വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഐസ്‌ലൻഡ്‌

ഐസ്‌ലൻഡ്‌

ഐസ്‌ലൻഡ്‌

ഐസ്‌ലൻഡ്‌ എന്ന പേരു കേൾക്കു​മ്പോൾത്തന്നെ ഐസും ഹിമവും ഇഗ്ലൂക​ളു​മൊ​ക്കെ​യുള്ള അതിക​ഠി​ന​മായ തണുപ്പുള്ള ഒരു പ്രദേ​ശ​ത്തി​ന്റെ ചിത്രം മനസ്സി​ലേക്ക്‌ ഓടി​യെ​ത്തി​യേ​ക്കാം. ആ ചിത്രത്തെ പൂർണ​മാ​ക്കുന്ന വിധത്തി​ലാണ്‌ ഭൂപട​ത്തിൽ ഈ സ്ഥലത്തിന്റെ സ്ഥാനവും. ഉത്തര​ധ്രു​വ​ത്തോട്‌ ഇത്ര അടുത്തു പാർക്കു​ന്നവർ ഭൂമി​യിൽ അധിക​മാ​രു​മില്ല. എന്തിന്‌, ഐസ്‌ലൻഡി​ന്റെ വടക്കേ അതിര്‌ ആർട്ടിക്‌ വൃത്തത്തിൽ തൊട്ടു​തൊ​ട്ടി​ല്ലാ എന്ന കണക്കെ​യാ​ണു കിടക്കു​ന്നത്‌!

എന്നാൽ, യഥാർഥ​ത്തിൽ, പേരും സ്ഥാനവും സൂചി​പ്പി​ക്കു​ന്നത്ര തണുപ്പുള്ള പ്രദേ​ശമല്ല ഐസ്‌ലൻഡ്‌. ഭൂമധ്യ​രേ​ഖ​യു​ടെ കുറച്ചു വടക്കു​നി​ന്നു രൂപം​കൊ​ള്ളുന്ന ഒരു ഉഷ്‌ണജല സമു​ദ്ര​പ്ര​വാ​ഹ​ത്തി​ന്റെ പ്രഭാവം അതിന്റെ കാലാ​വ​സ്ഥയെ നാം പ്രതീ​ക്ഷി​ച്ചേ​ക്കാ​വു​ന്ന​തി​ലും ശൈത്യം കുറഞ്ഞ​താ​ക്കു​ന്നു. ഹിമകു​ടി​ലു​ക​ളായ ഇഗ്ലൂകൾ ഒന്നും​തന്നെ അവിടെ കാണാ​നില്ല. ഐസ്‌ലൻഡി​ലെ ജനങ്ങളു​ടെ സാമൂ​ഹിക ജീവി​ത​നി​ല​വാ​രം വളരെ ഉയർന്ന​താണ്‌. ഭൗമതാ​പോർജം ഉപയോ​ഗിച്ച്‌ ഉൾവശം ചൂടാ​ക്കാ​വുന്ന സജ്ജീക​ര​ണ​ങ്ങ​ളോ​ടു കൂടിയ, നല്ല രീതി​യിൽ പണിക​ഴി​പ്പിച്ച അത്യാ​ധു​നിക വീടു​ക​ളി​ലാണ്‌ അവർ താമസി​ക്കു​ന്നത്‌.

വൻ വൈവി​ധ്യ​ങ്ങ​ളു​ടെ ഒരു നാടാണ്‌ ഐസ്‌ലൻഡ്‌. ശൈത്യ​കാ​ലം മുറു​കു​ന്ന​തോ​ടെ സൂര്യൻ പകൽസ​മ​യത്ത്‌ ചക്രവാ​ള​ത്തിൽ ഏതാനും മണിക്കൂർ മാത്രം എത്തി​നോ​ക്കി മടങ്ങുന്നു. അവിടത്തെ ദൈർഘ്യ​മേ​റിയ ഇരുണ്ട ശൈത്യ​കാല രാത്രി​കളെ പലപ്പോ​ഴും ഒറോറ ബൊറി​യാ​ലിസ്‌ എന്നറി​യ​പ്പെ​ടുന്ന അഭൗമ മനോ​ഹ​ര​മായ ഉത്തര​ധ്രു​വ​ദീ​പ്‌തി പ്രദർശ​നങ്ങൾ വർണോ​ജ്ജ്വ​ല​മാ​ക്കാ​റു​ണ്ടെ​ങ്കി​ലും പകൽസ​മ​യത്ത്‌ സൂര്യൻ അധികം പ്രത്യ​ക്ഷ​പ്പെ​ടാ​ത്തതു കണ്ടാൽ പുറത്തി​റ​ങ്ങാൻ മടികാ​ണിച്ച്‌ ഒളിച്ചി​രി​ക്കു​ക​യാ​ണോ അവൻ എന്നു തോന്നി​പ്പോ​കും. എന്നിരു​ന്നാ​ലും, അതിന്‌ ഒരു പ്രായ​ശ്ചി​ത്തം എന്നപോ​ലെ വേനൽക്കാ​ലത്ത്‌ ഏതാനും മാസ​ത്തേക്കു തുടർച്ച​യാ​യി സൂര്യ​പ്ര​കാ​ശം ലഭിക്കു​ന്നു. ഈ സമയത്ത്‌ രാജ്യ​ത്തി​ന്റെ വടക്കേ​യ​റ്റത്തെ ചക്രവാ​ള​ത്തിൽ ഏതാനും ആഴ്‌ച​ക​ളോ​ളം സൂര്യൻ ഒരേനിൽപ്പു​നിൽക്കു​ന്നു. അപ്പോൾ അർധരാ​ത്രി​യി​ലും സൂര്യനെ കാണാൻ കഴിയും.

ഐസ്‌ലൻഡ്‌ മഞ്ഞി​ന്റെ​യും തീയു​ടെ​യും നാട്‌ എന്നു വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ആ പേര്‌ തികച്ചും അനു​യോ​ജ്യ​മാണ്‌. കാരണം, രാജ്യ​ത്തി​ന്റെ ഏതാണ്ട്‌ പത്തി​ലൊ​രു​ഭാ​ഗം ഹിമന​ദി​ക​ളാൽ മൂട​പ്പെ​ട്ടാ​ണു കിടക്കു​ന്നത്‌. അഗ്നിപർവ​ത​ങ്ങ​ളു​ടെ​യും ഭൗമാ​ന്തർഭാ​ഗത്തെ താപ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ​യും ഒരു സജീവ​കേ​ന്ദ്രം എന്നനി​ല​യിൽ തീയും അവിടെ കാണ​പ്പെ​ടു​ന്നു. ധാരാളം അഗ്നിപർവത സ്‌ഫോ​ട​നങ്ങൾ അവിടെ ഉണ്ടായി​ട്ടുണ്ട്‌. കഴിഞ്ഞ ഏതാനും നൂറ്റാ​ണ്ടു​ക​ളാ​യി, ശരാശരി അഞ്ചോ ആറോ വർഷം കൂടു​മ്പോൾ അഗ്നിപർവത സ്‌ഫോ​ട​നങ്ങൾ ഉണ്ടാകു​ന്നു. വളരെ​യ​ധി​കം ഉഷ്‌ണ​ജ​ല​സ്രോ​ത​സ്സു​ക​ളും അവിടെ കാണ​പ്പെ​ടു​ന്നു.

ജനവാസം കുറഞ്ഞ ഈ രാജ്യം പ്രകൃതി സൗന്ദര്യ​ത്താ​ലും, വൈവി​ധ്യ​മാർന്ന ജന്തുജാ​ല​ങ്ങ​ളാ​ലും അനുഗൃ​ഹീ​ത​മാണ്‌. ശുദ്ധവാ​യു, മനോ​ഹ​ര​മായ വെള്ളച്ചാ​ട്ടങ്ങൾ, പ്രൗഢി​യോ​ടെ തലയു​യർത്തി നിൽക്കുന്ന നിമ്‌നോ​ന്ന​ത​ങ്ങ​ളായ പർവതങ്ങൾ, വിശാ​ല​മായ മണൽപ്പ​ര​പ്പു​കൾ എന്നിവ സന്ദർശ​കരെ ആകർഷി​ക്കു​ന്നു. ദേശാ​ട​ന​പ​ക്ഷി​ക​ളാ​കട്ടെ, വസന്താ​രം​ഭ​ത്തിൽത്തന്നെ അവയുടെ വേനൽക്കാല ആവാസ​ങ്ങ​ളായ തീര​ദേ​ശത്തെ കിഴു​ക്കാം​തൂ​ക്കായ പാറ​ക്കെ​ട്ടു​ക​ളി​ലേ​ക്കും ചതുപ്പു​നി​ല​ങ്ങ​ളി​ലേ​ക്കും മടങ്ങി​യെ​ത്തു​ന്നു. ഈ പക്ഷിക​ളിൽ ഒന്നാണ്‌ ആർട്ടിക്‌ കടൽക്കാക്ക. ഇവ എല്ലാ വർഷവും ഭൂഗോ​ള​ത്തി​ന്റെ മറുവ​ശ​ത്തുള്ള അന്റാർട്ടിക്ക സന്ദർശി​ച്ചു മടങ്ങുന്നു. പഫിൻ, കടൽത്താ​റാ​വു​കൾ, കടൽക്കൊ​ക്കു​കൾ തുടങ്ങി​യ​വയെ തീര​പ്ര​ദേ​ശ​ത്തും ചെങ്കു​ത്തായ പാറക്കൂ​ട്ട​ങ്ങൾക്കി​ട​യി​ലും കാണാൻ കഴിയും. മേഞ്ഞു​ന​ട​ക്കുന്ന ചെമ്മരി​യാ​ട്ടിൻകൂ​ട്ടങ്ങൾ നാട്ടിൻപു​റ​ങ്ങ​ളി​ലെ ഒരു സ്ഥിരം കാഴ്‌ച​യാണ്‌. ഉയർന്ന പ്രദേ​ശ​ങ്ങ​ളി​ലാ​ണെ​ങ്കിൽ അവിടത്തെ പ്രതി​കൂല സാഹച​ര്യ​ങ്ങ​ളു​മാ​യി ഇണങ്ങി​പ്പോ​കാൻ നല്ല കഴിവുള്ള ഐസ്‌ലാൻഡിക്‌ പോണി​കൾ (ഉയരം കുറഞ്ഞ കുതി​രകൾ) സ്വൈ​ര്യ​മാ​യി വിഹരി​ക്കു​ന്ന​തും കാണാം. ഗ്രീഷ്‌മ​കാല ആരംഭ​ത്തിൽത്തന്നെ, മുട്ടയി​ടാ​നാ​യി തിരി​ച്ചെ​ത്തുന്ന ആയിര​ക്ക​ണ​ക്കി​നു സാൽമൺ മത്സ്യങ്ങൾ നദിക​ളി​ലും വെള്ളച്ചാ​ട്ട​ങ്ങ​ളി​ലും കുതി​ച്ചു​മ​റി​യുന്ന കാഴ്‌ച​യും അവിടെ കാണാം.

ഐസ്‌ലൻഡി​ലെ 2,90,570 നിവാ​സി​കൾ 1,100-ലധികം വർഷം മുമ്പ്‌ അവിടെ കുടി​യേറി താമസിച്ച വൈക്കി​ങ്ങു​ക​ളു​ടെ പിന്തു​ടർച്ച​ക്കാ​രാണ്‌. ഈ കുടി​യേ​റ്റ​ക്കാർ അധിക​വും വന്നതു നോർവേ​യിൽ നിന്നാ​യി​രു​ന്നു. പഴയ നോഴ്‌സ്‌ ഭാഷയാണ്‌ അവർ സംസാ​രി​ച്ചി​രു​ന്നത്‌. ഐസ്‌ലാൻഡിക്‌ ഭാഷ ഉരുത്തി​രി​ഞ്ഞത്‌ അതിൽനി​ന്നാണ്‌. ഭാഷയു​ടെ സമ്പന്നത​യും ഒറ്റപ്പെട്ടു കിടക്കുന്ന രാജ്യ​ത്തി​ന്റെ സ്ഥാനവും ആ ഭാഷയെ മറ്റു ഭാഷക​ളു​ടെ സ്വാധീ​ന​ത്തിൽനി​ന്നു സംരക്ഷി​ച്ചി​രി​ക്കു​ന്നു. തത്‌ഫ​ല​മാ​യി, 13-ാം നൂറ്റാ​ണ്ടിൽ എഴുത​പ്പെട്ട തങ്ങളുടെ പഴയ ഇതിഹാ​സ​ഗാ​ഥകൾ (സാഗാസ്‌) വായി​ക്കാൻ ഇന്നും അവർക്കു കഴിയു​ന്നു. മാതൃ​ഭാ​ഷ​യെ​ക്കു​റിച്ച്‌ അഭിമാ​നം​കൊ​ള്ളുന്ന ആ ജനത, വിദേ​ശ​ഭാ​ഷ​ക​ളിൽനിന്ന്‌ വാക്കുകൾ കടംവാ​ങ്ങു​ന്ന​തി​നോട്‌ ശക്തമായ എതിർപ്പു​ള്ള​വ​രാണ്‌.

ഐസ്‌ലൻഡി​ലെ ആദ്യകാല കുടി​യേ​റ്റ​ക്കാ​രിൽ മിക്കവ​രും അ​ക്രൈ​സ്‌ത​വ​രാ​യി​രു​ന്നു. 10-ാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ മാത്ര​മാണ്‌ അവിടത്തെ ജനങ്ങളെ ‘ക്രിസ്‌ത്യാ​നി​ത്വ​ത്തി​ലേക്കു’ പരിവർത്തനം ചെയ്യാ​നുള്ള ശ്രമങ്ങൾ തുടങ്ങി​യത്‌. ആ നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ട​ടുത്ത്‌ ഐസ്‌ലൻഡി​ലെ പ്രമു​ഖ​രായ നേതാ​ക്ക​ന്മാ​രിൽ ചിലർ ‘ക്രിസ്‌ത്യാ​നി​ത്വം’ സ്വീക​രി​ച്ചു. 1000-ാമാണ്ടിൽ ഐസ്‌ലൻഡി​ലെ പാർല​മെ​ന്റായ ആൾത്തിങ്‌ തങ്ങളുടെ അ​ക്രൈ​സ്‌തവ മതനേ​താ​ക്ക​ളി​ലെ ഒരു പ്രധാ​നി​യോട്‌ ഈ രണ്ടുമ​ത​ങ്ങ​ളും വിലയി​രു​ത്തി ഏതാണു നല്ലത്‌ എന്നു വിധി​പ​റ​യാൻ ആവശ്യ​പ്പെട്ടു. അതിശ​യ​ക​ര​മെന്നു പറയട്ടെ, ആളുകൾ പിന്തു​ട​രേണ്ട ഏക മതം എന്നനി​ല​യിൽ അദ്ദേഹം തിര​ഞ്ഞെ​ടു​ത്തത്‌ ‘ക്രിസ്‌ത്യാ​നി​ത്വ’ത്തെയാണ്‌. വലിയ പ്രതി​ഷേ​ധ​ങ്ങ​ളൊ​ന്നും കൂടാതെ മറ്റുള്ള​വ​രും ആ തീരു​മാ​നം അംഗീ​ക​രി​ച്ചു​വെന്നു തോന്നു​ന്നു. എന്നാൽ, രഹസ്യ​മാ​യി പുറജാ​തി ദൈവ​ങ്ങളെ ആരാധി​ക്കു​ന്ന​തി​നും പുറജാ​തീയ ആചാരങ്ങൾ പിൻപ​റ്റാ​നും അനുവ​ദി​ക്കുന്ന രീതി​യി​ലു​ള്ള​താ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ വിധി. മതപരം എന്നതി​ലു​പരി ആ തീരു​മാ​നം രാഷ്‌ട്രീ​യ​മാ​യി​രു​ന്നു. എങ്കിൽപ്പോ​ലും ഐസ്‌ലൻഡി​ലെ ജനങ്ങളെ സ്വതന്ത്ര ചിന്താ​ഗ​തി​ക്കാർ, മതത്തോ​ടുള്ള ബന്ധത്തിൽ വിശാ​ല​മ​ന​സ്‌കർ ആക്കുന്ന​തിൽ ആ തീരു​മാ​നം ഒരളവു​വരെ പങ്കുവ​ഹി​ച്ചി​രി​ക്കാം.

ഇന്ന്‌, ഏതാണ്ട്‌ 90 ശതമാനം ആളുക​ളും ദേശീ​യ​മ​ത​മായ ഇവാൻജ​ലി​ക്കൽ ലൂഥറൻ സഭയിൽപ്പെ​ട്ട​വ​രാണ്‌. മിക്കവാ​റും എല്ലാ വീടു​ക​ളി​ലും ബൈബിൾ ഉണ്ടെങ്കി​ലും അതു ദൈവ​വ​ച​ന​മാ​ണെന്നു വിശ്വ​സി​ക്കു​ന്നവർ വളരെ കുറവാണ്‌.

ഐസ്‌ലൻഡിൽ സുവാർത്ത എത്തുന്നു

20-ാം നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തോ​ടെ ഐസ്‌ലൻഡി​ലെ ജനങ്ങളിൽ അനേക​രും കാനഡ​യി​ലേക്കു കുടി​യേ​റി​യി​രു​ന്നു. ഒരു പരിധി​വരെ അഗ്നിപർവത സ്‌ഫോ​ട​നങ്ങൾ, തണുപ്പ്‌ എന്നിവ​യു​ടെ കെടു​തി​ക​ളിൽനി​ന്നു രക്ഷനേ​ടാ​നാണ്‌ അവർ അങ്ങനെ ചെയ്‌തത്‌. അവി​ടെ​വെച്ച്‌ അവരിൽ ചിലർ ദൈവ​രാ​ജ്യ സുവാർത്ത ആദ്യമാ​യി കേൾക്കാ​നി​ട​യാ​യി. ഗേയോർഗ്‌ ഫ്യോൽനിർ ലിൻഡാൽ ആയിരു​ന്നു അതിൽ ഒരാൾ. യഹോ​വ​യാം ദൈവ​ത്തി​നു തന്നെത്തന്നെ സമർപ്പി​ച്ച​തി​നു​ശേഷം താമസി​യാ​തെ അദ്ദേഹം ഒരു പയനിയർ ആയിത്തീർന്നു. ലിൻഡാൽ സഹോ​ദ​രന്‌ ഐസ്‌ലാൻഡിക്‌ ഭാഷ വശമു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌, 1929-ൽ തന്റെ 40-ാമത്തെ വയസ്സിൽ ഐസ്‌ലൻഡി​ലേക്കു മാറി​ത്താ​മ​സി​ക്കാൻ അദ്ദേഹം തീരു​മാ​നി​ച്ചു. ആ വർഷം ജൂൺ 1-നു റേക്യ​വി​ക്കിൽ എത്തി​ച്ചേർന്ന അദ്ദേഹ​മാണ്‌ ഐസ്‌ലൻഡി​ലെ ആദ്യത്തെ സുവാർത്താ ഘോഷകൻ.

അവിടെ എത്തിയ​ശേഷം സാഹി​ത്യ​ങ്ങ​ളു​ടെ ആദ്യത്തെ ഷിപ്പ്‌മെന്റ്‌ എത്തി​ച്ചേ​രു​ന്ന​തിന്‌ മൂന്നു​മാ​സ​ത്തോ​ളം അദ്ദേഹ​ത്തി​നു കാത്തി​രി​ക്കേ​ണ്ടി​വന്നു. സാഹി​ത്യ​ങ്ങൾ ലഭിച്ച ഉടനെ ഒരു നിമിഷം പോലും പാഴാ​ക്കാ​തെ അദ്ദേഹം എല്ലാവ​രോ​ടും സാക്ഷീ​ക​രി​ക്കാൻ തുടങ്ങി. 1929 ഒക്ടോബർ അവസാനം ആയപ്പോ​ഴേ​ക്കും ഐസ്‌ലാൻഡി​ക്കി​ലുള്ള ദൈവ​ത്തി​ന്റെ കിന്നരം പുസ്‌ത​ക​ത്തി​ന്റെ 800 പ്രതികൾ വിതരണം ചെയ്യാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു. ആ സമയത്ത്‌ അദ്ദേഹം ഇങ്ങനെ എഴുതി: “ഇവിടെ വന്നതി​നു​ശേഷം പല പട്ടണങ്ങ​ളിൽ ഞാൻ പ്രചാ​രണം നടത്തി. ആ പട്ടണങ്ങ​ളിൽ എല്ലാം​കൂ​ടി 11,000-ത്തോളം ആളുകൾ താമസി​ക്കു​ന്നുണ്ട്‌. ഐസ്‌ലൻഡി​ലെ മൊത്തം ജനസംഖ്യ 1,00,000-ത്തോളം വരും, ഒരുപക്ഷേ അതിൽ അൽപ്പം കൂടുതൽ. അതു​കൊണ്ട്‌ ഇനിയും ഏകദേശം 90,000 ആളുക​ളു​ടെ അടുത്തു​കൂ​ടി എത്തി​ച്ചേ​രേ​ണ്ട​തുണ്ട്‌. യാത്ര വളരെ ദുഷ്‌ക​ര​മാ​യ​തു​കൊണ്ട്‌ ഒരു വ്യക്തി തനിച്ച്‌ ഇവിടത്തെ പ്രദേശം മുഴു​വ​നും പ്രവർത്തി​ച്ചു​തീർക്കാൻ വളരെ​യ​ധി​കം സമയം എടുക്കും. പർവത​പ്ര​ദേ​ശ​ങ്ങ​ളും ഇടമു​റി​യുന്ന കടൽത്തീ​ര​ങ്ങ​ളും നിറഞ്ഞ രാജ്യ​മാണ്‌ ഐസ്‌ലൻഡ്‌. ഇവിടെ റെയിൽപ്പാ​ത​ക​ളില്ല, ഗതാഗത സൗകര്യ​മുള്ള വളരെ​ക്കു​റച്ചു റോഡു​കൾ മാത്രമേ ഉള്ളൂ. അതു​കൊണ്ട്‌, എന്റെ യാത്ര മിക്ക​പ്പോ​ഴും ബോട്ടി​ലാണ്‌.”

സ്റ്റെൻസി​ലു​കൊണ്ട്‌ “ഐസ്‌ലൻഡ്‌” എന്ന്‌ എഴുതിയ, മനില​പേ​പ്പർകൊ​ണ്ടുള്ള ഒരു പഴയ ഫോൾഡ​റിൽ സഹോ​ദ​രന്റെ സ്വന്തം കൈപ്പ​ട​യി​ലെ​ഴു​തിയ ഏതാനും കത്തുകൾ സൂക്ഷി​ച്ചി​ട്ടുണ്ട്‌. അവയി​ലൊ​ന്നി​ലും പരാതി​യു​ടെ ഒരു കണിക​പോ​ലും കാണാ​നില്ല. 1929-ലെ ആ കത്തിൽത്തന്നെ അദ്ദേഹം എഴുതി: “അടുത്ത കാലത്ത്‌, എനിക്കു​ണ്ടായ പ്രോ​ത്സാ​ഹ​ജ​ന​ക​മായ ഒരു അനുഭവം പങ്കു​വെ​ക്കു​ന്ന​തിന്‌ വളരെ സന്തോ​ഷ​മുണ്ട്‌. മുമ്പു പ്രവർത്തിച്ച ഒരു പ്രദേ​ശത്ത്‌ മടങ്ങി​ച്ചെ​ല്ലാ​നുള്ള അവസരം എനിക്കു കിട്ടി. ആദ്യത്തെ പ്രാവ​ശ്യം അവിടെ പ്രവർത്തി​ച്ച​പ്പോൾ എന്റെ പക്കൽനി​ന്നു പുസ്‌ത​കങ്ങൾ വാങ്ങിയ പലരെ​യും ഞാൻ കണ്ടു. അതിൽ ഒരു വ്യക്തി പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: ‘കിന്നരം പുസ്‌തകം രണ്ടു​പ്രാ​വ​ശ്യം ഞാൻ വായി​ച്ചു​തീർത്തു. ഇപ്പോൾ മൂന്നാ​മത്തെ തവണ വായി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അത്‌ നല്ലൊരു പുസ്‌ത​ക​മാണ്‌. നിങ്ങളു​ടെ സന്ദർശ​ന​ത്തി​നു നന്ദി.’ മറ്റൊരു പ്രതി​ക​രണം ഇതായി​രു​ന്നു: ‘ആഹാ, താങ്കൾ വീണ്ടു​മെ​ത്തി​യ​ല്ലോ. എനിക്കു തന്നിട്ടു​പോയ ആ പുസ്‌തകം വളരെ നല്ലതാണു കേട്ടോ. ജഡ്‌ജ്‌ റഥർഫോർഡി​ന്റെ എല്ലാ പുസ്‌ത​ക​ങ്ങ​ളും ഐസ്‌ലാൻഡി​ക്കിൽ പ്രസി​ദ്ധീ​ക​രി​ച്ചാ​ലെന്താ?’ ഡാനി​ഷിൽ അവയിൽ പലതും ലഭ്യമാ​ണെന്നു ഞാൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു. അപ്പോൾ അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: ‘നിങ്ങളു​ടെ കയ്യിലുള്ള എല്ലാ പുസ്‌ത​ക​ങ്ങ​ളും എനിക്ക്‌ അയച്ചു​ത​രണം. പാസ്റ്റർ റസ്സലിന്റെ പുസ്‌ത​ക​ങ്ങ​ളും കൂടെ. അങ്ങനെ​യാ​ണെ​ങ്കിൽ, ഈ ശൈത്യ​കാ​ലത്തു പഠിക്കാൻ എനിക്ക്‌ ആവശ്യ​ത്തി​നു പുസ്‌ത​ക​ങ്ങ​ളു​ണ്ടാ​കും.’ മറ്റുള്ള​വ​രും പുസ്‌ത​ക​ത്തോ​ടുള്ള അവരുടെ വിലമ​തിപ്പ്‌ വാക്കു​ക​ളി​ലൂ​ടെ പ്രകടി​പ്പി​ച്ചു. സത്യത്തി​ന്റെ ദൂതിനു ചെവി​ചാ​യ്‌ക്കു​ന്ന​വ​രു​ടെ അടു​ത്തേക്ക്‌ എന്നെ അയച്ചതി​നു ഞാൻ ദൈവ​ത്തോ​ടു വളരെ നന്ദിയു​ള്ള​വ​നാണ്‌.”

ഒരു വ്യക്തി തനിച്ച്‌, ഇംഗ്ലണ്ടി​ന്റെ പകുതി​യിൽ കൂടുതൽ വലുപ്പ​മുള്ള ഈ ദ്വീപി​ലെ എല്ലാവ​രു​ടെ​യും അടുത്ത്‌ എത്തി​ച്ചേ​രുക എന്നത്‌ ഒരു ബൃഹത്തായ വേലത​ന്നെ​യാ​യി​രു​ന്നു. ഐസ്‌ലൻഡ്‌ തെക്കു​വ​ട​ക്കാ​യി ഏകദേശം 300 കിലോ​മീ​റ്റ​റും കിഴക്കു​പ​ടി​ഞ്ഞാ​റാ​യി ഏകദേശം 500 കിലോ​മീ​റ്റ​റും വ്യാപി​ച്ചു​കി​ട​ക്കുന്ന ഒരു പ്രദേ​ശ​മാണ്‌. സമു​ദ്ര​വ​ങ്ക​ക​ളും ഉൾക്കട​ലു​ക​ളും ഉൾപ്പെട്ട തീര​ദേശം 6,400-ഓളം കിലോ​മീ​റ്റർ ദൈർഘ്യ​മു​ള്ള​താണ്‌. എന്നിട്ടും പത്തു വർഷത്തി​നു​ള്ളിൽ ലിൻഡാൽ സഹോ​ദരൻ സുവാർത്ത പ്രസം​ഗി​ക്കു​ക​യും സാഹി​ത്യ​ങ്ങൾ സമർപ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ദ്വീപു മുഴുവൻ പ്രവർത്തി​ച്ചു​തീർത്തു. തീര​പ്ര​ദേ​ശ​ങ്ങ​ളി​ലേക്ക്‌ അദ്ദേഹം ബോട്ടു​ക​ളിൽ സഞ്ചരിച്ചു, ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലു​ളള കൃഷി​യി​ടങ്ങൾ സന്ദർശി​ച്ച​പ്പോൾ രണ്ടു പോണി​ക​ളാ​യി​രു​ന്നു അദ്ദേഹ​ത്തിന്‌ ആശ്രയം. ഒന്നിന്റെ പുറത്ത്‌ അദ്ദേഹം സവാരി ചെയ്യു​ക​യും മറ്റേതി​നെ സാഹി​ത്യ​ങ്ങ​ളും മറ്റു സാധന​ങ്ങ​ളും ചുമക്കാൻ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. സഹോ​ദരൻ ഐസ്‌ലൻഡിൽനി​ന്നു പോകു​ന്ന​തി​നു കുറച്ചു വർഷങ്ങൾക്കു മുമ്പ്‌, അദ്ദേഹ​ത്തി​ന്റെ കൂടെ പ്രവർത്തി​ക്കാൻ അവസരം ലഭിച്ച സഹോ​ദ​ര​ന്മാ​രു​ടെ അഭി​പ്രാ​യ​ത്തിൽ ലിൻഡാൽ സഹോ​ദരൻ അർപ്പണ മനോ​ഭാ​വ​മുള്ള, മിതഭാ​ഷി​യും ഗൗരവ​മ​ന​സ്‌ക​നു​മായ ഒരാളാ​യി​രു​ന്നു. ലജ്ജാലു​വും ഒതുങ്ങി​ക്കൂ​ടുന്ന പ്രകൃ​ത​ക്കാ​ര​നും ആയിരു​ന്നു അദ്ദേഹം. ഒത്ത ഉയരമു​ണ്ടാ​യി​രു​ന്നു അദ്ദേഹ​ത്തിന്‌. ശരിക്കും പറഞ്ഞാൽ, യാത്ര​യ്‌ക്കാ​യി ഉപയോ​ഗി​ച്ചി​രുന്ന കൊച്ചു​പോ​ണി​ക​ളെ​ക്കാൾ അദ്ദേഹ​ത്തിന്‌ അനു​യോ​ജ്യം കുറച്ചു​കൂ​ടെ വലുപ്പ​മുള്ള ഏതെങ്കി​ലും മൃഗമാ​യി​രു​ന്നേനെ. പോണി​കൾ ഇല്ലാത്ത അവസര​ങ്ങ​ളിൽ പുസ്‌ത​ക​ങ്ങ​ളും മറ്റു സാധന​ങ്ങ​ളും തനിയെ ചുമന്നു​കൊ​ണ്ടു​പോ​കാ​നും അദ്ദേഹ​ത്തി​നു ബുദ്ധി​മു​ട്ടി​ല്ലാ​യി​രു​ന്നു.

1929-ൽ ഐസ്‌ലൻഡിൽ തന്റെ പ്രവർത്തനം തുടങ്ങു​മ്പോൾ, ആളുക​ളു​ടെ ‘തണുത്ത പ്രതി​ക​രണം’ മറിക​ടന്ന്‌ അവരോ​ടു സുവാർത്ത പങ്കു​വെ​ക്കു​ന്നത്‌ എത്ര ദുഷ്‌ക​ര​മാ​യി​രി​ക്കു​മെ​ന്ന​തി​നെ കുറി​ച്ചോ അതിന്‌ എത്രമാ​ത്രം ക്ഷമയും സഹിഷ്‌ണു​ത​യും വേണ്ടി​വ​രും എന്നതിനെ കുറി​ച്ചോ ലിൻഡാൽ സഹോ​ദ​രന്‌ ഒരു ഊഹവു​മി​ല്ലാ​യി​രു​ന്നു. 18 വർഷ​ത്തോ​ളം, അദ്ദേഹ​മാ​യി​രു​ന്നു ഐസ്‌ലൻഡി​ലെ ഏക സാക്ഷി. അശ്രാ​ന്ത​മാ​യി പരി​ശ്ര​മിച്ച ആ വർഷങ്ങ​ളി​ലു​ട​നീ​ളം ഒരാൾ പോലും ദൈവ​രാ​ജ്യ​ത്തിന്‌ അനുകൂ​ല​മായ നിലപാ​ടു സ്വീക​രി​ച്ചില്ല. 1936-ൽ അദ്ദേഹം എഴുതി: “ഞാൻ ഇവിടെ ചെലവ​ഴിച്ച വർഷങ്ങ​ളിൽ, 26,000-നും 27,000-നും ഇടയ്‌ക്കു പുസ്‌ത​കങ്ങൾ ആളുക​ളു​ടെ പക്കൽ എത്തിച്ചി​ട്ടുണ്ട്‌. അനേകർ അവ വായി​ച്ചി​ട്ടു​മുണ്ട്‌. അവരിൽ ചിലർ സത്യത്തിന്‌ എതിരാ​യി ഒരു നിലപാട്‌ എടുത്തി​രി​ക്കു​ന്ന​തു​പോ​ലെ തോന്നു​ന്നു. ബാക്കി​യുള്ള ഭൂരി​ഭാ​ഗ​ത്തി​നും ഒരുതരം നിസ്സംഗത ആണ്‌.”

എന്നിരു​ന്നാ​ലും, ചിലർ അദ്ദേഹം എത്തിച്ചു​കൊ​ടുത്ത സന്ദേശം വിലമ​തി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, പ്രായ​മുള്ള ഒരു വ്യക്തി ദൈവ​ത്തി​ന്റെ കിന്നരം പുസ്‌ത​ക​ത്തി​ന്റെ ഒരു പ്രതി സ്വീക​രി​ച്ചു. ഏതാനും മാസങ്ങൾക്കു​ശേഷം ലിൻഡാൽ സഹോ​ദരൻ അവിടെ വീണ്ടും സന്ദർശി​ച്ച​പ്പോൾ ആ വ്യക്തി​യു​ടെ മകളെ കാണാ​നി​ട​യാ​യി. തന്റെ പിതാ​വിന്‌ ആ പുസ്‌തകം വളരെ ഇഷ്ടമാ​യി​രു​ന്നു​വെ​ന്നും മരിക്കു​ന്ന​തി​നു​മുമ്പ്‌ അദ്ദേഹം അതിലെ വിവരങ്ങൾ മുഴു​വ​നും നന്നായി പഠിച്ചി​രു​ന്നു​വെ​ന്നും അവർ സഹോ​ദ​ര​നോ​ടു പറഞ്ഞു. പുറജാ​തീ​യ​രു​ടെ ഒരു ആചാര​ത്തി​നു ചേർച്ച​യിൽ, അദ്ദേഹം ആവശ്യ​പ്പെ​ട്ട​ത​നു​സ​രിച്ച്‌, അടക്കി​യ​പ്പോൾ പെട്ടി​യിൽ ആ പുസ്‌തകം വെച്ചി​രു​ന്നു.

