വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിക്കരാഗ്വ

നിക്കരാഗ്വ

നിക്കരാഗ്വ

ഉഷ്‌ണമേഖലാ പറുദീസ എന്ന വിശേഷണം നിക്കരാഗ്വയ്‌ക്ക്‌ നന്നായി ഇണങ്ങും. കരീബിയൻ കടലിന്റെ പച്ചകലർന്ന നീലജലത്തിന്‌ അഭിമുഖമായി കിടക്കുന്ന പൂർവതീരം. വിശാലമായ പസിഫിക്‌ സമുദ്രത്തിലെ ഇളകിമറിഞ്ഞുവരുന്ന തിരമാലകളുടെ തഴുകലേറ്റു കിടക്കുന്ന പശ്ചിമതീരം. പുരാതന അഗ്നിപർവത മുഖങ്ങളിൽ പതിച്ചിരിക്കുന്ന രത്‌നങ്ങൾ പോലെ കാണപ്പെടുന്ന അനേകം തടാകങ്ങൾ. എന്നാൽ അവയൊക്കെ നിക്കരാഗ്വ, മനാഗ്വ എന്നീ രണ്ടു വമ്പൻ തടാകങ്ങളോടുള്ള താരതമ്യത്തിൽ ചെറിയ നീലക്കുളങ്ങൾ പോലെയേ ഉള്ളൂ. 8,200 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള നിക്കരാഗ്വ തടാകംതന്നെ രാജ്യത്തിന്റെ 6 ശതമാനത്തിലധികം വരും! മുകളിൽനിന്നു നോക്കിയാൽ, വനങ്ങളും വയലുകളും നദികളും ഇടകലർന്ന ഒരു ദേശമാണിത്‌ എന്നു മനസ്സിലാകും.

മനാഗ്വ തടാകത്തിന്റെ ദക്ഷിണതീരത്താണു തലസ്ഥാന നഗരിയായ മനാഗ്വ സ്ഥിതിചെയ്യുന്നത്‌. അതിന്‌ 1,000 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുണ്ട്‌. ഒരു നാട്ടുഭാഷയിൽ “മനാഗ്വ” എന്നതിന്റെ അർഥം “ഒരു വലിയ ജലാശയമുള്ള സ്ഥലം” എന്നാണ്‌, തികച്ചും ഉചിതമായ പേരുതന്നെ. ഭരണത്തിന്റെയും ബിസിനസ്സിന്റെയും സിരാകേന്ദ്രമായ മനാഗ്വയുടെ ജനസംഖ്യ ഏതാണ്ട്‌ 10 ലക്ഷമാണ്‌​—⁠ദേശത്തെ 50 ലക്ഷം നിവാസികളുടെ 20 ശതമാനം. 60 ശതമാനം നിക്കരാഗ്വക്കാരുടെയും അധിവാസ കേന്ദ്രമായ ഇടുങ്ങിയ പസിഫിക്‌ സമതലങ്ങളിലാണ്‌ അതു സ്ഥിതിചെയ്യുന്നത്‌. മറ്റൊരു 30 ശതമാനം മധ്യപർവതപ്രദേശത്തു പാർക്കുന്നു. ശേഷിച്ച വെറും 10 ശതമാനം കുറേക്കൂടെ കിഴക്കോട്ടുമാറി ജനവാസം കുറഞ്ഞ, രാഷ്‌ട്രീയമായി സ്വയംഭരണമുള്ള രണ്ടു മേഖലകളിൽ വസിക്കുന്നു, അവയുടെ വിസ്‌തൃതി രാജ്യത്തിന്റെ പകുതിയോളം വരും.

നിക്കരാഗ്വയുടെ ദക്ഷിണാതിർത്തിയിൽ മധ്യഅമേരിക്കൻ കരയിടുക്കിന്റെ വീതി കുറഞ്ഞുവരുന്നു, അവിടെ കരീബിയൻ കടലും പസിഫിക്‌ സമുദ്രവും തമ്മിൽ 220 കിലോമീറ്റർ അകലമേയുള്ളൂ. എന്നാൽ സാൻ ഹ്വാൻ നദി നിക്കരാഗ്വ തടാകത്തിൽനിന്ന്‌ കരീബിയനിലേക്ക്‌ ഒഴുകുന്നതിനാൽ 18 കിലോമീറ്റർ വരുന്ന റീവാസ്‌ കരയിടുക്കു മാത്രമാണ്‌ ഈ തടാകത്തെ പസിഫിക്കിൽനിന്നു വേർതിരിക്കുന്നത്‌. പാനമാ കനാലിന്റെ നിർമാണത്തിനു മുമ്പ്‌ സാൻ ഹ്വാൻ-നിക്കരാഗ്വ ജലപാത സഞ്ചാരികൾക്ക്‌ ഏറെ പ്രിയങ്കരമായിരുന്നു. ആ സഞ്ചാര മാർഗം ഈ പ്രദേശത്തെ അത്യന്തം അഭിലഷണീയമാക്കി. ഈ രാജ്യം സ്‌പെയിൻ, ഫ്രാൻസ്‌, ഗ്രേറ്റ്‌ ബ്രിട്ടൻ, നെതർലൻഡ്‌സ്‌, ഐക്യനാടുകൾ, സോവിയറ്റ്‌ യൂണിയൻ എന്നീ വിദേശശക്തികൾക്കു പുറമേ, മായ, ആസ്‌ടെക്‌, ടോൽടെക്‌, ചിബ്‌ചാ എന്നിവർ ഉൾപ്പെടെയുള്ള അനേകം ജനസമൂഹങ്ങളുടെ സ്വാധീനത്തിൻ കീഴിൽ വന്നിട്ടുണ്ടെന്നു ചരിത്രം വെളിപ്പെടുത്തുന്നു.

നിക്കരാഗ്വയുടെ ബഹുഭാഷാ, ബഹുസാംസ്‌കാരിക സമൂഹത്തിൽ അനേകം ഗോത്രങ്ങളുടെയും ദേശക്കാരുടെയും സ്വാധീനം ദൃശ്യമാണ്‌. പസിഫിക്‌ പ്രദേശത്തെ ജനങ്ങൾ മുഖ്യമായി സ്‌പെയിൻകാരുടെയും തദ്ദേശീയരുടെയും സങ്കരസന്താനങ്ങളായ സ്‌പാനീഷ്‌ സംസാരിക്കുന്ന മെസ്റ്റിസോകൾ ആണെന്നിരിക്കെ, കരീബിയൻ പ്രദേശത്ത്‌ ബഹുവംശങ്ങൾ പാർക്കുന്നു. കൂടുതലും മിസ്‌കിറ്റോ, ക്രിയോൾ, മെസ്റ്റിസോ വിഭാഗങ്ങൾ ആണെങ്കിലും ഒപ്പം സൂമോ, റാമാ എന്നീ സമുദായങ്ങളും ഒരു ആഫ്രോ-കരീബിയൻ സമുദായമായ ഗാരിഫ്യൂണായും ഉണ്ട്‌. ഈ ജനസമുദായങ്ങളിൽ അനേകവും അവയുടെ പരമ്പരാഗത ഭാഷയും സംസ്‌കൃതിയും നിലനിറുത്തിയിട്ടുണ്ടെങ്കിലും ഈ ആളുകൾ നാട്യമില്ലാത്തവരും തുറന്ന്‌ ഇടപെടുന്നവരും സൗഹാർദരുമാണ്‌. കൂടാതെ ആഴമായ മതഭക്തി ഉള്ള അവരിൽ അനേകർക്കും ബൈബിളിനോടു പ്രിയവുമുണ്ട്‌.

ഈ വിവരണത്തിൽ നാം കാണാൻപോകുന്നതുപോലെ, പ്രകൃത്യ ഉണ്ടായിട്ടുള്ളതും മനുഷ്യൻ വരുത്തിവെച്ചിട്ടുള്ളതുമായ ദുരന്തങ്ങളും നിക്കരാഗ്വക്കാരുടെ സ്വഭാവരൂപീകരണത്തിൽ പങ്കുവഹിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, കഴിഞ്ഞ നൂറ്റാണ്ടിൽ കരയിടുക്കിന്റെ പസിഫിക്‌ ഭാഗത്ത്‌ ഉത്ഭവിച്ച ഭൂകമ്പങ്ങൾ രണ്ടു പ്രാവശ്യം മനാഗ്വയെ തകർത്തു തരിപ്പണമാക്കി. കിഴക്കൻ നിക്കരാഗ്വയിൽ മറ്റൊരുതരം പ്രകൃതിവിപത്താണ്‌ ദുരിതം വിതച്ചത്‌​—⁠അറ്റ്‌ലാന്റിക്കിൽ ഉത്ഭവിച്ച വിനാശകാരികളായ ചുഴലിക്കൊടുങ്കാറ്റുകൾ. അതിനുപുറമേ, ആഭ്യന്തര യുദ്ധവും രാഷ്‌ട്രീയവിപ്ലവങ്ങളും മർദക ഏകാധിപത്യങ്ങളും കൂടുതലായ കഷ്ടപ്പാട്‌ വരുത്തിവെച്ചിരിക്കുന്നു.

എന്നിരുന്നാലും, തടാകങ്ങളുടെയും നദികളുടെയും ഈ മനോഹരദേശത്ത്‌ ബൈബിൾസത്യത്തിന്റെ നിർമലജലം, പരമാർഥഹൃദയികളായ ആയിരക്കണക്കിന്‌ ആളുകൾക്ക്‌ ആശ്വാസവും പ്രത്യാശയും കൈവരുത്തിക്കൊണ്ട്‌ ഒഴുകിച്ചെന്നിരിക്കുന്നു. (വെളി. 22:17) അതേ, നിക്കരാഗ്വയിലെ ആത്മീയ വിഭവങ്ങളുടെ കുത്തൊഴുക്ക്‌ ഈ ദേശത്തെ രാജ്യപ്രസംഗവേലയുടെമേലുള്ള യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്തെയാണു സാക്ഷ്യപ്പെടുത്തുന്നത്‌, വിശേഷാൽ വെറും ആറു പതിറ്റാണ്ടുകൾക്കു മുമ്പ്‌ സുവാർത്ത ഒരു തുള്ളി മാത്രമായിരുന്നു എന്നതു പരിഗണിക്കുമ്പോൾ.

ആദ്യം ഒരു തുള്ളി

ജഡിക സഹോദരന്മാരും വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിലെ ആദ്യ ക്ലാസ്സിൽനിന്നു ബിരുദം നേടിയവരുമായ ഫ്രാൻസിസ്‌ വാലസും വില്യം വാലസും 1945 ജൂൺ 28-നു മനാഗ്വയിലെത്തി. അവർ നിക്കരാഗ്വയിൽ സംഘടിത സുവാർത്താപ്രസംഗത്തിനു തുടക്കമിടുകയും മിഷനറിമാരുടെ ഭാവി തലമുറകൾക്കു വഴിയൊരുക്കുകയും ചെയ്‌തു. എന്നാൽ ഈ രാജ്യത്ത്‌ രാജ്യസന്ദേശം ആദ്യം അവതരിപ്പിച്ചത്‌ അവർ അല്ലായിരുന്നു. 1934-ൽ ഒരു സന്ദർശക പയനിയർ സഹോദരി മനാഗ്വയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സാഹിത്യങ്ങൾ സമർപ്പിച്ചിരുന്നു. എന്നിരുന്നാലും, 1945-ൽ വളരെ കുറച്ചുപേർ മാത്രമേ യഹോവയുടെ സാക്ഷികളെ കുറിച്ചു കേട്ടിരുന്നുള്ളൂ.

വാലസ്‌ സഹോദരന്മാർ വയൽ പ്രവർത്തനം തുടങ്ങിയപ്പോൾ, കൊണ്ടുനടക്കാവുന്ന ഒരു ഗ്രാമഫോൺ ഉപയോഗിച്ച്‌ അവർ ആളുകളെ ബൈബിളധിഷ്‌ഠിത റെക്കോർഡിങ്ങുകൾ കേൾപ്പിച്ചു​—⁠നിക്കരാഗ്വയിൽ അന്ന്‌ അത്‌ തികച്ചും പുതുമയാർന്ന ഒരു സംഗതിയായിരുന്നു! തന്നിമിത്തം ആദ്യ മാസത്തിൽത്തന്നെ 705 പേർ രാജ്യസന്ദേശം കേട്ടു.

അതേ വർഷം ഒക്ടോബറിൽ നാലു മിഷനറിമാർ കൂടെ വന്നെത്തി​—⁠ദമ്പതികളായിരുന്ന ഹാരൊൾഡ്‌ ഡങ്കനും ഭാര്യ ഈവ്‌ലിനും വിൽബർട്ട്‌ ഗൈസൽമനും ഭാര്യ ആനും. സാധ്യമായ ഏതു വിധത്തിലും രാജ്യം പ്രസിദ്ധമാക്കാനുള്ള ആഗ്രഹത്തോടെ അവർ പൊതു യോഗങ്ങളുടെ ഒരു പരമ്പര ആസൂത്രണം ചെയ്‌തു. അങ്ങനെ 1945 നവംബറിൽ ഒരു ബൈബിൾ പ്രസംഗം കേൾക്കാൻ ക്ഷണിക്കുന്ന നോട്ടീസുകളുമായി സാക്ഷികൾ തെരുവിൽ നിക്കരാഗ്വക്കാരെ സമീപിച്ചു. സമീപത്തു നടന്ന ഒരു രാഷ്‌ട്രീയലഹളയും തെരുവുയുദ്ധവും പരിപാടിയെ തടസ്സപ്പെടുത്തിയേക്കാമെന്നു തോന്നിയെങ്കിലും യോഗം സമാധാനപരമായി നടന്നു. ആ ആദ്യ പരസ്യപ്രസംഗം കേൾക്കാൻ 40-ൽപ്പരം പേർ കൂടിവന്നു. ഇതിനിടയിൽ, ഒരു പ്രതിവാര വീക്ഷാഗോപുര അധ്യയനവും സേവനയോഗവും മിഷനറി ഭവനത്തിൽ നടത്തിത്തുടങ്ങി.

മിഷനറിമാരെയും ബൈബിൾ സന്ദേശത്തോട്‌ ആദ്യം പ്രതികരിച്ചവരെയും സംബന്ധിച്ചിടത്തോളം 1946 ഒരു സന്തുഷ്ട സമയം ആയിരുന്നു. ബൈബിൾ സന്ദേശത്തോട്‌ ആദ്യം പ്രതികരിച്ചവരിൽ ഒരാൾ 24 വയസ്സുള്ള ആർനോൾഡോ കാസ്‌ട്രോ ആയിരുന്നു. താൻ ബൈബിൾ സത്യത്തെ കുറിച്ച്‌ അറിയാൻ ഇടയായത്‌ എങ്ങനെയെന്ന്‌ അദ്ദേഹം ഒരു പുഞ്ചിരിയോടെ ഓർമിക്കുന്നു. അദ്ദേഹം പറയുന്നു: “എന്നോടൊപ്പം താമസിച്ചിരുന്ന എബാറിസ്റ്റോ സാഞ്ചേസും ലോറൻസോ ഓബ്രേഗോണും ഞാനും കൂടി ഇംഗ്ലീഷ്‌ പഠിക്കാൻ തീരുമാനിച്ചു. അങ്ങനെയിരിക്കെ, ഒരു ദിവസം ഒരു പുസ്‌തകം ഉയർത്തിപ്പിടിച്ചുകൊണ്ട്‌ വീട്ടിൽവന്ന എബാറിസ്റ്റോ ‘നമ്മളെ ഇംഗ്ലീഷ്‌ പഠിപ്പിക്കാൻ തയ്യാറുള്ള ഒരു അമേരിക്കക്കാരനെ ഞാൻ കണ്ടെത്തി’ എന്നു പറഞ്ഞു. തീർച്ചയായും ‘അധ്യാപകന്റെ’ ഉദ്ദേശ്യം അതല്ലായിരുന്നു. എന്നാൽ എബാറിസ്റ്റോ മനസ്സിലാക്കിയത്‌ അങ്ങനെയായിരുന്നു. അങ്ങനെ നിശ്ചിത സമയം ആയപ്പോൾ ഞങ്ങൾ മൂന്നു ചെറുപ്പക്കാരും സന്തോഷപൂർവം ഒരു ഇംഗ്ലീഷ്‌ ക്ലാസ്സും പ്രതീക്ഷിച്ച്‌ അധ്യാപകനെ കാത്തിരുന്നു. ‘അധ്യാപകനായ’ വിൽബർട്ട്‌ ഗൈസൽമൻ എന്ന മിഷനറി, വളരെ ആകാംക്ഷയോടെ കയ്യിൽ പുസ്‌തകവുമായി തന്നെ കാത്തിരിക്കുന്ന ‘ബൈബിൾ വിദ്യാർഥികളെ’ കണ്ടതിൽ സന്തോഷിക്കുകയും അത്ഭുതപ്പെടുകയും ചെയ്‌തു.”

“‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ (ഇംഗ്ലീഷ്‌) എന്നതായിരുന്നു പുസ്‌തകം. ഞങ്ങൾ വാരത്തിൽ രണ്ടു പ്രാവശ്യം അതു പഠിച്ചു. ഒടുവിൽ, ഞങ്ങൾ ഇംഗ്ലീഷിൽ കാര്യമായ പുരോഗതിയൊന്നും നേടിയില്ലെങ്കിലും ബൈബിൾ സത്യം പഠിക്കുകതന്നെ ചെയ്‌തു,” ആർനോൾഡോ വിശദീകരിക്കുന്നു. 1946 ആഗസ്റ്റിൽ യു.എ⁠സ്‌.എ.-യിലെ ഒഹായോ, ക്ലീവ്‌ലൻഡിൽ നടന്ന ഒരു സമ്മേളനത്തിൽ ആർനോൾഡോ സ്‌നാപനമേറ്റു. അതിനുശേഷം നിക്കരാഗ്വയിലേക്കു മടങ്ങിയ അദ്ദേഹം പയനിയർസേവനം ഏറ്റെടുത്തു. ആ വർഷാവസാനത്തോടെ അദ്ദേഹത്തിന്റെ കൂടെ താമസിച്ചിരുന്ന മറ്റു രണ്ടുപേരും സ്‌നാപനമേറ്റു.

ഇപ്പോൾ 83 വയസ്സുള്ള എബാറിസ്റ്റോ സാഞ്ചേസ്‌ സന്തോഷപൂർവം ആ ആദിമ നാളുകളെക്കുറിച്ച്‌ ഓർക്കുന്നു. അദ്ദേഹം പറയുന്നു: “ആദ്യം ഞങ്ങൾക്ക്‌ യോഗം നടത്താൻ ഒരു സ്ഥലമില്ലായിരുന്നു. എന്നാൽ ഞങ്ങൾ ചുരുക്കം ചിലരേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ മിഷനറിമാർ താമസിക്കുന്നിടത്ത്‌ ഞങ്ങൾ യോഗങ്ങൾ നടത്തി. പിന്നീട്‌ രണ്ടു നിലയുള്ള ഒരു വീടു വാടകയ്‌ക്കെടുത്തു. അവിടെ ഞങ്ങൾ 30 മുതൽ 40 വരെ പേർ ക്രമമായി കൂടിവന്നു.”

ശുശ്രൂഷയിൽ മിഷനറിമാരോടുകൂടെ പ്രവർത്തിച്ച ആദ്യ നിക്കരാഗ്വക്കാർ ഈ മൂന്നു ചെറുപ്പക്കാർ ആയിരുന്നു. ആദ്യം മനാഗ്വയിലും പിന്നീട്‌ അകലെയുള്ള മറ്റു പ്രദേശങ്ങളിലും അവർ ഒരുമിച്ചു പ്രവർത്തിച്ചു. അന്ന്‌ ഏതാണ്ട്‌ 1,20,000 ആളുകൾ ഉണ്ടായിരുന്ന മനാഗ്വ ഇന്നത്തേതിലും ചെറുതായിരുന്നു. പട്ടണത്തിന്റെ നടുക്കുള്ള ഏതാണ്ട്‌ 12 നഗരബ്ലോക്കുകളിൽ മാത്രമാണ്‌ നല്ല വഴി ഉണ്ടായിരുന്നത്‌. “ഞങ്ങൾ കാൽനടയായാണു സഞ്ചരിച്ചിരുന്നത്‌,” എബാറിസ്റ്റോ അനുസ്‌മരിക്കുന്നു. “ബസ്സുകളോ ടാറിട്ട റോഡുകളോ ഒന്നും അന്ന്‌ ഇല്ലായിരുന്നു. തീവണ്ടി പാളങ്ങളും കാളവണ്ടി പാതകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌, വേനൽക്കാലമാണെങ്കിൽ പൊടിയിലൂടെയും മഴക്കാലമാണെങ്കിൽ ചെളിയിലൂടെയും ആയിരുന്നു ഞങ്ങളുടെ യാത്ര.” എന്നാൽ അവരുടെ ശ്രമങ്ങൾക്കു പ്രതിഫലം കിട്ടി. 1946 ഏപ്രിലിൽ നടത്തപ്പെട്ട സ്‌മാരകത്തിന്‌ 52 പേർ ഹാജരായി.

ഒരു ബ്രാഞ്ച്‌ സ്ഥാപിക്കപ്പെടുന്നു

അതേ മാസം, ബ്രുക്ലിനിലെ ഹെഡ്‌ക്വാർട്ടേഴ്‌സിൽനിന്ന്‌ നേഥൻ എച്ച്‌. നോറും ഫ്രെഡറിക്‌ ഡബ്ലിയു. ഫ്രാൻസും ആദ്യമായി നിക്കരാഗ്വ സന്ദർശിച്ചു. നാലു ദിവസത്തെ അവരുടെ സന്ദർശനസമയത്ത്‌ 158 പേർ അടങ്ങുന്ന ഒരു സദസ്സ്‌ “ജനതകളേ, സന്തോഷിപ്പിൻ” എന്ന, നോർ സഹോദരന്റെ പരസ്യപ്രസംഗം കേട്ടു. ഫ്രാൻസ്‌ സഹോദരൻ സ്‌പാനീഷിലേക്കു പ്രസംഗം പരിഭാഷപ്പെടുത്തി. അവിടംവിട്ടു പോകുന്നതിനു മുമ്പ്‌, വേലയുടെ മേൽനോട്ടം വഹിക്കുന്നതിന്‌ നോർ സഹോദരൻ നിക്കരാഗ്വയിൽ യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിച്ചു. കോസ്റ്ററിക്കയിൽനിന്ന്‌ അടുത്തകാലത്തു സ്ഥലം മാറിവന്ന 26 വയസ്സുള്ള വില്യം യൂജിൻ കോൾ ബ്രാഞ്ച്‌ ദാസനായി നിയമിക്കപ്പെട്ടു.

തുടർന്നുവന്ന ദശാബ്ദങ്ങളിൽ ബ്രാഞ്ച്‌ ഓഫീസ്‌ ഹിനോറ്റേപ്പേ, മാസായാ, ലേയോൺ, ബ്ലൂഫീൽഡ്‌സ്‌, ഗ്രനാഡാ, മാടാഗാൽപാ തുടങ്ങിയ സ്ഥലങ്ങളിൽ മിഷനറി ഭവനങ്ങൾ സ്ഥാപിച്ചു. സഹോദരങ്ങളെ ശക്തീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി പുതുതായി രൂപീകരിച്ച സഭകളെയും കൂട്ടങ്ങളെയും ഒരു സർക്കിട്ട്‌ മേൽവിചാരകൻ സന്ദർശിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്‌തു.

എതിരാളികൾക്കു ക്ഷണിക വിജയം

സഹോദരങ്ങളുടെ തീക്ഷ്‌ണതയ്‌ക്കു പെട്ടെന്നുതന്നെ നല്ല ഫലങ്ങൾ കിട്ടി. അതു ക്രൈസ്‌തവ ലോകത്തിലെ വൈദികരെ അസഹ്യപ്പെടുത്തി. എതിർപ്പിന്റെ ആദ്യ സൂചനകൾ ഉണ്ടായത്‌ രണ്ടു മിഷനറിമാർ നിയമിക്കപ്പെട്ടിരുന്ന കരീബിയൻ തീരത്തെ ഒരു പട്ടണമായിരുന്ന ബ്ലൂഫീൽഡ്‌സിലായിരുന്നു. 1952 ഒക്ടോബർ 17-ന്‌ എതിർപ്പ്‌ മൂർധന്യത്തിലെത്തി. അന്ന്‌ യഹോവയുടെ സാക്ഷികൾക്കെതിരെ ഒരു കോടതി ഉത്തരവ്‌ ഉണ്ടായി. സാക്ഷികളുടെ സകല പ്രവർത്തനത്തെയും നിരോധിച്ചുകൊണ്ട്‌ പുറപ്പെടുവിച്ച ആ ഉത്തരവിൽ ഒപ്പിട്ടിരുന്നത്‌ ഇമിഗ്രേഷൻ ഡിപ്പാർട്ടുമെന്റിലെ ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു. എന്നാൽ അതിനു പിന്നിൽ പ്രവർത്തിച്ചത്‌ കത്തോലിക്കാ വൈദികർ ആയിരുന്നു.

ഈ ഉത്തരവിനെ കുറിച്ച്‌ ബ്ലൂഫീൽഡ്‌സിലെയും ലേയോണിലെയും ഹിനോറ്റേപ്പേയിലെയും മനാഗ്വയിലെയും മിഷനറിമാരെ അറിയിച്ചു. അന്നത്തെ രാഷ്‌ട്രപതി ആയിരുന്ന അനാസ്റ്റാസ്യോ സോമോസാ ഗാർസീയാ ഉൾപ്പെടെയുള്ള അധികാരികൾക്കു നൽകിയ അപ്പീലുകൾ നിഷ്‌ഫലമായി. സഹോദരങ്ങൾ ചെറിയ കൂട്ടങ്ങളായി കൂടിവരാൻ തുടങ്ങി. തെരുവിലെ മാസികാവേല നിറുത്തി. ബ്രാഞ്ചിൽ സൂക്ഷിച്ചിരുന്ന സാഹിത്യം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. യഹോവയുടെ സാക്ഷികൾ കമ്മ്യൂണിസ്റ്റുകാരാണെന്നു വ്യാജമായി പ്രഖ്യാപിച്ചുകൊണ്ട്‌ വേലയുടെമേൽ നിരോധനം ഏർപ്പെടുത്തുന്നതിൽ ആ മതവൈരികൾ വിജയിച്ചു. വിധി സംബന്ധിച്ച്‌ സുപ്രീം കോടതിയിൽ അപ്പീൽ കൊടുക്കുന്നതിന്‌ ഒരു വക്കീലിനെ നിയമിച്ചു.

ചില സഹോദരങ്ങൾ മാനുഷഭയത്തിനു കീഴ്‌പെട്ടെങ്കിലും ഭൂരിപക്ഷം പേരും ഉറച്ചുനിന്നു. പക്വമതികളും നിർഭയരുമായ മിഷനറിമാർ, ദൈവവചനം അനുസരിച്ചുകൊണ്ട്‌ തുടർന്നു പ്രസംഗിക്കുകയും കൂടിവരുകയും ചെയ്‌ത പ്രാദേശിക സഹോദരന്മാർക്ക്‌ ഒരു ശക്തിഗോപുരമായിരുന്നു. (പ്രവൃ. 1:8; 5:29; എബ്രാ. 10:​24, 25) അങ്ങനെയിരിക്കെ, 1953 ജൂൺ 9-ന്‌ വെറും എട്ടു മാസത്തെ നിരോധനത്തിനു ശേഷം, ആരാധനാ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള ഭരണഘടനാപരമായ അവകാശം വീണ്ടും ഉറപ്പാക്കിക്കൊണ്ട്‌ സുപ്രീം കോടതി ഏകകണ്‌ഠമായി യഹോവയുടെ സാക്ഷികൾക്ക്‌ അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഗൂഢാലോചന പൂർണമായി പരാജയപ്പെട്ടിരുന്നു.

ആദിമ മിഷനറിമാർ അഭിമുഖീകരിച്ച വെല്ലുവിളികൾ

വൈദികരുടെ എതിർപ്പു മാത്രമായിരുന്നില്ല ആദിമ മിഷനറിമാർ അഭിമുഖീകരിച്ച വെല്ലുവിളി. 12-ാം ഗിലെയാദ്‌ ക്ലാസ്സിൽനിന്നുള്ള ബിരുദധാരികളായ സിഡ്‌നി പോർട്ടർ-ഫിലിസ്‌ ദമ്പതികളുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. അവർ 1949 ജൂലൈയിൽ നിക്കരാഗ്വയിൽ എത്തിയപ്പോൾ ഒരു സർക്കിട്ട്‌ മേൽവിചാരകനായി സിഡ്‌നി നിയമിതനായി. അന്ന്‌ നിക്കരാഗ്വ രാജ്യം മുഴുവനുംകൂടി ഒറ്റ സർക്കിട്ട്‌ ആയിരുന്നു. അന്നത്തെ സഞ്ചാര വേലയെ അദ്ദേഹം വർണിക്കുന്നു. “ഞങ്ങൾ തീവണ്ടിയിലും ബസ്സിലുമാണ്‌ യാത്ര ചെയ്‌തിരുന്നത്‌. മിക്ക സ്ഥലങ്ങളിലും സഹോദരങ്ങൾ ഇല്ലാതിരുന്നതിനാൽ താമസസൗകര്യം ഞങ്ങൾ തനിയെ ക്രമീകരിക്കേണ്ടിയിരുന്നു. അതുകൊണ്ട്‌ കിടക്കയും വെള്ളം ചൂടാക്കാനും പാചകത്തിനും മറ്റുമായി ഒരു സ്റ്റൗവും ഞങ്ങൾ കൂടെ കരുതുമായിരുന്നു. ബ്രാഞ്ചിൽനിന്നു പോയാൽ പലപ്പോഴും പത്ത്‌ ആഴ്‌ചയൊക്കെ കഴിഞ്ഞാണ്‌ ഞങ്ങൾ തിരിച്ച്‌ എത്തിയിരുന്നത്‌. എന്നാൽ പ്രദേശം വളരെ ഫലപ്രദമായിരുന്നു. ചില സ്ഥലങ്ങളിൽ കണ്ടുമുട്ടുന്ന എല്ലാ താത്‌പര്യക്കാരെയും വീണ്ടും സന്ദർശിക്കുക എന്നത്‌ ഒരു വെല്ലുവിളി ആയിരുന്നു. ഉദാഹരണത്തിന്‌, പിന്നീട്‌ ഞങ്ങൾക്ക്‌ മനാഗ്വ സർക്കിട്ട്‌ കിട്ടിയപ്പോൾ ഫിലിസ്‌ 16 ബൈബിളധ്യയനങ്ങൾ നടത്തിയിരുന്നു! അവൾക്ക്‌ അതിന്‌ എങ്ങനെ സമയം കിട്ടി എന്നല്ലേ? ഞങ്ങളുടെ അവധി ദിവസവും സഭായോഗങ്ങൾ ഇല്ലാത്ത വൈകുന്നേരങ്ങളിലുമാണ്‌ അവൾ അധ്യയനങ്ങൾ നടത്തിയിരുന്നത്‌.” ആ ആദിമ മിഷനറിമാർ എത്ര അർപ്പണ ബോധമുള്ളവർ ആയിരുന്നു!

ആയിരത്തിത്തൊള്ളായിരത്തമ്പത്തേഴിൽ വന്നെത്തിയ ഡോറിസ്‌ നീഹോഫ്‌ രാജ്യത്തെ സംബന്ധിച്ചു തനിക്ക്‌ ആദ്യം ഉണ്ടായ ധാരണയെ കുറിച്ച്‌ പറയുന്നു: “മാർച്ച്‌ അവസാനമായിരുന്നു അത്‌. വേനൽക്കാലമായതുകൊണ്ട്‌ നാട്ടിൻപുറം തവിട്ടുനിറം ആയിരുന്നു. അന്നു വളരെ കുറച്ചു കാറുകളേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും കുതിരപ്പുറത്തായിരുന്നു സവാരി​—⁠ഒരു തോക്കും കൊണ്ടുനടക്കുമായിരുന്നു! അത്‌ ഷൂട്ടിങ്ങു നടക്കുന്ന ഒരു പാശ്ചാത്യ സിനിമാ സ്റ്റുഡിയോയിൽ കയറുന്നതുപോലെയായിരുന്നു. അന്നൊക്കെ ആളുകൾ ഏറെ ധനികരോ തീർത്തും ദരിദ്രരോ ആയിരുന്നു. മിക്കവരും ദരിദ്രർ തന്നെ. നിക്കരാഗ്വ ഒരു പ്രദേശപരമായ തർക്കം നിമിത്തം ഹോണ്ടുറാസുമായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അത്‌ കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഞാൻ എത്തുന്നതിന്‌ ആറു മാസം മുമ്പ്‌ പ്രസിഡന്റ്‌ സോമോസാ ഗാർസീയ കൊല്ലപ്പെട്ടു. രാജ്യം പട്ടാളഭരണത്തിൻ കീഴിലായി.”

“ഒരു സർവകലാശാല സ്ഥിതിചെയ്‌തിരുന്ന പട്ടണമായ ലേയോണിലാണ്‌ എനിക്കു നിയമനം ലഭിച്ചത്‌,” ഡോറിസ്‌ തുടരുന്നു. “സ്‌പാനീഷ്‌ ഏറെയൊന്നും അറിയാൻ പാടില്ലായിരുന്ന എന്നെ പറ്റിക്കുന്നത്‌ വിദ്യാർഥികൾക്ക്‌ ഒരു രസമായിരുന്നു. ഉദാഹരണത്തിന്‌, ചില വിദ്യാർഥികളോട്‌ ബൈബിളിനെ കുറിച്ചു സംസാരിക്കാൻ മടങ്ങി വരാമെന്നു പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. എന്നാൽ തങ്ങളുടെ ‘പേരുകൾ’ പറഞ്ഞപ്പോൾ അവർ ചിരിക്കുന്നുണ്ടായിരുന്നു. ഒരാൾ പറഞ്ഞത്‌ പ്രസിഡന്റിനെ കൊന്നയാളിന്റെ പേര്‌ ആയിരുന്നു. വേറൊരാൾ കുപ്രസിദ്ധനായ ഒരു ഒളിപ്പോരാളിയുടെ പേരാണു പറഞ്ഞത്‌! ഞാൻ മടങ്ങിച്ചെന്ന്‌ ആ പേരുകളിലുള്ള വിദ്യാർഥികളെ തിരക്കിയപ്പോൾ എന്നെ പിടിച്ച്‌ ജയിലിൽ അടയ്‌ക്കാഞ്ഞത്‌ അതിശയം തന്നെ!”

മാടാഗാൽപായിലെ ബിഷപ്പുമായി ഒരു കൂടിക്കാഴ്‌ച

മനാഗ്വയ്‌ക്ക്‌ ഏതാണ്ട്‌ 130 കിലോമീറ്റർ വടക്കുള്ള മാടാഗാൽപാ നഗരം സ്ഥിതിചെയ്യുന്നത്‌ കുന്നുകൾക്കിടയിലാണ്‌. നിറയെ കാപ്പിത്തോട്ടങ്ങൾ ഉള്ള ഒരു പ്രദേശമാണ്‌ അത്‌. 1957-ൽ അവിടെ നാലു മിഷനറിമാർ നിയമിക്കപ്പെട്ടു. ജോസെഫിൻ സന്യാസിനികൾ നടത്തുന്ന ഒരു കോളെജിൽ അന്നു ഗണിതശാസ്‌ത്ര പ്രൊഫസറായിരുന്ന അഗസ്റ്റിൻ സേക്കേറാ ആ കാലത്തു മാടാഗാൽപായിൽ നിലവിലിരുന്ന മതപരമായ അന്തരീക്ഷത്തെ കുറിച്ചു പറയുന്നു: “ആളുകൾ ഏറെയും കത്തോലിക്കരായിരുന്നു. അവർക്കു പുരോഹിതന്മാരെ, വിശേഷിച്ചും ബിഷപ്പിനെ ഭയമായിരുന്നു. അദ്ദേഹം എന്റെ മക്കളിൽ ഒരാളുടെ തലതൊട്ടപ്പൻ ആയിരുന്നു.”

ഈ അന്തരീക്ഷം ബ്രാഞ്ചിന്‌ മിഷനറിമാർക്കുവേണ്ടി താമസസൗകര്യം കണ്ടെത്തുക പ്രയാസകരമാക്കി. ദൃഷ്ടാന്തത്തിന്‌ ഒരു വീടു വാടകയ്‌ക്കെടുക്കാൻ ക്രമീകരിച്ചപ്പോൾ, മിഷനറിമാർ അവിടെ ക്രിസ്‌തീയ യോഗങ്ങൾ നടത്തുമെന്നു വീട്ടുടമയായ അഭിഭാഷകനെ ബ്രാഞ്ച്‌ ഓഫീസ്‌ അറിയിച്ചു. “അതു പ്രശ്‌നമല്ല” എന്ന്‌ അദ്ദേഹം മറുപടിയും പറഞ്ഞു.

തുടർന്ന്‌ എന്തു സംഭവിച്ചുവെന്നു വർണിച്ചുകൊണ്ട്‌ ഡോറിസ്‌ നീഹോഫ്‌ പറയുന്നു: “എല്ലാ ഗൃഹോപകരണങ്ങളുമായി വന്നിറങ്ങിയപ്പോൾ ഉടമ വളരെ വിഷമത്തോടെ ഞങ്ങളെ സമീപിച്ചു. ഞങ്ങൾ വരരുത്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ താൻ ടെലഗ്രാം അയച്ചിരുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട്‌? ഞങ്ങൾക്ക്‌ വീടു വാടകയ്‌ക്കു തന്നാൽ അദ്ദേഹത്തിന്റെ മകന്‌ കത്തോലിക്കാസ്‌കൂളിൽ പഠിക്കാൻ സാധിക്കാതെ വരുമെന്നു ബിഷപ്പു ഭീഷണിപ്പെടുത്തിയിരുന്നു. ഏതായാലും ഞങ്ങൾക്ക്‌ ടെലഗ്രാം കിട്ടിയിരുന്നില്ല, ഒരു മാസത്തെ വാടക മുൻകൂട്ടി അടയ്‌ക്കുകയും ചെയ്‌തിരുന്നു.”

“വളരെ പണിപ്പെട്ട്‌ ഞങ്ങൾ മറ്റൊരു വീടു കണ്ടെത്തി,” ഡോറിസ്‌ കൂട്ടിച്ചേർക്കുന്നു. “ആ വീടിന്റെ ഉടമ ധൈര്യശാലിയായ ഒരു ബിസിനസ്സുകാരനായിരുന്നു. അദ്ദേഹത്തിന്മേൽ സമ്മർദം ചെലുത്താൻ ബിഷപ്പു ശ്രമിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: ‘ശരി, അങ്ങ്‌ ഓരോ മാസവും നാനൂറ്‌ കോർഡോബ തരാമെങ്കിൽ ഞാൻ അവരെ ഇറക്കിവിടാം.’ തീർച്ചയായും ബിഷപ്പ്‌ അതു ചെയ്‌തില്ല. എന്നിരുന്നാലും, അദ്ദേഹം അതുകൊണ്ടൊന്നും പിന്മാറിയില്ല. പകരം കടകൾതോറും കയറിയിറങ്ങി യഹോവയുടെ സാക്ഷികളോടു സംസാരിക്കരുതെന്ന്‌ മുന്നറിയിപ്പു നൽകുന്ന പോസ്റ്ററുകൾ പതിച്ചു. ഞങ്ങൾക്ക്‌ സാധനങ്ങൾ വിൽക്കരുതെന്നും അദ്ദേഹം കടയുടമകളോടു പറഞ്ഞു.”

മിഷനറിമാർ തീക്ഷ്‌ണതയോടെ പ്രവർത്തിച്ചെങ്കിലും മാടാഗാൽപായിൽ ബൈബിൾ സത്യത്തിനുവേണ്ടി നിലകൊള്ളാൻ ആരും വലിയ താത്‌പര്യം കാണിച്ചില്ല. എന്നാൽ ഗണിതശാസ്‌ത്ര പ്രൊഫസർ ആയിരുന്ന അഗസ്റ്റിന്‌ ഉത്തരം കിട്ടാതിരുന്ന അനേകം ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്‌, പിരമിഡുകൾ ഇന്നും നിലനിൽക്കുമ്പോൾ അവ പടുത്തുയർത്തിയ ഫറവോന്മാർ ദീർഘകാലം മുമ്പേ മരിക്കാനുള്ള കാരണം എന്താണെന്ന്‌ അദ്ദേഹം ചിന്തിച്ചു! ഒരു മിഷനറി അദ്ദേഹത്തെ സന്ദർശിച്ച്‌ തന്റെ ചോദ്യങ്ങൾക്ക്‌ ബൈബിളിൽനിന്ന്‌ ഉത്തരങ്ങൾ കാണിച്ചു കൊടുത്തത്‌ അദ്ദേഹം ഇപ്പോഴും വ്യക്തമായി ഓർക്കുന്നു. അഗസ്റ്റിൻ വിശദീകരിക്കുന്നു: “മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതു മരിക്കാനല്ല, പിന്നെയോ ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാനാണെന്നും മരിച്ചവർ പുനരുത്ഥാനം പ്രാപിക്കുമെന്നും കാണിക്കുന്ന തിരുവെഴുത്തുകൾ എന്നെ വളരെ ആകർഷിച്ചു. ഇതാണു സത്യമെന്നു ഞാൻ പെട്ടെന്നു തിരിച്ചറിഞ്ഞു.” അഗസ്റ്റിൻ എങ്ങനെ പ്രതികരിച്ചു? “ഞാൻ പഠിപ്പിച്ചിരുന്ന കോളെജിൽ കന്യാസ്‌ത്രീ ആയ പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ള എല്ലാവരോടും പ്രസംഗിച്ചു തുടങ്ങി,” അഗസ്റ്റിൻ പറയുന്നു. “പിന്നീട്‌, ‘ലോകാവസാന’ത്തെക്കുറിച്ചു ചർച്ചചെയ്യാൻ ഞായറാഴ്‌ച തന്നെ സന്ദർശിക്കാൻ പ്രിൻസിപ്പാൾ എന്നെ ക്ഷണിച്ചു. ഞാൻ അവിടെ ചെന്നപ്പോൾ മാടാഗാൽപായിലെ ബിഷപ്പ്‌ എന്നെയും കാത്ത്‌ ഇരിക്കുന്നതു കണ്ട്‌ ഞാൻ അതിശയിച്ചുപോയി.”

“‘എന്താ സുഹൃത്തേ തനിക്കു വിശ്വാസം നഷ്ടപ്പെടുകയാണെന്ന്‌ കേട്ടല്ലോ,’ അദ്ദേഹം പറഞ്ഞു.

“ഏതു വിശ്വാസം?” ഞാൻ ചോദിച്ചു. “എനിക്ക്‌ ഒരിക്കലും ഇല്ലാതിരുന്ന വിശ്വാസമോ? യഥാർഥ വിശ്വാസം പുലർത്താൻ ഞാൻ ഇപ്പോഴാണു പഠിക്കുന്നത്‌.”

അങ്ങനെ മൂന്നു മണിക്കൂർ ദീർഘിച്ച ഒരു ചർച്ച തുടങ്ങി. കന്യാസ്‌ത്രീ കേട്ടിരുന്നു. പുതുതായി കണ്ടെത്തിയ വിശ്വാസത്തിലുള്ള തന്റെ തീക്ഷ്‌ണത നിമിത്തം ചില സമയങ്ങളിൽ അഗസ്റ്റിൻ വെട്ടിത്തുറന്നാണ്‌ കാര്യങ്ങൾ പറഞ്ഞത്‌. മനുഷ്യാത്മാവിന്റെ അമർത്യത എന്ന ക്രിസ്‌തീയമല്ലാത്ത ഉപദേശം നിഷ്‌കളങ്കരെ ചൂഷണം ചെയ്യാനുള്ള ഒരു പണസമ്പാദന പദ്ധതി ആണെന്നുപോലും അദ്ദേഹം പറഞ്ഞു. തന്റെ ആശയം ബിഷപ്പിനെ ബോധ്യപ്പെടുത്താൻ അഗസ്റ്റിൻ പറഞ്ഞു: “എന്റെ അമ്മ മരിച്ചു എന്നിരിക്കട്ടെ. സ്വാഭാവികമായും, അമ്മയുടെ ആത്മാവ്‌ ശുദ്ധീകരണ സ്ഥലത്താണെന്ന വിശ്വാസത്തിൽ കുർബാന നടത്താൻ ഞാൻ അങ്ങയെ സമീപിക്കും. ശുശ്രൂഷയ്‌ക്ക്‌ അങ്ങ്‌ എന്നിൽനിന്ന്‌ പണം ഈടാക്കും. എട്ടു ദിവസം കഴിഞ്ഞ്‌ മറ്റൊരു കുർബാന. ഒരു വർഷം കഴിഞ്ഞ്‌ മറ്റൊന്ന്‌, അങ്ങനെ ഇതു തുടർന്നു പോകുന്നു. എന്നിരുന്നാലും, ‘സുഹൃത്തേ, ഇനി കുർബാനയുടെ ആവശ്യമില്ല, നിങ്ങളുടെ അമ്മയുടെ ആത്മാവ്‌ ശുദ്ധീകരണസ്ഥലത്തുനിന്നു പുറത്തുവന്നിരിക്കുന്നു’ എന്ന്‌ എപ്പോഴെങ്കിലും അങ്ങു പറയുമോ, ഒരിക്കലുമില്ല.”

