വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മൊൾഡോവ

മൊൾഡോവ

മൊൾഡോവ

കാർപ്പാത്തിയൻ മലനിരകളുടെ വൻ കമാനത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്ന മൊൾഡോവ, സമതലങ്ങളും അഗാധമായ താഴ്‌വരകളും മലയിടുക്കുകളും വനനിബിഡമായ പർവത ചെരിവുകളും ഒക്കെയുള്ള ഫലഭൂയിഷ്‌ഠമായ ഒരു ദേശമാണ്‌. 34,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന, വൈവിധ്യം നിറഞ്ഞ ഈ ഭൂപ്രദേശം കുറുനരികൾ, ചെന്നായ്‌ക്കൾ, മുയലുകൾ, തുരപ്പൻ കരടികൾ, മാനുകൾ, എർമിൻ കീരികൾ, വെരുക്‌, കാട്ടുപന്നി തുടങ്ങി പലയിനം മൃഗങ്ങളുടെ ആവാസകേന്ദ്രമാണ്‌.

ഇവിടത്തെ വളക്കൂറുള്ള കരിമണ്ണും പൊതുവേ മിതമായ കാലാവസ്ഥയും പഴങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കാർഷിക വിളകളുടെ സമൃദ്ധമായ ഉത്‌പാദനത്തിനു സഹായിക്കുന്നു. ജലസേചനത്തിനും മറ്റാവശ്യങ്ങൾക്കും വേണ്ട വെള്ളം ലഭിക്കുന്നത്‌ പ്രകൃതിദത്തമായ 2,200 നീരുറവകളിൽനിന്നും 3,000 വരുന്ന നദികളിൽനിന്നും അരുവികളിൽനിന്നുമാണ്‌, ഇവയെല്ലാം തെക്കോട്ടൊഴുകി കരിങ്കടലിൽ പതിക്കുന്നു. വേഗത്തിലൊഴുകുന്ന നീസ്റ്ററാണ്‌ പ്രധാന നദി, ഇത്‌ മൊൾഡോവയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും നാവികയോഗ്യമാണ്‌. ഈ നദിയുടെ വലിയൊരു ഭാഗം മൊൾഡോവയ്‌ക്കു വടക്കും തെക്കും കിഴക്കും അതിർത്തികളുള്ള യൂക്രെയിനിന്‌ അതിരു ചമയ്‌ക്കുന്നു, അല്ലെങ്കിൽ യൂക്രെയിനിന്റെ അതിർത്തിക്കു സമാന്തരമായി ഒഴുകുന്നു. പടിഞ്ഞാറ്‌, ഡാന്യൂബിന്റെ ഒരു പോഷകനദിയായ പ്രൂട്ട്‌ നദി മൊൾഡോവയ്‌ക്കും റൊമാനിയയ്‌ക്കും പൊതു അതിർത്തിയായി വർത്തിക്കുന്നു.

മൊൾഡോവയുടെ പ്രക്ഷുബ്ധ ഗതകാലം

നൂറ്റാണ്ടുകളോളം ബെസാറേബിയ എന്നും മൊൾഡേവിയ എന്നും അറിയപ്പെട്ടിരുന്ന, നീസ്റ്റർ നദിക്കും പ്രൂട്ട്‌ നദിക്കും ഇടയ്‌ക്കുള്ള പ്രദേശം യൂറോപ്പിലേക്കുള്ള ഒരു വൻകരപ്പാതയിലാണു സ്ഥിതി ചെയ്യുന്നത്‌. പൊ.യു.മു. ഒന്നാം സഹസ്രാബ്ദത്തിൽ ഈ പ്രദേശം സിത്തിയയുടെ ഭാഗമായിരുന്നു. പിന്നീട്‌ റോമാസാമ്രാജ്യവും അതിന്മേൽ അൽപ്പം ആധിപത്യം പുലർത്തുകയുണ്ടായി. ഗോഥ വംശജരും ഹുൺ വംശജരും മംഗോളിയക്കാരും മറ്റും നടത്തിയ തുടർച്ചയായ ആക്രമണങ്ങളും അതിന്റെ പ്രക്ഷുബ്ധ ചരിത്രത്തിന്റെ ഭാഗമാണ്‌. 13, 14 നൂറ്റാണ്ടുകളിൽ മൊൾഡേവിയ ടാർടാറിന്റെ സാമന്ത രാജ്യമായിരുന്നു. 16-ാം നൂറ്റാണ്ടിൽ അത്‌ ഒട്ടോമാൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. 1812-ലെ ബൂക്കറെസ്റ്റ്‌ ഉടമ്പടിപ്രകാരം തുർക്കികൾ ബെസാറേബിയയുടെയും മൊൾഡേവിയയുടെ പകുതി ഭാഗത്തിന്റെയും ആധിപത്യം റഷ്യയ്‌ക്കു വിട്ടുകൊടുത്തു, അങ്ങനെ മുഴു പ്രദേശത്തിന്റെയും പേര്‌ ബെസാറേബിയ എന്നായി.

1918-ൽ ബെസാറേബിയ ഗ്രേറ്റർ റൊമാനിയയുടെ ഭാഗമായിത്തീർന്നു. 1940-ൽ അത്‌ റഷ്യയുടെ അധീനതയിലായി. എന്നാൽ അധികകാലം കഴിയുന്നതിനു മുമ്പ്‌ റഷ്യയ്‌ക്ക്‌ അതിന്റെ ഉടമസ്ഥാവകാശം നഷ്ടമായി. തുടർന്ന്‌ 1944-ൽ റഷ്യ വീണ്ടും ബെസാറേബിയ പിടിച്ചെടുത്തു. സോവിയറ്റ്‌ യൂണിയന്റെ കീഴിലായിരിക്കെ, ആ പ്രദേശം മൊൾഡേവിയൻ സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്ക്‌ (എസ്‌എസ്‌ആർ) എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഒടുവിൽ, സോവിയറ്റ്‌ കമ്മ്യൂണിസത്തിന്റെ പതനത്തോടെ 1991 ആഗസ്റ്റ്‌ 27-ന്‌ മൊൾഡേവിയൻ എസ്‌എസ്‌ആർ മോസ്‌കോയുമായുള്ള ബന്ധം വിച്ഛേദിക്കുകയും സ്വതന്ത്ര മൊൾഡോവ റിപ്പബ്ലിക്ക്‌ ആയിത്തീരുകയും ചെയ്‌തു. a തലസ്ഥാന നഗരം കിഷിനൗ (മുൻ കിഷിനെവ്‌) ആണ്‌.

1960-കളിൽ മൊൾഡോവയിൽ ജനസംഖ്യ സത്വരം വർധിച്ചു. എന്നാൽ 1970 മുതൽ അത്‌ കുറഞ്ഞുവരുകയും പിന്നെ ഏറെക്കുറെ മാറ്റമില്ലാതെ തുടരുകയും ചെയ്‌തിരിക്കുന്നു. ഇപ്പോഴത്തെ ജനസംഖ്യ 43 ലക്ഷം ആണ്‌. അനേകരും രാജ്യത്തെ പ്രധാന വ്യവസായമായ മുന്തിരിക്കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നു. ലോകത്താകമാനം ഉത്‌പാദിപ്പിക്കപ്പെടുന്ന വീഞ്ഞിന്റെ 3 ശതമാനം ഉണ്ടാക്കുന്നത്‌ ഇവിടെയാണ്‌. വിശേഷിച്ചും റഷ്യയിലും കിഴക്കൻ യൂറോപ്പിലും മൊൾഡോവൻ വീഞ്ഞിന്‌ വലിയ പ്രിയമാണ്‌. (71-ാം പേജിലെ ചതുരം കാണുക.) എന്നാൽ ഏറെ വിശിഷ്ടമായ മറ്റൊരു മുന്തിരിത്തോട്ടം മൊൾഡോവയെ സമ്പുഷ്ടമാക്കിയിരിക്കുന്നു. ഏറ്റവും നല്ല ഫലം—⁠യഹോവയ്‌ക്കുള്ള മാധുര്യമേറുന്ന സ്‌തുതികൾ​—⁠ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ ഈ തോട്ടത്തിലാണ്‌.

‘മനോഹരമായോരു മുന്തിരിത്തോട്ടം’

പ്രവാചകനായ യെശയ്യാവ്‌ മുഖാന്തരം യഹോവ ആത്മീയ ഇസ്രായേലിനെ ‘മനോഹരമായോരു മുന്തിരിത്തോട്ടം’ എന്നു വർണിച്ചു. പ്രവചനാനുസൃതം ആ ആലങ്കാരിക മുന്തിരിത്തോട്ടം, പോഷകസമൃദ്ധമായ ആത്മീയ ആഹാരത്തിന്റെ രൂപത്തിലുള്ള ‘ഫലം’കൊണ്ട്‌ “ഭൂതലത്തിന്റെ ഉപരിഭാഗ”ത്തെ നിറച്ചിരിക്കുന്നു. (യെശ. 27:⁠2-6) തത്‌ഫലമായി, ദശലക്ഷക്കണക്കിനു “വേറെ ആടുകൾ” അഭിഷിക്ത ക്രിസ്‌ത്യാനികളോടു ചേരാൻ ഇടയായിരിക്കുന്നു.​—⁠യോഹ. 10:⁠16.

ആ വിസ്‌മയാവഹമായ പ്രവചനത്തിന്റെ നിവൃത്തിയിൽ ഭാഗഭാക്കാകാൻ കഴിയുന്നത്‌ മൊൾഡോവയിലെ യഹോവയുടെ ജനത്തെ പുളകംകൊള്ളിക്കുന്നു. യഹോവയുടെ സംഘടനയിൽനിന്ന്‌ ആത്മീയ പോഷണം സദാ ലഭ്യമായിക്കൊണ്ടിരിക്കുന്നതു നിമിത്തം മൊൾഡോവയിൽ ഇപ്പോൾ ഓരോ 229 നിവാസികൾക്കും ഒരു പ്രസാധകൻ അല്ലെങ്കിൽ പ്രസാധിക എന്ന അനുപാതമാണ്‌ ഉള്ളത്‌. ഒരു ഗ്രാമത്തിൽ ഓരോ നാലു വ്യക്തികളിലും ഒരാൾ വീതം യഹോവയുടെ സാക്ഷിയാണ്‌!

എന്നാൽ നാം കാണാൻ പോകുന്നതുപോലെ, ഈ വളർച്ചയോടൊപ്പം കഠിനമായ പരിശോധനകളും ഉണ്ടായിട്ടുണ്ട്‌. ഏതാണ്ട്‌ 70 വർഷം റൊമേനിയൻ ഏകാധിപതികളും ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരും യഹോവയുടെ ജനത്തിന്മേൽ നിരോധനം ഏർപ്പെടുത്തുകയും അവരെ പീഡിപ്പിക്കുകയും തടവിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നിരുന്നാലും മറ്റിടങ്ങളിലെന്നപോലെ മൊൾഡോവയിലും യഹോവ തന്റെ ‘മനോഹരമായ [ആത്മീയ] മുന്തിരിത്തോട്ടം’ സംബന്ധിച്ച പ്രാവചനിക വാക്കുകൾ നിവർത്തിച്ചിരിക്കുന്നു. യെശയ്യാവു മുഖാന്തരം അവൻ ഇങ്ങനെ അരുളിച്ചെയ്‌തു: “യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.” (യെശ. 27:⁠2, 3) മൊൾഡോവയിലെ യഹോവയുടെ ജനത്തിന്റെ ചരിത്രത്തെ കുറിച്ചു വിചിന്തനം ചെയ്യവേ, ധീരതയുടെയും വിശ്വസ്‌തതയുടെയും കാര്യത്തിൽ അവർ വെച്ചിരിക്കുന്ന മാതൃക, എതിരാളിയായ സാത്താൻ നിങ്ങളുടെ മാർഗത്തിൽ എന്തു പ്രതിബന്ധങ്ങൾ കൊണ്ടുവന്നാലും യഹോവയുടെ സ്‌തുതിക്കായി അമൂല്യ ഫലങ്ങൾ ഉത്‌പാദിപ്പിക്കുന്നതിൽ തുടരാനുള്ള നിങ്ങളുടെ നിശ്ചയത്തെ ബലപ്പെടുത്തുമാറാകട്ടെ.

റസ്സൽ സഹോദരൻ വയൽ പരിശോധിക്കുന്നു

ഒരു മുന്തിരിച്ചെടിയുടെ ശാഖകൾ കൊച്ചുകൊച്ചു നാമ്പുകളായിട്ടാണ്‌ മുളപൊട്ടുന്നത്‌. മൊൾഡോവയിലെ ആത്മീയ വളർച്ചയും സമാനമായിരുന്നു. യഹോവ ആ ഇളം നാമ്പിനെ മൊൾഡോവയിൽ നാം ഇന്നു കാണുന്ന, ഫലം ഉത്‌പാദിപ്പിക്കുന്ന കരുത്തുറ്റ മുന്തിരിവള്ളിയായി വളർത്തിയത്‌ എങ്ങനെയെന്നു നോക്കാം. (1 കൊരി. 3:⁠6) 19-ാം നൂറ്റാണ്ടിന്റെ അവസാനത്തേക്ക്‌, ബൈബിൾ വിദ്യാർഥിയായിരുന്ന ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ തന്റെ യൂറോപ്യൻ പര്യടനത്തിനിടയിൽ ഈ രാജ്യം സന്ദർശിച്ച സമയത്തേക്ക്‌ നമുക്കു മടങ്ങിപ്പോകാം.

സീയോന്റെ വീക്ഷാഗോപുരവും ക്രിസ്‌തുസാന്നിധ്യ ഘോഷകനും (ഇംഗ്ലീഷ്‌) എന്ന പ്രസിദ്ധീകരണത്തിന്റെ 1891 സെപ്‌റ്റംബർ ലക്കത്തിൽ, ഒരു യഹൂദ അഭിഭാഷകനും ക്രിസ്‌ത്യാനിയുമായ ജോസഫ്‌ റാബിനോവിച്ച്‌ എന്ന ഒരു വ്യക്തിയുടെ ഭവനം സന്ദർശിച്ചതായി റസ്സൽ എഴുതി. “ഇതുവരെ ഉണ്ടായ ഏറ്റവും രസകരമായ അനുഭവങ്ങളിലൊന്ന്‌ റഷ്യയിലെ കിഷിനെവിലുള്ള [ഇപ്പോൾ മൊൾഡോവയിലെ കിഷിനൗ] ജോസഫ്‌ റാബിനോവിച്ച്‌ സഹോദരന്റെ ഭവനം ഞങ്ങൾ സന്ദർശിച്ചതാണ്‌. ജോസഫ്‌ സഹോദരൻ ഉൾപ്പെടെ മുഴു കുടുംബവും ഞങ്ങൾക്ക്‌ ഊഷ്‌മളമായ സ്വാഗതമരുളി. അവർ എല്ലാവരും കർത്താവായ യേശുവിൽ വിശ്വസിക്കുന്നവരാണ്‌. . . . ഉദയം [സഹസ്രാബ്ദോദയം] എന്ന പുസ്‌തക പരമ്പരയിലെ പഠിപ്പിക്കലുകളെല്ലാം അദ്ദേഹത്തിന്‌ നന്നായി അറിയാം, അദ്ദേഹം അവയോടു പൂർണ യോജിപ്പിലുമാണ്‌,” റസ്സൽ സഹോദരൻ പറഞ്ഞു. ബൈബിൾ ചർച്ചകൾ നടത്തവേ ഇരുവർക്കും യോജിക്കാൻ കഴിഞ്ഞ ഒട്ടനവധി തിരുവെഴുത്ത്‌ ആശയങ്ങൾ ഉണ്ടായിരുന്നു. തന്റെ മൊൾഡോവക്കാരനായ സ്‌നേഹിതനെ റസ്സൽ “റാബിനോവിച്ച്‌ സഹോദരൻ” എന്നു പരാമർശിച്ചതു സൂചിപ്പിക്കുന്നത്‌ അതാണ്‌.

അന്ന്‌ കിഷിനൗവിൽ 50,000-ത്തിലധികം യഹൂദന്മാർ ഉണ്ടായിരുന്നു. റാബിനോവിച്ചും അദ്ദേഹത്തിന്റെ കുടുംബവും ക്രിസ്‌തുവിനെയും മശിഹൈക പ്രത്യാശയെയും സ്വീകരിക്കാൻ ഈ യഹൂദന്മാരെ സഹായിക്കുന്നതിൽ സജീവമായി ഉൾപ്പെട്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വീടിനോടും ഓഫീസിനോടും ചേർന്ന്‌ “നൂറ്റിയിരുപത്തഞ്ചോളം പേർക്ക്‌ ഇരിക്കാവുന്ന നല്ല വൃത്തിയുള്ള ഒരു പുതിയ ആരാധനാലയം” ഉണ്ടായിരുന്നു എന്ന്‌ റസ്സൽ സഹോദരൻ പറയുകയുണ്ടായി. റാബിനോവിച്ചിന്റെ പക്കൽ കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഒരു പുതിയ അച്ചടിയന്ത്രവും ഉണ്ടായിരുന്നു. വിശേഷിച്ചും യഹൂദ ചിന്താഗതിക്കു യോജിക്കുന്ന തരത്തിലുള്ള ലഘുലേഖകൾ അച്ചടിക്കാൻ അദ്ദേഹം അത്‌ ഉപയോഗിച്ചിരുന്നു. ഏതാണ്ട്‌ ആറു വർഷങ്ങൾക്കു ശേഷം, 1897-ൽ, റാബിനോവിച്ച്‌ ഇങ്ങനെ എഴുതി: “എത്രയും പ്രിയപ്പെട്ട റസ്സൽ സഹോദരൻ അറിയുന്നതിന്‌: സീയോന്റെ വീക്ഷാഗോപുരം എന്ന വിലപ്പെട്ട പത്രിക മുഖാന്തരം താങ്കൾ എനിക്കു നൽകിക്കൊണ്ടിരിക്കുന്ന ആത്മീയ സന്തോഷത്തിനായി ഞാൻ ഈ വർഷാവസാനത്തിൽ അതിയായ നന്ദി രേഖപ്പെടുത്തുന്നു. എന്നെ സംബന്ധിച്ചിടത്തോളം ആ പത്രിക ഒരു ചരക്കുകപ്പൽ പോലെയാണ്‌​—⁠ദൂരെനിന്ന്‌ ആത്മീയ ആഹാരം കൊണ്ടുവരുന്ന ഒരു കപ്പൽ.” ഈ യഹൂദന്‌ ബൈബിൾ സത്യത്തോടു സ്‌നേഹവും തീക്ഷ്‌ണതയും ഉണ്ടായിരുന്നെങ്കിലും രാജ്യവിത്ത്‌ അവിടെ ആഴത്തിൽ വേരെടുക്കാനും ഫലം ഉത്‌പാദിപ്പിക്കാനും പിന്നെയും 30 വർഷം വേണ്ടിവന്നു.​—⁠മത്താ. 13:⁠1-8, 18-23.

ഒന്നാം ലോകമഹായുദ്ധം പലരെയും ഭഗ്നാശരാക്കുന്നു

ഒന്നാം ലോകമഹായുദ്ധ കാലത്ത്‌ യൂറോപ്പിൽ ഉണ്ടായ ഞെട്ടിക്കുന്ന രാഷ്‌ട്രീയ മാറ്റങ്ങൾ മൊൾഡോവയിൽ രാജ്യവിത്തിന്‌ വളക്കൂറുള്ള മണ്ണു പ്രദാനം ചെയ്‌തു. മഹായുദ്ധം​—⁠അന്ന്‌ അത്‌ അറിയപ്പെട്ടിരുന്നത്‌ അങ്ങനെയാണ്‌​—⁠അവസാനിച്ചപ്പോൾ മൊൾഡോവ റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കുകയും റൊമേനിയയോടു ചേരുകയും ചെയ്‌തു. റഷ്യയിൽ അപ്പോൾ കമ്മ്യൂണിസ്റ്റുകാർ അധികാരം പിടിച്ചെടുത്തിരുന്നു. യുദ്ധത്തിന്റെ ഭീകരതകൾക്കു സാക്ഷ്യം വഹിക്കാനിടയായ ഒട്ടനവധി മൊൾഡോവൻ സൈനികർ നിരാശരായി തിരിച്ചെത്തി. ഇവരിൽ പലരും ഓർത്തഡോക്‌സ്‌ സഭയോടു തികഞ്ഞ ഭക്തി ഉള്ളവരായിട്ടാണു വളർന്നുവന്നത്‌. എന്നാൽ ഇപ്പോൾ അവർ അതിന്റെ പഠിപ്പിക്കലുകളെ ചോദ്യം ചെയ്യാൻ തുടങ്ങി.

അവരിൽ ഒരാളായിരുന്നു യോൻ ആൻഡ്രോനിക്ക്‌. 1919-ൽ അദ്ദേഹം തന്റെ ഗ്രാമമായ കോർഷെയൂറ്റ്‌സിലേക്കു മടങ്ങി. യുദ്ധത്തടവുകാരനായിരിക്കെ അഡ്‌വെന്റിസ്റ്റുകളുമായും ബാപ്‌റ്റിസ്റ്റുകാരുമായും നടത്തിയ ചർച്ചകളിലൂടെ അദ്ദേഹത്തിനു ബൈബിളിൽ താത്‌പര്യം ജനിച്ചിരുന്നു. അദ്ദേഹം തടങ്കൽപ്പാളയത്തിൽനിന്ന്‌ ഒരു ബൈബിൾ വീട്ടിലേക്കു കൊണ്ടുവരുകയും അതിലെ സന്ദേശം വീട്ടുകാരും അയൽക്കാരുമൊത്തു ചർച്ച ചെയ്യുകയും ചെയ്‌തു. അങ്ങനെ അവരിലും താത്‌പര്യം ഉണർന്നു.

ആ അയൽക്കാരിൽ ഒരാളായിരുന്നു ഇലിയ ഗ്രോസ. യുദ്ധകാലത്ത്‌ അദ്ദേഹം ഐക്യനാടുകളിലായിരുന്നു. യാത്രകൾക്കിടയിൽ കിട്ടിയ “പുതിയ നിയമ”ത്തിന്റെ ഒരു പ്രതി അദ്ദേഹം വീട്ടിലേക്കു കൊണ്ടുവന്നു. പരസ്‌പരം നല്ല അടുപ്പമുള്ള അയൽക്കാരായിരുന്നതുകൊണ്ട്‌ ആൻഡ്രോനിക്ക്‌ കുടുംബവും ഗ്രോസ കുടുംബവും ദൈവവചനം ഒത്തൊരുമിച്ചു ചർച്ച ചെയ്യാൻ തുടങ്ങി. ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌​—⁠പ്രസിദ്ധീകരിച്ച സാഹിത്യങ്ങളും അവർ സ്വീകരിച്ചു.

ഇലിയ ഗ്രോസയുടെ മകൾ യോവാന അനുസ്‌മരിക്കുന്നു: “ബൈബിൾ വിദ്യാർഥികളുടെ പ്രസിദ്ധീകരണം ആദ്യമായി ഞങ്ങളുടെ കുടുംബത്തിനു ലഭിക്കുമ്പോൾ എനിക്കു വെറും ആറു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾക്കു സാഹിത്യം ലഭിച്ചത്‌ എവിടെനിന്നാണെന്ന്‌ എനിക്ക്‌ അത്ര തിട്ടമില്ല. പക്ഷേ എന്റെ മാതാപിതാക്കളും കൂടെപ്പിറപ്പുകളും, ആ പ്രസിദ്ധീകരണങ്ങളിൽ നൽകിയിരുന്ന തിരുവെഴുത്തുകൾ സംബന്ധിച്ച വ്യക്തമായ വിശദീകരണങ്ങൾ ഉത്സാഹത്തോടെ ചർച്ച ചെയ്യുന്നത്‌ എനിക്ക്‌ ഓർമയുണ്ട്‌.”

പിന്നീട്‌, യോൻ ആൻഡ്രോനിക്ക്‌ തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. പക്ഷേ അദ്ദേഹത്തിന്റെ കുടുംബവും ഗ്രോസ കുടുംബത്തിലെ ഒട്ടുമിക്കവരും മറ്റൊരു തീരുമാനമാണ്‌ എടുത്തത്‌. “ആദ്യകാലങ്ങളിൽ യോഗങ്ങൾക്ക്‌ ഞങ്ങൾ രണ്ടു കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ,” യോവാന അനുസ്‌മരിക്കുന്നു. “ഡാഡിക്കും മമ്മിക്കും ഞങ്ങൾ നാലു പെൺമക്കളായിരുന്നു. ആൻഡ്രോനിക്ക്‌ കുടുംബത്തിൽ കുറേ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നു. അതുകൊണ്ട്‌ അധികം കഴിയുന്നതിനു മുമ്പ്‌ ഒരു പ്രണയബന്ധം തളിരിട്ടു, തുടർന്ന്‌ വാസിലി ആൻഡ്രോനിക്ക്‌ എന്റെ സഹോദരി ഫിയോഡോലിന്നായെ വിവാഹം ചെയ്‌തു.

“താമസിയാതെ ഞങ്ങളുടെ ബൈബിളധ്യയന കൂട്ടത്തിൽ ടൂഡോർ ഗ്രോസയും ഡാരിയയും പങ്കുചേർന്നു. ഈ ദമ്പതികൾ ഞങ്ങളുടെ അകന്ന ബന്ധുക്കളായിരുന്നു. ടൂഡോർ ഉത്സാഹിയായ ഒരു ബൈബിൾ വിദ്യാർഥി ആയിരുന്നു. സാഹിത്യങ്ങൾ വാങ്ങാനും തന്റെ നൂറുനൂറു ബൈബിൾ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താനുമായി അദ്ദേഹം റൊമേനിയയിലെ ക്ലൂഴ്‌നാപോക്കയിലുള്ള ബ്രാഞ്ച്‌ ഓഫീസിലേക്കു പോലും പോയിട്ടുണ്ട്‌. പിൽക്കാലത്ത്‌ അദ്ദേഹം ഞങ്ങളുടെ ചെറിയ സഭയ്‌ക്ക്‌ ഒരു വലിയ ആത്മീയ താങ്ങായി മാറി.

“ആ പ്രദേശത്തുതന്നെ താമസിച്ചിരുന്ന യാക്കൂബോയ്‌ കുടുംബവും ഞങ്ങളുടെ വീട്ടിൽ നടന്നിരുന്ന ബൈബിൾ ചർച്ചകളിൽ പങ്കുചേർന്നു. കുടുംബത്തലവനായ പെട്രൂ യാക്കൂബോയ്‌ ഒരിക്കൽ, ബൈബിൾ വിതരണം ചെയ്‌തിരുന്ന ഒരു മനുഷ്യന്‌ ആതിഥ്യമരുളിയിരുന്നു. ആ സന്ദർശകൻ തിരുവെഴുത്തിലുള്ള പെട്രൂവിന്റെ താത്‌പര്യത്തെ ഉണർത്തുകയുണ്ടായി. കുറച്ചു നാൾ പെട്രൂ ബാപ്‌റ്റിസ്റ്റ്‌ പഠിപ്പിക്കലുകൾ പരിശോധിച്ചു, എന്നാൽ സത്യം മറ്റെവിടെയോ ആണെന്ന്‌ അദ്ദേഹത്തിന്‌ ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ്‌ അദ്ദേഹം ഞങ്ങളുടെ, വളർന്നുകൊണ്ടിരുന്ന ബൈബിൾ വിദ്യാർഥികളുടെ കൂട്ടത്തിൽ ചേർന്നത്‌.

“പഠിക്കുന്ന കാര്യങ്ങളാൽ പ്രചോദിതരായി ഞങ്ങളുടെ കൂട്ടം രാജ്യ സുവാർത്ത എല്ലാ ബന്ധുമിത്രാദികളുമായി പങ്കുവെച്ചു, ഇവരിൽ പലരും ഞങ്ങളുടെ ഗ്രാമത്തിലും അതുപോലെ അയൽഗ്രാമങ്ങളിലുമൊക്കെയാണു താമസിച്ചിരുന്നത്‌.”

മൊൾഡോവയിൽ എത്ര പെട്ടെന്നാണ്‌ രാജ്യസന്ദേശം വ്യാപിച്ചത്‌ എന്ന്‌ എടുത്തുകാട്ടിക്കൊണ്ട്‌ 1921 ഡിസംബർ 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്‌) ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറഞ്ഞു: “ഈയടുത്ത കാലംവരെ ഒരു അഡ്‌വെന്റിസ്റ്റ്‌ ഉപദേശിയായിരുന്ന, ബെസാറേബിയയിലുള്ള [അന്ന്‌ മൊൾഡോവ അറിയപ്പെട്ടിരുന്നത്‌ അങ്ങനെയാണ്‌] ഒരു സഹോദരൻ എഴുതുന്നു: ‘ഇവിടെനിന്നും അടുത്തുള്ള പല സ്ഥലങ്ങളിൽനിന്നുമായി ഏതാണ്ട്‌ 200 ആളുകൾക്ക്‌ സത്യം ലഭിച്ചിട്ടുണ്ട്‌.’”

ഷിറൗറ്റ്‌സ്‌ എന്ന ഗ്രാമത്തിൽ 1920-കളുടെ ആരംഭത്തിൽ, ഓർത്തഡോക്‌സ്‌ സഭയിലെ ഒരു ഉറച്ച വിശ്വാസിയായിരുന്ന ഇലാറിയോൻ ബൂഗായാനിന്‌ സത്യത്തിന്റെ പരിജ്ഞാനം ലഭിക്കാൻ ഇടയായി. അദ്ദേഹം മരണംവരെ യഹോവയെ വിശ്വസ്‌തമായി സേവിച്ചു. മോയ്‌സെ ചോബാനൂ എന്ന ബൈബിൾ വിദ്യാർഥി ജർമനിയിൽനിന്ന്‌ ബാൾട്‌സ്‌ നഗരത്തിലേക്കു മടങ്ങി. ഒന്നാം ലോകമഹായുദ്ധ കാലത്ത്‌ ജർമനിയിൽ തടവിലായിരിക്കെ അദ്ദേഹം സത്യം പഠിച്ചിരുന്നു. അധികം കഴിയുന്നതിനു മുമ്പ്‌ അവിടെ ഒരു കൂട്ടം രൂപംകൊണ്ടു, പിന്നീട്‌ അത്‌ ബാൾട്‌സിലെ ആദ്യത്തെ സഭയായിത്തീർന്നു.

റൊമേനിയൻ സാക്ഷികൾ സഹായിക്കുന്നു

വയലിൽ വേല ചെയ്യാനും ദൈവജനത്തോടു സഹവസിക്കുന്ന പുതിയവരെ ബലപ്പെടുത്താനും 1920-കളിൽ റൊമേനിയൻ ബ്രാഞ്ച്‌ യോഗ്യതയുള്ള സഹോദരന്മാരെ മൊൾഡോവയിലേക്ക്‌ അയച്ചു. ഈ ആദ്യകാല സുവിശേഷകരിൽ ഒരാളായിരുന്നു ട്രാൻസിൽവേനിയയിൽനിന്നുള്ള വാസിലി ചൂക്കാഷ്‌. അദ്ദേഹത്തിന്‌ റൊമേനിയൻ ഭാഷയും ഹംഗേറിയൻ ഭാഷയും സംസാരിക്കാൻ അറിയാമായിരുന്നു. കോർഷെയൂറ്റ്‌സിലെ പുതിയതായി രൂപംകൊണ്ട സഭ സന്ദർശിച്ചപ്പോഴൊക്കെ അദ്ദേഹം ഇലിയ ഗ്രോസയുടെ കുടുംബത്തോടൊപ്പമാണു താമസിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ സന്ദർശനങ്ങളെ കുറിച്ച്‌ യോവാനയ്‌ക്ക്‌ പ്രിയങ്കരമായ ഓർമകളാണുള്ളത്‌. “എനിക്ക്‌ അന്ന്‌ എട്ടു വയസ്സായിരുന്നു,” അവർ പറയുന്നു. “എന്നാലും ചൂക്കാഷ്‌ സഹോദരന്റെ സന്ദർശനങ്ങളെ കുറിച്ച്‌ എനിക്ക്‌ ഇന്നും ഓർമയുണ്ട്‌. അദ്ദേഹം വളരെ ദയാലുവായിരുന്നു. എപ്പോഴും വളരെ രസകരമായ കഥകൾ അദ്ദേഹത്തിന്റെ പക്കലുണ്ടാകും, കഥ കേട്ടുതുടങ്ങിയാൽ പിന്നെ ആർക്കും കിടക്കാൻ പോലും പോകേണ്ട. അദ്ദേഹത്തിന്റെ അടുത്തിരിക്കാൻ ഞാനും ചേച്ചിയും വഴക്കിടുമായിരുന്നു.”

റൊമേനിയൻ സാക്ഷികളും സ്ഥലത്തെ ഉത്സാഹികളായ പ്രസാധകരും അടുത്തുള്ള ഗ്രാമങ്ങളിലേക്കു സുവാർത്ത വ്യാപിപ്പിക്കുന്നതിൽ തുടർന്നു. കോർഷെയൂറ്റ്‌സിൽനിന്ന്‌ പതിനൊന്നു കിലോമീറ്റർ അകലെയുള്ള ടാബാന്യ ഗ്രാമത്തിലെ കാസിമിർ ചിസ്ലിൻസ്‌ക്കി, താൻ ബൈബിളിൽനിന്നു പഠിച്ച താത്‌പര്യജനകമായ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചു. റൊമേനിയൻ സൈന്യത്തിൽ സേവിക്കവേയാണ്‌ കാസിമിർ രാജ്യസന്ദേശം കേട്ടത്‌. ടാബാന്യയിൽ കാസിമിറിന്റെ പ്രസംഗവേലയോട്‌ ആദ്യം പ്രതികരിച്ചവരിൽ ഒരാളാണ്‌ ഡൂമിട്രൂ ഗോരോബെറ്റ്‌സ്‌. വിശേഷിച്ചും ഉത്സാഹിയായ ഒരു വിദ്യാർഥിയായിരുന്നു അദ്ദേഹം. ഡൂമിട്രൂവിന്റെയും അദ്ദേഹത്തെ പോലുള്ള മറ്റുള്ളവരുടെയും തീക്ഷ്‌ണത നിമിത്തം ഇന്ന്‌ ടാബാന്യയിലെ 3,270 വരുന്ന നിവാസികളിൽ 475 പേർ സാക്ഷികളാണ്‌.

1920-കളിൽ, കോർഷെയൂറ്റ്‌സിൽനിന്ന്‌ മൂന്നോ നാലോ കിലോമീറ്റർ അകലെയുള്ള കാറാകൂഷെന്യ ഗ്രാമത്തിലും രാജ്യ സന്ദേശം എത്തിച്ചേർന്നു. കാറാകൂഷെന്യയിൽ ആദ്യമായി സത്യം സ്വീകരിച്ച ഗ്രാമീണരിൽ ഒരാളായിരുന്നു വ്‌ളാഡിമീർ ലുങ്കു. 1927-ൽ അദ്ദേഹം സ്‌നാപനമേറ്റു. തന്റെ ക്രിസ്‌തീയ വിശ്വാസങ്ങളെ പ്രതി അദ്ദേഹത്തിനു വളരെ പീഡനം സഹിക്കേണ്ടിവന്നിട്ടുണ്ട്‌. 2002-ൽ മരിക്കുന്നതുവരെ അദ്ദേഹം യഹോവയോടു വിശ്വസ്‌തനായി നിലകൊണ്ടു. ഗ്രാമത്തിലുള്ള ഒട്ടനവധി ആളുകൾ സത്യം സ്വീകരിക്കുന്നത്‌ അദ്ദേഹത്തിനു കാണാൻ കഴിഞ്ഞു. ഇന്ന്‌ 4,200 നിവാസികളുള്ള കാറാകൂഷെന്യയിൽ നാലു പേരിൽ ഒരാൾ വീതം സാക്ഷിയാണ്‌!

ആലെക്‌സാൻഡ്രൂ മിക്കിറ്റ്‌ക്കോവ്‌ എന്ന മറ്റൊരു വിശ്വസ്‌ത സഹോദരൻ 1929-ൽ യാഷ്‌ എന്ന റൊമേനിയൻ നഗരം സന്ദർശിക്കവേയാണു സത്യം പഠിച്ചത്‌. അദ്ദേഹത്തിന്റെ മകൻ ഇവാൻ പറയുന്നു: “ഡാഡി ഞങ്ങളുടെ ഗ്രാമമായ റ്റ്‌സാവൂളിൽ തിരിച്ചെത്തിയ ഉടനെതന്നെ സുവാർത്ത പ്രസംഗിക്കാൻ ആരംഭിച്ചു. താമസിയാതെ ഞങ്ങളുടെ വീട്ടിൽ ക്രിസ്‌തീയ യോഗങ്ങൾ നടത്താൻ തുടങ്ങി.”

