വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

“എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.” മത്തായി 11:​28-ൽ കാണുന്ന, യേശുക്രിസ്‌തുവിന്റെ ആ വാക്കുകൾ ആയിരുന്നു 2002-ലെ നമ്മുടെ വാർഷികവാക്യം. കഴിഞ്ഞ സേവന വർഷത്തിൽ അനേകർ വരികതന്നെ ചെയ്‌തു​—⁠2,65,469 പേർ യേശുവിലൂടെ ദൈവം നൽകിയ ആ ക്ഷണം സ്വീകരിച്ച്‌ സ്‌നാപനമേറ്റു. അങ്ങനെ അവരും ക്രിസ്‌തീയ ശിഷ്യത്വത്തിന്റെ മൃദുവായ നുകത്തിൻകീഴിൽ സേവിക്കുന്ന 60 ലക്ഷത്തിലധികം വരുന്ന മറ്റുള്ളവരോടൊപ്പം നവോന്മേഷം കണ്ടെത്തി.

ഭൂമിയിലെമ്പാടുമായി യഹോവ തന്റെ ജനത്തെ സമൃദ്ധമായി അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നത്‌ എങ്ങനെയെന്ന്‌ തുടർന്നുള്ള പേജുകളിൽ നിങ്ങൾ വായിക്കും. സേവന വർഷം 2002-ലെ ശ്രദ്ധേയമായ ചില ദിവ്യാധിപത്യ പ്രവർത്തനങ്ങളെ കുറിച്ച്‌ നമുക്ക്‌ ഇപ്പോൾ പരിചിന്തിക്കാം.

ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ തീക്ഷ്‌ണതയെ പ്രോത്സാഹിപ്പിക്കുന്നു

ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ പതിവുപോലെ തങ്ങളുടെ വാർഷിക ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾക്കായി നൂറുകണക്കിനു സ്ഥലങ്ങളിൽ കൂടിവന്നു. 2002/3-ലെ കൺവെൻഷന്റെ പ്രതിപാദ്യവിഷയം “തീക്ഷ്‌ണ രാജ്യഘോഷകർ” എന്നതായിരുന്നു. ദൈവജനം ഇന്ന്‌ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കുന്നതിൽ യേശുവിന്റെ തീക്ഷ്‌ണതയും ധൈര്യവും അനുകരിക്കുന്നതായി മുഖ്യവിഷയ പ്രസംഗം ചൂണ്ടിക്കാണിച്ചു. ദൈവവചനത്തിന്റെ പഠനത്തിലൂടെയാണ്‌ തീക്ഷ്‌ണത നട്ടുവളർത്തപ്പെടുന്നത്‌ എന്നും നന്മ ചെയ്യുന്നതിലൂടെ, വിശേഷിച്ചും ഉത്സാഹപൂർവം ദൈവരാജ്യം ഘോഷിക്കുന്നതിലൂടെയാണ്‌ അതു പ്രകടമാക്കപ്പെടുന്നത്‌ എന്നും മറ്റു പ്രസംഗങ്ങൾ വിശദമാക്കി.

“പ്രക്ഷുബ്ധ നാളുകളിൽ ഉറച്ചു നിൽക്കുക” എന്ന, പുരാതന വേഷവിധാനങ്ങളോടു കൂടിയ നാടകം യിരെമ്യാ പ്രവാചകനെ കുറിച്ചുള്ളതായിരുന്നു. യേശുവിനെപ്പോലെ അവൻ പ്രയാസങ്ങളിൻ മധ്യേയും ശ്രദ്ധേയമായ തീക്ഷ്‌ണതയും സഹിഷ്‌ണുതയും പ്രകടമാക്കി. യിരെമ്യാവ്‌ യഹോവയിൽ ആശ്രയിച്ചു, ദൈവത്തിന്റെ സന്ദേശം നിർഭയം പ്രസംഗിച്ചു. ഇന്ന്‌ ക്രിസ്‌ത്യാനികൾക്ക്‌ അനുകരിക്കാൻ കഴിയുന്ന എത്ര നല്ല ദൃഷ്ടാന്തം!

ഈ കൺവെൻഷനിൽ രണ്ടു പുസ്‌തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു. വെള്ളിയാഴ്‌ച, ഏക സത്യദൈവത്തെ ആരാധിക്കുക എന്ന പുസ്‌തകം പ്രതിനിധികൾക്കു ലഭിച്ചു. 192 പേജുള്ള ഈ പുസ്‌തകം, ദൈവവചനത്തിലെ സത്യം ബൈബിൾ വിദ്യാർഥികളുടെ ഹൃദയങ്ങളിൽ ആഴത്തിൽ പതിപ്പിക്കുന്നതിനുള്ള രണ്ടാം ബൈബിളധ്യയന സഹായി എന്ന നിലയിൽ ഉപയോഗിക്കുന്നതായിരിക്കും. ആത്മീയമായി വളരുന്നതിനും ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിലെ ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ പാതയിലൂടെ ചരിക്കുന്നതിനും ഈ പ്രസിദ്ധീകരണം പുതിയവരെ സഹായിക്കുമെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌.

യഹോവയോട്‌ അടുത്തു ചെല്ലുക എന്ന പുസ്‌തകം ശനിയാഴ്‌ച പ്രകാശനം ചെയ്‌തു. അത്‌ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ഓരോന്നിലും യഹോവയുടെ നാലു പ്രമുഖ ഗുണങ്ങളായ ശക്തി, നീതി, ജ്ഞാനം, സ്‌നേഹം എന്നിവ ചർച്ച ചെയ്‌തിരിക്കുന്നു. ഈ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം അതിന്റെ ആമുഖത്തിൽ വിവരിച്ചിരിക്കുന്നു: “യഹോവയാം ദൈവത്തെ എന്നെന്നും സ്‌തുതിക്കുന്നതിനു ജീവിച്ചിരിക്കാൻ കഴിയുംവിധം അവനുമായി പൂർവാധികം അടുക്കാനും ഒരിക്കലും അറ്റുപോകുകയില്ലാത്ത ഒരു ബന്ധം അവനുമായി സ്ഥാപിക്കാനും ഈ പുസ്‌തകം നിങ്ങളെ സഹായിക്കട്ടെ.” ഈ കൺവെൻഷൻ പരിപാടികളും പുതിയ പ്രസിദ്ധീകരണങ്ങളും ആത്മാർഥഹൃദയരായ ആളുകളെ സ്രഷ്ടാവിനോടുള്ള സ്‌നേഹത്തിൽ വളരാൻ സഹായിക്കും.

“ദുർഘടസമയ”ങ്ങളെ വിജയകരമായി നേരിടൽ

“അന്ത്യകാലത്തു ദുർഘടസമയങ്ങൾ” ഉണ്ടാകും എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ തിമൊഥെയൊസിന്‌ എഴുതി. (2 തിമൊ. 3:1) പ്രകൃതിവിപത്തുകളും മനുഷ്യൻ വരുത്തിവെക്കുന്ന ദുരന്തങ്ങളും പലവിധ വെല്ലുവിളികളും പ്രയാസങ്ങളും ഉളവാക്കുന്നു. എന്നിരുന്നാലും, അന്യോന്യം സ്‌നേഹം പ്രകടമാക്കാനുള്ള അവസരങ്ങളും അതു ക്രിസ്‌ത്യാനികൾക്കു പ്രദാനം ചെയ്യുന്നു. കഴിഞ്ഞ സേവന വർഷത്തിൽ അനേകം വിപത്തുകൾ സംഭവിക്കുകയുണ്ടായി. നമുക്കിപ്പോൾ അവയിൽ രണ്ടെണ്ണത്തെ കുറിച്ചു പരിചിന്തിക്കാം.

വേൾഡ്‌ ട്രേഡ്‌ സെന്ററിലെ വിപത്ത്‌: 2001 സെപ്‌റ്റംബർ 8 ശനിയാഴ്‌ച, വാച്ച്‌ടവർ ബൈബിൾ സ്‌കൂൾ ഓഫ്‌ ഗിലെയാദിന്റെ 111-ാമത്തെ ക്ലാസ്സിന്റെ ബിരുദദാന ചടങ്ങു നടന്നു. മൂന്നു ദിവസങ്ങൾക്കു ശേഷം, സെപ്‌റ്റംബർ 11-ന്‌ ബിരുദധാരികളും അവരുടെ കുടുംബാംഗങ്ങളും ഐക്യനാടുകളിലെ ന്യൂയോർക്ക്‌ നഗരത്തിൽ ചുറ്റിസഞ്ചരിക്കുകയായിരുന്നു. സുഖപ്രദമായ കാലാവസ്ഥ, തെളിഞ്ഞു സുന്ദരമായ നീലാകാശം. എല്ലാംകൊണ്ടും നല്ലൊരു ദിവസമായിരുന്നു അത്‌. എന്നാൽ രാവിലെ 8:​46-ന്‌ മാൻഹട്ടനിലെ വേൾഡ്‌ ട്രേഡ്‌ സെന്ററിന്റെ നോർത്ത്‌ ടവറിൽ ഒരു ജെറ്റു വിമാനം വന്നിടിച്ചു, ഏതാനും മിനിട്ടുകൾക്കുള്ളിൽ മറ്റൊന്ന്‌ സൗത്ത്‌ ടവറിലും.

രാവിലെ 9:​59-ന്‌ സൗത്ത്‌ ടവർ നിലംപൊത്തി, തകർന്ന കെട്ടിടഭാഗങ്ങൾ മാൻഹട്ടന്റെ തെക്കൻ മേഖലയിലെങ്ങും ചിതറിവീണു. എല്ലായിടവും പൊടികൊണ്ടു മൂടി. അതേത്തുടർന്ന്‌ നോർത്ത്‌ ടവറും തകർന്നുവീണു. 3,000-ത്തോളം പേർക്കു ജീവഹാനി സംഭവിച്ചു. 1973-ൽ പണി പൂർത്തിയായ ആ ഗോപുരങ്ങൾക്ക്‌ 110 നിലകൾ ഉണ്ടായിരുന്നു. നിലംപൊത്തിയ രണ്ടു കെട്ടിടങ്ങളിൽ നിന്നും ഉയർന്ന കനത്ത പൊടിപടലങ്ങൾ കാറ്റിൽ പറന്ന്‌ ബ്രുക്ലിൻ ബെഥേൽ വരെ എത്തി. സംഭവ സ്ഥലത്തുനിന്ന്‌ മൂന്നു കിലോമീറ്റർ ദൂരം പോലും ഇല്ല ബെഥേലിലേക്ക്‌.

സാക്ഷികളിൽ ആരെല്ലാം ഈ അപകടത്തിന്‌ ഇരയായിട്ടുണ്ട്‌, എന്തെല്ലാം സഹായം നൽകണം തുടങ്ങിയ കാര്യങ്ങൾ ഐക്യനാടുകളിലെ ബ്രാഞ്ച്‌ ഓഫീസിലുള്ള സഹോദരങ്ങൾ ഉടനടി അന്വേഷിച്ചു തുടങ്ങി. സെപ്‌റ്റംബർ 11 ചൊവ്വാഴ്‌ച വൈകുന്നേരത്തോടെ ബ്രുക്ലിനിലും പാറ്റേഴ്‌സണിലും വാൾക്കില്ലിലും ഉള്ള ബെഥേൽ കുടുംബാംഗങ്ങൾ എല്ലാവരും സുരക്ഷിതരാണെന്ന്‌ സ്ഥിരീകരിക്കപ്പെട്ടു. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞപ്പോഴേക്കും ഗിലെയാദ്‌ ബിരുദധാരികൾ, തങ്ങളും കുടുംബാംഗങ്ങളുമെല്ലാം സുരക്ഷിതരാണെന്ന്‌ ഗിലെയാദ്‌ ഓഫീസിൽ അറിയിച്ചു. ബ്രാഞ്ച്‌ അതിനിടെ ന്യൂയോർക്ക്‌ പ്രദേശത്തുള്ള 37 സർക്കിട്ട്‌ മേൽവിചാരകന്മാരുമായി ടെലിഫോണിൽ സമ്പർക്കം പുലർത്തി. അവർ സഭാ മൂപ്പന്മാരുമായി ബന്ധപ്പെട്ടു, മൂപ്പന്മാർ ഓരോ പ്രസാധകന്റെയും വിവരം അന്വേഷിച്ച്‌ ഉറപ്പുവരുത്തി. സെപ്‌റ്റംബർ 14 വെള്ളിയാഴ്‌ച രാവിലെ ആയപ്പോഴേക്കും, 14 സഹോദരീസഹോദരന്മാർ ഒന്നുകിൽ കൊല്ലപ്പെട്ടിരിക്കുന്നു, അല്ലെങ്കിൽ അവരെ കാണാതായിരിക്കുന്നു എന്ന വിവരം ബ്രാഞ്ചിനു ലഭിച്ചു. ആ എണ്ണത്തിന്‌ പിന്നീട്‌ മാറ്റമൊന്നും വന്നില്ല.

അതിജീവകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. വേൾഡ്‌ ട്രേഡ്‌ സെന്ററിന്‌ എതിർവശത്തുള്ള ലോക സാമ്പത്തിക കാര്യാലയത്തിലാണ്‌ ഒരു സാധാരണ പയനിയറായ സിന്ധ്യ ടക്കർ ജോലി ചെയ്‌തിരുന്നത്‌. ആദ്യത്തെ വിമാനം ഗോപുരത്തിൽ ഇടിക്കുന്നത്‌ ജോലിചെയ്യുന്ന കെട്ടിടത്തിന്റെ 37-ാം നിലയിൽ നിന്ന്‌ അവർ കണ്ടു. അപകടത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ അവർ വേഗം കെട്ടിടത്തിനു വെളിയിൽ വന്നു നോക്കി. എവിടെയും ഗോപുരത്തിന്റെ ഭാഗങ്ങൾ ചിതറിക്കിടന്നിരുന്നു. അപ്പോൾ അതാ തലയ്‌ക്കു മുകളിലൂടെ മറ്റൊരു വിമാനം വളരെ താഴ്‌ന്നു പറക്കുന്നു. ടക്കർ സഹോദരി ഇപ്രകാരം പറഞ്ഞു: “അതൊരു കൂറ്റൻ വിമാനം ആയിരുന്നു. അതു കെട്ടിടത്തിൽ ഇടിക്കാൻ പോകുകയാണെന്ന്‌ എനിക്ക്‌ അപ്പോഴേ മനസ്സിലായി. എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടണമെന്നു കരുതിയെങ്കിലും ഒരടി പോലും മുന്നോട്ടു നീങ്ങാനാവാതെ ഞാൻ മരവിച്ചു നിന്നുപോയി​—⁠എന്തു ചെയ്യണമെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. വിമാനം നേരെ കെട്ടിടത്തിനുള്ളിലേക്കു കയറിപ്പോയതുപോലെ എനിക്കു തോന്നി. വെള്ളത്തിനടിയിൽ ആയിരുന്നാലെന്നതുപോലെ അത്ര ഉച്ചത്തിലുള്ളതായിരുന്നു ശബ്ദം. ആ മുഴക്കം എനിക്ക്‌ അനുഭവപ്പെട്ടു. പൊടിനിറഞ്ഞ്‌ വായു സാന്ദ്രമായിത്തീർന്നു. അതുകൊണ്ട്‌ ശ്വസിക്കാൻ പ്രയാസമായിരുന്നു. ആളുകൾ നാലുപാടും പരക്കംപായുന്നുണ്ടായിരുന്നു. ഞാൻ ഒരു കെട്ടിടത്തിനുള്ളിലേക്ക്‌ ഓടിക്കയറി, ആദ്യ ഗോപുരം തകർന്നു വീഴുന്നത്‌ ഞാൻ എന്റെ കണ്ണാലെ കണ്ടു. പൊടിപടലങ്ങൾ നിമിത്തം പലരും തങ്ങളുടെ ഷർട്ട്‌ ഊരി മുഖം മൂടുന്നുണ്ടായിരുന്നു. ആളുകൾ തങ്ങളുടെ കുട്ടികളെയും ഓമന മൃഗങ്ങളെയുംകൊണ്ട്‌ കെട്ടിടങ്ങൾക്കു വെളിയിൽ വന്നു. എല്ലാവരും ഭയന്നു വിറയ്‌ക്കുകയായിരുന്നു. മൃഗങ്ങൾ പോലും അസ്വാഭാവികമായി പെരുമാറി. അപ്പോൾ തോന്നിയ ആ ഭയം വിവരിക്കാൻ എനിക്കു വാക്കുകളില്ല.” മൂപ്പന്മാർ തന്നെ സന്ദർശിച്ച്‌ ബൈബിളിൽനിന്ന്‌ ആശ്വാസവചനങ്ങൾ പങ്കുവെച്ചതിൽ ടക്കർ സഹോദരി വളരെയധികം നന്ദിയുള്ളവളാണ്‌.

തുടർന്നുള്ള മാസങ്ങളിൽ ന്യൂയോർക്കിലെ സഹോദരങ്ങൾ, ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ബൈബിൾ സന്ദേശവുമായി ആ പ്രദേശത്തെ ആളുകളെ സന്ദർശിച്ചു. ഇരട്ടഗോപുരങ്ങൾ തകർന്നടിഞ്ഞ സ്ഥലത്തുതന്നെ തിരുവെഴുത്ത്‌ ആശയങ്ങൾ പങ്കുവെക്കാൻ പല സഹോദരന്മാർക്കും അനുവാദം ലഭിച്ചു. അവരിൽ ഒരാളായിരുന്നു റോയി ക്ലിങ്‌സ്‌പോൺ എന്ന പയനിയർ സഹോദരൻ. അദ്ദേഹം പറഞ്ഞു: “ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു വ്യോമസേനാ ഉദ്യോഗസ്ഥൻ വിലമതിപ്പോടെ ഇങ്ങനെ പറഞ്ഞു: ‘എല്ലാവരും ഞങ്ങൾക്ക്‌ ഭക്ഷണവും കാപ്പിയും വസ്‌ത്രങ്ങളും മറ്റും കൊണ്ടുവന്നു തരുന്നുണ്ട്‌, പക്ഷേ ആദ്യമായി ഒരു തിരുവെഴുത്തു വായിച്ചുകേൾപ്പിച്ചത്‌ നിങ്ങളാണ്‌. ഇത്തരമൊരു സാഹചര്യത്തിൽ നമുക്കു ദൈവം വേണം.’”

പൂർവാഫ്രിക്കയിലെ അഗ്നിപർവത സ്‌ഫോടനം: കിഴക്കൻ കോംഗോ (കിൻഷാസ)-യിലെ അനേകം സഹോദരങ്ങൾ ആഭ്യന്തരയുദ്ധം, രോഗം, ദാരിദ്ര്യം, തൊഴിലില്ലായ്‌മ എന്നിവയാൽ ദുരിതം അനുഭവിച്ചിട്ടുണ്ട്‌. ചിലർ അഭയാർഥികളായിരുന്നിട്ടുണ്ട്‌, മറ്റു ചിലരാകട്ടെ ഇന്നും ആ നിലയിൽ തുടരുന്നു. ഇതിനെല്ലാം പുറമേയാണ്‌ ഗോമാ പട്ടണത്തിൽനിന്ന്‌ ഏറെ അകലെയല്ലാതെ സ്ഥിതിചെയ്യുന്ന നീരഗോംഗൊ അഗ്നിപർവതത്തിന്റെ പെട്ടെന്നുള്ള സ്‌ഫോടനം. 2002 ജനുവരി 17-നു രാവിലെ പർവതത്തിൽനിന്ന്‌ തീയും പുകയും ഉയരുന്നുണ്ടായിരുന്നു. വൈകുന്നേരത്തോടെ ലാവാ പ്രവാഹം തുടങ്ങി, അതു നേരെ ഗോമാ പട്ടണത്തിലേക്ക്‌ ഒഴുകി. ഭയന്നുവിറച്ച ആയിരക്കണക്കിന്‌ ആളുകൾ കയ്യിൽ കിട്ടിയതെല്ലാം വാരിക്കെട്ടി തൊട്ടടുത്തുള്ള റുവാണ്ടൻ പട്ടണമായ ഗിസെൻയിയെ ലക്ഷ്യമാക്കി പാഞ്ഞു. റോഡുകൾ ആളുകളെക്കൊണ്ടു നിറഞ്ഞു. ഗിസെൻയിയും അപകട ഭീഷണിയിലായിരുന്നു. എന്നാൽ അവിടെയുള്ള സഹോദരങ്ങൾ പ്രാദേശിക രാജ്യഹാളിനെ കോംഗോയിൽനിന്ന്‌ എത്തുന്ന സഹോദരങ്ങൾക്കുള്ള അഭയാർഥി കേന്ദ്രമാക്കി മാറ്റാൻവേണ്ട ഏർപ്പാടുകൾ ചെയ്‌തു. ഗിസെൻയിയിലുള്ള ചില സഹോദരങ്ങൾ അഗ്നിപർവത മേഖലയിൽനിന്നു പലായനം ചെയ്‌ത്‌ എത്തുന്നവർക്കായി ഉടനടി തങ്ങളുടെ വീടുകൾ തുറന്നുകൊടുക്കാൻ സന്നദ്ധരായി.

ഒരു പ്രാദേശിക മൂപ്പൻ പറഞ്ഞു: “സംഭവം അറിഞ്ഞ ഉടനെ ചില സഹോദരന്മാരും ഞാനും കൂടി പെട്ടെന്ന്‌ ഗോമായെയും ഗിസെൻയിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന വീഥിയിൽ എത്തി. ഞങ്ങൾ വീക്ഷാഗോപുരം, ഉണരുക! മാസികകൾ ഉയർത്തിപ്പിടിച്ചു നിന്നു. നല്ല ഇരുട്ടുണ്ടായിരുന്നു, എങ്കിലും മറ്റുള്ളവർക്കു ഞങ്ങളെ കാണാൻ സാധിക്കുന്ന ഇടങ്ങളിൽ ഞങ്ങൾ നിന്നു. വന്ന സഹോദരങ്ങൾ മാസികകൾ കണ്ട്‌ ഞങ്ങളെ തിരിച്ചറിഞ്ഞു. അഭയാർഥി കേന്ദ്രം എന്നനിലയിൽ ക്രമീകരിച്ചിരുന്ന രാജ്യഹാളിലേക്കുള്ള വഴി ഞങ്ങൾ അവർക്കു കാണിച്ചുകൊടുത്തു. നേരം വെളുക്കുന്നതുവരെ ഞങ്ങൾ അങ്ങനെ റോഡിൽ നിന്നു. അങ്ങനെ ഏതാനും വർഷങ്ങൾക്കു മുമ്പ്‌ ഗോമായിലെ സഹോദരങ്ങൾ ഞങ്ങൾക്കു വേണ്ടി ചെയ്‌തത്‌ ഞങ്ങളും അനുകരിച്ചു. റുവാണ്ടയിലെ യുദ്ധത്തെ തുടർന്ന്‌ ലക്ഷക്കണക്കിന്‌ ആളുകൾ ഗോമായിലേക്കു പലായനം ചെയ്‌തിരുന്നു. അന്ന്‌ ഗോമായിലെ സാക്ഷികൾ, ഞങ്ങൾക്ക്‌ അവരെ തിരിച്ചറിയാൻ കഴിയേണ്ടതിന്‌ മാസികകളും പിടിച്ചു വഴിയിൽ നിന്നു. അന്ന്‌ സാക്ഷികൾ ക്രമീകരിച്ച അഭയാർഥി കേന്ദ്രങ്ങളിലേക്ക്‌ അവർ ഞങ്ങളെ കൊണ്ടുപോയി.”