“ഓ,” ബിഷപ്പ്‌ പറഞ്ഞു, “അതിനു കാരണം അത്‌ എപ്പോൾ ശുദ്ധീകരണ സ്ഥലത്തുനിന്നു പുറത്തുവരുന്നുവെന്ന്‌ ദൈവത്തിനു മാത്രമേ അറിയാവൂ എന്നതാണ്‌!”

“അപ്പോൾ എന്നിൽനിന്ന്‌ പണം ഈടാക്കിത്തുടങ്ങാൻ കഴിയത്തക്കവണ്ണം അത്‌ എപ്പോൾ അവിടെ പ്രവേശിച്ചു എന്ന്‌ അങ്ങ്‌ എങ്ങനെ അറിഞ്ഞു?” അഗസ്റ്റിൻ തിരിച്ചടിച്ചു.

ചർച്ചയുടെ ഒരു ഘട്ടത്തിൽ അഗസ്റ്റിൻ മറ്റൊരു ബൈബിൾ വാക്യം ഉദ്ധരിക്കാൻ തുടങ്ങിയപ്പോൾ കന്യാസ്‌ത്രീ ബിഷപ്പിനോടു പറഞ്ഞു: “നോക്കൂ, മോൺസിഞ്ഞോർ! ഇയാൾ ഉപയോഗിക്കുന്ന ബൈബിൾ ശരിയല്ല; അതു ലൂഥറൻകാരുടേതാണ്‌!”

“അല്ല,” ബിഷപ്പ്‌ മറുപടി പറഞ്ഞു, “അത്‌ ഞാൻ കൊടുത്ത ബൈബിളാണ്‌.”

ചർച്ച തുടരവേ, ബൈബിളിലുള്ളത്‌ എല്ലാം വിശ്വസിക്കരുത്‌ എന്നു ബിഷപ്പു പറഞ്ഞതു കേട്ടപ്പോൾ അഗസ്റ്റിൻ അതിശയിച്ചുപോയി. “ആ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം യേശുവിന്റെ നാളിലെ മതനേതാക്കന്മാരെപ്പോലെ ക്രൈസ്‌തവലോകത്തിലെ വൈദികർ ദൈവവചനത്തെക്കാൾ സഭാപാരമ്പര്യത്തിനാണ്‌ മുൻതൂക്കം നൽകുന്നത്‌ എന്ന്‌ എനിക്കു ബോധ്യമായി,” അഗസ്റ്റിൻ പറയുന്നു.

അഗസ്റ്റിൻ സേക്കേറാ 1962 ഫെബ്രുവരിയിൽ മാടാഗാൽപായിലെ ആദ്യത്തെ സ്‌നാപനമേറ്റ സാക്ഷിയായിത്തീർന്നു. അദ്ദേഹം പുരോഗതി പ്രാപിക്കുന്നതിൽ തുടർന്നു. പിന്നീട്‌ ഒരു പയനിയറായും മൂപ്പനായും അദ്ദേഹം സേവിച്ചു. 1991 മുതൽ അദ്ദേഹം നിക്കരാഗ്വാ ബ്രാഞ്ച്‌ കമ്മിറ്റിയിലെ ഒരു അംഗമായി സേവിക്കുന്നു. മാടാഗാൽപായിലാണെങ്കിൽ സേവന വർഷം 2002-ൽ മൊത്തം 153 രാജ്യപ്രസംഗകർ അടങ്ങിയ തഴച്ചു വളരുന്ന രണ്ടു സഭകൾ ഉണ്ടായിരുന്നു.

അക്ഷീണരായ പ്രത്യേക പയനിയർമാർ

ദൈവരാജ്യ സുവാർത്ത സ്വീകരിച്ച അനേകർ പയനിയർവേലയിൽ പങ്കെടുത്തുകൊണ്ട്‌ തങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാൻ പ്രേരിതരായി. ഇവരിൽ ഹിൽബർട്ടോ സോളിസ്‌, അദ്ദേഹത്തിന്റെ ഭാര്യയായ മരിയാ സേസിലിയാ, ഇളയ സഹോദരിയായ മരിയാ എൽസ എന്നിവർ ഉൾപ്പെടുന്നു. മൂന്നുപേരും 1961-ലാണു സ്‌നാപനമേറ്റത്‌. നാലു വർഷം കഴിഞ്ഞ്‌ അവർ വളരെ ഫലപ്രദമായ ഒരു പ്രത്യേക പയനിയർ ടീം ആയിത്തീർന്നു. ഈ മൂവർ സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പതു വ്യത്യസ്‌ത സഭകൾ രൂപീകരിക്കുകയോ അവയെ ശക്തീകരിക്കുകയോ ചെയ്‌തു. അവരുടെ നിയമനസ്ഥലങ്ങളിൽ ഒന്ന്‌ നിക്കരാഗ്വ തടാകത്തിലെ ഓമേറ്റേപ്പേ ദ്വീപായിരുന്നു.

ഓമേറ്റേപ്പേക്ക്‌ 276 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുണ്ട്‌. രണ്ട്‌

അഗ്നിപർവതങ്ങൾ ചേർന്നാണ്‌ അത്‌ ഉളവായിരിക്കുന്നത്‌. ഒന്നിന്‌ 1,600 മീറ്റർ ഉയരമുണ്ട്‌. മുകളിൽനിന്നു വീക്ഷിക്കുമ്പോൾ അഗ്നിപർവതങ്ങൾ ഈ ദ്വീപിന്‌ എട്ട്‌ എന്ന സംഖ്യയുടെ ആകൃതി കൊടുക്കുന്നു. ഈ മൂന്നു പയനിയർമാർ പ്രഭാതത്തിൽത്തന്നെ തങ്ങളുടെ പ്രവർത്തനം തുടങ്ങുമായിരുന്നു. പോകാവുന്നിടത്തോളം ദൂരം ബസ്സിൽ സഞ്ചരിച്ചും പിന്നെ മിക്കപ്പോഴും നഗ്നപാദരായി മണൽത്തീരത്തുകൂടെ നടന്നും അവർ ഓമേറ്റേപ്പേയിലെ അനേകം ഗ്രാമങ്ങളിൽ പ്രവർത്തിച്ചു. ഏതാണ്ടു 18 മാസംകൊണ്ട്‌ അവർ ഓമേറ്റേപ്പേയിൽ ഉടനീളം ബൈബിൾ വിദ്യാർഥികളുടെ പല ഒറ്റപ്പെട്ട കൂട്ടങ്ങൾ സംഘടിപ്പിച്ചു. ഏറ്റവും വലിയ കൂട്ടം ലോസ്‌ ആറ്റീയോസിൽ ആയിരുന്നു.

മുമ്പ്‌, ലോസ്‌ ആറ്റീയോസിലെ പുതിയ പ്രസാധകരിൽ അനേകരുടെയും പ്രധാന വരുമാന മാർഗം പുകയില കൃഷിയായിരുന്നു. എന്നാൽ ഇപ്പോൾ ആ ജോലി ചെയ്യാൻ അവരുടെ ബൈബിൾ പരിശീലിത മനസ്സാക്ഷി അവരെ അനുവദിച്ചില്ല. അതുകൊണ്ട്‌ വരുമാനം കുറവാണെങ്കിലും മിക്കവരും മത്സ്യബന്ധനത്തിലേക്കു തിരിഞ്ഞു. അത്തരം വിശ്വാസവും അതിനു പുറമേ അവരുടെ ശുശ്രൂഷയുടെ മേലുള്ള യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്തിന്റെ മറ്റു തെളിവുകളും കണ്ടത്‌ സോളിസ്‌ കുടുംബത്തിന്‌ എന്തു സന്തോഷമാണു കൈവരുത്തിയത്‌! ആ പ്രദേശത്തെ പ്രസാധകരുടെ എണ്ണം പെട്ടെന്നുതന്നെ 32 ആയി ഉയർന്നു. അത്‌ ഒരു രാജ്യഹാളിന്റെ ആവശ്യം സൃഷ്ടിച്ചു. പുതിയ പ്രസാധകരിൽ ഒരാളായ അൽഫോൻസോ ആലെമാൻ, തണ്ണിമത്തങ്ങ കൃഷി ചെയ്‌തിരുന്നു. ഒരു ഹാൾ പണിയാനുള്ള സ്ഥലം സംഭാവന ചെയ്യാമെന്ന്‌ അദ്ദേഹം സമ്മതിച്ചു. എന്നാൽ രാജ്യഹാൾ പണിയാനുള്ള പണം ലോസ്‌ ആറ്റീയോസിലെ പ്രസാധകർക്ക്‌ എങ്ങനെ കിട്ടുമായിരുന്നു?

സംഭാവന കിട്ടിയ സ്ഥലത്ത്‌ ആലെമാൻ സഹോദരൻ കൊടുത്ത തണ്ണിമത്തങ്ങാ വിത്തുകൾ നടാൻ ഹിൽബർട്ടോ സോളിസ്‌ സ്വമേധയാ സേവകരെ സംഘടിപ്പിച്ചു. താൻതന്നെ കഠിനാധ്വാനം ചെയ്‌തു മാതൃകവെച്ചുകൊണ്ട്‌ ‘യഹോവയ്‌ക്കുവേണ്ടിയുള്ള ഈ തണ്ണിമത്തങ്ങകളെ’ പരിപാലിക്കാൻ ഹിൽബർട്ടോ കൂട്ടത്തെ പ്രോത്സാഹിപ്പിച്ചു. ചെറിയ ശരീരപ്രകൃതി ഉള്ളവളെങ്കിലും ഊർജസ്വലതയുള്ള ഒരു സ്‌ത്രീയായ മരിയാ എൽസ പ്രസാധകരുടെ ചെറിയ കൂട്ടം എങ്ങനെ വിളവിനു പരിപാലനമേകിയെന്നു വർണിക്കുന്നു. അവർ പറയുന്നു: “നേരം വെളുക്കുന്നതിനു മുമ്പുതന്നെ ഞങ്ങൾ എഴുന്നേറ്റ്‌ വയൽ നനച്ചിരുന്നു. ഞങ്ങൾക്കു നല്ല മൂന്നു വിളവു ലഭിച്ചു. ആലെമാൻ സഹോദരൻ സ്വന്തം ബോട്ടിൽ നിക്കരാഗ്വ തടാകം കടന്ന്‌ മത്തങ്ങകൾ ഗ്രനാഡായിൽ എത്തിക്കുകയും അവ വിറ്റ്‌ നിർമാണ വസ്‌തുക്കൾ വാങ്ങുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ്‌ ലോസ്‌ ആറ്റീയോസിലെ രാജ്യഹാൾ പണിതത്‌, അതുകൊണ്ടാണ്‌ എന്റെ സഹോദരൻ അതിനെ തണ്ണിമത്തങ്ങകൊണ്ട്‌ ഉണ്ടാക്കിയ ചെറിയ ഹാൾ എന്നു വിളിച്ചത്‌.” തുടക്കം ചെറുതായിരുന്നെങ്കിലും ഓമേറ്റേപ്പേ ദ്വീപിൽ ഇപ്പോൾ തഴച്ചുവളരുന്ന മൂന്നു സഭകളുണ്ട്‌.

ഹിൽബർട്ടോയും അദ്ദേഹത്തിന്റെ ഭാര്യയും സഹോദരിയും പ്രകടമാക്കിയ താഴ്‌മയും ശുഭാപ്‌തി വിശ്വാസവും യഹോവയിലുള്ള പൂർണ ആശ്രയവും അനേകം ഹൃദയങ്ങളെ സ്‌പർശിച്ചു. ഹിൽബർട്ടോ മിക്കപ്പോഴും ഇങ്ങനെ പറയുമായിരുന്നു: “നമ്മൾ പുതിയവരെ എല്ലായ്‌പോഴും കുഞ്ഞു കിടാക്കളെപ്പോലെ കാണണം. അവർ നമുക്ക്‌ സന്തോഷം പകരുന്നെങ്കിലും അപ്പോഴും ദുർബലരാണ്‌. നമുക്ക്‌ ഒരിക്കലും അവരുടെ ബലഹീനതകൾ നിമിത്തം അസ്വസ്ഥരാകാതിരിക്കാം. പകരം, ബലിഷ്‌ഠരാകാൻ അവരെ സഹായിക്കാം.” മാതൃകായോഗ്യരായ ഈ മൂന്നു പയനിയർമാർ 265 പേരെ സമർപ്പണത്തിന്റെയും സ്‌നാപനത്തിന്റെയും പടികൾ സ്വീകരിക്കാൻ സഹായിച്ചതിൽ സ്‌നേഹമസൃണമായ ഈ മനോഭാവം ഒരു പങ്കുവഹിച്ചുവെന്നതിൽ സംശയമില്ല! വർഷങ്ങൾ കഴിഞ്ഞ്‌ ഹിൽബർട്ടോയുടെ ഭാര്യ വിശ്വസ്‌തയായി മരണമടഞ്ഞു. ഇപ്പോൾ 83 വയസ്സുള്ള ഹിൽബർട്ടോയുടെ ആരോഗ്യം ഗണ്യമായി കുറഞ്ഞിരിക്കുന്നു. എന്നിരുന്നാലും, ഇപ്പോഴും യഹോവയെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം എന്നത്തെതുംപോലെതന്നെ ശക്തമാണ്‌. മരിയാ എൽസയുടെ കാര്യമാണെങ്കിൽ 36 വർഷം പ്രത്യേക പയനിയർ സേവനത്തിൽ ഏർപ്പെട്ടശേഷം എന്തു തോന്നുന്നു എന്ന്‌ അടുത്ത കാലത്തു ചോദിച്ചപ്പോൾ അവർ ഇങ്ങനെ മറുപടി പറഞ്ഞു: “ആദ്യ ദിവസത്തേതുപോലെ തന്നെ ഞാൻ ഇന്നും വളരെ സന്തുഷ്ടയാണ്‌. ഞങ്ങളെ തന്റെ വിശുദ്ധ സംഘടനയിലേക്കു കൊണ്ടുവന്ന്‌ അത്ഭുതകരമായ ഈ ആത്മീയ പറുദീസയിൽ ഒരു ചെറിയ ഇടം നൽകിയിരിക്കുന്നതിന്‌ ഞാൻ എപ്പോഴും യഹോവയ്‌ക്കു നന്ദി കൊടുക്കുന്നു.” സോളിസ്‌ കുടുംബത്തെപ്പോലെ കഠിനാധ്വാനികളായ അനേകം പയനിയർമാർ ഈ വർഷങ്ങളിലെല്ലാം നിക്കരാഗ്വയിൽ വളരെയധികം രാജ്യഫലം കൊയ്‌തിരിക്കുന്നു. യഹോവയുടെ സമൃദ്ധമായ അനുഗ്രഹം അവരുടെമേൽ ഉണ്ടായിരുന്നു എന്നതു തീർച്ചയാണ്‌.

1972-ലെ മനാഗ്വ ഭൂകമ്പം

ആയിരത്തിത്തൊള്ളായിരത്തെഴുപത്തിരണ്ട്‌ ഡിസംബർ 23-ന്‌ അർധരാത്രി കഴിഞ്ഞയുടനെ റിക്ടർ സ്‌കെയിലിൽ 6.25 രേഖപ്പെടുത്തിയ ഒരു ഭൂകമ്പം മനാഗ്വയെ പിടിച്ചുലച്ചു, ഏതാണ്ട്‌ 50 അണുബോംബിനു തുല്യമായ ഊർജമാണ്‌ അതു പുറപ്പെടുവിച്ചത്‌. ഭൂകമ്പ കേന്ദ്രത്തിൽനിന്നു വെറും 18 ബ്ലോക്ക്‌ അകലെ മനാഗ്വയുടെ കിഴക്കേ വശത്താണ്‌ ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥിതിചെയ്‌തിരുന്നത്‌. “മിഷനറിമാരെല്ലാം ഉറങ്ങാൻ കിടന്നിരുന്നു,” അന്നത്തെ ബ്രാഞ്ച്‌ മേൽവിചാരകനായ ലേവി എൽവുഡ്‌ വിതർസ്‌പൂൺ പറയുന്നു. “കുലുക്കം നിലച്ചപ്പോൾ ഞങ്ങൾ ധൃതിയിൽ തെരുവിന്റെ മധ്യത്തിലേക്ക്‌ ഇറങ്ങിനിന്നു. തുടർന്ന്‌ ഒന്നിനുപുറകേ ഒന്നായി രണ്ടു പ്രാവശ്യംകൂടെ കുലുക്കമുണ്ടായി. ഞങ്ങൾക്കു ചുറ്റുമുണ്ടായിരുന്ന വീടുകളെല്ലാം നിലംപൊത്തി. ഒരു കനത്ത പൊടിപടലം നഗരത്തെ മൂടി. നഗരത്തിന്റെ വ്യാപാര മേഖലയിൽ ചുവന്ന പ്രകാശം കണ്ടപ്പോൾ അവിടെ ഉഗ്രമായ അഗ്നിബാധ ഉണ്ടായിട്ടുണ്ടെന്ന്‌ ഞങ്ങൾക്കു മനസ്സിലായി.”

വ്യാപാര മേഖലയുടെ നേരെ അടിയിലായിരുന്നു ഭൂകമ്പകേന്ദ്രം. വെറും 30 സെക്കൻഡിനുള്ളിൽ മനാഗ്വ വാസയോഗ്യമല്ലാതായിത്തീർന്നു. അതിജീവകർ പൊടിയിലൂടെയും നാശാവശിഷ്ടങ്ങൾക്കിടയിലൂടെയും നിരങ്ങിവലിഞ്ഞ്‌ പുറത്തെത്തി. അവർ ശ്വാസം കഴിക്കാൻതന്നെ ഏറെ പണിപ്പെട്ടു. അനേകർക്കും ദുരന്തത്തെ അതിജീവിക്കാനായില്ല. മരണസംഖ്യ 12,000-ത്തിൽപ്പരം ആണെന്നു കണക്കാക്കപ്പെടുന്നുണ്ടെങ്കിലും കൃത്യസംഖ്യ ഇപ്പോഴും അറിയില്ല. മനാഗ്വയിലെ 75 ശതമാനം വീടുകളും നശിച്ചു, 2,50,000-ത്തോളം പേരാണ്‌ ഭവനരഹിതരായത്‌. ഭൂകമ്പത്തിനു ശേഷമുള്ള മൂന്നു ദിവസങ്ങളിൽ ദിവസേന ഏകദേശം 1,00,000 പേർ നഗരംവിട്ട്‌ പലായനം ചെയ്‌തു.

ക്രിസ്‌തീയ സ്‌നേഹം രക്ഷയ്‌ക്കെത്തുന്നു

ഭൂകമ്പം ഉണ്ടായ അന്നുതന്നെ ഉച്ചയോടെ മനാഗ്വയിലെ സഭാ മേൽവിചാരകന്മാരിൽനിന്ന്‌ ബ്രാഞ്ച്‌ ഓഫീസിന്‌ ഒരു പൂർണ റിപ്പോർട്ടു കിട്ടിയിരുന്നു. ഐക്യത്തിൽ പെട്ടെന്നു പ്രവർത്തിച്ചുകൊണ്ട്‌ ഈ വിശ്വസ്‌ത സഹോദരന്മാർ ഓരോ സഭാംഗത്തിന്റെയും ആവശ്യം തിട്ടപ്പെടുത്തുന്നതിന്‌ അവരെ സന്ദർശിച്ചിരുന്നു. സന്തോഷകരമെന്നു പറയട്ടെ, നഗരത്തിലെ 1,000-ത്തിൽപ്പരം സാക്ഷികളിൽ ആർക്കും ജീവഹാനി സംഭവിച്ചില്ല. എന്നാൽ 80 ശതമാനത്തിലധികം സഹോദരങ്ങൾക്കു വീടുകൾ നഷ്ടപ്പെട്ടിരുന്നു.

പെട്ടെന്നുതന്നെ തങ്ങളുടെ സഹോദരന്മാരുടെ സഹായത്തിനെത്താൻ ക്രിസ്‌തീയ സ്‌നേഹം അയൽ പ്രദേശങ്ങളിലെ യഹോവയുടെ ജനത്തെ പ്രേരിപ്പിച്ചു. ഭൂകമ്പം ഉണ്ടായി ഏതാണ്ട്‌ 22 മണിക്കൂർ ആയപ്പോഴേക്കും ലോറിക്കണക്കിന്‌ ആഹാരവും വെള്ളവും മരുന്നുകളും വസ്‌ത്രവും ബ്രാഞ്ചിൽ എത്തിച്ചേർന്നു. യഥാർഥത്തിൽ, ദുരിതാശ്വാസ സഹായം കൊടുത്ത ആദ്യകേന്ദ്രങ്ങളിലൊന്ന്‌ ബ്രാഞ്ച്‌ ആയിരുന്നു. മാത്രവുമല്ല, നിക്കരാഗ്വയിലെ വിവിധ സഭകളിൽനിന്ന്‌ സന്നദ്ധ സേവകർ നിരവധിയായി എത്തി. പെട്ടെന്നുതന്നെ എല്ലാവരും വസ്‌ത്രങ്ങൾ തരംതിരിക്കുന്നതിലും ഭക്ഷ്യവസ്‌തുക്കൾ പൊതിഞ്ഞുകെട്ടുന്നതിലും അവ ആവശ്യമുള്ളിടങ്ങളിലേക്ക്‌ അയച്ചുകൊടുക്കുന്നതിലും പങ്കുചേർന്നു. കൂടുതൽ വിദൂര പ്രദേശങ്ങളിലെ സാക്ഷികളിൽനിന്നുപോലും ദുരിതാശ്വാസ വിഭവങ്ങൾ എത്താൻ തുടങ്ങി.

ഭൂകമ്പത്തിന്റെ പിറ്റേന്ന്‌ ബ്രാഞ്ച്‌ മേൽവിചാരകൻ കൂടുതലായ സഹായം ക്രമീകരിക്കുന്നതിന്‌ കോസ്റ്ററിക്ക, എൽ സാൽവഡോർ, ഹോണ്ടുറാസ്‌ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശക പ്രതിനിധികളുമായി യോഗം ചേർന്നു. മനാഗ്വയ്‌ക്കു പുറത്തു താമസിക്കുന്ന നിക്കരാഗ്വൻ സാക്ഷികൾ തലസ്ഥാനം വിട്ടുപോകേണ്ടിവന്ന സഹോദരങ്ങൾക്കായി സ്‌നേഹപൂർവം തങ്ങളുടെ ഭവനങ്ങൾ തുറന്നുകൊടുത്തു. തലസ്ഥാനത്തു ശേഷിച്ച സാക്ഷികൾക്കു ക്രിസ്‌തീയ യോഗങ്ങളിലും വയൽസേവനത്തിലും പങ്കുപറ്റാൻ കഴിയത്തക്കവിധം അവരെ കൂട്ടങ്ങളായി സംഘടിപ്പിച്ചു. ഈ കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ദുരിതാശ്വാസ വസ്‌തുക്കൾ എത്തിച്ചു കൊടുക്കുന്നതിനും സർക്കിട്ട്‌ മേൽവിചാരകൻ അവരെ സന്ദർശിച്ചു.

ഭൂകമ്പം നിമിത്തം മുഴുരാജ്യവും സാമ്പത്തിക പ്രതിസന്ധിയിലായി. ജീവിതം പ്രയാസകരം ആയിരുന്നെങ്കിലും രാജ്യഹാളുകളുടെയും സഹോദരങ്ങളുടെ ഭവനങ്ങളുടെയും പുനർനിർമാണം പുരോഗമിച്ചു. എന്തിന്‌, പുതിയ താത്‌പര്യക്കാരെക്കൊണ്ട്‌ സഭകൾ നിറഞ്ഞു. വ്യക്തമായും, രാജ്യതാത്‌പര്യങ്ങളെ ജീവിതത്തിൽ ഒന്നാമതു വെക്കുന്നതിൽ തുടർന്ന തന്റെ ജനത്തിൽ യഹോവ സംപ്രീതനായിരുന്നു.​—⁠മത്താ. 6:⁠33.

വാർഷികപുസ്‌തകം 1975 (ഇംഗ്ലീഷ്‌) ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “മനാഗ്വയിലെ പതിനാലു സഭകളിൽ ഭൂരിപക്ഷവും ഭിത്തികളിൽ വിള്ളൽവീണ കെട്ടിടങ്ങളിലോ ഏതെങ്കിലും മുറ്റത്തു ലോഹ ഷീറ്റുകൾകൊണ്ട്‌ ഒരു മേൽക്കൂര മാത്രം കെട്ടി അതിനു കീഴിലോ ആണ്‌ ഇപ്പോഴും കൂടിവരുന്നത്‌. സന്തോഷകരമെന്നു പറയട്ടെ, ഈ യോഗങ്ങളിലെ ഹാജർ കഴിഞ്ഞ വർഷത്തിനു ശേഷം ഇരട്ടിച്ചിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ശരാശരിയെ അപേക്ഷിച്ച്‌ പ്രസാധകരുടെ എണ്ണത്തിൽ 20 ശതമാനം വർധന ഉണ്ടായിട്ടുണ്ട്‌. ഇപ്പോൾ മറ്റുള്ളവർക്കു സത്യം പങ്കുവെക്കുന്ന 2,689 പേർ ഇവിടെയുണ്ട്‌. 417 പേർ സ്‌നാപനമേറ്റു.”

വളർച്ച ഇങ്ങനെ തുടർന്നുകൊണ്ടിരുന്നപ്പോൾ പഴയ ബ്രാഞ്ച്‌ സൗകര്യങ്ങൾ പോരാതെവന്നു. അതുകൊണ്ട്‌ വൻ ഭൂകമ്പത്തിനുശേഷം വെറും രണ്ടു വർഷം കഴിഞ്ഞ്‌ 1974 ഡിസംബറിൽ ഒരു പുതിയ ബ്രാഞ്ച്‌ ഓഫീസും മിഷനറി ഭവനവും പൂർത്തിയാക്കപ്പെട്ടപ്പോൾ പ്രസാധകർക്ക്‌ എത്ര സന്തോഷമായെന്നു നിങ്ങൾക്ക്‌ ഊഹിക്കാൻ കഴിയും! പുതിയ ബ്രാഞ്ച്‌ സ്ഥാപിക്കപ്പെട്ടത്‌ മനാഗ്വ നഗര കേന്ദ്രത്തിൽനിന്ന്‌ 16 കിലോമീറ്റർ തെക്കുള്ള എൽ റൈസോൺ എന്നു പേരുള്ള പ്രശാന്തമായ ഒരു തെരുവിൽ ആയിരുന്നു.

മിഷനറിമാർ സ്‌നേഹത്തിലും ഐക്യത്തിലും മാതൃക വെക്കുന്നു

വാലസ്‌ സഹോദരന്മാർ രണ്ടുപേരും 1945-ൽ നിക്കരാഗ്വയിൽ എത്തിയതു മുതൽ ഇവിടത്തെ മിഷനറിമാർ വിശ്വാസത്തിന്റെയും സഹിഷ്‌ണുതയുടെയും ആളുകളോടുള്ള സ്‌നേഹത്തിന്റെയും കാര്യത്തിൽ നല്ല മാതൃകകളാണെന്നു തെളിഞ്ഞിട്ടുണ്ട്‌. ആദരണീയമായ അത്തരം ഗുണങ്ങൾ മിഷനറിമാർ തമ്മിൽത്തമ്മിൽ നല്ല ബന്ധം ഉണ്ടായിരിക്കുന്നതിനു മാത്രമല്ല സ്ഥലത്തെ സഹോദരങ്ങളുമായും കൂടുതൽ അടുപ്പം ഉണ്ടായിരിക്കുന്നതിനു സഹായിച്ചു. മിഷനറിയായ കെന്നത്ത്‌ ബ്രയൻ പറയുന്നു: “മനാഗ്വ ഭൂകമ്പത്തിനുശേഷം, ഞങ്ങൾ ബ്രാഞ്ചിൽ സഹായിച്ചു, സഹോദരങ്ങളെ തകർന്ന വീടുകളിൽനിന്നു പുറത്തുകൊണ്ടുവന്നു, അവരുടെ മരിച്ച ബന്ധുക്കളെ അടക്കാൻ സഹായിച്ചു. അത്തരമൊരു അവസ്ഥയിൽ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ നിങ്ങൾ അന്യോന്യം വളരെ അടുക്കുന്നു.” സഹ മിഷനറിമാരെ കുറിച്ചു സംസാരിക്കവേ മാർഗരറ്റ്‌ മൂർ (മുമ്പ്‌ ഫോസ്റ്റർ) ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഞങ്ങൾ വ്യത്യസ്‌ത ദേശങ്ങളിൽനിന്നും പശ്ചാത്തലങ്ങളിൽനിന്നും ഉള്ള വ്യത്യസ്‌ത വ്യക്തിത്വങ്ങളോടു കൂടിയവർ ആയിരുന്നെങ്കിലും, വ്യക്തിപരമായ ദൗർബല്യങ്ങൾ ഗണ്യമാക്കാതെ ഞങ്ങളുടെ നിയമനത്തിൽ സന്തുഷ്ടരായിരിക്കാൻ ഒരു ഏകീകൃത കുടുംബാന്തരീക്ഷം ഞങ്ങളെ സഹായിച്ചു.”

കെന്നത്ത്‌ ബ്രയനെയും ഭാര്യ ഷാരനെയും പോലുള്ള മിഷനറിമാർ, ഫ്രാൻസിസ്‌ വാലസ്‌-ആഞ്ചലിൻ ദമ്പതികൾ, സിഡ്‌നി പോർട്ടർ-ഫിലിസ്‌ ദമ്പതികൾ, എമിലി ഹാർഡിൻ എന്നിങ്ങനെയുള്ള അനുഭവസമ്പന്നരായ മിഷനറിമാരുടെ മാതൃകയിൽനിന്നു പഠിക്കാൻ കഴിഞ്ഞത്‌ ഒരു പ്രത്യേക പദവിയായി കരുതുന്നു. ഷാരൻ ഇങ്ങനെ അനുസ്‌മരിക്കുന്നു: “എല്ലാവരും കഠിനാധ്വാനം ചെയ്‌തു, തങ്ങൾ ചെയ്യുന്ന വേല അവരെല്ലാം ഇഷ്ടപ്പെട്ടിരുന്നു എന്നതു വ്യക്തമായിരുന്നു.”

പലവർഷങ്ങളിൽ, അനേകം മിഷനറി ദമ്പതിമാർ സഞ്ചാരവേലയിലും സേവിച്ചു. തീർച്ചയായും തീക്ഷ്‌ണതയുള്ള മിഷനറിമാർ ഇട്ട ഉറച്ച അടിസ്ഥാനം, നിക്കരാഗ്വയിലെ വേലയുടെ ആദ്യത്തെ മൂന്നു ദശാബ്ദങ്ങളിൽ അവിടെ ഉണ്ടായ നല്ല ആത്മീയ വളർച്ചയ്‌ക്കു സംഭാവന ചെയ്‌തു. എന്നിരുന്നാലും, ആ ആത്മീയ നിർമാണ പ്രവർത്തനത്തിന്റെ കരുത്ത്‌ പരീക്ഷിക്കപ്പെടാനിരിക്കുകയായിരുന്നു, മറ്റൊരു ഭൂകമ്പത്താലല്ല, പിന്നെയോ കുറേക്കൂടെ നീണ്ടുനിന്നതും ആത്മീയമായി അപകടകരവുമായ ചിലതിനാൽ​—⁠ദേശീയവാദത്താലും വിപ്ലവത്താലും.​—⁠1 കൊരി. 3:​12, 13.

രാഷ്‌ട്രീയ വിപ്ലവത്തിന്റെ ജ്വാലകളാൽ പരിശോധിക്കപ്പെടുന്നു

സാൻഡിനിസ്റ്റാ ദേശീയ വിമോചന മുന്നണി (എഫ്‌എസ്‌എൽഎൻ) നയിച്ച ഒരു രാഷ്‌ട്രീയ വിപ്ലവം 1970-കളുടെ ഒടുവിൽ നിക്കരാഗ്വയിൽ വീശിയടിച്ചു. അവസാനം അത്‌ 42 വർഷം നീണ്ടുനിന്ന സോമോസാ കുടുംബത്തിന്റെ പട്ടാള ഭരണത്തിനു വിരാമമിട്ടു. നിക്കരാഗ്വയിൽ 15 വർഷം മിഷനറിയായി സേവിച്ച റൂബി ബ്ലോക്ക്‌ ആ കാലഘട്ടത്തെ കുറിച്ച്‌ ഇങ്ങനെ പറയുന്നു: “വർധിച്ച രാഷ്‌ട്രീയ പ്രചാരണത്തിന്റെ ആ വർഷങ്ങൾ എല്ലാവരെയും ഭയാകുലരാക്കി. പട്ടാളവും സാൻഡിനിസ്റ്റാകളും തമ്മിൽ കൂടെക്കൂടെ ഏറ്റുമുട്ടിയിരുന്നു. ശുശ്രൂഷ നിർവഹിക്കുന്നതിന്‌, ഞങ്ങൾ പൂർണമായി യഹോവയിൽ ആശ്രയിക്കേണ്ടിയിരുന്നു.”

യഹോവയുടെ സാക്ഷികൾ രാഷ്‌ട്രീയ കാര്യങ്ങളിൽ ക്രിസ്‌തീയ നിഷ്‌പക്ഷത പാലിച്ചിരുന്നെങ്കിലും സാൻഡിനിസ്റ്റാ അനുഭാവികൾ മിക്കപ്പോഴും അവരെ സോമോസാ ഭരണകൂടത്തിന്റെയോ അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ്‌ ഏജൻസിയുടെയോ (സിഐഎ) ഏജന്റുമാരായി കണക്കാക്കിയിരുന്നു. വിദേശികൾക്കെതിരെ ശക്തമായ വികാരങ്ങൾ ആളിക്കത്തിയിരുന്ന ഒരു സമയമായിരുന്നു അത്‌. ഉദാഹരണത്തിന്‌, മിഷനറിയായ എൽഫ്രീഡെ ഉർബാൻ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കെ അവർ ചാരപ്പണി നടത്തുകയാണെന്ന്‌ ഒരു മനുഷ്യൻ കുറ്റപ്പെടുത്തി. “അത്‌ എങ്ങനെ ശരിയാകും?” സഹോദരി പറഞ്ഞു. “എന്റെ കൈവശം ക്യാമറയോ ടേപ്പ്‌ റെക്കോർഡറോ ഇല്ല. മാത്രവുമല്ല, ഈ പ്രദേശത്ത്‌ ഞാൻ എന്തു ചാരപ്പണി നടത്താനാണ്‌?”

അയാളുടെ മറുപടി ഇങ്ങനെയായിരുന്നു: “നിങ്ങളുടെ കണ്ണുകൾ ക്യാമറായും നിങ്ങളുടെ കാതുകളും തലച്ചോറും ടേപ്പ്‌ റെക്കോർഡറുമായിരിക്കത്തക്കവണ്ണം ഉള്ള അത്ര നല്ല പരിശീലനമാണു നിങ്ങൾക്കു കിട്ടിയിരിക്കുന്നത്‌.”

ആ നാളുകളിൽ മനാഗ്വയിലെ തെരുവുകളിൽ ആവർത്തിച്ചു മുഴങ്ങി കേട്ടിരുന്ന ഒരു പ്രസിദ്ധ മുദ്രാവാക്യം ഇതായിരുന്നു: “ക്രിസ്‌ത്യാനിത്വം വിപ്ലവത്തിന്‌ എതിരല്ല!” 1970-കളിൽ ലാറ്റിൻ അമേരിക്കയിൽ ജനപ്രീതിയാർജിച്ച ഈ ചിന്താഗതി വിമോചന ദൈവശാസ്‌ത്രത്തിന്റെ പ്രതിഫലനമായിരുന്നു. അതു റോമൻ കത്തോലിക്കാ സഭയ്‌ക്കുള്ളിൽ ഉടലെടുത്ത ഒരു മാർക്‌സിസ്റ്റ്‌ പ്രസ്ഥാനം പ്രോത്സാഹിപ്പിച്ച വീക്ഷണമാണ്‌. ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ പറയുന്ന പ്രകാരം വിമോചന ദൈവശാസ്‌ത്രത്തിന്റെ ലക്ഷ്യം “രാഷ്‌ട്രീയവും ഭരണപരവുമായ കാര്യങ്ങളിലെ [മതപരമായ] ഉൾപ്പെടലിലൂടെ ദരിദ്രരെയും മർദിതരെയും” സഹായിക്കുക എന്നതായിരുന്നു.

റൂബി ബ്ലോക്ക്‌ ഇങ്ങനെ അനുസ്‌മരിക്കുന്നു: “അന്ന്‌ ആളുകൾ മിക്കപ്പോഴും ഞങ്ങളോടു ചോദിച്ചിരുന്ന ഒരു ചോദ്യം ‘വിപ്ലവത്തെ കുറിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു?’ എന്നതായിരുന്നു. മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾക്കുള്ള ഏക പരിഹാരം ദൈവരാജ്യമാണെന്നു ഞങ്ങൾ വിശദീകരിച്ചു.” ആ അപകടകരമായ രാഷ്‌ട്രീയ പരിതസ്ഥിതിയിൽ യഹോവയോടുള്ള വിശ്വസ്‌തതയിൽ നിലനിൽക്കുക എന്നത്‌ ഒരു വെല്ലുവിളിയായിരുന്നു. റൂബി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എന്റെ സംസാരത്തിൽ മാത്രമല്ല, മനസ്സിലും ഹൃദയത്തിലും കൂടി നിഷ്‌പക്ഷത പാലിക്കാനുള്ള ശക്തിക്കുവേണ്ടി ഞാൻ എല്ലായ്‌പോഴും യഹോവയോടു പ്രാർഥിക്കുമായിരുന്നു.”

അനേകം മാസം നീണ്ടുനിന്ന അക്രമാസക്തമായ പ്രക്ഷോഭങ്ങളുടെ അവസാനം 1979 മേയിൽ ഗവണ്മെന്റിനെ മറിച്ചിടാൻ എഫ്‌എസ്‌എൽഎൻ സമഗ്രമായ ഒരു ആക്രമണം നടത്തി. പ്രസിഡന്റ്‌ സോമോസാ തേബൈലേ രാജ്യത്തുനിന്നു പലായനം ചെയ്യാൻ നിർബന്ധിതനായി. അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാസേന പിരിച്ചുവിടപ്പെട്ടു. ആ വർഷം ജൂലൈയിൽ ദേശീയ പുനർനിർമാണ സർക്കാരിന്റെ പുതിയ സമിതി അധികാരം ഏറ്റെടുത്തു. വിപ്ലവത്തിൽ 50,000 നിക്കരാഗ്വക്കാർ മരിച്ചതായി കണക്കാക്കപ്പെടുന്നു.

സഹോദരന്മാരുടെ അവസ്ഥ എന്തായിരുന്നു? 1979 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പിൻവരുന്ന അറിയിപ്പു പ്രത്യക്ഷപ്പെട്ടു: “സഹോദരന്മാർ നല്ല ഉത്സാഹത്തിലാണ്‌, അവർ തങ്ങളുടെ യോഗങ്ങളും പ്രസംഗപഠിപ്പിക്കൽ വേലയും പുനരാരംഭിക്കുകയാണ്‌. കലാപ കാലഘട്ടത്തിൽ . . . നമ്മുടെ സഹോദരന്മാരിൽ മൂന്നു പേർക്കു ജീവഹാനി സംഭവിച്ചു. വളരെയധികം വീടുകൾ നശിപ്പിക്കപ്പെട്ടു. എന്നാൽ സഹോദരങ്ങളിൽ ഏറിയപങ്കും വാടകക്കാരായിരുന്നതിനാൽ അവരുടെ കാര്യത്തിൽ മുഖ്യമായും ഉണ്ടായ നഷ്ടം വസ്‌തുവകകളുടെ കവർച്ചയും നശിപ്പിക്കലുമായിരുന്നു. യാത്രാ സൗകര്യങ്ങൾ കുറവാണ്‌. ബസ്സുകൾ മിക്കവയും നശിപ്പിക്കപ്പെട്ടു. റോഡുകളുടെ അറ്റകുറ്റപ്പണി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്‌. പെട്രോളിന്‌ വലിയ ക്ഷാമമാണ്‌.” എന്നിരുന്നാലും, യഹോവയുടെ ജനത്തിന്‌ കൂടിയ പീഡാനുഭവങ്ങൾ വരാനിരിക്കുകയായിരുന്നു.

അറസ്റ്റുകളും നാടുകടത്തലും

യഹോവയുടെ സാക്ഷികളുടെ നിഷ്‌പക്ഷ നിലപാട്‌ പുതിയ ഭരണകൂടം അംഗീകരിക്കുന്നില്ലെന്ന്‌ പെട്ടെന്നുതന്നെ സ്‌പഷ്ടമായി. ഉദാഹരണത്തിന്‌, കസ്റ്റംസ്‌ വിഭാഗം നമുക്കു സാഹിത്യം ഇറക്കുമതി ചെയ്യുക പ്രയാസമാക്കിത്തീർത്തു. അതിനുപുറമേ, 1981-ൽ പാസാക്കിയ ഒരു നിയമം അനുസരിച്ച്‌ നിയമപരമായി അംഗീകരിക്കപ്പെടുന്നതിന്‌ പൗരസംഘടനകളും മതസംഘടനകളും വീണ്ടും രജിസ്റ്റർ ചെയ്യണമായിരുന്നു. ഈ രജിസ്‌ട്രേഷൻ നടത്തപ്പെടുന്നതുവരെ നമ്മുടെ സംഘടനയ്‌ക്കു നിയമാംഗീകാരം ഉണ്ടായിരിക്കുമായിരുന്നില്ല. എന്നാൽ സങ്കടകരമെന്നു പറയട്ടെ വീണ്ടും രജിസ്റ്റർ ചെയ്യാനുള്ള നമ്മുടെ അപേക്ഷകൾ അവഗണിക്കപ്പെട്ടു.

മധ്യപർവത പ്രദേശങ്ങളിൽ സർക്കിട്ട്‌ വേലയിൽ ഏർപ്പെട്ടിരിക്കെ 1981 സെപ്‌റ്റംബറിൽ ആൻഡ്രൂ റീഡും ഭാര്യ മിരിയമും അറസ്റ്റ്‌ ചെയ്യപ്പെട്ടു. അവരെ പത്തു ദിവസം ലോക്കപ്പിൽ ഇട്ടു. വ്യത്യസ്‌ത ജയിലുകളിൽ അത്യന്തം മോശമായ അവസ്ഥകളിൽ അവർക്കു കഴിയേണ്ടിവന്നു. ഒടുവിൽ അവരെ സുരക്ഷാ പോലീസിന്റെ മുഖ്യ ആസ്ഥാനത്തേക്കു മാറ്റി. അവരെ അധിക സമയവും വെവ്വേറെ തടവറകളിലാണ്‌ ഇട്ടിരുന്നത്‌. ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരുടെ പേരുകൾ കിട്ടാൻവേണ്ടി കൂടെക്കൂടെ മണിക്കൂറുകളോളം അവരെ ചോദ്യം ചെയ്‌തു. ഓരോരുത്തരോടും അവരുടെ ഇണ സിഐഎ-യുടെ ഏജന്റാണെന്നു സമ്മതിച്ചു എന്നു പറയപ്പെട്ടു. എന്നാൽ റീഡ്‌ ദമ്പതികൾ യു.എസ്‌ പൗരന്മാർപോലും ആയിരുന്നില്ല എന്നതാണു സത്യം! ഒടുവിൽ എല്ലാം ഒരു തെറ്റിദ്ധാരണ ആയിരുന്നെന്ന്‌ അവരോടു പറയപ്പെട്ടു. അവരുടെ പേരിൽ കുറ്റമൊന്നും ചാർജു ചെയ്യപ്പെട്ടില്ലെങ്കിലും അവരെ കോസ്റ്ററിക്കയിലേക്കു നാടുകടത്തി. എന്നാൽ രാജ്യം വിടുന്നതിനു മുമ്പായി, ആയുധമെടുക്കാനുള്ള യഹോവയുടെ സാക്ഷികളുടെ വിസമ്മതം അസ്വീകാര്യമാണെന്നും ഓരോ നിക്കരാഗ്വക്കാരനും തന്റെ രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യാൻ ഒരുങ്ങിയിരിക്കണമെന്നും അവരോടു പറയപ്പെട്ടു.

