ഭരണസംഘത്തിന്റെ കത്ത്
ഭരണസംഘത്തിന്റെ കത്ത്
പ്രിയ സഹോദരീസഹോദരന്മാരേ,
“നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്‌തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (1 കൊരി. 1:3) ജീവനുള്ളതൊക്കെയും യഹോവയ്‌ക്ക് അർഹമായ മഹത്ത്വം കൊടുക്കുന്ന സമയം വന്നു കാണാൻ നാം എത്രയധികം വാഞ്‌ഛിക്കുന്നു! (സങ്കീ. 150:6) മഹത്തായ ആ ദിനത്തിനായി കാത്തിരിക്കവേ നാം ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്നതിലും ശിഷ്യരെ ഉളവാക്കുന്നതിലും തുടരുന്നു.
യഹോവ ഇപ്പോൾ ഭൂമിയിൽ നിർവഹിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെല്ലാം സുവിശേഷഘോഷണത്തെ കേന്ദ്രീകരിച്ചുള്ളതാണ്. (മർക്കൊ. 13:10) ഈ വേലയിൽ യഹോവയ്‌ക്കുള്ള താത്‌പര്യത്തെ കുറിച്ച് നന്നായി അറിയാവുന്നതിനാൽ നാം അതു നിർവഹിക്കുന്നതിനുള്ള സഹായത്തിനായി പ്രാർഥിക്കുന്നു, മറുവിലാ ക്രമീകരണത്തിൽനിന്ന് പ്രയോജനം അനുഭവിക്കാനുള്ള അവസരം ഓരോ വ്യക്തിക്കും ഉണ്ടെന്നു നാം മനസ്സിലാക്കുകയും ചെയ്യുന്നു. (വെളി. 14:6, 7, 14, 15) വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നാം നേരിടുന്നു എന്നതു സത്യമാണ്. എന്നാൽ ‘ഉയരത്തിൽനിന്നുള്ള ശക്തി ധരിച്ചുകൊണ്ട്’ ശുശ്രൂഷ നിർവഹിക്കാൻ കഴിയുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്!—ലൂക്കൊ. 24:49.
കഴിഞ്ഞ സേവനവർഷത്തിലേക്കു തിരിഞ്ഞുനോക്കി, യഹോവ തന്റെ വിശ്വസ്‌ത ദാസരിലൂടെ എന്തൊക്കെ നിർവഹിച്ചു എന്നു പരിചിന്തിക്കുന്നത് സംതൃപ്‌തിദായകമാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ദൈവജനം ആഗോള വിദ്വേഷത്തെ ജയിച്ചടക്കിക്കൊണ്ട് ക്രിസ്‌തുസമാന സ്‌നേഹം പ്രകടമാക്കിയിരിക്കുന്നു. നമ്മുടെ കൺവെൻഷനുകളിൽ ഈ സ്‌നേഹം വളരെ പ്രകടമായിരുന്നു. 2003 ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ നൂറിലേറെ വ്യത്യസ്‌ത ദേശങ്ങളിൽനിന്നുള്ള പ്രതിനിധികൾ ആറ് ഭൂഖണ്ഡങ്ങളിലായി നടത്തപ്പെട്ട 32 അന്താരാഷ്‌ട്ര കൺവെൻഷനുകളിൽ സംബന്ധിച്ചു. ഡിസ്‌ട്രിക്‌റ്റ്, അന്താരാഷ്‌ട്ര കൺവെൻഷനുകളിൽ മിഷനറിമാർ, രാജ്യാന്തര സേവകർ, വിദേശ സേവനത്തിലായിരിക്കുന്ന ബെഥേൽ അംഗങ്ങൾ എന്നിവരുമായി അഭിമുഖങ്ങൾ നടത്തപ്പെട്ടു.
