വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യൂക്രെയിൻ

യൂക്രെയിൻ

യൂക്രെയിൻ

ദൈവവചനത്തോട്‌ ആഴമായ വിലമതിപ്പു വളർത്തിയെടുക്കുന്നവരെ വിശേഷിപ്പിക്കാൻ, നല്ല മണ്ണിൽ വിതയ്‌ക്കപ്പെട്ട വിത്തിന്റെ ഉപമ യേശു പറഞ്ഞു. ബുദ്ധിമുട്ടുകൾക്കും യാതനകൾക്കും മധ്യേ ദൈവത്തിന്റെ സന്ദേശം സവിശ്വസ്‌തം ഘോഷിച്ചുകൊണ്ട്‌ അവർ “സഹിഷ്‌ണുതയോടെ ഫലം പുറപ്പെടുവിക്കു”ന്നു. (ലൂക്കൊ. 8:11, 13, 15, NW ) യൂക്രെയിനിലെ പോലെ അത്‌ ഇത്രയധികം പ്രകടമായിരിക്കുന്ന സ്ഥലങ്ങൾ ഭൂമിയിൽ അധികമില്ല. 50-ലേറെ വർഷം നീണ്ടുനിന്ന നിരോധനത്തെയും പീഡനത്തെയും അതിജീവിച്ച്‌ യഹോവയുടെ സാക്ഷികൾ അവിടെ വളർന്നു വികാസം പ്രാപിച്ചിരിക്കുന്നു.

ഈ ദേശത്ത്‌ 2001 സേവനവർഷത്തിൽ 1,20,028 പ്രസാധകരുടെ അത്യുച്ചം ഉണ്ടായി. ഇവരിൽ 56,000-ത്തിൽ അധികം പേർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ബൈബിൾ സത്യം പഠിച്ചവരാണ്‌. കഴിഞ്ഞ രണ്ടു വർഷംകൊണ്ട്‌ സഹോദരങ്ങൾ 50 ദശലക്ഷം​—⁠ആ രാജ്യത്തെ ജനസംഖ്യയുടെ അത്രയും​—⁠മാസികകൾ സമർപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ആരാഞ്ഞുകൊണ്ടുള്ള ശരാശരി ആയിരം കത്തുകൾ ഓരോ മാസവും താത്‌പര്യക്കാരിൽനിന്ന്‌ ബ്രാഞ്ച്‌ ഓഫീസിനു ലഭിക്കുന്നുണ്ട്‌. കുറച്ചു കാലം മുമ്പു വരെ സങ്കൽപ്പിക്കാൻ പോലും കഴിയാഞ്ഞ കാര്യങ്ങൾ ആയിരുന്നു ഇവയെല്ലാം. സത്യാരാധനയുടെ എത്ര വലിയ വിജയം!

യൂക്രെയിന്റെ ചരിത്രത്തിലേക്കു കടക്കുന്നതിനു മുമ്പ്‌, നമുക്ക്‌ അതിന്റെ ഭൂപ്രകൃതിയെ കുറിച്ചുള്ള ചില വിവരങ്ങൾ പരിശോധിക്കാം. യേശു പരാമർശിച്ച പ്രതീകാത്മക മണ്ണിനു പുറമേ, യൂക്രെയിനിലെ അക്ഷരീയ മണ്ണും വളരെ വളക്കൂറുള്ളതാണ്‌. രാജ്യത്തിന്റെ പകുതിയിലേറെ ഭാഗത്തും വളക്കൂറുള്ള, കറുത്ത മണ്ണാണ്‌ ഉള്ളത്‌. യൂക്രെയിൻകാർ ഇതിനെ “കറുത്ത മണ്ണ്‌” എന്ന്‌ അർഥമുള്ള ചൊർനോസെം എന്നാണു വിളിക്കുന്നത്‌. ഈ മണ്ണും ഒപ്പം മിതോഷ്‌ണ കാലാവസ്ഥയും യൂക്രെയിനെ ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്‌ഠമായ കാർഷിക മേഖലകളിൽ ഒന്നാക്കി തീർത്തിരിക്കുന്നു. ഷുഗർ ബീറ്റ്‌, ഗോതമ്പ്‌, ബാർളി, ചോളം തുടങ്ങിയ പല വിളകളും ഇവിടെ ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. പുരാതന കാലം മുതൽക്കേ യൂറോപ്പിന്റെ അപ്പക്കൂട എന്നാണ്‌ യൂക്രെയിൻ അറിയപ്പെടുന്നത്‌.

കിഴക്കുനിന്നു പടിഞ്ഞാറുവരെ ഏതാണ്ട്‌ 1,300 കിലോമീറ്ററും [800 മൈ.] വടക്കുനിന്നു തെക്കുവരെ ഏതാണ്ട്‌ 900 കിലോമീറ്ററും [550 മൈ.] നീണ്ടുകിടക്കുന്ന യൂക്രെയിൻ ഫ്രാൻസിനെക്കാൾ അൽപ്പം വലുതാണ്‌. 123-ാം പേജിലെ ഭൂപടത്തിൽ കാണാൻ കഴിയുന്നതുപോലെ, കരിങ്കടലിന്റെ വടക്കായി കിഴക്കൻ യൂറോപ്പിലാണ്‌ ഈ രാജ്യം സ്ഥിതി ചെയ്യുന്നത്‌. വടക്കൻ യൂക്രെയിനിൽ നിറയെ വനങ്ങളാണ്‌. തെക്കുഭാഗത്താകട്ടെ ഫലഭൂയിഷ്‌ഠമായ സമതലങ്ങളും. അവിടെനിന്നും തെക്കോട്ടു മാറിയാണ്‌ മനോഹരമായ ക്രൈമിയൻ പർവതനിരകൾ സ്ഥിതി ചെയ്യുന്നത്‌. പടിഞ്ഞാറ്‌ ചെങ്കുത്തായ കാർപാത്തിയൻ മലനിരകൾ കാണാം, അതിന്റെ അടിവാരത്തായി അനേകം ചെറുകുന്നുകളും. കാട്ടുപൂച്ചകളും കരടികളും കാട്ടുപോത്തുകളുമൊക്കെ ഇവിടെയുണ്ട്‌.

യൂക്രെയിനിൽ ഏതാണ്ട്‌ അഞ്ചു കോടി ജനങ്ങൾ വസിക്കുന്നു. വിനയശീലരും അതിഥിപ്രിയരും കഠിനാധ്വാനികളുമാണ്‌ അവർ. പലരും യൂക്രേനിയൻ, റഷ്യൻ ഭാഷകൾ സംസാരിക്കുന്നവരാണ്‌. ക്ഷണം സ്വീകരിച്ച്‌ അവരുടെ ഭവനങ്ങളിൽ ചെന്നാൽ സാധ്യതയനുസരിച്ച്‌ നിങ്ങൾക്ക്‌ അവർ ബോർഷ്‌റ്റും (ബീറ്റ്‌റൂട്ട്‌ സൂപ്പ്‌) വറെനിക്കിയും (പുളിപ്പിച്ച മാവ്‌ ചെറിയ ഉരുളകളാക്കി തിളപ്പിച്ചു തയ്യാറാക്കുന്ന വിഭവം) കഴിക്കാൻ തരും. ഒന്നാന്തരം ശാപ്പാടിനുശേഷം നിങ്ങളെ രസിപ്പിക്കുന്ന നാടൻ പാട്ടുകൾ ഉണ്ടായിരിക്കും. പാട്ടു പാടുന്നതും വാദ്യോപകരണങ്ങൾ വായിക്കുന്നതും യൂക്രെയിൻകാർക്ക്‌ ഒരു ഹരമാണ്‌.

വിവിധതരം മതവിശ്വാസങ്ങളുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവരാണ്‌ യൂക്രെയിനിലെ ജനങ്ങൾ. പത്താം നൂറ്റാണ്ടിൽ, പൗരസ്‌ത്യ ഓർത്തഡോക്‌സ്‌ സഭ യൂക്രെയിനിൽ എത്തി. പിന്നീട്‌ ഒട്ടോമൻ സാമ്രാജ്യം തെക്കൻ യൂക്രെയിനിലേക്ക്‌ ഇസ്ലാം മതം കൊണ്ടുവന്നു. മധ്യയുഗങ്ങളിൽ പോളണ്ടിലെ ചില കുലീനർ ഇവിടെ കത്തോലിക്കാമതം പ്രചരിപ്പിക്കുകയുണ്ടായി. 20-ാം നൂറ്റാണ്ടിൽ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൻ കീഴിൽ പലരും നിരീശ്വരവാദത്തിലേക്കു തിരിഞ്ഞു.

ഈ രാജ്യത്തെങ്ങും യഹോവയുടെ സാക്ഷികളെ കാണാം. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ്‌ അവരിൽ ഭൂരിഭാഗവും താമസിച്ചിരുന്നത്‌ പടിഞ്ഞാറൻ യൂക്രെയിനിൽ ആണ്‌. അന്ന്‌ പടിഞ്ഞാറൻ യൂക്രെയിൻ നാലായി വിഭജിക്കപ്പെട്ടിരുന്നു: വോളിൻ, ഹലിച്ചിന, ട്രാൻസ്‌കാർപാത്തിയ, ബൂക്കോവിന.

യൂക്രെയിനിൽ സത്യത്തിന്റെ വിത്തുകൾ വിതയ്‌ക്കപ്പെടുന്നു

ബൈബിൾ വിദ്യാർഥികൾ​—⁠യഹോവയുടെ സാക്ഷികൾ മുമ്പ്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌​—⁠യൂക്രെയിനിൽ പ്രവർത്തനം തുടങ്ങിയിട്ട്‌ ഒരു നൂറ്റാണ്ടിലേറെയായി. ഒരു പ്രമുഖ ബൈബിൾ വിദ്യാർഥിയായിരുന്ന സി. റ്റി. റസ്സൽ 1891-ലെ തന്റെ ആദ്യ വിദേശ യാത്രയിൽ, യൂറോപ്പിലെയും മധ്യപൂർവദേശത്തെയും ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ചു. അന്ന്‌ കോൺസ്റ്റാന്റിനോപ്പിൾ എന്നറിയപ്പെട്ടിരുന്ന ടർക്കിയിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം ദക്ഷിണ യൂക്രെയിനിലെ ഓഡെസ സന്ദർശിച്ചു. പിന്നീട്‌ 1911-ൽ, പടിഞ്ഞാറൻ യൂക്രെയിനിലെ ലവോഫ്‌ ഉൾപ്പെടെ യൂറോപ്പിലെ പ്രധാന നഗരങ്ങളിൽ അദ്ദേഹം ഒട്ടേറെ ബൈബിൾ പ്രഭാഷണങ്ങൾ നടത്തി.

റസ്സൽ സഹോദരൻ ട്രെയിൻ മാർഗം ലവോഫിൽ എത്തി. അവിടെ, മാർച്ച്‌ 24-ന്‌ അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം ക്രമീകരിച്ചിരുന്നു. അതിനായി പീപ്പിൾസ്‌ ഹൗസ്‌ എന്നറിയപ്പെടുന്ന ഒരു വലിയ ഹാളും വാടകയ്‌ക്ക്‌ എടുക്കുകയുണ്ടായി. “ന്യൂയോർക്കിൽ നിന്നുള്ള പ്രശസ്‌ത പ്രസംഗകനായ ബഹുമാനപ്പെട്ട പാസ്റ്റർ റസ്സൽ” നടത്തുന്ന “പ്രവചനത്തിലെ സിയോണിസം” എന്ന പ്രസംഗം കേൾക്കാൻ ഏവരെയും ക്ഷണിച്ചുകൊണ്ടുള്ള ഒമ്പതു പരസ്യങ്ങൾ ഏഴു പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തി. കൂടാതെ വലിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചിരുന്നു. അന്നേ ദിവസം റസ്സൽ സഹോദരന്റെ പ്രസംഗം രണ്ടു തവണ നടത്താനാണു പരിപാടിയിട്ടിരുന്നത്‌. എന്നാൽ, അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ശക്തമായി എതിർത്തിരുന്ന ഐക്യനാടുകളിലെ ഒരു യഹൂദ റബ്ബി ബൈബിൾ വിദ്യാർഥികളെ അപലപിക്കുന്ന ഒരു സന്ദേശം ലവോഫിലുള്ള തന്റെ അനുയായികൾക്ക്‌ അയച്ചുകൊടുത്തു. അതുമൂലം, റസ്സൽ സഹോദരൻ പ്രഭാഷണം നടത്തുന്നതു തടയാൻ ചിലർ ശ്രമിച്ചു.

ഉച്ചയ്‌ക്കും വൈകിട്ടും ഹാൾ ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നു. അക്കൂട്ടത്തിൽ എതിരാളികളും ഉണ്ടായിരുന്നു. ഒരു പ്രാദേശിക പത്രമായ വ്‌യെക്‌നോവി ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “[റസ്സലിന്റെ] പരിഭാഷകൻ സംസാരിച്ചു തുടങ്ങിയപ്പോഴേ സിയോണിസ്റ്റുകാർ ബഹളംവെക്കാൻ തുടങ്ങി. അവരുടെ ബഹളവും കൂക്കുവിളിയും നിമിത്തം മിഷനറിക്കു പ്രസംഗം തുടരാനായില്ല. പാസ്റ്റർ റസ്സലിന്‌ സ്റ്റേജ്‌ വിടേണ്ടിവന്നു. . . . വൈകിട്ട്‌ എട്ടു മണിക്കുള്ള പ്രസംഗ സമയത്ത്‌ കാര്യങ്ങൾ അതിലും മോശമായിരുന്നു.”

എന്നാൽ, റസ്സൽ സഹോദരനു പറയാനുള്ളതു കേൾക്കാൻ പലർക്കും ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സന്ദേശത്തിൽ താത്‌പര്യം തോന്നിയ അവർ ബൈബിൾ സാഹിത്യങ്ങൾ ആവശ്യപ്പെട്ടു. പിന്നീട്‌, ലവോഫിലെ തന്റെ സന്ദർശനത്തെ കുറിച്ച്‌ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ഈ അനുഭവങ്ങൾ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്താണെന്ന്‌ അവനു മാത്രമേ അറിയാവൂ. . .  യാതൊരു ശല്യവുമില്ലാത്ത, ശാന്തമായ ഒരു അന്തരീക്ഷത്തിൽ നമ്മുടെ പ്രസംഗം കേട്ടിരുന്നെങ്കിൽ ചെയ്യുമായിരുന്നതിനെക്കാൾ ഗഹനമായി ഈ വിഷയം പരിചിന്തിക്കാൻ [യഹൂദന്മാർ നടത്തിയ] ഈ കോലാഹലങ്ങൾ ചിലരെ പ്രേരിപ്പിച്ചേക്കാം.” സന്ദേശത്തിനു സത്വരം പ്രതികരണം ലഭിച്ചില്ലെങ്കിലും സത്യത്തിന്റെ വിത്തുകൾ വിതയ്‌ക്കപ്പെട്ടു കഴിഞ്ഞിരുന്നു. ലവോഫിൽ മാത്രമല്ല, യൂക്രെയിന്റെ മറ്റു പല ഭാഗങ്ങളിലും ബൈബിൾ വിദ്യാർഥികളുടെ ഒട്ടേറെ കൂട്ടങ്ങൾ പിൽക്കാലത്തു രൂപംകൊണ്ടു.

യൂക്രെയിനിൽ 1912-ൽ പ്രസിദ്ധീകരിച്ച ഒരു കലണ്ടറിൽ ജർമനിയിലെ ബൈബിൾ വിദ്യാർഥികളുടെ ഓഫീസ്‌ വലിയൊരു പരസ്യം നൽകി. വേദാധ്യയന പത്രികയുടെ ജർമൻ വാല്യങ്ങൾ വായിക്കാനുള്ള പ്രോത്സാഹനമായിരുന്നു ആ പരസ്യത്തിൽ ഉണ്ടായിരുന്നത്‌. തത്‌ഫലമായി, വേദാധ്യയന പത്രികയും വീക്ഷാഗോപുരത്തിന്റെ വരിസംഖ്യയും ആവശ്യപ്പെട്ടുകൊണ്ട്‌ യൂക്രെയിൻകാരിൽനിന്ന്‌ 50-ഓളം കത്തുകൾ ജർമനിയിലെ ഓഫീസിനു ലഭിച്ചു. 1914-ൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ ഓഫീസ്‌ ഈ താത്‌പര്യക്കാരുമായി സമ്പർക്കം പുലർത്തി.

ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന്‌ നാല്‌ അയൽ രാജ്യങ്ങൾ യൂക്രെയിനെ പങ്കിട്ടെടുത്തു. കമ്മ്യൂണിസ്റ്റ്‌ റഷ്യ പിടിച്ചെടുത്ത മധ്യ, കിഴക്കൻ യൂക്രെയിന്റെ പ്രദേശങ്ങൾ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായി. പടിഞ്ഞാറൻ യൂക്രെയിനെ മറ്റു മൂന്നു രാജ്യങ്ങൾ പങ്കിട്ടെടുത്തു. വോളിനും ഹലിച്ചിനയും പോളണ്ടിന്റെ കീഴിൽവന്നു. ബൂക്കോവിന റൊമേനിയയുടെയും ട്രാൻസ്‌കാർപാത്തിയ ചെക്കോസ്ലോവാക്യയുടെയും അധീനതയിലായി. ഈ മൂന്നു രാജ്യങ്ങളിലും ഒരളവുവരെ മതസ്വാതന്ത്ര്യം ഉണ്ടായിരുന്നു. അതുമൂലം പ്രസംഗ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ബൈബിൾ വിദ്യാർഥികൾക്കു സാധിച്ചു. അങ്ങനെ, പിന്നീട്‌ ഫലം കായ്‌ക്കാനിരുന്ന, സത്യത്തിന്റെ വിത്തുകൾ ആദ്യം വിതയ്‌ക്കപ്പെട്ടത്‌ പടിഞ്ഞാറൻ യൂക്രെയിനിൽ ആയിരുന്നു.

ആദ്യം കിളിർത്ത വിത്തുകൾ

മെച്ചപ്പെട്ട ജീവിതം തേടി ഒട്ടേറെ കുടുംബങ്ങൾ 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഐക്യനാടുകളിലേക്കു കുടിയേറി. ചിലർ നമ്മുടെ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ വായിക്കാനിടയാകുകയും അവ യൂക്രെയിനിലുള്ള തങ്ങളുടെ ബന്ധുക്കൾക്ക്‌ അയച്ചുകൊടുക്കുകയും ചെയ്‌തു. ബൈബിൾ വിദ്യാർഥികളുടെ പഠിപ്പിക്കലുകളുമായി പരിചിതരായ മറ്റു ചില കുടുംബങ്ങൾ തങ്ങളുടെ മാതൃദേശത്തെ ഗ്രാമങ്ങളിലേക്കു മടങ്ങിച്ചെന്ന്‌ പ്രസംഗ പ്രവർത്തനം തുടങ്ങി. ബൈബിൾ വിദ്യാർഥികളുടെ നിരവധി കൂട്ടങ്ങൾ രൂപംകൊണ്ടു. പിന്നീട്‌ അവ സഭകളായി വളർന്നു. 1920-കളുടെ ആരംഭത്തിൽ പോളണ്ടിൽനിന്നുള്ള ബൈബിൾ വിദ്യാർഥികൾ വോളിനിലും ഹലിച്ചിനയിലും സത്യത്തിന്റെ വിത്തുകൾ പാകി. റൊമേനിയയിൽനിന്നും മോൾഡേവിയയിൽ (ഇപ്പോൾ മൊൾഡോവ) നിന്നുമുള്ള സഹോദരന്മാർ ബൂക്കോവിന പ്രദേശത്തു സത്യം എത്തിച്ചു.

ഇത്‌ കൂടുതലായ വളർച്ചയ്‌ക്ക്‌ അടിത്തറ പാകി. 1921 ഡിസംബർ 15-ലെ വീക്ഷാഗോപുരം ഇപ്രകാരം റിപ്പോർട്ടു ചെയ്‌തു: “അടുത്തയിടെ നമ്മുടെ ചില സഹോദരന്മാർ [ബൂക്കോവിന] സന്ദർശിച്ചു . . . ഏതാനും ആഴ്‌ചകൾ മാത്രം നീണ്ടുനിന്ന അവരുടെ സന്ദർശനത്തിന്റെ ഫലമായി അവിടെ ഏഴു ക്ലാസ്സുകൾ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. അവയിലെ വിദ്യാർഥികൾ ഇപ്പോൾ വാല്യങ്ങളും ‘തിരുനിവാസ നിഴലുക’ളും പഠിക്കുകയാണ്‌. ഈ ക്ലാസ്സുകളിലൊന്നിൽ 70-ഓളം വിദ്യാർഥികൾ ഉണ്ട്‌.” 1922-ൽ ബൂക്കോവിനയിലെ കോലിൻകിവിറ്റ്‌സി ഗ്രാമത്തിലുള്ള സ്റ്റെപ്പാൻ കോൽറ്റ്‌സ സത്യം സ്വീകരിച്ചു. പിന്നീട്‌ സ്‌നാപനമേറ്റ അദ്ദേഹം സുവാർത്ത പ്രസംഗിക്കാൻ തുടങ്ങി. അറിവനുസരിച്ച്‌, യൂക്രെയിനിൽ സ്‌നാപനമേറ്റ ആദ്യത്തെ സഹോദരൻ അദ്ദേഹമായിരുന്നു. പിന്നീടു പത്തു കുടുംബങ്ങൾ അദ്ദേഹത്തോടൊപ്പം ചേർന്നു. ട്രാൻസ്‌കാർപാത്തിയൻ പ്രദേശത്തും സമാനമായ വളർച്ച ഉണ്ടായി. 1925-ഓടെ വെലിക്കി ലുച്ച്‌ക്കി ഗ്രാമത്തിലും സമീപ ഗ്രാമങ്ങളിലും 100-ഓളം ബൈബിൾ വിദ്യാർഥികൾ ഉണ്ടായിരുന്നു. അതേത്തുടർന്ന്‌, ആദ്യത്തെ മുഴുസമയ ശുശ്രൂഷകർ ട്രാൻസ്‌കാർപാത്തിയയിൽ പ്രസംഗ പ്രവർത്തനം ആരംഭിച്ചു. ബൈബിൾ വിദ്യാർഥികളുടെ ഭവനങ്ങളിൽ അവർ യോഗങ്ങൾ നടത്തി. ഒട്ടേറെ പേർ സ്‌നാപനമേറ്റു.

അക്കാലത്ത്‌ ആളുകൾ സത്യം അറിയാൻ ഇടയായത്‌ എങ്ങനെയെന്ന്‌ അനേക വർഷങ്ങളായി ഒരു സാക്ഷിയായിരുന്ന ഓലെക്‌സിയി ഡാവിഡ്യൂക്ക്‌ വിവരിക്കുന്നു: “1927-ൽ, ഒരു ഗ്രാമവാസി നമ്മുടെ ഒരു പ്രസിദ്ധീകരണം വോളിൻ പ്രദേശത്തെ ലാൻകോവെ ഗ്രാമത്തിലേക്കു കൊണ്ടുപോയി. അതു വായിച്ചതിനെ തുടർന്ന്‌, നരകാഗ്നിയെയും ആത്മാവിനെയും കുറിച്ചുള്ള പഠിപ്പിക്കലുകൾ അറിയാൻ നിരവധി ഗ്രാമീണർക്കു ജിജ്ഞാസയായി. പുസ്‌തകത്തിൽ, ബൈബിൾ വിദ്യാർഥികളുടെ പോളണ്ടിലെ ലോഡ്‌സിലുള്ള ഓഫീസിന്റെ മേൽവിലാസം ഉണ്ടായിരുന്നതിനാൽ, തങ്ങളുടെ ഗ്രാമത്തിലേക്ക്‌ ആരെയെങ്കിലും അയയ്‌ക്കാൻ അഭ്യർഥിച്ചുകൊണ്ട്‌ അവർ കത്തെഴുതി. ഒരു മാസത്തിനു ശേഷം ഒരു സഹോദരൻ അവിടെ ചെന്ന്‌ ഒരു ബൈബിൾ അധ്യയന കൂട്ടം സംഘടിപ്പിച്ചു. പതിനഞ്ചു കുടുംബങ്ങൾ ഈ കൂട്ടത്തിൽ ചേർന്നു.”

സത്യത്തോടുള്ള അത്തരം താത്‌പര്യം ആദ്യകാലങ്ങളിൽ വളരെ സാധാരണമായിരുന്നു. ഹലിച്ചിന പ്രദേശത്തുനിന്ന്‌ ബൈബിൾ വിദ്യാർഥികളുടെ ബ്രുക്ലിനിലുള്ള ഹെഡ്‌ക്വാർട്ടേഴ്‌സിനു ലഭിച്ച ഒരു കത്തിലെ കൃതജ്ഞതയുടേതായ വാക്കുകൾ ശ്രദ്ധിക്കുക: “നിങ്ങൾ പ്രസിദ്ധീകരിക്കുന്ന പുസ്‌തകങ്ങൾ ഞങ്ങളുടെ ആളുകളുടെ വൈകാരിക മുറിവുകളെ സുഖപ്പെടുത്തുന്നു, അവ അവരെ വെളിച്ചത്തിലേക്കു നയിക്കുന്നു. ഇത്തരം കൂടുതൽ പുസ്‌തകങ്ങൾ ഞങ്ങൾക്ക്‌ അയച്ചുതരാൻ ഞാൻ അപേക്ഷിക്കുന്നു.” മറ്റൊരു താത്‌പര്യക്കാരൻ എഴുതി: “നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ ഇവിടെ ലഭിക്കാത്തതുകൊണ്ടാണ്‌ അവ അയച്ചുതരാൻ ആവശ്യപ്പെട്ട്‌ ഒരു കത്തയയ്‌ക്കാൻ ഞാൻ തീരുമാനിച്ചത്‌. ഞങ്ങളുടെ ഗ്രാമത്തിലെ ഒരാൾക്ക്‌ നിങ്ങളുടെ ചില പുസ്‌തകങ്ങൾ ലഭിച്ചു, പക്ഷേ അയൽക്കാർ അവ തട്ടിപ്പറിച്ചുകൊണ്ടുപോയി. അദ്ദേഹത്തിന്‌ അവ വായിക്കാൻ പോലും സാധിച്ചില്ല. തന്റെ പുസ്‌തകങ്ങൾ തിരികെ കിട്ടാനായി അദ്ദേഹം ഇപ്പോൾ ഗ്രാമവാസികളുടെ വീടുകൾ കയറിയിറങ്ങുകയാണ്‌.”

സത്യത്തോടുള്ള അവരുടെ അതീവ താത്‌പര്യം നിമിത്തം, ലവോഫിലെ പെക്കാർസ്‌ക സ്‌ട്രീറ്റിൽ ബൈബിൾ വിദ്യാർഥികളുടെ ഒരു ഓഫീസ്‌ സ്ഥാപിച്ചു. പ്രസിദ്ധീകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി കത്തുകൾ വോളിനിൽനിന്നും ഹലിച്ചിനയിൽനിന്നും ഓഫീസിനു ലഭിച്ചുകൊണ്ടിരുന്നു. ഓഫീസ്‌ അവ ബ്രുക്ലിനിലേക്ക്‌ അയച്ചുകൊടുക്കുമായിരുന്നു.

സത്യത്തിന്റെ വിത്തുകൾ 1920-കളുടെ മധ്യത്തോടെ പടിഞ്ഞാറൻ യൂക്രെയിനിൽ പൊട്ടിമുളച്ചിരുന്നു. ബൈബിൾ വിദ്യാർഥികളുടെ ഒട്ടേറെ കൂട്ടങ്ങൾ അവിടെ രൂപംകൊണ്ടു. അവയിൽ ചിലത്‌ പിന്നീട്‌ സഭകളായി. ഈ മുൻകാല പ്രവർത്തനങ്ങളെ കുറിച്ചുള്ള അധികം രേഖകളൊന്നും ഇല്ലെങ്കിലും, 1922-ൽ ഹലിച്ചിനയിൽ 12 പേർ സ്‌മാരകം ആചരിച്ചതായി ലഭ്യമായ റിപ്പോർട്ടുകൾ കാണിക്കുന്നു. 1924-ൽ, തെക്കൻ യൂക്രെയിനിലെ സാറാറ്റാ പട്ടണത്തിൽ 49 പേർ സ്‌മാരകം ആചരിച്ചതായി വീക്ഷാഗോപുരം റിപ്പോർട്ടു ചെയ്‌തു. 1927-ൽ 370-ലധികം പേർ ട്രാൻസ്‌കാർപാത്തിയയിൽ സ്‌മാരകം ആചരിച്ചു.

വിവിധ രാജ്യങ്ങളിലെ പ്രവർത്തനത്തെ കുറിച്ചു വിവരിച്ചുകൊണ്ട്‌ 1925 ഡിസംബർ 1-ലെ വീക്ഷാഗോപുരം ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “ഈ വർഷം അമേരിക്കയിൽനിന്ന്‌ ഒരു സഹോദരനെ യൂറോപ്പിലെ യൂക്രേയിൻകാരുടെ അടുത്തേക്ക്‌ അയച്ചു; . . . പോളണ്ടിന്റെ അധീനതയിലുള്ള ആ പ്രദേശത്തെ യൂക്രേയിൻകാരുടെ ഇടയിൽ നല്ല പ്രവർത്തനം നടന്നിരിക്കുന്നു. അവിടെ നമ്മുടെ പ്രസിദ്ധീകരണങ്ങൾക്കായുള്ള ആവശ്യം വർധിച്ചുവരികയാണ്‌.” മാസങ്ങൾക്കു ശേഷം സുവർണ യുഗം (ഇപ്പോഴത്തെ ഉണരുക!) മാസിക ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “ഗലിഷിയയിൽ [ഹലിച്ചിനയിൽ] മാത്രം 20 ക്ലാസ്സുകൾ [സഭകൾ] ഉണ്ട്‌. അവയിൽ ചിലത്‌ . . . മധ്യവാര യോഗങ്ങൾ നടത്തുന്നുണ്ട്‌; വേറെ ചിലത്‌ ഞായറാഴ്‌ച മാത്രമേ കൂടിവരുന്നുള്ളൂ. മറ്റു ചിലതാകട്ടെ, കാര്യങ്ങളെല്ലാം ക്രമീകരിച്ചുവരുന്നതേയുള്ളൂ. കൂടുതൽ ക്ലാസ്സുകൾ സംഘടിപ്പിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു; അവയ്‌ക്കു നേതൃത്വം നൽകാൻ ഒരാൾ വേണമെന്നേയുള്ളൂ.” ആത്മീയ അർഥത്തിൽ യൂക്രെയിനിലെ മണ്ണ്‌ നല്ല വളക്കൂറുള്ളതായിരുന്നെന്ന്‌ ഇവയെല്ലാം തെളിയിക്കുന്നു.

ആദ്യകാല വയൽശുശ്രൂഷ

ട്രാൻസ്‌കാർപാത്തിയയിൽ നിന്നുള്ള വോയ്‌റ്റെഹ്‌ ചെഹി 1923-ലാണ്‌ സ്‌നാപനമേറ്റത്‌. പിന്നീട്‌ അദ്ദേഹം ബെറെഹോവെ പ്രദേശത്ത്‌ മുഴുസമയ പ്രസംഗ പ്രവർത്തനം തുടങ്ങി. സാധാരണഗതിയിൽ, അദ്ദേഹം ശുശ്രൂഷയ്‌ക്കു പോകുമ്പോൾ സാഹിത്യങ്ങൾ നിറച്ച ഒരു ബാഗ്‌ കയ്യിൽ കാണും, മറ്റൊരെണ്ണം സൈക്കിളിൽ വെച്ചുകെട്ടിയിരിക്കും. കൂടാതെ, സാഹിത്യങ്ങൾ നിറച്ച ഒരു വലിയ സഞ്ചി പുറത്തും ഉണ്ടായിരിക്കും. അദ്ദേഹം വിവരിക്കുന്നു: “24 ഗ്രാമങ്ങളുള്ള ഒരു പ്രദേശത്തേക്കാണ്‌ ഞങ്ങളെ നിയമിച്ചത്‌. ഞങ്ങൾ 15 പ്രസാധകർ ഉണ്ടായിരുന്നു. സാഹിത്യങ്ങൾ ഉപയോഗിച്ച്‌ വർഷത്തിൽ രണ്ടു പ്രാവശ്യം ഈ ഗ്രാമങ്ങൾ പ്രവർത്തിച്ചുതീർക്കാൻ കഠിനശ്രമം തന്നെ വേണ്ടിയിരുന്നു. എല്ലാ ഞായറാഴ്‌ചയും വെളുപ്പിന്‌ നാലു മണിക്ക്‌ ഈ ഗ്രാമങ്ങളിലൊന്നിൽ ഞങ്ങൾ കൂടിവരും. അവിടെനിന്ന്‌ 15 മുതൽ 20 വരെ കിലോമീറ്റർ [10-ഓ അതിൽ കൂടുതലോ മൈൽ] യാത്ര ചെയ്‌തുവേണം ചുറ്റുമുള്ള പ്രദേശങ്ങളിലെത്താൻ. ഒന്നുകിൽ ഞങ്ങൾ ബസ്സിനു പോകും, അല്ലെങ്കിൽ നടക്കും. സാധാരണഗതിയിൽ ഞങ്ങൾ വീടുതോറുമുള്ള ശുശ്രൂഷ നടത്തിയിരുന്നത്‌ 8 മണി മുതൽ 2 മണി വരെ ആയിരുന്നു. മിക്കപ്പോഴും നടന്നാണ്‌ ഞങ്ങൾ വീട്ടിലേക്കു തിരിച്ചുപോന്നിരുന്നത്‌. അന്ന്‌ സന്ധ്യക്കുള്ള യോഗങ്ങളിൽവെച്ച്‌ എല്ലാവരും സന്തോഷത്തോടെ തങ്ങളുടെ അനുഭവങ്ങൾ പങ്കിടും. കാട്ടിലെ കുറുക്കുവഴികളിലൂടെ നടന്നും നദികൾ കടന്നുമൊക്കെയാണ്‌ ഞങ്ങൾ പോയിരുന്നത്‌. കാലാവസ്ഥ നല്ലതോ മോശമോ എന്നുള്ളതൊന്നും ഞങ്ങൾക്ക്‌ ഒരു പ്രശ്‌നമായിരുന്നില്ല. ആരും അതേക്കുറിച്ചൊന്നും ഒരിക്കലും പരാതിപ്പെട്ടിരുന്നില്ല. ഞങ്ങളുടെ സ്രഷ്ടാവിനെ സേവിക്കാനും മഹത്ത്വപ്പെടുത്താനും ഞങ്ങൾക്കു സന്തോഷമായിരുന്നു. സഹോദരന്മാർ സത്യക്രിസ്‌ത്യാനികളായിട്ടാണ്‌ ജീവിക്കുന്നതെന്ന്‌ ആളുകൾക്കു കാണാൻ കഴിഞ്ഞിരുന്നു, യോഗങ്ങൾക്കും പ്രസംഗവേലയ്‌ക്കും ഒക്കെയായി 40 കിലോമീറ്റർ [20 മൈ.] നടക്കാൻ പോലും അവർ സന്നദ്ധരായിരുന്നു.

“ശുശ്രൂഷയ്‌ക്കിടയിൽ ഞങ്ങൾ പലതരം ആളുകളെ കണ്ടുമുട്ടി. ഒരിക്കൽ ഞാൻ രാജ്യം, ലോകത്തിന്റെ പ്രത്യാശ എന്ന ചെറുപുസ്‌തകം ഒരു സ്‌ത്രീക്കു നൽകി. അതു വാങ്ങാൻ ആഗ്രഹമുണ്ടെങ്കിലും സംഭാവന നൽകാൻ പണമില്ലെന്ന്‌ അവർ എന്നോടു പറഞ്ഞു. എനിക്കാണെങ്കിൽ വിശക്കുന്നുമുണ്ടായിരുന്നു. അതുകൊണ്ട്‌ ചെറുപുസ്‌തകത്തിനു പകരമായി ഒരു പുഴുങ്ങിയ മുട്ട തരാമോയെന്നു ഞാൻ ചോദിച്ചു. അങ്ങനെ അവർക്കു ഞാൻ ആ ചെറുപുസ്‌തകം നൽകി, അവർ എനിക്കു കഴിക്കാൻ മുട്ടയും തന്നു.”

ക്രിസ്‌തുമസ്സ്‌ കാലത്ത്‌ ട്രാൻസ്‌കാർപാത്തിയക്കാർ യേശുക്രിസ്‌തുവിന്റെ ജനനത്തെ കുറിച്ചുള്ള ഗാനങ്ങൾ ആലപിച്ചുകൊണ്ട്‌ വീടുതോറും പോകുമായിരുന്നു. സഹോദരന്മാർ ഈ ആചാരം നന്നായി പ്രയോജനപ്പെടുത്തി. സാഹിത്യങ്ങൾ നിറച്ച ബാഗുകളുമായി ആളുകളുടെ ഭവനങ്ങളിൽ ചെന്ന്‌ തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുന്ന ഗീതങ്ങൾ അവർ ആലപിക്കുമായിരുന്നു! പലർക്കും അവയുടെ സംഗീതം ഇഷ്ടമായിരുന്നു. മിക്കവരും സഹോദരന്മാരെ തങ്ങളുടെ ഭവനങ്ങളിലേക്കു ക്ഷണിച്ച്‌ കൂടുതൽ ഗീതങ്ങൾ ആലപിക്കാൻ പറയുമായിരുന്നു. ചിലപ്പോൾ ഗീതങ്ങൾ ആലപിച്ചതിന്‌ വീട്ടുകാർ അവർക്കു പണം നൽകും, അവരാകട്ടെ പകരം ബൈബിൾ സാഹിത്യങ്ങൾ കൊടുക്കും. അതുകൊണ്ട്‌ ക്രിസ്‌തുമസ്സ്‌ കാലത്ത്‌ മിക്കപ്പോഴും സാഹിത്യശേഖരം കാലിയാകുമായിരുന്നു. ഈ ഗീതാലാപന പരിപാടി രണ്ടാഴ്‌ച നീണ്ടുനിൽക്കും. കാരണം, റോമൻ കത്തോലിക്കരും ഗ്രീക്ക്‌ കത്തോലിക്കരും വ്യത്യസ്‌ത ആഴ്‌ചകളിലാണ്‌ ക്രിസ്‌തുമസ്സ്‌ ആഘോഷിച്ചിരുന്നത്‌. എന്നാൽ, 1920-കളുടെ അവസാന പകുതിയോടെ ക്രിസ്‌തുമസ്സിന്റെ പുറജാതീയ ഉത്ഭവത്തെ കുറിച്ചു ബൈബിൾ വിദ്യാർഥികൾക്കു ബോധ്യമായി. അതോടെ ഗീതാലാപന പരിപാടികൾ അവർ അവസാനിപ്പിച്ചു. തങ്ങളുടെ തീക്ഷ്‌ണമായ പ്രസംഗ പ്രവർത്തനത്തിൽനിന്ന്‌ സഹോദരന്മാർക്കു വളരെയധികം സന്തോഷം ലഭിച്ചു. ട്രാൻസ്‌കാർപാത്തിയയിൽ പ്രസാധകരുടെ പുതിയ കൂട്ടങ്ങൾ രൂപംകൊള്ളാൻ തുടങ്ങി.

ആദ്യ കൺവെൻഷനുകൾ

ട്രാൻസ്‌കാർപാത്തിയൻ പ്രദേശത്തെ ബൈബിൾ വിദ്യാർഥികളുടെ ആദ്യത്തെ കൺവെൻഷൻ 1926 മേയിൽ വെലിക്കി ലുച്ച്‌ക്കി ഗ്രാമത്തിൽ നടന്നു. ഹാജർ 150 ആയിരുന്നു, 20 പേർ സ്‌നാപനമേൽക്കുകയും ചെയ്‌തു. പിറ്റേ വർഷം, അതേ പ്രദേശത്തുള്ള ഉഷ്‌ഗോറോദ്‌ നഗരത്തിലെ സെൻട്രൽ പാർക്കിൽ നടന്ന ഒരു കൺവെൻഷനിൽ 200 പേർ പങ്കെടുത്തു. താമസിയാതെ ട്രാൻസ്‌കാർപാത്തിയയിലെ വിവിധ പട്ടണങ്ങളിൽ മറ്റു കൺവെൻഷനുകൾ സംഘടിപ്പിക്കപ്പെട്ടു. ലവോഫിൽ ആദ്യത്തെ കൺവെൻഷൻ നടന്നത്‌ 1928-ലാണ്‌. പിന്നീട്‌, മറ്റു കൺവെൻഷനുകൾ വോളിനിലും ഹലിച്ചിനയിലും നടന്നു.

ട്രാൻസ്‌കാർപാത്തിയയിലെ സോളോറ്റ്‌വിനോ ഗ്രാമത്തിൽ, ബൈബിൾ വിദ്യാർഥികൾ യോഗങ്ങൾക്കു പതിവായി കൂടിവരാറുണ്ടായിരുന്ന വീടിന്റെ അങ്കണത്തിൽവെച്ച്‌ 1932-ന്റെ ആരംഭത്തിൽ ഒരു കൺവെൻഷൻ നടത്തപ്പെട്ടു. ജർമനിയിൽ ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിച്ചിരുന്ന ചില സഹോദരന്മാർ ഉൾപ്പെടെ 500-ഓളം പേർ അതിൽ സംബന്ധിച്ചു. പ്രാദേശിക സഭയിലെ ഒരു മൂപ്പനായ മിഹായിലോ തിൽനിയാക്ക്‌ വിവരിക്കുന്നു: “ഞങ്ങളുടെ കൺവെൻഷനിൽ പങ്കെടുക്കാൻ ജർമനിയിൽനിന്നും ഹംഗറിയിൽനിന്നും സഹോദരന്മാർ വന്നിരുന്നു. നന്നായി തയ്യാറായി അവർ നടത്തിയ പ്രസംഗങ്ങൾ ഞങ്ങൾ ശരിക്കും ആസ്വദിച്ചു. വരാനിരിക്കുന്ന പരിശോധനകളുടെ സമയത്ത്‌ വിശ്വസ്‌തരായി നിലകൊള്ളാൻ നിറകണ്ണുകളോടെ അവർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.” രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ കടുത്ത പരിശോധനകൾ ഉണ്ടാകുകതന്നെ ചെയ്‌തു.

ചെക്കോസ്ലോവാക്യയിലെ പ്രാഗിൽവെച്ച്‌ 1937-ൽ നടക്കുന്ന ഒരു കൺവെൻഷനിൽ പങ്കെടുക്കാൻ പോകുന്നവർക്കായി ഒരു ട്രെയിൻതന്നെ ബുക്കുചെയ്‌തു. സോളോറ്റ്‌വിനോ ഗ്രാമത്തിൽനിന്നു പുറപ്പെട്ട ആ ട്രെയിൻ ഓരോ സ്റ്റേഷനിലും നിറുത്തി കൺവെൻഷൻ പ്രതിനിധികളെ കയറ്റിക്കൊണ്ട്‌ ട്രാൻസ്‌കാർപാത്തിയയിൽ ഉടനീളം സഞ്ചരിച്ചു. അതിന്റെ ഓരോ ബോഗിയിലും “പ്രാഗിലെ യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ” എന്ന്‌ എഴുതിയിരുന്നു. ആ പ്രദേശത്തെ ജനങ്ങൾക്ക്‌ അതൊരു നല്ല സാക്ഷ്യമായി ഉതകി, പ്രായംചെന്നവർ ഇന്നും ആ ദിവസത്തെ കുറിച്ച്‌ ഓർക്കുന്നു.

ആരാധനാ സ്ഥലങ്ങൾ നിർമിക്കുന്നു

ബൈബിൾ വിദ്യാർഥികളുടെ ആദിമ കൂട്ടങ്ങൾ രൂപംകൊണ്ടതോടെ സ്വന്തമായ ആരാധനാ സ്ഥലങ്ങൾ നിർമിക്കേണ്ടത്‌ ആവശ്യമായിത്തീർന്നു. ആദ്യത്തെ യോഗസ്ഥലം നിർമിച്ചത്‌ 1932-ലാണ്‌, ട്രാൻസ്‌കാർപാത്തിയയിലെ ദിബ്രോവയിൽ. പിന്നീട്‌, അയൽ ഗ്രാമങ്ങളായ സോളോറ്റ്‌വിനോയിലും ബില്ലാ റ്റ്‌സെർക്ക്‌വയിലും വേറെ രണ്ടു ഹാളുകൾ പണിതു.

യുദ്ധകാലത്ത്‌ ഈ ഹാളുകളിൽ ചിലത്‌ നശിക്കുകയും അധികാരികൾ കണ്ടുകെട്ടുകയുമൊക്കെ ചെയ്‌തെങ്കിലും സ്വന്തമായി രാജ്യഹാളുകൾ ഉണ്ടായിരിക്കാനുള്ള ആഗ്രഹം സഹോദരന്മാർ കൈവെടിഞ്ഞില്ല. ഇപ്പോൾ ദിബ്രോവ ഗ്രാമത്തിൽ 8 രാജ്യഹാളുകൾ ഉണ്ട്‌, കൂടാതെ ആറ്‌ അയൽഗ്രാമങ്ങളിലായി വേറെ 18 ഹാളുകളും.

പരിഭാഷാവേലയുടെ പുരോഗതി

ഒട്ടേറെ കുടുംബങ്ങൾ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും യൂക്രെയിനിൽനിന്ന്‌ ഐക്യനാടുകളിലേക്കും കാനഡയിലേക്കും കുടിയേറി. അവരിൽ ചിലർ അവിടെവെച്ചു സത്യം സ്വീകരിച്ചു. അങ്ങനെ നിരവധി യൂക്രേനിയൻ ഭാഷാ കൂട്ടങ്ങൾ രൂപംകൊണ്ടു. 1899-ൽ തന്നെ, യുഗങ്ങളുടെ ദൈവിക നിർണയം യൂക്രേനിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ചു. എങ്കിലും യൂക്രെയിനിലും വിദേശത്തുമുള്ള യൂക്രേനിയൻ സംസാരിക്കുന്ന ജനങ്ങൾക്ക്‌ ആത്മീയ ആഹാരം നൽകാൻ ഏറെ കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ടായിരുന്നു. 1920-കളുടെ ആരംഭത്തോടെ, യോഗ്യതയുള്ള ഒരു സഹോദരൻ ബൈബിൾ സാഹിത്യങ്ങൾ മുടക്കം കൂടാതെ പരിഭാഷപ്പെടുത്തേണ്ടത്‌ ആവശ്യമാണെന്നു തെളിഞ്ഞു. 1923-ൽ, കാനഡയിൽ താമസിച്ചിരുന്ന എമിൾ സാറിറ്റ്‌സ്‌കി മുഴുസമയ സേവനത്തിനുള്ള ക്ഷണം സ്വീകരിച്ചു. ബൈബിൾ സാഹിത്യങ്ങൾ യൂക്രേനിയനിലേക്കു പരിഭാഷപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിയമനത്തിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത്‌. കൂടാതെ, അദ്ദേഹം കാനഡയിലും ഐക്യനാടുകളിലുമുള്ള യൂക്രേനിയൻ, പോളീഷ്‌, സ്ലോവാക്യൻ കൂട്ടങ്ങളെ സന്ദർശിക്കുകയും ചെയ്‌തു.

പടിഞ്ഞാറൻ യൂക്രെയിനിലെ സോക്കാൽ പട്ടണത്തിനടുത്താണ്‌ എമിൾ സാറിറ്റ്‌സ്‌കി ജനിച്ചത്‌. പിന്നീട്‌ അദ്ദേഹം മാതാപിതാക്കളോടൊപ്പം കാനഡയിലേക്കു താമസം മാറ്റി. അവിടെവെച്ച്‌ അദ്ദേഹം യൂക്രെയിനിൽനിന്നുള്ള മാരിയ എന്ന പെൺകുട്ടിയെ വിവാഹം ചെയ്‌തു. അവർക്ക്‌ അഞ്ചു മക്കൾ ജനിച്ചു. ഭാരിച്ച കുടുംബ ഉത്തരവാദിത്വം ഉണ്ടായിരുന്നെങ്കിലും, എമിളിനും മാരിയയ്‌ക്കും തങ്ങളുടെ ദിവ്യാധിപത്യ നിയമനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു. 1928-ൽ വാച്ച്‌ടവർ സൊസൈറ്റി കാനഡയിലെ വിന്നിപെഗിൽ ഒരു വീടു വാങ്ങി. യൂക്രേനിയൻ പരിഭാഷാ വേലയ്‌ക്കുള്ള ആസ്ഥാനമായി അത്‌ ഉതകി.

അക്കാലത്ത്‌ സഹോദരന്മാർ, കൊണ്ടുനടക്കാവുന്നതരം ഫോണോഗ്രാഫുകളും ബൈബിൾ പ്രസംഗങ്ങളുടെ റെക്കോർഡുകളും വീടുതോറുമുള്ള ശുശ്രൂഷയിൽ ഉപയോഗിച്ചിരുന്നു. യൂക്രേനിയൻ ഭാഷയിൽ അത്തരം പ്രസംഗങ്ങൾ റെക്കോർഡു ചെയ്യുന്നതിന്‌ സാറിറ്റ്‌സ്‌കി സഹോദരനെ ബ്രുക്ലിനിലേക്കു ക്ഷണിച്ചു. 1930-കളിൽ വിന്നിപെഗിലെ റേഡിയോ സ്റ്റേഷനിൽ അര മണിക്കൂർ ദൈർഘ്യമുള്ള, യൂക്രേനിയൻ ഭാഷയിലുള്ള നിരവധി റേഡിയോ പ്രക്ഷേപണങ്ങൾ തയ്യാറാക്കപ്പെട്ടു. ഈ റേഡിയോ പ്രക്ഷേപണങ്ങളിൽ, എമിൾ സാറിറ്റ്‌സ്‌കി സഹോദരനും അനുഭവസമ്പന്നരായ മറ്റു സഹോദരന്മാരും അർഥവത്തായ പരസ്യപ്രസംഗങ്ങൾ അവതരിപ്പിച്ചു. ഈ പ്രസംഗങ്ങളെ തുടർന്ന്‌, 1928-ൽ പ്രസിദ്ധീകരിച്ച പാട്ടുപുസ്‌തകത്തിൽനിന്നുള്ള, ചതുർഭാഗ താളവ്യവസ്ഥയിലുള്ള സംഘ ഗീതാലാപനം ഉണ്ടാകുമായിരുന്നു. വിലമതിപ്പുള്ള ശ്രോതാക്കളിൽനിന്ന്‌ നൂറുകണക്കിനു കത്തുകളും ടെലിഫോൺ കോളുകളും ലഭിക്കുകയുണ്ടായി.

എമിൾ സാറിറ്റ്‌സ്‌കിയും ഭാര്യ മാരിയയും 40 വർഷക്കാലം പരിഭാഷകരെന്ന നിലയിലുള്ള തങ്ങളുടെ നിയമനം വിശ്വസ്‌തമായി നിർവഹിച്ചു. അന്ന്‌ വീക്ഷാഗോപുരത്തിന്റെ ഓരോ ലക്കവും യൂക്രേനിയൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു. 1964-ൽ, ഭാര്യ അനിനോടൊപ്പം വർഷങ്ങളായി സാറിറ്റ്‌സ്‌കി സഹോദരനെ സഹായിച്ചിരുന്ന മോറിസ്‌ സാറാഞ്ചുക്കിന്‌ പരിഭാഷാ വേലയുടെ മേൽനോട്ടം വഹിക്കാൻ നിയമനം ലഭിച്ചു.

ആത്മീയ സഹായം ലഭിക്കുന്നു

തീക്ഷ്‌ണതയുള്ള ചില പ്രസാധകർ യൂക്രെയിനിൽ വ്യക്തിപരമായി സത്യത്തിന്റെ വിത്തുകൾ വിതയ്‌ക്കുകയും അവ നനയ്‌ക്കുകയും ചെയ്‌തിട്ടുണ്ടായിരുന്നെങ്കിലും, ട്രാൻസ്‌കാർപാത്തിയയിൽ 1927-ലും ഹലിച്ചിനയിൽ പിൽക്കാലത്തുമാണ്‌ സംഘടിത പ്രസംഗ പ്രവർത്തനം ആരംഭിച്ചത്‌. അതിനു മുമ്പ്‌, പ്രസംഗ പ്രവർത്തനം റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നില്ലെങ്കിലും റൊമേനിയൻ, ഹംഗേറിയൻ, പോളീഷ്‌, യൂക്രേനിയൻ എന്നീ ഭാഷകളിലുള്ള ഒട്ടേറെ പുസ്‌തകങ്ങളും ചെറുപുസ്‌തകങ്ങളും വിതരണം ചെയ്യപ്പെട്ടിരുന്നു. ഒറ്റപ്പെട്ട കൂട്ടങ്ങൾ സഭകളായി സംഘടിപ്പിക്കപ്പെട്ടു. പ്രസാധകർ പതിവായി വീടുതോറും പ്രസംഗിക്കാൻ ആരംഭിച്ചു. ആ വർഷങ്ങളിൽ ഒട്ടനവധി ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കപ്പെട്ടു. 1927-ൽ, ട്രാൻസ്‌കാർപാത്തിയയിലെ ഉഷ്‌ഗോറോദിൽ യൂക്രെയിന്റെ ആദ്യത്തെ സാഹിത്യ ഡിപ്പോ തുറന്നു. 1928-ൽ, അന്ന്‌ ചെക്കോസ്ലോവാക്യയുടെ ഭാഗമായിരുന്ന ട്രാൻസ്‌കാർപാത്തിയൻ പ്രദേശത്തെ സഭകളെയും കോൽപോർട്ടർമാരെയും പിന്തുണയ്‌ക്കാൻ, ജർമനിയിലെ മാഗ്‌ഡെബുർഗിലെ ഓഫീസിനെ ചുമതലപ്പെടുത്തി.

ട്രാൻസ്‌കാർപാത്തിയയിലെ ബൈബിൾ വിദ്യാർഥികളുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ ഉഷ്‌ഗോറോദിനു സമീപമുള്ള ബെറെഹോവെ പട്ടണത്തിൽ 1930-ൽ ഒരു ഓഫീസ്‌ സ്ഥാപിച്ചു. വോയ്‌റ്റെഹ്‌ ചെഹി ആയിരുന്നു ഓഫീസിന്റെ മേൽവിചാരകൻ. ഈ പുതിയ ക്രമീകരണം പ്രസംഗ പ്രവർത്തനത്തിനു വളരെ പ്രയോജനം ചെയ്‌തു.

പ്രാഗിലെയും മാഗ്‌ഡെബുർഗിലെയും ഓഫീസുകളിൽനിന്നുള്ള ഒട്ടേറെ സഹോദരന്മാർ ആത്മത്യാഗപരമായ മനോഭാവം പ്രകടമാക്കി. മിക്കപ്പോഴും ഏറെ ദൂരം യാത്ര ചെയ്‌ത്‌ അവർ കാർപാത്തിയൻ മലനിരകളിലെ വിദൂര പ്രദേശങ്ങളിൽ ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത എത്തിച്ചു. തീക്ഷ്‌ണതയുള്ള ഈ സഹോദരന്മാരിൽ ഒരാളായിരുന്നു മാഗ്‌ഡെബുർഗ്‌ ബ്രാഞ്ച്‌ ഓഫീസിലെ ആഡോൾഫ്‌ ഫിറ്റ്‌സ്‌ക്കെ. കാർപാത്തിയൻ മലനിരകളിലെ റാഹിവ്‌ പ്രദേശത്തു പ്രസംഗിക്കാൻ അദ്ദേഹത്തെ അയയ്‌ക്കുകയുണ്ടായി. യാതൊരുവിധ ദുശ്ശാഠ്യങ്ങളും ഇല്ലാത്ത, വിശ്വസ്‌തനും വിനയാന്വിതനുമായ ഈ സഹോദരനെ അവിടത്തെ സാക്ഷികൾ ഇന്നും സ്‌നേഹപൂർവം സ്‌മരിക്കുന്നു. 2001-ൽ അവിടെ നാലു സഭകൾ ഉണ്ടായിരുന്നു.

ട്രാൻസ്‌കാർപാത്തിയയിലെ പല പട്ടണങ്ങളിലും ഗ്രാമങ്ങളിലും 1930-കളിൽ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പ്രദർശിപ്പിച്ചു. ചലച്ചിത്രങ്ങളോടും സ്ലൈഡുകളോടും ഫോണോഗ്രാഫ്‌ റെക്കോർഡുകളിൽ ബൈബിൾ അധിഷ്‌ഠിത വിവരങ്ങൾ സമന്വയിപ്പിച്ച്‌ തയ്യാറാക്കിയ, എട്ടു മണിക്കൂർ ദൈർഘ്യമുള്ള ഒരു പരിപാടിയായിരുന്നു “ഫോട്ടോ നാടകം.” അതു പ്രദർശിപ്പിക്കുന്നതിൽ പ്രാദേശിക സഹോദരന്മാരെ സഹായിക്കാൻ ജർമനിയിൽനിന്ന്‌ ഏറിഹ്‌ ഫ്രോസ്റ്റിനെ അയച്ചു. പരിപാടിക്കു മുമ്പായി സഹോദരന്മാർ, പൊതുജനത്തെ ക്ഷണിച്ചുകൊണ്ടുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്‌തു. വളരെ നല്ല പ്രതികരണമാണു ലഭിച്ചത്‌. ബെറെഹോവെ പട്ടണത്തിൽ പ്രദർശനത്തിനു വലിയ തിരക്കായിരുന്നു, ആയിരത്തിലധികം ആളുകൾക്കു തെരുവിൽ കാത്തുനിൽക്കേണ്ടിവന്നു. അത്രയും വലിയ ജനക്കൂട്ടത്തെ കണ്ടപ്പോൾ, തങ്ങൾക്ക്‌ അവരെ നിയന്ത്രിക്കാനാകുമോ എന്ന്‌ പോലീസ്‌ ഭയന്നു. തന്മൂലം പ്രദർശനം റദ്ദാക്കുന്നതിനെ കുറിച്ച്‌ അവർ ചിന്തിച്ചെങ്കിലും പിന്നീട്‌ അതു വേണ്ടെന്നു വെച്ചു. പ്രദർശനശേഷം, “ഫോട്ടോ നാടകം” വീണ്ടും കാണാൻ താത്‌പര്യപ്പെട്ട ഒട്ടേറെ ആളുകൾ തങ്ങളുടെ മേൽവിലാസം സഹോദരങ്ങൾക്കു നൽകി. ജനങ്ങളുടെ ഈ താത്‌പര്യം കണ്ട പ്രാദേശിക മതനേതാക്കന്മാർ സാക്ഷികളുടെ സുവാർത്താ പ്രസംഗം നിറുത്തിക്കാൻ പഠിച്ച പണിയെല്ലാം നോക്കി. എങ്കിലും വിജയം നൽകി യഹോവയാം ദൈവം സഹോദരങ്ങളെ അനുഗ്രഹിച്ചുകൊണ്ടിരുന്നു.

വോളിൻ, ഹലിച്ചിന പ്രദേശങ്ങൾ 1920-കളിലും 1930-കളിലും ലോഡ്‌സിലുള്ള പോളണ്ട്‌ ബ്രാഞ്ചിന്റെ മേൽനോട്ടത്തിൻ കീഴിലായിരുന്നു. 1932-ൽ, പോളണ്ടിൽ നിന്നുള്ള സഹോദരന്മാർ ആ പ്രദേശങ്ങളിൽ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചു. ബ്രുക്ലിൻ അയച്ചുകൊടുത്ത വീക്ഷാഗോപുര വരിക്കാരുടെ മേൽവിലാസങ്ങൾ ഉപയോഗിച്ച്‌ അവർ ആ വരിക്കാർക്കു മടക്കസന്ദർശനങ്ങൾ നടത്തുമായിരുന്നു.

പോളണ്ട്‌ ഓഫീസിന്റെ അന്നത്തെ മേൽവിചാരകനായിരുന്ന വിൽഹെം ഷൈഡർ ഇങ്ങനെ പറഞ്ഞു: “യൂക്രെയിൻകാർ അതീവ ഉത്സാഹത്തോടെ സത്യം സ്വീകരിച്ചു. പുതുമഴയ്‌ക്കു ശേഷം കൂണുകൾ പൊട്ടിമുളയ്‌ക്കുന്നതു പോലെ, ഹലിച്ചിന പ്രദേശത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും താത്‌പര്യക്കാരുടെ കൂട്ടങ്ങൾ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. ചിലപ്പോൾ അത്തരം കൂട്ടങ്ങളിൽ ഒരു പ്രദേശത്തെ മുഴുവൻ ആളുകളും ഉണ്ടായിരുന്നു.”

ഭൂരിഭാഗം സഹോദരങ്ങളും ദരിദ്രർ ആയിരുന്നെങ്കിലും, പ്രസംഗ പ്രവർത്തനത്തിലും ആത്മീയ വളർച്ചയിലും തങ്ങളെ സഹായിക്കുന്ന സാഹിത്യങ്ങളും ഗ്രാമഫോൺ റെക്കോർഡുകളും വാങ്ങാൻ അവർ വളരെ ത്യാഗങ്ങൾ ചെയ്‌തിരുന്നു. 1936-ൽ സ്‌നാപനമേറ്റ, ഹലിച്ചിനയിൽ നിന്നുള്ള മിക്കോള വോളോച്ചിയി ഒരു ഗ്രാമഫോൺ വാങ്ങാൻ തനിക്കുണ്ടായിരുന്ന രണ്ടു കുതിരകളിൽ ഒന്നിനെ വിറ്റു. ഒരു കർഷകനെ സംബന്ധിച്ചിടത്തോളം ഒരു കുതിരയെ വിറ്റുകളയുന്നത്‌ എത്ര വലിയ ത്യാഗമാണെന്നു ചിന്തിക്കുക! നാലു മക്കളെ പോറ്റേണ്ടതുണ്ടായിരുന്നെങ്കിലും ഒരു കുതിരയെക്കൊണ്ട്‌ കഴിച്ചുകൂട്ടാമെന്ന്‌ അദ്ദേഹം തീരുമാനിച്ചു. ഈ ഗ്രാമഫോണുകളിലൂടെ അവതരിപ്പിക്കപ്പെട്ട, യൂക്രേനിയൻ ഭാഷയിലുള്ള ബൈബിൾ പ്രസംഗങ്ങളും രാജ്യഗീതങ്ങളും യഹോവയെ അറിയാനും സേവിക്കാനും ഒട്ടേറെ പുതിയവരെ സഹായിച്ചു.

വോളിനിലും ഹലിച്ചിനയിലും 1930-കളിൽ ഉണ്ടായ പ്രസാധകരുടെ വൻ വർധനയെ കുറിച്ച്‌ വിൽഹെം ഷൈഡർ ഇങ്ങനെ പറഞ്ഞു: “1928-ൽ പോളണ്ടിൽ 300 പ്രസാധകർ ഉണ്ടായിരുന്നു. എന്നാൽ 1939-ഓടെ അത്‌ 1,100-ലധികമായി വർധിച്ചു, അതിൽ പകുതി യൂക്രെയിൻകാരായിരുന്നു. അവരുടെ പ്രദേശത്ത്‌ (ഹലിച്ചിനയിലും വോളിനിലും) പ്രവർത്തനം ഏറെ കഴിഞ്ഞാണു തുടങ്ങിയത്‌ എന്നോർക്കണം.”

വർധിച്ചുകൊണ്ടിരുന്ന പ്രസാധകരുടെ ആവശ്യങ്ങൾക്കായി കരുതുന്നതിന്‌ വോളിനിലെയും ഹലിച്ചിനയിലെയും പ്രസംഗ പ്രവർത്തനത്തിൽ സഹായിച്ചുകൊണ്ട്‌ സഞ്ചാരമേൽവിചാരകനായി സേവിക്കാൻ പോളണ്ട്‌ ബ്രാഞ്ചിൽനിന്ന്‌ ല്യുഡ്‌വിക്ക്‌ കിനിറ്റ്‌സ്‌ക്കിയെ നിയമിച്ചു. അദ്ദേഹത്തിന്റെ കുടുംബം 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഹലിച്ചിനയിലെ ചോർട്ട്‌കിവിൽനിന്ന്‌ ഐക്യനാടുകളിലേക്കു കുടിയേറിയിരുന്നു. അവിടെവെച്ചാണ്‌ കിനിറ്റ്‌സ്‌ക്കി സഹോദരൻ സത്യം പഠിച്ചത്‌. പിന്നീട്‌ അദ്ദേഹം, പരമാർഥഹൃദയരെ സഹായിക്കുന്നതിന്‌ സ്വദേശത്തേക്കു മടങ്ങിവന്നു. തീക്ഷ്‌ണതയുള്ള ഈ ശുശ്രൂഷകനിൽനിന്നു തങ്ങൾക്കു ലഭിച്ച ആത്മീയ സഹായം സഹോദരീസഹോദരന്മാരിൽ പലരും ഒരിക്കലും മറക്കില്ല. 1936-ലെ ശരത്‌കാലത്ത്‌ സുവർണ യുഗത്തിന്റെ പോളീഷ്‌ പതിപ്പ്‌ നിരോധിക്കപ്പെടുകയും അതിന്റെ പത്രാധിപരെ ഒരു വർഷത്തെ തടവുശിക്ഷയ്‌ക്കു വിധിക്കുകയും ചെയ്‌തു. നിരോധിക്കപ്പെട്ട സുവർണ യുഗത്തിനു പകരം പ്രസിദ്ധീകരിക്കപ്പെട്ട നവദിനം മാസികയുടെ പത്രാധിപരായി കിനിറ്റ്‌സ്‌ക്കി സഹോദരൻ നിയമിക്കപ്പെട്ടു. 1944-ൽ ഗസ്റ്റപ്പോ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌ത്‌ മൗത്ത്‌ഹൗസൻ-ഗൂസൻ തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയി. അവിടെവെച്ച്‌ മരിക്കുന്നതുവരെ അദ്ദേഹം യഹോവയോടുള്ള വിശ്വസ്‌തത പാലിച്ചു.

