വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകവ്യാപക റിപ്പോർട്ട്‌

ലോകവ്യാപക റിപ്പോർട്ട്‌

ലോകവ്യാപക റിപ്പോർട്ട്‌

യൂറോപ്പ്‌

ദേശങ്ങളുടെ എണ്ണം: 46

ജനസംഖ്യ: 72,81,62,887

പ്രസാധകരുടെ എണ്ണം: 14,76,554

ബൈബിളധ്യയനങ്ങളുടെ എണ്ണം: 6,97,044

ചില ആളുകളെ സംബന്ധിച്ചിടത്തോളം സത്യം മനസ്സിലാക്കിക്കഴിഞ്ഞും യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുന്നതിന്‌ കൂടുതൽ സമയം വേണ്ടിവന്നേക്കാം. 1951-ൽ സ്റ്റെപ്പോനസ്‌ കസാഖ്‌സ്ഥാനിലെ ഒരു ക്യാമ്പിൽ രാഷ്‌ട്രീയ കുറ്റവാളിയെന്ന നിലയിൽ തടവിലായിരുന്നു. വീക്ഷാഗോപുരം മാസിക അച്ചടിച്ചതിന്‌ തടവിലായ ലിത്വാനിയയിൽ നിന്നുളള തീക്ഷ്‌ണതയുള്ള ഒരു യുവസാക്ഷിയായ എഡ്വാർഡസിനൊപ്പമായിരുന്നു സ്റ്റെപ്പോനസ്‌ അവിടെ ജോലി ചെയ്‌തിരുന്നത്‌. എഡ്വാർഡസ്‌ തന്റെ ബൈബിളധിഷ്‌ഠിത പ്രത്യാശ പങ്കുവെച്ചപ്പോൾ താൻ സത്യം കണ്ടെത്തിയെന്ന്‌ അദ്ദേഹത്തിനു ബോധ്യമായി. 1955-ൽ സ്റ്റെപ്പോനസിനെ വിട്ടയച്ചു. പിരിയുമ്പോൾ എഡ്വാർഡസ്‌ ഇങ്ങനെ പറഞ്ഞു: “എന്നെങ്കിലും ഒരിക്കൽ നമുക്കു വീണ്ടും കണ്ടുമുട്ടാൻ കഴിഞ്ഞേക്കും.” സ്റ്റെപ്പോനസ്‌ സ്‌നാപനമേറ്റിരുന്നില്ല എങ്കിലും അദ്ദേഹം യഹോവയുടെ സാക്ഷിയാണെന്നാണ്‌ സോവിയറ്റ്‌ രാഷ്‌ട്ര സുരക്ഷാ സമിതി വിശ്വസിച്ചിരുന്നത്‌. പോലീസ്‌ അദ്ദേഹത്തിന്റെ അപ്പാർട്ട്‌മെന്റ്‌ പരിശോധിച്ച്‌ സഹോദരങ്ങളുടെ മേൽവിലാസം അടങ്ങിയ പേപ്പറുകൾ പിടിച്ചെടുത്തു. അതോടെ അദ്ദേഹത്തിനു ദൈവജനവുമായുള്ള സമ്പർക്കം നഷ്ടമായി.

നാൽപ്പത്തേഴ്‌ വർഷം കടന്നുപോയി. ആ കാലയളവിൽ വടക്കൻ ലിത്വാനിയയിലെ ഒരു ചെറിയ ഗ്രാമത്തിലാണ്‌ സ്റ്റെപ്പോനസ്‌ താമസിച്ചിരുന്നത്‌. അവിടെ സാക്ഷികളാരും ഇല്ലായിരുന്നു. 2002-ലെ വസന്തകാലത്ത്‌ അദ്ദേഹം എങ്ങനെയോ ചില സാഹിത്യങ്ങൾ സംഘടിപ്പിക്കുകയും കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകം ആവശ്യപ്പെട്ടുകൊണ്ട്‌ ലിത്വാനിയയിലെ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ കൂപ്പൺ അയയ്‌ക്കുകയും ചെയ്‌തു. “സഹോദരങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാമെന്നുള്ള പ്രതീക്ഷയിലാണ്‌ ഞാൻ കൂപ്പൺ അയച്ചത്‌,” അദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹത്തെ കാണുന്നതിനും ബൈബിളധ്യയനം ആരംഭിക്കുന്നതിനുമായി ഒരു പ്രത്യേക പയനിയർ ദമ്പതികൾ നിയോഗിക്കപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ, 80-ാം വയസ്സിൽ സ്റ്റെപ്പോനസ്‌ സ്‌നാപനമേറ്റു.

“എന്നെങ്കിലും ഒരിക്കൽ നമുക്കു വീണ്ടും കണ്ടുമുട്ടാൻ കഴിഞ്ഞേക്കും” എന്ന്‌ ഏതാണ്ട്‌ അമ്പതു വർഷം മുമ്പ്‌ പറഞ്ഞ എഡ്വാർഡസിനെ അദ്ദേഹം എന്നെങ്കിലും കണ്ടുമുട്ടിയോ? തീർച്ചയായും! അദ്ദേഹത്തിന്റെ സ്‌നാപനത്തിന്റെ പിറ്റേ ദിവസം, ഇപ്പോൾ ആത്മീയ സഹോദരന്മാർ ആയിത്തീർന്ന അവർ സന്തോഷാധിക്യത്തോടെ ഊഷ്‌മളമായി പരസ്‌പരം ആശ്ലേഷിച്ചു.

ബ്രിട്ടനിൽ, 11 വയസ്സുള്ള, സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകരായ ടിമ്മും സാമും ടിമ്മിന്റെ അമ്മയോടൊത്ത്‌ വയൽസേവനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കുട്ടികളുടെ ബൈബിളും സാഹിത്യങ്ങളും കൊണ്ടുപോകാൻ പുതിയ ബാഗു വാങ്ങാൻ അവർക്കു പണം ഉണ്ടായിരുന്നില്ല. അന്നത്തെ വയൽസേവനം തുടങ്ങുന്നതിനുമുമ്പ്‌ അവരുടെ അമ്മമാർ അക്കാര്യത്തെ കുറിച്ചു പ്രാർഥിച്ചിരുന്നു. അന്നു രാവിലെ അവസാനമായി പ്രവർത്തിക്കേണ്ടിയിരുന്ന വീട്ടിൽ ടിമ്മാണ്‌ വീട്ടുകാരിയോടു സംസാരിച്ചത്‌. അവൻ ഒരു ബൈബിൾ വാക്യം വായിച്ചു കേൾപ്പിക്കുകയും ചെയ്‌തു. ആ സ്‌ത്രീ ഇടയ്‌ക്കുകയറി ‘നിങ്ങൾ ഏതു മതക്കാരാണ്‌’ എന്നു ചോദിച്ചു. തങ്ങൾ യഹോവയുടെ സാക്ഷികളാണ്‌ എന്ന്‌ ടിം പറഞ്ഞപ്പോൾ അവർ വല്ലാതെ ക്ഷോഭിക്കുകയും രക്തപ്പകർച്ച നടത്താൻ വിസമ്മതിച്ചുകൊണ്ട്‌ തങ്ങളുടെ മക്കൾ മരിക്കാൻ സാക്ഷികൾ അനുവദിക്കുന്നതിന്റെ കാരണം തനിക്കു മനസ്സിലാകുന്നില്ലെന്നു പറയുകയും ചെയ്‌തു.

കുട്ടികൾക്ക്‌ അതു സംബന്ധിച്ച്‌ എന്തു തോന്നുന്നു എന്ന്‌ അവരോടു ചോദിക്കാൻ ടിമ്മിന്റെ അമ്മ ആ സ്‌ത്രീയോടു പറഞ്ഞു. താൻ ഒരിക്കലും ബൈബിൾ പരിശീലിത മനസ്സാക്ഷിക്കു വിരുദ്ധമായി പ്രവർത്തിക്കില്ലെന്നും എന്നാൽ എല്ലായ്‌പോഴും പകരം ചികിത്സ തേടുമെന്നും അവരുടെ ചോദ്യത്തിന്‌ ഉത്തരമായി ടിം വിശദീകരിച്ചു. തന്റെ ചേച്ചി പകരം ചികിത്സ തേടിയതുകൊണ്ട്‌ രക്തം സ്വീകരിച്ച രോഗികളെക്കാൾ വേഗത്തിൽ സുഖം പ്രാപിച്ചെന്ന്‌ സാം കൂട്ടിച്ചേർത്തു.

വീട്ടുകാരി വീണ്ടും ടിമ്മിന്റെ അമ്മയുടെ നേരെ തിരിഞ്ഞു. ഇപ്രാവശ്യം അവരുടെ പരാതി കൊച്ചുകുട്ടികളെ വീടുതോറും കൊണ്ടുനടക്കുന്നു എന്നതായിരുന്നു. എന്നാൽ തങ്ങൾ ഇരുവരും പ്രസംഗവേല നന്നായി ആസ്വദിക്കുന്നുണ്ടെന്ന്‌ കുട്ടികൾ പറഞ്ഞു. മാത്രമല്ല, തങ്ങളുടെ സമപ്രായക്കാരെ പോലെ തെരുവിലൂടെ അലഞ്ഞുതിരിയുന്നതിനെക്കാൾ അതാണ്‌ ഇഷ്ടപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അവരുടെ മറുപടിയിൽ മതിപ്പുതോന്നിയ വീട്ടുകാരി അവരോട്‌ ഒരു നിമിഷം കാത്തിരിക്കാൻ പറഞ്ഞിട്ട്‌ അകത്തേക്കു പോയി. അവർ തിരിച്ചുവന്ന്‌ ഇരുവർക്കും തുകൽകൊണ്ടുള്ള മേന്മയേറിയ ഓരോ പുതിയ ബാഗു സമ്മാനിച്ചപ്പോൾ അവരുടെ അത്ഭുതത്തിന്‌ അതിരില്ലായിരുന്നു! വയൽസേവനത്തിനു കൊണ്ടുപോകാൻ പറ്റിയ ബാഗ്‌ ആയിരുന്നു അത്‌. ആ സ്‌ത്രീയുടെ തൊഴിൽ ബാഗു വിൽപ്പനയായിരുന്നു. അവരുടെ മനോഭാവത്തിൽ വന്ന ഈ മാറ്റം നിമിത്തം ഒരു മടക്കസന്ദർശനം ക്രമീകരിക്കാനും കുട്ടികൾക്കു കഴിഞ്ഞു. അവർ പോകാനിറങ്ങിയപ്പോൾ നടന്നതെല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്ന, വീട്ടുകാരിയുടെ 94 വയസ്സുള്ള മാതാവ്‌, ടിമ്മിന്റെ അമ്മയോട്‌ അവരുടെ വീട്ടിൽ ഒരു സന്ദർശനം നടത്താൻ ആവശ്യപ്പെട്ടു.

പോർച്ചുഗലി വയൽസേവനത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു സഹോദരിമാർ ഒരു ബസ്‌ സ്റ്റോപ്പിൽ പതിച്ചിരുന്ന പിൻവരുന്ന അറിയിപ്പ്‌ ശ്രദ്ധിച്ചു. “ഞാൻ അന്ധവിശ്വാസങ്ങൾ എന്ന വിഷയത്തിലുള്ള ഒരു പ്രബന്ധം തയ്യാറാക്കിക്കൊണ്ടിരിക്കുന്ന മനശ്ശാസ്‌ത്ര വിദ്യാർഥിനിയാണ്‌. നിങ്ങൾക്ക്‌ എന്നെ സഹായിക്കാൻ കഴിയുമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ ഇ-മെയിൽ അയയ്‌ക്കുക . . . ” ആ സഹോദരിമാർ അന്ന്‌ “അന്ധവിശ്വാസങ്ങൾ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?” എന്ന ശീർഷകത്തോടു കൂടിയ വീക്ഷാഗോപുരത്തിലെ ഒരു ലേഖനമാണ്‌ വിശേഷവത്‌കരിച്ചിരുന്നത്‌. അതുകൊണ്ട്‌ മാസികയെ കുറിച്ചുള്ള വിവരം ഉൾപ്പെടുത്തിക്കൊണ്ട്‌ ഇ-മെയിൽ അയയ്‌ക്കാൻ അവർ തീരുമാനിച്ചു.

ഒരാഴ്‌ചയ്‌ക്കു ശേഷം അറിയിപ്പ്‌ പതിച്ചിരുന്ന സ്‌ത്രീയിൽനിന്ന്‌ അവർക്ക്‌ ഇങ്ങനെയൊരു മറുപടി കിട്ടി: “നിങ്ങളുടെ പരിഗണനയ്‌ക്കു നന്ദി. മറുപടി വൈകിയതിൽ ഖേദിക്കുന്നു. നിങ്ങൾ സൂചിപ്പിച്ച മാസിക വായിക്കാൻ എനിക്കു താത്‌പര്യമുണ്ട്‌. ഈ അടുത്ത കാലത്ത്‌, സാക്ഷികൾ എന്നെ സമീപിച്ചപ്പോഴെല്ലാം ഞാൻ ജോലിക്കു പോകാനോ ബസ്സു പിടിക്കാനോ ഉള്ള തിരക്കിൽ ആയിരുന്നു. അതുകൊണ്ട്‌ എനിക്ക്‌ അവരോടു സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. നിങ്ങൾ ബൈബിൾ പഠന കോഴ്‌സുകൾ നടത്തുന്നുണ്ടെന്ന്‌ എനിക്കറിയാം. എനിക്കു പഠിക്കാൻ താത്‌പര്യമുണ്ട്‌.”

സഹോദരിമാർ പറയുന്നു: “ആദ്യസന്ദർശനത്തിൽ അവൾക്കു കുറെയധികം ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ അവൾക്കു പരിജ്ഞാനം പുസ്‌തകം കൊടുക്കുകയും ബൈബിളധ്യയനം ക്രമീകരിക്കുകയും ചെയ്‌തു. അവൾ എപ്പോഴും നന്നായി തയ്യാറായിരിക്കും. ഇപ്പോൾ എല്ലാ സഭായോഗങ്ങൾക്കും ഹാജരാകുന്നുമുണ്ട്‌.”

തെക്കേ ജർമനിയിലുള്ള ഒരു നഗരത്തിലെ സഭയിൽ പ്രസാധികയായ ലീന തെരുവുസാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അപ്പോൾ റ്റാറ്റ്യാന എന്നു പേരുള്ള ഒരു സ്‌ത്രീ അവളെ സമീപിച്ചു. “എന്നെ ഓർക്കുന്നുണ്ടോ?” അവർ ചോദിച്ചു. ഇല്ല എന്ന്‌ ലീന പറഞ്ഞു. “അതിൽ അതിശയിക്കാനൊന്നുമില്ല. നമ്മൾ ഒരിക്കലേ കണ്ടിട്ടുള്ളു, അതും അഞ്ചു വർഷം മുമ്പ്‌” റ്റാറ്റ്യാന വിശദീകരിച്ചു. അവർ തുടർന്നു: “1998-ലെ വസന്ത കാലത്ത്‌ തെരുവിൽവെച്ച്‌ നിങ്ങൾ എനിക്കു ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക തന്നു. ഞാൻ പരുഷമായി പെരുമാറിയെങ്കിലും നിങ്ങളുടെ ദയാപുരസ്സരവും സൗഹൃദപൂർവവുമായ പെരുമാറ്റം ആ ലഘുപത്രിക വീട്ടിൽ കൊണ്ടുപോയി വായിക്കാൻ എന്നെ പ്രേരിപ്പിച്ചു. അതിന്റെ ഉള്ളടക്കം എന്നെ ഏറെ സ്‌പർശിച്ചു.” പിന്നീട്‌ ലീനയെ പരിചയമില്ലാഞ്ഞ രണ്ടു സാക്ഷികൾ റ്റാറ്റ്യാനയെ വീട്ടിൽ സന്ദർശിച്ചു. ലഘുപത്രികയിൽനിന്ന്‌ മനസ്സിലാക്കിയ കാര്യങ്ങൾ നിമിത്തം അവർ ബൈബിളധ്യയനത്തിനു സമ്മതിച്ചു. 2003-ൽ ലീനയെ വീണ്ടും കണ്ടുമുട്ടിയപ്പോഴേക്കും അവർ സ്‌നാപനമേറ്റ ഒരു സാക്ഷിയായിരുന്നു. വാസ്‌തവത്തിൽ, അവർ ഇരുവരും ആ മാസം സഹായ പയനിയറിങ്‌ ചെയ്യുകയായിരുന്നു!

റഷ്യയിലെ പസ്‌കൊഫ്‌ എന്ന സ്ഥലത്തുള്ള ഒരു സഹോദരിക്ക്‌ ബ്രാഞ്ച്‌ ഓഫീസ്‌ ഒറ്റപ്പെട്ട ഒരു പ്രദേശത്തു താമസിക്കുന്ന ഒരാളുടെ വിലാസം അയച്ചുകൊടുത്തു. അവൾക്ക്‌ അവിടെ എത്തിപ്പെടാൻ ഏറെ സമയം വേണ്ടിവന്നു. ഒടുവിൽ എത്തിച്ചേർന്നപ്പോഴാകട്ടെ, താൻ ബൈബിളധ്യയനം ആവശ്യപ്പെട്ടതായി അയാൾ ഓർക്കുന്നില്ലായിരുന്നു. പത്രങ്ങളും മാസികകളും വിൽക്കുന്ന ഒരു ചെറിയ കടയിൽനിന്ന്‌ അയാൾ വാങ്ങിയ മാസികയ്‌ക്കുള്ളിൽനിന്ന്‌ നമ്മുടെ ലഘുലേഖയിൽനിന്നു വെട്ടിയെടുത്ത ഒരു കൂപ്പൺ അയാൾക്കു കിട്ടിയിരുന്നു. അത്‌ ഏതോ സമ്മാന കൂപ്പൺ ആണെന്നും എന്തെങ്കിലും സമ്മാനം കിട്ടിയേക്കാം എന്നും കരുതിയാണ്‌ താൻ അത്‌ അയച്ചതെന്ന്‌ അയാൾ പറഞ്ഞു. “താങ്കൾക്ക്‌ ഒരു സൗജന്യ ബൈബിളധ്യയനം സമ്മാനമായി കിട്ടിയല്ലോ!” സഹോദരി പ്രതിവചിച്ചു. അയാളും കുടുംബവും താത്‌പര്യം പ്രകടിപ്പിച്ചതിനെത്തുടർന്ന്‌ ഒരു ബൈബിളധ്യയനം ആരംഭിച്ചു. സഹോദരിയുടെ വീട്ടിൽനിന്ന്‌ ഇവർ വളരെ അകലെയായതിനാൽ മാസത്തിൽ രണ്ടു പ്രാവശ്യമാണ്‌ അധ്യയനം നടത്തുന്നത്‌.

ഓഷ്യാനിയ

ദേശങ്ങളുടെ എണ്ണം: 30

ജനസംഖ്യ: 3,43,55,946

പ്രസാധകരുടെ എണ്ണം: 93,718

ബൈബിളധ്യയനങ്ങളുടെ എണ്ണം: 47,270

ഓസ്‌ട്രേലിയയിൽ താമസിക്കുന്ന 14 വയസ്സുകാരിയായ അലിസ്‌ സ്‌കൂളിലെ നിയമനങ്ങൾ തയ്യാറാകാൻ നമ്മുടെ മാസികകളിലെ വിവരങ്ങൾ ഉപയോഗിക്കുമായിരുന്നു. ഒരു വാരത്തിൽ “ഈ ലോകത്തിന്റെ പോക്ക്‌ എങ്ങോട്ട്‌?” എന്ന വിഷയത്തെ അധികരിച്ച്‌ അവൾ ഒരു ഉപന്യാസം എഴുതി. ബൈബിൾ പ്രവചനമനുസരിച്ച്‌ നമ്മുടെ നാളുകൾക്കുള്ള പ്രാധാന്യം അതിൽ വിശദീകരിച്ചിരുന്നു. അവളുടെ മതം ഏതാണെന്ന്‌ അധ്യാപിക അവളോടു ചോദിച്ചു. താൻ യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കുന്നുണ്ടെന്ന്‌ അലിസ്‌ വിശദീകരിച്ചു. കൂടാതെ, ടീച്ചർക്കു വായിക്കാൻ നമ്മുടെ ചില മാസികകളും കൊടുത്തു.

ഇതെല്ലാം അവരിൽ താത്‌പര്യം ഉളവാക്കിയെങ്കിലും യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വരുന്നതിൽനിന്ന്‌ അവരെ നിരുത്സാഹപ്പെടുത്താൻ മറ്റൊരു അധ്യാപകൻ ശ്രമിച്ചു. എന്നാൽ ഏതാനും മാസങ്ങൾ അലിസിന്റെ നല്ല നടത്ത നിരീക്ഷിച്ചതിനുശേഷം അവളുടെ ടീച്ചർ കൂടുതൽ അറിയാൻതന്നെ തീരുമാനിച്ചു. അലിസ്‌ അപകടകരമായ ഏതെങ്കിലും മത വിഭാഗത്തിലായിരിക്കാം ഉൾപ്പെട്ടിരിക്കുന്നത്‌ എന്നു ഭയന്ന്‌ ടീച്ചർ പ്രാദേശിക വായനശാലയിൽനിന്ന്‌ യഹോവയുടെ സാക്ഷികൾ​—⁠ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം വായിക്കാൻ എടുത്തു. ഒരു വാരാന്തം കൊണ്ട്‌ മുഴുപുസ്‌തകവും അവർ വായിച്ചു! താൻ സത്യം കണ്ടെത്തിയിരിക്കുന്നു എന്ന ബോധ്യത്തോടെ അവർ അലിസിന്റെ അമ്മയെ വിളിച്ച്‌ കൂടുതൽ സാഹിത്യങ്ങൾ ആവശ്യപ്പെടുകയും സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ ആരംഭിക്കുകയും ചെയ്‌തു. ഒരു മാസത്തിനുള്ളിൽ അവർ എല്ലാ സഭായോഗങ്ങൾക്കും ഹാജരായിത്തുടങ്ങി. തന്നെയുമല്ല, ഞായറാഴ്‌ച യോഗത്തിൽ സംബന്ധിക്കാൻ അമ്മയെയും ഭർത്താവിനെയും പ്രേരിപ്പിക്കുകയും ചെയ്‌തു. അവരും ബൈബിൾ പഠിക്കാൻ ആരംഭിച്ചു, ഇപ്പോൾ നല്ല പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു. മൂന്നു മാസത്തിനുള്ളിൽ ടീച്ചർ സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധിക ആയിത്തീരുകയും ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ തന്റെ ആദ്യത്തെ വിദ്യാർഥി പ്രസംഗം നടത്തുകയും ചെയ്‌തു. ഏതാനും മാസങ്ങൾക്കു ശേഷം അലിസും അവളുടെ ടീച്ചർ ലിൻഡയും ഒരേ ദിവസം സ്‌നാപനമേറ്റു.

നിങ്ങൾ മാത്രം യഹോവയുടെ ആരാധകനായുള്ള ഒരു ദ്വീപിൽ ജീവിക്കുന്നതിനെ കുറിച്ചു സങ്കൽപ്പിക്കുക! മാർഷൽ ദ്വീപുകളിലെ ഒരു സഹോദരിയുടെ ഭർത്താവ്‌ അവിടത്തെ മെജാറ്റോ പവിഴദ്വീപിൽ ജോലി സ്വീകരിച്ചപ്പോൾ അവർക്കു വന്നുചേർന്ന ദുരവസ്ഥയാണിത്‌. പ്രൊട്ടസ്റ്റന്റ്‌ പള്ളിയിൽ ചെല്ലാനുള്ള അയൽവാസികളുടെ ക്ഷണം സഹോദരി നിരസിച്ചു. പകരം, എന്റെ ബൈബിൾ കഥാ പുസ്‌തകം ഉപയോഗിച്ച്‌ മക്കളെ പഠിപ്പിക്കുന്നതിൽ സഹോദരി ശ്രദ്ധ കേന്ദ്രീകരിച്ചു. അതോടൊപ്പം തന്റെ ഇളയ കുഞ്ഞിനെയും എടുത്തുകൊണ്ട്‌ അയൽവീടുകളിൽ പോയി തന്റെ വിശ്വാസത്തെ കുറിച്ചു സംസാരിക്കുകയും ചെയ്‌തു. ഒടുവിൽ ചിലർ താത്‌പര്യം കാണിച്ചുതുടങ്ങി. ഈ ഒറ്റപ്പെട്ട സഹോദരി ആവശ്യം ലഘുപത്രിക ഉപയോഗിച്ചുകൊണ്ട്‌ ഇപ്പോൾ നിരവധി ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്‌. താൻ മുമ്പു സഹവസിച്ചിരുന്ന സഭയിലേക്ക്‌ സഹോദരി എല്ലാ മാസവും വയൽസേവന റിപ്പോർട്ട്‌ അയയ്‌ക്കുന്നുണ്ട്‌. സമ്മേളനങ്ങളിലും സ്‌മാരകാചരണത്തിലും പങ്കെടുക്കാൻ മക്കളെയും കൂട്ടി ഈബായ്‌ ദ്വീപിലേക്ക്‌ ബോട്ടിൽ ദീർഘദൂരയാത്ര നടത്തുന്നു. ഈബായ്‌ സഭയിലെ സഹോദരങ്ങൾ തങ്ങളുടെ വയൽസേവന അനുഭവങ്ങളും സഭായോഗങ്ങളിൽ പഠിച്ച കാര്യങ്ങളും ഉൾപ്പെടുന്ന കത്തുകളിലൂടെ സഹോദരിയെ പ്രോത്സാഹിപ്പിക്കുന്നു. അവരാകട്ടെ, ഈ ഒറ്റപ്പെട്ട സഹോദരിയുടെ വിശ്വസ്‌തമായ ദൃഷ്ടാന്തത്താൽ പ്രോത്സാഹിതരാകുകയും ചെയ്യുന്നു.