ബ്രാഞ്ച്‌ ഓഫീസ്‌ അടച്ചുപൂട്ടേണ്ട ഒരു സാഹചര്യം വരുന്നപക്ഷം വേലയുടെ മേൽനോട്ടം വഹിക്കുന്നതിന്‌, ബ്രാഞ്ച്‌ കമ്മിറ്റി ബുദ്ധിപൂർവം പ്രാദേശിക സഹോദരന്മാർക്ക്‌ ഊർജിതമായ പരിശീലനം നൽകാൻ തുടങ്ങി. ഇതിനിടയിൽ സർക്കിട്ട്‌ മേൽവിചാരകന്മാർക്കും അവരുടെ പകരക്കാർക്കും വേണ്ടിയുള്ള ഒരു കോഴ്‌സും മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കുംവേണ്ടിയുള്ള രാജ്യശുശ്രൂഷാസ്‌കൂളുകളുടെ ഒരു പരമ്പരയും പയനിയർ സേവനസ്‌കൂൾ ക്ലാസ്സുകളും നടത്തപ്പെട്ടു. എന്നാൽ വലിയ കൂടിവരവുകൾ സംഘടിപ്പിക്കുക എന്നതു ബുദ്ധിമുട്ടായിരുന്നു.

ദൃഷ്ടാന്തത്തിന്‌, മാസായാ നഗര അധികൃതർ 1981 ഡിസംബറിൽ നടത്താനിരുന്ന “രാജ്യവിശ്വസ്‌തതാ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ ഒന്നിനു വേണ്ടി സ്റ്റേഡിയം വിട്ടുതരാമെന്ന്‌ ഉറപ്പു നൽകിയിരുന്നെങ്കിലും കൺവെൻഷനു വെറും 36 മണിക്കൂർ മുമ്പ്‌ അവർ വാക്കു മാറ്റി. ആ തീരുമാനം മേയറുടെ ഓഫീസിൽനിന്ന്‌ ആയിരുന്നില്ല, പിന്നെയോ കേന്ദ്രഗവണ്മെന്റിൽനിന്ന്‌ ആയിരുന്നു. എന്നിരുന്നാലും, ഇതു സംഭവിക്കാൻ സാധ്യത ഉണ്ടെന്ന്‌ സഹോദരന്മാർക്ക്‌ അറിവു കിട്ടിയിരുന്നു. അതുകൊണ്ട്‌ അതിന്റെ തലേന്നുതന്നെ ഉദാരമതിയായ ഒരു സഹോദരി ഒരു പകര സ്ഥലമായി തന്റെ കോഴി ഫാം വിട്ടുകൊടുത്തിരുന്നു. അതു മനാഗ്വയിൽനിന്ന്‌ 8 കിലോമീറ്റർ ദൂരെ ആയിരുന്നു. സ്ഥലം ഒരുക്കാൻ സ്വമേധയാസേവകർ രാത്രി മുഴുവൻ ജോലി ചെയ്‌തു. സത്വരം പുതിയ സ്ഥലത്തെ കുറിച്ച്‌ 6,800-ൽപ്പരം സഹോദരങ്ങളെ വാമൊഴിയായി അറിയിച്ചു.

ബ്രാഞ്ച്‌ അടച്ചുപൂട്ടുന്നു

ഇയാൻ ഹണ്ടർ തന്റെ സഹമിഷനറിമാർക്കായി 1982 മാർച്ച്‌ 20 ശനിയാഴ്‌ച രാവിലെ 6:40-ന്‌ പ്രഭാതഭക്ഷണം തയ്യാറാക്കുകയായിരുന്നു. പുറത്ത്‌ ഒരു ബസ്സു നിറയെ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും യന്ത്രത്തോക്കുധാരികളായ പട്ടാളക്കാരും വന്നിറങ്ങി. പട്ടാളക്കാർ ബ്രാഞ്ച്‌ ഓഫീസും മിഷനറി ഭവനവും വളഞ്ഞു. ഇയാൻ പറയുന്നു: “ഓരോരുത്തരും ഒരു പെട്ടിയിലും ചെറിയ ഹാൻഡ്‌ബാഗിലും കൊള്ളുന്നത്ര സാധനങ്ങൾ മാത്രം എടുക്കാൻ ഉദ്യോഗസ്ഥർ ഞങ്ങളോടു പറഞ്ഞു. ചില അന്വേഷണങ്ങൾ പൂർത്തിയാകുന്നതുവരെ അൽപ്പകാലം താമസിക്കാൻ ഞങ്ങളെ ഒരു വീട്ടിലേക്കു കൊണ്ടുപോകുകയാണെന്നല്ലാതെ കൂടുതലൊന്നും ഞങ്ങളോടു പറഞ്ഞില്ല. ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡിനേറ്ററായ റൈനർ തോംസൺ ആരുടെയും ശ്രദ്ധയാകർഷിക്കാതെ മെല്ലെ ഓഫീസിലേക്ക്‌ പോയി മറ്റു മിഷനറി ഭവനങ്ങൾക്ക്‌ ഫോൺചെയ്‌ത്‌ എന്താണു സംഭവിക്കുന്നതെന്ന്‌ മുന്നറിയിപ്പു നൽകി.”

റൂബി ബ്ലോക്ക്‌ അനുസ്‌മരിക്കുന്നു: “‘ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ . . . ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും . . . കാക്കും’ എന്ന പൗലൊസിന്റെ വാക്കുകളുടെ യഥാർഥ അർഥം അന്ന്‌ ഞാൻ മനസ്സിലാക്കി.” (ഫിലി. 4:6, 7) ആയുധധാരിയായ ഒരു പട്ടാളക്കാരൻ അടുക്കളയിൽനിന്ന്‌ നിരീക്ഷിച്ചുകൊണ്ടിരിക്കെ റൈനർ തോംസൺ പ്രാർഥിച്ചു, ഞങ്ങളെല്ലാം ഹൃദയംഗമമായ ‘ആമേൻ’ പറഞ്ഞു. കാര്യങ്ങൾ എങ്ങനെ പര്യവസാനിക്കുമെന്ന്‌ അറിയില്ലായിരുന്നെങ്കിലും ആ പ്രാർഥനയ്‌ക്കുശേഷം ഞങ്ങൾക്ക്‌ അങ്ങേയറ്റത്തെ ശാന്തത അനുഭവപ്പെട്ടു. എന്തു സംഭവിച്ചാലും അതിനെ നേരിടാനുള്ള ശക്തി യഹോവ പ്രദാനം ചെയ്യുമെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പുണ്ടായിരുന്നു. ആ പാഠം ഞാൻ എപ്പോഴും ഓർമിക്കുകയും വിലമതിക്കുകയും ചെയ്യും.”

അടുത്തതായി എന്തു സംഭവിച്ചെന്ന്‌ ഹണ്ടർ സഹോദരൻ വിശദീകരിക്കുന്നു: “അവർ ഞങ്ങളെ ബസ്സിൽ കയറ്റി നാട്ടിൻപുറത്തെ ഒരു പഴയ കാപ്പിത്തോട്ടത്തിലേക്കു കൊണ്ടുപോയി. വിദേശികളായതിനാൽ ഞങ്ങൾക്ക്‌ എംബസികളുമായി സംസാരിക്കാൻ അവകാശമുണ്ടെന്ന്‌ ഞാൻ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. ആ ആഴ്‌ച ആദ്യം പ്രഖ്യാപിച്ച ഒരു അടിയന്തിരാവസ്ഥ അങ്ങനെയുള്ള ഏത്‌ അവകാശങ്ങളെയും റദ്ദാക്കിയിരിക്കുകയാണെന്നും രാജ്യത്തിനു പുറത്തായിക്കഴിഞ്ഞാൽ ഇഷ്ടമുള്ള ആരുമായും ഞങ്ങൾക്കു സംസാരിക്കാമെന്നും അവർ മറുപടി പറഞ്ഞു. ഞങ്ങളെ നിക്കരാഗ്വയിൽനിന്നു നാടുകടത്തുകയാണെന്നതിന്റെ ആദ്യ സൂചന ആയിരുന്നു അത്‌.” അന്നു ബ്രാഞ്ചിൽ താമസിച്ചിരുന്ന ഒമ്പതു മിഷനറിമാരെ വെവ്വേറെ കൂട്ടങ്ങളിലായി കോസ്റ്ററിക്കൻ അതിർത്തിയിലേക്കു കൊണ്ടുപോയി.

അതിനിടയിൽ, മറ്റു രണ്ടു മിഷനറി ഭവനങ്ങളിലെ സഹോദരങ്ങൾ തോംസൺ സഹോദരന്റെ ഫോൺ സന്ദേശം കിട്ടിയ ഉടനെ വേണ്ട നടപടികൾ സ്വീകരിച്ചു. സ്ഥലത്തെ സഹോദരങ്ങളുടെ സഹായത്തോടെ ഒരു ഓഫ്‌സെറ്റ്‌ പ്രസ്‌ ഉൾപ്പെടെ വളരെയേറെ ഉപകരണങ്ങളും വ്യക്തിപരമായ പല സാധനങ്ങളും മറ്റു സ്ഥലങ്ങളിലേക്കു മാറ്റി. ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീടുകൾ മിക്കവാറും ശൂന്യമായിരിക്കുന്നതും മിഷനറിമാർ തങ്ങളുടെ പെട്ടികൾ അടുക്കുന്നതും കണ്ട്‌ അതിശയിച്ചുപോയി. ആ രണ്ടു ഭവനങ്ങളിലെ പത്തു മിഷനറിമാരെ അന്നു വൈകുന്നേരം വിമാനത്താവളത്തിലേക്കു കൊണ്ടുപോയി. ഫിലിസ്‌ പോർട്ടർ പറയുന്നു: “ഞങ്ങൾ വിപ്ലവകാരികളുടെ ശത്രുക്കളാണെന്ന്‌ അവർ പറഞ്ഞു. എന്നാൽ ഞങ്ങളെയോ ഞങ്ങളുടെ സാധനങ്ങളോ ആരും പരിശോധിച്ചില്ല. ഞങ്ങൾക്ക്‌ യാത്രാ ടിക്കറ്റുകൾ ഇല്ലായിരുന്നെങ്കിലും, ഞങ്ങളുടെ സാധനങ്ങളുടെമേൽ പതിച്ചിരുന്ന ടിക്കറ്റുകൾ ഞങ്ങളെ പാനമയ്‌ക്കു നാടുകടത്തുകയാണെന്നു സൂചിപ്പിച്ചു.” രാജ്യത്തു ബാക്കിയുണ്ടായിരുന്ന രണ്ടു മിഷനറിമാർ​—⁠സർക്കിട്ട്‌ വേല ചെയ്‌തിരുന്ന ഒരു ബ്രിട്ടീഷ്‌ ദമ്പതികൾ​—⁠ഏതാനും മാസങ്ങൾക്കു ശേഷം നാടുകടത്തപ്പെട്ടു.

ഏതാനും ദിവസങ്ങൾക്കുള്ളിൽ മിഷനറിമാർ കോസ്റ്ററിക്കാ ബ്രാഞ്ചിൽ വീണ്ടും ഒരുമിച്ചുചേർന്നു. അവിടെവെച്ച്‌ സമീപത്തുള്ള ഇക്വഡോർ, എൽ സാൽവഡോർ, ബെലീസ്‌, ഹോണ്ടുറാസ്‌ എന്നിവിടങ്ങളിൽ തങ്ങളുടെ സേവനം തുടരുന്നതിന്‌ അവർക്കു ഭരണസംഘത്തിൽനിന്നു നിയമനങ്ങൾ ലഭിച്ചു. എന്നാൽ ഇപ്പോൾ നിക്കരാഗ്വയിലെ വേലയുടെ മേൽനോട്ടം വഹിക്കേണ്ടിയിരുന്ന സഹോദരങ്ങളുമായി സമ്പർക്കം പുലർത്തുന്നതിന്‌ റൈനർ തോംസണും ഭാര്യ ജീനും ഇയാൻ ഹണ്ടറും കുറച്ചു കാലം കോസ്റ്ററിക്കയിൽത്തന്നെ തങ്ങി.

നിക്കരാഗ്വയിലെ സഹോദരങ്ങളുടെ സ്ഥിതി എന്തായിരുന്നു? അതിനെ കുറിച്ച്‌ അന്ന്‌ ഹണ്ടർ സഹോദരൻ റിപ്പോർട്ടു ചെയ്‌തത്‌ ഇങ്ങനെയാണ്‌: “ഞങ്ങളുടെ നാടുകടത്തലിനെ കുറിച്ചുള്ള വാർത്തയറിഞ്ഞ്‌ കുറെ കണ്ണീർ പൊഴിച്ചശേഷം നമ്മുടെ സഹോദരന്മാർ മുമ്പോട്ടുതന്നെ പോകുകയാണ്‌. പുതുതായി നിയമിക്കപ്പെട്ട കൺട്രി കമ്മിറ്റി അംഗങ്ങൾ ശക്തമായ നേതൃത്വം വഹിക്കുന്നു. അവർ നല്ല വേല ചെയ്യുമെന്നു ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌.” ദീർഘകാലം സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ച നിക്കരാഗ്വക്കാരനായ ഫേലിക്‌സ്‌ പേദ്രോ പായിസ്‌, മിഷനറിമാരുടെ നാടുകടത്തലിനോടുള്ള സഹോദരങ്ങളുടെ പ്രതികരണം എന്തായിരുന്നുവെന്ന്‌ അനുസ്‌മരിക്കുന്നു: “ഞങ്ങൾക്കു വളരെ ദുഃഖം തോന്നി. അവർ യഥാർഥത്തിൽ ഇവിടത്തെ പ്രവർത്തനത്തിനായി തങ്ങളെത്തന്നെ ഉഴിഞ്ഞുവെക്കുകയും വിശ്വസ്‌തരായി നിലകൊള്ളുകയും ചെയ്‌തിരുന്നു. അവരുടെ മാതൃക സഹോദരങ്ങളെ ബലിഷ്‌ഠരാക്കുകയും ഈ രാജ്യത്തെ വേലയ്‌ക്ക്‌ ഒരു ഉറച്ച അടിസ്ഥാനം ഇടുകയും ചെയ്‌തു.”

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും നിരോധിച്ചില്ല

യുദ്ധം, രാഷ്‌ട്രീയം, സാമൂഹിക പോരാട്ടങ്ങൾ എന്നിവ സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ നിഷ്‌പക്ഷ നിലപാടിനെ ഗവണ്മെന്റുകൾ ചിലപ്പോൾ തെറ്റിദ്ധരിക്കുന്നു. ഇതു മിക്കപ്പോഴും അവർ ദൈവജനത്തിന്‌ എതിരായ ഒരു മനോഭാവം കൈക്കൊള്ളുന്നതിലേക്കു നയിക്കുന്നു. ദൃഷ്ടാന്തത്തിന്‌, 1950-കളിലെയും 1960-കളിലെയും സോമോസാ ഭരണകാലത്ത്‌ എതിരാളികൾ അവരെ കമ്മ്യൂണിസ്റ്റുകാരെന്നു വിളിച്ചു കുറ്റപ്പെടുത്തി. എന്നാൽ ഇപ്പോൾ സാൻഡിനിസ്റ്റാകൾ, അവർ അമേരിക്കൻ സിഐഎ ഏജന്റുമാർ ആണെന്ന്‌ ആരോപിച്ചു. മാധ്യമങ്ങളും അവരോടു ചേർന്നു. സഹോദരങ്ങൾ വിപ്ലവകാരികൾക്ക്‌ എതിരാണെന്ന്‌ അവർ പ്രചരിപ്പിച്ചു.

നിക്കരാഗ്വയിൽ യഹോവയുടെ സാക്ഷികൾ നിരോധിക്കപ്പെട്ടില്ലെങ്കിലും 1982 മുതൽ 1990 വരെയുള്ള കാലഘട്ടത്തിൽ നമ്മുടെ ആരാധനാസ്വാതന്ത്ര്യത്തിന്മേൽ സുനിശ്ചിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെട്ടു. ദൃഷ്ടാന്തത്തിന്‌, അവർക്കു രാജ്യത്തേക്കു സാഹിത്യം കൊണ്ടുവരാൻ കഴിയുമായിരുന്നില്ല. കൂടാതെ, അവരുടെ പ്രവർത്തനങ്ങൾ​—⁠പൊതുവേ എല്ലാ ജനങ്ങളുടെയും കാര്യത്തിൽ ഇതു സത്യമായിരുന്നു​—⁠എല്ലായ്‌പോഴും സൂക്ഷ്‌മ നിരീക്ഷണത്തിൽ ആയിരുന്നു.

അയലത്തെ ചാരന്മാരാൽ നിരീക്ഷിക്കപ്പെടുന്നു

കോൺഗ്രസ്‌ ലൈബ്രറിയുടെ ഒരു ഗൈഡ്‌പുസ്‌തകം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “വിപ്ലവം കഴിഞ്ഞ ഉടനെ എഫ്‌എസ്‌എൽഎൻ നിക്കരാഗ്വയിലെ മിക്ക പ്രധാന ജനസമൂഹങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വൻസംഘടനകൾ രൂപീകരിച്ചു.” ഇതിൽ തൊഴിലാളി സംഘടനകൾ, വനിതാ സംഘടനകൾ, കാലി വളർത്തുകാരുടെയും കർഷകരുടെയും ഗ്രാമീണരുടെയും സംഘടനകൾ എല്ലാം ഉൾപ്പെട്ടിരുന്നു. പരാമർശഗ്രന്ഥം പറയുന്നതനുസരിച്ച്‌, “1980 ആയതോടെ ഏതാണ്ട്‌ 2,50,000 നിക്കരാഗ്വക്കാർ സാൻഡിനിസ്റ്റാ സംഘടനകളിൽ അംഗങ്ങളായിരുന്നു.” ഇവയിൽ കമ്മ്യൂണിസ്റ്റ്‌ രീതിയിലുള്ള സാൻഡിനിസ്റ്റാ പ്രതിരോധ കമ്മിറ്റികൾ (സിഡിഎസ്‌) വളരെ ശക്തമായിരുന്നു. സിഡിഎസ്‌-ന്റെ അയൽക്കൂട്ട കമ്മിറ്റികൾ നഗരങ്ങളിലെ ഓരോ ബ്ലോക്കും സന്ദർശിച്ച്‌ സെൻസസ്‌ എടുത്തിരുന്നു. അങ്ങനെ “എല്ലാവരുടെയും സ്ഥിതിഗതികൾ അറിയാൻ കഴിഞ്ഞു” എന്ന്‌ മേൽപ്പറഞ്ഞ കൃതി പറയുന്നു. അവ വാസ്‌തവത്തിൽ ഗവണ്മെന്റിനുവേണ്ടി വിവരങ്ങൾ ശേഖരിക്കാനും വിതരണം ചെയ്യാനുമുള്ള ഫലപ്രദമായ ഒരു മാർഗമായിരുന്നു.

പെട്ടെന്നുതന്നെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ അടുത്തു നിരീക്ഷിക്കാൻ തുടങ്ങി. അവർക്കെതിരെ നടന്നിരുന്ന ശക്തമായ കുപ്രചാരണം ആയിരുന്നു അതിനുള്ള പ്രധാന കാരണം. പ്രതിവിപ്ലവ പ്രവർത്തനങ്ങളും “പ്രത്യയശാസ്‌ത്ര വ്യതിചലനവും” സംബന്ധിച്ചു സംശയം തോന്നിയിരുന്ന വ്യക്തികളെ കുറിച്ച്‌ ഏറ്റവും അടുത്തുള്ള അയൽ സിഡിഎസ്‌, സാൻഡിനിസ്റ്റാ അധികൃതരുടെ മുമ്പാകെ നിരന്തരം പരാതിപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെയുള്ളവരെ മിക്കപ്പോഴും ജനറൽ ഡയറക്ടറേറ്റ്‌ ഓഫ്‌ സ്റ്റേറ്റ്‌ സെക്യൂരിറ്റി എന്ന രഹസ്യപ്പോലീസ്‌ വിഭാഗ ഏജന്റുമാർ അറസ്റ്റു ചെയ്യുമായിരുന്നു.

സിഡിഎസ്സിന്റെ പ്രവർത്തനത്തിൽ ഉൾപ്പെട്ടിരുന്ന ഒരു സംഗതി രാത്രി കാലങ്ങളിൽ കാവൽ ഏർപ്പെടുത്തുന്നതായിരുന്നു. സാധാരണക്കാരായ സ്‌ത്രീപുരുഷന്മാരെയാണ്‌ ഈ വേലയിൽ പങ്കുപറ്റാൻ ക്ഷണിച്ചിരുന്നത്‌. തങ്ങളുടെ അയൽപ്രദേശത്ത്‌ കുറ്റകൃത്യങ്ങളോ പ്രതിവിപ്ലവ പ്രവർത്തനങ്ങളോ നടക്കുന്നുണ്ടോ എന്നു നിരീക്ഷിച്ചുകൊണ്ട്‌ അവർ ഊഴമനുസരിച്ചു പ്രവർത്തിച്ചിരുന്നു. യഹോവയുടെ സാക്ഷികൾ ഈ വേലയിൽ പങ്കുപറ്റിയില്ല, സിഡിഎസ്സിന്റെ പ്രതിവാര യോഗങ്ങൾ തങ്ങളുടെ ഭവനങ്ങളിൽ നടത്താൻ അനുവദിച്ചുമില്ല. എന്നാൽ തെരുവു ശുചീകരണം പോലെയുള്ള മറ്റു സന്നദ്ധവേലകളിൽ അവർ പങ്കുപറ്റിയിരുന്നു. എങ്കിൽപ്പോലും, സാക്ഷികളെ മതഭ്രാന്തന്മാരും രാജ്യദ്രോഹികളുമായി വീക്ഷിച്ചു. ഒരു സഹോദരൻ പറയുന്നു: “ആ ദശകത്തിന്റെ അധികസമയത്തും ‘ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുകയാണ്‌’ എന്ന വാക്കുകൾ എന്റെ വീടിനു മുമ്പിൽ എഴുതി⁠വെച്ചി⁠രുന്നു.”

ജാഗ്രതയുള്ളവർ, അതേസമയം ധൈര്യമുള്ളവരും

അനാവശ്യമായ ശ്രദ്ധ ആകർഷിക്കാതിരിക്കാൻ സഹോദരങ്ങൾ ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുമ്പോഴും ശുശ്രൂഷയിൽ പങ്കെടുക്കുമ്പോഴും വിവേകം പ്രകടമാക്കിയിരുന്നു. സ്വകാര്യഭവനങ്ങളിലോ ബോർഡില്ലാത്ത രാജ്യഹാളുകളിലോ പൊതുജന ദൃഷ്ടിയിൽപ്പെടാതെ കുടുംബവലിപ്പമുള്ള കൂട്ടങ്ങളായിട്ടാണു യോഗങ്ങൾ നടത്തിയിരുന്നത്‌. ചില പ്രദേശങ്ങളിൽ സഹോദരങ്ങൾ സാധാരണമായി യോഗങ്ങളിൽ ഗീതങ്ങൾ പാടിയിരുന്നില്ല. കാലക്രമത്തിൽ, പ്രസാധകർ വിവിധ സഭാ ഫാറങ്ങളിലും റിപ്പോർട്ടുകളിലും പേരുകൾക്കു പകരം അക്കങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. കൂടാതെ, പഠിക്കാൻ തുടങ്ങിയിട്ട്‌ ആറു മാസമെങ്കിലും ആകാത്തവരോ ആത്മീയ പുരോഗതിയുടെ തെളിവു നൽകാത്തവരോ ആയ താത്‌പര്യക്കാരെ യോഗത്തിനു ക്ഷണിച്ചിരുന്നുമില്ല.

സമ്മേളനങ്ങളുടെ വലിപ്പവും പരിമിതപ്പെടുത്തിയിരുന്നു. അതുപോലെ പരിപാടിയുടെ ദൈർഘ്യവും കുറച്ചു. പ്രസംഗ ബാഹ്യരേഖകളും മറ്റു വിവരങ്ങളും ഓരോ സഭയ്‌ക്കും അയച്ചുകൊടുത്തു. യോഗ്യതയുള്ള ശുശ്രൂഷാദാസന്മാരുടെ സഹായത്തോടെ പ്രാദേശിക മൂപ്പന്മാർ സഭാതലത്തിൽ പരിപാടി സംഘടിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്‌തു. കൺട്രി കമ്മിറ്റി അംഗങ്ങളും സഞ്ചാര മേൽവിചാരകന്മാരും സാധ്യമാകുന്നിടത്തോളം ഈ സമ്മേളനങ്ങളിൽ സംബന്ധിച്ചു.

സമ്മേളന സ്ഥലങ്ങൾ വാമൊഴിയായി അറിയിച്ചു. ഒരിക്കൽപ്പോലും ഒരു സമ്മേളനം റദ്ദാക്കേണ്ടി വന്നില്ല. എന്നിരുന്നാലും ചിലപ്പോഴൊക്കെ വളരെ കുറച്ചു സമയത്തിനുള്ളിൽ സമ്മേളന സ്ഥലം മാറ്റേണ്ടി വന്നു. ഉദാഹരണത്തിന്‌ 1987-ൽ ഒരു ഉൾപ്രദേശത്ത്‌ ഒരു സഹോദരന്റെ വീടിന്റെ പിൻമുറ്റം 300 പേരുടെ ഒരു സമ്മേളനത്തിനായി തയ്യാറാക്കിയിരുന്നു. പെട്ടെന്ന്‌ ഒരു സൈനികോദ്യോഗസ്ഥനും അയാളുടെ കീഴിലെ പടയാളികളും അവിടെയെത്തി. “എന്താ ഇതൊക്കെ?” ഉദ്യോഗസ്ഥൻ ചോദിച്ചു.

“ഞങ്ങൾ ഒരു പാർട്ടി നടത്താൻ പോകുകയായിരുന്നു,” അയാൾ സ്റ്റേറ്റ്‌ സെക്യൂരിറ്റിയിൽപ്പെട്ട ആളാണെന്ന്‌ ബൂട്ട്‌സ്‌ കണ്ടു മനസ്സിലാക്കി സഹോദരൻ പറഞ്ഞു. അതിനുശേഷം ഉദ്യോഗസ്ഥൻ പോയി. അധികാരികൾക്ക്‌ എന്തോ സംശയം തോന്നിയിട്ടുണ്ടെന്നു ബോധ്യമായതിനാൽ സഹോദരങ്ങൾ അതെല്ലാം അന്നു രാത്രിതന്നെ അവിടെനിന്നു നീക്കം ചെയ്‌തു. രാവിലെ 5:00 മണി ആയപ്പോഴേക്കും കസേരകളും സ്റ്റേജും പാചക ഉപകരണങ്ങളും നീക്കം ചെയ്യുക മാത്രമല്ല, ഒന്നര കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്ഥലത്ത്‌ എല്ലാം സ്ഥാപിക്കുകയും ചെയ്‌തു. ആരോഗ്യമുള്ള യുവസഹോദരന്മാർ പോയി പുതിയ സ്ഥലത്തെ കുറിച്ച്‌ എല്ലാ സഹോദരങ്ങളെയും അറിയിച്ചു. അന്നു രാവിലെ കുറേകഴിഞ്ഞ്‌ ഒരു ട്രക്കു നിറയെ സായുധ പടയാളികൾ ആദ്യം സമ്മേളനം നടത്താനിരുന്ന സ്ഥലത്ത്‌ എത്തി. സമ്മേളനം തടയുക, ചെറുപ്പക്കാരെ പട്ടാള സേവനത്തിനു പിടിച്ചുകൊണ്ടുപോകുക, നേതൃത്വം എടുക്കുന്നവരെ അറസ്റ്റുചെയ്യുക, ഇതൊക്കെയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അവർ അവിടെ എത്തിയപ്പോൾ വീട്ടുടമ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

“എവിടെപ്പോയി എല്ലാവരും?” ഉദ്യോഗസ്ഥൻ ചോദിച്ചു.

“കഴിഞ്ഞ രാത്രി ഞങ്ങൾക്ക്‌ ഒരു പാർട്ടി ഉണ്ടായിരുന്നു. പക്ഷേ എല്ലാം കഴിഞ്ഞു,” സഹോദരൻ മറുപടി പറഞ്ഞു.

“ഇവിടെ നിങ്ങൾ ഒരു സമ്മേളനം നടത്തിയില്ലേ?” ഉദ്യോഗസ്ഥൻ ചോദിച്ചു.

“താങ്കൾക്കുതന്നെ കാണാമല്ലോ. ഇവിടെ ഒന്നുമില്ല,” സഹോദരൻ പറഞ്ഞു.

തൃപ്‌തിയാകാതെ ഉദ്യോഗസ്ഥൻ പിന്നെയും ചോദിച്ചു: “ഇന്നലെ ഇവിടെ ഉണ്ടായിരുന്ന കൂടാരങ്ങളൊക്കെ എവിടെ?”

“പാർട്ടി കഴിഞ്ഞു. വന്നവർ അതെല്ലാം തിരിച്ചു കൊണ്ടുപോയി,” സഹോദരൻ ആവർത്തിച്ചു.

അതിനുശേഷം പടയാളികൾ സ്ഥലംവിട്ടു. ഈ സമയത്തു സഹോദരങ്ങൾ പുതുതായി ക്രമീകരിച്ച സ്ഥലത്ത്‌ ആത്മീയമായി ബലപ്പെടുത്തുന്ന ഒരു പരിപാടി ആസ്വദിക്കുകയായിരുന്നു.

“ചെന്നായ്‌ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുളളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ” എന്ന്‌ യേശു പറഞ്ഞു. (മത്താ. 10:16) യോഗങ്ങളോടും സമ്മേളനങ്ങളോടുമുള്ള ബന്ധത്തിൽ മാത്രമല്ല, വയൽശുശ്രൂഷയോടുള്ള ബന്ധത്തിലും പ്രസാധകർ ഈ വാക്കുകൾക്കു ശ്രദ്ധകൊടുത്തു. അങ്ങനെ, അവർ വലിയ കൂട്ടങ്ങളായി ഒന്നിച്ചുകൂടി പ്രവർത്തിക്കുന്നത്‌ ഒഴിവാക്കിയിട്ട്‌ മുൻകൂട്ടി നിശ്ചയിച്ച പ്രദേശങ്ങളിൽ ബുദ്ധിപൂർവം ഈരണ്ടു പേർ വീതം പ്രവർത്തിച്ചു. ഫേലിക്‌സ്‌ പേദ്രോ പായിസ്‌ സഹോദരൻ വിശദീകരിക്കുന്നു: “ഞങ്ങൾ വളരെ ശ്രദ്ധിക്കേണ്ടിയിരുന്നു. ശുശ്രൂഷയ്‌ക്കു പോകുമ്പോൾ ബൈബിൾ മാത്രമേ കൂടെ കൊണ്ടുപോയിരുന്നുള്ളൂ. ഓരോ ദിവസവും വയലിൽ എന്നോടൊത്തു പോരാൻ സഹോദരന്മാരെ മാറിമാറി നിയമിക്കുമായിരുന്നു. ചില സഭകളിൽ പോകുമ്പോൾ ഞാൻ ചൊവ്വാഴ്‌ച വൈകുന്നേരം ഒരു പുസ്‌തകാധ്യയന കൂട്ടവും വ്യാഴാഴ്‌ച മറ്റൊന്നും ഞായറാഴ്‌ച വേറൊന്നും സന്ദർശിക്കുമായിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മാത്രം ഇത്രയധികം മുൻകരുതലുകളുടെ ആവശ്യമില്ലായിരുന്നു.”

കണ്ടുകെട്ടലുകളും അറസ്റ്റുകളും

ആയിരത്തിത്തൊള്ളായിരത്തെൺപത്തിരണ്ട്‌ ജൂലൈയിൽ ഒരു രാത്രി 100 മുതൽ 500-ലധികം വരെയുള്ള ജനക്കൂട്ടങ്ങൾ സ്റ്റേറ്റ്‌ സെക്യൂരിറ്റി ഏജന്റുമാരാൽ അനുഗതരായി രാജ്യത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളിൽ പല രാജ്യഹാളുകൾ ആക്രമിക്കുകയും പിടിച്ചെടുക്കുകയും ചെയ്‌തു. “ജനങ്ങളുടെ നാമത്തിൽ” ഇതു ചെയ്യുന്നു എന്നാണ്‌ അവർ പറഞ്ഞത്‌. ആഗസ്റ്റ്‌ 9-ാം തീയതി രാത്രി 7:​00-നും 9:00-നും ഇടയ്‌ക്ക്‌ വേറെ അഞ്ചു രാജ്യഹാളുകളും ഒരു സമ്മേളനഹാളും എൽ റൈസോൺ തെരുവിലെ മുൻബ്രാഞ്ച്‌ കെട്ടിടവും അവർ കയ്യടക്കി. മാർച്ചിൽ മിഷനറിമാർ നാടുകടത്തപ്പെട്ടശേഷം, ബ്രാഞ്ച്‌ കെട്ടിടം സംരക്ഷിക്കാൻ വേണ്ടി നിക്കരാഗ്വക്കാരായ ആറു സഹോദരന്മാരും ശേഷിച്ച ഒരു മിഷനറി ദമ്പതികളും അവിടെ താമസിച്ചിരുന്നു. എന്നിരുന്നാലും, പരിഹാസികളായ ജനക്കൂട്ടത്തിന്റെ പിന്തുണയോടെ അധികാരികൾ ഒടുവിൽ ഈ സഹോദരങ്ങളെയും ബലമായി ഇറക്കി, അവരുടെ സ്വന്തം സാധനങ്ങൾപോലും എടുക്കാൻ സമ്മതിച്ചില്ല.

പിടിച്ചടക്കിയ രാജ്യഹാളുകളുടെ മേലുള്ള അധികാരം ഗവണ്മെന്റ്‌ സിഡിഎസ്സിനു നൽകി. അവ ഇപ്പോൾ “ജനങ്ങളുടെ സ്വത്ത്‌” എന്നു വിളിക്കപ്പെട്ടു. ഹാളുകൾ പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നു. ഒടുവിൽ, 50 കെട്ടിടങ്ങളിൽ 35 എണ്ണവും നിയമവിരുദ്ധമായി കയ്യേറി, അവ ഒരിക്കലും ഔപചാരികമായി കണ്ടുകെട്ടിയില്ലെങ്കിലും.

ദേശീയ വികാരങ്ങൾ ആളിക്കത്തിയിരുന്ന ഈ സമയത്ത്‌ ഉത്തരവാദിത്വ സ്ഥാനത്തുള്ള സഹോദരന്മാർ സൂക്ഷ്‌മമായി നിരീക്ഷിക്കപ്പെടുക മാത്രമല്ല, മിക്കപ്പോഴും ഭീഷണിപ്പെടുത്തപ്പെടുകപോലും ചെയ്‌തു. ഉദാഹരണത്തിന്‌, ചില പ്രദേശങ്ങളിൽ സിഡിഎസ്‌ ജനക്കൂട്ടങ്ങൾ സഹോദരങ്ങളുടെ ഭവനങ്ങൾക്കു മുമ്പിൽ കുറ്റാരോപണങ്ങളും രാഷ്‌ട്രീയ മുദ്രാവാക്യങ്ങളും വിളിച്ചു പറഞ്ഞുകൊണ്ട്‌ അവരെ മണിക്കൂറുകളോളം ശല്യപ്പെടുത്തി. സ്റ്റേറ്റ്‌ സെക്യൂരിറ്റി ഉദ്യോഗസ്ഥർ വീടുകളിൽ തെരച്ചിൽ നടത്തി, ചിലതു കൊള്ളയടിക്കുക പോലും ചെയ്‌തു. കൺട്രി കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി മൂപ്പന്മാരെ അറസ്റ്റു ചെയ്‌തു, അവരോടു വളരെ മോശമായ രീതിയിലാണു പെരുമാറിയത്‌.

ഈ അനുഭവത്തിനു വിധേയരായ ആദ്യമൂപ്പന്മാരിൽ ഒരാൾ അന്നത്തെ ഒരു സർക്കിട്ട്‌ മേൽവിചാരകനായിരുന്ന ജോയൽ ഓബ്രേഗോൺ ആയിരുന്നു. 1982 ജൂലൈ 23-ന്‌ സ്റ്റേറ്റ്‌ സെക്യൂരിറ്റി ഏജന്റുമാർ അദ്ദേഹവും ഭാര്യ നീലയും അതിഥികളായിരുന്ന ഭവനം വളഞ്ഞ്‌ അദ്ദേഹത്തെ അറസ്റ്റു ചെയ്‌തു. അഞ്ചാഴ്‌ചത്തെ നിരന്തര ശ്രമത്തിനുശേഷം മാത്രമാണ്‌ തന്റെ ഭർത്താവിനെ കാണാൻ നീലയ്‌ക്ക്‌ അനുവാദം ലഭിച്ചത്‌, അതും വെറും മൂന്നു മിനിട്ടുനേരം ഒരു സായുധ ഏജന്റിന്റെ സാന്നിധ്യത്തിൽ. ജോയലിനെ ദ്രോഹിച്ചിരുന്നുവെന്നു സ്‌പഷ്ടമായിരുന്നു. കാരണം അദ്ദേഹം വല്ലാതെ മെലിഞ്ഞുപോയിരുന്നു. മാത്രമല്ല സംസാരിക്കാനും പ്രയാസമുണ്ടായിരുന്നതായി നീല കണ്ടെത്തി. “ജോയൽ ഞങ്ങളോടു സഹകരിക്കാൻ തയ്യാറല്ല,” ഒരു ഏജന്റ്‌ സഹോദരിയോടു പറഞ്ഞു.

തൊണ്ണൂറു ദിവസത്തെ തടങ്കലിനുശേഷം, ജോയലിനെ ഒടുവിൽ മോചിപ്പിച്ചു​—⁠അദ്ദേഹത്തിന്റെ തൂക്കം 20 കിലോഗ്രാം കുറഞ്ഞിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള മൂപ്പന്മാരെയും അറസ്റ്റുചെയ്യുകയും ചോദ്യം ചെയ്യുകയും പിന്നീട്‌ വിട്ടയയ്‌ക്കുകയും ചെയ്‌തു. ദൃഢവിശ്വസ്‌തത കാക്കുന്നതിലെ അവരുടെ ദൃഷ്ടാന്തം സഹോദരന്മാരുടെ വിശ്വാസത്തെ അങ്ങേയറ്റം ബലപ്പെടുത്തി!​—⁠99-102 പേജുകളിലെ “രഹസ്യപ്പോലീസിൽനിന്നുള്ള പീഡനം” എന്ന ചതുരം കാണുക.

നിർബന്ധിത സൈനികസേവനം—⁠ക്രിസ്‌തീയ യുവജനങ്ങൾ നേരിട്ട പരിശോധന

ദേശഭക്തിപരമായ പട്ടാളസേവനം എന്നറിയപ്പെട്ട ഒരു സാർവത്രിക നിർബന്ധിത സൈനികസേവന പദ്ധതി 1983-ൽ നടപ്പാക്കിയപ്പോൾ ചെറുപ്പക്കാരായ സഹോദരന്മാർക്കു വിശേഷിച്ചും പ്രശ്‌നങ്ങളുണ്ടായി. 17-നും 26-നും ഇടയ്‌ക്കു പ്രായമുള്ള പുരുഷന്മാർ നിർബന്ധമായി രണ്ടു വർഷം സജീവ സൈനികസേവനത്തിലും പിന്നീടു രണ്ടു വർഷം റിസർവ്‌ സൈന്യത്തിലും സേവിക്കണമായിരുന്നു. പട്ടാളത്തിൽ ചേർത്താലുടനെ പരിശീലനത്തിനായി അവരെ ഒരു പട്ടാള ക്യാമ്പിലേക്കു കൊണ്ടുപോയിരുന്നു. മനസ്സാക്ഷിപരമായ കാരണങ്ങളാൽ പട്ടാള സേവനം വിസമ്മതിക്കുന്നതിനുള്ള വ്യവസ്ഥയൊന്നും ഇല്ലായിരുന്നു; സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവരെ വിചാരണ ചെയ്യപ്പെടുന്നതു വരെ കസ്റ്റഡിയിൽ സൂക്ഷിക്കുമായിരുന്നു. അതിനു ശേഷം രണ്ടു വർഷത്തെ തടവിന്‌ അവരെ ശിക്ഷിച്ചിരുന്നു. സഹോദരന്മാർ യഹോവയോടു വിശ്വസ്‌തരായി നിലകൊള്ളാനുള്ള ദൃഢനിശ്ചയത്തോടെ ഈ പരിശോധനയെ ധീരമായി നേരിട്ടു.

ദൃഷ്ടാന്തത്തിന്‌, അന്ന്‌ 20 വയസ്സായിരുന്ന ഗിൽയെർമോ പോൺസേ എന്ന സഹോദരന്റെ കാര്യം പരിചിന്തിക്കുക. സാധാരണ പയനിയർ ആയിരുന്ന ഈ സഹോദരൻ 1985 ഫെബ്രുവരി 7-ന്‌ ചില ഭവന ബൈബിളധ്യയനങ്ങൾ നടത്താൻ പോകുകയായിരുന്നു. പോലീസ്‌ അദ്ദേഹത്തെ പിടികൂടി. അദ്ദേഹത്തിന്‌ ഒരു പട്ടാള തിരിച്ചറിയിക്കൽകാർഡ്‌ ഇല്ലാഞ്ഞതിനാൽ അദ്ദേഹത്തെ ഒരു സൈനിക പരിശീലന ക്യാമ്പിലേക്ക്‌ അയച്ചു. എന്നാൽ ആയുധമെടുക്കുന്നതിനുപകരം ഗിൽയെർമോ, പട്ടാള പരിശീലനത്തിന്‌ എത്തിയ മറ്റു യുവാക്കളോടു സാക്ഷീകരിച്ചുതുടങ്ങി. ഇതുകണ്ട്‌ കമാൻഡർമാരിൽ ഒരാൾ കുപിതനായി പറഞ്ഞു: “ഇതു പള്ളിയല്ല; പട്ടാള ക്യാമ്പാണ്‌. ഇവിടെ നീ ഞങ്ങൾ പറയുന്നത്‌ അനുസരിച്ചുകൊള്ളണം!” ഗിൽയെർമോ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന പ്രവൃത്തികൾ 5:​29-ലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടു മറുപടി പറഞ്ഞു. ക്യൂബൻ പട്ടാള പരിശീലകനായിരുന്ന കമാൻഡർ കോപത്തോടെ അവന്റെ കൈയിൽനിന്നു ബൈബിൾ തട്ടിപ്പറിച്ചുകൊണ്ടു ഭീഷണിപ്പെടുത്തി: “ഇന്നു രാത്രി നമുക്കു സംസാരിക്കാം”​—⁠ദൃഢനിശ്ചയം തകർക്കാനുള്ള ഉദ്ദേശ്യത്തിൽ നടത്തുന്ന മനഃശാസ്‌ത്രപരമായ ഒരു പീഡന മുറയ്‌ക്കു ഗിൽയെർമോ വിധേയനാകണം എന്നാണ്‌ അയാൾ അർഥമാക്കിയത്‌.

സന്തോഷകരമെന്നു പറയട്ടെ, കമാൻഡർ തന്റെ ഭീഷണി നടപ്പാക്കിയില്ല. എന്നിരുന്നാലും, മൂന്നു ദിവസം കഴിഞ്ഞ്‌ ഗിൽയെർമോയെ ഒരു തടവറയിലേക്കു മാറ്റി. അടുത്ത ഒമ്പതു മാസം അങ്ങേയറ്റം മോശമായ അവസ്ഥകളിൽ അദ്ദേഹം അവിടെ കഴിഞ്ഞു. എങ്കിലും, ഗിൽയെർമോ തന്റെ പയനിയർ സേവനം തുടർന്നു, തടവിൽ ബൈബിളധ്യയനങ്ങളും, യോഗങ്ങൾപോലും നടത്തുകയും ചെയ്‌തു. പിന്നീട്‌ ഈ പ്രയാസകരമായ കാലഘട്ടത്തിൽ, ഗിൽയെർമോ കൺട്രി കമ്മിറ്റിക്ക്‌ ഒരു വിലപ്പെട്ട പിന്തുണ ആയിത്തീർന്നു.

ചില യുവസഹോദരന്മാരെ തടവിലാക്കുന്നതിനു പകരം ഇറെഗുലർ വാർഫെയർ ബറ്റാലിയൻസ്‌ എന്നു വിളിക്കപ്പെട്ട പട്ടാള യൂണിറ്റുകളിൽ ചേരുന്നതിന്‌ പർവതങ്ങളിലേക്കു ബലമായി കൊണ്ടുപോയി. ഓരോ ബറ്റാലിയനിലും 80 മുതൽ 90 വരെ ആളുകൾ അടങ്ങുന്ന അഞ്ചോ ആറോ കമ്പനികൾ ഉണ്ടായിരുന്നു. അവർ പർവത വനങ്ങളിലെ പോരാട്ടത്തിനു പരിശീലനം നേടിയവരായിരുന്നു, അവിടെയാണ്‌ പ്രതിവിപ്ലവകാരികളുമായുള്ള (സാൻഡിനിസ്റ്റാകളെ എതിർക്കുന്ന ഗറില്ലകൾ) ഏറ്റവും രൂക്ഷമായ പോരാട്ടം നടന്നിരുന്നത്‌. സഹോദരന്മാർ സൈനിക യൂണിഫോറങ്ങൾ ധരിക്കാനും ആയുധമെടുക്കാനും വിസമ്മതിച്ചെങ്കിലും അവരെ യുദ്ധമേഖലകളിലേക്കു ബലമായി അയച്ചു. മറ്റു ശിക്ഷകളും ശകാരവും വേറെയും.

