വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫിലിപ്പീൻസ്‌

ഫിലിപ്പീൻസ്‌

ഫിലിപ്പീൻസ്‌

കേരവൃക്ഷങ്ങൾ, തഴച്ചു വളരുന്ന ഉഷ്‌ണമേഖലാ വൃക്ഷലതാദികൾ, തൂവെള്ള മണൽവിരിച്ച കടലോരങ്ങൾ, മനോഹരമായ കടലുകൾ ഇവയൊക്കെ ചേർന്നതാണ്‌ ഫിലിപ്പീൻസിന്റെ ഏറിയപങ്കും. ഏതാണ്ട്‌ 7,100 ദ്വീപുകൾ ചേർന്നുള്ള ഈ ദ്വീപസമൂഹത്തെ ‘പൂർവ സമുദ്രങ്ങളിലെ മുത്ത്‌’ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. നൃത്തവും പാട്ടും ഇഷ്ടപ്പെടുന്ന, സന്തുഷ്ടരും തീവ്രവികാരങ്ങൾ ഉള്ളവരുമായ അവിടത്തെ ജനങ്ങൾ അതിന്റെ ആകർഷണീയതയ്‌ക്കു മാറ്റുകൂട്ടുന്നു. നിങ്ങൾ ഈ ദ്വീപുകൾ സന്ദർശിക്കുകയാണെങ്കിൽ, സൗഹൃദവും സൗന്ദര്യവുമുള്ള അവിടത്തെ ജനങ്ങൾ പ്രകടമാക്കുന്ന അസാധാരണമായ ആതിഥ്യം ഒരിക്കലും മറക്കാനിടയില്ല.

എന്നിരുന്നാലും, അനേകരെയും സംബന്ധിച്ചിടത്തോളം ഫിലിപ്പീൻസ്‌ തികച്ചും വ്യത്യസ്‌തമായ മറ്റൊരു ചിത്രമാണു മനസ്സിലേക്കു കൊണ്ടുവരുന്നത്‌. അതേ, വിപത്തുകളുടെ ചിത്രം. മൗണ്ട്‌ പിനറ്റ്യൂബൊ പൊട്ടിത്തെറിച്ചപ്പോൾ ഉണ്ടായ ലാഹാർ പ്രവാഹത്തിൽ ചില പട്ടണങ്ങൾതന്നെ തുടച്ചു നീക്കപ്പെട്ടതു നിങ്ങൾ ഓർക്കുന്നുണ്ടാകും. അല്ലെങ്കിൽ സമാധാന കാലഘട്ടത്തിൽ ഉണ്ടായ ലോകത്തിലെ ഏറ്റവും വലിയ കടൽ ദുരന്തം—⁠ഡോണ്യാ പാസ്‌ എന്ന യാത്രക്കപ്പൽ ഒരു എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച്‌ ആയിരക്കണക്കിന്‌ ആളുകൾ മരിക്കാൻ ഇടയായത്‌​—⁠നിങ്ങൾ ഓർമിക്കുന്നുണ്ടാവും. വാസ്‌തവത്തിൽ, വിപത്തുകളുടെ വ്യാപനം സംബന്ധിച്ചു ഗവേഷണം നടത്തുന്ന ബെൽജിയത്തിലെ സംഘടന ലോകത്തിൽ ഏറ്റവും അധികം വിപത്തുകൾ സംഭവിക്കാനിടയുള്ള രാജ്യമായി ഫിലിപ്പീൻസിനെ പട്ടികപ്പെടുത്തി. ചുഴലിക്കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളും ഭൂകമ്പങ്ങളും അഗ്നിപർവത സ്‌ഫോടനങ്ങളും ഇവിടെ സാധാരണമാണ്‌. ഇവിടത്തെ നിവാസികളിൽ അനേകരുടെയും താരതമ്യേന മോശമായ സാമ്പത്തിക സ്ഥിതിയും കൂടി ആകുമ്പോൾ ബുദ്ധിമുട്ടുകൾ ഏറെയുള്ള സുന്ദരമായ ഒരു നാടിന്റെ ചിത്രമാണ്‌ നിങ്ങളുടെ മനസ്സിൽ തെളിയുന്നത്‌.

ഫിലിപ്പീൻസിൽ ഉടനീളമുള്ള യഹോവയുടെ സാക്ഷികൾ അവിടത്തെ 7,80,00,000 വരുന്ന ജനങ്ങൾക്കിടയിൽ ബൈബിൾ സത്യം പ്രസംഗിക്കുന്നതിൽ തിരക്കോടെ ഏർപ്പെടുന്നു. ഈ വേല ഒട്ടുംതന്നെ എളുപ്പമല്ല. പ്രകൃതി വിപത്തുകളുടെ ഭീഷണിക്കു പുറമേ, അനേകം കൊച്ചു കൊച്ചു ദ്വീപുകളിലും വനാന്തരങ്ങളിലും പർവതങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ആയി പാർക്കുന്ന ആളുകളുടെ അടുക്കൽ എത്തിച്ചേരുന്നതിന്റെ വെല്ലുവിളികളുമുണ്ട്‌. എന്നിട്ടും ഈ വേല നിർവഹിക്കപ്പെടുന്നു. വ്യത്യസ്‌ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ യഹോവയുടെ ജനം അസാധാരണ കഴിവു പ്രകടമാക്കിയിരിക്കുന്നു. തത്‌ഫലമായി ശിഷ്യരാക്കൽ വേലയിൽ അവർ യഹോവയുടെ അനുഗ്രഹം ആസ്വദിച്ചിരിക്കുന്നു.

ചില വിധങ്ങളിൽ ഫിലിപ്പീൻസിലെ സാക്ഷികൾ യെരൂശലേമിൽ സത്യാരാധന പുനഃസ്ഥാപിക്കാൻ ആഗ്രഹിച്ച പുരാതന ഇസ്രായേല്യരെ പോലെയാണ്‌. നെഹെമ്യാവിന്റെ വാക്കുകൾ അവർക്കു പ്രോത്സാഹനമേകി: “യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ.” (നെഹെ. 8:10) വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും യഹോവയുടെ ആരാധന ഉന്നമിപ്പിക്കുന്ന വേലയിൽ ഇസ്രായേല്യർ സന്തോഷപൂർവം മുന്നേറി. നെഹെമ്യാവിന്റെ നാളിലെ ഇസ്രായേല്യരെപ്പോലെ ഫിലിപ്പീൻസിലെങ്ങുമുള്ള യഹോവയുടെ സാക്ഷികൾക്ക്‌ ദൈവവചനത്തിൽ നിന്നുള്ള പ്രബോധനം ലഭിച്ചുകൊണ്ടിരിക്കുകയാണ്‌. അവരും യഹോവയിങ്കലെ സന്തോഷം തങ്ങളുടെ ശക്തിദുർഗം ആക്കുന്നു.

സത്യത്തിന്റെ വെളിച്ചം ആദ്യമായി പ്രകാശിക്കുന്നു

ജനങ്ങളിൽ ഭൂരിഭാഗവും റോമൻ കത്തോലിക്കരായ, ഏഷ്യയിലെ ഏക രാജ്യമാണു ഫിലിപ്പീൻസ്‌. ഫിലിപ്പീൻസുകാർക്ക്‌ ആദ്യം അവരുടേതായ മതങ്ങൾ ഉണ്ടായിരുന്നു, എന്നാൽ 300-ലധികം വർഷത്തെ സ്‌പെയിനിന്റെ ഭരണത്തോടെ ജനങ്ങൾ കത്തോലിക്കാമതം സ്വീകരിക്കാൻ നിർബന്ധിതരായി. അര നൂറ്റാണ്ടുകാലത്തെ അമേരിക്കൻ ഐക്യനാടുകളുടെ ഭരണം ജനങ്ങൾ മറ്റു മതങ്ങളുമായി സമ്പർക്കത്തിൽ വരാൻ ഇടയാക്കിയെങ്കിലും ഇപ്പോഴും പ്രബലമായിരിക്കുന്നത്‌ കത്തോലിക്കാ വിശ്വാസംതന്നെയാണ്‌. ഏതാണ്ട്‌ 80 ശതമാനം ആളുകൾ കത്തോലിക്കരാണെന്ന്‌ അവകാശപ്പെടുന്നു.

ഒരു പ്രമുഖ ബൈബിൾ വിദ്യാർഥി​—⁠യഹോവയുടെ സാക്ഷികൾ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌​—⁠ആയിരുന്ന ചാൾസ്‌ റ്റി. റസ്സൽ 1912-ൽ, ലോകം ചുറ്റിയുള്ള ഒരു പ്രസംഗ പര്യടനത്തിനിടയിൽ മനിലയിൽ എത്തിച്ചേർന്നു. ജനുവരി 14-ാം തീയതി മനിലയിലെ ഗ്രാൻഡ്‌ ഓപ്പറ ഹൗസിൽ വെച്ച്‌ “മരിച്ചവർ എവിടെയാണ്‌?” എന്ന വിഷയത്തെ കുറിച്ച്‌ അദ്ദേഹം ഒരു പ്രസംഗം നടത്തി. സദസ്യർക്ക്‌ ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്‌തു.

ബൈബിൾ വിദ്യാർഥികളുടെ അടുത്ത പ്രതിനിധിയായി 1920-കളുടെ പ്രാരംഭത്തിൽ കാനഡയിൽ നിന്നുള്ള വില്യം റ്റിനി സഹോദരൻ എത്തിയപ്പോൾ ബൈബിൾ സത്യത്തിന്റെ കൂടുതലായ വിത്തുകൾ വിതയ്‌ക്കപ്പെട്ടു. അദ്ദേഹം ഒരു ബൈബിൾ പഠന ക്ലാസ്‌ സംഘടിപ്പിച്ചു. അനാരോഗ്യം നിമിത്തം അദ്ദേഹത്തിന്‌ കാനഡയിലേക്കു മടങ്ങിപ്പോകേണ്ടി വന്നെങ്കിലും സത്യതത്‌പരരായ ഫിലിപ്പീൻസുകാർ ബൈബിൾ പഠന ക്ലാസ്‌ തുടർന്നുകൊണ്ടുപോയി. തപാൽമാർഗം അയച്ചുകൊടുത്ത സാഹിത്യങ്ങൾ ആളുകളുടെ ഹൃദയങ്ങളിൽ സത്യം സജീവമാക്കി നിറുത്താൻ സഹായിച്ചു. 1930-കളുടെ ആരംഭം വരെ ആ സ്ഥിതി തുടർന്നു. 1933 ആയപ്പോഴേക്കും ഫിലിപ്പീൻസിൽ സത്യത്തിന്റെ ദൂത്‌ കെഇസെഡ്‌ആർഎം എന്ന റേഡിയോ സ്റ്റേഷനിൽനിന്നു പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.

അതേ വർഷം ജോസഫ്‌ ഡോസ്‌ സാന്റോസ്‌ ഒരു ആഗോള പ്രസംഗ പര്യടനത്തിനായി ഹവായിയിൽനിന്നു പുറപ്പെട്ടു. അദ്ദേഹം ആദ്യം എത്തിച്ചേർന്നത്‌ ഫിലിപ്പീൻസിലായിരുന്നു. എന്നാൽ അവിടെനിന്ന്‌ അദ്ദേഹം ഒരിക്കലും യാത്ര തുടർന്നില്ല. ഫിലിപ്പീൻസിൽ രാജ്യപ്രസംഗവേലയ്‌ക്ക്‌ നേതൃത്വമെടുക്കാനും അവിടെ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിക്കാനുമുള്ള നിയമനം അദ്ദേഹത്തിനു ലഭിച്ചു. ഓഫീസ്‌ 1934 ജൂൺ 1-ന്‌ പ്രവർത്തനം ആരംഭിച്ചു. ഡോസ്‌ സാന്റോസ്‌ സഹോദരനും യഹോവയെ സേവിക്കാൻ ആഗ്രഹിച്ച ഏതാനും നാട്ടുകാരും ചേർന്ന്‌ പ്രസംഗവേലയിലും സാഹിത്യ വിതരണത്തിലും തിരക്കോടെ ഏർപ്പെട്ടു. എതിർപ്പ്‌ ഉണ്ടായിരുന്നെങ്കിലും 1938 ആയപ്പോഴേക്കും ഫിലിപ്പീൻസിൽ 121 പ്രസാധകർ ഉണ്ടായിരുന്നു. അവരിൽ 47 പേർ പയനിയർമാർ ആയിരുന്നു.

അമേരിക്കക്കാർ നാട്ടുകാരിൽ പലരെയും ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും സ്വന്തം ഭാഷയിലാണ്‌ ആളുകൾ ബൈബിൾ ഏറ്റവും നന്നായി പഠിക്കുക എന്ന്‌ സഹോദരന്മാർ തിരിച്ചറിഞ്ഞു. ഫിലിപ്പീൻസിലൊട്ടാകെ ഏതാണ്ട്‌ 90 ഭാഷകളും ഭാഷാഭേദങ്ങളും സംസാരിച്ചിരുന്നതിനാൽ ആളുകളെ അവരുടെ സ്വന്തം ഭാഷയിൽ ബൈബിൾ പഠിപ്പിക്കുക എന്നത്‌ ശരിക്കും ഒരു വെല്ലുവിളിയായിരുന്നു. എന്നിരുന്നാലും, ചില പ്രമുഖ ഭാഷകളിലേക്കു സാഹിത്യങ്ങൾ വിവർത്തനം ചെയ്യാനുള്ള ശ്രമം നടന്നു. 1939-ൽ ബ്രാഞ്ച്‌ ഓഫീസ്‌ ഇപ്രകാരം റിപ്പോർട്ടു ചെയ്‌തു: “ഞങ്ങൾ ഇപ്പോൾ [ബൈബിൾ പ്രസംഗങ്ങളുടെ] റെക്കോർഡുകൾ ടഗാലോഗ്‌ ഭാഷയിൽ നിർമിക്കുകയാണ്‌, കർത്താവിന്റെ കൂടുതലായ മഹത്ത്വത്തിനായി സൗണ്ട്‌ മെഷീനുകളും ഗ്രാമഫോണും ഇവയോടൊപ്പം ഉപയോഗിക്കാമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ധനം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ടഗാലോഗിലേക്കു വിവർത്തനം ചെയ്‌തുകൊണ്ടിരിക്കുന്നതായും അവർ റിപ്പോർട്ടു ചെയ്‌തു. രണ്ടു വർഷത്തിനുശേഷം ഫിലിപ്പീൻസിലെ മറ്റു നാലു പ്രമുഖ ഭാഷകളിലേക്കുള്ള ചെറുപുസ്‌തകങ്ങളുടെ വിവർത്തനം പൂർത്തിയായി. അങ്ങനെ, രാജ്യത്തെ മിക്കയാളുകൾക്കും രാജ്യ സന്ദേശം മനസ്സിലാക്കാനുള്ള വഴി തുറക്കപ്പെട്ടു.

അക്കാലത്ത്‌ സത്യത്തിന്റെ ദൂതിനു ചെവികൊടുത്ത ഒരാൾ സ്‌കൂൾ അധ്യാപകനായ ഫ്‌ളോറന്റീനോ കിന്റോസ്‌ ആയിരുന്നു. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെപ്പറ്റി അദ്ദേഹം ആദ്യം അറിഞ്ഞത്‌ റസ്സൽ സഹോദരൻ 1912-ൽ മനിലയിൽ നടത്തിയ പ്രസംഗം നേരിട്ട്‌ കേട്ട ഒരാളുമായി സംസാരിച്ചപ്പോഴായിരുന്നു. 1936-ൽ ഫ്‌ളോറന്റീനോ യഹോവയുടെ സാക്ഷികളിൽ ഒരാളിൽനിന്ന്‌ ഉജ്ജ്വല വർണങ്ങളിലുള്ള 16 ബൈബിൾ പഠനസഹായികൾ സമ്പാദിച്ചു. എന്നാൽ ഒരു അധ്യാപകനെന്ന നിലയിൽ തിരക്കിലായിരുന്നതിനാൽ മഴവിൽ വർണങ്ങളിലുള്ള ഈ പുസ്‌തകങ്ങൾ പ്രദർശനത്തിനു വെച്ചതല്ലാതെ അദ്ദേഹം വായിച്ചില്ല. അങ്ങനെയിരിക്കെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു, ജപ്പാൻ പട്ടാളം ഫിലിപ്പീൻസ്‌ ആക്രമിച്ചു, ജനജീവിതം ഏതാണ്ട്‌ സ്‌തംഭിച്ചതുപോലെയായി. ഫ്‌ളോറന്റീനോക്ക്‌ ഇപ്പോൾ വായിക്കാൻ ധാരാളം സമയം ഉണ്ടായിരുന്നു. ചുരുങ്ങിയ സമയംകൊണ്ട്‌ ധനം, ശത്രുക്കൾ (ഇംഗ്ലീഷ്‌), രക്ഷ (ഇംഗ്ലീഷ്‌) എന്നീ പുസ്‌തകങ്ങൾ അദ്ദേഹം വായിച്ചുതീർത്തു. ജാപ്പനീസ്‌ ആക്രമണത്തെ തുടർന്ന്‌ വീടുവിട്ട്‌ പോകേണ്ടി വന്നതിനാൽ അദ്ദേഹത്തിന്റെ വായനയ്‌ക്കു തടസ്സം നേരിട്ടെങ്കിലും അതിനോടകംതന്നെ അദ്ദേഹത്തിന്റെ ഹൃദയത്തിൽ സത്യത്തിന്റെ വിത്തുകൾ വിതയ്‌ക്കപ്പെട്ടിരുന്നു.

ലോകമഹായുദ്ധത്തിനിടയിലും ശീഘ്രവളർച്ച

രണ്ടാം ലോകമഹായുദ്ധം ഈ ദ്വീപസമൂഹത്തിൽ ഉടനീളം യഹോവയുടെ ദാസന്മാർ പുതിയ വെല്ലുവിളികൾ നേരിടാനിടയാക്കി. യുദ്ധാരംഭത്തിൽ ഫിലിപ്പീൻസിൽ 373 പ്രസാധകരാണ്‌ ഉണ്ടായിരുന്നത്‌. എണ്ണത്തിൽ ചുരുക്കമായിരുന്നെങ്കിലും സത്യാരാധന ഉന്നമിപ്പിക്കുന്ന കാര്യത്തിൽ അവർ അസാധാരണ ഉത്സാഹവും വഴക്കവും പ്രകടമാക്കി.

മനിലയിൽ നിന്നുള്ള ചില സഹോദരങ്ങൾ നഗരത്തിനു വെളിയിലുള്ള കൊച്ചു പട്ടണങ്ങളിലേക്കു നീങ്ങി അവിടെ പ്രസംഗവേല തുടർന്നു. യുദ്ധം നിമിത്തം വിദേശത്തുനിന്ന്‌ ബൈബിൾ സാഹിത്യം ലഭിക്കുക എന്നത്‌ അസാധ്യമായെങ്കിലും യുദ്ധത്തിനുമുമ്പ്‌ സ്വകാര്യ ഭവനങ്ങളിൽ സൂക്ഷിച്ചിരുന്ന സാഹിത്യം സഹോദരങ്ങൾ വിതരണം ചെയ്‌തു. അതു തീർന്നപ്പോൾ തങ്ങളുടെ കൈവശമുള്ള സാഹിത്യം ആളുകൾക്കു വായ്‌പ കൊടുത്തു.

സുവാർത്തയുടെ ഒരു മുഴുസമയ പ്രസംഗകനായിത്തീരാനായി തന്റെ ജോലി ഉപേക്ഷിച്ച ഒരു സ്‌കൂൾ അധ്യാപകനായിരുന്നു സാൽവാഡോർ ലിവാഗ്‌. യുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം മിൻഡനാവോയിൽ ആയിരുന്നു. അദ്ദേഹവും മറ്റു ചില സഹോദരന്മാരും താമസസ്ഥലം ഉപേക്ഷിച്ച്‌ വനാന്തരങ്ങളിലേക്കും പർവതങ്ങളിലേക്കും പോയി. അവിടെ അവർ തങ്ങളുടെ ദിവ്യാധിപത്യ പ്രവർത്തനങ്ങൾ തുടർന്നു. ജപ്പാൻകാർ പിടികൂടി നിർബന്ധപൂർവം കാവൽസൈന്യത്തിൽ ചേർക്കാതിരിക്കാൻ തങ്ങളുടെ പ്രവർത്തനങ്ങളിൽ അവർക്ക്‌ അതീവ ജാഗ്രത പുലർത്തേണ്ടിയിരുന്നു. അതേസമയം, ജപ്പാനെതിരെ പ്രവർത്തിച്ചിരുന്ന ഗറില്ലകൾ ഈ സഹോദരന്മാരെ ജപ്പാൻകാരായ ചാരന്മാരാണെന്നു മിക്കപ്പോഴും സംശയിച്ചിരുന്നു.

അത്ഭുതകരമെന്നു പറയട്ടെ, ജപ്പാൻ അധിനിവേശ കാലത്ത്‌ ചെറിയ സമ്മേളനങ്ങൾ നടത്താൻ സഹോദരങ്ങൾക്കു കഴിഞ്ഞു. മനിലയിൽ നടന്ന ഒരു സർക്കിട്ട്‌ സമ്മേളനത്തിൽ അനേകം സഹോദരങ്ങൾ സംബന്ധിച്ചു. മറ്റൊരു സമ്മേളനം ലിങ്‌ഗായനിലായിരുന്നു. അപരിചിതരായ അനേകർ ട്രക്കുകളിൽ എത്തിച്ചേർന്നത്‌ തദ്ദേശവാസികളെ അമ്പരപ്പിച്ചു. എന്നാൽ, ആരും തടസ്സമുണ്ടാക്കിയില്ല, സമ്മേളനം ഒരു വിജയമായിരുന്നു.

യഹോവ ഈ പ്രവർത്തനങ്ങളെയെല്ലാം അനുഗ്രഹിച്ചു. സാക്ഷികളുടെ എണ്ണം പലമടങ്ങു വർധിച്ചു. യുദ്ധാരംഭത്തിൽ 373 ആയിരുന്ന, യഹോവയുടെ സ്‌തുതിപാഠകരുടെ എണ്ണം വെറും നാലു വർഷത്തിനുശേഷം 2,000-ത്തിലധികം ആയിത്തീർന്നു.

ഫിലിപ്പീൻസിൽ രാജ്യ പ്രസംഗവേല സംഘടിപ്പിക്കുന്നതിൽ നേതൃത്വമെടുക്കാൻ ഡോസ്‌ സാന്റോസ്‌ സഹോദരൻ നിയമിക്കപ്പെട്ടിരുന്നു എന്നു പറഞ്ഞല്ലോ. 1942 ജനുവരിയിൽ അദ്ദേഹത്തെ മനിലയിലെ ഒരു ജാപ്പനീസ്‌ പാളയത്തിൽ തടവിലാക്കി. എന്നിരുന്നാലും, അദ്ദേഹവും തീക്ഷ്‌ണതയുടെ ആത്മാവ്‌ നിലനിറുത്തി. “പാളയത്തിലായിരിക്കെ എനിക്കു കഴിയുന്നത്ര ആളുകളോട്‌ ഞാൻ സുവാർത്ത അറിയിച്ചു,” അദ്ദേഹം പറഞ്ഞു. പാളയത്തിലെ ജീവിതം അതികഠിനമായിരുന്നു, പലരും പട്ടിണികൊണ്ടു മരിച്ചു. ജയിലിൽ അടയ്‌ക്കപ്പെട്ടപ്പോൾ ഡോസ്‌ സാന്റോസ്‌ സഹോദരന്റെ തൂക്കം 61 കിലോഗ്രാമായിരുന്നു. മോചിപ്പിക്കപ്പെട്ടപ്പോഴോ വെറും 36 കിലോഗ്രാം.

അമേരിക്കക്കാർ 1945-ൽ തടവുകാരെ മോചിപ്പിക്കുകയും ഡോസ്‌ സാന്റോസ്‌ സഹോദരനെ ഹവായിയിലേക്കു തിരികെ അയയ്‌ക്കാൻ തയ്യാറാകുകയും ചെയ്‌തു. എന്നാൽ അദ്ദേഹം പോകാൻ വിസമ്മതിച്ചു. എന്തുകൊണ്ട്‌? അദ്ദേഹത്തിന്റെ സന്തോഷം രാജ്യപ്രവർത്തനത്തിലായിരുന്നു. ഫിലിപ്പീൻസിൽ വേല പുരോഗമിക്കുന്നതിന്‌ തന്നാലാവതെല്ലാം ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചു. മാത്രമല്ല, അദ്ദേഹത്തിനു പകരം ആരും എത്തിച്ചേർന്നിരുന്നില്ല. “പകരം ഒരാൾ വരുന്നതു വരെ അവിടെത്തന്നെ തുടരാൻ ആയിരുന്നു എന്റെ തീരുമാനം!” എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. ജോസഫ്‌ ഡോസ്‌ സാന്റോസ്‌ സഹോദരനെ കുറിച്ച്‌ ഹിലാരിയോൺ ആമോറെസ്‌ പറഞ്ഞു: “അദ്ദേഹം കഠിനാധ്വാനിയും സഹോദരങ്ങളുടെ ആത്മീയ ആവശ്യങ്ങളിൽ തത്‌പരനുമായിരുന്നു.”

മിഷനറിമാർ എത്തിച്ചേരുന്നു

പ്രത്യേക പരിശീലനമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും യുദ്ധത്തിനു മുമ്പും യുദ്ധകാലത്തും ഫിലിപ്പീൻസിലെ സഹോദരങ്ങൾ തങ്ങളുടെ കഴിവിന്റെ പരമാവധി പ്രവർത്തിച്ചു. എന്നാൽ, യുദ്ധം അവസാനിച്ച്‌ അധികം വൈകാതെ അവരെ സഹായിക്കാൻ ആളുകൾ എത്തി. 1947 ജൂൺ 14-ന്‌, ഗിലെയാദ്‌ ബിരുദധാരികളായ ഏൾ സ്റ്റ്യൂവർട്ട്‌, വിക്ടർ വൈറ്റ്‌, ലോറെൻസോ ആൽപിച്ചെ എന്നീ സഹോദരന്മാർ ഫിലിപ്പീൻസിലെത്തി. അങ്ങനെ ഒടുവിൽ, ഡോസ്‌ സാന്റോസ്‌ സഹോദരനു പകരം ആളുകളായി. 1949-ൽ ഭാര്യയോടും കുട്ടികളോടും കൂടെ അദ്ദേഹം ഹവായിയിലേക്കു മടങ്ങിപ്പോയി.

സ്റ്റ്യൂവർട്ട്‌ സഹോദരൻ ബ്രാഞ്ച്‌ ദാസനായി നിയമിക്കപ്പെട്ടു. ആ പ്രാരംഭ വർഷങ്ങളിൽ ഫിലിപ്പീൻസിലെത്തിയ മിഷനറിമാരിൽ മിക്കവരെയും വയലിലേക്ക്‌ അയച്ചു. ഗിലെയാദ്‌ പരിശീലനം ലഭിച്ച മിഷനറിമാർ എത്തിച്ചേർന്നതിന്റെ ഫലത്തെപ്പറ്റി ഫിലിപ്പീൻസിൽ നിന്ന്‌ ഗിലെയാദിലേക്ക്‌ അയയ്‌ക്കപ്പെട്ട വിക്ടോർ ആമോറെസ്‌ സഹോദരൻ പറയുന്നു: “വേല സംഘടിപ്പിക്കുന്നതിൽ അവർ വലിയ സഹായമായിരുന്നു. ഗിലെയാദ്‌ ബിരുദധാരികളിൽ നിന്ന്‌ സഹോദരങ്ങൾ പലതും പഠിച്ചു. അത്‌ വർധിച്ച പുരോഗതിയിലേക്കു നയിച്ചു. 1946-ൽ 2,600 ആയിരുന്ന പ്രസാധകരുടെ എണ്ണം 1975-നു മുമ്പുതന്നെ ഏതാണ്ട്‌ 77,000 ആയി വർധിച്ചു.” ആദ്യം വന്ന മൂന്നു സഹോദരന്മാരെ കൂടാതെ മറ്റു പല മിഷനറിമാരും ഫിലിപ്പീൻസിലെത്തി. സേബൂവിൽ സേവനം അനുഷ്‌ഠിച്ച ദമ്പതികളായ ഡേവിഡ്‌ ബ്രൗണും രൂത്തും, ഫ്രാങ്ക്‌ വില്ലറ്റും ഹിലാരിയും, ദാവാവുവിൽ പ്രവർത്തിച്ച റേ ആൻഡേഴ്‌സനും ഹെലനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കൂടാതെ ദമ്പതികളായ ഡേവിഡ്‌ സ്റ്റീലും ജൂലിയായും, ഡേവിഡ്‌ സ്‌മിത്തും കാതറിനും, സഹോദരന്മാരായ ഹാക്‌റ്റെലും ബ്രൂണും ആയിരുന്നു മറ്റു ചിലർ. 1951-ൽ നിൽ കാല്ലവേ സഹോദരനും എത്തിച്ചേർന്നു. അദ്ദേഹം പിന്നീട്‌ ഫിലിപ്പീൻസിൽനിന്നു തന്നെയുള്ള നേനിറ്റാ സഹോദരിയെ വിവാഹം കഴിച്ചു. 1985-ൽ അദ്ദേഹത്തിന്റെ മരണംവരെ അവർ ഫിലിപ്പീൻസിന്റെ ഏതാണ്ട്‌ എല്ലാ പ്രദേശങ്ങളിലും സേവനം അനുഷ്‌ഠിച്ചു. 1954-ൽ, ബ്രിട്ടനിൽ നിന്നുള്ള ഡെന്റൺ ഹോപ്‌കിൻസൺ സഹോദരനും റെയ്‌മണ്ട്‌ ലീച്ച്‌ സഹോദരനും എത്തി. 48 വർഷങ്ങൾക്കുശേഷം ഇപ്പോഴും ഫിലിപ്പീൻസിലെ രാജ്യവേലയ്‌ക്ക്‌ അവർ വിലപ്പെട്ട സംഭാവന ചെയ്‌തുകൊണ്ടിരിക്കുന്നു.

ഫിലിപ്പീൻസിലെ രാജ്യപ്രസംഗ വേലയുടെ സംഘടിപ്പിക്കലിനും വികസനത്തിനും സംഭാവന ചെയ്‌തത്‌ വിദേശത്തുനിന്നുള്ള ഗിലെയാദ്‌ ബിരുദധാരികൾ മാത്രമായിരുന്നില്ല. 1950-കൾ ആയപ്പോഴേക്കും ഫിലിപ്പീൻസിൽനിന്നുള്ള സഹോദരങ്ങളും ഗിലെയാദ്‌ സ്‌കൂളിലേക്കു ക്ഷണിക്കപ്പെട്ടു. അവരിൽ മിക്കവരും സ്വന്തം നാട്ടിൽ സേവനം അനുഷ്‌ഠിക്കാനായി മടങ്ങിവന്നു. സാൽവാഡോർ ലിവാഗ്‌, ആഡൊൾഫോ ഡിയോണിസ്യോ, മാക്കാറിയോ ബാസ്‌വെൽ എന്നിവരായിരുന്നു അവരിൽ ആദ്യത്തെ മൂന്നുപേർ. നേരത്തേ പരാമർശിച്ച വിക്ടോർ ആമോറെസ്‌ തനിക്കു ലഭിച്ച പരിശീലനം സഞ്ചാരവേലയിലും ബെഥേലിലുമായി പ്രയോജനപ്പെടുത്തി. അദ്ദേഹത്തിനു പിന്നീട്‌ കുട്ടികൾ ജനിച്ചെങ്കിലും മുഴുസമയ സേവനത്തിലേക്കുതന്നെ അദ്ദേഹം മടങ്ങിവന്നു. സഞ്ചാരമേൽവിചാരകനായും പിന്നീട്‌ ഭാര്യ ലോലിറ്റായോടൊപ്പം ലഗൂണ പ്രവിശ്യയിൽ പ്രത്യേക പയനിയറായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചു. എൺപതിനടുത്തു പ്രായമാകുന്നതു വരെ അദ്ദേഹം ആ സേവനത്തിൽ തുടർന്നു.

ആയിരത്തിത്തൊള്ളായിരത്തെഴുപതുകളിലൂടെ മുമ്പോട്ട്‌

വേല അതിവേഗം പുരോഗമിച്ചപ്പോൾ പ്രസാധകരുടെ എണ്ണം വർധിച്ചുകൊണ്ടേയിരുന്നു. 1975 ആയപ്പോഴേക്കും അത്‌ 77,000 കവിഞ്ഞു. മൊത്തത്തിൽ നോക്കുമ്പോൾ, യഹോവയുടെ ദാസന്മാർ തങ്ങളുടെ ആത്മീയത നിലനിറുത്തുകയും ദൈവത്തെ വിശ്വസ്‌തതയോടെ സേവിക്കുന്നതിൽ തുടരുകയും ചെയ്‌തു. എന്നിരുന്നാലും, 1975-ൽ ഈ വ്യവസ്ഥിതി അവസാനിച്ചില്ല എന്ന കാരണത്താൽ കുറെ അധികം പേർ യഹോവയെ സേവിക്കുന്നതു നിറുത്തി. 1979 ആയപ്പോഴേക്കും പ്രസാധകരുടെ എണ്ണം 59,000-ത്തിലും കുറഞ്ഞു. 1970-കളുടെ മധ്യത്തിൽ ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചിരുന്ന കൊർനിലിയോ കാന്യെറ്റെ പറഞ്ഞു: “ചിലർ 1975-ൽ വ്യവസ്ഥിതി അവസാനിക്കും എന്നു കരുതി സ്‌നാപനമേൽക്കുകയും ഏതാനും വർഷം സത്യത്തിൽ തുടരുകയും ചെയ്‌തു. 1975-നു ശേഷം അവർ സത്യം ഉപേക്ഷിച്ചു പോയി.”

എന്നാൽ ബഹുഭൂരിപക്ഷം പേർക്കും ക്രിസ്‌തീയ സേവനം സംബന്ധിച്ചുള്ള ഉചിതമായ കാഴ്‌ചപ്പാട്‌ നിലനിറുത്തുന്നതിന്‌ ഒരു പ്രോത്സാഹനം മാത്രം മതിയായിരുന്നു. അതുകൊണ്ട്‌ പ്രത്യേക പ്രസംഗങ്ങൾ സംഘടിപ്പിക്കാൻ ബ്രാഞ്ച്‌ ഓഫീസ്‌ പടികൾ സ്വീകരിച്ചു. അതിന്റെ ഫലമായി സജീവരായി നിന്നവർ പ്രോത്സാഹിതരായെന്നു മാത്രമല്ല നിഷ്‌ക്രിയരായിരുന്ന ചിലർ വീണ്ടും യഹോവയുടെ സജീവ സ്‌തുതിപാഠകരായിത്തീരാൻ സഹായിക്കപ്പെടുകയും ചെയ്‌തു. തങ്ങൾ ദൈവത്തെ സേവിക്കേണ്ടത്‌ ഒരു നിശ്ചിതതീയതി മനസ്സിൽ കണ്ടുകൊണ്ട്‌ ആയിരിക്കരുത്‌, എന്നെന്നേക്കും ആയിരിക്കണം എന്ന്‌ സഹോദരങ്ങൾ മനസ്സിലാക്കി. രാജ്യപ്രസാധകരുടെ എണ്ണത്തിൽ താത്‌കാലികമായ കുറവ്‌ അനുഭവപ്പെട്ട ആ കാലത്തിനു ശേഷം അവരുടെ എണ്ണത്തിൽ നാടകീയമായ വർധന ഉണ്ടായിരിക്കുന്നു. യഹോവയുടെ എല്ലാ നന്മകളെയും മറന്നു കളയാൻ ഇടയാക്കുന്നതിന്‌ നിരാശയെ അനുവദിക്കാതിരുന്നവർ യഥാർഥമായും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു!

ഒറ്റപ്പെട്ട പർവത പ്രദേശങ്ങളിൽ വേല ആരംഭിക്കുന്നു

ഫിലിപ്പീൻസ്‌ ദ്വീപസമൂഹത്തിലെ ആയിരക്കണക്കിനു ദ്വീപുകൾ പുറങ്കടലിൽ തെക്കുവടക്കായി ഏകദേശം 1,850 കിലോമീറ്ററും, കിഴക്കുപടിഞ്ഞാറായി 1,100 കിലോമീറ്ററും ദൂരത്തിൽ വ്യാപിച്ചുകിടക്കുന്നു. ചില ദ്വീപുകളിൽ ആൾപ്പാർപ്പില്ല. പലതിലും നിമ്‌നോന്നതമായ പർവത പ്രദേശങ്ങൾ ഉണ്ട്‌. അത്തരം പ്രദേശങ്ങളിലുള്ള ആളുകളെ സന്ദർശിക്കുന്നത്‌ ഒരു വെല്ലുവിളി തന്നെയാണ്‌.

അത്തരം ഒരു പ്രദേശമാണ്‌ കാലിങ്കാ-ആപ്പായാവു. ഉത്തര ലൂസോണിലെ നിമ്‌നോന്നതമായ കോർഡില്ലിറ സെൻട്രാൽ പർവത പ്രദേശങ്ങളിലെ ജനങ്ങൾ വ്യത്യസ്‌ത ഗ്രാമങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു, അതുപോലെ ഗോത്രങ്ങളായും. അവയ്‌ക്ക്‌ ഓരോന്നിനും വെവ്വേറെ ഭാഷാഭേദവും സമ്പ്രദായങ്ങളുമാണ്‌ ഉള്ളത്‌. ശിരസ്സു വേട്ടയാടുന്ന രീതി​—⁠ശത്രുക്കളുടെ ശിരസ്സുകൾ മുറിച്ചെടുത്ത്‌ അവ വിജയസ്‌മാരകങ്ങളെന്ന നിലയിൽ സൂക്ഷിച്ചുവെക്കുന്ന ആചാരം​—⁠ഇരുപതാം നൂറ്റാണ്ടിൽ ഇവിടുത്തെ ആളുകൾ ഉപേക്ഷിച്ചെങ്കിലും ഗ്രാമങ്ങൾ തമ്മിലുള്ള ശത്രുത ഇന്നും സാധാരണമാണ്‌. അത്‌ കുടിപ്പകയിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്നു. ഹേറോണിമോ ലാസ്റ്റിമാ പറയുന്നു: “മുമ്പൊക്കെ ആ പ്രദേശങ്ങളിലേക്ക്‌ പ്രത്യേക പയനിയർമാരെ അയയ്‌ക്കുക ബുദ്ധിമുട്ടായിരുന്നു. കൊന്നുകളയാനുള്ള ലക്ഷ്യത്തോടെ നാട്ടുകാർ സഹോദരന്മാരുടെ പിന്നാലെ ചെല്ലുമായിരുന്നു.”

അതിനുള്ള പരിഹാരം സഹോദരിമാരെ അയയ്‌ക്കുക എന്നതായിരുന്നു. ഹേറോണിമോ വിശദീകരിക്കുന്നു: “അവർ സ്‌ത്രീകളെ പിന്തുടരുകയില്ലായിരുന്നു, അവരുടെ പാരമ്പര്യം സ്‌ത്രീകളെ ഉപദ്രവിക്കുന്നതു വിലക്കുന്നു.” തദ്ദേശവാസികളെ സത്യം പഠിപ്പിക്കുന്നതിൽ സഹോദരിമാർ വളരെ ഫലപ്രദരായിരുന്നു. പിന്നീട്‌ ആ തദ്ദേശീയർ സ്‌നാപനമേൽക്കുകയും പയനിയർമാരായി പ്രവർത്തിക്കുകയും ചെയ്‌തു. സ്വന്തം ആളുകളുടെ സംസ്‌കാരം അറിയാമായിരുന്ന അവർ ഫലപ്രദമായ സാക്ഷ്യം നൽകി. അതിന്റെ ഫലമായി ആ പർവത പ്രദേശങ്ങളിലെല്ലാം ഇപ്പോൾ “വേട്ടക്കാർ” ഉണ്ട്‌, സത്യം ലഭിക്കാൻ ആഗ്രഹിക്കുന്നവരെ വേട്ടയാടി പിടിക്കുന്നവർ. 1970-കളിൽ കാലിങ്കാ-ആപ്പായാവു പ്രവിശ്യയിൽ ഏതാനും സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ; ഇന്നാകട്ടെ അവിടെ രണ്ടു സർക്കിട്ടുകളുണ്ട്‌.

അതുപോലെ, അടുത്ത പർവത പ്രവിശ്യയായ ഇഫുഗാവുവിൽ 1950-കളുടെ ആരംഭത്തിൽ ഒരു സാക്ഷിപോലും ഇല്ലായിരുന്നു. കുന്നിൻ ചെരിവുകളിലെ തട്ടുകളായി തിരിച്ച, നൂറ്റാണ്ടുകൾ പഴക്കമുള്ള നെൽപ്പാടങ്ങൾക്കു സമീപം പാർക്കുന്നവരോടു പ്രസംഗിക്കാൻ മൂന്നു സാധാരണ പയനിയർ സഹോദരന്മാർ നിയോഗിക്കപ്പെട്ടു. കാലക്രമത്തിൽ ആ നാട്ടുകാരും സത്യം സ്വീകരിച്ചു തുടങ്ങി. ഇന്നാകട്ടെ, അവിടെ 18 സഭകളിലായി 315 പ്രസാധകരുണ്ട്‌.

വടക്കേ അറ്റത്തുള്ള ആബ്ര പർവതനിരകളിലെ പ്രശ്‌നം, സാക്ഷികൾ ആരും ഇല്ലാത്ത ഗ്രാമങ്ങളിൽ സുവാർത്ത എങ്ങനെ എത്തിക്കും എന്നതാണ്‌. അങ്ങേയറ്റം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സുവാർത്ത എത്തിക്കുന്നതിൽ അതീവ തത്‌പരനായിരുന്ന ഒരു സഞ്ചാര മേൽവിചാരകൻ റ്റിനെഗിനു സമീപമുള്ള പ്രദേശത്തു പ്രവർത്തിക്കാൻ തന്നോടൊപ്പം പോരാൻ വേറെ 34 സഹോദരങ്ങളെ ക്ഷണിച്ചു. (പ്രവൃ. 1:⁠8) വാഹന സൗകര്യം ഇല്ലാത്തതിനാൽ, ഏകദേശം 250 ഭവനങ്ങളുള്ള 10 ഗ്രാമങ്ങളിൽ എത്താൻ പർവത പ്രദേശങ്ങളിലൂടെ അവർക്ക്‌ 7 ദിവസം നടക്കേണ്ടിവന്നു.

ആ സർക്കിട്ട്‌ മേൽവിചാരകൻ വിവരിക്കുന്നു: “ഞങ്ങൾക്ക്‌ ആവശ്യമായിരുന്ന സാധനങ്ങളെല്ലാം ചുമന്നുകൊണ്ട്‌ പർവതത്തിലൂടെയുള്ള നടപ്പ്‌ ഒരു വെല്ലുവിളി ആയിരുന്നു. ആറു രാത്രികളിൽ നാലിലും ഞങ്ങൾ തുറസ്സായ പർവത പ്രദേശത്തോ നദീതീരത്തോ കിടന്നാണ്‌ ഉറങ്ങിയത്‌.” ചില ഗ്രാമങ്ങളിൽ സാക്ഷികൾ കടന്നു ചെന്നിട്ട്‌ അനേക വർഷങ്ങളായിരുന്നു. ഒരു ഗ്രാമത്തിൽ അവർ കണ്ടുമുട്ടിയ ഒരു മനുഷ്യൻ പറഞ്ഞു: “ഇരുപത്തേഴു വർഷം മുമ്പ്‌ യഹോവയുടെ സാക്ഷികൾ എന്റെ പിതാവിനോടു സംസാരിച്ചിട്ടുണ്ട്‌. യഹോവയുടെ സാക്ഷികളുടെ പക്കലാണ്‌ സത്യമുള്ളതെന്ന്‌ അദ്ദേഹം ഞങ്ങളോടു പറഞ്ഞു.” മൊത്തം 60 പുസ്‌തകങ്ങളും 186 മാസികകളും 50 ലഘുപത്രികകളും 287 ലഘുലേഖകളും സമർപ്പിക്കുന്നതിനും ബൈബിൾ പഠിക്കുന്നവിധം അനേകരെ കാണിച്ചു കൊടുക്കുന്നതിനും സഞ്ചാര മേൽവിചാരകനും സംഘത്തിനും സാധിച്ചു.

ഒറ്റപ്പെട്ട മറ്റു പ്രദേശങ്ങളിൽ പ്രസംഗിക്കുന്നു

ഫിലിപ്പീൻസിലെ ഒരു വലിയ ദ്വീപാണ്‌ പലാവാൻ. വീതി നന്നേ കുറഞ്ഞ്‌ നീളം കൂടിയ ആ ദ്വീപ്‌ 434 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്നു. കൂടുതൽ ജനവാസമുള്ള ദ്വീപുകളുടെ തിരക്കിൽ നിന്നെല്ലാം അകന്നാണ്‌ ഇതിന്റെ സ്ഥാനം. നിരവധി ഗോത്രങ്ങളുടെയും കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള പല ഒറ്റപ്പെട്ട കൂട്ടങ്ങളുടെയും വാസസ്ഥലമാണ്‌ ഈ വനപ്രദേശം. ഏതു നിയമനവും സ്വീകരിക്കാൻ മനസ്സൊരുക്കമുള്ള റെയ്‌മണ്ട്‌ ലീച്ച്‌ എന്ന മിഷനറിയെ സർക്കിട്ട്‌ മേൽവിചാരകനായി അവിടേക്കു നിയമിച്ചു. അന്ന്‌ അവിടെ ചുരുക്കം ചില സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനു വളരെ ദൂരം യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. അദ്ദേഹം അനുസ്‌മരിക്കുന്നു: “1955 മുതൽ 1958 വരെ ഞാൻ അവിടെ ഉണ്ടായിരുന്നു. പലാവാനിൽ മൊത്തം 14 പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. അവരെ സന്ദർശിക്കാൻ എനിക്ക്‌ അഞ്ച്‌ ആഴ്‌ച വേണ്ടി വന്നു.”

അന്നുമുതൽ ഇങ്ങോട്ട്‌ അവിടെ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അതിപ്പോഴും വെല്ലുവിളികൾ നിറഞ്ഞ ഒരു സ്ഥലം തന്നെയാണ്‌. ഇപ്പോൾ 40-കളുടെ ആരംഭത്തിൽ ആയിരിക്കുന്ന ഫെബി ലോട്ടാ സഹോദരി 1984-ൽ ഒരു പ്രത്യേക പയനിയറായി പലാവാനിൽ പ്രവർത്തനം ആരംഭിച്ചു. ഡൂമാറേനിൽ സേവിക്കുമ്പോൾ ഒരിക്കൽ എന്താണു സംഭവിച്ചതെന്ന്‌ സഹോദരി വിവരിക്കുന്നു: “അവസാനത്തേതെന്ന്‌ ഞങ്ങൾ കരുതിയ വീട്ടിൽ ഞങ്ങൾ എത്തി. അവിടെ വേറെ വീടുകളുണ്ടെന്ന്‌ ഞങ്ങൾക്കു തോന്നിയതേയില്ല, എന്നാൽ ഉണ്ടായിരുന്നു!” പുറകിലായി ഒരു തെങ്ങിൻ തോട്ടത്തിന്റെ നടുവിൽ ഒരു ദമ്പതികൾ പാർത്തിരുന്നു. തോട്ടത്തിലെ ജോലിക്കാരായ ആ ദമ്പതികൾക്ക്‌ ബൈബിളിൽ താത്‌പര്യമുണ്ടായിരുന്നു!

ഫെബി സഹോദരി പറയുന്നു: “യഹോവയെ സേവിക്കാനായിട്ട്‌ അല്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും അവിടെ മടങ്ങി ചെല്ലുമായിരുന്നില്ല.” അവിടെ എത്താൻ സഹോദരിക്കും പങ്കാളിക്കും തെങ്ങിൻതോപ്പുകളിലൂടെ ഒരു ദിവസം മുഴുവൻ നടക്കണമായിരുന്നു. മണലും പാറക്കൂട്ടങ്ങളും നിറഞ്ഞ കടലോരത്തുകൂടെ വേണമായിരുന്നു പോകാൻ. വേലിയേറ്റ സമയത്ത്‌ അവിടെ മുട്ടോളം വെള്ളം കാണും. ദൂരക്കൂടുതൽ നിമിത്തം മാസത്തിലൊരിക്കൽ അവിടെ പോകാമെന്നും ഏതാനും ദിവസങ്ങൾ അവിടെ ചെലവഴിക്കാമെന്നും അവർ തീരുമാനിച്ചു. അതിന്റെ അർഥം ഭക്ഷണവും പുസ്‌തകങ്ങളും മാസികകളും വസ്‌ത്രങ്ങളും മറ്റും ചുമന്നുകൊണ്ടു വേണമായിരുന്നു ആ ദൂരമത്രയും സഞ്ചരിക്കാൻ എന്നാണ്‌. “കൊടുംവെയിലത്ത്‌ പലയിനം പ്രാണികളുടെ കുത്തും കടിയുമേറ്റുള്ള ആ യാത്ര ഞങ്ങളുടെ ഭാഗത്ത്‌ ഒരു വലിയ ത്യാഗം തന്നെയായിരുന്നു. അവിടെ എത്തുമ്പോഴേക്കും ഞങ്ങൾ വിയർത്തു കുളിച്ചിട്ടുണ്ടാവും.” എന്നാൽ ആ ശ്രമങ്ങളൊന്നും വെറുതെയായില്ല. ആ ദമ്പതികൾ ബൈബിൾ പഠനത്തിൽ വളരെ വേഗം പുരോഗമിക്കുന്നത്‌ അവർക്കു കാണാൻ കഴിഞ്ഞു.

ഈ ദമ്പതികൾ സാക്ഷികളോടുകൂടെ പഠിക്കുന്നു എന്നു മനസ്സിലാക്കിയപ്പോൾ ഒരു ബാപ്‌റ്റിസ്റ്റ്‌ വിശ്വാസിയായിരുന്ന തോട്ടം മാനേജർ അവരെ ജോലിയിൽ നിന്നു പിരിച്ചു വിട്ടു. ഫെബി സഹോദരി പിന്നീട്‌ ആ വീട്ടുകാരിയെ കണ്ടുമുട്ടിയപ്പോൾ അവർ സ്‌നാപനമേറ്റ ഒരു സാക്ഷിയായിത്തീർന്നിരുന്നു. മാത്രമല്ല, ഫെബി പറയുന്നു, “ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ പയനിയർ മീറ്റിങ്ങിന്‌ അവർ ഞങ്ങളോടൊപ്പം സംബന്ധിക്കുകയായിരുന്നു.” സഹോദരിക്ക്‌ ആഹ്ലാദവും ആശ്ചര്യവും അടക്കാനായില്ല. നമ്മുടെ നല്ല വേലയുടെ സത്‌ഫലങ്ങൾ കാണുന്നത്‌ എത്രയോ സന്തോഷകരമാണ്‌!

ദക്ഷിണ ഫിലിപ്പീൻസിലെ മിൻഡനാവോ എന്ന വലിയ ദ്വീപിൽ എത്തിപ്പെടാൻ പ്രയാസമുള്ള നിരവധി പ്രദേശങ്ങളുണ്ട്‌. നേഥൻ സേബാല്യോസ്‌ തന്റെ ഭാര്യയോടൊപ്പം അവിടെ സഞ്ചാര വേല ചെയ്‌തിരിക്കുന്നു. സഭകൾ സന്ദർശിക്കാത്ത വാരങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പോയി പ്രസംഗവേല ചെയ്യാൻ അവർ ശ്രമിച്ചിരുന്നു. തങ്ങളോടൊപ്പം പോരാൻ അവർ മറ്റു സഹോദരങ്ങളെയും ക്ഷണിക്കുമായിരുന്നു. ഒരു സന്ദർഭത്തിൽ അവരുടെ സംഘം 19 മോട്ടോർ സൈക്കിളുകളിലായി പല ഗ്രാമങ്ങൾ സന്ദർശിച്ചു. റോഡുകൾ കുണ്ടുംകുഴിയും ചെളിയും നിറഞ്ഞതായിരുന്നു. നദികളും അരുവികളും അവർക്കു കടക്കേണ്ടതുണ്ടായിരുന്നു. അവയിൽ മിക്കതും പാലങ്ങളില്ലാത്തവ ആയിരുന്നു. ആ ഗ്രാമവാസികൾ സാധുക്കളായിരുന്നെങ്കിലും തങ്ങൾ നിർമിച്ച മൃദുവായ ചൂലുകൾ നൽകി സഹോദരങ്ങൾ സമർപ്പിച്ച സാഹിത്യത്തോട്‌ അവർ വിലമതിപ്പു പ്രകടമാക്കി. മോട്ടോർ സൈക്കിളുകളിൽ കെട്ടുകണക്കിനു ചൂലുകളുമായി സഹോദരങ്ങൾ മടങ്ങിപ്പോരുന്നതിനെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കുക! നേഥൻ സഹോദരൻ പറയുന്നു: “ക്ഷീണിച്ച്‌ അവശരായി ചെളിയും പൊടിയും പുരണ്ട അവസ്ഥയിലാണ്‌ എല്ലാവരും മടങ്ങിയതെങ്കിലും ഞങ്ങൾ ചെയ്‌തത്‌ യഹോവയുടെ ഇഷ്ടമാണ്‌ എന്ന അറിവ്‌ ഞങ്ങളെ അങ്ങേയറ്റം സന്തുഷ്ടരാക്കി.”

സുവാർത്ത പ്രസംഗിക്കാൻ സകല മാർഗങ്ങളും ഉപയോഗിക്കുന്നു

സമീപ വർഷങ്ങളിൽ, സാക്ഷീകരിക്കാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താൻ യഹോവയുടെ സംഘടന രാജ്യപ്രസംഗകരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. രാജ്യത്തെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ഇതു വിശേഷാൽ ഉചിതമാണ്‌. വൻ നഗരങ്ങളായ ദാവാവു, സേബൂ, മെട്രോ മനില എന്നിവ ലോകത്തെമ്പാടുമുള്ള മറ്റു നഗരങ്ങളെപ്പോലെ തന്നെയാണ്‌. ഇവിടങ്ങളിൽ ധാരാളം വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും അപ്പാർട്ട്‌മെന്റ്‌ കെട്ടിടങ്ങളും അനുവാദം കൂടാതെ കടന്നുചെല്ലാൻ കഴിയാത്ത പാർപ്പിട മേഖലകളും മറ്റുമുണ്ട്‌. അവിടങ്ങളിലുള്ള ആളുകളെ കണ്ടുമുട്ടാൻ എന്താണ്‌ ചെയ്‌തിട്ടുള്ളത്‌?

അടുത്ത കാലംവരെ മാർലൻ നാവാറോ സഹോദരൻ സേവിച്ചിരുന്ന സർക്കിട്ടിന്റെ ഒരു ഭാഗമാണ്‌ മാക്കാറ്റി. മൂന്നു സഭകളുടെ നിയമിത പ്രദേശമായ മാക്കാറ്റി സാമ്പത്തിക ഡിസ്‌ട്രിക്‌റ്റിൽ പ്രസംഗവേല സംഘടിപ്പിക്കാൻ, ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്നു ബിരുദം നേടി വന്ന യുവപ്രായക്കാരനായ മാർലൻ സഹോദരൻ കഠിനപ്രയത്‌നം തന്നെ നടത്തി. ഈ പ്രദേശം ഫലകരമായി പ്രവർത്തിക്കാൻ അദ്ദേഹം കുറെ സഹോദരങ്ങളെ തിരഞ്ഞടുത്ത്‌ അവർക്കു പരിശീലനം നൽകി. അവരിൽ പലരും പയനിയർമാരായിരുന്നു. ഷോപ്പിങ്‌ മോളുകളിലും​—⁠വാഹനഗതാഗതം അനുവദിച്ചിട്ടില്ലാത്തതും ഇരുവശങ്ങളിലും നിരകളായി കടകൾ ഉള്ളതുമായ സ്ഥലം​—⁠ആ പ്രദേശത്തെ പാർക്കുകളിലും വെച്ച്‌ ബൈബിളധ്യയനങ്ങൾ നടത്തപ്പെടുന്നു. ഇവരിൽ ചില ബൈബിൾ വിദ്യാർഥികൾ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്‌.

