വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്‌ (കിൻഷാസ)

കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്‌ (കിൻഷാസ)

കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്‌ (കിൻഷാസ)

‘ഒരു സഞ്ചിയിലെ ആഫ്രിക്കൻ ചോളത്തിന്റെ വിത്തുകൾ പോലെയാണു ഞങ്ങൾ. എവിടെ വിതറിയാലും മഴ വന്നെത്തുമ്പോൾ, ഞങ്ങൾ പെരുകും.’ 50-ലധികം വർഷം മുമ്പ്‌, അന്ന്‌ ബെൽജിയൻ കോംഗോ എന്ന്‌ അറിയപ്പെട്ടിരുന്ന പ്രദേശത്തെ അധികാരികളുടെ കയ്യാൽ വളരെ പീഡനം സഹിച്ച യഹോവയുടെ ഒരു വിശ്വസ്‌ത സാക്ഷി പറഞ്ഞ വാക്കുകളാണ്‌ അവ. യഹോവയുടെ അനുഗ്രഹം നവോന്മേഷദായകമായ മഴ പോലെ കോംഗോയിൽ ഉടനീളം രാജ്യഘോഷകരുടെ എണ്ണം അത്ഭുതാവഹമായ വിധത്തിൽ വർധിക്കുന്നതിന്‌ ഇടയാക്കിയിരിക്കുന്നത്‌ എങ്ങനെയെന്ന്‌ തുടർന്നുള്ള പേജുകളിൽ നിങ്ങൾ വായിക്കും.

ഇന്ന്‌ കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്‌ അഥവാ കോംഗോ (കിൻഷാസ) എന്ന്‌ അറിയപ്പെടുന്ന ആ രാജ്യം ആഫ്രിക്കയുടെ ഹൃദയഭാഗത്താണു സ്ഥിതി ചെയ്യുന്നത്‌. a ഭൂമധ്യരേഖയുടെ ഇരുവശത്തുമായി വ്യാപിച്ചുകിടക്കുന്ന ഈ ദേശത്തിന്റെ മിക്ക ഭാഗങ്ങളെയും നിബിഡവനങ്ങൾ പച്ചയണിയിക്കുന്നു. ഇവിടത്തെ വിസ്‌തൃതമായ വനപ്രദേശങ്ങളും പുൽമേടുകളും വൈവിധ്യമാർന്ന നിരവധി വന്യജീവികളുടെ ആവാസകേന്ദ്രമാണ്‌. പ്രകൃതിവിഭവങ്ങളാൽ സമൃദ്ധമായ ഈ രാജ്യം കാലങ്ങളായി രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്‌, ആക്രമണങ്ങൾക്കും ആഭ്യന്തര യുദ്ധങ്ങൾക്കും ഇരയായിട്ടുണ്ട്‌.

1885-ൽ, ബെൽജിയത്തിലെ രാജാവായിരുന്ന ലിയോപോൾഡ്‌ രണ്ടാമൻ പരമാധികാരിയായി കോംഗോ ഫ്രീ സ്റ്റേറ്റ്‌ (കോംഗോ സ്വതന്ത്ര രാഷ്‌ട്രം) സ്ഥാപിതമായി. എങ്കിലും കോംഗോയിലെ ജനത്തിന്‌ സ്വാതന്ത്ര്യം അന്യമായിരുന്നു. ലിയോപോൾഡിന്റെ പിണിയാളുകൾ ആനക്കൊമ്പും റബ്ബറും കൊള്ളയടിക്കാൻ അതിമൃഗീയമായ മുറകൾ പ്രയോഗിക്കുകയും ആളുകളെക്കൊണ്ട്‌ നിർബന്ധിച്ചു പണിയെടുപ്പിക്കുകയും ചെയ്‌തു. ബെൽജിയത്തിന്റെ യൂറോപ്യൻ അയൽരാജ്യങ്ങൾക്കിടയിൽ ഇത്‌ നീരസം വർധിപ്പിക്കുകയും ഒടുവിൽ ലിയോപോൾഡിന്‌ അവരുടെ സമ്മർദത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി വരുകയും ചെയ്‌തു. 1908-ൽ കോംഗോ സ്വതന്ത്ര രാഷ്‌ട്രം ബെൽജിയൻ കോംഗോ ആയി ഉടച്ചുവാർത്തു. അത്‌ ബെൽജിയൻ പാർലമെന്റിന്റെ നിയന്ത്രണത്തിലുള്ള ഒരു കോളനി ആയിത്തീർന്നു. 1960-ൽ കോംഗോ സ്വാതന്ത്ര്യം നേടി.

കോംഗോയിലെ ജനങ്ങൾ തികഞ്ഞ മതഭക്തരാണ്‌. എവിടെ നോക്കിയാലും പള്ളികളും സെമിനാരികളും ദൈവശാസ്‌ത്ര സ്‌കൂളുകളും കാണാം. പല ആളുകൾക്കും നന്നായി ബൈബിൾ വാക്യങ്ങൾ ഉദ്ധരിക്കാൻ കഴിയും. എന്നാൽ മറ്റിടങ്ങളിലെപ്പോലെതന്നെ സത്യക്രിസ്‌ത്യാനിത്വം നാമ്പെടുക്കുന്നത്‌ ഇവിടെയും എളുപ്പമായിരുന്നില്ല. കോംഗോയിൽ ഇത്‌ പ്രത്യേകിച്ചും ദുഷ്‌കരമായിത്തീരാൻ ഒരു കാരണം ഉണ്ടായിരുന്നു, ആളുകൾ യഹോവയുടെ സാക്ഷികളെ കിറ്റാവാലാ എന്ന ഒരു മതപ്രസ്ഥാനത്തിലെ അംഗങ്ങളായി കുറെ കാലത്തേക്ക്‌ തെറ്റിദ്ധരിച്ചിരുന്നു.

യഥാർഥ യഹോവയുടെ സാക്ഷികൾ ആരാണെന്ന്‌ തിരിച്ചറിയാൻ കഴിയാതെ വരുന്നു

“അധികാരം പ്രയോഗിക്കുക, നയിക്കുക അല്ലെങ്കിൽ ഭരിക്കുക” എന്ന്‌ അർഥം വരുന്ന ഒരു സ്വാഹിലി പദത്തിൽനിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌ “കിറ്റാവാലാ” എന്ന വാക്ക്‌. അതുകൊണ്ടുതന്നെ ഈ പ്രസ്ഥാനത്തിന്‌ തികച്ചും ഒരു രാഷ്‌ട്രീയ ലക്ഷ്യമാണ്‌ ഉണ്ടായിരുന്നത്‌​—⁠ബെൽജിയത്തിൽനിന്നുള്ള സ്വാതന്ത്ര്യം. ആ ലക്ഷ്യം നേടാനുള്ള ഏറ്റവും നല്ല വഴി മതത്തിന്റെ മറ പിടിക്കുന്നതാണ്‌ എന്ന്‌ അവർ ചിന്തിച്ചു. ഖേദകരമെന്നു പറയട്ടെ, കിറ്റാവാലാ കൂട്ടർ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ കൈക്കലാക്കുകയും പഠിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തു. തങ്ങളുടെ യോഗസ്ഥലങ്ങൾ തിരിച്ചറിയാനായി അവർ “വാച്ച്‌ ടവർ” എന്ന്‌ എഴുതിവെച്ചിരുന്നു. യഹോവയുടെ സാക്ഷികൾ അവിടെ വേരുറപ്പിക്കുന്നതിനു ദീർഘനാൾ മുമ്പുതന്നെ ഈ “വാച്ച്‌ ടവർ പ്രസ്ഥാനങ്ങൾ” തെക്കുകിഴക്കൻ കോംഗോയിലെ കാറ്റാങ്‌ഗാ പ്രവിശ്യയിൽ ശ്രദ്ധേയമായിത്തീർന്നിരുന്നു. കിറ്റാവാലാ പ്രസ്ഥാനക്കാർ യഹോവയുടെ സാക്ഷികളാണെന്നാണ്‌ ദശകങ്ങളോളം ആളുകൾ കരുതിയിരുന്നത്‌. എന്നാൽ ആ ധാരണ എത്ര തെറ്റായിരുന്നു!

തങ്ങളുടെ രാഷ്‌ട്രീയ വീക്ഷണങ്ങൾക്കും അന്ധവിശ്വാസപരമായ ആചാരങ്ങൾക്കും അധാർമിക ജീവിതരീതിക്കും പിൻബലം നൽകാൻ കിറ്റാവാലാക്കാർ ബൈബിൾ പഠിപ്പിക്കലുകൾ വളച്ചൊടിച്ചു. അവർ നികുതി നൽകാൻ വിസമ്മതിക്കുകയും അധിനിവേശ ഭരണാധികാരികളെ എതിർക്കുകയും ചെയ്‌തു. അവർക്കിടയിലെ ചില കൂട്ടങ്ങൾ അധികാരികൾക്കെതിരെയുള്ള സായുധ വിപ്ലവത്തിൽ ഏർപ്പെട്ടു. ബെൽജിയൻ ഗവൺമെന്റ്‌ അവരെ നിരോധിച്ചതിൽ അതിശയമില്ല.

ബെൽജിയൻ കോംഗോയിലെ ഒരു ഡിസ്‌ട്രിക്‌റ്റ്‌ കമ്മീഷണർ 1956-ൽ, കിറ്റാവാലായുടെ പശ്ചാത്തലത്തിലേക്കു വെളിച്ചം വീശുന്ന ഒരു ലേഖനം ഒരു വർത്തമാനപത്രത്തിൽ എഴുതുകയുണ്ടായി. ടോമോ ന്യിരെൻഡ എന്ന വ്യക്തിയെ കുറിച്ച്‌ ലേഖനത്തിൽ ചർച്ച ചെയ്‌തിരുന്നു. ന്യാസാലാൻഡിൽ (ഇപ്പോഴത്തെ മലാവി) ജനിച്ചു വളർന്ന അയാൾ വടക്കൻ റൊഡേഷ്യയിൽ (ഇപ്പോഴത്തെ സാംബിയ) ആണു താമസിച്ചിരുന്നത്‌. ദക്ഷിണാഫ്രിക്കയിലെ കേപ്പ്‌ ടൗണിലുള്ള ബൈബിൾ വിദ്യാർഥികളോടൊപ്പം (ഇന്ന്‌ യഹോവയുടെ സാക്ഷികൾ എന്ന്‌ അറിയപ്പെടുന്നു) സഹവസിച്ചിരുന്ന ആരിൽനിന്നോ ന്യിരെൻഡയ്‌ക്ക്‌ മതപരമായ പ്രബോധനം ലഭിച്ചിരിക്കാൻ സാധ്യതയുണ്ട്‌. ലേഖനത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “1925-ലാണ്‌ [ന്യിരെൻഡ] കാറ്റാങ്‌ഗായിലേക്ക്‌ [കോംഗോയിലേക്ക്‌] നുഴഞ്ഞുകയറിയത്‌. . . . താൻ മ്വാനാ ലീസാ അഥവാ ‘ദൈവപുത്രൻ’ ആണെന്ന്‌ അയാൾ സ്വയം പ്രഖ്യാപിച്ചു. ക്ഷുദ്രപ്രയോഗങ്ങൾക്ക്‌ ഇരയാകുന്നതു സംബന്ധിച്ച്‌ തദ്ദേശീയർക്കു പരമ്പരാഗതമായി ഉണ്ടായിരുന്ന ഭയം അയാൾ മുതലെടുത്തു. തന്നെ അനുഗമിക്കുന്നവരെ ദുർമന്ത്രവാദികളുടെ കൈകളിൽനിന്നു മാത്രമല്ല, സ്ഥാപിത അധീശശക്തിയുടെ​—⁠ഗവൺമെന്റിന്റെയും സഭയുടെയും​—⁠എല്ലാ നികുതികളിൽനിന്നും അനുശാസനങ്ങളിൽനിന്നും വിടുവിക്കുമെന്ന്‌ അയാൾ വാഗ്‌ദാനം ചെയ്‌തു. തന്റെ നിയമം അംഗീകരിക്കാത്തവരെ അയാൾ ആഭിചാരകർ എന്നും മൂഢന്മാർ എന്നും മുദ്രകുത്തുകയും ‘സ്‌നാപന’പ്പെടുത്താനാണെന്നും പറഞ്ഞ്‌ നിർബന്ധമായി കൊണ്ടുപോയി വെള്ളത്തിൽ മുക്കിക്കൊല്ലുകയും ചെയ്‌തു. (ഒരു നദിയിൽനിന്ന്‌ 55 ജഡങ്ങൾ കണ്ടെടുക്കുകയുണ്ടായി.) ഒരു ഉപ ഗ്രാമമുഖ്യൻ കുറ്റം വിധിച്ചതിനെ തുടർന്ന്‌ ടോമോ അവിടെനിന്നു രക്ഷപ്പെട്ട്‌ റൊഡേഷ്യയിലേക്കു തിരിച്ചുചെന്നു. നിരവധി കൊലപാതങ്ങൾ നടത്തിയിട്ടുള്ള അയാളെ റൊഡേഷ്യൻ അധികാരികൾ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവർ അയാളെ അറസ്റ്റു ചെയ്‌ത്‌ വിചാരണ നടത്തി തൂക്കിക്കൊന്നു.”

ബെൽജിയൻ അധികാരികൾ പറയുന്നതനുസരിച്ച്‌ ‘മ്വാനാ ലീസാ’ 1923 മുതൽ 1925 വരെ കാറ്റാങ്‌ഗായിൽ നടത്തിയ കടന്നാക്രമണങ്ങൾ ആണ്‌ കോംഗോയിൽ കിറ്റാവാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്‌. പതിറ്റാണ്ടുകൾക്കു ശേഷം മാത്രമേ യഹോവയുടെ സാക്ഷികൾക്ക്‌ ആ രാജ്യത്തു ചെല്ലാനും അവിടെ താമസിക്കാനും അനുവാദം ലഭിക്കുമായിരുന്നുള്ളൂ.

യഹോവയുടെ യഥാർഥ സാക്ഷികൾ ആരാണ്‌ എന്നതു സംബന്ധിച്ച ആശയക്കുഴപ്പത്തിന്റെ കാരണം വ്യക്തമാകണമെങ്കിൽ ഒരു കാര്യം മനസ്സിൽ പിടിക്കേണ്ടത്‌ പ്രധാനമാണ്‌, ആഫ്രിക്കയിൽ സ്വതന്ത്ര സഭകൾ സാധാരണമാണ്‌. അത്തരം ആയിരക്കണക്കിനു സംഘടനകൾ ഉണ്ടെന്ന്‌ ചിലർ കണക്കാക്കുന്നു. ആഫ്രിക്കൻ മതങ്ങളെ കുറിച്ചു പഠിക്കുന്ന ഒരു പണ്ഡിതനായ ജോൺ. എസ്‌. മ്‌ബിറ്റി ഇപ്രകാരം എഴുതി: “ആഫ്രിക്കയിൽ ക്രിസ്‌ത്യാനിത്വം അഭിമുഖീകരിക്കുന്ന [ഒരു] വലിയ പ്രശ്‌നം സഭാവിഭാഗങ്ങളുടെയും മതസമുദായങ്ങളുടെയും കൂട്ടങ്ങളുടെയും മതഭേദങ്ങളുടെയും ബാഹുല്യമാണ്‌. വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്‌തവയാണ്‌ ഇവയിൽ പലതും. ഇനി, ആഫ്രിക്കൻ ക്രിസ്‌ത്യാനികൾതന്നെ രൂപംകൊടുത്തവയുമുണ്ട്‌. ഇതിന്റെ ഭാഗികമായ ഒരു കാരണം, വിദേശ മിഷനറിമാരുടെ ആധിപത്യത്തിൻ കീഴിൽ അനിശ്ചിത കാലത്തോളം കഴിയാൻ അവർ ആഗ്രഹിച്ചില്ല എന്നതാണ്‌. മറ്റൊന്ന്‌, അധികാരത്തിനു വേണ്ടിയുള്ള വ്യക്തിപരമായ താത്‌പര്യങ്ങളാണ്‌. ഇതിനെല്ലാം പുറമേ, ക്രിസ്‌ത്യാനിത്വം ആഫ്രിക്കൻ സംസ്‌കാരത്തെയും പ്രശ്‌നങ്ങളെയും പ്രതിഫലിപ്പിക്കണം എന്ന ആഗ്രഹം പോലുള്ള മറ്റു നിരവധി കാരണങ്ങളും ഒരു പരിധിവരെ അതിനു സംഭാവന ചെയ്‌തിട്ടുണ്ട്‌.”

ഇക്കാരണങ്ങളാൽ, അവിടെ നിരവധി സ്വതന്ത്ര സഭകൾ ഉണ്ടായിരുന്നു. ഇവയിൽ മിക്കതും ഒരു വ്യവസ്ഥാപിത മതത്തിൽനിന്ന്‌ പഠിപ്പിക്കലുകൾ കടം വാങ്ങുകയോ വിഘടിച്ചു പോവുകയോ ചെയ്‌തിരുന്നവയാണ്‌. ഇക്കാര്യത്തിൽ, കിറ്റാവാലാ പ്രസ്ഥാനം ഒറ്റപ്പെട്ട ഒന്നായിരുന്നില്ല. എങ്കിലും യഹോവയുടെ സാക്ഷികളെ കോംഗോയിൽനിന്ന്‌ അകറ്റിനിറുത്താൻ ക്രൈസ്‌തവമണ്ഡലത്തിന്‌ കിറ്റാവാലായുടെ സാന്നിധ്യം ഒരു നല്ല അവസരം ഒരുക്കിക്കൊടുത്തു. കിറ്റാവാലാക്കാരും യഹോവയുടെ സാക്ഷികളും തമ്മിലുള്ള വ്യത്യാസം സഭാനേതാക്കൾക്കു നന്നായി അറിയാമായിരുന്നെങ്കിലും അവർ മനഃപൂർവം ഇരു കൂട്ടരും ഒന്നുതന്നെയാണെന്ന തെറ്റായ ധാരണ പ്രചരിപ്പിച്ചു.

ആ നുണ പ്രചരിപ്പിക്കാൻ പറ്റിയ സ്ഥാനത്തായിരുന്നു സഭകൾ. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ക്രൈസ്‌തവമണ്ഡലത്തിലെ മതങ്ങൾക്ക്‌, വിശേഷിച്ചും കത്തോലിക്ക സഭയ്‌ക്ക്‌, ബെൽജിയൻ കോംഗോയിൽ വലിയ അധികാരവും സ്വാധീനശക്തിയും ഉണ്ടായിരുന്നു. എന്നാൽ യഹോവയുടെ സാക്ഷികൾക്ക്‌ അവിടെ യാതൊരു അംഗീകാരവും ഇല്ലായിരുന്നു, ക്രൈസ്‌തവമണ്ഡലത്തിലെ വൈദികവൃന്ദം ആഗ്രഹിച്ചതും അതുതന്നെയായിരുന്നു. തങ്ങൾ മതംമാറ്റിയെടുത്തവരെ ആരെങ്കിലും തട്ടിയെടുത്താലോ എന്നു കരുതി അവരെ മുറുകെ പിടിച്ചുകൊണ്ടിരുന്ന വൈദികർ യഹോവയുടെ സാക്ഷികളെ അടുപ്പിക്കാൻ ആഗ്രഹിച്ചതേയില്ല.

തദ്ദേശീയർക്കിടയിൽ നടന്നിരുന്ന പ്രക്ഷോഭങ്ങളും വിപ്ലവങ്ങളും ഗോത്ര സംഘട്ടനങ്ങളും സൗകര്യപൂർവം കിറ്റാവാലായുടെ​—⁠ഒട്ടുമിക്കപ്പോഴും വാച്ച്‌ ടവർ പ്രസ്ഥാനം എന്നാണ്‌ അതു വിളിക്കപ്പെട്ടിരുന്നത്‌​—⁠പുറത്ത്‌ കെട്ടിവെക്കുകയായിരുന്നു പതിവ്‌. ഗവൺമെന്റ്‌ ഉദ്യോഗസ്ഥർക്കും അധികാരികൾക്കും വാച്ച്‌ ടവർ എന്ന പേര്‌ കേൾക്കുന്നതു തന്നെ വെറുപ്പായിത്തീർന്നു. ഇത്‌ കോംഗോയിൽ യഹോവയെ സേവിക്കാൻ ആഗ്രഹിച്ചവർക്ക്‌ വലിയ ബുദ്ധിമുട്ടുകൾ ഉളവാക്കി.

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനു തൊട്ടു മുമ്പുള്ള ദശകങ്ങളിൽ മറ്റു ദേശങ്ങളിലുള്ള യഹോവയുടെ സാക്ഷികൾ, വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റിക്കും വാച്ച്‌ ടവർ പ്രസ്ഥാനത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കിക്കൊണ്ട്‌ കോംഗോയിലെ അധികാരികൾക്ക്‌ ആവർത്തിച്ച്‌ കത്തുകൾ അയച്ചു. എങ്കിലും വർഷങ്ങളോളം അധികാരികൾ, ആ തദ്ദേശീയ മതപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ യഹോവയുടെ സാക്ഷികളുടെ വേലയുമായി ബന്ധപ്പെടുത്തിക്കൊണ്ടിരുന്നു. കോംഗോയിലേക്ക്‌ യഹോവയുടെ സാക്ഷികളെ അയയ്‌ക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളിൽ അധികവും പരാജയപ്പെട്ടു.

സാക്ഷികൾക്ക്‌ കോംഗോയിൽ പ്രവേശനം ഇല്ലാതിരുന്നതിനാൽ ആ രാജ്യത്തെ ആദ്യകാല സാക്ഷികളെ കുറിച്ച്‌ കാര്യമായൊന്നും അറിയില്ല. എന്നിരുന്നാലും, ദുഷ്‌കരമായ ആ ആദ്യ വർഷങ്ങളിൽ കോംഗോയിൽ എന്താണ്‌ സംഭവിച്ചുകൊണ്ടിരുന്നത്‌ എന്നതു സംബന്ധിച്ച താത്‌പര്യജനകമായ ചില വിവരങ്ങൾ സമീപ ബ്രാഞ്ച്‌ ഓഫീസുകളിൽനിന്നുള്ള റിപ്പോർട്ടുകളിൽ കാണാൻ കഴിയും. 30 വർഷത്തെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഈ കോംഗോ ഡയറിയിൽനിന്നുള്ള ചില പ്രസക്ത ഭാഗങ്ങൾ നമുക്ക്‌ പരിശോധിക്കാം. കൂടുതലായ ചില വിവരങ്ങളും ഞങ്ങൾ ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്‌.

കോംഗോ ഡയറി​—⁠1930-60 വർഷങ്ങളിലെ രാജ്യറിപ്പോർട്ടുകളുടെ പ്രസക്ത ഭാഗങ്ങൾ

1930: ബെൽജിയൻ കോംഗോയിൽനിന്ന്‌ . . . സാഹിത്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുകൾ തപാൽവഴി ലഭിച്ചിരിക്കുന്നു.

1932: ഇതുവരെ സാക്ഷ്യം ലഭിച്ചിട്ടില്ലാത്ത ബെൽജിയൻ കോംഗോയിലും മധ്യ ആഫ്രിക്കയുടെ മറ്റു ഭാഗങ്ങളിലും പിന്നീട്‌ പ്രസംഗപ്രവർത്തനം നടത്താൻ കഴിയുമെന്ന്‌ ഞങ്ങൾ പ്രത്യാശിക്കുന്നു.

കോംഗോയിലേക്ക്‌ ചെല്ലാൻ മുഴുസമയ ശുശ്രൂഷകരെ അനുവദിക്കണമെന്ന്‌ അഭ്യർഥിച്ചുകൊണ്ടുള്ള അപേക്ഷകൾ ദക്ഷിണാഫ്രിക്കയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസ്‌ 1932 മേയ്‌ മുതൽ ബെൽജിയൻ അധികാരികൾക്കു സമർപ്പിക്കുകയുണ്ടായി. ഈ അപേക്ഷകൾ, പക്ഷേ നിരസിക്കപ്പെട്ടു. എന്നാൽ, വടക്കൻ റൊഡേഷ്യയിൽനിന്ന്‌ കോംഗോയിലേക്ക്‌ ആളുകൾ കുടിയേറിപ്പാർക്കുന്നുണ്ടായിരുന്നതിനാൽ ചില റൊഡേഷ്യൻ സഹോദരങ്ങൾക്ക്‌ ഹ്രസ്വ കാലത്തേക്കാണെങ്കിലും കോംഗോയിൽ പ്രവേശിക്കാൻ സാധിച്ചു.

1945: [ബെൽജിയൻ കോംഗോയിൽ] ദൈവത്തിനും അവന്റെ ദിവ്യാധിപത്യ രാജ്യത്തിനും വേണ്ടി നിലകൊള്ളാൻ ധീരരായ മനുഷ്യർക്കേ സാധിക്കൂ. പ്രവർത്തനവും സാഹിത്യങ്ങളും സമ്പൂർണമായി നിരോധിച്ചിരിക്കുകയാണെന്നു മാത്രമല്ല, നമ്മോട്‌ എന്തെങ്കിലും ബന്ധമുള്ളതായി കാണപ്പെടുന്ന കോംഗോ ആഫ്രിക്കക്കാരെ തുറന്ന ജയിലിലേക്കു കൊണ്ടുപോകുകയും ചെയ്യും. ചിലപ്പോൾ വർഷങ്ങളോളം അവർക്ക്‌ അവിടെ കഴിയേണ്ടി വരും. കോംഗോയിൽനിന്ന്‌ അയയ്‌ക്കുന്ന കത്തുകൾ ഇവിടെ [വടക്കൻ റൊഡേഷ്യയിൽ] വിരളമായേ ലഭിക്കാറുള്ളൂ. ഞങ്ങൾ അയയ്‌ക്കുന്ന കത്തുകൾ അവിടെയും കിട്ടാറില്ലെന്നു തോന്നുന്നു. എങ്കിലും . . . പുരോഹിതന്മാരെക്കൊണ്ട്‌ പൊറുതിമുട്ടിയ ആ രാജ്യത്ത്‌ നമ്മുടെ സഹ രാജ്യപ്രവർത്തകരെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്‌.

1948: ആ പ്രദേശത്ത്‌ ഇപ്പോൾ രണ്ടു രാജ്യപ്രസാധകർ ഉണ്ട്‌, ബ്രസ്സൽസിലെ ഓഫീസിലേക്ക്‌ അവർ ചില റിപ്പോർട്ടുകൾ അയയ്‌ക്കുന്നുണ്ട്‌. വിസ്‌തൃതമായ ഈ പ്രദേശത്തേക്കുള്ള വാതിൽ എന്നെങ്കിലും തുറന്നുകിട്ടുമെന്നും അങ്ങനെ രാജ്യത്തിന്റെ സുവിശേഷം അവിടെ പ്രസംഗിക്കാൻ കഴിയുമെന്നും ഞങ്ങൾ പ്രത്യാശിക്കുന്നു.

1949: കത്തോലിക്ക മതം ആധിപത്യം പുലർത്തുന്ന ഈ പ്രദേശത്ത്‌ സാക്ഷികളുടെ പ്രവർത്തനം വർഷങ്ങളായി കഠിനമായ ബുദ്ധിമുട്ടുകളെ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. മുമ്പ്‌, യഹോവയുടെ സാക്ഷിയായതിനുള്ള ശിക്ഷയെന്നനിലയിൽ പുരോഹിതന്മാർ വെള്ളം പോലും കൊടുക്കാതെ ആളുകളെക്കൊണ്ട്‌ വലിയ ഉപ്പുകട്ട തീറ്റിച്ചിട്ടുണ്ട്‌. എന്നാൽ ഇപ്പോൾ അവരുടെ രീതികൾ കൂടുതലും സ്‌പാനിഷ്‌ മതവിചാരണക്കാലത്ത്‌ നടന്നിരുന്നതിനോടു സമാനമാണ്‌; തങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ദുഷ്ടതകൾ ഗവൺമെന്റിനെക്കൊണ്ട്‌ ചെയ്യിക്കാനാണ്‌ അവർ ഇഷ്ടപ്പെടുന്നത്‌. വർഷങ്ങളായി ആഫ്രിക്കൻ പ്രസാധകർ തടവിലാണ്‌. സാക്ഷ്യവേലയുടെ പേരിൽ അവർക്ക്‌ അനിശ്ചിത കാല ശിക്ഷ വിധിക്കപ്പെട്ടിരിക്കുകയാണ്‌. ഇതും പോരാഞ്ഞിട്ട്‌, അവരെ എലിസബത്ത്‌വില്ലിൽനിന്ന്‌ [ഇപ്പോഴത്തെ ലൂബൂംബാഷി] ഏതാണ്ട്‌ [500] കിലോമീറ്റർ അകലെയുള്ള കാസാജിലെ പ്രത്യേക തടങ്കൽപ്പാളയത്തിലേക്ക്‌ അയയ്‌ക്കുന്നു. അവിടെ അവർ കുടുംബത്തോടൊപ്പം ഒറ്റപ്പെട്ട നിലയിൽ ചെറിയ നിലങ്ങളിൽ പണിയെടുക്കുന്നു. ചിലപ്പോൾ കുടുംബത്തിൽനിന്നുപോലും ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും അവർ. . . . ഒരു ദശാബ്ദംതന്നെ അവർക്ക്‌ ഇങ്ങനെ ജീവിക്കേണ്ടി വന്നേക്കാം. പലപ്പോഴും വിടുതലോ നീതിയോ ലഭിക്കുമെന്ന നേരിയ പ്രതീക്ഷ പോലുമില്ലാതെ വർഷങ്ങളോളം അവർക്ക്‌ ഈ ഒറ്റപ്പെടൽ സഹിക്കേണ്ടി വരുന്നു, തങ്ങളുടെ നിർമലതയിൽ വിട്ടുവീഴ്‌ച ചെയ്യുക എന്ന കനത്ത വില ഒടുക്കിയാൽ മാത്രമേ അവർക്ക്‌ ആ അവസ്ഥയിൽ നിന്നു മോചനം ലഭിക്കുകയുള്ളൂ.

ഇതിന്റെയെല്ലാം ഫലമായി സഹോദരങ്ങൾക്ക്‌ തങ്ങളുടെ പ്രവർത്തനം രഹസ്യത്തിൽ നടത്തേണ്ടിവരുന്നു; രഹസ്യമായാണ്‌ യോഗങ്ങൾ നടത്തുന്നത്‌, അറസ്റ്റ്‌ ചെയ്യപ്പെടുമോ എന്ന ഭയത്താൽ യോഗസ്ഥലങ്ങൾ മാറ്റേണ്ടി വരുന്നു. ഒട്ടുമിക്കപ്പോഴും സാക്ഷീകരണം നടത്തുന്നത്‌, സൗഹൃദ മനോഭാവമുള്ള പരിചയക്കാരായ വ്യക്തികളോടും അവരുടെ സുഹൃത്തുക്കളോടുമാണ്‌. എന്നിട്ടുപോലും, പലരും കുഴപ്പത്തിൽപ്പെട്ടിട്ടുണ്ട്‌. അറസ്റ്റിലാകുന്നവരെ ഉടനടി കാസാജ്‌ പാളയത്തിലേക്കു കൊണ്ടുപോകും.

ഏതാണ്ട്‌ ഈ സമയമായപ്പോഴേക്കും, വടക്കൻ റൊഡേഷ്യയിലെ ബ്രാഞ്ച്‌ ഓഫീസിൽനിന്നുള്ള ലെവെലിൻ ഫിലിപ്‌സ്‌, ബെൽജിയൻ കോംഗോയിലെ പീഡിപ്പിക്കപ്പെടുന്ന സാക്ഷികൾക്കു വേണ്ടി സംസാരിക്കുന്നതിന്‌ അവിടെ എത്തി. രാജ്യപ്രസംഗവേലയുടെ രീതിയെ കുറിച്ചും സാക്ഷികളുടെയും കിറ്റാവാലാക്കാരുടെയും വിശ്വാസങ്ങൾ തമ്മിലുള്ള അന്തരത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചപ്പോൾ, ഗവർണർ-ജനറലും മറ്റു ഗവൺമെന്റ്‌ അധികാരികളും അതെല്ലാം ശ്രദ്ധയോടെ കേട്ടു. ഒരു ഘട്ടത്തിൽ ഗവർണർ-ജനറൽ തന്റെ മനോഗതം വെളിപ്പെടുത്തിക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞുപോയി: “ഞാൻ നിങ്ങളെ സഹായിച്ചാൽ എന്റെ ഗതി എന്താകുമോ ആവോ.” റോമൻ കത്തോലിക്ക സഭയ്‌ക്ക്‌ ആ ദേശത്തുള്ള വൻ സ്വാധീനത്തെപ്പറ്റി അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു.

1950: ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ദുരിതപൂർണമായിരുന്നു പോയ വർഷം. ബെൽജിയൻ കോംഗോയിലെ സഹോദരങ്ങൾ അനുഭവിക്കേണ്ടിവന്ന കഷ്ടതകൾ കുറച്ചൊന്നുമല്ല. സേവനവർഷത്തിന്റെ ആരംഭത്തിൽ, പ്രദേശത്തേക്ക്‌ അയയ്‌ക്കപ്പെടുന്ന എല്ലാ പുസ്‌തകങ്ങളും കത്തുകളും ലഭിച്ചിരുന്നില്ല, സഭകളുമായുള്ള ആശയവിനിമയവും ഏതാണ്ടു നിലച്ച മട്ടായിരുന്നു. ജനുവരി 12-ാം തീയതി ഗവർണർ-ജനറൽ സൊസൈറ്റിയുടെമേൽ നിരോധനം പ്രഖ്യാപിച്ചു. സൊസൈറ്റിയുടെ പേരിൽ കൂടിവരികയോ ഏതെങ്കിലും തരത്തിൽ അതിനെ പിന്തുണയ്‌ക്കുകയോ അതിൽ അംഗങ്ങളായിരിക്കുകയോ ചെയ്യുന്ന എല്ലാവർക്കും രണ്ടു മാസത്തെ തടവുശിക്ഷയും 2,000 ഫ്രാങ്ക്‌ പിഴയും നൽകാൻ അദ്ദേഹം ഉത്തരവിട്ടു. കത്തോലിക്ക അച്ചടി സ്ഥാപനങ്ങൾ ഈ തീരുമാനത്തെ വാനോളം പുകഴ്‌ത്തി. ഒന്നിനു പിറകേ ഒന്നായി സഹോദരങ്ങൾ അറസ്റ്റു ചെയ്യപ്പെട്ടു. എലിസബത്ത്‌വില്ലിൽ ഒരു മുൻ [സഭാ] ദാസന്റെ പക്കൽനിന്ന്‌ ഒരു വർഷം മുമ്പു കണ്ടെടുത്തിരുന്ന ലിസ്റ്റുകൾ, സൊസൈറ്റിയുമായി ബന്ധമുള്ള നൂറുകണക്കിനു വ്യക്തികളെ കണ്ടുപിടിക്കാൻ ഉപയോഗിച്ചു, അവരും അവരുടെ ഭാര്യമാരും അറസ്റ്റ്‌ ചെയ്യപ്പെട്ടു. ശിക്ഷയുടെ കാലാവധി പൂർത്തിയാക്കിയശേഷം വടക്കൻ റൊഡേഷ്യൻ ആഫ്രിക്കക്കാരായവരെ നാടുകടത്തി, എന്നാൽ കോംഗോയിലെ തദ്ദേശീയരായ സുഹൃത്തുക്കളെ പലരെയും കാസാജിലേക്ക്‌, എലിസബത്ത്‌വില്ലിൽനിന്ന്‌ [500] കിലോമീറ്റർ അകലെയുള്ള തടങ്കൽപ്പാളയത്തിലേക്ക്‌ അയച്ചു. ചില സഹോദരന്മാർ ഇപ്പോഴും അവിടെ തടവിൽ കഴിയുന്നുണ്ട്‌. നാടുകടത്തപ്പെട്ട സഹോദരങ്ങളിൽ ചിലർക്ക്‌ തീരെ കുറച്ച്‌ ആഹാരമേ നൽകിയിരുന്നുള്ളൂ. കൂടാതെ, അവസാനത്തെ 30 കിലോമീറ്റർ, അതായത്‌ സാക്കാനിയയിൽനിന്ന്‌ വടക്കൻ റൊഡേഷ്യൻ അതിർത്തിവരെയുള്ള ദൂരം, അവരെ നടത്തിക്കൊണ്ടുപോകുകയും ചെയ്‌തു.

അടുത്തയിടെ രഹസ്യപോലീസിന്റെ എണ്ണം വർധിച്ചിട്ടുണ്ട്‌, കൈവശം ഒരു ബൈബിൾ ഉള്ളതുതന്നെ ഒരു വ്യക്തിയെ യഹോവയുടെ സാക്ഷികളിൽ ഒരാളായി സംശയിക്കാൻ മതിയായ കാരണമാണ്‌.

വീക്ഷാഗോപുരം കൈവശം വെച്ചതിനും സാക്ഷീകരണം നടത്തിയതിനും എലിസബത്ത്‌വിൽ ജില്ലയിൽനിന്നുള്ള രണ്ടു യൂറോപ്യൻ സഹോദരിമാരെ 45 ദിവസത്തെ തടവിനു വിധിച്ചെങ്കിലും നല്ല നടപ്പ്‌ ഉണ്ടായിരിക്കണം (കർത്താവിന്റെ വേലയിൽ ഏർപ്പെടാൻ പറ്റില്ലെന്നാണ്‌ അതിനർഥം) എന്ന വ്യവസ്ഥയിൽ അവർക്ക്‌ മൂന്നു വർഷത്തേക്ക്‌ ഒരു പ്രൊബേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നതായി വാർത്ത ലഭിച്ചിരിക്കുന്നു. ഏതു നിമിഷവും അവർ നാടുകടത്തപ്പെടാം.

1951: യഹോവയുടെ സാക്ഷികൾക്കും വാച്ച്‌ ടവർ സൊസൈറ്റിക്കും ബെൽജിയൻ കോംഗോയിലെ “കിറ്റാവാലാ” എന്നു പേരുള്ള, മതഭ്രാന്തു പിടിച്ച ഒരു തദ്ദേശീയ പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന്‌ ആരോപിച്ചുകൊണ്ട്‌ നിരവധി ലേഖനങ്ങൾ ബെൽജിയൻ വർത്തമാനപത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ബെൽജിയത്തിലെ നിയമമനുസരിച്ച്‌, ഒരു വർത്തമാനപത്രമോ മാസികയോ പ്രസിദ്ധീകരിച്ച ലേഖനത്തിന്‌ ആരെങ്കിലും മറുപടി നൽകുമ്പോൾ പ്രസ്‌തുത പത്രം അല്ലെങ്കിൽ മാസിക അത്‌ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്‌. അപകീർത്തിപ്പെടുത്തുന്ന ഈ ലേഖനങ്ങൾക്കുള്ള മറുപടിയായി നമ്മുടെ രാജ്യപ്രവർത്തനത്തിനു വേണ്ടി പ്രതിവാദം നടത്താൻ ഈ അവകാശത്തെ ഞങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌, ഞങ്ങളുടെ മറുപടികൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

ബെൽജിയൻ കോംഗോയിൽ 1949 ജനുവരി [12] മുതൽ വാച്ച്‌ ടവർ സൊസൈറ്റിയുടെ പ്രവർത്തനം നിരോധിച്ചിരിക്കുകയാണ്‌, മേൽപ്പറഞ്ഞ വ്യാജ റിപ്പോർട്ടുകൾ മൂലം യഹോവയുടെ സത്യ സാക്ഷികൾക്ക്‌ വളരെ ദുരിതം അനുഭവിക്കേണ്ടി വന്നിരിക്കുന്നു. അധിനിവേശ മന്ത്രിക്ക്‌ പ്രതിഷേധക്കത്തുകൾ സമർപ്പിച്ചിട്ടുണ്ട്‌, യഹോവയുടെ സാക്ഷികൾക്കും വാച്ച്‌ ടവർ സൊസൈറ്റിക്കും “കിറ്റാവാലാ” എന്ന അട്ടിമറി പ്രസ്ഥാനവുമായി യാതൊരു ബന്ധവും ഇല്ല എന്നതിന്‌ മതിയായ തെളിവുകൾ നൽകിയിട്ടുമുണ്ട്‌. എന്നാൽ ഇതിനു മറുപടിയൊന്നും ലഭിച്ചിട്ടില്ല.

ബെൽജിയൻ കോംഗോയിൽ ‘വചനം പ്രസംഗിക്കുന്നത്‌’ പൂർണമായും നിറുത്തലാക്കുന്നതിന്‌ വ്യാജാരോപണങ്ങൾ, പീഡനം, പിഴയൊടുക്കൽ, മർദനം, തടവ്‌, നാടുകടത്തൽ എന്നിങ്ങനെയുള്ള ആയുധങ്ങൾ അവിടെ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌.

1952: മധ്യ ആഫ്രിക്കയിലും ഒരു “ഇരുമ്പു മറ” ഉണ്ട്‌! യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം ബെൽജിയൻ കോംഗോയെ അത്‌ വലയം ചെയ്യുന്നു. റോമൻ കത്തോലിക്ക സഭ ആധിപത്യം പുലർത്തുന്ന ഈ രാജ്യത്ത്‌ സാക്ഷികളുടെ പ്രവർത്തനത്തിന്മേലുള്ള നിരോധനം യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്‌.

രാജ്യത്തുനിന്ന്‌ ചോർന്നുവരുന്ന ചില ഒറ്റപ്പെട്ട റിപ്പോർട്ടുകൾ ആഫ്രിക്കൻ പ്രസാധകർ സഹിക്കുന്ന നാടുകടത്തൽ, തടവുശിക്ഷ, മർദനം തുടങ്ങിയ നടപടികളെ കുറിച്ചു പറയുന്നു. പല ഭാഗങ്ങളിലും സാക്ഷികൾക്കു നേരെയുള്ള ശത്രുതയുടെ രൂക്ഷത വർധിച്ചിരിക്കുന്നതായി കാണപ്പെടുന്നു. സാക്ഷീകരിക്കുന്നതായോ വാച്ച്‌ടവർ സാഹിത്യം കൈവശം വെച്ചിരിക്കുന്നതായോപോലും കണ്ടാൽ തദ്ദേശീയരെ തൊഴിൽ പാളയങ്ങളിലേക്ക്‌ അയയ്‌ക്കും. ബൈബിൾ കൈവശം വെക്കുന്നതുപോലും ഒരു വ്യക്തി യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നുള്ളതിന്റെ തെളിവായി കണക്കാക്കപ്പെടുന്നു.

സഹോദരങ്ങളുടെ ഭവനങ്ങൾ നിരന്തര നിരീക്ഷണത്തിനും കൂടെക്കൂടെയുള്ള പരിശോധനയ്‌ക്കും വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ റിപ്പോർട്ട്‌ നൽകുന്ന സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ കാരണം [ബെൽജിയൻ കോംഗോ പോലീസിന്റെ] ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്‌. യഹോവയുടെ സാക്ഷികളെ തിരയുക എന്നതു മാത്രമാണ്‌ അവരുടെ പണി. ഇപ്പോൾ ഇത്‌ മുമ്പത്തേതിലും രൂക്ഷമായിരിക്കുകയാണ്‌.”

30 പ്രസാധകരിൽനിന്ന്‌, ആഗസ്റ്റ്‌ മാസത്തിലെ വിവരങ്ങളെ കുറിച്ചുള്ള ഒരു അസാധാരണ റിപ്പോർട്ട്‌ ഈ ഓഫീസിനു ലഭിച്ചു. അടിക്കുറിപ്പായി 1 തെസ്സലൊനീക്യർ 5:​25, പുതിയലോക ഭാഷാന്തരം, നൽകിയിരുന്നു: “സഹോദരന്മാരേ, ഞങ്ങൾക്കു വേണ്ടി തുടർന്നും പ്രാർത്ഥിക്കുവിൻ.”

മുമ്പ്‌ പ്രതിപാദിച്ചതുപോലെ, വടക്കൻ റൊഡേഷ്യയിൽനിന്നുള്ള ആഫ്രിക്കൻ സാക്ഷികൾ കോംഗോയിലേക്കു പോയി. ഇവരിൽ പിടിയിലായവരെ തടവിലാക്കുകയും പിന്നീട്‌ നാടുകടത്തുകയും ചെയ്‌തിരുന്നു. മിക്കവർക്കും കുറച്ചു കാലത്തേക്കുള്ള തടവുശിക്ഷയേ ലഭിച്ചിരുന്നുള്ളുവെങ്കിലും ചില സഹോദരങ്ങളെ പല വർഷത്തേക്ക്‌ തൊഴിൽ പാളയങ്ങളിലേക്ക്‌ അയച്ചിരുന്നു. ഒരു സഹോദരൻ കോംഗോയിൽ വിവിധ ഇടങ്ങളിലായി ഏതാണ്ട്‌ അഞ്ചു വർഷം തടവുശിക്ഷ അനുഭവിച്ചു. തടവിലാക്കിയവർ പലപ്പോഴും അദ്ദേഹത്തെ മർദിച്ചു. സാക്ഷീകരണം നിറുത്തുകയാണെങ്കിൽ മാത്രമേ അദ്ദേഹത്തെ വിട്ടയയ്‌ക്കുകയുള്ളു എന്നും അവർ പറഞ്ഞു.

ഒരു വിശ്വസ്‌ത സഹോദരൻ 1952-ൽ ഇങ്ങനെ പറഞ്ഞു: ‘ഒരു സഞ്ചിയിലെ ആഫ്രിക്കൻ ചോളത്തിന്റെ വിത്തുകൾ പോലെയാണു ഞങ്ങൾ. എവിടെ വിതറിയാലും മഴ വന്നെത്തുമ്പോൾ ഞങ്ങൾ പെരുകും.’ വടക്കൻ റൊഡേഷ്യയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസ്‌ ഇതു സംബന്ധിച്ച്‌ ഇങ്ങനെ എഴുതി: “സഹോദരങ്ങൾക്ക്‌ പീഡനം ഏൽക്കേണ്ടി വരുന്നെങ്കിലും ‘ആഫ്രിക്കൻ ചോളത്തിന്റെ വിത്തുകൾ’ കോംഗോയിൽ ഉടനീളം വിതയ്‌ക്കപ്പെടുകയാണ്‌, ഒരുപക്ഷേ ഇതിന്‌ കാരണം ആ പീഡനംതന്നെയാണ്‌ എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. കോൾവേസി പ്രദേശത്ത്‌ നൂറുകണക്കിന്‌ ആളുകൾ സാക്ഷികളോടൊത്തു സഹവസിക്കുന്നതായി ഒരു സമയത്ത്‌ ലുസാക്കായിലെ ബ്രാഞ്ച്‌ ഓഫീസിനു റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ കോംഗോയിലെ മറ്റിടങ്ങളിലേക്ക്‌ നീക്കം ചെയ്യപ്പെടുന്നവരുടെ എണ്ണത്തെ കുറിച്ചുള്ള വാർത്തകളാണ്‌ കേൾക്കുന്നത്‌.” ഈ രീതിയിൽ സഹോദരങ്ങൾ ചിതറിക്കപ്പെട്ടത്‌ ശിഷ്യരാക്കൽ പ്രവർത്തനം വിപുലീകരിക്കപ്പെടുന്നതിന്‌ ഇടയാക്കി.

രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത്‌ സഹോദരങ്ങൾ വളരെ ശ്രമം ചെയ്‌ത്‌ വേല മുന്നോട്ടു കൊണ്ടുപോകവേ, ലിയോപോൾഡ്‌വില്ലേയിൽ (ഇന്നത്തെ കിൻഷാസ) സത്യത്തിന്റെ ആദ്യവിത്തുകൾ വിതയ്‌ക്കപ്പെടുകയായിരുന്നു. ബ്രസാവിലിലെ സഹോദരങ്ങൾ ത്വരിതഗതിയിൽ ആത്മീയ പുരോഗതി വരുത്തുകയും തീക്ഷ്‌ണതയോടെ സത്യം മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്‌തിരുന്നു. ചിലർ കടത്തുബോട്ടിൽ കോംഗോ നദി കുറുകെ കടന്ന്‌ ലിയോപോൾഡ്‌വില്ലേയിൽ പ്രസംഗപ്രവർത്തനം നടത്താൻ തുടങ്ങി. 1952-ൽ വിക്ടോർ കൂബാക്കാനിയും ഭാര്യയും കിൻഷാസയിലെ ആദ്യത്തെ സാക്ഷികളായി സ്‌നാപനമേറ്റു. താമസിയാതെ അവിടെ ഒരു സഭ രൂപംകൊണ്ടു.

1953: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 250-ഓളം സഹോദരങ്ങൾ പ്രസംഗവേലയിൽ പങ്കുപറ്റുന്നുണ്ടെന്നു കാണിക്കുന്ന റിപ്പോർട്ടുകൾ ഞങ്ങൾക്കു ലഭിച്ചിരിക്കുന്നു, പക്ഷേ വളരെ കൂടുതൽ പേർ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്‌. [മടക്കസന്ദർശനങ്ങളും] ഭവന ബൈബിളധ്യയനങ്ങളും മാത്രമേ അവർ നടത്തുന്നുള്ളൂ. വീട്‌ എപ്പോൾ വേണമെങ്കിലും പരിശോധിക്കപ്പെടാം എന്നുള്ളതുകൊണ്ട്‌ സഹോദരങ്ങൾ തങ്ങളുടെ സാക്ഷീകരണവേലയിൽ സാഹിത്യങ്ങൾ ഒട്ടുംതന്നെ ഉപയോഗിക്കുന്നില്ല. ഒരു സഹോദരന്റെ കൈവശം രണ്ടു ചെറുപുസ്‌തകങ്ങൾ ഉള്ളതായി അദ്ദേഹത്തിന്റെ ‘സുഹൃത്തുക്കളിൽ’ ഒരാൾ അധികാരികളെ അറിയിച്ചതിനെ തുടർന്ന്‌ സഹോദരനെ എലിസബത്ത്‌വില്ലിലെ സെൻട്രൽ ജയിലിൽ രണ്ടു മാസത്തെ തടവിനു വിധിച്ചു.

1954: ബെൽജിയൻ കോംഗോയിൽ സൊസൈറ്റിയുടെയും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്റെയും മേൽ ഏർപ്പെടുത്തിയിരിക്കുന്ന സമ്പൂർണ നിയന്ത്രണം തുടരുകയാണ്‌. . . . തടവിൽ കഴിയുന്ന വിശ്വസ്‌ത സാക്ഷികൾ സഹതടവുകാരോടു സാക്ഷീകരിച്ചുകൊണ്ട്‌ തങ്ങളുടെ പ്രസംഗവേല മുന്നോട്ടുകൊണ്ടുപോയിരിക്കുന്നു. ആ തടവുപുള്ളികൾ സാക്ഷികൾ പറയുന്ന കാര്യങ്ങൾ കടലാസ്സുതുണ്ടുകളിൽ ചെറിയ പെൻസിൽ കഷണങ്ങൾകൊണ്ട്‌ എഴുതിയെടുക്കുകയും പിന്നീട്‌ ജയിലധികൃതർ അവർക്കു നൽകിയിരിക്കുന്ന ബൈബിളുമായി അവ ഒത്തുനോക്കുകയും ചെയ്യും. നിസ്സംശയമായും ഇത്തരം പ്രവർത്തനങ്ങൾ കാരണമാണ്‌ ചില ജയിലുകളിൽ യഹോവയുടെ സാക്ഷികളെ മറ്റു തടവുകാരിൽനിന്നു വേറിട്ടു പാർപ്പിച്ചിരിക്കുന്നത്‌.

യഹോവയുടെ സാക്ഷികളുടെയും കിറ്റാവാലായുടെയും പ്രവർത്തനങ്ങൾ നിരോധിക്കപ്പെട്ടിരുന്നു. രാജ്യത്തേക്ക്‌ അയയ്‌ക്കുന്ന ബൈബിൾ സാഹിത്യങ്ങൾ അധികാരികൾ പിടിച്ചെടുത്തു. അധികാരികളുടെ കയ്യിൽ പെടാതെ പോയ സാഹിത്യങ്ങൾ ചിലപ്പോൾ കിറ്റാവാലാക്കാർ കൈക്കലാക്കുകയും തങ്ങളുടെ താത്‌പര്യങ്ങൾ ഉന്നമിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്‌തിരുന്നു. യഹോവയുടെ സാക്ഷികളെയും കിറ്റാവാലാക്കാരെയും അറസ്റ്റ്‌ ചെയ്‌ത്‌ മർദിക്കുകയും തടങ്കൽപ്പാളയങ്ങളിലേക്കു കൊണ്ടുപോകുകയും ചെയ്യുമായിരുന്നു. എന്നാൽ “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം” എന്ന്‌ യേശു പറയുകയുണ്ടായി. (മത്താ. 7:16) അധിനിവേശ അധികാരികൾ സഹോദരങ്ങളുടെ സത്‌പെരുമാറ്റം നിരീക്ഷിക്കുകയും അവരും കിറ്റാവാലാക്കാരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിത്തുടങ്ങുകയും ചെയ്‌തു.

1955: ഈ ദേശത്ത്‌ പ്രവർത്തനത്തിന്മേലുള്ള നിരോധനം തുടരുകയാണ്‌, സമീപ ഭാവിയിൽ അത്‌ നീക്കം ചെയ്യപ്പെടുമെന്നു പ്രത്യാശിക്കാനുള്ള വകയൊന്നും കാണുന്നുമില്ല. എന്നാൽ യഹോവയെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നവരുടെ തീക്ഷ്‌ണതയ്‌ക്ക്‌ അതു തെല്ലും മങ്ങലേൽപ്പിച്ചിട്ടില്ല. കഴിഞ്ഞവർഷത്തെ നിരവധി തടവുശിക്ഷകളും നാടുകടത്തലുകളുമൊന്നും അവരുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിച്ചിട്ടില്ല.

ഇപ്പോഴത്തെ സാഹചര്യത്തിൽ വീടുതോറുമുള്ള സാക്ഷീകരണം സാധ്യമല്ല, അതുകൊണ്ട്‌ അവർ [മടക്കസന്ദർശനങ്ങളും] ഭവന ബൈബിളധ്യയനങ്ങളും മാത്രം നടത്തുന്നു. ഒരു സഭ എഴുതിയതുപോലെ, “അർമഗെദോൻ യുദ്ധത്തിനു മുമ്പ്‌ ഈ ദേശത്ത്‌ സുവാർത്ത വീടുതോറും പ്രസംഗിക്കാൻ യഹോവ ഞങ്ങളെ അനുവദിക്കുമോ എന്ന്‌ അറിയില്ല” എങ്കിലും പ്രസാധകർ സുവാർത്തയുടെ പരസ്യ ഘോഷണത്തിൽ പങ്കുപറ്റാൻ ആഗ്രഹിക്കുന്നു.

1957: കഴിഞ്ഞ വർഷം പ്രവർത്തനം മുമ്പെന്നത്തെക്കാളധികം ശ്രദ്ധ പിടിച്ചുപറ്റി എന്നതിനു സംശയമില്ല, വിശേഷിച്ചും ഗവൺമെന്റ്‌ അധികാരികളുടെയും പത്രമാസികകളുടെയും കാഴ്‌ചപ്പാടിൽ. നവംബറിൽ [മിൽട്ടൺ ജി.] ഹെൻഷെൽ സഹോദരൻ ലിയോപോൾഡ്‌വില്ലേയിലെ ബെൽജിയൻ കോംഗോ അധികാരികളെ നേരിട്ടു ചെന്നുകണ്ട്‌ സൊസൈറ്റിയുടെയും യഹോവയുടെ സാക്ഷികളുടെയും മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം പിൻവലിക്കണമെന്ന്‌ അഭ്യർഥിച്ചുകൊണ്ടുള്ള ഒരു അപേക്ഷ സമർപ്പിച്ചു. ഇതിനു ശേഷം ലിയോപോൾഡ്‌വില്ലേയിലേക്ക്‌ മറ്റൊരു സന്ദർശനം കൂടെ നടത്തപ്പെട്ടു, തുടർന്ന്‌ ന്യൂയോർക്കിലും ബ്രസ്സൽസിലും നിവേദനങ്ങൾ സമർപ്പിക്കപ്പെട്ടു. പിന്നീട്‌ ബെൽജിയത്തിൽനിന്ന്‌, ആഫ്രിക്കൻ കാര്യാദികളെ കുറിച്ച്‌ അറിയാവുന്ന ഒരു വിദഗ്‌ധൻ വടക്കൻ റൊഡേഷ്യൻ ബ്രാഞ്ച്‌ ഓഫീസ്‌ സന്ദർശിച്ചു, നമ്മുടെ പ്രവർത്തനത്തെയും സന്ദേശത്തെയും കുറിച്ച്‌ വിശദമായ വിവരങ്ങൾ നൽകാൻ ഈ അവസരം വിനിയോഗിക്കപ്പെട്ടു.

നിരോധനം തുടരുകയാണ്‌. ബെൽജിയൻ കോംഗോയിലെ സഹോദരങ്ങൾ വളരെ ബുദ്ധിമുട്ടുകൾ സഹിച്ചാണ്‌ വേല മുന്നോട്ടു കൊണ്ടുപോകുന്നത്‌. ഇരുന്നൂറ്റിപ്പതിനാറു പേർ സ്‌മാരകാചരണത്തിൽ പങ്കെടുത്തു, ചെറിയ കൂട്ടങ്ങളായാണ്‌ അവർ കൂടിവന്നത്‌.

1958: കഴിഞ്ഞ വർഷം മുഴുവൻ, സുവാർത്താ പ്രസംഗവേലയുടെ മേൽ നിരോധനം ഉണ്ടായിരുന്നിട്ടും, സഹോദരങ്ങൾ തുടർച്ചയായി തടവിലാക്കപ്പെട്ടിട്ടും, വർധിച്ച ഫലത്തോടെ രാജ്യ സന്ദേശം ഘോഷിക്കപ്പെട്ടിരിക്കുന്നു.

1959: സാക്ഷികളുടെ പ്രവർത്തനത്തിന്മേലുള്ള നിയമപരമായ നിരോധനം നിലനിൽക്കുമ്പോൾത്തന്നെ, സഭായോഗങ്ങൾ നടത്താൻ സഹോദരങ്ങൾക്ക്‌ പ്രാദേശിക ഗവൺമെന്റ്‌ അധികാരികളിൽനിന്ന്‌ ആദ്യമായി വാചികമായ അനുവാദം ലഭിച്ചു. സഭായോഗങ്ങൾ നടത്താൻ ഇതുവരെ സാധിച്ചിരുന്നില്ല. ബൈബിളധ്യയനത്തിനായി ചെറിയ കൂട്ടങ്ങളായി ഭവനങ്ങളിൽ കൂടിവന്നിരുന്നു, അത്രമാത്രം. എന്നാൽ ഇപ്പോൾ സഹോദരങ്ങൾ തിരക്കിട്ട്‌ ക്രമീകരണങ്ങൾ ആരംഭിച്ചു. തങ്ങളുടെ ആദ്യത്തെ സംഘടിത സഭായോഗമായി സ്‌മാരകം ആചരിക്കാൻ അവർ ഏർപ്പാടുകൾ ചെയ്‌തു. ലിയോപോൾഡ്‌വില്ലേയിലെ അഞ്ച്‌ [സഭകളിലായി] മൊത്തം 1,019 പേർ സന്നിഹിതരായി. നിരീക്ഷകർ വിസ്‌മയിച്ചു, യോഗങ്ങൾ നടത്തിയതു കണ്ടതുകൊണ്ടു മാത്രമല്ല, പിന്നെയോ സഹോദരങ്ങൾ പ്രകടമാക്കിയ സന്തോഷകരമായ ക്രിസ്‌തീയ കൂട്ടായ്‌മയുടെ ആത്മാവ്‌ ദർശിക്കാൻ കഴിഞ്ഞതിൽ. ഈ ജനം ‘തമ്മിൽ തമ്മിൽ സ്‌നേഹം പ്രകടമാക്കുന്നതിനാൽ’ അവർ മറ്റു മതസ്ഥരിൽനിന്നു വ്യത്യസ്‌തരാണെന്ന്‌ അവിടെവെച്ചുതന്നെ പലർക്കും ബോധ്യമായി.

കോംഗോയിലേക്കു മിഷനറിമാരെ അയയ്‌ക്കുക അപ്പോഴും സാധ്യമല്ലായിരുന്നെങ്കിലും, 1958 ജൂൺ 10-ന്‌ പുറപ്പെടുവിക്കപ്പെട്ട ‘സഹിഷ്‌ണുതാ ഉത്തരവ്‌,’ “കെട്ടിയടച്ച യോഗസ്ഥലങ്ങളിൽ കൂടിവരാൻ” യഹോവയുടെ സാക്ഷികൾക്ക്‌ അനുവാദം നൽകി. സ്വതന്ത്രമായി കൂടിവരാൻ സാധിച്ചതിൽ സഹോദരങ്ങൾ എത്രയധികം സന്തോഷിച്ചെന്നോ! ചിലപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഈ യോഗങ്ങളിൽ സന്നിഹിതരാകുകയും സഹോദരങ്ങളെ അവരുടെ നല്ല പെരുമാറ്റത്തിനും അച്ചടക്കത്തിനും അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു.

അനുകൂലമായ മറ്റു ചില മാറ്റങ്ങളും ഉണ്ടായി. 1956 വരെ എല്ലാ സ്‌കൂളുകളും ഏറ്റെടുത്തു നടത്തിയിരുന്നത്‌ മത സംഘടനകളായിരുന്നു. എന്നാൽ പിന്നീട്‌, വിശാലമനസ്‌കനായ പുതിയ ഒരു അധിനിവേശ മന്ത്രി ഗവൺമെന്റ്‌ സ്‌കൂളുകൾ സ്ഥാപിക്കുകയും ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള സഹിഷ്‌ണുതയെ കൂടുതലായി പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. അധികാരികൾക്ക്‌ കിറ്റാവാലാക്കാരും യഹോവയുടെ സാക്ഷികളും തമ്മിലുള്ള വ്യത്യാസം മനസ്സിലായതോടെ ഇരുകൂട്ടരും ഒന്നാണെന്ന തെറ്റിദ്ധാരണ ക്രമേണ അപ്രത്യക്ഷമാകാൻ തുടങ്ങി. അങ്ങിങ്ങായി ചിതറിവീണ്‌ പൊട്ടിമുളച്ച വിത്തുകളുടെമേൽ നവോന്മേഷദായകമായ ഒരു കൊച്ചു മഴ പെയ്‌തതുപോലെ ആയിരുന്നു അത്‌. എല്ലായിടത്തും ആളുകൾ യഹോവയുടെ പക്ഷത്ത്‌ നിലയുറപ്പിക്കുകയായിരുന്നു.

ആ സമയത്ത്‌ ഒരിക്കൽ ഒരു ഗ്രാമ മുഖ്യൻ ഏതാനും സാക്ഷികളെ അറസ്റ്റ്‌ ചെയ്‌ത്‌ റീജണൽ അഡ്‌മിനിസ്‌ട്രേറ്ററുടെ അടുക്കൽ വിചാരണയ്‌ക്കായി കൊണ്ടുവന്നു. അവർ ചെയ്‌ത കുറ്റം എന്താണെന്ന്‌ അദ്ദേഹം ആരാഞ്ഞു. ഗ്രാമ മുഖ്യന്‌ അത്‌ അറിഞ്ഞുകൂടായിരുന്നു. അഡ്‌മിനിസ്‌ട്രേറ്റർ ഗ്രാമ മുഖ്യനെ ശകാരിക്കുകയും സഹോദരങ്ങളെ വെറുതെ വിടുകയും ചെയ്‌തു. തന്നെയുമല്ല, അവരെ വണ്ടിയിൽ അവരുടെ വീടുകളിലെത്തിക്കാൻ ഉത്തരവിടുകപോലും ചെയ്‌തു.

1960: ബെൽജിയൻ കോംഗോയിലെ പ്രവർത്തനം കഴിഞ്ഞ വർഷം അത്ഭുതകരമായി മുന്നോട്ടു പോയിരിക്കുന്നു. രാജ്യത്ത്‌ ദുഷ്‌കരമായ അവസ്ഥകളാണ്‌ ഉള്ളതെങ്കിലും, പ്രവർത്തനം നിയമപരമായി ഇപ്പോഴും നിരോധനത്തിൻ കീഴിലാണെങ്കിലും സഹോദരങ്ങൾക്ക്‌ രാജ്യഹാളുകളിൽ പതിവായി യോഗങ്ങൾ നടത്താൻ കഴിഞ്ഞിരിക്കുന്നു.

സ്‌മാരക സമയത്ത്‌ തലസ്ഥാനമായ ലിയോപോൾഡ്‌വില്ലേ നഗരത്തിൽ ശ്രദ്ധേയമായ ഒരു സംഭവം നടന്നു. ആ നഗരത്തിലെ ആറു [സഭകൾ] ഞായറാഴ്‌ച ഒരു പരസ്യപ്രസംഗത്തിന്‌ ഒരുമിച്ചുകൂടാൻ ക്രമീകരണം ചെയ്‌തു. 1,417 പേരാണ്‌ ആ യോഗത്തിനു സന്നിഹിതരായത്‌! [മേൽവിചാരകന്മാരിൽ] ഒരാൾ അന്ന്‌ ഇങ്ങനെ എഴുതി: “ഞങ്ങൾക്ക്‌ എന്തു സന്തോഷമായെന്നോ, കാരണം ആദ്യമായാണ്‌ ഞങ്ങൾ ഇങ്ങനെയൊരു ക്രമീകരണം ചെയ്യുന്നത്‌; യഹോവയുടെ ദൂതന്മാർ ഞങ്ങൾക്കു ചുറ്റും പാളയമടിച്ചിരുന്നു.”

അയൽ ദേശങ്ങളിലെ ബ്രാഞ്ചുകൾ നൽകിയ റിപ്പോർട്ടുകൾ അടങ്ങിയ, 30 വർഷക്കാലത്തെ ചരിത്രം ഉൾക്കൊള്ളുന്ന, ഈ ഡയറി കോംഗോയിലെ പ്രവർത്തനങ്ങളുടെ ഒരു ആകമാന വീക്ഷണം നൽകുന്നു. സംഭവങ്ങൾ കൂടുതലായി ഉരുത്തിരിഞ്ഞത്‌ എങ്ങനെയെന്ന്‌ ഇനി നമുക്കു നോക്കാം.

ദേശത്തിനു സ്വാതന്ത്ര്യം ലഭിക്കാറാകുന്നു

വടക്കൻ റൊഡേഷ്യ ബ്രാഞ്ചിന്റെ മേൽനോട്ടത്തിൽ നടന്നിരുന്ന കോംഗോയിലെ രാജ്യപ്രസംഗ വേലയ്‌ക്ക്‌ 1950-കളുടെ അവസാനത്തിലും നിയമപരമായ അംഗീകാരം കിട്ടിയില്ലെങ്കിലും ഔദ്യോഗികതലത്തിൽനിന്ന്‌ അനുഭാവപൂർണമായ സമീപനം ലഭിച്ചുതുടങ്ങി. ഇതിനിടെ, പുതിയ പ്രശ്‌നങ്ങളും അനിശ്ചിതത്വങ്ങളും ഉടലെടുക്കുകയായിരുന്നു. ദേശീയത്വവും അധിനിവേശ ശക്തിയോടുള്ള ചെറുത്തുനിൽപ്പും ശക്തിപ്പെട്ടിരുന്നു. 1959 ജനുവരിയിൽ കലാപകാരികൾ ലിയോപോൾഡ്‌വില്ലേയിലുള്ള കടകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്‌തു. അവർ പള്ളികളും കൊള്ളയടിച്ചു, വിഗ്രഹങ്ങൾ തെരുവിലേക്കു വലിച്ചെറിഞ്ഞു. തുടർന്ന്‌ ബെൽജിയൻ അധികാരികളും പ്രാദേശിക രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളും ഒരു ചർച്ചാസമ്മേളനം നടത്തി. അവർ ദേശീയ സ്വാതന്ത്ര്യത്തിന്‌ ഒരു തീയതി നിശ്ചയിച്ചു: 1960 ജൂൺ 30. യഹോവയുടെ സാക്ഷികളിലാരും, പക്ഷേ, കലാപങ്ങളിൽ ഉൾപ്പെട്ടില്ല.

രാജ്യമെമ്പാടും, പ്രാദേശിക രാഷ്‌ട്രീയ പാർട്ടികൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. മിക്ക സാഹചര്യങ്ങളിലും, രാഷ്‌ട്രീയ ബോധ്യങ്ങളെക്കാൾ അവയിലെ അംഗങ്ങളെ ഏകീകരിച്ചിരുന്നത്‌ ഗോത്രപരമായ ബന്ധങ്ങളായിരുന്നു. രാഷ്‌ട്രീയ പാർട്ടികളുടെ അംഗത്വ കാർഡുകൾ വാങ്ങാൻ അവർ സഹോദരങ്ങളുടെ മേൽ കടുത്ത സമ്മർദം ചെലുത്തി. ഒരു വർഷം മുമ്പ്‌ സ്‌നാപനമേറ്റിരുന്ന പ്യെർ മാഫ്‌വാ സഹോദരൻ ഇങ്ങനെ പറഞ്ഞു: “1960 ജൂണിലെ ഒരു ശനിയാഴ്‌ച ദിവസം. ഉച്ചയ്‌ക്ക്‌ ജോലി കഴിഞ്ഞ്‌ ഞാൻ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ലിയോപോൾഡ്‌വില്ലേയിലെ പഴയ വിമാനത്താവളത്തിനരികിലൂടെ പോരുമ്പോൾ, പെട്ടെന്ന്‌ വാളുമായി ഒരു മനുഷ്യൻ എന്റെ അടുക്കലേക്കു വന്നു. ‘തന്റെ കാർഡ്‌ എവിടെ?’ അയാൾ ചോദിച്ചു. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. പെട്ടെന്ന്‌ അയാൾ ആ വാൾ എന്റെ മുഖത്തിനു നേരെ വീശി, എന്റെ മൂക്ക്‌ മുറിഞ്ഞു. വീണ്ടും അയാൾ എന്നെ വെട്ടി. ഞാൻ ഓടാൻ ശ്രമിച്ചെങ്കിലും വീണുപോയി. ഞാൻ യഹോവയോടു പ്രാർഥിച്ചു, ഭാര്യയെയും എന്റെ ആറു മക്കളെയും വീണ്ടും കാണാൻ സാധിക്കേണ്ടതിന്‌ എന്നെ പുനരുത്ഥാനത്തിൽ ഓർക്കേണമേ എന്ന്‌ ഞാൻ അവനോട്‌ അപേക്ഷിച്ചു. ഞാൻ പ്രാർഥിച്ചു തീർന്നതും ഏതാനും വെടിയൊച്ചകൾ കേട്ടു. പട്ടാളക്കാർ ആ മനുഷ്യനെ കാൽമുട്ടുകളിൽ വെടിവെച്ച്‌ വീഴ്‌ത്തിയിരുന്നു. ഒരു പൊലീസുകാരൻ എന്നെ ആശുപത്രിയിൽ എത്തിച്ചു. എനിക്ക്‌ ആവശ്യമായ ചികിത്സ ലഭിച്ചു. ബൈബിൾ വാക്യങ്ങൾ എന്നെ എത്രയധികമാണു പ്രോത്സാഹിപ്പിച്ചത്‌!”

ആദ്യ മിഷനറിമാർ എത്തി ഒരു ബ്രാഞ്ച്‌ ഓഫീസ്‌ തുറക്കുന്നു

നാം കണ്ടുകഴിഞ്ഞതുപോലെ, കോംഗോയിലേക്ക്‌ യഹോവയുടെ സാക്ഷികളുടെ പ്രതിനിധികളെ അയയ്‌ക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. എന്നാൽ, രാഷ്‌ട്രീയാന്തരീക്ഷത്തിനു മാറ്റം വന്നതിനെ തുടർന്ന്‌ എർണെസ്റ്റ്‌ ഹോയ്‌സെ ജൂനിയറിന്‌ കോംഗോയിലേക്കു കടക്കാൻ സാധിച്ചു.

കറുത്ത ചുരുളൻ മുടിയും ഒത്ത ശരീരവുമുള്ള ഒരു വ്യക്തിയായിരുന്നു ബെൽജിയംകാരനായ ഹോയ്‌സെ സഹോദരൻ. ധൈര്യശാലി ആയിരുന്നെങ്കിലും കോംഗോയിലെ ജീവിതം തന്നെയും ഭാര്യ ഏലെനെയും 11 വയസ്സുള്ള മകൾ ഡാൻയെല്ലിനെയും സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കുമെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. എർണെസ്റ്റിന്റെ പശ്ചാത്തലം, സംഭവിക്കാനിരിക്കുന്നതു നേരിടാൻ അദ്ദേഹത്തെ തികച്ചും പ്രാപ്‌തനാക്കിയിരുന്നു. ബ്രസ്സൽസിൽ വെച്ച്‌ 1947-ൽ അദ്ദേഹം ബെഥേൽ സേവനം ആരംഭിച്ചു. ഒരു വർഷത്തിനു ശേഷം വിവാഹിതനായ അദ്ദേഹത്തിന്‌ ഭാര്യയുമൊത്ത്‌ പയനിയർ സേവനം ഏറ്റെടുക്കാൻ നിയമനം ലഭിച്ചു. പിന്നീട്‌, കിറ്റാവാലാക്കാരും യഹോവയുടെ സാക്ഷികളും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്ന, പ്രത്യേകം തയ്യാർ ചെയ്യപ്പെട്ട ഒരു ലഘുപത്രികയുമായി അഭിഭാഷകരും അധികാരികളുമായി ബന്ധപ്പെടാൻ എർണെസ്റ്റ്‌ നിയുക്തനായി. കുറേക്കാലം കഴിഞ്ഞ്‌ അദ്ദേഹം ഒരു സഞ്ചാര മേൽവിചാരകനായി സേവിച്ചു.

കോംഗോയിലേക്കു പോകാനുള്ള ഔദ്യോഗിക രേഖകൾ ശരിയാക്കാൻ എർണെസ്റ്റ്‌ നിരവധി ശ്രമങ്ങൾ നടത്തി. ബെൽജിയത്തിലെ രാജാവിനെ സംബോധന ചെയ്‌തുകൊണ്ട്‌ അദ്ദേഹം വ്യക്തിപരമായി ഒരു അപേക്ഷ സമർപ്പിക്കുകപോലും ചെയ്‌തു. എന്നാൽ അദ്ദേഹത്തിന്‌ അനുവാദം ലഭിച്ചില്ല. പകരം, കോംഗോയിൽ കാലുകുത്താൻ “അഭികാമ്യരല്ലാത്തവരായി” കണക്കാക്കപ്പെട്ട വ്യക്തികളുടെ ലിസ്റ്റിൽ എർണെസ്റ്റിന്റെ പേർ കൂട്ടിച്ചേർക്കുകയാണ്‌ ഉണ്ടായത്‌.

എങ്കിലും എർണെസ്റ്റ്‌ പിന്മാറാൻ കൂട്ടാക്കിയില്ല. അദ്ദേഹം ആഫ്രിക്കയിലേക്കു യാത്ര ചെയ്‌ത്‌ കോംഗോയുടെ അയൽ രാജ്യങ്ങളിൽനിന്ന്‌ അവിടേക്കു കടക്കാനുള്ള പഴുതുകൾ നോക്കി. എന്നാൽ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഒടുവിൽ, കോംഗോ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബ്രസാവിലിലേക്കു യാത്ര ചെയ്യാനുള്ള വിസ സംഘടിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അവിടെനിന്ന്‌ അദ്ദേഹം കടത്തു ബോട്ടിൽ നദി കടന്ന്‌ ലിയോപോൾഡ്‌വില്ലേയിൽ എത്തി. അദ്ദേഹത്തിന്റെ ആഗമനം അധികാരികൾക്കിടയിൽ ചൂടുപിടിച്ച ചർച്ചയ്‌ക്കു വഴിതെളിച്ചു. “അഭികാമ്യരല്ലാത്ത” വ്യക്തികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ പേരും ഉണ്ടായിരുന്നതുകൊണ്ട്‌ അദ്ദേഹത്തിന്‌ വിസ കൊടുക്കരുതെന്നായി ചിലർ. എന്നാൽ ഒടുവിൽ, അധികാരികളിൽ ഒരാളായ സിറിൽ ആഡൂലാ​—⁠ഇദ്ദേഹം പിന്നീട്‌ പ്രധാനമന്ത്രിയായിത്തീർന്നു​—⁠കോംഗോയിൽ എത്തിപ്പെടാനുള്ള എർണെസ്റ്റിന്റെ ശ്രമങ്ങളെ കുറിച്ച്‌ തനിക്ക്‌ അറിയാമായിരുന്നെന്നു പറഞ്ഞു. മുൻ അധിനിവേശക്കാർക്ക്‌ ഹോയ്‌സെയെ ഇഷ്ടമല്ലായിരുന്നെങ്കിൽ അതിനർഥം അദ്ദേഹം കോംഗോയുടെ ഒരു സുഹൃത്ത്‌ ആണെന്നാണ്‌ എന്ന്‌ അദ്ദേഹം ന്യായവാദം ചെയ്‌തു. എർണെസ്റ്റിന്‌ ആദ്യം താത്‌കാലിക വിസയും പിന്നീട്‌ റസിഡൻസി വിസയും ലഭിച്ചു. അങ്ങനെ 1961 മേയിൽ, കോംഗോയിലെ ശിഷ്യരാക്കൽ വേലയ്‌ക്കു മേൽനോട്ടം വഹിക്കാൻ യഹോവയുടെ സാക്ഷികൾക്ക്‌ അവിടെ ഒരു പ്രതിനിധി ഉണ്ടായി.

തുടർന്ന്‌ ഏലെനെയും ഡാൻയെല്ലിനെയും കൊണ്ടുവരാൻ അദ്ദേഹം ഏർപ്പാടുകൾ ചെയ്‌തു. സെപ്‌റ്റംബറോടെ ഡാൻയെൽ ലിയോപോൾഡ്‌വില്ലേയിൽ സ്‌കൂളിൽ പോകാൻ തുടങ്ങി. 1962 ജൂൺ 8-ന്‌ തലസ്ഥാനത്ത്‌ ആദ്യത്തെ ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിതമായി. അവെന്യൂ വാൻ ഏറ്റ്‌വെൽഡെയിലുള്ള (ഇന്നത്തെ അവെന്യൂ ഡ്യൂ മാർഷേ) നാലു നില കെട്ടിടത്തിലായിരുന്നു ഓഫീസും താമസത്തിനുള്ള ക്വാർട്ടേഴ്‌സും. സ്ഥലസൗകര്യം പരിമിതമായിരുന്നതിനാൽ സാഹിത്യങ്ങൾ ഒരു ഡിപ്പോയിലാണ്‌ സൂക്ഷിച്ചത്‌. അതിന്‌ അതിന്റേതായ ബുദ്ധിമുട്ട്‌ ഉണ്ടായിരുന്നെങ്കിലും, താമസസൗകര്യം കണ്ടെത്തുന്നത്‌ ഒരു വലിയ പ്രശ്‌നമായിരുന്ന അന്നത്തെ സാഹചര്യത്തിൽ ഏറ്റവും മെച്ചപ്പെട്ട ഒരു പരിഹാരമാർഗമായിരുന്നു അത്‌.

ഹോയ്‌സെ സഹോദരൻ ഉടനടി പ്രവർത്തനം ആരംഭിച്ചു. ബ്രസാവിലിലെ ബ്രാഞ്ച്‌ ഓഫീസിൽനിന്ന്‌ അദ്ദേഹം ഒരു പ്രൊജക്‌റ്ററും ഫിലിമും കടംവാങ്ങി. ലിയോപോൾഡ്‌വില്ലേയിലെ സഭകൾക്കും ചില ഗവൺമെന്റ്‌ അധികാരികൾക്കും അദ്ദേഹം പുതിയ ലോക സമുദായത്തിന്റെ സന്തോഷം (ഇംഗ്ലീഷ്‌) എന്ന ഫിലിം കാണിച്ചുകൊടുത്തു. സമാധാനത്തിലും സന്തോഷത്തിലും ജീവിക്കുന്ന സാക്ഷികളുടെ ഒരു സാർവദേശീയ സഹോദരവർഗം ഉള്ളതായി കാണാൻ കഴിഞ്ഞത്‌ സഹോദരങ്ങൾക്കും താത്‌പര്യക്കാർക്കും പ്രബോധനാത്മകമായ ഒരു അനുഭവം തന്നെയായിരുന്നു. കറുത്ത വർഗക്കാരനായ ഒരു സഹോദരൻ യൂറോപ്യന്മാരെ വെള്ളത്തിൽ മുക്കി സ്‌നാനപ്പെടുത്തുന്നതു കണ്ട്‌ അവർ അത്ഭുതപ്പെട്ടുപോയി. ലിയോപോൾഡ്‌വില്ലേയിലെ മേയർക്ക്‌ ആ ഫിലിം വളരെ ഇഷ്ടമായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “[യഹോവയുടെ സാക്ഷികളുടെ] ഈ വേലയെ ആകാവുന്ന വിധത്തിലൊക്കെ പ്രോത്സാഹിപ്പിക്കേണ്ടതാണ്‌.” ആദ്യത്തെ നാലു പ്രദർശനങ്ങളിൽ മൊത്തം 1,294 പേരാണ്‌ സന്നിഹിതരായത്‌.

വർഷങ്ങളിലെ കാത്തിരിപ്പിനു ശേഷം ഒടുവിൽ തങ്ങളെ സഹായിക്കാൻ ഒരാളെ ലഭിച്ചതിൽ സഹോദരങ്ങൾക്ക്‌ വലിയ സന്തോഷമായിരുന്നു. മുമ്പ്‌, യൂറോപ്യൻ സഹോദരങ്ങളെ കുറിച്ച്‌ അവർക്ക്‌ കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബെൽജിയത്തിൽ യഹോവയുടെ സാക്ഷികളാരും ഇല്ലെന്ന്‌ ബെൽജിയൻ അധികാരികൾ അത്രയ്‌ക്കു തറപ്പിച്ചു പറഞ്ഞിരുന്നതിനാൽ യൂറോപ്യന്മാരായ സഹോദരങ്ങൾ ഉണ്ടോയെന്നുതന്നെ ചിലർക്കു സംശയമായിരുന്നു. ഹോയ്‌സെ സഹോദരന്റെ സാന്നിധ്യം സഹോദരങ്ങൾക്ക്‌ അതിരറ്റ സന്തോഷം നൽകി.

സത്യം പിൻപറ്റൽ​—⁠ഒരു വെല്ലുവിളി

ജീവിതത്തിൽ സത്യം പിൻപറ്റുന്നതിനു സഹോദരങ്ങളെ സഹായിക്കാൻ ബൃഹത്തായ ശ്രമംതന്നെ വേണ്ടിവന്നു. ഉദാഹരണത്തിന്‌ അവർക്കിടയിൽ ഗോത്രപരമായ ശത്രുതകൾ നിലനിന്നിരുന്നു, ചില സഭാമേൽവിചാരകന്മാർ മറ്റു മേൽവിചാരകന്മാരുമായി സംസാരിക്കുകയില്ലായിരുന്നു. ഒരു പ്രത്യേക ഗോത്രം ആധിപത്യം പുലർത്തുന്ന ഒരു സഭയിൽനിന്ന്‌ ആരെങ്കിലും പുറത്താക്കപ്പെട്ടാൽ പ്രധാനമായും ആ വ്യക്തിയുടെ സ്വന്തം ഗോത്രക്കാർ ഉള്ള ഒരു സഭയിലെ മൂപ്പന്മാർ അയാളെ സഭയിൽ സ്വീകരിക്കുമായിരുന്നു. ഒരു സഭ എടുക്കുന്ന തീരുമാനങ്ങൾക്ക്‌ മറ്റൊരു സഭയിൽ യാതൊരു സാധുതയും ഇല്ലായിരുന്നു. ഗോത്രാചാരങ്ങൾ നിത്യജീവിതത്തെ ഭരിച്ചിരുന്നു, ഗോത്ര ചിന്താഗതികൾ സഭകളിലേക്ക്‌ അരിച്ചിറങ്ങി.

ഗോത്രാചാരങ്ങൾ മുഖാന്തരം മറ്റു പ്രശ്‌നങ്ങളും ഉണ്ടായി. ചില ഗോത്രങ്ങളിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ഗോത്രപരമായ വിശ്വസ്‌തതയിൽ അടിസ്ഥാനപ്പെട്ടാണിരുന്നത്‌. പൊതുവേ ഭാര്യയും ഭർത്താവും തമ്മിലുള്ള അടുത്ത ബന്ധം ഇല്ലായിരുന്നു. ദാമ്പത്യം ഗോത്രത്തിന്റെ ഒരു ക്രമീകരണമായാണ്‌ പലപ്പോഴും വീക്ഷിക്കപ്പെട്ടിരുന്നത്‌. ഗോത്രത്തിലെ അംഗങ്ങൾ ഒരു വിവാഹബന്ധം അംഗീകരിക്കുന്നില്ലെങ്കിൽ ഭർത്താവിനെക്കൊണ്ട്‌ ഭാര്യയെ ഉപേക്ഷിപ്പിച്ച്‌ അവർക്കിഷ്ടപ്പെട്ട ഒരുവളെ സ്വീകരിപ്പിക്കാൻ അവർക്കു കഴിയുമായിരുന്നു.

ഭർത്താവ്‌ മരിച്ചാൽ ഭാര്യയുടെ അവസ്ഥ ദുരിതപൂർണമാകുമായിരുന്നു. മിക്കപ്പോഴും ഭർത്താവിന്റെ വീട്ടുകാർ ഭാര്യക്കും കുഞ്ഞുങ്ങൾക്കും ഒന്നും വെക്കാതെ വീട്ടിലെ സാധനങ്ങൾ മുഴുവൻ എടുത്തുകൊണ്ടുപോകുമായിരുന്നു. ചില ഗോത്രങ്ങളിൽ, ഭർത്താവിനെ ഭാര്യയുടെ മരണത്തിന്‌ ഉത്തരവാദിയായി കണക്കാക്കുകയും ഭാര്യവീട്ടുകാർ അയാളിൽനിന്ന്‌ പിഴ ഈടാക്കുകയും ചെയ്യുമായിരുന്നു.

വേറെ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ആരും സ്വാഭാവിക കാരണങ്ങളാൽ മരിക്കുന്നില്ല എന്ന്‌ കോംഗോയിലെ പല ആളുകളും വിശ്വസിച്ചു പോരുന്നു. അതുകൊണ്ട്‌ മൃതദേഹം അടക്കം ചെയ്യുന്ന സമയത്ത്‌ ആ മരണത്തിന്റെ കാരണക്കാരനെ തിരിച്ചറിയാനാണെന്നു പറഞ്ഞ്‌ പലതരം ചടങ്ങുകൾ നടത്താറുണ്ട്‌. ഇതിൽ അയാളുടെ തല മുണ്ഡനം ചെയ്യുന്നതുപോലുള്ള പല കർമങ്ങളും ഉൾപ്പെടുന്നു. ചില ഗോത്രങ്ങളിൽ, ഭർത്താവ്‌ മരിക്കുമ്പോൾ അയാളുടെ ഗോത്രത്തിൽപ്പെട്ട ഒരു പുരുഷൻ പരേതന്റെ ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടും. മരിച്ചയാളിന്റെ ഭാര്യയെ ശുദ്ധീകരിക്കാനാണത്രേ ഇങ്ങനെ ചെയ്യുന്നത്‌. ശവസംസ്‌ക്കാര വേളയിൽ, പലപ്പോഴും മരിച്ച വ്യക്തിയോടാണ്‌ ആശയവിനിമയം നടത്തുന്നത്‌. ഇത്‌ ആത്മാവ്‌ ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നു എന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. രൂഢമൂലമായ ഈ ആചാരങ്ങളുടെ വീക്ഷണത്തിൽ, നിർമലാരാധന പിൻപറ്റാൻ ആഗ്രഹിക്കുന്നവർക്കു നേരിടേണ്ടിവന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ സങ്കൽപ്പിക്കാൻ പ്രയാസമുണ്ടാകില്ല. സത്യക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെട്ട മറ്റുചിലർ ഈ ആചാരങ്ങളെ പൂർണമായി ഉപേക്ഷിച്ചിരുന്നില്ല, അവർ അത്‌ ക്രിസ്‌തീയ സഭയിലേക്കു കൊണ്ടുവരാൻ പോലും ശ്രമിച്ചു.

കാര്യങ്ങൾ നേരെയാക്കാൻ സുധീരരും സത്യസന്ധരുമായ മേൽവിചാരകന്മാർ ആവശ്യമായിരുന്നു. യഹോവയെ സ്‌നേഹിച്ചവർ അവരിൽനിന്ന്‌ പഠിക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും തയ്യാറായിരുന്നു. തങ്ങൾ മനസ്സിലാക്കിയിരിക്കുന്നതാണ്‌ സത്യം എന്ന്‌ പിഴവായി ധരിച്ചിരുന്ന വ്യക്തികളുടെ രൂഢമൂലമായ ആശയങ്ങൾ പിഴുതെറിയുക എളുപ്പമായിരുന്നില്ല. എന്നിരുന്നാലും, ആളുകൾ യഹോവയുടെ സാക്ഷികളും കിറ്റാവാലാക്കാരും ഒന്നുതന്നെയാണ്‌ എന്ന്‌ തെറ്റിദ്ധരിച്ചിരുന്നതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം.

ബ്രാഞ്ച്‌ ഓഫീസ്‌ തുറന്ന വാർത്ത രാജ്യമെങ്ങും പരന്നു, സഹോദരങ്ങളുടെ ഒട്ടനവധി കൂട്ടങ്ങൾ തങ്ങളെ സഭകളായി അംഗീകരിക്കണമെന്ന്‌ അഭ്യർഥിച്ച്‌ എഴുതി. കിറ്റാവാലാ കൂട്ടരും അങ്ങനെതന്നെ ചെയ്‌തു. ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “2,300 കിലോമീറ്റർ ദൂരത്തുനിന്നു പോലും ആളുകൾ വന്നു, യഹോവയുടെ സാക്ഷികളായി അംഗീകരിക്കപ്പെടാൻ താത്‌പര്യമുള്ള വ്യക്തികളുടെ പേരുകളുടെ നീണ്ട ലിസ്റ്റുകൾ അവർ കൊണ്ടുവന്നു. ചിലപ്പോൾ ഈ ലിസ്റ്റുകൾക്ക്‌ 90 സെന്റിമീറ്റർ നീളവും 70 സെന്റിമീറ്റർ വീതിയും ഉണ്ടായിരുന്നു, ചിലതിൽ രണ്ടോ മൂന്നോ ഗ്രാമങ്ങളിലെ മുഴുനിവാസികളുടെയും പേർ ഉണ്ടായിരുന്നു.”

വ്യക്തികളെയോ കൂട്ടങ്ങളെയോ യഹോവയുടെ സാക്ഷികളായി അംഗീകരിക്കുന്നതിനു മുമ്പ്‌, സത്യക്രിസ്‌ത്യാനികൾ ആരാണെന്നും കിറ്റാവാലാക്കാർ ആരാണെന്നും നിർണയിക്കേണ്ടത്‌ ആവശ്യമായിരുന്നു. അത്‌ അന്വേഷിക്കാൻ ഹോയ്‌സെ സഹോദരൻ പക്വതയുള്ള സഹോദരന്മാരെ അയച്ചു. ഇത്‌ വർഷങ്ങളോളം തുടർന്നു. ഈ വിശ്വസ്‌തരുടെ ചില അനുഭവങ്ങൾ നമുക്കു പരിചിന്തിക്കാം.

കിറ്റാവാലാക്കാരെ മുഖാമുഖം നേരിടുന്നു

കോംഗോയിലെ ആദ്യത്തെ സർക്കിട്ട്‌ മേൽവിചാരകനായി 1960-ൽ പോന്റിയെൻ മൂക്കാങ്‌ഗാ നിയമിതനായി. അധികം പൊക്കവും വണ്ണവുമില്ലാത്ത, സൗമ്യനായ ഒരു വ്യക്തിയായിരുന്നു പോന്റിയെൻ. കോംഗോ-ബ്രസാവിലിൽനിന്ന്‌ പരിശീലനം നേടിയശേഷം അദ്ദേഹം ലിയോപോൾഡ്‌വില്ലേയിലെ സഭകളും അടുത്തുള്ള ഏതാനും ഒറ്റപ്പെട്ട കൂട്ടങ്ങളും സന്ദർശിച്ചു. എന്നാൽ വളരെയേറെ ദുഷ്‌കരമായ ഒരു നിയമനം വരാനിരിക്കുകയായിരുന്നു: കിറ്റാവാലാക്കാരെ മുഖാമുഖം നേരിടൽ.

മൂക്കാങ്‌ഗാ സഹോദരൻ നടത്തിയ ആദ്യത്തെ യാത്രകളിൽ ഒന്ന്‌ തലസ്ഥാനത്തുനിന്ന്‌ ഏതാണ്ട്‌ 1,600 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കിസാങ്‌ഗാനിയിലേക്ക്‌ (അന്ന്‌ അത്‌ സ്റ്റാൻലിവിൽ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌) ആയിരുന്നു. കാരണം? വയൽസേവനത്തിനിടയിൽ ഹോയ്‌സെ സഹോദരൻ കണ്ടുമുട്ടിയ ഒരു യൂറോപ്യൻ അദ്ദേഹത്തിന്‌, കോംഗോ സ്വാതന്ത്ര്യം നേടി അധികമാകുന്നതിനു മുമ്പ്‌ സ്റ്റാൻലിവിലിൽ വെച്ച്‌ എടുത്ത ഒരു ഫോട്ടോ കാണിച്ചുകൊടുത്തു. ആ ഫോട്ടോയിൽ, റെയിൽവേ സ്റ്റേഷനു മുമ്പിൽ പ്രദർശിപ്പിച്ചിരുന്ന ഒരു വലിയ ചിഹ്നം കാണാമായിരുന്നു. ഒപ്പം അതിൽ ഒരു തുറന്ന ബൈബിളിന്റെ ചിത്രവും പിൻവരുന്ന ആലേഖനവും ഉണ്ടായിരുന്നു: “വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി​—⁠അന്തർദേശീയ ബൈബിൾ വിദ്യാർഥികളുടെ സംഘടന​—⁠കിറ്റാവാലാ കോംഗോളീസ്‌ മതം​—⁠പാട്രിസ്‌ ഇ. ലൂമൂംബാ നീണാൾ വാഴട്ടെ​—⁠ആന്റ്‌വോൻ ഗിസാങ്‌ഗാ നീണാൾ വാഴട്ടെ​—⁠എം.എൻ.സി. ഗവൺമെന്റ്‌ നീണാൾ വാഴട്ടെ.” അതേ, കിസാങ്‌ഗാനിയിലെ കിറ്റാവാലാക്കാർ യഹോവയുടെ സാക്ഷികളുടെ നിയമപരമായ കോർപറേഷനുകളുടെ പേരുകൾ ദുരുപയോഗം ചെയ്യുകയായിരുന്നു.