ദൈവം സകലതരം ജനങ്ങളെയും ആകർഷിക്കുന്നു

റോള എന്ന ഒരു ബൈബിൾ വിദ്യാർഥി 1920-കളുടെ ആരംഭത്തിൽ ഹലിച്ചിനയിലെ തന്റെ ജന്മനാടായ സോളോറ്റിയി പോട്ടിക്കിലേക്കു തിരിച്ചുവന്നു. ബൈബിൾ ഉപയോഗിച്ച്‌ റോള സുവാർത്ത പ്രസംഗിക്കാൻ തുടങ്ങി. തന്റെ വിഗ്രഹങ്ങളെല്ലാം അദ്ദേഹം നശിപ്പിച്ചുകളഞ്ഞതുകൊണ്ട്‌ ആളുകൾ അദ്ദേഹത്തെ ഭ്രാന്തനെന്നു മുദ്രകുത്തി. സ്ഥലത്തെ പുരോഹിതൻ റോളയുടെ പ്രസംഗ പ്രവർത്തനം നിറുത്തിക്കാൻ ശ്രമിച്ചു. പുരോഹിതൻ ഒരു പോലീസുകാരന്റെ അടുക്കൽ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “നടക്കാൻ കഴിയാത്തവിധം റോളയെ ഒന്നു കൈകാര്യം ചെയ്യാമെങ്കിൽ ഞാൻ താങ്കൾക്ക്‌ ഒരു ലിറ്റർ വിസ്‌ക്കി തരാം.” ആളുകളെ തല്ലിച്ചതയ്‌ക്കുകയല്ല തന്റെ ജോലിയെന്ന്‌ പോലീസുകാരൻ പറഞ്ഞു. പിന്നീട്‌, റോളയ്‌ക്ക്‌ ഐക്യനാടുകളിലെ സഹോദരന്മാരിൽനിന്നു കെട്ടുകണക്കിനു പ്രസിദ്ധീകരണങ്ങൾ ലഭിക്കാൻ തുടങ്ങി. പുരോഹിതൻ വീണ്ടും പോലീസുകാരന്റെ അടുത്തു ചെന്ന്‌ തപാൽ ഓഫീസിൽ ഒരു കെട്ട്‌ കമ്മ്യൂണിസ്റ്റ്‌ പ്രസിദ്ധീകരണങ്ങൾ എത്തിയിട്ടുണ്ടെന്ന്‌ അറിയിച്ചു. ആ സാഹിത്യങ്ങൾ എടുക്കാൻ ആരാണ്‌ വരുന്നതെന്ന്‌ അറിയാൻ പോലീസുകാരൻ പിറ്റേന്നു കാത്തുനിന്നു. വന്നത്‌ റോള ആയിരുന്നു. പോലീസുകാരൻ അദ്ദേഹത്തെ സ്റ്റേഷനിലേക്കു കൊണ്ടുപോയി, പുരോഹിതനെയും വിളിപ്പിച്ചു. ആ പുസ്‌തകങ്ങൾ പിശാചിൽ നിന്നുള്ളവയാണെന്ന്‌ പുരോഹിതൻ ആക്രോശിച്ചു. ആ പ്രസിദ്ധീകരണങ്ങളിൽ കമ്മ്യൂണിസ്റ്റ്‌ പഠിപ്പിക്കലുകൾ ഉണ്ടോയെന്ന്‌ ഉറപ്പുവരുത്താൻ പോലീസുകാരൻ അവയിൽ ചിലത്‌ സ്ഥലത്തെ കോടതിയിലേക്ക്‌ അയച്ചു. ബാക്കിയുള്ളവ അദ്ദേഹം തന്റെ കൈവശം സൂക്ഷിച്ചു. അവ വായിച്ചു നോക്കിയ അദ്ദേഹത്തിന്‌ അവയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന്‌ മനസ്സിലായി. താമസിയാതെ അദ്ദേഹവും ഭാര്യയും ബൈബിൾ വിദ്യാർഥികളുടെ യോഗങ്ങളിൽ ഹാജരാകാൻ തുടങ്ങി. പിന്നീട്‌ അദ്ദേഹം സ്‌നാപനമേൽക്കുകയും തീക്ഷ്‌ണതയുള്ള ഒരു പ്രസാധകൻ ആയിത്തീരുകയും ചെയ്‌തു. വാസ്‌തവത്തിൽ, ശിഷ്യരാക്കൽ വേലയ്‌ക്കു തടയിടാൻ ശ്രമിക്കുന്നതിനിടെ ആ പുരോഹിതൻ അറിയാതെതന്നെ ല്യുഡ്‌വിക്ക്‌ റോഡാക്കിനെ സത്യം സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

ഈ സമയത്താണ്‌, ലവോഫിൽനിന്ന്‌ ഒരു ഗ്രീക്ക്‌ കത്തോലിക്കാ പുരോഹിതൻ ഭാര്യാസമേതം ഐക്യനാടുകളിലേക്കു താമസം മാറിയത്‌. അധികം താമസിയാതെ, അദ്ദേഹത്തിന്റെ ഭാര്യ മരണമടഞ്ഞു. ദുഃഖിതനായ അദ്ദേഹം തന്റെ ഭാര്യയുടെ ആത്മാവ്‌ എവിടേക്കാണു പോയതെന്നു കണ്ടെത്താൻ തീരുമാനിച്ചു. അദ്ദേഹം ന്യൂയോക്കിലുള്ള ചില ആത്മമധ്യവർത്തികളുടെ മേൽവിലാസം തേടിപ്പിടിച്ചു. അവരുടെ യോഗസ്ഥലം അന്വേഷിച്ചു ചെന്ന അദ്ദേഹം ആ കെട്ടിടത്തിലെ മറ്റൊരു നിലയിലെ ഒരു മുറിയിലാണു ചെന്നുപെട്ടത്‌. അവിടെ ബൈബിൾ വിദ്യാർഥികളുടെ യോഗം നടക്കുകയായിരുന്നു. അവിടെവെച്ച്‌ അദ്ദേഹം മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച സത്യം മനസ്സിലാക്കി. പിന്നീട്‌ അദ്ദേഹം സ്‌നാപനമേൽക്കുകയും അൽപ്പകാലം ബ്രുക്ലിൻ ബെഥേലിലെ അച്ചടി ഫാക്ടറിയിൽ സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. കുറെ കഴിഞ്ഞ്‌ അദ്ദേഹം ഹലിച്ചിനയിലേക്കു മടങ്ങിപ്പോയി. അവിടെ അദ്ദേഹം തീക്ഷ്‌ണതയോടെ സുവാർത്താ പ്രസംഗവേലയിൽ തുടർന്നു.

കിഴക്കൻ യൂക്രെയിനിൽ പ്രകാശകിരണങ്ങൾ

നാം കണ്ടുകഴിഞ്ഞതുപോലെ, ആദ്യകാല പ്രസംഗ പ്രവർത്തനത്തിൽ അധികപങ്കും നടന്നത്‌ പടിഞ്ഞാറൻ യൂക്രെയിനിലാണ്‌. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ സത്യം എത്തിച്ചേർന്നത്‌ എങ്ങനെയാണ്‌? പടിഞ്ഞാറൻ യൂക്രെയിനിലേതുപോലെ അവിടത്തെ ആത്മീയ മണ്ണും സമൃദ്ധമായി വിളവ്‌ ഉത്‌പാദിപ്പിക്കുമോ?

സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള ഒരു ബൈബിൾ വിദ്യാർഥിയായ ട്രുമ്പി സഹോദരൻ 1900-ങ്ങളുടെ ആരംഭത്തിൽ കിഴക്കൻ യൂക്രെയിനിലെ ഒരു കൽക്കരി ഖനി പ്രദേശത്ത്‌ എൻജിനീയറായി ജോലി നോക്കാൻ എത്തി. ആ പ്രദേശത്തെ ആദ്യത്തെ ബൈബിൾ വിദ്യാർഥിയായി അദ്ദേഹം അറിയപ്പെടുന്നു. 1920-കളിലെ അദ്ദേഹത്തിന്റെ പ്രസംഗ പ്രവർത്തനത്തിന്റെ ഫലമായി കാർക്കോഫ്‌ നഗരത്തിനരികെയുള്ള ല്യുബിമിവ്‌സ്‌കിയി പോസ്റ്റ്‌ എന്ന ഗ്രാമത്തിൽ ഒരു ബൈബിൾ അധ്യയന കൂട്ടം രൂപംകൊണ്ടു.

പടിഞ്ഞാറൻ യൂറോപ്പിൽനിന്നുള്ള മറ്റൊരു സഹോദരൻ 1927-ൽ കലിനിവ്‌ക്ക ഗ്രാമത്തിലുള്ള കൽക്കരി ഖനിയിൽ എൻജിനീയറായി ജോലി ചെയ്യാൻ എത്തിച്ചേർന്നു. അദ്ദേഹം ഒരു സൂട്ട്‌കേസ്‌ നിറയെ ബൈബിൾ സാഹിത്യങ്ങൾ കൊണ്ടുവന്നിരുന്നു. രാജ്യപ്രത്യാശയിൽ അതീവ താത്‌പര്യം പ്രകടമാക്കിയ ബാപ്‌റ്റിസ്റ്റുകാരുടെ ഒരു ചെറിയ കൂട്ടത്തോടു പ്രസംഗിക്കാൻ അദ്ദേഹം അവ ഉപയോഗിച്ചു. കുറച്ചു നാളുകൾക്കു ശേഷം ഈ സഹോദരൻ സ്വദേശത്തേക്കു മടങ്ങിപ്പോയി. എന്നാൽ അതിനു മുമ്പ്‌ അവിടെ ബൈബിൾ വിദ്യാർഥികളുടെ ഒരു ചെറിയ കൂട്ടത്തെ ഉളവാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കലിനിവ്‌ക്കയിൽ സ്‌മാരകം ആചരിക്കാൻ 18 പേർ കൂടിവന്നതായി 1927-ലെ വീക്ഷാഗോപുരം റിപ്പോർട്ടു ചെയ്യുന്നു. അയൽ ഗ്രാമമായ യെപീഫാന്നീവ്‌ക്ക ഗ്രാമത്തിൽ 11 പേർ സ്‌മാരകം ആചരിക്കുകയുണ്ടായി. ഇതിനു പുറമേ, ല്യുബിമിവ്‌സ്‌കിയി പോസ്റ്റിൽ 30 പേർ ആ വർഷം സ്‌മാരകത്തിനു ഹാജരായിരുന്നു.

ബ്രുക്ലിനിലെ ലോകാസ്ഥാനത്തുള്ള സഹോദരന്മാർ സോവിയറ്റ്‌ യൂണിയനിലെ സ്ഥിതിഗതികൾ നിരന്തരം വീക്ഷിക്കുന്നുണ്ടായിരുന്നു. രാജ്യപ്രസംഗ വേലയ്‌ക്കു നിയമാംഗീകാരം നേടിയെടുക്കാൻ അവർ ശ്രമിച്ചു. അതിനായി, കാനഡക്കാരനായ ജോർജ്‌ യങ്‌ എന്ന സഹോദരൻ 1928-ൽ യു.എ⁠സ്‌.എസ്‌.ആർ-ൽ എത്തി. അവിടെയായിരിക്കെ, കിഴക്കൻ യൂക്രെയിനിലെ കാർക്കോഫ്‌ നഗരം സന്ദർശിച്ച്‌ പ്രാദേശിക ബൈബിൾ വിദ്യാർഥികളുമൊത്ത്‌ ഒരു ചെറിയ ത്രിദിന സമ്മേളനം സംഘടിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നീട്‌, അധികാരികളിൽനിന്നുള്ള എതിർപ്പിനെ തുടർന്ന്‌ അദ്ദേഹത്തിനു രാജ്യം വിടേണ്ടിവന്നു. ആ സമയത്ത്‌ കിയേവിലും ഓഡെസയിലും ബൈബിൾ വിദ്യാർഥികളുടെ കൂട്ടങ്ങൾ ഉള്ളതായി അദ്ദേഹം നിരീക്ഷിച്ചു.

സോവിയറ്റ്‌ യൂണിയനിലെ സ്ഥിതിഗതികളെ കുറിച്ചുള്ള വിവരം യങ്‌ സഹോദരൻ ബ്രുക്ലിൻ ഓഫീസിൽ അറിയിച്ചു. യങ്‌ സഹോദരന്റെ നിർദേശത്തെ തുടർന്ന്‌, ഡാനിയിൽ സ്റ്റാരുഹിന്‌ യൂക്രെയിനിലെ മാത്രമല്ല, മുഴു യു.എ⁠സ്‌.എസ്‌.ആർ.-ലെയും ബൈബിൾ വിദ്യാർഥികളുടെ പ്രവർത്തനങ്ങളുടെ ചുമതല ലഭിച്ചു. ജോർജ്‌ യങ്‌ സന്ദർശനം നടത്തുന്നതിന്‌ വളരെ വർഷങ്ങൾക്കു മുമ്പുതന്നെ സ്റ്റാരുഹിൻ സഹോദരൻ അന്നത്തെ സോവിയറ്റ്‌ വിദ്യാഭ്യാസ മേലധികാരിയായിരുന്ന ആനാറ്റോളിയി ലുനാച്ചർസ്‌കിയുമായി ബൈബിളിനു വേണ്ടി പ്രതിവാദം നടത്തിയിരുന്നു. ബ്രുക്ലിൻ ആസ്ഥാനത്തുള്ള റഥർഫോർഡ്‌ സഹോദരനുള്ള ഒരു കത്തിൽ യങ്‌ സഹോദരൻ ഇപ്രകാരം എഴുതി: “ഡാനിയിൽ സ്റ്റാരുഹിൻ തീക്ഷ്‌ണതയും ചുറുചുറുക്കും ഉള്ള വ്യക്തിയാണ്‌. 15-ാം വയസ്സിൽത്തന്നെ അദ്ദേഹം ഒരു പുരോഹിതനുമൊത്ത്‌ ബൈബിൾ ചർച്ച നടത്തിയിരുന്നു. കോപാക്രാന്തനായ പുരോഹിതൻ തന്റെ കുരിശെടുത്ത്‌ ഡാനിയിലിന്റെ തലയ്‌ക്കടിച്ചു. അദ്ദേഹം ബോധരഹിതനായി നിലത്തുവീണു. ഇന്നും അദ്ദേഹത്തിന്റെ തലയിൽ ആ പാടുണ്ട്‌. ഡാനിയിലിനെ അന്നു തൂക്കിക്കൊല്ലേണ്ടതായിരുന്നു. എന്നാൽ പ്രായപൂർത്തി ആയിട്ടില്ലായിരുന്നതിനാൽ നാലു മാസത്തെ തടവുശിക്ഷ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ.” പ്രാദേശിക സഭ നിയമപരമായി രജിസ്റ്റർ ചെയ്യാനും യൂക്രെയിനിൽ ബൈബിൾ സാഹിത്യങ്ങൾ അച്ചടിക്കാനുള്ള ഔദ്യോഗിക അംഗീകാരം നേടാനും അദ്ദേഹം ശ്രമിച്ചെങ്കിലും സോവിയറ്റ്‌ അധികാരികൾ അതു സമ്മതിച്ചില്ല.

സോവിയറ്റ്‌ അധികാരികൾ 1920-കളിലും 1930-കളിലും നിരീശ്വരവാദത്തെ വളരെ ശക്തമായി പ്രോത്സാഹിപ്പിച്ചിരുന്നു. മതം പരിഹാസവിഷയമായി. മതപരമായ കാര്യങ്ങൾ പ്രസംഗിക്കുന്നവർ “മാതൃദേശത്തിന്റെ ശത്രുക്ക”ളായി കണക്കാക്കപ്പെട്ടു. 1932-ലെ സമൃദ്ധമായ ഒരു വിളവെടുപ്പിനെ തുടർന്ന്‌ കമ്മ്യൂണിസ്റ്റുകാർ യൂക്രെയിനിലെ ഗ്രാമങ്ങളിൽനിന്ന്‌ ആഹാരസാധനങ്ങൾ എല്ലാം കണ്ടുകെട്ടി. തന്നിമിത്തം ഉണ്ടായ ഭക്ഷ്യക്ഷാമത്താൽ അറുപത്‌ ലക്ഷത്തിൽപ്പരം ആളുകൾ മരിച്ചു.

രാജ്യത്തിനു വെളിയിലുള്ള സഹോദരന്മാരുമായി യാതൊരുവിധ സമ്പർക്കവും പുലർത്താൻ കഴിഞ്ഞില്ലെങ്കിലും പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടങ്ങളിൽ യഹോവയുടെ ദാസരുടെ ചെറിയ കൂട്ടങ്ങൾ വിശ്വസ്‌തത കൈവിട്ടില്ലെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തങ്ങളുടെ വിശ്വാസത്തെ പ്രതി അവരിൽ ചിലർക്ക്‌ വർഷങ്ങളോളം തടവിൽ കഴിയേണ്ടി വന്നു. ട്രുമ്പി കുടുംബം, ഹാവുസർ കുടുംബം, ഡാനിയിൽ സ്റ്റാരുഹിൻ, ആൻഡ്രിയി സാവെൻക്കോ, ഷാപോവാലോവ സഹോദരി എന്നിവർ ആ നിർമലതാപാലകരിൽ ചിലരാണ്‌. യഹോവ ‘അവരുടെ പ്രവൃത്തിയും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളയില്ല’ എന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും.​—⁠എബ്രാ. 6:⁠10.

കടുത്ത പരിശോധനയുടെ നാളുകൾ

പൂർവ യൂറോപ്പിലെ പല രാജ്യങ്ങളുടെയും അതിർത്തികളിൽ 1930-കളുടെ അവസാനത്തിൽ വൻ മാറ്റങ്ങൾ ഉണ്ടായി. നാസി ജർമനിയും യു.എ⁠സ്‌.എസ്‌.ആർ.-ഉം ശക്തി കുറഞ്ഞ രാജ്യങ്ങളിൽ മേധാവിത്വം പുലർത്താൻ തുടങ്ങി.

നാസി ജർമനിയുടെ സഹായത്തോടെ 1939 മാർച്ചിൽ ഹംഗറി ട്രാൻസ്‌കാർപാത്തിയ പിടിച്ചടക്കി. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിക്കപ്പെട്ടു. രാജ്യഹാളുകളെല്ലാം അടച്ചുപൂട്ടി. അധികാരികൾ സഹോദരന്മാരോടു മൃഗീയമായി പെരുമാറി, പലരെയും തടവിലാക്കി. വെലിക്കിയി ബിച്ചക്കീവ്‌, കോബിലെറ്റ്‌ക്ക പോൾയാനാ എന്നീ യൂക്രെയിനിയൻ ഗ്രാമങ്ങളിലെ മിക്ക സാക്ഷികളും ജയിലിലായി.

സോവിയറ്റുകാർ 1939-ൽ വോളിനിലും ഹലിച്ചിനയിലും എത്തിയപ്പോൾ യൂക്രെയിന്റെ പടിഞ്ഞാറൻ അതിർത്തികൾ അടച്ചുപൂട്ടി. അങ്ങനെ, പോളണ്ടിലെ ഓഫീസുമായുള്ള സമ്പർക്കം വിച്ഛേദിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ സംഘടനാപ്രവർത്തനങ്ങൾ രഹസ്യത്തിലാക്കി. സർക്കിൾ എന്നു വിളിക്കപ്പെട്ട ചെറിയ കൂട്ടങ്ങളായാണ്‌ സഹോദരങ്ങൾ കൂടിവന്നത്‌. അവർ ഏറെ ജാഗ്രതയോടെ തങ്ങളുടെ ശുശ്രൂഷ തുടർന്നു.

പിന്നീട്‌, നാസി സേന യൂക്രെയിൻ പിടിച്ചടക്കി. ജർമൻ അധിനിവേശ കാലത്ത്‌ വൈദികർ പൊതുജനങ്ങളെ യഹോവയുടെ ജനത്തിനെതിരെ ഇളക്കിവിടാൻ തുടങ്ങി. ഹലിച്ചിനയിൽ സഹോദരങ്ങൾക്കു കടുത്ത പീഡനം സഹിക്കേണ്ടിവന്നു. യഹോവയുടെ സാക്ഷികളുടെ വീടുകളുടെ ജനലുകളും മറ്റും ആളുകൾ തല്ലിത്തകർത്തു. ഒട്ടേറെ സഹോദരന്മാർക്കു കഠിനമായ മർദനമേറ്റു. കുരിശുവരയ്‌ക്കാത്തതിന്‌ ശൈത്യകാലത്ത്‌ ചില സഹോദരന്മാരെ മണിക്കൂറുകളോളം തണുത്ത വെള്ളത്തിൽ നിറുത്തി. ചില സഹോദരിമാർക്ക്‌ വടികൊണ്ട്‌ 50 അടി വീതം ഏൽക്കേണ്ടിവന്നു. തങ്ങളുടെ വിശ്വസ്‌തത കൈവെടിയാഞ്ഞതിന്‌ ഒട്ടേറെ സഹോദരന്മാർക്ക്‌ ജീവൻ നഷ്ടമായി. ഉദാഹരണത്തിന്‌, കാർപാത്തിയൻ പർവതപ്രദേശത്തു നിന്നുള്ള ഒരു മുഴുസമയ ശുശ്രൂഷകനായ ഇല്ലിയ ഹോവുച്ചാക്കിനെ ഗസ്റ്റപ്പോ വധിച്ചു. ഹോവുച്ചാക്ക്‌ സഹോദരൻ തീക്ഷ്‌ണതയോടെ ദൈവരാജ്യത്തെ കുറിച്ചു പ്രസംഗിച്ചതിന്‌ ഒരു കത്തോലിക്കാ പുരോഹിതൻ അദ്ദേഹത്തെ ഗസ്റ്റപ്പോയ്‌ക്ക്‌ ഏൽപ്പിച്ചുകൊടുക്കുകയായിരുന്നു. അതു കടുത്ത പരിശോധനയുടെ നാളുകളായിരുന്നു. എങ്കിലും, യഹോവയുടെ ദാസർ ഉറച്ചുനിന്നു.

യഹോവയുടെ സാക്ഷികൾ പരസ്‌പരം സഹായിച്ചു, അങ്ങനെ ചെയ്യുന്നത്‌ മിക്കപ്പോഴും അപകടകരമായിരുന്നെങ്കിലും. സ്റ്റാനിസ്ലാവ്‌ നഗരത്തിൽ (ഇന്നത്തെ ഇവാനോ ഫ്രാങ്കിവ്‌സ്‌ക്ക്‌), ഒരു യഹൂദ സ്‌ത്രീയും അവരുടെ രണ്ടു പെൺമക്കളും യഹോവയുടെ സാക്ഷികളായി. ഒരു യഹൂദ പാളയത്തിൽ ആയിരുന്നു അവർ താമസിച്ചിരുന്നത്‌. നാസികൾ നഗരത്തിലെ എല്ലാ യഹൂദരെയും വധിക്കാൻ പദ്ധതിയിട്ടിരിക്കുന്നതായി സഹോദരന്മാർ മനസ്സിലാക്കി. അതുകൊണ്ട്‌ അവർ ഈ മൂന്നു സഹോദരിമാരെയും രക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്‌തു. സ്വന്ത ജീവൻ അപകടത്തിലാക്കിക്കൊണ്ട്‌ യുദ്ധകാലത്തുടനീളം സാക്ഷികൾ ഈ മൂന്ന്‌ യഹൂദ സഹോദരിമാരെയും ഒളിവിൽ പാർപ്പിച്ചു.

രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ പടിഞ്ഞാറൻ യൂക്രെയിനിലെ സഹോദരന്മാർക്ക്‌ സംഘടനയുമായുള്ള സമ്പർക്കം താത്‌കാലികമായി നഷ്ടമായി. തന്മൂലം ഏതു ഗതി സ്വീകരിക്കണമെന്ന്‌ അവർക്ക്‌ ഉറപ്പില്ലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം അർമഗെദോന്റെ ആരംഭമാണെന്നു ചിലർ കരുതി. ഈ പഠിപ്പിക്കൽ അൽപ്പകാലത്തേക്ക്‌ സഹോദരന്മാർക്കിടയിൽ തെറ്റിദ്ധാരണയ്‌ക്ക്‌ ഇടയാക്കി.

യുദ്ധഭൂമിയിൽ സത്യത്തിന്റെ വിത്തുകൾ പൊട്ടിമുളയ്‌ക്കുന്നു

രണ്ടാം ലോകമഹായുദ്ധം യൂക്രെയിനിൽ വേദനയും നാശവും വിതെച്ചു. മൂന്നു വർഷത്തേക്ക്‌ ആ രാജ്യം ഒരു ഘോര യുദ്ധഭൂമിയായി മാറി. സൈന്യങ്ങൾ യൂക്രെയിനിയൻ പ്രദേശത്തുകൂടെ​—⁠ആദ്യം കിഴക്കോട്ടും പിന്നീട്‌ തിരിച്ച്‌ പടിഞ്ഞാറോട്ടും​—⁠മുന്നേറവേ, പല പട്ടണങ്ങളും ഗ്രാമങ്ങളും പൂർണമായി നശിപ്പിക്കപ്പെട്ടു. ആ കാലയളവിൽ യൂക്രെയിനിലെ ഒരു കോടിയോളം പൗരന്മാർ കൊല്ലപ്പെട്ടു. ഇവരിൽ 55 ലക്ഷം പേർ സൈനികേതരർ ആയിരുന്നു. യുദ്ധത്തിന്റെ ഭീകരതകൾ നിമിത്തം പലർക്കും ജീവിതത്തോടു മടുപ്പു തോന്നുകയും അങ്ങനെ അവർ ധാർമിക തത്ത്വങ്ങൾ കൈവെടിയുകയും ചെയ്‌തു. എന്നാൽ അത്തരം സാഹചര്യങ്ങളിൽ പോലും, ചിലർ സത്യം പഠിക്കുകയുണ്ടായി.

ട്രാൻസ്‌കാർപാത്തിയയിൽ നിന്നുള്ള മിഹായിലോ ഡാൻ എന്ന ഒരു യുവാവിനെ 1942-ൽ സൈനിക സേവനത്തിനു വിളിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ്‌ യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകളോടു താത്‌പര്യം പുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ഡാൻ. സൈനിക പരിശീലനത്തിനിടയിൽ ഒരു കത്തോലിക്കാ പുരോഹിതൻ പട്ടാളക്കാർക്കിടയിൽ ഒരു ലഘുപത്രിക വിതരണം ചെയ്‌തു. അതിൽ, ഒരു കമ്മ്യൂണിസ്റ്റുകാരനെയെങ്കിലും കൊല്ലുന്ന ആൾക്ക്‌ സ്വർഗീയ ജീവൻ വാഗ്‌ദാനം ചെയ്‌തിരുന്നു. അത്‌ ആ യുവ പട്ടാളക്കാരനെ ആശയക്കുഴപ്പത്തിലാക്കി. യുദ്ധത്തിനിടയിൽ ഒരു വൈദികൻ ആളുകളെ കൊല്ലുന്നത്‌ ഡാൻ കണ്ടു. യഹോവയുടെ സാക്ഷികളുടെ പക്കലാണ്‌ സത്യം ഉള്ളതെന്നു ബോധ്യം വരാൻ ഇത്‌ അദ്ദേഹത്തെ സഹായിച്ചു. യുദ്ധശേഷം ഡാൻ വീട്ടിലേക്കു തിരിച്ചുപോന്നു. തുടർന്ന്‌ അദ്ദേഹം യഹോവയുടെ സാക്ഷികളെ കണ്ടെത്തി. 1945-ന്റെ അവസാനത്തോടെ അദ്ദേഹം സ്‌നാപനമേൽക്കുകയും ചെയ്‌തു.

പിന്നീട്‌ ഡാൻ സഹോദരന്‌ സോവിയറ്റ്‌ തടവറകളിലെ ഭീകരതകൾ സഹിക്കേണ്ടിവന്നു. അവിടെനിന്നു മോചിപ്പിക്കപ്പെട്ടതിനെ തുടർന്ന്‌ അദ്ദേഹത്തിന്‌ ഒരു മൂപ്പനായി നിയമനം ലഭിച്ചു. ഇപ്പോൾ അദ്ദേഹം ട്രാൻസ്‌കാർപാത്തിയയിലെ സഭകളിലൊന്നിൽ അധ്യക്ഷ മേൽവിചാരകനായി സേവിക്കുന്നു. അന്നത്തെ ആ ലഘുപത്രികയെ കുറിച്ച്‌ ഓർമിച്ചുകൊണ്ട്‌ അദ്ദേഹം ഹാസ്യദ്യോതകമായി പറയുന്നു: “ഞാൻ ഒരൊറ്റ കമ്മ്യൂണിസ്റ്റുകാരനെ പോലും കൊന്നില്ല. അതുകൊണ്ട്‌ ഞാൻ സ്വർഗീയ ജീവനായി പ്രത്യാശിക്കുന്നില്ല. എന്നാൽ പറുദീസാ ഭൂമിയിലെ നിത്യജീവനായി ഞാൻ നോക്കിപ്പാർത്തിരിക്കുന്നു.”

വളക്കൂറുള്ള മണ്ണ്‌ തടങ്കൽപ്പാളയങ്ങളിൽ ഫലം ഉത്‌പാദിപ്പിക്കുന്നു

തുടക്കത്തിൽ പ്രതിപാദിച്ചതുപോലെ, വളക്കൂറുള്ള മണ്ണ്‌ സമൃദ്ധമായ വിളവ്‌ ഉത്‌പാദിപ്പിക്കും. അതുകൊണ്ട്‌ നാസി ജർമനിയുടെ അധിനിവേശ കാലത്ത്‌ വളക്കൂറുള്ള കറുത്ത മണ്ണ്‌ യൂക്രെയിനിൽനിന്ന്‌ കടത്തിക്കൊണ്ടുപോയിരുന്നു. മധ്യ യൂക്രെയിനിൽനിന്ന്‌ വളക്കൂറുള്ള ഈ മണ്ണ്‌ കമ്പാർട്ടുമെന്റുകളിലാക്കി ജർമനിയിലേക്കു കയറ്റി അയച്ചിരുന്നു.

എന്നാൽ, വേറെ കമ്പാർട്ടുമെന്റുകളിൽ കടത്തിക്കൊണ്ടുപോയ ചിലതും പ്രതീകാത്മകമായ വിധത്തിൽ വളക്കൂറുള്ളതാണെന്നു തെളിഞ്ഞു. യൂക്രെയിനിൽനിന്ന്‌ ഏതാണ്ട്‌ 25 ലക്ഷത്തോളം യുവതീയുവാക്കളെ ജർമനിയിലേക്ക്‌ നിർബന്ധിത തൊഴിൽ ചെയ്യിക്കാൻ കൊണ്ടുപോയി. അവരിൽ നല്ലൊരു ശതമാനം പിന്നീട്‌ തടങ്കൽപ്പാളയങ്ങളിൽ അടയ്‌ക്കപ്പെട്ടു. അവിടെവെച്ച്‌ അവർ, ക്രിസ്‌തീയ നിഷ്‌പക്ഷതയുടെ പേരിൽ തടവിലാക്കപ്പെട്ട ജർമൻ സാക്ഷികളുമായി സമ്പർക്കത്തിൽ വന്നു. തടങ്കൽപ്പാളയങ്ങളിൽ പോലും സാക്ഷികൾ തങ്ങളുടെ വാക്കാലും നടത്തയാലും മറ്റുള്ളവരുമായി സുവാർത്ത പങ്കിടുന്നതിൽ തുടർന്നു. ഒരു തടവുകാരി അനുസ്‌മരിക്കുന്നു: “സാക്ഷികൾ തടങ്കൽപ്പാളയങ്ങളിലെ മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തരായിരുന്നു. അവർ സൗഹൃദ പ്രകൃതക്കാരും ശുഭാപ്‌തിവിശ്വാസം ഉള്ളവരും ആയിരുന്നു. മറ്റുള്ള തടവുകാരോട്‌ തങ്ങൾക്കു പ്രധാനപ്പെട്ടതെന്തോ പറയാനുണ്ടെന്ന്‌ അവരുടെ പെരുമാറ്റം തെളിയിച്ചിരുന്നു.” ആ വർഷങ്ങളിൽ, യൂക്രെയിനിൽനിന്നുള്ള ഒട്ടേറെ ആളുകൾ തങ്ങളോടൊപ്പം തടങ്കൽപ്പാളയത്തിൽ ഉണ്ടായിരുന്ന ജർമൻ സാക്ഷികളിൽനിന്നു സത്യം പഠിച്ചു.

ആനാസ്റ്റാസിയ കാസാക്ക്‌ സത്യം അറിയാൻ ഇടയായത്‌ ജർമനിയിലെ ഷ്‌റ്റുറ്റ്‌ഹോഫ്‌ തടങ്കൽപ്പാളയത്തിൽ വെച്ചാണ്‌. യുദ്ധത്തിന്റെ അവസാനത്തോടെ ആനാസ്റ്റാസിയയും വേറെ 14 സാക്ഷികളും ഉൾപ്പെടെയുള്ള നൂറു കണക്കിനു തടവുകാരെ ഒരു ചരക്കുകപ്പലിൽ കയറ്റി ഡെന്മാർക്കിലേക്ക്‌ അയച്ചു. ഡാനിഷ്‌ സഹോദരന്മാർ ആനാസ്റ്റാസിയയെയും സാക്ഷികളെയും തെരഞ്ഞു കണ്ടെത്തി അവരുടെ ശാരീരികവും ആത്മീയവുമായ ആവശ്യങ്ങൾക്കായി കരുതി. അതേ വർഷംതന്നെ കോപ്പെൻഹേഗനിൽ നടന്ന കൺവെൻഷനിൽവെച്ച്‌ 19-ാം വയസ്സിൽ ആനാസ്റ്റാസിയ സ്‌നാപനമേറ്റു. തുടർന്ന്‌ അവൾ കിഴക്കൻ യൂക്രെയിനിലേക്കു തിരിച്ചു പോയി, അവിടെ സത്യത്തിന്റെ വിത്തുകൾ പാകുന്നതിൽ അവൾ തീക്ഷ്‌ണതയോടെ പ്രവർത്തിച്ചു. പിന്നീട്‌, തന്റെ പ്രസംഗ പ്രവർത്തനം നിമിത്തം കാസാക്ക്‌ സഹോദരിക്ക്‌ വീണ്ടും 11 വർഷം തടവിൽ കഴിയേണ്ടിവന്നു.

യുവജനങ്ങളോടുള്ള കാസാക്ക്‌ സഹോദരിയുടെ ഉപദേശം ഇതാണ്‌: “നിങ്ങളുടെ ജീവിതത്തിൽ എന്തു സംഭവിച്ചാലും​—⁠കഷ്ടതയോ എതിർപ്പോ മറ്റു പ്രശ്‌നങ്ങളോ എന്തുമായിക്കൊള്ളട്ടെ​—⁠ഒരിക്കലും തോറ്റു പിന്മാറരുത്‌. യഹോവയോട്‌ സഹായത്തിനായി അപേക്ഷിച്ചുകൊണ്ടിരിക്കുക. തന്നെ സേവിക്കുന്നവരെ അവൻ ഒരിക്കലും കൈവെടിയില്ല എന്ന്‌ സ്വന്തം അനുഭവത്തിലൂടെ ഞാൻ പഠിച്ചിരിക്കുന്നു.​—⁠സങ്കീ. 94:⁠14.

യുദ്ധകാലത്തെ പരിശോധനകൾ

യുദ്ധത്തിന്റെ മുഖം ബീഭത്സമാണ്‌. അത്‌ സൈനികർക്കും സൈനികേതരർക്കും ഒരുപോലെ യാതനകളും ദുരിതങ്ങളും വരുത്തിവെക്കുന്നു. അത്‌ ഇരുകൂട്ടരുടെയും ജീവൻ അപഹരിക്കുന്നു. യഹോവയുടെ സാക്ഷികളും യുദ്ധത്തിന്റെ ഭീകരതകളിൽനിന്ന്‌ ഒഴിവുള്ളവരല്ല. അവർ ജീവിക്കുന്നത്‌ ഈ ലോകത്തിലാണെങ്കിലും അവർ അതിന്റെ ഭാഗമല്ല. (യോഹ. 17:15, 16) തങ്ങളുടെ നായകനായ യേശുക്രിസ്‌തുവിന്റെ മാതൃക പിൻപറ്റിക്കൊണ്ട്‌, അവർ രാഷ്‌ട്രീയ കാര്യങ്ങളിൽ തികഞ്ഞ നിഷ്‌പക്ഷത പാലിക്കുന്നു. ഈ നിലപാട്‌, മറ്റിടങ്ങളിലേതുപോലെ യൂക്രെയിനിലെ സാക്ഷികളെയും സത്യക്രിസ്‌ത്യാനികളായി തിരിച്ചറിയിക്കുന്നു. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ യുദ്ധവീരന്മാരെ ലോകം മാനിക്കുമ്പോൾ, ധീരതയോടെ തന്നോടുള്ള വിശ്വസ്‌തത തെളിയിക്കുന്നവരെയാണ്‌ യഹോവ മാനിക്കുന്നത്‌.​—⁠1 ശമൂ. 2:⁠30.

സോവിയറ്റ്‌ സൈന്യം 1944-ന്റെ അവസാനത്തോടെ പടിഞ്ഞാറൻ യൂക്രെയിൻ തിരിച്ചുപിടിക്കുകയും സമഗ്രമായ നിർബന്ധിത സൈനിക സേവനം നടപ്പിലാക്കുകയും ചെയ്‌തു. അതേസമയം യൂക്രെയിനിയൻ പോരാളികൾ ജർമൻ, സോവിയറ്റ്‌ സൈന്യങ്ങൾക്ക്‌ എതിരെ പോരാട്ടം നടത്തി. പടിഞ്ഞാറൻ യൂക്രെയിനിലെ നിവാസികൾ യൂക്രെയിനിയൻ പോരാളികളുടെ അണിയിൽ ചേരാൻ നിർബന്ധിതരായി. ഇതെല്ലാം നിഷ്‌പക്ഷത പാലിക്കുന്ന കാര്യത്തിൽ യഹോവയുടെ ദാസന്മാർക്ക്‌ പുതിയ പരിശോധനകൾ ഉയർത്തി. പോരാട്ടത്തിൽ പങ്കുചേരാൻ വിസമ്മതിച്ചതു നിമിത്തം അനേകം സഹോദരന്മാർ വധിക്കപ്പെട്ടു.

ഇവാൻ മാക്‌സിമിയുക്കും മകൻ മിഹായിലോയും ഇല്ലിയ ഹോവുച്ചാക്കിന്റെ പക്കൽനിന്നാണു സത്യം പഠിച്ചത്‌. യുദ്ധകാലത്ത്‌ ആയുധമെടുക്കാൻ വിസമ്മതിച്ചതിന്‌ യൂക്രെയിനിയൻ പോരാളികൾ അവരെ തടഞ്ഞുവെച്ചു. അതിനു കുറച്ചു നാൾ മുമ്പ്‌ ഈ പോരാളികൾ ഒരു സോവിയറ്റ്‌ ഭടനെയും തടവിലാക്കിയിരുന്നു. ഈ ഭടനെ വധിക്കാൻ അവർ മാക്‌സിമിയുക്ക്‌ സഹോദരനോട്‌ ആവശ്യപ്പെട്ടു. അതു ചെയ്‌താൽ അദ്ദേഹത്തെ വിട്ടയയ്‌ക്കാമെന്നും അവർ പറഞ്ഞു. എന്നാൽ മാക്‌സിമിയുക്ക്‌ സഹോദരൻ അതിനു വിസമ്മതിച്ചപ്പോൾ അവർ അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു. അദ്ദേഹത്തിന്റെ മകനായ മിഹായിലോയെയും അതുപോലെ യുറിയി ഫ്രെയുക്കിനെയും അദ്ദേഹത്തിന്റെ 17 വയസ്സുള്ള മകൻ മിക്കോളയെയും അവർ അതേ രീതിയിൽ വധിച്ചു.

സോവിയറ്റ്‌ സൈന്യത്തിൽ ചേരാഞ്ഞതിനാണ്‌ മറ്റു ചില സഹോദരന്മാർ വധിക്കപ്പെട്ടത്‌. (യെശ. 2:4) വേറെ ചിലരെ പത്തു വർഷത്തെ തടവിനു വിധിച്ചു. തടവിൽ കഴിഞ്ഞിരുന്ന സഹോദരന്മാർക്ക്‌ തങ്ങൾ ജീവിച്ചിരിക്കുമെന്ന പ്രതീക്ഷ തീരെയില്ലായിരുന്നു. കാരണം യൂക്രെയിനിൽ യുദ്ധാനന്തര കാലഘട്ടത്തിൽ സ്വതന്ത്രരായി കഴിഞ്ഞിരുന്നവർ പോലും പട്ടിണിയിലായിരുന്നു. 1944-ൽ മിഹായിലോ ഡാസെവിച്ച്‌ രാഷ്‌ട്രീയ നിഷ്‌പക്ഷത പാലിച്ചതിന്റെ പേരിൽ തടവിലായി. പത്തു വർഷത്തെ ആ തടവുശിക്ഷ ലഭിക്കുന്നതിനു മുമ്പ്‌ അദ്ദേഹത്തിന്‌ ആറു മാസം അന്വേഷണ വിധേയനായി കസ്റ്റഡിയിൽ കഴിയേണ്ടിവന്നു. അത്‌ അദ്ദേഹത്തെ തീർത്തും അവശനാക്കി. ജയിലിലെ ചികിത്സകർ അദ്ദേഹത്തിന്‌ “ഉയർന്ന കലോറി അടങ്ങിയ ആഹാരക്രമം” കുറിച്ചുകൊടുത്തു. അതുകൊണ്ട്‌ ജയിലിലെ അടുക്കള ജോലിക്കാർ, അദ്ദേഹത്തിനു നൽകുന്ന കുറുക്കിൽ ഒരു ടീസ്‌പൂൺ എണ്ണ ചേർക്കാൻ തുടങ്ങി. അതു മാത്രമായിരുന്നു അദ്ദേഹത്തിന്‌ ആകെക്കൂടി ലഭിച്ചിരുന്ന ഭക്ഷണം. എങ്കിലും ഡാസെവിച്ച്‌ സഹോദരൻ ആ അവസ്ഥകളെയെല്ലാം അതിജീവിച്ചു. പിന്നീട്‌, അദ്ദേഹം 23 വർഷം യു.എ⁠സ്‌.എസ്‌.ആർ.-ലെ കൺട്രി കമ്മിറ്റിയിലും തുടർന്ന്‌ യൂക്രെയിനിലെ കൺട്രി കമ്മിറ്റിയിലും സേവിച്ചു.

ബുക്കോവിനയിലെ ഒരു സഭയിൽനിന്നുള്ള ഏഴു സഹോദരന്മാർ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതിന്റെ പേരിൽ 1944-ൽ തടവിലാക്കപ്പെട്ടു. ഓരോരുത്തർക്കും മൂന്നു മുതൽ നാലു വരെ വർഷത്തേക്കായിരുന്നു ശിക്ഷ. അതിൽ നാലു പേർ തടവിലായിരിക്കെ പട്ടിണി മൂലം മരിച്ചു. അതേവർഷംതന്നെ അടുത്തുള്ള സഭയിലെ അഞ്ചു സഹോദരന്മാരെ സൈബീരിയൻ തടങ്കൽപ്പാളയത്തിൽ പത്തു വർഷത്തെ തടവിനു വിധിച്ചിരുന്നു. അവരിൽ ഒരാൾ മാത്രമേ വീട്ടിൽ തിരിച്ചു വന്നുള്ളൂ​—⁠മറ്റുള്ളവരെല്ലാം അവിടെവെച്ചുതന്നെ മരിച്ചു.

ഈ സംഭവങ്ങളെ കുറിച്ച്‌ വാർഷികപുസ്‌തകം 1947 ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “1944-ൽ, അതിനിഷ്‌ഠുരരായ നാസി സൈന്യം പടിഞ്ഞാറു ലക്ഷ്യമാക്കി നീങ്ങിയപ്പോൾ, യുദ്ധാവസാനം റഷ്യയ്‌ക്കു വിജയം ഉറപ്പുവരുത്താൻ . . . പടിഞ്ഞാറൻ യൂക്രെയിനിലെ ആരോഗ്യശേഷിയുള്ള എല്ലാവരെയും സൈനിക സേവനത്തിനായി കൂട്ടിവരുത്തി. വീണ്ടും നമ്മുടെ സഹോദരന്മാർ നിത്യ ഉടമ്പടി ലംഘിക്കാതിരിക്കാനും നിഷ്‌പക്ഷത പാലിക്കാനും ദൃഢനിശ്ചയം ചെയ്യുകയുണ്ടായി. കർത്താവിനോടുള്ള വിശ്വസ്‌തത കൈവെടിയാഞ്ഞതിന്റെ പേരിൽ ഒട്ടേറെ പേർക്കു തങ്ങളുടെ ജീവൻ നഷ്ടമായിരിക്കുന്നു. കൂടാതെ 1,000-ത്തിൽപ്പരം പേരെ വീണ്ടും ഈ വൻ ഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗത്തുള്ള സമതലങ്ങളിലേക്കു കൊണ്ടുപോയിരിക്കുന്നു.”

യഹോവയുടെ സാക്ഷികളിൽ അനേകരെ ഈ വിധത്തിൽ മറ്റു സ്ഥലങ്ങളിലേക്കു ബലമായി കൊണ്ടുപോയെങ്കിലും, അവരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. 1946-ൽ നാല്‌ അഭിഷിക്തർ ഉൾപ്പെടെ 5,218 പേർ പടിഞ്ഞാറൻ യൂക്രെയിനിൽ സ്‌മാരകം ആചരിച്ചു.

താത്‌കാലിക ആശ്വാസം

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചശേഷം, ദുരിതങ്ങൾക്കു മധ്യേ ദൈവത്തോടു വിശ്വസ്‌തത പാലിച്ച സഹോദരന്മാർ യുദ്ധഭൂമിയിൽനിന്നു മടങ്ങിയെത്തിയവരോട്‌ പ്രത്യാശയുടെയും പ്രോത്സാഹനത്തിന്റെയും ആവേശകരമായ സന്ദേശം ഘോഷിച്ചു. നിരാശരെങ്കിലും ജീവിതത്തിന്റെ അർഥം കണ്ടെത്താനുള്ള വ്യഗ്രതയോടെയാണ്‌ സൈനികരും യുദ്ധത്തടവുകാരും തങ്ങളുടെ ഭവനങ്ങളിൽ മടങ്ങിയെത്തിയത്‌. തത്‌ഫലമായി, പലരും സസന്തോഷം ബൈബിൾ സത്യം സ്വീകരിച്ചു. ഉദാഹരണത്തിന്‌, 1945-ന്റെ അവസാനത്തോടെ ട്രാൻസ്‌കാർപാത്തിയയിലെ ബിലാ റ്റ്‌സെർക്ക്‌വ ഗ്രാമത്തിൽ 51 പേർ ടിസോ നദിയിൽ സ്‌നാപനമേറ്റു. വർഷാവസാനത്തോടെ ആ സഭയിൽ 150 പ്രസാധകർ ഉണ്ടായിരുന്നു.

അക്കാലത്ത്‌, പടിഞ്ഞാറൻ യൂക്രെയിനിലും കിഴക്കൻ പോളണ്ടിലും ഉള്ള യൂക്രെയിനിയൻകാരും പോളണ്ടുകാരും തമ്മിൽ ശത്രുത ഉടലെടുത്തിരുന്നു. ഒട്ടേറെ യൂക്രെയിനിയൻ, പോളീഷ്‌ പോരാട്ട സംഘങ്ങൾ രൂപംകൊണ്ടു. ചിലയിടങ്ങളിൽ ഈ സംഘങ്ങൾ മറ്റു ദേശക്കാർ താമസിച്ചിരുന്ന മുഴു ഗ്രാമങ്ങളിലെയും നിവാസികളെ കൊന്നൊടുക്കി. ദുഃഖകരമെന്നു പറയട്ടെ, ഈ കൂട്ടക്കുരുതിയിൽ ചില സഹോദരന്മാർക്കും ജീവൻ നഷ്ടമായി.

പിന്നീട്‌, സോവിയറ്റ്‌ യൂണിയനും പോളണ്ടും ഒരു ഒത്തുതീർപ്പിൽ എത്തിയതിന്റെ ഫലമായി പടിഞ്ഞാറൻ യൂക്രെയിനിൽ താമസിച്ചിരുന്ന ഏതാണ്ട്‌ 8,00,000 പോളണ്ടുകാർ പോളണ്ടിലേക്കു തിരിച്ചുപോയി അവിടെ വീണ്ടും താമസമാക്കി. അതുപോലെ, കിഴക്കൻ പോളണ്ടിൽ ഉണ്ടായിരുന്ന ഏതാണ്ട്‌ 5,00,000 യൂക്രെയിൻകാർ യൂക്രെയിനിലേക്കും താമസം മാറ്റി. ആ കുടിയേറ്റക്കാർക്കിടയിൽ ഒട്ടേറെ സാക്ഷികളും ഉണ്ടായിരുന്നു. സഭകൾ മുഴുവനായിത്തന്നെ മാറ്റി സ്ഥാപിക്കപ്പെട്ടു. സഹോദരന്മാർക്ക്‌ പുതിയ ദിവ്യാധിപത്യ നിയമനങ്ങൾ ലഭിച്ചു. തങ്ങളുടെ താമസമാറ്റത്തെ പുതിയ പ്രദേശങ്ങളിൽ പ്രസംഗിക്കാനുള്ള ഒരു അവസരമായിട്ടാണ്‌ സഹോദരന്മാർ വീക്ഷിച്ചത്‌. വാർഷികപുസ്‌തകം 1947 ഇങ്ങനെ അഭിപ്രായപ്പെട്ടു: “സാധാരണ അവസ്ഥയിൽ സുവാർത്താ സന്ദേശം എത്തിപ്പെടാൻ പ്രയാസമായിരുന്ന അത്തരം പ്രദേശങ്ങളിലേക്ക്‌ സത്യം അതിവേഗം വ്യാപിക്കാൻ ഈ സംഭവവികാസങ്ങൾ വളരെ സഹായിച്ചിരിക്കുന്നു. ദുഃഖകരമായ ഈ സാഹചര്യങ്ങൾ പോലും യഹോവയുടെ നാമ മഹത്ത്വത്തിന്‌ ഇടയാക്കിയിരിക്കുന്നു.”

യൂക്രെയിന്റെ പടിഞ്ഞാറൻ അതിർത്തികൾ അടച്ചപ്പോൾ യൂക്രെയിനിലും യു.എ⁠സ്‌.എസ്‌.ആർ.-ന്റെ മറ്റു ഭാഗങ്ങളിലും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സഹോദരന്മാർ ആവശ്യമായ നടപടികൾ സ്വീകരിച്ചു. പാവ്‌ലോ സ്യാറ്റെക്കിനെ മുമ്പ്‌ യൂക്രെയിനിലും സോവിയറ്റ്‌ യൂണിയന്റെ മറ്റു ഭാഗങ്ങളിലും കൺട്രി ദാസനായി സേവിക്കാൻ നിയമിച്ചിരുന്നു. പിന്നീട്‌, അദ്ദേഹത്തെ സഹായിക്കാൻ സ്റ്റാനിസ്ലാവ്‌ ബുറാക്ക്‌, പെട്രോ ടോക്കർ എന്നീ തീക്ഷ്‌ണതയുള്ള മറ്റു രണ്ടു സഹോദരന്മാരെ കൂടി നിയമിച്ചു. ലവോഫിൽ ഒരു ക്രിസ്‌തീയ സഹോദരിയുടെ വീട്ടിൽ രഹസ്യമായി താമസിച്ച്‌, മുഴു യു.എ⁠സ്‌.എസ്‌.ആർ.-നും വേണ്ട ആത്മീയ ആഹാരം വിതരണം ചെയ്യാൻ ആവശ്യമായ സാഹിത്യങ്ങൾ അവർ അച്ചടിച്ചു. കൂടുതലായി സാഹിത്യങ്ങൾ പരിഭാഷപ്പെടുത്തി അച്ചടിക്കാനായി അവ പോളണ്ടിൽനിന്ന്‌ ലവോഫിലേക്കു കൊണ്ടുവരുന്നത്‌ വളരെ അപകടം പിടിച്ച പണിയായിരുന്നു. ഇടയ്‌ക്കിടെ, പോളണ്ടിലുള്ള തങ്ങളുടെ ബന്ധുക്കളെ സന്ദർശിക്കാനുള്ള അനുവാദം നേടിയെടുക്കാൻ ഒട്ടേറെ സഹോദരീസഹോദരന്മാർക്കു കഴിഞ്ഞിരുന്നു. മടങ്ങിവരുമ്പോൾ അവർ രഹസ്യമായി നമ്മുടെ സാഹിത്യങ്ങൾ കടത്തിക്കൊണ്ടുവരും. സ്റ്റീം ബോയിലറിൽ ഒളിപ്പിച്ച ഒരു ലോഹപ്പെട്ടിയിൽ ഒരു ട്രെയിൻ ഡ്രൈവർ കുറേക്കാലം സാഹിത്യങ്ങൾ കടത്തിക്കൊണ്ടുവന്നിരുന്നു!

സ്യാറ്റെക്ക്‌ സഹോദരനെ 1945-ന്റെ അവസാനത്തോടെ അറസ്റ്റ്‌ ചെയ്‌ത്‌ പത്തു വർഷത്തെ തടവുശിക്ഷയ്‌ക്കു വിധിച്ചു. അദ്ദേഹത്തിനു പകരം ബുറാക്ക്‌ സഹോദരൻ കൺട്രി ദാസനായി നിയമിക്കപ്പെട്ടു.

വീണ്ടും പീഡനം

സഹോദരന്മാർക്കു കൈമാറാൻ അച്ചടിച്ച സാഹിത്യങ്ങൾ കൊണ്ടുപോകുകയായിരുന്ന ഒരു സഹോദരനെ 1947 ജൂണിൽ ലവോഫിലെ തെരുവിൽവെച്ച്‌ അറസ്റ്റ്‌ ചെയ്‌തു. അദ്ദേഹം പതിവായി അച്ചടിച്ച സാഹിത്യങ്ങൾ കൊണ്ടുപോയി കൊടുക്കുന്ന സാക്ഷികളുടെ മേൽവിലാസങ്ങൾ നൽകിയാൽ നമ്മുടെ സംഘടനയെ നിയമപരമായി രജിസ്റ്റർ ചെയ്യാമെന്ന്‌ സുരക്ഷാ വിഭാഗം വാഗ്‌ദാനം ചെയ്‌തു. സഹോദരൻ അതു വിശ്വസിക്കുകയും അന്നത്തെ കൺട്രി ദാസനായിരുന്ന ബുറാക്ക്‌ സഹോദരന്റേത്‌ ഉൾപ്പെടെ 30-ഓളം സഹോദരന്മാരുടെ മേൽവിലാസം അവർക്കു നൽകുകയും ചെയ്‌തു. അവരെയെല്ലാം പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഈ സഹോദരൻ പിന്നീട്‌ ആത്മാർഥമായി അനുതപിക്കുകയും സുരക്ഷാ വിഭാഗത്തെ താൻ വിശ്വസിച്ചത്‌ യാതൊരു പ്രകാരത്തിലും ന്യായീകരിക്കാനാവാത്ത ഒരു തെറ്റാണെന്നു തിരിച്ചറിയുകയും ചെയ്‌തു.

അറസ്റ്റ്‌ ചെയ്‌ത സഹോദരന്മാരെ കൂടുതലായ അന്വേഷണത്തിനും കോടതി വിചാരണയ്‌ക്കുമായി കിയേവിലുള്ള ഒരു ജയിലിലേക്കു കൊണ്ടുപോയി. അധികം കഴിയുന്നതിനു മുമ്പേ, ബുറാക്ക്‌ സഹോദരൻ തടവിൽവെച്ചു മരിച്ചു. അറസ്റ്റ്‌ ചെയ്യപ്പെടുന്നതിനു മുമ്പ്‌ ബുറാക്ക്‌ സഹോദരന്‌ വോളിനിൽനിന്നുള്ള ഡിസ്‌ട്രിക്‌റ്റ്‌ ദാസനായ മിക്കോള റ്റ്‌സിബായുമായി ബന്ധപ്പെടാനും യൂക്രെയിനിലെയും സോവിയറ്റ്‌ യൂണിയനിലെ മറ്റു ഭാഗങ്ങളിലെയും മേൽനോട്ടത്തിന്റെ ചുമതല അദ്ദേഹത്തെ ഏൽപ്പിക്കാനും സാധിച്ചിരുന്നു.

ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിക്കുന്ന ഇത്രയധികം സഹോദരന്മാരെയും രഹസ്യമായി അച്ചടി പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവരെയും സോവിയറ്റ്‌ സുരക്ഷാ സേന ഒറ്റയടിക്ക്‌ അറസ്റ്റ്‌ ചെയ്യുന്നത്‌ ഇതാദ്യമായിരുന്നു. യു.എ⁠സ്‌.എസ്‌.ആർ. അധികാരികൾ നമ്മുടെ സാഹിത്യങ്ങളെ സോവിയറ്റ്‌ വിരുദ്ധമെന്നു മുദ്രകുത്തി. രാജ്യത്തെ ക്രമസമാധാനനില തകർക്കുന്നതരം പ്രവർത്തനങ്ങൾ നടത്തുന്നതായി സാക്ഷികളുടെമേൽ കള്ളക്കുറ്റം ചുമത്തി, ഒട്ടേറെ പേരെ വധശിക്ഷയ്‌ക്കു വിധിച്ചു. എന്നാൽ പിന്നീട്‌ വധശിക്ഷയിൽ മാറ്റം വരുത്തിയിട്ട്‌ അവരെ 25 വർഷത്തെ ജയിൽ ശിക്ഷയ്‌ക്കു വിധിച്ചു.

കോടതിവിധിപ്രകാരം സഹോദരന്മാർ സൈബീരിയയിലെ ജയിലുകളിലാണ്‌ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നത്‌. തങ്ങളെ ഇത്ര ദൂരേക്കു വിടുന്നത്‌ എന്തുകൊണ്ടാണെന്നു സഹോദരന്മാർ ഒരു അഭിഭാഷകനോടു ചോദിച്ചപ്പോൾ അദ്ദേഹം തമാശയായി ഇങ്ങനെ പറഞ്ഞു: “ചിലപ്പോൾ നിങ്ങളുടെ ദൈവത്തെ കുറിച്ച്‌ അവിടെയും പ്രസംഗിക്കാനായിരിക്കും.” ആ വാക്കുകൾ എത്ര സത്യമായിരുന്നു!

ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഒട്ടേറെ സഹോദരന്മാർ 1947 മുതൽ 1951 വരെയുള്ള കാലഘട്ടത്തിൽ അറസ്റ്റിലായി. സാഹിത്യങ്ങൾ അച്ചടിച്ചതിനു മാത്രമല്ല, സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതിനും വോട്ടു ചെയ്യാഞ്ഞതിനും മക്കളെ പയനിയർ ലീഗിൽ അഥവാ കോംസോമോളിൽ (കമ്മ്യൂണിസ്റ്റ്‌ യുവജന സമിതി) ചേർക്കാഞ്ഞതിനും ഒക്കെയാണ്‌ സഹോദരന്മാർ കസ്റ്റഡിയിലായത്‌. യഹോവയുടെ സാക്ഷി ആണെന്ന ഒറ്റ കാരണം മതിയായിരുന്നു തടവിലാകാൻ. മിക്കപ്പോഴും കോടതി വിചാരണകളിൽ കള്ളസാക്ഷികൾ മൊഴി നൽകുമായിരുന്നു. അവർ യഹോവയുടെ സാക്ഷികളുടെ അയൽക്കാരോ സഹപ്രവർത്തകരോ ഒക്കെ ആയിരിക്കും. സുരക്ഷാ സേന അവരെ ഭയപ്പെടുത്തിയോ കൈക്കൂലി നൽകിയോ ആണ്‌ കള്ളസാക്ഷ്യം പറയിച്ചിരുന്നത്‌.

ചിലപ്പോൾ പരസ്യമായിട്ടല്ലെങ്കിലും ഗവൺമെന്റ്‌ അധികാരികൾ സഹതാപപൂർവം ഇടപെട്ടിട്ടുണ്ട്‌. ഇവാൻ സിംച്ചുക്കിനെ അറസ്റ്റ്‌ ചെയ്‌ത്‌ ആറു മാസത്തേക്ക്‌ ഏകാന്ത തടവിലാക്കി. അദ്ദേഹത്തെ പാർപ്പിച്ചിരുന്ന അറയിൽ കനത്ത നിശ്ശബ്ദത ആയിരുന്നു, തെരുവിൽ നിന്നുള്ള ശബ്ദം പോലും അവിടെ കേൾക്കാൻ കഴിയുമായിരുന്നില്ല. പിന്നീട്‌ അധികാരികൾ അദ്ദേഹത്തെ ചോദ്യം ചെയ്‌തു. എന്നാൽ മറുപടി പറയേണ്ടത്‌ എങ്ങനെയെന്ന്‌ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ അദ്ദേഹത്തിനു പറഞ്ഞു കൊടുത്തിരുന്നു: “ടൈപ്പ്‌റൈറ്ററുകളും സാഹിത്യങ്ങളും എവിടെനിന്നാണു ലഭിച്ചത്‌ എന്നു ചോദിക്കുമ്പോൾ ഒന്നും മിണ്ടാതിരിക്കുക! ആ ചോദ്യങ്ങൾക്കു മറുപടി പറയരുത്‌!” ചോദ്യം ചെയ്യാൻ കൊണ്ടുപോകുമ്പോൾ ആ അന്വേഷണ ഉദ്യോഗസ്ഥൻ ഇങ്ങനെ പറയുമായിരുന്നു: “ഇവാൻ, തോൽക്കരുത്‌! തോറ്റു പിന്മാറരുത്‌!”

ചില ഗ്രാമങ്ങളിൽ യഹോവയുടെ സാക്ഷികൾക്ക്‌ തങ്ങളുടെ ജനലുകളിൽ കർട്ടൻ ഇടാൻ അനുവാദമുണ്ടായിരുന്നില്ല. സാക്ഷികൾ തങ്ങളുടെ സാഹിത്യങ്ങൾ വായിക്കുകയോ യോഗങ്ങൾ നടത്തുകയോ ചെയ്യുന്നുണ്ടോ എന്ന്‌ പോലീസുകാർക്കും അയൽക്കാർക്കും കാണാൻ സാധിക്കേണ്ടതിനായിരുന്നു അത്‌. എങ്കിലും ആത്മീയമായി പോഷിപ്പിക്കപ്പെടാനുള്ള വഴികൾ സഹോദരന്മാർ കണ്ടുപിടിച്ചു. ചിലപ്പോൾ വീക്ഷാഗോപുര അധ്യയനത്തിന്‌ ഉപയോഗിച്ചിരുന്നത്‌ അസാധാരണമായ “പ്ലാറ്റ്‌ഫോം” ആയിരുന്നു. ഒരു മേശയുടെ പുറത്ത്‌ നിലംമുട്ടെ ഒരു വിരി ഇട്ടിട്ടുണ്ടാകും. വീക്ഷാഗോപുര അധ്യയനം നടത്തുന്ന സഹോദരൻ മേശയ്‌ക്കടിയിൽ ഇരിക്കും. “സദസ്യർ” മേശയ്‌ക്കു ചുറ്റും ശ്രദ്ധാപൂർവം കേട്ടിരിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യും. മേശയ്‌ക്കു ചുറ്റും ഇരിക്കുന്ന ആളുകൾ മതപരമായ ഒരു യോഗം നടത്തുകയാണെന്ന്‌ ആരും സംശയിക്കുകയില്ലായിരുന്നു!

കോടതികളിൽ സാക്ഷീകരിക്കുന്നു

മുമ്പു പ്രതിപാദിച്ച മിഹായിലോ ഡാൻ 1948-ന്റെ അവസാനം അറസ്റ്റു ചെയ്യപ്പെട്ടു. അന്ന്‌ അദ്ദേഹം വിവാഹിതനും ഒന്നര വയസ്സുള്ള ഒരു ആൺകുട്ടിയുടെ പിതാവുമായിരുന്നു, ഭാര്യയാകട്ടെ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുകയും. അദ്ദേഹത്തിന്‌ 25 വർഷത്തെ തടവുശിക്ഷ നൽകണമെന്ന്‌ വിചാരണ സമയത്ത്‌ സർക്കാർ വക്കീൽ കോടതിയോട്‌ ആവശ്യപ്പെട്ടു. ജഡ്‌ജിമാരെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള തന്റെ സമാപന വാക്കുകളിൽ യിരെമ്യാവു 26:14, 15 വാക്യങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ ഡാൻ സഹോദരൻ പറഞ്ഞു: “ഞാനോ ഇതാ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്കു ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്‌തുകൊൾവിൻ. എങ്കിലും നിങ്ങൾ എന്നെ കൊന്നുകളഞ്ഞാൽ, നിങ്ങൾ കുററമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലുംവരുത്തും എന്നു അറിഞ്ഞുകൊൾവിൻ; നിങ്ങൾ കേൾക്കേ ഈ വാക്കുകളൊക്കെയും പ്രസ്‌താവിക്കേണ്ടതിന്നു യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.” ആ മുന്നറിയിപ്പ്‌ ജഡ്‌ജിമാരെ ഒട്ടൊന്നു സ്വാധീനിച്ചു. അവർ കൂടിയാലോചിച്ച്‌ തീർപ്പു കൽപ്പിച്ചു: പത്തു വർഷത്തെ തടവുശിക്ഷയും റഷ്യയിലെ അതിവിദൂര പ്രദേശത്ത്‌ അഞ്ചു വർഷത്തെ പ്രവാസവും.

മാതൃദേശത്തെ ഒറ്റിക്കൊടുത്തു എന്നതായിരുന്നു ഡാൻ സഹോദരന്റെമേൽ ചുമത്തപ്പെട്ട കുറ്റം. അതേക്കുറിച്ചു മനസ്സിലാക്കിയ അദ്ദേഹം ജഡ്‌ജിമാരോടു പറഞ്ഞു: “ചെക്കോസ്ലോവാക്യൻ ഗവൺമെന്റിന്റെ അധീനതയിലായിരുന്ന യൂക്രെയിനിലാണ്‌ ഞാൻ ജനിച്ചത്‌. പിന്നീട്‌ ഞാൻ ഹംഗറിയുടെ ഭരണത്തിൻ കീഴിൽ ജീവിച്ചു; ഇപ്പോൾ സോവിയറ്റ്‌ യൂണിയൻ ഞങ്ങളുടെ പ്രദേശത്തേക്കു വന്നിരിക്കുന്നു. വാസ്‌തവത്തിൽ ഞാൻ പൗരത്വംകൊണ്ട്‌ ഒരു റൊമേനിയക്കാരനാണ്‌. അപ്പോൾപ്പിന്നെ ഞാൻ ഏതു മാതൃദേശത്തെ ഒറ്റിക്കൊടുത്തുവെന്നാണ്‌ നിങ്ങൾ പറയുന്നത്‌?” ഈ ചോദ്യത്തിന്‌ ഒരു മറുപടിയും അദ്ദേഹത്തിന്‌ ലഭിക്കുകയുണ്ടായില്ല. വിചാരണയ്‌ക്കുശേഷം ഡാൻ സഹോദരന്‌ ഒരു സന്തോഷ വാർത്ത ലഭിച്ചു, തനിക്ക്‌ ഒരു പെൺകുഞ്ഞു ജനിച്ചിരിക്കുന്നുവെന്ന്‌. കിഴക്കൻ റഷ്യയിലെ പാളയങ്ങളിലും തടവറകളിലും നേരിട്ട ദുരിതങ്ങൾക്കു മധ്യേ സഹിച്ചുനിൽക്കാൻ അത്‌ അദ്ദേഹത്തെ സഹായിച്ചു. 1940-കളുടെ അവസാനത്തിൽ യൂക്രെയിൻ, മോൾഡേവിയ, ബിലേറസ്‌ എന്നിവിടങ്ങളിൽനിന്നുള്ള ഒട്ടേറെ സഹോദരന്മാർ സോവിയറ്റ്‌ തടവറകളിൽ പട്ടിണി മൂലം മരിച്ചു. ഡാൻ സഹോദരന്‌ 25 കിലോ തൂക്കം നഷ്ടമായി.

യൂക്രെയിനിൽ സഹോദരിമാർക്ക്‌ പീഡനം

സഹോദരന്മാരെ മാത്രമല്ല സോവിയറ്റ്‌ ഭരണകൂടം പീഡിപ്പിക്കുകയും ദീർഘകാല തടവുശിക്ഷയ്‌ക്കു വിധിക്കുകയും ചെയ്‌തത്‌; സഹോദരിമാരും അത്തരം മൃഗീയമായ പെരുമാറ്റത്തിനു വിധേയരായി. ഉദാഹരണത്തിന്‌, രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ റാവെൻസ്‌ബ്രുക്ക്‌ തടങ്കൽപ്പാളയത്തിൽ വെച്ചാണ്‌ മാരിയ ടോമിൽക്കോ സത്യം പഠിച്ചത്‌. പിന്നീട്‌ യൂക്രെയിനിലേക്കു മടങ്ങിപ്പോയ അവർ നെപ്രോപെട്രോഫ്‌സ്‌ക്‌ നഗരത്തിൽ പ്രസംഗവേലയിൽ ഏർപ്പെട്ടു. പ്രസംഗ പ്രവർത്തനം നടത്തിയതിന്‌ 1948-ൽ അവരെ 25 വർഷത്തെ ജയിൽശിക്ഷയ്‌ക്കു വിധിച്ചു.

ഇരുപതു വർഷത്തെ ജയിൽ ശിക്ഷയ്‌ക്കു വിധിക്കപ്പെട്ട മറ്റൊരു സഹോദരി അനുസ്‌മരിക്കുന്നു: “അന്വേഷണം നടന്നുകൊണ്ടിരുന്ന സമയത്ത്‌ കുറേ കുറ്റപ്പുള്ളികളോടൊപ്പം ഒരു സെല്ലിൽ എന്നെ പാർപ്പിച്ചു. എങ്കിലും ഞാൻ അവരെ ഭയന്നില്ല. ആ സ്‌ത്രീകളോടു ഞാൻ സാക്ഷീകരിച്ചു. ഞാൻ പറഞ്ഞ കാര്യങ്ങൾ അവർ സശ്രദ്ധം കേട്ടത്‌ എന്നെ അതിശയിപ്പിച്ചു. മുറിയിൽ സൂചി കുത്താൻ പോലും സ്ഥലമുണ്ടായിരുന്നില്ല. ഞങ്ങൾ എല്ലാവരും നിലത്തുകിടന്നാണ്‌ ഉറങ്ങിയിരുന്നത്‌, മത്തി അടുക്കിയതുപോലെ. ഉറക്കത്തിനിടയിൽ ഒരാൾക്ക്‌ ഒന്നു തിരിഞ്ഞുകിടക്കണമെങ്കിൽ ബാക്കിയെല്ലാവരും തിരിയേണ്ടിവരും. അതുകൊണ്ട്‌ പറഞ്ഞിട്ടു വേണമായിരുന്നു അങ്ങനെ ചെയ്യാൻ.”

സാപോറിഷിയ നഗരത്തിലുള്ള ഒരു ബാപ്‌റ്റിസ്റ്റ്‌ മതനേതാവ്‌ 1949-ൽ നമ്മുടെ അഞ്ചു സഹോദരിമാരെ പ്രാദേശിക സുരക്ഷാ വിഭാഗത്തിന്‌ ഒറ്റിക്കൊടുത്തു. അവർ അറസ്റ്റു ചെയ്യപ്പെട്ടു. സോവിയറ്റ്‌ വിരുദ്ധ കലാപങ്ങൾ ഇളക്കിവിടുന്നവർ എന്നു മുദ്രകുത്തി അവരെ 25 വർഷത്തെ തടവുശിക്ഷയ്‌ക്കു വിധിച്ചു. അവരുടെ വസ്‌തുവകകളെല്ലാം കണ്ടുകെട്ടി. പൊതുമാപ്പു ലഭിക്കുന്നതുവരെ ഏഴു വർഷം വടക്കൻ റഷ്യയിൽ അവർക്കു തടവിൽ കഴിയേണ്ടിവന്നു. അവരിൽ ഒരാളായ ലിഡിയ കുർദാസ്‌ അനുസ്‌മരിക്കുന്നു: “വർഷത്തിൽ രണ്ടു കത്തുകൾ മാത്രമേ വീട്ടിലേക്ക്‌ എഴുതാൻ ഞങ്ങൾക്ക്‌ അനുവാദം ഉണ്ടായിരുന്നുള്ളൂ. ഈ കത്തുകളാകട്ടെ സെൻസർ ചെയ്‌താണ്‌ വിട്ടിരുന്നത്‌. ആ സമയത്ത്‌ ഞങ്ങളുടെ കൈവശം നമ്മുടെ യാതൊരു സാഹിത്യങ്ങളും ഉണ്ടായിരുന്നില്ല.” എങ്കിലും അവർ യഹോവയോടു വിശ്വസ്‌തരായി നിലകൊള്ളുകയും രാജ്യ സുവാർത്ത പ്രസംഗിക്കുന്നതിൽ തുടരുകയും ചെയ്‌തു.