അഗ്നിപർവത മേഖലയിൽനിന്നു പലായനം ചെയ്‌ത ഭൂരിപക്ഷം ആളുകൾക്കും രാത്രി മുഴുവൻ തുറസ്സായ സ്ഥലങ്ങളിൽ കഴിച്ചുകൂട്ടേണ്ടിവന്നു. സഹോദരങ്ങളിൽ ചിലരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ആകെപ്പാടെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ ആയിരുന്നതിനാലും ഇരുട്ട്‌ ഉണ്ടായിരുന്നതിനാലും മാസികകളുമായി നിന്നിരുന്നവരെ കണ്ടുപിടിക്കാൻ കഴിയാതെ പോയവരായിരുന്നു അവർ. ഒരു മൂപ്പൻ പറഞ്ഞു: “അടുത്ത ദിവസം അതിരാവിലെതന്നെ സഹോദരങ്ങൾ മാസികകളും പിടിച്ച്‌ വീണ്ടും പോയി. എല്ലാവർക്കും തങ്ങളെ കാണാൻ കഴിയേണ്ടതിന്‌ ഗിസെൻയിയിൽ മുഴുവൻ അവർ ചുറ്റി നടന്നു. അങ്ങനെ തലേ രാത്രിയിൽ സാക്ഷികളെ കാണാൻ കഴിയാതിരുന്ന ഗോമായിൽനിന്നുള്ള സഹോദരങ്ങളെ എല്ലാം അവർ കണ്ടുമുട്ടി. ഏറെ താമസിയാതെ, രാജ്യഹാളിനു നേരെയും ലാവാ ഒഴുകി വന്നുകൊണ്ടിരിക്കുകയാണെന്ന്‌ അറിവു കിട്ടി. പെട്ടെന്നുതന്നെ വേറെ അഞ്ചു രാജ്യഹാളുകൾ അഭയാർഥി കേന്ദ്രങ്ങളായി ക്രമീകരിച്ചു.” ഗോമായിലെ 24 സഭകളിൽനിന്നുള്ള സഹോദരങ്ങളിൽ ചിലർ കോംഗോയുടെ ഉൾപ്രദേശങ്ങളിലേക്കു പലായനം ചെയ്‌തു. എന്നാൽ ബഹുഭൂരിപക്ഷവും​—⁠ഏതാണ്ട്‌ 2,000-ത്തോളം പേർ​—⁠റുവാണ്ടയിലേക്കാണു പോയത്‌.

റുവാണ്ടയിലെ കിഗാലിയിലുള്ള ബ്രാഞ്ച്‌ ഓഫീസ്‌ പെട്ടെന്നുതന്നെ ആഹാരം, മരുന്ന്‌, പുതപ്പുകൾ, വെള്ളം ശേഖരിക്കാനുള്ള പ്ലാസ്റ്റിക്‌ പാത്രങ്ങൾ തുടങ്ങിയവ വാങ്ങി. അവയെല്ലാം ഉടനടി അഭയാർഥി കേന്ദ്രങ്ങളിൽ എത്തിച്ചു. ദുരന്തത്തിന്റെ പിറ്റേന്നുതന്നെ ദുരിതാശ്വാസ സാധനങ്ങളുമായി ഒരു ട്രക്ക്‌ വന്നപ്പോൾ ഗോമായിലെ സഹോദരങ്ങൾക്ക്‌ എത്ര സന്തോഷമായെന്നോ! സാക്ഷികളല്ലാത്തവരിൽനിന്ന്‌ ഒട്ടേറെ നല്ല അഭിപ്രായങ്ങളും കേൾക്കുകയുണ്ടായി. “ഇവരുടേത്‌ ഒരു നല്ല മതമാണ്‌. ഇവർ വാസ്‌തവമായും അന്യോന്യം സ്‌നേഹിക്കുന്നവരാണ്‌,” എന്ന്‌ ആളുകൾ പറയുന്നത്‌ ഒരു സഹോദരൻ കേൾക്കാ⁠നിട⁠യായി.

ഗോമായുടെ മൂന്നിലൊന്നും നശിപ്പിക്കപ്പെട്ടു. പല സഹോദരങ്ങൾക്കും എല്ലാം നഷ്ടപ്പെട്ടു. എന്നാൽ വീടിന്‌ കുഴപ്പമൊന്നും പറ്റാതിരുന്ന സാക്ഷികൾ വീടു നഷ്ടപ്പെട്ടവരെ തങ്ങളോടൊപ്പം താമസിപ്പിക്കാൻ തയ്യാറായി. (റോമ. 12:​12, 13) റുവാണ്ടയിലെ സഹോദരങ്ങൾ അഭയാർഥികളെ എല്ലാവരെയും സുരക്ഷിതരായി ഗോമായിൽ എത്തിക്കുന്നതിനുള്ള ഏർപ്പാടു ചെയ്‌തു. ബെൽജിയത്തിൽനിന്ന്‌ രണ്ട്‌ വിമാനം നിറയെ സാധനങ്ങൾ അയച്ചുകൊടുത്തുകൊണ്ട്‌ യൂറോപ്പിലെ സാക്ഷികളും സഹായിച്ചു.

നീരഗോംഗൊ അഗ്നിപർവത സ്‌ഫോടനം ശരിക്കും ഒരു ദുരന്തം തന്നെയായിരുന്നു. അത്‌ അനേകരുടെ ജീവൻ അപഹരിച്ചു, പലരുടെയും വസ്‌തുവകകൾക്കു നാശം വരുത്തി. എന്നാൽ പരസ്‌പര സ്‌നേഹം പ്രകടമാക്കിക്കൊണ്ട്‌ സത്യക്രിസ്‌ത്യാനികൾ തങ്ങളെത്തന്നെ തിരിച്ചറിയിച്ചു.​—⁠യോഹ. 13:⁠35.

രാജ്യശുശ്രൂഷാസ്‌കൂൾ ആത്മീയതയ്‌ക്ക്‌ ഊന്നൽ നൽകുന്നു

ഒരു മാസത്തെ പഠന പദ്ധതി എന്ന നിലയിലാണ്‌ 1959-ൽ രാജ്യശുശ്രൂഷാസ്‌കൂൾ തുടങ്ങിയത്‌. ഐക്യനാടുകളിൽ അതു നടത്തിയത്‌ ന്യൂയോർക്ക്‌ സംസ്ഥാനത്തുള്ള ദക്ഷിണ ലാൻസിങ്ങിലായിരുന്നു. മറ്റു രാജ്യങ്ങളിൽ, ബ്രാഞ്ച്‌ ഓഫീസ്‌ ക്രമീകരിച്ച സ്ഥലങ്ങളിൽ അതു നടത്തപ്പെട്ടു. ആദ്യം, സഭാ മൂപ്പന്മാരെയും (സഭാ ദാസന്മാർ എന്നാണ്‌ അന്നറിയപ്പെട്ടിരുന്നത്‌) പ്രത്യേക പയനിയർമാരെയും ആണ്‌ അതിൽ ഉൾപ്പെടുത്തിയത്‌. എന്നാൽ 1966-ൽ ഈ പാഠ്യപദ്ധതിയിൽ ചില ഭേദഗതികൾ വരുത്തി; അത്‌ ചുരുക്കി രണ്ടാഴ്‌ചത്തേക്ക്‌ ആക്കി, മാത്രവുമല്ല, മൂപ്പന്മാർക്കു മാത്രമേ അതിൽ പങ്കെടുക്കാൻ കഴിയുമായിരുന്നുള്ളൂ. 1977-ൽ 15 മണിക്കൂർ ദൈർഘ്യമുള്ള ഒരു പാഠ്യപദ്ധതി മൂപ്പന്മാർക്കായി ക്രമീകരിച്ചു. അന്നുമുതൽ വ്യത്യസ്‌ത സമയദൈർഘ്യമുള്ള സമാനമായ ക്ലാസ്സുകൾ ഏതാനും വർഷം കൂടുമ്പോൾ ക്രമീകരിക്കാറുണ്ട്‌. 1984 മുതൽ രാജ്യശുശൂഷാസ്‌കൂളിൽനിന്ന്‌ ശുശ്രൂഷാദാസന്മാരും പ്രയോജനം അനുഭവിക്കുന്നു.

ഈ വർഷം പ്രസ്‌തുത സ്‌കൂളിന്‌ മൂന്നു ക്ലാസ്സുകൾ ഉണ്ടായിരുന്നു. ആദ്യത്തേത്‌ ചൊവ്വാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെ സഞ്ചാര മേൽവിചാരകന്മാർക്ക്‌; രണ്ടാമത്തേത്‌ വെള്ളിയും ശനിയും സഭാ മൂപ്പന്മാർക്ക്‌; മൂന്നാമത്തേത്‌ ഞായറാഴ്‌ച ശുശ്രൂഷാദാസന്മാർക്ക്‌. ആത്മീയത കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന്‌ ഈ സ്‌കൂൾ ഊന്നൽ നൽകി. ഏറെ കാലങ്ങൾക്കു മുമ്പ്‌ മോശെ യഹോവയോട്‌ ഇങ്ങനെ പ്രാർഥിച്ചു: “ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ” (പുറ. 33:​13) മോശെ ഇങ്ങനെ പ്രാർഥിച്ചത്‌ അവൻ പത്തു ബാധകൾക്കു സാക്ഷ്യം വഹിക്കുകയും ചെങ്കടൽ വിഭജിക്കപ്പെടുന്നത്‌ നേരിൽ കാണുകയും സീനായി പർവതത്തിൽ 40 ദിവസം യഹോവയോടു സംസാരിക്കുകയും പത്തു കൽപ്പനകൾ ഏറ്റുവാങ്ങുകയും ഒക്കെ ചെയ്‌ത ശേഷമാണ്‌. 80-ാം വയസ്സിൽ, ശ്രദ്ധേയമായ പല വിധങ്ങളിലും യഹോവ മോശെയെ ഉപയോഗിച്ചതിനു ശേഷം, അവൻ തന്റെ ആത്മീയ ആവശ്യം തിരിച്ചറിഞ്ഞു. ഈ ദൃഷ്ടാന്തത്തിനു ചേർച്ചയിൽ, മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും അവർ ദീർഘകാലമായി യഹോവയെ സേവിച്ചുകൊണ്ടിരിക്കുന്നവരാണെങ്കിൽപ്പോലും, ആത്മീയ പുരുഷന്മാരെന്ന നിലയിൽ പുരോഗമിക്കുന്നതിൽ തുടരാൻ പ്രോത്സാഹിപ്പിക്കപ്പെട്ടു.

പാഠഭാഗങ്ങൾ പരിഭാഷപ്പെടുത്തുകയും ലോകമെമ്പാടുമുള്ള ബ്രാഞ്ചുകൾ അവ ഉപയോഗിക്കുകയും ചെയ്‌തു. പല രാജ്യങ്ങളിൽനിന്നും വിലമതിപ്പ്‌ അറിയിച്ചുകൊണ്ടുള്ള കത്തുകൾ ലഭിച്ചു. ഗിനിയിൽനിന്നുള്ള ഒരു മൂപ്പൻ എഴുതി: “സ്‌കൂളിൽ സംബന്ധിക്കുന്നതിനായി ചെയ്യേണ്ടിവന്ന ത്യാഗത്തെയും 1,000 കിലോമീറ്റർ യാത്രയെയും കുറിച്ച്‌ ഓർക്കുമ്പോൾ എനിക്ക്‌ യാതൊരു ഖേദവുമില്ല.” മറ്റൊരു വ്യക്തി ഇങ്ങനെ എഴുതി: “ഈ പരിശീലനത്തിന്‌ എങ്ങനെ നന്ദി പറയണമെന്ന്‌ എനിക്കറിയില്ല. വളരെ നന്ദി!”

കൊറിയയിൽനിന്ന്‌ ഒരു സഹോദരൻ എഴുതി: “ഞാൻ ഒരു ആത്മീയ വ്യക്തിയാണോ അല്ലയോ എന്നതിനെ കുറിച്ച്‌ ഗൗരവപൂർവം ചിന്തിക്കാൻ ഈ സ്‌കൂൾ എന്നെ സഹായിച്ചു.”

എൽസാൽവഡോർ ബ്രാഞ്ച്‌ ഓഫീസ്‌ എഴുതി: “പുതിയ സഭാ പുസ്‌തകാധ്യയന ക്രമീകരണത്തിൽ പ്രത്യേക താത്‌പര്യം പ്രകടമായി. ഓരോ അധ്യയന കൂട്ടത്തിലും ഉള്ളവർക്ക്‌ വ്യക്തിപരമായ അടുത്ത ശ്രദ്ധ നൽകാൻ ഇതു സഹായിക്കുമെന്നാണു ഞങ്ങൾക്കു തോന്നുന്നത്‌.”

ജർമനിയിൽ ഉള്ള മൂപ്പന്മാരുടെ ഒരു സംഘം എഴുതി: “നിർദേശങ്ങളും പ്രബോധനങ്ങളും യുക്തിസഹവും ഞങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നവരുടെ പ്രയോജനത്തിനായി ബാധകമാക്കാൻ കഴിയുന്നവയും ആയിരുന്നു.”