കിസാങ്‌ഗാനിയിൽ യഥാർഥ യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്നോ? അതു കണ്ടെത്താൻ മൂക്കാങ്‌ഗാ സഹോദരൻ അയയ്‌ക്കപ്പെട്ടു. സാമുവൽ ചിക്കാക്കാ എന്ന ഒരു വ്യക്തിയെ കുറിച്ചുള്ള വിവരം മാത്രമേ ബ്രാഞ്ചിന്റെ പക്കൽ ഉണ്ടായിരുന്നുള്ളൂ. ബൂംബായിൽവെച്ച്‌ സത്യം കേട്ട അദ്ദേഹം 1957-ൽ കിസാങ്‌ഗാനിയിലേക്കു മടങ്ങി. സാമുവലിന്‌ കിറ്റാവാല കൂട്ടരുമായി യാതൊരു ബന്ധവുമില്ലായിരുന്നു. തന്നെയുമല്ല മൂക്കാങ്‌ഗാ സഹോദരനെ സഹായിക്കാൻ അദ്ദേഹത്തിന്‌ അതീവ ഉത്സാഹവുമായിരുന്നു. മൂക്കാങ്‌ഗാ സഹോദരൻ പിന്നീട്‌ ഇങ്ങനെ എഴുതി: “വാച്ച്‌ ടവർ എന്ന പേര്‌ ഉപയോഗിക്കുന്ന ആളുകളെ കുറിച്ച്‌ അന്വേഷിക്കാൻ ഞാൻ സാമുവലുമൊത്തു പോയി. ഞങ്ങൾ അവരുടെ പാസ്റ്ററെ ചെന്നുകണ്ടു. അയാൾ തന്റെ കൂട്ടത്തെ കുറിച്ച്‌ ഞങ്ങളോടു പറഞ്ഞു. അവരിൽ ചിലർ ബൈബിളുകൾ ഉപയോഗിച്ചിരുന്നെങ്കിലും എല്ലാവരും ആത്മാവിന്റെ അമർത്യതയിൽ വിശ്വസിച്ചിരുന്നു. തങ്ങളുടെ ഭാര്യമാരെ പരസ്‌പരം വെച്ചുമാറിയാണ്‌ അവർ സ്‌നേഹത്തെ കുറിച്ചു പഠിപ്പിച്ചിരുന്നത്‌.

“ഞാൻ എത്തി അധികം കഴിയുന്നതിനു മുമ്പ്‌, പോലീസ്‌ നഗരത്തിലെ കിറ്റാവാലാക്കാരെ അറസ്റ്റ്‌ ചെയ്യാൻ ശ്രമിച്ചു, കിറ്റാവാലാക്കാർ തിരിച്ചടിച്ചു. പോലീസ്‌ പട്ടാളക്കാരെ വരുത്തി. കിറ്റാവാലാക്കാരിൽ പലരും കൊല്ലപ്പെട്ടു. പിറ്റേന്ന്‌ മരിച്ചവരെയും മുറിവേറ്റവരെയുംകൊണ്ട്‌ ഒരു ബോട്ട്‌ നദി കടന്ന്‌ എത്തി. പാസ്റ്ററുടെ സെക്രട്ടറി കൂട്ടത്തിലുണ്ടായിരുന്നു, രണ്ടു ദിവസം മുമ്പ്‌ ഞാൻ അവരുടെ നേതാവിനെ ചെന്നുകണ്ട കാര്യം അയാൾ ഓർത്തു. ഞാൻ അവരെ അധികാരികൾക്ക്‌ ഒറ്റിക്കൊടുത്തതാണെന്നും പോരാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ മരണത്തിന്‌ ഉത്തരവാദി ഞാനാണെന്നും അയാൾ ആരോപിച്ചു. എന്നെ ഒരു തരത്തിലും രക്ഷപ്പെടാൻ അനുവദിക്കരുതെന്ന്‌ തന്റെ കിറ്റാവാലാ സുഹൃത്തുക്കളോട്‌ അയാൾ ആവശ്യപ്പെട്ടു. പക്ഷേ, അവരുടെ പിടിയിൽനിന്ന്‌ ഞാൻ ഒരുവിധത്തിൽ രക്ഷപ്പെട്ടു.”

ബെൽജിയത്തിലെ വർത്തമാനപത്രങ്ങൾ ഈ സംഭവത്തെ കുറിച്ച്‌ റിപ്പോർട്ട്‌ ചെയ്‌തത്‌, “യഹോവയുടെ സാക്ഷികളും പൊലീസും തമ്മിൽ ഏറ്റുമുട്ടുന്നു” എന്ന ശീർഷകത്തോടെയാണ്‌. എന്നാൽ യഹോവയുടെ സാക്ഷികളും കിറ്റാവാലാക്കാരും തമ്മിലുള്ള വ്യത്യാസം അറിയാമായിരുന്ന കോംഗോളീസ്‌ അധികാരികൾ കൃത്യതയുള്ള റിപ്പോർട്ടാണു നൽകിയത്‌. സാക്ഷികൾ ഈ സംഭവത്തിൽ ഉൾപ്പെട്ടതായി കോംഗോയിലെ ഒരു പത്രം പോലും ആരോപിച്ചില്ല!

സാമുവൽ ചിക്കാക്കായ്‌ക്ക്‌ എന്തു സംഭവിച്ചു? അദ്ദേഹം ഇപ്പോഴും സത്യത്തിലാണ്‌, കൂടാതെ കിസാങ്‌ഗാനി ചോപ്പോ-യെസ്റ്റ്‌ സഭയിൽ ഒരു മൂപ്പനായി സേവിക്കുകയും ചെയ്യുന്നു. ഇന്ന്‌ കിസാങ്‌ഗാനിയിൽ 22 സഭകളിലായി 1,536 പ്രസാധകരുണ്ട്‌. സാമുവലിന്റെ മകൻ ലോട്ടോമോ, 40-ഓളം വർഷം മുമ്പ്‌ പോന്റിയെൻ മൂക്കാങ്‌ഗാ ചെയ്‌തതുപോലെ, ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിക്കുന്നു.

ഒരു സർക്കിട്ട്‌ മേൽവിചാരകൻ കാര്യങ്ങൾ നേരെയാക്കുന്നു

സാക്ഷികളും കിറ്റാവാലാക്കാരും തമ്മിലുള്ള വ്യത്യാസം എടുത്തുകാണിക്കാൻ ശ്രമിച്ച മറ്റൊരു സർക്കിട്ട്‌ മേൽവിചാരകനാണ്‌ ഫ്രാൻസ്‌വോ ഡാൻഡാ. അദ്ദേഹം വിവരിക്കുന്നു: “അത്‌ ഒരു വല്ലാത്ത കാലമായിരുന്നു, വളരെയധികം ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. കിറ്റാവാലാക്കാർ എപ്പോഴും തങ്ങളുടെ യോഗസ്ഥലങ്ങളെ തിരിച്ചറിയിക്കാൻ ഇംഗ്ലീഷിൽ ‘വാച്ച്‌ ടവർ’ എന്ന്‌ എഴുതിവെക്കുമായിരുന്നു. നമ്മുടെ പ്രസിദ്ധീകരണങ്ങളിലാണെങ്കിൽ, ഏതു ഭാഷയിലേതാണെങ്കിലും, പ്രസാധക പേജിൽ ‘വാച്ച്‌ ടവർ’ എന്നെഴുതിയിരിക്കുന്നതു കാണാം. ആരെങ്കിലും നമ്മുടെ പ്രസിദ്ധീകരണം വായിച്ച്‌ ദൈവജനത്തെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌ എന്നു വിചാരിക്കുക. പ്രാദേശിക ഭാഷയിൽ ‘യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ’ എന്നെഴുതിയ ഒരു യോഗസ്ഥലവും, ഇംഗ്ലീഷിൽ ‘വാച്ച്‌ ടവർ’ എന്നെഴുതിയിരിക്കുന്ന മറ്റൊന്നും അയാൾ കണ്ടേക്കാം. എവിടേക്കു പോകാനായിരിക്കും അയാൾക്ക്‌ ചായ്‌വുണ്ടായിരിക്കുക? ഇത്‌ എത്ര ആശയക്കുഴപ്പമാണ്‌ ഉണ്ടാക്കിയിരുന്നതെന്നോ!

“പല സഹോദരങ്ങൾക്കും സൂക്ഷ്‌മ പരിജ്ഞാനം ഉണ്ടായിരുന്നില്ല, ലഭ്യമായിരുന്ന സാഹിത്യങ്ങളുടെ എണ്ണവും നന്നേ കുറവായിരുന്നു. സഭകൾ പലപ്പോഴും സത്യവുമായി കിറ്റാവാലാ പഠിപ്പിക്കലുകൾ കൂട്ടിക്കലർത്തിയിരുന്നു, വിശേഷിച്ചും വിവാഹത്തിന്റെ പവിത്രതയോടുള്ള ബന്ധത്തിൽ. ഞാൻ സന്ദർശിച്ച ഒരു നഗരത്തിൽ, ‘സഹോദരവർഗ്ഗത്തെ സ്‌നേഹിപ്പിൻ’ എന്ന 1 പത്രൊസ്‌ 2:​17-ലെ വാക്കുകളുടെ അർഥം സഭയിലെ ഒരു സഹോദരിയുമായി ഏതു സഹോദരനു വേണമെങ്കിലും ലൈംഗിക ബന്ധം പുലർത്താം എന്നാണെന്ന്‌ കരുതപ്പെട്ടിരുന്നു. തന്റെ ഭർത്താവല്ലാത്ത ഒരു സഹോദരനിൽനിന്ന്‌ ഒരു സഹോദരി ഗർഭം ധരിക്കുന്നപക്ഷം ഭർത്താവ്‌ ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായി തന്നെ സ്വീകരിക്കുമായിരുന്നു. ഒന്നാം നൂറ്റാണ്ടിലെപ്പോലെതന്നെ, “അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ” തിരുവെഴുത്തുകളെ വളച്ചൊടിക്കുകയായിരുന്നു.​—⁠2 പത്രൊ. 3:16.

“ദാമ്പത്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യഹോവയുടെ മാനദണ്ഡങ്ങളെ കുറിച്ച്‌ തിരുവെഴുത്തുകളെ ആസ്‌പദമാക്കി ഞാൻ വളരെ വ്യക്തമായി പ്രസംഗിച്ചു. ക്ഷമാപൂർവം ക്രമേണ നേരെയാക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിലും ഭാര്യമാരെ പരസ്‌പരം വെച്ചു മാറുന്നത്‌ അങ്ങനെയുള്ള ഒന്നല്ല മറിച്ച്‌ ഉടനടി നിറുത്തേണ്ടതാണെന്നു ഞാൻ പറഞ്ഞു. സഹോദരങ്ങൾക്ക്‌ ശരിയായ തിരുവെഴുത്തു വീക്ഷണം മനസ്സിലാവുകയും അവർ അത്‌ സ്വീകരിക്കുകയും ചെയ്‌തു എന്നു പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്‌. ആ നഗരത്തിലെ ചില കിറ്റാവാലാക്കാർ പോലും സത്യം സ്വീകരിച്ചു.”

മൂക്കാങ്‌ഗാ സഹോദരനെയും ഡാൻഡാ സഹോദരനെയും പോലുള്ള നിരവധി പേരുടെ ശ്രമ ഫലമായി യഹോവയുടെ സാക്ഷികൾ കിറ്റാവാലാക്കാരിൽനിന്നു വ്യത്യസ്‌തരാണെന്ന്‌ ആളുകൾക്കു വ്യക്തമായിത്തീർന്നു. ഇന്ന്‌ ആരും “കിറ്റാവാലാ”യെ ‘വാച്ച്‌ ടവറു’മായി ബന്ധപ്പെടുത്തുന്നില്ല. കിറ്റാവാലാക്കാർ കോംഗോയിൽ ഇന്നും ഉണ്ടെങ്കിലും അവർക്ക്‌ പണ്ടത്തെ പോലെ ശക്തിയോ പ്രാമുഖ്യമോ ഒന്നുമില്ല. പല സ്ഥലങ്ങളിലും അവരെ ആരും അറിയുകപോലുമില്ല.

മെച്ചപ്പെട്ട സംഘാടനം വർധന കൈവരുത്തുന്നു

സേവനവർഷം 1962-ന്റെ അവസാനമായപ്പോഴേക്കും കോംഗോയിൽ ഉടനീളം, 2,000-ത്തിലധികം പ്രസാധകർ യഹോവയെ തീക്ഷ്‌ണതയോടെ സേവിക്കുന്നുണ്ടായിരുന്നു. എങ്കിലും മേൽവിചാരകന്മാർക്കുള്ള തിരുവെഴുത്തു യോഗ്യതകളിൽ എത്തിച്ചേർന്ന സഹോദരന്മാർ അധികം ഉണ്ടായിരുന്നില്ല. നിരക്ഷരത ഒരു പ്രശ്‌നമായിരുന്നു, വിശേഷിച്ചും പ്രായമായവർക്കിടയിൽ. പരമ്പരാഗത ആചാരങ്ങൾ വലിയ പ്രതിബന്ധം സൃഷ്ടിച്ചിരുന്നതിനാൽ പലർക്കും ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങളോട്‌ അനുരൂപപ്പെടാൻ പെട്ടെന്ന്‌ കഴിഞ്ഞില്ല എന്നതായിരുന്നു മറ്റൊരു പ്രശ്‌നം. കൂടാതെ, മുമ്പ്‌ കിറ്റാവാലായുമൊത്തു സഹവസിച്ചിരുന്ന ഏതൊരു വ്യക്തിക്കും സേവന പദവികൾ ലഭിക്കാൻ വർഷങ്ങൾതന്നെ കാത്തിരിക്കേണ്ടതുണ്ടായിരുന്നു.

എങ്കിലും ക്രമേണ, ശരിയായ രീതിയിലുള്ള തിരുവെഴുത്തു പഠിപ്പിക്കലും യഹോവയുടെ ആത്മാവിന്റെ പ്രവർത്തനവും സഭകളിലെ മേൽവിചാരക പദവികൾ ഏറ്റെടുക്കാൻ തക്ക യോഗ്യത പ്രാപിക്കാൻ സഹോദരന്മാരെ സഹായിച്ചു. രാജ്യത്ത്‌ ഉടനീളം, ധീരരായ സർക്കിട്ട്‌ മേൽവിചാരകന്മാരും പയനിയർമാരും സഹോദരങ്ങളെ ശക്തിപ്പെടുത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും വലിയ പങ്കുവഹിച്ചു. ഏതാണ്ട്‌ ആ സമയമായപ്പോഴേക്കും സാംബിയയിൽ പരിശീലനം നേടിയ സർക്കിട്ട്‌ മേൽവിചാരകന്മാർക്കും പ്രത്യേക പയനിയർമാർക്കും, ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമർന്നിരുന്ന പ്രദേശങ്ങളായ കാറ്റാങ്‌ഗായിലേക്കും തെക്കൻ കാസൈയിലേക്കും പോലും വരാൻ സാധിച്ചു.

സ്വാതന്ത്ര്യാനന്തര കാലം—⁠മതസഹിഷ്‌ണുതയുടെ വർഷങ്ങൾ

ഗവൺമെന്റ്‌ 1958-ൽ ‘സഹിഷ്‌ണുതാ ഉത്തരവ്‌’ പുറപ്പെടുവിച്ചതും അത്‌ സഹോദരങ്ങൾക്ക്‌ ഒരളവുവരെയുള്ള മതസ്വാതന്ത്ര്യം നൽകിയതും ഓർക്കുന്നുണ്ടാകുമല്ലോ. 1960-കളുടെ ആരംഭത്തിലും സഹോദരങ്ങൾ ഔദ്യോഗിക നിയമാംഗീകാരത്തിനുള്ള അഭ്യർഥനകൾ തുടർന്നു. ഗവൺമെന്റിൽനിന്നു പണപരമായ ആനുകൂല്യങ്ങളോ മറ്റു സാമ്പത്തിക സഹായങ്ങളോ നേടിയെടുക്കുക എന്നതായിരുന്നില്ല പിന്നെയോ നിയമപരമായ അംഗീകാരം നേടുക എന്നതായിരുന്നു അവരുടെ ആഗ്രഹം. അത്‌, ഉപദ്രവം കൂടാതെ സുവാർത്ത പ്രസംഗിക്കാൻ അവരെ സഹായിക്കുമായിരുന്നു. ഇത്‌ അടിയന്തിരമായ ഒരാവശ്യമായിരുന്നു. കാരണം പല സ്ഥലങ്ങളിലും പ്രാദേശിക അധികാരികൾ സഹോദരങ്ങൾക്കുനേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. യോഗസ്ഥലങ്ങൾ തീവെച്ചു നശിപ്പിച്ചിരുന്നു, സഹോദരന്മാർ മർദിക്കപ്പെടുകയും അറസ്റ്റ്‌ ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്‌തിരുന്നു. നീതിന്യായ മന്ത്രാലയത്തെ തങ്ങളുടെ പ്രതിഷേധം അറിയിച്ചപ്പോഴൊക്കെ മറുപടി ഇതായിരുന്നു: ‘ഞങ്ങൾക്കതിൽ ഖേദമുണ്ട്‌, പക്ഷേ നിങ്ങൾക്ക്‌ നിയമാംഗീകാരം ഇല്ലാത്തതിനാൽ ഞങ്ങൾക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ല.’

ഉൾപ്രദേശങ്ങളിൽ നിലനിന്നിരുന്ന ക്രമരാഹിത്യം ആ പ്രശ്‌നത്തിന്റെ രൂക്ഷത വർധിപ്പിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങൾ കേന്ദ്ര ഗവൺമെന്റിന്റെ അധികാരത്തെ അംഗീകരിച്ചിരുന്നില്ല. ചില പ്രദേശങ്ങളിലെ അധികാരികളെ സംബന്ധിച്ചിടത്തോളം, സഹോദരന്മാരെ തടവിൽനിന്നു മോചിപ്പിക്കാൻ ബ്രാഞ്ച്‌ ഓഫീസിൽനിന്നുള്ള ഒരു കത്തു മാത്രം മതിയായിരുന്നു. എന്നാൽ എതിർപ്പ്‌ രൂഢമൂലമായിരുന്ന സ്ഥലങ്ങളിൽ സഹോദരന്മാരെ പീഡനത്തിൽനിന്നും തടവുശിക്ഷയിൽനിന്നും സംരക്ഷിക്കാൻ അധികമൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

കിൻഷാസയിൽ സഹോദരങ്ങൾക്കു കാര്യമായ എതിർപ്പു നേരിടേണ്ടിവന്നില്ല. മുമ്പ്‌, നഗരത്തിൽ വലിയ കൂട്ടങ്ങളായി കൂടിവന്നിരുന്നത്‌ വിവാഹങ്ങൾക്കും ശവസംസ്‌കാരത്തിനും മാത്രമായിരുന്നു. എന്നാൽ 1964-ൽ തലസ്ഥാനത്ത്‌ രണ്ടു സർക്കിട്ട്‌ സമ്മേളനങ്ങൾ നടത്താൻ ബ്രാഞ്ച്‌ ഓഫീസ്‌ തീരുമാനിച്ചു. മിക്ക സഹോദരങ്ങളെയും സംബന്ധിച്ചിടത്തോളം ഇത്‌ പുതിയൊരു അനുഭവം ആയിരിക്കുമായിരുന്നു. പ്രസംഗങ്ങൾ അവതരിപ്പിക്കേണ്ട വിധം, സമ്മേളന ഡിപ്പാർട്ടുമെന്റുകൾ സംഘടിപ്പിക്കേണ്ട രീതി എന്നിവ സംബന്ധിച്ച്‌ പ്രത്യേക യോഗങ്ങളിലൂടെ അവർക്കു പരിശീലനം ലഭിച്ചു.

ആകെ ഉത്സാഹത്തിലായിരുന്ന സഹോദരങ്ങൾ സമ്മേളനത്തെ കുറിച്ച്‌ പരസ്യമായി സംസാരിച്ചു. അങ്ങനെ, ലിയോപോൾഡ്‌വില്ലേ പ്രവിശ്യയിലെ ഗവർണർ അതേക്കുറിച്ച്‌ അറിയാനിടയായി. യഹോവയുടെ സാക്ഷികളോടു വിരോധമുണ്ടായിരുന്ന അദ്ദേഹം പ്രാദേശിക അധികാരികൾക്കിടയിൽ വിതരണം ചെയ്യാനായി സ്റ്റെൻസിലിൽ ഒരു കത്തു തയ്യാറാക്കി. പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുകയോ ആരാധനയ്‌ക്കായി കൂടിവരികയോ ചെയ്യുന്ന സാക്ഷികളെ എല്ലാം അറസ്റ്റു ചെയ്യാൻ കത്തിൽ നിർദേശിച്ചിരുന്നു. എന്നാൽ യാദൃച്ഛികമായി, കത്തിന്റെ പകർപ്പെടുക്കാനുള്ള ജോലി ഒരു സഹോദരനാണു ലഭിച്ചത്‌. പകർപ്പുകളെടുക്കാനായി സഹോദരന്റെ കൈവശം വളരെ കുറച്ചു പേപ്പറുകളേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, ലിയോപോൾഡ്‌വില്ലേയിലെ കടകളിലൊന്നും പേപ്പർ ഇല്ലെന്നും അദ്ദേഹത്തിന്‌ അറിയാമായിരുന്നു. സൂപ്പർവൈസർ വന്ന്‌ കത്തിന്റെ പ്രതികൾ തയ്യാറായോ എന്നു ചോദിച്ചപ്പോൾ സഹോദരൻ കാലിയായ ഷെൽഫുകൾ തുറന്നു കാണിച്ചു​—⁠പകർപ്പുകളെടുക്കാൻ പേപ്പർ ഉണ്ടായിരുന്നില്ല!

പ്രശ്‌നത്തെ കുറിച്ച്‌ സഹോദരങ്ങൾ യഹോവയോട്‌ ഹൃദയം തുറന്നു പ്രാർഥിച്ചു. എന്താണു സംഭവിച്ചത്‌? ചില പുതിയ പ്രവിശ്യകൾക്കു രൂപം നൽകാൻ അപ്രതീക്ഷിതമായി ഗവൺമെന്റ്‌ തീരുമാനിച്ചതിനെ തുടർന്ന്‌ സാക്ഷികളുടെ പ്രവർത്തനത്തെ എതിർത്തിരുന്ന മേൽ പരാമർശിച്ച ഗവർണറുടെ പ്രവിശ്യ വിഘടിപ്പിക്കപ്പെട്ടു! വർഷങ്ങളിൽ ഉടനീളം, ദൈവജനത്തെ ഉപദ്രവിക്കാനും നശിപ്പിക്കാനും അനേകർ ശ്രമിച്ചു. എന്നാൽ അവരുടെ ശ്രമങ്ങളെല്ലാം പാളിപ്പോയി.—യെശ. 54:17.

കൂടുതൽ മിഷനറിമാർ വന്നുചേരുന്നു

സംഘടന 1960-കളിൽ കോംഗോയിലേക്കു മിഷനറിമാരെ അയയ്‌ക്കാനുള്ള അവസരം പ്രയോജനപ്പെടുത്തി. കിൻഷാസയിൽ ഒരു കൊച്ചു മിഷനറി ഭവനം സ്ഥാപിതമായി. 1964 മാർച്ചിൽ, മിഷനറിമാരായ ജൂല്യൻ കിസ്സലും ഭാര്യ മാഡ്‌ലെനും കാനഡയിൽ നിന്നെത്തി. നാൽപ്പതു വർഷത്തിനു ശേഷം അവർ ഇപ്പോഴും കിൻഷാസയിൽ ബെഥേൽ കുടുംബാംഗങ്ങളെന്നനിലയിൽ വിശ്വസ്‌തതയോടെ സേവിക്കുന്നു.

1960-കളുടെ അവസാനത്തിൽ വന്ന ചില മിഷനറിമാർ ഇപ്പോൾ മറ്റു രാജ്യങ്ങളിലാണു വസിക്കുന്നത്‌. 1965-ൽ, ഹെയ്‌റ്റിയിൽ സേവിക്കുകയായിരുന്ന സ്റ്റാൻലി ബോഗസിനും ഭാര്യ ബെർത്തയ്‌ക്കും കോംഗോയിലേക്കു നിയമനം ലഭിച്ചു. ഒരു സഞ്ചാര മേൽവിചാരകനായിരുന്ന ബോഗസ്‌ സഹോദരൻ 1971-ൽ ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഐക്യനാടുകളിലേക്കു മടങ്ങിപ്പോയി. 1965-ന്റെ അവസാനത്തോടടുത്ത്‌ മൈക്കിൾ പോറ്റിജും ഭാര്യ ബാർബ്രയും കോംഗോയിലെ മിഷനറിമാരോടു ചേർന്നു. ഇന്ന്‌ അവർ ബ്രിട്ടൻ ബെഥേലിലാണ്‌. വില്യം സ്‌മിത്തിനും ഭാര്യ ആനിനും 1966-ൽ കോംഗോയിലേക്കു നിയമനം ലഭിച്ചു; അവർ പ്രധാനമായും കാറ്റാങ്‌ഗായിലാണു സേവിച്ചത്‌. ഒരു നിരോധനത്തെ തുടർന്ന്‌, 1986-ൽ അവരെ കെനിയയിലേക്ക്‌ പുനർനിയമിച്ചു. 44-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽനിന്നു ബിരുദമെടുത്ത, ജർമനിയിൽനിന്നുള്ള മാൻഫ്രേറ്റ്‌ റ്റോനാക്ക്‌ കോംഗോയിൽ ഒരു സഞ്ചാര മേൽവിചാരകനായി സേവിച്ചു. നിരോധനം വന്നപ്പോൾ, അദ്ദേഹത്തിന്‌ കെനിയയിലേക്കു നിയമനം നൽകി. ഇന്ന്‌ അദ്ദേഹം എത്യോപ്യയിൽ ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡിനേറ്ററാണ്‌. 1969-ൽ, 47-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽനിന്നു ബിരുദമെടുത്തശേഷം ഡാറെൽ ഷാർപ്പും ഭാര്യ സുസാനും കോംഗോയിലേക്കു വന്നു. കോംഗോയിൽനിന്നു പുറത്താക്കപ്പെട്ടതിനെ തുടർന്ന്‌ അവർക്കു സാംബിയയിലേക്കു നിയമനം നൽകി, അന്നു മുതൽ ഇന്നുവരെ അവർ ലുസാക്കാ ബെഥേലിൽ സേവിക്കുന്നു. മറ്റു മിഷനറിമാരെ അവിടെനിന്ന്‌ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലേക്കു നിയമിച്ചു. റൈൻഹാർട്ട്‌ സ്‌പേർലിഹും ഭാര്യ ഹൈഡിയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അവർ ഒരു വിമാനാപകടത്തിൽ മരിച്ചു. ഈ ദുരന്തം, അവരെ അറിയാവുന്ന ഏവരെയും ദുഃഖത്തിലാഴ്‌ത്തി.

കിൻഷാസയ്‌ക്കു വെളിയിലുള്ള ആദ്യത്തെ മിഷനറി ഭവനം, 1966-ൽ കോംഗോയുടെ തെക്കുകിഴക്കുള്ള ലൂബൂംബാഷിയിൽ സ്ഥാപിതമായി. പിന്നീട്‌ ലൂബൂംബാഷിക്ക്‌ വടക്കുപടിഞ്ഞാറുള്ള കോൾവേസിയിലും കാസൈയിലുള്ള കനാങ്‌ഗയിലും (അന്നത്തെ ലൂലൂവാബുർഗ്‌) വേറെ ചില മിഷനറി ഭവനങ്ങൾ കൂടി സ്ഥാപിതമായി. മിഷനറിമാരുടെ സാന്നിധ്യം, ശക്തമായ ഒരു സ്വാധീനമായി വർത്തിച്ചു. ഇത്‌ സത്യത്തിൽ അടിയുറച്ചുനിൽക്കാൻ സഹോദരങ്ങളെ സഹായിച്ചു. ഉദാഹരണത്തിന്‌, കാസൈയിൽ സഹോദരങ്ങൾക്കിടയിൽ ഗോത്രപരമായ ശത്രുതകൾ അപ്പോഴും നിലനിന്നിരുന്നു. മിഷനറിമാർ ഒരു ഗോത്രത്തിലും പെടാത്തവരായതിനാൽ, പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മധ്യസ്ഥത വഹിക്കാനും നീതിന്യായ കേസുകളിൽ മുഖപക്ഷമില്ലാതെ നടപടികൾ എടുക്കാനും പറ്റിയ സ്ഥാനത്തായിരുന്നു അവർ.

രാജ്യത്ത്‌ വിവിധ ഭാഗങ്ങളിലായി, 1968 മുതൽ 1986 വരെ 60-ലധികം മിഷനറിമാർ സേവിച്ചിരുന്നു. ചിലർ ഐക്യനാടുകളിലെ വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിലും മറ്റു ചിലർ ജർമനിയിലെ ഗിലെയാദ്‌ എക്‌സ്റ്റൻഷൻ സ്‌കൂളിലും സംബന്ധിച്ചവരായിരുന്നു. കൂടാതെ, ഫ്രഞ്ച്‌ സംസാരിക്കുന്ന പയനിയർമാർ മിഷനറിമാർ എന്ന നിലയിൽ കോംഗോയിലേക്കു നേരിട്ടു വന്നു. പലരും പ്രാദേശിക ഭാഷകൾ പഠിച്ചെടുത്തു. രാജ്യസുവാർത്തയുമായി ആളുകളെ ആശ്വസിപ്പിക്കാൻ ഏവരും കഠിനമായി യത്‌നിച്ചു.

രാജ്യഹാളുകൾ 1960-കളിൽ

വലിയ നഗരങ്ങളിലെ യോഗസ്ഥലങ്ങൾ മിക്കതും വശങ്ങൾ കെട്ടിമറച്ചിട്ടില്ലാത്തവ ആയിരുന്നു. ഉയർന്ന അളവിൽ ഈർപ്പമുള്ള അന്തരീക്ഷത്തിനും ചൂടുള്ള കാലാവസ്ഥയ്‌ക്കും തികച്ചും യോജിക്കുന്ന ഒന്നായിരുന്നു ഈ ക്രമീകരണം. എങ്കിലും മിക്കപ്പോഴും ചൂട്‌ ഇല്ലാത്ത സമയത്ത്‌, അതായത്‌ വൈകുന്നേരങ്ങളിലോ അതിരാവിലെയോ ആണ്‌ യോഗങ്ങൾ നടത്തിയിരുന്നത്‌. മഴ ഇല്ലാത്തപ്പോൾ ഇത്‌ നല്ല ഒരു ക്രമീകരണമായിരുന്നു. എന്നാൽ മഴക്കാലത്ത്‌, പല അവസരങ്ങളിലും യോഗങ്ങൾ മറ്റൊരു ദിവസത്തേക്കു മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്‌.

ആദ്യത്തെ രാജ്യഹാളിന്റെ സമർപ്പണം നടന്നത്‌ 1962-ലാണ്‌. കിൻഷാസയിലെ കിംബാൻസെക്കെയിലാണ്‌ അതു സ്ഥിതിചെയ്‌തിരുന്നത്‌. അന്ന്‌ ഉണ്ടായിരുന്ന ആറു സഭകളിൽ ഒന്നിന്റേതായിരുന്നു അത്‌. അതിൽപ്പിന്നെ, രാജ്യഹാളുകളുടെ നിർമാണത്തിൽ മുൻകൈ എടുത്തു പ്രവർത്തിക്കാൻ കോംഗോയിലെ സഭകൾ വളരെ താത്‌പര്യം കാണിച്ചിട്ടുണ്ട്‌. എങ്കിലും ഇടയ്‌ക്ക്‌ നിയമപരമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നു. ചിലപ്പോൾ ഒരു സഹോദരൻ തന്റെ സ്ഥലത്ത്‌ ഹാൾ പണിയാൻ സഭയ്‌ക്ക്‌ അനുവാദം നൽകും. എന്നാൽ അതിനു നിയമപരമായ രേഖകളൊന്നും ഉണ്ടായിരിക്കില്ല. സഹോദരൻ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വന്ന്‌ ഹാളും അതിലുള്ള എല്ലാ സാധനങ്ങളും പിടിച്ചെടുക്കും. ഇത്‌ തടയാൻ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. പിന്നീട്‌, നിരോധന കാലത്ത്‌, പ്രാദേശിക അധികാരികൾ പല ഹാളുകളും പിടിച്ചെടുത്ത്‌ തങ്ങളുടെ ആവശ്യങ്ങൾക്ക്‌ ഉപയോഗിച്ചു. ഈ പ്രശ്‌നങ്ങൾ രാജ്യഹാളുകളുടെ വ്യാപകമായ നിർമാണത്തെ പ്രതികൂലമായി ബാധിച്ചു.

എങ്കിലും രാജ്യത്ത്‌ ഉടനീളം രാജ്യഹാളുകൾ നിർമിക്കപ്പെട്ടു. ആർഭാടമൊന്നും ഇല്ലാത്തവ ആയിരുന്നു ഇവയിൽ മിക്കതും. എന്നിരുന്നാലും ഈ ഹാളുകൾ അവയെ നിർമിച്ചവരുടെ വിശ്വാസത്തെ വെളിപ്പെടുത്തുന്ന തരത്തിലുള്ളവയായിരുന്നു. 1960-കളുടെ അവസാനത്തിലെ യോഗസ്ഥലങ്ങളെ കുറിച്ചുള്ള ഒരു മിഷനറിയുടെ വർണന വായിക്കുക.

“ലിയോപോൾഡ്‌വില്ലേയിലെ ഒരു രാജ്യഹാളിലേക്കാണു നാം പോകുന്നത്‌. പരുപരുത്ത കോൺക്രീറ്റുകൊണ്ട്‌ നിർമിച്ച വീടുകൾക്കിടയിലൂടെ നടന്നുവേണം അവിടെ എത്താൻ. നമുക്ക്‌ അകമ്പടിയായി ഒരു കൂട്ടം കുട്ടികളുണ്ട്‌. ചുറ്റും കോൺക്രീറ്റ്‌ മതിൽ കെട്ടിയ ഒരു അങ്കണത്തിലേക്കു നാം പ്രവേശിക്കുന്നു. സഹോദരങ്ങൾ താമസിക്കുന്ന ഒരു വീടിനു പിന്നിലാണു രാജ്യഹാൾ. ഹാളിന്റെ വശങ്ങൾ മറച്ചിട്ടില്ല. സഹോദരങ്ങൾ രാജ്യഗീതങ്ങൾ പാടി പരിശീലിക്കുകയാണ്‌. അവർ ഹൃദയം തുറന്നു പാടുന്നതു കേൾക്കാൻ എന്തു രസമാണ്‌! ഹാളിനു മീതേ പടർന്നു നിൽക്കുന്ന മരങ്ങൾ വലിയൊരു ആശ്വാസമാണ്‌, സൂര്യന്റെ ചൂടിൽനിന്ന്‌ അവ സംരക്ഷണം നൽകുന്നു. ഹാളിൽ 200-ഓളം പേർക്ക്‌ ഇരിക്കാനുള്ള സൗകര്യമുണ്ട്‌. പ്ലാറ്റ്‌ഫോം കോൺക്രീറ്റുകൊണ്ടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌, അതിന്റെ മേൽക്കൂരയാകട്ടെ മടക്കുകളോടുകൂടിയ ഇരുമ്പുതകിടുകൊണ്ടും. പ്രസംഗകൻ നല്ല പൊക്കമുള്ള ആളാണെങ്കിൽ അൽപ്പമൊന്നു കുനിഞ്ഞുനിൽക്കേണ്ടിവരും. ബ്രാഞ്ച്‌ ഓഫീസിൽനിന്നുള്ള കത്തുകളും സഭാനിയമനങ്ങളുമൊക്കെ പതിക്കാൻ ഒരു നോട്ടീസ്‌ ബോർഡും സാഹിത്യങ്ങൾ വെക്കാനുള്ള ഒരു മേശയും ഹാളിലുണ്ട്‌. പ്ലാറ്റ്‌ഫോമിന്റെ വശങ്ങൾ സഹോദരങ്ങൾ ചെടികൾകൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. ചില മണ്ണെണ്ണവിളക്കുകൾ കാണാനുണ്ട്‌, അവയുള്ളതുകൊണ്ട്‌ സഹോദരങ്ങൾക്ക്‌ വൈകുന്നേരങ്ങളിലും യോഗങ്ങൾ നടത്താനാകും. അവിടെനിന്ന്‌ ഇറങ്ങുമ്പോൾ നമ്മെയും കാത്ത്‌ കുട്ടികൾ വെളിയിൽത്തന്നെയുണ്ട്‌, പ്രധാനനിരത്തുവരെ വീണ്ടും നമുക്ക്‌ അകമ്പടി സേവിക്കാൻ.

“ഇനി നമുക്ക്‌ അങ്ങ്‌ കോംഗോയുടെ ഉൾഭാഗത്തുള്ള ഒരു ഗ്രാമത്തിലേക്കു പോകാം. പുൽക്കുടിലുകൾ നിറഞ്ഞ ആ ഗ്രാമത്തിലേക്കു പ്രവേശിക്കുമ്പോൾത്തന്നെ നാം കാണുന്നത്‌ രാജ്യഹാൾ ആണ്‌! ഓലകൊണ്ടുള്ള നല്ല കട്ടിയുള്ള ഒരു മേൽക്കൂര, ഒമ്പത്‌ കാലുകളിൽ താങ്ങിനിറുത്തിയതാണ്‌ ഹാൾ. ഹാളിന്റെ ഒരു വശം മുതൽ മറ്റേ വശം വരെ ചെറിയ കിടങ്ങുകൾ ഉണ്ടാക്കിയിട്ടുണ്ട്‌. വിചാരിച്ചതുപോലെയല്ല, കാൽ അതിലേക്കിട്ട്‌ നിലത്തിരിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. യോഗം നടത്തുന്ന സഹോദരന്റെ തലയ്‌ക്കു മീതെ ഒരു ബോർഡ്‌ തൂക്കിയിട്ടിട്ടുണ്ട്‌, അതിൽ പ്രാദേശിക ഭാഷയിൽ ‘രാജ്യഹാൾ’ എന്ന്‌ കൈകൊണ്ട്‌ എഴുതിയിരിക്കുന്നു. 30-ഓളം പേർ യോഗത്തിന്‌ ഹാജരായിട്ടുണ്ട്‌. ഇവരിൽ പകുതി മാത്രമേ പ്രസാധകരായിട്ടുള്ളൂ എന്നു തോന്നുന്നു. അവർക്ക്‌ ഏതാനും രാജ്യഗീതങ്ങൾ അറിയാം. സംഗീതത്തിന്റെ സാങ്കേതികവശങ്ങളെ സംബന്ധിച്ചൊന്നും കാര്യമായ അറിവില്ലെങ്കിലും അവരുടെ ഉത്സാഹം ആ കുറവു നികത്തുന്നു, അവരോടൊന്നിച്ച്‌ നാമും ഹൃദയം തുറന്നു പാടാൻ പ്രേരിതരാകുന്നു.

“അടുത്തതായി നാം പോകുന്നത്‌ രാജ്യത്തിന്റെ വടക്കു ഭാഗത്തേക്കാണ്‌. ലാൻഡ്‌ റോവർ നിറുത്തി ഗ്രാമത്തിലേക്കു നോക്കുമ്പോൾ പുല്ലുകൊണ്ടുള്ള ഒരു കൂട്ടം കുടിലുകൾ നാം കാണുന്നു. എന്നാൽ അവയ്‌ക്കു പിറകിലായി കാണുന്ന നിർമിതി പെട്ടെന്ന്‌ ആരുടെയും ശ്രദ്ധയിൽപ്പെടും. കട്ടിയേറിയ മുളങ്കോലുകൾ നല്ല ഉറപ്പോടെ ചേർത്തുവെച്ചാണ്‌ അത്‌ ഉണ്ടാക്കിയിരിക്കുന്നത്‌. മുളകൊണ്ടുള്ള ആ ചുവരിൽ ജനാലകളും ഒരു വാതിലും വെട്ടിയുണ്ടാക്കിയിരിക്കുന്നു. പുല്ലുകൊണ്ടാണ്‌ മേൽക്കൂര മേഞ്ഞിരിക്കുന്നത്‌. ഈ നിർമിതിക്കു മുന്നിൽ ഭംഗിയായി വെട്ടിനിറുത്തിയ ഒരു പുൽത്തകിടിയും വീതി കുറഞ്ഞ ഒരു നടപ്പാതയുമുണ്ട്‌. പുൽത്തകിടിയിൽ ‘യഹോവയുടെ സാക്ഷികൾ’ എന്നെഴുതിയ ഒരു കൊച്ചു ബോർഡ്‌ കാണാം. നടപ്പാതയിലൂടെ നടന്ന്‌ നാം രാജ്യഹാളിലെത്തുന്നു. സഹോദരങ്ങൾ എത്ര സന്തോഷത്തോടെയാണ്‌ നമ്മെ വരവേൽക്കുന്നത്‌! നീളമുള്ള മുളങ്കോലുകൾ, നിലത്തു നാട്ടിയിരിക്കുന്ന ചെറിയ മുളങ്കോലുകളിന്മേൽ വിലങ്ങനെ വെച്ചാണ്‌ അകത്തു കിടക്കുന്ന ബെഞ്ചുകൾ ഉണ്ടാക്കിയിരിക്കുന്നത്‌. ഒട്ടും ചോരാത്ത രീതിയിലാണ്‌ രാജ്യഹാളിന്റെ മേൽക്കൂര നിർമിച്ചിരിക്കുന്നത്‌. അത്‌ എന്തായാലും നന്നായി! ഇല്ലെങ്കിൽ പ്രശ്‌നമായേനെ. കുഴിച്ചു നാട്ടിയിരിക്കുന്ന ചെറിയ മുളങ്കോലുകളിലെങ്ങാനും വെള്ളം വീണാൽ അവ വേരെടുത്ത്‌ പെട്ടെന്നു വളരാൻ തുടങ്ങും. അപ്പോൾ ബെഞ്ചുകൾക്ക്‌ 30 സെന്റിമീറ്ററിൽ കൂടുതൽ ഉയരം വരും! യോഗ പട്ടികകളും ബ്രാഞ്ച്‌ ഓഫീസിൽനിന്നുള്ള കത്തുകളും മറ്റും പതിക്കാൻ ഒരു നോട്ടീസ്‌ ബോർഡ്‌ ഉണ്ട്‌. നെടുകെ പിളർന്നെടുത്ത മുളങ്കഷണങ്ങൾ ഞാങ്ങണകൊണ്ട്‌ ചേർത്തുകെട്ടി ഉണ്ടാക്കിയ ഒരു മേശയാണ്‌ സാഹിത്യ കൗണ്ടർ.

“ഇനി തെക്കോട്ട്‌, കാറ്റാങ്‌ഗായിലേക്ക്‌. സൂര്യാസ്‌തമയത്തോടെ നാം അവിടത്തെ ഒരു ഗ്രാമത്തിൽ എത്തുന്നു. ഇവിടെ കാലാവസ്ഥ കുറേക്കൂടെ തണുപ്പുള്ളതാണ്‌. അതുകൊണ്ട്‌ ചൂടു പകരുന്ന വസ്‌ത്രങ്ങൾ ധരിക്കണം. രാജ്യഹാളിലേക്കു ചെല്ലവേ, സഹോദരങ്ങൾ ഗീതമാലപിക്കുന്നതു നാം കേൾക്കുന്നു. പൊതുവേ ഗ്രാമങ്ങളിലുള്ള സഹോദരങ്ങളുടെ കയ്യിൽ വാച്ച്‌ ഇല്ലാത്തതുകൊണ്ട്‌ അവർ യോഗസമയം നിശ്ചയിക്കുന്നത്‌ സൂര്യനെ നോക്കിയാണ്‌. സാധാരണഗതിയിൽ, ഹാളിൽ ആദ്യം എത്തുന്നവർ ഗീതമാലപിക്കാൻ തുടങ്ങും. ഭൂരിഭാഗം പേരും ഹാജരായി യോഗം തുടങ്ങുന്നതുവരെ അവർ പാട്ടു തുടരും. രണ്ട്‌ മരക്കാലുകളിൽ താങ്ങിനിറുത്തിയ, അറുത്തെടുത്ത ഒരു പാതി മരത്തടികൊണ്ട്‌ ഉണ്ടാക്കിയ ബെഞ്ചിൽ നാം ഞെങ്ങിഞെരുങ്ങിയിരിക്കുന്നു. സാഹിത്യങ്ങൾ സൂക്ഷിച്ചിരിക്കുന്നത്‌ പഴയ ഒരു അലമാരയിലാണ്‌. പക്ഷേ അധികകാലം അവ അവിടെ സൂക്ഷിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. കാരണം പാറ്റയും ചിതലും കൂടെ പുസ്‌തകങ്ങളെല്ലാം നശിപ്പിക്കും. യോഗശേഷം, തങ്ങളുടെ ഹാൾ ശരിക്കൊന്നു നോക്കിക്കാണാൻ സഹോദരങ്ങൾ നമ്മെ ക്ഷണിക്കുന്നു. കൊച്ചു മരക്കമ്പുകൾ ഞാങ്ങണകൊണ്ട്‌ ചേർത്തുകെട്ടിയാണ്‌ ചുവരുകൾ നിർമിച്ചിരിക്കുന്നത്‌, എന്നിട്ട്‌ അതിന്മേൽ കളിമണ്ണ്‌ കുഴച്ച്‌ തേച്ചുപിടിപ്പിച്ചിരിക്കുന്നു. പുല്ലു നെയ്‌തെടുത്തു മേഞ്ഞിരിക്കുന്ന മേൽക്കൂര ഒട്ടും ചോരുകയില്ല.”

യഹോവ തന്റെ ദാസരെ സംരക്ഷിക്കുന്നു

1960-കളിൽ ആഭ്യന്തര കലഹവും അക്രമങ്ങളും സർവസാധാരണമായിരുന്നു. യഹോവയുടെ ജനം ഉൾപ്പെടെ പലർക്കും ജീവഹാനി സംഭവിച്ചു. ചിലപ്പോൾ യോഗങ്ങൾ രാഷ്‌ട്രീയ കൂടിവരവുകളായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നതിനാൽ, സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം ഒരുമിച്ചു കൂടിവരാൻ വിശ്വാസവും ധൈര്യവും ആവശ്യമായിരുന്നു. ഒരിക്കൽ ഏക്‌വാറ്റ്യൂർ പ്രവിശ്യയിലെ ഒരു രാജ്യഹാളിൽ യോഗം നടന്നുകൊണ്ടിരിക്കെ സായുധ പട്ടാളക്കാർ എത്തി. സഹോദരങ്ങൾ ദൈവത്തെ ആരാധിക്കാനാണ്‌ അവിടെ കൂടിവന്നിരിക്കുന്നത്‌ എന്നും രാഷ്‌ട്രീയ ഉദ്ദേശ്യങ്ങൾക്കല്ലെന്നും അവർക്കു പെട്ടെന്നുതന്നെമനസ്സിലായി. തങ്ങൾ മതത്തിനോ ദൈവത്തിനോ എതിരല്ലെന്നു പറഞ്ഞ്‌ പട്ടാളക്കാർ സ്ഥലംവിട്ടു.

മറ്റൊരവസരത്തിൽ കിസാങ്‌ഗാനിയിൽ ഒരു കൂട്ടം വിപ്ലവകാരികൾ ബെർനാർ മായൂങ്‌ഗായെയും മറ്റു ചില പ്രസാധകരെയും വളഞ്ഞു. പ്രാദേശിക ഭരണ തലവന്മാരെ പിടികൂടി വധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ബെർനാറിനോട്‌ ഏതു ഗോത്രത്തിൽ പെട്ടതാണെന്നു ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകിയത്‌ “ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌” എന്നായിരുന്നു. ഈ ഉത്തരം കേട്ട്‌ അത്ഭുതപ്പെട്ട നേതാവ്‌ വിശദീകരണം ആവശ്യപ്പെട്ടു. ബെർനാർ തിരുവെഴുത്തുകളിൽനിന്നു സാക്ഷ്യം നൽകി. അപ്പോൾ വിപ്ലവകാരികളുടെ നേതാവ്‌ ഇങ്ങനെ പറഞ്ഞു: “എല്ലാ ആളുകളും നിങ്ങളെപ്പോലെ ആയിരുന്നെങ്കിൽ യുദ്ധമേ ഉണ്ടാവുകയില്ലായിരുന്നു.” ബെർനാറിനെയും മറ്റു സാക്ഷികളെയും അവർ വിട്ടയച്ചു.