1947 മാർച്ച്‌ 25-ന്‌, വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾസ്‌കൂൾ ബിരു​ദ​ധാ​രി​കൾ എത്തിയ​തോ​ടെ, ഐസ്‌ലൻഡി​ലെ ലിൻഡാൽ സഹോ​ദ​രന്റെ സുദീർഘ​മായ ഏകാന്ത​വാ​സം അവസാ​നി​ച്ചു. 1953-ൽ കാനഡ​യി​ലേക്കു മടങ്ങു​ന്ന​തു​വരെ അദ്ദേഹം അവിടെ ശുശ്രൂ​ഷ​യിൽ തുടർന്നു. ഐസ്‌ലൻഡിൽ പ്രത്യേക പയനി​യ​റാ​യി സേവി​ക്കു​ക​യാ​യി​രുന്ന പോൾ ഹൈനെ പിദെർസൻ, 16 വർഷങ്ങൾക്കു​ശേഷം ലിൻഡാൽ സഹോ​ദ​രനെ കാണാൻ കാനഡ​യി​ലെ വിന്നി​പെ​ഗി​ലേക്കു പോകാൻ തീരു​മാ​നി​ച്ചു. ലിൻഡാൽ സഹോ​ദ​ര​നോ​ടൊത്ത്‌ ഐസ്‌ലൻഡിൽ പ്രവർത്തി​ച്ചി​രുന്ന മിഷന​റി​മാർ അപ്പോ​ഴേ​ക്കും അവി​ടെ​നി​ന്നു പോയി​രു​ന്ന​തു​കൊണ്ട്‌, അവിടത്തെ പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തോ​ടു​തന്നെ ചോദി​ച്ച​റി​യാ​നാ​യി​രു​ന്നു അത്‌. ഐക്യ​നാ​ടു​ക​ളിൽ അവധി​ക്കാ​ലം ചെലവ​ഴി​ക്കുന്ന സമയത്ത്‌ പിദെർസൻ സഹോ​ദരൻ ബസ്സിൽ വിന്നി​പെ​ഗി​ലേക്കു യാത്ര​തി​രി​ച്ചു. എന്നാൽ അന്നു രാവിലെ ലിൻഡാൽ സഹോ​ദ​രന്റെ ഭൗമിക ജീവി​ത​ഗതി അവസാ​നി​ച്ചു എന്ന വാർത്ത​യാണ്‌ അവിടെ എത്തിയ അദ്ദേഹ​ത്തി​നു കേൾക്കേ​ണ്ടി​വ​ന്നത്‌. ലിൻഡാൽ സഹോ​ദരൻ മരണം​വരെ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവിച്ചു.

കൊയ്‌ത്തി​നാ​യി കൂടുതൽ വേലക്കാർ

1947-ൽ ഗിലെ​യാദ്‌ സ്‌കൂ​ളിൽനി​ന്നുള്ള ആദ്യത്തെ മിഷന​റി​മാ​രു​ടെ വരവോ​ടെ സുവാർത്താ പ്രസം​ഗ​വേ​ല​യു​ടെ ഒരു പുതു​യു​ഗ​ത്തി​ന്റെ പുലർവെ​ളി​ച്ചം ഐസ്‌ലൻഡിൽ കണ്ടുതു​ടങ്ങി. മിഷന​റി​മാർ രണ്ടു​പേ​രും ഡെന്മാർക്കിൽ നിന്നു​ള്ള​വ​രാ​യി​രു​ന്നു. അവരി​ലൊ​രാൾ ലിയോ ലാർസെൻ ആയിരു​ന്നു. 1948 ഡിസം​ബ​റിൽ രണ്ടു മിഷന​റി​മാർ കൂടി എത്തി​ച്ചേർന്നു. ഡെന്മാർക്കിൽനി​ന്നുള്ള ഇങ്‌ഗ്വാഡ്‌ യെൻസൻ, ഇംഗ്ലണ്ടിൽനി​ന്നുള്ള ഒലിവർ മക്‌ഡൊ​നാൾഡ്‌. ഈ പുതിയ കൊയ്‌ത്തു​കാർ, ലിൻഡാൽ സഹോ​ദരൻ തുടങ്ങി​വെച്ച വേല തുടർന്നു​കൊ​ണ്ടു​പോ​യി. അതോ​ടൊ​പ്പം ധാരാളം പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അവർ വിതരണം ചെയ്‌തു. ശൈത്യ​കാ​ലത്ത്‌ അവർ റേക്യ​വി​ക്കി​ലും അതിനു​ചു​റ്റു​മുള്ള പ്രദേ​ശ​ത്തും പ്രവർത്തി​ച്ചി​രു​ന്നു. ദൈർഘ്യം​കു​റഞ്ഞ വേനൽക്കാ​ല​ങ്ങ​ളിൽ കടലോ​ര​ത്തോ​ടു ചേർന്നു​കി​ട​ക്കുന്ന ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളി​ലേക്ക്‌ ശ്രദ്ധതി​രി​ച്ചു. ഇങ്‌ഗ്വാഡ്‌ യെൻസൻ, ഇന്നും തന്റെ ഓർമ​യിൽ സൂക്ഷി​ക്കുന്ന ഒരു പ്രസംഗ പര്യട​ന​മുണ്ട്‌. അതി​നെ​ക്കു​റിച്ച്‌ അദ്ദേഹം ഇങ്ങനെ എഴുതു​ന്നു: “ഞാൻ ഐസ്‌ലൻഡിൽ ചെന്നതി​നു​ശേ​ഷ​മുള്ള ആദ്യത്തെ വേനൽക്കാ​ലത്ത്‌, ഒരിക്കൽ മിഷനറി സഹോ​ദ​ര​ന്മാ​രിൽ ഒരാളു​ടെ കൂടെ ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ക്കാ​നാ​യി പോയി. ബസ്സിലോ ബോട്ടു​മാർഗ​മോ നേരത്തേ തീരു​മാ​നിച്ച പ്രദേ​ശ​ങ്ങ​ളി​ലേക്കു പോകു​ക​യും സൈക്കി​ളു​കൾ, കൂടാരം കെട്ടാ​നുള്ള സാധന​സാ​മ​ഗ്രി​കൾ, ഉറങ്ങാ​നാ​യി സ്ലീപ്പിങ്‌ ബാഗുകൾ എന്നിവ കൂടെ കരുതു​ക​യു​മാ​യി​രു​ന്നു പതിവ്‌. കൂടാതെ ആവശ്യ​മായ സാഹി​ത്യ​ങ്ങ​ളും ഭക്ഷണവും എടുത്തി​രു​ന്നു. അങ്ങനെ ഒരു സായന്ത​ന​ത്തിൽ പശ്ചിമ തീരത്തെ സ്റ്റിഹ്‌കി​ഷോൽമർ പട്ടണം ലക്ഷ്യമാ​ക്കി ഞങ്ങൾ യാത്ര​തി​രി​ച്ചു. പിറ്റേ​ദി​വസം ഉച്ചതി​രിഞ്ഞ്‌ അവിടെ എത്തി​ച്ചേർന്നു. പട്ടണത്തി​ലെ വീടുകൾ പ്രവർത്തി​ച്ചു തീർത്ത​ശേഷം ഏതാണ്ട്‌ 100 കിലോ​മീ​റ്റർ ദൂരെ​യുള്ള ബോർഗാർനെ​സി​ലേക്കു സൈക്കി​ളിൽ പോകാ​നാ​യി​രു​ന്നു ഞങ്ങളുടെ പരിപാ​ടി. അവി​ടെ​നി​ന്നു റേക്യ​വി​ക്കി​ലേക്കു ദിവസ​വും ബോട്ട്‌ സർവീ​സു​ണ്ടാ​യി​രു​ന്നു. പര്യട​ന​ത്തി​ന്റെ തുടക്കം നന്നായി​രു​ന്നു. ജൂൺ മധ്യത്തിൽ ആയിരു​ന്ന​തു​കൊണ്ട്‌ നല്ല വെയി​ലുള്ള സമയമാ​യി​രു​ന്നു. ആദ്യ ദിവസം പട്ടണത്തി​ന്റെ ഒരു ഭാഗം പ്രവർത്തി​ച്ചു തീർത്ത ഞങ്ങൾ, രാത്രി ആയതോ​ടെ സ്ലീപ്പിങ്‌ ബാഗി​നു​ള്ളി​ലേക്കു ചുരു​ണ്ടു​കൂ​ടി. എന്നാൽ രാത്രി​യിൽ സ്ലീപ്പിങ്‌ ബാഗി​നു​ള്ളിൽക്കി​ടന്ന്‌ ഞങ്ങൾ കിടു​കി​ടാ വിറയ്‌ക്കാൻ തുടങ്ങി. രാവി​ലെ​യല്ലേ കാര്യം പിടി​കി​ട്ടി​യത്‌, അന്നു രാത്രി പത്തു സെന്റി​മീ​റ്റർ കനത്തി​ലാണ്‌ മഞ്ഞു വീണത്‌! പക്ഷേ യാത്ര ഇടയ്‌ക്കു​വെച്ചു നിറു​ത്താൻ നിർവാ​ഹ​മി​ല്ലാ​യി​രു​ന്നു. കാരണം അവി​ടെ​നിന്ന്‌ ഒരാഴ്‌ച കഴിഞ്ഞേ ബോട്ടു​ണ്ടാ​യി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌, മുമ്പു തീരു​മാ​നി​ച്ചി​രു​ന്ന​തു​പോ​ലെ ആ പട്ടണം പ്രവർത്തി​ച്ചു തീർക്കു​ക​യും വഴിയി​ലുള്ള കൃഷി​യി​ട​ങ്ങ​ളിൽ സുവാർത്ത പ്രസം​ഗി​ച്ചു​കൊണ്ട്‌, മലമ്പാ​ത​യി​ലൂ​ടെ സൈക്കിൾ മാർഗം അടുത്ത പട്ടണത്തി​ലേക്കു പോകു​ക​യും ചെയ്യണ​മാ​യി​രു​ന്നു.”

ആലിപ്പ​ഴ​വർഷം, മഴ, മണിക്കൂ​റിൽ 110 കിലോ​മീ​റ്റർവരെ വേഗത്തിൽ വീശുന്ന ശീതക്കാറ്റ്‌ തുടങ്ങി​യ​വ​യെ​ല്ലാം മറിക​ടന്നു സൈക്കി​ളോ​ടിച്ച്‌, ഒടുവിൽ നാലു ദിവസ​ത്തി​നു​ശേഷം അവർ ബോർഗാർനെ​സിൽ എത്തി​ച്ചേർന്നു. മാർഗ​മ​ധ്യേ, കാപ്പി കുടി​ക്കു​ന്ന​തി​നും എന്തെങ്കി​ലും കഴിക്കു​ന്ന​തി​നും അവിടത്തെ കർഷകർ അവരെ വീടു​ക​ളി​ലേക്കു ക്ഷണിക്കു​മാ​യി​രു​ന്നു. അവരുടെ അസാധാ​ര​ണ​മായ ആതിഥ്യ​ത്തിന്‌ ദുഷ്‌ക​ര​മായ ആ കാലാ​വ​സ്ഥ​യു​ടെ കാഠി​ന്യം ഒരു പരിധി​വരെ അലിയി​ച്ചു​ക​ള​യാൻ സാധിച്ചു. ഒരു ദിവസം എട്ടോ പത്തോ തവണയാണ്‌ തങ്ങൾ ഭക്ഷണം കഴിച്ചി​രു​ന്ന​തെന്ന്‌ യെൻസൻ സഹോ​ദരൻ ഓർക്കു​ന്നു! അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അവർ സ്‌നേ​ഹ​ത്തോ​ടെ തരുന്നത്‌ സ്വീക​രി​ക്കാ​തി​രു​ന്നാൽ അവർക്കു വിഷമ​മാ​കു​മെന്ന്‌ എനിക്കു തോന്നി​യി​രു​ന്നു. അവരുടെ ആതിഥ്യം യഹോ​വ​യു​ടെ സ്ഥാപിത രാജ്യ​ത്തെ​ക്കു​റിച്ച്‌ നല്ലൊരു സാക്ഷ്യം കൊടു​ക്കാൻ ഞങ്ങൾക്ക്‌ അവസരം നൽകി.”

ഐസ്‌ലൻഡി​ലെ ആദ്യത്തെ മൂന്നു​വർഷ മിഷനറി പ്രവർത്ത​ന​ത്തി​നി​ട​യ്‌ക്ക്‌, സഹോ​ദ​ര​ന്മാർ 16,000-ത്തിൽ കൂടുതൽ സാഹി​ത്യ​ങ്ങൾ സമർപ്പി​ച്ചു. എന്നാൽ അതി​നൊത്ത്‌ മടക്കസ​ന്ദർശ​ന​ങ്ങ​ളും അധ്യയ​ന​ങ്ങ​ളും വർധി​ച്ചില്ല, ആളുകൾ താത്‌പ​ര്യ​ത്തോ​ടെ സാഹി​ത്യ​ങ്ങൾ സ്വീക​രി​ച്ചെ​ങ്കി​ലും സന്ദേശ​ത്തോ​ടു പ്രതി​ക​രി​ച്ചില്ല. ഉദാഹ​ര​ണ​ത്തിന്‌, ലാർസെൻ സഹോ​ദ​ര​നും 1950-ൽ അദ്ദേഹം വിവാഹം കഴിച്ച, ഡെന്മാർക്കിൽനി​ന്നുള്ള മിസ്സി സഹോ​ദ​രി​യും കിഴക്കൻ തീരത്തുള്ള പട്ടണങ്ങ​ളായ ഹൊബൻ, എസ്‌കി​ഫ്യൊർദുർ, നെസ്‌കൊ​യി​പ്‌സ്റ്റാ​ദുർ, സേദി​സ്‌ഫ്യോർദുർ എന്നിവി​ട​ങ്ങ​ളിൽ പ്രവർത്തി​ക്കാ​നാ​യി പോയി. വെല്ലു​വി​ളി നിറഞ്ഞ ആ പര്യട​ന​ത്തിൽ 300 പുസ്‌ത​ക​ങ്ങ​ളും ഏകദേശം അത്രതന്നെ ചെറു​പു​സ്‌ത​ക​ങ്ങ​ളും അവർ സമർപ്പി​ച്ചു. പുസ്‌ത​ക​ങ്ങ​ളോ​ടൊ​പ്പം, ഒരു ചെറിയ തിരു​വെ​ഴു​ത്തു സന്ദേശ​വും റേക്യ​വി​ക്കി​ലെ മിഷന​റി​മാ​രു​ടെ അഡ്രസ്സും അച്ചടിച്ച ബുക്ക്‌മാർക്കു​ക​ളും നൽകി​യി​രു​ന്നു. സാഹി​ത്യ​ങ്ങൾ സ്വീക​രി​ക്കുന്ന എല്ലാവ​രെ​യും സത്യ​ത്തെ​ക്കു​റി​ച്ചു കൂടുതൽ വിവര​ങ്ങൾക്കാ​യി എഴുതാൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. എന്നാൽ ആരും​തന്നെ അങ്ങനെ ചെയ്‌തില്ല.

1952-ൽ ഉത്തരതീ​ര​ത്തോ​ടു ചേർന്നുള്ള പ്രദേ​ശ​ങ്ങ​ളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ടെന്ന തീരു​മാ​ന​ത്തി​ലെത്തി. അങ്ങനെ, ആ വർഷം ജൂണിൽ ഒലിവർ മക്‌ഡൊ​നാൾഡും 1949-ൽ അദ്ദേഹം വിവാഹം ചെയ്‌ത ഇംഗ്ലണ്ടിൽനി​ന്നുള്ള സാലി​യും ആക്കു​റേറി പട്ടണത്തിൽ പ്രത്യേക പയനി​യർമാ​രാ​യി നിയമി​ക്ക​പ്പെട്ടു. അവിടെ അവർക്ക്‌ പട്ടണത്തി​ലെ ബ്രിട്ടീഷ്‌ സ്ഥാനപ​തി​യു​ടെ നേതൃ​ത്വ​ത്തി​ലുള്ള ഒരു കൂട്ടം പ്ലിമെത്ത്‌ ബ്രദ​റെൻകാ​രിൽനി​ന്നു ശക്തമായ എതിർപ്പു നേരിട്ടു. അദ്ദേഹ​ത്തിന്‌ കുറെ അനുയാ​യി​കൾ ഉണ്ടായി​രു​ന്നു. തന്റെ പ്രസം​ഗ​ങ്ങ​ളും, ലേഖന​ങ്ങ​ളും ഉപയോ​ഗിച്ച്‌ സാക്ഷി​കൾക്കെ​തി​രെ അദ്ദേഹം ആക്രമണം അഴിച്ചു​വി​ട്ട​പ്പോൾ, മറ്റുള്ള​വ​രും അതു ശ്രദ്ധി​ക്കാ​നി​ട​യാ​യി. റേക്യ​വി​ക്കിൽ അത്തരം എതിർപ്പു​ക​ളൊ​ന്നും തന്നെ നേരി​ടേണ്ടി വന്നിട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ആ പയനി​യർമാർ, ഈ ആക്രമ​ണത്തെ ധൈര്യ​പൂർവം നേരിട്ടു. തങ്ങൾക്കെ​തി​രെ ഉന്നയി​ക്ക​പ്പെട്ട വ്യാജാ​രോ​പ​ണ​ങ്ങൾക്കു മറുപടി കൊടു​ക്കാൻ കിട്ടുന്ന സകല അവസര​ങ്ങ​ളും ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവർ സാക്ഷീ​ക​ര​ണ​വേ​ല​യു​മാ​യി മുന്നോ​ട്ടു​പോ​യി. ചില പത്രങ്ങൾ അവരുടെ മറുപ​ടി​കൾ പ്രസി​ദ്ധീ​ക​രി​ച്ചു.

പട്ടണത്തിൽ പ്രവർത്തി​ച്ച​തു​കൂ​ടാ​തെ, പയനി​യർമാർ അതിന്റെ പ്രാന്ത​പ്ര​ദേ​ശ​ങ്ങ​ളും സന്ദർശി​ക്കു​മാ​യി​രു​ന്നു. അവിടെ സഹോ​ദ​രങ്ങൾ സാഹി​ത്യ​ങ്ങൾ സമർപ്പി​ക്കു​ക​യും അവിട​ത്തു​കാ​രു​ടെ മുഖമു​ദ്ര​യായ ആതിഥ്യം സ്വീക​രി​ക്കു​ക​യും ചെയ്‌തു. എന്നിരു​ന്നാ​ലും, രാജ്യ​സ​ന്ദേ​ശ​ത്തോ​ടുള്ള ആത്മാർഥ താത്‌പ​ര്യം അധികം കണ്ടെത്താ​നാ​യില്ല. 1953 ജൂ​ലൈ​യിൽ മക്‌ഡൊ​നാൾഡ്‌ സഹോ​ദ​ര​നും സഹോ​ദ​രി​യും റേക്യ​വി​ക്കി​ലേക്കു തിരി​ച്ചു​പോ​യി. എന്നാൽ അവർ ആക്കു​റേറി വിട്ടു​പോ​കു​ന്ന​തി​നു​മുമ്പ്‌, പിന്നീടു വളരാൻ പാകത്തി​നു സത്യത്തി​ന്റെ വിത്തുകൾ വിതച്ചു​ക​ഴി​ഞ്ഞി​രു​ന്നു.

ഒരു അടിസ്ഥാ​നം ഇടുന്നു

27 വർഷത്തെ നടീലി​നും നനയ്‌ക്ക​ലി​നും ശേഷം, ഒടുവിൽ ഐസ്‌ലൻഡി​ലെ സഹോ​ദ​രങ്ങൾ തങ്ങളുടെ അധ്വാ​ന​ത്തി​ന്റെ ഫലം കാണാൻ തുടങ്ങി. 1956-ന്റെ ആരംഭ​കാ​ലത്ത്‌, ഏഴു പുതി​യവർ രാജ്യ​ത്തിന്‌ അനുകൂ​ല​മായ നിലപാ​ടു സ്വീക​രി​ക്കു​ക​യും തങ്ങളുടെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും ചെയ്‌തു. അതുവരെ, സത്യ​ത്തോ​ടു താത്‌പ​ര്യം കാണി​ച്ചി​രു​ന്നവർ അതിൽ ഉറച്ചു​നി​ന്നി​രു​ന്നില്ല. വ്യത്യ​സ്‌ത​യാ​യി​രുന്ന ഏക വ്യക്തി, പിന്നീട്‌ അവി​ടെ​നി​ന്നു പോ​കേ​ണ്ടി​വന്ന ഐറിസ്‌ ഓബെർഗ്‌ എന്ന ഇംഗ്ലീ​ഷു​കാ​രി​യായ സഹോ​ദ​രി​യാ​യി​രു​ന്നു. അതിനു​ശേഷം ഇപ്പോൾ ഏഴു പുതി​യ​വർകൂ​ടെ സ്‌നാ​പ​ന​മേറ്റു. അങ്ങനെ ശക്തമായ ഒരു അടിത്തറ സ്ഥാപി​ത​മാ​യി. എന്നാൽ 1957 ആയപ്പോ​ഴേ​ക്കും സത്യം ഐസ്‌ലൻഡിൽ വേരു​പി​ടി​ക്കു​ന്നതു കാണാ​നാ​യി കഠിന​മാ​യി അധ്വാ​നിച്ച മിഷന​റി​മാ​രും പയനി​യർമാ​രും അവി​ടെ​നി​ന്നു പോയി​രു​ന്നു, മിക്കവ​രു​ടെ​യും കാര്യ​ത്തിൽ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളാ​യി​രു​ന്നു കാരണം.

അതിന്റെ ഫലമായി 1957-ൽ, ആ ചെറിയ സഭയുടെ ചുമതല ഒരു വർഷം മുമ്പ്‌ എത്തി​ച്ചേർന്ന ഡെന്മാർക്കു​കാ​രി​യായ പ്രത്യേക പയനിയർ എഡിഡ്‌ മാർക്‌സ്‌ സഹോ​ദ​രി​യു​ടെ ചുമലി​ലാ​യി. പുതി​യ​വരെ സത്യം പഠിക്കാ​നും അതിൽ ബലിഷ്‌ഠ​രാ​കാ​നും സഹായിച്ച സഹോ​ദ​ര​ങ്ങൾക്കെ​ല്ലാം പെട്ടെന്നു പോ​കേ​ണ്ടി​വന്ന സാഹച​ര്യ​ത്തിൽ ആ കൂട്ടത്തെ സഹായി​ക്കാൻ കൂടുതൽ കൊയ്‌ത്തു​കാ​രു​ടെ ആവശ്യ​മു​ണ്ടാ​യി​രു​ന്നു. എന്നാൽ പെട്ടെ​ന്നു​തന്നെ, ഡെന്മാർക്ക്‌, സ്വീഡൻ, ജർമനി എന്നിവി​ട​ങ്ങ​ളിൽനി​ന്നു പ്രത്യേക പയനി​യർമാർ എത്തി​ച്ചേർന്നു. കൂടാതെ, അനേകം പ്രസാ​ധ​ക​രും പയനി​യർമാ​രും രാജ്യ​വേ​ല​യിൽ പങ്കെടു​ക്കാ​നാ​യി ഐസ്‌ലൻഡി​ലേക്കു മാറി​ത്താ​മ​സി​ച്ചു. ആ സമയം​മു​തൽ സാവധാ​ന​ത്തി​ലാ​ണെ​ങ്കി​ലും, ക്രമാ​നു​ഗ​ത​മായ വർധന ഉണ്ടാകാൻ തുടങ്ങി.

ആ വളർച്ച​യോ​ടൊ​പ്പം ആവേശ​ജ​ന​ക​മായ മറ്റു സംഭവ​വി​കാ​സ​ങ്ങ​ളും ഉണ്ടായി. ക്രമമായ സർക്കിട്ട്‌ സന്ദർശ​നങ്ങൾ, വാർഷിക ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾ എന്നിവ സംഘടി​പ്പി​ക്ക​പ്പെ​ടാൻ തുടങ്ങി. ഐസ്‌ലാൻഡി​ക്കിൽ കൂടുതൽ സാഹി​ത്യ​ങ്ങൾ ആവശ്യ​മാ​യി​ത്തീർന്നു. ആദ്യമാ​യി ഐസ്‌ലാൻഡി​ക്കിൽ പുറത്തി​റ​ങ്ങിയ വീക്ഷാ​ഗോ​പു​രം 1960 ജനുവരി 1 ലക്കമാ​യി​രു​ന്നു. അതു പ്രവർത്ത​ന​ത്തി​നു പുത്തൻ ഉണർവു പകർന്നു. ഐസ്‌ലൻഡി​ലെ ജനങ്ങൾക്ക്‌ സ്വന്തം ഭാഷയി​ലുള്ള മാസിക നൽകാൻ കഴിഞ്ഞ​തിൽ സഹോ​ദ​ര​ങ്ങൾക്ക്‌ എന്തു സന്തോ​ഷ​മാ​യി​രു​ന്നെ​ന്നോ! ഓരോ മാസവും ലഭിച്ചി​രുന്ന ആ ആത്മീയ പോഷണം സഹോ​ദ​ര​ങ്ങ​ളു​ടെ വിശ്വാ​സ​ത്തെ​യും അങ്ങേയറ്റം ബലപ്പെ​ടു​ത്തി! റേക്യ​വി​ക്കിൽ നടന്ന ഒരു സർക്കിട്ട്‌ സമ്മേള​ന​ത്തി​ലാ​യി​രു​ന്നു ഐസ്‌ലാൻഡി​ക്കി​ലുള്ള വീക്ഷാ​ഗോ​പു​രം പുറത്തി​റ​ങ്ങു​ന്ന​താ​യി അറിയി​പ്പു​ണ്ടാ​യത്‌. ആ സമയത്ത്‌ മാസി​ക​യു​ടെ വലുതാ​ക്കിയ ഒരു പതിപ്പ്‌ പ്രസം​ഗ​കന്റെ പുറകി​ലാ​യി പ്രദർശി​പ്പി​ച്ചു. ആഹ്ലാദ​ഭ​രി​ത​രായ സഹോ​ദ​രങ്ങൾ എത്ര വലിയ കരഘോ​ഷ​ത്തോ​ടെ​യാ​ണെ​ന്നോ യഹോ​വ​യിൽനി​ന്നുള്ള ആ പുതിയ സമ്മാനം വരവേ​റ്റത്‌!

1959 ഒക്ടോ​ബ​റിൽ താൻ ഐസ്‌ലൻഡിൽ എത്തി​ച്ചേർന്ന​പ്പോൾ വയലിൽ ഉപയോ​ഗി​ച്ചി​രുന്ന, ഐസ്‌ലാൻഡി​ക്കി​ലുള്ള ഏക പ്രസി​ദ്ധീ​ക​രണം “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത” എന്ന ചെറു​പു​സ്‌തകം ആയിരു​ന്നു എന്ന്‌ പിദെർസൻ സഹോ​ദരൻ ഓർക്കു​ന്നു. അതാകട്ടെ അപ്പോൾത്തന്നെ അനേക​രു​ടെ പക്കൽ ഉണ്ടായി​രു​ന്നു​താ​നും. അതു​കൊണ്ട്‌, പ്രസാ​ധകർ ഡാനിഷ്‌, ഇംഗ്ലീഷ്‌, ജർമൻ, സ്വീഡിഷ്‌ തുടങ്ങിയ ഭാഷക​ളിൽ ഏതെങ്കി​ലും വായി​ക്കാൻ അറിയാ​വു​ന്ന​വർക്ക്‌ ആ ഭാഷയി​ലുള്ള വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ കൊടു​ക്കു​മാ​യി​രു​ന്നു. മിക്കവർക്കും ഇതി​ലേ​തെ​ങ്കി​ലും ഒരു ഭാഷ മനസ്സി​ലാ​കു​മാ​യി​രു​ന്നെ​ങ്കി​ലും, സ്വന്തം ഭാഷയിൽ വീക്ഷാ​ഗോ​പു​രം വായി​ക്കാൻ കഴിഞ്ഞ​പ്പോൾ അവർക്ക്‌ അതിലെ കാര്യങ്ങൾ കൂടുതൽ മെച്ചമാ​യി ഗ്രഹി​ക്കാൻ കഴിഞ്ഞു. അതിനാൽ ഇപ്പോൾ ഐസ്‌ലാൻഡി​ക്കി​ലുള്ള ഈ മാസി​ക​യു​ടെ വരവ്‌ പ്രസം​ഗ​വേ​ല​യിൽ ശക്തമായ പ്രഭാവം ചെലുത്തി. ആ സേവന​വർഷം പ്രസാ​ധ​ക​രും പയനി​യർമാ​രും ഉൾപ്പെടെ 41 സഹോ​ദ​രങ്ങൾ 809 വരിസം​ഖ്യ​ക​ളും 26,479 മാസി​ക​ക​ളും സമർപ്പി​ച്ചു. ബൈബി​ള​ധ്യ​യ​ന​ങ്ങ​ളു​ടെ എണ്ണത്തി​ലും വർധന ഉണ്ടായി.

1962 ജനുവരി 1-ന്‌ ബ്രാഞ്ച്‌ ഓഫീസ്‌ പ്രവർത്തനം ആരംഭി​ച്ചത്‌ മറ്റൊരു നാഴി​ക​ക്ക​ല്ലാ​യി​രു​ന്നു. ഐസ്‌ലൻഡി​ലെ പ്രവർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌ ആദ്യം ഡെന്മാർക്ക്‌ ബ്രാഞ്ചും പിന്നീട്‌ ഐക്യ​നാ​ടു​ക​ളി​ലെ ബ്രാഞ്ചു​മാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ, 1969-ൽ സാക്ഷി​കൾക്ക്‌ നിയമാം​ഗീ​കാ​രം ലഭിക്കു​ക​യും നീതി​ന്യാ​യ, സഭാകാ​ര്യ മന്ത്രാ​ല​യ​ത്തി​ന്റെ കീഴിൽ രജിസ്റ്റർ ചെയ്യ​പ്പെ​ടു​ക​യും ചെയ്‌തു. അങ്ങനെ, ഐസ്‌ലൻഡി​ലെ സാക്ഷി​കൾക്ക്‌ മറ്റു മതസമൂ​ഹ​ങ്ങ​ളെ​പ്പോ​ലെ​തന്നെ എല്ലാ അവകാ​ശ​ങ്ങ​ളും ലഭിച്ചു. വിവാ​ഹ​ങ്ങ​ളും ശവസം​സ്‌കാര ശുശ്രൂ​ഷ​ക​ളു​മൊ​ക്കെ നടത്താ​നും അവർ അധികാ​ര​പ്പെ​ടു​ത്ത​പ്പെട്ടു.

പുരോ​ഹി​ത​ന്മാ​രിൽനി​ന്നുള്ള എതിർപ്പ്‌

ബ്രാഞ്ച്‌ സ്ഥാപി​ത​മായ മാസം പുരോ​ഹി​ത​ന്മാ​രിൽനി​ന്നുള്ള എതിർപ്പ്‌ സഹോ​ദ​ര​ങ്ങൾക്കു നേരി​ടേ​ണ്ടി​വന്നു. ഒരു ദിവസം രാവിലെ, ഒരു പ്രമുഖ പത്രം പുറത്തി​റ​ങ്ങി​യത്‌, ദേശീയ സഭയുടെ ബിഷപ്പ്‌, യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ മുന്നറി​യി​പ്പു നൽകുന്ന ഒരു ചെറു​പു​സ്‌തകം പുറത്തി​റ​ക്കി​യി​രി​ക്കു​ന്നു എന്ന തലക്കെ​ട്ടോ​ടെ​യാണ്‌. യഹോ​വ​യു​ടെ സാക്ഷികൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധി​ക്ക​രു​തെന്ന്‌ പുസ്‌തകം നിർദേ​ശി​ച്ചി​രു​ന്നു. ‘യഹോ​വ​യു​ടെ സാക്ഷികൾ—ഒരു മുന്നറി​യിപ്പ്‌’ എന്നർഥം വരുന്ന ശീർഷ​ക​മാ​യി​രു​ന്നു പുസ്‌ത​ക​ത്തി​ന്റേത്‌. അതിന്റെ തുടർച്ച​യാ​യി മറ്റു ദിനപ്പ​ത്ര​ങ്ങ​ളും യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ റിപ്പോർട്ടു​ചെ​യ്‌തു. വിസിർ എന്ന പ്രമുഖ സായാ​ഹ്ന​പ​ത്രം, ബ്രാഞ്ച്‌ ഓഫീ​സിൽ സേവന​മ​നു​ഷ്‌ഠി​ക്കുന്ന ഒരു സഹോ​ദ​ര​നു​മാ​യി നടത്തിയ അഭിമു​ഖം പ്രസി​ദ്ധീ​ക​രി​ച്ചു. ആ ലേഖനം നമ്മുടെ വീക്ഷണങ്ങൾ വിശദീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു. താമസി​യാ​തെ മറ്റു ദിനപ്പ​ത്ര​ങ്ങ​ളും അതു​പോ​ലെ ലേഖനങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചു. അങ്ങനെ, വിപു​ല​മായ ഒരു സാക്ഷ്യം നൽക​പ്പെട്ടു. അതുവഴി അനേകർ നമ്മുടെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ അറിയാ​നി​ട​യാ​യി. ചില വായന​ക്കാർ യഹോ​വ​യു​ടെ സാക്ഷി​കളെ പിന്തു​ണ​ച്ചു​കൊണ്ട്‌ കത്തുകൾ എഴുതി. അവ പത്രങ്ങ​ളിൽ അച്ചടി​ച്ചു​വന്നു. ബിഷപ്പാ​കട്ടെ, “മറുപ​ടി​കൾ” പ്രസി​ദ്ധീ​ക​രി​ച്ചു​കൊണ്ട്‌ പ്രത്യാ​ക്ര​മണം നടത്തി​ക്കൊ​ണ്ടി​രു​ന്നു. എന്നിരു​ന്നാ​ലും, മോർഗെൻബ്ലാ​ദിദ്‌ എന്ന പ്രമുഖ പത്രത്തിൽ പ്രസി​ദ്ധീ​ക​രിച്ച, ഒരു പേജു​മു​ഴു​വൻ വരുന്ന ലേഖന​ത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ പ്രവർത്ത​ന​ത്തെ​യും വിശ്വാ​സ​ത്തെ​യും കുറിച്ചു വളരെ നന്നായി വിശദീ​ക​രി​ച്ചു.