ഈ കൺവെൻഷനുകളിൽ കാണ്മിൻ! ആ ‘നല്ല ദേശം,’ മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്നീ പ്രസിദ്ധീകരണങ്ങൾ നമുക്കു ലഭിച്ചു. കൂടാതെ, സേവനവർഷം 2004-ന്റെ അവസാനത്തോടടുത്ത്
പുതുക്കിയ ഒരു പയനിയർ സേവനസ്‌കൂൾ പാഠപുസ്‌തകം ലഭ്യമാക്കാനുള്ള പരിപാടി ഉണ്ടെന്ന അറിയിപ്പും ഉണ്ടായി. മുമ്പ് സ്‌കൂളിൽ പങ്കെടുത്തിട്ടുള്ള ദീർഘകാലമായി പയനിയർമാർ ആയിരിക്കുന്നവരെയും പുതിയ പയനിയർമാരോടൊപ്പം ക്ലാസ്സിൽ സംബന്ധിക്കാൻ ക്രമേണ ക്ഷണിക്കുന്നതായിരിക്കും.ദിവ്യ പിന്തുണയും മാനുഷ ഉദാരതയും നിരവധി രാജ്യഹാളുകൾ കൂടെ പണിയാൻ നമ്മെ പ്രാപ്‌തരാക്കിയിരിക്കുന്നു, പ്രത്യേകിച്ചും പരിമിത ആസ്‌തി ഉള്ള ദേശങ്ങളിൽ. ലോകവ്യാപകമായി ആത്മീയ ആഹാരത്തിനുള്ള ആവശ്യം വർധിച്ചു വരുന്നതിനാൽ പല ദേശങ്ങളിലും ബ്രാഞ്ച് വിപുലീകരണ പദ്ധതികൾ നടപ്പിലാക്കിവരികയാണ്. ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രിക ഇപ്പോൾ 299 ഭാഷകളിൽ ലഭ്യമാണ്. ഇതിനോടകംതന്നെ അതിന്റെ 13 കോടി 90 ലക്ഷം പ്രതികൾ അച്ചടിച്ചിരിക്കുന്നു; നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനത്തിന്റെ അച്ചടി 161 ഭാഷകളിലായി 9 കോടി 30 ലക്ഷം കവിഞ്ഞിരിക്കുന്നു; കൂടാതെ, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയുടെ 20 കോടി പ്രതികൾ 267 ഭാഷകളിലായി അച്ചടിക്കപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ സേവനവർഷം തങ്ങളുടെ സമർപ്പണം ജലസ്‌നാപനത്തിലൂടെ പ്രതീകപ്പെടുത്തിയ 2,58,845 പേർക്ക് ഹൃദ്യമായ സ്വാഗതം! ദൈവരാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതു നിമിത്തം നിങ്ങൾ സാത്താന്റെ കടുത്ത വിദ്വേഷത്തിനു പാത്രമായിത്തീർന്നിരിക്കുകയാണ്. എന്നാൽ അതേസമയം നിങ്ങൾ യഹോവയുടെ പ്രത്യേക അനുഗ്രഹത്തിനും ആത്മീയ സംരക്ഷണത്തിനും കൂടെ പാത്രമായിത്തീർന്നിരിക്കുന്നു; ഇത് നിങ്ങൾക്കു മുമ്പിലുള്ള ഓട്ടത്തിൽ നിങ്ങളെ സഹായിക്കും. (എബ്രാ. 12:1, 2; വെളി. 12:17) അതേ, ‘നിങ്ങളെ കാക്കുന്നവൻ മയങ്ങുകയില്ല’ എന്ന കാര്യം സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കുക.—സങ്കീ. 121:3.
“സദാ ജാഗരൂകരായിരിക്കുവിൻ . . . ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുവിൻ” എന്ന 2004-ലെ വാർഷികവാക്യം ഏറ്റവും സമയോചിതമാണ്. (മത്താ. 24:42, 44, NW) അന്ത്യത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഈ വ്യവസ്ഥിതിയിൽ ക്രിസ്‌ത്യാനികൾ പ്രവാസികളാണെന്ന് ദൈവവചനം പറയുന്നു. (1 പത്രൊ. 2:11; 4:7) അതുകൊണ്ട് നാം ആത്മീയകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ തുടരണം, ജീവിതം ലളിതമാക്കി നിറുത്തണം, ഹൃദയം ശ്രദ്ധാപൂർവം പരിശോധിക്കണം. ‘മഹാസർപ്പം’ നമ്മെ വിഴുങ്ങിക്കളയാൻ, തന്റെ വ്യവസ്ഥിതിയിലേക്ക് നമ്മെ വലിച്ചെടുക്കാൻ ആഗ്രഹിക്കുന്നു.—വെളി. 12:9.
നമ്മുടെ ജാഗ്രത കാത്തുസൂക്ഷിക്കുന്നതിന് ദൈനംദിന ബൈബിൾ വായന അനിവാര്യമാണ്. സമർപ്പണത്തോടുള്ള ബന്ധത്തിലെ നമ്മുടെ ‘ഉവ്വ്, ഉവ്വ്’ തന്നെയായിരിക്കാനും ‘ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊള്ളാനും’ അതു നമ്മെ സഹായിക്കും. (യാക്കോ. 5:12; എബ്രാ. 3:14) ദൈവത്തിന്റെ മാറാത്ത നിലവാരങ്ങളിൽനിന്ന് ലോകം എത്ര അകന്നുപോയിരിക്കുന്നു എന്ന് ദിവസേനയുള്ള ബൈബിൾ വായന നമ്മെ ഓർമപ്പെടുത്തും. (മലാ. 3:6; 2 തിമൊ. 3:1, 13) ‘തന്ത്രപരമായി മെനഞ്ഞെടുത്ത കെട്ടുകഥകൾ’ ത്യജിക്കാനും യഹോവയോട് വിശ്വസ്‌തരായി നിലകൊള്ളാനും ബൈബിൾ പരിജ്ഞാനത്തിന് നമ്മെ സഹായിക്കാൻ കഴിയും.—2 പത്രൊ. 1:16, NW; 3:11, 12.