കോറി സാന്റോസ്‌ സഹോദരിയും മകൻ ജെഫ്രിയും പയനിയർമാരാണ്‌. അവർ പലപ്പോഴും രാവിലെ, ചിലപ്പോൾ വെളുപ്പിന്‌ 6 മണിക്കുതന്നെ, തെരുവു സാക്ഷീകരണം നടത്തുന്നു. ആ സമയത്ത്‌ ഫാക്ടറികളിൽ രാത്രി ഷിഫ്‌റ്റ്‌ കഴിഞ്ഞു വരുന്നവരെ അവർ കണ്ടുമുട്ടുന്നു. തെരുവു സാക്ഷീകരണത്തിൽ ആയിരിക്കെ അവർ ബൈബിളധ്യയനങ്ങളും ആരംഭിച്ചിട്ടുണ്ട്‌. അവരിൽ ചിലരാണെങ്കിൽ സ്‌നാപനത്തിന്റെ ഘട്ടത്തോളം പുരോഗതി പ്രാപിച്ചിരിക്കുന്നു.

നഗരങ്ങൾക്കു വെളിയിലും മറ്റുള്ളവർക്കു സാക്ഷ്യം നൽകാനുള്ള അവസരങ്ങൾ കണ്ടെത്തുന്നതു സംബന്ധിച്ചു പ്രസാധകർ ജാഗ്രതയുള്ളവർ ആയിരുന്നിട്ടുണ്ട്‌. 28-ലധികം വർഷമായി പ്രത്യേക പയനിയർ സേവനത്തിലായിരിക്കുന്ന നോർമ ബാൽമാസേഡാ സഹോദരി വണ്ടി കാത്തുനിന്നിരുന്ന ഒരു സ്‌ത്രീയോടു സംസാരിച്ചു. “നിങ്ങൾ എവിടേക്കാണ്‌?” നോർമ സഹോദരി ചോദിച്ചു.

“ക്വിറിനോ പ്രവിശ്യയിലേക്ക്‌,” ആ സ്‌ത്രീ പറഞ്ഞു.

“നിങ്ങൾ അവിടത്തുകാരിയാണോ?”

“അല്ല, എന്നാൽ അവിടേക്കു മാറിപ്പാർക്കാൻ എന്റെ ഭർത്താവ്‌ തീരുമാനിച്ചിരിക്കുകയാണ്‌. ഇവിടെ ഇഫുഗാവുവിൽ ജീവിതം വളരെ കഷ്ടമാണ്‌.”

മനുഷ്യന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന രാജ്യ ഗവണ്മെന്റിനെ സംബന്ധിച്ച സുവാർത്ത അവരുമായി പങ്കുവെക്കാൻ ഇതു നോർമ സഹോദരിക്ക്‌ അവസരം നൽകി. അതിനുശേഷം അവർ വഴിപിരിഞ്ഞു. വർഷങ്ങൾക്കുശേഷം ഒരു സർക്കിട്ട്‌ സമ്മേളനത്തിൽ വെച്ച്‌ ഒരു സ്‌ത്രീ നോർമ സഹോദരിയെ സമീപിച്ച്‌ സഹോദരി തന്നോടു സംസാരിച്ചിട്ടുണ്ടെന്നു പറഞ്ഞു സ്വയം പരിചയപ്പെടുത്തി. അതിനോടകം അവർ സ്‌നാപനമേറ്റിരുന്നു. അവരുടെ ഭർത്താവും രണ്ടു പെൺമക്കളും ബൈബിളധ്യയനം ആസ്വദിക്കുന്നുമുണ്ടായിരുന്നു.

കേസൊൻ നഗരത്തിലെ ബ്രാഞ്ച്‌ ഓഫീസിൽ പ്രവർത്തിക്കുന്ന സഹോദരങ്ങളും സാക്ഷീകരിക്കാനുള്ള ഏത്‌ അവസരവും പ്രയോജനപ്പെടുത്തുന്നതിൽ അതീവ ശ്രദ്ധപുലർത്തുന്നു. ഉദാഹരണത്തിന്‌, പ്രസംഗ പ്രവർത്തനത്തിലുള്ള ഉത്സാഹത്തിന്റെ കാര്യത്തിൽ ഫേലിക്‌സ്‌ സാലാങ്കോ സഹോദരൻ പ്രശസ്‌തനാണ്‌. ബെഥേലിൽ സേവിക്കെത്തന്നെ അദ്ദേഹം പലപ്പോഴും സഹായ പയനിയറിങ്‌ നടത്തിയിട്ടുണ്ട്‌. രണ്ടായിരാമാണ്ടിൽ, ബ്രാഞ്ചിനോടു ചേർന്ന്‌ താമസ സൗകര്യത്തിനായുള്ള ഒരു കെട്ടിടത്തിന്റെ പണി നടക്കുകയായിരുന്നു. ഫേലിക്‌സ്‌ സഹോദരൻ ചീഫ്‌ എഞ്ചിനീയറെ സമീപിച്ച്‌ ജോലിക്കാരോടു സംസാരിക്കാൻ അനുവാദം ചോദിച്ചു. സഹോദരൻ പറയുന്നു: “അവരുടെ ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ ഞാൻ പണിസ്ഥലത്തേക്കു ചെന്നു. എഞ്ചിനീയർ 100-ലധികം ജോലിക്കാരെ വിളിച്ചു കൂട്ടിയിട്ടുണ്ടായിരുന്നു. ഞാൻ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെ കുറിച്ചു വിവരിക്കുകയും വരാൻ പോകുന്ന മഹോപദ്രവത്തെ അതിജീവിക്കുന്നതിനു പരിജ്ഞാനം നേടേണ്ടത്‌ ആവശ്യമാണെന്നു വിശദീകരിക്കുകയും ചെയ്‌തു. എന്റെ കൈവശം ഒരു പെട്ടിയിൽ ലഘുപത്രികകളും മറ്റൊന്നിൽ പരിജ്ഞാനം പുസ്‌തകവും ഉണ്ടായിരുന്നു. ദൈവവചനം പഠിക്കാൻ താത്‌പര്യമുണ്ടെങ്കിൽ അവർക്ക്‌ ഈ പ്രസിദ്ധീകരണങ്ങളിൽ ഒരെണ്ണം സ്വീകരിക്കാമെന്നു ഞാൻ പറഞ്ഞു.” ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ വേല എങ്ങനെയാണു പിന്തുണയ്‌ക്കപ്പെടുന്നത്‌ എന്നു വിശദീകരിച്ചിട്ട്‌ സഹോദരൻ ആ പ്രസിദ്ധീകരണങ്ങളും ഒരു കവറും ഒരു തെങ്ങിൻ ചുവട്ടിൽ വെച്ചു. ജോലിക്കാരിൽ അനേകർ ഒരു പുസ്‌തകമോ ലഘുപത്രികയോ എടുത്തു. അവരിൽ നല്ലൊരു സംഖ്യ ആളുകൾ ആ കവറിൽ അവരുടെ സംഭാവനകളും നിക്ഷേപിച്ചു.

ചിലർ പഠിക്കാൻ താത്‌പര്യം കാണിച്ചു. ചീഫ്‌ എഞ്ചിനീയർ ആയിരുന്നു അതിലൊരാൾ. ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക ഉപയോഗിച്ച്‌ എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഉച്ചയ്‌ക്കത്തെ ഇടവേളയിൽ അദ്ദേഹത്തിന്‌ അധ്യയനം നടത്താൻ ഫേലിക്‌സ്‌ സഹോദരൻ ക്രമീകരണം ചെയ്‌തു. എഞ്ചിനീയർ ഫേലിക്‌സ്‌ സഹോദരനോടു പറഞ്ഞു: “ഞാൻ ഇവിടെ പഠിക്കുന്ന കാര്യങ്ങൾ എന്റെ ഭാര്യക്കും സുഹൃത്തുക്കൾക്കും പറഞ്ഞു കൊടുക്കുന്നുണ്ട്‌.” അവിടെ ജോലി ചെയ്‌തിരുന്ന മറ്റു രണ്ട്‌ എഞ്ചിനീയർമാരും ഒരു സെക്യൂരിറ്റി ഗാർഡും രണ്ടു സെക്രട്ടറിമാരും പഠിക്കാൻ താത്‌പര്യം കാണിച്ചു. അതേ, എല്ലാ അവസരങ്ങളിലും സാക്ഷീകരിക്കുന്നത്‌ യഹോവയുടെ അനുഗ്രഹം കൈവരുത്തുന്നു.

മിഷനറിമാർ എത്തിച്ചേരുന്നു

ഈ വർഷങ്ങളിലെല്ലാം, പരിശീലനം സിദ്ധിച്ച 69 വിദേശ മിഷനറിമാർ രാജ്യപ്രസംഗവേലയിൽ സഹായിക്കാൻ ഫിലിപ്പീൻസിൽ എത്തിച്ചേർന്നിട്ടുണ്ട്‌. വിവിധ വിധങ്ങളിലാണ്‌ അവർ സഹായം നൽകിയിട്ടുള്ളത്‌. മുമ്പു പരാമർശിച്ച ഡെന്റൺ ഹോപ്‌കിൻസണും റെയ്‌മണ്ട്‌ ലീച്ചും ആദ്യം മിഷനറിമാരായും പിന്നീട്‌ സഞ്ചാര മേൽവിചാരകന്മാരായും വയലിൽ നിയമിക്കപ്പെട്ടു. പിന്നീട്‌ അവർക്കു ബ്രാഞ്ച്‌ ഓഫീസിൽ നിയമനം ലഭിച്ചു.

പുതുതായി ആരംഭിച്ച അച്ചടി പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി 1970-കളിൽ അനേകം ഗിലെയാദ്‌ ബിരുദധാരികൾ ഫിലിപ്പീൻസിലെത്തി. അക്കൂട്ടത്തിൽ നേരത്തേ ഇംഗ്ലണ്ടിലും അയർലൻഡിലും സേവിച്ചിരുന്ന റോബർട്ട്‌ പെവി സഹോദരനും ഭാര്യ പട്രിഷ്യ സഹോദരിയും ഉണ്ടായിരുന്നു. ഫിലിപ്പീൻസ്‌ ബ്രാഞ്ചിൽ ഒരു റൈറ്റിങ്‌ ഡെസ്‌ക്‌ സ്ഥാപിക്കുന്നതിന്‌ റോബർട്ട്‌ സഹോദരൻ സഹായിച്ചു. യു.എ⁠സ്‌.എ.-യിലെ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ലോകാസ്ഥാനത്ത്‌ സേവിക്കാനായി 1981-ൽ സഹോദരനും സഹോദരിയും ഫിലിപ്പീൻസ്‌ വിട്ടപ്പോൾ സഹോദരങ്ങൾക്കെല്ലാം വലിയ സങ്കടമായിരുന്നു.

ഡിൻ ജേസെക്ക്‌ സഹോദരനും ഭാര്യ കാരൻ സഹോദരിയും ഐക്യനാടുകളിൽ നിന്ന്‌ 1980-ൽ എത്തിച്ചേർന്നു. ലഗൂണയിൽ അൽപ്പകാലം ടഗാലോഗ്‌ ഭാഷ പഠിച്ച ശേഷം അവർ ബ്രാഞ്ച്‌ ഓഫീസിൽ നിയമിതരായി. 1983-ൽ കൂടുതൽ പരിശീലനം നേടിയശേഷം അവർ, തദ്ദേശീയരും അയൽ ദ്വീപരാഷ്‌ട്രങ്ങളിലുള്ളവരുമായ സഹോദരങ്ങളെ യഹോവയുടെ സാക്ഷികൾ വികസിപ്പിച്ചെടുത്ത ‘മെപ്‌സ്‌’ കമ്പ്യൂട്ടർ സിസ്റ്റം ഉപയോഗിക്കാൻ പഠിപ്പിച്ചു. പ്രാദേശിക ഭാഷകളിൽ ബൈബിൾ സാഹിത്യം പ്രസിദ്ധീകരിക്കുന്നതിന്‌ അത്‌ അത്യന്താപേക്ഷിതമാണെന്നു തെളിഞ്ഞിരിക്കുന്നു.

പിന്നീട്‌, 1988-ൽ നെതർലൻഡ്‌സിൽ നിന്നുള്ള ഹ്യൂബെർട്ടുവെസ്‌ (ബെർട്ട്‌) ഹൂഫ്‌നാഗെൽസ്‌ സഹോദരനും ജനിൻ സഹോദരിയും വന്നെത്തി. ബ്രാഞ്ച്‌ ആ സന്ദർഭത്തിൽ ഒരു വലിയ നിർമാണ പരിപാടി ആരംഭിക്കാനിരിക്കുകയായിരുന്നു. ഈ ദമ്പതികൾക്ക്‌ ബ്രാഞ്ച്‌ നിർമാണത്തിൽ മുൻപരിചയം ഉണ്ടായിരുന്നതിനാലും ബെർട്ട്‌ സഹോദരന്‌ നിർമാണ രംഗത്തെ ഭാരിച്ച ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്‌ധ്യം ഉണ്ടായിരുന്നതിനാലും നിർമാണ പരിപാടിയിൽ സഹായിക്കാൻ അവരെ നിയോഗിച്ചു. ബെർട്ട്‌ ആ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക മാത്രമല്ല മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്‌തു. അദ്ദേഹം പറയുന്നു: “തുടക്കം മുതൽതന്നെ ട്രക്കുകളും ബാക്ക്‌ഹോയും ബുൾഡോസറും ലോഡറും ക്രെയിനും ഒക്കെ പ്രവർത്തിപ്പിക്കാൻ ഞാൻ സ്ഥലവാസികളായ സഹോദരങ്ങളെ പരിശീലിപ്പിച്ചു. ഒടുവിൽ അത്തരം ഭാരിച്ച ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സജ്ജരായ 20-25 പേർ ഞങ്ങൾക്കുണ്ടായിരുന്നു.”

പിന്നീട്‌ വേറെ നാലു ഗിലെയാദ്‌ ബിരുദധാരികൾ കൂടെ അവരോടു ചേർന്നു. ജർമനിയിൽ നിന്നുള്ള പേറ്റർ വേലെനും ഭാര്യ ബേയാറ്റെയും ഐക്യനാടുകളിൽ നിന്നുള്ള ഗാരി മെൽറ്റനും ഭാര്യ റ്റെരീസ ജിനുമായിരുന്നു അവർ. വേലെൻ ദമ്പതികൾക്കും ബ്രാഞ്ച്‌ നിർമാണത്തിൽ മുൻപരിചയം ഉണ്ടായിരുന്നു. മെൽറ്റൻ ദമ്പതികളാകട്ടെ 5 വർഷം ഐക്യനാടുകളിലെ ബെഥേലിൽ സേവിച്ചവരായിരുന്നു. അവർക്കെല്ലാം ബ്രാഞ്ച്‌ നിർമാണത്തിനു വളരെയധികം സംഭാവന ചെയ്യാൻ കഴിഞ്ഞു.

വർഷങ്ങൾക്കു മുമ്പ്‌, 1963-ൽ അവസാനത്തെ മിഷനറി ഭവനവും അടച്ചു പൂട്ടിയിരുന്നു. ഫിലിപ്പീൻസിലെതന്നെ യോഗ്യരായ പയനിയർമാർക്ക്‌ വയൽ പ്രവർത്തനങ്ങളിൽ നേതൃത്വമെടുക്കാൻ കഴിയുമായിരുന്നതുകൊണ്ടാണ്‌ അങ്ങനെ ചെയ്‌തത്‌. എന്നിരുന്നാലും 1991-ൽ ആറ്‌ മിഷനറിമാരെ വയലിലേക്ക്‌ അയയ്‌ക്കാൻ ഭരണസംഘം ക്രമീകരണം ചെയ്‌തു. ഇവർ ബ്രാഞ്ച്‌ ഓഫീസിൽ പ്രവർത്തിച്ച്‌ പരിചയം നേടിയവരായിരുന്നെങ്കിലും അവർക്കു വയലിൽ പ്രയോജനപ്പെടുമായിരുന്ന അനുഭവപരിചയവും ഉണ്ടായിരുന്നു. ഉദാഹരണത്തിന്‌ ജനിൻ ഹൂഫ്‌നാഗെൽസ്‌ സഹോദരി 18-ാമത്തെ വയസ്സിൽ ഒരു പ്രത്യേക പയനിയറായി സേവിച്ചു തുടങ്ങിയ ആളായിരുന്നു. തന്റെ അനുഭവപരിചയവും ഊർജസ്വലമായ വ്യക്തിത്വവും സഹോദരങ്ങളെയും പുതിയവരെയും പ്രോത്സാഹിപ്പിക്കുന്നതിന്‌ ഉപയോഗിക്കാൻ അവർക്കു കഴിയുമായിരുന്നു. മറ്റു പ്രയോജനങ്ങളെ കുറിച്ച്‌ അവരുടെ ഭർത്താവായ ബെർട്ട്‌ പറയുന്നു: “മിഷനറിമാർ ഇവിടത്തെ വയലിൽ ഉണ്ടായിരിക്കുന്നത്‌ നമ്മുടെ വേല ലോക വ്യാപകമാണെന്നു മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നു.” അതേസമയം മറ്റു ചില മിഷനറിമാർ ബ്രാഞ്ചിലെ കാര്യനിർവഹണപരവും മറ്റു തരത്തിലുള്ളതുമായ പ്രവർത്തനങ്ങളിൽ തുടർന്നിരിക്കുന്നു.

ഫിലിപ്പീൻസിലേക്ക്‌ മറ്റു നാടുകളിൽനിന്നു മിഷനറിമാർ വരിക മാത്രമല്ല അവിടെനിന്ന്‌ മിഷനറിമാർ മറ്റു നാടുകളിലേക്കു പോകുകയും ചെയ്‌തിരിക്കുന്നു.

ഫിലിപ്പീൻസിൽനിന്ന്‌ മിഷനറിമാർ മറ്റു നാടുകളിലേക്കു പോകുന്നു

ഫിലിപ്പീൻസിലേക്ക്‌ മിഷനറിമാർ വന്നുകൊണ്ടിരുന്നപ്പോൾത്തന്നെ, മിഷനറി പ്രവർത്തനത്തിൽ പങ്കുചേരാനായി ഫിലിപ്പീൻസിലെ പയനിയർമാരെ മറ്റു രാജ്യങ്ങളിലേക്ക്‌ അയച്ചുതുടങ്ങി. പ്രാദേശിക പയനിയർമാർക്ക്‌ ഗിലെയാദ്‌ ബിരുദധാരികളുടെ അത്ര സംഘടനാപരമായ പരിശീലനം ലഭിച്ചിരുന്നില്ലെങ്കിലും അവരിൽ പലരും വളരെ നല്ല പയനിയർമാരായിരുന്നു. രണ്ടാം ലോകമഹായുദ്ധം മുതൽ അയൽ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഫിലിപ്പീൻസിൽ ശിഷ്യരാക്കൽ വേല വളരെ വേഗത്തിൽ പുരോഗമിച്ചിരുന്നു. അതുകൊണ്ട്‌ 1964 മുതൽ ഏഷ്യയിലും പസിഫിക്‌ ദ്വീപുകളിലും ഉടനീളം മിഷനറി സേവനം നിർവഹിക്കാൻ ഫിലിപ്പീൻസിൽ നിന്നുള്ള യോഗ്യരായ പയനിയർമാർ ക്ഷണിക്കപ്പെട്ടിരിക്കുന്നു. അവരിൽ ചിലർ ദമ്പതികൾ ആണെങ്കിലും, പത്തു വർഷമോ അതിലധികമോ മുഴു സമയ ശുശ്രൂഷയിൽ പിന്നിട്ട ഏകാകികളായ പയനിയർമാരാണ്‌ ഭൂരിഭാഗവും. 2002 പകുതിയായപ്പോഴേക്കും 19 രാജ്യങ്ങളിലേക്കായി 149 പേർ അയയ്‌ക്കപ്പെട്ടിരുന്നു. ഇവരിൽ 74 പേർ തങ്ങളുടെ നിയമനങ്ങളിൽ തുടരുന്നു. യാത്രാരേഖകൾ തയ്യാറാകാനുള്ള കാലതാമസത്തിനിടയിൽ, ഭാവി മിഷനറിമാർ ബ്രാഞ്ചിൽ കുറേസമയം ചെലവിടുന്നു. ആ സമയത്ത്‌ അവർ തങ്ങളുടെ നിയമനങ്ങളിൽ സഹായകമായേക്കാവുന്ന അനുഭവപരിചയവും പരിശീലനവും നേടിയെടുക്കുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഉടനീളം ഈ മിഷനറിമാർ പ്രസംഗ വേലയിൽ എന്തു സംഭാവനയാണ്‌ ചെയ്‌തിട്ടുള്ളത്‌, എന്തൊക്കെ വെല്ലുവിളികളും സന്തോഷവുമാണ്‌ അവർ അനുഭവിച്ചിട്ടുള്ളത്‌?

റോസ്‌ കാഗുൻഗാവുവും (ഇപ്പോൾ എങ്‌ഗ്ലർ) ക്ലാരാ ദെലാ ക്രൂസും (ഇപ്പോൾ എലൗറിയാ) ആണ്‌ ആദ്യമായി അങ്ങനെ പോയത്‌. തായ്‌ലൻഡിലേക്കായിരുന്നു അവരെ നിയമിച്ചത്‌. ഏതാണ്ട്‌ ഒരു വർഷത്തിനു ശേഷം ആങ്‌ഹെലിറ്റാ ഗാവിനോ അവരോടു ചേർന്നു. മറ്റു മിഷനറിമാരുടെ കാര്യത്തിലെന്നപോലെ ഇവർക്കും ഭാഷ പഠിക്കുക എന്നത്‌ വലിയ വെല്ലുവിളി തന്നെയായിരുന്നു. തായ്‌ ഭാഷ പഠിച്ചതിനെപ്പറ്റി ആങ്‌ഹെലിറ്റാ പറയുന്നു: “ആദ്യത്തെ ഏതാനും ആഴ്‌ചകളിൽ എനിക്കു വലിയ നിരാശ തോന്നി. പുസ്‌തകങ്ങളിൽ കണ്ട അക്ഷരങ്ങൾ ‘പുഴുക്കളെ’ പോലെ തോന്നിച്ചു. യോഗസ്ഥലത്താണെങ്കിൽ ഞങ്ങൾക്ക്‌ ആരോടുംതന്നെ സംസാരിക്കാൻ കഴിഞ്ഞില്ല.” എന്നാൽ അവർ ഭാഷ പഠിക്കുക തന്നെ ചെയ്‌തു. അങ്ങനെ പഠിച്ചെടുത്ത ഭാഷ മറ്റുള്ളവരെ സഹായിക്കാൻ അവർ ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

ആദ്യം പുറപ്പെട്ട ഇവർക്കു പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക്‌, മനസ്സൊരുക്കമുള്ള പയനിയർമാരുടെ ഒരു ഒഴുക്കുതന്നെ ഉണ്ടായി. പൊർഫിറിയോ ഹുംവാദ്‌ സഹോദരനും ഭാര്യ ഇവാൻജലിനും 1972-ൽ കൊറിയയിലേക്കു നിയമിക്കപ്പെട്ടു. അവർ ഭാഷ നന്നായി പഠിച്ചു. മിഷനറി വയലിൽ രണ്ടര വർഷം ചെലവിട്ടശേഷം ഹുംവാദ്‌ ദമ്പതികളെ സർക്കിട്ട്‌ വേലയിൽ നിയമിച്ചു.

മിഷനറി പ്രവർത്തനം ആരംഭിക്കാനായി ഹോങ്കോംഗിൽ എത്തിച്ചേർന്ന ഒമ്പതു ഫിലിപ്പിനോ സഹോദരിമാരിൽ ഒരാളായിരുന്നു സാൽവാസിയോൻ റെഗാലാ (ഇപ്പോൾ ആയേ). 1970-ലാണ്‌ അവർ അവിടെ എത്തിയത്‌. അവരുടെ ആദ്യ വെല്ലുവിളി കാന്റൊണിസ്‌ ഭാഷ പഠിക്കുക എന്നതായിരുന്നു. കാന്റൊണിസ്‌ ഭാഷയിൽ ഒമ്പതു സ്ഥായിഭേദങ്ങളുണ്ട്‌. സ്ഥായിയിൽ മാറ്റം വരുത്തി ഉച്ചരിച്ചാൽ പദത്തിന്റെ അർഥം പാടേ മാറും. ഭാഷയുടെ ഈ കഷ്ടപ്പാടുകൾ സാൽവാസിയോൻ സഹോദരി ഇപ്പോഴും ഓർമിക്കുന്നു. താൻ താമസസ്‌ഥലം മാറിയതു “പ്രേതത്തിന്റെ ശല്യം” കൊണ്ടാണെന്ന്‌ ഒരിക്കൽ തന്റെ ബൈബിൾ വിദ്യാർഥിയോട്‌ അവർ പറഞ്ഞു. എന്നാൽ പറയാൻ ഉദ്ദേശിച്ചത്‌ “വാടക കൂടുതലായതുകൊണ്ടാണ്‌” എന്നായിരുന്നു. കാലക്രമത്തിൽ അവർ ഭാഷ പഠിച്ചു. ബൈബിളിൽനിന്നുള്ള സത്യത്തിന്റെ ദൂത്‌ മനസ്സിലാക്കാൻ 20-ലധികം ആളുകളെ സഹോദരി സഹായിച്ചിട്ടുണ്ട്‌. ഇപ്പോൾ, വീട്ടു ജോലിക്കായി ഹോങ്കോംഗിൽ വന്നു പാർക്കുന്ന ധാരാളം ഇന്തൊനീഷ്യക്കാരെ കണ്ടുമുട്ടാറുള്ളതിനാൽ ഇന്തൊനീഷ്യൻ ഭാഷ പഠിക്കാനുള്ള ശ്രമത്തിലാണു സഹോദരി.

നല്ല നിശ്ചയദാർഢ്യവും സൗഹൃദ സ്വഭാവവുമുള്ള റോഡോൾഫോ ആസൊങ്‌ സഹോദരൻ 1979-ൽ പാപ്പുവ ന്യൂഗിനിയിലേക്കു നിയമിക്കപ്പെട്ടപ്പോൾ തികച്ചും വ്യത്യസ്‌തമായ സാഹചര്യങ്ങളാണ്‌ അദ്ദേഹത്തിനു നേരിടേണ്ടി വന്നത്‌. അവിടത്തെ ഭാഷ പഠിക്കാൻ നല്ല ശ്രമം ചെയ്‌തതിന്റെ ഫലമായി ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹത്തിന്‌ ഒരു സഞ്ചാര മേൽവിചാരകനായി നിയമനം ലഭിച്ചു. എന്നാൽ പാപ്പുവ ന്യൂഗിനിയിൽ സഭകൾ സന്ദർശിക്കുന്നത്‌ ഫിലിപ്പീൻസിലെ സഞ്ചാരവേലയിൽനിന്നു വളരെ വ്യത്യസ്‌തമായിരുന്നു. അദ്ദേഹം പറയുന്നു: “അവിടത്തുകാരെ പോലെതന്നെ എഴുന്നേറ്റു നിന്ന്‌ തടികൊണ്ടുള്ള ഒരു കൊച്ചു വള്ളം തുഴഞ്ഞുകൊണ്ടു പോകാൻ ഞാൻ പഠിച്ചു.”

സമ്മേളനങ്ങളെ കുറിച്ച്‌ റോഡോൾഫോ സഹോദരൻ പറയുന്നു: “ദൂരക്കൂടുതലും ചെലവു താങ്ങാവുന്ന തരത്തിലുള്ള യാത്രാ സൗകര്യങ്ങളുടെ അഭാവവും നിമിത്തം ഞങ്ങൾ അനേകം ചെറിയ സമ്മേളനങ്ങൾ നടത്തി. ലാറിമിയാ ഗ്രാമത്തിൽ നടന്ന, മൊത്തം പത്തു പേർ ഹാജരായ സമ്മേളനമായിരുന്നു ഞാൻ സംബന്ധിച്ചിട്ടുള്ളതിൽ വെച്ച്‌ ഏറ്റവും ചെറുത്‌.” മറ്റൊരു സന്ദർഭത്തിൽ ആഗി എന്ന ഗ്രാമത്തിൽ നടന്ന കൺവെൻഷന്റെ ഓവർസിയറായി സഹോദരൻ നിയമിതനായി. അദ്ദേഹം പറയുന്നു: “ഞാൻതന്നെ ആയിരുന്നു കൺവെൻഷൻ ചെയർമാൻ. ശബ്ദ ക്രമീകരണ വിഭാഗത്തിന്റെയും ഭക്ഷ്യസേവന വിഭാഗത്തിന്റെയും ചുമതലയും എനിക്കായിരുന്നു. നാടകം സംവിധാനം ചെയ്‌തതും ദാവീദ്‌ രാജാവിന്റെ ഭാഗം അഭിനയിച്ചതും ഞാൻതന്നെ.” ആ നിയമനത്തിൽ കഠിനമായി അധ്വാനിച്ച റോഡോൾഫോ സഹോദരൻ പിന്നീട്‌ സോളമൻ ദ്വീപുകളിൽ ഒരു മിഷനറിയായി സേവനം ആസ്വദിച്ചു.

ലൂസോണിൽ നിന്നുള്ള ആർടൂറോ വില്യാസിൻ സഹോദരൻ 1982-ൽ സോളമൻ ദ്വീപുകളിലേക്ക്‌ അയയ്‌ക്കപ്പെട്ടു. ഏതു സാഹചര്യവുമായും പൊരുത്തപ്പെടാൻ കഴിയുന്ന ആളായിരുന്നു അദ്ദേഹം. അവിടെ ഒരു സർക്കിട്ടു മേൽവിചാരകനായി സേവിക്കവേ അവിടത്തെ സാഹചര്യങ്ങൾ ഫിലിപ്പീൻസിലേതിൽ നിന്ന്‌ വളരെ വ്യത്യസ്‌തമാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. പല ദ്വീപുകളിലും എത്തിച്ചേരുന്നതിനുള്ള ഏറ്റവും പറ്റിയ മാർഗം ചെറിയ വിമാനം ഉപയോഗിക്കുന്നതായിരുന്നു. അദ്ദേഹം വിവരിക്കുന്നു: “ഒരിക്കൽ ഞങ്ങളുടെ വിമാനം തകർന്നുവീണു, എന്നാൽ ഞങ്ങൾ എല്ലാവരും രക്ഷപ്പെട്ടു. യാത്രാപഥം ശരിയായി കാണാൻ കഴിയാതിരുന്ന മറ്റൊരു സന്ദർഭത്തിൽ വിമാനം ഒരു മലയുടെ വശത്തു തട്ടി തകരേണ്ടതായിരുന്നു. ഞങ്ങൾ കഷ്ടിച്ചാണു രക്ഷപ്പെട്ടത്‌.” ചില സഭകൾ സന്ദർശിച്ചതിനെപ്പറ്റി അദ്ദേഹം പറഞ്ഞു: “ചേറും ചെളിയും നിറഞ്ഞ കുത്തനെയുള്ള കുന്നുകൾ കയറി മഴവനത്തിലൂടെ വളരെ ദൂരം നടന്നു വേണമായിരുന്നു ഞങ്ങൾക്കു പൂർവികരെ ആരാധിക്കുന്ന കാട്ടുവർഗക്കാർക്കിടയിലുള്ള സഭകൾ സന്ദർശിക്കാൻ.” 2001-ൽ രോഗബാധയെ തുടർന്ന്‌ ആർടൂറോ സഹോദരൻ മരണമടഞ്ഞു, തികച്ചും അപ്രതീക്ഷിതമായി. എന്നാൽ ഒരു വിശ്വസ്‌ത മിഷനറി എന്ന നിലയിൽ അദ്ദേഹത്തെ സഹോദരങ്ങൾ എന്നും ഓർക്കും.

ഏഷ്യയിലെയും പസിഫിക്കിലെയും മിഷനറി വയലുകളിലേക്ക്‌ അയയ്‌ക്കപ്പെട്ട ഫിലിപ്പിനോ സഹോദരീസഹോദരന്മാരുടെ ഇത്തരത്തിലുള്ള ധാരാളം അനുഭവങ്ങളുണ്ട്‌. വെല്ലുവിളികളെല്ലാം ഉണ്ടായിട്ടും, മനസ്സൊരുക്കവും ആത്മത്യാഗ മനോഭാവവുമുള്ള ഈ ദൈവദാസന്മാർ ഈ നാടുകളിലെ പ്രസംഗ പ്രവർത്തനത്തിനു നൽകിയിട്ടുള്ള സംഭാവന ശ്രദ്ധേയമാണ്‌.

യഹോവയെ തങ്ങളുടെ ശക്തിദുർഗമാക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിലുള്ള സന്തോഷം

യഹോവയുടെ അനുഗ്രഹം സന്തോഷം കൈവരുത്തുന്നു. (സദൃ.10:​22, NW) 1974-ൽ തായ്‌വാനിലേക്ക്‌ അയയ്‌ക്കപ്പെട്ട ആഡെലിയെഡാ കാലെറ്റേനാ പറയുന്നു: “ഇവിടത്തെ ഞങ്ങളുടെ വേലയെ യഹോവ അനുഗ്രഹിച്ചിരിക്കുന്നതിലും അതിൽ ഒരു പങ്കുണ്ടായിരിക്കാൻ എനിക്ക്‌ അവസരം തന്നതിലും ഞാൻ വളരെ സന്തുഷ്ടയും യഹോവയോടു നന്ദിയുള്ളവളുമാണ്‌.”

ഇപ്പോൾ മാർഷൽ ദ്വീപുകളിൽ സേവിക്കുന്ന പോൾ റ്റാബൂനിഗാവു സഹോദരനും ഭാര്യ മാരിനയും പറയുന്നു. “യഹോവയെ സേവിക്കാൻ ഞങ്ങൾ 72 പേരെ സഹായിച്ചിട്ടുണ്ട്‌. അവരിൽ പലരും ഇപ്പോൾ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും പ്രത്യേക പയനിയർമാരും സാധാരണ പയനിയർമാരും സജീവ പ്രസാധകരുമായി സേവിക്കുന്നതിൽ ഞങ്ങൾ എത്ര സന്തുഷ്ടരാണെന്നോ.”

1980 മുതൽ പാപ്പുവ ന്യൂഗിനിയിൽ സേവിച്ചു പോരുന്ന ലിഡിയ പാംപ്ലോനാ സഹോദരി 84 പേരെ സമർപ്പണത്തിന്റെയും സ്‌നാപനത്തിന്റെയും പടി സ്വീകരിക്കാൻ സഹായിച്ചിട്ടുണ്ട്‌. ഇപ്പോൾ 16 പേരുമായി ഭവന ബൈബിളധ്യയനം നടത്തുന്നതായിട്ടാണ്‌ അവർ ഈ അടുത്തകാലത്തു റിപ്പോർട്ടു ചെയ്‌തത്‌. ഇവരിൽ മിക്കവരും ഇപ്പോൾ യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്‌. മിഷനറിമാരിൽ മിക്കവരുടെയും വികാരങ്ങളാണ്‌ പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ ഈ സഹോദരി പ്രകടിപ്പിച്ചത്‌ എന്നതിനു സംശയമില്ല: “എന്നെ ഭരമേൽപ്പിച്ചിരിക്കുന്ന ശുശ്രൂഷയ്‌ക്ക്‌ ഞാൻ യഹോവയോടു നന്ദി പറയുന്നു. തന്റെ മഹത്ത്വത്തിനായി യഹോവ ഞങ്ങളുടെ ശുശ്രൂഷയെ തുടർന്നും അനുഗ്രഹിക്കുമാറാകട്ടെ.”

ഫിലിപ്പിനോ മിഷനറിമാർ സേവിക്കുന്ന രാജ്യങ്ങളിലെ ബ്രാഞ്ചുകൾ, തങ്ങളുടെ പ്രദേശത്ത്‌ ഈ മിഷനറിമാർ ഉണ്ടായിരിക്കുന്നതിനെ വിലമതിച്ചിട്ടുണ്ട്‌. തായ്‌ലൻഡിലെ ബ്രാഞ്ച്‌ ഇങ്ങനെ എഴുതി: “ഫിലിപ്പീൻസിൽ നിന്നുള്ള മിഷനറിമാർ നല്ല വേലയാണ്‌ ചെയ്യുന്നത്‌. തായ്‌ലൻഡിൽ ചെലവഴിച്ചിരിക്കുന്ന വർഷങ്ങളിലെല്ലാം അവർ വിശ്വസ്‌തതയുടെ നല്ല ദൃഷ്ടാന്തങ്ങളായി തുടർന്നിരിക്കുന്നു. പ്രായമേറിവരുന്നെങ്കിലും അവർ തങ്ങളുടെ വേല തുടരുന്നു. അവർ തായ്‌ലൻഡിനെയും തായ്‌ ജനതയെയും സ്‌നേഹിക്കുന്നു. തായ്‌ലൻഡിനെ തങ്ങളുടെ സ്വന്തം നാടായിട്ടുതന്നെയാണ്‌ അവർ കരുതുന്നത്‌. ഈ നല്ല മിഷനറിമാരെ ഇവിടേക്ക്‌ അയച്ചതിനു വളരെ നന്ദി.”

രാജ്യശുശ്രൂഷാസ്‌കൂൾ മൂപ്പൻമാരെ സജ്ജരാക്കുന്നു

മറ്റു നാടുകളിൽ സേവിക്കുന്നതിന്‌ ഫിലിപ്പീൻസിൽ നിന്നു പയനിയർമാരെ അയച്ചു തുടങ്ങിയ ഏതാണ്ട്‌ അതേ കാലയളവിൽത്തന്നെ പ്രാദേശിക സഭകളിൽ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യുന്ന യോഗ്യരായ സഹോദരന്മാരുടെ വർധിച്ചുവരുന്ന എണ്ണത്തിന്‌ വേണ്ട പരിശീലനം യഹോവയുടെ സംഘടന പ്രദാനം ചെയ്‌തു. ഈ പരിശീലനം നൽകാൻ ഉപയോഗിച്ച ഒരു പ്രധാന മാർഗം രാജ്യശുശ്രൂഷാസ്‌കൂൾ ആയിരുന്നു.

ആദ്യ ക്ലാസ്സുകൾ ഒരു മാസം ദീർഘിക്കുന്ന ഒരു കോഴ്‌സായി 1961-ൽ ആരംഭിച്ചു. ഒരു ഗിലെയാദ്‌ അധ്യാപകനായിരുന്ന ജാക്ക്‌ റെഡ്‌ഫൊർഡാണ്‌ ഫിലിപ്പീൻസിൽ ഈ കോഴ്‌സ്‌ നടത്താൻ നിയോഗിക്കപ്പെട്ടത്‌. പിൽക്കാലത്ത്‌ അദ്ദേഹം വിയറ്റ്‌നാമിൽ ഒരു മിഷനറിയായി സേവിച്ചു. ആദ്യത്തെ സ്‌കൂൾ ബ്രാഞ്ചിൽ വെച്ച്‌, ഇംഗ്ലീഷ്‌ ഭാഷയിലാണു നടത്തപ്പെട്ടത്‌.

ഇംഗ്ലീഷ്‌ നന്നായി മനസ്സിലാക്കാൻ കഴിയുന്ന ചിലർ ഫിലിപ്പീൻസിൽ ഉണ്ടെങ്കിലും അവിടത്തെ മറ്റു പൊതു ഭാഷകൾക്കും ഭാഷാഭേദങ്ങൾക്കും എല്ലായ്‌പോഴും പരിഗണന നൽകേണ്ടതുണ്ട്‌. കോഴ്‌സ്‌ സ്വന്തം ഭാഷയിൽ നടത്തപ്പെടുകയാണെങ്കിൽ പല മൂപ്പന്മാർക്കും കൂടുതൽ പ്രയോജനം ലഭിക്കുമായിരുന്നു. അങ്ങനെ 1960-കളുടെ മധ്യത്തോടെ ഈ കോഴ്‌സ്‌ പല ഭാഷകളിൽ നടത്തപ്പെടാൻ തുടങ്ങി. വിസൈയൻ ദ്വീപുകളിലും മിൻഡനാവോയിലും ഉടനീളം കോഴ്‌സു നടത്താൻ നിയോഗിക്കപ്പെട്ടത്‌ കൊർനിലിയോ കാന്യെറ്റെ സഹോദരൻ ഓർമിക്കുന്നു. “സാമാർ-ലെയ്‌ട്ടി, സെബ്വാനോ, ഹിലിഗൈനൻ എന്നീ മൂന്നു ഭാഷകളിൽ ഞാൻ കോഴ്‌സ്‌ എടുത്തിരുന്നു” എന്നു പറയുമ്പോൾ അദ്ദേഹം തന്നെ ആശ്ചര്യംപൂണ്ട്‌ പുഞ്ചിരിതൂകുന്നു.

വർഷങ്ങളിലൂടെ, ഈ കോഴ്‌സിന്‌ പല തരം മാറ്റങ്ങൾ വരുത്തിയിരിക്കുന്നു, പട്ടികപ്പെടുത്തുന്ന വിധത്തിൽ ഉൾപ്പെടെ. അടുത്തകാലത്ത്‌ ഈ കോഴ്‌സ്‌ ഒരു വാരാന്ത്യത്തിൽ നടത്തപ്പെടുകയുണ്ടായി​—⁠മൂപ്പന്മാർക്ക്‌ ഒന്നര ദിവസവും ശുശ്രൂഷാദാസന്മാർക്ക്‌ ഒരു ദിവസവും. എന്നിരുന്നാലും, ഈ സ്‌കൂൾ ഏതാണ്ട്‌ എട്ടു ഭാഷകളിൽ നടത്തുന്നതിന്റെ വെല്ലുവിളി ഇപ്പോഴുമുണ്ട്‌. ഈ ഭാഷകൾ അറിയാവുന്ന മൂപ്പന്മാർ ബ്രാഞ്ചിൽനിന്നു പോയി സഞ്ചാര മേൽവിചാരകന്മാർക്കു വേണ്ടി പരിശീലന സ്‌കൂൾ നടത്തുന്നു. അതിനുശേഷം സഞ്ചാര മേൽവിചാരകന്മാർ സഭാമൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും വേണ്ടി സ്‌കൂളുകൾ നടത്തുന്നു. ഏറ്റവും ഒടുവിൽ നടന്ന സ്‌കൂളിൽനിന്ന്‌ 13,000 മൂപ്പന്മാരും 8,000 ശുശ്രൂഷാദാസന്മാരും പ്രയോജനം അനുഭവിച്ചു.

പയനിയർമാർക്ക്‌ സഹായം

പിന്നീട്‌, പയനിയർമാർക്കും കൂടുതൽ പരിശീലനം ലഭിക്കാൻ തുടങ്ങി. 1978-ൽ പയനിയർ സേവനസ്‌കൂളിന്റെ ആദ്യ ക്ലാസ്സുകൾ നടത്തപ്പെട്ടു. പ്രത്യേക പയനിയർമാർ ഉൾപ്പെടെ, അന്നു പയനിയർമാരായി സേവിച്ചിരുന്ന എല്ലാവരും അതിൽ പങ്കെടുത്തു. അന്നുമുതൽ 1979, 1981 വർഷങ്ങൾ ഒഴികെ എല്ലാ വർഷവും ക്ലാസ്സുകൾ നടത്തപ്പെട്ടിട്ടുണ്ട്‌.

പയനിയർമാർ ഈ സ്‌കൂളിൽനിന്നു വളരെയധികം പ്രയോജനം നേടിയിരിക്കുന്നു. എന്നാൽ അതിൽ സംബന്ധിക്കുന്നതിന്‌ അവർക്കു വെല്ലുവിളികളെ നേരിടേണ്ടിവന്നിട്ടുണ്ട്‌. ക്ലാസ്സിൽ പങ്കെടുക്കാൻ ചിലർ പണപരമായ ത്യാഗങ്ങൾ ചെയ്‌തിരിക്കുന്നു. മറ്റു ചിലർക്കാകട്ടെ യാത്രയുമായി ബന്ധപ്പെട്ട ക്ലേശങ്ങൾ സഹിക്കേണ്ടി വന്നിരിക്കുന്നു.

സാന്റിയാഗോ നഗരത്തിൽ വെച്ചു നടത്തപ്പെട്ട സ്‌കൂളിൽ സംബന്ധിച്ചവർക്ക്‌ വളരെ അപ്രതീക്ഷിതമായ ഒരു സാഹചര്യത്തെ നേരിടേണ്ടിവന്നു. സർക്കിട്ട്‌ മേൽവിചാരകനായ റോഡോൾഫോ ദി വെരാ ഇപ്രകാരം വിവരിക്കുകയുണ്ടായി: “1989 ഒക്ടോബർ 19-ന്‌ ഇസബെലയിലെ സാന്റിയാഗോയിൽ തികച്ചും അപ്രതീക്ഷിതമായി അതിശക്തമായ ഒരു ചുഴലിക്കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചു. കാറ്റിന്റെ വേഗം മണിക്കൂറിൽ 205 കിലോമീറ്റർ വരെ എത്തി. അന്നു രാവിലെ രാജ്യഹാളിൽവെച്ച്‌ ക്ലാസ്‌ തുടങ്ങുമ്പോൾ ചാറ്റൽ മഴയും ചെറിയ കാറ്റുമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ ഞങ്ങൾ പഠനം തുടർന്നു. എന്നാൽ കാറ്റിന്റെ ശക്തി കൂടി, കെട്ടിടം ആടി ഉലയാൻ തുടങ്ങി. പെട്ടെന്ന്‌ ശക്തമായ കാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി. അവിടെ നിന്ന്‌ ഇറങ്ങിപ്പോകാൻ ആഗ്രഹിച്ചെങ്കിലും പുറത്തിറങ്ങുന്നത്‌ കൂടുതൽ അപകടകരമായിരിക്കുമെന്നു ഞങ്ങൾക്കു മനസ്സിലായി; കാരണം പല വസ്‌തുക്കളും കാറ്റത്ത്‌ പറക്കുന്നുണ്ടായിരുന്നു.” കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീണെങ്കിലും സാരമായ പരിക്കുകളൊന്നും ഏൽക്കാതെ എല്ലാവരും രക്ഷപ്പെട്ടു. യഹോവയാണ്‌ തങ്ങളെ ഈ ദുരന്തത്തിൽനിന്നു രക്ഷിച്ചത്‌ എന്നു പറയുമ്പോഴും ഉണരുക! മാസികയിലെ ഒരു നിർദേശത്തോടും തങ്ങൾ കടപ്പെട്ടിരിക്കുന്നതായി അവർ അറിയിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഒരു മേശയ്‌ക്കോ ഡസ്‌കിനോ കീഴിൽ അഭയം പ്രാപിക്കുക എന്നതായിരുന്നു നിർദേശം. ദി വെരാ സഹോദരൻ പറയുന്നു: “ഞങ്ങൾ മേശകൾക്കടിയിൽ കയറിയിരുന്നു. കൊടുങ്കാറ്റ്‌ ശമിച്ചപ്പോൾ മരച്ചില്ലകളും മേൽക്കൂരകളിൽ നിന്നുള്ള ലോഹത്തകിടുകളും കെട്ടിടത്തെ മൂടിയിരുന്നു. എന്നാൽ കെട്ടിടത്തിനുള്ളിൽ മേശയ്‌ക്കടിയിൽ ആയിരുന്ന ഞങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.”

ഓരോ വർഷവും ഏഴു ഭാഷകളിൽ പയനിയർ സ്‌കൂൾ നടത്തപ്പെടുന്നു. സേവന വർഷം 2002 വരെ 2,787 ക്ലാസ്സുകൾ നടത്തപ്പെട്ടു. മൊത്തം 46,650 പയനിയർമാർ കോഴ്‌സ്‌ പൂർത്തിയാക്കുകയും ചെയ്‌തു. പയനിയർമാർ “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കു”ന്നതിൽ തുടരവേ തങ്ങളുടെ പ്രാപ്‌തികൾ മെച്ചപ്പെടുത്തുന്നതിനും യഹോവയിൽ പൂർണമായി ആശ്രയിക്കുന്നതിനും അവരെ സഹായിക്കുന്നതിനുള്ള എത്രയോ നല്ല ഒരു കരുതലാണ്‌ ഇത്‌!​—⁠ഫിലി. 2:15.

ഓഫ്‌സെറ്റ്‌ അച്ചടിക്കുള്ള ആദ്യ ശ്രമങ്ങൾ

ഉത്തമമായ ബൈബിൾ സാഹിത്യങ്ങൾ ലഭ്യമല്ലെങ്കിൽ സഭകളിലും വയലിലുമുള്ള എല്ലാ പ്രവർത്തനങ്ങളും വളരെയേറെ പ്രയാസകരമായിരിക്കും. വളരെക്കാലത്തേക്ക്‌ ഫിലിപ്പീൻസ്‌ വയലിന്‌ ആവശ്യമായ അച്ചടി ജോലികൾ നിർവഹിച്ചിരുന്നത്‌ ബ്രുക്ലിനിലാണ്‌. എന്നിരുന്നാലും, 1970-കളുടെ പ്രാരംഭത്തിൽ കേസൊൻ സിറ്റിയിലെ ബ്രാഞ്ച്‌ ഓഫീസ്‌ വളപ്പിൽത്തന്നെ ഒരു ഫാക്ടറി നിർമിച്ചു. ബ്രുക്ലിനിൽ അന്നുണ്ടായിരുന്നതു പോലെയുള്ള ഒരു ലെറ്റർപ്രസ്സ്‌ അവിടെ സ്ഥാപിച്ചു. അതോടെ മാസികകളെല്ലാം അവിടെത്തന്നെ അച്ചടിക്കാൻ സാധിച്ചു.

എന്നാൽ അച്ചടി വ്യവസായം, ഹോട്ട്‌-മെറ്റൽ രീതി ഉപയോഗിക്കുന്ന​—⁠ലൈനൊടൈപ്‌ മെഷീന്റെ സഹായത്താൽ ഉരുകിയ ലോഹത്തിൽനിന്ന്‌ അക്ഷരങ്ങളുടെ വരി ഒറ്റക്കഷണമായി വാർത്തെടുക്കുന്ന സംവിധാനം​—⁠ലെറ്റർപ്രസ്സുകൾ ഉപേക്ഷിച്ച്‌ ഓഫ്‌സെറ്റ്‌ അച്ചടിയിലേക്കു മാറുകയാണെന്ന്‌ ആ ദശകത്തിൽത്തന്നെ വ്യക്തമായി. ഞങ്ങളും കാലക്രമത്തിൽ ആ മാറ്റം വരുത്തുന്നതായിരിക്കുമെന്ന്‌ ലോകാസ്ഥാനത്തു നിന്നുള്ള നിർദേശങ്ങൾ സൂചിപ്പിച്ചു.

ബ്രാഞ്ച്‌ 1980-ൽ വാണിജ്യ അടിസ്ഥാനത്തിലുള്ള ഫോട്ടോ ടൈപ്‌ സെറ്റിങ്‌ ഉപകരണം വാങ്ങി. ദക്ഷിണാഫ്രിക്കാ ബ്രാഞ്ച്‌ അതേതരം ഉപകരണം വാങ്ങിയിരുന്നു. അവർ തങ്ങളുടെ അനുഭവപരിചയം ഫിലിപ്പീൻസുമായി പങ്കുവെച്ചു. ഈ കമ്പ്യൂട്ടർവത്‌കൃത ടൈപ്‌ സെറ്റിങ്‌ ഉപകരണം ഏതാണ്ട്‌ അതേ കാലയളവിൽ വാങ്ങിയ ചെറിയ ഒരു ഷീറ്റ്‌ഫെഡ്‌ ഓഫ്‌സെറ്റ്‌ പ്രസ്സിനോടൊപ്പം ഉപയോഗിച്ചു തുടങ്ങി.

ചെറിയ തോതിലാണെങ്കിലും, ഈ ഉപകരണം ഓഫ്‌സെറ്റ്‌ അച്ചടിയുടെ സാങ്കേതിക വിദ്യ പഠിക്കാൻ സഹോദരന്മാർക്ക്‌ അവസരം നൽകി. നേരത്തേതന്നെ ലെറ്റർപ്രസ്സ്‌ അച്ചടിക്കായി ലൈനൊടൈപ്‌ പ്രവർത്തിപ്പിച്ച്‌ നല്ല പരിചയം ഉണ്ടായിരുന്ന ഡേവിഡ്‌ നാമോക്കാ സഹോദരൻ ഫോട്ടോ ടൈപ്‌ സെറ്റിങ്‌ ഉപകരണം പ്രവർത്തിപ്പിക്കാൻ പഠിച്ചു. മറ്റു സഹോദരങ്ങൾ ഓഫ്‌സെറ്റ്‌ പ്രിന്റിങ്‌ പ്ലെയിറ്റുകൾ നിർമിക്കാനും പുതുതായി വാങ്ങിയ പ്രസ്സിൽ അച്ചടിവേല നിർവഹിക്കാനും പഠിച്ചു. 1980-ന്റെ അവസാനമായപ്പോഴേക്കും ബ്രാഞ്ച്‌, നമ്മുടെ രാജ്യശുശ്രൂഷയുടെ ചില ലക്കങ്ങളും താരതമ്യേന കുറച്ചു പ്രതികൾമാത്രം ആവശ്യമായിരുന്ന ഭാഷകളിൽ മാസികകളും ഓഫ്‌സെറ്റ്‌ രീതിയിൽ അച്ചടിച്ചു തുടങ്ങിയിരുന്നു.

അച്ചടി ഓഫ്‌സെറ്റ്‌ രീതിയിലേക്കു മാറാൻ തുടങ്ങിയതോടെ ഭാഷാന്തര ജോലികളും പ്രീപ്രസ്സ്‌ അഥവാ അച്ചടിക്കു തൊട്ടു മുമ്പുള്ള ജോലികളും നിർവഹിക്കാൻ സഹോദരങ്ങളെ സഹായിക്കുന്നതിന്‌ കമ്പ്യൂട്ടറുകൾ രംഗത്തെത്തി. സഹോദരങ്ങൾ സാവകാശം അനുഭവപരിചയവും ആത്മവിശ്വാസവും ആർജിച്ചു. ക്രമേണ ഈ മാർഗങ്ങൾ ഉപയോഗിച്ചുള്ള അച്ചടിയുടെ ഗുണനിലവാരവും ഉത്‌പാദനക്ഷമതയും മെച്ചപ്പെടുത്താൻ അവർക്കു കഴിഞ്ഞു. പുരോഗതി നേടുന്നതിലുള്ള സഹോദരന്മാരുടെ ഉത്സാഹം നിമിത്തം 1982-ൽ ഒരുസമയം ഒരു വർണത്തിൽ മാത്രം അച്ചടിക്കാവുന്ന ഓഫ്‌സെറ്റ്‌ പ്രസ്സ്‌ ഉപയോഗിച്ചുകൊണ്ട്‌ അവർ രാജ്യവാർത്ത നമ്പർ 31 ചതുർവർണങ്ങളിൽ അച്ചടിച്ചു. അതിന്‌ കടലാസ്‌ ആറു പ്രാവശ്യം പ്രസ്സിലൂടെ കടത്തിവിടണമായിരുന്നു; നാലു വർണങ്ങളുള്ള വശം നാലു പ്രാവശ്യവും രണ്ടു വർണങ്ങളുള്ള വശം രണ്ടു പ്രാവശ്യവും. അച്ചടിയുടെ ഗുണനിലവാരം അങ്ങേയറ്റം മികച്ചത്‌ അല്ലായിരുന്നെങ്കിലും അത്‌ ബൃഹത്തായ ഒരു സംരംഭം തന്നെയായിരുന്നു. സ്വന്തം പ്രസ്സിൽ ചതുർവർണത്തിലുള്ള രാജ്യവാർത്ത അച്ചടിക്കാൻ കഴിഞ്ഞതിൽ എല്ലാവരും വളരെ സന്തോഷിച്ചു.

