ഭരണസംഘത്തിന്റെ കത്ത്
ഭരണസംഘത്തിന്റെ കത്ത്
പ്രിയ സഹോദരീസഹോദരന്മാരേ:
നിങ്ങൾക്കെഴുതുന്നത് എത്ര ആനന്ദകരമാണെന്നോ! നിങ്ങൾ പ്രകടമാക്കുന്ന സ്‌നേഹത്തെയും ആത്മത്യാഗ മനോഭാവത്തെയുംപ്രതി ഞങ്ങൾ നിങ്ങളെ അനുമോദിക്കുന്നു. കഴിഞ്ഞ സേവന വർഷത്തിൽ വിശിഷ്ടമായ പല നേട്ടങ്ങളും കൈവരിക്കാൻ നമുക്കു കഴിഞ്ഞുവെന്ന് ഈ വാർഷികപുസ്‌തകത്തിന്റെ പേജുകളിലൂടെ നിങ്ങൾ മനസ്സിലാക്കും. യഹോവയോട് അടുത്തുചെല്ലാൻ ആളുകളെ നേരിട്ടു പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രസംഗ-പഠിപ്പിക്കൽ വേലയിൽ നാം ഒരിക്കൽക്കൂടി 100 കോടിയിലധികം മണിക്കൂറുകൾ ചെലവഴിച്ചിരിക്കുന്നു. മഹാദൈവമായ നമ്മുടെ സ്വർഗീയ പിതാവിന്റെ കൂട്ടുവേലക്കാർ ആയിരിക്കുന്നത് ഒരു മഹത്തായ ബഹുമതിതന്നെയല്ലേ?—1 കൊരി. 3:9.
ഭാവിയിൽ നിർവഹിക്കപ്പെടാനിരിക്കുന്ന വേലയുടെ വീക്ഷണത്തിൽ, ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവദാസരുടെ വിശ്വാസവും തീക്ഷ്‌ണതയും നിങ്ങൾ തുടർന്നും അനുകരിക്കുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്. അപ്പൊസ്‌തലനായ പൗലൊസിന്റെ ഉദാഹരണമെടുക്കുക. രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിൽ സാധ്യമാകുന്നതെല്ലാം ചെയ്യാൻ അവൻ ഉത്സുകനായിരുന്നു. സാധ്യതയനുസരിച്ച്, എഫെസൊസിൽ ആയിരുന്നതിന്റെ അവസാനവർഷമാണ് അവൻ കൊരിന്തിലെ ക്രിസ്‌ത്യാനികൾക്കുള്ള തന്റെ ആദ്യലേഖനം എഴുതിയത്. തുടർന്നുള്ള തന്റെ ഉദ്ദേശ്യത്തെ കുറിച്ച് അവൻ ഇങ്ങനെ എഴുതി: ‘എഫെസൊസിൽ ഞാൻ പെന്തെക്കൊസ്‌ത്‌വരെ പാർക്കും. എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ട്.’—1 കൊരി. 16:8, 9.
മാസിഡോണിയയിലേക്കും കൊരിന്തിലേക്കും പോകാനായിരുന്നു പൗലൊസ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നിരുന്നാലും, കുറച്ചുനാൾകൂടി എഫെസൊസിൽ താമസിക്കുകയാണെങ്കിൽ പ്രയോജനപ്രദമായ പല കാര്യങ്ങളും ചെയ്യാൻ അവസരം ലഭിക്കുമെന്ന് അവൻ മനസ്സിലാക്കി. കാരണം, രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിച്ചുകൊണ്ട് എഫെസൊസിൽ പ്രവർത്തനം തുടരാൻ അനുവദിക്കുന്ന ചില അനുകൂല സാഹചര്യങ്ങൾ ഉണ്ടെന്ന് പൗലൊസ് തിരിച്ചറിഞ്ഞു. വഴക്കമുള്ളവൻ ആയിരുന്നുകൊണ്ട്, തന്റെ പട്ടികയിൽ മാറ്റം വരുത്താൻ അവൻ തയ്യാറായി. പ്രവർത്തനത്തിന്റെ വലിയ വാതിൽ പൗലൊസിന്റെ മുമ്പിൽ തുറന്നു കിടപ്പുണ്ടായിരുന്നു. ആ അവസരങ്ങളെല്ലാം നന്നായി പ്രയോജനപ്പെടുത്തുന്നതിൽ അവൻ അതീവ തത്‌പരനായിരുന്നു.
