും നിർമിക്കാനുള്ള അനുമതി നൽകുകയും ചെയ്‌തു.

കെട്ടിടം രൂപകൽപ്പന ചെയ്യാൻ ഏൽപ്പിച്ച ആർക്കിടെക്‌റ്റിന്റെ പിതാവ്‌ യഹോവയുടെ സാക്ഷികളോടൊപ്പം നാസി തടങ്കൽപ്പാളയത്തിൽ കഴിഞ്ഞ ഒരു യഹൂദനായിരുന്നു. അദ്ദേഹം ഹേസൽ യേറ്റ്‌സിനോട്‌ ഇങ്ങനെ പറയുകയുണ്ടായി: “സത്യമതം ഒന്നേയുള്ളൂ​—⁠അത്‌ യഹോവയുടെ സാക്ഷികളുടേതാണ്‌.” 1964-ൽ സമർപ്പിക്കപ്പെട്ട ഈ ബ്രാഞ്ച്‌ ഓഫീസ്‌ സൗകര്യങ്ങൾ, മേഖലാ മേൽവിചാരകനായ ആൽബർട്ട്‌ ഡി. ഷ്രോഡറിന്റെ ശുപാർശപ്രകാരം 1978-ൽ വിപുലീകരിച്ചു. 1990-ഓടെ കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണെന്നു തെളിഞ്ഞു. പുതിയ കെട്ടിടങ്ങൾ പണിയാനുള്ള സ്ഥലത്തിനുവേണ്ടി അന്വേഷണങ്ങൾ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല.

പണിതീർന്ന ഒരു കെട്ടിടം വാങ്ങി അത്‌ ബ്രാഞ്ച്‌ ഓഫീസ്‌ ആക്കാൻ 1998 നവംബറിൽ തീരുമാനിക്കുകയുണ്ടായി. വില്ലെംസ്റ്റാറ്റിനു തൊട്ടടുത്തുള്ള സേറൂ ലോറവെഹ്‌ എന്ന തെരുവിൽ സൗകര്യപ്രദമായ ഒരു സ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാർപ്പിട സമുച്ചയം വാങ്ങാൻ സഹോദരന്മാർ നിശ്ചയിച്ചു. ഡിസംബർ 4-ന്‌ കെട്ടിടം വാങ്ങി. കാര്യങ്ങളെല്ലാം വളരെ വേഗത്തിലും സുഗമമായും നീങ്ങിയത്‌ സങ്കീർത്തനം 127:​1-നു ചേർച്ചയിൽ യഹോവ തങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുകയാണെന്ന ഉറപ്പ്‌ സഹോദരന്മാർക്കു നൽകി. പുതുക്കി പണിതിരിക്കുന്ന ഈ കെട്ടിടങ്ങൾ നല്ല സൗകര്യമുള്ളവയും മനോഹരവുമാണ്‌. അവ യഹോവയുടെ നാമത്തിനു സ്‌തുതിയും മഹത്ത്വവും കരേറ്റുന്നതിന്‌ ഉതകുന്നു.

പുതിയ ബ്രാഞ്ചിന്റെ സമർപ്പണം 1999 നവംബർ 20-ന്‌ അതിന്റെ അങ്കണത്തിൽവെച്ചു നടന്നു. 273 പേർ സന്നിഹിതരായിരുന്നു. പുതിയ കെട്ടിടങ്ങൾ എങ്ങനെ യഹോവയുടെ മഹത്തായ ഉദ്ദേശ്യം നിവർത്തിക്കാൻ ഉതകുമെന്നു കാണിക്കാൻ ഭരണസംഘത്തിലെ ഗെരിറ്റ്‌ ലോഷ്‌ യെശയ്യാ പ്രവാചകനെ ഉദ്ധരിച്ചു. സ്‌പോർട്‌സ്‌ സ്റ്റേഡിയത്തിൽ പിറ്റേന്നു നടന്ന ഒരു പ്രത്യേക പരിപാടിയിൽ 2,588 പേർ സംബന്ധിച്ചു. സേവന വർഷം 2000-ത്തിലെ സവിശേഷതയായി പലരും ഇതിനെ കാണുന്നു.

രക്തം സംബന്ധിച്ച പ്രശ്‌നം റേഡിയോയിൽ വാർത്തയാകുന്നു

യഹോവയുടെ സാക്ഷികൾ ജീവനെ വിലമതിക്കുന്നു. അത്‌ ദൈവത്തിൽനിന്നുള്ള ഒരു ദാനമാണെന്ന്‌ അവർ വിശ്വസിക്കുകയും ചെയ്യുന്നു. പ്രവൃത്തികൾ 15:​29-നോടുള്ള ചേർച്ചയിൽ അവർ രക്തം വർജിക്കുന്നു. ബൈബിളധിഷ്‌ഠിത കാരണങ്ങളാൽ അവർ രക്തപ്പകർച്ചയ്‌ക്കു വിസമ്മതിക്കുന്നതിനെ, ഉദ്ദേശ്യശുദ്ധിയുള്ള ഡോക്ടർമാരും അധികൃതരും തെറ്റിദ്ധരിച്ചിട്ടുണ്ട്‌. 1983-ൽ കുറെസോയിലെ ഒരു ന്യായാധിപൻ മാതാപിതാക്കളെന്ന നിലയിലുള്ള എസ്‌മണ്ട്‌ ഗിബ്‌സിന്റെയും ഭാര്യ വിവിയന്റെയും ദൈവദത്ത അധികാരത്തെ അംഗീകരിക്കാൻ വിസമ്മതിക്കുകയും അവരുടെ കുഞ്ഞിന്‌ രക്തം നൽകാൻ ഉത്തരവിടുകയും ചെയ്‌തു. ഈ കേസിന്‌ വാർത്താ മാധ്യമങ്ങൾ വളരെ പ്രചാരം നൽകി. അവയിൽ മിക്കവയും ആ ദമ്പതികൾക്ക്‌ എതിരായിട്ടുള്ളവയായിരുന്നു. എന്നാൽ കാര്യങ്ങളുടെ വ്യക്തമായ രൂപം നൽകാനായി ഒരു റേഡിയോ സ്റ്റേഷൻ ഒരു പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്‌തു. ഹൂയെബർട്ട്‌ മാർഗാറീറ്റായും ഭാര്യ ലേന്നയും സർക്കിട്ട്‌ മേൽവിചാരകനായ റോബർട്ടസ്‌ ബെർക്കേർസും ഉൾപ്പെടെ ഏഴു പേർ അടങ്ങുന്ന ഒരു സംഘം പ്രസ്‌തുത വിഷയത്തെ കുറിച്ച്‌ മൂന്നു മണിക്കൂർ ചർച്ച ചെയ്‌തു. രക്തം സംബന്ധിച്ച ബൈബിൾ നിയമം സഹോദരന്മാർ വളരെ വിദഗ്‌ധമായി വിശദീകരിച്ചു. നിലവിലുണ്ടായിരുന്ന പിരിമുറുക്കത്തിന്‌ അയവുവരുത്തുന്നതിലും യഹോവയുടെ നിബന്ധനകളെ കുറിച്ചു മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിലും പരിപാടി വിജയിച്ചു.

രക്തപ്പകർച്ച സ്വീകരിക്കാതിരിക്കാനുള്ള രോഗിയുടെ അവകാശത്തെ ആദരിക്കുന്ന ഡോക്ടർമാരുമുണ്ട്‌. ഉദാഹരണത്തിന്‌, ഒരു സ്‌കൂൾ അധ്യാപികയായ ഹെർഡാ ഫെർബിസ്റ്റ്‌ ഒരു വലിയ കാറപകടത്തിൽ പെട്ടു. അവരെ അടിയന്തിര ശസ്‌ത്രക്രിയയ്‌ക്കു വിധേയയാക്കേണ്ടിയിരുന്നു. ഹെർഡായുടെ ശരീരത്തിൽനിന്നു രക്തം ധാരാളമായി വാർന്നുപൊയ്‌ക്കൊണ്ടിരുന്നു. ബ്ലഡ്‌ കൗണ്ട്‌ രണ്ടായി താണു. കൂടുതൽ രക്തം നഷ്ടമാകാതിരിക്കേണ്ടതിന്‌ രണ്ടു ഘട്ടങ്ങളിലായി ഓപ്പറേഷൻ നടത്താൻ ശസ്‌ത്രക്രിയാ വിദഗ്‌ധൻ തീരുമാനിച്ചു. ശസ്‌ത്രക്രിയ വിജയകരമായിരുന്നു. ചിലപ്പോൾ തങ്ങളുടെ സ്വന്തം മനസ്സാക്ഷിയോടു പൊരുതിയാണെങ്കിലും രക്തം സ്വീകരിക്കാതിരിക്കാനുള്ള രോഗിയുടെ അവകാശത്തെ മാനിക്കാനുള്ള ധൈര്യവും ന്യായബോധവും പ്രകടമാക്കുന്ന വിദഗ്‌ധരും അർപ്പണമനോഭാവമുള്ളവരുമായ അത്തരം ഡോക്ടർമാരോട്‌ യഹോവയുടെ സാക്ഷികൾ കൃതജ്ഞതയുള്ളവരാണ്‌.

കുറെസോയിലെ ആശുപത്രി ഏകോപന സമിതിയുടെ ചെയർമാനായ ഗില്യെർമോ റാമാ ഇങ്ങനെ പറയുന്നു: “പ്രതിസന്ധി ഘട്ടങ്ങളിൽ സഹായത്തിനായുള്ള അഭ്യർഥനകൾ ഞങ്ങൾക്കു നിരന്തരം ലഭിക്കാറുണ്ട്‌. കമ്മിറ്റിയില്ലായിരുന്നെങ്കിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടായേനെ.” അരൂബയിലെ കമ്മിറ്റിയുടെ ചെയർമാനായ ആൽഫ്രെഡോ മ്യൂളറും അതിനോടു യോജിക്കുന്നു. അരൂബയിൽ ആദ്യമൊക്കെ ചില ഡോക്ടർമാരിൽനിന്ന്‌ എതിർപ്പ്‌ ഉണ്ടായെങ്കിലും ഇപ്പോൾ മിക്ക ഡോക്ടർമാരും യഹോവയുടെ സാക്ഷികളുമായി സഹകരിക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

സർക്കിട്ട്‌ മേൽവിചാരകന്മാരുടെ സ്‌നേഹപൂർവകമായ സേവനം

തുടക്കത്തിൽ മൂന്നു ദ്വീപുകളിലും പുരോഗതി തികച്ചും മന്ദഗതിയിലായിരുന്നെങ്കിലും എല്ലായ്‌പോഴും ക്രമമായ വർധന ഉണ്ടായിരുന്നിട്ടുണ്ട്‌. കൂടാതെ അവിടെ സാഹിത്യങ്ങൾ സമർപ്പിക്കാനും എളുപ്പമായിരുന്നു. 1964-ൽ 379 പ്രസാധകർ അടങ്ങുന്ന നാലു സഭകൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്‌. 1980-ൽ സഭകളുടെ എണ്ണം 16 ആയി വർധിച്ചു, പ്രസാധകരുടെ എണ്ണമാകട്ടെ 1,077 ആയി. 1981-നും 2000-ത്തിനും ഇടയ്‌ക്ക്‌ പ്രസാധകരുടെ എണ്ണം 2,154 ആയി വർധിച്ചു. ഡച്ചിലും സ്‌പാനീഷിലും ഉള്ള ഈരണ്ട്‌ സഭകൾ കൂടെ സ്ഥാപിതമായപ്പോൾ സഭകളുടെ എണ്ണം 29 ആയി. സ്‌മാരക ഹാജർ 6,176 ആയിരുന്നു.

വിവിധ ഭാഷാക്കൂട്ടങ്ങളെ സഹായിക്കാനായി ചുരുങ്ങിയത്‌ മൂന്നു ഭാഷകളെങ്കിലും കൈകാര്യം ചെയ്യാൻ അറിയാവുന്ന സർക്കിട്ട്‌ മേൽവിചാരകന്മാരെ ആവശ്യമായിരുന്നു. എന്നാൽ അത്തരം സഹോദരന്മാരെ കണ്ടെത്തുക എല്ലായ്‌പോഴും എളുപ്പമല്ല. എന്നിരുന്നാലും, പൗലൊസിനെ പോലെ തങ്ങളുടെ പ്രാണൻപോലും വെച്ചുകൊടുക്കാൻ ഒരുക്കമുള്ള സഞ്ചാരമേൽവിചാരകന്മാരെ നൽകിക്കൊണ്ട്‌ ദൈവം ഈ ദ്വീപുകളെ അനുഗ്രഹിച്ചിരിക്കുന്നു. (1 തെസ്സ. 2:8) ഇപ്പോൾ സുരിനാമിൽ മിഷനറിമാരായി സേവിക്കുന്ന ഹംഫ്രീ ഹെർമാന്യൂസും ഭാര്യ ലൂഡ്‌മില്ലയും പ്രാദേശിക പയനിയർമാരായ എഡ്‌സൽ മാർഗരിറ്റയും ഭാര്യ ക്ലൗഡെറ്റും സഞ്ചാരവേലയിൽ ഏർപ്പെട്ടിരുന്നു. അതുപോലെ, അരൂബയിൽ പയനിയർമാരായിരുന്ന ഫ്രാങ്കി ഹെർമ്‌സും ഭാര്യ മാരിയയും ബെഥേലിലേക്കു ക്ഷണിക്കപ്പെടുന്നതുവരെ സഞ്ചാരവേലയിൽ ഉണ്ടായിരുന്നവരാണ്‌. ഇപ്പോൾ അവർ ബെഥേലിൽ പരിഭാഷാ വിഭാഗത്തിൽ സേവിക്കുന്നു.

മുമ്പ്‌ ബെൽജിയത്തിൽ സർക്കിട്ട്‌ വേലയിൽ ആയിരുന്ന മാർക്ക്‌ മില്ലെനും ഭാര്യ ഏഡീറ്റും 1997-ൽ സഹോദരന്മാരെ ശക്തീകരിക്കാനായി ദൂരെയുള്ള തങ്ങളുടെ ഭവനത്തിൽനിന്ന്‌ എത്തി. എല്ലാ പുതിയ മിഷനറിമാരെയുംപോലെ മില്ലെൻ ദമ്പതികൾക്ക്‌ പുതിയ ഒരു ഭാഷ പഠിക്കേണ്ടതുണ്ടായിരുന്നു. ചിലപ്പോൾ വളരെ രസകരമായ അനുഭവങ്ങൾ നൽകുന്ന ഒരു വെല്ലുവിളിയാണ്‌ അത്‌. അത്തരത്തിലുള്ള ഒരു അനുഭവം തനിക്കും ഉണ്ടായതായി മില്ലെൻ സഹോദരൻ അനുസ്‌മരിക്കുന്നു. ഒരിക്കൽ അദ്ദേഹം, ഒരു ക്രിസ്‌ത്യാനി കിടങ്ങിൽ (ബൂറാക്കൂ) ഒളിച്ചിരിക്കുന്ന ഒരു പോരാളിയെ പോലെ ആയിരിക്കരുത്‌ എന്നു പറയാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ പറഞ്ഞതോ, ഒരു കഴുതയിൽ (ബൂറിക്കോ) ഒളിച്ചിരിക്കുന്ന ഒരു പോരാളിയെ പോലെ ആയിരിക്കരുത്‌ എന്ന്‌! ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നെങ്കിലും മാർക്കും ഏഡീറ്റും തോറ്റു പിന്മാറിയില്ല. ഭാഷ ഒഴുക്കോടെ സംസാരിക്കാൻ പഠിച്ച അവർ ഇപ്പോൾ പാപ്പിയമെന്റോ, ഡച്ച്‌ സഭകളിൽ സന്തോഷത്തോടെ സേവിക്കുന്നു. പോർട്ടറിക്കോയിൽനിന്നുള്ള ഒരു സർക്കിട്ട്‌ മേൽവിചാരകൻ ദ്വീപുകളിലെ ഇംഗ്ലീഷ്‌, സ്‌പാനീഷ്‌ സഭകളെ സേവിക്കുക എന്ന പുതിയ ക്രമീകരണം 2000-ത്തിൽ നടപ്പിലാക്കപ്പെട്ടു. പോൾ ജോൺസണും ഭാര്യ മാർഷയും ആയിരുന്നു ഈ ക്രമീകരണത്തിൽ പങ്കെടുത്ത ആദ്യത്തെ ദമ്പതികൾ.

ശീഘ്ര നിർമിത രാജ്യഹാളുകൾ

കുറെസോയിലെ പാന്നെക്കൂക്കിൽ ഒരു രാജ്യഹാൾ നിർമിക്കാനായി 1985-ൽ ഐക്യനാടുകളിൽനിന്ന്‌ 294 സഹോദരന്മാർ എത്തിച്ചേർന്നു. ദൂരെ അലാസ്‌കയിൽനിന്നുള്ള സഹോദരന്മാർ പോലും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഒമ്പതു ദിവസംകൊണ്ട്‌ ഹാളിന്റെ പണി തീർന്നപ്പോൾ അതു വലിയ വാർത്തയായി. മാത്രമല്ല, അത്‌ നല്ല ഒരു സാക്ഷ്യമായും സ്‌നേഹവും ഐക്യവും പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നതിന്റെ തെളിവായും ഉതകി. ഐക്യനാടുകളിൽനിന്ന്‌ എത്തിയ സ്വമേധയാ സേവകരെ പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമെല്ലാം ഉത്സാഹത്തോടെ സഹായിക്കുന്നതു കണ്ട്‌ ജനം അതിശയിച്ചുപോയി. റാമീറോ മ്യൂളർ പറയുന്നു: “സാധാരണപോലെതന്നെ, സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവ തരണം ചെയ്യാൻ ഞങ്ങൾക്കു സാധിച്ചു. ഹാളിന്റെ നിർമാണത്തിൽ യഹോവയുടെ ആത്മാവ്‌ ശക്തിയോടെ പ്രവർത്തിച്ചു. ഞായറാഴ്‌ച വൈകുന്നേരം ആ പുതിയ രാജ്യഹാളിൽ യഹോവയെ ആരാധിക്കാൻ സഹോദരങ്ങൾക്കു കഴിഞ്ഞു, ഇതൊന്നും ഒരിക്കലും സാധ്യമാകാൻ പോകുന്നില്ലെന്നു പറഞ്ഞ സന്ദേഹവാദികളെ അതിശയിപ്പിച്ചു കൊണ്ടുതന്നെ.”

ഈ നേട്ടം സ്ഥലത്തെ വൈദികരെയും അത്ഭുതപ്പെടുത്തിക്കളഞ്ഞു. ടെലിവിഷനിൽ വാർത്ത വന്നതിനു ശേഷം ഒരു ദിവസം രാവിലെ ഹാളിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു. അതിൽനിന്നു പുറത്തിറങ്ങിയത്‌ ആരാണെന്നോ? കുറെസോയിലെ ബിഷപ്പും ഒപ്പം മൂന്നു പുരോഹിതന്മാരും. അവരുടെ വെളുത്ത ളോഹകൾ കാറ്റത്ത്‌ ഉലഞ്ഞു. അതിശയത്തോടും അവിശ്വാസത്തോടുംകൂടെ അവർ തലയാട്ടുന്നുണ്ടായിരുന്നു.

ഈ പ്രദേശത്തെ സഹോദരന്മാരെ സേവിക്കാനായി തങ്ങളുടെ ഭവനങ്ങൾ ഉപേക്ഷിച്ച്‌ എത്തിയ ആദ്യകാല മിഷനറിമാരായ വാൻ ഐഹിസ്‌ ദമ്പതികൾ, ഹോൺവെൽറ്റ്‌ ദമ്പതികൾ, ഫെൽപ്‌സ്‌ ദമ്പതികൾ, കോർ ടെന്നിസൻ എന്നിവർ; എഴുത്തും വായനയും അറിയില്ലായിരുന്നെങ്കിലും അനേകരെ സത്യത്തിലേക്ക്‌ ആനയിച്ച പെഡ്രോ ഗിരിഗോറി; ഷെർ ആസിൽ തെരുവുകളിലൂടെ കാൽനടയായി യാത്ര ചെയ്‌ത്‌ നിരവധി മടക്കസന്ദർശനങ്ങൾ നടത്തിയിരുന്ന തിയൊഡോർ “ടോൾ ബോയ്‌” റിച്ചാർഡ്‌സൺ; മാരീയ സെലാസ്സാ, എഡ്‌ന ആർവാസ്യോ, ഇസെന്യാ “ചേന്നാ” മാന്വെൽ, വെറോനിക്ക വോൾ എന്നീ തീക്ഷ്‌ണതയുള്ള പയനിയർമാർ; മൾട്ടിപ്പിൾ സ്‌ക്ലീറോസിസ്‌ എന്ന രോഗവുമായി മല്ലിടുന്ന, കാഴ്‌ചശക്തി ഇല്ലാഞ്ഞിട്ടും പ്രസംഗവേലയിൽ ഉറ്റിരിക്കുകയും തന്നെ പ്രോത്സാഹിപ്പിക്കാനെത്തുന്നവരെ എപ്പോഴും തിരിച്ച്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രസന്നവദനയായ സെഫെറിറ്റാ ഡോളോറിറ്റാ; ഈ സഹോദരങ്ങളുടെ നിസ്വാർഥ പ്രവർത്തനങ്ങളെ കുറിച്ചു വിവരിക്കാൻ തുടങ്ങിയാൽ സമയം മതിയാകാതെ വരും. മടികൂടാതെ തങ്ങളെത്തന്നെ വിട്ടുകൊടുത്ത, വിശ്വസ്‌തരായ ഇവരുടെയും മറ്റുള്ളവരുടെയും രൂപങ്ങൾ ഈ ദ്വീപുകളിലെ സഹോദരങ്ങളുടെ മനസ്സുകളിൽനിന്ന്‌ ഒരിക്കലും മാഞ്ഞുപോകുകയില്ല.

മരുഭൂമി പുഷ്‌പിക്കുന്നു

അരൂബയിൽ 1980-കളിൽ പൊടുന്നനെ വലിയ സാമ്പത്തിക അഭിവൃദ്ധി ഉണ്ടായി. ഇപ്പോൾ ഇവിടത്തെ ബീച്ചുകളിൽ ഉടനീളം നൂതന സൗകര്യങ്ങളോടു കൂടിയ ഹോട്ടലുകൾ കാണാം. ലോകത്തിലെ സമ്പന്നരെ ആകർഷിക്കുന്ന, പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന കാസിനോകളും (ചൂതാട്ടമുൾപ്പെടെ വിനോദകേളികൾക്കുള്ള ഇടം) ഇവിടെയുണ്ട്‌. ഇതെല്ലാം ഇവിടത്തെ ജനങ്ങളുടെ മനോഭാവത്തെ സ്വാധീനിച്ചിട്ടുണ്ട്‌. ഭൗതികത്വ ചിന്താഗതി പലരെയും, സഭയിലുള്ള ചിലരെ പോലും സ്വാധീനിച്ചിരിക്കുന്നു. എന്നിരുന്നാലും, വളരെയധികം ആത്മീയ വിജയം കൈവരിക്കപ്പെട്ടിരിക്കുന്നു, വിശേഷിച്ചും സ്‌പാനീഷ്‌ വയലിൽ. അതോടൊപ്പം നേതൃത്വമെടുക്കാൻ പ്രാപ്‌തരായ സഹോദരങ്ങളുടെ ആവശ്യവും വർധിച്ചിരിക്കുന്നു.

അതേസമയം കുറെസോ കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവിക്കുകയാണ്‌. പലരും ഇവിടെനിന്നു നെതർലൻഡ്‌സിലേക്കു താമസം മാറ്റുകയാണ്‌. ദ്വീപുകളിൽ നിന്നുള്ള സഹോദരങ്ങളുടെ കൂട്ടത്തോടെയുള്ള ഈ പ്രയാണം സഭകളെ ബാധിച്ചിരിക്കുന്നു, കുറെസോയിലും ബെണേറിലും കഴിഞ്ഞ ഏതാനും വർഷമായി കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

ഈ 21-ാം നൂറ്റാണ്ടിലൂടെയുള്ള പ്രയാണത്തിൽ, തല ഉയർത്തി സന്തോഷിക്കാനുള്ള കാരണം നമുക്കുണ്ട്‌. ദൈവത്തിന്റെ മഹത്ത്വമുള്ള രാജ്യം അടുത്തെത്തിയിരിക്കുന്നു. ദൈവജനം “ശരിയായ മനോനില” ഉള്ള ഏവരെയും സത്യം പഠിപ്പിക്കുന്നതിൽ തുടരുന്നു. (പ്രവൃ. 13:​48, NW) ഒരിക്കൽ വരണ്ടുണങ്ങി കിടന്നിരുന്ന ഈ ആത്മീയ മരുഭൂമിയെ സത്യത്തിന്റെ ജലം കുതിർത്തിരിക്കുന്നു.

[72-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ഫ്‌ളമിംഗോകളും കഴുതകളും

നാഗരികതയുടെ കളങ്കമേറ്റിട്ടില്ലാത്ത പ്രശാന്തമായ ബെണേറിൽ കടൽവെള്ളം ഉപ്പു നീക്കം ചെയ്‌തു ശുദ്ധീകരിക്കുന്നത്‌ ഒരു പ്രധാന വ്യവസായമാണ്‌. ദ്വീപവാസികളുടെ വരുമാനമാർഗമാണ്‌ ഇത്‌. ഉയർന്ന അളവിൽ ഉപ്പ്‌ അടങ്ങിയിട്ടുള്ള ആഹാരമാണ്‌ ഫ്‌ളമിംഗോകൾക്ക്‌ ഇഷ്ടം. ഇത്‌ ദ്വീപിലെ ഉപ്പളങ്ങളിൽ സുലഭമാണുതാനും. അതുകൊണ്ടുതന്നെ, വർണഭംഗിയാർന്ന ഈ പക്ഷികളുടെ പ്രജനനത്തിന്‌ ഏറ്റവും അനുയോജ്യമായ ഏതാനും സ്ഥലങ്ങളിൽ ഒന്നാണ്‌ ബെണേർ. ആദ്യകാലങ്ങളിൽ ഉപ്പളങ്ങളിൽ പണിയെടുപ്പിക്കാനായി കഴുതകളെ കാടുകളിൽനിന്ന്‌ പിടിച്ചുകൊണ്ടുവന്നിരുന്നു. എന്നാൽ യന്ത്രങ്ങൾ അവയുടെ സ്ഥാനം കയ്യടക്കിയപ്പോൾ അവയെ പിന്നെ വേണ്ടാതായി. അവ ഇപ്പോൾ നാട്ടിൻപുറങ്ങളിൽ അലഞ്ഞുതിരിയുന്നതു കാണാം. അവയുടെ പരിരക്ഷണാർഥം ദ്വീപിൽ ഒരു കഴുത സംരക്ഷണകേന്ദ്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ കഴുതകളെ ദത്തെടുക്കുന്നതിനുള്ള ഒരു പദ്ധതിയും അധികൃതർ ആവിഷ്‌കരിച്ചിട്ടുണ്ട്‌.

[87-ാം പേജിലെ ചതുരം/ചിത്രം]

കുറെസോയിലെ മട്ടച്ചുവരുള്ള കെട്ടിടങ്ങളും തോണിപ്പാലവും

കുറെസോയുടെ തലസ്ഥാനമായ വില്ലെംസ്റ്റാറ്റ്‌ മനോഹരവും ആകർഷകവുമായ ഒരു പട്ടണമാണ്‌. ഇവിടത്തെ മട്ടച്ചുവരുകളോടു കൂടിയ (പാർശ്വച്ചുവരുകളുടെ മേൽഭാഗത്തിനും മേൽക്കൂരച്ചരിവുകൾക്കും ഇടയ്‌ക്കു ത്രികോണാകൃതിയിലുള്ള ചുവര്‌) കെട്ടിടങ്ങൾ ആംസ്റ്റർഡാമിനെ അനുസ്‌മരിപ്പിക്കുന്നു, എന്നാൽ കടുംനിറത്തിലുള്ള ചായങ്ങളാണ്‌ അവയ്‌ക്കു പൂശിയിരിക്കുന്നത്‌. പട്ടണത്തിന്റെ മധ്യത്തിലാണ്‌ സെയിന്റ്‌ അന്ന ഉൾക്കടൽ ഉള്ളത്‌. ക്വീൻ എമ്മ എന്ന തോണിപ്പാലം പട്ടണത്തിന്റെ ഇരു ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നു. കൂറ്റൻ കപ്പലുകൾക്ക്‌ തുറമുഖത്തേക്കു പ്രവേശിക്കാനായി നിമിഷങ്ങൾക്കകം ഈ പാലം തുറക്കാൻ സാധിക്കും. ആദ്യകാലങ്ങളിൽ പാലം കടക്കുന്നതിന്‌ കരം കൊടുക്കണമായിരുന്നു. ചെരിപ്പിടാത്ത ഒരു വ്യക്തിയെ കരം നൽകുന്നതിൽനിന്ന്‌ ഒഴിവാക്കിയിരുന്നു, കാരണം ചെരിപ്പില്ലാത്തത്‌ ദാരിദ്ര്യത്തിന്റെ ഒരു അടയാളമായിട്ടാണ്‌ കണക്കാക്കിയിരുന്നത്‌. ഫലമോ? ദരിദ്രരായവർ തങ്ങൾ ദരിദ്രരാണെന്നതു മറച്ചുപിടിക്കാനായി ചെരിപ്പു കടം വാങ്ങി ധരിച്ചുകൊണ്ടുപോകും, സമ്പന്നരാകട്ടെ കരം കൊടുക്കാതിരിക്കാൻ ചെരിപ്പിടാതെയും!

[93-ാം പേജിലെ ചതുരം]

ആദ്യം അഭിവാദനം ചെയ്യേണ്ടത്‌ പുരോഹിതനെയോ?

“പൗരോഹിത്യ പദവി അത്ര ഉന്നതവും ശ്രേഷ്‌ഠവും ആയതുകൊണ്ട്‌ നാം റോഡിലൂടെ നടന്നുപോകുമ്പോൾ ഒരു പുരോഹിതനെയും ദൈവദൂതനെയും ഒരുമിച്ചു കാണുന്നപക്ഷം ആദ്യം അഭിവാദനം ചെയ്യുക പുരോഹിതനെയാണ്‌.”​—⁠1951 ആഗസ്റ്റ്‌ 10-ന്‌ കുറെസോയിൽ പ്രസിദ്ധീകരിച്ച കത്തോലിക്കാ ആഴ്‌ചപ്പതിപ്പായ ലാ യൂന്യോനിൽനിന്നു പരിഭാഷപ്പെടുത്തിയത്‌.

[95-ാം പേജിലെ ചതുരം/ചിത്രം]

സത്‌പേരിന്റെ മൂല്യം

ആയിരത്തിത്തൊള്ളായിരത്തെൺപത്തിയാറ്‌ സെപ്‌റ്റംബറിൽ, ജമെയ്‌ക്കയിൽനിന്ന്‌ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റിയുടെ പേരിൽ വന്ന ഒരു പായ്‌ക്കറ്റ്‌ റസ്സൽ യേറ്റ്‌സ്‌ സഹോദരൻ വാങ്ങാൻ ചെന്നു. തപാൽ ഇൻസ്‌പെക്ടർമാരുടെ സാന്നിധ്യത്തിൽ അദ്ദേഹം ആ പായ്‌ക്കറ്റ്‌ അഴിച്ചു. ഒരു കൂട്ടം മാസികകൾക്കു കീഴിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന നാലു കിലോ വരുന്ന മരിഹ്വാനയുടെ ഒരു പൊതി കണ്ട്‌ അദ്ദേഹം ഞെട്ടിപ്പോയി! പൊലീസ്‌ ഉടനടി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. എന്നാൽ, കുറെസോയിലെ പോസ്റ്റ്‌മാസ്റ്റർ ജനറൽ അദ്ദേഹത്തിനു വേണ്ടി ശക്തമായി വാദിച്ചു. യേറ്റ്‌സ്‌ സഹോദരൻ യാതൊരു പ്രകാരത്തിലും മയക്കുമരുന്ന്‌ ഇടപാടിൽ ഉൾപ്പെടുകയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ആ ഉദ്യോഗസ്ഥൻ അങ്ങനെ തറപ്പിച്ചു പറഞ്ഞില്ലായിരുന്നെങ്കിൽ യേറ്റ്‌സ്‌ സഹോദരൻ ജയിലിൽ ആയേനെ. പോലീസ്‌ അദ്ദേഹത്തെ പെട്ടെന്നുതന്നെ വിട്ടയച്ചു. ഈ സംഭവം പ്രാദേശിക പത്രങ്ങളിൽ വലിയ വാർത്താ പ്രാധാന്യം നേടി. ഒരു പത്രം യേറ്റ്‌സ്‌ സഹോദരനെ “വളരെ മാന്യനും സത്യസന്ധനുമായ വ്യക്തി” എന്നു വിശേഷിപ്പിച്ചു. “എല്ലാവരോടും സുവാർത്ത പ്രസംഗിക്കുന്നതിൽ വളരെയധികം തത്‌പരനായ ഒരു വ്യക്തി”യാണ്‌ അദ്ദേഹം എന്നും ആ പത്രം കൂട്ടിച്ചേർത്തു. ഈ അനുഭവം സത്‌പേരിന്റെ മൂല്യത്തിന്‌ അടിവരയിടുന്നു.

[96-ാം പേജിലെ ചതുരം/ചിത്രം]

രാജ്യവേലയുടെ അസാധാരണമായ ഒരു വശം

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്‌തകത്തിന്റെ ഒട്ടേറെ പ്രതികൾ വർഷംതോറും സമർപ്പിക്കപ്പെടുന്നു. ചില വർഷങ്ങളിൽ പയനിയർമാർക്ക്‌ ഈ ചെറുപുസ്‌തകത്തിന്റെ നൂറുകണക്കിനു പ്രതികൾ സമർപ്പിക്കാൻ സാധിക്കാറുണ്ട്‌. ജിസെല്ല ഹൈഡെ ആശുപത്രിയിൽ കിടക്കുകയായിരുന്നു. കൂടെയുള്ള രോഗികളോട്‌ അനൗപചാരികമായി സാക്ഷീകരിക്കാൻ അവർ ആ അവസരം ഉപയോഗിച്ചു. നിനോസ്‌ക്ക എന്നൊരു സ്‌ത്രീ അനുകൂലമായി പ്രതികരിച്ചു. “ആ കൊച്ചു പുസ്‌തകം” കൈവശം ഉണ്ടോയെന്ന്‌ അവർ ജിസെല്ലയോടു ചോദിച്ചു. അവർ ഏതു പുസ്‌തകത്തെ കുറിച്ചാണ്‌ പറയുന്നത്‌ എന്ന്‌ ജിസെല്ലയ്‌ക്ക്‌ ആദ്യം മനസ്സിലായില്ല. എന്നാൽ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന പുസ്‌തകമാണ്‌ അവർ ഉദ്ദേശിച്ചതെന്ന്‌ ജിസെല്ലയ്‌ക്കു പിന്നീടു മനസ്സിലായി. അന്നു മുതൽ ദിവസവും രാവിലെ അവർ അന്നത്തെ തിരുവെഴുത്ത്‌ ഒരുമിച്ചു ചർച്ച ചെയ്യാൻ തുടങ്ങി. ഇരുവരും ആശുപത്രി വിട്ടശേഷം നിനോസ്‌ക്കയ്‌ക്ക്‌ ഒരു ബൈബിൾ അധ്യയനം തുടങ്ങാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്‌തു. ഒരു വർഷത്തിനകം നിനോസ്‌ക്ക സ്‌നാപനമേറ്റു. ഇപ്പോൾ അവരുടെ ഭർത്താവും മക്കളും സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നു.

[ചിത്രം]

‘പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ച്‌ എരിവുള്ളവൾ’

ഒരു ദിവസം രാവിലെ ഹൂയെബർട്ട്‌ മാർഗാറീറ്റായും മോറേന്നാ വാൻ ഹൈഡോർണും വയൽ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കെ മോറേല്ലാ എന്ന ഒരു സ്‌കൂൾ വിദ്യാർഥിനിയെ കണ്ടുമുട്ടി. മോറേല്ലായുടെ സംസാരം കേട്ടപ്പോൾ ‘പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ച്‌ എരിവുള്ളവൾ’ ആണ്‌ അവളെന്ന്‌ അവർക്കു മനസ്സിലായി. (റോമ. 10:2) റോമൻ കത്തോലിക്കാ സഭയിൽ തനിക്കു ദിവസവും പ്രബോധനം ലഭിക്കുന്നുണ്ടെന്നും ദൈവത്തെ ആരാധിക്കാനുള്ള മാർഗം ഇതുതന്നെയാണെന്നു തനിക്കു ബോധ്യമുണ്ടെന്നും അവൾ വിവരിച്ചു. ഹൂയെബർട്ടും മോറേന്നായും അവളുമൊത്ത്‌ ഒരു ബൈബിൾ അധ്യയനം ക്രമീകരിച്ചു. ക്രമീകരണം ഇങ്ങനെയായിരുന്നു: താൻ പഠിക്കുന്നത്‌ ശരിയാണോ എന്ന്‌ ഉറപ്പു വരുത്താൻ തന്റെ പ്രബോധകനായ പുരോഹിതന്റെ അടുത്തേക്ക്‌ അവൾ പോകും. ഏതെങ്കിലുമൊരു പഠിപ്പിക്കലുമായി അദ്ദേഹം യോജിക്കുന്നില്ലെങ്കിൽ അവൾ അതിനുള്ള തിരുവെഴുത്തുപരമായ കാരണം ചോദിക്കും. സാക്ഷികൾ തന്നെ പഠിപ്പിക്കുന്ന കാര്യങ്ങൾ ബൈബിൾ വിരുദ്ധമാണെന്നു തോന്നിയാൽ അവൾ അധ്യയനം നിറുത്തും. വാസ്‌തവത്തിൽ കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകളാണ്‌ ബൈബിൾ വിരുദ്ധമെന്ന്‌ മോറേല്ലാ താമസിയാതെ മനസ്സിലാക്കി. തന്റെ ചോദ്യങ്ങൾ പുരോഹിതനെ കൂടുതൽ അസ്വസ്ഥനാക്കുകയാണെന്നു മനസ്സിലാക്കിയപ്പോൾ അവൾ അദ്ദേഹത്തിന്റെ ക്ലാസ്സിൽ സംബന്ധിക്കാതായി. മോറേല്ലാ സത്യം പഠിക്കുന്നതിൽ തുടരുകയും സ്‌നാപനമേൽക്കുകയും ചെയ്‌തു. ഇപ്പോൾ അവൾ വിശ്വസ്‌തതയോടെ യഹോവയെ സേവിക്കുന്നു.

[107-ാം പേജിലെ ചതുരം/ചിത്രം]

അരൂബയിലെ മണലും പാറയും

അരൂബ ഭൂപ്രദേശത്തെ ആകർഷകമായ സവിശേഷതയാണ്‌ കാസിബാറിയിലെയും ഐയോവിലെയും കൂറ്റൻ പാറക്കെട്ടുകൾ. അവിടത്തെ ശിലാചിത്രങ്ങളുള്ള ഗുഹകളും ശ്രദ്ധേയമാണ്‌. ഡാബാജൂറോ ഇൻഡ്യക്കാരുടെ കരവേലയാണ്‌ അതെന്നു വിശ്വസിക്കപ്പെടുന്നു. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വെയിലുള്ള കാലാവസ്ഥയും വെള്ള മണൽവിരിച്ച വിസ്‌തൃതമായ കടലോരവും വീണ്ടും വീണ്ടും ദ്വീപിലേക്കു മടങ്ങിയെത്താൻ ആയിരക്കണക്കിനു വിനോദസഞ്ചാരികളെ പ്രേരിപ്പിക്കുന്നു.

[110-ാം പേജിലെ ചതുരം]

‘ശിശുക്കളുടെ വായിൽനിന്ന്‌’

“ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്‌ച ഒരുക്കിയിരിക്കുന്നു” എന്ന്‌ യേശു പറഞ്ഞു. (മത്താ. 21:16) ഈ ദ്വീപുകളിലെ കുട്ടികളുടെ കാര്യത്തിലും ഇതു സത്യമാണ്‌. അരൂബയിലെ 15 വയസ്സുകാരനായ മോറിസിന്റെ അനുഭവം എടുക്കുക. ഏഴു വയസ്സുള്ളപ്പോൾ ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽവെച്ച്‌ അമ്മയുടെ കൂടെ ഉണ്ടായിരുന്ന അവനെ പെട്ടെന്നു കാണാതായി. അന്വേഷിച്ചു നടന്ന അമ്മ ഒടുവിൽ അവനെ കണ്ടെത്തി. ബെഥേൽ അപേക്ഷകർക്കു വേണ്ടിയുള്ള യോഗം നടന്നിരുന്ന മുറിയിൽ പിന്നിലായി ഇരിക്കുകയായിരുന്നു അവൻ. അവന്‌ ബെഥേൽ സേവനത്തിന്‌ അപേക്ഷിക്കണമായിരുന്നത്രേ. അവനെ നിരുത്സാഹപ്പെടുത്തേണ്ടെന്നു കരുതി യോഗത്തിന്റെ ചെയർമാൻ അവനെ അവിടെ ഇരിക്കാൻ അനുവദിച്ചു. ബെഥേലിൽ യഹോവയെ സേവിക്കാനുള്ള മോറിസിന്റെ അടങ്ങാത്ത ആഗ്രഹത്തിന്‌ ഇപ്പോഴും മങ്ങലേറ്റിട്ടില്ല. 13-ാം വയസ്സിൽ സ്‌നാപനമേറ്റ അവൻ തന്റെ നിയമനങ്ങൾക്കും മറ്റും നന്നായി തയ്യാറായിക്കൊണ്ട്‌ സഭയിൽ കഠിനമായി പ്രയത്‌നിക്കുന്നു. ബെഥേലിൽ സേവിക്കണം എന്നതുതന്നെയാണ്‌ ഇപ്പോഴും അവന്റെ തീരുമാനം.

ബെണേറിലുള്ള ആറു വയസ്സുകാരനായ റെൻസോയ്‌ക്ക്‌ രാജ്യഹാളിലേക്കു വരാൻ ക്ഷണം ലഭിച്ചു. അവിടത്തെ പരിപാടികൾ അവനു വലിയ ഇഷ്ടമായി. അവൻ സാക്ഷികളുമൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങി. അതിൽപ്പിന്നെ അവൻ കത്തോലിക്കാ പള്ളിയിൽ പോകാൻ വിസമ്മതിച്ചു. പള്ളിയിൽ എന്തുകൊണ്ടാണ്‌ പറുദീസയെ കുറിച്ചു പഠിപ്പിക്കാത്തത്‌ എന്ന്‌ അവൻ തന്റെ മാതാപിതാക്കളോടു ചോദിച്ചു. ഇത്‌ അവരിൽ താത്‌പര്യം ഉളവാക്കി. അവരും യഹോവയുടെ സാക്ഷികളുമൊത്തു പഠിക്കാൻ ആരംഭിച്ചു. തുടർന്ന്‌ റെൻസോയുടെ മാതാപിതാക്കളും അവന്റെ ബൈബിൾ വിദ്യാർഥികളിൽ ഒരാളും സ്‌നാപനമേറ്റു. ബെണേറിൽ നടന്ന ഒരു സർക്കിട്ട്‌ സമ്മേളനത്തിൽവെച്ച്‌ ഇപ്പോൾ എട്ടു വയസ്സുള്ള റെൻസോയും സ്‌നാപനമേറ്റു.

[115-ാം പേജിലെ ചതുരം/ചിത്രം]

അൽപ്പം ഇഗ്വാനാ സ്റ്റ്യൂ വിളമ്പട്ടേ?

താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിലേതുപോലുള്ള ഇഗ്വാനകളെ ഈ ദ്വീപുകളിൽ എവിടെയും കാണാം. ഈ ഉരഗങ്ങൾക്ക്‌ ഇവിടെ വലിയ ഡിമാന്റാണ്‌. അത്‌, അവ ഓമനമൃഗങ്ങൾ ആയതുകൊണ്ടൊന്നുമല്ല. മറിച്ച്‌ സൂപ്പുകളിലെയും സ്റ്റ്യൂകളിലെയും ഒരു പ്രധാന ചേരുവയാണ്‌ ഇഗ്വാനയിറച്ചി. “അത്‌ കോഴിയിറച്ചിയാണ്‌ എന്നേ ആരും പറയൂ,” സ്ഥലത്തെ ഒരു പാചകവിദഗ്‌ധൻ പറയുന്നു. “നല്ല മയമുള്ള ഇറച്ചിയാണ്‌ ഇഗ്വാനയുടേത്‌.”

[71-ാം പേജിലെ മാപ്പുകൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഹെയ്‌റ്റി

കരീബിയൻ കടൽ

വെനെസ്വേല

അരൂബ

ഓറഞ്ച്‌സ്റ്റാഡ്‌

സാൻ നിക്കോളാസ്‌

കുറെസോ

വില്ലെംസ്റ്റാറ്റ്‌

സാന്റാ ക്രൂസ്‌

ബുവെന വിസ്‌ത

ബെണേർ

ക്രാലൻഡൈക്ക്‌

[66-ാം പേജിലെ ചിത്രം]

[68-ാം പേജിലെ ചിത്രം]

പല ദേശക്കാരായ ആളുകൾ അരൂബയിലെ ഹോയിബെർഹ്‌ സഭയിൽ സമാധാനത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്നു

[70-ാം പേജിലെ ചിത്രം]

പേൾ മാർലിൻ തന്റെ പിതാവിനോടൊപ്പം മത പ്രസിദ്ധീകരണങ്ങളുടെ വിൽപ്പനയിൽ ഏർപ്പെട്ടിരുന്നു. പിന്നീട്‌ അവർ ഒരു സാക്ഷിയായി

[73-ാം പേജിലെ ചിത്രം]

അരൂബയിലെ സാൻ നിക്കോളാസിൽ സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഇംഗ്ലീഷ്‌ സഭ

[74-ാം പേജിലെ ചിത്രം]

കുറെസോയിലേക്കു കുടിയേറിപ്പാർത്ത ചിലർ: (1) മാർട്ട ഫോസ്റ്റിൻ ഇന്ന്‌, (2) അവരുടെ മരണമടഞ്ഞ ഭർത്താവ്‌ ഹാമിൽട്ടൺ, (3) റോബർട്ട്‌ റ്റീറ്റ്രയും ഭാര്യ ഫോസ്റ്റിനായും

[75-ാം പേജിലെ ചിത്രം]

വുഡ്‌വേർത്ത്‌ മിൽസും ഓറിസും വിവാഹദിനത്തിൽ

[76-ാം പേജിലെ ചിത്രം]

എഡ്വിന്ന സ്‌ട്രൂപ്പ്‌, അരൂബയിലെ ഒരു പയനിയർ

[77-ാം പേജിലെ ചിത്രം]

1928-ൽ യാക്കോബോ റേന്നായ്‌ക്ക്‌ “സൃഷ്ടി” (ഇംഗ്ലീഷ്‌) പുസ്‌തകം ലഭിച്ചു, അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ സത്യമുണ്ടെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു

[78-ാം പേജിലെ ചിത്രം]

ഇടത്തുനിന്ന്‌: 6-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിലെ റസ്സൽ യേറ്റ്‌സും ഭാര്യ ഹേസലും, 14-ാമത്തെ ക്ലാസ്സിലെ മേരിയും ഭർത്താവ്‌ വില്യം യേറ്റ്‌സും

[79-ാം പേജിലെ ചിത്രം]

ഹെന്‌റീക്കസ്‌ ഹാസ്സൽ സുവാർത്തയുടെ തീക്ഷ്‌ണതയുള്ള ഒരു ഘോഷകനായിരുന്നു, ഇടത്തേയറ്റം

[79-ാം പേജിലെ ചിത്രം]

തദ്ദേശവാസികളിൽ ആദ്യമായി സ്‌നാപനമേറ്റ വ്യക്തി കാമീല്യോ ഗിരിഗോറ്യാ ആയിരുന്നു, 1950-ൽ

[80-ാം പേജിലെ ചിത്രം]

ആലീസും ഭർത്താവ്‌ ഹെന്‌റി ട്വിഡും അവരുടെ തീക്ഷ്‌ണതയെയും ആത്മത്യാഗപരമായ മനോഭാവത്തെയും പ്രതി സ്‌നേഹപൂർവം സ്‌മരിക്കപ്പെടുന്നു

[81-ാം പേജിലെ ചിത്രം]

ഗബ്രിയേൽ ഹെന്‌റീക്കസിന്‌ സമ്മാനമായി “ഉണരുക!” മാസികയുടെ വരിസംഖ്യ ലഭിച്ചു. ആദ്യമായി സ്‌നാപനമേറ്റ അരൂബക്കാരൻ അദ്ദേഹമായിരുന്നു

[82-ാം പേജിലെ ചിത്രം]

നിനീറ്റ വെബ്‌ ആദ്യം സത്യത്തെ എതിർത്തെങ്കിലും അവരും ഭർത്താവ്‌ ഡാനിയേലും രാജ്യത്തിന്റെ തീക്ഷ്‌ണതയുള്ള ഘോഷകർ ആയിത്തീർന്നു

[82-ാം പേജിലെ ചിത്രം]

മതപരമായ വിഗ്രഹങ്ങൾ പ്രയോജനരഹിതമാണെന്ന്‌ പുരോഹിതനിൽനിന്നു കേൾക്കുന്നതുവരെ മാരിയ റാമേൻ റോമൻ കത്തോലിക്കാ സഭയിൽ അടിയുറച്ചു വിശ്വസിച്ചിരുന്നു

[83-ാം പേജിലെ ചിത്രം]

ഉത്‌കൃഷ്ടങ്ങളായ “ശ്ലാഘ്യപത്ര”ങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ്‌ ആൽബർട്ട്‌ സൂയെർ പോയത്‌

[84-ാം പേജിലെ ചിത്രം]

തങ്ങളുടെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാൻ ഒട്ടേറെ പേരെ ഓല്ലിവ്‌ റോജേഴ്‌സ്‌ സഹായിച്ചു

[85-ാം പേജിലെ ചിത്രം]

മുകളിൽ: 17-ാം വയസ്സിൽ സ്‌നാപനമേറ്റ യൂജിൻ റിച്ചാർഡ്‌സൻ തീക്ഷ്‌ണതയുള്ള ഒരു പയനിയറായി സേവിച്ചു

[85-ാം പേജിലെ ചിത്രം]

താഴെ: “കൂനൂക്കൂ”വിൽ അദ്ദേഹത്തോടൊപ്പം ചേർന്ന്‌ പ്രവർത്തനം ആരംഭിച്ച യുവാവായ ക്ലിന്റൺ വില്യംസ്‌

[86-ാം പേജിലെ ചിത്രം]

അരൂബയിലെ മിഷനറി ഭവനം, ഏതാണ്ട്‌ 1956-ൽ

[89-ാം പേജിലെ ചിത്രം]

മുകളിൽ: 1962-ൽ ബ്രുക്ലിൻ ബെഥേലിലെ നേഥൻ എച്ച്‌. നോർ ഈ രാജ്യഹാളിന്റെ സമർപ്പണം നിർവഹിച്ചു, അങ്ങനെ കുറെസോയിലെ സഹോദരങ്ങൾക്ക്‌ ആദ്യമായി സ്വന്തമായ രാജ്യഹാൾ ഉണ്ടായി

[89-ാം പേജിലെ ചിത്രം]

വലത്ത്‌: ഏതാണ്ട്‌ 50 വർഷമായി സുവാർത്തയുടെ പ്രസാധകനായ വിക്‌ടോർ മാന്വെൽ രണ്ടാമത്തെ പാപ്പിയമെന്റോ സഭയിൽ സേവിച്ചു

[90-ാം പേജിലെ ചിത്രം]

മുകളിൽ: യു.എ⁠സ്‌.എ-യിലെ ജോർജിയയിലുള്ള അറ്റ്‌ലാന്റയിൽ 1969-ൽ നടന്ന “ഭൂമിയിൽ സമാധാനം” അന്താരാഷ്‌ട്ര സമ്മേളനം

[90-ാം പേജിലെ ചിത്രം]

വലത്ത്‌: കുറെസോയിൽ അതേ കൺവെൻഷൻ നടത്തപ്പെട്ട സ്ഥലം

[94-ാം പേജിലെ ചിത്രം]

സഹായം നൽകാനായി ബെണേറിലേക്ക്‌ 1969-ൽ അയയ്‌ക്കപ്പെട്ട പ്രത്യേക പയനിയർമാരായ പേറ്റ്രാ സെലാസ്സായും (വലത്ത്‌) മകൾ ഇങ്ക്രിഡും

[97-ാം പേജിലെ ചിത്രം]

“വീക്ഷാഗോപുരം,” പാപ്പിയമേന്റോയിൽ

[98-ാം പേജിലെ ചിത്രം]

മുകളിലത്തേത്‌: പൗളിനും ഭർത്താവ്‌ ജോൺ ഫ്രൈയും

[98-ാം പേജിലെ ചിത്രം]

താഴത്തേത്‌: 39-ാമത്തെ ക്ലാസ്സിൽനിന്നു ബിരുദമെടുത്തശേഷം 1964-ൽ ആഹെ വാൻ ഡാൽഫ്‌സൻ ഇവിടെയെത്തി

[99-ാം പേജിലെ ചിത്രം]

മുകളിൽ: ജാനിൻ കോൺസെപ്‌സ്യോണും റെയ്‌മണ്ട്‌ പീറ്റേഴ്‌സും ഒമ്പതംഗ പരിഭാഷാ വിഭാഗത്തിന്റെ ഭാഗമാണ്‌

[99-ാം പേജിലെ ചിത്രം]

വലത്ത്‌: എസ്‌ട്രാലിറ്റാ ലിക്കെറ്റ്‌ കമ്പ്യൂട്ടറും മെപ്‌സ്‌ സോഫ്‌റ്റ്‌വെയറും ഉപയോഗിച്ച്‌ ജോലി ചെയ്യുന്നു, ഇവ പരിഭാഷകർക്ക്‌ വിലയേറിയ ഉപകരണങ്ങളായി ഉതകുന്നു

[100-ാം പേജിലെ ചിത്രം]

സർക്കിട്ട്‌ വേലയിൽ ഏർപ്പെട്ടിരുന്ന റോബർട്ടസ്‌ ബെർക്കേർസും ഭാര്യ ഗേലും (ഇടത്ത്‌) മുഴുസമയ ശുശ്രൂഷയോടുള്ള ആവേശം സഹോദരങ്ങളിൽ ഉൾനട്ടു

[100-ാം പേജിലെ ചിത്രം]

ജൂലിയും ഭർത്താവ്‌ ആഹെ വാൻ ഡാൽഫ്‌സനും (താഴെ) 1992-ൽ കുറെസോയിൽ തിരിച്ചെത്തി. 2000-ത്തിൽ ഇവരെ ബെഥേലിലേക്കു ക്ഷണിച്ചു

[100-ാം പേജിലെ ചിത്രം]

ആഹെ വാൻ ഡാൽഫ്‌സനും ക്ലിന്റൺ വില്യംസും ഗ്രിഗറി ഡൂഹോണും ബ്രാഞ്ച്‌ കമ്മിറ്റിയിൽ സേവിക്കുന്നു

[102-ാം പേജിലെ ചിത്രം]

ബ്ലാഞ്ചും ഭർത്താവ്‌ ഹാൻസ്‌ വാൻ ഹൈഡോർണും 65 വ്യക്തികളെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുന്ന പടിയോളം സഹായിച്ചിട്ടുണ്ട്‌

[108-ാം പേജിലെ ചിത്രം]

(1) 1964-ൽ സമർപ്പിക്കപ്പെട്ട ബ്രാഞ്ച്‌ ഓഫീസ്‌

[108-ാം പേജിലെ ചിത്രങ്ങൾ]

(2, 3) ഇപ്പോഴത്തെ ബ്രാഞ്ച്‌, 1999 നവംബർ 20-നായിരുന്നു ഇതിന്റെ സമർപ്പണം

[112-ാം പേജിലെ ചിത്രങ്ങൾ]

(മുകളിൽ) ലൂഡ്‌മില്ലയും ഭർത്താവ്‌ ഹംഫ്രീ ഹെർമന്യൂസും, (ഇടത്തുനിന്ന്‌) പോൾ ജോൺസണും ഭാര്യ മാർഷയും, ഏഡീറ്റും ഭർത്താവ്‌ മാർക്ക്‌ മില്ലെനും പോലുള്ള ദമ്പതികളെ സഞ്ചാര വേലയ്‌ക്കായി നൽകിക്കൊണ്ട്‌ ദൈവം ഈ മൂന്നു ദ്വീപുകളെയും അനുഗ്രഹിച്ചിരിക്കുന്നു

[114-ാം പേജിലെ ചിത്രങ്ങൾ]

ആദ്യകാല മിഷനറിമാർ: (1) വാൻ ഐഹിസ്‌ ദമ്പതികൾ (2) ഹോർൺവെൽറ്റ്‌ ദമ്പതികൾ (3) കോർ ടെന്നിസൻ. ഇവിടത്തെ സഹോദരങ്ങളെ സേവിക്കാനായി തങ്ങളുടെ ഭവനങ്ങൾ ഉപേക്ഷിച്ച്‌ എത്തിയവരാണ്‌ ഇവർ