പതിനെട്ടു വയസ്സ്‌ ഉണ്ടായിരുന്ന ജോവാനി ഗൈറ്റാൻ അത്തരം ദുഷ്‌പെരുമാറ്റം സഹിച്ചു. 1984 ഡിസംബറിലെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനു തൊട്ടുമുമ്പ്‌ ജോവാനിയെ ബലമായി പട്ടാളത്തിൽ ചേർക്കാൻ ഒരു ശ്രമം നടന്നു. ജോവാനി ആ കൺവെൻഷനു സ്‌നാപനമേൽക്കാനിരിക്കുകയായിരുന്നു. അദ്ദേഹത്തെ ഒരു പട്ടാള പരിശീലന ക്യാമ്പിലേക്ക്‌ അയച്ചു. അവിടെ ജോവാനിയുടെ ഇഷ്ടത്തിന്‌ എതിരായി അദ്ദേഹത്തെ തോക്ക്‌ ഉപയോഗിക്കാനും വനത്തിൽ യുദ്ധം ചെയ്യാനും പഠിപ്പിക്കാൻ 45 ദിവസം സൈനികർ ശ്രമിച്ചു. എന്നാൽ തന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷിക്ക്‌ അനുസൃതമായി ജോവാനി “യുദ്ധം അഭ്യസിക്കാൻ” വിസമ്മതിച്ചു. (യെശ. 2:⁠4) അദ്ദേഹം സൈനിക യൂണിഫോറം ധരിച്ചില്ല, ആയുധം എടുത്തതുമില്ല. എന്നിരുന്നാലും അടുത്ത 27 മാസക്കാലം അദ്ദേഹത്തെ പട്ടാളക്കാരോടുകൂടെ നിർബന്ധമായി മാർച്ചു ചെയ്യിച്ചു.

ജോവാനി പറയുന്നു: “കഴിഞ്ഞ കാലത്തു ഞാൻ പഠിച്ചതിനെ കുറിച്ചു ധ്യാനിച്ചുകൊണ്ടും താത്‌പര്യം കാണിച്ച എതു പടയാളിയോടും സാക്ഷീകരിച്ചുകൊണ്ടും ഇടവിടാതെ പ്രാർഥിച്ചുകൊണ്ടും എന്നെത്തന്നെ ബലിഷ്‌ഠനാക്കി നിറുത്തി. മിക്കപ്പോഴും ഞാൻ സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ അനുസ്‌മരിച്ചു: ‘ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും? എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു. നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.’”​—⁠സങ്കീ. 121:​1-3; 1 തെസ്സ. 5:17.

ഏതാണ്ടു 40 വ്യത്യസ്‌ത അവസരങ്ങളിൽ പോരാട്ടത്തിന്റെ നടുവിലേക്ക്‌ തള്ളിവിടപ്പെട്ടെങ്കിലും ജോവാനി അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു. തന്റെ മോചനത്തിനുശേഷം അദ്ദേഹം 1987 മാർച്ച്‌ 27-നു സ്‌നാപനമേറ്റു. അതിനുശേഷം താമസിയാതെ അദ്ദേഹം പയനിയർ സേവനത്തിൽ പ്രവേശിച്ചു. മറ്റനേകം വിശ്വസ്‌ത യുവ സഹോദരന്മാർക്ക്‌ സമാനമായ അനുഭവങ്ങൾ ഉണ്ടായി.​—⁠105-6 പേജുകളിലെ “പോരാട്ട മേഖലയിലേക്കു ബലമായി കൊണ്ടുപോകുന്നു” എന്ന ചതുരം കാണുക.

തങ്ങളുടെ നിഷ്‌പക്ഷ നിലപാടിനുവേണ്ടി വാദിക്കുന്നു

യഹോവയുടെ സാക്ഷികൾ ദേശഭക്തിപരമായ പട്ടാളസേവനത്തിന്‌ എതിരെ പ്രചാരണം നടത്താൻ വീടുതോറുമുള്ള ശുശ്രൂഷയെ ഉപയോഗിക്കുകയാണെന്ന്‌ ഗവണ്മെന്റ്‌ നിയന്ത്രിത മാധ്യമങ്ങളും സിഡിഎസ്സും വ്യാജമായി ആരോപിച്ചു. സൈനികസേവനം നിരസിക്കാൻ നിക്കരാഗ്വൻ യുവജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ ദേശീയ സുരക്ഷിതത്വത്തിനു തുരങ്കംവെക്കുകയാണ്‌ എന്നായിരുന്നു അവരുടെ അവകാശവാദം. ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമായിരുന്നെങ്കിലും, പ്രോസിക്യൂട്ടർമാരിലും ന്യായാധിപന്മാരിലും മുൻവിധി ഉളവാക്കത്തക്കവണ്ണം ഇവ കൂടെക്കൂടെ ആവർത്തിക്കപ്പെട്ടു. പ്രമുഖ ഇവാഞ്ചലിക്കൽ സഭാ നേതാക്കന്മാർ വിപ്ലവത്തെ അനുകൂലിക്കുന്നവരെന്നു തങ്ങളെത്തന്നെ തിരിച്ചറിയിക്കുകയും മതപരമായ കാരണങ്ങളാൽ നിഷ്‌പക്ഷത പാലിച്ചവരെ കുറ്റപ്പെടുത്തുകയും “ജനങ്ങളുടെ ശത്രുക്കളായി” മുദ്രകുത്തുകയും ചെയ്‌തു. ഇതു കാര്യങ്ങളെ കൂടുതൽ വഷളാക്കി.

പട്ടാളസേവനത്തിനു വിസമ്മതിച്ചതുകൊണ്ട്‌ രണ്ടു വർഷത്തെ തടവിനു വിധിക്കപ്പെട്ട 25 യുവ സഹോദരന്മാരുടെ അപ്പീൽ കേസുകൾ അഭിഭാഷകനായ ഒരു സാക്ഷി ഏറ്റെടുത്തു. മനസ്സാക്ഷിപരമായ വിസമ്മതത്തിനു നിയമാംഗീകാരം ഇല്ലാഞ്ഞതിനാൽ അക്കാര്യം അപ്പീലിൽ പരാമർശിക്കാനാകുമായിരുന്നില്ല. പകരം പ്രതികളുടെ നല്ല നടത്ത, കുറ്റകൃത്യരേഖയുടെ അഭാവം, യാതൊരു എതിർപ്പും പ്രകടമാക്കാതെ അറസ്റ്റ്‌ വരിച്ചത്‌ ഒക്കെ എടുത്തുപറഞ്ഞുകൊണ്ട്‌ ശിക്ഷയുടെ കാലാവധി കുറച്ചുകിട്ടാൻ ശ്രമിക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ, ചിലർക്കൊക്കെ ശിക്ഷയിൽ 6 മുതൽ 18 വരെ മാസം ഇളവു⁠ല⁠ഭിച്ചു.

വിചാരണവേളകളിൽ ഹാജരായിരുന്ന ഹൂല്യോ ബെൻഡാന്യാ സഹോദരൻ ഇങ്ങനെ പറയുന്നു: “യഹോവയുടെ സാക്ഷികളായ യുവാക്കൾ ഒഴിച്ച്‌ മറ്റാരും മതപരമായ കാരണങ്ങളാൽ സൈനിക സേവനത്തിനു വിസമ്മതിച്ചില്ല എന്നതാണു രസകരമായ സംഗതി. എതിരാളികളായ കാണികൾ ചുറ്റും നിൽക്കെ നമ്മുടെ പതിനേഴു വയസ്സുകാർ ന്യായാധിപന്റെയും സൈനിക പ്രോസിക്യൂട്ടറുടെയും മുമ്പാകെ തങ്ങളുടെ നിഷ്‌പക്ഷ നിലപാടിനെ കുറിച്ച്‌ ഉറച്ചബോധ്യത്തോടെ വാദിക്കുന്നതു കണ്ടപ്പോൾ എനിക്ക്‌ അഭിമാനം തോന്നി.”​—⁠2 കൊരി. 10:4.

അച്ചടി​—⁠രഹസ്യമായി

ഈ കാലഘട്ടത്തിലുടനീളം ഭരണസംഘം കോസ്റ്ററിക്ക ബ്രാഞ്ചു മുഖേനയും നിക്കരാഗ്വ കൺട്രി കമ്മറ്റി മുഖേനയും നിക്കരാഗ്വയിലെ സഹോദരങ്ങൾക്ക്‌ സഹായവും മാർഗനിർദേശവും കൊടുക്കുന്നതിൽ തുടർന്നു. എന്നാൽ സാഹിത്യം ഇറക്കുമതി ചെയ്യുന്നത്‌ നിരോധിച്ചിരുന്നതിനാൽ എങ്ങനെയാണ്‌ “തത്സമയത്തു ഭക്ഷണം” ലഭ്യമാക്കപ്പെട്ടത്‌? (മത്താ. 24:45) ഒരിക്കൽക്കൂടി യഹോവ വഴി ഉണ്ടാക്കി.

ഒരു വാണിജ്യ അച്ചടിക്കമ്പനിയുടെ സഹായത്തോടെ 1985-ൽ സഹോദരന്മാർ വീക്ഷാഗോപുര അധ്യയന ലേഖനങ്ങളും മറ്റു ബൈബിളധിഷ്‌ഠിത വിവരങ്ങളും അച്ചടിച്ചിരുന്നു. എന്നിരുന്നാലും ഈ മാർഗം അപകടകരമായിരുന്നു. കാരണം നമ്മുടെ വേല എതിരാളികളുടെ കണ്ണിൽപ്പെടാൻ എളുപ്പമായിരുന്നു. അതുനിമിത്തം, ബ്രാഞ്ച്‌ അടച്ചുപൂട്ടുന്നതിനു മുമ്പ്‌ സമ്മേളന പരിപാടികളും സ്‌മാരകക്ഷണക്കത്തുകളും അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന ഓഫ്‌സെറ്റ്‌ പ്രസ്സ്‌ ഉപയോഗിക്കാൻ തീരുമാനമായി. മനാഗ്വയ്‌ക്കു വെളിയിൽ പാർത്തിരുന്ന ഒരു സഹോദരിയുടെ വീട്ടിൽവെച്ച്‌ അച്ചടി യന്ത്രം പ്രവർത്തിപ്പിച്ചു.

സങ്കടകരമെന്നു പറയട്ടെ, ആ വർഷം നവംബറിൽ പ്രസ്സ്‌ ഗവണ്മെന്റ്‌ അധികൃതർ പിടിച്ചെടുത്തു. എന്നാൽ ഇത്‌ വേലയെ തടസ്സപ്പെടുത്താൻ സഹോദരന്മാർ അനുവദിച്ചില്ല. സത്വരം ഒരു പഴയ മിമിയോഗ്രാഫ്‌ യന്ത്രം നന്നാക്കിയെടുത്തു. അതിന്‌ അവർ “പൂവൻകോഴി” എന്നു പേരിട്ടു. മുമ്പ്‌ നോട്ടീസുകളും കത്തുകളും പരിപാടികളുമൊക്കെ അച്ചടിക്കാനാണ്‌ അത്‌ ഉപയോഗിച്ചിരുന്നത്‌. അതിന്റെ സ്‌പെയർ പാർട്ടുകൾ കിട്ടുക പ്രയാസമായിത്തീർന്നപ്പോൾ സഹോദരന്മാർ സ്ഥലത്ത്‌ ഉപയോഗത്തിലിരുന്ന മറ്റൊരു പഴയ മിമിയോഗ്രാഫ്‌ യന്ത്രം വാങ്ങി. അതിനെ അവർ “കോഴിക്കുഞ്ഞ്‌” എന്നു വിളിച്ചു. പിന്നീട്‌ എൽ സാൽവഡോർ ബ്രാഞ്ചും അവർക്ക്‌ ഒരു യന്ത്രം കൊടുത്തു. യന്ത്രങ്ങൾക്ക്‌ വളർത്തു ജന്തുക്കളുടെ പേരു നൽകുന്ന പതിവ്‌ ഇത്തവണയും സഹോദരങ്ങൾ തെറ്റിച്ചില്ല. പുതിയ യന്ത്രത്തിന്‌ അവർ “പിടക്കോഴി” എന്നു പേരിട്ടു.

മിമിയോഗ്രാഫ്‌ ബോർഡുകൾ ഉപയോഗിച്ചും സഹോദരങ്ങൾ അച്ചടി നിർവഹിച്ചു. ഇത്‌ അത്ര ആധുനികമായ ഒരു മാർഗം ആയിരുന്നില്ലെങ്കിലും ഒരു പ്രകാരത്തിലും ഫലപ്രദത്വം കുറഞ്ഞതായിരുന്നില്ല. സഹോദരങ്ങൾ അതിനെ ലാസ്‌ റ്റാബ്ലീറ്റാസ്‌ അഥവാ കൊച്ചു ബോർഡുകൾ എന്നു വിളിച്ചു. 1954-ൽ സ്‌നാപനമേറ്റ, ഒരു അലമാര നിർമാതാവായ പേദ്രോ റോദ്രിഗെസ്സാണ്‌ ഇതു നിർമിച്ചത്‌. ഇതിൽ വിജാഗിരി പിടിപ്പിച്ച രണ്ടു ദീർഘചതുര ചട്ടക്കൂടുകളാണ്‌ ഉണ്ടായിരുന്നത്‌. മുകളിലത്തെ ചട്ടക്കൂടിൽ ഒരു വലത്തുണി തറച്ചിരുന്നു. താഴത്തേതിൽ ഒരു കണ്ണാടിച്ചില്ലോ പലകയോ ആണ്‌ ഉപയോഗിച്ചിരുന്നത്‌. രൂപകൽപ്പനയും അച്ചടി പ്രക്രിയയും ലളിതമായിരുന്നു. ടൈപ്പു ചെയ്‌ത ഒരു സ്റ്റെൻസിൽ പേപ്പർ മുകളിലത്തെ ചട്ടക്കൂടിൽ വലത്തുണിയിൽ ചേർത്തുവെച്ചു. ഒന്നും എഴുതാത്ത വൃത്തിയുള്ള ഒരു കടലാസ്‌ അടിയിലത്തെ ചട്ടക്കൂടിൽ വെച്ചു. ഒരു റോളർ ഉപയോഗിച്ച്‌ തുണിയിൽ മഷി പരത്തി. ഓരോ മുദ്രണത്തിനും ശേഷം ഒരു പുതിയ ഷീറ്റ്‌ കടലാസ്‌ വെച്ചുകൊടുക്കും.

ബുദ്ധിമുട്ടുള്ളതെങ്കിലും ഈ അച്ചടി രീതി ഉപയോഗിച്ച്‌ പല സാഹിത്യങ്ങളും അച്ചടിച്ചു. 225 രാജ്യഗീതങ്ങളും അടങ്ങിയ യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക എന്ന പാട്ടുപുസ്‌തകം ആയിരുന്നു അവയിലൊന്ന്‌. “ഈ ചെറിയ ബോർഡുകൾ ഉപയോഗിക്കുന്നതിൽ വൈദഗ്‌ധ്യം നേടിയ സഹോദരന്മാർ മിനിട്ടിൽ 20 പേജുകൾ വരെ ഉത്‌പാദിപ്പിച്ചിരുന്നു. മൊത്തത്തിൽ പാട്ടുപുസ്‌തകത്തിന്റെ തന്നെ 5,000 പ്രതികൾ ഞങ്ങൾ ഉത്‌പാദിപ്പിച്ചു” എന്ന്‌ അച്ചടി പ്രവർത്തനത്തിൽ പങ്കുവഹിച്ച എഡ്‌മുണ്ടോ സാഞ്ചേസ്‌ അനുസ്‌മരിക്കുന്നു.

എഡ്‌മുണ്ടോയുടെ ഭാര്യ എൽഡാ, മിമിയോഗ്രാഫ്‌ യന്ത്രങ്ങൾക്കുള്ള സ്റ്റെൻസിൽ പേപ്പറുകൾ തയ്യാറാക്കുന്നതിൽ സഹായിച്ച ആദ്യ സഹോദരിമാരിൽ ഒരുവളായിരുന്നു. തന്റെ സ്വന്തം ടൈപ്പ്‌ റൈറ്റർ ഉപയോഗിച്ചുകൊണ്ട്‌, ഒരു മാതാവുകൂടിയായ എൽഡാ അതിരാവിലെ മുതൽ രാത്രി വളരെ വൈകി വരെ സ്റ്റെൻസിലുകളിൽ വീക്ഷാഗോപുര അധ്യയന ലേഖനങ്ങൾ ടൈപ്പുചെയ്‌തിരുന്നു. അവർ ഇങ്ങനെ അനുസ്‌മരിക്കുന്നു: “എഡ്‌മുണ്ടോ കോസ്റ്ററിക്കയിൽനിന്നു കിട്ടിയ മാസികയുടെ ഒരു പ്രതി എനിക്കു തരുമായിരുന്നു. എത്ര അച്ചടി ഗ്രൂപ്പുകൾ ഉണ്ടായിരുന്നു എന്നോ അവ എവിടെ പ്രവർത്തിച്ചിരുന്നു എന്നോ ഒന്നും എനിക്ക്‌ അറിയില്ലായിരുന്നു; എനിക്കു നിയമിച്ചു കിട്ടിയ ജോലിയെ കുറിച്ചു മാത്രമേ എനിക്ക്‌ അറിയാമായിരുന്നുള്ളൂ. ഞങ്ങളെ കണ്ടുപിടിക്കുകയാണെങ്കിൽ ഞങ്ങളുടെ വീടും ഗൃഹോപകരണങ്ങളും എന്നുവേണ്ട സകലതും കണ്ടുകെട്ടുമെന്നും ഞങ്ങളെ അറസ്റ്റു ചെയ്യുമെന്നും എനിക്ക്‌ അറിയാമായിരുന്നു. ഒരുപക്ഷേ മറ്റനേകരെയും പോലെ ഞങ്ങളും ‘അപ്രത്യക്ഷരായവരുടെ’ പട്ടികയിൽ ചേർക്കപ്പെടാൻ സാധ്യത ഉണ്ടായിരുന്നു. എന്നിരുന്നാലും ഞങ്ങളുടെ യഹോവാഭയവും അവനോടുള്ള സ്‌നേഹവും ഞങ്ങൾക്ക്‌ ഉണ്ടായിരുന്നേക്കാവുന്ന ഏതു മാനുഷഭയത്തെയും നീക്കം ചെയ്‌തു.”

അച്ചടി പണിപ്പുരകൾ

അച്ചടി പണിപ്പുരകൾ എങ്ങനെയുള്ളവ ആയിരുന്നു എന്ന്‌ ഗിൽയെർമോ പോൺസേ ഓർമിക്കുന്നു. അദ്ദേഹം ഒരു പ്രൂഫ്‌ വായനക്കാരനായിരുന്നു, ഒപ്പം സ്റ്റെൻസിൽ ഒരുക്കുന്ന സഹോദരന്മാർക്കും അച്ചടിയും വിതരണവും നടത്തുന്നവർക്കും ഇടയിലെ കണ്ണിയായും പ്രവർത്തിച്ചു. പോൺസേ സഹോദരൻ വിശദീകരിക്കുന്നു: “ചില സാക്ഷിക്കുടുംബങ്ങളുടെ വീടുകളിലായിരുന്നു പണിപ്പുരകൾ സ്ഥാപിച്ചിരുന്നത്‌. ഓരോ പണിപ്പുരയും ഒരു മുറിക്കുള്ളിൽ പണിത മറ്റൊരു മുറിയായിരുന്നു. തത്‌ഫലമായി ജോലി ചെയ്യാനുള്ള ഇടം കുറവായിരുന്നു. മിമിയോഗ്രാഫിന്റെ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ ഞങ്ങൾ ഒരു ടേപ്പ്‌ റെക്കോർഡറോ റേഡിയോയോ പണിപ്പുരയ്‌ക്ക്‌ തൊട്ടുപുറത്ത്‌ ശബ്ദം കൂട്ടിവെക്കുമായിരുന്നു.”

വീക്ഷാഗോപുരമോ മറ്റു പ്രസിദ്ധീകരണങ്ങളോ മിമിയോഗ്രാഫ്‌ ചെയ്‌തുകൊണ്ട്‌ ഈ ചെറിയ മുറികളിൽ സഹോദരന്മാർ ദിവസവും ഒമ്പതുമുതൽ പത്തുവരെ മണിക്കൂർ വിയർപ്പൊഴുക്കി പണിചെയ്‌തിരുന്നു. അയൽക്കാർ ജിജ്ഞാസുക്കളാകുകയോ ആരെങ്കിലും അധികാരികളെ വിവരം അറിയിക്കുകയോ ചെയ്‌തതായി മനസ്സിലാക്കിയാൽ ഉടൻ എല്ലാം കെട്ടിപ്പെറുക്കി മറ്റൊരു വീട്ടിലേക്കു മാറണമായിരുന്നു.

ഈ വേല ബെഥേൽ സേവനമായി പരിഗണിക്കപ്പെട്ടു. അതിൽ പങ്കെടുത്തിരുന്നത്‌ അവിവാഹിതരായ യുവസഹോദരന്മാരായിരുന്നു. അവരിൽ ഒരാളായിരുന്നു 19-കാരനായ ഫേലീപേ റ്റോറൂന്യോ. അച്ചടിശാലകളിലൊന്നിൽ സേവിക്കാൻ ക്ഷണിക്കപ്പെട്ടപ്പോൾ അദ്ദേഹം പുതുതായി സ്‌നാപനമേറ്റതേ ഉണ്ടായിരുന്നുള്ളൂ. ഫേലീപേ പറയുന്നു: “സ്റ്റെൻസിലിൽ തിരുത്തൽ വരുത്തുന്നതിന്‌ ഉപയോഗിക്കുന്ന ദ്രാവകത്തിന്റെ രൂക്ഷ ഗന്ധം തങ്ങിനിൽക്കുന്ന, വായുകടക്കാത്ത ഒരു ചെറിയ മുറി, ഇതൊക്കെയാണ്‌ അച്ചടിശാലയെ കുറിച്ച്‌ എനിക്ക്‌ ആദ്യം ഉണ്ടായ ധാരണ. ചൂട്‌ അസഹനീയമായി തോന്നി. ഒരു ചെറിയ ഫ്‌ളൂറസെന്റ്‌ വിളക്കായിരുന്നു വെളിച്ചം നൽകിയിരുന്നത്‌.”

മറ്റു വെല്ലുവിളികളും ഉണ്ടായിരുന്നു. ഉദാഹരണത്തിന്‌, ഒരു യന്ത്രത്തിന്‌ അറ്റകുറ്റപ്പണി ആവശ്യമായി വരുമ്പോൾ​—⁠മിക്കപ്പോഴും അതു വേണ്ടി വന്നിരുന്നു​—⁠അതു നന്നാക്കാൻ വെറുതെയങ്ങനെ ഒരു കടയിലേക്കു കൊണ്ടുചെല്ലാൻ കഴിയുമായിരുന്നില്ല. ‘ഈ മിമിയോഗ്രാഫ്‌ യന്ത്രം ആരുടേതാണ്‌? എന്താണ്‌ അച്ചടിക്കുന്നത്‌? ഈ വേല കേന്ദ്ര ഗവണ്മെന്റ്‌ അംഗീകാരമുള്ളതാണോ?’ എന്നെല്ലാം ആളുകൾ ചോദിക്കുമായിരുന്നു. അതുകൊണ്ടുതന്നെ സഹോദരന്മാർ സ്വന്തമായി അറ്റകുറ്റപ്പണികൾ നടത്തേണ്ടിയിരുന്നു. ചിലപ്പോൾ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച്‌ യന്ത്രഭാഗങ്ങൾ നിർമിക്കുക പോലും ചെയ്യണമായിരുന്നു. കൂടെക്കൂടെ കറന്റു പോകുന്നതായിരുന്നു മറ്റൊരു പ്രശ്‌നം. “അച്ചടി സംഘങ്ങൾ ഉത്‌പാദനത്തിൽ പിന്നോക്കം പോകാൻ ആഗ്രഹിക്കാതിരുന്നതുകൊണ്ട്‌ ചിലപ്പോൾ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽപ്പോലും അവർ ജോലി ചെയ്‌തിരുന്നു. മൂക്കിലൊക്കെ കരി പറ്റിയിട്ടുണ്ടായിരിക്കും. ഈ ചെറുപ്പക്കാർക്കു വേലയോട്‌ ഉണ്ടായിരുന്ന വിലമതിപ്പും അവരുടെ പ്രകൃതവും ആത്മത്യാഗ മനോഭാവവും വേലയിൽ തുടരാൻ എന്നെ പ്രേരിപ്പിച്ചു.”

അമൂല്യമായ ചില സ്‌മരണകൾ

ഒരു രഹസ്യ അച്ചടിക്കാരൻ എന്ന നിലയിലുള്ള നാലു വർഷങ്ങളിലേക്ക്‌ ഫേലീപേ റ്റോറൂന്യോ സന്തോഷത്തോടെ പിന്തിരിഞ്ഞു നോക്കുന്നു. “ഈ മർമപ്രധാനമായ ആത്മീയ ഭക്ഷണത്തിനായി സഹോദരങ്ങൾ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണെന്ന കാര്യം ഞാൻ എല്ലായ്‌പോഴും മനസ്സിൽ പിടിച്ചു,” ഫേലീപേ പറയുന്നു. “അതുകൊണ്ട്‌ ഞങ്ങളുടെ മേൽ ഏർപ്പെടുത്തിയ അനേകം നിയന്ത്രണങ്ങൾ ഗണ്യമാക്കാതെ ഞങ്ങൾ സന്തോഷത്തോടെ സേവിച്ചു.” 1988 ജൂൺ മുതൽ 1990 മേയിലെ അതിന്റെ പരിസമാപ്‌തിവരെ ഈ വേലയിൽ പങ്കെടുത്ത ഒമാർ വിഡി ഇങ്ങനെ അനുസ്‌മരിക്കുന്നു: “എന്നിൽ ഏറ്റവും മതിപ്പുളവാക്കിയ കാര്യങ്ങളിലൊന്ന്‌ സഹോദരപ്രിയത്തിന്റെ അന്തരീക്ഷം ആയിരുന്നു. പുതിയവർ കാര്യങ്ങൾ പഠിക്കാൻ സന്നദ്ധതയും ആകാംക്ഷയും പ്രകടമാക്കി. സഹോദരങ്ങൾ ക്ഷമാപൂർവം അവരെ വിവിധ ജോലികൾ പഠിപ്പിച്ചു. ജോലിസ്ഥലത്തെ സാഹചര്യങ്ങൾ ഉത്തമമായിരുന്നില്ല. എന്നാൽ ഈ സേവനരൂപത്തിൽ ഉൾപ്പെട്ടിരുന്ന ത്യാഗങ്ങളോട്‌ സ്വമേധയാ സേവകർക്ക്‌ ആഴമായ വിലമതിപ്പുണ്ടായിരുന്നു, അവർ ചെറുപ്പമായിരുന്നെങ്കിലും. മാത്രമല്ല അവർ ആത്മീയ ചിന്താഗതി ഉള്ളവരുമായിരുന്നു.”

ജോവാനി ഗൈറ്റാനും അച്ചടി പണിപ്പുരകളിൽ സേവിച്ചു. അദ്ദേഹം ഇങ്ങനെ അനുസ്‌മരിക്കുന്നു: “പിടിച്ചുനിൽക്കാൻ ഞങ്ങളെ സഹായിച്ചത്‌ യഹോവയോടും അവന്റെ സംഘടനയോടുമുള്ള വിലമതിപ്പായിരുന്നു. ആ കാലത്ത്‌ ഞങ്ങൾക്കാർക്കും പണപരമായ ഒരു സഹായവും ലഭിച്ചിരുന്നില്ല. എന്നാൽ അതു ഞങ്ങൾക്ക്‌ ഒരു പ്രശ്‌നം അല്ലായിരുന്നു; ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടതെല്ലാം ഞങ്ങൾക്കുണ്ടായിരുന്നു. നേരത്തേതന്നെ, യഹോവയെ പൂർണമായി ആശ്രയിക്കേണ്ടിയിരുന്ന അനേകം സാഹചര്യങ്ങൾ എനിക്കു വ്യക്തിപരമായി നേരിട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ട്‌ എന്റെ ഭൗതികാവശ്യങ്ങളെ കുറിച്ച്‌ എനിക്കു വലിയ ഉത്‌കണ്‌ഠയൊന്നും തോന്നിയില്ല. ഗിൽയെർമോ പോൺസേ, നെൽസൺ ആൽബാറാഡോ, ഫേലീപേ റ്റോറൂന്യോ എന്നിവർ ചെറുപ്പമായിരുന്നെങ്കിലും എനിക്ക്‌ വിശിഷ്ട മാതൃകകളായിരുന്നു. നേതൃത്വമെടുത്ത പ്രായമുള്ള സഹോദരന്മാരും എന്നെ ബലപ്പെടുത്തി. ഉവ്വ്‌, പിന്തിരിഞ്ഞു നോക്കുമ്പോൾ ആ മുഴു അനുഭവവും യഥാർഥത്തിൽ എന്റെ ജീവിതത്തെ സമ്പന്നമാക്കി എന്ന്‌ എനിക്കു പറയാൻ കഴിയും.”

രഹസ്യപ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്ന സകലർക്കും പല വിധങ്ങളിൽ യഹോവയുടെ പിന്തുണ കാണാൻ കഴിഞ്ഞു. അച്ചടിയുടെ കാര്യത്തിൽത്തന്നെ ഇതു സത്യമായിരുന്നു. ഗൈറ്റാൻ സഹോദരൻ പറയുന്നു: “സാധാരണഗതിയിൽ, ഒരു സ്റ്റെൻസിൽ 300 മുതൽ 500 വരെ മുദ്രണങ്ങൾക്കേ ഉതകൂ. ഞങ്ങൾക്ക്‌ അവ 6,000 മുദ്രണങ്ങൾക്കു വരെ ഉപയോഗിക്കാൻ കഴിഞ്ഞു!” ഓരോ സ്റ്റെൻസിലും മറ്റ്‌ അച്ചടി സാമഗ്രികളും പരമാവധി ഉപയോഗപ്പെടുത്തേണ്ടിയിരുന്നത്‌ എന്തുകൊണ്ടാണ്‌? രാജ്യത്ത്‌ അവ പരിമിതമായിരുന്നു, മാത്രമല്ല സർക്കാർ നിയന്ത്രിത കടകളിൽ മാത്രമേ അവ ലഭ്യമായിരുന്നുള്ളൂ. വലിയ അളവിൽ അവ വാങ്ങുന്നത്‌ ശ്രദ്ധിക്കപ്പെടുമായിരുന്നു. വാങ്ങുന്നയാൾ അറസ്റ്റ്‌ ചെയ്യപ്പെടാനുള്ള സാധ്യതയും ഉണ്ടായിരുന്നു. യഹോവ സഹോദരന്മാരുടെ ശ്രമങ്ങളെ തീർച്ചയായും അനുഗ്രഹിച്ചു, എന്തുകൊണ്ടെന്നാൽ ആദ്യ ഓഫ്‌സെറ്റ്‌ പ്രസ്സ്‌ ഒഴിച്ച്‌, പണിപ്പുരകളൊന്നും അധികാരികൾ കണ്ടെത്തുകയോ അടച്ചുപൂട്ടുകയോ ചെയ്‌തില്ല.

തങ്ങളുടെ കുടുംബങ്ങളെ പോറ്റാൻ ലൗകിക ജോലി ചെയ്യേണ്ടിയിരുന്ന സഹോദരന്മാരും വലിയ അപകട സാധ്യത ഉണ്ടായിരുന്നിട്ടും വേലയിൽ സഹായിച്ചു. ഉദാഹരണത്തിന്‌, അനേകർ സ്വന്തം വാഹനങ്ങൾ ഉപയോഗിച്ച്‌, അച്ചടിച്ച വിവരങ്ങൾ രാജ്യത്തുടനീളം എത്തിച്ചുകൊടുത്തു. ചില സമയങ്ങളിൽ, അനേകം പട്ടാള പരിശോധനാസ്ഥലങ്ങളിലൂടെ കടന്നുകൊണ്ട്‌ മുഴു ദിവസവും അവർ സഞ്ചരിച്ചു. പിടികൂടിയാൽ തങ്ങളുടെ വാഹനങ്ങൾ നഷ്ടപ്പെടാമെന്നും അറസ്റ്റുചെയ്യപ്പെടാമെന്നും തടവിലായേക്കാമെന്നും അവർക്ക്‌ അറിയാമായിരുന്നു. എന്നാൽ അവർ നിർഭയരായിരുന്നു. സ്വാഭാവികമായും ഈ സഹോദരന്മാർക്കു തങ്ങളുടെ ഭാര്യമാരുടെ പൂർണ പിന്തുണ ആവശ്യമായിരുന്നു. അവരിൽ ചിലരും ഈ പ്രയാസ കാലഘട്ടത്തിൽ മർമപ്രധാനമായ ഒരു പങ്കുതന്നെ വഹിച്ചിരുന്നു. എങ്ങനെയെന്ന്‌ നമുക്ക്‌ ഇപ്പോൾ കാണാം.

ധൈര്യമുള്ള ആത്മീയ സ്‌ത്രീകൾ

നിക്കരാഗ്വയിൽ നിയന്ത്രണങ്ങൾ നിലവിലിരുന്ന വർഷങ്ങളിൽ അനേകം ക്രിസ്‌തീയ സ്‌ത്രീകൾ ശ്രദ്ധേയമായ ധൈര്യവും വിശ്വസ്‌തതയും പ്രകടമാക്കി. തങ്ങളുടെ ഭർത്താക്കന്മാരുമായി സഹകരിച്ച്‌, ചിലപ്പോഴൊക്കെ മാസങ്ങളോളം അവർ തങ്ങളുടെ വീടുകൾ രഹസ്യമായ അച്ചടി പ്രവർത്തനങ്ങൾക്കു ലഭ്യമാക്കി. വേലയിൽ ഏർപ്പെട്ടിരുന്നവർക്കുവേണ്ടി തങ്ങളുടെ സ്വന്തം വിഭവങ്ങൾ ഉപയോഗിച്ച്‌ അവർ ഭക്ഷണവും തയ്യാറാക്കിയിരുന്നു. “യുവസഹോദരന്മാരായ ഞങ്ങളും ഈ സഹോദരിമാരും തമ്മിൽ ഒരു അടുത്ത ക്രിസ്‌തീയ ബന്ധം വികാസം പ്രാപിച്ചു,” അച്ചടി ഏകോപിപ്പിക്കാൻ സഹായിച്ച നെൽസൺ ആൽബാറാഡോ അനുസ്‌മരിക്കുന്നു. “അവർ ഞങ്ങൾക്ക്‌ അമ്മമാരെ പോലെയായിരുന്നു. പുത്രന്മാരെപ്പോലെ ഞങ്ങൾ അവർക്കു ധാരാളം പണിയുണ്ടാക്കി. ചില സമയങ്ങളിൽ നിശ്ചിത തീയതിയിൽ അച്ചടി പൂർത്തിയാക്കുന്നതിനു ഞങ്ങൾ രാവിലെ നാലുമണി വരെയൊക്കെ അധ്വാനിച്ചിരുന്നു, വിശേഷിച്ചും തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്‌തകത്തിന്റെ അച്ചടി പോലുള്ള കൂടുതലായ ജോലികൾ ചെയ്യേണ്ടതുണ്ടായിരുന്നപ്പോൾ. ഞങ്ങളിൽ രണ്ടുപേർ ഷിഫ്‌റ്റ്‌ അടിസ്ഥാനത്തിൽ ജോലി ചെയ്‌തിരുന്ന ചില സമയങ്ങളിൽ അച്ചടിശാല ഏതാണ്ട്‌ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു. എന്നിരുന്നാലും, മുടങ്ങാതെ സഹോദരിമാർ കൊച്ചുവെളുപ്പാൻ കാലത്തു പോലും ഞങ്ങൾക്കു ഭക്ഷണം ഒരുക്കിത്തരുമായിരുന്നു.”

ആരുടെ വീട്ടിലാണോ അച്ചടിശാല പ്രവർത്തിച്ചിരുന്നത്‌ ആ വീട്ടുകാരും സുരക്ഷയുടെ കാര്യത്തിൽ ശ്രദ്ധിച്ചിരുന്നു. സാധാരണമായി വീട്ടമ്മമാരാണ്‌ ഈ നിയമനം ഏറ്റെടുത്തിരുന്നത്‌, കാരണം മിക്ക ഭർത്താക്കന്മാരും പകൽസമയത്ത്‌ ലൗകിക ജോലി ചെയ്യുന്നവരായിരുന്നു. ഒരു സഹോദരി അനുസ്‌മരിക്കുന്നു: “യന്ത്രങ്ങളിൽനിന്നു വരുന്ന ശബ്ദം പുറത്താരും കേൾക്കാതിരിക്കുന്നതിന്‌ ഏറ്റവും ശബ്ദം കൂട്ടി ഞങ്ങൾ ഒരു റേഡിയോ പ്രവർത്തിപ്പിക്കുമായിരുന്നു. ആരെങ്കിലും ഗെയ്‌റ്റിങ്കൽ വരുമ്പോൾ ഒരു പ്രത്യേക ബൾബ്‌ തെളിച്ചുകൊണ്ട്‌ പണിപ്പുരയിലെ സഹോദരന്മാർക്ക്‌ ഞങ്ങൾ മുന്നറിയിപ്പു കൊടുത്തിരുന്നു.”

മിക്കപ്പോഴും സന്ദർശകർ സഹസാക്ഷികളോ ബന്ധുക്കളോ ആയിരുന്നു. എന്നിരുന്നാലും, എത്രയും പെട്ടെന്നും നയപരമായും അവരെ പറഞ്ഞുവിടാൻ സഹോദരിമാർ ശ്രമിച്ചിരുന്നു. നിങ്ങൾക്ക്‌ ഊഹിക്കാൻ കഴിയുന്നതുപോലെ, ഇതു ചെയ്യുക എല്ലായ്‌പോഴും എളുപ്പമായിരുന്നില്ല. കാരണം ഈ സഹോദരിമാർ സാധാരണഗതിയിൽ വളരെ അതിഥിപ്രിയരായിരുന്നു. ഹ്വാനാ മോണ്ട്യേലിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. അവരുടെ വീട്ടുമുറ്റത്ത്‌ ഒരു കശുമാവ്‌ ഉണ്ടായിരുന്നു. സഹസാക്ഷികൾ കശുമാങ്ങ പറിക്കാൻ മിക്കപ്പോഴും അവിടെ വന്നിരുന്നതിനാൽ ഹ്വാനായുടെ മുറ്റം ഒരു അനൗപചാരിക യോഗസ്ഥലം ആയിരുന്നു. “വീട്ടിൽ അച്ചടി നടത്തുന്നതിന്റെ പദവി ഞങ്ങൾക്കു ലഭിച്ചപ്പോൾ ഞങ്ങൾക്ക്‌ ആ കശുമാവ്‌ വെട്ടിക്കളയേണ്ടിവന്നു. പെട്ടെന്ന്‌ ഞങ്ങൾക്കൊരു മാറ്റം വന്നതും പെട്ടെന്ന്‌ ഞങ്ങളുടെ സൗഹൃദം തണുത്തുപോയതു പോലെ കാണപ്പെട്ടതും എന്തുകൊണ്ടാണെന്ന്‌ ഞങ്ങൾക്കു സഹോദരന്മാരോടു വിശദീകരിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ അച്ചടിപ്രവർത്തനത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നു ഞങ്ങൾക്ക്‌ അറിയാമായിരുന്നു.”

മരണമടഞ്ഞ കോൺസ്വെലോ ബറ്റെറ്റാ സ്‌നാപനമേറ്റത്‌ 1956-ലാണ്‌. അവരുടെ വീട്ടിലും അച്ചടി നടത്തിയിരുന്നു. എന്നിരുന്നാലും, സംശയം ഉണർത്താതെ അവരുടെ വീടിനു മുമ്പിൽ വാഹനം നിറുത്തി സാഹിത്യം കയറ്റാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട്‌ അവർ കൂടുതൽ സുരക്ഷിതമായ ഒരു സ്ഥലത്ത്‌​—⁠ഒരു ബ്ലോക്ക്‌ അപ്പുറത്തുള്ള ഒരു സഹോദരന്റെ വീട്ടിൽ​—⁠വണ്ടി നിറുത്തുമായിരുന്നു. ബറ്റെറ്റാ സഹോദരിയുടെ മരണത്തിനു മുമ്പ്‌ നടത്തിയ ഒരു അഭിമുഖത്തിൽ അവർ ആ ദിവസങ്ങളെ കുറിച്ച്‌ ഓർത്തു. തിളങ്ങുന്ന കണ്ണുകളോടെ അവർ ഇങ്ങനെ പറഞ്ഞു: “മാസികകൾ ചുരുളുകളാക്കി വ്യത്യസ്‌ത സഭകൾക്കുള്ള ചാക്കിൽ ഇട്ടുവെക്കും. ഓരോ ചാക്കിനും ഏതാണ്ട്‌ 15 കിലോ തൂക്കം വരുമായിരുന്നു. സഹോദരന്റെ വീട്ടിൽ അവ എത്തിക്കാൻ എന്റെ മകന്റെ ഭാര്യയും ഞാനും അവ തലച്ചുമടായി കൊണ്ടുപോയി. എന്റെ വീടിനു പിമ്പിലെ ഒരു ഓട കടന്നു വേണമായിരുന്നു പോകാൻ. എന്റെ അയൽക്കാർക്ക്‌ ഒരു സംശയവും തോന്നിയില്ല. കാരണം ചാക്കുകൾ കണ്ടാൽ മിക്ക സ്‌ത്രീകളും തലയിൽ ചുമന്നുകൊണ്ടു പോകുന്നവ പോലെതന്നെ തോന്നിക്കുമായിരുന്നു.”

സഹോദരന്മാർ വിശ്വസ്‌തരായ ആ ധീരസഹോദരിമാരെ എത്രയധികം വിലമതിച്ചെന്നോ! “അവരോടൊത്തു പ്രവർത്തിക്കുന്നതു യഥാർഥത്തിൽ വലിയ ഒരു പദവിയായിരുന്നു,” അന്ന്‌ തന്നോടുകൂടെ സേവിച്ച അനേകം സഹോദരന്മാരെ പ്രതിനിധീകരിച്ചുകൊണ്ട്‌ ഗിൽയെർമോ പോൺസേ പറയുന്നു. അങ്ങനെയുള്ള ഉത്തമ ക്രിസ്‌തീയ സ്‌ത്രീകളും അവരുടെ ഭർത്താക്കന്മാരും അവരുടെ മക്കൾക്കു വിശിഷ്ട മാതൃകകളായിരുന്നു. അതുകൊണ്ട്‌ സംഭവ ബഹുലമായ ആ സംവത്സരങ്ങളിൽ കുട്ടികൾ അഭിമുഖീകരിച്ച വെല്ലുവിളികളിൽ ചിലതിനെ കുറിച്ചു നമുക്ക്‌ ഇപ്പോൾ ചിന്തിക്കാം.

വിശ്വസ്‌തരും ആശ്രയയോഗ്യരുമായ കുട്ടികൾ

രഹസ്യ അച്ചടി പ്രവർത്തനത്തിലും സാഹിത്യ വിതരണത്തിലും ഉൾപ്പെട്ടിരുന്നവരുടെ മക്കൾ തങ്ങളുടെ മാതാപിതാക്കളെപ്പോലെതന്നെ അസാധാരണ വിശ്വസ്‌തത പ്രകടമാക്കി. ക്ലൗദ്യാ ബൻഡാന്യായുടെ രണ്ടു കുട്ടികൾ ആ സമയത്ത്‌ വീട്ടിലുണ്ടായിരുന്നു. ആ സഹോദരി പറയുന്നു: “ഞങ്ങളുടെ വീടിന്റെ ഒരു പിൻമുറിയിൽ അഞ്ചു മാസക്കാലം ഒരു പ്രസ്സ്‌ പ്രവർത്തിച്ചിരുന്നു. സ്‌കൂളിൽനിന്നു വന്നാലുടനെ കുട്ടികൾ സഹോദരന്മാരെ സഹായിക്കാൻ ആഗ്രഹിച്ചു. എന്നാൽ അവർക്ക്‌ എന്തു ചെയ്യാൻ കഴിയുമായിരുന്നു? അവരെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനു പകരം മിമിയോഗ്രാഫ്‌ ചെയ്‌ത വീക്ഷാഗോപുര ഷീറ്റുകൾ പിൻചെയ്യാൻ സഹോദരന്മാർ അവരെ അനുവദിച്ചു. ബൈബിൾ വാക്യങ്ങളും രാജ്യഗീതങ്ങളും മനഃപാഠമാക്കാൻ തങ്ങളെ പ്രോത്സാഹിപ്പിച്ച ആ ചെറുപ്പക്കാരോടു കൂടെയായിരിക്കുന്നത്‌ കുട്ടികൾക്ക്‌ എത്ര ഇഷ്ടമായിരുന്നെന്നോ!”