ഇവാൻ തുടരുന്നു: “ഡാഡി റൊമേനിയയിലെ ബ്രാഞ്ച്‌ ഓഫീസുമായി ബന്ധം പുലർത്തിപ്പോന്നു. ഇടയ്‌ക്കിടെ റൊമേനിയയിൽനിന്ന്‌ പക്വതയുള്ള സഹോദരന്മാർ ഞങ്ങളെ സന്ദർശിക്കുമായിരുന്നു. സങ്കടകരമെന്നു പറയട്ടെ, 1931-ൽ, ഇങ്ങനെയൊരു സന്ദർശനം നടന്ന അവസരത്തിൽ എന്റെ കുഞ്ഞനിയത്തി മരണമടഞ്ഞു. ഞങ്ങളുടേത്‌ അറിയപ്പെടുന്ന ഒരു കുടുംബമായിരുന്നതിനാൽ ഒട്ടേറെ ഗ്രാമീണർ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തി. റൊമേനിയയിൽനിന്നു ഞങ്ങളെ സന്ദർശിക്കാനെത്തിയ വാനിക്കാ സഹോദരൻ ആയിരുന്നു ശവസംസ്‌കാര ശുശ്രൂഷ നടത്തിയത്‌. അദ്ദേഹം നല്ല ഒരു സാക്ഷ്യം നൽകി. ബൈബിൾ വിദ്യാർഥികൾ മാന്യമായ രീതിയിൽ ശവസംസ്‌കാര ചടങ്ങുകൾ നടത്തുന്നില്ല എന്ന, വൈദികർ പറഞ്ഞുപരത്തിയ ആരോപണം, കള്ളമാണെന്ന്‌ ആ പ്രസംഗം തുറന്നുകാട്ടി. കൂടാതെ, പുനരുത്ഥാനത്തെ കുറിച്ചു വളരെ വ്യക്തമായ വിശദീകരണം പ്രദാനം ചെയ്‌ത വാനിക്കാ സഹോദരന്റെ പ്രസംഗം സന്നിഹിതരായ ചിലരുടെ ഹൃദയത്തിൽ നല്ല വിത്തുകൾ പാകി. അധികം താമസിയാതെ ഇവരും ബൈബിൾ സത്യത്തിനു വേണ്ടി ഒരു ഉറച്ച നിലപാട്‌ കൈക്കൊള്ളുമായിരുന്നു.

“വാനിക്കാ സഹോദരൻ നൽകിയ ആത്മീയ പ്രോത്സാഹനം എന്റെ കുടുംബത്തിന്മേലും ആഴമായ പ്രഭാവം ചെലുത്തി. ഉദാഹരണത്തിന്‌, എന്റെ ജ്യേഷ്‌ഠൻ ഡൂമിട്രൂ ഒരു കോൽപോർട്ടർ (മുഴുസമയ ശുശ്രൂഷകൻ) ആകാൻ തീരുമാനിച്ചു. കഴിയുന്നത്ര ആളുകളെ സഹായിക്കാനുള്ള ഉത്‌കടമായ ആഗ്രഹത്താൽ പ്രേരിതനായി അദ്ദേഹം താമസിയാതെ മൊൾഡോവയിലെ അതുവരെ പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ പ്രസംഗിക്കാനായി ഭവനംവിട്ടു. വീട്ടിൽ എല്ലാവരും അദ്ദേഹത്തിന്റെ തീരുമാനത്തെ പൂർണ ഹൃദയത്തോടെ പിന്തുണച്ചു. എങ്കിലും ജ്യേഷ്‌ഠന്റെ അഭാവം എന്നെ വല്ലാതെ വിഷമിപ്പിച്ചു എന്ന്‌ സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാൽ വയലിൽനിന്നുള്ള ആവേശജനകമായ അനുഭവങ്ങളുമായി അദ്ദേഹം ഞങ്ങളെ സന്ദർശിക്കാനെത്തിയപ്പോൾ എല്ലാവർക്കും എത്രമാത്രം സന്തോഷമായെന്നോ!

വൈദികരുടെ എതിർപ്പ്‌ വർധിക്കുന്നു

ആരംഭം മുതൽത്തന്നെ ഓർത്തഡോക്‌സ്‌ വൈദികർ സുവാർത്ത പ്രസംഗത്തെ എതിർത്തിരുന്നു. ഒരുകാലത്ത്‌ തങ്ങളുടെ സഭയിലെ അംഗങ്ങളായിരുന്നവർ ബൈബിൾ സത്യം പഠിച്ചതിന്റെ ഫലമായി കുരിശുവരയ്‌ക്കാനും കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കാനും വിസമ്മതിച്ചത്‌ അവരെ കോപാക്രാന്തരാക്കി.

യോവാന ഗ്രോസയ്‌ക്ക്‌ ഏതാണ്ടു പത്തു വയസ്സുണ്ടായിരുന്നപ്പോൾ, വിശ്വാസങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാൻ സ്ഥലത്തെ ഓർത്തഡോക്‌സ്‌ പുരോഹിതൻ യോവാനയുടെമേൽ സമ്മർദം ചെലുത്തി. അവർ അനുസ്‌മരിക്കുന്നു: “കുരിശുവരയ്‌ക്കുന്നതു തിരുവെഴുത്തുവിരുദ്ധമാണെന്ന്‌ ഞങ്ങൾ കുട്ടികൾക്കു ഡാഡി വിശദീകരിച്ചുതന്നിരുന്നു. എന്നാൽ സ്‌കൂളിൽവെച്ച്‌ കുരിശുവരയ്‌ക്കാൻ പുരോഹിതൻ ഞങ്ങളെ നിർബന്ധിച്ചു. എനിക്ക്‌ ആ മനുഷ്യനെ വല്ലാത്ത ഭയമായിരുന്നു, അതോടൊപ്പം ഡാഡിയെ വിഷമിപ്പിക്കുന്നതിനെ കുറിച്ച്‌ ഓർക്കാനും എനിക്കു കഴിയില്ലായിരുന്നു. അതുകൊണ്ട്‌ സ്‌കൂളിൽ പോകാതെ ഞാൻ കളപ്പുരയിൽ ഒളിച്ചിരിക്കും. പക്ഷേ കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഞാൻ സ്‌കൂളിൽ പോകുന്നില്ലെന്ന കാര്യം ഡാഡി മനസ്സിലാക്കി. എങ്കിലും അദ്ദേഹം എന്നെ വഴക്കു പറഞ്ഞില്ല, പകരം കാരണം എന്താണെന്ന്‌ ദയാപൂർവം ചോദിച്ചു. പുരോഹിതനെ പേടിയാണെന്നു പറഞ്ഞപ്പോൾ, ഡാഡി എന്റെ കയ്യുംപിടിച്ച്‌ നേരെ ആ മനുഷ്യന്റെ വീട്ടിലേക്കു ചെന്നു.

“ഉറച്ച സ്വരത്തിൽ ഡാഡി ആ പുരോഹിതനോടു പറഞ്ഞു: ‘എന്റെ മോൾക്ക്‌ ആഹാരവും വസ്‌ത്രവും പാർപ്പിടവുമൊക്കെ നൽകുന്നതു താങ്കളാണെങ്കിൽ, മതപരമായ കാര്യങ്ങളിൽ അവൾ എന്തു ചെയ്യണമെന്നു പറയാൻ താങ്കൾക്ക്‌ അവകാശമുണ്ടായിരുന്നേനെ. അങ്ങനെയല്ലാത്ത സ്ഥിതിക്ക്‌, എന്റെ കുട്ടിയെ ഞാൻ പഠിപ്പിക്കുന്ന കാര്യങ്ങളിൽ മേലാൽ ഇടപെടാൻ വരരുത്‌.’ എന്റെ സ്‌കൂൾ ജീവിതത്തിനിടയ്‌ക്ക്‌ പിന്നീട്‌ ഒരിക്കലും ആ പുരോഹിതൻ ശല്യപ്പെടുത്താൻ വന്നിട്ടില്ലെന്നു പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്‌.”

സാധാരണഗതിയിൽ, സമൂഹത്തിൽ ഏറ്റവും സ്വാധീനം ഉണ്ടായിരുന്നത്‌ വൈദികർക്കായിരുന്നു. യേശുവിന്റെ നാളിലെ മതനേതാക്കന്മാരെ പോലെ, യഹോവയുടെ ദാസരുടെ സത്‌കീർത്തിയെ കളങ്കപ്പെടുത്തുന്നതിന്‌ അവർ തങ്ങളുടെ സ്വാധീനശക്തി ഉപയോഗിച്ചു, അങ്ങനെയാകുമ്പോൾ ഇടവകയിലുള്ളവർ ഒന്നുകിൽ സഹോദരന്മാരെ പുച്ഛിച്ചുതള്ളുമെന്നും അല്ലെങ്കിൽ അവരോടു സംസാരിക്കാൻ ഭയപ്പെടുമെന്നും അവർ കരുതി. പുരോഹിതന്മാരുടെ പ്രിയപ്പെട്ട തന്ത്രങ്ങളിൽ ഒന്ന്‌ രാഷ്‌ട്രീയ ശത്രുത മുതലെടുക്കുകയായിരുന്നു. ഉദാഹരണത്തിന്‌, അതിർത്തിക്കപ്പുറത്തുള്ള സോവിയറ്റ്‌ യൂണിയനിലെ ബോൾഷെവിക്‌ “ഭീഷണി”യെ ആളുകൾ അന്ന്‌ ഭയത്തോടും സംശയത്തോടും കൂടെയാണു വീക്ഷിച്ചിരുന്നത്‌. ഓർത്തഡോക്‌സ്‌ പുരോഹിതന്മാർ ഈ ഭയത്തെ ചൂഷണം ചെയ്‌തു, ബൈബിൾ വിദ്യാർഥികൾ കമ്മ്യൂണിസ്റ്റുകാരാണെന്നു പറഞ്ഞുകൊണ്ട്‌ അവർ കുരിശുവരയ്‌ക്കാത്തതിനു പിന്നിൽ രാഷ്‌ട്രീയ ആന്തരങ്ങൾ ആരോപിക്കാൻ ഈ വൈദികർ ശ്രമിച്ചു.

കുടിലബുദ്ധികളായ ഈ വൈദികർ അതു മാത്രമല്ല ചെയ്‌തത്‌. യേശുവിന്റെ നാളിലെ സദൂക്യരും പരീശന്മാരും ചെയ്‌തതുപോലെതന്നെ, ദൈവജനത്തെ എതിർക്കാൻ ഗവൺമെന്റ്‌ അധികാരികളെ പ്രേരിപ്പിച്ചുകൊണ്ട്‌ അവർ തങ്ങളുടെ അധികാരം കൂടുതലായി ദുർവിനിയോഗം ചെയ്‌തു.​—⁠യോഹ. 18:⁠28-30; 19:⁠4-6, 12-16.

1918 മുതൽ 1940 വരെ മൊൾഡോവ റൊമേനിയയുടെ കീഴിലായിരുന്നു. റൊമേനിയ അന്ന്‌ ഏകാധിപത്യവാഴ്‌ചയുള്ള ഒരു രാജ്യമായിരുന്നു. റൊമേനിയൻ ഗവൺമെന്റ്‌ വ്യക്തിപൂജാപ്രസ്ഥാനങ്ങളുടെ അന്വേഷണച്ചുമതലയുള്ള ഒരു മന്ത്രിയെ നിയോഗിച്ചു, അദ്ദേഹത്തിനു മതകാര്യങ്ങളുടെമേൽ അധികാരം ഉണ്ടായിരുന്നു. ഓർത്തഡോക്‌സ്‌ സഭയുടെ ഇംഗിതങ്ങൾക്കു വഴങ്ങി ഈ മനുഷ്യൻ ബൈബിൾ വിദ്യാർഥികളുടെ വേലയെ എതിർക്കുകയും അവരെയും അവരുടെ പ്രസിദ്ധീകരണങ്ങളെയും നിരോധിക്കാനുള്ള മാർഗങ്ങൾ തേടുകയും ചെയ്‌തു. നിങ്ങൾ ഊഹിച്ചിരിക്കാവുന്നതുപോലെതന്നെ, സഹോദരന്മാർ ബോൾഷെവിക്കുകളുമായി സഹകരിച്ചു പ്രവർത്തിക്കുകയാണ്‌ എന്നതായിരുന്നു ആരോപണം.

യഹോവയുടെ ജനത്തോടുള്ള അധികൃതരുടെ ഈ വെറുപ്പ്‌ മൊൾഡോവയുടെ ഇൻസ്‌പെക്ടർ ജനറൽ ഒരു പോലീസ്‌ മേധാവിക്ക്‌ ഒരു ഉത്തരവു നൽകുന്നതിൽ കലാശിച്ചു. 1925 ഏപ്രിൽ 25-നു നൽകപ്പെട്ട ആ ഉത്തരവ്‌ ഇങ്ങനെ വായിക്കുന്നു: “പോലീസ്‌ സെക്യൂരിറ്റി ഡയറക്ടീവ്‌ നമ്പ. 17274/925-ന്റെ അടിസ്ഥാനത്തിൽ, അന്താരാഷ്‌ട്ര ‘ബൈബിൾ വിദ്യാർഥിക’ളുടെ പ്രചാരണത്തെ നിരോധിക്കാനും നിറുത്തലാക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നു എന്ന കാര്യം ഞങ്ങൾ നിങ്ങളെ അറിയിക്കുകയാണ്‌, ആവശ്യമായ നടപടികൾ നിങ്ങൾ കൈക്കൊള്ളാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”

അധികാരികളിൽനിന്നുള്ള അത്തരം എതിർപ്പ്‌ സഹോദരങ്ങളുടെമേൽ ഉളവാക്കിയ ഫലം 1927 ഒക്ടോബർ 17-ന്‌ റൊമേനിയ ബ്രാഞ്ച്‌ ഓഫീസ്‌ ഹെഡ്‌ക്വാർട്ടേഴ്‌സിനു സമർപ്പിച്ച ഒരു റിപ്പോർട്ടിൽ കാണാവുന്നതാണ്‌. സഭായോഗങ്ങൾ എല്ലായിടത്തും നിരോധിക്കപ്പെടുകയും നിറുത്തലാക്കപ്പെടുകയും ചെയ്‌തിരുന്നതിനു പുറമേ ‘നൂറുകണക്കിനു സഹോദരന്മാരെ സൈനിക, സിവിൽ കോടതികളുടെ മുമ്പാകെ ഹാജരാക്കു’കയും ചെയ്‌തിരുന്നതായി റിപ്പോർട്ടു പറഞ്ഞു. അതിൽ ഇങ്ങനെയും എഴുതിയിരുന്നു: ‘രഹസ്യ ഏജൻസികളും പോലീസുകാരും സഭകളെ അടുത്തുനിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാൽ വേനൽക്കാലത്ത്‌ അധികം യോഗങ്ങളൊന്നും നടത്താൻ കഴിഞ്ഞില്ല, വിശേഷിച്ചും സഭകളിൽ അധികവും ഉള്ള ഗ്രാമങ്ങളിൽ. മിക്ക യോഗങ്ങളും കാട്ടിൽ, ആരും കാണാത്ത സ്ഥലങ്ങളിൽവെച്ചാണു നടത്തിക്കൊണ്ടിരുന്നത്‌.’

റിപ്പോർട്ട്‌ തുടർന്ന്‌ ഇങ്ങനെ പറഞ്ഞു: ‘മാർച്ച്‌ മാസത്തോടെ സഞ്ചാര മേൽവിചാരകന്മാരുടെ വേലയും വെട്ടിച്ചുരുക്കപ്പെട്ടു. അതേ മാസത്തിൽ, കോൽപോർട്ടർമാരെ കണ്ടെത്താനും ഈ “പ്രചാരണക്കാരെ” മുഴുവൻ അറസ്റ്റു ചെയ്യാനും ആഭ്യന്തര മന്ത്രി കർശനമായ രഹസ്യ ഉത്തരവുകൾ നൽകി. താമസിയാതെ കോൽപോർട്ടർമാർ എല്ലാവരുംതന്നെ ജയിലിലായി. വേലയുടെ ആരംഭം മുതൽത്തന്നെ എതിർപ്പു സഹിക്കേണ്ടിവന്നിട്ടുള്ള ഈ രാജ്യത്ത്‌ ഞങ്ങൾക്കോ ഈ സഹോദരന്മാർക്കോ ഭയമൊന്നും ഇല്ലെങ്കിലും ഇപ്രാവശ്യം ഞങ്ങളെ എങ്ങനെയും തകർക്കണമെന്ന ലക്ഷ്യം ഉള്ളതിനാൽ പ്രസംഗവേലയിൽ ഏർപ്പെടുക വളരെ ബുദ്ധിമുട്ടാണ്‌.’

1920-കളുടെ അവസാനത്തോടെ, ധീരരായ വ്യക്തികളും കുടുംബങ്ങളും ഓർത്തഡോക്‌സ്‌ സഭയിൽനിന്നു വിട്ടുപോന്ന്‌ ബൈബിൾ സത്യത്തിനു വേണ്ടി ഒരു ഉറച്ച നിലപാടു കൈക്കൊള്ളുന്നതിൽ തുടർന്നു. ഗ്രാമത്തിലെ ഒരു പുരോഹിതൻ 1928-ൽ തന്റെ മേലധികാരിക്ക്‌ എഴുതിയ ഒരു കത്തിൽനിന്ന്‌ അതു വ്യക്തമാണ്‌. ഷിറൗറ്റ്‌സിലെ, ആ പുരോഹിതന്റെ ഇടവകയിലുണ്ടായിരുന്ന മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 43 വ്യക്തികളുടെ പേരുകളുടെ ഒരു ലിസ്റ്റ്‌ കത്തിനോടൊപ്പം വെച്ചിരുന്നു. കത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു: “‘ബൈബിൾ വിദ്യാർഥികൾ’ എന്ന മതാന്തരവിഭാഗത്തിലെ അംഗങ്ങളുടെ പേരുകളുടെ ഒരു ലിസ്റ്റ്‌ ഇതോടൊപ്പം വെക്കുന്നു.’ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും അവർ യാതൊരു തരത്തിലും വിജയിച്ചിട്ടില്ല. അവർക്ക്‌ പ്രാർഥനാലയം എന്നൊന്നില്ല, സ്വകാര്യ ഭവനങ്ങളിലാണ്‌ അവർ കൂടിവരുന്നത്‌.”

വാസ്‌തവത്തിൽ, പുരോഹിതൻ നൽകിയ പേരുകളുടെ ലിസ്റ്റ്‌ ബൈബിൾ വിദ്യാർഥികളുടെ ശ്രമങ്ങളൊന്നും “വിജയിച്ചിട്ടില്ല” എന്ന അദ്ദേഹത്തിന്റെ അവകാശവാദം ശരിയല്ലെന്നു തെളിയിക്കുന്നതായിരുന്നു. കാരണം, ആ 43 പേരിൽ മിക്കവരും മുമ്പ്‌ ഓർത്തഡോക്‌സ്‌ സഭയിലെ അംഗങ്ങളായിരുന്നു. അതിൽ പരാമർശിച്ചിരുന്ന കുട്ടികളിൽ ഒരാൾ ആഗ്രിപ്പിനാ ബാർബൂറ്റ്‌സ ആയിരുന്നു. ഇപ്പോൾ 80-ലധികം വയസ്സുള്ള അവർ യഹോവയുടെ സേവനത്തിൽ സജീവമായി ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.

പരസ്യമായി പ്രസംഗിക്കുക ദുഷ്‌കരമായപ്പോൾ സഹോദരങ്ങൾ അനൗപചാരിക സാക്ഷീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി, വിശേഷിച്ചും ബന്ധുക്കളോടു സാക്ഷീകരിക്കുന്നതിൽ. അന്നൊക്കെ ബന്ധുക്കൾ ഒത്തുകൂടി ഗണ്യമായ സമയം ഒരുമിച്ചു ചെലവഴിക്കുമായിരുന്നു. ബന്ധുക്കളോടു സുവാർത്ത പങ്കുവെക്കാൻ സഹോദരങ്ങൾ ഈ നാട്ടുനടപ്പ്‌ നന്നായി ഉപയോഗപ്പെടുത്തി. പരസ്‌പരം സംസാരിക്കുന്നതിൽനിന്നു കുടുംബാംഗങ്ങളെ തടയാൻ ഏതെങ്കിലും നിയമവ്യവസ്ഥയ്‌ക്കു കഴിയുമോ?

പ്രസംഗവേല നിയമപരമാക്കാനുള്ള ശ്രമങ്ങൾ

1925-ൽ പ്രസംഗവേലയുടെമേൽ ഉണ്ടായ നിരോധനത്തിനു ശേഷം ക്ലൂഴ്‌നാപോക്കയിലെയും റൊമേനിയയിലെയും ബ്രാഞ്ച്‌ ഓഫീസിലെ സഹോദരന്മാർ വ്യക്തിപൂജാപ്രസ്ഥാന മന്ത്രിക്ക്‌ 50 പേജുള്ള ടൈപ്പു ചെയ്‌ത ഒരു റിപ്പോർട്ടു സമർപ്പിച്ചു. നമ്മുടെ പഠിപ്പിക്കലുകളെയും വിശ്വാസങ്ങളെയും കുറിച്ചുള്ള ഹ്രസ്വമായ ഒരു പ്രസ്‌താവനയോടൊപ്പം നിരോധനം പിൻവലിക്കാനുള്ള ഒരു ഔദ്യോഗിക അഭ്യർഥനയും അതിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന്‌, 1927 സെപ്‌റ്റംബറിൽ, സഹോദരന്മാരിൽ ഒരാൾക്ക്‌ മൂന്നു വ്യത്യസ്‌ത സന്ദർഭങ്ങളിൽ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്താൻ അനുവാദം ലഭിച്ചു. ആരാധനാസ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന തരത്തിൽ നിയമത്തിനു മാറ്റം വരുത്തപ്പെടുമെന്ന പ്രതീക്ഷയോടെയാണ്‌ അദ്ദേഹം അവസാന കൂടിക്കാഴ്‌ച കഴിഞ്ഞു പോയത്‌. എന്നാൽ സങ്കടകരമെന്നു പറയട്ടെ, സഹോദരന്മാരുടെ അപേക്ഷ ഗവൺമെന്റ്‌ തള്ളിക്കളഞ്ഞു. യഹോവയുടെ ജനത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനു പകരം കൂടുതൽ ദുഷ്‌കരമാക്കിക്കൊണ്ട്‌ അധികാരികൾ ‘ഉത്തരവുകളാൽ ദുരിതമുണ്ടാക്കു’ന്നതിൽ തുടർന്നു. (സങ്കീർത്തനം 94:⁠20, പി.ഒ.സി. ബൈബിൾ; ദാനീയേൽ 6:⁠5-9) ഇതോടനുബന്ധിച്ച്‌ 1932 മേയ്‌ 29-നു പുറത്തിറക്കിയ ഔദ്യോഗിക രേഖയിൽ, ബൈബിൾ വിദ്യാർഥികളുടെ “എല്ലാ പ്രവർത്തനങ്ങളും പൂർണമായും നിരോധിച്ചിരിക്കു”ന്നതായി പ്രസ്‌താവിക്കപ്പെട്ടു.

എങ്കിലും റൊമേനിയയിലും മൊൾഡോവയിലും, യഹോവയുടെ ജനത്തിനെതിരെയുള്ള ഈ ആക്രമണം ഏകീകൃതമായിരുന്നില്ല. ബൈബിൾ വിദ്യാർഥികളുടെ കാര്യത്തിൽ ഒരു പരിധിവരെ, പ്രാദേശിക ഗവൺമെന്റുകളും അധികാരികളും സ്വന്തമായ തീരുമാനങ്ങൾ എടുക്കുകയായിരുന്നു. അതുകൊണ്ട്‌ ചുരുങ്ങിയപക്ഷം തങ്ങളുടെ പ്രദേശത്തെങ്കിലും, സുവാർത്തയ്‌ക്കുവേണ്ടി പ്രതിവാദം നടത്താനും അതിനെ നിയമപരമായി സ്ഥാപിച്ചെടുക്കാനുമായി സഹോദരന്മാർ ഈ അധികാരികളെ സമീപിച്ചു​—⁠ഫിലി. 1:⁠7.

ചില സ്ഥലങ്ങളിൽ ഈ ശ്രമങ്ങൾക്കു ഫലമുണ്ടായി. റൊമേനിയയിലെ ബൂക്കറെസ്റ്റിൽ, ബ്രാഞ്ച്‌ ഓഫീസ്‌ ക്ലൂഴ്‌നാപോക്കയിലേക്കു മാറ്റിയപ്പോൾ ഉണ്ടായ സംഭവം അതിന്‌ ഉദാഹരണമാണ്‌. 1933-ൽ, ഒരു നീണ്ട നിയമയുദ്ധത്തിനു ശേഷം ബൂക്കറെസ്റ്റിലെ യഹോവയുടെ സാക്ഷികളുടെ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി നിയമപരമായി രജിസ്റ്റർ ചെയ്യാൻ ബ്രാഞ്ചിനു സാധിച്ചു.

ദൈവജനത്തിന്മേൽ അടിച്ചേൽപ്പിക്കപ്പെട്ട നിരോധനത്തോട്‌ പ്രമുഖരായ ചില ജഡ്‌ജിമാർ പോലും പരസ്യമായി വിയോജിപ്പു പ്രകടിപ്പിച്ചു എന്നതു ശ്രദ്ധേയമാണ്‌. ഉദാഹരണത്തിന്‌, യഹോവയുടെ സാക്ഷികളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട നിരോധനം ഭരണഘടനാവിരുദ്ധമാണെന്ന്‌ 1935 മേയ്‌ 8-ന്‌ ക്ലൂഴ്‌നാപോക്ക അപ്പീൽ കോടതി വിധിയെഴുതി. കൂടാതെ വിധിന്യായത്തിൽ കോടതി ഇങ്ങനെ പോലും പറഞ്ഞു: “[യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച] കണ്ടുകെട്ടിയ ചെറുപുസ്‌തകങ്ങൾ പരസ്‌പര സ്‌നേഹത്തെയും ദൈവത്തിലും ക്രിസ്‌തുവിലുമുള്ള വിശ്വാസത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ്‌. അതുകൊണ്ടുതന്നെ, അവയ്‌ക്കു വിധ്വംസക സ്വഭാവമുണ്ടെന്ന്‌ ആരോപിക്കുന്നത്‌ തെറ്റാണ്‌; അവ രാഷ്‌ട്രത്തിന്റെ ഭദ്രദയ്‌ക്കു ഭീഷണിയേ അല്ല.”

ന്യായബോധത്തിന്റെ ശബ്ദം വിലമതിക്കപ്പെടാതെ പോകുന്നു

എന്നിരുന്നാലും അധികാരികൾ പൊതുവിൽ ദൈവജനത്തിന്റെ വേലയെ എതിർക്കുന്നതിൽ തുടർന്നു. ഉദാഹരണത്തിന്‌ 1934 മാർച്ച്‌ 28-ന്‌ മൊൾഡോവയിലെ സൊറോക്ക എന്ന പട്ടണത്തിലെ സെക്യൂരിറ്റി ഓഫീസിന്റെ ചീഫ്‌ തന്റെ മേലുദ്യോഗസ്ഥനായ, കിഷിനൗവിലെ റീജണൽ പോലീസ്‌ ഇൻസ്‌പെക്‌ടർക്ക്‌ ഒരു പരാതി നൽകി. സൊറോക്കയ്‌ക്ക്‌ അരികെയുള്ള ഒരു ഗ്രാമത്തിലെ സാക്ഷികളെപ്പറ്റിയുള്ളതായിരുന്നു അത്‌. 1927-ൽ “ഈ മതാന്തരവിഭാഗത്തിന്റെ അനുയായികളായി വെറും രണ്ടു കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളൂ” എന്നും പക്ഷേ “അവർ 33 കുടുംബങ്ങളെ . . . മതം മാറ്റിയിരിക്കുന്നു” എന്നും അതിൽ പറഞ്ഞിരുന്നു. സാക്ഷികൾ “സഭയെയും അതിന്റെ മതപരമായ പാരമ്പര്യങ്ങളെയും സമ്പ്രദായങ്ങളെയും നിരാകരിക്കു”ന്നതായും “പൗരോഹിത്യ സഹായം തേടുന്നതിനു പകരം അവർ തന്നെത്താൻ ആരാധന നടത്തു”ന്നതായും അദ്ദേഹം എഴുതി. ഇങ്ങനെ പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം തന്റെ കത്ത്‌ അവസാനിപ്പിച്ചത്‌: “[സാക്ഷികൾ] കൂടുതൽ കൂടുതൽ ആളുകളെ മതപരിവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്‌, ഇതു രാഷ്‌ട്രത്തിന്റെ സ്ഥാപിത ക്രമസമാധാനത്തിനും ഭദ്രതയ്‌ക്കും ഭീഷണിയാണ്‌.”

തുടർന്ന്‌, 1937 മേയ്‌ 6-ന്‌ ആ ജില്ലയിലെ സഹോദരന്മാർ നിയമവിരുദ്ധ മതാന്തരവിഭാഗങ്ങളുടെ പട്ടികയിൽനിന്നു യഹോവയുടെ സാക്ഷികളെ നീക്കം ചെയ്യണമെന്ന്‌ അഭ്യർഥിച്ചുകൊണ്ട്‌ ചീഫ്‌ മജിസ്‌ട്രേറ്റിന്‌ കത്തെഴുതി. സൊറോക്ക ജില്ലയിലെ കൗണ്ടി ചീഫ്‌ പ്രസ്‌തുത ജില്ലയിലെ ചീഫ്‌ മജിസ്‌ട്രേറ്റിന്‌ എഴുതിയ കത്തിൽനിന്ന്‌ ഔദ്യോഗിക പ്രതികരണം വ്യക്തമായി. 1937 ജൂൺ 15-ന്‌ എഴുതിയ ആ കത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു: “വ്യക്തിപൂജാപ്രസ്ഥാനങ്ങളുടെയും കലകളുടെയും മന്ത്രാലയം . . . [യഹോവയുടെ സാക്ഷികളുടെ] പ്രവർത്തനത്തെ നിരോധിക്കുന്നു. [നിയമവിരുദ്ധ] മതാന്തരവിഭാഗങ്ങളുടെ പട്ടികയിൽനിന്നു തങ്ങളെ നീക്കം ചെയ്യാനുള്ള അവരുടെ അഭ്യർഥന സ്വീകരിക്കാൻ നമുക്കു കഴിയില്ല, കാരണം തങ്ങളുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാൻ അവർ ഇപ്പോഴും സജീവമായി പ്രവർത്തിക്കുകയാണ്‌.”

ശത്രുതാപരമായ ആ നിലപാടിനെ സ്ഥിരീകരിച്ചുകൊണ്ട്‌, 1939 ജൂലൈ 12-ന്‌ മോണിറ്റോറൂൽ ഓഫിച്ചിയാൽ എന്ന ഗവൺമെന്റ്‌ പത്രിക, യഹോവയുടെ സാക്ഷികളെയും അവർ ഉപയോഗിച്ചേക്കാവുന്ന നിയമപരമായ ഏതു കോർപ്പറേഷനുകളെയും “പൂർണമായും നിരോധിക്കു”ന്നതായി പ്രസ്‌താവിച്ചു. മുമ്പു പ്രതിപാദിച്ചതുപോലെ മൊൾഡോവ അന്ന്‌ ഏകാധിപത്യവാഴ്‌ച നിലനിന്നിരുന്ന ഒരു ഈസ്റ്റേൺ ഓർത്തഡോക്‌സ്‌ രാഷ്‌ട്രമായ റൊമേനിയയുടെ പരമാധികാരത്തിൻ കീഴിൽ ആയിരുന്നു. സങ്കടകരമെന്നു പറയട്ടെ, നിയമപരമായ വിലക്കുകൾ കൊണ്ടുവരുന്നതിനെക്കാൾ ക്രൂരമായി യഹോവയുടെ ജനത്തോടു പെരുമാറാൻ മതപരമായ മുൻവിധി പല ഉദ്യോഗസ്ഥരെയും പ്രേരിപ്പിച്ചു.

ഉദ്യോഗസ്ഥർ മൃഗതുല്യരായി മാറുന്നു

മിക്കപ്പോഴും, പ്രസംഗവേലയോടുള്ള എതിർപ്പിന്റെ തീക്കനലുകൾ ഊതിക്കത്തിച്ചിരുന്നത്‌ കടുത്ത ഓർത്തഡോക്‌സ്‌ മതഭക്തരായ ഉദ്യോഗസ്ഥരുടെ മതപരമായ വൈരം ആയിരുന്നുവെന്ന്‌ ഡൂമിട്രൂ ഗോറോബെറ്റ്‌സിന്റെയും കാസിമിർ ചിസ്ലിൻസ്‌ക്കിയുടെയും അനുഭവങ്ങൾ കാണിക്കുന്നു. ഡൂമിട്രൂവും കാസിമിറും ആദ്യമായി ബൈബിൾ സത്യം കേട്ടത്‌ താബാൻ ഗ്രാമത്തിൽവെച്ചായിരുന്നു. അവരുടെ നല്ല ഗുണങ്ങളും ശുശ്രൂഷയോടുള്ള തീക്ഷ്‌ണതയും നിമിത്തം അവർ താമസിയാതെ സഹോദരങ്ങൾക്കു സുപരിചിതരായി മാറുകയും അവരുടെ സ്‌നേഹത്തിനു പാത്രമാകുകയും ചെയ്‌തു. 1936-ൽ അവരെ അറസ്റ്റു ചെയ്‌ത്‌ ഹോറ്റിൻ പട്ടണത്തിലുള്ള (ഇപ്പോഴത്തെ യൂക്രെയിൻ) പോലീസ്‌ സ്റ്റേഷനിലേക്കു കൊണ്ടുവന്നു.

ആദ്യം പോലീസ്‌ ഡൂമിട്രൂവിനെയും കാസിമിറിനെയും മൃഗീയമായി തല്ലിച്ചതച്ചു. പിന്നെ അവരെക്കൊണ്ടു കുരിശുവരപ്പിക്കാനുള്ള ശ്രമമായി. എന്നാൽ തുടർച്ചയായ മർദനത്തെ വകവെക്കാതെ അവർ ഇരുവരും അചഞ്ചലരായി നിലകൊണ്ടു. ഒടുവിൽ പോലീസ്‌ പിന്മാറി. ഡൂമിട്രൂവിനെയും കാസിമിറിനെയും വീട്ടിലേക്കു തിരിച്ചുപോകാൻ അനുവദിച്ചു. എന്നാൽ ഈ രണ്ടു വിശ്വസ്‌ത സഹോദരന്മാരുടെ പരിശോധനകൾ അവിടംകൊണ്ട്‌ അവസാനിച്ചില്ല. ഫാസിസ്റ്റ്‌ ഭരണത്തിൻ കീഴിലും കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൻ കീഴിലും സുവാർത്തയ്‌ക്കു വേണ്ടി അവർക്കു കൂടുതൽ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നു. ഡൂമിട്രൂ 1976-ന്റെ ആരംഭത്തിൽ റഷ്യയിലെ ടോംപ്‌സ്‌ക്കിൽവെച്ച്‌ നിര്യാതനായി. 1990 നവംബറിൽ മൊൾഡോവയിൽവെച്ച്‌ കാസിമിർ മരിച്ചു.

1930-കളിൽ, മൊൾഡോവയിലെ പ്രവർത്തനത്തിന്‌ മേൽനോട്ടം വഹിച്ചിരുന്നത്‌ റൊമേനിയ ബ്രാഞ്ചാണ്‌. 1922-ൽ സ്‌നാപനമേറ്റ മാർട്ടിൻ മജറോഷി ആണ്‌ അന്ന്‌ ബ്രാഞ്ച്‌ ദാസനായി സേവിച്ചിരുന്നത്‌. സഹോദരന്മാരിലുള്ള സ്‌നേഹപൂർവകമായ താത്‌പര്യം നിമിത്തം, വിശേഷിച്ചും അവർ നേരിട്ടുകൊണ്ടിരുന്ന പരിശോധനകളെ കണക്കിലെടുത്തുകൊണ്ട്‌, അദ്ദേഹവും മരുമകനായ പാംഫിൽ ആൽബൂവും ചേർന്ന്‌ ദൈവജനത്തെ ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനുമായി മൊൾഡോവയുടെ വടക്കുള്ള പല സഭകളും സന്ദർശിച്ചു. ആ സന്ദർശനങ്ങൾ തികച്ചും കാലോചിതമായിരിക്കുമായിരുന്നു! കാരണം? യൂറോപ്പ്‌ താമസിയാതെ രണ്ടാം ലോകമഹായുദ്ധത്തിന്റെ കേന്ദ്രസ്ഥാനമാകാൻ പോവുകയായിരുന്നു. മൊൾഡോവയെ നോട്ടമിട്ടിരുന്ന, പരസ്‌പരം എതിർത്തിരുന്ന പ്രബലരായ അയൽ രാജ്യങ്ങളുടെ കയ്യിലെ കളിപ്പന്തായി ആ രാഷ്‌ട്രം മാറുമായിരുന്നു.

രണ്ടാം ലോകമഹായുദ്ധം യൂറോപ്പിനെ കശക്കിയെറിയുന്നു

1939 ആഗസ്റ്റ്‌ 23-ന്‌ സോവിയറ്റ്‌ യൂണിയനും ജർമനിയുടെ നാസി ഭരണകൂടവും ഒരു അനാക്രമണ ഉടമ്പടിയിൽ ഒപ്പുവെച്ചു. ഒരാഴ്‌ചയ്‌ക്കു ശേഷം 1939 സെപ്‌റ്റംബർ 1-ന്‌ ജർമനി പോളണ്ടിനെ ആക്രമിച്ചു. ഇത്‌ രണ്ടാം ലോകമഹായുദ്ധത്തിനു തിരികൊളുത്തി. 1940 ജൂൺ 26-ന്‌ സോവിയറ്റ്‌ വിദേശകാര്യ മന്ത്രി വ്യിച്ചിസ്ലാഫ്‌ മൊളോട്ടോവ്‌, അന്ന്‌ ബെസാറേബിയ എന്ന്‌ അറിയപ്പെട്ടിരുന്ന പ്രദേശം സോവിയറ്റ്‌ യൂണിയന്‌ നിരുപാധികമായി വിട്ടുകൊടുക്കാൻ റൊമേനിയൻ ഗവൺമെന്റിനോട്‌ ആവശ്യപ്പെട്ടു. റൊമേനിയ ഈ ആവശ്യത്തിനു വഴങ്ങി. തുടർന്ന്‌ 1940 ജൂൺ 28-ന്‌ സോവിയറ്റ്‌ സൈന്യം മൊൾഡോവയിൽ എത്തി. 1940 ആഗസ്റ്റിൽ അധിനിവേശകർ കിഷിനൗ തലസ്ഥാനമാക്കി മൊൾഡേവിയൻ സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കിന്‌ രൂപംകൊടുത്തു.

എന്നിരുന്നാലും, മൊൾഡോവയുടെ മേലുള്ള സോവിയറ്റ്‌ അധീശത്വം അധികനാൾ നീണ്ടുനിന്നില്ല. 1941 ജൂൺ 22-ന്‌ അനാക്രമണ ഉടമ്പടി ലംഘിച്ചുകൊണ്ട്‌ ജർമനി റഷ്യയെ ആക്രമിച്ചു. ഈ സംഭവ വികാസങ്ങൾ മുതലെടുത്തുകൊണ്ട്‌ റൊമേനിയ ജർമനിക്കു പിന്തുണ പ്രഖ്യാപിക്കുകയും സോവിയറ്റ്‌ യൂണിയന്റെ കയ്യിൽനിന്നു മൊൾഡേവിയൻ എസ്‌എസ്‌ആർ തിരിച്ചുപിടിക്കാനുള്ള പോരാട്ടം ആരംഭിക്കുകയും ചെയ്‌തു.

പദ്ധതിക്കു വിജയമുണ്ടായി, 1941 ജൂലൈ 26-ഓടെ റൊമേനിയൻ സൈന്യം റഷ്യക്കാരെ നീസ്റ്റർ നദിവരെയുള്ള പ്രദേശത്തുനിന്നു തുരത്തിയിരുന്നു. അങ്ങനെ മൊൾഡോവയിൽ സോവിയറ്റു ഭരണം തുടങ്ങി ഒരു വർഷത്തിൽ അൽപ്പം കൂടെ സമയംകൊണ്ട്‌ അത്‌ വീണ്ടും റൊമേനിയൻ അധീനതയിൽ വന്നു. എന്നാൽ ഇപ്രാവശ്യം ഏകാധിപതിയായിരുന്ന യോൺ അന്റൊനെസ്‌ക്യൂവിന്റെ നേതൃത്വത്തിലുള്ള ഒരു ഫാസിസ്റ്റ്‌ ഗവൺമെന്റ്‌ ആയിരുന്നു ഭരണം ഏറ്റെടുത്തത്‌. 1940 സെപ്‌റ്റംബറിൽ അധികാരത്തിൽ വന്ന, കടുത്ത ദേശീയവാദം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ ഭരണകൂടം ദൈവരാജ്യത്തോടുള്ള വിശ്വസ്‌ത പിന്തുണ നിമിത്തം രാഷ്‌ട്രീയമായി നിക്ഷ്‌പക്ഷത പുലർത്തിയിരുന്നവരെ വെച്ചുപൊറുപ്പിക്കുമായിരുന്നില്ല.

ഫാസിസ്റ്റ്‌ ഭരണത്തിൻ കീഴിൽ കഠിന പരിശോധന

ഹിറ്റ്‌ലറോടും അച്ചുതണ്ടു ശക്തികളോടും കൈകോർത്ത്‌ അന്റൊനെസ്‌ക്യൂവിന്റെ ഫാസിസ്റ്റ്‌ ഭരണകൂടം പെട്ടെന്നുതന്നെ യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കാൻ തുടങ്ങി. ആന്റോൻ പുവെന്റിയയുടെ അനുഭവം പരിചിന്തിക്കുക. 1919-ലായിരുന്നു അദ്ദേഹം ജനിച്ചത്‌. കൗമാരപ്രായത്തിലായിരിക്കെ അദ്ദേഹം സത്യം പഠിച്ചു, തുടർന്ന്‌ അദ്ദേഹം തീക്ഷ്‌ണതയോടെ വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കാൻ തുടങ്ങി. നിരവധി സന്ദർഭങ്ങളിൽ പാന്റിയ മർദിക്കപ്പെടുമെന്ന അവസ്ഥയിലായിട്ടുണ്ട്‌, എന്നാൽ ഒരു റൊമേനിയൻ പൗരൻ എന്ന നിലയിൽ തന്റെ മതവിശ്വാസത്തെ കുറിച്ചു സംസാരിക്കാൻ തനിക്കു നിയമപരമായ അവകാശം ഉണ്ടെന്ന കാര്യം ധൈര്യപൂർവം സമർഥിക്കുകവഴി കുറച്ചു കാലത്തേക്കെങ്കിലും ദേഹോപദ്രവത്തിൽനിന്നു രക്ഷപ്പെടാൻ അദ്ദേഹത്തിനു കഴിഞ്ഞു. പക്ഷേ ഒടുവിൽ പോലീസ്‌ അദ്ദേഹത്തെ പിടികൂടി. ഫാസിസ്റ്റ്‌ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പോലീസ്‌ സ്റ്റേഷനിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി, രാത്രി മുഴുവൻ മർദിച്ചു. അത്ഭുതകരമെന്നു പറയട്ടെ, പിന്നീട്‌ അവർ അദ്ദേഹത്തെ വിട്ടയച്ചു. പാന്റിയ സഹോദരന്‌ ഇന്ന്‌ 84 വയസ്സുണ്ട്‌, യഹോവയോട്‌ വിശ്വസ്‌തനായി നിലകൊള്ളാൻ അദ്ദേഹം ഇന്നും ദൃഢചിത്തനാണ്‌.

മറ്റൊരു നിർമലതാപാലകനായ പാർഫിൻ പാലാമാർച്ചുക്ക്‌ 1920-കളിൽ മൊൾഡോവയിൽവെച്ചു ബൈബിൾ സത്യം പഠിച്ചു. അദ്ദേഹവും സുവാർത്തയുടെ തീക്ഷ്‌ണതയുള്ള ഒരു ഘോഷകനായിത്തീർന്നു. യൂക്രെയിനിലെ ചെർനോവ്‌റ്റ്‌സി മുതൽ ലുവൂഫ്‌ വരെയുള്ള ഗ്രാമങ്ങളിൽ പ്രസംഗിക്കാനായി മിക്കപ്പോഴും അദ്ദേഹം ആഴ്‌ചകളോളം വീട്ടിൽനിന്നു വിട്ടുനിൽക്കുമായിരുന്നു. പട്ടാള സേവനത്തിനു വിസമ്മതിച്ചതു നിമിത്തം 1942-ൽ ഫാസിസ്റ്റുകൾ പാർഫിൻ സഹോദരനെ അറസ്റ്റു ചെയ്യുകയും ചെർനോവ്‌റ്റ്‌സിയിലെ സൈനിക കോടതിയിൽ വിചാരണ ചെയ്യുകയും ചെയ്‌തു.

പാർഫിന്റെ മകൻ നിക്കോളൈ ആ സംഭവത്തെ കുറിച്ച്‌ ഇങ്ങനെ പറയുന്നു: “ഈ സൈനിക കോടതി മൊത്തം 100 സഹോദരന്മാരെയാണു മരണശിക്ഷയ്‌ക്കു വിധിച്ചത്‌. ശിക്ഷ ഉടനടി നടപ്പാക്കേണ്ടിയിരുന്നു. ഉദ്യോഗസ്ഥന്മാർ എല്ലാ സഹോദരന്മാരെയും നിരത്തിനിറുത്തി. എന്നിട്ട്‌ കൂട്ടത്തിൽനിന്നു പത്തു പേരെ തിരഞ്ഞെടുത്തു. വെടിവെച്ചു കൊല്ലുന്നതിനു മുമ്പ്‌ സ്വന്തം കുഴിമാടങ്ങൾ തീർക്കാൻ അവരോട്‌ ആവശ്യപ്പെട്ടു, മറ്റ്‌ 90 പേർ അതു കണ്ടുനിന്നു. എന്നാൽ വെടിവെക്കുന്നതിനു മുമ്പ്‌ ഉദ്യോഗസ്ഥന്മാർ സഹോദരന്മാർക്കു തങ്ങളുടെ വിശ്വാസം തള്ളിപ്പറഞ്ഞ്‌ സൈന്യത്തിൽ ചേരാൻ ഒരു അവസരം കൂടെ കൊടുത്തു. രണ്ടു പേർ വിട്ടുവീഴ്‌ച ചെയ്‌തു, ബാക്കിയുള്ള എട്ടു പേരെ അവർ വെടിവെച്ചുകൊന്നു. പിന്നെ പത്തു പേരെ കൂടെ തിരഞ്ഞെടുത്തു. എന്നാൽ അവരെ വെടിവെച്ചുകൊല്ലുന്നതിനു മുമ്പ്‌ അവർ മരണമടഞ്ഞവരെ കുഴിച്ചിടണമായിരുന്നു.

സഹോദരന്മാർ കുഴിമാടത്തിലേക്കു മണ്ണുവെട്ടിയിടവേ, ഒരു ഉന്നത ഉദ്യോഗസ്ഥൻ അവിടെ എത്തി. എത്ര സാക്ഷികൾ അവരുടെ തീരുമാനം മാറ്റുകയുണ്ടായി എന്ന്‌ അദ്ദേഹം ആരാഞ്ഞു. വെറും രണ്ടു പേരേ അങ്ങനെ ചെയ്‌തുള്ളൂ എന്നു പറഞ്ഞപ്പോൾ 20 പേരെ സൈന്യത്തിലേക്കു ലഭിക്കാൻ വേണ്ടി 80 പേരെ കൊല്ലുന്നതിനെക്കാൾ നല്ലത്‌ ശേഷിക്കുന്ന 92 പേരെയും തൊഴിൽപ്പാളയത്തിലാക്കുന്നതാണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. തത്‌ഫലമായി, മരണശിക്ഷ 25 വർഷത്തെ നിർബന്ധ തൊഴിലായി ഇളച്ചു. എന്നാൽ ഏകദേശം മൂന്നു വർഷത്തിനു ശേഷം, മുന്നേറിക്കൊണ്ടിരുന്ന സോവിയറ്റ്‌ സൈന്യം സാക്ഷികളെ റൊമേനിയൻ ക്യാമ്പുകളിൽനിന്നു മോചിപ്പിച്ചു. എന്റെ പിതാവ്‌ മറ്റുപല അഗ്നിപരീക്ഷകളും അതിജീവിച്ചു. 1984-ൽ അദ്ദേഹം യഹോവയോടു വിശ്വസ്‌തനായി മരിച്ചു.”

ഓർത്തഡോക്‌സ്‌ സഭയെ അനുസരിക്കാത്തത്‌ കുറ്റകൃത്യം!

വാസിലി ഗെർമാൻ വിവാഹിതനായ ഒരു ചെറുപ്പക്കാരനായിരുന്നു. 1942 ഡിസംബറിൽ ഫാസിസ്റ്റുകൾ അദ്ദേഹത്തെ അറസ്റ്റു ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയിട്ട്‌ അധികമായിരുന്നില്ല. വാസിലി രണ്ടു “കുറ്റകൃത്യങ്ങൾ” ചെയ്‌തതായി ആരോപിക്കപ്പെട്ടു. ഒന്ന്‌, സൈനിക സേവനത്തിനു വിസമ്മതിച്ചു എന്നതും രണ്ട്‌, മകളെ ഓർത്തഡോക്‌സ്‌ പള്ളിയിൽ കൊണ്ടുപോയി മാമ്മോദീസ മുക്കിയില്ല എന്നതും. അദ്ദേഹം സംഭവം വിവരിക്കുന്നു: “1943 ഫെബ്രുവരിയിൽ, വിശ്വസ്‌തരായ മറ്റ്‌ 69 സഹോദരന്മാരുടെ കേസിനോടൊപ്പം ചെർനോവ്‌റ്റ്‌സിയിലെ ഒരു സൈനിക കോടതിയിൽ എന്റെ കേസും വിചാരണയ്‌ക്കെടുക്കുമായിരുന്നു. എന്നാൽ ശരിക്കുള്ള ശിക്ഷ വിധിക്കുന്നതിനു മുമ്പ്‌, അധികാരികൾ നിർബന്ധമായി ഞങ്ങളെ കൊണ്ടുപോയി ആറു കുറ്റവാളികളെ വധിക്കുന്നതു കാണിച്ചു. അടുത്തത്‌ ഞങ്ങളായിരിക്കുമെന്നു ഞങ്ങൾക്ക്‌ ഉറപ്പായി.

“ഞങ്ങൾ ഇക്കാര്യം പരസ്‌പരം ചർച്ച ചെയ്‌തു, വിശ്വാസത്തിൽ ഉറച്ചു നിൽക്കാനും വിചാരണയിൽ ഉടനീളം സന്തോഷത്തോടെ നിലകൊള്ളാൻ സകല ശ്രമവും ചെയ്യാനും ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തു. യഹോവയുടെ സഹായത്താൽ അതിൽ ഞങ്ങൾ വിജയിച്ചു. പ്രതീക്ഷിച്ചതുപോലെ ഞങ്ങൾ 70 പേർക്കും മരണശിക്ഷ വിധിച്ചു. നീതിക്കുവേണ്ടിയാണു ഞങ്ങൾ കഷ്ടം സഹിക്കുന്നതെന്നു ഞങ്ങൾക്ക്‌ ഉറപ്പായിരുന്നു. ഞങ്ങളിലാർക്കും നിരുത്സാഹം തോന്നിയില്ല. അതു ഞങ്ങളുടെ ശത്രുക്കളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്‌. എന്നാൽ അത്ഭുതകരമായ ഒരു കാര്യം നടന്നു. ഞങ്ങളെ വെടിവെച്ചു കൊല്ലുന്നതിനു പകരം ഞങ്ങളുടെ ശിക്ഷ, റൊമേനിയയിലെ ആയൂഡ്‌ പാളയത്തിൽ 25 വർഷത്തെ നിർബന്ധ തൊഴിലാക്കി മാറ്റി. എന്നാൽ ആ ശിക്ഷ പോലും പൂർണമായി നടപ്പാക്കാനായില്ല. വെറും 18 മാസം കഴിഞ്ഞപ്പോൾ 1944 ആഗസ്റ്റിൽ, മുന്നേറിക്കൊണ്ടിരുന്ന സോവിയറ്റ്‌ സൈന്യം പാളയത്തിലുള്ളവരെ വിമുക്തരാക്കി.”

1942-ൽ ഫാസിസ്റ്റുകൾ ജനറൽ അന്റൊനെസ്‌ക്യൂവിന്റെ സൈന്യത്തിലേക്ക്‌ മൊൾഡോവയിലെ ഷിറൗറ്റ്‌സ്‌ ഗ്രാമത്തിൽനിന്ന്‌ 800 പുരുഷന്മാരെ തിരഞ്ഞെടുത്തു. അക്കൂട്ടത്തിൽ നിക്കോളൈ ആനിസ്‌ക്കെവിച്ച്‌ ഉൾപ്പെടെ നിരവധി സാക്ഷികൾ ഉണ്ടായിരുന്നു. നിക്കോളൈ പറയുന്നു: “തുടക്കത്തിൽ, മതപരമായ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോലീസ്‌ കൽപ്പിച്ചു. ഞങ്ങൾ സാക്ഷികൾ അതിനു വിസമ്മതിച്ചു. ആയുധമെടുക്കാനും ഞങ്ങൾ കൂട്ടാക്കിയില്ല. ഇതിന്റെ പേരിൽ, ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണെന്ന്‌ ആരോപിച്ചുകൊണ്ട്‌ പോലീസ്‌ ഞങ്ങളെ അറസ്റ്റു ചെയ്‌തു. എന്നാൽ ഞങ്ങളെ തടവിലാക്കുന്നതിനു മുമ്പ്‌, സന്നിഹിതരായിരുന്ന ഏവരോടും ഞങ്ങൾ നിഷ്‌പക്ഷ നിലപാടു സ്വീകരിക്കാൻ ഉണ്ടായ കാരണം എന്താണെന്നു വിശദീകരിക്കാൻ അവർ ഞങ്ങളെ അനുവദിച്ചു.

“പിറ്റേന്ന്‌ ഞങ്ങളെ ജില്ലയിലെ നീതിന്യായ കേന്ദ്രമായ ബ്രിചെന്യയിലേക്കു കൊണ്ടുപോയി. അവിടെ ഞങ്ങളുടെ വസ്‌ത്രങ്ങൾ ഉരിഞ്ഞ്‌ കടുത്ത പരിശോധനയ്‌ക്കു വിധേയരാക്കി. സൈന്യത്തിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന ഒരു പുരോഹിതൻ ഞങ്ങളെ ചോദ്യം ചെയ്‌തു. അദ്ദേഹം ദയാലുവായിരുന്നു, മനസ്സാക്ഷിക്കനുസൃതമായി ഞങ്ങൾ സ്വീകരിച്ച നിലപാടിനെ അദ്ദേഹം മാനിച്ചു, ഞങ്ങൾക്ക്‌ ആഹാരം നൽകാൻ ക്രമീകരണം ചെയ്‌തു. കൂടാതെ, ഞങ്ങൾ ആയുധമെടുക്കാൻ വിസമ്മതിക്കുന്നത്‌ യേശുവിലുള്ള വിശ്വാസം നിമിത്തമാണെന്ന്‌ അദ്ദേഹം എഴുതി.

“ബ്രിചെന്യയിൽനിന്ന്‌ ഞങ്ങളെ ലിപ്‌കാന്യ പോലീസ്‌ സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെ രാത്രിയാകുന്നതുവരെ പോലീസ്‌ ഞങ്ങളെ മർദിച്ചു. എന്നിട്ട്‌ രണ്ടു സഹോദരന്മാരോടൊപ്പം അവർ ഞങ്ങളെ ഒരു സെല്ലിൽ അടച്ചു. കൂട്ടത്തിൽ ഒരു സ്‌ത്രീ ഉണ്ടായിരുന്നു, ഞങ്ങൾ അത്ഭുതപ്പെട്ടുപോയി. അവർ ഒരു ചാരപ്രവർത്തക ആയിരുന്നു. ദിവസങ്ങളോളം പോലീസ്‌ ഞങ്ങളെ മർദിച്ചു. ഒടുവിൽ എന്നെ ചെർനോവ്‌റ്റ്‌സിയിലുള്ള ഒരു സൈനിക കോടതിയിൽ വിചാരണയ്‌ക്ക്‌ അയച്ചു. അവിടെ എനിക്ക്‌ ഒരു അഭിഭാഷകനെ ലഭിച്ചു, അദ്ദേഹം വലിയ ഒരു സഹായമായിരുന്നു. എങ്കിലും നേരിട്ട ഉപദ്രവങ്ങൾ നിമിത്തം എന്റെ ആരോഗ്യം നന്നേ ക്ഷയിച്ചിരുന്നു, ഞാൻ മരിച്ചുപോകുമെന്ന്‌ സൈനിക അധികാരികൾ കരുതി. ഒടുവിൽ, എന്നെ ശിക്ഷിക്കാതെ വിട്ടയയ്‌ക്കാൻ അവർ തീരുമാനിച്ചു.”

ധീരരായ സഹോദരിമാർ ദൃഢവിശ്വസ്‌തത പാലിക്കുന്നു

സഹോദരിമാരും ഫാസിസ്റ്റ്‌ ക്രോധത്തിനു പാത്രമായി. അവരിൽ ഒരാൾ ആയിരുന്നു മാരിയാ ഗെർമാൻ (വാസിലി ഗെർമാന്റെ ബന്ധുവല്ല, പക്ഷേ ഒരേ സഭയിൽ നിന്നുള്ളതാണ്‌). 1943-ൽ അറസ്റ്റു ചെയ്യപ്പെട്ട മാരിയയെ ബാലാസിനെഷ്‌റ്റ്യയിലെ പോലീസ്‌ സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവർ അനുസ്‌മരിക്കുന്നു: “ഓർത്തഡോക്‌സ്‌ പള്ളിയിൽ പോകാൻ വിസമ്മതിച്ചതിനാണ്‌ പോലീസ്‌ എന്നെ അറസ്റ്റു ചെയ്‌തത്‌. ആദ്യം അവർ എന്നെ മൊൾഡോവയിലെ ലിപ്‌കാന്യയിലേക്കു മാറ്റി, പിന്നെ യൂക്രെയിനിലെ ചെർനോവ്‌റ്റ്‌സികിയിലേക്കും. അവിടെ എനിക്കു ശിക്ഷ വിധിച്ചു.

“പള്ളിയിൽ പോകാൻ വിസമ്മതിച്ചത്‌ എന്തുകൊണ്ടാണെന്നു ജഡ്‌ജി ചോദിച്ചു. ഞാൻ യഹോവയെ മാത്രമേ ആരാധിക്കുകയുള്ളൂ എന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ആ ‘കുറ്റകൃത്യത്തിന്‌’ എന്നെയും വേറെ 20 സഹോദരിമാരെയും 20 വർഷത്തെ തടവിനു വിധിച്ചു. ഞങ്ങളിൽ ചിലരെ വേറെ 30 അന്തേവാസികളോടൊപ്പം ഒരു കൊച്ചു സെല്ലിലാണ്‌ അടച്ചത്‌. പകൽസമയങ്ങളിൽ എന്നെ പണക്കാരുടെ ഭവനങ്ങളിൽ വീട്ടുജോലിക്കു വിടുമായിരുന്നു. ഈ ആളുകൾ ജയിൽ അധികൃതരെക്കാൾ നന്നായി എന്നോടു പെരുമാറിയിരുന്നു, കുറഞ്ഞപക്ഷം എനിക്കു കഴിക്കാൻ അവർ വേണ്ടത്ര ഭക്ഷണം തന്നിരുന്നു!

“കുറച്ചുകഴിഞ്ഞപ്പോൾ, ജയിലിന്റെ മറ്റൊരു ഭാഗത്തു പാർപ്പിച്ചിരുന്ന സഹോദരന്മാരുമായി സമ്പർക്കം പുലർത്താൻ ഞങ്ങൾക്കു കഴിഞ്ഞു. അത്‌ ഒരു അനുഗ്രഹം തന്നെയായിരുന്നു, കാരണം സഹോദരന്മാർക്ക്‌ ആത്മീയവും ഭൗതികവുമായ ആഹാരം കിട്ടുന്നതിൽ സഹായിക്കാൻ ഞങ്ങൾക്കു സാധിച്ചു.”

മറ്റു പല മൊൾഡോവൻ സാക്ഷികളെയും പോലെ, ഫാസിസ്റ്റുകളുടെ ക്രോധത്തെ അതിജീവിച്ച ഈ നിർമലതാപാലകർക്ക്‌ തങ്ങളുടെ വിശ്വാസത്തിന്മേലുള്ള മറ്റൊരു ആക്രമണത്തെ നേരിടേണ്ടിവന്നു. അടുത്ത പ്രാദേശിക ശക്തിയായ കമ്മ്യൂണിസ്റ്റ്‌ റഷ്യയായിരുന്നു ആ ആക്രമണം നടത്തിയത്‌.

സോവിയറ്റ്‌ തന്ത്രം​—⁠നാടുകടത്തൽ

1944-ൽ, യുദ്ധത്തിന്റെ അവസാനത്തോടടുത്ത്‌ ജർമനി പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരിക്കെ മിഹൈ രാജാവിന്റെ നേതൃത്വത്തിലുള്ള റൊമേനിയൻ ഗവൺമെന്റിലെ ഘടകങ്ങൾ അന്റൊനെസ്‌ക്യൂ ഭരണകൂടത്തെ മറിച്ചിട്ടു. റൊമേനിയ അച്ചുതണ്ടുശക്തികളുമായുള്ള സഖ്യം ഉപേക്ഷിച്ച്‌ റഷ്യയുടെ പക്ഷം ചേർന്നു. അതേ വർഷം, മുന്നേറിക്കൊണ്ടിരുന്ന സോവിയറ്റ്‌ സൈന്യം ആ പ്രദേശത്തു വീണ്ടും റഷ്യൻ ആധിപത്യം ഉറപ്പിച്ചു. അങ്ങനെ ഒരിക്കൽക്കൂടെ മൊൾഡോവയെ സോവിയറ്റ്‌ യൂണിയന്റെ ഭാഗം​—⁠മൊൾഡോവ എസ്‌എസ്‌ആർ​—⁠ആക്കിത്തീർത്തു.

ആദ്യമൊന്നും മൊൾഡോവയിലെ കമ്മ്യൂണിസ്റ്റ്‌ ഭരണാധികാരികൾ യഹോവയുടെ സാക്ഷികളുടെ കാര്യങ്ങളിൽ ഇടപെട്ടിരുന്നില്ല. എന്നാൽ ആ പ്രശാന്തത അധികകാലം നീണ്ടുനിന്നില്ല. പ്രാദേശിക രാഷ്‌ട്രീയ തെരഞ്ഞെടുപ്പുകളിൽ യഹോവയുടെ സാക്ഷികൾ വോട്ടു ചെയ്യാൻ വിസമ്മതിച്ചത്‌ ഉൾപ്പെടെ ക്രിസ്‌തീയ നിഷ്‌പക്ഷത വീണ്ടും ഒരു വലിയ വിവാദമായി മാറി. സോവിയറ്റ്‌ വ്യവസ്ഥിതിയിൽ രാഷ്‌ട്രീയ നിഷ്‌പക്ഷതയ്‌ക്കു സ്ഥാനം ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ 1949 മുതൽ, യഹോവയുടെ സാക്ഷികളെയും ‘അഭികാമ്യരല്ലാത്ത’ മറ്റുള്ളവരെയും നാടുകടത്തിക്കൊണ്ട്‌ പ്രശ്‌നം പരിഹരിക്കാൻ ഗവൺമെന്റ്‌ പദ്ധതിയിട്ടു.

മൊൾഡോവൻ എസ്‌എസ്‌ആർ-ൽ നിന്നു നാടുകടത്തേണ്ടവരെ സംബന്ധിച്ച, “കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ പോളിറ്റ്‌ ബ്യൂറോ തീരുമാന”ത്തെ കുറിച്ച്‌ ഒരു ഔദ്യോഗിക രേഖ വിവരിച്ചു. ഇവരിൽ, “മുൻ ഭൂവുടമകൾ, വൻ വ്യാപാരികൾ, ജർമൻ ആക്രമണകാരികളുടെ സജീവ കൂട്ടാളികൾ, ജർമൻ-റൊമേനിയൻ പോലീസ്‌ അധികാരികളുമായി സഹകരിച്ചു പ്രവർത്തിച്ചവർ, ഫാസിസ്റ്റ്‌ പാർട്ടിയോട്‌ അനുഭാവമുള്ള പാർട്ടികൾ അല്ലെങ്കിൽ സംഘടനകൾ, വൈറ്റ്‌ ഗാർഡ്‌ സംഘത്തിലെ അംഗങ്ങൾ, നിയമവിരുദ്ധ മതാന്തരവിഭാഗങ്ങളിലെ അംഗങ്ങൾ, മേൽ വിവരിച്ച കൂട്ടരുടെ കുടുംബങ്ങൾ” എന്നിവർ ഉൾപ്പെടുമായിരുന്നു. എല്ലാവരെയും “അനിശ്ചിതകാലത്തേക്ക്‌” പടിഞ്ഞാറൻ സൈബീരിയയിലേക്ക്‌ അയയ്‌ക്കുക എന്നതായിരുന്നു തീരുമാനം.

1951-ൽ രണ്ടാമതൊരു കൂട്ടത്തെ കൂടെ നാടുകടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു, ഇപ്രാവശ്യം യഹോവയുടെ സാക്ഷികൾ മാത്രമായിരുന്നു ലക്ഷ്യം. സ്റ്റാലിൻ വ്യക്തിപരമായി ഉത്തരവിട്ട ഈ നാടുകടത്തലിനെ ‘ഓപ്പറേഷൻ നോർത്ത്‌’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്‌. 720-ലധികം സാക്ഷിക്കുടുംബങ്ങളെ​—⁠ഏതാണ്ട്‌ 2,600 വ്യക്തികളെ—മൊൾഡോവയിൽനിന്ന്‌ ഏതാണ്ട്‌ 4,500 കിലോമീറ്റർ അകലെയുള്ള, പടിഞ്ഞാറൻ സൈബീരിയയിലെ ടോംപ്‌സ്‌ക്കിലേക്ക്‌ അയച്ചു.

ട്രെയിനുകളിൽ കയറ്റുന്നതിനു മുമ്പ്‌, കൂടെക്കൊണ്ടുപോകാനുള്ള വ്യക്തിപരമായ സാധനങ്ങൾ എടുക്കുന്നതിനായി ആളുകൾക്കു വേണ്ടത്ര സമയം അനുവദിക്കണമെന്ന്‌ ഔദ്യോഗിക നിർദേശം ഉണ്ടായിരുന്നു. കൂടാതെ, ഇവരെ കൊണ്ടുപോകുന്ന ട്രെയിനുകൾ “മനുഷ്യർക്കു സഞ്ചരിക്കാൻ കഴിയുന്നവിധം നന്നായി സജ്ജമാക്കപ്പെട്ടത്‌” ആയിരിക്കണമായിരുന്നു. എന്നാൽ യാഥാർഥ്യം മറിച്ചായിരുന്നെന്നു മാത്രം.

അർധരാത്രിയിൽ സാക്ഷികളുടെ ഭവനങ്ങളിൽ പട്ടാളക്കാരും ഉദ്യോഗസ്ഥന്മാരും ഉൾപ്പെടെ എട്ടു പേരോളം ചെല്ലും. അവർ വീട്ടുകാരെ വിളിച്ചുണർത്തി നാടുകടത്തലിനുള്ള ഉത്തരവു കാണിക്കും. കൂടെ കൊണ്ടുപോകാനുള്ള സാധനങ്ങൾ എടുക്കാനായി ഏതാനും മണിക്കൂറുകൾ അനുവദിച്ചശേഷം അവരെ ട്രെയിനുകളിൽ കയറ്റും.

പാസഞ്ചർ ട്രെയിനുകൾക്കുപകരം ചരക്കുവണ്ടികളായിരുന്നു വന്നത്‌. ഓരോ കമ്പാർട്ടുമെന്റിലും എല്ലാ പ്രായത്തിലും പെട്ട 40-ഓളം ആളുകളെ വീതം കയറ്റി. രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന ഒരു യാത്രയായിരുന്നു അത്‌. സീറ്റുകളോ കമ്പാർട്ടുമെന്റുകളുടെ അകം ചൂടാക്കാനുള്ള സംവിധാനങ്ങളോ ഒന്നും വണ്ടിക്കുള്ളിൽ ഉണ്ടായിരുന്നില്ല. കമ്പാർട്ടുമെന്റിന്റെ മൂലയിൽ ഒരു വലിയ ദ്വാരം ഉണ്ടായിരുന്നു, വിസർജനാവശ്യങ്ങൾക്ക്‌ ഉപയോഗിക്കാൻ. സഹോദരന്മാരെ നാടുകടത്തുന്നതിനു മുമ്പ്‌ അവരിൽ ഓരോരുത്തരുടെയും വസ്‌തുവകകൾ രേഖപ്പെടുത്തിവെക്കാൻ സ്ഥലത്തെ അധികാരികൾക്കു നിർദേശം ലഭിച്ചിരുന്നു. എന്നാൽ മിക്കപ്പോഴും അധികാരികൾ വിലയില്ലാത്ത വസ്‌തുക്കൾ മാത്രമേ രേഖപ്പെടുത്തിവെച്ചുള്ളൂ, വിലപിടിപുള്ള വസ്‌തുക്കൾ “അപ്രത്യക്ഷമാ”കുകയായിരുന്നു.

ഇത്രയൊക്കെ അനീതിയും ദുരിതങ്ങളും സഹിക്കേണ്ടിവന്നിട്ടും സഹോദരങ്ങൾ ഒരിക്കലും തങ്ങളുടെ ക്രിസ്‌തീയ സന്തോഷം കൈവിട്ടുകളഞ്ഞില്ല. ചില സ്ഥലങ്ങളിൽ ട്രെയിനുകൾ ഒരുമിച്ചു വരുമ്പോൾ മറ്റു വണ്ടികളിൽനിന്നു രാജ്യഗീതങ്ങൾ ഉയർന്നുകേൾക്കാമായിരുന്നു. അങ്ങനെ, ഓരോ ട്രെയിനിലെയും സഹോദരങ്ങൾക്ക്‌ തങ്ങൾ തനിച്ചല്ലെന്നും മറ്റു നൂറുകണക്കിനു സാക്ഷികളോടൊപ്പമാണ്‌ തങ്ങളെ നാടുകടത്തുന്നതെന്നും അറിയാൻ കഴിഞ്ഞു. കടുത്ത പരിശോധനയുടെ അത്തരം സാഹചര്യങ്ങളിൽ ഓരോരുത്തരും സന്തോഷത്തിന്റേതായ മനോഭാവം പ്രകടമാക്കുന്നതു കണ്ടതും കേട്ടതും ഏവർക്കും പ്രോത്സാഹനം പകർന്നു, എന്തു വന്നാലും യഹോവയോടു വിശ്വസ്‌തരായി നിലകൊള്ളാനുള്ള ദൃഢനിശ്ചയത്തെ അത്‌ ഒന്നുകൂടെ ബലപ്പെടുത്തി.​—⁠യാക്കോ. 1:⁠2, 3.

അനുകരണീയമായ വിശ്വാസം

മൊൾഡോവയിൽനിന്നു സൈബീരിയയിലേക്കു നാടുകടത്തിയവരിൽ ഇവാൻ മിക്കിറ്റ്‌ക്കോവ്‌ ഉണ്ടായിരുന്നു. മൊൾഡോവയിൽ 1951-ലാണ്‌ ഇവാൻ ആദ്യമായി അറസ്റ്റിലായത്‌. അന്ന്‌ മറ്റു സാക്ഷികളോടൊപ്പം അദ്ദേഹത്തെ ടോംസ്‌ക്കിലേക്കു നാടുകടത്തി. സൈബീരിയൻ വനപ്രദേശത്തു മരം വെട്ടാനുള്ള നിയമനമാണ്‌ അദ്ദേഹത്തിനു ലഭിച്ചത്‌. തൊഴിൽ പാളയത്തിന്റെ മതിലുകൾക്കുള്ളിലായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യം വളരെ പരിമിതമായിരുന്നു, രഹസ്യപോലീസിന്റെ കണ്ണുകൾ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. എന്നിരുന്നാലും അദ്ദേഹവും അദ്ദേഹത്തിന്റെ ആത്മീയ സഹോദരന്മാരും ഓരോ സന്ദർഭത്തിലും മറ്റുള്ളവരോടു സാക്ഷീകരിച്ചു.

ഇവാൻ പറയുന്നു: “ദുഷ്‌കരമായ ഈ പുതിയ സാഹചര്യത്തിൽ ഞങ്ങൾ സഭകളായി സംഘടിച്ചു. ആവശ്യമായ സാഹിത്യങ്ങൾ ഞങ്ങൾ സ്വന്തമായി ഉണ്ടാക്കാൻ പോലും തുടങ്ങി. കാലാന്തരത്തിൽ, ഞങ്ങൾ അറിയിച്ച സന്ദേശം കേട്ട ചിലർ സത്യം സ്വീകരിച്ചു സ്‌നാപനമേറ്റു. പക്ഷേ ഒടുവിൽ ഞങ്ങളുടെ പ്രവർത്തനം അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടു, അവർ ഞങ്ങളിൽ ചിലരെ തൊഴിൽ പാളയങ്ങളിൽ പണിയെടുക്കാൻ വിധിച്ചു.

“പാവ്‌യിൽ ഡാൻഡാറ, മീനാ ഗോറാഷ്‌, വാസിലി ഷാർബാൻ എന്നീ സാക്ഷികളോടൊപ്പം എന്നെ കർശനമായ മേൽനോട്ടത്തിൻ കീഴിൽ 12 വർഷത്തെ നിർബന്ധ തൊഴിലിനു വിധിച്ചു. ഈ കടുത്ത ശിക്ഷാനടപടികൾ മറ്റു സാക്ഷികളെ പിന്തിരിപ്പിക്കുമെന്നാണ്‌ അധികാരികൾ കരുതിയത്‌, പക്ഷേ അതുണ്ടായില്ല. നമ്മുടെ സഹോദരങ്ങൾ അയയ്‌ക്കപ്പെട്ട ഇടങ്ങളിലൊക്കെ അവർ തങ്ങളുടെ പ്രസംഗവേല തുടർന്നു. 1966-ൽ, ശിക്ഷയുടെ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന്‌ ഞാൻ മോചിതനായി. ഞാൻ ടോംസ്‌ക്കിലേക്കു മടങ്ങി മൂന്നു വർഷം അവിടെ താമസിച്ചു.

“തുടർന്ന്‌ 1969-ൽ ഞാൻ ഡോനെറ്റ്‌സ്‌ ബേസിനിലേക്കു താമസം മാറ്റി. അവിടെ ഞാൻ മരിയയെ കണ്ടുമുട്ടി. തീക്ഷ്‌ണതയുള്ള ഒരു വിശ്വസ്‌ത സഹോദരിയായിരുന്നു അവൾ. ഞങ്ങൾ വിവാഹിതരായി. 1983-ൽ ഞാൻ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. ഇപ്രാവശ്യം എനിക്കു രണ്ടു ശിക്ഷകളാണു കിട്ടിയത്‌​—⁠അഞ്ചു വർഷത്ത തടവും വേറെ അഞ്ചു വർഷത്തെ പ്രവാസവും. ഈ ശിക്ഷാവിധി ആദ്യത്തേതിനെക്കാൾ കഠിനമായിരുന്നു. കാരണം എനിക്ക്‌ എന്റെ ഭാര്യയിൽനിന്നും കുട്ടിയിൽനിന്നും വേർപെട്ടു കഴിയേണ്ടിവരുമായിരുന്നു, അവർക്കും ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരുമായിരുന്നു. സന്തോഷകരമെന്നു പറയട്ടെ എനിക്ക്‌ ശിക്ഷയുടെ കാലാവധി പൂർത്തിയാക്കേണ്ടി വന്നില്ല. 1987-ൽ മിഖായേൽ ഗോർബച്ചേവ്‌ സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയതിനെ തുടർന്ന്‌ ഞാൻ മോചിപ്പിക്കപ്പെട്ടു. യൂക്രെയിനിലേക്കു മടങ്ങിപ്പോകാനും പിന്നീട്‌ മൊൾഡോവയിലേക്കു പോകാനും എനിക്ക്‌ അനുവാദം ലഭിച്ചു.

“മൊൾഡോവയിലെ രണ്ടാമത്തെ വലിയ നഗരമായ ബാൾട്‌സിലേക്കു ഞാൻ മടങ്ങിച്ചെന്നപ്പോൾ അവിടെ 370 പ്രസാധകരും മൂന്നു സഭകളും ഉണ്ടായിരുന്നു. ഇന്ന്‌ അവിടെ 1,700-ലധികം പ്രസാധകരും 16 സഭകളും ഉണ്ട്‌!”

“തനിക്ക്‌ വാസിലിയുടെ ഗതി വരണമെന്ന്‌ ആഗ്രഹമുണ്ടോ?”

സഹോദരന്മാരുടെ നിർമലതയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്യാമ്പ്‌ അധികാരികളും കെജിബി (സോവിയറ്റ്‌ സുരക്ഷാ കമ്മിറ്റി) ഏജന്റുമാരും നീചമായ ചില തന്ത്രങ്ങൾ ആവിഷ്‌കരിച്ചു. തന്റെ മുത്തച്ഛനായ കോൺസ്റ്റാന്റിൻ ഷോബെക്കു സംഭവിച്ചത്‌ എന്താണെന്ന്‌ കോൺസ്റ്റാന്റിൻ ഇവാന്നോവിച്ച്‌ ഷോബെ വിവരിക്കുന്നു: “1952-ൽ, മുത്തച്ഛൻ ചിറ്റാ ജില്ലയിലെ തൊഴിൽ പാളയങ്ങളിലൊന്നിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു. സൈബീരിയയിലെ ബായ്‌ക്കാൽ തടാകത്തിനു കിഴക്കാണ്‌ ഈ പാളയം സ്ഥിതി ചെയ്‌തിരുന്നത്‌. വിശ്വാസം ത്യജിക്കാത്തപക്ഷം അദ്ദേഹത്തെയും മറ്റു സാക്ഷികളെയും വെടിവെച്ചുകൊല്ലുമെന്ന്‌ പാളയ അധികാരികൾ ഭീഷണിപ്പെടുത്തി.

“വിട്ടുവീഴ്‌ച ചെയ്യാൻ വിസമ്മതിച്ചതിന്‌ ഉദ്യോഗസ്ഥന്മാർ സഹോദരന്മാരെ പാളയത്തിനു വെളിയിൽ, ഒരു വനത്തിന്റെ അറ്റത്തു കൊണ്ടുപോയി നിരത്തിനിറുത്തി. ഇരുട്ടിത്തുടങ്ങിയപ്പോൾ അവർ മുത്തച്ഛന്റെ ഉറ്റ സുഹൃത്തായ വാസിലിയെ കുറച്ചകലെ കാട്ടിനുള്ളിലേക്കു കൊണ്ടുപോയി, അദ്ദേഹത്തെ വെടിവെച്ചുകൊല്ലാൻ പോവുകയാണെന്ന്‌ അവർ പ്രഖ്യാപിച്ചു. സഹോദരന്മാർ ശ്വാസമടക്കി കാത്തുനിന്നു. താമസിയാതെ, നിശ്ശബ്ദതയെ ഭഞ്‌ജിച്ചുകൊണ്ട്‌ ഏതാനും വെടിയൊച്ചകൾ ഉയർന്നു.

“ഗാർഡുകൾ തിരിച്ചുവന്ന്‌ അടുത്ത സാക്ഷിയെ, എന്റെ മുത്തച്ഛനെ കാട്ടിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി. കുറച്ചു ദൂരെ, വെട്ടിത്തെളിച്ച ഒരു പ്രദേശത്ത്‌ എത്തിയപ്പോൾ അവർ നിന്നു. അവിടെ നിരവധി കുഴിമാടങ്ങൾ തീർത്തിരുന്നു, ഒരെണ്ണം മണ്ണിട്ടുമൂടിയിരുന്നു. കമാൻഡിങ്‌ ഓഫീസർ മുത്തച്ഛന്റെ നേർക്കു തിരിഞ്ഞ്‌ ആ കുഴിമാടത്തിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: ‘തനിക്ക്‌ വാസിലിയുടെ ഗതി വരണമെന്ന്‌ ആഗ്രഹമുണ്ടോ, അതോ സ്വതന്ത്രനായി വീട്ടിലേക്കു മടങ്ങിപ്പോകണമെന്നുണ്ടോ? തീരുമാനിക്കാൻ രണ്ടു മിനിട്ട്‌ സമയം തരാം.’ മുത്തച്ഛന്‌ ആലോചിക്കാൻ രണ്ടു മിനിട്ടിന്റെ ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. ഉടനടി അദ്ദേഹം മറുപടി പറഞ്ഞു: ‘നിങ്ങൾ വെടിവെച്ചുകൊന്ന വാസിലിയെ എനിക്കു വർഷങ്ങളായി അറിയാം. പുതിയ ലോകത്തിൽ, പുനരുത്ഥാനത്തിലൂടെ അദ്ദേഹവുമായി വീണ്ടും ഒത്തുചേരാനുള്ള സമയത്തിനായാണു ഞാൻ ഇപ്പോൾ നോക്കിപ്പാർത്തിരിക്കുന്നത്‌. വാസിലിയുമൊത്ത്‌ ആ പുതിയ ലോകത്തിൽ ഞാൻ ഉണ്ടായിരിക്കുമെന്ന്‌ എനിക്ക്‌ ഉറച്ച ബോധ്യമുണ്ട്‌. പക്ഷേ നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ?’

“അങ്ങനെയൊരു ഉത്തരം ആ ഉദ്യോഗസ്ഥൻ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം മുത്തച്ഛനെയും മറ്റുള്ളവരെയും പാളയത്തിലേക്കു തിരിച്ചുകൊണ്ടുപോയി. വാസ്‌തവത്തിൽ, വാസിലിയെ വീണ്ടും കാണാൻ മുത്തച്ഛന്‌ പുനരുത്ഥാന സമയം വരെയൊന്നും കാത്തിരിക്കേണ്ടി വന്നില്ല. സഹോദരന്മാരുടെ മനോവീര്യം ചോർത്തിക്കളയാനുള്ള ഹീന തന്ത്രമായിരുന്നു അതെല്ലാം.”

കമ്മ്യൂണിസ്റ്റ്‌ പ്രചാരണതന്ത്രത്തിനു തിരിച്ചടി

ആളുകളുടെ മനസ്സിൽ യഹോവയുടെ സാക്ഷികളോടു വിദ്വേഷവും സംശയവും ജനിപ്പിക്കാൻ കമ്മ്യൂണിസ്റ്റുകാർ ദൈവജനത്തെ കരിതേച്ചു കാണിക്കുന്ന പുസ്‌തകങ്ങളും ലഘുപത്രികകളും സിനിമകളും പുറത്തിറക്കി. ഒരു ലഘുപത്രികയുടെ പേര്‌ ഇരട്ട അറ (ഇംഗ്ലീഷ്‌) എന്നായിരുന്നു​—സാഹിത്യങ്ങൾ ഒളിച്ചുകടത്താനായി സഹോദരന്മാർ സൂട്ട്‌കേസുകളുടെയും ബാഗുകളുടെയും അടിത്തട്ടിൽ ഉണ്ടാക്കിയ രഹസ്യ അറയെ കുറിക്കുന്നതായിരുന്നു ഈ പദം. ഈ ലഘുപത്രിക ഉപയോഗിച്ച്‌ മറ്റു തടവുകാരുടെ മുന്നിൽ തന്നെ തേജോവധം ചെയ്യാൻ ശ്രമിച്ചത്‌ നിക്കോളൈ വോലോഷാനോവ്‌സ്‌ക്കി അനുസ്‌മരിക്കുന്നു.

നിക്കോളൈ പറയുന്നു: “ക്യാമ്പ്‌ കമാൻഡർ അന്തേവാസികളെയെല്ലാം ഒരു ബാരക്കിൽ കൂട്ടിവരുത്തി, എന്നിട്ട്‌ ഇരട്ട അറയിൽനിന്നുള്ള ചില ഭാഗങ്ങൾ വായിക്കാൻ തുടങ്ങി. അതിൽ എന്നെക്കുറിച്ചു വ്യക്തിപരമായി എഴുതിയ ചില അപവാദങ്ങളും ഉൾപ്പെട്ടിരുന്നു. അദ്ദേഹം സംസാരിച്ചു തീർന്നപ്പോൾ ചില ചോദ്യങ്ങൾ ചോദിക്കാൻ എനിക്ക്‌ അനുവാദം തരണമെന്നു ഞാൻ അഭ്യർഥിച്ചു. എന്നെ കളിയാക്കാൻ ഒരവസരം കിട്ടുമല്ലോ എന്നു കരുതി അദ്ദേഹം അനുവാദം നൽകി.

“ക്യാമ്പ്‌ കമാൻഡറെ സംബോധന ചെയ്‌തുകൊണ്ട്‌ ഞാൻ സംസാരിക്കാൻ തുടങ്ങി. എന്നെ തൊഴിൽ പാളയത്തിലേക്കു കൊണ്ടുവന്ന അവസരത്തിൽ എന്നെ ചോദ്യം ചെയ്‌തത്‌ ഓർമയുണ്ടോ എന്ന്‌ ഞാൻ ആരാഞ്ഞു. അദ്ദേഹത്തിന്‌ അത്‌ ഓർമയുണ്ടായിരുന്നു. അടുത്തതായി, എന്റെ ഇൻഡക്‌ഷൻ ഫാറം പൂരിപ്പിക്കവേ ജന്മദേശത്തെയും പൗരത്വത്തെയും കുറിച്ചു ചോദിച്ച ചോദ്യങ്ങൾ ഓർമയുണ്ടോ എന്നു ഞാൻ ചോദിച്ചു. വീണ്ടും ഉവ്വ്‌ എന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. അന്നു ഞാൻ നൽകിയ ഉത്തരങ്ങൾ എന്തായിരുന്നു എന്നു പോലും അദ്ദേഹം കൂടിനിന്നവരോടു പറയുകയുണ്ടായി. പക്ഷേ ഫാറത്തിൽ അദ്ദേഹം എന്തായിരുന്നു എഴുതിപ്പിടിപ്പിച്ചത്‌ എന്നു ചോദിച്ചപ്പോൾ, നൽകിയ ഉത്തരങ്ങൾ പോലെയല്ല വാസ്‌തവത്തിൽ അന്ന്‌ എഴുതിയത്‌ എന്ന്‌ അദ്ദേഹം സമ്മതിച്ചു. തുടർന്ന്‌ കൂടിനിന്നവരുടെ നേർക്കു തിരിഞ്ഞ്‌ ഞാൻ ഇങ്ങനെ പറഞ്ഞു: ‘കണ്ടല്ലോ, ഇതേ രീതിയിലാണ്‌ ഈ ലഘുപത്രികയും എഴുതിയുണ്ടാക്കിയിരിക്കുന്നത്‌.’ തടവുകാരെല്ലാം കരഘോഷമുതിർത്തു, കമാൻഡറാകട്ടെ ദേഷ്യത്തിൽ മുറിവിട്ടു പോകുകയും ചെയ്‌തു.”

ഭിന്നിപ്പിച്ചു കീഴടക്കുന്ന തന്ത്രം

നിരാശരായ സോവിയറ്റ്‌ അധികാരികൾ യഹോവയുടെ സാക്ഷികൾക്കിടയിലെ ഐക്യത്തെ താറുമാറാക്കാൻ 1960-കളിൽ പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിച്ചു. 1999-ൽ പ്രസിദ്ധീകരിച്ച വാളും പരിചയും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഗവൺമെന്റിന്റെ രേഖാസൂക്ഷിപ്പുശാലകളിൽ ഉണ്ടായിരുന്ന, മുൻ രഹസ്യ കെജിബി റെക്കോർഡുകളെ കുറിച്ചു പരാമർശിക്കുന്നു. അത്‌ ഇപ്രകാരം പറയുന്നു: “‘അടിച്ചമർത്തുന്ന നടപടികളോടൊപ്പം ഭിന്നിപ്പിക്കാനുള്ള നടപടികളും തുടരു’ന്നതാണ്‌ ഏറ്റവും ഫലപ്രദമായ തന്ത്രം എന്ന്‌ ‘യഹോവാക്കാർക്ക്‌ [യഹോവയുടെ സാക്ഷികൾക്ക്‌] എതിരെയുള്ള പോരാട്ടത്തെ’ നയിക്കുന്ന മുതിർന്ന കെജിബി ഉദ്യോഗസ്ഥന്മാരുടെ 1959 മാർച്ചിൽ നടന്ന യോഗം കണ്ടെത്തി. മതാന്തരവിഭാഗക്കാരെ ഭിന്നിപ്പിക്കാനും അപകീർത്തിപ്പെടുത്താനും അവരുടെ മനോവീര്യം തകർക്കാനും അതു പോലെ വ്യാജാരോപണങ്ങൾ കെട്ടിച്ചമച്ച്‌ അവർക്കിടയിലെ ഏറ്റവും പ്രഭാവശാലികളായവരെ അറസ്റ്റു ചെയ്യാനും കെജിബി തീരുമാനിച്ചുറച്ചിരുന്നു.”

“ഭിന്നിപ്പിക്കാനുള്ള നടപടി”കളിൽ സോവിയറ്റ്‌ യൂണിയനിൽ ഉടനീളമുള്ള സഹോദരന്മാർക്കിടയിൽ വിശ്വാസമില്ലായ്‌മയുടെ വിത്തു വിതയ്‌ക്കാനുള്ള സംഘടിത ശ്രമം ഉൾപ്പെട്ടിരുന്നു. ആ ലക്ഷ്യം നിറവേറ്റാനായി കെജിബി അതിനീചമായ അപവാദങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി, നേതൃസ്ഥാനത്തുള്ള ഒട്ടേറെ സഹോദരന്മാർ സ്റ്റേറ്റ്‌ സെക്യൂരിറ്റി സർവീസസുമായി സഹകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന്‌ അവർ അവകാശപ്പെട്ടു. കെജിബി ഈ നുണകൾ വളരെ തന്ത്രപൂർവം മെനഞ്ഞിരുന്നതിനാൽ സാക്ഷികളിൽ പലരും, ആരെ വിശ്വസിക്കാം ആരെ വിശ്വസിക്കരുത്‌ എന്ന്‌ അറിയാൻ കഴിയാത്ത അവസ്ഥയിലായി.

കെജിബി-യുടെ മറ്റൊരു തന്ത്രം യഹോവയുടെ സാക്ഷികളായി “സജീവ”മായി പ്രവർത്തിക്കാൻ പ്രത്യേക ഏജന്റുമാരെ പരിശീലിപ്പിക്കുക എന്നതായിരുന്നു, ഇവർ പിന്നീട്‌ സംഘടനയിൽ ഉത്തരവാദിത്വ സ്ഥാനങ്ങൾ കരസ്ഥമാക്കാൻ ശ്രമിക്കുമായിരുന്നു. ഈ ചാരപ്പണിക്കാർ കാര്യങ്ങൾ അപ്പപ്പോൾ കെജിബി-യെ അറിയിച്ചുകൊണ്ടിരിക്കും. കൂടാതെ, സഹകരിക്കുന്നപക്ഷം വൻതുകകൾ നൽകാമെന്ന വാഗ്‌ദാനവുമായി കെജിബി യഥാർഥ സാക്ഷികളെ രഹസ്യമായി സമീപിക്കുകയും ചെയ്‌തു.

സങ്കടകരമെന്നു പറയട്ടെ, മൊൾഡോവയിലടക്കം സഹോദരന്മാർക്കിടയിലെ ഐക്യത്തെ താറുമാറാക്കുന്നതിൽ നീചമായ ഈ നടപടികൾ ഒരു പരിധിവരെ വിജയിച്ചു. തത്‌ഫലമായി വിശ്വാസമില്ലായ്‌മയുടെ ഒരു അന്തരീക്ഷം സംജാതമായി. ചില സഹോദരന്മാർ സംഘടനയിൽനിന്നു വിട്ടുപോയി എതിർ ചേരി എന്നു വിളിക്കപ്പെടാനിടയായ ഒരു കൂട്ടം ഉണ്ടാക്കുകപോലും ചെയ്‌തു.

ഈ സംഭവങ്ങൾ നടക്കുന്നതിനു മുമ്പ്‌ സോവിയറ്റ്‌ യൂണിയനിലെ സഹോദരന്മാർ യഹോവയുടെ സംഘടനയെയും അത്‌ ഉത്‌പാദിപ്പിക്കുന്ന ആത്മീയ ആഹാരത്തെയും നിയോഗിക്കുന്ന ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരെയും ‘സരണി’ എന്നാണു വിശേഷിപ്പിച്ചിരുന്നത്‌. ഇപ്പോൾ ഈ സരണിയെ സംബന്ധിച്ച്‌ ആശയക്കുഴപ്പവും അനിശ്ചിതത്വവും ഉയർന്നുവരാൻ തുടങ്ങി. ഈ ആശയക്കുഴപ്പം ദൂരീകരിക്കാൻ സഹോദരന്മാർക്ക്‌ എങ്ങനെ കഴിയുമായിരുന്നു? അത്ഭുതകരമെന്നു പറയട്ടെ, സോവിയറ്റ്‌ രാഷ്‌ട്രത്തിന്റെ സഹായത്തോടെ അവർ അതു ചെയ്‌തു. അതേ, തങ്ങൾ സൃഷ്ടിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ ആ തന്ത്രശാലികൾതന്നെ സഹായിച്ചു. എങ്ങനെ?

അവർ ദൈവാത്മാവിനെ കണക്കിലെടുക്കുന്നതിൽ പരാജയപ്പെട്ടു

1960-കളുടെ തുടക്കത്തിൽ, സോവിയറ്റ്‌ അധികാരികൾ സോവിയറ്റ്‌ യൂണിയന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള സാക്ഷികളുടെ പല ‘നേതാക്കന്മാരെയും’ ഒരു പാളയത്തിൽ ഒരുമിച്ച്‌ തടവിലിട്ടു. പടിഞ്ഞാറൻ റഷ്യയിലെ മോർഡ്‌വിനിയ റിപ്പബ്ലിക്കിലുള്ള സാറാൻസ്‌ക്‌ നഗരത്തിൽനിന്ന്‌ 150 കിലോമീറ്റർ അകലെയാണ്‌ ആ പാളയം സ്ഥിതി ചെയ്‌തിരുന്നത്‌. മുമ്പ്‌, സഹോദരന്മാർ പരസ്‌പരം വളരെ ദൂരെ ആയിരുന്നതിനാൽ അത്‌ ആശയവിനിമയത്തിനു തടസ്സം സൃഷ്ടിക്കുകയും തെറ്റിദ്ധാരണകളെ ഊട്ടിവളർത്തുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ ‘എതിർപക്ഷ’ത്തിൽപ്പെട്ടവരും അല്ലാത്തവരുമൊക്കെ ഒരുമിച്ച്‌ ഒരു സ്ഥലത്തുതന്നെ ആയിരുന്നു. അതുകൊണ്ട്‌ അവർക്ക്‌ മുഖാമുഖം സംസാരിക്കാനും സത്യമേത്‌ മിഥ്യയേത്‌ എന്നു തിരിച്ചറിയാനും സാധിക്കുമായിരുന്നു. അധികാരികൾ സഹോദരന്മാരെ എല്ലാം ഒരുമിച്ചു പാർപ്പിച്ചത്‌ എന്തിനായിരുന്നു? അവർ പരസ്‌പരം കലഹിക്കുമെന്നും അങ്ങനെ അവർക്കിടയിലെ പിളർപ്പു വർധിക്കുമെന്നും അധികാരികൾ വിചാരിച്ചു. എന്നാൽ വളരെ തന്ത്രപരമായി മെനഞ്ഞ ഒന്നായിരുന്നെങ്കിലും പദ്ധതി പൊളിഞ്ഞു, കാരണം യഹോവയുടെ ഏകീകരിക്കുന്ന ആത്മാവിനെ കണക്കിലെടുക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു.​—⁠1 കൊരി. 14:33.

മോർഡ്‌വിനിയയിൽ തടവിലാക്കപ്പെട്ട സഹോദരന്മാരിൽ ഒരാളായിരുന്നു ഗ്യോർഗെ ഗോരോബെറ്റ്‌സ്‌. അദ്ദേഹം അനുസ്‌മരിക്കുന്നു: “എന്നെ അറസ്റ്റു ചെയ്‌ത്‌ തടവിലാക്കി അധികം കഴിയുന്നതിനു മുമ്പ്‌ എതിർച്ചേരിയുമായി സഹവസിച്ചിരുന്ന ഒരു സഹോദരനെ ഞങ്ങളോടൊപ്പം പാർപ്പിക്കാൻ കൊണ്ടുവന്നു. ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള സഹോദരന്മാർ അപ്പോഴും തടവിലാണെന്നു കണ്ട അദ്ദേഹം ശരിക്കും അമ്പരന്നുപോയി. കാരണം, ഞങ്ങളെല്ലാം ആകാശത്തിലെ പറവകളെ പോലെ സ്വതന്ത്രരാണെന്നും കെജിബി-യുടെ സഹായത്താൽ ആഡംബരപൂർണമായ ജീവിതം നയിക്കുകയാണെന്നുമാണ്‌ അദ്ദേഹത്തോടു പറഞ്ഞിരുന്നത്‌!”

ഗോരോബെറ്റ്‌സ്‌ സഹോദരൻ തുടരുന്നു: “ഞാൻ തടവിൽ കഴിഞ്ഞ ആദ്യ വർഷം 700-ലധികം ആളുകളെ മതപരമായ കാരണങ്ങളാൽ ബന്ധനസ്ഥരാക്കുകയുണ്ടായി. ഇവരിൽ ഭൂരിഭാഗവും യഹോവയുടെ സാക്ഷികളായിരുന്നു. ഞങ്ങൾ എല്ലാവരും ഒരേ ഫാക്ടറിയിലാണു പണിയെടുത്തിരുന്നത്‌, എതിർപക്ഷ ചേരിയിൽ ചേർന്നിരുന്നവരുമായി സംസാരിക്കാൻ ഞങ്ങൾക്ക്‌ അവസരം കിട്ടിയിരുന്നു. അതുകൊണ്ട്‌ 1960, 1961 വർഷങ്ങളിൽ പല കാര്യങ്ങളും തെളിയിക്കപ്പെട്ടു. ഒടുവിൽ 1962-ൽ, സോവിയറ്റ്‌ യൂണിയന്റെ ആവശ്യങ്ങൾക്കായി കരുതിയിരുന്ന കൺട്രി കമ്മിറ്റി ആ തൊഴിൽ പാളയത്തിൽ വെച്ചുതന്നെ ഒരു കത്തെഴുതി. സോവിയറ്റ്‌ യൂണിയനിലുള്ള എല്ലാ സഭകൾക്കും ഈ കത്തു പോയി, കെജിബി വരുത്തിവെച്ച കേടുപാടുകൾ പോക്കാൻ ഈ കത്തു സഹായിച്ചു തുടങ്ങി.”

യഥാർഥ സരണിയെ തിരിച്ചറിയൽ

1964 ജൂണിൽ, ഗോരോബെറ്റ്‌സ്‌ സഹോദരൻ തൊഴിൽ പാളയത്തിൽനിന്നു മോചിതനായി, ഉടനടി അദ്ദേഹം മൊൾഡോവയിലേക്കു തിരിച്ചുപോയി. ടാബാന്യയിൽ എത്തിച്ചേർന്ന അദ്ദേഹം, യഹോവ തന്റെ ജനത്തെ പോറ്റാനും വഴിനയിക്കാനും ഉപയോഗിക്കുന്നത്‌ ആരെയൊക്കെയാണ്‌ എന്നതു സംബന്ധിച്ച്‌ സ്ഥലത്തെ സാക്ഷികളിൽ പലരും അപ്പോഴും ആശയക്കുഴപ്പത്തിലായിരുന്നുവെന്നു കണ്ടെത്തി. ഒട്ടനവധി സാക്ഷികളും ബൈബിൾ മാത്രമേ വായിക്കുമായിരുന്നുള്ളൂ.

കാര്യങ്ങൾ നേരെയാക്കുന്നതിന്‌ ആത്മീയ പക്വതയുള്ള മൂന്നു സഹോദരന്മാർ ചേർന്ന ഒരു കമ്മിറ്റി നിയമിക്കപ്പെട്ടു. അവർ ചെയ്‌ത ആദ്യ സംഗതികളിൽ ഒന്ന്‌ സാക്ഷികളിൽ അധികപങ്കും വസിച്ചിരുന്ന മൊൾഡോവയുടെ വടക്കുള്ള പ്രദേശത്തെ സഭകൾ സന്ദർശിക്കുക എന്നതായിരുന്നു. വളരെയധികം പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടും ഇവരും മറ്റു ക്രിസ്‌തീയ മേൽവിചാരകന്മാരും തുടർന്നും കാണിച്ച വിശ്വസ്‌തത, തങ്ങളെ ആരംഭത്തിൽ സത്യം പഠിപ്പിച്ച അതേ സംഘടനയെ യഹോവ അപ്പോഴും ഉപയോഗിക്കുന്നു എന്ന്‌ പലരെയും ബോധ്യപ്പെടുത്തി.

പീഡനവും മറ്റു തന്ത്രങ്ങളും പ്രയോഗിച്ചിട്ടും പ്രസംഗപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ 1960-കളുടെ അവസാനത്തിൽ കെജിബി-ക്കു വ്യക്തമായി. കെജിബി-യുടെ പ്രതികരണത്തെ വാളും പരിചയും എന്ന പുസ്‌തകം ഇങ്ങനെ വിവരിക്കുന്നു: “തൊഴിൽ പാളയങ്ങളിൽ പോലും ‘യഹോവാ നേതാക്കന്മാരും അധികാരികളും തങ്ങളുടെ സോവിയറ്റ്‌ വിരുദ്ധ ആശയങ്ങൾ ഉപേക്ഷിക്കുകയുണ്ടായില്ല എന്നും പാളയത്തിലെ ദുഷ്‌കരമായ അവസ്ഥകളിലും തങ്ങളുടെ യഹോവാ പ്രവർത്തനം തുടർന്നു എന്നും’ ഉള്ള വാർത്തകൾ [കെജിബി] കേന്ദ്രത്തെ അസഹ്യപ്പെടുത്തി. യഹോവയുടെ സാക്ഷികൾക്കെതിരെ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്ന കെജിബി ഉദ്യോഗസ്ഥന്മാരുടെ ഒരു യോഗം 1967 നവംബറിൽ [കിഷിനൗവിൽ] നടന്നു. ‘മതാന്തരവിഭാഗക്കാരുടെ സോവിയറ്റ്‌ വിരുദ്ധ പ്രവർത്തനത്തെയും പ്രത്യയശാസ്‌ത്രത്തെ അട്ടിമറിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളെയും തടയാൻ’ കൈക്കൊള്ളേണ്ട പുതിയ മാർഗങ്ങളെ കുറിച്ച്‌ ചർച്ചചെയ്യുക എന്ന ഉദ്ദേശ്യത്തിലാണ്‌ അവർ കൂടിവന്നത്‌.”

മുൻ സഹോദരന്മാരാൽ ഉപദ്രവിക്കപ്പെടുന്നു

സങ്കടകരമെന്നു പറയട്ടെ, ചില വ്യക്തികൾ ഈ “പുതിയ മാർഗങ്ങ”ളാൽ വഴിതെറ്റിക്കപ്പെട്ട്‌ കെജിബി-യുടെ കളിപ്പാവകളായി മാറി. ചിലർ അത്യാഗ്രഹത്തിനും മാനുഷ ഭയത്തിനും വഴിപ്പെട്ടു. മുമ്പ്‌ സഹോദരന്മാർ ആയിരുന്നെങ്കിലും സാക്ഷികൾക്കു നേരെ വിദ്വേഷം വെച്ചുപുലർത്തിയിരുന്നവരായിരുന്നു വേറെ ചിലർ. വിശ്വസ്‌തരുടെ നിർമലത തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അധികാരികൾ ഈ വ്യക്തികളെ ഉപയോഗിക്കാൻ തുടങ്ങി. ജയിലിലും തൊഴിൽ പാളയങ്ങളിലും ദുരിതങ്ങൾ അനുഭവിച്ചിട്ടുള്ള സാക്ഷികൾ, മുൻ സഹോദരന്മാരിൽനിന്നുള്ള​—⁠ഇവരിൽ ചിലർ വിശ്വസത്യാഗികളായി മാറിയിരുന്നു​—⁠ഉപദ്രവത്തിനു പാത്രമായതായിരുന്നു തങ്ങൾ നേരിട്ടിട്ടുള്ളതിലേക്കും ഏറ്റവും വേദനാജനകമായ സംഗതികളിലൊന്ന്‌ എന്നു പറഞ്ഞു.

വിശ്വാസത്യാഗികളിൽ പലരും മുമ്പു പ്രതിപാദിച്ച എതിർപക്ഷത്തിലെ അംഗങ്ങളായിരുന്നു. ആദ്യമൊക്കെ ഈ കൂട്ടത്തിൽ, കെജിബി നൽകിയ തെറ്റായ വിവരങ്ങളാൽ ആശയക്കുഴപ്പത്തിലായവരാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ 1960-കളുടെ അവസാനത്തിലും എതിർപക്ഷത്തോടു പറ്റിനിന്നവരിൽ ദുഷ്ട അടിമ വർഗത്തിന്റെ മനോഭാവം പ്രകടമാക്കിയവർ ഉണ്ടായിരുന്നു. യേശുവിന്റെ മുന്നറിയിപ്പിനെ അവഗണിച്ച്‌ അവർ ‘[തങ്ങളുടെ] കൂട്ടുദാസന്മാരെ അടിപ്പാൻ’ തുടങ്ങി.​—⁠മത്താ. 24:48, 49.

കെജിബി-യും അവരുടെ പിണിയാളുകളും ഇങ്ങനെയൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും ദൈവജനത്തെ ഭിന്നിപ്പിച്ചു കീഴടക്കാനുള്ള പദ്ധതികൾ പരാജയപ്പെട്ടു. 1960-കളുടെ ആരംഭത്തിൽ വിശ്വസ്‌ത സഹോദരന്മാർ മൊൾഡോവയിലെ സംഘടനയെ പുനരേകീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോൾ ആ ദേശത്തിലെ മിക്ക സഹോദരന്മാരും എതിർ ചേരിയിലെ അംഗങ്ങളായിരുന്നു. എന്നാൽ 1972-ൽ ഭൂരിപക്ഷവും യഹോവയുടെ സംഘടനയോടൊപ്പം വിശ്വസ്‌തതയോടെ ചേർന്നു പ്രവർത്തിക്കാനായി തിരിച്ചുവന്നു.

വിലമതിപ്പുള്ള ഒരു പീഡകൻ

മൊൾഡോവയിൽ കമ്മ്യൂണിസ്റ്റ്‌ യുഗത്തിൽ വിശ്വസ്‌തരായി നിലകൊണ്ടവർ തങ്ങളെക്കൊണ്ടാകുന്ന വിധത്തിൽ പ്രസംഗപ്രവർത്തനം മുന്നോട്ടു കൊണ്ടുപോയി. അവർ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹപാഠികളോടും സഹപ്രവർത്തകരോടുമൊക്കെ അനൗപചാരികമായി സാക്ഷീകരിച്ചു. എങ്കിലും, അവർ ജാഗരൂകരായിരുന്നു, കാരണം മൊൾഡോവയിലെ പാർട്ടി ഉദ്യോഗസ്ഥരിൽ പലരും കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തോടു ഭ്രാന്തമായ പ്രതിബദ്ധത പുലർത്തിയിരുന്നവരായിരുന്നു. പക്ഷേ കമ്മ്യൂണിസ്റ്റുകാരിൽ എല്ലാവരുമൊന്നും യഹോവയുടെ സാക്ഷികളെ പുച്ഛത്തോടെ വീക്ഷിച്ചിരുന്നില്ല.

സ്യിമ്യോൺ മോലോസാനോവ്‌സ്‌ചി ഇങ്ങനെ അനുസ്‌മരിക്കുന്നു: “പോലീസ്‌ ഞങ്ങളുടെ വീട്‌ അരിച്ചുപെറുക്കി ഒട്ടനവധി സാഹിത്യങ്ങൾ കണ്ടുകെട്ടി. സംഘത്തിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ സാഹിത്യങ്ങളുടെ ഒരു ലിസ്റ്റ്‌ തയ്യാറാക്കി. പിന്നീട്‌ അദ്ദേഹം ലിസ്റ്റുമായി മടങ്ങിവന്ന്‌ പേരുകളെല്ലാം ശരിയാണോയെന്നു നോക്കാൻ എന്നോട്‌ ആവശ്യപ്പെട്ടു. ലിസ്റ്റ്‌ പരിശോധിക്കവേ ഒരു സാഹിത്യം വിട്ടുപോയിരിക്കുന്നതായി ഞാൻ ശ്രദ്ധിച്ചു​—⁠കുടുംബത്തെയും കുടുംബജീവിതം എങ്ങനെ സന്തുഷ്ടമാക്കാം എന്നതിനെയും കുറിച്ചു ചർച്ച ചെയ്യുന്ന ഒരു വീക്ഷാഗോപുരം ആയിരുന്നു അത്‌. അതേക്കുറിച്ച്‌ ഞാൻ ആ ഉദ്യോഗസ്ഥനോടു ചോദിച്ചു. ‘ഓ അതോ, അതു ഞാൻ വീട്ടിലേക്കു കൊണ്ടുപോയി, ഞങ്ങളുടെ കുടുംബം ഒത്തൊരുമിച്ച്‌ അതു വായിച്ചു,’ അൽപ്പം ജാള്യത്തോടെ അദ്ദേഹം മറുപടി പറഞ്ഞു. ‘ആകട്ടെ, അതിലെ വിവരങ്ങൾ താങ്കൾക്ക്‌ ഇഷ്ടമായോ?’ ഞാൻ ചോദിച്ചു. ‘തീർച്ചയായും! ഞങ്ങൾക്ക്‌ അതു വളരെ ഇഷ്ടമായി!’ അദ്ദേഹം പറഞ്ഞു.

എതിർപ്പ്‌ കുറയുന്നു, വർധന തുടരുന്നു

1970-കളിൽ കമ്മ്യൂണിസ്റ്റ്‌ അധികാരികൾ യഹോവയുടെ ജനത്തെ അറസ്റ്റു ചെയ്‌തു നാടുകടത്തുന്ന നയം ഉപേക്ഷിച്ചു. എന്നിട്ടും, സാക്ഷീകരണം നടത്തുകയോ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുകയോ ചെയ്യുന്നതിന്‌ സഹോദരന്മാരെ അപ്പോഴും അറസ്റ്റു ചെയ്യുകയും കോടതിയിൽ വിചാരണ ചെയ്യുകയും ചെയ്‌തിരുന്നു. എങ്കിലും നൽകിയിരുന്ന ശിക്ഷകൾ അത്ര കടുത്തതല്ലായിരുന്നു.

1972-ൽ, മറ്റിടങ്ങളിലെ പോലെ മൊൾഡോവയിലും മൂപ്പൻ ക്രമീകരണം നിലവിൽ വന്നു. ഗ്യോർഗെ ഗോരോബെറ്റ്‌സ്‌ അനുസ്‌മരിക്കുന്നു: “സഹോദരങ്ങൾ പുതിയ ക്രമീകരണത്തെ വളരെ സന്തോഷത്തോടെ സ്വീകരിച്ചു, യഹോവയുടെ ആത്മാവ്‌ പ്രവർത്തനത്തിലായിരിക്കുന്നതിന്റെ മറ്റൊരു തെളിവായിട്ടാണ്‌ അവർ അതിനെ വീക്ഷിച്ചത്‌. അതിലുപരി നിയമിതപുരുഷന്മാരുടെ എണ്ണത്തിലുണ്ടായ വർധന മൊൾഡോവയിലെ സഭകൾ പെരുകാൻ ഇടയാക്കി. കൂടാതെ അത്‌ ആത്മീയമായി വളരാൻ സഭകളെ സഹായിക്കുകയും ചെയ്‌തു.

ഈ സമയമായപ്പോഴേക്കും, പ്രസംഗപ്രവർത്തനം സംഘടിപ്പിക്കുന്നതിലും ബൈബിളധിഷ്‌ഠിത സാഹിത്യങ്ങൾ ജാഗ്രതയോടെ അച്ചടിക്കുന്നതിലും സഹോദരന്മാർ വളരെയധികം അനുഭവപരിചയം നേടിക്കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ്‌ മർദകഭരണം ആരംഭിച്ചപ്പോൾ, സാഹിത്യങ്ങൾ മൊൾഡോവയിൽ രണ്ടിടങ്ങളിലായി തയ്യാറാക്കാൻ തുടങ്ങി. മാത്രമല്ല കടുത്ത പീഡനത്തിന്റേതായ ആ ദശാബ്ദങ്ങളിൽ രാത്രികാലങ്ങളിൽ മാത്രമേ അച്ചടിപ്രവർത്തനങ്ങളും മറ്റും നടന്നിരുന്നുള്ളൂ. അതുകൊണ്ട്‌ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്‌ ഇരട്ട ജീവിതം നയിക്കേണ്ടിവന്നു​—⁠പകൽ സമയങ്ങൾ അവർ മറ്റേവരെയും പോലെ സാധാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, എന്നാൽ രാത്രികാലങ്ങളിൽ പുലരുംവരെ അവർ സഭകൾക്കായി സാഹിത്യങ്ങൾ ഉത്‌പാദിപ്പിച്ചുകൊണ്ടിരുന്നു.

എന്നാൽ എതിർപ്പും നിതാന്ത നിരീക്ഷണവും കുറഞ്ഞുവന്നപ്പോൾ ഈ സാഹചര്യത്തിനു മാറ്റം വന്നു. സഹോദരന്മാർക്ക്‌ ഇപ്പോൾ ഭൂഗർഭ അച്ചടിശാലകൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും അതുപോലെ പ്രവർത്തനത്തിനു വേണ്ടി കൂടുതൽ സ്വമേധയാ സേവകരെ നിയമിക്കാനും സാധിക്കുമായിരുന്നു. തത്‌ഫലമായി ഉത്‌പാദനം വർധിച്ചു.

കൂടാതെ, സഹോദരന്മാർ കൂടുതൽ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രസിദ്ധീകരണങ്ങൾ അച്ചടിക്കാൻ തുടങ്ങി. ഉദാഹരണത്തിന്‌, ഒരു ടൈപ്പ്‌റൈറ്ററിൽ തയ്യാറാക്കാവുന്ന പ്രത്യേക ടെംപ്ലേറ്റുകൾ അവർ ഉപയോഗിച്ചു. ഒരേസമയത്ത്‌ കടലാസ്സിന്റെ രണ്ടു പുറവും അച്ചടിക്കാവുന്ന തരത്തിൽ അവർ അച്ചടിയന്ത്രങ്ങൾ പരിഷ്‌കരിച്ചു. ഇവയെല്ലാം ഉത്‌പാദനം വീണ്ടും വർധിപ്പിച്ചു. ബൈബിളധ്യയന സഹായികളുടെ പ്രതികൾ കൈകൊണ്ട്‌ എഴുതി തയ്യാറാക്കുന്ന രീതി ഒരു കഴിഞ്ഞകാല സംഗതിയായി മാറി!

സ്വാഭാവികമായും, കൂടുതൽ സാഹിത്യങ്ങൾ ലഭ്യമായതോടെ കൂടുതൽ വ്യക്തിപരമായ പഠനം നടത്താൻ സഹോദരങ്ങൾക്കു കഴിഞ്ഞു. ഇതും ആശയവിനിമയത്തിലുണ്ടായ വൻ പുരോഗതിയും മുമ്പ്‌ നിലനിന്ന ആശയക്കുഴപ്പത്തിന്റെ അവശേഷിച്ചിരുന്ന കണികകൾ കൂടെ ഇല്ലാതാക്കി. എന്നാൽ ഈ പുരോഗതികളെല്ലാം മൊൾഡോവയിൽ യഹോവയുടെ ജനം ആസ്വദിക്കാനിരുന്ന കൂടുതൽ നല്ല കാര്യങ്ങളുടെ ഒരു പൂർവാനുഭവം മാത്രമായിരുന്നു.

സത്യാരാധന തഴച്ചുവളരുന്നു

പ്രതാപത്തിന്റെ പരകോടിയിൽ സോവിയറ്റ്‌ കമ്മ്യൂണിസം രാഷ്‌ട്രീയമായും സൈനികമായും ഒരു വൻശക്തിയായിരുന്നെങ്കിലും സത്യാരാധനയെ തുടച്ചുമാറ്റുന്നതിൽ അതു പരാജയപ്പെട്ടു. അറിഞ്ഞുകൊണ്ടല്ലെങ്കിലും നാടുകടത്തൽ പദ്ധതിയിലൂടെ സോവിയറ്റ്‌ അധികാരികൾ ‘ഭൂമിയുടെ അതിവിദൂര ഭാഗങ്ങളിൽ’ സുവാർത്ത പ്രചരിപ്പിക്കുന്നതിൽ സഹായിച്ചു. യഹോവ യെശയ്യാവ്‌ മുഖാന്തരം ഇങ്ങനെ വാഗ്‌ദാനം ചെയ്‌തിരുന്നു: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; . . . യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു.” (യെശ. 54:17) ആ വാക്കുകൾ എത്ര സത്യമായിരുന്നു!

1985-ൽ, സോവിയറ്റ്‌ യൂണിയനിൽ ഉണ്ടായ ഗവൺമെന്റ്‌ മാറ്റം അവിടെ യഹോവയുടെ സാക്ഷികളുടെ ജീവിതം ഏറെ ആയാസരഹിതമാക്കിത്തീർത്തു. രഹസ്യ പോലീസിന്റെ നിരന്തര നിരീക്ഷണത്തിൻ കീഴിൽ കഴിയേണ്ടതോ മതപരമായ കൂടിവരവുകളിൽ സംബന്ധിച്ചതിന്റെ പേരിൽ പിഴയടക്കേണ്ടതോ ആയ അവസ്ഥ അവർക്കില്ലാതായി. മൊൾഡോവയിലെ സഹോദരന്മാർ തങ്ങളുടെ പതിവു യോഗങ്ങൾക്കായി പത്തോ അതിൽ താഴെയോ വരുന്ന ചെറിയ കൂട്ടങ്ങളായാണ്‌ തുടർന്നും കൂടിവന്നിരുന്നതെങ്കിലും വിവാഹമോ ശവസംസ്‌കാര ശുശ്രൂഷയോ പോലുള്ള ചടങ്ങുകൾ ചെറിയ സർക്കിട്ട്‌ സമ്മേളനങ്ങൾ നടത്താനായി അവർ ഉപയോഗപ്പെടുത്തിത്തുടങ്ങി.

തുടർന്ന്‌ 1989-ൽ കോഷൂഫ്‌ (കാറ്റവിറ്റ്‌സ), പോസ്‌നാൻ, വാഴ്‌സോ എന്നീ പോളണ്ടിലെ മൂന്നു നഗരങ്ങളിലായി മൂന്ന്‌ അന്താരാഷ്‌ട്ര കൺവെൻഷനുകൾ നടന്നു. ഇത്‌ പ്രസംഗപ്രവർത്തനത്തെ ത്വരിതപ്പെടുത്തി. മൊൾഡോവയിൽനിന്നുള്ള നൂറുകണക്കിനു പ്രതിനിധികൾ ഇവയിൽ സംബന്ധിച്ചു. ചെറിയ കൂട്ടങ്ങളായി രഹസ്യത്തിൽ കൂടിവരാൻ മാത്രം കഴിഞ്ഞിരുന്ന ഈ വിശ്വസ്‌ത സഹോദരന്മാർക്ക്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സന്തുഷ്ടരായ സാക്ഷികളുടെ വൻ കൂട്ടത്തോടൊപ്പം ആയിരിക്കാനും ഏവരോടുമൊപ്പം യഹോവയെ ആരാധിക്കാനും കഴിഞ്ഞത്‌ എത്ര പുളകപ്രദമായ ഒരു അനുഭവമായിരുന്നെന്നോ!

മൊൾഡോവയിൽ പ്രവർത്തനം തുടങ്ങിയിട്ട്‌ ആദ്യമായി, 1991-ൽ സർക്കിട്ട്‌ സമ്മേളനങ്ങൾ പരസ്യമായി നടത്താൻ കഴിഞ്ഞത്‌ അവിടത്തെ സഹോദരങ്ങൾക്കു ലഭിച്ച മറ്റൊരു ആത്മീയ വിരുന്നായിരുന്നു. ശ്രദ്ധേയമായ മറ്റൊരു സംഭവം 1992 എന്ന വർഷത്തിൽ അരങ്ങേറി​—⁠റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ നടന്ന ഒരു അന്താരാഷ്‌ട്ര കൺവെൻഷൻ ആയിരുന്നു അത്‌. 1989-ൽ പോളണ്ടിൽ നടന്ന മൂന്ന്‌ കൺവെൻഷനുകളിലും മൊത്തം പങ്കെടുത്തതിലധികം മൊൾഡോവക്കാർ ഈ കൺവെൻഷനിൽ പങ്കെടുത്തു. അതേ, യഹോവ സ്വർഗത്തിന്റെ കിളിവാതിലുകൾ തുറന്ന്‌ തന്റെ കൃതജ്ഞതയുള്ള വിശ്വസ്‌ത ദാസന്മാരുടെ മേൽ അനുഗ്രഹങ്ങൾ പിന്നെയും പിന്നെയും വർഷിക്കാൻ തുടങ്ങിയിരുന്നു.

സഞ്ചാര മേൽവിചാരകന്മാർക്കുള്ള പരിശീലനം

കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചതോടെ സോവിയറ്റ്‌ യൂണിയനു വേണ്ടിയുള്ള കൺട്രി കമ്മിറ്റിക്കും സഞ്ചാര മേൽവിചാരകന്മാർക്കും കൂടുതൽ അടുത്തു ബന്ധപ്പെടാൻ അവസരം ലഭിച്ചു. 1989 ഡിസംബറിൽ, ആത്മീയ പക്വതയുള്ള ഈ സഹോദരന്മാർ​—⁠അന്ന്‌ അവർ 60 പേർ ഉണ്ടായിരുന്നു​—⁠പ്രബോധനം കൈക്കൊള്ളാനായി യൂക്രെയിനിലെ ലവോഫിൽ കൂടിവന്നു. സന്നിഹിതരായിരുന്ന ഏവരും ജയിൽവാസവും തൊഴിൽ പാളയങ്ങളിലെ കഠിനവേലയും മറ്റു തരത്തിലുള്ള പീഡനങ്ങളും അനുഭവിച്ചവരായിരുന്നതിനാൽ ആ ക്ലാസ്സ്‌ അവർക്ക്‌ എത്ര ആനന്ദവും കരുത്തും പ്രദാനം ചെയ്‌തിരിക്കണം! അവരിൽ പലരും ദുഷ്‌കരമായ ആ മുൻകാലങ്ങളിൽ അടുത്ത സുഹൃദ്‌ബന്ധം വളർത്തിയെടുത്തുകഴിഞ്ഞിരുന്നു.

ആ ക്ലാസ്സിൽ പങ്കെടുത്തവരിൽ നാലു സഞ്ചാര മേൽവിചാരകന്മാർ മൊൾഡോവയിൽനിന്നു വന്നവരായിരുന്നു. അവർ തിരിച്ചു ചെന്ന്‌ ലവോഫിൽവെച്ചു തങ്ങൾക്കു ലഭിച്ച ജ്ഞാനോപദേശം, വിശേഷിച്ചും പ്രസംഗവേലയോടു ബന്ധപ്പെട്ടു ലഭിച്ചത്‌, സഭകളുമായി പങ്കുവെച്ചു. ഉദാഹരണത്തിന്‌, സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടെങ്കിലും ദൈവവചനം പ്രസംഗിക്കുന്നതിൽ ജാഗ്രത പുലർത്താൻ അവർ സഹോദരങ്ങളെ ബുദ്ധിയുപദേശിച്ചു. (മത്താ. 10:16) അവർ തുടർന്നും ജാഗ്രത പുലർത്തേണ്ടിയിരുന്നത്‌ എന്തുകൊണ്ടായിരുന്നു? കാരണം, യഥാർഥത്തിൽ സാക്ഷികളുടെ പ്രവർത്തനം അപ്പോഴും നിരോധിക്കപ്പെട്ട അവസ്ഥയിൽ തന്നെയായിരുന്നു.

രാജ്യഹാളുകളുടെ അടിയന്തിര ആവശ്യം

മൊൾഡോവയിൽ പ്രസംഗപ്രവർത്തനം സ്ഥിരപ്പെട്ടതു മുതൽ സ്വന്തം യോഗഹാളുകൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച്‌ സഹോദരന്മാർ ബോധവാന്മാരായിരുന്നു. 1922-ൽ കോർഷെയുറ്റ്‌സ്‌ ഗ്രാമത്തിൽ ബൈബിൾ വിദ്യാർഥികൾ സ്വന്ത വിഭവങ്ങൾകൊണ്ട്‌ ഒരു ഹാൾ പണിതു. യോഗങ്ങൾക്കു വേണ്ടിയുള്ള ആലയം എന്നു വിളിക്കപ്പെട്ട ആ ഹാൾ വർഷങ്ങളോളം അവരുടെ ആവശ്യം നിറവേറ്റി.

1980-കളുടെ അവസാനത്തിൽ, ഔദ്യോഗിക എതിർപ്പു തീരെ കുറഞ്ഞതോടെ ഒട്ടേറെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നൂറുകണക്കിനു പ്രസാധകരുള്ള സഭകൾ ഉടലെടുത്തു. ഇവർ ചെറിയ കൂട്ടങ്ങളായി സ്വകാര്യ ഭവനങ്ങളിലാണു കൂടിവന്നിരുന്നത്‌. അങ്ങനെയെങ്കിൽ രാജ്യഹാളുകൾ നിർമിക്കാനുള്ള സമയം വന്നെത്തിയിരുന്നുവോ? നിർമാണത്തിന്‌ അനുമതി ലഭിക്കാൻ സഹോദരന്മാർ വിവിധ ഗ്രാമഭരണകർത്താക്കളെ ചെന്നുകണ്ടു.

ഈ അധികാരികളിൽ ചിലർ വളരെ സഹകരണം പ്രകടമാക്കി. മൊൾഡോവയ്‌ക്കു വടക്കുമാറി സ്ഥിതി ചെയ്യുന്ന, 3150 നിവാസികളുള്ള ഫെറ്റെഷ്‌റ്റ്‌ ഗ്രാമത്തിൽ ഉണ്ടായ സംഭവം അതിന്‌ ഉദാഹരണമാണ്‌. 1990 ജനുവരിയിൽ സ്ഥലത്തെ സഹോദരന്മാർ മേയറെ ചെന്നുകണ്ടു. തന്റെ ഗ്രാമത്തിൽ യാതൊരു ഔദ്യോഗിക വിലക്കുകളുമില്ലാതെ സാക്ഷികൾക്കു പ്രവർത്തനം നടത്താമെന്ന്‌ മേയർ സഹോദരന്മാരോടു പറഞ്ഞു. സഹോദരന്മാർ അതീവ ജാഗരൂകരായിരുന്നതിനാൽ മേയറുടെ വാഗ്‌ദാനം വിശ്വസിക്കാൻ അവർക്കു ബുദ്ധിമുട്ടു തോന്നി. അതുകൊണ്ട്‌, ഒരു സഹോദരന്റെ വീട്‌ചെറിയ മാറ്റങ്ങൾ വരുത്തി സഭയ്‌ക്ക്‌ ഒരു രാജ്യഹാളായി ഉപയോഗിക്കാൻ കഴിയുമോയെന്ന്‌ അവർ അനുവാദം ചോദിച്ചു, വാസ്‌തവത്തിൽ ആ സഭ 185 പ്രസാധകരുള്ള ഒന്നായിരുന്നെങ്കിലും.

മേയർ പദ്ധതി അംഗീകരിച്ചു. സഹോദരന്മാർ പണി ആരംഭിച്ചു. എന്നാൽ താമസിയാതെ അവർ ഒരു വലിയ പ്രതിബന്ധം നേരിട്ടു. പ്ലാൻ പ്രകാരം വീടിന്റെ ഒരു ചുവർ ഇടിച്ചുകളഞ്ഞാൽ വീട്‌ തകർന്നുപോകുമായിരുന്നു! അതുകൊണ്ട്‌ പണി പെട്ടെന്നു നിറുത്തിവെക്കേണ്ടി വന്നു. അവർക്ക്‌ എന്തു ചെയ്യാൻ കഴിയുമായിരുന്നു? പ്രശ്‌നം അവതരിപ്പിക്കാനായി വീണ്ടും മേയറെ ചെന്നു കാണാൻ സഹോദരന്മാർ തീരുമാനിച്ചു. ഒരു പുത്തൻ രാജ്യഹാൾതന്നെ പണിയാനുള്ള അനുവാദം അദ്ദേഹം നൽകിയപ്പോൾ സഹോദരന്മാർക്ക്‌ ഉണ്ടായ സന്തോഷം ഒന്നു വിഭാവന ചെയ്യുക! മുഴു സഭയും നിർമാണത്തിൽ ഏർപ്പെട്ടു, വെറും 27 ദിവസംകൊണ്ടു പണി പൂർത്തിയായി.

പുതിയ രാജ്യഹാളിൽ എല്ലാവർക്കും ഇരിക്കാൻ സൗകര്യമില്ലാഞ്ഞതിനാൽ ഫെറ്റെഷ്‌റ്റ്‌ സഭ രണ്ടായി വിഭാഗിച്ചു. പുതിയ പ്രസാധകരിൽ പലരും അതുവരെ സ്‌നാപനമേറ്റിരുന്നില്ല. അതുകൊണ്ട്‌ സഹോദരന്മാർ ചിന്തിച്ചു, എന്തുകൊണ്ട്‌ സമർപ്പണ പരിപാടിയിൽ സ്‌നാപനം ഉൾപ്പെടുത്തിക്കൂടാ? അവർ പദ്ധതിയുമായി മുമ്പോട്ടു പോയി. സ്‌നാപന പ്രസംഗത്തിനു ശേഷം എല്ലാവരും അടുത്തുള്ള ഒരു നദിയിലേക്കു പോയി, 80 പേർ യഹോവയ്‌ക്കുള്ള തങ്ങളുടെ സമർപ്പണം പ്രതീകപ്പെടുത്തി.

മറ്റു പല സഭകൾക്കും രാജ്യഹാളിന്റെ അടിയന്തിര ആവശ്യം ഉണ്ടായിരുന്നു. സാഹിത്യങ്ങളിൽ രാജ്യഹാളുകളുടെ ചിത്രങ്ങൾ കണ്ടിട്ടുള്ളതിനാൽ തങ്ങൾക്കും സ്വന്തമായി അവയെപ്പോലെ ഒരെണ്ണം നിർമിക്കാൻ ചില സഭകൾ തീരുമാനിച്ചു. അത്യുത്സാഹത്തോടെ അവർ മുൻകൈയെടുത്ത്‌ വിഭവങ്ങൾ സ്വരുക്കൂട്ടി രാജ്യഹാളുകൾ പണിയാൻ തുടങ്ങി. ഇത്‌ വെറും ഒറ്റപ്പെട്ട സംഭവം അല്ലായിരുന്നു. 1990-നും 1995-നും ഇടയ്‌ക്ക്‌ സഹോദരന്മാർ 30 രാജ്യഹാളുകൾ പണിതു, അതും പുറമേ നിന്നുള്ള ആൾസഹായമോ ധനസഹായമോ കൂടാതെ.

ചില രാജ്യഹാളുകൾ സർക്കിട്ട്‌ സമ്മേളനങ്ങൾ നടത്താനും ഉപയോഗിച്ചു. എന്നാൽ, ഒട്ടേറെ പേർ സംബന്ധിച്ചതിനാൽ പലർക്കും ഹാളിനു വെളിയിൽനിന്നുകൊണ്ട്‌ പരിപാടി ശ്രദ്ധിക്കേണ്ടിവന്നു. അതുകൊണ്ട്‌, സഹോദരന്മാർ ഒരു സമ്മേളന ഹാൾ നിർമിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാൻ തുടങ്ങി. ഇക്കാര്യവും അവർ വെച്ചുതാമസിപ്പിച്ചില്ല. 1992-ൽ വെറും മൂന്നു മാസംകൊണ്ട്‌ അവർ മൊൾഡോവയിലെ ആദ്യത്തെ സമ്മേളന ഹാളിന്റെ നിർമാണം പൂർത്തിയാക്കി. കോർഷെയുറ്റ്‌സിൽ നിർമിക്കപ്പെട്ട ഈ ഹാളിൽ 800 പേർക്ക്‌ ഇരിക്കാൻ സൗകര്യമുണ്ടായിരുന്നു. പിറ്റേ വർഷം വീണ്ടും സ്വന്തം വിഭവങ്ങളും അധ്വാനവുംകൊണ്ട്‌ സാക്ഷികൾ ഫെറ്റെഷ്‌റ്റിൽ 1500 പേർക്ക്‌ ഇരിക്കാവുന്ന ഒരു സമ്മേളന ഹാൾ നിർമിച്ചു.

ഈ നിർമാണ പ്രവർത്തനം നടന്ന സമയം അനുകൂലമായ ഒന്നായിരുന്നു. 1990-കളുടെ മധ്യത്തിൽ രാഷ്‌ട്രീയ അന്തരീക്ഷത്തിന്‌ ഉണ്ടായ മാറ്റവും സാമ്പത്തിക വ്യവസ്ഥയ്‌ക്ക്‌ ഉണ്ടായ തകർച്ചയും മൊൾഡോവൻ കറൻസിയുടെ മൂല്യം കുത്തനെ താഴാൻ ഇടയാക്കി. അതുകൊണ്ട്‌ 1990-കളുടെ ആരംഭത്തിൽ ഒരു രാജ്യഹാളിന്റെ മുഴു നിർമാണത്തിനും മതിയായിരുന്ന പണം ഏതാനും വർഷങ്ങൾക്കു ശേഷം, കസേരകൾ വാങ്ങാൻ പോലും തികയുമായിരുന്നില്ല!

തെക്കുഭാഗത്തെ രാജ്യഹാൾ നിർമാണം

മൊൾഡോവയ്‌ക്കു വടക്കുള്ള സഭകളെ അപേക്ഷിച്ച്‌ തെക്കുള്ളവയ്‌ക്ക്‌ കുറച്ചു രാജ്യഹാളുകളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട്‌ 1990-കളിൽ പ്രവർത്തനം അതിവേഗം വികാസംപ്രാപിച്ചപ്പോൾ തെക്ക്‌, പുതുതായി രൂപംകൊണ്ട സഭകളിൽ പലതിനും കൂടിവരാൻ പറ്റിയ സ്ഥലം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടായി. പബ്ലിക്ക്‌ സ്‌കൂളുകളായിരുന്നു അവർ ഉപയോഗിച്ചിരുന്നത്‌, എന്നാൽ അവ വാടകയ്‌ക്കെടുക്കുന്നതു കൂടുതൽ ബുദ്ധിമുട്ടായിത്തീർന്നു.

വീണ്ടും, യഹോവ തന്റെ സംഘടന മുഖാന്തരം സഹോദരങ്ങളുടെ സഹായത്തിനെത്തി. മൊൾഡോവയിലേതുപോലെ സാമ്പത്തികശേഷി പരിമിതമായിരിക്കുന്ന സഭകൾക്കു രാജ്യഹാളുകൾ നിർമിക്കാനായി ഭരണസംഘം തക്കസമയത്ത്‌ രാജ്യഹാൾ ഫണ്ട്‌ ക്രമീകരണം വഴി ആവശ്യമായ പണം ലഭ്യമാക്കി.

സഹോദരന്മാർ ഈ ക്രമീകരണത്തെ ഫലപ്രദമായി ഉപയുക്തമാക്കി. കിഷിനൗ ഇതിന്‌ നല്ല ഒരു ഉദാഹരണമാണ്‌. 1999-ൽ ആ തലസ്ഥാന നഗരിയിൽ ഒരു രാജ്യഹാൾ പോലും ഉണ്ടായിരുന്നില്ല. എന്നാൽ 2002 ജൂലൈ മാസത്തോടെ, നഗരത്തിലെ 37 സഭകളിൽ 30 എണ്ണത്തിന്റെ ഉപയോഗത്തിനായി അവിടെ പത്തു ഹാളുകൾ ഉണ്ടായിരുന്നു, മൂന്നെണ്ണത്തിന്റെ നിർമാണം പൂർത്തീകരണപാതയിലുമായിരുന്നു.

ഒടുവിൽ നിയമാംഗീകാരം!

1991 ആഗസ്റ്റ്‌ 27-ന്‌ മൊൾഡോവ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക്‌ ആയിത്തീർന്നു. യഹോവയുടെ സാക്ഷികളെ നിരോധിച്ചിരുന്നത്‌ സോവിയറ്റ്‌ വ്യവസ്ഥിതി ആയിരുന്നതിനാൽ അത്‌ മേലാൽ സാധുതയില്ലാത്തതായി. എന്നിരുന്നാലും, 4,000-ത്തോളം ഉണ്ടായിരുന്ന യഹോവയുടെ സാക്ഷികൾ അപ്പോഴും ഒരു മതസംഘടന എന്നനിലയിൽ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലായിരുന്നു.

ഭരണസംഘത്തിൽനിന്നു സഹായകമായ മാർഗനിർദേശങ്ങൾ ലഭിച്ചശേഷം, മൊൾഡോവയിലെ ബ്രാഞ്ച്‌ ഓഫീസ്‌ യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം നേടാനായി ഉചിതമായ ഗവർൺമെന്റ്‌ ഏജൻസികളെ സമീപിച്ചു. പുതിയ ഭരണസംവിധാനം അവരുടെ അഭ്യർഥനയോട്‌ അനുകൂലമായി പ്രതികരിച്ചു. രേഖാമൂലമുള്ള നടപടികൾ പൂർത്തിയാകാനായി കുറച്ചു നാൾ കാത്തിരിക്കേണ്ടി വന്നെങ്കിലും 1994 ജൂലൈ 27-ന്‌ ബ്രാഞ്ച്‌ ഓഫീസിന്‌ സാക്ഷികളെ നിയമപരമായി അംഗീകരിച്ചതിന്റെ ഔദ്യോഗിക രേഖ ലഭിച്ചു.

മൊൾഡോവയിലെ യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം അത്‌ എത്ര അവിസ്‌മരണീയമായ ദിനമായിരുന്നെന്നോ! ആറു പതിറ്റാണ്ടു കാലത്തെ നിരോധനവും പീഡനവും തടവുശിക്ഷയും സഹിച്ചശേഷം ഇപ്പോൾ അവർക്കു പരസ്യമായി യഹോവയെ ആരാധിക്കാനും രാജ്യസുവാർത്ത പ്രസംഗിക്കാനും കഴിയുമെന്നായിരിക്കുന്നു. സ്വന്തമായി ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ നടത്താനും അവർക്കു സാധിക്കുമായിരുന്നു. 1994-ൽ, അതായത്‌ നിയമാംഗീകാരം ലഭിച്ച്‌ ഒരു മാസം കഴിഞ്ഞപ്പോൾ, മൊൾഡോവയിൽ നടന്ന ആദ്യത്തെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സംബന്ധിക്കാനായി യഹോവയുടെ സാക്ഷികൾ കിഷിനൗവിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ കൂടിവന്നു. എത്ര പുളകപ്രദമായ ഒരു വേളയായിരുന്നു അത്‌!

ബെഥേൽ വിപുലീകരണം

1995-ഓടെ രാജ്യപ്രസാധകരുടെ എണ്ണം 10,000-ത്തിൽ കവിഞ്ഞിരുന്നു. മൊൾഡോവയിലെ പ്രവർത്തനത്തിന്റെ ചില വശങ്ങൾ ശ്രദ്ധിക്കാനായി കിഷിനൗവിൽ ഒരു ചെറിയ ഓഫീസ്‌ ഉണ്ടായിരുന്നെങ്കിലും 2,000 കിലോമീറ്റർ അകലെയുള്ള റഷ്യ ബ്രാഞ്ചാണ്‌ പൊതുവായ മേൽനോട്ടം വഹിച്ചിരുന്നത്‌. എന്നാൽ റൊമേനിയ ബ്രാഞ്ച്‌ വെറും 500 കിലോമീറ്റർ ദൂരെയായിരുന്നു, മിക്ക മൊൾഡോവക്കാരും റൊമേനിയൻ ഭാഷ സംസാരിക്കുകയും ചെയ്യുമായിരുന്നു. വാസ്‌തവത്തിൽ, റൊമേനിയൻ ഭാഷയെ റിപ്പബ്ലിക്കിന്റെ ഔദ്യോഗിക ഭാഷയായി മാറ്റിയിരുന്നു. അതുകൊണ്ട്‌ എല്ലാ വസ്‌തുതകളും ശ്രദ്ധാപൂർവം തൂക്കിനോക്കിയശേഷം ഭരണസംഘം, മൊൾഡോവയിലെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ റൊമേനിയ ബ്രാഞ്ചിനെ നിയോഗിച്ചു.

കിഷിനൗവിലെ ഓഫീസ്‌ ഒരു ചെറിയ അപ്പാർട്ട്‌മെന്റ്‌ മാത്രമായിരുന്നു. നിരന്തരമായ വർധന അതിനു താങ്ങാവുന്നതിലും അധികമായിരുന്നു. വ്യക്തമായും ഒരു ബെഥേൽ കുടുംബത്തിനു രൂപംകൊടുക്കാനുള്ള സമയമായിക്കഴിഞ്ഞിരുന്നു. ആദ്യ അംഗങ്ങളിൽ പെട്ടവരായിരുന്നു യോനും ലൂലിയ റുസുവും. റുസു സഹോദരൻ 1991 മുതൽ 1994 വരെ പകരം സഞ്ചാര മേൽവിചാരകനായി സേവിച്ചിരുന്നു. ബെഥേൽ കുടുംബത്തിലെ മറ്റൊരു അംഗമായിരുന്നു ഗ്യോർഗെ ഗോരോബെറ്റ്‌സ്‌. പുതിയ നിയമനം ഏറ്റെടുക്കുന്നതുവരെ അദ്ദേഹം ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായി സേവിച്ചിരുന്നു. ബെഥേലിൽനിന്ന്‌ അകലെ താമസിച്ചിരുന്ന അദ്ദേഹം ദിവസവും പോയിവരികയായിരുന്നു. 67-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽനിന്നു ബിരുദമെടുത്ത ഗ്വെന്റർ മാറ്റ്‌സൂറയും റോസേര്യയും റൊമേനിയയിൽ വർഷങ്ങളോളം സേവിച്ചശേഷം 1996 മേയ്‌ 1-ന്‌ കിഷിനൗവിൽ എത്തി.

പ്രസാധകരുടെ എണ്ണം വർധിക്കവേ കൂടുതൽ ബെഥേൽ അംഗങ്ങളെ ആവശ്യമായി വന്നു. എന്നാൽ അവരെ താമസിപ്പിക്കാൻ സ്ഥലം തികയുമായിരുന്നില്ല. 1998-ഓടെ മൊൾഡോവയിലെ ബ്രാഞ്ച്‌ ഓഫീസ്‌ നഗരത്തിലെ അഞ്ചു വ്യത്യസ്‌ത അപ്പാർട്ട്‌മെന്റുകളിലായാണ്‌ ബെഥേൽ കുടുംബത്തെ താമസിപ്പിച്ചിരുന്നത്‌! അതുകൊണ്ട്‌ ബെഥേൽ അംഗങ്ങളെ മുഴുവൻ ഒരുമിച്ചു താമസിപ്പിക്കത്തക്കവിധം ഒരൊറ്റ കെട്ടിടം പണിയുന്നതിനു യോജിച്ച ഒരു സ്ഥലം അന്വേഷിക്കാൻ തുടങ്ങി. കിഷിനൗവിലെ ഗവൺമെന്റ്‌ അധികാരികൾ ദയാപൂർവം നഗരത്തിന്റെ ഹൃദയഭാഗത്തുതന്നെയുള്ള 3,000 ചതുരശ്ര മീറ്റർ വരുന്ന ഒരു സ്ഥലം നൽകി, സഹോദരന്മാർ അത്‌ കൃതജ്ഞതാപൂർവം സ്വീകരിക്കുകയും ചെയ്‌തു. ഭാവിയിൽ ബ്രാഞ്ച്‌ വീണ്ടും വിപുലീകരിക്കേണ്ടിവരുമെന്ന കാര്യം മനസ്സിൽ പിടിച്ചുകൊണ്ട്‌ സഹോദരന്മാർ അടുത്തുള്ള ഒരു സ്ഥലം കൂടെ വിലയ്‌ക്കു വാങ്ങി.

കെട്ടിടത്തിന്റെ ചട്ടക്കൂടിന്റെ പണി സ്ഥലത്തെ ഒരു സ്ഥാപനത്തെ ഏൽപ്പിച്ചു. രാജ്യാന്തര സ്വമേധയാ സേവകരും സ്ഥലത്തെ സഹോദരീസഹോദരന്മാരും ചേർന്ന്‌ മറ്റു പണികൾ പൂർത്തിയാക്കി. 1998 സെപ്‌റ്റംബറിൽ തുടങ്ങിയ നിർമാണം വെറും 14 മാസത്തിനുള്ളിൽ പൂർത്തിയായി. ആവേശഭരിതരായ ബെഥേൽ കുടുംബം തങ്ങളുടെ പുതിയ ഭവനത്തിലേക്കു താമസം മാറ്റി, ഒടുവിൽ ഒരേ മേൽക്കൂരയ്‌ക്കു കീഴിൽ ആകാൻ കഴിഞ്ഞതിന്റെ ഉത്സാഹത്തിലായിരുന്നു ഏവരും.