മുന്നറി​യി​പ്പോ​ടു​കൂ​ടിയ ആ ചെറു​പു​സ്‌തകം രാജ്യ​ത്തു​ട​നീ​ളം വിതരണം ചെയ്യ​പ്പെട്ടു. എന്നാൽ അതിന്റെ ഫലമായി, യഹോ​വ​യു​ടെ സാക്ഷികൾ കൂടുതൽ അറിയ​പ്പെ​ടാൻ ഇടയാ​യ​തേ​യു​ള്ളൂ. അത്‌ നമ്മുടെ പ്രവർത്ത​ന​ങ്ങ​ളെ​യും നല്ല നിലയിൽ സ്വാധീ​നി​ച്ചു. അതിന്റെ പ്രഭാവം വർഷങ്ങ​ളോ​ളം ആ പ്രദേ​ശത്തു പ്രതി​ഫ​ലി​ച്ചി​രു​ന്നു. അതുകാ​രണം, ഒരു പത്രം ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “ബിഷപ്പ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അഡ്വർ​ട്ടൈ​സിങ്‌ മാനേ​ജ​രാ​യി മാറി​യി​രി​ക്കു​ന്നു.” അതുവരെ സാക്ഷികൾ പ്രസം​ഗി​ച്ചി​ട്ടി​ല്ലാത്ത, രാജ്യത്തെ ഉൾപ്ര​ദേ​ശ​ങ്ങ​ളിൽപ്പോ​ലും യഹോ​വ​യു​ടെ ജനം അറിയ​പ്പെ​ട്ടു​തു​ടങ്ങി. ചില ആളുകൾ ബിഷപ്പി​ന്റെ നിർദേശം പിൻപ​റ്റി​യ​പ്പോൾ ഭൂരി​പക്ഷം വരുന്ന സാധാ​ര​ണ​ക്കാർ കൂടുതൽ ജിജ്ഞാ​സു​ക്കൾ ആയിത്തീ​രു​ക​യാ​ണു​ണ്ടാ​യത്‌. എന്നാൽ, വടക്ക്‌ ആക്കു​റേ​റി​യിൽ, എതിർപ്പ്‌ നേരിട്ടു. ആ സമയത്ത്‌, അവിടെ പയനി​യർമാ​രാ​യി സേവി​ച്ചി​രുന്ന ഹൈൻറിഹ്‌ കാർഹെ​യെ​യും ഭാര്യ കാറ്റാ​റി​നെ​യെ​യും ചില​പ്പോ​ഴൊ​ക്കെ ചെറു​പ്പ​ക്കാർ കല്ലെറി​യു​മാ​യി​രു​ന്നു. വർഷങ്ങൾക്കു​ശേഷം, ആക്കു​റേ​റി​യി​ലെ മറ്റുചില മതവി​രോ​ധി​കൾ, ബിഷപ്പ്‌ മുമ്പു പ്രസി​ദ്ധീ​ക​രിച്ച ആ ചെറു​പു​സ്‌തകം, പ്രാ​ദേ​ശി​ക​മാ​യി അച്ചടിച്ച്‌ വീണ്ടും വിതരണം ചെയ്യാൻ തുടങ്ങി. നമ്മുടെ പ്രസം​ഗത്തെ തടസ്സ​പ്പെ​ടു​ത്താ​നോ നിറു​ത്താ​നോ കഴിയു​മെന്നു കരുതി​ക്കൊണ്ട്‌ റേക്യ​വി​ക്കിൽ പെന്തെ​ക്കൊ​സ്‌തു​കാ​രും അതുതന്നെ ചെയ്‌തു.

സമ്മേള​നങ്ങൾ സംഘടി​പ്പി​ക്കു​ക​യെന്ന വെല്ലു​വി​ളി

സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും ഐസ്‌ലൻഡി​ലെ യഹോ​വ​യു​ടെ ജനത്തിന്‌ എല്ലായ്‌പോ​ഴും അളവറ്റ സന്തോ​ഷ​ത്തി​ന്റെ വിശേ​ഷാ​വ​സ​ര​ങ്ങ​ളാ​യി​രു​ന്നി​ട്ടുണ്ട്‌. പ്രസാ​ധ​ക​രു​ടെ എണ്ണം വളരെ കുറവാ​യി​രു​ന്ന​പ്പോൾപ്പോ​ലും സമ്മേള​നങ്ങൾ സംഘടി​പ്പി​ക്കു​ന്ന​തിൽ സഹോ​ദ​രങ്ങൾ മടികാ​ണി​ച്ചി​രു​ന്നില്ല. 1951 ജൂ​ലൈ​യി​ലാണ്‌ ആദ്യത്തെ സമ്മേളനം നടന്നത്‌. കാനഡ​ക്കാ​ര​നായ പേഴ്‌സി ചാപ്‌മാൻ, ബ്രുക്ലി​നിൽനി​ന്നുള്ള ക്ലോസ്‌ ജെൻസൻ എന്നീ സഹോ​ദ​ര​ന്മാർ ആ വേനൽക്കാ​ലത്ത്‌ യൂറോ​പ്പി​ലു​ട​നീ​ളം നടത്ത​പ്പെ​ടാ​നി​രുന്ന സമ്മേള​ന​പ​ര​മ്പ​ര​യിൽ പങ്കെടു​ക്കാൻ പോകുന്ന വഴിക്ക്‌ ഐസ്‌ലൻഡ്‌ സന്ദർശി​ച്ച​പ്പോ​ഴാ​യി​രു​ന്നു അത്‌. വിരലിൽ എണ്ണാവുന്ന പ്രസാ​ധ​കരേ അന്ന്‌ ഐസ്‌ലൻഡിൽ ഉണ്ടായി​രു​ന്നു​ള്ളൂ. എങ്കിലും ആ സമ്മേള​ന​ത്തി​ന്റെ അത്യുച്ച ഹാജർ 55 ആയിരു​ന്നു. ഏഴുവർഷ​ങ്ങൾക്കു​ശേഷം, 1958 ജൂണിൽ മേഖലാ മേൽവി​ചാ​ര​ക​നായ ഫിലിപ്പ്‌ ഹോഫ്‌മാ​ന്റെ സന്ദർശന സമയത്താണ്‌ അടുത്ത സമ്മേളനം നടന്നത്‌. പരസ്യ​പ്ര​സം​ഗ​ത്തിന്‌ 38 പേർ ഹാജരാ​യി​രു​ന്നു. അതിനു​ശേഷം എല്ലാവർഷ​വും തുടർച്ച​യാ​യി സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും നടത്ത​പ്പെ​ടാൻ തുടങ്ങി.

ഫ്രി​ദ്രിക്‌ ഗിയ്‌സ്ലാ​സൺ, 1950-കളിലെ കൺ​വെൻ​ഷ​നു​ക​ളിൽ പരിപാ​ടി​കൾ നിർവ​ഹി​ച്ചി​രുന്ന ചുരുക്കം ചില സഹോ​ദ​ര​ന്മാ​രിൽ ഒരാളാ​യി​രു​ന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “ആദ്യത്തെ സമ്മേള​ന​ങ്ങ​ളിൽ ഭക്ഷണശാ​ല​യു​ടെ ഉത്തരവാ​ദി​ത്വം വഹിച്ചി​രു​ന്നത്‌ ഞാൻ ഓർക്കു​ന്നു. മിക്ക ജോലി​ക​ളും ഞാൻതന്നെ ചെയ്യണ​മാ​യി​രു​ന്നു. കൂടാതെ, മിക്കവാ​റും ഓരോ ദിവസ​ത്തെ​യും പരിപാ​ടി​യിൽ മൂന്നോ നാലോ ഭാഗങ്ങൾ കൈകാ​ര്യം ചെയ്യേ​ണ്ടി​യും വരുമാ​യി​രു​ന്നു. അടുക്ക​ള​യിൽ എയ്‌പ്രൻ (വസ്‌ത്ര​ങ്ങ​ളിൽ അഴുക്കു പിടി​ക്കാ​തി​രി​ക്കാൻ കെട്ടുന്ന മേൽവ​സ്‌ത്രം) ധരിച്ച്‌ ജോലി ചെയ്യു​ന്ന​തി​നി​ടെ പ്രസം​ഗ​ത്തി​നു സമയമാ​കു​മ്പോൾ ഞാൻ കോട്ട്‌ എടുത്തിട്ട്‌ ധൃതി​യിൽ ഹാളി​ലേക്ക്‌ ഓടും. ചില​പ്പോ​ഴൊ​ക്കെ എയ്‌പ്രൻ അഴിച്ചു​മാ​റ്റാൻ മറ്റു സഹോ​ദ​ര​ന്മാർ ഓർമി​പ്പി​ക്കേണ്ടി വന്നിട്ടുണ്ട്‌. എന്നാൽ, ഇന്ന്‌ സമ്മേള​ന​ങ്ങ​ളു​ടെ ഹാജർ 400-നും 500-നും ഇടയ്‌ക്കാണ്‌. സമ്മേളന പരിപാ​ടി​കൾ നടത്തു​ന്ന​തിന്‌ യോഗ്യ​രായ ധാരാളം മൂപ്പന്മാ​രും ഉണ്ട്‌.”

ബൈബിൾ നാടകങ്ങൾ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളു​ടെ പുളക​പ്ര​ദ​വും പ്രബോ​ധ​നാ​ത്മ​ക​വു​മായ ഒരു സവി​ശേ​ഷ​ത​യാണ്‌. എന്നിരു​ന്നാ​ലും, ഐസ്‌ലൻഡിൽ പ്രസാ​ധകർ വളരെ കുറവാ​യി​രു​ന്ന​തു​കൊണ്ട്‌ ശബ്ദം മാത്രം റെക്കോർഡു ചെയ്‌തു കേൾപ്പി​ക്കു​ക​യാ​യി​രു​ന്നു പതിവ്‌. ഡെന്മാർക്ക്‌ ബ്രാഞ്ച്‌, ശബ്ദത്തി​നൊ​പ്പം കാണി​ക്കാ​വുന്ന കളർ സ്ലൈഡു​കൾ പ്രദാനം ചെയ്‌തു. അതു നാടകങ്ങൾ ജീവസ്സു​റ്റ​താ​ക്കാൻ വളരെ​യ​ധി​കം സഹായി​ച്ചു. എന്നിരു​ന്നാ​ലും, നാടകങ്ങൾ നടത്താൻ ധാരാളം സമയ​മെ​ടു​ത്തു തയ്യാറാ​ക​ണ​മാ​യി​രു​ന്നു. ആദ്യം അവർ അത്‌ ഐസ്‌ലാൻഡി​ക്കി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു. അതിനു​ശേഷം, പ്രാ​ദേ​ശി​ക​ഭാഷ സംസാ​രി​ക്കുന്ന സഹോ​ദ​ര​ന്മാ​രു​ടെ ശബ്ദത്തിൽ അവ റെക്കോർഡു ചെയ്യേ​ണ്ടി​യി​രു​ന്നു. കൂടാതെ, ആവശ്യ​മായ സംഗീ​ത​വും സൗണ്ട്‌ ഇഫക്ടു​ക​ളും ഇംഗ്ലീഷ്‌ ടേപ്പിൽനി​ന്നു കൂട്ടി​ച്ചേർക്കു​മാ​യി​രു​ന്നു. ചിലർക്ക്‌ ഒന്നിൽക്കൂ​ടു​തൽ കഥാപാ​ത്ര​ങ്ങൾക്കു ശബ്ദം നൽകേ​ണ്ടി​വ​ന്നി​രു​ന്നു. അതു​കൊണ്ട്‌ അവർ കഥാപാ​ത്ര​ത്തിന്‌ അനുസ​രിച്ച്‌ ശബ്ദത്തിൽ വ്യത്യാ​സം വരുത്തു​മാ​യി​രു​ന്നു. കാല​ക്ര​മ​ത്തിൽ ചില നാടകങ്ങൾ മുഴു​വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ​യും അവതരി​പ്പി​ക്കാൻ തുടങ്ങി.

അത്തരത്തിൽ അവതരി​പ്പിച്ച ആദ്യത്തെ നാടകം എസ്ഥേർ രാജ്ഞി​യെ​ക്കു​റി​ച്ചു​ള്ളത്‌ ആയിരു​ന്നു. അത്‌ അവതരി​പ്പി​ച്ചത്‌ 1970-ലെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നി​ലാ​യി​രു​ന്നു. സഹോ​ദ​രങ്ങൾ വലിയ ഉത്സാഹ​ത്തോ​ടെ അതിനു​വേണ്ടി തയ്യാ​റെ​ടു​ത്തു. ബൈബിൾ കാലങ്ങ​ളി​ലേ​തു​പോ​ലുള്ള വസ്‌ത്രങ്ങൾ ധരിക്കു​ന്ന​തും സഹോ​ദ​ര​ന്മാ​രു​ടെ മുഖത്ത്‌ താടി വെച്ചു​പി​ടി​പ്പി​ക്കു​ന്ന​തും എല്ലാം പുതിയ അനുഭവം തന്നെയാ​യി​രു​ന്നു. കൺ​വെൻ​ഷനു നാടകം സ്റ്റേജിൽ അവതരി​പ്പി​ക്കു​മെന്ന കാര്യം രഹസ്യ​മാ​യി സൂക്ഷി​ച്ചി​രു​ന്നു. അപ്രതീ​ക്ഷി​ത​മാ​യി ലഭിച്ച ആ സമ്മാനം സദസ്സ്യർ ആഹ്ലാദ​ത്തോ​ടെ സ്വീക​രി​ച്ചു. ചെറിയ കൺ​വെൻ​ഷ​നു​ക​ളാ​കു​മ്പോൾ സന്നിഹി​ത​രായ എല്ലാവർക്കും​തന്നെ പരസ്‌പരം അറിയാം. അതു​പോ​ലെ, എല്ലാവ​രും സ്റ്റേജിന്റെ അടുത്താ​യി​ട്ടാണ്‌ ഇരിക്കു​ന്നത്‌. അതു​കൊണ്ട്‌ ആരൊക്കെ ഏതൊക്കെ കഥാപാ​ത്ര​ങ്ങ​ളെ​യാണ്‌ അവതരി​പ്പി​ക്കു​ന്ന​തെന്നു കണ്ടുപി​ടി​ക്കാൻ ചിലർ ശ്രമി​ക്കാ​റുണ്ട്‌. ഒരിക്കൽ നാടകം കഴിഞ്ഞ​പ്പോൾ ഒരു സഹോ​ദരി ഇങ്ങനെ പറഞ്ഞു: “അതിശ​യം​തന്നെ, നാടക​ത്തിൽ നെബൂ​ഖ​ദ്‌നേ​സ​റാ​യിട്ട്‌ അഭിന​യിച്ച സഹോ​ദ​ര​നെ​യ​ല്ലാ​തെ വേറാ​രെ​യും എനിക്ക്‌ തിരി​ച്ച​റി​യാൻ കഴിഞ്ഞില്ല!” എന്നാൽ നെബൂ​ഖ​ദ്‌നേ​സ​റാ​യിട്ട്‌ അഭിന​യി​ച്ചു എന്നു വിചാ​രിച്ച സഹോ​ദ​രന്റെ പേര്‌ സഹോ​ദരി പറഞ്ഞ​പ്പോ​ഴല്ലേ അറിയു​ന്നത്‌ ആ ഊഹവും തെറ്റി​പ്പോ​യി​രു​ന്നെന്ന്‌. അത്തരം ചെറിയ കൺ​വെൻ​ഷ​നു​ക​ളി​ലും സമ്മേള​ന​ങ്ങ​ളി​ലും പരിപാ​ടി​കൾ അവതരി​പ്പി​ക്കാ​നാ​യി അനേകർ ചെയ്യുന്ന കഠിനാ​ധ്വാ​നത്തെ സഹോ​ദ​രങ്ങൾ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു. സ്വന്തം ഭാഷയിൽ നാടകം അവതരി​പ്പി​ക്കു​ന്ന​തു​കൊണ്ട്‌, അതിലെ വില​യേ​റിയ പാഠങ്ങ​ളിൽനി​ന്നു മുഴുവൻ പ്രയോ​ജ​ന​വും നേടാൻ അവർക്കു കഴിയു​ന്നു.

അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾ സന്തോഷം കൈവ​രു​ത്തു​ന്നു

കഴിഞ്ഞ അനേകം വർഷങ്ങ​ളാ​യി, മറ്റു രാജ്യ​ങ്ങ​ളിൽ നടത്ത​പ്പെ​ടുന്ന കൺ​വെൻ​ഷ​നു​ക​ളിൽ സംബന്ധി​ക്കു​ന്ന​തി​ന്റെ സന്തോഷം ആസ്വദി​ക്കാ​നും ഐസ്‌ലൻഡി​ലെ സഹോ​ദ​ര​ങ്ങൾക്കു കഴിഞ്ഞി​രി​ക്കു​ന്നു. ന്യൂ​യോർക്കിൽ നടന്ന 1958-ലെ ‘ദിവ്യേ​ഷ്ടം’ അന്താരാ​ഷ്‌ട്ര സമ്മേള​ന​ത്തിൽ പങ്കെടു​ക്കാ​നുള്ള പദവി ഐസ്‌ലൻഡിൽനി​ന്നുള്ള അഞ്ചു​പേർക്കു ലഭിച്ചു. ധാരാളം പേർ, യൂറോ​പ്പിൽ 1961-ൽ നടന്ന ‘ഏകീകൃത ആരാധകർ,’ 1963-ൽ നടന്ന “നിത്യ​സു​വാർത്താ” എന്നീ സമ്മേള​ന​ങ്ങ​ളി​ലും പങ്കെടു​ത്തു. മറ്റുചി​ലർക്ക്‌, 1973-ലെ “ദിവ്യ വിജയ” അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​ക​ളിൽ പങ്കെടു​ക്കാ​നെ​ത്തിയ വിവിധ രാജ്യ​ങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​ര​ങ്ങ​ളു​മാ​യുള്ള സഹവാസം ആസ്വദി​ക്കാൻ കഴിഞ്ഞു. 1969 ആഗസ്റ്റ്‌ 5 മുതൽ 10 വരെ ഡെന്മാർക്കി​ലെ കോപ്പൻഹേ​ഗ​നിൽവെച്ചു നടത്തിയ “ഭൂമി​യിൽ സമാധാ​നം” അന്താരാ​ഷ്‌ട്ര സമ്മേള​ന​ത്തിൽ ഐസ്‌ലൻഡിൽനി​ന്നു നൂറി​ല​ധി​കം പ്രസാ​ധകർ പങ്കെടു​ത്തു. അന്യനാ​ട്ടിൽ നടത്തപ്പെട്ട അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​ക​ളിൽ പങ്കെടു​ക്കാൻ ഐസ്‌ലൻഡിൽനി​ന്നു പോയ ഏറ്റവും വലിയ കൂട്ടം അതായി​രു​ന്നു. ആ വേനൽക്കാ​ലത്ത്‌, ഐസ്‌ലൻഡി​ലെ പ്രസാ​ധ​ക​രിൽ 80 ശതമാ​ന​വും കൺ​വെൻ​ഷ​നു​ക​ളിൽ പങ്കെടു​ക്കാ​നാ​യി വിദേ​ശ​ങ്ങ​ളി​ലേക്കു പോയി.

ഐസ്‌ലൻഡിൽനി​ന്നുള്ള വളരെ​യേറെ പേർ 1969-ലെ കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാൻ തീരു​മാ​നി​ച്ച​തു​കൊണ്ട്‌, ഐസ്‌ലൻഡു​കാ​രായ സഹോ​ദ​ര​ന്മാർക്ക്‌ എല്ലാവർക്കും ഒരുമിച്ച്‌ ഇരിക്കാ​നുള്ള ക്രമീ​ക​രണം ഡെന്മാർക്ക്‌ ബ്രാഞ്ച്‌ ചെയ്‌തു. രാവിലെ, സെഷനു​കൾ തുടങ്ങു​ന്ന​തി​നു മുമ്പ്‌, ഐസ്‌ലൻഡിൽനി​ന്നുള്ള സഹോ​ദ​ര​ന്മാർ എല്ലാവ​രും അവർക്കാ​യി ഒരുക്കി​യി​രുന്ന ഭാഗത്ത്‌ എത്തി​ച്ചേർന്നു. അവിടെ ഇരുന്നു​കൊണ്ട്‌ പരിപാ​ടി​ക​ളു​ടെ സംഗ്രഹം തങ്ങളുടെ സ്വന്തം ഭാഷയിൽ അവർ ആസ്വദി​ച്ചു.

ഈ കൺ​വെൻ​ഷ​നിൽ പങ്കെടു​ത്ത​വ​രു​ടെ കൂട്ടത്തിൽ ബ്യാഡ്‌നി യോൺസൺ എന്നു പേരുള്ള ഒരു യുവാ​വും ഉണ്ടായി​രു​ന്നു. റേക്യ​വി​ക്കിൽ മിഷനറി ഭവനത്തി​നും ബ്രാഞ്ച്‌ ഓഫീ​സി​നു​മാ​യി സഹോ​ദ​രങ്ങൾ ഒരു അഭിഭാ​ഷ​കന്റെ ഉടമസ്ഥ​ത​യിൽ ഉണ്ടായി​രുന്ന കെട്ടിടം വാടക​യ്‌ക്കെ​ടു​ത്തി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ മകനാ​യി​രു​ന്നു ബ്യാഡ്‌നി. അവനു സത്യ​ത്തെ​ക്കു​റിച്ച്‌ അധിക​മൊ​ന്നും അറിയി​ല്ലാ​യി​രു​ന്നു. അവൻ സഹോ​ദ​ര​ങ്ങ​ളു​ടെ കൂടെ കോപ്പൻഹേ​ഗ​നി​ലേക്കു പോയത്‌ കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാൻ വേണ്ടി​യു​മാ​യി​രു​ന്നില്ല. പിന്നെ അവൻ കൺ​വെൻ​ഷന്‌ ഹാജരാ​കാൻ ഇടയാ​യത്‌ എങ്ങനെ​യാ​യി​രു​ന്നു?

അന്ന്‌ ബ്രാഞ്ച്‌ ദാസനാ​യി സേവി​ച്ചി​രുന്ന ചെൽ ഗിൽനാൾഡിന്‌ ബ്യാഡ്‌നി​യു​ടെ പിതാ​വു​മാ​യി ചില കാര്യങ്ങൾ ചർച്ച ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ആ സമയത്ത്‌, കോപ്പൻഹേ​ഗ​നി​ലെ അന്താരാ​ഷ്‌ട്ര സമ്മേള​ന​ത്തെ​ക്കു​റി​ച്ചും സഹോ​ദ​ര​ങ്ങ​ളിൽ കുറെ​പ്പേർ അതിൽ പങ്കെടു​ക്കാൻ ആസൂ​ത്രണം ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ചും ചെൽ അദ്ദേഹ​ത്തോ​ടു പറഞ്ഞു. അതു കേട്ട​പ്പോൾ, തന്റെ മൂത്ത മകനെ​യും ആ കൂട്ടത്തി​ന്റെ കൂടെ കൊണ്ടു​പോ​കാൻ സാധി​ക്കു​മോ എന്ന്‌ ആ അഭിഭാ​ഷകൻ ചോദി​ച്ചു. തന്റെ മകൻ സെക്കൻഡറി സ്‌കൂൾ പൂർത്തി​യാ​ക്കി​യെ​ന്നും അവന്‌ ഒരു വിദേ​ശ​യാ​ത്ര​യ്‌ക്ക്‌ അവസരം ചെയ്‌തു​കൊ​ടു​ക്കാൻ താൻ ആഗ്രഹി​ക്കു​ന്നു​വെ​ന്നും അദ്ദേഹം ഗിൽനാൾഡ്‌ സഹോ​ദ​ര​നോ​ടു പറഞ്ഞു. അതി​പ്പോൾ കോപ്പൻഹേ​ഗ​നാ​ണെ​ങ്കി​ലും കുഴപ്പ​മില്ല എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു. അതു നല്ലൊരു കാര്യ​മാ​യി ചെൽ സഹോ​ദ​ര​നും തോന്നി. ബ്യാഡ്‌നിക്ക്‌ സമ്മേളന പരിപാ​ടി​കൾ കാണാൻ ഇഷ്ടമാ​ണെ​ങ്കിൽ കോപ്പൻഹേ​ഗ​നിൽ അവനു താമസ​സൗ​ക​ര്യ​വും ശരിയാ​ക്കാൻ കഴിയു​മെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതു​കേ​ട്ട​പ്പോൾ അഭിഭാ​ഷ​കനു സന്തോ​ഷ​മാ​യി. സമ്മേള​ന​ത്തി​നു പോകുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൂടെ പോകു​ന്നോ എന്ന്‌ അദ്ദേഹം മകനോ​ടു ചോദി​ച്ചു. മകൻ പെട്ടെന്ന്‌ അതിനു സമ്മതി​ക്കു​ക​യും ചെയ്‌തു.

ബ്യാഡ്‌നിക്ക്‌ കോപ്പൻഹേ​ഗ​നിൽ താമസ​സൗ​ക​ര്യം ശരിയാ​ക്കു​ന്ന​തി​നു​വേണ്ടി സഹോ​ദ​ര​ന്മാർ അവിടത്തെ താമസ​സൗ​കര്യ ഡിപ്പാർട്ട്‌മെ​ന്റു​മാ​യി ബന്ധപ്പെട്ടു. താമസി​ക്കാ​നുള്ള സൗകര്യം സാക്ഷി​ക​ളായ ഒരു കുടും​ബ​ത്തി​ന്റെ വീട്ടിൽ കണ്ടെത്തു​ക​യും ചെയ്‌തു. ഐസ്‌ലൻഡിൽനി​ന്നുള്ള യാക്കോബ്‌ എന്ന ഒരു സഹോ​ദ​ര​നോ​ടൊ​പ്പം ഒരേ മുറി റിസർവ്‌ ചെയ്‌തി​രുന്ന അമേരി​ക്ക​ക്കാ​ര​നായ ഒരു പ്രതി​നി​ധി ആ റിസർവേഷൻ വേണ്ടെന്നു വെച്ചതു​കൊണ്ട്‌ അതു ബ്യാഡ്‌നി​ക്കു കിട്ടി. എന്നിരു​ന്നാ​ലും, ചില കാരണ​ങ്ങ​ളാൽ യാക്കോ​ബി​നും എത്തി​ച്ചേ​രാൻ കഴിഞ്ഞില്ല. അതു​കൊണ്ട്‌ അവിടെ താമസി​ക്കാൻ ബ്യാഡ്‌നി മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. താമസ​സൗ​കര്യ ഡിപ്പാർട്ട്‌മെന്റ്‌, അമേരി​ക്ക​യിൽനി​ന്നുള്ള സഹോ​ദ​രനു പകരം ബ്യാഡ്‌നി വരുന്ന കാര്യം ആതി​ഥേ​യ​രോ​ടു സൂചി​പ്പി​ച്ച​തു​മില്ല, അതു​കൊണ്ട്‌ അവർ തങ്ങളുടെ അതിഥി യാക്കോബ്‌ ആണെന്നു തെറ്റി​ദ്ധ​രി​ച്ചു.

വിവിധ സ്ഥലങ്ങളിൽനി​ന്നുള്ള സഹോ​ദ​രങ്ങൾ പരസ്‌പരം കണ്ടുമു​ട്ടു​മ്പോൾ അവരുടെ അനുഭ​വങ്ങൾ പങ്കു​വെ​ക്കു​ന്നതു സാധാ​ര​ണ​മാ​ണ​ല്ലോ. എന്നാൽ “യാക്കോ​ബിന്‌” ഒന്നും​തന്നെ പറയാ​നി​ല്ലാ​ത്തതു കണ്ട്‌ ഡാനിഷ്‌ സഹോ​ദ​ര​ന്മാർക്ക്‌ അതിശയം തോന്നി. ബ്യാഡ്‌നി​യാ​കട്ടെ, തന്റെ ആതി​ഥേയർ കൂടെ​ക്കൂ​ടെ തന്നെ യാക്കോബ്‌ എന്നു വിളി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​കാ​തെ ഇരിക്കു​ക​യാ​യി​രു​ന്നു. യാക്കോബ്‌ ഒരു ബൈബിൾ പേരാ​യ​തു​കൊണ്ട്‌, പരസ്‌പരം ബൈബിൾ പേരു വിളി​ക്കു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രീതി ആയിരി​ക്കു​മെന്നു ബ്യാഡ്‌നി അനുമാ​നി​ച്ചു. പിന്നീട്‌, ബ്യാഡ്‌നി താമസി​ക്കുന്ന വീട്ടിലെ ഒരു സഹോ​ദരൻ, ഐസ്‌ലൻഡിൽ പയനി​യ​റാ​യി​രുന്ന ഒരു ഡാനിഷ്‌ സഹോ​ദ​രനെ കണ്ടുമു​ട്ടി​യ​പ്പോ​ഴാണ്‌ ആ തെറ്റി​ദ്ധാ​ര​ണ​യു​ടെ കുരു​ക്ക​ഴി​ഞ്ഞത്‌. ഒരുപക്ഷേ “യാക്കോബ്‌” പുതിയ വ്യക്തി​യാ​യതു കൊണ്ടാ​യി​രി​ക്കു​മോ ഐസ്‌ലൻഡി​ലെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ അവന്‌ ഒന്നും​തന്നെ അറിയാ​തി​രു​ന്നത്‌ എന്ന്‌ അദ്ദേഹം ആ സഹോ​ദ​ര​നോ​ടു ചോദി​ച്ചു. അപ്പോ​ഴാണ്‌ ആ “യാക്കോബ്‌” യഥാർഥ​ത്തിൽ ഐസ്‌ലൻഡിൽനിന്ന്‌ സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ കോപ്പൻഹേ​ഗ​നി​ലേക്കു വന്ന ഒരു സ്‌കൂൾ വിദ്യാർഥി​യായ ബ്യാഡ്‌നി ആണെന്ന്‌ സഹോ​ദരൻ വിശദീ​ക​രി​ച്ചത്‌. അതറിഞ്ഞ ബ്യാഡ്‌നി​യു​ടെ ആതി​ഥേയർ അവന്‌ ഊഷ്‌മ​ള​മായ ആതിഥ്യം നൽകി. തങ്ങളോ​ടൊ​പ്പം ഒരാഴ്‌ച​കൂ​ടെ താമസിച്ച്‌ ഡെന്മാർക്കി​ലെ സ്ഥലങ്ങ​ളൊ​ക്കെ സന്ദർശി​ക്കാൻ അവർ അവനെ ക്ഷണിച്ചു. അവരുടെ ആ നല്ല മനസ്സ്‌ ബ്യാഡ്‌നി​യു​ടെ ഹൃദയത്തെ സ്‌പർശി​ച്ചു.

എന്തായി​രു​ന്നാ​ലും, ബ്യാഡ്‌നി സമ്മേള​ന​ത്തി​നു ഹാജരാ​യി. സമ്മേളനം പൂർണ​മാ​യി ആസ്വദി​ക്കാൻ കഴിയുന്ന വിധത്തിൽ സത്യ​ത്തെ​ക്കു​റി​ച്ചുള്ള അടിസ്ഥാന ഗ്രാഹ്യം​പോ​ലും ഇല്ലായി​രു​ന്നെ​ങ്കി​ലും, അവിടെ കണ്ടതും കേട്ടതു​മായ കാര്യങ്ങൾ ബ്യാഡ്‌നി​യിൽ വളരെ​യ​ധി​കം മതിപ്പു​ള​വാ​ക്കി. ഐസ്‌ലൻഡിൽ മടങ്ങി​യെ​ത്തിയ ഉടനെ, ബ്യാഡ്‌നി​യും കുടും​ബ​വും ബൈബിൾ പഠനം ആരംഭി​ച്ചു. ബ്യാഡ്‌നി സത്യത്തിൽ നന്നായി പുരോ​ഗ​മി​ച്ചു. 1971-ൽ സ്‌നാ​പ​ന​മേറ്റ അദ്ദേഹം 1979 മുതൽ ഐസ്‌ലൻഡി​ലെ ബ്രാഞ്ച്‌ കമ്മിറ്റി അംഗമാ​യി സേവനം അനുഷ്‌ഠി​ക്കു​ന്നു.

ഐസ്‌ലൻഡ്‌ ബ്രാഞ്ചിൽ പരിഭാ​ഷ​ക​നാ​യി വളരെ വർഷങ്ങൾ സേവിച്ച വ്യക്തി​യാണ്‌ സ്വാൻബർഗ്‌ യാക്കോ​ബ്‌സൺ. ഇപ്പോൾ അദ്ദേഹം പരിഭാ​ഷാ വിഭാ​ഗ​ത്തി​ന്റെ മേൽവി​ചാ​രകൻ ആണ്‌. ഒരു യുവ പ്രസാ​ധകൻ ആയിരു​ന്ന​പ്പോൾ, 1973-ൽ ഇംഗ്ലണ്ടി​ലെ ലണ്ടനിൽവെച്ചു നടന്ന “ദിവ്യ വിജയ” അന്താരാ​ഷ്‌ട്ര സമ്മേള​ന​ത്തിൽ അദ്ദേഹം പങ്കെടു​ത്തു. അദ്ദേഹം പറയുന്നു: “ആയിര​ക്ക​ണ​ക്കി​നു സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ കൺ​വെൻ​ഷൻ സ്റ്റേഡി​യ​ത്തി​ലേക്ക്‌ ഒഴുകി​യെ​ത്തുന്ന പുളക​പ്ര​ദ​മായ കാഴ്‌ച ഞാൻ ഇന്നും ഓർക്കു​ന്നു. ആഫ്രി​ക്ക​യിൽനി​ന്നുള്ള കുറെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ അവരുടെ പരമ്പരാ​ഗ​ത​രീ​തി​യിൽ നിറപ്പ​കി​ട്ടാർന്ന വസ്‌ത്രങ്ങൾ ധരിച്ചു വന്നത്‌ എന്നെ വളരെ​യ​ധി​കം ആകർഷി​ച്ചു. പതിനാ​യി​ര​ക്ക​ണ​ക്കി​നു സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം പരിപാ​ടി​കൾ ശ്രദ്ധി​ച്ച​തും പാട്ടു പാടി​യ​തും പ്രാർഥി​ച്ച​തും ഭക്ഷണം കഴിച്ച​തും വെറുതെ അവരുടെ ഇടയിൽ ആയിരു​ന്ന​തു​പോ​ലും മറക്കാ​നാ​വാത്ത അനുഭ​വ​മാ​യി​രു​ന്നു.”