മോൾഡേവിയയിലെ സഹോദരന്മാർക്കു സഹായം

അത്തരം ദുഷ്‌കരമായ സമയങ്ങളിൽപ്പോലും സാക്ഷികൾ പരസ്‌പരം സ്‌നേഹം പ്രകടമാക്കി. 1947-ൽ അയൽരാജ്യമായ മോൾഡേവിയയിൽ (ഇപ്പോൾ മൊൾഡോവ) കടുത്ത ഭക്ഷ്യക്ഷാമം ഉണ്ടായി. യൂക്രെയിനിലെ സഹോദരന്മാർ ദാരിദ്ര്യത്തിന്റെ പിടിയിലായിരുന്നെങ്കിലും, മോൾഡേവിയയിലുള്ള സഹവിശ്വാസികൾക്ക്‌ അവർ സത്വരം ധാന്യപ്പൊടി അയച്ചുകൊടുത്തു. തങ്ങളോടൊപ്പം വന്നു താമസിക്കാൻ പടിഞ്ഞാറൻ യൂക്രെയിനിൽനിന്നുള്ള സാക്ഷികൾ മോൾഡേവിയയിലെ ഒട്ടേറെ സാക്ഷികളെ ക്ഷണിച്ചു.

അന്ന്‌ മോൾഡേവിയയിൽ താമസിച്ചിരുന്ന ഒരു സഹോദരൻ പറയുന്നു: “ഒരു അനാഥനായ എനിക്ക്‌ ദിവസവും ഗവൺമെന്റിൽനിന്ന്‌ 200 ഗ്രാം റൊട്ടി ലഭിക്കേണ്ടതായിരുന്നു. ഞാൻ പയനിയർ ലീഗിലെ അംഗമല്ലാതിരുന്നതിനാൽ എനിക്ക്‌ അതു ലഭിച്ചില്ല. പടിഞ്ഞാറൻ യൂക്രെയിനിലെ സഹോദരന്മാർ ധാന്യപ്പൊടി അയച്ചുതന്നപ്പോൾ ഞങ്ങൾക്ക്‌ അതീവ സന്തോഷം തോന്നി. അങ്ങനെ ഓരോ പ്രസാധകനും 4 കിലോ പൊടി വീതം ലഭിച്ചു.”

യു.എ⁠സ്‌.എസ്‌.ആർ.-ൽ നിയമാംഗീകാരം നേടിയെടുക്കാൻ ശ്രമിക്കുന്നു

വോളിൻ പ്രദേശത്തുനിന്നുള്ള മൂന്നു മൂപ്പന്മാർ (മിക്കോള പ്യാറ്റോഹ, ഇല്ലിയ ബാബിയ്‌ച്ചുക്ക്‌, മിഹായിലോ ചുമാക്ക്‌ എന്നിവർ) നമ്മുടെ പ്രവർത്തനത്തിനു നിയമാംഗീകാരം ലഭിക്കാൻ 1949-ൽ അപേക്ഷ സമർപ്പിച്ചു. അധികം കഴിയുന്നതിനു മുമ്പ്‌, ചുമാക്ക്‌ സഹോദരൻ അറസ്റ്റു ചെയ്യപ്പെട്ടു. ആദ്യം അപേക്ഷ അയച്ചപ്പോൾ യാതൊരു മറുപടിയും ലഭിച്ചില്ലെന്ന്‌ മിക്കോള പ്യാറ്റോഹ സഹോദരൻ പറയുന്നു. അതുകൊണ്ടു മോസ്‌കോയിൽ രണ്ടാമതൊരു അപേക്ഷ കൂടെ സമർപ്പിച്ചു. അധികാരികൾ ഈ രേഖകൾ കിയേവിലേക്ക്‌ അയച്ചുകൊടുത്തു. സഹോദരന്മാർക്കു പറയാനുള്ള കാര്യങ്ങൾ ബോധിപ്പിക്കാൻ അവിടത്തെ അധികാരികൾ അവസരം നൽകി. യഹോവയുടെ സാക്ഷികൾ തങ്ങളോടു സഹകരിച്ചാൽ മാത്രമേ നിയമാംഗീകാരം നൽകൂ എന്ന്‌ അവർ പറഞ്ഞു. തങ്ങളുടെ നിഷ്‌പക്ഷ നിലപാടിൽ വിട്ടുവീഴ്‌ച ചെയ്യാൻ സഹോദരന്മാർ സമ്മതിച്ചില്ല. താമസിയാതെ ഈ രണ്ടു സഹോദരന്മാരെയും അറസ്റ്റ്‌ ചെയ്‌ത്‌ 25 വർഷത്തെ ജയിൽ ശിക്ഷയ്‌ക്കു വിധിച്ചു.

മോസ്‌കോയിൽനിന്ന്‌ വോളിനിലെ അധികാരികൾക്ക്‌ അയയ്‌ക്കപ്പെട്ട ഒരു കത്തിൽ, യഹോവയുടെ സാക്ഷികളുടെ “മതഭേദം” “വ്യക്തമായും ഒരു സോവിയറ്റ്‌ വിരുദ്ധ പ്രസ്ഥാനമാണ്‌” എന്നും “അതുകൊണ്ട്‌ അവർക്കു നിയമാംഗീകാരം നൽകാൻ സാധ്യമല്ല” എന്നും പറഞ്ഞിരുന്നു. യഹോവയുടെ സാക്ഷികളുടെ രഹസ്യങ്ങൾ ചോർത്തി രാഷ്‌ട്ര സുരക്ഷാ വിഭാഗത്തിനു കൈമാറാൻ പ്രാദേശിക മത കാര്യാലയത്തിലെ അധികാരിക്ക്‌ ഉത്തരവു ലഭിച്ചു.

മതനേതാക്കന്മാർ അധികാരികളുമായി കൂട്ടുചേരുന്നു

യഹോവയുടെ സാക്ഷികൾ തന്റെ ആളുകളെ മതം മാറ്റുന്നതായി 1949-ൽ ട്രാൻസ്‌കാർപാത്തിയയിലുള്ള ഒരു ബാപ്‌റ്റിസ്റ്റ്‌ മതനേതാവ്‌ അധികാരികളോടു പരാതിപ്പെട്ടു. തത്‌ഫലമായി, പ്രാദേശിക സഭയിലെ ഒരു മൂപ്പനായ മിഹായിലോ തിൽനിയാക്കിനെ അവർ അറസ്റ്റു ചെയ്‌ത്‌ പത്തു വർഷത്തെ തടവിനു വിധിച്ചു. വീട്ടിൽ അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു കൊച്ചുകുട്ടികളും തനിച്ചായി.

മതനേതാക്കന്മാരുടെ അത്തരം നടപടികൾ, യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ കുറിച്ചു മനസ്സിലാക്കാനും വിലമതിക്കാനും പരമാർഥഹൃദയരെ സഹായിച്ചു. 1950-ൽ, ട്രാൻസ്‌കാർപാത്തിയയിൽ നിന്നുള്ള വാസിലിന ബിബെൻ എന്ന ബാപ്‌റ്റിസ്റ്റുകാരിയായ ഒരു കൊച്ചു പെൺകുട്ടി തന്റെ സമുദായത്തിൽ രണ്ടു സാക്ഷികൾ പ്രവർത്തിക്കുന്നതിനെ കുറിച്ച്‌ സ്ഥലത്തെ പുരോഹിതൻ അധികാരികൾക്കു വിവരം നൽകിയിരിക്കുന്നതായി മനസ്സിലാക്കി. സാക്ഷികളെ അറസ്റ്റു ചെയ്‌ത്‌ ആറു വർഷത്തെ തടവിനു വിധിച്ചു. തടവിൽനിന്നു പുറത്തുവന്നിട്ടും അവർ ആ പുരോഹിതനോട്‌ യാതൊരു ശത്രുതയും കാണിച്ചില്ല. ഈ സാക്ഷികൾ യഥാർഥമായും തങ്ങളുടെ അയൽക്കാരെ സ്‌നേഹിക്കുന്നവരാണ്‌ എന്ന്‌ വാസിലിനയ്‌ക്കു മനസ്സിലായി. ഇതിൽ മതിപ്പു തോന്നിയ അവൾ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ച്‌ സ്‌നാപനമേറ്റു. അവൾ പറയുന്നു: “നിത്യജീവനിലേക്കുള്ള വഴി കണ്ടെത്താൻ സഹായിച്ചതിന്‌ ഞാൻ യഹോവയോടു കൃതജ്ഞതയുള്ളവളാണ്‌.”

റഷ്യയിലേക്കു നാടുകടത്തപ്പെടുന്നു

യഹോവയുടെ സാക്ഷികൾ ഘോഷിക്കുന്ന ബൈബിൾ സത്യങ്ങൾ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടത്തിന്റെ നിരീശ്വരവാദപരമായ ആശയങ്ങൾക്കു കടകവിരുദ്ധമായിരുന്നു. സുസംഘടിതരായിരുന്ന സാക്ഷികൾ ദൈവരാജ്യത്തെ ഉയർത്തിപ്പിടിക്കുന്ന സാഹിത്യങ്ങൾ രഹസ്യത്തിൽ അച്ചടിച്ച്‌ വിതരണം ചെയ്‌തു. കൂടാതെ, അവർ അയൽക്കാർക്കും ബന്ധുക്കൾക്കും ഇടയിൽ ബൈബിൾ പഠിപ്പിക്കലുകൾ പ്രചരിപ്പിച്ചിരുന്നു. 1947-നും 1950-നും ഇടയ്‌ക്ക്‌ അധികാരികൾ 1,000-ത്തിലധികം സാക്ഷികളെ അറസ്റ്റു ചെയ്‌തു. എന്നിരുന്നാലും സഹോദരന്മാരുടെ എണ്ണം വർധിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ട്‌, 1951-ൽ അധികാരികൾ ഒരു രഹസ്യ പദ്ധതി ആസൂത്രണം ചെയ്‌തു. അവശേഷിക്കുന്ന സാക്ഷികളെ കിഴക്ക്‌ 5,000 കിലോമീറ്റർ [3,000 മൈ.] അകലെ റഷ്യയിലെ സൈബീരിയയിലേക്കു നാടുകടത്തുക എന്നതായിരുന്നു അവരുടെ തീരുമാനം. അങ്ങനെ ദൈവജനത്തെ തകർക്കാൻ കഴിയുമെന്നാണ്‌ അവർ വിചാരിച്ചത്‌.

പടിഞ്ഞാറൻ യൂക്രെയിനിൽനിന്ന്‌ 6,100-ലധികം സാക്ഷികളെ 1951 ഏപ്രിൽ 8-ന്‌ സൈബീരിയയിലേക്കു നാടുകടത്തി. അതിരാവിലെ, പട്ടാളക്കാർ ട്രക്കുകളിൽ ഓരോ സാക്ഷികളുടെയും ഭവനങ്ങളിൽ ചെന്നു. യാത്രയ്‌ക്ക്‌ ആവശ്യമായ സാധനങ്ങൾ പൊതിഞ്ഞുകെട്ടാൻ ഓരോ കുടുംബത്തിനും വെറും രണ്ടു മണിക്കൂറാണ്‌ അവർ അനുവദിച്ചത്‌. വിലപിടിപ്പുള്ള സാധനങ്ങളും സ്വകാര്യ വസ്‌തുക്കളും മാത്രമേ അവർക്കു കൂടെക്കൊണ്ടുപോകാൻ സാധിക്കുമായിരുന്നുള്ളൂ. വീട്ടിൽ കണ്ട എല്ലാവരെയും​—⁠സ്‌ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും എല്ലാം​—⁠അവർ നാടുകടത്തി. പ്രായാധിക്യമോ ആരോഗ്യക്കുറവോ ഒന്നും ഒരു ഒഴികഴിവായിരുന്നില്ല. ഒരൊറ്റ ദിവസംകൊണ്ട്‌ അവരെ കമ്പാർട്ടുമെന്റുകളിൽ കയറ്റി അയയ്‌ക്കുകയായിരുന്നു.

അപ്പോൾ വീട്ടിലില്ലാതിരുന്നവരെ പിന്നീട്‌ തിരഞ്ഞുപിടിക്കാനൊന്നും അധികാരികൾ മുതിർന്നില്ല. തങ്ങളുടെ നാടുകടത്തപ്പെട്ട കുടുംബാംഗങ്ങളോടു ചേരുന്നതിനായി ചിലർ അധികാരികൾക്ക്‌ ഔദ്യോഗികമായി അപേക്ഷ നൽകി. അധികാരികൾ അത്തരം അഭ്യർഥനകളോടു പ്രതികരിച്ചില്ലെന്നു മാത്രമല്ല, അവരുടെ ബന്ധുക്കളെ എങ്ങോട്ടാണ്‌ അയച്ചിരിക്കുന്നതെന്ന്‌ അവരെ അറിയിച്ചതുമില്ല.

യൂക്രെയിനിലെ മാത്രമല്ല, മോൾഡേവിയ, പടിഞ്ഞാറൻ ബിലേറസ്‌, ലിത്വാനിയ, ലാത്‌വിയ, എസ്‌തോണിയ എന്നിവിടങ്ങളിലെ സാക്ഷികളെയും നാടുകടത്തി. ഈ ആറു റിപ്പബ്ലിക്കുകളിൽനിന്നു മൊത്തം 9,500-ഓളം സാക്ഷികളെ നാടുകടത്തിയിരുന്നു. പട്ടാളക്കാരുടെ കാവലോടെ പ്രത്യേക കമ്പാർട്ടുമെന്റുകളിലാണ്‌ അവരെ കൊണ്ടുപോയത്‌. സാധാരണഗതിയിൽ ഈ കമ്പാർട്ടുമെന്റുകൾ കന്നുകാലികളെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നതുകൊണ്ട്‌ ആളുകൾ അവയെ തൊഴുത്തുകൾ എന്നാണു വിളിച്ചിരുന്നത്‌.

തങ്ങളെ എങ്ങോട്ടാണു കൊണ്ടുപോകുന്നതെന്ന്‌ സാക്ഷികളിൽ ആർക്കും അറിയില്ലായിരുന്നു. ആ ദീർഘയാത്രയിൽ അവർ പ്രാർഥിക്കുകയും ഗീതങ്ങൾ ആലപിക്കുകയും പരസ്‌പരം സഹായിക്കുകയും ചെയ്‌തു. ചിലർ തങ്ങളെ തിരിച്ചറിയിക്കാനായി, “ഞങ്ങൾ വോളിൻ പ്രദേശത്തുനിന്നുള്ള യഹോവയുടെ സാക്ഷികൾ” അല്ലെങ്കിൽ “ഞങ്ങൾ ലവോഫ്‌ പ്രദേശത്തുനിന്നുള്ള യഹോവയുടെ സാക്ഷികൾ” എന്നെഴുതിയ തുണികൾ കമ്പാർട്ടുമെന്റുകൾക്കു വെളിയിൽ തൂക്കിയിട്ടു. യാത്രയ്‌ക്കിടയിൽ സ്റ്റേഷനുകളിൽ ട്രെയിൻ നിറുത്തുമ്പോൾ പടിഞ്ഞാറൻ യൂക്രെയിനിലെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള ഇത്തരം അടയാളങ്ങളോടു കൂടിയ വേറെ ട്രെയിനുകളും അവർക്കു കാണാൻ കഴിഞ്ഞു. അധികാരികൾ മറ്റു പ്രദേശങ്ങളിലെ സാക്ഷികളെയും നാടുകടത്തുന്നതായി മനസ്സിലാക്കാൻ ഇത്‌ സഹോദരങ്ങളെ സഹായിച്ചു. ഈ “ആശയവിനിമയം” സൈബീരിയയിലേക്കുള്ള രണ്ടോ മൂന്നോ ആഴ്‌ച നീണ്ടുനിന്ന ആ യാത്രയിൽ സഹോദരങ്ങളെ ശക്തീകരിക്കാൻ ഉതകി.

എന്നന്നേക്കുമുള്ള ഒരു നാടുകടത്തലായിട്ടാണ്‌ അതു കണക്കാക്കപ്പെട്ടത്‌. യഹോവയുടെ സാക്ഷികൾ സൈബീരിയയിൽനിന്ന്‌ ഒരിക്കലും പുറത്തു കടക്കരുത്‌ എന്നായിരുന്നു അധികാരികളുടെ ഉദ്ദേശ്യം. തടവിൽ ആയിരുന്നില്ലെങ്കിലും അവർ പതിവായി പ്രാദേശിക രജിസ്‌ട്രേഷൻ ഓഫീസുകളിൽ ചെന്നു റിപ്പോർട്ടു ചെയ്യണമായിരുന്നു. അതിൽ വീഴ്‌ച വരുത്തുന്ന ആളെ വർഷങ്ങളോളം തടവിൽ കഴിയാൻ വിധിച്ചിരുന്നു.

സൈബീരിയയിൽ എത്തിയപ്പോൾ ചിലരെ കയ്യിൽ ഓരോ മഴുവും കൊടുത്ത്‌ വനത്തിൽ ഇറക്കിവിട്ടു. താമസ സൗകര്യം അവർ സ്വന്തമായി ഉണ്ടാക്കണമായിരുന്നു, മാത്രമല്ല ഉപജീവനമാർഗവും കണ്ടെത്തേണ്ടിയിരുന്നു. ആദ്യമെല്ലാം ശൈത്യകാലത്തെ തണുപ്പിൽനിന്നു രക്ഷ നേടാൻ സാക്ഷികൾ മിക്കപ്പോഴും, നിലത്ത്‌ കുഴി കുഴിച്ച്‌, അതിനുമേലെ പുല്ലുകൊണ്ട്‌ മേൽക്കൂര ഉണ്ടാക്കി അതിലാണു കഴിഞ്ഞത്‌.

ഇപ്പോൾ ക്രൈമിയയിൽ ഒരു മൂപ്പനായി സേവിക്കുന്ന ഹ്രിഹോറിയി മെൽനിക്ക്‌ അനുസ്‌മരിക്കുന്നു: “1947-ൽ എന്റെ മൂത്ത പെങ്ങൾ അറസ്റ്റിലായശേഷം മിക്കപ്പോഴും അധികാരികൾ എന്നെ ചോദ്യം ചെയ്യാനായി കൊണ്ടുപോകുമായിരുന്നു. അവർ എന്നെ വടികൊണ്ട്‌ അടിച്ചു. നിരവധി പ്രാവശ്യം അവർ എന്നെ ചുമരിനോടു ചേർത്ത്‌ 16 മണിക്കൂർ നേരം നിറുത്തി. ഒരു സാക്ഷിയായിരുന്ന എന്റെ പെങ്ങൾക്കെതിരെ കള്ളസാക്ഷ്യം പറയിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. അന്ന്‌ എനിക്ക്‌ 16 വയസ്സ്‌. പെങ്ങൾക്കെതിരെ ഞാൻ മൊഴി നൽകാൻ വിസമ്മതിച്ചതുകൊണ്ട്‌ അധികാരികൾക്ക്‌ എന്നെ ഇഷ്ടമല്ലായിരുന്നു. എന്നെ ഇല്ലാതാക്കാൻ അവർ ആഗ്രഹിച്ചു.

“അതുകൊണ്ട്‌, എന്റെ രണ്ട്‌ അനുജന്മാരും ഇളയ പെങ്ങളും ഞാനും അനാഥരായിരുന്നെങ്കിലും 1951-ൽ ഞങ്ങളെ സൈബീരിയയിലേക്കു നാടുകടത്തി. ഞങ്ങളുടെ മാതാപിതാക്കൾ മരിച്ചുപോയിരുന്നു. ജ്യേഷ്‌ഠനും മൂത്ത പെങ്ങളും പത്തു വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയുമായിരുന്നു. അങ്ങനെ 20-ാമത്തെ വയസ്സിൽ, എന്റെ രണ്ട്‌ അനുജന്മാരെയും ഇളയ പെങ്ങളെയും നോക്കേണ്ട ചുമതല എന്റെ തോളിലായി.

“സൈബീരിയയിൽ കഴിച്ചു കൂട്ടിയ ആദ്യത്തെ രണ്ടു വർഷങ്ങൾ ഞാൻ മിക്കപ്പോഴും ഓർക്കാറുണ്ട്‌. ഉരുളക്കിഴങ്ങും ചായയും മാത്രമായിരുന്നു ഞങ്ങളുടെ ഭക്ഷണം. അക്കാലത്ത്‌ കപ്പുകൾ സമ്പന്നതയുടെ പ്രതീകം ആയിരുന്നതുകൊണ്ട്‌ ഞങ്ങൾ സൂപ്പു കഴിക്കുന്ന പ്ലേറ്റുകളിലാണു ചായ കുടിച്ചിരുന്നത്‌. എന്നാൽ ആത്മീയമായി ഞാൻ നല്ല അവസ്ഥയിൽ ആയിരുന്നു. സൈബീരിയയിൽ എത്തി ഏതാനും ദിവസങ്ങൾക്കകം ഞാൻ പരസ്യ യോഗങ്ങൾ ആരംഭിച്ചു. പിന്നീട്‌, ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളും. ഇളയവരെ നോക്കാനായി എനിക്കു കഠിനാധ്വാനം ചെയ്യേണ്ടിയിരുന്നതുകൊണ്ട്‌ ആ ഉത്തരവാദിത്വങ്ങളും കൂടെ നിറവേറ്റുന്നത്‌ എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല.” അത്തരം കഷ്ടപ്പാടുകൾക്കു മധ്യേയും മെൽനിക്ക്‌ കുടുംബം യഹോവയോടും അവന്റെ സംഘടനയോടും വിശ്വസ്‌തരായി നിലകൊണ്ടു.

സൈബീരിയയിൽ എത്തിച്ചേരാനിരുന്ന സാക്ഷികളും തദ്ദേശവാസികളും തമ്മിൽ ആശയവിനിമയം നടത്താതിരിക്കാൻ അവിടത്തെ അധികാരികൾ സൈബീരിയയിലേക്കു നരഭോജികൾ വരുന്നുവെന്ന വാർത്ത പ്രചരിപ്പിച്ചു. സാക്ഷികളുടെ ആദ്യത്തെ കൂട്ടം എത്തിയപ്പോൾ പ്രാദേശിക ഗ്രാമങ്ങളിൽ പാർപ്പിട സൗകര്യം ലഭിക്കാനായി അവർക്കു കുറെ ദിവസങ്ങൾ കാത്തിരിക്കേണ്ടിവന്നു. അതുകൊണ്ട്‌, തണുത്തുറഞ്ഞ ചുലിം നദിയുടെ കരയിൽ തുറസ്സായ പ്രദേശത്ത്‌ അവർ ഇരിപ്പായി. ഏപ്രിൽ മധ്യം ആയിരുന്നിട്ടും നിലത്തെല്ലാം മഞ്ഞ്‌ വീണുകിടപ്പുണ്ടായിരുന്നു. തണുപ്പകറ്റാൻ സഹോദരന്മാർ തീ കാഞ്ഞു. അവർ പാട്ടുകൾ പാടി, പ്രാർഥിച്ചു, യാത്രാനുഭവങ്ങൾ പങ്കുവെച്ചു. സ്ഥലത്തെ ഗ്രാമവാസികളൊന്നും തങ്ങളുടെ അടുക്കൽ വരാഞ്ഞത്‌ അവരെ അത്ഭുതപ്പെടുത്തി. തങ്ങളുടെ വീടിന്റെ വാതിലും ജനാലകളുമെല്ലാം അടച്ച്‌ ഗ്രാമവാസികൾ അകത്തുതന്നെ ഇരിപ്പായിരുന്നു. അവർ സാക്ഷികളെ തങ്ങളുടെ വീടുകളിലേക്കു ക്ഷണിക്കുകയുണ്ടായില്ല. മൂന്നാം ദിവസം ഗ്രാമവാസികളിലെ ഏറ്റവും ധൈര്യശാലികൾ കയ്യിൽ മഴുവുമേന്തി സാക്ഷികളെ സമീപിച്ച്‌ സംഭാഷണം ആരംഭിച്ചു. ആദ്യം അവർ വിചാരിച്ചത്‌ നരഭോജികൾ എത്തിയിട്ടുണ്ടെന്നായിരുന്നു! എന്നാൽ അതു സത്യമല്ലെന്ന്‌ താമസിയാതെ അവർക്കു മനസ്സിലായി.

ട്രാൻസ്‌കാർപാത്തിയയിലുള്ള സാക്ഷികളെയും നാടുകടത്താൻ 1951-ൽ അധികാരികൾ പദ്ധതിയിട്ടു. അതിനായി അവർ ഒഴിഞ്ഞ കമ്പാർട്ടുമെന്റുകൾ കൊണ്ടുവരിക പോലും ചെയ്‌തു. എന്നാൽ ഏതോ അജ്ഞാത കാരണത്താൽ, ആ സഹോദരന്മാരെ നാടുകടത്താനുള്ള തീരുമാനം റദ്ദാക്കപ്പെട്ടു. നിരോധന കാലത്ത്‌ മുഴു സോവിയറ്റ്‌ യൂണിയനും ആവശ്യമായ സാഹിത്യങ്ങൾ ഉത്‌പാദിപ്പിച്ച പ്രധാന ഇടങ്ങളിൽ ഒന്നായിരുന്നു ട്രാൻസ്‌കാർപാത്തിയ.

ഐക്യം നിലനിൽക്കുന്നു

സഹോദരന്മാരിൽ ഭൂരിഭാഗത്തെയും സൈബീരിയയിലേക്കു നാടുകടത്തിയതുകൊണ്ട്‌ അവശേഷിച്ച പലർക്കും സംഘടനുമായുള്ള സമ്പർക്കം നഷ്ടമായി. ഉദാഹരണത്തിന്‌, ചെർനിവ്‌റ്റ്‌സിയിൽനിന്നുള്ള മാരിയ ഹ്രെച്ചിനയ്‌ക്ക്‌ സംഘടനയുമായോ സഹവിശ്വാസികളുമായോ യാതൊരു സമ്പർക്കവുമില്ലാതെ ആറിലധികം വർഷം കഴിച്ചുകൂട്ടേണ്ടിവന്നു. എങ്കിലും യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ ആ സഹോദരി വിശ്വസ്‌തയായി നിലകൊണ്ടു. സഹോദരന്മാരിൽ ബഹുഭൂരിപക്ഷത്തെയും ജയിലിൽ അടയ്‌ക്കുകയോ നാടുകടത്തുകയോ ചെയ്‌തതിനാൽ 1951 മുതൽ 1960-കളുടെ മധ്യം വരെ പല സഭകളിലും സഹോദരിമാർക്ക്‌ നേതൃത്വം എടുക്കേണ്ടിവന്നു.

ആ സംഭവവികാസങ്ങൾക്ക്‌ ദൃക്‌സാക്ഷിയായിരുന്ന മിഹായിലോ ഡാസെവിച്ച്‌ അനുസ്‌മരിക്കുന്നു: “സൈബീരിയയിലേക്കുള്ള നാടുകടത്തൽ എന്നെ നേരിട്ടു ബാധിച്ചില്ല. കാരണം, നാടുകടത്താനുള്ളവരുടെ പട്ടിക തയ്യാറാക്കുമ്പോൾ ഞാൻ റഷ്യയിൽ തടവിൽ കഴിയുകയായിരുന്നു. ഞാൻ യൂക്രെയിനിലേക്കു തിരിച്ചുവന്ന്‌ അധികം കഴിയുന്നതിനു മുമ്പ്‌, എന്റെ പ്രദേശത്തുനിന്നുള്ള സാക്ഷികളിൽ മിക്കവരെയും സൈബീരിയയിലേക്ക്‌ അയച്ചു. അതുകൊണ്ട്‌ എനിക്ക്‌, സംഘടനയുമായി സമ്പർക്കം നഷ്ടപ്പെട്ട സാക്ഷികളെ തിരഞ്ഞുപിടിച്ച്‌ പുസ്‌തക അധ്യയന കൂട്ടങ്ങളായും സഭകളായും സംഘടിപ്പിക്കേണ്ടിവന്നു. അതിനർഥം ഒരു സർക്കിട്ട്‌ മേൽവിചാരകന്റെ ഉത്തരവാദിത്വങ്ങൾ ഞാൻ നിർവഹിക്കാൻ തുടങ്ങി എന്നാണ്‌, അത്തരമൊരു നിയമനം എനിക്കു നൽകാൻ ആരും ഉണ്ടായിരുന്നില്ലെങ്കിലും. ഓരോ മാസവും ഞാൻ സഭകൾ സന്ദർശിച്ച്‌ റിപ്പോർട്ടുകൾ ശേഖരിക്കുകയും കൈവശം ഉണ്ടായിരുന്ന സാഹിത്യങ്ങൾ സഭകൾതോറും വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. മിക്കപ്പോഴും, സഭാ ദാസന്മാരുടെ വേല ചെയ്‌തിരുന്നത്‌ സഹോദരിമാരായിരുന്നു. സഹോദരന്മാർ ഇല്ലായിരുന്നതുകൊണ്ട്‌ ചില പ്രദേശങ്ങളിൽ അവർക്ക്‌ സർക്കിട്ട്‌ ദാസന്മാരുടെ ഉത്തരവാദിത്വങ്ങളും നിർവഹിക്കേണ്ടിവന്നു. സുരക്ഷാ കാരണങ്ങളാൽ, ഞങ്ങളുടെ സർക്കിട്ടിലെ സഭാ ദാസന്മാരുടെ യോഗങ്ങളെല്ലാം നടത്തിയിരുന്നത്‌ രാത്രിയിൽ സെമിത്തേരികളിൽ വെച്ചായിരുന്നു. പൊതുവേ ആളുകൾക്ക്‌ മരിച്ചവരെ ഭയമാണെന്നും ആരും അവിടെ വന്നു ഞങ്ങളെ ശല്യം ചെയ്യില്ലെന്നും ഞങ്ങൾക്ക്‌ ഉറപ്പായിരുന്നു. അത്തരം കൂടിവരവുകളിൽ ഞങ്ങൾ അടക്കിപ്പിടിച്ചാണ്‌ സംസാരിച്ചിരുന്നത്‌. ഒരിക്കൽ ഞങ്ങളുടെ സ്വരം അൽപ്പം ഉച്ചത്തിലായിപ്പോയി, സെമിത്തേരിക്ക്‌ അടുത്തുകൂടെ പോകുകയായിരുന്ന രണ്ടു മനുഷ്യർ അതുകേട്ട്‌ പറപറന്നു. മരിച്ചവർ സംസാരിക്കുകയാണെന്ന്‌ അവർ വിചാരിച്ചുകാണും!”

അക്കാലത്ത്‌ കൺട്രി ദാസനായിരുന്ന മിക്കോള റ്റ്‌സിബ, 1951-ലെ നാടുകടത്തലിനെ തുടർന്നുള്ള നാളുകളിൽ, ഒരു ഭൂഗർഭ അറയിൽ രഹസ്യമായി ബൈബിൾ സാഹിത്യങ്ങൾ അച്ചടിക്കുന്നതിൽ തുടർന്നു. 1952-ൽ സുരക്ഷാ വിഭാഗം അദ്ദേഹത്തെ കണ്ടുപിടിച്ച്‌ അറസ്റ്റു ചെയ്‌തു. ഒട്ടേറെ വർഷങ്ങൾ അദ്ദേഹത്തിനു തടവിൽ കഴിയേണ്ടിവന്നു. 1978-ൽ മരിക്കുന്നതുവരെ റ്റ്‌സിബ സഹോദരൻ വിശ്വസ്‌തനായി നിലകൊണ്ടു. റ്റ്‌സിബ സഹോദരനെ കൂടാതെ അദ്ദേഹത്തെ സഹായിച്ച ഒട്ടേറെ സഹോദരന്മാരും അറസ്റ്റിലായി.

അക്കാലത്ത്‌, സഹോദരന്മാർക്ക്‌ വിദേശ രാജ്യങ്ങളിലെ സഹോദരങ്ങളുമായി യാതൊരു സമ്പർക്കവുമില്ലായിരുന്നു. തത്‌ഫലമായി, അവർക്ക്‌ യഥാസമയം സാഹിത്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഒരിക്കൽ, ഏതാനും സഹോദരന്മാർക്ക്‌ റൊമേനിയൻ ഭാഷയിലുള്ള വീക്ഷാഗോപുരം മാസികയുടെ 1945 മുതൽ 1949 വരെയുള്ള ലക്കങ്ങൾ ലഭിക്കുകയുണ്ടായി. പ്രാദേശിക സഹോദരങ്ങൾ അവ യൂക്രേനിയൻ, റഷ്യൻ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി.

നാടുകടത്തപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യാഞ്ഞ യൂക്രെയിനിലെ സാക്ഷികൾ തങ്ങളുടെ സഹവിശ്വാസികളുടെ ക്ഷേമത്തിൽ അതീവ താത്‌പര്യം പ്രകടമാക്കി. തണുപ്പകറ്റാനുള്ള വസ്‌ത്രങ്ങളും ആഹാരസാധനങ്ങളും സാഹിത്യങ്ങളും അയച്ചുകൊടുക്കാനായി, വളരെ ശ്രമം ചെയ്‌ത്‌ അവർ തടവിലാക്കപ്പെട്ടവരുടെ ഒരു ലിസ്റ്റ്‌ തയ്യാറാക്കി. ഉദാഹരണത്തിന്‌, ട്രാൻസ്‌കാർപാത്തിയയിലെ യഹോവയുടെ സാക്ഷികൾ മുഴു സോവിയറ്റ്‌ യൂണിയനിലുമുള്ള 54 ജയിലുകളിലെ സഹോദരന്മാരുമായി സമ്പർക്കം പുലർത്തിയിരുന്നു. പല സഭകളിലും “ഫോർ ഗുഡ്‌ ഹോപ്‌സ്‌” എന്നെഴുതിയ ഒരു സംഭാവനപ്പെട്ടി കൂടെ ഉണ്ടായിരുന്നു. ഈ പെട്ടികളിൽ ലഭിക്കുന്ന സംഭാവനകൾ തടവിൽ കഴിയുന്നവരെ സഹായിക്കാനായി ഉപയോഗിച്ചു. ജയിലുകളിലും തൊഴിൽ പാളയങ്ങളിലും നിന്ന്‌ വയൽസേവന റിപ്പോർട്ടുകളോടൊപ്പം വിലമതിപ്പിന്റേതായ ഊഷ്‌മളത തുളുമ്പുന്ന കത്തുകൾ ലഭിച്ചത്‌ സ്വാതന്ത്ര്യത്തിൽ കഴിയുന്ന, ആത്മത്യാഗപരമായ വിശ്വാസം പ്രകടമാക്കിയ ആ വിശ്വസ്‌ത സഹോദരന്മാർക്ക്‌ വലിയ പ്രോത്സാഹനമേകി.

സാഹചര്യങ്ങൾ മെച്ചപ്പെടുന്നു

സോവിയറ്റ്‌ പ്രധാനമന്ത്രി ആയിരുന്ന ജോസഫ്‌ സ്റ്റാലിന്റെ മരണശേഷം സാക്ഷികൾക്കു നേരെയുള്ള മനോഭാവം മെച്ചപ്പെട്ടു. 1953 മുതൽ യു.എ⁠സ്‌.എസ്‌.ആർ.-ൽ പൊതുമാപ്പു പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി കുറെ സഹോദരന്മാർ തടവിൽനിന്നു മോചിതരായി. പിന്നീട്‌ ഗവൺമെന്റ്‌, സ്റ്റേറ്റ്‌ കമ്മീഷനു രൂപം നൽകി, ആളുകൾക്കു നൽകിയ ശിക്ഷകൾ അതു പുനരവലോകനം ചെയ്‌തു. തത്‌ഫലമായി ഒട്ടേറെ സഹോദരന്മാരെ തടവിൽനിന്നു വിട്ടയച്ചു, മറ്റു ചിലരുടെ ശിക്ഷ ഇളവു ചെയ്‌തു.

തുടർന്നുവന്ന ഏതാനും വർഷങ്ങളിലായി, തടവിലാക്കപ്പെട്ട സാക്ഷികളിൽ മിക്കവരും മോചിതരായി. എന്നാൽ 1951-ൽ നാടുകടത്തപ്പെട്ടവർക്ക്‌ പൊതുമാപ്പ്‌ ബാധകമായിരുന്നില്ല. ചില ജയിലുകളിലും തൊഴിൽ പാളയങ്ങളിലും, യഹോവയുടെ സാക്ഷികൾ ആയിത്തീർന്നവരുടെ എണ്ണം ആദ്യം അവിടേക്ക്‌ അയയ്‌ക്കപ്പെട്ട സാക്ഷികളുടെ എണ്ണത്തെക്കാൾ കൂടുതലായിരുന്നു. അത്തരം വർധന ആ സഹോദരങ്ങൾക്കു പ്രോത്സാഹനമായി, ആ കാലയളവിൽ തങ്ങൾ കൈക്കൊണ്ട ഉറച്ച നിലപാടിനെ പ്രതി യഹോവ തങ്ങളെ അനുഗ്രഹിച്ചിരിക്കുന്നുവെന്ന്‌ അവർക്കു ബോധ്യമായി.

മോചിതരായ ശേഷം പല സഹോദരങ്ങൾക്കും തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങിയെത്താൻ സാധിച്ചു. സംഘടനയുമായുള്ള സമ്പർക്കം നഷ്ടപ്പെട്ട സാക്ഷികളെ കണ്ടെത്തുന്നതിന്‌ സഹോദരന്മാർ വളരെയധികം ശ്രമം ചെലുത്തി. ഡോനെറ്റ്‌സ്‌ക്‌ പ്രദേശത്തു താമസിച്ചിരുന്ന വോളോഡിമിർ വോളോബുയെവ്‌ പറയുന്നു: “1958-ൽ വീണ്ടും അറസ്റ്റിലാകുന്നതുവരെ, സംഘടനയുമായി സമ്പർക്കം നഷ്ടമായ 160-ഓളം സാക്ഷികളെ കണ്ടെത്തി സഹായിക്കാൻ എനിക്കു സാധിച്ചു.”

പൊതുമാപ്പ്‌ ലഭിച്ചെങ്കിലും സഹോദരങ്ങൾക്കു സുവാർത്ത പ്രസംഗിക്കാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചില്ല. സ്വതന്ത്രരാക്കപ്പെട്ട ഒട്ടേറെ സഹോദരീസഹോദരന്മാരെ വീണ്ടും ദീർഘകാല തടവുശിക്ഷയ്‌ക്കു വിധിച്ചു. ഉദാഹരണത്തിന്‌, നെപ്രോപെട്രോഫ്‌സ്‌കിൽ നിന്നുള്ള മാരിയ ടോമിൽക്കോയെ ആദ്യം 25 വർഷത്തെ തടവിനാണു വിധിച്ചത്‌. 1955 മാർച്ചിൽ പൊതുമാപ്പ്‌ പ്രഖ്യാപിക്കപ്പെട്ടതിനാൽ അവർക്ക്‌ 8 വർഷമേ തടവിൽ കഴിയേണ്ടി വന്നുള്ളൂ. എങ്കിലും മൂന്നു വർഷത്തിനു ശേഷം വീണ്ടും അവരെ പത്തു വർഷത്തെ തടവിനും അഞ്ചു വർഷത്തെ പ്രവാസത്തിനും വിധിച്ചു. കാരണം? അവരെ സംബന്ധിച്ച കോടതിവിധി ഇങ്ങനെ പ്രഖ്യാപിച്ചു: “അവർ യഹോവക്കാരുടെ പ്രസിദ്ധീകരണങ്ങളും കയ്യെഴുത്തു രേഖകളും കൈവശം വെക്കുകയും വായിക്കുകയും ചെയ്‌തിരിക്കുന്നു.” കൂടാതെ, “തന്റെ അയൽക്കാരുടെ ഇടയിൽ യഹോവക്കാരുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചിരിക്കുന്നു.” ഏഴു വർഷത്തിനു ശേഷം ജയിലിൽനിന്നു മോചിപ്പിക്കപ്പെടുമ്പോൾ അവർക്കു ശാരീരിക വൈകല്യം സംഭവിച്ചിരുന്നു. നാനാവിധ പരിശോധനകൾ സഹിച്ചുനിന്ന ടോമിൽക്കോ സഹോദരി ഇന്നുവരെയും വിശ്വസ്‌തയായി നിലകൊണ്ടിരിക്കുന്നു.

സ്‌നേഹം ഒരുനാളും നിലച്ചുപോകുന്നില്ല

യഹോവയുടെ സാക്ഷികളുടെ കുടുംബങ്ങളെ തമ്മിൽ വേർപിരിക്കാൻ അധികാരികൾ പ്രത്യേക ശ്രമം നടത്തുകയുണ്ടായി. മിക്കപ്പോഴും സുരക്ഷാ വിഭാഗം സാക്ഷികളുടെ മുമ്പിൽ വെച്ചിരുന്ന തിരഞ്ഞെടുപ്പ്‌ ഇതാണ്‌: ഒന്നുകിൽ ദൈവം അല്ലെങ്കിൽ കുടുംബം. എങ്കിലും യഹോവയുടെ ജനത്തിൽ മിക്കവരും കഠിനമായ പരിശോധനകൾക്കു മധ്യേയും യഹോവയോടുള്ള വിശ്വസ്‌തത തെളിയിച്ചു.

ട്രാൻസ്‌കാർപാത്തിയയിൽനിന്നുള്ള ഹാന്ന ബോക്കോച്ചിന്റെ ഭർത്താവായ നുട്‌സു തീക്ഷ്‌ണതയോടെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടതിന്‌ അറസ്റ്റിലായി. അതേക്കുറിച്ച്‌ ഹാന്ന പറയുന്നു: “തടവിലായിരിക്കെ എന്റെ ഭർത്താവിനു പല പ്രാവശ്യം കടുത്ത പരിഹാസങ്ങൾ സഹിക്കേണ്ടിവന്നു. അദ്ദേഹം ആറു മാസം ഏകാന്ത തടവിൽ കഴിഞ്ഞു. അവിടെ ഒരു കിടക്ക പോലുമില്ലായിരുന്നു, ആകെയുണ്ടായിരുന്നത്‌ ഒരു കസേര മാത്രമാണ്‌. ജയിലധികാരികൾ അദ്ദേഹത്തെ മൃഗീയമായി മർദിച്ചു. അവർ അദ്ദേഹത്തിന്‌ ആഹാരം പോലും കൊടുത്തില്ല. ഏതാനും മാസങ്ങൾക്കകം അദ്ദേഹം എല്ലുംതോലുമായി. അദ്ദേഹത്തിന്റെ തൂക്കം 36 കിലോ ആയി കുറഞ്ഞു, അതായത്‌ ആദ്യമുണ്ടായിരുന്നതിന്റെ നേർപകുതി.”

അദ്ദേഹത്തിന്റെ വിശ്വസ്‌തയായ ഭാര്യയും കുഞ്ഞുമകളും തനിച്ചായി. വിശ്വാസം തള്ളിപ്പറഞ്ഞ്‌ തങ്ങളോടു സഹകരിക്കാൻ അധികാരികൾ ബോക്കോച്ച്‌ സഹോദരനെ നിർബന്ധിച്ചു. കുടുംബം അല്ലെങ്കിൽ മരണം, ഇതിൽ ഒന്നു തിരഞ്ഞെടുത്തുകൊള്ളാൻ അവർ അദ്ദേഹത്തോടു പറഞ്ഞു. ബോക്കോച്ച്‌ സഹോദരൻ തന്റെ വിശ്വാസം ത്യജിച്ചില്ല. യഹോവയോടും അവന്റെ സംഘടനയോടും അദ്ദേഹം വിശ്വസ്‌തനായി നിലകൊണ്ടു. 11 വർഷം അദ്ദേഹം തടവിൽ കഴിഞ്ഞു. മോചിതനായ ശേഷം ഒരു മൂപ്പനായും പിന്നീട്‌ ഒരു സർക്കിട്ട്‌ മേൽവിചാരകനായും അദ്ദേഹം തന്റെ ക്രിസ്‌തീയ പ്രവർത്തനം തുടർന്നു, 1988-ൽ മരിക്കുന്നതു വരെ. മിക്കപ്പോഴും സങ്കീർത്തനം 91:​2-ലെ ഈ വാക്കുകളിൽനിന്ന്‌ അദ്ദേഹം ശക്തി ആർജിച്ചു: “യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.”

സഹിഷ്‌ണുതയുടെ മറ്റൊരു മികച്ച ദൃഷ്ടാന്തം കാണുക. ട്രാൻസ്‌കാർപാത്തിയയിലെ ഒരു സഞ്ചാര മേൽവിചാരകനായിരുന്നു യുറിയി പോപ്‌ഷ. വിവാഹിതനായി വെറും പത്തു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം അറസ്റ്റിലായി. മധുവിധു ആഘോഷിക്കാൻ പോകുന്നതിനു പകരം അദ്ദേഹം റഷ്യയിലെ മോർഡ്‌വിനിയയിലുള്ള ജയിലിൽ പത്തു വർഷം കിടന്നു. അദ്ദേഹത്തിന്റെ വിശ്വസ്‌ത ഭാര്യയായ മാരിയ 14 തവണ അദ്ദേഹത്തെ കാണാൻ ചെന്നു. അതിനായി ഓരോ പ്രാവശ്യവും അവർക്ക്‌ ഏതാണ്ട്‌ 1,500 കിലോമീറ്റർ [900 മൈ.] യാത്ര ചെയ്യണമായിരുന്നു. ഇപ്പോൾ പോപ്‌ഷ സഹോദരൻ ട്രാൻസ്‌കാർപാത്തിയയിലെ പ്രാദേശിക സഭകളിലൊന്നിൽ ഒരു മൂപ്പനായി സേവിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യ മാരിയ, അദ്ദേഹത്തെ സ്‌നേഹത്തോടും വിശ്വസ്‌തതയോടും കൂടെ പിന്തുണയ്‌ക്കുന്നു.

ദുരിതങ്ങൾക്കു മധ്യേ സഹിഷ്‌ണുത പ്രകടമാക്കിയ മറ്റൊരു ദൃഷ്ടാന്തം ഒരു ദമ്പതികളുടേതാണ്‌. ഓലെക്‌സിയി കുർദാസും ഭാര്യ ലിഡിയയും. അവർ സാപ്പറോഷ നഗരത്തിലാണു താമസിച്ചിരുന്നത്‌. മകൾ ഹാലിന ജനിച്ച്‌ 17-ാം ദിവസം, അതായത്‌ 1958 മാർച്ചിൽ, അവർ അറസ്റ്റു ചെയ്യപ്പെട്ടു. ആ പ്രദേശത്തുള്ള വേറെ പതിന്നാലു പേരും അറസ്റ്റിലായി. കുർദാസ്‌ സഹോദരനെ 25 വർഷത്തേക്കും ഭാര്യയെ 10 വർഷത്തേക്കും തടവിനു വിധിച്ചു. അധികാരികൾ അവരെ വേർപിരിച്ചു​—⁠ഓലെക്‌സിയിയെ മോർഡ്‌വിനിയയിലുള്ള പാളയത്തിലേക്കും ലിഡിയയെയും മകളെയും സൈബീരിയയിലേക്കും അയച്ചു.

യൂക്രെയിനിൽനിന്നു സൈബീരിയയിലേക്കുള്ള മൂന്നാഴ്‌ച നീണ്ടുനിന്ന ആ യാത്രയെ കുറിച്ച്‌ കുർദാസ്‌ സഹോദരി വിവരിക്കുന്നത്‌ ഇങ്ങനെയാണ്‌: “വല്ലാത്ത ഒരു അനുഭവമായിരുന്നു അത്‌. ഞാനും എന്റെ മകളും; നാദിയ വിഷ്‌നിയാക്കും കസ്റ്റഡിയിലായിരിക്കെ ജയിലിൽവെച്ചു ജനിച്ച, ഏതാനും ദിവസം മാത്രം പ്രായമുള്ള അവളുടെ കുഞ്ഞും; കൂടാതെ മറ്റു രണ്ടു സഹോദരിമാരും; ഞങ്ങളെ ആറു പേരെയും കമ്പാർട്ടുമെന്റിലെ ഒരു അറയിലാക്കി, രണ്ടു തടവുകാരെ മാത്രം കൊണ്ടുപോകാൻ കഴിയുന്ന ഒരു അറ ആയിരുന്നു അത്‌. കുട്ടികളെ ഞങ്ങൾ താഴത്തെ ബർത്തിൽ കിടത്തി. ഞങ്ങൾ ആ യാത്രയിലുടനീളം മുകളിലത്തെ ബർത്തിൽ ചുരുണ്ടുകൂടിയിരുന്നു. ഞങ്ങൾക്കു കഴിക്കാൻ ഉണ്ടായിരുന്നത്‌ റൊട്ടിയും ഉപ്പിട്ട്‌ ഉണക്കിയ മീനും വെള്ളവും മാത്രം. നാല്‌ മുതിർന്ന തടവുകാർക്കുള്ള ഭക്ഷണമേ ഞങ്ങൾക്കു നൽകിയിരുന്നുള്ളൂ. അവർ കുട്ടികൾക്കു ഭക്ഷണമൊന്നും തന്നില്ല.

“ഒടുവിൽ ലക്ഷ്യസ്ഥാനത്ത്‌ എത്തിയപ്പോൾ എന്നെയും കുഞ്ഞിനെയും പാളയത്തിലെ ആശുപത്രിയിലാക്കി. അവിടെ ഞാൻ നിരവധി സഹോദരിമാരെ കണ്ടു. എന്റെ മകളെ അനാഥാലയത്തിൽ ആക്കുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയ കാര്യം ഞാൻ അവരോടു പറഞ്ഞു. എന്റെ അവസ്ഥയെ കുറിച്ച്‌ സൈബീരിയയിലുള്ള സഹോദരന്മാരെ അറിയിക്കാൻ സഹോദരിമാർക്ക്‌ എങ്ങനെയോ കഴിഞ്ഞു. പതിനെട്ടു വയസ്സുള്ള താമാറ ബുരിയാക്ക്‌ (ഇപ്പോൾ റാവ്‌ലിയുക്ക്‌) എന്റെ മകൾ ഹാലിനയെ കൊണ്ടുപോകാൻ പാളയത്തിലെ ആശുപത്രിയിലെത്തി. താമാറയെ ഞാൻ ആദ്യമായി കാണുകയായിരുന്നു. താമാറ എന്റെ ആത്മീയ സഹോദരി ആയിരുന്നെങ്കിലും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾക്ക്‌ എന്റെ പ്രിയപ്പെട്ട കുഞ്ഞിനെ കൈമാറുന്നത്‌ എന്നെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്‌. എന്നാൽ ബുരിയാക്ക്‌ കുടുംബത്തിന്റെ വിശ്വസ്‌തതയെ കുറിച്ച്‌ ക്യാമ്പിലെ സഹോദരിമാരിൽനിന്നു കേട്ടറിഞ്ഞപ്പോൾ എനിക്ക്‌ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. താമാറയെ ഏൽപ്പിക്കുമ്പോൾ എന്റെ കുഞ്ഞിന്‌ അഞ്ചു മാസവും പതിനെട്ടു ദിവസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഏഴു വർഷത്തിനു ശേഷമാണ്‌ എനിക്ക്‌ എന്റെ മകളുമായി വീണ്ടും ഒന്നുചേരാനായത്‌!

“യു.എ⁠സ്‌.എസ്‌.ആർ. 1959-ൽ പുതിയ തരത്തിലുള്ള ഒരു പൊതുമാപ്പു പ്രഖ്യാപിച്ചു. ഏഴു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ളവരായ സ്‌ത്രീകൾക്കാണ്‌ അതു ബാധകമായിരുന്നത്‌. എന്നാൽ ജയിൽ അധികാരികൾ എന്നോട്‌ ആദ്യം എന്റെ വിശ്വാസം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. ഞാൻ അതിനു വഴങ്ങാഞ്ഞതുകൊണ്ട്‌ എനിക്കു ജയിലിൽത്തന്നെ തുടരേണ്ടിവന്നു.”

കുർദാസ്‌ സഹോദരൻ 1968-ൽ മോചിതനായി. അപ്പോൾ അദ്ദേഹത്തിന്‌ 43 വയസ്സായിരുന്നു. കനത്ത കാവലുള്ള ഒരു ജയിലിൽ 8 വർഷം കഴിഞ്ഞത്‌ ഉൾപ്പെടെ മൊത്തം 15 വർഷം അദ്ദേഹം സത്യത്തെ പ്രതി തടവിൽ കഴിഞ്ഞു. ഒടുവിൽ അദ്ദേഹം യൂക്രെയിനിൽ തന്റെ ഭാര്യയുടെയും മകളുടെയും അടുത്തേക്കു തിരിച്ചുവന്നു. അങ്ങനെ അവസാനം അവരുടെ കുടുംബത്തിനു വീണ്ടും ഒരുമിക്കാൻ കഴിഞ്ഞു. ഹാലിന തന്റെ പിതാവിന്റെ മടിയിൽ ഇരുന്നുകൊണ്ടു പറഞ്ഞു: “ഡാഡി! ഇത്രയും നാൾ എനിക്കു ഡാഡിയുടെ മടിയിൽ ഇരിക്കാൻ കഴിഞ്ഞില്ലല്ലോ. ഇപ്പോൾ ആ നഷ്ടം നികത്തിയിട്ടേ ഉള്ളൂ.”

അധികാരികൾ കുർദാസ്‌ കുടുംബത്തെ അവരുടെ താമസസ്ഥലത്തുനിന്ന്‌ കൂടെക്കൂടെ ഒഴിപ്പിച്ചുകൊണ്ടിരുന്നതിനാൽ അവർക്കു പല സ്ഥലങ്ങളിലേക്കും താമസം മാറേണ്ടിവന്നു. ആദ്യം കിഴക്കൻ യൂക്രെയിനിലായിരുന്നു അവരുടെ താമസം, പിന്നീട്‌ പടിഞ്ഞാറൻ ജോർജിയയിലേക്കു മാറി, അവിടെനിന്ന്‌ സിസ്‌കോക്കാഷയിലേക്കും. ഒടുവിൽ അവർ ഹാർക്കിവിൽ എത്തി. ഇപ്പോഴും അവർ അവിടെത്തന്നെ സന്തോഷത്തോടെ ജീവിക്കുന്നു. ഹാലിന ഇപ്പോൾ വിവാഹിതയാണ്‌. അവരെല്ലാം യഹോവയാം ദൈവത്തെ വിശ്വസ്‌തതയോടെ സേവിക്കുന്നതിൽ തുടരുന്നു.

വിശ്വാസത്തിന്റെ മികച്ച ദൃഷ്ടാന്തം

വിശ്വാസത്തിന്റെ കടുത്ത പരിശോധനകൾ ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ പതിറ്റാണ്ടുകളോ പോലും നീണ്ടുനിന്നു. ഒരു ഉദാഹരണം പരിചിന്തിക്കുക. കുസ്റ്റ്‌ എന്ന മനോഹരമായ ട്രാൻകാർപാത്തിയൻ പട്ടണത്തിൽനിന്ന്‌ അധികം ദൂരെയല്ലാത്ത ഒരു സ്ഥലത്താണ്‌ യുറിയി കോപ്പോസ്‌ ജനിച്ചുവളർന്നത്‌. 1938-ൽ, 25-ാം വയസ്സിൽ അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാളായി. 1940-ൽ, രണ്ടാം ലോകമഹായുദ്ധ കാലത്ത്‌, നാസി ഭരണകൂടത്തെ പിന്തുണയ്‌ക്കുന്ന ഒരു ഹംഗേറിയൻ സേനയിൽ ചേരാൻ വിസമ്മതിച്ചതിന്‌ അദ്ദേഹത്തെ എട്ടു മാസത്തെ തടവിനു വിധിച്ചു. ട്രാൻസ്‌കാർപാത്തിയയിൽ അന്നത്തെ പ്രാദേശിക നിയമങ്ങൾ മതവിശ്വാസത്തിന്റെ പേരിൽ തടവിലാക്കപ്പെട്ടവരെ വധിക്കാൻ അനുവദിച്ചിരുന്നില്ല. അതുകൊണ്ട്‌ അധികാരികൾ സഹോദരന്മാരെ യുദ്ധനിരകളിലേക്ക്‌ അയച്ചു, അവിടെ നാസി നിയമം അത്തരം വധശിക്ഷകൾ അനുവദിച്ചിരുന്നു. 1942-ൽ, കോപ്പോസ്‌ സഹോദരനും വേറെ 21 സാക്ഷികളും ഉൾപ്പെടെയുള്ള തടവുകാരെ സൈനിക കാവലോടെ റഷ്യയിലെ സ്റ്റാലിൻഗ്രാഡിന്‌ അരികെയുള്ള യുദ്ധനിരകളിലേക്കു കൊണ്ടുപോയി. വധിക്കാനാണ്‌ അവരെ അങ്ങോട്ടു കൊണ്ടുപോയത്‌. എന്നാൽ അവർ അവിടെ എത്തിയ ഉടനെതന്നെ സോവിയറ്റ്‌ സേന ആക്രമണം തുടങ്ങി. ജർമൻ സൈന്യത്തോടൊപ്പം സഹോദരന്മാരെയും അവർ ബന്ദികളാക്കി. സാക്ഷികളെ ഒരു സോവിയറ്റ്‌ ജയിൽപ്പാളയത്തിലേക്ക്‌ അയച്ചു. 1946-ൽ വിമോചിതരാകുന്നതുവരെ അവർ അവിടെ കഴിഞ്ഞു.

വീട്ടിൽ തിരിച്ചുവന്ന കോപ്പോസ്‌ സഹോദരൻ തന്റെ സ്വദേശത്ത്‌ സജീവമായ പ്രസംഗവേല തുടങ്ങി. തന്നിമിത്തം 1950-ൽ സോവിയറ്റ്‌ അധികാരികൾ അദ്ദേഹത്തെ 25 വർഷത്തെ ജയിൽശിക്ഷയ്‌ക്കു വിധിച്ചു. എന്നാൽ ആറു വർഷത്തിനു ശേഷം ഒരു പൊതുമാപ്പു പ്രഖ്യാപിക്കപ്പെട്ടപ്പോൾ അദ്ദേഹം മോചിതനായി.

തടവിൽനിന്നു പുറത്തുവരുമ്പോൾ 44 വയസ്സുണ്ടായിരുന്ന കോപ്പോസ്‌ സഹോദരൻ ഹാന്ന ഷിഷ്‌ക്കോയെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. യഹോവയുടെ സാക്ഷികളിൽ ഒരാളായ ആ സഹോദരി പത്തു വർഷത്തെ തടവിനു ശേഷം അപ്പോൾ മോചിപ്പിക്കപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. വിവാഹം രജിസ്റ്റർ ചെയ്യാൻ അവർ അപേക്ഷ സമർപ്പിച്ചു. വിവാഹത്തിന്റെ തലേ രാത്രിയിൽ വീണ്ടും അവരെ അറസ്റ്റു ചെയ്‌ത്‌ പത്തു വർഷം ജയിൽശിക്ഷയ്‌ക്കു വിധിച്ചു. എങ്കിലും അവർ ഈ ബുദ്ധിമുട്ടുകളെ എല്ലാം തരണം ചെയ്‌തു. വിവാഹിതരാകാനുള്ള നീണ്ട പത്തു വർഷത്തെ കാത്തിരിപ്പ്‌ ഉൾപ്പെടെ എല്ലാം സഹിക്കാൻ പരസ്‌പര സ്‌നേഹം അവരെ പ്രാപ്‌തരാക്കി. (1 കൊരി. 13:7) ഒടുവിൽ, 1967-ൽ മോചിതരായ അവർ വിവാഹിതരായി.

അവരുടെ കഥ അവിടംകൊണ്ട്‌ അവസാനിക്കുന്നില്ല. 1973-ൽ, കോപ്പോസ്‌ സഹോദരന്‌ 60 വയസ്സുള്ളപ്പോൾ, അദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്‌ത്‌ അഞ്ചു വർഷത്തെ തടവിനും അഞ്ചു വർഷത്തെ പ്രവാസത്തിനും വിധിച്ചു. ഭാര്യയായ ഹാന്നയോടൊപ്പം തന്റെ പട്ടണമായ കുസ്റ്റിൽനിന്ന്‌ 5,000 കിലോമീറ്റർ [3,000 മൈ.] അകലെയുള്ള സൈബീരിയയിൽ അദ്ദേഹം ആ പ്രവാസകാലം കഴിച്ചുകൂട്ടി. ആ പ്രദേശത്തേക്ക്‌ മോട്ടോർ വാഹനങ്ങളോ ട്രെയിനുകളോ ഒന്നും ചെന്നിരുന്നില്ല, വായുമാർഗം മാത്രമേ അവിടെ എത്തിപ്പെടാൻ സാധിക്കുമായിരുന്നുള്ളൂ. 1983-ൽ കോപ്പോസ്‌ സഹോദരനും ഭാര്യയും കുസ്റ്റിലേക്കു മടങ്ങിവന്നു. 1989-ൽ ഹാന്ന മരിച്ചു. 1997-ൽ മരിക്കുന്നതുവരെ കോപ്പോസ്‌ സഹോദരൻ യഹോവയെ വിശ്വസ്‌തമായി സേവിച്ചു. അദ്ദേഹം 27 വർഷം തടവിലും 5 വർഷം പ്രവാസത്തിലും കഴിഞ്ഞു​—⁠മൊത്തം 32 വർഷം.

സൗമ്യനും വിനയശീലനുമായ ആ മനുഷ്യൻ ഒരു നൂറ്റാണ്ടിന്റെ മൂന്നിലൊരു ഭാഗം സോവിയറ്റ്‌ തടവറകളിലും തൊഴിൽപ്പാളയങ്ങളിലും ചെലവഴിച്ചു. ദൈവത്തിന്റെ വിശ്വസ്‌ത ദാസരുടെ നിശ്ചയദാർഢ്യത്തെ നശിപ്പിക്കാൻ ശത്രുക്കൾക്കു കഴിയില്ലെന്ന്‌ വിശ്വാസത്തിന്റെ ഈ അസാധാരണ ദൃഷ്ടാന്തം തെളിയിക്കുന്നു.

താത്‌കാലിക പിളർപ്പ്‌

മനുഷ്യവർഗത്തിന്റെ ശത്രുവായ പിശാചായ സാത്താൻ സത്യാരാധകർക്കെതിരെ പോരാടാൻ പല രീതികളും ഉപയോഗിക്കുന്നു. ശാരീരിക പീഡനങ്ങൾക്കു പുറമേ, അവൻ സഹോദരന്മാർക്കിടയിൽ സംശയങ്ങളും ഭിന്നിപ്പും ഉണ്ടാക്കാൻ ശ്രമിക്കുന്നു. യൂക്രെയിനിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിൽ ഇതു വിശേഷാൽ ദൃശ്യമാണ്‌.

യഹോവയുടെ സാക്ഷികൾ 1950-കളിൽ നിരന്തരം ഉപദ്രവിക്കപ്പെട്ടിരുന്നു. സാഹിത്യങ്ങൾ അച്ചടിക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ അധികാരികൾ എപ്പോഴും തിരച്ചിൽ നടത്തിയിരുന്നു. ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരെ തുടർച്ചയായി അറസ്റ്റു ചെയ്‌തിരുന്നു. ഇക്കാരണങ്ങളാൽ, പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ സഹോദരന്മാരെ മാറിമാറി നിയമിച്ചിരുന്നു. ചിലപ്പോൾ ഏതാനും മാസങ്ങൾ കൂടുമ്പോൾ പോലും ഇങ്ങനെയുള്ള മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു.

നാടുകടത്തിയതുകൊണ്ടോ തടവിലാക്കിയതുകൊണ്ടോ അക്രമവും പീഡനവും അഴിച്ചുവിട്ടതുകൊണ്ടോ ഒന്നും യഹോവയുടെ സാക്ഷികളെ നിശ്ശബ്ദരാക്കാൻ സാധിക്കില്ലെന്നു മനസ്സിലാക്കിയപ്പോൾ സുരക്ഷാ വിഭാഗം പുതിയ തന്ത്രങ്ങൾ ഉപയോഗിച്ചു. സഹോദരങ്ങളുടെ ഇടയിൽ സംശയത്തിന്റെ വിത്തുകൾ പാകിക്കൊണ്ട്‌ സഭയ്‌ക്കകത്തു പിളർപ്പുണ്ടാക്കാൻ അവർ ശ്രമിച്ചു.

സംഘടനയിൽ സജീവമായി പ്രവർത്തിക്കുകയും ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്‌തിരുന്ന സഹോദരന്മാരെ തത്‌ക്ഷണം അറസ്റ്റു ചെയ്യുന്ന രീതി 1950-കളുടെ മധ്യത്തോടെ സുരക്ഷാ വിഭാഗം നിറുത്തിവെച്ചു. പകരം അവർ ഈ സഹോദരന്മാരെ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി. അവരെ നിരന്തരം സുരക്ഷാ വിഭാഗത്തിന്റെ ഓഫീസുകളിലേക്കു വിളിപ്പിക്കുമായിരുന്നു. തങ്ങളോടു സഹകരിച്ചാൽ പണവും നല്ല തൊഴിലും നൽകാമെന്ന്‌ അധികാരികൾ അവരോടു പറഞ്ഞു. സഹകരിക്കാൻ വിസമ്മതിച്ചാൽ അവർ തടവിനും ദുഷ്‌പെരുമാറ്റത്തിനും വിധേയരാകുമായിരുന്നു. ദൈവത്തിൽ വിശ്വാസം അർപ്പിക്കാഞ്ഞ ചിലർ ഭയമോ അത്യാഗ്രഹമോ മൂലം അവിശ്വസ്‌തത കാട്ടി. സംഘടനയിൽ അംഗങ്ങളായി തുടർന്നുകൊണ്ട്‌ അവർ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെ കുറിച്ച്‌ സുരക്ഷാ വിഭാഗത്തിനു വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. കൂടാതെ, അധികാരികളിൽ നിന്നുള്ള നിർദേശങ്ങൾ അതേപടി പിൻപറ്റിക്കൊണ്ട്‌ അവർ നിഷ്‌കളങ്കരായ സഹോദരന്മാരെ മറ്റു വിശ്വസ്‌ത സഹോദരങ്ങളുടെ മുമ്പിൽ വഞ്ചകരായി ചിത്രീകരിച്ചു. ഇതെല്ലാം സഹോദരന്മാർക്കിടയിൽ പരസ്‌പര വിശ്വാസമില്ലായ്‌മ തലപൊക്കാൻ ഇടയാക്കി.

സഹോദരന്മാരുടെ അടിസ്ഥാനരഹിതമായ ഇത്തരം സംശയങ്ങൾ മൂലം വളരെ കഷ്ടപ്പെടേണ്ടിവന്ന ഒരാളാണ്‌ പാവ്‌ലോ സിയാറ്റെക്ക്‌. തന്റെ മുഴുജീവിതവും യഹോവയുടെ സേവനത്തിനായി ഉഴിഞ്ഞുവെച്ച തീക്ഷ്‌ണതയുള്ള, സൗമ്യനായ ഈ സഹോദരൻ വർഷങ്ങളോളം തടവിൽ കഴിഞ്ഞിട്ടുണ്ട്‌.

സിയാറ്റെക്ക്‌ സഹോദരൻ 1940-കളുടെ മധ്യത്തിൽ കൺട്രി ദാസനായി സേവിച്ചിരുന്നു. അറസ്റ്റിലായതിനെ തുടർന്ന്‌ അദ്ദേഹം പടിഞ്ഞാറൻ യൂക്രെയിനിൽ പത്തു വർഷം തടവിൽ കഴിഞ്ഞു. 1956-ൽ മോചിതനായ അദ്ദേഹം 1957-ൽ കൺട്രി ദാസനായുള്ള നിയമനം വീണ്ടും ഏറ്റെടുത്തു. സിയാറ്റെക്ക്‌ സഹോദരനെ കൂടാതെ വേറെ ഏട്ടു സഹോദരന്മാർ കൂടെ കൺട്രി കമ്മിറ്റിയിൽ ഉണ്ടായിരുന്നു: സൈബീരിയയിൽ നിന്നുള്ള നാലു പേരും യൂക്രെയിനിൽ നിന്നുള്ള നാലു പേരും. മുഴു യു.എ⁠സ്‌.എസ്‌.ആർ.-ലെയും രാജ്യപ്രസംഗ വേലയുടെ മേൽനോട്ടം വഹിച്ചിരുന്നത്‌ ഈ സഹോദരന്മാരാണ്‌.

ദൂരക്കൂടുതലും നിരന്തര പീഡനവും നിമിത്തം ഈ സഹോദരന്മാർക്ക്‌ നല്ല ആശയവിനിമയം പുലർത്താനോ ക്രമമായി യോഗങ്ങൾ നടത്താനോ കഴിഞ്ഞിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ, സിയാറ്റെക്ക്‌ സഹോദരനെയും കമ്മിറ്റിയിലുള്ള മറ്റു സഹോദരന്മാരെയും കുറിച്ച്‌ അപവാദങ്ങൾ പ്രചരിക്കാൻ തുടങ്ങി. സിയാറ്റെക്ക്‌ സഹോദരൻ സുരക്ഷാ വിഭാഗവുമായി കൂട്ടുചേർന്നു പ്രവർത്തിക്കുകയാണെന്നും സാക്ഷീകരണ വേലയ്‌ക്ക്‌ ഉപയോഗിക്കേണ്ടിയിരുന്ന പണം ഉപയോഗിച്ച്‌ അദ്ദേഹം സ്വന്തമായി ഒരു വലിയ വീട്‌ പണിതിരിക്കുന്നുവെന്നും അദ്ദേഹത്തെ സൈനിക യൂണിഫോമിൽ കണ്ടിട്ടുണ്ടെന്നുമൊക്കെ ചിലർ പറഞ്ഞുപരത്തി. അവർ അത്തരം റിപ്പോർട്ടുകൾ ശേഖരിച്ച്‌ സൈബീരിയയിലെ ഡിസ്‌ട്രിക്‌റ്റ്‌, സർക്കിട്ട്‌ മേൽവിചാരകന്മാർക്ക്‌ അയച്ചുകൊടുത്തു. എന്നാൽ ഈ ആരോപണങ്ങളൊന്നും സത്യമായിരുന്നില്ല.

അങ്ങനെ, 1959 മാർച്ചിൽ സൈബീരിയയിൽനിന്നുള്ള ചില സർക്കിട്ട്‌ മേൽവിചാരകന്മാർ കൺട്രി കമ്മിറ്റിക്ക്‌ തങ്ങളുടെ വയൽസേവന റിപ്പോർട്ടുകൾ അയച്ചുകൊടുക്കുന്നതു നിറുത്തി. വേറിട്ടു നിന്നവർ ഹെഡ്‌ക്വാർട്ടേഴ്‌സുമായി കൂടിയാലോചിക്കാതെയാണ്‌ ഇങ്ങനെ വിട്ടുമാറിയത്‌. കൂടാതെ, മേൽവിചാരകന്മാരായി നിയമിക്കപ്പെട്ട പ്രാദേശിക സഹോദരന്മാരുടെ നിർദേശവും അവർ അനുസരിച്ചില്ല. ഇത്‌ കുറെ വർഷത്തേക്ക്‌ യു.എ⁠സ്‌.എസ്‌.ആർ.-ലെ യഹോവയുടെ സാക്ഷികൾക്കിടയിൽ ഭിന്നത ഉളവാക്കി.

വേറിട്ടുപോയ ഈ സഹോദരന്മാർ സമാനമായ നിലപാടു സ്വീകരിക്കാൻ മറ്റു സർക്കിട്ട്‌ മേൽവിചാരകന്മാരെയും പ്രേരിപ്പിച്ചു. തത്‌ഫലമായി, ചില സർക്കിട്ട്‌ മേൽവിചാരകന്മാർ തങ്ങളുടെ സർക്കിട്ടുകളിലെ വയൽസേവന റിപ്പോർട്ടുകൾ കൺട്രി കമ്മിറ്റിക്ക്‌ അയച്ചുകൊടുക്കുന്നതിനു പകരം വിഘടിച്ചുപോയ സഹോദരന്മാർക്ക്‌ അയച്ചുകൊടുത്തു. സഭകളിലുള്ള മിക്ക സഹോദരന്മാർക്കും തങ്ങളുടെ വയൽസേവന റിപ്പോർട്ടുകൾ കൺട്രി കമ്മിറ്റിയുടെ പക്കൽ എത്തിയിട്ടില്ലെന്ന കാര്യം അറിയില്ലായിരുന്നു. അതുകൊണ്ട്‌ സഭകളുടെ പ്രവർത്തനത്തെ ഇതൊന്നും ബാധിക്കുകയുണ്ടായില്ല. സിയാറ്റെക്ക്‌ സഹോദരൻ പല പ്രാവശ്യം സൈബീരിയയിലേക്കു യാത്ര ചെയ്‌തു. തുടർന്ന്‌ നിരവധി സർക്കിട്ടുകൾ വീണ്ടും തങ്ങളുടെ വയൽസേവന റിപ്പോർട്ടുകൾ കൺട്രി കമ്മിറ്റിക്ക്‌ അയച്ചുകൊടുക്കാൻ തുടങ്ങി.

ദിവ്യാധിപത്യ സംഘടനയിലേക്കു തിരിച്ചുവരുന്നു

സഭാസംബന്ധമായ ആവശ്യത്തിനു സൈബീരിയയിലേക്കു പോയി തിരിച്ചുവരുമ്പോൾ 1961 ജനുവരി 1-ന്‌ സിയാറ്റെക്ക്‌ സഹോദരൻ ട്രെയിനിൽവെച്ച്‌ അറസ്റ്റിലായി. വീണ്ടും അദ്ദേഹത്തെ പത്തു വർഷത്തെ തടവിനു വിധിച്ചു, ഇപ്രാവശ്യം റഷ്യയിലെ മോർഡ്‌വിനിയയിലുള്ള ഒരു “പ്രത്യേക” ജയിൽപ്പാളയത്തിൽ കഴിയാനായിരുന്നു വിധി. ഈ തടങ്കൽപ്പാളയം “പ്രത്യേക”മായിരുന്നത്‌ എന്തുകൊണ്ടായിരുന്നു?

വിവിധ തടങ്കൽപ്പാളയങ്ങളിൽ കഴിയേണ്ടിവന്നത്‌ മറ്റു തടവുകാരോടു പ്രസംഗിക്കാൻ സഹോദരങ്ങൾക്ക്‌ അവസരം നൽകി. അങ്ങനെ ഒട്ടേറെ പേർ സാക്ഷികളായിത്തീർന്നു. ഇത്‌ അധികാരികളെ അരിശപ്പെടുത്തി. തത്‌ഫലമായി, പ്രമുഖ സാക്ഷികളെയെല്ലാം ഒരു പാളയത്തിൽ ഒന്നിച്ചു പാർപ്പിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെയാകുമ്പോൾ അവർക്കു മറ്റുള്ളവരോടു പ്രസംഗിക്കാൻ സാധിക്കില്ലെന്ന്‌ അവർ കരുതി. 1950-കളുടെ അവസാനത്തോടെ, 400-ൽ അധികം സഹോദരന്മാരെയും 100-ഓളം സഹോദരിമാരെയും യു.എ⁠സ്‌.എസ്‌.ആർ.-ലെ വിവിധ ജയിൽപ്പാളയങ്ങളിൽനിന്ന്‌ ഒന്നിച്ചുകൂട്ടി മോർഡ്‌വിനിയയിലുള്ള രണ്ടു പാളയങ്ങളിലായി പാർപ്പിച്ചു. കൺട്രി കമ്മിറ്റിയിലെ സഹോദരന്മാരും യഹോവയുടെ ആശയവിനിമയ സരണിയിൽനിന്ന്‌ തങ്ങളെത്തന്നെ വേർപെടുത്തിയ സർക്കിട്ട്‌, ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാരും അവരിൽ ഉൾപ്പെട്ടിരുന്നു. സിയാറ്റെക്ക്‌ സഹോദരനും തടവിലാക്കപ്പെട്ടതായി കണ്ടപ്പോൾ, അദ്ദേഹം സുരക്ഷാ വിഭാഗവുമായി കൂട്ടുചേർന്ന്‌ പ്രവർത്തിച്ചെന്നു വിശ്വസിക്കാൻ യാതൊരു കാരണവും ഇല്ലെന്ന്‌ അവർക്കു ബോധ്യമായി.

അതേസമയം, സിയാറ്റെക്ക്‌ സഹോദരൻ അറസ്റ്റിലായതിനെ തുടർന്ന്‌ ഇവാൻ പാഷ്‌ക്കോവ്‌സ്‌കിയിയെ കൺട്രി ദാസനായി നിയമിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യപ്പെട്ടു. 1961 മധ്യത്തോടെ പാഷ്‌ക്കോവ്‌സ്‌കിയി സഹോദരൻ പോളണ്ടിലെ, ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരെ ചെന്നുകണ്ട്‌ യു.എ⁠സ്‌.എസ്‌.ആർ.-ലെ സഹോദരന്മാർക്കിടയിൽ ഉളവായിരിക്കുന്ന ഭിന്നതയെ കുറിച്ചു വിവരിച്ചു. സിയാറ്റെക്ക്‌ സഹോദരനെ പിന്തുണയ്‌ക്കുന്നതായി കാണിച്ചുകൊണ്ട്‌ ഒരു കത്തയയ്‌ക്കാൻ ബ്രുക്ലിനിലെ ഹെഡ്‌ക്വാർട്ടേഴ്‌സിലുള്ള നേഥൻ എച്ച്‌. നോറിനോട്‌ അഭ്യർഥിക്കാമോയെന്ന്‌ അദ്ദേഹം ചോദിക്കുകയും ചെയ്‌തു. തുടർന്ന്‌, 1962-ൽ യു.എ⁠സ്‌.എസ്‌.ആർ.-ലെ യഹോവയുടെ സാക്ഷികൾക്കുള്ള ഒരു കത്തിന്റെ പ്രതി പാഷ്‌ക്കോവ്‌സ്‌കിയി സഹോദരനു ലഭിച്ചു. 1962 മേയ്‌ 18-ന്‌ എഴുതിയതായിരുന്നു ആ കത്ത്‌. അതിൽ ഇങ്ങനെ പറഞ്ഞിരുന്നു: “യഹോവയാം ദൈവത്തിന്റെ വിശ്വസ്‌ത ദാസരായി തുടരാനുള്ള ശക്തമായ ആഗ്രഹം യു.എ⁠സ്‌.എസ്‌.ആർ.-ലെ സഹോദരന്മാരായ നിങ്ങൾക്ക്‌ എപ്പോഴുമുണ്ടെന്ന്‌ എനിക്കു കൂടെക്കൂടെ ലഭിക്കുന്ന വിവരങ്ങളിൽനിന്നു ഞാൻ മനസ്സിലാക്കുന്നു. എന്നാൽ നിങ്ങളിൽ ചിലർക്ക്‌ നിങ്ങളുടെ സഹോദരന്മാരുമായി ഐക്യം നിലനിറുത്താൻ ബുദ്ധിമുട്ടുള്ളതായി കാണുന്നു. ഇത്‌ ശരിയായ ആശയവിനിമയം ഇല്ലാത്തതു മൂലവും യഹോവയാം ദൈവത്തെ എതിർക്കുന്ന ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ മൂലവും ആണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട്‌, പാവ്‌ലോ സിയാറ്റെക്ക്‌ സഹോദരനെയും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന മറ്റു സഹോദരന്മാരെയും യു.എ⁠സ്‌.എസ്‌.ആർ.-ലെ ഉത്തരവാദിത്വപ്പെട്ട ക്രിസ്‌തീയ മേൽവിചാരകന്മാരായി സൊസൈറ്റി അംഗീകരിക്കുന്നുവെന്ന്‌ നിങ്ങളെ അറിയിക്കാനാണ്‌ ഞാൻ ഈ കത്ത്‌ എഴുതുന്നത്‌. തത്ത്വങ്ങൾ ബലികഴിച്ചുകൊണ്ട്‌ വിട്ടുവീഴ്‌ച കാണിക്കാതിരിക്കാനും ഒപ്പം അതിരുകടന്ന ചിന്താഗതികൾ പുലർത്താതിരിക്കാനും ശ്രദ്ധിക്കുക. നാം സുബോധവും ന്യായബോധവും വഴക്കവും ഉള്ളവർ ആയിരിക്കണം, അതുപോലെതന്നെ ദൈവത്തിന്റെ തത്ത്വങ്ങളെ മുറുകെ പിടിക്കുന്നവരും.”

ആ കത്തും ഒപ്പം സിയാറ്റെക്ക്‌ സഹോദരനെ പത്തു വർഷത്തെ തടവുശിക്ഷയ്‌ക്കു വിധിച്ചിരിക്കുന്നു എന്ന വസ്‌തുതയും യു.എ⁠സ്‌.എസ്‌.ആർ.-ലെ യഹോവയുടെ ജനത്തെ ഏകീകരിക്കാൻ സഹായിച്ചു. ജയിലുകളിലും തടങ്കൽപ്പാളയങ്ങളിലും കഴിഞ്ഞിരുന്ന, വേറിട്ടുപോയ പല സഹോദരന്മാരും സംഘടനയോടൊത്ത്‌ ഏകീകൃതരാകാൻ തുടങ്ങി. സിയാറ്റെക്ക്‌ സഹോദരൻ സംഘടനയെ വഞ്ചിച്ചിട്ടില്ലെന്നും ഹെഡ്‌ക്വാർട്ടേഴ്‌സ്‌ അദ്ദേഹത്തെ പൂർണമായും പിന്തുണയ്‌ക്കുന്നുണ്ടെന്നും അവർക്കു മനസ്സിലായി. തടവിലായിരുന്ന ഈ സഹോദരന്മാർ ബന്ധുമിത്രാദികൾക്കുള്ള തങ്ങളുടെ കത്തുകളിൽ, വിശ്വസ്‌തരായി നിലകൊണ്ടിരിക്കുന്ന സഹോദരന്മാരുമായി ബന്ധപ്പെടാനും തങ്ങളുടെ വയൽസേവന പ്രവർത്തനങ്ങൾ റിപ്പോർട്ടു ചെയ്യാനും പ്രാദേശിക സഭകളിലെ മൂപ്പന്മാരെ പ്രോത്സാഹിപ്പിച്ചു. അടുത്ത പത്തു വർഷത്തിനകം, വേറിട്ടുപോയ സഹോദരന്മാരിൽ ഭൂരിഭാഗവും ഈ ബുദ്ധിയുപദേശം അനുസരിച്ചു. എങ്കിലും നാം കാണാൻ പോകുന്നതുപോലെ ഏകീകരണം എന്ന ലക്ഷ്യം എത്തിപ്പിടിക്കുന്നത്‌ ഒരു വെല്ലുവിളിയായിത്തന്നെ തുടർന്നു.

ജയിൽപ്പാളയങ്ങളിൽ വിശ്വസ്‌തരായി നിലകൊള്ളുന്നു

ജയിൽപ്പാളയങ്ങളിലെ ജീവിതം ദുരിതപൂർണമായിരുന്നു. എങ്കിലും മറ്റു തടവുകാരെ അപേക്ഷിച്ച്‌ സാക്ഷികൾക്കു തങ്ങളുടെ ആത്മീയതയുടെ ഫലമായി മിക്കപ്പോഴും ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞിരുന്നു. അവർക്കു സാഹിത്യങ്ങൾ ഉണ്ടായിരുന്നു. കൂടാതെ, അവർ പക്വതയുള്ള സഹവിശ്വാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്‌തിരുന്നു. ഇതെല്ലാം, നല്ല മനോഭാവം വെച്ചുപുലർത്താനും ആത്മീയമായി വളരാനും അവരെ സഹായിച്ചു. ഒരു ജയിൽപ്പാളയത്തിൽ, സഹോദരിമാർ ആർക്കും കണ്ടുപിടിക്കാൻ സാധിക്കാത്തവിധം വളരെ വിദഗ്‌ധമായി ചില സാഹിത്യങ്ങൾ നിലത്തു കുഴിച്ചിട്ടു. ഒരിക്കൽ, എല്ലാവിധ “സോവിയറ്റ്‌ വിരുദ്ധ സാഹിത്യങ്ങ”ളും പ്രദേശത്തുനിന്ന്‌ ഇല്ലായ്‌മ ചെയ്യാൻ ക്യാമ്പിനു ചുറ്റുമുള്ള നിലമെല്ലാം 2 മീറ്റർ ആഴത്തിൽ കിളച്ച്‌ മണ്ണ്‌ അരിച്ചു നോക്കേണ്ടി വരുമെന്ന്‌ ഒരു ഇൻസ്‌പെക്‌ടർ അഭിപ്രായപ്പെട്ടു! തടവിൽ കഴിഞ്ഞിരുന്ന ആ സഹോദരിമാർ മാസികകൾ എല്ലാം അരിച്ചുപെറുക്കി പഠിച്ചു. 50 വർഷത്തിനു ശേഷം ഇപ്പോൾ പോലും അവരിൽ ചിലർക്ക്‌ ആ വീക്ഷാഗോപുരങ്ങളുടെ ചില ഭാഗങ്ങൾ മനപ്പാഠമാണ്‌.

സഹോദരങ്ങൾ യഹോവയോടു വിശ്വസ്‌തരായി നിലകൊണ്ടു. ദുരിതങ്ങൾ സഹിക്കേണ്ടി വന്നിട്ടും അവർ ബൈബിൾ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച വരുത്തിയില്ല. പ്രസംഗപ്രവർത്തനം നടത്തിയതിന്റെ പേരിൽ അഞ്ചു വർഷം തടങ്കൽപ്പാളയങ്ങളിൽ ചെലവഴിച്ച മാരിയ ഹ്രെച്ചിന ഇപ്രകാരം പറയുന്നു: “‘രക്തത്തിന്റെ പവിത്രതയെ മാനിച്ചുകൊണ്ട്‌ നിഷ്‌കളങ്കത പാലിക്കൽ’ എന്ന ലേഖനത്തോടു കൂടിയ വീക്ഷാഗോപുരം ഞങ്ങൾക്കു ലഭിച്ചപ്പോൾ ജയിലിലെ തീൻമുറിയിൽ മാംസം വിളമ്പുന്ന ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിനു പോകേണ്ടതില്ലെന്നു ഞങ്ങൾ തീരുമാനിച്ചു. ശരിയായ വിധത്തിൽ രക്തം വാർത്തുകളയാത്ത മാംസമാണ്‌ മിക്കപ്പോഴും ഉപയോഗിച്ചിരുന്നത്‌. സാക്ഷികൾ ചില ദിവസങ്ങളിൽ ഉച്ചഭക്ഷണം കഴിക്കാത്തതിന്റെ കാരണം വാർഡൻ മനസ്സിലാക്കിയപ്പോൾ ഞങ്ങളുടെ തത്ത്വങ്ങളിൽനിന്നു വ്യതിചലിപ്പിക്കാൻ അയാൾ ഞങ്ങളുടെമേൽ സമ്മർദം പ്രയോഗിക്കാൻ തീരുമാനിച്ചു. ദിവസവും മൂന്നുനേരം മാംസം വിളമ്പണമെന്ന്‌ അയാൾ ഉത്തരവിട്ടു. രണ്ടാഴ്‌ചത്തേക്ക്‌ ഞങ്ങൾ റൊട്ടി മാത്രമാണു കഴിച്ചത്‌. യഹോവ എല്ലാം കാണുന്നുണ്ടെന്നും ഞങ്ങൾക്ക്‌ എത്രത്തോളം സഹിച്ചുനിൽക്കാനാകുമെന്ന്‌ അവന്‌ അറിയാമെന്നും ഞങ്ങൾക്കു ബോധ്യമുണ്ടായിരുന്നതിനാൽ ഞങ്ങൾ അവനിൽ പൂർണമായി ആശ്രയിച്ചു. ആ ‘ആഹാരക്രമം’ നടപ്പിലാക്കി രണ്ടാമത്തെ ആഴ്‌ച കഴിഞ്ഞപ്പോൾ വാർഡൻ തന്റെ മനസ്സു മാറ്റി. അയാൾ ഞങ്ങൾക്കു പച്ചക്കറികളും പാലും ചിലപ്പോൾ വെണ്ണ പോലും നൽകാൻ തുടങ്ങി. യഹോവ ഞങ്ങൾക്കായി വാസ്‌തവമായും കരുതുന്നുണ്ടെന്ന്‌ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു.”

സഹിച്ചുനിൽക്കാൻ സഹായം

മറ്റു തടവുകാരെ അപേക്ഷിച്ച്‌ സഹോദരങ്ങൾ ജീവിതം സംബന്ധിച്ച്‌ ശുഭപ്രതീക്ഷയും ആത്മവിശ്വാസവും വെച്ചുപുലർത്തിയിരുന്നു. സോവിയറ്റ്‌ തടവറകളിലെ ദുരിതങ്ങൾക്കു മധ്യേ സഹിച്ചുനിൽക്കാൻ അത്‌ അവരെ പ്രാപ്‌തരാക്കി.

വർഷങ്ങളോളം തടവിൽ കഴിഞ്ഞ ഓലെക്‌സിയി കുർദാസ്‌ വിവരിക്കുന്നു: “യഹോവയിലും അവന്റെ രാജ്യത്തിലും ഉള്ള ആഴമായ വിശ്വാസവും തടവിൽ ആയിരിക്കെപോലും ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ പങ്കുപറ്റിയതും നിരന്തര പ്രാർഥനയും ആയിരുന്നു സഹിച്ചുനിൽക്കാൻ എന്നെ സഹായിച്ചത്‌. യഹോവയ്‌ക്കു പ്രസാദകരമായ വിധത്തിലാണ്‌ ഞാൻ പ്രവർത്തിക്കുന്നത്‌ എന്ന ബോധ്യമായിരുന്നു എന്നെ സഹായിച്ച മറ്റൊരു സംഗതി. കൂടാതെ ഞാൻ പലവിധ കാര്യങ്ങളിൽ മുഴുകി. എല്ലാ തടവറകളിലെയും ഏറ്റവും ഭയാനകമായ സംഗതി വിരസതയാണ്‌. അതിന്‌ നിങ്ങളുടെ വ്യക്തിത്വത്തെ നശിപ്പിക്കാനും മാനസിക രോഗങ്ങൾ വരുത്താനും കഴിയും. അതുകൊണ്ട്‌ ഞാൻ ദിവ്യാധിപത്യ കാര്യങ്ങളിൽ മുഴുകാൻ ശ്രമിച്ചിരുന്നു. അതുപോലെ ഞാൻ ക്യാമ്പിലെ പുസ്‌തകശാലയിൽ ലഭ്യമായിരുന്ന ലോകചരിത്രത്തെയും ഭൂമിശാസ്‌ത്രത്തെയും ജീവശാസ്‌ത്രത്തെയും കുറിച്ചുള്ള പുസ്‌തകങ്ങളെല്ലാം വായിച്ചു. ജീവിതത്തെ സംബന്ധിച്ച എന്റെ വീക്ഷണങ്ങളെ പിന്താങ്ങുന്ന ഭാഗങ്ങൾക്കായി ഞാൻ അന്വേഷിച്ചു. അങ്ങനെ എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്താൻ എനിക്കു സാധിച്ചു.”

സെർഹിയി റാവ്‌ലിയുക്ക്‌ 1962-ൽ മൂന്നു മാസം ഏകാന്തതടവിൽ കഴിഞ്ഞു. അദ്ദേഹത്തിന്‌ ആരോടും, ജയിലിലെ ഗാർഡുകളോടു പോലും സംസാരിക്കാൻ സാധിക്കുമായിരുന്നില്ല. ബുദ്ധിസ്ഥിരത നഷ്ടപ്പെടാതിരിക്കാൻ അദ്ദേഹം തനിക്കറിയാവുന്ന എല്ലാ തിരുവെഴുത്തുകളും ഓർമിക്കാൻ തുടങ്ങി. അദ്ദേഹം ആയിരത്തിലധികം ബൈബിൾ വാക്യങ്ങൾ ഓർമിച്ചെടുത്ത്‌ അവ ഒരു പെൻസിൽക്കാമ്പു കൊണ്ട്‌ കടലാസു കഷണങ്ങളിൽ എഴുതിവെച്ചു. നിലത്തുള്ള ഒരു വിള്ളലിലാണ്‌ അദ്ദേഹം ആ പെൻസിൽക്കാമ്പ്‌ സൂക്ഷിച്ചിരുന്നത്‌. മുമ്പ്‌ താൻ പഠിച്ച വീക്ഷാഗോപുരം മാസികയിലെ 100-ലധികം ലേഖനങ്ങളുടെ ശീർഷകങ്ങളും അദ്ദേഹം ഓർമിച്ചെടുത്തു. അടുത്ത 20 വർഷത്തെ സ്‌മാരക തീയതികൾ അദ്ദേഹം ഗണിച്ചെടുത്തു. മാനസികസ്ഥിരത മാത്രമല്ല ആത്മീയസ്ഥിരതയും കാത്തുസൂക്ഷിക്കാൻ അതെല്ലാം അദ്ദേഹത്തെ സഹായിച്ചു. അത്‌ യഹോവയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെ ജ്വലിപ്പിച്ചു നിറുത്തി.

ഗാർഡുകളുടെ “സേവനങ്ങൾ”

സുരക്ഷാ വിഭാഗത്തിൽനിന്ന്‌ എതിർപ്പുണ്ടായിരുന്നെങ്കിലും നമ്മുടെ സാഹിത്യങ്ങൾ ആ പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന്‌ തടവിലെ സഹോദരന്മാരുടെ പക്കൽപ്പോലും എത്തിച്ചേർന്നു. ജയിലിലെ ഗാർഡുകളും അതു മനസ്സിലാക്കിയിരുന്നു. അതുകൊണ്ട്‌ അവർ കൂടെക്കൂടെ തടവറകൾ എല്ലാം അരിച്ചുപെറുക്കി പരിശോധിക്കുമായിരുന്നു, ഓരോ വിള്ളലിൽപ്പോലും അവർ സൂക്ഷ്‌മനിരീക്ഷണം നടത്തിയിയിരുന്നു. സാഹിത്യങ്ങൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ ഗാർഡുകൾ തടവുകാരെ ഒരു അറയിൽനിന്നു മറ്റൊന്നിലേക്കു മാറ്റുമായിരുന്നു. അങ്ങനെ ചെയ്യവേ, തടവുകാരെ അവർ സൂക്ഷ്‌മമായി പരിശോധിച്ചിരുന്നു. സാഹിത്യങ്ങൾ കണ്ടെത്തിയാൽ അവ കണ്ടുകെട്ടുമായിരുന്നു. എന്നാൽ അവ കണ്ടുപിടിക്കപ്പെടാതെ സൂക്ഷിക്കാൻ സഹോദരന്മാർക്കു കഴിഞ്ഞത്‌ എങ്ങനെയാണ്‌?

സാധാരണഗതിയിൽ, സഹോദരന്മാർ സാഹിത്യങ്ങൾ തലയിണകളിലും കിടക്കയിലും ഷൂസിനുള്ളിലും അടിവസ്‌ത്രങ്ങൾക്കടിയിലും ഒക്കെയാണ്‌ ഒളിപ്പിച്ചുവെച്ചിരുന്നത്‌. ചില ക്യാമ്പുകളിൽ അവർ വീക്ഷാഗോപുരം മാസികകൾ തീരെ ചെറിയ കയ്യക്ഷരങ്ങളിൽ പകർത്തിയെഴുതിയിരുന്നു. തടവുകാരെ ഒരു അറയിൽനിന്നു മറ്റൊന്നിലേക്കു മാറ്റുമ്പോൾ സഹോദരന്മാർ അത്തരം മാസികകൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ്‌ നാക്കിനടിയിൽ ഒളിപ്പിക്കുമായിരുന്നു. അങ്ങനെ, തങ്ങളുടെ കൈവശം ഉണ്ടായിരുന്ന തുച്ഛമായ ആത്മീയ ആഹാരം പരിരക്ഷിക്കാനും ആത്മീയമായി അതിൽനിന്നു പോഷണം നേടാനും അവർക്കു കഴിഞ്ഞു.

സത്യത്തെ പ്രതി വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവന്ന ഒരാളാണ്‌ വാസിൽ ബുൻഹ. തന്റെ അതേ അറയിൽ ഉണ്ടായിരുന്ന പെട്രോ ടോക്കാറോടൊപ്പം അദ്ദേഹം, മരപ്പണിക്കുള്ള ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഒരു പെട്ടിയുടെ അടിയിൽ ഒരു രഹസ്യ അറ ഉണ്ടാക്കി. ജയിലിലേക്കു കടത്തിക്കൊണ്ടുവന്ന ചില സാഹിത്യങ്ങളുടെ ഒറിജിനൽ പ്രതികൾ അവർ അതിനുള്ളിൽ സൂക്ഷിച്ചിരുന്നു. ജയിലിലെ മരപ്പണിക്കാർ ആയിരുന്നു ഈ സഹോദരന്മാർ. ജയിലിനകത്ത്‌ മരപ്പണി ചെയ്യേണ്ടതുള്ളപ്പോൾ ആ ഉപകരണപ്പെട്ടി അവർക്കു ലഭിച്ചിരുന്നു. ഉപകരണങ്ങൾ എല്ലാം ഉണ്ടോയെന്ന്‌ ഉറപ്പുവരുത്താൻ പെട്ടി പരിശോധിക്കുന്നതിനിടെ അവർ പകർത്തിയെഴുതാനായി അതിൽനിന്ന്‌ മാസികകളുടെ ഒറിജിനൽ പ്രതി എടുത്തുമാറ്റും. പണി തീരുമ്പോൾ മാസികകൾ തിരിച്ച്‌ പെട്ടിക്കുള്ളിൽത്തന്നെ വെക്കും. ഈർച്ചവാൾ, ചിറ്റുളി തുടങ്ങിയ ഉപകരണങ്ങൾ തടവുപുള്ളികൾ ആയുധങ്ങളായി ഉപയോഗിച്ചേക്കാം എന്നതിനാൽ, പൂട്ടുള്ള രണ്ടു വാതിലുകൾക്ക്‌ അപ്പുറത്തുള്ള ഒരിടത്ത്‌, മൂന്നു പൂട്ടുകൾകൊണ്ട്‌ പൂട്ടിയാണ്‌ ജയിൽ വാർഡൻ ഈ ഉപകരണപ്പെട്ടി സൂക്ഷിച്ചിരുന്നത്‌. കൂടാതെ ആ പെട്ടി മൂന്നു താഴുകളിട്ടു പൂട്ടിയിരുന്നു. ബൈബിൾ സാഹിത്യങ്ങൾക്കായി തിരച്ചിൽ നടത്തുമ്പോൾ, വാർഡന്റെ സാധനങ്ങളുടെ കൂട്ടത്തിൽ സൂക്ഷിച്ചിരുന്ന ആ ഉപകരണപ്പെട്ടി പരിശോധിക്കാൻ ഗാർഡുകൾ മിനക്കെട്ടിരുന്നില്ല.

സാഹിത്യങ്ങളുടെ ഒറിജിനൽ പ്രതികൾ ഒളിപ്പിച്ചുവെക്കാൻ മറ്റൊരു സ്ഥലം ബുൻഹ സഹോദരൻ കണ്ടെത്തി. കാഴ്‌ചശക്തി കുറവായിരുന്നതിനാൽ അദ്ദേഹം പല തരത്തിലുള്ള കണ്ണടകൾ ഉപയോഗിച്ചിരുന്നു. ഓരോ തടവുകാരനും ഒരു സമയത്ത്‌ ഒരു കണ്ണട മാത്രമേ കൈവശം വെക്കാൻ സാധിക്കുമായിരുന്നുള്ളൂ. മറ്റു കണ്ണടകളെല്ലാം ഒരു പ്രത്യേക സ്ഥലത്താണു സൂക്ഷിച്ചിരുന്നത്‌. തടവുകാർക്ക്‌ ആവശ്യമുള്ളപ്പോൾ അവ ആവശ്യപ്പെടാമായിരുന്നു. ബുൻഹ സഹോദരൻ തന്റെ കണ്ണടകൾ സൂക്ഷിക്കാൻ പ്രത്യേകതരം പെട്ടികൾ പണിതു. സാഹിത്യങ്ങളുടെ ഒറിജിനൽ കയ്യെഴുത്തു പകർപ്പുകൾ അദ്ദേഹം അതിലാണു സൂക്ഷിച്ചിരുന്നത്‌. സാഹിത്യങ്ങൾ പകർത്തിയെഴുതേണ്ടതുള്ളപ്പോൾ ബുൻഹ സഹോദരൻ ഗാർഡുകളോട്‌ തന്റെ മറ്റേ കണ്ണട കൊണ്ടുവരാൻ ആവശ്യപ്പെടും.

മാസികകൾ ഗാർഡുകളുടെ കയ്യിൽ പെടാതെ സൂക്ഷിക്കാൻ ദൂതന്മാർക്കു മാത്രമേ കഴിയൂ എന്നു തോന്നിയിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്‌. കാസ്ലാവുസ്‌ക്കസ്‌ ചെസ്ലാവ്‌ ഒരിക്കൽ ജയിലിലേക്ക്‌ 20 സോപ്പുകൾ കൊണ്ടുവന്നത്‌ ബുൻഹ സഹോദരൻ അനുസ്‌മരിക്കുന്നു. അതിൽ പകുതിയെണ്ണത്തിനുള്ളിലും നമ്മുടെ സാഹിത്യങ്ങൾ ഉണ്ടായിരുന്നു. ഗാർഡ്‌ പത്തു സോപ്പുകൾ തിരഞ്ഞെടുത്ത്‌ തുളച്ചുനോക്കി പരിശോധിച്ചെങ്കിലും സാഹിത്യങ്ങളുള്ള ഒരു സോപ്പുപോലും അയാളുടെ കയ്യിൽപ്പെട്ടില്ല.

ഏകീകരണത്തിനുള്ള തുടർച്ചയായ ശ്രമങ്ങൾ

കൺട്രി കമ്മറ്റിയിലെ സഹോദരന്മാർക്ക്‌ 1963 മുതൽ ബ്രുക്ലിനിലേക്ക്‌ ക്രമമായി വയൽസേവന റിപ്പോർട്ടുകൾ അയച്ചുകൊടുക്കാൻ കഴിഞ്ഞു. സഹോദരന്മാർക്ക്‌ സാഹിത്യങ്ങൾ മൈക്രോഫിലിമിൽ ലഭിക്കാനുള്ള ഏർപ്പാടുകളും ചെയ്‌തു. അക്കാലത്ത്‌, യു.എ⁠സ്‌.എസ്‌.ആർ.-ൽ മൊത്തം 14 സർക്കിട്ടുകൾ ഉണ്ടായിരുന്നു, അതിൽ 4 എണ്ണം യൂക്രെയിനിൽ ആയിരുന്നു. യഹോവയുടെ ജനത്തിന്റെ എണ്ണം വർധിച്ചതോടെ യൂക്രെയിനിൽ 7 ഡിസ്‌ട്രിക്‌റ്റുകൾക്കു രൂപം നൽകി. സുരക്ഷാ കാരണങ്ങളാൽ ഓരോ ഡിസ്‌ട്രിക്‌റ്റിനും ഓരോ സ്‌ത്രീയുടെ പേരാണു നൽകിയിരുന്നത്‌. കിഴക്കൻ യൂക്രെയിനിലെ ഡിസ്‌ട്രിക്‌റ്റിന്‌ ആല്ല എന്നും വോളിനിലേതിന്‌ ഉസ്‌തിന എന്നും ഹലിച്ചിനയിലേതിന്‌ ല്യൂബ എന്നും ട്രാൻസ്‌കാർപാത്തിയയിലെ ഡിസ്‌ട്രിക്‌റ്റുകൾക്ക്‌ കാറ്റ്യ, ഹ്രിസ്റ്റിന, മാഷ എന്നിങ്ങനെയും ആയിരുന്നു പേരിട്ടിരുന്നത്‌.

ഇതിനിടെ സാക്ഷികളുടെ ഐക്യം തകർക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾ കെജിബി (രാഷ്‌ട്ര സുരക്ഷാ കമ്മിറ്റി) തുടരുന്നുണ്ടായിരുന്നു. ഒരു കെജിബി ഓഫീസിലെ പ്രധാനി തന്റെ മേധാവിക്ക്‌ ഇങ്ങനെ എഴുതി: “ഈ മതവിഭാഗത്തിൽ ഭിന്നത വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ഞങ്ങൾ യഹോവക്കാരുടെ നേതാക്കന്മാരുടെ പ്രതികൂല പ്രവർത്തനങ്ങളെ അടിച്ചമർത്താനും അവരെ സഹമതക്കാരുടെ മുന്നിൽ കരിതേച്ചു കാണിക്കാനും അവർക്കിടയിൽ സംശയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ മതവിഭാഗത്തെ പരസ്‌പരം എതിർക്കുന്ന രണ്ടു ഗ്രൂപ്പുകളായി വിഘടിപ്പിക്കാൻ വേണ്ട ഏർപ്പാടുകളൊക്കെ കെജിബി ഏജൻസികൾ ചെയ്‌തിട്ടുണ്ട്‌. ഒരു ഗ്രൂപ്പ്‌, ഇപ്പോൾ തടവിൽ കഴിയുന്ന, യഹോവക്കാരുടെ നേതാവായ സിയാറ്റെക്കിന്റെ നേതൃത്വത്തിലുള്ളതാണ്‌. മറ്റേ ഗ്രൂപ്പ്‌ അവരെ ശക്തമായി എതിർക്കുന്നവരുടെ നേതൃത്വത്തിലുള്ളതും. ഇവയെല്ലാം, സാധാരണ അംഗങ്ങൾക്കിടയിൽ ആശയപരമായ ഭിന്നത സൃഷ്ടിച്ചിരിക്കുന്നു. ഇത്‌ അവരുടെ സംഘടനയിൽ ഇനിയും പിളർപ്പുകൾ ഉണ്ടാകാൻ ഇടയാക്കും.” എങ്കിലും കെജിബി-യുടെ ശ്രമങ്ങൾക്കു വലിയ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ടെന്നും കത്തിൽ സമ്മതിച്ചിരുന്നു. കത്ത്‌ ഇങ്ങനെ തുടർന്നു: “യഹോവക്കാരുടെ നേതാക്കളിൽ അങ്ങേയറ്റം ശൗര്യമുള്ള ചിലർ നമ്മുടെ പ്രവർത്തനങ്ങളെ ചെറുക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നുണ്ട്‌. സംഘടനയെ ഒന്നിപ്പിച്ചുനിറുത്താൻ അവർ കിണഞ്ഞു പരിശ്രമിക്കുകയാണ്‌.” അതേ, സഹോദരന്മാർ ഏകീകരണത്തിനുള്ള ശ്രമങ്ങൾ തുടർന്നു, യഹോവ അവരുടെ ശ്രമങ്ങളെ അനുഗ്രഹിക്കുകയും ചെയ്‌തു.

നോർ സഹോദരന്റേതാണെന്ന വ്യാജേന, സംഘടനയിൽനിന്നു വിഘടിച്ചു നിന്നിരുന്ന സഹോദരന്മാർക്ക്‌ കെജിബി ഒരു കള്ളക്കത്തു നൽകി. യഹോവയുടെ സാക്ഷികളുടെ, വേറിട്ട ഒരു സ്വതന്ത്ര സംഘടന ഉണ്ടാക്കാനുള്ള ആശയത്തെ പിന്താങ്ങുന്നതായിരുന്നു ആ കത്ത്‌. സംഘടനയുടെ സരണിയിൽനിന്ന്‌ വേറിട്ടു പോകുന്നത്‌ അനുവദനീയമാണ്‌ എന്നതിനുള്ള ഒരു ദൃഷ്ടാന്തമെന്ന നിലയിൽ അബ്രാഹാമിന്റെയും ലോത്തിന്റെയും ഇടയിൽ ഉണ്ടായ ഭിന്നതയെ കുറിച്ച്‌ അതിൽ പരാമർശിച്ചിരുന്നു. ഈ കത്ത്‌ യു.എ⁠സ്‌.എസ്‌.ആർ.-ൽ ഉടനീളം വിതരണം ചെയ്യപ്പെട്ടു.

വിശ്വസ്‌ത സഹോദരന്മാർ കത്തിന്റെ ഒരു പ്രതി ബ്രുക്ലിനിലേക്ക്‌ അയച്ചുകൊടുത്തു. 1971-ൽ, ഈ കത്ത്‌ തികച്ചും വ്യാജമാണെന്നു കാണിച്ചുകൊണ്ട്‌ അവർക്കു മറുപടി വന്നു. ദൈവജനത്തിൽനിന്നു വിഘടിച്ചു നിന്നിരുന്ന സഹോദരന്മാരെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള ഒരു കത്തിൽ നോർ സഹോദരൻ ഇങ്ങനെ എഴുതി: “സൊസൈറ്റി ഉപയോഗിക്കുന്ന ഒരേയൊരു ആശയവിനിമയ സരണി നിങ്ങളുടെ രാജ്യത്തെ നിയമിത മേൽവിചാരകന്മാരിലൂടെ ഉള്ളതാണ്‌. നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കാൻ ആ നിയമിത മേൽവിചാരകന്മാരെ അല്ലാതെ നിങ്ങളുടെ രാജ്യത്തെ മറ്റൊരു വ്യക്തിയെയും അധികാരപ്പെടുത്തിയിട്ടില്ല. . . . യഹോവയുടെ യഥാർഥ ദാസന്മാർ ഒരു ഏകീകൃത കൂട്ടമാണ്‌. അതുകൊണ്ട്‌ നിങ്ങൾ ഏവരും നിയമിത മേൽവിചാരകന്മാരുടെ കീഴിലുള്ള ക്രിസ്‌തീയ സഭയിലേക്കു മടങ്ങിവന്നുകൊണ്ട്‌ ഏകീകൃതർ ആയിത്തീരട്ടെയെന്നും അങ്ങനെ സുവാർത്ത ഘോഷിക്കുന്നതിൽ നമുക്ക്‌ കൂട്ടായ ഒരു പങ്ക്‌ ഉണ്ടായിരിക്കട്ടെയെന്നും ഞാൻ പ്രത്യാശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.”

സഹോദരന്മാരെ ഏകീകരിക്കുന്നതിൽ ഈ കത്തു വളരെയധികം സഹായിച്ചു. എന്നിരുന്നാലും, നിലവിലുള്ള ആശയവിനിമയ സരണിയിൽ അപ്പോഴും വിശ്വാസം വരാഞ്ഞ ചിലർ സ്വന്തമായ രീതിയിൽ ഹെഡ്‌ക്വാർട്ടേഴ്‌സുമായി ബന്ധം പുലർത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട്‌, വിഘടിച്ചു നിന്നിരുന്ന ഈ സഹോദരന്മാർ ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. അവർ പത്തു റൂബിളിന്റെ ഒരു നോട്ട്‌ ബ്രുക്ലിനിലേക്ക്‌ അയച്ചു. എന്നിട്ട്‌, ആ നോട്ട്‌ രണ്ടായി മുറിച്ച്‌ ഇരു കഷണങ്ങളും തിരിച്ച്‌ യൂക്രെയിനിലേക്ക്‌ അയയ്‌ക്കാൻ അവർ സഹോദരന്മാരോട്‌ ആവശ്യപ്പെട്ടു: തപാൽ വഴി നോട്ടിന്റെ ഒരു പകുതി വേറിട്ടു നിൽക്കുന്ന സഹോദരന്മാർക്കും മറ്റേ പകുതി ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ഉപയോഗിക്കുന്ന സരണിക്കും.

അതുപ്രകാരം, ഒരു പകുതി തപാൽവഴി അയയ്‌ക്കപ്പെട്ടു. മറ്റേ പകുതി കുരിയർ മുഖാന്തരം കൺട്രി കമ്മിറ്റിക്കും എത്തിച്ചു. അവർ അത്‌ ട്രാൻസ്‌കാർപാത്തിയയിലെ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർക്കു കൈമാറി. അവർ അതുമായി വേറിട്ടു നിൽക്കുന്ന സഹോദരന്മാരെ കാണാൻ ചെന്നു. എങ്കിലും, കൺട്രി കമ്മിറ്റിയിലെ അംഗങ്ങൾ സുരക്ഷാ വിഭാഗവുമായി കൂട്ടുചേർന്നു പ്രവർത്തിക്കുകയാണെന്ന്‌ വാസ്‌തവത്തിൽ വിചാരിച്ച അവരിൽ ചിലർ സംശയാലുക്കളായി തുടർന്നു.

എന്നാൽ, വിഘടിച്ചുപോയ സഹോദരന്മാരിൽ മിക്കവരും സംഘടനയിലേക്കു തിരിച്ചുവന്നു. ഭിന്നത ഉളവാക്കിക്കൊണ്ട്‌ യു.എ⁠സ്‌.എസ്‌.ആർ.-ലെ യഹോവയുടെ സാക്ഷികളുടെ സംഘടനയെ ഉന്മൂലനം ചെയ്യാനുള്ള സാത്താന്റെയും കെജിബി-യുടെയും ശ്രമങ്ങൾ പരാജയപ്പെട്ടു. യഹോവയുടെ ജനം എണ്ണത്തിലും ശക്തിയിലും വർധിച്ചുവന്നു. അവർ തങ്ങളുടെ ഏകീകരണ പ്രവർത്തനവും പുതിയ പ്രദേശങ്ങളിൽ സത്യത്തിന്റെ വിത്തുകൾ വിതയ്‌ക്കുന്ന വേലയും ഉത്സാഹത്തോടെ മുമ്പോട്ടു കൊണ്ടുപോയി.

വാസിൽ കാൽയിൻ ഇങ്ങനെ പറഞ്ഞു: “ക്രിസ്‌തീയ ജീവിതം നയിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ ഇല്ലാതാക്കാൻ അവർ പല രീതികളും പ്രയോഗിച്ചു. എങ്കിലും, ഞങ്ങളോടൊപ്പം പ്രവാസത്തിൽ കഴിഞ്ഞിരുന്ന അവിശ്വാസികളോടു പ്രസംഗിക്കുന്നത്‌ ഞങ്ങൾ നിറുത്തിയില്ല. പല കാരണങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും പേരിലാണ്‌ അവരെ നാടുകടത്തിയിരുന്നത്‌. പലരും ഞങ്ങളുടെ സന്ദേശത്തിൽ താത്‌പര്യം കാണിച്ചു. ദേശീയ സുരക്ഷാ വിഭാഗവും പ്രാദേശിക ഭരണാധികാരികളും ഞങ്ങളെ പീഡിപ്പിക്കുന്നു എന്ന്‌ അറിയാമായിരുന്നിട്ടുകൂടി അവരിൽ കുറേ പേർ യഹോവയുടെ സാക്ഷികൾ ആയിത്തീർന്നു.”

നിരോധനത്തിൻ കീഴിൽ ക്രിസ്‌തീയ ജീവിതം

നിരോധനത്തിന്റെ ആദ്യ പതിറ്റാണ്ടുകളിലെ ക്രിസ്‌തീയ പ്രവർത്തനത്തെ കുറിച്ച്‌ നമുക്കു ഹ്രസ്വമായ ഒരു അവലോകനം നടത്താം. 1939 മുതൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം യൂക്രെയിനിൽ ഉടനീളം നിരോധിക്കപ്പെട്ടു. എങ്കിലും സഭാ, പ്രസംഗ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടേയിരുന്നു. മറ്റുള്ളവരോടു സാക്ഷീകരിക്കുന്ന കാര്യത്തിൽ സഹോദരന്മാർ വളരെയധികം ജാഗ്രത പുലർത്തേണ്ടിയിരുന്നു. സന്ദർശിക്കുന്നത്‌ യഹോവയുടെ സാക്ഷികളാണ്‌ എന്ന്‌ താത്‌പര്യക്കാരോട്‌ ഒരിക്കലും തുടക്കത്തിൽത്തന്നെ പറയുമായിരുന്നില്ല. മിക്കപ്പോഴും ഭവന ബൈബിൾ അധ്യയനങ്ങൾ നടത്തിയിരുന്നത്‌ ബൈബിൾ മാത്രം ഉപയോഗിച്ചാണ്‌. പലരും സത്യം പഠിച്ചത്‌ ഈ രീതിയിലൂടെയാണ്‌.

സഭായോഗങ്ങളും സമാനമായ സാഹചര്യങ്ങളിൽ തന്നെയാണു നടത്തപ്പെട്ടത്‌. പല സ്ഥലങ്ങളിലും സഹോദരന്മാർ സന്ധ്യ മയങ്ങിയ ശേഷമോ രാത്രി നന്നേ വൈകിയോ ഒക്കെയാണ്‌ കൂടിവന്നിരുന്നത്‌. ആഴ്‌ചയിൽ നിരവധി തവണ അവർ ഇങ്ങനെ ഒന്നിച്ചുകൂടുമായിരുന്നു. പുറമേനിന്ന്‌ ആരും കാണാതിരിക്കാൻ അവർ തങ്ങളുടെ ജനാലകളിൽ കട്ടിയുള്ള കർട്ടനുകൾ വിരിച്ചിരുന്നു, മാത്രമല്ല, പഠിക്കുന്നതിന്‌ മണ്ണെണ്ണ വിളക്കാണ്‌ ഉപയോഗിച്ചിരുന്നതും. സാധാരണ ഗതിയിൽ, ഓരോ സഭയ്‌ക്കും വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി മാത്രമേ ലഭിച്ചിരുന്നുള്ളൂ, അതും കൈകൊണ്ട്‌ പകർത്തിയെഴുതിയത്‌. പിന്നീട്‌, സഹോദരന്മാർക്ക്‌ കോപ്പിയെടുക്കുന്ന യന്ത്രങ്ങൾ ഉപയോഗിച്ച്‌ ഉണ്ടാക്കിയ മാസികകൾ ലഭിക്കാൻ തുടങ്ങി. സാധാരണഗതിയിൽ, വീക്ഷാഗോപുര അധ്യയനത്തിനായി സഹോദരന്മാർ ആഴ്‌ചയിൽ രണ്ടു തവണ സ്വകാര്യ അപ്പാർട്ടുമെന്റുകളിൽ കൂടിവരുമായിരുന്നു. ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരെ ശിക്ഷിക്കുന്നതിനായി യഹോവയുടെ സാക്ഷികളുടെ യോഗസ്ഥലങ്ങൾ എങ്ങനെയും കണ്ടുപിടിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയായിരുന്നു കെജിബി.

കൂടിവരുന്നതിനും നന്നായി തയ്യാറായ ബൈബിൾ പ്രസംഗങ്ങളിലൂടെ പരസ്‌പരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരങ്ങളായി സഹോദരന്മാർ വിവാഹവേളകളും ശവസംസ്‌കാര ചടങ്ങുകളും ഉപയോഗിച്ചിരുന്നു. വിവാഹവേളകളിൽ, ഒട്ടേറെ യുവ സഹോദരങ്ങൾ ബൈബിൾ വിഷയങ്ങളെ ആധാരമാക്കിയുള്ള പദ്യങ്ങൾ ചൊല്ലുകയും പുരാതന വേഷവിധാനത്തോടു കൂടിയ നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു. സദസ്സിലെ സാക്ഷികളല്ലാത്തവർക്ക്‌ ഒരു നല്ല സാക്ഷ്യം ലഭിക്കാൻ അതെല്ലാം ഉതകി.

അത്തരം യോഗങ്ങളിൽ സന്നിഹിതരായതിന്റെ പേരിൽ 1940-കളിലും 1950-കളിലും ഒട്ടേറെ സഹോദരന്മാർ അറസ്റ്റു ചെയ്യപ്പെട്ടു. എന്നാൽ 1960-കളിൽ സാഹചര്യത്തിനു മാറ്റം വന്നു. യോഗം നടത്തുന്നതായി കണ്ടുപിടിക്കപ്പെട്ടാൽ സാധാരണഗതിയിൽ സുരക്ഷാ വിഭാഗം സന്നിഹിതരായ എല്ലാവരുടെയും പേരുകൾ കുറിച്ചെടുക്കും. വീട്ടുടമയ്‌ക്ക്‌ തന്റെ മാസശമ്പളത്തിന്റെ പകുതി പിഴയായി അടയ്‌ക്കേണ്ടി വരുമായിരുന്നു. ചിലപ്പോൾ ഇതു വളരെ അന്യായമായ ഘട്ടത്തോളം പോലും എത്തിയിട്ടുണ്ട്‌. ഒരിക്കൽ മിക്കോള കോസ്റ്റിയുക്കും ഭാര്യയും തങ്ങളുടെ മകനെ സന്ദർശിക്കാൻ ചെന്നു. ഉടനെ പോലീസ്‌ എത്തി “സന്നിഹിതരായിരുന്ന ഏവരുടെയും പേരുകൾ കുറിച്ചെടുത്തു.” പിന്നീട്‌ “യഹോവക്കാരുടെ നിയമവിരുദ്ധമായ യോഗം നടത്തി” എന്ന്‌ ആരോപിച്ച്‌ കോസ്റ്റിയുക്ക്‌ സഹോദരന്റെ മകനോടു പിഴയടയ്‌ക്കാൻ ആവശ്യപ്പെട്ടു. യോഗങ്ങളൊന്നും നടത്തിയിട്ടില്ലായിരുന്നതിനാൽ കോസ്റ്റിയുക്ക്‌ കുടുംബം അതിന്റെ പേരിൽ പരാതി നൽകി. അങ്ങനെ അധികാരികൾ ആ പിഴ റദ്ദാക്കി.

സ്‌മാരക ആചരണം

നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന ദുരിതപൂർണമായ സാഹചര്യങ്ങളെ നേരിടുക എളുപ്പമായിരുന്നില്ല. എന്നിരുന്നാലും, സഹോദരങ്ങൾ നിരുത്സാഹിതരായില്ല. അവർ പതിവായി കൂടിവരുന്നതിൽ തുടർന്നു. സ്‌മാരക ആചരണം ആയിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സ്‌മാരകം ആചരിക്കുന്ന തീയതി ഏറെക്കുറെ കൃത്യമായി അറിയാമായിരുന്നതിനാൽ കെജിബി സ്‌മാരക കാലത്ത്‌ വിശേഷിച്ചു ജാഗരൂകരായിരുന്നു. സാക്ഷികളെ നിരീക്ഷിച്ചുകൊണ്ടിരുന്നാൽ സ്‌മാരകത്തിന്‌ അവർ കൂടിവരുന്ന സ്ഥലങ്ങൾ കണ്ടെത്താൻ കഴിയുമെന്ന്‌ കെജിബി പ്രതീക്ഷിച്ചു. അങ്ങനെ സുരക്ഷാ വിഭാഗത്തിനു പുതിയ സാക്ഷികളെ “പരിചയപ്പെടാൻ” കഴിയുമായിരുന്നു.

അവരുടെ ഈ അടവുകൾ സഹോദരന്മാർക്ക്‌ അറിയാമായിരുന്നതിനാൽ സ്‌മാരകദിവസം അവർ അതീവ ജാഗ്രത പുലർത്തി. കണ്ടെത്താൻ പ്രയാസമേറിയ സ്ഥലങ്ങളിലാണ്‌ അവർ സ്‌മാരകം ആചരിച്ചത്‌. താത്‌പര്യക്കാരോട്‌ സ്‌മാരകത്തിന്റെ സമയമോ തീയതിയോ മുൻകൂട്ടി പറഞ്ഞിരുന്നില്ല. സാക്ഷികൾ സ്‌മാരകത്തിന്റെ അന്ന്‌ താത്‌പര്യക്കാരുടെ വീട്ടിൽ ചെന്ന്‌ അവരെ നേരെ യോഗസ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു പതിവ്‌.

ഒരിക്കൽ, ട്രാൻസ്‌കാർപാത്തിയയിലെ സഹോദരന്മാർ ഒരു സഹോദരിയുടെ വീടിന്റെ നിലവറയിലാണ്‌ സ്‌മാരകം ആചരിച്ചത്‌. നിലവറയിൽ മുട്ടറ്റം വെള്ളം ഉണ്ടായിരുന്നതിനാൽ അങ്ങനെയൊരു സ്ഥലത്ത്‌ ആളുകൾ കൂടിവരുമെന്ന്‌ ആരും പ്രതീക്ഷിച്ചില്ല. സഹോദരന്മാർ വെള്ളത്തിനു മീതെ ഒരു പ്ലാറ്റ്‌ഫോം കെട്ടിപ്പൊക്കി. എന്നിട്ട്‌ സ്‌മാരകം ആചരിക്കാൻ അനുയോജ്യമായ വിധത്തിൽ അവർ അതു മോടിപിടിപ്പിച്ചു. നന്നേ താഴ്‌ന്ന മേൽക്കൂരയ്‌ക്കു കീഴിലായി പ്ലാറ്റ്‌ഫോമിൽ ചുരുണ്ടുകൂടി ഇരിക്കേണ്ടിവന്നെങ്കിലും ആരും അവരെ ശല്യപ്പെടുത്താൻ ചെല്ലാഞ്ഞതിനാൽ അവർ സസന്തോഷം സ്‌മാരകം ആചരിച്ചു.

ഒരു ക്രിസ്‌തീയ കുടുംബത്തിലെ അംഗങ്ങൾ 1980-കളിലെ ഒരു വർഷത്തെ സ്‌മാരകത്തിനു ഹാജരാകാൻ അതിരാവിലെ യാത്രയായി. സന്ധ്യയാകാറായപ്പോൾ അവർ മറ്റു സഹോദരങ്ങളോടൊപ്പം ഒരു കാട്ടിൽ സ്‌മാരകം ആചരിക്കാൻ കൂടിവന്നു. കനത്ത മഴ ഉണ്ടായിരുന്നു. എല്ലാവരും മെഴുകുതിരിയും കത്തിച്ചുപിടിച്ച്‌ കുടയും ചൂടി വട്ടത്തിൽ നിന്നു. സമാപന പ്രാർഥനയ്‌ക്കു ശേഷം എല്ലാവരും പിരിഞ്ഞുപോയി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിന്റെ ഗേറ്റ്‌ തുറന്നു കിടക്കുന്നതായി ആ കുടുംബം ശ്രദ്ധിച്ചു. പോലീസോ സുരക്ഷാ വിഭാഗത്തിലെ അംഗങ്ങളോ തങ്ങളെ തിരഞ്ഞ്‌ അവിടെ എത്തിയിരുന്നുവെന്ന്‌ അവർക്കു വ്യക്തമായിരുന്നു. ആകെ നനഞ്ഞ്‌, തളർന്നാണ്‌ തിരിച്ചെത്തിയതെങ്കിലും കുടുംബത്തിലെ എല്ലാവരും സന്തുഷ്ടരായിരുന്നു. കാരണം സ്‌മാരകം ആചരിക്കാനായി അതിരാവിലെ വീട്ടിൽനിന്നു തിരിച്ചതിനാൽ അധികാരികളുമായുള്ള ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ അവർക്കു കഴിഞ്ഞല്ലോ.

കിയേവിൽ സ്‌മാരകത്തിനായി സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്താൻ സഹോദരന്മാർക്കു വലിയ ബുദ്ധിമുട്ടു നേരിട്ടു. ഒരു വർഷം അവർ ഒരു വാഹനത്തിനുള്ളിൽ സ്‌മാരകം ആചരിക്കാൻ തീരുമാനിച്ചു. ഒരു സഹോദരൻ ഒരു ഗതാഗത കമ്പനിയിൽ ബസ്‌ ഡ്രൈവർ ആയി ജോലി ചെയ്‌തിരുന്നു. അതുകൊണ്ട്‌ സഹോദരന്മാർ ഒരു ബസ്‌ വാടകയ്‌ക്ക്‌ എടുത്തു. ബസ്സിൽ യഹോവയുടെ സാക്ഷികളെ മാത്രമേ കയറ്റിയുള്ളൂ. നഗരത്തിനടുത്തുള്ള ഒരു കാട്ടിലേക്ക്‌ അത്‌ ഓടിച്ചുകൊണ്ടുപോയി. ബസ്സിനകത്ത്‌ സഹോദരന്മാരും സഹോദരിമാരും ഒരു കൊച്ചു മേശയിൽ സ്‌മാരക ചിഹ്നങ്ങൾ ഒരുക്കിവെച്ചു. അവർ കുറച്ച്‌ ആഹാരസാധനങ്ങളും കൊണ്ടുവന്നിരുന്നു. പെട്ടെന്ന്‌ പോലീസ്‌ അവിടെയെത്തി. എന്നാൽ സഹോദരന്മാരെ ശല്യപ്പെടുത്താൻ അവർക്ക്‌ യാതൊരു കാരണവും ഉണ്ടായിരുന്നില്ല, കാരണം അന്നത്തെ ജോലിക്കു ശേഷം അവർ ബസ്സിൽവെച്ച്‌ അത്താഴം കഴിക്കുന്നതുപോലെ കാണപ്പെട്ടു.

യൂക്രെയിനിലെ മറ്റു ഭാഗങ്ങളിൽ സ്‌മാരകത്തിന്റെ തലേദിവസം സഹോദരങ്ങളുടെ ഭവനങ്ങൾ റെയ്‌ഡു ചെയ്യപ്പെട്ടു. സൂര്യൻ അസ്‌തമിച്ച ഉടനെ, മൂന്നോ നാലോ പോലീസുകാർ കാറുകളിൽ സാക്ഷികളുടെ വീട്ടിലേക്കു വന്നു. സഹോദരന്മാർ വീട്ടിൽത്തന്നെ ഉണ്ടോ അതോ മതപരമായ എന്തെങ്കിലും ആഘോഷത്തിനായി അവർ ഒരുക്കങ്ങൾ നടത്തുകയാണോ എന്ന്‌ പോലീസ്‌ പരിശോധിക്കുമായിരുന്നു. ഈ റെയ്‌ഡുകൾക്ക്‌ സാക്ഷികൾ എപ്പോഴും ഒരുങ്ങിയിരിക്കുമായിരുന്നു. നല്ല വസ്‌ത്രത്തിനു മീതെ പഴയ പണിവസ്‌ത്രങ്ങളുമിട്ട്‌ അവർ പതിവു ഗൃഹജോലികളിൽ മുഴുകും. അങ്ങനെ അവർ, തങ്ങൾ വീട്ടിൽത്തന്നെ ഉണ്ടായിരിക്കുമെന്നും മതപരമായ എന്തെങ്കിലും ചടങ്ങുകൾക്കു പോകാൻ പദ്ധതിയിട്ടിട്ടില്ലെന്നും ഉള്ള ധാരണ ഉളവാക്കി. റെയ്‌ഡു തീർന്ന ഉടനെ അവർ പഴയ വസ്‌ത്രങ്ങൾ അഴിച്ച്‌ സ്‌മാരകത്തിനു പോകാൻ തയ്യാറാകും. തങ്ങളുടെ ജോലി ചെയ്‌തുതീർത്തതിൽ സംതൃപ്‌തരായിരിക്കും പ്രാദേശിക അധികാരികൾ, സഹോദരങ്ങളാകട്ടെ സമാധാനത്തോടെ സ്‌മാരകം ആചരിക്കാൻ സാധിച്ചതിലും.

സാഹിത്യങ്ങൾ ഒളിപ്പിക്കൽ

തങ്ങളുടെ വീടുകളിൽ സാഹിത്യങ്ങൾ സൂക്ഷിച്ചിരുന്നു എന്ന ഒറ്റ കാരണത്താൽ 1940-കളുടെ അവസാനത്തിൽ യഹോവയുടെ സാക്ഷികളെ 25 വർഷത്തെ തടവിനു വിധിച്ചിരുന്ന കാര്യം ഓർമിക്കുന്നുണ്ടാകുമല്ലോ. 1953-ൽ സ്റ്റാലിന്റെ മരണത്തോടെ സാഹിത്യങ്ങൾ കൈവശം വെക്കുന്നതിന്റെ പേരിലുള്ള തടവുശിക്ഷകൾ പത്തു വർഷമായി ഇളവു ചെയ്‌തു. പിന്നീട്‌, സാക്ഷികളുടെ സാഹിത്യങ്ങൾ കൈവശം വെച്ചാലുള്ള ശിക്ഷ പിഴ അടയ്‌ക്കലായിരുന്നു, സാഹിത്യങ്ങൾ കണ്ടുകെട്ടി നശിപ്പിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട്‌, നിരോധന കാലത്തുടനീളം, സാഹിത്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള വഴികളെ കുറിച്ച്‌ സഹോദരന്മാർ ശ്രദ്ധാപൂർവം പര്യാലോചിച്ചു.

ചിലർ സാഹിത്യങ്ങൾ സൂക്ഷിച്ചത്‌ സാക്ഷികളല്ലാത്ത ബന്ധുക്കളുടെയോ അയൽക്കാരുടെയോ വീടുകളിലാണ്‌; മറ്റു ചിലർ അത്‌ ലോഹപ്പെട്ടികളിലോ പ്ലാസ്റ്റിക്ക്‌ ബാഗുകളിലോ ആക്കി പൂന്തോട്ടങ്ങളിൽ കുഴിച്ചിട്ടിരുന്നു. 1960-കളിൽ, കാർപാത്തിയൻ മലനിരകളിലെ ഒരു കാട്‌ തന്റെ “ദിവ്യാധിപത്യ പുസ്‌തകശാല” ആയി ഉപയോഗിച്ചത്‌ ട്രാൻസ്‌കാർപാത്തിയയിലെ ഒരു മൂപ്പനായ വാസിൽ ഗുസോ അനുസ്‌മരിക്കുന്നു. സാഹിത്യങ്ങൾ പാൽ കൊണ്ടുപോകുന്ന കാനുകളിലാക്കി കാട്ടിലേക്കു കൊണ്ടുപോകും. എന്നിട്ട്‌ കാനിന്റെ മൂടി തറയുടെ അതേ നിരപ്പിൽ വരത്തക്കവിധം കുഴിച്ചിടും.

ക്രിസ്‌തീയ പ്രവർത്തനത്തെ പ്രതി 16 വർഷം തടവിൽ കഴിഞ്ഞ ഒരു സഹോദരൻ പറയുന്നു: “സാധ്യമാകുന്നിടത്തൊക്കെ ഞങ്ങൾ സാഹിത്യങ്ങൾ ഒളിച്ചുവെച്ചിരുന്നു: നിലവറകളിലും മണ്ണിനടിയിലും ചുവരുകൾക്കുള്ളിലും പെട്ടിയുടെ രഹസ്യ അറയിലും രണ്ടു തട്ടുകളുള്ള പട്ടിക്കൂട്ടിലുമൊക്കെ. ചൂലിനകത്തും മാവു പരത്താനുള്ള പൊള്ളയായ റൂൾത്തടിക്കകത്തും (ഇതിലാണ്‌ സാധാരണഗതിയിൽ ഞങ്ങൾ വയൽസേവന റിപ്പോർട്ടുകൾ സൂക്ഷിച്ചിരുന്നത്‌) ഞങ്ങൾ സാഹിത്യങ്ങൾ ഒളിച്ചുവെച്ചിരുന്നു. കിണറുകൾ, കക്കൂസുകൾ, വാതിലുകൾ, മേൽക്കൂരകൾ, വിറകു കൂമ്പാരങ്ങൾ എന്നിവയും ഞങ്ങൾ അതിനായി ഉപയോഗപ്പെടുത്തിയിരുന്നു.”

ഭൂഗർഭ അച്ചടിശാലകൾ

കമ്മ്യൂണിസ്റ്റ്‌ ചാരന്മാരും അധികാരികളും കണ്ണും കാതും കൂർപ്പിച്ചു നടക്കുകയായിരുന്നെങ്കിലും, നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്‌തിരുന്നവർക്ക്‌ ആത്മീയ ആഹാരം തുടർന്നും പ്രദാനം ചെയ്യപ്പെട്ടു. യു.എ⁠സ്‌.എസ്‌.ആർ.-ൽനിന്നു സാഹിത്യങ്ങൾ ഇല്ലായ്‌മ ചെയ്യുന്നതിൽ സത്യത്തിന്റെ ശത്രുക്കൾ പരാജയപ്പെട്ടു, അവർക്ക്‌ അതു സമ്മതിക്കേണ്ടതായും വന്നു. 1959-ന്റെ അവസാനത്തോടെ, സോവിയറ്റ്‌ യൂണിയനിലേക്കു ബൈബിൾ സാഹിത്യങ്ങൾ കടത്താൻ യഹോവയുടെ സാക്ഷികൾ ബലൂണുകൾ ഉപയോഗിക്കുന്നതായി പോലും സോവിയറ്റ്‌ റെയിൽവേ ജീവനക്കാരുടെ വർത്തമാനപത്രമായ ഗുദോക്ക്‌ അവകാശപ്പെട്ടു!

എന്നാൽ നമ്മുടെ സാഹിത്യങ്ങൾ ബലൂണിലൂടെയൊന്നുമല്ല യൂക്രെയിനിൽ എത്തിയത്‌. പ്രാദേശികമായി സ്വകാര്യ ഭവനങ്ങളിൽ അവയുടെ പകർപ്പുകൾ ഉണ്ടാക്കുകയായിരുന്നു. സാഹിത്യങ്ങൾ അച്ചടിക്കാനുള്ള ഏറ്റവും സുരക്ഷിതവും പ്രായോഗികവുമായ സ്ഥലം പുറമേനിന്ന്‌ ഒട്ടും തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലുള്ള ഭൂഗർഭ അറ ആയിരിക്കുമെന്ന്‌ കാലാന്തരത്തിൽ സഹോദരന്മാർ മനസ്സിലാക്കി. വീടുകളുടെ നിലവറകളിലും കുന്നുകളിലുമൊക്കെയാണ്‌ അവർ അതു നിർമിച്ചത്‌.