ബൻഡാന്യാ സഹോദരി പറയുന്നു: “പ്രവർത്തനം രഹസ്യമാക്കി വെക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്‌ നമ്മൾ പ്രയാസ കാലങ്ങളിലാണെന്നും ഈ വേല യഹോവയ്‌ക്കു വേണ്ടിയുള്ളതാണെന്നും വിശ്വസ്‌തരായി നിലകൊള്ളേണ്ടതു വളരെ പ്രധാനമാണെന്നും ഭർത്താവും ഞാനും ഞങ്ങളുടെ കുട്ടികളോടു വിശദീകരിച്ചു. ഇതേക്കുറിച്ച്‌ ആരോടും പറയരുതെന്ന്‌ ഞങ്ങൾ അവർക്കു നിർദേശം നൽകി​—⁠ബന്ധുക്കളോടോ ക്രിസ്‌തീയ സഹോദരങ്ങളോടോ പോലും. സന്തോഷകരമെന്നു പറയട്ടെ, കുട്ടികൾ വിശ്വസ്‌തരും അനുസരണമുള്ളവരുമായിരുന്നു.”

ആദ്യമായി അച്ചടികേന്ദ്രമായി ഉപയോഗിച്ച വീടുകളിൽ ഒന്നായിരുന്നു ഔറാ ലീലാ മാർട്ടീനെസിന്റേത്‌. അവരുടെ പേരക്കുട്ടികൾ പേജുകൾ ക്രമത്തിൽ അടുക്കിവെക്കുന്നതിലും പിൻചെയ്യുന്നതിലും പായ്‌ക്ക്‌ ചെയ്യുന്നതിലും ഒക്കെ സഹായിച്ചു. അവരും തങ്ങളുടെ വീട്ടിൽ ജോലിചെയ്യുന്ന സഹോദരന്മാരോടു വളരെ അടുത്തു. ഈ വേലയെ കുറിച്ച്‌ അവർ ഒരിക്കലും മറ്റുള്ളവരുമായി ചർച്ച ചെയ്‌തില്ല. ഏയൂനീസെ ഓർമിക്കുന്നു: “ഞങ്ങൾ സ്‌കൂളിൽ പോകുകയും മിക്കവാറും എല്ലാ ദിവസവും ബൻഡാന്യാ, ഏയൂഗാറിയോസ്‌ കുടുംബങ്ങളിലെ കുട്ടികളോടൊത്തു കളിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഞങ്ങൾക്കാർക്കും ഈ അടുത്തകാലം വരെ മറ്റുള്ളവരുടെ വീട്ടിൽ സാഹിത്യം അച്ചടിച്ചിരുന്ന കാര്യം അറിയില്ലായിരുന്നു. ‘ശരിക്കും? നിങ്ങളുടെ വീട്ടിലും?’ ഞങ്ങൾ പരസ്‌പരം ആശ്ചര്യത്തോടെ ചോദിച്ചു. ഞങ്ങൾ ഉത്തമ സുഹൃത്തുക്കളായിരുന്നു, എന്നാൽ ഞങ്ങളിലാരും മറ്റുള്ളവരോട്‌ ഇതേക്കുറിച്ച്‌ ഒന്നും പറഞ്ഞില്ല. സ്‌പഷ്ടമായി, ഇതു വേലയെ സംരക്ഷിക്കാനുള്ള യഹോവയുടെ മാർഗമായിരുന്നു.”

ആ ബാല്യകാല അനുഭവങ്ങൾ ഈ ചെറുപ്പക്കാരുടെമേൽ പ്രയോജനകരമായ സ്വാധീനം ചെലുത്തുന്നതിൽ തുടരുന്നു. പ്രത്യേക മുഴുസമയസേവകനും ശുശ്രൂഷാദാസനുമായ എമേഴ്‌സൺ മാർട്ടിനെസ്‌ പറയുന്നു: “ആ പണിപ്പുരകളിലെ സഹോദരന്മാർ എന്റെ മാതൃകാപുരുഷന്മാർ ആയിരുന്നു. അവർക്ക്‌ 18-ഓ 19-ഓ വയസ്സേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആത്മീയ ഉത്തരവാദിത്വങ്ങൾ അവ എത്രതന്നെ ചെറുതായിരുന്നാലും അവയെ വിലമതിക്കാൻ അവർ എന്നെ പഠിപ്പിച്ചു. അതുപോലെ ഗുണമേന്മയുള്ള വേല ചെയ്യുന്നതിന്റെ മൂല്യവും ഞാൻ പഠിച്ചു. പേജുകൾ അടുക്കി വെക്കുമ്പോൾ ഒരു പേജ്‌ എങ്കിലും വിട്ടുപോയാൽ ആർക്കെങ്കിലും ആ വിവരം നഷ്ടമാകുമായിരുന്നു. ഇത്‌ യഹോവയ്‌ക്കും നമ്മുടെ സഹോദരങ്ങൾക്കും വേണ്ടി ഏറ്റവും നല്ല വേല ചെയ്യേണ്ടതിന്റെ പ്രാധാന്യം എന്നെ ബോധ്യപ്പെടുത്തി.”

എഡ്‌മുണ്ടോ സാഞ്ചേസിന്റെയും എൽഡായുടെയും പുത്രിയായ എൽഡാ മരിയ അവളുടെ അമ്മ ടൈപ്പ്‌ ചെയ്‌ത വീക്ഷാഗോപുരത്തിന്റെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും സ്റ്റെൻസിലുകൾ എത്തിച്ചുകൊടുത്തുകൊണ്ടു സഹായിച്ചു. അവൾ ഇവ അഞ്ചു ബ്ലോക്കുകൾ അകലെയുള്ള പോൺസേ സഹോദരന്റെ വീട്ടിലേക്ക്‌ തന്റെ സൈക്കിളിൽ കൊണ്ടുപോയി. സ്റ്റെൻസിലുകൾ തന്റെ മകളെ ഏൽപ്പിക്കുന്നതിനു മുമ്പ്‌ സാഞ്ചേസ്‌ സഹോദരി അവ ഭദ്രമായി പൊതിഞ്ഞ്‌ ഒരു കൊച്ചുകുട്ടയിൽ വെക്കുമായിരുന്നു. “നന്നേ ചെറുപ്പം മുതൽതന്നെ അനുസരണമുള്ളവളായിരിക്കാൻ എന്റെ മാതാപിതാക്കൾ എന്നെ പരിശീലിപ്പിച്ചു. അതുകൊണ്ട്‌ ഈ നിയന്ത്രണഘട്ടം വന്നപ്പോൾ നിർദേശങ്ങൾ ശ്രദ്ധാപൂർവം അനുസരിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു,” എൽഡാ മരിയ പറയുന്നു.

അച്ചടിയുടെ മേൽനോട്ടം വഹിച്ചിരുന്ന തന്റെ പിതാവ്‌ ഉൾപ്പെടെയുള്ള സഹോദരന്മാർ നേരിട്ടിരുന്ന അപകടം അവൾക്കു മനസ്സിലായിരുന്നോ? എൽഡാ മരിയ പറയുന്നു: “തന്നെ അറസ്റ്റു ചെയ്‌താൽ ഞാൻ ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യരുത്‌ എന്ന്‌ ഡാഡി വീട്ടിൽനിന്നു പോകുന്നതിനു മുമ്പ്‌ മിക്കപ്പോഴും എന്നോടു പറയുമായിരുന്നു. എന്നാലും, ഡാഡി വീട്ടിൽ വരാൻ വൈകുമ്പോൾ അദ്ദേഹത്തിന്റെ സുരക്ഷയ്‌ക്കായി പലപ്പോഴും മമ്മിയോടൊത്തു പ്രാർഥിക്കുന്നതു ഞാൻ ഓർക്കുന്നു. സ്റ്റേറ്റ്‌ സെക്യൂരിറ്റിയിലെ ആളുകൾ ഞങ്ങളുടെ വീടിനു മുമ്പിൽ വണ്ടി നിറുത്തിയിട്ട്‌ ഞങ്ങളെ നിരീക്ഷിക്കുന്നത്‌ മിക്കപ്പോഴും കാണാറുണ്ടായിരുന്നു. മമ്മി ആർക്കെങ്കിലും വാതിൽ തുറന്നു കൊടുക്കാൻ പോകുന്ന സന്ദർഭങ്ങളിൽ ഞാൻ മമ്മിയുടെ സാധനങ്ങളെല്ലാം എടുത്ത്‌ ഒളിച്ചുവെക്കുമായിരുന്നു. യഹോവയോടും നമ്മുടെ സഹോദരന്മാരോടും വിശ്വസ്‌തത കാട്ടുന്നതിൽ എന്റെ മാതാപിതാക്കൾ വെച്ച മാതൃകയ്‌ക്കും എനിക്കു നൽകിയ പരിശീലനത്തിനും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്‌.”

ബാല്യത്തിൽ നല്ല അടിസ്ഥാനം ഇട്ടതിന്റെ ഫലമായി അന്നത്തെ കുട്ടികളിൽ അനേകരും ഇന്ന്‌ മുഴുസമയ സേവനത്തിലാണ്‌. അനേകർ സഭകളിലെ ഉത്തരവാദിത്വ സ്ഥാനങ്ങളിൽ സേവിക്കുന്നു. അവരുടെ പുരോഗതി തന്റെ ജനത്തിന്മേലുള്ള യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്തിന്റെ തെളിവാണ്‌. ആ പ്രയാസകാലത്തിൽ അവർക്കാർക്കും ആത്മീയ ഭക്ഷണം ലഭിക്കാതെ പോയില്ല. ദൈവരാജ്യ സുവാർത്ത വ്യാപിക്കുന്നതിൽ തുടർന്നു, സാൻഡിനിസ്റ്റായുഗത്തിൽ തടവിലാക്കപ്പെട്ടിരുന്ന ആയിരങ്ങളുടെ ഇടയിൽപോലും ‘നല്ല മണ്ണു’ കണ്ടെത്താൻ കഴിഞ്ഞു. (മർക്കൊ. 4:​8, 20) ഇത്‌ എങ്ങനെ സംഭവിച്ചു?

ജയിലിൽ രാജ്യവിത്തു വിതയ്‌ക്കുന്നു

സാൻഡിനിസ്റ്റാ വിപ്ലവത്തെ തുടർന്ന്‌, പരാജയപ്പെട്ട നാഷണൽ ഗാർഡിൽ സേവിച്ചിരുന്നവരെയും രാഷ്‌ട്രീയ വിമതരെയും കസ്റ്റഡിയിൽ എടുത്തു. തുടർന്ന്‌, 1979 മുതൽ 1981 വരെ പ്രവർത്തിച്ച പ്രത്യേക കോടതി മുമ്പാകെ അവരെ ഹാജരാക്കി. നാഷണൽ ഗാർഡിൽ സേവിച്ചിരുന്ന മിക്കവരും മനാഗ്വയ്‌ക്ക്‌ ഏകദേശം 11 കിലോമീറ്റർ വടക്കുകിഴക്കുള്ള റ്റിപ്പിറ്റാപ്പയിലെ ഒരു വലിയ തടവറയായ കാർസൽ മോഡെലോയിൽ (മോഡെലോ ജയിൽ) 30 വർഷത്തോളമുള്ള തടവിനു വിധിക്കപ്പെട്ടു. പിൻവരുന്ന വിവരണം പ്രകടമാക്കുന്നതുപോലെ, തടവുപുള്ളികളെ കുത്തിനിറച്ച ആ തടവറയിലെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും പരമാർഥഹൃദയരായ അനേകർ ആത്മീയമായി സ്വതന്ത്രരാക്കപ്പെട്ടു.

മനാഗ്വയിലെ ഒരു മൂപ്പന്‌ 1979-ന്റെ ഒടുവിൽ, തടവിലായിരുന്ന ഒരു സഹസാക്ഷിയിൽനിന്ന്‌ ഒരു കത്തുകിട്ടി. സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുന്നതിനു മുമ്പ്‌ സോമോസാ ഗവണ്മെന്റിന്റെ പട്ടാളത്തിൽ സേവിച്ചതിന്റെ പേരിലായിരുന്നു ഈ തടവ്‌. അദ്ദേഹം അപ്പോൾ കാർസൽ മോഡെലോയിൽ ആയിരുന്നില്ല. മറ്റു തടവുകാർക്കു കൊടുക്കാൻ സാഹിത്യം വേണമെന്ന്‌ തന്റെ കത്തിൽ സഹോദരൻ അപേക്ഷിച്ചിരുന്നു. സാഹിത്യം എത്തിച്ച രണ്ടു മൂപ്പന്മാർക്കു സഹോദരനെ കാണാൻ അനുവാദം ലഭിച്ചില്ല. ഇത്‌ അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. അദ്ദേഹം സഹ അന്തേവാസികളോടു സാക്ഷീകരിക്കുന്നതിൽ തുടരുകയും ചിലർക്കു ബൈബിളധ്യയനങ്ങൾ നടത്തുകയുംപോലും ചെയ്‌തു.

അദ്ദേഹത്തിന്റെ വിദ്യാർഥികളിൽ ഒരാളായ അനാസ്റ്റാസ്യോ രാമോൻ മെൻഡോസാ സത്വരം ആത്മീയ പുരോഗതി നേടി. “ഞാൻ പഠിച്ചത്‌ എനിക്കു വളരെയധികം ഇഷ്ടപ്പെട്ടു. അതുകൊണ്ട്‌ മറ്റു തടവുകാരോടു സഹോദരൻ പ്രസംഗിച്ചപ്പോൾ ഞാനും അദ്ദേഹത്തോടു ചേർന്നു. ചിലർ ഞങ്ങളെ ശ്രദ്ധിച്ചില്ല, മറ്റു ചിലർ ശ്രദ്ധിച്ചു. പെട്ടെന്നുതന്നെ ഞങ്ങളിൽ 12 പേർ വിശ്രമ സമയത്ത്‌ തുറസ്സായ ഒരു സ്ഥലത്തു കൂടിവന്ന്‌ ഒരുമിച്ചു പഠിക്കാൻ തുടങ്ങി.” ഏതാണ്ട്‌ ഒരു വർഷം കഴിഞ്ഞ്‌ ആ കൂട്ടത്തിലെ ഒരാൾ സ്‌നാപനമേറ്റു.

ബൈബിൾ വിദ്യാർഥികളുടെ ഈ ചെറിയ കൂട്ടത്തെ 1981-ന്റെ തുടക്കത്തിൽ മറ്റു തടവുപുള്ളികളോടൊപ്പം കാർസൽ മോഡെലോയിലേക്കു മാറ്റി. അവിടെയും അവർ മറ്റുള്ളവർക്കു സുവാർത്ത പങ്കുവെക്കുന്നതിൽ തുടർന്നു. അതേസമയം, ബൈബിളധിഷ്‌ഠിത സാഹിത്യവും തടവുപുള്ളികളുടെ ഇടയിൽ രഹസ്യമായി കൈമാറപ്പെട്ടു. അവ കൂടുതലായി ‘നല്ല മണ്ണ്‌’ കണ്ടെത്തുന്നതിലേക്കു നയിച്ചു.

ഹോസേ ഡി ലാ ക്രൂസ്‌ ലോപെസിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ദൃഷ്ടാന്തം പരിചിന്തിക്കുക. അവർ ആരും സാക്ഷികളായിരുന്നില്ല. ഹോസേ തടവിലാക്കപ്പെട്ട്‌ ആറു മാസം കഴിഞ്ഞ്‌ അദ്ദേഹത്തിന്റെ ഭാര്യ തെരുവിൽ കണ്ടുമുട്ടിയ സാക്ഷികളിൽനിന്ന്‌ എന്റെ ബൈബിൾ കഥാ പുസ്‌തകത്തിന്റെ ഒരു പ്രതി വാങ്ങി. അതു ഭർത്താവിനു കൊടുക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. “ഞാൻ ബൈബിൾ കഥാ പുസ്‌തകം വായിച്ചുതുടങ്ങിയപ്പോൾ അത്‌ ഒരു ഇവാഞ്ചലിക്കൽ പ്രസിദ്ധീകരണമാണെന്നു കരുതി,” ഹോസേ പറയുന്നു. “എനിക്ക്‌ യഹോവയുടെ സാക്ഷികളെ കുറിച്ചു യാതൊന്നും അറിയില്ലായിരുന്നു. പുസ്‌തകം എനിക്കു വളരെ ഇഷ്ടപ്പെട്ടു. ഞാൻ അതു പലവട്ടം വായിക്കുകയും തടവറയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന മറ്റു 16 പേർക്കും അതു വായിക്കാൻ കൊടുക്കുകയും ചെയ്‌തു. അവർക്കെല്ലാം അത്‌ ഇഷ്ടപ്പെട്ടു. ദാഹിച്ചു വലഞ്ഞിരിക്കുന്ന സമയത്ത്‌ ഒരു ഗ്ലാസ്സ്‌ തണുത്ത വെള്ളം കിട്ടുന്നതുപോലെയായിരുന്നു അത്‌. മറ്റു തടവറകളിലെ തടവുകാരും അതു വായിക്കാൻ ചോദിച്ചു, അങ്ങനെ അതു വാർഡിലുള്ള എല്ലാവരുടെയും കൈകളിലൂടെ കടന്നുപോയി. ഒടുവിൽ അത്‌ പഴയ ഒരു കുത്തു ചീട്ടുപോലെ ആയിത്തീർന്നു.”

ഹോസേയുടെ സഹതടവുപുള്ളികളിൽ പലരും ഇവാഞ്ചലിക്കൽ സഭകളിലെ അംഗങ്ങൾ ആയിരുന്നു; ചിലർ പാസ്റ്റർമാർപോലും ആയിരുന്നു. ഹോസേ അവരോടൊത്തു ബൈബിൾ വായിക്കാൻ തുടങ്ങി. എന്നാൽ ഉല്‌പത്തി 3:15-ന്റെ അർഥത്തെക്കുറിച്ച്‌ അവരോടു ചോദിച്ചപ്പോൾ, അത്‌ ഒരു മർമമാണെന്നു മാത്രമേ അവർ പറഞ്ഞുള്ളൂ. ഇത്‌ അദ്ദേഹത്തെ നിരാശനാക്കി. ഒരു ദിവസം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന മറ്റൊരു തടവുപുള്ളി ഹോസേയോടു പറഞ്ഞു: “നിങ്ങളുടെ കൈവശമുള്ള പുസ്‌തകത്തിൽ ഉത്തരമുണ്ട്‌. അത്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചതാണ്‌. നിങ്ങൾക്കിഷ്ടമാണെങ്കിൽ നിങ്ങളെ ഞാൻ അതു പഠിപ്പിക്കാം.” ഹോസേ സമ്മതിച്ചു. അങ്ങനെ ബൈബിൾ കഥാ പുസ്‌തകത്തിന്റെ സഹായത്താൽ അദ്ദേഹം ഉല്‌പത്തി 3:15-ന്റെ അർഥം മനസ്സിലാക്കി. അതിനുശേഷം, അദ്ദേഹം യഹോവയുടെ സാക്ഷികളെന്നു സ്വയം തിരിച്ചറിയിച്ച അന്തേവാസികളോട്‌ സഹവസിച്ചു തുടങ്ങി.

കാർസൽ മോഡെലോയിലെ ഈ അസാധാരണ കൂട്ടത്തിലേക്ക്‌ ഹോസേയെ ആകർഷിച്ച കാര്യങ്ങളിലൊന്ന്‌ അവരുടെ നല്ല നടത്ത ആയിരുന്നു. “വളരെ ദുഷിച്ച ജീവിതരീതി ഉണ്ടായിരുന്നതായി എനിക്ക്‌ അറിവുള്ള ആളുകൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചതിന്റെ ഫലമായി ഇപ്പോൾ നല്ല നടത്ത പ്രകടമാക്കുന്നതു ഞാൻ കണ്ടു,” ഹോസേ പറയുന്നു. ഇതിനിടയിൽ ഹോസേയുടെ ഭാര്യ സാക്ഷികളിൽനിന്നു സാഹിത്യം വാങ്ങി ഭർത്താവിനു കൊടുക്കുന്നതിൽ തുടർന്നു. തത്‌ഫലമായി അദ്ദേഹം ആത്മീയമായി പുരോഗതി പ്രാപിച്ചു. അദ്ദേഹത്തോടൊത്തു ബൈബിൾ പഠിച്ചിരുന്നവർ തടവറതോറും പ്രസംഗിക്കാൻ കഴിയേണ്ടതിന്‌ വാർഡിന്റെ ഒരു ഭാഗം അദ്ദേഹത്തിനു നിയമിച്ചു കൊടുക്കുക പോലും ചെയ്‌തു. അങ്ങനെ തന്റെ കൈവശമുള്ള ഏതാനും ചില സാഹിത്യങ്ങൾ താത്‌പര്യക്കാർക്കു വായിക്കാൻ കൊടുക്കാനും വിശ്രമവേളകളിൽ വാർഡിൽ നടത്തിയിരുന്ന യോഗങ്ങൾക്ക്‌ അവരെ ക്ഷണിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

തടവുപുള്ളികളുടെ ആത്മീയാവശ്യങ്ങൾക്കു വേണ്ടി കരുതുന്നു

കാർസൽ മോഡെലോയിൽ സാഹിത്യം വായിച്ച്‌ ആത്മീയ പുരോഗതി നേടിക്കൊണ്ടിരുന്ന വർധിച്ചുവരുന്ന തടവുപുള്ളികളുടെ ആത്മീയാവശ്യങ്ങൾക്കു വേണ്ടി കരുതിയത്‌ ഈസ്റ്റ്‌ മനാഗ്വ സഭ ആയിരുന്നു. ആ ലക്ഷ്യത്തിൽ സഭ ഏർപ്പെടുത്തിയ ഒരു പരിപാടി അനുസരിച്ച്‌ ചില സഹോദരീസഹോദരന്മാർ രഹസ്യമായി തടവുകാർക്കു സാഹിത്യം എത്തിച്ചുകൊടുത്തിരുന്നു. ഒന്നോ രണ്ടോ മാസം കൂടുമ്പോൾ തടവുകാർക്ക്‌ സന്ദർശകരെ സ്വീകരിക്കാമായിരുന്നു. എന്നാൽ നേരത്തേ സമർപ്പിക്കേണ്ടിയിരുന്ന അപേക്ഷയിൽ ആരുടെ പേരാണോ വെച്ചിരുന്നത്‌ ആ വ്യക്തിക്കു മാത്രമേ സന്ദർശിക്കാൻ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട്‌ എല്ലാ താത്‌പര്യക്കാർക്കും സ്ഥലത്തെ സാക്ഷികളെ കാണാൻ സാധിച്ചില്ല. എന്നിരുന്നാലും അത്‌ ഒരു വലിയ പ്രശ്‌നമായിരുന്നില്ല, എന്തുകൊണ്ടെന്നാൽ അന്തേവാസികൾ പെട്ടെന്നുതന്നെ ഒന്നിച്ചുകൂടി കാര്യങ്ങൾ അന്യോന്യം പങ്കുവെക്കുമായിരുന്നു.

കാർസൽ മോഡെലോയിലെ വികസിച്ചുകൊണ്ടിരുന്ന കൂട്ടത്തിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും നയിക്കാനും ഈസ്റ്റ്‌ മനാഗ്വ സഭയിലെ മൂപ്പന്മാർ സഹായിച്ചു. ആത്മീയമായി നേതൃത്വമെടുത്തുകൊണ്ടിരുന്ന അന്തേവാസികളുമായി അവർ വിശേഷാൽ നിരന്തരം സമ്പർക്കം പുലർത്തി. പ്രതിവാരയോഗങ്ങൾ എങ്ങനെ നടത്താം, ഒരു ക്രമീകൃതമായ വിധത്തിൽ പ്രസംഗവേല എങ്ങനെ നിർവഹിക്കാം, അത്തരം പ്രവർത്തനങ്ങളെല്ലാം എങ്ങനെ റിപ്പോർട്ടു ചെയ്യാം എന്നൊക്കെ ഈ സഹോദരന്മാർ അവർക്കു വിശദീകരിച്ചുകൊടുത്തു. ഈ തടവുകാർ മറ്റുള്ളവർക്ക്‌ ആ വിവരങ്ങൾ കൈമാറി. അപ്പോഴേക്ക്‌ ബൈബിൾ വിദ്യാർഥികളുടെ ഒരു വലിയ കൂട്ടം ജയിലിൽ രൂപം കൊണ്ടിരുന്നതിനാൽ നല്ല ദിവ്യാധിപത്യക്രമം ആവശ്യമായിരുന്നു.

കാർസൽ മോഡെലോയിൽ ആദ്യം നാലു വാർഡുകളാണ്‌ ഉണ്ടായിരുന്നത്‌. ഓരോന്നിലും 2,000 തടവുപുള്ളികൾവരെ ഉണ്ടായിരുന്നു. “ഓരോ വാർഡിനും മറ്റു വാർഡുകളുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു,” സന്ദർശക മൂപ്പന്മാരിൽ ഒരാളായിരുന്ന ഹൂല്യോ നൂന്യെസ്‌ വിശദീകരിക്കുന്നു. “അതുകൊണ്ട്‌ ഓരോ വാർഡിലെയും വിനോദത്തിനായി വേർതിരിക്കപ്പെട്ടിരുന്ന ഇടങ്ങളിൽവെച്ച്‌ പ്രതിവാരയോഗങ്ങൾ വെവ്വേറെ നടത്തി. എല്ലാ യോഗങ്ങളിലുംകൂടെ ഏകദേശം 80 പേർ ഹാജരായിരുന്നു.”

വീപ്പയിൽ സ്‌നാപനമേൽക്കുന്നു

പുരോഗതി കൈവരിക്കാൻ തുടങ്ങിയ പുതിയവരിൽ പലരും സ്‌നാപനമേൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ജയിൽ സന്ദർശിച്ചിരുന്ന മൂപ്പന്മാർ സ്‌നാപനമേൽക്കാൻ യോഗ്യതയുള്ളവർ ആരൊക്കെയാണെന്നു നിർണയിക്കുകയും പുറത്ത്‌ ഒരു സമ്മേളനം നടക്കുന്ന ദിവസംതന്നെ ജയിലിലെ സ്‌നാപനവും ക്രമീകരിക്കാൻ അവിടത്തെ ആത്മീയ കാര്യങ്ങൾക്കു നേതൃത്വം വഹിച്ചിരുന്ന സഹോദരങ്ങളെ സഹായിക്കുകയും ചെയ്‌തു. സാധാരണ, തലേരാത്രി തടവറകളിൽ ഒന്നിൽ വെച്ച്‌ സ്‌നാപന പ്രസംഗം നടത്തിയിരുന്നു. പിറ്റേന്ന്‌ തടവുപുള്ളികൾ കുളിക്കാൻ പോകുന്ന സമയത്ത്‌ സ്‌നാപനവും.

ഹോസേ ഡി ലാ ക്രൂസ്‌ ലോപെസ്‌ 1982 നവംബറിൽ ജയിലിൽവെച്ചു സ്‌നാപനമേറ്റു. അദ്ദേഹം പറയുന്നു: “ചപ്പുചവറുകൾ ഇടാൻ ഉപയോഗിച്ചിരുന്ന ഒരു വീപ്പയ്‌ക്കകത്താണ്‌ ഞാൻ സ്‌നാപനമേറ്റത്‌. ഞങ്ങൾ അതു സോപ്പിട്ട്‌ നന്നായി തേച്ചു കഴുകി അകത്ത്‌ ഒരു ഷീറ്റ്‌ ഇട്ടു. എന്നിട്ട്‌ അതിൽ വെള്ളം നിറച്ചു. എന്നാൽ ഞങ്ങൾ സ്‌നാപനത്തിനു കൂടിവന്നപ്പോൾ ആയുധധാരികളായ ഗാർഡുകൾ എത്തി. ‘ആരാണ്‌ ഈ സ്‌നാപനത്തിന്‌ അനുമതി നൽകിയത്‌?’ അവർ ചോദിച്ചു. ദൈവം ആവശ്യപ്പെടുന്നതു ചെയ്യാൻ ആരുടെയും അനുമതി ആവശ്യമില്ലെന്ന്‌ സ്‌നാപനത്തിനു നേതൃത്വം വഹിച്ചിരുന്ന സഹോദരൻ വിശദീകരിച്ചു. പിന്നെ ഗാർഡുകൾ സ്‌നാപനം തടയാൻ മുതിർന്നില്ല. എന്നാൽ അവർ അവിടെത്തന്നെ നിന്നു. അങ്ങനെ അവരുടെ സാന്നിധ്യത്തിൽ സ്‌നാപനാർഥികളോടു ചോദിക്കുന്ന രണ്ടു ചോദ്യങ്ങൾ എന്നോടു ചോദിച്ചു. അതിനുശേഷം വീപ്പയിൽ എന്നെ സ്‌നാപനപ്പെടുത്തി.” കാലക്രമത്തിൽ 34 തടവുപുള്ളികൾ എങ്കിലും ഈ വിധത്തിൽ സ്‌നാപനമേറ്റു.

ചില തടവുകാർ വളരെ വേഗം പുരോഗതി പ്രാപിച്ചു. അവരിൽ ഒരാളായിരുന്നു ഒമാർ അന്റോണ്യോ എസ്‌പിനോസാ. 30 വർഷത്തെ ജയിൽ ശിക്ഷയിൽ 10 വർഷം അദ്ദേഹം കാർസൽ മോഡെലോയിൽ ആയിരുന്നു. തടവുകാരെ ഇടയ്‌ക്കിടയ്‌ക്കു സ്ഥലം മാറ്റുന്ന പതിവ്‌ ഉണ്ടായിരുന്നു. അങ്ങനെ ശിക്ഷയുടെ രണ്ടാം വർഷത്തിൽ അദ്ദേഹത്തോടൊപ്പം തടവറയിൽ ഉണ്ടായിരുന്നത്‌ ഒരു സാക്ഷിയായിരുന്നു. തടവുകാരിൽ പലരും പതിവായി ഈ മനുഷ്യന്റെ അടുത്തു വന്നു ബൈബിൾ പഠിക്കുന്നത്‌ ഒമാർ ശ്രദ്ധിച്ചു. താൻ കാണുകയും കേൾക്കുകയും ചെയ്‌ത കാര്യങ്ങൾ അദ്ദേഹത്തിൽ മതിപ്പുളവാക്കി. ഒമാറും ഒരു ബൈബിളധ്യയനം ആവശ്യപ്പെട്ടു.

നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്‌തകത്തിന്റെ സഹായത്തോടെയാണ്‌ ഒമാർ പഠിച്ചത്‌. ഒരു ദിവസം ഒരു അധ്യായം വീതം പഠിച്ചിരുന്നു. വെറും 11 ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം പ്രസാധകൻ ആകാൻ ആഗ്രഹിച്ചു. പുസ്‌തകത്തിന്റെ 22 അധ്യായങ്ങൾ പഠിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം സ്‌നാപനമേൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ഇതിനെ കുറിച്ച്‌ അൽപ്പംകൂടെ സമയമെടുത്തു ചിന്തിക്കാൻ സഹോദരങ്ങൾ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. ജയിലിൽ പുതുതായി ലഭിച്ച, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം കൂടെ പഠിക്കാനും അവർ ശുപാർശ ചെയ്‌തു. എന്നാൽ ഒരു മാസവും ഏതാനും ദിവസവും കഴിഞ്ഞപ്പോൾ ഒമാർ ആ പുസ്‌തകവും പഠിച്ചുതീർത്തു. മാത്രമല്ല അദ്ദേഹം പുകവലി നിറുത്തുകയും മറ്റു മാറ്റങ്ങൾ വരുത്തുകയും ചെയ്‌തു. ബൈബിൾ സത്യം അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്‌ എന്നതു വ്യക്തമായിരുന്നു. ഈ മാറ്റങ്ങളൊക്കെ കണ്ടപ്പോൾ ഒമാറിന്റെ ആഗ്രഹം ആത്മാർഥമാണെന്ന്‌ സഹോദരങ്ങൾക്കു ബോധ്യപ്പെട്ടു. അങ്ങനെ, 1983 ജനുവരി 2-ന്‌ ഒമാറും ഒരു വീപ്പയിൽ സ്‌നാപനമേറ്റു.

ജയിലിലെ ആംഗ്യ ഭാഷ

ജയിൽ സന്ദർശിച്ച മൂപ്പന്മാരിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ കൈമാറുന്നതിനും വയൽസേവന റിപ്പോർട്ടു പോലുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും മറ്റുമായി വ്യത്യസ്‌ത വാർഡുകളിലുള്ള തടവുകാരായ പ്രസാധകർ പരസ്‌പരം ആശയവിനിമയം നടത്തേണ്ടിയിരുന്നു. 1982-ൽ തടവിലായിരിക്കെ സ്‌നാപനമേറ്റ മെൻഡോസാ സഹോദരൻ അവർ ഇതു ചെയ്‌തത്‌ എങ്ങനെയാണെന്നു വിശദീകരിക്കുന്നു.

“തടവുകാർ രൂപം നൽകിയ ഒരു പ്രത്യേകതരം ആംഗ്യഭാഷ ഞങ്ങളിൽ ചിലർ പഠിച്ചു” എന്ന്‌ അദ്ദേഹം പറയുന്നു. “സ്‌മാരക ദിവസം ഞങ്ങൾ സൂര്യാസ്‌തമയം കണക്കുകൂട്ടി പരസ്‌പരം ആംഗ്യം കാണിക്കുമായിരുന്നു. അങ്ങനെ എല്ലാവർക്കും ഒരേസമയം പ്രാർഥനയിൽ പങ്കുചേരാൻ കഴിഞ്ഞു. എല്ലാ വർഷവും ഞങ്ങൾ ഇതുതന്നെ ചെയ്‌തു. ആംഗ്യഭാഷ വീക്ഷാഗോപുര പഠനത്തിലും ഞങ്ങളെ സഹായിച്ചു. ഏതെങ്കിലും ഒരു വാർഡിലെ സഹോദരങ്ങൾക്ക്‌ ആ ആഴ്‌ച പഠിക്കാനുള്ള ലേഖനം ഇല്ലെങ്കിൽ ഞങ്ങൾ മുഴു ലേഖനവും ആംഗ്യഭാഷയിലൂടെ അവർക്കു കൈമാറുമായിരുന്നു. ആ വാർഡിൽ ഉള്ള ഒരു സഹോദരൻ ആംഗ്യങ്ങൾ നിരീക്ഷിച്ച്‌ അവ ഉച്ചത്തിൽ വ്യാഖ്യാനിക്കുകയും മറ്റൊരു സഹോദരൻ അതു കടലാസ്സിൽ പകർത്തുകയും ചെയ്‌തിരുന്നു.” എന്നാൽ എങ്ങനെയാണ്‌ ആത്മീയ ആഹാരം ജയിലിൽ എത്തിയത്‌?

ആത്മീയ ആഹാരം തടവുകാരെ പരിപോഷിപ്പിക്കുന്നു

ഈസ്റ്റ്‌ മനാഗ്വ സഭയിലെ മൂപ്പന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു പ്രസാധകരും കാർസൽ മോഡെലോയിൽ തടവിൽ കഴിഞ്ഞിരുന്ന സഹോദരങ്ങളെ സന്ദർശിക്കാൻ പതിവായി എത്തിയിരുന്നു. ഏകദേശം പത്തു വർഷം ഇവർ ആത്മീയവും ഭൗതികവുമായ ആഹാരം തങ്ങളുടെ സഹോദരങ്ങൾക്ക്‌ എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു. വീക്ഷാഗോപുരവും നമ്മുടെ രാജ്യ ശുശ്രൂഷയും ഉൾപ്പെടെയുള്ള ആത്മീയ ആഹാരം ഒളിച്ചാണു കടത്തിയിരുന്നത്‌.

തടികൊണ്ടുള്ള തന്റെ വലിയ ക്രച്ചസിന്റെ ദ്വാരത്തിൽ ഒളിച്ചുവെച്ചാണ്‌ ഒരു മൂപ്പൻ മാസികകൾ എത്തിച്ചുകൊടുത്തിരുന്നത്‌. “കൊച്ചു കുട്ടികളെ പരിശോധിക്കാറില്ലായിരുന്നു എന്നതുകൊണ്ട്‌ അവരും സഹായിച്ചു” എന്ന്‌ ഹൂല്യോ നൂന്യെസ്‌ പറയുന്നു. ജയിലിലേക്കു സ്‌മാരക ചിഹ്നങ്ങൾ പോലും കടത്തിക്കൊണ്ടുവരാൻ സന്ദർശകർക്കു കഴിഞ്ഞു.

ഓരോ വാർഡിനും ഒരു പ്രത്യേക സന്ദർശക ദിവസം ഉണ്ടായിരുന്നു. ഏതെങ്കിലുമൊരു തടവുകാരനെ സന്ദർശിക്കാൻ അനുമതി ലഭിച്ചിരുന്നവർക്ക്‌ ആ വ്യക്തിയോടൊപ്പം ദിവസം മുഴുവനും ജയിലിന്റെ വിശാലമായ അങ്കണത്തിൽ സമയം ചെലവഴിക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ സാക്ഷികളായ ഏതാനും തടവുകാർക്ക്‌ മനാഗ്വയിൽനിന്നുള്ള സഹോദരീസഹോദരന്മാരെ കാണാനും അവരിൽനിന്ന്‌ ആത്മീയ ആഹാരം സ്വീകരിക്കാനും സാധിച്ചിരുന്നു. ഈ തടവുകാർ വാർഡുകളിൽ തിരിച്ചെത്തുമ്പോൾ തങ്ങൾക്കു ലഭിച്ചത്‌ മറ്റുള്ളവരുമായി പങ്കുവെച്ചിരുന്നു.

രാജ്യഗീതങ്ങൾ പോലും അവഗണിക്കപ്പെട്ടില്ല. ലോപെസ്‌ സഹോദരൻ പറയുന്നു: “ഞങ്ങളുടെ വാർഡിൽ ഒരാൾക്കു മാത്രമേ സന്ദർശിക്കുന്ന സഹോദരങ്ങളെ കാണാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ ഓരോ പ്രാവശ്യവും ഏതാനും രാജ്യഗീതങ്ങളുടെ ഈണം മനസ്സിലാക്കി അതു ഞങ്ങളെ പഠിപ്പിക്കുക എന്നത്‌ അദ്ദേഹത്തിന്റെ ചുമതല ആയിരുന്നു. ഞങ്ങൾക്ക്‌ ആകെ ഒരു പാട്ടു പുസ്‌തകമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ യോഗങ്ങൾക്കു മുമ്പായി ഞങ്ങൾ ഗീതങ്ങൾ പാടി പഠിച്ചു.” സാക്ഷികളായ സന്ദർശകരെ കാണാൻ അനുമതി ഉണ്ടായിരുന്ന ഏതാനും തടവുകാരിൽ ഒരാൾ ആയിരുന്നു മെൻഡോസാ സഹോദരൻ. അദ്ദേഹം ഇങ്ങനെ പറയുന്നു: “കാർലോസ്‌ ആയാലായും അദ്ദേഹത്തിന്റെ കുടുംബവും എന്നെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ രണ്ടു പുത്രിമാർ ഒമ്പതു രാജ്യഗീതങ്ങൾ എങ്കിലും എന്നെ പഠിപ്പിച്ചു. ഞാൻ അത്‌ തടവിൽ ഉണ്ടായിരുന്ന മറ്റു സഹോദരങ്ങളെ പഠിപ്പിച്ചു.” സഹതടവുകാരിൽനിന്ന്‌ ഇപ്രകാരം ഗീതങ്ങൾ പഠിച്ചവരിൽ ലോപെസ്‌ സഹോദരനും ഉണ്ടായിരുന്നു. അദ്ദേഹം അനുസ്‌മരിക്കുന്നു: “പിന്നീടു പുറത്തു യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയപ്പോൾ അവിടെ പാടിയിരുന്ന അതേ ഈണത്തിൽ തന്നെയാണ്‌ തടവിൽ ഞങ്ങൾ ഗീതങ്ങൾ പാടിയിരുന്നത്‌ എന്നു മനസ്സിലാക്കിയത്‌ എന്നെ എത്ര സന്തോഷിപ്പിച്ചെന്നോ. അൽപ്പം അതിശയവും തോന്നി എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു.”

തടവിൽ ആത്മീയമായി ശക്തരായി നിലകൊള്ളുന്നു

ജയിലിൽ സഹോദരങ്ങളും താത്‌പര്യക്കാരും അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യങ്ങൾ എങ്ങനെയുള്ളവ ആയിരുന്നു? അവർ എങ്ങനെയാണ്‌ ആത്മീയമായി ശക്തരായി നിലകൊണ്ടത്‌? മെൻഡോസാ സഹോദരൻ പറയുന്നു: “ജയിലിൽ റേഷൻ അടിസ്ഥാനത്തിലാണ്‌ ഞങ്ങൾക്കു ഭക്ഷണം തന്നിരുന്നത്‌. തടവുകാർക്കെല്ലാം ഇടയ്‌ക്കിടെ മർദനം ഏൽക്കേണ്ടി വരുമായിരുന്നു. ചിലപ്പോഴൊക്കെ ഗാർഡുകൾ ഞങ്ങളോടു നിലത്തു കമിഴ്‌ന്നു കിടക്കാൻ പറഞ്ഞിട്ട്‌ ഞങ്ങൾക്കു ചുറ്റും നിറയൊഴിക്കും. ഞങ്ങളെ ഭയപരവശരാക്കുക ആയിരുന്നു ഉദ്ദേശ്യം. മറ്റു ചില തടവുകാരും ഗാർഡുകളും തമ്മിൽ വഴക്കുണ്ടാകുമ്പോൾ ഞങ്ങൾക്ക്‌ എല്ലാവർക്കും ശിക്ഷ ലഭിച്ചിരുന്നു. വസ്‌ത്രം എല്ലാം ഉരിഞ്ഞു മാറ്റി മുറ്റത്ത്‌ ചുട്ടുപൊള്ളുന്ന വെയിലത്തു ഞങ്ങളെ നിറുത്തിയിരുന്നു. പരസ്‌പരം കെട്ടുപണി ചെയ്യാനും ആശ്വസിപ്പിക്കാനും സാക്ഷികളായ ഞങ്ങൾ ഈ അവസരങ്ങൾ ഉപയോഗിച്ചു. ഞങ്ങൾ ബൈബിൾ വാക്യങ്ങൾ ഓർമിച്ചെടുക്കുകയും വ്യക്തിപരമായ പഠനത്തിൽനിന്നു മനസ്സിലാക്കിയ കാര്യങ്ങൾ പരസ്‌പരം പങ്കുവെക്കുകയും ചെയ്‌തു. ഐക്യവും ബലവും നിലനിറുത്താൻ ഇതെല്ലാം ഞങ്ങളെ സഹായിച്ചു.”

തടവുകാർക്കു ധാരാളമായി ലഭ്യമായിരുന്ന ഒഴിവു സമയം പ്രയോജനപ്പെടുത്തിക്കൊണ്ട്‌ അനേകം സാക്ഷികളും താത്‌പര്യക്കാരും മുഴു ബൈബിളും നാലും അഞ്ചും തവണയൊക്കെ വായിച്ചു തീർത്തു. കൂടാതെ, കയ്യിൽ കിട്ടിയ ബൈബിൾ സാഹിത്യങ്ങളെല്ലാം അവർ ശ്രദ്ധയോടെ പലയാവർത്തി പഠിച്ചു. പ്രത്യേക വിലമതിപ്പോടെ മെൻഡോസാ സഹോദരൻ വാർഷികപുസ്‌തകങ്ങളെ കുറിച്ച്‌ ഓർക്കുന്നു. “വ്യത്യസ്‌ത രാജ്യങ്ങളിൽനിന്നുള്ള അനുഭവങ്ങൾ, ഭൂപടങ്ങൾ, എല്ലാം ഞങ്ങൾ സൂക്ഷ്‌മമായി പഠിച്ചു,” അദ്ദേഹം പറയുന്നു. “എല്ലാ വർഷവും ഓരോ രാജ്യത്തെയും സഭകളുടെ എണ്ണം, പുതുതായി സ്‌നാപനമേറ്റവർ, സ്‌മാരക ഹാജർ എന്നിവയിലെ വർധന ഞങ്ങൾ പരിശോധിച്ചു. ഇതൊക്കെ ഞങ്ങൾക്കു വലിയ സന്തോഷം പ്രദാനം ചെയ്‌തു.”

ഈ സാഹചര്യങ്ങളിൽ പുതിയ പ്രസാധകർ വളരെ വേഗം ദൈവവചനത്തെയും ദിവ്യാധിപത്യ സംഘാടനത്തെയും കുറിച്ച്‌ നല്ല അറിവു സമ്പാദിച്ചു. കൂടാതെ അവർ തീക്ഷ്‌ണതയുള്ള പ്രസംഗകരും അധ്യാപകരും ആയിത്തീർന്നു. ഉദാഹരണത്തിന്‌ 1986-ൽ കാർസൽ മോഡെലോയിൽ 43 പ്രസാധകർ ഉണ്ടായിരുന്നു. അവർ നടത്തിയിരുന്ന ബൈബിളധ്യയനങ്ങളുടെ എണ്ണമാകട്ടെ 80-ഉം. വാരം തോറുമുള്ള യോഗങ്ങളിലെ ശരാശരി ഹാജർ 83 ആയിരുന്നു.

ആത്മീയമായി സ്വതന്ത്രരാക്കപ്പെട്ടിരുന്ന ഈ തടവുകാർക്ക്‌ അധികം താമസിയാതെ കൂടുതലായ സ്വാതന്ത്ര്യം ലഭിക്കാനിരിക്കുകയായിരുന്നു. കാരണം എല്ലാ രാഷ്‌ട്രീയ തടവുകാർക്കും പൊതുമാപ്പു നൽകാൻ ഗവണ്മെന്റ്‌ തീരുമാനിച്ചു. തത്‌ഫലമായി കാർസൽ മോഡെലോയിൽനിന്ന്‌ അവസാനത്തെ 30 പ്രസാധകരെയും 1989 മാർച്ച്‌ 17-നു വിട്ടയച്ചു. ഈസ്റ്റ്‌ മനാഗ്വ സഭയിലെ മൂപ്പന്മാർ പെട്ടെന്നുതന്നെ പുതുതായി ജയിൽ മോചിതരായ പ്രസാധകരെ സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്‌തു. ഈ മൂപ്പന്മാർ തങ്ങളുടെ പുതിയ സഹോദരങ്ങളെ സ്വാഗതം ചെയ്‌തു. അവരിൽ പലരും പിന്നീട്‌ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും പയനിയർമാരും ഒക്കെയായി.

നിയന്ത്രണങ്ങൾ പ്രസംഗ പ്രവർത്തനത്തെ സ്‌തംഭിപ്പിച്ചില്ല

പ്രയാസങ്ങളും അപകടങ്ങളും ഒക്കെ ഉണ്ടായിരുന്നിട്ടും, നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്ന കാലഘട്ടത്തിൽ നിക്കരാഗ്വയിലെ പ്രസാധകരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. ചില പ്രദേശങ്ങളിൽ പുതിയവർ മാത്രമുള്ള സഭകൾ രൂപീകരിക്കപ്പെട്ടു. അതിലൊന്നാണ്‌ ലാ റിഫോർമ സഭ. പ്രത്യേക പയനിയർമാരായ അന്റോണ്യോ ആലെമാനും ഭാര്യ ആഡേല്ലായും ദിവസവും യാത്ര ചെയ്‌തു വന്ന്‌ മാസായായ്‌ക്കും ഗ്രനാഡായ്‌ക്കും ഇടയ്‌ക്കുള്ള പല ഉൾനാടൻ പ്രദേശങ്ങളിലും സാക്ഷീകരണം നടത്തിയിരുന്നു. ഇത്തരത്തിലുള്ള ഒരു പ്രദേശമായിരുന്ന ലാ റിഫോർമ. ഇവിടെ, 1979-ന്റെ തുടക്കത്തിൽ ആലെമാൻ ദമ്പതികൾ റോസേലിയോ ലോപെസ്‌ എന്ന ഒരു യുവാവിനെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യ ആയിടെയായിരുന്നു മരിച്ചത്‌. റോസേലിയോ താമസിച്ചിരുന്നത്‌ തന്റെ ഭാര്യവീട്ടുകാരോടൊപ്പം ആയിരുന്നു. പെട്ടെന്നുതന്നെ താൻ പഠിക്കുന്ന കാര്യങ്ങൾ അദ്ദേഹം അവരുമായി പങ്കുവെക്കാൻ തുടങ്ങി. ആദ്യം തന്റെ അമ്മായിയമ്മയോടും പിന്നെ ഭാര്യയുടെ കൂടെപിറപ്പുകളോട്‌ ഓരോരുത്തരോടും അദ്ദേഹം സംസാരിച്ചു. താമസിയാതെ, 6 കിലോമീറ്റർ അകലെയുള്ള മാസായായിലെ യോഗങ്ങൾക്ക്‌ ആ കുടുംബത്തിലെ 22 അംഗങ്ങൾ നടന്നു പോകുന്നതു കാണാമായിരുന്നു.

ഒരു ദിവസം റോസേലിയോയുടെ ബന്ധുക്കൾ അദ്ദേഹത്തോടു പറഞ്ഞു: “യഹോവയുടെ സാക്ഷികൾ വീടുതോറും പ്രസംഗിക്കുന്നുവെന്ന്‌ യോഗങ്ങളിൽവെച്ച്‌ നമ്മൾ പഠിച്ചില്ലേ, എന്നാൽ നമ്മൾ അതു ചെയ്യുന്നില്ലല്ലോ?”

“ശരി, നമുക്ക്‌ ഈ ശനിയാഴ്‌ചതന്നെ സാക്ഷീകരണത്തിനു പോകാം,” റോസേലിയോ പറഞ്ഞു. അവർ അതുതന്നെ ചെയ്‌തു! റോസേലിയോ വീടുകളിൽ സംസാരിച്ചപ്പോൾ ബാക്കി 21 പേരും അദ്ദേഹത്തെ അനുഗമിച്ചു! അന്റോണ്യോ അടുത്ത അധ്യയനത്തിനു വന്നപ്പോൾ വലിയൊരു പുഞ്ചിരിയോടെ റോസേലിയോ പറഞ്ഞു: “ഈ ആഴ്‌ച ഞങ്ങൾ എല്ലാവരും പ്രസംഗ പ്രവർത്തനത്തിനു പോയി!” തന്റെ വിദ്യാർഥികളുടെ തീക്ഷ്‌ണത അന്റോണ്യോയെ ആഹ്ലാദഭരിതനാക്കിയെങ്കിലും ആദ്യം തങ്ങളുടെ ജീവിതത്തെ ബൈബിൾ നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാൻ അദ്ദേഹം ആ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ചു.

റോസേലിയോയും മരിച്ചുപോയ ഭാര്യയുടെ ഇളയ ആങ്ങളമാരിൽ ഒരാളായ ഹൂബർ ലോപെസുമാണ്‌ ഈ കൂട്ടത്തിൽ ആദ്യം സ്‌നാപനമേറ്റത്‌, 1979 ഡിസംബറിൽ. ബാക്കിയുള്ളവരും അധികം താമസിയാതെ സ്‌നാപനമേറ്റു. വെറും മൂന്നു വർഷം കഴിഞ്ഞപ്പോൾ ലാ റിഫോർമ സഭ സ്ഥാപിക്കപ്പെട്ടു. തുടക്കത്തിൽ 30 പ്രസാധകരായിരുന്നു സഭയിൽ​—⁠എല്ലാവരും ഒരേ കുടുംബത്തിൽ നിന്നുള്ളവർ! കാലക്രമത്തിൽ, ഹൂബർ, അദ്ദേഹത്തിന്റെ സഹോദരൻ റാമോൻ, റോസേലിയോ എന്നിവർ മൂപ്പന്മാരായി നിയമിക്കപ്പെട്ടു. 1986-ൽ സഭയിലെ 54 അംഗങ്ങൾ പയനിയർമാരായി സേവിച്ചു.​—⁠99-102 പേജുകളിലെ ചതുരം കാണുക.

ലാ റിഫോർമ സഭയിലെ അംഗങ്ങളുടെ തീക്ഷ്‌ണമായ പ്രസംഗ പ്രവർത്തനത്തിന്റെ ഫലമായി ക്രമേണ സമീപ പ്രദേശങ്ങളിൽ വേറെ ആറു സഭകൾ കൂടെ സ്ഥാപിക്കപ്പെട്ടു. ഈ കാലത്തൊക്കെയും സഹോദരങ്ങൾ അധികാരികളുടെ സൂക്ഷ്‌മ നിരീക്ഷണത്തിൻ കീഴിൽ ആയിരുന്നെന്ന്‌ ഓർക്കുക. സഹോദരങ്ങളുടെ തീക്ഷ്‌ണതയിൽ അധികാരികൾ ഒട്ടും സന്തുഷ്ടരായിരുന്നില്ല. “സൈനിക അധികാരികൾ നിരന്തരം ഞങ്ങൾക്കു പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാൽ അതൊന്നും പ്രസംഗ പ്രവർത്തനത്തിൽനിന്ന്‌ ഞങ്ങളെ തടഞ്ഞില്ല” എന്ന്‌ ഹൂബർ ലോപെസ്‌ പറയുന്നു. വാസ്‌തവത്തിൽ ദുഷ്‌കരമായ ഈ കാലഘട്ടത്തിൽ പ്രസംഗ പ്രവർത്തനം പുരോഗമിക്കുകയാണ്‌ ഉണ്ടായത്‌. അത്‌ എങ്ങനെയായിരുന്നു? കാരണം തങ്ങളുടെ ജോലി നഷ്ടമായതിനെ തുടർന്ന്‌ അനേകം സഹോദരങ്ങൾ സാധാരണ പയനിയർ സേവനമോ സഹായ പയനിയർ സേവനമോ തുടങ്ങി.

യഹോവ അവരുടെ പ്രവർത്തനത്തെ അനുഗ്രഹിച്ചു. 1982-ൽ നിക്കരാഗ്വയിലെ പ്രസാധകരുടെ എണ്ണം 4,477 ആയിരുന്നു. എന്നാൽ 1990-ഓടെ അത്‌​—⁠നിയന്ത്രണങ്ങളും പീഡനവും നിലവിലിരുന്ന എട്ടു വർഷത്തിനു ശേഷം​—⁠7,894 ആയി വർധിച്ചു. 76 ശതമാനം വർധന ആയിരുന്നു അത്‌!

നിയന്ത്രണങ്ങൾ നീക്കപ്പെടുന്നു

രാജ്യാന്തര നിരീക്ഷണത്തിൻ കീഴിൽ 1990 ഫെബ്രുവരിയിൽ നിക്കരാഗ്വയിൽ പൊതു തെരഞ്ഞെടുപ്പു നടന്നു. ഇതിന്റെ ഫലമായി പുതിയൊരു ഗവണ്മെന്റ്‌ അധികാരത്തിൽ വന്നു. ഏറെ കഴിയുന്നതിനു മുമ്പ്‌ യഹോവയുടെ സാക്ഷികളുടെ മേലുള്ള നിയന്ത്രണങ്ങൾ നീക്കപ്പെട്ടു, നിർബന്ധിത സൈനിക സേവനം നിറുത്തലാക്കി, പ്രതിരോധ കമ്മിറ്റികൾ പിരിച്ചുവിട്ടു. അപ്പോഴും ജാഗ്രത പാലിക്കേണ്ടത്‌ ആവശ്യമായിരുന്നെങ്കിലും സഹോദരങ്ങൾക്കു തങ്ങളുടെ അയൽക്കാരെ പേടിക്കാതെ പ്രവർത്തിക്കാൻ കഴിഞ്ഞു. ആ വർഷം സെപ്‌റ്റംബറിൽ ഗ്വാട്ടിമാലയിലെ ബ്രാഞ്ച്‌ കമ്മിറ്റിയിൽ സേവിച്ചിരുന്ന ഇയാൻ ഹണ്ടർ നിക്കരാഗ്വയിലെ കൺട്രി കമ്മിറ്റിയുടെ പുതിയ കോ-ഓർഡിനേറ്റർ ആയി നിയമിതനായി.

എട്ടു വർഷമായി നിക്കരാഗ്വയിലെ കൺട്രി കമ്മിറ്റി, ഓഫീസോ ആവശ്യമായ മറ്റു സൗകര്യങ്ങളോ ഇല്ലാതെയാണ്‌ ആ രാജ്യത്തെ വേലയ്‌ക്കു മേൽനോട്ടം വഹിച്ചിരുന്നത്‌. ഗ്വാട്ടിമാല ബ്രാഞ്ചിൽ താൻ ഉപയോഗിച്ചിരുന്ന ടൈപ്‌റൈറ്റർ കൂടെക്കൊണ്ടുപോന്നതിൽ ഹണ്ടർ സഹോദരൻ സന്തോഷിച്ചു! നിക്കരാഗ്വയിലെ ഹൂല്യോ ബെൻഡാന്യാ എന്ന സഹോദരൻ വളരെയധികം ജോലി ചെയ്‌തു തീർക്കാൻ ഉണ്ടായിരുന്ന സഹോദരങ്ങൾക്ക്‌ തന്റെ സ്വന്തം ഓഫീസിലെ സാധനങ്ങൾ നൽകാനുള്ള സന്മനസ്സു കാട്ടി.

മനാഗ്വയുടെ പ്രാന്തപ്രദേശത്തുള്ള ഒരു വീട്ടിൽ ബ്രാഞ്ച്‌ ഓഫീസ്‌ പ്രവർത്തനം ആരംഭിച്ചു. എന്നാൽ സഹോദരങ്ങളിൽ മിക്കവർക്കും ബെഥേലിലെ ദിനചര്യ പരിചിതമായിരുന്നില്ല. വ്യത്യസ്‌ത സ്ഥലങ്ങളിൽ രഹസ്യമായി ഒരു പ്രത്യേക സമയപ്പട്ടികയൊന്നും ഇല്ലാതെയാണ്‌ അവർ അതുവരെ പ്രവർത്തിച്ചിരുന്നത്‌. എന്നാൽ അവർ പരിശീലനത്തോടു നന്നായി പ്രതികരിക്കുകയും വേണ്ട പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും ചെയ്‌തു. ഈ ചെറുപ്പക്കാരിൽ മിക്കവരും മുഴുസമയ ശുശ്രൂഷയുടെ ഏതെങ്കിലുമൊരു മണ്ഡലത്തിൽ യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടരുന്നു.

ബ്രാഞ്ച്‌ പ്രവർത്തനങ്ങളിൽ സഹായിക്കാൻ മറ്റു രാജ്യങ്ങളിൽനിന്നും സഹോദരങ്ങൾ അങ്ങോട്ട്‌ അയയ്‌ക്കപ്പെട്ടു. ഹോണ്ടുറാസിൽ പ്രവർത്തിച്ചിരുന്ന കെന്നത്ത്‌ ബ്രയനെയും ഭാര്യ ഷാരനെയും 1990 അവസാനത്തോടെ നിക്കരാഗ്വയിലേക്കു നിയമിച്ചു. 1991 ജനുവരിയിൽ മെക്‌സിക്കോയിലെ ഗിലെയാദ്‌ എക്‌സ്റ്റൻഷൻ സ്‌കൂളിന്റെ ആദ്യത്തെ ക്ലാസ്സിൽനിന്നു ബിരുദം നേടിയ ഹ്വാൻ റേയെസും ഭാര്യ റെബേക്കയും കോസ്റ്ററിക്കയിൽനിന്നു വന്നു. തുടർന്ന്‌ ആർനാൾഡോ ചാവേസും ഭാര്യ മാരീയായും എത്തിച്ചേർന്നു. ആർനാൾഡോയും മെക്‌സിക്കോയിലെ ആദ്യത്തെ ക്ലാസ്സിൽനിന്നു ബിരുദം നേടിയതായിരുന്നു. രണ്ടു വർഷം കഴിഞ്ഞ്‌ പാനമയിൽനിന്നു ലോഥാർ മീഹാങ്കും കാർമെനും എത്തി. പാനമയിലെ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായിരുന്നു ലോഥാർ. മിക്കവർക്കും പുതിയ ബ്രാഞ്ചിൽ പ്രവർത്തിക്കാനായിരുന്നു നിയമനം. പ്രസംഗ പ്രവർത്തനം വീണ്ടും സംഘടിതമായ വിധത്തിൽ ആരംഭിക്കുന്നതിന്‌ ഇവർ സഹായിച്ചു. ഇപ്പോൾ നിക്കരാഗ്വ ബെഥേൽ കുടുംബത്തിൽ വ്യത്യസ്‌ത രാജ്യക്കാരായ 37 അംഗങ്ങൾ ഉണ്ട്‌.

നിക്കരാഗ്വയിൽ 1991 ഫെബ്രുവരിയിൽ കൺട്രി കമ്മിറ്റിയുടെ സ്ഥാനത്ത്‌ ബ്രാഞ്ച്‌ കമ്മിറ്റി നിലവിൽ വന്നു. 1991 മേയ്‌ 1-ന്‌ അവിടത്തെ ബ്രാഞ്ച്‌ ഓഫീസ്‌ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. അങ്ങനെ ഭാവി വളർച്ചയ്‌ക്കുള്ള അടിസ്ഥാനം ഇടപ്പെട്ടു. എത്ര വലിയ ഒരു വളർച്ചയാണ്‌ ഉണ്ടാകാനിരുന്നത്‌! 1990 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ 4,026 പുതിയ ശിഷ്യർ സ്‌നാപനമേറ്റു​—⁠51 ശതമാനം വർധന ആയിരുന്നു അത്‌. ഈ വളർച്ചയുടെ ഫലമായി കൂടിവരുന്നതിന്‌ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തേണ്ട അടിയന്തിര ആവശ്യം ഉണ്ടായി. എന്നാൽ 1982-ൽ മൊത്തം 35 കെട്ടിടങ്ങൾ വിപ്ലവസംഘങ്ങൾ പിടിച്ചെടുത്തിരുന്നുവെന്ന്‌ നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കും.

കെട്ടിടങ്ങൾ തിരികെ ലഭിക്കുന്നു

രാജ്യഹാളുകൾ നിയമവിരുദ്ധമായി പിടിച്ചെടുക്കപ്പെട്ട സമയത്ത്‌ സഹോദരങ്ങൾ വെറുതെയിരുന്നില്ല. ഒട്ടും താമസിയാതെ അവർ നിക്കരാഗ്വൻ ഭരണഘടനയെ പരാമർശിച്ചുകൊണ്ട്‌ ഗവണ്മെന്റിന്‌ അപ്പീൽ നൽകിയിരുന്നു. എന്നാൽ സഹോദരങ്ങൾ എല്ലാവിധ നിയമ നിബന്ധനകളും പാലിച്ചിരുന്നെങ്കിലും അധികാരികൾ അവരുടെ അപേക്ഷകളെ അവഗണിക്കുകയാണുണ്ടായത്‌. 1985-ൽ നിയമാംഗീകാരം നൽകാനും എല്ലാ കെട്ടിടങ്ങളും മടക്കിത്തരാനും ആവശ്യപ്പെട്ടുകൊണ്ട്‌ സഹോദരങ്ങൾ അന്നത്തെ നിക്കരാഗ്വൻ രാഷ്‌ട്രപതിക്കു പോലും അപേക്ഷ സമർപ്പിച്ചു. കൂടാതെ, ആഭ്യന്തര മന്ത്രിയുമായി ഒരു കൂടിക്കാഴ്‌ച നടത്താൻ അവസരം നൽകാനും അവർ പലവട്ടം അപേക്ഷ നൽകി. എന്നാൽ ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.

എന്നാൽ 1990 ഏപ്രിലിൽ പുതിയ ഗവണ്മെന്റ്‌ അധികാരത്തിൽ വന്നപ്പോൾ സഹോദരങ്ങൾ പെട്ടെന്നുതന്നെ വീണ്ടും ഒരു നിവേദനം സമർപ്പിച്ചു. യഹോവയുടെ സാക്ഷികളെ വീണ്ടും നിയമപരമായി രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം പുതിയ ആഭ്യന്തര മന്ത്രിയോട്‌ അവർ ഉന്നയിച്ചു. വെറും നാലു മാസത്തിനു ശേഷം തങ്ങളുടെ ആവശ്യം അംഗീകരിച്ചു കിട്ടിയപ്പോൾ അവർ യഹോവയ്‌ക്ക്‌ എത്രമാത്രം നന്ദി നൽകുകയും സന്തോഷിക്കുകയും ചെയ്‌തെന്നോ! അന്നു മുതൽ നിക്കരാഗ്വൻ ഗവണ്മെന്റ്‌ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റിയെ അന്താരാഷ്‌ട്ര മിഷനറി സംഘടനയായി അംഗീകരിക്കുകയും ഇത്തരം ധർമസ്ഥാപനങ്ങൾക്ക്‌ സാധാരണ അനുവദിച്ചുകൊടുക്കുന്ന നികുതി ഇളവു നൽകുകയും ചെയ്‌തിരിക്കുന്നു. അതുകൊണ്ട്‌ ഇപ്പോൾ സൊസൈറ്റിക്ക്‌ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്നു. എന്നാൽ രാജ്യഹാളുകൾ വീണ്ടെടുക്കുന്നത്‌ എളുപ്പമല്ലായിരുന്നു, കാരണം ഇവയിൽ ചിലത്‌ മുൻ ഭരണകൂടത്തിന്റെ പിന്തുണക്കാർക്ക്‌ “നൽകപ്പെട്ട”തായിരുന്നു.

കണ്ടുകെട്ടിയ വസ്‌തുവകകൾ പുനഃപരിശോധിക്കുന്നതിനായി പുതുതായി രൂപീകരിച്ച ദേശീയ കമ്മിറ്റിക്ക്‌, തങ്ങളുടെ കെട്ടിടങ്ങളെല്ലാം വിട്ടുതരണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സഹോദരങ്ങൾ ഒരു അപേക്ഷ സമർപ്പിച്ചു. എന്നാൽ ഇതു വളരെ സങ്കീർണവും നിരാശാജനകവുമായ ഒരു പ്രക്രിയ ആയിരുന്നു. അതിന്റെ ഒരു കാരണം സമാനമായ ധാരാളം അപേക്ഷകൾ മറ്റനേകം സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും കമ്മറ്റിക്കു ലഭിച്ചിരുന്നു എന്നതാണ്‌. ഒരു വർഷത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷം 1991 ജനുവരിയിൽ ഒരു കെട്ടിടം തിരിച്ചു കിട്ടി. സഹോദരങ്ങൾ രാജ്യഹാളുകളിൽ താമസിച്ചിരുന്ന ആളുകളെ ചെന്നുകണ്ട്‌ കാര്യം പരിഹരിക്കാനും ഒരു ശ്രമം നടത്തുകയുണ്ടായി. എന്നാൽ അവരിൽ അനേകരും ആ കെട്ടിടങ്ങൾ വിപ്ലവത്തിന്റെ ഫലമായി തങ്ങൾക്കു ലഭിച്ച നിയമപരമായ ഒരു ‘സമ്പാദ്യം’ ആയാണു കണ്ടത്‌.

ആ വർഷാവസാനത്തോടെ ബ്രാഞ്ച്‌ കെട്ടിടങ്ങളും തിരിച്ചു കിട്ടി, എന്നാൽ അവിടെ താമസിച്ചിരുന്ന കുടുംബത്തിന്‌ വേറെ താമസസൗകര്യം കണ്ടുപിടിച്ചു കൊടുക്കേണ്ടി വന്നു. തുടർന്നുള്ള വർഷങ്ങളിൽ സഹോദരങ്ങൾക്ക്‌ തങ്ങളുടെ 35 കെട്ടിടങ്ങളിൽ 30-ഉം വീണ്ടെടുക്കാൻ കഴിഞ്ഞു. വീണ്ടെടുക്കാൻ കഴിയാതിരുന്നവയ്‌ക്കു വേണ്ടി ഗവണ്മെന്റിൽനിന്ന്‌ നഷ്ടപരിഹാരവും ലഭിച്ചു.

പ്രകൃതിവിപത്തുകളെ തരണം ചെയ്യുന്നു

ഈ റിപ്പോർട്ടിൽ മുമ്പു പരാമർശിച്ച ഭൂകമ്പങ്ങൾക്കു പുറമേ അഗ്നിപർവതങ്ങളും ചുഴലിക്കൊടുങ്കാറ്റുകളും നിക്കരാഗ്വയിൽ നാശം വിതച്ചിട്ടുണ്ട്‌. 1914-നു ശേഷം, രാജ്യത്തെ ഏറ്റവും സജീവമായ സെറോ നേഗ്രോ അഗ്നിപർവതം വളരെയധികം കൃഷിയിടങ്ങളെ ചാമ്പലാക്കിക്കൊണ്ട്‌ 12 പ്രാവശ്യം പൊട്ടിത്തെറിച്ചിരിക്കുന്നു. 1968-ലും 1971-ലും ലേയോണിൽ ഉണ്ടായ അഗ്നിപർവത സ്‌ഫോടനത്തെ കുറിച്ച്‌ അന്ന്‌ അവിടെ വസിച്ചിരുന്ന എൽഫ്രീഡെ ഉർബാൻ എന്ന മിഷനറി പറയുന്നത്‌ ഇങ്ങനെയാണ്‌: “കറുത്ത മണലും ചാരവും രണ്ടാഴ്‌ച നഗരത്തിന്മേൽ വർഷിച്ചുകൊണ്ടിരുന്നു. മേൽക്കൂരകൾ പൊളിഞ്ഞുവീഴാതിരിക്കാൻ അവയുടെ മുകളിൽനിന്നൊക്കെ അതു നീക്കം ചെയ്യേണ്ടി വന്നു. പണ്ട്‌ രണ്ടു നൂറ്റാണ്ടു മുമ്പ്‌ ലേയോൺ ഇങ്ങനെ ചാരക്കൂമ്പാരത്തിൽ പൂഴ്‌ന്നു പോയ ഒരു അനുഭവമുള്ളതിനാൽ ആളുകളെല്ലാം ഉത്‌കണ്‌ഠാകുലരായിരുന്നു. കാറ്റത്ത്‌ മണൽ എല്ലായിടത്തും എത്തി. ഷൂസ്‌, വസ്‌ത്രങ്ങൾ, കിടക്ക, ഭക്ഷണം എന്നുവേണ്ട പുസ്‌തകങ്ങളുടെ താളുകൾക്കിടയിൽ പോലും മണൽ ഉണ്ടായിരുന്നു! എന്നാൽ ഇതിനിടയ്‌ക്കും സഹോദരങ്ങൾ യോഗങ്ങളിലും വയൽ ശുശ്രൂഷയിലും പങ്കെടുക്കുന്നതിൽ തുടർന്നു.”

“കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയ്‌ക്ക്‌ പശ്ചിമാർധഗോളത്തിൽ ആഞ്ഞടിച്ചിട്ടുള്ള ഏറ്റവും വിനാശകമായ ചുഴലിക്കൊടുങ്കാറ്റ്‌” എന്നു ചില വിദഗ്‌ധർ വിശേഷിപ്പിച്ച മിച്ച്‌ ചുഴലിക്കൊടുങ്കാറ്റ്‌ 1998 ഒക്ടോബറിൽ മധ്യ അമേരിക്കയെ മൊത്തം വിഴുങ്ങിക്കളഞ്ഞു. “മിച്ച്‌ കൊടുങ്കാറ്റ്‌ നിക്കരാഗ്വയിൽ 3,000-ത്തിനും 4,000-ത്തിനും ഇടയ്‌ക്ക്‌ ആളുകളുടെ ജീവൻ അപഹരിച്ചു. അത്‌ വ്യാപകമായ തോതിൽ നാശനഷ്ടങ്ങൾക്കും ഇടയാക്കി” എന്ന്‌ എൻകാർട്ട എൻസൈക്ലോപീഡിയ പറയുന്നു. “കനത്ത മഴയുടെ ഫലമായി കാസീറ്റാസ്‌ അഗ്നിപർവത മുഖത്ത്‌ ഒരു തടാകം രൂപംകൊണ്ടു. തത്‌ഫലമായി ഉണ്ടായ ഉരുൾപൊട്ടലിൽ 80 ചതുരശ്ര കിലോമീറ്റർ പ്രദേശം മണ്ണിനടിയിൽ ആയപ്പോൾ പല ഗ്രാമങ്ങളും നാമാവശേഷമായി.” അടുത്തകാലത്തെ കണക്കുകൾ അനുസരിച്ച്‌ മരണസംഖ്യ 2,000-ത്തിൽ കവിഞ്ഞിരുന്നു.

മറ്റു ദുരന്തബാധിത പ്രദേശങ്ങളിലെ പോലെ നിക്കരാഗ്വയിലെ യഹോവയുടെ സാക്ഷികളും വമ്പിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ചില നഗരങ്ങളിൽ സാക്ഷികളായ സന്നദ്ധ സേവകർ മറ്റു വാഹനങ്ങൾക്കു കടന്നു ചെല്ലാൻ സാധിക്കാത്ത ഇടങ്ങളിൽ സൈക്കിളിൽ പോയി തങ്ങളുടെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിക്കുകയും അവർക്കു ഭക്ഷണവും മറ്റു വസ്‌തുക്കളും എത്തിച്ചു കൊടുക്കുകയും ചെയ്‌തു. അനേകം പ്രദേശങ്ങളിലും ആദ്യം എത്തിച്ചേർന്ന ദുരിതാശ്വാസ പ്രവർത്തകർ അവരായിരുന്നു. ഭവനങ്ങൾ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക്‌ അതു വലിയ ആശ്വാസമായി. കോസ്റ്ററിക്കയിലെയും പാനമയിലെയും സാക്ഷികൾ സത്വരം 72 ടൺ ഭക്ഷണസാധനങ്ങളും വസ്‌ത്രങ്ങളും നിക്കരാഗ്വയിലേക്ക്‌ അയച്ചു. അടിയന്തിര ആവശ്യങ്ങൾക്കു ശ്രദ്ധ നൽകിയ ശേഷം ദുരിതാശ്വാസ പ്രവർത്തകർ പിന്നെയും കുറെ മാസങ്ങൾ രാജ്യഹാളുകൾ നന്നാക്കുന്നതിനും സഹോദരങ്ങൾക്കു പുതിയ വീടുകൾ പണിയുന്നതിനുമായി ചെലവഴിച്ചു.

നിക്കരാഗ്വയുടെ മറ്റൊരു മുഖം

നിക്കരാഗ്വയുടെ കിഴക്കേ ഭാഗത്ത്‌ 1987-ൽ ഗവണ്മെന്റ്‌ രണ്ടു സ്വയംഭരണ മേഖലകൾക്കു രൂപംനൽകി. മുമ്പ്‌ സെലായാ എന്ന്‌ അറിയപ്പെട്ടിരുന്ന ഈ പ്രദേശങ്ങൾ ഇപ്പോൾ വടക്കേ അറ്റ്‌ലാന്റിക്‌ സ്വയംഭരണ മേഖല (സ്‌പാനീഷിൽ ആർഎഎഎൻ) എന്നും തെക്കേ അറ്റ്‌ലാന്റിക്‌ സ്വയംഭരണ മേഖല (ആർഎഎഎസ്‌) എന്നുമാണ്‌ അറിയപ്പെടുന്നത്‌. ഇവ നിക്കരാഗ്വയുടെ ഭൂപ്രദേശത്തിന്റെ 45 ശതമാനത്തോളം വരുമെങ്കിലും ജനസംഖ്യയുടെ ഏകദേശം 10 ശതമാനം മാത്രമാണ്‌ ഇവിടെ വസിക്കുന്നത്‌.

അനേകം സ്വർണ, വെള്ളി ഖനികൾ ഉള്ള ആർഎഎഎൻ-ഉം ആർഎഎഎസ്‌-ഉം മധ്യപർവത പ്രദേശത്തിന്റെ കിഴക്കൻ ചെരുവുകളിൽ തുടങ്ങി കായലുകളും ചതുപ്പുനിലങ്ങളും നിറഞ്ഞ മിസ്‌കിറ്റോ കോസ്റ്റ്‌ വരെ നീണ്ടു കിടക്കുന്നു. ഇവയ്‌ക്കിടയിൽ ഉഷ്‌ണമേഖലാ മഴവനങ്ങൾ, പൈൻ വൃക്ഷങ്ങളും പനകളും വളർന്നുനിൽക്കുന്ന സാവന്നകൾ എന്നിവയും താഴെയുള്ള കരീബിയൻ കടലിലേക്കു വളഞ്ഞുപുളഞ്ഞ്‌ ഒഴുകുന്ന നിരവധി നദികളും അരുവികളുമൊക്കെ അടങ്ങുന്ന വളരെ വൈവിധ്യമാർന്ന ഭൂപ്രദേശമാണ്‌ ഉള്ളത്‌. മെസ്റ്റിസോ, മിസ്‌കിറ്റോ തുടങ്ങിയ തദ്ദേശീയർ അനേക വർഷംകൊണ്ട്‌ ഇവിടെ ഗ്രാമങ്ങളും പട്ടണങ്ങളും കൊച്ചു നഗരങ്ങളും കെട്ടിപ്പടുത്തിരിക്കുന്നു.

ഈ പ്രദേശത്തെ മിസ്‌കിറ്റോ, സൂമോ, റാമാ, ക്രിയോൾ എന്നീ ജനതതികളിൽ ഒട്ടുമിക്കവരെയും സംബന്ധിച്ചിടത്തോളം തലസ്ഥാന നഗരിയായ മനാഗ്വ വേറൊരു ലോകമാണ്‌. കിഴക്കും പടിഞ്ഞാറും തമ്മിൽ ബന്ധിപ്പിക്കുന്ന ടാറിട്ട റോഡുകൾ ഇപ്പോഴും ഇല്ല. അറ്റ്‌ലാന്റിക്‌ മേഖലയിൽ സ്‌പാനീഷ്‌ സംസാരിക്കുന്നവർ ഉണ്ടെങ്കിലും അനേകരും മിസ്‌കിറ്റോയോ ക്രിയോളോ പോലെയുള്ള ഏതെങ്കിലും നാട്ടുഭാഷയാണു സംസാരിക്കുന്നത്‌. മിക്കവരും പ്രൊട്ടസ്റ്റന്റുകാരാണ്‌, സാധാരണഗതിയിൽ മൊറേവിയൻ സഭക്കാർ. എന്നാൽ പസിഫിക്‌ മേഖലയിൽ ഭൂരിപക്ഷവും കത്തോലിക്കരാണ്‌. അതുകൊണ്ട്‌ ഏതാണ്ട്‌ എല്ലാ വിധത്തിലും​—⁠ഭൂപ്രകൃതി, ഭാഷ, ചരിത്രം, സംസ്‌കാരം, മതം​—⁠കിഴക്കൻ മേഖല പടിഞ്ഞാറൻ മേഖലയിൽനിന്നു തികച്ചും വ്യത്യസ്‌തമാണ്‌. അങ്ങനെയെങ്കിൽ നിക്കരാഗ്വയുടെ ഈ ഭാഗത്ത്‌ സുവാർത്തയ്‌ക്ക്‌ എന്തു പ്രതികരണമാണു ലഭിക്കുക?

രാജ്യ സന്ദേശം വിദൂര പ്രദേശങ്ങളിലേക്കു വ്യാപിക്കുന്നു

സാക്ഷികളായ മിഷനറിമാർ 1946-ൽത്തന്നെ കിഴക്കൻ മേഖലയിലേക്കു പര്യവേക്ഷക യാത്രകൾ നടത്തുകയും സാഹിത്യങ്ങൾ സമർപ്പിക്കുകയും ചെയ്‌തിരുന്നു. 1950-കളിൽ, സർക്കിട്ട്‌ മേൽവിചാരകനായ സിഡ്‌നി പോർട്ടറും ഭാര്യ ഫിലിസും കൊച്ചു തീരദേശ നഗരങ്ങളായ ബ്ലൂഫീൽഡ്‌സും പോർട്ടോ കാബേസാസും അതുപോലെ കോർൺ ദ്വീപുകളും ഖനനപ്രവർത്തനങ്ങൾ നടക്കുന്ന റോസിറ്റാ, ബോനാൻസാ, സ്യൂനാ എന്നീ പട്ടണങ്ങളും സന്ദർശിച്ചു. സിഡ്‌നി പറയുന്നു: “ഒരു പ്രാവശ്യം ഖനികൾ സന്ദർശിച്ചപ്പോൾ ഞങ്ങൾ രണ്ടുപേരും 1,000-ത്തിലധികം മാസികകളും 100 പുസ്‌തകങ്ങളും വീതം സമർപ്പിച്ചു. എല്ലാവർക്കും വായിക്കാൻ വലിയ ഇഷ്ടമായിരുന്നു.” പെട്ടെന്നുതന്നെ ഈ പട്ടണങ്ങളിൽ പലതിലും ഒറ്റപ്പെട്ട കൂട്ടങ്ങൾ രൂപീകൃതമായി. 1970-കൾ മുതൽ ഈ കൂട്ടങ്ങൾ ഓരോന്നായി വളർന്ന്‌ സഭകളായിത്തീർന്നിരിക്കുന്നു.

എന്നാൽ ആർഎഎഎൻ-ന്റെയും ആർഎഎഎസ്‌-ന്റെയും ചില ഭാഗങ്ങൾ വർഷങ്ങളോളം പ്രവർത്തിക്കാതെ കിടന്നു. മറ്റിടങ്ങളിൽനിന്ന്‌ ഇവിടെ എത്തിപ്പെടാനുള്ള പ്രയാസം, റോഡുകളുടെ അഭാവം, എട്ടു മാസത്തിലധികം നീണ്ടുനിൽക്കുന്ന കനത്ത ഉഷ്‌ണമേഖലാമഴ എന്നിവയെല്ലാം പ്രസംഗ പ്രവർത്തനത്തിനുള്ള മുഖ്യ തടസ്സങ്ങളായിരുന്നു. എന്നാൽ ഇവ മറികടക്കാനാവാത്തവ അല്ലെന്ന്‌ തീക്ഷ്‌ണരും നിർഭയരുമായ അനേകം പയനിയർമാർ തെളിയിച്ചു. മുഖ്യമായും അവരുടെ നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി ആർഎഎഎൻ-ലും ആർഎഎഎസ്‌-ലും ഇപ്പോൾ 400 രാജ്യപ്രസാധകർ അടങ്ങുന്ന ഏഴു സഭകളും ഒമ്പത്‌ ഒറ്റപ്പെട്ട കൂട്ടങ്ങളും ഉണ്ട്‌.

ഈ പ്രദേശങ്ങളിലെ സാക്ഷികൾ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുന്നതിന്‌ 22 വയസ്സുള്ള ഒരു സഹോദരന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. യോഗങ്ങളിൽ സംബന്ധിക്കാനായി ഈ സഹോദരൻ ആഴ്‌ചയിൽ മൂന്നു തവണ, ഖനന പ്രവർത്തനം നടക്കുന്ന റോസിറ്റാ പട്ടണത്തിലെ ഏറ്റവും അടുത്തുള്ള സഭയിലേക്ക്‌ മലമ്പ്രദേശത്തുകൂടെ എട്ടു മണിക്കൂർ യാത്ര ചെയ്യുന്നു. അവൻ ഒരു ശുശ്രൂഷാദാസനും സാധാരണ പയനിയറുമാണ്‌. കുടുംബത്തിലെ സ്‌നാപനമേറ്റ ഏക അംഗമായ അവൻ ഈ പർവത പ്രദേശത്ത്‌ മിക്കവാറും ഒറ്റയ്‌ക്കാണു പ്രസംഗ പ്രവർത്തനം നടത്തുന്നത്‌. ഒരു വീടു കഴിഞ്ഞ്‌ മറ്റൊരു വീട്ടിൽ എത്തണമെങ്കിൽ പലപ്പോഴും രണ്ടു മണിക്കൂർ നടക്കണം. ഒരു വീട്ടിൽ ആയിരിക്കുമ്പോൾ നേരം ഇരുട്ടിയാൽ അവൻ അന്ന്‌ അവിടെ തങ്ങിയിട്ട്‌ പിറ്റേ ദിവസം പിന്നെയും സാക്ഷീകരണം ആരംഭിക്കുന്നു. രാത്രി വീട്ടിൽ പോയിട്ടു മടങ്ങി വരിക എന്നത്‌ ഒട്ടും പ്രായോഗികമല്ല. അടുത്തയിടെ അവന്റെ പിതാവു മരിച്ചു. മൂത്ത മകൻ എന്ന നിലയിൽ ഇപ്പോൾ കുടുംബത്തിനു വേണ്ടി കരുതുക എന്ന ഉത്തരവാദിത്വവും അവന്റെ ചുമലിലായിരിക്കുകയാണ്‌. എങ്കിലും ഇപ്പോഴും പയനിയറിങ്‌ തുടരാൻ അവനു സാധിക്കുന്നു. അവന്റെ ജഡിക സഹോദരന്മാരിൽ ഒരാൾ ഇപ്പോൾ സ്‌നാപനമേൽക്കാത്ത പ്രസാധകൻ ആയിത്തീർന്നിരിക്കുന്നതിനാൽ അവർക്ക്‌ ഒരുമിച്ചു ശുശ്രൂഷയിൽ പങ്കെടുക്കാൻ കഴിയുന്നു.

ഈ വിസ്‌തൃത മേഖലയിൽ 1994-നു ശേഷം എല്ലാ വർഷവും ബ്രാഞ്ച്‌ സുവാർത്താ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്‌. തീക്ഷ്‌ണരായ സാധാരണ പയനിയർമാരുടെ ഇടയിൽനിന്ന്‌ തിരഞ്ഞെടുക്കുന്ന താത്‌കാലിക പ്രത്യേക പയനിയർമാർ വേനൽക്കാലത്തെ നാലു മാസങ്ങളിൽ ആർഎഎഎൻ-ലെയും ആർഎഎഎസ്‌-ലെയും ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങളും പട്ടണങ്ങളും സന്ദർശിക്കുന്നു. കഠിനമായ ചൂട്‌, കുന്നും മലയും നിറഞ്ഞ പ്രദേശം, പാമ്പുകൾ, വന്യജീവികൾ, മലിനജലം, പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത എന്നിങ്ങനെ പല പ്രശ്‌നങ്ങളെയും ധീരരായ ഈ പയനിയർമാർക്കു നേരിടേണ്ടതായിട്ടുണ്ട്‌. സമഗ്രമായ ഒരു സാക്ഷ്യം നൽകുക, താത്‌പര്യക്കാർക്കു ബൈബിളധ്യയനങ്ങൾ നടത്തുക, സ്‌മാരകം ഉൾപ്പെടെയുള്ള ക്രിസ്‌തീയ യോഗങ്ങൾ നടത്തുക എന്നിവയാണ്‌ അവരുടെ ലക്ഷ്യങ്ങൾ. അവർക്കു ലഭിക്കുന്ന ഫലങ്ങൾ ഏതൊക്കെ പ്രദേശങ്ങളിൽ പ്രത്യേക പയനിയർമാരെ നിയമിക്കണമെന്നു നിർണയിക്കാൻ ബ്രാഞ്ച്‌ ഓഫീസിനെ സഹായിക്കുന്നു. വർഷങ്ങളായി തുടർന്നു പോരുന്ന ഈ ക്രമീകരണം വിദൂര വടക്കുകിഴക്കൻ ഭാഗത്തുള്ള കോക്കോ നദീതീരത്തു സ്ഥിതിചെയ്യുന്ന വാസ്‌പാം, സാൻ കാർലോസ്‌ എന്നീ പട്ടണങ്ങളിൽ സഭകളും ഒറ്റപ്പെട്ട കൂട്ടങ്ങളും സ്ഥാപിക്കുന്നതിലേക്കു നയിച്ചിരിക്കുന്നു.

ആർഎഎഎൻ-ലും ആർഎഎഎസ്‌-ലും സ്‌പാനീഷ്‌ സംസാരിക്കുന്ന ധാരാളം മെസ്റ്റിസോകൾ കുടിയേറി പാർത്തിട്ടുണ്ടെങ്കിലും തദ്ദേശീയരായ മിസ്‌കിറ്റോകൾ തന്നെയാണ്‌ ഇപ്പോഴും ഇവിടത്തെ ഏറ്റവും വലിയ ജനവിഭാഗം. മിസ്‌കിറ്റോ ഭാഷയിൽ ചില ബൈബിൾ സാഹിത്യങ്ങൾ ലഭ്യമാണ്‌, കൂടാതെ ചില പയനിയർമാർ ആ ഭാഷ പഠിക്കുകയും ചെയ്‌തിരിക്കുന്നു. അതിന്റെ ഫലമായി അതിഥിപ്രിയരും ബൈബിളിനെ പ്രിയപ്പെടുന്നവരുമായ ഈ ജനങ്ങളിൽ അനേകരും രാജ്യസന്ദേശത്തോട്‌ അനുകൂലമായി പ്രതികരിച്ചിരിക്കുന്നു.

ഉദാഹരണത്തിന്‌ 2001-ൽ, ആർഎഎഎൻ-ലെ ലീക്കുസ്‌ നദിക്ക്‌ അടുത്തുള്ള ക്വിവിറ്റിങ്‌നി എന്ന മിസ്‌കിറ്റോ ഗ്രാമത്തിൽ സുവാർത്താ പ്രചാരണ പരിപാടി സംഘടിപ്പിക്കപ്പെട്ടപ്പോൾ അവിടത്തെ 46 ഭവനങ്ങളിൽ 6 എണ്ണത്തിൽ താമസമില്ലായിരുന്നു. ആ വർഷം താത്‌കാലിക പ്രത്യേക പയനിയർമാർ ഗ്രാമത്തിൽ 40 ബൈബിളധ്യയനങ്ങൾ നടത്തി​—⁠അതായത്‌ ഒരു വീട്ടിൽ ഒരു അധ്യയനം വെച്ച്‌! വെറും ഒരു മാസം കഴിഞ്ഞപ്പോൾ മൂന്നു വിദ്യാർഥികൾ സ്‌നാപനമേൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അവരിൽ ഒരാൾ പ്രാദേശിക മൊറേവിയൻ സഭയിലെ പാസ്റ്ററുടെ സഹായി ആയിരുന്നു. രണ്ടു ദമ്പതികൾ പ്രസാധകരാകാൻ ആഗ്രഹിച്ചെങ്കിലും അവർ നിയമപരമായി വിവാഹിതർ അല്ലായിരുന്നു. അതുകൊണ്ട്‌ പയനിയർമാർ വിവാഹവും സ്‌നാപനവും സംബന്ധിച്ചുള്ള ബൈബിൾ നിലവാരങ്ങൾ അവർക്കു ദയാപുരസ്സരം വിശദീകരിച്ചുകൊടുത്തു. അവിടെനിന്നു മടങ്ങുന്നതിനു തൊട്ടു മുമ്പ്‌ ഈ രണ്ടു ദമ്പതികളും വിവാഹ സർട്ടിഫിക്കറ്റുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട്‌ തങ്ങളെ സമീപിച്ചപ്പോഴത്തെ ആ പയനിയർമാരുടെ സന്തോഷം ഒന്നു വിഭാവന ചെയ്യുക!