1958-ൽ സ്‌നാ​പ​ന​മേറ്റ സോൽബോർഗ്‌ സ്വേൻസ്‌ഡോ​ട്ടിർ, 1961-ൽ കോപ്പൻഹേ​ഗ​നിൽവെച്ചു നടന്ന കൺ​വെൻ​ഷ​നിൽ പങ്കെടു​ക്കാ​നാ​യി തന്റെ നാലു മക്കളോ​ടൊ​പ്പം ഡെന്മാർക്കി​ലേക്കു തിരിച്ചു. കപ്പൽ മാർഗം ആറുദി​വസം നീണ്ടു​നിന്ന ഒരു യാത്ര​യാ​യി​രു​ന്നു അത്‌. സോൽബോർഗ്‌, കെഫ്‌ലാ​വി​ക്കി​ലെ ഒറ്റപ്പെട്ട ഒരു ചെറിയ കൂട്ട​ത്തോ​ടൊ​പ്പ​മാ​ണു സഹവസി​ച്ചി​രു​ന്നത്‌. വലിയ ഒരു അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽ പങ്കെടു​ത്തത്‌ അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം എങ്ങനെ​യുള്ള അനുഭ​വ​മാ​യി​രു​ന്നു? സഹോ​ദരി പറയുന്നു: “30,000-ത്തിലധി​കം സഹോ​ദ​രങ്ങൾ ഏകസ്വ​ര​ത്തിൽ അഞ്ചു വ്യത്യസ്‌ത ഭാഷക​ളിൽ രാജ്യ​ഗീ​തങ്ങൾ പാടു​ന്നതു കേട്ട​പ്പോൾ ഞാനാകെ കോരി​ത്ത​രി​ച്ചു​പോ​യി. അതെന്റെ ഹൃദയത്തെ തൊട്ടു. എല്ലാ കാര്യ​ങ്ങ​ളും സുസം​ഘ​ടി​ത​മാ​യി​രു​ന്നു.”

അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾക്കു പോകു​ന്നത്‌ വളരെ ചെലവുള്ള കാര്യ​മാ​യി​രു​ന്നു. എന്നാൽ അങ്ങനെ ചെയ്യു​ന്ന​തി​നാൽ ലാഭമ​ല്ലാ​തെ നഷ്ടമൊ​ന്നും ഉണ്ടാവി​ല്ലെന്ന്‌ സഹോ​ദ​ര​ങ്ങൾക്ക്‌ ഉറപ്പാ​യി​രു​ന്നു. യഹോവ ഒരുക്കുന്ന അത്ഭുത​ക​ര​മായ ആത്മീയ വിരു​ന്നു​ക​ളിൽ പങ്കുപ​റ്റു​ന്ന​തും ആയിര​ക്ക​ണ​ക്കി​നു വരുന്ന സഹവി​ശ്വാ​സി​ക​ളോ​ടൊ​പ്പം ആയിരി​ക്കു​ന്ന​തും ഒരു അനു​ഗ്ര​ഹ​മാ​യി അവർ കണക്കാക്കി.

ഒരു ആത്മീയ “വെയ്‌റ്റർ” സന്ദർശനം നടത്തുന്നു

ആവശ്യം അധിക​മു​ള്ളി​ടത്തു സേവി​ക്കു​ന്ന​തി​നാ​യി അനേകർ ഐസ്‌ലൻഡി​ലേക്കു മാറി​ത്താ​മ​സി​ച്ചി​ട്ടുണ്ട്‌. അവർക്കെ​ല്ലാ​വർക്കും സങ്കീർണ​മായ ഐസ്‌ലാൻഡിക്‌ ഭാഷ പഠി​ച്ചെ​ടു​ക്കു​ന്ന​തിന്‌ വളരെ​ക്കാ​ലം കഠിന​മാ​യി യത്‌നി​ക്കേ​ണ്ടി​വന്നു. എന്നിരു​ന്നാ​ലും, ഭാഷാ​പ​ര​മായ തെറ്റി​ദ്ധാ​ര​ണകൾ അനു​ഗ്ര​ഹ​മാ​യി തീർന്നി​ട്ടുള്ള അവസര​ങ്ങ​ളും ഉണ്ടായി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു ദിവസം ഹൈൻറിഹ്‌ കാർഹെ വീടു​തോ​റും പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു. ഒരു ശുശ്രൂ​ഷകൻ എന്നാണ്‌ സഹോ​ദരൻ സ്വയം പരിച​യ​പ്പെ​ടു​ത്തി​യി​രു​ന്നത്‌. ഒരു വീട്ടു​വാ​തിൽക്കൽ കണ്ടുമു​ട്ടിയ സ്‌ത്രീ സഹോ​ദരൻ തന്നെത്തന്നെ പരിച​യ​പ്പെ​ടു​ത്തിയ ഉടനെ അദ്ദേഹത്തെ അകത്തേക്കു ക്ഷണിച്ചു. സഹോ​ദരൻ ഉപയോ​ഗിച്ച ശുശ്രൂ​ഷകൻ എന്ന ഐസ്‌ലാൻഡിക്‌ വാക്കിന്‌ “ശുശ്രൂ​ഷകൻ” എന്നും “വെയ്‌റ്റർ” എന്നും അർഥം ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌, അവിടത്തെ ഒരു ഹോട്ട​ലിൽ വെയ്‌റ്റ​റായ ഭർത്താ​വി​ന്റെ സഹജോ​ലി​ക്കാ​ര​നാ​ണു വന്നിരി​ക്കു​ന്നത്‌ എന്ന്‌ അവർ തെറ്റി​ദ്ധ​രി​ച്ചു. തന്റെ ഭർത്താവ്‌ ഉടനെ വരു​മെന്ന്‌ അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ ഭർത്താ​വി​നെ കാണാൻ വന്ന ആളെ അവർ അകത്തു കയറ്റി ഇരുത്തി. പിന്നീട്‌ അബദ്ധം മനസ്സി​ലാ​യ​പ്പോൾ അവർ രണ്ടു​പേ​രും കുറെ ചിരിച്ചു.

ഭർത്താവു വന്നപ്പോൾ, നമ്മുടെ ആത്മീയ “വെയ്‌റ്റർ” ആ യുവ ദമ്പതി​കൾക്ക്‌ വിഭവ​സ​മൃ​ദ്ധ​മായ ആത്മീയ ഭക്ഷണം വിളമ്പി​ക്കൊ​ടു​ത്തു. അവർ അത്‌ നന്നായി ആസ്വദി​ക്കു​ക​യും ചെയ്‌തു. ഹൈൻറി​ഹി​നോ​ടു ഭാര്യ​യെ​യും കൂട്ടി വീണ്ടും വരണ​മെന്ന്‌ അവർ ആവശ്യ​പ്പെട്ടു. പെട്ടെ​ന്നു​തന്നെ, ക്രമമായ ബൈബി​ള​ധ്യ​യനം തുടങ്ങി. വളരെ താത്‌പ​ര്യം കാണിച്ച ആ ദമ്പതികൾ മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കാൻ തുടങ്ങി. ഹോട്ട​ലിൽ ജോലി ചെയ്‌തു​കൊ​ണ്ടി​രി​ക്കു​മ്പോൾപ്പോ​ലും ആ യുവ വെയ്‌റ്റർ കേൾക്കാൻ താത്‌പ​ര്യം കാണിച്ച എല്ലാവ​രോ​ടും സത്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ച്ചു. കാല​ക്ര​മ​ത്തിൽ ആ ദമ്പതികൾ സ്‌നാ​പ​ന​മേറ്റു. ആ ആത്മീയ “വെയ്‌റ്റർ” തങ്ങളെ സന്ദർശി​ച്ച​തി​ലും തന്റേത​ല്ലാത്ത ഒരു ഭാഷ ആയിരു​ന്നി​ട്ടും സാക്ഷ്യം നൽകാൻ മടികാ​ണി​ക്കാ​തി​രു​ന്ന​തി​ലും അവർ വളരെ സന്തോ​ഷ​മു​ള്ള​വ​രാ​യി​രു​ന്നു.

വർഷങ്ങ​ളി​ലു​ട​നീ​ളം, വിദേ​ശീ​യ​രായ സഹോ​ദ​ര​ന്മാർ ഭാഷ പഠിച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ പിശകു​കൾ വരുത്തി​യി​രു​ന്ന​തു​കൊണ്ട്‌ രസകര​മായ അനേകം അനുഭ​വങ്ങൾ അവർക്കു​ണ്ടാ​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഐസ്‌ലൻഡിൽ എത്തി കുറച്ചു​നാൾ കഴിഞ്ഞ്‌, സാലി മക്‌ഡൊ​നാൾഡ്‌ ഇങ്ങനെ ഒരു അവതരണം തയ്യാറാ​യി: “ബൈബി​ളിൽനി​ന്നുള്ള ചില താത്‌പ​ര്യ​ജ​ന​ക​മായ വിവരങ്ങൾ പങ്കു​വെ​ക്കാ​നാ​യി ഞാൻ ഈ പ്രദേ​ശ​ത്തു​ള്ള​വരെ സന്ദർശി​ക്കു​ക​യാണ്‌.” പക്ഷേ, സഹോ​ദരി സന്ദർശി​ക്കുക (ഹേമ്‌സ്‌ക്യാ) എന്ന വാക്ക്‌, പീഡി​പ്പി​ക്കുക (ഒഫ്‌സ്‌ക്യാ) എന്ന വാക്കു​മാ​യി കൂട്ടി​ക്കു​ഴച്ചു. എന്നിട്ട്‌ പുഞ്ചി​രി​യോ​ടെ ഇങ്ങനെ പറഞ്ഞു: “ഞാൻ ഈ പ്രദേ​ശ​ത്തു​ള്ള​വരെ പീഡി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.”

ഒരു ലൂഥറൻ പുരോ​ഹി​ത​നോ​ടൊത്ത്‌ വീടു​തോ​റും

ഡെന്മാർക്കു​കാ​രായ ഹോൾഗോർ ഫ്രെ​ദെ​റി​ക്‌സ​ണും ഭാര്യ റ്റോ​വെ​യും പ്രത്യേക പയനി​യർമാർ എന്നനി​ല​യിൽ, വളരെ​ക്കാ​ലം വിശ്വ​സ്‌ത​ത​യോ​ടെ ഐസ്‌ലൻഡിൽ സേവിച്ചു. കുറച്ചു നാൾ അവർ സഞ്ചാര​വേ​ല​യും ചെയ്‌തു. ഐസ്‌ലാൻഡിക്‌ ഭാഷ പഠിക്കാ​നും കൈകാ​ര്യം ചെയ്യാ​നും റ്റോ​വെ​യ്‌ക്ക്‌ വളരെ പ്രയാ​സ​മാ​യി​രു​ന്നു. എന്നിട്ടും, സഹോ​ദരി കാണിച്ച തീക്ഷ്‌ണ​ത​യും ഉത്സാഹ​വും അനേകരെ സത്യത്തി​ലേക്കു വരാൻ സഹായി​ച്ചു.

സഞ്ചാര​വേ​ല​യിൽ ആയിരി​ക്കെ ഒരു അവസര​ത്തിൽ ഹോൾഗോർ ഒരു യുവ പ്രസാ​ധ​ക​നു​മൊത്ത്‌ ഒരു ചെറിയ ഗ്രാമ​ത്തിൽ വീടു​തോ​റും പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു. അവരെ അത്ഭുത​പ്പെ​ടു​ത്തി​ക്കൊണ്ട്‌, ആ പ്രദേ​ശത്തെ ലൂഥറൻ പുരോ​ഹി​തൻ അവരോ​ടൊ​പ്പം ചേർന്നു. എങ്ങനെ​യാണ്‌ അതു സംഭവി​ച്ചത്‌?

കുറച്ചു മുമ്പ്‌, അവർ ആ പുരോ​ഹി​തന്റെ വീട്‌ സന്ദർശി​ച്ചതേ ഉണ്ടായി​രു​ന്നു​ള്ളൂ. പുറമേ സൗഹൃദം പ്രകടി​പ്പി​ച്ചു​കൊണ്ട്‌ അദ്ദേഹം, അവരെ തന്റെ ഓഫീ​സി​ലേക്കു ക്ഷണിച്ചു. അവർ നൽകിയ പുസ്‌ത​ക​ങ്ങ​ളി​ലൂ​ടെ ഒന്നു കണ്ണോ​ടിച്ച ശേഷം അദ്ദേഹം പറഞ്ഞു: “ഈ പുസ്‌ത​കങ്ങൾ മുഴുവൻ തെറ്റായ പഠിപ്പി​ക്ക​ലു​കൾ ആണ്‌!” എന്നിട്ട്‌ അദ്ദേഹം പെട്ടെന്നു ചാടി​യെ​ഴു​ന്നേറ്റ്‌ കൈര​ണ്ടും ഉയർത്തി​പ്പി​ടിച്ച്‌ ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷാ​വി​ധി അവരു​ടെ​മേൽ ചൊരി​ഞ്ഞു. അദ്ദേഹം ഇങ്ങനെ ആക്രോ​ശി​ച്ചു: “എന്റെ ഇടവക​യിൽ പ്രസം​ഗി​ക്കു​ന്ന​തിൽനിന്ന്‌ ഞാൻ നിങ്ങളെ വിലക്കു​ന്നു.” എന്നാൽ, അദ്ദേഹ​ത്തി​നു തങ്ങളെ തടയാൻ യാതൊ​രു അവകാ​ശ​വും ഇല്ലെന്നും തങ്ങൾ തുടർന്നു പ്രസം​ഗി​ക്കാൻ പോകു​ക​യാ​ണെ​ന്നും ഹോൾഗോർ പുരോ​ഹി​ത​നോ​ടു പറഞ്ഞു. അപ്പോൾ ആ പുരോ​ഹി​തൻ പറഞ്ഞു: “എന്റെ ഇടവക​യിൽ തുടർന്നു പ്രസം​ഗി​ക്കാ​നാ​ണു നിങ്ങളു​ടെ ഉദ്ദേശ്യ​മെ​ങ്കിൽ, ഞാനും കൂടെ വരും.” അതിൽ സന്തോ​ഷ​മേ​യു​ള്ളു എന്ന്‌ ഹോൾഗോർ അദ്ദേഹ​ത്തോ​ടു പറഞ്ഞു.

അദ്ദേഹ​ത്തി​ന്റെ വീടിന്റെ തൊട്ട​ടു​ത്തുള്ള രണ്ടു വീടു​കൾവരെ പുരോ​ഹി​തൻ അവരെ അനുഗ​മി​ച്ചു കഴിഞ്ഞ​പ്പോ​ഴാണ്‌ റ്റോ​വെ​യും കൂടെ​യു​ണ്ടാ​യി​രുന്ന സഹോ​ദ​രി​യും അവരെ കാണു​ന്നത്‌. സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം വീടു​തോ​റും പ്രവർത്തി​ക്കുന്ന ആളെ കണ്ടപ്പോൾ അവരുടെ കണ്ണുത​ള്ളി​പ്പോ​യി. അപ്പോൾ പെട്ടെന്ന്‌ പുരോ​ഹി​തൻ അവരെ എല്ലാവ​രെ​യും കാപ്പി​കു​ടി​ക്കാൻ വീട്ടി​ലേക്കു ക്ഷണിച്ചു. അവർ വളരെ സൗഹാർദ​പ​ര​മാ​യി സംസാ​രി​ച്ചി​രു​ന്നു. അവി​ടെ​യു​ള്ള​വ​രോ​ടു പ്രസം​ഗി​ക്കു​ന്ന​തിൽനിന്ന്‌ തങ്ങളെ തടയു​ന്ന​തി​നുള്ള ഒരു മാർഗ​മാ​ണോ അപ്രതീ​ക്ഷി​ത​മായ ഈ ആതിഥ്യം എന്ന്‌ ഹോൾഗോർ സംശയി​ച്ചു. അതു​കൊണ്ട്‌, പിറ്റേ​ദി​വ​സം​തന്നെ അവർ അവിടെ തിരി​ച്ചു​ചെന്ന്‌ ആ ഗ്രാമം മുഴുവൻ പ്രവർത്തി​ച്ചു​തീർത്തു. ധാരാളം സാഹി​ത്യ​ങ്ങൾ സമർപ്പി​ക്കു​ക​യും കേൾക്കാൻ മനസ്സൊ​രു​ക്ക​മുള്ള അനേകരെ കണ്ടുമു​ട്ടു​ക​യും ചെയ്‌തു.

മഞ്ഞിടി​ഞ്ഞു​വീണ്‌ വഴി തടസ്സ​പ്പെ​ടു​ന്നു

ഇരുണ്ട ശൈത്യ​കാല മാസങ്ങ​ളിൽ ഐസും മഞ്ഞും മൂടി​ക്കി​ട​ക്കുന്ന പർവത ചുരങ്ങ​ളി​ലൂ​ടെ വാഹനം ഓടിച്ചു വേണം പ്രസം​ഗ​വേ​ല​യ്‌ക്കാ​യി നാട്ടിൻപു​റ​ങ്ങ​ളിൽ എത്താൻ. സഞ്ചാര​വേ​ല​യിൽ ആയിരി​ക്കുന്ന സമയത്ത്‌ 1974 ഡിസം​ബ​റിൽ ചെൽ ഗിൽനാർഡും ഭാര്യ ഇറിസും വടക്കെ തീരത്തുള്ള ആക്കു​റേറി പട്ടണം സന്ദർശി​ക്കു​ക​യു​ണ്ടാ​യി. അവിടത്തെ സഭയോ​ടൊ​പ്പം ചെലവ​ഴിച്ച ആ ആഴ്‌ച​യിൽ അവർ 80 കിലോ​മീ​റ്റ​റി​ലേറെ ദൂരെ​യുള്ള ഹൂസാ​വി​ക്കി​ലേക്ക്‌ ഒരു യാത്ര ക്രമീ​ക​രി​ച്ചു. ആ യാത്ര​യിൽ ഹോൾഗോർ ഫ്രെ​ദെ​റി​ക്‌സ​നും ഭാര്യ റ്റോ​വെ​യും അവരോ​ടൊ​പ്പം പോയി. നാലു​പേ​രും കുറച്ചു​ദി​വ​സ​ത്തേക്ക്‌ ഹൊസാ​വി​ക്കി​ലും അതിനു​ചു​റ്റു​മുള്ള പ്രദേ​ശ​ത്തും പ്രവർത്തി​ച്ചു. ഒരു സ്‌കൂ​ളിൽവെച്ച്‌ സ്ലൈഡ്‌ പ്രദർശ​ന​ത്തോ​ടു കൂടിയ ഒരു പരസ്യ​പ്ര​സം​ഗം നടത്തി​ക്കൊണ്ട്‌ അവിടത്തെ സന്ദർശനം അവസാ​നി​പ്പി​ക്കാ​നാ​യി​രു​ന്നു പരിപാ​ടി. എന്നാൽ യോഗം തുടങ്ങി​ക്ക​ഴി​ഞ്ഞ​പ്പോൾ പെട്ടെന്ന്‌ കാലാ​വ​സ്ഥ​യാ​കെ മാറി. കൊടു​ങ്കാറ്റ്‌ ആഞ്ഞടിച്ചു, മഞ്ഞും ആലിപ്പ​ഴ​വർഷ​വും തുടങ്ങി, ഒപ്പം സഹിക്കാൻവ​യ്യാത്ത തണുപ്പും. യോഗം കഴിഞ്ഞ്‌ സന്നിഹി​ത​രാ​യി​രുന്ന ആളുകൾ പോകാ​നാ​യി തയ്യാ​റെ​ടു​ക്കവേ കൊടു​ങ്കാ​റ്റി​നെ തുടർന്നു​ണ്ടായ വൈദ്യു​തി​ത്ത​ക​രാർ പട്ടണത്തെ മുഴുവൻ ഇരുളി​ലാ​ഴ്‌ത്തി. സഹോ​ദ​രങ്ങൾ അവി​ടെ​നി​ന്നു പോകു​മ്പോ​ഴും വൈദ്യു​തി വന്നിരു​ന്നില്ല. എന്നിരു​ന്നാ​ലും, വൈദ്യു​തി നിലയ്‌ക്കു​ന്ന​തി​നു മുമ്പ്‌ സ്ലൈഡ്‌ പ്രദർശനം നടത്താൻ കഴിഞ്ഞ​തിൽ അവർക്കു വളരെ സന്തോഷം തോന്നി.

ഗിൽനാർഡ്‌ സഹോ​ദ​ര​നും സഹോ​ദ​രി​ക്കും ഹോൾഗോർ സഹോ​ദ​ര​നും സഹോ​ദ​രി​ക്കും ആക്കു​റേ​റി​യി​ലേക്കു തിരികെ പോക​ണ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, അവർ അവി​ടെ​യുള്ള ചില പോലീ​സു​കാ​രോ​ടും ബസ്‌, ട്രക്ക്‌ ഡ്രൈ​വർമാ​രോ​ടും റോഡി​ന്റെ അവസ്ഥ​യെ​ക്കു​റിച്ച്‌ അന്വേ​ഷി​ച്ചു. അൽപ്പം മുമ്പു​വരെ വലിയ കുഴപ്പ​ങ്ങ​ളൊ​ന്നും ഉണ്ടായി​രു​ന്നില്ല എന്ന്‌ ഉറപ്പു​കി​ട്ടി​യ​തി​നെ തുടർന്ന്‌ എത്രയും​പെ​ട്ടെന്ന്‌ അവിടം വിടാൻ അവർ തീരു​മാ​നി​ച്ചു. പക്ഷേ, മെഴു​കു​തി​രി വെളി​ച്ച​ത്തിൽ സാധന​ങ്ങ​ളെ​ല്ലാം കെട്ടി​പ്പെ​റു​ക്കി വന്നപ്പോ​ഴേ​ക്കും സമയം വൈകി. പെ​ട്രോൾ വാങ്ങാ​നാ​യി ചെന്ന​പ്പോ​ഴാ​ണെ​ങ്കിൽ അവി​ടെ​യും വൈദ്യു​തി​യി​ല്ലാ​ത്ത​തി​ന്റെ പ്രശ്‌നങ്ങൾ. പമ്പ്‌ ഒരുക​ണ​ക്കിന്‌ കൈ​കൊ​ണ്ടു പ്രവർത്തി​പ്പിച്ച്‌ അവിടത്തെ ജോലി​ക്കാ​രൻ വണ്ടിയിൽ പെ​ട്രോൾ നിറച്ചു. ഏതായാ​ലും ഒടുവിൽ രാത്രി ഒമ്പതു​മ​ണി​യോ​ടെ, അവി​ടെ​നി​ന്നു പോരാ​നുള്ള തയ്യാ​റെ​ടു​പ്പു​കൾ പൂർത്തി​യാ​യി.

ആ യാത്ര​യെ​ക്കു​റി​ച്ചു വിവരി​ക്കവേ, ചെൽ പറയുന്നു: “തുടക്ക​ത്തിൽ കാര്യങ്ങൾ കുഴപ്പ​മി​ല്ലാ​തെ മുന്നോ​ട്ടു​പോ​യി. പക്ഷേ മഞ്ഞുവീഴ്‌ച കൂടി​ക്കൊ​ണ്ടി​രു​ന്നു. ചില സമയങ്ങ​ളിൽ റോഡ്‌ എവി​ടെ​യാ​ണെ​ന്നു​പോ​ലും മനസ്സി​ലാ​ക്കാൻ കഴിയാ​തെ വരുമാ​യി​രു​ന്നു. അപ്പോ​ഴൊ​ക്കെ ഹോൾഗോർ കാറിൽ നിന്നി​റങ്ങി, ടോർച്ച​ടി​ച്ചു വഴി കാണി​ച്ചു​ത​രു​മാ​യി​രു​ന്നു. കുറച്ചു കഴിഞ്ഞ​പ്പോൾ വണ്ടി മഞ്ഞിൽ പുതഞ്ഞു​പോ​യതു കാരണം മുന്നോ​ട്ടു പോകാൻ കഴിയാത്ത അവസ്ഥ വന്നു. കുറച്ചു​തവണ വണ്ടി തള്ളിയും മഞ്ഞു​കോ​രി​ക്ക​ള​ഞ്ഞും ഒരു വിധം മുന്നോ​ട്ടു​പോ​യി. എന്നാൽ ഒടുവിൽ ഒരു വലിയ മഞ്ഞുകൂ​മ്പാ​രം കാരണം ഞങ്ങളുടെ വഴിമു​ട്ടി. അവിടത്തെ ഒരു മലയുടെ മുകളിൽനിന്ന്‌ അടർന്നു​വീണ ഒരു വലിയ മഞ്ഞുക​ട്ട​യു​ടെ ഭാഗമാ​യി​രു​ന്നു അതെന്ന്‌ പിന്നീട്‌ അറിയാൻ കഴിഞ്ഞു. സാധാരണ ദിവസ​ങ്ങ​ളിൽ, ഹൂസാ​വി​ക്കിൽനിന്ന്‌ ആക്കു​റേ​റി​യിൽ എത്തുന്ന​തിന്‌ രണ്ടു മണിക്കൂർ മതിയാ​കും. എന്നാൽ ആറു മണിക്കൂ​റാ​യി ഞങ്ങൾ വഴിയി​ലാ​യി​രു​ന്നു. എന്നിട്ടും പകുതി വഴിയെ എത്തിയി​രു​ന്നു​ള്ളൂ.

“വെളു​പ്പി​നു മൂന്നു​മണി ആയിരു​ന്നു. തണുപ്പത്ത്‌, നനഞ്ഞ വസ്‌ത്ര​ങ്ങ​ളു​മാ​യി ക്ഷീണി​ച്ച​വ​ശ​രാ​യി ഞങ്ങൾ ഇരുന്നു. അപ്പോ​ഴാണ്‌ അടുത്തുള്ള ഒരു കൃഷി​യി​ട​ത്തിൽ വെളിച്ചം കണ്ടത്‌. ഞങ്ങൾക്കു​ണ്ടായ സന്തോഷം ഒന്ന്‌ ആലോ​ചി​ച്ചു​നോ​ക്കൂ. ഞങ്ങൾ അങ്ങോട്ടു പോയി. ഹോൾഗോർ പോയി മുൻവാ​തി​ലിൽ മുട്ടി. വളരെ മര്യാ​ദ​യും പരിഗ​ണ​ന​യും ഉള്ള വ്യക്തി​യാ​ണെ​ങ്കി​ലും, അകത്തു​നിന്ന്‌ ഒരനക്ക​വും കേൾക്കാ​തെ വന്നപ്പോൾ, ഹോൾഗോർ വാതിൽ തുറന്ന്‌ അകത്തു​ക​ടന്നു. മുകളി​ലത്തെ നിലയി​ലെ കിടപ്പു​മു​റി​യു​ടെ വാതി​ലിൽ അദ്ദേഹം പതുക്കെ മുട്ടി. അമ്പരന്നു​പോ​യെ​ങ്കി​ലും, അസമയ​ത്തുള്ള ഞങ്ങളുടെ ആ കടന്നു​ക​യ​റ്റ​ത്തിൽ വീട്ടു​കാ​ര​നും ഭാര്യ​യും ഒട്ടും ദേഷ്യം പ്രകടി​പ്പി​ച്ചില്ല. വൈദ്യു​തി പോയ സമയത്ത്‌ ഉറങ്ങാൻ കിടന്ന​തി​നാൽ ലൈറ്റ്‌ ഓഫാ​ക്കാൻ അവർ മറന്നു​പോ​യ​താ​യി​രു​ന്ന​ത്രേ!

“തുടർന്ന്‌ ഐസ്‌ലാൻഡിക്‌ ജനതയു​ടെ ആതിഥ്യ​ത്തി​ന്റെ ഊഷ്‌മളത ഞങ്ങൾ അനുഭ​വി​ച്ച​റി​ഞ്ഞു. ഉറങ്ങി​ക്കി​ട​ന്നി​രുന്ന കുട്ടി​കളെ അവർ മറ്റൊരു മുറി​യി​ലേ​ക്കു​മാ​റ്റി. അങ്ങനെ, ഞങ്ങൾക്കു നാലു​പേർക്കും​വേണ്ടി അവർ രണ്ടുമു​റി​കൾ ഒരുക്കി. അൽപ്പ​നേ​ര​ത്തി​നകം ചൂടു കാപ്പി​യും സ്വാദി​ഷ്ട​മായ ബ്രഡും മേശപ്പു​റ​ത്തെത്തി. അടുത്ത ദിവസം പ്രാത​ലി​നു​ശേഷം, ഉച്ചഭക്ഷണം കൂടി കഴിഞ്ഞി​ട്ടു പോയാൽ മതി​യെന്നു വീട്ടു​കാ​രൻ നിർബ​ന്ധി​ച്ചു. ആ കുടും​ബ​ത്തോ​ടൊ​പ്പം ഉച്ചഭക്ഷണം കഴിച്ച​ശേഷം, ഞങ്ങൾ ആക്കു​റേ​റി​യി​ലേ​ക്കുള്ള യാത്ര തുടർന്നു. അപ്പോ​ഴേ​ക്കും മഞ്ഞു നീക്കം​ചെ​യ്യുന്ന രണ്ടു വലിയ വാഹന​ങ്ങ​ളെത്തി വഴി തെളി​ച്ചി​രു​ന്നു. ആ വീട്ടു​കാ​ര​ന്റെ​യും ഭാര്യ​യു​ടെ​യും അതിഥി​പ്രി​യം അവരു​മാ​യി ബൈബിൾ സത്യം പങ്കു​വെ​ക്കാ​നുള്ള അവസരം ഞങ്ങൾക്കു നൽകി.”

മത്സ്യബന്ധന ബോട്ടി​ലെ പ്രസം​ഗ​പ്ര​വർത്തനം

കുറച്ചു വർഷങ്ങൾക്കു​മുമ്പ്‌, വയൽശു​ശ്രൂ​ഷ​യിൽ ആയിരി​ക്കെ ചെൽ ഗിൽനാർഡ്‌, ഫ്രി​ദ്രിക്‌ എന്ന ഒരു യുവാ​വി​നെ കാണാ​നി​ട​യാ​യി. കുടും​ബ​ത്തി​ലെ മൂത്ത പുത്ര​നാ​യി​രു​ന്നു അദ്ദേഹം. ആത്മീയ മനസ്‌ക​നാ​യി​രുന്ന അദ്ദേഹ​ത്തിന്‌ ബൈബിൾ കാര്യങ്ങൾ ചർച്ച ചെയ്യാൻ വലിയ ഇഷ്ടമാ​യി​രു​ന്നു. ധാരാളം ചോദ്യ​ങ്ങൾ ഉണ്ടായി​രുന്ന അദ്ദേഹം കൂടുതൽ ബൈബിൾ പരിജ്ഞാ​നം സമ്പാദി​ക്കാൻ ആത്മാർഥ​മായ ആഗ്രഹം പ്രകടി​പ്പി​ച്ചു. എന്നിരു​ന്നാ​ലും, ഒരു മത്സ്യബന്ധന ബോട്ടിൽ എഞ്ചിനീ​യ​റാ​യി ജോലി ചെയ്‌തി​രു​ന്ന​തു​കൊണ്ട്‌, അദ്ദേഹത്തെ വീണ്ടും കണ്ടുമു​ട്ടു​ന്നത്‌ എളുപ്പ​മ​ല്ലാ​യി​രു​ന്നു. യാത്ര​യ്‌ക്കി​ട​യിൽ വീണു​കി​ട്ടുന്ന ഏതാനും ദിവസങ്ങൾ ഒഴികെ മിക്ക സമയങ്ങ​ളി​ലും അദ്ദേഹം കടലിൽ ആയിരി​ക്കും. എങ്കിലും, ബോട്ടി​ന്റെ യാത്രാ​സമയ പട്ടിക നോക്കു​ക​യും ഫ്രി​ദ്രി​ക്കി​ന്റെ അമ്മയോട്‌ അദ്ദേഹം വീട്ടിൽ കാണുന്ന സമയം ചോദി​ച്ചു മനസ്സി​ലാ​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ചില സമയങ്ങ​ളിൽ തുറമു​ഖ​ത്തു​വെ​ച്ചും ചില​പ്പോൾ വീട്ടിൽവെ​ച്ചും അദ്ദേഹത്തെ കാണാ​നുള്ള വഴി ചെൽതന്നെ കണ്ടെത്തി. ഈ വിധത്തിൽ ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ സഹോ​ദ​രങ്ങൾ അദ്ദേഹത്തെ സഹായി​ച്ചു.

1982 അവസാ​ന​ത്തോ​ട​ടുത്ത്‌ ഫ്രി​ദ്രി​ക്കി​നെ റേക്യ​വി​ക്കിൽ നടക്കുന്ന ഒരു സമ്മേള​ന​ത്തി​നു ക്ഷണിച്ചു. അപ്പോ​ഴേ​ക്കും യഹോ​വ​യിൽ അദ്ദേഹം വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ തുടങ്ങി​യി​രു​ന്നു. സമ്മേള​ന​ത്തിൽ പങ്കെടു​ക്കാൻ ഒരു വഴി കാണി​ച്ചു​ത​ര​ണ​മെന്ന്‌ അദ്ദേഹം യഹോ​വ​യോ​ടു പ്രാർഥി​ച്ചു. ഒരു വഴി തുറന്നു​കി​ട്ടു​ക​തന്നെ ചെയ്‌തു. ബോട്ടു ജീവന​ക്കാ​രിൽ ഒരാൾ, തനിക്ക്‌ അനുവ​ദി​ച്ചു​കി​ട്ടി​യി​രുന്ന അവധി പെട്ടെന്നു വേണ്ടെന്നു വെച്ചതു​കൊണ്ട്‌ ഫ്രി​ദ്രി​ക്കിന്‌ പകരം അവധി​യെ​ടു​ക്കാ​നാ​യി. അങ്ങനെ സമ്മേളനം കൂടുക എന്ന ആഗ്രഹം സാധിച്ചു. സമ്മേള​ന​പ​രി​പാ​ടി ഫ്രി​ദ്രി​ക്കിൽ വളരെ മതിപ്പു​ള​വാ​ക്കി. അവി​ടെ​വെ​ച്ചു​തന്നെ അദ്ദേഹം യഹോ​വയെ സേവി​ക്കാ​നുള്ള തീരു​മാ​ന​മെ​ടു​ത്തു.

സ്വന്തം പട്ടണത്തിൽ തിരി​ച്ചെ​ത്തിയ ഉടനെ, തുടർന്നുള്ള ജീവി​ത​ത്തിൽ യഹോ​വയെ സേവി​ക്കാ​നുള്ള തീരു​മാ​ന​ത്തെ​ക്കു​റി​ച്ചും അത്‌ തന്റെ ജീവി​തത്തെ ഏതുവി​ധ​ത്തി​ലാ​യി​രി​ക്കും ബാധി​ക്കുക എന്നതി​നെ​ക്കു​റി​ച്ചും ഫ്രി​ദ്രിക്‌ തന്റെ പ്രതി​ശ്രു​ത​വ​ധു​വി​നോ​ടു സംസാ​രി​ച്ചു. താൻ അവളെ വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്നു​വെ​ങ്കി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളെ ഭർത്താ​വാ​ക്കാൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ങ്കിൽ, താൻ ഒരിക്ക​ലും വിവാ​ഹ​ത്തി​നു നിർബ​ന്ധി​ക്കു​ക​യി​ല്ലെന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു. അടുത്ത ദിവസം രാവിലെ, മിഷനറി ഭവനത്തി​ന്റെ വാതി​ലിൽ ഒരു മുട്ടു​കേട്ടു. ഫ്രി​ദ്രി​ക്കും അദ്ദേഹ​ത്തി​ന്റെ പ്രതി​ശ്രു​ത​വ​ധു​വും ആയിരു​ന്നു പുറത്ത്‌. ഫ്രി​ദ്രി​ക്കി​ന്റെ ആവശ്യം വളരെ ചെറു​തെ​ങ്കി​ലും വ്യക്തമാ​യി​രു​ന്നു: “ഹെൽഗെ​യ്‌ക്ക്‌ ഒരു ബൈബി​ള​ധ്യ​യനം വേണം!” അതു​കൊണ്ട്‌ ഹെൽഗെ​യോ​ടൊ​ത്തു ബൈബിൾ പഠിക്കു​ന്ന​തിന്‌ മിഷന​റി​മാർ ക്രമീ​ക​രണം ചെയ്‌തു. പിന്നീട്‌ അന്നുതന്നെ, ഫ്രി​ദ്രി​ക്കി​ന്റെ ഇളയ സഹോ​ദ​ര​ന്മാ​രിൽ ഒരാളും ബൈബി​ള​ധ്യ​യനം ആവശ്യ​പ്പെട്ടു. അതേ ആഴ്‌ച​യിൽ ഫ്രി​ദ്രിക്‌ തന്റെ ഏറ്റവും ഇളയ സഹോ​ദ​രി​യെ യോഗ​ത്തി​നു കൂട്ടി​ക്കൊ​ണ്ടു വന്നു. തുടർന്ന്‌ അദ്ദേഹ​ത്തി​ന്റെ ആവശ്യം ഇതായി​രു​ന്നു: “അനറിന്‌ ഒരു ബൈബി​ള​ധ്യ​യനം വേണം!”

യഹോ​വ​യ്‌ക്കു​ള്ള തന്റെ സമർപ്പണം ജലസ്‌നാ​പ​ന​ത്താൽ പ്രതീ​ക​പ്പെ​ടു​ത്താൻ ഫ്രി​ദ്രിക്‌ ആഗ്രഹി​ച്ചു. എന്നിരു​ന്നാ​ലും അതിനു​മുമ്പ്‌ അദ്ദേഹം കൂടുതൽ പരിജ്ഞാ​നം നേടേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അതു​പോ​ലെ സ്‌നാപന ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. എന്നാൽ പ്രശ്‌നം ഇതായി​രു​ന്നു, അദ്ദേഹം അധിക സമയവും കടലിൽ ആയിരി​ക്കും. അതു​കൊണ്ട്‌ ജോലി​സ്ഥ​ല​ത്താ​യി​രി​ക്കെ ഫ്രി​ദ്രി​ക്കി​നെ സന്ദർശി​ക്കു​ന്ന​തി​നുള്ള ഒരു മാർഗം അവർ കണ്ടുപി​ടി​ച്ചു. ഫ്രി​ദ്രിക്‌, ചെല്ലിനെ മത്സ്യബ​ന്ധ​ന​ബോ​ട്ടിൽ ജോലി​ക്കു കൊണ്ടു​പോ​യി. എഞ്ചിൻ റൂമിൽ ഫ്രി​ദ്രി​ക്കി​നോ​ടൊ​പ്പ​മാ​യി​രു​ന്നു ചെല്ലിന്റെ ജോലി. അങ്ങനെ 1983-ന്റെ തുടക്ക​ത്തിൽ, ബൈബി​ളും മറ്റു പഠനോ​പാ​ധി​ക​ളു​മാ​യി, ചെൽ സ്വാൽബാ​ക്കർ എന്ന ബോട്ടിൽ ജോലി​ക്കു കയറി.

ചെൽ ഇപ്രകാ​രം സ്‌മരി​ക്കു​ന്നു: “സ്വാൽബാ​ക്കർ ബോട്ടി​ലെ ജോലി​യും പ്രസം​ഗ​പ്ര​വർത്ത​ന​വും മറക്കാ​നാ​കാത്ത അനുഭ​വ​ങ്ങ​ളാ​യി​രു​ന്നു. പ്രവൃ​ത്തി​ദി​വസം രാവിലെ 6:30 ന്‌ ആരംഭി​ക്കു​ക​യും വൈകു​ന്നേരം 6:30 ന്‌ അവസാ​നി​ക്കു​ക​യും ചെയ്‌തു. ഉച്ചഭക്ഷ​ണ​ത്തി​നുള്ള ഇടവേള കൂടാതെ, രാവി​ലെ​യും ഉച്ചകഴി​ഞ്ഞും കാപ്പി​കു​ടി​ക്കാ​നുള്ള ഓരോ ഇടവേ​ള​യും ഉണ്ടായി​രു​ന്നു. ജോലി​ക​ഴി​ഞ്ഞുള്ള സമയങ്ങ​ളിൽ ഫ്രി​ദ്രി​ക്കു​മൊ​ത്തു ബൈബിൾ പഠിക്കു​മാ​യി​രു​ന്നു. കൂടാതെ ബോട്ടി​ലെ മറ്റു ജോലി​ക്കാ​രോ​ടു സാക്ഷീ​ക​രി​ക്കാ​നും ധാരാളം അവസരങ്ങൾ ലഭിച്ചി​രു​ന്നു. വൈകു​ന്നേ​രങ്ങൾ ആത്മീയ കാര്യങ്ങൾ പഠിക്കാ​നും ചർച്ച​ചെ​യ്യാ​നു​മാ​യി ഉപയോ​ഗി​ച്ചു. ചില അവസര​ങ്ങ​ളിൽ പാതി​രാ​ത്രി കഴിഞ്ഞും ചർച്ചകൾ നീണ്ടു​പോ​കു​മാ​യി​രു​ന്നു. ഉച്ചഭക്ഷണ സമയത്ത്‌, പരമാ​വധി കുറച്ചു സമയം ഭക്ഷണമു​റി​യിൽ ചെലവ​ഴി​ക്കാൻ ശ്രമിച്ചു. അതിനു​ശേഷം, ഫ്രി​ദ്രി​ക്കി​ന്റെ കാബി​നിൽ ചെന്നി​രുന്ന്‌ ഞങ്ങൾ ഒരുമിച്ച്‌ ദിനവാ​ക്യം പരിചി​ന്തി​ക്കു​മാ​യി​രു​ന്നു.”

ഒരു മിഷനറി, ബോട്ടി​ലെ ജോലി​ക്കാ​ര​നാ​യി വന്നതു സ്വാഭാ​വി​ക​മാ​യും മറ്റു ജോലി​ക്കാ​രു​ടെ ശ്രദ്ധ ആകർഷി​ച്ചു. ചെൽ ഏതുത​ര​ക്കാ​ര​നാ​ണെന്ന്‌ അറിയി​ല്ലാ​യി​രു​ന്ന​തി​നാൽ ആദ്യത്തെ കുറച്ചു ദിവസങ്ങൾ അവർ അദ്ദേഹ​ത്തോട്‌ അൽപ്പം സൂക്ഷി​ച്ചാണ്‌ ഇടപെ​ട്ടി​രു​ന്നത്‌. എന്നിരു​ന്നാ​ലും, ചില ജോലി​ക്കാർ ചെൽ പറഞ്ഞ കാര്യങ്ങൾ സന്തോ​ഷ​ത്തോ​ടെ ശ്രദ്ധിച്ചു. അക്കൂട്ട​ത്തിൽ ഒരു വ്യക്തി വലിയ താത്‌പ​ര്യം കാണിച്ചു. ഉച്ചഭക്ഷണ ഇടവേ​ള​യി​ലുള്ള ദിനവാ​ക്യ ചർച്ച​യെ​ക്കു​റിച്ച്‌ അറിയാ​നി​ട​യായ അയാൾ അതിൽ പങ്കെടു​ക്കാൻ ആഗ്രഹി​ച്ചു. ഒരു ദിവസം ഭക്ഷണമു​റി​യി​ലെ സംസാരം അൽപ്പം നീണ്ടു​പോ​യി. ഈ സമയം അക്ഷമനായ അയാൾ ചെല്ലി​നോ​ടും ഫ്രി​ദ്രി​ക്കി​നോ​ടും മറ്റുള്ളവർ കേൾക്കെ ഇങ്ങനെ ചോദി​ച്ചു: “നമുക്ക്‌ ദിനവാ​ക്യം ചർച്ച ചെയ്യേണ്ട സമയമാ​യി​ല്ലേ?”

ഒരു സായാ​ഹ്ന​ത്തിൽ, മദ്യാ​സ​ക്തി​യെ​ക്കു​റി​ച്ചു പ്രതി​പാ​ദിച്ച ഉണരുക! മാസി​ക​യിൽനിന്ന്‌ ഒരു വിഷയം ചർച്ച ചെയ്യാൻ, ചെല്ലും ഫ്രി​ദ്രി​ക്കും ബോട്ടി​ലെ മറ്റു ജോലി​ക്കാ​രെ ഫ്രി​ദ്രി​ക്കി​ന്റെ കാബി​നി​ലേക്കു ക്ഷണിച്ചു. ജോലി​ക്കാ​രിൽ ഏഴുപേർ ആ ചർച്ചയിൽ സംബന്ധി​ച്ചു. വളരെ നാളു​കൾക്കു ശേഷവും ആളുകൾ ഓർത്തി​രുന്ന ഈ ചർച്ച​യെ​ക്കു​റി​ച്ചുള്ള വാർത്ത മറ്റു ബോട്ടു​ക​ളി​ലെ ജോലി​ക്കാ​രു​ടെ ചെവി​യിൽപ്പോ​ലും എത്തി.

ചെൽ പറയുന്നു: “സ്വാൽബാ​ക്കർ ബോട്ടി​ലെ ഏകദേശം രണ്ടാഴ്‌ച നീണ്ട ശുശ്രൂ​ഷ​യ്‌ക്കും ജോലി​ക്കും ശേഷം ഞങ്ങൾ വീണ്ടും തീരത്ത​ണഞ്ഞു. അപ്പോ​ഴേ​ക്കും സ്‌നാ​പ​ന​ത്തി​നുള്ള ചോദ്യ​ങ്ങൾ ഞാൻ ഫ്രി​ദ്രി​ക്കു​മൊ​ത്തു ചർച്ച​ചെ​യ്‌തു കഴിഞ്ഞി​രു​ന്നു. ഇതുകൂ​ടാ​തെ അദ്ദേഹ​ത്തോ​ടൊ​ത്തു മറ്റു ബൈബിൾ വിഷയങ്ങൾ പരി​ശോ​ധി​ക്കാ​നും, മറ്റു ജോലി​ക്കാ​രോ​ടു സാക്ഷീ​ക​രി​ക്കാ​നും അവർക്കു മാസി​ക​ക​ളും സാഹി​ത്യ​ങ്ങ​ളും സമർപ്പി​ക്കാ​നു​മൊ​ക്കെ എനിക്കു കഴിഞ്ഞു.” 1983-ലെ വസന്തത്തിൽ ഫ്രി​ദ്രിക്‌ സ്‌നാ​പ​ന​മേറ്റു. ഹെൽഗെ, ഫ്രി​ദ്രി​ക്കി​ന്റെ അമ്മ, സഹോ​ദരി തുടങ്ങി​യ​വ​രെ​ല്ലാം സത്യത്തിന്‌ അനുകൂ​ല​മായ നിലപാ​ടു സ്വീക​രി​ച്ചു.

ടെലി​ഫോ​ണി​ലൂ​ടെ​യുള്ള അധ്യയ​ന​ങ്ങൾ

ഈ വലിയ ദ്വീപി​ന്റെ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേ​ശ​ങ്ങ​ളി​ലെ ആളുക​ളു​ടെ പക്കൽ സുവാർത്ത എത്തിക്കുക എന്നത്‌ എല്ലായ്‌പോ​ഴും ഒരു വെല്ലു​വി​ളി ആയിരു​ന്നി​ട്ടുണ്ട്‌. ടെലി​ഫോൺ, താത്‌പ​ര്യ​ക്കാ​രു​ടെ അടുക്കൽ എത്താനും അവരു​മാ​യി സമ്പർക്കം നിലനി​റു​ത്താ​നു​മുള്ള ഫലപ്ര​ദ​മായ ഒരു മാർഗ​മാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു.

ഈ വിധത്തിൽ സുവാർത്ത പങ്കു​വെ​ച്ച​തിൽനിന്ന്‌ അനേകർക്ക്‌ പ്രയോ​ജനം നേടാൻ കഴിഞ്ഞി​ട്ടുണ്ട്‌. കുറച്ചു വർഷങ്ങൾക്കു​മുമ്പ്‌, ഓഡ്‌നി ഹെൽഗാ​ഡോ​ട്ടിർ എന്നു പേരുള്ള ഒരു സ്‌ത്രീ, തന്റെ മകനെ​യും മരുമ​ക​ളെ​യും സന്ദർശി​ച്ചു. അവർ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കു​ന്നു​ണ്ടാ​യി​രു​ന്നു. തങ്ങൾ പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ അമ്മയോ​ടു പറഞ്ഞു. അതു​കേ​ട്ട​യു​ടൻ അവരും ബൈബിൾ പഠിക്കാൻ താത്‌പ​ര്യം കാണിച്ചു. പക്ഷേ, ഐസ്‌ലൻഡി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റൻ തീരത്തുള്ള ഒറ്റപ്പെട്ട ഒരു പ്രദേ​ശ​ത്താണ്‌ ഓഡ്‌നി താമസി​ച്ചി​രു​ന്നത്‌. ഏറ്റവും അടുത്തുള്ള രാജ്യ​ഹാൾ 300-ലധികം കിലോ​മീ​റ്റർ അകലെ​യാ​യി​രു​ന്നു. ഗ്വെദ്‌റുൺ ഒലാഫ്‌സ്‌ഡോ​ട്ടിർ എന്ന സഹോ​ദരി അവർക്ക്‌ ടെലി​ഫോ​ണി​ലൂ​ടെ അധ്യയനം നടത്താ​മെന്നു പറഞ്ഞ​പ്പോൾ അവർ അതു സന്തോ​ഷ​പൂർവം സ്വീക​രി​ച്ചു. പ്രാർഥ​ന​യോ​ടെ​യാണ്‌ അധ്യയനം തുടങ്ങി​യി​രു​ന്നത്‌. അതുക​ഴിഞ്ഞ്‌, ഓഡ്‌നി പുസ്‌ത​ക​ത്തി​ലെ ചോദ്യ​ങ്ങൾക്ക്‌ പെട്ടെ​ന്നു​പെ​ട്ടെന്ന്‌ ഉത്തരം നൽകു​മാ​യി​രു​ന്നു. അധ്യയ​ന​ത്തി​നാ​യി തയ്യാറാ​കു​മ്പോൾത്തന്നെ ഓഡ്‌നി പഠിക്കുന്ന ഭാഗത്ത്‌ പരാമർശി​ച്ചി​ട്ടുള്ള തിരു​വെ​ഴു​ത്തു​ക​ളെ​ല്ലാം എടുത്തു​നോ​ക്കി എഴുതി​വെ​ച്ചി​രി​ക്കും. ഏതെങ്കി​ലും തിരു​വെ​ഴു​ത്തു പരാമർശി​ച്ചാൽ ഉടൻതന്നെ എഴുതി​യ​തു​നോ​ക്കി വായി​ക്കാ​നാണ്‌ അങ്ങനെ ചെയ്‌തി​രു​ന്നത്‌. അതു​കൊണ്ട്‌ അധ്യയന സമയത്ത്‌ തിരു​വെ​ഴു​ത്തു​കൾ തിരഞ്ഞു​പി​ടി​ക്കാൻ അൽപ്പസ​മയം പോലും അവർക്കു വേണ്ടി​വ​ന്നില്ല. ഒരു അവസര​ത്തിൽ, ഓഡ്‌നി, ഗ്വെദ്‌റു​ണി​ന്റെ വീടിന്റെ അടു​ത്തെ​വി​ടെ​യോ സന്ദർശി​ച്ചു. ആ സമയം ഗ്വെദ്‌റു​ണി​ന്റെ വീട്ടിൽവെച്ച്‌ അവർ അധ്യയനം നടത്തി. അങ്ങനെ ആദ്യമാ​യി, മുഖ​ത്തോ​ടു​മു​ഖം നോക്കി​യി​രുന്ന്‌ അധ്യയനം നടത്തി​യ​പ്പോൾ, എന്തോ രണ്ടു​പേർക്കും ഒരു അസ്വസ്ഥത അനുഭ​വ​പ്പെട്ടു. അപ്പോൾ, താൻ ടെലി​ഫോൺ ഉള്ള മറ്റൊരു മുറി​യിൽ പോയി​രു​ന്നാ​ലോ എന്ന്‌ ഗ്വെദ്‌റുൺ തമാശ​യാ​യി പറഞ്ഞു!

ഓഡ്‌നി സത്യം മനസ്സി​ലാ​ക്കാൻ തുടങ്ങി​യ​പ്പോൾ, തന്റെ ഭർത്താവ്‌ യോണി​നോ​ടു സാക്ഷീ​ക​രി​ക്കാൻ ആരംഭി​ച്ചു. അദ്ദേഹം അതിൽ താത്‌പ​ര്യം കാണിച്ചു. എന്നാൽ അദ്ദേഹ​ത്തിന്‌ താൻ അധ്യയനം എടുക്കു​ന്നതു ശരിയാ​ണോ എന്ന്‌ ഓഡ്‌നിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. പിന്നീട്‌, ശിരസ്സു മൂടി​ക്കൊണ്ട്‌ അധ്യയനം എടുക്കാ​മെന്ന്‌ ഓഡ്‌നി മനസ്സി​ലാ​ക്കി. ഭർത്താ​വി​നോ​ടൊ​ത്തു ബൈബിൾ പഠിച്ചതു കൂടാതെ, അവർ അയൽക്കാ​രോ​ടും സാക്ഷീ​ക​രി​ക്കാൻ തുടങ്ങി. തുടർന്ന്‌, ഓഡ്‌നി സ്‌നാ​പ​ന​മേൽക്കാ​നുള്ള ആഗ്രഹം പ്രകടി​പ്പി​ച്ചു. അവർ യോഗ്യത പ്രാപി​ച്ചി​ട്ടു​ണ്ടോ എന്ന്‌ അറിയു​ന്ന​തിന്‌, നമ്മുടെ ശുശ്രൂഷ നിർവ​ഹി​ക്കാൻ സംഘടി​തർ എന്ന പുസ്‌ത​ക​ത്തിൽനി​ന്നുള്ള ചോദ്യ​ങ്ങൾ ടെലി​ഫോൺ മുഖാ​ന്തരം പരിചി​ന്തി​ക്കാൻ ഗ്വെദ്‌റുൺ സഹോ​ദരി ഒരു മൂപ്പനു​മാ​യി ക്രമീ​ക​രി​ച്ചു. പള്ളിയിൽനിന്ന്‌ ഔദ്യോ​ഗി​ക​മാ​യി രാജി​വെ​ച്ചി​ട്ടില്ല എന്ന ഒരു കാര്യ​ത്തിൽ ഒഴികെ, മറ്റെല്ലാ​ത്തി​ലും അവർ യോഗ്യത പ്രാപി​ച്ചി​ട്ടു​ണ്ടെന്നു വ്യക്തമാ​യി​രു​ന്നു.

ഒരാഴ്‌ച കഴിഞ്ഞ​പ്പോൾ, താൻ പള്ളിയിൽനി​ന്നു രാജി​വെച്ചു എന്ന്‌ അവർ ഗ്വെദ്‌റുൺ സഹോ​ദ​രി​യെ ഫോൺ ചെയ്‌ത്‌ അറിയി​ച്ചു. അവരുടെ ഭർത്താ​വും അങ്ങനെ​തന്നെ ചെയ്‌തി​രു​ന്നു. പ്രാ​ദേ​ശിക ഇടവക കൗൺസി​ലി​ന്റെ ചെയർമാൻ ആയിരു​ന്ന​തി​നാൽ അദ്ദേഹത്തെ സംബന്ധിച്ച്‌ അത്‌ ഒരു വലിയ തീരു​മാ​നം ആയിരു​ന്നു. പിന്നീട്‌, ഓഡ്‌നി ഒരു സർക്കിട്ട്‌ സമ്മേള​ന​ത്തിൽ സ്‌നാ​പ​ന​മേറ്റു. ആ സമ്മേളനം ഓഡ്‌നിക്ക്‌ ഹൃദ്യ​മായ ഒരു അനുഭ​വ​മാ​യി​രു​ന്നു. കാരണം അതിനു മുമ്പ്‌, സാക്ഷി​ക​ളു​ടെ ഒരു ചെറിയ കൂട്ടത്തെ, അതും ഒരിക്കൽ മാത്രമേ ഓഡ്‌നി കണ്ടിട്ടു​ണ്ടാ​യി​രു​ന്നു​ള്ളൂ. സമ്മേള​ന​ത്തി​ലെ ഒരു അഭിമു​ഖ​ത്തിൽ, തികച്ചും ഒറ്റപ്പെട്ട അവസ്ഥ പ്രയാ​സ​ക​ര​മാ​ണോ എന്ന്‌ അവരോ​ടു ചോദി​ക്കു​ക​യു​ണ്ടാ​യി. ഐസ്‌ലൻഡി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റൻ തീരത്തും യഹോവ ഉണ്ടെന്ന്‌ അറിയാ​വു​ന്ന​തി​നാൽ ഒരിക്ക​ലും ഒറ്റപ്പെ​ട്ട​താ​യി തനിക്കു തോന്നി​യി​ട്ടി​ല്ലെന്ന്‌ അവർ പറഞ്ഞു. തന്റെ ഭർത്താ​വി​നു വരാൻ കഴിയാ​ത്ത​തിൽ വിഷമം ഉണ്ടെങ്കി​ലും സ്‌നാ​പ​ന​ത്തി​നു യോഗ്യത പ്രാപി​ച്ചാൽ അദ്ദേഹം വരു​മെന്ന്‌ ഉറപ്പു നൽകി​യി​ട്ടു​ള്ള​താ​യും അവർ കൂട്ടി​ച്ചേർത്തു. അദ്ദേഹം ആ വാഗ്‌ദാ​നം പാലി​ക്കു​ക​തന്നെ ചെയ്‌തു! ക്രമമാ​യി യോഗ​ങ്ങൾക്കു പോകാൻവേണ്ടി, പെട്ടെ​ന്നു​തന്നെ അവർ കൂടുതൽ ആൾപ്പാർപ്പുള്ള ഒരു പ്രദേ​ശ​ത്തേക്കു താമസം മാറി.

മിഷനറി ഭവനങ്ങ​ളു​ടെ​യും രാജ്യ​ഹാ​ളു​ക​ളു​ടെ​യും ആവശ്യം

1968-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​ത്തു​നി​ന്നുള്ള നേഥൻ എച്ച്‌. നോർ ഐസ്‌ലൻഡ്‌ സന്ദർശി​ച്ചു. ആ സമയത്ത്‌, ബ്രാഞ്ച്‌ ഓഫീ​സി​നും മിഷനറി ഭവനത്തി​നു​മാ​യി കൂടുതൽ അനു​യോ​ജ്യ​മായ മറ്റൊരു സ്ഥലം കണ്ടെത്തേണ്ട ആവശ്യ​മു​ണ്ടെന്ന്‌ അദ്ദേഹ​ത്തി​നു തോന്നി. അതുവരെ പല വാടക​ക്കെ​ട്ടി​ട​ങ്ങ​ളാ​യി​രു​ന്നു ഉപയോ​ഗി​ച്ചി​രു​ന്നത്‌. ഒരു രാജ്യ​ഹാൾ, ഒരു മിഷനറി ഭവനം, ബ്രാഞ്ച്‌ ഓഫീസ്‌ തുടങ്ങി​യവ എല്ലാം ഉൾക്കൊ​ള്ളുന്ന ഒരു കെട്ടിടം പണിയു​ന്ന​തി​നു​വേണ്ടി സഹോ​ദ​രങ്ങൾ ഇപ്പോൾ സ്ഥലം അന്വേ​ഷി​ക്കാൻ തുടങ്ങി. അതിനി​ട​യിൽ, റേക്യ​വി​ക്കി​ലുള്ള ഹ്രെബ്‌ന​ഗട്ടാ 5-ാം തെരു​വി​ലുള്ള യോജിച്ച ഒരു കെട്ടിടം വാടക​യ്‌ക്കെ​ടു​ത്തു. 1968 ഒക്ടോബർ 1-ന്‌ ആറു മിഷന​റി​മാ​രും അങ്ങോട്ടു താമസം മാറി. തുടർന്നുള്ള അഞ്ചു വർഷം, ഐസ്‌ലൻഡി​ലെ പ്രവർത്ത​ന​ങ്ങ​ളു​ടെ കേന്ദ്രം അതായി​രു​ന്നു. പിന്നീട്‌, റേക്യ​വി​ക്കി​ലുള്ള സോഗ​വെഗർ 71-ാം തെരു​വിൽ അനു​യോ​ജ്യ​മായ സ്ഥാനത്തുള്ള ഒരു സ്ഥലം സഹോ​ദ​ര​ന്മാർ വാങ്ങി. 1972-ലെ വസന്തത്തിൽ, പുതിയ ബ്രാഞ്ചി​ന്റെ നിർമാ​ണ​പ്ര​വർത്ത​നങ്ങൾ തുടങ്ങി. എഞ്ചിനീ​യ​റി​ങ്ങി​ലും കെട്ടിട നിർമാ​ണ​ത്തി​ലും വലിയ പരിചയം ഇല്ലാത്ത, എണ്ണത്തിൽ കുറവായ അവിടത്തെ സഹോ​ദ​ര​ങ്ങളെ സംബന്ധിച്ച്‌ അതൊരു വലിയ വെല്ലു​വി​ളി ആയിരു​ന്നു. അവരുടെ ഇടയിൽ കോൺട്രാ​ക്ടർമാ​രോ കല്ലാശാ​രി​മാ​രോ ഉണ്ടായി​രു​ന്നില്ല. അതു​കൊണ്ട്‌, യഹോ​വ​യു​ടെ സാക്ഷികൾ അല്ലാത്ത കോൺട്രാ​ക്ടർമാ​രെ പണി ഏൽപ്പി​ക്കേ​ണ്ടി​വന്നു. ഈ ആളുകൾ വളരെ സഹകര​ണ​മ​നോ​ഭാ​വം ഉള്ളവരാ​യി​രു​ന്നു. പണിയിൽ സഹായി​ക്കാൻ അവർ സഹോ​ദ​ര​ങ്ങ​ളെ​യും അനുവ​ദി​ച്ചു. നിർമാ​ണ​സ്ഥ​ല​ത്തിന്‌ അടുത്തുള്ള ഒരു പഴയ വീടിന്റെ ഒരു ഭാഗം ഭക്ഷണം കഴിക്കാ​നും മറ്റുമാ​യി സഹോ​ദ​രങ്ങൾ വാടക​യ്‌ക്കെ​ടു​ത്തു. സഹോ​ദ​രി​മാർ ഊഴമ​നു​സ​രിച്ച്‌ അവരുടെ വീടു​ക​ളിൽവെച്ച്‌ ഭക്ഷണം പാകം​ചെ​യ്‌ത്‌ ജോലി​യിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്ന​വർക്കു കൊടു​ക്കു​ന്ന​തി​നാ​യി നിർമാ​ണ​സ്ഥ​ല​ത്തേക്കു കൊണ്ടു​വ​രു​മാ​യി​രു​ന്നു.

ആ നിർമാണ പ്രവർത്തനം ആ പ്രദേ​ശ​ത്തു​ള്ള​വർക്ക്‌ ഒരു വലിയ സാക്ഷ്യം ആയിരു​ന്നു. കോൺട്രാ​ക്ടർമാർക്കും നഗരസഭ അധികൃ​തർക്കും യഹോ​വ​യു​ടെ സാക്ഷി​കളെ അടുത്ത​റി​യാ​നും അത്‌ അവസരം ഒരുക്കി. ചില ആളുകൾ നിർമാ​ണ​സ്ഥ​ല​ത്തി​ന്റെ മുമ്പിൽ കെട്ടിടം പണി പുരോ​ഗ​മി​ക്കു​ന്നത്‌ നോക്കി​നിൽക്കു​മാ​യി​രു​ന്നു. കെട്ടി​ട​ത്തി​ന്റെ ഉൾവശം പ്ലാസ്റ്റർ ചെയ്യേണ്ട സമയം വന്നപ്പോൾ, ആ ജോലി​യിൽ പരിച​യ​സ​മ്പ​ന്ന​നായ, ഡെന്മാർക്കിൽനി​ന്നുള്ള ഒരു സഹോ​ദരൻ സഹായി​ക്കാ​നെത്തി. ജോലി​യിൽ വളരെ​യ​ധി​കം സഹായി​ച്ചത്‌ സഹോ​ദ​രി​മാ​രാ​യി​രു​ന്നു. നഗരത്തി​ലെ ചില സൂപ്പർ​വൈ​സർമാർ നിർമാ​ണ​സ്ഥലം പരി​ശോ​ധി​ക്കു​ന്ന​തി​നാ​യി വന്നപ്പോൾ, സഹോ​ദ​രി​മാർ സിമന്റു കുഴയ്‌ക്കുന്ന യന്ത്രം പ്രവർത്തി​പ്പി​ക്കു​ന്നതു നിരീ​ക്ഷി​ച്ചു. സൂപ്പർ​വൈ​സർമാ​രിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ സഭയി​ലുള്ള സ്‌ത്രീ​കൾ ഇതുകണ്ട്‌ പഠി​ക്കേ​ണ്ട​താണ്‌. പണം ചോദിച്ച്‌ സംഭാ​വ​ന​പ്പെ​ട്ടി​യു​മാ​യി കറങ്ങി​ന​ട​ക്കുന്ന സമയത്ത്‌ ദേഹമ​നങ്ങി പണി​യെ​ടു​ക്കു​ക​യാ​ണെ​ങ്കിൽ പള്ളികൾ പണിയു​ന്ന​തിൽ തീർച്ച​യാ​യും കൂടുതൽ വിജയം ഉണ്ടാകും.” 1975 മേയ്‌ മാസം ആ കെട്ടി​ട​ത്തി​ന്റെ സമർപ്പണം നടന്നു. അന്ന്‌ മിൽട്ടൺ ജി. ഹെൻഷൽ ഐസ്‌ലൻഡ്‌ സന്ദർശി​ക്കു​ക​യും സമർപ്പണ പ്രസംഗം നടത്തു​ക​യും ചെയ്‌തു. അനേക വർഷം ആ കെട്ടിടം രാജ്യത്തെ പ്രധാന മിഷനറി ഭവനവും, റേക്യ​വി​ക്കി​ലെ സഭകളു​ടെ രാജ്യ​ഹാ​ളും ആയി പ്രവർത്തി​ച്ചു. ഇപ്പോൾ അത്‌ ബ്രാഞ്ച്‌ ഓഫീ​സാ​യി പ്രവർത്തി​ക്കു​ന്നു.

1987 ആയപ്പോ​ഴേ​ക്കും ആക്കു​റേറി പട്ടണത്തിൽ പുതിയ ഒരു രാജ്യ​ഹാ​ളും മിഷനറി ഭവനവും നിർമി​ച്ചു കഴിഞ്ഞി​രു​ന്നു. ഐസ്‌ലൻഡി​ലെ നിർമാണ പദ്ധതി​യിൽ സഹായി​ക്കാൻ ഫിൻലൻഡ്‌, സ്വീഡൻ എന്നിവി​ട​ങ്ങ​ളിൽനിന്ന്‌ 60-ൽ കൂടുതൽ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ എത്തിയി​രു​ന്നു. യഹോ​വ​യു​ടെ ജനത്തി​നി​ട​യി​ലെ സാർവ​ദേ​ശീയ സാഹോ​ദ​ര്യ​ത്തി​ന്റെ​യും ഐക്യ​ത്തി​ന്റെ​യും വ്യക്തമായ തെളി​വാ​യി​രു​ന്നു അത്‌.

വിശേ​ഷ​പ്പെട്ട ‘ഒരു വിറകു​ക​ഷണം’

വർഷങ്ങ​ളി​ലു​ട​നീ​ളം, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തിൽനി​ന്നുള്ള പ്രതി​നി​ധി​കൾ ഐസ്‌ലൻഡ്‌ സന്ദർശി​ച്ചി​രു​ന്നു. ആ സന്ദർശ​നങ്ങൾ എല്ലായ്‌പോ​ഴും ഐസ്‌ലൻഡി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഒരു ഉറവാ​യി​രു​ന്നു. 1968-ലെ ഒരു സവിശേഷ സംഭവം, മുമ്പു പരാമർശിച്ച നോർ സഹോ​ദ​രന്റെ സന്ദർശ​ന​മാ​യി​രു​ന്നു. അദ്ദേഹം പ്രചോ​ദ​നാ​ത്മ​ക​മായ ഒരു പ്രസംഗം നടത്തി. ഐസ്‌ലൻഡി​ലെ രാജ്യ​പ്ര​സം​ഗ​വേ​ല​യു​ടെ പുരോ​ഗതി ചർച്ച ചെയ്യു​ക​യും അനുഭ​വങ്ങൾ പങ്കു​വെ​ക്കു​ക​യും ചെയ്‌തു.

ഹെൻഷൽ സഹോ​ദരൻ ആദ്യമാ​യി ഐസ്‌ലൻഡ്‌ സന്ദർശി​ച്ചത്‌ 1970 മേയ്‌ മാസത്തിൽ ആയിരു​ന്നു. ഉറക്കച്ച​ട​വോ​ടു​കൂ​ടി മിഷന​റി​മാർ അദ്ദേഹത്തെ സ്വാഗതം ചെയ്‌തു. ഹെൻഷൽ സഹോ​ദരൻ എത്തി​ച്ചേർന്നതു വെളു​പ്പിന്‌ ആയിരു​ന്നു എന്നതു മാത്ര​മാ​യി​രു​ന്നില്ല അതിനു കാരണം. പ്രശസ്‌ത​മായ ഒരു അഗ്നിപർവ​ത​മായ ഹെക്ലാ തലേദി​വസം പൊട്ടി​ത്തെ​റി​ക്കാൻ തുടങ്ങി​യി​രു​ന്നു. മിഷന​റി​മാർ രാത്രി മുഴു​വ​നും അതു കണ്ടു​കൊണ്ട്‌ ഇരിക്കു​ക​യാ​യി​രു​ന്നു!

ഹെൻഷൽ സഹോ​ദരൻ മിഷന​റി​മാർക്കും പ്രത്യേക പയനി​യർമാർക്കും വിശേഷ ശ്രദ്ധ നൽകി. അദ്ദേഹം അവരെ എല്ലാവ​രെ​യും ഒരു പ്രത്യേക യോഗ​ത്തി​നു ക്ഷണിച്ചു. ആഗോള സാമ്പത്തി​ക​മാ​ന്ദ്യ​ത്തി​ന്റെ നാളു​ക​ളിൽ, അദ്ദേഹം പയനി​യ​റിങ്‌ ചെയ്‌ത​പ്പോ​ഴത്തെ അനുഭ​വങ്ങൾ ആ യോഗ​ത്തിൽ അവരു​മാ​യി പങ്കു​വെച്ചു. ആ സമയത്ത്‌ സാഹി​ത്യ​ങ്ങൾ കൊടു​ക്കു​മ്പോൾ കോഴി​ക്കു​ഞ്ഞു​ങ്ങൾ, മുട്ട, വെണ്ണ, പച്ചക്കറി​കൾ, കണ്ണട, എന്തിന്‌ പട്ടിക്കു​ഞ്ഞി​നെ പോലും പകരമാ​യി സ്വീക​രി​ച്ചി​രു​ന്നു എന്ന്‌ അദ്ദേഹം പറഞ്ഞു. ആ വിധത്തിൽ, പ്രയാ​സ​ക​ര​മാ​യി​രുന്ന ആ സാഹച​ര്യ​ത്തി​ലും പ്രവർത്തനം മുന്നോ​ട്ടു​പോ​യി. പയനി​യർമാർക്കാ​കട്ടെ അവശ്യ​സാ​ധ​ന​ങ്ങൾക്ക്‌ മുട്ടു​ണ്ടാ​യ​തു​മില്ല.

ഐസ്‌ലൻഡി​ലെ ഭക്ഷണം തങ്ങൾ കഴിച്ചു ശീലി​ച്ചി​ട്ടുള്ള ഭക്ഷണത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​ണെന്ന്‌ അവിടെ എത്തുന്ന സന്ദർശകർ പെട്ടെ​ന്നു​തന്നെ മനസ്സി​ലാ​ക്കും. ഐസ്‌ലൻഡി​ലെ വിശിഷ്ട വിഭവ​ങ്ങ​ളിൽ ഒന്നാണ്‌ സ്വിദ്‌. ചെമ്മരി​യാ​ടി​ന്റെ തല നേർപ​കു​തി​യാ​ക്കി മുറി​ച്ച​ശേഷം പുഴു​ങ്ങി​യെ​ടു​ക്കു​ന്ന​താണ്‌ അത്‌. മുമ്പി​ലി​രി​ക്കുന്ന പാത്ര​ത്തി​ലേക്കു നോക്കു​മ്പോൾ, ഒരു കണ്ണും കുറച്ചു പല്ലുക​ളു​മാ​യി ആടിന്റെ പകുതി തല കാണു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ! വിദേ​ശ​ത്തു​നി​ന്നെ​ത്തുന്ന പലർക്കും ഒട്ടും ഉൾക്കൊ​ള്ളാ​നാ​വാത്ത ഒരു കാഴ്‌ച​യാണ്‌ അത്‌. പിന്നെ, ഐസ്‌ലൻഡിൽ ധാരാളം പച്ചമീ​നും കിട്ടും. ഐസ്‌ലൻഡി​ലെ മറ്റൊരു പ്രത്യേക വിഭവ​മാണ്‌ ഹാർദ്‌ഫി​സ്‌കർ. മീൻ, മുള്ള്‌ മാറ്റി കഷണമാ​ക്കി​യ​ശേഷം ഉണക്കി​യെ​ടു​ക്കു​ന്നു. പാകം ചെയ്യാ​തെ​യാണ്‌ ഇത്‌ കഴി​ക്കേ​ണ്ടത്‌, കുറച്ച്‌ വെണ്ണകൂ​ടി കിട്ടി​യാൽ അവിട​ത്തു​കാർക്കു സന്തോ​ഷ​മാ​യി. സാധാ​ര​ണ​മാ​യി, ഈ മീൻ വളരെ കട്ടിയു​ള്ള​താ​യി​രി​ക്കും, അതു​കൊണ്ട്‌ ഇത്‌ അടിച്ചു മയം വരുത്തി​വേണം തിന്നാൻ. ഈ മത്സ്യവി​ഭവം ഹെൻഷൽ സഹോ​ദ​രന്റെ മുന്നിൽ വിളമ്പി​യിട്ട്‌ അദ്ദേഹ​ത്തി​ന്റെ പ്രതി​ക​രണം കാണാൻ മിഷന​റി​മാർ ആകാം​ക്ഷ​യോ​ടെ നിന്നു. സഹോ​ദരൻ അതു രുചി​ച്ച​ശേഷം, അതിഷ്ട​പ്പെ​ട്ടോ എന്ന്‌ മിഷന​റി​മാർ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു. ഒരു നിമിഷം ആലോ​ചി​ച്ച​ശേഷം അസാധാ​ര​ണ​മാ​യി യാതൊ​ന്നും സംഭവി​ച്ചി​ട്ടില്ല എന്ന മട്ടിൽ അദ്ദേഹം പറഞ്ഞു: “ഇത്രയും നല്ലൊരു വിറകു​ക​ഷണം ഞാൻ കഴിക്കു​ന്നത്‌ ആദ്യമാ​യി​ട്ടാണ്‌.”

ഭരണസം​ഘ​ത്തി​ലെ പ്രതി​നി​ധി​കൾ നടത്തിയ മറ്റ്‌ അനേക സന്ദർശ​ന​ങ്ങ​ളും അവിസ്‌മ​ര​ണീ​യ​വും പ്രോ​ത്സാ​ഹ​ദാ​യ​ക​വും ആയിരു​ന്നി​ട്ടുണ്ട്‌. എണ്ണത്തിൽ വളരെ കുറവും, ഒറ്റപ്പെട്ട ഒരു പ്രദേ​ശത്തു താമസി​ക്കു​ന്ന​വ​രും ആണെങ്കി​ലും തങ്ങൾ സാർവ​ദേ​ശീയ സഹോ​ദ​ര​വർഗ​ത്തി​ന്റെ ഭാഗമാ​ണെ​ന്നും ക്രിസ്‌തീയ സ്‌നേ​ഹ​ത്തി​ന്റെ ഇഴകളാൽ പരസ്‌പരം ബന്ധിക്ക​പ്പെ​ട്ട​വ​രാ​ണെ​ന്നു​മുള്ള കാര്യം ഈ സന്ദർശ​നങ്ങൾ ഐസ്‌ലൻഡി​ലെ സഹോ​ദ​ര​ങ്ങളെ ബോധ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

ഡോക്ടർമാ​രും മാധ്യ​മ​ങ്ങ​ളു​മാ​യി നല്ല ബന്ധത്തിൽ

1992-ൽ ഐസ്‌ലൻഡിൽ സേവി​ക്കു​ന്ന​തി​നു​വേണ്ടി, നാലു സഹോ​ദ​ര​ന്മാർ ഉൾപ്പെ​ടുന്ന ഒരു ആശുപ​ത്രി ഏകോപന സമിതി രൂപം​കൊ​ണ്ടു. പരിശീ​ല​ന​ത്തി​നാ​യി രണ്ടു സഹോ​ദ​ര​ന്മാർ ഇംഗ്ലണ്ടിൽ നടന്ന ആശുപ​ത്രി ഏകോപന സമിതി​യു​ടെ സെമി​നാ​റി​ലും രണ്ടുപേർ ഡെന്മാർക്കി​ലും സംബന്ധി​ച്ചു. പുതി​യ​താ​യി ആശുപ​ത്രി ഏകോപന സമിതി സംഘടി​പ്പി​ക്ക​പ്പെ​ട്ട​പ്പോൾ ഒരു വലിയ യൂണി​വേ​ഴ്‌സി​റ്റി ആശുപ​ത്രി​യി​ലെ ജീവന​ക്കാ​രു​മാ​യി ഒരു യോഗം നടത്തു​ക​യു​ണ്ടാ​യി. ഡോക്ടർമാ​രും നഴ്‌സു​മാ​രും അഭിഭാ​ഷ​ക​രും ആശുപ​ത്രി അധികൃ​ത​രും ഉൾപ്പെടെ 130 പേർ ആ യോഗ​ത്തിൽ പങ്കെടു​ത്തു. വൈദ്യ​ശാ​സ്‌ത്ര രംഗത്തു​ള്ള​വ​രു​മാ​യി ആശുപ​ത്രി ഏകോപന സമിതി നടത്തുന്ന ആദ്യത്തെ യോഗ​മാ​യി​രു​ന്നു അത്‌. അതു​കൊ​ണ്ടു​തന്നെ, സഹോ​ദ​ര​ങ്ങൾക്ക്‌ ഒരൽപ്പം ഉത്‌കണ്‌ഠ ഉണ്ടായി​രു​ന്നു. എന്നിരു​ന്നാ​ലും, ആ യോഗം വളരെ വിജയ​ക​ര​മാ​യി​രു​ന്നു. അതിനു​ശേഷം മറ്റ്‌ ആശുപ​ത്രി​ക​ളി​ലെ ഡോക്ടർമാ​രും ജീവന​ക്കാ​രും ഉൾപ്പെട്ട ചെറിയ കൂട്ടങ്ങ​ളു​മാ​യി കൂടുതൽ യോഗങ്ങൾ നടത്താ​നുള്ള ക്രമീ​ക​ര​ണ​ങ്ങ​ളും അവർ ചെയ്‌തു. ചില പ്രമുഖ ശസ്‌ത്ര​ക്രി​യാ വിദഗ്‌ധർ, അനസ്‌തേ​ഷ്യാ വിദഗ്‌ധർ തുടങ്ങി​യ​വ​രു​മാ​യി നല്ല സൗഹൃദം സ്ഥാപി​ക്കാ​നും സഹോ​ദ​ര​ന്മാർക്കു കഴിഞ്ഞു. ഈ ബന്ധങ്ങൾ രക്തരഹിത ചികി​ത്സ​യു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തടയു​ന്ന​തി​നും പരിഹ​രി​ക്കു​ന്ന​തി​നും സഹായ​ക​മാ​യി​ത്തീർന്നി​രി​ക്കു​ന്നു.

1997-ൽ രോഗി​ക​ളു​ടെ അവകാ​ശ​ത്തോ​ടു ബന്ധപ്പെട്ട പുതിയ ഒരു നിയമം നിലവിൽ വന്നു. രോഗി​യു​ടെ അനുമതി കൂടാതെ യാതൊ​രു ചികി​ത്സ​യും നൽകാൻ പാടി​ല്ലെ​ന്നും രോഗി അബോ​ധാ​വ​സ്ഥ​യിൽ ആണെങ്കിൽപ്പോ​ലും ചികിത്സ സംബന്ധിച്ച്‌ ആ വ്യക്തി​യു​ടെ തീരു​മാ​നം അറിഞ്ഞി​ട്ടു​ണ്ടെ​ങ്കിൽ അതു മാനി​ക്ക​പ്പെ​ട​ണ​മെ​ന്നും ആ നിയമം നിഷ്‌കർഷി​ച്ചു. 12-ഓ അതിൽ കൂടു​ത​ലോ പ്രായ​മുള്ള കുട്ടി​ക​ളു​ടെ കാര്യ​ത്തിൽ, ചികിത്സ സംബന്ധിച്ച അവരുടെ അഭി​പ്രാ​യം എല്ലായ്‌പോ​ഴും ആരാ​യേ​ണ്ട​താ​ണെ​ന്നും അത്‌ അനുശാ​സി​ച്ചു. ആശുപ​ത്രി ഏകോപന സമിതി​യു​ടെ ചെയർമാ​നായ ഗ്വദ്‌മുൺഡുർ എച്ച്‌. ഗ്വദ്‌മുൺഡ്‌സ്‌സൺ ഇപ്രകാ​രം റിപ്പോർട്ടു ചെയ്യുന്നു: “പൊതു​വേ ഡോക്ടർമാർ വളരെ സഹകര​ണ​മ​നോ​ഭാ​വം പുലർത്തു​ന്നു. അതു​കൊണ്ട്‌ പ്രശ്‌ന​ങ്ങ​ളും കുറവാണ്‌. സങ്കീർണ​മായ ശസ്‌ത്ര​ക്രി​യ​കൾപോ​ലും രക്തം കൂടാതെ നിർവ​ഹി​ക്ക​പ്പെ​ടു​ന്നുണ്ട്‌.”

2000 ജനുവരി 8 ഉണരുക! മാസിക രക്തരഹിത ചികി​ത്സ​യും ശസ്‌ത്ര​ക്രി​യ​യും എന്ന വിഷയ​ത്തോ​ടെ പുറത്തി​റ​ങ്ങി​യ​പ്പോൾ, മാസി​ക​യു​ടെ ആ ലക്കം കഴിയു​ന്നത്ര ആളുക​ളു​ടെ അടു​ത്തെ​ത്തി​ക്കു​ന്ന​തിന്‌ ഒരു പ്രത്യേക ശ്രമം ചെയ്യാൻ ബ്രാഞ്ച്‌ ഓഫീസ്‌ സഹോ​ദ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. മാസിക എങ്ങനെ നൽകണം, രക്തം സംബന്ധിച്ച നിലപാ​ടു​മാ​യി ബന്ധപ്പെട്ട ചോദ്യ​ങ്ങൾക്ക്‌ എങ്ങനെ മറുപടി പറയണം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച്‌ ബ്രാഞ്ച്‌ നിർദേ​ശങ്ങൾ നൽകി. ചിലർക്ക്‌ ആദ്യം ഈ മാസിക സമർപ്പി​ക്കാൻ ചെറി​യൊ​രു മടിയു​ണ്ടാ​യി​രു​ന്നു. എന്നാൽ പെട്ടെ​ന്നു​തന്നെ, ആളുകൾ ആ വിഷയ​ത്തെ​ക്കു​റിച്ച്‌ അറിയാൻ ആഗ്രഹം ഉള്ളവരാ​ണെന്ന്‌ അവർക്കു വ്യക്തമാ​യി. 12,000-ത്തിലധി​കം പ്രതികൾ ആളുക​ളു​ടെ കൈയിൽ എത്തിക്കാൻ സഹോ​ദ​ര​ങ്ങൾക്കു സാധിച്ചു. അതായത്‌, രാജ്യത്തെ ഓരോ 22 പേർക്കും ഒരു മാസിക വീതം. ഒരു സഹോ​ദരൻ ഇങ്ങനെ പറഞ്ഞു, “ധാരാളം നല്ല ചർച്ചകൾ നടത്താ​നുള്ള അവസരം കിട്ടി​യ​തു​കൊണ്ട്‌, എന്റെ പ്രദേശം പ്രവർത്തി​ച്ചു​തീർക്കാൻ കഴിയാ​തെ ഞാൻ ബുദ്ധി​മു​ട്ടി.” ഒരു സഹോ​ദരി പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ആകെ രണ്ടു​പേ​രാണ്‌ എന്റെ പക്കൽനിന്ന്‌ മാസിക സ്വീക​രി​ക്കാൻ വിസമ്മ​തി​ച്ചത്‌.”

ദേശവ്യാ​പ​ക​മാ​യി പ്രക്ഷേ​പണം ചെയ്യ​പ്പെ​ടുന്ന ഒരു പ്രതി​വാര റേഡി​യോ പരിപാ​ടി​യു​ടെ അവതാ​ര​ക​യ്‌ക്ക്‌ രക്തരഹിത ചികി​ത്സ​യെ​ക്കു​റി​ച്ചുള്ള ഈ മാസിക ലഭിച്ചു. എങ്ങനെ​യാണ്‌ തനിക്ക്‌ ആ മാസിക കിട്ടി​യ​തെന്ന്‌ തന്റെ പരിപാ​ടി​യിൽ അവർ പറഞ്ഞു. കൂടാതെ, മാസി​ക​യി​ലെ വിവര​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ രക്തപ്പകർച്ച​യു​ടെ ചരിത്രം വിശദീ​ക​രി​ക്കു​ക​യും ചെയ്‌തു. രക്തരഹിത ചികി​ത്സ​യെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അടുത്തു​നിന്ന്‌ ഈ വിഷയ​ത്തെ​ക്കു​റി​ച്ചു പ്രതി​പാ​ദി​ക്കുന്ന ഒരു പ്രസി​ദ്ധീ​ക​രണം ആവശ്യ​പ്പെ​ടാൻ കഴിയും എന്നു പറഞ്ഞു​കൊ​ണ്ടാണ്‌ അവർ ആ ചർച്ച അവസാ​നി​പ്പി​ച്ചത്‌.

ഉണരുക! മാസി​ക​യു​ടെ ഈ ലക്കം സമർപ്പി​ക്കാൻ നടത്തിയ സംഘടി​ത​ശ്രമം രക്തം സംബന്ധിച്ച നമ്മുടെ നിലപാട്‌ ന്യായ​യു​ക്ത​മായ ഒന്നാ​ണെന്നു മനസ്സി​ലാ​ക്കാൻ അനേകരെ സഹായി​ച്ചു. മാത്രമല്ല, യഹോ​വ​യു​ടെ സാക്ഷികൾ മരിക്കാൻ ആഗ്രഹി​ക്കു​ന്ന​വരല്ല, മറിച്ച്‌ ഏറ്റവും മെച്ചപ്പെട്ട വൈദ്യ​ചി​കിത്സ തേടു​ന്ന​വ​രാണ്‌ എന്നും ആളുകൾക്കു ബോധ്യ​മാ​യി. അതിന്റെ ഫലമായി, മുമ്പ്‌ രക്തത്തോ​ടുള്ള നമ്മുടെ നിലപാ​ടി​നെ തെറ്റി​ദ്ധ​രി​ച്ചി​രു​ന്നവർ രാജ്യ​സ​ന്ദേശം ശ്രദ്ധി​ക്കാൻ മനസ്സൊ​രു​ക്കം കാണി​ച്ചു​തു​ടങ്ങി.

രണ്ടു രാജ്യ​ഹാ​ളു​കൾ നാലു​ദി​വ​സ​ത്തി​നു​ള്ളിൽ

ഐസ്‌ലൻഡി​ലെ സഹോ​ദ​ര​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം 1995 സേവന​വർഷത്തെ ഒരു സവിശേഷ സംഭവം ജൂൺ മാസത്തിൽ കെഫ്‌ലാ​വി​ക്കി​ലും സെൽഫൊ​സി​ലും നടന്ന രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​മാ​യി​രു​ന്നു. ശീഘ്ര-നിർമാണ പദ്ധതി​യി​ലൂ​ടെ നിർമിച്ച ഐസ്‌ലൻഡി​ലെ ആദ്യത്തെ രാജ്യ​ഹാ​ളു​കൾ ആയിരു​ന്നു അവ. ആ രണ്ടു ഹാളുകൾ പണിയു​ന്ന​തിന്‌ നാലു ദിവസം മാത്ര​മാണ്‌ എടുത്തത്‌. നോർവേ​യി​ലെ സഹോ​ദ​രങ്ങൾ സ്‌നേ​ഹ​ത്തോ​ടെ വെച്ചു​നീ​ട്ടിയ സഹായം​കൊണ്ട്‌ ആ പദ്ധതി അങ്ങനെ നല്ല രീതി​യിൽ പൂർത്തി​യാ​ക്കാൻ കഴിഞ്ഞു. നിർമാണ സാമ​ഗ്രി​കൾ മിക്കവ​യും നോർവേ ബ്രാഞ്ചാണ്‌ നൽകി​യത്‌. കൂടാതെ, 120-ലധികം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ അവി​ടെ​നി​ന്നു വരിക​യും നിർമാണ പ്രവർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കു​ക​യും ചെയ്‌തു. “ഇത്‌ ശരിക്കും അതിശയം തന്നെ” എന്ന വാചകം രണ്ട്‌ നിർമാ​ണ​സ്ഥ​ല​ങ്ങ​ളി​ലും കേൾക്കാ​റുള്ള ഒരു സ്ഥിരം പല്ലവി ആയിരു​ന്നു. വളരെ കുറച്ചു സമയം​കൊണ്ട്‌ രാജ്യ​ഹാ​ളു​കൾ നിർമി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഐസ്‌ലൻഡി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ മുമ്പ്‌ വായി​ച്ചും കേട്ടു​മുള്ള അറിവേ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ ഇപ്പോൾ അവർക്ക്‌ തങ്ങളുടെ സ്വന്തം കണ്ണു​കൊണ്ട്‌ അത്‌ കാണാ​നുള്ള അവസരം ലഭിച്ചു. തികച്ചും അത്ഭുത​ക​ര​മാ​യി, ചുരു​ങ്ങിയ ദിവസം​കൊണ്ട്‌ ഐസ്‌ലൻഡി​ലെ രാജ്യ​ഹാ​ളു​ക​ളു​ടെ എണ്ണം ഇരട്ടി​യാ​യി.

അങ്ങനെ രണ്ടു പുതിയ രാജ്യ​ഹാ​ളു​കൾ ഐസ്‌ലൻഡി​ലെ സഹോ​ദ​ര​ങ്ങൾക്കു സ്വന്തമാ​യി ലഭിച്ചു. കൂടാതെ, സ്വന്തം ചെലവിൽ അവി​ടെ​യെ​ത്തു​ക​യും തങ്ങളുടെ അവധി​ക്കാ​ലം ഹാളു​ക​ളു​ടെ നിർമാ​ണ​ത്തിൽ സഹായി​ക്കു​ന്ന​തി​നാ​യി ഉഴിഞ്ഞു​വെ​ക്കു​ക​യും ചെയ്‌ത നോർവേ​യി​ലെ സഹോ​ദ​ര​ങ്ങ​ളു​മാ​യുള്ള നല്ല സഹവാസം അവർക്കു വളരെ​യ​ധി​കം പ്രോ​ത്സാ​ഹനം നൽകി. നമ്മുടെ സാർവ​ദേ​ശീയ സാഹോ​ദ​ര്യ​ത്തി​ന്റെ എത്ര വലി​യൊ​രു തെളി​വാ​യി​രു​ന്നു അത്‌! ഐസ്‌ലൻഡി​ലെ സഹോ​ദ​ര​ങ്ങ​ളും നിർമാ​ണ​വേ​ല​യിൽ സഹായി​ച്ചു. 150-ൽ കൂടുതൽ പ്രാ​ദേ​ശിക സഹോ​ദ​രങ്ങൾ അതായത്‌ ആ രാജ്യത്തെ പ്രസാ​ധ​ക​രു​ടെ എണ്ണത്തിന്റെ പകുതി​യോ​ളം പേർ ആ പ്രവർത്ത​ന​ങ്ങ​ളിൽ പങ്കെടു​ത്തു.

ഈ രാജ്യ​ഹാൾ നിർമാണ പദ്ധതികൾ പൊതു​ജ​ന​ങ്ങൾക്കു നല്ലൊരു സാക്ഷ്യ​വു​മാ​യി​രു​ന്നു. ദേശവ്യാ​പ​ക​മാ​യി പരിപാ​ടി​കൾ സം​പ്രേ​ക്ഷണം ചെയ്യുന്ന രണ്ടു ടെലി​വി​ഷൻ കേന്ദ്രങ്ങൾ അവരുടെ വാർത്ത​യിൽ രണ്ടു നിർമാ​ണ​സ്ഥ​ല​ത്തെ​യും ചിത്രങ്ങൾ സഹിതം, ഈ പ്രവർത്ത​ന​ത്തെ​ക്കു​റി​ച്ചുള്ള റിപ്പോർട്ട്‌ ഉൾപ്പെ​ടു​ത്തി. കൂടാതെ, അനേകം റേഡി​യോ​നി​ല​യ​ങ്ങ​ളും പത്രങ്ങ​ളും അതേക്കു​റി​ച്ചു റിപ്പോർട്ടു ചെയ്യു​ക​യു​ണ്ടാ​യി. യഹോ​വ​യു​ടെ സാക്ഷികൾ ശ്രദ്ധി​ക്ക​പ്പെ​ടു​ന്നത്‌ സെൽഫൊ​സി​ലെ പ്രാ​ദേ​ശിക സഭയിലെ ഒരു പുരോ​ഹി​തന്‌ അത്ര രസിച്ചില്ല. അപകട​ക​ര​വും വ്യാജ​വും ആണെന്ന്‌ താൻ കരുതിയ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പഠിപ്പി​ക്ക​ലു​കൾക്കെ​തി​രെ മുന്നറി​യി​പ്പു നൽകുന്ന ഒരു ലേഖനം അദ്ദേഹം പ്രാ​ദേ​ശിക പത്രത്തിൽ കൊടു​ത്തു. മനോ​ബ​ല​മി​ല്ലാ​ത്ത​വ​രും ലോല​ഹൃ​ദ​യ​രു​മായ ആളുകൾ പ്രത്യേ​കം ശ്രദ്ധി​ക്കണം എന്ന്‌ അദ്ദേഹം എടുത്തു​പ​റഞ്ഞു. റേഡി​യോ​യിൽ നടത്തപ്പെട്ട ഒരു അഭിമു​ഖ​ത്തി​ലും അദ്ദേഹം അതേ മുന്നറി​യി​പ്പു​കൾ ആവർത്തി​ച്ചു. എന്നാൽ ആ പുരോ​ഹി​തൻ പ്രതീ​ക്ഷിച്ച ഫലം അദ്ദേഹ​ത്തി​ന്റെ വാക്കു​കൾക്ക്‌ ഉണ്ടായില്ല. മറിച്ച്‌, രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണം അനേക​രി​ലും നല്ല മതിപ്പു​ള​വാ​ക്കി. പ്രസം​ഗ​വേ​ല​യിൽ കണ്ടുമു​ട്ടിയ അനേകർ ആ പുരോ​ഹി​തന്റെ പ്രവൃത്തി തങ്ങളെ വല്ലാതെ അതിശ​യ​പ്പെ​ടു​ത്തി​യെന്ന്‌ സഹോ​ദ​ര​ന്മാ​രോ​ടു പറയു​ക​പോ​ലും ഉണ്ടായി.

പുരോ​ഹി​ത​ന്റെ മുന്നറി​യി​പ്പി​നു​ശേഷം ഏകദേശം ഒരാഴ്‌ച കഴിഞ്ഞ്‌, ആ ദിനപ്പ​ത്രം ഒരു കാർട്ടൂൺ പ്രസി​ദ്ധീ​ക​രി​ച്ചു. അതിൽ മുമ്പി​ലാ​യി ഒരു പള്ളിയും പുറകി​ലാ​യി ഒരു രാജ്യ​ഹാ​ളും കാണാ​മാ​യി​രു​ന്നു. അതിന്റെ രണ്ടി​ന്റെ​യും ഇടയി​ലൂ​ടെ ഒരു നദി ഒഴുകു​ന്നു. നന്നായി വസ്‌ത്രം ധരിച്ച ചില സഹോ​ദ​ര​ന്മാർ പുഞ്ചി​രി​തൂ​കി​ക്കൊണ്ട്‌ നദിക്കു​കു​റു​കെ​യുള്ള പാലത്തി​ലൂ​ടെ നടന്നു​വ​രു​ന്നു. കൈയിൽ വയൽസേവന ബാഗു​ക​ളു​മാ​യി അവർ രാജ്യ​ഹാ​ളിൽനിന്ന്‌ പള്ളിയു​ടെ നേരെ​യാണ്‌ നടന്നടു​ക്കു​ന്നത്‌. ഇതുകണ്ട്‌, പള്ളിക്കു പുറത്ത്‌ വീൽച്ചെ​യ​റിൽ ഇരിക്കു​ക​യാ​യി​രുന്ന ഒരു സ്‌ത്രീ പരി​ഭ്ര​മ​ത്തോ​ടെ ചാടി​യെ​ഴു​ന്നേൽക്കു​ന്നു. “യഹോ​വ​യു​ടെ സാക്ഷികൾ വരുന്നു​ണ്ടേ, ഓടി​ക്കോ” എന്നു നിലവി​ളി​ച്ചു​കൊണ്ട്‌ കാലൊ​ടിഞ്ഞ്‌ പ്ലാസ്റ്ററി​ട്ടി​രി​ക്കുന്ന ഒരാളും അന്ധനായ മറ്റൊ​രാ​ളും നിലം​തൊ​ടാ​തെ ഓടുന്നു. പള്ളിയു​ടെ പടിയിൽ അത്ഭുത​ഭാ​വ​ത്തോ​ടെ നിൽക്കുന്ന പുരോ​ഹി​തൻ. ഇതായി​രു​ന്നു കാർട്ടൂൺ. അത്‌ അനേകരെ രസിപ്പി​ച്ചു. ദിനപ്പ​ത്ര​ത്തി​ന്റെ എഡി​റ്റോ​റി​യൽ സ്റ്റാഫ്‌ ആ കാർട്ടൂ​ണി​നെ ആ വർഷത്തെ മികച്ച കാർട്ടൂ​ണാ​യി തിര​ഞ്ഞെ​ടു​ത്തു. അവരുടെ ഓഫീസ്‌ ചുവരിൽ അത്‌ വലുതാ​ക്കി പതിക്കു​ക​യും ചെയ്‌തു. കുറെ വർഷ​ത്തേക്ക്‌ അത്‌ അവി​ടെ​ത്തന്നെ ഉണ്ടായി​രു​ന്നു.

പ്രദർശനം നല്ല സാക്ഷ്യം നൽകുന്നു

രണ്ടാം ലോക​മ​ഹാ​യുദ്ധ കാലത്തും അതിനു​മു​മ്പും നാസി​ക​ളു​ടെ പീഡന​ത്തി​നു​മു​മ്പിൽ യഹോ​വ​യു​ടെ സാക്ഷികൾ കൈ​ക്കൊണ്ട ധീരമായ നിഷ്‌പക്ഷ നിലപാ​ടി​നെ കേന്ദ്രീ​ക​രിച്ച്‌, 2001 സേവന​വർഷ​ത്തിൽ ഒരു പ്രദർശനം സംഘടി​പ്പി​ച്ചു. മൂന്നു സ്ഥലങ്ങളി​ലാ​യി നടന്ന ആ പ്രദർശനം കാണാൻ മൊത്തം 3,896 ആളുകൾ എത്തി. അവസാ​നത്തെ വാരാ​ന്ത​ത്തിൽ, റേക്യ​വി​ക്കി​ലെ പ്രദർശ​ന​ഹാൾ 700-ലധികം സന്ദർശ​ക​രെ​ക്കൊ​ണ്ടു നിറഞ്ഞി​രു​ന്നു. പ്രദർശനം നടന്ന മൂന്നു സ്ഥലങ്ങളി​ലും, ഐസ്‌ലാൻഡിക്‌ ഭാഷയി​ലുള്ള യഹോ​വ​യു​ടെ സാക്ഷികൾ നാസി ആക്രമ​ണ​ത്തി​നെ​തി​രെ ഉറച്ചു​നിൽക്കു​ന്നു എന്ന വീഡി​യോ മുഴുവൻ സമയവും പ്രദർശി​പ്പി​ച്ചി​രു​ന്നു. അവിടെ വന്ന സന്ദർശ​ക​രിൽ അനേക​രും ആ മുഴുവൻ വീഡി​യോ​യും കാണാൻ ലഭിച്ച അവസരം പ്രയോ​ജ​ന​പ്പെ​ടു​ത്തി.