കിഴക്കൻ യൂക്രെയിനിൽ 1960-കളിൽ അത്തരമൊരു ഭൂഗർഭ അറ നിർമിക്കപ്പെട്ടു. വായുസഞ്ചാര ക്രമീകരണങ്ങളും വൈദ്യുത സംവിധാനങ്ങളും അതിന്‌ ഉണ്ടായിരുന്നു. നിലവറയിലേക്കുള്ള പ്രവേശനദ്വാരം വളരെ വിദഗ്‌ധമായി മറയ്‌ക്കാൻ സാധിച്ചിരുന്നു, പോലീസുകാർ അതിനു നേരെ മുകളിലായി ഒരു ദിവസം മുഴുവൻ മണ്ണു കുത്തിയിളക്കിയിട്ടും അവർക്ക്‌ ഒന്നും കണ്ടുപിടിക്കാനായില്ല.

സാഹിത്യങ്ങൾ രഹസ്യമായി അച്ചടിച്ചിരുന്ന ഒരിടം ഒരിക്കൽ സുരക്ഷാ വിഭാഗം സൂക്ഷ്‌മമായി നിരീക്ഷിക്കാൻ തുടങ്ങി. ആ വീട്ടിൽ സാഹിത്യങ്ങൾ അച്ചടിക്കുന്നതായി അവർ സംശയിച്ചു, ഉൾപ്പെട്ടിരിക്കുന്നവരെ അറസ്റ്റ്‌ ചെയ്യാൻ അവർ തക്കം പാർത്തിരുന്നു. ഇത്‌ സഹോദരന്മാർക്ക്‌ ഒരു വെല്ലുവിളി ഉയർത്തി. വീട്ടിലേക്ക്‌ എങ്ങനെ കടലാസ്‌ കൊണ്ടുവരും, അതുപോലെ സാഹിത്യങ്ങൾ എങ്ങനെ പുറത്തേക്കു കൊണ്ടുപോകും? ഒടുവിൽ അവർ ഒരു പരിഹാരം കണ്ടെത്തി. ഒരു സഹോദരൻ ഒരു കെട്ട്‌ കടലാസ്‌ ഒരു കുട്ടിപ്പുതപ്പിൽ പൊതിഞ്ഞ്‌ ഒരു കുഞ്ഞിനെയെന്ന പോലെ അതു വീട്ടിലേക്കു കൊണ്ടുവന്നു. പിന്നീട്‌ കടലാസു കെട്ട്‌ എടുത്തുമാറ്റി അച്ചടിച്ചു വെച്ചിരിക്കുന്ന മാസികയുടെ പുതിയ ലക്കങ്ങൾ പുതപ്പിൽ പൊതിഞ്ഞ്‌ വീണ്ടും ആ ‘കുഞ്ഞിനെ’ വീട്ടിൽനിന്നു പുറത്തേക്കു കൊണ്ടുപോയി. ആ സഹോദരൻ ഇതുപോലെ പ്രസ്‌തുത വീട്ടിലേക്കു വരുന്നതും പോകുന്നതും കെജിബി-യുടെ കണ്ണിൽ പെട്ടെങ്കിലും അവർക്കു യാതൊരു സംശയവും തോന്നിയില്ല.

ഡോനെറ്റ്‌സ്‌ക്‌, ക്രൈമിയ, മോസ്‌കോ, ലെനിൻഗ്രാഡ്‌ (ഇപ്പോൾ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗ്‌) എന്നിവിടങ്ങളിലെ സഹോദരങ്ങൾക്കു ലഭിച്ചിരുന്നത്‌ ഈ നിലവറയിൽ അച്ചടിച്ച സാഹിത്യങ്ങളായിരുന്നു. ഏതാനും യുവസഹോദരന്മാർ ചേർന്ന്‌ വോളിൻ പ്രദേശത്തെ നോവോവോലിൻസ്‌ക്‌ പട്ടണത്തിൽ സമാനമായ ഒരു ഭൂഗർഭ അറ നിർമിച്ചു. ഈ നിലവറ രഹസ്യമായി സൂക്ഷിക്കാൻ സഹോദരന്മാർ ദൃഢനിശ്ചയം എടുത്തിരുന്നതിനാൽ യൂക്രെയിനിൽ നമ്മുടെ പ്രവർത്തനത്തിന്‌ നിയമാംഗീകാരം കിട്ടി ഒമ്പതു വർഷത്തിനു ശേഷമാണ്‌ അവർ അതു കാണാൻ മറ്റു സഹോദരന്മാരെ അനുവദിച്ചത്‌!

കാർപാത്തിയൻ മലനിരകളിൽ വളരെ ഉള്ളിലായും സമാനമായ ഒരു അച്ചടിശാല പ്രവർത്തിച്ചിരുന്നു. സഹോദരന്മാർ പൈപ്പ്‌ വഴി ഒരു ചെറിയ തോട്ടിൽനിന്ന്‌ വെള്ളം നിലവറയിലേക്ക്‌ എത്തിച്ച്‌ ഒരു ചെറിയ ജനറേറ്റർ പ്രവർത്തിപ്പിച്ചു. അങ്ങനെ ബൾബുകൾ കത്തിക്കാനുള്ള വൈദ്യുതി അവർക്കു കിട്ടി. എന്നാൽ അച്ചടിയന്ത്രം പ്രവർത്തിപ്പിച്ചിരുന്നത്‌ കൈകൊണ്ടാണ്‌. വളരെയധികം സാഹിത്യങ്ങൾ ഈ നിലവറയിൽ അച്ചടിക്കുകയുണ്ടായി. കൂടുതൽ സാഹിത്യങ്ങൾ ഈ പ്രദേശത്തു പ്രത്യക്ഷപ്പെടുന്നതായി കെജിബി-യുടെ ശ്രദ്ധയിൽ പെട്ടപ്പോൾ അവർ അച്ചടിശാല കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങി. പോലീസ്‌ കുറേയേറെ സ്ഥലങ്ങൾ കിളച്ചുമറിച്ചു. ഭൂഗർഭശാസ്‌ത്രജ്ഞരാണെന്ന വ്യാജേന അവർ മലനിരകളിൽ ചുറ്റിത്തിരിയുകപോലും ചെയ്‌തു.

അധികാരികൾ നിലവറ കണ്ടെത്തുമെന്നായപ്പോൾ ഇവാൻ ഡ്‌സിയാബ്‌കോ അച്ചടിശാലയുടെ മേൽനോട്ടം വഹിക്കാൻ മുന്നോട്ടുവന്നു. കാരണം ഭാര്യയും കുട്ടികളുമൊന്നും ഇല്ലായിരുന്നതിനാൽ അദ്ദേഹം സ്വതന്ത്രനായിരുന്നു. 1963-ലെ വേനലിന്റെ അവസാനത്തിൽ അധികാരികൾ നിലവറ കണ്ടെത്തുകയും ഉടനടി ഡ്‌സിയാബ്‌കോ സഹോദരനെ അടുത്തുള്ള ഒരു സ്ഥലത്തു കൊണ്ടുപോയി വധിക്കുകയും ചെയ്‌തു. സ്ഥലത്തെ അധികാരികൾ വലിയ സന്തോഷത്തിലായിരുന്നു. അവർ കുട്ടികൾക്കും മുതിർന്നവർക്കും, “യഹോവയുടെ സാക്ഷികൾ റേഡിയോ ട്രാൻസ്‌മിറ്റർ വഴി അമേരിക്കയുമായി ആശയവിനിമയം നടത്തിയിരുന്ന ആ സ്ഥല”ത്തേക്ക്‌ സൗജന്യ സന്ദർശനങ്ങൾ അനുവദിച്ചു. ആ അവകാശവാദം ഒരു ഭോഷ്‌കായിരുന്നെങ്കിലും, ഈ ദുഃഖ സംഭവം ആ പ്രദേശത്തെ ഏവർക്കും നല്ല ഒരു സാക്ഷ്യമായി ഉതകി. പലരും നമ്മുടെ ദൂതിൽ കൂടുതൽ താത്‌പര്യം കാണിക്കാൻ തുടങ്ങി. ഇപ്പോൾ കാർപാത്തിയൻ മലനിരകളിലെ ആ ഭാഗത്ത്‌ 20-ലധികം സഭകൾ ഉണ്ട്‌.

മാതാപിതാക്കൾ നൽകുന്ന പരിശീലനത്തിന്റെ മൂല്യം

സാഹിത്യങ്ങൾ കണ്ടുകെട്ടൽ, പിഴയൊടുക്കൽ, തടവുശിക്ഷ, പീഡനം, വധശിക്ഷ എന്നിവയ്‌ക്കു പുറമേ, മക്കളെ തങ്ങളുടെ പക്കൽനിന്നു പറിച്ചുമാറ്റുന്നതിന്റെ വേദനയും ചില സാക്ഷികൾക്ക്‌ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. കിഴക്കൻ യൂക്രെയിനിൽ താമസിച്ചിരുന്ന ലിഡിയ പെരെപ്യോൽക്കിനയ്‌ക്ക്‌ നാലു മക്കളാണ്‌ ഉള്ളത്‌. അവരുടെ ഭർത്താവ്‌ ആഭ്യന്തര കാര്യാലയത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. ലിഡിയ ഒരു യഹോവയുടെ സാക്ഷി ആയിരിക്കുന്നതിന്റെ പേരിൽ 1964-ൽ അയാൾ വിവാഹമോചനത്തിനു കേസ്‌ ഫയൽ ചെയ്‌തു. കോടതി പെരെപ്യോൽക്കിന സഹോദരിക്ക്‌ മക്കളുടെ സംരക്ഷണാവകാശം നിഷേധിച്ചു. അവരുടെ ഏഴു വയസ്സുകാരായ ഇരട്ടക്കുട്ടികളെ​—⁠ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും​—⁠ഭർത്താവിനു വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടു. ഭർത്താവ്‌ കുട്ടികളെയുംകൊണ്ട്‌ 1,000 കിലോമീറ്റർ [600 മൈ.] അകലെ പടിഞ്ഞാറൻ യൂക്രെയിനിലേക്കു താമസം മാറി. മറ്റു രണ്ടു കുട്ടികളെ അനാഥാലയത്തിലാക്കാനും ഉത്തരവായി. ലിഡിയയ്‌ക്ക്‌ പറയാനുള്ളതു ബോധിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ അവർ കോടതിയോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ മക്കളെ എനിക്കു തിരിച്ചുനൽകാനുള്ള കഴിവ്‌ യഹോവയ്‌ക്ക്‌ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.”

വിചാരണയ്‌ക്കു ശേഷം യഹോവയുടെ വഴിനടത്തിപ്പും കരുതലും ലിഡിയ അനുഭവിച്ചറിഞ്ഞു. അജ്ഞാതമായ ഏതോ കാരണത്താൽ, മറ്റു രണ്ടു കുട്ടികളെ അനാഥാലയത്തിലേക്ക്‌ അയയ്‌ക്കുന്നതിനു പകരം ലിഡിയയോടൊപ്പം താമസിക്കാൻ അധികാരികൾ അനുവദിച്ചു. തന്റെ അവധിക്കാലത്ത്‌, മക്കളെ​—⁠ഇരട്ടക്കുട്ടികളെ​—⁠കാണാൻ തുടർച്ചയായി ഏഴു വർഷം ലിഡിയ അവരുടെ അടുത്തു പോയി. അവരെ കാണാൻ മുൻ ഭർത്താവ്‌ ലിഡിയയെ അനുവദിച്ചിരുന്നില്ലെങ്കിലും അവർ മടുത്തു പിന്മാറിയില്ല. കുട്ടികൾ താമസിക്കുന്ന നഗരത്തിൽ എത്തിയശേഷം അന്നു രാത്രി അവർ റെയിൽവേ സ്റ്റേഷനിൽ ചെലവഴിക്കും. എന്നിട്ട്‌ കുട്ടികൾ സ്‌കൂളിൽ പോകുന്ന വഴിക്ക്‌ അവരെ ചെന്നു കാണും. യഹോവയെ കുറിച്ച്‌ അവരോടു പറയാൻ വിലയേറിയ ഈ അവസരങ്ങൾ അവർ ഉപയോഗിച്ചു.

വർഷങ്ങൾ കടന്നുപോയി. ലിഡിയ തന്റെ മക്കളുടെ ഹൃദയങ്ങളിൽ സത്യത്തിന്റെ വിത്തുകൾ ‘കണ്ണുനീരോടെ വിതെച്ചു.’ പിന്നീട്‌, ‘ആർപ്പോടെ കൊയ്യാൻ’ അവർക്കു കഴിഞ്ഞു. (സങ്കീ. 126:5) ഇരട്ടക്കുട്ടികൾക്ക്‌ 14 വയസ്സായപ്പോൾ അവർ അമ്മയോടൊപ്പം കഴിയാൻ തീരുമാനിച്ചു. കുട്ടികളെ സത്യം പഠിപ്പിക്കാൻ ലിഡിയ കഠിനമായി യത്‌നിച്ചു. അവരിൽ രണ്ടു പേർ വ്യത്യസ്‌തമായ ഒരു ഗതി തിരഞ്ഞെടുത്തെങ്കിലും, ലിഡിയയും അവരുടെ ഇരട്ടക്കുട്ടികളും യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നു.

നല്ലതിനു വേണ്ടിയുള്ള മാറ്റം

യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ മതത്തെ കുറിച്ചുള്ളത്‌ ആണെന്നും അവ സോവിയറ്റ്‌ വിരുദ്ധമല്ലെന്നും യൂക്രെയിനിലെ സുപ്രീം കോടതി 1965 ജൂണിൽ വിധി പുറപ്പെടുവിച്ചു. ഈ തീർപ്പ്‌ ഒരു കേസിനു മാത്രമേ ബാധകമായിരുന്നുള്ളുവെങ്കിലും, യൂക്രെയിനിൽ പിന്നീട്‌ ഉണ്ടായ പല കോടതിവിധികളെയും ഇതു സ്വാധീനിച്ചു. പ്രസംഗപ്രവർത്തനത്തെ പ്രതി സാക്ഷികളെ തടവിലാക്കുന്നതു തുടർന്നെങ്കിലും ബൈബിൾ സാഹിത്യങ്ങൾ വായിക്കുന്നതിന്റെ പേരിൽ ആളുകളെ അറസ്റ്റു ചെയ്യുന്നത്‌ അധികാരികൾ നിറുത്തി.

പിന്നീട്‌, 1965-ന്റെ അവസാനത്തിൽ ശ്രദ്ധേയമായ മറ്റൊരു മാറ്റം ഉണ്ടായി. 1951-ൽ സൈബീരിയയിലേക്കു നാടുകടത്തപ്പെട്ട എല്ലാ സാക്ഷികളെയും മോചിപ്പിക്കാനുള്ള ഒരു ഉത്തരവ്‌ യു.എ⁠സ്‌.എസ്‌.ആർ. ഗവൺമെന്റ്‌ പുറപ്പെടുവിച്ചു. തങ്ങളുടെ കണ്ടുകെട്ടിയ വീടുകളോ മറ്റു വസ്‌തുവകകളോ കന്നുകാലികളെയോ ഒന്നും തിരിച്ചു ചോദിക്കാൻ സാധിക്കുമായിരുന്നില്ലെങ്കിലും, അവർക്ക്‌ ഇപ്പോൾ സോവിയറ്റ്‌ യൂണിയനിൽ എവിടെയും സഞ്ചരിക്കാൻ അനുവാദം ഉണ്ടായിരുന്നു. രജിസ്‌ട്രേഷൻ സംബന്ധമായ നൂലാമാലകൾ കാരണം ഏതാനും പേർക്കേ തങ്ങളുടെ മുൻ വാസസ്ഥലങ്ങളിലേക്കു തിരിച്ചുവരാൻ കഴിഞ്ഞുള്ളൂ.

സൈബീരിയയിലേക്ക്‌ 1951-ൽ അയയ്‌ക്കപ്പെട്ടിരുന്ന സഹോദരങ്ങൾ പലരും കസാഖ്‌സ്ഥാൻ, കിർഗിസ്ഥാൻ, ജോർജിയ, സിസ്‌കോക്കാഷ തുടങ്ങി യു.എ⁠സ്‌.എസ്‌.ആർ.-ന്റെ വിവിധ ഭാഗങ്ങളിൽ താമസമാക്കാൻ തുടങ്ങി. മറ്റുള്ളവർ കിഴക്കൻ യൂക്രെയിനിലും തെക്കൻ യൂക്രെയിനിലും താമസമാക്കി. അങ്ങനെ അവർ ഈ പ്രദേശങ്ങളിലേക്കും സത്യത്തിന്റെ വിത്തുകൾ കൊണ്ടുവന്നു.

സമ്മർദങ്ങൾക്കു കീഴിലും അചഞ്ചലർ

മുകളിൽ പരാമർശിച്ചതുപോലെ മെച്ചപ്പെട്ട ചില മാറ്റങ്ങൾ ഉണ്ടായെങ്കിലും യഹോവയുടെ സാക്ഷികളോടുള്ള തങ്ങളുടെ മനോഭാവത്തിൽ കെജിബി മാറ്റം വരുത്തിയിരുന്നില്ല. സാക്ഷികളെക്കൊണ്ട്‌ തങ്ങളുടെ വിശ്വാസം തള്ളിപ്പറയിക്കാൻ അവർ പല മാർഗങ്ങളും പരീക്ഷിച്ചു നോക്കി. ഒരു രീതി ഇതായിരുന്നു: ഒരു സഹോദരനെ തന്റെ ജോലിസ്ഥലത്തുനിന്ന്‌ കൊണ്ടുപോയി കെജിബി ഓഫീസിലോ ഏതെങ്കിലും ഹോട്ടലിലോ കസ്റ്റഡിയിൽ സൂക്ഷിക്കും. ഈ സമയത്ത്‌ മൂന്നോ നാലോ കെജിബി അംഗങ്ങൾ അടങ്ങുന്ന ഒരു സംഘം സഹോദരനോടു പ്രസംഗിക്കുകയും അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്യും. ചിലപ്പോൾ മുഖസ്‌തുതികൾ പറഞ്ഞ്‌ വശീകരിക്കാൻ നോക്കും. സഹോദരന്‌ ഒന്നുറങ്ങാൻ പോലും അവസരം നൽകാതെ ഓരോരുത്തർ മാറിമാറിയായിരിക്കും ഇതു ചെയ്യുന്നത്‌. പിന്നീട്‌ സഹോദരനെ വിട്ടയയ്‌ക്കും. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ വീണ്ടും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്ത്‌ ഇത്‌ ആവർത്തിക്കും. അത്ര കൂടെക്കൂടെ അല്ലെങ്കിലും കെജിബി സഹോദരിമാരോടും ഇങ്ങനെ പെരുമാറിയിരുന്നു.

സഹോദരന്മാരെ ഇടയ്‌ക്കിടെ കെജിബി ഓഫീസിലേക്കു വിളിപ്പിക്കുമായിരുന്നു. വിശ്വാസം ത്യജിക്കാൻ സഹോദരന്മാരുടെ മേൽ സമ്മർദം ചെലുത്തി അവരെ സംഘടനയുടെ രഹസ്യങ്ങൾ ചോർത്തിത്തരുന്നവരായി മാറ്റിയെടുക്കാമെന്ന്‌ അവരുടെ സുരക്ഷാ വിഭാഗം പ്രത്യാശിച്ചു. മാത്രമല്ല, വിശ്വാസത്തിൽ വിട്ടുവീഴ്‌ച കാണിക്കാൻ വിസമ്മതിച്ചപ്പോൾ അവർ സഹോദരന്മാരുടെമേൽ ധാർമികവും വൈകാരികവുമായ സമ്മർദങ്ങൾ ചെലുത്തി. ഉദാഹരണത്തിന്‌, വർഷങ്ങളോളം ട്രാൻസ്‌കാർപാത്തിയയിൽ ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ച മിഹായിലോ തിൽനിയാക്ക്‌ അനുസ്‌മരിക്കുന്നു: “ഒരിക്കൽ സൈനിക യൂണിഫോം അണിഞ്ഞ ചില സുരക്ഷാ ഉദ്യോഗസ്ഥരുമായി ഞാൻ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. വളരെ മാന്യതയോടും സൗഹൃദത്തോടും കൂടെയാണ്‌ അവർ പെരുമാറിയത്‌. അടുത്തുള്ള ഒരു റെസ്റ്ററന്റിൻ പോയി ആഹാരം കഴിക്കാൻ അവർ എന്നെ ക്ഷണിച്ചു. പക്ഷേ ഞാൻ പുഞ്ചിരിച്ചുകൊണ്ട്‌ 50 റൂബിൾ (മാസശമ്പളത്തിന്റെ പകുതിയോളം) മേശപ്പുറത്തു വെച്ചു. എന്നിട്ട്‌, ഞാൻ വരുന്നില്ലെന്നും അവരോടു പോയി കഴിച്ചുകൊള്ളാനും പറഞ്ഞു.” സൈനിക യൂണിഫോം അണിഞ്ഞ അവരോടൊപ്പം താൻ ആഹാരം കഴിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ അവർ എടുക്കുമെന്ന്‌ തിൽനിയാക്ക്‌ സഹോദരന്‌ നന്നായി അറിയാമായിരുന്നു. അദ്ദേഹം വിശ്വാസം തള്ളിക്കളഞ്ഞതിന്റെ “തെളിവ്‌” ആയി അത്തരം ഫോട്ടോകൾ പിന്നീട്‌ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ, അത്‌ സഹോദരന്മാർക്ക്‌ ഇടയിൽ സംശയത്തിന്റെ വിത്തുകൾ പാകുമായിരുന്നു.

പലർക്കും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാനുള്ള സമ്മർദം പതിറ്റാണ്ടുകളോളം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. ട്രാൻസ്‌കാർപാത്തിയയിൽ നിന്നുള്ള ബെല്ല മെയ്‌സാർ അതിന്‌ ഒരു ഉദാഹരണമാണ്‌. 1956-ലാണ്‌ അദ്ദേഹത്തെ ആദ്യമായി അറസ്റ്റു ചെയ്‌തത്‌. അന്ന്‌ അനുഭവപരിചയം കുറവായിരുന്നതിനാൽ ഈ സഹോദരൻ അറിയാതെ നമ്മുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ചില രേഖകളിൽ ഒപ്പിട്ടുകൊടുത്തു. തുടർന്ന്‌, അധികാരികൾ ചില സഹോദരന്മാരെ സുരക്ഷാ സേനയുടെ ഓഫീസിലേക്കു വിളിപ്പിച്ചു. പിന്നീട്‌, മെയ്‌സാർ സഹോദരന്‌ തനിക്കു പറ്റിയ തെറ്റ്‌ മനസ്സിലായി. ഈ സഹോദരന്മാർ ആരും ശിക്ഷിക്കപ്പെടരുതേയെന്ന്‌ അദ്ദേഹം യഹോവയോടു കേണപേക്ഷിച്ചു. അവരാരും അറസ്റ്റു ചെയ്യപ്പെട്ടില്ല. എന്നാൽ മെയ്‌സാർ സഹോദരനെ എട്ടു വർഷത്തെ തടവു ശിക്ഷയ്‌ക്കു വിധിച്ചു.

വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹത്തിന്‌ രണ്ടു വർഷത്തേക്ക്‌ ആ ഗ്രാമം വിട്ടു പോകരുതെന്ന വിലക്ക്‌ ലഭിച്ചു. ഓരോ തിങ്കളാഴ്‌ചയും അദ്ദേഹത്തിന്‌ പോലീസ്‌ ഓഫീസിൽ ചെന്ന്‌ റിപ്പോർട്ടു ചെയ്യണമായിരുന്നു. 1968-ൽ, സൈനിക പരിശീലനത്തിനു പോകാൻ വിസമ്മതിച്ചതിന്‌ അദ്ദേഹത്തെ ഒരു വർഷത്തെ തടവിനു വിധിച്ചു. തടവിൽനിന്നു മോചിതനായി വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം യഹോവയെ സതീക്ഷ്‌ണം സേവിക്കുന്നതിൽ തുടർന്നു. 1975-ൽ, 47-ാം വയസ്സിൽ അദ്ദേഹം വീണ്ടും ശിക്ഷിക്കപ്പെട്ടു.

മെയ്‌സാർ സഹോദരൻ തന്റെ അഞ്ചു വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയപ്പോൾ അദ്ദേഹത്തെ വീണ്ടും ഒരു അഞ്ചു വർഷത്തേക്ക്‌ റഷ്യയിലെ യക്കൂറ്റ്‌സ്‌ക്‌ പ്രദേശത്തേക്കു നാടുകടത്തി. അവിടേക്കു റോഡുകളൊന്നും ഇല്ലായിരുന്നതിനാൽ വിമാനത്തിലാണ്‌ അദ്ദേഹത്തെ കൊണ്ടുപോയത്‌. അദ്ദേഹത്തിനു കാവൽ പോകുകയായിരുന്ന രണ്ടു യുവ പട്ടാളക്കാർ യാത്രയ്‌ക്കിടയിൽ അദ്ദേഹത്തോടു ചോദിച്ചു: “കിഴവാ, നിങ്ങൾ ഇത്ര അപകടകാരിയായ ഒരു കുറ്റവാളിയായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?” മറുപടിയായി, മെയ്‌സാർ സഹോദരൻ തന്റെ ജീവിതരീതിയെ കുറിച്ചു വിവരിച്ചു, ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെ കുറിച്ച്‌ അവർക്കു നല്ലൊരു സാക്ഷ്യം നൽകുകയും ചെയ്‌തു.

മെയ്‌സാർ സഹോദരൻ എത്തിയതിനെ തുടർന്ന്‌ ആദ്യമൊക്കെ സ്ഥലത്തെ അധികാരികൾക്ക്‌ ഈ “തികച്ചും അപകടകാരിയായ കുറ്റവാളി”യെ​—⁠രേഖകളിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്‌ അപ്രകാരമായിരുന്നു​—⁠ഭയമായിരുന്നു. പിന്നീട്‌, മെയ്‌സാർ സഹോദരന്റെ നല്ല ക്രിസ്‌തീയ പെരുമാറ്റം നിമിത്തം സ്ഥലത്തെ അധികാരികൾ സുരക്ഷാ ഉദ്യോഗസ്ഥനോട്‌ ഇങ്ങനെ പറഞ്ഞു: “ഇനിയും ഇത്തരത്തിലുള്ള കുറ്റവാളികൾ ഉണ്ടെങ്കിൽ, ദയവായി അവരെ ഇങ്ങോട്ട്‌ അയയ്‌ക്കണം.”

മെയ്‌സാർ സഹോദരൻ 1985-ൽ തന്റെ 57-ാം വയസ്സിൽ വീട്ടിൽ തിരിച്ചെത്തി. അദ്ദേഹം തടവിലായിരുന്ന ആ 21 വർഷക്കാലം, അദ്ദേഹത്തിന്റെ വിശ്വസ്‌ത ഭാര്യയായ റെജിന ട്രാൻസ്‌കാർപാത്തിയയിലുള്ള അവരുടെ വീട്ടിൽ കഴിഞ്ഞു. ദൂരമോ ഭാരിച്ച യാത്രാച്ചെലവോ ഒന്നും ഗണ്യമാക്കാതെ മിക്കപ്പോഴും അവർ തടവിൽ കഴിയുന്ന തന്റെ ഭർത്താവിനെ കാണാൻ ചെന്നിരുന്നു. അതിന്‌ അവർ മൊത്തം 1,40,000-ത്തിലധികം കിലോമീറ്റർ [85,000 മൈ.] യാത്ര ചെയ്യുകയുണ്ടായി.

മെയ്‌സാർ സഹോദരൻ തടവിൽനിന്നു മോചിതനായ ശേഷവും പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും റക്കോഷിനോ ഗ്രാമത്തിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ പലപ്പോഴും ചെല്ലാറുണ്ടായിരുന്നു. അവരുടെ സന്ദർശനങ്ങൾ രസകരമായ ഒരു സംഭവത്തിനു കാരണമായി. 1990-കളുടെ ആരംഭത്തിൽ ഭരണസംഘത്തിലെ തിയോഡർ ജാരറ്റ്‌സ്‌ കൺട്രി കമ്മിറ്റിയിലെ സഹോദരന്മാരോടൊപ്പം ട്രാൻസ്‌കാർപാത്തിയൻ നഗരമായ ഉഷ്‌ഗോറോദ്‌ സന്ദർശിച്ചു. ലവോഫിലേക്കു മടങ്ങുന്ന വഴിക്ക്‌ മെയ്‌സാർ സഹോദരന്റെ അടുക്കൽ ഒരു ഹ്രസ്വസന്ദർശനം നടത്താൻ അവർ തീരുമാനിച്ചു. മെയ്‌സാർ സഹോദരന്റെ വീട്ടുപടിക്കൽ മൂന്നു കാറുകൾ വന്നുനിൽക്കുന്നതും കാറിൽനിന്ന്‌ ഒമ്പതു പുരുഷന്മാർ ഇറങ്ങുന്നതും അദ്ദേഹത്തിന്റെ വീടിനടുത്തു താമസിച്ചിരുന്ന ഒരു സഹോദരി കണ്ടു. ആകെ ഭയന്നുപോയ അവർ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക്‌ ഓടിക്കിതച്ചു ചെന്ന്‌ കെജിബി മെയ്‌സാർ സഹോദരനെ വീണ്ടും അറസ്റ്റു ചെയ്യാൻ എത്തിയിട്ടുണ്ടെന്ന്‌ അറിയിച്ചു! തനിക്ക്‌ അമളി പറ്റിയതാണെന്നു മനസ്സിലായപ്പോഴാണ്‌ സഹോദരിക്കു ശ്വാസം നേരെ വീണത്‌!

സംഘടനാപരമായ പുരോഗതിയും മാറ്റങ്ങളും

മിഹായിലോ ഡാസെവിച്ച്‌ 1971-ൽ കൺട്രി ദാസനായി നിയമിക്കപ്പെട്ടു. അന്നത്തെ കൺട്രി കമ്മിറ്റിയിൽ പടിഞ്ഞാറൻ യൂക്രെയിനിൽ നിന്നുള്ള മൂന്നു പേരും റഷ്യയിൽ നിന്നുള്ള രണ്ടു പേരും കസാഖ്‌സ്ഥാനിൽ നിന്നുള്ള ഒരാളും ആണ്‌ ഉണ്ടായിരുന്നത്‌. ഇവർ ഓരോരുത്തരും സഞ്ചാര മേൽവിചാരകന്മാരായും സേവിച്ചിരുന്നു. അതിനുപുറമേ കുടുംബം പോറ്റാൻ അവർക്ക്‌ ലൗകിക തൊഴിലും ചെയ്യേണ്ടതുണ്ടായിരുന്നു. പടിഞ്ഞാറൻ യൂക്രെയിനിൽ നിന്നുള്ള സഹോദരന്മാരുടെ മേൽവിചാരണയിലുള്ള പ്രദേശങ്ങൾ അവരുടെ വാസസ്ഥലത്തുനിന്നു വളരെ ദൂരെയായിരുന്നു. സ്റ്റെപ്പാൻ കോഷെമ്പ ട്രാൻസ്‌കാർപാത്തിയയിലേക്കു പോയി, ഓലെക്‌സിയി ഡാവിഡ്യൂക്ക്‌ പടിഞ്ഞാറൻ യൂക്രെയിനിലെ മറ്റു ഭാഗങ്ങളും അതുപോലെ എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ പ്രദേശങ്ങളും സന്ദർശിച്ചു. ഡാസെവിച്ച്‌ സഹോദരൻ കിഴക്കൻ യൂക്രെയിനിലേക്കും റഷ്യയുടെ പശ്ചിമ, മധ്യ ഭാഗങ്ങളിലേക്കും സിസ്‌കോക്കാഷ, മോൾഡേവിയ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുമായിരുന്നു. കൺട്രി കമ്മിറ്റിയിലുള്ള സഹോദരന്മാർ മേൽപ്പറഞ്ഞ പ്രദേശങ്ങൾ പതിവായി സന്ദർശിച്ച്‌ സർക്കിട്ട്‌, ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാരുമൊത്ത്‌ യോഗങ്ങൾ നടത്തുകയും അവിടത്തെ സാക്ഷികൾക്കു പ്രോത്സാഹനം നൽകുകയും സേവന റിപ്പോർട്ടുകൾ ശേഖരിക്കുകയും ചെയ്‌തിരുന്നു.

സാഹിത്യങ്ങളും തപാൽ ഉരുപ്പടികളും നൽകാനായി വിദേശത്തുനിന്നു വിനോദസഞ്ചാരികളുടെ മട്ടിൽ എത്തിയിരുന്ന സഹോദരന്മാരുമായും കൺട്രി കമ്മിറ്റിയിലെ ഈ അംഗങ്ങൾ ബന്ധം പുലർത്തിയിരുന്നു. 1960-കളുടെ അവസാനം മുതൽ 1991-ൽ മതസ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഈ തപാൽ കൈമാറ്റം തടയാൻ നമ്മുടെ എതിരാളികൾക്ക്‌ ഒരിക്കലും കഴിഞ്ഞില്ല.

സഹോദരന്മാരെ മൂപ്പന്മാരായി നിയമിക്കുന്ന കാര്യത്തിൽ ലിഖിത ശുപാർശാ രേഖകൾ ഉണ്ടായിരിക്കണമെന്ന്‌ ഭരണസംഘം 1972-ൽ നിർദേശം നൽകി. എന്നാൽ ഈ രേഖകൾ പോലീസിന്റെ കയ്യിൽ പെടുമോ എന്ന ഭയത്താൽ ചില സഹോദരന്മാർ അതിനു മടിച്ചു. മുമ്പൊരിക്കലും ഒരു സഭയിലും അത്തരമൊരു ക്രമീകരണം ഉണ്ടായിരുന്നില്ല. മിക്കപ്പോഴും, സഹോദരന്മാർക്ക്‌ തങ്ങളുടെ സഭയിലെ മറ്റു സഹോദരന്മാരുടെ കുടുംബപ്പേരുകൾ പോലും അറിയില്ലായിരുന്നു. ഏതെങ്കിലും ഒരു രേഖയിൽ തങ്ങളുടെ പേരുകൾ വരാൻ പലരും ഇഷ്ടപ്പെടാഞ്ഞതിനാൽ ആദ്യമൊക്കെ വളരെ കുറച്ചു പേരേ മാത്രമേ മൂപ്പന്മാരായി സേവിക്കാൻ ശുപാർശ ചെയ്‌തിരുന്നുള്ളൂ. എന്നാൽ ഈ ക്രമീകരണംകൊണ്ട്‌ യാതൊരു പ്രശ്‌നവും ഉണ്ടായില്ലെന്നു കണ്ടപ്പോൾ പലരും തങ്ങളുടെ മനസ്സു മാറ്റി. തുടർന്ന്‌ മൂപ്പന്മാരായി ശുപാർശ ചെയ്യപ്പെട്ട അവർ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ വിശ്വസ്‌തമായി ഏറ്റെടുത്തു.

അന്വേഷണ സമയത്ത്‌ യഹോവയുടെ സംരക്ഷണം

ഒരു ദിവസം രാവിലെ പോലീസ്‌ വാസിൽ ബുൻഹയുടെയും നാദിയയുടെയും വീട്‌ പരിശോധിക്കാൻ എത്തി. ആ സമയത്ത്‌ ബുൻഹ സഹോദരിയും അവരുടെ നാലു വയസ്സുള്ള മകനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. കുട്ടി നല്ല ഉറക്കമായിരുന്നു. പെട്ടെന്ന്‌ കതകിൽ ആരോ ശക്തമായി മുട്ടുന്ന ശബ്ദം സഹോദരി കേട്ടു. പോലീസ്‌ എത്തിയിട്ടുണ്ടെന്നു മനസ്സിലായതിനാൽ ബുൻഹ സഹോദരി ഉടനെ വയൽസേവന റിപ്പോർട്ടുകളും സാക്ഷീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റു കടലാസുകളും അടുപ്പിലേക്കിട്ടു. എന്നിട്ട്‌ പോയി വാതിൽ തുറന്നു. പോലീസുകാർ നേരെ അടുപ്പിനടുത്തേക്കു പാഞ്ഞുചെന്ന്‌ കത്തിത്തുടങ്ങിയ കടലാസുകൾ പെറുക്കിയെടുത്തു, എന്നിട്ട്‌ മേശപ്പുറത്ത്‌ ഒരു പത്രത്തിൽ അവ നിരത്തിവെച്ചു. കടലാസു കഷണങ്ങൾ കത്തിത്തുടങ്ങിയിരുന്നെങ്കിലും അതിലെ അക്ഷരങ്ങൾ വായിക്കാമായിരുന്നു. വീട്ടിലെ പരിശോധന കഴിഞ്ഞപ്പോൾ അവർ ബുൻഹ സഹോദരിയെയും കൂട്ടി കളപ്പുര പരിശോധിക്കാൻ പോയി. ഇതിനിടെ ഉറങ്ങിക്കിടന്നിരുന്ന അവരുടെ മകൻ എഴുന്നേറ്റു. കത്തിയ കടലാസ്സു കഷണങ്ങൾ മേശപ്പുറത്തു കണ്ടപ്പോൾ അതൊന്നു വൃത്തിയാക്കാൻ അവൻ തീരുമാനിച്ചു. അവൻ അതെല്ലാം പെറുക്കി ചവറ്റുകൊട്ടയിൽ ഇട്ടു, എന്നിട്ട്‌ വീണ്ടും കട്ടിലിൽ ചെന്നു കിടന്ന്‌ ഉറക്കം പിടിച്ചു. തിരിച്ചെത്തിയ പോലീസുകാർ ഞെട്ടിപ്പോയി, അവർക്കു കിട്ടിയ അൽപ്പമായ “തെളിവുകൾ” പൂർണമായി നശിപ്പിക്കപ്പെട്ടിരിക്കുന്നു!

വീണ്ടും, 1969-ൽ ബുൻഹ സഹോദരന്റെ വീട്‌ പരിശോധിക്കപ്പെട്ടു. ഇപ്രാവശ്യം ബുൻഹ സഹോദരൻ വീട്ടിലുണ്ടായിരുന്നു. പോലീസ്‌ സഭയുടെ വയൽസേവന റിപ്പോർട്ട്‌ കണ്ടെത്തി. എന്നാൽ അവർ അത്‌ അലസമായി മേശപ്പുറത്ത്‌ ഇട്ടിട്ടുപോയതിനാൽ ബുൻഹ സഹോദരന്‌ അതു നശിപ്പിക്കാൻ അവസരം കിട്ടി. അങ്ങനെ ചെയ്‌തതിന്റെ പേരിൽ അദ്ദേഹത്തിനു 15 ദിവസം തടവിൽ കഴിയേണ്ടിവന്നു. പിന്നീട്‌, സുരക്ഷാ വിഭാഗം നിർബന്ധപൂർവം ബുൻഹ സഹോദരനെ അവിടെനിന്ന്‌ താമസമൊഴിപ്പിച്ചു. അങ്ങനെ കുറച്ചു കാലത്തേക്ക്‌ അദ്ദേഹം ജോർജിയയിലും ഡാജെസ്റ്റാനിലും താമസിച്ച്‌ പ്രസംഗവേലയിൽ ഏർപ്പെട്ടു. പിന്നീട്‌ യൂക്രെയിനിലേക്കു തിരിച്ചുവന്ന അദ്ദേഹം 1999-ൽ മരണംവരെ വിശ്വസ്‌തനായി നിലകൊണ്ടു.

സുരക്ഷാ വിഭാഗം സംഘടിപ്പിച്ച “മിഷനറി യാത്രകൾ”

സജീവമായി പ്രവർത്തിച്ചിരുന്ന പല സഹോദരന്മാരെയും 1960-കളിലും 1970-കളിലും സുരക്ഷാ വിഭാഗം നിർബന്ധപൂർവം ഓരോരോ സ്ഥലങ്ങളിലേക്കു മാറ്റിത്താമസിപ്പിച്ചുകൊണ്ടിരുന്നു. കാരണം? തങ്ങളുടെ ഡിസ്‌ട്രിക്‌റ്റിൽ തങ്ങൾ നടത്തുന്ന മതവിരുദ്ധ പ്രവർത്തനങ്ങൾക്കു തിരിച്ചടി ലഭിക്കുകയാണെന്നുള്ള റിപ്പോർട്ടുകൾ കിയേവിൽ എത്താൻ സ്ഥലത്തെ അധികാരികൾ ആഗ്രഹിച്ചില്ല. ഓരോ വർഷവും യഹോവയുടെ സാക്ഷികളുടെ എണ്ണം വർധിച്ചുവരുന്നതായി സ്ഥലത്തെ അധികാരികൾ അന്വേഷണത്തിലൂടെ മനസ്സിലാക്കിയിരുന്നു. എന്നാൽ കിയേവിലേക്ക്‌ അയയ്‌ക്കുന്ന റിപ്പോർട്ടുകളിൽ സാക്ഷികളുടെ എണ്ണം വർധിക്കുന്നില്ല എന്നു കാണിക്കാനായിരുന്നു അവരുടെ ആഗ്രഹം. അതുകൊണ്ട്‌, സ്ഥലത്തെ അധികാരികൾ നിർബന്ധമായി ആ പ്രദേശത്തുനിന്ന്‌ സഹോദരന്മാരെ ഒഴിപ്പിക്കുമായിരുന്നു, അങ്ങനെ ആ പ്രദേശത്ത്‌ സാക്ഷികളുടെ എണ്ണം വർധിക്കുന്നില്ലെന്ന്‌ അവർക്കു കാണിക്കാനാകുമായിരുന്നു.

ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേക്കുള്ള സാക്ഷികളുടെ ഈ താമസമാറ്റം സത്യത്തിന്റെ വിത്തുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക്‌ എത്തുന്നതിൽ കലാശിച്ചു. സാധാരണഗതിയിൽ, പ്രവർത്തനത്തിനു നേതൃത്വമെടുത്തിരുന്നവർ ആയിരുന്നു ഈ സാക്ഷികൾ. അങ്ങനെ, “ആവശ്യം കൂടുതലുള്ള” എന്നു നാം ഇപ്പോൾ വിശേഷിപ്പിക്കുന്നതരം സ്ഥലങ്ങളിലേക്കു താമസം മാറാൻ അധികാരികൾ തീക്ഷ്‌ണതയുള്ള ഈ സഹോദരങ്ങളെ “പ്രോത്സാഹിപ്പിക്കുക”യായിരുന്നു. ഈ പ്രദേശങ്ങളിലെ അവരുടെ സേവനത്തിന്റെ ഫലമായി അവിടങ്ങളിൽ പുതിയ സഭകൾ സ്ഥാപിക്കപ്പെട്ടു.

ഉദാഹരണത്തിന്‌, ടെർനോപ്പോളിനു സമീപത്തുനിന്നുള്ള ഇവാൻ മാലിറ്റ്‌സ്‌കിയിയോട്‌ വീടുവിട്ടു പോകാൻ അധികാരികൾ ഉത്തരവിട്ടു. തെക്കൻ യൂക്രെയിനിലെ ക്രൈമിയയിലേക്ക്‌ അദ്ദേഹം താമസം മാറി. അവിടെ ഏതാനും സഹോദരങ്ങളേ ഉണ്ടായിരുന്നുള്ളൂ. 1969-ൽ ഒരു സഭ മാത്രം ഉണ്ടായിരുന്ന ക്രൈമിയയിൽ ഇപ്പോൾ 60-ലധികം സഭകൾ ഉണ്ട്‌! ഇവാൻ മാലിറ്റ്‌സ്‌കിയി അവയിലൊന്നിൽ ഒരു മൂപ്പനായി സേവിക്കുന്നു.

നിരോധനത്തിന്റെ അവസാന വർഷങ്ങൾ

യു.എ⁠സ്‌.എസ്‌.ആർ.-ലെ രാഷ്‌ട്രീയ നേതൃത്വത്തിന്‌ 1982-ൽ മാറ്റം വന്നശേഷം പീഡനത്തിന്റെ മറ്റൊരു തരംഗം യൂക്രെയിനിൽ ആഞ്ഞടിച്ചു. അത്‌ രണ്ടു വർഷത്തേക്കു നീണ്ടുനിന്നു. ഈ പീഡനം യു.എ⁠സ്‌.എസ്‌.ആർ.-ലെ നേതാക്കന്മാരുടെ അനുവാദത്തോടെ അല്ലായിരുന്നുവെന്നു തോന്നുന്നു. വാസ്‌തവത്തിൽ, പുതിയ സോവിയറ്റ്‌ നേതാക്കന്മാർ റിപ്പബ്ലിക്കുകളിൽ മാറ്റങ്ങളും പരിഷ്‌കാരങ്ങളും വരുത്താനാണ്‌ ആവശ്യപ്പെട്ടത്‌. അത്തരം പരിഷ്‌കാരങ്ങൾ വരുത്തുന്നതിലുള്ള തങ്ങളുടെ തീക്ഷ്‌ണതയും ഉത്സുകതയും കാണിക്കാൻ യൂക്രെയിനിലെ ചില ഭാഗങ്ങളിൽ പ്രാദേശിക അധികാരികൾ പ്രമുഖരായ കുറെ സാക്ഷികളെ തടവിലാക്കി. ഈ പീഡന തരംഗം സഹോദരന്മാരിൽ ഭൂരിഭാഗത്തെയും ബാധിച്ചില്ലെങ്കിലും, ചില സാക്ഷികൾ വൈകാരികവും ശാരീരികവുമായി ദ്രോഹം അനുഭവിച്ചു.

ട്രാൻസ്‌കാർപാത്തിയയിൽ നിന്നുള്ള ഇവാൻ മിഗാലിയെ 1983-ൽ നാലു വർഷത്തെ തടവിനു വിധിച്ചു. 58 വയസ്സുള്ള ഈ മൂപ്പന്റെ വസ്‌തുവകകളെല്ലാം സോവിയറ്റ്‌ അധികാരികൾ കണ്ടുകെട്ടി. മിഗാലി സഹോദരന്റെ വീട്‌ പരിശോധിക്കുന്നതിനിടയിൽ സുരക്ഷാ സേന നമ്മുടെ 70 മാസികകൾ കണ്ടെടുത്തു. സൗമ്യനും സമാധാനപ്രേമിയുമായ ഈ മനുഷ്യൻ ഒരു ബൈബിൾ പ്രസംഗകൻ എന്ന നിലയിൽ തന്റെ പ്രദേശത്ത്‌ നന്നായി അറിയപ്പെട്ടിരുന്നു. ഈ രണ്ടു വസ്‌തുതകളും​—⁠സാഹിത്യങ്ങൾ കൈവശം വെച്ചതും മതപ്രസംഗത്തിൽ ഏർപ്പെട്ടതും​—⁠ആണ്‌ അദ്ദേഹത്തെ അറസ്റ്റു ചെയ്യാനുള്ള കാരണങ്ങളായി ഉപയോഗിച്ചത്‌.

കിഴക്കൻ യൂക്രെയിനിൽ 1983-84 കാലഘട്ടത്തിൽ കൂട്ട അറസ്റ്റുകളുടെ ഒരു പരമ്പരതന്നെ നടന്നു. പല സാക്ഷികളെയും നാലു മുതൽ അഞ്ചു വരെ വർഷത്തേക്കു തടവിനു വിധിച്ചു. മിക്ക സഹോദരന്മാർക്കും ശിക്ഷ അനുഭവിക്കേണ്ടിയിരുന്നത്‌ തണുത്തുറഞ്ഞ സൈബീരിയയിലോ കസാഖ്‌സ്ഥാനിലോ അല്ലായിരുന്നു, പിന്നെയോ യൂക്രെയിനിലായിരുന്നു. ജയിൽ നിയമങ്ങൾ ലംഘിക്കുന്നുവെന്ന വ്യാജാരോപണങ്ങൾ ചുമത്തി ചിലരെ തടവിലായിരിക്കെ പോലും പീഡിപ്പിച്ചു. അവരുടെ ശിക്ഷയുടെ കാലാവധി വർധിപ്പിക്കാനുള്ള കാരണങ്ങൾ കണ്ടുപിടിക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം.

ഒട്ടേറെ ജയിൽ വാർഡന്മാർ സഹോദരന്മാരെ സോവിയറ്റ്‌ മനോരോഗ ആശുപത്രികളിലേക്ക്‌ അയച്ചു. സാക്ഷികൾ മാനസിക രോഗികളായി മാറുമെന്നും അങ്ങനെ അവർ ദൈവത്തെ ആരാധിക്കുന്നതു നിറുത്തുമെന്നുമായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ യഹോവയുടെ ആത്മാവ്‌ സഹോദരന്മാരെ കാത്തുപരിപാലിച്ചു. അങ്ങനെ അവർ യഹോവയോടും അവന്റെ സംഘടനയോടും വിശ്വസ്‌തരായി നിലകൊണ്ടു.

ദിവ്യാധിപത്യത്തിന്റെ വിജയം

സത്യാരാധനയോടുള്ള എതിർപ്പിന്‌ 1980-കളുടെ രണ്ടാം പകുതിയിൽ അൽപ്പം അയവു വന്നു. പ്രാദേശിക സഭകളിലെ പ്രസാധകരുടെ എണ്ണം വർധിച്ചു, സഹോദരന്മാർക്കു കൂടുതൽ സാഹിത്യങ്ങൾ ലഭിക്കാനും തുടങ്ങി. വിദേശത്തുള്ള ബന്ധുക്കളെ സന്ദർശിച്ചു മടങ്ങുമ്പോൾ ചില സാക്ഷികൾ തങ്ങളോടൊപ്പം മാസികകളും പുസ്‌തകങ്ങളും കൊണ്ടുവന്നു. സഹോദരന്മാർക്ക്‌, വിശേഷിച്ച്‌ സോവിയറ്റ്‌ ജയിൽപ്പാളയങ്ങളിൽ കഴിഞ്ഞിരുന്നവർക്ക്‌, അങ്ങനെ ബൈബിൾ പ്രസിദ്ധീകരണങ്ങളുടെ ഒറിജിനൽ പതിപ്പുകൾ ആദ്യമായി ലഭിച്ചു. എന്നിരുന്നാലും, വീക്ഷാഗോപുരത്തിന്റെ ഒറിജിനൽ പതിപ്പ്‌ ഇരുമ്പു മറ കടന്ന്‌ എത്തുന്നതു കാണാൻ തങ്ങൾ ജീവിച്ചിരിക്കുമെന്നു ചിലർ വിശ്വസിച്ചിരുന്നതല്ല.

വർഷങ്ങളോളം യഹോവയുടെ സാക്ഷികളുമായി ഏറ്റുമുട്ടിയ ശേഷം അധികാരികൾ തങ്ങളുടെ നിലപാടിൽ അയവു വരുത്താൻ തുടങ്ങി. പ്രാദേശിക മതകാര്യാലയത്തിലെ സിവിൽ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്താൻ സഹോദരന്മാർക്കു ക്ഷണം ലഭിച്ചു. ബ്രുക്ലിൻ ഹെഡ്‌ക്വാർട്ടേഴ്‌സിൽ നിന്നുള്ള യഹോവയുടെ സാക്ഷികളുമായി കൂടിക്കാഴ്‌ച നടത്താനും ഈ അധികാരികളിൽ ചിലർ സന്നദ്ധരായി. ഇത്‌ ഒരു കെണി ആയിരിക്കുമോയെന്ന്‌ സഹോദരന്മാർ ആദ്യമൊന്നു സംശയിച്ചു. എന്നാൽ കാര്യങ്ങൾ യഹോവയുടെ ജനത്തിന്‌ അനുകൂലമായി മാറുകയായിരുന്നു. 1987-ൽ, തടവിലാക്കപ്പെട്ട സാക്ഷികളെ അധികാരികൾ മോചിപ്പിക്കാൻ തുടങ്ങി. പിന്നീട്‌, ഒട്ടേറെ സഹോദരങ്ങൾ അയൽരാജ്യമായ പോളണ്ടിൽ നടക്കുന്ന 1988-ലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ പങ്കെടുക്കാൻ ശ്രമിച്ചു. രേഖയനുസരിച്ച്‌ അവർ തങ്ങളുടെ ബന്ധുമിത്രാദികളെ സന്ദർശിക്കാൻ പോകുകയായിരുന്നു. അവരെ അത്ഭുതപ്പെടുത്തുമാറ്‌, വിദേശത്തേക്കു യാത്ര ചെയ്യാൻ അധികാരികൾ അവരെ അനുവദിച്ചു! പോളീഷ്‌ സഹോദരന്മാർ യൂക്രെയിനിൽ നിന്നുള്ള സന്ദർശകരുമായി സാഹിത്യങ്ങൾ ഉദാരമായി പങ്കുവെച്ചു. സ്വദേശത്തേക്കു മടങ്ങുമ്പോൾ അതിർത്തിയിൽ വെച്ച്‌ കസ്റ്റംസ്‌ ഓഫീസർമാർ യൂക്രെയിനിൽ നിന്നുള്ള സഹോദരന്മാരെ പരിശോധിച്ചെങ്കിലും, മിക്കവരിൽനിന്നും അവർ ബൈബിൾ സാഹിത്യങ്ങൾ കണ്ടുകെട്ടുകയുണ്ടായില്ല. അങ്ങനെ, യൂക്രെയിനിലേക്ക്‌ ബൈബിളുകളും മറ്റു പ്രസിദ്ധീകരണങ്ങളും കൊണ്ടുവരാൻ സഹോദരന്മാർക്കു കഴിഞ്ഞു.

അതിഥിപ്രിയരായ പോളീഷ്‌ സഹോദരന്മാർ പിറ്റേ വർഷം യൂക്രെയിനിൽനിന്ന്‌ കൂടുതൽ പേരെ ക്ഷണിച്ചു. അങ്ങനെ 1989-ൽ വളരെ ജാഗ്രതയോടെ, ആയിരക്കണക്കിനു സഹോദരന്മാർ പോളണ്ടിൽ നടന്ന മൂന്ന്‌ അന്താരാഷ്‌ട്ര കൺവെൻഷനുകളിൽ പങ്കെടുത്തു. തിരികെ പോരുമ്പോൾ കൂടുതൽ മാസികകൾ യൂക്രെയിനിലേക്കു കൊണ്ടുവരികയും ചെയ്‌തു. അതേ വർഷം, മതകാര്യാലയവുമായുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തിൽ വിദേശത്തുനിന്ന്‌ തപാൽവഴി മതസാഹിത്യങ്ങൾ കൊണ്ടുവരാൻ യഹോവയുടെ സാക്ഷികൾക്ക്‌ അനുവാദം ലഭിച്ചു. എന്നാൽ ഒരു തപാലിൽ ഓരോ പ്രസിദ്ധീകരണത്തിന്റെയും രണ്ടു പ്രതികൾ വീതമേ ഉണ്ടായിരിക്കാമായിരുന്നുള്ളൂ. ജർമനിയിൽ നിന്നുള്ള സഹോദരന്മാർ ക്രമമായി പുസ്‌തകങ്ങളും മാസികകളും അയയ്‌ക്കാൻ തുടങ്ങി. ഭൂഗർഭ അറകളിലോ അർധരാത്രി വീടിന്റെ നിലവറകളിലോ മാസികകളുടെ പ്രതികൾ ഉണ്ടാക്കുന്നതിനു പകരം, സഹോദരന്മാർക്ക്‌ ഔദ്യോഗികമായി തങ്ങളുടെ പ്രാദേശിക തപാൽ ഓഫീസുകൾ വഴി സാഹിത്യങ്ങൾ ലഭിക്കാൻ തുടങ്ങി. ഒരു സ്വപ്‌നം പോലെ ആയിരുന്നു അത്‌! പ്രവാസത്തിൽനിന്ന്‌ യെരൂശലേമിലേക്കു മടങ്ങിയെത്തിയ യഹൂദരെപ്പോലെയാണ്‌ പല പഴമക്കാർക്കും തോന്നിയത്‌: “ഞങ്ങൾ സ്വപ്‌നം കാണുന്നവരെപ്പോലെ ആയിരുന്നു.” (സങ്കീ. 126:1) എന്നാൽ അത്‌ ആ സുന്ദര “സ്വപ്‌ന”ത്തിന്റെ ഒരു തുടക്കം മാത്രമായിരുന്നു.

വാഴ്‌സോയിലെ കൺവെൻഷൻ

നമ്മുടെ പരസ്യ ശുശ്രൂഷ രജിസ്റ്റർ ചെയ്‌തു കിട്ടുന്നതിന്‌ അധികാരികളുമായി കൂടിയാലോചന നടത്താൻ 1989-ൽ ബ്രുക്ലിനിൽനിന്നുള്ള സഹോദരന്മാർ കൺട്രി കമ്മിറ്റിയോടു നിർദേശിച്ചു. കൂടാതെ, ബ്രുക്ലിൻ ബെഥേലിൽനിന്നുള്ള മിൽട്ടൺ ഹെൻഷലും തിയോഡർ ജാരറ്റ്‌സും യൂക്രെയിനിലെ സഹോദരന്മാരെ സന്ദർശിച്ചു. പിറ്റേ വർഷം, പോളണ്ടിൽ നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കാൻ അധികാരികൾ ആയിരക്കണക്കിന്‌ യഹോവയുടെ സാക്ഷികൾക്ക്‌ ഔദ്യോഗിക അനുവാദം നൽകി. യാത്ര സംബന്ധിച്ച രേഖകൾ രജിസ്റ്റർ ചെയ്യുമ്പോൾ, ബന്ധുമിത്രാദികളെ സന്ദർശിക്കാനല്ല, പിന്നെയോ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ സംബന്ധിക്കാനാണ്‌ തങ്ങൾ പോകുന്നത്‌ എന്ന്‌ സഹോദരന്മാർ അഭിമാനത്തോടും ആഹ്ലാദത്തോടും കൂടെ പ്രസ്‌താവിച്ചു!

വാഴ്‌സോ കൺവെൻഷൻ യൂക്രെയിനിൽ നിന്നുള്ള സന്ദർശകരെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകത ഉള്ള ഒന്നായിരുന്നു. സന്തോഷംകൊണ്ട്‌ അവർ കരയുകയായിരുന്നു. സഹ ക്രിസ്‌ത്യാനികളുമായി ഒന്നുചേർന്നതിന്റെ ആനന്ദം, മാതൃഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളുടെ ചതുർവർണ പ്രതികൾ സ്വന്തമായി ലഭിച്ചതിന്റെ ആനന്ദം, കൂടിവരാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതിന്റെ ആനന്ദം, എല്ലാം അവർ അനുഭവിച്ചു. പോളീഷ്‌ സഹോദരന്മാർ അവർക്ക്‌ സ്‌നേഹപൂർവം ആതിഥ്യമരുളി, അവർക്ക്‌ ആവശ്യമായതെല്ലാം അവർ നൽകി.

സഹവിശ്വാസികളായ ഒട്ടേറെ മുൻ തടവുകാർ ഈ വാഴ്‌സോ കൺവെൻഷനിൽവെച്ച്‌ ആദ്യമായി പരസ്‌പരം കണ്ടുമുട്ടി. നൂറുകണക്കിനു സാക്ഷികളെ തടവിലാക്കിയിരുന്ന, മോർഡ്‌വിനിയയിലെ “പ്രത്യേക” ക്യാമ്പിൽ കഴിഞ്ഞ നൂറിലധികം പേർ അവിടെവെച്ച്‌ കൂടിക്കണ്ടു. അവരിൽ പലരും സന്തോഷത്താൽ കരഞ്ഞുകൊണ്ട്‌ മുഖാമുഖം നോക്കിനിന്നു. ബെല മെയ്‌സാറോടൊപ്പം ഒരേ തടവറയിൽ അഞ്ചു വർഷം കഴിഞ്ഞ, മോൾഡേവിയയിൽ നിന്നുള്ള ഒരു സാക്ഷി അദ്ദേഹത്തെ കണ്ടിട്ട്‌ തിരിച്ചറിഞ്ഞില്ല. കാരണം? “വരയൻ കുപ്പായമിട്ട താങ്കളുടെ പഴയ രൂപമാണ്‌ എന്റെ മനസ്സിൽ, ഇപ്പോൾ താങ്കൾ കോട്ടും ടൈയുമൊക്കെ ധരിച്ചല്ലേ നിൽക്കുന്നത്‌!” അദ്ദേഹം അതിശയത്തോടെ പറഞ്ഞു.

ഒടുവിൽ മതസ്വാതന്ത്ര്യം!

നീതിന്യായ കാര്യാലയങ്ങൾ 1990-ന്റെ അവസാനത്തിൽ ചില യഹോവയുടെ സാക്ഷികളെ കുറ്റവിമുക്തരായി പ്രഖ്യാപിക്കാൻ തുടങ്ങി. തങ്ങളുടെ അവകാശങ്ങളും പദവികളും അവർക്കു തിരിച്ചു നൽകപ്പെട്ടു. ഗവൺമെന്റ്‌ അധികാരികളുമായുള്ള കൂടിക്കാഴ്‌ചകളിൽ യഹോവയുടെ സാക്ഷികളെ പ്രതിനിധീകരിക്കാനായി കൺട്രി കമ്മിറ്റി സഹോദരന്മാരുടെ ഒരു കൂട്ടത്തെ തിരഞ്ഞെടുത്തു. ജർമൻ ബ്രാഞ്ചിൽ നിന്നുള്ള വില്ലി പോൾ ആയിരുന്നു ഈ കൂട്ടത്തിന്റെ മേൽവിചാരകൻ.

മോസ്‌കോയിലെയും കിയേവിലെയും ഗവൺമെന്റ്‌ അധികാരികളുമൊത്തുള്ള നീണ്ട കൂടിക്കാഴ്‌ചകൾ സാക്ഷികൾക്ക്‌ ദീർഘകാലമായി തങ്ങൾ കാത്തിരുന്ന സ്വാതന്ത്ര്യം നേടിക്കൊടുത്തു. 1991 ഫെബ്രുവരി 28-ന്‌ യൂക്രെയിനിൽ യഹോവയുടെ സാക്ഷികളുടെ മതസംഘടന ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടു, യു.എസ്‌.എസ്‌.ആർ.-ൽ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു രജിസ്‌ട്രേഷൻ നടക്കുന്നത്‌. ഒരു മാസത്തിനു ശേഷം, 1991 മാർച്ച്‌ 27-ന്‌ ഈ സംഘടന റഷ്യൻ ഫെഡറേഷനിലും രജിസ്റ്റർ ചെയ്യപ്പെട്ടു. അങ്ങനെ, 50 വർഷത്തെ നിരോധനത്തിനും പീഡനത്തിനും ശേഷം, ഒടുവിൽ യഹോവയുടെ സാക്ഷികൾക്ക്‌ മതസ്വാതന്ത്ര്യം ലഭിച്ചു. അതുകഴിഞ്ഞ്‌ താമസിയാതെ, 1991 അവസാനത്തോടെ, സോവിയറ്റ്‌ യൂണിയൻ നിലവിൽ ഇല്ലാതായി. യൂക്രെയിൻ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു.

നല്ല മണ്ണ്‌ സമൃദ്ധമായ വിളവ്‌ ഉത്‌പാദിപ്പിക്കുന്നു

ഇന്ന്‌ യൂക്രെയിൻ എന്ന്‌ അറിയപ്പെടുന്ന പ്രദേശത്തെ വളക്കൂറുള്ള മണ്ണിൽ, ആളുകളുടെ ഹൃദയങ്ങളിൽ, 1939-ൽ സത്യത്തിന്റെ വിത്തുകൾ പാകിയ ഏതാണ്ട്‌ 1,000 ദൈവരാജ്യ ഘോഷകരേ ഉണ്ടായിരുന്നുള്ളൂ. 52 വർഷത്തെ നിരോധന കാലത്ത്‌, സഹോദരന്മാർ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതകൾ സഹിച്ചു, സൈബീരിയയിലേക്കു നാടുകടത്തപ്പെട്ടു, കടുത്ത മർദനത്തിനും പീഡനത്തിനും ഇരകളായി, വധിക്കപ്പെട്ടു. എന്നാൽ ആ കാലയളവിൽ, ‘നല്ല മണ്ണ്‌’ 25 മേനി വിളവ്‌ ഉത്‌പാദിപ്പിച്ചു. (മത്താ. 13:​23, NW) 1991-ൽ യൂക്രെയിനിൽ 258 സഭകളിലായി 25,448 പ്രസാധകർ ഉണ്ടായിരുന്നു. മുൻ യു.എ⁠സ്‌.എസ്‌.ആർ.-ലെ മറ്റു റിപ്പബ്ലിക്കുകളിലാകട്ടെ, പ്രസാധകരുടെ എണ്ണം ഏതാണ്ട്‌ 20,000 ആയിരുന്നു, ഇവരിൽ ഭൂരിഭാഗവും സത്യം പഠിച്ചത്‌ യൂക്രെയിനിയൻ സഹോദരന്മാരിൽ നിന്നായിരുന്നു.

അത്തരം മണ്ണിന്‌ ബൈബിൾ സാഹിത്യങ്ങളുടെ രൂപത്തിലുള്ള “വളം” ആവശ്യമായിരുന്നു. അതുകൊണ്ട്‌, നമ്മുടെ പ്രവർത്തനം നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ട ശേഷം, ജർമനിയിലെ സെൽറ്റേഴ്‌സിൽനിന്ന്‌ സാഹിത്യങ്ങൾ കൊണ്ടുവരുന്നതിന്‌ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി. 1991 ഏപ്രിൽ 17-ന്‌ സാഹിത്യങ്ങളുടെ ആദ്യത്തെ ഷിപ്പ്‌മെന്റ്‌ എത്തിച്ചേർന്നു.

സഹോദരന്മാർ ലവോഫിൽ ഒരു ചെറിയ ഡിപ്പോ തുറന്നു. അവിടെനിന്ന്‌ അവർ ട്രക്ക്‌, ട്രെയിൻ, വിമാനം എന്നിവവഴി സാഹിത്യങ്ങൾ യൂക്രെയിനിൽ എമ്പാടും അതുപോലെതന്നെ, റഷ്യ, കസാഖ്‌സ്ഥാൻ തുടങ്ങി മുൻ സോവിയറ്റ്‌ യൂണിയനിലെ രാജ്യങ്ങളിലേക്കും എത്തിച്ചുകൊടുത്തു. ഇത്‌ കൂടുതൽ ആത്മീയ വർധനയ്‌ക്ക്‌ ഇടയാക്കി. 1991-ന്റെ ആരംഭത്തിൽ, രണ്ട്‌ ദശലക്ഷം നിവാസികളുള്ള നഗരമായ കാർക്കോഫിൽ ഒരു സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1991-ലെ വേനലിന്റെ അവസാനത്തോടെ 670 പ്രസാധകരുണ്ടായിരുന്ന ഈ സഭ എട്ട്‌ സഭകളായി പിരിഞ്ഞിരുന്നു. ഇന്ന്‌ ഈ നഗരത്തിൽ 40-ൽ അധികം സഭകൾ ഉണ്ട്‌!

യു.എ⁠സ്‌.എസ്‌.ആർ. 1991-ൽ നിലവിൽ ഇല്ലാതായെങ്കിലും കൺട്രി കമ്മിറ്റി 1993 വരെ മുൻ സോവിയറ്റ്‌ യൂണിയനിലെ എല്ലാ 15 റിപ്പബ്ലിക്കുകളുടെയും മേൽനോട്ടം വഹിച്ചു. ആ വർഷം ഭരണസംഘത്തിലെ സഹോദരന്മാരുമായി നടന്ന ഒരു യോഗത്തിൽ, രണ്ട്‌ വ്യത്യസ്‌ത കമ്മിറ്റികൾക്കു രൂപം നൽകാനുള്ള തീരുമാനമുണ്ടായി​—⁠ഒരെണ്ണം യൂക്രെയിനിനും മറ്റേത്‌ റഷ്യയ്‌ക്കും മുൻ സോവിയറ്റ്‌ യൂണിയനിലെ മറ്റ്‌ 13 റിപ്പബ്ലിക്കുകൾക്കും. മിഹായിലോ ഡാസെവിച്ച്‌, ഓലെക്‌സിയി ഡാവിഡ്യൂക്ക്‌, സ്റ്റെപ്പാൻ കോഷെമ്പ, ആനാനിയി ഹ്രോഹുൾ എന്നിവർക്കു പുറമേ, സ്റ്റെപ്പാൻ ഹ്ലിൻസ്‌കിയി, സ്റ്റെപ്പാൻ മിക്കെവിച്ച്‌, റോമാൻ യുർക്കെവിച്ച്‌ എന്നീ മൂന്നു സഹോദരന്മാർ കൂടെ കൺട്രി കമ്മിറ്റിയിൽ അംഗങ്ങളായി.