കാര്യങ്ങൾ ഒന്നു തുടങ്ങിക്കിട്ടാൻ ആ ക്രമീകരണം സഹായിച്ചു. എന്നാൽ കമ്പ്യൂട്ടർവത്‌കൃത ഫോട്ടോ ടൈപ്‌ സെറ്റിങ്ങിലേക്കും ഓഫ്‌സെറ്റ്‌ പ്രിന്റിങ്ങിലേക്കുമുള്ള സമ്പൂർണ മാറ്റം എങ്ങനെ സാധിക്കുമായിരുന്നു? യഹോവയുടെ സംഘടനയ്‌ക്ക്‌ അതു സംബന്ധിച്ച്‌ ചില പദ്ധതികളുണ്ടായിരുന്നു. പെട്ടെന്നു തന്നെ ഫിലിപ്പീൻസ്‌ ബ്രാഞ്ചിനും അതിന്റെ പ്രയോജനം ലഭിക്കുമായിരുന്നു.

യഹോവയുടെ സംഘടന മെപ്‌സ്‌ പ്രദാനം ചെയ്യുന്നു

നിരവധി ഭാഷകളിൽ സുവാർത്ത പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിന്‌ ഉതകുന്ന ഒരു കമ്പ്യൂട്ടർവത്‌കൃത ഫോട്ടോ ടൈപ്‌ സെറ്റിങ്‌ സംവിധാനം ഉണ്ടാക്കാൻ ഭരണസംഘം അനുമതി നൽകി. ‘ബഹുഭാഷാ ഇലക്‌ട്രോണിക്‌ ഫോട്ടോ ടൈപ്‌ സെറ്റിങ്‌ സംവിധാനം’ (MEPS) വികസിപ്പിച്ചെടുത്തത്‌ ബ്രുക്ലിനിലാണ്‌. ബ്രാഞ്ച്‌ കുറേക്കാലം ഉപയോഗിച്ച, വാണിജ്യ അടിസ്ഥാനത്തിലുള്ള സജ്ജീകരണം കമ്പ്യൂട്ടറുകളുടെയും ഓഫ്‌സെറ്റ്‌ പ്രിന്റിങ്ങിന്റെയും ചെറിയ തോതിലുള്ള ഉപയോഗത്തിനു തുടക്കം കുറിച്ചെങ്കിലും ലോകമെങ്ങുമുള്ള മറ്റു ബ്രാഞ്ചുകളോടൊപ്പം ഈ രംഗത്തു മുന്നേറാൻ മെപ്‌സ്‌ ഫിലിപ്പീൻസ്‌ ബ്രാഞ്ചിനെ സഹായിക്കുമായിരുന്നു.

ഫിലിപ്പീൻസിൽ നിന്നുള്ള രണ്ടു ദമ്പതികൾ ന്യൂയോർക്കിലെ വാൾക്കിലിലേക്കു ക്ഷണിക്കപ്പെട്ടു. മെപ്‌സ്‌ കമ്പ്യൂട്ടറിന്റെ പരിപാലനം, പ്രീപ്രസ്സ്‌ പ്രവർത്തനങ്ങളിൽ മെപ്‌സ്‌ പ്രോഗ്രാമുകൾ ഉപയോഗിക്കൽ എന്നീ കാര്യങ്ങളിൽ അവർക്കു പരിശീലനം ലഭിച്ചു. മറ്റൊരു ദമ്പതികളായ ഫ്‌ളോറിസെൽ നോയെക്കോ സഹോദരനും ഭാര്യയും ബ്രുക്ലിനിൽ കുറച്ചുകാലം ചെലവഴിച്ചു. അവിടെ വെച്ച്‌ സഹോദരന്‌ എം.എ.എൻ. ഓഫ്‌സെറ്റ്‌ പ്രിന്റിങ്‌ പ്രസ്സ്‌ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനം ലഭിച്ചു. കമ്പ്യൂട്ടർവത്‌കൃത പ്രീപ്രസ്സ്‌ പ്രവർത്തനത്തിലേക്കും ഓഫ്‌സെറ്റ്‌ പ്രിന്റിങ്ങിലേക്കും പൂർണമായി മാറുന്നതിന്‌ ഫിലിപ്പീൻസ്‌ ബ്രാഞ്ചിന്‌ ആവശ്യമായിരുന്നത്‌ അതുതന്നെയായിരുന്നു.

അങ്ങനെ, 1983-ൽ ഒരു എം.എ.എൻ. ഓഫ്‌സെറ്റ്‌ പ്രസ്സ്‌ ഫിലിപ്പീൻസിൽ എത്തിച്ചേർന്നു. ഓസ്‌ട്രേലിയ ബ്രാഞ്ചിൽ നിന്നുള്ള ലൈയണൽ ഡിങ്കൽ സഹോദരന്റെ സഹായത്തോടെ അതു സ്ഥാപിക്കപ്പെട്ടു. നോയെക്കോ സഹോദരനാകട്ടെ താൻ ബ്രുക്ലിനിൽ വെച്ചു പഠിച്ച കാര്യങ്ങൾ ഫിലിപ്പീൻസിലുള്ള മറ്റു സഹോദരന്മാരെ പഠിപ്പിച്ചു. 1983 അവസാനത്തോടെ ആ പ്രസ്സിൽ മാസികകൾ അച്ചടിച്ചു തുടങ്ങി. എന്നാൽ അപ്പോഴും പുതിയ സംവിധാനം പൂർത്തിയായിട്ടില്ലാഞ്ഞതിനാൽ മാസികകൾ അച്ചടിക്കുന്നതിന്‌ കുറേക്കാലത്തേക്ക്‌ ഹോട്ട്‌-മെറ്റൽ രീതിയും ഓഫ്‌സെറ്റ്‌ പ്രിന്റിങ്ങും ഒരുമിച്ച്‌ ഉപയോഗിച്ചുപോന്നു.

എന്നാൽ പുതിയ സംവിധാനം പൂർത്തിയാകാൻ അധികകാലം വേണ്ടിവന്നില്ല. 1983 അവസാനത്തോടെ ആദ്യത്തെ മെപ്‌സ്‌ കമ്പ്യൂട്ടർ ഫിലിപ്പീൻസിൽ എത്തി. വാൾക്കിലിൽ പരിശീലനം ലഭിച്ച രണ്ടു സഹോദരന്മാർ മറ്റു സഹോദരങ്ങൾക്കു മെപ്‌സ്‌ കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തിലും സംരക്ഷണത്തിലും പരിശീലനം നൽകി. ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്‌ ഉപയോഗിച്ചുള്ള പ്രവർത്തനം ആരംഭിച്ചു. ഈ സംവിധാനം ഉപയോഗിച്ച്‌ പരിഭാഷ, ടെക്‌സ്റ്റ്‌ എൻട്രി, കോമ്പസിഷൻ, ഫോട്ടോ ടൈപ്‌ സെറ്റിങ്‌ എന്നിവ നിർവഹിക്കാനും അതുപോലെ കമ്പ്യൂട്ടറുകളുടെ കേടുപോക്കാനും നിരവധി ബെഥേൽ അംഗങ്ങൾ നല്ല രീതിയിൽ പരിശീലിപ്പിക്കപ്പെട്ടു. പല ഭാഷകൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഫിലിപ്പീൻസിൽ പരിശീലനം വളരെ സങ്കീർണമാണ്‌. വീക്ഷാഗോപുരം ഇംഗ്ലീഷിനു പുറമേ മറ്റ്‌ ഏഴു ഭാഷകളിലും കൂടി തയ്യാറാക്കപ്പെടുന്നു. മെപ്‌സ്‌ ഈ ജോലിക്ക്‌ തികച്ചും അനുയോജ്യമായിരുന്നു.

ഉത്‌പാദിപ്പിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ ഗുണനിലവാരത്തിൽ ശ്രദ്ധേയമായ മാറ്റംതന്നെ ഉണ്ടായി. അച്ചടി നിർവഹിച്ച സഹോദരന്മാരെ കുറിച്ച്‌ ഫാക്ടറിയിൽ ജോലി ചെയ്‌തിരുന്ന സിസാർ കാസ്റ്റെല്യാനോ പറയുന്നു: “ബെഥേലിലുള്ള നമ്മുടെ മിക്ക സഹോദരങ്ങളും കർഷക കുടുംബങ്ങളിൽ നിന്നുള്ളവരാണ്‌. ചിലരാണെങ്കിൽ യാതൊരു സാങ്കേതിക വൈദഗ്‌ധ്യവും ഇല്ലാത്തവരായിരുന്നു. അച്ചടിജോലി ഉൾപ്പെടെ വളരെയധികം കാര്യങ്ങൾ ചെയ്യാൻ യഹോവ തന്റെ ആത്മാവിനാൽ ഈ സഹോദരന്മാരെ പ്രാപ്‌തരാക്കുന്നതു കാണുമ്പോൾ അത്‌ എന്നിൽ വലിയ മതിപ്പുളവാക്കുന്നു.” അച്ചടിവേല നിർവഹിക്കാൻ ആവശ്യമായ പ്രാപ്‌തികൾ സഹോദരന്മാർ വികസിപ്പിച്ചെടുത്തു; വയലിലുള്ള പ്രസാധകർക്കാകട്ടെ കൂടുതൽ കൂടുതൽ ആകർഷകമായ പ്രസിദ്ധീകരണങ്ങൾ ലഭിക്കുകയും ചെയ്‌തു. എന്നാൽ അച്ചടി രംഗത്തെ ഈ സാങ്കേതിക പുരോഗതികൾക്ക്‌ അതിനെക്കാൾ പ്രാധാന്യമുള്ള ഒരു ഫലം​—⁠ആത്മീയമായ ഒന്ന്‌​—⁠ഉണ്ടായിരുന്നു.

ഒരേ സമയത്ത്‌ ആത്മീയ ആഹാരം

ഫിലിപ്പീൻസിനുവേണ്ടിയുള്ള മാസികകൾ ബ്രുക്ലിനിൽ അച്ചടിച്ചിരുന്നപ്പോൾ ഇംഗ്ലീഷ്‌ മാസികകളിൽ വന്ന വിവരങ്ങൾ ഫിലിപ്പീൻ ഭാഷകളിൽ ലഭിക്കുന്നതിന്‌ ആറു മാസമോ അതിലധികമോ കാത്തിരിക്കണമായിരുന്നു. മാസികകളുടെ തർജമ ഫിലിപ്പീൻസിൽ വെച്ചാണ്‌ നിർവഹിച്ചിരുന്നതെങ്കിലും കൈകൊണ്ടെഴുതിയ വിവരങ്ങളും പ്രൂഫുകളും ബ്രുക്ലിനിലേക്കും അവിടെനിന്ന്‌ തിരിച്ചും അയയ്‌ക്കുന്നതിനും ഒടുവിൽ അച്ചടിച്ച മാസികകൾ ഫിലിപ്പീൻസിലേക്ക്‌ കയറ്റി അയയ്‌ക്കുന്നതിനും വളരെയധികം സമയം ആവശ്യമായിരുന്നു. 1970-കളിൽ മാസികയുടെ അച്ചടി ഫിലിപ്പീൻസിൽ ആരംഭിച്ചപ്പോൾ ധാരാളം സമയം ലാഭിക്കാൻ കഴിഞ്ഞെങ്കിലും മാസികകളുടെ ഉള്ളടക്കം അപ്പോഴും ഇംഗ്ലീഷ്‌ ലക്കങ്ങളുടേതിനെക്കാൾ ആറു മാസം പിന്നിലായിരുന്നു. ഇംഗ്ലീഷിൽ മാസികകൾ അച്ചടിച്ചിറങ്ങുന്ന അതേ സമയത്തുതന്നെ പ്രാദേശിക ഭാഷകളിലും മാസികകൾ ലഭ്യമാകുകയാണെങ്കിൽ അത്‌ എത്രയോ നന്നായിരിക്കും എന്നു പല ഫിലിപ്പിനോ സഹോദരങ്ങളും ചിന്തിച്ചു. പക്ഷേ വർഷങ്ങളോളം അതു വെറുമൊരു സ്വപ്‌നം മാത്രമായിരുന്നു.

എന്നാൽ മെപ്‌സിന്റെ വരവും ഉത്‌പാദന പ്രക്രിയകളിൽ വരുത്തിയ ക്രമീകരണവും ആ സ്വപ്‌നത്തെ യാഥാർഥ്യമാക്കി മാറ്റി. ഒരേ വിവരങ്ങൾ ഒരേ സമയത്തു പഠിക്കുന്നത്‌ യഹോവയുടെ മുഴു ജനത്തെയും ഏകീകരിക്കുന്ന ഒരു ശക്തമായ സ്വാധീനമായിരിക്കും എന്ന്‌ ഭരണസംഘം മനസ്സിലാക്കി. ഈ ലക്ഷ്യം പിന്തുടർന്നതിന്റെ ഫലമായി 1986 ജനുവരിയോടെ ഇലോക്കോ, ടഗാലോഗ്‌, സെബ്വാനോ, ഹിലിഗൈനൻ എന്നീ നാലു ഫിലിപ്പീൻ ഭാഷകളിൽ ഇംഗ്ലീഷിനൊപ്പം വീക്ഷാഗോപുരം ലഭിച്ചു തുടങ്ങി. താമസിയാതെ മറ്റു ഭാഷകളിലും ഇംഗ്ലീഷിനൊപ്പം മാസികകൾ ലഭിച്ചു. പിന്നീട്‌ 1988-ലെ കൺവെൻഷനുകളിൽ ഇംഗ്ലീഷ്‌ പതിപ്പിനൊപ്പം 3 പ്രാദേശിക ഭാഷകളിൽ വെളിപാട്‌​—⁠അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകം ലഭിച്ചത്‌ എത്ര ആശ്ചര്യകരമായിരുന്നു! താത്‌പര്യക്കാർക്ക്‌ കൂടുതൽ ഗുണമേന്മയുള്ള സാഹിത്യം സമർപ്പിക്കാൻ കഴിയുമായിരുന്നു എന്നതിനു പുറമേ, ലോകമെമ്പാടുമുള്ള ഭൂരിപക്ഷം സഹോദരങ്ങളെയും പോലെ ഒരേ ആത്മീയ പോഷണ പരിപാടിയിൽനിന്ന്‌ ഒരേ സമയം പ്രയോജനം നേടാൻ കഴിയും എന്നതും സഹോദരങ്ങളെ വളരെയധികം സന്തോഷിപ്പിച്ചു.

രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ പ്രക്ഷുബ്ധ സാഹചര്യങ്ങൾ നിലവിലിരുന്ന ഒരു സമയത്താണ്‌ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഈ ഗുണകരമായ മാറ്റങ്ങൾ ഉണ്ടായത്‌. എല്ലാവരും യഹോവയെ നിരന്തരം തങ്ങളുടെ ശക്തിദുർഗമാക്കേണ്ടതിന്റെ ആവശ്യത്തിന്‌ ഈ പ്രസിദ്ധീകരണങ്ങൾ ഊന്നൽ നൽകുമായിരുന്നു.

പട്ടാളവും വിപ്ലവകാരികളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ

രാജ്യത്തിന്റെ പല ഭാഗങ്ങളിലും 1980-കളിൽ വിപ്ലവ പ്രസ്ഥാനങ്ങൾ ശക്തമായിത്തീർന്നു. അവയിൽ ചിലതു കമ്മ്യൂണിസവുമായി ബന്ധപ്പെട്ടതായിരുന്നു. ഗവൺമെന്റ്‌ സൈന്യവും വിധ്വംസക ശക്തികളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഏറെ സാധാരണമായിത്തീർന്നു. ഈ പോരാട്ടങ്ങൾ മിക്കപ്പോഴും യഹോവയിലുള്ള നമ്മുടെ സഹോദരങ്ങളുടെ ആശ്രയത്തെ പരീക്ഷിച്ചു.

ഒരു പ്രദേശത്ത്‌ 62 പ്രസാധകരുള്ള ഒരു സഭയുണ്ടായിരുന്നു. ഒരു ദിവസം നേരം വെളുത്തപ്പോൾ സഹോദരങ്ങൾ കാണുന്നത്‌ വിപ്ലവകാരികളും പട്ടാളവും പോരാട്ടത്തിന്‌ അണിനിരക്കുന്നതാണ്‌. അതിനു നേരെ നടുവിലായിരുന്നു സഹോദരങ്ങളുടെ ഭവനങ്ങൾ. ഒരു മൂപ്പൻ വിപ്ലവകാരികളെയും മറ്റൊരു മൂപ്പൻ ഗവൺമെന്റ്‌ പട്ടാളത്തെയും സമീപിച്ചു. അവിടെ ഒരു പോരാട്ടം ഉണ്ടായാൽ ബാധിക്കപ്പെട്ടേക്കാവുന്ന പൗരന്മാരെക്കരുതി അവർ തമ്മിൽ അവിടെവെച്ച്‌ ഏറ്റുമുട്ടരുതേ എന്ന്‌ ഈ മൂപ്പന്മാർ അഭ്യർഥിച്ചു. എന്നാൽ ഈ അപേക്ഷ ഇരുകൂട്ടരും ചെവിക്കൊണ്ടില്ല. അവിടെനിന്ന്‌ ഓടി രക്ഷപ്പെടാൻ കഴിയാതിരുന്നതിനാൽ സഹോദരങ്ങൾ എല്ലാവരും രാജ്യഹാളിൽ ഒത്തുകൂടി. ഹാളിനു പുറത്തുണ്ടായിരുന്ന ഗവൺമെന്റ്‌ പട്ടാളം കേൾക്കെ ഒരു മൂപ്പൻ സഹോദരൻ, സഹോദരങ്ങളെയെല്ലാം പ്രതിനിധീകരിച്ച്‌ ദീർഘനേരം പ്രാർഥിച്ചു. പ്രാർഥന കഴിഞ്ഞ്‌ സഹോദരങ്ങൾ കണ്ണുതുറന്നപ്പോഴേക്കും ഇരു പക്ഷക്കാരും അവിടം വിട്ടു പോയിരുന്നു. പോരാട്ടം ഒന്നും നടന്നില്ല. യഹോവയാണ്‌ തങ്ങളെ രക്ഷിച്ചതെന്ന്‌ ആ സഹോദരങ്ങൾക്കു ബോധ്യമായിരുന്നു.

ഡിയോനിസിയോ കാർപ്പെന്റെറോ സഹോദരൻ ഭാര്യയോടൊപ്പം 16 വർഷത്തിലേറെയായി ഒരു സഞ്ചാരമേൽവിചാരകനായി സേവിച്ചു വരുന്നു. സർക്കിട്ട്‌ വേലയിലെ ആദ്യ വർഷം ദക്ഷിണ-മധ്യ ഫിലിപ്പീൻസിലെ നേഗ്രോസ്‌ ഓറിയെന്റാൽ പ്രവിശ്യയിൽ വെച്ച്‌ എന്താണു സംഭവിച്ചത്‌ എന്ന്‌ അദ്ദേഹം ഇപ്പോഴും ഓർമിക്കുന്നു. അദ്ദേഹം വിവരിക്കുന്നു: “ലിനാന്റൂയാൻ സഭ സന്ദർശിക്കുകയായിരുന്നു ഞങ്ങൾ. ബുധനാഴ്‌ച 40 പ്രസാധകർ ഞങ്ങളോടൊപ്പം വയൽസേവനത്തിൽ പങ്കെടുത്തതിനാൽ ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ വിപ്ലവകാരികൾ ഞങ്ങളുടെ ഓരോ നീക്കവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നു പിന്നീടാണു ഞങ്ങൾ അറിഞ്ഞത്‌. അവരുടെ ഒളിസ്ഥലം രാജ്യഹാളിനു സമീപത്തായിരുന്നു. വൈകിട്ടു 4 മണിക്ക്‌ അവരിൽ നാലുപേർ ഞങ്ങളുടെ താമസസ്ഥലത്തെത്തി ഞങ്ങളെപ്പറ്റി അന്വേഷണം നടത്തി. ഞാൻ ഒരു സർക്കിട്ട്‌ മേൽവിചാരകൻ ആണെന്നും ആറുമാസത്തിൽ ഒരിക്കൽ ആ സഭ സന്ദർശിക്കാറുണ്ടെന്നും അവിടെയുണ്ടായിരുന്ന ഒരു മൂപ്പൻ വിശദീകരിച്ചു.”

എന്നാൽ ആ വിശദീകരണം അവർ വിശ്വസിച്ചില്ല. മറിച്ച്‌, ഡിയോനിസിയോ സഹോദരൻ ഒരു പട്ടാളക്കാരൻ ആണെന്നായിരുന്നു അവരുടെ ധാരണ. സഹോദരനെ കൊന്നുകളയേണ്ടതിന്‌ പുറത്തിറക്കി വിടാൻ അവർ ആവശ്യപ്പെട്ടു. അതിന്‌ ആദ്യം അവർ തന്നെ കൊല്ലേണ്ടിവരും എന്നായിരുന്നു മൂപ്പൻ സഹോദരന്റെ മറുപടി. അതുകേട്ട്‌ അവർ സ്ഥലംവിട്ടു.

ഡിയോനിസിയോ സഹോദരൻ തുടരുന്നു: “അന്നു രാത്രി മുഴുവൻ അവർ ആ വീടിന്റെ പരിസരത്തുതന്നെ ഉണ്ടായിരുന്നു എന്നു ഞങ്ങൾക്കു മനസ്സിലായി. കാരണം നായ്‌ക്കൾ നിറുത്താതെ കുരച്ചുകൊണ്ടിരുന്നു. മാർഗനിർദേശത്തിനായി അന്നു രാത്രി നാലു പ്രാവശ്യം ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു. അതേത്തുടർന്ന്‌, വരണ്ട കാലാവസ്ഥ ആയിരുന്നിട്ടും പെട്ടെന്ന്‌ ശക്തിയായി ഒരു മഴ പെയ്‌തു. ഞങ്ങളെ വധിക്കാൻ തക്കം പാർത്തിരുന്നവർ അതോടെ സ്ഥലം വിട്ടു.”

ഞായറാഴ്‌ചത്തെ യോഗം കഴിഞ്ഞപ്പോൾ തങ്ങൾ അടുത്ത സഭയിലേക്കു യാത്രയാവുകയാണെന്ന്‌ ഡിയോനിസിയോ സഹോദരൻ മൂപ്പന്മാരോടു പറഞ്ഞു. എന്നാൽ വിപ്ലവകാരികളുടെ ഒളിസ്ഥലം കടന്നു വേണമായിരുന്നു അവർക്കു പോകാൻ. ഡിയോനിസിയോ സഹോദരൻ പറയുന്നു: “അവരിലൊരാൾ ജനലിലൂടെ പുറത്തേക്കു നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾ പോവുകയാണെന്ന്‌ ഞങ്ങൾ അയാളോടു പറയുക പോലും ചെയ്‌തു. എന്നിരുന്നാലും, വൈകിട്ട്‌ 8 മണിയായപ്പോൾ വിപ്ലവകാരികൾ ഞങ്ങളെ തേടി രാജ്യഹാളിലെത്തി. ഞങ്ങൾ പോയെന്നും അവരുടെ ഒളിസ്ഥലം കടന്നാണു പോയതെന്നും മൂപ്പൻ അവരോടു പറഞ്ഞു. ആശ്ചര്യകരമെന്നു പറയട്ടെ, അവർ ഞങ്ങളെ കണ്ടിരുന്നില്ല. പ്രയാസ സാഹചര്യങ്ങളിൽ യഹോവയിൽ ആശ്രയിക്കാനും ധൈര്യമുള്ളവരായിരിക്കാനും ഈ അനുഭവം ഞങ്ങളെ പഠിപ്പിച്ചു.” ഡിയോനിസിയോ സഹോദരനും സഹോദരിയും സന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുന്നു.

ഇത്തരം ഏറ്റുമുട്ടലുകൾ ചിലപ്പോൾ സാക്ഷീകരണവേല പ്രയാസകരമാക്കിത്തീർക്കുന്നു. അസമയത്ത്‌ അത്തരം സ്ഥലങ്ങളിലെങ്ങാനും ചെന്നുപെട്ടാൽ അങ്ങോട്ടുമിങ്ങോട്ടും ചീറിപ്പായുന്ന വെടിയുണ്ടകളായിരിക്കും നിങ്ങളെ എതിരേൽക്കുക. എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ നടക്കാൻ പോകുന്ന പോരാട്ടത്തെക്കുറിച്ച്‌ ഏതെങ്കിലും ഒരു കൂട്ടർ സഹോദരങ്ങൾക്കു വിവരം നൽകിയിട്ടുണ്ട്‌. അങ്ങനെ സംഭവിക്കുമ്പോൾ പോരാട്ടം അവസാനിക്കുന്നതുവരെ സാക്ഷീകരണവേല ചെയ്യാൻ അവർ കുഴപ്പങ്ങളില്ലാത്ത മറ്റൊരു സ്ഥലം തിരഞ്ഞെടുക്കുന്നു. ഇതൊക്കെ ആയാലും പ്രസംഗവേല തുടർന്നുകൊണ്ടേയിരിക്കുന്നു. യഹോവയിൽ ആശ്രയിക്കാൻ സഹോദരങ്ങൾ പഠിച്ചിരിക്കുന്നു.

നിഷ്‌പക്ഷത പരിശോധിക്കപ്പെടുന്നു

തന്റെ അനുയായികളെ സംബന്ധിച്ച്‌ യേശു പറഞ്ഞു: “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല.” (യോഹ. 17:​14, NW) മറ്റു രാജ്യങ്ങളിലെന്നപോലെ ഫിലിപ്പീൻസിലെ യഹോവയുടെ സാക്ഷികളും രാഷ്‌ട്രീയത്തിൽനിന്നും സൈനിക പോരാട്ടങ്ങളിൽനിന്നും ഒഴിഞ്ഞുനിന്നിരിക്കുന്നു. അവർ ‘വാളെടുത്തിട്ടില്ല’; പകരം, അവർ ആയുധങ്ങൾ ഉപേക്ഷിക്കുകയും യഹോവയാൽ പഠിപ്പിക്കപ്പെട്ടതനുസരിച്ച്‌ സമാധാനത്തിന്റെ മാർഗം പിൻപറ്റുകയും ചെയ്‌തിരിക്കുന്നു. (മത്താ. 26:52; യെശ. 2:4) അവരുടെ നിഷ്‌പക്ഷ നിലപാട്‌ ഫിലിപ്പീൻസിൽ പരക്കെ അറിവുള്ളതാണ്‌; യഹോവയുടെ സാക്ഷികൾ തങ്ങൾക്കൊരു ഭീഷണിയല്ല എന്ന്‌ എല്ലാ വിഭാഗത്തിലുംപെട്ട ആളുകൾ തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാൽ തങ്ങളുടെ നിലപാട്‌ യഹോവയുടെ ദാസന്മാർ വ്യക്തമായി തിരിച്ചറിയിക്കേണ്ടിവന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്‌. അത്‌ അവർക്ക്‌ ഒരു സംരക്ഷണമായി ഉതകിയിരിക്കുന്നു.

ഒരു സഞ്ചാര മേൽവിചാരകൻ എന്ന നിലയിൽ, സമാധാനപൂർണവും അല്ലാത്തതുമായ വ്യത്യസ്‌ത പ്രദേശങ്ങളിൽ സേവിച്ചതിന്റെ ധാരാളം അനുഭവങ്ങളുള്ള ആളാണ്‌ വിൽഫ്രെഡോ ആറെല്യാനോ സഹോദരൻ. ദക്ഷിണ-മധ്യ ഫിലിപ്പീൻസിലുള്ള ഒരു സഭയിൽ 1988-ൽ അദ്ദേഹം സന്ദർശനം നടത്തി. അവിടെ വിധ്വംസക പ്രവർത്തകർ സർക്കാരിനെതിരായുള്ള വിപ്ലവത്തിൽ പങ്കുചേരാൻ സഹോദരങ്ങളുടെ മേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. എന്നാൽ സഹോദരങ്ങൾ ശക്തമായി ചെറുത്തുനിന്നു.

എന്താണ്‌ സംഭവിച്ചതെന്ന്‌ വിൽഫ്രെഡോ സഹോദരൻ വിവരിക്കുന്നു: “എന്റെ സന്ദർശന സമയത്ത്‌ ഗവൺമെന്റ്‌ പട്ടാളം സഭയുടെ പ്രദേശത്ത്‌ സജീവമായിരുന്നു. തദ്ദേശവാസികളെ ഒരുമിച്ചുകൂട്ടി വിധ്വംസക പ്രവർത്തകർക്കെതിരെ പോരാടാനുള്ള ഒരു കരുതൽസേന രൂപീകരിക്കാൻ അവർ തീരുമാനിച്ചു. സർക്കാർ പ്രതിനിധികളുമായുള്ള ഒരു യോഗത്തിൽ സഹോദരന്മാർക്ക്‌ തങ്ങൾ വിധ്വംസക പ്രവർത്തകരുടെ കൂട്ടത്തിലോ സർക്കാരിന്റെ കരുതൽസേനയിലോ ചേരാത്തത്‌ എന്തുകൊണ്ടാണെന്നു വിശദീകരിക്കാൻ ഒരു അവസരം ലഭിച്ചു. നാട്ടുകാരിൽ ചിലർ നമ്മുടെ നിലപാടിനെ എതിർത്തെങ്കിലും ഗവൺമെന്റിന്റെ വക്താക്കൾ നമ്മുടെ നിലപാടിനെ ആദരിച്ചു.”

അടുത്തതായി എന്തു സംഭവിച്ചെന്ന്‌ വിൽഫ്രെഡോ വിവരിക്കുന്നു: “ഒരു സഹോദരൻ യോഗത്തിൽ സംബന്ധിച്ച്‌ മടങ്ങുമ്പോൾ, ആയുധധാരികളായ ഒരു കൂട്ടം ആളുകളുടെ പിടിയിലായി. അവരോടൊപ്പം കണ്ണുമൂടിക്കെട്ടിയ അവസ്ഥയിൽ രണ്ടു ബന്ധികളുമുണ്ടായിരുന്നു. സർക്കാർ സംഘടിപ്പിച്ച യോഗത്തിൽ സംബന്ധിച്ചോ എന്ന്‌ ആയുധധാരികൾ സഹോദരനോടു ചോദിച്ചു. ‘ഉവ്വ്‌’ എന്നു സഹോദരൻ സത്യസന്ധമായി മറുപടി പറഞ്ഞു. ഗവൺമെന്റിന്റെ കരുതൽസേനയിൽ ചേർന്നോ എന്ന ചോദ്യത്തിന്‌ ‘ഇല്ല’ എന്നും മറുപടി പറഞ്ഞു. തുടർന്ന്‌ അദ്ദേഹം തന്റെ നിഷ്‌പക്ഷ നിലപാട്‌ വിശദീകരിച്ചു. അവർ സഹോദരനെ പോകാൻ അനുവദിച്ചു. ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ അദ്ദേഹം രണ്ടു വെടിയൊച്ച കേട്ടു. ബന്ധികളായിരുന്ന രണ്ടു പേരെയും അവർ വധിച്ചു.”

ആയിരത്തിത്തൊള്ളായിരത്തെഴുപതുകളിലും എൺപതുകളുടെ തുടക്കത്തിലും ഫിലിപ്പീൻസിലെ നിയമമനുസരിച്ച്‌ എല്ലാ പൗരന്മാരും വോട്ടു ചെയ്യണം എന്നത്‌ നിർബന്ധമായിരുന്നു. ഈ നിയമം ലംഘിക്കുന്നവരെ ജയിലിൽ അടച്ചിരുന്നു. ഇതു യഹോവയുടെ ജനത്തിനു ദൈവത്തോടുള്ള തങ്ങളുടെ വിശ്വസ്‌തത തെളിയിക്കാൻ അവസരം നൽകി. ലോകമെമ്പാടുമുള്ള ക്രിസ്‌തീയ സഹോദരങ്ങളെപ്പോലെ ഫിലിപ്പീൻസിലെ യഹോവയുടെ ദാസന്മാരും രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്‌പക്ഷത പാലിച്ചുകൊണ്ട്‌ ‘ലോകത്തിന്റെ ഭാഗമല്ലാതെ’ നിലകൊണ്ടിരിക്കുന്നു.​—⁠യോഹ. 17:​16, NW.

അങ്ങനെയിരിക്കെ, 1986-ലെ ഭരണമാറ്റത്തെ തുടർന്ന്‌, വോട്ടുചെയ്യാൻ നിർബന്ധിക്കുന്ന നിയമം നീക്കം ചെയ്‌തുകൊണ്ട്‌ ഭരണഘടന ഭേദഗതി ചെയ്‌തു. ഇതു സഹോദരങ്ങളുടെ ബുദ്ധിമുട്ട്‌ ലഘൂകരിച്ചിരിക്കുന്നു. എന്നിരുന്നാലും അനേകർക്ക്‌, പ്രത്യേകിച്ചും സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക്‌, മറ്റു തരത്തിലുള്ള പരിശോധനകൾ നേരിടേണ്ടിവന്നു.

‘മേലാൽ യുദ്ധം അഭ്യസിക്കാതെ’

ഐറിൻ ഗാർസിയ, മധ്യ ലൂസോൺ പ്രവിശ്യയായ പാമ്പാങ്കയിലാണ്‌ വളർന്നത്‌. അവൾ നേരിട്ട പ്രശ്‌നം ഇന്നും പല യുവജനങ്ങൾക്കും ഒരു പരിശോധനയാണ്‌. ഹൈസ്‌കൂളിൽ സൈനിക പരിശീലനം നിർബന്ധമാണ്‌. എന്നിരുന്നാലും, യുദ്ധം അഭ്യസിക്കുന്ന പരിപാടിയിൽ തങ്ങൾ പങ്കെടുക്കില്ലെന്ന്‌ യഹോവയുടെ സാക്ഷികളായ വിദ്യാർഥികൾ വ്യക്തിപരമായി തീരുമാനമെടുത്തിട്ടുണ്ട്‌. ഐറിൻ ആദ്യംതന്നെ യഹോവയോടു പ്രാർഥിച്ചു. തുടർന്ന്‌, പ്രവാചകനായ ദാനീയേലിന്റെ നാളിലെ മൂന്നു വിശ്വസ്‌ത എബ്രായ യുവാക്കളുടെ ദൃഷ്ടാന്തം മനസ്സിൽ പിടിച്ചുകൊണ്ട്‌ സൈനിക പരിശീലന കമാൻഡറെ സമീപിച്ച്‌ തന്നെ ഈ പരിശീലനത്തിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ അഭ്യർഥിച്ചു. (ദാനീ., അധ്യാ. 3) അവളുടെ നിലപാട്‌ പൂർണമായി മനസ്സിലായില്ലെങ്കിലും അവൾ നൽകിയ വിശദീകരണം അദ്ദേഹം വിലമതിച്ചു. എന്നാൽ ഈ പരിപാടിയിൽ പങ്കെടുക്കാതിരുന്നാൽ അവൾക്ക്‌ താഴ്‌ന്ന ഗ്രെയിഡാകും ലഭിക്കുകയെന്ന്‌ അദ്ദേഹം മുന്നറിയിപ്പു നൽകി. “അതു സാരമില്ല.” അവൾ പറഞ്ഞു, “മറ്റു വിഷയങ്ങളിൽ എന്റെ കഴിവിന്റെ പരമാവധി മാർക്കു വാങ്ങാൻ ഞാൻ ശ്രമിക്കാം.” സൈനിക പരിശീലനത്തിനു പകരം അവൾക്കു വേറെ ജോലി നൽകപ്പെട്ടു. അവൾ പറയുന്നു: “ഇതിന്റെയൊക്കെ ഫലമായി സാക്ഷികളുടെ മറ്റു കുട്ടികൾക്ക്‌ സൈനിക പരിശീലനത്തിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കുന്നതിന്‌ അനുവാദം ചോദിക്കുന്നത്‌ വളരെ എളുപ്പമായിത്തീർന്നിരിക്കുന്നു. സൈനിക പരിശീലനത്തിൽ പങ്കെടുത്തില്ലെങ്കിലും ഏറ്റവും ഉയർന്ന ഗ്രെയിഡ്‌ വാങ്ങി പാസ്സായ പത്തു പേരിൽ ഞാനും ഉണ്ടായിരുന്നു.”

എന്നാൽ എല്ലാ സൈനിക പരിശീലന കമാൻഡർമാരും ഐറിന്റെ സ്‌കൂളിലെ കമാൻഡറെ പോലെയല്ല. ചിലർ കുട്ടികൾക്ക്‌ പാസാകുന്നത്‌ ദുഷ്‌കരമാക്കിത്തീർത്തിരിക്കുന്നു. എന്നിരുന്നാലും യഹോവയുടെ തത്ത്വങ്ങളോടു പറ്റിനിന്നത്‌ ആയിരക്കണക്കിനു യുവജനങ്ങളെ സുപ്രധാനമായ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു: യഹോവയുടെ രാജ്യത്തിന്റെ പക്ഷത്ത്‌ ഒരു ഉറച്ച നിലപാടു സ്വീകരിക്കുന്നതും ലോകകാര്യാദികളിൽ നിഷ്‌പക്ഷത പാലിക്കുന്നതും യഹോവയുടെ സംരക്ഷണവും അനുഗ്രഹവും കൈവരുത്തുന്നു.​—⁠സദൃ. 29:25.

കൺവെൻഷനുകളുടെ എണ്ണം വർധിക്കുന്നു

ഇനി നമുക്ക്‌ യഹോവയുടെ ജനത്തിന്റെ ആത്മീയ കൂടിവരവുകളെ ഒന്നു നിരീക്ഷിക്കാം. ഇവ എല്ലായ്‌പോഴും സന്തോഷത്തിന്റെ അവസരങ്ങളാണ്‌. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ്‌ സാക്ഷികളുടെ എണ്ണം രാജ്യത്തു വളരെ കുറവായിരുന്നതിനാൽ യുദ്ധം കഴിയുന്നതുവരെ വലിയ കൂടിവരവുകളൊന്നും ഉണ്ടായില്ല. എന്നിരുന്നാലും, സഹോദരങ്ങളെ കെട്ടുപണി ചെയ്യാനായി കൂടിവരവുകൾ ക്രമീകരിക്കപ്പെട്ടിരുന്നു. 1940 മാർച്ചിൽ മനിലയിൽ ഒരു കൺവെൻഷൻ നടന്നതായി വാർഷികപുസ്‌തകം 1941 (ഇംഗ്ലീഷ്‌) റിപ്പോർട്ടു ചെയ്യുകയുണ്ടായി.

ജോസഫ്‌ ഡോസ്‌ സാന്റോസ്‌ സഹോദരനെ ജപ്പാൻകാർ തടവിലാക്കിയത്‌ നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കുമല്ലോ. 1945-ന്റെ ആരംഭത്തിൽ അമേരിക്കൻ സേന അദ്ദേഹത്തെ മോചിപ്പിച്ചു. സഹോദരങ്ങളുടെ ആത്മീയ ക്ഷേമത്തിൽ അത്യന്തം തത്‌പരനായിരുന്നു അദ്ദേഹം. സഹോദരങ്ങളിൽ പലരും സംഘടനയിൽ തികച്ചും പുതിയവരായിരുന്നു. ഭവന ബൈബിളധ്യയനങ്ങളിലൂടെ മറ്റുള്ളവരെ ഫലപ്രദമായി തിരുവെഴുത്തു സത്യങ്ങൾ പഠിപ്പിക്കേണ്ടത്‌ എങ്ങനെയെന്നു പഠിക്കുന്നതിൽ അവരെ സഹായിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. 1945 അവസാനത്തോടെ പാങ്‌ഗാസിനാനിലെ ലിങ്‌ഗായനിൽ നടന്ന ദേശീയ സമ്മേളനമായിരുന്നു അതിനുള്ള ഒരു മാർഗം. ഏതാണ്ട്‌ 4,000 പേർ അവിടെ ഹാജരായി. അന്ന്‌ പ്രദേശത്ത്‌ കണ്ടെത്താൻ കഴിഞ്ഞ താത്‌പര്യത്തെയാണ്‌ അതു സൂചിപ്പിച്ചത്‌. യുദ്ധം അവസാനിച്ചിരുന്നതിനാൽ അത്‌ എത്ര വലിയ സന്തോഷത്തിന്റെ ഒരു സന്ദർഭമായിരുന്നു!

അന്നുമുതൽ, പ്രസാധകരുടെ എണ്ണം വർധിച്ചതനുസരിച്ച്‌ കൺവെൻഷൻ ഹാജരും വർധിച്ചുകൊണ്ടിരുന്നു. ഏതാണ്ട്‌ 17 വർഷം കഴിഞ്ഞപ്പോൾ ഹാജർ, 4,000-ത്തിൽനിന്ന്‌ 39,652 ആയി ഉയർന്നു. അപ്പോൾ കൺവെൻഷനുകൾ നടന്നത്‌ ഒരു സ്ഥലത്തല്ല, ഏഴു സ്ഥലങ്ങളിലായിരുന്നു. 15 വർഷം കൂടി കഴിഞ്ഞപ്പോൾ (1977-ൽ) ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിലെ ഹാജർ ഒരു ലക്ഷം കവിഞ്ഞു. ആ സമയത്ത്‌ രാജ്യത്തൊട്ടാകെ 20 കൺവെൻഷനുകളാണ്‌ നടത്തപ്പെട്ടത്‌. എട്ടു വർഷം കൂടി കഴിഞ്ഞപ്പോൾ ഹാജർ 2 ലക്ഷം കവിഞ്ഞു. 1997 ആയപ്പോഴേക്കും ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിലെ ഹാജർ 3 ലക്ഷത്തിലധികമായി. 2002-ലേക്ക്‌ 63 കൺവെൻഷനുകൾ ക്രമീകരിക്കാൻ സാധിച്ചു. ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ സംഖ്യയാണത്‌. ദ്വീപുകളിൽ ഉടനീളമുള്ള യാത്ര വെല്ലുവിളി നിറഞ്ഞതും ചിലപ്പോൾ വളരെ ചെലവേറിയതും ആണ്‌. അതുകൊണ്ട്‌, പലയിടങ്ങളിലായി കൺവെൻഷനുകൾ ക്രമീകരിക്കുമ്പോൾ വളരെ ദൂരം യാത്ര ചെയ്യാതെ കൂടുതൽ എളുപ്പത്തിൽ അതിൽ സംബന്ധിക്കാൻ സഹോദരങ്ങൾക്കു സാധിക്കുന്നു. തത്‌ഫലമായി കൂടുതൽ പേർ ഈ ആത്മീയ വിരുന്നുകളിൽനിന്ന്‌ പ്രയോജനം അനുഭവിക്കുന്നു.

ഹാജരാകാനുള്ള ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുന്നു

സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സംബന്ധിക്കുന്നത്‌ എളുപ്പമായിരുന്നിട്ടില്ല. 1947-ൽ വടക്കൻ ഫിലിപ്പീൻസിൽ, തീരദേശത്തുള്ള വിഗാൻ എന്ന സ്ഥലത്തു നടന്ന സർക്കിട്ട്‌ സമ്മേളനത്തിൽ സംബന്ധിക്കാൻ സഹോദരങ്ങൾ ആബ്ര നദിയിലൂടെ രണ്ടു ചങ്ങാടങ്ങളിലാണ്‌ എത്തിച്ചേർന്നത്‌. നദീമുഖത്ത്‌ എത്തിയപ്പോൾ അവർ ചങ്ങാടങ്ങൾ പൊളിച്ച്‌ അതിന്റെ തടി വിറ്റു, സമ്മേളനം കഴിഞ്ഞ്‌ ബസ്സിൽ പർവതപ്രദേശത്തെ തങ്ങളുടെ വീടുകളിലേക്കു മടങ്ങാനുള്ള പണം ഉണ്ടാക്കാനായിരുന്നു അത്‌. വലിയ സഞ്ചികളിൽ അരി, കെട്ടുകണക്കിനു വിറക്‌, കിടന്നുറങ്ങാൻ പായകൾ എന്നിവ അവർ കൊണ്ടുവന്നിരുന്നു. നിറഞ്ഞ പുഞ്ചിരിയുമായി എത്തിയ അവരോടൊപ്പം നിരവധി കുട്ടികളും ഉണ്ടായിരുന്നു. അവരുടെ പുഞ്ചിരിയാകട്ടെ സമ്മേളനം പുരോഗമിച്ചപ്പോൾ കൂടുതൽ വിശാലമായി. അരിയും വിറകും പഴയ മാതൃകയിലുള്ള ഒരു അടുപ്പും കിടക്കാൻ പായയും ആയപ്പോൾ അവരുടെ ഭൗതികാവശ്യത്തിന്‌ വേണ്ടതെല്ലാമായി.

ആയിരത്തിത്തൊള്ളായിരത്തെൺപത്തിമൂന്നിൽ ദക്ഷിണ ഫിലിപ്പീൻസിൽ ദാവാവു ദെൽ സൂർ പ്രവിശ്യയിലെ കാബൂറാൻ സഭയിൽ നിന്നുള്ള ഒരു കൂട്ടം സഹോദരങ്ങൾ പർവതപ്രദേശത്തുകൂടെ മൂന്നു ദിവസം നടന്നാണ്‌ ഒരു ബോട്ടുജെട്ടിയിൽ എത്തിയത്‌. അവിടെനിന്ന്‌ ഒരു ദിവസം മുഴുവൻ ഒരു മോട്ടോർ ബോട്ടിൽ സഞ്ചരിച്ച്‌ അവർ കൺവെൻഷൻ നഗരിയിൽ എത്തിച്ചേർന്നു. “രാജ്യ ഐക്യ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിലെ മറ്റു സഹോദരങ്ങളുമായുള്ള സന്തുഷ്ട സഹവാസം തങ്ങൾ ചെയ്‌ത ശ്രമത്തിനും മുടക്കിയ പണത്തിനും തക്ക മൂല്യമുള്ളതാണ്‌ എന്ന്‌ അവർ അനുഭവിച്ചറിഞ്ഞു.

രണ്ടും നാലും വയസ്സുള്ള രണ്ടു കുട്ടികൾ ഉൾപ്പെട്ട ഒരു കുടുംബം 1989-ൽ ഒരു സർക്കിട്ട്‌ സമ്മേളനത്തിൽ സംബന്ധിക്കാൻ വേണ്ടി പലാവാനിലെ എൽ നിദോ പട്ടണത്തിൽനിന്ന്‌ 70 കിലോമീറ്ററോളം നടന്നു. തെളിഞ്ഞ വഴികളൊന്നുമില്ലാത്ത കാട്ടിലൂടെയായിരുന്നു രണ്ടു ദിവസത്തെ അവരുടെ യാത്ര. നടക്കുന്നതിനിടയിൽ അവർക്ക്‌ ഇടയ്‌ക്കിടെ തങ്ങളുടെ ദേഹത്തുനിന്ന്‌ നീരട്ടകളെ എടുത്തുകളയേണ്ടതുണ്ടായിരുന്നു. രണ്ടു ദിവസത്തെ തോരാത്ത മഴ അവസ്ഥകൾ കൂടുതൽ വഷളാക്കി. പാലങ്ങളില്ലാത്ത പല അരുവികളും നദികളും അവർക്കു കുറുകെ കടക്കേണ്ടിവന്നു. ഈ ബുദ്ധിമുട്ടുകളെല്ലാം ഉണ്ടായിരുന്നിട്ടും ആ കുടുംബം സുരക്ഷിതമായി സമ്മേളന സ്ഥലത്ത്‌ എത്തിച്ചേർന്നു. അവിടെ സഹോദരങ്ങളുമായുള്ള സഹവാസം അവർ എത്രയധികം ആസ്വദിച്ചെന്നോ!

മറ്റു ചില പ്രദേശങ്ങളിൽ സാമ്പത്തിക പരാധീനത മൂലം കുടുംബങ്ങൾക്കു കൺവെൻഷനുകളിൽ സംബന്ധിക്കുന്നതിന്‌ ആവശ്യമായ പണം കണ്ടെത്താൻ വളരെ പ്രയാസമാണ്‌. റാമോൺ റോഡ്രിഗസ്‌ 1984-ൽ ആ പ്രശ്‌നം അഭിമുഖീകരിച്ചു. ലൂസോണിന്റെ കിഴക്കേ തീരത്തിനടുത്തുള്ള പോളിയോ എന്ന ദ്വീപിലാണ്‌ അദ്ദേഹവും കുടുംബവും താമസിക്കുന്നത്‌. റാമോൺ മത്സ്യ ബന്ധനം തൊഴിലാക്കിയിരിക്കുന്ന ആളാണ്‌. കൺവെൻഷന്‌ ഒരാഴ്‌ച കൂടിയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഏഴു പേരടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്‌ കൈവശമുണ്ടായിരുന്നത്‌ ഒരാൾക്കു കൺവെൻഷനിൽ സംബന്ധിക്കാൻ ആവശ്യമായ പണം മാത്രമാണ്‌. അതേപ്പറ്റി അവർ യഹോവയോടു പ്രാർഥിച്ചു. അതിനുശേഷം റാമോണും അദ്ദേഹത്തിന്റെ 12 വയസുള്ള മകനും കൂടി മീൻ പിടിക്കാൻ പോയി. അവർ ആഴക്കടലിലേക്ക്‌ മാറി വലയിറക്കിയെങ്കിലും ഒന്നും കിട്ടിയില്ല. കുറച്ചുകഴിഞ്ഞപ്പോൾ തീരത്തോടു കുറച്ചുകൂടി അടുത്ത്‌ വലയിടാൻ മകൻ നിർബന്ധം പിടിച്ചു. ഒരു പ്രാവശ്യം കൂടി അവർ വലയിറക്കി. റാമോൺ പറയുന്നു: “ഞങ്ങൾ അത്‌ ഒട്ടും പ്രതീക്ഷിച്ചതല്ല. മത്സ്യം നിറഞ്ഞ വലകൾ വലിച്ചു കയറ്റിയപ്പോൾ അവയിലുണ്ടായിരുന്ന മത്സ്യം കൊണ്ട്‌ ഞങ്ങളുടെ വള്ളം നിറഞ്ഞു.” 500 കിലോഗ്രാമിലധികം മത്സ്യമാണ്‌ അവർക്കു ലഭിച്ചത്‌! ആ മത്സ്യം വിറ്റപ്പോൾ മുഴുകുടുംബത്തിനും കൺവെൻഷനിൽ സംബന്ധിക്കാൻ ആവശ്യമായതിലും അധികം പണം ലഭിച്ചു.

പിറ്റേന്നു രാത്രിയിൽ, കൺവെൻഷനു പോകാൻ ആഗ്രഹിച്ച മറ്റുചില സഹോദരന്മാർ അതേ സ്ഥാനത്തു പോയി വലയിട്ട്‌ 100 കിലോഗ്രാം മത്സ്യം കൂടെ പിടിച്ചു. റാമോൺ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “സാക്ഷികളല്ലാത്ത മുക്കുവന്മാർ അതേസമയത്തു തന്നെ വലയിട്ടിട്ട്‌ ഒരു മത്സ്യത്തെപ്പോലും പിടിക്കാൻ കഴിഞ്ഞില്ല. ‘അവർ കൺവെൻഷനിൽ സംബന്ധിക്കാൻ പോകുന്നതുകൊണ്ടാണ്‌ അവരുടെ ദൈവം അവരെ അനുഗ്രഹിച്ചത്‌,’ എന്ന്‌ അവർ അഭിപ്രായപ്പെടുകയും ചെയ്‌തു.” ആത്മീയ കാര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കുന്നതും ഒരുവന്റെ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതും സന്തുഷ്ടിയും യഹോവയിൽ നിന്നുള്ള അനുഗ്രഹവും കൈവരുത്തുന്നു എന്ന്‌ ഫിലിപ്പീൻസിലെ സാക്ഷിക്കുടുംബങ്ങൾ ആവർത്തിച്ചു മനസ്സിലാക്കിയിരിക്കുന്നു.

ശ്രദ്ധേയമായ കൺവെൻഷനുകൾ

ലോകമെമ്പാടുമുള്ള യഹോവയുടെ ജനം കഴിഞ്ഞകാല കൺവെൻഷനുകളെ പറ്റിയുള്ള മധുര സ്‌മരണകൾ മനസ്സിൽ സൂക്ഷിക്കുന്നു. ഫിലിപ്പീൻസിലെ സഹോദരങ്ങളും ഈ കാര്യത്തിൽ വ്യത്യസ്‌തരല്ല. എല്ലാ കൺവെൻഷൻ പരിപാടികളും വിലമതിക്കപ്പെടുന്നെങ്കിലും ചിലതു സവിശേഷതയാർന്നതും ഹൃദയത്തിലും മനസ്സിലും മായാത്ത മുദ്ര പതിപ്പിക്കുന്നവയുമാണ്‌. ഇവയിൽ ചിലത്‌ അന്താരാഷ്‌ട്ര കൂടിവരവുകളായിരിക്കാം, അല്ലെങ്കിൽ ഒരുപക്ഷേ മിഷനറിമാർ സ്വദേശത്തു മടങ്ങിവന്ന്‌ സമ്മിളിതരുമായി തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന കൺവെൻഷനുകളായിരിക്കാം.

നേരത്തേ പറഞ്ഞതു പോലെ, മറ്റ്‌ ഏഷ്യൻ രാജ്യങ്ങളിലും ദ്വീപുകളിലും പോയി മിഷനറിമാരായി സേവിക്കുന്ന കുറെയധികം ഫിലിപ്പിനോ സഹോദരന്മാരും സഹോദരിമാരുമുണ്ട്‌. പല സന്ദർഭങ്ങളിലും, സ്വദേശത്തുപോയി കൺവെൻഷനിൽ സംബന്ധിക്കാൻ മിഷനറിമാരെ സഹായിക്കുന്നതിന്‌ ലോകമെമ്പാടുമുള്ള സാക്ഷികൾ സംഭാവനകൾ നൽകിയിട്ടുണ്ട്‌. സ്‌നേഹപൂർവകമായ ഈ ക്രമീകരണത്തിൽ നിന്ന്‌ ഫിലിപ്പിനോ മിഷനറിമാരും പ്രയോജനം അനുഭവിച്ചിരിക്കുന്നു. അങ്ങനെ 1983, 1988, 1993, 1998 എന്നീ വർഷങ്ങളിൽ നിരവധി മിഷനറിമാർക്ക്‌ ഫിലിപ്പീൻസിലേക്കു മടങ്ങിവന്ന്‌ കുടുബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം കൺവെൻഷനുകൾ ആസ്വദിക്കാൻ കഴിഞ്ഞു. 12 രാജ്യങ്ങളിൽ നിന്നായി 54 മിഷനറിമാർ ഫിലിപ്പീൻസിലെ കൺവെൻഷനുകളിൽ സംബന്ധിക്കാൻ നാട്ടിലെത്തിയതായി 1988-ലെ റിപ്പോർട്ടുകൾ കാണിക്കുന്നു. ആ സമയത്ത്‌ ഈ 54 മിഷനറിമാർ മുഴുസമയ സേവനത്തിൽ ശരാശരി 24 വർഷം ചെലവഴിച്ചിരുന്നു. പ്രോഗ്രാമിലെ അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും എല്ലാവരും നന്നായി ആസ്വദിച്ചു.