പുതിയ ബെഥേലിന്റെ സമർപ്പണ പരിപാടി 2000 സെപ്‌റ്റംബർ 16-ന്‌ നടത്തി. 11 രാജ്യങ്ങളിൽനിന്നുള്ള ക്ഷണിതാക്കൾ എത്തിയിരുന്നു. പിറ്റേന്ന്‌ ഭരണസംഘത്തിലെ ഗെരിറ്റ്‌ ലോഷ്‌ സഹോദരൻ സ്ഥലത്തെ സ്‌പോർട്‌സ്‌ സ്റ്റേഡിയത്തിൽ 10,000-ത്തിലധികം വരുന്ന സദസ്യരെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. ലോകമെമ്പാടുമുള്ള ദൈവജനത്തെ ഏകീകരിക്കുന്ന ഊഷ്‌മളമായ സ്‌നേഹബന്ധം അനുഭവിച്ചറിയാൻ സന്നിഹിതരായിരുന്ന ഏവർക്കും കഴിഞ്ഞു.

ഇപ്പോൾ മൊൾഡോവ ബെഥേൽ കുടുംബത്തിൽ 26 അംഗങ്ങളുണ്ട്‌. ഡേവിഡ്‌ ഗ്രോസെസ്‌ക്കൂവിനെയും ഭാര്യ മിറിയമിനെയും പോലുള്ള ചിലർ ബെഥേൽ അംഗങ്ങളായി സേവിക്കാൻ വിദേശരാജ്യങ്ങളിൽനിന്നു വന്നവരാണ്‌. എന്നോ ഷ്‌ലെന്റ്‌സിഗിനെ പോലുള്ള മറ്റു ചിലരാകട്ടെ സ്വദേശത്തെ ശുശ്രൂഷാ പരിശീലന സ്‌കൂളിൽ പങ്കെടുത്തശേഷം വിദേശ നിയമനം ഏറ്റെടുത്തവരാണ്‌. അതുകൊണ്ട്‌ എണ്ണത്തിൽ ചെറുതാണെങ്കിലും ഇവിടത്തെ ബെഥേൽ കുടുംബത്തിന്റെ ദേശീയ വൈവിധ്യത ആ കുറവു നികത്തുന്നു.

കൊയ്‌ത്തുകാർക്ക്‌ പരിശീലനം

നിരോധനത്തിന്റെയും പീഡനത്തിന്റെയും ദശകങ്ങളിൽ മൊൾഡോവയിലെ യഹോവയുടെ ജനം ജാഗ്രതയോടെ, അനൗപചാരികമായിട്ടായിരുന്നു മറ്റുള്ളവരുമായി സുവാർത്ത പങ്കുവെച്ചിരുന്നത്‌. എന്നാൽ ഇപ്പോൾ അവർക്ക്‌ വീടുതോറുമുള്ള ശുശ്രൂഷയിലും തെരുവു സാക്ഷീകരണത്തിലും പരസ്യമായി ഏർപ്പെടാനുള്ള സമയം വന്നെത്തിയിരുന്നു. സഹോദരങ്ങൾ അനുസരണത്തോടെ ശുശ്രൂഷയിലെ ഈ വശങ്ങളിൽ മുഴുകി. തെരുവു സാക്ഷീകരണമായിരുന്നു സഹോദരങ്ങൾക്ക്‌ ഏറെ പ്രിയം. എങ്കിലും പ്രസാധകരുടെ എണ്ണം വർധിച്ചതോടെ സമനില പാലിക്കേണ്ടത്‌ ആവശ്യമായിത്തീർന്നു. തത്‌ഫലമായി, വീടുതോറുമുള്ള ശുശ്രൂഷയ്‌ക്കു കൂടുതൽ ശ്രദ്ധ നൽകാൻ സഭകൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. വിശ്വസ്‌തതയോടെ സഹോദരങ്ങൾ ആ നിർദേശം പിൻപറ്റി.

മായം കലരാത്ത ആത്മീയ ആഹാരത്തിനായി തങ്ങളുടെ അയൽക്കാർ എത്ര കൊതിയോടെയാണു നോക്കിപ്പാർത്തിരിക്കുന്നതെന്ന്‌ പ്രസാധകർക്കു മുമ്പെന്നത്തെക്കാൾ അധികമായി മനസ്സിലായിത്തുടങ്ങി. വർധിച്ച ആവശ്യത്തെ തൃപ്‌തിപ്പെടുത്താനായി യഹോവയുടെ സംഘടന സഭകൾക്ക്‌ റൊമേനിയൻ ഭാഷയിലും റഷ്യൻ ഭാഷയിലും വീക്ഷാഗോപുരവും ഉണരുക!യും മറ്റു ബൈബിൾ പഠന സഹായികളും പ്രദാനംചെയ്‌തു. അതോടൊപ്പം പ്രസാധകർ നമ്മുടെ രാജ്യശുശ്രൂഷയിൽ നൽകിയിരുന്ന നിർദേശങ്ങൾ ബാധകമാക്കിക്കൊണ്ട്‌ തങ്ങളുടെ ശുശ്രൂഷയുടെ ഗുണമേന്മ മെച്ചപ്പെടുത്താൻ കഠിനമായി പ്രയത്‌നിച്ചു. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ മുഖാന്തരം പടിപടിയായി ലഭിച്ച പരിശീലനവും അവർ നന്നായി ഉപയോഗപ്പെടുത്തി.

മറ്റു രാജ്യങ്ങളിൽനിന്നുള്ള പരിചയസമ്പന്നരായ, പക്വതയുള്ള സഹോദരന്മാർ മുഖേന, വിശേഷിച്ചും സംഘാടനപരമായ തലത്തിൽ, കൂടുതലായ സഹായം പ്രദാനം ചെയ്യപ്പെട്ടു. മുന്തിരിവള്ളികളെ താങ്ങുന്ന കൊടിപ്പന്തലുകൾ പോലെ പ്രാപ്‌തിയും മനസ്സൊരുക്കവുമുള്ള, ഈ സാർവദേശീയ സഹായികൾ സഭകൾക്കു പിന്തുണയും സ്ഥിരതയും നൽകിയിരിക്കുന്നു.

സത്വര വളർച്ചയുടെ ഒരു കാലം

മൊൾഡോവയിലെ ശിഷ്യരുടെ എണ്ണത്തിലുണ്ടായ ത്വരിത വളർച്ച 6,62,000 ജനങ്ങളുള്ള തലസ്ഥാന നഗരിയായ കിഷിനൗവിൽ വളരെ ദൃശ്യമാണ്‌. 1991 ജനുവരിയിൽ യഹോവയുടെ സാക്ഷികൾക്ക്‌ നിയമാംഗീകാരം ലഭിക്കുന്നതിനു മുമ്പ്‌ കിഷിനൗവിൽ 350-ഓളം പ്രസാധകരുള്ള രണ്ടു സഭകൾ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ 2003 ജനുവരിയോടെ അവിടെ 3,870 പ്രസാധകരുള്ള 37 സഭകൾ ഉണ്ടായിരുന്നു! ഒരു സഭയിൽ 101 ബൈബിൾ വിദ്യാർഥികൾ വെറും ഒമ്പതു മാസത്തിനുള്ളിൽ പ്രസാധകരായിത്തീർന്നു! ഇത്ര വേഗത്തിൽ വർധനയുണ്ടാകുന്നതിനാൽ രണ്ടു വർഷമോ മറ്റോ കഴിയുമ്പോൾ നഗരത്തിൽ സഭകൾ വിഭജിക്കുന്നത്‌ അസാധാരണമല്ല.

1993 ആഗസ്റ്റിൽ, മൊൾഡോവയിൽ മൊത്തം 6,551 പ്രസാധകർ ഉണ്ടായിരുന്നു. 2002 മാർച്ചോടെ പ്രസാധകരുടെ എണ്ണം 18,425 ആയി വർധിച്ചു​—⁠ഒമ്പതു വർഷത്തിനുള്ളിൽ 280 ശതമാനം വർധനയായിരുന്നു അത്‌! അതേ കാലയളവിൽ സാധാരണ പയനിയർമാരുടെ എണ്ണം 28-ൽനിന്ന്‌ 1,232 ആയി വർധിച്ചു.

നഗരസഭാ ഉപാധ്യക്ഷൻ പയനിയറായി മാറുന്നു

യഹോവയെ കുറിച്ചുള്ള പരിജ്ഞാനം സമ്പാദിച്ചവരുടെ കൂട്ടത്തിൽ ഒട്ടനവധി മുൻ കമ്മ്യൂണിസ്റ്റുകാർ ഉണ്ട്‌, ഇവരിൽ ചിലർ രാഷ്‌ട്രീയ പദവികൾ വഹിച്ചിരുന്നവർ പോലുമായിരുന്നു. അവരിലൊരാളായിരുന്നു വാലെർയൂ മ്യെർസാ. 39,000-ത്തോളം ജനങ്ങളുള്ള സോറോക്കയിലെ നഗരസഭാ ഉപാധ്യക്ഷൻ ആയിരുന്നു മ്യെർസാ. ചില പ്രത്യേക വേളകളിൽ പരേഡുകൾ നടത്തപ്പെടുമ്പോൾ മാർച്ചു ചെയ്‌ത്‌ കടന്നുപോകുന്നവരുടെ സല്യൂട്ട്‌ സ്വീകരിച്ചുകൊണ്ട്‌ ഗാലറിയിൽ നിൽക്കുന്ന വിശിഷ്ടവ്യക്തികളുടെ കൂട്ടത്തിൽ വെലേറിയുവും ഉണ്ടാകുമായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം നഗരത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയുമായിരുന്നു.

എന്നിരുന്നാലും കാലാന്തരത്തിൽ വെലേറിയു ബൈബിൾ പഠിക്കാൻ തുടങ്ങി. ഒടുവിൽ അദ്ദേഹം സ്‌നാപനമേൽക്കുകയും ചെയ്‌തു. അദ്ദേഹം സാക്ഷീകരിക്കുമ്പോൾ ആളുകളുടെ പ്രതികരണം എന്തായിരുന്നു? “എല്ലാവരുംതന്നെ എന്നെ വീടിനകത്തേക്കു ക്ഷണിക്കുമായിരുന്നു,” മ്യെർസാ സഹോദരൻ പറയുന്നു. “സാക്ഷീകരണത്തിന്‌ എത്ര നല്ല അവസരങ്ങളാണെന്നോ എനിക്കു ലഭിച്ചിട്ടുള്ളത്‌! ഞങ്ങളുടെ പട്ടണം ആത്മീയമായി ഫലഭൂയിഷ്‌ഠമായ ഒരു പ്രദേശമാണെന്ന്‌ ഞാനും ഭാര്യയും കണ്ടെത്തി.” അധികം കഴിയുന്നതിനു മുമ്പ്‌ മ്യെർസാ സഹോദരൻ ഒരു പ്രത്യേക പയനിയറായി നിയമിതനായി. അദ്ദേഹവും ഭാര്യയും ഒരു വർഷം ബെഥേലിൽ സേവിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ അവർ സർക്കിട്ട്‌ വേലയിൽ ആയിരിക്കുന്നതിന്റെ പദവി ആസ്വദിക്കുന്നു.

പയനിയർമാർ സഹായത്തിനെത്തുന്നു

ഇപ്പോൾ യൂറോപ്പിൽ പ്രസാധകരും ജനസംഖ്യയും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അനുപാതം ഉള്ളത്‌ മൊൾഡോവയിലാണ്‌. എന്നിരുന്നാലും പല ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇപ്പോഴും യഹോവയുടെ സാക്ഷികൾ ഇല്ല. സാമ്പത്തിക അവസ്ഥ മോശമായതിനാൽ ആവശ്യം കൂടുതലുള്ളിടത്തു സേവിക്കാൻ മിക്ക പ്രസാധകർക്കും പയനിയർമാർക്കും കഴിയുന്നില്ല. സുവാർത്ത മുഴു പ്രദേശത്തുള്ള ആളുകളിലേക്കും എത്തിച്ചേരുമെന്ന്‌ ഉറപ്പുവരുത്താൻ റൊമേനിയ ബ്രാഞ്ച്‌ മൊൾഡോവയിൽ ഏതാണ്ട്‌ 50 പ്രത്യേക പയനിയർമാരെ നിയമിച്ചിരിക്കുന്നു. ഇവരിൽ 20-ലധികം പേർ റൊമേനിയ, റഷ്യ, യൂക്രെയിൻ എന്നിവിടങ്ങളിൽ ശുശ്രൂഷാ പരിശീലന സ്‌കൂൾ മുഖാന്തരം പ്രദാനം ചെയ്‌ത പരിശീലനത്തിൽനിന്നു പ്രയോജനം അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌.

കഠിനാധ്വാനികളായ ഈ സുവിശേഷകർ വളരെ നല്ല ഫലങ്ങൾ കൊയ്യുന്നു. ഉദാഹരണത്തിന്‌, പ്രത്യേക പയനിയർ ദമ്പതികളായ സെർഗേ സീഗെളിനെയും ഓക്‌സാന്നയെയും 1995-ൽ കൗഷെന്യ പട്ടണത്തിൽ നിയമിച്ചപ്പോൾ അവിടെ വെറും 15 പ്രസാധകരുടെ ഒരു കൂട്ടമാണ്‌ ഉണ്ടായിരുന്നത്‌. സീഗെൾ ദമ്പതികൾ ഒട്ടേറെ പുതിയ ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിനു പ്രാദേശിക സഹോദരങ്ങളെ സഹായിച്ചു. കൂടാതെ, അവർ സന്തോഷത്തിന്റേതായ പയനിയർ മനോഭാവം പ്രകടമാക്കിയതുകൊണ്ട്‌ മറ്റു പലരും മുഴുസമയ സേവനത്തിൽ അവരോടൊപ്പം ചേർന്നു. ഇന്ന്‌ കൗഷെന്യയിൽ ഏതാണ്ട്‌ 155 പ്രസാധകരുള്ള രണ്ടു സഭകൾ ഉണ്ട്‌​—⁠വെറും ഏഴു വർഷംകൊണ്ട്‌ പത്തു മടങ്ങ്‌ വർധന! ഇതിനിടെ, സീഗെൾ ദമ്പതികൾ സർക്കിട്ട്‌ വേലയിൽ പ്രവേശിച്ചു. അത്‌ കൂടുതൽ സഭകളെ സഹായിക്കാൻ അവരെ പ്രാപ്‌തരാക്കിയിരിക്കുന്നു.

സ്വാതന്ത്ര്യം​—⁠പക്ഷേ ബുദ്ധിമുട്ടുകളോടെ

മാനുഷ ഭരണത്തിന്‌, അത്‌ ഏത്‌ രൂപത്തിലുള്ളതായാലും അതിന്റേതായ പ്രശ്‌നങ്ങൾ ഉണ്ടായിരിക്കും. റൊമേനിയൻ പരമാധികാരത്തിന്റെയും ഫാസിസ്റ്റ്‌ സ്വേച്ഛാധിപത്യ വാഴ്‌ചയുടെയും കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്റേയും കീഴിൽ മൊൾഡോവയിലെ യഹോവയുടെ ജനത്തിന്‌ വൈദികന്മാരിൽനിന്നുള്ള എതിർപ്പും നിരോധനങ്ങളും പീഡനവും നാടുകടത്തലുമൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട്‌. ഇന്ന്‌ യഹോവയുടെ സാക്ഷികൾക്ക്‌ തങ്ങളുടെ അയൽക്കാരെ പോലെതന്നെ സാമ്പത്തിക ഞെരുക്കങ്ങളുമായി മല്ലിടേണ്ടതുണ്ട്‌. ഇത്‌ മാതാപിതാക്കളിൽ ഇരുവരും ജോലി ചെയ്യേണ്ട അവസ്ഥ സൃഷ്ടിച്ചേക്കാം. ഒരു തൊഴിൽ കണ്ടെത്തുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്‌.

ഇതോടൊപ്പം കുറ്റകൃത്യവും അഴിമതിയും ഒന്നിനൊന്നു വർധിക്കുകയാണ്‌. കാരണം, ഭൗതികത്വവും മൂല്യച്യുതിയും സമൂഹത്തെ കാർന്നുതിന്നുകയാണ്‌. തങ്ങളുടെ ആത്മീയതയ്‌ക്കു ഭീഷണിയായ, പതിയിരിക്കുന്ന ഈ അപകടങ്ങൾക്കു കീഴടങ്ങാതെ വിജയശ്രീലാളിതരാകാൻ യഹോവയുടെ ജനത്തിനു കഴിയുമോ? തീർച്ചയായും! പരിശോധനകളും പ്രലോഭനങ്ങളും നേരിടുമ്പോൾ സഹായത്തിനായി തന്നിലേക്കു നോക്കുന്ന തന്റെ വിശ്വസ്‌തരെ യഹോവ ഒരിക്കലും കൈവെടിയുകയില്ലെന്ന യാഥാർഥ്യം അവർ അനുഭവത്തിൽനിന്നു മനസ്സിലാക്കിയിരിക്കുന്നു.​—⁠2 തിമൊ. 3:1-5; യാക്കോ. 1:2-4.

ഇപ്പോഴത്തെ സാഹചര്യം, വെളിപ്പാടു പുസ്‌തകത്തിലെ 14-ാം അധ്യായത്തെ കുറിച്ച്‌ നമ്മെ അനുസ്‌മരിപ്പിക്കുന്നു. പ്രതീകാത്മകമായ രണ്ടുതരം കൊയ്‌ത്ത്‌ അവിടെ ചർച്ച ചെയ്യപ്പെടുന്നു. “ഭൂമിയിലെ മുന്തിരി”യുടെ കൊയ്‌ത്താണ്‌ ഒന്ന്‌. ഈ ദുഷിച്ച വിളവ്‌, മുൻകൂട്ടി പറയപ്പെട്ടതുപോലെ ഈ അന്ത്യനാളുകളിൽ പെരുകിക്കൊണ്ടിരിക്കുകയാണ്‌. (വെളി. 14:17-20; സങ്കീ. 92:7) താമസിയാതെ ഈ “മുന്തിരി”ച്ചെടിയെ വേരോടെ പിഴുത്‌ അതിന്റെ ചീഞ്ഞളിഞ്ഞ ഫലങ്ങളോടൊപ്പം “ദൈവകോപത്തിന്റെ വലിയ ചക്കിൽ” ഇട്ടുകളയും. യഹോവയുടെ ദാസർ എത്ര ആകാംക്ഷയോടെയാണ്‌ ആ സമയത്തിനായി നോക്കിപ്പാർത്തിരിക്കുന്നത്‌!

എന്നാൽ അഭിഷിക്ത ക്രിസ്‌ത്യാനികളും അവരുടെ സഹചാരികളും തങ്ങളുടെ ആത്മീയ സമൃദ്ധിയിൽ ആനന്ദിക്കുന്നു. അതേ, യഹോവയുടെ ‘മനോഹരമായ മുന്തിരിത്തോട്ടം,’ പോഷിപ്പിക്കുന്ന ആത്മീയാഹാരം തുടർന്നും സമൃദ്ധമായി ഉത്‌പാദിപ്പിച്ചുകൊണ്ടിരിക്കും, ചെമ്മരിയാടുതുല്യരായവരെ അത്‌ ഇനിയും അതിന്റെ സമൃദ്ധിയിലേക്ക്‌ ആകർഷിച്ചുകൊണ്ടിരിക്കും. യഹോവയുടെ ജനത്തിന്‌ ഇതു സംബന്ധിച്ച്‌ എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? യഹോവതന്നെയാണ്‌ തന്റെ വിലതീരാത്ത മുന്തിരിത്തോട്ടത്തെ കാക്കുന്നത്‌. (യെശ. 27:2-4) മൊൾഡോവയിൽ ഇതു സത്യമാണെന്ന്‌ എത്രയധികം തെളിഞ്ഞിരിക്കുന്നു! സാത്താന്റെ കുതന്ത്രങ്ങൾ​—⁠അത്‌ പീഡനമോ നാടുകടത്തലോ കള്ളപ്രചാരണങ്ങളോ വ്യാജസഹോദരന്മാരിൽനിന്നുള്ള ഉപദ്രവമോ എന്തുമായിക്കൊള്ളട്ടെ​—⁠ദൈവജനത്തിനു ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അവരെ ആത്മീയമായി പരാജയപ്പെടുത്താൻ അവയ്‌ക്ക്‌ ഒരിക്കലും കഴിഞ്ഞിട്ടില്ല.​—⁠യെശ. 54:⁠17.

അതേ, “പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്‌നേഹിക്കുന്നവർക്കു വാഗ്‌ദത്തം ചെയ്‌ത ജീവകിരീടം പ്രാപിക്കും.” (യാക്കോ. 1:12) ആ അമൂല്യ വാക്കുകൾ മനസ്സിൽ പിടിച്ചുകൊണ്ട്‌, യഹോവയെ ‘സ്‌നേഹിക്കുന്നതിലും’ ‘പരീക്ഷ സഹിക്കുന്നതിലും’ തുടരാനും അങ്ങനെ ‘വളരെ ഫലം കായ്‌ക്കാനും’ മൊൾഡോവയിലെ യഹോവയുടെ സാക്ഷികളുടെ ചരിത്രം നിങ്ങളെ പ്രചോദിപ്പിക്കുമാറാകട്ടെ.—യോഹ. 15:⁠8.

[അടിക്കുറിപ്പ്‌]

a ആവശ്യമായ ചില സന്ദർഭങ്ങളിലൊഴികെ, ബെസാറേബിയ, മൊൾഡേവിയ എന്നീ പേരുകൾക്കു പകരം മൊൾഡോവ എന്നായിരിക്കും തുടർന്നു വരുന്ന വിവരണങ്ങളിൽ ഉപയോഗിക്കുക. എന്നിരുന്നാലും, മൊൾഡോവയുടെ ഇന്നത്തെ അതിർത്തികൾ പഴയ ബെസാറേബിയയുടെയും മൊൾഡേവിയയുടെയും അതിർത്തികൾ അല്ലെന്ന കാര്യം മനസ്സിൽ പിടിക്കുക. ഉദാഹരണത്തിന്‌, ബെസാറേബിയയുടെ ഒരു ഭാഗം യൂക്രെയിനിലും മൊൾഡേവിയയുടെ ഒരു ഭാഗം റൊമേനിയയിലുമാണ്‌.

[71-ാം പേജിലെ ചതുരം/ചിത്രം]

റഷ്യയിലെയും കിഴക്കൻ യൂറോപ്പിലെയും വീഞ്ഞിന്റെ കലവറ

മൊൾഡോവയിലെ നീണ്ട വേനലുകളും ഫലഭൂയിഷ്‌ഠമായ മണ്ണും അതിനെ വീഞ്ഞുത്‌പാദനത്തിന്‌ അനുയോജ്യമായ ദേശമാക്കുന്നു. ആയിരക്കണക്കിനു വർഷം മുമ്പേ ആരംഭിച്ചതാണ്‌ ഈ വ്യവസായം. പൊ.യു.മു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗ്രീക്കുകാരുമായും പിന്നീട്‌ പൊ.യു. രണ്ടാം നൂറ്റാണ്ടിൽ റോമാക്കാരുമായും അവിടത്തെ നിവാസികൾ ബന്ധം സ്ഥാപിച്ചപ്പോൾ വീഞ്ഞുത്‌പാദനം ത്വരിതപ്പെട്ടു.

ഇന്ന്‌, വീഞ്ഞാണ്‌ മൊൾഡോവയുടെ മുഖ്യ കാർഷിക ഉത്‌പന്നം. 130-തോളം വരുന്ന വീഞ്ഞുത്‌പാദന ശാലകൾ പ്രതിവർഷം 1,400 ലക്ഷം ലിറ്റർ വീഞ്ഞ്‌ ഉത്‌പാദിപ്പിക്കുന്നു. ഇതിന്റെ ഏതാണ്ട്‌ 90 ശതമാനവും കയറ്റി അയയ്‌ക്കുന്നത്‌ പ്രധാനമായും റഷ്യയിലേക്കും യൂക്രെയിനിലേക്കുമാണ്‌, ഈ രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്നത്‌ യഥാക്രമം ഏതാണ്ട്‌ 80 ശതമാനവും 7 ശതമാനവുമാണ്‌.

[72-ാം പേജിലെ ചതുരം]

മൊൾഡോവയുടെ ഒരു ആകമാന വീക്ഷണം

ഭൂപ്രകൃതി: മൊൾഡോവയുടെ മധ്യഭാഗവും വടക്കുഭാഗവും സസ്യശ്യാമളമായ കുന്നിൻപ്രദേശങ്ങളും പുൽപ്പുറങ്ങളും ഉൾപ്പെട്ട വനഭൂമിയാണ്‌. തെക്കുഭാഗത്തു പ്രധാനമായും കൃഷിഭൂമികളാണു കാണാൻ കഴിയുക.

ജനങ്ങൾ: ഇവിടത്തെ ജനങ്ങളുടെ മൂന്നിൽ രണ്ടു ഭാഗവും മൊൾഡോവക്കാർതന്നെയാണ്‌. ശേഷിച്ചവർ പ്രധാനമായും റഷ്യക്കാർ, യൂക്രെയിൻകാർ, തുർക്കി വംശജർ, ബൾഗേറിയക്കാർ, യഹൂദന്മാർ എന്നിവരാണ്‌. മൊൾഡോവക്കാരിൽ മിക്കവരും ഈസ്റ്റേൺ ഓർത്തഡോക്‌സ്‌ സഭക്കാരാണ്‌.

ഭാഷ: റൊമേനിയനാണ്‌ ഔദ്യോഗിക ഭാഷ. ഒട്ടേറെ പേർ, വിശേഷിച്ചും നഗരങ്ങളിലുള്ളവർ, റഷ്യൻ ഭാഷയും സംസാരിക്കുന്നവരാണ്‌. അതുകൊണ്ട്‌ രണ്ടു ഭാഷകളും അംഗീകൃത ഭാഷകളായി മാറിയിരിക്കുന്നു.

ഉപജീവന മാർഗം: കൃഷിയും ഭക്ഷ്യസംസ്‌കരണവുമാണ്‌ പ്രധാന തൊഴിലുകൾ. ഉത്‌പാദന മേഖല വികസനത്തിന്റെ പാതയിലാണ്‌.

ആഹാരം: മുന്തിരി, ഗോതമ്പ്‌, ചോളം, ഷുഗർബീറ്റ്‌, സൂര്യകാന്തി തുടങ്ങിയവയാണ്‌ കാർഷികവിളകൾ. വളർത്തുമൃഗങ്ങൾ പ്രധാനമായും കന്നുകാലികൾ, ക്ഷീരോത്‌പാദക മൃഗങ്ങൾ, പന്നി എന്നിവയാണ്‌.

കാലാവസ്ഥ: ജനുവരിയിൽ പൂജ്യത്തിനു താഴെ ഏതാണ്ട്‌ 4 ഡിഗ്രി സെൽഷ്യസ്‌ മുതൽ ജൂലൈയിൽ ഏതാണ്ട്‌ 21 ഡിഗ്രി സെൽഷ്യസ്‌ വരെ താപനിലയിൽ വ്യതിയാനം ഉണ്ടായേക്കാം. പൊതുവെ ഇവിടെ ഉഷ്‌ണ കാലാവസ്ഥയാണ്‌, മിതമായ ശൈത്യകാലങ്ങളും ഉണ്ടായിരിക്കും. വർഷത്തിൽ ശരാശരി 50 സെന്റിമീറ്റർ മഴ ലഭിക്കുന്നു.

[83-85 പേജുകളിലെ ചതുരം]

ക്രിസ്‌തീയ നിഷ്‌പക്ഷതയുടെ ഉത്തമ ദൃഷ്ടാന്തങ്ങൾ

ഷുർഷ്‌ വാകാർചൂക്ക്‌: യഹോവയുടെ സാക്ഷികളിൽ ഒരാളായിട്ടാണ്‌ വാകാർചൂക്ക്‌ സഹോദരൻ വളർന്നുവന്നത്‌. 1942 ഡിസംബറിൽ ഫാസിസ്റ്റുകൾ അദ്ദേഹത്തോടു സൈന്യത്തിൽ ചേരാൻ ഉത്തരവിട്ടു. അതിനു വിസമ്മതിച്ചതിനെ തുടർന്ന്‌ അദ്ദേഹത്തെ 16 ദിവസം ഒരു ഇരുട്ടറയിൽ അടച്ചിട്ടു. പേരിനു മാത്രമേ ആഹാരം കൊടുത്തുള്ളൂ. വീണ്ടും അധികാരികൾ അദ്ദേഹത്തെ വിളിപ്പിച്ചു. മുമ്പ്‌ ആവശ്യപ്പെട്ട പ്രകാരം ചെയ്യാമെങ്കിൽ ശിക്ഷയിൽനിന്ന്‌​—⁠അത്‌ എന്താണെന്ന്‌ അദ്ദേഹത്തെ അതുവരെ വായിച്ചു കേൾപ്പിച്ചിരുന്നില്ല​—⁠ഒഴിവാക്കാമെന്ന്‌ അവർ വാഗ്‌ദാനം ചെയ്‌തു. എന്നാൽ അദ്ദേഹം വീണ്ടും അതിനു വിസമ്മതിച്ചു.

ഇക്കാരണത്താൽ ഷുർഷിനെ 25 വർഷത്തെ തടവിനു വിധിച്ചു. എന്നാൽ 1944 സെപ്‌റ്റംബർ 25-ന്‌ സോവിയറ്റ്‌ സൈന്യത്തിന്റെ വരവോടെ അദ്ദേഹം മോചിതനായി. ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോൾ സോവിയറ്റ്‌ അധികാരികൾ അദ്ദേഹത്തെ സൈന്യത്തിൽ ചേർക്കാൻ ശ്രമിച്ചു. തന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷിക്കു വിരുദ്ധമായി പ്രവർത്തിക്കാൻ തയ്യാറാകാത്തതിനാൽ വിവിധ തൊഴിൽ പാളയങ്ങളിലായി പത്തു വർഷം നിർബന്ധ തൊഴിൽ ചെയ്യാൻ അദ്ദേഹം ശിക്ഷിക്കപ്പെട്ടു. ഒരു വർഷത്തേക്ക്‌ അദ്ദേഹത്തിന്റെ കുടുംബത്തിന്‌ അദ്ദേഹത്തെ കുറിച്ച്‌ ഒരു വിവരവും ലഭിച്ചില്ല. അഞ്ചു വർഷത്തെ സേവനത്തിനു ശേഷം 1949 ഡിസംബർ 5-ന്‌ വാകാർചൂക്ക്‌ സഹോദരൻ മോചിപ്പിക്കപ്പെട്ടു. വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം 1980 മാർച്ച്‌ 12-ന്‌ മരിക്കുന്നതുവരെ വിശ്വസ്‌തനായി നിലകൊണ്ടു.

പാർഫിൻ ഗൊറിയാചോക്‌: 1900-ത്തിൽ ജനിച്ചു. ക്‌ഹ്ലീനാ ഗ്രാമത്തിൽവെച്ച്‌, 1925-1927 കാലഘട്ടത്തിലാണ്‌ അദ്ദേഹം ബൈബിൾ സത്യത്തെ കുറിച്ചുള്ള പരിജ്ഞാനം സമ്പാദിച്ചത്‌. സഹോദരന്മാരായ നിക്കോളൈയോടും യോനോടും ഒപ്പം ഗ്രാമത്തിലെ ആദ്യത്തെ ബൈബിൾ വിദ്യാർഥികളായിരുന്ന ഡാമിയാൻ, അലെക്‌സാൻഡ്രൂ റോഷു എന്നിവരിൽനിന്നാണ്‌ അദ്ദേഹം സത്യം പഠിച്ചത്‌.

1933-ൽ മറ്റ്‌ സാക്ഷികളോടൊപ്പം അറസ്റ്റിലായ പാർഫിനെ ക്‌ഹോറ്റിൻ പട്ടണത്തിലേക്കു കൊണ്ടുപോയി. അവിടെവെച്ച്‌ അധികാരികൾ അദ്ദേഹത്തെ ചോദ്യം ചെയ്യുകയും പ്രസംഗപ്രവർത്തനം നടത്തിയതിനു പിഴയൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. 1939-ൽ, ഗ്രാമത്തിലെ പുരോഹിതന്റെ പ്രേരണയാൽ പോലീസുകാർ പാർഫിനെ അടുത്തുള്ള ഗ്രാമമായ ഗിലാവറ്റ്‌സിലെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെവെച്ച്‌ പോലീസുകാർ അദ്ദേഹത്തെ ഒരു മരക്കട്ടിലിൽ കമിഴ്‌ത്തിക്കിടത്തി കെട്ടിയിട്ടു, എന്നിട്ട്‌ കാലിന്റെ വെള്ളയിൽ പിന്നെയും പിന്നെയും അടിച്ചു.

ഫാസിസ്റ്റുകൾ അധികാരത്തിൽ വന്നപ്പോൾ അവർ പാർഫിനെ വീണ്ടും അറസ്റ്റു ചെയ്‌ത്‌ തടവിലാക്കി. എന്നാൽ അതേ വർഷം സോവിയറ്റ്‌ അധികാരികൾ അദ്ദേഹത്തെ മോചിപ്പിച്ചു. എങ്കിലും സൈനിക സേവനത്തിനു വിസമ്മതിച്ചതിന്‌ അദ്ദേഹം വീണ്ടും അറസ്റ്റിലായി. മാസങ്ങളോളം അവർ അദ്ദേഹത്തെ കിഷിനൗവിലെ തടവിൽ പാർപ്പിച്ചു, പിന്നീട്‌ വിട്ടയച്ചു.

തുടർന്ന്‌ 1947-ൽ സോവിയറ്റുകാർ പാർഫിനെ വീണ്ടും അറസ്റ്റു ചെയ്‌തു, ഇത്തവണ ദൈവരാജ്യത്തെ കുറിച്ചു പ്രസംഗിച്ചതിന്‌ എട്ടു വർഷം പ്രവാസത്തിൽ കഴിയാനുള്ള ശിക്ഷയാണു ലഭിച്ചത്‌. 1951-ൽ അദ്ദേഹത്തിന്റെ കുട്ടികളെയും സൈബീരിയയിലേക്കു നാടുകടത്തി. എന്നാൽ അവർക്ക്‌ തങ്ങളുടെ പിതാവിനെ കണ്ടുമുട്ടാനായില്ല. വാസ്‌തവത്തിൽ, അവർ അദ്ദേഹത്തെ ഒരിക്കലും കണ്ടുമുട്ടിയില്ല. പ്രവാസത്തിലായിരിക്കെ അദ്ദേഹം രോഗശയ്യയിലാവുകയും 1953-ൽ മരിക്കുകയും ചെയ്‌തു, മരണത്തോളം അദ്ദേഹം വിശ്വസ്‌തനായിരുന്നു.

വാസിലി പാഡൂറെറ്റ്‌സ്‌: 1920-ൽ കോർഷെയുറ്റ്‌സിൽ ജനിച്ച പാഡൂറെറ്റ്‌സ്‌ സഹോദരൻ 1941-ൽ ഫാസിസ്റ്റ്‌ യുഗത്തിലാണു സത്യം പഠിച്ചത്‌. അതുകൊണ്ട്‌, അദ്ദേഹവും ഫാസിസ്റ്റുകളിൽനിന്നും സോവിയറ്റ്‌ അധികാരികളിൽനിന്നും കഷ്ടത അനുഭവിച്ചു. സോവിയറ്റ്‌ അധികാരികളോട്‌ അദ്ദേഹം ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: “ഞാൻ ബോൾഷെവിക്കുകളെ കൊന്നിട്ടില്ല, ഇനി ഫാസിസ്റ്റുകാരെയും കൊല്ലാൻ പോകുന്നില്ല.”