യൂക്രേനിയൻ ഭാഷയിലുള്ള സാഹിത്യങ്ങളുടെ ആവശ്യം വർധിച്ചുവന്നതുകൊണ്ട്‌ ഒരു പരിഭാഷാ സംഘത്തിനു രൂപം നൽകേണ്ടത്‌ ആവശ്യമായിത്തീർന്നു. നാം മുമ്പു കണ്ടതുപോലെ, കാനഡക്കാരായ എമിൾ സാറിറ്റ്‌സ്‌കിയും മോറിസ്‌ സാറാഞ്ചുക്കും തങ്ങളുടെ ഭാര്യമാരോടൊപ്പം ഈ വേലയിൽ പങ്കുചേർന്നു. അർപ്പിത സേവകരുടെ ഈ ചെറിയ സംഘം ഒട്ടേറെ സാഹിത്യങ്ങൾ പരിഭാഷപ്പെടുത്തി. 1991 മുതൽ കൂടുതൽ അംഗങ്ങളുള്ള യൂക്രെയിനിയൻ പരിഭാഷാ സംഘം ജർമനിയിൽ പ്രവർത്തനം ആരംഭിച്ചു. 1998-ൽ പോളണ്ടിലേക്കും അവിടെനിന്ന്‌ ഒടുവിൽ യൂക്രെയിനിലേക്കും അവർ മാറി.

ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ

ലവോഫിലെ പ്രാദേശിക സഹോദരന്മാരുമൊത്ത്‌ 1990-ൽ നടത്തിയ ഒരു യോഗത്തെ തുടർന്ന്‌ ജാരറ്റ്‌സ്‌ സഹോദരൻ സിറ്റി സ്റ്റേഡിയം പരിശോധിച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു: “അടുത്ത വർഷം ഇവിടെവെച്ച്‌ നാം ഒരുപക്ഷേ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ നടത്തിയേക്കാം.” സഹോദരന്മാർ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. നമ്മുടെ സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലായിരുന്നതിനാലും സഹോദരന്മാർ മുമ്പൊരിക്കലും ഒരു കൺവെൻഷൻ നടത്തിയിട്ടില്ലായിരുന്നതിനാലും അതെങ്ങനെ സാധ്യമാകുമെന്ന്‌ അവർ അമ്പരന്നു. എന്നാൽ, അടുത്ത വർഷംതന്നെ സംഘടന രജിസ്റ്റർ ചെയ്യപ്പെട്ടു. 1991 ആഗസ്റ്റിൽ, അതേ സ്റ്റേഡിയത്തിൽ നടന്ന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷന്‌ 17,531 പേർ ഹാജരാകുകയും 1,316 സഹോദരങ്ങൾ സ്‌നാപനമേൽക്കുകയും ചെയ്‌തു! ആ കൺവെൻഷൻ സംഘടിപ്പിക്കുന്നതിൽ സഹായിക്കാൻ പോളണ്ടിൽനിന്നു സഹോദരന്മാരെ ക്ഷണിച്ചിട്ടുണ്ടായിരുന്നു.

ആ ആഗസ്റ്റിൽ ഓഡെസയിൽ മറ്റൊരു കൺവെൻഷൻ നടത്താൻ പരിപാടിയിട്ടിരുന്നു. എന്നാൽ കൺവെൻഷൻ നടക്കേണ്ടിയിരുന്ന ആഴ്‌ചയുടെ തുടക്കത്തിൽ റഷ്യയിൽ രാഷ്‌ട്രീയ പ്രക്ഷോഭങ്ങൾ ഉണ്ടായതുമൂലം ഓഡെസയിൽ കൺവെൻഷൻ നടത്താൻ സാധിക്കുകയില്ലെന്ന്‌ സ്ഥലത്തെ അധികാരികൾ സഹോദരന്മാരെ അറിയിച്ചു. സഹോദരന്മാർ അനുവാദത്തിനായി അവരോട്‌ അഭ്യർഥിച്ചുകൊണ്ടേയിരുന്നു. യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട്‌ കൺവെൻഷൻ നടത്താൻ വേണ്ട ഏർപ്പാടുകളുമായി അവർ മുന്നോട്ടുപോയി. ഒടുവിൽ, അന്തിമ തീരുമാനം അറിയാൻ വ്യാഴാഴ്‌ച അധികാരികളെ ചെന്നു കാണാൻ ഉത്തരവാദിത്വപ്പെട്ട സഹോദന്മാർക്ക്‌ അറിയിപ്പു ലഭിച്ചു. അന്ന്‌ ഉച്ചകഴിഞ്ഞ്‌, സഹോദരന്മാർക്ക്‌ കൺവെൻഷൻ നടത്താൻ അധികാരികൾ അനുവാദം നൽകി.

ആ വാരാന്ത്യത്തിൽ 12,115 സാക്ഷികൾ ഒരുമിച്ചു കൂടിയിരിക്കുന്നതും 1,943 പേർ സ്‌നാപനം ഏൽക്കുന്നതുമായ കാഴ്‌ച എത്ര അത്ഭുതകരവും സുന്ദരവും ആയിരുന്നെന്നോ! കൺവെൻഷൻ കഴിഞ്ഞ്‌ രണ്ടു ദിവസത്തിനു ശേഷം സഹോദരന്മാർ വീണ്ടും നഗരത്തിലെ അധികാരികളെ ചെന്നു കണ്ടു, കൺവെൻഷൻ നടത്താൻ അനുമതി നൽകിയതിനു നന്ദി പറയാൻ. മുനിസിപ്പൽ ചെയർമാന്‌ അവർ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകത്തിന്റെ ഒരു പ്രതിയും നൽകി. അദ്ദേഹം പറഞ്ഞു: “കൺവെൻഷനു ഞാൻ വന്നിരുന്നില്ലെങ്കിലും അവിടെ നടന്നതെല്ലാം എനിക്കറിയാം. ഇതിനെക്കാൾ മെച്ചമായ ഒന്ന്‌ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങ്ങൾക്ക്‌ യോഗങ്ങൾ നടത്തേണ്ടതുള്ളപ്പോൾ ഒന്നറിയിച്ചാൽ മതി, അനുമതി തരാൻ എനിക്കു സന്തോഷമേയുള്ളൂ.” അതിൽപ്പിന്നെ, ഓഡെസ എന്ന ആ മനോഹരമായ നഗരത്തിൽ സഹോദരങ്ങൾ വർഷംതോറും ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ നടത്തുന്നു.

ശ്രദ്ധേയമായ അന്താരാഷ്‌ട്ര കൺവെൻഷൻ

മറ്റൊരു അവിസ്‌മരണീയ സംഭവം, 1993 ആഗസ്റ്റിൽ കിയേവിൽ നടന്ന “ദിവ്യ ബോധന” അന്താരാഷ്‌ട്ര കൺവെൻഷൻ ആയിരുന്നു. 64,714 പേർ ആ കൺവെൻഷനിൽ സംബന്ധിച്ചു. യൂക്രെയിനിൽ നടന്നിട്ടുള്ള കൺവെൻഷനുകളിലെ ഏറ്റവും വലിയ ഹാജരാണ്‌ അത്‌. 30-ൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു പ്രതിനിധികൾ കൺവെൻഷന്‌ എത്തിയിരുന്നു. ഇംഗ്ലീഷിലുള്ള പരിപാടി ഒരേസമയം 16 ഭാഷകളിലേക്കു പരിഭാഷ ചെയ്യപ്പെട്ടു.

സ്റ്റേഡിയത്തിലെ അഞ്ച്‌ സെക്‌ഷനുകളിൽ നിറയെ ഉണ്ടായിരുന്ന സ്‌നാപനാർഥികൾ എഴുന്നേറ്റുനിന്ന്‌ രണ്ടു സ്‌നാപന ചോദ്യങ്ങൾക്കും ഉവ്വ്‌ എന്ന്‌ ഉത്തരം പറഞ്ഞത്‌ ഏവരെയും പുളകം കൊള്ളിച്ചു! തുടർന്നുള്ള രണ്ടര മണിക്കൂർ നേരം ആറു സ്‌നാപന കുളങ്ങളിലായി 7,402 പേർ സ്‌നാപനമേറ്റു. ദൈവജനത്തിന്റെ ആധുനിക ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ സ്‌നാപനമേറ്റ കൺവെൻഷനായിരുന്നു അത്‌! ശ്രദ്ധേയമായ ഈ സംഭവം യഹോവയുടെ സാക്ഷികൾ എന്നും തങ്ങളുടെ ഓർമയിൽ സൂക്ഷിക്കും.

വെറും 11 സഭകളുള്ള ഒരു നഗരത്തിൽ ഇത്രയും വലിയ ഒരു കൺവെൻഷൻ സംഘടിപ്പിക്കാൻ കഴിഞ്ഞത്‌ എങ്ങനെയാണ്‌? മുൻ വർഷങ്ങളിലെ പോലെ, താമസസൗകര്യ ഡിപ്പാർട്ട്‌മെന്റിൽ സഹായിക്കാൻ പോളണ്ടിൽനിന്നു സഹോദരന്മാർ എത്തി. സ്ഥലത്തെ സഹോദരന്മാരുമൊന്നിച്ച്‌ അവർ സാധ്യമായത്ര ഹോട്ടലുകളും ലോഡ്‌ജുകളും ആയി ബന്ധപ്പെട്ടു, ചില ബോട്ടുകൾ പോലും അവർ ഇതിനായി വാടകയ്‌ക്ക്‌ എടുത്തു.

സ്റ്റേഡിയം വാടകയ്‌ക്ക്‌ എടുക്കാൻ അനുവാദം നേടുന്നതായിരുന്നു ഏറ്റവും ബുദ്ധിമുട്ട്‌. കായിക മത്സരങ്ങൾക്കു പുറമേ, വാരാന്തങ്ങളിൽ ഒരു വലിയ കമ്പോളമായും സ്റ്റേഡിയം ഉപയോഗിച്ചിരുന്നു. ആ കമ്പോളം നിറുത്തിവെക്കാനുള്ള അനുവാദം ആർക്കും അതുവരെ ലഭിച്ചിരുന്നില്ല. എന്നാൽ ഇക്കുറി അനുവാദം നൽകപ്പെട്ടു.

ഒരുക്കങ്ങൾ നടത്തുന്നതിൽ സഹോദരന്മാരെ സഹായിക്കാൻ നഗരത്തിലെ അധികാരികൾ പോലും ഒരു പ്രത്യേക കമ്മിറ്റിക്കു രൂപം നൽകി. പോലീസ്‌, ഗതാഗതം, വിനോദസഞ്ചാരം എന്നിങ്ങനെ നഗരത്തിലെ വിവിധ വകുപ്പുകളിലെ പ്രധാനികൾ ഈ കമ്മിറ്റിയിൽ ഉണ്ടായിരുന്നു. കൺവെൻഷൻ പ്രതിനിധികൾക്ക്‌ നഗരത്തിനകത്ത്‌ ഗതാഗത സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ ഒരു പ്രത്യേക ക്രമീകരണം ഉണ്ടായിരുന്നു. സഹോദരന്മാർ യാത്രാക്കൂലിയായി പൊതു വാഹനങ്ങൾക്കു മുൻകൂട്ടി പണം നൽകിയിരുന്നു. അതിനാൽ കൺവെൻഷൻ ബാഡ്‌ജുകൾ ഉള്ളവർക്ക്‌ വാഹനത്തിൽ കയറിയാൽ യാത്രാക്കൂലി നൽകേണ്ടിയിരുന്നില്ല, മറിച്ച്‌ അത്‌ കൺവെൻഷൻ സ്ഥലത്ത്‌ നൽകിയാൽ മതിയായിരുന്നു. അങ്ങനെ സഹോദരങ്ങൾക്ക്‌ കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നായ റിപ്പബ്ലിക്കൻ (ഇപ്പോൾ ഒളിമ്പിക്‌) സ്റ്റേഡിയത്തിലേക്ക്‌ ഭൂഗർഭ ട്രെയിനുകളിലും ട്രാമുകളിലും ബസ്സുകളിലും വന്നുപോകുക എളുപ്പമായി. കൺവെൻഷൻ പ്രതിനിധികളുടെ സൗകര്യാർഥം, സ്റ്റേഡിയത്തിനു ചുറ്റുമുള്ള സ്ഥലങ്ങളിൽ കൂടുതൽ ബേക്കറികൾ തുറന്നു. അതുകൊണ്ട്‌ സഹോദരന്മാർക്ക്‌ അടുത്ത ദിവസത്തേക്കുള്ള ഭക്ഷണം പെട്ടെന്നു വാങ്ങാൻ സാധിച്ചിരുന്നു.

കൺവെൻഷൻ സ്ഥലത്തു ദർശിച്ച അച്ചടക്കം കണ്ട്‌ പോലീസ്‌ മേധാവി അത്ഭുതത്തോടെ അഭിപ്രായപ്പെട്ടു: “നിങ്ങളുടെ നല്ല പെരുമാറ്റവും അതുപോലെ നിങ്ങൾ ഇവിടെ ചെയ്‌തിരിക്കുന്ന എല്ലാ കാര്യങ്ങളും എന്നെ നിങ്ങളുടെ പ്രസംഗപ്രവർത്തനത്തെക്കാൾ അധികം ആകർഷിച്ചിരിക്കുന്നു. തങ്ങൾ കേട്ട കാര്യങ്ങൾ ആളുകൾ മറന്നുപോയേക്കാം. പക്ഷേ തങ്ങൾ കണ്ട കാര്യങ്ങൾ അവർ ഒരിക്കലും മറക്കില്ല.”

അടുത്തുള്ള ഒരു ഭൂഗർഭ റെയിൽവേ സ്റ്റേഷനിലെ ജോലിക്കാരായ നിരവധി സ്‌ത്രീകൾ, പ്രതിനിധികളോട്‌ അവരുടെ നല്ല പെരുമാറ്റത്തിനു നന്ദി പറയാൻ കൺവെൻഷൻ കാര്യനിർവഹണ ഓഫീസിൽ വന്നു. അവർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “പല സ്‌പോർട്‌സ്‌ പരിപാടികളുടെയും രാഷ്‌ട്രീയ പരിപാടികളുടെയും സമയത്ത്‌ ഞങ്ങൾ ഇവിടെ ജോലി ചെയ്‌തിട്ടുണ്ട്‌. എന്നാൽ ഞങ്ങളുടെ ക്ഷേമത്തിൽ താത്‌പര്യം കാട്ടിയ, വിനയശീലരും സന്തുഷ്ടരുമായ ആളുകളെ ആദ്യമായാണ്‌ ഞങ്ങൾ കാണുന്നത്‌. എല്ലാവരും ഞങ്ങളെ അഭിവാദനം ചെയ്‌തു, മറ്റു പരിപാടികൾക്കു വന്നിട്ടുള്ള ആരും ഇതുവരെ ചെയ്യാത്ത ഒരു കാര്യമാണത്‌.”

കൺവെൻഷനു ശേഷം കിയേവിലെ സഭകളിലുള്ളവർക്കു നല്ല തിരക്കായിരുന്നു. കാരണം കൂടുതൽ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച താത്‌പര്യക്കാരുടെ ഏതാണ്ട്‌ 2,500 മേൽവിലാസങ്ങൾ അവർക്കു ലഭിച്ചിരുന്നു. തീക്ഷ്‌ണതയുള്ള സാക്ഷികളുടെ 50-ൽപ്പരം സഭകൾ ഇന്ന്‌ കിയേവിൽ ഉണ്ട്‌!

കൺവെൻഷനു പോകുകയായിരുന്ന ഒരു കൂട്ടം സഹോദരന്മാരുടെ വസ്‌തുവകകളെല്ലാം അപഹരിക്കപ്പെട്ടു. എങ്കിലും, ആത്മീയമായി തങ്ങളെത്തന്നെ സമ്പന്നരാക്കാനുള്ള ദൃഢനിശ്ചയത്തോടെ അവർ കിയേവിലേക്കുള്ള യാത്ര തുടർന്നു. കൺവെൻഷന്‌ എത്തുമ്പോൾ ഉടുവസ്‌ത്രം മാത്രമേ അവർക്ക്‌ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മുൻ ചെക്കോസ്ലോവാക്യയിൽ നിന്നുള്ള ഒരു കൂട്ടം സഹോദരന്മാർ ആവശ്യക്കാർക്കു കൊടുക്കാനായി കുറേ വസ്‌ത്രങ്ങൾ കൊണ്ടുവന്നിരുന്നു. ഇത്‌ കൺവെൻഷൻ നടത്തിപ്പുകാരുടെ ശ്രദ്ധയിൽ പെട്ടപ്പോൾ, മോഷണത്തിന്‌ ഇരയായ സഹോദരന്മാർക്ക്‌ തത്‌ക്ഷണം ആവശ്യമായ വസ്‌ത്രങ്ങൾ നൽകി.

പുരോഗമിക്കാൻ സഹായം

നിസ്വാർഥ സ്‌നേഹത്തിന്റെ അത്തരം ദൃഷ്ടാന്തങ്ങൾ ഇനിയും ധാരാളമുണ്ട്‌. 1991-ൽ, ഭരണസംഘം കിഴക്കൻ യൂറോപ്പിലെ സഹോദരങ്ങൾക്ക്‌ ആഹാരവും വസ്‌ത്രവും നൽകാൻ പടിഞ്ഞാറൻ യൂറോപ്പിലെ നിരവധി സഭകളെ ആഹ്വാനം ചെയ്‌തു. സഹായം നൽകാൻ ലഭിച്ച ഈ അവസരത്തെ അവിടത്തെ സാക്ഷികൾ വിലമതിച്ചു. പങ്കുവെക്കാനുള്ള അവരുടെ മനസ്സൊരുക്കം സകല പ്രതീക്ഷകളെയും കടത്തിവെട്ടുന്നതായിരുന്നു. പലരും ആഹാരവും ഉപയോഗിച്ച വസ്‌ത്രങ്ങളും സംഭാവനയായി നൽകി, മറ്റു ചിലർ പുതിയ വസ്‌ത്രങ്ങളും. പടിഞ്ഞാറൻ യൂറോപ്പിലെ ബ്രാഞ്ച്‌ ഓഫീസുകൾ കാർട്ടനുകളിലും സൂട്ട്‌കേസുകളിലും ബാഗുകളിലുമൊക്കെ ആക്കിയ അത്തരം സാധനങ്ങൾ ശേഖരിച്ചു. ഓസ്‌ട്രിയ, ഡെന്മാർക്ക്‌, ജർമനി, ഇറ്റലി, നെതർലൻഡ്‌സ്‌, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങളിൽനിന്ന്‌ ടൺകണക്കിന്‌ ആഹാരസാധനങ്ങളും വസ്‌ത്രങ്ങളും ട്രക്കുകൾ വഴി ലവോഫിൽ എത്തിച്ചു. മിക്കപ്പോഴും, കിഴക്കൻ യൂറോപ്പിലെ രാജ്യവേലയ്‌ക്ക്‌ ഉപയോഗിക്കാൻ സഹോദരന്മാർ തങ്ങളുടെ ട്രക്കുകൾ പോലും സംഭാവനയായി നൽകി. ആവശ്യമായ രേഖകൾ എല്ലാം ശരിയാക്കിക്കൊടുത്തുകൊണ്ട്‌ അതിർത്തിയിലെ അധികാരികൾ സഹായമനസ്‌കത പ്രകടമാക്കി. അങ്ങനെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ സാധനങ്ങൾ എത്തിക്കാൻ സഹോദരന്മാർക്കു കഴിഞ്ഞു.

തങ്ങളെ വരവേറ്റ വിധം സാധനങ്ങൾ എത്തിച്ചുകൊടുത്ത സഹോദരന്മാരിൽ വലിയ മതിപ്പുളവാക്കി. നെതർലൻഡ്‌സിൽനിന്ന്‌ ലവോഫിലേക്ക്‌ സാധനങ്ങൾ കൊണ്ടുപോയ ഒരു സംഘം തങ്ങളുടെ യാത്രയെ കുറിച്ച്‌ ഇങ്ങനെ എഴുതി: “ട്രക്കുകളിൽനിന്നു സാധനങ്ങൾ ഇറക്കാൻ 140-ഓളം സഹോദരന്മാർ എത്തിയിട്ടുണ്ടായിരുന്നു. ജോലി തുടങ്ങുന്നതിനു മുമ്പേ ഒരുമിച്ച്‌ പ്രാർഥിച്ചുകൊണ്ട്‌ താഴ്‌മയുള്ള ഈ സഹോദരന്മാർ യഹോവയിലുള്ള തങ്ങളുടെ ആശ്രയം പ്രകടമാക്കി. ജോലി പൂർത്തിയായപ്പോൾ വീണ്ടും അവർ യഹോവയ്‌ക്കു പ്രാർഥനയിലൂടെ നന്ദി പറയാൻ ഒന്നിച്ചുകൂടി. തങ്ങൾക്കുള്ളതിൽനിന്ന്‌ സുഭിക്ഷമായി നൽകിയ, സ്ഥലത്തെ സഹോദരന്മാരുടെ സത്‌കാരം ഞങ്ങൾ ആസ്വദിച്ചു. അതിനുശേഷം മേൽപ്പറഞ്ഞ സഹോദരന്മാർ പ്രധാന റോഡുവരെ ഞങ്ങളോടൊപ്പം വന്നു. ഞങ്ങൾക്കു വിട നൽകുന്നതിനു മുമ്പേ, അവിടെവെച്ച്‌ റോഡരികിൽനിന്നുകൊണ്ട്‌ വീണ്ടും അവർ പ്രാർഥിച്ചു.

“മടങ്ങുന്ന വഴിക്ക്‌ ചിന്തിക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു​—⁠ജർമനിയിലെയും പോളണ്ടിലെയും ലവോഫിലെയും സഹോദരന്മാരുടെ അതിഥിപ്രിയം; അവരുടെ ശക്തമായ വിശ്വാസവും പ്രാർഥനാനിരതമായ മനോഭാവവും; തങ്ങൾതന്നെ ഞെരുക്കത്തിലായിരിക്കെ, ഞങ്ങൾക്കു താമസസൗകര്യവും ഭക്ഷണവും നൽകിക്കൊണ്ട്‌ അവർ പ്രകടമാക്കിയ അതിഥിപ്രിയം; അവർ പ്രകടമാക്കിയ ഐക്യവും അടുപ്പവും; അവരുടെ കൃതജ്ഞതാമനോഭാവം. ഉദാരമായി സാധനങ്ങൾ നൽകിയ, സ്വന്തം നാട്ടുകാരായ സഹോദരീസഹോദരന്മാരെ കുറിച്ചും ഞങ്ങൾ ഓർത്തു.”

ഡെന്മാർക്കിൽനിന്നുള്ള ഒരു ഡ്രൈവർ പറഞ്ഞു: “കൊണ്ടുപോയതിനെക്കാൾ കൂടുതൽ തിരികെ കൊണ്ടുവന്നിരിക്കുന്നതായി ഞങ്ങൾ മനസ്സിലാക്കി. യൂക്രേയിനിയൻ സഹോദരന്മാരുടെ സ്‌നേഹവും ത്യാഗമനഃസ്ഥിതിയും ഞങ്ങളുടെ വിശ്വാസത്തെ വളരെയധികം ബലപ്പെടുത്തി.”

സംഭാവന ചെയ്യപ്പെട്ട സാധനങ്ങളിൽ പലതും മോൾഡേവിയ, ബാൾട്ടിക്ക്‌ രാജ്യങ്ങൾ, കസാഖ്‌സ്ഥാൻ, റഷ്യ തുടങ്ങി സഹായം ആവശ്യമായ മറ്റു സ്ഥലങ്ങളിലേക്കും എത്തിച്ചു. കൂടാതെ, കിഴക്ക്‌ 7,000-ത്തിലധികം കിലോമീറ്റർ [4,300 മൈ.] അകലെയുള്ള സൈബീരിയയിലേക്കും കബാറഫ്‌സ്‌ക്കിലേക്കും സാധനങ്ങൾ കണ്ടെയ്‌നറിലാക്കി അയച്ചുകൊടുത്തു. സഹായം ലഭിച്ചവരിൽനിന്നുള്ള വിലമതിപ്പിന്റെ കത്തുകൾ ഹൃദയത്തെ സ്‌പർശിക്കുന്നതും പ്രോത്സാഹജനകവും ഏകീകരണശക്തിയുള്ളതും ആയിരുന്നു. അങ്ങനെ, ഉൾപ്പെട്ട എല്ലാവരും “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തുഷ്ടി കൊടുക്കുന്നതിലുണ്ട്‌” എന്ന യേശുവിന്റെ വാക്കുകളുടെ സത്യത അനുഭവിച്ചറിഞ്ഞു.​—⁠പ്രവൃ. 20:⁠35, NW.

പിന്നീട്‌ 1998-ൽ, ട്രാൻസ്‌കാർപാത്തിയയിൽ ഒരു ദുരന്തമുണ്ടായി. ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞതനുസരിച്ച്‌, 6,754 വീടുകളെ വെള്ളപ്പൊക്കം ബാധിച്ചു, 895 വീടുകൾ ഉരുൾപ്പൊട്ടലിൽ പൂർണമായും തകർന്നുപോയി. തകർന്നുപോയ വീടുകളിൽ 37 എണ്ണം യഹോവയുടെ സാക്ഷികളുടേതായിരുന്നു. ഉടനടി ലവോഫിലെ ബ്രാഞ്ച്‌, ആ സ്ഥലത്തേക്ക്‌ ഒരു ട്രക്ക്‌ നിറയെ ആഹാരവും വെള്ളവും സോപ്പും കിടക്കയും കമ്പിളിയും അയച്ചു. പിന്നീട്‌, കാനഡയിൽനിന്നും ജർമനിയിൽനിന്നും സഹോദരങ്ങൾ വസ്‌ത്രങ്ങളും വീട്ടുസാധനങ്ങളും സംഭാവന ചെയ്‌തു. ചെക്ക്‌ റിപ്പബ്ലിക്ക്‌, പോളണ്ട്‌, സ്ലോവാക്യ, ഹംഗറി എന്നിവിടങ്ങളിലുള്ള സാക്ഷികൾ ആഹാരസാധനങ്ങൾക്കു പുറമേ, തകർന്ന വീടുകൾക്കു പകരം പുതിയവ പണിയാൻ ആവശ്യമായ നിർമാണ വസ്‌തുക്കളും പ്രദാനം ചെയ്‌തു. സ്ഥലത്തെ പല സഹോദരന്മാരും പുനർനിർമാണ വേലയിൽ സഹായിച്ചു. സഹസാക്ഷികൾക്കു മാത്രമല്ല മറ്റുള്ളവർക്കും സാക്ഷികൾ ആഹാരവും വസ്‌ത്രവും വിറകും നൽകി. സാക്ഷികളല്ലാത്തവരുടെ മുറ്റങ്ങളും വയലുകളും വൃത്തിയാക്കുന്നതിലും വീടുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിലും അവർ സഹായിച്ചു.

ആത്മീയ സഹായം നൽകുന്നു

ഭൗതിക സഹായം മാത്രമല്ല പ്രദാനം ചെയ്യപ്പെട്ടത്‌. 50 വർഷം നിരോധനത്തിൽ കഴിഞ്ഞ യൂക്രേയിനിയൻ സാക്ഷികൾക്ക്‌ സ്വാതന്ത്ര്യത്തിന്റേതായ അന്തരീക്ഷത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ പരിചയമില്ലായിരുന്നു. അതുകൊണ്ട്‌ 1992-ൽ, യൂക്രെയിനിലെ പ്രവർത്തനം സംഘടിപ്പിക്കുന്നതിൽ സഹായിക്കാൻ ജർമനിയിൽനിന്ന്‌ സഹോദരന്മാരെ അവിടേക്ക്‌ അയച്ചു. ഇത്‌ ഭാവി ബെഥേൽ പ്രവർത്തനത്തിനു വേണ്ട അടിത്തറ പാകി. പിന്നീട്‌, ശിഷ്യരാക്കൽ വേലയുടെ മേൽനോട്ടം വഹിക്കുന്നതിൽ സഹായിക്കാൻ കാനഡ, ജർമനി, ഐക്യനാടുകൾ എന്നിവിടങ്ങളിൽനിന്നും സഹോദരന്മാർ അയയ്‌ക്കപ്പെട്ടു.

വയൽപ്രവർത്തനങ്ങൾക്കും അനുഭവസമ്പന്നരായ സഹോദരന്മാരുടെ വലിയ ആവശ്യം ഉണ്ടായിരുന്നു. തുടക്കത്തിൽ, സഭകളുടെയും പിന്നീട്‌ രാജ്യത്തിലുടനീളമുള്ള സർക്കിട്ടുകളുടെയും ഡിസ്‌ട്രിക്‌റ്റുകളുടെയും കാര്യങ്ങൾ നോക്കിനടത്താൻ പോളണ്ടിൽനിന്നും ഒട്ടേറെ ശുശ്രൂഷാ പരിശീലന സ്‌കൂൾ ബിരുദധാരികൾ എത്തി. മാത്രമല്ല, കാനഡയിൽനിന്നും ഐക്യനാടുകളിൽനിന്നും വന്ന ചില ദമ്പതികൾ ഇപ്പോൾ ഇവിടെ സർക്കിട്ട്‌ വേല നിർവഹിക്കുന്നു. കൂടാതെ, ചെക്ക്‌ റിപ്പബ്ലിക്ക്‌, ഹംഗറി, ഇറ്റലി, സ്ലോവാക്യ എന്നിവിടങ്ങളിൽനിന്നുള്ള ചില സഹോദരന്മാർ സർക്കിട്ട്‌ മേൽവിചാരകന്മാരായി പ്രവർത്തിക്കുന്നു. ശുശ്രൂഷയുടെ ഒട്ടനവധി വശങ്ങളിലും തിരുവെഴുത്തു നിലവാരങ്ങൾ ബാധകമാക്കാനും അതുമായി പൊരുത്തപ്പെടാനും ഈ ക്രമീകരണങ്ങൾ പല പ്രാദേശിക സഭകളെയും സഹായിച്ചിട്ടുണ്ട്‌.

ബൈബിൾ സാഹിത്യത്തോടുള്ള വിലമതിപ്പ്‌

ഒരു പ്രത്യേക സാഹിത്യ പ്രചാരണപരിപാടി 1990-കളുടെ രണ്ടാം പകുതിയിൽ നടന്നു. 1997-ലെ രാജ്യവാർത്ത നമ്പർ 35-ന്റെ വിതരണത്തെ തുടർന്ന്‌, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക അയച്ചുതരാനോ തങ്ങളുമായി വ്യക്തിപരമായി ബന്ധപ്പെടാനോ ആവശ്യപ്പെടുന്ന 10,000-ത്തിനടുത്ത്‌ കൂപ്പണുകൾ താത്‌പര്യക്കാരിൽനിന്നു ലഭിച്ചു.

നമ്മുടെ സാഹിത്യങ്ങൾ പരക്കെ വിലമതിക്കപ്പെടുന്നു. ഒരു പ്രസവാശുപത്രി സന്ദർശിച്ച സഹോദരങ്ങളോട്‌, കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകത്തിന്റെ 12 പ്രതികൾ വീതം ആഴ്‌ചതോറും ആശുപത്രിക്കായി നൽകാൻ അധികാരികൾ ആവശ്യപ്പെടുകയുണ്ടായി. കാരണം? കുഞ്ഞു പിറക്കുന്ന ഓരോ ദമ്പതികൾക്കും ജനന സർട്ടിഫിക്കറ്റിനോടൊപ്പം ഈ പുസ്‌തകത്തിന്റെ ഒരു പ്രതി നൽകാൻ ആ ആശുപത്രിയിലെ അധികൃതർ ആഗ്രഹിച്ചു!

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പലരും നമ്മുടെ മാസികകൾ വായിച്ച്‌ അവയുടെ മൂല്യം തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ഒരു പാർക്കിൽ പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കവേ, സാക്ഷികൾ ഒരു മനുഷ്യന്‌ ഉണരുക! മാസികയുടെ ഒരു പ്രതി നൽകി. നന്ദി രേഖപ്പെടുത്തിയ ശേഷം അദ്ദേഹം അവരോടു ചോദിച്ചു: “എത്രയാണ്‌ ഇതിന്റെ വില?”

“ആളുകളുടെ സ്വമേധയാ സംഭാവനകളാലാണ്‌ ഞങ്ങളുടെ ഈ വേല നിർവഹിക്കപ്പെടുന്നത്‌,” സഹോദരന്മാർ വ്യക്തമാക്കി. അദ്ദേഹം ഒരു ഹ്രിവ്‌ന്നയുടെ ഒരു നോട്ട്‌​—⁠അന്നത്തെ 54 സെന്റിന്‌ (യു.എസ്‌) തുല്യമായ തുക​—⁠സംഭാവനയായി നൽകി. എന്നിട്ട്‌ ഉടനടി പാർക്കിലെ ബെഞ്ചിലിരുന്ന്‌ മാസിക വായിക്കാൻ തുടങ്ങി. ഇതിനിടയിൽ, സഹോദരന്മാർ പാർക്കിലുള്ള മറ്റാളുകളോട്‌ സാക്ഷീകരണം നടത്തുകയായിരുന്നു. 15 മിനിട്ടിനകം, അദ്ദേഹം സഹോദരന്മാരെ സമീപിച്ച്‌ മാസികയ്‌ക്കായി ഒരു ഹ്രിവ്‌ന്ന കൂടെ സംഭാവന നൽകി. എന്നിട്ട്‌ വീണ്ടും ബെഞ്ചിൽ പോയിരുന്ന്‌ വായന തുടർന്നു, സഹോദരന്മാർ തങ്ങളുടെ സാക്ഷീകരണവും. കുറച്ചു കഴിഞ്ഞപ്പോൾ ആ മനുഷ്യൻ വീണ്ടും സഹോദരന്മാരെ സമീപിച്ച്‌ ഒരു ഹ്രിവ്‌ന്ന കൂടെ നൽകി. മാസിക തനിക്കു വളരെ ഇഷ്ടപ്പെട്ടെന്നും താൻ അതു പതിവായി വായിക്കാൻ ആഗ്രഹിക്കുന്നെന്നും അദ്ദേഹം അവരോടു പറഞ്ഞു.

നല്ല പ്രബോധനം വർധനയെ ത്വരിതപ്പെടുത്തുന്നു

നമ്മുടെ വേലയ്‌ക്ക്‌ നിയമാംഗീകാരം ലഭിച്ചശേഷം, വളരെയധികം പുരോഗതി ഉണ്ടായി. എന്നാൽ, ഒപ്പം ചില വെല്ലുവിളികളും ഉയർന്നുവന്നു. ആദ്യം ചിലർക്ക്‌ വീടുതോറുമുള്ള ശുശ്രൂഷയുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു. കാരണം അര നൂറ്റാണ്ടിലധികം കാലം സാക്ഷീകരണമെല്ലാം അനൗപചാരികമായാണ്‌ അവർ നടത്തിയിരുന്നത്‌. എന്നാൽ യഹോവയുടെ ആത്മാവിന്റെ സഹായത്തോടെ, ഈ സഹോദരീസഹോദരന്മാർ പുതിയ സാക്ഷീകരണരീതിയുമായി പൊരുത്തപ്പെടുന്നതിൽ വിജയിച്ചു.

ഓരോ സഭയിലും വാരംതോറുമുള്ള എല്ലാ അഞ്ചു യോഗങ്ങളും നടത്താൻ സാധിച്ചു. പ്രസാധകരെ ഏകീകരിക്കുന്നതിലും കൂടുതൽ പ്രവർത്തനങ്ങൾക്കായി ഒരുങ്ങുന്നതിന്‌ അവരെ പ്രചോദിപ്പിക്കുന്നതിലും ഇത്‌ ഒരു മർമപ്രധാന പങ്കു വഹിച്ചിരിക്കുന്നു. സഹോദരന്മാർ കാര്യങ്ങൾ പെട്ടെന്നു പഠിക്കുകയും ശുശ്രൂഷയുടെ ഒട്ടേറെ വശങ്ങളിൽ പുരോഗതി വരുത്തുകയും ചെയ്‌തു. പുതിയ സ്‌കൂളുകൾ യൂക്രെയിനിലെ സാക്ഷികൾക്ക്‌ നല്ല പ്രബോധനം നൽകി. ഉദാഹരണത്തിന്‌, 1991-ൽ, സാക്ഷികൾക്ക്‌ പ്രസംഗവേലയിൽ പരിശീലനം നൽകാൻ എല്ലാ സഭകളിലും ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂൾ തുടങ്ങി. 1992 മുതൽ, മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും വേണ്ടിയുള്ള രാജ്യശുശ്രൂഷാസ്‌കൂൾ, വയൽസേവനത്തിൽ നേതൃത്വമെടുക്കുന്നതിലും സഭകളെ പ്രബോധിപ്പിക്കുന്നതിലും ആട്ടിൻകൂട്ടത്തെ മേയ്‌ക്കുന്നതിലും സഹോദരന്മാരെ വളരെ സഹായിച്ചിട്ടുണ്ട്‌.

യൂക്രെയിനിൽ 1996-ൽ പയനിയർ സേവന സ്‌കൂൾ സംഘടിപ്പിച്ചു. ആദ്യത്തെ അഞ്ചു വർഷം 7,400-ലധികം സാധാരണ പയനിയർമാർ രണ്ടാഴ്‌ചത്തെ ഈ കോഴ്‌സിൽ പങ്കെടുത്തു. അത്‌ ഏതു വിധത്തിലാണ്‌ അവർക്കു പ്രയോജനം ചെയ്‌തത്‌? ഒരു പയനിയർ ഇപ്രകാരം എഴുതി: “യഹോവയുടെ കൈകളിൽ കളിമണ്ണുപോലെ ആയിരിക്കാനും ഈ സ്‌കൂളിലൂടെ രൂപപ്പെടുത്തപ്പെടാനും എനിക്കു സന്തോഷമായിരുന്നു.” മറ്റൊരു പയനിയർ പറഞ്ഞു: “പയനിയർ സ്‌കൂളിൽ പങ്കെടുത്തു കഴിഞ്ഞപ്പോൾ ഞാൻ ‘പ്രകാശിക്കാൻ’ തുടങ്ങി.” ഒരു പയനിയർ സ്‌കൂൾ ക്ലാസ്‌ ഇങ്ങനെ എഴുതി: “പങ്കെടുത്ത എല്ലാവർക്കും ഈ സ്‌കൂൾ ഒരു യഥാർഥ അനുഗ്രഹമായിരുന്നു. ആളുകളിൽ അതീവ താത്‌പര്യം വളർത്തിയെടുക്കാൻ അതു പ്രചോദനം നൽകി.” പയനിയർമാരുടെ എണ്ണത്തിൽ തുടർച്ചയായി 57 പ്രതിമാസ അത്യുച്ചം ഉണ്ടായിരിക്കുന്നതിൽ ഈ സ്‌കൂൾ ഒരു സുപ്രധാന പങ്കുവഹിച്ചു.

സാമ്പത്തികസ്ഥിതി മോശമായതിനാൽ പയനിയർമാർക്ക്‌ തങ്ങളുടെ ആവശ്യങ്ങൾക്കായി കരുതാൻ സാധിക്കുന്നത്‌ എങ്ങനെയെന്ന്‌ പലരും അതിശയിക്കുന്നു. ശുശ്രൂഷാ ദാസനായി സേവിക്കുന്ന ഒരു പയനിയർക്ക്‌ മൂന്നു മക്കളെ പോറ്റേണ്ടതുണ്ട്‌. അദ്ദേഹം പറയുന്നതു കേൾക്കൂ: “ഞാനും ഭാര്യയും ഒത്തൊരുമിച്ച്‌ ഞങ്ങളുടെ ആവശ്യങ്ങൾക്കായി നല്ല ആസൂത്രണം ചെയ്യുന്നു, ജീവിതത്തിൽ അനിവാര്യമായ വസ്‌തുക്കൾ വാങ്ങാൻ മാത്രമേ ഞങ്ങൾ ശ്രമിക്കുന്നുള്ളൂ. യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ ഞങ്ങൾ ഒരു എളിയ ജീവിതം നയിക്കുന്നു. ശരിയായ മനോഭാവം വെച്ചുപുലർത്തുന്നതുകൊണ്ട്‌, ഉപജീവനം കഴിക്കാൻ ഇത്ര കുറച്ചു മതിയല്ലോ എന്നോർക്കുമ്പോൾ ഞങ്ങൾ അത്ഭുതപ്പെടുന്നു.”

ഇവിടെ ശുശ്രൂഷാ പരിശീലന സ്‌കൂൾ ആരംഭിച്ചത്‌ 1999-ലാണ്‌. ആദ്യ വർഷം നൂറോളം സഹോദരന്മാർ അതിൽ പങ്കെടുത്തു. സാമ്പത്തിക പരാധീനതകൾക്കു മധ്യേ, ഈ രണ്ടു മാസത്തെ കോഴ്‌സിൽ പങ്കെടുക്കുന്നത്‌ പലർക്കും ഒരു വെല്ലുവിളിയായിരുന്നു. എന്നിരുന്നാലും, യഹോവ ഈ സഹോദരന്മാർക്കായി കരുതുകയും അവരെ പിന്തുണയ്‌ക്കുകയും ചെയ്‌തുവെന്നതു വ്യക്തമാണ്‌.

ശുശ്രൂഷാ പരിശീലന സ്‌കൂളിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച ഒരു സഹോദരൻ ഒരു വിദൂര പ്രദേശത്ത്‌ സാധാരണ പയനിയറായി സേവിക്കുകയായിരുന്നു. വരുന്ന ശൈത്യകാലത്തേക്ക്‌ ആഹാരവും കൽക്കരിയും വാങ്ങാൻ വേണ്ട പണം അദ്ദേഹവും പയനിയർ പങ്കാളിയും സ്വരുക്കൂട്ടിയിരുന്നു. സ്‌കൂളിൽ സംബന്ധിക്കാനുള്ള ക്ഷണം ലഭിച്ചപ്പോൾ, കൽക്കരി വാങ്ങണമോ അതോ അദ്ദേഹത്തിന്‌ സ്‌കൂളിൽ പങ്കെടുക്കാൻ പോകുന്നതിനുള്ള ട്രെയിൻ ടിക്കറ്റ്‌ വാങ്ങണമോ എന്ന്‌ അവർക്ക്‌ തീരുമാനിക്കേണ്ടതുണ്ടായിരുന്നു. അവർ ഇക്കാര്യം ചർച്ച ചെയ്‌തു. ഒടുവിൽ അദ്ദേഹം സ്‌കൂളിൽ സംബന്ധിക്കണമെന്ന തീരുമാനത്തിലെത്തി. ആ തീരുമാനം എടുത്ത്‌ ഏതാനും ദിവസമാകുന്നതിനു മുമ്പ്‌ ആ സഹോദരന്റെ, വിദേശത്തുള്ള പെങ്ങൾ കുറച്ചു പണം അദ്ദേഹത്തിനു സമ്മാനമായി അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ യാത്രയ്‌ക്ക്‌ അത്‌ തികയുമായിരുന്നു. സ്‌കൂൾ സമാപിച്ചപ്പോൾ ഈ സഹോദരന്‌ പ്രത്യേക പയനിയറായി നിയമനം ലഭിച്ചു.

അത്തരം പ്രബോധന പരിപാടികൾ യഹോവയുടെ ജനത്തെ വയൽസേവനത്തിലും സഭാപ്രവർത്തനങ്ങളിലും കൂടുതൽ ഫലപ്രദമായി പങ്കുപറ്റാൻ പ്രാപ്‌തരാക്കിയിരിക്കുന്നു. കൂടുതൽ ഫലകരമായി പ്രസംഗിക്കേണ്ടത്‌ എങ്ങനെയെന്ന്‌ പ്രസാധകർ പഠിക്കുന്നു; മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും തങ്ങളുടെ സഭകളിൽ കൂടുതൽ മെച്ചമായ വിധത്തിൽ പ്രോത്സാഹനത്തിന്റെ ഉറവായിരിക്കാൻ കഴിയുന്നത്‌ എങ്ങനെ എന്നതിൽ പരിശീലനം ലഭിക്കുന്നു. തത്‌ഫലമായി, ‘സഭകൾ വിശ്വാസത്തിൽ ഉറയ്‌ക്കുകയും എണ്ണത്തിൽ പെരുകുകയും ചെയ്യുന്നു.’​—⁠പ്രവൃ. 16:⁠5.

ത്വരിതഗതിയിലുള്ള വർധന മാറ്റങ്ങൾ വരുത്തുന്നു

നിയമാംഗീകാരം ലഭിച്ചതിനു ശേഷമുള്ള വർഷങ്ങളിൽ യൂക്രെയിനിലെ യഹോവയുടെ സാക്ഷികളുടെ എണ്ണം നാലു മടങ്ങിലേറെ ആയിരിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളും അസാധാരണമായ വർധനയ്‌ക്കു സാക്ഷ്യം വഹിച്ചിരിക്കുന്നു. യോഗ്യതയുള്ള മൂപ്പന്മാരുടെ വലിയ ആവശ്യവും ഇവിടെ ഉണ്ടായിട്ടുണ്ട്‌. മിക്കപ്പോഴും രണ്ടാമതൊരു മൂപ്പനെ കൂടെ ലഭിച്ചാൽ ഉടൻതന്നെ സഭ രണ്ടായി പിരിയും. ചില സഭകളിൽ 500 പ്രസാധകർ വരെ ഉണ്ടായിരുന്നിട്ടുണ്ട്‌. ത്വരിതഗതിയിലുള്ള അത്തരം വർധന മൂലം മേൽനോട്ട പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നിട്ടുണ്ട്‌.

യൂക്രെയിനിലെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്നതിൽ 1960-കൾ വരെ പോളണ്ട്‌ ബ്രാഞ്ച്‌ സഹായിച്ചു. അതേത്തുടർന്ന്‌, ജർമനി ബ്രാഞ്ച്‌ മേൽവിചാരണയും സഹായവും നൽകി. 1998 സെപ്‌റ്റംബറിൽ യൂക്രെയിൻ, ബ്രുക്ലിനിലെ ഹെഡ്‌ക്വാർട്ടേഴ്‌സിന്റെ മേൽനോട്ടത്തിൻ കീഴിൽ ഒരു ബ്രാഞ്ച്‌ ആയിത്തീർന്നു. ആ സമയത്ത്‌, സംഘടനാപരമായ കാര്യങ്ങൾ നോക്കിനടത്താൻ ഒരു ബ്രാഞ്ച്‌ കമ്മിറ്റി രൂപീകരിക്കപ്പെട്ടു.

ത്വരിതഗതിയിലുള്ള വർധന ബ്രാഞ്ച്‌ സൗകര്യങ്ങൾ വിപുലീകരിക്കേണ്ടത്‌ ആവശ്യമാക്കിത്തീർത്തു. 1991 മുതൽ, മുൻ യു.എ⁠സ്‌.എസ്‌.ആർ.-ലെ 15 റിപ്പബ്ലിക്കുകളിലേക്കും സാഹിത്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രമായി ലവോഫ്‌ ഉപയോഗിച്ചിരുന്നു. പിറ്റേ വർഷം, ജർമനിയിലെ ബ്രാഞ്ച്‌ ഓഫീസിൽനിന്നുള്ള ഒരു ദമ്പതികൾ എത്തി. താമസിയാതെ ഒരു ചെറിയ ഓഫീസ്‌ ലവോഫിൽ പ്രവർത്തനം തുടങ്ങി. ഒരു വർഷത്തിനുശേഷം ഒരു വീടു വാങ്ങി ഓഫീസിലെ മുഴുസമയ സേവകർ അവിടെ താമസമാക്കി. 1995-ന്റെ ആരംഭത്തിൽ, യൂക്രെയിൻ ഓഫീസിൽ സേവിച്ചിരുന്ന സ്വമേധയാ സേവകരുടെ എണ്ണം ത്വരിതഗതിയിൽ വർധിച്ചു. അങ്ങനെ വീണ്ടും ഒരു പുതിയ സ്ഥലത്തേക്ക്‌ മാറേണ്ടതായി വന്നു. ഇപ്രാവശ്യം അത്‌ 17 സഭകൾ കൂടിവന്നിരുന്ന ആറു രാജ്യഹാളുകളുള്ള ഒരു കെട്ടിടത്തിലേക്കായിരുന്നു. ഇക്കാലമൊക്കെയും സഹോദരന്മാർ ചിന്തിച്ചുകൊണ്ടിരുന്ന ഒരു കാര്യമുണ്ടായിരുന്നു: “സ്വന്തമായി ഒരു ബെഥേൽ നമ്മൾ എപ്പോൾ, എവിടെ നിർമിക്കും?”

ബ്രാഞ്ച്‌, രാജ്യഹാൾ നിർമാണം

സഹോദരന്മാർ 1992-ൽ ബ്രാഞ്ച്‌ നിർമിക്കാനുള്ള ഒരു സ്ഥലം അന്വേഷിക്കാൻ തുടങ്ങി. അനുയോജ്യമായ സ്ഥലങ്ങൾ പരിശോധിച്ച്‌ വർഷങ്ങൾ പലതു കടന്നുപോയി. സഹോദരന്മാർ ഈ ആവശ്യം പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ വെച്ചു. ഉചിതമായ സമയത്ത്‌ അനുയോജ്യമായ ഒരു സ്ഥാനം കണ്ടെത്താനാകുമെന്ന്‌ അവർക്ക്‌ ഉറപ്പുണ്ടായിരുന്നു.

പ്രകൃതിസുന്ദരമായ ഒരു പൈൻകാട്ടിൽ 1998-ന്റെ ആരംഭത്തിൽ അവർ സ്ഥലം കണ്ടെത്തി. ലവോഫിൽനിന്ന്‌ അഞ്ചു കിലോമീറ്റർ [3 മൈ.] വടക്കായി ബ്രിയുഹോവിച്ചി പട്ടണത്തിലായിരുന്നു ഈ പൈൻകാട്‌. നിരോധനകാലത്ത്‌ കാട്ടിൽ ഈ സ്ഥലത്തിനടുത്താണ്‌ രണ്ടു സഭകൾ യോഗങ്ങൾ നടത്തിയിരുന്നത്‌. ഒരു സഹോദരൻ പറഞ്ഞു: “ഞങ്ങളുടെ അവസാനത്തെ യോഗം നടന്ന്‌ പത്തു വർഷത്തിനു ശേഷം തികച്ചും വ്യത്യസ്‌തമായ സാഹചര്യങ്ങളിൽ, ഇതേ കാട്ടിൽവെച്ച്‌​—⁠പുതിയ ബ്രാഞ്ച്‌ നിർമിക്കപ്പെടാൻ പോകുന്ന സ്ഥലത്തുവെച്ച്‌​—⁠സഹോദരങ്ങളുമായി കൂടിവരാനുള്ള അവസരം എനിക്കു വീണ്ടും ലഭിക്കുമെന്ന്‌ ഞാൻ ചിന്തിച്ചതേയല്ല!”

ആദ്യത്തെ അന്താരാഷ്‌ട്ര ദാസന്മാർ 1998-ന്റെ അവസാനം സ്ഥലത്തെത്തി. ജർമനിയിലുള്ള സെൽറ്റേഴ്‌സിലെ മേഖലാ എഞ്ചിനിയറിങ്‌ ഓഫീസിൽനിന്നുള്ള സഹോദരന്മാർ പ്ലാനുകളും മറ്റും തയ്യാറാക്കാൻ കഠിനമായി അധ്വാനിച്ചു. 1999 ജനുവരി ആദ്യം, ഗവൺമെന്റിൽനിന്ന്‌ അനുമതി ലഭിച്ച ശേഷം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 22 രാജ്യങ്ങളിൽനിന്നുള്ള 250-ൽപ്പരം സ്വമേധയാ സേവകർ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. 250-ഓളം പ്രാദേശിക സ്വമേധയാ സേവകരും വാരാന്തങ്ങളിൽ സഹായിക്കാനെത്തി.

ആ നിർമാണ പദ്ധതിയിൽ പങ്കുപറ്റാനുള്ള പദവിയെ പലരും അതിയായി വിലമതിച്ചു. വാരാന്തങ്ങളിൽ സ്വമേധയാ സേവനത്തിനായി മുഴു സഭകളും ബസുകൾ വാടകയ്‌ക്ക്‌ എടുത്ത്‌ ബ്രിയുഹോവിച്ചിൽ എത്തുമായിരുന്നു. മിക്കപ്പോഴും, സമയത്ത്‌ എത്താനായി അവർക്കു രാത്രി മുഴുവൻ യാത്ര ചെയ്യണമായിരുന്നു. അന്നത്തെ കഠിനാധ്വാനത്തിനുശേഷം മറ്റൊരു രാത്രി മുഴുവൻ യാത്ര ചെയ്‌തു വേണമായിരുന്നു അവർക്കു വീടുകളിൽ എത്താൻ. ക്ഷീണിതരെങ്കിലും സന്തോഷത്തോടും സംതൃപ്‌തിയോടും കൂടെ, വീണ്ടും വരാനുള്ള ആഗ്രഹത്തോടെ ആണ്‌ അവർ തിരിച്ചുപോയിരുന്നത്‌. ബെഥേൽ നിർമാണത്തിൽ എട്ടു മണിക്കൂർ പങ്കെടുക്കാൻ കിഴക്കൻ യൂക്രെയിനിലെ ലുഹാൻസ്‌ക്ക്‌ പ്രദേശത്തുനിന്ന്‌ ട്രെയിൻ മാർഗം 34 മണിക്കൂർ യാത്ര ചെയ്‌താണ്‌ 20 സഹോദരന്മാരുടെ ഒരു കൂട്ടം എത്തിയത്‌! എട്ടു മണിക്കൂർ നേരത്തെ ഈ പണിക്കായി ഓരോ സഹോദരനും രണ്ടു ദിവസത്തെ അവധി എടുത്തിരുന്നു. കൂടാതെ, തങ്ങളുടെ ഒരു മാസത്തെ ശമ്പളത്തിന്റെ പകുതിയിലധികം ചെലവഴിച്ചാണ്‌ അവർ ട്രെയിൻ ടിക്കറ്റ്‌ വാങ്ങിയത്‌. അത്തരം ആത്മത്യാഗപരമായ മനോഭാവം മുഴു നിർമാണ പ്രവർത്തകർക്കും ബെഥേൽ കുടുംബത്തിനും പ്രോത്സാഹനം നൽകി. നിർമാണം അതിവേഗം പുരോഗമിച്ചു. അങ്ങനെ 2001 മേയ്‌ 19-ന്‌ ബ്രാഞ്ചിന്റെ സമർപ്പണം നടന്നു. ആ ചടങ്ങിൽ 35 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തിയിരുന്നു. പിറ്റേന്നു നടന്ന പ്രത്യേക യോഗങ്ങളിൽ, തിയോഡർ ജാരറ്റ്‌സ്‌ ലവോഫിൽ 30,881 വരുന്ന ഒരു കൂട്ടത്തോടും ഗെരിറ്റ്‌ ലോഷ്‌ കിയേവിൽ 41,142 പേരോടും പ്രസംഗിച്ചു. മൊത്തം 72,023 പേരാണ്‌ ആ യോഗങ്ങളിൽ ഹാജരായിരുന്നത്‌.

രാജ്യഹാളുകളുടെ കാര്യമോ? ട്രാൻസ്‌കാർപാത്തിയയിലെ നിരവധി ഹാളുകൾ 1939-ൽ നശിപ്പിക്കപ്പെട്ടതു മുതൽ 1993 വരെ യൂക്രെയിനിൽ ഔദ്യോഗിക രാജ്യഹാളുകൾ ഉണ്ടായിരുന്നില്ല. ആ വർഷം, വെറും എട്ടു മാസംകൊണ്ട്‌ ദിബ്രോവ എന്ന ട്രാൻസ്‌കാർപാത്തിയൻ ഗ്രാമത്തിൽ നാലു രാജ്യഹാളുകളോടു കൂടിയ മനോഹരമായ ഒരു കെട്ടിടം പണിതുയർത്തി. താമസിയാതെ, യൂക്രെയിനിലെ മറ്റു ഭാഗങ്ങളിലും വേറെ ആറു ഹാളുകളുടെ പണി പൂർത്തിയായി.

പ്രസാധകരുടെ എണ്ണത്തിലെ വൻ വർധന മൂലം രാജ്യഹാളുകളുടെ വർധിച്ച ആവശ്യമുണ്ടായിരുന്നു. എന്നാൽ സങ്കീർണമായ നിയമ നടപടികളും പണപ്പെരുപ്പവും നിർമാണ വസ്‌തുക്കളുടെ ഉയർന്നുകൊണ്ടിരിക്കുന്ന വിലയും നിമിത്തം 1990-കളിൽ 110 രാജ്യഹാളുകൾ മാത്രമേ നിർമിക്കാൻ സാധിച്ചുള്ളൂ. നൂറു കണക്കിനു ഹാളുകൾ ഇനിയും ആവശ്യമായിരുന്നു. അതുകൊണ്ട്‌, 2000-ാം ആണ്ടിൽ ഒരു പുതിയ രാജ്യഹാൾ നിർമാണ പദ്ധതി ആരംഭിച്ചു. ഹാളുകളുടെ നിർമാണത്തിൽ ഈ പദ്ധതി ഇപ്പോൾ വളരെ സഹായം ചെയ്യുന്നു.

കൊയ്‌ത്തുവേലയുമായി മുമ്പോട്ട്‌!

യൂക്രെയിനിൽ 2001 സെപ്‌റ്റംബറോടെ 1,183 സഭകളിലായി 1,20,028 യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്നു, അവയെ സേവിക്കുന്ന 39 സർക്കിട്ട്‌ മേൽവിചാരകന്മാരും! ദീർഘമായ ഒരു കാലയളവിൽ വിതയ്‌ക്കപ്പെട്ട സത്യത്തിന്റെ വിത്തുകൾ സമൃദ്ധമായ വിളവ്‌ ഉത്‌പാദിപ്പിച്ചിരിക്കുന്നു. ചില കുടുംബങ്ങളിൽ യഹോവയുടെ സാക്ഷികളുടെ അഞ്ചു തലമുറകൾ ഉണ്ട്‌. “മണ്ണ്‌” തീർച്ചയായും നല്ലതാണെന്ന്‌ ഇത്‌ തെളിയിക്കുന്നു. പലരും “വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹി”ക്കുന്നു. വർഷങ്ങളിലുടനീളം സഹോദരങ്ങൾ മിക്കപ്പോഴും കണ്ണീരോടെ വിത്തുകൾ “നട്ടു;” മറ്റുള്ളവർ വളക്കൂറുള്ള മണ്ണ്‌ “നനെച്ചു.” യഹോവ അത്‌ വളരുമാറാക്കുന്നു, യൂക്രെയിനിലെ അവന്റെ വിശ്വസ്‌ത സാക്ഷികൾ “ക്ഷമയോടെ ഫലം കൊടുക്കുന്ന”തിൽ തുടരുന്നു.​—⁠ലൂക്കൊ. 8:15; 1 കൊരി. 3:⁠6.

ചില പ്രദേശങ്ങളിൽ സാക്ഷികളും ജനസംഖ്യയും തമ്മിലുള്ള അനുപാതം ശ്രദ്ധേയമാണ്‌. ഉദാഹരണത്തിന്‌, ട്രാൻസ്‌കാർപാത്തിയൻ പ്രദേശത്തുള്ള, റൊമേനിയൻ ഭാഷ സംസാരിക്കുന്ന എട്ടു ഗ്രാമങ്ങളിൽ 59 സഭകളുണ്ട്‌, ഇവയെ മൂന്നു സർക്കിട്ടുകളായി തിരിച്ചിരിക്കുന്നു.

നാടുകടത്തിയും ക്രൂരമായി പീഡിപ്പിച്ചും യൂക്രെയിനിൽനിന്ന്‌ യഹോവയുടെ സാക്ഷികളെ പിഴുതെറിയാനുള്ള മത, ലൗകിക എതിരാളികളുടെ ശ്രമങ്ങൾ വിജയിച്ചില്ല. ഈ ദേശത്തെ ആളുകളുടെ ഹൃദയം ബൈബിൾ സത്യത്തിന്റെ വിത്തുകൾക്ക്‌ വളക്കൂറുള്ളതാണെന്നു തെളിഞ്ഞിരിക്കുന്നു. ഇന്ന്‌ യഹോവയുടെ സാക്ഷികൾ സമൃദ്ധമായ വിളവ്‌ കൊയ്യുകയാണ്‌.

‘ഉഴവുകാരൻ കൊയ്‌ത്തുകാരനെ പിന്നിലാക്കുന്ന’ ഒരു കൊയ്‌ത്തുകാലത്തെ കുറിച്ച്‌ ആമോസ്‌ പ്രവാചകൻ മുൻകൂട്ടിപ്പറയുകയുണ്ടായി. (ആമോ. 9:​13, പി.ഒ.സി. ബൈബിൾ) അടുത്ത കൃഷി ഇറക്കാനായി നിലം ഉഴാനുള്ള സമയമായിട്ടും കൊയ്‌ത്തു തുടർന്നുപോകത്തക്കവിധം യഹോവയുടെ അനുഗ്രഹം മണ്ണിനെ അത്രയധികം ഫലഭൂയിഷ്‌ഠമാക്കുന്നു. യൂക്രെയിനിലെ യഹോവയുടെ സാക്ഷികൾ ഈ പ്രവചനത്തിന്റെ സത്യത അനുഭവിച്ചറിഞ്ഞിരിക്കുന്നു. 2001-ൽ രണ്ടര ലക്ഷത്തിലധികം പേർ സ്‌മാരകത്തിൽ സംബന്ധിച്ചതു കണക്കാക്കുമ്പോൾ കൂടുതൽ വർധനയ്‌ക്കുള്ള സാധ്യത തീർച്ചയായും അവർക്ക്‌ അതീവ പ്രോത്സാഹനം നൽകുന്നു.

ആമോസ്‌ 9:​15-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം യഹോവ വാഗ്‌ദാനം ചെയ്യുന്നു: “ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല.” സത്യത്തിന്റെ വിത്തുകൾ വിതയ്‌ക്കുന്നതിലും സമൃദ്ധമായ വിളവ്‌ കൊയ്യുന്നതിലും തുടരവേ, യഹോവ തന്റെ വാഗ്‌ദാനം പൂർണമായും നിറവേറ്റുന്ന കാലത്തിനായി അവന്റെ ജനം അതീവ താത്‌പര്യത്തോടെ കാത്തിരിക്കുന്നു. അതിനിടെ, നാം തല പൊക്കി നോക്കുമ്പോൾ നിലങ്ങൾ കൊയ്‌ത്തിനു വെളുത്തിരിക്കുന്നതായി കാണുന്നു.​—⁠യോഹ. 4:⁠35.

[140-ാം പേജിലെ ആകർഷക വാക്യം]

“ഡാനിയിലിനെ അന്നു തൂക്കിക്കൊല്ലേണ്ടതായിരുന്നു. എന്നാൽ പ്രായപൂർത്തി ആയിട്ടില്ലായിരുന്നതിനാൽ നാലു മാസത്തെ തടവുശിക്ഷ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ”

[145-ാം പേജിലെ ആകർഷക വാക്യം]

“സാക്ഷികൾ തടങ്കൽപ്പാളയങ്ങളിലെ മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തരായിരുന്നു. മറ്റുള്ള തടവുകാരോട്‌ തങ്ങൾക്കു പ്രധാനപ്പെട്ടതെന്തോ പറയാനുണ്ടെന്ന്‌ അവരുടെ പെരുമാറ്റം തെളിയിച്ചിരുന്നു”

[166-ാം പേജിലെ ആകർഷക വാക്യം]

പടിഞ്ഞാറൻ യൂക്രെയിനിൽനിന്ന്‌ 6,100-ലധികം സാക്ഷികളെ 1951 ഏപ്രിൽ 8-ന്‌ സൈബീരിയയിലേക്കു നാടുകടത്തി

[174-ാം പേജിലെ ആകർഷക വാക്യം]

“മിക്കപ്പോഴും, സഭാ ദാസന്മാരുടെ വേല ചെയ്‌തിരുന്നത്‌ സഹോദരിമാരായിരുന്നു. സഹോദരന്മാർ ഇല്ലായിരുന്നതു കൊണ്ട്‌ ചില പ്രദേശങ്ങളിൽ അവർക്ക്‌ സർക്കിട്ട്‌ ദാസന്മാരുടെ ഉത്തരവാദിത്വങ്ങളും നിർവഹിക്കേണ്ടിവന്നു”

[183-ാം പേജിലെ ആകർഷക വാക്യം]

മധുവിധു ആഘോഷിക്കാൻ പോകുന്നതിനു പകരം അദ്ദേഹം റഷ്യയിലെ മോർഡ്‌വിനിയയിലുള്ള ജയിലിൽ പത്തു വർഷം കിടന്നു

[184-ാം പേജിലെ ആകർഷക വാക്യം]

“മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരാൾക്ക്‌ എന്റെ പ്രിയപ്പെട്ട കുഞ്ഞിനെ കൈമാറുന്നത്‌ എന്നെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്‌”

[193-ാം പേജിലെ ആകർഷക വാക്യം]

നാടുകടത്തിയതുകൊണ്ടോ തടവിലാക്കിയതുകൊണ്ടോ അക്രമവും പീഡനവും അഴിച്ചുവിട്ടതുകൊണ്ടോ ഒന്നും യഹോവയുടെ സാക്ഷികളെ നിശ്ശബ്ദരാക്കാൻ സാധിക്കില്ലെന്നു മനസ്സിലാക്കിയപ്പോൾ സുരക്ഷാ വിഭാഗം പുതിയ തന്ത്രങ്ങൾ ഉപയോഗിച്ചു

[207-ാം പേജിലെ ആകർഷക വാക്യം]

നോർ സഹോദരന്റേതാണെന്ന വ്യാജേന, സംഘടനയിൽനിന്നു വിഘടിച്ചു നിന്നിരുന്ന സഹോദരന്മാർക്ക്‌ കെജിബി ഒരു കള്ളക്കത്തു നൽകി

[212-ാം പേജിലെ ആകർഷക വാക്യം]

സ്‌മാരകം ആചരിക്കുന്ന തീയതി ഏറെക്കുറെ കൃത്യമായി അറിയാമായിരുന്നതിനാൽ കെജിബി സ്‌മാരക കാലത്ത്‌ വിശേഷിച്ചു ജാഗരൂകരായിരുന്നു

[231-ാം പേജിലെ ആകർഷക വാക്യം]

ബൈബിൾ പ്രസിദ്ധീകരണങ്ങളുടെ ഒറിജിനൽ പതിപ്പുകൾ ആദ്യമായി അവർക്ക്‌ ലഭിച്ചു

[238-ാം പേജിലെ ആകർഷക വാക്യം]

“നിങ്ങളുടെ നല്ല പെരുമാറ്റവും അതുപോലെ നിങ്ങൾ ഇവിടെ ചെയ്‌തിരിക്കുന്ന എല്ലാ കാര്യങ്ങളും എന്നെ നിങ്ങളുടെ പ്രസംഗപ്രവർത്തനത്തെക്കാൾ അധികം ആകർഷിച്ചിരിക്കുന്നു. . . . ആളുകൾ . . . തങ്ങൾ കണ്ട കാര്യങ്ങൾ . . . ഒരിക്കലും മറക്കില്ല”

[241-ാം പേജിലെ ആകർഷക വാക്യം]

“യൂക്രേയിനിയൻ സഹോദരന്മാരുടെ സ്‌നേഹവും ത്യാഗമനഃസ്ഥിതിയും ഞങ്ങളുടെ വിശ്വാസത്തെ വളരെയധികം ബലപ്പെടുത്തി”

[249-ാം പേജിലെ ആകർഷക വാക്യം]

എട്ടു മണിക്കൂർ നേരത്തെ ഈ പണിക്കായി ഓരോ സഹോദരനും രണ്ടു ദിവസത്തെ അവധി എടുത്തിരുന്നു. കൂടാതെ, തങ്ങളുടെ ഒരു മാസത്തെ ശമ്പളത്തിന്റെ പകുതിയിലധികം ചെലവഴിച്ചാണ്‌ അവർ ട്രെയിൻ ടിക്കറ്റ്‌ വാങ്ങിയത്‌

[124-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ബൈബിൾ പരിഭാഷകൾ​—⁠നൂറ്റാണ്ടുകളിലുടനീളം

ഒമ്പതാം നൂറ്റാണ്ടിൽ പരിഭാഷപ്പെടുത്തിയ ബൈബിളിന്റെ ഓൾഡ്‌ ചർച്ച്‌ സ്ലാവോനിക്ക്‌ ഭാഷാന്തരമാണ്‌ യൂക്രെയിനിലെ ആളുകൾ കുറച്ചു കാലം ഉപയോഗിച്ചിരുന്നത്‌. കാലാന്തരത്തിൽ, ഭാഷയ്‌ക്കു മാറ്റം വന്നതോടെ ഈ ഭാഷാന്തരം സാധാരണക്കാരനു മനസ്സിലാക്കാൻ പ്രയാസമായി. തന്മൂലം പുതിയ ഒരു ബൈബിൾ ഭാഷാന്തരം ആവശ്യമാണെന്നു വന്നു. അതുകൊണ്ട്‌ 16-ാം നൂറ്റാണ്ടിൽ, ഒരു കൂട്ടം ബൈബിൾ പണ്ഡിതന്മാർ, കിഴക്കൻ സ്ലാവോനിക്ക്‌ അഥവാ പഴയ യൂക്രേനിയൻ ഭാഷയിൽ ആദ്യത്തെ ഭാഷാന്തരം പൂർത്തിയാക്കി. ഒസ്റ്റ്രോക്ക്‌ ബൈബിൾ എന്നറിയപ്പെടുന്ന ഈ ഭാഷാന്തരം അച്ചടിച്ചത്‌ 1581-ൽ ആണ്‌. ഇന്നുപോലും, അധികാരികൾ അതിനെ അച്ചടികലയുടെ മകുടോദാഹരണമായി കാണുന്നു. പിന്നീടുണ്ടായ ബൈബിളിന്റെ യൂക്രേനിയൻ, റഷ്യൻ ഭാഷാന്തരങ്ങൾക്കുള്ള ഒരു അടിത്തറയായി അത്‌ ഉതകി.

