കോംഗോ റിപ്പബ്ലിക്ക് (ബ്രസാവിൽ)
കോംഗോ റിപ്പബ്ലിക്ക് (ബ്രസാവിൽ)
തുറന്നുവെച്ച ആ പാഴ്‌സലിലേക്ക് ഏറ്റ്യെൻ അതിശയത്തോടെ നോക്കിക്കൊണ്ടിരുന്നു. അതിനുള്ളിലെ പുസ്‌തകത്തിന്റെ പർപ്പിൾ നിറത്തിലുള്ള പുറംചട്ടയിൽ “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന ശീർഷകം വെട്ടിത്തിളങ്ങി. അത് അദ്ദേഹത്തിനുള്ളതാണെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. കാരണം മേൽവിലാസം അദ്ദേഹത്തിന്റേതായിരുന്നു: ഏറ്റ്യെൻ എങ്കോയുവെങ്കോയു, ബാംഗ്വിയിലെ ഒരു ഗവൺമെന്റ് വകുപ്പിന്റെ ചീഫ് ഡ്രാഫ്‌റ്റ്‌സ്‌മാൻ, ഫ്രഞ്ച് ഇക്വറ്റോറിയൽ ആഫ്രിക്ക. പക്ഷേ അദ്ദേഹം ആ പുസ്‌തകം ആവശ്യപ്പെട്ടിരുന്നില്ല. വാച്ച് ടവർ, സ്വിറ്റ്‌സർലൻഡ് എന്ന മടക്ക മേൽവിലാസം അദ്ദേഹത്തിനു പരിചയമുണ്ടായിരുന്നുമില്ല. എന്നാൽ ആ പുസ്‌തകത്തിൽ വിവരിച്ചിരുന്ന ബൈബിൾ സത്യം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോവുകയായിരുന്നു, അദ്ദേഹത്തിന് അന്ന് അത് അറിയില്ലായിരുന്നെങ്കിലും. ആ സത്യം അദ്ദേഹത്തിന്റെ നാട്ടുകാരായ മറ്റ് ആയിരക്കണക്കിന് ആഫ്രിക്കക്കാരെ വ്യാജമതത്തിന്റെയും ഗോത്രപരമായ മുൻവിധികളുടെയും നിരക്ഷരതയുടെയും പിടിയിൽനിന്നു സ്വതന്ത്രരാക്കുകയും ചെയ്യുമായിരുന്നു. ദേശത്തു വരാനിരുന്ന രാഷ്‌ട്രീയ അത്യാഹ്ലാദത്തിന്റെയും തുടർന്നുണ്ടാകാനിരുന്ന നിരാശയുടെയും തിരത്തള്ളലിൽപ്പെട്ട് ഒഴുകിപ്പോകാതിരിക്കാൻ അത് അനേകരെ സഹായിക്കുമായിരുന്നു. വേദനാജനകമായ സംഭവങ്ങളുടെ സമയത്ത് അത് ആത്മവിശ്വാസവും പ്രത്യാശയും പകരുമായിരുന്നു. സ്വന്തം ജീവിതം പണയപ്പെടുത്തിക്കൊണ്ട് മറ്റുള്ളവരുടെ സഹായത്തിനെത്താൻ അത് ദൈവഭയമുള്ള വ്യക്തികളെ പ്രേരിപ്പിക്കുമായിരുന്നു. ഈ സംഭവവികാസങ്ങളെ കുറിച്ചുള്ള വിവരണം നിങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും പകരും. എന്നാൽ, ഏറ്റ്യെൻ അടുത്തതായി എന്തു ചെയ്‌തു എന്നു കാണുന്നതിനു മുമ്പ് തന്റെ സ്വദേശമായി അദ്ദേഹം കണക്കാക്കിയ ആഫ്രിക്കൻ നാടിനെ പറ്റിയുള്ള ചില പശ്ചാത്തല വിവരങ്ങൾ നമുക്കു പരിചിന്തിക്കാം.
ക്രിസ്റ്റഫർ കൊളംബസ് 1492-ൽ അമേരിക്കകളിലേക്കുള്ള തന്റെ വിഖ്യാത സമുദ്രയാത്ര നടത്തുന്നതിന് ഒരു ദശകം മുമ്പാണ് ദിയാഗോ കാവോയുടെ നേതൃത്വത്തിൽ പോർച്ചുഗീസ് നാവികർ മധ്യാഫ്രിക്കയിൽ കോംഗോ നദീമുഖത്ത് എത്തിയത്. തങ്ങളുടെ കപ്പലിൽ വന്നലച്ചുകൊണ്ടിരിക്കുന്ന നദീജലം അയ്യായിരത്തോളം കിലോമീറ്റർ ദൂരം താണ്ടിയെത്തിയതാണെന്ന കാര്യം അവർക്ക് അറിയില്ലായിരുന്നു.
പോർച്ചുഗീസുകാർ തദ്ദേശീയരുമായി, സമ്പദ്‌സമൃദ്ധമായ കോംഗോ രാജ്യത്തിലെ നിവാസികളുമായി, പരിചയത്തിലായി. തുടർന്ന് നൂറുകണക്കിനു വർഷങ്ങളിൽ, ആനക്കൊമ്പിലും അടിമകളിലും തത്‌പരരായിരുന്ന പോർച്ചുഗീസുകാരും മറ്റു യൂറോപ്യൻ കച്ചവടക്കാരും ആഫ്രിക്കയിലെ തീരദേശവാസികളുമായി ഇടപാടുകൾ നടത്തി. 1800-കളുടെ അവസാനത്തിലാണ് യൂറോപ്യന്മാർ ഉൾനാടൻ പ്രദേശങ്ങളിലേക്കു കടന്നുചെന്നത്. ഈ പ്രദേശത്ത് പര്യവേക്ഷണം നടത്തിയ ഏറ്റവും പ്രമുഖരായ വ്യക്തികളിൽ ഒരാളായിരുന്നു പ്യെർ സാവോർന്യാ ദെ ബ്രാസാ. ഫ്രഞ്ച് നാവികസേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 1880-ൽ ബ്രാസാ, ദേശത്തെ രാജാക്കന്മാരിൽ ഒരാളുമായി, കോംഗോ നദിയുടെ വടക്കുള്ള പ്രദേശം ഫ്രഞ്ച് സംരക്ഷണത്തിൽ കൊണ്ടുവരുന്ന ഒരു കരാറിൽ ഒപ്പുവെച്ചു. പിന്നീട് ആ പ്രദേശം ഫ്രഞ്ച് ഇക്വറ്റോറിയൽ ആഫ്രിക്ക ആയിത്തീർന്നു. ബ്രസാവിൽ ആയിരുന്നു അതിന്റെ തലസ്ഥാനം.
ഇന്ന്, കോംഗോ റിപ്പബ്ലിക്കിന്റെ തലസ്ഥാനവും അവിടത്തെ ഏറ്റവും വലിയ നഗരവുമാണ് ബ്രസാവിൽ. കോംഗോ നദിയുടെ കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. കടലിൽ പതിക്കുന്നതിനു മുമ്പുള്ള 400 കിലോമീറ്റർ ദൂരത്തിന്റെ ഏറിയ പങ്കും കോംഗോ നദി ഉരുളൻ പാറകളുടെയും ഉന്തിനിൽക്കുന്ന പാറക്കെട്ടുകളുടെയും മീതെ ആർത്തലച്ച് ഒഴുകുന്നു. പര്യവേക്ഷണത്തിനിടയിൽ കാവോ തന്റെ കപ്പലിനു നങ്കൂരമിട്ടത് കോംഗോ നദി കടലുമായി സംഗമിക്കുന്ന ആ നദീമുഖത്താണ്. ബ്രസാവിലിൽനിന്ന് നദിയുടെ മറുകരയിലേക്കു നോക്കിയാൽ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിന്റെ തലസ്ഥാനനഗരിയായ കിൻഷാസയിലെ കെട്ടിടങ്ങൾ ആകാശത്തിന്റെ പശ്ചാത്തലത്തിൽ തലയുയർത്തി നിൽക്കുന്നതു കാണാം. ഇരു രാജ്യങ്ങളും നദിയുടെ പേരു സ്വീകരിച്ചിരിക്കുന്നതിനാൽ അവയെ സാധാരണമായി കോംഗോ-ബ്രസാവിൽ എന്നും കോംഗോ-കിൻഷാസ എന്നും വിളിക്കുന്നു.
നദീമുഖത്തിന് അരികെയുള്ള കുത്തൊഴുക്കുകളും വെള്ളച്ചാട്ടങ്ങളും, നദിയിലൂടെ അറ്റ്‌ലാന്റിക്ക് സമുദ്രത്തിലേക്കു പ്രവേശിക്കുന്നത് അസാധ്യമാക്കുന്നു. എന്നിരുന്നാലും, ബ്രസാവിലിനെ
പ്വാന്ത്-ന്വാർ എന്ന തുറമുഖ നഗരവുമായി ബന്ധിപ്പിക്കാൻ ഒരു റെയിൽപ്പാതയുണ്ട്. കോംഗോ നിവാസികളിൽ മിക്കവരും ഈ രണ്ടു നഗരങ്ങളിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലുമായാണ് വസിക്കുന്നത്. കുറെക്കൂടെ വടക്കോട്ടു മാറിയും ചില തീരദേശ പട്ടണങ്ങളും നഗരങ്ങളും കാണാവുന്നതാണ്. എങ്കിലും ഉഷ്‌ണ കാലാവസ്ഥയുള്ള, വനനിബിഡമായ ഈ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ജനവാസം നന്നേ കുറവാണ്.സത്യം ആളുകളെ സ്വതന്ത്രരാക്കാൻ തുടങ്ങുന്നു
ഇനി നമുക്ക് ഏറ്റ്യെന്റെ ജീവിതകഥയിലേക്കു തിരിച്ചുപോകാം. അദ്ദേഹത്തിനു തപാലിലൂടെ ആ പുസ്‌തകം ലഭിച്ചത് 1947-ലാണ്. പുസ്‌തകം ലഭിച്ച അന്നുതന്നെ ഏറ്റ്യെൻ ആദ്യത്തെ ഏതാനും അധ്യായങ്ങൾ വായിക്കുകയും അയൽക്കാരിൽ ഒരാളുമായി ആ വിവരങ്ങൾ ചർച്ച ചെയ്യുകയും ചെയ്‌തു. അതിലെ സത്യത്തിന്റെ ധ്വനി ഇരുവരും തിരിച്ചറിഞ്ഞു, പിറ്റേ ഞായറാഴ്‌ച തങ്ങളോടൊത്ത് ആ പുസ്‌തകം വായിച്ച് തിരുവെഴുത്തുകൾ പരിശോധിക്കാനായി അവർ ചില സുഹൃത്തുക്കളെ ക്ഷണിച്ചു. വന്നവർക്കെല്ലാം തങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ നന്നേ ഇഷ്ടമായി, പിറ്റേ ഞായറാഴ്‌ച വീണ്ടും കൂടിവരാൻ അവർ നിശ്ചയിച്ചു. രണ്ടാമത്തെ യോഗത്തിൽ, ഓഗുവെസ്റ്റാൻ ബായോൺ എന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനും സംബന്ധിച്ചിരുന്നു. ഏറ്റ്യെനെപ്പോലെ അദ്ദേഹവും ബ്രസാവിൽ സ്വദേശിയായിരുന്നു. ഓഗുവെസ്റ്റാനും യഥാർഥ സ്വാതന്ത്ര്യം കൈവരുത്തുന്ന സത്യം തീക്ഷ്‌ണതയോടെ പ്രചരിപ്പിക്കാൻ തുടങ്ങി.
പിറ്റേ ആഴ്‌ച ഏറ്റ്യെന് രണ്ടു കത്തുകൾ ലഭിച്ചു. കാമറൂണിലുള്ള ഒരു പരിചയക്കാരന്റേതായിരുന്നു ഒരു കത്ത്. ഏറ്റ്യെന് മതത്തിലുള്ള താത്‌പര്യത്തെ കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. താൻ ഏറ്റ്യെന്റെ പേര് വാച്ച് ടവർ സൊസൈറ്റിയുടെ സ്വിറ്റ്‌സർലൻഡ് ഓഫീസിലേക്ക് അയച്ചുകൊടുത്തതായി അദ്ദേഹം എഴുതിയിരുന്നു. രണ്ടാമത്തെ കത്ത് സ്വിറ്റ്‌സർലൻഡിൽനിന്ന് ഉള്ളതായിരുന്നു. ഏറ്റ്യെന്റെ പേരിൽ ഒരു പുസ്‌തകം അയയ്‌ക്കുന്നതായി അതിൽ പറഞ്ഞിരുന്നു. കൂടാതെ അതു വായിക്കാനും കുടുംബക്കാരും സുഹൃത്തുക്കളുമായും അതിലെ വിവരങ്ങൾ പങ്കുവെക്കാനും കത്തിൽ പ്രോത്സാഹിപ്പിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാൻ ഫ്രാൻസിലെ ഒരു മേൽവിലാസവും അതിൽ നൽകിയിരുന്നു. ആ പുസ്‌തകം തനിക്കു ലഭിക്കാനിടയായത് എങ്ങനെയെന്ന് ഇപ്പോൾ ഏറ്റ്യെനു മനസ്സിലായി. താമസിയാതെ അദ്ദേഹം ഫ്രാൻസിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുമായി പതിവായി കത്തിടപാടുകൾ നടത്താൻ തുടങ്ങി.