നമ്മുടെ ചരി​ത്ര​ത്തി​ലെ ഈ അധ്യാ​യ​ത്തെ​ക്കു​റിച്ച്‌ അറിയി​ല്ലാഞ്ഞ സന്ദർശ​ക​രിൽ തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ സാക്ഷികൾ സ്വീക​രിച്ച ഉറച്ച നിലപാട്‌ മതിപ്പു​ള​വാ​ക്കി. പ്രദർശനം തന്നിൽ വലിയ പ്രഭാവം ചെലു​ത്തി​യെ​ന്നും യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടുള്ള തന്റെ മനോ​ഭാ​വ​ത്തി​നു മാറ്റം വരുത്തി​യെ​ന്നും പ്രദർശ​ന​സ്ഥലം അനേകം തവണ സന്ദർശിച്ച ഒരു പ്രൊ​ഫസർ പറയു​ക​യു​ണ്ടാ​യി. തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ പ്രകട​മാ​ക്കിയ ശക്തമായ വിശ്വാ​സ​മാണ്‌ പ്രത്യേ​കി​ച്ചും അവരുടെ ഹൃദയത്തെ സ്‌പർശി​ച്ചത്‌. മറ്റു തടവു​കാ​രിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, തങ്ങളുടെ വിശ്വാ​സത്തെ തള്ളിപ്പ​റ​ഞ്ഞു​കൊണ്ട്‌ അവർക്കു വേണ​മെ​ങ്കിൽ സ്വത​ന്ത്ര​രാ​കാൻ കഴിയു​മാ​യി​രു​ന്നു.

ദേശവ്യാ​പ​ക​മാ​യി പരിപാ​ടി​കൾ സം​പ്രേ​ക്ഷണം ചെയ്യുന്ന ഒരു ടെലി​വി​ഷൻ കേന്ദ്ര​വും പ്രാ​ദേ​ശി​ക​മാ​യുള്ള മറ്റു ടെലി​വി​ഷൻ കേന്ദ്ര​ങ്ങ​ളും, റേഡി​യോ നിലയ​ങ്ങ​ളും പ്രദർശ​ന​ത്തെ​ക്കു​റിച്ച്‌ വളരെ നന്നായി റിപ്പോർട്ടു​ചെ​യ്‌തു. പ്രദർശനം തുടങ്ങിയ സമയത്ത്‌, ഒരു ലൂഥറൻ പുരോ​ഹി​തൻ ഭാര്യ​യും മകളു​മൊത്ത്‌ അവി​ടെ​യെത്തി. പിന്നീ​ടൊ​രു അവസര​ത്തിൽ ബെഥേൽ സന്ദർശി​ക്കാ​നാ​യി ഒരു സഹോ​ദരൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം ആ ക്ഷണം സ്വീക​രി​ക്കു​ക​യും ചെയ്‌തു. കുറച്ചു​ദി​വ​സ​ത്തി​നു​ശേഷം, ഒരു സ്‌ത്രീ അദ്ദേഹത്തെ സമീപിച്ച്‌ ഒരു ബൈബിൾ വാക്യ​ത്തെ​ക്കു​റിച്ച്‌ സംശയം ചോദി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അതിനുള്ള ഉത്തരം നൽകാൻ കഴിയു​മെന്ന്‌ ഉറപ്പു​ള്ള​തി​നാൽ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സു​മാ​യി ബന്ധപ്പെ​ടാൻ പുരോ​ഹി​തൻ ആ സ്‌ത്രീ​യെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. പിന്നീട്‌ ആ പുരോ​ഹി​ത​നു​മാ​യി ഒരു സഹോ​ദരൻ ബൈബി​ള​ധ്യ​യനം നടത്താൻ തുടങ്ങി.

പരിഭാ​ഷ​യി​ലു​ണ്ടായ മുന്നേറ്റം

“വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” പ്രദാനം ചെയ്യുന്ന ആത്മീയ ആഹാരം മുഴു​വ​നും, ഐസ്‌ലാൻഡി​ക്കി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തുക എന്നത്‌ എണ്ണത്തിൽ കുറവായ ഐസ്‌ലൻഡി​ലെ പ്രസാ​ധ​കരെ സംബന്ധി​ച്ചി​ട​ത്തോ​ളം പലപ്പോ​ഴും ഒരു വെല്ലു​വി​ളി ആയിരു​ന്നി​ട്ടുണ്ട്‌. (മത്താ. 24:45, NW) ആദ്യവർഷ​ങ്ങ​ളിൽ, പരിഭാ​ഷ​യു​ടെ ഭൂരി​ഭാ​ഗ​വും നിർവ​ഹി​ച്ചി​രു​ന്നത്‌ കാനഡ​യിൽ ഉണ്ടായി​രുന്ന ഐസ്‌ലൻഡു​കാ​രായ സാക്ഷികൾ ആയിരു​ന്നു. പിന്നീട്‌ ആ ജോലി ഐസ്‌ലൻഡിൽത്തന്നെ ചെയ്യാൻതു​ടങ്ങി. 1947-ൽ എത്തി​ച്ചേർന്ന ആദ്യത്തെ മിഷന​റി​മാർ തങ്ങളോ​ടൊ​പ്പം ഒരേ വീട്ടിൽ താമസി​ച്ചി​രുന്ന പ്രായ​മുള്ള ഒരു കവിയെ പരിച​യ​പ്പെ​ടാ​നി​ട​യാ​യി. അദ്ദേഹ​ത്തിന്‌ ഇംഗ്ലീഷ്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഐസ്‌ലാൻഡിക്‌ പഠിക്കാൻ അദ്ദേഹം അവരെ സഹായി​ച്ചു. അവർക്കു​വേണ്ടി പരിഭാഷ ചെയ്‌തു​കൊ​ടു​ക്കാ​നും അദ്ദേഹം തയ്യാറാ​യി. അതു​കൊണ്ട്‌ “ദൈവം സത്യവാൻ” പുസ്‌ത​ക​വും സകല ജനങ്ങളു​ടെ​യും സന്തോഷം ചെറു​പു​സ്‌ത​ക​വും പരിഭാ​ഷ​പ്പെ​ടു​ത്താൻ സഹോ​ദ​രങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചു. എന്നാൽ അവർ ആഗ്രഹി​ച്ച​തു​പോ​ലുള്ള ഒരു പരിഭാ​ഷ​യ​ല്ലാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റേത്‌. ധാരാളം പഴയ പദങ്ങളും പ്രയോ​ഗ​ങ്ങ​ളും ഉൾപ്പെ​ടുന്ന പുരാ​ത​ന​മായ കാവ്യ​ശൈലി പരിഭാ​ഷ​യിൽ അദ്ദേഹം ഉപയോ​ഗി​ച്ചു. പുതിയ മിഷന​റി​മാ​രിൽ ഒരാളും ലിൻഡാൽ സഹോ​ദ​ര​നും പരിഭാഷ പരി​ശോ​ധിച്ച്‌, മാറ്റങ്ങൾ വരുത്തി​യെ​ങ്കി​ലും അത്‌ പ്രതീ​ക്ഷി​ച്ചി​രു​ന്ന​തു​പോ​ലെ ഒരു നല്ല പഠനോ​പ​ക​രണം എന്ന നിലയിൽ ഉപയോ​ഗി​ക്കാൻ കഴിയാ​തെ​വന്നു. എന്നിരു​ന്നാ​ലും, അതിന്റെ 14,568-ഓളം പ്രതികൾ അച്ചടിച്ചു. ആദ്യ മുദ്രണം കഴിഞ്ഞ​പ്പോൾത്തന്നെ ആ പുസ്‌തകം വ്യാപ​ക​മാ​യി വിതര​ണം​ചെ​യ്യ​പ്പെട്ടു. 1949-ൽ 20,000-ത്തിലധി​കം ചെറു​പു​സ്‌ത​ക​ങ്ങ​ളും അച്ചടിച്ചു. പിന്നീട്‌, മതം മനുഷ്യ​വർഗ​ത്തി​നു​വേണ്ടി എന്തു ചെയ്‌തി​രി​ക്കു​ന്നു? എന്ന പുസ്‌തകം പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തിന്‌ മറ്റൊരു വ്യക്തി​യു​ടെ സഹായം​തേടി.

ആ വർഷങ്ങ​ളിൽ, ഒരു ചെറിയ കൂട്ടം സഹോ​ദ​ര​ന്മാർ ധാരാളം ചെറു​പു​സ്‌ത​ക​ങ്ങ​ളു​ടെ പരിഭാഷ നിർവ​ഹി​ച്ചു. “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത” ആയിരു​ന്നു അതിൽ ഒന്ന്‌. 1959-ലാണ്‌ അതു പ്രസി​ദ്ധീ​ക​രി​ച്ചത്‌. ഈ ചെറു​പു​സ്‌തകം ഉപയോ​ഗിച്ച്‌ അനേകം പുതിയ ബൈബി​ള​ധ്യ​യ​നങ്ങൾ തുടങ്ങാൻ സഹോ​ദ​ര​ങ്ങൾക്കു കഴിഞ്ഞു. ഈ സമയത്താണ്‌ ഐസ്‌ലാൻഡി​ക്കിൽ വീക്ഷാ​ഗോ​പു​രം പ്രസി​ദ്ധീ​ക​രി​ക്കാ​നുള്ള അനുമതി ലഭിക്കു​ന്നത്‌.

തുടർന്നു​വന്ന വർഷങ്ങ​ളിൽ നല്ല ധാരാളം പുസ്‌ത​കങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യും പ്രസി​ദ്ധീ​ക​രി​ക്കു​ക​യും ചെയ്‌തു. 1962-ൽ “ഇതാകു​ന്നു നിത്യ​ജീ​വൻ,” 1966-ൽ നഷ്ടപ്പെട്ട പറുദീ​സ​യിൽനി​ന്നു തിരി​ച്ചു​കി​ട്ടിയ പറുദീ​സ​യി​ലേക്ക്‌, 1970-ൽ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം, 1984-ൽ നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും, 1996-ൽ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം തുടങ്ങിയ പുസ്‌ത​കങ്ങൾ പുറത്തി​റങ്ങി. 1982 മുതൽ ഉണരുക! ത്രൈ​മാ​സ​പ്പ​തി​പ്പാ​യി ഐസ്‌ലാൻഡി​ക്കിൽ പ്രസി​ദ്ധീ​ക​രി​ക്കാൻ തുടങ്ങി.

കുറെ വർഷങ്ങ​ളോ​ളം, ഐസ്‌ലാൻഡി​ക്കിൽ പാട്ടു​പു​സ്‌തകം ഉണ്ടായി​രു​ന്നില്ല. 1960-ൽ ഒരു സമ്മേള​ന​ത്തി​നു​വേണ്ടി നാലു പാട്ടുകൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യും മിമി​യോ​ഗ്രാഫ്‌ ഉപയോ​ഗി​ച്ചു പകർത്തു​ക​യും ചെയ്‌തു. 1963 നവംബ​റി​ലെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ, തിര​ഞ്ഞെ​ടുത്ത 30 പാട്ടുകൾ അടങ്ങിയ ഒരു ചെറിയ പാട്ടു​പു​സ്‌തകം പ്രകാ​ശനം ചെയ്‌തു. സഹോ​ദ​ര​ങ്ങൾക്ക്‌ വളരെ സന്തോ​ഷ​ത്തി​ന്റെ ഒരു സന്ദർഭ​മാ​യി​രു​ന്നു അത്‌.

അതുവരെ, സഭയിലെ ഗീതാ​ലാ​പനം വിവിധ ഭാഷക​ളു​ടെ ഒരു മിശ്രണം തന്നെയാ​യി​രു​ന്നു. 1958-ലാണ്‌ ജർമൻകാ​രായ ഗുണ്ടർ ഹൗബി​റ്റ്‌സും ഭാര്യ രൂറ്റും പ്രത്യേക പയനി​യർമാ​രാ​യി ഐസ്‌ലൻഡിൽ എത്തിയത്‌. വിദേ​ശീ​യ​രായ സഹോ​ദ​രങ്ങൾ അവരവ​രു​ടെ ഭാഷയിൽ, ഇംഗ്ലീഷ്‌, ജർമൻ, ഡാനീഷ്‌, നോർവീ​ജി​യൻ, ഫിന്നിഷ്‌, സ്വീഡിഷ്‌ തുടങ്ങി​യ​വ​യിൽ ഏതെങ്കി​ലു​മൊ​രു ഭാഷയി​ലുള്ള പാട്ടു​പു​സ്‌തകം ഉപയോ​ഗി​ച്ചു പാടി​യി​രു​ന്നത്‌ രൂറ്റ്‌ ഇപ്പോ​ഴും ഓർമി​ക്കു​ന്നു. അവയിൽ ഏറ്റവും നന്നായി അറിയാ​വുന്ന ഒരു ഭാഷാ​ക്കൂ​ട്ട​ത്തി​ന്റെ കൂടെ ചേർന്ന്‌ ഐസ്‌ലൻഡി​ലെ സഹോ​ദ​രങ്ങൾ പാടു​മാ​യി​രു​ന്നു. സഹോ​ദരി പറയുന്നു, “അത്‌ ശരിക്കു​മൊ​രു മിശ്ര ഗായക​സം​ഘ​മാ​യി​രു​ന്നു എന്നു പറയാം!” ക്രമേണ, തുടർന്നുള്ള വർഷങ്ങ​ളിൽ കൂടുതൽ രാജ്യ​ഗീ​തങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഒടുവിൽ 1999-ൽ 225 ഗീതങ്ങ​ളും അടങ്ങിയ പാട്ടു​പു​സ്‌തകം ഐസ്‌ലാൻഡി​ക്കിൽ ലഭ്യമാ​യി. യഹോ​വയെ സ്‌തു​തി​ക്കു​ന്ന​തി​നുള്ള ഈ സഹായത്തെ സഹോ​ദ​രങ്ങൾ എത്ര വിലമ​തി​ച്ചു​വെ​ന്നോ!

ഐസ്‌ലൻഡിൽ 1999 ആഗസ്റ്റിൽ നടന്ന ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷന്‌ ഒരു സവി​ശേഷത ഉണ്ടായി​രു​ന്നു. ദാനീ​യേൽ പ്രവച​ന​ത്തി​നു ശ്രദ്ധ കൊടു​പ്പിൻ! എന്ന പുസ്‌തകം ഇംഗ്ലീഷ്‌ പതിപ്പി​നൊ​പ്പം​തന്നെ ഐസ്‌ലാൻഡി​ക്കിൽ പ്രസി​ദ്ധീ​ക​രി​ച്ചു. കൺ​വെൻ​ഷ​നിൽ, പ്രസം​ഗകൻ ഇംഗ്ലീ​ഷി​ലുള്ള പുസ്‌ത​ക​ത്തി​ന്റെ പ്രകാ​ശനം അറിയി​ച്ച​പ്പോൾ എല്ലാവ​രും കൈയ​ടി​ച്ചു. ഐസ്‌ലാൻഡി​ക്കി​ലുള്ള ഈ പുസ്‌ത​ക​ത്തി​ന്റെ പതിപ്പ്‌ പിന്നീട്‌ പുറത്തി​റ​ങ്ങു​മെന്നു സഹോ​ദരൻ അടുത്ത​താ​യി പറയു​മെ​ന്നാണ്‌ അവർ കരുതി​യത്‌. എന്നാൽ ആ പ്രതീ​ക്ഷ​യ്‌ക്കു വിപരീ​ത​മാ​യി ഐസ്‌ലാൻഡി​ക്കി​ലുള്ള പുസ്‌തകം കാണി​ച്ചു​കൊണ്ട്‌, ആ പുസ്‌തകം ഐസ്‌ലാൻഡി​ക്കി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു എന്ന്‌ അദ്ദേഹം അറിയി​ച്ച​പ്പോൾ അവർക്കു​ണ്ടായ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു! അതിനു​ശേഷം, യെശയ്യാ പ്രവചനം—മുഴു മനുഷ്യ​വർഗ​ത്തി​നു​മുള്ള വെളിച്ചം 1-ഉം 2-ഉം വാല്യ​ങ്ങ​ളും ഇംഗ്ലീഷ്‌ പതിപ്പി​നൊ​പ്പം​തന്നെ പ്രകാ​ശ​നം​ചെ​യ്‌തു.

ബെഥേൽ വിപു​ലീ​ക​ര​ണ​വും കൂടു​ത​ലായ വർധന​യും

1998-ൽ ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ കൂടു​ത​ലായ നവീകരണ പ്രവർത്ത​ന​ങ്ങൾക്കു വിധേ​യ​മാ​യി. ബെഥേൽ അംഗങ്ങൾക്കു താമസി​ക്കാൻ റോഡി​ന്റെ എതിർവ​ശ​ത്തുള്ള രണ്ടു ഫ്‌ളാ​റ്റു​കൾ വിലയ്‌ക്കു​വാ​ങ്ങി. അത്‌ പരിഭാ​ഷാ വിഭാ​ഗ​ത്തി​നു കൂടുതൽ സ്ഥലസൗ​ക​ര്യം ലഭിക്കാൻ ഇടയാക്കി. ഈ കഴിഞ്ഞ വർഷങ്ങ​ളിൽ, ന്യൂ​യോർക്കി​ലെ ലോക ആസ്ഥാന​ത്തു​നി​ന്നുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ സന്ദർശ​ന​ങ്ങ​ളിൽനി​ന്നും പരിഭാ​ഷാ​വി​ഭാ​ഗ​ത്തി​ലെ സഹോ​ദ​രങ്ങൾ പ്രയോ​ജനം നേടി​യി​രി​ക്കു​ന്നു. പരിഭാ​ഷാ ജോലി​കൾക്കു​വേണ്ടി യഹോ​വ​യു​ടെ സാക്ഷി​കൾതന്നെ പ്രത്യേ​കം വികസി​പ്പി​ച്ചെ​ടുത്ത കമ്പ്യൂട്ടർ പ്രോ​ഗ്രാ​മു​കൾ ആ സഹോ​ദ​ര​ന്മാർ അവരെ പഠിപ്പി​ച്ചു.

അടുത്ത​യി​ടെ, ലോക ആസ്ഥാന​ത്തു​നി​ന്നുള്ള പ്രതി​നി​ധി​കൾ ഇംപ്രൂ​വ്‌ഡ്‌ ഇംഗ്ലീഷ്‌ കോ​മ്പ്ര​ഹെൻഷൻ കോഴ്‌സ്‌ നടത്തി. പരിഭാ​ഷ​കർക്ക്‌, അവരുടെ പരിഭാഷ തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ ഇംഗ്ലീഷ്‌ മെച്ചമാ​യി മനസ്സി​ലാ​ക്കാ​നുള്ള സഹായം അത്‌ നൽകി.

ബ്രാഞ്ച്‌ ഓഫീസ്‌ ഇങ്ങനെ എഴുതു​ന്നു: “പിന്നിട്ട വർഷങ്ങ​ളി​ലേക്കു തിരി​ഞ്ഞു​നോ​ക്കു​മ്പോൾ സൗകര്യ​ങ്ങൾ കുറവാ​യി​രു​ന്നി​ട്ടും, ഭാഷയി​ലുള്ള അറിവു പരിമി​ത​മാ​യി​രു​ന്നി​ട്ടും പരിഭാഷ നിർവ​ഹി​ക്കാൻ ചിലർ ധൈര്യം കാണി​ച്ച​തിൽ ഞങ്ങൾക്കു വളരെ സന്തോ​ഷ​മുണ്ട്‌. പരിഭാഷ ഇന്നത്തെ​യത്ര നിലവാ​രം പുലർത്തി​യി​രു​ന്നി​ല്ലെ​ങ്കി​ലും, ‘അല്‌പ​കാ​ര്യ​ങ്ങ​ളു​ടെ ദിവസത്തെ ഞങ്ങൾ തുച്ഛീ​ക​രി​ക്കു​ന്നില്ല.’ (സെഖ. 4:10) യഹോ​വ​യു​ടെ നാമവും രാജ്യ​വും ഐസ്‌ലൻഡിൽ അറിയ​പ്പെ​ടാൻ ഇടയാ​യി​രി​ക്കു​ന്ന​തി​ലും അനേകം ആളുകൾ സത്യം പഠിച്ചി​രി​ക്കു​ന്ന​തി​ലും ഞങ്ങൾ അതിയാ​യി സന്തോ​ഷി​ക്കു​ന്നു.”

ഇന്ന്‌, ബ്രാഞ്ച്‌ ഓഫീ​സിൽ എട്ട്‌ മുഴു​സമയ ശുശ്രൂ​ഷ​ക​രുണ്ട്‌. മറ്റു ചിലർ മുഴു​സ​മ​യ​വും ബെഥേ​ലിൽ പ്രവർത്തി​ക്കു​ന്നി​ല്ലെ​ങ്കി​ലും ദിവസ​വും കുറച്ചു സമയ​ത്തേക്കു വന്ന്‌ ജോലി​ക​ളിൽ സഹായി​ക്കു​ന്നു. ബ്രാഞ്ചി​ലുള്ള രാജ്യ​ഹാ​ളി​നു പകരമാ​യി റേക്യ​വി​ക്കി​ലെ സഭകൾക്കു കൂടി​വ​രാ​നാ​യി അവി​ടെ​ത്തന്നെ ഒരു പുതിയ ഹാൾ പണിതു. അതേത്തു​ടർന്നി​പ്പോൾ കൂടുതൽ ബെഥേൽ സേവകരെ താമസി​പ്പി​ക്കാ​നുള്ള സൗകര്യ​ത്തി​നാ​യി ബ്രാഞ്ച്‌ പുതു​ക്കി​പ്പ​ണി​യു​ന്ന​തി​നു​വേണ്ട ആസൂ​ത്ര​ണങ്ങൾ നടത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

ഐസ്‌ലൻഡിൽ സുവാർത്ത പ്രസം​ഗി​ക്കു​ന്ന​വ​രു​ടെ പക്ഷത്ത്‌ സ്ഥിരോ​ത്സാ​ഹം, ആത്മത്യാഗ മനോ​ഭാ​വം, സ്‌നേഹം എന്നിവ ആവശ്യ​മാ​യി​രു​ന്നി​ട്ടുണ്ട്‌. എന്നാൽ കഴിഞ്ഞ 76 വർഷങ്ങ​ളി​ലാ​യി തീക്ഷ്‌ണ​രായ രാജ്യ​ഘോ​ഷകർ ഐസ്‌ലൻഡിൽ ചെയ്‌തി​ട്ടുള്ള കഠിനാ​ധ്വാ​നം വ്യർഥ​മാ​യി​ട്ടില്ല എന്ന്‌ ഉറപ്പിച്ചു പറയാൻ കഴിയും. വിശ്വ​സ്‌ത​രായ ധാരാളം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ ആ കൊയ്‌ത്തു​വേ​ല​യിൽ പങ്കുണ്ടാ​യി​രു​ന്നു. ഏതാനും വർഷ​ത്തേക്ക്‌ ഐസ്‌ലൻഡിൽ സേവി​ക്കു​ന്ന​തി​നാ​യി, വലി​യൊ​രു കൂട്ടം​തന്നെ മറ്റുരാ​ജ്യ​ങ്ങ​ളിൽനിന്ന്‌ അവി​ടേക്കു മാറി​ത്താ​മ​സി​ച്ചു. അവരുടെ സേവനം എന്നും സ്‌മരി​ക്ക​പ്പെ​ടും. ചിലരാ​കട്ടെ, പിന്നീട്‌ അവിടെ സ്ഥിരതാ​മ​സ​മാ​ക്കു​ക​യും ചെയ്‌തു. ഐസ്‌ലൻഡു​കാ​രായ ധാരാളം പ്രസാ​ധകർ പ്രകടി​പ്പിച്ച സ്ഥിരോ​ത്സാ​ഹ​വും എടുത്തു​പ​റ​യേ​ണ്ട​താണ്‌.

ഐസ്‌ലൻഡി​ലെ രാജ്യ​പ്ര​സാ​ധ​ക​രു​ടെ ശരാശരി എണ്ണം വളരെ കുറവാ​ണെ​ങ്കി​ലും, അവിടെ യഹോ​വ​യു​ടെ സാക്ഷി​കളെ അറിയാ​ത്തവർ ചുരു​ക്ക​മാണ്‌. ഇന്ന്‌, അവിടത്തെ ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലും ചെറിയ സഭകളി​ലും ആയി ഏഴു മിഷന​റി​മാർ പ്രവർത്തി​ക്കു​ന്നുണ്ട്‌. കഴിഞ്ഞ സേവന​വർഷം, യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​ത്തിന്‌ 543 പേർ ഹാജരാ​യി. 180-നടുത്ത്‌ ബൈബി​ള​ധ്യ​യ​ന​ങ്ങ​ളും നടത്ത​പ്പെ​ടു​ന്നുണ്ട്‌.

“കുറഞ്ഞവൻ ആയിര​വും ചെറി​യവൻ മഹാജാ​തി​യും ആയിത്തീ​രും; യഹോ​വ​യായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്ര​മാ​യി നിവർത്തി​ക്കും” എന്ന യെശയ്യാ​വു 60:22-ലെ വാക്കു​ക​ളു​ടെ നിവൃത്തി എന്നെങ്കി​ലു​മൊ​രി​ക്കൽ ഒരുപക്ഷേ ഐസ്‌ലൻഡി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ ആസ്വദി​ക്കാൻ കഴി​ഞ്ഞേ​ക്കാം. എന്തായി​രു​ന്നാ​ലും, രാജാ​വായ യേശു​ക്രി​സ്‌തു ഭരമേൽപ്പി​ച്ചി​രി​ക്കുന്ന സുവാർത്താ പ്രസം​ഗ​വേല പൂർണ​മാ​യി നിർവ​ഹി​ക്കാൻ ഐസ്‌ലൻഡി​ലെ സഹോ​ദ​രങ്ങൾ ദൃഢചി​ത്ത​രാണ്‌. സ്വീകാ​ര്യ​ക്ഷ​മ​ത​യും വിലമ​തി​പ്പും ഉള്ള ആളുക​ളു​ടെ ഹൃദയ​ങ്ങ​ളിൽ സത്യത്തി​ന്റെ വിത്തു വളരാൻ യഹോവ ഇടയാ​ക്കു​മെന്ന ഉറച്ച വിശ്വാ​സം അവർക്കുണ്ട്‌!—മത്താ. 24:14; 1 കൊരി. 3:6, 7; 2 തിമൊ. 4:5.

[205-ാം പേജിലെ ചതുരം]

കുടുംബപ്പേരുകൾ ഇല്ലാത്തി​ടം

സ്വന്തം പേരി​നൊ​ടു​വിൽ കുടും​ബ​പ്പേരു ചേർക്കുന്ന ഒരു രീതി ഐസ്‌ലൻഡു​കാർക്കി​ട​യിൽ ഇല്ല. ആളുകൾ പരസ്‌പരം അവരുടെ ആദ്യ പേര്‌ ഉപയോ​ഗി​ച്ചു സംബോ​ധ​ന​ചെ​യ്യു​ന്നു. മകനാ​ണെ​ങ്കിൽ പിതാ​വി​ന്റെ പേരി​നോട്‌ സൺ എന്നും മകളാ​ണെ​ങ്കിൽ ഡോട്ടിർ എന്നും ചേർത്താണ്‌ ഒരു കുട്ടി​യു​ടെ രണ്ടാമത്തെ പേര്‌ തീരു​മാ​നി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ഹരാൾഡർ എന്നു പേരുള്ള ഒരാളു​ടെ മകന്റെ രണ്ടാമത്തെ പേര്‌ ഹരാൾഡ്‌സ്‌സൺ എന്നും മകളു​ടേത്‌ ഹരാൾഡ്‌സ്‌ഡോ​ട്ടിർ എന്നും ആയിരി​ക്കും. വിവാ​ഹ​ശേ​ഷ​വും സ്‌ത്രീ​ക​ളു​ടെ പേരിനു മാറ്റം വരുന്നില്ല. ഒരേ പേരിൽ ധാരാളം ആളുകൾ ഉള്ളതു​കൊണ്ട്‌, ടെലി​ഫോൺ ഡയറക്ട​റി​ക​ളിൽ പേരും അഡ്രസ്സും, ഫോൺന​മ്പ​റും കൂടാതെ ഓരോ​രു​ത്ത​രു​ടെ​യും ജോലി കൂടി രേഖ​പ്പെ​ടു​ത്തു​ന്നു. വംശാ​വലി സംബന്ധിച്ച രേഖകൾ സംരക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തു​കൊണ്ട്‌, ആയിര​ത്തി​ല​ധി​കം വർഷം മുമ്പുള്ള പൂർവി​ക​രെ​ക്കു​റി​ച്ചു​പോ​ലും അറിയാൻ ഐസ്‌ലൻഡു​കാർക്കു കഴിയും.

[208-ാം പേജിലെ ചതുരം]

ഐസ്‌ലൻഡ്‌—ഒരു ആകമാന വീക്ഷണം

ഭൂപ്രകൃതി: ഉത്തര അറ്റ്‌ലാ​ന്റിക്‌ സമുദ്രം, ഗ്രീൻലാൻഡ്‌ കടൽ, നോർവീ​ജി​യൻ കടൽ എന്നിവ​യാൽ ചുറ്റപ്പെട്ട നിലയിൽ ആർട്ടിക്‌ വൃത്തത്തി​നു തൊട്ടു​താ​ഴെ​യാ​യി സ്ഥിതി​ചെ​യ്യുന്ന ഒരു ദ്വീപ​രാ​ഷ്‌ട്ര​മാണ്‌ ഐസ്‌ലൻഡ്‌. ധാരാളം അഗ്നിപർവ​ത​ങ്ങ​ളും ഉഷ്‌ണ​ജ​ല​സ്രോ​ത​സ്സു​ക​ളും (hot springs) ജലവും നീരാ​വി​യും ഇടവിട്ട്‌ പുറ​ത്തേക്ക്‌ വമിപ്പി​ക്കുന്ന ചൂടു​നീ​രു​റ​വ​ക​ളും (geysers) ഇവി​ടെ​യുണ്ട്‌. ദ്വീപി​ന്റെ പത്തി​ലൊന്ന്‌ ഹിമന​ദി​ക​ളാൽ മൂട​പ്പെ​ട്ടാ​ണു കിടക്കു​ന്നത്‌.

ജനങ്ങൾ: അവി​ടെ​യു​ള്ളവർ പ്രധാ​ന​മാ​യും നോർവേ​യിൽനി​ന്നു കുടി​യേ​റി​പ്പാർത്ത വൈക്കി​ങ്ങു​ക​ളു​ടെ പിൻഗാ​മി​ക​ളാണ്‌. പൊതു​വെ കഠിനാ​ധ്വാ​നി​ക​ളും, രൂപകൽപ്പ​നാ​പാ​ടവം ഉള്ളവരും വിശാ​ല​മ​ന​സ്‌ക​രു​മാ​ണവർ. മിക്കവ​രും തീര​പ്ര​ദേ​ശ​ത്താ​ണു ജീവി​ക്കു​ന്നത്‌.

ഭാഷ: ഔദ്യോ​ഗിക ഭാഷ ഐസ്‌ലാൻഡിക്‌ ആണെങ്കി​ലും അനേക​രും ഇംഗ്ലീഷ്‌, ജർമൻ, അല്ലെങ്കിൽ സ്‌കാൻഡി​നേ​വി​യൻ ഭാഷക​ളിൽ ഏതെങ്കി​ലു​മോ പോലുള്ള ഒന്നിൽ കൂടുതൽ വിദേ​ശ​ഭാ​ഷകൾ സംസാ​രി​ക്കു​ന്ന​വ​രാണ്‌.

ഉപജീവന മാർഗം: മത്സ്യവ്യ​വ​സാ​യം ഐസ്‌ലൻഡി​ന്റെ സമ്പദ്‌വ്യ​വ​സ്ഥ​യു​ടെ നട്ടെല്ലാണ്‌ എന്നു പറയാം. മത്സ്യബന്ധന ബോട്ടു​കൾ ഉപയോ​ഗി​ച്ചു പിടി​ക്കുന്ന കാപെ​ലിൻ, കോഡ്‌, ഹാഡോക്‌, ഹെറിങ്ങ്‌ തുടങ്ങിയ മത്സ്യങ്ങ​ളു​ടെ വലി​യൊ​രു ഭാഗം സംസ്‌ക​രിച്ച്‌ കയറ്റി അയയ്‌ക്കു​ന്നു.

ആഹാരം: പൊതു​വെ ഭക്ഷണത്തിൽ മത്സ്യവും ആടും പെടുന്നു. ചെമ്മരി​യാ​ടി​ന്റെ തല പുഴു​ങ്ങി​യെ​ടു​ക്കു​ന്നത്‌ ഐസ്‌ലൻഡി​ലെ ഒരു പ്രത്യേക വിഭവ​മാണ്‌.

കാലാവസ്ഥ: അറ്റ്‌ലാ​ന്റി​ക്കി​ലെ ഒരു ഉഷ്‌ണജല സമു​ദ്ര​പ്ര​വാ​ഹ​ത്തി​ന്റെ സ്വാധീ​ന​ഫ​ല​മാ​യി ഇവിടെ മിതോഷ്‌ണ കാലാ​വ​സ്ഥ​യാണ്‌ ഉള്ളത്‌. ശീതകാ​ലം അത്ര​യേറെ കഠിന​മ​ല്ലെ​ങ്കി​ലും ആ സമയത്ത്‌ കാറ്റ്‌ ശക്തിയാ​യി വീശുന്നു. ഉഷ്‌ണ​കാ​ലം മിതമായ തണുപ്പു​ള്ള​താണ്‌ എന്നതാണ്‌ കാലാ​വ​സ്ഥ​യു​ടെ മറ്റൊരു പ്രത്യേ​കത.

[210-ാം പേജിലെ ചതുരം/ചിത്രം]

സെപ്‌റ്റം​ബർ 6, 1942: “ഇപ്പോ​ഴും ഇവിടെ ഒരേ​യൊ​രു പയനിയർ മാത്ര​മാണ്‌ ഉള്ളത്‌. അതു​കൊണ്ട്‌ റിപ്പോർട്ട്‌ ചെയ്യാൻ അധികം ഒന്നുമില്ല. ഐസ്‌ലൻഡി​ലെ ജനസംഖ്യ ഏതാണ്ട്‌, 1,20,000 ആണ്‌. കൃഷി​യി​ട​ങ്ങ​ളോ​ടു ചേർന്ന്‌ 6,000-ത്തോളം വീടു​ക​ളും ഉണ്ട്‌. ഈ കൃഷി​യി​ട​ങ്ങ​ളിൽ എത്തി​ച്ചേ​രു​ന്ന​തി​നുള്ള ഏക ആശ്രയം പോണി​ക​ളാണ്‌, സവാരി​ക്കും സാധനങ്ങൾ ചുമക്കു​ന്ന​തി​നു​മെ​ല്ലാം അവതന്നെ ശരണം. ഈ വീടു​ക​ളെ​ല്ലാം സന്ദർശി​ച്ചു​തീർക്ക​ണ​മെ​ങ്കിൽ, ഏകദേശം 16,000 കിലോ​മീ​റ്റർ സഞ്ചരി​ക്കണം. അവിടെ എത്തി​ച്ചേ​ര​ണ​മെ​ങ്കിൽ ഒരുപാ​ടു മലകളും അവയിൽനിന്ന്‌ ഉത്ഭവി​ക്കുന്ന നദിക​ളും കടക്കണം. ഇതുവരെ, സന്ദേശ​ത്തിൽ ആരും​തന്നെ വലിയ താത്‌പ​ര്യം കാണി​ച്ചി​ട്ടില്ല.”

ഐസ്‌ലൻഡിൽ 13 വർഷം പയനി​യ​റാ​യി സേവി​ച്ച​ശേഷം ഗേയോർഗ്‌ എഫ്‌. ലിൻഡാൽ സഹോ​ദരൻ എഴുതി​യ​താണ്‌ ഈ വരികൾ. അതിനു​ശേഷം അഞ്ചു വർഷം കൂടെ അവിടത്തെ ഏക പ്രസാ​ധ​ക​നാ​യി അദ്ദേഹം തുടർന്നു.

[213, 214 പേജു​ക​ളി​ലെ ചതുരം/ചിത്രം]

വിശ്വസ്‌തസേവനത്തിന്റെ ഒരു രേഖ

ഐസ്‌ലൻഡിൽ പ്രവർത്തി​ക്കാ​നാ​യി നിയമനം ലഭിച്ച ആദ്യകാല മിഷന​റി​മാ​രിൽ ഒരാളാ​യി​രു​ന്നു, ഗിലെ​യാ​ദി​ന്റെ 11-ാം ക്ലാസ്സിൽനി​ന്നു ബിരുദം നേടിയ ഒലിവർ മക്‌ഡൊ​നാൾഡ്‌. 1948 ഡിസം​ബ​റിൽ ഇങ്‌ഗ്വാഡ്‌ യെൻസന്റെ കൂടെ അദ്ദേഹം അവി​ടെ​യെത്തി. ന്യൂ​യോർക്കിൽനിന്ന്‌ ഐസ്‌ലൻഡി​ലേ​ക്കുള്ള അവരുടെ യാത്ര ചരക്കു​ക​പ്പ​ലിൽ ആയിരു​ന്നു. പ്രക്ഷു​ബ്ധ​മാ​യി​രുന്ന ഉത്തര അറ്റ്‌ലാ​ന്റിക്‌ സമു​ദ്ര​ത്തി​ലൂ​ടെ 14 ദിവസം നീണ്ട ആ യാത്ര​യിൽ ഒട്ടുമു​ക്കാൽ സമയവും രണ്ടു​പേ​രും കടൽച്ചൊ​രു​ക്കു നിമിത്തം വല്ലാതെ ബുദ്ധി​മു​ട്ടി.

1950 മാർച്ചിൽ, ബ്രിട്ടൻ ബെഥേ​ലിൽ സേവി​ച്ചി​രുന്ന ഇംഗ്ലണ്ടിൽനി​ന്നുള്ള സാലി വൈൽഡി​നെ മക്‌ഡൊ​നാൾഡ്‌ വിവാഹം കഴിച്ചു. ആ പ്രാരംഭ വർഷങ്ങ​ളിൽ മാക്കും (അദ്ദേഹ​ത്തി​ന്റെ ഓമന​പ്പേര്‌) സാലി​യും തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ച്ചു. അന്ന്‌ അവരോ​ടൊ​ത്തു പഠിച്ച പലരും ഇപ്പോ​ഴും വിശ്വ​സ്‌ത​ത​യോ​ടെ യഹോ​വയെ സേവി​ക്കു​ന്നു.

1957-ൽ മാക്കും സാലി​യും ഇംഗ്ലണ്ടി​ലേക്കു മടങ്ങി. ഐസ്‌ലൻഡിൽ ആയിരി​ക്കെ​ത്തന്നെ സാലിക്ക്‌ അർബുദം പിടി​പെ​ട്ടി​രു​ന്നു​വെന്ന്‌ കണ്ടെത്തി​യി​രു​ന്നു. സാലി പിന്നീട്‌ ഇംഗ്ലണ്ടിൽവെച്ചു മരണമ​ടഞ്ഞു. സാലി​യു​ടെ മരണത്തി​നു​ശേഷം മാക്‌ വീണ്ടും മുഴു​സമയ ശുശ്രൂ​ഷ​യിൽ പ്രവേ​ശി​ക്കു​ക​യും സാധാരണ പയനി​യ​റാ​യി സേവി​ക്കു​ക​യും ചെയ്‌തു. പിന്നീട്‌ 13 വർഷം സഞ്ചാര മേൽവി​ചാ​രകൻ എന്ന നിലയി​ലും അദ്ദേഹം പ്രവർത്തി​ച്ചു. ഒരു പ്രത്യേക പയനിയർ ആയിരുന്ന വലെറി ഹാർഗ്രി​വ്‌സി​നെ 1960-ൽ അദ്ദേഹം വിവാഹം കഴിച്ചു. വടക്കൻ സ്‌കോ​ട്ട്‌ലൻഡു മുതൽ ഇംഗ്ലണ്ടി​ന്റെ തെക്കൻ തീരത്തു​നിന്ന്‌ വിട്ടു​കി​ട​ക്കുന്ന ചാനൽ ദ്വീപു​കൾ വരെയുള്ള ബ്രിട്ട​നി​ലെ വിവിധ സർക്കി​ട്ടു​ക​ളിൽ അവർ സേവിച്ചു. ഇംഗ്ലണ്ടി​ന്റെ വടക്കോ​ട്ടുള്ള പ്രദേ​ശങ്ങൾ സന്ദർശിച്ച്‌ ഒടുവിൽ സ്‌കോ​ട്ട്‌ലൻഡി​ന്റെ വടക്കൻ തീരത്തു​നിന്ന്‌ വിട്ടു​കി​ട​ക്കുന്ന ഷെറ്റ്‌ലൻഡ്‌ ദ്വീപു​ക​ളിൽ എത്തു​മ്പോൾ, “അടുത്ത സ്റ്റോപ്പ്‌ ഐസ്‌ലൻഡാണ്‌” എന്നു മാക്‌ പറയു​മാ​യി​രു​ന്നു. എങ്കിലും, അപ്പോ​ഴൊ​ന്നും തങ്ങൾ എന്നെങ്കി​ലും അവിടെ പോകു​മെന്ന്‌ അദ്ദേഹം കരുതി​യ​തേ​യില്ല.

എന്നാൽ, 1972-ൽ മാക്കും വലെറി​യും മിഷന​റി​മാ​രാ​യി നിയമി​ക്ക​പ്പെ​ട്ട​പ്പോൾ അവർക്ക്‌ ഐസ്‌ലൻഡി​ലേക്കു പുനർനി​യ​മനം ലഭിച്ചു. അവിടെ മാക്‌ ബ്രാഞ്ച്‌ ദാസനാ​യും പിന്നീട്‌ ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡി​നേ​റ്റ​റാ​യും സേവിച്ചു. അദ്ദേഹ​വും വലെറി​യും ഏഴു വർഷ​ത്തോ​ളം അവിടെ താമസി​ച്ചു. അതിനു​ശേഷം അവർക്ക്‌ അയർലൻഡി​ലേക്കു മിഷനറി നിയമനം ലഭിച്ചു. അവിടെ ആദ്യം ഡബ്ലിനി​ലും പിന്നീട്‌ അയർലൻഡി​ന്റെ വടക്കു​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി അവർ പ്രവർത്തി​ച്ചു. അയർലൻഡി​ലെ 20 വർഷത്തെ സേവന​ത്തി​നു​ശേഷം 1999 ഡിസം​ബ​റിൽ അർബുദം ബാധിച്ച്‌ മാക്‌ മരണമ​ടഞ്ഞു. അപ്പോ​ഴേ​ക്കും അദ്ദേഹം മുഴു​സമയ ശുശ്രൂ​ഷ​യിൽ 60 വർഷം ചെലവ​ഴി​ച്ചി​രു​ന്നു. വലെറി ഇപ്പോ​ഴും അയർലൻഡി​ന്റെ വടക്കു​ഭാ​ഗ​ത്തുള്ള ബെൽഫാ​സ്റ്റിൽ ഒരു സാധാരണ പയനി​യ​റാ​യി സേവി​ക്കു​ന്നു.

[ചിത്രം]

വലെറിയും ഒലിവർ മക്‌ഡൊ​നാൾഡും റേക്യ​വി​ക്കിൽ, 1970-കളിൽ എടുത്ത ചിത്രം

[218-ാം പേജിലെ ചതുരം/ചിത്രം]

റേക്യവിക്‌

“പുകയുന്ന ഉൾക്കടൽ” എന്ന അർഥം വരുന്ന റേക്യ​വിക്‌ ആണ്‌ ഐസ്‌ലൻഡി​ന്റെ തലസ്ഥാനം. ആദ്യമാ​യി അവിടെ കുടി​യേറി സ്ഥിരതാ​മ​സ​മാ​ക്കിയ ഇയ്‌ങ്‌ഗോൾഫർ അർഡ്‌നാർസൺ ആണ്‌ ഉഷ്‌ണ​ജ​ല​സ്രോ​ത​സ്സു​ക​ളിൽനിന്ന്‌ ഉയരുന്ന നീരാവി സ്‌തം​ഭങ്ങൾ കണ്ട്‌, അതിന്‌ ആ പേരു നൽകി​യത്‌. ഇന്ന്‌ റേക്യ​വിക്‌ ഏതാണ്ട്‌ 1,80,000-ത്തോളം ജനസം​ഖ്യ​യുള്ള തിരക്കു​പി​ടിച്ച ഒരു ആധുനിക നഗരമാണ്‌.

[223, 224 പേജു​ക​ളി​ലെ ചതുരം/ചിത്രം]

അവർ ഐസ്‌ലൻഡി​നെ സ്വന്തം ഭവനമാ​ക്കി​ത്തീർത്തു

ഡെന്മാർക്കിൽനി​ന്നുള്ള പോൾ ഹൈനെ പിദെർസനെ 1959-ൽ, ഐസ്‌ലൻഡി​ലേക്ക്‌ ഒരു പ്രത്യേക പയനി​യ​റാ​യി നിയമി​ച്ചു. 1961-ൽ യൂറോ​പ്പിൽ നടന്ന “ഏകീകൃത ആരാധകർ” അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷൻ പരമ്പര​യിൽ രണ്ടെണ്ണ​ത്തിൽ അദ്ദേഹം പങ്കെടു​ത്തു. ഈ കൺ​വെൻ​ഷ​നു​ക​ളിൽ ചിലതിൽ പങ്കെടു​ക്കാൻ യു.എസ്‌.എ.-യിലെ കാലി​ഫോർണി​യ​യിൽനി​ന്നു വന്ന വൈ​ലെ​റ്റി​നെ അദ്ദേഹം അവി​ടെ​വെച്ചു പരിച​യ​പ്പെട്ടു.

കൺ​വെൻ​ഷ​നു​കൾക്കു​ശേഷം, പോൾ ഐസ്‌ലൻഡി​ലേക്കു തിരി​ച്ചു​പോ​യി. വൈ​ലെറ്റ്‌ കാലി​ഫോർണി​യ​യി​ലെ വീട്ടി​ലേ​ക്കും മടങ്ങി. അഞ്ചുമാ​സ​ത്തോ​ളം അവർ പരസ്‌പരം കത്തുക​ളെ​ഴു​തി. 1962 ജനുവ​രി​യിൽ പോളി​നെ വിവാഹം കഴിക്കാ​നാ​യി വൈ​ലെറ്റ്‌ ഐസ്‌ലൻഡി​ലെത്തി. ജനവാസം വളരെ​ക്കു​റഞ്ഞ വടക്കു​പ​ടി​ഞ്ഞാ​റൻ ഐസ്‌ലൻഡി​ലെ ഏക സാക്ഷി​യാ​യി​രു​ന്നു പോൾ. അദ്ദേഹം അപ്പോ​ഴും പയനി​യ​റാ​യി സേവി​ക്കു​ക​യാ​യി​രു​ന്നു. ശീതകാ​ല​മ​ധ്യ​ത്തിൽ രണ്ടു മാസ​ത്തേക്ക്‌ സൂര്യൻ എത്തി​നോ​ക്കു​ക​പോ​ലും ചെയ്യാത്ത ഒരു കൊച്ചു പട്ടണത്തിൽ അവർ താമസ​മാ​ക്കി. ആ പ്രദേ​ശത്തെ ചില ആളുക​ളു​ടെ അടുത്ത്‌ എത്തി​ച്ചേ​രു​ന്ന​തിന്‌, മിക്ക​പ്പോ​ഴും ഐസു മൂടി​ക്കി​ട​ക്കുന്ന ചെങ്കു​ത്തായ മലമ്പാ​ത​ക​ളി​ലൂ​ടെ അവർക്കു യാത്ര ചെയ്യേ​ണ്ടി​യി​രു​ന്നു. യാത്ര​യ്‌ക്ക്‌ അവർക്കു​ണ്ടാ​യി​രുന്ന ഏക ആശ്രയം പോൾ ഡെന്മാർക്കിൽനി​ന്നു കൂടെ കൊണ്ടു​വന്ന ഒരു മോ​ട്ടോർ​സൈ​ക്കിൾ ആയിരു​ന്നു. കാലി​ഫോർണി​യ​യി​ലെ ഊഷ്‌മള കാലാ​വ​സ്ഥ​യിൽ ജനിച്ചു​വ​ളർന്ന വൈ​ലെ​റ്റിന്‌, ഐസ്‌ലൻഡിൽ അധിക​നാൾ പിടി​ച്ചു​നിൽക്കാൻ കഴിയി​ല്ലെന്ന്‌ അനേകം സഹോ​ദ​ര​ന്മാ​രും കരുതി. എന്നാൽ, സഹോ​ദ​രിക്ക്‌ അതിനു കഴിഞ്ഞു. സഹോ​ദരി ആ രാജ്യ​ത്തെ​യും അവിടത്തെ ആളുക​ളെ​യും സ്‌നേ​ഹി​ച്ചു തുടങ്ങു​ക​യും ചെയ്‌തു.

1965-ൽ മകൾ എലിസാ​ബെറ്റ്‌ ജനിക്കു​ന്ന​തു​വരെ പോളും വൈ​ലെ​റ്റും ഒരുമി​ച്ചു പയനി​യ​റിങ്‌ ചെയ്‌തു. പോൾ 1975 വരെ പയനി​യ​റിങ്‌ തുടർന്നു. ആ വർഷങ്ങ​ളിൽ, അവസരം ലഭിക്കു​മ്പോ​ഴെ​ല്ലാം വൈ​ലെ​റ്റും പയനി​യ​റിങ്‌ ചെയ്യു​മാ​യി​രു​ന്നു. 1977-ൽ പോളി​ന്റെ ആരോ​ഗ്യ​സ്ഥി​തി മോശ​മാ​യ​തി​നെ​ത്തു​ടർന്ന്‌ കാലി​ഫോർണി​യ​യി​ലേക്കു മടങ്ങാൻ അവർ തീരു​മാ​നി​ച്ചു. എന്നാൽ കുറച്ചു നാളു​കൾക്കു​ശേഷം, രാജ്യ​പ്ര​സാ​ധ​ക​രു​ടെ ആവശ്യം അധിക​മുള്ള സ്ഥലത്തു സേവി​ക്കാ​നുള്ള അവരുടെ ഉത്‌ക​ട​മായ ആഗ്രഹം നിമിത്തം വീണ്ടും പയനി​യ​റിങ്‌ തുടങ്ങി. മകളുടെ സ്‌കൂൾ പഠനം കഴിയു​ക​യും അവൾക്ക്‌ പ്രായ​പൂർത്തി​യാ​കു​ക​യും ചെയ്‌ത​തോ​ടെ, അവർ മിഷന​റി​മാ​രാ​യി നിയമനം ലഭിച്ച്‌ ഐസ്‌ലൻഡിൽ മടങ്ങി​യെത്തി. അൽപ്പകാ​ലം മിഷന​റി​മാ​രാ​യി സേവി​ച്ച​ശേഷം അവർ കുറച്ചു കാലം സഞ്ചാര​വേ​ല​യി​ലും ചെലവ​ഴി​ച്ചു. 1989-ൽ ബ്രാഞ്ചു കമ്മിറ്റി അംഗമാ​യി സേവന​മ​നു​ഷ്‌ഠി​ക്കാൻ പോളി​നോട്‌ ആവശ്യ​പ്പെട്ടു. അതിനു​ശേഷം, 1991-ൽ അവിടെ ഒരു ബെഥേൽ ഭവനം ഔദ്യോ​ഗി​ക​മാ​യി പ്രവർത്തനം ആരംഭി​ച്ചു. ആദ്യത്തെ ബെഥേൽ കുടും​ബാം​ഗങ്ങൾ പോളും വൈ​ലെ​റ്റും ആയിരു​ന്നു. അവർ ഇപ്പോ​ഴും അവിടെ സേവി​ക്കു​ന്നു.

[228, 229 പേജു​ക​ളി​ലെ ചതുരം/ചിത്രം]

അതിഥിസത്‌കാരത്തിനു പേരു​കേ​ട്ട​വർ

1956-ൽ സ്‌നാ​പ​ന​മേറ്റ ഏഴു​പേ​രിൽ ഉൾപ്പെ​ട്ടവർ ആയിരു​ന്നു ഫ്രി​ദ്രിക്‌ ഗിയ്‌സ്ലാ​സ​ണും ഭാര്യ എയ്‌ഡാ​യും. ഒലിവർ മക്‌ഡൊ​നാൾഡും സാലി​യു​മാണ്‌ അവരെ സത്യം പഠിപ്പി​ച്ചത്‌. ആദ്യം ഫ്രി​ദ്രിക്‌ മാത്രമേ ബൈബി​ള​ധ്യ​യ​ന​ത്തിന്‌ ഇരിക്കു​മാ​യി​രു​ന്നു​ള്ളൂ. ആ ശൈത്യ​കാ​ലം മുഴു​വ​നും എയ്‌ഡാ തന്റെ തയ്യൽ ക്ലബ്ബിലെ പ്രവർത്ത​ന​ങ്ങ​ളു​മാ​യി തിരക്കി​ലാ​യി​രു​ന്നു. വസന്തകാ​ല​ത്തോ​ടെ തയ്യൽ ക്ലബ്ബിന്റെ പ്രവർത്തനം അവസാ​നി​ച്ച​പ്പോൾ, അധ്യയ​ന​സ​മ​യത്ത്‌ അവർ അടുക്ക​ള​യിൽ ചെന്നി​രി​ക്കു​മാ​യി​രു​ന്നു. എന്നാൽ കുറച്ചു കഴിഞ്ഞ​പ്പോൾ അവിടെ നടന്നി​രുന്ന ബൈബിൾ ചർച്ചക​ളിൽ താത്‌പ​ര്യം തോന്നിയ എയ്‌ഡാ ചർച്ചയിൽ പങ്കെടു​ക്കാ​തെ വെറുതെ അധ്യയ​ന​ത്തിന്‌ ഇരിക്കാൻ അനുവാ​ദം ചോദി​ച്ചു. എന്നാൽ, പെട്ടെ​ന്നു​തന്നെ അവർ ചർച്ചക​ളിൽ നന്നായി പങ്കെടു​ത്തു തുടങ്ങി.

പിന്നീട്‌, ഇംഗ്ലീ​ഷി​ലുള്ള ഒരു വീക്ഷാ​ഗോ​പുര അധ്യയനം അവരുടെ വീട്ടിൽവെച്ച്‌ ക്രമമാ​യി നടത്ത​പ്പെട്ടു. മിഷനറി ഭവനത്തിൽവെച്ചു നടത്തി​യി​രുന്ന യോഗ​ങ്ങൾക്കും അവർ പോകാൻ തുടങ്ങി. ഫ്രെ​ദ്രിക്‌ പറയുന്നു: “മിഷന​റി​മാർ താമസി​ച്ചി​രുന്ന വീടിന്റെ മുകളി​ലത്തെ ഒരു കൊച്ചു മുറി​യി​ലാണ്‌ ഞങ്ങൾ യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. അവിടെ 12 കസേരകൾ ഇടാനുള്ള സ്ഥലം ഉണ്ടായി​രു​ന്നു. എന്നാൽ പതിവി​ല​ധി​കം ആളുകൾ വരുന്ന അവസര​ങ്ങ​ളിൽ, അടുത്തുള്ള ചെറിയ മുറി​യിൽ കൂടി ഇരിക്ക​ത്ത​ക്ക​വി​ധം, ആ മുറി​യി​ലേ​ക്കുള്ള വാതിൽ തുറന്നി​ടു​മാ​യി​രു​ന്നു. ഇന്നാകട്ടെ, റേക്യ​വി​ക്കി​ലുള്ള രാജ്യ​ഹാൾ മൂന്നു സഭകൾ ഉപയോ​ഗി​ക്കുന്ന അവസ്ഥയി​ലേക്ക്‌ കാര്യങ്ങൾ മാറി​യി​രി​ക്കു​ന്നു! അതു​പോ​ലെ മൂന്നു സഭകളു​ടെ യോഗ​ങ്ങൾക്കും രാജ്യ​ഹാൾ നിറയെ ആളുക​ളുണ്ട്‌.”

ഫ്രി​ദ്രി​ക്കും എയ്‌ഡാ​യും അതിഥി​സ​ത്‌കാ​ര​ത്തി​നു പേരു​കേ​ട്ട​വ​രാ​യി​ത്തീർന്നു. ആറു മക്കളെ വളർത്തേ​ണ്ടി​യി​രു​ന്നി​ട്ടും, സഹോ​ദ​ര​ങ്ങൾക്കാ​യി ആ വീടിന്റെ വാതി​ലു​കൾ എപ്പോ​ഴും തുറന്നു​കി​ട​ന്നി​രു​ന്നു. സഭ രൂപം​കൊണ്ട ആദ്യവർഷ​ങ്ങ​ളിൽ, മറ്റു പല രാജ്യ​ങ്ങ​ളിൽനി​ന്നും പലപ്പോ​ഴും സഹോ​ദ​രങ്ങൾ ഐസ്‌ലൻഡി​ലേക്കു വരുമാ​യി​രു​ന്നു. സ്വന്തമാ​യി താമസ​സൗ​ക​ര്യം കണ്ടെത്തു​ന്ന​തു​വരെ ഫ്രി​ദ്രി​ക്കി​നോ​ടും എയ്‌ഡാ​യോ​ടും കൂടെ താമസി​ക്കു​ന്നത്‌ അവർ വളരെ ആസ്വദി​ച്ചി​രു​ന്നു.

[232-ാം പേജിലെ ചതുരം/ചിത്രം]

ബൈബിൾ ഐസ്‌ലാൻഡിക്‌ ഭാഷയിൽ

ഐസ്‌ലാൻഡി​ക്കി​ലെ ഏറ്റവും പഴക്കമുള്ള ബൈബിൾ പരിഭാഷ, 14-ാം നൂറ്റാ​ണ്ടിൽ എഴുത​പ്പെട്ട സ്റ്റ്യോർഡൻ എന്ന പുസ്‌ത​ക​ത്തിൽ കാണു​ന്ന​താണ്‌. എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ ചില ഭാഗങ്ങ​ളു​ടെ പരിഭാ​ഷ​യും പരാവർത്ത​ന​വും അടങ്ങി​യ​താ​യി​രു​ന്നു അത്‌. ആദ്യത്തെ സമ്പൂർണ “പുതി​യ​നി​യമം” 1540-ൽ അച്ചടി​ക്ക​പ്പെട്ടു. ഹൊല​റി​ലെ ബിഷപ്പി​ന്റെ മകനായ ഓഡർ ഗോട്ട്‌സ്‌കൗൾക്ക്‌സൺ ആണ്‌ അതിന്റെ പരിഭാഷ നിർവ​ഹി​ച്ചത്‌. അദ്ദേഹം നോർവേ​യിൽവെച്ച്‌ ലൂഥറൻ വിശ്വാ​സം സ്വീക​രി​ച്ചി​രു​ന്നു. ജർമനി​യി​ലാ​യി​രി​ക്കെ​യാണ്‌ അദ്ദേഹം മാർട്ടിൻ ലൂഥറു​മാ​യി സമ്പർക്ക​ത്തിൽ വന്നത്‌. ചരിത്രം പറയു​ന്നത്‌, ഐസ്‌ലൻഡിൽ തിരി​ച്ചെ​ത്തി​യ​ശേഷം അദ്ദേഹം പരിഭാഷ നിർവ​ഹി​ക്കാൻ തുടങ്ങി എന്നാണ്‌. തന്റെ മേലധി​കാ​രി​യായ സ്‌കൗൾഹോൾട്ടി​ലെ കത്തോ​ലി​ക്കാ ബിഷപ്പി​ന്റെ വെറുപ്പു സമ്പാദി​ക്കാ​തി​രി​ക്കാൻ, അദ്ദേഹം അറിയാ​തെ കാലി​ത്തൊ​ഴു​ത്തിൽ പോയി​രുന്ന്‌ വളരെ ബുദ്ധി​മു​ട്ടി​യാണ്‌ ഓഡർ തന്റെ പരിഭാഷ നിർവ​ഹി​ച്ച​ത​ത്രേ. ലാറ്റിൻ വൾഗേ​റ്റിൽനി​ന്നു​ള്ളത്‌ ആയിരു​ന്നു ആ പരിഭാഷ. അദ്ദേഹം​തന്നെ തന്റെ കൈ​യെ​ഴു​ത്തു​പ്ര​തി​യു​മാ​യി ഡെന്മാർക്കിൽ പോയി അത്‌ അച്ചടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 1584-ൽ ബിഷപ്പാ​യി​രുന്ന ഗ്വെദ്‌ബ്രാൻഡെർ തോർലൗ​ക്‌സൺ, ഐസ്‌ലാൻഡി​ക്കി​ലുള്ള ആദ്യത്തെ സമ്പൂർണ ബൈബിൾ അച്ചടി​ക്കാ​നുള്ള അനുമതി നൽകി. മൂല എബ്രായ, ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു പരിഭാ​ഷ​പ്പെ​ടു​ത്തിയ ആദ്യത്തെ സമ്പൂർണ ബൈബിൾ അച്ചടി​ക്ക​പ്പെ​ട്ടത്‌ 1908-ലാണ്‌. 1912-ൽ അതിന്റെ പരിഷ്‌ക​രിച്ച പതിപ്പു​കൂ​ടി പുറത്തി​റങ്ങി.

[ചിത്രം]

“ഗ്വെദ്‌ബ്രാൻഡ്‌സ്‌ബി​ബ്ലിയ,” ഐസ്‌ലാൻഡി​ക്കി​ലെ ആദ്യത്തെ സമ്പൂർണ ബൈബിൾ

[216, 217 പേജു​ക​ളി​ലെ ചാർട്ട്‌/ചിത്രങ്ങൾ]

ഐസ്‌ലൻഡ്‌സുപ്ര​ധാന സംഭവങ്ങൾ

1929:രാജ്യത്തെ ആദ്യത്തെ പ്രസാ​ധ​ക​നായ ഗേയോർഗ്‌ എഫ്‌. ലിൻഡാൽ എത്തുന്നു.

1940

1947:ആദ്യത്തെ ഗിലെ​യാദ്‌ മിഷന​റി​മാർ എത്തുന്നു.

1950:ഒരു ചെറിയ സഭ രൂപം​കൊ​ള്ളു​ന്നു.

1960

1960:വീക്ഷാ​ഗോ​പു​രം ആദ്യമാ​യി ഐസ്‌ലാൻഡി​ക്കിൽ പ്രസി​ദ്ധീ​ക​രി​ക്കു​ന്നു.

1962:റേക്യ​വി​ക്കിൽ ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപി​ക്കു​ന്നു.

1975:വലുപ്പം കൂടിയ പുതിയ ബ്രാഞ്ച്‌ ഓഫീ​സി​ന്റെ പണി പൂർത്തീ​ക​രി​ക്കു​ക​യും അത്‌ സമർപ്പി​ക്കു​ക​യും ചെയ്യുന്നു.

1980

1992:ആശുപ​ത്രി ഏകോപന സമിതി രൂപം​കൊ​ള്ളു​ന്നു.

1995:ജൂണിൽ, നാലു ദിവസം​കൊണ്ട്‌ രണ്ടു രാജ്യ​ഹാ​ളു​കൾ പണിയു​ന്നു.

2000

2004:ഐസ്‌ലൻഡി​ലെ സജീവ പ്രസാ​ധ​ക​രു​ടെ എണ്ണം 284 ആയിത്തീ​രു​ന്നു.

[ഗ്രാഫ്‌]

(പ്രസി​ദ്ധീ​ക​രണം കാണുക)

മൊത്തം പ്രസാ​ധ​കർ

മൊത്തം പയനി​യർമാർ

300

200

100

1940 1960 1980 2000

[209-ാം പേജിലെ മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ഐസ്‌ലൻഡ്‌

ഹൊസാ​വിക്‌

ഹൊലർ

ആക്കു​റേ​റി

സേദി​സ്‌ഫ്യോർദുർ

നെസ്‌കൊ​യി​പ്‌സ്റ്റാ​ദുർ

എസ്‌കി​ഫ്യൊർദുർ

സ്റ്റിഹ്‌കി​ഷോൽമർ

ബോർഗാർനെസ്‌

ഹൊബൻ

റേക്യ​വിക്‌

സ്‌കാൽഹോട്ട്‌

കെഫ്‌ലാ​വിക്‌

സെൽഫൊസ്‌

[202-ാം പേജിലെ ചിത്രം]

[207-ാം പേജിലെ ചിത്രം]

വലത്ത്‌: 1947-ൽ ഗേയോർഗ്‌ എഫ്‌. ലിൻഡാൽ

[207-ാം പേജിലെ ചിത്രം]

താഴെ: 1930-കളുടെ ആരംഭ​ത്തിൽ, ഒരു ഐസ്‌ലാൻഡിക്‌ പോണി​യു​മാ​യി ലിൻഡാൽ സഹോ​ദ​രൻ

[212-ാം പേജിലെ ചിത്രം]

ഐസ്‌ലൻഡിലെ ആദ്യകാല മിഷന​റി​മാ​രിൽ ചിലർ, ഇടത്തു​നിന്ന്‌: ഇങ്‌ഗ്വാഡ്‌ യെൻസൻ, ഒലിവർ മക്‌ഡൊ​നാൾഡ്‌, ലിയോ ലാർസൻ

[220-ാം പേജിലെ ചിത്രം]

1962 മുതൽ 1968 വരെ ബ്രാഞ്ച്‌ ഓഫീസ്‌ പ്രവർത്തി​ച്ചി​രു​ന്നത്‌ ഈ കെട്ടി​ട​ത്തി​ലാ​യി​രു​ന്നു

[227-ാം പേജിലെ ചിത്രം]

1969-ൽ ഡെന്മാർക്കി​ലെ കോപ്പൻഹേ​ഗ​നിൽ നടന്ന “ഭൂമി​യിൽ സമാധാ​നം” അന്താരാ​ഷ്‌ട്ര സമ്മേള​ന​ത്തിൽ, ഐസ്‌ലൻഡിൽനിന്ന്‌ നൂറി​ല​ധി​കം പ്രസാ​ധകർ പങ്കെടു​ത്തു

[235-ാം പേജിലെ ചിത്രം]

1993 ജനുവ​രി​യിൽ ഇറിസും ചെൽ ഗിൽനാർഡും ആക്കു​റേ​റി​യിൽ

[238-ാം പേജിലെ ചിത്രം]

വലത്ത്‌: “സ്വാൽബാ​ക്കർ” എന്ന മത്സ്യബന്ധന ബോട്ട്‌

[238-ാം പേജിലെ ചിത്രം]

താഴെ: ഫ്രി​ദ്രി​ക്കും ചെല്ലും

[241-ാം പേജിലെ ചിത്രം]

വലത്ത്‌: ഓഡ്‌നി ഹെൽഗാ​ഡോ​ട്ടിർ

[241-ാം പേജിലെ ചിത്രം]

താഴെ: ഗ്വെദ്‌റുൺ ഒലാഫ്‌സ്‌ഡോ​ട്ടിർ

[243-ാം പേജിലെ ചിത്രം]

വലത്ത്‌: ആക്കു​റേ​റി​യി​ലെ രാജ്യ​ഹാ​ളും മിഷനറി ഭവനവും

[243-ാം പേജിലെ ചിത്രം]

താഴെ: ബ്യാഡ്‌നി യോൺസൺ, ബ്രാഞ്ച്‌ കെട്ടി​ട​ത്തി​നു മുമ്പിൽ

[249-ാം പേജിലെ ചിത്രം]

മുകളിൽ: 1995-ൽ നടന്ന സെൽഫൊ​സി​ലെ രാജ്യ​ഹാൾ നിർമാ​ണ​പ്ര​വർത്തനം

[249-ാം പേജിലെ ചിത്രം]

വലത്ത്‌: പണിപൂർത്തി​യായ കെട്ടിടം

[253-ാം പേജിലെ ചിത്രം]

ഐസ്‌ലൻഡിലെ ബെഥേൽ കുടും​ബം

[254-ാം പേജിലെ ചിത്രം]

ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾ, ഇടത്തു​നിന്ന്‌: ബ്യാഡ്‌നി യോൺസൺ, ഗ്വദ്‌മുൺഡുർ എച്ച്‌. ഗ്വദ്‌മുൺഡ്‌സ്‌സൺ, പോൾ എച്ച്‌. പിദെർസൻ, ബെർഗ്‌ദോർ എൻ. ബെർഗ്‌ത്തോർസൺ