ഒടുവിൽ നിയമാംഗീകാരം!

1965 വരെ കോംഗോ ബെഥേൽ കിൻഷാസയുടെ ഹൃദയഭാഗത്തുള്ള ആ പഴയ അപ്പാർട്ട്‌മെന്റിൽത്തന്നെ ആയിരുന്നു. അവിടെ സ്ഥലസൗകര്യം തീരെ കുറവായിരുന്നു. രാജ്യഘോഷകരുടെ എണ്ണം 4,000-ത്തോട്‌ അടുത്തെത്തിയിരുന്നതിനാൽ കൂടുതൽ വലിയ കെട്ടിടം ആവശ്യമായിരുന്നു. സ്ഥിരോത്സാഹത്തോടു കൂടിയ അന്വേഷണത്തിനൊടുവിൽ സഹോദരന്മാർക്ക്‌ ആറു വർഷം മാത്രം പഴക്കമുള്ള ഒരു വീട്‌ കണ്ടെത്താൻ കഴിഞ്ഞു. കിൻഷാസയിൽ ലിമെറ്റെ ജില്ലയിലെ 764 അവെന്യൂ ഡെസേലേഫാൻ തെരുവിലാണ്‌ അതു സ്ഥിതി ചെയ്‌തിരുന്നത്‌. നാലു കിടപ്പുമുറികളുള്ള ഇരുനിലക്കെട്ടിടമായിരുന്നു അത്‌. സഹോദരന്മാർ പണി ആരംഭിച്ചു. രണ്ടാമത്തെ നിലയിലുണ്ടായിരുന്ന വലിയ സ്വീകരണമുറിയും തീൻമുറിയും അവർ ഒരു ഓഫീസാക്കി മാറ്റി. ഗരാജ്‌ അവർ ഷിപ്പിങ്ങിനും മിമിയോഗ്രാഫിങ്ങിനുമായി ഉപയോഗിച്ചു. 1972-ൽ കെട്ടിടം നീട്ടിപ്പണിതു.

1965 നവംബറിൽ ഷോസെഫ്‌-ഡേസിരേ മോബൂറ്റൂ ഒരു ആസൂത്രിത അട്ടിമറിയിലൂടെ രാഷ്‌ട്രീയാധികാരം പിടിച്ചെടുത്തു. ബ്രാഞ്ച്‌ ഓഫീസ്‌ ഒരിക്കൽ കൂടെ നിയമാംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചു, 1966 ജൂൺ 9-ന്‌ പ്രസിഡന്റ്‌ മോബൂറ്റൂ അത്‌ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ചു. യഹോവയുടെ ജനത്തിന്‌ കോംഗോയിലെ മറ്റെല്ലാ അംഗീകൃത മതങ്ങൾക്കുമുള്ള അതേ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ അത്‌ ഇടയാക്കുമായിരുന്നു. 1932 മുതൽ സഹോദരങ്ങൾ എന്തിനുവേണ്ടിയാണോ പ്രാർഥിച്ചതും പ്രയത്‌നിച്ചതും അത്‌ ഒടുവിൽ സാക്ഷാത്‌കരിക്കപ്പെട്ടു. പരസ്യമായി പ്രസംഗവേലയിൽ ഏർപ്പെടാനും വലിയ സമ്മേളനങ്ങൾ നടത്താനും സ്വന്തമായി സ്ഥലം കൈവശം വെക്കാനും അവർക്ക്‌ ഇപ്പോൾ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ ഈ സ്വാതന്ത്ര്യത്തിന്‌ വെറും ആറു വർഷത്തെ ആയുസ്സേ ഉണ്ടായിരിക്കുമായിരുന്നുള്ളൂ.

സമ്മേളനങ്ങളും കൺവെൻഷനുകളും വലിയൊരു സാക്ഷ്യം നൽകുന്നു

നിയമപരമായ ഒരു ഉത്തരവിന്റെ സംരക്ഷണത്തിൽ സർക്കിട്ട്‌ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ സഹോദരന്മാർക്ക്‌ എത്ര സന്തോഷമായിരുന്നു! ആദ്യ പരമ്പരയിൽ 11 സമ്മേളനങ്ങളാണു നടന്നത്‌. മൊത്തം 11,214 പേർ ഹാജരായി, 465 പേർ സ്‌നാപനമേറ്റു.

സമ്മേളനങ്ങളോടുള്ള പ്രാദേശിക സഭകളുടെ പ്രതികരണം രൂക്ഷമായിരുന്നു. തങ്ങളുടെ സാമ്രാജ്യമെന്ന്‌ അവർ കരുതിയ, ആത്മീയമായി ഫലഭൂയിഷ്‌ഠമായ ഈ പ്രദേശത്ത്‌ യഹോവയുടെ സാക്ഷികൾക്ക്‌ നിയമാംഗീകാരം ലഭിക്കുന്നതു തടയാൻ വൈദികവൃന്ദം കിണഞ്ഞു പരിശ്രമിച്ചിരുന്നു. കാസൈ പ്രവിശ്യയിലെ ഗാൻഡാജിക്കാ പട്ടണത്തിൽ മതനേതാക്കൾ മേയറെ പ്രതിഷേധം അറിയിച്ചു. തങ്ങളുടെ വിരട്ടലൊന്നും മേയറുടെ അടുക്കൽ വിലപ്പോകുന്നില്ലെന്നു കണ്ടതിനെ തുടർന്ന്‌ അവർ സമ്മേളനം അലങ്കോലപ്പെടുത്താനായി ഒരു സംഘം ചെറുപ്പക്കാരെ അയച്ചു. സമ്മേളനത്തിൽ ബൈബിളിനെ ആധാരമാക്കിയുള്ള ഒരു ഫിലിം കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു, അത്‌ കാണാൻ വലിയൊരു ജനക്കൂട്ടംതന്നെ എത്തിയിരുന്നു. സമ്മേളനം അലങ്കോലപ്പെടുത്താൻ ചെന്നവരും ശാന്തരായി അതു കണ്ടുനിന്നുപോയി! തങ്ങൾ കണ്ട കാര്യങ്ങൾ അവരിൽ മതിപ്പുളവാക്കി. ഓരോ റീൽ മാറ്റുമ്പോഴും ആയിരങ്ങൾ വരുന്ന ജനക്കൂട്ടം, “യഹോവയുടെ സാക്ഷികൾ നീണാൾ വാഴട്ടെ” എന്ന്‌ ആർത്തുവിളിച്ചു!

യഹോവയുടെ സാക്ഷികൾക്ക്‌ ഇപ്പോൾ വലിയ കൺവെൻഷനുകൾ നടത്താനുള്ള അനുമതി ഉണ്ടായിരുന്നു. എന്നാൽ അതിനു വളരെയധികം തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടായിരുന്നു. ബൈബിൾ നാടകങ്ങൾ നടത്താനുള്ള ഒരുക്കങ്ങൾ ചെയ്യേണ്ടിയിരുന്നു, നാടകങ്ങൾക്ക്‌ പ്രത്യേക വേഷവിധാനങ്ങൾ ആവശ്യമായിരുന്നു. ശബ്ദോപകരണങ്ങൾ സ്ഥാപിക്കുകയും അവ പ്രവർത്തിപ്പിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. സ്വമേധയാ മുന്നോട്ടു വരാനും പഠിക്കാനും സഹോദരങ്ങൾ ഉത്സുകരായിരുന്നതിനാൽ അവർക്ക്‌ അതെല്ലാം സാധിച്ചു.

സർക്കിട്ട്‌ സമ്മേളനങ്ങളിൽ സേവനം അനുഷ്‌ഠിക്കാനായി യാത്ര ചെയ്യുന്നു

കോംഗോയിൽ 1964-ൽ രണ്ടു ഡിസ്‌ട്രിക്‌റ്റുകൾ രൂപവത്‌കരിക്കാൻ ആവശ്യമായത്രയും സർക്കിട്ടുകൾ ഉണ്ടായിരുന്നു. 1969-ൽ, കാസൈയിൽ മൂന്നാമതൊരെണ്ണത്തിന്‌ രൂപംനൽകി. 1970-ഓടെ ഡിസ്‌ട്രിക്‌റ്റുകളുടെ എണ്ണം നാലായി. റോഡുകൾ വളരെ മോശമായിരുന്നതിനാൽ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാർക്കും മറ്റുള്ളവർക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും പോകുന്നത്‌ മിക്കപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. ഒരു ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായ വില്യം സ്‌മിത്ത്‌ ഒരനുഭവം വിവരിക്കുന്നു:

“മഴ ആ നാട്ടിൻപുറത്ത്‌ ഒരു പ്രളയംതന്നെ സൃഷ്ടിച്ചിരിക്കുകയായിരുന്നു. നദികളൊക്കെയും കരകവിഞ്ഞ്‌ ഒഴുകുകയായിരുന്നു. കാമിനാ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യസ്ഥാനം, സർക്കിട്ട്‌ സമ്മേളനം നടക്കാൻ പോകുന്നത്‌ അവിടെയായിരുന്നു. 320-ലധികം കിലോമീറ്റർ യാത്ര ചെയ്‌തു വേണമായിരുന്നു അവിടെ എത്താൻ. ശക്തമായ മഴ ചില റോഡുകളെ ചെളിക്കടലാക്കി മാറ്റിയിരുന്നു. മറ്റുചില ഇടങ്ങളിൽ വെള്ളപ്പൊക്കം മൂലം റോഡുകൾ പാടേ അപ്രത്യക്ഷമായിരുന്നു. ഒരു താഴ്‌വര തടാകമായി മാറിയിരുന്നു. കാറുകളും ട്രക്കുകളും സർക്കാർ വാഹനങ്ങളുമൊക്കെ വെള്ളം താഴുന്നതും കാത്ത്‌ കിടപ്പുണ്ടായിരുന്നു. രണ്ടാഴ്‌ച അവിടെ തങ്ങേണ്ടിവരുമെന്നു പലരും പ്രതീക്ഷിച്ചു.

“സമ്മേളന പരിപാടികൾക്കായി സഹോദരങ്ങൾ അത്യന്തം ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുകയാണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. ചിലർ അതിൽ സംബന്ധിക്കാനായി ദിവസങ്ങളോളം കാൽനടയായി യാത്ര ചെയ്‌തിട്ടുണ്ടായിരിക്കും. താഴ്‌വരയിലൂടെയല്ലാതെ മറ്റെന്തെങ്കിലും വഴിയുണ്ടോ എന്നു ഞാൻ ചോദിച്ചു. അത്ഭുതകരമെന്നു പറയട്ടെ, യഹോവയുടെ സാക്ഷികൾ ഒരു കൊച്ചു വഴി വെട്ടിയുണ്ടാക്കിയെന്നും എന്നാൽ മണ്ണിന്‌ ഉറപ്പില്ലാത്തതുകൊണ്ട്‌ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകൻ അതിലൂടെ കാമിനായ്‌ക്ക്‌ കടന്നുപോകുന്നതുവരെ സാക്ഷികൾ ആരെയും അതിലൂടെ കടത്തിവിടുകയില്ലെന്നും ആളുകൾ എന്നോടു പറഞ്ഞു.

“രണ്ടു ഗ്രാമങ്ങളിൽനിന്നുള്ള സഹോദരന്മാർ രണ്ടു പകലും ഒരു രാത്രിയും കഷ്ടപ്പെട്ടു പണിയെടുത്താണ്‌ വെള്ളം പൊങ്ങിക്കിടക്കുന്ന താഴ്‌വരയെ ഒഴിവാക്കി കടന്നുപോകുന്ന ആ പുതിയ റോഡ്‌ വെട്ടിയുണ്ടാക്കിയത്‌. താമസിയാതെ ഞാൻ സഹോദരന്മാരെ കണ്ടെത്തുകയും അവർ നിർമിച്ച ആ റോഡിലൂടെ ജീപ്പ്‌ ഓടിച്ചുകൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്‌തു. ജീപ്പ്‌ അതിലൂടെ കടന്നുപോകുമോ എന്നു കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. പുതിയ റോഡിലൂടെ ഏതാനും വാര പിന്നിട്ടപ്പോൾ ജീപ്പ്‌ ചെളിയിലാണ്ടുപോയി. ഞങ്ങൾക്കുണ്ടായ നിരാശ പറഞ്ഞറിയിക്കാനാവില്ല!

“സഹോദരന്മാർ വണ്ടി തള്ളിനോക്കിയെങ്കിലും അത്‌ അനങ്ങിയില്ല. എത്ര പ്രയത്‌നിച്ചാണ്‌ അവർ ആ റോഡ്‌ ഉണ്ടാക്കിയത്‌, അവരുടെ മുഖത്ത്‌ നിരാശ നിഴലിച്ചിരുന്നു. എങ്കിലും ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനെ സമ്മേളനത്തിന്‌ എത്തിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം അവർ കൈവിട്ടില്ല. നോക്കിനിന്നവരെല്ലാം, പുതിയ റോഡ്‌ ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നു കരുതി തങ്ങളുടെ വാഹനങ്ങളിലേക്കു മടങ്ങി. സഹോദരന്മാർ ഒന്നുകൂടി ശ്രമിക്കാൻ നിശ്ചയിച്ചു, ഇപ്രാവശ്യം അവർ ജീപ്പിൽ നിറച്ചിരുന്ന സാഹിത്യങ്ങളും ശബ്ദോപകരണങ്ങളും ജനറേറ്ററുമെല്ലാം പുറത്തിറക്കി. എന്നിട്ട്‌ മണ്ണു വെട്ടിമാറ്റി വണ്ടി തള്ളി. ഒടുവിൽ ജീപ്പ്‌ സാവധാനം മുന്നോട്ടു നീങ്ങി.

“ഒരു മണിക്കൂറിനു ശേഷം അന്തരീക്ഷത്തിൽ ആർപ്പുവിളികളും രാജ്യഗീതങ്ങളും മുഴങ്ങിക്കേൾക്കാൻ തുടങ്ങി. ചെളിയിലൂടെ അപ്പുറം കടക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദപ്രകടനങ്ങൾ ആയിരുന്നു അവ. വണ്ടികളിലിരുന്നിരുന്നവർ അസാധ്യമെന്നു കരുതിയ സംഗതി സഹോദരന്മാർക്കു ചെയ്യാൻ സാധിച്ചു. സമ്മേളനം ഒരു വൻവിജയമായിരുന്നു. സഹോദരന്മാരുടെ കഠിന പ്രയത്‌നമായിരുന്നു അതിനു കാരണം. യഹോവ തന്റെ ജനത്തോടൊപ്പം ഉണ്ടായിരുന്നു, തന്റെ ഹിതം നിറവേറ്റാൻ അവൻ അവരെ സഹായിച്ചു.”

പുതിയ ഭരണകൂടം മാറ്റങ്ങൾ കൊണ്ടുവരുന്നു

ആയിരക്കണക്കിന്‌ ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഭൂമധ്യരേഖാ മഴക്കാടുകളിലും പുൽമേടുകളിലുമായി ചിതറിപ്പാർക്കുന്ന ജനതതിയുടെ പക്കൽ സുവാർത്തയുമായി എത്തിച്ചേരുക എളുപ്പമായിരുന്നില്ല. മിഷനറിമാർ വലിയ പട്ടണങ്ങളിൽ പ്രസംഗപ്രവർത്തനം നടത്തിയപ്പോൾ പ്രാദേശിക സഹോദരങ്ങൾ പ്രത്യേക പയനിയർമാരായി സേവിച്ചുകൊണ്ട്‌ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിച്ചു. എന്നാൽ, ഗ്രാമീണർ ഭൂരിഭാഗവും നിരക്ഷരരായിരുന്നു. ഇത്‌ കരുത്തുറ്റ സഭകൾ രൂപംകൊള്ളുന്നത്‌ ബുദ്ധിമുട്ടാക്കിത്തീർത്തു. തന്നെയുമല്ല, ദേശീയ രാഷ്‌ട്രീയ രംഗത്തെ മാറ്റങ്ങൾ സഹോദരങ്ങളുടെ ജീവിതത്തെ ബാധിക്കുമായിരുന്നു.

1970-ൽ ഏകകക്ഷി ഗവൺമെന്റ്‌ നിലവിൽ വന്നു. പോപ്പുലർ മൂവ്‌മെന്റ്‌ ഓഫ്‌ ദ റെവലൂഷൻ (ഫ്രഞ്ചിൽ മൂവ്‌മെൻ പോപ്യൂലെർ ദെ ലാ റേവൊല്യൂസ്യോൻ) അഥവാ എംപിആർ എന്ന പേരിലാണ്‌ ആ പാർട്ടി അറിയപ്പെട്ടിരുന്നത്‌. പരമ്പരാഗത മൂല്യങ്ങളിലേക്കു മടങ്ങിപ്പോവുക എന്നതായിരുന്നു അതിന്റെ നയം, പട്ടണങ്ങളുടെയും നഗരങ്ങളുടെയും പേരുകൾ മാറ്റുന്നത്‌ അതിൽ ഉൾപ്പെട്ടിരുന്നു. സ്റ്റാൻലിവില്ലിന്‌ കിസാങ്‌ഗാനി എന്നും എലിസബത്ത്‌വില്ലിന്‌ ലൂബൂംബാഷി എന്നും പുനർനാമകരണം ചെയ്‌തു. 1971-ൽ ഗവൺമെന്റ്‌ രാജ്യത്തിന്റെയും പ്രധാന നദിയുടെയും പേര്‌ കോംഗോ എന്നതിനു പകരം സയർ എന്നാക്കി മാറ്റി. കറൻസി ഫ്രാങ്കിനു പകരം സയർ ആക്കി. ആളുകൾ അവരുടെ പേരുകളും മാറ്റണമെന്ന്‌ ഗവൺമെന്റ്‌ ആവശ്യപ്പെട്ടു: ക്രിസ്‌തീയ പേരുകളായി കണക്കാക്കപ്പെട്ടിരുന്നവയ്‌ക്കു പകരം പരമ്പരാഗത ആഫ്രിക്കൻ പേരുകൾ സ്വീകരിക്കണമായിരുന്നു. ടൈ ധരിക്കുന്നത്‌ യൂറോപ്യൻ സംസ്‌കാരത്തിന്റെ ഭാഗമായി വീക്ഷിക്കപ്പെട്ടിരുന്നതിനാൽ അത്‌ നിരോധിക്കപ്പെട്ടു. ഇവയെല്ലാം സഹോദരന്മാർ ആദരവോടെ അനുസരിച്ചു.​—⁠മത്താ. 22:21.

പാർട്ടിയുടെ പ്രത്യയശാസ്‌ത്ര പ്രകാരം കോംഗോയിൽ ജനിക്കുന്ന ഏതൊരാളും സ്വാഭാവികമായും എംപിആർ-ലെ അംഗമായിരിക്കുമായിരുന്നു. ജോലിയിൽ തുടരാനായാലും സ്‌കൂളിൽ പഠിക്കാനായാലും വിപണിയിൽ എന്തെങ്കിലും വിൽക്കാനായാലും പാർട്ടി അംഗത്വ കാർഡ്‌ ഉണ്ടായിരിക്കേണ്ടത്‌ ആവശ്യമായിരുന്നു. കൂടാതെ, എല്ലാവരും പാർട്ടി ബാഡ്‌ജ്‌ ധരിക്കണമെന്നു നിർബന്ധമായിരുന്നു, വിശേഷിച്ചും ഗവൺമെന്റ്‌ ഓഫീസുകളിലേക്കു പ്രവേശിക്കുമ്പോൾ. യഹോവയുടെ ജനത്തിന്‌ അതു ബുദ്ധിമുട്ടു നിറഞ്ഞ കാലമായിരുന്നു. സഹോദരന്മാർക്കു ജോലി നഷ്ടമായി, കുട്ടികളെ സ്‌കൂളിൽനിന്നു പുറത്താക്കി.

എന്നാൽ ചില ഗവൺമെന്റ്‌ അധികാരികൾക്ക്‌ യഹോവയുടെ സാക്ഷികളുടെ നിലപാടു മനസ്സിലായി. ആഭ്യന്തര മന്ത്രി തന്റെ കീഴിലുള്ള ഒരു സഹോദരനോട്‌ പാർട്ടി ബാഡ്‌ജ്‌ ധരിക്കാത്തത്‌ എന്തുകൊണ്ടാണെന്നു ചോദിച്ചു. സഹോദരൻ താൻ അതു ചെയ്യാത്തതിന്റെ തിരുവെഴുത്തുപരമായ കാരണങ്ങൾ വ്യക്തമാക്കി. മന്ത്രി ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്ക്‌ നിങ്ങളെ അറിയാം, ഞങ്ങൾ നിങ്ങൾക്ക്‌ യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ല. പക്ഷേ യുവജന പ്രസ്ഥാനം നിങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കും.”

യഹോവയുടെ സാക്ഷികൾക്കെതിരെ പല പരാതികൾ ലഭിച്ചപ്പോൾ ഒരു യോഗത്തിൽവെച്ച്‌ പ്രസിഡന്റ്‌ മോബൂറ്റൂ തന്റെ പാർട്ടി അംഗങ്ങളോട്‌ ഇങ്ങനെ പറഞ്ഞുവത്രേ: ‘എനിക്ക്‌ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാവുകയാണെങ്കിൽത്തന്നെ അത്‌ ഒരിക്കലും യഹോവയുടെ സാക്ഷികളിൽനിന്ന്‌ ആയിരിക്കില്ല. യേശുവിനെ ഒറ്റിക്കൊടുത്തത്‌ ആരാണെന്ന്‌ ഓർമയുണ്ടല്ലോ. അത്‌ അവന്റെ ശിഷ്യന്മാരിൽ ഒരാളായ യൂദാ ആയിരുന്നു. എന്നെ ആരെങ്കിലും ഒറ്റിക്കൊടുക്കുന്നെങ്കിൽ അത്‌ എന്നോടൊപ്പം ഭക്ഷിക്കുന്നവരിൽ ഒരാളായിരിക്കും.’

ആവശ്യങ്ങൾ നിറവേറ്റാൻ ബെഥേൽ വിപുലീകരിക്കുന്നു

ബ്രുക്ലിനിലെ ആസ്ഥാനത്തുനിന്നുള്ള നേഥൻ എച്ച്‌. നോർ 1971 ജനുവരിയിൽ കോംഗോ സന്ദർശിച്ചു. അദ്ദേഹത്തിന്റെ സന്ദർശനവേളയിൽ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയം ബെഥേൽ ഭവനത്തിന്റെയും ഓഫീസ്‌ സൗകര്യങ്ങളുടെയും വിപുലീകരണമായിരുന്നു. 1970-ൽ അവിടെ 194 സഭകളിലായി ഏതാണ്ട്‌ 14,000 പ്രസാധകരും 200-ലധികം ഒറ്റപ്പെട്ട കൂട്ടങ്ങളും ഉണ്ടായിരുന്നു. കോംഗോയിൽ സാഹിത്യങ്ങൾക്കു വേണ്ടിയുള്ള ആവശ്യം വർധിച്ചുകൊണ്ടിരുന്നതിനാൽ ബെഥേലിലെ സ്റ്റോക്ക്‌റൂമിന്‌ വലുപ്പം പോരാതെ വന്നിരുന്നു. കെട്ടിടം നീട്ടിപ്പണിയുന്നതിനെ കുറിച്ച്‌ നോർ സഹോദരൻ ഒരു അറിയിപ്പു നടത്തിയപ്പോൾ എല്ലാവർക്കും എത്ര സന്തോഷമായെന്നോ! നിലവിലുള്ള കെട്ടിടത്തിന്റെ ഇരട്ടി വലുപ്പമുള്ള, ആധുനികരീതിയിലുള്ള ഒരു ഇരുനിലകെട്ടിടത്തിന്റെ പ്ലാൻ ആർക്കിട്ടെക്‌റ്റ്‌ തയ്യാറാക്കി. കൂടുതൽ കിടപ്പുമുറികൾക്കു പുറമേ ഒരു വലിയ ഓഫീസും ഒരു വലിയ സ്റ്റോക്ക്‌റൂമും അതിൽ ഉൾപ്പെടുത്തിയിരുന്നു.

1971 ജൂണിൽ നിർമാണപദ്ധതിക്ക്‌ അംഗീകാരം കിട്ടി, പണി ആരംഭിക്കുകയും ചെയ്‌തു. നിർമാണത്തിനു മേൽനോട്ടം വഹിക്കാൻ ഡഹോമിയിൽനിന്ന്‌ (ഇന്നത്തെ ബെനിൻ) ഡോൻ വോർഡിനെ അയച്ചു. കിൻഷാസയിലെ 39 സഭകളിൽനിന്നായി ഒട്ടേറെ സ്വമേധയാസേവകർ എത്തി, ഒത്തൊരുമിച്ച്‌ അവർ നിർമാണം പൂർത്തിയാക്കി. വയലിലും ബെഥേലിലും നടന്ന ഈ വികസനമെല്ലാം നാം കാണാൻ പോകുന്നതുപോലെ, ക്രൈസ്‌തവമണ്ഡലത്തിലെ മതങ്ങൾക്കിടയിൽ കൂടുതലായ അസ്വസ്ഥത ഉളവാക്കി.

1970-കൾ​—⁠ധീരതയും ജാഗ്രതയും ആവശ്യമായിരുന്ന ഒരു കാലം

രാജ്യത്ത്‌ ഉടനീളം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന നിരവധി വരുന്ന പുതിയ മതങ്ങളെയും പ്രാർഥനാസംഘങ്ങളെയും നിയന്ത്രിക്കുന്നതിനായി 1971 ഡിസംബറിൽ ഗവൺമെന്റ്‌ ഒരു നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ഈ പുതിയ നിയമം അനുസരിച്ച്‌ റോമൻ കത്തോലിക്ക സഭ, പ്രൊട്ടസ്റ്റന്റ്‌ സഭകൾ, ഒരു പ്രാദേശിക മതമായ കിംബാൻഗ്വിസ്റ്റ്‌ സഭ എന്നീ മൂന്നു മതങ്ങൾക്കു മാത്രമേ നിയമാംഗീകാരം ഉണ്ടായിരുന്നുള്ളൂ. 1972-ൽ ഇസ്ലാം, ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭ, യഹൂദമതം എന്നിങ്ങനെ വേറെ മൂന്നു മതങ്ങൾക്കു കൂടെ അംഗീകാരം ലഭിച്ചു. ചെറിയ നിരവധി മതങ്ങൾ പ്രൊട്ടസ്റ്റന്റ്‌ സഭകളുടെ കുടക്കീഴിൽ കടന്നുകൂടി.

അങ്ങനെ, 1971 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ യഹോവയുടെ സാക്ഷികൾക്ക്‌ ഔദ്യോഗിക അംഗീകാരം ഉണ്ടായിരുന്നില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഭാഗികമായ ഒരു നിരോധനത്തിൽ കീഴിൽ ആയിരുന്നു അവർ. ഇത്‌ ദൈവജനത്തിന്റെ പ്രവർത്തനങ്ങളെ ചില വിധങ്ങളിൽ പരിമിതപ്പെടുത്തി. യഹോവയുടെ സാക്ഷികൾക്ക്‌ ഔദ്യോഗിക അംഗീകാരം ഉണ്ടായിരുന്നില്ലെങ്കിലും മിഷനറിമാരെ രാജ്യത്തുനിന്നു പുറത്താക്കാനുള്ള ഉത്തരവൊന്നും പുറപ്പെടുവിച്ചിരുന്നില്ല, ബെഥേൽ പ്രവർത്തനങ്ങൾക്കു തടസ്സമുണ്ടായില്ല. കനാങ്‌ഗയിലുള്ള ഒരു മിഷനറി ഭവനം അടച്ചുപൂട്ടി, പക്ഷേ ബൂക്കാവൂ, കിസാങ്‌ഗാനി, കോൾവേസി, ലൂബൂംബാഷി എന്നിവിടങ്ങളിലെ മിഷനറി ഭവനങ്ങൾക്ക്‌ ഒന്നും സംഭവിച്ചില്ല. സഹോദരങ്ങൾക്ക്‌ മേലാൽ വലിയ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ നടത്താൻ സാധിക്കുമായിരുന്നില്ല. എന്നാൽ പല സ്ഥലങ്ങളിലും സഹോദരങ്ങൾ രാജ്യഹാളുകളിൽ കൂടിവന്നു. വലിപ്പമേറിയ ഹാളുകളിൽ അവർ ചെറിയ സർക്കിട്ട്‌ സമ്മേളനങ്ങൾ നടത്തി. കാര്യങ്ങൾ മിക്കതും പ്രാദേശിക അധികാരികളുടെ മനോഭാവത്തെ ആശ്രയിച്ചാണിരുന്നത്‌. എതിർപ്പ്‌ രൂക്ഷമായിരുന്ന സ്ഥലങ്ങളിൽ സഹോദരങ്ങൾക്ക്‌ പീഡനവും അറസ്റ്റും പ്രതീക്ഷിക്കാമായിരുന്നു. നൂറുകണക്കിനു സഹോദരന്മാർ തടവിലാക്കപ്പെട്ടു. പ്രാദേശിക അധികാരികൾ അനുകൂല മനോഭാവം പ്രകടമാക്കിയ ഇടങ്ങളിൽ സഹോദരങ്ങൾക്ക്‌ തങ്ങളുടെ മതപരമായ പ്രവർത്തനങ്ങൾ സ്വതന്ത്രമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമായിരുന്നു.

നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും സാക്ഷികൾ സധൈര്യം സാക്ഷീകരണവേലയിൽ തുടർന്നു. ഒരിക്കൽ മൂന്നു സഹോദരന്മാരും ഒരു സഹോദരിയും സാക്ഷീകരണം നടത്താനായി മാർക്കറ്റിൽ പോയി. സന്ദേശത്തിൽ താത്‌പര്യം പ്രകടമാക്കിയ ഒരു വ്യക്തിക്ക്‌ സഹോദരന്മാരിൽ ഒരാൾ ഒരു പുസ്‌തകം നൽകവേ രണ്ടു പേർ അദ്ദേഹത്തെ അറസ്റ്റു ചെയ്‌ത്‌ പാർട്ടിയുടെ ഹെഡ്‌ക്വാർട്ടേഴ്‌സിലേക്കു കൊണ്ടുപോയി. അവർ അദ്ദേഹത്തെ ഒരു മുറിയിലാക്കി പാർട്ടി നേതാവ്‌ വരുന്നതുവരെ കാത്തിരുന്നു. നേതാവു വന്നപ്പോൾ സഹോദരൻ അവിടെത്തന്നെയുണ്ടായിരുന്ന മറ്റൊരാൾക്ക്‌ മനുഷ്യൻ ഇവിടെ വന്നത്‌ പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം നൽകുന്നതാണു കണ്ടത്‌.

“താൻ ഇവിടെ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ നോക്കുകയാണോ?” നേതാവ്‌ ചോദിച്ചു.

സഹോദരൻ മറുപടി പറഞ്ഞു: “ആരെങ്കിലും താങ്കളോട്‌ ‘മനുഷ്യൻ ഇവിടെ വന്നത്‌ പരിണാമത്താലോ സൃഷ്ടിയാലോ?’ എന്നു ചോദിച്ചാൽ താങ്കൾ എന്തു മറുപടി പറയും?”

നേതാവ്‌ അതിന്‌ മറുപടിയൊന്നും പറഞ്ഞില്ല. സഹോദരനെ അറസ്റ്റ്‌ ചെയ്‌തവരെ നോക്കി അയാൾ പറഞ്ഞു: “ഇയാളെ വിട്ടയച്ചേക്കൂ. അനധികൃതമായ യാതൊന്നും ഇയാൾ ചെയ്യുന്നില്ല.”

സഹോദരൻ തിരിച്ച്‌ മാർക്കറ്റിലേക്കു പോയി സാക്ഷീകരണം തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ നേതാവ്‌ ആ വഴിയെ കടന്നുപോകാൻ ഇടയായി. സഹോദരനെ കണ്ട അയാൾ കൂടെയുണ്ടായിരുന്നവരോട്‌ ഇങ്ങനെ പറഞ്ഞു: “അയാൾ ഒരു ധൈര്യശാലിതന്നെയാണ്‌ അല്ലേ?”

ബ്രാഞ്ച്‌ മേൽവിചാരകനായിരുന്ന എർണെസ്റ്റ്‌ ഹോയ്‌സെയ്‌ക്ക്‌ 1974-ൽ ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്ന്‌ ബെൽജിയത്തിലേക്കു മടങ്ങിപ്പോകേണ്ടിവന്നു. എംഫിസിമ എന്ന രോഗം നിമിത്തം എർണെസ്റ്റ്‌ കുറെക്കാലം കഷ്ടപ്പെട്ടിരുന്നു, ഇടയ്‌ക്കിടെ ഉണ്ടായ മലമ്പനി അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഒന്നുകൂടെ വഷളാക്കി. സഹോദരങ്ങൾ ഹോയ്‌സെ കുടുംബത്തെ വളരെ സ്‌നേഹിച്ചിരുന്നു; അവിടത്തെ പ്രവർത്തനത്തിന്റെ പുരോഗതിയിൽ ആ കുടുംബം വലിയ പങ്കുവഹിച്ചിരുന്നു. ബെൽജിയത്തിൽ തിരിച്ചുചെന്ന അവർ യഹോവയെ സതീക്ഷ്‌ണം സേവിക്കുന്നതിൽ തുടർന്നു. 1986-ൽ എർണെസ്റ്റ്‌ നിര്യാതനായി; എട്ടു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഏലെനും മരണമടഞ്ഞു. കിൻഷാസയിൽ ബ്രാഞ്ചിന്റെ മേൽനോട്ടം തിമോത്തി എ. ഹോംസ്‌ ഏറ്റെടുത്തു. അദ്ദേഹം 1966 മുതൽ ഒരു മിഷനറിയായി സേവിച്ചിരുന്നു.

1980-ൽ വീണ്ടും നിയമാംഗീകാരം

റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്‌ 1980 ഏപ്രിൽ 30-ന്‌, യഹോവയുടെ സാക്ഷികളുടെ അസ്സോസിയേഷന്‌ നിയമാംഗീകാരം അനുവദിച്ചുകൊണ്ടുള്ള ഒരു ഉത്തരവിൽ ഒപ്പുവെച്ചു. സത്യത്തോടുള്ള താത്‌പര്യം മുമ്പെന്നത്തെക്കാളധികം വർധിച്ചിരുന്നു. 90,226 പേർ സ്‌മാരകത്തിനു ഹാജരായി. ഏതാണ്ട്‌ 35,000 ബൈബിളധ്യയനങ്ങൾ നടത്തപ്പെട്ടു. പ്രസാധകരുടെയും പയനിയർമാരുടെയും എണ്ണത്തിൽ പുതിയ അത്യുച്ചങ്ങൾ ഉണ്ടായി. വയലിലെ ആവശ്യങ്ങൾ കൂടുതൽ ഫലപ്രദമായി നിറവേറ്റുന്നതിന്‌ മെച്ചപ്പെട്ട സൗകര്യങ്ങൾ ആവശ്യമായിരുന്നു. അതുകൊണ്ട്‌, അപ്പോഴുണ്ടായിരുന്നതിന്റെ രണ്ടര ഇരട്ടി വലിപ്പമുള്ള ഒരു സ്ഥലം വാങ്ങാൻ ഭരണസംഘം അനുമതി നൽകിയപ്പോൾ സഹോദരങ്ങൾക്കുണ്ടായ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. എന്നാൽ നാം കാണാൻ പോകുന്നതുപോലെ ബുദ്ധിമുട്ടുകൾ ഉയർന്നുവരുമായിരുന്നു.

വർഷങ്ങളായി സഹോദരന്മാർക്ക്‌ വലിയ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അവർക്ക്‌ അതിനു സ്വാതന്ത്ര്യം ലഭിച്ചിരുന്നു. 1980-ൽ രാജ്യമൊട്ടാകെ അഞ്ച്‌ “ദിവ്യ സ്‌നേഹ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ നടത്തപ്പെട്ടു. കൺവെൻഷനിൽ പങ്കെടുക്കാനായി ചിലർക്ക്‌ വളരെ ദൂരം യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. പല കുടുംബങ്ങളും 400 കിലോമീറ്ററിലധികം കാൽനടയായി യാത്ര ചെയ്‌താണു കൺവെൻഷന്‌ എത്തിയത്‌. തികച്ചും ഒറ്റപ്പെട്ടു കിടന്നിരുന്ന ഒരു പ്രദേശത്തുനിന്ന്‌ രണ്ടു പ്രത്യേക പയനിയർമാർ മഴക്കാടും മണൽക്കാടും താണ്ടി 700 കിലോമീറ്ററിലധികം ദൂരം സൈക്കിളിൽ യാത്ര ചെയ്‌താണ്‌ എത്തിയത്‌. രണ്ട്‌ ആഴ്‌ച നീണ്ട യാത്രയായിരുന്നു അത്‌. കോംഗോ (ബ്രസാവിൽ), ബുറുണ്ടി, റുവാണ്ട എന്നിവിടങ്ങളിൽനിന്നും ചിലർ വന്നിരുന്നു.

തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ ഇടങ്ങളിൽ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ സംഘടിപ്പിക്കേണ്ടതായി വന്നു. സഹോദരങ്ങൾക്ക്‌ മതസ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതു ശരിയായിരുന്നു, എന്നാൽ സാമ്പത്തിക സമ്മർദങ്ങൾ വർധിക്കുകയായിരുന്നു. പലർക്കും ജീവിച്ചുപോകാൻതന്നെ ബുദ്ധിമുട്ടായിരുന്നു. സാധനങ്ങളുടെ വില കുതിച്ചുയരുകയായിരുന്നു, അതേസമയം വേതനം വർധിച്ചിരുന്നതുമില്ല. മിക്ക സഹോദരങ്ങളെയും സംബന്ധിച്ചിടത്തോളം ദൂരയാത്രയ്‌ക്കുള്ള ചെലവ്‌ താങ്ങാവുന്നതിലധികമായിരുന്നു. അതുകൊണ്ട്‌, സഹോദരങ്ങളിൽ മിക്കവരും താമസിച്ചിരുന്ന സ്ഥലങ്ങൾക്കു സമീപം കൂടുതൽ കൺവെൻഷനുകൾ നടത്താൻ ബ്രാഞ്ച്‌ ഓഫീസ്‌ സ്‌നേഹപൂർവം ക്രമീകരണം ചെയ്‌തു.

കോംഗോയിലെ റോഡുകളിലൂടെ യാത്ര ചെയ്യുന്നത്‌ തികച്ചും ദുഷ്‌കരമാണ്‌: വീണുകിടക്കുന്ന മരങ്ങൾ, കേടായ പാലങ്ങൾ, പൂഴിമണൽ മൂടിയ സ്ഥലങ്ങൾ, ചെളിക്കുണ്ടുകൾ എന്നിവയൊക്കെ സർവസാധാരണ കാഴ്‌ചകളാണ്‌. അത്തരം റോഡുകളിലൂടെ യാത്ര ചെയ്‌ത്‌ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സേവനം അനുഷ്‌ഠിക്കാൻ എത്തിക്കൊണ്ട്‌ ബ്രാഞ്ച്‌ പ്രതിനിധികളും അവരുടെ ഭാര്യമാരും എല്ലായ്‌പോഴും ആത്മത്യാഗ മനോഭാവം പ്രകടമാക്കിയിരിക്കുന്നു. എങ്കിലും മിക്കപ്പോഴും വെളിമ്പ്രദേശങ്ങളിൽ കിടന്നുറങ്ങി ദിവസങ്ങളോളം കാൽനടയായി യാത്ര ചെയ്‌ത്‌ സമ്മേളനങ്ങളിൽ സംബന്ധിക്കാനെത്തുന്ന വിശ്വസ്‌തരായ പ്രാദേശിക സഹോദരീസഹോദരന്മാർ അനുഷ്‌ഠിക്കുന്ന ത്യാഗങ്ങളോടുള്ള താരതമ്യത്തിൽ അവരുടേത്‌ ഏതുമല്ല. ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ സംബന്ധിക്കാനായി 50-150 കിലോമീറ്റർ ദൂരം കാൽനടയായി യാത്ര ചെയ്യുന്നത്‌ ഇന്നും അവിടങ്ങളിൽ സാധാരണമാണ്‌.

പുതിയ മിഷനറി ഭവനങ്ങൾ തുറക്കുന്നു

സാക്ഷികൾക്ക്‌ 1980-ൽ നിയമാംഗീകാരം ലഭിച്ചത്‌ പുതിയ മിഷനറിമാർക്ക്‌ രാജ്യത്തേക്കു വരാൻ വഴി തുറന്നു. 1981-ൽ (കീവൂ പ്രവിശ്യയിലുള്ള) ഗോമായിൽ പുതിയൊരു മിഷനറി ഭവനം സ്ഥാപിതമായി. പിന്നത്തെ രണ്ടു വർഷങ്ങളിൽ ലിക്കാസി (കാറ്റാങ്‌ഗാ), മ്‌ബൂജി-മൈയി (കാസൈ), കിക്ക്‌വിറ്റ്‌ (ബാൻഡൂൻഡൂ), തുറമുഖ നഗരമായ മാറ്റാഡി (ലോവർ കോംഗോ) എന്നിവിടങ്ങളിൽ കൂടുതൽ ഭവനങ്ങൾ തുറന്നു. അടച്ചിട്ടിരുന്ന മിഷനറി ഭവനങ്ങൾ വീണ്ടും തുറക്കപ്പെട്ടു. ഒടുവിൽ, 1986-ൽ (ഓറിയെന്റെയ്‌ൽ പ്രവിശ്യയിലുള്ള) ഇസീറോയിലും ഒരു ഭവനം സ്ഥാപിതമായി. അങ്ങനെ രാജ്യത്ത്‌ മൊത്തം 11 മിഷനറി ഭവനങ്ങൾ ഉണ്ടായിരുന്നു. ഇവ സാഹിത്യ ഡിപ്പോകളായും വർത്തിച്ചു. ബ്രാഞ്ച്‌ ഓഫീസിനെയും വയലിനെയും ബന്ധിപ്പിക്കുന്ന ഒരു മുഖ്യ കണ്ണിയായിരുന്നു മിഷനറിമാർ. അവരിൽനിന്നു ലഭിക്കുന്ന പ്രോത്സാഹനവും പരിശീലനവും പ്രാദേശിക സഹോദരങ്ങൾ വളരെ വിലമതിച്ചിരുന്നു. സേവനവർഷം 1981-ന്റെ അവസാനത്തിൽ 25,753 എന്ന പുതിയ പ്രസാധക അത്യുച്ചം ഉണ്ടായി. വർധനയ്‌ക്കുള്ള സാധ്യത വളരെയായിരുന്നു.

കിംബിലിക്കീറ്റിയെ ഭയമില്ല

രാജ്യത്തിന്റെ വനനിബിഡമായ പൂർവമധ്യ ഭാഗത്തു പാർക്കുന്ന റെഗാ ഗോത്രക്കാരുടെ ഉപാസനാമൂർത്തിയാണ്‌ കിംബിലിക്കീറ്റി. ഈ ഗോത്രക്കാരിൽ ഭൂരിഭാഗവും നായാട്ടുകാരും കൃഷിക്കാരും മീൻപിടിത്തക്കാരുമാണ്‌. കിംബിലിക്കീറ്റിയുമായി ബന്ധപ്പെട്ട മതവിശ്വാസങ്ങൾ ഇവരുടെ ജീവിതത്തിന്റെ സമസ്‌തതലങ്ങളെയും ഭരിക്കുന്നു. ഈ ആരാധനാപ്രസ്ഥാനം നിഗൂഢതയാൽ വലയം ചെയ്യപ്പെട്ട ഒന്നാണ്‌. കൂടാതെ ഈ ദുർദേവതയെ ഭയപ്പെട്ടു കഴിയുന്നവരുടെ മേൽ ഇതിന്റെ പുരോഹിതന്മാർക്കു വലിയ സ്വാധീനമുണ്ട്‌.

ഈ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾ കിംബിലിക്കീറ്റിയെ ഭയപ്പെടുന്നില്ല. കാരണം യഹോവയാണ്‌ ഏക സത്യദൈവം എന്ന്‌ അവർക്ക്‌ അറിയാം. കിംബിലിക്കീറ്റിയുടെ പുരോഹിതന്മാർ ആടുകളെയും കോഴികളെയും കുരുതി കഴിക്കാൻ ആളുകളോട്‌ ആവശ്യപ്പെടാറുണ്ട്‌. ഈ ആടുകളും കോഴികളും പോകുന്നതോ പുരോഹിതന്മാരുടെ വയറ്റിലേക്കും. അവരുടെ ഇത്തരം കൽപ്പനകൾക്കു വഴങ്ങാത്തത്‌ യഹോവയുടെ സാക്ഷികൾ മാത്രമാണ്‌.

ഈ ആരാധനാപ്രസ്ഥാനത്തിലെ അംഗങ്ങൾ 1978 മുതൽ യഹോവയുടെ സാക്ഷികളെ പരസ്യമായി പീഡിപ്പിക്കാൻ തുടങ്ങി. അവർ ചില രാജ്യഹാളുകൾ തീവെച്ചു നശിപ്പിച്ചു, ചില സഹോദരങ്ങളെ സ്വന്തഭവനങ്ങളിൽനിന്ന്‌ ഓടിച്ചുവിട്ട്‌ അവരുടെ വസ്‌തുവകകൾ പിടിച്ചെടുത്തു. ആഭിചാരവും മന്ത്രവാദവും നടത്തി സഹോദരങ്ങളെ ഉപദ്രവിക്കാനും അവർ വിഫലശ്രമം നടത്തി. 1983 ആഗസ്റ്റിൽ ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ അതിഭീകരമായ ഒരു കൃത്യം നടപ്പാക്കി—പാങ്‌ഗി ഗ്രാമത്തിനടുത്തുവെച്ച്‌ അവർ എട്ടു സഹോദരന്മാരെ മൃഗീയമായി കൊലപ്പെടുത്തി.

ഇത്‌ സഭയെ ഞെട്ടിച്ചു, പ്രത്യേകിച്ചും മരിച്ചുപോയവരുടെ കുടുംബാംഗങ്ങളെ. ചിലർക്ക്‌ പ്രിയപ്പെട്ട ഭർത്താവിനെയാണ്‌ നഷ്ടമായതെങ്കിൽ മറ്റു ചിലർക്ക്‌ നഷ്ടമായത്‌ സ്‌നേഹനിധിയായ പിതാവിനെയാണ്‌. ഈ ഘോരകൃത്യത്തിന്‌ ഇരയായവരുടെ കുടുംബങ്ങൾക്ക്‌ ആത്മീയവും ഭൗതികവുമായ സഹായം നൽകാൻ ബ്രാഞ്ച്‌ ഓഫീസും പ്രാദേശിക സഹോദരങ്ങളും സത്വരം മുന്നോട്ടുവന്നു.