പാപ്പുവ ന്യൂഗിനിയിലെ ഒറ്റപ്പെട്ടു കിടക്കുന്ന പല ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിട്ടില്ല. വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ജനറേറ്ററോ ബാറ്ററിയോ ആണ്‌ ആശ്രയം. ബൈബിളിനെ കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാൻ തന്റെ ഗ്രാമത്തിലെ ആളുകളെ സഹായിക്കുന്നതിന്‌ യഹോവയുടെ സാക്ഷികൾ നിർമിച്ച ചില വീഡിയോകൾ കാണിക്കാൻ പുതുതായി സ്‌നാപനമേറ്റ ഒരു സഹോദരി ആഗ്രഹിച്ചു. താൻ കൃഷിചെയ്‌തുണ്ടാക്കിയ ഭക്ഷ്യവസ്‌തുക്കൾ വിറ്റുകിട്ടിയ പണവുമായി സഹോദരി ടെലിവിഷനും വിസിആർ-ഉം ജനറേറ്ററും സ്വന്തമായുണ്ടായിരുന്ന ഒരു പ്രാദേശിക ബിസിനസ്സുകാരിയെ സമീപിച്ച്‌ അവ വാടകയ്‌ക്കു കൊടുക്കാമോ എന്ന്‌ ആരാഞ്ഞു. ആത്മീയ സഹായം പ്രദാനം ചെയ്യുമെന്ന്‌ തനിക്കു നല്ല ഉറപ്പുള്ള ചില ബൈബിളധിഷ്‌ഠിത വീഡിയോകൾ കാണാൻ ഗ്രാമത്തിലുള്ള എല്ലാവരെയും ക്ഷണിക്കുന്നുണ്ടെന്ന്‌ സഹോദരി വിശദീകരിച്ചു. ബിസിനസ്സുകാരി നാമമാത്രമായ വാടകയ്‌ക്ക്‌ അവ കൊടുക്കാൻ സന്നദ്ധയായെന്നു മാത്രമല്ല, താനും വീഡിയോ കാണാൻ വരുന്നുണ്ടെന്ന്‌ പറയുകയും ചെയ്‌തു. ഗ്രാമത്തിലുള്ള മിക്കവാറും എല്ലാവരും തന്നെ പ്രദർശനത്തിന്‌ എത്തിയിരുന്നു. അതുകഴിഞ്ഞ്‌ പലരും യഹോവയുടെ സാക്ഷികൾ ഇത്ര ബൃഹത്തായ പ്രവർത്തനമാണ്‌ നടത്തുന്നതെന്ന്‌ തങ്ങൾക്ക്‌ അറിയില്ലായിരുന്നു എന്ന്‌ അഭിപ്രായപ്പെട്ടു. തങ്ങളുടെ സഭകളിൽ കാണാൻ കഴിയാത്ത ഒന്ന്‌, ലോകവ്യാപക സാഹോദര്യം, വിശേഷിച്ചും അവരുടെ മതിപ്പു വർധിപ്പിച്ചു. മുമ്പ്‌ സാക്ഷികളോടു സംസാരിക്കാൻ വിസമ്മതിച്ചിരുന്ന പലരും ഇപ്പോൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുകയും തങ്ങളെ സന്ദർശിക്കാൻ സഹോദരിയെ ക്ഷണിക്കുകയും ചെയ്‌തു.

സമോവയിലെ ഏറ്റവും വലിയ ദ്വീപായ സവായിയിലെ ചില സമുദായ നേതാക്കൾ തങ്ങളുടെ ഗ്രാമങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രസംഗവേല നിരോധിച്ചിട്ടുണ്ട്‌. അത്തരമൊരു ഗ്രാമത്തിൽ ജീവിച്ച ഒരു സഹോദരി തന്റെ മകന്റെ ശവസംസ്‌കാരവേളയിൽ, താൻ മനസ്സിലാക്കിയ സത്യത്തോടു പറ്റിനിന്നു. ശവസംസ്‌കാര ശുശ്രൂഷ വീട്ടിൽവെച്ചു നടത്താൻ നിശ്ചയിച്ചതിനാൽ ദ്വീപിലെ രണ്ടു സഭകളിലെയും സഹോദരങ്ങൾ ചേർന്ന്‌ വീടും പരിസരവും വൃത്തിയാക്കുകയും ജനറേറ്റർ സംഘടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഈ സ്‌നേഹപൂർവമായ സഹായം ഗ്രാമത്തിലെ ആളുകൾ നിരീക്ഷിക്കാതിരുന്നില്ല. സഹോദരങ്ങൾ ശവസംസ്‌കാരം ക്രമീകരിക്കുകയും നടത്തുകയും ചെയ്‌ത രീതി സമോവയിലെ ആചാരങ്ങളിൽനിന്നു തുലോം വ്യത്യസ്‌തമായിരുന്നു.

ശവസംസ്‌കാരത്തിനു രണ്ടു ദിവസത്തിനുശേഷം ഗ്രാമസമിതി സമ്മേളിച്ച്‌ അതേക്കുറിച്ചു ചർച്ചചെയ്‌തു. ശവസംസ്‌കാരത്തിനു മുമ്പും പിമ്പും സാക്ഷികൾ പരേതന്റെ കുടുംബത്തെ സഹായിച്ച രീതി സമിതി അംഗങ്ങളിലെല്ലാം മതിപ്പുളവാക്കി. സാക്ഷികൾ ശവസംസ്‌കാരം നടത്തിയ രീതിയും അവർക്കെല്ലാം ഇഷ്ടപ്പെട്ടു. അതുകൊണ്ട്‌ ശവസംസ്‌കാര ചടങ്ങുകളുടെ കാര്യത്തിൽ ഫാവ മോലിമൗ ആ യെയോവാ, അതായത്‌ യഹോവയുടെ സാക്ഷികളുടെ രീതി സ്വീകരിക്കാൻ ഗ്രാമമുഖ്യന്മാർ ഏകകണ്‌ഠമായി തീരുമാനിച്ചു. രണ്ടു ദിവസത്തിനുശേഷം ഏതാനും കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ രാജ്യഹാളിൽവെച്ച്‌ ക്രിസ്‌തുവിന്റെ മരണത്തിന്റെ വാർഷിക സ്‌മാരകാചരണം നടന്നു. ഈ ഗ്രാമത്തിൽനിന്നു മൂന്നു പിക്ക്‌ അപ്പ്‌ ട്രക്കുകളിൽ ആളുകൾ വന്നുചേർന്നു. ദ്വീപിലെ ഏറ്റവും വലിയ ഗ്രാമങ്ങളിലൊന്നായ ഇവിടെ ഇപ്പോൾ നമ്മുടെ സഹോദരങ്ങൾക്ക്‌ നിർബാധം സാക്ഷീകരണം നടത്താം. രണ്ടു പ്രത്യേക പയനിയർമാർ ആറു ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്‌. ഒരു സഭാ പുസ്‌തകാധ്യയനത്തിൽ താത്‌പര്യക്കാരായ ഗ്രാമീണർ മാത്രമല്ല, ഒരു ഗ്രാമമുഖ്യനും ഹാജരാകുന്നുണ്ട്‌.

ഫിജിയിൽ ഒരു മനുഷ്യൻ തന്റെ ജീവിതത്തെയും ഭാവിയെയും കുറിച്ചു ചിന്തിച്ചുകൊണ്ട്‌ ഒരു വൃക്ഷച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. തന്റെ അടുത്തിരിക്കാൻ ഒരു വഴിപോക്കനെ അയാൾ ക്ഷണിച്ചു. ഒരു സാക്ഷിയായിരുന്ന വഴിപോക്കൻ ആ അവസരം ഉപയോഗിച്ച്‌ നല്ല സാക്ഷ്യം നൽകി. പറുദീസ ഭൂമിയെ കുറിച്ചുള്ള ബൈബിൾ വാഗ്‌ദാനത്തെപ്പറ്റി ആ ചെറുപ്പക്കാരൻ മുമ്പു കേട്ടിട്ടുണ്ടായിരുന്നു. എങ്കിലും സഹോദരനുമായി നടത്തിയ ചർച്ച അയാളുടെ താത്‌പര്യത്തെ പുനരുജ്ജീവിപ്പിച്ചു. തന്റെ അമ്മ താമസിക്കുന്ന ദ്വീപിലേക്കു ചെന്ന്‌ ബൈബിൾ പഠനം ആരംഭിക്കാൻ അയാൾ തീർച്ചയാക്കി. എന്നാൽ അയാളുടെ പുതിയ വിശ്വാസത്തോട്‌ എതിർപ്പുണ്ടായിരുന്ന കുടുംബാംഗങ്ങൾ അയാളുടെ കൃഷി നശിപ്പിച്ചു കളഞ്ഞു. തങ്ങളുടെ മതമല്ലാതെ മറ്റൊന്നും അവിടെ വെച്ചുപൊറുപ്പിക്കുകയില്ലെന്ന കർശന നിലപാട്‌ കൈക്കൊണ്ട ഗ്രാമത്തലവൻ സ്ഥലം വിട്ടുകൊള്ളാൻ ചെറുപ്പക്കാരനോടു കൽപ്പിച്ചു. മറ്റൊരു ചെറിയ ദ്വീപിലുള്ള പിതാവിന്റെ ഗ്രാമത്തിലേക്കാണ്‌ അയാൾ പിന്നീട്‌ പോയത്‌. മടക്കുകളുള്ള പഴയ തകരം കൊണ്ട്‌ അയാൾ ഒരു തോണി നിർമിച്ചു. ഓരോ വാരത്തിലും പ്രക്ഷുബ്ധമായ കടലിലൂടെ കിലോമീറ്ററുകളോളം തുഴഞ്ഞ്‌ അയാൾ സാക്ഷികളെ കാണാൻ പോകുമായിരുന്നു. കുടുംബത്തിലെ എതിർപ്പ്‌ തുടർന്നു, ദ്വീപിന്റെ ഒരു ഒഴിഞ്ഞകോണിൽ ഒറ്റപ്പെട്ടു കഴിയാൻ അയാൾ നിർബന്ധിതനായി. ഒടുവിൽ പ്രധാന ദ്വീപിലേക്കു താമസം മാറ്റാൻ ആ ചെറുപ്പക്കാരനു കഴിഞ്ഞു, അവിടെ സമീപത്തുതന്നെ ഒരു വലിയ സഭ ഉണ്ടായിരുന്നു. അദ്ദേഹം സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകനെന്ന നിലയിൽ പുരോഗമിക്കുന്നു.

അമേരിക്കകൾ

ദേശങ്ങളുടെ എണ്ണം: 56

ജനസംഖ്യ: 85,71,37,983

പ്രസാധകരുടെ എണ്ണം: 30,95,083

ബൈബിളധ്യയനങ്ങളുടെ എണ്ണം: 28,98,369

ഐക്യനാടുകളിലുള്ള ഒരു സഹോദരി 2002 സെപ്‌റ്റംബർ മാസത്തിലെ ഒരു ഞായറാഴ്‌ച രാവിലെ ഒരു കടയുടമസ്ഥന്‌ മടക്കസന്ദർശനം നടത്തി. കടയിൽ നല്ല തിരക്കായിരുന്നതുകൊണ്ട്‌ സഹോദരി കടയുടെ സമീപത്ത്‌ വെറുതെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്നു. ഒരു സ്‌ത്രീ തിരക്കിട്ടു കടയിലേക്കു വന്ന്‌ ഹിന്ദുക്കൾ നാമം ജപിക്കുന്നതിന്‌ ഉപയോഗിക്കുന്ന രുദ്രാക്ഷമാല ആവശ്യപ്പെട്ടു. ഷേ എന്നു പേരുള്ള ആ സ്‌ത്രീ തനിക്ക്‌ ഇഷ്ടപ്പെട്ട ഒരു മാല തിരഞ്ഞെടുത്തപ്പോഴേക്കും നമ്മുടെ സഹോദരി അവരെ സമീപിച്ച്‌ “ഈ മാല ചന്ദനം കൊണ്ട്‌ ഉണ്ടാക്കിയതാണോ?” എന്നു ചോദിച്ചു.

“അതേ, നല്ലൊരു മാല കിട്ടണേ എന്നു ഞാൻ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്ന്‌ എന്തായാലും അതു കിട്ടി. ഇതാ, മണത്തു നോക്കൂ!”

“ശരിയാണല്ലോ, നല്ല മണം! ഇതുപയോഗിച്ച്‌ ഏതു ദൈവത്തോടാണ്‌ നിങ്ങൾ പ്രാർഥിക്കാൻ പോകുന്നത്‌?”

“ഗണപതിയോടും ശിവനോടും ദുർഗയോടുമൊക്കെ. അതിനാണ്‌ ഞാൻ ഈ മാല വാങ്ങിയത്‌.”

“ഞാനൊന്നു ചോദിച്ചോട്ടെ, ആരാണ്‌ ഏറ്റവും വലിയ ദൈവം എന്നാണു നിങ്ങൾ വിചാരിക്കുന്നത്‌?”

“അത്‌ എനിക്കറിയില്ല. അതു സംബന്ധിച്ച്‌ എനിക്കാകെ ആശയക്കുഴപ്പമാണ്‌.”

“ഞാൻ ഹിന്ദു ആയിരുന്നപ്പോൾ എനിക്കും അങ്ങനെ തോന്നിയിരുന്നു. ഞാൻ ആരാധിച്ചുകൊണ്ടിരുന്ന ദൈവങ്ങളിൽ ഏറ്റവും വലുത്‌ ആരെന്ന്‌ എനിക്കറിയില്ലായിരുന്നു. എന്നാൽ സർവശക്തനായ ദൈവം ആരാണെന്ന്‌ ഇപ്പോൾ എനിക്കറിയാം. ഞാൻ അതു കാണിച്ചു തരട്ടേ? [സഹോദരി സങ്കീർത്തനം 83:18 വായിച്ചു.] യഹോവയാണ്‌ സർവഭൂമിക്കുംമീതെ അത്യുന്നതൻ. അവൻ സർവശക്തനും ശിവൻ, ഗണപതി, ദുർഗ എന്നിവരെക്കാളും വലിയവനുമാണ്‌. തികച്ചും സൗജന്യമായി സർവശക്തനായ ദൈവത്തെ കുറിച്ചു നിങ്ങളെ പഠിപ്പിക്കാൻ എനിക്കു കഴിയും.”

“സത്യദൈവത്തെ കുറിച്ചു ശരിക്കും നിങ്ങൾ എന്നെ പഠിപ്പിക്കുമോ? എന്റെ പ്രാർഥനകൾക്കെല്ലാം ഇന്ന്‌ ഉത്തരം കിട്ടിയിരിക്കുന്നു!”

“അതെങ്ങനെ?”

“സത്യദൈവത്തെ കണ്ടെത്താൻ സഹായിക്കുന്ന ഒരു നല്ല മാല കിട്ടണേ എന്ന്‌ ഞാൻ എന്നും പ്രാർഥിക്കുമായിരുന്നു. അതിന്‌ എന്നെ സഹായിക്കാൻ കഴിയുന്ന കൂട്ടുകാർ ഇല്ലാത്തതുകൊണ്ട്‌ ഒരു നല്ല സുഹൃത്തിനു വേണ്ടിയും ഞാൻ പ്രാർഥിക്കുന്നുണ്ടായിരുന്നു. എന്താണു നിങ്ങളുടെ പേര്‌?”

“എന്റെ പേര്‌ മാല എന്നാണ്‌. ബൈബിൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു കൂട്ടുകാരി ആയിരിക്കാൻ തീർച്ചയായും എനിക്കു കഴിയും.”

“എനിക്ക്‌ ഇതു വിശ്വസിക്കാൻ കഴിയുന്നില്ല. ഞാൻ ഒരു മാല ചോദിച്ചപ്പോൾ ദൈവം എനിക്കു ജീവനുള്ള മാലതന്നെ തന്നിരിക്കുന്നു!”

ആവശ്യം ലഘുപത്രിക പഠിക്കാൻ അവർ ക്രമീകരണം ചെയ്‌തു. ഷേ യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നു, അവൾ സ്‌നാപനം എന്ന ലാക്കിനെ കുറിച്ചു സംസാരിച്ചു തുടങ്ങിയിരിക്കുന്നു.

ഹോണ്ടുറാസിൽ സ്‌പാനിഷ്‌ അത്ര വശമില്ലാതിരുന്ന ഒരു മിഷനറി സഹോദരി ഒരു ഓഫീസ്‌ കെട്ടിടത്തിൽ പ്രവേശിച്ച്‌ റിസപ്‌ഷനിസ്റ്റിന്‌ മാസികകൾ സമർപ്പിച്ചു. അപ്പോൾ ഫോൺ ബെല്ലടിച്ചതിനെ തുടർന്ന്‌ റിസപ്‌ഷനിസ്റ്റ്‌ അങ്ങോട്ടു തിരിഞ്ഞു. തന്നോട്‌ ഇരിക്കാനാണ്‌ പറഞ്ഞത്‌ എന്നു വിചാരിച്ച്‌ സഹോദരി ഇരുന്നു. പക്ഷേ സഹോദരിക്കു തെറ്റിപ്പോയിരുന്നു, ഇരിക്കാനല്ല, പൊയ്‌ക്കൊള്ളാനാണ്‌ അവർ സഹോദരിയോടു പറഞ്ഞത്‌. ഈ സമയത്ത്‌ അടുത്തുള്ള ഓഫീസിൽ ഉണ്ടായിരുന്ന ഒരു സ്‌ത്രീ, വിവാഹിതനായ ഒരു പുരുഷനുമായി അവർക്കുണ്ടായിരുന്ന അധാർമിക ബന്ധം അവസാനിപ്പിക്കാനും ദൈവത്തെ സ്വീകാര്യമായ വിധത്തിൽ ആരാധിക്കുന്നതിനുള്ള വഴി കണ്ടെത്തുന്നതിനുമുള്ള സഹായത്തിനായി പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. റിസപ്‌ഷനിൽ സഹോദരിയുടെ ശബ്ദം കേട്ടപ്പോൾ തന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിക്കുകയാണെന്ന്‌ അവർക്കു തോന്നി. എന്നാൽ റിസപ്‌ഷനിസ്റ്റ്‌ സഹോദരിയോടു പോകാൻ പറഞ്ഞപ്പോൾ തനിക്കു സംസാരിക്കാൻ കഴിയുന്നതിനുമുമ്പ്‌ അവർ പോകുമോ എന്ന്‌ ആ സ്‌ത്രീ ഭയന്നു. പിന്നീട്‌ മിഷനറി ഇങ്ങനെ പറഞ്ഞു: “റിസപ്‌ഷനിസ്റ്റ്‌ പറഞ്ഞതു തെറ്റിദ്ധരിച്ചതു കൊണ്ട്‌ ഞാൻ ആ സ്‌ത്രീ തിരക്കിട്ടു വരുമ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു. അത്‌ യഹോവയുടെ വഴിനടത്തിപ്പാണെന്ന്‌ ഞങ്ങളിരുവർക്കും ഉറപ്പാണ്‌.” വർഷങ്ങൾക്കുമുമ്പ്‌ ആ സ്‌ത്രീ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ വായിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ ആത്മീയ കാര്യങ്ങൾക്കു പൂർണ ശ്രദ്ധ കൊടുക്കാൻ അവർ തീരുമാനിച്ചു. അവർ തനിക്കുണ്ടായിരുന്ന അധാർമിക ബന്ധം ഉപേക്ഷിച്ചു. ഇപ്പോൾ ബൈബിൾ പഠിക്കുകയും ക്രമമായി യോഗങ്ങൾക്കു ഹാജരാവുകയും ചെയ്യുന്നു.

എൽ സാൽവഡോറിൽ ഒരു പ്രത്യേക പയനിയർ സഹോദരിക്ക്‌ കാര്യമായ പ്രതികരണമില്ലാത്ത ഒരു പ്രദേശത്തു നിയമനം ലഭിച്ചു. താത്‌പര്യക്കാരെ കണ്ടെത്താൻ സഹായിക്കണമേ എന്ന്‌ സഹോദരി യഹോവയോടു പ്രാർഥിച്ചു. ഒരു ഞായറാഴ്‌ച കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരനുമായി സഹോദരി ബൈബിൾ ചർച്ച നടത്തി. അയാൾ പരിജ്ഞാനം പുസ്‌തകം സ്വീകരിക്കുകയും മടക്കസന്ദർശനത്തിനു സമ്മതിക്കുകയും ചെയ്‌തു. സഹോദരി പല പ്രാവശ്യം മടങ്ങിച്ചെന്നെങ്കിലും അയാളെ കാണാൻ കഴിഞ്ഞില്ല. എന്നാൽ ബൈബിളിൽ അത്ര താത്‌പര്യം കാട്ടാതിരുന്ന അയാളുടെ ഭാര്യ വീട്ടിൽ ഉണ്ടായിരുന്നു. അഞ്ചാം പ്രാവശ്യം ചെന്നപ്പോൾ “പത്തു മിനിട്ടു മാത്രം” എന്ന വ്യവസ്ഥയിൽ അവർ സഹോദരിയെ അകത്തേക്കു ക്ഷണിച്ചു. പരിജ്ഞാനം പുസ്‌തകം ഒന്നെടുക്കാമോ എന്ന്‌ സഹോദരി ചോദിച്ചു. അവർ പുസ്‌തകം എടുത്തുകൊണ്ടു ചെന്നു. സഹോദരി പുസ്‌തകത്തിലെ ഏതാനും ആശയങ്ങൾ അവരോടൊത്തു ചർച്ചചെയ്യുകയും ബൈബിളധ്യയന ക്രമീകരണം പ്രകടിപ്പിച്ചു കാണിക്കുകയും ചെയ്‌തു. മൂന്നു മാസത്തെ പഠനത്തിനുശേഷം ആ സ്‌ത്രീ യോഗങ്ങൾക്കു ഹാജരാകാനും നല്ല പുരോഗതി വരുത്താനും തുടങ്ങി. ഭർത്താവിന്റെ കാര്യമോ? കുറെ കഴിഞ്ഞപ്പോൾ അയാളും പഠിക്കാൻ തുടങ്ങി. പിന്നീട്‌ അയാൾ ഭാര്യയോടും മക്കളോടുമൊത്ത്‌ യോഗങ്ങൾക്കു ഹാജരായിത്തുടങ്ങി. ഇപ്പോൾ ഈ ദമ്പതികൾ തങ്ങളുടെ വിവാഹം നിയമപരമാക്കാനുള്ള നടപടികൾ എടുത്തുവരികയാണ്‌. പ്രാർഥനയോടു കൂടിയ സ്ഥിരോത്സാഹം നല്ല ഫലം ഉളവാക്കി.