കൺവെൻഷനോടു ബന്ധപ്പെട്ട്‌ ഉണ്ടായ ചില സംഭവങ്ങളും അസൗകര്യങ്ങളിൻ മധ്യേയും കാര്യങ്ങൾ മുമ്പോട്ടു കൊണ്ടുപോകാനുള്ള സഹോദരങ്ങളുടെ ഉറച്ച തീരുമാനവും നിമിത്തമായിരിക്കാം മറ്റു ചിലർ കൺവെൻഷനുകളെ കുറിച്ച്‌ ഓർത്തിരിക്കുന്നത്‌. ഉദാഹരണത്തിന്‌, മിൻഡനാവോയിലെ സുറിഗാവുവിൽ നടന്ന 1986-ലെ “ദിവ്യ സമാധാന” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനു തൊട്ടുമുമ്പ്‌ മണിക്കൂറിൽ 150 കിലോമീറ്റർ വേഗമുള്ള ഒരു ചുഴലിക്കൊടുങ്കാറ്റ്‌ നഗരത്തിന്മേൽ ആഞ്ഞടിച്ചു. സ്റ്റേഡിയത്തിന്റെ മേൽക്കൂരയ്‌ക്കു സാരമായ കേടുപാടുകൾ സംഭവിച്ചു. നഗരത്തിലേക്കുള്ള വൈദ്യുതി വിതരണം പാടേ നിലച്ചു. കൺവെൻഷൻ തീരുന്നതുവരെ ആ നില തുടർന്നു. വെള്ളം 6 കിലോമീറ്റർ അകലെ നിന്നും കൊണ്ടുവരേണ്ടിവന്നു. എന്നാൽ ഇതൊന്നും കൺവെൻഷൻ നടത്തുന്നതിൽ നിന്നും സാക്ഷികളെ തടഞ്ഞില്ല. പൊളിഞ്ഞ സ്റ്റേജിന്റെ ശേഷിച്ച ഭാഗങ്ങൾ ഉപയോഗിച്ച്‌ സ്റ്റേഡിയത്തിനു സമീപമുണ്ടായിരുന്ന ഒരു ജിംനേഷ്യത്തിൽ സഹോദരന്മാർ ഒരു സ്റ്റേജ്‌ കെട്ടിയുണ്ടാക്കി. ലൈറ്റുകളും ശബ്ദസംവിധാനവും ഭക്ഷണശാലയുടെ ആവശ്യത്തിനുള്ള ഒരു റഫ്രിജറേറ്ററും പ്രവർത്തിപ്പിക്കാൻ അവർ ഒരു ജനറേറ്റർ വാടകയ്‌ക്കെടുത്തു. 5,000 പേരെയേ പ്രതീക്ഷിച്ചിരുന്നുള്ളുവെങ്കിലും 9,932 പേരുടെ ഒരു അത്യുച്ചം ആ കൺവെൻഷൻ ആസ്വദിച്ചു! ഇവർ തീർച്ചയായും കാലാവസ്ഥ അനുകൂലമായിരിക്കുമ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന ക്രിസ്‌ത്യാനികൾ ആയിരുന്നില്ല.

അന്താരാഷ്‌ട്ര കൺവെൻഷനുകൾ വിശേഷാൽ സ്‌മരണീയമായിരുന്നിട്ടുണ്ട്‌. 1991-ലും 1993-ലും മനിലയിൽ അന്താരാഷ്‌ട്ര കൺവെൻഷനുകൾ നടത്താനുള്ള ഏർപ്പാട്‌ ഭരണസംഘം ചെയ്‌തു. കൺവെൻഷൻ പ്രതിനിധികൾ നഗരത്തിൽ വളരെ നല്ല ഒരു ധാരണ സൃഷ്ടിച്ചു. ഫിലിപ്പിനോ സഹോദരങ്ങൾക്ക്‌​—⁠മറ്റു രാജ്യങ്ങൾ സന്ദർശിക്കാനുള്ള സാമ്പത്തികശേഷിയില്ലാത്തവരാണ്‌ അവരിൽ മിക്കവരും​—⁠അതു പ്രോത്സാഹന കൈമാറ്റത്തിനുള്ള എത്രയോ അത്ഭുതകരമായ ഒരു അവസരമായിരുന്നു! (റോമ. 1:12) വിദേശത്തുനിന്നു വന്ന സഹോദരങ്ങൾക്കാകട്ടെ ഫിലിപ്പീൻസിലെ സഹോദരങ്ങൾ പ്രകടമാക്കിയ ഊഷ്‌മളവും സൗഹാർദപൂർവകവുമായ അതിഥിപ്രിയത്തിൽ വളരെ മതിപ്പു തോന്നി. ഐക്യനാടുകളിൽ നിന്നുള്ള ഒരു ദമ്പതികൾ ഇപ്രകാരം എഴുതി: “ഞങ്ങൾക്കു ലഭിച്ച ഊഷ്‌മളമായ സ്വീകരണത്തിന്‌ പ്രത്യേക നന്ദി. നിങ്ങൾ ഞങ്ങളെയെല്ലാം വളരെ സൗഹാർദപൂർവമാണ്‌ സ്വീകരിച്ചത്‌!”

ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിമൂന്നിലെ കൺവെൻഷനിൽ മനിലയിലെ മൂന്നു സ്ഥലങ്ങളിലുള്ള സ്റ്റേഡിയങ്ങൾ ഉപയോഗിച്ചു. ഭരണസംഘത്തിൽപ്പെട്ട ആരെങ്കിലും പ്രസംഗിച്ച അവസരങ്ങളിലൊക്കെ ഈ മൂന്നു സ്ഥലങ്ങളും ടെലിഫോണിലൂടെ പരസ്‌പരം ബന്ധിപ്പിച്ചിരുന്നു. ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ടഗാലോഗ്‌ ഭാഷയിൽ പ്രകാശനം ചെയ്‌തപ്പോൾ സമ്മിളിതർ എത്ര പുളകിതരായെന്നോ! ഒരു യുവസഹോദരി പറഞ്ഞു: “എനിക്കു സന്തോഷം അടക്കാനായില്ല. പുതിയലോക ഭാഷാന്തരം ടഗാലോഗിൽ ലഭിക്കുന്ന സമയത്തിനായി ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അതു ലഭിച്ചത്‌ എന്നെ വിസ്‌മയം കൊള്ളി⁠ച്ചു!”

ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റെട്ടിൽ സാഹചര്യം നേരെ തിരിച്ചായി. 1958-നു ശേഷം ആദ്യമായി മറ്റു രാജ്യങ്ങളിലേക്ക്‌ പ്രതിനിധികളെ അയയ്‌ക്കാൻ ഫിലിപ്പീൻസിനു ക്ഷണം ലഭിച്ചു. അങ്ങനെ 107 സഹോദരങ്ങൾ ഐക്യനാടുകളുടെ പശ്ചിമ തീരത്തു നടന്ന ഒരു കൺവെൻഷനിൽ സംബന്ധിക്കാൻ പോയി. സെപ്‌റ്റംബറിൽ മറ്റു 35 പേർക്ക്‌ കൊറിയയിൽ നടന്ന ഒരു അന്താരാഷ്‌ട്ര കൺവെൻഷനിൽ പങ്കെടുക്കാനുള്ള പദവി ലഭിച്ചു. അത്തരം കൺവെൻഷനുകൾ യഹോവയുടെ ജനത്തെ പഠിപ്പിക്കുന്നതിലും ഏകീകരിക്കുന്നതിലും യഹോവയെ തങ്ങളുടെ ശക്തിദുർഗമാക്കാൻ ഏവരെയും സഹായിക്കുന്നതിലും വാസ്‌തവമായും ഒരു സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌.

ഇപ്പോൾ വയലിലെ പ്രവർത്തനത്തിലേക്കു നമുക്കു ശ്രദ്ധ തിരിക്കാം. ഇത്രയധികം ഭാഷകളുള്ള ഒരു നാട്ടിൽ ഈ പ്രവർത്തനം എങ്ങനെയാണ്‌ നിർവഹിക്കപ്പെട്ടിരിക്കുന്നത്‌?

അനേകം ഭാഷകളിൽ സുവാർത്ത അവതരിപ്പിക്കൽ

നേരത്തേ സൂചിപ്പിച്ചതു പോലെ, ആളുകൾക്കു പൊതുവേ സ്വന്തം ഭാഷയിൽ സത്യം പഠിക്കുന്നതാണ്‌ കൂടുതൽ എളുപ്പം. ഫിലിപ്പീൻസിൽ അനേകം ഭാഷകളുള്ളതിനാൽ അവിടെ അത്‌ ഒരു വെല്ലുവിളിയാണ്‌. എന്നിരുന്നാലും, ആളുകളോട്‌ അവരുടെ സ്വന്തം ഭാഷയിൽ സാക്ഷീകരിച്ചുകൊണ്ടും വിവിധ ഭാഷകളിൽ ബൈബിൾ സാഹിത്യങ്ങൾ തയ്യാറാക്കിക്കൊണ്ടും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ യഹോവയുടെ സാക്ഷികൾ ശ്രമിച്ചിട്ടുണ്ട്‌.

സാധാരണമായി, ഒരു നിശ്ചിത ഭാഷാക്കൂട്ടത്തിനു സാക്ഷ്യം നൽകാൻ ആ ഭാഷ സംസാരിക്കുന്നവർക്കു കഴിയുന്നു. എന്നാൽ ഒരു പ്രത്യേക ഭാഷ അറിയാവുന്ന സാക്ഷികൾ ആരുംതന്നെ ഇല്ലെങ്കിൽ തീക്ഷ്‌ണതയുള്ള പ്രസാധകരും പയനിയർമാരും ആ ഭാഷ പഠിക്കാൻ ശ്രമം ചെയ്‌തിരിക്കുന്നു. അങ്ങനെ, “എല്ലാവർക്കും എല്ലാമായിത്തീർന്ന” അപ്പൊസ്‌തലനായ പൗലൊസിനെ അവർ അനുകരിച്ചിരിക്കുന്നു.​—⁠1 കൊരി. 9:22.

ഇംഗ്ലീഷ്‌ ഔദ്യോഗിക ഭാഷയായ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നാലാമത്തെ രാജ്യമാണ്‌ ഫിലിപ്പീൻസ്‌ എങ്കിലും അവിടത്തെ ഭൂരിപക്ഷം പേരുടെയും സ്വന്തം ഭാഷയല്ല അത്‌. എല്ലാവർക്കും ഇംഗ്ലീഷ്‌ നന്നായി വായിക്കാൻ അറിയില്ലാത്തതിനാൽ പല ഫിലിപ്പീൻ ഭാഷകളിലും പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കേണ്ടതുണ്ട്‌. വർഷങ്ങളിലൂടെ യഹോവയുടെ സാക്ഷികൾ ഇവയിൽ 17 ഭാഷകളിലേക്കെങ്കിലും ബൈബിൾ പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. ചില ഭാഷകളിൽ ഒന്നോ രണ്ടോ ലഘുപത്രികകൾ മാത്രമേയുള്ളൂ. ഫിലിപ്പീൻസിന്റെ തെക്കു ഭാഗത്തു പാർക്കുന്ന ഇസ്ലാം വംശജരായ ആളുകൾ ഉപയോഗിക്കുന്ന ടാവൂസോഗ്‌ അല്ലെങ്കിൽ രാജ്യത്തിന്റെ വടക്കേയറ്റത്തിനു സമീപം പാർക്കുന്ന ഒരു ചെറിയ വംശീയകൂട്ടം സംസാരിക്കുന്ന ഇബാനാഗ്‌ എന്നിവ അത്തരം ഭാഷകൾക്ക്‌ ഉദാഹരണങ്ങളാണ്‌. എന്നാൽ മിക്കവാറും ആളുകൾക്കു പ്രധാനപ്പെട്ട ഏഴു ഭാഷകളിൽ ഒന്ന്‌ നന്നായി മനസ്സിലാകും. ഈ ഭാഷകളിൽ വീക്ഷാഗോപുരം പരിഭാഷപ്പെടുത്തി അച്ചടിക്കുന്നുണ്ട്‌. രാജ്യഹാളിലെ യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ആത്മീയ പരിപാടികൾ അവതരിപ്പിക്കുന്നത്‌ മുഖ്യമായും ഈ ഭാഷകളിലാണ്‌.

അടുത്തകാലത്തു പിലിപ്പിനോ ഭാഷയുടെ​—⁠പിലിപ്പിനോ ഭാഷയും ടഗാലോഗും അടിസ്ഥാനപരമായി ഒന്നു തന്നെയാണ്‌​—⁠ഉപയോഗത്തെ ഗവൺമെന്റ്‌ പ്രോത്സാഹിപ്പിക്കുകയുണ്ടായി. ഒരു തലമുറയ്‌ക്കുള്ളിൽ ഇതിന്റെ ഫലങ്ങൾ പ്രകടമായിരിക്കുന്നു. സംസാരത്തിലും അച്ചടിയിലും പിലിപ്പിനോ ഭാഷയുടെ ഉപയോഗം വളരെ വർധിച്ചിരിക്കുന്നു. അതേസമയം മറ്റുചില ഭാഷകളുടെ ഉപയോഗത്തിൽ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. ചില ഭാഷകളുടെ ഉപയോഗമാകട്ടെ കുറഞ്ഞിരിക്കുന്നു. അച്ചടിക്കപ്പെടുന്ന വീക്ഷാഗോപുരം മാസികകളുടെ എണ്ണത്തിൽ നിന്ന്‌ അതു വ്യക്തമാകുന്നു. 1980-ൽ ടഗാലോഗിലുള്ള വീക്ഷാഗോപുരത്തിന്റെ ഓരോ ലക്കത്തിന്റെയും 29,667 പ്രതികളാണ്‌ വിതരണം ചെയ്യപ്പെട്ടിരുന്നത്‌. 2000 ആയപ്പോഴേക്കും പ്രതികളുടെ എണ്ണം നാലു മടങ്ങായി 1,25,100-ൽ എത്തി. അതേ കാലയളവിൽ ഇംഗ്ലീഷ്‌ മാസികകളുടെ എണ്ണത്തിൽ നാമമാത്രമായ വർധനയേ ഉണ്ടായുള്ളൂ. മറ്റു ഫിലിപ്പീൻ ഭാഷകളിലും വർധന പരിമിതമായിരുന്നു.

ബെഥേൽ കുടുംബം വയൽപ്രവർത്തനത്തെ പിന്തുണയ്‌ക്കുന്നു

ഒരു സംയുക്ത നഗരമായ മെട്രോ മനിലയുടെ ഭാഗമായ കേസൊൻ സിറ്റിയിൽ സ്ഥിതിചെയ്യുന്ന യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിൽ ഏതാണ്ട്‌ 380 മുഴുസമയ ശുശ്രൂഷകർ സേവനം അനുഷ്‌ഠിക്കുന്നു. പ്രാദേശിക ഭാഷകളിലേക്കുള്ള പരിഭാഷയ്‌ക്കും പ്രൂഫ്‌ വായനയ്‌ക്കും മറ്റുമായി 69 പേരാണ്‌ ഉള്ളത്‌. അതിൽ ഏതാനും പേർ ചേർന്ന്‌ അടുത്തകാലത്ത്‌ ഇലോക്കോ, ടഗാലോഗ്‌, സെബ്വാനോ എന്നീ മൂന്നു ഭാഷകളിലേക്ക്‌ പുതിയലോക ഭാഷാന്തരത്തിന്റെ എബ്രായ തിരുവെഴുത്തുകളുടെ തർജമ പൂർത്തിയാക്കി. 1993-ൽ ഗ്രീക്കു തിരുവെഴുത്തുകൾ പ്രകാശനം ചെയ്‌തതു മുതൽ പുതിയലോക ഭാഷാന്തരം സമ്പൂർണ ബൈബിളിനു വേണ്ടി സഹോദരങ്ങൾ താത്‌പര്യപൂർവം കാത്തിരിക്കുകയായിരുന്നു. 2000-ത്തിന്റെ അവസാനത്തോടെ നടന്ന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ പുതിയലോക ഭാഷാന്തരം മുഴുവനായും ടഗാലോഗ്‌ ഭാഷയിൽ പ്രകാശനം ചെയ്‌തപ്പോൾ സഹോദരങ്ങൾ അങ്ങേയറ്റം പുളകിതരായി! താമസിയാതെ അത്‌ ഇലോക്കോ, സെബ്വാനോ ഭാഷകളിലും ലഭ്യമായി. വിശുദ്ധ തിരുവെഴുത്തുകളുടെ വ്യക്തവും കൃത്യതയുള്ളതും പൂർവാപര യോജിപ്പുള്ളതുമായ ഈ ഭാഷാന്തരത്തിൽനിന്ന്‌ വയലിലെ ലക്ഷക്കണക്കിന്‌ ആളുകൾക്കു പ്രയോജനം നേടാൻ കഴിയും.

ഫിലിപ്പീൻസ്‌ ബെഥേൽ കുടുംബത്തിലെ അംഗങ്ങൾ വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്‌. അവർ 28 വ്യത്യസ്‌ത ഭാഷകളും ഭാഷാഭേദങ്ങളും സംസാരിക്കുന്നു. അങ്ങനെ, അവരിൽ പലരും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്താൻ തികച്ചും യോഗ്യരാണ്‌. എന്നാൽ, ഭാഷാന്തരം ബെഥേലിൽ നിർവഹിക്കപ്പെടുന്ന ജോലിയുടെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ.

വയലിലെ സർവപ്രധാനമായ പ്രസംഗവേലയെ പിന്തുണയ്‌ക്കുന്ന പല തരത്തിലുള്ള പ്രവർത്തനങ്ങളാണ്‌ ബെഥേലിലെ സ്വമേധയാസേവകർ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ചില സഹോദരന്മാർ മാസികകളുടെയും മറ്റു സാഹിത്യങ്ങളുടെയും അച്ചടി നിർവഹിക്കുന്നു. മറ്റു ചിലർ ഈ സാഹിത്യം ലൂസോണിലെ വിവിധ ഇടങ്ങളിൽ എത്തിക്കുന്നു. അനേകർ ബെഥേൽ ഭവനത്തിൽ പാചകം, ശുചീകരണം, ഉപകരണങ്ങളുടെ കേടുപോക്കൽ എന്നിങ്ങനെയുള്ള ജോലികൾ ചെയ്‌തുകൊണ്ട്‌ മറ്റു ഡിപ്പാർട്ടുമെന്റുകളെ പിന്തുണയ്‌ക്കുന്നു. മറ്റു ചിലരാകട്ടെ സഭകളെയും സഞ്ചാര മേൽവിചാരകന്മാരെയും വയലിലുള്ള മുഴുസമയ ശുശ്രൂഷകരെയും സഹായിക്കാനായി വിവിധ ഭാഷകളിലുള്ള കത്തുകൾ സ്വീകരിക്കുകയും അയയ്‌ക്കുകയും ചെയ്‌തുകൊണ്ട്‌ സേവന വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ദ്വീപ സമൂഹത്തിലെങ്ങുമുള്ള 3,500-ഓളം സഭകളിൽനിന്ന്‌ എത്രമാത്രം കത്തുകളായിരിക്കും കിട്ടിക്കൊണ്ടിരിക്കുന്നതെന്ന്‌ നിങ്ങൾക്ക്‌ ഊഹിക്കാൻ കഴിയും!

ബ്രാഞ്ച്‌ ഓഫീസ്‌ 1934-ൽ സ്ഥാപിതമായതു മുതൽ 1970-കളുടെ മധ്യഘട്ടം വരെ ബ്രാഞ്ചിലെ പ്രവർത്തനങ്ങൾ ഒരു ബ്രാഞ്ച്‌ ദാസന്റെ അഥവാ മേൽവിചാരകന്റെ മേൽനോട്ടത്തിൻ കീഴിലായിരുന്നു. ജോസഫ്‌ ഡോസ്‌ സാന്റോസ്‌ സഹോദരൻ ഹവായിലേക്കു മടങ്ങിയ ശേഷം ഏതാണ്ട്‌ 13 വർഷത്തേക്ക്‌ കാനഡയിൽ നിന്നുള്ള ഒരു മിഷനറിയായിരുന്ന ഏൾ സ്റ്റ്യൂവർട്ട്‌ സഹോദരനായിരുന്നു ബ്രാഞ്ചിന്റെ ചുമതല. അതിനുശേഷം വേറെ രണ്ടു സഹോദരന്മാർ ആ സ്ഥാനത്തു സേവിച്ചു. അവർ ചുരുങ്ങിയ കാലം വീതമേ ബ്രാഞ്ചിന്റെ ചുമതല വഹിച്ചുള്ളൂ. തുടർന്ന്‌, 1954-ൽ ഫിലിപ്പീൻസിൽ എത്തിയ ഡെന്റൺ ഹോപ്‌കിൻസൺ 1966-ൽ ബ്രാഞ്ച്‌ മേൽവിചാരകനായി നിയമിതനായി. ലോകമെമ്പാടുമുള്ള ബ്രാഞ്ചുകളുടെ മേൽനോട്ടത്തിനായി യഹോവയുടെ സംഘടന പുതിയ ഒരു ക്രമീകരണം കൊണ്ടുവന്നതുവരെ ഏകദേശം 10 വർഷം അദ്ദേഹം ആ നിലയിൽ വളരെ നന്നായി സേവിച്ചു.

ലോകമെങ്ങുമുള്ള ബ്രാഞ്ചുകൾക്കു ലഭിച്ച നിർദേശപ്രകാരം 1976 ഫെബ്രുവരിയിൽ മേൽനോട്ടം വഹിക്കുന്നതിന്‌ ഒരു വ്യക്തിക്കു പകരം ഒരു ബ്രാഞ്ച്‌ കമ്മിറ്റി നിയമിതമായി. ഭരണസംഘത്തിന്റെ നിർദേശത്തിൻ കീഴിൽ പ്രവർത്തിക്കുന്ന യോഗ്യതയുള്ള പുരുഷന്മാരുടെ ഈ സംഘം വയലിലെയും ബ്രാഞ്ച്‌ ഓഫീസിലെയും പ്രവർത്തനങ്ങളോടു ബന്ധപ്പെട്ട തീരുമാനങ്ങൾക്ക്‌ ഉത്തരവാദിത്വം വഹിക്കുമായിരുന്നു. തുടക്കത്തിൽ ഫിലിപ്പീൻസിലെ ബ്രാഞ്ച്‌ കമ്മിറ്റിയിൽ 5 അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. അവരിൽ മിക്കവരും വിദേശ മിഷനറിമാർ ആയിരുന്നതിനാൽ കമ്മിറ്റിയിൽ ഫിലിപ്പിനോ സഹോദരന്മാരുടെ എണ്ണം വർധിപ്പിക്കുന്നതു ഉചിതമാണെന്നു തോന്നി. അങ്ങനെ കമ്മിറ്റി അംഗങ്ങളുടെ എണ്ണം 7  ആക്കി. കുറേക്കാലത്തേക്ക്‌ അത്‌ അങ്ങനെ തുടർന്നു.

ബ്രാഞ്ച്‌ കമ്മിറ്റി ക്രമീകരണത്തിന്റെ നേട്ടങ്ങൾ പെട്ടെന്നു തന്നെ ദൃശ്യമായി. ഇപ്പോൾ ബ്രാഞ്ച്‌ കമ്മിറ്റി കോ ഓർഡിനേറ്ററായി സേവിക്കുന്ന ഡെന്റൺ ഹോപ്‌കിൻസൺ സഹോദരൻ പറയുന്നു: “പിന്തിരിഞ്ഞുനോക്കുമ്പോൾ അന്നത്തെ ആ നീക്കം ജ്ഞാനപൂർവകവും സമയോചിതവും ആയിരുന്നെന്നു കാണാൻ കഴിയും. സംഘടനയുടെ വലിപ്പവും വേലയുടെ ബാഹുല്യവും പരിഗണിക്കുമ്പോൾ ഒരാൾക്കു തനിയെ എല്ലാം കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഇപ്പോൾ ഉത്തരവാദിത്വങ്ങൾ ഏറെക്കുറെ തുല്യമായി വീതിക്കപ്പെട്ടിരിക്കുന്നു.”

സദൃശവാക്യങ്ങൾ 15:22  (NW) പറയുന്നു: “ഉപദേഷ്ടാക്കളുടെ ബഹുത്വത്തിൽ കാര്യസാധ്യമുണ്ട്‌.” മറ്റുള്ളവരുമായി ആലോചന കഴിക്കുന്നതിനാൽ വിലപ്പെട്ട ജ്ഞാനശേഖരമാണു തുറന്നുകിട്ടുന്നത്‌. ഫിലിപ്പീൻസിലെ ബ്രാഞ്ച്‌ കമ്മിറ്റി ആ തത്ത്വം പിൻപറ്റുന്നു. ഹോപ്‌കിൻസൺ സഹോദരൻ ബ്രാഞ്ചു മേൽവിചാരകനായി നിയമിതനായശേഷം ബെഥേൽ അംഗങ്ങളുടെ എണ്ണം പതിന്മടങ്ങു വർധിച്ചിരിക്കുന്നു; അതുപോലെതന്നെ വേലയും. ഇപ്പോൾ ബ്രാഞ്ചു കമ്മിറ്റിയിൽ ദീർഘകാലമായി യഹോവയുടെ സേവനത്തിൽ ആയിരുന്നിട്ടുള്ള 5 സഹോദരന്മാരാണുള്ളത്‌. അവരിൽ ഓരോരുത്തരും ശരാശരി 50-ലേറെ വർഷത്തെ മുഴുസമയ സേവനത്തിന്റെ രേഖയുള്ളവരാണ്‌. യഹോവയുടെ മാർഗനിർദേശത്തിൻ കീഴിൽ ഈ ദ്വീപ സമൂഹത്തിലെങ്ങും വേല ഊർജസ്വലമായി പുരോഗമിച്ചിരിക്കവേ ഇവരുടെ എല്ലാവരുടെയും അനുഭവപരിചയം തീർച്ചയായും സഹായകമായിരുന്നിട്ടുണ്ട്‌. ബ്രാഞ്ച്‌ കമ്മിറ്റിയും ബെഥേൽ കുടുംബാംഗങ്ങൾ എല്ലാവരും ഈ വേലയെ പിന്തുണയ്‌ക്കുന്നത്‌ ഒരു വലിയ പദവിയായിത്തന്നെ കരുതുന്നു.

‘എല്ലാത്തരം മനുഷ്യരുടെ’ പക്കലും സത്യം എത്തിക്കൽ

പ്രസംഗവേല നിർവഹിക്കുന്നത്‌ തീർച്ചയായും, “എല്ലാത്തരം മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്റെ സൂക്ഷ്‌മപരിജ്ഞാനത്തിൽ എത്തണമെന്നു”മുള്ള ദൈവേഷ്ടത്തോടു യോജിപ്പിലാണ്‌. (1 തിമൊ. 2:​4, NW) ഫിലിപ്പീൻസിൽ ഉടനീളമുള്ള തീക്ഷ്‌ണരായ പ്രസംഗകർ ഏതെല്ലാം ‘തരത്തിലുള്ള’ ആളുകളെയാണു സഹായിച്ചിട്ടുള്ളത്‌?

എല്ലായ്‌പോഴും കുഴപ്പത്തിൽ ചെന്നുചാടുന്ന തരക്കാരനായിരുന്നു മാർലോൺ. പുകവലി, മദ്യപാനം, മയക്കുമരുന്നു ദുരുപയോഗം, ചീത്തക്കൂട്ടുകെട്ട്‌ എന്നിങ്ങനെ അനേകം ദുശ്ശീലങ്ങളുള്ള ഒരാളായിട്ടാണ്‌ അയാൾ തന്റെ ഗ്രാമത്തിൽ അറിയപ്പെട്ടിരുന്നത്‌. സാക്ഷികൾ വീട്ടിൽ വന്നപ്പോൾ മാർലോണിന്റെ അമ്മ രാജ്യസന്ദേശത്തിൽ താത്‌പര്യം കാണിച്ചു. അവരുമൊത്ത്‌ ബൈബിൾ പഠിക്കാൻ പയനിയർമാർ പൊടിയും ചെളിയും നിറഞ്ഞ റോഡിലൂടെ നടന്നാണ്‌ എത്തിയിരുന്നത്‌. ആദ്യമൊന്നും അധ്യയനത്തിൽ പങ്കുചേരാൻ മാർലോൺ താത്‌പര്യം കാണിച്ചില്ല. ഇടയ്‌ക്ക്‌ അധ്യയനം നടക്കുന്നതിന്റെ സമീപത്തുകൂടി കടന്നുപോകുക മാത്രം ചെയ്‌തിരുന്നു. എന്നിരുന്നാലും, അയാളുടെ അമ്മയ്‌ക്ക്‌ അധ്യയനം നടത്തിയിരുന്ന സഹോദരന്മാർ മാർലോണിൽ താത്‌പര്യം കാണിച്ചു. ക്രമേണ, അയാൾ പഠിക്കാൻ തുടങ്ങി. മാത്രമല്ല ആദ്യമായി രാജ്യഹാളിൽ യോഗത്തിനു ഹാജരാകുന്നതിനുവേണ്ടി അരയോളം നീണ്ടുകിടന്ന തന്റെ മുടി മുറിച്ചുനീക്കുക പോലും ചെയ്‌തു. അയാൾ വളരെ വേഗം പുരോഗതി കൈവരിച്ചു. ജീവിതരീതിയിൽ അയാൾ വരുത്തിയ വലിയ മാറ്റം ആളുകളെ ആശ്ചര്യപ്പെടുത്തി. മറ്റുള്ളവർക്കു സത്യം എത്തിച്ചുകൊടുത്തുകൊണ്ട്‌ മാർലോൺ ഇപ്പോൾ ഒരു മുഴുസമയ പയനിയർ ശുശ്രൂഷകനായി സേവിക്കുന്നു. സത്യം സ്വീകരിക്കാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്‌ എന്തായിരുന്നു? തന്റെ അമ്മയെ പഠിപ്പിക്കാൻ വരുന്നതിൽ പയനിയർമാർ കാണിച്ച സ്ഥിരോത്സാഹമാണ്‌ അവരുടെ പക്കൽ സത്യമുണ്ടെന്ന്‌ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്‌ എന്ന്‌ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

ചിലർ സത്യം സ്വീകരിക്കാൻ ചായ്‌വുള്ളവരല്ല എന്നു തോന്നിയേക്കാം. എന്നിരുന്നാലും, സുവാർത്താഘോഷകർ ആളുകളോട്‌ മുൻവിധിയോടെ പെരുമാറുന്നില്ല. പകരം, സുവാർത്ത കേൾക്കാനുള്ള അവസരം അവർ എല്ലാവർക്കും വെച്ചുനീട്ടുന്നു. മാരിൻഡൂക്കേ എന്ന ചെറിയ ദ്വീപിൽ ഒരു പ്രത്യേക പയനിയർ ഒരു വീട്ടിൽ സാക്ഷ്യം നൽകി. അതിനുശേഷം അവിടെ മറ്റാരെങ്കിലും താമസമുണ്ടോ എന്ന്‌ സഹോദരി അന്വേഷിച്ചു. മുകളിലത്തെ നിലയിൽ ഒരാളുണ്ടെന്ന്‌ അവർ മറുപടി പറഞ്ഞെങ്കിലും ഉടൻതന്നെ ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്നാൽ അങ്ങോട്ടുപോകേണ്ട; അയാൾ മഹാ അക്രമിയും മുൻകോപിയും ആണ്‌.” എന്നിരുന്നാലും, രാജ്യ സന്ദേശം കേൾക്കാൻ അയാൾക്കും ഒരവസരം നൽകേണ്ടതാണെന്ന്‌ പയനിയർ സഹോദരിക്കു തോന്നി. വീട്ടുവാതിൽക്കൽ ചെന്നപ്പോഴാകട്ടെ, അയാൾ തനിക്കുവേണ്ടി കാത്തിരുന്നതുപോലെയാണ്‌ സഹോദരിക്കു തോന്നിയത്‌. ഒരു പുഞ്ചിരിയോടെ സഹോദരി ഒരു സൗജന്യ ഭവന ബൈബിളധ്യയനം വാഗ്‌ദാനം ചെയ്‌തു. കാർലോസ്‌ എന്നുപേരുള്ള ആ മനുഷ്യൻ സന്തോഷപൂർവം അതു സീകരിച്ചപ്പോൾ സഹോദരിക്ക്‌ ആശ്ചര്യം തോന്നി. അദ്ദേഹത്തിനും ഭാര്യക്കും ഒരു അധ്യയനം ആരംഭിച്ചു.

പയനിയർ രണ്ടാം പ്രാവശ്യം സന്ദർശിച്ചപ്പോൾ തനിക്കും ഭാര്യക്കും ഗുരുതരമായ ചില പ്രശ്‌നങ്ങളുണ്ടെന്നും ആത്മഹത്യക്കുപോലും ശ്രമിച്ചെന്നും കാർലോസ്‌ വെളിപ്പെടുത്തി. പയനിയർ ആദ്യം താഴത്തെ നിലയിലെ വീട്ടുകാരോടു സംസാരിച്ചപ്പോൾ കാർലോസ്‌ ചെവി തറയിൽ ചേർത്തുപിടിച്ച്‌ ആ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. താഴത്തെ വീട്ടുകാർ മുകളിൽ സന്ദർശനം നടത്തുന്നതിൽനിന്ന്‌ സഹോദരിയെ നിരുത്സാഹപ്പെടുത്തുന്നതും അയാൾ കേട്ടു. അപ്പോൾ താഴത്തെ വീട്ടുകാർ നൽകിയ ഉപദേശം ശ്രദ്ധിക്കാതെ അവർ തന്നെയും സന്ദർശിക്കാൻ ഇടയാക്കേണമേയെന്ന്‌ അയാൾ പ്രാർഥിച്ചു. കാരണം അത്‌ ഒരുപക്ഷേ മനസ്സമാധാനത്തിനു വേണ്ടിയുള്ള അവരുടെ പ്രാർഥനയുടെ ഉത്തരമായിരിക്കാം എന്ന്‌ അയാൾ ചിന്തിച്ചു. ബൈബിളിന്റെ പഠനം അവർക്കു മനസ്സമാധാനം കൈവരുത്തുക തന്നെ ചെയ്‌തു. അവർ ഇരുവരും ഒരുമിച്ചു സ്‌നാപനമേറ്റു. കാർലോസിന്റെ ഭാര്യ ഇപ്പോൾ ഒരു സാധാരണ പയനിയറായി സേവിക്കുന്നു.

വിക്ടർ എന്നു പേരുള്ള മറ്റൊരു മനുഷ്യൻ ബുദ്ധമതത്തിന്റെയും കത്തോലിക്കാ സഭയുടെയും ഉപദേശങ്ങളുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള ഒരാളായിരുന്നു. ലോകത്തിൽ ഇത്രയേറെ മതങ്ങൾ ഉള്ളത്‌ എന്തുകൊണ്ടാണ്‌ എന്ന്‌ അദ്ദേഹം ചിന്തിച്ചു തുടങ്ങി. അദ്ദേഹം സ്വന്തമായി സത്യത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഇസ്ലാം മതവും ഹിന്ദു മതവും ഷിന്റോ മതവും കൺഫ്യൂഷ്യസ്‌ മതവും പരിണാമ സിദ്ധാന്തവും മറ്റു തത്ത്വശാസ്‌ത്രങ്ങളും പരിശോധിച്ചെങ്കിലും അവയൊന്നും അദ്ദേഹത്തെ തൃപ്‌തിപ്പെടുത്തിയില്ല. ബൈബിളിൽ മാത്രമേ കൃത്യമായ പ്രവചനങ്ങൾ അടങ്ങിയിട്ടുള്ളു എന്ന്‌ അദ്ദേഹം കണ്ടെത്തി. അതുകൊണ്ട്‌ ബൈബിളിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടർന്നു. സ്വന്തമായി തിരുവെഴുത്തുകൾ പരിശോധിച്ചതിൽനിന്ന്‌, അദ്ദേഹവും കാമുകി മാരിബെലും ത്രിത്വം, നരകാഗ്നി, ശുദ്ധീകരണസ്ഥലം എന്നിവ വ്യാജ ഉപദേശങ്ങളാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. എന്നിട്ടും എന്തോ പോരായ്‌മയുള്ളതായി അവർക്കു തോന്നി.

വിക്ടറും മാരിബെലും വിവാഹിതരായി കുറേനാൾ കഴിഞ്ഞ്‌ വിക്ടർ ഒരു സാക്ഷിയുമായി സംസാരിച്ചപ്പോൾ ദൈവനാമം ഉപയോഗിക്കേണ്ടത്‌ അനിവാര്യമാണെന്നു മനസ്സിലാക്കി. ഇത്‌ തന്റെ ബൈബിളിൽ പരിശോധിച്ച്‌ ബോധ്യപ്പെട്ട ഉടനെ അദ്ദേഹം പ്രാർഥനയിൽ യഹോവ എന്ന നാമം ഉപയോഗിച്ചു തുടങ്ങി. ഒട്ടും വൈകാതെ അദ്ദേഹം രാജ്യഹാളിലെ യോഗങ്ങൾക്കു ഹാജരാകുകയും വളരെ വേഗം ആത്മീയ പുരോഗതി പ്രാപിക്കുകയും ചെയ്‌തു. അദ്ദേഹവും ഭാര്യ മാരിബെലും 1989 മേയിൽ സ്‌നാപനമേറ്റു. വിക്ടർ ഇപ്പോൾ സഭകളെ കെട്ടുപണി ചെയ്‌തുകൊണ്ട്‌ ഒരു സഞ്ചാര മേൽവിചാരകനായി സേവിക്കുന്നു.

എല്ലാത്തരം സാഹചര്യങ്ങളിലുമുള്ള ആളുകളെ പയനിയർമാർ സഹായിച്ചിട്ടുണ്ട്‌. ലൂസോണിന്റെ തെക്കു ഭാഗത്ത്‌ ഒരു പ്രത്യേക പയനിയറായി സേവിക്കുന്ന പ്രിമിറ്റിവാ ലാക്കാൻസാൻഡിലി സഹോദരി ഗ്രാമവാസികളായ ഒരു ദമ്പതികളുമായി ബൈബിളധ്യയനം ആരംഭിച്ചു. അവർക്കു രണ്ടു കുട്ടികളുണ്ടായിരുന്നു. സാമ്പത്തികമായി വളരെ ഞെരുങ്ങിയാണ്‌ അവർ കഴിഞ്ഞിരുന്നത്‌. ഒരു ദിവസം പ്രിമിറ്റിവാ സഹോദരി അധ്യയനത്തിനു ചെന്നപ്പോൾ കണ്ട കാഴ്‌ച ഞെട്ടിക്കുന്നതായിരുന്നു. മൂത്തകുട്ടിയെ വീട്ടിനുള്ളിൽ ഒരു ചാക്കിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു. കുട്ടിയാണെങ്കിൽ നിറുത്താതെ കരയുകയാണ്‌. പ്രിമിറ്റിവാ വിവരിക്കുന്നു: “അമ്മയുടെ കൈവശം ഒരു കത്തിയുണ്ടായിരുന്നു. അവർ ആ കുട്ടിയെ കൊല്ലാൻ തുടങ്ങുകയായിരുന്നു. ഞാൻ അവരെ തടഞ്ഞു. എന്തുകൊണ്ടാണ്‌ അങ്ങനെ ചെയ്യാൻ പോകുന്നതെന്നു ചോദിച്ചു. തങ്ങളുടെ സാമ്പത്തിക പരാധീനതയാണ്‌ കാരണം എന്ന്‌ ആ അമ്മ വിശദീകരിച്ചു.” അവരുടെ പ്രശ്‌നത്തോടു ബന്ധപ്പെട്ട ബൈബിൾ ബുദ്ധിയുപദേശം പ്രിമിറ്റിവാ അവർക്കു പറഞ്ഞുകൊടുത്തു. അത്‌ ആ കുട്ടിയുടെ ജീവൻ രക്ഷിച്ചു. അവർ ബൈബിളധ്യയനം തുടർന്നു. താമസിയാതെ എട്ടു കിലോമീറ്റർ ദൂരം നടന്നാണെങ്കിലും അവർ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. ആ ദമ്പതികൾ പുരോഗതി നേടി, സ്‌നാപനമേറ്റു. ആ കുടുംബനാഥൻ ഇപ്പോൾ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു. പ്രിമിറ്റിവാ പറയുന്നു: “അന്നു കൊല ചെയ്യപ്പെടുമായിരുന്ന ആ കുട്ടി ഇന്ന്‌ ഒരു സാധാരണ പയനിയറാണ്‌. വാസ്‌തവമായും തന്റെ ദാസന്മാർക്ക്‌ യഹോവ നൽകിയിരിക്കുന്ന വേല ഇപ്പോഴും ഭാവിയിലും ജീവൻ രക്ഷിക്കുന്നു.”

ആവശ്യം അധികമുള്ളിടത്തു സേവിക്കൽ

വളരെ കുറച്ചു മാത്രം രാജ്യഘോഷകരുള്ള അനേകം പ്രദേശങ്ങൾ ഇനിയുമുണ്ട്‌. ഈ പ്രദേശങ്ങളിൽ പോയി പ്രവർത്തിക്കാൻ പയനിയർമാരും പ്രസാധകരും സ്വമേധയാ മുന്നോട്ടു വന്നിരിക്കുന്നു. പാസ്‌ക്വാൽ റ്റാറ്റോയിയും ഭാര്യ മരിയയും സാധാരണ പയനിയർമാരായി സേവിക്കുകയായിരുന്നു. ആഞ്ചെലിറ്റോ ബാൽബോവാ എന്ന പ്രത്യേക പയനിയറോടൊപ്പം ഫിലിപ്പീൻസിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കോറോൺ ദ്വീപിൽ പോയി പ്രവർത്തിക്കാൻ ഈ ദമ്പതികൾ സ്വമേധയാ തയ്യാറായി. ജീവിതാവശ്യങ്ങൾ നിറവേറ്റാനായി പാസ്‌ക്വാൽ മറ്റൊരു സഹോദരനോടൊപ്പം മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടു. മരിയ പശിമയുള്ള ഒരുതരം അരികൊണ്ട്‌ പലഹാരമുണ്ടാക്കി വിറ്റു.

സർക്കിട്ട്‌ മേൽവിചാരകൻ സഭ സന്ദർശിച്ചപ്പോൾ കൂളിയോൻ ദ്വീപിൽ സഹായം ആവശ്യമുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടെ കുഷ്‌ഠരോഗികളുടെ ഒരു കോളനി ഉണ്ടായിരുന്നു. ആ ദ്വീപിൽ ആകെ നാലു പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. അവിടെ സേവിക്കാൻ അദ്ദേഹം റ്റാറ്റോയി ദമ്പതികളോട്‌ അഭ്യർഥിച്ചു. പാസ്‌ക്വാലും മരിയയും ആ ക്ഷണം സ്വീകരിച്ചു. യഹോവ അവരുടെ ശ്രമങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. നാലു പ്രസാധകരുണ്ടായിരുന്ന കൂളിയോനിൽ ഇന്ന്‌ രണ്ടു സഭകളുണ്ട്‌.

വളരെയധികം അഭയാർഥികൾ 1970-കളുടെ മധ്യത്തിൽ വിയറ്റ്‌നാമിൽനിന്ന്‌ കപ്പൽ മാർഗം പലായനം ചെയ്‌തു. അവരിൽ പലരും എത്തിച്ചേർന്നത്‌ ഫിലിപ്പീൻസിലായിരുന്നു. ഏതാണ്ട്‌ 20 വർഷക്കാലം അവിടെ അഭയാർഥി ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നു. അവയിൽ ഒരു വലിയ ക്യാമ്പ്‌ പലാവാൻ ദ്വീപിലായിരുന്നു. ഈ ആളുകളുടെ പക്കൽ സത്യം എത്തിക്കാൻ ചില ഫിലിപ്പിനോ സഹോദരന്മാർ സ്വമേധയാ മുന്നോട്ടുവന്നു. വിയറ്റ്‌നാമീസ്‌ ഭാഷ സംസാരിക്കുന്ന ഒരു സഹോദരൻ ഐക്യനാടുകളിൽ നിന്നു സഹായിക്കാനായി എത്തി. ആ ക്യാമ്പിൽ ചിലർ സത്യം സ്വീകരിച്ചു. മറ്റു ചിലരാകട്ടെ അവിടെനിന്നു മാറിപ്പോകുന്നതിനു മുമ്പ്‌ യഹോവ എന്ന നാമവും യഹോവയുടെ സാക്ഷികളും ആയി പരിചയത്തിലായി.

ഫിലിപ്പീൻസിലെ ഒറ്റപ്പെട്ട പല വിദൂര പ്രദേശങ്ങളിലും പ്രത്യേക പയനിയർമാർ പ്രവർത്തിക്കുന്നുണ്ട്‌. വിദൂര സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ പോകുമ്പോൾ അവർ മിക്കപ്പോഴും മറ്റു പയനിയർമാരെയും പ്രസാധകരെയും തങ്ങളോടൊപ്പം കൊണ്ടുപോകാറുണ്ട്‌. ഒരു പർവത പ്രവിശ്യയായ ഇഫുഗാവുവിൽ പ്രവർത്തിക്കുന്നതിനെപ്പറ്റി നോർമാ ബാൽമാസേഡാ പറയുന്നു: “സാഹിത്യം നിറച്ച സാക്ഷീകരണ ബാഗുകളും ശനിയാഴ്‌ച രാവിലെ വരെ ഉപയോഗിക്കാനുള്ള വസ്‌ത്രങ്ങളും ഭക്ഷണവും എല്ലാം എടുത്ത്‌ മിക്കവാറും ഞങ്ങൾ തിങ്കളാഴ്‌ച പുറപ്പെടുന്നു. ശനിയാഴ്‌ച ഉച്ചതിരിഞ്ഞു സഭായോഗങ്ങളിൽ സംബന്ധിക്കാനായി ഞങ്ങൾ മടങ്ങിപ്പോരും.”

ചില സഭകൾ നാട്ടിൻ പുറങ്ങളിലേക്ക്‌ പ്രസംഗ പര്യടനങ്ങൾ സംഘടിപ്പിക്കുന്നു, പ്രത്യേകിച്ചും കാലാവസ്ഥ അനുകൂലമായിരിക്കുമ്പോൾ. ഏതാനും ചില ദിവസങ്ങളോ ചിലപ്പോൾ ഒരാഴ്‌ച മുഴുവനുമോ അവർ ആ പ്രദേശങ്ങളിൽ ചെലവിടുന്നു. ഇപ്പോൾ ബെഥേലിൽ സേവിക്കുന്ന നിക്കാനോർ ഏവാങ്‌ഹേലിസ്റ്റാ മുമ്പ്‌ അത്തരം പ്രദേശങ്ങളിൽ പ്രവർത്തിച്ചതിനെപ്പറ്റി അനുസ്‌മരിക്കുന്നു: “ആളുകൾ നാം പറയുന്നതിൽ തത്‌പരരാണെങ്കിൽ, ‘നിങ്ങൾക്കു രാത്രി ഇവിടെ താമസിക്കാം, ഇവിടെ ഭക്ഷണം പാകം ചെയ്യാം’ എന്ന്‌ അവർ പറയും. നാട്ടിൻപുറങ്ങളിലെ ഫിലിപ്പീൻസുകാരുടെ രീതിയാണത്‌. ചിലപ്പോൾ പയനിയർമാർ താത്‌പര്യക്കാരോടൊപ്പം രാത്രി വളരെ വൈകുംവരെ ബൈബിളധ്യയനം നടത്തും, കാരണം അന്ന്‌ അവർ അവിടെത്തന്നെ ആയിരിക്കും താമസിക്കുന്നത്‌.”

എയ്‌റ്റാ വർഗക്കാർ സത്യം പഠിക്കുന്നു

എല്ലാത്തരം ആളുകൾക്കും സാക്ഷ്യം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായി യഹോവയുടെ ദാസർ എയ്‌റ്റാ വർഗക്കാരെ സന്ദർശിച്ചിരിക്കുന്നു. ഈ വർഗക്കാരെ നെഗ്രിറ്റോസ്‌ എന്നും വിളിക്കാറുണ്ട്‌. ഫിലിപ്പീൻസിലെ ആദിമ നിവാസികൾ എയ്‌റ്റാ വർഗക്കാരാണെന്നു കരുതപ്പെടുന്നു. അവരുടെ എണ്ണം താരതമ്യേന വളരെ കുറവാണ്‌. അവരെ കണ്ടുമുട്ടുക എല്ലായ്‌പോഴും അത്ര എളുപ്പവുമല്ല. കാരണം അവരിൽ പലരും ഒരിടത്തു സ്ഥിരമായി താമസിക്കുന്നവരല്ല, വേട്ടയാടിയും കാട്ടുകനികൾ ശേഖരിച്ചും പർവത പ്രദേശങ്ങളിലെ വനങ്ങളിൽ ചുറ്റിത്തിരിയുകയാണു പതിവ്‌. ആഫ്രിക്കയിലെ പിഗ്മികളുമായി അവർക്കു ചില സമാനതകളുണ്ട്‌. അഞ്ചടിയിൽ കുറഞ്ഞ ഉയരം, ഇരുണ്ടനിറം, ചുരുണ്ട മുടി എന്നിവയാണ്‌ അവ. അവരിൽ ചിലർ പട്ടണങ്ങളിൽ വന്ന്‌ താമസമാക്കി അവിടെത്തന്നെ ജോലിചെയ്‌തുകൊണ്ട്‌ സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്നു. മറ്റു ചിലരാകട്ടെ ജനവാസമുള്ള പ്രദേശങ്ങൾക്കു സമീപം വീടുകൾ കെട്ടി ഏറെക്കുറെ സ്ഥിരമായി പാർക്കുന്നു. മുമ്പ്‌ ഇവരിൽ പലരും മൗണ്ട്‌ പിനറ്റ്യൂബൊയ്‌ക്കു ചുറ്റുമുള്ള പർവതങ്ങളിലാണു വസിച്ചിരുന്നത്‌. എന്നാൽ അവിടെ ഉഗ്രമായ അഗ്നിപർവത സ്‌ഫോടനം ഉണ്ടായപ്പോൾ അവർക്ക്‌ അവിടെനിന്നു പലായനം ചെയ്യേണ്ടിവന്നു.

എയ്‌റ്റാ വർഗക്കാരുടെ മറ്റൊരു കൂട്ടം മധ്യ ഫിലിപ്പീൻസിലെ പനൈ ദ്വീപിൽ പാർക്കുന്നു. ലോഡിബിക്കോ ഈനോയും കുടുംബവും ആ പ്രദേശത്തുനിന്നുള്ള എയ്‌റ്റാ വർഗക്കാരാണ്‌. ബൈബിൾ തത്ത്വങ്ങൾ പിൻപറ്റിയത്‌ ലോഡിബിക്കോയിൽ നിരവധി മാറ്റങ്ങൾ വരുത്തി. അദ്ദേഹം പറയുന്നു: “മുമ്പ്‌ എനിക്കു പല ദുശ്ശീലങ്ങളുമുണ്ടായിരുന്നു: മുറുക്ക്‌, പുകവലി, മദ്യപാനം, ചൂതാട്ടം, അക്രമപ്രവർത്തനം. ഞങ്ങളുടെ കുടുംബജീവിതം ഒട്ടും സന്തുഷ്ടമായിരുന്നില്ല. ആ ദുശ്ശീലങ്ങൾ ഉപേക്ഷിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഇപ്പോൾ ജീവനോടെ കാണില്ലായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ ശരീരം ശുദ്ധമായിത്തീർന്നിരിക്കുന്നു. മുറുക്കി ചുവന്നിരുന്ന എന്റെ പല്ലുകൾ ഇപ്പോൾ വെളുത്തിരിക്കുന്നു. സഭയിൽ ഞാൻ ഒരു മൂപ്പനായി സേവിക്കുന്നു. എല്ലാം യഹോവയുടെ അനുഗ്രഹം.” ഈ എയ്‌റ്റാ കുടുംബത്തെപ്പോലെ ചെറിയ ഗോത്രങ്ങളിൽ നിന്നുള്ള ആളുകളും യഹോവയുടെ വഴികൾ പിൻപറ്റുന്നതിലൂടെ ലഭിക്കുന്ന സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞിരിക്കുന്നു.​—യോഹ. 8:32.

സ്വതന്ത്രരല്ലാത്തവർക്കു സ്വാതന്ത്ര്യം കൈവരുത്തുന്നു

സഹായം ലഭിച്ചിരിക്കുന്ന മറ്റൊരു കൂട്ടർ ജയിലിൽ കിടക്കുന്നവരാണ്‌. 1950-കൾ മുതൽത്തന്നെ, ജയിലിൽ കഴിയുന്നവരെ സന്ദർശിക്കാൻ യഹോവയുടെ സാക്ഷികൾ ഒരു പ്രത്യേക ശ്രമം നടത്തിയിട്ടുണ്ട്‌. സത്യത്തിന്റെ മാർഗം സ്വീകരിക്കാൻ അവരിൽ അനേകരും സഹായിക്കപ്പെട്ടിട്ടുമുണ്ട്‌.

ഒരു യുവാവായിരിക്കെ സോഫ്രോണിയോ ഹായിൻകാഡ്‌റ്റോ സർക്കാരിനെതിരെയുള്ള വിപ്ലവത്തിൽ പങ്കെടുത്തു. അയാൾ അറസ്റ്റിലാകുകയും ആറു വർഷത്തെ തടവുശിക്ഷയ്‌ക്കു വിധിക്കപ്പെടുകയും ചെയ്‌തു. ലൂസോണിലെ ന്യൂ ബിലിബിഡ്‌ ജയിലിൽ കഴിയവേ തടവുകാർക്ക്‌ അനുവദിച്ചിരുന്ന മതപരമായ ശുശ്രൂഷകളിലൊന്നും പങ്കെടുക്കാത്ത ഒരു ജയിൽ പുള്ളിയെ അയാൾ നിരീക്ഷിച്ചു. ആ മനുഷ്യൻ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നിരിക്കുന്നതായി സോഫ്രോണിയോ മനസ്സിലാക്കി. അത്‌ മിക്ക ദിവസവും ബൈബിൾ ചർച്ച ചെയ്യുന്നതിലേക്കു നയിച്ചു. സോഫ്രോണിയോ പറയുന്നു: “ഞാൻ മുമ്പ്‌ ഏത്‌ ആദർശങ്ങൾക്കു വേണ്ടിയാണോ പോരാടിയത്‌ അവകൊണ്ടൊന്നും യഥാർഥത്തിൽ സമൂഹത്തിൽ മാറ്റം വരുത്താനോ അതിനെ മെച്ചപ്പെടുത്താനോ സാധ്യമല്ല എന്ന്‌ എനിക്കു ബോധ്യമായി.” താൻ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ ദൈവരാജ്യത്തിനു മാത്രമേ കഴിയൂ എന്ന്‌ അയാൾ പഠിച്ചു. സമീപത്തുള്ള ഒരു സഭയിലെ സഹോദരങ്ങളുടെ സഹായത്തോടെ സോഫ്രോണിയോ ആത്മീയ അഭിവൃദ്ധി നേടുകയും ജയിൽ വളപ്പിൽ ചെടികൾ നനയ്‌ക്കാൻ ഉപയോഗിച്ചിരുന്ന ഒരു കുളത്തിൽ സ്‌നാപനമേൽക്കുകയും ചെയ്‌തു.

ശിക്ഷയുടെ കാലാവധി പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഒരു സാധാരണ പയനിയറും പിൽക്കാലത്ത്‌ ഒരു പ്രത്യേക പയനിയറുമായിത്തീർന്നു. മുഴുസമയ സേവന കാലത്തു സത്യത്തിന്റെ പാത സ്വീകരിക്കുന്നതിന്‌ ഏതാണ്ട്‌ 15 പേരെ സഹായിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നീട്‌ വിവാഹിതനായ അദ്ദേഹത്തിന്‌ ഇപ്പോൾ ആറു മക്കളുണ്ട്‌. മൂന്നു പേർ മുഴുസമയ ശുശ്രൂഷയിലാണ്‌. അതിൽ ഒരാൾ സർക്കിട്ട്‌ മേൽവിചാരകനായി സേവിക്കുന്നു. 1995-ൽ അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാർ ശുശ്രൂഷാ പരിശീലന സ്‌കൂളിൽ പങ്കെടുത്തു. സത്യം സോഫ്രോണിയോയ്‌ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹം സഹായിച്ച മറ്റുള്ളവർക്കും യഥാർഥ സ്വാതന്ത്ര്യം കൈവരുത്തി.

പലാവാനിലെ ഇവാഹിഗ്‌ ശിക്ഷാ കോളനിയിലെ തടവുകാരോട്‌ പ്രത്യേക പയനിയർമാർ പ്രസംഗിച്ചുകൊണ്ടാണിരിക്കുന്നത്‌. വാസ്‌തവത്തിൽ, ജയിൽ വളപ്പിൽത്തന്നെ ഒരു ചെറിയ രാജ്യഹാൾ നിർമിക്കാനുള്ള അനുവാദവും അവർക്കു ലഭിച്ചു. കൊള്ള, കൊള്ളിവെപ്പ്‌, കൊലപാതകങ്ങൾ എന്നിവയുടെ പേരിൽ തടവിലായ ഒരാൾ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം പഠിക്കാൻ തുടങ്ങി. പഠിച്ച കാര്യങ്ങൾ പിൻപറ്റാൻ സഹായം ലഭിച്ചപ്പോൾ അത്‌ ആ മനുഷ്യന്റെ ജീവിതത്തിൽ എത്ര വലിയ മാറ്റമാണ്‌ വരുത്തിയതെന്നോ!

ഇരുപത്തിമൂന്നിലേറെ വർഷം തടവിൽ കഴിഞ്ഞശേഷം, താമസിയാതെ മോചിതനാകുമെന്ന്‌ അയാൾക്ക്‌ അറിയിപ്പു ലഭിച്ചു. ദീർഘനാളുകൾക്കുശേഷം വീണ്ടും തന്റെ കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കാൻ അയാൾ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ അയാളെ കുറിച്ച്‌ അങ്ങേയറ്റം ലജ്ജയും ഭയവും തോന്നിയ കുടുംബാംഗങ്ങൾ “ദയവായി ഇങ്ങോട്ടു വരരുത്‌” എന്ന്‌ അദ്ദേഹത്തിന്‌ എഴുതി. ദൈവത്തിന്റെ വചനം അയാളുടെ ജീവിതത്തിൽ വരുത്തിയ വലിയ മാറ്റങ്ങളെക്കുറിച്ച്‌ അവർക്ക്‌ അറിയില്ലായിരുന്നു. ശാന്തനും സമാധാനപ്രിയനുമായ ഒരു ക്രിസ്‌ത്യാനി എന്ന നിലയിൽ അദ്ദേഹം സ്വന്തം പട്ടണത്തിൽ തിരിച്ചെത്തിയപ്പോൾ അത്‌ അവരെ എത്ര ആശ്ചര്യപ്പെടുത്തിയെന്നോ!

സ്‌ത്രീകൾക്കു വേണ്ടിയുള്ള ഏറ്റവും വലിയ ദേശീയ ജയിൽ മെട്രോ മനിലയിലെ മാൻഡാലൂയോങ്ങിലാണ്‌. വർഷങ്ങളോളം യഹോവയുടെ സാക്ഷികൾ അവിടെ പ്രവേശിക്കുന്നതിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഒരു സ്‌ത്രീ ആ ജയിലിലേക്കു സ്ഥലം മാറി വന്നതോടെ ഇതിനു മാറ്റം വന്നു. അവിടെയുള്ള മറ്റേതെങ്കിലും മതവിഭാഗത്തിൽ ചേരാൻ അധികാരികൾ അവരോടു പറഞ്ഞു. എന്നാൽ തനിക്ക്‌ അതിനു കഴിയുകയില്ലെന്നും താൻ യഹോവയുടെ സാക്ഷികളുടെ ആരാധനയിൽ മാത്രമേ പങ്കു ചേരുകയുള്ളു എന്നുമുള്ള നിലപാടിൽ അവർ ഉറച്ചുനിന്നു. അധികാരികൾ അതിനു സമ്മതിക്കുകയും സാക്ഷികൾക്ക്‌ വാരന്തോറും ആ ജയിൽ സന്ദർശിക്കാനുള്ള അനുവാദം നൽകുകയും ചെയ്‌തു. അന്നുമുതൽ പല സ്‌ത്രീകൾ പഠിച്ചു സ്‌നാപനമേറ്റിരിക്കുന്നു. അടുത്തുള്ള ഒരു സഭ താത്‌പര്യമുള്ള അന്തേവാസികൾക്കായി വീക്ഷാഗോപുര അധ്യയനവും മറ്റു ചില യോഗങ്ങളും ക്രമമായി നടത്തുന്നുണ്ട്‌.

വാസ്‌തവമായും സത്യത്തിന്റെ ദൂത്‌ അഴികൾക്കുള്ളിൽ കഴിയുന്ന ചിലർക്ക്‌ അതുല്യമായ സ്വാതന്ത്ര്യം കൈവരുത്തിയിരിക്കുന്നു. അവരും യഹോവയ്‌ക്കു വിലപ്പെട്ടവരാണ്‌. അത്തരം ആളുകളെ സഹായിക്കുന്നതിൽ പങ്കുപറ്റാൻ ദൈവജനം സന്തോഷമുള്ളവരാണ്‌.

പഴമക്കാർ വേല തുടരുന്നു

“നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം” എന്ന്‌ ഒരു സദൃശവാക്യം പറയുന്നു. (സദൃ. 16:31) അതേ, അനേക വർഷങ്ങളായി യഹോവയിങ്കലെ സന്തോഷം തങ്ങളുടെ ശക്തിദുർഗം ആക്കിയിരിക്കുന്നവരെ കാണുന്നത്‌ എത്ര നയനമനോഹരമാണ്‌!

രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ്‌ ഫിലിപ്പീൻസിലെ ദിവ്യാധിപത്യ സംഘടന വളരെ ചെറുതായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ്‌ മുതൽ ഇന്നുവരെ ദീർഘിക്കുന്ന സേവന ചരിത്രം ഉള്ളവർ വളരെ ചുരുക്കമാണ്‌. അതുകൊണ്ട്‌ ലിയോദേഗാരിയോ ബാർലാനെ പരിചയപ്പെടുന്നതു വളരെ പ്രോത്സാഹജനകമാണ്‌. അദ്ദേഹം 1938 മുതൽ മുഴുസമയ സേവനത്തിലാണ്‌. യുദ്ധകാലത്ത്‌ അദ്ദേഹത്തിനും കൂട്ടുകാർക്കും ജപ്പാൻകാരിൽനിന്ന്‌ ഉപദ്രവം ഏൽക്കേണ്ടിവന്നു. എന്നിട്ടും അവർ പ്രസംഗവേല തുടർന്നു. യുദ്ധാനന്തരം അദ്ദേഹം ഭാര്യ നാറ്റിവിഡാഡിനൊപ്പം മുഴുസമയ സേവനം തുടർന്നു. ഒടുവിൽ അവർക്ക്‌ സഞ്ചാരവേലയ്‌ക്കു ക്ഷണം ലഭിച്ചു. പിന്നീട്‌ അവർ രോഗികളുടെ പട്ടികയിൽപ്പെട്ട പ്രത്യേക പയനിയർമാരായി പാങ്‌ഗാസിനാൻ പ്രവിശ്യയിൽ സേവിച്ചു. 2000-ൽ നാറ്റിവിഡാഡ്‌ മരിച്ചു. എന്നാൽ ലിയോദേഗാരിയോ ഇന്നും ആ നിയമനത്തിൽ തുടരുന്നു. താൻ എന്നും ചെയ്‌തു പോന്നിട്ടുള്ള വേല അതായത്‌ പ്രസംഗവേല തുടരാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം എല്ലാവർക്കും പ്രോത്സാഹനമേകുന്നു.

രണ്ടാം ലോകമഹായുദ്ധ ശേഷം സാക്ഷീകരണ പ്രവർത്തനം അതിവേഗം പുരോഗമിച്ചു. അന്നു സത്യം പഠിച്ച്‌ ഇന്നോളം സേവനത്തിൽ തുടർന്നിരിക്കുന്ന അനേകരുണ്ട്‌. ഉദാഹരണത്തിന്‌ യുദ്ധകാലത്ത്‌ പാസിഫിക്കോ പാന്റാസ്‌ എന്ന വ്യക്തി സാക്ഷികളായ തന്റെ അയൽക്കാരുടെ കൈവശം ഉണ്ടായിരുന്ന ബൈബിൾ പ്രസിദ്ധീകരണങ്ങൾ വായിക്കാനിടയായി. അദ്ദേഹം പറയുന്നു: “ഞാൻ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. തുടർന്ന്‌ സാധാരണ പയനിയർ സേവനത്തിനുള്ള അപേക്ഷ നൽകി. എന്നാൽ ഞാൻ സ്‌നാപനമേറ്റിരുന്നില്ല. സ്‌നാപനമേൽക്കാൻ അവർ എന്നോട്‌ ആവശ്യപ്പെട്ടു; അങ്ങനെ ഞാൻ സ്‌നാപനമേറ്റു.” 1946-ൽ ആയിരുന്നു അത്‌. പയനിയർ പ്രവർത്തനത്തിന്റെ ഭാഗമായി പാസിഫിക്കോയ്‌ക്ക്‌ നാടിന്റെ പല ഭാഗങ്ങളിലും പോകേണ്ടിവന്നു. അദ്ദേഹം മറ്റു പല പദവികളും ആസ്വദിച്ചു. അദ്ദേഹം പറയുന്നു: “ഗിലെയാദിന്റെ 16-ാമത്തെ ക്ലാസ്സിൽ സംബന്ധിക്കാൻ എനിക്കു ക്ഷണം കിട്ടി. 1950-ൽ ന്യൂയോർക്കിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ സംബന്ധിക്കാനും എനിക്കു കഴിഞ്ഞു. ഗിലെയാദ്‌ ബിരുദം നേടിയ ശേഷം ഐക്യനാടുകളിലെ മിനെസോട്ട, നോർത്ത്‌ ഡക്കോട്ട എന്നീ സംസ്ഥാനങ്ങളിൽ സർക്കിട്ട്‌ മേൽവിചാരകനായി ഞാൻ സേവിച്ചു. പിന്നീട്‌ ഫിലിപ്പീൻസിലേക്കു മടങ്ങിവന്ന്‌ പാസിഗ്‌ നദിക്കു തെക്ക്‌ മനില മുതൽ മിൻഡനാവോ വരെയുള്ള പ്രദേശത്തു ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായി സേവിച്ചു.”

തുടർന്നുള്ള വർഷങ്ങളിൽ പാന്റാസ്‌ സഹോദരന്‌ ബെഥേലിൽ പല നിയമനങ്ങളും നിർവഹിക്കാനായി. അതുപോലെ ഒരു സഞ്ചാര മേൽവിചാരകനെന്ന നിലയിലും അദ്ദേഹം സേവനം ആസ്വദിച്ചു. 1963-ൽ അദ്ദേഹം വിവാഹിതനായി. കുട്ടികൾ ജനിച്ചപ്പോൾ കുടുംബത്തെ പരിപാലിക്കാനായി അവർക്ക്‌ ഒരിടത്തു സ്ഥിരതാമസമാക്കേണ്ടിവന്നു. ഒരു കുടുംബം എന്ന നിലയിൽ അവർ യഹോവയെ സേവിക്കുന്നതിൽ തുടർന്നു. അവരുടെ മൂന്നു മക്കളും യഹോവയുടെ സ്‌തുതിപാഠകരായി വളർന്നിരിക്കുന്നു. മൂവരും ഇപ്പോൾ മൂപ്പന്മാരാണ്‌. ഒരാൾ ശുശ്രൂഷാ പരിശീലന സ്‌കൂൾ ബിരുദധാരിയാണ്‌. മറ്റൊരാൾ ബെഥേൽ സേവനത്തിലാണ്‌. വാർധക്യത്തിലും പാന്റാസ്‌ സഹോദരൻ സഭയിൽ നല്ല ഒരു സ്വാധീനമായി തുടരുന്നു.

യഹോവയുടെ ആരാധനയ്‌ക്കായി കൂടിവരാൻ അനുയോജ്യമായ ഹാളുകൾ

ഫിലിപ്പീൻസിലെ യഹോവയുടെ ജനത്തിന്‌ ആരാധനയ്‌ക്കായി രാജ്യഹാളുകൾ ഉണ്ടായി തുടങ്ങിയത്‌ ഈ അടുത്തകാലത്താണ്‌. വർഷങ്ങളോളം ബഹുഭൂരിപക്ഷം പേരും സഹോദരങ്ങളുടെ വീടുകളിലാണു കൂടിവന്നിരുന്നത്‌. തീർച്ചയായും ഒന്നാം നൂറ്റാണ്ടിലും യോഗങ്ങൾക്കുവേണ്ടി ക്രിസ്‌ത്യാനികൾ ഭവനങ്ങൾ ഉപയോഗിച്ചിരുന്നു. (റോമർ 16:5) എന്നിരുന്നാലും ആധുനിക കാലത്ത്‌ സഭകൾ വളർന്നപ്പോൾ കൂടുതൽ ആളുകൾക്കു സൗകര്യപ്രദമായി ഇരിക്കാൻ പറ്റിയ സ്ഥലങ്ങൾ ഉണ്ടായിരിക്കുന്നത്‌ അഭികാമ്യമായിത്തീർന്നു.

ഡേവിഡ്‌ ലെഡ്‌ബെറ്റർ പറയുന്നു: “സാമ്പത്തിക ഞെരുക്കം മൂലം പലരെ സംബന്ധിച്ചും അതു വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു വൻനഗരമായ മെട്രോ മനിലയിൽ പോലും ഒരു സഭയ്‌ക്കു മാത്രമേ സ്വന്തം സ്ഥലത്തു നിർമിച്ച ഒരു രാജ്യഹാൾ ഉണ്ടായിരുന്നുള്ളൂ. രാജ്യഹാൾ ഉണ്ടായിരുന്ന മറ്റിടങ്ങളിലെല്ലാം സഭയ്‌ക്കു കെട്ടിടം ഉണ്ടായിരുന്നെങ്കിലും കെട്ടിടം ഇരിക്കുന്ന സ്ഥലം അവരുടെ സ്വന്തമായിരുന്നില്ല.” സഹോദരങ്ങൾക്കു വരുമാനം തീരെ കുറവായിരുന്നതിനാൽ സഭകൾക്കു സ്വന്തമായി സ്ഥലം വാങ്ങാൻ കഴിയുമായിരുന്നില്ല.

അതുകൊണ്ട്‌ തങ്ങൾക്കു സാധ്യമായ വിധങ്ങളിലെല്ലാം സഹോദരങ്ങൾ യോഗങ്ങൾക്ക്‌ ഇടം കണ്ടെത്തി. തങ്ങൾക്കു സ്വന്തമായി ഉണ്ടായിരുന്ന സൗകര്യങ്ങൾ അവർ സഭയ്‌ക്കു ലഭ്യമാക്കി. ഉദാഹരണത്തിന്‌, മനിലയിൽ സാന്റോസ്‌ കാപ്പിസ്റ്റ്രാനോ എന്ന സഹോദരൻ ഏതാണ്ട്‌ 40 വർഷത്തേക്കു തന്റെ വീടിന്റെ മുകളിലത്തെ നില രാജ്യഹാളായി ഉപയോഗിക്കാൻ വിട്ടു കൊടുത്തിരുന്നതായി ഡെന്റൺ ഹോപ്‌കിൻസൺ സഹോദരൻ അനുസ്‌മരിക്കുന്നു. അദ്ദേഹം പറയുന്നു: “കാപ്പിസ്റ്റ്രാനോ സഹോദരന്റെ ഭാര്യ മരിച്ചശേഷം അദ്ദേഹത്തിന്റെ മക്കൾ താഴത്തെ നിലയിൽ താമസിച്ചു. മുകളിലത്തെ നിലയിലായിരുന്നു രാജ്യഹാൾ. രാജ്യഹാളിനുള്ള ഇടമൊഴിച്ചാൽ പിന്നെ അധികം സ്ഥലം അവിടെ ശേഷിച്ചിരുന്നില്ല. ഒരു ചെറിയ അടുക്കളയോടു കൂടിയ ആ അൽപ്പം സ്ഥലത്ത്‌ സഹോദരൻ ഒതുങ്ങിക്കൂടി. അത്‌ അദ്ദേഹത്തിനു വളരെ അസൗകര്യമായിരുന്നു എന്നു നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ ആ ക്രമീകരണത്തിൽ സഹോദരൻ സന്തുഷ്ടനായിരുന്നു. അത്തരം ആത്മാവായിരുന്നു സഹോദരങ്ങൾ പ്രകടമാക്കിയത്‌.”

എന്നാൽ പിൽക്കാലത്തു സഭകൾക്കു സ്വന്ത സ്ഥലത്തു രാജ്യഹാൾ പണിയുക സാധ്യമായിത്തീർന്നു. നാണയമായ പേസോയുടെ മൂല്യം വർധിച്ചു. 1980-കൾ ആയപ്പോഴേക്കും വേതനം മെച്ചപ്പെട്ടു. അങ്ങനെ പണം വായ്‌പ വാങ്ങുക പ്രായോഗികമായിത്തീർന്നു. തത്‌ഫലമായി ചില സഭകൾക്കു ലോണെടുക്കാൻ കഴിഞ്ഞു.

അങ്ങനെയിരിക്കെ ഭരണസംഘം ചെയ്‌ത സ്‌നേഹപൂർവകമായ ഒരു ക്രമീകരണം വലിയ മാറ്റങ്ങൾ കൈവരുത്തി. ഐക്യനാടുകളിലും കാനഡയിലും രാജ്യഹാൾ നിർമാണത്തിനായി ഫണ്ടു ശേഖരിക്കുന്നതിനെ കുറിച്ചുള്ള അറിയിപ്പുകൾ നടത്തപ്പെട്ടു. താമസിയാതെ അങ്ങനെ ലഭിച്ച സംഭാവനയിൽ നിന്ന്‌ ഫിലിപ്പീൻസ്‌ പ്രയോജനം അനുഭവിച്ചു. സഹോദരങ്ങൾക്കിടയിൽ ‘സമത്വം ഉണ്ടാവുക’ എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ ക്രമീകരണം വായ്‌പകൾ നൽകുക സാധ്യമാക്കിത്തീർത്തു. (2 കൊരി. 8:​14, 15) തുടക്കത്തിൽ കാര്യങ്ങൾ സാവധാനത്തിലാണു നീങ്ങിയതെങ്കിലും മറ്റിടങ്ങളിൽ ഈ ക്രമീകരണം പരീക്ഷിച്ചു ഫലപ്രദമെന്നു കണ്ടെത്തിയിരിക്കുന്നതായി കേട്ടപ്പോൾ കൂടുതൽ സഹോദരങ്ങൾ സ്വന്തമായി ഒരു രാജ്യഹാൾ ഉണ്ടായിരിക്കുന്നതിനുവേണ്ടി ശ്രമം ചെയ്യാൻ പ്രോത്സാഹിതരായിത്തീർന്നു.

ഈ ക്രമീകരണം എന്തൊരു വ്യത്യാസമാണു വരുത്തിയിരിക്കുന്നത്‌! രാജ്യഹാൾ വായ്‌പകളെ കുറിച്ച്‌ ബ്രാഞ്ച്‌ ഓഫീസ്‌ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “മൊത്തം 1,200-ലധികം രാജ്യഹാൾ നിർമാണ പരിപാടികളാണു നടന്നിരിക്കുന്നത്‌. തീർച്ചയായും, രാജ്യത്തുടനീളം അതിന്റെ ഫലം കാണാനായിട്ടുണ്ട്‌.” തുടക്കത്തിൽ പണം അധികവും മറ്റു രാജ്യങ്ങളിൽ നിന്നാണു ലഭിച്ചതെങ്കിലും കാലക്രമത്തിൽ ഫിലിപ്പിനോ സഹോദരങ്ങൾക്കുതന്നെ തങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ പിന്തുണ നൽകാൻ കഴിഞ്ഞു. അതു സംബന്ധിച്ച്‌ ബ്രാഞ്ച്‌ ഓഫീസ്‌ ഇപ്രകാരം പറയുന്നു: “ഇപ്പോൾ പല വർഷങ്ങളായി രാജ്യഹാൾ നിർമാണ പരിപാടികൾക്ക്‌ ആവശ്യമായ പണമത്രയും ഫിലിപ്പീൻസിൽനിന്നു തന്നെയുള്ള വായ്‌പാ തിരിച്ചടയ്‌ക്കലിലൂടെയും സംഭാവനകളിലൂടെയുമായി ലഭിച്ചുകൊണ്ടാണിരിക്കുന്നത്‌. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽപ്പോലും പണം ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള പൊതു ഫണ്ടിലേക്കു സംഭാവന ചെയ്യുമ്പോൾ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും എന്നാണ്‌ ഇതു കാണിക്കുന്നത്‌.”

ഇപ്പോൾ വലിയൊരു സംഖ്യ സഭകൾക്കു സ്വന്തമായി രാജ്യഹാളുണ്ട്‌. രാജ്യത്തു മൊത്തം ഏകദേശം 3,500 സഭകളാണുള്ളത്‌. അവയിൽ ചിലതിന്‌ ഇനിയും സ്വന്തമായി യോഗസ്ഥലങ്ങൾ ഉണ്ടാകേണ്ടതുണ്ട്‌. എന്നിരുന്നാലും ഇവയിൽ ഏതാണ്ട്‌ 500 സഭകൾ പതിനഞ്ചിൽ കുറവു പ്രസാധകരുള്ളവയാണ്‌. അവയ്‌ക്ക്‌ രാജ്യഹാൾ വായ്‌പ എടുക്കാനുള്ള പ്രാപ്‌തിയില്ല. അതുകൊണ്ട്‌ രാജ്യഹാൾ നിർമിക്കുന്നത്‌ കൂടുതൽ പ്രായോഗികമാക്കുന്നതിന്‌ ചെറിയ സഭകൾ ഒന്നിപ്പിക്കാൻ അടുത്തകാലത്തു പ്രോത്സാഹനം നൽകിയിരിക്കുകയാണ്‌.

യോഗ പട്ടികകൾ സംബന്ധിച്ച വീക്ഷണങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ

ചില സഭകൾ, അവ സ്വന്തമായി രാജ്യഹാൾ ഉള്ളവയോ ഇല്ലാത്തവയോ ആയാലും, വിദൂര പ്രദേശങ്ങളിലാണു സ്ഥിതിചെയ്യുന്നത്‌. സഹോദരങ്ങൾക്കു യോഗസ്ഥലത്ത്‌ എത്തുന്നതിന്‌ രണ്ടോ നാലോ അതിലധികമോ മണിക്കൂറുകൾ ദുർഘടമായ പ്രദേശത്തു കൂടെ നടക്കണം. അത്തരം പ്രദേശങ്ങളിൽ ആഴ്‌ചയിൽ ഒന്നിലധികം പ്രാവശ്യം യോഗത്തിനായി കൂടിവരുന്നത്‌ അപ്രായോഗികമാണ്‌. അതുകൊണ്ട്‌ അത്തരം പല സഭകളിലും സഭാ പുസ്‌തക അധ്യയനം ഒഴികെയുള്ള എല്ലാ യോഗങ്ങളും ഒറ്റ ദിവസമാണു നടത്തിയിരുന്നത്‌. സഹോദരങ്ങൾ നാലു യോഗങ്ങളിൽ പങ്കുപറ്റാൻ തയ്യാറായി വന്നിരുന്നു. ഉച്ചയ്‌ക്കു കഴിക്കാനുള്ള ഭക്ഷണവും അവർ കൂടെ കൊണ്ടുവന്നു. ഈ വിധത്തിൽ അങ്ങു ദൂരെയുള്ള യോഗസ്ഥലത്തേക്ക്‌ അവർക്ക്‌ ആഴ്‌ചയിൽ ഒരു പ്രാവശ്യമേ സഞ്ചരിക്കേണ്ടി വരുമായിരുന്നുള്ളൂ. വയൽശുശ്രൂഷയും മറ്റു ദിവ്യാധിപത്യ പ്രവർത്തനങ്ങളും മറ്റു ദിവസങ്ങളിൽ സ്വന്തം പ്രദേശത്തു തന്നെ ക്രമീകരിക്കുമായിരുന്നു.

ആയിരത്തിത്തൊള്ളായിരത്തെൺപതുകളിൽ, അത്ര വിദൂര പ്രദേശങ്ങളിലല്ലാത്ത സഭകളിലേക്ക്‌, എന്തിന്‌ നഗരങ്ങളിലുള്ള സഭകളിലേക്കു പോലും ഈ രീതി വ്യാപിക്കാൻ തുടങ്ങി. ഒരുപക്ഷേ സാമ്പത്തിക ഞെരുക്കം ചിലർ പണം ലാഭിക്കാനുള്ള വഴികളെപ്പറ്റി ചിന്തിക്കാൻ ഇടയാക്കിയിരിക്കാം. യോഗദിവസങ്ങൾ കുറച്ചാൽ യാത്ര കുറയ്‌ക്കാം, ചെലവും ചുരുക്കാം എന്ന്‌ അവർ കരുതിയിരിക്കാം. വേറെ ചില സഹോദരങ്ങളാകട്ടെ, സൗകര്യത്തെപ്പറ്റി അമിത ചിന്തയുള്ളവർ ആയിത്തീർന്നു. അങ്ങനെ അവർ മറ്റു ദിവസങ്ങൾ ഒരുപക്ഷേ വിദ്യാഭ്യാസമോ ലൗകിക ജോലിയോ പോലുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാൻ തുടങ്ങി.

ഒരു ദിവസംതന്നെ നാലു യോഗങ്ങൾ നടത്തുന്ന സഭകളുടെ എണ്ണം വർധിച്ചു. ചില സഭകളാണെങ്കിൽ അഞ്ചു യോഗങ്ങളും ഒരു ദിവസംതന്നെ നടത്തി! എന്നാൽ അങ്ങനെ ചെയ്യുകവഴി ഫിലിപ്പീൻസിലെ സഭകൾ ലോകമെങ്ങുമുള്ള യഹോവയുടെ ജനത്തിൽ ബഹുഭൂരിപക്ഷത്തിന്റെയും രീതിയിൽനിന്ന്‌​—⁠അവർ ആഴ്‌ചയിൽ 3 ദിവസമാണ്‌ യോഗങ്ങൾ നടത്തുന്നത്‌​—⁠അകന്നകന്നുപോകുകയായിരുന്നു. സഹോദരങ്ങൾ ഈ കാര്യത്തിൽ ഏറെക്കുറെ അസന്തുലിതരായിത്തീർന്നിരുന്നു. 1991-ൽ മേഖലാ മേൽവിചാരകന്റെ സന്ദർശന സമയത്ത്‌ ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരപ്പെട്ടു. അദ്ദേഹം അതു ഭരണസംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഭരണസംഘത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “തീരെ നിവൃത്തിയില്ലാത്ത ചില സാഹചര്യങ്ങളിൽ ഒഴികെ അങ്ങനെ യോഗങ്ങൾ ക്രമീകരിക്കുന്നത്‌ നല്ല രീതിയാണെന്നു ഞങ്ങൾ കരുതുന്നില്ല.” ഈ വിവരം ആദ്യം നഗരങ്ങളിലും പിന്നീട്‌ നാട്ടിൻപുറങ്ങളിലുമുള്ള സഹോദരങ്ങളെ അറിയിച്ചു.

വ്യത്യസ്‌ത ദിവസങ്ങളിലായി യോഗങ്ങൾ നടത്തുമ്പോൾ, യോഗങ്ങൾക്കുവേണ്ടിയുള്ള ലോകവ്യാപകമായ ക്രമീകരണത്തോട്‌ പൊരുത്തപ്പെടുന്നതിനു പുറമേ, മൂന്നരയോ നാലോ മണിക്കൂറുകൊണ്ട്‌ ഒന്നിച്ച്‌ എല്ലാ പരിപാടികളും തീർക്കുന്നതിനെക്കാളും കൂടുതൽ ആത്മീയ പ്രയോജനം ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. പല യോഗങ്ങൾ ഒരുമിച്ചു നടത്തുന്നത്‌ കൊച്ചു കുട്ടികൾക്കും പുതിയ താത്‌പര്യക്കാർക്കും ബുദ്ധിമുട്ട്‌ ഉളവാക്കിയിരുന്നു. നിരവധി യോഗങ്ങൾക്കു തയ്യാറാകുന്നതിനു പകരം ഒന്നോ രണ്ടോ എണ്ണത്തിനു വേണ്ടി മാത്രം തയ്യാറാകുമ്പോൾ മൂപ്പന്മാർക്കു കൂടുതൽ ഗുണനിലവാരമുള്ള പ്രസംഗങ്ങൾ തയ്യാറായി അവതരിപ്പിക്കാനും കഴിയുമായിരുന്നു.

ഈ ബുദ്ധിയുപദേശത്തോട്‌ സഭകൾ എങ്ങനെ പ്രതികരിച്ചു? ബഹുഭൂരിപക്ഷം സഭകളുടെയും പ്രതികരണം ക്രിയാത്മകമായിരുന്നു. മധ്യവാര യോഗങ്ങൾ നടത്താൻ തക്കവണ്ണം പെട്ടെന്നുതന്നെ അവർ പൊരുത്തപ്പെടുത്തലുകൾ വരുത്തി. ഇപ്പോൾ, അങ്ങ്‌ വിദൂരത്തിലുള്ള ഒറ്റപ്പെട്ട സഭകളിലൊഴികെ എല്ലായിടത്തും തന്നെ വാരന്തോറും കൂടുതൽ സന്തുലിതമായ ആത്മീയ പരിപാടി ആസ്വദിക്കാൻ സഹോദരങ്ങൾക്കു കഴിയുന്നുണ്ട്‌.

സമ്മേളനഹാളുകൾ

വർഷങ്ങളോളം, സർക്കിട്ടുകൾ സമ്മേളനങ്ങൾ നടത്തിയിരുന്നത്‌ സ്‌കൂളുകളിലെ ഗ്രാൻഡ്‌സ്റ്റാൻഡുകളിലും ജിംനേഷ്യങ്ങളിലും ഓട്ടമത്സര കളങ്ങളിലും മറ്റും ആയിരുന്നു. അസൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും സന്തുഷ്ടമായ സഹവാസത്തിനുള്ള ആ അവസരങ്ങളെ സഹോദരങ്ങൾ വിലമതിച്ചു.

രാജ്യഹാളുകളുടെ കാര്യത്തിൽ എന്നതുപോലെതന്നെ സമ്മേളനഹാളുകളുടെ നിർമാണവും അത്ര എളുപ്പമായിരുന്നില്ല. സാമ്പത്തിക ഞെരുക്കം ഇവിടെയും ഒരു പ്രശ്‌നമായിരുന്നു. എന്നിരുന്നാലും സ്വന്തം സമ്മേളന സ്ഥലം ഉണ്ടായിരിക്കുന്നതിൽ പല സർക്കിട്ടുകളും അതീവ താത്‌പര്യം പ്രകടിപ്പിച്ചു. തത്‌ഫലമായി ഒരുവിധം നല്ല, കുറെ സമ്മേളനഹാളുകൾ നിർമിക്കപ്പെട്ടിരിക്കുന്നു. ഇവ സാധാരണ ഒന്നോ രണ്ടോ സർക്കിട്ടുകൾക്കു മാത്രമേ ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. മറ്റു പല രാജ്യങ്ങളിലെയും പോലെ നിരവധി സർക്കിട്ടുകൾക്ക്‌ ഉപകരിക്കുന്നില്ല. പല ഹാളുകളുടെ കാര്യത്തിലും സ്ഥലം സംഭാവനയായി ലഭിക്കുകയോ ന്യായമായ ഒരു വിലയ്‌ക്കു വാങ്ങുകയോ​—⁠പ്രത്യേകിച്ചും നാട്ടിൻ പുറങ്ങളിൽ​—⁠ചെയ്‌തതാണ്‌. തുടർന്ന്‌ സഹോദരങ്ങൾ തങ്ങളുടെ സംഭാവനകൾ ഒരുമിച്ചു ചേർത്ത്‌ ലളിതമായ ഒരു കെട്ടിടം​—⁠സാധാരണമായി മേൽക്കൂരയും കോൺക്രീറ്റ്‌ തറയും ഒരു സ്റ്റേജും കുറെ സീറ്റുകളുമുള്ള വശങ്ങൾ തുറന്ന ഒരു ഹാൾ​—⁠നിർമിച്ചു.

മെട്രോ മനിലയിൽ അതുപോലും സാധ്യമല്ലായിരുന്നു. സ്ഥലത്തിന്റെ വിലയും അനുയോജ്യമായ ഒരു കെട്ടിടം നഗരത്തിൽ നിർമിക്കുന്നതിന്റെ ചെലവുമായിരുന്നു പ്രധാന തടസ്സം. സമ്മേളനഹാൾ നിർമിക്കുക എന്ന ലക്ഷ്യത്തിൽ ആ പ്രദേശത്തെ സഭകൾ ഒരു ഫണ്ട്‌ രൂപീകരിച്ചെങ്കിലും ആ തുക സ്ഥലം വാങ്ങാൻ പോലും തികയില്ലായിരുന്നു. 1970-കളിലും 80-കളിലും 90-കളുടെ ഭൂരിഭാഗം സമയത്തും മെട്രോ മനിലയിലെ സമ്മേളനങ്ങൾ സ്‌കൂളുകളിലും ഗ്രാൻഡ്‌സ്റ്റാൻഡുകളിലും മറ്റുമായാണു നടന്നത്‌.

അതിനിടെ മെട്രോ മനില പ്രദേശത്തെ സഭകളും സർക്കിട്ടുകളും എണ്ണത്തിൽ പെരുകിക്കൊണ്ടിരുന്നു. അതോടെ ഒരു സമ്മേളനഹാൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ഏറെ വർധിച്ചു. ഹാൾ പണിയാൻ പറ്റിയ ഒരു സ്ഥലത്തിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ഈ പദ്ധതിയെ സാമ്പത്തികമായി പിന്തുണയ്‌ക്കാനുള്ള പദവിയെപ്പറ്റി കത്തുകളിലൂടെ സഭകളെ അറിയിച്ചു. 1992-ൽ മെട്രോ മനിലയുടെ വടക്കേ അറ്റത്തുള്ള ലാഗ്രോ ജില്ലയ്‌ക്കു സമീപം ഏകദേശം 15 ഏക്കർ സ്ഥലം കണ്ടെത്തി.

സംഭാവനകൾ നൽകിക്കൊണ്ടും സ്വമേധയാ സേവകരെ അയച്ചുകൊണ്ടും മെട്രോ മനിലയിലെ സഭകൾ പദ്ധതിക്കു പിന്തുണയേകി. വേലയിൽ സഹായിക്കാൻ പല രാജ്യങ്ങളിൽനിന്ന്‌ അന്തർദേശീയ സേവകർ എത്തി. അവരിൽ ഒരാളായ ന്യൂസിലൻഡിൽ നിന്നുള്ള റോസ്‌ പ്രാറ്റ്‌ പറയുന്നു: “1997 മാർച്ചിൽ, വേല ആരംഭിക്കുന്നതിനുള്ള അനുവാദം ബ്രുക്ലിനിൽനിന്ന്‌ ഞങ്ങൾക്കു ലഭിച്ചു. കെട്ടിടത്തിനു വേണ്ടി സ്ഥലം ഒരുക്കിയെടുക്കുന്നത്‌ ഒരു വലിയ സംരംഭം തന്നെയായിരുന്നു. അതിന്‌ 29,000 ഘനമീറ്റർ മണ്ണ്‌ നീക്കം ചെയ്യേണ്ടതുണ്ടായിരുന്നു. 50 മുതൽ 60 വരെ സ്ഥിരം ജോലിക്കാരുണ്ടായിരുന്നു. 1998 നവംബറിൽ സമ്മേളനഹാളിന്റെ പണി പൂർത്തിയായി.” തുടർന്ന്‌ അതിന്റെ സമർപ്പണം നടന്നു. 12,000 പേർക്ക്‌ ഇരിക്കാൻ സൗകര്യമുള്ളതിനാൽ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളും അവിടെ നടത്താൻ കഴിയുന്നു. സമ്മേളനഹാളിന്റെ വശങ്ങൾ തുറന്നു കിടക്കുന്നതിനാൽ അകത്തിരുന്നു പരിപാടി ശ്രദ്ധിക്കുമ്പോൾ സഹോദരങ്ങൾക്ക്‌ ഇളംകാറ്റ്‌ ആസ്വദിക്കാൻ കഴിയുന്നു. മെട്രോ മനിലയിലും പരിസരത്തുമുള്ള 16 സർക്കിട്ടുകൾ ഇപ്പോൾ ക്രമമായി ഈ ഹാളിൽ ആത്മീയ പരിപാടികൾ ആസ്വദിക്കുന്നു.

ബ്രാഞ്ചിനു കൂടുതൽ സ്ഥലം

വയലിൽ സഭകളുടെയും സർക്കിട്ടുകളുടെയും എണ്ണം വർധിച്ചപ്പോൾ ബ്രാഞ്ചിലെ ജോലി ഭാരം കൂടി. 1980-ൽ ഏകദേശം 60,000 പ്രസാധകരാണു വയലിൽ ഉണ്ടായിരുന്നത്‌. ഒരു ദശകം കഴിയുന്നതിനു മുമ്പുതന്നെ ഫിലിപ്പീൻസ്‌ ഒരു ലക്ഷത്തിലധികം പ്രസാധകരുള്ള രാജ്യങ്ങളുടെ പട്ടികയിൽപ്പെട്ടു. അതേ കാലയളവിൽ ബെഥേൽ അംഗങ്ങളുടെ എണ്ണം 102-ൽ നിന്നു 150 ആയി. എന്നാൽ 1980-കളുടെ തുടക്കത്തിൽപ്പോലും ബ്രാഞ്ചിൽ വേണ്ടത്ര ഇടം ഇല്ലായിരുന്നു. കൂടുതൽ സ്ഥലസൗകര്യം ആവശ്യമായിരുന്നു.

കൂടുതൽ ഭൂമി കണ്ടെത്താൻ ഭരണസംഘം നിർദേശിച്ചു. എന്താണു സംഭവിച്ചതെന്ന്‌ ഫേലിക്‌സ്‌ ഫഹാർഡോ വിവരിക്കുന്നു: “ബെഥേലിനു സമീപം എവിടെയെങ്കിലും സ്ഥലം വിൽപ്പനയ്‌ക്ക്‌ ഉണ്ടോ എന്നറിയാൻ ഞങ്ങൾ വീടുകൾ കയറിയിറങ്ങി. ഫിലിപ്പീൻകാരും ചൈനാക്കാരുമായ ഭൂവുടമകൾ ആരും സ്ഥലം വിൽക്കാൻ തയ്യാറല്ലായിരുന്നു. ഒരു ഉടമ ഒട്ടും ദാക്ഷിണ്യമില്ലാതെ ഇങ്ങനെ തീർത്തു പറഞ്ഞു: “ചൈനാക്കാർ വിൽക്കാറില്ല. അവർ വാങ്ങും, പക്ഷേ ഒരിക്കലും വിൽക്കില്ല.” അതുകൊണ്ട്‌, ബ്രാഞ്ച്‌ ഓഫീസിന്റെ സമീപത്തെങ്ങും വിൽപ്പനയ്‌ക്കു സ്ഥലം ഇല്ല എന്നുതന്നെയാണ്‌ അപ്പോൾ തോന്നിയത്‌.

അതുകൊണ്ട്‌ അന്വേഷണം മറ്റിടങ്ങളിലേക്കു വ്യാപിപ്പിച്ചു. മറ്റു മാർഗമില്ലെങ്കിൽ ബ്രാഞ്ച്‌ ഓഫീസ്‌ നഗരത്തിനു വെളിയിലേക്കു മാറ്റുന്നതിനെ കുറിച്ചു ചിന്തിച്ചു. സമീപ പ്രവിശ്യകളിലുള്ള പല സ്ഥലങ്ങളും കണ്ടു. ലഗൂണയിലെ സാൻ പെഡ്രോയ്‌ക്കു സമീപം കണ്ട ഒരു വലിയ സ്ഥലത്തിന്റെ കാര്യത്തിൽ ഭരണസംഘം പ്രത്യേക താത്‌പര്യമെടുത്തു. ഒരു സഹോദരൻ ന്യായമായ വിലയ്‌ക്ക്‌ അതു വിൽക്കാൻ തയ്യാറായിരുന്നു. ആ സ്ഥലം വാങ്ങാൻ അനുവാദം ലഭിച്ചു. അവിടെ ഓഫീസുകളും ബെഥേൽ ഭവനവും ഒരു ഫാക്ടറിയും പണിയാനുള്ള ആസൂത്രണങ്ങൾ ആരംഭിച്ചു. എന്നിരുന്നാലും, സമയം കടന്നുപോയപ്പോൾ ബ്രാഞ്ച്‌ ഓഫീസ്‌ അങ്ങോട്ടു മാറ്റുന്നതു യഹോവയുടെ ഇഷ്ടം അല്ല എന്നു തോന്നി. അവിടെ ടെലിഫോൺ സൗകര്യമില്ലായിരുന്നു. റോഡുകൾ മോശമായിരുന്നു. സുരക്ഷിതത്വം സംബന്ധിച്ചും ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അത്‌ ഒരു ബ്രാഞ്ചിനു പറ്റിയ സ്ഥലമല്ല എന്നു വ്യക്തമായി. അതുകൊണ്ട്‌ അത്‌ ബെഥേൽ കുടുംബത്തിന്റെ ആവശ്യങ്ങൾക്കുള്ള ഒരു കൃഷിയിടമാക്കി മാറ്റി. എന്നാൽ ബ്രാഞ്ച്‌ ഓഫീസിലെ സ്ഥലമില്ലായ്‌മയ്‌ക്ക്‌ അതൊരു പരിഹാരമായില്ല.

അങ്ങനെയിരിക്കെ, യഹോവയുടെ മാർഗനിർദേശം സൂചിപ്പിച്ചുകൊണ്ട്‌ അപ്രതീക്ഷിതമായി ചിലതു സംഭവിച്ചു. ഫേലിക്‌സ്‌ തുടരുന്നു: “ഞങ്ങളുടെ ഏറ്റവും അടുത്ത അയൽക്കാരൻ പറഞ്ഞു, ‘ഞങ്ങൾ ഞങ്ങളുടെ സ്ഥലം വിൽക്കുകയാണ്‌. 1,000 ചതുരശ്ര മീറ്റർ ഉണ്ട്‌. അതു നിങ്ങൾക്കു തരണമെന്നാണ്‌ ഞങ്ങളുടെ താത്‌പര്യം.’ തികച്ചും അപ്രതീക്ഷിതമായിരുന്നു അത്‌. അതു വാങ്ങാൻ ഭരണസംഘം ഞങ്ങളോട്‌ ആവശ്യപ്പെട്ടു. അതു മതിയാകും എന്നു ഞങ്ങൾ വിചാരിച്ചു. എന്നാൽ കെട്ടിട നിർമാണത്തിനുള്ള പ്ലാനുകൾ ഹെഡ്‌ക്വാർട്ടേഴ്‌സിനു സമർപ്പിച്ചപ്പോൾ ഞങ്ങൾക്കു ലഭിച്ച മറുപടി ഇതായിരുന്നു: ‘ഒരുപക്ഷേ കൂടുതൽ സ്ഥലത്തിനായി നിങ്ങൾക്ക്‌ അന്വേഷണം നടത്താൻ കഴിഞ്ഞേക്കും, അൽപ്പംകൂടെ സ്ഥലം നിങ്ങൾക്ക്‌ ആവശ്യമുണ്ട്‌.’

“താമസിയാതെതന്നെ ജഡിക സഹോദരന്മാരായ ഒരു ഡോക്ടറും വക്കീലും വന്നു പറയുന്നു: ‘ഞങ്ങളുടെ സ്ഥലം നിങ്ങൾക്കു വിൽക്കാൻ ഞങ്ങൾ താത്‌പര്യപ്പെടുന്നു.’ അതും 1,000 ചതുരശ്ര മീറ്റർ ഉണ്ടായിരുന്നു. അടുത്തതായി ഒരു അയൽക്കാരി 2.5 ഏക്കറോളം സ്ഥലം വളരെ ന്യായമായ വിലയ്‌ക്കു തന്നു. ഇപ്പോൾ സ്ഥലം വേണ്ടുവോളമായല്ലോ എന്നു ഞങ്ങൾ കരുതി. എന്നാൽ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ പറഞ്ഞു: ‘കുറച്ചു സ്ഥലം കൂടെ വേണം.’”

അങ്ങനെയിരിക്കെ അപ്രതീക്ഷിതമായ വിധത്തിൽ സഹായം ലഭിച്ചു. നേരത്തേ സ്ഥലം ഞങ്ങൾക്കു വിറ്റ ആ ഡോക്ടറും വക്കീലും മറ്റ്‌ അയൽക്കാരെ സമീപിച്ച്‌ അവരുടെ സ്ഥലവും വിൽക്കാൻ തക്കവണ്ണം അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. അവർ ഓരോരുത്തരായി അവരുടെ സ്ഥലം ബ്രാഞ്ചിനു വിറ്റു. അടുത്തുള്ള ഏതാണ്ട്‌ എല്ലാ സ്ഥലങ്ങളും തന്നെ വാങ്ങിയ ശേഷം വീണ്ടും ഹെഡ്‌ക്വാർട്ടേഴ്‌സുമായി ബന്ധപ്പെട്ടു. വീണ്ടും മറുപടി വന്നു: “കുറച്ചു കൂടെ സ്ഥലം വേണം.” ‘ഇനി എങ്ങോട്ടു പോകും? അടുത്തുള്ള സ്ഥലങ്ങളെല്ലാം തന്നെ വാങ്ങിക്കഴിഞ്ഞല്ലോ’ എന്നായിരുന്നു സഹോദരങ്ങളുടെ ചിന്ത.

ഏതാണ്ട്‌ ഈ സമയത്ത്‌, “ചൈനാക്കാർ വിൽക്കാറില്ല” എന്നു പറഞ്ഞ ബിസിനസ്സുകാരനിൽ നിന്ന്‌ ഒരു ഫോൺ സന്ദേശം ലഭിച്ചു. അയാൾ സ്ഥലം വിൽക്കാൻ തയ്യാറായിരിക്കുന്നു! ഫേലിക്‌സ്‌ വിശദീകരിക്കുന്നു: “ആ സ്ഥലം വാങ്ങാൻ മറ്റാർക്കും താത്‌പര്യമില്ല എന്നു ലീച്ച്‌ സഹോദരനും ഞാനും മനസ്സിലാക്കി. അതുകൊണ്ട്‌ വളരെ ആദായത്തിൽ ഞങ്ങൾക്ക്‌ ആ സ്ഥലം വാങ്ങാൻ കഴിഞ്ഞു. യഹോവയുടെ കരങ്ങൾ അതിന്റെ പിന്നിൽ ഉണ്ടായിരുന്നെന്നു വ്യക്തമാണ്‌.” അങ്ങനെ 2.5 ഏക്കർ സ്ഥലം കൂടെ ലഭിച്ചു. അവസാനം ഹെഡ്‌ക്വാർട്ടേഴ്‌സ്‌ പറഞ്ഞു: “ഇപ്പോൾ പണി ആസൂത്രണം ചെയ്യാൻ ആവശ്യമായ സ്ഥലം നിങ്ങൾക്കുണ്ട്‌.”

കാലം കടന്നുപോകുകയും സാഹചര്യങ്ങൾക്കു മാറ്റം വരുകയും ചെയ്‌തതോടെ സാൻ പെഡ്രോയിലെ കൃഷിസ്ഥലം മേലാൽ ആവശ്യമില്ല എന്നു വ്യക്തമായി. കൃഷി ചെയ്‌ത്‌ ഉണ്ടാക്കുന്നതിനെക്കാൾ ആദായത്തിൽ ബെഥേൽ കുടുംബത്തിന്‌ ആവശ്യമായ ഭക്ഷണ സാധനത്തിലധികവും പുറത്തുനിന്നു വലിയ അളവിൽ വാങ്ങാൻ കഴിയുമായിരുന്നു. അതുകൊണ്ട്‌ ആ കൃഷിഭൂമി വിൽക്കാൻ തീരുമാനമായി. 1991 ആയപ്പോഴേക്ക്‌ കൃഷിസ്ഥലം വിറ്റിരുന്നു. അതിൽ നിന്നും ലഭിച്ച പണം ബ്രാഞ്ചിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണത്തിനായി വിനിയോഗിക്കാനും കഴിഞ്ഞു.

പുതിയ ബ്രാഞ്ച്‌ സൗകര്യങ്ങളുടെ നിർമാണം

ഇപ്പോൾ ബ്രാഞ്ചിന്റെ കൈവശമുള്ള സ്ഥലം 1947-ൽ വാങ്ങിയ 2.5 ഏക്കറിന്റെ മൂന്നു മടങ്ങിലേറെ ഉണ്ടായിരുന്നു. യഹോവയുടെ സാക്ഷികളുടെ ജപ്പാൻ ബ്രാഞ്ചിലെ പ്രാദേശിക എൻജിനീയറിങ്‌ ഓഫീസിന്റെ സഹായത്തോടെ കെട്ടിടങ്ങൾക്കുള്ള പ്ലാനുകൾ തയ്യാറാക്കി, 1988-ന്റെ പകുതിയോടെ സ്ഥലം ഒരുക്കുന്ന ജോലി ആരംഭിച്ചു. തടികൊണ്ടു നിർമിച്ച പഴയ ചില കെട്ടിടങ്ങൾ പൊളിച്ചു നീക്കേണ്ടതുണ്ടായിരുന്നു. പുതിയ കെട്ടിടങ്ങളിൽ താമസത്തിനുള്ള ഒരു 11 നില കെട്ടിടവും 2 നിലകളുള്ള ഒരു വലിയ ഫാക്ടറിയും ഉൾപ്പെടുമായിരുന്നു. ഒരു രാജ്യഹാളും ആ സ്ഥലത്തു പണിയേണ്ടതുണ്ടായിരുന്നു.

ബ്രാഞ്ച്‌ സൗകര്യങ്ങളുടെ നിർമാണത്തിൽ സഹായിക്കാനായി നിയമിതരായ ഗിലെയാദ്‌ ബിരുദധാരികളെ കൂടാതെ ഏതാണ്ട്‌ അഞ്ചു രാജ്യങ്ങളിൽ നിന്നായി 300-ഓളം സഹോദരീസഹോദരന്മാർ ദീർഘകാല അന്താരാഷ്‌ട്ര ദാസർ എന്ന നിലയിലും ഹ്രസ്വകാല അന്താരാഷ്‌ട്ര സ്വമേധയാ സേവകർ എന്ന നിലയിലും സഹായത്തിനെത്തി. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ സഹായിക്കാൻ എത്തിയിരിക്കുന്നതു കണ്ട്‌ അയൽവാസികൾ ആശ്ചര്യപ്പെട്ടു. ഇവരിൽ ഭൂരിപക്ഷവും സ്വന്തം ചെലവിൽ വന്നിരിക്കുന്നവരാണ്‌ എന്നുകൂടി അറിഞ്ഞപ്പോൾ അവരുടെ അത്ഭുതത്തിന്‌ അതിരില്ലായിരുന്നു! പ്രാദേശിക സഹോദരീസഹോദരന്മാർ അന്താരാഷ്‌ട്ര ഐക്യത്തിനു മാറ്റുകൂട്ടി.

സ്ഥലം വാങ്ങലിന്റെ കാര്യത്തിൽ എന്നതുപോലെതന്നെ കെട്ടിട നിർമാണം പുരോഗമിച്ചപ്പോഴും യഹോവയുടെ മാർഗനിർദേശം വ്യക്തമായിരുന്നു. ഉദാഹരണത്തിന്‌ കെട്ടിടങ്ങളുടെ മേൽക്കൂരയ്‌ക്ക്‌ ആവശ്യമായിരുന്ന തരം ഷീറ്റുകൾ നിർമിക്കുന്ന ഒരു കമ്പനി മാത്രമേ ഫിലിപ്പീൻസിൽ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, ഷീറ്റുകൾക്കായുള്ള ബ്രാഞ്ചിന്റെ ഓർഡർ കമ്പനിയുടെ വെയ്‌റ്റിങ്‌ ലിസ്റ്റിൽ 301-ാമത്തേതായിരുന്നു! കമ്പനിയുടെ വൈസ്‌ പ്രസിഡന്റിനെ നേരിൽ കണ്ടു സംസാരിക്കാൻ സഹോദരന്മാർ അനുവാദം തേടി. നമ്മുടെ വേല സ്വമേധയായാണു നിർവഹിക്കപ്പെടുന്നത്‌ എന്ന്‌ അവർ വിശദീകരിച്ചു. കമ്പനിയുടെ ഡയറക്ടർ ബോർഡ്‌ യോഗം ചേർന്ന്‌ സഹോദരന്മാരുടെ അപേക്ഷ അംഗീകരിക്കുകയും ഷീറ്റുകൾക്കായുള്ള അവരുടെ ഓർഡർ ഒന്നാം സ്ഥാനത്തേക്കു മാറ്റുകയും ചെയ്‌തു. അവർക്ക്‌ ആവശ്യമായ ഷീറ്റുകൾ നൽകി ഒട്ടുംതാമസിയാതെതന്നെ ആ കമ്പനിയിലെ ജോലിക്കാർ സമരം ആരംഭിച്ചു.

ബ്രാഞ്ചു നിർമാണ പദ്ധതിയിൽ പങ്കുചേർന്ന എല്ലാ സഹോദരങ്ങളും നല്ല മനോഭാവം പ്രകടമാക്കി. ഓരോ വാരത്തിലും അയൽ സഭകളിൽ നിന്നുള്ള ഏതാണ്ട്‌ 600 സ്വമേധയാ സേവകർ സഹായത്തിന്‌ എത്തി, വാസ്‌തവത്തിൽ ജോലിയുടെ ഏതാണ്ട്‌ 30 ശതമാനവും ചെയ്‌തുതീർത്തത്‌ അവരായിരുന്നു.

നിർമാണ പ്രവർത്തനങ്ങൾ ഉന്നത നിലവാരം പുലർത്തി. ഫിലിപ്പീൻസിലെ ദ്വീപുകൾ ഭൂകമ്പ സാധ്യതയുള്ള മേഖലയിലായതിനാൽ നിർമാണത്തിൽ ഉൾപ്പെട്ടിരുന്ന എൻജിനീയർമാരായ സഹോദരന്മാർ ശക്തമായ ഭൂകമ്പങ്ങളെ ചെറുത്തു നിൽക്കാൻ കഴിയും വിധമാണ്‌ 11 നിലകളുള്ള കെട്ടിടം നിർമിച്ചത്‌. ഉയർന്ന ഗുണനിലവാരമുള്ള ഈ കെട്ടിടങ്ങൾ അവിടെ നേരത്തേതന്നെ ഉണ്ടായിരുന്ന കെട്ടിടങ്ങളിൽ നിന്നും എത്രയോ വ്യത്യസ്‌തമായിരുന്നു. പഴയ കെട്ടിടങ്ങളിൽ ഒന്ന്‌ 1920-കളിൽ പണിതതാണ്‌! അവയിൽ ഏറ്റവും പഴയവ പുതിയവയ്‌ക്ക്‌ ഇടം ഉണ്ടാക്കാനായി പൊളിച്ചു മാറ്റി.

ഒടുവിൽ, 1991 ഏപ്രിൽ 13-ന്‌ ബ്രാഞ്ചിന്റെ സമർപ്പണം നടന്നു. ഭരണസംഘത്തിലെ ജോൺ ബാർ സഹോദരനാണ്‌ സമർപ്പണ പ്രസംഗം നിർവഹിച്ചത്‌. 1,718 പേർ ഹാജരായി. 40-ലേറെ വർഷമായി യഹോവയെ സേവിച്ചു വന്നിരുന്ന സഹോദരീസഹോദരന്മാർ ഈ പരിപാടിയിലേക്കു ക്ഷണിക്കപ്പെട്ടു. പത്തു രാജ്യങ്ങളിൽനിന്ന്‌ എത്തിയ അതിഥികളോടൊപ്പം അവർ പരിപാടി ആസ്വദിച്ചു. പിറ്റേന്ന്‌, ദ്വീപ സമൂഹത്തിലെ ആറു സ്ഥലങ്ങളിലായി സമ്മേളിച്ച 78,501 പേർക്കു ടെലിഫോൺ വഴി ആത്മീയമായി കെട്ടുപണി ചെയ്യുന്ന ഒരു പരിപാടിയിൽനിന്നു പ്രയോജനം അനുഭവിക്കാൻ കഴിഞ്ഞു.

അന്താരാഷ്‌ട്ര ദാസരായി ഫിലിപ്പീൻസുകാർ

ബ്രാഞ്ച്‌ നിർമാണത്തിനിടയിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്‌ട്ര ദാസർ തങ്ങളുടെ വൈദഗ്‌ധ്യങ്ങൾ ഫിലിപ്പീൻസിലെ സഹോദരങ്ങളുമായി പങ്കുവെച്ചു. മറ്റുള്ളവരെ പരിശീലിപ്പിച്ച ഹ്യൂബെർട്ടുവെസ്‌ ഹൂഫ്‌നാഗെൽസ്‌ പറയുന്നു: “പ്രാദേശിക സഹോദരങ്ങൾ പലരും നല്ല ഉത്സാഹികൾ ആയിരുന്നു. പഠിച്ച കാര്യങ്ങൾ പ്രയോഗത്തിൽ വരുത്താൻ അവർക്കു കഴിഞ്ഞു.” അതിന്റെ ഫലമായി ഫിലിപ്പീൻസിലെ പണി പൂർത്തിയായപ്പോൾ പരിശീലനം സിദ്ധിച്ച ഈ സഹോദരങ്ങളിൽ ചിലർക്കു മറ്റു രാജ്യങ്ങളിലെ, പ്രത്യേകിച്ചു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ, ബ്രാഞ്ച്‌ നിർമാണ പരിപാടികളിൽ സഹായിക്കാനായി അന്താരാഷ്‌ട്ര ദാസരായി പോകാൻ ക⁠ഴിഞ്ഞു.

കേസൊൻ പ്രവിശ്യയിൽ നിന്നുള്ള ജോയൽ മോറാൽ അവരിൽ ഒരാളായിരുന്നു. അദ്ദേഹം ഒരാഴ്‌ചത്തേക്കു സ്വമേധയാ സേവിക്കാനാണ്‌ ആദ്യം മനിലയിലെ ബ്രാഞ്ച്‌ നിർമാണ സ്ഥലത്ത്‌ എത്തിയത്‌. എന്നാൽ, അദ്ദേഹത്തിന്റെ സഹായം ആവശ്യമായിരുന്നതിനാൽ അവിടെ തുടരാൻ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. നിർമാണ വേലയിൽ വലിയ പരിചയമില്ലായിരുന്നെങ്കിലും ബ്രാഞ്ച്‌ നിർമാണ പദ്ധതിയിൽ ഏർപ്പെട്ടതു മൂലം വിദേശികളായ അന്താരാഷ്‌ട്ര ദാസരിൽനിന്നു കാര്യങ്ങൾ പഠിച്ചു പെട്ടെന്നുതന്നെ വൈദഗ്‌ധ്യം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഫിലിപ്പീൻസിലെ പദ്ധതി പൂർത്തിയാകുന്നതിനു മുമ്പേ തന്നെ തായ്‌ലൻഡിലെ പുതിയ ബ്രാഞ്ചിന്റെ നിർമാണത്തിന്‌ സഹായം ആവശ്യമായി വന്നു. ജോയൽ പറയുന്നു: “ഞാൻ അത്‌ ഒട്ടും പ്രതീക്ഷിച്ചില്ല. എന്നാൽ തായ്‌ലൻഡിലേക്കു പോകാൻ എനിക്കു ക്ഷണം ലഭിച്ചു. ഫിലിപ്പീൻസിൽ വെച്ച്‌ നിർമാണത്തിൽ ലഭിച്ച അനുഭവ പരിചയം അന്താരാഷ്‌ട്ര വേലയ്‌ക്കു വേണ്ടി തയാറാകാൻ ഒരു വലിയ സഹായമായി.” തായ്‌ലൻഡിലെ നിർമാണ വേലയിൽ സഹായിച്ചുകൊണ്ട്‌ ഒരു വർഷത്തിലധികം അദ്ദേഹം അവിടെ താമസിച്ചു.

ജോഷ്വ എസ്‌പിരിറ്റൂവും സാറായും ആദ്യമായി പരിചയപ്പെട്ടതു ഫിലിപ്പീൻസിലെ ബ്രാഞ്ചു നിർമാണത്തിനിടയിൽ ആയിരുന്നു. ബ്രാഞ്ചിന്റെ സമർപ്പണം കഴിഞ്ഞു താമസിയാതെ അവർ വിവാഹിതരായി. അന്താരാഷ്‌ട്ര ദാസരായി ഒരുമിച്ചു സേവിക്കുക എന്നത്‌ അവർ ജീവിത ലക്ഷ്യമാക്കുകയും ചെയ്‌തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മറ്റു രാജ്യങ്ങളിലെ നിർമാണ വേലയിൽ പങ്കുപറ്റാനായി അവരെ ക്ഷണിച്ചു. അന്നു മുതൽ, ഏഷ്യയിൽ മൂന്നും ആഫ്രിക്കയിൽ രണ്ടുമായി അഞ്ചു രാജ്യങ്ങളിൽ അവർ സേവിച്ചിട്ടുണ്ട്‌. ഫിലിപ്പീൻസിൽ ആയിരുന്നപ്പോഴത്തെ തന്റെ അനുഭവത്തെപ്പറ്റി ജോഷ്വ പറയുന്നു: “മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഹോദരങ്ങളോടൊത്തു പ്രവർത്തിച്ചപ്പോൾ ഞങ്ങൾ വൈദഗ്‌ധ്യം സമ്പാദിച്ചു. മറ്റുള്ളവരുമായി പങ്കുവെക്കാൻ മാത്രം അറിവ്‌ ഞങ്ങൾ നേടി.” മറ്റു രാജ്യങ്ങളിലേക്ക്‌ അയയ്‌ക്കപ്പെട്ടപ്പോൾ അവർ അവിടത്തെ സഹോദരങ്ങളോടു പറഞ്ഞു. “ഞങ്ങൾ എന്നും ഇവിടെ ഉണ്ടായിരിക്കുകയില്ല. ഭാവിയിൽ നിങ്ങൾ ഈ വേല തുടരണം.” മറ്റു രാജ്യങ്ങളിലേക്കു പോകുമ്പോഴത്തെ തന്റെ ലക്ഷ്യം സംബന്ധിച്ച്‌ അദ്ദേഹം പറയുന്നു: “ജോലി ചെയ്യാൻ വേണ്ടി മാത്രമല്ല ഞങ്ങൾ അവിടെ പോകുന്നത്‌. പകരം സഹോദരങ്ങളെ പഠിപ്പിക്കാൻ ഞങ്ങൾ ശരിക്കും ശ്രമം നടത്തുന്നു.”

വ്യത്യസ്‌ത രാജ്യങ്ങളിൽ പോയി സേവിക്കുന്നതിന്‌ തീർച്ചയായും വഴക്കമുള്ളവർ ആയിരിക്കേണ്ടതുണ്ട്‌. തായ്‌ലൻഡ്‌, വെസ്റ്റേൺ സമോവ, സിംബാബ്‌വേ എന്നിവ ഉൾപ്പെടെ പല രാജ്യങ്ങളിൽ സേവനമനുഷ്‌ഠിച്ച ആളാണ്‌ ജെറി ആയുറാ സഹോദരൻ. അദ്ദേഹം വിശദീകരിക്കുന്നു: “എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകളെ യഹോവ ഉപയോഗിക്കുന്നുവെന്നു ഞാൻ മനസ്സിലാക്കി. യഹോവ അവരെ സ്‌നേഹിക്കുന്നതിനാൽ ഞങ്ങളും അവരെ സ്‌നേഹിക്കുന്നു.” അന്താരാഷ്‌ട്രതലത്തിൽ യഹോവയുടെ വേലയിൽ പങ്കുപറ്റാൻ കഴിയുന്നതിൽ ഈ ഫിലിപ്പീനോ സഹോദരങ്ങൾ എത്ര സന്തുഷ്ട⁠രാ⁠ണെന്നോ!

പ്രക്ഷുബ്ധാവസ്ഥയിലും വേല തുടരുന്നു

യഹോവയിങ്കലെ സന്തോഷം നമ്മുടെ ശക്തിദുർഗമാക്കുന്നതിൽ പ്രയാസ കാലങ്ങളിലും അവനോടുള്ള വിശ്വസ്‌തതയിൽ തുടരുന്നത്‌ ഉൾപ്പെടുന്നു. ഫിലിപ്പീൻസിലെ യഹോവയുടെ ദാസന്മാർക്ക്‌ ഇതു പ്രകടമാക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

പട്ടാള നിയമം 1981 ജനുവരി 17-ന്‌ അവസാനിച്ചെങ്കിലും പ്രക്ഷുബ്ധാവസ്ഥ 1980-കളിൽ ഉടനീളം തുടർന്നു. 1986 ഫെബ്രുവരിയിൽ പുതിയ ഗവൺമെന്റ്‌ അധികാരത്തിൽ വന്നു. ഈ ഭരണമാറ്റം താരതമ്യേന സമാധാനപരമായിരുന്നു. “ജനശക്തി” വിപ്ലവം നടന്ന സ്ഥലങ്ങളിൽപ്പോലും സഭായോഗങ്ങളും പ്രസംഗ പ്രവർത്തനവും തടസ്സമില്ലാതെ തുടർന്നു. “ജനശക്തി” മുന്നേറ്റക്കാരുടെ കൂട്ടങ്ങളെ കടന്നു പോയപ്പോൾ പുരോഹിതന്മാരും കന്യാസ്‌ത്രീകളും ജനങ്ങളുമായി ഇടകലർന്ന്‌ അവരെ സമരത്തിന്‌ ഇളക്കി വിടുന്നതു നിരീക്ഷിക്കാൻ പ്രസാധകർക്കു കഴിഞ്ഞു.

ഗവൺമെന്റ്‌ പെട്ടെന്നുതന്നെ ചില മാറ്റങ്ങൾ നടപ്പിലാക്കി. എന്നിരുന്നാലും പ്രക്ഷുബ്ധാവസ്ഥ അവസാനിച്ചില്ല. പുതിയ ഗവൺമെന്റ്‌ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യത്തെ മൂന്നു വർഷങ്ങളിൽ ഗവൺമെന്റിനെ അട്ടിമറിക്കാൻ പല ശ്രമങ്ങൾ നടന്നു. അവയിൽ ചിലതു രക്തച്ചൊരിച്ചിലിനും ഇടയാക്കി. ഒരിക്കൽ ബ്രാഞ്ചു നിർമാണം നടന്നുകൊണ്ടിരിക്കെ നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന വിദേശികളും സ്വദേശികളുമായ സഹോദരങ്ങൾ നഗരത്തിൽ കണ്ട കാഴ്‌ച ആശ്ചര്യകരമായിരുന്നു. കൂറുമാറിയ പട്ടാളക്കാർ അവരുടെതന്നെ ക്യാമ്പിനു നേരെ ബോംബെറിയുന്നു. ഈ ഏറ്റുമുട്ടലുകൾ താരതമ്യേന ഹ്രസ്വമായിരുന്നു. എന്നിരുന്നാലും അവ മൂലം കൂടുതൽ സുരക്ഷിതമായ സ്ഥാനങ്ങളിലുള്ള രാജ്യഹാളുകളിൽ കൂടിവരാൻ ചില സഭകളെ പ്രോത്സാഹിപ്പിക്കേണ്ടത്‌ ആവശ്യമായിവന്നു.

സർക്കാർ സേനകൾക്കും വിപ്ലവകാരികൾക്കും ഇടയിലുള്ള അസ്വാസ്ഥ്യം മിൻഡനാവോയിലെ ചില പ്രദേശങ്ങളിൽ വർഷങ്ങളായി തുടർന്നുപോരുന്നു. തങ്ങളുടെ ശുശ്രൂഷ നിർവഹിക്കവേ അവിടത്തെ സഹോദരങ്ങൾക്ക്‌ യഹോവയിൽ ആശ്രയിക്കുന്നതോടൊപ്പം വിവേകത്തോടെ പെരുമാറുകയും ചെയ്യേണ്ടതുണ്ട്‌. ശുശ്രൂഷാ പരിശീലന സ്‌കൂൾ ബിരുദം നേടിയ, ഇപ്പോൾ ഒരു സഞ്ചാര മേൽവിചാരകനായ റേനാറ്റോ ഡൂങ്ങോഗ്‌ വ്യാപകമായി പോരാട്ടം നടന്നിട്ടുള്ള ഒരു പ്രദേശത്താണു സേവിച്ചിരുന്നത്‌. ഒരിക്കൽ റേനാറ്റോ ബോട്ട്‌ കാത്തിരിക്കുമ്പോൾ ഒരു പടയാളി അദ്ദേഹത്തോടു ചോദിച്ചു: “താങ്കൾ എവിടെ പോകുന്നു?”

റേനാറ്റോ പറഞ്ഞു: “ഞാൻ യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാര ശുശ്രൂഷകനാണ്‌. സഹോദരങ്ങളെ ബലപ്പെടുത്തുന്നതിനും അവരോടൊപ്പം പ്രസംഗവേല ചെയ്യുന്നതിനുമായി വർഷത്തിൽ രണ്ടു പ്രാവശ്യം ഞാൻ അവരെ സന്ദർശിക്കാറുണ്ട്‌.”

ആ പടയാളിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “ദൈവം താങ്കളോടുകൂടെ ഉണ്ടായിരിക്കണം. അല്ലായിരുന്നെങ്കിൽ താങ്കൾ പണ്ടേ വധിക്കപ്പെട്ടേനെ.” അങ്ങനെ, പ്രക്ഷുബ്ധാവസ്ഥയിലും യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ സഹോദരങ്ങൾ തങ്ങളുടെ വേല തുടരുന്നു. അതു നിമിത്തം അവർ വളരെ ആദരിക്കപ്പെടുന്നുമുണ്ട്‌.

പതാക വന്ദന പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ വീണ്ടും കോടതികളിൽ

ദൈവത്തോടുള്ള യുവജനങ്ങളുടെ വിശ്വസ്‌തത പരീക്ഷിക്കപ്പെട്ടു. 1955 ജൂൺ 11-ന്‌ പ്രസിഡന്റ്‌ റമോൺ മഗ്‌സേസേ റിപ്പബ്ലിക്‌ ആക്‌റ്റ്‌ നമ്പർ 1265 എന്ന നിയമം ഒപ്പുവെച്ചു. പബ്ലിക്‌ സ്‌കൂളുകളിലും സ്വകാര്യ സ്‌കൂളുകളിലും പഠിക്കുന്ന എല്ലാ കുട്ടികളും ഫിലിപ്പീൻസ്‌ പതാകയെ വന്ദിക്കണം എന്ന്‌ ആ നിയമം ആവശ്യപ്പെട്ടു. ലോകത്തെങ്ങുമുള്ള യഹോവയുടെ സാക്ഷികളായ യുവജനങ്ങൾ ചെയ്യുന്നതുപോലെ സാക്ഷിക്കുട്ടികൾ മനസ്സാക്ഷിപൂർവം പ്രതികരിച്ചു. (പുറപ്പാടു 20:​4, 5, NW) അവർ ദേശീയ ചിഹ്നത്തെ ആദരിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും വസ്‌തുവിനു മതപരമായ ഭക്തി അർപ്പിക്കുന്ന പ്രവൃത്തികളിൽ പങ്കെടുക്കാൻ അവരുടെ മനസ്സാക്ഷി അവരെ അനുവദിക്കുന്നില്ല. മാസ്‌ബാറ്റിയിലെ ഹാറോനാ കുടുംബത്തിലെ കുട്ടികൾ പതാകയെ വന്ദിക്കാത്തതിന്റെ പേരിൽ സ്‌കൂളിൽനിന്നു പുറത്താക്കപ്പെട്ടപ്പോൾ ഉണ്ടായ കേസ്‌ 1959-ൽ ഫിലിപ്പീൻസിലെ സുപ്രീം കോടതിവരെ എത്തി. എന്നാൽ കോടതി യഹോവയുടെ സാക്ഷികളുടെ മതപരമായ നിലപാടിനെ ആദരിച്ചില്ല. പതാക “ഒരു പ്രതിമയല്ല” എന്നും “പതാകയ്‌ക്കു മതപരമായ അർഥം ഒട്ടുമില്ല” എന്നും കോടതി വാദിച്ചു. അങ്ങനെ മതപരമായത്‌ എന്താണ്‌, എന്തല്ല എന്നതു സംബന്ധിച്ച്‌ നിയമം നിർമിക്കാനുള്ള അധികാരം കോടതി ഏറ്റെടുത്തു.

എന്നിരുന്നാലും അത്‌ സാക്ഷികളുടെ മത വിശ്വാസങ്ങൾക്കു മാറ്റമൊന്നും വരുത്തിയില്ല. തിരുവെഴുത്തു തത്ത്വങ്ങൾക്കു വേണ്ടി സഹോദരങ്ങൾ ഉറച്ചുനിന്നു. കോടതിയുടെ തീരുമാനം ചില ബുദ്ധിമുട്ടുകൾ ഉളവാക്കിയെങ്കിലും പ്രശ്‌നം പ്രതീക്ഷിച്ചത്ര രൂക്ഷമായിരുന്നില്ല.

കോടതിയുടെ തീരുമാനം 1987-ലെ ഭരണ സംഹിതയുടെ ഭാഗമാക്കുന്നതുവരെ പതാക വന്ദന പ്രശ്‌നം കെട്ടടങ്ങിക്കിടന്നു. അതിനുശേഷം 1990-ൽ സേബൂ പ്രദേശത്തെ യഹോവയുടെ സാക്ഷികളുടെ കുറെ കുട്ടികൾ സ്‌കൂളിൽനിന്നും പുറത്താക്കപ്പെട്ടു. നിയമം നടപ്പാക്കുന്നതിൽ, സ്‌കൂളുകളുടെ മേൽനോട്ടം വഹിക്കുന്ന ഒരു അധികാരി നിർബന്ധം പിടിച്ചു. അങ്ങനെ കൂടുതൽ കുട്ടികൾ പുറത്താക്കപ്പെട്ടു.

ഈ പുറത്താക്കലുകൾ മാധ്യമങ്ങളിൽ വാർത്തയായി. അങ്ങനെയിരിക്കെ, ഒരു മനുഷ്യാവകാശ കമ്മിറ്റി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഈ കുട്ടികളുടെ കാര്യത്തിൽ താത്‌പര്യമെടുത്തു. 1959-ലേതിൽ നിന്നും അധികാരികളുടെ മനോഭാവത്തിനു മാറ്റം വന്നതായി തോന്നി. പ്രശ്‌നം വീണ്ടും തുറന്നു ചർച്ച ചെയ്യാനുള്ള യഹോവയുടെ സമയം ആയിരുന്നോ അത്‌? അന്ന്‌ സേബൂവിലെ ഒരു മൂപ്പനായിരുന്ന എർണേസ്റ്റോ മോറാലേസ്‌ ഇപ്രകാരം അഭിപ്രായപ്പെട്ടു: “എഡിറ്റർമാരും പത്രപ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകരുമെല്ലാം കോടതിയെ സമീപിക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.” ബ്രാഞ്ചിലെയും ഹെഡ്‌ക്വാർട്ടേഴ്‌സിലെയും നിയമ വകുപ്പുമായി ആലോചിച്ചശേഷം കേസ്‌ ഫയൽ ചെയ്യാൻതന്നെ തീരുമാനമായി.

എന്നിരുന്നാലും പ്രാദേശിക വിചാരണക്കോടതിയും തുടർന്ന്‌ അപ്പീൽ കോടതിയും പ്രതികൂലമായ വിധി പ്രസ്‌താവിച്ചു. 1959-ലെ ഹാറോനാ കേസിൽ വന്ന സുപ്രീം കോടതി വിധിയെ എതിർക്കാൻ ഈ കോടതികൾ തയ്യാറല്ലായിരുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള ഏക മാർഗം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ്‌ വീണ്ടും കേൾക്കാൻ സുപ്രീം കോടതി തയ്യാറാകുമോ? ഉവ്വ്‌ എന്നു തന്നെയായിരുന്നു സുപ്രീം കോടതിയുടെ മറുപടി! അത്യുന്നത നീതിപീഠത്തിനു മുമ്പാകെ കേസ്‌ ഫയൽ ചെയ്യുന്നതിന്‌, യഹോവയുടെ സാക്ഷികളിൽ ഒരാളായ ഫെലീനോ ഗാനാൽ എന്ന വക്കീൽ നേതൃത്വമെടുത്തു. ദിവസങ്ങൾക്കുള്ളിൽ, കോടതിയുടെ തീരുമാനം വരുന്നതുവരെ പുറത്താക്കപ്പെട്ട എല്ലാ കുട്ടികളെയും തിരികെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

ഇരുപക്ഷവും വാദമുഖങ്ങൾ നിരത്തി. വാദങ്ങൾ എല്ലാം ശ്രദ്ധാപൂർവം പരിചിന്തിച്ചശേഷം നിർണായകമായ ഒരു വിധിയിലൂടെ സുപ്രീം കോടതി 1959-ലെ വിധി റദ്ദാക്കുകയും പതാകയെ വന്ദിക്കുക, പ്രതിജ്ഞ ചൊല്ലുക, ദേശീയഗാനം പാടുക എന്നീ കാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കാനുള്ള സാക്ഷി കുട്ടികളുടെ അവകാശം സ്ഥാപിച്ചു കൊടുക്കുകയും ചെയ്‌തു. കോടതി ഇപ്രകാരം വിധി പ്രസ്‌താവിച്ചു: “സ്‌കൂളിൽനിന്നു പുറത്താക്കുമെന്ന ഭീഷണി ഉപയോഗിച്ച്‌ . . . പതാക വന്ദനത്തിനു നിർബന്ധിക്കുന്നത്‌ ഇന്നത്തെ ഫിലിപ്പീനോ തലമുറയുടെ മനസ്സാക്ഷിക്ക്‌ ഒട്ടും നിരക്കുന്നതല്ല. സംസാരസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം എന്നിവ ഉറപ്പുനൽകുന്ന അവകാശപത്രിക അവർക്കു നന്നായി അറിയാം.” സ്‌കൂളിൽനിന്നു സാക്ഷിക്കുട്ടികളെ പുറത്താക്കിയത്‌ “1987-ലെ ഭരണഘടന അനുസരിച്ച്‌ സൗജന്യ വിദ്യാഭ്യാസം ലഭിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്‌” എന്നും കോടതി പ്രസ്‌താവിച്ചു. “35 വർഷമായി യഹോവയുടെ സാക്ഷികളോടു പ്രകടമാക്കപ്പെട്ടിരുന്ന അനീതിക്കെതിരെ സുപ്രീം കോടതി ശബ്ദമുയർത്തുന്നു” എന്നാണ്‌ മനില ക്രോണിക്കിൾ എന്ന ദിനപത്രം പ്രഖ്യാപിച്ചത്‌.

ഒരു പുനർവിചിന്തനം ആവശ്യപ്പെട്ടുകൊണ്ട്‌ എതിർ കക്ഷികൾ കോടതിയെ സമീപിച്ചെങ്കിലും 1995 ഡിസംബർ 29-ന്‌ സുപ്രീം കോടതി അവരുടെ അപേക്ഷ തള്ളി. അതുകൊണ്ട്‌ സാക്ഷികൾക്ക്‌ അനുകൂലമായുള്ള കോടതിയുടെ വിധി നിലനിൽക്കുന്നു. യഹോവയുടെ ജനത്തിനു ലഭിച്ച എത്ര മഹത്തായ വിജയം!

വിപത്തുകൾക്കിടയിലും വേല തുടരുന്നു

ഈ റിപ്പോർട്ടിന്റെ തുടക്കത്തിൽ വിവരിച്ചതുപോലെ, ഫിലിപ്പീൻസിൽ കൂടെക്കൂടെ വിപത്തുകൾ ഉണ്ടാകാറുണ്ട്‌. നമ്മുടെ സഹോദരങ്ങളെ ബാധിച്ച ചില വിപത്തുകൾ നമുക്ക്‌ ഒന്ന്‌ അവലോകനം ചെയ്യാം.

ഭൂകമ്പങ്ങൾ: ഈ ദ്വീപുകൾ ഭൂമിയുടെ രണ്ടു പ്രമുഖ ടെക്‌റ്റോണിക്‌ ഫലകങ്ങൾ കൂടിച്ചേരുന്നിടത്തു സ്ഥിതിചെയ്യുന്നതിനാൽ അവിടെ ഭൂകമ്പങ്ങൾ സാധാരണമാണ്‌. ഒരു ആധികാരിക ഉറവിടം പറയുന്നതനുസരിച്ച്‌ അവിടെ ഓരോ ദിവസവും തിരിച്ചറിയാൻ കഴിയുന്ന വിധത്തിലുള്ള അഞ്ചു ഭൂകമ്പങ്ങളെങ്കിലും ഉണ്ടാകുന്നുണ്ട്‌. അതു കൂടാതെ തിരിച്ചറിയാനാകാത്ത മറ്റ്‌ അനേകം ഭൂചലനങ്ങളും ഉണ്ടാകുന്നു. മിക്കവയും സാധാരണ ജനജീവിതത്തെ ബാധിക്കാറില്ലെങ്കിലും ചിലപ്പോഴൊക്കെ ശക്തമായ ഭൂചലനങ്ങൾ വൻ നാശനഷ്ടം വരുത്തിവെക്കുന്നു.

ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്‌ ജൂലൈ പതിനാറിന്‌ വൈകുന്നേരം 4:​26-ന്‌ ശക്തമായ ഒരു ഭൂകമ്പവും തുടർന്ന്‌ ശക്തമായ അനുഘാതങ്ങളും (aftershocks) മധ്യ ലൂസോണിലെ കാബനറ്റ്വാൻ നഗരത്തിനു സമീപം അനുഭവപ്പെട്ടു. ബെങ്‌ഗെറ്റ്‌ പ്രവിശ്യയും അതിനാൽ വല്ലാതെ ബാധിക്കപ്പെട്ടു. പലരുടെയും മരണത്തിന്‌ ഇടയാക്കിക്കൊണ്ട്‌ സ്‌കൂളുകളും ഹോട്ടലുകളും നിലംപതിച്ചു.

അന്ന്‌ അവിടെ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായി സേവിച്ചിരുന്ന ഹൂലിയോ റ്റാബിയോസ്‌ സഹോദരനും ഭാര്യയും ബെങ്‌ഗെറ്റിലെ പർവത പ്രദേശത്ത്‌ ഒരു സർക്കിട്ട്‌ സമ്മേളനം നടക്കേണ്ട സ്ഥലത്തേക്കു യാത്ര ചെയ്യുകയായിരുന്നു. ബാഗിയോ നഗരത്തിൽ പച്ചക്കറി വിൽക്കാൻ പോയ ഒരു സഹോദരൻ അവരെ തന്റെ ട്രക്കിൽ കയറ്റി. വളഞ്ഞുപുളഞ്ഞ മലമ്പാതയിലൂടെ യാത്ര ചെയ്‌ത്‌ അവർ റോഡിന്റെ വീതി കുറഞ്ഞ ഒരു ഭാഗത്തു വന്നപ്പോൾ എതിരെ വന്ന ഒരു വാഹനത്തിനു വഴി കൊടുക്കേണ്ടതായി വന്നു. പെട്ടെന്നു മലമുകളിൽനിന്നു പാറക്കഷണങ്ങൾ ഉരുണ്ടുവരാൻ തുടങ്ങി. അതു ശക്തമായ ഒരു ഭൂചലനമാണെന്ന്‌ അവർക്കു മനസ്സിലായി. ഹൂലിയോ സഹോദരൻ പറയുന്നു: “സഹോദരൻ ഒരുവിധത്തിൽ ട്രക്ക്‌ പിന്നോട്ട്‌ എടുത്ത്‌ വഴിക്ക്‌ അൽപ്പംകൂടെ വീതിയുള്ള ഭാഗത്തേക്കു നീക്കിയിട്ടു. അപ്പോൾത്തന്നെ ട്രക്ക്‌ നേരത്തേ കിടന്നിരുന്ന കൃത്യസ്ഥാനത്ത്‌ ഒരു വലിയ പാറ വന്നുവീണു. കഷ്ടിച്ചു രക്ഷപ്പെട്ടതിൽ ഞങ്ങൾ നന്ദിയുള്ളവർ ആയിരുന്നു. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഞങ്ങളുടെ തൊട്ടടുത്തുള്ള വലിയ ഒരു പാറ ആടിയുലയുന്നതു ഞങ്ങൾ കണ്ടു.” മലയുടെ പല ഭാഗങ്ങളും ഒന്നാകെ ഇടിഞ്ഞുവീണു.

പാറയും മണ്ണും മറ്റും വീണ്‌ റോഡിലൂടെ മുമ്പോട്ടുപോകാൻ വയ്യാത്ത സ്ഥിതിയായി. സമ്മേളന സ്ഥലത്ത്‌ എത്താനാണെങ്കിലും മറ്റെങ്ങോട്ടെങ്കിലും പോകാനാണെങ്കിലും ശരി മലകളിലൂടെ നടക്കുകയല്ലാതെ മറ്റു മാർഗമൊന്നും ഇല്ലായിരുന്നു. രാത്രിയായപ്പോൾ ദയാലുവായ ഒരു മനുഷ്യന്റെ വീട്ടിൽ അവർ അന്തിയുറങ്ങി. പിറ്റേന്ന്‌, ലക്ഷ്യസ്ഥാനത്തെത്താൻ അവർക്ക്‌ ഒരു കൂറ്റൻ മല കയറേണ്ടിവന്നു. ഭൂകമ്പം വരുത്തി വെച്ച ബുദ്ധിമുട്ടുകളെ തരണംചെയ്യാൻ അന്യോന്യം സഹായിക്കുന്ന പല സഹോദരങ്ങളെയും വഴിക്ക്‌ അവർ കണ്ടുമുട്ടി. ഒടുവിൽ, അപകടം നിറഞ്ഞ പർവത പ്രദേശത്തുകൂടെ വളരെ ദൂരം സഞ്ചരിച്ച്‌ സമ്മേളനം നടക്കേണ്ടിയിരുന്ന നാഗീ പട്ടണത്തിൽ അവർ എത്തി. ഹൂലിയോ സഹോദരൻ പറയുന്നു: “ഞങ്ങളെ കണ്ടപ്പോൾ സന്തോഷംകൊണ്ടു സഹോദരങ്ങളുടെ കണ്ണു നിറഞ്ഞു. ഞങ്ങൾ അവിടെ എത്തിച്ചേരുമെന്ന പ്രതീക്ഷ അവർക്കു നഷ്ടപ്പെട്ടിരുന്നു! ഞങ്ങൾ വളരെ ക്ഷീണിതരായിരുന്നെങ്കിലും സന്തോഷത്തോടെ അവർ ഞങ്ങളെ സ്വാഗതം ചെയ്‌തപ്പോൾ ആ ക്ഷീണമെല്ലാം മാറി.” ഭൂകമ്പം ഉണ്ടായെങ്കിലും ആത്മീയ കാര്യങ്ങളോടുള്ള ആഴമായ വിലമതിപ്പു പ്രകടമാക്കിക്കൊണ്ട്‌ അനേകർ അവിടെ എത്തിച്ചേരാൻ നല്ല ശ്രമം ചെയ്‌തിരുന്നു.

ആ സമയത്ത്‌ പുതിയ ബ്രാഞ്ച്‌ കെട്ടിടങ്ങളുടെ പണി നടന്നുകൊണ്ടിരിക്കുക ആയിരുന്നു. താമസത്തിനുള്ള കെട്ടിടത്തിന്റെ പണി അന്ന്‌ പൂർത്തിയായിട്ടില്ലായിരുന്നെങ്കിലും 1990-ലെ ഭൂകമ്പം ഈ കെട്ടിടത്തിന്റെ ബലം ആദ്യമായി പരിശോധിച്ചു. കെട്ടിടം ആടിയുലഞ്ഞപ്പോൾ ചില ബെഥേൽ അംഗങ്ങൾക്കു ഭയം തോന്നി. എന്നാൽ ഭൂകമ്പങ്ങളെ ചെറുക്കാൻ തക്ക വിധത്തിൽ രൂപകൽപ്പന ചെയ്യപ്പെട്ടിരുന്ന ആ കെട്ടിടം കേടുപാടുകളൊന്നും കൂടാതെ ശക്തമായ ആ ഭൂചലനത്തെ അതിജീവിച്ചു.

വെള്ളപ്പൊക്കങ്ങൾ: ഈർപ്പമുള്ള ഉഷ്‌ണമേഖലാ കാലാവസ്ഥ ആയതിനാൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സമൃദ്ധമായി മഴ ലഭിക്കാറുണ്ട്‌. ചില പ്രദേശങ്ങൾ പെട്ടെന്നുതന്നെ വെള്ളത്തിനടിയിലാകുന്നു. അത്തരം ഒരു പ്രദേശത്തു പ്രവർത്തിച്ചതിനെപ്പറ്റി 46-ലേറെ വർഷമായി മുഴുസമയ സേവനത്തിലായിരിക്കുന്ന ലിയൊനാർഡോ ഗാമെങ്‌ പറയുന്നു: “ഞങ്ങൾക്ക്‌ മുട്ടറ്റം ചെളിയിലൂടെ 3 കിലോമീറ്റർ നടക്കേണ്ടിവന്നു.” ജൂലിയാന ആങ്‌ഹെലോ സഹോദരി പ്രളയബാധിത പ്രവിശ്യയായ പാമ്പാങ്കയിൽ ഒരു പ്രത്യേക പയനിയറായി സേവിച്ചുവരികയാണ്‌. അവർ പറയുന്നു: “രാജ്യദൂതുമായി താത്‌പര്യക്കാരെ സമീപിക്കുന്നതിന്‌ ഞങ്ങൾ കൊച്ചു തുഴവള്ളങ്ങളിൽ സഞ്ചരിക്കുമായിരുന്നു. വള്ളം തുഴയുന്ന സഹോദരന്‌ നല്ല കാഴ്‌ചശക്തി വേണമായിരുന്നു. എങ്കിൽ മാത്രമേ മരങ്ങളിൽ പതുങ്ങിക്കിടക്കുന്ന പാമ്പുകൾ വള്ളത്തിനകത്തേക്കു ചാടാതെ മാറിപ്പോകാനൊക്കൂ.” 1960 മുതൽ ഒരു പ്രത്യേക പയനിയറായി സേവിക്കുന്ന കോറാസോൻ ഗാല്യാർഡോ സഹോദരി അനേകം വർഷങ്ങൾ പാമ്പാങ്കയിൽ പ്രവർത്തിച്ചിട്ടുണ്ട്‌. ചിലപ്പോൾ വള്ളങ്ങൾ കിട്ടാതെ വരുമ്പോൾ ഏതാണ്ട്‌ തോളറ്റം വെള്ളത്തിലൂടെ നടന്നുപോകേണ്ടി വന്നത്‌ അവർ അനുസ്‌മരിക്കുന്നു. അത്തരം ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിട്ടും അവർ വളരെ നല്ല മനോഭാവമാണ്‌ പ്രകടമാക്കുന്നത്‌. യഹോവ തന്റെ വിശ്വസ്‌തരെ ഒരിക്കലും കൈവിടുകയില്ല എന്നറിഞ്ഞ്‌ അവനിൽ ആശ്രയിക്കാനും സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടു പോകാനും അവർ പഠിച്ചിരിക്കുന്നു.

മൗണ്ട്‌ പിനറ്റ്യൂബൊയിൽനിന്നുള്ള ലാഹാർ പല താഴ്‌ന്ന പ്രദേശങ്ങളിലും വന്നു നിറഞ്ഞശേഷം പാമ്പാങ്കയിലെ പ്രളയങ്ങൾ കൂടുതൽ രൂക്ഷമായിരിക്കുന്നു. കാരണം ഇപ്പോൾ വെള്ളം മറ്റു പ്രദേശങ്ങളിലേക്കുകൂടെ കവിഞ്ഞൊഴുകുന്നു. അവിടത്തെ ഒരു സർക്കിട്ട്‌ മേൽവിചാരകനായ ഹെനെറോസോ കാൻലാസ്‌ പറയുന്നത്‌ വെള്ളം കാരണം പലപ്പോഴും അവർക്കു ബൂട്ട്‌സ്‌ ധരിച്ചുകൊണ്ട്‌ വയൽസേവനത്തിനു പോകേണ്ടി വന്നിട്ടുണ്ട്‌ എന്നാണ്‌, ചിലപ്പോഴാകട്ടെ ചെരിപ്പിടാതെപോലും. എന്നാൽ ഈ അസൗകര്യങ്ങൾ അവഗണിച്ച്‌ സഹോദരങ്ങൾ സേവനത്തിനു പൊയ്‌ക്കൊണ്ടിരിക്കുന്നു.

പ്രളയം വിശേഷാൽ രൂക്ഷമായിരിക്കുകയും അതു സമൂഹത്തെ മൊത്തം ബാധിക്കുകയും ചെയ്യുന്നിടത്ത്‌ യഹോവയുടെ സാക്ഷികൾ തമ്മിൽത്തമ്മിലും കൂടാതെ, സാക്ഷികൾ അല്ലാത്തവരെയും സഹായിക്കുന്നു. ദക്ഷിണ ഫിലിപ്പീൻസിലെ ദാവാവു ദെൽ നോർട്ടെയിൽ ഇതു സംഭവിച്ചപ്പോൾ സാക്ഷികൾ നൽകിയ സഹായം അധികൃതർ വളരെ വിലമതിക്കുകയുണ്ടായി. തങ്ങളുടെ വിലമതിപ്പു പ്രകടമാക്കുന്ന ഒരു പ്രമേയം പോലും അവർ പാസാക്കി.

അഗ്നിപർവതങ്ങൾ: ഫിലിപ്പീൻസിൽ അനേകം അഗ്നിപർവതങ്ങളുണ്ട്‌. എന്നാൽ ലോകശ്രദ്ധ പിടിച്ചുപറ്റിയത്‌ മൗണ്ട്‌ പിനറ്റ്യൂബൊ ആയിരുന്നു. 1991 ജൂണിൽ കൂണാകൃതിയിലുള്ള ഒരു വലിയ മേഘപടലം ഉയർത്തിക്കൊണ്ട്‌ ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചു. പട്ടാപ്പകൽ കൂരിരുട്ടു വ്യാപിച്ചു. അത്‌ അർമഗെദോന്റെ ആരംഭമാണെന്നു ചിലർ വിചാരിച്ചു. പടിഞ്ഞാറ്‌ കംബോഡിയ വരെ സ്‌ഫോടനത്തിൽ നിന്നുള്ള ചാരം പറന്നുവീണു. ചുരുങ്ങിയ സമയംകൊണ്ട്‌ മൗണ്ട്‌ പിനറ്റ്യൂബൊയിൽനിന്ന്‌ 665 കോടി ഘനമീറ്റർ അഗ്നിപർവത ക്ഷിപ്‌ത പദാർഥങ്ങൾ വമിക്കുകയുണ്ടായി. ചാരം വീണ്‌ മേൽക്കൂരകളും കെട്ടിടങ്ങൾതന്നെയും തകർന്നുവീണു. പുറത്തേക്കു വമിച്ച പദാർഥങ്ങളിൽ അധികവും ലാഹാറുകൾ ആയിത്തീർന്നു. ജലവും അഗ്നിപർവത അവശിഷ്ടങ്ങളും ചേർന്ന ഈ വൻ പ്രവാഹങ്ങളിൽ ചില വീടുകൾ തുടച്ചുനീക്കപ്പെടുകയോ മറ്റു ചിലതു മൂടിപ്പോകുകയോ ചെയ്‌തു. ചാരവും ലാഹാറുകളും രാജ്യഹാളുകൾക്കും സഹോദരങ്ങളുടെ ഭവനങ്ങൾക്കും സാരമായ കേടുപാടുകൾ വരുത്തി, പലതും നശിച്ചുപോയി. അന്ന്‌ റ്റാർലാക്കിലെ ഒരു സാധാരണ പയനിയറായിരുന്ന ജൂലിയുസ്‌ ആഗിലാർ പറയുന്നു: “ഞങ്ങളുടെ വീടു മുഴുവൻ ചാരത്തിനടിയിലായി.” ആ കുടുംബത്തിന്‌ വീട്‌ ഉപേക്ഷിച്ചു പോകേണ്ടി വന്നു.

പേഡ്രോ വാൻഡാസാൻ സഹോദരൻ ആ പ്രദേശത്ത്‌ സർക്കിട്ട്‌ മേൽവിചാരകനായി സേവിക്കുകയായിരുന്നു. അദ്ദേഹം വിവരിക്കുന്നു: “സഹോദരങ്ങൾ യഹോവയെ ആരാധിക്കുന്നതോ സേവിക്കുന്നതോ ഒരിക്കലും ഉപേക്ഷിച്ചു കളഞ്ഞില്ല. ഹാജർ എല്ലായ്‌പോഴും നൂറു ശതമാനത്തിലും അധികമായിരുന്നു. പ്രസംഗവേലയോടുള്ള സഹോദരങ്ങളുടെ സ്‌നേഹം കുറച്ചുകളയാൻ ലാഹാർ പ്രവാഹത്തിന്‌ ആയില്ല. മാറ്റി പാർപ്പിക്കപ്പെട്ടവരോടും കൊടുംവിനാശത്തിന്‌ ഇരയായ പ്രദേശങ്ങളിൽ ഉള്ളവരോടു പോലും ഞങ്ങൾ പ്രസംഗിക്കുന്നതിൽ തുടർന്നു.”

അത്തരം വിപത്തുകൾ ക്രിസ്‌തീയ സ്‌നേഹം പ്രവർത്തനപഥത്തിൽ കൊണ്ടുവരുന്നതിനുള്ള അവസരങ്ങൾ നൽകുന്നു. മൗണ്ട്‌ പിനറ്റ്യൂബൊ പൊട്ടിത്തെറിച്ചപ്പോഴും അതിനുശേഷവും അപകടസ്ഥലത്തുനിന്നു ഒഴിഞ്ഞു പോകാൻ സഹോദരങ്ങൾ അന്യോന്യം സഹായിച്ചു. ബ്രാഞ്ച്‌ ഓഫീസ്‌ പെട്ടെന്നുതന്നെ ഒരു ട്രക്ക്‌ നിറയെ അരി കൊടുത്തയച്ചു. അത്‌ ഇറക്കിവെച്ച ശേഷം അഗ്നിപർവത സ്‌ഫോടനത്താൽ ബാധിക്കപ്പെട്ട പട്ടണങ്ങളിൽനിന്നു സഹോദരങ്ങളെ ഒഴിപ്പിക്കാൻ ആ വാഹനം ഉപയോഗിച്ചു. മനിലയിലെ സഹോദരങ്ങൾ സ്ഥിതിഗതികൾ മനസ്സിലാക്കിയപ്പോൾ പണവും വസ്‌ത്രങ്ങളും അയച്ചുകൊടുത്തുകൊണ്ട്‌ സത്വരം പ്രതികരിച്ചു. പാമ്പാങ്ക പ്രവിശ്യയിലെ ബിറ്റിസ്‌ പട്ടണത്തിലുള്ള യുവസഹോദരന്മാർ ദുരന്തത്തിന്‌ ഇരയായവരെ സഹായിക്കാനായി ഒരു സംഘം രൂപീകരിച്ചു. അവർ സഹായിച്ചവരിൽ സത്യത്തോട്‌ എതിർപ്പുണ്ടായിരുന്ന ഭർത്താവുള്ള ഒരു താത്‌പര്യക്കാരിയും ഉണ്ടായിരുന്നു. ഈ യുവസഹോദരന്മാർ അവരുടെ വീടു പുനർനിർമിക്കാൻ സഹായിച്ചു. അതു ഭർത്താവിൽ മതിപ്പ്‌ ഉളവാക്കി. അദ്ദേഹം ഇപ്പോൾ ഒരു സാക്ഷിയാണ്‌!

ചുഴലിക്കൊടുങ്കാറ്റുകൾ: രാജ്യത്തുണ്ടാകുന്ന കാലാവസ്ഥാ ക്ഷോഭങ്ങളിൽ ഏറ്റവും അധികം നാശം വിതയ്‌ക്കുന്നതു ചുഴലിക്കൊടുങ്കാറ്റുകളാണ്‌. ഓരോ വർഷവും ശരാശരി 20-ഓളം ചുഴലിക്കൊടുങ്കാറ്റുകൾ ഈ ദ്വീപ സമൂഹത്തിൽ ആഞ്ഞടിക്കുന്നു. ഇവയുടെ തീവ്രത വ്യത്യാസപ്പെട്ടിരിക്കുന്നെങ്കിലും ശക്തമായ കാറ്റും കനത്ത മഴയും എല്ലായ്‌പോഴും ഉണ്ടാകാറുണ്ട്‌. മിക്കപ്പോഴും കെട്ടിടങ്ങളെ തകർക്കാൻ തക്ക ശക്തിയുള്ളവയാണ്‌ അവ. കൂടാതെ ചുഴലിക്കൊടുങ്കാറ്റുകൾ വിളകൾ നശിപ്പിച്ചുകൊണ്ട്‌ കർഷകരുടെ ജീവിതം വഴിമുട്ടിക്കുന്നു.

സാക്ഷികളുടെ വീടുകൾക്കും വിളകൾക്കും പല തവണ നാശം സംഭവിച്ചിട്ടുണ്ട്‌. വിസ്‌മയകരമെന്നു പറയട്ടെ, സഹോദരങ്ങൾ സാധാരണഗതിയിൽ തങ്ങളുടെ ശക്തി വീണ്ടെടുത്ത്‌ മുമ്പോട്ടു പോകുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ചുഴലിക്കൊടുങ്കാറ്റുകൾ ഏതാണ്ട്‌ ഒരു സാധാരണ സംഭവമാണ്‌. സഹോദരങ്ങൾ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ പഠിച്ചിരിക്കുന്നു എന്നതാണു പ്രശംസാർഹമായ സംഗതി. അവർ ഓരോ ദിവസവും അന്നന്നത്തെ പ്രശ്‌നങ്ങൾ മാത്രം കൈകാര്യം ചെയ്യുന്നു. (മത്താ. 6:34) തീർച്ചയായും അടുത്ത പ്രദേശങ്ങളിലെ സഹോദരങ്ങൾ സഹായം ആവശ്യമുള്ളവരെപ്പറ്റി കേൾക്കുമ്പോൾ മനസ്സോടെ ഭക്ഷണമോ പണമോ കൊടുത്തു സഹായിക്കുന്നു. ചിലപ്പോൾ അങ്ങേയറ്റം ശക്തിയുള്ള കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുമ്പോൾ സഞ്ചാര മേൽവിചാരകന്മാർ ബ്രാഞ്ച്‌ ഓഫീസുമായി ബന്ധപ്പെടുകയും ബ്രാഞ്ച്‌ ഓഫീസ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.

ബൈബിൾ സാഹിത്യം എത്തിക്കൽ

ഫിലിപ്പീൻസ്‌ അനേകം ദ്വീപുകൾ ചേർന്നുള്ള ഒരു രാഷ്‌ട്രമായതുകൊണ്ട്‌ കൃത്യസമയത്തും കേടുപാടുകൾ കൂടാതെയും സഭകൾക്കു സാഹിത്യം എത്തിച്ചുകൊടുക്കുക എന്നത്‌ എന്നും ഒരു വെല്ലുവിളി ആയിരുന്നിട്ടുണ്ട്‌. അനേക വർഷങ്ങളോളം സാഹിത്യം എത്തിക്കുന്നതിന്‌ തപാൽ വകുപ്പിനെയാണ്‌ ആശ്രയിച്ചിരുന്നത്‌. എന്നാൽ പലപ്പോഴും വീക്ഷാഗോപുരവും നമ്മുടെ രാജ്യ ശുശ്രൂഷയും യോഗങ്ങളിൽ അവ പഠിക്കേണ്ട സമയത്തിനു മുമ്പ്‌ ലഭിച്ചിരുന്നില്ല.

ഒരു മാറ്റം വരുത്താൻ പ്രേരിപ്പിച്ചത്‌ എന്തായിരുന്നു എന്നു ബ്രാഞ്ചിന്റെ ഷിപ്പിങ്‌ ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്യുന്ന ജേഹു ആമോലോ സഹോദരൻ ഓർമിക്കുന്നു. അദ്ദേഹം വിശദീകരിക്കുന്നു: “കിട്ടാൻ താമസം വരുന്നു എന്നതു കൂടാതെ 1997-ൽ തപാൽ നിരക്കും വളരെ വർധിച്ചു.” രണ്ടാഴ്‌ച കൂടുമ്പോൾ 3,60,000-ത്തോളം മാസികകൾ അയച്ചിരുന്നു എന്ന വസ്‌തുത പരിഗണിക്കുമ്പോൾ വലിയ ഒരു തുകയാണ്‌ അതിൽ ഉൾപ്പെട്ടിരുന്നത്‌.

ബ്രാഞ്ചിൽ നിന്നുള്ള സഹോദരന്മാർതന്നെ സാഹിത്യം എത്തിച്ചുകൊടുക്കുക എന്ന നിർദേശം ഭരണസംഘത്തിനു സമർപ്പിക്കപ്പെട്ടു. ശ്രദ്ധാപൂർവം പരിചിന്തിച്ചശേഷം ഭരണസംഘം ആ നിർദേശം അംഗീകരിച്ചു. ലൂസോണിൽ, ബ്രാഞ്ചിൽനിന്നു ട്രക്കുകൾ നേരിട്ട്‌ എത്തുന്നു. എന്നാൽ മറ്റു പ്രദേശങ്ങൾ വെള്ളത്താൽ വേർപെട്ടതാകയാൽ, ദ്വീപസമൂഹത്തിൽ എങ്ങുമുള്ള പ്രത്യേക സ്ഥാനങ്ങളിലേക്ക്‌ ബോട്ടുമാർഗം മാസികകളും സാഹിത്യവും അയയ്‌ക്കാൻ ബ്രാഞ്ച്‌, പാക്കേജുകൾ എത്തിച്ചുകൊടുക്കുന്ന ആശ്രയയോഗ്യമായ ഒരു ഏജൻസിയുടെ സേവനം ഉപയോഗപ്പെടുത്തുന്നു. ഈ ഡിപ്പോകളിൽനിന്നു ഡ്രൈവർമാർ ട്രക്കുമാർഗം സാഹിത്യങ്ങൾ എല്ലായിടത്തും എത്തിക്കുന്നു. ഈ ഡ്രൈവർമാർ വളരെ അകലെയുള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ സഹോദരങ്ങൾ സന്തോഷപൂർവം അവരെ തങ്ങളുടെ ഭവനങ്ങളിൽ പാർപ്പിക്കുന്നു. അങ്ങനെ രാത്രി നന്നായി വിശ്രമിച്ചശേഷം യാത്ര തുടരാൻ അവർക്കു കഴിയുന്നു.

ഇതു മൂലം പണപരമായ ലാഭം മാത്രമല്ല ഉണ്ടാകുന്നത്‌. തങ്ങൾക്ക്‌ ആവശ്യമായ പ്രസിദ്ധീകരണങ്ങൾ കൃത്യസമയത്തും കേടുപാടുകളൊന്നും കൂടാതെയും ലഭിക്കുന്നതിൽ സഹോദരങ്ങൾ സന്തുഷ്ടരാണ്‌. ഇതിന്‌ മറ്റൊരു പ്രയോജനം കൂടെയുണ്ട്‌. ബ്രാഞ്ചിൽനിന്നു വരുന്ന സഹോദരന്മാരുമായി ക്രമമായി കൂടിക്കാണാൻ കഴിയുന്നതിനാൽ തങ്ങൾ സംഘടനയോടു കൂടുതൽ അടുത്തായിരിക്കുന്നതായി അനുഭവപ്പെടുന്നുവെന്നു സഹോദരങ്ങൾ പറയുന്നു. വാച്ച്‌ടവർ എന്ന ബോർഡു വെച്ച ട്രക്ക്‌ കടന്നു പോകുന്നതു കാണുന്നതുതന്നെ പലർക്കും ഒരു പ്രോത്സാഹനമാണ്‌.

ഈ ക്രമീകരണം കൂടുതലായ സാക്ഷ്യം നൽകിയിരിക്കുന്നു. ഉദാഹരണത്തിന്‌ ഒരു സന്ദർഭത്തിൽ ദക്ഷിണ ലൂസോണിലെ ബിക്കോളിൽ ട്രക്ക്‌ എത്തിയപ്പോൾ അവിടെ വെള്ളപ്പൊക്കമായിരുന്നു. മുന്നോട്ടു പോകാനാവാതെ വാഹനങ്ങൾ ഹൈവേയിൽ നിറുത്തിയിടേണ്ടിവന്നു. സാഹിത്യവുമായി ചെന്ന ട്രക്ക്‌ നിറുത്തിയിട്ടത്‌ ഒരു സഹോദരന്റെ വീടിന്റെ മുന്നിലായിരുന്നു. അതു കണ്ട വീട്ടുകാർ ട്രക്ക്‌ ഓടിച്ചിരുന്ന സഹോദരന്മാരെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കാനും വെള്ളം താഴുന്നതുവരെ തങ്ങളോടൊപ്പം താമസിക്കാനും ക്ഷണിച്ചു.

സാക്ഷികളല്ലാത്ത ഡ്രൈവർമാർക്കാകട്ടെ എവിടെ ഭക്ഷണം കിട്ടുമെന്നോ എവിടെ അന്തിയുറങ്ങാൻ കഴിയുമെന്നോ ഒരു നിശ്ചയവുമില്ലായിരുന്നു. എന്താണ്‌ സംഭവിക്കുന്നത്‌ എന്നു കണ്ടപ്പോൾ ബെഥേൽ ഡ്രൈവർമാരോട്‌ അവർ ചോദിച്ചു: “നിങ്ങൾക്ക്‌ ഈ ആളുകളുമായി എന്തു ബന്ധമാണുള്ളത്‌?”

സഹോദരന്മാർ പറഞ്ഞു: “അവർ ഞങ്ങളുടെ ആത്മീയ സഹോദരങ്ങളാണ്‌.”

മറ്റു ഡ്രൈവർമാർ പ്രതികരിച്ചത്‌ ഇങ്ങനെയായിരുന്നു: “അപ്പോൾ സാക്ഷികൾ അങ്ങനെയാണ്‌! നിങ്ങൾ ആദ്യമായി കണ്ടുമുട്ടുകയാണെങ്കിലും നിങ്ങൾക്കു പരസ്‌പരം വിശ്വാസമുണ്ട്‌.”

അതിർത്തികൾക്ക്‌ അപ്പുറം

ഇപ്പോൾ നമുക്ക്‌, അന്യനാടുകളിലൂടെ ഒരു പര്യടനം നടത്തി ഫിലിപ്പീൻസിനു വെളിയിൽ താമസിക്കുന്ന ഫിലിപ്പീൻസുകാരെ ഒന്നു പരിചയപ്പെടാം. ബ്രിട്ടീഷ്‌ സാമ്രാജ്യം പ്രതാപത്തിന്റെ ഉച്ചകോടിയിലായിരുന്ന കാലത്ത്‌ ആളുകൾ പറയുമായിരുന്നു അതിന്റെ ഭരണ പ്രദേശത്ത്‌ “സൂര്യൻ ഒരിക്കലും അസ്‌തമിക്കുന്നില്ല” എന്ന്‌. ഇപ്പോൾ ചിലർ പറയുന്നതാകട്ടെ “ഫിലിപ്പിനോകളുടെ മേൽ സൂര്യൻ ഒരിക്കലും അസ്‌തമിക്കുന്നില്ല” എന്നാണ്‌. ഫിലിപ്പീൻസ്‌ ഒരു ചെറിയ രാഷ്‌ട്രമാണെങ്കിലും ഫിലിപ്പിനോകൾ ഗോളമാസകലം ചിതറി പാർക്കുന്നുണ്ട്‌. ജോലി തേടിയോ മറ്റു കാരണങ്ങളാലോ ലക്ഷക്കണക്കിനു ഫിലിപ്പിനോകൾ മറ്റു നാടുകളിലേക്കു പോയിരിക്കുന്നു. ഇതു ചിലർ ബൈബിൾ സത്യം പഠിക്കാൻ ഇടയാക്കിയിരിക്കുന്നത്‌ എങ്ങനെയാണ്‌? നേരത്തേതന്നെ സാക്ഷികളായിരുന്നവർ പുതിയ പ്രദേശങ്ങളിൽ മറ്റുള്ളവരെ എങ്ങനെയാണ്‌ സഹായിച്ചിട്ടുള്ളത്‌?

റിക്കാർഡോ മാലിക്‌സി ഒരു വിമാനത്താവള കൺസൾട്ടന്റായിട്ടാണ്‌ ജോലി ചെയ്‌തിരുന്നത്‌. ജോലിയോടു ബന്ധപ്പെട്ട്‌ അദ്ദേഹത്തിനു പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യേണ്ടിയിരുന്നു. അദ്ദേഹവും ഭാര്യയും ഈ അവസരങ്ങൾ വളരെ കുറച്ചു പ്രസാധകരുള്ള രാജ്യങ്ങളിൽ സുവാർത്ത വ്യാപിപ്പിക്കാനായി ഉപയോഗിച്ചു. വാസ്‌തവത്തിൽ ഈ രാജ്യങ്ങളിൽ ചിലതിൽ പ്രസംഗവേലയ്‌ക്ക്‌ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇറാൻ, ഉഗാണ്ട, ബംഗ്ലാദേശ്‌, ടാൻസാനിയ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കെ യഹോവയെ അറിയുന്നതിനു പലരെയും സഹായിക്കാൻ അവർ സന്തോഷമുള്ളവരായിരുന്നു. ചിലയിടങ്ങളിൽ സഭകൾ സ്ഥാപിക്കുന്നതിൽ അവർ ഒരു സുപ്രധാന പങ്കുവഹിച്ചു. അവർ ജോലി ചെയ്യുകയും പ്രസംഗിക്കുകയും ചെയ്‌ത മറ്റു ചില രാജ്യങ്ങളാണ്‌ മ്യാൻമാർ, ലാവോസ്‌, സൊമാലിയ എന്നിവ. റിക്കാർഡോ ജോലിയിൽനിന്ന്‌ വിരമിക്കുന്നതുവരെ 28 വർഷക്കാലം അവർ ഇങ്ങനെ ചെയ്‌തു. വിദൂര വയലുകളിൽ സുവാർത്ത വ്യാപിക്കുന്നതിൽ ഒരു നല്ല പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അവർ എത്ര സന്തുഷ്ടരാണ്‌!

മറ്റു ചിലരാകട്ടെ ജോലി അന്വേഷിച്ച്‌ ഫിലിപ്പീൻസ്‌ വിട്ടപ്പോൾ സാക്ഷികളായിരുന്നില്ല, എന്നാൽ ചെന്നെത്തിയ സ്ഥലത്ത്‌ അവർ സത്യം കണ്ടെത്തി. കത്തോലിക്കയായ റോവിന ആദ്യം മധ്യപൂർവദേശത്ത്‌ ജോലിക്കു പോയി. അവിടെയായിരുന്നപ്പോൾ അവൾ ബൈബിൾ വായിക്കാൻ തുടങ്ങി. പിന്നീട്‌ അവൾക്കു ഹോംങ്കോംഗിൽ ജോലി കിട്ടി, ആയിരക്കണക്കിനു ഫിലിപ്പിനോകൾ അവിടെ വീട്ടുവേലക്കാരായി ജോലി ചെയ്യുന്നുണ്ട്‌. അവൾ പറയുന്നു: “ദൈവരാജ്യത്തിലേക്ക്‌ എന്നെ നയിക്കാൻ പറ്റിയ ആളുകളെ എന്റെ അടുക്കലേക്ക്‌ അയയ്‌ക്കേണമേ എന്ന്‌ ദിവസവും രാത്രിയിൽ ഞാൻ ദൈവത്തോടു പ്രാർഥിക്കുമായിരുന്നു.” മിഷനറിമാരായ ജോൺ പോർട്ടറും ഭാര്യ കാർലിനയും റോവിനയെ കണ്ടുമുട്ടുകയും ബൈബിൾ പഠിക്കാൻ സഹായിക്കുകയും ചെയ്‌തപ്പോൾ അവളുടെ പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിച്ചു. തന്റെ അനുഭവം വിവരിച്ചുകൊണ്ടും അപ്പോഴും ഫിലിപ്പീൻസിലായിരുന്ന തന്റെ ഭർത്താവിനെ ആരെങ്കിലും സന്ദർശിച്ച്‌ ബൈബിളിന്റെ ദൂത്‌ വിശദീകരിച്ചു കൊടുക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടും അവൾ ഫിലിപ്പീൻസ്‌ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ എഴുതി.

ഇപ്പോൾ പല രാജ്യങ്ങളിലും ഫിലിപ്പീൻസിൽനിന്നു കുടിയേറിപ്പാർത്ത ഫിലിപ്പിനോകളുടെ വലിയ സമൂഹങ്ങൾതന്നെ ഉണ്ട്‌. 1900-ങ്ങളുടെ ആരംഭത്തിൽ ഹവായിയിലെ തോട്ടങ്ങളിൽ പണിയെടുക്കാൻ വേണ്ടത്ര തൊഴിലാളികൾ ഇല്ലായിരുന്നു. നിരവധി ഫിലിപ്പിനോകൾ പോയി ആ കുറവു നികത്തി. ഹവായിയിൽ ആദ്യം സത്യത്തിലേക്കു വന്നവരിൽ ചിലർ ഫിലിപ്പീൻസിൽനിന്ന്‌ കുടിയേറിപ്പാർത്തവർ ആയിരുന്നു. ഇന്ന്‌ ഹവായിയിൽ 10 ഇലോക്കോ സഭകളും ഒരു ടഗാലോഗ്‌ സഭയുമുണ്ട്‌.

ഐക്യനാടുകളിൽ ആയിരക്കണക്കിന്‌ ഫിലിപ്പിനോകൾ താമസിക്കുന്നു. അവരിൽ നിരവധി സാക്ഷികളുണ്ട്‌. അവിടത്തെ ആദ്യ ഫിലിപ്പിനോ സഭ 1976-ൽ കാലിഫോർണിയയിലെ സ്റ്റോക്ക്‌ടണിൽ സ്ഥാപിതമായി. ഐക്യനാടുകളിലെ ബ്രാഞ്ച്‌ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ഫിലിപ്പിനോ വയൽ വളരെ നന്നായി അഭിവൃദ്ധി പ്രാപിച്ചു. 1996 സെപ്‌റ്റംബർ 3-ന്‌ ആദ്യത്തെ ഫിലിപ്പിനോ സർക്കിട്ട്‌ രൂപംകൊണ്ടു.” സേവനവർഷം 2002-ൽ, ഐക്യനാടുകളിലെ ബ്രാഞ്ചിന്റെ മേൽനോട്ടത്തിൽ മൊത്തം 2,500-ഓളം പ്രസാധകരുള്ള 37 ഫിലിപ്പിനോ സഭകൾ ഉണ്ടായിരുന്നു. അലാസ്‌ക, ഇറ്റലി, ഓസ്‌ട്രിയ, ഓസ്‌ട്രേലിയ, കാനഡ, ഗ്വാം, ജർമനി, സയ്‌പാൻ എന്നിവിടങ്ങളിലും ടഗാലോഗ്‌ സഭകളോ കൂട്ടങ്ങളോ ഉണ്ട്‌.

ഈ ഫിലിപ്പിനോകൾ വിദേശ രാജ്യങ്ങളിലാണെങ്കിലും അവർക്ക്‌ ആത്മീയാഹാരം ലഭിക്കുന്നതിനു ഫിലിപ്പീൻസിലെ സഹോദരങ്ങൾ പ്രയത്‌നിക്കേണ്ടതായുണ്ട്‌. കാരണം പ്രസിദ്ധീകരണങ്ങളുടെ ഫിലിപ്പിൻ ഭാഷകളിലേക്കുള്ള പരിഭാഷ പൂർണമായും നിർവഹിക്കപ്പെടുന്നത്‌ മനിലയിലെ ബ്രാഞ്ചിലാണ്‌. കൂടാതെ ഐക്യനാടുകൾ, ഗ്വാം, ഹവായ്‌ എന്നിവ ഉൾപ്പെടെ ചില നാടുകളിൽ ഇലോക്കോ അല്ലെങ്കിൽ ടഗാലോഗ്‌ ഭാഷകളിൽ കൺവെൻഷൻ പരിപാടികൾ നടത്തപ്പെടുന്നുണ്ട്‌. നാടക ടേപ്പ്‌ ഉൾപ്പെടെ, ഈ കൺവെൻഷനുകൾക്ക്‌ ആവശ്യമായ പരിഭാഷ ചെയ്യപ്പെട്ട എല്ലാ വിവരങ്ങളും ഫിലിപ്പീൻസിൽനിന്നാണു ലഭിക്കുന്നത്‌.

മറ്റു ഭാഷാ കൂട്ടങ്ങളോടു പ്രസംഗിക്കൽ

ദ്വീപുകളിൽ ഉടനീളം പ്രാദേശിക ഭാഷ സംസാരിക്കുന്ന ആളുകളിൽ മിക്കവർക്കും നല്ല സാക്ഷ്യം ലഭിച്ചിട്ടുണ്ട്‌. എന്നിരുന്നാലും സമീപ വർഷങ്ങളിൽ, മുമ്പ്‌ സമഗ്ര സാക്ഷ്യം ലഭിച്ചിട്ടില്ലാത്തവരോടു പ്രസംഗിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്‌.​—⁠റോമ. 15:​20, 21.

വർഷങ്ങളോളം ഫിലിപ്പീൻസിൽ ഇംഗ്ലീഷ്‌ സഭകൾ ഒന്നുംതന്നെ ഇല്ലായിരുന്നു. മിക്ക ഫിലിപ്പിനോകൾക്കും കുറച്ചൊക്കെ ഇംഗ്ലീഷ്‌ അറിയാമെങ്കിലും ഭൂരിപക്ഷം പേർക്കും ഒഴുക്കോടെ ഇംഗ്ലീഷ്‌ സംസാരിക്കാൻ കഴിയില്ല. എങ്കിലും ചില പ്രദേശങ്ങളിൽ ഇംഗ്ലീഷിലുള്ള യോഗങ്ങളുടെ ആവശ്യമുണ്ടായിരുന്നു. പാമ്പാങ്കയിലെ ക്ലാർക്ക്‌ വ്യോമസേനാത്താവളത്തിനു സമീപം അങ്ങനെയൊരു ആവശ്യം ഉണ്ടെന്ന്‌ 1960-കളുടെ അന്ത്യത്തോടെ സഹോദരങ്ങൾ തിരിച്ചറിഞ്ഞു. യു.എ⁠സ്‌. സൈനിക ഉദ്യോഗസ്ഥന്മാരുടെ ഭാര്യമാരായ സഹോദരിമാർക്ക്‌ പ്രാദേശിക ഭാഷകൾ ഒന്നും അറിയില്ലായിരുന്നു. അവിടെ ഇംഗ്ലീഷിൽ യോഗങ്ങൾ തുടങ്ങാൻ സഹോദരങ്ങൾ സഹായിച്ചു. ആ പ്രദേശത്തുള്ളവർ വർഷങ്ങളോളം ഇതിൽനിന്നു പ്രയോജനം അനുഭവിച്ചു.

സമാനമായ ഒരു പ്രശ്‌നം മെട്രോ മനിലയിലും ഉണ്ടായി. 1970-കളുടെ അവസാന വർഷങ്ങളിലും 1980-കളുടെ ആദ്യ വർഷങ്ങളിലും അവിടെ ഒരു അമേരിക്കൻ സഹോദരി ഉണ്ടായിരുന്നു. അവർ സഹവസിച്ചിരുന്ന ടഗാലോഗ്‌ സഭയിലെ ഒരു മൂപ്പനായിരുന്ന പാസിഫിക്കോ പാന്റാസ്‌ പറയുന്നു: “എനിക്ക്‌ അവരോടു സഹതാപം തോന്നി. കാരണം അവർ ക്രമമായി ഹാജരായിരുന്നെങ്കിലും യോഗങ്ങളിൽനിന്നു കാര്യമായ പ്രയോജനമൊന്നും നേടിയിരുന്നില്ല.” താമസിയാതെ മറ്റ്‌ അമേരിക്കക്കാരും ആ സഭയിലേക്കു വന്നു. പരസ്യപ്രസംഗവും വീക്ഷാഗോപുര അധ്യയനവും ഇംഗ്ലീഷിൽ നടത്തുക എന്നൊരു നിർദേശമുണ്ടായി. പാന്റാസ്‌ സഹോദരൻ നേതൃത്വമെടുത്ത്‌ അതു നടപ്പാക്കി. ക്രമേണ മറ്റു യോഗങ്ങളും ഇംഗ്ലീഷിൽ നടത്താൻ തുടങ്ങി. സഹായത്തിനായി മറ്റു സഹോദരങ്ങളെയും ക്ഷണിച്ചു. ബ്രാഞ്ചിൽ സേവിച്ചിരുന്ന ഡേവിഡ്‌ ലെഡ്‌ബെറ്ററും ജോസീയും ക്ഷണം സ്വീകരിച്ചു. വർഷങ്ങളിലൂടെ നല്ല വളർച്ച നേടിയ ആ ചെറിയ കൂട്ടം ഇന്നു രണ്ട്‌ ഇംഗ്ലീഷ്‌ സഭകളായി വികസിച്ചിരിക്കുന്നു.

ഇംഗ്ലീഷ്‌ സഭകളിൽനിന്നു പലരും പ്രയോജനം നേടിയിരിക്കുന്നു. കാലിഫോർണിയയിൽനിന്നുള്ള മോനിക്ക അവരിൽ ഒരാളാണ്‌. അവൾ കാലിഫോർണിയയിൽ വെച്ച്‌ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. ഉറച്ച കത്തോലിക്ക വിശ്വാസികളായിരുന്ന അവളുടെ മാതാപിതാക്കൾ ശക്തമായി എതിർത്തു. മോനിക്കയെ ഫിലിപ്പീൻസിലെ കത്തോലിക്ക ചുറ്റുപാടുകളിലേക്ക്‌ അയയ്‌ക്കാൻ അവർ തീരുമാനിച്ചു. അമ്മ, മോനിക്കയോടൊപ്പം മനിലയിലെത്തി അവളെ കത്തോലിക്കയായ വല്യമ്മയുടെ വീട്ടിലാക്കി മടങ്ങി. അവളുടെ പാസ്‌പോർട്ടും കൂടെ കൊണ്ടുപോയി. ഐക്യനാടുകളിൽ വളർന്ന അവൾക്ക്‌ ടഗാലോഗ്‌ ഭാഷ അറിയാൻ പാടില്ലായിരുന്നു. അതുകൊണ്ട്‌ സാക്ഷികളുടെ ഒരു സഭ കണ്ടുപിടിക്കാൻ കഴിഞ്ഞാൽത്തന്നെ പഠനം തുടരുക സാധ്യമായിരുന്നില്ല. എന്നാൽ കാലിഫോർണിയയിൽ അവളെ ബൈബിൾ പഠിപ്പിച്ച സഹോദരി ആരെങ്കിലും മോനിക്കയെ കണ്ടുമുട്ടിയോ എന്ന്‌ ഉറപ്പുവരുത്താനായി ജോസീ ലെഡ്‌ബെറ്റർ സഹോദരിയെ ഫോണിൽ വിളിച്ചു. ഇപ്പോൾ മനിലയിൽ ഒരു ഇംഗ്ലീഷ്‌ സഭയുണ്ടെന്ന്‌ ജോസീ അവരോടു പറഞ്ഞു. അതുതന്നെയായിരുന്നു മോനിക്കയ്‌ക്കു വേണ്ടിയിരുന്നത്‌! ജോസീ പറയുന്നു: “ഫിലിപ്പീൻസിലേക്കു നാടുകടത്തപ്പെട്ട്‌ ആറുമാസത്തിനുള്ളിൽ മോനിക്ക സ്‌നാപനമേറ്റു. അതിനുശേഷം രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ അവളുടെ അമ്മ പറഞ്ഞു: ‘ഇതാ നിന്റെ പാസ്‌പോർട്ട്‌. മടങ്ങിവരിക.’ അതിനോടകം മോനിക്ക ഒരു സാക്ഷിയായിത്തീർന്നിരുന്നു.” മനിലയിൽ ഒരു ഇംഗ്ലീഷ്‌ സഭ ഉണ്ടായിരുന്നതിൽ മോനിക്ക എത്ര നന്ദിയുള്ളവളായിരുന്നെന്നോ!

ഇതിൽനിന്നു മറ്റൊരു പ്രയോജനവും കൂടെ ഉണ്ടായിട്ടുണ്ട്‌. മുമ്പ്‌ ഒരിക്കലും പ്രസംഗ പ്രവർത്തനം നടന്നിട്ടില്ലാത്ത ചില സ്ഥലങ്ങളിൽ സഹോദരങ്ങൾ ചെന്നെത്തിയിരിക്കുന്നു. മെട്രോ മനിലയിൽ സമ്പന്നരായ ആളുകൾ പാർക്കുന്ന ചില പ്രദേശങ്ങളുണ്ട്‌. അവരിൽ അനേകരും ഇംഗ്ലീഷ്‌ സംസാരിക്കുന്നവരാണ്‌. ആ പ്രദേശങ്ങളിൽ സാക്ഷീകരിക്കാൻ ഇംഗ്ലീഷ്‌ സഹായിച്ചിരിക്കുന്നു.

ചൈനാക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കാനും ശ്രമം നടന്നിരിക്കുന്നു. 1970-കളുടെ മധ്യത്തിൽ ഒരു ചൈനീസ്‌ പുസ്‌തകാധ്യയനക്കൂട്ടം ആരംഭിച്ചു. ക്രിസ്റ്റീനാ ഗോയുടെ ചെരിപ്പുകടയിൽ ആയിരുന്നു പുസ്‌തകാധ്യയനം നടത്തിയിരുന്നത്‌. എന്നിരുന്നാലും, ഈ കൂട്ടം വളരെ ചെറുതായിരുന്നതിനാൽ അവർക്കു സഹായം ആവശ്യമായിരുന്നു.

റെയ്‌മണ്ട്‌ ലീച്ച്‌ എന്ന മിഷനറിയെ വിവാഹം കഴിക്കുകവഴി ഫിലിപ്പീൻസിൽ എത്തിയ എലിസബത്ത്‌ ലീച്ച്‌ നേരത്തേ 16 വർഷം ഹോങ്കോംഗിൽ സേവനമനുഷ്‌ഠിച്ചിരുന്നു. എലിസബത്തിന്റെ കാന്റൊണിസ്‌ ഭാഷാ പരിജ്ഞാനവും ചൈനാക്കാരെ സത്യം പഠിക്കാൻ സഹായിച്ചതിലുള്ള അനുഭവപരിചയവും ഇവിടെ പ്രയോജനപ്പെട്ടു. ഏതാണ്ട്‌ ആ കാലത്ത്‌ അവിടെ നിയമിതരായ രണ്ട്‌ പ്രത്യേക പയനിയർമാരിൽ ഒരാളായിരുന്നു എസ്‌തേർ ആറ്റാനാസിയോ [ഇപ്പോൾ എസ്‌തേർ സോ]. എസ്‌തേർ അനുസ്‌മരിക്കുന്നു: “ഞങ്ങൾ ആ പ്രദേശം പ്രവർത്തിച്ചു തുടങ്ങിയപ്പോൾ യഹോവയുടെ സാക്ഷികൾ ആരാണെന്ന്‌ ആളുകൾക്ക്‌ അറിയില്ലായിരുന്നു.” എന്നിരുന്നാലും, ക്രമേണ മനിലയിലെ ചൈനക്കാർക്ക്‌ യഹോവയുടെ നാമവും യഹോവയുടെ ജനവും പരിചിതമായിത്തീർന്നു.

ആ പയനിയർമാർക്ക്‌ കാന്റൊണിസ്‌ അറിയാമായിരുന്നെങ്കിലും മനിലയിൽ മുഖ്യമായും ഉപയോഗത്തിലുള്ള ചൈനീസ്‌ ഭാഷാഭേദം ഫൂജൻ ആയതിനാൽ അവർക്ക്‌ അതു പഠിക്കേണ്ടിവന്നു. പുതുതായി സത്യം പഠിച്ചുവന്ന ചിങ്‌ ചുങ്‌ ച്വാ എന്ന ചെറുപ്പക്കാരൻ കൂട്ടത്തോടൊപ്പം സഹവസിക്കാൻ തുടങ്ങി. അദ്ദേഹത്തിന്‌ ഫൂജൻ അറിയാമായിരുന്നതുകൊണ്ട്‌ ആദ്യകാലത്തെ യോഗങ്ങളിൽ അദ്ദേഹത്തെ ഒരു പരിഭാഷകനായി ഉപയോഗിച്ചു.

കൂട്ടം ക്രമേണ വളർന്ന്‌ 1984 ആഗസ്റ്റിൽ ഒരു ചെറിയ സഭയായി. ഇപ്പോഴും അനേകം വെല്ലുവിളികൾ ഉണ്ട്‌. എന്നാൽ മുമ്പ്‌ ഒരു സമഗ്ര സാക്ഷ്യം ലഭിച്ചിട്ടില്ലാഞ്ഞ ഈ പ്രദേശത്ത്‌ പ്രസംഗ പ്രവർത്തനത്തിൽ പങ്കെടുക്കുന്നതിൽ എല്ലാവർക്കും സന്തേഷമേയുള്ളൂ.

ബധിരർ പോലും “കേൾക്കുന്നു”

കാലം കടന്നു പോയപ്പോൾ മറ്റൊരു പ്രദേശത്തിനും ഭാഷയ്‌ക്കും ശ്രദ്ധകൊടുക്കുക എന്നത്‌ യഹോവയുടെ ഇഷ്ടമാണ്‌ എന്നു വ്യക്തമായി, ബധിരരായ ആളുകൾക്ക്‌. 1990-കളുടെ തുടക്കത്തിൽപ്പോലും യഹോവയെപ്പറ്റി പഠിക്കാൻ ബധിരരെ സഹായിക്കുന്നതിനുള്ള ക്രമീകരണം ഒന്നുംതന്നെ ഫിലിപ്പീൻസിൽ ഇല്ലായിരുന്നു. ബധിരരായ വളരെ കുറച്ചുപേർ മാത്രമേ സഭകളോടൊത്തു സഹവസിച്ചിരുന്നുള്ളുവെങ്കിലും ചില അസാധാരണ അനുഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. ഉദാഹരണത്തിന്‌, ഒരു സഹോദരിയുടെ മകനായ മാൻവെൽ റൂണിയോയെ മറ്റൊരു സഹോദരി വളരെ ശ്രമംചെയ്‌ത്‌ വിവരങ്ങളെല്ലാം കടലാസ്സിൽ എഴുതിക്കാണിച്ച്‌ ബൈബിൾ സത്യം പഠിക്കാൻ സഹായിച്ചു. അവൻ 1976-ൽ സ്‌നാപനമേറ്റു. സേബൂ ദ്വീപിൽ ബധിരരായ ഇരട്ടക്കുട്ടികൾ ലോർനയും ലൂസ്സും ബൈബിൾ ദൂതു മനസ്സിലാക്കിയത്‌ അന്ധനായ അവരുടെ അമ്മാവനിൽ നിന്നായിരുന്നു. അന്ധനായ ഒരു പയനിയർ എങ്ങനെയാണു ബധിരരെ പഠിപ്പിച്ചത്‌? മറ്റൊരാളുടെ സഹായത്തോടെ, ചിത്രങ്ങളും മറ്റും ഉപയോഗിച്ച്‌. ഈ കുട്ടികൾ ഔദ്യോഗികമായി ആംഗ്യ ഭാഷ പഠിച്ചിട്ടില്ലായിരുന്നതിനാൽ, സഹായി കുട്ടികൾക്കു മനസ്സിലാക്കാൻ കഴിയുന്ന ആംഗ്യങ്ങൾ ഉപയോഗിച്ച്‌ പയനിയർ പറഞ്ഞത്‌ അവരെ ധരിപ്പിച്ചു. കുട്ടികൾ രണ്ടുപേരും 1985-ൽ സ്‌നാപനമേറ്റു. എന്നിരുന്നാലും ഇത്തരം ശ്രമങ്ങൾ വളരെ അപൂർവമായിരുന്നു.

ബധിരർക്കിടയിൽ പ്രസംഗവേല തുടങ്ങുന്നതിലേക്കു നയിച്ച പല സംഭവങ്ങൾ ഉണ്ടായി. 1993-ന്റെ മധ്യത്തിൽ, മിഷനറിമാരായ ഡിൻ ജേസെക്കും കാരനും പരിശീലനത്തിനായി ബ്രുക്ലിൻ ബെഥേൽ സന്ദർശിച്ചപ്പോൾ ഫിലിപ്പീൻസിലെ ബധിരരെ സഹായിക്കാൻ എന്താണു ചെയ്യുന്നത്‌ എന്ന്‌ പരിഭാഷാ സേവന വിഭാഗത്തിലുള്ള സഹോദരങ്ങൾ അന്വേഷിച്ചു. ഒരു സാക്ഷിക്കുടുംബത്തിലെ ബധിരയായ ഒരു കൂട്ടുകാരിയുമായി ആശയവിനിമയം ചെയ്യാൻ പഠിക്കുന്നതിന്‌ ഫിലിപ്പീൻസിലെ ഒരു യുവ സഹോദരി ആംഗ്യഭാഷാ ക്ലാസ്സിൽ ചേർന്നിരുന്നു. കൂടാതെ മെട്രോ മനിലയിലെ നാവോട്ടാസിൽ പ്രവർത്തിച്ചിരുന്ന ലിസ്സാ പ്രെസ്‌നില്യോ സഹോദരിയും കൂട്ടു പയനിയർമാരും ശുശ്രൂഷയിലായിരിക്കെ കണ്ടുമുട്ടിയ ബധിരരുമായി ആശയവിനിമയം നടത്താൻ കഴിയാതെ വന്നതിനെ തുടർന്ന്‌ ബധിരരെ രാജ്യ ദൂത്‌ അറിയിക്കാനായി ആംഗ്യഭാഷ പഠിക്കുന്നതിനെപ്പറ്റി ചിന്തിക്കുകയായിരുന്നു.

മനിലയിലെ ഒരു സാധാരണ പയനിയറായ ആനാ ലിസ്സാ ആസെബെഡോ സഹോദരി ഒരു ബധിര വിദ്യാലയത്തിലാണു ജോലി ചെയ്യുന്നത്‌ എന്നും ആ സഹോദരി ഫിലിപ്പീൻസിൽ നല്ല ആംഗ്യഭാഷാ പരിജ്ഞാനമുള്ള ചുരുക്കം ചില സാക്ഷികളിൽ ഒരുവളാണെന്നും ബ്രാഞ്ചിന്‌ അറിവു കിട്ടി. “ബെഥേൽ അംഗങ്ങളിൽ ചിലരെ ആംഗ്യഭാഷ പഠിപ്പിക്കാൻ സഹോദരിക്കു സമ്മതമാണോ?” ബ്രാഞ്ച്‌ ഓഫീസ്‌ അന്വേഷിച്ചു.

‘ഉവ്വ്‌’ എന്നായിരുന്നു സഹോദരിയുടെ മറുപടി! ബധിരരായ എല്ലാവർക്കും സാക്ഷ്യം നൽകാൻ എങ്ങനെ കഴിയും എന്ന്‌ ആ സഹോദരി പലപ്പോഴും ചിന്തിച്ചിട്ടുണ്ടായിരുന്നു. ബെഥേൽ അംഗങ്ങളെയും പ്രാദേശിക സാധാരണ പയനിയർമാരെയും ഉൾപ്പെടുത്തി സഹോദരി ഒരു ക്ലാസ്സ്‌ ആരംഭിച്ചു. നാവോട്ടാസിലെ സഹോദരിമാർ അതിനോടകം ഒരു ആംഗ്യഭാഷാ കോഴ്‌സിൽ ചേർന്നിരുന്നു. അവർ അവിടെത്തന്നെ പഠനം തുടർന്നു.

അതിനുശേഷം കാര്യങ്ങൾ വളരെ വേഗം പുരോഗമിച്ചു. ആറു മാസത്തിനുള്ളിൽ മെട്രോ മനിലയിലെ മൂന്നു സഭകളിൽ പരിപാടികൾ ആംഗ്യഭാഷയിലേക്കു വിവർത്തനം ചെയ്യാൻ തുടങ്ങി. 1994-ൽ ആദ്യമായി സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ആംഗ്യഭാഷയിലേക്കുള്ള വിവർത്തനം ഉപയോഗിച്ചു. ആദ്യ ലക്ഷ്യങ്ങളിൽ ഒന്നു സാക്ഷികളായ മാതാപിതാക്കളുടെ ബധിരരായ കുട്ടികളെ സഹായിക്കുക എന്നതായിരുന്നു. ആദ്യമായി സ്‌നാപനമേറ്റ ബധിരരിൽ പലരും അവരായിരുന്നു. വർഷങ്ങളോളം ആംഗ്യഭാഷാ വിവർത്തനമൊന്നും കൂടാതെ വിശ്വസ്‌തതയോടെ യോഗങ്ങളിൽ സംബന്ധിച്ചിരുന്ന മാൻവെൽ റൂണിയോ സഹോദരൻ ഈ പുതിയ ക്രമീകരണങ്ങളിൽനിന്നു പ്രയോജനം അനുഭവിക്കാൻ കഴിഞ്ഞതിൽ വളരെ സന്തുഷ്ടനായിരുന്നു.

പെട്ടെന്നുതന്നെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന്‌ സഹായാഭ്യർഥന വന്നു. ലിസ്സാ പ്രെസ്‌നില്യോയെ ഒരു പയനിയർ കൂട്ടാളിയോടൊപ്പം താത്‌കാലിക പ്രത്യേക പയനിയറായി ബധിരർക്കിടയിൽ പ്രവർത്തിക്കാൻ ഓലോങ്‌ഗാപോയിലേക്ക്‌ അയച്ചു. അനേകർക്കു സഹായം ലഭിച്ചു. 2002 പകുതി ആയപ്പോഴേക്കും മനിലയ്‌ക്കു വെളിയിൽ 20 മുനിസിപ്പാലിറ്റികളിൽ ആംഗ്യഭാഷാക്കൂട്ടങ്ങൾ രൂപംകൊണ്ടിരുന്നു. 1999 ഏപ്രിലിൽ രാജ്യത്ത്‌ ആദ്യമായി, മെട്രോ മനിലയിൽ ഒരു ആംഗ്യഭാഷാ സഭ സ്ഥാപിതമായത്‌ പുരോഗതിയിലെ ഒരു നാഴികക്കല്ലായി. ആദ്യത്തെ ആംഗ്യഭാഷാ ക്ലാസ്സിൽ ചേർന്ന ഒരു ബെഥേലംഗമായ, ഇപ്പോൾ ആ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്ന ജോയൽ ആസെബെസ്‌ പറയുന്നു: “ഇത്ര സുപ്രധാനമായ ഈ വേലയിൽ യഹോവയാൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്‌.” അതേ, ബധിരർ പോലും രാജ്യ ദൂത്‌ “കേൾക്കുന്നു.” പ്രവർത്തിക്കാതെ കിടന്നിരുന്ന ഈ മേഖലയിലെ പുരോഗതി കാണുന്നതു തീർച്ചയായും സന്തോഷത്തിനുള്ള ഒരു കാരണമാണ്‌.

കൂടുതൽ സൗകര്യങ്ങൾ ആവശ്യം

ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകളിൽ പുതിയ പ്രദേശങ്ങളിലേക്കു വേല വ്യാപിക്കുകയും പഴയ പ്രദേശങ്ങൾ കൂടുതൽ സമഗ്രമായി പ്രവർത്തിക്കുകയും ചെയ്‌തതോടെ പ്രസാധകരുടെയും സഭയോടൊത്തു സഹവസിക്കുന്ന പുതിയവരുടെയും എണ്ണത്തിൽ സ്ഥിരമായ വർധന ഉണ്ടായിരിക്കുന്നു. കൂടുതൽ മാസികകൾ ആവശ്യമായി വന്നിരിക്കുന്നു, മുമ്പെന്നത്തെക്കാൾ കൂടുതൽ പുസ്‌തകങ്ങളും ലഘുപത്രികകളും ഫിലിപ്പീൻ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ഇത്‌ അച്ചടിയും ഭാഷാന്തരവും പ്രൂഫ്‌ വായനയും സഹോദരങ്ങൾക്കും സഭകൾക്കും ആവശ്യമായ മറ്റു സേവനങ്ങളും നിർവഹിക്കുന്നതിനായി ബ്രാഞ്ചിൽ സേവിക്കുന്ന സഹോദരങ്ങളുടെ എണ്ണം കാര്യമായി വർധിക്കുന്നതിന്‌ ഇടയാക്കിയിരിക്കുന്നു. 1991-ൽ താമസത്തിനുള്ള പുതിയ കെട്ടിടം പണിതീർത്ത്‌ അധികം താമസിയാതെ തന്നെ അതു നിറഞ്ഞു. അത്‌ 250 പേർക്കായി രൂപകൽപ്പന ചെയ്‌തതായിരുന്നു. 1999 ആയപ്പോഴേക്കും ബെഥേൽ അംഗങ്ങളുടെ എണ്ണം 350 ആയി.

ബ്രാഞ്ച്‌ വളപ്പിൽ ഇനിയും കെട്ടിടങ്ങൾ പണിയാൻ ഇടമുണ്ടായിരുന്നതിനാൽ, താമസത്തിനായി 1991-ൽ പണിതീർന്ന കെട്ടിടത്തോട്‌ വളരെ സമാനമായ മറ്റൊരു കെട്ടിടം കൂടെ പണിയാൻ ഭരണസംഘം അംഗീകാരം നൽകി. 1999-ൽ തുടങ്ങിയ അതിന്റെ പണി 2001 അവസാനമായപ്പോഴേക്കും പൂർത്തിയായി. അതോടെ താമസ സൗകര്യം ഏതാണ്ട്‌ ഇരട്ടിയായി. വയലിലെ വർധിച്ചുവരുന്ന വേലയെ പിന്തുണയ്‌ക്കുന്നതിന്‌ ആവശ്യമായ കൂടുതലായ ഓഫീസ്‌ സൗകര്യങ്ങളും ഇപ്പോഴുണ്ട്‌. വലിപ്പമേറിയ ഒരു അലക്കുശാല, ശുശ്രൂഷാ പരിശീലന സ്‌കൂളിനുള്ള ക്ലാസ്സ്‌മുറി, മെച്ചപ്പെട്ട ലൈബ്രറി എന്നിവയാണ്‌ മറ്റു ചില സൗകര്യങ്ങൾ. ഈ വേല നിർവഹിക്കുന്നതിനായി വിദഗ്‌ധരായ പ്രാദേശിക സഹോദരീസഹോദരന്മാരും അന്താരാഷ്‌ട്ര ദാസരും താത്‌കാലികമായി ബെഥേൽ കുടുംബത്തോടു ചേർന്നു. പുതിയ കെട്ടിടം പൂർത്തിയാക്കിയശേഷം ഈ സന്നദ്ധസേവകർ 1991-ൽ പണിതീർത്ത കെട്ടിടത്തിന്റെ നവീകരണ ജോലികളും നിർവഹിച്ചു. ഇത്തരം നിർമാണ പദ്ധതികളിലെല്ലാം വളരെയധികം വേല ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ അതെല്ലാം ഒരേ ഒരു ലക്ഷ്യത്തിലാണ്‌ നിർവഹിക്കപ്പെടുന്നത്‌​—⁠ജീവദായകമായ ബൈബിൾ സത്യങ്ങളുടെ പ്രചാരണത്തെ പിന്തുണയ്‌ക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുക.

ഒരു ആവശ്യം നിറവേറ്റാൻ ശുശ്രൂഷാ പരിശീലന സ്‌കൂൾ സഹായിക്കുന്നു

ഐക്യനാടുകളിൽ 1987-ൽ ശുശ്രൂഷാ പരിശീലന സ്‌കൂൾ സ്ഥാപിതമായപ്പോൾ ‘ഞങ്ങൾക്ക്‌ എന്നെങ്കിലും ആ പരിശീലനത്തിൽനിന്നു പ്രയോജനം അനുഭവിക്കാൻ സാധിക്കുമോ?’ എന്നു ഫിലിപ്പീൻസിൽ പല സഹോദരന്മാരും ചിന്തിച്ചു തുടങ്ങി. അതിനുള്ള ഉത്തരം 1993-ൽ ലഭിച്ചു. പിറ്റേ വർഷം ഫിലിപ്പീൻസിൽ സ്‌കൂൾ പ്രവർത്തനം ആരംഭിക്കുമെന്ന്‌ അറിയിപ്പുണ്ടായി. മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും എന്ന നിലയിൽ സംഘാടന രംഗത്ത്‌ കുറച്ചൊക്കെ അനുഭവ പരിചയമുള്ള യോഗ്യതയുള്ള സഹോദരന്മാർക്ക്‌ ഈ സ്‌കൂൾ കൂടുതലായ പരിശീലനം നൽകുമായിരുന്നു. നൂറുകണക്കിന്‌ സഹോദരന്മാർ അപേക്ഷകൾ അയച്ചു.

രണ്ടു സഞ്ചാര മേൽവിചാരകന്മാർക്കും ഒരു മിഷനറിക്കും ഈ സ്‌കൂളിൽ പഠിപ്പിക്കാനുള്ള പരിശീലനം ലഭിച്ചു. ആദ്യത്തെ ക്ലാസ്സ്‌ 1994 ജനുവരിയിൽ ആരംഭിച്ചു. സ്‌കൂളിൽനിന്നു പരിശീലനം നേടിയവർ സഭകളിൽ തങ്ങളുടെ സഹോദരങ്ങളെ കൂടുതൽ മെച്ചമായി സേവിക്കാൻ യോഗ്യത നേടിയിരിക്കുന്നു. ഈ പരിശീലനം ലഭിച്ച ഒരാളെപ്പറ്റി അദ്ദേഹം സഹവസിക്കുന്ന സഭ ഇപ്രകാരം എഴുതി: “അദ്ദേഹം സ്‌കൂളിൽ സംബന്ധിക്കുന്നതിനു മുമ്പ്‌ യോഗഭാഗങ്ങൾ കൈകാര്യം ചെയ്‌തിരുന്നതിലും വളരെ മെച്ചമായിട്ടാണ്‌ ഇപ്പോൾ അവ നിർവഹിക്കുന്നത്‌.”

ഈ ആത്മീയ പരിശീലനത്തിൽനിന്നു പ്രയോജനം നേടുന്നതിന്‌ പല വിദ്യാർഥികൾക്കും ഭൗതികമായി ത്യാഗങ്ങൾ ചെയ്യേണ്ടിവന്നു. റോണൾഡ്‌ മോളിന്യോ ഒരു കെമിക്കൽ എഞ്ചിനീയറായി പരിശീലനം നേടിയ ആളായിരുന്നു. സ്‌കൂളിലേക്ക്‌ അദ്ദേഹത്തിനു ക്ഷണം ലഭിച്ചു. എന്നാൽ ഏതാണ്ട്‌ അതേ സമയത്തുതന്നെ ഒരു കമ്പനിയിൽനിന്ന്‌ ഉയർന്ന ശമ്പളവും താമസ സൗകര്യവും ഇൻഷ്വറൻസും മറ്റ്‌ ആനുകൂല്യങ്ങളും എല്ലാമുള്ള ഒരു ജോലി വാഗ്‌ദാനവും അദ്ദേഹത്തിനു ലഭിച്ചു. രണ്ട്‌ അവസരങ്ങളെയും കുറിച്ചു ധ്യാനിച്ചശേഷം റോണൾഡ്‌ ആത്മീയമായതു തിരഞ്ഞെടുത്തു. അദ്ദേഹം 18-ാമത്തെ ക്ലാസ്സിൽനിന്നു ബിരുദം നേടി ഒരു പയനിയറെന്ന നിലയിൽ തന്റെ സേവനം ആസ്വദിക്കുന്നതിൽ തുടർന്നു. അടുത്ത കാലത്ത്‌ പാപ്പുവ ന്യൂഗിനിയിൽ ഒരു മിഷനറിയായി സേവിക്കാനുള്ള ക്ഷണം അദ്ദേഹത്തിനു ലഭിച്ചു.

ആദ്യത്തെ ക്ലാസ്സിൽ സംബന്ധിച്ചശേഷം വിൽസൺ റ്റിപ്പായിറ്റിന്‌ ഒരു തീരുമാനം എടുക്കേണ്ടിവന്നു. ഒരു അധ്യാപകനെന്ന നിലയിൽ അദ്ദേഹത്തിനു നല്ല ശമ്പളമുള്ള ഒരു ലൗകിക ജോലിയുണ്ടായിരുന്നു. എന്നാൽ ആവശ്യം അധികമുള്ളിടത്ത്‌ ഒരു പ്രത്യേക പയനിയറായി സേവിക്കാനുള്ള ക്ഷണം അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹം പറയുന്നു: “എന്റെ അധ്യാപന ജോലി ഞാൻ ആസ്വദിച്ചിരുന്നു, എന്നാൽ രാജ്യ താത്‌പര്യങ്ങൾക്ക്‌ ഒന്നാം സ്ഥാനം നൽകണമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു.” അദ്ദേഹം പ്രത്യേക പയനിയർ സേവനംതന്നെ തിരഞ്ഞെടുത്തു. ആ രംഗത്തെ തന്റെ സേവനത്തെ യഹോവ അനുഗ്രഹിച്ചത്‌ അദ്ദേഹം കണ്ടു. വിൽസൺ ഇപ്പോൾ ദക്ഷിണ ഫിലിപ്പീൻസിൽ ഒരു ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായി സേവിക്കുകയാണ്‌.

സ്‌കൂളിലെ മിക്ക വിദ്യാർഥികളും ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്‌. എന്നിരുന്നാലും മറ്റ്‌ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ഫിലിപ്പീൻസിൽ വരാനുള്ള ക്രമീകരണം ഭരണസംഘം ചെയ്യുകയുണ്ടായി. ഇന്തൊനീഷ്യ, കംബോഡിയ, തായ്‌ലൻഡ്‌, നേപ്പാൾ, മലേഷ്യ, ശ്രീലങ്ക, ഹോങ്കോംഗ്‌ തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ വിദ്യാർഥികളെ അവിടേക്ക്‌ അയച്ചിട്ടുണ്ട്‌. ചില വിദ്യാർഥികൾ വരുന്നത്‌ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്‌ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിൽനിന്നാണ്‌. ഒരുമിച്ചുള്ള പഠനവും സഹവാസവും വിദ്യാർഥികൾക്കു വളരെ കെട്ടുപണി ചെയ്യുന്ന അനുഭവം ആയിരുന്നിട്ടുണ്ട്‌. അധ്യാപകനായ ആനിബാൽ സാമോറാ സഹോദരൻ പറയുന്നു: “നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിൽനിന്നു വരുന്ന വിദ്യാർഥികൾ തങ്ങൾ എങ്ങനെയാണ്‌ എല്ലാ സാഹചര്യങ്ങളിലും യഹോവയിൽ ആശ്രയിച്ചിരിക്കുന്നത്‌ എന്നു വിവരിക്കുന്നു. ഇതു ഫിലിപ്പീൻസിൽ നിന്നുള്ള വിദ്യാർഥികളെ ശക്തിപ്പെടുത്തുന്നു.” എളിയ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഫിലിപ്പിനോ സഹോദരന്മാർ പ്രതികൂല സാഹചര്യങ്ങളിൽ എങ്ങനെയാണ്‌ യഹോവയെ സേവിച്ചിരിക്കുന്നത്‌ എന്ന്‌ മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും മനസ്സിലാക്കുന്നു.

ശ്രീലങ്കയിൽനിന്നുള്ള ഒരു വിദ്യാർഥിയായ നീതൂ ഡേവിഡ്‌ പറഞ്ഞു: ‘യഹോവയാം ദൈവത്തിൽനിന്നുള്ള രണ്ടു മാസത്തെ ആ പരിശീലനം ഗംഭീരമായിരുന്നു! അതു സംബന്ധിച്ച ഓർമകൾ ഞാൻ എന്നും നിധിപോലെ കാത്തുസൂക്ഷിക്കും.’

സ്‌കൂളിനുള്ള സൗകര്യങ്ങൾ ബ്രാഞ്ചിൽ തന്നെയാണ്‌ ചെയ്‌തിരിക്കുന്നത്‌. വിദ്യാർഥികൾ തങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന പാഠ്യപദ്ധതിയിൽനിന്നു പ്രയോജനം അനുഭവിക്കുന്നതു കൂടാതെ ബ്രാഞ്ചിൽ പ്രവർത്തനം സംഘടിപ്പിക്കപ്പെടുന്ന വിധം നേരിട്ടു കാണുന്നതിലൂടെയും പലതും പഠിക്കുന്നു. ബെഥേലിലെ ആത്മീയ മനസ്‌കരായ സഹോദരീസഹോദരന്മാരുമായി ഇടപെടാനും അവർ വെക്കുന്ന വിശ്വാസത്തിന്റെ അനുകരണയോഗ്യമായ നല്ല മാതൃക കാണാനും അവർക്കു കഴിയുന്നു. കൂടാതെ താരതമ്യേന കുറച്ചു പ്രസാധകർ മാത്രമുള്ളതോ നിയന്ത്രണങ്ങളുള്ളതോ ആയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക്‌ സംഘടനയുടെ വിപുലമായ തോതിലുള്ള പ്രവർത്തനം കാണാനും അവസരം ലഭിക്കുന്നു.

ഇന്നോളം 35 ക്ലാസ്സുകളിൽ നിന്നായി 922 പേർ ഇവിടെനിന്നു ബിരുദം നേടിയിട്ടുണ്ട്‌. ഫിലിപ്പിനോ ബിരുദധാരികളിൽ 75 പേർ ഇപ്പോൾ സഞ്ചാര മേൽവിചാരകന്മാരായും അതിലധികം പേർ ദ്വീപ സമൂഹത്തിലെങ്ങുമുള്ള 193 സർക്കിട്ടുകളിൽ പകര സർക്കിട്ടു മേൽവിചാരകന്മാരായും സേവിക്കുന്നു. ആറു പേർ ബെഥേലിൽ സേവനം അനുഷ്‌ഠിക്കുന്നു. 10 പേർ മിഷനറിമാരായി പാപ്പുവ ന്യൂഗിനിയിലും മൈക്രൊനേഷ്യയിലും പ്രവർത്തിക്കുന്നു. നൂറുകണക്കിനു പേർ സ്വന്തം പ്രദേശത്തോ ആവശ്യം അധികമുള്ളിടത്തോ സാധാരണ പയനിയർമാരായി സേവിക്കുന്നു. സ്‌കൂൾ ആരംഭിച്ച്‌ വെറും 8 വർഷത്തിനുള്ളിൽ രാജ്യത്ത്‌ 65,000-ത്തിലധികം പേർ സ്‌നാപനമേറ്റിരിക്കുന്നു. നല്ല പയനിയർ ആത്മാവും സഭകളിൽ പൊതുവേ നല്ല അഭിവൃദ്ധിയുമുണ്ട്‌. ഈ സഹോദരന്മാർ സ്‌കൂളിൽ പഠിച്ച കാര്യങ്ങൾ പിൻപറ്റിയിരിക്കുന്നത്‌ പുരോഗതിക്കു സംഭാവന ചെയ്‌തിരിക്കുന്നു.

പുരോഗതി

ഈ ദ്വീപുകളിലെല്ലാം വിസ്‌മയകരമായ കാര്യങ്ങളാണു നടന്നുവരുന്നത്‌. ഏതാണ്ട്‌ 3,500 സഭകളോടൊപ്പം സഹവസിക്കുന്ന തീക്ഷ്‌ണരായ സഹോദരങ്ങൾ വിഭാവനം ചെയ്യാൻ കഴിയുന്നതിലേക്കും ഏറ്റവും മെച്ചമായ ഗവൺമെന്റായ ദൈവരാജ്യത്തെ സംബന്ധിച്ച സുവാർത്ത ഘോഷിക്കുന്നതിൽ തിരക്കോടെ ഏർപ്പെടുന്നു.

സമീപകാലത്തെ റിപ്പോർട്ടുകൾ വളരെ പ്രോത്സാഹജനകമാണ്‌. സേവന വർഷം 2002-ന്റെ അവസാനത്തെ ഏഴു മാസങ്ങളിൽ ഓരോന്നിലും പ്രസാധകരുടെ എണ്ണത്തിൽ പുതിയ അത്യുച്ചങ്ങൾ റിപ്പോർട്ടു ചെയ്‌തു. ആഗസ്റ്റ്‌ ആയപ്പോഴേക്കും രാജ്യ ദൂതു ഘോഷിക്കുന്ന 1,42,124 പേരുണ്ടായിരുന്നു. അനേകം ദ്വീപുകളിലെ ആളുകൾ യഹോവയുടെ നാമവും ഉദ്ദേശ്യങ്ങളും അറിയാൻ ഇടവരുന്നു. അവിടത്തെ യഹോവയുടെ ദാസന്മാർ യെശയ്യാവു 24:​15-ൽ (NW) മുൻകൂട്ടി പറഞ്ഞിരിക്കുന്നതിനോടു സമാനമായ ഒരു കാര്യമാണു ചെയ്യുന്നത്‌. അവിടെ നാം ഇങ്ങനെ വായിക്കുന്നു: ‘സമുദ്രത്തിലെ ദ്വീപുകളിൽ അവർ യഹോവയുടെ നാമം മഹത്ത്വപ്പെടുത്തും.’

തീക്ഷ്‌ണരായ ഈ പ്രസംഗകരുടെ കൂട്ടത്തിൽ ആയിരക്കണക്കിനു സാധാരണ പയനിയർമാരുണ്ട്‌. 1950-ൽ ആകെ 307 പയനിയർമാരാണ്‌ ഉണ്ടായിരുന്നത്‌. 2002 ഏപ്രിൽ അവസാനത്തോടെ അവരുടെ എണ്ണം 21,793 ആയി. അവരോടൊപ്പം 386 പ്രത്യേക പയനിയർമാരും ആ മാസത്തെ 15,458 സഹായ പയനിയർമാരും കൂടെ ചേർന്നപ്പോൾ മൊത്തം 37,637 പയനിയർമാർ ഉണ്ടായിരുന്നു. ആകെയുള്ള പ്രസാധകരുടെ 27 ശതമാനം ആയിരുന്നു അത്‌. ദൈവത്തിന്റെ മുഴുസമയ സേവകരുടെ നിരയിലേക്കു കടന്നു വരാനുള്ള ആഗ്രഹം പ്രകടമാക്കിയിരിക്കുന്ന അനേകർ വേറെയുണ്ട്‌. സേവന വർഷം 2002-ൽ 5,638 സാധാരണ പയനിയർ അപേക്ഷകൾ അംഗീകരിച്ചിട്ടുണ്ട്‌.

ഇതെല്ലാം നല്ല ഫലം പുറപ്പെടുവിക്കുന്നു. ആയിരക്കണക്കിനാളുകൾ പ്രതികരിച്ചുകൊണ്ടിരിക്കുന്നു. 2002 മാർച്ചിലെ സ്‌മാരക ഹാജർ 4,30,010 ആയിരുന്നു. ഓരോ മാസവും 1,00,000-ത്തിന്‌ അടുത്ത്‌ ബൈബിളധ്യയനങ്ങൾ നടത്തപ്പെടുന്നുണ്ട്‌. സേവനവർഷം 2002-ൽ 6,892 പുതിയവർ സ്‌നാപനമേറ്റു. 1948-ൽ രാജ്യത്തെ 5,359 പേർക്ക്‌ ഒരു സാക്ഷി എന്ന അനുപാതമാണ്‌ ഉണ്ടായിരുന്നതെങ്കിൽ ഇന്ന്‌ 549 പേർക്ക്‌ ഒരു സാക്ഷി എന്ന അനുപാതമാണ്‌ ഉള്ളത്‌. യഹോവ അവസരത്തിന്റെ വാതിൽ ഇപ്പോഴും തുറന്നിട്ടിരിക്കുന്ന സ്ഥിതിക്ക്‌ സമുദ്രത്തിലെ ഈ ദ്വീപുകളിൽനിന്ന്‌ ഇനിയും ആയിരങ്ങൾ യഹോവയുടെ സ്‌തുതിപാഠകരോടു ചേരാൻ നല്ല സാധ്യതയുണ്ട്‌.

വേല തുടരാൻ ദൃഢചിത്തർ

സി.റ്റി. റസ്സൽ സഹോദരൻ 1912-ൽ ഫിലിപ്പീൻസ്‌ സന്ദർശിച്ചപ്പോൾ അവിടെ സത്യത്തിന്റെ ഏതാനും വിത്തുകൾ പാകി. സാവകാശമാണെങ്കിലും ആ വിത്തുകൾ പൊട്ടിമുളച്ചു വളർന്നു. “അനുകൂല കാലത്തും പ്രതികൂല കാലത്തും” ചിലർ സത്യത്തിനു വേണ്ടി നിലപാട്‌ എടുത്തപ്പോൾ അവ നല്ല ഫലം കായിച്ചു. (2 തിമൊ. 4:⁠2, NW) വിശേഷിച്ചും രണ്ടാം ലോകമഹായുദ്ധം മുതൽ വളർച്ചയുടെ വേഗം വർധിച്ചിരിക്കുന്നു. ഇന്നു പതിനായിരങ്ങൾ യഹോവയുടെ സജീവ സ്‌തുതിപാഠകരാണ്‌. യഹോവയുടെ ജനത്തിന്റെ ലോകവ്യാപക സഭയിലെ 60 ലക്ഷത്തോളം വരുന്ന മറ്റുള്ളവരോടൊപ്പം ദൈവനാമം മഹത്ത്വപ്പെടുത്തിക്കൊണ്ട്‌ അവർ സന്തോഷത്തോടെ പ്രവർത്തിക്കുന്നു.