കുറച്ചുകാലം കൊലപാതകികൾ ഒറ്റപ്പെട്ട ഈ വനപ്രദേശത്ത്‌ സുരക്ഷിതരായി കഴിഞ്ഞെങ്കിലും ഒടുവിൽ പോലീസ്‌ അവരെ കണ്ടുപിടിച്ച്‌ അറസ്റ്റ്‌ ചെയ്‌തു. കിൻഡൂ പട്ടണത്തിലെ ജില്ലാക്കോടതിയിലായിരുന്നു വിചാരണ. തങ്ങളുടെ ഉപാസനാമൂർത്തിയായ കിംബിലിക്കീറ്റിയാണ്‌ തങ്ങളെ കൊലപാതകത്തിനു പ്രേരിപ്പിച്ചത്‌ എന്ന്‌ പ്രതികൾ തറപ്പിച്ചുപറഞ്ഞുകൊണ്ടിരുന്നു. എന്നാൽ വാദിഭാഗം വക്കീൽ വാസ്‌തവം എന്താണെന്ന്‌ വെളിപ്പെടുത്തി. അദ്ദേഹം പറഞ്ഞു: “[റെഗാ ഗോത്രത്തിൽപ്പെട്ട] ചിലർ ഇപ്പോൾ യഹോവയുടെ സാക്ഷികളുമൊത്ത്‌ സഹവസിക്കുന്നുണ്ട്‌. ഒരുകാലത്ത്‌ കിംബിലിക്കീറ്റിയുടെ ആചാരാനുഷ്‌ഠാനങ്ങളിൽ പങ്കെടുത്തിട്ടുള്ള ഈ വ്യക്തികൾക്ക്‌ ഇതിന്റെയെല്ലാം ഉള്ളുകള്ളികൾ അറിയാം. അവർ ഈ രഹസ്യങ്ങൾ വെളിപ്പെടുത്തിയിട്ടുമുണ്ട്‌, വിശേഷിച്ചും കിംബിലിക്കീറ്റി എന്ന ഒരു ദേവത സ്ഥിതി ചെയ്യുന്നേയില്ല എന്ന സംഗതി. ഈ ഉപാസനാമൂർത്തിയുടെ പേരിൽ നടത്തുന്ന കുരുതികളുടെ കള്ളത്തരം അവർ തുറന്നുകാട്ടിയിട്ടുണ്ട്‌. വാസ്‌തവത്തിൽ ഈ ഉപാസനാമൂർത്തിയും അതിനെ ചുറ്റിപ്പറ്റിയുള്ള അനുഷ്‌ഠാനങ്ങളും, അവയ്‌ക്കു കാർമികത്വം വഹിക്കുന്നവർ നടത്തുന്ന ഒരു വൻതട്ടിപ്പാണെന്ന്‌ യഹോവയുടെ സാക്ഷികൾ പറയുന്നു.”

അങ്ങനെ, കൊലചെയ്‌തവർ തന്നെയാണ്‌ യഥാർഥ കുറ്റക്കാരെന്നും അല്ലാതെ കിംബിലിക്കീറ്റിയല്ലെന്നും തെളിഞ്ഞു. കേസ്‌ ബൂക്കാവൂവിലെ ഒരു മേൽക്കോടതിയിൽ അപ്പീലിനു പോയെങ്കിലും, കോടതി കൊലയാളികൾക്കുള്ള വധശിക്ഷ ശരിവെച്ചു. കിംബിലിക്കീറ്റിയുടെ ഉപാസകർ യഹോവയുടെ സാക്ഷികൾക്കെതിരെ വീണ്ടും എന്തെങ്കിലും അതിക്രമങ്ങൾക്കു മുതിരുകയാണെങ്കിൽ അവർക്ക്‌ തക്ക ശിക്ഷ ലഭിക്കുമെന്ന്‌ പബ്ലിക്ക്‌ പ്രോസിക്യൂട്ടർമാർ മുന്നറിയിപ്പു നൽകി. b

തുടർന്നും ഇങ്ങനെയുള്ള ചില സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും, കാട്ടിലാണെന്നു കരുതി തങ്ങളുടെ കൃത്യങ്ങൾ മറച്ചുവെക്കാനാവില്ലെന്നും തങ്ങളെ സംരക്ഷിക്കാൻ, ഇല്ലാത്ത ഒരു കിംബിലിക്കീറ്റിയെ ആശ്രയിക്കാനാവില്ലെന്നും ഈ പ്രസ്ഥാനത്തിലെ അംഗങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നു. അതേസമയം യഹോവയുടെ സാക്ഷികൾ ഈ പ്രസ്ഥാനത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കാൻ മറ്റുള്ളവരെ വിശ്വസ്‌തതയോടെ സഹായിക്കുന്നതിൽ തുടരുന്നു. യഹോവ ഈ ശ്രമങ്ങളെ സ്‌നേഹപൂർവം അനുഗ്രഹിച്ചിരിക്കുന്നു. ഇപ്പോൾ ഈ പ്രദേശത്തുള്ള സഭകളിൽ തീക്ഷ്‌ണതയുള്ള 300-ലധികം പ്രസാധകർ സേവിക്കുന്നുണ്ട്‌. അവർ യഹോവയെ സ്‌നേഹിക്കുന്നു; കിംബിലിക്കീറ്റിയെ ഭയപ്പെടുന്നുമില്ല.

വേല നിരോധിക്കപ്പെടുന്നു

1985 ആയപ്പോഴേക്കും കോംഗോയിൽ രാജ്യവേല തഴച്ചുവളരുകയായിരുന്നു. 1980-ൽ വാങ്ങിയ സ്ഥലത്ത്‌ പുതിയ ബെഥേലിന്റെ നിർമാണം തുടങ്ങിയിരുന്നു. സഹായത്തിനായി വിദേശത്തുനിന്ന്‌ 60-ഓളം സ്വമേധയാസേവകർ എത്തിയിരുന്നു. സേവനവർഷത്തിന്റെ അവസാനം പ്രസാധകരുടെ എണ്ണം ഏതാണ്ട്‌ 35,000 ആയിരുന്നു, പയനിയർമാരുടെ എണ്ണത്തിൽ പുതിയ അത്യുച്ചം ഉണ്ടായി. രാജ്യത്ത്‌ ഉടനീളം അറുപതു മിഷനറിമാർ തീക്ഷ്‌ണതയോടെ സുവാർത്ത പ്രസംഗിക്കുന്നുണ്ടായിരുന്നു. സഞ്ചാരമേൽവിചാരകന്മാർ സഭാ മൂപ്പന്മാർക്കും പയനിയർമാർക്കും പരിശീലനം നൽകിക്കൊണ്ടിരിക്കുകയായിരുന്നു. വൻവർധനവിനുള്ള സാഹചര്യങ്ങളെല്ലാം ഒത്തിണങ്ങിയതായി കാണപ്പെട്ടു.

എന്നാൽ യഹോവയുടെ ജനത്തിന്റെ ആത്മീയവും ഭൗതികവുമായ സമൃദ്ധിയിൽ എല്ലാവരും സന്തുഷ്ടരായിരുന്നില്ല. രാഷ്‌ട്രീയക്കാരെ ഉപകരണങ്ങളാക്കി സഹോദരങ്ങളുടെ പ്രവർത്തനം തടയാൻ വൈദികർ ശ്രമിച്ചുകൊണ്ടിരുന്നു. 1986 മാർച്ച്‌ 12-ന്‌, യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ നിരോധിച്ചുകൊണ്ടുള്ള ഒരു ഉത്തരവിൽ പ്രസിഡന്റ്‌ മോബൂറ്റൂ ഒപ്പുവെച്ചു. പിറ്റേന്ന്‌, ദേശീയ റേഡിയോയിലൂടെ നിരോധനത്തെ കുറിച്ച്‌ അറിയിപ്പുണ്ടായി. ഒരു പ്രക്ഷേപകൻ ഇങ്ങനെ പറഞ്ഞു: “ഇനി ഒരിക്കലും നാം [കോംഗോയിൽ] യഹോവയുടെ സാക്ഷികളെ കുറിച്ച്‌ കേൾക്കുകയില്ല.” എത്ര വലിയ തെറ്റിദ്ധാരണയായിരുന്നു അത്‌!

ബ്രാഞ്ച്‌ ഓഫീസ്‌, ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാരായി സേവിച്ചുകൊണ്ടിരുന്ന നാലു മിഷനറിമാരെ തിരികെ വിളിക്കുകയും പകരം പ്രാദേശിക സഹോദരന്മാരെ നിയമിക്കുകയും ചെയ്‌തു. മിഷനറിമാർക്ക്‌ മേലാൽ പരസ്യമായി പ്രസംഗവേലയിൽ ഏർപ്പെടാൻ കഴിയുമായിരുന്നില്ലാത്തതുകൊണ്ട്‌ വീട്ടുതടങ്കലിലായതുപോലുള്ള ഒരവസ്ഥയായിരുന്നു അവരുടേത്‌. വളരെ ജാഗ്രതയോടെയായിരുന്നു പ്രാദേശിക സഹോദരങ്ങൾ പ്രസംഗവേലയിൽ ഏർപ്പെട്ടത്‌. (മത്താ. 10:16) ദുഃഖകരമെന്നു പറയട്ടെ, സത്യത്തോടു താത്‌പര്യം കാണിച്ചവരിൽ പലരും പേടിച്ച്‌ സാക്ഷികളുമൊത്ത്‌ ബൈബിൾ പഠിക്കുന്നതു നിറുത്തി. ചില രാജ്യഹാളുകൾ അടച്ചുപൂട്ടി, മറ്റു ചിലത്‌ നശിപ്പിക്കപ്പെട്ടു. വേറെ ചില രാജ്യഹാളുകൾ രാഷ്‌ട്രീയ പാർട്ടി പിടിച്ചെടുത്തു. സഹോദരങ്ങൾക്ക്‌ ചെറിയ കൂട്ടങ്ങളായി കൂടിവരേണ്ടിവന്നു. അവർ രാത്രിയിൽ സ്വന്തഭവനങ്ങളിൽവെച്ചുതന്നെ അറസ്റ്റ്‌ ചെയ്യപ്പെട്ടു, അവരുടെ വസ്‌തുവകകൾ മോഷ്ടിക്കപ്പെട്ടു.

ഏക്‌വാറ്റ്യൂർ പ്രവിശ്യയിൽ പല സഹോദരങ്ങളും മർദനത്തിന്‌ ഇരയായി, തടവിലടയ്‌ക്കപ്പെട്ടു. ഒരു പ്രത്യേക പയനിയറെ കഠിനമായി മർദിച്ചു, അദ്ദേഹം മൂന്നു മാസം ജയിലിൽ കഴിഞ്ഞു. റേഡിയോ പ്രഖ്യാപനത്തിന്റെ അനന്തരഫലങ്ങളായിരുന്നു ഇതെല്ലാം. ഈ ഘട്ടംവരെ, നിരോധനം പ്രാബല്യത്തിൽ കൊണ്ടുവരുന്ന ഔദ്യോഗിക നിയമങ്ങളൊന്നും പാസ്സാക്കിയിട്ടില്ലായിരുന്നു. നിരോധനത്തെ കുറിച്ചുള്ള അറിയിപ്പുണ്ടായി അധികം വൈകാതെതന്നെ സഹോദരങ്ങൾ അപ്പീൽ നൽകിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. പിന്നീട്‌ 1986 ജൂണിൽ പൊതുജനത്തെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള ഒരു പ്രസംഗത്തിൽ രാജ്യത്തിന്റെ പ്രസിഡന്റ്‌, ദേശഭക്തിയില്ലാത്തവരും അധികാരത്തിലിരിക്കുന്നവരെ ആദരിക്കാത്തവരുമാണ്‌ സാക്ഷികൾ എന്ന്‌ ആരോപിച്ചു.

എത്ര പെട്ടെന്നാണ്‌ കാര്യങ്ങൾക്കു മാറ്റംവന്നത്‌! ഒരിക്കൽ ആദരിക്കപ്പെട്ടിരുന്ന ആളുകൾ പെട്ടെന്ന്‌ ഒട്ടും ആദരിക്കപ്പെടാത്തവരായി മാറി. പുതിയ ബ്രാഞ്ചിന്റെ പണി നിലച്ചു; സന്തോഷം തിരതല്ലിയിരുന്ന, ശബ്ദഭരിതമായിരുന്ന അന്തരീക്ഷം ആകെ നിശ്ശബ്ദമായി. വിദേശത്തുനിന്നു വന്ന സ്വമേധയാസേവകർക്കെല്ലാം രാജ്യം വിടേണ്ടിവന്നു. നിർമാണ സാമഗ്രികളെല്ലാം വിറ്റു. 20-ഓളം പ്രാദേശിക സഹോദരന്മാർ സ്ഥലത്തിനു കാവൽനിന്നു.

അങ്ങനെയിരിക്കെ, ഇടിത്തീ പോലെ ഒരു കത്തു വന്നു. 1986 ജൂൺ 26-ന്‌ സുരക്ഷാകാര്യ വകുപ്പ്‌ മേധാവി അയച്ച ആ കത്തിൽ എല്ലാ മിഷനറിമാരും രാജ്യം വിടണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. 1972-ലെ നിരോധനത്തിൽനിന്നു തികച്ചും വ്യത്യസ്‌തമായിരുന്നു ഇത്‌. അന്ന്‌ മിഷനറിമാർക്ക്‌ രാജ്യം വിടേണ്ടതുണ്ടായിരുന്നില്ല. മിഷനറിമാർ പോകാൻ തയ്യാറെടുക്കവേ ഷിപ്പിങ്‌ വിഭാഗം അവരുടെ സാധനസാമഗ്രികൾകൊണ്ടു നിറഞ്ഞു. എത്ര ദുഃഖകരമായിരുന്നു ആ കാഴ്‌ച! ജൂലൈയിൽ 23 മിഷനറിമാർ അവിടെനിന്നു വിടപറഞ്ഞ്‌ മറ്റു രാജ്യങ്ങളിലേക്കു പോയി. അവധിക്കു പോയിരുന്നവർ ഒരിക്കലും രാജ്യത്തേക്കു മടങ്ങിവന്നില്ല. കോംഗോയിൽ കൂടുതലായ ശുദ്ധീകരണത്തിന്റെ ഒരു കാലയളവിന്‌ തുടക്കം കുറിക്കപ്പെട്ടു.

രഹസ്യത്തിലുള്ള പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുന്നു

യഹോവയുടെ ജനത്തെ നിരുത്സാഹിതരാക്കാമെന്നോ നശിപ്പിക്കാമെന്നോ എതിരാളികൾ കരുതിയെങ്കിൽ അവർക്കു തെറ്റുപറ്റിയിരുന്നു. യഹോവയുടെ പരിശുദ്ധാത്മാവിന്റെ ശക്തിയെ കുറിച്ചും ദൈവജനത്തിന്റെ നിശ്ചയദാർഢ്യത്തെ കുറിച്ചും അവർക്ക്‌ അറിയില്ലായിരുന്നു. രാജ്യം വിട്ടുപോകാതെ പ്രവർത്തനത്തിന്റെ ഒരു സിരാകേന്ദ്രമെന്ന നിലയിൽ അവിടെ നിലകൊള്ളാൻ അനുഭവസമ്പന്നരായ മിഷനറിമാരുടെ ഒരു ചെറിയ കൂട്ടത്തിനു സാധിച്ചു. പല സ്വകാര്യ ഭവനങ്ങളിലായി ബ്രാഞ്ച്‌ അംഗങ്ങൾ രാജ്യപ്രസംഗ വേലയ്‌ക്കു മേൽനോട്ടം വഹിക്കുന്നതിൽ തുടർന്നു. രാജ്യത്ത്‌ ഉടനീളം സഹോദരന്മാർ ഭവനങ്ങളിൽ പയനിയർ സേവനസ്‌കൂൾ നടത്തി.

ആത്മീയ ആഹാരത്തിന്‌ യാതൊരു ക്ഷാമവും ഇല്ലായിരുന്നു. സഹോദരങ്ങൾ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ തുടർന്നും അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തു. ബ്രാഞ്ച്‌ ഓഫീസ്‌ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളുടെയും സർക്കിട്ട്‌ സമ്മേളനങ്ങളുടെയും പ്രസംഗ ബാഹ്യരേഖകൾ സഭകൾക്ക്‌ അയച്ചുകൊടുക്കും, സഭകൾ അവ പ്രസംഗങ്ങളായി അവതരിപ്പിക്കും. സഭകൾ സന്ദർശിക്കുമ്പോൾ സർക്കിട്ട്‌ മേൽവിചാരകന്മാർ, പ്രാദേശിക ഭാഷകളിൽ ശബ്ദലേഖനം ചെയ്‌ത കൺവെൻഷൻ നാടകങ്ങൾ സഹോദരങ്ങളെ കേൾപ്പിക്കും. 1986 മുതൽ നിരോധനം പിൻവലിക്കപ്പെടുന്നതുവരെ ഓരോ വർഷവും ഇങ്ങനെ ചെയ്യുമായിരുന്നു. ഇതിലെല്ലാം വളരെയധികം പ്രയത്‌നം ഉൾപ്പെട്ടിരുന്നെങ്കിലും സഹോദരങ്ങൾ വളരെയധികം പ്രയോജനം അനുഭവിച്ചു.

ഇതിനിടെ, രാഷ്‌ട്രീയ നിഷ്‌പക്ഷത സംബന്ധിച്ച നമ്മുടെ നിലപാട്‌ വിശദീകരിക്കാനും നിഷ്‌പക്ഷത പാലിക്കുകയെന്നാൽ അട്ടിമറി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയല്ല എന്നു വ്യക്തമാക്കാനുമായി മൂപ്പന്മാർ ഗവൺമെന്റ്‌ അധികാരികളെ ചെന്നുകണ്ടു. ഈ വിധത്തിൽ, യഹോവയുടെ നാമവും ഉദ്ദേശ്യവും രാജ്യത്തെ പരമോന്നതാധികാരികൾ ഉൾപ്പെടെ ഏവരും അറിയാൻ ഇടയായി. തികഞ്ഞ നിഷ്‌പക്ഷത പാലിക്കുന്നവരും, അതേസമയം സമാധാനപ്രിയരും വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തവരും എന്ന നിലയിൽ യഹോവയുടെ ദാസർ അപൂർവ വ്യക്തികളായി, എല്ലാവരിൽനിന്നും വ്യത്യസ്‌തരായി നിലകൊണ്ടു.

രാജ്യഘോഷകരുടെ എണ്ണം കുറയുന്നു, പിന്നെ വർധിക്കുന്നു

പ്രസാധകരുടെ എണ്ണത്തിൽ 1987-ലെ സേവന റിപ്പോർട്ട്‌ 6 ശതമാനം കുറവു കാണിച്ചു. ഭയത്തിന്‌ അടിപ്പെട്ട ചിലർ നിരോധനത്തിൻ കീഴിലുള്ള ഒരു സംഘടനയുടെ ഭാഗമായി അറിയപ്പെടാൻ ആഗ്രഹിച്ചില്ല. പല ഭാഗങ്ങളിലും ഉഗ്രമായ പീഡനം പൊട്ടിപ്പുറപ്പെട്ടു.

എങ്കിലും ചിലപ്പോൾ എതിർപ്പിനു തിരിച്ചടി നേരിട്ടു. ഉദാഹരണത്തിന്‌, യഹോവയുടെ സാക്ഷികൾക്കെതിരെ സംസാരിക്കാനായി ഒരു പ്രാദേശിക മുഖ്യൻ ഒരു പ്രത്യേക യോഗം വിളിച്ചുകൂട്ടി. എന്റെ ബൈബിൾ കഥാ പുസ്‌തകത്തിന്റെ ഒരു പ്രതി ഉയർത്തിക്കാണിച്ചുകൊണ്ട്‌ അയാൾ, അതു വിതരണം ചെയ്യുന്ന ആരെയും അറസ്റ്റു ചെയ്യണമെന്ന്‌ ആളുകളോട്‌ ആവശ്യപ്പെട്ടു. ആ പുസ്‌തകം കണ്ടാൽ തിരിച്ചറിയാനായി തങ്ങൾക്ക്‌ അതൊന്ന്‌ അടുത്തു കാണണമെന്ന്‌ ആളുകൾ പറഞ്ഞു. അയാൾ അതു സമ്മതിച്ചു. എന്നാൽ പുസ്‌തകം പരിശോധിച്ചപ്പോൾ ആളുകൾക്ക്‌ അത്‌ ഇഷ്ടപ്പെട്ടു. തുടർന്ന്‌ ചിലർ മറ്റൊരു ഗ്രാമത്തിൽ താമസിച്ചിരുന്ന ഒരു പ്രത്യേക പയനിയറോട്‌ പുസ്‌തകത്തിന്റെ പ്രതികൾ ആവശ്യപ്പെട്ടു. പ്രത്യേക പയനിയർ അനുസ്‌മരിക്കുന്നു: “ഞാൻ പത്തു ബൈബിളധ്യയനങ്ങൾ തുടങ്ങി. ആ മുഖ്യന്റെ ഗ്രാമത്തിൽ ഞാൻ പ്രസംഗപ്രവർത്തനം നടത്തിയിട്ടില്ലായിരുന്നു. അയാൾ നമുക്കെതിരെ ഒന്നും പറയാതിരുന്നെങ്കിൽ ഈ വ്യക്തികൾക്ക്‌ ഒരുപക്ഷേ സത്യം പഠിക്കാൻ അവസരം ലഭിക്കുമായിരുന്നില്ല!”

സഹോദരങ്ങൾ പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടു. പല പരിമിതികളും ഉണ്ടായിരുന്നെങ്കിലും അവർ ‘നിശ്ചലരാക്കപ്പെട്ടില്ല.’ (2 കൊരി. 4:​8, NW) 1988 സേവനവർഷത്തിന്റെ അവസാനമായപ്പോഴേക്കും പ്രസാധകരുടെ എണ്ണം 7 ശതമാനം വർധിച്ചിരുന്നു. സഹോദരങ്ങൾ 60,000-ത്തോളം ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ടായിരുന്നു. പ്രോത്സാഹനം നൽകുന്നതിനും പ്രാദേശിക മൂപ്പന്മാരെയും സഞ്ചാര മേൽവിചാരകന്മാരെയും കണ്ടു സംസാരിക്കുന്നതിനുമായി ബെഥേലിലെ സേവന വിഭാഗത്തിൽനിന്നുള്ള സഹോദരന്മാർ പ്രധാന നഗരങ്ങൾ സന്ദർശിച്ചു. ഇതിനിടെ, ബ്രാഞ്ച്‌ ഓഫീസ്‌ അടുത്തുള്ള കോംഗോ-ബ്രസാവിലിലെയും​—⁠ഇവിടെയും സാക്ഷികളുടെ വേല നിരോധിക്കപ്പെട്ടിരുന്നു​—⁠ബുറുണ്ടിയിലെയും പ്രവർത്തനത്തിനും മേൽനോട്ടം വഹിക്കുന്നതിൽ തുടർന്നു.

ഒരിക്കൽ, കോൾവേസിയിലെ ഒരു സ്‌കൂളിൽ ഹെഡ്‌മാസ്റ്ററായി ജോലി ചെയ്‌തിരുന്ന ഒരു സഹോദരൻ പ്രതിജ്ഞ ചൊല്ലാൻ വിസമ്മതിച്ചു. അദ്ദേഹത്തിനു കഠിനമായ മർദനം ഏൽക്കേണ്ടിവന്നു. തുടർന്ന്‌ എതിരാളികൾ അദ്ദേഹത്തെ ലൂബൂംബാഷിയിലേക്കു മാറ്റി, അവിടെ അദ്ദേഹം വധിക്കപ്പെടുമെന്ന്‌ അവർ കരുതി. സഹോദരൻ ശാന്തനായി തന്റെ നിഷ്‌പക്ഷ നിലപാടിന്റെ കാരണം വിശദീകരിച്ചു. കുറ്റവിമുക്തനാക്കപ്പെട്ട അദ്ദേഹത്തെ കോൾവേസിയിലേക്കു തിരിച്ചു പോകാൻ അനുവദിച്ചു. അദ്ദേഹത്തെ മർദിച്ചവർക്ക്‌ മാപ്പു പറയേണ്ടിവന്നു! അദ്ദേഹത്തിന്‌ അധ്യാപനരംഗത്തേക്കു തിരിച്ചുവരാനായെന്നു മാത്രമല്ല ഒരു ഇൻസ്‌പെക്ടറായി സ്ഥാനക്കയറ്റം കിട്ടുകയും ചെയ്‌തു!

പ്രാദേശിക മുഖ്യന്മാർ 1988 ഒക്ടോബറിൽ കിൻഷാസയിലെ ബെഥേൽ നിർമാണ സ്ഥലം കയ്യേറി ടൺകണക്കിനു ബൈബിൾ സാഹിത്യങ്ങൾ കണ്ടുകെട്ടി. പട്ടാളക്കാർ പതിവായി കാർട്ടൺകണക്കിനു പുസ്‌തകങ്ങളും ബൈബിളും മോഷ്ടിച്ച്‌ പ്രാദേശിക വിപണികളിൽ കൊണ്ടുപോയി വിൽക്കുമായിരുന്നു. ആളുകൾ അവ വാങ്ങിയിരുന്നതുകൊണ്ട്‌ സഹോദരങ്ങൾക്കു ബൈബിളധ്യയനങ്ങൾ തുടങ്ങാനുള്ള ഒന്നാന്തരം സാഹചര്യം അത്‌ ഒരുക്കിക്കൊടുത്തു. c

നിരോധനം നിലനിൽക്കെത്തന്നെ 1989-ൽ രാജ്യപ്രസാധകരുടെ എണ്ണം 40,707 ആയി. ഇത്‌ യഹോവയുടെ സാക്ഷികളുടെ മതവൈരികളെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്‌. കത്തോലിക്ക സഭയുടെ അറിയപ്പെടുന്ന ചങ്ങാതിയായിരുന്ന അന്നത്തെ നീതിന്യായ മന്ത്രി യഹോവയുടെ ജനത്തിന്റെ പ്രവർത്തനങ്ങൾ തുടരുന്നതിൽ നടുക്കം പ്രകടിപ്പിച്ചുകൊണ്ട്‌ കോംഗോയിലെ എല്ലാ പബ്ലിക്ക്‌ പ്രോസിക്യൂട്ടർമാർക്കും ഒരു കത്തയച്ചു. യഹോവയുടെ സാക്ഷികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും രാജ്യഹാളുകൾ അടച്ചുപൂട്ടുന്നതിനും അയാൾ കത്തിൽ പ്രോത്സാഹനം നൽകിയിരുന്നു. പിന്നീട്‌, മതനേതാക്കളെ സംബോധന ചെയ്‌തുകൊണ്ടുള്ള ഒരു പ്രസംഗത്തിൽ അയാൾ യഹോവയുടെ സാക്ഷികളെ “സാക്ഷാൽ ചെകുത്താന്മാർ” എന്നു വിശേഷിപ്പിച്ചു. ഇത്‌ മന്ത്രിയുടെ സ്വന്ത പ്രവിശ്യയായ ബാൻഡൂൻഡൂവിൽ അൽപ്പം പീഡനത്തിനു വഴിതെളിച്ചു.

കുട്ടികളെ ജയിലിൽ അയയ്‌ക്കുന്നു

അക്കാലത്ത്‌ യഹോവയുടെ സാക്ഷികളുടെ കുട്ടികളിൽ ചിലരെ, ചില രാഷ്‌ട്രീയ ചടങ്ങുകളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്‌ സ്‌കൂളിൽനിന്ന്‌ അറസ്റ്റ്‌ ചെയ്‌തു. ഒരിക്കൽ, അവർ രണ്ട്‌ ആൺകുട്ടികളെ കൂടാതെ അവരുടെ പിതാവിനെയും അറസ്റ്റു ചെയ്‌തു തടവിലാക്കി. അവർക്ക്‌ ആഹാരമൊന്നും കൊടുക്കരുതെന്ന്‌ അധികൃതർ ഗാർഡുകളോടു നിഷ്‌കർഷിച്ചു. ഒരു ഗാർഡ്‌ അത്ഭുതത്തോടെ ചോദിച്ചു: “ഈ ജയിലിൽ കൊലയാളികളും കള്ളന്മാരുമുണ്ട്‌, നമ്മൾ അവർക്ക്‌ ആഹാരം കൊടുക്കുന്നുണ്ട്‌. അപ്പോൾപ്പിന്നെ ഈ മനുഷ്യനും അയാളുടെ കുട്ടികൾക്കും മാത്രം ആഹാരം കൊടുക്കരുത്‌ എന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌?” ന്യായയുക്തമായ മറുപടിയൊന്നും ലഭിക്കാതിരുന്നതിനാൽ ഈ ഗാർഡ്‌ അവർക്കു ഭക്ഷണം കൊണ്ടുകൊടുത്തു. കുട്ടികൾ 11 ദിവസവും പ്രത്യേക പയനിയറായിരുന്ന അവരുടെ പിതാവ്‌ 7 ദിവസവും ജയിലിൽ കഴിഞ്ഞു. എങ്കിലും ഈ പരിശോധന അവരെ നിരുത്സാഹപ്പെടുത്തിയതേയില്ല.

കിക്ക്‌വിറ്റ്‌ പട്ടണത്തിൽ ഒരു സഹോദരിയും അവരുടെ രണ്ടു പുത്രിമാരും തടവിലാക്കപ്പെട്ടതിനെ തുടർന്ന്‌ സാക്ഷിയല്ലാതിരുന്ന അവരുടെ ഭർത്താവും അറസ്റ്റിലായി. ഈ മനുഷ്യൻ അദ്ദേഹത്തിന്റെ ഭാര്യയുടെ മതവിശ്വാസങ്ങൾ പങ്കിട്ടിരുന്നില്ലെന്നു മനസ്സിലാക്കിയ അധികൃതർ അദ്ദേഹത്തെ വിട്ടയയ്‌ക്കാൻ ഉത്തരവു നൽകി. എന്നാൽ അദ്ദേഹം ജയിൽ വിട്ടുപോകാൻ വിസമ്മതിച്ചു, തന്റെ ഭാര്യയെയും മക്കളെയും അവിടെ വിട്ടിട്ട്‌ താൻ പോകില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഒടുവിൽ കുടുംബത്തോടൊപ്പം അദ്ദേഹം മോചിപ്പിക്കപ്പെട്ടു, തുടർന്ന്‌ അദ്ദേഹം ബൈബിൾ പഠിക്കുകയും സ്‌നാപനമേൽക്കുകയും ചെയ്‌തു. ഇന്ന്‌ അദ്ദേഹം ഒരു സഭാമൂപ്പനായി സേവിക്കുന്നു.

രാജ്യത്ത്‌ പ്രക്ഷുബ്ധാവസ്ഥ

1991 സെപ്‌റ്റംബറിൽ കിൻഷാസയിൽ ഒരു സൈനിക വിപ്ലവം പൊട്ടിപ്പുറപ്പെട്ടു, തുടർന്ന്‌ വ്യാപകമായ കൊള്ള നടന്നു. ഇത്‌ കടുത്ത ഭക്ഷ്യ, ഇന്ധന ക്ഷാമത്തിന്‌ ഇടയാക്കി, തൊഴിലില്ലായ്‌മ രൂക്ഷമായി, നാണയപ്പെരുപ്പം വർധിച്ചു. ദക്ഷിണാഫ്രിക്കയിലെയും ഫ്രാൻസിലെയും ബ്രാഞ്ച്‌ ഓഫീസുകൾ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു.

സ്വന്തരാജ്യത്തെ പ്രശ്‌നങ്ങളോടു മല്ലിട്ടുകൊണ്ടിരിക്കവേ, കോംഗോ ബ്രാഞ്ച്‌ അടുത്തുള്ള അംഗോളയിൽനിന്നും സുഡാനിൽനിന്നും വന്ന അഭയാർഥികളായ സാക്ഷികളുടെ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. വടക്കുകിഴക്കൻ കോംഗോയിൽ, അന്ന്‌ സഞ്ചാര മേൽവിചാരകനായിരുന്ന സക്കറിയ ബെലെമോ സുഡാനിൽനിന്നുള്ള അഭയാർഥികളായ ഒരുകൂട്ടം സഹോദരങ്ങളെ സന്ദർശിച്ചു. അദ്ദേഹം തന്റെ പരിമിതമായ ഇംഗ്ലീഷിൽ സദസ്യരെ അഭിസംബോധന ചെയ്‌തു, പ്രസംഗം അറബിയിലേക്കു തർജമ ചെയ്‌തു. സഹോദരങ്ങൾക്ക്‌ തന്റെ പ്രസംഗം അത്ര മനസ്സിലായിക്കാണുമോ എന്ന്‌ സക്കറിയയ്‌ക്കു സംശയമുണ്ടായിരുന്നു. ഏതാണ്ട്‌ അഞ്ചു വർഷത്തിനു ശേഷം, ബെഥേൽ സന്ദർശിക്കാനെത്തിയ രണ്ടു യുവാക്കൾ അദ്ദേഹത്തെ സമീപിച്ച്‌ ചോദിച്ചു: “താങ്കൾക്ക്‌ ഞങ്ങളെ ഓർമയുണ്ടോ? അഭയാർഥി ക്യാമ്പിൽ താങ്കളുടെ പ്രസംഗം ശ്രദ്ധിച്ചവരുടെ കൂട്ടത്തിൽ ഞങ്ങളും ഉണ്ടായിരുന്നു. അന്നു ലഭിച്ച പ്രോത്സാഹനമെല്ലാം മനസ്സിൽ പിടിച്ചുകൊണ്ട്‌ ഞങ്ങൾ ബൈബിൾ പഠിക്കാൻ തുടങ്ങി.” പിന്നീട്‌ ഈ രണ്ടു യുവാക്കളും തങ്ങളുടെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു.

രാജ്യം തുടർച്ചയായി അഭിമുഖീകരിച്ചുകൊണ്ടിരുന്ന മറ്റൊരു വലിയ പ്രശ്‌നം വംശീയ കലഹങ്ങളായിരുന്നു. കാസൈയിൽനിന്നുള്ള പലരും തെക്ക്‌ കാറ്റാങ്‌ഗായിലേക്കു താമസം മാറിയിരുന്നു. 1992-ലും 1993-ലും കാറ്റാങ്‌ഗാ നിവാസികൾ അവരെ തങ്ങളുടെ പ്രവിശ്യയിൽനിന്നു തുരത്തി. കാസൈയിൽനിന്നുള്ള ഒട്ടുമിക്കവർക്കും തങ്ങളുടെ തൊഴിലും വസ്‌തുവകകളും ഭവനവുമൊക്കെ ഉപേക്ഷിച്ച്‌ ജീവനുംകൊണ്ട്‌ ഓടി രക്ഷപ്പെടേണ്ടിവന്നു. ക്യാമ്പുകൾ അല്ലെങ്കിൽ സുരക്ഷയ്‌ക്കുവേണ്ടി ഒന്നിച്ചു പാർക്കാൻ സാധിക്കുന്ന മറ്റു സ്ഥലങ്ങൾ ആയിരുന്നു അവരുടെ ലക്ഷ്യം. 1,00,000-ത്തിലധികം പേർ സ്വദേശമായ കാസൈയിലേക്കു തിരിച്ചുചെന്നു. അവരിൽ ഏതാണ്ട്‌ 4,000 പേർ യഹോവയുടെ സാക്ഷികളായിരുന്നു. സമീപപ്രദേശങ്ങളിൽ താമസിച്ചിരുന്ന സഹോദരങ്ങൾ, വേണ്ടത്ര ആഹാരവും മറ്റുമില്ലാതെ അവർതന്നെ ദരിദ്രാവസ്ഥയിലായിരുന്നെങ്കിലും, തങ്ങളെക്കൊണ്ടാവുന്ന എല്ലാ സഹായങ്ങളും ചെയ്‌തുകൊടുത്തു. കാറ്റാങ്‌ഗായിൽനിന്നു വടക്കോട്ടു പോകുന്ന പ്രധാന പാതയിലുള്ള ഒരു സഭ, വന്നെത്തുന്ന ഓരോ ട്രക്കിലും സാക്ഷികളുണ്ടോ എന്ന്‌ അന്വേഷിക്കാനായി സഹോദരന്മാരെ അയച്ചു. സഹോദരങ്ങൾ ആരെങ്കിലും ഉണ്ടെന്നു തിരിച്ചറിഞ്ഞാൽ അവർക്ക്‌ ആവശ്യമായ ശ്രദ്ധ ലഭിച്ചിരുന്നു.

അഭയാർഥി ക്യാമ്പുകളിൽ കാത്തിരിക്കുന്ന, ഭവനരഹിതരായ സഹോദരങ്ങൾക്കിടയിൽ വിതരണം ചെയ്യാനായി ദക്ഷിണാഫ്രിക്കയിലെ ബ്രാഞ്ച്‌ ട്രക്കുകണക്കിന്‌ ആഹാരവും മരുന്നുകളും അയച്ചു. ഇത്‌ നിരവധി പേരുടെ ജീവൻ രക്ഷിച്ചു. ആഹാരവും മരുന്നും തൂമ്പയും മൺവെട്ടിയും വാങ്ങാൻ ഭരണസംഘം കിൻഷാസയിലെ സഹോദരങ്ങൾക്കു നിർദേശം നൽകി. അങ്ങനെ, സാക്ഷിക്കുടുംബങ്ങൾക്കു വീണ്ടും കാസൈയിൽ താമസമുറപ്പിച്ച്‌ തങ്ങളുടെ വയലുകളിൽ പണിയെടുത്തു ജീവിക്കാൻ സാധിക്കുമായിരുന്നു.

മാറ്റത്തിന്റെ മറ്റു ചില അടയാളങ്ങൾ

യഹോവയുടെ സാക്ഷികളോടുള്ള അധികാരികളുടെ മനോഭാവത്തിൽ ശ്രദ്ധേയമായ മാറ്റം വന്നതായി 1990 ഏപ്രിൽ 24-ന്‌ പ്രസിഡന്റ്‌ നടത്തിയ ഒരു പ്രസംഗവും വാർത്താസമ്മേളനവും പ്രകടമാക്കി. പത്രസ്വാന്ത്ര്യവും മതസ്വാതന്ത്ര്യവും ഉൾപ്പെടെ ഗവൺമെന്റ്‌ എല്ലാ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതായി സ്വദേശീയരും വിദേശീയരുമായ പത്രപ്രവർത്തകർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ പ്രസിഡന്റ്‌ ഉറപ്പുനൽകി. ഇത്‌ സഹോദരങ്ങൾക്ക്‌ കൂടുതൽ പരസ്യമായി പ്രസംഗിക്കാനും കൂടിവരാനും അവസരമൊരുക്കി. തടവിലാക്കപ്പെട്ടിരുന്നവർ മോചിതരായി.

കോംഗോയിൽ യഹോവയുടെ സാക്ഷികളെ കുറിച്ച്‌ ഇനി ഒരിക്കലും കേൾക്കുകയില്ലെന്ന്‌ 1986-ൽ റേഡിയോയിലൂടെ അറിയിപ്പു നടത്തിയ ആ പ്രക്ഷേപകനെ ഓർക്കുന്നുണ്ടാകുമല്ലോ. അയാളുടെ ആ പ്രവചനം തികച്ചും തെറ്റായിരുന്നെന്നു തെളിഞ്ഞു. 1986-ൽ നിരോധനം ആരംഭിക്കുമ്പോൾ കോംഗോയിൽ 34,207 പ്രസാധകരാണ്‌ ഉണ്ടായിരുന്നത്‌. സേവനവർഷം 1990-ന്റെ അവസാനം ആയപ്പോഴേക്കും കോംഗോയിൽ 50,677 പ്രസാധകർ ഉണ്ടായിരുന്നു, 1,56,590 പേർ സ്‌മാരകത്തിനു ഹാജരാകുകയും ചെയ്‌തു. എതിർപ്പ്‌, കുപ്രചാരണം, പീഡനം, മത-രാഷ്‌ട്രീയ നേതാക്കളുടെ ഭാഗത്തുനിന്നുള്ള കടുത്ത അമർഷം എന്നിവയൊക്കെ ഉണ്ടായിരുന്നിട്ടും സഞ്ചിയിലെ ആഫ്രിക്കൻ ചോളത്തിന്റെ വിത്തുകൾ പെരുകിയിരുന്നു. 1997-ൽ പ്രസിഡന്റ്‌ മോബൂറ്റൂവിന്റെ ഭരണകൂടം മറിച്ചിടപ്പെട്ടപ്പോൾ രാജ്യം വിട്ട്‌ ഓടേണ്ടിവന്നത്‌ ആ പ്രക്ഷേപകനാണ്‌, യഹോവയുടെ സാക്ഷികൾക്കല്ല.

വീണ്ടും സ്വാതന്ത്ര്യം

1986-ൽ പ്രസിഡന്റ്‌ പുറപ്പെടുവിച്ച ഉത്തരവ്‌ യഹോവയുടെ സാക്ഷികളുടെ എല്ലാ പ്രവർത്തനങ്ങളെയും നിരോധിക്കുകയും രാജ്യത്തെ അവരുടെ നിയമപരമായ കോർപറേഷൻ ഇല്ലാതാക്കുകയും ചെയ്‌തു. എന്നാൽ 1993 ജനുവരി 8-ന്‌ സയർ റിപ്പബ്ലിക്കിനെതിരെ യഹോവയുടെ സാക്ഷികൾ എന്ന കേസിൽ സയറിന്റെ (കോംഗോ) പരമോന്നത നീതിന്യായ കോടതി ശ്രദ്ധേയമായ ഒരു തീർപ്പു കൽപ്പിച്ചു. പ്രസിഡന്റ്‌ പുറപ്പെടുവിച്ച ഉത്തരവ്‌ നീതിക്കു നിരക്കാത്തതാണെന്നും അതുകൊണ്ട്‌ അത്‌ അസാധുവാക്കുന്നുവെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. സഹോദരങ്ങൾക്കുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാനാവില്ല!

ആ സുപ്രീം കോടതി വിധി വലിയൊരു കോളിളക്കംതന്നെ സൃഷ്ടിച്ചു. കാരണം പ്രസിഡന്റിനും അദ്ദേഹത്തിന്റെ അനുകൂലികൾക്കും സ്വീകാര്യമല്ലാതിരുന്ന, ഒരു പുതിയ ഇടക്കാല ഭരണഘടനയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കോടതി തീർപ്പു കൽപ്പിച്ചത്‌. മറ്റുള്ളവരാകട്ടെ ആ വിധിന്യായം ഭാവി കോടതിവിധികൾക്കുള്ള മാനദണ്ഡം വെക്കുകയാണെന്ന്‌ കരുതി. വിവാദത്തിന്റെ ഈ പുകമറയിൽപ്പെട്ട്‌ സാക്ഷികൾ അൽപ്പം ബുദ്ധിമുട്ടിയെങ്കിലും യഹോവയുടെ നാമമഹത്ത്വത്തിന്‌ ഇടയാക്കിക്കൊണ്ട്‌ ഇത്‌ എത്ര വലിയ സാക്ഷ്യമാണു നൽകിയത്‌! ചരിത്രപ്രധാനമായ ഈ കേസിനെ കുറിച്ച്‌ പത്രങ്ങളിൽ നിരവധി ലേഖനങ്ങൾ വന്നു. തുടർന്ന്‌, യഹോവയുടെ സാക്ഷികൾക്ക്‌ തങ്ങളുടെ മതപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ വീണ്ടും നിയമാംഗീകാരം ലഭിച്ചിരിക്കുന്നതായി നീതിന്യായ വകുപ്പ്‌ വിവിധ പ്രവിശ്യകളിലെ ഗവർണർമാരെ അറിയിച്ചു. യഹോവയുടെ ജനത്തിനും സത്യാരാധനയ്‌ക്കും എത്ര വലിയ വിജയമാണു ലഭിച്ചത്‌!

കോംഗോയിൽ ഷിപ്പിങ്ങിനോടുള്ള ബന്ധത്തിൽ നേരിട്ട പ്രശ്‌നങ്ങൾ

കോംഗോ ഒരു വലിയ രാജ്യമാണ്‌. എങ്കിലും ബാസ്‌-കോംഗോയിലുള്ള ചെറിയ തീരരേഖ ഒഴിച്ചാൽ അതിന്‌ വേറെ സമുദ്രാതിർത്തികളൊന്നുമില്ല, ചുറ്റും കരയാണ്‌. കപ്പൽവഴി വരുന്ന ചരക്കുകളിൽ അധികവും മാറ്റാഡി തുറമുഖത്താണ്‌ എത്തുക. മാറ്റാഡിയിൽനിന്ന്‌ 300-ഓളം കിലോമീറ്റർ അകലെയുള്ള തലസ്ഥാനത്തേക്ക്‌ ഒരു ഒറ്റവരി റെയിൽപ്പാതയും ടാറിട്ട റോഡും ഉണ്ട്‌.

യൂറോപ്പിലെ ബ്രാഞ്ച്‌ ഓഫീസുകൾ കോംഗോ ബ്രാഞ്ചിന്‌ ഏതാനും ഫോർ-വീൽ-ഡ്രൈവ്‌ ട്രക്കുകൾ അയച്ചുകൊടുത്തു. ഷിപ്പിങ്ങിനും നിർമാണ പ്രവർത്തനങ്ങൾക്കും ഇവ വളരെ ഫലപ്രദമായി ഉപയോഗിച്ചു പോന്നിരിക്കുന്നു. 1999 മുതൽ മാറ്റാഡിയിൽ സൊസൈറ്റിയുടെ സാഹിത്യങ്ങൾ സൂക്ഷിക്കുന്നതിന്‌ ഒരു ബെഥേൽ ഡിപ്പോ പ്രവർത്തിക്കുന്നുണ്ട്‌. ഇതു വലിയൊരു സഹായമാണ്‌. കാരണം സാഹിത്യങ്ങൾ കപ്പലുകളിൽനിന്ന്‌ നേരിട്ട്‌ ഡിപ്പോയിൽ ഇറക്കി അവിടെ സൂക്ഷിക്കാനാകും. പിന്നീട്‌ ബ്രാഞ്ചിൽനിന്ന്‌ ഒരു ട്രക്ക്‌ വന്ന്‌ അവ കിൻഷാസയിലേക്കു കൊണ്ടുപോകും.

1980-കളിലും, കിൻഷാസയിൽനിന്നു ലൂബൂംബാഷിയിലേക്കു റോഡുവഴി സാഹിത്യങ്ങൾ കൊണ്ടുപോവുക സാധ്യമായിരുന്നു. രാജ്യത്തിനു കുറുകെയുള്ള ഈ യാത്രകൾക്കിടയിൽ കനാങ്‌ഗയിലും എംബൂജിമൈയിയിലുമുള്ള മിഷനറി ഭവനങ്ങളിലെ ഡിപ്പോകളിൽ വണ്ടി നിറുത്തി സാഹിത്യങ്ങൾ ഇറക്കുമായിരുന്നു. കിൻഷാസയിൽനിന്നു ലൂബൂംബാഷിയിലേക്കു വിമാനത്തിൽ പോകാൻ ഏതാണ്ട്‌ രണ്ടു മണിക്കൂർ മതിയായിരുന്നെങ്കിൽ, സാഹിത്യങ്ങൾ നിറച്ച ഒരു ട്രക്കിനു രണ്ടാഴ്‌ച വേണ്ടിവരുമായിരുന്നു! വർഷങ്ങൾ കടന്നുപോകവേ റോഡുകളുടെ അവസ്ഥ ഒന്നിനൊന്നു മോശമായിക്കൊണ്ടിരുന്നു. ഇപ്പോൾ അവ ഒട്ടും ഗതാഗതയോഗ്യമല്ല. നദിമാർഗം ആയിരക്കണക്കിനു കിലോമീറ്റർ സഞ്ചരിക്കുക സാധ്യമായിരുന്നെങ്കിലും കിൻഷാസയിൽനിന്നു രാജ്യത്തിന്റെ ഉൾഭാഗങ്ങളിലേക്കു പോകുന്ന ബോട്ടുകളെ ആശ്രയിക്കാൻ സാധിക്കുകയില്ല. ഈ ബുദ്ധിമുട്ടുകൾക്കു പുറമേ, ചില പ്രദേശങ്ങളിൽ നിലനിൽക്കുന്ന രാഷ്‌ട്രീയ പ്രക്ഷുബ്ധാവസ്ഥ ബെഥേൽ വാഹനങ്ങൾക്ക്‌ എത്തിച്ചേരാൻ കഴിയുന്ന, കിൻഷാസയ്‌ക്കു ചുറ്റുമുള്ള പ്രദേശങ്ങളുടെ വ്യാപ്‌തിയെ പരിമിതപ്പെടുത്തിയിരിക്കുന്നു. ബ്രാഞ്ചിൽനിന്ന്‌ വിദൂര പ്രദേശങ്ങളിലേക്കു വിമാനമാർഗം സാഹിത്യങ്ങൾ എത്തിക്കുന്നതാണ്‌ ഏറ്റവും സൗകര്യപ്രദം.