മെക്‌സിക്കോയിൽ താമസിക്കുന്ന മാർഗാരീറ്റ അനൗപചാരിക സാക്ഷീകരണത്തിൽ തനിക്കുണ്ടായ നല്ല ഫലത്തെ കുറിച്ചു പറയുന്നു: “തയ്യൽ ക്ലാസ്സിൽവെച്ച്‌ ഞാൻ ഒരു കൂട്ടുകാരിയോട്‌ ബൈബിളിനെ കുറിച്ചു സംസാരിച്ചു. യഹോവയുടെ സാക്ഷികൾ സദാ പുഞ്ചിരിക്കുകയും ഉത്സാഹഭരിതരായി കാണപ്പെടുകയും ചെയ്യുന്നതുകൊണ്ട്‌ അവരുടെ കുടുംബ ജീവിതം സന്തുഷ്ടമാണെന്ന ധാരണയാണ്‌ തനിക്കു കിട്ടിയിരിക്കുന്നതെന്ന്‌ അവൾ പറഞ്ഞു. അവളുടെ ധാരണ ശരിയാണെന്നും യഹോവയിൽ ആശ്രയിക്കുന്നവർക്കും ബൈബിൾ തത്ത്വങ്ങളോടു പറ്റിനിൽക്കുന്നവർക്കും യഥാർഥ സന്തോഷം ലഭിക്കുന്നുവെന്നും ഞാൻ അവളോടു പറഞ്ഞു.” മാർഗാരീറ്റ അവളുമായി ഒരു ബൈബിളധ്യയനം ആരംഭിച്ചു. ഇപ്പോൾ അവൾ പതിവായി യോഗങ്ങൾക്കു ഹാജരാകുകയും സത്യത്തിന്റെ പരിജ്ഞാനത്തിൽ പുരോഗമിക്കുന്നതിൽ തുടരുകയും ചെയ്യുന്നു.

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ, ആനാ വിഷാദമഗ്നനായിരുന്ന ഒരു മനുഷ്യന്‌ ഒരു ആവശ്യം ലഘുപത്രിക കൊടുത്തു. കാൻസർ ബാധിതയായ, അദ്ദേഹത്തിന്റെ ഭാര്യ ശസ്‌ത്രക്രിയയ്‌ക്കായി ആശുപത്രിയിൽ ആയിരുന്നു. തന്റെ ഭാര്യയ്‌ക്ക്‌ വായിക്കാൻ ഇഷ്ടമാണെന്നും താൻ ലഘുപത്രിക ആശുപത്രിയിലേക്കു കൊണ്ടുപോകുകയാണെന്നും അയാൾ പറഞ്ഞു. പിന്നീട്‌ ആനാ അയാളുടെ ഭാര്യയെ സന്ദർശിച്ചപ്പോൾ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഞാൻ തയ്യാറാണ്‌, നമുക്കു പഠനം ആരംഭിക്കാം.” എന്തായിരുന്നു സംഭവിച്ചത്‌? ആ സ്‌ത്രീതന്നെ വിശദീകരിച്ചതനുസരിച്ച്‌, ആശുപത്രിയിൽ ആയിരിക്കെ, തന്നെ സത്യമതത്തിലേക്കു നയിക്കാൻ അവർ ദൈവത്തോട്‌ ഉള്ളുരുകി പ്രാർഥിച്ചു. അതേ സമയംതന്നെ ഭർത്താവ്‌ ആവശ്യം ലഘുപത്രികയുമായെത്തി. അതു വായിച്ചപ്പോൾ തന്റെ പ്രാർഥനയ്‌ക്ക്‌ ദൈവം ഉത്തരം തന്നിരിക്കുന്നു എന്ന്‌ അവർക്കു ബോധ്യമായി. യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരാൻ അപ്പോൾത്തന്നെ താൻ നിശ്ചയിച്ചെന്ന്‌ അവർ വിശദീകരിച്ചു. യോഗങ്ങൾക്കു ഹാജരാകാൻ അങ്ങോട്ടും ഇങ്ങോട്ടുമായി രണ്ടു മണിക്കൂർ നടക്കണമായിരുന്നെങ്കിലും അവർ പെട്ടെന്നുതന്നെ പുരോഗതി വരുത്തുകയും പ്രസാധിക ആയിത്തീരുകയും ചെയ്‌തു. “ഇപ്പോൾ ദൈവത്തോടുള്ള എന്റെ വാഗ്‌ദാനം നിറവേറ്റാൻ എനിക്കു കഴിയും,” അവൾ പറയുന്നു. ആറു മാസത്തിനുള്ളിൽ, ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ അവൾ സ്‌നാപനമേറ്റു. ഇപ്പോൾ സന്തോഷത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുന്നു.

പരാഗ്വേയിലുള്ള 13 വയസ്സുകാരനായ മാർട്ടിൻ എന്ന പ്രസാധകൻ അനൗപചാരിക സാക്ഷീകരണം നന്നായി ആസ്വദിക്കുന്നു. ഒരു ദിവസം സ്‌കൂളിൽനിന്നു മടങ്ങിവരുന്ന വഴിക്ക്‌ ഒരു വഴിപോക്കനോടു സാക്ഷീകരിച്ചുകൊണ്ടു നിൽക്കുമ്പോൾ തെരുവിൽ ഒരു ചെറിയ പൊതി കിടക്കുന്നത്‌ അവൻ കണ്ടു. മാർട്ടിൻ അതെടുത്തു തുറന്നുനോക്കിയപ്പോൾ അതിനുള്ളിൽ പണമാണെന്നു മനസ്സിലായി. ആരും അതന്വേഷിച്ച്‌ വരാതിരുന്നതുകൊണ്ട്‌ അവൻ അതു പോക്കറ്റിലിട്ടു. വീട്ടിലേക്കു നടക്കുമ്പോൾ അവൻ ഇങ്ങനെ വിചാരിച്ചു: “ ഈ പണം കൊണ്ട്‌ സ്‌കൂളിൽ കൊടുക്കാനുള്ള മൂന്നു മാസത്തെ ഫീസ്‌ അടയ്‌ക്കാനും വീട്ടിലെ ചില ചെലവുകൾ നടത്താനും പറ്റും.” നടന്നുപോകവേ, അറിയാതെ അവൻ പതിവു വഴിവിട്ട്‌ വേറൊരു തെരുവിലേക്കു തിരിഞ്ഞു. അവിടെ ഒരു മനുഷ്യൻ എന്തോ തിരഞ്ഞു നടക്കുന്നത്‌ അവൻ കണ്ടു. ആ മാസത്തെ ചെലവുകഴിയാൻ തന്റെ കൈവശം ആകെ അവശേഷിച്ചിരുന്ന 1,15,000 ഗ്വാറാനിയും (18.25 യു.എ⁠സ്‌. ഡോളർ) നഷ്ടപ്പെട്ടു പോയെന്ന്‌ ആ മനുഷ്യൻ പറയുന്നത്‌ അവൻ കേട്ടു. സ്‌നാപനത്തിനുള്ള ചോദ്യങ്ങൾ താനുമായി ചർച്ചചെയ്‌ത ഒരു മൂപ്പന്റെ വാക്കുകൾ പെട്ടെന്ന്‌ അവന്റെ അന്തരംഗത്തിൽ മുഴങ്ങി: “നിനക്ക്‌ ധാരാളം പരിശോധനകളെ അഭിമുഖീകരിക്കേണ്ടി വരും, നീ സ്‌നാപനമേൽക്കാൻ പോകുന്നതുകൊണ്ട്‌ വിശേഷിച്ചും.”

മാർട്ടിന്‌ പണം അത്യാവശ്യമായിരുന്നു. ഫീസ്‌ കൊടുക്കാൻ പോയിട്ട്‌ അന്ന്‌ ഉച്ചയ്‌ക്ക്‌ വയറുനിറയെ ഭക്ഷണം കഴിക്കാൻപോലും അവനു കഴിഞ്ഞിരുന്നില്ല. എന്നാൽ താൻ ചെയ്യുന്നതാണ്‌ ശരി എന്ന ഉത്തമ ബോധ്യത്തോടെ, പണം ആ മനുഷ്യന്റേതാണെന്ന്‌ ഉറപ്പാക്കാൻ എത്ര പണം നഷ്ടപ്പെട്ടിട്ടുണ്ട്‌ എന്ന്‌ അവൻ അയാളോടു ചോദിച്ചു. അയാൾ പറഞ്ഞതും അവനു കിട്ടിയതും ഒരേ തുക തന്നെ ആയിരുന്നു. മാർട്ടിൻ ആ പണവും ഒപ്പം ഒരു ലഘുലേഖയും അയാൾക്കു കൊടുത്തിട്ട്‌ താൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നു വെളിപ്പെടുത്തി. സന്തോഷഭരിതനായ ആ മനുഷ്യൻ മാർട്ടിനെ ആശ്ലേഷിക്കുകയും വീണ്ടും വീണ്ടും നന്ദി പറയുകയും ചെയ്‌തു. തന്നെ സന്ദർശിക്കുന്നതിന്‌ മേൽവിലാസവും കൊടുത്തു. ഈയിടെ നടന്ന ഒരു സർക്കിട്ട്‌ സമ്മേളനത്തിൽ തന്റെ മാതാപിതാക്കളോടൊപ്പം മാർട്ടിൻ സ്‌നാപനമേറ്റു.

ഏഷ്യ, മധ്യപൂർവദേശം

ദേശങ്ങളുടെ എണ്ണം: 47

ജനസംഖ്യ: 393,15,74,927

പ്രസാധകരുടെ എണ്ണം: 5,68,370

ബൈബിളധ്യയനങ്ങളുടെ എണ്ണം: 4,17,308

ജപ്പാനിലെ ടോക്കിയോയ്‌ക്ക്‌ അടുത്ത്‌ താമസിക്കുന്ന ഒരു പയനിയറായ കൂമീക്കോയ്‌ക്ക്‌ ആരോഗ്യപ്രശ്‌നം നിമിത്തം വീടുതോറുമുള്ള ശുശ്രൂഷ പരിമിതപ്പെടുത്തേണ്ടിവന്നു. അതുകൊണ്ട്‌ സഹോദരി കത്തുകൾ മുഖേന സാക്ഷീകരിക്കാൻ ധാരാളം സമയം ചെലവഴിച്ചു തുടങ്ങി. സഭയിലെ സഹോദരങ്ങൾ, വീട്ടിൽ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ആളുകളുടെ മേൽവിലാസങ്ങൾ സഹോദരിക്കു കൊടുക്കുമായിരുന്നു. സഹോദരി കത്തുകൾ എഴുതും, സഹോദരങ്ങൾ അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കും. ഒരു വർഷത്തിലേറെ കാലം മറുപടിയൊന്നും കിട്ടിയില്ല. എങ്കിലും സഹോദരി മുടങ്ങാതെ എഴുതിക്കൊണ്ടിരുന്നു. ഒടുവിൽ, 1,500-ഓളം കത്തുകൾക്കുശേഷം സഹോദരിക്ക്‌ ഒരു മറുപടി കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരുന്നു. “കത്തയച്ചതിനു നന്ദി. നിങ്ങൾ പ്രതിപാദിച്ച കാര്യത്തിൽ എനിക്ക്‌ അതിയായ താത്‌പര്യമുണ്ട്‌. പിൻവരുന്ന ദിവസങ്ങളിൽ ഞാൻ ഇവിടെത്തന്നെ കാണും, നിങ്ങളുടെ വരവു കാത്തിരിക്കുന്നു.” ആനന്ദാശ്രുക്കളോടെ സഹോദരി അദ്ദേഹത്തെ സന്ദർശിച്ചു. ഉടൻതന്നെ ഒരു ബൈബിളധ്യയനവും ആരംഭിച്ചു. സഹോദരി പറയുന്നു: “കത്തുമുഖേന സാക്ഷീകരിക്കാൻ ആദ്യമൊക്കെ എനിക്കു സങ്കോചമായിരുന്നു. എന്നാൽ നാം ക്ഷമാപൂർവം ചെമ്മരിയാടുതുല്യരെ തിരയുന്നെങ്കിൽ യഹോവ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കും എന്ന കാര്യത്തിൽ ഇപ്പോൾ എനിക്കു തികഞ്ഞ ബോധ്യമുണ്ട്‌.”

ഇന്ത്യയിൽ വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടിരുന്ന ഒരു സഹോദരി ഒരു ദിവസം രാവിലെ ഒരു വീടിന്റെ വാതിലിൽ മുട്ടി. മ്ലാനവദനയായ ഒരു സ്‌ത്രീ വാതിൽ തുറന്നു. ഒഴിഞ്ഞ പാത്രവും മുമ്പിൽവെച്ച്‌ രണ്ടു കൊച്ചു പെൺകുട്ടികൾ തറയിൽ ഇരിക്കുന്നുണ്ടായിരുന്നു. ദൈവരാജ്യത്തെയും അതു കൈവരുത്താൻ പോകുന്ന അനുഗ്രഹങ്ങളെയും കുറിച്ചുള്ള ആശ്വാസദായകമായ സന്ദേശം ആ സ്‌ത്രീ ശ്രദ്ധയോടെ കേട്ടു. ഈ സമയം, വിശന്നിരുന്ന കുട്ടികൾ അമ്മയോട്‌ ഇടയ്‌ക്കിടെ ഭക്ഷണം ചോദിച്ചുകൊണ്ടിരുന്നെങ്കിലും അവർ അതിനു ശ്രദ്ധ കൊടുത്തില്ല. കുട്ടികൾക്ക്‌ ആഹാരം കൊടുക്കുന്നതുവരെ താൻ കാത്തിരിക്കാമെന്ന്‌ സഹോദരി പറഞ്ഞപ്പോൾ അവർ പൊട്ടിക്കരഞ്ഞു. ആ ഭക്ഷണത്തിൽ വിഷം കലർത്തിയിരുന്നു. സഹോദരി വാതിൽക്കൽ മുട്ടിയപ്പോൾ അവർ കുട്ടികൾക്ക്‌ ആ ഭക്ഷണം കൊടുക്കാൻ തുടങ്ങുകയായിരുന്നു. മദ്യപാനിയായ ഭർത്താവും മറ്റു കുടുംബ പ്രശ്‌നങ്ങളും നിമിത്തം പൊറുതിമുട്ടിയ അവർ മക്കളെ കൊന്നിട്ട്‌ മരിക്കാൻ തീരുമാനിച്ചിരുന്നു. ഇതു കേട്ടപ്പോൾ സഹോദരി ആ ഭക്ഷണമെടുത്ത്‌ ദൂരെ കളഞ്ഞു. എന്നിട്ട്‌ അടുത്തുള്ള കടയിൽനിന്നു ഭക്ഷണസാധനങ്ങൾ വാങ്ങി പെട്ടെന്ന്‌ തിരികെ വന്നു. അവർ രണ്ടു പേരും ചേർന്ന്‌ ഭക്ഷണം പാകംചെയ്‌ത്‌ കുട്ടികൾക്കു കൊടുത്തു. രാജ്യസന്ദേശം ആ സ്‌ത്രീക്ക്‌ ഏറെ ആശ്വാസം പകർന്നു. അവർ ഒരു ബൈബിളധ്യയനം സ്വീകരിച്ചു, ഇപ്പോൾ സ്‌നാപനമേറ്റ സാക്ഷിയാണ്‌. അവരുടെ രണ്ടു മക്കളും യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്‌. അടുത്ത കാലത്ത്‌ അവരുടെ ഭർത്താവ്‌ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. അദ്ദേഹവും പുരോഗതി വരുത്തുന്നതിൽ തുടരുന്നു.

സാർസ്‌ രോഗം തായ്‌വാനിലെ മിക്ക ആളുകളുടെയും മനസ്സിൽ ഭീതി വിതച്ചു. ഈ മാരകരോഗം ഹോങ്കോംഗിനെ ബാധിച്ചതായുള്ള വാർത്താ റിപ്പോർട്ടുകൾ നഗരവാസികൾ പരിഭ്രാന്തിയോടെയാണു ശ്രദ്ധിച്ചത്‌. താമസിയാതെ അത്‌ തായ്‌വാനിലും എത്തി! ഈ വ്യാധി പടർന്നുപിടിച്ചതു നിമിത്തം പല ആശുപത്രികളിലും സാർസ്‌ രോഗികളെ വേറിട്ടു പാർപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്യേണ്ടിവന്നു. അടുത്ത ഇര താനായിരിക്കാം എന്ന ആശങ്ക മിക്ക ആളുകളെയും പിടികൂടി. ഗവൺമെന്റ്‌ ആവശ്യപ്പെടുന്നതിനു മുമ്പുതന്നെ, യോഗങ്ങൾക്കു ഹാജരാകുന്ന എല്ലാവരുടെയും ശരീരോഷ്‌മാവ്‌ അളക്കുന്നതിനുള്ള തെർമോമീറ്ററുകൾ സഭകൾക്ക്‌ ഉണ്ടായിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ബ്രാഞ്ച്‌ ഓഫീസ്‌ ചെയ്‌തു.

തുടർന്ന്‌ ചില പാർപ്പിട മേഖലകളിൽ പ്രസംഗ പ്രവർത്തനം ഒഴിവാക്കാൻ രജിസ്റ്റർ ചെയ്യപ്പെട്ട എല്ലാ മതങ്ങളോടും ഗവൺമെന്റ്‌ ആവശ്യപ്പെട്ടു. ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ തക്കവണ്ണം തങ്ങളുടെ പ്രവർത്തനത്തിൽ എപ്രകാരം പൊരുത്തപ്പെടുത്തലുകൾ വരുത്താമെന്നു കാണാൻ ഒരു പ്രത്യേക സേവനയോഗ പരിപാടി സഹോദരങ്ങളെ സഹായിച്ചു. ഒരു പ്രത്യേക പയനിയർ നേരിയ താത്‌പര്യം പോലും പിൻപറ്റാനുള്ള നിർദേശത്തോട്‌ ക്രിയാത്മകമായി പ്രതികരിച്ചു. അതിന്റെ ഫലമായി അവൾക്ക്‌ കൂടുതൽ ബൈബിളധ്യയനങ്ങൾ ലഭിച്ചു. പുതിയ വിദ്യാർഥികളിൽ പലരും നന്നായി പുരോഗമിക്കുന്നു. സഹോദരി പറയുന്നു: “ഒരു പ്രതികൂല സാഹചര്യമായിരുന്നെങ്കിൽപ്പോലും അത്‌ എന്റെ ശുശ്രൂഷ കൂടുതൽ ഫലകരമായിത്തീരുന്നതിൽ കലാശിച്ചു.”

സൈപ്രസിൽ വയൽസേവനത്തിൽ ഏർപ്പെട്ടിരുന്ന ഒരു സഹോദരി സന്ദർശിച്ച ഒരു സ്‌ത്രീ താൻ തിരക്കിലാണ്‌ എന്നു പറഞ്ഞു. അടുക്കളയുടെ തുറന്നിട്ട ഒരു ജാലകത്തിലൂടെ സഹോദരി ഹ്രസ്വമായി അവരോടു സംസാരിച്ചു, സങ്കീർത്തനം 72:12-14 വായിക്കുകയും കൂടുതൽ സൗകര്യപ്രദമായ ഒരു സമയത്ത്‌ മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുകയും ചെയ്‌തു. മടങ്ങിച്ചെന്ന സഹോദരി ആ സ്‌ത്രീ തനിക്കുവേണ്ടി ആകാംക്ഷാപൂർവം കാത്തിരിക്കുകയായിരുന്നു എന്നു പറഞ്ഞപ്പോൾ അതിശയിച്ചുപോയി. അവരുടെ താത്‌പര്യത്തിനു പിന്നിൽ എന്തായിരുന്നു? സഹോദരി ആദ്യ സന്ദർശനത്തിൽ വായിച്ച തിരുവെഴുത്ത്‌ വളരെ സാന്ത്വനദായകമായി അവർക്ക്‌ അനുഭവപ്പെട്ടിരുന്നു. ദിവസം മുഴുവൻ അവർ അതിനെ കുറിച്ചു ചിന്തിച്ചു. സഹോദരി വെച്ചുനീട്ടിയ ബൈബിളധ്യയനം അവർ പെട്ടെന്നുതന്നെ സ്വീകരിച്ചു. ദൈവവചനത്തിൽനിന്നു താൻ പഠിക്കുന്ന കാര്യങ്ങളെപ്രതി അവർക്കു തികഞ്ഞ വിലമതിപ്പുണ്ട്‌.

കംബോഡിയയിൽ പോളോ എന്നു പേരുള്ള ഒരു വ്യക്തി ഒരു മിഷനറിയോടൊത്തു പഠിക്കുകയും നല്ല പുരോഗതി പ്രാപിക്കുകയും ചെയ്‌തു. പനോം പെനിൽ വെച്ചു നടത്തിയിരുന്ന അഞ്ച്‌ യോഗങ്ങളിലും പോളോ സംബന്ധിക്കുന്നുണ്ടായിരുന്നു. പിന്നീട്‌ തായ്‌ലൻഡ്‌ അതിർത്തിയിലുള്ള ബാട്ടാംബാങ്‌ എന്ന നഗരത്തിലേക്കു മാറാൻ അദ്ദേഹത്തിന്റെ തൊഴിലുടമ ആവശ്യപ്പെട്ടു. അവിടെ സഭ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ പോളോ തന്റെ മൊബൈൽ ഫോൺ നമ്പർ മിഷനറിക്കു കൊടുത്തു. ഫോണിലൂടെ എല്ലാ ബുധനാഴ്‌ചയും വെള്ളിയാഴ്‌ചയും 30 മിനിട്ടു നേരം അവർ പഠനം നടത്തി. വീക്ഷാഗോപുര അധ്യയനത്തിൽ അഭിപ്രായം പറയാനും പോളോ ആഗ്രഹിച്ചു. സഭ വളരെ അകലെ ആയിരുന്നതുകൊണ്ട്‌, പിറ്റേ ആഴ്‌ചത്തെ അധ്യയന ലേഖനത്തിലെ മൂന്നോ നാലോ ഉത്തരങ്ങൾ എഴുതി യോഗത്തിൽ വായിച്ചുകേൾപ്പിക്കാൻ തന്റെ പുസ്‌തകാധ്യയന മേൽവിചാരകനെ ഏൽപ്പിക്കുകയാണ്‌ പോളോ ചെയ്‌തിരുന്നത്‌. പോളോയുടെ തീക്ഷ്‌ണത സഭയിലെ പ്രസാധകരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. താൻ കണ്ടുമുട്ടുന്നവരോടു സാക്ഷീകരിക്കാനും അദ്ദേഹം ശ്രമിക്കുന്നു. പനോം പെന്നിലേക്കും തിരിച്ചുമുള്ള യാത്രയിൽ അദ്ദേഹം നിരവധി ആളുകളോട്‌ സാക്ഷീകരിക്കുകയും യോഗങ്ങൾക്കു ഹാജരാകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകനായിത്തീരാനാണ്‌ അദ്ദേഹം ഇപ്പോൾ ലക്ഷ്യംവെച്ചിരിക്കുന്നത്‌.

മംഗോളിയയിൽ രണ്ടു സഹോദരിമാർ ഏതാണ്ടു 30 വയസ്സുള്ള ഒരു വ്യക്തിയെ സന്ദർശിച്ചു. അവരോട്‌ കാത്തിരിക്കാൻ പറഞ്ഞിട്ട്‌ അയാൾ വീടിനകത്തേക്കു പോയി. ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്‌), ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്നീ പുസ്‌തകങ്ങളുമായി തിരിച്ചുവന്നു. 12 വർഷങ്ങൾക്കു മുമ്പ്‌ പോളണ്ടിൽവെച്ച്‌ താൻ യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിച്ചിട്ടുണ്ട്‌ എന്ന്‌ അയാൾ പറഞ്ഞു. 1993-ൽ മംഗോളിയയിലേക്കു മടങ്ങി വന്ന ഉടനെ സാക്ഷികൾ തന്നെ സന്ദർശിക്കാൻ ആവശ്യപ്പെട്ടുകൊണ്ട്‌ അയാൾ കത്തയച്ചിരുന്നു. എന്നാൽ അക്കാലത്ത്‌ മംഗോളിയയിൽ സാക്ഷികൾ ഇല്ലാതിരുന്നതിനാൽ ആരും അയാളെ സന്ദർശിച്ചില്ല. കുറച്ചു കാലത്തിനുശേഷം സർവകലാശാലാ പഠനത്തിനായി അയാൾ ഇന്ത്യയിൽ അഞ്ചുവർഷം താമസിച്ചു. 1994 മുതൽ 1998 വരെയുള്ള ആ കാലയളവിൽ യഹോവയുടെ സാക്ഷികളുമായി അയാൾക്കു യാതൊരു സമ്പർക്കവും ഉണ്ടായിരുന്നില്ല. പിന്നീട്‌ മംഗോളിയയിലേക്കു മടങ്ങിവന്നപ്പോഴാണ്‌ നമ്മുടെ സഹോദരിമാർ അയാളെ സന്ദർശിക്കുന്നത്‌. വീണ്ടും ഒരു ഭവന ബൈബിളധ്യയനം ആരംഭിച്ചു. 2003 ഏപ്രിലിൽ അയാൾ ആദ്യമായി സഭായോഗത്തിൽ സംബന്ധിച്ചു. ഇപ്പോൾ അയാൾ സന്തോഷപൂർവം ആവശ്യം ലഘുപത്രിക പഠിച്ചുകൊണ്ടിരിക്കുന്നു.