എഫെസൊസിൽ സുവാർത്ത പ്രസംഗിച്ചുകൊണ്ടും സഭകളെ കെട്ടുപണിചെയ്‌തുകൊണ്ടും ധാരാളം വേല ചെയ്യാനുണ്ടായിരുന്നു. നഗരത്തിലെ സഭയിലുള്ള പ്രായമേറിയ പുരുഷന്മാരോടു പൗലൊസ് പിന്നീട് ഇങ്ങനെ പറഞ്ഞു: “[ഞാൻ] പ്രയോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്‌തു എന്നും ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.”—സമാനമായി, പ്രിയ സഹോദരീസഹോദരന്മാരേ, നിങ്ങളിൽ മിക്കവരും മുമ്പിൽ തുറന്നുകിട്ടിയ അവസരങ്ങളെ നന്നായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ സേവന വർഷത്തിൽ ശരാശരി 7,98,938 പേർ തങ്ങളുടെ കാര്യാദികളെ ക്രമപ്പെടുത്തിക്കൊണ്ട് ഏതെങ്കിലും തരത്തിലുള്ള മുഴുസമയ ശുശ്രൂഷയിൽ പങ്കുപറ്റി. നിങ്ങളിൽ ചിലർ മിഷനറിമാരായി സേവിക്കുന്നതിനു ഭൂമിയുടെ അതിവിദൂര ഭാഗങ്ങളിലേക്കു പോയിരിക്കുന്നു. അവിടെ നിങ്ങൾ സുവാർത്ത വ്യാപിപ്പിക്കുകയും സഭകൾ സ്ഥാപിച്ച് അവയെ കെട്ടുപണി ചെയ്യുകയും ചെയ്യുന്നു. മറ്റുചിലർ വിദേശഭാഷ സംസാരിക്കുന്ന തങ്ങളുടെ അയൽക്കാരെ സഹായിക്കാനായി മറ്റൊരു ഭാഷ പഠിച്ചിരിക്കുന്നു. ചിലരാകട്ടെ ഇതുവരെ നിയമിക്കപ്പെട്ടിട്ടില്ലാത്തതോ ആവശ്യം അധികം ഉള്ളതോ ആയ പ്രദേശങ്ങളിൽ സേവിക്കുന്നതിനായി തങ്ങളുടെ കാര്യാദികൾ ക്രമീകരിച്ചിരിക്കുന്നു. ചില സഹോദരങ്ങൾക്കു സ്‌കൂളിലും ജോലിസ്ഥലത്തും പ്രസംഗിക്കുന്നതിനും ടെലിഫോണിലൂടെ ഫലപ്രദമായി സാക്ഷീകരിക്കുന്നതിനുമുള്ള വലിയ അവസരങ്ങൾ തുറന്നു കിട്ടിയിട്ടുണ്ട്. പ്രായഭേദമന്യേ ദൈവജനം, തങ്ങൾ കണ്ടുമുട്ടുന്ന സകലരോടും സത്യത്തിന്റെ പരിജ്ഞാനം പങ്കുവെക്കുന്നതിനുള്ള അവസരങ്ങൾ ഉത്സാഹപൂർവം അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള അനുഭവങ്ങൾ അതാണു കാണിക്കുന്നത്.
നിങ്ങളുടെ നല്ല ശ്രമങ്ങളെ യഹോവ കാണുകയും ആഴമായി വിലമതിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പുള്ളവരായിരിക്കുക. ബൈബിൾ ഇപ്രകാരം പറയുന്നു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” (എബ്രാ. 6:10) നിർമല ആരാധനയെ ഉന്നമിപ്പിക്കാനുള്ള അവസരങ്ങൾക്കായി തുടർന്നും നോക്കിപ്പാർത്തിരിക്കുക. നിങ്ങളിൽ ചിലർക്ക് ശുശ്രൂഷ ഇനിയും വിപുലമാക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കാം. നമുക്കെല്ലാം നമ്മുടെ ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കുന്നതിനു പ്രയത്‌നിക്കാൻ കഴിയും.
നമ്മുടെ പ്രസംഗ നിയോഗം നിറവേറ്റവേ എതിർപ്പുകൾ ഉണ്ടാകും എന്നതു തീർച്ചയാണ്. തനിക്കു മുമ്പിൽ തുറന്നുകിടക്കുന്ന വലിയ പ്രവർത്തന പ്രവൃ. 19:24-28; 20:18, 19.