ഏതാനും വർഷങ്ങൾക്കുള്ളിൽ ഏറ്റ്യെനും ഓഗുവെസ്റ്റാനും ബ്രസാവിലിലേക്കു തിരിച്ചുപോയി. എന്നാൽ അതിനു മുമ്പ് ബ്രസാവിലിലെ തന്റെ ഒരു പരിചയക്കാരനായ റ്റിമോറ്റേ മിയെമൂന്വായ്‌ക്ക് ഏറ്റ്യെൻ ഒരു കത്തയച്ചിരുന്നു. ഒരു ടെക്‌നിക്കൽ സ്‌കൂളിന്റെ ഡീൻ ആയിരുന്നു റ്റിമോറ്റേ. കത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു: “നാം പിൻപറ്റിക്കൊണ്ടിരിക്കുന്നത് സത്യത്തിന്റെ മാർഗം അല്ല എന്നു താങ്കളെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യഹോവയുടെ സാക്ഷികളുടെ പക്കലാണ് സത്യം ഉള്ളത്.” താൻ പഠിച്ച കാര്യങ്ങൾ ഏറ്റ്യെൻ വിശദീകരിച്ചു. “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന പുസ്‌തകവും അദ്ദേഹം കത്തിനോടൊപ്പം വെച്ചിരുന്നു. ഏറ്റ്യെനെയും ഓഗുവെസ്റ്റാനെയും പോലെ റ്റിമോറ്റേയും ബൈബിൾ സന്ദേശത്തോട് അനുകൂലമായി പ്രതികരിച്ചു. ബൈബിൾ സത്യം ആദ്യമായി സ്വീകരിച്ച മൂന്നു കോംഗോക്കാർ ഇവരായിരുന്നു. ഇവരിൽ ഓരോരുത്തരും മറ്റനേകരെ അതിനു സഹായിക്കുന്നതിൽ തുടർന്നു.
സായാഹ്നങ്ങളിൽ ബൈബിൾ ചർച്ചകളിൽ സംബന്ധിക്കാൻ ടെക്‌നിക്കൽ സ്‌കൂളിൽ താമസിച്ചു പഠിച്ചിരുന്ന വിദ്യാർഥികളെ റ്റിമോറ്റേ ക്ഷണിച്ചു. കൂടുതലായ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ
ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കത്തെഴുതുകയും ചെയ്‌തു. ആ കൂട്ടം യോഗങ്ങൾ നടത്താനും തങ്ങളെക്കൊണ്ട് കഴിയുന്ന വിധത്തിൽ പ്രസംഗവേലയിൽ ഏർപ്പെടാനും തുടങ്ങി. നോയെ മിക്വിസാ, സിമോൻ മാംപൂയാ തുടങ്ങിയ ചില വിദ്യാർഥികൾ പിന്നീട് യഹോവയുടെ സംഘടനയിൽ മേൽവിചാരക പദവികൾ വഹിച്ചു.ബാംഗ്വിയിലും ബ്രസാവിലിലും ഉണ്ടായിരുന്ന താത്‌പര്യക്കാരുടെ ചെറിയ കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കാനായി തെക്കൻ റൊഡേഷ്യയിൽ (ഇന്നത്തെ സിംബാബ്‌വേ) താമസിച്ചിരുന്ന എറിക്ക് കുക്ക് എന്ന മിഷനറി 1950-ൽ അവരെ സന്ദർശിച്ചു. എന്നാൽ കുക്ക് സഹോദരന് ഫ്രഞ്ച് വശമില്ലായിരുന്നു. ഏറ്റ്യെൻ അനുസ്‌മരിക്കുന്നു: “തന്റെ കൊച്ച് ഇംഗ്ലീഷ്-ഫ്രഞ്ച് ഡിക്‌ഷനറി ഉപയോഗിച്ച്, രാജ്യപ്രസംഗ വേലയെയും ദിവ്യാധിപത്യ സംഘടനയെയും കുറിച്ച് ഞങ്ങൾക്കു വിവരിച്ചു തരാൻ വിനയാന്വിതനും അനുകമ്പയുള്ളവനുമായ ഈ സഹോദരൻ തന്നാലാവുംവിധം ശ്രമിച്ചു. ചിലപ്പോൾ, അദ്ദേഹം പറയുന്നത് എന്താണെന്ന് ഞങ്ങൾ ഊഹിച്ചെടുക്കണമായിരുന്നു.”
വിലക്കുകൾ ഏർപ്പെടുത്തുന്നു
കുക്ക് സഹോദരന്റെ സന്ദർശനം തികച്ചും സമയോചിതമായിരുന്നു. കാരണം 1950 ജൂലൈ 24-ന് അധിനിവേശ അധികാരികളുടെ ഹൈക്കമ്മീഷണർ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന ഏതു സാഹിത്യവും ഇറക്കുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്കുകൾ ഏർപ്പെടുത്തി. പിറ്റേ വർഷം, ഫ്രഞ്ച് ഇക്വറ്റോറിയൽ ആഫ്രിക്കയിലെ പ്രസാധകർ 468 പരസ്യയോഗങ്ങൾ നടത്തിയെങ്കിലും വെറും ആറു സാഹിത്യങ്ങളേ സമർപ്പിക്കാൻ സാധിച്ചുള്ളൂ. യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1952-ൽ, സഹോദരങ്ങളോടുള്ള സഹാനുഭൂതിയും അനുകമ്പയും പ്രകടമായിരുന്നു. അതിൽ ഇങ്ങനെ പറഞ്ഞിരുന്നു: “അങ്ങിങ്ങായി വെറും 37 രാജ്യപ്രസാധകരുള്ള, വിസ്‌തൃതമായ ഒരു ദേശത്ത് ആയിരിക്കുന്നതിനെ കുറിച്ച് സങ്കൽപ്പിക്കുക. സ്വന്തം പട്ടണത്തിലുള്ള ഏതാനും പേരെയല്ലാതെ സജീവമായി പ്രവർത്തിക്കുന്ന വേറെ ഒരു സാക്ഷിയെ പോലും സാധ്യതയനുസരിച്ച് നിങ്ങൾ കണ്ടിട്ടില്ല. സത്യത്തെയും
സാക്ഷീകരണം നടത്തേണ്ട വിധത്തെയും കുറിച്ച് ആകെ അറിയാവുന്നത് പ്രസിദ്ധീകരണങ്ങളിൽനിന്നും സൊസൈറ്റിക്ക് എത്തിച്ചുതരാൻ കഴിഞ്ഞ ഏതാനും കത്തുകളിൽനിന്നും വായിച്ച കാര്യങ്ങൾ മാത്രം. ഫ്രഞ്ച് അധീനതയിലുള്ള ആഫ്രിക്കയിലെ സഹോദരങ്ങളുടെ അവസ്ഥ [ഇതാണ്].”പിന്നീട് കൂട്ടത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പരിശീലനം നൽകാനുമായി ഫ്രാൻസിൽനിന്ന് ഷാക്ക് മിഷെൽ എത്തി. ടെക്‌നിക്കൽ സ്‌കൂൾ വിദ്യാർഥികളിൽ ഒരാളായ നോയെ മിക്വിസാ, തങ്ങളുടെ മനസ്സിലുണ്ടായിരുന്ന ഒരു ചോദ്യം അനുസ്‌മരിക്കുന്നു. അവർ ചോദിച്ചു: “വീഞ്ഞു കുടിക്കുന്നത് നിഷിദ്ധമാണോ?” എല്ലാ കണ്ണുകളും മിഷെൽ സഹോദരന്റെ മേൽ പതിഞ്ഞു. അദ്ദേഹം ബൈബിൾ തുറന്ന് സങ്കീർത്തനം 104:15 വായിച്ചു. തുടർന്ന്, വീഞ്ഞ് ദൈവത്തിൽനിന്നുള്ള ഒരു ദാനമാണെന്നും എന്നാൽ ക്രിസ്‌ത്യാനികൾ അതിന്റെ ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്നും മിഷെൽ വിവരിച്ചു.
ബ്രസാവിലിൽ പുതുതായി സ്‌നാപനമേറ്റ സഹോദരങ്ങൾ മറ്റുള്ളവരോടു തീക്ഷ്‌ണതയോടെ സാക്ഷീകരിച്ചു. വാരാന്തങ്ങളിൽ അവർ നദി കടന്ന് കിൻഷാസയിൽ പ്രസംഗപ്രവർത്തനം നടത്തുക പതിവായിരുന്നു. 1952-ൽ നദിയുടെ തെക്കുഭാഗത്തുനിന്നുള്ള ആദ്യത്തെ കോംഗോക്കാരൻ സ്‌നാപനമേറ്റു. പ്രാരംഭ നാളുകളിൽ കിൻഷാസയിലുള്ളവരെ സഹായിക്കാനായി ബ്രസാവിലിൽനിന്നുള്ള സഹോദരങ്ങൾ വളരെയധികം ചെയ്‌തു. പിൽക്കാലത്ത് അതു തിരിച്ചാകുമായിരുന്നു.
സഹോദരന്മാർ 1954 ഡിസംബറിൽ ബ്രസാവിലിൽ ഒരു സമ്മേളനം സംഘടിപ്പിച്ചു. അതിൽ 650 പേർ പങ്കെടുക്കുകയും 70 പേർ സ്‌നാപനമേൽക്കുകയും ചെയ്‌തു. സത്യം കൂടുതൽ കൂടുതൽ ആളുകളെ വ്യാജ മതത്തിന്റെ പിടിയിൽനിന്ന് സ്വതന്ത്രരാക്കുകയായിരുന്നു. ക്രൈസ്‌തവമണ്ഡലത്തിലെ മതനേതാക്കന്മാർ ഇതിൽ സന്തുഷ്ടരായിരുന്നില്ല, അവർ ഗവൺമെന്റ് അധികാരികളെ യഹോവയുടെ സാക്ഷികൾക്കെതിരെ തിരിക്കാൻ പ്രയത്‌നിച്ചുകൊണ്ടിരുന്നു. റ്റിമോറ്റേ മിയെമൂന്വാ സാക്ഷികളുടെ നേതാവാണെന്നു ധരിച്ച പോലീസ് അദ്ദേഹത്തെ കൂടെക്കൂടെ സ്റ്റേഷനിലേക്കു വിളിപ്പിക്കുമായിരുന്നു. അവർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്‌തു. ഇതൊന്നും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയില്ല, ബ്രസാവിലിലെ മറ്റു യഹോവയുടെ ജനത്തെയും അത് ഭയപ്പെടുത്തിയില്ല. ബൈബിൾ സത്യത്തിലുള്ള താത്‌പര്യം തുടർന്നും വ്യാപിച്ചുകൊണ്ടിരുന്നു.
അധികാരികൾ അപ്പോൾ കൂടുതലായ നടപടികൾ കൈക്കൊണ്ടു. റ്റിമോറ്റേ മിയെമൂന്വായും സത്യം സ്വീകരിച്ച, ടെക്‌നിക്കൽ സ്‌കൂളിലെ മുൻ വിദ്യാർഥികളിൽ ഒരാളായിരുന്ന ആരോൻ ഡിയാമോനിക്കായും ഗവൺമെന്റ് ജീവനക്കാരായിരുന്നു. 1955-ൽ ഗവൺമെന്റ് അവരെ രാജ്യത്തിന്റെ ഉൾപ്രദേശത്തുള്ള വിദൂര നഗരങ്ങളിലേക്കു സ്ഥലം മാറ്റി, റ്റിമോറ്റേയെ ജാംബാലായിലേക്കും ആരോനെ ഇംഫോൻഡോയിലേക്കും. പ്രസംഗപ്രവർത്തനത്തെ അട്ടിമറിക്കാനുള്ള ആ ശ്രമം പക്ഷേ ദയനീയമായി പരാജയപ്പെട്ടു. ബ്രസാവിലിലെ സഹോദരങ്ങൾ തങ്ങളുടെ പ്രവർത്തനം തീക്ഷ്‌ണതയോടെ മുന്നോട്ടുകൊണ്ടുപോകവേ, റ്റിമോറ്റേയും ആരോനും തങ്ങൾ ചെന്നെത്തിയ പുതിയ പ്രദേശങ്ങളിൽ പ്രസംഗപ്രവർത്തനം തുടങ്ങുകയും അവിടെ സഭകൾ സ്ഥാപിക്കുകയും ചെയ്‌തു. സഹോദരങ്ങൾ തീക്ഷ്‌ണതയോടെ പ്രവർത്തിച്ചിരുന്നെങ്കിലും മറ്റു രാജ്യങ്ങളിലെ സഹോദരങ്ങളിൽനിന്നുള്ള സഹായത്തിനായി അവർ അതിയായി കാംക്ഷിച്ചിരുന്നു. അത് അവർക്ക് ഉടനെ ലഭിക്കുകയും ചെയ്യുമായിരുന്നു.