ഫലപ്രദമായ ആ പ്രചാരണ പരിപാടിക്കു ശേഷം വാസ്‌പാമിലെ പ്രസാധകർ ക്രമമായി 19 കിലോമീറ്റർ സഞ്ചരിച്ച്‌ ക്വിവിറ്റിങ്‌നിയിലെ പുതിയ താത്‌പര്യക്കാരെ ആത്മീയ പുരോഗതി കൈവരിക്കാൻ സഹായിക്കുകയും ശുശ്രൂഷയിൽ അവർക്കു പരിശീലനം നൽകുകയും ചെയ്‌തു വരുന്നു.

കോക്കോ നദീതീരത്തെ ഏതാനും മിസ്‌കിറ്റോ ഗ്രാമങ്ങളിൽ പ്രവർത്തിക്കവേ താത്‌കാലിക പ്രത്യേക പയനിയർമാർ സാമൂഹിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന വലിയൊരു കൂട്ടം അമേരിക്കക്കാരെ കണ്ടുമുട്ടി. പയനിയർമാർ തങ്ങളുടെ കൈവശമുള്ള അനേകം ഇംഗ്ലീഷ്‌ മാസികകൾ അവർക്കു സമർപ്പിച്ചു. വാവാ നദിക്ക്‌ അടുത്തുള്ള ഫ്രാൻസ്യാ സിർപി ഗ്രാമത്തിൽ ബാപ്‌റ്റിസ്റ്റു സഭക്കാർ ഒരു ചെറിയ സ്‌കൂളിന്റെ നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. നിർമാണ സംഘത്തിന്റെ നേതാവ്‌ പയനിയർമാരോടു പറഞ്ഞു: “യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ ഞാൻ വളരെ വിലമതിക്കുന്നു. ബൈബിൾ പഠിപ്പിക്കാനായി നിങ്ങൾ ഇവിടെ വന്നിരിക്കുന്നു. എന്റെ മതവും ഈ പ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു.”

അനുഭവസമ്പന്നരായ സഹോദരങ്ങളുടെ ആവശ്യം

നിയന്ത്രണങ്ങൾ നിലവിലിരുന്ന കാലഘട്ടത്തിൽ നിക്കരാഗ്വയിൽ ഉണ്ടായിരുന്ന സാക്ഷികളിൽ ഏതാണ്ട്‌ 60 ശതമാനവും വളരെ ചെറിയ കൂട്ടങ്ങളായാണു കൂടിവന്നിരുന്നത്‌. ശുശ്രൂഷയിൽ ഉപയോഗിക്കാൻ അവർക്കു വളരെ കുറച്ചു സാഹിത്യങ്ങളേ ലഭ്യമായിരുന്നുള്ളൂ. സമ്മേളനങ്ങൾ സഭാതലത്തിലാണു നടത്തിയിരുന്നത്‌. അതുപോലെ പരിപാടികൾ സംഗ്രഹിച്ചവയും ആയിരുന്നു. പക്വമതികളായ ചില സഹോദരന്മാർ പകര സർക്കിട്ടു മേൽവിചാരകന്മാരായി പ്രവർത്തിച്ചിരുന്നു. എന്നാൽ കുടുംബ ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നതിനാൽ ഇവർക്ക്‌ ഇത്‌ അംശകാല അടിസ്ഥാനത്തിലേ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. കൂടാതെ, കലാപകലുഷിതമായ വർഷങ്ങളിൽ കാലങ്ങളായി സാക്ഷികളായിരുന്ന പല കുടുംബങ്ങളും മറ്റു സ്ഥലങ്ങളിലേക്കു താമസം മാറി. അതുകൊണ്ട്‌ പ്രവർത്തനം വീണ്ടും നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ അനുഭവപരിചയം ഉള്ള മൂപ്പന്മാരുടെയും പയനിയർമാരുടെയും അടിയന്തിര ആവശ്യം നേരിട്ടു.

നിയമിത മൂപ്പന്മാർ സംഘടനാ പ്രവർത്തനങ്ങളിൽ പരിശീലനം നേടാൻ അതിയായി ആഗ്രഹിച്ചു. പ്രസാധകർക്കാണെങ്കിൽ വയലിൽ സാഹിത്യങ്ങൾ സമർപ്പിക്കുന്നതു പോലുള്ള കാര്യങ്ങളിൽ നിർദേശങ്ങൾ ആവശ്യമായിരുന്നു. ഈ ആവശ്യങ്ങൾ നിറവേറ്റാനായി ഭരണസംഘം എൽ സാൽവഡോർ, മെക്‌സിക്കോ, പോർട്ടറിക്കോ എന്നിവിടങ്ങളിൽനിന്ന്‌ ശുശ്രൂഷാ പരിശീലനാ സ്‌കൂൾ ബിരുദധാരികളെ നിക്കരാഗ്വയിലേക്കു നിയമിച്ചു. എൽ സാൽവഡോറിലെ ആദ്യത്തെ ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്നു ബിരുദം നേടിയ പെഡ്രോ എൻറീക്കെസ്‌ ആയിരുന്നു അവരിൽ ഒരാൾ. അദ്ദേഹം 1993-ൽ നിക്കരാഗ്വയിൽ സർക്കിട്ട്‌ വേല ആരംഭിച്ചു. മെക്‌സിക്കോയിൽനിന്ന്‌ അനുഭവസമ്പന്നരായ പതിനൊന്ന്‌ സർക്കിട്ട്‌ മേൽവിചാരകന്മാരും ഈ ആധുനികകാല മക്കെദോന്യയിലേക്കു സഹായം നൽകാനായി “കടന്നുവന്നു.”​—⁠പ്രവൃ. 16:⁠9.

കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിൽ 58 ഗിലെയാദ്‌ ബിരുദധാരികളും നിക്കരാഗ്വയിൽ എത്തിയിട്ടുണ്ട്‌. രാജ്യത്തെ ആറ്‌ മിഷനറി ഭവനങ്ങളിലായി അവരെ നിയമിച്ചിരിക്കുന്നു. അവരുടെ പക്വത സഭകളിലെ ആരോഗ്യാവഹമായ ഒരു ആത്മീയ അന്തരീക്ഷത്തിനു സംഭാവന ചെയ്‌തിട്ടുണ്ട്‌. മുഴുസമയ ശുശ്രൂഷയെ തങ്ങളുടെ ലക്ഷ്യമാക്കാൻ അനേകം യുവജനങ്ങളെ സഹായിക്കാനും അവർക്കു സാധിച്ചിരിക്കുന്നു.

ആവശ്യം അധികമുള്ളിടത്തു സേവിക്കാനായി 1960-കളിലും 70-കളിലും നിക്കരാഗ്വയിൽ എത്തിയവർ അതിനെ പ്രസംഗകരുടെ പറുദീസ എന്നാണു വിളിച്ചിരുന്നത്‌. ഇന്നും ഇതു സത്യമാണ്‌. ബ്രാഞ്ച്‌ ഓഫീസിലെ സേവന വിഭാഗത്തിൽ നിന്നുള്ള ഒരു സഹോദരൻ ഇങ്ങനെ പറയുന്നു: “നിക്കരാഗ്വയിൽ ഇപ്പോഴും പ്രസാധകർക്കും പയനിയർമാർക്കും തങ്ങൾക്ക്‌ എത്ര ബൈബിളധ്യയനങ്ങൾ വരെ നടത്താൻ കഴിയുമെന്നു തീരുമാനിക്കേണ്ട സ്ഥിതിയാണ്‌, കാരണം അത്രയധികം താത്‌പര്യക്കാരാണ്‌ ഇവിടെ ഉള്ളത്‌.” ആവശ്യം അധികമുള്ളിടത്തു പോയി സേവിക്കാൻ തങ്ങൾക്കു കഴിയുമെന്നു തോന്നുന്ന പല സഹോദരങ്ങളും നിക്കരാഗ്വയിൽ സേവിക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നത്‌ എന്തുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. 2002 ഏപ്രിലോടെ 19 രാജ്യങ്ങളിൽനിന്നുള്ള 289 പയനിയർമാർ നിക്കരാഗ്വയിലെ പ്രവർത്തനത്തിൽ സഹായിക്കാനായി എത്തിയിരുന്നു. ഈ കൊയ്‌ത്തു വേലക്കാരുടെ സഹായത്തെ പ്രാദേശിക സാക്ഷികൾ എത്രമാത്രം വിലമതിക്കുന്നെന്നോ!​—⁠മത്താ. 9:​37, 38.

ആവേശജനകമായ ഒരു ദേശീയ കൂടിവരവ്‌

നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിനു മുമ്പത്തെ അവസാന ദേശീയ കൺവെൻഷൻ നടത്തപ്പെട്ടത്‌ 1978-ൽ ആയിരുന്നു. അതുകൊണ്ട്‌ 1999 ഡിസംബറിൽ മനാഗ്വയിൽ നടത്തപ്പെടാനിരുന്ന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുള്ള ക്ഷണം ലഭിച്ചപ്പോഴത്തെ സഹോദരങ്ങളുടെ ആഹ്ലാദം ഊഹിക്കാമല്ലോ! കുടുംബത്തിലുള്ള എല്ലാവർക്കും അതിൽ സംബന്ധിക്കാൻ കഴിയത്തക്കവണ്ണം യാത്രാ ചെലവുകൾക്കും മറ്റുമായി പണം സ്വരൂപിച്ചു തുടങ്ങാൻ കുടുംബങ്ങൾക്കു പ്രോത്സാഹനം ലഭിച്ചു. ആവശ്യമുള്ള പണം ഉണ്ടാക്കാൻ സാക്ഷികളിൽ ചിലർ ഫലകരമായ ചില മാർഗങ്ങൾ കണ്ടുപിടിച്ചു. ഉദാഹരണത്തിന്‌ നിക്കരാഗ്വയിൽ പന്നിയിറച്ചിക്കു വലിയ പ്രിയമായതിനാൽ പലരും പന്നികളെ വളർത്തി വിറ്റ്‌ ആവശ്യമായ പണം ഉണ്ടാക്കി. ബുദ്ധിപൂർവകമായ ആസൂത്രണത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായി രാജ്യത്തിന്റെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ള 28,356 സാക്ഷികൾക്കും താത്‌പര്യക്കാർക്കും ഡിസംബർ 24 മുതൽ മനാഗ്വയിലെ ദേശീയ ബേസ്‌ബോൾ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ പങ്കെടുക്കാൻ കഴിഞ്ഞു.

ശനിയാഴ്‌ച നടന്ന 784 വ്യക്തികളുടെ സ്‌നാപനം കൺവെൻഷൻ പ്രതിനിധികളെ പുളകംകൊള്ളിച്ചു. നിക്കരാഗ്വയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌നാപനമായിരുന്നു അത്‌! മുമ്പ്‌ ഇവിടെ സേവിച്ചിരുന്ന മിഷനറിമാരും കൺവെൻഷനു വന്നിരുന്നു. അവരുടെ അനുഭവങ്ങൾ സദസ്സിനു വളരെ പ്രോത്സാഹനം നൽകി. കൂടാതെ കൺവെൻഷനു വളരെ ശക്തമായ ഒരു ഏകീകരണ ഫലമുണ്ടായിരുന്നു. കാരണം, ഭാഷയോ ഗോത്ര പശ്ചാത്തലമോ ഗണ്യമാക്കാതെ ആത്മീയ സത്യത്തിന്റെ “നിർമല ഭാഷ”യിൽ പുരോഗമിക്കാനും യഹോവയെ “തോളോടുതോൾ ചേർന്നു സേവിക്കാനും” ദൃഢനിശ്ചയം ചെയ്യാൻ അതു കൂടിവന്നവരെയെല്ലാം പ്രോത്സാഹിപ്പിച്ചു.​—⁠സെഫ. 3:⁠9, NW.

രക്തരഹിത ചികിത്സ ലഭിക്കാനുള്ള നമ്മുടെ അവകാശത്തെ സംരക്ഷിക്കുന്നു

നിക്കരാഗ്വയിൽ മൂന്ന്‌ ആശുപത്രി ഏകോപന സമിതികൾ (എച്ച്‌എൽസി-കൾ) ഉണ്ട്‌. ബ്രാഞ്ചിലെ ഹോസ്‌പിറ്റൽ ഇൻഫർമേഷൻ സർവീസസിന്റെ മേൽനോട്ടത്തിൻ കീഴിലാണ്‌ ഇവ പ്രവർത്തിക്കുന്നത്‌. രക്തപ്പകർച്ചയെ ചൊല്ലിയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ സാക്ഷികളായ രോഗികളെ സഹായിക്കുന്നതിനു പുറമേ ഈ കമ്മിറ്റികൾ ചികിത്സകർക്കും മെഡിക്കൽ വിദ്യാർഥികൾക്കും രക്തപ്പകർച്ചയ്‌ക്കു പകരം ഉപയോഗിക്കാവുന്നതും യഹോവയുടെ സാക്ഷികൾക്കു സ്വീകാര്യമായതുമായ പല ചികിത്സാ മാർഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ എത്തിച്ചു കൊടുക്കാൻ പരിശ്രമിക്കുന്നു.

ആ ഉദ്ദേശ്യത്തിൽ എച്ച്‌എൽസി-കളിലെ അംഗങ്ങൾ ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർഥികൾക്കുമായി പ്രസംഗങ്ങളും ഓഡിയോ വീഡിയോ അവതരണങ്ങളും നടത്തിയിരിക്കുന്നു. അവരിൽ ചിലർ അതു സംബന്ധിച്ചു വളരെ നല്ല അഭിപ്രായങ്ങൾ പറഞ്ഞിട്ടുമുണ്ട്‌. രക്തം സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ നിലപാടിനെ മാനിച്ചുകൊണ്ട്‌ അവരുമായി സഹകരിക്കാൻ തയ്യാറാകുന്ന ശസ്‌ത്രക്രിയാ വിദഗ്‌ധരുടെയും അനസ്‌തേഷ്യോളജിസ്റ്റുകളുടെയും എണ്ണം വർധിച്ചുവരികയാണ്‌.

മുന്നേറാൻ ദൃഢചിത്തർ

മനുഷ്യൻ വരുത്തിവെക്കുന്ന വിപത്തുകൾക്കോ പ്രകൃതിവിപത്തുകൾക്കോ സുവാർത്തയുടെ മുന്നേറ്റത്തെ തടയാൻ സാധിക്കില്ല എന്നതിന്‌ നിക്കരാഗ്വയുടെ ദിവ്യാധിപത്യ ചരിത്രം മതിയായ തെളിവു നൽകുന്നു. അതേ, യഹോവ ‘കുറഞ്ഞവനെ’ ‘ആയിരം’ ആക്കിത്തീർത്തിരിക്കുന്നു. (യെശ. 60:22) രാജ്യത്തെ ആദ്യത്തെ വയൽസേവന റിപ്പോർട്ടു സമർപ്പിക്കപ്പെട്ടത്‌ 1943-ൽ ആയിരുന്നു. അന്ന്‌ ആകെ മൂന്ന്‌ പ്രസാധകരാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ 40 വർഷത്തിനു ശേഷം പ്രസാധകരുടെ അത്യുച്ചം 4,477 ആയി. 1990-ൽ മിഷനറിമാർക്ക്‌ മടങ്ങിവരാനുള്ള അനുമതി നൽകപ്പെട്ടപ്പോൾ ആ എണ്ണം 7,894 ആയി ഉയർന്നിരുന്നു! 90-കളിൽ മുഴുവനും പ്രവർത്തനത്തിന്മേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നു, പത്തു വർഷംകൊണ്ട്‌ രാജ്യപ്രസാധകരുടെ എണ്ണം ഏകദേശം ഇരട്ടിയായി.

സ്വാഭാവികമായും ഈ ത്വരിത വളർച്ചയുടെ ഫലമായി കൂടുതൽ രാജ്യഹാളുകൾക്കുള്ള ആവശ്യം അടിയന്തിരമായിത്തീർന്നിരിക്കുന്നു. അതുകൊണ്ട്‌ ബ്രാഞ്ച്‌ ഓഫീസ്‌ വിപുലമായ ഒരു നിർമാണ പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുകയാണ്‌. 120-ഓളം രാജ്യഹാളുകൾ കൂടാതെ മനാഗ്വയിൽനിന്ന്‌ 11 കിലോമീറ്റർ മാറിയുള്ള റ്റിക്കുവാൻറ്റിപിൽ ഒരു പുതിയ ബ്രാഞ്ചിന്റെ പണിയും ഇതിൽപ്പെടുന്നു. 2003 ഏപ്രിലിൽ ബ്രാഞ്ചിന്റെ പണി പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്‌.

അടുത്തകാലത്ത്‌ നിക്കരാഗ്വ, പ്രത്യേകിച്ച്‌ മനാഗ്വ സാമ്പത്തികമായി മുന്നേറിയിരിക്കുന്നു. തൊഴിൽ, വിദ്യാഭ്യാസം, വിനോദം എന്നീ മേഖലകളിൽ വൻ പുരോഗതി ഉണ്ടായിരിക്കുന്നു. നിർമാണം എന്നത്‌ നഗരത്തിന്റെ ഒരു സ്ഥിരം സവിശേഷത ആയിത്തീർന്നിരിക്കുകയാണ്‌. ആധുനിക റെസ്റ്ററന്റുകൾ, പെട്രോൾ പമ്പുകൾ, ഉപഭോക്തൃ വസ്‌തുക്കൾ നിറഞ്ഞ പാശ്ചാത്യ മാതൃകയിലുള്ള ഷോപ്പിങ്‌ സെന്ററുകൾ എന്നിവയെല്ലാം ഇപ്പോൾ നഗരത്തിനു സ്വന്തമായുണ്ട്‌.

ഇത്തരമൊരു സാഹചര്യവും അതിന്റെ വ്യത്യസ്‌ത പ്രലോഭനങ്ങളും ക്രിസ്‌ത്യാനികൾക്കു പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. ദീർഘകാലമായി മൂപ്പനായി സേവിക്കുന്ന ഒരു സഹോദരൻ ഇങ്ങനെ പറയുന്നു: “സാഹചര്യങ്ങൾ പെട്ടെന്നാണു മാറിക്കൊണ്ടിരിക്കുന്നത്‌. ചോറും പയറും മാത്രം കഴിച്ചിട്ടുള്ള ഒരു കുട്ടിയുടെ മുമ്പിൽ ഒരു പ്ലേറ്റ്‌ നിറയെ മിഠായി വെച്ചിരിക്കുന്നതിനു തുല്യമാണ്‌ ഇപ്പോഴത്തെ അവസ്ഥ. യഹോവയെ ദുഷ്‌കര സാഹചര്യങ്ങളിൽ സേവിക്കാൻ ഞങ്ങൾക്കറിയാം. എന്നാൽ ഇപ്പോൾ ശത്രു മറഞ്ഞിരുന്നാണു പ്രവർത്തിക്കുന്നത്‌. ഇതാണ്‌ കൂടുതൽ അപകടകരം.”

എന്നിരുന്നാലും നിയന്ത്രണങ്ങൾ നിലവിലിരുന്ന വർഷങ്ങളിൽ യഹോവയുടെ ജനം പ്രകടമാക്കിയ വിശ്വസ്‌തതയും തീക്ഷ്‌ണതയും ധൈര്യവും ഇപ്പോഴും നല്ല ഫലം പുറപ്പെടുവിച്ചുകൊണ്ടാണിരിക്കുന്നത്‌. ആ കാലത്ത്‌ വളർന്നുവന്ന അനേകം കുട്ടികൾ ഇപ്പോൾ മൂപ്പന്മാരോ പയനിയർമാരോ ബെഥേൽ സ്വമേധയാ സേവകരോ ഒക്കെയായി പ്രവർത്തിക്കുന്നു. നിക്കരാഗ്വയിൽ ഇപ്പോൾ 295 സഭകളും 31 ഒറ്റപ്പെട്ട കൂട്ടങ്ങളും അടങ്ങിയ 17 സർക്കിട്ടുകളാണ്‌ ഉള്ളത്‌. 2002 ആഗസ്റ്റിൽ നിക്കരാഗ്വ 16,676 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം രേഖപ്പെടുത്തി. എന്നാൽ ആ വർഷത്തെ സ്‌മാരക ഹാജർ 66,751 ആയിരുന്നു!

അതുകൊണ്ട്‌ യഹോവയുടെ ‘പ്രസാദവർഷം’ അവസാനിക്കുന്നതിനു മുമ്പായി വൈവിധ്യങ്ങളുടെ ഈ നാട്ടിൽ ഇനിയും അനേകർ അവനെ അറിയാൻ ഇടയാകേണമേ എന്നതാണ്‌ നമ്മുടെ പ്രാർഥന. (യെശ. 61:⁠2) ‘സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമാകുന്നതു’ വരെ നമ്മുടെ സ്വർഗീയ പിതാവ്‌ ആത്മീയ പറുദീസയുടെ അതിരുകൾ വ്യാപിപ്പിക്കുന്നതിൽ തുടരുമാറാകട്ടെ.​—⁠യെശ. 11:⁠9.

[72-ാം പേജിലെ ചതുരം]

നിക്കരാഗ്വയെ കുറിച്ച്‌ ഒരു ആകമാന വീക്ഷണം

ഭൂപ്രകൃതി: മധ്യ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യമാണ്‌ നിക്കരാഗ്വ. മധ്യപർവതങ്ങൾ രാജ്യത്തെ രണ്ടായി വിഭജിക്കുന്നു. പശ്ചിമഭാഗത്ത്‌ ധാരാളം ശുദ്ധജല തടാകങ്ങളുണ്ട്‌. അത്രതന്നെ ഫലഭൂയിഷ്‌ഠമല്ലാത്ത പൂർവ പ്രദേശത്ത്‌ അധികവും മഴവനങ്ങളും സമതലങ്ങളുമാണ്‌. നിക്കരാഗ്വയിൽ ഏതാണ്ട്‌ 40 അഗ്നിപർവതങ്ങളുണ്ട്‌; ചിലതു സജീവമാണ്‌.

ജനങ്ങൾ: ഭൂരിഭാഗവും സ്‌പാനീഷ്‌ സംസാരിക്കുന്ന മെസ്റ്റിസോകളാണ്‌​—⁠യൂറോപ്യന്മാരുടെയും അമരിന്ത്യരുടെയും സങ്കരസന്താനങ്ങൾ. ഒരു ചെറിയ സംഖ്യ മൊനിംബോ, സൂബ്‌റ്റ്യാബാ ഇൻഡ്യന്മാർ പശ്ചിമതീരത്തു വസിക്കുന്നു. അതേസമയം കിഴക്കൻ പ്രദേശത്ത്‌ മിസ്‌കിറ്റോ, സൂമോ, റാമാ ഇൻഡ്യന്മാരും ക്രിയോൾ, ആഫ്രോ-കരീബിയൻ ജനസമുദായങ്ങളിൽ പെട്ടവരുമാണു പാർക്കുന്നത്‌. പ്രധാനമതം റോമൻകത്തോലിക്കാ മതമാണ്‌.

ഭാഷ: ഔദ്യോഗിക ഭാഷ സ്‌പാനീഷ്‌ ആണ്‌. തദ്ദേശീയ ഭാഷകളും നിലവിലുണ്ട്‌.

ഉപജീവനമാർഗം: കൃഷിയാണ്‌ നിക്കരാഗ്വക്കാരുടെ മുഖ്യ വരുമാന മാർഗം.

ആഹാരം: തദ്ദേശീയരുടെ മുഖ്യ ആഹാരം അരി, ചോളം, ബീൻസ്‌, ഒരിനം കരിമ്പ്‌, വാഴപ്പഴം, കപ്പ, വിവിധ പഴവർഗങ്ങൾ എന്നിവയാണ്‌. കയറ്റുമതിയിൽ, കാപ്പി, പഞ്ചസാര, വാഴപ്പഴം, സമുദ്രഭക്ഷ്യവിഭവങ്ങൾ, മാട്ടിറച്ചി എന്നിവ ഉൾപ്പെടുന്നു.

കാലാവസ്ഥ: നിക്കരാഗ്വ ഉഷ്‌ണമേഖലാ പ്രദേശമാണ്‌. പ്രദേശം അനുസരിച്ച്‌ 190 സെന്റിമീറ്റർ മുതൽ 380 സെന്റിമീറ്റർ വരെ മഴ ലഭിക്കുന്നു. തീരപ്രദേശങ്ങളിലെ ശരാശരി താപനില ഏതാണ്ട്‌ 26 ഡിഗ്രി സെൽഷ്യസാണ്‌. ഉയർന്ന പ്രദേശങ്ങൾ അൽപ്പംകൂടെ തണുപ്പുള്ളവയാണ്‌.

[99-102 പേജുകളിലെ ചതുരം/ചിത്രം]

രഹസ്യപ്പോലീസിൽനിന്നുള്ള പീഡനം

ഹൂബർ ലോപെസും റ്റെൽമാ ലോപെസും

സംക്ഷിപ്‌ത വിവരം: മുതിർന്ന മൂന്നു മക്കളുണ്ട്‌. ഹൂബർ പ്രാദേശിക സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു.

വിപ്ലവ ഭരണകൂടത്തിൻ കീഴിൽ, സ്റ്റേറ്റ്‌ സെക്യൂരിറ്റി പോലീസ്‌ ശുശ്രൂഷാദാസന്മാരെയും മൂപ്പന്മാരെയും മിക്കപ്പോഴും അറസ്റ്റു ചെയ്യുകയും ചോദ്യം ചെയ്യലിനായി ഒരു ദിവസം മുതൽ പല ആഴ്‌ചകൾ വരെ കസ്റ്റഡിയിൽ വെക്കുകയും ചെയ്‌തിരുന്നു. തങ്ങളുടെ ബൈബിളധിഷ്‌ഠിത നിഷ്‌പക്ഷത നിമിത്തം, യഹോവയുടെ സാക്ഷികൾ ഗവണ്മെന്റിനെതിരെ മത്സരം ഇളക്കിവിടുകയാണെന്ന ആരോപണം ഉയർന്നു. എന്നാൽ ഒരിക്കലും ഔദ്യോഗികമായി കുറ്റം ചാർജു ചെയ്യപ്പെട്ടില്ല. ചോദ്യം ചെയ്യുന്നവർക്ക്‌ നമ്മുടെ “ഉപദേശികളു”ടെയും “നേതാക്കളുടെയും” പേരുകൾ വേണമായിരുന്നു.

ഈ അനുഭവത്തിനു വിധേയരായ അനേകം സഹോദരന്മാരിൽ ഒരാൾ ഹൂബർ ലോപെസ്‌ ആയിരുന്നു. അദ്ദേഹം ഇന്ന്‌ ഒരു മൂപ്പനും പ്രായപൂർത്തിയായ മൂന്നു മക്കളുടെ പിതാവുമാണ്‌. മനാഗ്വയ്‌ക്ക്‌ 40 കിലോമീറ്റർ തെക്കുകിഴക്കുള്ള ഒരു ഗ്രാമീണ സമുദായമായ ലാ റിഫോർമായിലെ തന്റെ ഭവനത്തിൽവെച്ച്‌ 1985 ഡിസംബറിൽ ലോപെസ്‌ സഹോദരനെ അറസ്റ്റു ചെയ്‌തു. അന്ന്‌ അനുഭവിച്ച മനോവേദനയെ കുറിച്ച്‌ അദ്ദേഹത്തിന്റെ ഭാര്യ റ്റെൽമാ വിവരിക്കുന്നു:

“വൈകുന്നേരം 4:00 മണിക്ക്‌ രണ്ടു ജീപ്പുകൾ ഞങ്ങളുടെ വീടിനു മുമ്പിൽ വന്നു നിന്നു. ഒന്നിൽ സ്റ്റേറ്റ്‌ സെക്യൂരിറ്റി ഏജന്റുമാരും മറ്റേതിൽ പടയാളികളുമായിരുന്നു. അവർ വീടു വളഞ്ഞു. എന്റെ ഭർത്താവ്‌ വീട്ടിൽ ഇല്ലെന്നു പറഞ്ഞപ്പോൾ, വീടു പരിശോധിക്കണമെന്നും അതിനായി ഞാനും കുട്ടികളും പുറത്തിറങ്ങണമെന്നും ഏജന്റുമാർ ആജ്ഞാപിച്ചു. എന്നിരുന്നാലും പത്തു വയസ്സുള്ള എന്റെ മൂത്ത മകൻ എൽമർ അകത്തുതന്നെ നിന്നു. ഒരു അലമാരയിൽനിന്നു ദിവ്യാധിപത്യപരവും അല്ലാത്തതുമായ പുസ്‌തകങ്ങൾ അവർ എടുത്തു മാറ്റുന്നത്‌ അവൻ നിരീക്ഷിച്ചുകൊണ്ടിരുന്നു. ആ പുസ്‌തകങ്ങൾക്കിടയിൽ എന്റെ ഭർത്താവു ചില സഭാരേഖകൾ ഒളിച്ചു വെച്ചിരുന്നു. അവർ പുസ്‌തകങ്ങൾ ജീപ്പുകളിലേക്കു കൊണ്ടുപോയപ്പോൾ എൽമർ വിളിച്ചുചോദിച്ചു: “സർ, എന്റെ സ്‌കൂൾ പുസ്‌തകങ്ങളും കൊണ്ടുപോകുകയാണോ?” ഒരു പടയാളി പരുഷസ്വരത്തിൽ പറഞ്ഞു: ‘ങും, വന്നെടുത്തു കൊണ്ടുപോ!’ അങ്ങനെ, ഞങ്ങളുടെ മകന്‌ അവന്റെ പുസ്‌തകങ്ങളും ഒപ്പം സഭാരേഖകളും തിരികെ എടുക്കാൻ കഴിഞ്ഞു.

“അന്നു ഞങ്ങൾ അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ പടയാളികൾ മടങ്ങിവന്നു. മക്കൾ കരഞ്ഞുകൊണ്ടു നോക്കിനിൽക്കെ, ഞങ്ങളുടെ നേരെ തോക്കുകൾ ചൂണ്ടിക്കൊണ്ട്‌, അവർ എന്റെ ഭർത്താവിനെ കൊണ്ടുപോയി. അദ്ദേഹത്തെ എന്തിന്‌ അല്ലെങ്കിൽ എവിടെ കൊണ്ടുപോകുന്നു എന്ന്‌ പടയാളികൾ ഞങ്ങളോടു പറഞ്ഞില്ല.”

തുടർന്ന്‌ എന്തു സംഭവിച്ചു എന്ന്‌ ലോപെസ്‌ സഹോദരൻ വിവരിക്കുന്നു: “എന്നെ മാസായാ ജയിലിലേക്കു കൊണ്ടുപോയി. അവിടെ എല്ലാത്തരം കുറ്റവാളികളോടും കൂടെ ഒരു തടവറയിലിട്ടു. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളായി എന്നെത്തന്നെ തിരിച്ചറിയിക്കുകയും മണിക്കൂറുകളോളം അവരോടു സാക്ഷീകരിക്കുകയും ചെയ്‌തു. അർധരാത്രി ഒരാൾ തോക്കു ചൂണ്ടിക്കൊണ്ടു തടവറയിൽനിന്നു പുറത്തിറങ്ങാൻ ആജ്ഞാപിക്കുകയും പുറത്ത്‌ ഇരുട്ടിൽ കിടന്ന ഒരു ജീപ്പിൽ എന്നെ കയറ്റുകയും ചെയ്‌തു. മുഖം ഉയർത്തരുതെന്ന്‌ അവർ എന്നോടു പറഞ്ഞു. എന്നാൽ ഞാൻ അകത്തു കയറിയപ്പോൾ തല കുനിച്ചിരിക്കുന്ന വേറെ നാലുപേരെ കണ്ടു. അന്നു വൈകുന്നേരംതന്നെ മാസായാ മേഖലയിൽനിന്ന്‌ അറസ്റ്റു ചെയ്യപ്പെട്ട ശുശ്രൂഷാദാസന്മാരും മൂപ്പന്മാരുമാണ്‌ അവരെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു.

“അന്നു രാത്രി ഞങ്ങളെ കൊല്ലുമെന്നു രണ്ടു പ്രാവശ്യം അവർ ഭീഷണിപ്പെടുത്തി, ആദ്യം ഒരു കാപ്പിത്തോട്ടത്തിൽ വെച്ചും പിന്നെ ഒരു നഗരപ്രദേശത്തു വെച്ചും. അവിടെ അവർ ഞങ്ങളെ ഒരു കെട്ടിടത്തിന്റെ ചുവരിനോടു ചേർത്ത്‌ വരിയായി നിറുത്തി. രണ്ടു സന്ദർഭങ്ങളിലും ഞങ്ങൾ എന്തെങ്കിലും പറയാൻ അവർ കാത്തിരിക്കുന്നതായി തോന്നി, പക്ഷേ ആരും ഒന്നും പറഞ്ഞില്ല. ഒടുവിൽ, അവർ ഞങ്ങളെ ഹിനോറ്റേപ്പേയിലെ തടങ്കലിലേക്കു കൊണ്ടുപോയി, മൂന്നു ദിവസം ഞങ്ങളെ വെവ്വേറെ അറകളിലിട്ടു.

“ഒരു സമയത്ത്‌ ഏതാനും മണിക്കൂറിൽ കൂടുതൽ ഉറങ്ങാൻ ഞങ്ങളെ അനുവദിച്ചിരുന്നില്ല. ഞങ്ങളുടെ അറകളിൽ ഇരുട്ടായിരുന്നു, അതുകൊണ്ട്‌ പകലാണോ രാത്രിയാണോ എന്ന്‌ ഞങ്ങൾക്ക്‌ അറിയില്ലായിരുന്നു. ചോദ്യം ചെയ്യാനുള്ള മുറിയിലേക്കു ഞങ്ങളെ കൂടെക്കൂടെ കൊണ്ടുപോകുകയും നമ്മുടെ പ്രസംഗപ്രവർത്തനങ്ങളെയും യോഗങ്ങളെയും ‘നേതാക്കന്മാരെയും’ കുറിച്ചു ചോദിക്കുകയും ചെയ്‌തു. എന്നെ ചോദ്യം ചെയ്‌തവരിൽ ഒരാൾ, എന്റെ മാതാപിതാക്കളെ അറസ്റ്റു ചെയ്‌ത്‌ ബലപ്രയോഗത്തിലൂടെ അവരിൽനിന്നു വിവരങ്ങൾ ചോർത്തുമെന്നു ഭീഷണിപ്പെടുത്തി. വാസ്‌തവത്തിൽ, തടവറയിൽവെച്ച്‌ എന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ശബ്ദം ഞാൻ കേൾക്കുകപോലും ചെയ്‌തു. എന്നിരുന്നാലും, ചോദ്യം ചെയ്യലിനായി എന്റെ കുടുംബാംഗങ്ങളെ കൊണ്ടുവന്നതായി എന്നെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഒരു റെക്കോർഡിങ്‌ ആയിരുന്നു അത്‌.

“നാലാം ദിവസമായ വ്യാഴാഴ്‌ച, എന്നെ മോചിപ്പിക്കാൻ പോകുകയാണെന്ന്‌ അവർ എന്നോടു പറഞ്ഞു. എന്നാൽ എന്റെ മതത്തെ കുറിച്ചു ഞാൻ ഇനി പ്രസംഗിക്കുകയില്ല എന്നു പറയുന്ന ഒരു പ്രഖ്യാപനത്തിൽ ഞാൻ ആദ്യം ഒപ്പിടണമായിരുന്നു. സാക്ഷികളായ എന്റെ സഹപ്രവർത്തകർ ഒപ്പിട്ടുകഴിഞ്ഞു എന്ന്‌ എന്നോടു പറഞ്ഞു. തീർച്ചയായും അതു സത്യമല്ലായിരുന്നു. ‘നിങ്ങൾ ഒപ്പിടാൻ വിസമ്മതിക്കുകയാണെങ്കിൽ, നിങ്ങൾ ഇനിയും ഇവിടെത്തന്നെ വരേണ്ടിവരും, ഇവിടെ കിടന്നു നിങ്ങൾ ചീഞ്ഞഴുകും’ എന്ന്‌ അവർ പറഞ്ഞു.

“‘അങ്ങനെയാണെങ്കിൽ എന്നെ മോചിപ്പിക്കേണ്ട; ഞാൻ ഇവിടെത്തന്നെ കിടന്നോളാം,’ ഞാൻ മറുപടി പറഞ്ഞു.

“‘എന്തുകൊണ്ടാണ്‌ നിങ്ങൾ അങ്ങനെ പറയുന്നത്‌?’

“‘എന്തുകൊണ്ടെന്നാൽ ഞാൻ യഹോവയുടെ സാക്ഷിക⁠ളിൽ ഒരാളാണ്‌, അതിന്റെ അർഥം ഞാൻ പ്രസംഗിക്കും എ⁠ന്നാണ്‌.’

“ഞങ്ങളെ അഞ്ചുപേരെയും അന്നുതന്നെ മോചിപ്പിച്ചപ്പോൾ ഞാൻ ശരിക്കും അതിശയിച്ചുപോയി. യഹോവ ഞങ്ങളുടെ പ്രാർഥന കേൾക്കുകയും, സമചിത്തത കൈവിടാതിരിക്കാനും സഹോദരന്മാരെ ഒറ്റിക്കൊടുക്കാതിരിക്കാനും കഴിയത്തക്കവണ്ണം ഞങ്ങളെ ബലപ്പെടുത്തുകയും ചെയ്‌തു. എന്നാൽ അതിനു ശേഷം, ഞങ്ങൾ നിരന്തരം നിരീക്ഷണത്തിലായിരുന്നു.”

[105, 106 പേജുകളിലെ ചതുരം/ചിത്രം]

പോരാട്ട മേഖലയിലേക്കു ബലമായി കൊണ്ടുപോകുന്നു

ജോവാനി ഗൈറ്റാൻ

സ്‌നാപനം: 1987

സംക്ഷിപ്‌ത വിവരം: സ്‌നാപനമേൽക്കാനിരുന്നതിന്‌ ഏതാനും ആഴ്‌ചകൾ മുമ്പ്‌ അറസ്റ്റു ചെയ്യപ്പെട്ടു. 28 മാസം ബിഎൽഐ-യെ അനുഗമിക്കാൻ നിർബന്ധിതനായി. എട്ട്‌ വർഷത്തിലധികം പയനിയറായി സേവിച്ചു.

പർവതങ്ങളിലെ ഇടതൂർന്ന കാടുകളിൽ യുദ്ധം ചെയ്യുന്ന ഇറെഗുലർ ഫൈറ്റിങ്‌ ബറ്റാലിയനുകളോടു കൂടെ (സ്‌പാനീഷിൽ ബിഎൽഐ) പോരാട്ടത്തിനു പോകാൻ ചില യുവസഹോദരന്മാർ നിർബന്ധിതരായി.

ഈ ചെറുപ്പക്കാരിൽ ഒരാൾ ജോവാനി ഗൈറ്റാൻ ആയിരുന്നു. സ്‌നാപനമേൽക്കാത്ത ഒരു പ്രസാധകനായിരിക്കെ, ജോവാനി ബിഎൽഐ-യോടു കൂടെ 28 മാസം ചെലവഴിച്ചു. സ്‌നാപനമേൽക്കാൻ ഏതാനും ആഴ്‌ചകൾ മാത്രം ഉള്ളപ്പോഴാണ്‌ ജോവാനിയെ അറസ്റ്റു ചെയ്‌തത്‌. അദ്ദേഹം പറയുന്നു: “എന്റെ പീഡാനുഭവങ്ങൾ ആദ്യ പോരാട്ടത്തിനുശേഷം തുടങ്ങി. മരണമടഞ്ഞ ഒരു പടയാളിയുടെ രക്തക്കറ പുരണ്ട യൂണിഫോം കഴുകാൻ ഒരു ഓഫീസർ എന്നോട്‌ ആജ്ഞാപിച്ചു. അത്‌ എന്റെ ക്രിസ്‌തീയ നിഷ്‌പക്ഷതയിൽ വിട്ടുവീഴ്‌ച ചെയ്യുന്നതിലേക്കു നയിച്ചേക്കാവുന്ന സംഭവ പരമ്പരയിലെ ആദ്യത്തെ കണ്ണി ആയിത്തീർന്നേക്കാം എന്നു ന്യായവാദം ചെയ്‌തുകൊണ്ട്‌ ഞാൻ അതിനു വിസമ്മതിച്ചു. കുപിതനായ ഉദ്യോഗസ്ഥൻ എന്റെ ചെകിട്ടത്തു കഠിനമായി പ്രഹരിച്ചു. അദ്ദേഹം തോക്കെടുത്ത്‌ എന്റെ തലയിൽ ചേർത്തുപിടിച്ച്‌ കാഞ്ചി വലിച്ചു, എന്നാൽ വെടി പൊട്ടിയില്ല. അപ്പോൾ അദ്ദേഹം അതു കൊണ്ട്‌ എന്റെ മുഖത്ത്‌ അടിക്കുകയും അനുസരിച്ചില്ലെങ്കിൽ എന്നെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

“അടുത്ത 18 മാസക്കാലം ഈ വ്യക്തി എന്റെ ജീവിതത്തെ ദുരിതപൂർണമാക്കി. എനിക്കു ഭക്ഷണം കഴിക്കാൻ സാധിക്കാതിരിക്കേണ്ടതിന്‌ പല പ്രാവശ്യം അദ്ദേഹം ദിവസം മുഴുവനും എന്റെ കൈകൾ കെട്ടിയിട്ടു. ആ അവസ്ഥയിൽ പലപ്പോഴും റൈഫിളും ഗ്രനേഡുകളും പുറത്തു വെച്ചുകെട്ടി സംഘത്തിന്റെ മുമ്പിൽ എന്നെ കാട്ടിലൂടെ നടത്തിയിരുന്നു​—⁠ശത്രുക്കൾക്ക്‌ എളുപ്പം കൊല്ലാവുന്ന ഒരു ഇര! അദ്ദേഹം എന്നെ അടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു, വിശേഷിച്ച്‌ ഉഗ്ര പോരാട്ടത്തിനിടയിൽ എനിക്കു ചുറ്റും മറ്റുള്ളവർ മരിച്ചു വീഴുകയും ഞാൻ അവരുടെ റൈഫിളുകൾ പെറുക്കിയെടുക്കാൻ വിസമ്മതിക്കുകയും ചെയ്‌തപ്പോൾ. എന്നിട്ടും അദ്ദേഹത്തെ ഞാൻ വെറുത്തില്ല. ഭയം കാണിച്ചതുമില്ല, എന്തെന്നാൽ യഹോവ എനിക്കു ധൈര്യം പകർന്നു.

പർവതങ്ങളിൽ ആയിരുന്ന എന്നെയും മറ്റു ചില സഹോദരന്മാരെയും 1985 മാർച്ചിലെ ഒരു പ്രഭാതത്തിൽ, മനാഗ്വയ്‌ക്ക്‌ ഏതാണ്ട്‌ 300 കിലോമീറ്റർ വടക്കുകിഴക്കു മാറി മൂലുക്കൂക്കൂവിനു സമീപമുള്ള ഒരു സ്ഥലത്തേക്ക്‌ കൊണ്ടുപോയി. സന്ദർശനാനുമതി ലഭിച്ച ഞങ്ങളുടെ കുടുംബങ്ങൾ അവിടെ എത്തിയിരുന്നു. എന്റെ കുടുംബാംഗങ്ങളോടൊത്തു ഭക്ഷിക്കുകയും സംസാരിക്കുകയും മറ്റും ചെയ്യുന്നതിനിടയിൽ ഇതേ ഉദ്യോഗസ്ഥൻ ഒറ്റയ്‌ക്ക്‌ ഇരിക്കുന്നതു ഞാൻ കണ്ടു. ഒരു പ്ലെയിറ്റ്‌ ഭക്ഷണം ഞാൻ അദ്ദേഹത്തിനു കൊണ്ടുപോയി കൊടുത്തു. അതു കഴിച്ചശേഷം അദ്ദേഹം എന്നെ അരികെ വിളിച്ചു. ഏറ്റവും മോശമായ പെരുമാറ്റം പ്രതീക്ഷിച്ചാണു ഞാൻ ചെന്നത്‌. എന്നാൽ എന്നോടു ചെയ്‌തിട്ടുള്ള സകല അപരാധങ്ങളും പൊറുക്കണമെന്ന്‌ അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു പോയി. എന്റെ വിശ്വാസങ്ങളെ കുറിച്ചുപോലും അദ്ദേഹം എന്നോടു ചോദിച്ചു. അതു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്‌ചയായിരുന്നു. താമസിയാതെ ഒരു സൈനിക ട്രക്ക്‌ അപകടത്തിൽ അദ്ദേഹം മൃതിയടഞ്ഞു.”