“എന്റെ പ്രാർഥനയ്‌ക്കുള്ള ഉത്തരമാണ്‌ നിങ്ങളുടെ സന്ദർശനം” എന്നു പറഞ്ഞുകൊണ്ട്‌ ഒരു ബുദ്ധമതക്കാരി ശ്രീലങ്കയിലെ രണ്ടു സഹോദരിമാരെ ഊഷ്‌മളമായി സ്വാഗതം ചെയ്‌തപ്പോൾ അവർ അമ്പരന്നുപോയി. താൻ ശിക്ഷണം നൽകിയെന്ന കാരണത്താൽ തന്റെ മകൾ അടുത്തയിടെ ആത്മഹത്യ ചെയ്‌തെന്ന്‌ അവർ വിശദീകരിച്ചു. അൽപ്പം ആശ്വാസത്തിനുവേണ്ടി അവർ ഒരു ബുദ്ധമത പുരോഹിതനെ സമീപിച്ചപ്പോൾ അയാൾ പറഞ്ഞത്‌ മകൾ പുനർജന്മമെടുത്ത്‌ പ്രതികാരം ചെയ്യാൻ വരുമെന്നാണ്‌. ഇത്‌ ആ സ്‌ത്രീയെ പരിഭ്രാന്തയാക്കി. ക്രിസ്‌ത്യാനികൾ അത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നില്ലെന്ന്‌ അവരോട്‌ ഒരു സുഹൃത്ത്‌ പറഞ്ഞു. അതുകൊണ്ട്‌ ഒരു സത്യക്രിസ്‌ത്യാനിയെ തന്റെ അടുത്തേക്ക്‌ അയയ്‌ക്കാൻ അവർ പ്രാർഥിച്ചു, കത്തോലിക്ക മതത്തിൽപ്പെട്ട ആരെങ്കിലുമായിരിക്കും വരുന്നതെന്ന്‌ അവൾ പ്രതീക്ഷിച്ചു. പക്ഷേ, അവരെ സന്ദർശിച്ചതും ബൈബിൾ സത്യത്താൽ അവരെ ആശ്വസിപ്പിച്ചതും രണ്ട്‌ യഹോവയുടെ സാക്ഷികളായിരുന്നു. ബുദ്ധമത പുരോഹിതനിൽനിന്ന്‌ എതിർപ്പുണ്ടെങ്കിലും അവർ ഇപ്പോൾ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്നു.

കിർഗിസ്ഥാനിൽ ഒരു സ്‌ത്രീ വർഷങ്ങളോളം ഇവാഞ്ചലിക്കൽ സഭയോടൊത്തു സഹവസിച്ചുകൊണ്ടിരുന്നു. ബൈബിൾ വായിച്ചപ്പോൾ അതിൽ എഴുതിയിരിക്കുന്നതും സഭയിൽ പഠിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം അവൾക്കു കാണാൻ കഴിഞ്ഞു. ദൃഷ്ടാന്തത്തിന്‌, യേശുക്രിസ്‌തു പിതാവും പുത്രനുമാണെന്ന സഭയുടെ പഠിപ്പിക്കൽ അവൾക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഒരു പുത്രന്‌ പിതാവ്‌ ഉണ്ടായേ തീരൂ എന്ന ഉറച്ച ബോധ്യത്തോടെ അവൾ യേശുക്രിസ്‌തുവിന്റെ പിതാവിനോട്‌ തന്റെ ബൈബിൾ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകേണമേ എന്നു ഹൃദയംഗമമായി പ്രാർഥിച്ചു. അടുത്ത ദിവസം യഹോവയുടെ സാക്ഷികളായ രണ്ടു പേർ അവളെ സന്ദർശിച്ചു. അവർ ഇങ്ങനെ ചോദിച്ചു: “ആരോടു പ്രാർഥിക്കാനാണ്‌ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്‌, ഏതു നാമം വിശുദ്ധീകരിക്കാനാണ്‌ അവൻ അവരോട്‌ ആഹ്വാനം ചെയ്‌തത്‌? നിങ്ങൾ എന്തു വിചാരിക്കുന്നു?” ഈ ചോദ്യങ്ങളുടെ ഉത്തരത്തിനാണല്ലോ തലേ ദിവസം താൻ യേശുക്രിസ്‌തുവിന്റെ പിതാവിനോടു പ്രാർഥിച്ചത്‌ എന്ന്‌ അവൾ അത്ഭുതത്തോടെ ഓർത്തു. ചർച്ചയ്‌ക്കുശേഷം, ദൈവം തനിക്ക്‌ ഉത്തരം നൽകി എന്നതിൽ അവൾക്കു യാതൊരു സംശയവും ഇല്ലായിരുന്നു. അവൾ ക്രമമായ ഒരു ബൈബിളധ്യയനത്തിനു സമ്മതിക്കുകയും യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങൾക്കു ഹാജരായിത്തുടങ്ങുകയും ചെയ്‌തു. യഹോവയാണ്‌ യേശുവിന്റെ പിതാവ്‌ എന്നു മനസ്സിലാക്കിയപ്പോൾ മുതൽ അവൾ അവന്റെ വ്യക്തിപരമായ നാമം ഉപയോഗിച്ച്‌ യഹോവയോടു പ്രാർഥിക്കാൻ തുടങ്ങി. ഇപ്പോൾ അവൾ ആത്മീയമായി പുരോഗമിക്കുകയും താൻ കണ്ടെത്തിയ അറിവ്‌ ബന്ധുക്കളുമായി പങ്കുവെക്കുകയും ചെയ്യുന്നു.

ആഫ്രിക്ക

ദേശങ്ങളുടെ എണ്ണം: 56

ജനസംഖ്യ: 75,51,45,559

പ്രസാധകരുടെ എണ്ണം: 9,50,321

ബൈബിളധ്യയനങ്ങളുടെ എണ്ണം: 16,66,518

സാംബിയയിൽ നഗരങ്ങൾക്കിടയിൽ ഓടുന്ന മിക്ക ബസ്സുകളിലും യാത്രക്കാരെ മുഷിപ്പിക്കാതിരിക്കാൻ വീഡിയോകൾ കാണിക്കാറുണ്ട്‌. അവ പലപ്പോഴും അക്രമവും അധാർമികതയും നിറഞ്ഞവയാണ്‌. തലസ്ഥാന നഗരിയിലേക്കുള്ള ഒരു ബസ്സിൽ യാത്രചെയ്യുകയായിരുന്ന ഒരു മിഷനറി ദമ്പതികൾ, ബൈബിൾ​—⁠നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രഭാവം (ഇംഗ്ലീഷ്‌) എന്ന വീഡിയോ കാണിക്കാമോ എന്ന്‌ ബസ്സ്‌ ജീവനക്കാരോടു ചോദിച്ചു. ഡ്രൈവർ സമ്മതിച്ചു. “യാത്രക്കാർ ഏകാഗ്രതയോടെ അതു കാണുകയും നന്നായി ശ്രദ്ധിക്കുകയും ചെയ്യുന്നത്‌ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു” എന്ന്‌ മിഷനറി സഹോദരി രൂത്ത്‌ അനുസ്‌മരിക്കുന്നു. “അതിനുശേഷം ഞങ്ങൾ അവരോടു സംസാരിച്ചു, ലഘുലേഖകളും മാസികകളും സമർപ്പിച്ചു. അവർ ഉത്സാഹത്തോടെയാണ്‌ പ്രതികരിച്ചത്‌.” വീഡിയോ വീണ്ടും കാണിക്കാമോ എന്ന്‌ ഈ ദമ്പതികൾ ഡ്രൈവറോടു ചോദിച്ചു. അയാൾ അതു പിന്നീടു ചെയ്യുമെന്നാണ്‌ അവർ വിചാരിച്ചത്‌. എന്നാൽ ഡ്രൈവർ അത്‌ റിവൈൻഡുചെയ്‌ത്‌ ഉടൻതന്നെ കാണിച്ചു കൊടുത്തു. “യാത്രക്കാർ വീഡിയോ രണ്ടാം പ്രാവശ്യവും ആസ്വദിച്ചു. ഡ്രൈവറോട്‌ അതു കാണിക്കാമോ എന്നു ചോദിക്കാൻ മുൻകൈ എടുത്തതിൽ ഞങ്ങൾക്കു സന്തോഷം തോന്നി” എന്ന്‌ റിച്ചാർഡ്‌ സഹോദരൻ പറയുന്നു.

മലാവിയിലെ കൗമാരപ്രായക്കാരിയായ ഒരു വിദ്യാർഥിനിയായ മിരാൻഡ ഒരു ദിവസം സ്‌കൂളിലെ ഇടവേളയിൽ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകം തന്റെ സഹപാഠിയെ കാണിക്കുകയായിരുന്നു. അവർ തമ്മിലുള്ള സംസാരം ഒരു അധ്യാപകൻ ശ്രദ്ധിക്കുകയും മിരാൻഡയെ തന്റെ ഓഫീസിലേക്കു വിളിപ്പിക്കുകയും ചെയ്‌തു. കൂട്ടുകാരിയോട്‌ വിവാഹം കഴിക്കണമെന്നു പറഞ്ഞത്‌ എന്തിനാണെന്ന്‌ അദ്ദേഹം അവളോടു ചോദിച്ചു. തന്റെ സുഹൃത്തിനോട്‌ വിവാഹം കഴിക്കാനല്ല താൻ പറഞ്ഞതെന്നും മറിച്ച്‌, യഥാർഥ സന്തുഷ്ടി കണ്ടെത്താൻ കുടുംബങ്ങളെ സഹായിക്കാൻ ഈ പുസ്‌തകത്തിനു കഴിയുന്ന വിധത്തെ കുറിച്ച്‌ ചർച്ച ചെയ്യുകയായിരുന്നെന്നും അവൾ പറഞ്ഞു. കോപാക്രാന്തനായി അധ്യാപകൻ ആക്രോശിച്ചു: “ദാമ്പത്യ ഉപദേശം നൽകാൻ മാത്രം നീ വളർന്നിട്ടില്ല!”

വിഷണ്ണയായി, പേടിച്ചുവിറച്ച്‌ മിരാൻഡ അധ്യാപകന്റെ മുറിയിൽനിന്നും പോയി. രണ്ടു ദിവസത്തിനു ശേഷം അധ്യാപകൻ അവളെ വീണ്ടും തന്റെ ഓഫീസിലേക്കു വിളിപ്പിച്ചു. തുടർന്ന്‌ എന്താണു സംഭവിച്ചതെന്നു മിരാൻഡ വിശദീകരിക്കുന്നു: “എന്നോട്‌ ദേഷ്യപ്പെട്ടു സംസാരിച്ചതിൽ തനിക്കു ദുഃഖമുണ്ടെന്ന്‌ എന്റെ അധ്യാപകൻ പറഞ്ഞു, മാത്രമല്ല, അദ്ദേഹവും ഭാര്യയും എപ്പോഴും വഴക്കുകൂടിയിരുന്നുവെന്നും ഒടുവിൽ വേർപിരിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഞാൻ എന്റെ സഹപാഠിയെ കാണിച്ച പുസ്‌തകത്തിന്റെ ഒരു പ്രതി അദ്ദേഹം ആവശ്യപ്പെട്ടു. അതു കൊടുക്കാൻ എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പുസ്‌തകം സഹായകമായിരുന്നെന്നും അതിലെ ആശയങ്ങൾ തന്റെ ഭാര്യയുമായി പങ്കുവെച്ചെന്നും രണ്ട്‌ ആഴ്‌ചയ്‌ക്കു ശേഷം അദ്ദേഹം പറഞ്ഞു. അങ്ങനെ ക്രമേണ, അദ്ദേഹവും ഭാര്യയും വീണ്ടും ഒരുമിച്ചു.”