സ്വിറ്റ്‌സർലൻഡ്‌ ബ്രാഞ്ചിന്‌ പറയാനുണ്ടായിരുന്നത്‌ ഇതാണ്‌: “ആത്മീയ കാര്യങ്ങളോടുള്ള വിരക്തിക്ക്‌ എതിരെ പോരാടുന്നതിന്‌ ആവശ്യമായ പ്രോത്സാഹനം സ്‌കൂൾ പ്രദാനം ചെയ്‌തു.”

നിയമസംബന്ധമായ സംഭവവികാസങ്ങൾ

അർമേനിയ: ല്യോവാ മാർകേരിയൻ ഉൾപ്പെട്ട കോടതി കേസ്‌ അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റി. യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിലുള്ള തന്റെ പ്രവർത്തനം നിമിത്തം മാർകേരിയൻ സഹോദരന്‌ എതിരെ ക്രിമിനൽ കുറ്റം ആരോപിക്കപ്പെട്ടു. “രജിസ്റ്റർ ചെയ്യപ്പെടാത്ത ഒരു മതത്തിന്റെ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു” എന്ന ആരോപണവും അതിൽ ഉണ്ടായിരുന്നു. 2001 സെപ്‌റ്റംബർ 18-ന്‌ വിചാരണക്കോടതി, മാർകേരിയൻ സഹോദരന്‌ എതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നു വിധിച്ചു. അതിനെതിരെ അപ്പീൽ കൊടുക്കപ്പെട്ടു. എന്നാൽ അപ്പീൽക്കോടതി, സഹോദരൻ നിരപരാധിയാണെന്ന വിധിയെ പിന്തുണയ്‌ക്കുകയാണു ചെയ്‌തത്‌. യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മത പഠിപ്പിക്കലുകൾ കുറ്റകരമോ അർമേനിയൻ ഭരണഘടനയ്‌ക്കു വിരുദ്ധമോ അല്ലെന്നു കോടതി പ്രസ്‌താവിച്ചു. കുറ്റാരോപകർ അടങ്ങിയിരുന്നില്ല. അവർ ഉന്നത അപ്പീൽക്കോടതിയായ കസേഷൻ കോടതിയിൽ അപ്പീൽ കൊടുത്തു. 2002 ഏപ്രിൽ 19-ന്‌ ജഡ്‌ജിമാരുടെ ആറംഗ ബെഞ്ച്‌ രണ്ടു കോടതി വിധികളെയും ശരിവെച്ചുകൊണ്ട്‌ വിധി പ്രസ്‌താവിച്ചു. ഈ വിജയത്തിൽ നാം ഏവരും സന്തോഷിക്കുന്നു. എന്നിരുന്നാലും മതപരമായ കാരണങ്ങളാൽ സൈനിക സേവനത്തിനു വിസമ്മതിക്കുന്നു എന്നതിന്റെ പേരിൽ യുവസഹോദരന്മാരെ അർമേനിയയിൽ ഇപ്പോഴും അറസ്റ്റു ചെയ്യുകയും ജയിലിലടയ്‌ക്കുകയും ചെയ്യുന്നു.

ജോർജിയ: ജോർജിയയിൽ യഹോവയുടെ സാക്ഷികൾക്ക്‌ എതിരെയുള്ള മൃഗീയ ആക്രമണങ്ങൾ തുടരുകയാണ്‌. എന്നാൽ അവയെല്ലാം ശിക്ഷിക്കപ്പെടാതെ പോകുന്നു. 1999 ഒക്ടോബർ മുതൽ 80-ലധികം ആക്രമണങ്ങൾ നടന്നതായി രേഖകൾ സൂചിപ്പിക്കുന്നു. പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും പ്രായമായവരും അവശനിലയിൽ ഉള്ളവരുമായ 1,000-ത്തിലധികം പേർ അതിന്‌ ഇരകളായി. അക്രമികൾ ചില സാക്ഷികളുടെ വീടുകൾ കൊള്ളയടിക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്‌തു. 700-ലധികം ക്രിമിനൽ പരാതികൾ ഫയൽ ചെയ്യപ്പെട്ടെങ്കിലും ആരും ശിക്ഷിക്കപ്പെട്ടില്ല. ഒടുവിൽ, 2001 സെപ്‌റ്റംബറിൽ ആക്രമണത്തിൽ ഉൾപ്പെട്ടു എന്നതിന്റെ പേരിൽ പെട്ര ഇവാനീഡ്‌സെ, പൗരോഹിത്യ പദവി നഷ്ടപ്പെട്ട ഓർത്തഡോക്‌സ്‌ പുരോഹിതനായിരുന്ന വസ്‌യില്യയ്‌ മ്‌കാലാവിഷ്‌വില്ലി എന്നിവർക്ക്‌ എതിരെ കുറ്റം ആരോപിക്കപ്പെട്ടു. വിചാരണ നടത്താൻ പല പ്രാവശ്യം ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല, കോടതി മുറിയിലെ അവസ്ഥ അതായിരുന്നു. പ്രതികളുടെ അണികളിലുള്ളവർക്ക്‌ കോടതി മുറിയിൽ പ്രവേശനം ലഭിച്ചു. മുമ്പ്‌ ആയുധങ്ങളായി ഉപയോഗിച്ച വലിയ കുരിശുകൾ ചുഴറ്റിക്കൊണ്ടും യഹോവയുടെ സാക്ഷികളെ കുറിച്ച്‌ അസഭ്യം എഴുതിയ ബാനറുകൾ പിടിച്ചുകൊണ്ടുമാണ്‌ അവർ എത്തിയത്‌. 2002 മേയ്‌ 30-നുള്ളിൽത്തന്നെ വിചാരണ ഏഴു പ്രാവശ്യം മാറ്റിവെക്കേണ്ടിവന്നു. യഹോവയുടെ സാക്ഷികൾ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ (ഇസിഎച്ച്‌ആർ) രണ്ട്‌ അപേക്ഷകൾ സമർപ്പിച്ചു, ഒന്ന്‌ തുടർച്ചയായ ആക്രമണം ഉണ്ടായിട്ടും ഗവൺമെന്റ്‌ മൗനം പാലിക്കുന്നതിന്‌ എതിരെയും മറ്റൊന്ന്‌ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന രണ്ടു നിയമാനുസൃത കോർപ്പറേഷനുകളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിക്കൊണ്ടുള്ള ജോർജിയയിലെ സുപ്രീം കോടതി വിധിക്ക്‌ എതിരെയും ആയിരുന്നു. 2001 ഒക്ടോബർ ആയപ്പോഴേക്കും ഇസിഎച്ച്‌ആർ രണ്ട്‌ അപേക്ഷകളും എത്രയും പെട്ടെന്ന്‌ കൈകാര്യം ചെയ്യുന്നതിനായി സമന്വയിപ്പിച്ചു.

യഹോവയുടെ സാക്ഷികൾ 2002 ജൂലൈ 23-ന്‌ ഇസിഎച്ച്‌ആർ-ൽ മറ്റൊരു നിയമാപേക്ഷ സമർപ്പിച്ചു. അതിൽ ജോർജിയയിലെ സാക്ഷികളുടെ നേരെ മതതീവ്രവാദികളും ഓർത്തഡോക്‌സ്‌ പുരോഹിതന്മാരും പോലീസും നടത്തിയ ആക്രമണങ്ങളെ സംബന്ധിച്ച 30 കേസുകളുടെ വിശദാംശങ്ങൾ അടങ്ങിയിരുന്നു. ഒരു കേസിനോടുള്ള ബന്ധത്തിൽ വളരെ പ്രസക്തമായ ഒരു രേഖ സമർപ്പിക്കപ്പെട്ടു. 2000 സെപ്‌റ്റംബറിൽ യഹോവയുടെ സാക്ഷികളുടെ സമാധാനപൂർണമായ ഒരു കൺവെൻഷൻ നിറുത്തിക്കുന്നതിന്‌ ഏതാണ്ട്‌ 100 പോലീസുകാർ ചേർന്നു നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങളാണ്‌ അതിൽ രേഖപ്പെടുത്തിയിരുന്നത്‌. പശ്ചിമ നഗരമായ സുഗ്‌ഡീഡിയിലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥന്മാരുടെ അംഗീകാരവും ഒപ്പും അതിൽ ഉണ്ടായിരുന്നു.

റഷ്യ: മോസ്‌കോയിലെ യഹോവയുടെ സാക്ഷികളെ നിരോധിക്കുന്നതിനുള്ള വിചാരണ 2002 ഫെബ്രുവരി 12-ന്‌ വീണ്ടും തുടങ്ങി. ഇത്‌ ഏഴാം പ്രാവശ്യമാണ്‌ യഹോവയുടെ സാക്ഷികൾക്ക്‌ അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽനിന്നുള്ള സംരക്ഷണത്തിനായി ശബ്ദം ഉയർത്തേണ്ടി വരുന്നത്‌. പ്രോസിക്യൂട്ടറുടെ ഓഫീസിൽനിന്നുള്ള അപേക്ഷയുടെ രണ്ടു മാസം ദീർഘിച്ച പുനഃപരിശോധനയ്‌ക്കു ശേഷം 2002 ഏപ്രിൽ 4-ന്‌ കോടതി ഉത്തരവു പുറപ്പെടുവിച്ചു, യഹോവയുടെ സാക്ഷികളുടെ മതപ്രസിദ്ധീകരണങ്ങളും അവരുടെ സംഘടനയുടെ എഴുത്തുകുത്തുകളും വിശദമായി പഠിക്കുന്നതിനായിരുന്നു അത്‌. യഹോവയുടെ സാക്ഷികൾ മതകലഹങ്ങളെ പ്രോത്സാഹിപ്പിക്കുകയോ കുടുംബത്തകർച്ചയ്‌ക്ക്‌ ഇടയാക്കുകയോ പൗരന്മാരുടെ അവകാശത്തിലോ സ്വാതന്ത്ര്യത്തിലോ കൈകടത്തുകയോ ചെയ്യുന്നു എന്നതു സംബന്ധിച്ച യാതൊരു തെളിവും പ്രോസിക്യൂട്ടറുടെ പരാതിയിൽ ഇല്ലാതിരിക്കെയാണ്‌ കോടതി അങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്‌. വിദഗ്‌ധ പഠനത്തിന്റെ ഫലങ്ങൾ അറിവാകുന്നതുവരെ വിചാരണ നീട്ടിവെച്ചു.

ദക്ഷിണ കൊറിയ: മനസ്സാക്ഷിപരമായ കാരണങ്ങളാൽ ദക്ഷിണ കൊറിയയിൽ സൈനിക സേവനത്തിനു വിസമ്മതിക്കുന്നതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന യഹോവയുടെ സാക്ഷികളുടെ എണ്ണം 2001 ഡിസംബർ ആയപ്പോഴേക്കും 1,640 ആയി. ഈ എണ്ണം ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണ്‌. ആയുധം എടുക്കാൻ വിസമ്മതിക്കുന്നവർക്ക്‌ സൈനിക സേവന നിയമം അനുസരിച്ച്‌ മൂന്നു വർഷം വരെ ശിക്ഷ വിധിക്കാവുന്നതാണ്‌. ദക്ഷിണ കൊറിയയിൽ മതപരമായ കാരണങ്ങളാലോ മനസ്സാക്ഷിപരമായ കാരണങ്ങളാലോ ആർക്കും സൈനിക സേവനത്തിൽനിന്ന്‌ ഒഴിവു നൽകാറില്ല. 1950-കൾ മുതൽ, ആയുധം എടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ദക്ഷിണ കൊറിയയിൽ 7,000-ത്തിലധികം സാക്ഷികൾ ജയിലിൽ അടയ്‌ക്കപ്പെട്ടു. 2002 ജനുവരി 29-ന്‌ സോളിലെ ജില്ലാ കോടതിയിലെ സീനിയർ ജഡ്‌ജി സീഹ്‌വാൻ പാക്‌, ക്യൊങ്‌സൂ ലീയുടെ കേസ്‌ ഭരണഘടനാ കോടതിയിലേക്ക്‌ അയച്ചു. മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനത്തിനു വിസമ്മതിക്കുന്നതിനുള്ള അവകാശം അംഗീകരിച്ചു കൊടുക്കാത്തതുമൂലം തന്റെ മതസ്വാതന്ത്ര്യത്തിനും മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശമാണ്‌ ലംഘിക്കപ്പെട്ടിരിക്കുന്നത്‌ എന്ന ലീ സഹോദരന്റെ അവകാശവാദം സംബന്ധിച്ച അഭിപ്രായം ആരായുകയായിരുന്നു ജഡ്‌ജി. അപേക്ഷ കോടതിയിൽ സ്വീകരിച്ച ഉടനെ, ജഡ്‌ജി വിചാരണ നിറുത്തിവെക്കുകയും ലീ സഹോദരനെ ജാമ്യത്തിൽ വിട്ടയയ്‌ക്കുകയും ചെയ്‌തു. തർക്കവിധേയമായിരിക്കുന്ന കാര്യങ്ങൾ ഭരണഘടനാ വിരുദ്ധമാണോ എന്നതു സംബന്ധിച്ച്‌ ഭരണഘടനാ കോടതിയുടെ വിധി വന്നശേഷം മാത്രമേ വിചാരണ തുടരുകയുള്ളൂ.

ഐക്യനാടുകൾ: 2002 ജൂൺ 17-ന്‌, വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ന്യൂയോർക്ക്‌ ഇൻക്‌.-ഉം സ്‌ട്രാറ്റൺ ഗ്രാമവും തമ്മിലുള്ള കേസിൽ ഐക്യനാടുകളിലെ സുപ്രീം കോടതി ചരിത്രപ്രധാനമായ ഒരു വിധി പ്രസ്‌താവിച്ചു. യഹോവയുടെ സാക്ഷികൾ വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുന്നതിനു മുമ്പ്‌ നിർബന്ധമായും മേയറുടെ പക്കൽനിന്ന്‌ അനുമതി വാങ്ങണം എന്ന ഗ്രാമത്തിന്റെ വ്യവസ്ഥയായിരുന്നു കേസിന്‌ ആധാരം. കോടതി ഇങ്ങനെ പ്രസ്‌താവിച്ചു: “പ്രസംഗിക്കുന്നതിനുള്ള തങ്ങളുടെ അധികാരം തിരുവെഴുത്തധിഷ്‌ഠിതം ആയതിനാലാണ്‌ അനുമതിക്കു വേണ്ടി തങ്ങൾ അപേക്ഷ സമർപ്പിക്കാതിരുന്നത്‌ എന്ന്‌ [യഹോവയുടെ സാക്ഷികൾ] വിചാരണവേളയിൽ വ്യക്തമാക്കുകയുണ്ടായി. [യഹോവയുടെ സാക്ഷികൾ ഇപ്രകാരം പറഞ്ഞു:] ‘പ്രസംഗിക്കുന്നതിന്‌ ഒരു മുനിസിപ്പാലിറ്റിയുടെ അനുമതി തേടുന്നത്‌ ദൈവത്തെ അപമാനിക്കുന്നതിനു തുല്യമായിരിക്കുമെന്ന്‌ ഞങ്ങൾ കരുതുന്നു.’” പ്രസംഗിക്കുന്നതിന്‌ അനുമതി തേടണമെന്ന ഉത്തരവിനെ കോടതി അസാധുവാക്കി. അനുമതി ഉത്തരവ്‌ അതായത്‌, “ഒരു പൗരൻ തന്റെ അയൽക്കാരനുമായി അനുദിന സംഭാഷണത്തിൽ ഏർപ്പെടുന്നതിനുള്ള ആഗ്രഹം ആദ്യം ഗവൺമെന്റിനെ അറിയിക്കുകയും തുടർന്ന്‌ അങ്ങനെ ചെയ്യാൻ അനുവാദം വാങ്ങുകയും ചെയ്യുന്നത്‌ യു.എ⁠സ്‌. ഭരണഘടനയുടെ ആദ്യ ഭേദഗതിക്കു മാത്രമല്ല ഒരു സ്വതന്ത്ര സമൂഹം എന്ന ആശയത്തിനുതന്നെ എതിരാണ്‌” എന്നു കോടതിക്കു തോന്നി. “മേയറുടെ ഓഫീസിൽനിന്ന്‌ കാലതാമസം കൂടാതെ അനുവാദം ലഭിക്കും എന്നതും അത്‌ നേടുന്നത്‌ അപേക്ഷകന്‌ ചെലവു വരുത്തുന്നില്ല എന്നതും ശരിയാണെങ്കിൽപ്പോലും സംസാരിക്കുന്നതിന്‌ അനുവാദം വാങ്ങണം എന്നതു സംബന്ധിച്ച അത്തരമൊരു നിയമം നമ്മുടെ ദേശീയ പൈതൃകത്തിൽനിന്നും ഭരണഘടനാ പാരമ്പര്യത്തിൽനിന്നും ഉള്ള വലിയ വ്യതിചലനമാണ്‌” എന്നും കോടതി പ്രസ്‌താവിച്ചു.

യു.എ⁠സ്‌. ഭരണഘടനാ നിയമത്തിന്മേൽ യഹോവയുടെ സാക്ഷികൾ ചെലുത്തിയ ശ്രദ്ധേയമായ സ്വാധീനത്തെ കോടതി അഭിനന്ദിക്കുകയും ചെയ്‌തു. കോടതി പറഞ്ഞു: “വീടുതോറും പ്രചാരണം നടത്തുന്നതും ലഘുലേഖകൾ വിതരണം ചെയ്യുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളെ 50-ലധികം വർഷമായി കോടതി അസാധുവാക്കിയിട്ടുണ്ട്‌. ഈ കേസുകളിൽ മിക്കവയും ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉൾപ്പെടുന്നതും യഹോവയുടെ സാക്ഷികൾ കൊണ്ടുവന്നതും ആയിരുന്നു എന്നത്‌ വെറും യാദൃച്ഛികമല്ല. കാരണം വീടുതോറുമുള്ള പ്രചാരണം അവരുടെ മതം നിഷ്‌കർഷിക്കുന്ന സംഗതിയാണ്‌.” “സംസാരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തെ എതിർക്കുന്നതിനുള്ള യഹോവയുടെ സാക്ഷികളുടെ ശ്രമങ്ങൾ അവരുടെ മാത്രം അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം ആയിരുന്നില്ലെന്ന്‌ [ഈ] കേസുകൾ വ്യക്തമാക്കുന്നു” എന്ന്‌ കോടതി പ്രസ്‌താവിച്ചു.

കൂടാതെ 2002 ജൂലൈ 1-ന്‌, രക്തപ്പകർച്ച നിരസിക്കുന്നതിനുള്ള യഹോവയുടെ സാക്ഷികളിൽ ഒരാളുടെ അവകാശത്തെ ദക്ഷിണ കരോലിന സുപ്രീം കോടതി ഉയർത്തിപ്പിടിച്ചു. (പ്രവൃ. 15:​28, 29) രക്തം സ്വീകരിക്കുന്നതിലുള്ള തന്റെ വിസമ്മതം മനപ്പൂർവം അവഗണിച്ച ഡോക്ടർ, അതുമൂലം ഉണ്ടായ കുഴപ്പങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്ന്‌ ചാൾസ്‌ ഹാർവി ആവശ്യപ്പെട്ടു. ശസ്‌ത്രക്രിയയ്‌ക്കു മുമ്പുതന്നെ ഹാർവി സഹോദരൻ തന്റെ ബൈബിളധിഷ്‌ഠിത നിലപാട്‌ ഡോക്ടറെ വ്യക്തമായി അറിയിച്ചിരുന്നതാണ്‌. എന്നിരുന്നാലും ശസ്‌ത്രക്രിയയ്‌ക്കു ശേഷം ഹാർവി സഹോദരൻ അബോധാവസ്ഥയിൽ ആയിരിക്കെ, ആവശ്യമായി വരുന്നപക്ഷം രക്തപ്പകർച്ച നടത്തുന്നതിന്‌ ഡോക്ടർ ഹാർവി സഹോദരന്റെ, സാക്ഷിയല്ലാത്ത അമ്മയുടെ അനുവാദം വാങ്ങി. അമ്മയുടെ അനുവാദത്തെ തള്ളിക്കളഞ്ഞുകൊണ്ട്‌ ദക്ഷിണ കരോലിന സുപ്രീം കോടതി പറഞ്ഞു: “വൈദ്യശാസ്‌ത്ര ചികിത്സയോ നടപടിയോ സംബന്ധിച്ച രോഗിയുടെ താത്‌പര്യങ്ങൾ ശസ്‌ത്രക്രിയയ്‌ക്കു മുമ്പേ ഡോക്ടറെ അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ അവ പിൻപറ്റാൻ ഡോക്ടർ ബാധ്യസ്ഥനാണ്‌.” അങ്ങനെ, രക്തം കൂടാതെ ഹാർവി സഹോദരനെ ചികിത്സിക്കാമെന്ന കരാർ ഡോക്ടർ ലംഘിച്ചോ, ഹാർവി സഹോദരന്റെ അനുവാദം കൂടാതെ രക്തപ്പകർച്ച നടത്തിയ ഡോക്ടർ ചികിത്സാ സംബന്ധമായി വിശ്വാസവഞ്ചന കാണിച്ചോ എന്നീ കാര്യങ്ങളിൽ ഒരു വിധിനിർണയ സമിതിയുടെ തീരുമാനം തേടാനുള്ള അവകാശം ഹാർവി സഹോദരന്‌ ഉണ്ടെന്ന്‌ കോടതി പ്രസ്‌താവിച്ചു.

അവരുടെ അചഞ്ചലതയുടെ അനുസ്‌മരണാർഥം

കഴിഞ്ഞ 30-ലധികം വർഷമായി, മുൻ നാസി തടങ്കൽപ്പാളയത്തിലെ ബൂകെൻവൊൾഡ്‌ സ്‌മാരകം യഹോവയുടെ സാക്ഷികളെ കുറിച്ച്‌ യാതൊരു പരാമർശവും നടത്തിയിരുന്നില്ല. നാസി ഭരണകൂടത്തിന്റെ ക്രൂരതകൾക്ക്‌ ഇരയാകുകയും അതിനെ പിന്തുണയ്‌ക്കാതിരിക്കുകയും ചെയ്‌തിരുന്നവരുടെ ഗണത്തിൽ സാക്ഷികളെ ഉൾപ്പെടുത്താൻ പൂർവ ജർമനിയിലെ അധികാരികൾക്കു ബുദ്ധിമുട്ടായിരുന്നു. സാക്ഷികൾ സ്വീകരിച്ച ഉറച്ച നിലപാടിന്റെ അതുല്യ രേഖ അംഗീകരിക്കാൻ ഇന്നുപോലും ജർമനിയിൽ അനേകർക്കും ബുദ്ധിമുട്ടാണ്‌. അതുകൊണ്ടുതന്നെ 2002 മേയ്‌ 9 വിശേഷാൽ അർഥവത്തായ ഒരു ദിവസമായിരുന്നു. ബൂകെൻവൊൾഡിൽ പീഡനത്തിന്‌ ഇരയായ സാക്ഷികളുടെ സ്‌മാരകമായി തീർത്ത ഒരു ഫലകം ബൂകെൻവൊൾഡ്‌, മിറ്റൽബൗഡോരാ മെമ്മോറിയൽ ഫൗണ്ടേഷന്റെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. ആർ. ല്യൂട്ട്‌ഗെനോ അനാച്ഛാദനം ചെയ്‌തു.

നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു അന്ന്‌. പ്രകൃതിരമണീയമായ നാട്ടിൻപുറത്തിന്‌ അഭിമുഖമായുള്ള വൃക്ഷനിബിഡമായ ഒരു കുന്നിൻപുറത്തു സ്ഥിതിചെയ്യുന്ന ആ മുൻ തടങ്കൽപ്പാളയം വസന്തകാലത്തെ പച്ചപ്പിൽ മനോഹരമായി കാണപ്പെട്ടു. എന്നിരുന്നാലും ഈ സ്ഥലം ബൂകെൻവൊൾഡിലെ ഹരിത നരകം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഹാജർ എടുക്കാനായി പേർ വിളിക്കുമ്പോൾ തങ്ങളുടെ ബാരക്കുകൾക്ക്‌ അപ്പുറത്തു കാണുന്ന പ്രകൃതി സുന്ദരമായ ആ പ്രദേശം മേലാൽ സ്വതന്ത്രമായി ആസ്വദിക്കാനാകുമെന്ന പ്രത്യാശയില്ലാതെ അവയെ നോക്കിയിരുന്ന, പാളയത്തിലെ അന്തേവാസികളുടെ നിരാശയെ കുറിച്ച്‌ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന്‌ ഇന്ന്‌ അവിടം സന്ദർശിക്കുന്ന മിക്കവരും കണ്ടെത്തുന്നു.

എന്നിരുന്നാലും, യഹോവയുടെ സാക്ഷികൾക്ക്‌ ബൈബിളധിഷ്‌ഠിത പ്രത്യാശയും യഹോവയിൽ പൂർണമായ ആശ്രയവും ഉണ്ടായിരുന്നു. അത്‌ നിർമലത പാലിക്കാനും “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്നു പറഞ്ഞ അപ്പൊസ്‌തലന്മാരുടെ ദൃഷ്ടാന്തം ധൈര്യപൂർവം പിൻപറ്റാനും അവരെ സഹായിച്ചു. (പ്രവൃ. 5:29) അതിന്റെ പേരിൽ 38 സാക്ഷികളെങ്കിലും പാളയത്തിനുള്ളിലോ അതിനു വെളിയിലുള്ള ജോലിസ്ഥലത്തോവെച്ച്‌ മരിച്ചു. സ്‌മാരക ഫലകത്തിൽ പ്രവൃത്തികളുടെ പുസ്‌തകത്തിൽനിന്നുള്ള തിരുവെഴുത്ത്‌ ഉദ്ധരിച്ചിട്ടുണ്ട്‌. അതേത്തുടർന്ന്‌ ഇങ്ങനെ എഴുതിയിരിക്കുന്നു: “തങ്ങളുടെ മതവിശ്വാസങ്ങളുടെ പേരിൽ ഇവിടെ പീഡനം സഹിച്ചു മരിച്ച യഹോവയുടെ സാക്ഷികളുടെ ഓർമയ്‌ക്ക്‌.”

വർഷങ്ങളായി നാസികൾ തടങ്കൽപ്പാളയങ്ങളിൽ ആക്കിയ 2,50,000-ത്തിലധികം ആളുകളിൽ ഏതാണ്ട്‌ 800 പേർ തങ്ങളുടെ വസ്‌ത്രത്തിൽ തുന്നിപ്പിടിച്ചിരുന്ന പർപ്പിൾ ട്രയാംഗിളിലൂടെ ബിബെൽഫോർഷർ (ബൈബിൾ വിദ്യാർഥികൾ) ആയി തിരിച്ചറിയിക്കപ്പെട്ടിരുന്നു. ചില സാക്ഷികൾ അവിടെ ആയിരുന്നത്‌ 1937-ൽ ആയിരുന്നു. പാളയത്തിന്റെ നിർമാണത്തിൽ സഹായിക്കാൻ അവർ നിർബന്ധിതരായി. 1945-ൽ, തടങ്കലിൽ ജീവനോടെ ഉണ്ടായിരുന്നവർ മോചിപ്പിക്കപ്പെട്ടപ്പോൾ സ്വതന്ത്രരാക്കപ്പെട്ട സാക്ഷികൾ തങ്ങളുടെ വിടുതലിനെപ്രതി യഹോവയെ സ്‌തുതിച്ചു. ബൂകെൻവൊൾഡ്‌, നാസി പാളയമായി വർത്തിച്ച കാലത്തൊക്കെയും അവിടെ 300 മുതൽ 450 വരെ സാക്ഷികൾ ഉണ്ടായിരുന്നു.

ഫലകത്തിൽ, നാസി ഭരണകൂടത്തിന്റെ പീഡനത്തിന്‌ ഇരയായവരുടെ പട്ടികയിൽ പർപ്പിൾ ട്രയാംഗിൾ ധരിച്ചവർക്ക്‌ അർഹമായ സ്ഥാനം നൽകിയിരിക്കുന്നു. അത്‌ സാക്ഷികളുടെ അചഞ്ചലതയെ സംബന്ധിച്ച്‌ സന്ദർശകരെ അനുസ്‌മരിപ്പിക്കുന്നു. “ഇന്നത്തെ സമൂഹം യഹോവയുടെ സാക്ഷികളുടെ അനുഭവം തിരിച്ചറിഞ്ഞ്‌ അതിന്‌ അംഗീകാരം നൽകിയിരിക്കുന്നു എന്നതിന്റെ തെളിവാണ്‌ ആ ഫലകം,” ശ്രീ. ല്യൂട്ട്‌ഗെനോ പറഞ്ഞു.

ഹംഗറിയുടെ പശ്ചിമ ഭാഗത്തുള്ള കോർമെന്റ്‌ പട്ടണത്തിലെ അധികാരികൾ രക്തസാക്ഷികളായ മൂന്ന്‌ യഹോവയുടെ സാക്ഷികളുടെ സ്‌മാരക ഫലകം 2002 മാർച്ച്‌ 7 വ്യാഴാഴ്‌ച അനാച്ഛാദനം ചെയ്‌തു. ബെർറ്റാലാൻ സാബൊ, ആന്റാൽ ഹൊയെനിച്ച്‌, യാൻ സോണ്ടർ എന്നിവരായിരുന്നു ആ സാക്ഷികൾ. മൂന്നുപേരെയും രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ സൈനിക സേവനത്തിനു വിസമ്മതിച്ചതിന്റെ പേരിൽ പരസ്യമായി വധിക്കുകയായിരുന്നു. ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘മനസ്സാക്ഷിപരമായ വിസമ്മതം നിമിത്തം 1945 മാർച്ചിൽ വധിക്കപ്പെട്ട ക്രിസ്‌ത്യാനികളുടെ ഓർമയ്‌ക്ക്‌.’ ഫലകത്തിന്റെ അനാച്ഛാദനത്തിൽ പങ്കെടുക്കുന്നതിനായി 500-ലധികം ആളുകൾ പട്ടണത്തിലൂടെ നടന്ന്‌ സഹോദരന്മാർ വധിക്കപ്പെട്ട കെട്ടിടത്തിൽ എത്തുകയുണ്ടായി എന്ന്‌ ബ്രാഞ്ച്‌ റിപ്പോർട്ടു ചെയ്യുന്നു.

ഐക്യനാടുകളിൽ ബ്രാഞ്ച്‌ കമ്മിറ്റി സ്ഥാപിതമാകുന്നു

ഐക്യനാടുകളിൽ 2001 ഏപ്രിൽ 1 മുതൽ ഒരു ബ്രാഞ്ച്‌ കമ്മിറ്റി പ്രവർത്തനത്തിൽ വരും എന്ന്‌ 2001 ഫെബ്രുവരി 9 വെള്ളിയാഴ്‌ച ഭരണസംഘം ഐക്യനാടുകളിലെ ബെഥേൽ അംഗങ്ങളെ അറിയിക്കുകയുണ്ടായി. സേവന വർഷം 2002-ൽ ബ്രാഞ്ച്‌ കമ്മിറ്റി കൂടുതലായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ തുടർന്നു. ഐക്യനാടുകളിലെ ബ്രാഞ്ച്‌ അതിന്റെ സമീപ പ്രദേശങ്ങളിലെയും ബെർമുഡ, ടർക്കസ്‌ & കേക്കസ്‌ ദ്വീപുകൾ എന്നിവിടങ്ങളിലെയും രാജ്യ പ്രസംഗവേലയ്‌ക്ക്‌ നേതൃത്വം വഹിക്കുന്നു. ഐക്യനാടുകളിൽ പത്തു ലക്ഷത്തിലധികം പ്രസാധകർ ഉണ്ട്‌, അവരിൽ 2,15,000 പേർ സ്‌പാനീഷ്‌ സംസാരിക്കുന്ന സഭകളോടൊത്തു സഹവസിക്കുന്നവരാണ്‌. 11,700-ലധികം വരുന്ന സഭകളിൽ ഏതാണ്ട്‌ 2,600 എണ്ണവും സ്‌പാനീഷ്‌ സംസാരിക്കുന്നവയാണ്‌. കഴിഞ്ഞ സേവന വർഷത്തിൽ 210 പുതിയ സഭകൾ സ്ഥാപിക്കപ്പെട്ടു. അവയിൽ 123 എണ്ണം സ്‌പാനീഷും 63 എണ്ണം ഇംഗ്ലീഷും ബാക്കി 24 എണ്ണം മറ്റു ഭാഷകളും സംസാരിക്കുന്നവയാണ്‌.

ഐക്യനാടുകളിൽത്തന്നെ ഇപ്പോൾ ഇംഗ്ലീഷിനും സ്‌പാനീഷിനും പുറമേ മറ്റു 37 ഭാഷകളിലുള്ള സഭകളോ കൂട്ടങ്ങളോ ഉണ്ട്‌. സ്‌പാനീഷിലും മറ്റു വിദേശ ഭാഷകളിലും ഉള്ള പല സഭകളിലെയും പരസ്യപ്രസംഗ ഹാജർ മിക്കപ്പോഴും പ്രസാധകരുടെ എണ്ണത്തെക്കാൾ 200 ശതമാനം കൂടുതലാണ്‌. ചില സഭകൾ പ്രസാധകരുടെ എണ്ണത്തെക്കാൾ കൂടുതൽ ബൈബിൾ അധ്യയനങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ദ്രുതഗതിയിൽ വളരുന്ന ഈ വയലിലെ ആളുകളെ സഹായിക്കാനായി ഇംഗ്ലീഷ്‌ സംസാരിക്കുന്ന സഹോദരങ്ങൾ മറ്റു ഭാഷകൾ കൂടെ പഠിക്കുകയാണ്‌.

ഐക്യനാടുകളിലെ ബ്രാഞ്ച്‌ മറ്റുള്ളവയിൽ നിന്നെല്ലാം വ്യത്യസ്‌തമാണ്‌, കാരണം അവിടത്തെ ബെഥേൽ സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്‌ മൂന്നു വ്യത്യസ്‌ത സ്ഥലങ്ങളിലായാണ്‌​—⁠ബ്രുക്ലിൻ, പാറ്റേഴ്‌സൺ, വാൾക്കിൽ. ബെഥേൽ കുടുംബത്തിന്റെ ആവശ്യത്തിനായുള്ള പഴവർഗങ്ങൾ കൃഷി ചെയ്യുന്നതിന്‌ ന്യൂയോർക്കിലെ സൗത്ത്‌ ലാൻസിങ്ങിനു സമീപവും ഫ്‌ളോറിഡയിലെ ഇമോക്കലീയിലും കൃഷിയിടങ്ങളും ഉണ്ട്‌. ഐക്യനാടുകളിലെ ബെഥേൽ ഭവനത്തിൽ മൊത്തം 5,465 അംഗങ്ങളുണ്ട്‌.

ലോകവ്യാപകമായി ഇപ്പോൾ 109 ബ്രാഞ്ചുകളാണ്‌ ഉള്ളത്‌. വിവിധ ദേശങ്ങളിൽ താമസിക്കുന്ന സഹോദരങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കായി കരുതുന്നതിന്‌ ബ്രാഞ്ച്‌ കമ്മിറ്റിയെ നിയമിക്കുന്ന ക്രമീകരണം 1976 മുതൽ നിലവിലുണ്ട്‌. ഈ കമ്മിറ്റികൾ ഭരണസംഘത്തിന്റെ തിരുവെഴുത്തുപരമായ മാർഗനിർദേശവും നേതൃത്വവും പിൻപറ്റുന്നു. ഓരോ ബ്രാഞ്ചിനും നിയമിച്ചിരിക്കുന്ന പ്രദേശത്തെ സുവാർത്താ പ്രസംഗവേലയ്‌ക്കു മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം ബ്രാഞ്ച്‌ കമ്മിറ്റികൾക്കാണുള്ളത്‌. കമ്മിറ്റി, സഭകൾക്കും മിഷനറിമാർക്കും പയനിയർമാർക്കും ആവശ്യമായ മാർഗനിർദേശം പ്രദാനം ചെയ്യുന്നു. കൂടാതെ അത്‌ സഭകളെ സർക്കിട്ടുകളായും ഡിസ്‌ട്രിക്‌റ്റുകളായും സംഘടിപ്പിക്കുന്നു. സർക്കിട്ട്‌ മേൽവിചാരകന്മാർ, ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാർ, ബെഥേൽ കുടുംബാംഗങ്ങൾ, ഗിലെയാദ്‌ സ്‌കൂൾ വിദ്യാർഥികൾ എന്നിവരുടെ നിയമനത്തിനായി ഭരണസംഘത്തിനു ശുപാർശകൾ അയയ്‌ക്കുകയും ചെയ്യുന്നു. വയലിലെ പ്രവർത്തനങ്ങൾക്കു പൊതുവായ മേൽനോട്ടം വഹിക്കുന്നതിനു പുറമേ ബ്രാഞ്ച്‌ കമ്മിറ്റി ബെഥേലിലെ വേല സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ ക്രമീകരണത്തിന്മേൽ യഹോവയുടെ സമൃദ്ധമായ അനുഗ്രഹം ഉണ്ടായിരുന്നു എന്നതിനു സംശയമില്ല.

വലിയ ആവശ്യം നിറവേറ്റുന്നതിന്‌ പരിഭാഷ

സമീപ വർഷങ്ങളിൽ നിരവധി പുതിയ ഭാഷകളിൽ ധാരാളം പ്രസിദ്ധീകരണങ്ങൾ ലഭ്യമായി. കൃത്യതയുള്ളതും എളുപ്പം മനസ്സിലാകുന്നതും ആസ്വദിച്ച്‌ വായിക്കാവുന്നതുമായ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നതിനായി നൂറുകണക്കിനു പരിഭാഷകർ കഠിനാധ്വാനം ചെയ്യുന്നു.

ദൈവജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്‌ കൃത്യതയുള്ള ബൈബിൾ പരിഭാഷ. ആ ആവശ്യം നിറവേറ്റുന്നതിനായി പുതിയലോക ഭാഷാന്തരം 44 ഭാഷകളിൽ പ്രകാശനം ചെയ്‌തിരിക്കുന്നു. അവയിൽ 29 എണ്ണം സമ്പൂർണ പതിപ്പുകളാണ്‌. കഴിഞ്ഞ സേവന വർഷക്കാലത്ത്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ സിബെംബാ, ഇഗ്‌ബോ, ലിംഗാല എന്നീ മൂന്ന്‌ ആഫ്രിക്കൻ ഭാഷകളിൽ പൂർത്തിയാക്കപ്പെട്ടു, ആഫ്രിക്കാൻസ്‌ ഭാഷയിൽ ഒരു സമ്പൂർണ പതിപ്പും പ്രകാശനം ചെയ്‌തു.

അടുത്ത കാലത്തു പ്രകാശനം ചെയ്‌ത ബൈബിൾ പതിപ്പുകൾ വളരെയധികം വിലമതിക്കപ്പെട്ടിട്ടുണ്ട്‌. യൂറോപ്പിൽ നിന്നുള്ള ഒരു റിപ്പോർട്ട്‌ ഇപ്രകാരം പ്രസ്‌താവിച്ചു: “ചൈനീസ്‌ വയലിൽ പ്രവർത്തിക്കുന്ന സഹോദരങ്ങൾ തങ്ങളുടെ ഭാഷയിൽ ബൈബിൾ ലഭിച്ചതിന്‌ പ്രത്യേകാൽ വിലമതിപ്പു പ്രകടിപ്പിച്ചു. ‘അത്യുത്തമ പരിഭാഷ’ എന്നാണ്‌ അവർ അതിനെ വിശേഷിപ്പിച്ചത്‌.” കാനഡയിലെ താത്‌പര്യക്കാരായ ചില ബൈബിൾ വിദ്യാർഥികൾ അതിശയത്തോടെ ഇങ്ങനെ പറഞ്ഞു: “ചൈനക്കാർ ആയിരിക്കണം ഈ ബൈബിൾ പരിഭാഷപ്പെടുത്തിയത്‌! ഞങ്ങൾക്ക്‌ ഇത്‌ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നു!” ദക്ഷിണാഫ്രിക്കയിൽ കോസ ഭാഷ സംസാരിക്കുന്ന ഒരു വീട്ടുകാരി ചോദിച്ചു: “മനസ്സിലാക്കാൻ ഇത്ര എളുപ്പമുള്ള ഈ ബൈബിൾ നിങ്ങൾക്ക്‌ എവിടെനിന്നാണ്‌ കിട്ടിയത്‌?” അൽബേനിയയിലെ ഒരു സഹോദരൻ പറഞ്ഞു: “പുതിയലോക ഭാഷാന്തരത്തിൽ ആശയങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്‌ യഹോവയുടെ ചിന്തകൾ ഹൃദയത്തിൽ എത്താൻ സഹായിക്കുന്ന വിധത്തിലാണ്‌.” ക്രൊയേഷ്യയിൽ നിന്നുള്ള ഒരു പ്രസാധകൻ എഴുതി: “എനിക്ക്‌ കാര്യങ്ങളെ ഭാവനയിൽ കാണാൻ കഴിയുന്നു, അവ എന്റെ സ്വന്തം വാക്കുകൾ പോലെ തോന്നുന്നു. പുതിയ ഭാഷാന്തരം വളരെ ലളിതമാണ്‌, തനിമയാർന്നതാണ്‌, ജ്ഞാനസമ്പൂർണമാണ്‌. നമുക്കു വേണ്ടിയുള്ള യഹോവയുടെ സന്ദേശവും നിർദേശങ്ങളും എത്ര മഹത്തരമാണെന്ന്‌ എനി⁠ക്കി⁠പ്പോൾ പൂർണമായി ഗ്രഹിക്കാൻ സാധിക്കു⁠ന്നു.”

രാജ്യ സുവാർത്ത “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും” എത്തിക്കുന്നതിന്‌ അടിസ്ഥാന പ്രസിദ്ധീകരണങ്ങൾ ഇനിയും ആവശ്യമാണ്‌. (വെളി. 7:9) അടുത്തകാലത്ത്‌, വടക്കൻ തായ്‌ലൻഡിലെ പർവത ഗോത്രക്കാരുടെ ഭാഷയായ ലാഹൂവിലുള്ള ലഘുപത്രികകൾ വളരെ ഫലകരമെന്നു തെളിഞ്ഞിരിക്കുന്നു. ഒരു മിഷനറി എഴുതി: “ലാഹൂവിലുള്ള ഏറ്റവും പ്രധാന ഉപകരണം തീർച്ചയായും ആവശ്യം ലഘുപത്രികയാണ്‌. അത്‌ എല്ലാ പ്രദേശങ്ങളിലും സമർപ്പിക്കപ്പെട്ടിരിക്കുന്നു.” ഫലമോ? “പല ഗ്രാമങ്ങളിലേക്കും ഞങ്ങളെ ക്ഷണിച്ചിട്ടുണ്ട്‌. പക്ഷേ ദൂരക്കൂടുതലും മോശമായ വഴികളും നിമിത്തം എല്ലായിടത്തും എത്താൻ ഞങ്ങൾക്കു കഴിയുന്നില്ല. ഞങ്ങളുടെ കാര്യത്തിൽ മത്തായി 9:37 വളരെ സത്യമാണ്‌. ഉദാഹരണത്തിന്‌, ജിയാങ്‌ മയി നഗരത്തിനു 160 കിലോമീറ്റർ വടക്കുള്ള ഒരു ഗ്രാമത്തിൽ ഒരു താത്‌പര്യക്കാരി ഒരുകൂട്ടം അനാഥക്കുട്ടികളെ ആവശ്യം ലഘുപത്രിക പതിവായി പഠിപ്പിക്കുന്നതായി ഞങ്ങൾക്ക്‌ അറിയാൻ കഴിഞ്ഞു.”

ഐക്യനാടുകളിൽ പല തദ്ദേശ അമേരിക്കക്കാർക്കും അവരുടെ സ്വന്തം ഭാഷയിൽ സാക്ഷ്യം ലഭിക്കുന്നു. ഇപ്പോൾ നാവഹോ ഭാഷയിൽ, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയുടെ ഓഡിയോ കാസെറ്റ്‌ ഉൾപ്പെടെ പല പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്‌. ഒരു പ്രസാധിക എഴുതി: “ഞങ്ങളുടെ പ്രദേശത്തുനിന്ന്‌ വളരെ അകലെയായി സ്ഥിതിചെയ്യുന്ന നാവഹോ പർവത പ്രദേശത്ത്‌ മുമ്പ്‌ ആടുകളെ മേയിച്ചിരുന്ന ഒരാൾ ഉണ്ട്‌. അദ്ദേഹത്തിന്‌ ഇപ്പോൾ 80-നു മേൽ പ്രായം വരും. കാഴ്‌ച തീരെ മങ്ങിയിരിക്കുന്നു. നാവഹോ ഭാഷയിൽ ബൈബിളിനെ സംബന്ധിച്ചുള്ള ഒരു ടേപ്പ്‌ കേൾക്കാൻ ആഗ്രഹമുണ്ടോ എന്ന്‌ കൊച്ചുമകൾ അദ്ദേഹത്തോടു ചോദിച്ചു. താത്‌പര്യമുണ്ടെന്നു പറഞ്ഞ അദ്ദേഹം അതു കേൾക്കുന്നതിനായി തന്റെ കിടക്കയിൽനിന്ന്‌ എഴുന്നേറ്റ്‌ സോഫയിൽ പോയി ഇരുന്നു. ബൈബിളിൽ നിന്നുള്ള തിരുവെഴുത്തുകൾ സ്വന്തം ഭാഷയിൽ കേട്ടപ്പോഴത്തെ അദ്ദേഹത്തിന്റെ മുഖഭാവം ഒന്നു കാണേണ്ടതുതന്നെ ആയിരുന്നു. അതു വിവരിക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു. എന്നിട്ട്‌ അദ്ദേഹം പറ⁠ഞ്ഞു, ‘നീഷോനീ,’ എന്നുവെച്ചാൽ ‘മനോഹരം.’”

മൊസാമ്പിക്കിൽ അവിടത്തെ അഞ്ചു ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ ഉത്‌പാദിപ്പിക്കുന്നു. വായനക്കാരുടെ പ്രയോജനത്തിനായി, എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുക (ഇംഗ്ലീഷ്‌) എന്ന ലഘുപത്രിക ഈ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കൂടാതെ വിപുലമായ സാക്ഷരതാ സംരംഭങ്ങളും നടത്തുന്നുണ്ട്‌. ഇതിൽ അങ്ങേയറ്റം മതിപ്പു തോന്നിയ, മൊസാമ്പിക്കിലെ പ്രസിഡന്റ്‌ ഷിസ്സാനൂ നമ്മുടെ ബൈബിൾ വിദ്യാഭ്യാസ വേലയ്‌ക്കും സാക്ഷരതാ പ്രവർത്തനത്തിനും പരിപൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

വീക്ഷാഗോപുരം, ഉണരുക! മാസികകൾ യഥാക്രമം 146-ഉം 87-ഉം ഭാഷകളിൽ ഇന്നു ലഭ്യമാണ്‌​—⁠ശരിക്കും സാർവദേശീയ വിതരണം തന്നെ. അവയുടെ ആത്മീയവും വിദ്യാഭ്യാസപരവുമായ മൂല്യം നിമിത്തം അവ ഭൂവ്യാപകമായി വളരെയധികം വിലമതിക്കപ്പെടുന്നു. ഉദാഹരണത്തിന്‌, പസിഫിക്‌ സമുദ്രത്തിലെ ദ്വീപസമൂഹമായ കിരിബാറ്റിയിലെ ഏതാണ്ട്‌ 80,000 നിവാസികൾ സംസാരിക്കുന്നത്‌ ഗിൽബർട്ടീസ്‌ ഭാഷയാണ്‌. അവിടെയുള്ള സാക്ഷികളുടെ എണ്ണം 100-ൽ താഴെയാണ്‌. സമീപ വർഷങ്ങളിൽ അവർ ശരാശരി 20 മാസിക വീതം മാസംതോറും ഉത്സാഹപൂർവം വിതരണം ചെയ്യുന്നുണ്ട്‌. ബൾഗേറിയയിൽ 2002 ഏപ്രിലിൽ 1,200 പ്രസാധകർ 1,00,000-ത്തിലധികം മാസികകൾ വിതരണം ചെയ്യുകയുണ്ടായി.

നിയമിത വേല ചെയ്യാൻ യഹോവ തന്റെ ജനത്തെ സജ്ജരാക്കുന്നു എന്നതിനു സംശയമില്ല. ഭൂമിയിൽ എല്ലായിടത്തുമായി നിരവധി ഭാഷകളിൽ ആ വേല നിർവഹിക്കപ്പെടുന്നു.​—⁠ഫിലി. 4:⁠20.

ബ്രാഞ്ച്‌ സമർപ്പണം

സേവന വർഷം 2002-ൽ സുന്ദരമായ കരീബിയൻ ദ്വീപിലെ ട്രിനിഡാഡിൽ ബ്രാഞ്ച്‌ സമർപ്പണം നടന്നു. 1985-ൽ അവിടത്തെ ബ്രാഞ്ച്‌ സൗകര്യങ്ങൾ യഹോവയ്‌ക്ക്‌ സമർപ്പിക്കപ്പെട്ടു. അതിനുശേഷം അവിടെ പ്രസാധകരുടെ എണ്ണത്തിൽ 94 ശതമാനം വർധന ഉണ്ടായി. തത്‌ഫലമായി, ബ്രാഞ്ച്‌ സൗകര്യങ്ങൾ വിപുലമായ തോതിൽ, തറവിസ്‌തീർണം മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിയോളം ആകത്തക്കവിധം, പുതുക്കിപ്പണി നടത്തി. ബ്രാഞ്ചിന്‌ ഇപ്പോൾ പുതിയ താമസസൗകര്യം, ഓഫീസുകൾ, ലൈബ്രറി, റിസപ്‌ഷൻ, ഊണുമുറി, അടുക്കള എന്നിവയുണ്ട്‌. അതിനോടു ചേർന്നുള്ള രാജ്യഹാളും പുതുക്കുകയും വലുതാക്കുകയും ചെയ്‌തു. പ്രാദേശിക സ്വമേധയാ സേവകരാണ്‌ മുഴു പണിയും നിർവഹിച്ചത്‌.

സമർപ്പണം നടന്നത്‌ 2001 സെപ്‌റ്റംബർ 29-ന്‌ ആയിരുന്നു. അതിനായി 14 ദേശങ്ങളിൽനിന്നുള്ള 220 പ്രതിനിധികളും 695 പ്രാദേശിക സഹോദരങ്ങളും കൂടിവന്നു. ഇവാൻഡർ ജെ. കൊവാർഡ്‌, വില്യം ആർ. ബ്രൗൺ എന്നിവർ വഹിച്ച പങ്ക്‌ ഉൾപ്പെടെ, വേലയുടെ ദിവ്യാധിപത്യ ചരിത്രത്തെ കുറിച്ചുള്ള ഉദ്വേഗജനകമായ റിപ്പോർട്ടുകൾ അവർ കേട്ടു. അനേകം വിദേശ മിഷനറിമാർ, 50-ലധികം വർഷങ്ങൾക്കു മുമ്പ്‌ ട്രിനിഡാഡിൽ തങ്ങളുടെ നിയമനത്തിലായിരിക്കെ ഉണ്ടായ ഹൃദയസ്‌പർശിയായ അനുഭവങ്ങൾ പങ്കുവെച്ചു. ഈ മിഷനറിമാരിൽ ഇപ്പോഴും സാധാരണ പയനിയർ സേവനത്തിൽ ആയിരിക്കുന്ന 88 വയസ്സുള്ള ഒരു സഹോദരിയും ഉൾപ്പെടുന്നു.

ഭരണസംഘത്തിലെ സ്റ്റീവൻ ലെറ്റ്‌ സമർപ്പണ പ്രസംഗം നടത്തി. “യഹോവയുടെ പുരാതനവും ആധുനികവുമായ ആരാധനാലയങ്ങളെ വിലമതിക്കൽ” എന്ന പ്രതിപാദ്യവിഷയം അദ്ദേഹം വികസിപ്പിച്ചു. കെട്ടിടങ്ങളല്ല, ആളുകളാണ്‌ യഹോവയെ ആരാധിക്കുന്നത്‌ എന്ന വസ്‌തുത പ്രസംഗത്തിൽ സഹോദരൻ ഊന്നിപ്പറഞ്ഞു. ആയതിനാൽ തങ്ങളുടെ അനുസരണത്താലും നടത്തയാലും വിലമതിപ്പുള്ള ആരാധകരാണ്‌ തങ്ങളെന്നു തെളിയിക്കാൻ അദ്ദേഹം സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു.

അടുത്ത ദിവസം സ്‌പെയിനിലെ പോർട്ട്‌ നഗരത്തിൽ ഒരു പ്രത്യേക യോഗം സംഘടിപ്പിക്കപ്പെട്ടു. സമർപ്പണ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കു വേണ്ടി ആയിരുന്നു അത്‌. 13,000-ത്തിലധികം പേർ അതിനു ഹാജരായി. സമീപ ദ്വീപായ റ്റബേഗോയിൽ ടെലിഫോൺ വഴി 300-ലധികം സഹോദരങ്ങൾ പരിപാടി ശ്രദ്ധിച്ചു. “താഴ്‌മ നട്ടുവളർത്തിക്കൊണ്ട്‌ യഹോവയുമായുള്ള നിങ്ങളുടെ ബന്ധം കാത്തുസൂക്ഷിക്കുക” എന്ന പ്രസംഗം ലെറ്റ്‌ സഹോദരൻ നിർവഹിച്ചു. വിപുലമാക്കപ്പെട്ട ബ്രാഞ്ച്‌ സൗകര്യങ്ങളുടെ സമർപ്പണത്തിനു ഹാജരായിരുന്ന എല്ലാവരും “അതീവ സന്തോഷമുള്ളവർ” ആയിരുന്നു.​—⁠ആവ. 16:⁠15, NW.

അടുത്തകാലത്ത്‌ ചെക്ക്‌ റിപ്പബ്ലിക്കിലും ബ്രാഞ്ച്‌ വികസനം നടന്നു. അവിടെ ഒരു ബെഥേൽ കെട്ടിടത്തിന്റെയും നീട്ടിപ്പണിത ഒരു ഭാഗത്തിന്റെയും രണ്ട്‌ സമ്മേളന ഹാളുകളുടെയും സമർപ്പണത്തിന്‌ ഭരണസംഘത്തിലെ സാമുവെൽ എഫ്‌. ഹെർഡ്‌ സന്നിഹിതനായിരുന്നു. 2002 മേയ്‌ 4 ശനിയാഴ്‌ചയായിരുന്നു സമർപ്പണ പരിപാടി. ഹെർഡ്‌ സഹോദരന്റെ പ്രസംഗം കേൾക്കാനായി 2,125 പേർ കൂടിവന്നു. അടുത്ത ദിവസം ഒരു പ്രത്യേക യോഗം ക്രമീകരിച്ചു. അന്ന്‌ 5,286 പേർ, ഹെർഡ്‌ സഹോദരൻ നടത്തിയ “ശക്തി ആർജിക്കുക​—⁠മടുത്തുപോകാതെ” എന്ന കെട്ടുപണിചെയ്യുന്ന പ്രസംഗം ആസ്വദിച്ചു. ചെക്ക്‌ റിപ്പബ്ലിക്കിലെ സഹോദരങ്ങൾക്ക്‌ ഈ പരിപാടിയിൽനിന്നു വളരെയധികം പ്രോത്സാഹനം ലഭിച്ചു.

ലോകവ്യാപകമായി, 19,823 നിയമിത ശുശ്രൂഷകർ ഇത്തരം ബ്രാഞ്ചു സൗകര്യങ്ങളിൽ സേവിക്കുന്നു. എല്ലാവരും യഹോവയുടെ സാക്ഷികളുടെ പ്രത്യേക മുഴുസമയസേവകരുടെ ലോകവ്യാപക വ്യവസ്ഥയിൻ കീഴിൽ വരുന്നവരാണ്‌.

[12, 13 പേജുകളിലെ ചാർട്ട്‌/ചിത്രങ്ങൾ]

ചില സംഭവങ്ങൾ സേവന വർഷം 2002-ൽ നടന്നത്‌

സെപ്‌റ്റംബർ 1, 2001

സെപ്‌റ്റംബർ 11: വേൾഡ്‌ ട്രേഡ്‌ സെന്ററിന്റെ നാശം.

സെപ്‌റ്റംബർ 29: ട്രിനിഡാഡ്‌ ബ്രാഞ്ചിന്റെ സമർപ്പണം.

നവംബർ 20: രാജ്യശുശ്രൂഷാസ്‌കൂളുകളുടെ തുടക്കം.

ജനുവരി 1, 2002

ജനുവരി 17: കോംഗോയിലെ അഗ്നിപർവത സ്‌ഫോടനം.

ഏപ്രിൽ 4: യഹോവയുടെ സാക്ഷികളെ നിരോധിക്കുന്നതിനുള്ള മോസ്‌കോയിലെ വിചാരണ നീട്ടിവെച്ചു.

മേയ്‌ 1, 2002

മേയ്‌ 4: ചെക്ക്‌ റിപ്പബ്ലിക്ക്‌ ബ്രാഞ്ചിന്റെ സമർപ്പണം.

മേയ്‌ 9: മുൻ നാസി തടങ്കൽപ്പാളയങ്ങളിൽ പീഡനം അനുഭവിച്ച സാക്ഷികളുടെ അനുസ്‌മരണാർഥം ഒരു ഫലകം അനാച്ഛാദനം ചെയ്യപ്പെടുന്നു.

ജൂൺ 17: മുൻകൂട്ടി അനുവാദം വാങ്ങാതെതന്നെ വീടുതോറും പ്രസംഗിക്കുന്നതിനുള്ള അവകാശത്തെ സുപ്രീംകോടതി ഉയർത്തിപ്പിടിക്കുന്നു.

ആഗസ്റ്റ്‌ 31, 2002

ആഗസ്റ്റ്‌ 31: 234 രാജ്യങ്ങളിൽ 63,04,645 പ്രസാധകർ.

[11-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ: ഇതുപോലുള്ള ദുരന്തസമയത്ത്‌ നമ്മുടെ സഹോദരങ്ങൾ ക്രിസ്‌തുസമാന സ്‌നേഹം പ്രകടമാക്കുന്നു

[11-ാം പേജിലെ ചിത്രം]

താഴെ: റുവാണ്ടയിലെ ഈ രാജ്യഹാൾ ഒരു അഭയാർഥി കേന്ദ്രം ആയി വർത്തിച്ചു

[22-ാം പേജിലെ ചിത്രം]

ഐക്യനാടുകളിലെ പുതുതായി നിയമിതരായ ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾ, ഇടത്തുനിന്ന്‌: (ഇരിക്കുന്നവർ) ജോൺ കിക്കോട്ട്‌, മാക്‌സ്‌ ലാർസൺ, ജോർജ്‌ കൗച്‌, മാക്‌സ്‌വെൽ ലോയ്‌ഡ്‌; (നിൽക്കുന്നവർ) ബാൾറ്റാസാർ പെർലാ, ഹരോൾഡ്‌ കോർക്കൺ, ലിയോൺ വീവർ, വില്യം വാൻ ഡി വോൾ, ജോൺ ലാർസൺ, റാൽഫ്‌ വോൾസ്‌

[26-ാം പേജിലെ ചിത്രം]

“പുതിയലോക ഭാഷാന്തരം,” ആഫ്രിക്കാൻസിൽ

[27-ാം പേജിലെ ചിത്രം]

“ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?” നാവഹോ ഭാഷയിൽ

[28, 29 പേജുകളിലെ ചിത്രങ്ങൾ]

ട്രിനിഡാഡ്‌ ബ്രാഞ്ചിന്റെ സമർപ്പണത്തിനായി 14 ദേശങ്ങളിൽനിന്നുള്ള പ്രതിനിധികൾ പ്രാദേശിക സഹോദരങ്ങളോടൊപ്പം കൂടിവന്നു

[29-ാം പേജിലെ ചിത്രങ്ങൾ]

പുതിയ ബെഥേൽ കെട്ടിടത്തിന്റെയും നീട്ടിപ്പണിത ഒരു ഭാഗത്തിന്റെയും രണ്ട്‌ സമ്മേളന ഹാളുകളുടെയും സമർപ്പണത്തിൽ ചെക്ക്‌ റിപ്പബ്ലിക്കിലെ സഹോദരങ്ങൾ സന്തോഷിച്ചു