സഹോദരങ്ങൾക്കു സാഹിത്യങ്ങൾ എത്തിച്ചുകൊടുക്കുന്നതിൽ മറ്റു ബ്രാഞ്ചുകൾ സഹകരിച്ചിട്ടുണ്ട്‌. കാമറൂൺ ബ്രാഞ്ച്‌ ട്രക്കിൽ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലൂടെ കോംഗോയുടെ വടക്കു ഭാഗത്തേക്കു സാഹിത്യങ്ങൾ എത്തിക്കുന്നു. റുവാണ്ട, കെനിയ ബ്രാഞ്ചുകൾ കോംഗോയുടെ കിഴക്കൻ ഭാഗങ്ങളിലേക്കുവേണ്ട സഹായം ചെയ്‌തുകൊടുക്കുന്നു. തെക്കുള്ള ചില പ്രദേശങ്ങളിലെ സഭകൾക്ക്‌ ആവശ്യമായ സാഹിത്യങ്ങൾ ലഭിക്കുന്നത്‌ ദക്ഷിണാഫ്രിക്കയിൽനിന്നും സാംബിയയിൽനിന്നുമാണ്‌.

ശുശ്രൂഷാ പരിശീലന സ്‌കൂൾ​—⁠വയലിന്‌ ഒരു അനുഗ്രഹം

കിൻഷാസയിൽ 1995-ൽ ശുശ്രൂഷാ പരിശീലന സ്‌കൂളിന്റെ ആദ്യ ക്ലാസ്സ്‌ സംഘടിപ്പിക്കപ്പെട്ടു. 2003 ഏപ്രിൽ മാസത്തോടെ 16 ക്ലാസ്സുകളിൽനിന്ന്‌ 400-ലധികം സഹോദരന്മാർക്ക്‌ പരിശീലനം ലഭിച്ചിരുന്നു. വിദ്യാർഥികളിൽ അഞ്ചു പേർ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാരായും 60-ലധികം പേർ സർക്കിട്ട്‌ മേൽവിചാരകന്മാരായും സേവനമനുഷ്‌ഠിക്കുന്നു. 50 പേർക്ക്‌ പ്രത്യേക പയനിയർമാരായി നിയമനം ലഭിച്ചു. പ്രസംഗവേലയിൽ ആവേശവും ഉത്സാഹവും വർധിപ്പിക്കുന്നതിൽ ഈ സഹോദരന്മാർ വലിയ പങ്കു വഹിക്കുന്നു.

ചിലർക്ക്‌ ഈ സ്‌കൂളിൽ സംബന്ധിക്കുക എളുപ്പമായിരുന്നില്ല. ഷോർഷ്‌ മൂറ്റോംബോവിന്‌ സ്‌കൂളിൽ സംബന്ധിക്കാനുള്ള ക്ഷണക്കത്ത്‌ ലഭിക്കുമ്പോൾ അദ്ദേഹം താമസിച്ചിരുന്നത്‌ ഗവൺമെന്റിനെ എതിർക്കുന്ന ചില കക്ഷികളുടെ അധീനതയിലുള്ള ഒരു പ്രദേശത്താണ്‌. സ്‌കൂൾ നടക്കുന്ന കിൻഷാസയിലേക്കു വിമാനം കയറുന്നതിനായി കാമിനായിൽ എത്താൻ അദ്ദേഹത്തിന്‌ 16 സൈനിക ചെക്ക്‌

പോസ്റ്റുകൾ കടന്ന്‌ 400 കിലോമീറ്റർ ദൂരം സൈക്കിളിൽ യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു, അതും മൂന്നു ദിവസം മഴയത്ത്‌. കുറ്റകൃത്യങ്ങൾ വളരെ വ്യാപകമായിരുന്ന ഒരു പ്രദേശത്തുകൂടെയും അദ്ദേഹത്തിനു കടന്നുപോകേണ്ടിയിരുന്നു. ഒരു സ്ഥലത്തുവെച്ച്‌ കുറേ കൊള്ളക്കാർ അദ്ദേഹത്തെ സൈക്കിളിൽ പിന്തുടർന്നു. പക്ഷേ ഒടുവിൽ അവരുടെ തലവന്റെ സൈക്കിളിന്റെ ടയർ പഞ്ചറായപ്പോൾ അവർ പിൻവാങ്ങാൻ തീരുമാനിച്ചു. ഷോർഷിന്റെ വസ്‌ത്രധാരണവും മറ്റുംകൊണ്ട്‌ അദ്ദേഹം ഒരു സാക്ഷിയാണെന്ന്‌ ആ കൊള്ളക്കാർ തിരിച്ചറിഞ്ഞെന്നു തോന്നുന്നു. ഇനി തങ്ങൾ അദ്ദേഹത്തെ പിന്തുടരുന്നില്ലെന്ന്‌ അവർ വിളിച്ചു പറഞ്ഞു. കാരണം അദ്ദേഹത്തിന്റെ ദൈവമായ യഹോവ അദ്ദേഹത്തോടൊപ്പമുണ്ടെന്ന്‌ അവർക്കു കാണാൻ കഴിഞ്ഞു.

ദിവ്യാധിപത്യ വർധനവിനു മതിയായ സൗകര്യങ്ങൾ

കിൻഷാസയിലുള്ള ലിമെറ്റെയിലെ 764 അവെന്യൂ ഡെസേലേഫാൻ തെരുവിലാണ്‌ 1965 മുതൽ ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥിതി ചെയ്‌തിരുന്നത്‌. 1991-ൽ നഗരത്തിന്റെ വ്യവസായവത്‌കൃത പ്രദേശത്ത്‌ സൊസൈറ്റി കുറച്ചു സ്ഥലം വാങ്ങി. ഈ സ്ഥലത്തുള്ള മൂന്ന്‌ വലിയ കെട്ടിടങ്ങളും മുമ്പ്‌ ഒരു തുണിമില്ലിന്റെ വകയായിരുന്നു, പിന്നീട്‌ അവ അറ്റകുറ്റപ്പണികൾ നടത്തുന്ന കടകളായി മാറി. ബ്രാഞ്ച്‌ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കാൻ സഹോദരങ്ങൾ ഈ കെട്ടിടങ്ങൾ പുതുക്കിപ്പണിയാൻ തീരുമാനിച്ചു. രാഷ്‌ട്രീയ അരക്ഷിതാവസ്ഥയും അസ്ഥിരതയും മൂലം പദ്ധതിക്ക്‌ കാലതാമസം നേരിട്ടെങ്കിലും 1993-ൽ അന്താരാഷ്‌ട്ര സേവകരുടെ ആഗമനത്തോടെ പുതിയ ബ്രാഞ്ച്‌ സൗകര്യങ്ങളുടെ പണി ആരംഭിച്ചു. 1996 ഏപ്രിലിൽ ബ്രാഞ്ച്‌ അംഗങ്ങൾ അവെന്യൂ ഡെസേലേഫാനിൽനിന്ന്‌ പുതിയ ബ്രാഞ്ചിലേക്കു മാറി. പുതിയ സ്ഥലത്തേക്കു മാറിയശേഷം ഒരു ബെഥേൽ മൂപ്പൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ബെഥേൽ കുടുംബം വീണ്ടും ഒത്തൊരുമിച്ചതു കാണുമ്പോൾ പത്തു വർഷം മുമ്പ്‌ നമ്മുടെ പ്രവർത്തനം നിരോധിക്കപ്പെട്ടിരുന്ന ആ കാലം ഓർമ വരുന്നു. അതിമനോഹരമായ ഈ കെട്ടിടങ്ങൾക്കായി യഹോവയാം ദൈവത്തിനും അവന്റെ ദൃശ്യ സംഘടനയ്‌ക്കും ഞങ്ങൾ ആഴമായ കൃതജ്ഞത അർപ്പിക്കുന്നു.” 1996 ഒക്ടോബറിൽ പ്രസാധകരുടെ എണ്ണത്തിൽ 1,00,000 എന്ന പുതിയ അത്യുച്ചം ഉണ്ടായി. കൂടുതലായ വർധനയ്‌ക്കുള്ള സാധ്യത സഹോദരങ്ങളെ പുളകംകൊള്ളിച്ചു.

മിഷനറിമാർ പിന്തുണയ്‌ക്കാൻ എത്തുന്നു

വീണ്ടും, 1990-കളിൽ, കോംഗോയിലേക്കു മിഷനറിമാരെ കൊണ്ടുവരാൻ സാധിച്ചു. കോംഗോയിൽ അപ്പോൾത്തന്നെ ഏഴു മിഷനറിമാർ ഉണ്ടായിരുന്നു. നിരോധന കാലത്ത്‌ ഉടനീളം അവിടെ തുടരാൻ കഴിഞ്ഞിരുന്നവരാണ്‌ ഈ മിഷനറിമാർ. 1995 ജൂലൈയിൽ സേബാസ്റ്റ്യാൻ ജോൺസനെയും ഭാര്യ ഗിസെലായെയും സെനെഗലിൽനിന്ന്‌ കോംഗോയിലേക്കു നിയമിച്ചു. മറ്റു മിഷനറിമാരും താമസിയാതെ എത്തിച്ചേർന്നു. ചിലർ ഐക്യനാടുകളിലെ ഗിലെയാദ്‌ സ്‌കൂളിൽനിന്നു ബിരുദമെടുത്തശേഷം വന്നവരായിരുന്നു. മറ്റുള്ളവരാകട്ടെ ബെൽജിയം, ബ്രിട്ടൻ, ഫ്രാൻസ്‌ എന്നിവിടങ്ങളിൽനിന്നും. 1998 മാർച്ചിൽ ക്രിസ്റ്റ്യൻ ബേലോറ്റിയും ഭാര്യ ജൂലിയെറ്റും ഫ്രഞ്ച്‌ ഗയാനയിൽനിന്ന്‌ എത്തിച്ചേർന്നു. 1999 ജനുവരിയിൽ പീറ്റർ വിൽഹെമിനെയും ഭാര്യ ആനാ ലിസെയെയും സെനെഗലിൽനിന്നു കോംഗോയിലേക്കു നിയമിച്ചു. പിന്നീട്‌ കാമറൂൺ, മാലി, സെനെഗൽ എന്നിവിടങ്ങളിൽനിന്നു കൂടുതൽ മിഷനറിമാർ വന്നെത്തി.

1999 ഡിസംബറിൽ കിൻഷാസയിലെ ഒരു പാർപ്പിട പ്രദേശത്ത്‌ ഒരു പുതിയ മിഷനറി ഭവനം തുറന്നു. പന്ത്രണ്ടു മിഷനറിമാർ ഈ ഭവനത്തിൽ താമസിക്കുന്നു. 1965 മുതൽ യാതൊരു തടസ്സവുമില്ലാതെ ലൂബൂംബാഷിയിൽ ഒരു മിഷനറി ഭവനം പ്രവർത്തിച്ചുപോരുന്നു. 2003-ൽ അവിടെ രണ്ടാമതൊരു ഭവനം കൂടെ തുറക്കപ്പെട്ടു. ഇന്ന്‌ ആ ഭവനത്തിൽ നാലു ദമ്പതികൾ സേവിക്കുന്നുണ്ട്‌. 2002 മേയിൽ രാജ്യത്തിന്റെ കിഴക്കുള്ള ഗോമായിൽ ഒരു പുതിയ മിഷനറി ഭവനം പ്രവർത്തനമാരംഭിച്ചു. നാലു മിഷനറിമാരെ അവിടെ നിയമിച്ചു. വിസ്‌തൃതമായ, ഫലഭൂയിഷ്‌ഠമായ ഈ വയലിൽ മിഷനറിമാർ ഒരു അനുഗ്രഹമായി തുടരുന്നു.

യുദ്ധകാലത്ത്‌ ക്രിസ്‌തീയ നിഷ്‌പക്ഷത

രാജ്യത്ത്‌ ഭീകരാവസ്ഥ നിലനിൽക്കുന്ന ഒരു സാഹചര്യത്തിലാണ്‌ ഈ മിഷനറിമാരിൽ മിക്കവരും എത്തിച്ചേർന്നത്‌. 1996 ഒക്ടോബറിൽ രാജ്യത്തിന്റെ കിഴക്കു ഭാഗത്ത്‌ പൊട്ടിപ്പുറപ്പെട്ട യുദ്ധം മറ്റു പ്രദേശങ്ങളിലേക്കു സത്വരം വ്യാപിച്ചു. ഈ യുദ്ധത്തിന്റെ ഉദ്ദേശ്യം പ്രസിഡന്റ്‌ മോബൂറ്റൂവിനെ അധികാരത്തിൽനിന്നു നീക്കം ചെയ്യുക എന്നതായിരുന്നു. 1997 മേയ്‌ 17-ന്‌ ലോറാൻ-ഡേസിറേ കാബിലായുടെ സൈന്യം കിൻഷാസയിൽ പ്രവേശിക്കുകയും തുടർന്ന്‌ കാബിലാ പ്രസിഡന്റാകുകയും ചെയ്‌തു.

വിശന്നുവലഞ്ഞ, രോഗഗ്രസ്‌തരായ അഭയാർഥികളുടെ ഭീകരചിത്രങ്ങൾ ലോകമെമ്പാടുമുള്ള ടിവി പ്രേക്ഷകർ നിരീക്ഷിക്കവേ, യഹോവയുടെ ജനം പ്രത്യാശയും ആശ്വാസവും പകരുന്ന ബൈബിൾ സന്ദേശം ഘോഷിക്കുന്നതിൽ തുടർന്നു. ദുഃഖകരമെന്നു പറയട്ടെ, 50-ഓളം സാക്ഷികൾ ഉൾപ്പെടെ അനേകായിരങ്ങൾ യുദ്ധകാലത്തു മരണമടഞ്ഞു. യുദ്ധത്തെ തുടർന്ന്‌ കോളറയും മറ്റു രോഗങ്ങളും അനേകരുടെ ജീവൻ അപഹരിച്ചു.

യുദ്ധം നിമിത്തം മിക്ക ആളുകൾക്കും തിരിച്ചറിയൽ കാർഡുകൾ ഇല്ല. ഇത്‌ പ്രസംഗവേലയ്‌ക്കു പോകുന്ന സഹോദരങ്ങൾക്കു പ്രശ്‌നം സൃഷ്ടിക്കുന്നു. റോഡുകളിൽ ഉടനീളം, നിരവധി സൈനിക ചെക്ക്‌പോസ്റ്റുകൾ ഉണ്ട്‌. ഒരു സഭയിലെ പ്രസാധകർക്ക്‌ തിരിച്ചറിയൽ കാർഡുകൾ ഇല്ലായിരുന്നു. അതുകൊണ്ട്‌ തങ്ങളുടെ മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡ്‌ കാണിക്കാൻ ഒരു മൂപ്പൻ നിർദേശം നൽകി. അവർ അങ്ങനെ ചെയ്‌തു. ഒരു ചെക്ക്‌പോസ്റ്റിലെ പട്ടാളക്കാർ അവരോടു പറഞ്ഞു: “ഇതല്ല ഞങ്ങൾക്കു കാണേണ്ടത്‌. ഓരോ പൗരനുമുള്ള ദേശീയ തിരിച്ചറിയൽ കാർഡാണ്‌!”

സഹോദരങ്ങൾ പ്രതിവചിച്ചു: “ഇത്‌ ഞങ്ങളെ യഹോവയുടെ സാക്ഷികളായി തിരിച്ചറിയിക്കുന്ന കാർഡാണ്‌.” പട്ടാളക്കാർ അവരെ കടന്നുപോകാൻ അനുവദിച്ചു.

കിസാങ്‌ഗാനിയിൽ, ഗവൺമെന്റിന്റെ സൈന്യത്തിനു വേണ്ടി പോരാടിക്കൊണ്ടിരുന്ന വിദേശ കൂലിപ്പടയാളികൾ നാലു യുവ സഹോദരന്മാരെ തടവിലാക്കി. സഹോദരന്മാർ ശത്രുക്കൾക്കു വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നുവെന്ന വ്യാജാരോപണം ഉന്നയിച്ചായിരുന്നു ഈ അറസ്റ്റ്‌. ഓരോ ദിവസവും രാവിലെ ഈ സൈനികർ പത്തു തടവുകാരെ തിരഞ്ഞെടുത്ത്‌ കാട്ടിൽ കൊണ്ടുപോയി വധിക്കും. ഒരു ദിവസം അവർ സഹോദരന്മാരിൽ രണ്ടു പേരെ വേറെ എട്ടു തടവുപുള്ളികളോടൊപ്പം തിരഞ്ഞെടുത്തു. എന്നിട്ട്‌ അവരെ ഒരു ട്രക്കിൽ കയറ്റി കാട്ടിലേക്കു കൊണ്ടുപോയി. റോഡിൽ ഒരു ശവശരീരം കിടപ്പുണ്ടായിരുന്നതിനാൽ വഴിക്കുവെച്ച്‌ വണ്ടി നിറുത്തേണ്ടിവന്നു. സഹോദരന്മാരോട്‌ രണ്ടുപേരോടും അതു മറവു ചെയ്യാൻ സൈനികർ കൽപ്പിച്ചു. അവരെ ഇറക്കിയിട്ട്‌ വണ്ടി മുന്നോട്ടു പോയി. ജഡം മറവു ചെയ്‌തു തിരിച്ചെത്തിയ സഹോദരന്മാർ വണ്ടി മടങ്ങിവരുന്നതും കാത്ത്‌ അവിടെ നിന്നു. ഓടിപ്പോകാൻ അവസരമുണ്ടായിട്ടും സഹോദരന്മാർ അതു ചെയ്‌തില്ല, കാരണം ജയിലിൽ ഉണ്ടായിരുന്ന മറ്റു രണ്ടു സഹോദരന്മാരുടെ ജീവൻ അപകടപ്പെടുത്താൻ അവർ ആഗ്രഹിച്ചില്ല. ഒടുവിൽ ട്രക്ക്‌ തിരിച്ചെത്തി. അതിൽ തടവുകാരിൽ ആരും ഉണ്ടായിരുന്നില്ല. അവരെ എട്ടുപേരെയും വെടിവെച്ചുകൊന്നിരുന്നു. രണ്ടു സഹോദരന്മാരും ജീവനോടെ തിരിച്ചുവന്നതുകണ്ട്‌ ജയിലിലുള്ളവർ അത്ഭുതപ്പെട്ടു. അധികം കഴിയുന്നതിനു മുമ്പ്‌ എതിർകക്ഷികൾ പട്ടണം പിടിച്ചെടുക്കുകയും തുടർന്നുണ്ടായ ഒരു സ്‌ഫോടനത്തിൽ ജയിലിന്റെ വാതിൽ നശിപ്പിക്കപ്പെടുകയും ചെയ്‌തു. കൂലിപ്പടയാളികൾ ജീവനുംകൊണ്ടോടി, സഹോദരന്മാർ മോചിതരാകുകയും ചെയ്‌തു.

കഷ്ടതയുടെ സമയങ്ങളിൽ യൂറോപ്യൻ ബ്രാഞ്ചുകൾ പിന്തുണയ്‌ക്കുന്നു

കോംഗോയുടെ മിക്ക ഭാഗങ്ങളും 1996 മുതൽ യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ചിട്ടുണ്ട്‌, നിരവധി ആളുകൾക്ക്‌ സ്വന്തഗൃഹങ്ങൾ വിട്ട്‌ പലായനം ചെയ്യേണ്ടി വന്നിരിക്കുന്നു. കോംഗോയിൽനിന്ന്‌ ആയിരക്കണക്കിനു സഹോദരങ്ങൾ ടാൻസാനിയയിലും സാംബിയയിലും ഉള്ള അഭയാർഥി ക്യാമ്പുകളിലേക്കു പലായനം ചെയ്‌തു. കോംഗോയുടെ കൂടുതൽ ഭാഗങ്ങൾ വിപ്ലവ സൈന്യത്തിന്റെ നിയന്ത്രണത്തിൽ ആയപ്പോൾ, ഈ പ്രദേശങ്ങളിലുള്ള സഹോദരങ്ങളുമായി സമ്പർക്കം പുലർത്താനും അവരുടെ ആവശ്യങ്ങൾക്കായി കരുതാനും ബ്രാഞ്ച്‌ ഓഫീസിന്‌ കൂടുതൽ ബുദ്ധിമുട്ട്‌ അനുഭവപ്പെടാൻ തുടങ്ങി. ഭൗതിക സഹായം പ്രദാനം ചെയ്യാനായി പ്രധാന നഗരങ്ങളിൽ ദുരിതാശ്വാസ കമ്മിറ്റികൾ രൂപവത്‌കരിക്കപ്പെട്ടു. ദുരിതാശ്വാസ സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ട്‌ രാത്രി വൈകുവോളം ജോലി ചെയ്‌തുകൊണ്ട്‌ ബെഥേൽ കുടുംബാംഗങ്ങൾ മനസ്സൊരുക്കവും ആത്മത്യാഗ മനോഭാവവും പ്രകടമാക്കി. ബെൽജിയം, ഫ്രാൻസ്‌, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങളിലെ യഹോവയുടെ സാക്ഷികൾ വിമാനമാർഗം 18,500 ജോഡി ചെരിപ്പുകളും 1,000 കമ്പിളിപ്പുതപ്പുകളും അതുപോലെ ടൺ കണക്കിന്‌ ആഹാരവും വസ്‌ത്രവും മരുന്നും കോംഗോയിലേക്ക്‌ അയച്ചുകൊടുത്തു. ദുരിതാശ്വാസ വേല തുടരുന്നു. ദുരിതങ്ങൾ വളരെയധികം ലഘൂകരിക്കാൻ കഴിയുന്നുണ്ട്‌. ഈ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽനിന്ന്‌ യഹോവയുടെ സാക്ഷികളും മറ്റുള്ളവരും പ്രയോജനം അനുഭവിക്കുന്നു.

1998 ഒക്ടോബറിൽ ഒരു കിൻഷാസ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനം ഇപ്രകാരം പറഞ്ഞു: “വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ, യഹോവയുടെ സാക്ഷികളുടെ ക്രിസ്‌തീയ സഭകൾ ഒത്തൊരുമിച്ചു പ്രവർത്തിച്ചുകൊണ്ട്‌ കോംഗോ-കിൻഷാസയിലേക്കും കോംഗോ-ബ്രസാവിലിലേക്കുമായി 400-ലധികം ടൺ ദുരിതാശ്വാസ സാധനങ്ങൾ ശേഖരിച്ചു. ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങളിൽനിന്നുള്ള സന്നദ്ധസേവകരുടെ സഹകരണം മുഖാന്തരം 37 ടൺ അരി, പാൽപ്പൊടി, ബീൻസ്‌, വിറ്റാമിൻ ബിസ്‌ക്കറ്റുകൾ എന്നിവ ഇതിനോടകം ബെൽജിയത്തിലെ ഓസ്റ്റെൻഡിൽനിന്ന്‌ വിമാനമാർഗം കിൻഷാസയിലെ യഹോവയുടെ സാക്ഷികളുടെ ദേശീയ ആസ്ഥാനത്തേക്ക്‌ അയച്ചുകഴിഞ്ഞിരിക്കുന്നു. 38 ടൺ ആഹാരസാധനങ്ങളുമായി മറ്റൊരു വിമാനം . . . എത്തും.

“റുവാണ്ടയിൽ വംശഹത്യ നടന്നതിൽപ്പിന്നെ ഇന്നോളം യഹോവയുടെ സാക്ഷികൾ പൂർവാഫ്രിക്കയിലെ അഭയാർഥികളുടെ രക്ഷയ്‌ക്കെത്തിയിരിക്കുന്നു എന്നതു ശ്രദ്ധേയമാണ്‌. . . . ഈ സ്വമേധയാ സംഭാവനകൾ, അതായത്‌ 200-ലധികം ടൺ വരുന്ന ആഹാരസാധനങ്ങളും മരുന്നും, കോളറാ പകർച്ചവ്യാധിയെ ചെറുക്കുന്നതിൽ സഹായിച്ചതായി യഹോവയുടെ സാക്ഷികളുടെ വക്താവ്‌ പറയുകയുണ്ടായി. അന്ന്‌ ഫ്രാൻസ്‌, ബെൽജിയം എന്നിവിടങ്ങളിൽനിന്നുള്ള യഹോവയുടെ സാക്ഷികൾ ക്യാമ്പുകളിലെ അഭയാർഥികളെ സഹായിക്കാനായി ടീമുകൾ രൂപീകരിച്ചു. കിഴക്കൻ യൂറോപ്പിലെയും ബോസ്‌നിയയിലെയും നിരാലംബർക്ക്‌ യഹോവയുടെ സാക്ഷികൾ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചുകൊടുത്തതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.”

യുദ്ധം ആത്മീയ പുരോഗതിക്കു തടസ്സമാകുന്നില്ല

1998 സെപ്‌റ്റംബറിൽ വിപ്ലവകാരികൾ കിൻഷാസയുടെ പ്രാന്തപ്രദേശമായ എൻജിലി ആക്രമിച്ചു. ഈ പ്രക്ഷുബ്ധാവസ്ഥയുടെ നടുവിൽ, ഒരുകൂട്ടം സഹോദരങ്ങൾ ഒരു സർക്കിട്ട്‌ മേൽവിചാരകൻ താമസിച്ചിരുന്ന വീട്ടിൽ അഭയം തേടി. സർക്കിട്ട്‌ മേൽവിചാരകൻ ആ കൂട്ടത്തിനുവേണ്ടി പ്രാർഥിച്ചശേഷം യെശയ്യാവു 28:16 (NW) അവരെ വായിച്ചു കേൾപ്പിച്ചു. “വിശ്വസിക്കുന്ന ആരും പരിഭ്രാന്തരാവുകയില്ല” എന്ന്‌ ആ വാക്യം പറയുന്നു. ശാന്തരായിരിക്കാനും വഴിനടത്തിപ്പിനായി യഹോവയിൽ ആശ്രയിക്കാനും അദ്ദേഹം ഏവരെയും പ്രോത്സാഹിപ്പിച്ചു.

എൻജിലിക്കു വെളിയിൽ വരാനായി പാലം മുറിച്ചുകടക്കാമെന്നു ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റു ചിലർ റെയിൽപ്പാതയിലൂടെ പോകാമെന്നു പറഞ്ഞു. എന്നാൽ ഒടുവിൽ, അവിടെത്തന്നെ തങ്ങാൻ സഹോദരങ്ങൾ തീരുമാനിച്ചു. മൂന്നു ദിവസത്തിനു ശേഷം ഗവൺമെന്റ്‌ സൈന്യം ആ പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. മുമ്പു ചിന്തിച്ച ആ വഴികളിൽ ഏതു തിരഞ്ഞെടുത്തിരുന്നാലും തങ്ങൾ പോരാട്ടത്തിനിടയിൽ അകപ്പെട്ടു പോയേനെ എന്ന്‌ സഹോദരങ്ങൾ മനസ്സിലാക്കി.

കാറ്റാങ്‌ഗായിലെ മൂസെക്കാ കിപ്പൂസി സഭയിലെ ഒരു സഹോദരൻ ചില പട്ടാളക്കാർക്കു മീൻ വിൽക്കുകയായിരുന്നു. ഒരു സംഭാഷണത്തെ തുടർന്ന്‌, പട്ടാളക്കാരിൽ ഒരാൾ സഹോദരൻ എതിർകക്ഷിയുടെ ചാരനാണെന്ന്‌ ആരോപിച്ചു. തുടർന്ന്‌ അവർ അദ്ദേഹത്തെ പിടിച്ചുകെട്ടി വല്ലാതെ മർദിച്ചു. എന്നിട്ട്‌ അദ്ദേഹത്തെ ആ പ്രദേശത്തുള്ള സൈനിക ആസ്ഥാനത്തേക്കു കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ രാത്രിയായിരുന്നു. സഹോദരനോടു നൃത്തം ചെയ്യാൻ പട്ടാളക്കാർ ആവശ്യപ്പെട്ടു. സഹോദരൻ ചോദിച്ചു: “ഈ ഇരുട്ടത്ത്‌ നിങ്ങൾ എങ്ങനെ എന്റെ നൃത്തം ആസ്വദിക്കാനാണ്‌?”

“എങ്കിൽ തന്റെ ഒരു പാട്ടു കേൾക്കട്ടെ,” അവർ പറഞ്ഞു. “നിന്റെ ഭാരം യഹോവയുടെമേൽ ഇടുക” എന്ന ഗീതം സഹോദരൻ ഹൃദയം തുറന്നു പാടി. ആ പാട്ടിന്റെ വരികൾ പട്ടാളക്കാരുടെ ഹൃദയത്തെ സ്‌പർശിച്ചു, ആ പാട്ട്‌ വീണ്ടും പാടണമെന്നായി അവർ. അദ്ദേഹം അത്‌ വീണ്ടും പാടി. മറ്റൊരു പാട്ടുകൂടെ പാടാൻ ഒരു പട്ടാളക്കാരൻ ആവശ്യപ്പെട്ടു. ഇപ്രാവശ്യം അദ്ദേഹം “യഹോവെ, നിനക്കു ഞങ്ങൾ നന്ദിപറയുന്നു” എന്ന ഗീതം സ്വന്തഭാഷയായ കിലൂബയിൽ ആലപിച്ചു. അതു പൂർത്തിയാക്കിയപ്പോൾ അവർ അദ്ദേഹത്തിന്റെ ശരീരത്തിലെ കെട്ടുകൾ അഴിച്ചു. പിറ്റേന്ന്‌ രാവിലെ പട്ടാളക്കാർ അദ്ദേഹത്തെ പട്ടണത്തിലേക്കു തിരിച്ചുകൊണ്ടുപോകുകയും അദ്ദേഹം ഒരു ചാരനല്ലെന്ന്‌ ഉറപ്പുവരുത്താനായി ചുറ്റുവട്ടത്തൊക്കെ അന്വേഷിക്കുകയും ചെയ്‌തു. അവിടെനിന്നു പോകുന്നതിനു മുമ്പ്‌ പട്ടാളക്കാർ അദ്ദേഹത്തോടു പറഞ്ഞു: “തന്നെ ഞങ്ങൾ കൊന്നേനെ, പക്ഷേ ഇനി ഒന്നും ചെയ്യില്ല. തന്റെ മതം തന്റെ ജീവൻ രക്ഷിച്ചിരിക്കുന്നു! ആ രണ്ടു പാട്ടിലെയും വാക്കുകൾ ഞങ്ങളെ ശരിക്കും സ്‌പർശിച്ചു. തന്റെ ദൈവത്തെ സേവിക്കുന്നതിൽനിന്നു പിന്മാറരുത്‌!”

രാജ്യഹാൾ നിർമാണം യഹോവയ്‌ക്ക്‌ സ്‌തുതി കരേറ്റുന്നു

സമീപ വർഷങ്ങളിൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദേശങ്ങളിലെ രാജ്യഹാൾ നിർമാണത്തെ സഹായിക്കാനായി പ്രത്യേക ശ്രമം ചെയ്‌തിട്ടുണ്ട്‌. കോംഗോയിൽ രാജ്യഹാളുകൾ വളരെ ആവശ്യമായിരുന്നതിനാൽ അവിടത്തെ സഹോദരങ്ങൾ ഈ സഹായത്തെ സന്തോഷപൂർവം സ്വാഗതം ചെയ്‌തു. ഉദാഹരണത്തിന്‌, 298 സഭകൾ ഉണ്ടായിരുന്ന കിൻഷാസയിൽ നല്ല അവസ്ഥയിലുള്ള 20 ഹാളുകൾ പോലും ഇല്ലായിരുന്നു. രാജ്യത്ത്‌ ഉടനീളം നൂറുകണക്കിന്‌ ഹാളുകൾ ആവശ്യമായിരുന്നു. 1999 ഏപ്രിലിൽ കിൻഷാസയിൽ രാജ്യഹാൾ നിർമാണ പരിപാടി ആരംഭിച്ചു. പിന്നീട്‌, അത്‌ കോംഗോയിലെ മറ്റു പ്രവിശ്യകളിലേക്കും വ്യാപിപ്പിച്ചു. 2003-ന്റെ ആരംഭത്തോടെ കോംഗോ-കിൻഷാസയിലും കോംഗോ-ബ്രസാവിലിലും ഏതാണ്ട്‌ 175 രാജ്യഹാളുകൾ നിർമിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

1950-കൾ മുതൽ സത്യത്തെ കുറിച്ച്‌ അറിയാമായിരുന്ന ഒരു മനുഷ്യന്‌, തന്റെ വീടിനു സമീപം ഒരു രാജ്യഹാൾ നിർമിക്കപ്പെടുന്നതു കണ്ടതിൽ വളരെ മതിപ്പു തോന്നി. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: “സാക്ഷികളുടെ പ്രവർത്തനത്തിൽ എനിക്കു യാതൊരു താത്‌പര്യവും ഇല്ലായിരുന്നു. ഇപ്പോൾ അവരുടെ ശ്രമങ്ങളുടെ ഫലം എനിക്കു കാണാൻ കഴിയുന്നു. എന്റെ അനുജന്റെ വീടിനടുത്ത്‌ അവർ ഒരു രാജ്യഹാൾ പണിതിട്ടുണ്ട്‌, ഇപ്പോൾ എന്റെ വീടിനു സമീപം ഒരെണ്ണം പണിതുകൊണ്ടിരിക്കുകയാണ്‌. ഞാൻ എവിടെ ചെന്നാലും സാക്ഷികൾ എന്റെ പിന്നാലെ ഉള്ളതുപോലെ തോന്നുന്നു!” ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാചരണത്തിലും ഈ പുതിയ രാജ്യഹാളിന്റെ സമർപ്പണത്തിലും പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു. ഇപ്പോൾ അദ്ദേഹം ക്രമമായി യോഗങ്ങളിൽ പങ്കെടുക്കുന്നു.

മാറ്റെറ്റെയിൽ മൂന്നു സഭകൾ യോഗങ്ങൾ നടത്തിയിരുന്നത്‌ ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിലാണ്‌. 1994-ലാണ്‌ അവർ ഈ കെട്ടിടം വാങ്ങിയത്‌. കെട്ടിടം നന്നാക്കാൻ സഹോദരങ്ങളുടെ കൈവശം ഒട്ടും പണമില്ലായിരുന്നതുകൊണ്ട്‌ ആറു വർഷം അത്‌ ആ അവസ്ഥയിൽ തുടർന്നു. അതിന്‌ എതിർവശത്തായി ഒരു വലിയ പള്ളി ഉണ്ടായിരുന്നു. പള്ളി പണിതപ്പോൾ അവിടത്തെ പുരോഹിതൻ യഹോവയുടെ സാക്ഷികൾ ഉടനെ സ്ഥലം വിട്ടുകൊള്ളും എന്നു പറഞ്ഞിരുന്നു. നല്ല ഒരു യോഗസ്ഥലമില്ലാത്തതിനാൽ അയൽവാസികൾ സഹോദരങ്ങളെ പരിഹസിച്ചിരുന്നു. സഹോദരങ്ങൾ പുതിയ രാജ്യഹാളിന്റെ നിർമാണത്തിനായി കട്ട ഉണ്ടാക്കിത്തുടങ്ങിയപ്പോൾ പോലും സ്ഥലവാസികളിൽ ചിലർ കളിയാക്കിക്കൊണ്ടിരുന്നു. എന്നാൽ പണി പൂർത്തിയായപ്പോൾ അവർ വിസ്‌മയിച്ചുപോയി! ആ പ്രദേശത്തെ ഏറ്റവും നല്ല കെട്ടിടം യഹോവയുടെ സാക്ഷികളുടെ ആ രാജ്യഹാൾ ആണെന്നാണ്‌ ഇപ്പോൾ അവർ പറയുന്നത്‌. അയൽവാസികളിൽ ഒരാൾ യഹോവയുടെ സാക്ഷികളോട്‌ ഒരിക്കലും സംസാരിക്കാൻ ഇഷ്ടപ്പെടാതിരുന്ന ഒരു സ്‌ത്രീ ആയിരുന്നു. എന്നാൽ സഹോദരങ്ങൾ കൈവരിച്ച നേട്ടം അവരിൽ വളരെ മതിപ്പുളവാക്കി. ആ സ്‌ത്രീ നിർമാണ സ്ഥലത്തേക്കു വരികയും അടുത്ത തവണ സാക്ഷികൾ തന്നെ സന്ദർശിക്കാൻ വരുമ്പോൾ അവർക്കു പറയാനുള്ളതു താൻ കേൾക്കുമെന്ന്‌ വാക്കുകൊടുക്കുകയും ചെയ്‌തു.

രാജ്യഹാളിന്റെ നിർമാണം നടന്നുകൊണ്ടിരുന്ന മറ്റൊരു സ്ഥലത്ത്‌, ഒരു സഹോദരി പണിയിലേർപ്പെട്ടിരുന്നവർക്ക്‌ ആഹാരം പാകം ചെയ്യുകയായിരുന്നു. ഒരു സ്‌ത്രീ സഹോദരിയെ സമീപിച്ച്‌ ചോദിച്ചു: “നിങ്ങൾ പള്ളി പണിയുകയാണോ?”

“ഞങ്ങൾ ഞങ്ങളുടെ രാജ്യഹാളാണു പണിയുന്നത്‌,” സഹോദരി മറുപടി പറഞ്ഞു.

അപ്പോൾ ആ സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “ഈ കെട്ടിടം നിങ്ങളെപ്പോലെതന്നെ ആയിരിക്കും. നിങ്ങൾ എല്ലായ്‌പോഴും നല്ല വൃത്തിയും വെടിപ്പും ഉള്ളവരാണ്‌. നിങ്ങളുടെ പള്ളിയും അതുപോലെതന്നെ ആയിരിക്കും!”

ബ്രാഞ്ചിന്റെ നടത്തിപ്പിൽ മാറ്റങ്ങൾ വരുത്തുന്നു

വയലിലെ ആവശ്യങ്ങൾക്കായി കരുതാൻ പ്രാദേശിക ബ്രാഞ്ച്‌ കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടിവന്നു. 1996 മേയിൽ ഭരണസംഘം ചില മാറ്റങ്ങൾ വരുത്തി. 1996 മേയ്‌ 20-ന്‌ സേബാസ്റ്റ്യാൻ ജോൺസൻ ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡിനേറ്റർ ആയി നിയമിതനായി. പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാനായി, അദ്ദേഹവും രണ്ടു മാസം മുമ്പ്‌ കമ്മിറ്റിയിൽ പുതിയ അംഗമായിത്തീർന്ന പീറ്റർ ലൂറ്റ്‌

വിഹും മാത്രം ഉൾക്കൊള്ളുന്ന ഒരു ചെറിയ ബ്രാഞ്ച്‌ കമ്മിറ്റി നിലവിൽവന്നു. തുടർന്നുവന്ന വർഷങ്ങളിൽ വേറെ ചിലർ കൂടെ നിയമിതരായി: ഡേവിഡ്‌ നാവെജ്‌, ക്രിസ്റ്റ്യൻ ബേലോട്ടി, ബെഞ്ചമിൻ ബാൻഡിവിലാ, പീറ്റർ വിൽഹെം, റോബർട്ട്‌ എലോങ്‌ഗോ, ഡെൽഫാൻ കാവൂസാ, ഊനോ നിൽസോൻ. ആരോഗ്യപരമായ കാരണങ്ങളാൽ പീറ്റർ ലൂറ്റ്‌

വിഹിനും ഭാര്യ പേറ്റ്രായ്‌ക്കും ജർമനിയിലേക്കു മടങ്ങേണ്ടി വന്നു, ഇപ്പോൾ അവർ അവിടത്തെ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്നു.

ബ്രാഞ്ച്‌ കമ്മിറ്റിയിലെ സഹോദരന്മാർ വയിലിൽ ഉടനീളം ദിവ്യാധിപത്യ മാർഗനിർദേശങ്ങൾ പ്രദാനം ചെയ്യാൻ കഠിനമായി യത്‌നിക്കുന്നു. ഇതിനു പുറമേ വടക്കേ അമേരിക്ക, യൂറോപ്പ്‌, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള യഹോവയുടെ ദാസർ, അന്താരാഷ്‌ട്ര സേവകരും വിദേശസേവനത്തിലുള്ള ബെഥേൽ അംഗങ്ങളും മിഷനറിമാരും ആയി സേവിക്കാൻ കോംഗോയിൽ നിയമിക്കപ്പെട്ടിരിക്കുന്നു. 2003 സേവന വർഷത്തിൽ, കിൻഷാസയിലെ ബെഥേൽ കുടുംബാംഗങ്ങളുടെ എണ്ണം 250-ലധികമായിത്തീർന്നിരിക്കുന്നു. ഇവരുടെ ശരാശരി വയസ്സ്‌ 34 ആണ്‌.

ഇനിയും ധാരാളം ചെയ്യാനുണ്ട്‌

പുരാതന കാലത്തെ ഒരു പ്രവാചകൻ എഴുതി: “യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.” (യിരെ. 17:7) കോംഗോയിൽ പല ഭാഗങ്ങളിലും യുദ്ധം നടന്നുകൊണ്ടിരിക്കുകയാണെങ്കിലും സഹോദരങ്ങൾ രാജ്യ സുവാർത്ത അറിയിക്കുന്നതിൽ തുടരുന്നു. രാജ്യത്ത്‌ ഉടനീളം ആത്മീയ സഹായം പ്രദാനം ചെയ്യാനുള്ള ബ്രാഞ്ച്‌ ഓഫീസിന്റെ ശ്രമങ്ങൾക്ക്‌ ആഭ്യന്തര യുദ്ധം തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രസാധകരുടെ എണ്ണത്തിൽ 1,22,857 എന്ന പുതിയ സർവകാല അത്യുച്ചം ഉണ്ടായത്‌ പ്രോത്സാഹജനകമായിരുന്നു.

ഈ വിവരണത്തിൽ, കോംഗോയിലെ വിശ്വസ്‌ത ദാസരുടെ അനുഭവങ്ങൾ ഞങ്ങൾ പ്രതിപാദിക്കുകയുണ്ടായല്ലോ. എങ്കിലും കോംഗോയിൽ സുവാർത്തയ്‌ക്കു വേണ്ടി പ്രതിവാദം നടത്തുകയും അതിനെ നിയമപരമായി സ്ഥാപിക്കുകയും ചെയ്യുന്നതിൽ പങ്കെടുത്ത നിരവധി വരുന്ന സഹോദരീസഹോദരന്മാരിൽ എല്ലാവരുടെയും പേരുകൾ പരാർശിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അവർക്കെല്ലാം യഹോവയുടെ അംഗീകാരവും വിലമതിപ്പും സംബന്ധിച്ച്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും. പൗലൊസ്‌ അപ്പൊസ്‌തലൻ സഹക്രിസ്‌ത്യാനികൾക്ക്‌ എഴുതി: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”​—⁠എബ്രാ. 6:⁠10.

ഇനിയും ധാരാളം വേല ചെയ്യാനുണ്ട്‌. പുതിയ സേവന പ്രദേശങ്ങൾ തുറക്കാനുണ്ട്‌. രാജ്യഹാളുകൾ നിർമിക്കാനുണ്ട്‌. ബ്രാഞ്ച്‌ സൗകര്യങ്ങൾ വിപുലീകരിക്കാനുണ്ട്‌. എങ്കിലും കോംഗോയിലെ 50-ലധികം വർഷത്തെ ദിവ്യാധിപത്യ പ്രവർത്തനത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ 1952-ൽ ആ സഹോദരൻ പറഞ്ഞ വാക്കുകളോടു നാം യോജിക്കുന്നു: ഒരു സഞ്ചിയിലെ ആഫ്രിക്കൻ ചോളത്തിന്റെ വിത്തുകൾ പോലെയാണ്‌ ഞങ്ങൾ. എവിടെ വിതറിയാലും മഴ വന്നെത്തുമ്പോൾ, ഞങ്ങൾ പെരുകും.’ നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവം രാജ്യവിത്ത്‌ എത്രത്തോളം വളരുമാറാക്കും എന്നു കാണാൻ നമുക്ക്‌ ആവേശത്തോടെ കാത്തിരിക്കാം.​—⁠1 കൊരി. 3:⁠6.

[അടിക്കുറിപ്പുകൾ]

a വർഷങ്ങളിലുടനീളം ഈ ദേശം കോംഗോ ഫ്രീ സ്റ്റേറ്റ്‌, ബെൽജിയൻ കോംഗോ, കോംഗോ, സയർ എന്നീ പേരുകളിൽ അറിയപ്പെട്ടിട്ടുണ്ട്‌. 1997 മുതൽ ഇത്‌ കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്‌ എന്ന്‌ വിളിക്കപ്പെട്ടിരിക്കുന്നു. അയൽരാജ്യമായ കോംഗോ-ബ്രസാവിലിൽനിന്ന്‌ വേർതിരിച്ചറിയാൻ ഇതിനെ അനൗദ്യോഗികമായി കോംഗോ-കിൻഷാസ എന്നാണു വിളിക്കുന്നത്‌. ഈ വിവരണത്തിൽ നാം കോംഗോ എന്ന പേരായിരിക്കും ഉപയോഗിക്കുന്നത്‌.

b 1985 മാർച്ച്‌ 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 3-10 പേജുകൾ കാണുക.

c ഒടുവിൽ, സുപ്രീം കോടതി, കണ്ടുകെട്ടിയ വസ്‌തുവിന്റെ​—⁠1980-കളുടെ ആരംഭത്തിൽ ബെഥേൽ നിർമാണം തുടങ്ങിയിരുന്ന സ്ഥലത്തിന്റെ​—⁠കൈവശാവകാശം സഹോദരങ്ങൾക്കുതന്നെ തിരികെ ഏൽപ്പിച്ചുകൊണ്ട്‌ ഒരു വിധി പുറപ്പെടുവിച്ചു. പിന്നീട്‌ പട്ടാളക്കാർ അവിടം കയ്യേറി. എന്നാൽ 2000-ത്തിൽ പട്ടാളക്കാർ അവിടെനിന്നു പോയപ്പോൾ പ്രാദേശിക അധികാരികൾ ആ സ്ഥലം ചെറിയ നിലങ്ങളായി വിഭാഗിച്ച്‌ അനധികൃതമായി വിറ്റു. ഇപ്പോൾ ഈ പ്രദേശത്ത്‌ നൂറുകണക്കിന്‌ അനധികൃത കുടിയേറ്റക്കാർ പാർക്കുന്നുണ്ട്‌. ഈ പ്രശ്‌നത്തിന്‌ ഇതുവരെ പരിഹാരം കാണാനായിട്ടില്ല.

[229-ാം പേജിലെ ആകർഷക വാക്യം]

“ഇനി ഒരിക്കലും നാം [കോംഗോ യിൽ] യഹോവ യുടെ സാക്ഷി കളെ കുറിച്ച്‌ കേൾക്കുകയില്ല”

[249-ാം പേജിലെ ആകർഷക വാക്യം]

“തന്നെ ഞങ്ങൾ കൊന്നേനെ, പക്ഷേ ഇനി ഒന്നും ചെയ്യില്ല. തന്റെ മതം തന്റെ ജീവൻ രക്ഷിച്ചി രിക്കുന്നു!”