മേഖലയെപ്പറ്റി പറഞ്ഞതിനുശേഷം പൗലൊസ് ഇങ്ങനെ എഴുതി: ‘എതിരാളികളും പലർ ഉണ്ട്.’ പൗലൊസിനെ സംബന്ധിച്ചിടത്തോളം വിജാതീയരും യഹൂദന്മാരും അവന് എതിരാളികൾ ആയിരുന്നു. ചിലർ അവനെ നേരിട്ട് ആക്രമിച്ചു. മറ്റു ചിലർ അവനെ ദ്രോഹിക്കാൻ ഗൂഢപദ്ധതികൾ തയ്യാറാക്കി.—ഇന്ന് നാമും ഇത്തരം സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശം അടുത്തുവരവേ കൂടുതൽ എതിർപ്പുകൾ നാം പ്രതീക്ഷിക്കുന്നു. സാത്താൻ ‘മഹാക്രോധ’ത്തിലാണ്. അവന്റെ ക്രോധം ഇപ്പോൾ പ്രത്യേകിച്ചും ദൈവദാസന്മാരുടെ നേരെയാണ്. (വെളി. 12:12) ‘ഈ ലോകത്തിന്റെ ഭരണാധിപൻ’ സാത്താനാണെന്ന കാര്യം ഒരിക്കലും മറക്കാതിരിക്കുക. യേശു തന്റെ ശിഷ്യന്മാരോട് ഇപ്രകാരം പറയുകയുണ്ടായി: “നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.”—യോഹ. 14:30; 15:19.
നമ്മുടെ വിശ്വാസത്തെ ദുർബലമാക്കാനോ പ്രസംഗവേലയെ മന്ദീഭവിപ്പിക്കാനോ ആരെയും അനുവദിക്കില്ലെന്നു നാം ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു. നമുക്കെതിരെ ആക്രമണങ്ങളും ഗൂഢാലോചനകളും നടത്തുന്നവർ തുടർന്നും ഉണ്ടായിരിക്കും. എങ്കിലും രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ നാം മുന്നേറുകതന്നെ ചെയ്യും. യഹോവയുടെ തക്കസമയത്ത് യേശുക്രിസ്‌തു സാത്താനെയും അവന്റെ കൂട്ടാളികളെയും തകർത്തു തരിപ്പണമാക്കുമെന്നുള്ള ഉറച്ച ബോധ്യം നമുക്കുണ്ട്. എതിരാളികൾക്ക് ആർക്കും പൗലൊസിനെ നിശ്ശബ്ദനാക്കാൻ കഴിഞ്ഞില്ല. ഇന്ന് യഹോവയുടെ ദാസന്മാരെ നിശ്ശബ്ദരാക്കാനും അവർക്കു കഴിയില്ല. സാത്താന്റെ ക്രോധത്തിനും ലോകത്തിന്റെ വെറുപ്പിനും നാം പാത്രമാണെങ്കിലും യഹോവയുടെ ആത്മാവ് അവന്റെ ജനത്തിനിടയിൽ ശക്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സുവാർത്ത ഘോഷിക്കുന്നവരുടെ എണ്ണം 63,04,645 എന്ന പുതിയ അത്യുച്ചത്തിൽ എത്തി എന്നറിയുന്നത് എത്ര സന്തോഷകരമാണ്!
യഹോവയുടെ അതിമഹത്തായ രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനുള്ള അവസരങ്ങൾ കണ്ടെത്തി പ്രയോജപ്പെടുത്താൻ നിങ്ങൾക്കു തുടർന്നും കഴിയട്ടെ എന്നാണ് ഞങ്ങളുടെ പ്രാർഥന. അത്യുന്നതനായ യഹോവയാം ദൈവത്തെ നാം ‘ഏകമനസ്സോടെ സേവിക്കവേ,’ നിങ്ങളിൽ ഓരോരുത്തരിലും ഞങ്ങൾക്കുള്ള സ്‌നേഹനിർഭരമായ താത്‌പര്യം സംബന്ധിച്ച് ഉറപ്പുള്ളവരായിരിക്കുക.—സെഫ. 3:9.
നിങ്ങളുടെ സഹോദരന്മാർ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം