തഹീതി
തഹീതി
വിസ്തൃതമായ പസിഫിക് സമുദ്രത്തിന്റെ പച്ചകലർന്ന കടുംനീല നിറത്തിലുള്ള ജലാശയപ്പരപ്പിൽ പതിപ്പിച്ചുവെച്ചിരിക്കുന്ന രത്നങ്ങൾ! അങ്ങനെയാണ് മുകളിൽനിന്നു നോക്കുമ്പോൾ ഫ്രഞ്ച് പോളിനേഷ്യയിലെ തഹീതി, മോറേയ, ബോറാ ബൊറ തുടങ്ങിയ ദ്വീപുകൾ കാണപ്പെടുന്നത്. പവിഴങ്ങൾ പണിതീർത്ത മനോഹരമായ ചുറ്റാടയ്ക്കുള്ളിൽ മഴവിൽവർണങ്ങളിൽ മിന്നിത്തിളങ്ങുന്ന തടാകങ്ങൾ. നിറപ്പകിട്ടാർന്ന ഒട്ടനവധി മത്സ്യങ്ങൾ അവയിൽ യഥേഷ്ടം നീന്തിത്തുടിക്കുന്നു. കാഞ്ചനമഞ്ഞയണിഞ്ഞ, അല്ലെങ്കിൽ അഗ്നിപർവതങ്ങൾ അഞ്ജനമെഴുതിയ മണൽത്തീരങ്ങൾ ഈ ജലാശയങ്ങൾക്ക് അതിരു ചമയ്ക്കുന്നു. സമൃദ്ധമായി കുലച്ചുനിൽക്കുന്ന തെങ്ങുകൾ ഇളംകാറ്റിൽ മെല്ലെ ഇളകിയാടുന്നു. ഉള്ളിലേക്കു നീങ്ങുമ്പോൾ പ്രകൃതിയുടെ മാസ്മര സൗന്ദര്യം ഒളിഞ്ഞുകിടക്കുന്ന, കുന്നും മലയും നിറഞ്ഞ ഹരിതാഭമായ ഭൂപ്രദേശങ്ങളും വെള്ളിമേഘം ചേലചുറ്റിയ മാമലകളും ദൃശ്യമാകുന്നു.
ചിത്രകാരന്മാരും എഴുത്തുകാരും ഈ ദ്വീപുകളെ ഭൂമിയിലെ പറുദീസയായി വർണിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ആയിരമോ അതിലധികമോ വർഷങ്ങൾക്കുമുമ്പ് ആദ്യമായി ഇവിടം സന്ദർശിക്കുകയും തുടർന്നു താമസമുറപ്പിക്കുകയും ചെയ്ത പ്രാചീന സമുദ്ര സഞ്ചാരികൾ തീർച്ചയായും ഇവയെ പറുദീസയായിത്തന്നെ വീക്ഷിച്ചിരിക്കണം. തെക്കുകിഴക്കൻ ഏഷ്യയിൽ വേരുള്ളതായി തോന്നുന്ന ഈ ആദ്യകാല സഞ്ചാരികൾ ഇന്നു പോളിനേഷ്യക്കാരായി അറിയപ്പെടുന്ന ജനങ്ങളുടെ പൂർവപിതാക്കന്മാരിൽ ഉൾപ്പെട്ടിരുന്നു. തുടർന്നുവന്ന നൂറ്റാണ്ടുകളിൽ അവർ തങ്ങൾ താമസിച്ചിരുന്ന ദ്വീപുകളിൽനിന്നു പസിഫിക്കിന്റെ അതിവിദൂരങ്ങളിലേക്കു സഞ്ചരിക്കുകയും അതിലെ ആയിരക്കണക്കിനു ദ്വീപുകളിലേക്കും പവിഴ ദ്വീപുകളിലേക്കും തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിക്കുകയും ചെയ്തു.
ഒരു സാങ്കൽപ്പിക ത്രികോണത്തിനുള്ളിൽ കിടക്കുന്ന ദ്വീപുകളാണ് ഇന്നു പോളിനേഷ്യയെന്ന പേരിൽ അറിയപ്പെടുന്നത്. “ബഹു ദ്വീപുകൾ” a ടൂബ്വായി (ഓസ്ട്രൽ), ഗാമ്പിയർ, മാർക്കസസ്, സൊസൈറ്റി, തൂവമോട്ടൂ എന്നീ അഞ്ചു ദ്വീപസമൂഹങ്ങൾ അടങ്ങിയതാണ് ഫ്രഞ്ച് പോളിനേഷ്യ. യൂറോപ്യൻ പര്യവേക്ഷകർ ആകസ്മികമായി ഈ പസിഫിക് സാമ്രാജ്യത്തെ കണ്ടെത്തിയത് 16-ാം നൂറ്റാണ്ടിൽ മാത്രമാണ്.
എന്നാണ് ആ പേരിന്റെ അർഥം. വടക്കുള്ള ഹവായിയെയും അങ്ങകലെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഈസ്റ്റർ ദ്വീപിനെയും ബഹുദൂരത്തിൽ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ന്യൂസിലൻഡിനെയും ബന്ധിപ്പിക്കുന്നതാണ് ആ ത്രികോണം. ഇവിടെ ചർച്ച ചെയ്യുന്നത് പോളിനേഷ്യയുടെ ഒരു ഭാഗമായ ഫ്രഞ്ച് പോളിനേഷ്യയെക്കുറിച്ചാണ്. അതിലെ മുഖ്യ ദ്വീപാണ് തഹീതി.യൂറോപ്യന്മാർ എത്തിച്ചേരുന്നു
സ്പാനിഷുകാരനായ ആൽവാറോ ദേ മേൻഡാന്യാ ദേ നേറാ 1595-ൽ മാർക്കസസിലെ ചില ദ്വീപുകൾ കണ്ടെത്തി. അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന പേദ്രൂ ഫർനാൻഡെഷ് ദെ കേരോഷ് 1606-ൽ തൂവമോട്ടൂ ദ്വീപസമൂഹത്തിലെ ചില ഭാഗങ്ങളും കണ്ടുപിടിച്ചു. ഡച്ച് പര്യവേക്ഷകനായ യാക്കോപ് റോഹെവേൻ 1722-ൽ ബോറാ ബൊറ, മാക്കറ്റേയ, മാവുപിറ്റി എന്നീ ദ്വീപുകൾ കണ്ടെത്തി. 1767-ൽ, ഡോൾഫിൻ എന്ന ബ്രിട്ടീഷ് പടക്കപ്പലിൽ സഞ്ചരിച്ച ക്യാപ്റ്റൻ സാമ്യെൽ വാലിസ് ഫ്രഞ്ച് പോളിനേഷ്യയിലെ ഏറ്റവും വലിയ ദ്വീപായ തഹീതിയിൽ കപ്പലിറങ്ങി. പിറ്റേ വർഷം, ഫ്രഞ്ച് നാവികനായ ക്യാപ്റ്റൻ ലുയി ആന്റ്വാൻ ദെ ബൂഗയ്ൻവിലും തഹീതിയിൽ ഇറങ്ങി.
കുക്ക് & ഓമായി—ദ കൾട്ട് ഓഫ് ദ സൗത്ത് സീസ് എന്ന പുസ്തകം പറയുന്നതനുസരിച്ച്, തഹീതിയുടെ പ്രകൃതിഭംഗിയിലും അവിടത്തെ ആളുകളുടെ അനുരാഗാത്മക രീതികളിലും അത്ഭുതം തോന്നിയ ബൂഗയ്ൻവിൽ, തഹീതിക്ക് “[പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ] അഫ്രോഡൈറ്റ് കടലിൽനിന്ന് ഉയർന്നുവന്നതായി പറയുന്ന സ്ഥലത്തിനടുത്തുള്ള പിലോപൊനേഷ്യൻ ദ്വീപായ കിതിരായുടെ പേരിനു ചേർച്ചയിൽ നൂവെൽ സിറ്റെർ” എന്ന് പേരിട്ടു. ബ്രിട്ടീഷ് പര്യവേക്ഷകനായ ജെയിംസ് കുക്ക് 1769-നും 1777-നും ഇടയ്ക്ക് നാലു പ്രാവശ്യം തഹീതി സന്ദർശിച്ചു. തഹീതി ഉൾപ്പെടുന്ന ദ്വീപസമൂഹമായ സൊസൈറ്റി ദ്വീപുകൾക്ക് ആ പേർ നൽകിയത് അദ്ദേഹമാണ്.
പര്യവേക്ഷകർക്കു പിന്നാലെ മിഷനറിമാരും എത്തിച്ചേർന്നു. പ്രൊട്ടസ്റ്റന്റ് സംഘടനയായ ലണ്ടൻ മിഷനറി സൊസൈറ്റി അയച്ചവരായിരുന്നു അതിൽ ഏറ്റവും സമർഥർ. അതിൽപ്പെട്ട ഹെൻറി നോട്ടും ജോൺ
ഡേവിസും തഹീഷ്യൻ ഭാഷയ്ക്കുവേണ്ടി ലിപി ഉണ്ടാക്കുകയും തുടർന്ന് ആ ഭാഷയിലേക്കു ബൈബിൾ പരിഭാഷപ്പെടുത്തുകയും ചെയ്തുകൊണ്ട് ഒരു ബൃഹത്തായ വേല നിർവഹിച്ചു. ഫ്രഞ്ച് പോളിനേഷ്യയിൽ ഉടനീളം—പ്രത്യേകിച്ച് പ്രൊട്ടസ്റ്റന്റ് സഭയുടെ സ്വാധീനത്തിൻകീഴിലുള്ള അനേകം ദ്വീപുകളിൽ—ജനം ഇന്നും തഹീഷ്യൻ ബൈബിൾ ഉപയോഗിക്കുന്നു. അഡ്വന്റിസ്റ്റ്, കത്തോലിക്കാ, മോർമൻ എന്നീ സഭകളുടെ മിഷനറിമാരും ഒരളവോളം വിജയം നേടി. ഉദാഹരണത്തിന്, കത്തോലിക്കാ സഭയ്ക്ക് മാർക്കസസിലും ഗാമ്പിയർ ദ്വീപുകളിലും കിഴക്കൻ തൂവമോട്ടൂ ദ്വീപസമൂഹങ്ങളിലും ശക്തമായ സ്വാധീനമാണുള്ളത്.ഇവിടത്തെ അഞ്ചു ദ്വീപസമൂഹങ്ങളും ഫ്രഞ്ച് ഭരണത്തിന്റെ കീഴിലായത് എങ്ങനെയാണ്? 1880 മുതൽ ദ്വീപുകളെ ഒന്നൊന്നായി അധീശപ്പെടുത്തിക്കൊണ്ട് ഫ്രാൻസ് ഒരു പുതിയ ഫ്രഞ്ച് കോളനി കെട്ടിപ്പടുത്തു. തഹീതിയിലെ പാപ്പീറ്റ് തലസ്ഥാനമാക്കി മാറ്റുകയും ജനങ്ങൾക്കു ഫ്രഞ്ച് പൗരത്വം നൽകുകയും ചെയ്തു. 1946-ൽ ഫ്രാൻസ് ഈ സമുദ്ര ദ്വീപുകളെ ഫ്രഞ്ച് അധിനിവേശപ്രദേശങ്ങളായി പ്രഖ്യാപിക്കുകയും 1957-ൽ അവയ്ക്ക് ഫ്രഞ്ച് പോളിനേഷ്യയെന്ന പേർ നൽകുകയും ചെയ്തു.
രാജ്യസന്ദേശം എത്തിച്ചേരുന്നു
1931-ൽ തഹീതിയിൽ എത്തിയ സിഡ്നി ഷെപ്പേഡാണ് ഇവിടം സന്ദർശിക്കുന്ന ആദ്യത്തെ സാക്ഷി. ആളുകളോടു സാക്ഷീകരിക്കാനായി സിഡ്നി രണ്ടു വർഷത്തോളം അനേകം പസിഫിക് ദ്വീപുകളിലേക്കു യാത്ര ചെയ്തു. അദ്ദേഹത്തിനുശേഷം സന്ദർശിച്ചത് ന്യൂസിലൻഡുകാരനായ ഫ്രാങ്ക് ഡ്യൂവർ ആയിരുന്നു. അധികം നാൾ അവിടെ തങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഈ സഹോദരന്മാർ ധാരാളം സാഹിത്യങ്ങൾ സമർപ്പിക്കുകയുണ്ടായി. ഏകദേശം രണ്ടു ദശാബ്ദങ്ങൾക്കുശേഷം ഓസ്ട്രേലിയക്കാരനായ സർക്കിട്ട് മേൽവിചാരകൻ ലെനർഡ് (ലെൻ) ഹെൽബർഗ് ഇപ്രകാരം റിപ്പോർട്ടുചെയ്യുകപോലും ചെയ്തു: “സഭാദാസനോടൊപ്പം ഞാൻ പാപ്പീറ്റിലൂടെ സഞ്ചരിക്കുകയായിരുന്നു. യാത്രാമധ്യേ ഒരു പരിചയക്കാരനെ കയറ്റാനായി സഹോദരൻ വണ്ടി നിറുത്തി. മലമ്പ്രദേശത്ത് താമസിക്കുന്ന പ്രായംചെന്ന ഒരു അമേരിക്കക്കാരനായിരുന്നു അയാൾ. ഞാൻ ഒരു സാക്ഷി ആണെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹം ഉടൻ ഇങ്ങനെ പറഞ്ഞു: ‘ഓഹോ, നിങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒരാൾ വർഷങ്ങൾക്കുമുമ്പ് ഇവിടം സന്ദർശിച്ചതും ജഡ്ജ് റഥർഫോർഡിന്റെ ധാരാളം പുസ്തകങ്ങൾ എനിക്കു നൽകിയതും ഞാൻ ഓർക്കുന്നു.’ ഞങ്ങൾക്കുമുമ്പായി ഇവിടെ എത്തിയ മിഷനറിമാർ ചെയ്ത വേലയുടെ അനേകം തെളിവുകളിൽ ഒന്നായിരുന്നു ഇത്. അദ്ദേഹം ഉദ്ദേശിച്ചത് സിഡ്നി ഷെപ്പേഡിനെയോ ഫ്രാങ്ക് ഡ്യൂവറെയോ ആയിരുന്നു.”
ഫ്രഞ്ച് പോളിനേഷ്യയിൽ കുറേക്കൂടി സമൂലമായ സാക്ഷ്യം നൽകിയ പ്രഥമ രാജ്യഘോഷകരിൽപ്പെട്ടവരാണ് ഷാങ്-മാരി ഫെലിക്സും
ഭാര്യ ഷാനും. ഫ്രഞ്ച് കോളനിയായിരുന്ന അൾജീറിയയിൽവെച്ച് ഇവർ സത്യം പഠിക്കുകയും 1953-ൽ സ്നാപനമേൽക്കുകയും ചെയ്തിരുന്നു. 1955-ൽ, ഫ്രഞ്ച് പോളിനേഷ്യ ഉൾപ്പെടെ ആവശ്യം അധികമുള്ള സ്ഥലങ്ങളിൽ സേവിക്കാൻ രാജ്യപ്രസാധകരെ ക്ഷണിക്കുകയുണ്ടായി. അതിനു ചേർച്ചയിൽ ഷാങ്-മാരിയും ഷാനും ബാല്യപ്രായത്തിലുള്ള അവരുടെ മകൻ ജാൻ-മാർക്കും 1956-ൽ തഹീതിയിൽ എത്തിച്ചേർന്നു. എന്നാൽ ഒരു എൻജിനീയറായ ഷാങ്-മാരിക്ക് അവിടെ ജോലി കണ്ടെത്താനായില്ല. അതുകൊണ്ട് അവർ തഹീതിക്ക് 230 കിലോമീറ്റർ വടക്കുകിഴക്കുള്ള തൂവമോട്ടൂ ദ്വീപസമൂഹത്തിലെ മാക്കറ്റേയ ദ്വീപിലേക്കു നീങ്ങി. അവിടെയുള്ള ഒരു ഫോസ്ഫേറ്റ് കമ്പനിയിൽ ഷാങ്-മാരിക്ക് ജോലി കിട്ടി.ഉടൻതന്നെ ഈ ദമ്പതികൾ, തങ്ങളുടെ അയൽക്കാരോടും ഷാങ്-മാരിയുടെ സഹജോലിക്കാരോടും സാക്ഷീകരിക്കാൻ തുടങ്ങി. ഷാൻ ഇപ്രകാരം എഴുതുന്നു: “ദ്വീപുവാസികൾ ബൈബിളിനോടു വലിയ ആദരവു പ്രകടിപ്പിക്കുകയും രാജ്യസന്ദേശത്തിനു സൂക്ഷ്മ ശ്രദ്ധ നൽകുകയും ഉത്സാഹപൂർവം ബൈബിൾ പഠിക്കുകയും ചെയ്തു. അതു ഞങ്ങൾക്കു പ്രോത്സാഹനമേകി. എന്നാൽ ഇവിടത്തെ ക്രൈസ്തവ പുരോഹിതന്മാർക്ക് ഞങ്ങളുടെ വരവ് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഞങ്ങൾ ആട്ടിൻകൂട്ടത്തെ വഴിതെറ്റിക്കുന്ന ‘കള്ളപ്രവാചകന്മാരാ’ണെന്നും ആരും ഞങ്ങളോടു സംസാരിക്കുകയോ ഞങ്ങളുടെ വീടിനടുത്തുകൂടി കടന്നുപോകുകയോ പോലും ചെയ്യരുതെന്നും അവർ സഭാംഗങ്ങൾക്കു മുന്നറിയിപ്പു നൽകി!”
എന്നാൽ കാലക്രമത്തിൽ, ഈ ക്രിസ്തീയ ദമ്പതികളെക്കുറിച്ചുള്ള അനേകരുടെയും മനോഭാവത്തിനു മാറ്റം വന്നു. മാക്കറ്റേയയിൽ ചില യൂറോപ്യന്മാർ പോളിനേഷ്യക്കാരെ നികൃഷ്ടരായി വീക്ഷിച്ചിരുന്നെങ്കിലും ഷാങ്-മാരിയും ഷാനും അങ്ങനെ ചെയ്യാതിരുന്നത് പല ദ്വീപുവാസികൾക്കും അവരോട് ആഴമായ ആദരവു തോന്നാൻപോലും ഇടയാക്കി.
ഏതു സമയത്തും തൊഴിലാളികളെ പിരിച്ചുവിടാൻ ഫോസ്ഫേറ്റ് കമ്പനിയിലെ ഡയറക്ടർക്ക് അധികാരം ഉണ്ടായിരുന്നതിനാൽ ശുശ്രൂഷയിൽ തുടരാൻ ധൈര്യം ആവശ്യമായിരുന്നു.
തന്നെയുമല്ല, ദ്വീപിലെ രണ്ടു സൈനിക പോലീസുകാർ ചിലപ്പോഴെല്ലാം ഈ കുടുംബത്തെ നിരീക്ഷിക്കാനെത്തുകയും അവരുടെ പ്രവർത്തനത്തെക്കുറിച്ചു ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഷാങ്-മാരിയും ഷാനും കുഴപ്പക്കാരല്ലെന്നു ക്രമേണ ഈ ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കു ബോധ്യമായി. അവർ സൗഹൃദമുള്ളവരായിത്തീരുകപോലും ചെയ്തു.നല്ലനിലയിൽ ആത്മീയ പുരോഗതി കൈവരിച്ച ആദ്യത്തെ ബൈബിൾവിദ്യാർഥി ഷാങ്-മാരിയോടൊപ്പം ജോലിചെയ്തിരുന്ന പോളിനേഷ്യക്കാരനായ മാവൂയി പിയിറായി ആയിരുന്നു. സത്യം ഹൃദയപൂർവം കൈക്കൊണ്ട മാവൂയി ജീവിതത്തിൽ ഏറെ മാറ്റങ്ങൾ വരുത്തി. അദ്ദേഹം പുകവലിയും അമിത മദ്യപാനവും ഉപേക്ഷിക്കുകയും 15 വർഷത്തോളം കൂടെ താമസിപ്പിച്ചിരുന്ന സ്ത്രീയെ നിയമപരമായി വിവാഹം കഴിക്കുകയും ചെയ്തു. 1958 ഒക്ടോബറിൽ സ്നാപനമേറ്റ മാവൂയി ഈ പ്രദേശത്ത് യഹോവയ്ക്കു ജീവിതം സമർപ്പിച്ച ആദ്യത്തെ പോളിനേഷ്യക്കാരൻ ആയിത്തീർന്നു. സ്വാഭാവികമായി അദ്ദേഹവും മറ്റുള്ളവരോടു സുവാർത്ത പങ്കുവെക്കാൻ ആരംഭിച്ചു. ഇതു പുരോഹിതന്മാരെ കോപിഷ്ഠരാക്കി. മാവൂയിയെ ജോലിയിൽനിന്നു പിരിച്ചുവിടാൻ ഒരു പാസ്റ്റർ ഗൂഢാലോചന നടത്തുകപോലും ചെയ്തു, എന്നാൽ അതു പാളിപ്പോയി. ജോലിസ്ഥലത്തു നല്ല പേരുണ്ടായിരുന്ന തൊഴിലാളി ആയിരുന്നു മാവൂയി എന്നതുതന്നെ കാരണം.
മാക്കറ്റേയയിൽ ദൈവവചനത്തിനു ശ്രദ്ധ നൽകിയ രണ്ടാമത്തെ വ്യക്തി ഷെർമെൻ ആമാറൂ എന്ന ഒരു സ്കൂൾ അധ്യാപിക ആയിരുന്നു. അവരുടെ വിദ്യാർഥികളിൽ ഒരുവനും ഷാങ്-മാരിയുടെ മകനുമായ ജാൻ-മാർക്ക് വഴിയാണ് അവർ സത്യത്തെക്കുറിച്ചു കേൾക്കുന്നത്. ഏഴു വയസ്സുമാത്രമുള്ള ജാൻ-മാർക്കിന്റെ ബൈബിൾപരിജ്ഞാനത്തിൽ അത്ഭുതപ്പെട്ടുപോയ ആ സ്ത്രീ അവന്റെ മാതാപിതാക്കളെ ഫോണിൽ വിളിച്ചു. തുടർന്ന് അവർ അധ്യാപികയുമായി ഒരു ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്തു. എന്നാൽ സംഗതി അവിടംകൊണ്ട് അവസാനിച്ചില്ല. യഹോവയെക്കുറിച്ചു മനസ്സിലാക്കാൻ ഷെർമെൻ സഹ അധ്യാപികയായ മോണിക്ക് സേജിനെയും ഭർത്താവ് റോജറെയും സഹായിച്ചു.
ഷാങ്-മാരിയും ഷാനും മാവൂയി പിയിറായിയും ചേർന്ന്, മാക്കറ്റേയയിലെ പ്രൊട്ടസ്റ്റന്റ് സഭയുടെ ഡീക്കനായ മനൂവാറി റ്റേഫാറ്റൗ എന്ന ചെറുപ്പക്കാരനുമായും അദ്ദേഹത്തിന്റെ സുഹൃത്തായ അറായി റ്റെയ്റിയിയുമായും ബൈബിൾ പഠിക്കാൻ തുടങ്ങി. ത്രിത്വം, അഗ്നിനരകം, ആത്മാവിന്റെ അമർത്യത തുടങ്ങിയവ സംബന്ധിച്ച തിരുവെഴുത്തു സത്യങ്ങൾ മറ്റ് ഇടവകാംഗങ്ങളുമായി പങ്കുവെച്ചുകൊണ്ട് അവർ ആദ്യമൊക്കെ സ്വന്തം സഭയിൽത്തന്നെ സംബന്ധിച്ചുകൊണ്ടിരുന്നു. എന്നാൽ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതുപോലെ, ഇത് പ്രൊട്ടസ്റ്റന്റുകാർക്കിടയിൽ വലിയ കോളിളക്കംതന്നെ സൃഷ്ടിച്ചു. എന്നിരുന്നാലും, ആത്മാർഥ ഹൃദയരായ അനേകരും പുരാതന ബെരോവക്കാരെപ്പോലെ തങ്ങൾ ഈ കേൾക്കുന്നതെല്ലാം സത്യമാണോയെന്ന് അറിയാൻ അവരുടെ ബൈബിളുകൾ സാകൂതം പരിശോധിച്ചു.—പ്രവൃ. 17:10-12.
ഇതെല്ലാം പാസ്റ്ററെ വല്ലാതെ ചൊടിപ്പിച്ചെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സാക്ഷികൾക്കു ശ്രദ്ധ കൊടുക്കുന്നതിൽ തുടരുന്നവരെ സഭയിൽനിന്നു പുറത്താക്കുമെന്നുപോലും അദ്ദേഹം ഭീഷണിപ്പെടുത്തി. ചിലർ പേടിച്ചു പിന്മാറിയെങ്കിലും മറ്റു ചിലർ ആത്മീയമായി പുരോഗമിക്കുകയും സഭ വിട്ടുപോരുകയും ചെയ്തു. മനൂവാറിയും അറായിയും മാവൂയി പിയിറായിയുടെ ഭാര്യ മോവേയായും റ്റായിനാ റാറ്റാറോയും—ഈ വിവരണത്തിൽ ഇദ്ദേഹത്തെക്കുറിച്ചു പിന്നീടു പറയുന്നുണ്ട്—ഒടുവിൽ പറഞ്ഞവരിൽപ്പെടുന്നു.
വർധിച്ചുകൊണ്ടിരുന്ന പ്രസാധകരും ബൈബിൾപഠിതാക്കളും ആദ്യം ഷാങ്-മാരിയുടെ വീട്ടിലാണു കൂടിവന്നിരുന്നത്. അദ്ദേഹം ഫ്രഞ്ചിൽ പ്രസംഗിക്കുമ്പോൾ മാവൂയി അത് തഹീഷ്യനിലേക്കു തർജമ ചെയ്യും. 1959-ൽ ഷാങ്-മാരിയുടെ കുടുംബം മാക്കറ്റേയ വിട്ടപ്പോൾ ഈ കൂട്ടം, അതിനോടകം സ്നാപനമേറ്റ ഒരു സഹോദരൻ ആയിത്തീർന്നിരുന്ന മാവൂയിയുടെ വീട്ടിൽ കൂടിവരാൻ തുടങ്ങി. ഈ ദ്വീപുകളിലെ തങ്ങളുടെ സേവനത്തെ ഷാങ്-മാരിയും ഷാനും എങ്ങനെയാണു വീക്ഷിച്ചത്? ഇപ്പോൾ ഇറ്റലിയിൽ താമസിക്കുന്ന വിധവയായ ഷാൻ, മരിച്ചുപോയ തന്റെ ഭർത്താവിന്റെ വികാരങ്ങൾക്കൂടി ഉൾക്കൊണ്ടുകൊണ്ട് സംസാരിക്കുന്നു:
“ഒരിക്കൽപ്പോലും ഞങ്ങളുടെ തീരുമാനത്തെച്ചൊല്ലി ഞങ്ങൾ ഖേദിച്ചിട്ടില്ല. വാസ്തവത്തിൽ, ഇരുവരും ഒരുമിച്ചുള്ള ജീവിതത്തിലെ ഏറ്റവും സുന്ദരമായ സ്മരണകൾ ഉണർത്തുന്നതാണ് മാക്കറ്റേയയിലെ ഞങ്ങളുടെ ശുശ്രൂഷ.”സുവാർത്ത തഹീതിയിലേക്ക്
ഷാങ്-മാരിയും ഭാര്യയും മാക്കറ്റേയയിലേക്കു പോയതിനു തൊട്ടുമുമ്പ് 1955-ൽ, ഓസ്ട്രേലിയ ബ്രാഞ്ച് ലെൻ ഹെൽബർഗിനെ ദക്ഷിണ പസിഫിക്കിൽ സർക്കിട്ട് വേല ആരംഭിക്കാൻ നിയോഗിച്ചു. ന്യൂകലഡോണിയമുതൽ ഫ്രഞ്ച് പോളിനേഷ്യവരെ ദശലക്ഷക്കണക്കിനു ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടന്ന പ്രദേശമായിരുന്നു അദ്ദേഹത്തിനു നിയമിച്ചുകൊടുത്തത്. എന്നാൽ ബൃഹത്തായ ഈ പ്രദേശത്ത് ആകെക്കൂടി 90-ൽ താഴെ പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. തഹീതിയിലാണെങ്കിൽ ഒരാൾപോലും ഉണ്ടായിരുന്നില്ല. മൂന്ന് അടിസ്ഥാന ലക്ഷ്യങ്ങളുമായാണ് ലെൻ അങ്ങോട്ടേക്കു തിരിച്ചത്: ആറു മാസത്തിലൊരിക്കൽ ഓരോ സഭയും കൂട്ടങ്ങളും സന്ദർശിക്കുക, ഒറ്റപ്പെട്ട എല്ലാ പ്രസാധകരെയും താത്പര്യക്കാരെയും കണ്ടുമുട്ടുക, സാധ്യമായ സ്ഥലങ്ങളിലെല്ലാം പുതിയലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്) എന്ന ചലച്ചിത്രം പ്രദർശിപ്പിച്ചുകൊണ്ട് പുതിയ പ്രവർത്തന മേഖലകൾ തുറക്കുക.
1956 ഡിസംബറിൽ ആദ്യമായി തഹീതിയുടെ തീരത്തു കാലുകുത്തിയ ലെൻ രണ്ടു മാസം അവിടെ ചെലവഴിച്ചു. സ്കൂളിൽ ഫ്രഞ്ച് പഠിച്ചിരുന്നെങ്കിലും അതെല്ലാംതന്നെ അദ്ദേഹം മറന്നുപോയിരുന്നു. അതുകൊണ്ട്, ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകളെ കണ്ടെത്താമെന്ന പ്രതീക്ഷയിൽ അദ്ദേഹം വ്യാപാരപ്രദേശങ്ങളിൽ പ്രവർത്തനം ആരംഭിക്കുകയും തഹീതിയിലെ ഏറ്റവും സമ്പന്നരായവരിൽപ്പെട്ട ഒരാളെ അവിടെ കണ്ടുമുട്ടുകയും ചെയ്തു. അദ്ദേഹം അതീവ താത്പര്യത്തോടെ ശ്രദ്ധിക്കുകയും വീണ്ടും വരണമെന്ന് ലെനിനോട് പറയുകയും ചെയ്തു. പിറ്റേ ശനിയാഴ്ച രണ്ടാളും ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചശേഷം അദ്ദേഹം ലെനിനെ വീട്ടിലേക്കു ക്ഷണിക്കുകയും തന്റെ കാറിൽ കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. കാർ ഓടിച്ചിരുന്നത് അദ്ദേഹത്തിന്റെ ഡ്രൈവർ ആയിരുന്നു. ലെൻ പറയുന്നു: “ഉച്ചകഴിഞ്ഞപ്പോൾ അദ്ദേഹം ഒരു ശംഖ് എടുത്ത് ഉച്ചത്തിൽ ഊതി. ഞാൻ അത്ഭുതപ്പെട്ടുപോയി. ഗ്രാമത്തിലെ പ്രമാണിമാർ എല്ലാവരും അദ്ദേഹത്തിന്റെ വീടിനോടുചേർന്നുള്ള സമ്മേളനഹാളിൽ കൂടിവരുന്നതിനുള്ള അടയാളമായിരുന്നു അതെന്നു പിന്നീടാണു മനസ്സിലായത്.
“മേയറും പോലീസ് മേധാവിയും കുറെ പ്രൊട്ടസ്റ്റന്റ് ഡീക്കന്മാരും ഉൾപ്പെടെ ഒരു ഡസനോളം പേർ സന്നിഹിതരായി. ‘ദ്വീപുകളിൽ പുതുതായി എത്തിച്ചേർന്ന ഒരു മത’മായ യഹോവയുടെ സാക്ഷികളുടെ ഒരു പ്രതിനിധിയെന്ന നിലയിൽ എന്നെ പരിചയപ്പെടുത്തിയശേഷം എന്റെ ആതിഥേയൻ ഇപ്രകാരം പ്രഖ്യാപിച്ചു: ‘ബൈബിൾ സംബന്ധിച്ച നിങ്ങളുടെ ഏതു ചോദ്യത്തിനും മിസ്റ്റർ ഹെൽബർഗ് ഇപ്പോൾ
ഉത്തരം നൽകുന്നതായിരിക്കും.’ അവർ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കാൻ എനിക്കു കഴിഞ്ഞു.” അടുത്ത രണ്ടു മാസത്തേക്ക് എല്ലാ ശനിയാഴ്ചയും ഇതുതന്നെ ആയിരുന്നു പരിപാടി. സത്യം സ്വീകരിച്ചില്ലെങ്കിലും ധനവാനായ ആ മനുഷ്യൻ, പുതിയലോക സമുദായം പ്രവർത്തനത്തിൽ എന്ന ചലച്ചിത്രം ഒരു കുഷ്ഠരോഗാശുപത്രിയിൽ പ്രദർശിപ്പിക്കാനുള്ള ഏർപ്പാടുകൾ ചെയ്തുകൊടുത്തു. 120-ലധികംപേർ ഹാജരുണ്ടായിരുന്നു.ആരെങ്കിലും രാജ്യസന്ദേശത്തോട് അനുകൂലമായി പ്രതികരിച്ചോ? ഹെൽബർഗ് സഹോദരൻ അനുസ്മരിക്കുന്നു: “1956-ലെ ക്രിസ്തുമസ്സ് ദിനത്തിൽ അറൂവേ ജില്ലയിൽ വീടുതോറും പ്രവർത്തിക്കുമ്പോൾ, ഞാൻ മികേലിയുടെ കുടുംബത്തെ സന്ദർശിച്ചു. അവർ വളരെ ഉത്സാഹത്തോടെ സന്ദേശം സ്വീകരിച്ചു.” ഐക്യനാടുകളിൽ താമസിക്കുന്ന ഒരു ബന്ധു മികേലിയുടെ കുടുംബത്തിന് വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യ ലഭിക്കാനുള്ള ക്രമീകരണം ചെയ്തിരുന്നതിനാൽ അവർക്ക് അവ സുപരിചിതമായിരുന്നു. പിന്നീട് മികേലിയുടെ മകൾ ഇറെനും ഭർത്താവും സത്യത്തിൽവന്നു. ഗാർനിയേ എന്ന വ്യക്തിയുമായും ലെൻ ഒരു ബൈബിളധ്യയനം ആരംഭിച്ചു. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ പലരും സത്യം സ്വീകരിച്ചു. 1959-ൽ പാപ്പീറ്റ് സഭ രൂപംകൊണ്ടപ്പോൾ മികേലിയുടെയും ഗാർനിയേയുടെയും കുടുംബങ്ങളായിരുന്നു അതിന്റെ ആദ്യ അംഗങ്ങൾ.
1957-ൽ ഹെൽബർഗ് സഹോദരൻ ഗിലെയാദ് സ്കൂളിലേക്കു പോയപ്പോൾ, സർക്കിട്ട് മേൽവിചാരകനായ പോൾ എവൻസിനോടും ഭാര്യ ഫ്രാൻസസിനോടും തഹീതി സന്ദർശിക്കാൻ ഓസ്ട്രേലിയ ബ്രാഞ്ച് ആവശ്യപ്പെട്ടു. ഈ ദ്വീപിൽ ചെലവഴിച്ച ചുരുങ്ങിയ കാലത്തിനുള്ളിൽ അവർ, 70-ലധികം ബൈബിളുകളും പുസ്തകങ്ങളും സമർപ്പിക്കുകയും വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും അനേകം വരിസംഖ്യകൾ നൽകുകയും ചെയ്തു. എവൻസ് സഹോദരൻ എഴുതുന്നു: “ഇപ്പോൾ തഹീതിയിലുള്ള അനേകർക്കും വേണ്ടത്ര ബൈബിൾപരിജ്ഞാനവും നല്ല താത്പര്യവും ഉണ്ട്. സംഘടനയുടെ മാർഗനിർദേശത്തിൻകീഴിൽ പ്രസംഗവേല ആരംഭിക്കാൻ അവർക്കു തിടുക്കമായി.” ഈ പുതിയവർക്ക് ആവശ്യമായിരുന്ന പിന്തുണയും മാർഗനിർദേശവും അവർക്കു ലഭിച്ചോ?
ഒരു തഹീഷ്യൻ സഹോദരി ജന്മനാട്ടിലേക്കു മടങ്ങുന്നു
1936-ൽ തഹീതിയിൽനിന്ന് ഐക്യനാടുകളിൽ എത്തിയ ആന്യെസ് എന്ന യുവതി ഏൾ ഷെങ്ക് എന്ന അമേരിക്കക്കാരനെ വിവാഹം കഴിച്ചു. ആ ദമ്പതികൾ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടുകയും സത്യം സ്വീകരിക്കുകയും 1954-ൽ കാലിഫോർണിയയിലെ സാന്റിയാഗോയിൽവെച്ച് സ്നാപനമേൽക്കുകയും ചെയ്തു. 1957-ൽ അവരും സ്നേഹിതരായ ക്ലൈഡ് നിലും ഭാര്യ ആനും ലോസാഞ്ചലസിൽ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കുകയായിരുന്നു. അപ്പോൾ ലോകാസ്ഥാനത്തുനിന്നു വന്നിരുന്ന നേഥൻ നോർ സഹോദരൻ, ആവശ്യം അധികമുള്ള സ്ഥലങ്ങളെക്കുറിച്ച് ഒരു അറിയിപ്പു നടത്തി. അവയിൽ തഹീതിയും ഉൾപ്പെട്ടിരുന്നു.
തഹീതി എന്ന പേരുകേട്ടതും “ആന്യെസ് വികാരാധീനയായി ഇരുന്നിടത്തുനിന്നു ചാടിയെഴുന്നേൽക്കുകയും വിങ്ങിപ്പൊട്ടുകയും ചെയ്തു,” ക്ലൈഡ് സഹോദരൻ പറയുന്നു. “അപ്പോൾ അവരുടെയും ഏളിന്റെയും നേർക്കു തിരിഞ്ഞ്, 11 വയസ്സായ മകനോടൊപ്പം അവർക്കു തഹീതിയിലേക്കു പോകാൻ കഴിയേണ്ടതിന് എന്നാലാവുന്ന സഹായം ചെയ്യാമെന്നു ഞാൻ പറഞ്ഞു. അതു കേട്ടപാടേ അംഗവൈകല്യമുള്ള വ്യക്തിയായിരുന്ന ഏളും കരയാൻ തുടങ്ങി. ചിത്രകാരനും ശിൽപ്പിയും എഴുത്തുകാരനും എന്ന നിലയിൽ 17 വർഷം ദക്ഷിണ പസിഫിക്കിൽ ജീവിച്ച അദ്ദേഹത്തിന് അവിടേക്കു മടങ്ങിപ്പോകാൻ അതിയായ മോഹമായിരുന്നു. തന്നെയുമല്ല, അദ്ദേഹത്തിന്റെ ഭാര്യ ആന്യെസിന് അപ്പോഴും ഫ്രഞ്ച് പൗരത്വമാണ് ഉണ്ടായിരുന്നത്.”
ക്ലൈഡ് തുടർന്നു പറയുന്നു: “ഏറെ പ്രാർഥനകൾക്കു ശേഷം, 12-ഉം 8-ഉം 3-ഉം വയസ്സുള്ള ഞങ്ങളുടെ മൂന്ന് ആൺമക്കളോടൊപ്പം തഹീതിയിലേക്കു പോകാൻ ഞാനും ആനും തീരുമാനിച്ചു. ഞങ്ങളുടെ സുഹൃത്തുക്കളായ ഡേവിഡ് കാറാനോയും ഭാര്യ ലിനും അവരുടെ മകൻ ഡേവിഡ് ജൂനിയറും ഞങ്ങളോടുകൂടെ പോരാൻ തീരുമാനിച്ചു. അങ്ങനെ 1958-ൽ ന്യൂയോർക്ക് നഗരത്തിൽ നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ സംബന്ധിച്ചശേഷം ഞങ്ങൾ തഹീതിയിലേക്കു കപ്പൽകയറി.
“ഐക്യനാടുകളിലെ ബ്രാഞ്ച് ചില താത്പര്യക്കാരുടെ മേൽവിലാസം ഞങ്ങൾക്കു നൽകിയിരുന്നതിനാൽ, ആദ്യംതന്നെ ഞങ്ങൾ അവരെ സന്ദർശിക്കാൻ തുടങ്ങി. ഞങ്ങൾക്കുമുമ്പ് എത്തിച്ചേർന്നിരുന്ന ആന്യെസ് ശുശ്രൂഷയിൽ തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആനിനും എനിക്കും ഫ്രഞ്ച് ഭാഷയോ തഹീഷ്യൻ ഭാഷയോ അറിയില്ലായിരുന്നു. അതിനാൽ, സാധ്യമായ അവസരങ്ങളിലെല്ലാം ഞങ്ങൾ ആന്യെസിനെ ഞങ്ങളോടൊപ്പം പ്രസംഗവേലയ്ക്കു കൊണ്ടുപോകുമായിരുന്നു. തനിച്ചു പ്രവർത്തിക്കേണ്ടിവരുമ്പോൾ, അന്നാളുകളിൽ ഉപയോഗിച്ചിരുന്ന പഠന സഹായിയായ ‘ദൈവം സത്യവാൻ’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷിലും ഫ്രഞ്ചിലും ഉള്ള ഓരോ പ്രതികൾ ഞങ്ങൾ എടുത്തിരുന്നു.”
ഇത്തരം ശ്രമങ്ങളും ഹെൽബർഗ് സഹോദരനും എവൻസ് സഹോദരനും സഹോദരിയും മുമ്പു ചെയ്ത പ്രവർത്തനവും ഹേതുവായി ചുരുക്കം ചില ആഴ്ചകൾക്കുള്ളിൽ 17 വ്യക്തികൾ ദൈവവചനം പഠിക്കാൻ തുടങ്ങി. ക്ലൈഡ് അനുസ്മരിക്കുന്നു: “അക്കൂട്ടത്തിൽ മുൻ പ്രൊട്ടസ്റ്റന്റ് പുരോഹിതനായ റ്റെയ്റാറ്റൂവാ വൈറ്റാപ്പേയെ ബൈബിൾ പഠിപ്പിച്ച അനുഭവം ഞങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല. പല സഭാ പഠിപ്പിക്കലുകളെയും ചോദ്യം ചെയ്തതിനാൽ അദ്ദേഹത്തിനു ജോലി നഷ്ടപ്പെട്ടിരുന്നു. വൈദ്യുതിയോ പൈപ്പുവെള്ളമോ ഇല്ലാത്ത, ഒറ്റ മുറിയുള്ള ഒരു വീട്ടിലാണ് റ്റെയ്റാറ്റൂവായും കുടുംബവും താമസിച്ചിരുന്നത്. നാലു വർഷം സെമിനാരിയിലും ഏഴു വർഷം പുരോഹിതവൃത്തിയിലും ചെലവഴിച്ചപ്പോൾ ബൈബിളിനെക്കുറിച്ചു പഠിച്ചതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ഏതാനും ആഴ്ചകളിൽ ഞങ്ങളോടൊപ്പം നടത്തിയ അധ്യയനത്തിൽനിന്നു താൻ പഠിച്ചിരിക്കുന്നെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.”
ക്ലൈഡ് തുടരുന്നു: “ഏതാനും ആഴ്ചകൾ ഞങ്ങൾ ദ്വീപിൽ പിന്നിട്ടപ്പോഴേക്കും ഞങ്ങൾ എത്തിയ വിവരം ആ ദ്വീപിലാകെ കാട്ടുതീപോലെ പരന്നു. ഇതു വളരെ ഗുണം ചെയ്തു. കാരണം, തഹീതിക്കാർ സൗഹൃദ മനസ്കരും ബൈബിളിനോടു പ്രിയമുള്ളവരും ആണ്.”
പ്രസാധകരുടെ ചെറിയ കൂട്ടം ആദ്യമെല്ലാം ഏൾ സഹോദരന്റെ വീട്ടിലായിരുന്നു യോഗങ്ങൾ നടത്തിയിരുന്നത്. കേവലം രണ്ടു താത്പര്യക്കാരും സംബന്ധിച്ചിരുന്നു. ക്ലൈഡ് സഹോദരൻ അനുസ്മരിക്കുന്നു: “എന്നാൽ അധികം താമസിയാതെ ഏകദേശം 15 പേർ ഞങ്ങളോടൊപ്പം ക്രമമായി കൂടിവരാൻ തുടങ്ങി. രണ്ടോ മൂന്നോ വർഷങ്ങൾക്കുമുമ്പ് ലെൻ ഹെൽബർഗിനെ സഹായിച്ച ഒരു സ്ത്രീയുമായും ഞങ്ങൾ അധ്യയനം നടത്തിയിരുന്നു. അവരുടെ വീടിനു മുമ്പിൽവെച്ച് അദ്ദേഹത്തിന്റെ സൈക്കിൾ കേടായപ്പോഴായിരുന്നു അവർ സഹായഹസ്തം നീട്ടിയത്.
ലെൻ അവർക്കു സാഹിത്യം സമർപ്പിച്ചിരുന്നു. ഞങ്ങളും അദ്ദേഹത്തിന്റെ മതത്തിൽപ്പെട്ടവരാണെന്നു മനസ്സിലാക്കിയപ്പോൾ അവർക്കു വളരെ സന്തോഷമായിരുന്നു. ഞങ്ങളുടെ വീട്ടിൽനിന്നു വളരെ ദൂരെ ആയിരുന്നു അവർ താമസിച്ചിരുന്നത്. അതുകൊണ്ട് ഞങ്ങൾ സന്ദർശിക്കുമ്പോൾ, അവർ ഉച്ചഭക്ഷണം നൽകിയിരുന്നു. മിക്കപ്പോഴും, ഒന്നാന്തരം മീൻ ആയിരുന്നു വിഭവം. സ്റ്റീലുകൊണ്ടുള്ള വലിയ ഒരു കുറ്റിയടുപ്പിലാണ് അതു പാകംചെയ്തിരുന്നത്.”ക്ലൈഡ് സഹോദരനും ഭാര്യയും ഡേവിഡ് സഹോദരനും ഭാര്യയും 1958 ഡിസംബറിൽ തിരിച്ചുപോകുന്നതിനുമുമ്പായി ക്ലൈഡ്, ഫ്രഞ്ച് പോളിനേഷ്യയുടെ ചരിത്രത്തിലെ രണ്ടാമത്തെ സ്നാപന പ്രസംഗം നടത്തുകയുണ്ടായി. ഒക്ടോബറിൽ മാക്കറ്റേയയിൽവെച്ച് മാവൂയി പിയിറായി സ്നാപനമേറ്റപ്പോഴായിരുന്നു ആദ്യത്തേത് നടത്തിയത്. അറുപതു പേർ കൂടിവരുകയും എട്ടു പേർ സ്നാപനമേൽക്കുകയും ചെയ്തു. സ്നാപനമേറ്റവരിൽ ക്ലൈഡിന്റെ മകനായ സ്റ്റീവെനും വാഹീനി ദ്വീപിൽ പിന്നീട് ഒരു സഭ രൂപീകരിക്കുന്നതിൽ സഹായിച്ച ഓഗുവെസ്റ്റ് റ്റെമാനഹേയും ഉൾപ്പെട്ടിരുന്നു.
ശക്തീകരണത്തിന്റെ ഒരു കാലഘട്ടം
ഫിജി ബ്രാഞ്ചിന്റെ അഭ്യർഥന പ്രകാരം ഓസ്ട്രേലിയയിൽനിന്ന് എത്തിയ ജോൺ ഹൂബ്ലറും ഭാര്യ എലെനും, ശൈശവാവസ്ഥയിലായിരുന്ന പാപ്പീറ്റ് സഭയെ സഹായിക്കാൻ 1959-ൽ തഹീതിയിലേക്കു നീങ്ങി. എലെനുമൊത്ത് തഹീതിയിൽ താമസിക്കാൻ കഴിഞ്ഞ ഏഴു മാസക്കാലം ജോൺ സഭാദാസനായി സേവിച്ചു. സ്വിറ്റ്സർലൻഡുകാരനായ ജോൺ ഫ്രഞ്ച് ഭാഷ ഒഴുക്കോടെ സംസാരിച്ചിരുന്നു. ന്യൂകലഡോണിയയിൽ വർഷങ്ങളോളം ഭർത്താവിനോടൊപ്പം സേവിച്ച എലെനും ഫ്രഞ്ച് വശമായിരുന്നു. ഈ ദമ്പതികൾ പാപ്പീറ്റിലെ പുതിയ പ്രസാധകർക്കു വീടുതോറുമുള്ള വേലയിൽ അവർക്കു വളരെ ആവശ്യമായിരുന്ന പരിശീലനം നൽകി. മിക്കവരും അന്നുവരെ അനൗപചാരികമായി മാത്രമാണ് പ്രസംഗം നടത്തിയിരുന്നത്.
1960-ൽ ജോണും എലെനും സർക്കിട്ട് വേലയ്ക്കു തുടക്കംകുറിച്ചു. നിയമന പ്രദേശം ഫ്രഞ്ച് പോളിനേഷ്യ ആയിരുന്നതിനാൽ, തുടർന്നും അവർക്കു പ്രാദേശിക സഹോദരങ്ങളെ സഹായിക്കാൻ കഴിഞ്ഞു. ജോൺ ഇപ്രകാരം പറയുന്നു: “തുടർന്ന് 1961-ൽ, ഗിലെയാദ് സ്കൂളിൽ സംബന്ധിക്കാൻ എന്നെ ക്ഷണിച്ചു. ബിരുദം നേടിയ ശേഷം വീണ്ടും എന്നെ സർക്കിട്ട് മേൽവിചാരകനായി നിയമിച്ചു. ഫ്രഞ്ച് സംസാരിക്കുന്ന എല്ലാ പസിഫിക് ദ്വീപുകളും ആയിരുന്നു എന്റെ നിയമന പ്രദേശം.”
ആദ്യത്തെ രാജ്യഹാൾ
ജോൺ സഹോദരൻ വിവരിക്കുന്നു: “രണ്ടാമതു തഹീതി സന്ദർശിച്ചപ്പോൾ, ഒരു മുൻ സ്കൂൾ അധ്യാപികയായ മാർസെൽ ആനാഹോവയുമായി ബൈബിളധ്യയനം ആരംഭിക്കാൻ കഴിഞ്ഞതു ഞങ്ങൾക്ക് ഏറെ സന്തോഷം പ്രദാനംചെയ്തു. ഒരു രാജ്യഹാൾ പണിയുന്നതിനു സ്ഥലം കണ്ടെത്താനായി ഞങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്ന സമയമായിരുന്നു അത്. എന്നാൽ രണ്ടു സംഗതികൾ തടസ്സമായിനിന്നു. ഒന്ന്, ആരുംതന്നെ തങ്ങളുടെ സ്ഥലം വിൽക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ലെന്നു തോന്നുന്നു. രണ്ട്, സഭയുടെ ഫണ്ട് തികച്ചും അപര്യാപ്തമായിരുന്നു. എന്നിരുന്നാലും, യഹോവ ഒരു വഴി കാണിച്ചുതരുമെന്ന വിശ്വാസത്തോടെ ഞങ്ങൾ അന്വേഷണം തുടർന്നു.
“അധ്യയനം നടത്തുന്ന സമയത്ത്, ഇക്കാര്യം ഞാൻ മാർസെലിനോടു സൂചിപ്പിച്ചു. ‘എന്റെ കൂടെ ഒന്നുവരൂ,’ ഉടനെ അവർ പറഞ്ഞു. എന്നെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയശേഷം അവർ മുമ്പിലുള്ള സ്ഥലം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ഇതു കണ്ടോ? ഇത് എന്റെ സ്ഥലമാണ്. ഇവിടെ ഫ്ളാറ്റുകൾ പണിയണമെന്നായിരുന്നു എന്റെ ഉദ്ദേശ്യം. എന്നാൽ, ഇപ്പോൾ സത്യം പഠിക്കുന്ന സ്ഥിതിക്ക് ഞാൻ എന്റെ തീരുമാനത്തിനു മാറ്റംവരുത്തിയിരിക്കുന്നു. രാജ്യഹാൾ പണിയുന്നതിനായി ഇതിന്റെ പകുതി ഭാഗം ഞാൻ സംഭാവന ചെയ്യുന്നു.’ അതുകേട്ട ഉടനെ, നിശ്ശബ്ദമായി ഞാൻ യഹോവയെ എന്റെ നന്ദി അറിയിച്ചു.”
സ്ഥലത്തിന്റെ കൈമാറ്റം സംബന്ധിച്ച നിയമ നടപടികൾ പൂർത്തിയായ ഉടനെ നിർമാണവേലയും ആരംഭിച്ചു. അങ്ങനെ, 1962-ൽ പാപ്പീറ്റ് സഭയുടെ ആദ്യ രാജ്യഹാളിന്റെ പണി പൂർത്തിയായി. തദ്ദേശീയ മാതൃകയിൽ നിർമിച്ച ലളിതമായൊരു ഹാൾ ആയിരുന്നു അത്. എല്ലാ വശവും തുറന്നുകിടന്നിരുന്നു. മേൽക്കൂര മേഞ്ഞിരുന്നത് കൈതച്ചെടിയുടെ ഇലകൾകൊണ്ടായിരുന്നു. ഏതായാലും അതോടെ ചുറ്റുമുള്ള കോഴികളുടെയെല്ലാം ഇഷ്ട താവളമായിത്തീർന്നു രാജ്യഹാൾ. ഇരിപ്പിടങ്ങളിൽ മുട്ടയിടുന്നതും കഴുക്കോലുകളിൽ ചെന്നിരുന്നു വിശ്രമിക്കുന്നതും പതിവായിത്തീർന്നു. എന്നാൽ മുട്ട മാത്രമല്ല, യോഗത്തിനു വരുമ്പോൾ സഹോദരങ്ങളെ കാത്ത് തറയിലും ഫർണിച്ചറിലുമെല്ലാം കോഴികളുടെ വക മറ്റു പല ‘സമ്മാനങ്ങളും’ ഉണ്ടായിരിക്കുമായിരുന്നു. എന്തായിരുന്നാലും, കെട്ടുറപ്പുള്ളതും വലുപ്പമേറിയതുമായ മറ്റൊരു രാജ്യഹാൾ പണിയുന്നതുവരെ ഈ ഹാൾ അതിന്റെ ഉദ്ദേശ്യം സാധിച്ചു.
നിയമപരമായ അനിശ്ചിതത്വങ്ങൾക്ക് അന്ത്യം കാണുന്നു
ഫ്രഞ്ച് പോളിനേഷ്യയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനുള്ള നിയമസാധുത സംബന്ധിച്ച് ആരംഭത്തിൽ സഹോദരങ്ങൾക്ക് നിശ്ചയമില്ലായിരുന്നു. ഫ്രാൻസിൽ പ്രസംഗപ്രവർത്തനത്തിനു വിലക്കുകൽപ്പിച്ചിരുന്നില്ലെങ്കിലും 1952-ൽ തുടങ്ങി വീക്ഷാഗോപുരം മാസികയുടെ അച്ചടി അവിടെ നിരോധിച്ചിരുന്നു. ഫ്രഞ്ച് അധിനിവേശപ്രദേശമായ ഇവിടെയും അതുതന്നെ ബാധകമായിരുന്നോ? അതിനിടെ പ്രസാധകരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നതിനാൽ, യഹോവയുടെ സാക്ഷികൾ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. യോഗങ്ങളിൽ നടക്കുന്നത് എന്താണെന്നു കാണാൻ പോലീസ് യോഗസ്ഥലത്തേക്കു കയറിവന്ന ഒരു അനുഭവംപോലും 1959-ന്റെ ഒടുവിൽ ഉണ്ടായി.
തത്ഫലമായി, ഒരു നിയമ സമിതി രൂപീകരിക്കാൻ സഹോദരങ്ങൾക്കു നിർദേശം ലഭിച്ചു. അങ്ങനെയാകുമ്പോൾ, അനിശ്ചിതത്വത്തിന് അന്ത്യം കാണാനും സംശയങ്ങൾ ദൂരീകരിക്കാനും കഴിയും. 1960 ഏപ്രിൽ 2-ന് യഹോവയുടെ സാക്ഷികളുടെ അസ്സോസിയേഷൻ എന്ന നിലയിൽ തങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നെന്ന് ഉറപ്പാക്കപ്പെട്ടപ്പോൾ സഹോദരങ്ങൾ എത്ര സന്തോഷഭരിതരായെന്നോ!
പക്ഷേ ഫ്രാൻസിൽ അപ്പോഴും വീക്ഷാഗോപുരം നിരോധിക്കപ്പെട്ടിരുന്നു. ഈ നിരോധനം ഫ്രഞ്ച് പോളിനേഷ്യയിലും ബാധകമാണെന്നു വിചാരിച്ചിരുന്നതിനാൽ, സ്വിറ്റ്സർലൻഡിൽനിന്നു സഹോദരങ്ങൾക്ക് വീക്ഷാഗോപുര ലേഖനങ്ങൾ അയച്ചുകൊടുത്തിരുന്ന പത്രികയ്ക്ക് ലാ സന്റിനെൽ (കാവൽഭടൻ) എന്ന പേരാണു നൽകിയിരുന്നത്. ഒരിക്കൽ, ലാ സന്റിനെൽ വീക്ഷാഗോപുരത്തിനു പകരമുള്ള പത്രിക ആണെന്ന കാര്യം തങ്ങൾക്ക് നന്നായി അറിയാമെന്ന് നിയമസമിതിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന മിഷെൽ ഷെലായോട് പോലീസ് അധികൃതർ
പറയുകയുണ്ടായി. എന്നിരുന്നാലും, പോലീസ് ആ മാസികകളുടെ ഇറക്കുമതി തടഞ്ഞില്ല. അതിന്റെ കാരണം പിന്നീട് 1975-ൽ ഫ്രാൻസിൽ വീക്ഷാഗോപുരത്തിനുണ്ടായിരുന്ന നിരോധനം നീക്കംചെയ്തപ്പോഴാണ് സഹോദരങ്ങൾക്കു മനസ്സിലായത്.നിരോധനം നീക്കപ്പെട്ടതിനെത്തുടർന്ന്, തഹീതിയിൽ വീക്ഷാഗോപുരം വരുത്തുന്നതു നിയമാനുസൃതമാക്കാൻ സഹോദരങ്ങൾ അനുമതി തേടി. ഫ്രഞ്ച് പോളിനേഷ്യയുടെ ഔദ്യോഗിക പത്രികയിൽ ഇങ്ങനെയൊരു നിരോധനം ഒരിക്കലും പ്രസിദ്ധപ്പെടുത്തിയിരുന്നില്ലെന്ന് അപ്പോഴാണ് അവർ അറിയുന്നത്. അതേ, ഫ്രഞ്ച് പോളിനേഷ്യയിൽ വീക്ഷാഗോപുരം ഒരിക്കലും നിരോധിക്കപ്പെട്ടിരുന്നില്ല. ഈ അറിവ് അനേകരെയും അത്ഭുതപ്പെടുത്തി.
എന്നാൽ വിസാ നൽകുകയോ അതിന്റെ കാലാവധി നീട്ടുകയോ ചെയ്യുന്ന കാര്യത്തിൽ പ്രാദേശിക അധികാരികൾ വളരെ കർക്കശരായിരുന്നു. അതുകൊണ്ട് മുമ്പു പരാമർശിച്ച ഫ്രഞ്ച് പൗരന്മാരല്ലാത്ത ക്ലൈഡിനെയും ആനിനെയും പോലുള്ളവർക്ക് മിക്കപ്പോഴും ചുരുക്കം ചില മാസങ്ങളേ അവിടെ തങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. ജോൺ സഹോദരന്റെയും ഭാര്യയുടെയും കാര്യവും അങ്ങനെതന്നെ ആയിരുന്നു. എന്നാൽ ജോൺ നിയമസമിതിയുടെ ഒരു അംഗംകൂടി ആയിരുന്നതിനാൽ—ഫ്രഞ്ച് നിയമം അനുസരിച്ച് വിദേശികളിൽപ്പെട്ട ഒരാൾക്കു ബോർഡിൽ അംഗത്വം നൽകാമായിരുന്നു—അദ്ദേഹത്തിനു വലിയ പ്രയാസം കൂടാതെ വിസാ ലഭിച്ചിരുന്നു.
ഇതു ജോണിന്റെ സർക്കിട്ട് വേലയ്ക്കു സഹായകമായിരുന്നു. പോലീസ് കമ്മീഷണർ ഒരിക്കൽ ജോണിനെ തന്റെ ഓഫീസിലേക്കു വിളിപ്പിക്കുകയും കൂടെക്കൂടെയുള്ള അദ്ദേഹത്തിന്റെ സന്ദർശനങ്ങളുടെ ഉദ്ദേശ്യം ആരായുകയും ചെയ്തു. ഒരു സമിതിയംഗമെന്ന നിലയിൽ തനിക്കു ബോർഡ് മീറ്റിങ്ങുകളിൽ സംബന്ധിക്കേണ്ടതുണ്ടെന്ന് ജോൺ വിശദീകരിച്ചു. അതു കേട്ടപ്പോൾ കമ്മീഷണർക്കു തൃപ്തിയായി. എന്നാൽ ജോണിനു പിന്നെയും പല സന്ദർഭങ്ങളിലും കമ്മീഷണറുടെ മുമ്പാകെ ഹാജരാകേണ്ടിവന്നു.
റോമ. 13:1) ചില സാഹിത്യങ്ങളും അദ്ദേഹം കമ്മീഷണർക്കു നൽകി. സാക്ഷികൾക്കു പ്രശ്നം സൃഷ്ടിക്കാനുള്ള ആരുടെയോ ശ്രമമായിരുന്നു ഇതിന്റെയെല്ലാം പിന്നിലെന്ന് ഒടുവിൽ ആ ഉദ്യോഗസ്ഥനു വ്യക്തമായി.
1963 മുതൽ, പസിഫിക് സമുദ്രത്തിൽ ആണവായുധങ്ങൾ പരീക്ഷിക്കുന്നതിൽ അനേകം പോളിനേഷ്യക്കാരും രോഷാകുലരായിത്തീർന്നു. അക്കൂട്ടത്തിൽ കുറഞ്ഞപക്ഷം, പ്രമുഖനായ ഒരു പാസ്റ്ററും ഉൾപ്പെട്ടിരുന്നു. ഈ അവസരം മുതലെടുത്തുകൊണ്ട് വിശ്വാസത്യാഗിയായ ഒരു മനുഷ്യൻ, പ്രക്ഷോഭണം ഇളക്കിവിടുന്നവരിൽ ഒരാളാണ് ജോൺ സഹോദരനെന്നു വ്യാജമായി പോലീസിനു വിവരംനൽകി. ജോണിനെ വീണ്ടും കമ്മീഷണറുടെ മുമ്പാകെ വിളിപ്പിച്ചു. കുറ്റാരോപകനെ അധിക്ഷേപിക്കുന്നതിനു പകരം ജോൺ, ബൈബിളധിഷ്ഠിതമായ നമ്മുടെ നിഷ്പക്ഷതയെയും അധികാരികളോടു നമുക്കുള്ള ആദരവിനെയും സംബന്ധിച്ച് ദയാപൂർവം വിശദീകരിച്ചു. (എന്നാൽ കുറെ കഴിഞ്ഞപ്പോൾ, ജോൺ സഹോദരനും ഭാര്യക്കും വിസാ ലഭിക്കാതായി. അങ്ങനെ അവർ ഓസ്ട്രേലിയയിലേക്കു മടങ്ങുകയും 1993 വരെ സർക്കിട്ട് വേല തുടരുകയും ചെയ്തു. അപ്പോഴേക്കും അവരുടെ ആരോഗ്യനില മോശമായിത്തീർന്നിരുന്നതിനാൽ സഞ്ചാരവേല അവസാനിപ്പിക്കേണ്ടിവന്നു.
ദ്വീപുകളിൽ സേവിക്കവേ, യഹോവയെ പ്രസാദിപ്പിക്കാനായി അനേകരും ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുന്നതു കാണാൻ ജോണിനും ഭാര്യക്കും കഴിഞ്ഞു. അവിഹിതബന്ധത്തിലൂടെ 14 മക്കൾക്കു ജന്മം നൽകിയ ഒരു 74 വയസ്സുകാരി അതിന് ഉദാഹരണമാണ്. ജോൺ പറയുന്നു: “ഞങ്ങൾ അവരെ മമ്മാ റോറോ എന്നാണു വിളിച്ചിരുന്നത്. സത്യം പഠിച്ചപ്പോൾ അവർ തന്നോടൊപ്പം ജീവിച്ചിരുന്ന മനുഷ്യനെ വിവാഹം കഴിക്കുകയും എല്ലാ മക്കളുടെയും—അവരുടെ പിതാക്കന്മാർ പലർ ആയിരുന്നിട്ടും—പേരുവിവരങ്ങൾ നേരാംവണ്ണം രജിസ്റ്റർ ചെയ്യുകയും ചെയ്തു. രണ്ടു ഫാറങ്ങൾ കൂട്ടിച്ചേർത്ത് ഒരു വലിയ ഫാറം ഉണ്ടാക്കിക്കൊണ്ടാണ് സ്ഥലത്തെ മേയർ ഇത്രയും മക്കളുടെ കാര്യങ്ങൾ അതിൽ രേഖപ്പെടുത്തിയത്. യഹോവയ്ക്കു പ്രസാദകരമായ വിധത്തിൽ കാര്യങ്ങൾ ചെയ്യണമെന്നു മമ്മാ റോറോ നിർബന്ധം പിടിച്ചു.” വിശ്വസ്തയായ ഈ സഹോദരി സ്നാപനമേറ്റ ശേഷം പയനിയറിങ് തുടങ്ങി. മാസികകൾ സമർപ്പിക്കുന്നതിൽ അവർ ബഹുസമർഥയായിരുന്നു. അവർ മറ്റു പ്രസാധകരുമൊത്ത് വിദൂര ദ്വീപുകളിൽപ്പോലും പോയി സുവാർത്ത പ്രസംഗിച്ചിരുന്നു.
തഹീഷ്യൻ ബൈബിൾ—ഒരു അനുഗ്രഹം
തഹീഷ്യൻ ഭാഷ മാത്രം സംസാരിക്കുന്ന അനേകം ആളുകൾ 1960-കളിൽ ഉണ്ടായിരുന്നു. പരിഭാഷകരായ ഹെൻറി നോട്ടിന്റെയും b ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ ഉൾപ്പെടെ ബൈബിളിൽ ഉടനീളം ദൈവനാമം ഉപയോഗിച്ചിരിക്കുന്നു എന്നത് ആ ബൈബിളിന്റെ ശ്രദ്ധാർഹമായ സവിശേഷതകളിൽ ഒന്നാണ്. തഹീഷ്യൻ ഭാഷയിൽ ദൈവനാമം യേഹോവ (Iehova) എന്നാണ്.
ജോൺ ഡേവിസിന്റെയും ശ്രമഫലമായി 1835-നു ശേഷം ബൈബിൾ ഈ ഭാഷയിൽ ലഭ്യമാക്കാൻ കഴിഞ്ഞിരുന്നു.തഹീഷ്യൻ ബൈബിൾ ദ്വീപുകളിൽ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ളതിനാൽ സത്യത്തിന്റെ സൂക്ഷ്മ പരിജ്ഞാനം സമ്പാദിക്കുന്നതിൽ അത് അനേകർക്കു സഹായകമായിരുന്നിട്ടുണ്ട്. അവരിൽ ഒരാളായിരുന്നു റ്റായിനാ റാറ്റാറോ. 1927-ൽ ജനിച്ച റ്റായിനാ, മാക്കറ്റേയയിലെ ആദ്യകാല ബൈബിൾ വിദ്യാർഥികളിൽ ഒരുവനായിരുന്നു. പക്ഷേ ആരംഭത്തിൽ, മാതൃഭാഷയായ തഹീഷ്യൻ വായിക്കാനോ എഴുതാനോ അദ്ദേഹത്തിനു വശമില്ലായിരുന്നു. എന്നാൽ കഠിനാധ്വാനത്തിന്റെ ഫലമായി നല്ലനിലയിൽ പുരോഗമിച്ച അദ്ദേഹത്തെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ഉൾപ്പെടുത്തുകയും പിന്നീട് ഒരു ശുശ്രൂഷാദാസനായി നിയമിക്കുകപോലും ചെയ്തു.
ടൂബ്വായി ദ്വീപുകളിലെ റിമേറ്റാറ എന്ന ദ്വീപിലാണ് 78 വയസ്സുള്ള എലിസബെറ്റ് ആവെ ജനിച്ചത്. ഒറ്റപ്പെട്ടു കിടക്കുന്ന ആ ദ്വീപിലേക്കു തഹീതിയിൽനിന്ന് ഏകദേശം 600 കിലോമീറ്റർ ദൂരമുണ്ട്. 1960-കളിൽ എലിസബെറ്റിന് ഫ്രഞ്ച് ഒട്ടും വശമില്ലായിരുന്നു. എന്നാൽ തഹീഷ്യൻ വായിക്കാനും എഴുതാനും അറിയാമായിരുന്നു. വിവാഹത്തിനുശേഷം അവരും ഭർത്താവും പാപ്പീറ്റിലേക്കു താമസം മാറി. അവിടെ ക്രിസ്തീയ യോഗങ്ങളിൽ പങ്കുപറ്റാൻ ആരംഭിച്ച അവരുടെ മൂത്ത മകളായ മാർഗരിറ്റിലൂടെ എലിസബെറ്റ് ബൈബിൾ സത്യം അറിയാൻ ഇടയായി. മറ്റ് ഒമ്പതു മക്കളോടൊപ്പം അവരും യോഗങ്ങൾക്കു പോകാൻ തുടങ്ങി. ഇക്കാര്യത്തിൽ അവർക്കു ഭർത്താവിന്റെ കടുത്ത എതിർപ്പിനെ നേരിടേണ്ടതുണ്ടായിരുന്നു. അവർ യോഗങ്ങൾക്കു പോയിക്കഴിയുമ്പോൾ അദ്ദേഹം അവരുടെ വസ്ത്രങ്ങളെല്ലാം വീടിനു വെളിയിലേക്കു വലിച്ചെറിയുമായിരുന്നു.
അന്നൊക്കെ യോഗങ്ങൾ നടത്തിയിരുന്നത് ഫ്രഞ്ച് ഭാഷയിലായിരുന്നു. ചിലപ്പോഴൊക്കെ ചില ഭാഗങ്ങൾ തഹീഷ്യനിലേക്കു പരിഭാഷപ്പെടുത്തിയിരുന്നു. പരിപാടികളിൽ തിരുവെഴുത്തുകൾ പരാമർശിക്കുമ്പോൾ തഹീഷ്യൻ ഭാഷയിലുള്ള തന്റെ ബൈബിൾ എടുത്തുനോക്കിക്കൊണ്ട് എലിസബെറ്റ് ആത്മീയ പോഷണം ഉൾക്കൊണ്ടു. “രാജ്യത്തിന്റെ ഈ സുവാർത്ത” എന്ന ചെറുപുസ്തകം ഉപയോഗിച്ചുകൊണ്ടാണ്
അവർക്ക് അധ്യയനം നടത്തിയത്. അധ്യയനം എടുക്കുന്ന സഹോദരി പഠനഭാഗം ഫ്രഞ്ചിൽനിന്നു തഹീഷ്യനിലേക്കു തർജമ ചെയ്തിരുന്നു. തിരുവെഴുത്തു ഭാഗങ്ങളെല്ലാം എലിസബെറ്റ് സ്വന്തം ബൈബിളിൽനിന്നു വായിക്കുകയും ചെയ്യുമായിരുന്നു. അതിന്റെ ഫലമായി അവർ നല്ല പുരോഗതി പ്രാപിക്കുകയും 1965-ൽ സ്നാപനമേൽക്കുകയും ചെയ്തു. തുടർന്ന് അവർ, തഹീഷ്യൻ മാത്രം സംസാരിക്കുന്ന പലർക്കും അധ്യയനമെടുത്തു. കൂടാതെ മക്കളെയും, കൊച്ചുമക്കളിൽ ചിലരെയും—അവരിൽ പലരെയും എലിസബെറ്റ് തന്നെയാണ് വളർത്തിയത്—അവർ പഠിപ്പിച്ചു. മക്കളിൽ ആറു പേർ യഹോവയ്ക്കു തങ്ങളുടെ ജീവിതം സമർപ്പിച്ചു.അവരുടെ ഒരു കൊച്ചുമകളായ ഡിയാന റ്റാവുറ്റൂ കഴിഞ്ഞ 12 വർഷമായി തഹീതി ബ്രാഞ്ചിൽ ഒരു പരിഭാഷകയായി സേവിച്ചിരിക്കുന്നു. അവർ ഇങ്ങനെ പറയുന്നു: “തഹീഷ്യൻ ഭാഷയിൽ നല്ല അറിവു സമ്പാദിക്കാൻ എന്നെ സഹായിച്ചതിന് എനിക്കു വല്യമ്മയോടു നന്ദിയുണ്ട്. മറ്റുള്ളവർക്ക് അവരുടെ സ്വന്തം ഭാഷയിൽ ജീവരക്ഷാകരമായ ആത്മീയ ഭക്ഷണം ലഭ്യമാക്കുന്നതിൽ ഒരു ചെറിയ പങ്കു വഹിക്കുന്നതിനുള്ള പദവി ഇപ്പോൾ എനിക്കുണ്ട്.”
ചൈനക്കാർ യഹോവയെക്കുറിച്ച് അറിയാനിടയാകുന്നു
1960-കളിൽ തഹീതിയിലെ ജനസംഖ്യയുടെ 10 ശതമാനത്തോളം ചൈനക്കാരായിരുന്നു. അവരിൽ ആദ്യമായി ബൈബിൾസത്യം സ്വീകരിച്ചത് കൗമാരപ്രായക്കാരിയായ ക്ലാരിസ് ലിഗാൻ ആയിരുന്നു. ഒരു ദരിദ്ര കുടുംബത്തിലെ അംഗമായിരുന്ന അവൾ കുടുംബത്തെ പിന്തുണയ്ക്കാൻ എല്ലാ ബുധനാഴ്ചയും—അതു സ്കൂളവധി ദിവസം ആയിരുന്നു—ജോലി ചെയ്തിരുന്നു. സാക്ഷികളുടെ ഒരു വീട്ടിലാണ് അവൾ ജോലിക്കു പോയിരുന്നത്. അങ്ങനെ ക്ലാരിസ് സത്യം അറിയാൻ ഇടയാകുകയും മാതാപിതാക്കളുടെ ശക്തമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും 1962-ൽ സ്നാപനമേൽക്കുകയും ചെയ്തു. അന്ന് അവൾക്ക് 18 വയസ്സായിരുന്നു.
തഹീതിയിൽ യഹോവയുടെ സേവകരായിത്തീർന്ന ആദ്യത്തെ ചൈനക്കാരിൽ കി സിങ് ലിഗാനും അലെക്സാൻഡർ ലിക്വായിയും ഭാര്യ ആർലെറ്റും ഉൾപ്പെടുന്നു. ടാക്സി ഡ്രൈവറായിരുന്ന അലെക്സാൻഡർ ഒരു ദിവസം, പ്രസംഗ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ 1961-ൽ ന്യൂസിലൻഡിൽനിന്നു വന്നിരുന്ന ദമ്പതികളായ ജിം വാക്കറെയും ഷാർമിയാനെയും കണ്ടുമുട്ടി. തനിക്ക് ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുണ്ടെന്ന് അലെക്സാൻഡർ അവരോടു പറഞ്ഞു. ഷാർമിയാൻ പറയുന്നു: “അന്നു ഞാൻ ഒരു പയനിയറായിരുന്നു. അതുകൊണ്ട്, അലെക്സാൻഡറിനെ ഞാൻ പഠിപ്പിക്കുമെന്ന് ജിം അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. 30 മിനിട്ടു നേരത്തെ ഇംഗ്ലീഷ് പഠനവും നഷ്ടപ്പെട്ട പറുദീസയിൽനിന്നു തിരിച്ചുകിട്ടിയ പറുദീസയിലേക്ക് (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ സഹായത്തോടെയുള്ള 30 മിനിട്ടു നേരത്തെ ബൈബിളധ്യയനവും ഉൾപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ പഠനം.”
അതിനിടെ, അലെക്സാൻഡറിന്റെ അനുജനായ കി സിങ്ങും സത്യം അറിയാൻ ഇടയായി. പക്ഷേ ആയിടയ്ക്കു കത്തോലിക്കാ വിശ്വാസത്തിലേക്കു മതം മാറിയിരുന്ന അവർ രണ്ടുപേരും കത്തോലിക്കാ മതത്തെക്കുറിച്ചു കൂടുതൽ പഠിക്കാൻ ഒരു കോഴ്സിൽ സംബന്ധിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ബൈബിളിന്റെ പഠിപ്പിക്കലും സഭയുടെ പഠിപ്പിക്കലും തമ്മിലുള്ള വ്യത്യാസം അവർ പെട്ടെന്നുതന്നെ തിരിച്ചറിയാൻ തുടങ്ങി. കോഴ്സ് പൂർത്തിയായപ്പോൾ, തങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടോയെന്ന് ഏകദേശം 100 പേർ അടങ്ങിയ വിദ്യാർഥികളോടു പുരോഹിതൻ ചോദിച്ചു. അലെക്സാൻഡർ കൈ ഉയർത്തുകയും ആത്മാവ് അമർത്യമാണ് എന്നതിനുള്ള തിരുവെഴുത്തു തെളിവ് നൽകാൻ അഭ്യർഥിക്കുകയും ചെയ്തു. ഉടനെ പുരോഹിതൻ പറഞ്ഞു: “ഈ ചോദ്യത്തിന്റെ ഉത്ഭവം എവിടെനിന്നാണെന്ന് എനിക്കറിയാം. നീ യഹോവയുടെ സാക്ഷികളോടു സംസാരിക്കാൻ തുടങ്ങി, അല്ലേ?” തുടർന്ന് അദ്ദേഹം ആ യുവാവിനെ മറ്റുള്ളവരുടെയെല്ലാം മുമ്പിൽവെച്ചു പരിഹസിച്ചു.
കത്തോലിക്കാ സഭ സത്യത്തിന്റെ സൂക്ഷിപ്പുകാരനല്ലെന്ന് ഈ സംഭവത്തിലൂടെ അലെക്സാൻഡറിനും കി സിങ്ങിനും ബോധ്യമായി.
കാലക്രമത്തിൽ അവരും അവരുടെ ഭാര്യമാരും തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു. പിന്നീട് ഈ രണ്ടു സഹോദരന്മാരെയും സഭാമൂപ്പന്മാരായി നിയമിച്ചു. അലെക്സാൻഡർ കുറെക്കാലത്തേക്കു തഹീതി ബ്രാഞ്ച്കമ്മിറ്റിയിൽ സേവിക്കുകപോലും ചെയ്തു. അതേത്തുടർന്ന്, രാജ്യവേലയെ പിന്തുണയ്ക്കാനായി ഭാര്യയോടൊപ്പം അദ്ദേഹം സൊസൈറ്റി ദ്വീപുകളിൽ ഒന്നായ റൈയറ്റേയയിലേക്കും അവിടെനിന്നു ബോറാ ബൊറയിലേക്കും പോയി. ബോറാ ബൊറയിൽ മരണംവരെ അദ്ദേഹം വിശ്വസ്തനായി സേവിച്ചു.സമുദ്രത്തിൽവെച്ചു ഗതി മാറിയ ഒരു ജീവിതം
ഇറ്റലിയിലെ മിലാനിലുള്ള ഒരു ടെലിവിഷൻ കമ്പനിയിലെ ടെക്നീഷ്യൻ ആയിരുന്നു ആന്റോണിയോ ലാന്റ്സ. 1966-ൽ, വിൽപ്പനയ്ക്കു ശേഷമുള്ള സർവീസിങ്ങിന്റെ ചുമതല വഹിക്കാനായി തഹീതിയിലേക്കു പോകാൻ ആരെങ്കിലും ഒരുക്കമാണോയെന്നു കമ്പനി ആരാഞ്ഞു. മൂന്നു വർഷത്തേക്കുള്ള ആ ഉദ്യോഗം ആന്റോണിയോ സ്വീകരിച്ചു. എന്നാൽ ഭാര്യ അന്നയെയും അവരുടെ കൊച്ച് ആൺമക്കൾ രണ്ടു പേരെയും നാട്ടിൽത്തന്നെ നിറുത്തിയിട്ടു പോകാനായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. ആ തീരുമാനം ഉപേക്ഷിക്കാൻ അന്ന ആഴ്ചകളോളം തന്റെ ഭർത്താവിനോടു കരഞ്ഞുപറഞ്ഞു. എന്നാൽ ഫലമുണ്ടായില്ല.
ഫ്രാൻസിലെ മാർസെയ്ൽസിൽനിന്നും പാപ്പീറ്റിലേക്കുള്ള കപ്പൽയാത്രയ്ക്കു 30 ദിവസം വേണമായിരുന്നു. ആന്റോണിയോ സംസാരപ്രിയനും പെട്ടെന്ന് ആളുകളുമായി കൂട്ടുകൂടുന്ന പ്രകൃതക്കാരനും ആയിരുന്നെങ്കിലും കപ്പലിലുണ്ടായിരുന്ന എല്ലാവരുംതന്നെ അദ്ദേഹത്തിനു വശമില്ലാത്ത ഫ്രഞ്ചാണു സംസാരിച്ചിരുന്നത്. എന്നാൽ രണ്ടാമത്തെ ദിവസം അദ്ദേഹം ഇറ്റലിക്കാരായ രണ്ടു കത്തോലിക്കാ കന്യാസ്ത്രീകളെ പരിചയപ്പെട്ടു. പക്ഷേ, അവർക്ക് അവരുടേതായ ദൈനംദിന മതകർമങ്ങൾ നടത്തേണ്ടതുണ്ടായിരുന്നതിനാൽ സംസാരിച്ചിരിക്കാൻ അധികം സമയം ഉണ്ടായിരുന്നില്ല. എന്നാൽ ഇറ്റാലിയൻ സംസാരിക്കുന്ന ഒരു ഫ്രഞ്ച് സ്ത്രീ കപ്പലിൽ ഉണ്ടെന്ന് അവർ ആന്റോണിയോയ്ക്കു പറഞ്ഞുകൊടുത്തു. അത് ഒരു സാക്ഷിയായിരുന്ന ലിലിയൻ സെലാം ആയിരുന്നു. തഹീതിയിൽ ജോലി ലഭിച്ച തന്റെ ഭർത്താവിന്റെ അടുക്കലേക്കു മക്കളുമൊത്തു പോകുകയായിരുന്നു അവർ.
ആന്റോണിയോ ലിലിയനെ കണ്ടുപിടിക്കുകയും അവരുമായി സംഭാഷണം നടത്തുകയും ചെയ്തു. അതിനിടെ അവർ അദ്ദേഹത്തിന് ഇറ്റാലിയനിലുള്ള ഒരു ബൈബിളധിഷ്ഠിത പ്രസിദ്ധീകരണം നൽകി. അതേത്തുടർന്ന് അവർ അനേകം ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്തു. അങ്ങനെയൊരു ചർച്ചയ്ക്കിടയിൽ, തഹീതിയിൽ ജോലി നോക്കിക്കൊണ്ടു മൂന്നു വർഷത്തേക്കു ഭാര്യയെയും മക്കളെയും വിട്ടുനിൽക്കുന്നത് ആന്റോണിയോയെ ധാർമികമായി അപകടകരമായ ഒരു സാഹചര്യത്തിലാക്കുമെന്നു എഫെസ്യർ 5:28, 29; മർക്കൊസ് 10:7-9 തുടങ്ങിയ തിരുവെഴുത്തു ഭാഗങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
ലിലിയൻ ഓർമിപ്പിച്ചു. വിവാഹത്തിന്റെ പവിത്രത സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണം അവർ ചൂണ്ടിക്കാണിക്കുകയുംഇതിനെക്കുറിച്ചെല്ലാം ചിന്തിച്ചപ്പോൾ താൻ കൈക്കൊണ്ട തീരുമാനത്തെക്കുറിച്ച് ആന്റോണിയോയ്ക്കു സങ്കടമായി. യാത്രയ്ക്കുള്ള പണം ലഭിച്ചുകഴിഞ്ഞാൽ ഉടൻതന്നെ ഭാര്യക്കും മക്കൾക്കും തഹീതിയിലേക്കു വിമാനത്തിൽ വരാനുള്ള ഏർപ്പാടുകൾ ചെയ്യാമെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം പനാമയിൽനിന്നു ഭാര്യക്കു കത്തയച്ചു. വരുമ്പോൾ പുരോഹിതന്റെ കയ്യിൽനിന്ന് ഒരു ബൈബിൾ വാങ്ങിക്കൊണ്ടു വരണമെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം വീണ്ടും അവർക്കു കത്തെഴുതി. ഇതു സംബന്ധിച്ച് പുരോഹിതനു തോന്നിയത് എന്തായിരുന്നു? ഭർത്താവിനു കാര്യമായ എന്തെങ്കിലും കുഴപ്പം സംഭവിച്ചിരിക്കുമെന്ന് അദ്ദേഹം അന്നയോടു പറഞ്ഞു. ‘അല്ലെങ്കിൽപ്പിന്നെ ഇത്ര സങ്കീർണമായ ഒരു പുസ്തകം വായിക്കാൻ അയാൾ ആഗ്രഹിക്കുകയില്ലല്ലോ.’
ആന്റോണിയോ തഹീതിയിൽ എത്തിച്ചേർന്നിട്ട് ആറു മാസമായപ്പോൾ കുടുംബം അദ്ദേഹത്തോടൊപ്പംചേർന്നു. മതഭക്തയായിരുന്ന അന്ന അവർ എത്തിയതിന്റെ പിറ്റേന്ന്, തങ്ങളെ കൂട്ടിവരുത്തിയതിൽ ദൈവത്തിനു നന്ദി പറയാൻ കുടുംബാംഗങ്ങളെയെല്ലാം പള്ളിയിൽ കൂട്ടിക്കൊണ്ടുപോകണമെന്ന് ആന്റോണിയോയോട് അഭ്യർഥിച്ചു. “ശരി, നമുക്കു പോകാം,” ആന്റോണിയോ പ്രതിവചിച്ചു. എന്നാൽ തന്റെ കുടുംബത്തെ കത്തോലിക്കാ പള്ളിയിലേക്കല്ല, രാജ്യഹാളിലേക്കായിരുന്നു അദ്ദേഹം കൊണ്ടുപോയത്! അന്ന ശരിക്കും അതിശയിച്ചുപോയി. എങ്കിലും അവർക്ക് അവിടത്തെ പരിപാടികൾ ഇഷ്ടപ്പെട്ടു. മാത്രമല്ല ഒരു ബൈബിളധ്യയനത്തിനു സമ്മതിക്കുകയും ചെയ്തു. ആരായിരുന്നു അവർക്ക് അധ്യയനം എടുത്തത്? കപ്പലിൽവെച്ച് ആന്റോണിയോയോടു സാക്ഷീകരിച്ച ലിലിയൻ സെലാം തന്നെ!
തഹീതിയിൽ ആന്റോണിയോ തനിച്ചുകഴിയാൻ ഉദ്ദേശിച്ചിരുന്ന മൂന്നു
വർഷം, മുഴുകുടുംബവുമൊത്തുള്ള 35 വർഷത്തെ ജീവിതത്തിനു വഴിമാറി. തന്നെയുമല്ല, ആന്റോണിയോയും അന്നയും അവരുടെ നാല് ആൺമക്കളും സത്യാരാധനയിൽ ഏകീകൃതരാണ്. ആന്റോണിയോ ഇപ്പോൾ ഒരു സഭാമൂപ്പനായി സേവിക്കുന്നു.ആവശ്യം അധികമുള്ളിടത്തു സേവിക്കുന്ന കുടുംബങ്ങൾ
വർഷങ്ങളിൽ ഉടനീളം അനേകം സഹോദരീസഹോദരന്മാർ രാജ്യഘോഷകരുടെ ആവശ്യം അധികമുള്ള സ്ഥലങ്ങളിൽ സേവിക്കാൻ ഒറ്റപ്പെട്ട ദ്വീപുകളിലേക്കു താമസം മാറിയിരിക്കുന്നു. ഇതിൽ മാറാ കുടുംബവും റൂഡോൾഫ് കുടുംബവും റ്റെയ്റിയി കുടുംബവും ആറ്റോ ലാക്കൂറും—ഇദ്ദേഹത്തിന്റെ കുടുംബത്തിൽ മറ്റാരും വിശ്വാസത്തിലില്ലായിരുന്നു—ഉൾപ്പെടുന്നു. വായിയേറേറ്റിയായിയും മാരി-മെഡലെനും അവരുടെ അഞ്ചു മക്കളും ഉൾപ്പെട്ട മാറാ കുടുംബം തഹീതിയിൽനിന്നു റൈയറ്റേയയിലേക്കു നീങ്ങി. അവിടെ സേവിച്ചുകൊണ്ടിരുന്ന ഒരു പ്രത്യേക പയനിയർ ദമ്പതികൾക്കു മറ്റൊരിടത്തേക്കു മാറ്റം ലഭിച്ചിരുന്നു. ആ ദ്വീപിൽ രണ്ടു സഹോദരിമാരും സ്നാപനമേൽക്കാത്ത ചുരുക്കംചില പ്രസാധകരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വായിയേറേറ്റിയായി ഒരു ശിൽപ്പി ആയിരുന്നു. ആദ്യമൊക്കെ മരംകൊണ്ട് ശിൽപ്പങ്ങൾ ഉണ്ടാക്കിയിരുന്ന അദ്ദേഹം പിന്നീടു പവിഴത്തിൽ ശിൽപ്പങ്ങൾ തീർക്കാൻ തുടങ്ങി. അങ്ങനെ പുതിയൊരു തൊഴിൽ കണ്ടെത്തുകയെന്ന പ്രശ്നമില്ലാതെതന്നെ മാറിത്താമസിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അഞ്ചു വർഷങ്ങൾക്കു ശേഷം യോഗ്യതയുള്ള മറ്റൊരു സഹോദരൻ വന്നെത്തുന്നതുവരെ, റൈയറ്റേയയിലെ ഒരേയൊരു മൂപ്പനെന്ന നിലയിൽ അദ്ദേഹം അവിടെയുള്ള ചെറിയ കൂട്ടത്തിനുവേണ്ടി കരുതി. തുടർന്ന് മാറാ കുടുംബം റ്റാഹായായിലേക്കു പോകുകയും അവിടെ നാലു വർഷം ചെലവഴിക്കുകയും ചെയ്തു.
ഈ രണ്ടു ദ്വീപുകളിലും മാറാ കുടുംബത്തിനു സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടിരുന്നു. വായിയേറേറ്റിയായി പറയുന്നു: “ശിൽപ്പങ്ങൾ വിൽക്കാൻ ഞാൻ തഹീതിയിൽ പോകേണ്ടിയിരുന്നു. ചില സന്ദർഭങ്ങളിൽ വിമാനയാത്രയ്ക്കുള്ള പണം ഉണ്ടായിരുന്നില്ല. അപ്പോഴൊക്കെ, മടക്കയാത്രയിൽ
മുഴുവൻ പണവും അടച്ചുകൊള്ളാമെന്ന് ഉറപ്പുകൊടുത്തുകൊണ്ട് ആ ചെറിയ വിമാനക്കമ്പനിയുടെ അധികാരിയോട് ഞാൻ ടിക്കറ്റ് കടംചോദിക്കുമായിരുന്നു. ഇടയ്ക്കിടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിലും ഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ എല്ലായ്പോഴും നിറവേറ്റപ്പെട്ടിരുന്നു.” ആത്മത്യാഗത്തിന്റെ കാര്യത്തിൽ വായിയേറേറ്റിയായിയും മാരി-മെഡലെനും പ്രകടമാക്കിയ നല്ല മാതൃക അവരുടെ മകൾ ഷാനിനെ നല്ല രീതിയിൽ സ്വാധീനിച്ചു. മുഴുസമയ സേവനത്തിൽ 26 വർഷം പിന്നിട്ടിരിക്കുന്ന അവൾ ഇപ്പോൾ തഹീതി ബെഥേലിലെ ഒരംഗമാണ്.1969-ൽ ആറ്റോ ലാക്കൂർ കുടുംബസമേതം ടൂബ്വായി ദ്വീപുകളിലുള്ള റൂറൂട്ടൂവിലേക്കു താമസംമാറ്റി. അവിടേക്ക് അദ്ദേഹം സ്ഥലംമാറ്റം വാങ്ങിയതായിരുന്നു. കേവലം മൂന്നു വർഷം മുമ്പു സ്നാപനമേറ്റ അദ്ദേഹത്തിന്റെ വിശ്വാസം കുടുംബത്തിൽ മറ്റാരും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല ആ ദ്വീപുകളിലെ ഒരേയൊരു പ്രസാധകനും ആയിരുന്നു അദ്ദേഹം. വന്നതിന്റെ പിറ്റേന്നുതന്നെ സാക്ഷീകരിക്കാൻ തുടങ്ങിയ അദ്ദേഹം തന്റെ ഡയറിയിൽ ഇങ്ങനെ എഴുതി: “തനിച്ചെങ്കിലും ഞാൻ പ്രസംഗപ്രവർത്തനം ആരംഭിച്ചു. അതു പ്രയാസകരമാണ്. മഹാബാബിലോൺ ഇവിടെ ശക്തമായ കോട്ട കെട്ടിയിരിക്കുകയാണ്.”
എന്നിരുന്നാലും അധികം വൈകാതെ, പലരും സുവാർത്തയോട് അനുകൂലമായി പ്രതികരിക്കുകയും ഒരു കൂട്ടം രൂപീകരിക്കപ്പെടുകയും ചെയ്തു. ലാക്കൂർ കുടുംബം താമസിച്ചിരുന്ന വീടിന്റെ സ്വീകരണ മുറിയിലായിരുന്നു ആദ്യം അവർ കൂടിവന്നിരുന്നത്. അദ്ദേഹം പറയുന്നു: “ദ്വീപുവാസികൾക്കു പരിചയമില്ലാത്ത ഒരു മതത്തിലെ അംഗങ്ങളായിരുന്നതിനാൽ, ഞങ്ങളുടെ കൂട്ടത്തിന് ‘ലാക്കൂർ മതം’ എന്ന പേർ വീണു. എന്നാൽ യഹോവ ഞങ്ങളെ ‘വളരുമാറാക്കിയതിനാൽ’ ഞങ്ങളുടെ കൂട്ടം 1976-ൽ ഒരു സഭയായിത്തീർന്നു.” (1 കൊരി. 3:6) ലാക്കൂർ സഹോദരൻ 2000-ത്തിൽ മരണമടഞ്ഞു. എന്നാൽ അതിനുമുമ്പായി അദ്ദേഹത്തിന്റെ ഭാര്യ പെറേനാ ഉൾപ്പെടെ പല കുടുംബാംഗങ്ങളും സത്യാരാധനയിൽ അദ്ദേഹത്തോടു ചേർന്നിരുന്നു.