[ചിത്രങ്ങൾ]

ഇവാൻ ഫെഡോറോഫ്‌ 1581-ൽ പഴയ യൂക്രേനിയൻ ഭാഷയിൽ ഒസ്റ്റ്രോക്ക്‌ ബൈബിൾ അച്ചടിച്ചു

[141-ാം പേജിലെ ചതുരം/ചിത്രം]

വാസിൽ കൽയിനുമായി ഒരു അഭിമുഖം

ജനനം: 1947

സ്‌നാപനം: 1965

സംക്ഷിപ്‌ത വിവരം: 1951-65 കാലഘട്ടത്തിൽ പ്രവാസത്തിൽ കഴിഞ്ഞു. 1974 മുതൽ 1991 വരെ ഫോട്ടോ രീതി ഉപയോഗിച്ച്‌ സാഹിത്യങ്ങൾ അച്ചടിച്ചു. 1993 മുതൽ റഷ്യയിലെ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്നു.

എന്റെ പിതാവിന്‌ വിവിധ സർക്കാരുകൾക്കും സർക്കാർ അധികാരികൾക്കും കീഴിൽ കഴിയേണ്ടി വന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ജർമൻകാർ പടിഞ്ഞാറൻ യൂക്രെയിൻ പിടിച്ചെടുത്തപ്പോൾ ഒരു കമ്മ്യൂണിസ്റ്റുകാരനെന്നു കരുതി അവർ അദ്ദേഹത്തെ മർദിച്ചു. അതിനു കാരണം, യഹോവയുടെ സാക്ഷികൾ പള്ളിയിൽ പോകാത്തതുകൊണ്ട്‌ അവർ കമ്മ്യൂണിസ്റ്റുകാരാണെന്നു പുരോഹിതൻ ജർമൻ ഉദ്യോഗസ്ഥരോടു പറഞ്ഞതായിരുന്നു. അടുത്തതായി സോവിയറ്റ്‌ ഭരണം വന്നു. വീണ്ടും മറ്റു പലരോടൊപ്പം അദ്ദേഹവും പീഡിപ്പിക്കപ്പെട്ടു. ഇത്തവണത്തെ ആരോപണം അദ്ദേഹം ഒരു അമേരിക്കൻ ചാരനാണെന്നായിരുന്നു. കാരണം? അന്നു നിലവിലിരുന്ന മതവിശ്വാസങ്ങളിൽനിന്നു ഭിന്നമായിരുന്നു യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങൾ. അതിന്റെ പേരിൽ അദ്ദേഹത്തെയും കുടുംബത്തെയും സൈബീരിയയിലേക്കു നാടുകടത്തി. മരണംവരെ അദ്ദേഹം അവിടെ കഴിഞ്ഞു.

[147-151 പേജുകളിലെ ചതുരം/ചിത്രം]

ഇവാൻ ലിറ്റ്‌വാക്കുമായി ഒരു അഭിമുഖം

ജനനം: 1922

സ്‌നാപനം: 1942

സംക്ഷിപ്‌ത വിവരം: 1944-6 കാലത്ത്‌ തടവിലായിരുന്നു. 1947 മുതൽ 1953 വരെ റഷ്യയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള തൊഴിൽപ്പാളയങ്ങളിൽ കഴിഞ്ഞു.

രാഷ്‌ട്രീയത്തിൽ ഉൾപ്പെടാഞ്ഞതിന്‌ 1947-ൽ ഞാൻ അറസ്റ്റിലായി. യൂക്രെയിനിലെ ലുട്‌സിക്കിൽ കനത്ത കാവലുള്ള ഒരു ജയിലിലേക്ക്‌ അവർ എന്നെ കൊണ്ടുപോയി. അവിടെ ഇരു കൈകളും മടിയിൽവെച്ച്‌ നിവർന്ന്‌ ഇരിക്കണമായിരുന്നു. കാലുകൾ നീട്ടിവെക്കാൻ പോലും സാധിക്കുമായിരുന്നില്ല. മൂന്നു മാസം എനിക്ക്‌ അങ്ങനെ ഇരിക്കേണ്ടിവന്നു. കറുത്ത കോട്ടിട്ട ഒരു മനുഷ്യൻ എന്നെ ചോദ്യം ചെയ്‌തു. സാക്ഷികളുടെ പ്രവർത്തനത്തിനു നേതൃത്വം വഹിക്കുന്ന സഹോദരന്മാരെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ അയാൾ ആവശ്യപ്പെട്ടു. അവരെ കുറിച്ചുള്ള വിവരങ്ങൾ എനിക്ക്‌ അറിയാമെന്ന്‌ അയാൾ മനസ്സിലാക്കിയിരുന്നു, പക്ഷേ അവ വെളിപ്പെടുത്താൻ ഞാൻ കൂട്ടാക്കിയില്ല.

സൈനിക കോടതി 1947 മേയ്‌ 5-ന്‌ എന്നെ, കനത്ത കാവലുള്ള ഒരു വിദൂര ക്യാമ്പിൽ പത്തു വർഷം കഴിയാൻ വിധിച്ചു. ചെറുപ്പമായിരുന്നതുകൊണ്ട്‌ എന്നെ ഒന്നാം വിഭാഗത്തിലാണു പെടുത്തിയത്‌. ആ വിഭാഗത്തിലുള്ള എല്ലാവരും യുവപ്രായക്കാരായിരുന്നു. സാക്ഷികളും അല്ലാത്തവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അവർ ഞങ്ങളെ ചരക്കു കമ്പാർട്ടുമെന്റുകളിൽ കയറ്റി റഷ്യയുടെ വടക്കേ അറ്റത്തുള്ള വോർക്കൂറ്റയിലേക്കു കൊണ്ടുപോയി. അവിടെനിന്ന്‌ ഒരു ആവിക്കപ്പലിൽ കാര കടലിടുക്കിലേക്കും. നാലു ദിവസംകൊണ്ടാണ്‌ ഞങ്ങൾ അവിടെ എത്തിച്ചേർന്നത്‌.

മഞ്ഞുറഞ്ഞ ആ ധ്രുവസമതലപ്രദേശത്ത്‌ ജീവന്റെ തുടിപ്പായി ആകെയുണ്ടായിരുന്നത്‌ വളരെ ഉയരം കുറഞ്ഞ ഒരുതരം കുറ്റിച്ചെടികൾ മാത്രമാണ്‌. അവിടെനിന്ന്‌ നാലു രാത്രിയും പകലും ഞങ്ങൾക്കു നടക്കേണ്ടി വന്നു. ഞങ്ങൾ ചെറുപ്പമായിരുന്നു. അവർ ഞങ്ങൾക്കു കഴിക്കാൻ റൊട്ടിയുടെ മൊരിഞ്ഞുണങ്ങി കട്ടിയായ പുറംഭാഗവും പുകച്ചുണക്കിയ മാനിറച്ചിയും തന്നു. കൂടാതെ, അതു കഴിക്കാൻ കോപ്പകളും പുതയ്‌ക്കാൻ കരിമ്പടവും ഞങ്ങൾക്കു കിട്ടി. ശക്തമായ മഴയുണ്ടായിരുന്നു. കരിമ്പടങ്ങൾ മഴയിൽ നനഞ്ഞു കുതിർന്നപ്പോൾ അവ ചുമക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഞങ്ങളിൽ രണ്ടു പേർ ചേർന്ന്‌ ഓരോ കരിമ്പടം എടുത്ത്‌ പിഴിയും, അപ്പോൾ അതിന്റെ കനം അൽപ്പം കുറഞ്ഞുകിട്ടും.

ഒടുവിൽ ഞങ്ങൾ ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചേർന്നു. പോകുന്ന വഴിക്കെല്ലാം ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്‌ ഇതായിരുന്നു: ‘കുറച്ചു കൂടെ കഴിഞ്ഞാൽ ഒരു മേൽക്കൂരയ്‌ക്കു കീഴിൽ കഴിയാമല്ലോ!’ എന്നാൽ ഞങ്ങൾ എത്തിയത്‌ പായൽ പിടിച്ചുകിടന്ന ഒരു തുറസ്സായ സ്ഥലത്താണ്‌. ഗാർഡുകൾ പറഞ്ഞു: “നിങ്ങൾ ഇനി ഇവിടെയാണു കഴിയാൻ പോകുന്നത്‌.”

ചില തടവുകാർ കരഞ്ഞു; മറ്റു ചിലർ ഭരണകൂടത്തെ ശപിച്ചു. ഞാൻ ആരെയും ശപിച്ചില്ല, പകരം നിശ്ശബ്ദം ഇങ്ങനെ പ്രാർഥിച്ചു: “എന്റെ ദൈവമായ യഹോവേ, നീ എന്റെ സങ്കേതവും എന്റെ കോട്ടയുമാണ്‌. ഇവിടെയും നീ എന്റെ സങ്കേതം ആയിരിക്കേണമേ.”

കമ്പി ഇല്ലായിരുന്നതിനാൽ കയർ ഉപയോഗിച്ച്‌ അവർ ആ സ്ഥലത്തിനു ചുറ്റും വേലി കെട്ടി. ചുറ്റും ഗാർഡുകൾ ഉണ്ടായിരുന്നു. പതിവുപോലെ, അവർ സദാ വായനയിൽ മുഴുകുമായിരുന്നു. തങ്ങളുടെ രണ്ടു മീറ്റർ അടുത്തെത്തിയാൽ ഞങ്ങളെ വെടിവെക്കുമെന്ന്‌ അവർ പറഞ്ഞു. രാത്രിയിൽ പായലിന്റെ പുറത്താണ്‌ ഞങ്ങൾ കിടന്നുറങ്ങിയത്‌. മഴ ഞങ്ങളുടെമേൽ കോരിച്ചൊരിയുന്നുണ്ടായിരുന്നു. രാത്രിയിൽ ഞാൻ എഴുന്നേറ്റ്‌ 1,500 ആളുകൾ അടങ്ങിയ ആ കൂട്ടത്തെ നോക്കി. അവരുടെ ശരീരത്തിൽനിന്ന്‌ ആവി പൊങ്ങുന്നതു ഞാൻ കണ്ടു. രാവിലെ ഉണർന്നപ്പോൾ എന്റെ ഒരു വശം മുഴുവൻ വെള്ളത്തിലായിരുന്നു. പായൽ പിടിച്ച ആ നിലത്ത്‌ വെള്ളം തളംകെട്ടി നിന്നിരുന്നു. കഴിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾക്കുള്ള ആഹാരവുമായി വരുന്ന വിമാനത്തിന്‌ ഇറങ്ങാൻ ഒരു സ്ഥലം ഉണ്ടാക്കണമെന്ന്‌ ഗാർഡുകൾ പറഞ്ഞു. ഗാർഡുകൾക്ക്‌ ഒരു പ്രത്യേകതരം ട്രാക്‌റ്റർ ഉണ്ടായിരുന്നു. അതിന്റെ കൂറ്റൻ ടയറുകൾ ആ വാഹനം മണ്ണിൽ ആണ്ടുപോകാതിരിക്കാൻ സഹായിച്ചിരുന്നു. ആ ട്രാക്‌റ്ററിൽ അവർക്കുള്ള ആഹാരസാധനങ്ങളും മറ്റും ഉണ്ടായിരുന്നു, ഞങ്ങൾക്കാകട്ടെ ഒന്നും ലഭിച്ചതുമില്ല.

വിമാനത്തിനു വന്നിറങ്ങാനുള്ള സ്ഥലം ഒരുക്കാൻ ഞങ്ങൾ മൂന്നു രാത്രിയും പകലും പണിയെടുത്തു. അവിടത്തെ പായലുകൾ നീക്കം ചെയ്യണമായിരുന്നു. ഒടുവിൽ, ധാന്യപ്പൊടിയുംകൊണ്ട്‌ ഒരു ചെറിയ വിമാനം എത്തി. അവർ തിളപ്പിച്ച വെള്ളത്തിൽ ആ ധാന്യപ്പൊടി ചേർത്ത്‌ ഞങ്ങൾക്കു കഴിക്കാൻ തന്നു.

അവിടത്തെ കഠിനാധ്വാനം ഞങ്ങളെ അവശരാക്കി. ഞങ്ങൾ റോഡുണ്ടാക്കി അതിൽ ഒരു റെയിൽപ്പാളം സ്ഥാപിച്ചു. ഒരു കൺവേയർ ബെൽറ്റുപോലെ നിന്ന്‌ ഞങ്ങൾ ഭാരമേറിയ കല്ലുകൾ എത്തിക്കണമായിരുന്നു. ശൈത്യകാലത്ത്‌ എപ്പോഴും ഇരുട്ടായിരുന്നു, ഒപ്പം കൊടും തണുപ്പും.

തുറസ്സായ സ്ഥലത്താണ്‌ ഞങ്ങൾ ഉറങ്ങിയത്‌. മഴ ഞങ്ങളുടെ മേൽ കോരിച്ചൊരിഞ്ഞു. നനഞ്ഞ്‌, തണുത്തുവിറച്ച്‌, വിശന്നുപൊരിയുന്ന വയറോടെയാണ്‌ ഞങ്ങൾ കഴിഞ്ഞുകൂടിയത്‌. എങ്കിലും ചെറുപ്പമായിരുന്നതിനാൽ ഞങ്ങൾക്ക്‌ അൽപ്പം ആരോഗ്യമുണ്ടായിരുന്നു. വിഷമിക്കേണ്ടതില്ലെന്നും താമസിയാതെ ഞങ്ങൾക്ക്‌ ഒരു മേൽക്കൂര പണിതുതരാമെന്നും ഗാർഡുകൾ പറഞ്ഞു. ഒടുവിൽ, 400 പേരെ ഉൾക്കൊള്ളിക്കാൻ കഴിയുന്നത്ര സ്ഥലത്തു വിരിക്കാവുന്ന ഒരു കാൻവാസുംകൊണ്ട്‌ ഒരു മിലിട്ടറി ട്രാക്‌റ്റർ വന്നു. ഞങ്ങൾ കാൻവാസ്‌ നിവർത്തിയിട്ട്‌ അത്‌ ഉയർത്തിവെച്ചു. എങ്കിലും പായൽ പിടിച്ച നിലത്താണ്‌ ഞങ്ങൾ കിടന്നുറങ്ങിയത്‌. ഞങ്ങൾ എല്ലാവരും പുല്ല്‌ ശേഖരിച്ച്‌ കൂടാരത്തിൽ കൊണ്ടുവന്നു. എന്നാൽ അതു ചീഞ്ഞഴുകി. അതിന്റെ പുറത്തു കിടന്നാണു ഞങ്ങൾ ഉറങ്ങിയത്‌.

കുറച്ചു കഴിഞ്ഞപ്പോൾ അവിടെയെല്ലാം പേനുകൾ വന്നു. പേൻ ഞങ്ങളെ കടിച്ചു കൊല്ലാറാക്കി. ശരീരത്തിൽ മാത്രമല്ല, ഞങ്ങളുടെ വസ്‌ത്രങ്ങളിലെല്ലാം അവ കടന്നുകൂടി, ചെറുതും വലുതും എല്ലാം ഉണ്ടായിരുന്നു. അസഹനീയമായ അവസ്ഥയായിരുന്നു അത്‌. പണി കഴിഞ്ഞു തിരിച്ചെത്തി ഒന്നു കിടന്നാൽ അവയുടെ കടിയായി, ചൊറിഞ്ഞു ചൊറിഞ്ഞ്‌ വശംകെടും. ഒന്നുറങ്ങിയാലോ അവ ജീവനോടെ തിന്നുകളയും. ഞങ്ങൾ തലയാളോടു പറഞ്ഞു: “പേനുകൾ ഞങ്ങളെ ജീവനോടെ തിന്നുകയാണ്‌.” അയാൾ പറഞ്ഞു: “ഞങ്ങൾ ഉടൻ ആ പേനുകളെയെല്ലാം നശിപ്പിക്കും.”

താപനില എപ്പോഴും പൂജ്യത്തിനും 30 ഡിഗ്രി സെൽഷ്യസ്‌ താഴെ ആയിരുന്നതുകൊണ്ട്‌ കാലാവസ്ഥ ഒന്നു ചൂടാകുന്നതുവരെ അധികൃതർക്കു കാത്തിരിക്കേണ്ടിയിരുന്നു. തണുപ്പിന്‌ അൽപ്പം ശമനം വന്നപ്പോൾ അവർ ഒരു ചെറിയ അണുനശീകരണ ഉപകരണം കൊണ്ടുവന്നു. എന്നാൽ താപനില പൂജ്യത്തിനും 20 ഡിഗ്രി സെൽഷ്യസ്‌ താഴെ ആയിരുന്നു, മാത്രമല്ല കൂടാരമെല്ലാം ആകെ കീറിപ്പറിഞ്ഞ അവസ്ഥയിലായിരുന്നു. അവർ പറഞ്ഞു: “വസ്‌ത്രങ്ങൾ അഴിക്കുക. നിങ്ങൾ കുളിക്കാൻ പോകുകയാണ്‌. വസ്‌ത്രങ്ങൾ അഴിക്കുക. ഞങ്ങൾ നിങ്ങളുടെ വസ്‌ത്രങ്ങൾ അണുവിമുക്തമാക്കാൻ പോകുകയാണ്‌.”

അങ്ങനെ, പൂജ്യത്തിനും 20 ഡിഗ്രി താഴെയുള്ള താപനിലയിൽ, കീറിപ്പറിഞ്ഞ ആ കൂടാരത്തിൽ വിവസ്‌ത്രരായി ഞങ്ങൾ നിന്നു. അവർ മരപ്പലകകൾ കൊണ്ടുവന്നുതന്നു. ഞങ്ങൾ അവ നിലമായി ഉപയോഗിച്ചു. ആ മരപ്പലകയിൽ ഇരിക്കവേ, ഞാൻ എന്റെ ശരീരത്തിലേക്കു നോക്കി. ഞെട്ടിപ്പോയി! ഞാൻ അടുത്തിരിക്കുന്ന മനുഷ്യനെ നോക്കി. അയാളും വ്യത്യസ്‌തനല്ല. പേശികളെല്ലാം ചുങ്ങിപ്പോയിരിക്കുന്നു, ആകെ എല്ലും തോലുമായ ശരീരം. കമ്പാർട്ടുമെന്റിലേക്കു കയറാനുള്ള ത്രാണിപോലും എനിക്ക്‌ ഇല്ലായിരുന്നു. ഞാൻ അവശനായിരുന്നു. എങ്കിലും എന്നെ ആദ്യത്തെ വിഭാഗത്തിൽ​—⁠ആരോഗ്യവാനായ യുവ ജോലിക്കാരന്റെ ഗണത്തിൽ​—⁠ആണു പെടുത്തിയത്‌.

എന്റെ മരണം ആസന്നമായെന്ന്‌ എനിക്കു തോന്നി. യുവാക്കളായ പലരും മരിച്ചു. എന്നെ രക്ഷിക്കണമേയെന്ന്‌ ഞാൻ യഹോവയോടു പ്രാർഥിച്ചു. കാരണം, രക്ഷപ്പെടാനുള്ള യാതൊരു സാധ്യതയും ഇല്ലായിരുന്നു. സാക്ഷികളല്ലാത്തവർ തങ്ങളുടെ ഒരു കയ്യോ കാലോ മനപ്പൂർവം മരവിപ്പിക്കും, എന്നിട്ട്‌ അതു വെട്ടിക്കളയും. കഠിനജോലിയിൽനിന്നു രക്ഷപ്പെടാനായിരുന്നു അവർ അതു ചെയ്‌തിരുന്നത്‌. അത്‌ ഭീതിദവും ബീഭത്സവുമായിരുന്നു.

ഒരു ദിവസം ഞാൻ ഗാർഡുകളുടെ ഒരു സ്റ്റേഷന്‌ അരികിലായി നിൽക്കുകയായിരുന്നു. ഒരു ഡോക്ടർ അവിടെ നിൽക്കുന്നതു ഞാൻ ശ്രദ്ധിച്ചു. എന്റെ അറസ്റ്റിനു ശേഷം ഞാൻ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്‌തിരുന്നു, ദൈവരാജ്യത്തെ കുറിച്ചു ഞാൻ അദ്ദേഹത്തോടു സാക്ഷീകരിച്ചിരുന്നു. ഒരു തടവുകാരനായിരുന്നെങ്കിലും, അദ്ദേഹത്തിനു പൊതുമാപ്പ്‌ ലഭിച്ചിരുന്നു. ഞാൻ അദ്ദേഹത്തെ സമീപിച്ചു, അദ്ദേഹം സ്വതന്ത്രനായിരുന്നുവെന്ന്‌ എനിക്ക്‌ ഉറപ്പായി. ഞാൻ അദ്ദേഹത്തെ പേരെടുത്തു വിളിച്ചു; സാഷാ എന്നായിരുന്നു അദ്ദേഹത്തിന്റെ പേരെന്നു തോന്നുന്നു. അദ്ദേഹം എന്നെ നോക്കിക്കൊണ്ടു ചോദിച്ചു: “ഇവാൻ, ഇതു നീ തന്നെയാണോ?” അദ്ദേഹം അതു പറഞ്ഞപ്പോൾ ഒരു കൊച്ചുകുട്ടിയെ പോലെ ഞാൻ പൊട്ടിക്കരഞ്ഞു. “ചികിത്സാ യൂണിറ്റിലേക്കു പോകൂ, താമസിക്കരുത്‌,” അദ്ദേഹം പറഞ്ഞു.

ഞാൻ ചികിത്സാ യൂണിറ്റിലേക്കു പോയി. അവർ എന്നെ പണിക്കാരുടെ ആദ്യത്തെ വിഭാഗത്തിൽനിന്നു മാറ്റി. എങ്കിലും ഞാൻ പാളയത്തിൽത്തന്നെ ആയിരുന്നു. ഇപ്പോൾ ഞാൻ മൂന്നാമത്തെ വിഭാഗത്തിൽ ആയിരുന്നതുകൊണ്ട്‌ വിശ്രമം ആവശ്യമായവരുടെ ഇടത്തേക്ക്‌ എന്നെ മാറ്റി. കമാന്റിങ്‌ ഉദ്യോഗസ്ഥൻ പറഞ്ഞു: “ഞാൻ നിന്നെ ഇവിടേക്കു ക്ഷണിച്ചതല്ല. നീ ഇവിടേക്കു വന്നതാണ്‌. നന്നായി പെരുമാറുക, നിന്റെ ജോലി ചെയ്യുക.” ക്രമേണ ഞാൻ അവിടത്തെ ജീവിതവുമായി പൊരുത്തപ്പെട്ടു. നടുവൊടിക്കുന്നതരം കഠിനാധ്വാനം പിന്നെ എനിക്കു ചെയ്യേണ്ടി വന്നില്ല.

ഞാൻ 1953 ആഗസ്റ്റ്‌ 16-ന്‌ മോചിതനായി. അവർ പറഞ്ഞു: “നിങ്ങളെ വിട്ടയയ്‌ക്കുന്നു.” ഇഷ്ടമുള്ളിടത്തേക്ക്‌ എനിക്കു പോകാമെന്ന്‌ അവർ പറഞ്ഞു. ഞാൻ ആദ്യം പോയത്‌ ഒരു കാട്ടിലേക്കാണ്‌, എന്റെ ജീവനെ കാത്തതിന്‌ യഹോവയോടു നന്ദി പറയാൻ. ഞാൻ ആ ചെറിയ കാട്ടിലേക്കു പോയി, അവന്റെ വിശുദ്ധ നാമത്തെ മഹത്ത്വീകരിക്കുന്ന വേലയിൽ തുടർന്ന്‌ ഏർപ്പെടാൻ സാധിക്കത്തക്കവിധം എന്റെ ജീവനെ കാത്തതിന്‌ മുട്ടിന്മേൽ നിന്നുകൊണ്ട്‌ ഞാൻ യഹോവയോടു നന്ദി പറഞ്ഞു.

[ആകർഷക വാക്യം]

‘കുറച്ചു കൂടെ കഴിഞ്ഞാൽ ഒരു മേൽക്കൂരയ്‌ക്കു കീഴിൽ കഴിയാമല്ലോ!’

[ആകർഷക വാക്യം]

ഞാൻ ആ ചെറിയ കാട്ടിലേക്കു പോയി, എന്റെ ജീവനെ കാത്തതിന്‌ മുട്ടിന്മേൽ നിന്നുകൊണ്ട്‌ ഞാൻ യഹോവയോടു നന്ദി പറഞ്ഞു

[155, 156 പേജുകളിലെ ചതുരം/ചിത്രം]

വോളോഡിമിർ ലെവ്‌ചുക്കുമായി ഒരു അഭിമുഖം

ജനനം: 1930

സ്‌നാപനം: 1954

സംക്ഷിപ്‌ത വിവരം: രാഷ്‌ട്രീയ പ്രവർത്തനത്തെ പ്രതി 1946-54 കാലത്ത്‌ തടവിൽ കഴിഞ്ഞു. മോർഡിവിനിയയിൽ കുറ്റവാളികളെ പാർപ്പിക്കുന്ന ഒരു തൊഴിൽപ്പാളയത്തിൽ വെച്ച്‌ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി.

ഞാൻ ഒരു യൂക്രെയിനിയൻ ദേശക്കാരനായിരുന്നു. അക്കാരണത്താൽ 1946-ൽ കമ്മ്യൂണിസ്റ്റുകാർ എന്നെ 15 വർഷത്തേക്ക്‌ ഒരു തൊഴിൽപ്പാളയത്തിൽ അടച്ചു. അവിടെ യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്നു. അവർ എന്നോടു സാക്ഷീകരിച്ചു, ഉടനടി ഞാൻ സത്യം തിരിച്ചറിഞ്ഞു. കനത്ത കാവലുള്ള ഒരു പാളയത്തിൽ ആയിരുന്നതുകൊണ്ട്‌ ഞങ്ങളുടെ കൈവശം ബൈബിൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌, ഞാൻ കടലാസു കഷണങ്ങൾ കണ്ടാൽ സൂക്ഷിച്ചു വെക്കുമായിരുന്നു. ഏതാനും എണ്ണം അങ്ങനെ ശേഖരിച്ചു കഴിഞ്ഞപ്പോൾ ഞാൻ അത്‌ ഉപയോഗിച്ച്‌ ഒരു ചെറിയ നോട്ടുപുസ്‌തകം ഉണ്ടാക്കി. സഹോദരന്മാരോട്‌ അവരുടെ ഓർമയിലുള്ള തിരുവെഴുത്തുകളും അവ ബൈബിളിലെ ഏതു വാക്യങ്ങളാണെന്നും പറഞ്ഞുതരാൻ ഞാൻ ആവശ്യപ്പെട്ടു. എന്നിട്ട്‌ അവ എന്റെ നോട്ടുപുസ്‌തകത്തിൽ കുറിച്ചുവെച്ചു. പിന്നീടു വന്ന സഹോദരന്മാരോടും ഞാൻ അപ്രകാരം ആവശ്യപ്പെട്ടു. സഹോദരന്മാരിൽ ആർക്കെങ്കിലും ഒരു ബൈബിൾ പ്രവചനത്തെ കുറിച്ച്‌ എന്തെങ്കിലും അറിയാമെങ്കിൽ, ഞാൻ അതും കുറിച്ചെടുക്കുമായിരുന്നു. കുറെയധികം ബൈബിൾ വാക്യങ്ങൾ ഞാൻ അങ്ങനെ ശേഖരിച്ചു. അവ എന്റെ പ്രസംഗപ്രവർത്തനത്തിൽ ഉപയോഗിക്കാനും തുടങ്ങി.

ഞാൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ എന്നെപ്പോലെതന്നെ ചെറുപ്പക്കാരായ നിരവധി പേർ അവിടെ ഉണ്ടായിരുന്നു. അവരിൽ ഏറ്റവും ചെറുപ്പം ഞാൻ ആയിരുന്നു. എനിക്കു വെറും 16 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഈ ചെറുപ്പക്കാരോട്‌ ഞാൻ പറഞ്ഞു: “നാം ഈ ദുരിതം അനുഭവിച്ചതെല്ലാം വെറുതെയാണ്‌. മറ്റുള്ളവരോടൊപ്പം നാം നമ്മുടെ ജീവൻ അപകടപ്പെടുത്തിയത്‌ വെറുതെയാണ്‌. ഒരു രാഷ്‌ട്രീയ ആദർശവാദവും നമുക്ക്‌ യാതൊരുവിധ നന്മകളും വരുത്തുകയില്ല. നിങ്ങൾ ദൈവരാജ്യത്തിന്റെ പക്ഷം ചേരേണ്ടിയിരിക്കുന്നു.” എന്റെ പുസ്‌തകത്തിൽനിന്നു മനപ്പാഠമാക്കിയിരുന്ന വാക്യങ്ങൾ ഞാൻ പറയുമായിരുന്നു. എനിക്ക്‌ നല്ല ഓർമശക്തിയുണ്ടായിരുന്നു. എന്റെ സമപ്രായക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ എനിക്കു പെട്ടെന്നു സാധിച്ചു. അങ്ങനെ അവർ ഞങ്ങളുടെ അടുത്തേക്ക്‌, യഹോവയുടെ സാക്ഷികളുടെ അടുത്തേക്ക്‌, വരാൻ തുടങ്ങി. അവർ സഹോദരന്മാർ ആയിത്തീർന്നു.

[157-ാം പേജിലെ ചതുരം/ചിത്രം]

യഹോവയുടെ സാക്ഷികൾക്കു ലഭിച്ച ശിക്ഷകൾ

സ്വന്ത രാജ്യത്തിനുള്ളിൽ തന്നെയുള്ള നാടുകടത്തൽ: നാടുകടത്തിയവരെ ഒരു അതിവിദൂര പ്രദേശത്തേക്ക്‌, സാധാരണഗതിയിൽ സൈബീരിയയിലേക്ക്‌, ആണ്‌ അയച്ചിരുന്നത്‌. അവർ അവിടെ വേല ചെയ്യുകയും താമസിക്കുകയും ചെയ്യേണ്ടിയിരുന്നു. അവിടം വിട്ടുപോകാൻ അവർക്കു സാധിക്കുമായിരുന്നില്ല. ആഴ്‌ചയിൽ ഒരിക്കലോ മാസത്തിൽ ഒരിക്കലോ അവർ സ്ഥലത്തെ പോലീസ്‌ സ്റ്റേഷനിൽ പോയി റിപ്പോർട്ടു ചെയ്യണമായിരുന്നു.

ജയിൽവാസം: മൂന്നു മുതൽ പത്തു വരെ തടവുകാരെ ഒരു സെല്ലിൽ അടച്ചിരുന്നു. ദിവസം രണ്ടോ മൂന്നോ തവണ അവർക്കു ഭക്ഷണം ലഭിച്ചിരുന്നു. ദിവസത്തിൽ ഒരിക്കലോ ആഴ്‌ചയിൽ ഒരിക്കലോ ജയിൽമുറ്റത്ത്‌ നടക്കാൻ അവരെ അനുവദിച്ചിരുന്നു. ചെയ്യാൻ ജോലിയൊന്നും ഉണ്ടായിരുന്നില്ല.

തൊഴിൽ പാളയങ്ങളിലെ വാസം: ഇവയിൽ മിക്കവയും സൈബീരിയയിൽ ആയിരുന്നു. നൂറുകണക്കിനു തടവുകാരെ ബാരക്കുകളിൽ ഒരുമിച്ചു പാർപ്പിച്ചിരുന്നു (ഒരു കെട്ടിടത്തിൽ സാധാരണ 20-100 അന്തേവാസികൾ ഉണ്ടാകും). ദിവസം എട്ടു മണിക്കൂർ പാളയത്തിന്റെ പരിസരത്തോ മറ്റെവിടെയെങ്കിലുമോ അവരെക്കൊണ്ടു പണിയെടുപ്പിച്ചിരുന്നു. അവിടത്തെ പണി വളരെ കഠിനമായിരുന്നു, ഫാക്ടറികൾ നിർമിക്കുന്നതും റെയിൽ പാളങ്ങൾ ഉണ്ടാക്കുന്നതും മരം മുറിക്കുന്നതുമൊക്കെ അതിൽ ഉൾപ്പെട്ടിരുന്നു. അന്തേവാസികളെ പണിസ്ഥലത്തേക്കും തിരിച്ച്‌ തടവറയിലേക്കും കൊണ്ടുപോയിരുന്നത്‌ ഗാർഡുകളുടെ അകമ്പടിയോടെയാണ്‌. ജോലി സമയം കഴിഞ്ഞാൽ അന്തേവാസികൾക്ക്‌ പാളയത്തിനകത്ത്‌ യഥേഷ്ടം സഞ്ചരിക്കാമായിരുന്നു.

[ചിത്രം]

റഷ്യയിലെ സൈബീരിയ: നാടുകടത്തപ്പെട്ട യൂക്രെയിനിയൻ സാക്ഷികളുടെ കുട്ടികൾ കത്തിക്കാനുള്ള വിറകിനായി തടി മുറിക്കുന്നു, വർഷം 1953

[161, 162 പേജുകളിലെ ചതുരം/ചിത്രം]

ഫ്യോഡർ കൽയിനുമായി ഒരു അഭിമുഖം

ജനനം: 1931

സ്‌നാപനം: 1950

സംക്ഷിപ്‌ത വിവരം: 1951-65 കാലത്ത്‌ പ്രവാസത്തിൽ കഴിഞ്ഞു, 1962-5 കാലത്ത്‌ തടവിലും.

തെളിവെടുപ്പിനായി എന്നെ ജയിലിൽ അടച്ചിരുന്ന സമയത്ത്‌, ഒരു അത്ഭുതം പോലെ തോന്നിച്ച ഒരു കാര്യം യഹോവ ചെയ്‌തു. കെജിബി-യുടെ (രാഷ്‌ട്ര സുരക്ഷാ സമിതി) ഡയറക്ടർ ഒരു കടലാസുമായി വന്നു. അന്വേഷണ ഉദ്യോഗസ്ഥൻ കസേരയിൽ ഇരുന്നിരുന്നു, അദ്ദേഹത്തിന്റെ അരികിലായി പ്രോസിക്യൂട്ടറും. കെജിബി ഡയറക്ടർ അന്വേഷണ ഉദ്യോഗസ്ഥനോടു പറഞ്ഞു: “ഇത്‌ അയാൾക്കു കൊടുക്കൂ! അമേരിക്കയിലുള്ള അയാളുടെ സഹോദരന്മാരുടെ തനിനിറം അയാൾ വായിച്ചു മനസ്സിലാക്കട്ടെ!”

അവർ എനിക്ക്‌ ആ കടലാസ്‌ തന്നു. അത്‌ ഒരു കൺവെൻഷൻ പ്രമേയം ആയിരുന്നു. ഞാൻ അത്‌ ആദ്യം ഒന്നു വായിച്ചു; പിന്നെ ഞാൻ അതു ശ്രദ്ധാപൂർവം രണ്ടാമതൊരിക്കൽ കൂടെ വായിച്ചു. പ്രോസിക്യൂട്ടറുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു. അയാൾ ചോദിച്ചു: “മിസ്റ്റർ കൽയിൻ! നിങ്ങളെന്താ അതു മനപ്പാഠമാക്കുകയാണോ?”

ഞാൻ പറഞ്ഞു: “ആദ്യം ഞാൻ അത്‌ ഓടിച്ചുവായിച്ചതേയുള്ളൂ. ഇതിന്റെ ഉള്ളടക്കം എനിക്കു ശരിക്കും മനസ്സിലാക്കണം.” ഉള്ളിൽ ഞാൻ സന്തോഷംകൊണ്ടു കരയുകയായിരുന്നു. ആ പ്രമേയം വായിച്ചു കഴിഞ്ഞപ്പോൾ, അതു തിരിച്ചുകൊടുത്തുകൊണ്ട്‌ ഞാൻ പറഞ്ഞു: “എനിക്കു നിങ്ങളോടെല്ലാം വളരെ നന്ദിയുണ്ട്‌. എന്നാൽ നിങ്ങളെക്കൊണ്ട്‌ ഇതു ചെയ്യിച്ചതിന്‌ ഞാൻ യഹോവയാം ദൈവത്തോടും നന്ദിയുള്ളവനാണ്‌. ഈ പ്രമേയം വായിച്ചതുവഴി എന്റെ വിശ്വാസം ഇന്ന്‌ വളരെയധികം ശക്തിപ്പെട്ടിരിക്കുന്നു! ഞാൻ ഈ സാക്ഷികളോടൊപ്പം ചേരുന്നു, യാതൊരു മടിയും കൂടാതെ ഞാൻ ദൈവത്തിന്റെ നാമത്തെ സ്‌തുതിക്കും. തൊഴിൽ പാളയത്തിലോ ജയിലിലോ എവിടെയുമായിക്കൊള്ളട്ടെ, കണ്ടുമുട്ടുന്നവരോടെല്ലാം ഞാൻ അവനെ കുറിച്ചു സംസാരിക്കും. അത്‌ എന്റെ ദൗത്യമാണ്‌!”

“നിങ്ങൾ എന്നെ എത്രമാത്രം പീഡിപ്പിച്ചാലും എന്റെ വായടയ്‌ക്കാൻ നിങ്ങൾക്കു കഴിയില്ല. ഏതെങ്കിലും തരത്തിലുള്ള വിപ്ലവത്തിൽ ഏർപ്പെടുമെന്നല്ല സാക്ഷികൾ ഈ പ്രമേയത്തിൽ പറഞ്ഞിരിക്കുന്നത്‌. പകരം എന്തു വന്നാലും, കടുത്ത പീഡനം നേരിടേണ്ടി വന്നാൽപ്പോലും, തങ്ങൾ യഹോവയെ സേവിക്കുമെന്ന ഉറച്ച തീരുമാനമാണ്‌ അവർ കൈക്കൊണ്ടിരിക്കുന്നത്‌! കാരണം, വിശ്വസ്‌തരായി നിലകൊള്ളാൻ അവൻ തങ്ങളെ സഹായിക്കുമെന്ന്‌ അവർക്കറിയാം. ഈ ദുഷ്‌കരമായ സമയത്ത്‌ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ എന്നെ ശക്തീകരിക്കണേയെന്ന്‌ ഞാൻ യഹോവയോടു പ്രാർഥിക്കുന്നു.

“എന്തു വന്നാലും ഞാൻ കുലുങ്ങുകയില്ല! ഈ പ്രമേയം എന്നെ അത്രയധികം ശക്തിപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഇപ്പോൾ എന്നെ വെടിവെച്ചു കൊല്ലാൻ പോവുകയാണെന്നു പറഞ്ഞാലും ഞാൻ ഭയന്നു പിന്മാറില്ല. കാരണം പുനരുത്ഥാനത്തിലൂടെ പോലും യഹോവയ്‌ക്കു രക്ഷിക്കാൻ കഴിയും!”

അന്വേഷണ ഉദ്യോഗസ്ഥരുടെ മുഖത്തെ നിരാശ എനിക്കു കാണാമായിരുന്നു. തങ്ങൾ ഒരു വലിയ അബദ്ധമാണു കാണിച്ചതെന്ന്‌ അവർക്കു മനസ്സിലായി. ആ പ്രമേയം എന്നെ ദുർബലപ്പെടുത്തുമെന്നാണ്‌ അവർ കരുതിയത്‌, പക്ഷേ അത്‌ എന്നെ ശക്തീകരിക്കുകയാണു ചെയ്‌തത്‌.

[167-169 പേജുകളിലെ ചതുരം/ചിത്രം]

മാരിയ പോപ്പോവിച്ചുമായി ഒരു അഭിമുഖം

ജനനം: 1932

സ്‌നാപനം: 1948

സംക്ഷിപ്‌ത വിവരം: തടവിലും തൊഴിൽപ്പാളയങ്ങളിലും ആറു വർഷം കഴിഞ്ഞു. സത്യം പഠിക്കാൻ പത്തിലേറെ ആളുകളെ സഹായിച്ചിട്ടുണ്ട്‌.

എന്നെ 1950 ഏപ്രിൽ 27-ന്‌ അറസ്റ്റ്‌ ചെയ്യുമ്പോൾ ഞാൻ അഞ്ചു മാസം ഗർഭിണിയായിരുന്നു. ജൂലൈ 18-ന്‌ അവർ എന്നെ പത്തു വർഷത്തെ തടവിനു വിധിച്ചു. പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെട്ടതും ആളുകളോട്‌ ബൈബിൾ സത്യത്തെ കുറിച്ചു സംസാരിച്ചതും ആയിരുന്നു എന്റെ കുറ്റം. ഞങ്ങൾ ഏഴു പേരെ​—⁠നാലു സഹോദരന്മാരും മൂന്നു സഹോദരിമാരും​—⁠അവർ തടവുശിക്ഷയ്‌ക്കു വിധിച്ചു. ഓരോരുത്തർക്കും പത്തു വർഷം വീതമായിരുന്നു ശിക്ഷ. ആഗസ്റ്റ്‌ 13-ന്‌ എനിക്ക്‌ ഒരു മകൻ ജനിച്ചു.

തടവിലായിരിക്കെ എനിക്കു നിരുത്സാഹം തോന്നിയില്ല. ഒരു കള്ളനോ കൊലപാതകിയോ ആയിട്ടല്ല, മറിച്ച്‌ ഒരു ക്രിസ്‌ത്യാനിയെന്ന നിലയിൽ ദുരിതം സഹിക്കേണ്ടി വന്നാൽ നിങ്ങൾ സന്തുഷ്ടരായിരിക്കും എന്ന്‌ ദൈവവചനമാകുന്ന ബൈബിളിൽനിന്നു ഞാൻ പഠിച്ചിരുന്നു. ഞാൻ സന്തുഷ്ടയായിരുന്നു. എനിക്ക്‌ ഹൃദയത്തിൽ സന്തോഷം തോന്നി. അവർ എന്നെ ഏകാന്ത തടവിലിട്ടു, ഞാൻ ഗീതങ്ങൾ പാടിക്കൊണ്ട്‌ തടവറയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്നു.

തടവറയുടെ ചെറിയ ജനൽ തുറന്ന്‌ ഒരു പട്ടാളക്കാരൻ ചോദിച്ചു: “ഈ അവസ്ഥയിലായിട്ടും നിങ്ങൾ പാട്ടു പാടുകയാണോ?”

ഞാൻ പറഞ്ഞു: “ആരോടും ഒരു തെറ്റും ചെയ്‌തിട്ടില്ലാത്തതുകൊണ്ട്‌ ഞാൻ സന്തുഷ്ടയാണ്‌.” ഒന്നും പറയാതെ അയാൾ ജനൽ അടച്ചു. അവർ എന്നെ മർദിച്ചില്ല.

അവർ പറഞ്ഞു: “ഈ വിശ്വാസം വിട്ടുകളയുക. നിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചു ചിന്തിച്ചു നോക്കൂ.” ജയിലിൽ പ്രസവിക്കേണ്ടി വരുന്നതിനെയാണ്‌ അവർ അർഥമാക്കിയത്‌. എന്നാൽ ഞാൻ സന്തുഷ്ടയായിരുന്നു. കാരണം ദൈവവചനത്തിൽ വിശ്വാസം അർപ്പിച്ചതിനാണ്‌ അവർ എന്നെ തടവിലാക്കിയിരിക്കുന്നത്‌. അത്‌ എനിക്ക്‌ ആനന്ദം പകർന്നു. ഞാൻ ഒരു കുറ്റവാളിയല്ലെന്നും യഹോവയിലുള്ള വിശ്വാസം നിമിത്തമാണ്‌ എനിക്ക്‌ ഈ കഷ്ടം സഹിക്കേണ്ടി വന്നതെന്നും എനിക്ക്‌ അറിയാമായിരുന്നു. അത്‌ എല്ലാ സമയത്തും എനിക്കു സന്തോഷം നൽകി.”

പിന്നീട്‌, തൊഴിൽ പാളയത്തിൽ പണിയെടുത്തുകൊണ്ടിരിക്കെ എന്റെ കൈ മരവിച്ചുപോയി. എന്നെ ആശുപത്രിയിലേക്ക്‌ അയച്ചു. അവിടത്തെ ഡോക്ടർക്ക്‌ എന്നെ ഇഷ്ടമായി. അവർ പറഞ്ഞു: “നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമാണ്‌. നിങ്ങൾക്ക്‌ എന്റെ കൂടെ ജോലി ചെയ്യാമോ?”

ക്യാമ്പിന്റെ ഡയറക്ടർക്ക്‌ അത്‌ അത്ര ഇഷ്ടമായില്ല. അയാൾ ചോദിച്ചു: “നിങ്ങൾക്ക്‌ ഈ സ്‌ത്രീയെത്തന്നെ വേണമെന്ന്‌ എന്താ ഇത്ര നിർബന്ധം? വേറെ ആരെയങ്കിലും എടുക്കരുതോ?”

ഡോക്ടർ പറഞ്ഞു: “വേറെ ആരെയും എനിക്കു വേണ്ട. എന്റെ ആശുപത്രിയിൽ നല്ലവരും സത്യസന്ധരുമായ ആളുകളെയാണ്‌ എനിക്കിഷ്ടം. ഇവർ ഈ ആശുപത്രിയിൽ ജോലി ചെയ്യാൻ പോവുകയാണ്‌. ഇവർ മോഷ്ടിക്കുകയോ മയക്കുമരുന്ന്‌ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന്‌ എനിക്ക്‌ അറിയാം.”

അവർ ഞങ്ങളെ വിശ്വസിച്ചു. ദൈവവിശ്വാസം ഉള്ളവരോട്‌ അവർക്കു പ്രത്യേക ആദരവ്‌ ഉണ്ടായിരുന്നു. ഞങ്ങൾ ഏതുതരം ആളുകളാണെന്ന്‌ അവർക്കു മനസ്സിലായി. അത്‌ ഞങ്ങൾക്കു വളരെ പ്രയോജനം ചെയ്‌തു.

ഒടുവിൽ, ഡയറക്ടറെ പറഞ്ഞുസമ്മതിപ്പിക്കാൻ ഡോക്ടർക്കു സാധിച്ചു. എനിക്കു നന്നായി മരം മുറിക്കാൻ അറിയാമായിരുന്നതുകൊണ്ടാണ്‌ എന്നെ പറഞ്ഞയയ്‌ക്കാൻ അയാൾക്ക്‌ ഇഷ്ടമില്ലായിരുന്നത്‌. യഹോവയുടെ ജനം വേല ചെയ്‌തിരുന്ന എല്ലായിടത്തും അവർ സത്യസന്ധതയും ആത്മാർഥതയും പ്രകടമാക്കി.

കുറിപ്പ്‌: മാരിയയുടെ മകൻ ജനിച്ചത്‌ യൂക്രെയിനിലെ വിന്നിറ്റ്‌സ്യയിലുള്ള ജയിലിലാണ്‌. പിന്നത്തെ രണ്ടു വർഷം അവനെ ജയിലിലെ അനാഥാലയത്തിലാക്കി. അതിനുശേഷം ബന്ധുക്കൾ അവനെ അവന്റെ പിതാവിന്റെ അടുക്കലേക്ക്‌ അയച്ചു. അദ്ദേഹം അപ്പോൾ നാടുകടത്തപ്പെട്ട്‌ സൈബീരിയയിൽ കഴിയുകയായിരുന്നു. പോപ്പോവിച്ച്‌ സഹോദരി ജയിലിൽനിന്നു പുറത്തു വന്നപ്പോൾ അവരുടെ മകന്‌ ആറു വയസ്സു പ്രായമുണ്ടായിരുന്നു.

[ആകർഷക വാക്യം]

“ആരോടും ഒരു തെറ്റും ചെയ്‌തിട്ടില്ലാത്തതു കൊണ്ട്‌ ഞാൻ സന്തുഷ്ടയാണ്‌”

[175-ാം പേജിലെ ചതുരം/ചിത്രം]

മാരിയ ഫെദൂനുമായി ഒരു അഭിമുഖം

ജനനം: 1939

സ്‌നാപനം: 1958

സംക്ഷിപ്‌ത വിവരം: 1951-65 കാലത്ത്‌ പ്രവാസത്തിൽ കഴിഞ്ഞു.

ട്രെയിനിൽ കയറി സ്വസ്ഥമായി ഇരിപ്പുറപ്പിക്കുകയും വണ്ടി ഓടിത്തുടങ്ങുകയും ചെയ്‌തപ്പോൾ ഞങ്ങൾക്കു പിന്നെ ചെയ്യാൻ ഒന്നുമില്ലായിരുന്നു. ഞങ്ങൾക്കു ഗീതങ്ങൾ അറിയാമായിരുന്നു. ഞങ്ങൾ അവ പാടാൻ തുടങ്ങി. പാട്ടുപുസ്‌തകത്തിലെ അറിയാവുന്ന എല്ലാ രാജ്യഗീതങ്ങളും ഞങ്ങൾ പാടി.

ആദ്യം ഞങ്ങളുടെ കമ്പാർട്ടുമെന്റിൽനിന്നു മാത്രമേ പാട്ടുകൾ കേട്ടിരുന്നുള്ളൂ. എന്നാൽ പിന്നീട്‌ മറ്റു ട്രെയിനുകൾക്കു കടന്നുപോകാനായി ഞങ്ങളുടെ ട്രെയിൻ നിറുത്തിയിട്ടിരുന്നപ്പോൾ ആ ട്രെയിനുകളിലും നമ്മുടെ സഹോദരങ്ങൾ ഉണ്ടെന്നു ഞങ്ങൾക്കു മനസ്സിലായി. ആ ട്രെയിനുകളിൽ നിന്നും പാട്ടുകൾ കേൾക്കുന്നുണ്ടായിരുന്നു. മോൾഡേവിയയിൽ നിന്നുള്ള സാക്ഷികളും ബൂക്കോവിനയിൽ നിന്നുള്ള റൊമേനിയക്കാരായ സാക്ഷികളുമാണ്‌ കടന്നുപോയത്‌. ഒട്ടേറെ ട്രെയിനുകൾ ഉണ്ടായിരുന്നു. വിവിധ സ്ഥാനങ്ങളിൽവെച്ച്‌ ഈ ട്രെയിനുകൾ പരസ്‌പരം ഓവർടേക്ക്‌ ചെയ്യുമായിരുന്നു. അവയിലെല്ലാം നമ്മുടെ സഹോദരങ്ങൾ ആണ്‌ ഉള്ളതെന്നു ഞങ്ങൾക്കു മനസ്സിലായി.

നിരവധി ഗീതങ്ങൾ ഞങ്ങൾക്ക്‌ ഓർമയുണ്ടായിരുന്നു. ആ കമ്പാർട്ടുമെന്റുകളിൽ വെച്ച്‌ ഞങ്ങൾ പല ഗീതങ്ങളും എഴുതി. അവ ഞങ്ങൾക്കു പ്രോത്സാഹനവും ശരിയായ മനോനിലയും നൽകി. ആ ഗീതങ്ങൾ വാസ്‌തവമായും ഞങ്ങളുടെ ശ്രദ്ധയെ യഹോവയിലേക്കു തിരിച്ചുവിട്ടു.

[177-ാം പേജിലെ ചതുരം/ചിത്രം]

ലിഡിയ സ്റ്റഷ്‌ച്ചിഷിനുമായി ഒരു അഭിമുഖം

ജനനം: 1960

സ്‌നാപനം: 1979

സംക്ഷിപ്‌ത വിവരം: മാരിയ പിലിപ്പിവിന്റെ മകൾ; അദ്ദേഹവുമായുള്ള അഭിമുഖം 208-9 പേജുകളിൽ കാണാം.

ഞാൻ കുട്ടിയായിരുന്നപ്പോൾ എന്റെ മുത്തശ്ശൻ ഒരു മൂപ്പനായിരുന്നു; അദ്ദേഹമായിരുന്നു സഭയുടെ ചുമതല വഹിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ ദിനചര്യ എനിക്ക്‌ ഓർമയുണ്ട്‌: രാവിലെ എഴുന്നേറ്റ്‌ കുളിച്ചശേഷം പ്രാർഥിക്കും. എന്നിട്ട്‌ അദ്ദേഹം ബൈബിൾ തുറക്കും, ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന്‌ ദിനവാക്യവും ബൈബിളിലെ ആ മുഴു അധ്യായവും വായിക്കും. ചില പ്രധാനപ്പെട്ട രേഖകൾ നഗരാതിർത്തിയിൽ താമസിക്കുന്ന മറ്റൊരു മൂപ്പനു കൊണ്ടുപോയി കൊടുക്കാൻ മുത്തശ്ശൻ പതിവായി എന്നോട്‌ ആവശ്യപ്പെട്ടിരുന്നു. അവ കടലാസ്സിൽ പൊതിഞ്ഞോ ഒരു ബാഗിലാക്കിയോ ആണ്‌ എനിക്കു തന്നിരുന്നത്‌. ആ മൂപ്പന്റെ വീട്ടിൽ എത്താൻ ഒരു കുന്ന്‌ കയറണമായിരുന്നു. എനിക്കാണെങ്കിൽ ആ കുന്ന്‌ ഒട്ടും ഇഷ്ടമല്ലായിരുന്നുതാനും. അത്‌ കുത്തനെയുള്ള ഒരു കുന്ന്‌ ആയിരുന്നതുകൊണ്ട്‌ കയറാൻ വലിയ പാടായിരുന്നു. ഞാൻ പറയും: “മുത്തശ്ശാ, ഞാൻ പോകുന്നില്ല! എന്നോടു പോകാൻ പറയല്ലേ.”

മുത്തശ്ശൻ പറയും: “പോയേ പറ്റൂ. ഈ രേഖകൾ കൊണ്ടുപോയി കൊടുത്തിട്ടു വാ.”

ഞാൻ എന്നോടുതന്നെ പറയും, ‘ഇല്ല, ഞാൻ പോകില്ല! ഞാൻ പോകില്ല.’ എന്നാൽ പിന്നീടു ഞാൻ പറയും, ‘വേണം, ഞാൻ പോകണം, എന്തോ അത്യാവശ്യ കാര്യമുണ്ടായിരിക്കും.’ എപ്പോഴും ഞാൻ അങ്ങനെ ചിന്തിച്ചിരുന്നു. പോകാൻ ഒട്ടും ഇഷ്ടമില്ലായിരുന്നെങ്കിലും ഞാൻ പോകുമായിരുന്നു. ഞാൻ അല്ലാതെ മറ്റാരും പോകാനില്ലെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. കൂടെക്കൂടെ എനിക്ക്‌ അങ്ങനെ പോകേണ്ടി വന്നിട്ടുണ്ട്‌. അത്‌ എന്റെ ജോലിയായിരുന്നു, അതേ എന്റെ ഉത്തരവാദിത്വമായിരുന്നു.

[178, 179 പേജുകളിലെ ചതുരം/ചിത്രം]

പാവ്‌ലോ റുറാക്കുമായി ഒരു അഭിമുഖം

ജനനം: 1928

സ്‌നാപനം: 1945

സംക്ഷിപ്‌ത വിവരം: 15 വർഷം ജയിലുകളിലും തൊഴിൽപ്പാളയങ്ങളിലും കഴിഞ്ഞു. ഇപ്പോൾ കിഴക്കൻ യൂക്രെയിനിലെ ആർട്യോമോഫ്‌സ്‌ക്കിൽ ഒരു അധ്യക്ഷ മേൽവിചാരകനായി സേവിക്കുന്നു.

ഞാൻ 1952-ൽ, റഷ്യയിലെ കറഗൺഡയിൽ കനത്ത സൈനിക കാവലുള്ള ഒരു ക്യാമ്പിൽ ആയിരുന്നു. ക്യാമ്പിൽ ഞങ്ങൾ പത്തു പേർ ഉണ്ടായിരുന്നു. അവിടെ സമയം ഇഴഞ്ഞു നീങ്ങുന്നതു പോലെയാണു ഞങ്ങൾക്ക്‌ അനുഭവപ്പെട്ടിരുന്നത്‌. അവിടത്തെ ജീവിതം ദുഷ്‌കരമായിരുന്നു. ഞങ്ങൾക്ക്‌ സന്തോഷവും പ്രത്യാശയും ഉണ്ടായിരുന്നെങ്കിലും ആത്മീയ ആഹാരം ലഭിച്ചിരുന്നില്ല. പണിക്കു ശേഷം ഞങ്ങൾ ഒത്തുകൂടി, മുമ്പ്‌ “വിശ്വസ്‌തനും വിവേകിയുമായ അടിമ” മുഖാന്തരം പഠിച്ച കാര്യങ്ങളെല്ലാം ഓർമയിൽനിന്നു പങ്കുവെക്കുമായിരുന്നു.​—⁠മത്താ. 24:45-47, NW.

ക്യാമ്പിലെ ഞങ്ങളുടെ അവസ്ഥയെ കുറിച്ചും ആത്മീയ ആഹാരം ലഭിക്കാതെ ഞങ്ങൾ ബുദ്ധിമുട്ടുന്നതിനെ കുറിച്ചുമൊക്കെ വിവരിച്ചുകൊണ്ട്‌ എന്റെ പെങ്ങൾക്ക്‌ ഒരു കത്ത്‌ അയയ്‌ക്കാൻ ഞാൻ തീരുമാനിച്ചു. അത്തരം കത്തുകൾ അയയ്‌ക്കാൻ തടവുകാർക്ക്‌ അനുവാദം ഇല്ലായിരുന്നതിനാൽ അതു ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഒടുവിൽ പെങ്ങൾക്ക്‌ ആ കത്ത്‌ ലഭിക്കുകതന്നെ ചെയ്‌തു. അവൾ ഒരു പാഴ്‌സൽ തയ്യാറാക്കി, അതിൽ ഒരു പുതിയ നിയമത്തോടൊപ്പം കുറേ ഉണങ്ങിയ റൊട്ടി നിറച്ച്‌ എനിക്ക്‌ അയച്ചുതന്നു.

ക്യാമ്പിൽ എല്ലാം വളരെ കർശനമായിരുന്നു. അധികാരികൾ എല്ലായ്‌പോഴും തടവുകാർക്കു പാഴ്‌സലുകൾ കൈമാറിയിരുന്നില്ല. മിക്കപ്പോഴും അവർ അതു തുറന്നുനോക്കി എല്ലാം ശ്രദ്ധാപൂർവം പരിശോധിക്കുമായിരുന്നു. ഉദാഹരണത്തിന്‌, ടിന്നുകൾ ലഭിച്ചാൽ അതിന്റെ അടിഭാഗത്തായി അറകളിലോ വശങ്ങളിലോ ഒക്കെ എന്തെങ്കിലും ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ എന്ന്‌ അവർ നോക്കുമായിരുന്നു. എന്തിന്‌, ഉണങ്ങിയ ബണ്ണുകൾ പോലും അവർ പരിശോധിച്ചിരുന്നു.

ഒരു ദിവസം, പാഴ്‌സലുകൾ ലഭിക്കാനുള്ളവരുടെ ലിസ്റ്റിൽ എന്റെ പേരു ഞാൻ കണ്ടു. ആ പാഴ്‌സലിനകത്ത്‌ പെങ്ങൾ ഒരു പുതിയ നിയമം വെച്ചിട്ടുണ്ടെന്നു സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ലെങ്കിലും എനിക്ക്‌ ആ പാഴ്‌സൽ കണ്ടപ്പോൾ അതിയായ ആഹ്ലാദം തോന്നി. ഏറ്റവും കണിശക്കാരനായിരുന്ന ഇൻസ്‌പെക്‌ടർ ആയിരുന്നു അന്ന്‌ ഡ്യൂട്ടിയിൽ; തടവുകാർ അയാളെ ‘ചൂടൻ’ എന്നാണു വിളിച്ചിരുന്നത്‌. ഞാൻ പാഴ്‌സൽ വാങ്ങാൻ ചെന്നപ്പോൾ അയാൾ ചോദിച്ചു: “ആരാണ്‌ തനിക്കു പാഴ്‌സൽ അയയ്‌ക്കാനുള്ളത്‌?” ഞാൻ പെങ്ങളുടെ വിലാസം പറഞ്ഞുകൊടുത്തു. അയാൾ ഒരു ഇരുമ്പു ലിവർ കൊണ്ട്‌ ആ പെട്ടി തുറന്നു.

അയാൾ അതിന്റെ മൂടി തുറന്നപ്പോൾ പെട്ടിയുടെ ഒരു വശത്തിനും ആഹാരസാധനത്തിനും ഇടയിലായി ഞാൻ പുതിയ നിയമം കണ്ടു! “യഹോവേ, അത്‌ എനിക്കു തരേണമേ” എന്നു മനസ്സിൽ പറയാനുള്ള സാവകാശമേ എനിക്കു കിട്ടിയുള്ളൂ.

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ഇൻസ്‌പെക്‌ടർ പറഞ്ഞു: “വേഗം, ഈ പെട്ടി എടുത്തുകൊണ്ടു പോ!” വിശ്വാസം വരാതെ ഞാൻ ആ പെട്ടി അടച്ച്‌ ബാരക്കിലേക്കു കൊണ്ടുപോയി. എന്നിട്ട്‌ ആ പുതിയ നിയമം എടുത്ത്‌ എന്റെ കിടക്കയ്‌ക്കകത്തു വെച്ചു.

എനിക്ക്‌ ഒരു പുതിയ നിയമം കിട്ടിയിട്ടുണ്ടെന്നു സഹോദരന്മാരോടു പറഞ്ഞപ്പോൾ ആർക്കും അതു വിശ്വസിക്കാനായില്ല. അത്‌ യഹോവയിൽനിന്നുള്ള ഒരു അത്ഭുതമായിരുന്നു! അവൻ ഞങ്ങളെ ആത്മീയമായി സഹായിക്കുകയായിരുന്നു. കാരണം ഞങ്ങളുടെ ആ സാഹചര്യത്തിൽ അങ്ങനെയുള്ള എന്തെങ്കിലും ലഭിക്കുക അസാധ്യമായിരുന്നു. ഞങ്ങളുടെ സ്വർഗീയ പിതാവായ യഹോവയോട്‌ അവന്റെ കരുണയ്‌ക്കും കരുതലിനുമായി ഞങ്ങൾ നന്ദി പറഞ്ഞു. ഞങ്ങൾ അതു വായിച്ച്‌ ആത്മീയമായി ബലം പ്രാപിക്കാൻ തുടങ്ങി. അതിനു ഞങ്ങൾ യഹോവയോട്‌ എത്ര കൃതജ്ഞതയുള്ളവർ ആയിരുന്നെന്നോ!

[180, 181 പേജുകളിലെ ചതുരം/ചിത്രം]

ലിഡിയ ബ്‌സോവിയുമായി ഒരു അഭിമുഖം

ജനനം: 1937

സ്‌നാപനം: 1955

സംക്ഷിപ്‌ത വിവരം: 1949-65 കാലത്ത്‌ പ്രവാസത്തിൽ കഴിഞ്ഞു.

കൗമാരപ്രായത്തിലായിരിക്കെ, ഡാഡി ഞങ്ങളോടൊപ്പം ഇല്ലാഞ്ഞത്‌ എന്നെ വളരെയധികം വേദനിപ്പിച്ചു. മിക്ക കുട്ടികളെയും പോലെ ഞങ്ങളും ഡാഡിയെ അതിയായി സ്‌നേഹിച്ചിരുന്നു. അദ്ദേഹത്തോട്‌ എനിക്കൊന്നു യാത്ര പറയാൻ പോലും സാധിച്ചില്ല. അദ്ദേഹം പോകുമ്പോൾ ഇവാനും ഞാനും വീട്ടിൽ ഉണ്ടായിരുന്നില്ല. ഞങ്ങൾ വയലിൽ ചാമ കൊയ്യുകയായിരുന്നു.

ഞങ്ങൾ വയലിൽനിന്നു വന്നപ്പോൾ മമ്മി പറഞ്ഞു, ഡാഡിയെ അറസ്റ്റു ചെയ്‌തു കൊണ്ടുപോയി എന്ന്‌. എനിക്ക്‌ ആകെപ്പാടെ ഒരു ശൂന്യത അനുഭവപ്പെട്ടു, വല്ലാത്ത ഹൃദയവേദനയും. എന്നാൽ എനിക്കു പരിഭ്രാന്തിയോ വിദ്വേഷമോ തോന്നിയില്ല. ഇത്‌ വാസ്‌തവത്തിൽ പ്രതീക്ഷിക്കേണ്ട ഒന്നായിരുന്നു. യേശുവിന്റെ വാക്കുകളെ കുറിച്ചു ഞങ്ങൾ കൂടെക്കൂടെ ഓർമിപ്പിക്കപ്പെട്ടിരുന്നു: “അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.” (യോഹ. 15:20) ഈ വാക്യം ഞങ്ങൾ ജീവിതത്തിൽ വളരെ നേരത്തേതന്നെ പഠിച്ചു. കർത്താവിന്റെ മാതൃകാ പ്രാർഥന അറിയാമായിരുന്നതുപോലെ അത്ര നന്നായി ഇതും ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ ഈ ലോകത്തിന്റെ ഭാഗമല്ലാത്തതിനാൽ ലോകം ഞങ്ങളെ സ്‌നേഹിക്കുകയില്ലെന്നും ഞങ്ങൾക്ക്‌ അറിയാമായിരുന്നു. അധികാരികൾ ഇതെല്ലാം ചെയ്യുന്നത്‌ അവരുടെ അജ്ഞത നിമിത്തം ആയിരുന്നു.

മോൾഡേവിയയിലെ റൊമേനിയൻ അധികാരത്തിൻ കീഴിൽ ആയിരിക്കെ, തന്റെ കേസിനുവേണ്ടി കോടതിയിൽ പ്രതിവാദം നടത്താനാകുമെന്ന്‌ ഡാഡിക്ക്‌ അറിയാമായിരുന്നു. കോടതിയിൽ ചെല്ലാൻ ഞങ്ങൾക്കും അനുവാദം ലഭിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ ഒരു ദിവസമായിരുന്നു അത്‌.

ഡാഡി അവിടെവെച്ച്‌ നല്ലൊരു സാക്ഷ്യം നൽകി. ഗവൺമെന്റ്‌ വക്കീലിന്റെ ആരോപണങ്ങൾ കേൾക്കാൻ ആർക്കും താത്‌പര്യം ഇല്ലായിരുന്നു. എന്നാൽ ഡാഡിയുടെ സാക്ഷ്യം എല്ലാവരും അതീവ താത്‌പര്യത്തോടെ ശ്രദ്ധിച്ചു. സത്യത്തിന്റെ സംസ്ഥാപനത്തിനു വേണ്ടി അദ്ദേഹം ഒരു മണിക്കൂറും 40 മിനിട്ടും സംസാരിച്ചു. അദ്ദേഹത്തിന്റെ സാക്ഷ്യം വളരെ വ്യക്തവും സുഗ്രാഹ്യവുമായിരുന്നു. കോടതി ജീവനക്കാരുടെ കണ്ണുകൾ ഈറനണിഞ്ഞു.

ഡാഡിക്ക്‌ കോടതിയിൽ സാക്ഷ്യം നൽകാൻ കഴിഞ്ഞതിൽ, പരസ്യമായി സത്യത്തിനു വേണ്ടി പ്രതിവാദം നടത്താൻ അവസരം ലഭിച്ചതിൽ ഞങ്ങൾക്ക്‌ അഭിമാനം തോന്നി. ഞങ്ങൾക്കു യാതൊരു നിരാശയും തോന്നിയില്ല.

കുറിപ്പ്‌: 1943-ൽ സോവിയറ്റുകാരുമായി കൂട്ടുകെട്ട്‌ പുലർത്തുന്നു എന്ന വ്യാജ ആരോപണം ചുമത്തി ജർമൻ അധികാരികൾ ബ്‌സോവി സഹോദരിയുടെ മാതാപിതാക്കളെ അറസ്റ്റു ചെയ്‌ത്‌ 25 വർഷത്തെ തടവിനു വിധിച്ചു. ഒരു വർഷത്തിനുള്ളിൽ സോവിയറ്റ്‌ സൈന്യം വന്ന്‌ അവരെ മോചിപ്പിച്ചു. അതേത്തുടർന്ന്‌ സോവിയറ്റ്‌ അധികാരികൾ തന്നെ സഹോദരിയുടെ പിതാവിനെ അറസ്റ്റു ചെയ്‌തു. അദ്ദേഹം മൊത്തം 20 വർഷം തടവിൽ കഴിഞ്ഞു.

[ആകർഷക വാക്യം]

മിക്ക കുട്ടികളെയും പോലെ ഞങ്ങളും ഡാഡിയെ അതിയായി സ്‌നേഹിച്ചിരുന്നു. അദ്ദേഹത്തോട്‌ എനിക്കൊന്നു യാത്ര പറയാൻ പോലും സാധിച്ചില്ല

[186-189 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

താമാറ റാവ്‌ലിയുക്കുമായി ഒരു അഭിമുഖം

ജനനം: 1940

സ്‌നാപനം: 1958

സംക്ഷിപ്‌ത വിവരം: 1951-ൽ നാടുകടത്തപ്പെട്ടു. സത്യം പഠിക്കാൻ 100-ഓളം ആളുകളെ സഹായിച്ചു.