ദക്ഷിണാഫ്രിക്കയിൽ എറിക്‌ എന്നു പേരുള്ള പ്രായം ചെന്ന ഒരു വ്യക്തി അനേക വർഷങ്ങൾ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചിരുന്നു. എന്നാൽ, പുകവലി ശീലം അദ്ദേഹത്തിന്റെ ആത്മീയ പുരോഗതിക്കു തടസ്സമായിനിന്നു. അദ്ദേഹത്തിന്റെ ഭാര്യ സ്‌നാപനമേറ്റ ശേഷം അദ്ദേഹവും ആ ലക്ഷ്യത്തിലേക്കു പുരോഗമിക്കാൻ തീരുമാനിച്ചു. അദ്ദേഹം, 2 കൊരിന്ത്യർ 7:​1-ലെ “പ്രിയമുളളവരേ, ഈ വാഗ്‌ദത്തങ്ങൾ നമുക്കു ഉളളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക” എന്ന വാക്യത്തിന്റെ വലിയ അക്ഷരത്തിലുള്ള പല കോപ്പികൾ എടുത്ത്‌ പെട്ടെന്നു കാണാവുന്ന വിധത്തിൽ തന്റെ വീട്ടിൽ പലയിടങ്ങളിൽ സ്ഥാപിച്ചു. ഒരു സിഗരറ്റു വലിക്കാൻ തോന്നുമ്പോഴൊക്കെ അദ്ദേഹം ഈ വാക്യം വായിച്ചിട്ട്‌ പുകവലി ഉപേക്ഷിക്കാനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കും. ഫലമോ? അദ്ദേഹം പുകവലി നിറുത്തിയിട്ട്‌ ഇപ്പോൾ പത്തുമാസത്തിലേറെയായി. എറിക്‌ ഇപ്പോൾ സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനാണ്‌. അടുത്ത ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സ്‌നാപനമേൽക്കാൻ അദ്ദേഹം ഒരുങ്ങുകയാണ്‌.

സെയ്‌ഷെൽസ്‌ ദ്വീപുകളിൽ ഒരു മിഷനറി സഹോദരി ഒരു കടത്തുബോട്ട്‌ കാത്തുനിൽക്കുകയായിരുന്നു. അപ്പോൾ ഒരു സ്‌ത്രീ ഒറ്റയ്‌ക്കിരിക്കുന്നത്‌ സഹോദരിയുടെ ശ്രദ്ധയിൽ പെട്ടു. ഒരു ദിവസം മുഴുവനും പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ടതിനാൽ ക്ഷീണിതയായിരുന്നെങ്കിലും സഹോദരി ആ സ്‌ത്രീയെ സമീപിച്ച്‌ ഒരു ലഘുലേഖ നൽകി. താൻ ഒരു ഹിന്ദുവാണെന്നു പറഞ്ഞുകൊണ്ട്‌ അവർ അതു വാങ്ങി. ഏതാനും ദിവസങ്ങൾക്കു ശേഷം തെരുവിൽവെച്ച്‌ അവർ വീണ്ടും കണ്ടുമുട്ടി. സഹോദരി അവരോടൊപ്പം ബൈബിൾ പഠിക്കാൻ ഒരു സമയം ക്രമീകരിച്ചു. സ്‌ത്രീയുടെ ഭർത്താവ്‌ കത്തോലിക്കാ വിശ്വാസിയായ ഒരു ഡോക്ടറായിരുന്നു. എന്നാൽ ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകവും പരിജ്ഞാനം പുസ്‌തകവും വായിച്ചതിനുശേഷം അദ്ദേഹവും ബൈബിളധ്യയനത്തിന്‌ ഇരിക്കാൻ സമ്മതിച്ചു. ഒരു വൈകുന്നേരം ആ ദമ്പതികൾ സഹോദരിയെയും ഭർത്താവിനെയും ഒരു പ്രത്യേക വിരുന്നിനു ക്ഷണിച്ചു. രണ്ടുപേരും അവരുടെ വിഗ്രഹങ്ങൾ ചുട്ടു ചാമ്പലാക്കുകയും ആ തീയിൽ ആഹാരം പാകം ചെയ്യുകയും ചെയ്‌തു! പെട്ടെന്നുതന്നെ അവർ യോഗങ്ങൾക്കു ഹാജരാകാനും വയൽസേവനത്തിൽ പങ്കെടുക്കാനും തുടങ്ങി. സ്‌നാപനമേറ്റശേഷം അവർ രണ്ടുപേരും സഹായ പയനിയറിങ്‌ തുടങ്ങി. അവർ താമസിക്കുന്ന ദ്വീപ്‌ ചെറുതായതിനാൽ സഹോദരനെ അവിടെ എല്ലാവരുംതന്നെ അറിയും. “ഡോക്ടർ സാറിപ്പോൾ പാതിരിയായി” എന്ന്‌ ചിലർ തമാശരൂപേണ പറയാറുണ്ട്‌. അദ്ദേഹം ഇപ്പോൾ ഒരു ശുശ്രൂഷാദാസനായും അദ്ദേഹത്തിന്റെ ഭാര്യ ഒരു സാധാരണ പയനിയറായും സേവിക്കുന്നു.

സിംബാബ്‌വേയിലെ ബധിരരായ ആളുകളെ സത്യം പഠിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തിൽ ഇശ്‌മായേൽ ആംഗ്യഭാഷ പഠിച്ചു. ഒരു ദിവസം അദ്ദേഹം ബസ്സിൽ യാത്ര ചെയ്യുമ്പോൾ, ബധിരയായ ഒരു സ്‌ത്രീ യാത്രക്കാരോട്‌ പണം യാചിക്കുന്നത്‌ കാണാനിടയായി. ഇശ്‌മായേൽ അവരോടു സാക്ഷീകരിച്ചിട്ട്‌ വീണ്ടും കാണാനുള്ള ക്രമീകരണം ചെയ്‌തു. അവർ ബധിരയായിപ്പോയതിന്റെ കാരണം സംബന്ധിച്ച്‌ സഭ പഠിപ്പിച്ചത്‌ എന്താണെന്നു ചോദിച്ചപ്പോൾ ആ സ്‌ത്രീ ഇങ്ങനെ പറഞ്ഞു: “എന്നെ സംബന്ധിച്ചുള്ള ദൈവേഷ്ടം ഇതാണെന്നാണ്‌ അവർ പറയുന്നത്‌.” എന്നാൽ ആളുകൾ ബധിരരായിരിക്കണം എന്നുള്ളത്‌ ദൈവേഷ്ടമല്ല എന്നും ഇത്തരം കാര്യങ്ങൾ മനുഷ്യന്‌ കൈമാറിക്കിട്ടിയിരിക്കുന്ന പാപത്തിന്റെയും അപൂർണതയുടെയും ഫലമാണെന്നും ഇശ്‌മായേൽ അവരോടു വിശദീകരിച്ചു. ഈ വൈകല്യങ്ങൾ എല്ലാം ഉടൻതന്നെ ദൈവം നീക്കം ചെയ്യാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അവർ ഇങ്ങനെ മറുപടി പറഞ്ഞു: “എന്റെ സഭ എന്നെ നുണ പഠിപ്പിച്ചത്‌ എന്തുകൊണ്ടാണെന്ന്‌ എനിക്കറിയണം” ഇശ്‌മായേൽ അവരെ മൂന്നാം തവണ കണ്ടുമുട്ടിയപ്പോൾ അവർ പറഞ്ഞു: “ഇന്നുമുതൽ ഞാൻ നിങ്ങളിൽ ഒരാളാണ്‌, നുണകൾ കേൾക്കാൻ ഇനിമുതൽ ഞാൻ ആഗ്രഹിക്കുന്നില്ല.” അവരോടൊത്ത്‌ ഒരു ബൈബിളധ്യയനം നടത്തിക്കൊണ്ടിരിക്കുന്നു. സഭായോഗങ്ങൾക്ക്‌ അവർ ക്രമമായി ഹാജരാകുകയും സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധിക ആയിത്തീരുന്നതിലേക്കു പുരോഗമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഘാനയിൽ അഷ്ടിക്കു വക തേടുന്ന തത്രപ്പാടിനിടയിൽ ആത്മീയ കാര്യങ്ങളെ കുറിച്ചു ചിന്തിക്കാൻ അനേകർക്കും സമയമില്ല. സാധാരണ പയനിയറായ ഒരു സഹോദരി വീടുതോറുമുള്ള വേലയിൽ ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടി, ബൈബിൾ ചർച്ചയ്‌ക്കായി അഞ്ചുമിനിട്ടു ചെലവഴിക്കാമോ എന്ന്‌ അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: “പകൽ സമയത്തെല്ലാം ഞാൻ വളരെ തിരക്കിലാണ്‌. ഞാൻ വീട്ടിൽ വരുന്നത്‌ ഉറങ്ങാൻ മാത്രമാണ്‌, രാത്രി എട്ടുമണിക്കുശേഷം.”

അപ്പോൾ സഹോദരി ചോദിച്ചു: “നിങ്ങൾ ഉറങ്ങാൻ എടുക്കുന്ന സമയത്തിൽ അൽപ്പം, ബൈബിൾ പഠിക്കാൻ ചെലവഴിക്കാൻ സാധിക്കുമോ?”

അദ്ദേഹം പറഞ്ഞു: “നിങ്ങൾ രാത്രി എട്ടുമണിക്കു ശേഷം വന്നാൽ മാത്രം.” അടുത്തദിവസം സഹോദരിയും ഭർത്താവും രാത്രി കൃത്യം എട്ടുമണിയായപ്പോൾ ആ മനുഷ്യന്റെ വീട്ടിൽ ചെന്നു. അപ്പോൾ അദ്ദേഹം ജോലി കഴിഞ്ഞ്‌ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഒരു ബൈബിളധ്യയനം തുടങ്ങി, താമസിയാതെ അദ്ദേഹം യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി, പിന്നീട്‌ സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകനായി, ഒടുവിൽ സ്‌നാപനമേൽക്കുകയും ചെയ്‌തു. അദ്ദേഹം ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ ഭാര്യയിൽ വളരെ മതിപ്പുളവാക്കുകയും അവരും ഒരു ബൈബിളധ്യയനം സ്വീകരിക്കുകയും സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധികയായി പെട്ടെന്നുതന്നെ പുരോഗതി പ്രാപിക്കുകയും ചെയ്‌തു. അദ്ദേഹം വീടുതോറും പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുന്നതു കണ്ടപ്പോൾ, അയൽക്കാർക്കും ഈ ചെറുപ്പക്കാരന്റെ മുൻ ജീവിതഗതിയെ കുറിച്ച്‌ അറിയാവുന്ന മിക്കവർക്കും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. മദ്യപാനിയും മോഷ്ടാവും മയക്കുമരുന്ന്‌ ആസക്തനുമായിരുന്ന ഒരു മനുഷ്യനെ ഇത്തരത്തിൽ മാറ്റിയെടുത്തത്‌ എന്താണെന്ന്‌ അറിയാൻ അനേകരും ആഗ്രഹിച്ചു. തുടർന്ന്‌, ആ പട്ടണത്തിലുള്ള 22 പേർ ബൈബിളധ്യയനങ്ങൾ ആവശ്യപ്പെട്ടു. അവരിൽ 12 പേർ ഇപ്പോൾത്തന്നെ ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്‌. താമസിയാതെ, അവർ സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകരായി പുരോഗതി പ്രാപിക്കുമെന്ന്‌ പ്രത്യാശിക്കുന്നു.

[43-ാം പേജിലെ ചിത്രം]

സ്റ്റെപ്പോനസും എഡ്വാർഡസും, ലിത്വാനിയ

[47-ാം പേജിലെ ചിത്രം]

അലിസ്‌ അവളുടെ ടീച്ചർ ലിൻഡയോടൊത്ത്‌, ഓസ്‌ട്രേലിയ

[51-ാം പേജിലെ ചിത്രം]

മാല, ഐക്യനാടുകൾ

[56-ാം പേജിലെ ചിത്രം]

കൂമീക്കോ, ജപ്പാൻ

[61-ാം പേജിലെ ചിത്രം]

രൂത്തും റിച്ചാർഡും, സാംബിയ