റൂഡോൾഫ് ഹാമാറൂറായിയും ഭാര്യ നാർസിസും ബോറാ ബൊറയിലേക്കു താമസംമാറ്റി. തഹീതിയിലെ റീജിണൽ ഇലക്ട്രിക് കമ്പനിയുടെ സൂപ്പർവൈസർ ഉദ്യോഗം രാജിവെച്ച റൂഡോൾഫ് ബോറാ ബൊറയിൽ തേങ്ങ ശേഖരിച്ച് കൊപ്ര ഉണ്ടാക്കുന്ന ജോലി ഏറ്റെടുത്തു. രണ്ടു വർഷത്തേക്കു മറ്റൊരു തൊഴിലും കണ്ടെത്താനായില്ല. എന്നാൽ യഹോവ അവരെ സമൃദ്ധമായി അനുഗ്രഹിച്ചു—കാലക്രമേണ ആ ദ്വീപിൽ ഒരു
സഭ രൂപീകരിക്കപ്പെട്ടു! റൂഡോൾഫ് കുടുംബത്തിന്റെ വീട്ടിലായിരുന്നു 25 വർഷത്തിലധികമായി യോഗങ്ങൾ നടത്തിയിരുന്നത്. തുടർന്ന് 2000-ത്തിൽ അവർ, ബോറാ ബൊറയുടെ അതിമനോഹരമായ തടാകക്കരയിൽ പണിതീർത്ത സ്വന്തം രാജ്യഹാളിൽ കൂടിവരാൻ തുടങ്ങി.15 മക്കളുള്ള റ്റാറോയാ റ്റെയ്റിയിയും ഭാര്യ കാറ്റ്റിനും അപ്പോഴും അവരുടെ സംരക്ഷണയിലുണ്ടായിരുന്ന 7 മക്കളുമായാണ് 1977-ൽ സൊസൈറ്റി ദ്വീപുകളിൽത്തന്നെയുള്ള മാവുപിറ്റി എന്ന ചെറുദ്വീപിൽ എത്തിയത്. അന്ന് അവിടെ മറ്റു പ്രസാധകർ ആരും ഉണ്ടായിരുന്നില്ല. തടാകത്തിന്റെ അറ്റത്തുള്ള മോട്ടു എന്നു വിളിക്കപ്പെടുന്ന പച്ചപ്പണിഞ്ഞ ഒരു കൊച്ചു ദ്വീപിലാണ് അവർ താമസിച്ചിരുന്നത്. ചുരണ്ടിയെടുത്ത തേങ്ങയും മത്സ്യവും ആയിരുന്നു അവരുടെ പ്രധാന ആഹാരം. കൂടാതെ അവർ ഭക്ഷ്യയോഗ്യമായ കക്കാമത്സ്യങ്ങൾ ശേഖരിക്കുകയും അതു വിൽക്കുകയും ചെയ്തിരുന്നു. പ്രധാന ദ്വീപിൽ സാക്ഷീകരിക്കാനായി വെള്ളത്തിലൂടെ നടന്ന് അക്കരെ കടക്കുമ്പോൾ വിഷം നിറഞ്ഞ മീശമുള്ളുള്ള ഏതെങ്കിലും മത്സ്യങ്ങളെ ചവിട്ടാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
1980-ൽ റ്റാറോയയെയും കാറ്റ്റിനെയും ബോറാ ബൊറയിൽ പ്രത്യേക പയനിയർമാരായി നിയമിച്ചു. 5 വർഷം അതിൽ തുടർന്നശേഷം അവർ 15 വർഷം സാധാരണ പയനിയർമാരായി സേവിച്ചു. അടുത്തതായി നമുക്ക്, സുവാർത്തയ്ക്കു വേണ്ടി കടുത്ത എതിർപ്പ് അഭിമുഖീകരിക്കേണ്ടിവന്ന അവരുടെ ആദ്യകാല ബൈബിൾ വിദ്യാർഥികളിൽപ്പെട്ട ഒരു ദമ്പതികളെ പരിചയപ്പെടാം.
ആത്മീയ ശിശുക്കൾ പരിശോധനയെ നേരിടുന്നു
ബോറാ ബൊറയിൽ റ്റെയ്റീ ദമ്പതികളുടെ ബൈബിൾ വിദ്യാർഥികളിൽ ആദ്യമായി സത്യം സ്വീകരിച്ചത് എഡ്മോൺ (ആപ്പോ) റായിയും ഭാര്യ വാഹിനേറിയിയും ആയിരുന്നു. എഡ്മോണിന്റെ അമ്മയുടെ പേരിലുള്ള വീട്ടിലായിരുന്നു റായി ദമ്പതികൾ താമസിച്ചിരുന്നത്. അവരുടെ ബൈബിൾപഠനം ആറു മാസത്തോളം പിന്നിട്ടപ്പോൾ എഡ്മോണിന്റെ അമ്മ രണ്ടാളെയും വീട്ടിൽനിന്നു പുറത്താക്കി. ഇതിനുപിന്നിൽ അവിടത്തെ പാസ്റ്ററിന്റെ സ്വാധീനം ഉണ്ടായിരുന്നു. എഡ്മോണും വാഹിനേറിയിയും രണ്ടു വയസ്സുളള അവരുടെ മകനും കുറ്റിക്കാട്ടിലുള്ള ഒരു കുടിലിൽ താമസിക്കേണ്ടിവന്നു. എഡ്മോണിനെ ജോലിയിൽനിന്നു പിരിച്ചുവിടാൻ
പാസ്റ്റർ തൊഴിലുടമയെ പ്രേരിപ്പിച്ചു. മാത്രമല്ല അദ്ദേഹത്തിനു ജോലി കൊടുക്കരുതെന്ന് മറ്റു തൊഴിലുടമകളോടു പറയുകയും ചെയ്തു! എട്ടു മാസത്തോളം ആ കൊച്ചു കുടുംബം മീൻ പിടിച്ച് ഉപജീവനം കഴിച്ചു.അങ്ങനെയിരിക്കെ ഒരിക്കൽ, ഒരു സ്ത്രീ എഡ്മോണിന്റെ മുൻ തൊഴിലുടമയെ സമീപിച്ചു. അവർക്ക് ഒരു വീടു പണിയണമായിരുന്നു. എഡ്മോണിന്റെ നിർമാണ വൈദഗ്ധ്യത്തിൽ വളരെ മതിപ്പുണ്ടായിരുന്ന അവർ, എഡ്മോൺതന്നെ തന്റെ വീടു പണിയണമെന്ന് ആഗ്രഹിച്ചു. എന്നാൽ യഹോവയുടെ സാക്ഷികളോടൊത്തു സഹവസിച്ചതു നിമിത്തം എഡ്മോണിനെ പിരിച്ചുവിട്ടെന്ന് അറിഞ്ഞപ്പോൾ, എഡ്മോൺ ഉണ്ടെങ്കിലേ പണി തരികയുള്ളുവെന്ന് അവർ കോൺട്രാക്ടറോടു പറഞ്ഞു. അതിന്റെ ഫലമായി എഡ്മോണിനു ജോലി തിരിച്ചുകിട്ടി. അതിനിടെ അദ്ദേഹത്തിന്റെ അമ്മയുടെ മനസ്സു തണുക്കുകയും അദ്ദേഹത്തെയും വാഹിനേറിയിയെയും തിരിച്ച് അവരുടെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തു. ഇന്ന് എഡ്മോൺ ബോറോ ബൊറ സഭയിലെ ഒരു മൂപ്പനാണ്.
വാഹീനിയിൽ സുവാർത്ത വേരുറയ്ക്കുന്നു
തഹീതിയിലെ ബൈബിൾ വിദ്യാർഥികളുടെ ആ പ്രാരംഭ കൂട്ടത്തിൽനിന്ന് 1958-ൽ സ്നാപനമേറ്റവരിൽ ഒരാളായിരുന്നു ഓഗുവെസ്റ്റ് റ്റെമാനഹേ. സ്നാപനത്തെ തുടർന്ന് അദ്ദേഹം ഐക്യനാടുകളിലേക്കു പോകുകയും 1960-കളുടെ ഒടുവിൽ ഭാര്യ സ്റ്റെലയോടും മൂന്നു മക്കളോടുമൊപ്പം തഹീതിയിലേക്കു മടങ്ങിവരുകയും ചെയ്തു. അവിടെ അദ്ദേഹം ആദായകരമായ ഒരു ബിസിനസ്സിൽ ഏർപ്പെട്ടു. ഒരു സർക്കിട്ട് മേൽവിചാരകൻ നൽകിയ പ്രോത്സാഹനവും മുമ്പു പരാമർശിച്ച മാറാ സഹോദരന്റെയും സഹോദരിയുടെയും ദൃഷ്ടാന്തം പ്രദാനംചെയ്ത പ്രചോദനവും ഉൾക്കൊണ്ട ഓഗുവെസ്റ്റും ഭാര്യയും 1971-ൽ ബിസിനസ്സ് വിൽക്കുകയും തഹീതിയിൽനിന്നു കേവലം 160-ഓളം കിലോമീറ്റർ ദൂരെയുള്ള വാഹീനി ദ്വീപിലേക്കു നീങ്ങുകയും ചെയ്തു.
അന്ന് ആ പ്രദേശത്ത് ഒരു സഹോദരിയും കുറെ താത്പര്യക്കാരുമാണ് ഉണ്ടായിരുന്നത്. യഹോവയുടെ സംഘടനയുമായി അവർക്ക് ആകെയുണ്ടായിരുന്ന ബന്ധം പയനിയർമാരും സർക്കിട്ട് മേൽവിചാരകന്മാരും ഇടയ്ക്കൊക്കെ നടത്തുന്ന സന്ദർശനങ്ങളായിരുന്നു. അതിനാൽ സഹോദരന്റെയൊക്കെ വരവ് അവരെ ആഹ്ലാദഭരിതരാക്കി. ഒട്ടും വൈകാതെ ഓഗുവെസ്റ്റ് സ്വന്തം വീടിന്റെ അടുക്കളയിൽ യോഗങ്ങൾ നടത്താൻ തുടങ്ങി. ഏകദേശം 20 പേർ അതിൽ സംബന്ധിച്ചിരുന്നു.
തുടക്കത്തിൽ ഓഗുവെസ്റ്റിന് ഒരു തൊഴിലും കണ്ടെത്താനായില്ല. എന്നിരുന്നാലും യഹോവ തങ്ങൾക്കായി കരുതിക്കൊള്ളുമെന്ന ശക്തമായ വിശ്വാസത്തോടെ അദ്ദേഹവും കുടുംബവും ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെട്ടു. യഹോവ അവർക്കായി കരുതുകതന്നെ ചെയ്തു. ഉദാഹരണത്തിന്, വയൽസേവനത്തിനു പോകുമ്പോൾ ഓഗുവെസ്റ്റ് തന്റെ കാർ സാക്ഷീകരണം നടത്തുന്ന പ്രദേശത്ത് എവിടെയെങ്കിലും പാർക്കു ചെയ്യുമായിരുന്നു. മടങ്ങിവരുമ്പോൾ മിക്കപ്പോഴും അതിൽ ഭക്ഷണസാധനങ്ങൾ നിറഞ്ഞിരിക്കുന്നതായി അവർ കണ്ടു. അതു ചെയ്യുന്നത് ആരാണെന്ന് അവർക്ക് അറിയില്ലായിരുന്നു. തങ്ങളുടെ സാഹചര്യം തിരിച്ചറിഞ്ഞ ദയാലുക്കളായ ഏതെങ്കിലും തദ്ദേശവാസികൾ ആയിരിക്കും
ഇതിന്റെ പിന്നിലെന്ന് അവർ അനുമാനിച്ചു. കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ ഭേദപ്പെടുന്നതുവരെ അനേകം ആഴ്ചകളോളം ഇത് ആവർത്തിച്ചു.ഓഗുവെസ്റ്റിന്റെയും ഭാര്യയുടെയും അവരെപ്പോലുള്ള മറ്റുള്ളവരുടെയും തീക്ഷ്ണതയും സഹിഷ്ണുതയും ദ്വീപുവാസികളുടെ ദയാപ്രകൃതവും കണക്കിലെടുക്കുമ്പോൾ, വാഹീനിയിൽ ഇന്ന് ഒരു സഭ തഴച്ചുവളരുന്നതിൽ അത്ഭുതപ്പെടാനില്ല. വാസ്തവത്തിൽ അവിടെയുള്ള 53 ആളുകൾക്ക് ഒരു പ്രസാധകൻ വീതമുണ്ട്. തന്നെയുമല്ല, സമീപവർഷങ്ങളിൽ 12 പേരിൽ ഒരാൾ വീതം സ്മാരകത്തിനു ഹാജരാകുകയും ചെയ്തിരിക്കുന്നു!
സാക്ഷികളുടെ മറ്റു പല കുടുംബങ്ങളും ആത്മത്യാഗത്തിന്റെ സമാനമായ ഒരു മനോഭാവം പ്രകടിപ്പിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഷാൻ-പോൾ ലാസ്സലും ഭാര്യ ക്രിസ്റ്റ്യാനും 1988 മുതലുള്ള രണ്ടു വർഷക്കാലം മാർക്കസസിൽ സേവിച്ചു. തഹീതിയുടെ സാമൂഹിക സുരക്ഷാ വകുപ്പിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഷാൻ-പോൾ ക്രിസ്തീയ ശുശ്രൂഷ വികസിപ്പിക്കുന്നതിനായി അന്തസ്സുറ്റ ആ ഉദ്യോഗം രാജിവെച്ചു. അദ്ദേഹവും ഭാര്യയും വീണ്ടും 1994-ൽ തൂവമോട്ടൂ ദ്വീപുകളിലുള്ള റാങിറോവയിലേക്കു താമസം മാറുകയും അവിടെ മൂന്നു വർഷം താമസിക്കുകയും ചെയ്തു. ഷാൻ-പോൾ ഇന്നു ഫ്രാൻസിൽ തന്റെ വിശ്വസ്ത സേവനം തുടരുന്നു.
തഹീതിയിൽ അസിസ്റ്റന്റ് ജയിൽ മേധാവി ആയിരുന്ന കോൾസോൻ ഡിൻ ഉദ്യോഗത്തിൽനിന്നു വിരമിച്ചശേഷം ഭാര്യ ലിനയുമൊത്ത്
ടൂബ്വായി ദ്വീപസമൂഹത്തിലെ ടൂബ്വായി ദ്വീപിലെത്തിയത് കുറേക്കൂടെ അടുത്തകാലത്ത് ആയിരുന്നു. ഇപ്പോൾ പയനിയറിങ് ചെയ്യുന്ന അവർ രണ്ടുപേരും അവിടത്തെ കൊച്ചുസഭയ്ക്ക് ഒരു മുതൽക്കൂട്ടാണ്. ഇപ്പോഴും കൂടുതൽ മൂപ്പന്മാരുടെ വലിയ ആവശ്യമുള്ള ഒരു പ്രദേശമാണിത്.സഹായഹസ്തവുമായി കുടുംബങ്ങൾ ഫ്രാൻസിൽനിന്ന്
വേലയെ പിന്തുണയ്ക്കാനായി ചില കുടുംബങ്ങൾ ദൂരെയുള്ള ഫ്രാൻസിൽനിന്നുപോലും വന്നു. ഫ്രാൻസിസ് സിക്കാരിയും ഭാര്യ ഷാനെറ്റും ആറും ഒമ്പതും വയസ്സുള്ള അവരുടെ പെൺമക്കളും അടങ്ങിയ കുടുംബത്തിന്റെ കാര്യമെടുക്കുക. ഫ്രാൻസിസ് പറയുന്നു: “ശുശ്രൂഷയിലുള്ള പങ്കു വർധിപ്പിക്കാൻ അവസരം കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. അപ്പോഴാണ് യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 1971-ൽ, ദക്ഷിണ പസിഫിക്കിൽ സേവിക്കാൻ പ്രസാധകർക്കു നൽകപ്പെട്ട ക്ഷണം ഞങ്ങൾ കാണുന്നത്.” ചില സുഹൃത്തുക്കളും ബന്ധുക്കളും
നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫ്രാൻസിസിന്റെ കുടുംബം വെല്ലുവിളി നിറഞ്ഞ ആ ക്ഷണം സ്വീകരിക്കുകയും 1972 ഏപ്രിൽ മാസം പാപ്പീറ്റിൽ എത്തിച്ചേരുകയും ചെയ്തു.ഫ്രാൻസിസ് ഒരു മൂപ്പനായിരുന്നതിനാൽ അദ്ദേഹത്തിന്റെ വരവ് പൂനാവൂയ എന്ന ടൗൺഷിപ്പിൽ തഹീതിയിലെ രണ്ടാമത്തെ സഭ രൂപീകരിക്കപ്പെടുന്നതിലേക്കു നയിച്ചു. അന്നു മറ്റേ സഭയുടെ അധ്യക്ഷ മേൽവിചാരകൻ ആയിരുന്ന ഷാൻ-പിയർ ഫ്രാൻസിനുമൊത്ത് തഹീതിയിലെ ആദ്യത്തെ ബ്രാഞ്ച് കമ്മിറ്റിയിൽ സേവിക്കാനുള്ള പദവിയും ഫ്രാൻസിസിനു കൈവന്നു. 1976-ൽ ആയിരുന്നു കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. 12 വർഷം അദ്ദേഹം ആ പദവിയിൽ തുടർന്നു.
ഫ്രാൻസിസിന്റെ കുടുംബത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും വേവലാതിപ്പെട്ടതിൽ എന്തെങ്കിലും കാര്യമുണ്ടായിരുന്നോ? ഫ്രാൻസിസ് പറയുന്നു: “മറ്റുള്ളവരൊക്കെ പറഞ്ഞതിൽനിന്നു വ്യത്യസ്തമായി, ഈ യാത്ര ഞങ്ങളുടെ മക്കൾക്കു ഗുണകരം ആയിത്തീരുകയാണുണ്ടായത്. മുഴുസമയ സേവനത്തിൽ ഞങ്ങൾ നാലു പേരും കൂടി ഇപ്പോൾ 105 വർഷം ചെലവഴിച്ചിരിക്കുന്നു. കൂടാതെ, യഹോവയുടെ വാഗ്ദാനത്തിനു ചേർച്ചയിൽ അനേകം അനുഗ്രഹങ്ങളും ഞങ്ങൾ ആസ്വദിച്ചിരിക്കുന്നു.—മലാ. 3:10.”
പാപ്പീറ്റിൽനിന്ന് 30 മിനിട്ടു ബോട്ടുയാത്ര നടത്തിയാൽ മോറേയ ദ്വീപിൽ എത്തും. ഈ ദ്വീപിൽ സേവിക്കാൻ മൂപ്പന്മാരെ ആവശ്യമുണ്ടെന്നു ഫ്രാൻസ് ബ്രാഞ്ച് രാജ്യ ശുശ്രൂഷയിലൂടെ 1981-ൽ ഒരു അറിയിപ്പു നടത്തി. രണ്ടു സഹോദരന്മാരും അവരുടെ ഭാര്യമാരും അതിനോട് അനുകൂലമായി പ്രതികരിച്ചു. അതിൽ ഒരു ദമ്പതികളായിരുന്നു ആലൻ റാഫായെല്ലിയും ഐലിനും. മോറേയയിൽ ഒരു സഭ സ്ഥാപിക്കാൻ അവർ സഹായിക്കുകയും എട്ടു വർഷം ആ സഭയിൽ സേവിക്കുകയും ചെയ്തു. 1987 മുതൽ 1994 വരെ ആലൻ ബ്രാഞ്ച് കമ്മിറ്റിയിലും സേവിക്കുകയുണ്ടായി.
1997-ൽ ഫ്രാൻസ് ബ്രാഞ്ച്, മൂപ്പന്മാരുടെ സേവനം അതിയായി ആവശ്യമായിരുന്ന വിദൂര ദ്വീപുകളിൽ രണ്ടോ അതിലധികമോ വർഷത്തേക്കു സേവിക്കാൻ ജോലിയിൽനിന്നു വിരമിച്ച സഹോദരങ്ങളെ ക്ഷണിച്ചു. തഹീതി ബ്രാഞ്ച് കമ്മിറ്റിയുടെ കോ-ഓർഡിനേറ്ററായ ഷേറാർ ബാൾസ ഇപ്രകാരം പറയുന്നു: “രണ്ടോ മൂന്നോ ദമ്പതികൾ വന്നേക്കും എന്നാണു ഞങ്ങൾ വിചാരിച്ചത്. എന്നാൽ 11 ദമ്പതികൾ അനുകൂലമായി പ്രതികരിച്ചു! രണ്ടു ദമ്പതികൾ ഇവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ സഹോദരീസഹോദരന്മാരുടെ ആത്മീയ പക്വതയും അനുഭവസമ്പത്തും ഞങ്ങളുടെ പ്രസാധകർക്കു വളരെ സഹായകമെന്നു തെളിഞ്ഞിരിക്കുന്നു. മിഷനറിമാർ അല്ലാതിരിക്കെ അവർ മിഷനറിജീവിതം രുചിച്ചറിയുകയും ഒരു വിദൂര ദ്വീപിൽ ജീവിക്കുന്നതിന്റെ വെല്ലുവിളികൾ എന്തൊക്കെയാണെന്നു മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.”
ബ്രാഞ്ച് സ്ഥാപിതമാകുന്നു
പസിഫിക്കിലെ വേല മുന്നേറവേ, സംഘടനാപരമായ പൊരുത്തപ്പെടുത്തലുകളും ഉണ്ടായി. തുടക്കത്തിൽ ഫ്രഞ്ച് പോളിനേഷ്യയിലെ വേലയുടെ മേൽനോട്ടം വഹിച്ചിരുന്നത് ഓസ്ട്രേലിയ ആയിരുന്നെങ്കിലും 1958-ൽ, കൂടുതൽ സമീപത്തു സ്ഥിതിചെയ്യുന്ന ഫിജി ആ ഉത്തരവാദിത്വം ഏറ്റെടുത്തു. 1975-ൽ ലോകാസ്ഥാനത്തുനിന്നുള്ള നേഥൻ എച്ച്. നോറും ഫ്രെഡറിക് ഡബ്ലിയു. ഫ്രാൻസും തഹീതി സന്ദർശിച്ചത് മറ്റൊരു മാറ്റത്തിനു വഴിതെളിച്ചു. 700-ലധികം പേരടങ്ങിയ സദസ്സിനു മുമ്പാകെ അവർ പ്രോത്സാഹജനകമായ പ്രസംഗങ്ങൾ നടത്തുകയും ഒരു രാജ്യഹാളിൽ കൂടിവന്ന 500-ഓളം വ്യക്തികൾക്കുവേണ്ടി നോർ സഹോദരൻ ഒരു സ്ലൈഡ് ഷോ പ്രദർശിപ്പിക്കുകയും ചെയ്തു.
ആ പരിപാടിക്കുശേഷം നോർ സഹോദരൻ മൂപ്പന്മാരുമായി കൂടിവരുകയും തഹീതിയിൽ ഒരു ബ്രാഞ്ച് സ്ഥാപിക്കാനുള്ള നിർദേശം മുന്നോട്ടുവെക്കുകയും ചെയ്തു. സഹോദരന്മാർക്കു വളരെ സന്തോഷമായി. ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു സർക്കിട്ട് മേൽവിചാരകനായ ആലൻ ഷാമേയെ ബ്രാഞ്ച് മേൽവിചാരകനായി നിയമിച്ചു. ആ വർഷം ഏപ്രിൽ ഒന്നിനു നിലവിൽവന്ന ഈ പുതിയ ക്രമീകരണം ശരിയായ ദിശയിലുള്ള ഒരു കാൽവെപ്പുതന്നെ ആയിരുന്നെന്നു തെളിഞ്ഞു. ഓസ്ട്രേലിയയിൽനിന്നു വ്യത്യസ്തമായി ഫിജി തഹീതിയിൽനിന്നു വളരെ ദൂരത്തായിരുന്നില്ലെങ്കിലും ഭാഷാപരമായ ഒരു വിടവ് എപ്പോഴും നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ, ഫ്രഞ്ച് പോളിനേഷ്യയിലുള്ള സഹോദരങ്ങൾക്ക് തങ്ങളുടെ സ്വന്തം ബ്രാഞ്ചുമായി നേരിട്ട് അടുത്ത ആശയവിനിമയം നടത്താൻ കഴിഞ്ഞു.
ആ മുഴു പ്രദേശത്തുമായി 300-ൽ താഴെ പ്രസാധകരെ ഉണ്ടായിരുന്നുള്ളു എന്നതിനാൽ ബ്രാഞ്ച് ഓഫീസ് വളരെ ചെറുതായിരുന്നു. പാപ്പീറ്റ് രാജ്യഹാളിനോടു ചേർന്നുള്ള ഒരു മുറി മാത്രമായിരുന്നു അത്. ഒരു വശത്ത് ഒരു മേശയും മറുവശത്ത് സാഹിത്യശേഖരവുമാണ് അതിനുള്ളിൽ ഉണ്ടായിരുന്നത്. ആദ്യമെല്ലാം ബ്രാഞ്ച് മേൽവിചാരകൻ മുഴുസമയവും അവിടെയിരുന്ന് ജോലിചെയ്യേണ്ട ആവശ്യമില്ലായിരുന്നു. തന്നിമിത്തം ആലനും ഭാര്യ മരിയാനും സർക്കിട്ട് വേലയിൽ തുടരാനും പ്രസാധകർ ഇല്ലാത്ത വിദൂര ദ്വീപുകളിൽ പോയി പ്രസംഗിക്കാനും സാധിച്ചു.
തൂവമോട്ടൂ, ഗാമ്പിയർ ദ്വീപസമൂഹങ്ങളിലെ പ്രസംഗപ്രവർത്തനം
തഹീതി ബ്രാഞ്ച് സ്ഥാപിതമായതോടെ വിദൂര ദ്വീപുകളിൽ സുവാർത്ത എത്തിക്കുന്നതിനു കൂടുതൽ ഊന്നൽ നൽകപ്പെട്ടു. ചില സന്ദർഭങ്ങളിൽ സഹോദരങ്ങൾ കൂട്ടംചേർന്ന് ആ ദ്വീപുകളിലേക്കു പോയിരുന്നു. ഒരിക്കൽ 20 സഹോദരീസഹോദരന്മാർ അടങ്ങുന്ന ഒരു കൂട്ടം ഒരു വിമാനം
വാടകയ്ക്കെടുത്ത് തൂവമോട്ടൂ ദ്വീപുകളിലെ ഏറ്റവും വലിയ പവിഴ ദ്വീപായ റാങിറോവയിലേക്കു പറന്ന കാര്യം ബ്രാഞ്ച് കമ്മിറ്റിയിൽ കുറച്ചുകാലം സേവിച്ച ആക്സെൽ ഷാങ് അനുസ്മരിക്കുന്നു. അദ്ദേഹം പറയുന്നു: “ദ്വീപിലുള്ള എല്ലാവരോടും സാക്ഷീകരിച്ചശേഷം ഞങ്ങൾ ഒരു പരസ്യപ്രസംഗം നടത്തുന്നതിനുള്ള ഒരുക്കം തുടങ്ങി. അതിനായി, മേൽക്കൂരയുള്ള ഒരു സ്ഥലം ഉപയോഗിക്കാൻ സ്ഥലത്തെ മേയർ ഞങ്ങൾക്ക് അനുവാദം നൽകി. ആദ്യം പ്രസംഗം കേൾക്കാൻ ഞങ്ങളല്ലാതെ വേറാരും കാണില്ലെന്നു തോന്നി! ‘ഒരുപക്ഷേ ആളുകൾക്ക് മതനേതാക്കളെ ഭയമായിരിക്കാം’ എന്നു ഞങ്ങൾ ചിന്തിച്ചു. എന്നാൽ പ്രസംഗം ആരംഭിച്ചതോടെ ആളുകൾ ഓരോരുത്തരായി വരാൻ തുടങ്ങുകയും ക്രമേണ അവിടമാകെ നിറയുകയും ചെയ്തു.”ഷാങ് സഹോദരൻ തുടരുന്നു: “പ്രസംഗം നടക്കുന്നതിനിടയിൽ അവിടത്തെ കത്തോലിക്കാ പുരോഹിതൻ യോഗസ്ഥലത്തേക്കു സൈക്കിളിൽ പാഞ്ഞുവരുന്നതു ഞങ്ങൾക്കു കാണാമായിരുന്നു. എന്നാൽ അടുത്തെത്തിയപ്പോഴേക്കും അദ്ദേഹം വേഗം കുറയ്ക്കുകയും അദ്ദേഹത്തിന്റെ ആട്ടിൻകൂട്ടത്തിൽപ്പെട്ട ആരൊക്കെയുണ്ടെന്ന് എത്തിവലിഞ്ഞു നോക്കുകയും ചെയ്തു. ഇതുതന്നെ പലപ്രാവശ്യം ആവർത്തിച്ചുകൊണ്ട് അദ്ദേഹം ഞങ്ങളെ കുറച്ചൊന്നുമല്ല രസിപ്പിച്ചത്.”
1988-ൽ ഗാമ്പിയർ ദ്വീപുകളിലേക്ക് ആലൻ റാഫായെല്ലി ഒരു പ്രസംഗപര്യടനം സംഘടിപ്പിച്ചു. തഹീതിയിൽനിന്ന് 1,600-ലധികം കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നതും കത്തോലിക്കാ മതം ആധിപത്യം പുലർത്തുന്നതുമായ ഈ പ്രദേശമാണ് ഫ്രഞ്ച് പോളിനേഷ്യയിലെ ഏറ്റവും ചെറുതും വിദൂരത്തുള്ളതുമായ ദ്വീപസമൂഹം. മുമ്പ് ഇവിടെയുള്ളവർക്കു സാക്ഷ്യം ലഭിച്ച ഒരേയൊരു സന്ദർഭം 1979-ൽ ആലൻ ഷാമേ ഈ ദ്വീപുകളിൽ മൂന്നു ദിവസം ചെലവഴിച്ചപ്പോഴായിരുന്നു.
തങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചു വിശദീകരിക്കാനും പരസ്യയോഗം നടത്തുന്നതിന് ഒരു സ്ഥലം ആവശ്യപ്പെടുന്നതിനുമായി സഹോദരന്മാർ ആദ്യംതന്നെ സ്ഥലത്തെ മേയറെ സമീപിച്ചു. അദ്ദേഹം ഒരു കല്യാണമണ്ഡപം വിട്ടുകൊടുക്കുകയും തെരഞ്ഞെടുപ്പു പ്രചരണത്തോടുള്ള
ബന്ധത്തിൽ വളരെ തിരക്കിലായതിനാൽ സഹോദരങ്ങളോടൊപ്പം ആളുകളെ ക്ഷണിക്കാൻ പോകാൻ കഴിയാത്തതിൽ അവരോടു ക്ഷമ ചോദിക്കുകയും ചെയ്തു. സഹോദരന്മാർക്ക് അതിൽ യാതൊരു പരിഭവവും ഇല്ലായിരുന്നെന്നു പറയേണ്ടതില്ലല്ലോ. മേയറും ഒരു സൈനിക പോലീസുകാരനും ഉൾപ്പെടെ 30 പേർ ആ പ്രസംഗം കേൾക്കാനെത്തി.മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു ചർച്ച ചെയ്തുകൊണ്ടുള്ള ആ പരസ്യപ്രസംഗത്തിനിടയിൽ, ബൈബിളിൽ പറഞ്ഞിരിക്കുന്ന നരകം കേവലം ശവക്കുഴിയാണെന്നും ക്രിസ്തുപോലും അവിടെ പോയിട്ടുണ്ടെന്നും ആലൻ പറഞ്ഞു. “അയ്യോ, യേശുവിന്റെ കാര്യത്തിൽ ഇതു സത്യമായിരിക്കില്ല!,” സദസ്സിൽനിന്ന് ആരോ വിളിച്ചുപറഞ്ഞു. അപ്പോൾ, വിശ്വാസപ്രമാണത്തിൽ ക്രിസ്തു “പാതാളങ്ങളിൽ ഇറങ്ങി” എന്നു പറയുന്ന ഭാഗം ആലൻ ഉദ്ധരിച്ചു. ഈ ഉത്തരം സദസ്സിനെ അമ്പരപ്പിച്ചുകളഞ്ഞു. ആ വാക്കുകളെക്കുറിച്ചു ചിന്തിക്കാതെ ആയിരുന്നല്ലോ വർഷങ്ങളോളം തങ്ങൾ അത് ഉരുവിട്ടുകൊണ്ടിരുന്നത് എന്ന ബോധോദയം അപ്പോഴാണ് അവർക്കുണ്ടായത്. ആ യോഗത്തിൽ സംബന്ധിച്ച ഒരു കുടുംബം ഇന്നു സത്യത്തിലാണ്.
സഭകൾ സന്ദർശിക്കുന്നതിനിടയിൽ വീണുകിട്ടുന്ന വാരങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സർക്കിട്ട് മേൽവിചാരകന്മാർ, പ്രസാധകർ ഇല്ലാതിരുന്ന പ്രദേശങ്ങളിൽ പയനിയറിങ് ചെയ്തിരുന്നു. അപ്രകാരം പ്രവർത്തിച്ച തഹീഷ്യൻ ദമ്പതികളാണ് മാവൂറി മെർസ്യേയും ഭാര്യ മെലാനിയും. തൂവമോട്ടൂ ദ്വീപുകളിലെ ആഹേ, അനാ, ഹാവു, മാനിഹി, ടാകാപോട്ടോ, ടാകാറോവ മുതലായ അനേകം പവിഴ ദ്വീപുകളിലും ആദ്യമായി സുവാർത്ത പ്രസംഗിച്ചത് അവരാണ്. സാധ്യമായിരുന്നപ്പോഴെല്ലാം മാവൂറി പരസ്യപ്രസംഗവും സ്ലൈഡ് ഷോ പ്രദർശനവും നടത്തിയിരുന്നു. അദ്ദേഹം അനുസ്മരിക്കുന്നു: “കത്തോലിക്കാ മതത്തിന്റെ ശക്തിദുർഗമായിരുന്ന അനാ ദ്വീപിലുള്ളവർ ഒഴികെ മറ്റെല്ലാവരുംതന്നെ സൗഹൃദമനസ്കരായിരുന്നു. അവിടെ സ്ലൈഡ് ഷോ പ്രദർശിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ചിലർ ബഹളംവെക്കുകയും മറ്റു ചിലർ ഞങ്ങളെ ഉപദ്രവിക്കാൻ തുനിയുകയും ചെയ്തു. എന്നാൽ ഒടുവിൽ ഒരുവിധത്തിൽ അവരെ ശാന്തരാക്കാൻ കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.”
മിഷനറിമാർ എത്തിച്ചേരുന്നു
1978-ൽ ഫ്രാൻസിൽനിന്ന് അനേകം മിഷനറിമാരെ വിദൂരദ്വീപുകളിലേക്ക് അയയ്ക്കാൻ തുടങ്ങി. 1978 ആഗസ്റ്റിൽ എത്തിച്ചേർന്ന മിഷെൽ മ്യൂളറെയും ഭാര്യ ബാബെറ്റിനെയും മാർക്കസസ് ദ്വീപുകളിലെ ഏറ്റവും വലുതും ജനസാന്ദ്രതയുള്ളതുമായ ദ്വീപായ നൂകൂ ഹിവയിൽ നിയമിച്ചു. കത്തോലിക്കാ മതം ആധിപത്യം പുലർത്തുന്ന ഈ ദ്വീപസമൂഹത്തിൽ
സഹോദരങ്ങൾ ഇടയ്ക്കൊക്കെ സന്ദർശനം നടത്തിയിരുന്നെങ്കിലും കുറച്ചു കാലത്തേക്കെങ്കിലും അവിടെ തങ്ങാൻ ആർക്കും സാധിച്ചിരുന്നില്ല. റോഡുകൾ ഇല്ലായിരുന്നതിനാൽ കാൽനടയായും കുതിരപ്പുറത്തും ആയിട്ടാണ് മിഷെലും ബാബെറ്റും സഞ്ചരിച്ചിരുന്നത്. അന്തിയുറങ്ങാൻ അവർക്കു തദ്ദേശവാസികൾ മിക്കപ്പോഴും സ്ഥലം നൽകിയിരുന്നു. ഉണക്കാനിട്ടിരുന്ന കാപ്പിക്കുരുവിന്റെ മുകളിൽ കിടന്നാണ് ഒരു രാത്രിയിൽ അവർ ഉറങ്ങിയത്!സർക്കിട്ട് വേല ആരംഭിക്കുന്നതിനു മുമ്പായി മ്യൂളർ ദമ്പതികൾ മാർക്കസസിൽ 18 മാസം തങ്ങി. അനേകരും അവരുടെ സന്ദർശനത്തെ വിലമതിക്കുകയും സാഹിത്യങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ മിഷെലിനും ബാബെറ്റിനും കൂടെ എന്റെ ബൈബിൾ കഥാ പുസ്തകത്തിന്റെ ആയിരം പ്രതികൾ സമർപ്പിക്കാൻ സാധിച്ചു. പ്രാപ്തരായ അത്തരം മിഷനറിമാരുടെയും അതുപോലെതന്നെ പയനിയർമാരുടെയും പ്രസാധകരുടെയും മൊത്തത്തിലുള്ള ശ്രമഫലമായി, മാർക്കസസിൽ മാത്രമല്ല ബ്രാഞ്ചിന്റെ കീഴിലുള്ള മുഴു പ്രദേശങ്ങളിലെയും വേല നല്ല പുരോഗതി കൈവരിച്ചു. എന്തിന്, പ്രസാധകരുടെ എണ്ണത്തിൽ തുടർച്ചയായ 69 അത്യുച്ചങ്ങൾ ഉണ്ടായതായി കണക്കുകൾ കാണിക്കുന്നു!
ഈ പുതിയവർക്കെല്ലാം നല്ല പരിശീലനം ആവശ്യമായിരുന്നു. എന്നാൽ ഓരോരുത്തരെയും വ്യക്തിപരമായി സഹായിക്കാൻ ആവശ്യമായ അളവിൽ അനുഭവസമ്പന്നരായ സഹോദരങ്ങൾ എല്ലായ്പോഴും ഉണ്ടായിരുന്നില്ല. ഒരേസമയം രണ്ടു പുതിയ പ്രസാധകരുമൊത്തു പ്രവർത്തിക്കാൻ ക്രമീകരിച്ചുകൊണ്ടാണ് മ്യൂളർ ദമ്പതികൾ ഈ പ്രശ്നം പരിഹരിച്ചത്. ഒരാൾ മിഷെലിനോടൊപ്പമോ ബാബെറ്റിനോടൊപ്പമോ വീട്ടിലേക്കു കയറിപ്പോകുമ്പോൾ മറ്റേയാൾ തന്റെ ഊഴവും കാത്ത് വഴിയിൽ നിൽക്കും. മ്യൂളർ ദമ്പതികൾ ഇപ്പോൾ ആഫ്രിക്കയിലെ ബെനിനിൽ മിഷനറിമാരായി സേവിക്കുന്നു.
‘സാക്ഷീകരണം ഞങ്ങളുടെ തിരുവെഴുത്തു പരിജ്ഞാനത്തിന്റെ മാറ്റുരയ്ക്കുന്നു’
1982 ഫെബ്രുവരിയിൽ മിഷനറിമാരായ ക്രിസ്റ്റ്യാൻ ബെയ്ലോറ്റിയും ഭാര്യ ഷ്യൂല്യെറ്റും ഫ്രഞ്ച് പോളിനേഷ്യയിൽ എത്തി. ആദ്യം അവർ സർക്കിട്ട് വേലയിൽ ഏർപ്പെടുകയും പിന്നീട് റൈയറ്റേയ ദ്വീപിൽ അഞ്ചു വർഷം മിഷനറിമാരായി സേവിക്കുകയും ചെയ്തു. പൊങ്ങുതടി ഘടിപ്പിച്ച പ്രത്യേകതരം വള്ളത്തിൽ സഞ്ചരിച്ചു വേണമായിരുന്നു ആ ദ്വീപിന്റെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ. എന്നാൽ അവിടത്തെ സാക്ഷീകരണം, വള്ളം തുഴയാനുള്ള വൈദഗ്ധ്യത്തിന്റെ മാത്രമല്ല “ഒരുവന്റെ ബൈബിൾ പരിജ്ഞാനത്തിന്റെയും മാറ്റുരയ്ക്കാൻ പോന്നതായിരുന്നു” എന്നു ക്രിസ്റ്റ്യാൻ പറയുന്നു. “തങ്ങൾ സ്വർഗത്തിൽ പോകുമെന്ന്
അഭിഷിക്തർ എങ്ങനെയാണ് അറിയുന്നത്?, അപ്പോക്കലിപ്സിലെ മൃഗങ്ങൾ എന്തിനെ പ്രതിനിധീകരിക്കുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആളുകൾ മിക്കപ്പോഴും ഞങ്ങളോടു ചോദിച്ചിരുന്നു.”എല്ലാ ചെറിയ സമൂഹങ്ങളുടെയും കാര്യത്തിലെന്നപോലെ, റൈയറ്റേയക്കാർക്കെല്ലാം പരസ്പരം അറിയാമായിരുന്നു. ക്രിസ്റ്റ്യാൻ പറയുന്നു: “ഒരു പ്രസാധകൻ നിഷ്ക്രിയനായിത്തീരുമ്പോൾ, ‘ആ വ്യക്തിയെ കുറെ നാളായി കാണാനില്ലല്ലോ. അയാൾക്ക് ഇപ്പോൾ ആ പഴയ ഉത്സാഹമൊന്നും ഇല്ലേ?,’ അല്ലെങ്കിൽ ‘ആ വ്യക്തിക്കു സഹായം ആവശ്യമുണ്ടെന്നു തോന്നുന്നു. ആത്മീയമായി അയാൾക്ക് എന്തോ പ്രശ്നമുള്ളതു പോലെ!’ എന്നൊക്കെ അവിടത്തെ വീട്ടുകാർ പറഞ്ഞുകേൾക്കുന്നത് അസാധാരണം ആയിരുന്നില്ല.” ബെയ്ലോറ്റി ദമ്പതികൾ റൈയറ്റേയയിൽനിന്നു പോകുന്ന സമയമായപ്പോഴേക്കും അവിടത്തെ എല്ലാ ഫാറേയിലുമുള്ള (തഹീഷ്യൻ ഭാഷയിൽ “വീട്” എന്നർഥം) ആരെങ്കിലുമൊക്കെ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചിരുന്നു.
റൈയറ്റേയയിൽ താമസിച്ചുകൊണ്ടുതന്നെ ബെയ്ലോറ്റി ദമ്പതികൾ മോപിറ്റി ദ്വീപിലും പ്രവർത്തിച്ചുതുടങ്ങി. നേരിട്ട് ആ ദ്വീപിലേക്കു കുറെ സാഹിത്യങ്ങൾ അയയ്ക്കാൻ ഒരിക്കൽ അവർ സൊസൈറ്റിയോട് ആവശ്യപ്പെട്ടു. എന്നാൽ അതു സമയത്ത് എത്തിയില്ല. നിരുത്സാഹിതരാകുന്നതിനു പകരം ക്രിസ്റ്റ്യാനും ഷ്യൂല്യെറ്റും അവർ സമർപ്പിക്കാൻ ഉദ്ദേശിച്ച പുസ്തകങ്ങളുടെ സ്വന്തം പ്രതികൾ അവിടെയുള്ളവരെ കാണിച്ചുകൊടുക്കാൻ തുടങ്ങി. പുസ്തകങ്ങൾ എത്തിച്ചേരുമെന്നുള്ള ഉറപ്പോടെ ഏകദേശം 30 കുടുംബങ്ങൾ ഓർഡർ നൽകി. ഒടുവിൽ പുസ്തകങ്ങൾ എത്തിയപ്പോൾ താത്പര്യക്കാരനായ ഒരു വ്യക്തി അവ വിതരണം ചെയ്യാനുള്ള സന്മനസ്സ് കാണിച്ചു.
തൂവമോട്ടൂ ദ്വീപുകളിലെ റാങിറോയിലായിരുന്നു ബെയ്ലോറ്റി ദമ്പതികളുടെ അടുത്ത നിയമനം. സാക്ഷികളായി അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് അവർക്കു ഫ്രഞ്ച് ഗയാനയിലേക്കും അവിടെനിന്നു കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലേക്കും നിയമനമാറ്റം ലഭിച്ചു. ബെയ്ലോറ്റി സഹോദരൻ ഇപ്പോൾ അവിടത്തെ ബ്രാഞ്ച് കമ്മിറ്റിയിൽ സേവിക്കുന്നു.
“യഹോവ നിന്നെ പരിശീലിപ്പിച്ചുകൊള്ളും”
1985 ഏപ്രിലിൽ ഫ്രാൻസിൽനിന്നു വന്ന ഫ്രെഡെറിക് ല്യൂക്കസിനെയും ഭാര്യ യൂർമിൻഡയെയും മൂന്നു പ്രസാധകർ മാത്രമുണ്ടായിരുന്ന റ്റാഹായാ ദ്വീപിലേക്കു നിയമിച്ചു. ആദ്യത്തെ രണ്ട് ആഴ്ചകൾ ഈ യുവദമ്പതികൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. വീട്ടിലെ സ്വീകരണമുറിയിൽ നടത്തിയ യോഗങ്ങളിൽ സംബന്ധിക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല. അവർ രാജ്യഗീതങ്ങൾ പാടുകയും കരയുകയും ചെയ്തു. പക്ഷേ ഒരിക്കലും നിരുത്സാഹപ്പെട്ടുപോയില്ല.
ആ ദ്വീപിൽ വൈദ്യുതിയോ ടെലിഫോൺ സൗകര്യമോ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, ഫ്രെഡെറിക്കിനും യൂർമിൻഡയ്ക്കും ഒരു വാക്കി-ടോക്കി ഉണ്ടായിരുന്നു. സമീപത്തുള്ള റൈയറ്റേയയിലെ മിഷനറിമാരുമായി ബന്ധപ്പെടാനായി അവർ അത് ഉപയോഗിച്ചു. എന്നാൽ എപ്പോഴാണ് ലൈൻ ശരിയായിക്കിട്ടുകയെന്നു പറയാനാവില്ലായിരുന്നെന്നു മാത്രം! അവർക്ക് ഒരു ചെറിയ ഫ്രിഡ്ജും ഉണ്ടായിരുന്നു. ഒരു അയൽക്കാരന്റെ ജനറേറ്ററിൽനിന്നായിരുന്നു അതിനുള്ള വൈദ്യുതി കിട്ടിയിരുന്നത്. ഫ്രെഡെറിക് പറയുന്നു: “സാധാരണഗതിയിൽ വൈകിട്ട് 6 മുതൽ 10 വരെയാണ് ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നത്. ഒരു ദിവസം ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഫ്രിഡ്ജിലെ തക്കാളിയെല്ലാം കല്ലുപോലെ കട്ടിയായിത്തീർന്നിരുന്നു. അന്ന് ടെലിവിഷനിൽ ഒരു സ്പോർട്സ് മത്സരം കാണാനായി അയൽക്കാരൻ നേരത്തെതന്നെ ജനറേറ്റർ സ്റ്റാർട്ടു ചെയ്തതായിരുന്നു.”
ല്യൂക്കസ് ദമ്പതികൾ തഹീഷ്യൻ ഭാഷ പഠിക്കുകയും ചെയ്യേണ്ടിയിരുന്നു. മറ്റൊരു ഭാഷ പഠിച്ചിട്ടുള്ള ഏതൊരാൾക്കും അറിയാവുന്നതുപോലെ, തുടക്കക്കാർക്ക് എല്ലായ്പോഴും അബദ്ധങ്ങൾ പറ്റാറുണ്ട്. ഉദാഹരണത്തിന്, വീടുതോറുമുള്ള ശുശ്രൂഷയിൽ ഫ്രെഡെറിക് വറൂവാ മോഅ എന്ന പദപ്രയോഗം ഉപയോഗിച്ചിരുന്നു. പരിശുദ്ധാത്മാവ് എന്നാണ് അതിന്റെ അർഥം. എന്നാൽ മോഅ എന്നതിന്റെ ഉച്ചാരണത്തിന് ഒരു പ്രത്യേകതയുണ്ട്. അതു കൃത്യമായി ഉച്ചരിക്കാൻ കഴിയാതിരുന്നതിനാൽ അദ്ദേഹം യഥാർഥത്തിൽ പറഞ്ഞുകൊണ്ടിരുന്നത് “കോഴി ആത്മാവ്” എന്നായിരുന്നു.
ഈ ദമ്പതികൾ റ്റാഹായായിൽ വരുമ്പോൾ, ശുശ്രൂഷാദാസൻ ആയിരുന്ന ഫ്രെഡെറിക്കിന് 23 വയസ്സായിരുന്നു. തനിക്കു നൽകിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തനല്ലെന്നു തോന്നിയ അദ്ദേഹം അക്കാര്യം അന്നത്തെ ബ്രാഞ്ച് കമ്മിറ്റി കോ-ഓർഡിനേറ്ററായിരുന്ന ആലൻ ഷാമേയെ അറിയിച്ചു. “വിഷമിക്കേണ്ട, യഹോവ നിന്നെ പരിശീലിപ്പിച്ചുകൊള്ളും!,” ആലൻ പറഞ്ഞു. അതുതന്നെയാണ് സംഭവിച്ചതും. അഞ്ചു വർഷത്തിനുശേഷം ല്യൂക്കസ് ദമ്പതികൾ തങ്ങളുടെ അടുത്ത നിയമന പ്രദേശമായ ബുർക്കിനാ ഫാസോയിലേക്കു പോകുമ്പോൾ റ്റാഹായായിലെ ആ ചെറിയ കൂട്ടം 14 പ്രസാധകർ അടങ്ങിയ സ്വന്തം രാജ്യഹാളുള്ള ഒരു സഭയായിത്തീർന്നിരുന്നു. അതുപോലെ അതിനോടകം ഫ്രെഡെറിക് ഒരു മൂപ്പനുമായിരുന്നു.
ആരംഭദശയിൽത്തന്നെ നിരുത്സാഹത്തിന്റെ പിടിയിൽ അമർന്നുപോകാതിരുന്നതിൽ ഈ ദമ്പതികൾ അങ്ങേയറ്റം സന്തുഷ്ടരാണ്! ഈയിടെ അവർ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ യൗവനത്തിലെ ഏറ്റവും നല്ല വർഷങ്ങളായിരുന്നു അവ. സ്വന്തം ശക്തിയിൽ ആശ്രയിക്കുന്നതിനു പകരം യഹോവയിൽ പൂർണമായി ആശ്രയിക്കാനും ക്ഷമയുള്ളവരായിരിക്കാനും
ഞങ്ങൾ പഠിച്ചു. നിരുത്സാഹം തോന്നിയപ്പോൾ പ്രാർഥന ഞങ്ങൾക്കു ശക്തി പകർന്നു. യഹോവ ആയിരുന്നു ഞങ്ങളുടെ ശക്തിദുർഗം. അവൻ ഒരിക്കലും ഞങ്ങളെ കൈവിട്ടില്ല. ശരിയാണ്, അവൻ ഞങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകുകതന്നെ ചെയ്തു.”അവിവാഹിതരായ മിഷനറിമാർ പ്രയാസമേറിയ നിയമനങ്ങൾ ഏറ്റെടുക്കുന്നു
വേലയെ പിന്തുണയ്ക്കാനായി ഏകാകികളായ മിഷനറിമാരും ഫ്രാൻസിൽനിന്നു ഫ്രഞ്ച് പോളിനേഷ്യയിലേക്കു യാത്രതിരിച്ചു. ആദ്യം എത്തിച്ചേർന്നവരിൽ ചിലരായിരുന്നു ഷോർഷ് ബൂർഷോന്യെയും മാർക് മോൺടേയും. രണ്ടു പേരും ബ്രാഞ്ചിലും സർക്കിട്ട് വേലയിലും സേവനം അനുഷ്ഠിച്ചു. മാർക്കിന്റെ സർക്കിട്ടിൽ ടൂബ്വായി, ഗാമ്പിയർ, മാർക്കസസ്, തൂവമോട്ടൂ എന്നീ ദ്വീപസമൂഹങ്ങൾ ഉൾപ്പെട്ടിരുന്നു. അനേകം പവിഴ ദ്വീപുകളിലും അദ്ദേഹം തനിച്ചാണു പ്രസംഗപ്രവർത്തനം നടത്തിയത്. മറ്റവസരങ്ങളിൽ പ്രദേശത്തുള്ള പ്രത്യേക പയനിയർമാരോടൊപ്പം പ്രവർത്തിച്ചു. സാധ്യമാകുന്നിടത്തൊക്കെ അദ്ദേഹം പരസ്യപ്രസംഗം നടത്തിയിരുന്നു. ചില ദ്വീപുകളിൽ അതു കേൾക്കാനായി അവിടെയുള്ള മുഴുവൻ പേരും കൂടിവന്നു. വിവാഹത്തിനുശേഷം കുറെക്കാലം കൂടെ മാർക് സർക്കിട്ട് വേലയിൽ തുടർന്നു. ഭാര്യ ജെസികയോടൊപ്പം ഇപ്പോൾ ബോറാ ബൊറ സഭയിൽ സേവിക്കുന്ന മാർക് ഒരു മൂപ്പനും പയനിയറും ആണ്.
1986 ഫെബ്രുവരിയിൽ ഫിലിപ്പ് കൂസിനെയും പാട്രിക് ലെമാസിഫും ഫ്രാൻസിൽനിന്ന് എത്തിച്ചേർന്നു. മാർക്കസസ് ദ്വീപുകളിലേക്കായിരുന്നു അവരെ നിയമിച്ചത്. ഫ്രഞ്ച് പോളിനേഷ്യയിലെ മറ്റു ദ്വീപുകളിൽനിന്നു വ്യത്യസ്തമായി, പവിഴപ്പുറ്റുകളുടെ സംരക്ഷണ വലയം ഇല്ലാത്ത ഒന്നാണ് മാർക്കസസ്. ചെങ്കുത്തായ പാറക്കെട്ടുകൾ പസിഫിക്കിലെ പച്ചകലർന്ന കടുംനീല വെള്ളത്തിൽ കുത്തനെ എഴുന്നുനിൽക്കുന്നു. ഇവയിൽ ആഞ്ഞടിച്ച് ശക്തമായ തിരമാലകൾ കരുത്തുകാട്ടുന്നു. മലമടക്കുകളിലുള്ള ഫലഭൂയിഷ്ഠമായ താഴ്വരകളെ അരുവികളും വെള്ളച്ചാട്ടങ്ങളും കൂടുതൽ മനോഹരമാക്കുന്നു. മേഞ്ഞുനടക്കുന്ന അനേകം കോലാടുകൾക്കും കുതിരകൾക്കും കാട്ടുകന്നുകാലികൾക്കും തികച്ചും അനുയോജ്യമാണ് ഈ ദ്വീപുകൾ.
അതുവരെയുള്ള വർഷങ്ങളിൽ പയനിയർമാരും പ്രസാധകരും മാർക്കസസിൽ പലപ്പോഴായി സന്ദർശനങ്ങൾ നടത്തിയിരുന്നു. ഉദാഹരണത്തിന്, 1978/79-ൽ മ്യൂളർ ദമ്പതികൾ നൂകൂ ഹിവയിൽ ഒന്നര വർഷത്തോളം ചെലവഴിച്ചു. എന്നാൽ ദ്വീപസമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരു സമഗ്ര സാക്ഷ്യം നൽകപ്പെട്ടിരുന്നില്ല. ഫിലിപ്പും പാട്രിക്കും വന്നപ്പോൾ ഇതിനു മാറ്റമുണ്ടായി. എന്നിരുന്നാലും, വേല അത്ര എളുപ്പമായിരുന്നില്ല. കാരണം കത്തോലിക്കാ സഭയ്ക്ക് ആളുകളുടെമേൽ
ശക്തമായ പിടിയുണ്ടായിരുന്നു, അനേകർക്കും പുരോഹിതന്മാരെ ഭയമായിരുന്നു. വാസ്തവത്തിൽ, ഈ രണ്ടു സഹോദരന്മാർക്കും നേരെയുണ്ടായ ചില ഭീഷണികളുടെ പിന്നിലുണ്ടായിരുന്നത് പുരോഹതന്മാരായിരുന്നു. കൂടാതെ, മതഭ്രാന്ത് ആളിക്കത്തിച്ചുകൊണ്ടും ചില അനിഷ്ടസംഭവങ്ങൾക്കു തിരികൊളുത്തിക്കൊണ്ടും കത്തോലിക്കരുടെ ഒരു കരിസ്മാറ്റിക് പ്രസ്ഥാനവും അന്നു തഴച്ചുവളരുന്നുണ്ടായിരുന്നു.പാട്രിക്കും ഫിലിപ്പും ആദ്യമൊക്കെ ഒരുമിച്ചു പ്രവർത്തിച്ചു. എന്നാൽ, പ്രവർത്തനപ്രദേശം കൂടുതൽ പരിചിതമായിത്തീർന്നപ്പോൾ അവർ വെവ്വേറെ പ്രവർത്തിക്കാൻ തുടങ്ങി. ഒരാൾ ഹിവാ ഓവയിലുള്ള മിഷനറി ഭവനത്തിൽ താമസിക്കുകയും അവിടെ യോഗങ്ങൾ നടത്തുകയും ചെയ്യുമ്പോൾ മറ്റേയാൾ ബോട്ടുകളിൽ യാത്രചെയ്തുകൊണ്ട് ആഴ്ചകളോളം മറ്റു ദ്വീപുകൾ സന്ദർശിക്കുമായിരുന്നു. പൂർണമായും വേറിട്ടു പ്രവർത്തിക്കുന്നത് കൂടുതൽ പ്രായോഗികവും ഫലപ്രദവും ആയിരിക്കുമെന്നു ക്രമേണ അവർ തിരിച്ചറിഞ്ഞു. അങ്ങനെ, പാട്രിക് വടക്കുമാറിയുള്ള ദ്വീപുകളിലും ഫിലിപ്പ് തെക്കോട്ടുള്ള ദ്വീപുകളിലും പ്രവർത്തിക്കാൻ തുടങ്ങി.
ഈ മിഷനറിമാർക്കു സഹായമായി അവരോടൊപ്പം പ്രവർത്തിക്കാൻ ബ്രാഞ്ച് ഓഫീസ് പ്രത്യേക പയനിയർമാരായ പാസ്കാൽ പാറ്റെറെയും മിഷെൽ ബുസ്റ്റാമാന്റെയെയും തഹീതിയിൽനിന്ന് അയച്ചു. പാസ്കാൽ ഇപ്പോൾ ഒരു സഭാമൂപ്പനായും മിഷെൽ സർക്കിട്ട് മേൽവിചാരകനായും സേവിക്കുന്നു. തങ്ങളുടെ യൗവ്വനബലം യഹോവയ്ക്കു സമർപ്പിക്കുന്നതിൽ ഉത്സാഹികളായ ഈ ചെറുപ്പക്കാർ സന്തുഷ്ടരായിരുന്നു. (സദൃ. 20:29) തീർച്ചയായും അവർ ബലശാലികൾ ആയിരിക്കേണ്ടിയിരുന്നു. കാരണം, മാർക്കസസിലെ പ്രസംഗപ്രവർത്തനം ദുർബലർക്കോ ഭീരുക്കൾക്കോ ഉള്ളതായിരുന്നില്ല. റോഡുകൾ ഇല്ലായിരുന്നതിനാൽ, അവിടെയുള്ള ഒറ്റപ്പെട്ട വീടുകളും കൂട്ടങ്ങളും സന്ദർശിക്കാൻ ആഴമേറിയ ഇടുങ്ങിയ താഴ്വരകളിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന, കല്ലും ചെളിയും നിറഞ്ഞ പാതകളിലൂടെ അവർ സഞ്ചരിക്കേണ്ടിയിരുന്നു. ചില സ്ഥലങ്ങളിൽ എത്തിച്ചേരാനുള്ള ഏക ആശ്രയം ട്രെയിൽ ബൈക്ക് എന്നറിയപ്പെടുന്ന ചെറിയതരം മോട്ടോർ സൈക്കിൾ ആയിരുന്നു.
ഒരിക്കൽ ഇടുങ്ങിയ ഒരു പാതയിലൂടെ ബൈക്കിൽ പോകുമ്പോൾ, ഒരു കൂട്ടം കാട്ടുകന്നുകാലികൾ എതിർദിശയിൽനിന്നും മറ്റൊരു വാഹനത്തിന്റെ മുമ്പിലായി വിരണ്ടോടിവന്ന സംഭവം ഫിലിപ്പ് ഓർക്കുന്നു. ഒരുവശത്തു കൊക്കയും മറുവശത്തു ചെങ്കുത്തായ പാറക്കെട്ടും ആയിരുന്നതിനാൽ രക്ഷപ്പെടാൻ യാതൊരു മാർഗവും ഇല്ലായിരുന്നു. ബൈക്ക് നിറുത്തിയശേഷം ഫിലിപ്പ് അതിനോടൊപ്പം പാറയിലേക്ക്
ആവുന്നത്ര പറ്റിനിന്നു. അരികിലൂടെ കുതിച്ചുപാഞ്ഞുപോയ ആ മൃഗങ്ങൾ ഉപദ്രവമൊന്നും ചെയ്തില്ലെങ്കിലും അദ്ദേഹത്തെ ശരിക്കും പേടിപ്പിച്ചുകളഞ്ഞു.മിഷെൽ ബുസ്റ്റാമാന്റെ ഇപ്രകാരം പറയുന്നു: “ഈ നിയമനം എന്നെ സംബന്ധിച്ചിടത്തോളം വളരെ ആവേശജനകമായ ഒരു അനുഭവം ആയിരുന്നു. എന്നാൽ ചിലപ്പോഴൊക്കെ ഭയം തോന്നിയിരുന്നു, പ്രത്യേകിച്ചും ചില ദ്വീപുകളിൽ തനിച്ചായിരിക്കേണ്ടിവന്ന സന്ദർഭങ്ങളിൽ. വളരെ താഴ്ചയുള്ള ഇരുണ്ട ഒരു താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു ബംഗ്ലാവിൽ താമസിക്കവേ ഞാൻ ഒരു ദിവസം ഏറെ ദൂരെയുള്ള ഒരു സ്ഥലത്ത് പകൽ മുഴുവൻ സാക്ഷീകരണത്തിൽ ഏർപ്പെട്ടു. അന്തിയുറങ്ങാൻ അടുത്തുള്ള ഒരു ഗ്രാമത്തിൽ സ്ഥലം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അങ്ങനെ ഞാൻ വീട്ടിലേക്കു നടക്കാൻ തുടങ്ങി. നേരം സന്ധ്യയായിത്തുടങ്ങിയിരുന്നു. രാത്രിയുടെ ഇരുട്ടിൽ കടുന്തൂക്കായ പാറക്കെട്ടുകൾ എന്നിൽ ഭീതി ജനിപ്പിച്ചു. ദ്വീപുവാസികൾ
നടത്തുന്ന മന്ത്രവാദത്തെയും അതിലൂടെ ക്ഷണിച്ചുവരുത്തുന്ന ഭൂതങ്ങളെയും കുറിച്ചൊക്കെ ഞാൻ ചിന്തിക്കാൻ തുടങ്ങി. എല്ലാം കൂടി ആയപ്പോൾ ഞാനാകെ പരിഭ്രാന്തനായി. അപ്പോൾ ഞാൻ പ്രാർഥിക്കാനും യഹോവയുടെ നാമം ഒരുപാട് പ്രാവശ്യം വരുന്ന രാജ്യഗീതങ്ങൾ പാടാനും തുടങ്ങി. ഒടുവിൽ ബംഗ്ലാവിൽ എത്തിച്ചേർന്നപ്പോൾ ഞാൻ അകത്തു കടന്നു വാതിൽ അടയ്ക്കുകയും ബൈബിൾ തുറന്നുവായിക്കാൻ തുടങ്ങുകയും ചെയ്തു. ക്രമേണ എനിക്കു സ്വസ്ഥത കൈവന്നു.”മൂന്നു വർഷത്തെ കഠിനാധ്വാനത്തിനുശേഷം, മാർക്കസസിലെ തങ്ങളുടെ ബൈബിൾ വിദ്യാർഥികളിൽനിന്ന് ആദ്യമായി ഒരാൾ സത്യത്തിൽ വന്നപ്പോൾ ഈ സഹോദരന്മാർ ആഹ്ലാദചിത്തരായിത്തീർന്നു. ഷാൻ-ലുയി പേറ്റേറാനോയെന്ന ചെറുപ്പക്കാരൻ ആയിരുന്നു അത്. ഷാൻ-ലുയിയെ “ആട്ടിൻകൂട്ടത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ” ആഗ്രഹിച്ച ഒരു പുരോഹിതൻ അദ്ദേഹത്തെ സന്ദർശിച്ചു. യഹോവയെന്ന നാമം യഹോവയുടെ സാക്ഷികൾ കണ്ടുപിടിച്ചതാണെന്നു തറപ്പിച്ചുപറഞ്ഞുകൊണ്ട് അദ്ദേഹം ആ ചെറുപ്പക്കാരനെ “രക്ഷിക്കാനുള്ള” ഒരു ശ്രമം നടത്തി. ഉടനെ ഷാൻ-ലുയി, ഫ്രഞ്ച് ഭാഷയിലുള്ള കത്തോലിക്കാ ക്രാൻപോൻ ബൈബിളിൽനിന്നും (1905) സങ്കീർത്തനം 83:18 ഉദ്ധരിച്ചു. അതിൽ ദൈവനാമം അടങ്ങിയിരുന്നു. ഉത്തരം മുട്ടിപ്പോയ പുരോഹിതൻ സ്ഥലംവിട്ടു. പിന്നീട് ആ വഴിക്കു വന്നതുമില്ല. കത്തോലിക്കാ ബൈബിൾ ഉപയോഗിച്ചുകൊണ്ട് ഒരു പുരോഹിതനെ ദൈവശാസ്ത്രത്തിൽ ആദ്യമായി ഉത്തരം മുട്ടിച്ച മാർക്കസസുകാരൻ ഇദ്ദേഹമായിരിക്കാനാണു സാധ്യത. പിന്നീട്, കത്തോലിക്കാ ബിഷപ്പിന്റെ പ്രൈവറ്റ് സെക്രട്ടറിപോലും സഭ വിട്ടുപോരുകയും സത്യം സ്വീകരിക്കുകയും ചെയ്തു.
ഹിവാ ഓവയിലെ മിഷനറിമാർ ഒരു യൂറോപ്യൻ ദമ്പതികളായ ഷാൻ ഓബെർലെനെയും നാഡിനെയും കണ്ടുമുട്ടി. പ്രശസ്ത ഫ്രഞ്ച് ചിത്രകാരനായ പോൾ ഗോഗാനെപ്പോലെ, സമൂഹത്തിൽനിന്നു സ്വയം വേർപെടുത്താനായി മാർക്കസസിൽ എത്തിയതായിരുന്നു അവർ. എത്തിപ്പെടാൻ മിക്കവാറും അസാധ്യമായ ഒരു സ്ഥലത്തു താമസിച്ചിരുന്ന അവർ എല്ലാ ആധുനിക സൗകര്യങ്ങളും പരിത്യജിച്ചുകൊണ്ടുള്ള ലളിതമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. മൂന്നു വർഷം ബൈബിൾ പഠിക്കുകയും ജീവിതത്തിൽ ഏറെ മാറ്റങ്ങൾ വരുത്തുകയും ചെയ്തശേഷം ഷാനും നാഡിനും സ്നാപനമേറ്റു.
1986-ൽ ഫിലിപ്പ് കൂസിനെയും പാട്രിക് ലെമാസിഫും മാർക്കസസിൽ എത്തിയപ്പോൾ ആ ദ്വീപസമൂഹത്തിൽ ഒരേയൊരു പ്രസാധകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ എട്ടു വർഷത്തിനുശേഷം ഫിലിപ്പിനു (ദ്വീപിൽനിന്ന് രണ്ടാമതു പോയത് ഫിലിപ്പ് ആയിരുന്നു) കാമറൂണിലേക്കു നിയമനമാറ്റം ലഭിച്ചപ്പോൾ, 210 ദ്വീപുവാസികൾക്ക് ഒരു
പ്രസാധകൻ എന്ന അനുപാതത്തിൽ അവരുടെ എണ്ണം 36 ആയിത്തീർന്നിരുന്നു. പ്രധാനപ്പെട്ട മൂന്നു ദ്വീപുകളായ ഹിവാ ഓവയിലും നൂകൂ ഹിവയിലും ഊവാ പൂവിലും ആയി മൂന്നു സഭകളും നിലവിലുണ്ടായിരുന്നു.ഒടുവിലത്തെ മിഷനറിമാർ എത്തിച്ചേരുന്നു
1990 നവംബറിൽ എത്തിച്ചേർന്ന സെർഷ് ഗോളെനും ഭാര്യ മാരി-ല്വെസും ആയിരുന്നു ഫ്രാൻസിൽനിന്നുള്ള അവസാനത്തെ മിഷനറിമാർ. അവരെയും മാർക്കസസിലേക്കു നിയമിച്ചു. അവിടത്തെ സഭകളെ ശക്തിപ്പെടുത്തുന്നതിൽ അവർ വലിയ പങ്കു വഹിച്ചിരിക്കുന്നു. മാർക്കസസ് ഭാഷ വശമാക്കിയ സെർഷും ഭാര്യയും ആൾപ്പാർപ്പുള്ള ആറു ദ്വീപുകളിലുമുള്ള എല്ലാ കുടുംബങ്ങളെയും സന്ദർശിച്ചിരിക്കുന്നു എന്നത് ആശ്ചര്യംതന്നെയാണ്!
ഹിവാ ഓവയിൽ താമസിച്ചുകൊണ്ട് അവർ, ഒരു പ്രസാധകൻപോലും ഇല്ലാത്ത രണ്ടു ദ്വീപുകൾ ഉൾപ്പെടെയുള്ള മറ്റു പല ദ്വീപുകളും ക്രമമായി സന്ദർശിക്കുന്നു. ഹിവാ ഓവയിലെ ഒരേയൊരു മൂപ്പനാണ് സെർഷ്. അവർ ആദ്യമായി ഫാറ്റൂ ഹിവ സന്ദർശിച്ചപ്പോൾ അവിടത്തെ കത്തോലിക്കാ ഡീക്കനും പ്രൊട്ടസ്റ്റന്റ് ഡീക്കനും പ്രകടിപ്പിച്ച സഹകരണം കണ്ട് സെർഷ് അതിശയിച്ചുപോയി. തങ്ങളുടെ മതശുശ്രൂഷകളുടെ ഒടുവിൽ അവർ ഇരുവരും ഒരു അറിയിപ്പു നടത്തി. സെർഷ് ഒരു പ്രാദേശിക സ്കൂളിൽ നടത്താനിരുന്ന അര മണിക്കൂർ ദൈർഘ്യമുള്ള പരസ്യപ്രസംഗം കേൾക്കാൻ എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു അത്. മാത്രമല്ല, സെർഷിനെക്കാൾ കൂടുതൽ ഒഴുക്കോടെ മാർക്കസസ്
ഭാഷ സംസാരിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് ഡീക്കൻ സെർഷിന്റെ പ്രസംഗം മാർക്കസസിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തു.തിരുവെഴുത്തുകൾ ഒരു ബ്ലാക്ക്ബോർഡിൽ എഴുതിക്കൊണ്ട് തങ്ങളുടെ സ്വന്തം ബൈബിളിൽ അവ കണ്ടെത്താൻ സെർഷ് സദസ്സിനെ സഹായിച്ചു. അദ്ദേഹം നടത്തിയ പ്രാർഥനകളുടെ ഒടുവിൽ എല്ലാവരും വ്യക്തമായി “ആമേൻ” എന്നു പറഞ്ഞു. അടുത്ത ദിവസം സെർഷും ഭാര്യയും ഫാറ്റൂ ഹിവയിലുള്ള എല്ലാ വീടുകളിലും സാഹിത്യം സമർപ്പിച്ചു. പിന്നീട് 600-നടുത്ത് നിവാസികളുള്ള ഈ ദ്വീപ് സന്ദർശിക്കുമ്പോഴെല്ലാം അവർക്ക് ഊഷ്മളമായ സ്വാഗതമാണു ലഭിക്കുന്നത്.
ബൈബിൾസത്യം ജയിലറകളെ തുളച്ചുചെല്ലുന്നു
മറ്റു പല നാടുകളിലും സംഭവിച്ചിട്ടുള്ളതുപോലെ ഫ്രഞ്ച് പോളിനേഷ്യയിലും തടവിൽ കഴിയുന്ന അനേകരും ബൈബിൾസത്യത്തിന്റെ പരിജ്ഞാനം സമ്പാദിച്ചിരിക്കുന്നു. യുവപ്രായത്തിൽ കുറ്റവാളി ആയിത്തീരുകയും ഏഴു വർഷം ജയിലിൽ കഴിയുകയും ചെയ്ത അലെക്സാൻഡർ റ്റെറ്റ്യാറാഹി അതിന് ഒരു ഉദാഹരണമാണ്. കുറഞ്ഞപക്ഷം ആറു തവണയെങ്കിലും അദ്ദേഹം ജയിൽചാടിയിരുന്നു. അതുകൊണ്ട് ജയിൽചാടിയ ഒരു തടവുപുള്ളിയെ കുറിച്ചുള്ള പ്രശസ്തമായ ഒരു നോവലിലെ പ്രധാന കഥാപാത്രമായ ബട്ടർഫ്ളൈയുടെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
റൈയറ്റേയയിൽ ഒളിവിൽകഴിയുന്ന സമയത്ത് അദ്ദേഹത്തിന് ഒരു ബൈബിളും “ദൈവത്തിനു ഭോഷ്കു പറയാൻ അസാദ്ധ്യമായ കാര്യങ്ങൾ” എന്ന പുസ്തകത്തിന്റെ ഒരു പ്രതിയും കിട്ടി. ബൈബിളും ആ പുസ്തകവും അദ്ദേഹം ആദിയോടന്തം പലതവണ വായിച്ചു. താൻ സത്യം കണ്ടെത്തിയിരിക്കുന്നെന്നു ബോധ്യമായ അദ്ദേഹത്തിനു മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടാൻ തുടങ്ങി. അദ്ദേഹം എന്താണു ചെയ്തത്?
ആ പുസ്തകത്തിന്റെ പ്രസാധകരായ യഹോവയുടെ സാക്ഷികളുമായി വ്യക്തിപരമായി ബന്ധപ്പെട്ടിരുന്നില്ലെങ്കിലും അലെക്സാൻഡർ സ്വയം പോലീസിനു കീഴടങ്ങി. അവർ അദ്ദേഹത്തെ തഹീതിയിലെ ജയിലിലേക്കു തിരിച്ചയച്ചു. കോൾസോൻ ഡിൻ ആയിരുന്നു അവിടത്തെ ജയിൽ വാർഡൻ. അലെക്സാൻഡർ തിരച്ചെത്തിയശേഷം ഉടൻതന്നെ, കോൾസോൻ ഒരു സഹപ്രവർത്തകനോടു സാക്ഷീകരിക്കുന്നത് അദ്ദേഹം അവിചാരിതമായി കേൾക്കാൻ ഇടയായി. താൻ വായിച്ച കാര്യങ്ങളുമായി അവയ്ക്ക് സാമ്യമുള്ളതായി തിരിച്ചറിഞ്ഞ അലെക്സാൻഡർ രഹസ്യമായി കോൾസോനെ സമീപിക്കുകയും കൂടുതൽ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
അലെക്സാൻഡറിന്റെ സെല്ലിൽ അദ്ദേഹത്തോടൊപ്പം ബൈബിൾ പഠിക്കാൻ കോൾസോൻ സഹോദരൻ ജയിൽ ഡയറക്ടറിൽനിന്ന്
അനുവാദം വാങ്ങി. പെട്ടെന്നുതന്നെ മറ്റു പല അന്തേവാസികൾക്കും പഠിക്കണമെന്നായി. ഉച്ചയ്ക്കുള്ള തന്റെ ഇടവേളയിൽ അവരോടൊപ്പം പഠിക്കാനുള്ള അനുവാദവും കോൾസൻ ഡയറക്ടറിൽനിന്നു നേടി. പിന്നീട്, മറ്റു രണ്ടു മൂപ്പന്മാർ ഈ ഉത്തരവാദിത്വം കൈകാര്യം ചെയ്യുന്നത് കൂടുതൽ നന്നായിരിക്കുമെന്നു തീരുമാനിക്കപ്പെട്ടു. വർഷങ്ങളോളം 30 മുതൽ 50 വരെ ജയിൽപ്പുള്ളികൾക്കുവേണ്ടി ഒരു പ്രതിവാര ബൈബിൾ പ്രഭാഷണം നടത്തപ്പെട്ടിരുന്നു. അതേത്തുടർന്ന്, വ്യക്തിപരമായ പഠനം ആവശ്യപ്പെട്ടവരോടൊപ്പം പ്രത്യേകം അധ്യയനവും നടത്തിയിരുന്നു.അതേസമയം, അലെക്സാൻഡർ വളരെ വേഗത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. ഇത് ജയിൽ അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടു. തത്ഫലമായി കോൾസോൻ സഹോദരന്റെ മേൽനോട്ടത്തിൽ, ഈ മുൻ ജയിൽചാട്ട വിദഗ്ധന് ആദ്യമായി ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കാനുള്ള പ്രത്യേക അനുവാദം അവർ നൽകി. അവിടെവെച്ച് അലെക്സാൻഡർ സ്നാപനമേറ്റു. പിന്നീട് ജയിൽമോചിതനായ അദ്ദേഹം യഹോവയെ സേവിക്കുന്നതിൽ തുടരുന്നു.
തഹീതിയിലെ അന്താരാഷ്ട്ര കൺവെൻഷനുകൾ
1969-ൽ തഹീതിയിൽ ആദ്യത്തെ അന്താരാഷ്ട്ര കൺവെൻഷൻ നടത്തപ്പെട്ടു. അന്ന് അവിടെ കേവലം 124 പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഫ്രെഡറിക് ഡബ്ലിയു. ഫ്രാൻസ് സഹോദരൻ—തഹീതി സന്ദർശിച്ച ആദ്യത്തെ ഭരണസംഘാംഗം—ഉൾപ്പെടെ
16 രാജ്യങ്ങളിൽനിന്നും എത്തിച്ചേർന്ന 210 പ്രതിനിധികൾക്ക് ആതിഥ്യം അരുളാൻ അവസരം ലഭിച്ചത് അവരെ എത്ര പുളകംകൊള്ളിച്ചെന്നു നിങ്ങൾക്കു വിഭാവനചെയ്യാൻ കഴിയും. 610 പേരുടെ അത്യുച്ച ഹാജർ ഉണ്ടായിരുന്ന ആ കൺവെൻഷൻ സഹോദരങ്ങളെ വലിയ അളവിൽ പ്രചോദിപ്പിക്കുകയും തൊട്ടടുത്ത വർഷം പ്രസാധകരുടെ എണ്ണത്തിൽ 15 ശതമാനം വർധനയ്ക്കു സംഭാവന ചെയ്യുകയും ചെയ്തു. തുടർന്ന് 1978-ൽ തഹീതി “വിജയപ്രദ വിശ്വാസ” അന്താരാഷ്ട്ര കൺവെൻഷനുകളിൽ ഒന്നിന് ആതിഥ്യമരുളി. ഇപ്രാവശ്യത്തെ അത്യുച്ച ഹാജർ 985 ആയിരുന്നു!സാഹിത്യങ്ങൾ തഹീഷ്യൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നു
പ്രസാധകരുടെ എണ്ണം വർധിച്ചതോടെ ബ്രാഞ്ചിലെ വേലയും വർധിച്ചു. പോളിനേഷ്യയിലെ പ്രധാന ഭാഷയായ തഹീഷ്യനിലേക്കു ബൈബിൾ സാഹിത്യങ്ങൾ പരിഭാഷപ്പെടുത്തുന്നതായിരുന്നു അതിൽ മുഖ്യമായത്. ബ്രാഞ്ച് സ്ഥാപിതമാകുന്നതിനു മുമ്പുതന്നെ, തഹീഷ്യൻ ഭാഷയിൽ നല്ല അറിവുണ്ടായിരുന്ന പ്രായമേറിയ ചില സഹോദരങ്ങൾ അംശകാല അടിസ്ഥാനത്തിൽ ഏതാനും പ്രസിദ്ധീകരണങ്ങളുടെ പരിഭാഷ നിർവഹിച്ചിരുന്നു. മിക്കപ്പോഴും ഫ്രഞ്ചിൽനിന്നാണ് അവർ പരിഭാഷപ്പെടുത്തിയിരുന്നത്. ഉദാഹരണത്തിന് 1963 മുതൽ അവർ രാജ്യ ശുശ്രൂഷ പരിഭാഷപ്പെടുത്തി. തുടർന്ന് 1971-ൽ, നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകവും പൂർത്തിയാക്കി.
1975-ൽ തഹീതി ബ്രാഞ്ച് സ്ഥാപിതമായപ്പോൾ പരിഭാഷാനിർവഹണം കൂടുതൽ ഉത്തേജിതമായി. സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നതിനാൽ അനേകം പുതിയ പരിഭാഷകർക്കും ആ ഭാഷ വശമായിരുന്നു. അതുകൊണ്ട് ഫ്രഞ്ച് പരിഭാഷയിൽനിന്നു പരിഭാഷപ്പെടുത്തുന്നതിനു പകരം അവർക്ക് ഇപ്പോൾ മൂലഭാഷയായ ഇംഗ്ലീഷിൽനിന്നു നേരിട്ടു പരിഭാഷപ്പെടുത്താൻ കഴിയുമായിരുന്നു. 1976-ൽ ബ്രാഞ്ച്, വീക്ഷാഗോപുരം അർധമാസ പതിപ്പായി തഹീഷ്യനിലേക്കു പരിഭാഷപ്പെടുത്താൻ തുടങ്ങി. കുറേക്കാലത്തേക്ക് ഉണരുക!യും പരിഭാഷപ്പെടുത്തുകയുണ്ടായി. “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു,” തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്നീ പുസ്തകങ്ങളും സമ്പൂർണ പാട്ടുപുസ്തകവും അവർ പരിഭാഷപ്പെടുത്തി. തഹീഷ്യൻ ഭാഷയിൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള അത്രയും സാഹിത്യം മറ്റൊരു വിഭാഗവും പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണു വാസ്തവം!
എന്നിരുന്നാലും കഴിഞ്ഞ 30 വർഷമായി, തഹീഷ്യനും മറ്റു പോളിനേഷ്യൻ ഭാഷകളും ക്രമേണ ഫ്രഞ്ചിനു വഴിമാറിയിരിക്കുന്നു. യൂണിവേഴ്സിറ്റി തലത്തിൽ വരെയുള്ള പാഠ്യവ്യവസ്ഥയും മാധ്യമങ്ങളും വിപുലമായ പദസമ്പത്തുള്ള ഒരു പ്രമുഖ ഭാഷയായ ഫ്രഞ്ച് ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഈ പ്രവണതയ്ക്കുള്ള ഒരു കാരണം.
എന്നിരുന്നാലും അനേകം പോളിനേഷ്യക്കാരും തഹീഷ്യൻ ഭാഷയെ തങ്ങളുടെ സംസ്കാരത്തിന്റെ ഒരു പ്രതീകമായി വീക്ഷിക്കുന്നതിനാൽ സഹോദരങ്ങൾ മിക്കപ്പോഴും ആ ഭാഷയിൽ സാക്ഷീകരണം നടത്തുന്നു. കൂടാതെ, ബ്രാഞ്ചിന്റെ പ്രദേശത്തുള്ള 26 സഭകളിൽ 5 എണ്ണം തഹീഷ്യൻ ഭാഷയിലുള്ളതാണ്. മൊത്തം പ്രസാധകരിൽ ഏകദേശം 20 ശതമാനമാണ് അവിടെയുള്ളത്. അതിനാൽ ഇന്നും ആ ഭാഷയിലുള്ള സാഹിത്യങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ട്.
തീവ്രമായ ഒരു നിർമാണ പ്രവർത്തനത്തിനു തുടക്കം കുറിക്കുന്നു
പാപ്പീറ്റ് രാജ്യഹാളിനോടു ചേർന്നുള്ള കൊച്ചുമുറിയിലായിരുന്നു 1975 മുതൽ ബ്രാഞ്ച് ഓഫീസ് പ്രവർത്തിച്ചിരുന്നത്. എന്നാൽ 1983-ൽ, പാപ്പീറ്റിൽനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള പായേയ ടൗൺഷിപ്പിൽ ഒരു പുതിയ ബ്രാഞ്ച് നിർമിച്ചു. പ്രാദേശിക സഹോദരങ്ങൾ പണിതീർത്ത ആ പുതിയ ബെഥേലിന് മൂന്ന് ഓഫീസുകളും സാഹിത്യം സൂക്ഷിക്കാനുള്ള സ്ഥലവും ഒരു രാജ്യഹാളും ബെഥേൽ അംഗങ്ങൾക്കു താമസിക്കാനുള്ള നാലു മുറികളും ഉണ്ടായിരുന്നു. 1983 ഏപ്രിൽ 15-ന് 700 പേരടങ്ങിയ സദസ്സിനു മുമ്പാകെ ഭരണസംഘാംഗമായ ലോയ്ഡ് ബാരി ആ പുതിയ കെട്ടിടത്തിന്റെ സമർപ്പണം നിർവഹിച്ചു.
എന്നാൽ, അധികം താമസിയാതെ ആ ബ്രാഞ്ചുപോലും അപര്യാപ്തമായിത്തീർന്നു. അതുകൊണ്ട്, തഹീതിയുടെ ഇരുഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന കരയിടുക്കിനു സമീപത്തായി, ഗ്രാമീണതയുടെ സൗന്ദര്യം സ്പർശിച്ചിട്ടുള്ള ജില്ലയായ ടോവഹോടൂവിൽ ഒരു സമ്മേളന ഹാൾ സഹിതം കൂടുതൽ വിപുലമായ ഒരു കെട്ടിട സമുച്ചയം നിർമിക്കാൻ ഭരണസംഘം അനുമതി നൽകി. ഐക്യനാടുകൾ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, ഫ്രാൻസ് എന്നിവടങ്ങളിൽനിന്നുള്ള ഒരു സംഘം സഹോദരങ്ങൾ ഈ പദ്ധതി പൂർത്തീകരിച്ചു. തീർച്ചയായും പ്രാദേശിക സഹോദരങ്ങളും വളരെ പിന്തുണ നൽകി. 1993 ഡിസംബർ 11-ന്, ഭരണസംഘാംഗമായ മിൽട്ടൺ ജി. ഹെൻഷെൽ ഈ പുതിയ കോംപ്ലക്സിന്റെ സമർപ്പണം നടത്തി.
ഏതാണ്ട് ആ സമയത്തോടടുത്തുതന്നെ തീവ്രമായ ഒരു രാജ്യഹാൾ നിർമാണ പരിപാടിക്കും തുടക്കം കുറിച്ചു. പ്രാദേശികമായ മേഖലാ നിർമാണക്കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പത്തു വർഷത്തിനുള്ളിൽ സഹോദരങ്ങൾ 16 പുതിയ രാജ്യഹാളുകൾ നിർമിക്കുകയുണ്ടായി. തത്ഫലമായി, ഇന്നുള്ള മിക്ക സഭകൾക്കും സ്വന്തമായി ഒരു രാജ്യഹാളുണ്ട്.
ബ്രാഞ്ചിലെ മാറ്റങ്ങളും കൂടുതലായ പരിശീലനവും
20 വർഷത്തോളം ബ്രാഞ്ച് കമ്മിറ്റി കോ-ഓർഡിനേറ്റർ ആയിരുന്ന ആലൻ ഷാമേ കുടുംബ ഉത്തരവാദിത്വങ്ങൾ നിമിത്തം 1995-ൽ സ്ഥാനമൊഴിഞ്ഞു. എന്നിരുന്നാലും ബ്രാഞ്ച് കമ്മിറ്റിയിലെ ഒരംഗമായി തുടരാനും അംശകാല അടിസ്ഥാനത്തിൽ ഡിസ്ട്രിക്റ്റ് മേൽവിചാരകനായി സേവിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ ആ വർഷം സെപ്റ്റംബറിൽ ഫ്രാൻസ് ബെഥേലിൽനിന്നു ഷേറാർ ബാൾസയെയും ഭാര്യ ഡോമിനിക്കിനെയും ഭരണസംഘം തഹീതിയിലേക്ക് അയച്ചു. ഷേറാറിനെ ബ്രാഞ്ച് കമ്മിറ്റി കോ-ഓർഡിനേറ്ററായി നിയമിച്ചു.
ല്യൂക് ഗാൻഷേ ആണ് ബ്രാഞ്ച് കമ്മിറ്റിയിലെ മൂന്നാമത്തെ അംഗം. ആവശ്യം അധികമുള്ളിടത്തു സേവിക്കാനായി ഭാര്യ റെബെക്കായുമൊത്ത് 1991-ൽ അദ്ദേഹം തഹീതിയിൽ വന്നതാണ്. 1995-ൽ ബ്രാഞ്ചിൽ നിയമിക്കപ്പെടുന്നതിനു മുമ്പായി അവർ കുറെക്കാലം പ്രത്യേക പയനിയർമാരായി സേവിക്കുകയും അതേത്തുടർന്നു നാലു വർഷം സർക്കിട്ട് വേലയിലും ഡിസ്ട്രിക്റ്റ് വേലയിലും ചെലവഴിക്കുകയും ചെയ്തിരുന്നു.
1997 മേയിൽ തഹീതി ബ്രാഞ്ച് ശുശ്രൂഷാ പരിശീലന സ്കൂളിന്റെ ആദ്യത്തെ ക്ലാസ് നടത്തി. അതിൽ സംബന്ധിച്ച 20 വിദ്യാർഥികളിൽ ഏറെ പേരും അതേത്തുടർന്നു പ്രത്യേക സേവന പദവികളിൽ പ്രവേശിച്ചു. ദ്വീപുകളിലെ രണ്ടു സർക്കിട്ട് മേൽവിചാരകന്മാരിൽ ഒരാളായ ഫെലിക്സ് റ്റെയ്മാറിയി അതിനൊരു ഉദാഹരണമാണ്. ഷേറാർ ബാൾസ ഇപ്രകാരം പറയുന്നു: “രണ്ടാമതൊരു ക്ലാസ് നടത്താൻ കഴിയേണ്ടതിന്
കൂടുതൽ സഹോദരന്മാർ യോഗ്യത നേടുകയും തങ്ങളെത്തന്നെ ലഭ്യരാക്കിത്തീർക്കുകയും ചെയ്യട്ടെ എന്നാണ് ഞങ്ങളുടെ പ്രാർഥന. ഒരു പ്രസാധകൻപോലും ഇല്ലാത്ത ചില ദ്വീപുകൾ ഉൾപ്പെടെ അനേകം ദ്വീപുകളിൽ വേലക്കാരുടെ വർധിച്ച ആവശ്യം ഇപ്പോഴും ഉണ്ടെന്നുള്ളതിൽ യാതൊരു സംശയവുമില്ല. മറ്റു ദ്വീപുകളിൽ, സഭയിലെ ഉത്തരവാദിത്വങ്ങൾ ഭരമേൽക്കാൻ യോഗ്യതയുള്ള സഹോദരങ്ങളുടെ ആവശ്യമുണ്ട്. 58 ദ്വീപുകളിൽ വസിക്കുന്ന, ജനസംഖ്യയുടെ 7 ശതമാനത്തോളം വരുന്ന ആളുകൾക്ക് വളരെ വിരളമായേ സുവാർത്ത കേൾക്കാൻ അവസരം ലഭിക്കുന്നുള്ളൂ. ഈ ആവശ്യങ്ങളിൽ ചിലതൊക്കെ നിർവഹിക്കാൻ ഫ്രഞ്ച് പൗരത്വമുള്ളവരും ജോലിയിൽനിന്നു വിരമിച്ചവരും ആത്മീയമായി പക്വതയുള്ളവരുമായ ദമ്പതികൾക്കു കഴിയും. ഇക്കാര്യങ്ങളോടുള്ള ബന്ധത്തിൽ ഞങ്ങളെ സഹായിക്കാൻ അങ്ങനെയുള്ള ആർക്കെങ്കിലും താത്പര്യമുണ്ടെങ്കിൽ—അതു രണ്ടു വർഷത്തേക്കായിരുന്നാൽപോലും—ആ വിവരം അറിയാൻ ബ്രാഞ്ചിനു സന്തോഷമുണ്ട്.”ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലെ വെല്ലുവിളികൾ
തഹീതി വിശേഷാൽ സാമ്പത്തിക വളർച്ചയ്ക്കും ത്വരിതഗതിയിലുള്ള മതേതരവത്കരണത്തിനും നഗരവത്കരണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നതിനാൽ മറ്റു ദ്വീപുകളിൽനിന്ന് ആളുകൾ കൂട്ടമായി അവിടേക്കു കുടിയേറിപ്പാർക്കാൻ ഇടയായിത്തീർന്നിരിക്കുന്നു. അങ്ങനെ അവിടത്തെ ഭൗതികസമൃദ്ധി, ഭൗതികാസക്തിക്കും ഒരു ഉപഭോക്തൃ സംസ്കാരത്തിനും ഉല്ലാസപ്രിയത്തിനും വളംവെച്ചിരിക്കുന്നു.
സങ്കടകരമെന്നു പറയട്ടെ, യഹോവയുടെ ജനത്തിൽപ്പെട്ട പലരും ഈ കുടില സമ്മർദത്തിന് ഇരകളായിത്തീർന്നിട്ടുണ്ട്. ആത്മീയ കാര്യങ്ങൾ മുൻപന്തിയിൽ നിറുത്തുകയും ധാർമികശുദ്ധി പാലിക്കുകയും ചെയ്യുക എന്നത് യുവജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും ഒരു വെല്ലുവിളിയായിത്തീർന്നിരിക്കുന്നു. എന്നിരുന്നാലും, ഇപ്പോഴും യഹോവയുടെ അനുഗ്രഹം ദൃശ്യമാണ്. ഇപ്പോൾ ഈ പ്രദേശത്ത് 141 പേർക്ക് ഒരു പ്രസാധകൻ വീതമുണ്ട്.
യോഹ. 6:44; പ്രവൃ. 15:14) ഈ പറുദീസ, മുഴുഭൂമിയിലും വ്യാപിക്കാൻ പോകുന്നതും ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ആളുകൾ തലമുറതലമുറയായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയിൽനിന്നും സങ്കടങ്ങളിൽനിന്നും മരണത്തിൽനിന്നും സ്വതന്ത്രവുമായ ഒരു അക്ഷരീയ പറുദീസയുടെ മുൻനിഴലാണ്.—ഇയ്യോ. 14:1; വെളി. 21:3-5.
പറുദീസ എന്നു മിക്കപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് പോളിനേഷ്യയിൽ ജീവിക്കുന്ന അനേകം ആളുകളും, ദൈവത്തിന്റെ നാമജനം മാത്രം അധിവസിക്കുന്ന കൂടുതൽ മനോഹരമായ ഒരു ആത്മീയ പറുദീസയെ വിലമതിക്കാൻ ഇടയായിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്. (ധൈര്യശാലികളും നാവികവിദ്യയിൽ പ്രാവീണ്യം നേടിയവരും ആയിരുന്ന ആദ്യകാല പോളിനേഷ്യക്കാർ ചക്രവാളത്തിനുമപ്പുറത്തായി കൂടുതൽ ഭൂപ്രദേശങ്ങൾ—ഒരുപക്ഷേ അധികം നല്ല പ്രദേശങ്ങൾ—ഉണ്ടെന്ന കാര്യത്തിൽ ദൃഢവിശ്വാസം ഉള്ളവർ ആയിരുന്നു. അവർക്കു നിരാശപ്പെടേണ്ടിവന്നില്ല. സമാനമായി, ഈ വിവരണത്തിൽ പ്രതിപാദിച്ചിരിക്കുന്നവരെ പോലുള്ള യഹോവയുടെ ഇന്നത്തെ വിശ്വസ്ത ആരാധകർ തങ്ങൾക്കു മുമ്പാകെ അവൻ വെച്ചിരിക്കുന്ന അത്യന്തം ശ്രേഷ്ഠമായ സമ്മാനം പ്രാപിക്കാൻ തുടർന്നും പരിശ്രമിക്കുന്നു. അവർക്കും നിരാശപ്പെടേണ്ടിവരില്ല. അതേ, ആകാശത്തിലെ നക്ഷത്രങ്ങൾ വഴികാട്ടിയതിലും മെച്ചമായ ഒരു വിധത്തിൽ യഹോവ, അവനിൽ ആശ്രയം അർപ്പിക്കുന്ന സകലരെയും തൊട്ടുമുന്നിൽ സ്ഥിതിചെയ്യുന്ന ഭൗമിക പറുദീസയിലേക്കു വഴിനടത്തും.—സങ്കീ. 73:23, 24; ലൂക്കൊ. 23:43.
[അടിക്കുറിപ്പുകൾ]
a ഈ വിവരണം മുഴു ഫ്രഞ്ച് പോളിനേഷ്യയെക്കുറിച്ചാണെങ്കിലും, തഹീതി ഈ പ്രദേശങ്ങളുടെ സിരാകേന്ദ്രം ആയതുകൊണ്ടും അനേകർക്കും ആ പേർ കൂടുതൽ പരിചിതമായതുകൊണ്ടും ഇതിന് “തഹീതി” എന്ന തലക്കെട്ട് കൊടുത്തിരിക്കുന്നു. എന്നിരുന്നാലും, വിവരണത്തിൽ “തഹീതി” എന്നു പരാമർശിക്കുമ്പോൾ കൃത്യമായും ആ ദ്വീപിനെ മാത്രമാണ് അർഥമാക്കുന്നത്.
b 2003 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 26-9 പേജുകളിൽ തഹീഷ്യൻ ബൈബിളിന്റെ ചരിത്രം വായിക്കാൻ കഴിയും.
[72-ാം പേജിലെ ചതുരം]
ഫ്രഞ്ച് പോളിനേഷ്യ—ഒരു ആകമാന വീക്ഷണം
ഭൂപ്രകൃതി: 50 ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ സമുദ്രത്തിൽ ചിതറിക്കിടക്കുന്ന ഈ 130 ദ്വീപുകൾക്ക് മൊത്തം 4,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. ഇവയെ ടൂബ്വായി (ഓസ്ട്രൽ), ഗാമ്പിയർ, മാർക്കസസ്, സൊസൈറ്റി, തൂവമോട്ടൂ എന്നീ അഞ്ചു ദ്വീപസമൂഹങ്ങളായി തിരിച്ചിരിക്കുന്നു. സൊസൈറ്റി ദ്വീപസമൂഹത്തിലുള്ള 14 ദ്വീപുകളിലാണ് 85 ശതമാനം ജനങ്ങളും വസിക്കുന്നത്.
ജനങ്ങൾ: അധികംപേരും പോളിനേഷ്യക്കാരോ ഭാഗികമായി പോളിനേഷ്യക്കാരോ ആണ്. ചൈനക്കാരും യൂറോപ്യന്മാരും അമേരിക്കക്കാരും ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷവും ഇവിടെ വസിക്കുന്നു.
ഭാഷ: തഹീഷ്യനും ഫ്രഞ്ചുമാണ് പ്രധാന ഭാഷകൾ. ഫ്രഞ്ചാണ് ഔദ്യോഗിക ഭാഷയും വ്യാവസായിക ഭാഷയും.
ഉപജീവന മാർഗം: ഗവൺമെന്റ് ഉദ്യോഗങ്ങളും ടൂറിസം ഉൾപ്പെടെയുള്ള സേവന വിപണനവും ആണ് സമ്പദ്വ്യവസ്ഥയുടെ നെടുംതൂണ്. കൃഷിയും വ്യവസായവും മുത്തുച്ചിപ്പി വളർത്തലും ശേഷമുള്ളവർക്കു തൊഴിൽ പ്രദാനംചെയ്യുന്നു. കയറ്റുമതിയുടെ 80 ശതമാനവും മുത്തുകളാണ്.
ആഹാരം: ഏറെയും ഇറക്കുമതി ചെയ്യുന്ന വിഭവങ്ങളാണ് ദ്വീപുവാസികൾ ഭക്ഷിക്കുന്നത്. വാഴപ്പഴം, കപ്പ, തേങ്ങ, പച്ചടിക്കീര, കപ്പളങ്ങ, കൈതച്ചക്ക, ചേമ്പ്, തക്കാളി, തണ്ണിമത്തങ്ങ എന്നിവയാണ് പ്രാദേശിക വിളകൾ. മീൻ, ചിപ്പി, ചെമ്മീൻ, കന്നുകാലി, ആട്, പന്നി എന്നിവ സസ്യേതര ആഹാരത്തിൽപ്പെടുന്നു.
കാലാവസ്ഥ: ഇവിടെ ചൂടും ഈർപ്പവുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണെങ്കിലും ഓരോ ദ്വീപസമൂഹത്തിന്റെയും കാര്യത്തിൽ നേരിയ വ്യതിയാനമുണ്ട്. നവംബർ മുതൽ ഏപ്രിൽവരെ നീളുന്ന ഉഷ്ണകാലത്താണ് ഇവിടെ മഴ ലഭിക്കുന്നത്. വർഷംതോറും മധ്യ തഹീതിയിൽ ഏകദേശം 9 മീറ്റർ മഴ ലഭിക്കുന്നു.
[74-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ഉയർന്ന ദ്വീപുകളും താഴ്ന്ന ദ്വീപുകളും മോട്ടുവും
ഫ്രഞ്ച് പോളിനേഷ്യയുടെ എല്ലാ ദ്വീപുകളും അഗ്നിപർവതങ്ങളുടെ സൃഷ്ടിയാണ്. അവയെ ഉയർന്ന ദ്വീപുകളും താഴ്ന്ന ദ്വീപുകളും എന്നിങ്ങനെ രണ്ടു പ്രധാന വിഭാഗങ്ങളായി തിരിക്കാം. കുന്നും മലയും പർവതങ്ങളും നിറഞ്ഞ ഉയർന്ന ദ്വീപുകളിൽ ചിലതിൽ സമുദ്രനിരപ്പിൽനിന്ന് ആയിരക്കണക്കിനു മീറ്റർ ഉയരമുള്ള കൊടുമുടികൾ തല ഉയർത്തി നിൽക്കുന്നു. ഉയർന്ന ദ്വീപുകൾക്കുള്ള നല്ല ഒരു ഉദാഹരണമാണ് തഹീതി.
മാർക്കസസ് ഒഴികെയുള്ള മറ്റെല്ലാ ഉയർന്ന ദ്വീപുകൾക്കും ചുറ്റുമായി പവിഴപ്പുറ്റുകളുണ്ട്. ഇവ ദ്വീപുകൾക്ക് ഒരു സംരക്ഷണമായി വർത്തിക്കുന്നു. ഇത്തരം പവിഴപ്പുറ്റുകളിൽ പലതിലും മോട്ടുവെന്നു വിളിക്കപ്പെടുന്ന, സസ്യലതാദികൾ നിറഞ്ഞ കൊച്ചു ദ്വീപുകൾ കാണാൻ കഴിയും. ഇതിനൊരു ഉദാഹരണമാണ് ബോറാ ബൊറയ്ക്കു ചുറ്റുമുള്ള പവിഴപ്പുറ്റ്. ഇത്തരം സ്ഥലങ്ങൾ സുഖവാസ കേന്ദ്രങ്ങൾക്കു തികച്ചും അനുയോജ്യമായി വീക്ഷിക്കപ്പെടുന്നു.
സമുദ്രനിരപ്പിൽനിന്ന് ഏതാനും മീറ്റർ മാത്രം ഉയർന്നുനിൽക്കുന്ന പവിഴ ദ്വീപുകളെയാണ് താഴ്ന്ന ദ്വീപുകളെന്നു പറയുന്നത്. സമുദ്രത്തിൽ ഒരു വലയം സൃഷ്ടിക്കുന്ന ഈ മോതിരത്തുരുത്തുകൾ മിക്കതും, അവയ്ക്കുള്ളിൽ വെട്ടിത്തിളങ്ങുന്ന ഒരു തടാകത്തിനു രൂപം നൽകുന്നു. ടുവോട്ടൂ ദ്വീപസമൂഹത്തിലെ ദ്വീപുകൾ ഇത്തരത്തിലുള്ളതാണ്. ചില തടാകങ്ങൾ തികച്ചും വിസ്തൃതമാണ്. ഉദാഹരണത്തിന്, റേങിറോവ ദ്വീപിലുള്ള തടാകത്തിന്റെ നീളം 70 കിലോമീറ്ററും ഏറ്റവും കൂടിയ വീതി 20 കിലോമീറ്ററും ആണ്.
[77-ാം പേജിലെ ചതുരം/ചിത്രം]
അന്നു ഡീക്കൻ, ഇന്നു രാജ്യഘോഷകൻ
മനൂവാറി റ്റേഫാറ്റൗ
ജനനം: 1913
സ്നാപനം: 1959
സംക്ഷിപ്ത വിവരം: പ്രൊട്ടസ്റ്റന്റ് സഭയിൽ ഒരു ഡീക്കൻ ആയിരിക്കെ, മാക്കറ്റേയ ദ്വീപിലെ ചില ആദ്യകാല ബൈബിൾ വിദ്യാർഥികളിൽനിന്നു സത്യം പഠിച്ചു.
1956-ൽ സാക്ഷികളായ ഷാങ്-മാരി ഫെലിക്സും ഭാര്യ ഷാനും മാക്കറ്റേയയിൽ എത്തിയതിനെത്തുടർന്ന് അവരുടെ ആദ്യത്തെ ബൈബിൾ വിദ്യാർഥികളായ മാവൂയി പിയിറായിയും ഷെർമെൻ ആമാറൂവും എന്നോടു സാക്ഷീകരിച്ചു. പെട്ടെന്നുതന്നെ ഇടവകയിലെ മറ്റംഗങ്ങളുമായി ഞാൻ ബൈബിൾസത്യം പങ്കുവെക്കാൻ തുടങ്ങി. അതു സഭയെ ആകെ ഇളക്കിമറിച്ചു. യഹോവയുടെ സാക്ഷികളോടു സംസാരിക്കുന്നതു നിറുത്താൻ പാസ്റ്റർ എന്നോടു പറഞ്ഞു.
ഉടൻതന്നെ ഞാൻ സഭയിൽനിന്നു രാജിവെക്കുകയും ഫെലിക്സ് സഹോദരന്റെ വീട്ടിൽ നടത്തിയിരുന്ന യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങുകയും ചെയ്തു. സത്യം പഠിക്കാനും യോഗങ്ങളിൽ സംബന്ധിക്കാനും മറ്റു ചില ഇടവകാംഗങ്ങളും മുന്നോട്ടുവന്നു. ഫ്രഞ്ച് പോളിനേഷ്യയിലെ ഏറ്റവും ആദ്യത്തെ ബൈബിൾ വിദ്യാർഥികളിൽ ഒരുവനാകാൻ കഴിഞ്ഞത് ഒരു വലിയ പദവിയായി ഞാൻ കരുതുന്നു.
[83, 84 പേജുകളിലെ ചതുരം/ചിത്രം]
എന്റെ എല്ലാ കുറവുകളും യഹോവ നികത്തി
ലെനർഡ് (ലെൻ) ഹെൽബർഗ്
ജനനം: 1930
സ്നാപനം: 1951
സംക്ഷിപ്ത വിവരം: അവിവാഹിതനായിരിക്കെ, സർക്കിട്ട് മേൽവിചാരകനെന്ന നിലയിലുള്ള തന്റെ ആദ്യ നിയമനത്തിന്റെ ഭാഗമായി തഹീതിയിലെ വേലയ്ക്കു തുടക്കം കുറിച്ചു. ഇപ്പോൾ അദ്ദേഹവും ഭാര്യ റീറ്റയും ഓസ്ട്രേലിയയിൽ താമസിക്കുന്നു.
1955-ൽ ദക്ഷിണ പസിഫിക്കിൽ സർക്കിട്ട് വേല ആരംഭിക്കാൻ ഓസ്ട്രേലിയ ബ്രാഞ്ച് എന്നെ നിയമിച്ചപ്പോൾ, അതിവിശാലമായ ആ പ്രദേശത്ത് വെറും രണ്ടു സഭകളും—ഒന്നു ഫിജിയിലും മറ്റേത് സമോവയിലും—ഒറ്റപ്പെട്ട ആറു കൂട്ടങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തഹീതിയിൽ ഒരു പ്രസാധകൻപോലും ഉണ്ടായിരുന്നില്ല.
1956 ഡിസംബറിൽ ആദ്യമായി തഹീതിയിൽ സന്ദർശനം നടത്താൻ ഞാൻ തീരുമാനിച്ചു. ഫിജിയിൽനിന്ന് സതേൺ ക്രോസ് എന്ന യാത്രക്കപ്പലിൽ ആറു ദിവസം യാത്ര ചെയ്താണ് അവിടെ എത്തിച്ചേർന്നത്. വശ്യസുന്ദരമായ പാപ്പീറ്റ് തുറമുഖത്തിന് അഭിമുഖമായി സ്ഥിതിചെയ്തിരുന്ന ഒരു സ്വകാര്യഭവനത്തിലെ ഒരു മുറിയിൽ എനിക്കു താമസസൗകര്യം ലഭിച്ചു. പിറ്റേന്നു രാവിലെ വയൽസേവനത്തിനായി ഒരുങ്ങുമ്പോൾ, ഏതാനും ശതമീറ്റർ അകലെയായി സതേൺ ക്രോസ് പോകുന്നത് ഞാൻ ജനാലയിലൂടെ നോക്കിക്കണ്ടു. അപരിചിതമായ ഒരു ദ്വീപിൽ ഞാൻ ഒറ്റയ്ക്കായി. ഏറ്റവും അടുത്തുള്ള സഹോദരങ്ങൾപോലും 3,000 കിലോമീറ്റർ അകലെയായിരുന്നു. അവിടത്തെ ആളുകൾ സംസാരിച്ചിരുന്നതോ എനിക്ക് അറിഞ്ഞുകൂടാത്ത ഫ്രഞ്ചും. ആകെക്കൂടി എനിക്ക് ഉണ്ടായിരുന്നത് ഒരു ഉണരുക! വരിക്കാരിയുടെ മേൽവിലാസം ആയിരുന്നു.
പെട്ടെന്നു കടുത്ത ഏകാന്തത എന്നെ വരിഞ്ഞുമുറുക്കി. ആരും ആശ്വസിപ്പിക്കാനില്ലാതെ ഞാൻ തേങ്ങിക്കരഞ്ഞു. കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ, ‘ഏതായാലും ഇന്നത്തെ ദിവസം പോയി. ഇനിയിപ്പോൾ പുറത്തേക്കിറങ്ങുന്നത് നാളെയാകട്ടെ’ എന്നോർത്ത് ഞാൻ വീണ്ടും കട്ടിലിലേക്കു ചാഞ്ഞു. അന്നു രാത്രിയിൽ ഏറെ നേരം ഉള്ളുരുകി പ്രാർഥിച്ചു. അടുത്ത പ്രഭാതത്തിൽ എഴുന്നേൽക്കുമ്പോൾ ഞാൻ തികച്ചും ഉന്മേഷവാനായിരുന്നു. അന്ന് ഉച്ചകഴിഞ്ഞ് ഉണരുക! വരിക്കാരിയെ കണ്ടുമുട്ടി, അവർ ഒരു അൾജീറിയക്കാരി ആയിരുന്നു. പ്രവൃത്തികളുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ലുദിയയെപ്പോലെ അവരും 34 വയസ്സുള്ള അവരുടെ പുത്രനും അതീവ താത്പര്യത്തോടെ എന്നെ എതിരേൽക്കുകയും അവരോടുകൂടെ താമസിക്കാൻ നിർബന്ധിക്കുകയും ചെയ്തു. (പ്രവൃ. 16:15) അതോടെ എന്റെ ഏകാന്തതയെല്ലാം എങ്ങോ പോയിമറഞ്ഞു! ഞാൻ യഹോവയ്ക്കു നന്ദി പറഞ്ഞു. കണ്ണുനീരോടെ ഞാൻ അർപ്പിച്ച നീണ്ട പ്രാർഥനകളെല്ലാം അവൻ കേട്ടെന്ന് എനിക്ക് ഉറപ്പുണ്ട്.
പിന്തിരിഞ്ഞുനോക്കുമ്പോൾ, യഹോവ അത്യന്തം സ്നേഹവാനായ ഒരു പിതാവാണെന്ന എന്റെ ബോധ്യം ശക്തമായിത്തീരുന്നു. അതേ, നാം നമ്മെത്തന്നെ അവനു വിട്ടുകൊടുക്കുമ്പോൾ നമ്മുടെ ഏതു കുറവും അവൻ നികത്തും.
[87, 88 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ആദ്യകാല പയനിയർമാർ
അലെക്സി റ്റിനോറൂവാ, 1950-കളുടെ ഒടുവിൽ ലെൻ ഹെൽബർഗ് സംഘടിപ്പിച്ച യോഗങ്ങളിൽ സംബന്ധിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഒരിക്കൽ കുറേ പ്രൊട്ടസ്റ്റന്റ് ഡീക്കന്മാരുമായി ഹെൽബർഗ് നടത്തിയ ബൈബിൾ ചർച്ച ശ്രദ്ധിക്കാൻ ഞാനും ഇരുന്നു. യഹോവയുടെ സാക്ഷികളുടെ ഉപദേശങ്ങളിൽ സത്യം അടങ്ങിയിരിക്കുന്നതായി മനസ്സിലാക്കിയ ഞാൻ സാക്ഷികളോടൊപ്പം പഠനം ആരംഭിക്കുകയും 1960-ൽ സ്നാപനമേൽക്കുകയും ചെയ്തു. തുടർന്ന് ഞാൻ ഒമ്പതു വർഷം പയനിയറിങ് ആസ്വദിച്ചു. 1965-ൽ സൊസൈറ്റി ദ്വീപസമൂഹത്തിലെ വാഹീനി എന്ന ദ്വീപിൽ ആദ്യമായി പ്രസംഗിക്കാനുള്ള പദവി എനിക്കു ലഭിച്ചു. ബൈബിൾസത്യത്തിന്റെ സൂക്ഷ്മ പരിജ്ഞാനം സമ്പാദിക്കാൻ 80 വ്യക്തികളെ സഹായിക്കുന്നതിനുള്ള പദവി നൽകിയതിൽ ഞാൻ യഹോവയോട് അത്യന്തം കടപ്പെട്ടിരിക്കുന്നു.” 2002 മേയിൽ മരണമടയുന്നതുവരെ അലെക്സി യഹോവയുടെ സേവനത്തിൽ തുടർന്നു.
എയ്ലെൻ മാപ്പൂ സത്യം പഠിച്ചതിനു ശേഷം ഉടൻതന്നെ തഹീതിയിൽ പയനിയറിങ് ആരംഭിച്ചു. 1963-ൽ ആയിരുന്നു അത്. ഒരു സാക്ഷി ആയിരുന്നില്ലെങ്കിലും അവരുടെ ഭർത്താവ് അവർക്ക് ഏറെ പിന്തുണ നൽകി. ജോലിയുടെ ഭാഗമായി അദ്ദേഹം റൈയറ്റേയയ്ക്കും തഹീതിക്കും ഇടയിലായി കപ്പൽയാത്ര നടത്തിയിരുന്നു. തന്നിമിത്തം റൈയറ്റേയയിൽ പ്രത്യേക പയനിയറിങ് ചെയ്യുന്നതിനുള്ള നിയമനം എയ്ലെൻ ഏറ്റെടുക്കുന്നതിൽ അദ്ദേഹത്തിനു വിരോധം ഇല്ലായിരുന്നു. അങ്ങനെ എയ്ലെൻ അവിടെ സുവാർത്ത പ്രസംഗിക്കുന്ന ആദ്യ വ്യക്തി ആയിത്തീരുകയും ചെയ്തു. പിന്നീട് അവർ തഹീതിയുടെ ഉപദ്വീപായ തഹീതി ഇറ്റിയിലേക്കു മടങ്ങി. അവിടെ അവരെ കൂടാതെ മേറേയാനി റ്റേഫാറോവ എന്ന ഒരു സഹോദരി മാത്രമേ സാക്ഷിയായി ഉണ്ടായിരുന്നുള്ളൂ. എയ്ലെൻ ഇപ്രകാരം പറയുന്നു: “ഉപദ്വീപിലെ ആളുകൾ സത്യത്തോടു വളരെ താത്പര്യം പ്രകടിപ്പിച്ചു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഞങ്ങൾ അനേകം ബൈബിളധ്യയനങ്ങൾ ആരംഭിച്ചു.”
വിശ്വസ്തരായ ഈ സഹോദരിമാരുടെ ശ്രമങ്ങളുടെമേൽ യഹോവയുടെ അനുഗ്രഹം വ്യക്തമായിരുന്നു. കാരണം, അവർ പ്രവർത്തിച്ച പ്രദേശത്തിന്റെ ഭാഗമായിരുന്ന വായിറാവോ ടൗൺഷിപ്പിൽ പിന്നീട് ഒരു സഭ രൂപീകരിക്കപ്പെട്ടു.
[101-ാം പേജിലെ ചതുരം/ചിത്രം]
“നിനക്ക് എന്നെ വേണോ യഹോവയെ വേണോ?”
ഇവെറ്റ് ഷിലോ
ജനനം: 1932
സ്നാപനം: 1968
സംക്ഷിപ്ത വിവരം: ഫ്രഞ്ച് പോളിനേഷ്യയിലെ മറ്റേതൊരു പയനിയറെക്കാളും കൂടുതൽ കാലം പയനിയറിങ്ങിൽ ചെലവഴിച്ചിരിക്കുന്നു.
“നിനക്ക് എന്നെ വേണോ യഹോവയെ വേണോ എന്ന് ഇപ്പോൾ തീരുമാനിച്ചുകൊള്ളണം” എന്നതായിരുന്നു യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ എന്റെ ഭർത്താവ് എനിക്കു നൽകിയ അന്ത്യശാസനം. അദ്ദേഹത്തോടു ന്യായവാദം ചെയ്യാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നെയും മൂന്നു കുട്ടികളെയും ഉപേക്ഷിച്ച് അദ്ദേഹം പൊയ്ക്കളഞ്ഞു. എന്നിരുന്നാലും വർഷങ്ങൾക്കുശേഷം അദ്ദേഹം മടങ്ങിവന്നു.
അതിനിടെ ഞാൻ കുടുംബത്തിനായി കരുതുകയും സാധാരണ പയനിയറിങ്ങിൽ ഏർപ്പെടുകയും ചെയ്തു. ഞാൻ അതിരാവിലെ എന്റെ തൊഴിൽ ചെയ്യുകയും തുടർന്ന് വയൽസേവനത്തിനുള്ള യോഗം നടത്തുകയും ചെയ്യുമായിരുന്നു. 1960-കളുടെ അവസാനത്തിൽ ഈ ദ്വീപുകളിൽ നൂറോളം പ്രസാധകർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതിനാൽ വയൽസേവന യോഗം നടത്തുന്നതിനും മറ്റും എല്ലായ്പോഴും സഹോദരന്മാരെ പ്രതീക്ഷിക്കാൻ കഴിയുമായിരുന്നില്ല.
യഹോവയ്ക്കു ജീവിതം സമർപ്പിക്കാൻ 50-ഓളം വ്യക്തികളെ സഹായിക്കാനുള്ള പദവി നീട്ടിത്തന്നതിൽ ഞാൻ അവനു നന്ദി പറയുന്നു. 1991 മുതൽ തഹീതി ബെഥേൽഭവനത്തിൽ സേവിക്കുന്ന റിച്ചർഡ് വോങ് ഫൂ അവരിൽ ഒരാളാണ്. എന്റെ രണ്ടു പുത്രന്മാർ സഭാമൂപ്പന്മാരായി സേവിക്കുന്നെന്നു പറയുന്നതിലും എനിക്കു സന്തോഷമുണ്ട്.
[105-ാം പേജിലെ ചതുരം/ചിത്രം]
ഒടുവിലത്തെ രാജകുമാരിയുടെ ശവസംസ്കാരം
തഹീഷ്യൻ രാജകുടുംബത്തിലെ ഒടുവിലത്തെ അംഗമായ റ്റാകാവൂ പോമാരേ രാജകുമാരിയുമായി ബന്ധപ്പെട്ട് പാപ്പീറ്റിലെ മിഷെൽ ഷെലാ എന്ന മൂപ്പന് അസാധാരണമായ ഒരു അനുഭവം ഉണ്ടായി. 1976-ൽ, 89-ാമത്തെ വയസ്സിൽ രാജകുമാരി മരണമടഞ്ഞപ്പോഴായിരുന്നു അത്. കുറേക്കാലത്തേക്ക് തഹീതിയും സമീപത്തുള്ള മറ്റു പല ദ്വീപുകളും വാണിരുന്ന പോമാരേ രാജകുടുംബത്തിൽപ്പെട്ട വ്യക്തിയായിരുന്നു അവർ. രാജകുമാരിയുടെ ദത്തുപുത്രി യഹോവയുടെ സാക്ഷികളിൽ ഒരുവളായിരുന്നു. അതുകൊണ്ട് രാജകുമാരി ഒരു സാക്ഷി അല്ലായിരുന്നെങ്കിലും ചരമ പ്രസംഗം നിർവഹിക്കാൻ അവൾ മിഷെലിനോട് അഭ്യർഥിച്ചു.
പ്രസംഗം നടത്താമെന്ന് മിഷെൽ സമ്മതിച്ചു. രാഷ്ട്രീയ പ്രമുഖരും മതനേതാക്കളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെയുള്ള അനേകം ആളുകളോടു പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു വിശദീകരിക്കാനുള്ള ഒരു സുവർണാവസരമാണ് ഇതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ശവസംസ്കാരത്തിന്റെ പിറ്റേന്ന് ഒരു പ്രാദേശിക വർത്തമാനപ്പത്രത്തിൽ മിഷെൽ സഹോദരൻ പ്രസംഗിക്കുന്നതിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ മുമ്പിലായി രാജകുമാരിയുടെ ശവമഞ്ചവും കാണാമായിരുന്നു. ഗവർണർ, പോളിനേഷ്യൻ പ്രസിഡന്റ്, ളോഹ ധരിച്ച കത്തോലിക്കാ ആർച്ചുബിഷപ്പ് എന്നിവരെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരും തദവസരത്തിൽ സന്നിഹിതരായിരുന്നു.
[109, 110 പേജുകളിലെ ചതുരം/ചിത്രം]
ഒരു ശുശ്രൂഷകൻ സ്കൂട്ടർ കടംതന്നപ്പോൾ മറ്റൊരു ശുശ്രൂഷകൻ സാഹിത്യങ്ങൾ അഗ്നിക്കിരയാക്കി
ഷാക് എനോടി
ജനനം: 1944
സ്നാപനം: 1965
സംക്ഷിപ്ത വിവരം: ഭാര്യ പോളെറ്റിനോടൊപ്പം ഫ്രാൻസിൽ പ്രത്യേക പയനിയറിങ്ങിലും പസിഫിക്കിൽ സഞ്ചാരവേലയിലും ഏർപ്പെട്ടു.
1969-ൽ പോളെറ്റും ഞാനും, ഫ്രാൻസിലുള്ള ബന്ധുമിത്രാദികളോട് യാത്രപറഞ്ഞ് പുതിയ നിയമന പ്രദേശമായ തഹീതിയിലേക്കു കപ്പൽ കയറി. ഏതായാലും തികച്ചും ഉദ്വേഗജനകമായ ഒരു യാത്രയായിരുന്നു അത്, പസിഫിക്കിന്റെ നടുക്കുവെച്ച് ഞങ്ങളുടെ കപ്പലിൽ അഗ്നിബാധ ഉണ്ടായി! നാലു ദിവസത്തോളം കപ്പൽ സമുദ്രത്തിൽ എങ്ങോട്ടെന്നില്ലാതെ ഒഴുകിനടന്നു. അവസാനം, തഹീതിയിൽ എത്തിച്ചേർന്നപ്പോൾ എനിക്കു സർക്കിട്ട് മേൽവിചാരകനായി നിയമനം ലഭിച്ചു.
ന്യൂകലഡോണിയ, വനുവാട്ടു, ഫ്രഞ്ച് പോളിനേഷ്യ എന്നിവ ഉൾപ്പെട്ടതായിരുന്നു ഞങ്ങളുടെ സർക്കിട്ട്. ഒരു സഭയും ഒറ്റപ്പെട്ട രണ്ടു കൂട്ടങ്ങളുമാണ് അന്ന് ഫ്രഞ്ച് പോളിനേഷ്യയിൽ ഉണ്ടായിരുന്നത്. 1971-ൽ സർക്കിട്ടിന്റെ പ്രദേശം ഫ്രഞ്ച് പോളിനേഷ്യ മാത്രമാക്കി കുറച്ചപ്പോൾ ഒറ്റപ്പെട്ട അനേകം ദ്വീപുകളിൽ സന്ദർശനം നടത്താൻ ഞങ്ങൾക്കു സമയം ലഭിച്ചു. ആ ദ്വീപുകളിൽ ചിലതിൽ മുമ്പൊരിക്കലും രാജ്യസന്ദേശം പ്രസംഗിച്ചിരുന്നില്ല. പോളെറ്റും ഞാനും വാഹീനിയിൽ ഒമ്പതു മാസവും ഒരു ചെറിയ ദ്വീപായ മാവുപിറ്റിയിൽ അൽപ്പകാലവും ചെലവഴിച്ചു. വാഹീനിയിൽ 44 ബൈബിളധ്യയനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് ഏറെ സന്തോഷം പ്രദാനംചെയ്തു.
ഭക്ഷണത്തിനായി ഞാൻ മീൻ പിടിച്ചിരുന്നു. അമ്പുകൾ പായിക്കുന്ന സ്പിയർ ഗൺ ആയിരുന്നു മിക്കപ്പോഴും അതിനായി ഉപയോഗിച്ചിരുന്നത്. ഞങ്ങൾ ജീവിതം അങ്ങേയറ്റം ലളിതമാക്കി. എന്നിരുന്നാലും ഒരിക്കലും പട്ടിണി കിടക്കേണ്ടിവന്നില്ല. ആവശ്യമായ വസ്തുവകകൾ എല്ലായ്പോഴും ലഭിച്ചിരുന്നു. ടൂബ്വായി ദ്വീപിൽ സാക്ഷീകരിക്കവേ, അവിടെയുള്ള ഒരു പാസ്റ്റർ ഞങ്ങളുടെ താത്കാലിക ഉപയോഗത്തിനായി അദ്ദേഹത്തിന്റെ സ്കൂട്ടർ നൽകിയത് ഞങ്ങളെ ആശ്ചര്യഭരിതരാക്കി. യാത്രയ്ക്കു സ്വന്തമായി ഒരു വാഹനം ഇല്ലാതിരുന്ന ഞങ്ങളോട് അദ്ദേഹത്തിനു ദയ തോന്നിക്കാണണം!
1974-ൽ ഞങ്ങൾ മാർക്കസസിലെ ഹിവാ ഓവ, നൂകു ഹിവ, ഊവാ ഹൂക്കാ, വാ പോയു എന്നീ നാലു ദ്വീപുകൾ സന്ദർശിച്ചു. വാ പോയുവിലുള്ള കാലിന റ്റോം സിങ് വെയ്ൻ എന്ന ഒറ്റപ്പെട്ട ഒരു സഹോദരിയെ സന്ദർശിക്കാൻ ബ്രാഞ്ച് ഞങ്ങളോട് ആവശ്യപ്പെട്ടു. ഒരു നഴ്സായിരുന്ന അവൾ ജോലിയോടുള്ള ബന്ധത്തിൽ 1973-ൽ അവിടേക്കു പോയതായിരുന്നു. 13 മാസം അവിടെ താമസിച്ച ആ സഹോദരി മാർക്കസസിൽനിന്നു വയൽസേവന റിപ്പോർട്ട് അയയ്ക്കുന്ന ആദ്യത്തെ പ്രസാധിക ആയിത്തീർന്നു.
ടൂബ്വായിയിലെ ദയാലുവായ പാസ്റ്ററിൽനിന്നു വ്യത്യസ്തമായി വാ പോയുവിലെ പുരോഹിതൻ ഞങ്ങളുടെ പ്രവർത്തനത്തെ എതിർത്തു. ഞങ്ങൾ സമർപ്പിക്കുന്ന സാഹിത്യങ്ങളെല്ലാം ഇടവകാംഗങ്ങളോട് ചോദിച്ചുവാങ്ങിക്കൊണ്ട് വയലിൽ അദ്ദേഹം രഹസ്യമായി ഞങ്ങളെ പിന്തുടർന്നു. എന്നിട്ട് അതെല്ലാംകൂടി കാലിനയുടെ വീടിനു മുമ്പിലിട്ട് കത്തിച്ചുകളഞ്ഞു. ഈ പ്രവൃത്തി ഞങ്ങളെ മാത്രമല്ല അനേകം കത്തോലിക്കരെയും ഞെട്ടിച്ചു!
ഇത്തരം എതിർപ്പുകൾക്കു മധ്യേയും മാർക്കസസ് ദ്വീപുകളിലെ വേല പുരോഗതി പ്രാപിച്ചു. അതിൽ ഒരു ചെറിയ പങ്കുണ്ടായിരിക്കാൻ കഴിഞ്ഞത് ഞങ്ങൾ ഒരു പദവിയായി കരുതുന്നു. പോളെറ്റിന്റെ ആരോഗ്യം ക്ഷയിച്ചതു നിമിത്തം ഞങ്ങൾക്ക് മുഴുസമയ സേവനം നിറുത്തേണ്ടിവന്നു. എന്നിരുന്നാലും, യഹോവയ്ക്കായി കഴിവിന്റെ പരമാവധി പ്രവർത്തിക്കുന്നതിൽ തുടരാൻ ഞങ്ങൾ ദൃഢനിശ്ചയം ഉള്ളവരാണ്.
[113-ാം പേജിലെ ചതുരം]
ഒരു ദ്വീപിലേക്കുള്ള ആദ്യ സന്ദർശനം
വിദൂരത്തുള്ള ഒരു ദ്വീപിലോ പവിഴ ദ്വീപിലോ നിങ്ങൾ ആദ്യമായി കാലുകുത്തുന്നതായി സങ്കൽപ്പിക്കുക. ആളുകളോടു സാക്ഷീകരിച്ചുകൊണ്ട് ഒന്നോ രണ്ടോ വാരം ചെലവഴിക്കുക എന്നതാണ് നിങ്ങളുടെ ഉദ്ദേശ്യം. മറ്റൊരു സാക്ഷിയും അവിടെ ഇല്ലെന്ന് ഓർക്കണം. ലോഡ്ജുകളോ പൊതുവാഹനങ്ങളോ ഇല്ല. നിങ്ങൾ എന്തു ചെയ്യും? എവിടെ താമസിക്കും? പയനിയർമാരായും സർക്കിട്ട് മേൽവിചാരകന്മാരായും സേവിച്ചിട്ടുള്ള മാർക് മോൺടെയും ഷാക് എനോഡിയും ഇത്തരമൊരു വിഷമഘട്ടത്തെ പല പ്രാവശ്യം അഭിമുഖീകരിച്ചിട്ടുണ്ട്.
മാർക് പറയുന്നു: “വിമാനത്തിൽനിന്നോ കപ്പലിൽനിന്നോ ഇറങ്ങിയ ശേഷം ഉടൻതന്നെ ഞാൻ സാക്ഷീകരണം ആരംഭിക്കുമായിരുന്നു. അതോടൊപ്പം താമസസൗകര്യത്തിനുള്ള അന്വേഷണവും നടത്തിയിരുന്നു. അവിവാഹിതനായ ഒരു വ്യക്തിക്ക് താമസസൗകര്യം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാൽ മിക്കപ്പോഴും ആരെങ്കിലുമൊക്കെ എനിക്കു തല ചായ്ക്കാൻ ഒരിടവും ഭക്ഷണവും നൽകിയിരുന്നു. പിന്നീടുള്ള സന്ദർശനങ്ങൾ കൂടുതൽ എളുപ്പമായിരുന്നു. കാരണം, ആളുകൾക്ക് ഞാൻ പരിചിതനായിത്തീർന്നിരുന്നു. വിവാഹിതനായ ശേഷവും താമസസൗകര്യത്തിനായി വലിയ ബുദ്ധിമുട്ടു നേരിട്ടിട്ടില്ല. വിവാഹിത ദമ്പതികളാകുമ്പോൾ താമസസൗകര്യം നൽകാൻ ആളുകൾക്ക് അത്ര മടിയില്ല.”
താൻ അവലംബിച്ച സമീപനത്തെക്കുറിച്ച് ഷാക് ഇപ്രകാരം പറയുന്നു: “മിക്കപ്പോഴും ഞാൻ മേയറെ സമീപിച്ച്, ഞാൻ ഉദ്ദേശിച്ചിടത്തോളം കാലം എനിക്കു താമസസൗകര്യം പ്രദാനംചെയ്യാൻ കഴിയുന്ന ആരെങ്കിലും ഉള്ളതായി അറിയാമോയെന്ന് അദ്ദേഹത്തോടു ചോദിക്കുമായിരുന്നു. അദ്ദേഹം പറയുന്നിടത്തേക്കു പോയാൽ താമസസൗകര്യം ഏതാണ്ട് ഉറപ്പായിരുന്നു. അനേകം ദ്വീപുകളിലെയും ജനങ്ങൾ, ഒരു ദൈവപുരുഷനെന്ന് അവർ കരുതുന്ന വ്യക്തിയെ ആദരിക്കുകയും അകമഴിഞ്ഞു സഹായിക്കുകയും ചെയ്യുന്നവരാണ്. അങ്ങനെ മിക്കപ്പോഴും എനിക്കു സൗജന്യ താമസസൗകര്യം ലഭിച്ചിരുന്നു.”
[117, 118 പേജുകളിലെ ചതുരം/ചിത്രം]
വയൽശുശ്രൂഷയാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം
ആലൻ ഷാമേ
ജനനം: 1946
സ്നാപനം: 1969
സംക്ഷിപ്ത വിവരം: ഭാര്യ മരിയാനോടൊപ്പം ഫ്രാൻസിലും ഫ്രഞ്ച് പോളിനേഷ്യയിലും മുഴുസമയ ശുശ്രൂഷയുടെ വിവിധ വശങ്ങളിൽ പങ്കുപറ്റി.
എന്റെ കുടുംബം ഫ്രാൻസിൽനിന്നു തഹീതിയിലേക്കു താമസം മാറുമ്പോൾ എനിക്കു 13 വയസ്സായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വൈദ്യശാസ്ത്രം പഠിക്കാനായി ഞാൻ ഫ്രാൻസിലേക്കു മടങ്ങി. അവിടെവെച്ചാണ് ജീവശാസ്ത്ര വിദ്യാർഥിനിയായ മരിയാനെ കണ്ടുമുട്ടുന്നത്. തഹീതിക്കാരിയായ അവളെ ഞാൻ വിവാഹം കഴിച്ചു. 1968-ൽ യഹോവയുടെ സാക്ഷികൾ ഞങ്ങളെ സന്ദർശിച്ചതിന്റെ ഫലമായി ഞങ്ങൾക്കു സത്യം ലഭിച്ചു.
പുതുതായി കണ്ടെത്തിയ പ്രത്യാശയെക്കുറിച്ച് ഞങ്ങൾ മാതാപിതാക്കളോടു സംസാരിച്ചെന്നു പറയേണ്ടതില്ലല്ലോ. പക്ഷേ ഫലമുണ്ടായില്ല. സഭയുടെ രജിസ്റ്ററിൽനിന്ന് ഞങ്ങളുടെ പേരുകൾ നീക്കംചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് തഹീതിയിലെ ഞങ്ങളുടെ രണ്ടുപേരുടെയും പള്ളികളിലേക്ക് ഞങ്ങൾ കത്തയയ്ക്കുകയും ചെയ്തു. മരിയാന്റെ കാര്യത്തിൽ പാപ്പീറ്റിലെ അവളുടെ ഇടവക ഒരുപടികൂടെ മുന്നോട്ടുപോയി. അവളെ പുറത്താക്കിയതായി അവർ പള്ളിയിൽ വിളിച്ചുപറഞ്ഞു. ആ അവസരത്തിനു സാക്ഷ്യം വഹിക്കാനായി പാസ്റ്റർ അവളുടെ മാതാപിതാക്കളെ പ്രത്യേകം ക്ഷണിക്കുകപോലും ചെയ്തു.
1969-ൽ സ്നാപനമേറ്റ ഞങ്ങൾ പയനിയറിങ് ഏറ്റെടുത്തു. ഫ്രാൻസിലെ മാർസെയ്ൽസിൽ ആയിരിക്കെ പട്ടാളത്തിൽ ചേരാൻ എനിക്ക് ഉത്തരവു ലഭിച്ചു. എന്റെ നിഷ്പക്ഷ നിലപാടിനു ശിക്ഷയായി രണ്ടു മാസം ജയിലിൽ കഴിയേണ്ടിവന്നു. മോചിതനായശേഷം, മരിയാനും എനിക്കും മാർസെയ്ൽസിലും ബോർഡോയിലും പ്രത്യേക പയനിയർമാരായി സേവിക്കാനുള്ള നിയമനം ലഭിച്ചു. തുടർന്ന് 1973-ൽ ഞങ്ങൾ, പ്രായമായ ഞങ്ങളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് തഹീതിയിലേക്കു മടങ്ങുകയും അവിടെ ഒരു വർഷം പ്രൈമറി സ്കൂൾ അധ്യാപകരായി മുഴുസമയം ജോലിനോക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ ഫിജി ബ്രാഞ്ച് മേൽവിചാരകൻ, മുഴുസമയ ശുശ്രൂഷ പുനരാരംഭിക്കാൻ താത്പര്യമുണ്ടോയെന്ന് ഞങ്ങളോട് അന്വേഷിച്ചു. ഫ്രഞ്ച് പോളിനേഷ്യയിലും ന്യൂകലഡോണിയയിലും പ്രവർത്തിക്കാൻ ഒരു സർക്കിട്ട് മേൽവിചാരകൻ ആവശ്യമായിരുന്നു. മാതാപിതാക്കളുടെ നില മെച്ചപ്പെട്ടിരുന്നതിനാൽ ഞങ്ങൾ ആ ക്ഷണം സ്വീകരിക്കുകയും 1974 ആഗസ്റ്റിൽ സർക്കിട്ട് വേല ആരംഭിക്കുകയും ചെയ്തു. 1975-ലെ എൻ. എച്ച്. നോർ സഹോദരന്റെ സന്ദർശനസമയത്ത് തഹീതിയിലെ ആദ്യത്തെ ബ്രാഞ്ച് മേൽവിചാരകനായി സേവിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു.
1986-ൽ ഞങ്ങളുടെ പുത്രൻ റാവൂമാ ജനിച്ചു. തുടർന്ന് ഭാര്യ മുഴുസമയ സേവനം നിറുത്തി. സന്തോഷകരമെന്നു പറയട്ടെ, റാവൂമാ ഇന്ന് നമ്മുടെ ആത്മീയ സഹോദരങ്ങളിൽ ഒരുവനാണ്. പിന്തിരിഞ്ഞുനോക്കുമ്പോൾ, ഞങ്ങൾ ആസ്വദിച്ച അനേകം പദവികളെപ്രതി ഞങ്ങൾക്ക് ആഴമായ വിലമതിപ്പു തോന്നുന്നു. എന്നാൽ വയൽശുശ്രൂഷയാണ് ഇപ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം.
[123-125 പേജുകളിലെ ചതുരം/ചിത്രം]
യഹോവ തന്റെ ആടുകൾക്കായി കരുതുന്നു
മിഷെൽ ബുസ്റ്റാമാന്റെ
ജനനം: 1966
സ്നാപനം: 1987
സംക്ഷിപ്ത വിവരം: ഭാര്യ സാൻഡ്രയുമൊത്ത് ഫ്രഞ്ച് പോളിനേഷ്യയിലെ രണ്ടു സർക്കിട്ടുകളിൽ ഒന്നിൽ സേവിക്കുന്നു.
ഫ്രഞ്ച് പോളിനേഷ്യയിലെ അഞ്ചു ദ്വീപസമൂഹങ്ങളും ഉൾപ്പെട്ട ഞങ്ങളുടെ സർക്കിട്ടിന് യൂറോപ്പിന്റെ അത്രയും വലുപ്പമുണ്ട്. വിദൂരത്തുള്ള ചില ദ്വീപുകളിൽ കേവലം ഒന്നോ രണ്ടോ പ്രസാധകർ മാത്രമായിരിക്കാം ഉള്ളത്. എങ്കിൽപ്പോലും ഞങ്ങൾ അവരെ സന്ദർശിക്കുന്നു. ഉദാഹരണത്തിന് തൂവമോട്ടൂ ദ്വീപുകളിലെ ടകാപോട്ടോയിലാണ് റോസിറ്റ താമസിക്കുന്നത്. വിശ്വസ്തയായ ഈ സഹോദരി ഓരോ വാരവും എല്ലാ യോഗങ്ങൾക്കുമായി തയ്യാറാകുന്നു. ഒരു സാക്ഷി അല്ലെങ്കിലും അവരുടെ ഭർത്താവും ഇതിൽ മിക്കപ്പോഴും പങ്കുചേരുന്നു. ഞായറാഴ്ചകളിൽ എല്ലാവരുംതന്നെ തടാകത്തിൽ നീന്താനും മീൻ പിടിക്കാനുമൊക്കെ പോകുമ്പോൾ പോലും, റോസിറ്റ യോഗങ്ങൾക്കെന്നപോലെ ഒരുങ്ങുകയും ആ വാരത്തേക്കുള്ള വീക്ഷാഗോപുര അധ്യയന ലേഖനം പഠിക്കുകയും ചെയ്യുന്നു. അതുപോലെ വയൽസേവന റിപ്പോർട്ടു നൽകുന്ന കാര്യത്തിലും റോസിറ്റ മുടക്കം വരുത്താറില്ല. വാസ്തവത്തിൽ, ഫോണിലൂടെ അറിയിക്കുന്ന അവരുടെ റിപ്പോർട്ടാണ് മിക്കപ്പോഴും ബ്രാഞ്ചിന് ആദ്യം ലഭിക്കുന്നത്! സഹോദരി താമസിക്കുന്ന മോട്ടുവിൽനിന്ന് 45 മിനിട്ട് ബോട്ടു യാത്ര ചെയ്തുവേണം ടെലിഫോണുള്ള ഏറ്റവും അടുത്ത സ്ഥലത്ത് എത്തിച്ചേരാൻ എന്നോർക്കുമ്പോൾ അവർ ചെയ്യുന്നത് ശരിക്കും പ്രശംസാർഹമായ ഒരു കാര്യം തന്നെയാണ്.
ദ്വീപിൽ ഒരു വിമാനം ഇറങ്ങുന്നത് ഇവിടത്തുകാർക്ക് ഒരു മഹാസംഭവമാണ്. അതുകൊണ്ട്, സഹോദരിയെ സന്ദർശിക്കാനായി ഞങ്ങൾ എത്തിച്ചേരുമ്പോൾ വിമാനത്താവളത്തിനു ചുറ്റുമുള്ള
എല്ലാവരുംതന്നെ ആരാണ് വരുന്നതെന്നു കാണാൻ തടിച്ചുകൂടും. ഒരിക്കൽ ഒരു സ്ത്രീ റോസിറ്റയോടു ചോദിച്ചു: “നീ ആരെയാണ് കാത്തുനിൽക്കുന്നത്?” അവർ ഇങ്ങനെ മറുപടി പറഞ്ഞു: “എന്റെ ആത്മീയ സഹോദരനെയും സഹോദരിയെയും. എന്നെ കാണാനും പ്രോത്സാഹിപ്പിക്കാനും വേണ്ടി മാത്രമാണ് അവർ വരുന്നത്.” വയലിൽ ഒരുമിച്ചു പ്രവർത്തിച്ചുകൊണ്ടും ആത്മീയ പ്രോത്സാഹനം നൽകിക്കൊണ്ടും ഞങ്ങൾ റോസിറ്റയുമൊത്ത് മൂന്നു നാൾ ചെലവഴിക്കുന്നു. അവിടെ പോയാൽ മിക്കവാറും അർധരാത്രിക്കു മുമ്പായി ഞങ്ങൾ ഉറങ്ങാറില്ല. കാരണം, ആത്മീയ സഹവാസത്തിനായി റോസിറ്റ അത്ര ആകാംക്ഷയോടെ കാത്തിരിക്കുകയായിരിക്കും.മറ്റൊരു ദ്വീപിൽ ഒരു അഡ്വന്റിസ്റ്റുകാരൻ, അദ്ദേഹത്തിന്റെ അയൽക്കാരനായ സാക്ഷിയെ ഞങ്ങൾ സന്ദർശിക്കുന്നതു ശ്രദ്ധിച്ചു. പിന്നീട് അദ്ദേഹം നമ്മുടെ സഹോദരനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് ഏഴു വർഷമായിട്ടും എനിക്കു പ്രോത്സാഹനം തരാൻ എന്റെ സഭയിൽനിന്ന് ആരും ഇതുവരെ വന്നിട്ടില്ല.” അദ്ദേഹം ആ ദ്വീപിലെ ഒരു ചെറിയ അഡ്വന്റിസ്റ്റ് കൂട്ടത്തിന്റെ അനൗദ്യോഗിക പാസ്റ്ററാണ്.
ടൂബ്വായി ദ്വീപുകളിലെ റയെവാവായെയിൽ ആകെയുള്ള രണ്ടു പ്രസാധകരാണ് ഡാനിയേലും ഡോറിസും. തികച്ചും ഒറ്റപ്പെട്ട ഒരു പ്രദേശത്താണ് അവർ താമസിക്കുന്നത്. ഒരുവിധത്തിൽ അവരുടെ അടുക്കൽ എത്തിച്ചേർന്നശേഷം അന്ന് ഉച്ചതിരിഞ്ഞ് അവരുടെ വീട്ടിൽ ഒരു യോഗം നടത്തുന്നതിനു ക്രമീകരണം ചെയ്യട്ടെയെന്ന് ഞങ്ങൾ അവരോടു ചോദിച്ചു. ആ നിർദേശം അവരെ പുളകംകൊള്ളിച്ചു. ആളുകളെ ക്ഷണിക്കാനായി ഞങ്ങൾ എല്ലാവരും പുറപ്പെട്ടു. യോഗം നടത്താൻ വന്നപ്പോൾ, ഏഴു തോട്ടം തൊഴിലാളികൾ അവരുടെ അന്നത്തെ ജോലിയും കഴിഞ്ഞ് ഞങ്ങളെ കാത്ത് റോഡിൽ നിൽപ്പുണ്ടായിരുന്നു. തോളിൽ ചേമ്പു നിറച്ച സഞ്ചിയുമാണ് അവരിൽ ചിലർ വന്നിരുന്നത്.
“വേഷമൊന്നും സാരമില്ലന്നേ, അകത്തോട്ടു കയറിവരൂ,” ഞങ്ങൾ അവരോടു പറഞ്ഞു. അവർ അത് അനുസരിച്ചെങ്കിലും
ഇരിപ്പിടങ്ങളിൽ ഇരിക്കുന്നതിനു പകരം തറയിലാണ് ഇരുന്നത്. യോഗം അവർക്കു വളരെ ഇഷ്ടമായി. പോകുന്നതിനു മുമ്പായി അവർ അനേകം ചോദ്യങ്ങളും ചോദിച്ചു. ഉച്ചകഴിഞ്ഞത്തെ ആ യോഗം നമ്മുടെ സഹോദരനും സഹോദരിക്കും വളരെ പ്രോത്സാഹജനകമായിരുന്നു. അതുതന്നെയായിരുന്നു ഞങ്ങളുടെ സന്ദർശനത്തിന്റെ മുഖ്യ ലക്ഷ്യവും.ഒറ്റപ്പെട്ട സഹോദരങ്ങളെ സന്ദർശിക്കുന്നത് ചിലപ്പോഴൊക്കെ പ്രയാസകരമായിരിക്കുന്നതിന്റെ കാരണം അവരുടെ ദ്വീപിൽ വിമാനത്താവളം ഉണ്ടായിരിക്കുകയില്ല എന്നതാണ്. ഒരിക്കൽ, വിമാനമിറങ്ങിയ ശേഷം, രണ്ടു പ്രസാധകർ താമസിച്ചിരുന്ന ദ്വീപിലേക്കു പുറങ്കടലിലൂടെ ഞങ്ങൾ രണ്ടു മണിക്കൂർ ബോട്ടുയാത്ര നടത്തി. ഏകദേശം 4 മീറ്റർ നീളമുള്ള ഒരു തുറന്ന സ്പീഡ് ബോട്ടിലായിരുന്നു ഞങ്ങൾ സഞ്ചരിച്ചത്. കുഴപ്പമൊന്നും കൂടാതെ ഞങ്ങളെ മറുകര എത്തിക്കുമോയെന്ന് ചോദിച്ച് ഉറപ്പുവരുത്തിയിട്ടാണ് ഞങ്ങൾ ബോട്ടിൽ കയറിയത്, രണ്ടാമതൊരു മോട്ടോർ കൂടി കരുതിയിട്ടുണ്ടെന്നും ഞങ്ങൾ ഉറപ്പു വരുത്തി. ബോട്ട് നിന്നുപോയിട്ട് പസിഫിക് സമുദ്രത്തിൽ ഒഴുകിനടക്കുന്നത് അത്ര സുഖകരമായ ഒരു അനുഭവം ആയിരിക്കില്ലല്ലോ!
ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും ഞങ്ങൾ, ബോട്ടിലടിച്ച് ചിതറിത്തെറിച്ച കടൽവെള്ളത്തിൽ കുളിച്ചുകഴിഞ്ഞിരുന്നു. കൂടാതെ ബോട്ടിൽ ആഞ്ഞടിച്ചുകൊണ്ടിരുന്ന തിരമാലകൾ നിമിത്തം ഞങ്ങളുടെ പുറം വേദനിക്കുകയും ചെയ്തു. മടക്കയാത്രയിലും ഇതുതന്നെ ആയിരുന്നു അനുഭവം. സാൻഡ്ര പറയുന്നു: “അന്ന് ഉച്ചകഴിഞ്ഞ് പ്രധാന ദ്വീപിൽ തിരിച്ചെത്തിയ ശേഷം, അൽപ്പനേരം സുവാർത്ത പ്രസംഗിക്കാനായി ഞാൻ സൈക്കിളിൽ പുറപ്പെട്ടു. എന്നാൽ ബോട്ടു യാത്രയുടെ ഫലമായി ശരീരമാകെ ഇളകിയിരുന്നതിനാൽ എനിക്ക് ഒട്ടും ശക്തി ഉണ്ടായിരുന്നില്ല. പവിഴപ്പുറ്റുകൾ അരഞ്ഞുകിടക്കുന്ന നിരത്തിലൂടെ എന്റെ സൈക്കിൾ ബാലൻസു തെറ്റി നീങ്ങി. ഏറെ താമസിയാതെ ഞാൻ നിലംപൊത്തി!”
ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ഒറ്റപ്പെട്ട നമ്മുടെ സഹോദരീസഹോദരന്മാരെ സന്ദർശിക്കാൻ പോകുന്ന ഓരോ സന്ദർഭത്തിലും യഹോവയ്ക്കും അവന്റെ സംഘടനയ്ക്കും അവരോടുള്ള ആഴമായ സ്നേഹത്തെക്കുറിച്ചു ഞങ്ങൾ ധ്യാനിക്കുന്നത് എന്തുകൊണ്ടാണെന്നു നിങ്ങൾക്കു മനസ്സിലാക്കാമല്ലോ. സത്യമായും, അതിവിശിഷ്ടമായ ഒരു ആത്മീയ കുടുംബത്തിലെ അംഗങ്ങളാണ് നമ്മൾ.—യോഹ. 13:35.
[ആകർഷക വാക്യം]
“എന്നെ കാണാനും പ്രോത്സാഹിപ്പിക്കാനും വേണ്ടി മാത്രമാണ് അവർ വരുന്നത്”
[80, 81 പേജുകളിലെ ചാർട്ട്/ചിത്രങ്ങൾ]
ഫ്രഞ്ച് പോളിനേഷ്യ—സുപ്രധാന സംഭവങ്ങൾ
1835: തഹീഷ്യൻ ബൈബിളിന്റെ പരിഭാഷ പൂർത്തിയായി.
1930-കൾ: സിഡ്നി ഷെപ്പേഡും ഫ്രാങ്ക് ഡ്യൂവറും, തഹീതിയും സാധ്യതയനുസരിച്ച് മറ്റു ദ്വീപുകളും സന്ദർശിക്കുന്നു.
1940
1956: മാക്കറ്റേയയിലും തഹീതിയിലും തീക്ഷ്ണ മായ പ്രസംഗവേല ആരംഭിക്കുന്നു.
1958: ഫ്രഞ്ച് പോളിനേഷ്യയിൽ ആദ്യമായി രണ്ടുപേർ സ്നാപനമേൽക്കുന്നു.
1959: ഫ്രഞ്ച് പോളിനേ ഷ്യയിലെ ആദ്യത്തെ സഭ പാപ്പീറ്റിൽ രൂപംകൊള്ളുന്നു.
1960
1960: യഹോവയുടെ സാക്ഷികളുടെ നിയമ സമിതി രജിസ്റ്റർ ചെയ്യപ്പെടുന്നു.
1962: ദ്വീപുകളിലെ ആദ്യത്തെ രാജ്യഹാൾ പാപ്പീറ്റിൽ നിർമിക്കുന്നു.
1969: തഹീതി ആദ്യമായി ഒരു അന്താരാഷ്ട്ര കൺവെൻഷന് ആതിഥ്യമരുളുന്നു.
1975: തഹീതിയിൽ ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കുന്നു.
1976: വീക്ഷാഗോപുരത്തിന്റെ പരിഭാഷ തഹീഷ്യൻ ഭാഷയിൽ ആരംഭിക്കുന്നു.
1980
1983: പ്രഥമ ബെഥേൽ ഭവനത്തിന്റെ സമർപ്പണം.
1989: പ്രസാധകരുടെ അത്യുച്ചം 1,000-ത്തിൽ എത്തുന്നു.
1993: പുതിയ ബെഥേൽ ഭവനത്തിന്റെയും അതിനോടു ചേർന്നുള്ള സമ്മേളന ഹാളിന്റെയും സമർപ്പണം.
1997: ആദ്യത്തെ ശുശ്രൂഷാ പരിശീലന സ്കൂൾ നടത്തുന്നു.
2000
2004: ഫ്രഞ്ച് പോളിനേഷ്യയിലെ സജീവ പ്രസാധകരുടെ എണ്ണം 1,746 ആയിത്തീരുന്നു.
[ഗ്രാഫ്]
(പ്രസിദ്ധീകരണം കാണുക)
മൊത്തം പ്രസാധകർ
മൊത്തം പയനിയർമാർ
2,000
1,000
1940 1960 1980 2000
[73-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഫ്രഞ്ച് പോളിനേഷ്യ
ഫ്രഞ്ച് പോളിനേഷ്യ
മാർക്കസസ് ദ്വീപുകൾ
നൂകു ഹിവ
വാ പോയു
വാ ഹുക
ഹിവാ ഓവ
ഫാറ്റു ഹിവ
തൂവമോട്ടൂ ദ്വീപസമൂഹം
മാനിഹി
ആഹേ
റേങിറോവ
ടാകാറോവ
ടാകാപോട്ടോ
മാക്കറ്റേയ
അനാ
ഹാവു
സൊസൈറ്റി ദ്വീപുകൾ
മാവുപിറ്റി
റ്റാഹായാ
റൈയറ്റേയ
ബോറാ ബൊറ
വാഹീനി
മോറേയ
തഹീതി
ടൂബ്വായി (ഓസ്ട്രൽ) ദ്വീപുകൾ
റൂറൂട്ടൂ
റിമേറ്റാറ
ടൂബ്വായി
റേവാവേ
ഗാമ്പിയർ ദ്വീപുകൾ
മോറേയ
തഹീതി
പാപ്പീറ്റ്
പുനീയ
പായേയ
ടോവഹോടൂ
വായിറാവോ
[66-ാം പേജിലെ ചിത്രം]
[70-ാം പേജിലെ ചിത്രം]
ആദ്യമായി ഫ്രഞ്ച് പോളിനേഷ്യയിൽ സമഗ്ര സാക്ഷ്യം നൽകിയവരിൽ ഷാൻ ഫെലിക്സും ഷാങ്-മാരി ഫെലിക്സും ഉൾപ്പെടുന്നു
[71-ാം പേജിലെ ചിത്രങ്ങൾ]
1958-ൽ ഷാങ്-മാരി സ്നാപനപ്പെടുത്തിയ മാവൂയി പിയിറായി ആയിരുന്നു ആദ്യമായി ആ പ്രദേശത്ത് യഹോവയ്ക്കു ജീവിതം സമർപ്പിച്ച ഫ്രഞ്ച് പോളിനേഷ്യക്കാരൻ
[79-ാം പേജിലെ ചിത്രങ്ങൾ]
ആന്യെസ് ഷെങ്കിനോടൊപ്പം (വലത്ത്) തഹീതിയിലെ പ്രസംഗവേലയെ പിന്തുണയ്ക്കാൻ പിന്നീട് എത്തിച്ചേർന്ന ക്ലൈഡ് നിലും ഭാര്യ ആനും (താഴെ)
[85-ാം പേജിലെ ചിത്രം]
ജോൺ ഹൂബ്ലറും ഭാര്യ എലെനും 1960-ൽ സർക്കിട്ട് വേല ആരംഭിച്ചു
[86-ാം പേജിലെ ചിത്രം]
1962-ൽ പാപ്പീറ്റ് സഭ അതിന്റെ ആദ്യത്തെ രാജ്യഹാളെന്ന നിലയിൽ, മേൽക്കൂരമേഞ്ഞ, എല്ലാ വശങ്ങളും തുറന്നു കിടക്കുന്ന ഈ ഹാൾ നിർമിച്ചു
[89-ാം പേജിലെ ചിത്രം]
“വീക്ഷാഗോപുരം” മാസികയിൽ നിന്നുള്ള ലേഖനങ്ങൾ അടങ്ങിയ “ലാ സന്റിനെൽ” എന്ന പത്രിക—1965 ഏപ്രിൽ 15 ലക്കം
[92-ാം പേജിലെ ചിത്രം]
ആത്മീയമായി പുരോഗതി പ്രാപിക്കാനായി റ്റായിനാ റാറ്റാറോ തഹീഷ്യൻ ഭാഷ വായിക്കാനും എഴുതാനും പഠിച്ചു
[92-ാം പേജിലെ ചിത്രം]
എലിസബെറ്റ് ആവെ (ഇരിക്കുന്നത്) കൊച്ചുമകൾ ഡിയാന റ്റാവുറ്റൂവിനോടൊപ്പം
[95-ാം പേജിലെ ചിത്രം]
അന്നയും ആന്റോണിയോ ലാന്റ്സയും
[96-ാം പേജിലെ ചിത്രം]
വായിയേറേറ്റിയായി മാറായും ഭാര്യ മാരി-മെഡലെനും
[97-ാം പേജിലെ ചിത്രം]
ആറ്റോ ലാക്കൂർ
[98-ാം പേജിലെ ചിത്രം]
റൂഡോൾഫ് ഹാമാറൂറായി
[99-ാം പേജിലെ ചിത്രം]
എഡ്മോൺ റായിയും ഭാര്യ വാഹിനേറിയിയും (ഇടത്ത്), റ്റാറോയ റ്റെയ്റിയിയും ഭാര്യ കാറ്റ്
റിനുമൊത്ത് (വലത്ത്)
[100-ാം പേജിലെ ചിത്രം]
ഓഗുവെസ്റ്റ് റ്റെമാനഹേയും ഭാര്യ സ്റ്റെലയും
[102-ാം പേജിലെ ചിത്രം]
ക്രിസ്റ്റ്യാനും ഷാൻ-പോൾ ലാസ്സലും (ഇടത്ത്); ലിനയും കോൾസോൻ ഡിനും (വലത്ത്)
[103-ാം പേജിലെ ചിത്രം]
1970-കളിലെ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ഫ്രാൻസിസ് സിക്കാരി (വലത്ത്) നടത്തുന്ന പ്രസംഗം റാജർ സേജ് തർജമ ചെയ്യുന്നു
[107-ാം പേജിലെ ചിത്രം]
ഐലിനും ആലൻ റാഫായെല്ലിയും
[108-ാം പേജിലെ ചിത്രം]
മാവൂറി മെർസ്യേയും മെലാനിയും
[120-ാം പേജിലെ ചിത്രം]
മാരി-ല്വെസും സെർഷ് ഗോളെനും മാർക്കസസിൽ മിഷനറിമാരായി സേവിക്കുന്നു
[122-ാം പേജിലെ ചിത്രം]
അലെക്സാൻഡർ റ്റെറ്റ്യാറാഹി, ഭാര്യ എൽമയും ഏറ്റവും ഇളയ പെൺമക്കളായ റാവാ (ഇടത്ത്), റീവാ എന്നിവരുമൊത്ത്
[126-ാം പേജിലെ ചിത്രം]
തഹീഷ്യൻ പരിഭാഷാസംഘം
[127-ാം പേജിലെ ചിത്രം]
1969-ലെ “ഭൂമിയിൽ സമാധാനം” അന്താരാഷ്ട്ര സമ്മേളനമായിരുന്നു തഹീതിയിൽ നടത്തപ്പെട്ട ആദ്യത്തെ അന്താരാഷ്ട്ര കൺവെൻഷൻ
[128-ാം പേജിലെ ചിത്രം]
ബോറാ ബൊറ ദ്വീപിലെ ഈ രാജ്യഹാളാണ് ഫ്രഞ്ച് പോളിനേഷ്യയിൽ അവസാനമായി പണികഴിപ്പിച്ചത്
[130-ാം പേജിലെ ചിത്രം]
ക്രിസ്റ്റിനും ഫെലിക്സ് റ്റെയ്മാറിയിയും
[131-ാം പേജിലെ ചിത്രം]
ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ, ഇടത്തുനിന്ന്: ആലൻ ഷാമേ, ഷേറാർ ബാൾസ, ല്യൂക് ഗാൻഷേ
[132, 133 പേജുകളിലെ ചിത്രങ്ങൾ]
(1) തഹീതി ബ്രാഞ്ച് കെട്ടിടം
(2) 2002 ജൂലൈയിൽ ഷേറാർ ബാൾസ “യഹോവയോട് അടുത്തു ചെല്ലുവിൻ” എന്ന പുസ്തകം തഹീഷ്യൻ ഭാഷയിൽ പ്രകാശനം ചെയ്യുന്നു
(3) തഹീതിയിലെ ബെഥേൽ കുടുംബം