ഈ വിവരണം വ്യക്തമാക്കിയതുപോലെ വേല എല്ലായ്‌പോഴും എളുപ്പമായിരുന്നിട്ടില്ല. ഈ ദേശം മനോഹരമാണെങ്കിലും ചിതറിക്കിടക്കുന്ന അനേകം ദ്വീപുകളിലെ ആളുകളുടെ അടുക്കൽ എത്തുക എന്നത്‌ രാജ്യ ഘോഷകരുടെ ധൈര്യം പരിശോധിച്ചിരിക്കുന്നു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ എത്തിച്ചേരാൻ ചിലർക്കു പ്രക്ഷുബ്ധമായ കടലിനെ നേരിടേണ്ടി വരുന്നു. മറ്റു ചിലർക്കാകട്ടെ ചെമ്മരിയാടു തുല്യരെ കണ്ടെത്താനായി സസ്യങ്ങൾ ഇടതൂർന്നു വളരുന്ന പർവത പ്രദേശങ്ങളിലൂടെ യാത്ര ചെയ്യേണ്ടതുണ്ട്‌. ഫിലിപ്പീൻ ദ്വീപുകൾക്ക്‌ കണക്കിലധികം വിപത്തുകൾ​—⁠ഭൂകമ്പങ്ങൾ, പ്രളയം, ചുഴലിക്കൊടുങ്കാറ്റുകൾ, അഗ്നിപർവത സ്‌ഫോടനങ്ങൾ​—⁠നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും യഹോവയുടെ വിശ്വസ്‌ത സാക്ഷികളുടെ വേലയ്‌ക്ക്‌ അതു വിരാമമിട്ടില്ല.

സത്യാരാധന പുനഃസ്ഥാപിക്കാനായി പുനഃസ്ഥാപിത ദേശത്ത്‌ എത്തിച്ചേർന്ന ഇസ്രായേല്യരെപ്പോലെയാണ്‌ അവർ. ഇസ്രായേല്യർക്കു വളരെയധികം പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നു. എന്നാൽ യഹോവയിങ്കലെ സന്തോഷം അവരുടെ ശക്തിദുർഗമായിരുന്നു. ഇന്നും, യഹോവയുടെ സാക്ഷികൾ പൊരുത്തപ്പെടൽ പ്രാപ്‌തിയും യഹോവയിലുള്ള ആശ്രയവും വ്യക്തമായി പ്രകടമാക്കിയിരിക്കുന്നു. യഹോവ തങ്ങളോടൊപ്പമുണ്ടെന്ന്‌ അവർക്കറിയാം. സങ്കീർത്തനം 121:7 പറയുന്നത്‌ അവർ വിശ്വസിക്കുന്നു: “യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.” യഹോവയുടെ പിന്തുണയോടെ, ഈ വ്യവസ്ഥിതി അവസാനിക്കുന്നതിനു മുമ്പ്‌ ആവുന്നത്ര ആളുകളെ സഹായിക്കാൻ അവർ ആകാംക്ഷാപൂർവം നോക്കിപ്പാർത്തിരിക്കുന്നു. അതിനുശേഷം, ഈ 7,100 ദ്വീപുകൾ ഉൾപ്പെടെ ഭൂമിയിലെമ്പാടുമായി പുനരുത്ഥാനപ്പെട്ടു വരുന്ന ദശലക്ഷങ്ങളെ പഠിപ്പിക്കാമെന്ന പ്രതീക്ഷയും അവർക്കുണ്ട്‌. അന്ന്‌ പറുദീസയുടെ ഭാഗമായി മാറുന്ന ഈ ദേശത്തിന്റെ മനോഹാരിത സ്രഷ്ടാവിനു വളരെയധികം സ്‌തുതി കരേറ്റും.

അതുവരെ, യഹോവ തങ്ങളുടെ വേലയെ അനുഗ്രഹിക്കുമെന്ന പൂർണ വിശ്വാസത്തോടെ മുന്നേറാൻ യഹോവയുടെ സാക്ഷികൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. തങ്ങളുടെ ജീവിതം ദൈവത്തിന്റെ പ്രവാചകന്റെ പിൻവരുന്ന വാക്കുകൾക്കു ചേർച്ചയിൽ കൊണ്ടുവരാൻ അവർ ശ്രമിക്കുന്നു. “അവർ യഹോവെക്കു മഹത്വം കൊടുത്തു അവന്റെ സ്‌തുതിയെ ദ്വീപുകളിൽ പ്രസ്‌താവിക്കട്ടെ.”​—⁠യെശയ്യാവു 42:⁠12.

[232-ാം പേജിലെ ആകർഷക വാക്യം]

“ദൈവം താങ്കളോടുകൂടെ ഉണ്ടായിരിക്കണം. അല്ലായിരുന്നെങ്കിൽ താങ്കൾ പണ്ടേ വധിക്കപ്പെട്ടേനെ”

[153-ാം പേജിലെ ചതുരം]

സത്യത്തിന്റെ ആദ്യ വിത്തുകൾ വിതയ്‌ക്കപ്പെടുന്നു

ചാൾസ്‌ റ്റി. റസ്സലും സംഘവും 1912-ൽ ഫിലിപ്പീൻസ്‌ സന്ദർശിച്ചു. അവരായിരുന്നു ഫിലിപ്പീൻസ്‌ സന്ദർശിക്കാനായി ബ്രുക്ലിൻ ഹെഡ്‌ക്വാർട്ടേഴ്‌സിൽ നിന്നു നിയോഗിക്കപ്പെട്ട ആദ്യത്തെ ഔദ്യോഗിക പ്രതിനിധികൾ. എന്നാൽ അവർ എത്തുന്നതിനു മുമ്പുതന്നെ രണ്ടു ബൈബിൾ വിദ്യാർഥികൾ ഫിലിപ്പീൻസിലെത്തി ബൈബിൾ സത്യം പഠിക്കാൻ ആളുകളെ സഹായിച്ചുകൊണ്ടിരുന്നുവെന്നാണ്‌ രേഖകൾ സൂചിപ്പിക്കുന്നത്‌. ഐക്യനാടുകളിൽ നിന്നുള്ള ലൂവിസ്‌ ബെൽ ഇപ്രകാരം എഴുതി:

“ഞാനും ഭർത്താവും 1908-ൽ ഫിലിപ്പീൻസിലേക്കു പോയി. അവിടെ അധ്യാപകരായി ജോലിനോക്കി. സിബാലോം പട്ടണത്തിൽ അമേരിക്കക്കാരായി ഉണ്ടായിരുന്നതു ഞങ്ങൾ മാത്രമായിരുന്നു. ഞങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച്‌ നൂറുകണക്കിനു കിലോഗ്രാം ബൈബിൾ ലഘുലേഖകൾ ബ്രുക്ലിനിൽനിന്ന്‌ അയച്ചുതന്നു. അവ ന്യൂയോർക്കിൽനിന്നു സാൻഫ്രാൻസിസ്‌കോയിലും, അവിടെനിന്ന്‌ പസിഫിക്കിലൂടെ മനിലയിലും എത്തി, പിന്നീട്‌ അവ ദ്വീപുകൾക്കിടയിൽ സർവീസ്‌ നടത്തുന്ന ബോട്ടുമാർഗം സിബാലോം പട്ടണത്തിൽ എത്തിച്ചു.

“അവസരം കിട്ടിയപ്പോഴൊക്കെ ഞങ്ങൾ ലഘുലേഖ വിതരണം ചെയ്യുകയും തദ്ദേശവാസികളോടു സാക്ഷീകരിക്കുകയും ചെയ്‌തു. അന്നൊന്നും സമർപ്പണമോ മണിക്കൂറോ എഴുതി സൂക്ഷിക്കുന്ന രീതി ഞങ്ങൾക്കില്ലായിരുന്നു. ആളുകൾ കത്തോലിക്കരായിരുന്നെങ്കിലും ഞങ്ങൾ പറയുന്നത്‌ അവർ സന്തോഷത്തോടെ ശ്രദ്ധിക്കുമായിരുന്നു. ചികിത്സാ പരിശീലനം നേടിയ അധ്യാപകരായിരുന്നു ഞങ്ങൾ. എങ്കിലും പ്രധാനമായി ഞങ്ങൾ സുവാർത്തയുടെ സന്ദേശവാഹകരായിരുന്നു.

“പരുക്കൻ റോഡുകളിലൂടെ കാൽനടയായും കുതിരപ്പുറത്തുമൊക്കെ ഞങ്ങൾ സഞ്ചരിച്ചു. ചിലപ്പോൾ മുളകൊണ്ടു നെയ്‌തുണ്ടാക്കിയ തറയിൽ കിടന്നുറങ്ങി. ഒരേ പാത്രത്തിൽനിന്നാണ്‌ ഞങ്ങൾ എല്ലാവരും ഭക്ഷണം​—ചോറും മീനും​—കഴിച്ചത്‌.

“പാസ്റ്റർ റസ്സൽ 1912-ൽ മനില സന്ദർശിച്ചപ്പോൾ ഞങ്ങൾ അദ്ദേഹത്തിന്‌ ഒരു ടെലഗ്രാം അയച്ചു.”

“മരിച്ചവർ എവിടെയാണ്‌?” എന്ന വിഷയത്തെ ആസ്‌പദമാക്കി മനിലയിലെ ഗ്രാൻഡ്‌ ഓപ്പറ ഹൗസിൽ വെച്ച്‌ റസ്സൽ സഹോദരൻ നടത്തിയ പ്രസംഗത്തിന്‌ ബെൽ സഹോദരി സന്നിഹിതയായിരുന്നു.

[156-ാം പേജിലെ ചതുരം]

ഫിലിപ്പീൻസിനെ കുറിച്ച്‌ ഒരു ആകമാന വീക്ഷണം

ഭൂപ്രദേശം: ഏതാണ്ട്‌ 7,100 ദ്വീപുകൾ ചേർന്ന ഫിലിപ്പീൻസിന്റെ ഭൂപ്രദേശം ഏകദേശം 3,00,000 ചതുരശ്ര കിലോമീറ്റർ വരും. ഈ ദ്വീപസമൂഹം തെക്കുവടക്കായി ഏകദേശം 1,850 കിലോമീറ്ററും കിഴക്കുപടിഞ്ഞാറായി ഏകദേശം 1,125 കിലോമീറ്ററും ദൂരത്തിൽ വ്യാപിച്ചു കിടക്കുന്നു. ദ്വീപുകൾക്കെല്ലാം വലിപ്പത്തിൽ വലിയ അന്തരമുണ്ട്‌. ഏറ്റവും വലിയ ദ്വീപിന്‌ പോർച്ചുഗലിനെക്കാൾ അൽപ്പംകൂടി വലിപ്പമുണ്ട്‌. എന്നാൽ ഏറ്റവും ചെറുതാകട്ടെ വേലിയേറ്റ സമയത്ത്‌ വെള്ളത്തിനടിയിലാകും വിധം അത്ര ചെറുതാണ്‌.

ജനങ്ങൾ: മലയൻ വംശജരാണ്‌ അധികവും; എന്നാൽ ചൈനീസ്‌, സ്‌പാനീഷ്‌, അമേരിക്കൻ ജനവർഗങ്ങളുടെ പിൻഗാമികളും ഇവിടെയുണ്ട്‌.

ഭാഷ: ഫിലിപ്പീൻസിൽ നിരവധി ഭാഷകളുണ്ട്‌. ഇലോക്കോ, ടഗാലോഗ്‌, പാൻഗാസിനാൻ, ബിക്കോൾ, സാമാർ-ലെയ്‌ട്ടി, സെബ്വാനോ, ഹിലിഗൈനൻ എന്നിവയാണ്‌ ഏറെ വ്യാപകമായി സംസാരിക്കപ്പെടുന്ന ഭാഷകൾ. എന്നാൽ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിരിക്കുന്നത്‌ ഇംഗ്ലീഷും പിലിപ്പിനോയും ആണ്‌. പിലിപ്പിനോ ഭാഷ മുഖ്യമായും ടഗാലോഗിൽ നിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌.

തൊഴിൽ: ഉപജീവനത്തിന്‌ വ്യത്യസ്‌ത മാർഗങ്ങളാണ്‌ നഗരവാസികൾ അവലംബിക്കുന്നത്‌. എന്നാൽ ഗ്രാമീണരിൽ മിക്കവരും കൃഷിക്കാരും മീൻപിടുത്തക്കാരുമാണ്‌. നെല്ല്‌, കരിമ്പ്‌, വാഴപ്പഴം, തേങ്ങ, കൈതച്ചക്ക തുടങ്ങിയ ഭക്ഷ്യവിളകൾ വിപുലമായ തോതിൽ ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌.

ആഹാരം: സാധാരണഗതിയിൽ ചോറ്‌ എല്ലാ നേരത്തെയും ഭക്ഷണത്തിന്റെ ഭാഗമാണ്‌. മത്സ്യവും കടലിൽനിന്നു കിട്ടുന്ന മറ്റു ഭക്ഷ്യവസ്‌തുക്കളും ഉഷ്‌ണമേഖലയിൽ ഉണ്ടാകുന്ന പച്ചക്കറികളും പഴങ്ങളും എല്ലാം ഉൾപ്പെട്ടതാണ്‌ സാധാരണ ഭക്ഷണം.

കാലാവസ്ഥ: ഉഷ്‌ണമേഖലാ കാലാവസ്ഥയാണ്‌ ഫിലിപ്പീൻസിന്റേത്‌. ദ്വീപുകളിൽ ഉടനീളം സാമാന്യം സ്ഥിരമായ ഊഷ്‌മാവാണുള്ളത്‌. രാജ്യത്തു പൊതുവേ ധാരാളം മഴ ലഭിക്കാറുണ്ട്‌.

[161, 162 പേജുകളിലെ ചതുരം/ചിത്രം]

ഹിലാരിയോൺ ആമോറെസുമായി ഒരു അഭിമുഖം

ജനനം: 1920

സ്‌നാപനം: 1943

സംക്ഷിപ്‌ത വിവരം: രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാൻ അധിനിവേശ സമയത്ത്‌ സത്യം പഠിക്കാനിടയായി. അപ്പോൾ രാജ്യത്തു സാക്ഷികൾ വളരെ കുറവായിരുന്നു.

യുദ്ധകാലത്താണു ഞാൻ സ്‌നാപനമേറ്റത്‌. സഹോദരങ്ങൾക്ക്‌ അപ്പോഴും വീടുതോറും പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നിരുന്നാലും ഞങ്ങളുടെ പ്രവർത്തനങ്ങളെ ആളുകൾ സംശയത്തോടെ വീക്ഷിച്ചിരുന്നതിനാൽ ഞങ്ങൾ ജാഗ്രത പാലിക്കേണ്ടിയിരുന്നു. ഒടുവിൽ ഞങ്ങൾക്കു നാട്ടിൻപുറങ്ങളിലേക്കു പലായനം ചെയ്യേണ്ടിവന്നു. എന്നാൽ 1945-ൽ ഞങ്ങൾ മനിലയിൽ തിരിച്ചെത്തി.

ആ സമയത്തു വീക്ഷാഗോപുരം ടഗാലോഗ്‌ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതിനുള്ള പദവി എനിക്കുണ്ടായിരുന്നു. വെളുപ്പിനു രണ്ടു മണിവരെയൊക്കെ ഉറക്കം ഇളച്ചിരുന്നാണ്‌ അതു ചെയ്‌തിരുന്നത്‌. പരിഭാഷപ്പെടുത്തുന്ന വിവരങ്ങൾ മിമിയോഗ്രാഫ്‌ ഉപയോഗിച്ചു പകർത്തി സാക്ഷികളുടെ കൂട്ടങ്ങൾക്ക്‌ അയച്ചു കൊടുക്കുമായിരുന്നു. വളരെയധികം ത്യാഗം ഇതിൽ ഉൾപ്പെട്ടിരുന്നെങ്കിലും സഹോദരങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരായിരുന്നു.

സത്യത്തിൽ ആയിരുന്നിട്ടുള്ള വർഷങ്ങളിൽ ഉടനീളം യഹോവയുടെ കരുണ നേരിൽ കാണാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്‌. തന്റെ ജനത്തിന്റെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾക്കായി അവൻ തീർച്ചയായും കരുതുന്നു. യുദ്ധശേഷം ഫിലിപ്പീൻസിലേക്കു ദുരിതാശ്വാസം എത്തിച്ചേർന്നത്‌ എനിക്ക്‌ ഓർമയുണ്ട്‌. എത്ര പേർക്കാണ്‌ ഷൂസും പാന്റ്‌സും മറ്റു വസ്‌ത്രങ്ങളുമൊക്കെ കിട്ടിയതെന്നോ! സഹായം ലഭിച്ച പല പയനിയർമാരും മുഴുസമയ സേവനത്തിൽ കൂടുതൽ ചെയ്‌തുകൊണ്ട്‌ അതിനുള്ള നന്ദി പ്രകടമാക്കി. ആവശ്യമായതെല്ലാം നൽകിക്കൊണ്ട്‌ യഹോവ തീർച്ചയായും തന്റെ ജനത്തിനായി കരുതുന്നു.

[173, 174 പേജുകളിലെ ചതുരം/ചിത്രം]

പ്രിയങ്കരനായ ഒരു മിഷനറി

നിൽ കാല്ലവേ

ജനനം: 1926

സ്‌നാപനം: 1941

സംക്ഷിപ്‌ത വിവരം: ഒരു സാക്ഷിക്കുടുംബത്തിൽ ജനിച്ചു, ഹൈസ്‌കൂൾ പഠനം കഴിഞ്ഞ ഉടനെ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തു. ഗിലെയാദ്‌ സ്‌കൂളിന്റെ 12-ാമത്തെ ക്ലാസ്സിൽ സംബന്ധിച്ച അദ്ദേഹത്തിന്‌ ഫിലിപ്പീൻസിലേക്കു നിയമനം ലഭിച്ചു. അവിടെ ഒരു സഞ്ചാര മേൽവിചാരകനായി സേവിച്ചു.

സഹോദരങ്ങൾക്ക്‌ അത്യന്തം പ്രിയങ്കരനായ, തീക്ഷ്‌ണതയുള്ള ഒരു മിഷനറി ആയിരുന്നു നിൽ കാല്ലവേ. രാജ്യ വേലയെ വളരെ ഗൗരവത്തോടെ വീക്ഷിച്ചിരുന്ന അദ്ദേഹം സന്തോഷപ്രകൃതമുള്ള ഒരു വ്യക്തിയായിരുന്നു. കാല്ലവേ സഹോദരൻ രാജ്യമൊട്ടാകെ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. തന്റെ സഞ്ചാരവേലയെപ്പറ്റി അദ്ദേഹം പറയുന്നതു ശ്രദ്ധിക്കൂ.

“സാക്ഷീകരണ പ്രദേശത്ത്‌ എത്തിച്ചേരാൻ ചിലപ്പോൾ രണ്ടു മണിക്കൂർ കുന്നുകയറേണ്ടി വന്നിട്ടുണ്ട്‌. രാജ്യഗീതം ആലപിച്ചുകൊണ്ടാണു ഞങ്ങൾ പോയിരുന്നത്‌. 15 മുതൽ 20 വരെ പേർ അടങ്ങുന്ന കൂട്ടം പാട്ടൊക്കെ പാടി കാലടിപ്പാതകളിലൂടെ വരിവരിയായി നീങ്ങുന്ന ആ യാത്ര എനിക്കെത്ര സന്തോഷം നൽകിയിരുന്നെന്നോ. വിദേശ നിയമനം ഏറ്റെടുത്തതിൽ എനിക്കു ചാരിതാർഥ്യം തോന്നിയ സമയങ്ങളാണ്‌ അതൊക്കെ.

“ഞങ്ങൾ ദൈവവചനം സംസാരിക്കുന്നതിനായി നാട്ടിൻ പുറങ്ങളിലെ കൊച്ചു ഭവനങ്ങളിലെത്തുമ്പോൾ എളിയവരായ വീട്ടുകാർ തറയിൽ ഇരുന്ന്‌ ഞങ്ങൾ പറയുന്ന ഓരോ വാക്കും ശ്രദ്ധിച്ചുകേൾക്കുമായിരുന്നു. അടുത്ത തവണ ഞങ്ങൾ രാജ്യഹാളിൽ ചെല്ലുമ്പോൾ അവരും അവിടെ ഉണ്ടാകും. ഇതൊക്കെ കണ്ടപ്പോൾ മറ്റുള്ളവരോടു രാജ്യസത്യം പങ്കുവെക്കുന്നതിൽ അധികമധികം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു.”

മിൻഡോറോയിൽ നിന്നുള്ള നേനിറ്റാ സഹോദരിയെ നിൽ വിവാഹം കഴിച്ചു. 1985-ൽ അദ്ദേഹത്തിന്റെ മരണത്തോളം അവർ ഒന്നിച്ചു വിശ്വസ്‌തരായി സേവിച്ചു. ഫിലിപ്പീൻസിലെ സഹോദരങ്ങൾക്ക്‌ ഇപ്പോഴും അദ്ദേഹത്തെ കുറിച്ച്‌ പറയുമ്പോൾ നൂറു നാവാണ്‌. ഒരാൾ ഇങ്ങനെ പറയുന്നു: “സഹോദരങ്ങളുമായി ഒത്തുപോകുന്നതിൽ അസാധാരണ കഴിവുള്ള നല്ല ഒരു മനുഷ്യനായിരുന്നു കാല്ലവേ സഹോദരൻ. ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള അദ്ദേഹത്തിന്റെ പ്രാപ്‌തി അപാരമായിരുന്നു.” a

[അടിക്കുറിപ്പ്‌]

a കാല്ലവേ സഹോദരന്റെ ജീവിതകഥ, 1971 ആഗസ്റ്റ്‌ 1 ലക്കം ഇംഗ്ലീഷ്‌ “വീക്ഷാഗോപുര”ത്തിലുണ്ട്‌.

[177-ാം പേജിലെ ചതുരം/ചിത്രം]

ഇനെൽഡാ സാൽവാഡോറുമായി ഒരു അഭിമുഖം

ജനനം: 1931

സ്‌നാപനം: 1949

സംക്ഷിപ്‌ത വിവരം: 1967 മാർച്ചിൽ ഒരു മിഷനറിയായി തായ്‌ലൻഡിലേക്ക്‌ അയയ്‌ക്കപ്പെട്ടു.

തായ്‌ലൻഡിലേക്കുള്ള എന്റെ മിഷനറി നിയമനത്തെ കുറിച്ചു കേട്ടപ്പോൾ എനിക്കു സമ്മിശ്രവികാരങ്ങളാണ്‌ അനുഭവപ്പെട്ടത്‌. സന്തോഷവും, ഒപ്പം ഒരൽപ്പം ഉത്‌കണ്‌ഠയും. എന്റെ മനസ്സിൽ ഒരുപാടു ചോദ്യങ്ങൾ ഉണ്ടായിരുന്നു.

ഞാൻ 1967 മാർച്ച്‌ 30-നാണ്‌ ഇവിടെ എത്തിയത്‌. ഇവിടത്തെ ഭാഷ എനിക്ക്‌ അപരിചിതമായിരുന്നു. സ്ഥായിയിൽ വ്യത്യാസം വരുത്തി​—⁠താഴ്‌ന്ന സ്ഥായിയും ഉയർന്ന സ്ഥായിയും അവരോഹണ സ്ഥായിയും തീക്ഷ്‌ണ സ്ഥായിയും ഒക്കെ ഉപയോഗിച്ച്‌​—⁠സംസാരിക്കുന്ന താന ഭാഷയാണ്‌ അത്‌. ആ ഭാഷ പഠിച്ചെടുക്കാൻ വളരെ പ്രയാസമായിരുന്നു. എന്നാൽ തദ്ദേശീയരും വിദേശീയരുമായ സഹോദരങ്ങൾ എന്നെ സ്‌നേഹപൂർവം സഹായിച്ചു.

ഞാൻ 1967 മുതൽ 1987 വരെ സൂഖൂംവിറ്റിൽ ആയിരുന്നു. പിന്നീട്‌ മറ്റൊരു സഭയോടൊത്തു സേവിക്കുന്നതിന്‌ എനിക്കു തോൺബുരിയിലേക്കു പോകേണ്ടിവന്നു. എന്നെ സംബന്ധിച്ചിടത്തോളം, 20 വർഷം സേവിച്ച സഭയിലെ സഹോദരങ്ങളെ പിരിയുന്നതു വളരെ ദുഷ്‌കരമായിരുന്നു. അതൊക്കെ ഓരോരുത്തരുടെയും മനോഭാവത്തെ ആശ്രയിച്ചിരിക്കും. 12 വർഷം കഴിഞ്ഞ്‌ 1999-ൽ ഞാൻ വീണ്ടും സൂഖൂംവിറ്റിലേക്കു മടങ്ങിവന്നു. വീട്ടിലേക്കു തിരിച്ചു പോകുന്നതുപോലെ ആണ്‌ ഇതെന്നു മറ്റു മിഷനറിമാർ പറഞ്ഞു. പക്ഷേ എന്നെ സംബന്ധിച്ച്‌ ഞാൻ ഏതു സഭയിൽ നിയമിക്കപ്പെടുന്നുവോ അതാണ്‌ എന്റെ ഭവനം.

[178-ാം പേജിലെ ചതുരം/ചിത്രം]

ഒരു ഭാഷ പഠിച്ചതിനെ കുറിച്ചുള്ള സ്‌മരണകൾ

ബെനീറ്റോ ഗുൺടായാവും എലിസബെത്ത്‌ ഗുൺടായാവും

സംക്ഷിപ്‌ത വിവരം: ബെനീറ്റോയും ഭാര്യ എലിസബെത്തും ഫിലിപ്പീൻസിൽ സർക്കിട്ട്‌ വേലയിലായിരുന്നു. 1980-ൽ അവരെ മിഷനറിമാരായി ഹോങ്കോംഗിലേക്ക്‌ അയച്ചു. അവിടെ അവർ 53 പേരെ സത്യം പഠിക്കാൻ സഹായിച്ചിട്ടുണ്ട്‌.

ചൈനീസ്‌ ഭാഷയുമായി യാതൊരു പരിചയവുമില്ലാത്ത ഞങ്ങളെപ്പോലെയുള്ളവർക്ക്‌ കാന്റൊനിസ്‌ ഭാഷ പഠിച്ചെടുക്കുക എന്നത്‌ വളരെ ബുദ്ധിമുട്ടായിരുന്നു. ആത്മാർഥമായ പരിശ്രമവും സ്ഥിരോത്സാഹവും താഴ്‌മയും ഇതിന്‌ ആവശ്യമാണ്‌.

ഒരിക്കൽ, “ഞാൻ ചന്തയിൽ പോകുകയാണ്‌” എന്ന്‌ കാന്റൊനിസ്‌ ഭാഷയിൽ പറയാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ പറഞ്ഞുവന്നപ്പോൾ അത്‌, “കോഴിക്കാഷ്‌ഠം ഇട്ടിരിക്കുന്നിടത്തേക്കു പോകുകയാണ്‌” എന്നായി. മറ്റൊരിക്കൽ, വയൽ സേവനത്തിൽ ആയിരിക്കെ എന്റെ ഭാര്യ വീട്ടുകാരിക്കു പരിചയമുള്ള ഒരു സഹോദരിയെ കുറിച്ച്‌ വളരെ ആവേശത്തോടെ “ഓ, എനിക്കവളെ അറിയാം” എന്നു പറയാൻ വന്നതാണ്‌. പക്ഷേ പറഞ്ഞു വന്നപ്പോൾ “ഓ, ഞാൻ അവളെ തിന്നുകയാണ്‌” എന്നായി. വീട്ടുകാരിയുടെ ഞെട്ടൽ ഒന്നോർത്തു നോക്കൂ! ചൈനീസ്‌ ഭാഷ സംസാരിക്കുന്ന വയലിലെ ഇത്തരം അനുഭവങ്ങൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ അമൂല്യമാണ്‌.

[181, 182 പേജുകളിലെ ചതുരം/ചിത്രം]

ലിഡിയ പാംപ്ലോനായുമായുള്ള ഒരു അഭിമുഖം

ജനനം: 1944

സ്‌നാപനം: 1954

സംക്ഷിപ്‌ത വിവരം: ഫിലിപ്പീൻസിൽ കുറേക്കാലം പ്രത്യേക പയനിയറായി പ്രവർത്തിച്ചശേഷം, 1980-ൽ പാപ്പുവ ന്യൂഗിനിയിൽ സേവിക്കാനുള്ള ക്ഷണം ലഭിച്ചു. സത്യം പഠിക്കാൻ 84-ൽ അധികം പേരെ സഹായിച്ചിട്ടുണ്ട്‌.

ആവശ്യം അധികമുള്ളിടത്തു സേവിക്കുക എന്നത്‌ നാളുകളായി എന്റെ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട്‌ പാപ്പുവ ന്യൂഗിനിയിലേക്കു പോകാൻ നിയമനം ലഭിച്ചപ്പോൾ എനിക്ക്‌ എത്ര സന്തോഷം തോന്നിയെന്നോ! പക്ഷേ എനിക്കു വിഷമവും തോന്നി, കാരണം ആദ്യമായിട്ടായിരുന്നു ഞാൻ വീട്ടിൽനിന്ന്‌ മാറിനിൽക്കാൻ പോകുന്നത്‌. പാപ്പുവ ന്യൂഗിനിയെ കുറിച്ച്‌ എനിക്കു കാര്യമായി ഒന്നും അറിയില്ലായിരുന്നു. ആകെപ്പാടെ അറിയാമായിരുന്ന കാര്യങ്ങൾ എന്നെ പരിഭ്രമിപ്പിക്കുകയും ചെയ്‌തു. എന്നാൽ, “യഹോവയുടെ ഇഷ്ടം ചെയ്‌തുകൊണ്ടു നാം എവിടെ ആയിരുന്നാലും അവൻ നമ്മെ കാത്തുപരിപാലിച്ചുകൊള്ളും” എന്ന്‌ അമ്മ പറഞ്ഞപ്പോൾ എനിക്കു വളരെ പ്രോത്സാഹനം തോന്നി. നിയമനം സ്വീകരിച്ചതായി അറിയിച്ചുകൊണ്ട്‌ ഞാൻ കത്ത്‌ അയച്ചു.

ഞാൻ നിയമനസ്ഥലത്ത്‌ എത്തി. സഹോദരങ്ങൾ വളരെ ദയയുള്ളവരും ആളുകൾ സൗഹാർദരുമായിരുന്നു. ഫിലിപ്പീൻസിൽവെച്ച്‌ സമർപ്പിച്ചതിലും കൂടുതൽ മാസികകളും പുസ്‌തകങ്ങളും ഓരോ മാസവും ഞാൻ സമർപ്പിച്ചു. എന്നാൽ ഇവിടത്തെ ഭാഷയും ആചാരങ്ങളും വളരെ വ്യത്യസ്‌തമായിരുന്നു. അതുകൊണ്ട്‌ ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘ഇവിടെ കുറച്ചു വർഷം സേവിച്ചശേഷം തിരിച്ചു നാട്ടിലേക്കു പോയി വീണ്ടും അമ്മയോടൊപ്പം പയനിയറിങ്‌ ചെയ്യണം.’

രണ്ടു പ്രധാനഭാഷകൾ പഠിക്കുകയും അവരുടെ ചില പ്രാദേശിക രീതികളുമായി അനുരൂപപ്പെടുകയും ചെയ്‌തതോടെ ഞാൻ ആളുകളെ അടുത്തറിയാൻ തുടങ്ങി. ഇപ്പോൾ 20-ലേറെ വർഷമായി ഞാൻ ഇവിടെയാണ്‌. സത്യം സ്വീകരിക്കുന്നതിന്‌ നിരവധി ആളുകളെ സഹായിക്കാൻ എനിക്കു കഴിഞ്ഞിരിക്കുന്നു. സത്യം ശരിയായി പഠിച്ച്‌ അതു സ്വന്തമാക്കാൻ സാധിക്കത്തക്കവണ്ണം ചിലരെ ഞാൻ എഴുത്തും വായനയും പഠിപ്പിച്ചിട്ടുണ്ട്‌. ഇതും മറ്റനേകം അനുഗ്രഹങ്ങളും കണക്കിലെടുക്കുമ്പോൾ പാപ്പുവ ന്യൂഗിനി എന്റെ സ്വന്തം നാടാണെന്നു തന്നെ എനിക്കു തോന്നുന്നു. യഹോവയുടെ ഇഷ്ടമെങ്കിൽ, വേല പൂർത്തിയായി എന്ന്‌ അവൻ പറയുന്നതു വരെയോ എന്റെ നാളുകളുടെ അവസാനം വരെയോ അവന്റെ സേവനത്തിനായി എന്നെ തുടർന്നും ഉപയോഗിക്കണമെന്നാണ്‌ എന്റെ ആഗ്രഹം.

[191, 192 പേജുകളിലെ ചതുരം/ചിത്രം]

ഫിലേമോൻ ഡാമാസോയുമായി ഒരു അഭിമുഖം

ജനനം: 1932

സ്‌നാപനം: 1951

സംക്ഷിപ്‌ത വിവരം: 1953-ൽ മുഴുസമയ ശുശ്രൂഷ ആരംഭിച്ചു. പിന്നീട്‌ വിവാഹിതനായ അദ്ദേഹം സർക്കിട്ട്‌ വേലയിൽ പ്രവേശിച്ചു. മക്കൾ വളർന്നശേഷം, ഭാര്യയോടൊപ്പം ഒരു പ്രത്യേക പയനിയർ എന്ന നിലയിൽ മുഴുസമയ സേവനം തുടർന്നു. വിസൈയൻ ദ്വീപുകൾ, മിൻഡനാവോ എന്നിവിടങ്ങളിൽ വ്യത്യസ്‌ത നിയമനങ്ങളിൽ ഇന്നുവരെ തുടർന്നിരിക്കുന്നു.

കഠിനമായ ദുരിതങ്ങൾ 1960-കളിൽ മുഴുസമയ സേവനം ക്ലേശകരമാക്കി. എലികൾ പെരുകി നെല്ലും ചോളവും എല്ലാം നശിപ്പിച്ചതു കാരണം ആഹാരം ദുർലഭമായിരുന്നു. വസ്‌ത്രങ്ങളും ഷൂസും പഴകി ജീർണിച്ചതിനാൽ പട്ടണങ്ങളിൽ പ്രസംഗ പ്രവർത്തനത്തിനു പോകാൻ പറ്റാതായി.

അതുകൊണ്ട്‌ ഞങ്ങൾ വയലുകൾ, കുന്നിൻപുറങ്ങൾ, വിദൂര ഗ്രാമങ്ങൾ എന്നിവിടങ്ങളിലേക്കു പോയി​—⁠മിക്കവാറും ഷൂസില്ലാതെ. ഉചിതമായ വസ്‌ത്രമില്ലാഞ്ഞതിനാൽ ഒരിക്കൽ സർക്കിട്ട്‌ സമ്മേളനത്തിൽ ഒരു പരിപാടി നിർവഹിക്കാൻ എനിക്കു സാധിക്കാതെ പോയേനേ. എന്നിരുന്നാലും ഞങ്ങളുടെ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകൻ ആയിരുന്ന ബെർനാർഡിനോ സഹോദരൻ ദയാപൂർവം അദ്ദേഹത്തിന്റെ ഷർട്ട്‌ എനിക്കു തന്നു. അങ്ങനെ എനിക്ക്‌ ആ പ്രസംഗം നടത്താനായി. തീർച്ചയായും, പലരും ഭൗതികമായി ഞങ്ങളെക്കാൾ പരിതാപകരമായ അവസ്ഥയിലായിരുന്നു. വേലയിൽ സഹിച്ചുനിൽക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം നിമിത്തം യഹോവ ഞങ്ങളെ അനുഗ്രഹിച്ചു.

നിഷ്‌പക്ഷത നിമിത്തം 1982-ൽ ഞങ്ങൾക്കു ചില പരിശോധനകൾ അഭിമുഖീകരിക്കേണ്ടതായിവന്നു. മിൻഡനാവോയിൽ സർക്കാരിന്‌ എതിരെയുള്ള വിപ്ലവം വ്യാപകമായിരുന്നു. വിപ്ലവമേധാവികൾ എന്നു വിളിക്കപ്പെട്ടിരുന്നവരുമായി ഞാൻ ബൈബിൾ അധ്യയനങ്ങൾ നടത്തിയിരുന്നതിനാൽ ഇടതുപക്ഷക്കാരുടെ “വാധ്യാർ” ആയി ഗവൺമെന്റു പട്ടാളക്കാർ എന്നെ മുദ്രകുത്തി. എന്നുവരികിലും, ഞങ്ങൾ പഠിപ്പിക്കുന്നതെല്ലാം ബൈബിളിൽ നിന്നാണെന്നും അതിന്‌ രാഷ്‌ട്രീയച്ചുവ ഇല്ലെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വിവരിക്കുകയുണ്ടായി.

അതേസമയം വിപ്ലവകാരികളും എന്നെ നോട്ടപ്പുള്ളിയാക്കിയിരുന്നു. ഞാൻ പ്രസംഗ പ്രവർത്തനത്തിനു പോയപ്പോൾ ആദ്യം ഗ്രാമത്തിലെ ക്യാപ്‌റ്റനോടും​—⁠മുനിസിപ്പാലിറ്റിയാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഉദ്യോഗസ്ഥൻ​—⁠സേനാവകുപ്പിന്റെ അധിപനോടും സാക്ഷീകരിച്ചു എന്നതായിരുന്നു കാരണം. എന്നാൽ ഞാൻ അധ്യയനം നടത്തിയിരുന്ന ഒരു വിപ്ലവമേധാവി ഞങ്ങൾക്കു വേണ്ടി വാദിച്ചതിനാൽ അവർ എന്നെ ഒന്നും ചെയ്‌തില്ല.

പതിറ്റാണ്ടുകളായി, ദുരിതങ്ങളെയും പരിശോധനകളെയും അതിജീവിക്കാൻ യഹോവ ഞങ്ങളെ സഹായിച്ചിരിക്കുന്നു. യഹോവയുടെ കരുണയ്‌ക്കും സംരക്ഷണത്തിനുമായി ഞങ്ങൾ അവനു നന്ദി പറയുന്നു.​—⁠സദൃ. 18:10; 29:⁠25.

[217, 218 പേജുകളിലെ ചതുരം/ചിത്രം]

പാസിഫിക്കോ പാന്റാസുമായി ഒരു അഭിമുഖം

ജനനം: 1926

സ്‌നാപനം: 1946

സംക്ഷിപ്‌ത വിവരം: 1951-ൽ 16-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽ നിന്നു ബിരുദം നേടി. ഇപ്പോൾ കേസൊൻ സിറ്റിയിൽ ഒരു മൂപ്പനായി സേവിക്കുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ലഗൂണ പ്രവിശ്യയിൽ ഞങ്ങൾക്ക്‌ യഹോവയുടെ സാക്ഷികളായ അയൽക്കാരുണ്ടായിരുന്നു. അവരുടെ ലൈബ്രറിയിൽ നിന്നു പുസ്‌തകങ്ങൾ എടുത്തു വായിക്കാൻ അവരെന്നെ ക്ഷണിച്ചു. വളരെ നല്ല പുസ്‌തകങ്ങളായിരുന്നു അവയെല്ലാം. ഇംഗ്ലീഷിലുള്ള സൃഷ്ടി, സംസ്ഥാപനം, അനുരഞ്‌ജനം, മതം, ശത്രുക്കൾ, കുട്ടികൾ എന്നിവയും മറ്റു നിരവധി പുസ്‌തകങ്ങളും ഉണ്ടായിരുന്നു. ജപ്പാൻകാർ ഞങ്ങളുടെ പട്ടണം അഗ്നിക്ക്‌ ഇരയാക്കിയപ്പോൾ സാക്ഷികളുമായുള്ള ഞങ്ങളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടു. എന്നാൽ ഒരു വർഷം കഴിഞ്ഞ്‌ മനിലയിൽവെച്ച്‌ വീണ്ടും അവരെ കണ്ടുമുട്ടി. ഞാൻ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി, തുടർന്നു സ്‌നാപനമേറ്റു. അതിനുശേഷം ഞാൻ ഒരു കൂട്ടം പയനിയർമാരോടൊപ്പം പ്രവർത്തനം ആരംഭിച്ചു. റ്റായാബാസ്‌ എന്ന പ്രവിശ്യ മുഴുവനും ഞങ്ങളുടെ നിയമന പ്രദേശമായിരുന്നു. പിന്നീട്‌ ഈ സ്ഥലം കേസൊൻ എന്നറിയപ്പെട്ടു. പട്ടണങ്ങൾ തോറും ഞങ്ങൾ സാക്ഷീകരണത്തിലേർപ്പെട്ടു. ആളൊഴിഞ്ഞ ബസ്സുകളിലും താത്‌പര്യക്കാരുടെ ഭവനങ്ങളിലും മറ്റുമാണ്‌ ഞങ്ങൾ അന്തിയുറങ്ങിയത്‌.

ഞങ്ങൾ മാവൂബാനിൽ എത്തിയപ്പോൾ ഒരു സംഘം ഗറില്ലാ പോരാളികൾ പട്ടണം റെയ്‌ഡ്‌ ചെയ്‌തു. ടൗൺ ഹാളിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്ന ഞങ്ങൾ ബഹളം കേട്ട്‌ ഉണർന്നു. താഴെയുണ്ടായിരുന്ന പോലീസുകാരെ അവർ പിടികൂടിയെന്നു ഞങ്ങൾക്കു മനസ്സിലായി, കാരണം അവർ തോക്കുകൾ നിലത്തിടുന്ന ശബ്ദം ഞങ്ങൾ കേട്ടു.

പോരാളികൾ മുകളിലേക്കു പാഞ്ഞുകയറി വന്നു. അതിലൊരാൾ ഞങ്ങളുടെ നേരെ ടോർച്ചടിച്ചുകൊണ്ട്‌ ചോദിച്ചു: “നിങ്ങൾ ആരാണ്‌?” ഞങ്ങൾ ഉറങ്ങുന്നതായി നടിച്ചു. അയാൾ ചോദ്യം ഒന്നുകൂടി ആവർത്തിച്ചിട്ട്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾ ഫിലിപ്പീൻസ്‌ പോലീസ്‌ സേനയുടെ ചാരന്മാരല്ലേ?”

“അല്ല, സർ,” ഇത്തവണ ഞങ്ങൾ മറുപടി പറഞ്ഞു.

“പക്ഷേ നിങ്ങൾ കാക്കി ധരിച്ചിട്ടുണ്ടല്ലോ,” അയാൾ പറഞ്ഞു.

വസ്‌ത്രങ്ങൾ ഞങ്ങൾക്ക്‌ ദാനമായി കിട്ടിയതാണെന്നും ഷൂസ്‌ അമേരിക്കയിലുള്ള സഹോദരങ്ങൾ ദുരിതാശ്വാസ സാമഗ്രികളുടെ കൂട്ടത്തിൽ അയച്ചു തന്നതാണെന്നും ഞങ്ങൾ പറഞ്ഞു.

അപ്പോൾ അവരുടെ കമാൻഡർ പറഞ്ഞു: “ഓഹോ, അങ്ങനെയാണോ? ഏതായാലും, ഈ ഷൂസ്‌ എനിക്കു വേണം.” ഞാൻ എന്റെ ഷൂസ്‌ ഊരിക്കൊടുത്തു. അയാൾക്ക്‌ എന്റെ പാന്റ്‌സും വേണമായിരുന്നു. അങ്ങനെ ഞങ്ങളുടെ അടിവസ്‌ത്രമൊഴിച്ചു ബാക്കിയെല്ലാം അവർ ഊരി വാങ്ങി. ഏതായാലും അടുത്തൊരിടത്ത്‌ ഞങ്ങൾ വേറെ കുറെ വസ്‌ത്രങ്ങൾ സൂക്ഷിച്ചിരുന്നതു നന്നായി. വാസ്‌തവത്തിൽ, അവർ ആ വസ്‌ത്രങ്ങൾ കൊണ്ടുപോയതിൽ ഞങ്ങൾക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. കാരണം, അല്ലാത്തപക്ഷം പട്ടണം മുഴുവൻ ഞങ്ങളെ ചാരന്മാരായി തെറ്റിദ്ധരിക്കുമായിരുന്നു!

തടികൊണ്ടുള്ള ഏതാനും ഷൂസ്‌ വാങ്ങി ഞങ്ങൾ മനിലയിലേക്കു തിരിച്ചുപോയി. തുടർന്ന്‌ പ്രസംഗ പ്രവർത്തനത്തിനായി വിസൈയൻ ദ്വീപുകളിലേക്കു പോയി.

ഗിലെയാദ്‌ സ്‌കൂളിൽ സംബന്ധിക്കുന്നതിനു മുമ്പ്‌ പാന്റാസ്‌ സഹോദരൻ മുഴുസമയ ശുശ്രൂഷകനും സർക്കിട്ട്‌ മേൽവിചാരകനുമായി സേവനം അനുഷ്‌ഠിച്ചു. ഫിലിപ്പീൻസിലേക്കു തിരിച്ചുവന്ന ശേഷം ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകൻ എന്ന നിലയിലും ബ്രാഞ്ച്‌ ഓഫീസിലും അദ്ദേഹം സേവിച്ചു. പിന്നീട്‌ കുടുംബത്തെ പരിപാലിക്കുന്നതിനായി അദ്ദേഹത്തിന്‌ മുഴുസമയ ശുശ്രൂഷ നിറുത്തേണ്ടിവന്നു.

[168, 169 പേജുകളിലെ ചാർട്ട്‌/ചിത്രങ്ങൾ]

ഫിലിപ്പീൻസ്‌ സുപ്രധാന സംഭവങ്ങൾ

1908: രണ്ടു ബൈബിൾ വിദ്യാർഥികൾ ഐക്യനാടുകളിൽനിന്ന്‌ സാക്ഷീകരണത്തിനായി സിബാലോമിൽ എത്തുന്നു.

1910

1912: ചാൾസ്‌ റ്റി. റസ്സൽ മനിലയിലെ ഗ്രാൻഡ്‌ ഓപ്പറ ഹൗസിൽ പ്രസംഗം നടത്തുന്നു.

1934: ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിക്കുന്നു. എസ്‌കേപ്പ്‌ ററു ദ കിങ്‌ഡം എന്ന ചെറുപുസ്‌തകം ടഗാലോഗ്‌ ഭാഷയിൽ പ്രസിദ്ധീകരിക്കുന്നു.

1940

1947: ആദ്യ ഗിലെയാദ്‌ ബിരുദധാരികൾ എത്തുന്നു.

1961: രാജ്യശുശ്രൂഷാസ്‌കൂളിന്റെ ക്ലാസ്സുകൾ ആരംഭിക്കുന്നു.

1964: അയൽ രാജ്യങ്ങളിൽ മിഷനറിമാരായി സേവിക്കുന്നതിന്‌ ഫിലിപ്പീൻകാരായ പയനിയർമാരെ ആദ്യമായി ക്ഷണിക്കുന്നു.

1970

1978: പയനിയർ സേവനസ്‌കൂളിന്റെ ക്ലാസ്സുകൾ ആരംഭിക്കുന്നു.

1991: പുതിയ ബ്രാഞ്ചു സൗകര്യങ്ങളുടെ പണി പൂർത്തിയാകുന്നു, അതിന്റെ സമർപ്പണം നടക്കുന്നു. മൗണ്ട്‌ പിനറ്റ്യൂബൊ പൊട്ടിത്തെറിക്കുന്നു.

1993: ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ടഗാലോഗ്‌ ഭാഷയിൽ പ്രകാശനം ചെയ്യുന്നു.

2000

2000: പുതിയലോക ഭാഷാന്തരത്തിന്റെ സമ്പൂർണ പതിപ്പ്‌ ടഗാലോഗ്‌ ഭാഷയിൽ പ്രകാശനം ചെയ്യുന്നു.

2002: 1,42,124 സജീവ പ്രസാധകർ ഫിലിപ്പീൻസിൽ ഉണ്ടായിരുന്നു.

[ഗ്രാഫ്‌]

(പ്രസിദ്ധീകരണം കാണുക)

മൊത്തം പ്രസാധകർ

മൊത്തം പയനിയർമാർ

1,50,000

1,00,000

50,000

1940 1970 2000

[199-ാം പേജിലെ ചാർട്ട്‌]

(പ്രസിദ്ധീകരണം കാണുക)

കൺവെൻഷൻ ഹാജരിലെ വർധന കാണിക്കുന്ന ചാർട്ട്‌ (1948-99)

3,50,000

3,00,000

2,50,000

2,00,000

1,50,000

1,00,000

50,000

0

1948 1954 1960 1966 1972 1978 1984 1990 1996 1999

[157-ാം പേജിലെ മാപ്പുകൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ഫിലിപ്പീൻസ്‌

ലൂസോൺ

വിഗാൻ

ബാഗിയോ

ലിങ്‌ഗായൻ

കാബനറ്റ്വാൻ

മൗണ്ട്‌ പിനറ്റ്യൂബൊ

ഓലോങ്‌ഗാപോ

കേസൊൻ സിറ്റി

മനില

മിൻഡോരോ

വിസൈയൻ ദ്വീപുകൾ

മാസ്‌ബാറ്റി

സേബൂ

മിൻഡനാവോ

സുറിഗാവു

ദാവാവു

പലാവാൻ

എൽ നിദോ

[150-ാം പേജിലെ ചിത്രം]

[154-ാം പേജിലെ ചിത്രം]

ചാൾസ്‌ റ്റി. റസ്സലും വില്ല്യം ഹോളും 1912-ൽ ഫിലിപ്പീൻസ്‌ സന്ദർശിച്ചപ്പോൾ

[159-ാം പേജിലെ ചിത്രം]

ജോസഫ്‌ ഡോസ്‌ സാന്റോസ്‌ സഹോദരൻ ഭാര്യ റോസാരിയോ സഹോദരിയോടൊപ്പം 1948-ൽ. രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ മൂന്നു വർഷം ക്രൂരമായ തടവുശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടും അദ്ദേഹം തീക്ഷ്‌ണതയുള്ള ഒരു രാജ്യഘോഷകനായി തുടർന്നു

[163-ാം പേജിലെ ചിത്രം]

ഫിലിപ്പീൻസിൽനിന്ന്‌ ഗിലെയാദ്‌ സ്‌കൂളിലേക്ക്‌ ആദ്യമായി അയയ്‌ക്കപ്പെട്ട സഹോദരന്മാർ: ആഡൊൾഫോ ഡിയോണിസ്യോ, സാൽവഡോർ ലിവാഗ്‌, മാക്കാറിയോ ബാസ്‌വെൽ

[164-ാം പേജിലെ ചിത്രം]

പ്രസംഗ പ്രവർത്തനത്തിനായി പർവതങ്ങളിലൂടെ നടന്നുപോകുന്നു

[183-ാം പേജിലെ ചിത്രം]

പയനിയർ സേവനസ്‌കൂളിൽ നിന്ന്‌ ആയിരക്കണക്കിനു പയനിയർമാർ പ്രയോജനം അനുഭവിച്ചിരിക്കുന്നു

[186-ാം പേജിലെ ചിത്രം]

കമ്പ്യൂട്ടർവത്‌കൃത ഫോട്ടോ ടൈപ്‌ സെറ്റിങ്‌ 1980-ൽ ആരംഭിച്ചു

[189-ാം പേജിലെ ചിത്രം]

ഫിലിപ്പീൻസിലെ അനേകം ഭാഷകളിൽ സുവാർത്ത ലഭ്യമാക്കിയിരിക്കുന്നു

[199-ാം പേജിലെ ചിത്രം]

“ദിവ്യബോധന” അന്താരാഷ്‌ട്ര കൺവെൻഷൻ, 1993

[199-ാം പേജിലെ ചിത്രം]

“സന്തുഷ്ട സ്‌തുതിപാഠകർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിലെ സ്‌നാപനം, 1995

[200-ാം പേജിലെ ചിത്രം]

കൺവെൻഷൻ സമയത്തു നാടു സന്ദർശിക്കാൻ മടങ്ങിയെത്തിയ ഫിലിപ്പിനോ മിഷനറിമാർ

[202-ാം പേജിലെ ചിത്രം]

ടഗാലോഗ്‌ ഭാഷയിലുള്ള “ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം” 1993-ലെ കൺവെൻഷനുകളിൽ പ്രകാശനം ചെയ്യപ്പെട്ടു

[204-ാം പേജിലെ ചിത്രം]

കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ബൈബിൾ പരിഭാഷ നിർവഹിക്കുന്നു 

[205-ാം പേജിലെ ചിത്രം]

ഒരു പയനിയർ സന്തോഷപൂർവം “പുതിയലോക ഭാഷാന്തരം” സമ്പൂർണ ബൈബിൾ സ്വന്തം ഭാഷയിൽ സ്വീകരിക്കുന്നു

[207-ാം പേജിലെ ചിത്രം]

ബ്രാഞ്ച്‌ കമ്മിറ്റി, ഇടത്തുനിന്ന്‌: (ഇരിക്കുന്നവർ) ഡെന്റൺ ഹോപ്‌കിൻസൺ, ഫേലിക്‌സ്‌ സാലാങ്കോ; (നിൽക്കുന്നവർ) ഫേലിക്‌സ്‌ ഫഹാർഡോ, ഡേവിഡ്‌ ലെഡ്‌ബെറ്റർ, റെയ്‌മണ്ട്‌ ലീച്ച്‌

[211-ാം പേജിലെ ചിത്രം]

അനേകം വിയറ്റ്‌നാമീസ്‌ അഭയാർഥികൾ ഫിലിപ്പീൻസിൽ ആയിരിക്കെ സത്യം പഠിച്ചു

[215-ാം പേജിലെ ചിത്രം]

നാറ്റിവിഡാഡും ലിയോദേഗാരിയോ ബാർലാനും; രണ്ടുപേരും 60 വർഷത്തിലധികം മുഴുസമയ സേവനത്തിൽ ചെലവഴിച്ചിരിക്കുന്നു

[222, 223 പേജുകളിലെ ചിത്രങ്ങൾ]

സമീപ വർഷങ്ങളിൽ നിർമിച്ച രാജ്യഹാളുകൾ

[224-ാം പേജിലെ ചിത്രങ്ങൾ]

മെട്രോ മനിലയിലെ സമ്മേളന ഹാളും (മുകളിൽ) മനിലയ്‌ക്കു വെളിയിലുള്ള മറ്റു സമ്മേളന ഹാളുകളും

[228-ാം പേജിലെ ചിത്രം]

ഇടത്ത്‌: 1991-ലെ ബ്രാഞ്ച്‌ സമർപ്പണ പരിപാടിയിൽ ജോൺ ബാർ സഹോദരൻ പ്രസംഗിക്കുന്നു

[228-ാം പേജിലെ ചിത്രം]

താഴെ: ബ്രാഞ്ചു കെട്ടിടങ്ങൾ 1991-ൽ

[235-ാം പേജിലെ ചിത്രം]

യഹോവയുടെ സാക്ഷികളുടെ വിജയം പത്രങ്ങൾ റിപ്പോർട്ടു ചെയ്‌തത്‌

[236-ാം പേജിലെ ചിത്രങ്ങൾ]

ഭൂചലനങ്ങളും അഗ്നിപർവതങ്ങളും പ്രളയങ്ങളും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നെങ്കിലും തീക്ഷ്‌ണരായ പ്രസാധകർ പ്രസംഗവേല തുടരുന്നു

[246-ാം പേജിലെ ചിത്രം]

ആത്മീയ പരിപാടികളിൽനിന്നു പ്രയോജനം അനുഭവിക്കാൻ ബധിരരെ സഹായിക്കുന്നതിന്‌ തീക്ഷ്‌ണതയുള്ള പയനിയർമാർ ആംഗ്യഭാഷ പഠിച്ചിരിക്കുന്നു

[246-ാം പേജിലെ ചിത്രം]

രാജ്യത്തെ ആദ്യ ആംഗ്യഭാഷാ പയനിയര്‌[ സേവനസ്‌കൂൾ ക്ലാസ്സിലെ വിദ്യാർഥകളും അധ്യാപകരും, 2002-ന്റെ ആദ്യം

[251-ാം പേജിലെ ചിത്രം]

ഫിലിപ്പിൻസിലെ ശുശ്രൂഷാ പരിശീലന സ്‌കൂളിന്റെ 27-ാമത്തെ ക്ലാസ്സ്‌