1956 മാർച്ചിൽ ഫ്രാൻസിൽനിന്ന് ആദ്യത്തെ നാലു മിഷനറിമാർ എത്തി: ഷാൻ സാനിയോബോസും ഭാര്യ ഇഡായും ക്ലോഡ് ഡൂപ്പാന്റും ഭാര്യ സീമോനും. 1957 ജനുവരിയിൽ ഫ്രഞ്ച് ഇക്വറ്റോറിയൽ ആഫ്രിക്കയിലെ സാക്ഷീകരണ വേലയ്‌ക്കു മേൽനോട്ടം വഹിക്കാനുള്ള ഒരു ബ്രാഞ്ച് ഓഫീസ് ബ്രസാവിലിൽ സ്ഥാപിതമായി. സാനിയോബോസ് സഹോദരൻ ബ്രാഞ്ച് ദാസനായി നിയുക്തനായി. അതു കഴിഞ്ഞ് അധികം താമസിയാതെ ഒരു വലിയ ദുരന്തമുണ്ടായി. ഷാനിന്റെ ഭാര്യ ഇഡാ ഒരു കാറപകടത്തിൽ മരിച്ചു, ഇരുവരും ഇന്നത്തെ മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിലെ സഭകൾ സന്ദർശിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഷാൻ തന്റെ നിയമനത്തിൽ തുടർന്നു.
ഉൾപ്രദേശങ്ങളിലേക്ക്
ഈ സമയമായപ്പോഴേക്കും ഓഗുവെസ്റ്റാൻ ബായോൺ ഒരു സർക്കിട്ട് മേൽവിചാരകനായിത്തീർന്നിരുന്നു. ഓഗുവെസ്റ്റാൻ വനാന്തരങ്ങളിലുള്ള ഗ്രാമങ്ങളും അതുപോലെ രാജ്യത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള പിഗ്മികളുടെ താവളങ്ങളും സന്ദർശിച്ചു. അദ്ദേഹം മിക്കപ്പോഴും, വളരെ ദൂരം നടക്കാറുണ്ടായിരുന്നതിനാൽ ആ പ്രദേശത്തുള്ളവരൊക്കെ അദ്ദേഹത്തെ ‘സദാ നടക്കുന്ന മനുഷ്യൻ’ എന്നാണു വിളിച്ചിരുന്നത്. ഇടയ്‌ക്ക് ഷാൻ സാനിയോബോസും ബായോൺ സഹോദരനോടൊപ്പം പോകുമായിരുന്നു. ഭൂമധ്യരേഖാ വനങ്ങളിൽ ഏറെ ഉള്ളിലായി വസിക്കുന്ന ആളുകൾ തങ്ങൾ ചെല്ലുന്ന വിവരം അറിഞ്ഞിരുന്നതു കണ്ട് ഷാൻ അത്ഭുതപ്പെട്ടു. “സദാ നടക്കുന്ന മനുഷ്യൻ ഒരു വെള്ളക്കാരനോടൊപ്പം വരുന്നുണ്ട്” എന്ന സന്ദേശം ചെണ്ടകൊട്ടിലൂടെ കൈമാറപ്പെട്ടിരുന്നു.
ഈ യാത്രകൾ അനവധി നല്ല ഫലങ്ങൾ കൈവരുത്തി. മുമ്പ്, യഹോവയുടെ സാക്ഷികൾ കോംഗോ-ബ്രസാവിലിൽ മാത്രമേ ഉള്ളൂ എന്ന് ആളുകൾ പറഞ്ഞിരുന്നു. സാനിയോബോസ് സഹോദരന്റെയും മറ്റു മിഷനറിമാരുടെയും സാന്നിധ്യവും അതുപോലെ പുതിയലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്) എന്ന ഫിലിമിന്റെ പ്രദർശനവും അതു തെറ്റാണെന്നു തെളിയിച്ചു.
ബൈബിൾ സത്യം രാജ്യത്തിന്റെ ഉൾപ്രദേശത്തുള്ള നിരവധി ഗ്രാമങ്ങളിലേക്ക് വ്യാപിക്കുകയും ആളുകളെ ആത്മവിദ്യാചാരങ്ങളിൽനിന്നും ഗോത്ര ഭിന്നിപ്പുകളിൽനിന്നും സ്വതന്ത്രരാക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ഈ പ്രദേശങ്ങളിലെ പല സഹോദരങ്ങളും നിരക്ഷരരായിരുന്നു. അവർക്ക് വാച്ച് ഇല്ലാതിരുന്നതിനാൽ യോഗങ്ങൾക്കു പോകേണ്ട സമയം തിട്ടപ്പെടുത്തിയിരുന്നത് സൂര്യന്റെ സ്ഥാനം നോക്കിയാണ്. ചെറിയ കമ്പുകൾ ഉപയോഗിച്ചാണ് അവർ വയൽശുശ്രൂഷയിൽ ചെലവഴിച്ച സമയം കണക്കുകൂട്ടിയിരുന്നത്. ഓരോ വ്യക്തിയോടു സാക്ഷീകരണം നടത്തുമ്പോഴും അവർ ഒരു കമ്പ് തൂവാലയിൽ പൊതിഞ്ഞുവെക്കും. അങ്ങനെ നാലു കമ്പ് ആകുമ്പോൾ ഒരു മണിക്കൂർ ആയെന്നർഥം. ഈ മാർഗത്തിലൂടെ അവർക്ക് ഓരോ മാസത്തിന്റെയും അവസാനം വയൽസേവന റിപ്പോർട്ട് നൽകാൻ കഴിഞ്ഞിരുന്നു. വാസ്‌തവത്തിൽ സഹോദരങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിലും വളരെയധികം മണിക്കൂറുകൾ സാക്ഷീകരണം നടത്തിയിരുന്നു, കാരണം മറ്റുള്ളവരുമായുള്ള അവരുടെ സംഭാഷണങ്ങളുടെ പ്രധാന വിഷയം സത്യം ആയിരുന്നു.
നിയമപരമായ സംഭവവികാസങ്ങളും രാഷ്‌ട്രീയ മാറ്റങ്ങളും
യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന സാഹിത്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് 1950-ൽ വിലക്ക് ഏർപ്പെടുത്തിയിരുന്ന കാര്യം ഓർക്കുന്നുണ്ടാകുമല്ലോ. നാം കണ്ടുകഴിഞ്ഞതുപോലെ ശിഷ്യരാക്കൽ വേല നിറുത്തലാക്കാൻ അതിനു കഴിഞ്ഞില്ല. നിരാശരായ ക്രൈസ്‌തവലോക പുരോഹിതന്മാർ സാക്ഷികൾക്കെതിരെ ഭരണാധികാരികൾക്ക് പരാതി നൽകി, യഹോവയുടെ സാക്ഷികൾ കമ്മ്യൂണിസ്റ്റുകാരാണെന്ന് അവർ വ്യാജമായി ആരോപിച്ചു. തത്‌ഫലമായി 1956-ലെ ഒരു വ്യാഴാഴ്‌ച, രാവിലെ അഞ്ചു മണിക്ക് പത്തു സഹോദരന്മാർ അറസ്റ്റു ചെയ്യപ്പെട്ടു. വാർത്ത കാട്ടുതീ പോലെ പടർന്നു; മതവൈരികൾ ആഹ്ലാദിച്ചു. അന്നേ ദിവസംതന്നെയായിരുന്നു വിചാരണ. വിചാരണ കേൾക്കാൻ എത്തിയ സഹോദരങ്ങളെക്കൊണ്ട് കോടതിമന്ദിരം തിങ്ങിനിറഞ്ഞിരുന്നു.
നോയെ മിക്വിസാ വിവരിക്കുന്നു: “ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരല്ലെന്നും മറിച്ച് മത്തായി 24:14-ൽ പറഞ്ഞിരിക്കുന്ന കാര്യം നിവർത്തിക്കുന്ന ദൈവദാസരായ ക്രിസ്‌ത്യാനികളാണെന്നും വിചാരണവേളയിൽ ഞങ്ങൾ തെളിയിച്ചു. നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായിച്ചിട്ടുണ്ടായിരുന്ന ഞങ്ങളുടെ അഭിഭാഷകൻ, എല്ലാവരും യഹോവയുടെ സാക്ഷികളെ പോലെ ആണെങ്കിൽ നിയമലംഘകർ ഉണ്ടായിരിക്കില്ലെന്ന് കോടതിയോടു പറഞ്ഞു. അന്ന് ഉച്ചയ്‌ക്കുശേഷംതന്നെ വിധി പ്രസ്‌താവിക്കപ്പെട്ടു: യഹോവയുടെ സാക്ഷികൾ ‘കുറ്റക്കാരല്ല.’ സന്തോഷംകൊണ്ടു മതിമറന്ന ഞങ്ങൾ വസ്‌ത്രം മാറ്റാനായി വീടുകളിലേക്കു തിരക്കിട്ടുപോയി, കാരണം അന്നു വൈകിട്ട് സഭായോഗം ഉണ്ടായിരുന്നു. ഞങ്ങളെ അറസ്റ്റു ചെയ്‌ത വാർത്ത നഗരത്തിലാകെ പരന്നിരുന്നു, ഞങ്ങൾ സ്വതന്ത്രരാണെന്ന് എല്ലാവരെയും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. യോഗത്തിൽ ഞങ്ങൾ രാജ്യഗീതങ്ങൾ കഴിയുന്നത്ര ഉച്ചത്തിൽ പാടി. അതു കേട്ട പലരും അത്ഭുതസ്‌തബ്ധരായി. ഞങ്ങൾ ജയിലിലായിരിക്കുമെന്നാണ് അവർ പ്രതീക്ഷിച്ചത്.”
തുടർന്ന്, 1960 ആഗസ്റ്റ് 15-ന് കോംഗോ റിപ്പബ്ലിക്ക് സ്വാതന്ത്ര്യം നേടി. രാഷ്‌ട്രീയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ക്രൈസ്‌തവമണ്ഡലത്തിലെ വൈദികർ ഈ സംഭവങ്ങളിൽ സജീവമായി ഉൾപ്പെട്ടുകൊണ്ടിരിക്കെ, യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രസംഗവേലയിൽ തുടർന്നു. 1960-ൽ മൊത്തം 3,716 പേർ ബ്രസാവിലിൽ നടന്ന ഒരു സർക്കിട്ട് സമ്മേളനത്തിൽ സംബന്ധിച്ചു. വടക്കുഭാഗത്ത്, ആളുകൾ സഭകളിലേക്കു കൂട്ടത്തോടെ വന്നുകൊണ്ടിരുന്നു. ഉദാഹരണത്തിന് 70 പ്രസാധകർ മാത്രമുണ്ടായിരുന്ന ഒരു പ്രദേശത്ത് ഏതാണ്ട് 1,000 പേർ സഭായോഗങ്ങളിൽ സംബന്ധിച്ചു.
സാക്ഷികൾ 1961 ഡിസംബറിൽ ലേ റ്റേംവെൻ ഡെ ഷേവോവ എന്ന പേരിൽ ഒരു നിയമ സമിതി രജിസ്റ്റർ ചെയ്‌തു. നിയമപരമായ അംഗീകാരം ചില നേട്ടങ്ങൾ കൈവരുത്തിയെങ്കിലും അത്തരം കാര്യങ്ങളെ പൂർണമായി ആശ്രയിക്കുന്നതു ബുദ്ധിയല്ലെന്നു സഹോദരങ്ങൾക്ക് അറിയാമായിരുന്നു. അധികം താമസിയാതെ ഉണ്ടായ അനുഭവം സാനിയോബോസ് സഹോദരൻ വിവരിക്കുന്നു: “ഒരു ദിവസം സുരക്ഷാ വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ എന്നെ വിളിപ്പിച്ചു. നമ്മുടെ ക്രിസ്‌തീയ നിഷ്‌പക്ഷത കുറ്റകരമായി കണ്ട അദ്ദേഹം എന്നെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തി. അതു ചെയ്യാൻ അധികാരമുണ്ടായിരുന്നതിനാൽ അദ്ദേഹം പറഞ്ഞതുപോലെ പ്രവർത്തിക്കുമോ എന്ന് എനിക്കു ഭയമുണ്ടായിരുന്നു. എന്നാൽ പിറ്റേന്ന് ഹൃദയസ്‌തംഭനം മൂലം അദ്ദേഹം മരിച്ചു.”