[168-ാം പേജിലെ ചതുരം]

കോംഗോയുടെ (കിൻഷാസ) ഒരു ആകമാന വീക്ഷണം

ഭൂപ്രകൃതി: ഭൂമധ്യരേഖയുടെ ഇരുവശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്‌ തൊട്ടടുത്തുള്ള കോംഗോ-ബ്രസാവിലിനെക്കാൾ ആറു മടങ്ങിലേറെ വലുതാണ്‌. വടക്കൻ കോംഗോയുടെ മിക്ക ഭാഗങ്ങളും ഉഷ്‌ണമേഖലാ മഴക്കാടുകളാണ്‌. ഇവയുടെ അടിയിൽ സൂര്യപ്രകാശം എത്തിച്ചേരുന്നത്‌ വിരളമായി മാത്രമാണ്‌. അത്ര നിബിഡമാണ്‌ ഈ കാടുകൾ. രാജ്യത്തിന്റെ കിഴക്കു ഭാഗത്ത്‌ പർവതങ്ങളും സജീവ അഗ്നിപർവതങ്ങളും ഉണ്ട്‌. പടിഞ്ഞാറൻ കോംഗോ അറ്റ്‌ലാന്റിക്ക്‌ സമുദ്രത്തിന്റെ തീരരേഖയുടെ 37 കിലോമീറ്റർ ദൂരം കയ്യടക്കുന്നു.

ജനങ്ങൾ: കോംഗോയിലെ 550 ലക്ഷം ജനങ്ങൾ 200-ലധികം ആഫ്രിക്കൻ വംശീയ കൂട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ജനസംഖ്യയുടെ 50 ശതമാനം കത്തോലിക്കരും 20 ശതമാനം പ്രൊട്ടസ്റ്റന്റുകാരും 10 ശതമാനം കിംബാങ്‌ഗൂ എന്ന മത നേതാവിന്റെ അനുയായികളും 10 ശതമാനം മുസ്ലീങ്ങളുമാണ്‌.

ഭാഷ: സംസാരഭാഷകൾ പലതുണ്ട്‌. ഔദ്യോഗിക ഭാഷ ഫ്രഞ്ച്‌ ആണെങ്കിലും പ്രധാന ആഫ്രിക്കൻ ഭാഷകൾ ലിംഗാല, കിങ്വാന, സ്വാഹിലി, കോംഗോ, ചിലൂബ എന്നിവയാണ്‌.

ഉപജീവന മാർഗം: പെട്രോളിയം, വൈരക്കല്ലുകൾ, സ്വർണം, വെള്ളി, യുറേനിയം എന്നീ പ്രകൃതി വിഭവങ്ങളാൽ സമൃദ്ധമാണ്‌ കോംഗോ. എന്നാൽ രാജ്യത്ത്‌ ഈയിടെ നടന്ന പോരാട്ടങ്ങൾ കയറ്റുമതി വളരെയധികം വെട്ടിച്ചുരുക്കിയിരിക്കുന്നു. വിദേശ കടം ഇതുമൂലം വളരെ വർധിച്ചിട്ടുണ്ട്‌. ഗ്രാമങ്ങളിൽ വസിക്കുന്ന കുടുംബങ്ങൾ കസാവാ, ചോളം, നെല്ല്‌ തുടങ്ങി തങ്ങൾക്ക്‌ ആവശ്യമായ ആഹാരസാധനങ്ങളിൽ മിക്കവയും സ്വയം കൃഷി ചെയ്‌ത്‌ ഉണ്ടാക്കുന്നു.

വന്യജീവികൾ: വനപ്രദേശങ്ങളിൽ ബബൂൺ, ഗൊറില്ലകൾ, കുരങ്ങുകൾ എന്നീ മൃഗങ്ങൾ ധാരാളമുണ്ട്‌. കുറെക്കൂടെ തുറസ്സായ പ്രദേശങ്ങളിൽ മാൻ, പുള്ളിപ്പുലി, സിംഹം, കാണ്ടാമൃഗം, വരയൻ കുതിര തുടങ്ങിയവയെ കാണാം. നദികൾ മുതലകളുടെയും നീർക്കുതിരകളുടെയും ആവാസകേന്ദ്രമാണ്‌.

[173, 174 പേജുകളിലെ ചതുരം/ചിത്രം]

അദ്ദേഹം സത്യം അന്വേഷിക്കുകയും അതു കണ്ടെത്തുകയും ചെയ്‌തു

ല്വേനായിലുള്ള ഇവാഞ്ചലിക്കൽ സഭയിലെ ഒരംഗമായിരുന്നു ആന്‌റി കാനാമാ. അതു സത്യമതം അല്ലെന്ന്‌ ആന്‌റി കാലാന്തരത്തിൽ മനസ്സിലാക്കി. പ്രാർഥിക്കാനും ധ്യാനിക്കാനുമായി അദ്ദേഹം പലപ്പോഴും മലകളിലേക്കു പോകുമായിരുന്നു. അവിടെ അദ്ദേഹം അദൃശ്യ ആത്മാക്കളുമായി സംസാരിക്കാൻ കഴിവുള്ളതായി അവകാശപ്പെട്ടിരുന്ന ഒരു കൂട്ടത്തെ കണ്ടുമുട്ടി. ദൈവം എവിടെയാണ്‌ വസിക്കുന്നത്‌ എന്നറിയില്ലെങ്കിലും അവൻ മനുഷ്യരിൽനിന്നു വളരെ അകലെയാണു സ്ഥിതി ചെയ്യുന്നതെന്ന്‌ അവർ ആന്‌റിയോടു പറഞ്ഞു.

ആന്‌റി സത്യ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. കുറച്ചു നാളുകൾക്കു ശേഷം അദ്ദേഹം ഒരു മനുഷ്യനെ കണ്ടുമുട്ടി. ആ വ്യക്തി ആന്‌റിക്ക്‌ ഫ്രഞ്ചിലുള്ള ഉണരുക! മാസികയുടെ ഒരു പ്രതി കൊടുത്തു. അതു വായിച്ചപ്പോൾത്തന്നെ അതിൽ ബൈബിൾ സത്യത്തിന്റെ ധ്വനി ഉണ്ടെന്ന്‌ അദ്ദേഹത്തിനു മനസ്സിലായി. അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നത്‌ അതായിരുന്നു! മാസികയിൽ കണ്ട മേൽവിലാസത്തിൽ അദ്ദേഹം യഹോവയുടെ സാക്ഷികൾക്ക്‌ എഴുതി. താമസിയാതെ അദ്ദേഹം കത്തുവഴി ബൈബിൾ പഠിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹവും ഭാര്യ എലിസബത്തും ചില പരിചയക്കാരും തങ്ങൾക്ക്‌ എങ്ങനെ സ്‌നാപനമേൽക്കാൻ സാധിക്കും എന്നു ചോദിച്ചുകൊണ്ട്‌ എഴുതി. തുടർന്ന്‌ അവർക്കു ലഭിച്ച കത്തിൽ അയൽ രാജ്യങ്ങളിലെ ബ്രാഞ്ച്‌ ഓഫീസുകളുമായി ബന്ധപ്പെടാൻ നിർദേശിച്ചിരുന്നു. അവയിൽ മിക്കതും വളരെ അകലെ ആയിരുന്നു.

ആന്‌റിയും എലിസബത്തും അതുപോലെ ഇപോലിറ്റ്‌ ബാൻസായും ഭാര്യ ഷൂല്യെനും അടങ്ങുന്ന കൊച്ചു കൂട്ടം വടക്കൻ റൊഡേഷ്യയിലേക്കു പോകാൻ തീരുമാനിച്ചു. അവിടെ പോകുകയാണെങ്കിൽ സത്യത്തെ കുറിച്ചുള്ള പരിജ്ഞാനം വർധിപ്പിക്കാൻ തങ്ങൾക്ക്‌ സിബെംബാ ഭാഷ പഠിക്കേണ്ടി വരുമെന്ന്‌ അവർക്കറിയാമായിരുന്നു. കാര്യങ്ങളെല്ലാം വിലയിരുത്തിയശേഷം അവർ യാത്രയായി. അവിടെ ചെന്ന്‌ ആറു മാസത്തിനുശേഷം, 1956-ൽ, അവർ സ്‌നാപനമേറ്റു.

അതേ വർഷം അവർ കോംഗോയിലേക്കു മടങ്ങി. അവിടെ അവർ തീക്ഷ്‌ണതയോടെ മറ്റുള്ളവരുമായി സുവാർത്ത പങ്കുവെച്ചു. 1961-ൽ, ആന്‌റിയെയും അദ്ദേഹത്തിന്റെ സഹകാരികളിൽ ചിലരെയും അറസ്റ്റു ചെയ്‌തു തടവിലാക്കി. അവർ കിറ്റാവാലാ അനുയായികളാണെന്നും മറ്റൊരു മുഖ്യനെ കൊല ചെയ്യാൻ പരിപാടിയിട്ടിരുന്ന ഒരു പ്രാദേശിക മുഖ്യനെ അവർ വകവരുത്തിയെന്നും ആയിരുന്നു ആരോപണം. ഇതിന്‌ യാതൊരു തെളിവും ഇല്ലാതിരുന്നതിനാൽ അവരെ പിന്നീട്‌ വിട്ടയച്ചു.

ആന്‌റിയും എലിസബത്തും പയനിയർ സേവനം ഏറ്റെടുത്തു. കാലാന്തരത്തിൽ അവർ പ്രത്യേക പയനിയർമാരായി. പിന്നീട്‌ സർക്കിട്ട്‌ വേലയിൽ സേവിച്ചു. 1991-ൽ ആന്‌റി മരണമടഞ്ഞു, എന്നാൽ എലിസബത്ത്‌ ഇപ്പോഴും ഒരു സാധാരണ പയനിയറായി സേവിക്കുന്നു. അവരുടെ ആൺമക്കളിൽ ഒരാളായ ഇലൂങ്‌ഗാ സർക്കിട്ട്‌ വേലയിലാണ്‌.

[178-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ആൽബെർ ലൂയിനൂ​—⁠ഒരു വിശ്വസ്‌ത സാക്ഷി

ആൽബെർ സത്യവുമായി സമ്പർക്കത്തിൽ വന്നത്‌ 1951-ൽ ആണ്‌. കോംഗോ-ബ്രസാവിലിൽനിന്നുള്ള സഹപ്രവർത്തകനായ സിമോൻ മാംപൂയായിൽനിന്നാണ്‌ അദ്ദേഹം സത്യത്തെ കുറിച്ച്‌ ആദ്യമായി കേട്ടത്‌. കോംഗോക്കാരനായ ആദ്യത്തെ ദന്തഡോക്‌ടറായിരുന്നു ആൽബെർ. സമൂഹത്തിലെ ഉന്നത പദവി, സത്യത്തിനു വേണ്ടി ഒരു നിലപാടു സ്വീകരിക്കുന്നതിൽ അദ്ദേഹത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചു. 1954-ൽ സ്‌മാരകാചരണത്തിനു ശേഷമാണ്‌ അദ്ദേഹവും ഭാര്യയും സ്‌നാപനമേറ്റത്‌. അന്ന്‌ സാക്ഷികളുടെ പ്രവർത്തനം നിരോധിക്കപ്പെട്ടിരുന്നതുകൊണ്ട്‌ രാത്രിയിലായിരുന്നു സ്‌നാപനം നടന്നത്‌.

ആൽബെർ 1958 മുതൽ 1996 വരെ, സാക്ഷികളുടെ രജിസ്റ്റർ ചെയ്യപ്പെട്ട പ്രാദേശിക കോർപ്പറേഷനായ ‘അസ്സോസിയേഷൻ ഓഫ്‌ ജെഹോവാസ്‌ വിറ്റ്‌നസ്സ’സിന്റെ നിയമ പ്രതിനിധിയായി സേവിച്ചു. 1,800 പേർ അടങ്ങിയ ഒരു സദസ്സിനു മുമ്പാകെ ഹോയ്‌സെ സഹോദരൻ നടത്തിയ ഒരു വിവാഹപ്രസംഗം തർജമ ചെയ്‌തത്‌ അദ്ദേഹം ഓർക്കുന്നു. പ്രസംഗത്തിൽ ആദ്യം ഹോയ്‌സെ സഹോദരൻ ക്രിസ്‌തീയ ഭാര്യയുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചു വിശദീകരിച്ചു. അപ്പോൾ, ഭാര്യയെയും സന്നിഹിതരായിരുന്ന മറ്റ്‌ സഹോദരിമാരെയും നോക്കി താൻ അഭിമാനപൂർവം തല ഉയർത്തിപ്പിടിച്ചു നിന്നതായി അദ്ദേഹം അനുസ്‌മരിക്കുന്നു. എന്നാൽ ഒരു ക്രിസ്‌തീയ ഭർത്താവിന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ചു കേട്ടപ്പോൾ അദ്ദേഹത്തിന്റെ തല കുനിഞ്ഞുപോയത്രേ, പ്രസംഗത്തിന്റെ അവസാനമാകട്ടെ താൻ തീരെ ചെറുതായതുപോലെ തോന്നിയെന്നാണ്‌ അദ്ദേഹം പറയുന്നത്‌!

[ചിത്രം]

ആൽബെർ ലൂയിനൂവും ഭാര്യ എമിലിയും

[191-193 പേജുകളിലെ ചതുരം/ചിത്രം]

പോന്റിയെൻ മൂക്കാങ്‌ഗായുമായി ഒരു അഭിമുഖം

ജനനം: 1929

സ്‌നാപനം: 1955

സംക്ഷിപ്‌ത വിവരം: കോംഗോ യിലെ ആദ്യത്തെ സർക്കിട്ട്‌ മേൽവിചാരകൻ.

ഞാൻ 1955-ൽ ഒരു ദിവസം പല്ലുവേദന നിമിത്തം ആശുപത്രിയിൽ ചെന്നു. ദന്തഡോക്ടറായ ആൽബെർ ലൂയിനൂ ആണ്‌ എന്നെ പരിശോധിച്ചത്‌. പരിശോധനയ്‌ക്കു ശേഷം അദ്ദേഹം എനിക്ക്‌ വെളിപ്പാടു 21:​3-5 കാണിച്ചുതന്നു, കഷ്ടത ഉണ്ടായിരിക്കുകയില്ലാത്ത ഒരു കാലത്തെ കുറിച്ചു പ്രതിപാദിക്കുന്ന ഭാഗമായിരുന്നു അത്‌. ഞാൻ അദ്ദേഹത്തിന്‌ എന്റെ മേൽവിലാസം നൽകി, അന്ന്‌ വൈകിട്ട്‌ ആൽബെർ എന്നെ സന്ദർശിച്ചു. ഞാൻ വേഗത്തിൽ ആത്മീയ പുരോഗതി വരുത്തി, ആ വർഷംതന്നെ സ്‌നാപനമേൽക്കുകയും ചെയ്‌തു.

തുടർന്ന്‌ 1960-ൽ മുഴു കോംഗോയ്‌ക്കും വേണ്ടിയുള്ള സർക്കിട്ട്‌ മേൽവിചാരകനായി എന്നെ നിയമിച്ചു. സർക്കിട്ട്‌ വേല അത്ര എളുപ്പമായിരുന്നില്ല. പൊരിവെയിലത്ത്‌, കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ, സാധനങ്ങൾ കുത്തിനിറച്ച ട്രക്കുകളുടെ പിൻഭാഗത്ത്‌ ഇരുന്ന്‌ ദിവസങ്ങളോളം, ആഴ്‌ചകളോളം പോലും, ഞാൻ സഞ്ചരിച്ചിട്ടുണ്ട്‌. രാത്രികാലങ്ങളിലാണെങ്കിൽ അസഹനീയമായ കൊതുകുശല്യവും. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ട്രക്ക്‌ ബ്രേക്ക്‌ഡൗൺ ആകുക പതിവായിരുന്നു, പിന്നെ അത്‌ നന്നാക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും. റോഡ്‌ അടയാളങ്ങളൊന്നും ഇല്ലാത്ത പാതകളിലൂടെ എനിക്ക്‌ തനിച്ച്‌ നടക്കേണ്ടി വന്നിട്ടുണ്ട്‌, പലപ്പോഴും വഴിതെറ്റിയിട്ടുമുണ്ട്‌.

ഒരിക്കൽ കോംഗോയുടെ വടക്കുള്ള ഒരു പട്ടണം സന്ദർശിച്ചശേഷം 120-ലേറെ കിലോമീറ്റർ അകലെയുള്ള മറ്റൊരു പട്ടണത്തിലേക്കു ഞാൻ പോവുകയായിരുന്നു. എന്നോടൊപ്പം ലേയോൻ ആങ്‌സാപ്പായും ഉണ്ടായിരുന്നു. സൈക്കിളിലായിരുന്നു ഞങ്ങളുടെ യാത്ര. വഴിതെറ്റിയതിനെ തുടർന്ന്‌ ഞങ്ങൾക്ക്‌ കോഴികളെ വളർത്തുന്ന ഒരു കൊച്ചു കെട്ടിടത്തിൽ രാത്രി കഴിച്ചുകൂട്ടേണ്ടി വന്നു. അവിടെ ജനാലകളൊന്നും ഉണ്ടായിരുന്നില്ല. കോഴിപ്പേൻ ഞങ്ങളെ കടിക്കാൻ തുടങ്ങിയപ്പോൾ, ജനാലകളൊന്നും ഇല്ലായിരുന്നെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥൻ നിലത്ത്‌ തീ കൂട്ടി.

ആ രാത്രി ഉടമസ്ഥന്റെ മകനും ചില ഗ്രാമവാസികളും തമ്മിൽ വഴക്ക്‌ ഉണ്ടായി. താമസിയാതെ ഉടമസ്ഥനും അതിൽ ഉൾപ്പെട്ടു. അയാൾ തോൽക്കുന്നപക്ഷം ഞങ്ങൾ പ്രശ്‌നത്തിലാവുമെന്ന്‌ ഞങ്ങൾക്ക്‌ അറിയാമായിരുന്നു. പേൻകടിയും പുകയും വഴക്കും കാരണം ഞങ്ങൾക്ക്‌ ആ രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല.

പുലരുംമുമ്പേ ഞങ്ങൾ സൈക്കിളുകളിൽ കയറി അവിടെനിന്നു രക്ഷപ്പെട്ടു. എന്നാൽ ഏതാനും കിലോമീറ്റർ പിന്നിട്ടപ്പോൾ ഞങ്ങൾക്കു വീണ്ടും വഴിതെറ്റി. ആൾസഞ്ചാരമില്ലാത്ത ഒരു റോഡിലൂടെ ഞങ്ങൾ പകൽ മുഴുവൻ യാത്ര തുടർന്നു. രാത്രിയാകാറായപ്പോൾ വിശന്നുവലഞ്ഞ്‌, ക്ഷീണിച്ച്‌ അവശനായ ലേയോൻ സൈക്കിളിൽനിന്നു മറിഞ്ഞുവീണു. പാറയിൽ മുഖമിടിച്ച്‌ അദ്ദേഹത്തിന്റെ മേൽച്ചുണ്ട്‌ ആഴത്തിൽ മുറിഞ്ഞു. മുറിവിൽനിന്നു രക്തം വാർന്നൊഴുകി, എങ്കിലും ഞങ്ങൾ യാത്ര തുടർന്നു. ഒടുവിൽ ഞങ്ങൾ ഒരു ഗ്രാമത്തിൽ എത്തി. ഗ്രാമവാസികൾക്ക്‌, ലേയോനെ മുറിപ്പെടുത്തിയത്‌ ആരാണെന്ന്‌ അറിയണമെന്നായി. സൈക്കിളിൽനിന്ന്‌ മറിഞ്ഞുവീണതാണെന്ന്‌ ഞങ്ങൾ പറഞ്ഞിട്ടും അതു വിശ്വസിക്കാൻ അവർ കൂട്ടാക്കിയില്ല. ഞാനാണ്‌ അദ്ദേഹത്തെ മുറിപ്പെടുത്തിയത്‌ എന്ന്‌ അവർ ആരോപിച്ചു. ആ രാത്രിയും ഞങ്ങൾക്ക്‌ ഉറങ്ങാൻ കഴിഞ്ഞില്ല; ലേയോന്‌ നല്ല വേദന ഉണ്ടായിരുന്നു, മാത്രമല്ല ശിക്ഷ എന്ന നിലയിൽ എന്നെയും മുറിവേൽപ്പിക്കണമെന്ന്‌ ഗ്രാമീണർ പറയുന്നത്‌ ഞങ്ങൾ കേൾക്കുകയും ചെയ്‌തു. പിറ്റേന്നു രാവിലെ ഞങ്ങൾ അവിടെനിന്നു പുറപ്പെട്ടു. ഒടുവിൽ ഞങ്ങൾ മറ്റൊരു ഗ്രാമത്തിൽ എത്തി. അവിടെ ചില മരുന്നുകൾ ലഭ്യമായിരുന്നു. അവർ ലേയോന്റെ ചുണ്ടിൽ മെർക്ക്യൂറോക്രോം എന്ന മരുന്നൊഴിച്ചശേഷം ആറു ക്ലാംപുകൾ ഉപയോഗിച്ച്‌ മുറിവ്‌ അടച്ചു. വീണ്ടും 80 കിലോമീറ്റർ കൂടെ യാത്ര ചെയ്‌തശേഷം ഞങ്ങൾ ഗെമെനാ എന്ന പട്ടണത്തിൽ എത്തി, അവിടെ ഞാൻ ലേയോനെ ഒരു ചെറിയ ആശുപത്രിയിലാക്കി. അവിടെനിന്ന്‌ ഞാൻ തനിച്ച്‌ എന്റെ ഭാര്യയുടെ അടുക്കലേക്ക്‌ യാത്ര ചെയ്‌തു. പിന്നെ ഞാനും ഭാര്യയും കൂടെ നദീതീരത്തുള്ള പ്രദേശങ്ങളിൽ, കിൻഷാസ വരെ, പ്രവർത്തിച്ചു.

മിക്കപ്പോഴും പോന്റിയെന്റെ ഭാര്യ മേരിയും അദ്ദേഹത്തോടൊപ്പം വേലയിലുണ്ടായിരുന്നു. 1963-ൽ അവർ മരിച്ചു. 1966-ൽ അദ്ദേഹം വീണ്ടും വിവാഹിതനായി. 1969 വരെ അദ്ദേഹം സർക്കിട്ട്‌ വേലയിൽ തുടർന്നു. ഇപ്പോൾ അദ്ദേഹം ഒരു സാധാരണ പയനിയറായി മുഴുസമയ സേവനത്തിൽ തുടരുന്നു.

[195, 196 പേജുകളിലെ ചതുരം/ചിത്രം]

ഫ്രാൻസ്‌വോ ഡാൻഡായുമായി ഒരു അഭിമുഖം

ജനനം: 1935

സ്‌നാപനം: 1959

സംക്ഷിപ്‌ത വിവരം: 1963 മുതൽ 1986 വരെ ഒരു സഞ്ചാര മേൽവിചാരകൻ ആയിരുന്നു. 1986 മുതൽ 1996 വരെ കോംഗോ ബെഥേലിൽ സേവിച്ചു. ഇപ്പോൾ ഒരു മൂപ്പനും പ്രത്യേക പയനിയറുമായി സേവിക്കുന്നു.

ഞാൻ 1974-ൽ ബാൻഡൂൻഡൂ പ്രവിശ്യയിലുള്ള കെങ്‌ഗെയിലെ ഒരു സഭ സന്ദർശിക്കുകയായിരുന്നു. ഭരണകക്ഷിയിൽപ്പെട്ട പോരാളികൾ ഞങ്ങൾ ഏഴു പേരെ അറസ്റ്റ്‌ ചെയ്‌തു. രാഷ്‌ട്രത്തലവന്‌ ബഹുമതി അർപ്പിക്കാൻ നടത്തുന്ന രാഷ്‌ട്രീയ ചടങ്ങുകളിൽ പങ്കുകൊള്ളാൻ വിസമ്മതിച്ചു എന്നതായിരുന്നു ഞങ്ങൾക്കെതിരെയുള്ള പ്രധാന ആരോപണം. ജനാലകളൊന്നും ഇല്ലാത്ത, ഏഴടി നീളവും ഏഴടി വീതിയും ഉള്ള ഒരു ജയിലറയിലാണ്‌ ഞങ്ങളെ പാർപ്പിച്ചത്‌. ആർക്കും ഇരിക്കാനോ കിടക്കാനോ കഴിയില്ലായിരുന്നു; പരസ്‌പരം ചാരിനിൽക്കാൻ മാത്രമേ ഞങ്ങൾക്കു സാധിക്കുമായിരുന്നുള്ളൂ. ദിവസത്തിൽ രണ്ടു പ്രാവശ്യം മാത്രമേ അറയിൽനിന്നു പുറത്തു പോകാൻ അനുവാദമുണ്ടായിരുന്നുള്ളൂ, അങ്ങനെ 45 ദിവസം ഞങ്ങൾക്കു കഴിയേണ്ടിവന്നു. ഞാൻ തടവിലായ വാർത്തയറിഞ്ഞ എന്റെ ഭാര്യ ആൻറ്യെറ്റ്‌ കിൻഷാസയിൽനിന്ന്‌ 290 കിലോമീറ്റർ ദൂരം യാത്ര ചെയ്‌ത്‌ എന്നെ കാണാൻ വന്നു. എന്നാൽ ആഴ്‌ചയിൽ ഒരിക്കൽ മാത്രമേ എന്നെ കാണാൻ അവർ അവളെ അനുവദിച്ചുള്ളൂ.

ഒരു ദിവസം സ്റ്റേറ്റ്‌ പ്രോസിക്യൂട്ടർ ജയിൽ സന്ദർശിക്കാൻ വന്നു. അദ്ദേഹത്തിന്‌ ബഹുമതി അർപ്പിക്കാൻ ഒരു രാഷ്‌ട്രീയ ചടങ്ങ്‌ നടത്തപ്പെട്ടു. ഞങ്ങളൊഴികെ എല്ലാവരും രാഷ്‌ട്രീയ ഗീതങ്ങൾ ആലപിക്കുകയും പാർട്ടിയുടെ മുദ്രാവാക്യങ്ങൾ ഏറ്റുപറയുകയും ചെയ്‌തു. രോഷാകുലനായ പ്രോസിക്യൂട്ടർ മറ്റ്‌ ആറു സഹോദരന്മാരോടും ഗീതം ആലപിക്കാൻ ആവശ്യപ്പെടാൻ എന്നോടു കൽപ്പിച്ചു. എനിക്ക്‌ അവരുടെ മേൽ യാതൊരു അധികാരവും ഇല്ലെന്നും ഗീതം ആലപിക്കണോ വേണ്ടയോ എന്നത്‌ അവരുടെ തീരുമാനം ആണെന്നും ഞാൻ പറഞ്ഞു. മർദനമായിരുന്നു മറുപടി.

പിന്നീട്‌, അവർ ഞങ്ങളെ ഒരു ഫോർ-വീൽ-ഡ്രൈവ്‌ വാഹനത്തിൽ കയറ്റി. രണ്ടു പട്ടാളക്കാർ ഞങ്ങൾക്ക്‌ അകമ്പടി വന്നു, പ്രോസിക്യൂട്ടർ ഡ്രൈവറോടൊപ്പം മുൻസീറ്റിൽ ഇരുന്നു. ബാൻഡൂൻഡൂ എന്ന പ്രവിശ്യയുടെ തലസ്ഥാനമായ, അതേ പേരിൽത്തന്നെയുള്ള നഗരമായിരുന്നു ലക്ഷ്യസ്ഥാനം. വണ്ടി ഞങ്ങളെയുംകൊണ്ട്‌ ചീറിപ്പാഞ്ഞു. മുറുകെ പിടിച്ചിരിക്കാൻ ഞാൻ സഹോദരന്മാരോടു പറഞ്ഞു, ഞാൻ പ്രാർഥിക്കാൻ തുടങ്ങി. ഞാൻ പ്രാർഥിച്ചുതീർന്നില്ല, വളരെ വേഗത്തിൽ വളവുതിരിഞ്ഞ വണ്ടി കീഴ്‌മേൽ മറഞ്ഞു. അത്ഭുതകരമെന്നു പറയട്ടെ, ആരും കൊല്ലപ്പെട്ടില്ല. എന്തിന്‌ ആർക്കും ഒരു പരിക്കു പോലും പറ്റിയില്ല. യഹോവ ഞങ്ങളെ സംരക്ഷിച്ചതായി ഞങ്ങൾക്കു തോന്നി. ഞങ്ങൾ വണ്ടി പൊക്കി നേരെവെച്ചു. പ്രോസിക്യൂട്ടർ ആ രണ്ടു പട്ടാളക്കാരോടും ഞങ്ങളെ തിരിച്ചു ജയിലേക്കു നടത്തിക്കൊണ്ടു പോകാൻ ഉത്തരവു നൽകി. വണ്ടി ബാൻഡൂൻഡൂവിലേക്കുതന്നെ പോയി.

ഞങ്ങൾ ജയിലിലേക്കു തിരിച്ചുചെന്നപ്പോൾ, സംഭവിച്ചതെല്ലാം പട്ടാളക്കാർ ജയിലധികൃതരോടു പറഞ്ഞു. ഞങ്ങളെ വിട്ടയയ്‌ക്കാൻ അവർ അപേക്ഷിച്ചു. ഇതെല്ലാം കേട്ടപ്പോൾ ജയിൽ മേധാവിക്ക്‌ വളരെ മതിപ്പു തോന്നി, ദൈവമാണ്‌ ഞങ്ങളെ സംരക്ഷിച്ചത്‌ എന്ന്‌ ഞങ്ങളെപ്പോലെ അദ്ദേഹവും വിശ്വസിച്ചു. അടുത്ത ഏതാനും ദിവസം ഞങ്ങൾക്ക്‌ ഒരു സാധാരണ അറയിൽ കഴിയാൻ സാധിച്ചു. മറ്റു തടവുകാരോടൊപ്പം ജയിലങ്കണത്തിൽ ചുറ്റി നടക്കാനും ഞങ്ങൾക്ക്‌ അനുവാദം ലഭിച്ചു. പിന്നീട്‌ അവർ ഞങ്ങളെ വിട്ടയച്ചു.

ഇരുപത്തിനാലു വർഷം സർക്കിട്ട്‌ വേലയിൽ തുടർന്നശേഷം, ഫ്രാൻസ്‌വോയെയും ആൻറ്യെറ്റിനെയും ബെഥേലിലേക്കു ക്ഷണിച്ചു. പത്തു വർഷത്തിനു ശേഷം അവർ പ്രത്യേക പയനിയർ വേലയിൽ പ്രവേശിച്ചു. 1998 ആഗസ്റ്റ്‌ 16-ന്‌ ആൻറ്യെറ്റ്‌ മരണമടഞ്ഞു.

[200-202 പേജുകളിലെ ചതുരം/ചിത്രം]

മൈക്കിൾ പോറ്റിജുമായി ഒരു അഭിമുഖം

ജനനം: 1939

സ്‌നാപനം: 1956

സംക്ഷിപ്‌ത വിവരം: മൈക്കിളും ഭാര്യ ബാർബ്രയും 29 വർഷം കോംഗോയിൽ സേവിച്ചു. ഇപ്പോൾ അവർ ബ്രിട്ടൻ ബെഥേലിലാണ്‌. മൈക്കിൾ ലണ്ടനിലെ ഒരു ലിംഗാല സഭയിൽ മൂപ്പനാണ്‌.

ഞങ്ങളുടെ പ്രധാന വെല്ലുവിളി ആശയവിനിമയം നടത്താൻ പഠിക്കുക എന്നതായിരുന്നു. ആദ്യം ഞങ്ങൾക്ക്‌ കോംഗോയിലെ ഔദ്യോഗിക ഭാഷയായ ഫ്രഞ്ച്‌ ഒഴുക്കോടെ സംസാരിക്കാൻ പഠിക്കണമായിരുന്നു. അത്‌ ഒരു തുടക്കം മാത്രമായിരുന്നു. കാറ്റാങ്‌ഗായിൽ ഞങ്ങൾ സ്വാഹിലി പഠിച്ചു; കനാങ്‌ഗയിൽ ഞങ്ങൾ ചിലൂബ വശമാക്കേണ്ടിയിരുന്നു; കിൻഷാസയിൽ നിയമനം ലഭിച്ചപ്പോൾ ഞങ്ങൾ ലിംഗാല പഠിച്ചു.

ഇതെല്ലാം വളരെ പ്രയോജനപ്രദമായിരുന്നു. ഒന്നാമത്‌, സഹോദരങ്ങളുമായി ആശയവിനിമയം നടത്താനുള്ള ഞങ്ങളുടെ കഠിനശ്രമം അവരുമായി ഞങ്ങളെ പെട്ടെന്ന്‌ അടുപ്പിച്ചു. അവരുടെ ഭാഷകൾ സംസാരിക്കാൻ ഞങ്ങൾ നടത്തുന്ന ശ്രമങ്ങൾ ഞങ്ങൾക്ക്‌ അവരോടുള്ള യഥാർഥ സ്‌നേഹത്തിന്റെയും അവരിലുള്ള താത്‌പര്യത്തിന്റെയും തെളിവായി അവർ കണ്ടു. ശുശ്രൂഷ കൂടുതൽ അർഥവത്തായിത്തീർന്നു എന്നതാണു രണ്ടാമത്തെ പ്രയോജനം. വീട്ടുകാരൻ ഞങ്ങൾ അയാളുടെ ഭാഷയിൽ സംസാരിക്കുന്നതു കേൾക്കുമ്പോൾ മിക്കപ്പോഴും ആദ്യം ഒന്ന്‌ അമ്പരക്കും, അമ്പരപ്പ്‌ പിന്നെ സന്തോഷത്തിനു വഴിമാറും. തുടർന്ന്‌ ആദരവോടും താത്‌പര്യത്തോടും കൂടെ ഞങ്ങൾ പറയുന്നതു കേൾക്കും.

ഡിസ്‌ട്രിക്‌റ്റ്‌ വേലയിലായിരിക്കെ പ്രാദേശിക ഭാഷകളിലുള്ള അറിവ്‌ അപകട സാഹചര്യങ്ങളിൽനിന്നു ഞങ്ങളെ രക്ഷിച്ചിട്ടുണ്ട്‌. രാഷ്‌ട്രീയപ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പട്ടാളക്കാരും രാഷ്‌ട്രീയ പാർട്ടിക്കാരും വഴി തടയുന്നത്‌ സാധാരണമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം പണം പിടുങ്ങാനുള്ള സൗകര്യപ്രദമായ ഒരു അവസരമായിരുന്നു അത്‌. വിശേഷിച്ചും വിദേശികളുടെ പക്കൽ ഇഷ്ടംപോലെ പണം ഉണ്ടെന്നും അവരിൽനിന്നു പണം തട്ടിയെടുക്കാൻ എളുപ്പമാണെന്നുമുള്ള ധാരണ നിലനിന്നിരുന്നു. ഞങ്ങളെ തടഞ്ഞു നിറുത്തുമ്പോൾ ഞങ്ങൾ പ്രാദേശിക ഭാഷയിൽ പട്ടാളക്കാരെ അഭിവാദനം ചെയ്യും. അപ്പോൾ അവർ അമ്പരപ്പോടെ പിൻവാങ്ങും. പിന്നെ അവർ ഞങ്ങൾ ആരാണെന്നു ചോദിക്കും. മനഃപാഠമാക്കിയ ചില വാക്കുകൾ ഉപയോഗിച്ച്‌ അഭിവാദനം ചെയ്യുന്നതിലുപരി, ഞങ്ങൾ എന്താണു ചെയ്യുന്നതെന്നു കൃത്യമായി അവരുടെ ഭാഷയിൽ വിവരിച്ചുകൊടുക്കാൻ ഞങ്ങൾക്കു സാധിക്കുമെന്നു കാണുമ്പോൾ സാധാരണഗതിയിൽ അവർ അനുകൂലമായി പ്രതികരിക്കും, നമ്മുടെ പ്രസിദ്ധീകരണങ്ങൾ ചോദിച്ചുവാങ്ങും, ദൈവാനുഗ്രഹത്താൽ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയട്ടെ എന്ന്‌ ആശംസിക്കും.

ആഫ്രിക്കൻ സഹോദരങ്ങൾ പ്രകടമാക്കിയ കറകളഞ്ഞ, ആത്മത്യാഗപരമായ സ്‌നേഹം പലപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളെ ആഴമായി സ്‌പർശിച്ചിട്ടുണ്ട്‌. വർഷങ്ങളോളം കോംഗോ, ഏകകക്ഷി ഭരണം നിലനിന്നിരുന്ന ഒരു രാഷ്‌ട്രമായിരുന്നു. അപ്പോഴൊക്കെ യഹോവയുടെ സാക്ഷികളെ പോലെ, നിഷ്‌പക്ഷരായി നിലകൊള്ളുന്നവർക്ക്‌ ശക്തവും രൂക്ഷവുമായ എതിർപ്പു നേരിടേണ്ടിവന്നിട്ടുണ്ട്‌. ഇങ്ങനെയൊരു അന്തരീക്ഷത്തിലാണ്‌ ഞങ്ങൾ ജീപ്പുമായി സമ്മേളനങ്ങളിൽ സഹോദരങ്ങൾക്കു വേണ്ടി സേവനം അനുഷ്‌ഠിച്ചുകൊണ്ട്‌ ഡിസ്‌ട്രിക്‌റ്റ്‌ വേലയിൽ ഏർപ്പെട്ടിരുന്നത്‌.

ഒരു സമ്മേളനത്തെക്കുറിച്ച്‌ ഞാൻ വ്യക്തമായി ഓർക്കുന്നു. അവസാനത്തെ ദിവസം ഉച്ചതിരിഞ്ഞുള്ള സെഷന്റെ സമയത്ത്‌, പാർട്ടിയുടെ പ്രാദേശിക നേതാവ്‌ പ്ലാറ്റ്‌ഫോമിനു പിറകിലേക്കു വന്നു. നന്നായി മദ്യപിച്ചിരുന്ന അയാൾ അസഭ്യം പറയുന്നുണ്ടായിരുന്നു. എല്ലാവരോടും പാർട്ടി അംഗത്വ കാർഡു വാങ്ങാൻ പറയാനായി തന്നെ പ്ലാറ്റ്‌ഫാമിലേക്കു കയറ്റിവിടണമെന്നു പറഞ്ഞ്‌ അയാൾ നിർബന്ധം പിടിച്ചു. ഞങ്ങൾ പറ്റില്ലെന്നു പറഞ്ഞപ്പോൾ അയാൾക്കു ദേഷ്യംവന്നു, ഞങ്ങളെ ചീത്ത വിളിച്ചു. യഹോവയുടെ സാക്ഷികൾ ഗവൺമെന്റിന്‌ എതിരാണെന്നും അവരെ തടവിലാക്കണമെന്നും അയാൾ പറഞ്ഞു. ചില സഹോദരന്മാർ ചേർന്ന്‌ അയാളെ ഒരുവിധം വെളിയിലേക്കിറക്കി. പോകുന്നവഴിക്ക്‌, ഞങ്ങളെ കുറിച്ച്‌ അധികാരികളോടു റിപ്പോർട്ടു ചെയ്യുമെന്നും തിരിച്ചുവന്നു ഞങ്ങളുടെ ജീപ്പും ഞങ്ങൾ താമസിക്കുന്ന പുൽക്കുടിലും കത്തിക്കുമെന്നുമൊക്കെ അയാൾ ആക്രോശിച്ചുകൊണ്ടിരുന്നു. അത്‌ വെറും ഒരു ഭീഷണിയല്ലെന്ന്‌ ഞങ്ങൾക്ക്‌ അറിയാമായിരുന്നു.

സഹോദരന്മാർ എത്ര നല്ലവരായിരുന്നെന്നോ! ഭയന്നോടുന്നതിനു പകരം അവർ ഞങ്ങൾക്കു ചുറ്റും കൂടി. യഹോവയിൽ ആശ്രയിക്കാനും എല്ലാം യഹോവയ്‌ക്കു വിടാനും അവർ പ്രോത്സാഹിപ്പിച്ചു. രാത്രി മുഴുവൻ മാറിമാറി അവർ ഞങ്ങളുടെ ജീപ്പിനും വീടിനും കാവലിരുന്നു. എന്റെ മനസ്സിനെ ഏറ്റവും അധികം സ്‌പർശിച്ച ഒരനുഭവമായിരുന്നു അത്‌. ഞങ്ങളെ സംരക്ഷിക്കുന്നതിന്‌ തങ്ങളുടെ ജീവൻ പണയപ്പെടുത്താൻ മാത്രമല്ല, രാഷ്‌ട്രീയ പാർട്ടിയെ പിന്തുണയ്‌ക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ പിന്നീട്‌ ഉണ്ടായേക്കാവുന്ന ഏതൊരു മൃഗീയ പെരുമാറ്റവും സഹിക്കാനും അവർ ഒരുക്കമായിരുന്നു. ആത്മത്യാഗപരമായ ക്രിസ്‌തീയ സ്‌നേഹത്തിന്റെ ഈ പ്രകടനം ഞങ്ങൾ ഒരിക്കലും മറന്നിട്ടില്ല. കോംഗോയിലുണ്ടായിരുന്ന വർഷങ്ങളിൽ ഞങ്ങൾ അനുഭവിച്ചറിഞ്ഞ, സ്‌നേഹത്തിന്റെ ഹൃദയോഷ്‌മളമായ മറ്റനേകം പ്രകടനങ്ങളും ഞങ്ങൾ ഓർമയിൽ കാത്തുസൂക്ഷിക്കുന്നു.

[211-213 പേജുകളിലെ ചതുരം/ചിത്രം]

ടെറൻസ്‌ ലേഥമുമായി ഒരു അഭിമുഖം

ജനനം: 1945

സ്‌നാപനം: 1964

സംക്ഷിപ്‌ത വിവരം: പന്ത്രണ്ടു വർഷം മിഷനറിയായി സേവിച്ചു. ഫ്രഞ്ച്‌, ലിംഗാല, സ്വാഹിലി എന്നീ ഭാഷകൾ പഠിച്ചു. ഇപ്പോൾ ഭാര്യയും രണ്ടു മക്കളുമൊന്നിച്ച്‌ സ്‌പെയിനിൽ സേവിക്കുന്നു.

റെയ്‌മണ്ട്‌ നോൾസും ഞാനും 1969-ൽ കിസാങ്‌ഗാനിയിലേക്കു പറന്നു. അന്ന്‌ ഏതാണ്ട്‌ 2,30,000 നിവാസികളുണ്ടായിരുന്ന ആ നഗരം കോംഗോയുടെ വടക്കുകിഴക്കൻ പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു.

ആ പ്രദേശത്തെ ഏതാനും വരുന്ന പ്രസാധകരും നിരവധി വരുന്ന താത്‌പര്യക്കാരും എത്ര ഊഷ്‌മളമായ വരവേൽപ്പാണ്‌ ഞങ്ങൾക്കു നൽകിയത്‌! അവർ സമ്മാനങ്ങൾകൊണ്ടു ഞങ്ങളെ മൂടി. കപ്പളങ്ങ, കൈതച്ചക്ക, വാഴപ്പഴം എന്നിവയ്‌ക്കു പുറമേ ഞങ്ങൾ മുമ്പ്‌ ഒരിക്കലും കണ്ടിട്ടില്ലാത്ത ഉഷ്‌ണമേഖലാ പഴവർഗങ്ങളും ഞങ്ങളുടെ മുന്നിൽ നിരന്നു. ചിലർ കോഴികളെയും ആമകളെയും കൊണ്ടുവന്നു. സാമുവൽ ചിക്കാക്കാ ദയാപൂർവം ഞങ്ങൾക്ക്‌ അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ സൗകര്യം ചെയ്‌തുതന്നു. താമസിയാതെ ഞങ്ങൾ ഒരു ബംഗ്ലാവ്‌ വാടകയ്‌ക്കെടുത്തു. തുടർന്ന്‌ നിക്കോളാസ്‌ ഫോനെയും ഭാര്യ മേരിയും പോൾ ഇവാൻസും ഭാര്യ മാരിലിനും ഞങ്ങളോടൊപ്പം താമസിക്കാൻ വന്നു. ഞങ്ങൾക്ക്‌ എത്ര സന്തോഷമായെന്നോ! ഞങ്ങൾ എല്ലാവരും ചേർന്ന്‌ കിസാങ്‌ഗാനിയിലെ ആദ്യത്തെ മിഷനറി ഭവനം നന്നാക്കാനും പെയിന്റടിക്കാനും തുടങ്ങി. അതാകെ കാട്ടുവള്ളികളും നീളമുള്ള പുല്ലും കയറി കാടുപിടിച്ച്‌ കിടക്കുകയായിരുന്നു. ബംഗ്ലാവ്‌ ശരിയാക്കിയെടുക്കുന്നതിനിടയിൽ മച്ചിൽനിന്ന്‌ രണ്ട്‌ വെരുകുകളെ കുടിയിറക്കി. പിന്നീട്‌ പീറ്റർ ബാൺസും ഭാര്യ ആനും മിഷനറി ഭവനത്തിൽ താമസിക്കാനെത്തി, പിന്നെ എന്റെ നവവധുവായ ആൻ ഹാർക്ക്‌നെസും.

കിസാങ്‌ഗാനിയിൽ പ്രസംഗവേലയിൽ ഏർപ്പെട്ട ആദ്യത്തെ നാലു വർഷക്കാലത്താണ്‌ ഞങ്ങൾ ലിംഗാലയും സ്വാഹിലിയും സംസാരിക്കാൻ പഠിച്ചതും അവിടെയുള്ള അതിഥിപ്രിയരും സൗഹൃദപ്രകൃതക്കാരുമായ ആളുകളോട്‌ അടുത്തതും. നിരവധി അധ്യയനങ്ങൾ ഉണ്ടായിരുന്നതുകൊണ്ട്‌ അതിരാവിലെ മുതൽ രാത്രി വരെ പ്രയത്‌നിച്ചാലേ എല്ലാം നടത്താൻ പറ്റുമായിരുന്നുള്ളൂ. ഞങ്ങൾ കിസാങ്‌ഗാനിയിൽ ഉണ്ടായിരുന്ന ആ വർഷങ്ങളിൽ പത്തിൽ താഴെ മാത്രം വരുന്ന പ്രസാധകരുടെ കൂട്ടം വളർന്ന്‌ എട്ടു സഭകളാകുന്നതു കാണാൻ സാധിച്ചു.

ഒരിക്കൽ ഞങ്ങൾ കുറേ പേർ ഇറ്റൂരി റോഡിലൂടെ വണ്ടിയോടിച്ചു പോകുകയായിരുന്നു. പെട്ടെന്ന്‌ പിഗ്‌മികളുടെ ഒരു ഗ്രാമം ഞങ്ങളുടെ കണ്ണിൽ പെട്ടു. ഗ്രാമവാസികളോടു സുവാർത്ത പ്രസംഗിക്കാൻ ഞങ്ങൾക്ക്‌ ഉത്സാഹമായിരുന്നു. പിഗ്‌മികളുടെ ആഹാരവും വസ്‌ത്രവും പാർപ്പിടവും പ്രദാനം ചെയ്യുന്നത്‌ കാടായതുകൊണ്ട്‌ അവർ അതിനെ തങ്ങളുടെ അമ്മയോ അച്ഛനോ ആയിട്ടാണ്‌ വീക്ഷിക്കുന്നത്‌ എന്ന്‌ ചില പണ്ഡിതന്മാർ പറയുന്നു. അതുകൊണ്ടുതന്നെ, അവർ വനത്തെ പവിത്രമായി കരുതുകയും മോലിമോ എന്ന ഒരു ചടങ്ങിലൂടെ തങ്ങൾക്ക്‌ കാടുമായി ആശയവിനിമയം നടത്താനാകുമെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു. തീയ്‌ക്കു ചുറ്റും പാട്ടുപാടി നൃത്തം ചെയ്യുന്നത്‌ ഈ ചടങ്ങിൽ ഉൾപ്പെടുന്നു. നൃത്തത്തോടൊപ്പം മോലിമോ കുഴലൂത്ത്‌ ഉണ്ടായിരിക്കും. നീളമുള്ള ഒരുതരം മരക്കുഴലാണ്‌ മോലിമോ. ചടങ്ങിന്റെ സമയത്ത്‌, പുരുഷന്മാർ ആ കുഴൽ ഊതിക്കൊണ്ട്‌ സംഗീതാത്മകമായ സ്വരങ്ങളും ജന്തുക്കളുടെ ശബ്ദങ്ങളും പുറപ്പെടുവിക്കും.

നാടോടികളായ ഈ മനുഷ്യരുടെ കോളനി ഞങ്ങൾക്കു നന്നേ ആകർഷകമായി തോന്നി. സാധാരണഗതിയിൽ ഒരു മാസമോ മറ്റോ മാത്രമേ അവർ ഒരു സ്ഥലത്തു തങ്ങുകയുള്ളൂ. കിടന്നുറങ്ങാനായി അവർ ഇളംതൈകളും ഇലകളും ഉപയോഗിച്ച്‌ തേനീച്ചക്കൂടിന്റെ ആകൃതിയിലുള്ള കൂടാരങ്ങൾ ഉണ്ടാക്കിയിരുന്നു. ഈ കൂടാരങ്ങൾക്ക്‌ ആകെയുണ്ടായിരുന്നത്‌ ഒരു പ്രവേശനദ്വാരം മാത്രം. അവ കെട്ടിപ്പൊക്കാൻ രണ്ടു മണിക്കൂറോ അതിൽ താഴെയോ മതിയാകും. കുറച്ചു പേർക്ക്‌ ചുരുണ്ടുകൂടി കിടക്കാൻ മാത്രം വലിപ്പമേ ഓരോ കൂടാരത്തിനും ഉള്ളൂ. കുറച്ചു കുട്ടികൾ വന്ന്‌ ഞങ്ങളുടെ ശരീരവും മുടിയുമൊക്കെ തൊട്ടുനോക്കി. അവർ അതിനു മുമ്പ്‌ വെള്ളക്കാരെ കണ്ടിട്ടേ ഇല്ലായിരുന്നു. സൗഹൃദപ്രകൃതക്കാരായ ഈ കാടിന്റെ മക്കളെ പരിചയപ്പെടാനും അവരെ സുവാർത്ത അറിയിക്കാനും കഴിഞ്ഞത്‌ എത്ര വലിയ പദവിയാണ്‌! തങ്ങൾ മുമ്പും യഹോവയുടെ സാക്ഷികളെ പരിചയപ്പെട്ടിട്ടുണ്ടെന്നും തങ്ങളുടെ താവളങ്ങൾക്കരികെയുള്ള ഗ്രാമങ്ങളിൽനിന്നു വന്നവരായിരുന്നു അവർ എന്നും ആ നാടോടികൾ ഞങ്ങളോടു പറഞ്ഞു.

[215, 216 പേജുകളിലെ ചതുരം/ചിത്രം]

ഡേവിഡ്‌ നാവെജുമായി ഒരു അഭിമുഖം

ജനനം: 1955

സ്‌നാപനം: 1974

സംക്ഷിപ്‌ത വിവരം: കോംഗോ യിലെ ബെഥേൽ കുടുംബത്തിൽ സേവിക്കുന്ന പ്രാദേശിക സഹോദരങ്ങളിൽവെച്ച്‌ ഏറ്റവും കൂടുതൽ കാലം അവിടെ സേവനം അനുഷ്‌ഠിച്ചിട്ടുള്ളത്‌ അദ്ദേഹമാണ്‌. ബ്രാഞ്ച്‌ കമ്മിറ്റിയിലെ ഒരംഗം കൂടെയാണ്‌ ഡേവിഡ്‌.

ബെഥേലിലേക്കു ക്ഷണിച്ചുകൊണ്ടുള്ള ഒരു കത്ത്‌ 1976-ൽ ലഭിച്ചപ്പോൾ ഞാൻ അമ്പരന്നു പോയി. കത്തിൽ “അടിയന്തിരമായി,” “ഉടനടി” എന്നീ വാക്കുകൾക്ക്‌ അടിവരയിട്ടിരുന്നു. കിൻഷാസയിൽനിന്ന്‌ ഏതാണ്ട്‌ 2,450 കിലോമീറ്റർ അകലെയുള്ള കോൾവേസിയിലാണു ഞാൻ താമസിച്ചിരുന്നത്‌. വീടുവിട്ടു പോവുക എന്നത്‌ എളുപ്പമായിരുന്നില്ല. പക്ഷേ “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്ന്‌ യെശയ്യാവിനെപ്പോലെ പ്രതികരിക്കാൻ ഞാൻ ആഗ്രഹിച്ചു.​—⁠യെശ. 6:⁠8.

ബെഥേലിൽ എത്തിയപ്പോൾ സഹോദരന്മാർ എനിക്ക്‌ ഒരു ടൈപ്പ്‌റൈറ്റർ കാണിച്ചുതന്നിട്ട്‌ എനിക്കു ടൈപ്പ്‌ ചെയ്യാൻ അറിയാമോ എന്നു ചോദിച്ചു. ഞാൻ ഒരു തയ്യൽക്കാരനാണെന്നും എനിക്ക്‌ തയ്യൽ മെഷീൻ ഉപയോഗിക്കാൻ മാത്രമേ അറിയാവൂ എന്നും ഞാൻ മറുപടി പറഞ്ഞു. എങ്കിലും കഠിനശ്രമം ചെയ്‌ത്‌ ഞാൻ ടൈപ്പിങ്‌ പഠിച്ചെടുത്തു. തുടർന്ന്‌ ഞാൻ പരിഭാഷാ വിഭാഗത്തിലും സേവന വിഭാഗത്തിലും സേവനം അനുഷ്‌ഠിച്ചു.

പിന്നീട്‌ എന്നെ തപാൽ ഇടപാടുകൾ നടത്തുന്ന വിഭാഗത്തിലേക്കു മാറ്റി. ആളുകൾ പ്രസിദ്ധീകരണങ്ങളിൽനിന്ന്‌ വെട്ടിയെടുത്ത്‌ ഓഫീസിലേക്ക്‌ അയയ്‌ക്കുന്ന കൂപ്പണുകൾ കൈകാര്യം ചെയ്യുന്നത്‌ ആ നിയമനത്തിൽ ഉൾപ്പെട്ടിരുന്നു. സാധാരണഗതിയിൽ അവർ മറ്റു പ്രസിദ്ധീകരണങ്ങൾ ആവശ്യപ്പെടുകയാണു ചെയ്‌തിരുന്നത്‌. എന്നാൽ തങ്ങൾക്കു ലഭിക്കുന്ന പ്രസിദ്ധീകരണങ്ങളോട്‌ ആളുകൾ എങ്ങനെയായിരിക്കും പ്രതികരിക്കുന്നത്‌ എന്നു ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. എന്തായാലും ഒരു കേസ്‌ എനിക്കറിയാം. രണ്ടു യുവാക്കൾ പെട്ടെന്നു പുരോഗതി വരുത്തി. അവർ പയനിയർമാരും പ്രത്യേക പയനിയർമാരും ആയി. പിന്നീട്‌ അവർ ബെഥേലിലേക്കു ക്ഷണിക്കപ്പെട്ടു, അവരിൽ ഒരാൾ എന്നോടൊപ്പം ഒരേ മുറിയിലാണു താമസിച്ചിരുന്നത്‌.

ചിലപ്പോൾ പണം അഭ്യർഥിച്ചുകൊണ്ട്‌ ആളുകൾ ബെഥേലിലേക്കു കത്തെഴുതുമായിരുന്നു. മറുപടി എന്നനിലയിൽ എപ്പോഴും ഉപയോഗിക്കാൻ നയചാതുര്യത്തോടെ കാര്യങ്ങൾ വ്യക്തമാക്കുന്ന ഒരു കത്തു തയ്യാറാക്കിവെച്ചിരുന്നു. നമ്മുടേത്‌ ഒരു സ്വമേധയാവേലയാണെന്നു വിശദീകരിക്കുന്നതും ബൈബിൾ പഠിക്കാൻ വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നതും ആയ ഒരു കത്തായിരുന്നു അത്‌. കുറച്ചുകാലം മുമ്പ്‌ ഒരു സഹോദരൻ എന്നോട്‌ അങ്ങനെയൊരു കത്തു കാരണമാണ്‌ അദ്ദേഹം സത്യത്തിൽ വന്നത്‌ എന്നു പറഞ്ഞു. എനിക്ക്‌ അതു കാണിച്ചുതരികയും ചെയ്‌തു. വർഷങ്ങൾക്കു മുമ്പ്‌ അദ്ദേഹം പണം യാചിച്ചുകൊണ്ട്‌ ബെഥേലിലേക്കു കത്തയച്ചിരുന്നു. ലഭിച്ച പ്രോത്സാഹനത്തോട്‌ അദ്ദേഹം അനുകൂലമായി പ്രതികരിക്കുകയും സത്യത്തിലേക്കു വരികയും ചെയ്‌തു.

പിന്നീട്‌ ഞാൻ നിയമ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി. ഒരിക്കൽ, പാർട്ടി ബാഡ്‌ജ്‌ ധരിക്കാത്തതിന്റെ പേരിൽ പിടിയിലായ ചില പ്രാദേശിക സഹോദരന്മാരെ സഹായിക്കാൻ എനിക്കു കഴിഞ്ഞു. ധൈര്യം സംഭരിച്ച്‌ ഞാൻ അധികാരികളോടു പറഞ്ഞു: “ഈ ബാഡ്‌ജിന്റെ അർഥം എന്താണ്‌? ഇവിടെ ഒരു ആഭ്യന്തര യുദ്ധം കഴിഞ്ഞതല്ലേ ഉള്ളൂ, പോരാട്ടത്തിൽ നിങ്ങളുടെ എതിർപക്ഷത്ത്‌ ഉണ്ടായിരുന്നവരെല്ലാം ഈ ബാഡ്‌ജ്‌ ധരിച്ചിരുന്നു. വാസ്‌തവത്തിൽ ബാഡ്‌ജ്‌ യാതൊന്നും അർഥമാക്കുന്നില്ല; ഒരു വ്യക്തിയുടെ യഥാർഥ ചിന്താഗതിയുടെ തെളിവേ അല്ല അത്‌. ഒരു മനുഷ്യൻ അകമേ എങ്ങനെയുള്ളവനാണ്‌ എന്നതാണു പ്രധാനം. യഹോവയുടെ സാക്ഷികൾ ഒരിക്കലും ഒരു ആഭ്യന്തരയുദ്ധത്തിൽ പങ്കെടുക്കുകയില്ല. നിയമം അനുസരിക്കാനുള്ള ഈ മനോഭാവമാണ്‌ ഒരു ബാഡ്‌ജ്‌ ധരിക്കുന്നതിലും പ്രധാനം.” സഹോദരന്മാർ വിട്ടയയ്‌ക്കപ്പെട്ടു. യഹോവ എല്ലായ്‌പോഴും അത്തരം സാഹചര്യങ്ങളിൽ ഞങ്ങളെ പിന്തുണച്ചു.

ഞാൻ ബെഥേലിൽ സേവിക്കാൻ തുടങ്ങിയിട്ട്‌ ഇപ്പോൾ 27-ലധികം വർഷമായി. എനിക്ക്‌ ശാരീരിക പരിമിതികൾ ഉണ്ടെങ്കിലും, ലൗകിക വിദ്യാഭ്യാസം അധികമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, യഹോവയ്‌ക്ക്‌ എന്നെ ഉപയോഗിക്കാൻ കഴിയേണ്ടതിന്‌ ഞാൻ കഠിനശ്രമം ചെയ്യുന്നു. അടിയന്തിരമായി, നിറവേറ്റപ്പെടേണ്ട ആവശ്യങ്ങൾ ഇന്നും ബെഥേലിൽ ഉണ്ട്‌!

[219, 220 പേജുകളിലെ ചതുരം/ചിത്രം]

ഗോഡ്‌ഫ്രി ബിന്റുമായി ഒരു അഭിമുഖം

ജനനം: 1945

സ്‌നാപനം: 1956

സംക്ഷിപ്‌ത വിവരം: 47-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽനിന്നു ബിരുദമെടുത്തു. 17 വർഷം അദ്ദേഹം കോംഗോയിൽ സേവിച്ചു. ഇപ്പോൾ അദ്ദേഹം റുവാണ്ടയിൽ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായി സേവിക്കുന്നു. ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ലിംഗാല, സ്വാഹിലി, ചിലൂബ എന്നീ ഭാഷകൾ അദ്ദേഹത്തിനു സംസാരിക്കാനറിയാം.

ഞാൻ 1973-ൽ കനാങ്‌ഗയിൽത്തന്നെയുള്ള ഒരു സഹോദരനുമൊത്തു വയൽസേവനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അധികാരികൾ ഞങ്ങൾ ബൈബിളധ്യയനം നടത്തിക്കൊണ്ടിരുന്ന ഒരു വീട്ടിൽ വന്നു ഞങ്ങളെ അറസ്റ്റു ചെയ്‌തു. തുടർന്ന്‌ രണ്ടാഴ്‌ച തടവിൽ കഴിഞ്ഞു. ഈ സമയത്ത്‌ എന്റെ മിഷനറി പങ്കാളിയായിരുന്ന മൈക്ക്‌ ഗേറ്റ്‌സായിരുന്നു ഞങ്ങൾക്ക്‌ ആഹാരം കൊണ്ടുവന്നിരുന്നത്‌. കാരണം തടവുകാർക്കു ഭക്ഷണം കൊടുക്കുന്ന ഏർപ്പാടൊന്നും അവിടെ ഇല്ലായിരുന്നു. ഒടുവിൽ ഞങ്ങളെ വിട്ടയച്ചു. മൂന്നു മാസത്തിനു ശേഷം, ഞാനും മൈക്കും ഇംഗ്ലണ്ടിലെ അന്താരാഷ്‌ട്ര കൺവെൻഷനിൽ പങ്കെടുക്കാനായി പോകേണ്ടിയിരുന്ന ദിവസം, അടുത്തുള്ള ഒരു സഭയിലെ സഹോദരങ്ങളെല്ലാം അറസ്റ്റ്‌ ചെയ്യപ്പെട്ടതായി ഞങ്ങൾ അറിഞ്ഞു. അവരെ കാണാനും ആഹാരം എത്തിച്ചുകൊടുക്കാനും ഞങ്ങൾക്ക്‌ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സഹോദരങ്ങളെ കാണാൻ അനുവാദം ചോദിച്ചപ്പോൾ ഞങ്ങളെ കൂടെ അറസ്റ്റ്‌ ചെയ്യാൻ മജിസ്‌ട്രേറ്റ്‌ ഉത്തരവിടുകയാണ്‌ ഉണ്ടായത്‌! ജയിലിലേക്കു ഞങ്ങളെ കൊണ്ടുപോകാനുള്ള വണ്ടിയും കാത്തുനിൽക്കവേ, ഞങ്ങൾ പോകേണ്ടിയിരുന്ന വിമാനം പറന്നുപൊങ്ങുന്നതിന്റെ ഇരമ്പൽ ഞങ്ങൾ കേട്ടു. അപ്പോൾ ഞങ്ങൾക്കുണ്ടായ ദുഃഖം എത്രയെന്ന്‌ നിങ്ങൾക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ!

ജയിലിലെത്തിയപ്പോൾ, മൂന്നു മാസം മുമ്പ്‌ ഞാൻ തടവിൽ കഴിഞ്ഞിരുന്ന സമയത്ത്‌ ഉണ്ടായിരുന്ന അന്തേവാസികളിൽ പലരെയും അവിടെ കാണാൻ കഴിഞ്ഞു. അന്ന്‌ എനിക്ക്‌ ആഹാരം എത്തിച്ചുതന്നിരുന്ന എന്റെ മിഷനറി പങ്കാളിയും ഇപ്പോൾ തടവിലാക്കപ്പെട്ടിരുന്നതുകണ്ട്‌ അവർ ചോദിച്ചു: “ഇനിയിപ്പോൾ ആരാണ്‌ നിങ്ങൾക്കു ഭക്ഷണം എത്തിച്ചുതരാനുള്ളത്‌?”

ഞങ്ങളുടെ സഹോദരന്മാർ ആഹാരം കൊണ്ടുവരുമെന്നു പറഞ്ഞപ്പോൾ, അവർ വിശ്വാസം വരാത്ത മട്ടിൽ തലയാട്ടി. ആ പ്രദേശത്ത്‌ വേറെ യൂറോപ്യന്മാരായ സാക്ഷികളാരും ഇല്ലെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. പിറ്റേന്ന്‌ ഞങ്ങളുടെ കോംഗോക്കാരായ സഹോദരന്മാർ മറ്റു തടവുകാർക്കു പോലും പങ്കുവെക്കാനാവുന്നത്രയും ആഹാരവുമായി എത്തിയപ്പോൾ അവർക്ക്‌ എത്ര ആശ്ചര്യമായെന്നോ! നമ്മുടെ സാർവദേശീയ സാഹോദര്യത്തിനും നമ്മെ ഏകീകരിക്കുന്ന സ്‌നേഹത്തിനും ഉള്ള മഹത്തായ ഒരു സാക്ഷ്യമായിരുന്നു അത്‌. ആഹാരവുംകൊണ്ട്‌ വരുന്ന ആ സഹോദരങ്ങൾ തടവിലാക്കപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു. ഇത്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ആ പ്രിയ സഹോദരങ്ങൾ ഞങ്ങൾക്ക്‌ ആഹാരം എത്തിച്ചുതന്നത്‌. അഞ്ചു ദിവസത്തിനു ശേഷം ഞങ്ങൾ മോചിതരായി. ഉടൻതന്നെ ഞങ്ങൾ ഇംഗ്ലണ്ടിലേക്കു പോയി, കൺവെൻഷൻ തുടങ്ങുന്നതിന്‌ തൊട്ടുമുമ്പ്‌ ഞങ്ങൾ അവിടെ എത്തിച്ചേർന്നു.

[224-226 പേജുകളിലെ ചതുരം/ചിത്രം]

ങ്‌സെയി കാറ്റാസി പാങ്‌ഡിയുമായി ഒരു അഭിമുഖം

ജനനം: 1945

സ്‌നാപനം: 1971

സംക്ഷിപ്‌ത വിവരം: അവിവാഹിത യായിരിക്കെ ദുഷ്‌കരമായ പ്രദേശങ്ങളിൽ നിർഭയം പ്രവർത്തിച്ചു. പിന്നീട്‌ 1988 മുതൽ 1996 വരെ ഭർത്താവിനോ ടൊപ്പം സഞ്ചാരവേലയിലായിരുന്നു. ഇപ്പോൾ കിൻഷാസയിൽ പ്രത്യേക മുഴുസമയ സേവനത്തിലാണ്‌.

ഞാൻ 1970-ൽ, കിൻഷാസയിൽ എന്റെ വീട്ടിൽ ബൈബിൾ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്‌ കതകിൽ ഒരു മുട്ടു കേട്ടു. ഞാൻ വാതിൽ തുറന്നു. ഒരു മനുഷ്യനും അദ്ദേഹത്തോടൊപ്പം ഒരു കൊച്ചു കുട്ടിയും. അദ്ദേഹത്തിന്റെ മകനായിരുന്നു അത്‌. ആ കുട്ടി എന്നോട്‌ ബൈബിളിനെ കുറിച്ചു സംസാരിക്കാൻ തുടങ്ങി. ബൈബിൾ തുറന്ന്‌ മത്തായി 24:14 എടുക്കാൻ അവൻ എന്നോടു പറഞ്ഞു. ഞാൻ ഒരു വലിയ ഭക്തയാണെന്നായിരുന്നു എന്റെ വിശ്വാസം, പക്ഷേ ആ തിരുവെഴുത്ത്‌ കണ്ടുപിടിക്കാൻ എനിക്കായില്ല. ആ കൊച്ചു കുട്ടി എന്നെ സഹായിച്ചു, തുടർന്ന്‌ രസകരമായ ഒരു ചർച്ച നടന്നു.

എന്റെ താത്‌പര്യം മനസ്സിലാക്കിയ സഹോദരൻ എന്നെ പിറ്റേ ഞായറാഴ്‌ചത്തെ യോഗത്തിനു ക്ഷണിച്ചു. പ്രവർത്തനം നിരോധിച്ചിരുന്നതുകൊണ്ട്‌ ഒരു സഹോദരന്റെ വീടിന്റെ പിൻഭാഗത്തു വെച്ചാണു യോഗം നടത്തിയത്‌. പ്രസംഗം എനിക്ക്‌ ഇഷ്ടമായി. വീക്ഷാഗോപുര അധ്യയനത്തിലും ഞാൻ പങ്കെടുത്തു. അന്നുതന്നെ വൈകുന്നേരം സഹോദരങ്ങൾ വീട്ടിൽവന്ന്‌ എന്നെ ബൈബിൾ പഠിപ്പിക്കാൻ തുടങ്ങി.

കാലാന്തരത്തിൽ ഞാൻ സ്‌നാപനമേറ്റു. തുടർന്ന്‌ മുഴുസമയ സേവനത്തിൽ പ്രവേശിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ സേവിക്കാൻ ശുശ്രൂഷകരെ വളരെയധികം ആവശ്യമുണ്ടെന്ന്‌ നമ്മുടെ രാജ്യ ശുശ്രൂഷയിൽ ഞാൻ വായിച്ചു. ബാൻഡൂൻഡൂ പ്രവിശ്യയിലെ കെങ്‌ഗെയിലേക്കു പോകുന്നതിനെ കുറിച്ച്‌ ഞാൻ സഹോദരന്മാരോടു സംസാരിച്ചു. അവർ അതിനു സമ്മതിച്ചു, പക്ഷേ അവിടെ ചിലർ അറസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌ എന്ന്‌ അവർ മുന്നറിയിപ്പു നൽകി. ‘എല്ലാവരെയും അറസ്റ്റ്‌ ചെയ്യാൻ അവർക്ക്‌ സാധിക്കില്ലല്ലോ’ എന്നു ഞാൻ ചിന്തിച്ചു. അതുകൊണ്ട്‌ ഞാൻ പോകാൻ തീരുമാനിച്ചു.

സന്ധ്യയോടെ ഞാൻ അവിടെ എത്തി. സർക്കിട്ട്‌ മേൽവിചാരകനായ ഫ്രാൻസ്‌വോ ഡാൻഡാ ആ സഭയിൽ സന്ദർശനം നടത്തുകയാണെന്ന്‌ അറിഞ്ഞപ്പോൾ എനിക്കു സന്തോഷമായി. എന്നാൽ പിറ്റേന്നു രാവിലെ വയൽസേവന യോഗത്തിനു ചെന്നപ്പോൾ ഫ്രാൻസ്‌വോയും വേറെ ചില സഹോദരന്മാരും അറസ്റ്റിലായെന്ന വാർത്തയാണ്‌ ഞാൻ കേട്ടത്‌. സുരക്ഷാകാര്യ വകുപ്പ്‌ മേധാവിക്ക്‌ എന്നോടു സംസാരിക്കണമായിരുന്നു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ യഹോവയുടെ സാക്ഷിയാണെന്ന്‌ ഞങ്ങൾക്കറിയാം. കെങ്‌ഗെയിൽ നിങ്ങൾ താമസിക്കുന്നതിൽ വിരോധമൊന്നുമില്ല, പക്ഷേ ആ ബാഗുമായി നിങ്ങൾ ചുറ്റിക്കറങ്ങുന്നതെങ്ങാനും ഞങ്ങളുടെ കണ്ണിൽപ്പെട്ടാൽ ആ നിമിഷം നിങ്ങളെ അറസ്റ്റ്‌ ചെയ്യും.”

സുരക്ഷാകാര്യ വകുപ്പ്‌ മേധാവിയുടെയും അദ്ദേഹത്തിന്റെ ഏജന്റുമാരുടെയും നടപടി പട്ടണവാസികളെ രോഷാകുലരാക്കി. യഹോവയുടെ സാക്ഷികൾ ആർക്കും ഒരു ദോഷവും ചെയ്യുന്നില്ലെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. ചുറ്റുപാടും വേണ്ടുവോളം ക്രിമിനൽപ്പുള്ളികൾ ഉള്ളപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ യഹോവയുടെ സാക്ഷികളുടെ പുറകേ നടന്ന്‌ സമയം കളയാതെ കുറ്റകൃത്യങ്ങൾ തടയാൻ ശ്രമിക്കുകയാണു വേണ്ടതെന്ന്‌ ആളുകൾ പറഞ്ഞു. ഒടുവിൽ, അവർ സഹോദരന്മാരെ വിട്ടയച്ചു.

എനിക്ക്‌ 1975-ൽ പ്രത്യേക പയനിയറായി നിയമനം ലഭിച്ചു. പല പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഞാൻ പ്രവർത്തിച്ചു, ഓരോ സ്ഥലത്തും രണ്ടോ മൂന്നോ ആഴ്‌ച ഞാൻ താമസിക്കുമായിരുന്നു. അധികം കഴിയുന്നതിനു മുമ്പ്‌, സത്യത്തോടു താത്‌പര്യമുള്ള ആളുകളുടെ ആറു കൂട്ടങ്ങൾ സ്ഥാപിക്കപ്പെട്ടു. ഈ കൂട്ടങ്ങളെ പരിപാലിക്കാൻ സഹോദരന്മാരെ അയയ്‌ക്കാൻ അഭ്യർഥിച്ചുകൊണ്ട്‌ ഞാൻ ബ്രാഞ്ചിന്‌ എഴുതി.

അങ്ങനെയിരിക്കെ, ഞാൻ ഷാൻ-ബാറ്റിസ്റ്റ്‌ പാങ്‌ഡിയെ കണ്ടുമുട്ടി, അദ്ദേഹവും ഒരു പ്രത്യേക പയനിയർ ആയിരുന്നു. മുമ്പ്‌ ഞാൻ മിഷനറിമാരോട്‌ വിവാഹത്തെയും മുഴുസമയ സേവനത്തെയും കുറിച്ച്‌ സംസാരിച്ചിട്ടുണ്ടായിരുന്നു. ദീർഘകാലം മുഴുസമയ സേവനത്തിൽ തുടരാൻ ആഗ്രഹമുണ്ടെങ്കിൽ കുട്ടികൾ ഇല്ലാതിരിക്കുന്നതാണ്‌ ഏറെ സൗകര്യം എന്ന്‌ അവർ പറഞ്ഞിരുന്നു. ഞാൻ ഇക്കാര്യത്തെ കുറിച്ച്‌ ഷാൻ-ബാറ്റിസ്റ്റുമായി സംസാരിച്ചു. അദ്ദേഹം അതു സമ്മതിച്ചു. ഞങ്ങൾ വിവാഹിതരായി. മക്കളുണ്ടെങ്കിൽ വയസ്സാകുമ്പോൾ അവർ തങ്ങളെ സംരക്ഷിച്ചുകൊള്ളുമെന്ന്‌ ആളുകൾ വിശ്വസിക്കുന്നു. എന്നാൽ ഇപ്പോൾ കാലം മാറിയിരിക്കുകയാണ്‌. നിരാശപ്പെടേണ്ടി വന്നിട്ടുള്ള നിരവധി മാതാപിതാക്കളെ എനിക്കറിയാം. പക്ഷേ എനിക്കോ ഷാൻ-ബാറ്റിസ്റ്റിനോ ഒരു തരത്തിലും നിരാശപ്പെടേണ്ടി വന്നിട്ടില്ല.

വർഷങ്ങളിൽ ഉടനീളം, ഒട്ടേറെ ആളുകൾ സത്യത്തിൽ വരുന്നതു ഞങ്ങൾ കണ്ടിട്ടുണ്ട്‌. സ്വന്തം കുടുംബത്തെ കുറിച്ച്‌ എനിക്കു വിശേഷാൽ സന്തോഷമുണ്ട്‌. പപ്പയെയും മമ്മയെയും മാത്രമല്ല എന്റെ നാലു സഹോദരന്മാരെയും ഒരു സഹോദരിയെയും കൂടെ സത്യം സ്വീകരിക്കുന്നതിനു സഹായിക്കാൻ എനിക്കു കഴിഞ്ഞിരിക്കുന്നു.

“സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു” എന്ന്‌ സങ്കീർത്തനം 68:11 പറയുന്നു. നമ്മൾ സഹോദരിമാർക്ക്‌ വലിയൊരു ഉത്തരവാദിത്വം ഉണ്ടെന്നും അതു നിർവഹിക്കാനായി നമ്മളാൽ കഴിയുന്നതെന്തും നാം ചെയ്യണമെന്നും ആണ്‌ അതിനർഥം. അതിൽ ഒരു പങ്കുണ്ടായിരിക്കാൻ എന്നെ അനുവദിച്ചിരിക്കുന്നതിൽ ഞാൻ യഹോവയോടു വളരെ നന്ദിയുള്ളവളാണ്‌.

[240-ാം പേജിലെ ചതുരം]

ആത്മീയ ആഹാരം പരിഭാഷപ്പെടുത്തുന്നു

കോംഗോയിലെ ഔദ്യോഗിക ഭാഷ ഫ്രഞ്ച്‌ ആണെങ്കിലും കിൻഷാസയിലും കോംഗോ നദീതീരത്ത്‌ ഉടനീളവും സംസാരിക്കപ്പെടുന്ന പ്രധാന ഭാഷ ലിംഗാലയാണ്‌. ലിംഗാല പദസമ്പുഷ്ടമായ ഒരു ഭാഷയല്ലെങ്കിലും വളരെ അർഥവത്തായ ചില പ്രയോഗങ്ങൾ അതിന്‌ സ്വന്തമായുണ്ട്‌. ഉദാഹരണത്തിന്‌, “അനുതപിക്കുക” എന്നതിന്റെ തത്തുല്യ ലിംഗാല പ്രയോഗം കോബോങ്‌ഗോലാ മോട്ടെമാ എന്നാണ്‌, അതിന്റെ അക്ഷരാർഥമാകട്ടെ “ഹൃദയത്തെ മറിക്കുക” എന്നും. ഹൃദയവും വികാരങ്ങളുമായി ബന്ധമുള്ള മറ്റൊരു പ്രയോഗം കോക്കിറ്റിസാ മോട്ടെമാ ആണ്‌, ഇതിന്റെ അക്ഷരാർഥം “ഹൃദയത്തെ താഴെവെക്കുക” അഥവാ “ശാന്തനാകുക” എന്നും.

വീക്ഷാഗോപുരം ലിംഗാലയിലേക്കു പരിഭാഷപ്പെടുത്താൻ തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകളായി. ഇന്ന്‌ കോംഗോയിൽ ഉറൂണ്ട്‌, എങ്‌ഗ്‌ബാക്കാ, ഒട്ടെട്ടേല, കിനാൻഡേ, കിപ്പെൻഡേ, കിലുബ, കിസോങ്‌ഗേ, കിറ്റൂബാ, ചിലൂബ, മാഷി, മോണോക്കുട്ടൂബ, ലിംഗാല, ലിങ്‌ഗോംബേ, ലോമോങ്‌ഗോ, സ്വാഹിലി (കോംഗോ) എന്നീ സംസാരഭാഷകളിലേക്കു പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തുന്നുണ്ട്‌.

[247-ാം പേജിലെ ചതുരം]

ശാരീരിക അവശത ഗണ്യമാക്കാതെ തീക്ഷ്‌ണതയോടെ

ഇരുപതു വയസ്സുള്ള റിഷാർ 15 വർഷമായി ശരീരം തളർന്ന്‌ കിടപ്പിലാണ്‌. തല മാത്രമേ അവന്‌ ചലിപ്പിക്കാൻ കഴിയൂ. എന്നിരുന്നാലും 1997 ജനുവരിയിൽ അവൻ സ്‌നാപനമേൽക്കാത്ത പ്രസാധകനായി. തന്നെ കാണാൻ വരുന്നവരോട്‌ റിഷാർ എപ്പോഴും സാക്ഷീകരിക്കും. തികഞ്ഞ ബോധ്യത്തോടെയാണ്‌ അവൻ സംസാരിക്കുന്നത്‌. അവൻ മാസത്തിൽ ശരാശരി പത്തു മണിക്കൂർ സാക്ഷീകരണം നടത്തുന്നു. 1998 ഏപ്രിൽ 12-ന്‌ വീടിന്‌ അടുത്തുളള ഒരു അരുവിയിൽ അവൻ സ്‌നാപനമേറ്റു, സ്‌നാപനസ്ഥലത്തേക്ക്‌ ഒരു സ്‌ട്രെച്ചറിൽ കിടത്തി അവനെ ചുമന്നുകൊണ്ടു പോകുകയായിരുന്നു. ഇപ്പോൾ അവന്‌ യോഗങ്ങൾക്കു പതിവായി ഹാജരാകാൻ കഴിയുന്നുണ്ട്‌. ഇതിനുപുറമേ അവൻ ഒരു ബന്ധുവിനെ സത്യം പഠിപ്പിക്കുന്നുമുണ്ട്‌. അയാൾ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുകയും നല്ല പുരോഗതി വരുത്തുകയും ചെയ്യുന്നുണ്ട്‌. ശാരീരികമായി ദുർബലനെങ്കിലും ദൈവാത്മാവ്‌ ഈ സഹോദരനെ ശക്തനാക്കിയിരിക്കുന്നു.

[248-ാം പേജിലെ ചതുരം]

“ലോകത്തിന്റെ ഭാഗമല്ല”

ഒരു ദിവസം സ്‌കൂളിൽവെച്ച്‌ ഓരോ വിദ്യാർഥിയോടും ക്ലാസ്സിനു മുമ്പാകെ വന്നുനിന്ന്‌ ദേശീയ ഗാനം പാടാൻ അധ്യാപകൻ ആവശ്യപ്പെട്ടപ്പോൾ 12 വയസ്സുകാരി എസ്റ്റെർ ഒന്നു പകച്ചുപോയി. തന്റെ ഊഴം വന്നപ്പോൾ, തനിക്ക്‌ അതു ചെയ്യാൻ കഴിയില്ലെന്ന്‌ അവൾ വിനയപൂർവം അധ്യാപകനെ അറിയിച്ചു. പിന്നീട്‌ സംഭവിച്ചത്‌ എന്താണെന്ന്‌ എസ്റ്റെർ വിവരിക്കുന്നു:

“സാറിനു ദേഷ്യംവന്നു. വേറെ ഏതെങ്കിലും പാട്ടു പാടട്ടെ എന്നു ഞാൻ ചോദിച്ചു. സാർ സമ്മതിച്ചു. ‘ലോകത്തിന്റെ ഭാഗമല്ല’ എന്ന പാട്ടു ഞാൻ പാടി. പാട്ടു തീർന്നപ്പോൾ ക്ലാസ്സിലെ എല്ലാ കുട്ടികളോടും കയ്യടിക്കാൻ സാർ പറഞ്ഞു. എല്ലാവരും കയ്യടിച്ചു.

“ക്ലാസ്സ്‌ തീർന്നപ്പോൾ അദ്ദേഹം എന്നെ അടുത്തേക്കു വിളിച്ചു. ആ പാട്ട്‌ വളരെ ഇഷ്ടമായെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു, പ്രത്യേകിച്ചും അതിന്റെ വരികൾ. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: ‘നിങ്ങൾ യഹോവയുടെ സാക്ഷികൾ ശരിക്കും ലോകത്തിൽനിന്നു വേറിട്ടവരാണെന്ന്‌ എനിക്കു മനസ്സിലാക്കാൻ കഴിയുന്നു. ക്ലാസ്സിലെ കുട്ടിയുടെ പെരുമാറ്റവും അത്‌ വ്യക്തമാക്കുന്നുണ്ട്‌.’

“എന്റെ സഹപാഠികളിൽ ഒരാൾക്കും വലിയ മതിപ്പു തോന്നി. അവൾ എന്നോട്‌ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, ഞാൻ ഉത്തരവും കൊടുത്തു. വർഷാവസാനം ഞങ്ങൾക്കു പിരിയേണ്ടി വന്നു. പക്ഷേ പുതിയ താമസസ്ഥലത്ത്‌ യഹോവയുടെ സാക്ഷികൾ ആരെങ്കിലും ഉണ്ടോയെന്ന്‌ അന്വേഷിക്കണമെന്ന്‌ ഞാൻ അവളോടു പറഞ്ഞു. അവൾ അതു ചെയ്‌തു. ഇന്ന്‌ അവൾ നമ്മുടെ ഒരു സഹോദരിയാണ്‌.”

[251-ാം പേജിലെ ചതുരം]

സത്യസന്ധത ദൈവത്തിന്‌ ബഹുമതി കരേറ്റുന്നു

ഒരു സഹോദരന്‌ ഫാക്ടറിയിലായിരുന്നു ജോലി. ഒരു ദിവസം, അദ്ദേഹത്തോടൊപ്പം ഒരേ ഷിഫ്‌റ്റിൽ ജോലി ചെയ്‌തിരുന്നവർ എന്തോ അബദ്ധം കാണിച്ചതുമൂലം അവർ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്ന ഉപകരണത്തിനു കേടുപറ്റി. എല്ലാ ജോലിക്കാരെയും പിരിച്ചുവിടാൻ ഡയറക്ടർ തീരുമാനിച്ചു. അയാൾ അവർക്ക്‌ ശമ്പളം നൽകി പറഞ്ഞുവിട്ടു. വീട്ടിൽ തിരിച്ചെത്തിയ സഹോദരൻ തനിക്ക്‌ 500 ഫ്രാങ്ക്‌ (വെറും ഒരു യു.എ⁠സ്‌. ഡോളറിലും അൽപ്പം കൂടുതൽ) അധികം കിട്ടിയിരിക്കുന്നതായി ശ്രദ്ധിച്ചു. ആ പണം തിരികെ കൊടുക്കാനായി അദ്ദേഹം ഫാക്ടറിയിൽ മടങ്ങിച്ചെന്നു. ഒരു സാക്ഷ്യം നൽകാൻ അദ്ദേഹം ആ സന്ദർഭം വിനിയോഗിച്ചു. സഹോദരന്റെ സത്യസന്ധതയിൽ അങ്ങേയറ്റം മതിപ്പു തോന്നിയ ഡയറക്ടർ അദ്ദേഹത്തോടു ജോലിയിൽ തുടരാൻ ആവശ്യപ്പെട്ടു.

[176, 177 പേജുകളിലെ ചാർട്ട്‌/ഗ്രാഫ്‌]

കോംഗോ (കിൻഷാസ) സുപ്രധാന സംഭവങ്ങൾ

1932: കോംഗോയിലേക്ക്‌ യഹോവയുടെ സാക്ഷികളെ അയയ്‌ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

1940

1949: യഹോവയുടെ സാക്ഷികളുടെ മേലുള്ള അനൗദ്യോഗിക നിരോധനത്തെ സ്ഥിരീകരിക്കുന്ന ഒരു ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

1960

1960: കോംഗോയ്‌ക്കു സ്വാതന്ത്ര്യം ലഭിക്കുന്നു, മതസഹിഷ്‌ണുതയുടേതായ ഒരു കാലഘട്ടം ആരംഭിക്കുന്നു.

1962: ലിയോപോൾഡ്‌വില്ലേയിൽ (ഇന്നത്തെ കിൻഷാസ) ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിതമാകുന്നു. ആദ്യത്തെ മിഷനറിമാർ എത്തുന്നു.

1966: യഹോവയുടെ സാക്ഷികൾക്കു നിയമപരമായ അംഗീകാരം ലഭിക്കുന്നു.

1971: നിയമപരമായ അംഗീകാരം പിൻവലിക്കപ്പെടുന്നു.

1980

1980: നിയമപരമായ അംഗീകാരം വീണ്ടും ലഭിക്കുന്നു.

1986: യഹോവയുടെ സാക്ഷികൾ നിരോധിക്കപ്പെടുന്നു.

1990: മതസ്വാതന്ത്ര്യം അനൗദ്യോഗി കമായി അംഗീകരിക്കപ്പെടുന്നു.

1993: 1986-ലെ നിരോധനം സുപ്രീം കോടതി അസാധുവാക്കുന്നു. പുതിയ ബ്രാഞ്ചിന്റെ നിർമാണം ആരംഭിക്കുന്നു.

2000

2003: കോംഗോ-കിൻഷാസയിൽ 1,22,857 പ്രസാധകർ സജീവമായി പ്രവർത്തിക്കുന്നു.

[ഗ്രാഫ്‌]

(പ്രസിദ്ധീകരണം കാണുക)

മൊത്തം പ്രസാധകർ

മൊത്തം പയനിയർമാർ

1,20,000

80,000

40,000

1940 1960 1980 2000

[169-ാം പേജിലെ മാപ്പുകൾ]

സുഡാൻ

മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്‌

കോംഗോ റിപ്പബ്ലിക്ക്‌

ബ്രസാവിൽ

കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്‌

ഐസിറോ

ബൂംബാ

കോംഗോ നദി

കിസാങ്‌ഗാനി

ഗോമാ

ബൂക്കാവൂ

ബാൻഡൂൻഡൂ

കിൻഷാസ

കാസൈ

കെങ്‌ഗെ

കിക്ക്‌വിറ്റ്‌

മാറ്റാഡി

കനാങ്‌ഗ

മ്‌ബൂജി-മൈയി

കാറ്റാങ്‌ഗാ

കാമിനാ

ല്വേനാ

കോൾവേസി

ലിക്കാസി

ലൂബൂംബാഷി

അംഗോള

സാംബിയ

[162-ാം പേജിലെ ചിത്രം]

[185-ാം പേജിലെ ചിത്രം]

ഏലെൻ ഹോയ്‌സെയും എർണെസ്റ്റ്‌ ഹോയ്‌സെയും മകൾ ഡാൻയെല്ലും കിൻഷാസയിൽ, 1960-കളിൽ

[186-ാം പേജിലെ ചിത്രങ്ങൾ]

“പുതിയ ലോക സമുദായത്തിന്റെ സന്തോഷം” എന്ന ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്ന, അന്താരാഷ്‌ട്ര കൺവെൻഷനുകളിൽ നടന്ന സ്‌നാപനങ്ങളുടെ രംഗങ്ങൾ കോംഗോക്കാരായ ഒട്ടേറെ കാണികളിൽ മതിപ്പുളവാക്കി

[199-ാം പേജിലെ ചിത്രം]

മാഡ്‌ലെൻ കിസ്സലും ജൂല്യൻ കിസ്സലും

[205-ാം പേജിലെ ചിത്രം]

രാജ്യത്ത്‌ ഉടനീളം ലളിതമായ യോഗസ്ഥലങ്ങൾ നിർമിച്ചു

[207-ാം പേജിലെ ചിത്രം]

കിൻഷാസയിലെ ബ്രാഞ്ച്‌ ഓഫീസ്‌, 1965

[208-ാം പേജിലെ ചിത്രം]

1967-ൽ കോൾവേസിയിൽ നടന്ന സമ്മേളനം

[209-ാം പേജിലെ ചിത്രം]

മോശമായ റോഡുകൾ യാത്ര ദുസ്സഹമാക്കിത്തീർത്തു

[221-ാം പേജിലെ ചിത്രം]

1980-ൽ കിൻഷാസയിൽ നടന്ന “ദിവ്യ സ്‌നേഹ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ, എട്ടു വർഷത്തിനുള്ളിൽ അവിടെ നടക്കുന്ന ആദ്യത്തെ വലിയ കൺവെൻഷൻ ആയിരുന്നു ഇത്‌

[223-ാം പേജിലെ ചിത്രം]

സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സംബന്ധിക്കാൻ പലർക്കും ആഹാരസാധനങ്ങളും ഒക്കെ കൊണ്ട്‌ ദിവസങ്ങളോളം കാൽനടയായി യാത്ര ചെയ്യേണ്ടിവരുന്നു

[228-ാം പേജിലെ ചിത്രം]

1985 ഡിസംബറിൽ, ഒരു കടുത്ത നിരോധനം ഏർപ്പെടുത്തപ്പെടുന്നതിനു വെറും മൂന്നു മാസം മുമ്പ്‌, കിൻഷാസയിൽ “നിർമലതാപാലകർ” കൺവെൻഷൻ നടത്തുന്നു

[230-ാം പേജിലെ ചിത്രം]

നിരോധന കാലത്ത്‌, നമ്മുടെ സഹോദരങ്ങൾക്ക്‌ തടവുശിക്ഷയും മൃഗീയ മർദനവും സഹിക്കേണ്ടിവന്നു

[235-ാം പേജിലെ ചിത്രം]

സഞ്ചാര മേൽവിചാരകനായ സക്കറിയ ബെലെമോ സുഡാനിൽനിന്നുള്ള ഒരു കൂട്ടം അഭയാർഥി സഹോദരങ്ങളെ സന്ദർശിക്കുന്നു

[237-ാം പേജിലെ ചിത്രങ്ങൾ]

രാജ്യത്തെ മോശമായ റോഡുക ളിലൂടെ സാഹിത്യങ്ങൾ കൊണ്ടു പോകാൻ ബലിഷ്‌ഠമായ വാഹനങ്ങൾ തന്നെ വേണം

[238-ാം പേജിലെ ചിത്രം]

കോംഗോ-കിൻഷാസയിലെ ശുശ്രൂഷാ പരിശീലന സ്‌കൂളിന്റെ ആദ്യ ക്ലാസ്സ്‌, 1995-ൽ

[241-ാം പേജിലെ ചിത്രം]

സേബാസ്റ്റ്യാൻ ജോൺസനും ഭാര്യ ഗിസെലായും

[243-ാം പേജിലെ ചിത്രം]

കിൻഷാസയിലെ ഈ മിഷനറി ഭവനത്തിൽ പന്ത്രണ്ടു മിഷനറിമാർ താമസിക്കുന്നു

[244, 245 പേജുകളിലെ ചിത്രങ്ങൾ]

1998-ൽ, യൂറോപ്പിൽനിന്ന്‌ എത്തിച്ച ദുരിതാശ്വാസ സാമഗ്രികൾ ആവശ്യക്കാർക്കു വിതരണം ചെയ്‌തു

[246-ാം പേജിലെ ചിത്രങ്ങൾ]

ഇലുങ്‌ഗ കനാമ (താഴെ ഇടത്ത്‌), മാസെല മിറ്റെലെസി (ഇടത്ത്‌, ഉൾച്ചിത്രം) എന്നിവരെ പോലുള്ള സഞ്ചാര മേൽവിചാരകന്മാർ യുദ്ധബാധിത പ്രദേശ ങ്ങളിൽ പല വെല്ലുവിളികൾ നേരിടുന്നു

[252, 253 പേജുകളിലെ ചിത്രങ്ങൾ]

(1) കിൻഷാസ ബെഥേൽ

(2-4) അടുത്തകാലത്തു നിർമിക്കപ്പെട്ട രാജ്യഹാളുകൾ

(5) രാജ്യഹാൾ നിർമാണത്തിൽ സഹായിക്കുന്ന ഒരു സഹോദരൻ

[254-ാം പേജിലെ ചിത്രം]

ബ്രാഞ്ച്‌ കമ്മിറ്റി, ഇടത്തുനിന്ന്‌: പീറ്റർ വിൽഹെം, ബെഞ്ചമിൻ ബാൻഡിവിലാ, ക്രിസ്റ്റ്യൻ ബേലോട്ടി, ഡേവിഡ്‌ നാവെജ്‌, ഡെൽഫാൻ കാവൂസാ, റോബർട്ട്‌ എലോങ്‌ഗോ, സേബാസ്റ്റ്യാൻ ജോൺസൻ, ഊനോ നിൽസോൻ