ഹാലിനയുടെ കഥ ഇപ്രകാരമാണ്‌. 1958-ൽ, ഹാലിനയ്‌ക്കു വെറും 17 ദിവസം പ്രായമുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ അറസ്റ്റു ചെയ്യപ്പെട്ടു. അവളെയും അമ്മയെയും സൈബീരിയയിലെ ഒരു ജയിൽപ്പാളയത്തിലേക്ക്‌ അയച്ചു. മുലകുടി മാറുന്നതുവരെ, അതായത്‌ അഞ്ചു മാസംവരെ, ഹാലിനയ്‌ക്ക്‌ അമ്മയോടൊപ്പം കഴിയാമായിരുന്നു. അതിനുശേഷം അമ്മയ്‌ക്കു പണിക്കു പോകേണ്ടിയിരുന്നതിനാൽ കുഞ്ഞിനെ ശിശുപരിപാലന കേന്ദ്രത്തിൽ ആക്കി. ഞങ്ങളുടെ കുടുംബം അടുത്തുള്ള ടോംസ്‌ക്‌ എന്ന പ്രവിശ്യയിലാണു താമസിച്ചിരുന്നത്‌. ആ കുഞ്ഞിന്റെ മാതാപിതാക്കൾ മോചിപ്പിക്കപ്പെടുന്നതുവരെ അതിനെ അവിടെനിന്ന്‌ ഏറ്റുവാങ്ങി വളർത്താൻ ആർക്കെങ്കിലും കഴിയുമോയെന്നു ചോദിച്ചുകൊണ്ട്‌ സഹോദരന്മാർ ഞങ്ങളുടെ സഭയിലേക്ക്‌ ഒരു കത്തയച്ചു. കത്തു വായിച്ചപ്പോൾ എല്ലാവരും ദുഃഖത്തോടെ നെടുവീർപ്പിട്ടു. ഒരു കുഞ്ഞ്‌ ഇത്തരമൊരു സാഹചര്യത്തിൽ ആയിരിക്കുന്നതു തികച്ചും ദുഃഖകരമായിരുന്നു.

അവർ ഞങ്ങൾക്ക്‌ ആലോചിക്കാൻ അൽപ്പം സമയം തന്നു. ഒരാഴ്‌ച കടന്നുപോയി. അവളെ സ്വീകരിക്കാൻ ആരും മുന്നോട്ടുവന്നില്ല. ഞങ്ങളുടെ എല്ലാവരുടെയും സാഹചര്യം വളരെ ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു. രണ്ടാമത്തെ ആഴ്‌ച എന്റെ മൂത്ത സഹോദരൻ അമ്മയോടു പറഞ്ഞു: “നമുക്ക്‌ ആ കുഞ്ഞിനെ ഏറ്റുവാങ്ങിയാലോ?”

അമ്മ പറഞ്ഞു: “നീയെന്താ ഈ പറയുന്നത്‌, വാസിയ? എനിക്ക്‌ പ്രായമായെന്നും സുഖമില്ലെന്നുമൊക്കെ നിനക്ക്‌ അറിയാവുന്നതല്ലേ? മറ്റൊരാളുടെ കുഞ്ഞിനെ സ്വീകരിക്കുന്നത്‌ വലിയ ഉത്തരവാദിത്വമുള്ള ഒരു കാര്യമാണ്‌. അത്‌ ഒരു മൃഗമല്ല. ഒരു പശുവോ പശുക്കിടാവോ അല്ല, ഒരു മനുഷ്യക്കുഞ്ഞാണ്‌. അതും വേറാരുടെയോ കുഞ്ഞ്‌.”

അദ്ദേഹം പറഞ്ഞു: “അമ്മേ, അതുകൊണ്ടാണ്‌ നാം അതിനെ ഏറ്റുവാങ്ങണമെന്നു ഞാൻ പറയുന്നത്‌. അത്‌ ഒരു മൃഗമല്ല. ഒരു കുഞ്ഞ്‌ അത്തരമൊരു അവസ്ഥയിൽ ആ ജയിൽപ്പാളയത്തിൽ കഴിയുന്നതിനെ കുറിച്ച്‌ ഒന്നു ചിന്തിച്ചു നോക്കൂ! എത്ര ചെറിയ കുഞ്ഞാണ്‌ അത്‌, എത്ര നിസ്സഹായമായ അവസ്ഥയിലാണ്‌ അത്‌!” എന്നിട്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “‘ഞാൻ രോഗിയായിരുന്നു, ഞാൻ തടവിലായിരുന്നു, എനിക്കു വിശന്നു, പക്ഷേ നിങ്ങൾ എന്നെ സഹായിച്ചില്ല’ എന്നു നമ്മളോടു പറയപ്പെടുന്ന ഒരു കാലം വന്നേക്കാമെന്നു നാം ചിന്തിക്കേണ്ടതല്ലേ?”

അമ്മ പറഞ്ഞു: “അതൊക്കെ ശരിതന്നെ, പക്ഷേ മറ്റൊരാളുടെ കുഞ്ഞിനെ ഏറ്റെടുക്കുക എന്നു പറഞ്ഞാൽ ചില്ലറ കാര്യമൊന്നുമല്ല. ഇവിടെവെച്ച്‌ അവൾക്ക്‌ എന്തെങ്കിലും സംഭവിച്ചാലോ?”

എന്റെ സഹോദരൻ പറഞ്ഞു: “അപ്പോൾ അവിടെവെച്ച്‌ അവൾക്ക്‌ എന്തെങ്കിലും സംഭവിച്ചാലോ?” എന്നിട്ട്‌ എന്നെ ചൂണ്ടിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു: “ഇവിടെ താമാറയില്ലേ? യാതൊരു തടസ്സവും കൂടാതെ അവൾക്ക്‌ ആ കുഞ്ഞിനെ ചെന്നു കൊണ്ടുവരാവുന്നതേയുള്ളൂ. നമുക്ക്‌ എല്ലാവർക്കും കൂടി പണിയെടുത്ത്‌ ആ കുഞ്ഞിനെ പോറ്റാം.”

ഞങ്ങൾ ഇക്കാര്യത്തെ കുറിച്ചു വളരെ ഗൗരവമായി ചിന്തിച്ചു, സംസാരിച്ചു; ഒടുവിൽ ഞാൻ പോകാമെന്ന തീരുമാനത്തിലെത്തി. അങ്ങനെ ഞാൻ മാരിയിൻസ്‌കി ജയിൽപ്പാളയത്തിൽ ചെന്നു, ആ കുഞ്ഞിനെയും തേടി. അവിടെ എത്തിക്കാൻ സഹോദരന്മാർ എനിക്കു സാഹിത്യങ്ങൾ നൽകി. അവളുടെ അമ്മയെ ഞങ്ങൾക്ക്‌ അറിയില്ലായിരുന്നതിനാൽ അവരെ പിന്നീടു തിരിച്ചറിയാൻ സാധിക്കേണ്ടതിന്‌ ഒരു ഫോട്ടോ എടുക്കുന്നതിന്‌ അവർ എനിക്ക്‌ ഒരു ക്യാമറയും തന്നു. എന്നാൽ പാളയത്തിലേക്കു ക്യാമറ കൊണ്ടുപോകാൻ എന്നെ അനുവദിച്ചില്ല, എങ്കിലും ഞാൻ സാഹിത്യം കൊണ്ടുപോയി. ഞാൻ ഒരു കുടം വാങ്ങി, സാഹിത്യങ്ങൾ അതിലാക്കി മുകളിൽ എണ്ണ സൂക്ഷിച്ചു. ഞാൻ പ്രവേശന മാർഗത്തിലൂടെ അകത്തേക്കു നടന്നു. എണ്ണയ്‌ക്കടിയിൽ എന്തെങ്കിലും ഉണ്ടോയെന്നു പരിശോധിക്കാൻ കാവൽക്കാരൻ മെനക്കെട്ടില്ല. അങ്ങനെ പാളയത്തിനകത്തു സാഹിത്യങ്ങൾ കടത്താൻ എനിക്കു കഴിഞ്ഞു.

കുഞ്ഞിന്റെ അമ്മയായ ലിഡിയ കുർദാസുമായി പരിചയപ്പെടാൻ എനിക്കു സാധിച്ചു. കുഞ്ഞിനെ വിട്ടുകിട്ടാനുള്ള രേഖകൾ തയ്യാറാക്കേണ്ടിയിരുന്നതിനാൽ എനിക്ക്‌ അന്നു രാത്രി ക്യാമ്പിൽ തങ്ങേണ്ടിവന്നു. അങ്ങനെ ഞാൻ ഹാലിനയെ വീട്ടിലേക്കു കൊണ്ടുവന്നു. അവൾക്കന്ന്‌ അഞ്ചു മാസവും ഏതാനും ദിവസവും മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ അവളെ നന്നായി പരിപാലിച്ചെങ്കിലും, അവൾക്കു തീരെ സുഖമില്ലാതായി. ഡോക്ടർമാർ വന്നു പരിശോധിച്ചെങ്കിലും എന്താണു കുഴപ്പമെന്ന്‌ അവർക്കു പിടികിട്ടിയില്ല.

അത്‌ എന്റെ കുഞ്ഞാണ്‌ എന്നു ഡോക്ടർമാർ കരുതി. അതുകൊണ്ട്‌ അവർ എന്നെ ശകാരിച്ചു: “നിങ്ങൾ എന്തൊരു തള്ളയാണ്‌? നിങ്ങൾ ആ കുഞ്ഞിനെ മുലയൂട്ടാത്തത്‌ എന്താ?” ഈ കുഞ്ഞിനെ ജയിൽപ്പാളയത്തിൽനിന്നു കൊണ്ടുവന്നതാണെന്നു പറയാൻ ഞങ്ങൾക്കു ഭയമായിരുന്നു, എന്താണു ചെയ്യേണ്ടതെന്ന്‌ ഞങ്ങൾക്ക്‌ ആർക്കും അറിയില്ലായിരുന്നു. കരഞ്ഞതല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല. ഡോക്ടർമാർ എന്നെ വഴക്കു പറഞ്ഞു; മുലകുടി മാറാത്ത എന്നെ പിടിച്ചു വിവാഹം കഴിപ്പിച്ചത്‌ എന്തിനായിരുന്നു എന്നൊക്കെ ചോദിച്ചുകൊണ്ട്‌ അവർ അമ്മയുടെ നേർക്ക്‌ ആക്രോശിച്ചു. എനിക്ക്‌ 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

ഹാലിനയ്‌ക്കു തീരെ സുഖമില്ലാതായി, ശ്വാസമെടുക്കാൻ അവൾക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു. ഞാൻ ഗോവണിക്കു കീഴെ പോയിനിന്നു പ്രാർഥിച്ചു: “യഹോവയാം ദൈവമേ, യഹോവയാം ദൈവമേ, ഈ കുഞ്ഞിനു പകരം എന്റെ ജീവൻ എടുക്കേണമേ!”

ഡോക്ടർമാരുടെ മുന്നിൽവെച്ചുതന്നെ കുഞ്ഞ്‌ ശ്വാസം കിട്ടാതെ ഞെളിപിരി കൊള്ളാൻ തുടങ്ങി. അവർ പറഞ്ഞു: “ഇനി യാതൊരു പ്രതീക്ഷയും വേണ്ട​—⁠അവൾ രക്ഷപ്പെടുകയില്ല, അവൾ രക്ഷപ്പെടുകയില്ല.” എന്റെയും അമ്മയുടെയും മുന്നിൽവെച്ചാണ്‌ അവർ അതു പറഞ്ഞത്‌. അമ്മ കരഞ്ഞു, ഞാൻ പ്രാർഥിച്ചു. എങ്കിലും ആ കുഞ്ഞ്‌ രക്ഷപ്പെട്ടു. അവളുടെ അമ്മ ജയിലിൽനിന്നു മോചിതയാകുംവരെ അവൾ ഞങ്ങളോടൊപ്പം കഴിഞ്ഞു. അവൾ ഞങ്ങളോടൊപ്പം ഏഴു വർഷം കഴിഞ്ഞു, പിന്നീട്‌ ഒരിക്കൽപ്പോലും അവൾക്ക്‌ അസുഖമുണ്ടായില്ല.

ഹാലിന ഇപ്പോൾ യൂക്രെയിനിലെ കാർക്കോഫിലാണു താമസം. അവൾ നമ്മുടെ സഹോദരിയാണ്‌, ഒരു സാധാരണ പയനിയറും.

[ആകർഷക വാക്യം]

“യഹോവയാം ദൈവമേ, യഹോവയാം ദൈവമേ, ഈ കുഞ്ഞിനു പകരം എന്റെ ജീവൻ എടുക്കേണമേ!”

[ചിത്രം]

ഇടത്തുനിന്ന്‌: താമാറ റാവ്‌ലിയുക്ക്‌ (മുമ്പ്‌ ബുരിയാക്ക്‌), സെർഹിയി റാവ്‌ലിയുക്ക്‌, ഹാലിന കുർദാസ്‌, മിഹായിലോ ബുരിയാക്ക്‌, മാരിയ ബുരിയാക്ക്‌

[ചിത്രം]

ഇടത്തുനിന്ന്‌: സെർഹിയി റാവ്‌ലിയുക്കും ഭാര്യ താമാറയും; മിഹായിലോ ക്വിബിദയും ഹാലിന ക്വിബിദയും (മുമ്പ്‌ കുർ ദാസ്‌); ഓലെക്‌സിയി കുർദാസും ഭാര്യ ലിഡിയയും

[192-ാം പേജിലെ ചതുരം]

ഒരു സർക്കിട്ട്‌ മേൽവിചാരകൻ 1958-ൽ നൽകിയ റിപ്പോർട്ട്‌

സഹോദരന്മാരിൽ ഓരോരുത്തരെയും സംബന്ധിച്ച വിവരങ്ങൾ ചോർത്തിയെടുക്കാൻ ഒരു കമ്മ്യൂണിസ്റ്റ്‌ യുവ സംഘടനയിലെ ഏതാണ്ട്‌ പത്ത്‌ അംഗങ്ങൾ വീതം ഉണ്ടായിരുന്നു എന്നറിയുമ്പോൾ സഹോദരന്മാർ അനുഭവിച്ച കഷ്ടപ്പാടുകളുടെ തീവ്രത ഒരളവോളം മനസ്സിലാക്കാൻ കഴിയും. അതിനു പുറമേ, വഞ്ചകരായ അയൽക്കാർ; കള്ള സഹോദരന്മാർ; പോലീസുകാരുടെ പ്രളയം; 25 വർഷം വരെ ജയിൽപ്പാളയങ്ങളിലോ തടവറകളിലോ കിടക്കാൻ ശിക്ഷിച്ചുകൊണ്ടുള്ള കോടതിവിധികൾ; സൈബീരിയയിലേക്കുള്ള നാടുകടത്തൽ; ജീവപര്യന്തമുള്ള നിർബന്ധിത തൊഴിൽ; കസ്റ്റഡിവാസം, ചിലപ്പോൾ വെളിച്ചമില്ലാത്ത തടവറകളിൽ ദീർഘകാലം കഴിയേണ്ടിവരുന്ന അവസ്ഥ​—⁠ദൈവരാജ്യത്തെ കുറിച്ച്‌ ഏതാനും വാക്കുകൾ സംസാരിക്കുന്ന ഒരുവന്‌ ഇതെല്ലാം അനുഭവിക്കേണ്ടിവന്നേക്കാം.

“എങ്കിലും പ്രസാധകർ നിർഭയരാണ്‌. യഹോവയാം ദൈവത്തോടുള്ള അവരുടെ സ്‌നേഹം നിസ്സീമമാണ്‌. അവരുടെ മനോഭാവവും ദൈവദൂതരുടേതിനു തുല്യമാണ്‌: പോരാട്ടത്തിൽ തോറ്റുപിന്മാറാൻ അവർ തയ്യാറല്ല. വേല യഹോവയുടേതാണെന്നും അന്തിമ വിജയം ഉണ്ടാകുന്നതുവരെ അതു തുടരണമെന്നും അവർക്ക്‌ അറിയാം. തങ്ങൾ ആർക്കു വേണ്ടിയാണു ദൃഢവിശ്വസ്‌തത പാലിക്കുന്നതെന്ന്‌ സഹോദരന്മാർക്കു നല്ല ബോധ്യമുണ്ട്‌. യഹോവയ്‌ക്കു വേണ്ടി യാതനകൾ അനുഭവിക്കുന്നതിൽ അവർക്കു സന്തോഷമേയുള്ളൂ.

[199-201 പേജുകളിലെ ചതുരം/ചിത്രം]

സെർഹിയി റാവ്‌ലിയുക്കുമായി ഒരു അഭിമുഖം

ജനനം: 1936

സ്‌നാപനം: 1952

സംക്ഷിപ്‌ത വിവരം: 16 വർഷം തടവിലും ജയിൽപ്പാളയങ്ങളിലും കഴിഞ്ഞു. ഏഴു പ്രാവശ്യം കുടിയൊഴിപ്പിക്കപ്പെട്ടു. സത്യം പഠിക്കാൻ 150-ഓളം ആളുകളെ സഹായിച്ചിട്ടുണ്ട്‌. ഭാര്യ താമാറയെ കുറിച്ച്‌ 186-9 പേജുകളിൽ പരാമർശിച്ചിരിക്കുന്നു. സെർഹിയി ഇപ്പോൾ കാർക്കോഫ്‌ നഗരത്തിന്‌ അടുത്തുള്ള റോഹാൻ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു.

ഞാൻ ഏഴു വർഷം മോർഡ്‌വിനിയയിൽ കഴിഞ്ഞു. അതു കനത്ത കാവലുള്ള ഒരു ക്യാമ്പ്‌ ആയിരുന്നെങ്കിലും, ഞാൻ അവിടെയുള്ളപ്പോൾ ഒട്ടേറെ സാഹിത്യങ്ങൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്‌. ചില ഗാർഡുകൾ സാഹിത്യങ്ങൾ തങ്ങളുടെ വീടുകളിൽ കൊണ്ടുപോയി വായിക്കുകയും പിന്നീട്‌ അവ തങ്ങളുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും നൽകുകയും ചെയ്യുമായിരുന്നു.

ചിലപ്പോൾ രണ്ടാമത്തെ ഷിഫ്‌റ്റിന്റെ സമയത്ത്‌ ഒരു ഗാർഡ്‌ എന്റെ അടുത്തു വന്ന്‌ ഇങ്ങനെ ചോദിക്കുമായിരുന്നു: “സെർഹിയി, കയ്യിൽ എന്തെങ്കിലും ഉണ്ടോ?”

“എന്ത്‌ ഉണ്ടോന്ന്‌?” ഞാൻ തിരിച്ചു ചോദിക്കും.

“വായിക്കാൻ എന്തെങ്കിലും.”

“നാളെ പരിശോധനയുണ്ടോ?”

“ഉണ്ട്‌, അഞ്ചാമത്തെ യൂണിറ്റിൽ.”

“ഇന്ന പെട്ടിയുടെ പുറത്ത്‌ ഒരു ടവലിനു കീഴെ ഒരു വീക്ഷാഗോപുരം ഉണ്ടായിരിക്കും. അത്‌ എടുത്തോളൂ.”

പരിശോധന നടന്നു, അയാൾ വീക്ഷാഗോപുരം എടുത്തു. പക്ഷേ പരിശോധന ഉണ്ടാകുമെന്നു ഞങ്ങൾക്കു മുന്നമേ അറിയാമായിരുന്നതിനാൽ ഗാർഡുകൾക്ക്‌ മറ്റു സാഹിത്യങ്ങളൊന്നും കണ്ടെടുക്കാൻ സാധിക്കുമായിരുന്നില്ല. അങ്ങനെ, ചില ഗാർഡുകൾ ഞങ്ങളെ സഹായിച്ചിരുന്നു. അവർക്കു സത്യത്തോട്‌ ആകർഷണം തോന്നിയിരുന്നു, പക്ഷേ തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന്‌ അവർക്കു ഭയമായിരുന്നു. സഹോദരന്മാർ അവിടെ കഴിഞ്ഞിരുന്ന വർഷങ്ങളത്രയും, ഞങ്ങൾ ജീവിച്ചിരുന്നത്‌ എങ്ങനെയെന്ന്‌ ഗാർഡുകൾ കണ്ടിരുന്നു. ഞങ്ങൾ യാതൊരു കുറ്റവും ചെയ്‌തിട്ടില്ല എന്ന്‌ ചിന്തിക്കുന്നവർക്കു കാണാൻ കഴിയുമായിരുന്നു. എന്നാൽ അവർക്ക്‌ അതു പുറത്തു പറയാൻ കഴിയുമായിരുന്നില്ല. കാരണം അങ്ങനെ ചെയ്‌താൽ അവർ യഹോവയുടെ സാക്ഷികളുടെ അനുഭാവികളായി വീക്ഷിക്കപ്പെടുകയും അവർക്കു ജോലി നഷ്ടമാകുകയും ചെയ്യുമായിരുന്നു. അങ്ങനെ അവർ ഒരു പരിധിവരെ ഞങ്ങളുടെ പ്രവർത്തനത്തെ പിന്തുണച്ചു. അവർ സാഹിത്യങ്ങൾ കൊണ്ടുപോയി വായിച്ചു. അതു പീഡനത്തിന്റെ കാഠിന്യം കുറയ്‌ക്കാൻ സഹായിച്ചു.

മോർഡ്‌വിനിയയിൽ 1966-ഓടെ ഞങ്ങൾ 300-ഓളം സഹോദരന്മാർ ഉണ്ടായിരുന്നു. സ്‌മാരകം ആചരിക്കാൻ പോകുന്നത്‌ എന്നാണെന്ന്‌ അധികൃതർക്ക്‌ അറിയാമായിരുന്നു. ആ വർഷം അതു തടയാൻ അവർ തീരുമാനിച്ചു. അവർ പറഞ്ഞു: “നിങ്ങൾ വീക്ഷാഗോപുരം പഠിക്കുന്നുണ്ട്‌. പക്ഷേ ഈ സ്‌മാരകം ഞങ്ങൾ തടയും. നിങ്ങൾക്ക്‌ ഒന്നും ചെയ്യാനാവില്ല.”

വിവിധ ഗാർഡ്‌ യൂണിറ്റുകളിലെ അംഗങ്ങളോട്‌ എല്ലാം ഭദ്രമാണെന്ന സിഗ്നൽ ലഭിക്കുന്നതുവരെ തങ്ങളുടെ ഓഫീസുകളിൽത്തന്നെ ഇരിക്കാൻ ഉത്തരവു നൽകി. നിരീക്ഷണ ഉദ്യോഗസ്ഥർ, ക്യാമ്പ്‌ അധികൃതർ, ക്യാമ്പ്‌ കമാൻഡർ എന്നിവരെല്ലാം തങ്ങളുടെ അതത്‌ ഓഫീസുകളിൽ കാത്തുനിന്നു.

ഞങ്ങൾ എല്ലാവരും പുറത്തേക്ക്‌, ദിവസവും രാവിലെയും വൈകിട്ടും ഞങ്ങളുടെ ഹാജർ എടുക്കാറുണ്ടായിരുന്ന സ്ഥലത്തേക്കു പോയി. എന്നിട്ട്‌, സഭകൾ അല്ലെങ്കിൽ കൂട്ടങ്ങൾ ആയി തിരിഞ്ഞ്‌ മൈതാനത്തു വെറുതെ നടക്കാൻ തുടങ്ങി. നടക്കുന്നതിനിടെ ഓരോ കൂട്ടത്തിൽ നിന്നും ഒരു സഹോദരൻ വീതം പ്രസംഗം അവതരിപ്പിച്ചു; മറ്റുള്ളവർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

ഞങ്ങളുടെ കൈവശം സ്‌മാരക ചിഹ്നങ്ങൾ ഇല്ലായിരുന്നു, അതുകൊണ്ട്‌ പ്രസംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത്‌ ക്യാമ്പിൽ അഭിഷിക്തർ ആരും ഇല്ലായിരുന്നു. വൈകിട്ട്‌ 9:​30-ഓടെ എല്ലാം അവസാനിച്ചു. നടപ്പിനിടയിൽ, എല്ലാ കൂട്ടങ്ങളുടെയും സ്‌മാരകാചരണ പരിപാടി കഴിഞ്ഞിരുന്നു.

ഞങ്ങൾ സഹോദരന്മാർ എല്ലാവരും ഒരു ഗീതം ആലപിക്കാൻ ആഗ്രഹിച്ചു. അതുകൊണ്ട്‌, പ്രവേശന മാർഗത്തിന്‌ അടുത്തുള്ള ചെക്ക്‌പോയിന്റിൽനിന്ന്‌ ഏറ്റവും അകലെയുള്ള ഒരു കുളിശാലയ്‌ക്ക്‌ അടുത്ത്‌ ഞങ്ങൾ ഒന്നിച്ചുകൂടി. 300 പേരുള്ളവരിൽ 80-നും 100-നും ഇടയ്‌ക്ക്‌ ആളുകൾ വനപ്രദേശത്തു വെച്ച്‌ രാത്രിസമയത്ത്‌ ഗീതമാലപിക്കുന്നതിനെ കുറിച്ച്‌ ഒന്നു ചിന്തിച്ചു നോക്കൂ. ആ ഗീതം അവിടെ എത്രയധികം മാറ്റൊലി കൊണ്ടിരിക്കണം! പഴയ പാട്ടുപുസ്‌തകത്തിലെ, “ഞാൻ നിങ്ങൾക്കായി മരിച്ചു” എന്ന 25-ാമത്തെ ഗീതമാണ്‌ ഞങ്ങൾ ആലപിച്ചത്‌. എല്ലാവർക്കും ആ ഗീതം അറിയാമായിരുന്നു. ചിലപ്പോൾ കാവൽഗോപുരങ്ങളിൽനിന്ന്‌ പട്ടാളക്കാർ പോലും വിളിച്ചുചോദിക്കും: “ആ 25-ാമത്തെ പാട്ടൊന്നു പാടാമോ!”

അന്നു രാത്രി ഞങ്ങൾ ഗീതമാലപിക്കാൻ തുടങ്ങിയപ്പോൾ, ഞങ്ങളെ തടയാനായി അധികൃതർ തങ്ങളുടെ ഓഫീസുകളിൽനിന്ന്‌ കുളിശാലയുടെ അരികിലേക്ക്‌ ഓടിവന്നു. എന്നാൽ അവർക്കു പാട്ട്‌ തടയാനായില്ല. കാരണം ഗീതം ആലപിച്ചിരുന്നവർക്കു ചുറ്റും മറ്റു സഹോദരന്മാർ ഒരു വലയം തീർത്തു നിൽക്കുകയായിരുന്നു. അതുകൊണ്ട്‌ ഗീതം ആലപിച്ചുതീരുന്നതുവരെ ഞങ്ങൾക്കു ചുറ്റും റോന്തു ചുറ്റാനേ ഗാർഡുകൾക്കു കഴിഞ്ഞുള്ളൂ. ഗീതാലാപനത്തിനു ശേഷം എല്ലാവരും പിരിഞ്ഞുപോയി. ആരൊക്കെ പാടി, ആരൊക്കെ പാടിയില്ല എന്നൊന്നും ഗാർഡുകൾക്കു മനസ്സിലായില്ല. അതുകൊണ്ട്‌ അവർക്ക്‌ എല്ലാവരെയും ഏകാന്ത തടവിൽ പാർപ്പിക്കാൻ കഴിഞ്ഞതുമില്ല.

[203, 204 പേജുകളിലെ ചതുരം/ചിത്രം]

വിക്‌റ്റർ പോപ്പോവിച്ചുമായി ഒരു അഭിമുഖം

ജനനം: 1950

സ്‌നാപനം: 1967

സംക്ഷിപ്‌ത വിവരം: 167-9 പേജുകളിൽ പറഞ്ഞിരിക്കുന്ന മാരിയ പോപ്പോവിച്ചിന്റെ മകൻ. ജനിച്ചത്‌ ജയിലിൽ. പ്രസംഗ പ്രവർത്തനം നടത്തിയതിന്‌ 1970-ൽ അറസ്റ്റിലായ അദ്ദേഹം നാലു വർഷം തടവിൽ കഴിഞ്ഞു. മൂന്നു ദിവസം നീണ്ടുനിന്ന വിചാരണയിൽ, പോപ്പോവിച്ച്‌ സഹോദരൻ തങ്ങളോടു പ്രസംഗിച്ചതായി 35 പേർ മൊഴി നൽകി.

യഹോവയുടെ സാക്ഷികൾക്ക്‌ ഉണ്ടായ സാഹചര്യം മാനുഷ ബന്ധങ്ങളുടെ വെളിച്ചത്തിൽ മാത്രം വിലയിരുത്തരുത്‌. ദൈവജനം അനുഭവിച്ച പീഡനം ഗവൺമെന്റിനെ കുറ്റപ്പെടുത്തിക്കൊണ്ടു മാത്രം പൂർണമായി വിവരിക്കുക സാധ്യമല്ല. മിക്ക ഉദ്യോഗസ്ഥരും തങ്ങളുടെ ജോലി നിർവഹിക്കുക മാത്രമാണു ചെയ്‌തത്‌. ഗവൺമെന്റ്‌ മാറിയപ്പോൾ ഉദ്യോഗസ്ഥരും കൂറുമാറി. എന്നാൽ ഞങ്ങൾക്കു മാറ്റം വന്നില്ല. ഞങ്ങളുടെ പ്രശ്‌നങ്ങളുടെ യഥാർഥ ഉറവിടം ഏതാണെന്ന്‌ ബൈബിൾ വെളിപ്പെടുത്തിയിട്ടുണ്ടെന്ന്‌ ഞങ്ങൾക്ക്‌ അറിയാമായിരുന്നു.

മർദകരുടെ നിഷ്‌കളങ്കരായ ഇരകളായി ഞങ്ങൾ സ്വയം വീക്ഷിച്ചില്ല. ഏദെൻ തോട്ടത്തിൽ ഉന്നയിക്കപ്പെട്ട വിവാദവിഷയത്തിന്റെ​—⁠ദൈവത്തിന്റെ ഭരണാവകാശം ഉൾപ്പെട്ട വിവാദവിഷയത്തിന്റെ​—⁠വ്യക്തമായ ഗ്രാഹ്യമാണു സഹിച്ചുനിൽക്കാൻ ഞങ്ങളെ പ്രാപ്‌തരാക്കിയത്‌. തീർപ്പാകാത്ത ഒരു വിവാദവിഷയമായിരുന്നു അത്‌. യഹോവയുടെ ഭരണാധിപത്യത്തെ പിന്താങ്ങുന്ന ഒരു നിലപാട്‌ എടുക്കുന്നതിനുള്ള അവസരം ഞങ്ങൾക്കു ലഭിച്ചിരിക്കുകയാണെന്ന്‌ ഞങ്ങൾക്ക്‌ അറിയാമായിരുന്നു. മനുഷ്യരുടെ വ്യക്തിപരമായ താത്‌പര്യങ്ങളുമായി മാത്രമല്ല അഖിലാണ്ഡ പരമാധികാരിയുടെ താത്‌പര്യങ്ങളുമായും ബന്ധപ്പെട്ട ഒരു വിവാദവിഷയത്തിനു വേണ്ടിയാണു ഞങ്ങൾ നിലയുറപ്പിച്ചത്‌. ഉൾപ്പെട്ടിരുന്ന യഥാർഥ സംഗതികളെ കുറിച്ചു വളരെ വ്യക്തമായ ഗ്രാഹ്യം ഞങ്ങൾക്ക്‌ ഉണ്ടായിരുന്നു. അതു ഞങ്ങളെ ശക്തരാക്കി, അതികഠിന സാഹചര്യങ്ങളിൽ പോലും വിശ്വസ്‌തത കാത്തുസൂക്ഷിക്കാൻ ഞങ്ങളെ പ്രാപ്‌തരാക്കുകയും ചെയ്‌തു. ഞങ്ങൾ കേവലം മാനുഷ ബന്ധങ്ങൾക്ക്‌ അപ്പുറത്തേക്കു നോക്കി.

[ആകർഷക വാക്യം]

ദൈവജനം അനുഭവിച്ച പീഡനം ഗവൺമെന്റിനെ കുറ്റപ്പെടുത്തിക്കൊണ്ടു മാത്രം പൂർണമായി വിവരിക്കുക സാധ്യമല്ല

[208, 209 പേജുകളിലെ ചതുരം/ചിത്രം]

മാരിയ പിലിപ്പിവുമായി ഒരു അഭിമുഖം

ജനനം: 1934

സ്‌നാപനം: 1952

സംക്ഷിപ്‌ത വിവരം: സൈബീരിയയിലേക്കു നാടുകടത്തപ്പെട്ട സഹോദരിയെ കാണാനായി 1951-ൽ അവിടെ ചെന്നു. അവിടെവെച്ച്‌ സത്യം പഠിച്ച മാരിയ പിന്നീട്‌ അവിടേക്കു നാടുകടത്തപ്പെട്ട ഒരു സഹോദരനെ വിവാഹം കഴിച്ചു.

ഡാഡി മരിച്ചപ്പോൾ ഒട്ടേറെ പോലീസ്‌ ഞങ്ങളുടെ വീട്ടിൽ വന്നു. സ്ഥലത്തെ പോലീസുകാരെ കൂടാതെ ഡിസ്‌ട്രിക്‌റ്റ്‌ കൗൺസിലിലിൽ നിന്നുള്ള പോലീസുകാരും ഉണ്ടായിരുന്നു. ഗീതാലാപനമോ പ്രാർഥനയോ പാടില്ലെന്ന്‌ അവർ കർശനമായി ഞങ്ങളോടു പറഞ്ഞു. പ്രാർഥനയെ വിലക്കുന്ന യാതൊരു നിയമങ്ങളും ഇല്ലെന്ന്‌ ഞങ്ങൾ മറുപടി പറഞ്ഞു. ശവസംസ്‌കാരം എപ്പോഴാണെന്ന്‌ അവർ ചോദിച്ചു. ഞങ്ങൾ സമയം പറഞ്ഞു, അവർ പോകുകയും ചെയ്‌തു.

സഹോദരന്മാർ നേരത്തേതന്നെ വന്നു. യോഗങ്ങൾ നടത്തുന്നത്‌ നിരോധിക്കപ്പെട്ടിരുന്നെങ്കിലും, ആളുകൾക്ക്‌ ശവസംസ്‌കാരത്തിൽ പങ്കെടുക്കാമായിരുന്നു. പോലീസ്‌ എത്തുമെന്ന്‌ അറിയാമായിരുന്നതുകൊണ്ട്‌ ഞങ്ങൾ നേരത്തേതന്നെ ചടങ്ങുകൾ തുടങ്ങി. സഹോദരന്മാരിൽ ഒരാൾ പ്രാർഥിക്കാൻ തുടങ്ങിയതും ഒരു ട്രക്ക്‌ നിറയെ പോലീസുകാർ അവിടെ എത്തി. ആ സഹോദരൻ പ്രാർഥന പൂർത്തിയാക്കിയപ്പോൾ ഞങ്ങൾ സെമിത്തേരിയിലേക്കു പോയി.

പോലീസുകാർ ഞങ്ങളെ പിന്തുടർന്നു, സെമിത്തേരിയിലേക്കു പ്രവേശിക്കാൻ അവർ ഞങ്ങളെ അനുവദിച്ചു. സഹോദരൻ വീണ്ടും പ്രാർഥിച്ചപ്പോൾ പോലീസുകാർ അദ്ദേഹത്തെ അറസ്റ്റുചെയ്യാൻ ശ്രമിച്ചു. പക്ഷേ അദ്ദേഹത്തെ അവർക്കു വിട്ടുകൊടുക്കയില്ലെന്ന്‌ ഞങ്ങൾ സഹോദരിമാർ തീരുമാനിച്ചിരുന്നു. പോലീസുകാർ ഒട്ടേറെ പേർ ഉണ്ടായിരുന്നു, അതുകൊണ്ട്‌ ഞങ്ങൾ സഹോദരന്റെ ചുറ്റും ഒരു വളയം തീർത്തു. തുടർന്നുണ്ടായ ബഹളത്തിനിടയിൽ ഒരു സഹോദരി സഹോദരനെ സെമിത്തേരിയിൽനിന്നു രണ്ടു വീടുകളുടെ ഇടയിലൂടെ ഗ്രാമത്തിലേക്കു കൊണ്ടുപോയി. പെട്ടെന്ന്‌ അതുവഴി വണ്ടിയോടിച്ചു വന്ന ഒരു പരിചയക്കാരന്റെ കാറിൽ കയറി സഹോദരൻ സ്ഥലം വിട്ടു. പോലീസ്‌ അദ്ദേഹത്തെ അവിടെയെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നെ അവർ തിരിച്ചുപോയി.

മിക്കപ്പോഴും സഹോദരിമാരാണ്‌ സഹോദരന്മാരെ രക്ഷിച്ചിരുന്നത്‌. സാധാരണഗതിയിൽ നേരെ മറിച്ചാണ്‌ സംഭവിക്കാറുള്ളതെങ്കിലും അന്ന്‌ അത്‌ ആവശ്യമായിരുന്നു. സഹോദരിമാർ സഹോദരന്മാരെ രക്ഷിക്കേണ്ടതുണ്ടായിരുന്നു. അത്തരത്തിലുള്ള പല സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്‌.

[ആകർഷക വാക്യം]

അന്ന്‌ അത്‌ ആവശ്യമായിരുന്നു. സഹോദരിമാർ സഹോദരന്മാരെ രക്ഷിക്കേണ്ടതുണ്ടായിരുന്നു

[220, 221 പേജുകളിലെ ചതുരം/ചിത്രം]

പെട്രോ വ്‌ളാസിയുക്കുമായി ഒരു അഭിമുഖം

ജനനം: 1924

സ്‌നാപനം: 1945

സംക്ഷിപ്‌ത വിവരം: 1951-65 കാലത്ത്‌ പ്രവാസത്തിൽ കഴിഞ്ഞു. വ്‌ളാസിയുക്ക്‌ സഹോദരനെ നാടുകടത്തി അധികം കഴിയുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ മകൻ രോഗം പിടിപെട്ടു മരിച്ചു. പിറ്റേ വർഷം രണ്ടാമത്തെ പ്രസവത്തിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യക്ക്‌ ഗുരുതരമായ ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുകയും തുടർന്ന്‌ കുറെ കാലത്തിനു ശേഷം അവർ മരിക്കുകയും ചെയ്‌തു. വ്‌ളാസിയുക്ക്‌ സഹോദരനും കുഞ്ഞു മകനും തനിച്ചായി. 1953-ൽ അദ്ദേഹം വീണ്ടും വിവാഹിതനായി. കുഞ്ഞിനെ പരിപാലിക്കുന്നതിൽ രണ്ടാം ഭാര്യ അദ്ദേഹത്തെ സഹായിച്ചു.

യൂക്രെയിനിൽനിന്നു സൈബീരിയയിലേക്ക്‌ 1951-ൽ നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. ആർക്കും യാതൊരു ഭയവും തോന്നിയില്ല. യഹോവ അത്തരമൊരു മനോഭാവം സഹോദരങ്ങളിൽ ഉൾനട്ടിരുന്നതിനാൽ അവർക്കു നല്ല വിശ്വാസം ഉണ്ടായിരുന്നു, ആ വിശ്വാസം അവരുടെ വാക്കുകളിൽ പ്രകടമായിരുന്നുതാനും. ഈ സ്ഥലത്തേക്കുള്ള ഒരു പ്രസംഗനിയമനം ആരും തിരഞ്ഞെടുക്കുമായിരുന്നില്ല. എന്നാൽ ഞങ്ങളെ അങ്ങോട്ട്‌ അയയ്‌ക്കാൻ യഹോവയാം ദൈവം ഗവൺമെന്റിനെ അനുവദിച്ചതായിരുന്നു എന്നു വ്യക്തം. പിന്നീട്‌ അധികാരികൾ പറഞ്ഞു: “ഞങ്ങൾ ഒരു വലിയ അബദ്ധമാണു കാണിച്ചത്‌.”

സഹോദരന്മാർ ചോദിച്ചു: “എന്ത്‌ അബദ്ധം?”

“നിങ്ങളെ ഇങ്ങോട്ടു കൊണ്ടുവന്നത്‌, ഇപ്പോൾ നിങ്ങൾ ഇവിടെയുള്ളവരെയും മതം മാറ്റുന്നു!”

സഹോദരന്മാർ പറഞ്ഞു: “നിങ്ങൾ ഇനിയും അബദ്ധം കാണിക്കും.”

പൊതുമാപ്പു നൽകി ഞങ്ങളെ വിട്ടയയ്‌ക്കുമ്പോൾ തിരിച്ചു വീട്ടിലേക്കു പോകാൻ അവർ ഞങ്ങളെ അനുവദിച്ചില്ല, അതായിരുന്നു അവർ കാണിച്ച രണ്ടാമത്തെ വലിയ അബദ്ധം. “വീട്ടിലേക്കു പോകരുത്‌, വേറെ എവിടെ വേണമെങ്കിലും പൊയ്‌ക്കോളൂ,” അവർ പറഞ്ഞു. എന്നാൽ തങ്ങൾ കാണിച്ചത്‌ അബദ്ധമായിരുന്നെന്ന്‌ അവർ പിന്നീടു തിരിച്ചറിഞ്ഞു. അവരുടെ ആ നടപടി, റഷ്യയിലുടനീളം സുവാർത്ത വ്യാപിക്കാൻ കാരണമായി.

[227-ാം പേജിലെ ചതുരം/ചിത്രം]

ആന്ന വോവ്‌ച്ചുക്കുമായി ഒരു അഭിമുഖം

ജനനം: 1940

സ്‌നാപനം: 1959

സംക്ഷിപ്‌ത വിവരം: 1951-65 കാലത്ത്‌ പ്രവാസത്തിൽ കഴിഞ്ഞു. സൈബീരിയയിലേക്കു നാടുകടത്തപ്പെടുമ്പോൾ പത്തു വയസ്സ്‌. 1957 മുതൽ 1980 വരെ രഹസ്യമായി ബൈബിൾ സാഹിത്യങ്ങൾ അച്ചടിച്ചു.

കെജിബി മിക്കപ്പോഴും ഞങ്ങളെ ഉപയോഗിച്ച്‌ സഹോദരന്മാരെ തിരിച്ചറിയാൻ ശ്രമിച്ചിരുന്നു. അവർ ഞങ്ങളെ ഫോട്ടോകൾ കാണിക്കുമായിരുന്നു. ഞാൻ പറയും: “നിങ്ങൾ ചോദിച്ചാൽ ഒന്നും അറിയില്ലെന്നേ ഞാൻ പറയൂ, ആരെയും എനിക്ക്‌ അറിയില്ലെന്നേ പറയൂ.” അങ്ങനെയാണ്‌ ഞങ്ങൾ എല്ലായ്‌പോഴും അവരോടു മറുപടി പറഞ്ഞിരുന്നത്‌. പിന്നീട്‌, ഞാൻ വിവാഹിതയായി കുറച്ചു ദിവസത്തിനുശേഷം നഗരത്തിലേക്കു നടന്നുപോകുന്നതിനിടയിൽ ആങ്കാർസ്‌ക്കിലെ കെജിബി-യുടെ പ്രാദേശിക തലവനെ കണ്ടുമുട്ടി. അദ്ദേഹം പലപ്പോഴും എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നതിനാൽ എന്നെ നന്നായി അറിയാമായിരുന്നു.

അദ്ദേഹം എന്നോടു പറഞ്ഞു: “സ്റ്റെപ്പാൻ വോവ്‌ച്ചുക്കിനെ അറിയില്ലെന്നല്ലേ നിങ്ങൾ എന്നോടു പറഞ്ഞിട്ടുള്ളത്‌. പിന്നെ എങ്ങനെയാണ്‌ നിങ്ങൾ ഇപ്പോൾ അയാളെ വിവാഹം ചെയ്‌തത്‌?”

ഞാൻ പറഞ്ഞു: “ഫോട്ടോ കാണിച്ച്‌ താങ്കളല്ലേ അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തിത്തന്നത്‌?”

അദ്ദേഹം കയ്യടിച്ചുകൊണ്ടു പറഞ്ഞു: “കണ്ടോ! ഇപ്പോഴും കുറ്റക്കാർ ഞങ്ങൾതന്നെ!”

ഞങ്ങൾ ഒരുമിച്ചു ചിരിച്ചു. എന്റെ ജീവിതത്തിലെ സന്തോഷനിർഭരമായ ഒരു നിമിഷമായിരുന്നു അത്‌.

[229, 230 പേജുകളിലെ ചതുരം/ചിത്രം]

സോഫിയ വോവ്‌ച്ചുക്കുമായി ഒരു അഭിമുഖം

ജനനം: 1944

സ്‌നാപനം: 1964

സംക്ഷിപ്‌ത വിവരം: 1951-65 കാലത്ത്‌ പ്രവാസത്തിൽ കഴിഞ്ഞു. ഏഴു വയസ്സുള്ളപ്പോൾ അമ്മയോടും സഹോദരനോടും സഹോദരിയോടുമൊപ്പം സൈബീരിയയിലേക്കു നാടുകടത്തപ്പെട്ടു.

ഞങ്ങളെ സൈബീരിയയിലേക്കു കൊണ്ടുപോകുമ്പോൾ എക്കാലവും അവിടെത്തന്നെ കഴിയേണ്ടി വരുമെന്ന്‌ അവർ ഞങ്ങളോടു പറഞ്ഞു. സ്വാതന്ത്ര്യം ലഭിക്കുമെന്നു ഞങ്ങൾ ഒരിക്കലും സങ്കൽപ്പിച്ചതേയല്ല. മറ്റു രാജ്യങ്ങളിലൊക്കെ കൺവെൻഷനുകൾ നടക്കുന്നതിനെ കുറിച്ച്‌ വീക്ഷാഗോപുരത്തിൽ വായിച്ചപ്പോൾ അതുപോലൊരു കൺവെൻഷനിൽ പങ്കെടുക്കാനുള്ള അവസരം ജീവിതത്തിൽ ഒരിക്കലെങ്കിലും ഞങ്ങൾക്കു തരേണമേ എന്ന്‌ ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു. യഹോവ ഞങ്ങളെ അനുഗ്രഹിക്കുകതന്നെ ചെയ്‌തു. 1989-ൽ പോളണ്ടിൽ നടന്ന യഹോവയുടെ സാക്ഷികളുടെ അന്താരാഷ്‌ട്ര കൺവെൻഷനിൽ പങ്കെടുക്കാൻ ഞങ്ങൾക്കു സാധിച്ചു. അന്നത്തെ ആ സന്തോഷവും ആനന്ദവുമൊന്നും വർണിക്കാൻ വാക്കുകൾ പോരാ.

പോളണ്ടിലെ സഹോദരങ്ങൾ ഞങ്ങളെ പൂർണഹൃദയത്തോടെ സ്വാഗതം ചെയ്‌തു. ഞങ്ങൾ അവിടെ നാലു ദിവസം ഉണ്ടായിരുന്നു. ഒടുവിൽ ഞങ്ങൾക്ക്‌ ഒരു കൺവെൻഷനിൽ സംബന്ധിക്കാൻ സാധിച്ചിരിക്കുന്നു! യഹോവയെ കുറിച്ചു കൂടുതൽ പഠിക്കാനും ദൈവവചനത്തിൽനിന്നു പ്രബോധനം സ്വീകരിക്കാനും ഞങ്ങൾക്കു വലിയ സന്തോഷമായിരുന്നു. ഞങ്ങൾ അതീവ സന്തുഷ്ടരായിരുന്നു. ഞങ്ങളുടെ അനുഭവങ്ങൾ ഞങ്ങൾ എല്ലാവരുമായി പങ്കുവെച്ചു. അവിടെ കൂടിവന്നിരുന്നവർ പല ദേശക്കാരായിരുന്നെങ്കിലും, അവർ ഞങ്ങളുടെ സഹോദരങ്ങൾ ആയിരുന്നു! ഞങ്ങൾ സ്റ്റേഡിയത്തിനു ചുറ്റും നടക്കവേ, മനസ്സിൽ എന്തെന്നില്ലാത്ത സമാധാനം തോന്നി. ഇത്രയേറെ വർഷം നിരോധനത്തിൻ കീഴിൽ കഴിഞ്ഞ ഞങ്ങൾക്ക്‌ പുതിയ ഭൂമിയിൽ ആയിരിക്കുന്ന പ്രതീതിയാണ്‌ ഉണ്ടായത്‌. അവിടെ ഞങ്ങൾ യാതൊരു ശാപവാക്കുകളും കേട്ടില്ല, എല്ലാം വെടിപ്പുള്ളതും മനോഹരവുമായിരുന്നു. പരിപാടിക്കു ശേഷം ഞങ്ങൾ ഒരുമിച്ചു സമയം ചെലവഴിച്ചു. ഞങ്ങൾ ഉടനെ അവിടം വിട്ടു പോയില്ല; ഞങ്ങൾ സഹോദരങ്ങളുമൊത്തു സഹവസിച്ചു, അവരോടു സംസാരിച്ചു. ഞങ്ങൾക്കു ഭാഷ മനസ്സിലായില്ലെങ്കിൽ, പരിഭാഷ ചെയ്യാൻ ആളുകൾ ഉണ്ടായിരുന്നു. ഭാഷ മനസ്സിലായില്ലെങ്കിലും ഞങ്ങൾ പരസ്‌പരം ചുംബിച്ചു. ഞങ്ങൾ സന്തുഷ്ടരായിരുന്നു.

[243, 244 പേജുകളിലെ ചതുരം/ചിത്രം]

റോമാൻ യുർക്കെവിച്ചുമായി ഒരു അഭിമുഖം

ജനനം: 1956

സ്‌നാപനം: 1973

സംക്ഷിപ്‌ത വിവരം: നിഷ്‌പക്ഷത പാലിച്ചതിനാൽ ആറു വർഷം ജയിൽപ്പാളയത്തിൽ കഴിഞ്ഞു. 1993 മുതൽ യൂക്രെയിൻ ബ്രാഞ്ച്‌ കമ്മിറ്റിയിൽ സേവിച്ചിരിക്കുന്നു.

മറ്റുള്ളവരെ സഹായിക്കാനും പിന്തുണയ്‌ക്കാനും സത്യം ഒരുവനെ പ്രചോദിപ്പിക്കുന്നു. 1998-ൽ, ട്രാൻസ്‌കാർപാത്തിയയിൽ കനത്ത വെള്ളപ്പൊക്കം ഉണ്ടായപ്പോഴാണ്‌ ഞങ്ങൾക്ക്‌ അതു വിശേഷിച്ചും അനുഭവപ്പെട്ടത്‌. അന്ന്‌ ഒറ്റ രാത്രികൊണ്ട്‌ നൂറുകണക്കിന്‌ ആളുകൾക്കു തങ്ങളുടെ വീടും വസ്‌തുവകകളും നഷ്ടമായി.

രണ്ടു ദിവസത്തിനുള്ളിൽ ഒരു കൂട്ടം സഹോദരന്മാർ സ്ഥലത്തെത്തി ഒരു ദുരിതാശ്വാസ കമ്മിറ്റിക്കു രൂപം നൽകി. ഓരോ കുടുംബത്തിനും ഓരോ ഗ്രാമത്തിനും എന്തൊക്കെ സഹായം നൽകണമെന്ന്‌ അവർ തീരുമാനിച്ചു. വാറി, വിഷ്‌ക്കോവ എന്നീ ഗ്രാമങ്ങളായിരുന്നു ഗുരുതരമായി ബാധിക്കപ്പെട്ടത്‌. വെറും രണ്ടോ മൂന്നോ ദിവസംകൊണ്ട്‌, ഏതെല്ലാം കുടുംബങ്ങൾക്ക്‌ എന്തൊക്കെ സഹായം വേണമെന്നും ആരൊക്കെ സഹായിക്കുമെന്നും ആസൂത്രണം ചെയ്‌തു. പിന്നീട്‌ നമ്മുടെ സഹോദരന്മാർ ട്രക്കുകളിൽ എത്തി ചെളി നീക്കം ചെയ്യാൻ തുടങ്ങി.

അവർ ഉണങ്ങിയ വിറകു കൊണ്ടുവന്നു. അതിൽ പ്രദേശത്തെ എല്ലാവരും അത്ഭുതപ്പെട്ടുപോയി. സാക്ഷികളല്ലാത്തവർക്ക്‌ എന്തെന്നില്ലാത്ത അതിശയം തോന്നി. സഹോദരന്മാരുടെ ഒരു സംഘം ചെളി നീക്കം ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു. വിഷ്‌ക്കോവ ഗ്രാമത്തിലെ ഒരു സഹോദരിയും അവിടെ ഉണ്ടായിരുന്നു. ഒരു വാർത്താ ലേഖകൻ അവരെ സമീപിച്ചു ചോദിച്ചു: “ഈ ആളുകൾ ആരാണെന്നു നിങ്ങൾക്കറിയാമോ?”

അവർ ഉത്തരം പറഞ്ഞു: “അത്ര നന്നായി അറിയില്ല. കാരണം, റൊമേനിയൻ, ഹംഗേറിയൻ, യൂക്രേനിയൻ, റഷ്യൻ തുടങ്ങി വ്യത്യസ്‌ത ഭാഷകളാണ്‌ ഞങ്ങൾ സംസാരിക്കുന്നത്‌. എന്നാൽ ഒരു കാര്യം എനിക്കറിയാം: അവർ എന്റെ സഹോദരീസഹോദരന്മാരാണ്‌, അവർ എന്നെ സഹായിക്കുകയാണ്‌.”

രണ്ടു-മൂന്നു ദിവസങ്ങൾക്കുള്ളിൽ സഹോദരന്മാർ സഹായം എത്തിച്ചു; മാറ്റിപ്പാർപ്പിക്കപ്പെട്ട ഈ കുടുംബങ്ങളെ അവർ പരിപാലിക്കുകയും ചെയ്‌തു. ആറു മാസംകൊണ്ട്‌ സാക്ഷികളുടെ വീടുകളെല്ലാംതന്നെ പുനർനിർമിക്കപ്പെട്ടു. ആ പ്രദേശത്ത്‌, തങ്ങളുടെ പുതിയ വീടുകളിൽ താമസമാക്കിയ ആദ്യത്തെ കൂട്ടർ സാക്ഷികളായിരുന്നു.”

[254-ാം പേജിലെ ഗ്രാഫ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

യൂക്രെയിനിലെ സാധാരണ പയനിയർമാർ (1990-2001)

10,000

8,000

6,000

4,000

2,000

0

1990 1992 1993 1994 1995 1996 1997 1998 1999 2001

[254-ാം പേജിലെ ഗ്രാഫ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

യൂക്രെയിനിലെ യഹോവയുടെ സാക്ഷികൾ a(1939-2001)

1,20,000

1,00,000

80,000

60,000

40,000

20,000

0

1939 1946 1974 1986 1990 1992 1994 1996 1998 2001

[അടിക്കുറിപ്പ്‌]

a 1939-90 വർഷങ്ങളിലേത്‌ ഏകദേശ കണക്കാണ്‌

[123-ാം പേജിലെ മാപ്പുകൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

റഷ്യ

ബിലേറസ്‌

പോളണ്ട്‌

വോളിൻ

ഹലിച്ചിന

ലവോഫ്‌

ട്രാൻസ്‌കാർപാത്തിയ

ബൂക്കോവിന

യൂക്രെയിൻ

കിയേവ്‌

കാർക്കോഫ്‌

നെപ്രോപെട്രോഫ്‌സ്‌ക്‌

ലുഹാൻസ്‌ക്‌

സാപ്പറോഷ

ഡൊനെറ്റ്‌സ്‌ക്‌

ഓഡെസ

ക്രൈമിയ

മൊൾഡോവ

റൊമേനിയ

ബൾഗേറിയ

ടർക്കി

കരിങ്കടൽ

[118-ാം പേജിലെ ചിത്രം]

[127-ാം പേജിലെ ചിത്രം]

വോയ്‌റ്റെഹ്‌ ചെഹി

[129-ാം പേജിലെ ചിത്രം]

1932 ആഗസ്റ്റിൽ ഹലിച്ചിനയിലെ ബോറിസ്ലാവ്‌ പട്ടണത്തിൽ നടന്ന ആദ്യ കൺവെൻഷൻ

[130-ാം പേജിലെ ചിത്രം]

1932-ൽ ട്രാൻസ്‌കാർപാത്തിയയിലെ സോളോറ്റ്‌വിനോയിൽ നടന്ന കൺവെൻഷൻ

[132-ാം പേജിലെ ചിത്രം]

എമിൾ സാറിറ്റ്‌സ്‌കിയും ഭാര്യ മാരിയയും 40 വർഷക്കാലം പരിഭാഷകരെന്ന നിലയിലുള്ള തങ്ങളുടെ നിയമനം വിശ്വസ്‌തമായി നിർവഹിച്ചു

[133-ാം പേജിലെ ചിത്രം]

യൂക്രെയിനിന്റെ ആദ്യത്തെ സാഹിത്യ ഡിപ്പോ 1927 മുതൽ 1931 വരെ ഉഷ്‌ഗോറോദിലുള്ള ഈ വീട്ടിലായിരുന്നു

[134-ാം പേജിലെ ചിത്രം]

കാർപാത്തിയൻ പർവതങ്ങളിലെ റാഹിവ്‌ പ്രദേശത്തേക്ക്‌ ബസ്സിൽ ശുശ്രൂഷയ്‌ക്കു പോകാൻ ഒരുങ്ങിനിൽക്കുന്ന കൂട്ടം, 1935-ൽ:

(1) വോയ്‌റ്റെഹ്‌ ചെഹി

[135-ാം പേജിലെ ചിത്രം]

യൂക്രേനിയൻ ഭാഷയിലുള്ള ആദ്യകാല ഗ്രാമഫോൺ റെക്കോർഡ്‌, “മതവും ക്രിസ്‌ത്യാനിത്വവും”

[136-ാം പേജിലെ ചിത്രം]

കോസ്‌മാച്ച്‌ സഭ, 1938-ൽ: (1) മിക്കോള വോളോച്ചിയി ഒരു ഗ്രാമഫോൺ വാങ്ങാൻ തനിക്കുണ്ടായിരുന്ന രണ്ടു കുതിരകളിൽ ഒന്നിനെ വിറ്റു

[137-ാം പേജിലെ ചിത്രം]

തീക്ഷ്‌ണതയുള്ള ഒരു ശുശ്രൂഷകൻ എന്ന നിലയിൽ പലരും സ്‌നേഹ പൂർവം സ്‌മരിക്കുന്ന ല്യുഡ്‌വിക്ക്‌ കിനിറ്റ്‌സ്‌ക്കി നാസി തടങ്കൽപ്പാളയ ത്തിൽവെച്ച്‌ മരിക്കുന്നതുവരെ യഹോ വയോടുള്ള വിശ്വസ്‌തത പാലിച്ചു

[142-ാം പേജിലെ ചിത്രങ്ങൾ]

ഇല്ലിയ ഹോവുച്ചാക്ക്‌ (മുകളിൽ, ഇടത്ത്‌) ഓനുഫ്രിയി റിൽച്ചുക്കിനോടൊപ്പം പർവത പ്രദേശത്തേക്കു പ്രസംഗിക്കാൻ പോകുന്നു. (വലത്ത്‌) ഭാര്യ പാരസ്‌ക്കയൊടൊപ്പം, ഒരു കത്തോലിക്കാ പുരോഹിതൻ ഗസ്റ്റപ്പോയ്‌ക്ക്‌ ഏൽപ്പിച്ചുകൊടുത്തതിനെ തുടർന്ന്‌ അദ്ദേഹം വധിക്കപ്പെട്ടു

[146-ാം പേജിലെ ചിത്രം]

ആനാസ്റ്റാസിയ കാസാക്ക്‌ (1) ഷ്‌റ്റുറ്റ്‌ഹോഫ്‌ തടങ്കൽപ്പാളയത്തിൽ നിന്നുള്ള മറ്റു സാക്ഷികളോടൊപ്പം

[153-ാം പേജിലെ ചിത്രങ്ങൾ]

ഇവാൻ മാക്‌സിമിയുക്കും (മുകളിൽ ഭാര്യ യെവ്‌ദോക്കിയയോടൊപ്പം) മകൻ മിഹായിലോയും (വലത്ത്‌) യാതൊരു വിട്ടുവീഴ്‌ചയും ചെയ്യാതെ തങ്ങളുടെ വിശ്വസ്‌തത കാത്തു

[158-ാം പേജിലെ ചിത്രം]

യൂക്രേനിയൻ ഭാഷയിലെ ആദ്യകാല ബൈബിൾ സാഹിത്യങ്ങൾ

[170-ാം പേജിലെ ചിത്രം]

ഇരുപതാമത്തെ വയസ്സിൽ, രണ്ട്‌ അനുജന്മാരെയും ഇളയ പെങ്ങളെയും നോക്കാനുള്ള ചുമതല ഏൽക്കേണ്ടിവന്ന ഹ്രിഹോറിയി മെൽനിക്ക്‌

[176-ാം പേജിലെ ചിത്രം]

15 വർഷം തടവുശിക്ഷ സഹിച്ചെങ്കിലും മാരിയ ടോമിൽക്കോ വിശ്വസ്‌തയായി നിലകൊണ്ടു

[182-ാം പേജിലെ ചിത്രം]

നുട്‌സു ബോക്കോച്ച്‌ തടവിലായിരിക്കെ, അനുവദിച്ചുകിട്ടിയ അൽപ്പസമയം തന്നെ കാണാനെത്തിയ മകളുമായി സംസാരിക്കുന്നു, 1960-ൽ

[185-ാം പേജിലെ ചിത്രങ്ങൾ]

ഓലെക്‌സിയി കുർദാസും ഭാര്യ ലിഡിയയും (മുകളിൽ), മകൾ ഹാലിനയ്‌ക്ക്‌ വെറും 17 ദിവസം പ്രായമുള്ളപ്പോൾ അറസ്റ്റു ചെയ്യപ്പെട്ട അവർക്ക്‌ വെവ്വേറെ ക്യാമ്പുകളിൽ കഴിയേണ്ടിവന്നു; ഹാലിന കുർദാസിന്‌ മൂന്നു വയസ്സുള്ളപ്പോൾ (വലത്ത്‌): 1961-ൽ മാതാപിതാക്കൾ തടവിലായിരിക്കെ എടുത്തതാണ്‌ ഈ ഫോട്ടോ

[191-ാം പേജിലെ ചിത്രം]

വിവാഹത്തിന്റെ തലേ രാത്രിയിൽ ഹാന്ന ഷിഷ്‌ക്കോയെയും യുറിയി കോപ്പോസിനെയും അറസ്റ്റു ചെയ്‌ത്‌ പത്തു വർഷത്തെ ജയിൽശിക്ഷയ്‌ക്കു വിധിച്ചു. പത്തു വർഷത്തിനു ശേഷമാണ്‌ അവരുടെ വിവാഹം നടന്നത്‌

[191-ാം പേജിലെ ചിത്രം]

യുറിയി കോപ്പോസ്‌ ഒരു നൂറ്റാണ്ടിന്റെ മൂന്നിലൊരു ഭാഗം സോവിയറ്റ്‌ തടവറകളിലും ജയിൽപ്പാളയങ്ങളിലും ചെലവഴിച്ചു

[194-ാം പേജിലെ ചിത്രം]

മുഴു ജീവിതവും യഹോവയുടെ സേവനത്തിനായി ഉഴിഞ്ഞുവെച്ച പാവ്‌ലോ സിയാറ്റെക്ക്‌

[196-ാം പേജിലെ ചിത്രം]

യു.എ⁠സ്‌.എസ്‌.ആർ.-ലെ സഹോദരന്മാർക്ക്‌ നേഥൻ എച്ച്‌. നോർ അയച്ച 1962 മേയ്‌ 18-ാം തീയതിയിലെ കത്ത്‌

[214-ാം പേജിലെ ചിത്രം]

യൂക്രെയിനിലേക്കും സോവിയറ്റ്‌ യൂണിയന്റെ മറ്റു ഭാഗങ്ങളിലേക്കും ആവശ്യമായ സാഹിത്യം അച്ചടിക്കപ്പെട്ടത്‌ കിഴക്കൻ യൂക്രെയിനിലുള്ള ഈ ഭൂഗർഭ അറ പോലുള്ള ഇടങ്ങളിലാണ്‌

[216-ാം പേജിലെ ചിത്രം]

ഏറ്റവും മുകളിൽ: ഇവാൻ ഡ്‌സിയാബ്‌കോ കാർപാത്തിയൻ മലനിരകളിൽ വളരെ ഉള്ളിലായി രഹസ്യമായി ഒരു ഭൂഗർഭ അറയിൽ അച്ചടിപ്രവർത്തനങ്ങൾ നടത്തിയിരുന്ന കാടുപിടിച്ചുകിടക്കുന്ന മല

[216-ാം പേജിലെ ചിത്രം]

മുകളിൽ: മിക്കോള ഡയോലോഹോ നിലവറയുടെ പ്രവേശനദ്വാരത്തിനടുത്ത്‌ ഇരിക്കുന്നു, ഇവിടെവെച്ചാണ്‌ അദ്ദേഹം ഇവാൻ ഡ്‌സിയാബ്‌കോയ്‌ക്ക്‌ അച്ചടിക്കുള്ള കടലാസ്‌ നൽകിയിരുന്നത്‌

[216-ാം പേജിലെ ചിത്രം]

വലത്ത്‌: ഇവാൻ ഡ്‌സിയാബ്‌കോ

[223-ാം പേജിലെ ചിത്രം]

ബെല മെയ്‌സാർ 21 വർഷം തടവിൽ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിശ്വസ്‌ത ഭാര്യ റെജിന അദ്ദേഹത്തെ സന്ദർശിക്കുന്നതിന്‌ മൊത്തം 1,40,000-ത്തിലധികം കിലോമീറ്റർ യാത്ര ചെയ്യുകയുണ്ടായി

[224-ാം പേജിലെ ചിത്രം]

മിഹായിലോ ഡാസെവിച്ച്‌ 1971-ൽ കൺട്രി ദാസനായി നിയമിക്കപ്പെട്ടു

[233-ാം പേജിലെ ചിത്രം]

യൂക്രെയിനിൽ 1991 ഫെബ്രുവരി 28-ന്‌ യഹോവയുടെ സാക്ഷികൾ രജിസ്റ്റർ ചെയ്യപ്പെട്ടു, യു.എസ്‌.എസ്‌.ആർ.-ൽ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു രജിസ്‌ട്രേഷൻ നടക്കുന്നത്‌

[237-ാം പേജിലെ ചിത്രങ്ങൾ]

കിയേവിൽ 1993-ൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ 7,402 പേർ സ്‌നാപനമേറ്റു. ദൈവജനത്തിന്റെ ആധുനിക ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ സ്‌നാപനമേറ്റ ഒരു കൺവെൻഷനായിരുന്നു അത്‌

[246-ാം പേജിലെ ചിത്രം]

ലവോഫിലെ ആദ്യത്തെ ശുശ്രൂഷാ പരിശീലന ക്ലാസ്സിന്റെ ബിരുദദാന ചടങ്ങ്‌, 1999-ന്റെ ആരംഭത്തിൽ

[251-ാം പേജിലെ ചിത്രം]

മുകളിൽ: 1995-2001 കാലഘട്ടത്തിൽ ബെഥേൽ കുടുംബം പ്രവർത്തിച്ചിരുന്ന രാജ്യഹാൾ കെട്ടിടം

[251-ാം പേജിലെ ചിത്രം]

മധ്യത്തിൽ: 1994-5 കാലഘട്ടത്തിൽ ബെഥേൽ കുടുംബം ഉപയോഗിച്ച ഭവനം

[251-ാം പേജിലെ ചിത്രം]

താഴെ: നാഡ്‌വിർന പട്ടണത്തിലെ രാജ്യഹാൾ​—⁠പുതിയ രാജ്യഹാൾ നിർമാണ പദ്ധതി അനുസരിച്ച്‌ യൂക്രെയിനിൽ നിർമിച്ച ആദ്യത്തെ ഹാൾ

[252, 253 പേജുകളിലെ ചിത്രങ്ങൾ]

(1-3) യൂക്രെയിനിൽ പുതുതായി സമർപ്പിക്കപ്പെട്ട ബ്രാഞ്ച്‌

[252-ാം പേജിലെ ചിത്രം]

(4) ബ്രാഞ്ച്‌ കമ്മിറ്റി, ഇടത്തുനിന്ന്‌: (ഇരിക്കുന്നവർ) സ്റ്റെപ്പാൻ ഹ്ലിൻസ്‌കിയി, സ്റ്റെപ്പാൻ മിക്കെവിച്ച്‌; (നിൽക്കുന്നവർ) ആൻഡ്രിയി സെംകോവിച്ച്‌, റോമാൻ യുർക്കെവിച്ച്‌, ജോൺ ഡിഡർ, യൂവെർഗൻ കെക്ക്‌

[253-ാം പേജിലെ ചിത്രം]

(5) തിയോഡർ ജാരറ്റ്‌സ്‌ യൂക്രെയിൻ ബ്രാഞ്ചിന്റെ സമർപ്പണവേളയിൽ പ്രസംഗിക്കുന്നു, 2001 മേയ്‌ 19-ന്‌