മിഷനറി ജീവിതം 1960-കളിൽ
1963 ഫെബ്രുവരിയിൽ, ഫ്രെഡ് ലൂക്കസും മാക്‌സ് ഡാനിലെയ്‌ക്കോയും ഹെയ്‌റ്റിയിൽനിന്ന് എത്തി. വിവാഹശേഷം ഫ്രെഡ് ഒരു സർക്കിട്ട് മേൽവിചാരകനായി സേവിച്ചു. ആദ്യമൊക്കെ, സഭകൾ സന്ദർശിക്കവേ ഒരേ കുടുംബത്തിലെ അംഗങ്ങളെ തിരിച്ചറിയാൻ അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടായിരുന്നു. അദ്ദേഹം അനുസ്‌മരിക്കുന്നു: “മൂപ്പന്മാരുടെ ഭാര്യമാർ ആരെന്നും കുട്ടികൾ ആരെന്നും എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. സഹോദരങ്ങൾ മധ്യാഫ്രിക്കയിലെ ഒരു നാട്ടുനടപ്പ് പിൻപറ്റിപ്പോന്നിരുന്നതാണ് കാരണം. അവിടെ, വിവാഹശേഷവും
ഭാര്യമാർ അവരുടെ കുടുംബനാമങ്ങൾക്കു മാറ്റം വരുത്തുമായിരുന്നില്ല, കുട്ടികളുടെ പേരിനൊപ്പം ഒരു ബന്ധുവിന്റെയോ കുടുംബസുഹൃത്തിന്റെയോ കുടുംബനാമമാണ് ചേർത്തിരുന്നത്.“സന്ദർശനം തുടങ്ങി ആദ്യ ദിവസം വൈകിട്ട് രാജ്യഹാളിൽ പോയപ്പോൾ സഹോദരങ്ങൾക്കു ഞങ്ങളോടു സംസാരിക്കാൻ നാണവും മടിയും ഉള്ളതായി കാണപ്പെട്ടു. യോഗം ആരംഭിച്ചപ്പോൾ അസാധാരണമായ ഒരു കാര്യം ഞങ്ങൾ ശ്രദ്ധിച്ചു. സഹോദരന്മാരും മുതിർന്ന ആൺകുട്ടികളും ഹാളിന്റെ ഒരു ഭാഗത്തും ചെറിയ കുട്ടികളും സഹോദരിമാരും മറുഭാഗത്തും ആണ് ഇരുന്നിരുന്നത്. സഹോദരന്മാർ ഇരുന്ന വശം ഏതാണ്ട് തിങ്ങിനിറഞ്ഞിരുന്നു, സഹോദരിമാരുടെ വശത്താകട്ടെ വളരെ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളൂ. യോഗം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ കൂടുതൽ സഹോദരിമാർ തങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പം എത്തിച്ചേർന്നു, ബൈബിളും പുസ്‌തകങ്ങളും കൈകൊണ്ട് തൊടാതെ വളരെ വിദഗ്‌ധമായി തലയിൽ ചുമന്ന്.
“സഭയെ അഭിവാദ്യം ചെയ്യാനും എന്നെയും ഭാര്യയെയും പരിചയപ്പെടുത്താനുമായി ഞാൻ പ്ലാറ്റ്‌ഫോമിലേക്കു ചെന്നു. ഊഷ്‌മളമായ സ്വാഗതമരുളിയശേഷം ഞാൻ ഒന്നു നിറുത്തി, എന്നിട്ട് ഹാളിൽ പുരുഷന്മാർ ഇരുന്നിരുന്ന ഭാഗത്തേക്കു നോക്കിക്കൊണ്ട് പറഞ്ഞു: ‘സഹോദരന്മാരേ, ഒരു പത്തു മിനിട്ടു സമയമെടുത്ത് നിങ്ങളുടെ ഭാര്യമാരെയും മക്കളെയും കണ്ടുപിടിക്കാമോ? ഇനിമുതൽ ദയവായി ലോകമെമ്പാടുമുള്ള യഹോവയുടെ മുഴു ജനവും ചെയ്യുന്നതുപോലെ കുടുംബം ഒരുമിച്ചിരിക്കാൻ ശ്രദ്ധിക്കുക.’ അത് അനുസരിക്കാൻ അവർക്ക് സന്തോഷമായിരുന്നു.”
പൊതുവാഹനങ്ങളിൽ സഞ്ചരിക്കുന്നതിനും അതിന്റേതായ വെല്ലുവിളികൾ ഉണ്ടായിരുന്നു. ലൂക്കസ് സഹോദരന്റെ ഭാര്യ ലിയാ അനുസ്‌മരിക്കുന്നു: “കൊച്ചു മടക്കുകട്ടിലുകൾ, ഒരു കൊതുകുവല, ബക്കറ്റ്, വാട്ടർ ഫിൽറ്ററുകൾ, വസ്‌ത്രങ്ങൾ, പുസ്‌തകങ്ങൾ, മാസികകൾ, ബൈബിളധിഷ്‌ഠിത ഫിലിമുകൾ എന്നിവയെല്ലാം കൊണ്ടാണ് ഞങ്ങൾ പോയിരുന്നത്. ഫിലിം പ്രദർശിപ്പിക്കാൻ ഇലക്‌ട്രിക്ക് കോർഡ്, ബൾബുകൾ, ഫിലിം റീലുകൾ, സ്‌ക്രിപ്‌റ്റുകൾ, ഒരു കൊച്ചു ജനറേറ്റർ, പെട്രോൾ നിറച്ച ഒരു കാൻ എന്നിവയും കൂടെ കൊണ്ടുപോകണമായിരുന്നു. ഇവയെല്ലാം ഞങ്ങൾ പോകുന്ന ട്രക്കുകളിൽത്തന്നെയാണ് കൊണ്ടുപോയിരുന്നത്. ഡ്രൈവറുടെ ക്യാബിനിൽ സീറ്റ് കിട്ടണമെങ്കിൽ വെളുപ്പിന് രണ്ടു മണിക്ക് സ്റ്റോപ്പിൽ എത്തണം. ഇല്ലെങ്കിൽ ട്രക്കിന്റെ പിന്നിൽ വെയിലുംകൊണ്ട് മൃഗങ്ങളുടെയും സാധനസാമഗ്രികളുടെയും മറ്റു യാത്രക്കാരുടെയും ഇടയിൽ ഞെങ്ങിഞെരുങ്ങി ഇരിക്കേണ്ടി വരുമായിരുന്നു.
“ഒരിക്കൽ, മണിക്കൂറുകളോളം പൊരിവെയിലത്ത് നടന്ന് തിരിച്ചെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് ഞങ്ങൾ താമസിച്ചിരുന്ന മണ്ണുകൊണ്ടുള്ള കൊച്ചു കുടിൽ പട്ടാള ഉറുമ്പുകളുടെ ആക്രമണത്തിന് ഇരയായിരിക്കുന്നതാണ്. ഞങ്ങൾ എത്തിയപ്പോഴേക്കും ചില അതിക്രമങ്ങൾ നടത്തിയശേഷം അവ സ്ഥലം വിട്ടിരുന്നു. വെള്ളം നിറച്ചുവെക്കുന്ന ഒരു ബക്കറ്റിനു മുകളിൽ കയറി, സ്വന്തശരീരങ്ങൾകൊണ്ട് ഒരു പാലംതീർത്ത് അവ, ഞങ്ങൾ വാങ്ങിവെച്ചിരുന്ന മാർജറിന്റെ ഒരു കൊച്ചു ടിന്നിൽ കയറിപ്പറ്റി അതു മൊത്തം കാലിയാക്കിയിരുന്നു. അന്നു രാത്രി അത്താഴത്തിനു ഞങ്ങൾ കഴിച്ചത് വെറുതെ മൊരിച്ചെടുത്ത
ഏതാനും റൊട്ടിക്കഷണങ്ങളും ടിന്നിൽ വാങ്ങാൻ കിട്ടുന്ന കുറച്ചു മത്തിയുമാണ്. ക്ഷീണിതരായി അൽപ്പം സ്വാനുതാപത്തോടെയാണ് ഞങ്ങൾ ഉറങ്ങാൻ കിടന്നത്. വെളിയിൽ തീയ്‌ക്കരികിലിരുന്ന് സഹോദരങ്ങൾ മന്ദസ്വരത്തിൽ രാജ്യഗീതങ്ങൾ പാടുന്നുണ്ടായിരുന്നു. ആ പാട്ടുകൾ കേട്ടുകേട്ടങ്ങനെ ഉറങ്ങാൻ എന്തു രസമായിരുന്നു!”വിശ്വസ്‌തരായ മിഷനറിമാരും പ്രാദേശിക മൂപ്പന്മാരും
കോംഗോ-ബ്രസാവിലിൽ 1956 മുതൽ 1977 വരെ 20-ലധികം മിഷനറിമാർ സേവിച്ചു. അവരെ സംബന്ധിച്ചിടത്തോളം ജീവിതം എല്ലായ്‌പോഴും ആയാസരഹിതമായിരുന്നില്ലെങ്കിലും ഓരോരുത്തരും രാജ്യപ്രസംഗ വേലയ്‌ക്കായി മൂല്യവത്തായ സംഭാവന ചെയ്‌തു. ഉദാഹരണത്തിന്, ബ്രാഞ്ച് ദാസന്മാരായി സേവിച്ചിരുന്ന എല്ലാവരും മിഷനറിമാർ ആയിരുന്നു. 1962-ൽ സാനിയോബോസ് സഹോദരൻ ഫ്രാൻസിലേക്കു തിരിച്ചുപോയപ്പോൾ പ്രസംഗവേലയ്‌ക്കു മേൽനോട്ടം വഹിക്കാൻ ലാറി ഹോംസ് നിയമിതനായി. 1965-ൽ ലാറിയും ഭാര്യ ഓഡ്രിയും മിഷനറി സേവനം വിട്ടപ്പോൾ ലൂക്കസ് സഹോദരൻ ബ്രാഞ്ച് ദാസനായി.
ഒട്ടേറെ പ്രാദേശിക സഹോദരന്മാരും നേതൃത്വമെടുക്കുന്നതിൽ മുന്തിയ മാതൃക വെച്ചു. 1976-ൽ ബ്രാഞ്ച് കമ്മിറ്റി ക്രമീകരണം നിലവിൽ വന്നപ്പോൾ ഭരണ സംഘം മൂന്നു സഹോദരന്മാരെ അതിൽ അംഗങ്ങളായി നിയമിച്ചു: മിഷനറിമാരായ ജാക്ക് യോഹാൻസൻ, പാലെ ബ്യെർ എന്നിവരെയും പ്രാദേശിക സഹോദരന്മാരിൽ ഒരാളായ മാർസെലാൻ എങ്‌ഗോളോയെയും.
‘സദാ നടക്കുന്ന മനുഷ്യൻ’ എന്ന് അറിയപ്പെട്ടിരുന്ന ഓഗുവെസ്റ്റാൻ ബായോൺ 1962-ൽ ഗിലെയാദിന്റെ 37-ാമത്തെ ക്ലാസ്സിൽ സംബന്ധിച്ചു. ബിരുദമെടുത്തശേഷം അദ്ദേഹം മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിലേക്കു പോയി, ഏകദേശം 15 വർഷം മുമ്പ് “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന പുസ്‌തകം അദ്ദേഹം വായിക്കാനിടയായ സ്ഥലത്തേക്ക്. കാലാന്തരത്തിൽ ഓഗുവെസ്റ്റാൻ വിവാഹിതനായി,
പിതാവായി. അദ്ദേഹം ബ്രസാവിലിലേക്കു മടങ്ങി. അവിടെ അദ്ദേഹം ക്രിസ്‌തീയ യോഗങ്ങൾ നടത്താൻ തന്റെ വീട് വിട്ടുകൊടുത്തു. പിന്നീട് അദ്ദേഹം തന്റെ സ്ഥലത്തിന്റെ ഒരു ഭാഗം രാജ്യഹാൾ പണിയുന്നതിനു സംഭാവന ചെയ്‌തു. അവിടെ ഒരു രാജ്യഹാൾ നിർമിക്കപ്പെട്ടു.ഓഗുവെസ്റ്റാൻ ബായോണും റ്റിമോറ്റേ മിയെമൂന്വായും ഇപ്പോൾ ജീവിച്ചിരിപ്പില്ല. മരണത്തിനു മുമ്പ് റ്റിമോറ്റേ തന്റെ ചില അനുഭവങ്ങൾ എഴുതിവെച്ചിരുന്നു. “നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു” എന്ന എബ്രായർ 10:39-ലെ വാക്കുകളോടെയാണ് അദ്ദേഹം തന്റെ വിവരണം ഉപസംഹരിച്ചത്. കോംഗോയിൽ ആദ്യം സത്യം സ്വീകരിച്ച മൂവരിൽ ഒരാളായ ഏറ്റ്യെൻ എങ്കോയുവെങ്കോയുവിന് ഇന്ന് 90-നോടടുത്ത് പ്രായമുണ്ട്. വിശ്വസ്‌ത സേവനത്തിന്റെ എത്ര നല്ല മാതൃകകളാണ് ഈ സഹോദരന്മാർ!
പരിശോധനയുടെ ഒരു കാലഘട്ടം
കോംഗോ റിപ്പബ്ലിക്ക് 1970 ആഗസ്റ്റിൽ ഒരു കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനു രൂപംനൽകി. മുൻ വർഷങ്ങളിൽ അധികാരികൾ സഹോദരങ്ങളെ കമ്മ്യൂണിസ്റ്റുകാർ എന്ന് ആരോപിച്ച് പീഡിപ്പിച്ചിരുന്ന കാര്യം ഓർക്കുന്നുണ്ടാകുമല്ലോ. എന്നാൽ കമ്മ്യൂണിസ്റ്റ് ഭരണം നിലവിൽ വന്നപ്പോൾ, സഹോദരങ്ങൾ കമ്മ്യൂണിസ്റ്റുകാർ അല്ല എന്നതായിരുന്നു പുതിയ അധികാരികൾ കണ്ടെത്തിയ കുറ്റം!