മനസ്സാക്ഷിപരമായ ഈ ബൈബിളധിഷ്‌ഠിത നിലപാടുമൂലം വാസിലിയെ ഒരു സോവിയറ്റ്‌ തൊഴിൽ പാളയത്തിൽ പത്തു വർഷം കഴിയാൻ ശിക്ഷിച്ചു. എന്നാൽ ഈ ശിക്ഷ അഞ്ചു വർഷത്തേക്കായി ഇളച്ചു. അങ്ങനെ 1949 ആഗസ്റ്റ്‌ 5-ന്‌ അദ്ദേഹം വീട്ടിലേക്കു മടങ്ങി. മൂന്നാം പ്രാവശ്യം അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ ഓപ്പറേഷൻ നോർത്ത്‌ തുടങ്ങിയിരുന്നു. അതുകൊണ്ട്‌ 1951 ഏപ്രിൽ 1-ന്‌ വാസിലിയും കുടുംബവും സൈബീരിയയിലേക്കു പോകുന്ന ചരക്കുതീവണ്ടിയിൽ ഉണ്ടായിരുന്നു. അവിടെ അഞ്ചു വർഷത്തെ വാസത്തിനു ശേഷം അവർക്കു മൊൾഡോവയിലെ കോർഷെയുറ്റ്‌സിലേക്കു മടങ്ങിപ്പോകാൻ അനുവാദം ലഭിച്ചു. 2002 ജൂലൈ 6-ന്‌ ഈ റിപ്പോർട്ടു തയ്യാറാക്കിക്കൊണ്ടിരിക്കെ അദ്ദേഹം മരിച്ചു, മരണത്തോളം അദ്ദേഹം തന്റെ വിശ്വസ്‌തത കൈവെടിഞ്ഞില്ല.

[89, 90 പേജുകളിലെ ചതുരം/ചിത്രം]

‘സ്രഷ്ടാവിനെ സേവിക്കാനുള്ള പദവി ഞാൻ മറ്റൊന്നുമായും വെച്ചുമാറില്ല’

യോൻ സാവാ ഊർസോയ്‌

ജനനം: 1920

സ്‌നാപനം: 1943

സംക്ഷിപ്‌ത വിവരം: കമ്മ്യൂ ണിസ്റ്റ്‌ യുഗത്തിൽ ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിച്ചു.

മൊൾഡോവയിലെ കാറാക്കൂഷെന്നിയിലായിരുന്നു എന്റെ ജനനം. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പാണു ഞാൻ സത്യം പഠിച്ചത്‌. 1942-ൽ എന്റെ ഭാര്യ മരിച്ചു. അവളുടെ ശവസംസ്‌കാര ചടങ്ങു നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു ജനക്കൂട്ടം എന്നെ ശ്‌മശാനത്തിൽനിന്ന്‌ ഓടിച്ചു. കാരണം എന്തായിരുന്നെന്നോ? ഞാൻ മതം മാറിയിരുന്നു. പിന്നീട്‌, ആ വർഷം തന്നെ ഫാസിസ്റ്റ്‌ ഗവൺമെന്റ്‌ എന്നെ സൈന്യത്തിലെടുക്കാൻ ശ്രമിച്ചു. എന്നാൽ രാഷ്‌ട്രീയ നിഷ്‌പക്ഷത പാലിക്കാൻ ആഗ്രഹിച്ച ഞാൻ സൈനിക സേവനത്തിനു വിസമ്മതിച്ചു. എനിക്കു മരണശിക്ഷ വിധിച്ചു, എന്നാൽ പിന്നീട്‌ അത്‌ 25 വർഷത്തെ തടവുശിക്ഷയായി ഇളച്ചു. എന്നെ ക്യാമ്പിൽനിന്നു ക്യാമ്പിലേക്കു മാറ്റി. റൊമേനിയയിലെ ക്രയോവയിൽ തടവിലായിരിക്കെ സോവിയറ്റ്‌ സേന വന്നു ഞങ്ങളെ വിമുക്തരാക്കി.

ആ സ്വാതന്ത്ര്യം അൽപ്പംപോലും ആസ്വദിക്കാൻ എനിക്കായില്ല. കാരണം കമ്മ്യൂണിസ്റ്റുകാർ ഉടനെതന്നെ എന്നെ വീണ്ടും തടവിലാക്കി. അവർ എന്നെ റഷ്യയിലെ കാലിനിന്നിലേക്ക്‌ അയച്ചു. രണ്ടു വർഷത്തിനു ശേഷം 1946-ൽ തിരിച്ചു വീട്ടിലേക്കു പോകാൻ അവർ എന്നെ അനുവദിച്ചു. ഗ്രാമത്തിൽ ചെന്ന ഞാൻ പ്രസംഗവേല പുനഃസംഘടിപ്പിക്കുന്നതിൽ സഹായിച്ചു. പിന്നീട്‌ 1951-ൽ സോവിയറ്റുകാർ വീണ്ടും എന്നെ അറസ്റ്റ്‌ ചെയ്‌തു. ഇപ്രാവശ്യം അവർ എന്നെ മറ്റനേകം സാക്ഷികളോടൊപ്പം സൈബീരിയയിലേക്കു നാടുകടത്തി. പിന്നെ 1969-ലാണ്‌ ഞാൻ വീട്ടിൽ തിരിച്ചെത്തിയത്‌.

ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ, എന്റെ നിർമലത കാത്തുസൂക്ഷിക്കാൻ യഹോവ എന്നെ ശക്തീകരിച്ച ഒട്ടനവധി സാഹചര്യങ്ങൾ എനിക്ക്‌ ഓർക്കാനാകും. എന്റെ സ്രഷ്ടാവിനെ സേവിക്കാനുള്ള പദവി ഞാൻ ലോകത്തിലെ മറ്റൊന്നുമായും വെച്ചുമാറില്ല. വാർധക്യവും ക്ഷയിച്ചുവരുന്ന ആരോഗ്യവും നിമിത്തം എനിക്ക്‌ ഇപ്പോൾ പരിമിതികളുണ്ട്‌. എന്നാൽ പുതിയ ലോകത്തിലെ ജീവിതത്തിന്റെ ഉറപ്പുള്ള പ്രത്യാശ, എന്റെ ശരീരം വീണ്ടും യുവചൈതന്യം വീണ്ടെടുക്കുമെന്ന ദൃഢവിശ്വാസം, ‘നന്മ ചെയ്യുന്നതിൽ മടുത്തുപോകാ’തിരിക്കാനുള്ള എന്റെ തീരുമാനത്തെ ബലപ്പെടുത്തുന്നു.​—⁠ഗലാ. 6:⁠9.

[100-102 പേജുകളിലെ ചതുരം/ചിത്രം]

എനിക്കു പാടിസ്‌തുതിക്കാൻ നിരവധി കാര്യങ്ങളുണ്ട്‌

ആലെക്‌സാൻഡ്രാ കോർഡൻ

ജനനം: 1929

സ്‌നാപനം: 1957

സംക്ഷിപ്‌ത വിവരം: സോവിയറ്റ്‌ ഭരണത്തിൻ കീഴിൽ ദുരിത മനുഭവിച്ചു, ഇപ്പോൾ സഭയിൽ ഒരു പ്രസാധികയായി സേവിക്കുന്നു.

പാട്ടിലുള്ള എന്റെ കമ്പമാണ്‌ സത്യം കണ്ടെത്താൻ എന്നെ സഹായിച്ചത്‌, പിന്നീട്‌ എന്റെ വിശ്വാസം പരിശോധിക്കപ്പെട്ടപ്പോൾ ആത്മീയമായി ബലിഷ്‌ഠയായി നിലകൊള്ളാൻ എന്നെ സഹായിച്ചതും അതുതന്നെ. 1940-കളിലാണ്‌ എന്റെ കഥയുടെ തുടക്കം. അന്ന്‌ ഒരു കൗമാരപ്രായക്കാരിയായിരുന്ന ഞാൻ കോർഷെയുറ്റ്‌സിലെ ഒരു കൂട്ടം യുവപ്രായക്കാരുമായി സമ്പർക്കത്തിൽ വരാൻ ഇടയായി. രാജ്യഗീതങ്ങൾ പാടിക്കൊണ്ടും ബൈബിളിലെ കാര്യങ്ങൾ ചർച്ച ചെയ്‌തുകൊണ്ടും അവർ ഒഴിവു സമയം ചെലവഴിക്കുകയായിരുന്നു. ആ ചർച്ചകളിൽനിന്നും ഗീതങ്ങളിൽനിന്നും ഞാൻ പഠിച്ച ആത്മീയ സത്യങ്ങൾ എന്നെ ആഴത്തിൽ സ്‌പർശിച്ചു.

താമസിയാതെ ഞാൻ സുവാർത്തയുടെ ഒരു പ്രസാധികയായി. ഇത്‌ 1953-ൽ വേറെ പത്തു സാക്ഷികളോടൊപ്പം ഞാൻ അറസ്റ്റു ചെയ്യപ്പെടുന്നതിലേക്കു നയിച്ചു. വിചാരണ കാത്ത്‌ ഞാൻ കിഷിനൗവിലെ ഒരു ജയിലിൽ കഴിയുകയായിരുന്നു. രാജ്യഗീതങ്ങൾ പാടിക്കൊണ്ട്‌ ഞാൻ എന്റെ ആത്മീയ ബലം കാത്തുസൂക്ഷിച്ചു. ഇതു ഗാർഡുകളിൽ ഒരാളെ ദേഷ്യം പിടിപ്പിച്ചെന്നാണു തോന്നുന്നത്‌. അയാൾ പറഞ്ഞു: “നിങ്ങൾ ഒരു ജയിലിലാണെന്ന കാര്യം മറക്കണ്ട, ഇത്‌ പാട്ടുപാടാനുള്ള സ്ഥലമല്ല!”

ഞാൻ പ്രതിവചിച്ചു: “എന്റെ ജീവിതകാലം മുഴുവൻ ഞാൻ പാട്ടു പാടിയിട്ടുണ്ട്‌. ഇപ്പോൾ അത്‌ എന്തിനു നിറുത്തണം? നിങ്ങൾക്ക്‌ എന്നെ ജയിലിൽ അടച്ചുപൂട്ടാൻ കഴിയും, പക്ഷേ എന്റെ വായ്‌ അടച്ചുപൂട്ടാൻ നിങ്ങൾക്കു കഴിയില്ല. എന്റെ ഹൃദയം സ്വതന്ത്രമാണ്‌, ഞാൻ യഹോവയെ സ്‌നേഹിക്കുന്നു. അതുകൊണ്ട്‌ എനിക്കു പാടിസ്‌തുതിക്കാൻ നിരവധി കാര്യങ്ങളുണ്ട്‌.”

ആർട്ടിക്‌ വൃത്തത്തിനടുത്തുള്ള ഇന്റ എന്ന തൊഴിൽ പാളയത്തിൽ 25 വർഷം എന്നെ തടവിനു വിധിച്ചു. ഹ്രസ്വമായ വേനൽക്കാല മാസങ്ങളിൽ ഞാനും മറ്റു സാക്ഷികളും അടുത്തുള്ള കാട്ടിൽ പണിയെടുത്തു. അപ്പോഴും, ഞങ്ങൾക്കു കാണാപ്പാഠമായിരുന്ന രാജ്യഗീതങ്ങൾ ആത്മീയമായി ബലിഷ്‌ഠരായി നിലകൊള്ളാനും ഹൃദയത്തിൽ, ഞങ്ങൾ സ്വതന്ത്രരാണെന്ന തോന്നൽ ഉണ്ടായിരിക്കാനും ഞങ്ങളെ സഹായിച്ചു. മാത്രമല്ല, കിഷിനൗവിലെ ഗാർഡിൽനിന്നു വ്യത്യസ്‌തരായി ഞങ്ങളുടെ ഗാർഡുകൾ പാടാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.

ഞാൻ ഇന്റ ക്യാമ്പിൽ മൂന്നു വർഷവും മൂന്നു മാസവും മൂന്നു ദിവസവും പാർത്തു. പിന്നീട്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചതിനെ തുടർന്നു ഞാൻ മോചിതയായി. എന്നാൽ എന്റെ സ്വന്തം നാടായ മൊൾഡോവയിലേക്കു തിരിച്ചുപോകാൻ അനുവാദം ഇല്ലാതിരുന്നതിനാൽ ഞാൻ റഷ്യയിലെ ടോംസ്‌ക്കിലേക്കു പോയി. അവിടെ എന്റെ ഭർത്താവുമായി വീണ്ടും ഒരുമിക്കാൻ എനിക്കു കഴിഞ്ഞു, അദ്ദേഹവും തടവിലായിരുന്നു. നാലു വർഷം ഞങ്ങൾക്കു പിരിഞ്ഞു കഴിയേണ്ടിവന്നു.

അറസ്റ്റിലായതു നിമിത്തം, യഹോവയ്‌ക്കുള്ള സമർപ്പണം ഞാൻ ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട്‌ ഞാൻ അതേക്കുറിച്ച്‌ സഹോദരന്മാരോടു സംസാരിച്ചു. സ്‌നാപനാർഥികളായി വേറെയും ആളുകൾ ഉണ്ടായിരുന്നു. സഹോദരന്മാർ ഉടനടി സ്‌നാപനത്തിനു വേണ്ട ക്രമീകരണങ്ങൾ ചെയ്‌തു. എന്നാൽ നിരോധനം മൂലം, അടുത്തുള്ള ഒരു കാട്ടിലെ തടാകത്തിൽ രാത്രിസമയത്ത്‌ സ്‌നാപനം നടത്താൻ അവർ തീരുമാനിച്ചു.

സമയമായപ്പോൾ ഞങ്ങൾ ടോംസ്‌ക്കിന്റെ പ്രാന്തപ്രദേശത്തുനിന്നു കാട്ടിലേക്കു പുറപ്പെട്ടു. ആർക്കും സംശയം തോന്നാതിരിക്കാൻ ഈരണ്ടു പേരായിട്ടാണു ഞങ്ങൾ പോയത്‌. തടാകക്കരയിൽ സുരക്ഷിതരായി എത്തുന്നതുവരെ ഓരോ ജോഡിയും മുമ്പിലെ ജോഡിയെ അനുഗമിക്കണമായിരുന്നു. അതായിരുന്നു പദ്ധതി. സങ്കടകരമെന്നു പറയട്ടെ, ഞങ്ങൾക്കു മുമ്പേ നടന്നിരുന്ന പ്രായമായ രണ്ടു സഹോദരിമാർക്കു വഴിതെറ്റി. ഞങ്ങൾ അവരെ അനുഗമിച്ചു, ഞങ്ങൾക്കു പിന്നിലുള്ളവരും വിശ്വസ്‌തരായി ഞങ്ങളെ പിന്തുടർന്നു. താമസിയാതെ ഞങ്ങൾ ഏതാണ്ടു പത്തു പേർക്ക്‌ കണ്ണുകാണാതെ തപ്പിത്തടഞ്ഞു നടക്കേണ്ടിവന്നു. നനഞ്ഞുകിടന്നിരുന്ന പുല്ലിലെയും ചെടികളിലെയും വെള്ളം ഞങ്ങളുടെ വസ്‌ത്രങ്ങൾ നനച്ചു, ഞങ്ങൾ തണുത്തുവിറയ്‌ക്കുന്നുണ്ടായിരുന്നു. അവിടെ കരടികളും ചെന്നായ്‌ക്കളും ഉള്ളതായി ഞങ്ങൾ കേട്ടിരുന്നു, ഏതു നിമിഷവും അവ ചാടിവീഴുമെന്ന്‌ ഞങ്ങൾ കരുതി. പേടിച്ചുപേടിച്ചാണു ഞങ്ങൾ നടന്നിരുന്നത്‌. ഓരോ അനക്കവും ഞങ്ങളെ ഞെട്ടിച്ചു.

അത്തരമൊരു സാഹചര്യത്തിൽ ധൈര്യം കൈവിടാതിരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഞാൻ, അനങ്ങാതെനിന്ന്‌ ഒരു രാജ്യഗീതം മൂളാമെന്ന നിർദേശം മുന്നോട്ടുവെച്ചു, മറ്റുള്ളവർ അതു കേൾക്കുമെന്ന പ്രതീക്ഷയിൽ. ഞങ്ങൾ മുട്ടിപ്പായി പ്രാർഥിക്കുകയും ചെയ്‌തു. ഞങ്ങൾ മൂളിക്കൊണ്ടിരുന്ന അതേ ട്യൂണിൽ ഇരുട്ടത്തുനിന്നു മൂളിപ്പാട്ടു കേട്ടപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം! അതേ, ഞങ്ങളുടെ സഹോദരങ്ങൾ അതു കേട്ടിരുന്നു! ഉടനെ അവർ ഒരു ടോർച്ചു തെളിച്ച്‌ ഞങ്ങൾക്കു വഴികാണിച്ചു. അധികം കഴിയുന്നതിനു മുമ്പ്‌, തണുത്തു മരവിച്ച വെള്ളത്തിൽ ഞങ്ങൾ സ്‌നാപനമേറ്റു. സന്തോഷാധിക്യം നിമിത്തം വെള്ളത്തിന്റെ തണുപ്പു ഞങ്ങൾ അറിഞ്ഞതേയില്ല.

ഇപ്പോൾ എനിക്ക്‌ 74 വയസ്സുണ്ട്‌, ഞാൻ സത്യം കണ്ടെത്തിയ കോർഷെയുറ്റ്‌സിലാണ്‌ ഇന്നു താമസിക്കുന്നത്‌. ഈ വാർധക്യത്തിലും എനിക്കു പാടിസ്‌തുതിക്കാൻ നിരവധി കാര്യങ്ങളുണ്ട്‌, വിശേഷിച്ച്‌ നമ്മുടെ സ്വർഗീയ പിതാവിന്റെ സ്‌തുതിഗീതങ്ങൾ.

[104-106 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

ഞാൻ മാതാപിതാക്കളുടെ മാതൃക പിൻപറ്റാൻ ശ്രമിച്ചു

വാസിലി ഊർസു

ജനനം: 1927

സ്‌നാപനം: 1941

സംക്ഷിപ്‌ത വിവരം: സഭാ ദാസനായി സേവിച്ചു, രഹസ്യത്തിൽ സാഹിത്യങ്ങൾ ഉത്‌പാദിപ്പിക്കുന്നതിൽ പങ്കുവഹിച്ചു.

എന്റെ പിതാവിന്റെ പേര്‌ സിമെയോൻ ഊർസു, അമ്മയുടേത്‌ മർയിയ. 1929-ലാണ്‌ ഇരുവരും സ്‌നാപനമേറ്റത്‌. അവരുടെ അഞ്ചു മക്കളിൽ മൂത്തയാൾ ഞാനായിരുന്നു. ഫാസിസ്റ്റ്‌ വാഴ്‌ചയുടെ കാലത്ത്‌, നിഷ്‌പക്ഷ നിലപാടു നിമിത്തം എന്റെ മാതാപിതാക്കളെ അറസ്റ്റു ചെയ്‌ത്‌ തൊഴിൽ പാളയത്തിൽ 25 വർഷത്തെ നിർബന്ധ വേലയ്‌ക്കു വിധിച്ചു. സമീപത്തുള്ള കോർഷെയുറ്റ്‌സിലെ സഭയിൽനിന്നുള്ള ആത്മീയ സഹോദരങ്ങൾ ഞങ്ങളെ പരിപാലിച്ചു, ഞങ്ങളുടെ കൃഷിയിടം നോക്കിനടത്തിയതും അവരാണ്‌. അതുകൊണ്ട്‌ ഞങ്ങൾക്ക്‌ ആഹാരത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. യഹോവയുടെ സാക്ഷിയല്ലാതിരുന്ന പ്രായമായ മുത്തശ്ശിയും ഞങ്ങളെ നോക്കാൻ സഹായിച്ചിരുന്നു. എനിക്ക്‌ അന്ന്‌ 14 വയസ്സായിരുന്നു.

മാതാപിതാക്കളുടെ നല്ല മാതൃക കണ്ടു പഠിച്ച ഞാൻ എന്റെ കൂടെപ്പിറപ്പുകളെ ആത്മീയമായി പരിപാലിക്കാൻ കഠിന ശ്രമം ചെയ്‌തു. അതിനായി, ഓരോ ദിവസവും ഞാൻ അവരെ വെളുപ്പിനു വിളിച്ചുണർത്തി ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണത്തിൽനിന്ന്‌ ഒരു ഭാഗം അവരുമൊത്തു ചർച്ച ചെയ്യുമായിരുന്നു. അവർക്ക്‌ എഴുന്നേറ്റുവരാൻ അവർക്ക്‌ എല്ലായ്‌പോഴും അത്ര താത്‌പര്യമൊന്നും ഉണ്ടായിരിക്കില്ല, പക്ഷേ ഞാൻ അവരെ നിർബന്ധിച്ച്‌ എഴുന്നേൽപ്പിക്കുമായിരുന്നു. നല്ല പഠന ശീലങ്ങളുടെ പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട്‌, 1944-ൽ കാലാവധി തീരുന്നതിനു മുമ്പേ മോചിതരായി മാതാപിതാക്കൾ തിരിച്ചെത്തിയപ്പോൾ ഞങ്ങൾ ആത്മീയമായി തികഞ്ഞ ആരോഗ്യമുള്ളവരായിരിക്കുന്നതു കണ്ട്‌ അവർ എത്ര സന്തോഷിച്ചെന്നോ! എത്ര ആനന്ദദായകമായ ഒരു പുനഃസംഗമമായിരുന്നു അത്‌! എന്നാൽ ഞങ്ങളുടെ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല.

പിറ്റേ വർഷം സോവിയറ്റ്‌ അധികാരികൾ ഞങ്ങളുടെ പിതാവിനെ അറസ്റ്റു ചെയ്‌ത്‌ ആർട്ടിക്ക്‌ വൃത്തത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന സൈബീരിയയിലെ നോറിൽസ്‌ക്കിൽ തടവിലാക്കി. മൂന്നു വർഷത്തിനു ശേഷം ഞാൻ എമില്യയെ വിവാഹം ചെയ്‌തു. ചുറുചുറുക്കുള്ള, ആത്മീയതയുള്ള ഒരു സഹോദരിയായിരുന്നു അവൾ. ഞങ്ങൾ ഒരുമിച്ചാണു വളർന്നുവന്നത്‌ എന്നു വേണമെങ്കിൽ പറയാം. അതുകൊണ്ട്‌ അവളെ എനിക്കു നന്നായി അറിയാമായിരുന്നു. എന്നാൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞ്‌ ഒരു വർഷം മാത്രമായപ്പോൾ എന്നെയും അമ്മയെയും അറസ്റ്റു ചെയ്‌ത്‌ കിഷിനൗവിലേക്ക്‌ അയച്ചു. അവിടെ എന്നെ 25 വർഷം തൊഴിൽ പാളയത്തിൽ നിർബന്ധ വേലയ്‌ക്കു ശിക്ഷിച്ചു. എമില്യ സ്‌നേഹപൂർവം എന്റെ കൂടെപ്പിറപ്പുകളെ നോക്കി, മാതാപിതാക്കൾ മാത്രമല്ല മൂത്ത ജ്യേഷ്‌ഠനും കൂടെ ഇല്ലാത്ത അവസ്ഥയിലായിരുന്നു അവർ.

കുറച്ചു കാലത്തിനു ശേഷം എന്നെ വോർക്കൂറ്റയിലെ കൽക്കരി ഖനിയിലേക്കു മാറ്റി. ആർട്ടിക്‌ വൃത്തത്തിനു വടക്കുള്ള ആ തൊഴിൽ പാളയം കുപ്രസിദ്ധി ആർജിച്ച ഒന്നായിരുന്നു. രണ്ടു വർഷത്തിനു ശേഷം 1951-ൽ, എമില്യയെയും എന്റെ മൂന്നു സഹോദരന്മാരെയും ഒരു സഹോദരിയെയും പടിഞ്ഞാറൻ സൈബീരിയയിലുള്ള ടോംസ്‌ക്കിലേക്കു നാടുകടത്തി. 1955-ൽ, എന്നോടൊപ്പം കഴിയാനായി എമില്യ വോർക്കൂറ്റയിലേക്കു മാറ്റം ചോദിച്ചു. അവിടെ വെച്ച്‌ ഞങ്ങളുടെ മൂന്നു മക്കളിൽ ആദ്യത്തെ കുഞ്ഞിന്‌ അവൾ ജന്മം നൽകി. തമാര എന്നാണ്‌ ഞങ്ങളുടെ മൂത്ത മകളുടെ പേര്‌.

അങ്ങനെയിരിക്കെ 1957 സെപ്‌റ്റംബറിൽ പൊതു മാപ്പ്‌ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന്‌ ഞങ്ങൾ മോചിതരായി. എന്നാൽ ഒരു മാസത്തിനു ശേഷം ഞാൻ വീണ്ടും അറസ്റ്റിലായി. ഇപ്രാവശ്യം എന്നെ റഷ്യയിലെ സറാൻസ്‌ക്കിന്‌ അടുത്തുള്ള മോർഡ്‌വിനിയയിലെ ഒരു തൊഴിൽ പാളയത്തിൽ ഏഴു വർഷം കഴിയാനാണ്‌ ശിക്ഷിച്ചത്‌. മറ്റു പല സഹോദരന്മാരെയും അവിടെ തടവിലാക്കിയിരുന്നു, കൂടുതൽ സഹോദരന്മാർ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഭാര്യമാർ ഞങ്ങളെ കാണാൻ വരുമ്പോൾ സാഹിത്യങ്ങൾ പതിവായി ഒളിച്ചു കടത്താൻ അവർക്കു കഴിഞ്ഞിരുന്നു. ഇത്‌ ഞങ്ങൾ എത്ര വിലമതിച്ചിരുന്നു! 1957 ഡിസംബറിൽ എമില്യ, പടിഞ്ഞാറൻ സൈബീരിയയിലുള്ള കുർഗാനിലേക്കു മാറി, ഞങ്ങളുടെ മകൾ തമാരയെ നോക്കാൻ. എമില്യയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു അവൾ താമസിച്ചിരുന്നത്‌. അതുകൊണ്ട്‌, എനിക്കും എമില്യയ്‌ക്കും ഏഴു വർഷം പിരിഞ്ഞു താമസിക്കേണ്ടിവന്നു. എങ്കിലും തമാരയെ ഒരു ഗവൺമെന്റു സ്ഥാപനത്തിലേക്ക്‌ അയയ്‌ക്കുന്നതു തടയാൻ അതല്ലാതെ മറ്റു മാർഗമില്ലായിരുന്നു.

1964-ൽ ഞാൻ മോചിതനായെങ്കിലും മൊൾഡോവയിലെ എന്റെ ഭവനത്തിലേക്കു തിരിച്ചു പോകാൻ എനിക്ക്‌ അനുവാദം ഉണ്ടായിരുന്നില്ല. എന്റെ ചലനങ്ങൾ ഔദ്യോഗികമായി വിലക്കപ്പെട്ടിരുന്നെങ്കിലും കുർഗാനിൽ എന്റെ ഭാര്യയോടും മകളോടും ഒത്തുചേരാൻ എനിക്കു കഴിഞ്ഞു. അവിടെ സഭയിൽ ഒരു പുസ്‌തകാധ്യയന നിർവാഹകനായി ഞാൻ സേവിച്ചു. 1969-ൽ കൗക്കാസസിലെ ക്രാസനോഡാറിലേക്കു ഞങ്ങൾ താമസം മാറി. അവിടെ എട്ടു വർഷം സേവിച്ചശേഷം ഞങ്ങൾ ഉസ്‌ബക്കിസ്ഥാനിലെ ചിർച്ചിക്കിലേക്കു പോയി. അവിടെയായിരിക്കെ ഞാൻ സാഹിത്യങ്ങൾ രഹസ്യമായി അച്ചടിക്കുന്ന വേലയിൽ ഏർപ്പെട്ടു. ഒടുവിൽ 1984-ൽ മൊൾഡോവയിലേക്കു മടങ്ങിപ്പോകാൻ ഞങ്ങൾക്ക്‌ അനുവാദം ലഭിച്ചു. ഞങ്ങൾ റ്റിഗിന്ന നഗരത്തിൽ താമസമുറപ്പിച്ചു. 1,60,000 നിവാസികളും എന്നാൽ വെറും 18 പ്രസാധകരും ഉള്ള ഒരു നഗരമായിരുന്നു റ്റിഗിന്ന. വർഷങ്ങൾക്കു ശേഷം ഈ കൂട്ടം ഏതാണ്ട്‌ 1,000 പ്രസാധകരും പയനിയർമാരും ഉള്ള ഒമ്പതു സഭകളായി വളർന്നിരിക്കുന്നു.

കർത്താവിന്റെ നാമത്തിനായി തൊഴിൽ പാളയങ്ങളിലും ജയിലിലും ചെലവഴിക്കേണ്ട വന്ന ആ വർഷങ്ങളെ ഓർത്ത്‌ ഞാൻ ഖേദിക്കുന്നുണ്ടോ? തീർച്ചയായും ഇല്ല! എന്നെ സംബന്ധിച്ചിടത്തോളം, 14-ാം വയസ്സിൽ സ്‌നാപനമേൽക്കുമ്പോൾത്തന്നെ ഉൾപ്പെട്ടിരിക്കുന്ന വാദവിഷയങ്ങളെ കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നു: ഒന്നുകിൽ ദൈവത്തെ സ്‌നേഹിക്കുക അല്ലെങ്കിൽ ലോകത്തെ സ്‌നേഹിക്കുക! യഹോവയെ സേവിക്കാൻ തീരുമാനമെടുത്തിരുന്ന ഞാൻ വിട്ടുവീഴ്‌ച ചെയ്യുന്നതിനെ കുറിച്ച്‌ ചിന്തിച്ചതേ ഇല്ല.​—⁠യാക്കോ. 4:⁠4

[ചിത്രങ്ങൾ]

ഇടത്ത്‌: വാസിലി ഊർസു

ഇടത്തേ അറ്റത്ത്‌: വാസിലി ഊർസുവും എമില്യയും മകൾ തമാരയും

[108-110 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

പൂവുമായി വന്ന ആ കൊച്ചു ബാലൻ എന്റെ കണ്ണു തുറപ്പിച്ചു

വാലെന്റീന കോഷോക്കാരു

ജനനം: 1952

സ്‌നാപനം: 1997

സംക്ഷിപ്‌ത വിവരം: സോവിയറ്റ്‌ ഭരണകൂടത്തിൻ കീഴിലെ ഒരു അധ്യാപിക, അവർ തന്റെ പാഠങ്ങളിൽ നിരീശ്വരവാദം ഉൾപ്പെടുത്തിയിരുന്നു.

ഞാൻ 1978-ൽ മൊൾഡോവയിലെ ഫെറ്റെഷ്‌റ്റ്‌ പട്ടണത്തിൽ ഒരു നഴ്‌സറി സ്‌കൂൾ അധ്യാപികയായിരുന്നു. ഒരു നിരീശ്വരവാദികൂടെ ആയിരുന്നു ഞാൻ. യഹോവയുടെ സാക്ഷികളുടെ മക്കളെ നിരീശ്വരവാദം പഠിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അവരിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ഒരു സ്റ്റാഫ്‌ മീറ്റിങ്ങിൽ ഞങ്ങൾക്കു നിർദേശം ലഭിച്ചു. അത്‌ നല്ല ഒരു ആശയമാണെന്ന്‌ എനിക്കു തോന്നി. അതുകൊണ്ട്‌, സാക്ഷികളായ വിദ്യാർഥികളെ കയ്യിലെടുക്കാൻ സർഗാത്മകമായ വഴികൾ ആവിഷ്‌കരിക്കാൻ ഞാൻ ശ്രമിച്ചു. ഒരു ആശയം എന്റെ മനസ്സിലുദിച്ചു, അതു ഫലംചെയ്യുമെന്നു ഞാൻ വിശ്വസിച്ചു.

ഞാൻ ക്ലാസ്സിലെ കുട്ടികളോട്‌ രണ്ടു തടങ്ങൾ ഉണ്ടാക്കാൻ പറഞ്ഞു. ഒന്നിൽ അവർ പൂച്ചെടികൾ വെച്ചുപിടിപ്പിക്കുകയും നനയ്‌ക്കുകയും കളകൾ പറിച്ചു മാറ്റുകയും ചെയ്യണമായിരുന്നു. എന്നാൽ മറ്റേത്‌ ഒന്നും ചെയ്യാതെ വെറുതെ ഇട്ടേക്കണമായിരുന്നു. അത്‌ ദൈവത്തിന്റേതാണ്‌ എന്നും അവൻ അതിനെ പരിപാലിച്ചുകൊള്ളും എന്നും ഞാൻ അവരോടു പറഞ്ഞു. എല്ലാവരും ഉത്സാഹത്തോടെ തലകുലുക്കി സമ്മതിച്ചു. കുട്ടികൾ തങ്ങളുടെ തോട്ടത്തിൽ ചെടികൾ നടുകയും അവയെ നനയ്‌ക്കുകയും കളകൾ പറിച്ചുമാറ്റുകയുമൊക്കെ ചെയ്‌തപ്പോൾ “ദൈവത്തിന്റെ കൊച്ചു തോട്ടം” കളകൾകൊണ്ടു നിറഞ്ഞു.

നന്നായി തെളിഞ്ഞ ഒരു ദിവസം, ക്ലാസ്സിലെ കുട്ടികളെ തോട്ടങ്ങളുടെ മുമ്പിൽ ഞാൻ കൂട്ടിവരുത്തി. കുട്ടികളെ അവരുടെ പ്രയത്‌നത്തിന്‌ അനുമോദിച്ചു. പിന്നെ ഞാൻ വളരെ ആലോചിച്ചു തയ്യാറാക്കിയ കാര്യങ്ങൾ അവരോടു പറയാൻ തുടങ്ങി. “ദൈവം തന്റെ തോട്ടത്തിനു വേണ്ടി യാതൊന്നും ചെയ്‌തില്ല എന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചുവോ?” ഞാൻ ചോദിച്ചു. “ഈ തോട്ടത്തെ പരിപാലിക്കാൻ ആരുമില്ലെന്നത്‌ എത്ര വ്യക്തമാണ്‌!”

കുട്ടികൾ അതു ശരിവെച്ചു. എന്നിട്ട്‌ ഞാൻ ആശയം വ്യക്തമാക്കി: “കുട്ടികളേ, ഈ തോട്ടം ഇങ്ങനെ കിടക്കാൻ കാരണം എന്താണെന്ന്‌ ഇപ്പോൾ മനസ്സിലായോ? ദൈവം മനുഷ്യരുടെ ഒരു സങ്കൽപ്പം മാത്രമാണ്‌. ഇല്ലാത്ത ഒരു ദൈവത്തിന്‌ എങ്ങനെയാണു പൂക്കളെയും മറ്റും പരിപാലിക്കാൻ കഴിയുക?”

കുട്ടികൾ എന്റെ സംസാരത്തോട്‌ എങ്ങനെയാണു പ്രതികരിക്കുന്നത്‌ എന്നു ഞാൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു കുട്ടി ഇതെല്ലാം കേട്ട്‌ വല്ലാതെ അസ്വസ്ഥനാകുന്നതു ഞാൻ ശ്രദ്ധിച്ചു. അവന്റെ അച്ഛനമ്മമാർ സാക്ഷികളായിരുന്നു. ഒടുവിൽ അവനു നിയന്ത്രണം നഷ്ടപ്പെട്ടു. അവൻ അടുത്തുള്ള വയലിലേക്ക്‌ ഓടി, എന്നിട്ട്‌ ഒരു ഡാന്റലിയോൺ പുഷ്‌പവുമായി തിരിച്ചുവന്നു. അത്‌ എനിക്കു നൽകിയിട്ട്‌ അവൻ പറഞ്ഞു: “ദൈവം ഇല്ലെങ്കിൽ പിന്നെ ഈ പൂവ്‌ വളരാൻ ഇടയാക്കിയത്‌ ആരാ? നമ്മളാരും അതിനുവേണ്ടി ഒന്നും ചെയ്‌തില്ലല്ലോ?” അവൻ പറഞ്ഞതിലെ ന്യായം എന്റെ ഹൃദയത്തിൽ തട്ടി. ആ കുട്ടി ശക്തമായ ഒരു ആശയമാണ്‌ അവതരിപ്പിച്ചതെന്ന്‌ ഉള്ളിന്റെയുള്ളിൽ ഞാൻ തിരിച്ചറിഞ്ഞു.

കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളുടെ നടുവിൽ വളർന്നുവന്ന എനിക്ക്‌ അടുത്ത പടി സ്വീകരിക്കാൻ​—⁠ബൈബിൾ പരിശോധിക്കാൻ​—⁠വർഷങ്ങൾ വേണ്ടിവന്നു. എന്നാൽ 1995-ൽ ഞാൻ സ്ഥലത്തെ സാക്ഷികളെ സമീപിച്ച്‌ ഒരു അധ്യയനം ആവശ്യപ്പെട്ടു. എന്റെ മുൻ വിദ്യാർഥികളിൽ ഒരാളാണ്‌ എനിക്ക്‌ അധ്യയനം എടുക്കാൻ പോകുന്നത്‌ എന്നു മനസ്സിലായപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല!

കമ്മ്യൂണിസ്റ്റ്‌ വ്യവസ്ഥിതി എനിക്ക്‌ നല്ല ലൗകിക വിദ്യാഭ്യാഭ്യാസം പ്രദാനംചെയ്‌തു എന്നുള്ളതു ശരിയാണ്‌. എന്നാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങൾ എന്നെ പഠിപ്പിക്കുന്നതിൽ അതു പരാജയപ്പെട്ടു. യഹോവയും ധീരനായ ആ കൊച്ചു ബാലനും നിമിത്തം, എന്റെ ആത്മീയവും ലൗകികവുമായ വിദ്യാഭ്യാസം ഉപയോഗിച്ച്‌, ഒരു ദൈവം ഉണ്ടെന്നും അവൻ തന്റെ മനുഷ്യസൃഷ്ടിക്കായി കരുതുന്നുവെന്നും ഉള്ള സത്യം വിലമതിക്കുന്നതിന്‌ ആളുകളെ സഹായിക്കാൻ എനിക്കു കഴിയുന്നു.

[113-115 പേജുകളിലെ ചതുരം/ചിത്രം]

പ്രവാസകാലത്ത്‌ ജനിച്ചു

ലിഡ്യ സെവാസ്റ്റ്യാൻ

ജനനം: 1954

സ്‌നാപനം: 1995

സംക്ഷിപ്‌ത വിവരം: സാക്ഷിയായ അമ്മയും അവിശ്വാസിയായ അച്ഛനും ആണ്‌ വളർത്തിയത്‌, പിന്നീടു വർഷങ്ങളോളം യഹോവയുടെ സാക്ഷികളു മായുള്ള ബന്ധം നഷ്ടപ്പെട്ടു.

എന്റെ അമ്മയും മുത്തശ്ശിയും 1940-കളുടെ ആരംഭത്തിൽ യഹോവയുടെ സാക്ഷികളായി. ഒരു നല്ല മനുഷ്യനായിരുന്നെങ്കിലും എന്റെ പിതാവ്‌ അന്ന്‌ ബൈബിൾ സത്യം സ്വീകരിച്ചില്ല. 1951-ഓടെ, രണ്ടു കുട്ടികളായിക്കഴിഞ്ഞിരുന്ന അമ്മ വീണ്ടും ഗർഭം ധരിച്ചിരിക്കുകയായിരുന്നു. ആ വർഷം ഏപ്രിലിൽ ഞങ്ങളുടെ കുടുംബത്തെ വേർപിരിക്കാൻ അധികാരികൾ ശ്രമിച്ചു. അച്ഛൻ ജോലിസ്ഥലത്തായിരിക്കെ, അവർ അമ്മയെയും​—⁠അമ്മയ്‌ക്ക്‌ അപ്പോൾ പ്രസവം അടുത്തിരുന്നു​—⁠എന്റെ സഹോദരങ്ങളെയും സൈബീരിയയ്‌ക്കു പോകുന്ന ട്രെയിനിൽ കയറ്റി. എന്നാൽ അതിനു മുമ്പ്‌ അച്ഛനെ എങ്ങനെയോ വിവരമറിയിക്കാൻ അമ്മയ്‌ക്കു കഴിഞ്ഞിരുന്നു. സാക്ഷി അല്ലായിരുന്നെങ്കിലും അദ്ദേഹം തന്റെ കുടുംബത്തോടൊപ്പം ട്രെയിനിൽ കയറി സൈബീരിയയിലേക്കു പോയി.

സൈബീരിയയിലേക്കുള്ള യാത്രയ്‌ക്കിടയിൽ, പ്രസവിക്കാനായി അമ്മയെ കുറച്ചു ദിവസം ആസിനോ എന്ന പട്ടണത്തിൽ തങ്ങാൻ അനുവദിച്ചു. അവിടെവെച്ച്‌ അമ്മ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി. കുടുംബത്തിലെ മറ്റെല്ലാവരും ടോംസ്‌ക്‌ ജില്ലയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്‌, അച്ഛൻ താമസത്തിനു വേണ്ട ഏർപ്പാടുകൾ ചെയ്‌തു. സഹോദരങ്ങളുടെ കൂട്ടത്തിലായിരുന്നു അദ്ദേഹത്തിനു ജോലി ചെയ്യേണ്ടിയിരുന്നത്‌. ഏതാനും ആഴ്‌ചകൾക്കു ശേഷം അമ്മയും ഇരട്ടക്കുഞ്ഞുങ്ങളും കുടുംബത്തോടൊപ്പം ചേർന്നു. സങ്കടകരമെന്നു പറയട്ടെ, അവർ താമസിച്ചിരുന്നത്‌ ശോചനീയമായ ചുറ്റുപാടുകളിലായിരുന്നതിനാൽ ആ രണ്ടു കുഞ്ഞുങ്ങളും മരണമടഞ്ഞു.

എന്നാലും പ്രവാസത്തിലിരിക്കെ അമ്മ നാലു കുട്ടികൾക്കുകൂടെ ജന്മം നൽകി, ഞാനും എന്റെ ഇരട്ട സഹോദരനും ഉൾപ്പെടെ. അച്ഛൻ വിശ്വസ്‌തതയോടെ ഞങ്ങൾക്കെല്ലാം വേണ്ടി കരുതി. ഒടുവിൽ 1957-ൽ, ഞങ്ങളുടെ സ്വന്തം ഗ്രാമത്തിലേക്കു തിരിച്ചുപോകാൻ ഞങ്ങൾക്ക്‌ അനുവാദം ലഭിച്ചു. അമ്മ തുടർന്നും ബൈബിൾ തത്ത്വങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ ഉൾനട്ടുകൊണ്ടിരുന്നു, രഹസ്യ പോലീസിന്റെ കണ്ണുകൾ വിടാതെ പിന്തുടരുന്നുണ്ടായിരുന്നെങ്കിലും.

എന്നാൽ, ഞങ്ങൾ കുട്ടികൾക്ക്‌ നല്ല ലൗകിക വിദ്യാഭ്യാസം നൽകുന്നതിലായിരുന്നു അച്ഛന്റെ ശ്രദ്ധ മുഴുവൻ. അതുകൊണ്ട്‌ 16-ാം വയസ്സിൽ, യൂണിവേഴ്‌സിറ്റിയിൽ ചേർന്നു പഠിക്കുന്നതിനായി ഞാൻ കിഷിനൗവിലേക്കു പോയി. പിന്നീട്‌ വിവാഹശേഷം ഞാൻ കസാഖ്‌സ്ഥാനിലേക്കു താമസം മാറി, അവിടെ ഞാൻ എന്റെ മാതാപിതാക്കളിൽനിന്നു മാത്രമല്ല, യഹോവയുടെ സംഘടനയിൽനിന്നും ഒറ്റപ്പെട്ടു. 1982-ൽ ഞാൻ കിഷിനൗവിലേക്ക്‌ തിരിച്ചുപോയി. അവിടെ ഞാൻ യഹോവയുടെ ജനത്തിന്റെ ഒരു സഭയ്‌ക്കായി അന്വേഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. നഗരത്തിൽ യഹോവയെ ആരാധിക്കാൻ ആഗ്രഹമുള്ള ഒരേ ഒരു വ്യക്തി ഞാനാണെന്ന്‌ എട്ടു വർഷം എനിക്കു തോന്നി.

ഒരു ദിവസം ബസ്‌സ്റ്റോപ്പിൽ നിൽക്കുമ്പോൾ രണ്ടു സ്‌ത്രീകൾ യഹോവയെ കുറിച്ച്‌ എന്തൊക്കെയോ സംസാരിക്കുന്നതു ഞാൻ കേൾക്കാൻ ഇടയായി. അവർ എന്താണ്‌ സംസാരിക്കുന്നത്‌ എന്നു വ്യക്തമായി കേൾക്കാൻ ഞാൻ കൂടുതൽ അടുത്തു ചെന്നു. ഞാൻ ഒരു കെജിബി ഏജന്റാണെന്നു കരുതി ആ സ്‌ത്രീകൾ പെട്ടെന്നു വിഷയം മാറ്റി. അവർ നടന്നു തുടങ്ങിയപ്പോൾ ഞാനും അവരുടെ പിന്നാലെ ചെന്നു, അത്‌ അവരെ പരിഭ്രാന്തരാക്കിയതുപോലെ തോന്നി. അതുകൊണ്ട്‌ ഞാൻ ഉടനെ അവരുടെ അടുക്കലേക്കു ചെന്നു, കുറച്ചു സമയത്തെ ചർച്ചയ്‌ക്കു ശേഷം എന്റെ ആത്മാർഥതയെ കുറിച്ച്‌ അവരെ ബോധ്യപ്പെടുത്താൻ എനിക്കു കഴിഞ്ഞു. ഒടുവിൽ, യഹോവയുടെ സംഘടനയുമായി സഹവസിക്കാനുള്ള എന്റെ സ്വപ്‌നം പൂവണിഞ്ഞതുപോലെ എനിക്കു തോന്നി! സങ്കടകരമെന്നു പറയട്ടെ, എന്റെ ഭർത്താവ്‌ ഞാൻ കൈക്കൊണ്ട നിലപാടിനെ എതിർത്തു.

ആ സമയമായപ്പോഴേക്കും ഞങ്ങൾക്കു രണ്ടു മക്കൾ ജനിച്ചിരുന്നു. 1992-ൽ നട്ടെല്ലിൽ ഒരു ശസ്‌ത്രക്രിയ നടത്തിയതിനെ തുടർന്ന്‌ ആറു മാസം എനിക്ക്‌ ആശുപത്രിയിൽ കിടക്കേണ്ടിവന്നു. ജീവിതത്തിലെ ആ ക്ലേശകരമായ ഘട്ടത്തിൽ വിസ്‌മയാവഹമായ ഒരു കാര്യം സംഭവിച്ചു: എന്റെ മകനായ പാവ്‌യിൽ യഹോവയുടെ പക്ഷത്ത്‌ നിലയുറപ്പിക്കുകയും 1993-ൽ കീയെഫിൽ നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ സ്‌നാപനമേൽക്കുകയും ചെയ്‌തു. കാലാന്തരത്തിൽ ഞാൻ സുഖം പ്രാപിച്ചു, വീണ്ടും എഴുന്നേറ്റു നടക്കാമെന്ന അവസ്ഥയായി. 1995-ൽ ഞാനും യഹോവയ്‌ക്കുള്ള എന്റെ സമർപ്പണത്തെ പ്രതീകപ്പെടുത്തി.

ഇന്ന്‌ എന്റെ കുടുംബത്തിലെ പലരും സാക്ഷികളാണ്‌, അതിനായി ഞാൻ യഹോവയോടും അചഞ്ചലമായ വിശ്വാസം പുലർത്തുന്നതിൽ മാതൃകവെച്ച അമ്മയോടും നന്ദിയുള്ളവളാണ്‌. എന്റെ പ്രിയപ്പെട്ട അച്ഛനും മരിക്കുന്നതിനു മുമ്പ്‌ യഹോവയുടെ ദാസരിൽ ഒരാളായിത്തീർന്നു എന്നു പറയുന്നതിൽ എനിക്ക്‌ അങ്ങേയറ്റം സന്തോഷമുണ്ട്‌.

[117, 118 പേജുകളിലെ ചതുരം/ചിത്രം]

യഹോവ ചെയ്‌ത ത്യാഗത്തിന്റെ മുമ്പിൽ ഞങ്ങളുടേത്‌ ഒന്നുമല്ല

മിഹൈ ഉർസോയ്‌

ജനനം: 1927

സ്‌നാപനം: 1945

സംക്ഷിപ്‌ത വിവരം: ഫാസിസ്റ്റു കളും കമ്മ്യൂണിസ്റ്റുകാരും പീഡിപ്പിച്ചു.

ഞാൻ 1941-ൽ സുവാർത്തയുടെ ഒരു പ്രസാധകനായി. 1942-ൽ, 15-ാം വയസ്സിൽ ഞാൻ പ്രാദേശിക സ്‌കൂളിൽ സൈനിക പരിശീലനം നേടാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. റൊമേനിയൻ രാജാവായ മൈക്കിളിന്റെയും ജനറൽ ആന്റോനെസ്‌കൂവിന്റെയും കന്യാമറിയത്തിന്റെയും ചിത്രങ്ങൾ ക്ലാസ്‌മുറിയിൽ തൂക്കിയിട്ടിരുന്നു. ക്ലാസ്‌മുറിയിൽ പ്രവേശിക്കുമ്പോൾ ഞങ്ങൾ ആ ചിത്രങ്ങൾക്കു മുമ്പിൽ കുമ്പിട്ട്‌ കുരിശു വരയ്‌ക്കണമായിരുന്നു. ഞങ്ങളിൽ മൂന്നു പേർ അതിനു വിസമ്മതിച്ചു.

അതിന്റെ പേരിൽ സ്ഥലത്തെ പോലീസ്‌ ക്രൂരമായി ഞങ്ങളെ മർദിച്ചു. രാത്രി ഞങ്ങൾ സ്‌കൂളിലാണു ചെലവഴിച്ചത്‌. രാവിലെ ഞങ്ങളെ കോർഷെയുറ്റ്‌സിലേക്ക്‌ അയച്ചു, അവിടെ വീണ്ടും ഞങ്ങൾക്കു മർദനം ഏൽക്കേണ്ടി വന്നു. കോർഷെയുറ്റ്‌സിൽനിന്നു ഞങ്ങളെ പിന്നെയും വേറെ ചില സ്ഥലങ്ങളിലേക്കു കൊണ്ടുപോയി. അതിനുശേഷം സൈനിക വിചാരണയ്‌ക്കായി ഏതാണ്ട്‌ 100 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തേക്കു കാൽനടയായി അയച്ചു. ആ നടത്തത്തിനിടയ്‌ക്ക്‌ എന്റെ കാലുകൾ പൊട്ടി ചോരയൊലിക്കാൻ തുടങ്ങി. ഒടുവിൽ ശിക്ഷയൊന്നും നൽകാതെ എന്നെ വീട്ടിലേക്കു തിരിച്ചയച്ചു, എന്റെ പ്രായം കണക്കിലെടുത്തായിരുന്നു അതെന്നു തോന്നുന്നു.

എനിക്ക്‌ 18 വയസ്സുള്ളപ്പോൾ സോവിയറ്റ്‌ അധികാരികൾ എന്നെ നിർബന്ധമായി സൈന്യത്തിൽ ചേർക്കാൻ ശ്രമിച്ചു. വീണ്ടും ഞാൻ എന്റെ നിഷ്‌പക്ഷ നിലപാടിൽ വിട്ടുവീഴ്‌ച ചെയ്യാൻ വിസമ്മതിച്ചു. അതിന്‌ അവർ മൃഗീയമായി എന്നെയും സുഹൃത്തായ ഗ്യോർഗെ നിമെൻകോയെയും മർദിച്ചു. ആ മർദനത്തിൽനിന്നേറ്റ പരിക്കുകളുടെ ഫലമായി ആറ്‌ ആഴ്‌ച കഴിഞ്ഞപ്പോൾ ഗ്യോർജെ മരിച്ചു. എന്നെ വീണ്ടും വീട്ടിലേക്ക്‌ അയച്ചു, ഇപ്രാവശ്യവും അത്‌ എന്റെ പ്രായം കണക്കിലെടുത്തായിരുന്നെന്നു തോന്നുന്നു. 1947-ൽ സോവിയറ്റുകാർ എന്നെ വീണ്ടും അറസ്റ്റു ചെയ്‌തു. ഇത്തവണ ഞാൻ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചാൽ എന്നെ വെടിവെച്ചു കൊല്ലുമെന്ന്‌ അവർ ഭീഷണിപ്പെടുത്തി. എന്നാൽ അതിനു പകരം അവർ എന്നെ രണ്ടു മാസം ഏകാന്ത തടവിൽ പാർപ്പിക്കുകയാണ്‌ ഉണ്ടായത്‌. അതിനുശേഷം അവർ എന്നെ വോൾഗ-ഡോൺ കനാൽ പദ്ധതിയിൽ നിർബന്ധ തൊഴിൽ ചെയ്യാൻ അയച്ചു. ആ വേല അപകടരമായ ഒന്നായിരുന്നു. അവിടെവെച്ച്‌ പലർക്കും തങ്ങളുടെ ജീവൻ നഷ്ടമായിട്ടുണ്ട്‌. ഒരിക്കൽ നിരവധി പേരുടെ മരണത്തിന്‌ ഇടയാക്കിയ അപകടത്തിൽനിന്ന്‌ പരിക്കുപറ്റാതെ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ട എന്നെ മൊൾഡോവയിലെ എന്റെ ഭവനത്തിലേക്കു തിരിച്ചയച്ചു.

അവിടെവെച്ച്‌ ഞാൻ വ്യീറ എന്ന പെൺകുട്ടിയെ വിവാഹം ചെയ്‌തു. 1951-ൽ ഞാനും ഗർഭിണിയായ ഭാര്യയും നാടുകടത്തപ്പെട്ടു. ആദ്യം ട്രെയിനിലും പിന്നെ ബോട്ടിലും യാത്ര ചെയ്‌താണു ഞങ്ങൾ സൈബീരിയയിലെ വനപ്രദേശത്ത്‌ എത്തിയത്‌. അവിടെ മരംവെട്ടലായിരുന്നു എന്റെ പണി. ഒരു മുറിയിൽ വേറെ 16 പേരോടൊപ്പമാണു ഞാനും വ്യീറയും കഴിഞ്ഞത്‌. സന്തോഷകരമെന്നു പറയട്ടെ, 1959-ൽ മൊൾഡോവയിലെ വീട്ടിലേക്കു തിരിച്ചുപോകാൻ ഞങ്ങൾക്ക്‌ അനുവാദം ലഭിച്ചു.

ദുഷ്‌കരമായ ആ കാലഘട്ടത്തിലും തുടർന്നും എന്നെ ശക്തിപ്പെടുത്തിയ അനേകം ഘടകങ്ങൾ ഉണ്ടായിരുന്നു. വിശ്വാസം പ്രകടമാക്കുന്നതിൽ എന്റെ ജ്യേഷ്‌ഠനായ യോൻ വെച്ച മാതൃകയായിരുന്നു ഒന്ന്‌. (89-ാം പേജ്‌ കാണുക.) അദ്ദേഹത്തെ മരണശിക്ഷയ്‌ക്കു വിധിച്ചു. ശിക്ഷയിൽ പിന്നീട്‌ ഇളവു ലഭിക്കുമെന്ന്‌ അപ്പോൾ അദ്ദേഹത്തിന്‌ അറിയില്ലായിരുന്നു. മരണം ഉറപ്പായിരുന്നിട്ടും വിട്ടുവീഴ്‌ച ചെയ്യാൻ അദ്ദേഹം കൂട്ടാക്കിയില്ല. യഹോവയുടെ നാമത്തിനായി ഞാനും എന്റെ ഭാര്യയും പരിശോധനകൾ സഹിച്ച സമയത്തൊക്കെയും അവൻ ഞങ്ങളെ കാത്തുപരിപാലിച്ചതിനെ കുറിച്ചു ചിന്തിക്കുന്നതും എനിക്കു ശക്തി പകരുന്നു. എന്നാൽ, നമുക്കു മറുവിലയായി മരിക്കാൻ തന്റെ പുത്രനെ അയയ്‌ക്കുകവഴി യഹോവ ചെയ്‌ത ത്യാഗത്തിന്റെ മുമ്പിൽ ഞങ്ങളുടേത്‌ ഒന്നുമല്ല. ആ അതുല്യ ക്രമീകരണത്തെ കുറിച്ചു ധ്യാനിക്കുന്നത്‌ ഓരോ ദിവസവും സന്തോഷത്തോടെയിരിക്കാൻ എന്നെ സഹായിക്കുന്നു.

[121-123 പേജുകളിലെ ചതുരം/ചിത്രം]

യഹോവയുടെ ആർദ്ര പരിപാലനം ഞാൻ അനുഭവിച്ചറിഞ്ഞു

മിഹായിലീന ഗ്യോർഗിറ്റ്‌സ

ജനനം: 1930

സ്‌നാപനം: 1947

സംക്ഷിപ്‌ത വിവരം: നിരോധന കാലത്ത്‌ ഒരു സന്ദേശവാ ഹകയായും പരിഭാഷക യായും ജോലി ചെയ്‌തു.

ഞാൻ 1945-ൽ സത്യം പഠിച്ചു. എന്റെ ഗ്രാമമായ ഗ്ലോഡെന്യയിലും അയൽഗ്രാമമായ പെട്രൂന്യായിലും സുവാർത്ത പങ്കുവെക്കുന്നതു ഞാൻ ആസ്വദിച്ചിരുന്നു. ഞാൻ സ്‌കൂളിൽ സാക്ഷീകരിച്ചിട്ടുണ്ടായിരുന്നതിനാൽ സ്‌കൂൾ അധികൃതർ എനിക്കു ഡിപ്ലോമ നൽകാൻ വിസമ്മതിച്ചു. എങ്കിലും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ റൊമേനിയ, യൂക്രെയിൻ എന്നീ ഭാഷകളിൽനിന്നു റഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്യുന്നതിനായി എനിക്കു ലഭിച്ച വിദ്യാഭ്യാസം ഉപയോഗപ്പെടുത്താൻ എനിക്കു സന്തോഷമായിരുന്നു.

ഞാൻ സ്‌നാപനമേറ്റ്‌ അധികം കഴിയുന്നതിനു മുമ്പ്‌, പരിഭാഷവേല ചെയ്‌തതിനു ഞാൻ പോലീസിന്റെ പിടിയിലായി. ആർട്ടിക്‌ വൃത്തത്തിന്റെ വടക്കുള്ള വോർക്കൂറ്റയിൽ 25 വർഷത്തെ നിർബന്ധ തൊഴിലിന്‌ എന്നെ ശിക്ഷിച്ചു. അവിടെ ഒട്ടനവധി സഹോദരിമാർ ഉണ്ടായിരുന്നു. ദുഷ്‌കരമായ ആ സാഹചര്യത്തിലും ഞങ്ങൾ പ്രസംഗപ്രവർത്തനം തുടർന്നു, സാഹിത്യങ്ങൾ സംഘടിപ്പിക്കാനും ഞങ്ങൾക്കു കഴിഞ്ഞിരുന്നു. വാസ്‌തവത്തിൽ, ക്യാമ്പിനുള്ളിൽ ഉപയോഗിക്കുന്നതിനുള്ള സാഹിത്യങ്ങൾ ഉത്‌പാദിപ്പിക്കുന്നതിനു പോലും ഞങ്ങൾക്കു സാധിച്ചിരുന്നു.

ഒരു ദിവസം ഞാൻ ഒരു യുവതിയെ കണ്ടുമുട്ടി. അവൾ ഒരു സാക്ഷിയാണെന്ന്‌ അധികാരികൾ തെറ്റിദ്ധരിച്ചതു മൂലമാണ്‌ അവൾ അറസ്റ്റു ചെയ്യപ്പെട്ടത്‌. ആവശ്യമെങ്കിൽ തന്റെ ജനത്തെ വിടുവിക്കാനുള്ള ശക്തി യഹോവയ്‌ക്കുള്ളതിനാൽ ദൈവത്തിന്റെ വചനം പരിശോധിക്കാൻ ഞാൻ അവളോടു പറഞ്ഞു. കാലാന്തരത്തിൽ, അവൾ ബൈബിളധ്യയനം സ്വീകരിക്കുകയും നമ്മുടെ സഹോദരിമാരിൽ ഒരാളായിത്തീരുകയും ചെയ്‌തു. അധികം കഴിഞ്ഞില്ല, ശിക്ഷാവിധി പൂർത്തിയാക്കുംമുമ്പേ അവൾ ക്യാമ്പിൽനിന്നു മോചിതയായി.

പിന്നീട്‌ കസാഖ്‌സ്ഥാനിലെ കാരഗാൻഡയിലേക്ക്‌ എന്നെ മാറ്റി. ഒടുവിൽ, 1956 ജൂലൈ 5-ന്‌ ഞാനും മോചിതയായി. ഞാൻ ടോംസ്‌ക്കിലേക്കു താമസം മാറ്റി. അവിടെ ഞാൻ അലെക്‌സാൻഡ്രൂ ഗിയോർഗിറ്റയെ കണ്ടുമുട്ടി. ഞങ്ങൾ വിവാഹിതരായി. അദ്ദേഹം തന്റെ വിശ്വാസത്തെ പ്രതി ആറു വർഷം തടവിൽ കഴിഞ്ഞിരുന്നു. രഹസ്യ പോലീസ്‌ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ട്‌ എന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ സൈബീരിയയിലെ വിശാലമായ പ്രദേശത്തു ഞങ്ങൾ പ്രസംഗവേല തുടർന്നു. അടുത്തതായി ഞങ്ങൾ ഇർക്കൂറ്റ്‌സ്‌ക്കിലേക്കു താമസം മാറി, ബൈക്കൽ തടാകത്തിന്റെ അൽപ്പം പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ്‌ അത്‌. അവിടെ ഞങ്ങൾ രഹസ്യമായി സാഹിത്യങ്ങൾ ഉത്‌പാദിപ്പിക്കുന്നതിൽ തുടർന്നു. താമസിയാതെ, ഞങ്ങൾ കിർഗിസ്ഥാനിലെ ബിഷകെക്കിലും സേവിച്ചു. ജാഗ്രതയോടെ ആയിരുന്നു സാക്ഷീകരണത്തിൽ ഏർപ്പെട്ടിരുന്നതെങ്കിലും അലെക്‌സാൻഡ്രൂ പിടിയിലായി, അദ്ദേഹത്തെ പത്തു വർഷത്തെ തടവിനു വിധിച്ചു.

അലെക്‌സാൻഡ്രൂ വിചാരണ കാത്തു തടവിൽ കഴിയവേ പ്രോസിക്യൂഷൻ അറ്റോർണി എനിക്ക്‌ അദ്ദേഹത്തെ ചെന്നു കാണാൻ അനുവാദം നൽകി. ഇത്‌ സാധാരണ സമ്മതിക്കാത്ത ഒരു കാര്യമായിരുന്നതിനാൽ അദ്ദേഹം എന്തിനാണ്‌ എന്നോട്‌ ഈ ദയ കാണിച്ചത്‌ എന്നു ഞാൻ ചോദിച്ചു. “നിങ്ങൾ ഇരുവരും ചെറുപ്പമല്ലേ, പോരാത്തതിന്‌ ഒരു കുഞ്ഞുമുണ്ട്‌. നിങ്ങൾ തീരുമാനത്തിൽ മാറ്റം വരുത്തിയാലോ?” ഞാനും അലെക്‌സാൻഡ്രൂവും വളരെ മുമ്പേ തന്നെ യഹോവയെ സേവിക്കാൻ തീരുമാനിച്ചിരിക്കുന്നവരാണെന്നും വിശ്വസ്‌തരായി നിലകൊള്ളാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുകയാണെന്നും ഞാൻ അറിയിച്ചു. അദ്ദേഹം പ്രതിവചിച്ചു: “ജീവനുള്ള നായാണ്‌ ചത്ത സിംഹത്തെക്കാൾ നല്ലതെന്ന്‌ നിങ്ങളുടെ ബൈബിൾതന്നെ പറയുന്നില്ലേ?” (സഭാ. 9:4) “ശരിയാണ്‌, പക്ഷേ നിങ്ങൾ പറയുന്ന തരത്തിലുള്ള ജീവനുള്ള നായ്‌ ദൈവത്തിന്റെ പുതിയ ലോകം അവകാശമാക്കുകയില്ല,” ഞാൻ പറഞ്ഞു.

അലെക്‌സാൻഡ്രൂ അദ്ദേഹത്തിന്റെ പത്തു വർഷത്തെ ശിക്ഷാവിധി പൂർത്തിയാക്കി, കൂടാതെ ഒരു വർഷം അദ്ദേഹത്തിനു വീട്ടുതടങ്കലിലും കഴിയേണ്ടിവന്നു. അദ്ദേഹം മോചിതനായ ശേഷം ഞങ്ങൾ വേലയിൽ സഹായിക്കാനായി കസാഖ്‌സ്ഥാനിലേക്കും തുടർന്ന്‌ ഉസ്‌ബക്കിസ്ഥാനിലേക്കും താമസം മാറി. ഒടുവിൽ 1983-ൽ ഞങ്ങൾ മൊൾഡോവയിലേക്കു തിരിച്ചുവന്നു, വിവിധ സ്ഥലങ്ങളിലെ പരമാർഥഹൃദയരായ ആളുകളെ യഹോവയെ കുറിച്ചു പഠിക്കാൻ സഹായിക്കാനുള്ള അതുല്യ പദവി ലഭിച്ചതിൽ അതീവ സന്തുഷ്ടരായി.

ഭൂതകാലത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ എന്റെ ജീവിതം എപ്പോഴും സുഗമമായിരുന്നില്ല എന്നു ഞാൻ തികച്ചും സമ്മതിക്കുന്നു. പക്ഷേ സാക്ഷികളല്ലാത്ത എന്റെ അയൽക്കാരുടെ അവസ്ഥയും മറിച്ചായിരുന്നില്ല. അവർക്കും അനേകം പ്രശ്‌നങ്ങൾ സഹിക്കേണ്ടിവന്നിട്ടുണ്ട്‌. എന്നാൽ, ഞങ്ങൾ കഷ്ടതകൾ സഹിച്ചതു സുവാർത്ത നിമിത്തമാണ്‌ എന്ന വ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ട്‌ യഹോവയുടെ ആർദ്ര സംരക്ഷണവും കരുതലും അനുഭവിച്ചറിയാൻ ഞങ്ങൾക്കു കഴിഞ്ഞു. സർവോപരി, പരിശോധനകൾക്കപ്പുറം മഹത്തായ ഒരു നിത്യഭാവി ഞങ്ങൾക്കു കാണാൻ കഴിയുന്നു.

[80, 81 പേജുകളിലെ ചാർട്ട്‌/ഗ്രാഫ്‌]

മൊൾഡോവ സുപ്രധാന സംഭവങ്ങൾ

1891: സി. റ്റി. റസ്സൽ ബെസാറേബിയ യിലെ (ഇപ്പോൾ മൊൾഡോവയിലെ കിഷിനൗ) കിഷിനെവ്‌ സന്ദർശിക്കുന്നു.

1895

1921: 200-ലധികം പേർ ബൈബിൾ സത്യം സ്വീകരിച്ചതായി വാർഷിക റിപ്പോർട്ടു സൂചിപ്പിക്കുന്നു.

1922: കോർഷെയൂറ്റ്‌സിൽ നിർമിക്ക പ്പെട്ട ആദ്യത്തെ “യോഗങ്ങൾക്കു വേണ്ടിയുള്ള ആലയം.”

1925: ബൈബിൾ വിദ്യാർഥികളുടെ വേല നിരോധിക്കപ്പെടുന്നു.

1930

1940: റൊമേനിയ ബെസാറേബിയയെ യുഎസ്‌എസ്‌ആർ-നു വിട്ടുകൊടുക്കുന്നു, അതിന്‌ മൊൾഡേവിയൻ എസ്‌എസ്‌ആർ എന്ന പേരു ലഭിക്കുന്നു.

1941: റൊമേനിയ മൊൾഡോവ തിരിച്ചുപിടിക്കുന്നു. ഫാസിസവും യുദ്ധഭ്രാന്തും സാക്ഷികളെ പീഡിപ്പിക്കുന്നതിലേക്കു നയിക്കുന്നു.

1944: യുഎസ്‌എസ്‌ആർ വീണ്ടും മൊൾഡോവ പിടിച്ചടക്കുന്നു. പീഡനം തുടരുന്നു.

1949: സോവിയറ്റ്‌ അധികാരികൾ യഹോവയുടെ സാക്ഷികളെയും മറ്റുള്ളവരെയും നാടുകടത്താൻ തുടങ്ങുന്നു.

1951: സ്റ്റാലിൻ ഓപ്പറേഷൻ നോർത്തിനു തുടക്കമിടുന്നു.

1960-കൾ: കെജിബി ദൈവജനത്തിനിടയിൽ കലഹവും ഭിന്നിപ്പും ഉണ്ടാക്കാൻ ശ്രമിക്കുന്നു.

1965

1989: സാക്ഷികൾ കൂടുതലായ മതസ്വാത ന്ത്ര്യം ആസ്വദിക്കുന്നു. മൊൾഡോവൻ പ്രതിനിധികൾ പോളണ്ടിൽ നടക്കുന്ന കൺവെൻഷനുകളിൽ പങ്കെടുക്കുന്നു.

1991: മൊൾഡേവിയൻ എസ്‌എസ്‌ആർ-ന്‌ മൊൾഡോവ റിപ്പബ്ലിക്ക്‌ എന്ന പേരു ലഭിക്കുന്നു. ആദ്യമായി സർക്കിട്ട്‌ സമ്മേളനങ്ങൾ നടത്തുന്നു. ഹെഡ്‌ക്വാർട്ടേഴ്‌സിൽനിന്നുള്ള ഒരു പ്രതിനിധി ആദ്യമായി മേഖല സന്ദർശനം നടത്തുന്നു.

1994: യഹോവയുടെ സാക്ഷികൾക്ക്‌ നിയമപരമായ അംഗീകാരം ലഭിക്കുന്നു. ആദ്യത്തെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ കിഷിനൗവിൽ നടക്കുന്നു.

2000

2000: കിഷിനൗവിലെ പുതിയ ബെഥേൽ ഭവനത്തിന്റെ സമർപ്പണം

2003: മൊൾഡോവയിൽ 18,473 സജീവ പ്രസാധകരുണ്ട്‌

[ഗ്രാഫ്‌]

(പ്രസിദ്ധീകരണം കാണുക)

മൊത്തം പ്രസാധകർ

മൊത്തം പയനിയർമാർ

20,000

10,000

1895 1930 1965 2000

[73-ാം പേജിലെ മാപ്പുകൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

യൂക്രെയിൻ

മൊൾഡോവ

ബ്രിചെന്യ

ടാബാന്യ

ലിപ്‌കാന്യ

ഷിറൗറ്റ്‌സ്‌

കോർഷെയൂറ്റ്‌സ്‌

റ്റ്‌സാവൂൾ

ഫെറ്റെഷ്‌റ്റ്‌

സൊറോക്ക

ബാൾട്‌സ്‌

പെട്രൂനിയ

കിഷിനൗ

കൗസെന്നി

നീസ്റ്റർ നദി

പ്രൂട്ട്‌ നദി

റൊമേനിയ

യാഷി

[66-ാം പേജിലെ ചിത്രം]

[74-ാം പേജിലെ ചിത്രം]

ഇലിയ ഗ്രോസ, മൊൾഡോവയിലെ ആദ്യകാല സാക്ഷികളിൽ ഒരാൾ

[75-ാം പേജിലെ ചിത്രം]

ടൂഡോർ ഗ്രോസ

[78-ാം പേജിലെ ചിത്രം]

യോവാന ഗ്രോസ

[92-ാം പേജിലെ ചിത്രങ്ങൾ]

പാർഫിൻ പാലാമാർച്ചുക്കും മകൻ നിക്കോളൈയും

[93-ാം പേജിലെ ചിത്രം]

വാസിലി ഗെർമാൻ

[94-ാം പേജിലെ ചിത്രം]

നിക്കോളൈ ആനിസ്‌ക്കെവിച്ച്‌

[95-ാം പേജിലെ ചിത്രം]

മാരിയാ ഗെർമാൻ

[96-ാം പേജിലെ ചിത്രങ്ങൾ]

സാക്ഷികളെ സൈബീരിയയിലേക്കു കൊണ്ടുപോകാൻ ഉപയോഗിച്ച ചരക്കുവണ്ടികൾ

[98-ാം പേജിലെ ചിത്രം]

ഇവാൻ മിക്കിറ്റ്‌കോവ്‌

[99-ാം പേജിലെ ചിത്രം]

കോൺസ്റ്റാന്റിൻ ഷെബെ

[107-ാം പേജിലെ ചിത്രങ്ങൾ]

നിക്കോളൈ വോലോഷാനോവ്‌സ്‌ക്കിയും “ഇരട്ട അറ” എന്ന പത്രികയും

[111-ാം പേജിലെ ചിത്രം]

ഗ്യോർഗെ ഗോരോബെറ്റ്‌സ്‌

[126-ാം പേജിലെ ചിത്രം]

ഫെറ്റെഷ്‌റ്റിലെ സമ്മേളന ഹാൾ

[131-ാം പേജിലെ ചിത്രം]

മൊൾഡോവ കൺട്രി കമ്മിറ്റി, ഇടത്തുനിന്ന്‌: ഡേവിഡ്‌ ഗ്രോസെസ്‌ക്കൂ, അനാറ്റോലെ ക്രാവ്‌സ്യൂക്ക്‌, റ്റിബെര്യൂ കോവാക്‌സ്‌