[116-118 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

രണ്ടു കൺട്രി കമ്മിറ്റി അംഗങ്ങളുടെ ഓർമകളിലൂടെ

നിയന്ത്രണ കാലഘട്ടത്തിൽ നിക്കരാഗ്വയിലെ വേല കോസ്റ്ററിക്ക ബ്രാഞ്ചിന്റെ മേൽനോട്ടത്തിൻ കീഴിൽ വന്നു. പ്രാദേശികമായി നേതൃത്വം വഹിക്കുന്നതിന്‌ നിക്കരാഗ്വയിൽ ഒരു കൺട്രി കമ്മിറ്റി നിയമിക്കപ്പെട്ടു. ആ കമ്മിറ്റിയിൽ സേവിച്ച രണ്ടു സഹോദരന്മാരായ അൽഫോൻസോ ഹോയായും അഗസ്റ്റിൻ സേക്കേറായും ആ പരിശോധനാ കാലങ്ങളെ കുറിച്ച്‌ ഓർക്കുന്നു.

അൽഫോൻസോ ഹോയാ: “1985-ൽ കൺട്രി കമ്മിറ്റിയിൽ സേവിക്കാൻ ക്ഷണിക്കപ്പെട്ടപ്പോൾ ഞാൻ മനാഗ്വയിൽ ഒരു മൂപ്പനായി സേവിക്കുകയായിരുന്നു. ഒരു സുപ്രസിദ്ധ ബാങ്കിന്റെ ഏറ്റവും വലിയ ബ്രാഞ്ചിൽ മാനേജരായിരുന്നു ഞാൻ. ബാങ്കിങ്ങിലെ എന്റെ പരിജ്ഞാനം, സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കിക്കൊണ്ട്‌ നിക്കരാഗ്വൻ കറൻസിയുടെ വില സത്വരം ഇടിഞ്ഞുകൊണ്ടിരുന്ന ഒരു സമയത്ത്‌ യഹോവയുടെ സംഘടനയുടെ സാമ്പത്തിക ആസ്‌തികൾ ഏറ്റവും മെച്ചമായി കൈകാര്യം ചെയ്യുന്നതിന്‌ എന്നെ പ്രാപ്‌തനാക്കി. ഏകദേശം 250 കോർഡോബാ വിലയുണ്ടായിരുന്ന ഒരു ജോടി സാധാരണ ഷൂസിന്റെ വില പോലും പെട്ടെന്ന്‌ 20 ലക്ഷം ആയി കുതിച്ചുയർന്നു!

“സാമ്പത്തിക പ്രയാസത്തിന്റെ ഈ കാലഘട്ടത്തിൽ, രാജ്യത്ത്‌ ഇന്ധനക്ഷാമവും അനുഭവപ്പെട്ടു. അതു സഹോദരന്മാർക്ക്‌ വിദൂര സഭകളിൽ സാഹിത്യം എത്തിക്കുക പ്രയാസമാക്കി. സഹോദരന്മാർക്ക്‌ ആവശ്യമായ ഇന്ധനം കൊടുത്തു സഹായിക്കാൻ എന്നെ പ്രാപ്‌തനാക്കിക്കൊണ്ടു യഹോവ ഞങ്ങളെ സഹായിച്ചു.

“ഞാൻ കൺട്രി കമ്മിറ്റിയിലെ ഒരു അംഗമാണെന്ന്‌ എന്റെ കുടുംബാംഗങ്ങൾക്കു പോലും അറിയില്ലായിരുന്നു. ആ സമയത്ത്‌ എനിക്കു 35 വയസ്സായിരുന്നു, നിയമപരമായി റിസർവ്‌ സൈനിക സേവനത്തിനുള്ള പ്രായപരിധിയിൽപ്പെട്ട ആൾ. പലപ്പോഴായി നാലു തവണ എന്നെ നിർബന്ധമായി സൈന്യത്തിൽ ചേർക്കാനുള്ള ശ്രമങ്ങൾ നടന്നു. ഒരു പ്രാവശ്യം എന്റെ വീട്ടിൽവെച്ചുതന്നെ ആയിരുന്നു അത്‌. ആ സംഭവം ഞാൻ നന്നായി ഓർക്കുന്നു. കാരണം എന്റെ ഭാര്യയുടെയും മൂന്നു കൊച്ചുകുട്ടികളുടെയും മുന്നിൽവെച്ചാണ്‌ എന്നെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയത്‌. ഇങ്ങനെയൊക്കെയാണെങ്കിലും ബാങ്കിലെ എന്റെ ജോലി നഷ്ടപ്പെട്ടില്ല എന്നത്‌ അതിശയം തന്നെ.”

അഗസ്റ്റിൻ സേക്കേറാ: “1982-ൽ മിഷനറിമാർ നാടുകടത്തപ്പെട്ടപ്പോൾ ഞാൻ ബോവാക്കോയിലെ ഒരു ചെറിയ പട്ടണത്തിൽ ഒരു പ്രത്യേക പയനിയറായി സേവിക്കുകയായിരുന്നു. പിന്നീട്‌, കൺട്രി കമ്മിറ്റിയിൽ സേവിക്കുന്നതിനുള്ള പദവി എനിക്കു ലഭിച്ചു. ഈ നിയമനത്തെ കുറിച്ച്‌ എന്റെ സഭയിലെ സഹോദരന്മാർക്ക്‌ അറിയില്ലായിരുന്നു. ഞാൻ രാവിലെ 4 മണിക്ക്‌ എഴുന്നേറ്റ്‌ ഓഫീസ്‌ ജോലികൾ തീർത്തശേഷം സഭയോടൊത്തു വയൽസേവനത്തിൽ പങ്കെടുത്തു.

“കൺട്രി കമ്മിറ്റി അംഗങ്ങളെല്ലാം സ്വന്തം ഉത്തരവാദിത്വങ്ങൾ നിർവഹിക്കവേ കൃത്രിമ പേരുകളാണ്‌ ഉപയോഗിച്ചത്‌. ഞങ്ങളുടെ വേലയുടെ വിശദാംശങ്ങൾ അന്യോന്യം പറയേണ്ടതില്ലെന്നു ഞങ്ങൾ തീരുമാനിച്ചു. അറസ്റ്റു നടന്നാൽ ഇത്‌ ഒരു സംരക്ഷണമായി ഉതകുമായിരുന്നു. ഞങ്ങൾക്ക്‌ ഒരു ഓഫീസ്‌ ഇല്ലായിരുന്നു, വ്യത്യസ്‌ത ഭവനങ്ങളിലാണു ജോലി ചെയ്‌തിരുന്നത്‌. ഒരു ബ്രീഫ്‌കേസ്‌ ജിജ്ഞാസ ഉണർത്തും എന്നുള്ളതുകൊണ്ട്‌, ഞാൻ ചിലപ്പോൾ ഓഫീസ്‌ പേപ്പറുകൾ ഒരു സഞ്ചിയിലാക്കിയിട്ട്‌ തണ്ട്‌ മുകളിൽ കാണത്തക്കവണ്ണം അതിൽ ഉള്ളി നിറയ്‌ക്കുമായിരുന്നു. ചില സന്ദർഭങ്ങളിൽ ഞാൻ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഒരിക്കലും അറസ്റ്റു ചെയ്യപ്പെട്ടില്ല.

“കോസ്റ്ററിക്ക ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾ ഞങ്ങൾക്കു പ്രോത്സാഹനവും മാർഗനിർദേശവും നൽകാൻ പല സന്ദർഭങ്ങളിൽ ഞങ്ങളെ സന്ദർശിച്ചു. അവിസ്‌മരണീയവും പ്രോത്സാഹജനകമായ ഒരു അനുഭവം 1987 ജനുവരിയിൽ നടന്ന കോസ്റ്ററിക്ക ബ്രാഞ്ചിന്റെ സമർപ്പണമായിരുന്നു. കാരണം ആ സന്ദർഭത്തിൽ കൺട്രി കമ്മിറ്റിയിലെ മറ്റൊരു അംഗത്തിനും എനിക്കും ഭരണസംഘത്തിലെ രണ്ട്‌ അംഗങ്ങളെ പരിചയപ്പെടാനുള്ള സന്തോഷകരമായ അവസരം ലഭിച്ചു.”

ഈ റിപ്പോർട്ട്‌ അച്ചടിക്കുന്നതിനു തൊട്ടുമുമ്പ്‌ സേക്കേറാ സഹോദരൻ അന്തരിച്ചു. 86 വയസ്സുണ്ടായിരുന്ന അദ്ദേഹം 22 വർഷമായി മുഴുസമയ സേവനത്തിലായിരുന്നു. കൂടാതെ അദ്ദേഹം നിക്കരാഗ്വ ബ്രാഞ്ച്‌ കമ്മിറ്റിയിലെ ഒരു അംഗവും ആയിരുന്നു.

[122, 123 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

ഞങ്ങൾ തടവറയിൽ യഥാർഥ സ്വാതന്ത്ര്യം കണ്ടെത്തി

കാർസൽ മോഡെലോ, 1979-നും 1989-നും ഇടയ്‌ക്ക്‌ മുൻ ഗവണ്മെന്റുമായി ബന്ധമുണ്ടായിരുന്ന സൈനികരും രാഷ്‌ട്രീയക്കാരുമായ തടവുകാരെക്കൊണ്ടു നിറഞ്ഞിരുന്നു. രാജ്യസന്ദേശം ഈ തടവറ ഭിത്തികളും തുളച്ച്‌ ആത്‌മാർഥതയുള്ള വ്യക്തികളുടെ ഹൃദയങ്ങളിലും മനസ്സുകളിലും എത്തി, അവരിൽ ഒരു ക്രിസ്‌തു സമാന വ്യക്തിത്വം വളരാൻ ഇടയാക്കുകയും ചെയ്‌തു. (കൊലൊ. 3:​5-10) ചില മുൻ തടവുകാരുടെ ഏതാനും പ്രസ്‌താവനകൾ ഇതാ:

ഹോസേ ഡി ലാ ക്രൂസ്‌ ലോപെസ്‌: “തടവിലാക്കപ്പെട്ടപ്പോൾ ഞാനാകെ തകർന്നുപോയി. എനിക്കു പ്രത്യാശയോ ഭാവിയോ ഇല്ലാതായി. അങ്ങനെയിരിക്കെ, യഹോവയുടെ സാക്ഷികളായിത്തീർന്ന സഹ അന്തേവാസികളെ ഞാൻ പരിചയപ്പെട്ടു. അവരുടെ ബൈബിൾ വിശദീകരണത്തിലും നല്ല നടത്തയിലും എനിക്കു മതിപ്പു തോന്നി. ആദ്യമായി എന്റെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തപ്പെട്ടു, എനിക്ക്‌ ഒരു പ്രത്യാശയും ലഭിച്ചു. യഥാർഥ പ്രത്യാശ നൽകാൻ കഴിയാത്ത ഒരു മനുഷ്യ ഗവണ്മെന്റിനു വേണ്ടി എന്റെ ജീവൻ ബലി ചെയ്യാൻ ഞാൻ സന്നദ്ധനായിരുന്നെങ്കിൽ, തന്റെ പുത്രനെ എനിക്കുവേണ്ടി നൽകിയവനോട്‌ ഞാൻ എത്രയധികം വിശ്വസ്‌തനായിരിക്കണം എന്നു ഞാൻ ചിന്തിച്ചു! ഞാൻ ജയിൽ മോചിതനായ ശേഷം, എന്റെ ഭാര്യയും പുത്രിമാരും വേറെ മൂന്നു കുടുംബാംഗങ്ങളും കൂടെ സത്യം പഠിച്ചു. യഹോവ എനിക്കു വേണ്ടി ചെയ്‌തതിനു പകരം നൽകാൻ ഒരിക്കലും എനിക്കു കഴിയില്ല.”

ലോപെസ്‌ സഹോദരൻ മനാഗ്വയിൽ ഒരു മൂപ്പനായി സേവിക്കുന്നു.

ഒമാർ അന്റോണ്യോ എസ്‌പിനോസാ: “എനിക്കു 18 വയസ്സുള്ളപ്പോൾ, എന്നെ 30 വർഷത്തെ തടവിനു ശിക്ഷിച്ചു. 10 വർഷം കഴിഞ്ഞ്‌ മാപ്പു നൽകി എന്നെ വിട്ടയച്ചു. കുറച്ചുകാലം സ്വാതന്ത്ര്യം നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടെങ്കിലും, തടങ്കലിൽവെച്ചാണ്‌ ഞാൻ യഹോവയെയും യഥാർഥ സ്വാതന്ത്ര്യത്തെയും കുറിച്ച്‌ അറിയാനിടയായത്‌. മുമ്പു ഞാൻ കുത്തഴിഞ്ഞ ഒരു ജീവിതമാണു നയിച്ചിരുന്നത്‌, എന്നാൽ ഞാൻ എന്റെ ജീവിതരീതിയിൽ പൂർണമായി മാറ്റം വരുത്തി. ഒരു ആത്മീയ അർഥത്തിൽ എന്റെ പാനപാത്രം നിറഞ്ഞിരിക്കുന്നതിൽ ഞാൻ യഹോവയോടു നന്ദിയുള്ളവനാണ്‌. യോശുവയുടേതിനോടു സമാനമായ ഒരു ദൃഢ തീരുമാനം ഞാൻ എടുത്തിരിക്കുന്നു: ‘ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.’​—⁠യോശു. 24:⁠15

എസ്‌പിനോസാ സഹോദരൻ റീവാസ്‌ നഗരത്തിൽ ഒരു മൂപ്പനായി സേവിക്കുന്നു.

അനാസ്റ്റാസ്യോ രാമോൻ മെൻഡോസാ: “തടവിൽ അടയ്‌ക്കപ്പെട്ട്‌ ഏതാനും മാസങ്ങൾക്കുള്ളിൽ ഞാൻ സ്വന്തമായി ബൈബിൾ വായിക്കാൻ ആരംഭിച്ചു. പിന്നീടു ഞാൻ, യഹോവയുടെ സാക്ഷികളിൽ ഒരാളായ ഒരു സഹതടവുകാരനോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ഞാൻ സത്യം കണ്ടെത്തിയതായി പെട്ടെന്നുതന്നെ എനിക്കു ബോധ്യം വന്നു. എന്നിട്ടും, ഞാൻ സ്‌നാപനം നീട്ടിവെച്ചു, കാരണം എന്നെ കീഴടക്കിയവരോടുള്ള പക എന്റെ ഉള്ളിൽ നീറിപ്പുകയുകയായിരുന്നു. അത്‌ യഹോവയ്‌ക്ക്‌ ഇഷ്ടമില്ലാത്ത ഒരു മാനസികാവസ്ഥ ആണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു.

“ക്ഷമയ്‌ക്കും എന്റെ ഹാനികരമായ മനോഭാവം തരണംചെയ്യാനുള്ള സഹായത്തിനും വേണ്ടി ഞാൻ മുട്ടിപ്പായി പ്രാർഥിച്ചു. യഹോവ എന്റെ അപേക്ഷ കേട്ടു എന്ന്‌ എനിക്കു പറയാൻ കഴിയും, എന്തുകൊണ്ടെന്നാൽ വ്യക്തികളെയല്ല, മോശമായ മനോഭാവങ്ങളെയും പ്രവർത്തനങ്ങളെയും വെറുക്കാൻ അവൻ ക്ഷമാപൂർവം എന്നെ പഠിപ്പിച്ചു. ഞാൻ 1982-ൽ സ്‌നാപനമേറ്റു. 1989-ലെ എന്റെ മോചനത്തിനുശേഷം, അനേകം സൈനികരുമായും എന്റേതിനോടു സമാനമായ സാഹചര്യത്തിലായിരുന്ന മറ്റാളുകളുമായും ഞാൻ ബൈബിളധ്യയനം നടത്തിയിട്ടുണ്ട്‌. അവരിൽ ചിലർ ഇപ്പോൾ എന്റെ ആത്മീയ സഹോദരന്മാരാണ്‌.”

മെൻഡോസാ സഹോദരൻ മനാഗ്വയിൽ ഒരു ശുശ്രൂഷാദാസനായി സേവിക്കുന്നു.

[141-145 പേജുകളിലെ ചതുരം/ചിത്രം]

ഒരു പാസ്റ്ററുടെ പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിക്കുന്നു

റ്റേയോതോസ്യോ ഗുർഡ്യാൻ

സ്‌നാപനം: 1986

സംക്ഷിപ്‌ത വിവരം: ഗുർഡ്യാൻ സഹോദരൻ ഇപ്പോൾ വാംബ്ലാൻ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു.

വർഷം 1986. സാൻഡിനിസ്റ്റാകളും പ്രതിവിപ്ലവകാരികളും തമ്മിലുള്ള പോരാട്ടം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. സാൻ ജ്വാൻ ഡെൽ റീയോകോക്കോ എന്ന ചെറിയ സഭയിലെ രണ്ടു പ്രസാധകർ 100 കിലോമീറ്റർ വടക്കോട്ടു യാത്ര ചെയ്‌ത്‌ മധ്യപർവതപ്രദേശ പട്ടണമായ വാംബ്ലാനിൽ എത്തിച്ചേർന്നു. ഹോണ്ടുറാസ്‌ അതിർത്തിക്ക്‌ അടുത്തുള്ള മൊട്ടക്കുന്നുകൾ നിറഞ്ഞ ഒരു പ്രദേശം ആയിരുന്നു അത്‌. വാംബ്ലാനിൽ താമസിച്ചിരുന്ന സാക്ഷികളുടെ ചെറിയ കൂട്ടം രണ്ടു വർഷം മുമ്പ്‌ കലാപം കാരണം അവിടം വിട്ടതായിരുന്നു. ഇപ്പോൾ റ്റേയോതോസ്യോ ഗുർഡ്യാൻ എന്ന ഒരു മനുഷ്യനെ അന്വേഷിച്ച്‌ എത്തിയതായിരുന്നു ഈ രണ്ടു സഹോദരന്മാർ. അത്‌ എന്തിനായിരുന്നു? റ്റേയോതോസ്യോ തന്നെ അതു വിശദീകരിക്കട്ടെ.

“വാംബ്ലാനിലെ ഒരു ഇവാഞ്ചലിക്കൽ സഭയിലെ പാസ്റ്ററായിരുന്നു ഞാൻ. മനാഗ്വയിലെ എല്ലാ പ്രൊട്ടസ്റ്റന്റ്‌ വിഭാഗ പാസ്റ്റർമാരും ചേർന്നുള്ള ഒരു സംഘടനയായ നിക്കരാഗ്വൻ പാസ്റ്റർമാരുടെ ദേശീയ സംഘം (സ്‌പാനീഷിൽ എഎൻപിഇഎൻ) ആണ്‌ ഞങ്ങളുടെ സഭയിൽ പാസ്റ്റർമാരെ നിയമിച്ചിരുന്നത്‌. സാൻഡിനിസ്റ്റാ വിപ്ലവകാരികൾ അധികാരത്തിൽവന്ന്‌ ഏറെ കഴിയുന്നതിനു മുമ്പ്‌ പാസ്റ്റർമാരും സഭാംഗങ്ങളും സാൻഡിനിസ്റ്റാ പ്രതിരോധ കമ്മിറ്റികളിലും കരസേന ഉൾപ്പെടെയുള്ള മറ്റു സംഘടനകളിലും പങ്കുചേരുന്നതിനെ അംഗീകരിച്ചുകൊണ്ടുള്ള ഒരു കരാർ എഎൻപിഇഎൻ ഒപ്പുവെച്ചു. എന്നാൽ ഇത്‌ എന്നെ അലട്ടി. ഞാൻ ചിന്തിച്ചു, ‘ദൈവത്തിന്റെ ഒരു ശുശ്രൂഷകന്‌ എങ്ങനെയാണ്‌ ആയുധം എടുക്കാൻ സാധിക്കുക?’

“പിന്നീട്‌ ആ സമയത്ത്‌ വാംബ്ലാനിൽ താമസിച്ചിരുന്ന ഒരു സാക്ഷിക്കുടുംബത്തിൽനിന്ന്‌ യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും—ഏത്‌ ഉറവിൽ നിന്ന്‌? എന്ന പുസ്‌തകം എനിക്കു കിട്ടി. രാത്രി വളരെ സമയം ഞാൻ അതു വായിച്ചിരുന്നു. വീക്ഷാഗോപുരം, ഉണരുക! മാസികകളും ഞാൻ ക്രമമായി വായിക്കാൻ തുടങ്ങി. ഒടുവിൽ യഥാർഥ ആത്മീയ ആഹാരം കണ്ടെത്താൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിച്ചു. ഇങ്ങനെ മനസ്സിലാക്കിയ വിവരങ്ങൾ ഞാൻ പ്രസംഗങ്ങളിൽ ഉപയോഗിച്ചു തുടങ്ങി. ഇത്‌ ആരോ സഭാ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്‌ എന്നെ കേന്ദ്ര ഓഫീസുകൾ സ്ഥിതി ചെയ്‌തിരുന്ന മനാഗ്വയിലേക്കു വിളിപ്പിച്ചു.

“പാസ്റ്റർ ആകാൻ വേണ്ട അറിവില്ലാത്തതിനാൽ ആരോ എന്നെ വഴിതെറ്റിക്കുകയാണെന്നു കരുതി മനാഗ്വയിൽ എട്ടു മാസത്തെ പഠനത്തിനായി ഒരു സ്‌കോളർഷിപ്പ്‌ തരാമെന്ന്‌ അധികാരികൾ എന്നോടു പറഞ്ഞു. എന്നാൽ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളിൽനിന്ന്‌ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ എല്ലാം ബൈബിളിൽ അധിഷ്‌ഠിതമായിരുന്നു. അതുകൊണ്ട്‌ ‘ആദിമ ക്രിസ്‌ത്യാനികൾ ചെയ്‌തതു പോലെ നമ്മൾ വീടുതോറുമുള്ള പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടാത്തത്‌ എന്തുകൊണ്ടാണ്‌? അപ്പൊസ്‌തലന്മാർ ദശാംശം ആവശ്യപ്പെട്ടില്ലെങ്കിൽ പിന്നെ നമ്മൾ എന്തിനാണ്‌ അത്‌ ആവശ്യപ്പെടുന്നത്‌?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഞാൻ സഭാ അധികാരികളോടു ചോദിച്ചു. എന്റെ ചോദ്യങ്ങൾക്ക്‌ തൃപ്‌തികരമായ ഉത്തരം ലഭിച്ചില്ല. അധികം താമസിയാതെ ആളുകൾ എന്നെ സാക്ഷി എന്നു വിളിക്കാൻ തുടങ്ങി.

“ഈ സംഭവത്തിനു ശേഷം ഞാൻ സഭയുമായുള്ള ബന്ധം വിച്ഛേദിച്ച്‌ മനാഗ്വയിലുള്ള യഹോവയുടെ സാക്ഷികളെ അന്വേഷിക്കാൻ തുടങ്ങി. എന്നാൽ ഇതെല്ലാം നടന്നത്‌ 1984-ൽ ആയിരുന്നു. ഈ സമയത്ത്‌ സാക്ഷികൾ രഹസ്യമായാണു കൂടിവന്നിരുന്നത്‌. അതുകൊണ്ട്‌ രണ്ടാഴ്‌ച മുഴുവൻ അന്വേഷിച്ചിട്ടും എനിക്ക്‌ അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഞാൻ വാംബ്ലാനിലേക്കു മടങ്ങുകയും ഒരു ചെറിയ കൃഷിയിടത്തിൽ ചോളവും ബീൻസും കൃഷി ചെയ്‌ത്‌ കുടുംബം പോറ്റുകയും ചെയ്‌തു.

“വാംബ്ലാനിലെ സാക്ഷികൾ അവിടെനിന്നു പോകുന്നതിനു മുമ്പായി വളരെയധികം സാഹിത്യങ്ങൾ വിതരണം ചെയ്‌തിരുന്നു. അതുകൊണ്ട്‌ മറ്റാരുടെയെങ്കിലും വീടു സന്ദർശിക്കുമ്പോൾ ഈ സാഹിത്യങ്ങൾ കണ്ടാൽ ‘നിങ്ങൾക്ക്‌ ഈ പുസ്‌തകം വേണോ? ഇത്‌ എനിക്കു വിലയ്‌ക്കു തരാമോ?’ എന്ന്‌ ഞാൻ അവരോടു ചോദിക്കുമായിരുന്നു. മിക്കവരും അവ എനിക്കു തരുമായിരുന്നു. അങ്ങനെ കാലക്രമത്തിൽ ഒരു ചെറിയ ദിവ്യാധിപത്യ ലൈബ്രറിതന്നെ ഉണ്ടാക്കാൻ എനിക്കു കഴിഞ്ഞു.

“ഞാൻ ഒരു സാക്ഷിയാണെന്ന്‌ ആരോടും പറഞ്ഞില്ലെങ്കിലും വാംബ്ലാനിലുള്ളവരും എന്നെ അങ്ങനെ വിളിക്കാൻ തുടങ്ങി. അതുകൊണ്ട്‌ ഏറെ കഴിയുന്നതിനു മുമ്പ്‌ സ്റ്റേറ്റ്‌ സെക്യൂരിറ്റി ഏജന്റുമാർ എന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ എന്നെ ചോദ്യം ചെയ്‌തു. പ്രതിവിപ്ലവകാരികളെ പിന്തുണയ്‌ക്കുന്നവരുടെ പേരുകളും അവരെ കുറിച്ചുള്ള മറ്റു വിവരങ്ങളും എത്തിച്ചുകൊടുക്കുകയാണെങ്കിൽ അടുത്തുള്ള ഗ്രാമങ്ങളിൽ പ്രസംഗപ്രവർത്തനം നടത്താൻ അനുവദിക്കാമെന്നുവരെ അവർ എന്നോടു പറഞ്ഞു. ‘നിങ്ങൾ പറയുന്നതു പോലെ ചെയ്‌താൽ ഞാൻ എന്റെ ദൈവത്തെ തള്ളിപ്പറയുകയായിരിക്കും, എനിക്ക്‌ അതു ചെയ്യാൻ കഴിയില്ല. യഹോവ അനന്യ ഭക്തി നിഷ്‌കർഷിക്കുന്നു’ എന്നു ഞാൻ മറുപടി പറഞ്ഞു.

“മറ്റൊരു അവസരത്തിൽ സാൻഡിനിസ്റ്റാകളെ പിന്തുണയ്‌ക്കുന്നതായി പ്രഖ്യാപിക്കുന്ന ഒരു രേഖയിൽ ഒപ്പിടാൻ ഒരു സൈനിക ഉദ്യോഗസ്ഥൻ എന്നോട്‌ ആവശ്യപ്പെട്ടു. ഞാൻ അതിനു വിസമ്മതിച്ചു. അപ്പോൾ അദ്ദേഹം എന്റെ നേരെ ഒരു കൈത്തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തി: ‘വിപ്ലവത്തെ പിന്തുണയ്‌ക്കാത്ത കീടങ്ങളെ നശിപ്പിക്കാൻ ഞങ്ങൾക്കു കഴിയുമെന്ന്‌ നിനക്ക്‌ അറിയില്ലേ?’ എന്നാൽ അദ്ദേഹം എന്നെ വെടിവെച്ചില്ല. പകരം, ചിന്തിക്കുന്നതിന്‌ എനിക്കു സമയം തന്നു. അന്നു രാത്രി ഞാൻ ഭാര്യയോട്‌ യാത്ര ചോദിച്ചു. ഞാൻ അവളോടു പറഞ്ഞു: ‘ആ കടലാസ്‌ ഒപ്പിട്ടാലും ഞാൻ മരിക്കും. എന്നാൽ അത്‌ ഒപ്പിടാതെ മരിക്കുകയാണെങ്കിൽ യഹോവ പുനരുത്ഥാന സമയത്ത്‌ എന്നെ ഓർത്തേക്കാം. മക്കളുടെ കാര്യം ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്‌, യഹോവയിൽ ആശ്രയിക്കുക. അവൻ നമ്മളെ കൈവിടില്ല.’ അടുത്ത ദിവസം സൈനിക ഉദ്യോഗസ്ഥന്റെ അടുത്തു ചെന്ന്‌ ഞാൻ പറഞ്ഞു: ‘താങ്കൾക്ക്‌ ഇഷ്ടമുള്ളതു ചെയ്‌തോളൂ, പക്ഷേ ഞാൻ ഒപ്പിടില്ല.’ അദ്ദേഹം തലകുലുക്കിക്കൊണ്ടു പറഞ്ഞു: ‘അഭിനന്ദനങ്ങൾ! നിങ്ങളുടെ ഉത്തരം ഇതായിരിക്കുമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. യഹോവയുടെ സാക്ഷികളെ എനിക്ക്‌ അറിയാം.’ അതു പറഞ്ഞ്‌ അദ്ദേഹം എന്നെ വിട്ടയച്ചു.

“അതിനുശേഷം ഞാൻ കൂടുതൽ പരസ്യമായി പ്രസംഗ പ്രവർത്തനം ആരംഭിച്ചു. പല വിദൂര ഗ്രാമങ്ങളിലേക്കും യാത്ര ചെയ്‌ത്‌ താത്‌പര്യക്കാരെ ഞാൻ യോഗങ്ങൾക്കായി ക്ഷണിച്ചു. എന്റെ ക്ഷണത്തോട്‌ ആദ്യം പ്രതികരിച്ചത്‌ പ്രായമേറിയ ഒരു ദമ്പതികൾ ആയിരുന്നു. തുടർന്ന്‌ മറ്റു കുടുംബങ്ങളും പ്രതികരിച്ചു. താമസിയാതെ ഞങ്ങൾ 30 പേർ ക്രമമായി കൂടിവരാൻ തുടങ്ങി. പഴയ വീക്ഷാഗോപുരം മാസികകളിലെ വിവരങ്ങൾ ഞാൻ പ്രസംഗമായി അവതരിപ്പിച്ചു, കാരണം ഞങ്ങൾക്ക്‌ ഒറ്റയൊരു പ്രതിയേ ഉണ്ടായിരുന്നുള്ളൂ. ചില സൈനികരുമായി പോലും ഞാൻ ബൈബിളധ്യയനങ്ങൾ നടത്തി. അവരിലൊരാൾ പിന്നീട്‌ സാക്ഷിയായിത്തീർന്നു.

“അങ്ങനെയിരിക്കെ 1985-ൽ, താത്‌കാലിക സേവനത്തിനു വന്ന ഒരു സൈനികൻ വാംബ്ലാന്‌ 110 കിലോമീറ്റർ തെക്കുള്ള ഹിനോട്ടേഗാ പട്ടണത്തിൽ യഹോവയുടെ സാക്ഷികളുടെ ഒരു സഭ ഉണ്ടെന്ന്‌ എന്നോടു പറഞ്ഞു. വാംബ്ലാനിലെ ഒരു ബൈബിൾ വിദ്യാർഥിയെയും കൂട്ടി ഞാൻ അങ്ങോട്ടു തിരിച്ചു. ഹിനോട്ടേഗായിലെ ചന്തസ്ഥലത്ത്‌ അന്വേഷിച്ച്‌ ഒടുവിൽ സാക്ഷി കുടുംബത്തിന്റെ ഭവനം ഞങ്ങൾ കണ്ടുപിടിച്ചു. വീട്ടുകാരിയാണ്‌ വാതിൽ തുറന്നത്‌. ഞങ്ങൾ യഹോവയുടെ സാക്ഷികൾ ആണെന്നു പറഞ്ഞപ്പോൾ സ്‌മാരകത്തിനു വന്നതാണോ എന്ന്‌ അവർ തിരക്കി. ‘സ്‌മാരകം എന്നുവെച്ചാൽ എന്താണ്‌,’ ഞങ്ങൾ ചോദിച്ചു. അപ്പോൾ അവർ ഭർത്താവിനെ വിളിച്ചു. ഞങ്ങളുടെ ആത്മാർഥത ബോധ്യപ്പെട്ടപ്പോൾ അദ്ദേഹം ഞങ്ങളെ വീട്ടിനകത്തേക്കു ക്ഷണിച്ചു. സങ്കടകരമെന്നു പറയട്ടെ, തലേന്നു വൈകുന്നേരമായിരുന്നു സ്‌മാരകാഘോഷം. എന്തായിരുന്നാലും ഞങ്ങൾ അവരുടെ വീട്ടിൽ മൂന്നു ദിവസം തങ്ങുകയും ആദ്യമായി ഒരു സഭാ പുസ്‌തകാധ്യയനത്തിനു ഹാജരാകുകയും ചെയ്‌തു.

“വാംബ്ലാനിലേക്കു മടങ്ങിയ ശേഷം ഞാൻ സ്വന്തമായി യോഗങ്ങൾ നടത്തുന്നതും പ്രസംഗ പ്രവർത്തനത്തിനു പോകുന്നതുമെല്ലാം തുടർന്നു. അങ്ങനെയിരിക്കെയാണ്‌ തുടക്കത്തിൽ പരാമർശിച്ചതു പോലെ രണ്ടു സഹോദരന്മാർ എന്നെ തേടിയെത്തിയത്‌, 1986-ലെ സ്‌മാരകത്തിന്‌ ഒരു ദിവസം മുമ്പായിരുന്നു ആ സംഭവം. ഞങ്ങളുടെ കൊച്ചു ബൈബിൾ വിദ്യാർഥി സംഘം പെട്ടെന്നുതന്നെ അടുത്തുള്ള ഗ്രാമങ്ങളിലെ താത്‌പര്യക്കാരെയൊക്കെ ഈ വിവരം അറിയിച്ചു. ആദ്യത്തെ ആ സ്‌മാരകത്തിന്‌ 85 പേർ ഹാജരായി.

“ആ വർഷം ഒക്ടോബറിൽ, നേരത്തേ പരാമർശിച്ച എന്റെ ആദ്യത്തെ ബൈബിൾ വിദ്യാർഥികളോടൊപ്പം ഞാൻ സ്‌നാപനമേറ്റു. പ്രായമായ ആ ദമ്പതികൾക്ക്‌ അപ്പോൾ 80-ലേറെ വയസ്സുണ്ടായിരുന്നു. ഇന്ന്‌ വാംബ്ലാൻ സഭയിൽ 74 പ്രസാധകരും 3 സാധാരണ പയനിയർമാരും ഉണ്ട്‌. മൂപ്പന്മാരിൽ ഒരാളായി സേവിക്കാനുള്ള പദവി എനിക്കു ലഭിച്ചിരിക്കുന്നു. 2001-ൽ വാംബ്ലാൻ കൂടാതെ മറ്റു മൂന്നു ഗ്രാമങ്ങളിലും ഞങ്ങൾ സ്‌മാരകം ആഘോഷിച്ചു. മൊത്തം ഹാജർ 452 ആയിരുന്നു.”

[80, 81 പേജുകളിലെ ചാർട്ട്‌/ചിത്രങ്ങൾ]

നിക്കരാഗ്വ—സുപ്രധാന സംഭവങ്ങൾ

1925

1934: സന്ദർശകയായി എത്തിയ ഒരു പയനിയർ സഹോ ദരി രാജ്യത്ത്‌ സാഹിത്യങ്ങൾ സമർപ്പിക്കുന്നു.

1937: സോമോസാ ഭരണം ആരംഭിക്കുന്നു.

1945: ആദ്യ ഗിലെയാദ്‌ ബിരുദധാരികൾ എത്തുന്നു.

1946: എൻ. എച്ച്‌. നോറും എഫ്‌. ഡബ്ലിയു. ഫ്രാൻസും മനാഗ്വ സന്ദർശിക്കുന്നു. ബ്രാഞ്ച്‌ സ്ഥാപിക്കപ്പെടുന്നു.

1950

1952: കത്തോലിക്ക വൈദികരാൽ പ്രേരിതമായി നിരോധനം ഏർപ്പെടുത്തപ്പെടുന്നു.

1953: സുപ്രീം കോടതി നിരോധനം നീക്കുന്നു.

1972: ഭൂകമ്പം മനാഗ്വയിൽ നാശം വിതെക്കുന്നു.

1974: പുതിയ ബ്രാഞ്ച്‌ ഓഫീസിന്റെയും മിഷനറി ഭവനത്തിന്റെയും പണി പൂർത്തിയാക്കപ്പെടുന്നു.

1975

1979: സാൻഡിനിസ്റ്റാകൾ സോമോസാ ഭരണകൂടത്തെ അട്ടിമറിക്കുന്നു. വിപ്ലവത്തിൽ 50,000-ത്തോളം പേർ മരിക്കുന്നു.

1981: യഹോവയുടെ സാക്ഷികൾക്കുള്ള നിയമാംഗീകാരം പിൻവലിക്കുന്നു.

1990: യഹോവയുടെ സാക്ഷികൾക്കു വീണ്ടും നിയമാംഗീകാരം ലഭിക്കുന്നു.

1994: നൂറ്‌ താത്‌കാലിക പ്രത്യേക പയനിയർമാരെ നിയമിക്കുന്നു. സമാനമായ പ്രചാരണ പരിപാടികൾ തുടരുന്നു.

1998: മിച്ച്‌ ചുഴലിക്കൊടുങ്കാറ്റ്‌ മധ്യ അമേരിക്കയിൽ നാശം വിതറുന്നു, നിക്കരാഗ്വയിൽ 4,000 പേർക്ക്‌ ജീവഹാനി സംഭവിക്കുന്നു.

2000

2002: നിക്കരാഗ്വയിൽ 16,676 സജീവ പ്രസാധകർ ഉണ്ട്‌.

[ഗ്രാഫ്‌]

(പ്രസിദ്ധീകരണം കാണുക)

Total Publishers

Total Pioneers

20,000

15,000

10,000

5,000

1950 1975 2000

[73-ാം പേജിലെ മാപ്പുകൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഹോണ്ടുറാസ്‌

നിക്കരാഗ്വ

മാടാഗാൽപാ

ലേയോൺ

മനാഗ്വ

മാസായാ

ഹിനോറ്റേപ്പേ

ഗ്രനാഡാ

നിക്കരാഗ്വ തടാകം

ഓമേറ്റേപ്പേ ദ്വീപ്‌

റീവാസ്‌ കരയിടുക്ക്‌

സാൻ ഹ്വാൻ നദി

ബ്ലൂഫീൽഡ്‌സ്‌

കോസ്റ്ററിക്ക

[66-ാം പേജിലെ ചിത്രം]

[70-ാം പേജിലെ ചിത്രം]

മുകളിൽ: ഫ്രാൻസിസ്‌ വാലസും (ഇടത്ത്‌) സഹോദരൻ വില്യമും അവരുടെ സഹോദരി ജെയ്‌നും

[70-ാം പേജിലെ ചിത്രം]

താഴെ (പിൻനിര, മുകളിൽനിന്ന്‌ താഴേക്ക്‌): വിൽബർട്ട്‌ ഗൈസൽമൻ, ഹാരൊൾഡ്‌ ഡങ്കൻ, ഫ്രാൻസിസ്‌ വാലസ്‌;

(മുൻനിര, മുകളിൽനിന്ന്‌ താഴേക്ക്‌): ബ്ലാഞ്ച്‌ കേസി, യൂജിൻ കോൾ, ആൻ ഗൈസൽമൻ, ജെയ്‌ൻ വാലസ്‌, ഈവ്‌ലിൻ ഡങ്കൻ

[71-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ: ആഡേലീനായും ആർനോൾഡോ കാസ്‌ട്രോയും

വലത്ത്‌: ഡോറായും എബാറിസ്റ്റോ സാഞ്ചേസും

[76-ാം പേജിലെ ചിത്രം]

ഡോറിസ്‌ നീഹോഫ്‌

[76-ാം പേജിലെ ചിത്രം]

സിഡ്‌നി പോർട്ടറും ഫിലിസും

[79-ാം പേജിലെ ചിത്രം]

അഗസ്റ്റിൻ സേക്കേറാ ആയിരുന്നു മാടാഗാൽപായിലെ ആദ്യ പ്രസാധകൻ

[82-ാം പേജിലെ ചിത്രം]

മരിയാ എൽസ

[82-ാം പേജിലെ ചിത്രം]

ഹിൽബർട്ടോ സോളിസും ഭാര്യ മരിയ സേസിലിയായും

[87-ാം പേജിലെ ചിത്രങ്ങൾ]

1972-ലെ ഭൂകമ്പം മനാഗ്വയിൽ വിനാശം വിതച്ചു

[90-ാം പേജിലെ ചിത്രം]

ആൻഡ്രൂ റീഡും മിരിയമും

[90-ാം പേജിലെ ചിത്രം]

കെവിൻ ബ്ലോക്കും റൂബിയും

[92-ാം പേജിലെ ചിത്രം]

“രാജ്യവിശ്വസ്‌തതാ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ നടത്തിയത്‌ ഒരു ഫാമിൽ ആയിരുന്നു

[95-ാം പേജിലെ ചിത്രങ്ങൾ]

1982-ൽ നിക്കരാഗ്വയിൽനിന്നു നാടുകടത്തപ്പെട്ട മിഷനറിമാർ

[109-ാം പേജിലെ ചിത്രം]

നിരോധനകാലത്ത്‌ സാഹിത്യങ്ങൾ അച്ചടിക്കുന്നതിൽ പങ്കെടുത്തിരുന്ന സഹോദരന്മാർ പൂവൻകോഴി, പിടക്കോഴി, കോഴിക്കുഞ്ഞ്‌ എന്നീ മിമിയോഗ്രാഫ്‌ യന്ത്രങ്ങളുമായി

[110-ാം പേജിലെ ചിത്രം]

എൽഡാ സാഞ്ചേസ്‌ നിർഭയം സ്റ്റെൻസിലുകൾ ഒരുക്കി

[115-ാം പേജിലെ ചിത്രം]

സഹോദരന്മാർ അച്ചടിപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ ഈ സഹോദരിമാർ ഭക്ഷണം തയ്യാറാക്കുകയും കാവൽനിൽക്കുകയും ചെയ്‌തു

[126-ാം പേജിലെ ചിത്രം]

മുൻ നിരയിൽ: ജയിലിൽവെച്ച്‌ സത്യം പഠിച്ച ചില സഹോദരങ്ങൾ, ഇടത്തുനിന്ന്‌ വലത്തോട്ട്‌: ജെ. ലോപെസ്‌, എ. മെൻഡോസാ, ഒ. എസ്‌പിനോസാ; പിൻ നിരയിൽ: കാർലോസ്‌ ആയാലായും ഹൂല്യോ നൂന്യെസും, സഹോദരങ്ങൾക്ക്‌ ആത്മീയ സഹായം നൽകാൻ ജയിൽ സന്ദർശിച്ചിരുന്ന മൂപ്പന്മാർ

[133-ാം പേജിലെ ചിത്രം]

യഹോവയുടെ സാക്ഷികളുടെമേലുള്ള നിയന്ത്രണങ്ങൾ നീക്കപ്പെട്ടപ്പോൾ ഈ ഭവനം ബ്രാഞ്ച്‌ ഓഫീസായി വർത്തിച്ചു

[134-ാം പേജിലെ ചിത്രങ്ങൾ]

മിച്ച്‌ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന്‌ ചില സന്നദ്ധ സേവകർ സൈക്കിളിൽ പോയി ഭക്ഷണവും മറ്റ്‌ അവശ്യവസ്‌തുക്കളും വിതരണം ചെയ്‌തു. മറ്റുള്ളവർ രാജ്യഹാളുകളുടെയും ഭവനങ്ങളുടെയും പുനഃനിർമാണത്തിൽ സഹായിച്ചു

[139-ാം പേജിലെ ചിത്രം]

ബാനാക്രൂസ്‌, വെല്ലുവിളികൾക്കു മധ്യേയും സുവാർത്താ പ്രസംഗം നടക്കുന്ന ആർഎഎഎൻ-ലെ ഒരു പ്രദേശം

[147-ാം പേജിലെ ചിത്രം]

1978-നു ശേഷം നടത്തപ്പെട്ട ആദ്യത്തെ ദേശീയ കൺവെൻഷനായ 1999-ലെ “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷന്‌ 28,356 പേർ ഹാജരായി

[147-ാം പേജിലെ ചിത്രം]

784 പേർ സ്‌നാപനമേറ്റു​—⁠നിക്കരാഗ്വയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌നാപനം ആയിരുന്നു അത്‌

[148-ാം പേജിലെ ചിത്രം]

ബ്രാഞ്ച്‌ കമ്മിറ്റി, 2002-ന്റെ ആരംഭത്തിൽ, ഇടത്തുനിന്ന്‌ വലത്തോട്ട്‌: ഇയാൻ ഹണ്ടർ, അഗസ്റ്റിൻ സേക്കേറാ, ലുയിസ്‌ അന്റോണ്യോ ഗൊൺസാലെസ്‌, ലോഥാർ മീഹാങ്ക്‌