എങ്കിലും ഒരു കാലഘട്ടത്തേക്ക് പുതിയ ഗവൺമെന്റ് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിൽ ഇടപെട്ടില്ല. കൺവെൻഷനുകളും യോഗങ്ങളും പരസ്യമായി നടത്താൻ സാധിച്ചിരുന്നു, പുതിയ മിഷനറിമാർക്ക് രാജ്യത്തേക്കു വരാൻ അനുവാദം ലഭിച്ചിരുന്നു. എന്നിരുന്നാലും കാലാന്തരത്തിൽ സഹോദരങ്ങൾക്ക് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ദുഷ്‌ഫലങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. ആദ്യം ചില അധികാരികൾ, മിഷനറിമാർ ചാരപ്രവർത്തനം നടത്തുകയാണെന്ന് ആരോപിച്ചു. പിന്നീട് 1977 ജനുവരി 3-ന് യഹോവയുടെ
സാക്ഷികളുടെ പ്രവർത്തനം ഔദ്യോഗികമായി നിരോധിക്കപ്പെട്ടു. മിഷനറിമാരെ ഓരോരുത്തരെയായി രാജ്യത്തിനു പുറത്താക്കി. ഒടുവിൽ ജാക്ക് യോഹാൻസനും ഭാര്യ ലിൻഡയും മാത്രം ശേഷിച്ചു. ഈ കാലഘട്ടത്തെ കുറിച്ച് ജാക്ക് പറയുന്നു: “മിഷനറി സേവനത്തിനിടയിൽ ഞങ്ങളുടെ വിശ്വാസം ഏറ്റവുമധികം പരിശോധിക്കപ്പെടുകയും ഏറ്റവുമധികം ശക്തീകരിക്കപ്പെടുകയും ചെയ്‌ത സമയമായിരുന്നു ബ്രാഞ്ച് ഓഫീസിൽ ഒറ്റയ്‌ക്കു ചെലവഴിച്ച ആ ഏതാനും മാസങ്ങൾ. അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്കു വേണ്ടി ചാരപ്രവൃത്തി നടത്തുന്നവരാണ് ഞങ്ങൾ എന്നു സംശയിക്കപ്പെട്ടിരുന്നു. മതനേതാക്കൾ ഉൾപ്പെടെ ഗവൺമെന്റിന്റെ ശത്രുക്കളെ അറസ്റ്റു ചെയ്യുകയും വധിക്കുകയും ചെയ്‌തിരുന്നു. തത്‌ഫലമായി ഞങ്ങൾ വലിയ അപകടത്തിലാണെന്നു ഞങ്ങൾക്കറിയാമായിരുന്നു. എങ്കിലും യഹോവയുടെ സംരക്ഷണാത്മകമായ കരങ്ങൾ ഞങ്ങളെ വലയം ചെയ്‌തിരുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു, അത് ഞങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തി.”ജാക്കിനെയും ലിൻഡയെയും രാജ്യത്തു തുടരാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് നോയെ മിക്വിസാ പ്രധാനമന്ത്രിക്ക് അപേക്ഷ സമർപ്പിച്ചു. അപേക്ഷ നിരസിക്കപ്പെട്ടു; അവർക്കു രാജ്യം വിടേണ്ടിവന്നു. ബ്രാഞ്ച് കെട്ടിടവും രാജ്യഹാളുകളും കണ്ടുകെട്ടി, ബ്രാഞ്ച് ഓഫീസ് അടച്ചുപൂട്ടി. കുറച്ചു കാലത്തേക്കു പ്രസംഗവേലയ്‌ക്കു മേൽനോട്ടം വഹിച്ചതു ഫ്രാൻസ് ബ്രാഞ്ച് ആയിരുന്നു, പിന്നീട് ആ ചുമതല കിൻഷാസയിലെ ബ്രാഞ്ച് ഓഫീസിനെ ഏൽപ്പിച്ചു.
ചില വിലക്കുകൾ ഉണ്ടായിരുന്നെങ്കിലും മറ്റു ദേശങ്ങളിലെ സാക്ഷികൾക്ക് അനുഭവിക്കേണ്ടിവന്നതരം കടുത്ത പീഡനങ്ങൾ ഇവിടത്തെ സഹോദരങ്ങൾ നേരിട്ടിരുന്നില്ല. എങ്കിലും ചില സഹോദരങ്ങളെ ഭയം പിടികൂടി, ആ ഭയം മറ്റുള്ളവരിലേക്കും പടർന്നു. സഹോദരങ്ങൾ അപ്പോഴും പതിവായി യോഗങ്ങൾ നടത്തുന്നുണ്ടായിരുന്നെങ്കിലും വീടുതോറുമുള്ള ശുശ്രൂഷ ഏതാണ്ട് നിലച്ച മട്ടായിരുന്നു. അതുകൊണ്ട് സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും ശക്തീകരിക്കാനുമായി കിൻഷാസയിലെ ബ്രാഞ്ച് ഓഫീസ് മൂപ്പന്മാരെ അവിടേക്ക് അയച്ചു.
ഈ മൂപ്പന്മാരിൽ ഒരാളായിരുന്നു ആൻഡ്രേ കിറ്റൂലാ. 1981 ജൂണിൽ ഒരു സർക്കിട്ട് മേൽവിചാരകനെന്ന നിലയിൽ അദ്ദേഹം ബ്രസാവിലിലെ 12 സഭകൾ സന്ദർശിക്കാൻ തുടങ്ങി. നഗരത്തിലെ ആദ്യത്തെ സഭ സന്ദർശിച്ചപ്പോൾ അദ്ദേഹം ഒരു സംഗതി നിരീക്ഷിച്ചു. സഹോദരങ്ങൾ ചൊവ്വാഴ്‌ചത്തെ ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂളിലും സേവനയോഗത്തിലും പങ്കെടുത്തെങ്കിലും ബുധനാഴ്‌ച രാവിലെ വയൽസേവന യോഗത്തിന് ആരും എത്തിയില്ല. ആൻഡ്രേ ഒറ്റയ്‌ക്കു പ്രസംഗവേലയിൽ ഏർപ്പെട്ടു. ഒരു വീട്ടുകാരൻ അത്ഭുതത്തോടെ അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങളെ ആശ്വസിപ്പിച്ചിരുന്നത് യഹോവയുടെ സാക്ഷികളാണ്, പക്ഷേ ഇപ്പോൾ അവരെ കാണാനേ ഇല്ലല്ലോ!”
അന്നു രാവിലെ പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കെ ആൻഡ്രേ ഒരു സഹോദരനെ കണ്ടുമുട്ടി. സഹോദരൻ ഇങ്ങനെ പറഞ്ഞു: “വീടുതോറുമുള്ള പ്രസംഗവേലയിൽ ഏർപ്പെടുന്ന ശീലമേ ഞങ്ങൾക്കാർക്കും ഇല്ലെന്നായിരിക്കുകയാണ്.” ആൻഡ്രേ പ്രസംഗവേലയിൽ ഏർപ്പെട്ടതിനെ കുറിച്ച് ആ സഹോദരൻ മറ്റു പ്രസാധകരോടു പറഞ്ഞു. ഉച്ചകഴിഞ്ഞുള്ള വയൽസേവന യോഗത്തിൽ സഹോദരിമാരിൽ പലരും സംബന്ധിച്ചു. താമസിയാതെ ബ്രസാവിലിൽ ഉടനീളം വീടുതോറുമുള്ള പ്രവർത്തനം പുനരാരംഭിച്ചു. ആൻഡ്രേയും അദ്ദേഹത്തിന്റെ ഭാര്യ ക്ലേമാന്റിനും അവിടെ സേവിച്ച ആ മൂന്നു വർഷം സഹോദരങ്ങളിൽ ഒരാൾ പോലും അറസ്റ്റു ചെയ്യപ്പെട്ടില്ല. തലസ്ഥാനനഗരിക്കു വെളിയിൽ താമസിച്ചിരുന്ന സഹോദരങ്ങൾ ഇതേപ്പറ്റി മനസ്സിലാക്കി. ബ്രസാവിലിലെ സഹോദരങ്ങൾ വീടുതോറും സാക്ഷീകരിക്കാൻ ഭയപ്പെടുന്നില്ലെങ്കിൽ തങ്ങളും പേടിക്കേണ്ട കാര്യമില്ലെന്ന് അവർ തിരിച്ചറിഞ്ഞു.
അന്ന് കിൻഷാസ ബ്രാഞ്ചിൽ സേവിച്ചുകൊണ്ടിരുന്ന ഡേവിഡ് നാവെജ്, നദിക്ക് അക്കരെ സഹായം എത്തിക്കാൻ ബ്രാഞ്ചിനു വിശേഷിച്ചു സന്തോഷം ഉണ്ടായിരുന്നത് എന്തുകൊണ്ടാണെന്നു വിവരിക്കുന്നു. അദ്ദേഹം പറയുന്നു: “ബ്രസാവിലിൽനിന്നുള്ള സഹോദരങ്ങളാണ് കിൻഷാസയിൽ സത്യം പ്രചരിപ്പിച്ചത്. പിന്നീട് കമ്മ്യൂണിസ്റ്റ് സഭാപ്രസംഗി 4:9, 10 വാക്യങ്ങളിലെ ജ്ഞാനം സ്ഥിരീകരിക്കപ്പെട്ടു: ‘ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്‌നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറേറവനെ എഴുന്നേല്‌പിക്കും.’ ഞങ്ങളുടെ കാര്യത്തിൽ സഹോദരങ്ങൾ ഇങ്ങനെ പറയുമായിരുന്നു: ‘ഒരു കോംഗോയെക്കാൾ രണ്ടു കോംഗോകൾ ഏറെ നല്ലത്.’”
വ്യവസ്ഥിതി, അവിടത്തെ പ്രവർത്തനം മന്ദീഭവിക്കാൻ ഇടയാക്കിയപ്പോൾ ഇവിടത്തെ സാക്ഷികൾ അവിടെയുള്ള സഹോദരങ്ങളെ സഹായിക്കാൻ പോയി.രാഷ്‌ട്രീയ മാറ്റങ്ങൾക്കിടയിലും മുന്നോട്ട്
രാഷ്‌ട്രീയ രംഗത്ത് കോളിളക്കങ്ങൾക്കും മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ച വർഷമായിരുന്നു 1991. കോംഗോ-ബ്രസാവിലിൽ ഏകകക്ഷി ഭരണം മാറി ബഹുകക്ഷി ഭരണസംവിധാനം നിലവിൽവന്നു. തെരുവുകളിൽ അത്യാഹ്ലാദം അലയടിക്കുകയായിരുന്നെങ്കിലും സഹോദരങ്ങൾ സങ്കീർത്തനം 146:3-ലെ ഈ മുന്നറിയിപ്പു മനസ്സിൽപ്പിടിച്ചു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.” ഈ വാക്കുകളുടെ സത്യത വെളിപ്പെടാൻ അധികകാലം വേണ്ടിവരുമായിരുന്നില്ല.
എങ്കിലും രാഷ്‌ട്രീയ മാറ്റങ്ങൾ യഹോവയുടെ ജനത്തിനു പ്രയോജനങ്ങൾ കൈവരുത്തി. 1991 നവംബർ 12-ന് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്മേൽ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി ഒരു ഉത്തരവു പുറത്തിറക്കി. കണ്ടുകെട്ടിയ രാജ്യഹാളുകൾ തിരികെ നൽകി. എന്നാൽ മുൻ ബ്രാഞ്ച് കെട്ടിടം ഇന്നും പ്രസിഡൻഷ്യൽ ഗാർഡിന്റെ കൈവശമാണ്. 1992 ആഗസ്റ്റിൽ ബ്രസാവിലിലും പ്വാന്ത്-ന്വാറിലും ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനുകൾ സംഘടിപ്പിക്കപ്പെട്ടു, 15 വർഷത്തിനുശേഷം ആദ്യമായി. ആ വർഷം ബൈബിളധ്യയനങ്ങളുടെ എണ്ണം 5,675—പ്രസാധകരുടെ എണ്ണത്തിന്റെ ഏതാണ്ട് നാലിരട്ടി—ആയി ഉയർന്നു!
അതിനിടെ, തിരിച്ചുകിട്ടിയ നിയമാംഗീകാരം മിഷനറിമാർക്കു രാജ്യത്തേക്കു വരാൻ വീണ്ടും വഴി തുറന്നു. പ്രത്യേക പയനിയർമാരെ നിയമിക്കുകയും വടക്കോട്ട്—അവിടെ യോഗങ്ങൾക്കു ഹാജരായിരുന്നവരിൽ ഭൂരിഭാഗവും നിരക്ഷരരായിരുന്നു—അയയ്‌ക്കുകയും
ചെയ്‌തു. നഗരങ്ങളിലെ സഭകൾ പലരെയും എഴുത്തും വായനയും പഠിപ്പിക്കുന്നതിൽ വിജയിച്ചിരുന്നു. രാജ്യത്തുടനീളം സാക്ഷരത ഉന്നമിപ്പിക്കാനുള്ള ശ്രമങ്ങൾ തീവ്രമാക്കാൻ സമയമായിരുന്നു.1993-ലെ തെരഞ്ഞെടുപ്പ് ഗവൺമെന്റിൽ മറ്റൊരു മാറ്റം ഉണ്ടാക്കി. പ്രതിപക്ഷ പാർട്ടിയിൽ ഉണ്ടായ വ്യാപകമായ അസംതൃപ്‌തി ആഴ്‌ചകളോളം അടിയന്തിരാവസ്ഥ സൃഷ്ടിച്ചു. സായുധ ഏറ്റുമുട്ടലുകൾ, പണിമുടക്കുകൾ, കർഫ്യൂ, വഴിതടയൽ, കൊള്ള എന്നിവയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി. നടുക്കവും നിരാശയും ആളുകളെ പിടികൂടി. ഇതിനെല്ലാം പുറമേ, സാമ്പത്തിക ബുദ്ധിമുട്ടുകളും ജനത്തെ അലട്ടിക്കൊണ്ടിരുന്നു. 1991-ലെ ആഹ്ലാദത്തിമിർപ്പ് അണഞ്ഞുപോയിരുന്നു.
രാഷ്‌ട്രീയ പ്രക്ഷുബ്ധതയ്‌ക്കൊപ്പം വംശീയ പ്രശ്‌നങ്ങളും നിലനിന്നിരുന്നു. ഗോത്രപരമായ കലഹങ്ങൾ ചില സഹോദരങ്ങളെ കൂടുതൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്കു താമസം മാറാൻ നിർബന്ധിതരാക്കി. തത്‌ഫലമായി, ഏതാനും സഭകൾ പിരിച്ചുവിടേണ്ടിവന്നു. എങ്കിലും ഇതിനിടയിലെല്ലാം, സത്യം തങ്ങളെ വംശീയ വിദ്വേഷത്തിന്റെ ചങ്ങലയിൽനിന്നു സ്വതന്ത്രരാക്കിയിരിക്കുന്നതായി സഹോദരങ്ങൾ ആവർത്തിച്ചു പ്രകടമാക്കി. പ്രക്ഷുബ്ധകാലങ്ങളിൽ സഹോദരങ്ങൾ ഗോത്ര പശ്ചാത്തലം ഗണ്യമാക്കാതെ പരസ്‌പരം സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്‌തുപോന്നു. തങ്ങൾക്ക് യഥാർഥ സുരക്ഷിതത്വം പ്രദാനം ചെയ്യാൻ യഹോവയ്‌ക്കു മാത്രമേ സാധിക്കുകയുള്ളു എന്ന് പല ആളുകളും മനസ്സിലാക്കാൻ തുടങ്ങിയിരുന്നു.
കിൻഷാസയിലെ ബ്രാഞ്ച് ഓഫീസ് മാർഗനിർദേശവും പ്രോത്സാഹനവും നൽകി. 1996-ന്റെ അവസാനമായപ്പോഴേക്കും രാജ്യത്തെ അന്തരീക്ഷം വീണ്ടും സമാധാനപൂർണമായി, പ്രസാധകരുടെ എണ്ണം 3,935 ആയി. അഞ്ചു മിഷനറിമാർ അവിടെ സേവനം അനുഷ്‌ഠിച്ചിരുന്നു. അവർ ബ്രസാവിലിലുള്ള ഒരു മിഷനറി ഭവനത്തിലാണ് താമസിച്ചിരുന്നത്. രണ്ടു ദമ്പതികൾ കൂടെ വന്നതോടെ 1997 ഏപ്രിലിൽ പ്വാന്ത്-ന്വാറിൽ ഒരു പുതിയ മിഷനറി ഭവനം തുറക്കപ്പെട്ടു.
നദിയുടെ വടക്കുഭാഗത്ത്, കോംഗോ-ബ്രസാവിലിൽ, ജീവിതം സമാധാനപൂർണമായിരുന്നു, രാജ്യപ്രസംഗവേല നന്നായി പുരോഗമിക്കുന്നുണ്ടായിരുന്നു. ഇതിനിടെ, അടുത്തുള്ള കോംഗോ-കിൻഷാസയിൽ സംഘർഷം കൊടുമ്പിരിക്കൊണ്ടു. യുദ്ധം കിൻഷാസയെ പിടികൂടുമെന്നായപ്പോൾ മിഷനറിമാർക്ക് അവിടം വിടേണ്ടിവന്നു. അതുകൊണ്ട് മേയ് അവസാനത്തോടെ കിൻഷാസയിൽനിന്നു വന്ന മിഷനറിമാർ ബ്രസാവിലിലും പ്വാന്ത്-ന്വാറിലും ഉള്ള തങ്ങളുടെ സഹകാരികളോടൊപ്പം തീക്ഷ്‌ണതയോടെ പ്രവർത്തിക്കാൻ തുടങ്ങി.
ഏതാനും ദിവസങ്ങൾക്കു ശേഷം നടക്കാനിരുന്ന ദുരന്തങ്ങളെ കുറിച്ച് ആർക്കും അപ്പോൾ അറിയില്ലായിരുന്നു.ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നു
അവിചാരിതമായി, 1997 ജൂൺ 5-ന്, ബ്രസാവിലിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അപ്പോഴത്തെ പ്രസിഡന്റിനോടു കൂറുപുലർത്തിയിരുന്നവരും മുൻ പ്രസിഡന്റിനെ പിന്തുണച്ചിരുന്നവരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. കനത്ത ഷെല്ലാക്രമണം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നാശം വിതച്ചു. ആയിരങ്ങൾ കൊല്ലപ്പെട്ടു. എങ്ങും ശവശരീരങ്ങൾ ചിതറിക്കിടന്നു. നഗരത്തിലാകെ ക്രമരാഹിത്യം നടമാടി. യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ഇരുപക്ഷങ്ങളെയും തമ്മിൽ വേർതിരിച്ചറിയുക ബുദ്ധിമുട്ടായിരുന്നു. ബ്രസാവിൽ ഒരിക്കൽ ആസ്വദിച്ചിരുന്ന ഭദ്രത അപ്രത്യക്ഷമായി. കിൻഷാസയിലേക്കുള്ള കടത്തുബോട്ടുകൾ നിശ്ചലമായി. പലരും തങ്ങളുടെ ജീവൻ രക്ഷിക്കാൻ വനത്തിലേക്കു പലായനം ചെയ്‌തു. ചിലർ തങ്ങളുടെ വള്ളങ്ങളിൽ കയറി നദിയിലെ കൊച്ചുകൊച്ചു ദ്വീപുകളിലേക്കു കുടിയേറി. മറ്റു ചിലർ കോംഗോ നദി കടന്ന് കിൻഷാസയിലേക്കു പോകാൻ ശ്രമിച്ചു. കിൻഷാസയ്‌ക്കു സമീപവും പോരാട്ടം നടന്നിരുന്നെങ്കിലും ബ്രസാവിലിലെ അക്രമങ്ങളോടുള്ള താരതമ്യത്തിൽ അതു നിസ്സാരമായിരുന്നു.
യുദ്ധം സഹോദരങ്ങൾക്കും പ്രശ്‌നങ്ങൾ സൃഷ്ടിച്ചെങ്കിലും സത്യം ദൈവദാസരുടെ മനസ്സിലും ഹൃദയത്തിലും എത്ര വലിയ വ്യത്യാസമാണ് ഉണ്ടാക്കിയത്! സങ്കീർത്തനം 46:1-3 വാക്യങ്ങളിൽ അവർക്കു പൂർണ വിശ്വാസം ഉണ്ടായിരുന്നു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏററവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ടു ഭൂമി മാറിപ്പോയാലും, പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും . . . നാം ഭയപ്പെടുകയില്ല.”
സഹോദരങ്ങളിൽ പലർക്കും കിൻഷാസയിൽ എത്തിപ്പെടാൻ കഴിഞ്ഞു. അവിടെ ബ്രാഞ്ച് കമ്മിറ്റി അവർക്ക് ആഹാരത്തിനും പാർപ്പിടത്തിനും വൈദ്യചികിത്സയ്‌ക്കും വേണ്ട ക്രമീകരണം ചെയ്‌തു. ബ്രസാവിലിൽനിന്നുള്ള സഹവിശ്വാസികളോടു സ്‌നേഹം പ്രകടമാക്കാനും അവർക്ക് ആതിഥ്യമരുളാനും കിൻഷാസയിലെ കുടുംബങ്ങൾ സന്തോഷമുള്ളവരായിരുന്നു.
പലായനം ചെയ്യാൻ സാധിക്കാഞ്ഞവരെ സഹായിക്കാൻ ചില സഹോദരങ്ങൾ ബ്രസാവിലിൽത്തന്നെ താമസിച്ചു. ജീൻ റ്റേയോഡോർ ഓറ്റെനിയും സാധാരണ പയനിയറായിരുന്ന ഭാര്യ ഷാനും ഇവരിൽ പെടുന്നു. ആഗസ്റ്റിൽ അവരുടെ വീട്ടിൽ ഒരു ഷെൽ വന്നുവീണതിനെ തുടർന്ന് ഷാനിന് ഗുരുതരമായി പരിക്കേറ്റു. ജീൻ ഉടനടി അവരെ
കിൻഷാസയിലേക്കു കൊണ്ടുപോയെങ്കിലും അവരുടെ ജീവൻ രക്ഷിക്കാനായില്ല. ജീൻ അനുസ്‌മരിക്കുന്നു: “ഷാൻ അവളുടെ മരണംവരെ ശുശ്രൂഷയെ അഗാധമായി സ്‌നേഹിച്ചിരുന്നു. മേൽവിലാസങ്ങൾ എഴുതിവെച്ചിരുന്ന അവളുടെ നോട്ടുബുക്ക് എനിക്കു നൽകിക്കൊണ്ട് അവൾ പറഞ്ഞു: ‘എന്റെ എല്ലാ ബൈബിൾ വിദ്യാർഥികളെയും ചെന്നു കാണണേ, അവർ എനിക്ക് അത്ര വിലപ്പെട്ടവരാണ്.’ ഞാൻ അവളെ കെട്ടിപ്പിടിച്ചു, അവളുടെ മുഖത്തേക്കു വീണ്ടും നോക്കിയപ്പോൾ അവൾ മരിച്ചുകഴിഞ്ഞിരുന്നു.” മറ്റ് അനേകരെപ്പോലെ ജീനും, പുനരുത്ഥാന വാഗ്‌ദാനത്തിൽ പൂർണ വിശ്വാസം അർപ്പിച്ചുകൊണ്ട് യഹോവയെ തീക്ഷ്‌ണതയോടെ സേവിക്കുന്നതിൽ തുടരുന്നു.ഇരു തലസ്ഥാനനഗരങ്ങളെയും ബന്ധിപ്പിച്ചിരുന്ന പതിവു ബോട്ടുസർവീസുകൾ തടസ്സപ്പെട്ടിരുന്നതിനാൽ കൊച്ചു മോട്ടോർബോട്ടുകൾ ഉണ്ടായിരുന്നവർ ബ്രസാവിലിൽ നിന്നു പലായനം ചെയ്യാൻ ആഗ്രഹിച്ചവരുടെ സഹായത്തിനെത്തി. ല്വി നോയൽ മോട്ടൂലാ, ഷാൻ മാരി ലൂബാക്കി, സിംഫോറിയെൻ ബാക്കെബാ എന്നിവരുൾപ്പെടെ ബ്രാസാവില്ലിൽനിന്നുള്ള ധീരരായ സഹോദരന്മാർ കാണാതായ സഹോദരങ്ങളെ അന്വേഷിക്കാനും ബ്രസാവിലിൽ അപ്പോഴും ഉണ്ടായിരുന്നവരെ സഹായിക്കാനും സ്വമേധയാ മുന്നോട്ടു വന്നു. അതിനായി അവർക്ക്, കോംഗോ വൻനദിയിലൂടെ ശക്തമായ ഒഴുക്കിനെ ചെറുത്തുകൊണ്ട് ഒരു കൊച്ചു ബോട്ടിൽ സഞ്ചരിച്ച് ചെറുദ്വീപുകളും തീരപ്രദേശങ്ങളും അരിച്ചുപെറുക്കണമായിരുന്നു, ഘോരകൃത്യങ്ങൾ അരങ്ങേറിക്കൊണ്ടിരുന്ന ബ്രസാവിലിലെ കലാപമേഖലയിലേക്ക് കടന്നുചെല്ലേണ്ടിയിരുന്നു,
സഹോദരങ്ങൾക്കായി തങ്ങളുടെ ജീവൻ പണയപ്പെടുത്തേണ്ടിയിരുന്നു.നദി കടക്കുന്നതിൽ പരിചയസമ്പന്നനായിരുന്ന സിംഫോറിയെൻ ആഭ്യന്തരയുദ്ധ കാലത്ത് ഒട്ടേറെ പ്രാവശ്യം നദിയിലൂടെ ബോട്ടിൽ യാത്ര ചെയ്‌തു. ചിലപ്പോൾ അദ്ദേഹം ബ്രസാവിലിൽ അവശേഷിച്ചിരുന്നവർക്കു സഹായം നൽകാനായി എത്തിയിരുന്നു. ഉദാഹരണത്തിന്, ഒരിക്കൽ അദ്ദേഹം ബ്രസാവിലിൽ താരതമ്യേന സുരക്ഷിതമായ അവസ്ഥയിൽ കഴിഞ്ഞിരുന്ന ചില സഹോദരങ്ങൾക്ക് എത്തിച്ചുകൊടുക്കാൻ ബോട്ടിൽ പത്തു ചാക്ക് അരിയുമായി വരികയായിരുന്നു. നദി കടക്കുക എന്നതിനെക്കാൾ വെല്ലുവിളി നിറഞ്ഞ സംഗതിയായിരുന്നു കൊള്ളയടിക്കപ്പെടാതെ അരി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നത്. അദ്ദേഹത്തിന്റെ ബോട്ടിൽ അപ്പോൾ യാത്രചെയ്‌തവരുടെ കൂട്ടത്തിൽ വളരെ ആദരണീയനെന്നു തോന്നിച്ച ഒരു വ്യക്തി ഉണ്ടായിരുന്നു. അരിയുംകൊണ്ട് എങ്ങോട്ടാണ് പോകുന്നത് എന്ന് അദ്ദേഹം സിംഫോറിയെനോടു ചോദിച്ചു. തന്റെ ബൈബിളധിഷ്‌ഠിത പ്രത്യാശ പങ്കുവെങ്കാൻ ആ അവസരം ഉപയോഗിച്ചുകൊണ്ട് സിംഫോറിയെൻ താൻ ചെയ്യുന്നത് എന്താണെന്നു വിശദീകരിച്ചു. ബോട്ട് കരയ്‌ക്കെത്തിയപ്പോൾ ആ വ്യക്തി താൻ ആരാണെന്നു വെളിപ്പെടുത്തി, അദ്ദേഹം ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം രണ്ടു പട്ടാളക്കാരെ വിളിച്ച് അരിക്കു കാവൽനിൽക്കാൻ ആവശ്യപ്പെട്ടു. സിംഫോറിയെന് അരി കയറ്റിക്കൊണ്ടുപോകാൻ ഒരു വാഹനം കിട്ടുന്നതുവരെ പട്ടാളക്കാർ അതിനു കാവൽ നിന്നു.
സാധാരണഗതിയിൽ, ബ്രസാവിലിൽനിന്നു പലായനം ചെയ്യുന്നതിനു സഹോദരങ്ങളെ സഹായിക്കാനാണ് സിംഫോറിയെൻ നദി കടന്നിരുന്നത്. ഒരിക്കൽ മറക്കാനാവാത്ത ഒരു അനുഭവം ഉണ്ടായതായി അദ്ദേഹം അനുസ്‌മരിക്കുന്നു: “കോംഗോ നദിയിൽ നല്ല ഒഴുക്കാണ്. സൂക്ഷിച്ചില്ലെങ്കിൽ ബോട്ട്, അപകടം പതിയിരിക്കുന്ന കുത്തൊഴുക്കുള്ള ഭാഗത്ത് ചെന്നുപെടും. ബോട്ടുകളുമായി പോകുന്ന മിക്കവർക്കും ഒഴുക്കിനെ ചെറുത്ത് സുരക്ഷിതമായി മുന്നോട്ടു പോകാൻ അറിയാം. ഏഴു സഹോദരങ്ങളെയും വേറെ അഞ്ചു പേരെയുംകൊണ്ട് ഞങ്ങൾ ബ്രസാവിലിൽനിന്നു തിരിച്ചു. നദിയുടെ ഒത്തനടുക്കെത്തിയപ്പോൾ ബോട്ടിന്റെ ഇന്ധനം തീർന്നുപോയി. ഞങ്ങൾ ഒരുവിധം ബോട്ട് ഒരു ചെറിയ ദ്വീപിലേക്ക് അടുപ്പിച്ച് കെട്ടിയിട്ടു. ആശ്വാസകരമെന്നു പറയട്ടെ, ഒരു കൊച്ചു ബോട്ട് അതിലേ വന്നു, കിൻഷാസയിൽനിന്ന് ഞങ്ങൾക്കു കുറച്ച് ഇന്ധനം വാങ്ങിക്കൊണ്ടുവരാമെന്ന് ബോട്ടിന്റെ ഉടമസ്ഥൻ വാഗ്‌ദാനം ചെയ്‌തു. ഒന്നര മണിക്കൂർ നേരത്തെ ഉത്‌കണ്‌ഠാകുലമായ കാത്തിരിപ്പിനു ശേഷം അദ്ദേഹം ഇന്ധനവുമായി എത്തി.”
താമസിയാതെ കിൻഷാസയിലെ ബ്രാഞ്ച് ഏതാണ്ട് ആയിരം സഹോദരീസഹോദരന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും താത്‌പര്യക്കാരുടെയും ആവശ്യങ്ങൾക്കായി കരുതുന്നുണ്ടായിരുന്നു. 1997 ഒക്‌ടോബറോടെ ശത്രുതയുടെ കനലുകൾ കെട്ടടങ്ങി, അഭയാർഥികൾ ബ്രസാവിലിലേക്കു മടങ്ങിത്തുടങ്ങി.
യുദ്ധത്തെ തുടർന്ന് ബ്രസാവിലിലും പ്വാന്ത്-ന്വാറിലും സേവിച്ചിരുന്ന എല്ലാ മിഷനറിമാരെയും ഒഴിപ്പിച്ചിരുന്നു. ചിലർ സ്വന്തരാജ്യങ്ങളായ ബ്രിട്ടനിലേക്കും ജർമനിയിലേക്കും പോയി, മറ്റു ചിലരാകട്ടെ ബെനിനിലേക്കും ഐവറി കോസ്റ്റിലേക്കും. അന്തരീക്ഷം താരതമ്യേന ശാന്തമായപ്പോൾ ചിലർ കോംഗോ-ബ്രസാവിലിലെ നിയമനത്തിൽ തുടരാൻ അവിടേക്കു മടങ്ങി. ഇവർക്കു പുറമേ, മൂന്നു ദമ്പതികളും അവിവാഹിതനായ ഒരു സഹോദരനും 1998 ഡിസംബറിൽ ഫ്രാൻസിൽനിന്ന് എത്തുമായിരുന്നു. കിൻഷാസ ബ്രാഞ്ച് ഓഫീസിൽ സേവിക്കുകയായിരുന്ന അനുഭവപരിചയമുള്ള മിഷനറിമാരായ എഡ്ഡി മേയെയും ഭാര്യ പാമിലയെയും ബ്രസാവിലിൽ നിയമിച്ചു, അവിടെ പുതിയ ഒരു മിഷനറി ഭവനം സ്ഥാപിതമായി.
വീണ്ടും ആഭ്യന്തരയുദ്ധം
പിറ്റേ വർഷം ബ്രസാവിലിൽ മറ്റൊരു ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. വീണ്ടും, സാക്ഷികൾ ഉൾപ്പെടെ ആയിരങ്ങൾ കൊല്ലപ്പെട്ടു. ഇതിനു തൊട്ടുമുമ്പ് അവിടെ എത്തിയിരുന്ന മിഷനറിമാരിൽ മിക്കവരും സമീപത്തുള്ള കാമറൂണിലെ മിഷനറി ഭവനങ്ങളിലേക്കു മാറി. യുദ്ധം തീരദേശത്തുള്ള പ്വാന്ത്-ന്വാറിലേക്കും വ്യാപിക്കുമെന്ന ശ്രുതി ഉണ്ടായിരുന്നെങ്കിലും മൂന്നു മിഷനറിമാർ അവിടെ പിടിച്ചുനിന്നു. 1999 മേയിൽ ആഭ്യന്തരയുദ്ധം അവസാനിച്ചു.
ഒട്ടനവധി സാക്ഷികൾക്കു പലായനം ചെയ്യേണ്ടി വന്നതിനാൽ രാജ്യത്തെ സഭകളുടെ എണ്ണം 108-ൽനിന്ന് 89 ആയി കുറഞ്ഞു. ബ്രസാവിലിൽ ഇന്ന് 23 സഭകളിലായി 1,903 പ്രസാധകർ ഉണ്ട്. പ്വാന്ത്-ന്വാറിലാകട്ടെ 24 സഭകളിലായി 1,949 പ്രസാധകരും. രണ്ട് ആഭ്യന്തരയുദ്ധങ്ങൾ നടന്നപ്പോഴും മറ്റിടങ്ങളിലുള്ള യഹോവയുടെ സാക്ഷികൾ തങ്ങളുടെ ആത്മീയ സഹോദരങ്ങൾക്കു ഭൗതികസഹായം നൽകി. പതിവുപോലെ അത്തരം സഹായങ്ങൾ യഹോവയുടെ സാക്ഷികൾ അല്ലാതിരുന്നവർക്കും പ്രയോജനം ചെയ്‌തു.
യുദ്ധം, ക്ഷാമം, രോഗങ്ങൾ തുടങ്ങി നിരവധി ദുരിതങ്ങൾക്കു മധ്യേയും കോംഗോ-ബ്രസാവിലിലെ സാക്ഷികളുടെ ശരാശരി പ്രതിമാസ വയൽസേവന മണിക്കൂർ 16.2 ആയിരുന്നു. 1999 ഏപ്രിലിൽ രണ്ടാമത്തെ ആഭ്യന്തരയുദ്ധം അവസാനിക്കവേ, പ്രസാധകരുടെ 21
ശതമാനം മുഴുസമയ സേവനത്തിന്റെ ഏതെങ്കിലും വശങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.സത്യത്തെ പ്രതി ആനന്ദിക്കുന്നു
യുദ്ധങ്ങൾ ഈ രാജ്യത്തെ പിച്ചിച്ചീന്തിയിരിക്കുന്നു. ബ്രസാവിലിൽ ഇപ്പോൾ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇനിയും വളരെ കാര്യങ്ങൾ ചെയ്യാനുണ്ട്. ഏറ്റവും പ്രധാനപ്പെട്ട നിർമാണ പദ്ധതികളിൽ, ആളുകൾ കൂടിവന്ന് ബൈബിൾ സത്യം പഠിക്കുന്ന രാജ്യഹാളുകൾ ഉൾപ്പെടുന്നു. 2002 ഫെബ്രുവരിയിൽ നാലു രാജ്യഹാളുകളുടെ സമർപ്പണം നടന്നു, ഇവയിൽ രണ്ടെണ്ണം പ്വാന്ത്-ന്വാറിലും രണ്ടെണ്ണം ബ്രസാവിലിലുമാണ്.
ബ്രസാവിലിലെ ഒരു രാജ്യഹാളിന്റെ സമർപ്പണവേളയിൽ, പ്രായംചെന്ന ഒരു സഹോദരൻ 15 വർഷം മുമ്പ് നിരോധനകാലത്തു നടന്ന ഒരു സംഭവം വിവരിച്ചു. ജനുവരി 1-ന്, ഒഴിഞ്ഞ ഒരു തുണ്ടുഭൂമിയിൽ ഒരു ഏകദിന സമ്മേളനം നടത്താൻ സഹോദരങ്ങൾ പരിപാടിയിട്ടു. ആളുകളെല്ലാം പുതുവത്സരാഘോഷത്തിൽ മുഴുകിയിരിക്കുമെന്നതിനാൽ സമ്മേളനം വിഘ്‌നം കൂടാതെ നടത്താൻ സാധിക്കുമെന്ന് അവർ വിശ്വസിച്ചു. എന്നാൽ രാവിലത്തെ പരിപാടികൾ സമാപിച്ചപ്പോൾ പോലീസ് എത്തി സമ്മേളനം അലങ്കോലപ്പെടുത്തി. സഹോദരൻ പറഞ്ഞു: “കണ്ണീരോടെയാണ് ഞങ്ങൾ സമ്മേളനസ്ഥലം വിട്ടത്. ഇന്ന് അതേ സ്ഥലത്ത് കൂടിവന്നിരിക്കെ, ഞങ്ങളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞിരിക്കുന്നു. എന്നാൽ അത് സന്തോഷത്തിന്റെ കണ്ണീരാണ്. കാരണം പുതിയ രാജ്യഹാളിന്റെ സമർപ്പണത്തിനാണ് നമ്മളെല്ലാം ഇവിടെ കൂടിവന്നിരിക്കുന്നത്.” അതേ, മനോഹരമായ ഈ പുതിയ രാജ്യഹാൾ അതേ സ്ഥലത്താണു നിർമിക്കപ്പെട്ടിരുന്നത്!
“സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന പുസ്‌തകം, സത്യം പഠിക്കാൻ ഏറ്റ്യെൻ എങ്കോയുവെങ്കോയു, ഓഗുവെസ്റ്റാൻ ബായോൺ, റ്റിമോറ്റേ മിയെമൂന്വാ എന്നിവരെ സഹായിച്ചിട്ട് 50-ലധികം വർഷം പിന്നിട്ടിരിക്കുന്നു. ആ കാലയളവിൽ കോംഗോ-ബ്രസാവിലിൽ ആയിരങ്ങൾ അവരുടെ വിശ്വാസത്തിന്റെ മാതൃക പിന്തുടരുകയുണ്ടായി, ഇന്ന് കൂടുതൽ പേർ അങ്ങനെ ചെയ്‌തുകൊണ്ടിരിക്കുന്നു. അത് ഇനിയും കൂടുതൽ വർധനയ്‌ക്കുള്ള സാധ്യത കാണിക്കുന്നു. 15,000-ത്തിലധികം—പ്രസാധകരുടെ എണ്ണത്തിന്റെ മൂന്നര ഇരട്ടി—ബൈബിൾ അധ്യയനങ്ങൾ നടത്തപ്പെടുന്നുണ്ട്! 2003-ൽ സ്‌മാരക ഹാജർ 21,987 ആയി ഉയർന്നു. സേവനവർഷം 2003-ന്റെ അവസാനത്തിൽ, 15 മിഷനറിമാർ ഉൾപ്പെടെ 4,536 പ്രസാധകർ, സ്വാതന്ത്ര്യം നൽകുന്ന സത്യം കൂടുതൽ ആളുകളെ പഠിപ്പിക്കാൻ തീക്ഷ്‌ണതയോടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു—യോഹ. 8:31, 32.
[143-ാം പേജിലെ ആകർഷക വാക്യം]
“സദാ നടക്കുന്ന മനുഷ്യൻ ഒരു വെള്ളക്കാരനോടൊപ്പം വരുന്നുണ്ട്” എന്ന സന്ദേശം ചെണ്ടകൊട്ടിലൂടെ കൈമാറപ്പെട്ടിരുന്നു
[144-ാം പേജിലെ ആകർഷക വാക്യം]
വാച്ച് ഇല്ലാതിരുന്നതിനാൽ സൂര്യന്റെ സ്ഥാനം നോക്കിയാണ് യോഗങ്ങൾക്കു പോകേണ്ട സമയം സഹോദരങ്ങൾ തിട്ടപ്പെടുത്തിയിരുന്നത്
[151-ാം പേജിലെ ആകർഷക വാക്യം]
‘ഞങ്ങൾ ഉറങ്ങാൻ കിടന്നു. വെളിയിൽ തീയ്‌ക്കരികിലിരുന്ന് സഹോദരങ്ങൾ മന്ദസ്വരത്തിൽ രാജ്യഗീതങ്ങൾ പാടു ന്നുണ്ടായിരുന്നു. ആ പാട്ടുകൾ കേട്ടുകേട്ടങ്ങനെ ഉറങ്ങാൻ എന്തു രസമായിരുന്നു!’
[140-ാം പേജിലെ ചതുരം]
കോംഗോ (ബ്രസാവിൽ)—ഒരു ആകമാന വീക്ഷണം
ഭൂപ്രകൃതി: ഗാബോൺ, കാമറൂൺ, മധ്യാഫ്രിക്കൻ റിപ്പബ്ലിക്ക്, കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങൾക്കിടയിലാണ് കോംഗോ റിപ്പബ്ലിക്ക് സ്ഥിതി ചെയ്യുന്നത്. അത് ഫിൻലൻഡിനെക്കാളും ഇറ്റലിയെക്കാളുമൊക്കെ വലുതാണ്. 60-ഓളം കിലോമീറ്റർ ഉള്ളിലേക്കു വ്യാപിച്ചുകിടക്കുന്ന തീരസമതലം 800-ലധികം മീറ്റർ ഉയരംവരെ എത്തുന്ന ഉന്നതതടങ്ങൾക്കു വഴിമാറുന്നു. നിബിഡ വനങ്ങളും വൻനദികളും ആണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഏറെയും കയ്യടക്കിയിരിക്കുന്നത്.
ജനങ്ങൾ: മുപ്പതു ലക്ഷത്തിലധികം വരുന്ന ജനസഞ്ചയം പല ഗോത്രങ്ങൾ ചേർന്നതാണ്. നിബിഡമായ വനപ്രദേശങ്ങളിൽ പിഗ്മികൾ വസിക്കുന്നുണ്ട്.
ഭാഷ: ഔദ്യോഗിക ഭാഷ ഫ്രഞ്ച് ആണെങ്കിലും വടക്കൻ ഭാഗങ്ങളിൽ വ്യാപകമായി സംസാരിക്കപ്പെടുന്ന ഭാഷ ലിങ്‌ഗാലയാണ്. തെക്കു ഭാഗത്തുള്ളവർ സംസാരിക്കുന്നത് മോണോകുടൂബയാണ്.
ഉപജീവന മാർഗം: കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങൾ കൃഷി ചെയ്‌തുണ്ടാക്കിയും ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും മീൻപിടിച്ചുമാണ് ഇവർ ഉപജീവനം കഴിക്കുന്നത്. കാടുകളിൽ ധാരാളം ജീവികൾ ഉള്ളതിനാൽ പ്രഗത്ഭരായ വേട്ടക്കാർക്ക് ആഹാരം കണ്ടെത്താൻ ബുദ്ധിമുട്ടില്ല.
ആഹാരം: കസാവാ കിഴങ്ങ് അല്ലെങ്കിൽ ചോറ് ആണ് പ്രധാന ഭക്ഷണം. എരിവുള്ള മസാലകൾ ചേർത്തു തയ്യാറാക്കിയ മീനോ കോഴിയിറച്ചിയോ ആണ് കറി. മാമ്പഴം, കൈതച്ചക്ക, കപ്പളങ്ങ, ഓറഞ്ച്, അവൊക്കാഡോ തുടങ്ങിയ ധാരാളം ഫലവർഗങ്ങളും ഇവിടത്തുകാർക്ക് ഭക്ഷണത്തിനായുണ്ട്.
കാലാവസ്ഥ: വർഷം മുഴുവനും കോംഗോയിൽ ഉയർന്ന താപനിലയും ഈർപ്പവുമുള്ള ഉഷ്‌ണമേഖലാ കാലാവസ്ഥയാണുള്ളത്. രണ്ടു വ്യതിരിക്ത ഋതുക്കളാണ് ഇവിടെയുള്ളത്: മാർച്ച് മുതൽ ജൂൺ വരെ മഴക്കാലവും ജൂൺ മുതൽ ഒക്ടോബർ വരെ വരണ്ട വേനലും.
[148, 149 പേജുകളിലെ ചാർട്ട്/ഗ്രാഫ്]
കോംഗോ (ബ്രസാവിൽ) സുപ്രധാന സംഭവങ്ങൾ
1940
1947: “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന പുസ്‌തകം താത്‌പര്യത്തിന്റെ ആദ്യ വിത്ത് പൊട്ടിമുളയ്‌ക്കാൻ ഇടയാക്കുന്നു.
1950: എറിക്ക് കുക്ക് എന്ന മിഷനറി ബ്രസാവിൽ സന്ദർശിക്കുന്നു. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന സാഹിത്യ ങ്ങളിന്മേൽ അധികാരികൾ വിലക്കുകൾ ഏർപ്പെടുത്തുന്നു.
1956: മാർച്ചിൽ ഫ്രാൻസിൽനിന്ന് ആദ്യത്തെ മിഷനറിമാർ എത്തുന്നു.
1957: ജനുവരിയിൽ ബ്രാഞ്ച് ഓഫീസ് തുറക്കുന്നു.
1960
1961: ഡിസംബർ 9-ന് നിയമ സമിതി രജിസ്റ്റർ ചെയ്യപ്പെടുന്നു, എങ്കിലും സാഹിത്യങ്ങളുടെ മേലുള്ള വിലക്കുകൾ ഒരു വർഷത്തേക്കു കൂടെ തുടരുന്നു.
1977: യഹോവയുടെ സാക്ഷികൾ നിരോധിക്കപ്പെടുന്നു. ബ്രാഞ്ച് കെട്ടിടം കണ്ടുകെട്ടുകയും മിഷനറിമാരെ രാജ്യത്തുനിന്നു പുറത്താക്കുകയും ചെയ്യുന്നു.
1980
1981: ആൻഡ്രേ കിറ്റൂലാ ബ്രസാവി ലിൽ പ്രസംഗവേല പുനരുജ്ജീവിപ്പി ക്കാൻ സഹായിക്കുന്നു.
1991: ആഭ്യന്തരമന്ത്രി നിരോധനം പിൻവലി ക്കുന്നു. 15 വർഷത്തിൽ ആദ്യത്തെ ഡിസ്‌ട്രിക്‌റ്റ് കൺവെൻഷനുകൾ സംഘടിപ്പിക്കുന്നു.
1993: സാമൂഹിക, രാഷ്‌ട്രീയ കോളിളക്കങ്ങൾ അടിയന്തിരാവസ്ഥ യിലേക്കു നയിക്കുന്നു.
1997: ജൂൺ 5-ന് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നു. മിഷനറിമാരെ ഒഴിപ്പിക്കുന്നു. കിൻഷാസയിലെ ബ്രാഞ്ച് ഓഫീസ് 1,000 വരുന്ന അഭയാർഥികൾക്ക് ആഹാരവും പാർപ്പിടവും വൈദ്യചികിത്സയും ലഭിക്കാൻ വേണ്ട ക്രമീകരണം ചെയ്യുന്നു.
1999: മറ്റൊരു ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നു. വീണ്ടും മിഷനറിമാരെ ഒഴിപ്പിക്കുന്നു.
2000
2002: പുതുതായി നിർമിച്ച ആദ്യത്തെ നാലു രാജ്യഹാളു കളുടെ സമർപ്പണം ഫെബ്രുവരിയിൽ നടക്കുന്നു.
2003: കോംഗോ-ബ്രസാവിലിൽ സജീവമായി പ്രവർത്തിക്കുന്ന പ്രസാധ കരുടെ എണ്ണം 4,536 ആയിത്തീരുന്നു.
[ഗ്രാഫ്]
(പ്രസിദ്ധീകരണം കാണുക)
മൊത്തം പ്രസാധകർ
മൊത്തം പയനിയർമാർ
5,000
2,500
1940 1960 1980 2000
[141-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മധ്യാഫ്രിക്കൻ റിപ്പബ്ലിക്ക്
കാമറൂൺ
ഇക്വറ്റോറിയൽ ഗിനി
ഗാബോൺ
കോംഗോ റിപ്പബ്ലിക്ക്
ഇംഫോൻഡോ
ജാംബാലാ
ബ്രസാവിൽ
പ്വാന്ത്-ന്വാർ
കോംഗോ നദി
കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്
കിൻഷാസ
അംഗോള
[134-ാം പേജിലെ ചിത്രം]
[138-ാം പേജിലെ ചിത്രങ്ങൾ]
ഒരു ആദ്യകാല ബൈബിൾപഠന കൂട്ടത്തിലെ അംഗങ്ങൾ, 1949. ഇടത്തുനിന്ന്: ഷാൻ-സേത്ത് മൗണ്ട്‌സേംബോറ്റെ, റ്റിമോറ്റേ മിയെമൂന്വാ, ഓഡിൽ മിയെമൂന്വാ, നോയെ മിക്വിസാ
[139-ാം പേജിലെ ചിത്രം]
ഏറ്റ്യെൻ എങ്കോയുവെങ്കോയു
[142-ാം പേജിലെ ചിത്രം]
ഷാൻ സാനിയോബോസ് കോംഗോയുടെ ഉൾപ്രദേശങ്ങളിൽ യാത്ര ചെയ്‌തു, സഭകൾ സന്ദർശിക്കാൻ അദ്ദേഹം കടത്തുബോട്ടുകളിൽ നദി കടക്കുമായിരുന്നു
[147-ാം പേജിലെ ചിത്രം]
ഫ്രെഡ് ലൂക്കസും ഭാര്യ ലിയായും (മധ്യത്തിൽ), ഓഗുവെസ്റ്റാൻ ബായോണിന്റെ ഭവനത്തിൽ കൂടിവന്നിരുന്ന സഭയോടൊപ്പം
[150-ാം പേജിലെ ചിത്രം]
പ്വാന്ത്-ന്വാറിൽ അറ്റ്‌ലാന്റിക് സമുദ്രത്തിൽ നടന്ന സ്‌നാപനം
[152-ാം പേജിലെ ചിത്രം]
ഓഗുവെസ്റ്റാൻ ബായോൺ—സദാ നടക്കുന്ന മനുഷ്യൻ—1962-ൽ 37-ാമത്തെ ഗിലെയാദ് ക്ലാസ്സിൽ സംബന്ധിച്ചു
[153-ാം പേജിലെ ചിത്രം]
1967 മുതൽ 1977 വരെ ബ്രാഞ്ച് ഓഫീസ് ആയി ഉപയോഗിക്കപ്പെട്ട കെട്ടിടം
[155-ാം പേജിലെ ചിത്രം]
നോയെ മിക്വിസാ
[158-ാം പേജിലെ ചിത്രങ്ങൾ]
ല്വി നോയൽ മോട്ടൂലായും ഷാൻ മാരി ലൂബാക്കിയും സിംഫോറിയെൻ ബാക്കെബായും