മാതാപിതാക്കളേ, നിങ്ങളുടെ മക്കളെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും വളർത്തിക്കൊണ്ടുവരവേ ആത്മീയ ലക്ഷ്യങ്ങൾ വെക്കാനും ‘സദാ ജാഗരൂകരായിരിക്കാനും’ നിങ്ങൾ അവരെ സഹായിക്കുന്നുണ്ടോ? (എഫെ. 6:4, NW) ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ജ്ഞാനിയായ വ്യക്തിക്ക് തന്റെ ഭാവിയെ കുറിച്ച് ഉണ്ടായിരുന്നതിനോടു സമാനമായ വീക്ഷണം വെച്ചുപുലർത്താൻ നിങ്ങൾ അവരെ പരിശീലിപ്പിക്കുന്നുവോ? യേശുവിന് വേണമെങ്കിൽ ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ തച്ചനോ ഡോക്ടറോ ആകാമായിരുന്നു, ഏറ്റവും വലിയ കണ്ടുപിടിത്തങ്ങൾ നടത്താമായിരുന്നു. എന്നാൽ അവൻ മുഴുസമയ ശുശ്രൂഷയാണ് തിരഞ്ഞെടുത്തത്. അവന്റെ ദൃഷ്ടാന്തം രാജ്യതാത്‌പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കാൻ കുട്ടികളെ സഹായിക്കുന്നതിന് നിങ്ങളെ പ്രോത്സാഹിപ്പിക്കട്ടെ.
ഭരണസംഘത്താൽ പ്രതിനിധാനം ചെയ്യപ്പെടുന്ന വിശ്വസ്‌തനും വിവേകിയുമായ അടിമ, ‘രാജ്യത്തിന്റെ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കുക’ എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിൽ “മഹാപുരുഷാരം” നൽകുന്ന സഹായത്തിന് അങ്ങേയറ്റം നന്ദിയുള്ളവരാണ്. (വെളി. 7:9; മത്താ. 24:14, 45) പ്രിയപ്പെട്ടവരേ, യഹോവ “നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും” ഓർക്കുന്നു എന്ന് നിങ്ങൾക്ക് ഉറപ്പു നൽകുന്നു. (എബ്രാ. 6:10) തുടർന്നുവരുന്ന പേജുകളിൽ കൊടുത്തിട്ടുള്ള ആവേശജനകമായ അനുഭവങ്ങളും നിങ്ങളുടെ ഏകീകൃത ശ്രമങ്ങളുടെ ഫലങ്ങളും വായിക്കുമ്പോൾ ഈ ലോകവ്യാപക സാക്ഷ്യം നൽകുന്നതിൽ നിങ്ങൾക്ക് അതിപ്രധാനമായ ഒരു പങ്ക് ഉണ്ടായിരുന്നുവെന്ന് ഓർക്കുക.
പ്രതിഫലം നേടുന്നതിൽനിന്ന് നിങ്ങളെ തടയാൻ മനുഷ്യരെയോ ഭൂതങ്ങളെയോ അനുവദിക്കാതെ ‘അതിലേക്ക് ഉറ്റുനോക്കുന്നതിൽ’ തുടരവേ നിങ്ങൾക്ക് ഭാവിയെ സധൈര്യം നേരിടാൻ കഴിയുമാറാകട്ടെ. (എബ്രാ. 11:26, NW; കൊലൊ. 2:18) അതേ, യഹോവയിൽ ആശ്രയിക്കുക; തന്നെ സ്‌നേഹിക്കുന്ന ഏവരെയും അവൻ പൂർണ ജീവൻ പ്രാപിക്കാൻ സഹായിക്കും എന്ന ഉറച്ചവിശ്വാസം ഉണ്ടായിരിക്കുക.—യോഹ. 6:48-54.
യഹോവയുടെ മഹത്ത്വത്തിന്റെ കീർത്തിക്കായി നിങ്ങളോടൊപ്പം സേവിക്കാൻ കഴിയുന്നതിൽ ഞങ്ങൾ എത്ര സന്തുഷ്ടരാണെന്നോ!
നിങ്ങളുടെ സഹോദരന്മാർ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം