കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
ഈയിടെയായി പ്രകൃതിവിപത്തുകൾ വർധിച്ചുവരികയാണ്, 2005 സേവനവർഷത്തിലും പലയിടങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടായി. നമ്മുടെ സഹോദരങ്ങളെയും ഇവ ബാധിക്കുന്നുവെന്നതിൽ സംശയമില്ല. എന്നാൽ നാം കാണാൻ പോകുന്നതുപോലെ, പരിശോധനയിന്മധ്യേ ക്രിസ്ത്യാനികൾ പ്രകടമാക്കുന്ന സ്നേഹം സാഹോദര്യത്തെ ബലപ്പെടുത്തുകയും ആത്മാർഥഹൃദയരെ സത്യത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു.—മലാ. 3:18; യോഹ. 13:35.
ഭാവി സംബന്ധിച്ചും ജീവിതത്തിൽ പ്രാധാന്യമേറിയത് എന്താണെന്നതു സംബന്ധിച്ചും കൂടുതൽ ഗൗരവപൂർവം ചിന്തിക്കാൻ വിപത്തുകളുടെ വർധന പലരെയും പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരം ആളുകളെ നമ്മുടെ കാലത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കാനുള്ള എത്ര മഹത്തായ പദവിയാണ് ജാഗരൂകർ ആയിരിക്കുവിൻ! എന്ന ലഘുപത്രികയുടെ പ്രത്യേക വിതരണ പരിപാടിയിലൂടെ നമുക്കു ലഭിച്ചത്! അനേകം
രാജ്യങ്ങളിൽ 2004 ഒക്ടോബർ 18-ന് ആരംഭിച്ച ഈ വിതരണ പരിപാടി ചില നല്ല ഫലങ്ങൾ ഉളവാക്കി.ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രികയുടെ വിതരണ പരിപാടി
അർജന്റീന: “ഒരു ദുരന്തം ഉണ്ടാകുകയാണെങ്കിൽ ആരാണ് അതിജീവിക്കുക—ദുഷ്ടനോ, നല്ലവനോ അതോ മുന്നറിയിപ്പിനു ചെവികൊടുക്കുന്നവനോ?” ഇപ്രകാരമാണ് ഒരു സഹോദരി പ്രതികരണം തീരെയില്ലാത്ത ഒരു പ്രദേശത്ത് ജാഗരൂകർ ലഘുപത്രിക പരിചയപ്പെടുത്തിയത്.
ഹ്വാൻ എന്നു പേരുള്ള സഹോദരൻ ഒരു 16-വയസ്സുകാരന് ഈ ലഘുപത്രിക സമർപ്പിച്ചു. അവൻ അതു വായിക്കുകയും അതിൽനിന്നു മനസ്സിലാക്കിയ കാര്യങ്ങൾ ആവേശപൂർവം തന്റെ പിതാവിനോടു പറയുകയും ചെയ്തു. ഇതുകേട്ടു ജിജ്ഞാസപൂണ്ട പിതാവും ആ ലഘുപത്രിക വായിച്ചു, പരാമർശിച്ചിരുന്ന തിരുവെഴുത്തുകൾപോലും എടുത്തുനോക്കി. അങ്ങേയറ്റം മതിപ്പു തോന്നിയ അദ്ദേഹം തന്റെ കുടുംബവുമൊത്ത് ഈ ലഘുപത്രിക പഠിക്കാൻ തുടങ്ങി. ഹ്വാൻ അവിടെ മടങ്ങിച്ചെന്നപ്പോൾ സൗജന്യ ബൈബിളധ്യയന ക്രമീകരണത്തെക്കുറിച്ച് ആ കുടുംബനാഥനോടു സംസാരിച്ചു. “അതുതന്നെയാണു ഞങ്ങൾക്കു വേണ്ടത്—ഒരു കുടുംബ ബൈബിളധ്യയനം,” അദ്ദേഹം പ്രതിവചിച്ചു. അവരുമൊത്ത് ഒരു അധ്യയനം ആരംഭിച്ചു എന്നു പറയേണ്ടതില്ലല്ലോ.
ഫ്രാൻസ്: ഷോസ്ലിൻ, മുമ്പ് ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ആലിസ്യാ എന്ന യുവതിക്ക് ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രികയുടെ ഒരു പ്രതി നൽകി. അവർ സന്തോഷപൂർവം ആ ലഘുപത്രിക സ്വീകരിക്കുകയും ഷോസ്ലിനോടൊപ്പം അതു പഠിക്കാൻ സമ്മതിക്കുകയും ചെയ്തു. ബൈബിൾ ക്രമമായി വായിക്കുന്നതിനും ആലിസ്യാ തീരുമാനിച്ചു. “യേശുവിനെക്കുറിച്ചുള്ള ബൈബിൾ വിവരണം വായിച്ചപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞുപോയെന്ന് വെറും രണ്ടാഴ്ചകൾക്കുശേഷം അവർ പറഞ്ഞു,” ഷോസ്ലിൻ പറയുന്നു.
ഒന്നിച്ചു ജീവിക്കുന്ന തങ്ങൾ ദൈവത്തെ പ്രസാദിപ്പിക്കാൻ നിയമപരമായി വിവാഹം കഴിക്കണമെന്നും താൻ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിത്തീരാൻ ആഗ്രഹിക്കുന്നെന്നും ആലിസ്യാ തന്റെ കാമുകനോടു പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായ ഒരു മറുപടിയാണ് അവർക്കു ലഭിച്ചത്: “അതിനെന്താ, ദൈവം പ്രതീക്ഷിക്കുന്നതു നിറവേറ്റുന്നതിൽനിന്നു നിന്നെ തടയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” അതിനെത്തുടർന്ന് ആലിസ്യാ തന്റെ ആദ്യത്തെ സർക്കിട്ട് സമ്മേളനത്തിനു ഹാജരായി.
മഡഗാസ്കർ: രണ്ടു കൊച്ചു പെൺകുട്ടികളുടെ മാതാവാണ് നാനാ. കൗമാരപ്രായത്തിൽ നാനാ മാതാപിതാക്കളോടൊപ്പം ക്രിസ്തീയ യോഗങ്ങൾക്കു പോകാറുണ്ടായിരുന്നു, എന്നാൽ അവർ യഹോവയെ സേവിക്കുന്നതു നിറുത്തിയപ്പോൾ അവളും യോഗങ്ങളിൽ സംബന്ധിക്കാതെയായി. അങ്ങനെയിരിക്കെ പ്രത്യേക വിതരണ പരിപാടിയുടെ സമയത്ത് ഒരു മിഷനറി സഹോദരിയിൽനിന്നു നാനാ ജാഗരൂകർ ലഘുപത്രിക സ്വീകരിക്കുകയും ഒരു ബൈബിളധ്യയനത്തിനു സമ്മതിക്കുകയും ചെയ്തു. അവർ തന്റെ രണ്ടു കുട്ടികളോടൊപ്പം ഇപ്പോൾ എല്ലാ യോഗങ്ങൾക്കും വരുകയും സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകയാകുക എന്ന ലക്ഷ്യത്തിൽ പുരോഗമിക്കുകയും ചെയ്യുന്നു. മാത്രമല്ല, അവരുടെ മാതാപിതാക്കളും ഈ ലഘുപത്രിക ഉപയോഗിച്ചുള്ള ഒരു അധ്യയനത്തിനു സമ്മതിച്ചിരിക്കുന്നു. അവരുടെ 14 വയസ്സുള്ള മകൻ ഷോസീയാ അവന്റെ യുവസുഹൃത്തിന് ഒരു ബൈബിൾ അധ്യയനം നടത്തുകപോലും ചെയ്യുന്നു. സുഹൃത്ത് ഇപ്പോൾ ക്രിസ്തീയ യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നുണ്ട്.
നൈജീരിയ: “ഈ പ്രത്യേക വിതരണ പരിപാടിയുടെ സമയത്തായിരുന്നു എന്റെ അമ്മയുടെ മരണം. അത് എന്റെ ഗ്രാമത്തിലുള്ളവർക്കു സാക്ഷ്യം നൽകാൻ എനിക്ക് അവസരം നൽകി” എന്ന് ഒരു പയനിയർ സഹോദരൻ പറയുന്നു. “മരണവാർത്ത അറിഞ്ഞെത്തിയ ബന്ധുക്കൾ നിലത്തുവീണുകിടന്നു നിലവിളിക്കാൻ തുടങ്ങി. ‘നിങ്ങൾ എന്താണീ ചെയ്യുന്നത്?’ ഞാൻ അവരോടു ചോദിച്ചു. ‘അമ്മ മരിച്ചതിൽ നമുക്കെല്ലാം ദുഃഖമുണ്ട്, എന്നാൽ അമ്മ മരണനിദ്രയിൽ ആണ്. പുനരുത്ഥാനത്തിൽ ഉറക്കത്തിൽനിന്നെന്നപോലെ അമ്മ എഴുന്നേൽക്കും.’ നിറകണ്ണുകളോടെ ഞാൻ, ജാഗരൂകർ ലഘുപത്രികയുടെ 8-ാം പേജിലെ പുനരുത്ഥാനത്തിന്റെ ദൃശ്യം അവർക്കു വിശദീകരിച്ചുകൊടുത്തു. തത്ഫലമായി, 45 ജാഗരൂകർ ലഘുപത്രികകളടക്കം മൊത്തം 195 ലഘുപത്രികകൾ ഞാൻ അവർക്കു സമർപ്പിച്ചു. ശവസംസ്കാരസമയത്ത് മറ്റു സഹോദരങ്ങളും ഞാനും കൂടെ ‘മരിച്ചവർ വീണ്ടും ജീവനിലേക്കു വരുമോ?’ എന്ന വിഷയത്തോടുകൂടിയ 2005 മേയ് 1-ലെ വീക്ഷാഗോപുരത്തിന്റെ 100 പ്രതികൾ സമർപ്പിച്ചു.”
റഷ്യ: സെല്യോനഗ്രാഡ്സ്ക് എന്ന സ്ഥലത്തു പ്രത്യേക പയനിയർ ആയി സേവിക്കുന്ന ഇറിനാ എഴുതുന്നു: “ഞങ്ങളെ വീട്ടിനുള്ളിലേക്കു ക്ഷണിച്ച ആല്ല എന്ന സ്ത്രീക്കു ഞാനും കൂടെയുണ്ടായിരുന്ന സഹോദരിയും ജാഗരൂകർ ലഘുപത്രിക സമർപ്പിച്ചു. ആളുകൾ തികച്ചും കഠിനഹൃദയർ ആയിത്തീർന്നിരുന്നതിനാൽ ജീവിതത്തിനു യാതൊരു ഉദ്ദേശ്യവുമില്ലെന്ന് ആ സ്ത്രീക്കു തോന്നി. ഞങ്ങൾ ഒരു മടക്കസന്ദർശനം ക്രമീകരിച്ചു. ഏതാനും ദിവസങ്ങൾക്കുശേഷം ഞാനും അതേ സഹോദരിയും
ഒരുമിച്ചു നടന്നുപോകവേ, ഒരു സ്ത്രീ ഞങ്ങളെ വിളിക്കുന്നതു കേട്ടു. അത് ആല്ല ആയിരുന്നു. ഞങ്ങൾക്കു നന്ദി പറഞ്ഞുകൊണ്ട് അവർ ആ ലഘുപത്രിക ബാഗിൽനിന്നു പുറത്തെടുത്തു താൻ അടിവരയിട്ട ചില ആശയങ്ങൾ ഞങ്ങളെ കാണിച്ചു. അവർക്കിപ്പോൾ ആവശ്യം ലഘുപത്രിക ഉപയോഗിച്ചു ക്രമമായി അധ്യയനം എടുക്കുന്നുണ്ട്.”റഷ്യയിൽ മറ്റൊരിടത്ത്, വ്യെറയും ഭർത്താവു വിറ്റാലിയും വ്യെറയുടെ പരിചയക്കാരിയായ ല്യൂഡാ ജോലിചെയ്യുന്ന വഴിയരികിലെ കടയിൽ ഒന്നു കയറാൻ തീരുമാനിച്ചു. യഹോവയുടെ സാക്ഷികളുമായി ബൈബിൾ വിഷയങ്ങൾ ചർച്ചചെയ്യാൻ തനിക്കു താത്പര്യം ഇല്ലെന്നു ല്യൂഡാ മുമ്പു സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് ഒരു ലഘുപത്രിക നൽകാൻ വ്യെറയ്ക്ക് അൽപ്പം മടിയായിരുന്നു. എന്നാൽ വിറ്റാലിയുടെ പ്രോത്സാഹനത്താൽ വ്യെറ അവരെ ഒരു ലഘുപത്രിക കാണിച്ചു. അതിശയകരമെന്നേ പറയേണ്ടൂ, അവർ അതു സ്വീകരിച്ചു. രണ്ടു ദിവസങ്ങൾക്കുശേഷം ല്യൂഡാ ഫോൺചെയ്ത് ഇപ്രകാരം പറഞ്ഞു: “ഒരു ലഘുപത്രികയിൽനിന്നു ഞാൻ ഇത്രമാത്രം പഠിച്ചെങ്കിൽ ഒരു ക്രമമായ ബൈബിളധ്യയനത്തിൽനിന്ന് എത്രയധികം എനിക്കു പഠിക്കാൻ കഴിയും!” ബന്ധുക്കളിൽനിന്ന് എതിർപ്പ് ഉണ്ടായിരുന്നിട്ടും ഉടൻതന്നെ ല്യൂഡാ പഠിക്കാനും യോഗങ്ങൾക്കു വരാനും തുടങ്ങി. മാത്രമല്ല, അവരുടെ മകനും മകളും ഇപ്പോൾ ബൈബിൾ പഠിക്കുന്നുണ്ട്. “ഇത് വളരെ രസകരമായിരിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പു ല്യൂഡായ്ക്കു പരിജ്ഞാനം പുസ്തകം കൊടുത്തെങ്കിലും അന്ന് അവർക്കു യാതൊരു താത്പര്യവും ഇല്ലായിരുന്നു. എന്നാൽ ജാഗരൂകർ ലഘുപത്രികയ്ക്കു ല്യൂഡായിൽ താത്പര്യം ഉണർത്താൻ കഴിഞ്ഞു,” വ്യെറ പറയുന്നു.
വെനെസ്വേല: ഭർത്താവും ഭാര്യയും നാലു കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തോട് വീട്ടുവാതിൽക്കൽ നിന്നുകൊണ്ടു ഒരു സർക്കിട്ട് മേൽവിചാരകന്റെ ഭാര്യ ചർച്ച ആരംഭിച്ചു. കുടുംബത്തിലുള്ള എല്ലാവരും ദൈവത്തെ സംബന്ധിച്ചു പഠിക്കേണ്ടതിന്റെ ആവശ്യം ജാഗരൂകർ ലഘുപത്രികയുടെ 16-ഉം 17-ഉം പേജുകളിലെ പറുദീസയുടെ ചിത്രം കാണിച്ചുകൊണ്ടു സഹോദരി വ്യക്തമാക്കി. തുടർന്ന് അവരെ ആറുപേരെയും വ്യാഴാഴ്ച വൈകിട്ടത്തെ യോഗത്തിനു ക്ഷണിക്കുകയും അടുത്തുള്ള ബസ്സ്റ്റോപ്പിൽനിന്നു കൂട്ടിക്കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. പറഞ്ഞ സമയത്തുതന്നെ സഹോദരിയും ഭർത്താവും ബസ്സ്റ്റോപ്പിൽ ചെന്നെങ്കിലും അവരെ ആരെയും അവിടെ കണ്ടില്ല. രസകരമെന്നു പറയട്ടെ, നേരത്തേവന്ന ഒരു ബസ്സിൽ കയറി ആ കുടുംബം ഇതിനോടകം രാജ്യഹാളിൽ എത്തിയിരുന്നു! ആ കുടുംബത്തിലെ അഞ്ചുപേരും ക്രമമായി ബൈബിൾ പഠിക്കുന്നുണ്ട്. വളരെ നേരം ബസ്സുയാത്ര ചെയ്തു വേണം യോഗങ്ങൾക്കു വരാൻ,
യാത്രച്ചെലവും കൂടുതലാണ്. എന്നിട്ടും അവർ യോഗങ്ങൾക്കു ഹാജരാകുന്നു.ശുശ്രൂഷയ്ക്കിടയിൽ ഒരു പയനിയർ സഹോദരി ഒരു വീട്ടിൽ ചെന്നു വാതിലിൽ മുട്ടിയെങ്കിലും ആരും പുറത്തേക്കു വന്നില്ല. പിന്നീട്, സഹോദരി തിരികെച്ചെന്നപ്പോൾ പ്രായമുള്ള ഒരു മനുഷ്യൻ പുറത്തേക്കുവരുന്നതു കണ്ടു. തനിക്ക് ഒട്ടുംതന്നെ ചെവികേൾക്കാൻ പറ്റാത്തതിനാൽ വാതിലിൽ ആരെങ്കിലും മുട്ടിയാൽ ഒന്നുകിൽ കേൾക്കുകയില്ല അല്ലെങ്കിൽ പതിയെ വാതിൽക്കൽ വരുമ്പോഴേക്കും അവർ പോയിട്ടുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. ആ സഹോദരി അദ്ദേഹത്തിന് ഒരു ജാഗരൂകർ ലഘുപത്രിക നൽകിയിട്ടു സഭായോഗങ്ങൾക്കു ക്ഷണിച്ചു.
അന്നത്തെ യോഗത്തിൽ സഹോദരി ഈ അനുഭവം പറഞ്ഞു; എന്നാൽ ഈ പ്രായമുള്ള വ്യക്തി സദസ്സിലുണ്ടെന്നു സഹോദരിക്ക് അറിയില്ലായിരുന്നു! ഒരു സഹോദരൻ ഇപ്പോൾ ഈ ലഘുപത്രിക ഉപയോഗിച്ച് അദ്ദേഹത്തിനു ക്രമമായി അധ്യയനം നടത്തുന്നു. എല്ലാ യോഗങ്ങൾക്കും ഹാജരാകുന്നതുകൂടാതെ സുവാർത്ത പ്രസംഗിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ ആ യോഗത്തിനു വന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചപ്പോൾ, ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “ഈ ലഘുപത്രികയാണ് അതിനു കാരണം.”
ബൈബിൾ വിവർത്തനം
1800-കളുടെ അവസാനം മുതൽ യഹോവയുടെ സംഘടന വലിയ അളവിൽ ബൈബിൾ വിലയ്ക്കുവാങ്ങി താത്പര്യക്കാർക്കു വിതരണം ചെയ്തിരുന്നു, ചിലപ്പോൾ യഥാർഥ വിലയെക്കാൾ 65 ശതമാനം കുറച്ച്. 1926 മുതൽ ദി എംഫാറ്റിക് ഡയഗ്ലട്ട്, ജയിംസ് രാജാവിന്റെ ഭാഷാന്തരം, അമേരിക്കൻ പ്രമാണ ഭാഷാന്തരം തുടങ്ങിയവ ഉൾപ്പെടെയുള്ള ചില ബൈബിളുകൾ നമ്മുടെതന്നെ അച്ചടിശാലയിൽ സഹോദരങ്ങൾ അച്ചടിച്ചു ബയൻഡുചെയ്യാൻ തുടങ്ങി. അങ്ങനെയിരിക്കെ, വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ഒരൊറ്റ വാല്യമായി 1961-ൽ ഇംഗ്ലീഷിൽ പ്രകാശനം ചെയ്യപ്പെട്ടു.
മറ്റു ഭാഷകളെ സംബന്ധിച്ചെന്ത്? 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തിൽ വ്യത്യസ്ത പ്രസിദ്ധീകരണശാലകളിൽനിന്നു ബൈബിൾ വിവർത്തനങ്ങൾ വിലയ്ക്കുവാങ്ങി അതേ വിലയ്ക്കു വിതരണം ചെയ്തിരുന്നു. ഇവയിൽ ചില വിവർത്തനങ്ങളിൽ ആത്മാർഥതയുള്ള വിവർത്തകർ യഹോവയെന്ന ദൈവനാമം ഉപയോഗിക്കുകപോലും ചെയ്തിരുന്നു. എന്നാൽ കാലക്രമേണ മിക്കവാറും വിവർത്തകരും ദൈവനാമം തങ്ങളുടെ പരിഭാഷകളിൽനിന്നു നീക്കിക്കളഞ്ഞു. ചിലർ ഇപ്പോൾ ഒരു പടികൂടെ മുന്നോട്ടുപോയി നീക്കംചെയ്ത ദൈവനാമത്തിന്റെ സ്ഥാനത്ത്
ഒരു പ്രാദേശിക ദേവന്റെ പേര് പ്രതിഷ്ഠിച്ചിരിക്കുന്നു! ഉദാഹരണത്തിന്, മലാവിയിലും മൊസാമ്പിക്കിലും സാംബിയയിലും ഉപയോഗിക്കുന്ന ബൂക്കൂ ലോയെറാ എന്ന ചിച്ചവഭാഷയിലെ ബൈബിളിൽ ചതുരക്ഷര ദൈവനാമത്തിനു പകരം “മഹാനായ വില്ലാളി” എന്നർഥം വരുന്ന ചൗറ്റാ എന്നൊരു കുലദൈവത്തിന്റെ പേരാണു നൽകിയിരിക്കുന്നത്.മറ്റനവധി ദുഷിപ്പിക്കലുകളും നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, ആഫ്രിക്കയിലെ ഒരു വിവർത്തനം ലൂക്കൊസിനെ ഒരു മന്ത്രവാദ വൈദ്യനായി ചിത്രീകരിക്കുന്നു. ടുവാലുവൻ ഭാഷയിലുള്ള ബൈബിൾ അതിരുകവിഞ്ഞ സ്വാതന്ത്ര്യം എടുത്തുകൊണ്ട് യൂദാ 23 ഇപ്രകാരം വിവർത്തനം ചെയ്തിരിക്കുന്നു: “സോദോമ്യപാപികളോട് ഉറ്റസ്നേഹം കാണിക്കുക; അവരുടെ സോദോമ്യപാപം നിങ്ങളെ ബാധിക്കാതിരിക്കാൻമാത്രം ശ്രദ്ധിച്ചേക്കുക.” എന്നാൽ സോദോമ്യപാപികൾ എന്നോ സോദോമ്യപാപം എന്നോ മൂല പാഠത്തിൽ കാണുന്നേയില്ല.
കഴിഞ്ഞ കാലങ്ങളിൽ ബൈബിൾ ഉത്പാദിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ബൈബിൾ സൊസൈറ്റികളാണു മുന്നിട്ടു നിന്നിരുന്നത്. എന്നാൽ അടുത്തകാലങ്ങളിൽ ചില ബൈബിൾ സൊസൈറ്റികൾ, അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അവരുടെ അവകാശം ക്രൈസ്തവ മതവിഭാഗങ്ങൾക്കു നൽകിയിരിക്കുന്നു. അവർ ഉയർന്ന വില ഈടാക്കുന്നു എന്നു മാത്രമല്ല, അവരിൽ ചിലർ യഹോവയുടെ സാക്ഷികൾക്കു ബൈബിൾ വിൽക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, കിർഗിസ്ഥാനിൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ കിർഗി ഭാഷയിലുള്ള ഒരു ആധുനിക വിവർത്തനത്തിന്റെ അവകാശം ഒരു പ്രൊട്ടസ്റ്റന്റ് മതത്തിനാണുള്ളത്. സഹോദരങ്ങൾ ഒരു ബൈബിൾ വാങ്ങാൻ ചെല്ലുമ്പോൾ സാധാരണ കേൾക്കുന്ന ഒരു ചോദ്യമാണ്: “നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണോ?” അതല്ലെങ്കിൽ, “നിങ്ങൾക്കു ദൈവത്തിന്റെ പേര് അറിയാമോ?” ഉവ്വ് എന്നാണ് ഉത്തരമെങ്കിൽ അവർക്കു ബൈബിൾ ലഭിക്കില്ല.
ഈ കാരണങ്ങളുടെയും മറ്റു വസ്തുതകളുടെയും വെളിച്ചത്തിൽ ബൈബിൾ വിവർത്തനത്തിനു മുൻതൂക്കം നൽകാൻ ഭരണസംഘം നിർദേശിച്ചിരിക്കുന്നു. ഇപ്പോൾ പുതിയലോക ഭാഷാന്തരത്തിന്റെ സമ്പൂർണ പതിപ്പ് 35 ഭാഷകളിൽ പുറത്തിറക്കിയിരിക്കുന്നു. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളാകട്ടെ മറ്റ് 20 ഭാഷകളിൽക്കൂടെ ലഭ്യമാണ്. ലോകവ്യാപകമായി ഇപ്പോഴുള്ള 33 ബൈബിൾ പരിഭാഷാ സംഘങ്ങളിൽ 19 എണ്ണം എബ്രായ തിരുവെഴുത്തുകളും 11 എണ്ണം ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളും 3 എണ്ണം റഫറൻസ് ബൈബിളും വിവർത്തനം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. സാധാരണഗതിയിൽ മൂന്നു മുതൽ ആറുവരെ ആളുകളാണ് ഒരു ബൈബിൾ പരിഭാഷാ സംഘത്തിൽ ഉണ്ടായിരിക്കുക. കമ്പ്യൂട്ടർവത്കൃത വിവർത്തക
സംവിധാനങ്ങളും ഉത്കൃഷ്ടമായ രീതികളും ഉപയോഗിച്ചു ചില സംഘങ്ങൾ രണ്ടു വർഷത്തിനുള്ളിൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ പൂർത്തിയാക്കിയിട്ടുണ്ട്.സ്വന്തം ഭാഷയിൽ പുതിയലോക ഭാഷാന്തരം ലഭിക്കുമ്പോൾ സഹോദരങ്ങൾക്ക് എന്തു വികാരമാണ് ഉണ്ടാവുക? അൽബേനിയയിലെ ഒരു പയനിയറുടെ വാക്കുകൾ പലരുടെയും വികാരത്തിന്റെ ഒരു പ്രതിഫലനമാണ്. “ഞാൻ കരഞ്ഞുപോയി, ഇതിനു മുമ്പു ബൈബിൾ വായിച്ചപ്പോൾ ഒരിക്കലും എനിക്കിങ്ങനെ തോന്നിയിട്ടില്ല. ഓരോ വാക്യവും അരച്ചുകലക്കി കുടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു!” അദ്ദേഹം പറഞ്ഞു.
നിയമപരമായ സംഭവവികാസങ്ങൾ
അർമേനിയ: 15 അപേക്ഷകൾ നൽകിയതിനുശേഷം അവസാനം 2004 ഒക്ടോബർ 8-ന് യഹോവയുടെ സാക്ഷികൾ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നുവരികിലും മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനത്തിനു വിസമ്മതിക്കുന്നതു നിമിത്തം യുവ സഹോദരങ്ങൾ ഇപ്പോഴും തടവിലാക്കപ്പെടുന്നുണ്ട്. (യെശ. 2:4) ഈ രജിസ്ട്രേഷന്റെ ഫലമായി നമ്മുടെ സഹോദരങ്ങൾക്കു ലഭിച്ചേക്കാവുന്ന മത സ്വാതന്ത്ര്യം സാഹിത്യങ്ങൾ ഇറക്കുമതി ചെയ്യുന്നതും സമ്മേളനങ്ങൾ നടത്തുന്നതും സാധ്യമാക്കിത്തീർക്കുമെന്നു പ്രത്യാശിക്കുന്നു. വാസ്തവത്തിൽ, ആദ്യമായി അർമേനിയയിലേക്കു ഔദ്യോഗികമായി ഇറക്കുമതിചെയ്ത സാഹിത്യങ്ങൾ 2005 ജൂണിൽ കസ്റ്റംസ് അധികാരികൾ സഹോദരങ്ങൾക്കു വിട്ടുകൊടുത്തിരിക്കുന്നു.
ഓസ്ട്രിയ: കഴിഞ്ഞ 30 വർഷങ്ങളിലേറെയായി യഹോവയുടെ സാക്ഷികൾ ഒരു യഥാർഥ മതമായി അംഗീകരിക്കപ്പെടുന്നതിനായുള്ള നിയമയുദ്ധം നടത്തിവരുകയാണ്. ഇതിനായി നൽകിയ അഞ്ചു ഹർജികൾ ഇപ്പോൾ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ ഉണ്ട്. അതിൽ രണ്ടു കേസുകൾ പരിഗണിക്കാൻ 2005 ഫെബ്രുവരി 1-ന് കോടതി തീരുമാനിച്ചു. യഹോവയുടെ സാക്ഷികളെ ഒരു മതമായി അംഗീകരിക്കാത്തതിനാൽ മതശുശ്രൂഷകർക്ക് അർഹമായ, സൈനിക സേവനത്തിൽനിന്നുള്ള ഒഴിവു ലഭിക്കാത്ത സഹോദരങ്ങൾ ഉൾപ്പെടുന്നതാണ് ഈ കേസുകൾ. മൂന്നാമതൊരു കേസ് പരിഗണനയ്ക്കെടുക്കാമെന്ന് ജൂലൈ 5-ന് കോടതി സമ്മതിച്ചെങ്കിലും വിധി എങ്ങനെയായിരിക്കും എന്നതിനെപ്പറ്റി യാതൊരു സൂചനയും നൽകുകയുണ്ടായില്ല.
എറിട്രിയ: അസ്മാറയിലെ സാബാ സഭയിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 38 പേരെ 2004 ജനുവരി 24-ന് അധികാരികൾ അറസ്റ്റുചെയ്തു. 6 മുതൽ 94 വരെ വയസ്സു പ്രായമുള്ളവർ ആയിരുന്നു അവർ. ചിലർ സ്നാപനമേറ്റിട്ടില്ലായിരുന്നു. മൂന്നു രാത്രി പോലീസ് കസ്റ്റഡിയിൽ വെച്ചതിനുശേഷം കുട്ടികളെ വിട്ടയച്ചു. ശേഷിച്ച 28 പേരെ പ്രവൃ. 12:5.
അസ്മാറയ്ക്കു വെളിയിലുള്ള ഒരു ജയിലിലേക്കു മാറ്റി. പകലത്തെ ചൂടും രാത്രിയിലെ തണുപ്പും ഏറ്റുകിടക്കുന്ന ലോഹനിർമിതമായ കണ്ടെയ്നറുകളിൽ അവിടെ അവർക്കു കഴിയേണ്ടിവന്നു. പിന്നീട്, 94-ഉം 87-ഉം വയസ്സുള്ള ഏറ്റവും പ്രായംചെന്ന രണ്ടുപേരെ ഏഴിലധികം മാസങ്ങൾക്കു ശേഷം 2004 സെപ്റ്റംബർ 2-ന് വിട്ടയച്ചു. തുടർന്നു മറ്റുചിലരെയും വിട്ടയയ്ക്കുകയുണ്ടായി. എന്നാൽ ഇവരിൽ 6 പേരെ ഇപ്പോഴും തടങ്കലിൽ വെച്ചിരിക്കയാണ്. 11 വർഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുന്ന 3 പേരുൾപ്പെടെയുള്ള മറ്റു 16 സഹോദരങ്ങളും ഇവരോടൊപ്പമുണ്ട്. നിങ്ങളുടെ പ്രാർഥനയിൽ ഈ പ്രിയ സഹോദരങ്ങളെയും ദയവായി ഓർമിക്കുക.—ഫ്രാൻസ്: 2001-ലെ വാർഷികപുസ്തകത്തിൽ റിപ്പോർട്ടുചെയ്തിരുന്നതുപോലെ സഹോദരങ്ങളുടെ സംഭാവനയിന്മേൽ നാലുവർഷത്തെ പിൽക്കാലപ്രാബല്യത്തോടെ (1993-96) ഒരു പുതിയ നികുതി ചുമത്തി. നികുതിനിരക്കു വളരെ കൂടുതലായിരുന്നു, 60 ശതമാനം. കൂടാതെ പിഴയും! സഹോദരങ്ങൾ അപ്പീൽ കൊടുത്തെങ്കിലും കീഴ്കോടതിയിലും അപ്പീൽക്കോടതിയിലും സുപ്രീംകോടതിയിലും വിധി എതിരായിരുന്നു. പ്രകടമായ മതവിവേചനത്തിന്റെ അടിസ്ഥാനത്തിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ 2005 ഫെബ്രുവരി 25-ന് അവർ ഒരു അപേക്ഷ സമർപ്പിച്ചു.
ജോർജിയ റിപ്പബ്ലിക്ക്: ക്രൂരമായ പീഡനം ഏറെക്കുറെ അവസാനിച്ചെന്നുപറയാം. നമ്മുടെ സാഹിത്യങ്ങൾ ഇറക്കുമതി ചെയ്യാനും ക്രിസ്തീയ യോഗങ്ങൾ തടസ്സംകൂടാതെ നടത്താനും കഴിയുന്നുണ്ട്. എന്നുവരികിലും നേരത്തേ നടന്ന പല ക്രൂരതകൾക്കും ഇനിയും കോടതികൾ വിധി പറഞ്ഞിട്ടില്ല. ജോർജിയയ്ക്കെതിരെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നൽകിയിട്ടുള്ള നാല് അപേക്ഷകൾ ഇപ്പോഴും നിലവിലുണ്ട്. ഇവ നമ്മുടെ സഹോദരങ്ങൾ സഹിക്കേണ്ടിവന്ന ക്രൂരപീഡനത്തെയും നമ്മുടെ നിയമ കോർപ്പറേഷനുകൾ റദ്ദാക്കിയതിനെയും ഇക്കാര്യങ്ങളിൽ സഹായം പ്രദാനംചെയ്യാൻ നിയമകോടതികൾ പരാജയപ്പെട്ടതിനെയും കുറിച്ചുള്ളതാണ്. ഇവയിൽ യഹോവയുടെ സാക്ഷികളുടെ ഗ്ലഡാനി സഭ ജോർജിയയ്ക്ക് എതിരെ എന്ന കേസ് 2004 ജൂലൈ 6-ന് കോടതി പരിഗണനയ്ക്കെടുത്തു.
ജർമനി: രാജ്യം ഏകീകരിക്കപ്പെട്ടപ്പോൾ ‘യഹോവയുടെ സാക്ഷികളുടെ മത സമൂഹം’ ഒരു നിയമാനുസൃത കോർപ്പറേഷൻ ആണെന്നു സ്ഥിരീകരിച്ചു കിട്ടണമെന്നു സഹോദരങ്ങൾ അഭ്യർഥിച്ചു. അവിടെ ആരംഭിച്ചു 12 വർഷം നീണ്ടുനിന്ന ഒരു നിയമയുദ്ധം. 2000-ത്തിലെ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതിയുടെ ഒരു അനുകൂല വിധി, യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ മനസ്സാക്ഷിക്കു നിരക്കാത്ത നിലയിൽ അവരിൽനിന്നു വിശ്വസ്തത ആവശ്യപ്പെടാൻ
ഗവൺമെന്റിനു കഴിയും എന്ന ആശയം തള്ളിക്കളഞ്ഞു. തുടർന്നുണ്ടായ നിയമനടപടികൾ കാര്യങ്ങൾ പരിഹരിക്കുന്നതായിരുന്നു. യഹോവയുടെ സാക്ഷികൾക്കു നിയമാനുസൃതമായ ഒരു കോർപ്പറേഷന്റെ അവകാശം അനുവദിച്ചുകൊടുക്കാൻ 2005 മാർച്ച് 4-ന് ബെർലിനിലെ ഉയർന്ന അഡ്മിനിസ്ട്രേറ്റിവ് കോടതി പ്രാദേശിക ഗവൺമെന്റിന് ഉത്തരവു നൽകി. ഗവൺമെന്റ് ഈ ഉത്തരവിനെതിരെ അപ്പീൽകൊടുക്കാനുള്ള ശ്രമത്തിലാണ്.റഷ്യ: 2005-ലെ വാർഷികപുസ്തകം റിപ്പോർട്ടുചെയ്തതുപോലെ മോസ്കോയിൽ യഹോവയുടെ സാക്ഷികളുടെ എല്ലാ പ്രവർത്തനങ്ങളും നിരോധിക്കാൻ ഗൊലൊവിൻസ്കി ഇന്റർമുനിസിപ്പൽ ജില്ലാക്കോടതി 2004 മാർച്ച് 26-ന് വിധിച്ചിരുന്നു. അതിനുശേഷം യോഗങ്ങൾക്കും വലിയ കൂടിവരവുകൾക്കും വേണ്ടി കെട്ടിടങ്ങളും മറ്റും വാടകയ്ക്കു ലഭിക്കുന്നത് ഒരു പ്രശ്നമായിത്തീർന്നു. എന്നാൽ അഞ്ച് ഓഡിറ്റോറിയങ്ങളുള്ള ഒരു രാജ്യഹാൾ കോംപ്ലക്സ് സഹോദരങ്ങൾക്കുണ്ട്. അവിടെ 44 സഭകളും 2 ഗ്രൂപ്പുകളും യോഗങ്ങൾ നടത്തുന്നു. മോസ്കോയിലുള്ള 17 സഭകൾ ഗണ്യമായ പണച്ചെലവും അസൗകര്യങ്ങളും സഹിച്ചു നഗരത്തിനു പുറത്തു യോഗങ്ങൾക്കു കൂടിവരുന്നു. അതേസമയം മറ്റു 31 സഭകൾ ചെറിയ കൂട്ടങ്ങളായി സ്വകാര്യ ഭവനങ്ങളിൽവെച്ചു യോഗങ്ങൾ നടത്തുന്നു. പോലീസ് ഇടയ്ക്കൊക്കെ അവരെ ശല്യപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റുചെയ്തിട്ടില്ല. മാർച്ച് 26-ലെ വിധിക്കെതിരെ അപ്പീൽ കൊടുത്തിട്ടുണ്ട്.
2004 സെപ്റ്റംബർ 9-ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി കുസ്നെറ്റ്സോഫും മറ്റുള്ളവരും റഷ്യൻ ഫെഡറേഷന് എതിരെ എന്ന കേസിന്റെ വാദംകേട്ടു. ഒക്ടോബർ 4-ന് കോടതി ഐകകണ്ഠ്യേന ഈ കേസ് പരിഗണനയ്ക്കെടുത്തു. ചെൽയാബിൻസ്കിലെ ഒരു ആംഗ്യഭാഷാ സഭയുടെ യോഗം പിരിച്ചുവിടാൻ 2000 ഏപ്രിൽ മാസത്തിൽ പോലീസിന് ഓർഡർ നൽകിയ ഒരു അധികാരിയെ സംബന്ധിക്കുന്നതായിരുന്നു ഈ കേസ്. നേരത്തേ നടന്ന വിചാരണയിൽ ഉണ്ടായ പല ക്രമക്കേടുകളും നിമിത്തം ഈ കേസ് അങ്ങേയറ്റം സങ്കീർണമാണ്. വിധി വരാനിരിക്കുന്നതേയുള്ളൂ.
തുർക്ക്മെനിസ്ഥാൻ: മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനത്തിനു വിസമ്മതിച്ചതിന്റെ പേരിൽ മാൻസൂർ മഷാരിപോഫ്, ആറ്റാമൂറാറ്റ് സൂഫ്ഖാനോഫ്, വെപാ റ്റൂവക്കോഫ് എന്നീ സഹോദരങ്ങളെ 18 മാസത്തേക്കു തടങ്കലിൽ അടച്ചു, ബെഗഞ്ച് ഷാഖ്മൂരഡോഫിനെ ഒരു വർഷത്തേക്കും. ഈ നാലു സഹോദരങ്ങളെയും നിരുപാധികം വിട്ടയയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടു 2005 ഫെബ്രുവരി 16-ന് യഹോവയുടെ സാക്ഷികളുടെ ലീഗൽ ഓഫീസിൽനിന്ന് വാഷിങ്ടൻ ഡി.സി.-യിലെ തുർക്ക്മെനിസ്ഥാൻ എംബസിക്ക് ഒരു കത്തയച്ചു.
തുർക്ക്മെനിസ്ഥാൻ പ്രസിഡന്റ് നൽകിയ ഒരു പൊതുമാപ്പിന്റെ അടിസ്ഥാനത്തിൽ അവരെ എല്ലാവരെയും ഏപ്രിൽ 16-ന് വിട്ടയച്ചു. കഴിഞ്ഞ വർഷം പല സഹോദരീസഹോദരന്മാരെയും അവരുടെ വിശ്വാസം തള്ളിപ്പറയാൻ സമ്മർദം ചെലുത്തുന്നതിനായി പോലീസ് തടഞ്ഞുവെച്ചു ചോദ്യം ചെയ്തെങ്കിലും ഈ ശ്രമം വിഫലമായിപ്പോയി.പ്രകൃതി വിപത്തുകളുടെ ഒരു വർഷം
ചില ദേശങ്ങളിൽ 2004 എന്ന വർഷം പ്രകൃതി വിപത്തുകളുടെ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. ഈ ദുരന്തങ്ങൾ നമ്മുടെ സഹോദരങ്ങളെ എങ്ങനെയാണു ബാധിച്ചത്?
കരിയക്കൂ, ഗ്രനേഡ, പെറ്റിറ്റ് മാർട്ടിനിക്: 2004 സെപ്റ്റംബർ 7-ന് ഈ ദ്വീപുകളെ പ്രഹരിച്ച ഐവാൻ എന്ന ചുഴലിക്കൊടുങ്കാറ്റ് 90 ശതമാനത്തിലധികം വീടുകളെ ഭാഗികമായോ പരിപൂർണമായോ നശിപ്പിച്ചു. അതിനെത്തുടർന്നു വൻകൊള്ള നടന്നു. സാധ്യതയനുസരിച്ച് ചുഴലിക്കൊടുങ്കാറ്റു വരുത്തിവച്ച അത്രയുംതന്നെ നഷ്ടത്തിന് അതിടയാക്കി! ദുരന്തത്തിൽ സഹോദരങ്ങൾക്കു സ്വത്തുക്കൾ എല്ലാംതന്നെ നഷ്ടമായി, ഗ്രനേഡയിലെ ആറു രാജ്യഹാളുകളിൽ രണ്ടെണ്ണത്തിനു കാര്യമായ കേടുപാടുകളും പറ്റി. എന്നാൽ സഹോദരങ്ങൾക്കാർക്കും ഗുരുതരമായ പരുക്കുകളില്ലായിരുന്നു.
ആ പ്രദേശത്ത് ഇതിനുമുമ്പു ചുഴലിക്കൊടുങ്കാറ്റ് ഉണ്ടായത് 1955-ൽ ആയിരുന്നെങ്കിലും ചുഴലിക്കൊടുങ്കാറ്റിനുവേണ്ടി തയ്യാറെടുക്കാൻ സഹായിക്കുന്ന ഒരു സേവനയോഗ പരിപാടി ക്രമീകരിക്കാൻ ആ ദ്വീപുകളിലെ വേലയ്ക്കു മേൽനോട്ടം വഹിക്കുന്ന ബാർബഡോസ് ബ്രാഞ്ച് മുന്നമേതന്നെ അവിടത്തെ സഭകൾക്കു നിർദേശം നൽകിയിരുന്നു. “ഇതിനെക്കാൾ പ്രാധാന്യമേറിയ കാര്യങ്ങൾ ഉള്ളപ്പോൾ നാം എന്തിനാ ചുഴലിക്കൊടുങ്കാറ്റിനെപ്പറ്റി ചർച്ചചെയ്തു സമയം കളയുന്നത്?” എന്നു ഗ്രനേഡയിലെ ഒരു സഹോദരി ചോദിച്ചു. എന്നാൽ ഐവാനിന്റെ പ്രഹരത്തിനുശേഷം, സംഘടനാപരമായ നിർദേശങ്ങളെ ഒരിക്കലും ചോദ്യം ചെയ്യുകയില്ലെന്ന് ആ സഹോദരി ദൃഢനിശ്ചയംചെയ്തെന്നു പറയേണ്ടതില്ലല്ലോ! ഉടനടി ബ്രാഞ്ച് ഒരു ദുരിതാശ്വാസ കമ്മിറ്റി രൂപീകരിച്ചു, ഗയാനയിലും ട്രിനിഡാഡിലും ഉള്ള ബ്രാഞ്ചുകളും സഹായഹസ്തം നീട്ടി. കരീബിയൻ ദ്വീപുകളിലും ഐക്യനാടുകളിലും നിന്നുള്ള നൂറു കണക്കിനു സഹോദരങ്ങൾ പുനർനിർമാണ പരിപാടിയിൽ സഹായിച്ചു.
ജമെയ്ക്ക, കേയ്മൻ ദ്വീപുകൾ: ഐവാൻ ചുഴലിക്കൊടുങ്കാറ്റു സഹോദരങ്ങളിൽ ആരുടെയും ജീവൻ അപഹരിച്ചില്ലെങ്കിലും പലർക്കും അവരുടെ സ്വത്തുക്കൾ നഷ്ടമായി. കാലാവസ്ഥ മെച്ചപ്പെട്ടയുടൻ ആ ദ്വീപുകളിലെ 199 സഭകളിലെയും മൂപ്പന്മാർ പ്രസാധകരുമായി
ബന്ധപ്പെട്ടു. “യഥാർഥത്തിൽ പരസ്പരം കരുതുന്നവർ ആണു നിങ്ങൾ,” ഒരു ദൃക്സാക്ഷി പറഞ്ഞു.ഹെയ്റ്റി: സെപ്റ്റംബറിന്റെ മധ്യത്തിൽ, ജീൻ എന്ന ചുഴലിക്കൊടുങ്കാറ്റ് ഹെയ്റ്റിയുടെ വടക്കുഭാഗത്തേക്കു ചീറിയടുത്തപ്പോൾ തീരപ്രദേശത്തെ ഗൊണാഈവ്സ് എന്ന പട്ടണവും ചുറ്റുമുള്ള പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിപ്പോയി. പുരമുകളിൽ അഭയം തേടിയവർപോലും മുട്ടൊപ്പം വെള്ളത്തിലായി! “വീടുകൾ നിലംപതിക്കുന്നതും ആളുകൾ നിലവിളിക്കുന്നതും രാത്രി മുഴുവൻ ഞങ്ങൾക്കു കേൾക്കാമായിരുന്നു” എന്ന് ഒരു സഹോദരൻ പറയുന്നു. ആ പ്രളയം 83 വയസ്സുള്ള ഒരു സഹോദരിയുൾപ്പെടെ ഏകദേശം 2,900 പേരുടെ ജീവനെടുത്തു.
ഒരു സഹോദരൻ പറയുന്നു: “ഞങ്ങളുടെ കുടുംബം സ്വത്തുക്കളെല്ലാം ഉപേക്ഷിച്ചു രക്ഷപ്പെട്ടല്ലോ എന്നോർത്തു ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു.” ഏതാനും ദിവസങ്ങൾക്കകം അയൽപട്ടണങ്ങളിലുള്ള സഹോദരങ്ങൾ ഭക്ഷണവും ശുദ്ധജലവും എത്തിച്ചു, ബ്രാഞ്ച് ഓഫീസ് ഒരു ട്രക്കുനിറയെ അവശ്യസാധനങ്ങൾ കൊണ്ടുവന്നു വിതരണംചെയ്തു. ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നിട്ടും ആഴ്ചയുടെ അവസാനത്തോടെ എല്ലാവരും യോഗങ്ങൾക്കു വരുകയും പ്രസംഗവേലയിൽ പങ്കുപറ്റുകയും ചെയ്തു. “നാൽപതു സ്വമേധയാ സേവകർ നാലു ദിവസം ചെലവഴിച്ച് എന്റെ വീടു നന്നാക്കി” എന്ന് ഒരു സഹോദരി പറയുന്നു. “അവർ വീടു പെയിന്റുചെയ്യുകപോലും ചെയ്തു! സാക്ഷികളല്ലാത്ത എന്റെ കുടുംബാംഗങ്ങളിൽ ഇതെല്ലാം അങ്ങേയറ്റം വിലമതിപ്പ് ഉളവാക്കി. അവരിൽ ഒരാൾ ഇപ്പോൾ ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ടുണ്ട്.”
ഐക്യനാടുകൾ: ചാർളി, ഫ്രാൻസസ്, ഐവാൻ, ജീൻ എന്നീ നാലു ചുഴലിക്കൊടുങ്കാറ്റുകളാണു 2004 ആഗസ്റ്റിലും സെപ്റ്റംബറിലുമായി ഫ്ളോറിഡയെ പ്രഹരിച്ചത്. a സഹോദരങ്ങളുടെ 4,300-ലധികം വീടുകൾക്കും കുറഞ്ഞതു പത്തു രാജ്യഹാളുകൾക്കും കേടുപറ്റി. ഈ ദുരന്തത്തെത്തുടർന്നു ഫ്ളോറിഡയിലെ അടിയന്തിര പ്രവർത്തന കമ്മിറ്റിയുടെ അധ്യക്ഷൻ അവർ പ്രദാനംചെയ്ത സാധനങ്ങൾ ശരിയായി വിതരണം ചെയ്യപ്പെടുന്നുണ്ടോ എന്നു പരിശോധിച്ചു. യഹോവയുടെ സാക്ഷികളെപ്പോലെ അത്ര നന്നായി മറ്റാരും സംഘടിച്ചിട്ടില്ലെന്നും അവർക്കു വേണ്ട എല്ലാ സാധനങ്ങളും നൽകാമെന്നും ദുരിതാശ്വാസ കമ്മിറ്റിയോട് അദ്ദേഹം പറഞ്ഞു.
ഒരു സഭ താത്കാലികമായി ഒരു കെട്ടിടം വാടകയ്ക്കെടുത്ത് ഓരോ യോഗത്തിനും 50 ഡോളർ വീതം നൽകി ഉപയോഗിച്ചുവരികയായിരുന്നു. ആദ്യത്തെ ചുഴലിക്കൊടുങ്കാറ്റിൽ ഈ കെട്ടിടത്തിനും കേടുപറ്റി.
കെട്ടിടം നന്നാക്കുന്നതിനായി പണിക്കാരെ കൂട്ടിയെങ്കിലും അവർ പണി പൂർത്തിയാക്കിയില്ല. ഉടമസ്ഥരുടെ അനുവാദത്തോടെ സഹോദരങ്ങൾതന്നെ ബാക്കി പണികൾ പ്രതിഫലം പറ്റാതെ ചെയ്തുതീർത്തു. നന്ദിസൂചകമായി ഉടമസ്ഥർ മൂന്നു മാസത്തെ വാടക വാങ്ങിയില്ല.ജപ്പാൻ: “രേഖകൾ സൂക്ഷിക്കാൻ തുടങ്ങിയ 1551 മുതൽ ജപ്പാനിൽ ഏറ്റവുമധികം ചുഴലിക്കൊടുങ്കാറ്റുകൾ അടിച്ചത് [2004-ൽ] ആണ്” എന്ന് ഒരു വാർത്താ വിവരണം പറയുന്നു. നിഗാട്ടായിലെയും ഫൂക്കൂയിയിലെയും അതിരൂക്ഷമായ കാലാവസ്ഥയുടെ ഫലമായി ഒരു രാജ്യഹാളും സഹോദരങ്ങളുടെ 60 വീടുകളുമടക്കം 34,000-ത്തിലധികം വീടുകളും മറ്റു കെട്ടിടങ്ങളും തകർന്നു. അയൽസഭകളിൽനിന്നുള്ള നൂറുകണക്കിനു സഹോദരങ്ങൾ സഹായിക്കാനായി പാഞ്ഞെത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ ആ രാജ്യഹാൾ പുനർനിർമിച്ചു.
രാജ്യഹാളിന് അടുത്തു താമസിക്കുന്ന സാക്ഷികളല്ലാത്തവരുടെ വീടുകളും വൃത്തിയാക്കാനും രോഗാണുവിമുക്തമാക്കാനും സഹോദരങ്ങൾ സഹായിച്ചു. രാജ്യസന്ദേശത്തോട് എതിർപ്പു പ്രകടിപ്പിച്ചിരുന്ന ഒരു വ്യക്തി വികാരനിർഭരനായി വിതുമ്പിപ്പോയി. പ്രാദേശിക ഗവൺമെന്റ് സഹോദരങ്ങളുടെ ശ്രമത്തെ അഭിനന്ദിച്ചുകൊണ്ട് ദുരിതാശ്വാസ കമ്മിറ്റിക്ക് ഒരു വിലമതിപ്പിൻ കത്തുപോലും അയച്ചു.
സെപ്റ്റംബറിലും ഒക്ടോബറിലും ജപ്പാനു കുറുകെ ആഞ്ഞടിച്ച രണ്ടു ചുഴലിക്കൊടുങ്കാറ്റുകളെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ഒരു സഹോദരനും സഹോദരിയും മരണമടയുകയും ഏകദേശം 100 സാക്ഷികൾ ക്ലേശം അനുഭവിക്കുകയും ചെയ്തു. ഹ്യോഗോയിലുള്ള ടൊയോക്കാ നഗരം വെള്ളത്തിൽ ആണ്ടുപോയി. സ്വന്തം താമസസ്ഥലം വെള്ളത്തിൽ ആയിരുന്നിട്ടുപോലും സർക്കിട്ടു മേൽവിചാരകൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സഹായിച്ചു.
ഒരു പയനിയർ സഹോദരിയുടെ അപ്പാർട്ടുമെന്റിൽ ഒരു മീറ്ററിൽ അധികം ഉയരത്തിൽ ചെളിവെള്ളം കയറി. വെള്ളം വാർന്നുപോയ ഉടനെ പ്രാദേശിക സഭയിലെ പ്രസാധകർ വീട് ഉരച്ചുകഴുകി വൃത്തിയാക്കി. സാക്ഷിയല്ലാത്ത ഉടമസ്ഥന്റെ ഹൃദയത്തെ അത് ആഴമായി സ്പർശിച്ചു. ആ സഹോദരി ഇപ്രകാരം പറഞ്ഞു: “യഹോവയുടെ സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തനത്തെപ്പറ്റി ഇതുവരെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ ഞാൻ അതു നേരിട്ട് അനുഭവിച്ചിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവയിലും അവന്റെ സംഘടനയിലും ഞാൻ അഭിമാനംകൊള്ളുന്നു.”
ഉത്തര ജപ്പാനെ പിടിച്ചുലച്ച വലിയ ഒരു ഭൂകമ്പവും ഒക്ടോബറിൽ ഉണ്ടായി. ഇതിൽ 40 പേർ മരിക്കുകയും 1,00,000-ത്തിൽ അധികം പേർക്കു വീടുവിട്ടു പോകേണ്ടിവരുകയും ചെയ്തു. സഹോദരങ്ങളുടെ
200-ലധികം കുടുംബങ്ങളെ ഇതു ബാധിക്കുകയും ഒരു രാജ്യഹാൾ ഉപയോഗശൂന്യമായിത്തീരുകയും ചെയ്തെങ്കിലും ആർക്കും ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തില്ല. ഭൂചലനം ആരംഭിച്ചപ്പോൾ ആ സർക്കിട്ടിലുള്ള മൂപ്പന്മാർ ഒരു സർക്കിട്ട് സമ്മേളനത്തിനു തയ്യാറാകാൻ കൂടിവന്നിരിക്കുകയായിരുന്നു. അവർ എന്തു ചെയ്തു? ബ്രാഞ്ച് ഓഫീസിൽനിന്നും മേഖലാ നിർമാണ കമ്മിറ്റിയിൽനിന്നും ലഭിച്ച നിർദേശങ്ങൾക്ക് അനുസൃതമായി സത്വരം ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങി. “ഈ സംഭവങ്ങൾ സംബന്ധിച്ച് ഒരു ആത്മീയ വീക്ഷണം ഉണ്ടായിരിക്കാനുള്ള ഓർമിപ്പിക്കൽ ഞങ്ങൾക്കു ലഭിച്ചു” എന്ന് ഒരു മൂപ്പൻ പറയുന്നു. സർക്കിട്ട് സമ്മേളനം നടന്നു എന്നു മാത്രമല്ല ഭൂകമ്പബാധിത പ്രദേശത്തുള്ളവരും ഹാജരാകുകയും ചെയ്തു.“ആ ഭൂമികുലുക്കം എന്റെ ഭർത്താവിന്റെ ഹൃദയത്തെയാണു കുലുക്കിയത്” എന്ന് വിശ്വാസിയല്ലാത്ത ഭർത്താവുള്ള ഒരു സഹോദരി പറയുന്നു. അവരുടെ വീടിനും ഭൂകമ്പത്തിൽ കേടുപറ്റിയിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ക്രിസ്തീയ സ്നേഹത്തിന്റെ പ്രകടനം ദർശിച്ച ഭർത്താവു ജീവിതത്തിൽ ആദ്യമായി ഒരു സഭായോഗത്തിനു ഹാജരായി. “നിങ്ങളുടെ സംഘടനയെ എനിക്കു പരിപൂർണമായി വിശ്വസിക്കാം” എന്ന് അദ്ദേഹം പറഞ്ഞു. “അത് ഒരിക്കലും ഞങ്ങളെ നിരാശപ്പെടുത്തുകയില്ല.”
ഫിലിപ്പീൻസ്: കേസോൺ, അറോറ എന്നീ പ്രദേശങ്ങളിൽ 2004-ന്റെ അവസാനത്തോടെ ചുഴലിക്കൊടുങ്കാറ്റുകൾ ആഞ്ഞടിച്ചപ്പോൾ ചെളിയും
വെള്ളവും കൊണ്ടു വീടു മൂടപ്പെട്ടതിനെത്തുടർന്നു നാലു കുട്ടികളടങ്ങുന്ന ഒരു സാക്ഷിക്കുടുംബം മരണമടഞ്ഞു. കേസോണിൽ പെട്ടെന്നൊരു വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഫിലിമൻ മാരിസ്റ്റെലാ എന്ന സർക്കിട്ട് മേൽവിചാരകൻ അവിടെ ഉണ്ടായിരുന്നു. “നിമിഷങ്ങൾക്കുള്ളിൽ രാജ്യഹാൾ വെള്ളത്തിനടിയിലായി” എന്ന് അദ്ദേഹം എഴുതുന്നു. “എന്റെ ജീപ്പും വെള്ളത്തിൽ ഒഴുകിപ്പോയി. രാജ്യഹാളിന്റെ ഇറമ്പു വരെ വെള്ളം ഉയർന്നതിനാൽ എനിക്കും ഭാര്യക്കും മറ്റു രണ്ടു സഹോദരന്മാർക്കും രാത്രി മുഴുവൻ ഹാളിന്റെ മേൽക്കൂരയ്ക്കു മുകളിൽ കഴിയേണ്ടിവന്നു. പിറ്റേന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കു ഞാൻ താഴെ ഇറങ്ങിയപ്പോൾ നെഞ്ചിനൊപ്പം വെള്ളമുണ്ടായിരുന്നു.”അപകടകരമായ ഈ ഘട്ടത്തിൽപ്പോലും പ്രസാധകർ എല്ലാവരും സുഖമായിരിക്കുന്നുവോ എന്നറിയാൻ മാരിസ്റ്റെലാ സഹോദരൻ അവരെ അന്വേഷിച്ചുചെന്നു. അറോറയിലെ ഡിങ്ഗാലാൻ എന്ന സ്ഥലത്തെ ഒരു മൂപ്പനു ഹെലിക്കോപ്റ്ററിന്റെ സഹായത്താൽ സുരക്ഷിത സ്ഥാനത്തേക്കു പോകാൻ അവസരം ലഭിച്ചെങ്കിലും തന്റെ ക്രിസ്തീയ സഹോദരങ്ങളെ സഹായിക്കാൻ അവിടെത്തന്നെ തുടരാൻ അദ്ദേഹം തീരുമാനിച്ചു.
രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും വിനാശകരമായ സുനാമി
2004 ഡിസംബർ 26-ന് ഇന്തൊനീഷ്യയിലെ വടക്കൻ സുമാട്രയുടെ പടിഞ്ഞാറെ തീരത്തിനടുത്തായി റിക്ടർ സ്കെയിലിൽ 9.0 രേഖപ്പെടുത്തിയ ഒരു ഭൂകമ്പമുണ്ടായി. രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സുനാമിക്ക് അത് തിരികൊളുത്തി. 2,80,000-ത്തിലധികം പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറുള്ള ആഫ്രിക്കയിലെ സൊമാലിയൻ തീരത്തുപോലും തിരമാലകൾ ഏതാണ്ട് 290 പേരുടെ ജീവൻ അപഹരിച്ചു.
ഇന്തൊനീഷ്യ: ഏറ്റവും അധികം പേരുടെ ജീവൻ നഷ്ടപ്പെട്ടത് ഈ രാജ്യത്തായിരുന്നെങ്കിലും സഹോദരങ്ങളോ താത്പര്യക്കാരോ മരിച്ചില്ല. സുനാമിത്തിരകൾ ആഖി എന്ന പ്രദേശത്തെ താറുമാറാക്കി. അവിടെയുണ്ടായിരുന്ന സഹോദരങ്ങൾ അവിടത്തെ അക്രമപ്രവർത്തനങ്ങൾ കാരണം മുന്നമേതന്നെ ഉൾപ്രദേശങ്ങളിലേക്കു മാറിത്താമസിച്ചിരുന്നു. നിയാസ് എന്ന ദ്വീപിനെയും കാര്യമായി ബാധിച്ചെങ്കിലും സുരക്ഷിത സ്ഥാനങ്ങളിലേക്കു രക്ഷപ്പെടാൻ സഹോദരങ്ങൾക്കു കഴിഞ്ഞു.
ഇന്ത്യ: വീടുകളും വസ്തുവകകളും നഷ്ടപ്പെട്ടെങ്കിലും സഹോദരങ്ങൾക്കാർക്കും ജീവൻ നഷ്ടപ്പെട്ടില്ല. പോണ്ടിച്ചേരിയിൽ, ലക്ഷ്മി എന്ന സഹോദരി വയൽസേവനത്തിൽ ആയിരുന്നപ്പോഴാണു സുനാമിയെപ്പറ്റി കേൾക്കുന്നത്. ഏതാണ്ടു മൂന്നു കിലോമീറ്റർ ഉള്ളിലായി
സ്ഥിതിചെയ്തിരുന്ന മണ്ണുകൊണ്ടു കെട്ടിയ തന്റെ വീട്ടിലേക്കു ചെന്നപ്പോൾ അതിനു കാര്യമായ കേടുപാടുകൾ സംഭവിച്ചിരിക്കുന്നതായി അവർ കണ്ടു. അതു വൃത്തിയാക്കുന്നതിനും നന്നാക്കുന്നതിനും സഹോദരങ്ങൾ സഹായിച്ചു.ചെന്നൈയിൽ, 13 വയസ്സുള്ള നവീൻ ക്രിക്കറ്റു കളിച്ചുകൊണ്ടിരിക്കുമ്പോൾ രാക്ഷസത്തിരമാലകൾ വരുന്നത് അവൻ കണ്ടു. തത്ക്ഷണം അവൻ അമ്മയ്ക്കും പെങ്ങൾക്കും അപകടസൂചന നൽകി. അവർ മൂവരും സുരക്ഷിത സ്ഥാനത്തേക്ക് ഓടി. എങ്കിൽപ്പോലും വീട്ടുസാധനങ്ങളും ശവശരീരങ്ങളുമെല്ലാം അടിച്ചൊഴുക്കിക്കൊണ്ടുവരുന്ന വെള്ളത്തിലൂടെയാണ് അവർക്കുപോകേണ്ടിവന്നത്.
ഏഴു വയസ്സുള്ള ലിനി തന്റെ ചിറ്റപ്പനോടും അദ്ദേഹത്തിന്റെ മകനോടുമൊപ്പം കന്യാകുമാരിക്കടുത്തുള്ള ബീച്ചിൽ നിൽക്കുകയായിരുന്നു. പെട്ടെന്നു തിരമാലകൾ അവളെ അടിച്ച് ഉൾപ്രദേശത്തേക്കു കൊണ്ടുവന്നു. ഒരു തടിവേലിയിൽ തങ്ങിനിന്ന അവളുടെമേൽ വെള്ളം അടിച്ചുകയറിക്കൊണ്ടേയിരുന്നു. അവളുടെ ചിറ്റപ്പനും അദ്ദേഹത്തിന്റെ മകനും രക്ഷപ്പെട്ടെങ്കിലും തന്റെ കണ്ണടകൾ നഷ്ടപ്പെട്ടതിനാൽ ചിറ്റപ്പനു ശരിയായി കാണാൻ കഴിയാതെയായി. എങ്കിലും അദ്ദേഹം ലിനിയെ തിരഞ്ഞുകൊണ്ടേയിരുന്നു. അധികം താമസിയാതെ, അലയടിക്കുന്ന വെള്ളത്തിനിടയിൽനിന്നു യഹോവയെ വിളിച്ച് അവൾ നിലവിളിക്കുന്നതു കേട്ട അദ്ദേഹം അവളെ രക്ഷിച്ചു. യഹോവ അവളുടെ പ്രാർഥന കേട്ടെന്നു ലിനി ഇപ്പോൾ എല്ലാവരോടും പറയുന്നു.
ആൻഡമൻ, നിക്കബാർ ദ്വീപുകൾ: മേരിയും എട്ടു വയസ്സുള്ള അവരുടെ മകൻ ആൽവിനും ഒരു ബന്ധുവിന്റെ വീട്ടിൽ ആയിരിക്കുമ്പോഴാണു ഭൂമികുലുക്കം അനുഭവപ്പെട്ടത്. എല്ലാവരും പുറത്തേക്ക് ഓടി. തീരത്തേക്കു മതിൽപോലെ ഉയരത്തിൽ വെള്ളം പാഞ്ഞുവരുന്നത് അവർ കണ്ടു. ആ നിമിഷം അവിടെ വന്ന ഒരു ബസ്സിൽ ചാടിക്കയറി മേരിയും മകനും രക്ഷപ്പെട്ടു. എന്നാൽ മറ്റുള്ളവർ സാധനങ്ങൾ എടുക്കാൻ വീട്ടിനുള്ളിലേക്ക് ഓടിയതിനാൽ അവരെ തിര അടിച്ചുകൊണ്ടുപോയി. ബസ്സിൽ അൽപ്പദൂരം പോയപ്പോഴേക്കും ഒരു ഭൂചലനംകൂടെ ഉണ്ടായതായി എല്ലാവർക്കും തോന്നി. ഉടൻതന്നെ അവർ ബസ്സിൽനിന്ന് ഇറങ്ങി ഉയർന്ന ഒരു സ്ഥലത്തേക്ക് ഓടിക്കയറി. ഏതാണ്ട് 500 ആളുകൾ ഇതിനോടകം അവിടെ അഭയം തേടിയിട്ടുണ്ടായിരുന്നു. അവർ നോക്കിക്കൊണ്ടിരിക്കുമ്പോൾത്തന്നെ അലറിപ്പാഞ്ഞുവന്ന വെള്ളം ആ ബസ്സ് ഒഴുക്കിക്കൊണ്ടുപോയി, അവർ നിന്നതിന് ഏകദേശം രണ്ടടി ദൂരെവരെ വെള്ളം പൊങ്ങിക്കഴിഞ്ഞിരുന്നു.
വെള്ളം താണപ്പോൾ മേരി തന്റെ വീട്ടിലേക്കു ചെന്നു ബൈബിളും
തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ ചെറുപുസ്തകവും എടുത്തുകൊണ്ടുപോന്നു. ഇവയായിരുന്നു തുടർന്നുള്ള ദിനങ്ങളിൽ അവർക്കു ശക്തി പകർന്നത്. കപ്പലുകൾ വന്ന് ആളുകളെ ദ്വീപിൽനിന്നു കൊണ്ടുപോകും എന്ന വാർത്ത കേട്ടയുടൻ നൂറുകണക്കിന് ആളുകൾ ഏതെങ്കിലുമൊരു ബോട്ടിൽ കയറിപ്പറ്റാമെന്ന പ്രതീക്ഷയോടെ തീരത്തേക്ക് ഓടി കടലിലൂടെ കുറെദൂരം ഇറങ്ങിച്ചെന്നു. ചുറ്റും ശവശരീരങ്ങൾ ഒഴുകിനടക്കുന്ന, അരയൊപ്പം വെള്ളത്തിൽ മേരിയും മകനും ഓരോ ദിവസവും മണിക്കൂറുകളോളം കാത്തുനിന്നു. ഒടുവിൽ, നീണ്ട ആറു ദിവസങ്ങൾക്കുശേഷം ഒരു ബോട്ട് അവരെ കയറ്റിക്കൊണ്ടുപോയി. അനേകരും ഈ ദുരന്തത്തിനു ദൈവത്തെ പഴിചാരിയതിനാൽ അവർക്കു നല്ലൊരു സാക്ഷ്യം നൽകാൻ മേരിക്കു കഴിഞ്ഞു. അവരുടെ സഹോദരപത്നി ഇപ്പോൾ ബൈബിൾ പഠിക്കുകയും യോഗങ്ങൾക്കു ഹാജരാകുകയും ചെയ്യുന്നുണ്ട്.പ്രശാന്തിയും അഞ്ചു വയസ്സുള്ള മകൻ ജഹോവാഷും പ്രശാന്തിയുടെ വൃദ്ധപിതാവായ പ്രസാദ് റാവു സഹോദരനെ കാണാനായി ഹട്ബേയിലേക്കു പോയിരിക്കുകയായിരുന്നു. അവിടെയായിരിക്കെ അവർക്കു ഭൂമികുലുക്കം അനുഭവപ്പെട്ടു. തുടർന്നുവന്ന തിരമാലകൾ കണ്ടമാത്രയിൽ അവർ ഉയർന്ന ഒരു സ്ഥലത്തേക്ക് ഓടിക്കയറി. വെള്ളം റോഡിനുമീതെ 15 അടി ഉയർന്നു, പ്രസാദ് സഹോദരന്റെ വീടും വെള്ളത്തിനടിയിലായി. അദ്ദേഹത്തിന്റെ കിടക്കകളും ഫ്രിഡ്ജും ടെലിവിഷനും സഭയുടെ സ്റ്റോക്കിലെ മഹാനായ മനുഷ്യൻ പുസ്തകങ്ങളുമെല്ലാം ഒഴുകിപ്പോയി. രക്ഷപ്പെട്ട ആളുകൾക്കു പിന്നീട് ഇവയിൽ ചില പുസ്തകങ്ങൾ കിട്ടുകയും അവരതു വായിക്കുകയും ചെയ്തു. പ്രസാദും പ്രശാന്തിയും ജഹോവാഷും അവശേഷിച്ച ആഹാരസാധനങ്ങൾ കഴിച്ചും കൂട്ടമായെത്തിയ കൊതുകിന്റെയും ഈച്ചയുടെയും ശല്യം സഹിച്ചും തുടർന്നുള്ള അഞ്ചു ദിവസങ്ങൾ തള്ളിനീക്കി. ബോട്ടുകൾ എത്തിയപ്പോൾ പ്രശാന്തിയും ജഹോവാഷും മറ്റുള്ളവരോടൊപ്പം നെഞ്ചൊപ്പം വെള്ളത്തിലൂടെയാണ് അങ്ങോട്ടേക്കു നടന്നുചെന്നത്, സമീപത്തു മുതലകൾ നീന്തുന്നുണ്ടായിരുന്നെങ്കിൽപ്പോലും! പോരാത്തതിനു പ്രശാന്തി അപ്പോൾ ആറു മാസം ഗർഭിണിയും ആയിരുന്നു. പിതാവ് പിന്നീട് എത്തിച്ചേർന്നു.
തെരെസാ ദ്വീപിൽ ഉണ്ടായിരുന്ന എല്ലാ വീടുകളും വെള്ളത്തിൽ ഒലിച്ചുപോയി. അവിടെ ഉണ്ടായിരുന്ന 13 സഹോദരീസഹോദരന്മാർക്കു വിശപ്പും പ്രാണികളുടെ ശല്യവും സഹിച്ച് ആറു ദിവസം കാട്ടിൽ കഴിയേണ്ടിവന്നു. തുടർന്ന് അവരെ കമോർട്ട ദ്വീപിലേക്കു കൊണ്ടുപോയി. അവിടെ മാർക്ക് പോൾ എന്ന സഹോദരന്റെ ഭവനത്തിൽ അവർ അഭയം തേടി. ഉയർന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന അദ്ദേഹത്തിന്റെ വീടാണു രാജ്യഹാളായും ഉപയോഗിക്കുന്നത്. സുനാമി ഉണ്ടായ ദിവസം, 10 മുതൽ 12 വരെയുള്ള സാധാരണ യോഗഹാജരിൽനിന്നു വ്യത്യസ്തമായി
300 പേരാണ് യോഗത്തിനുണ്ടായിരുന്നത്! യഹോവയുടെ ജനത്തിന്റെ സ്നേഹപൂർവകമായ പരസ്പര പിന്തുണ നേരിൽ കണ്ടതിന്റെ ഫലമായി അതിനുശേഷം 18 ബൈബിൾ വിദ്യാർഥികൾ ക്രമമായി യോഗങ്ങൾക്കു വരുന്നുണ്ട്.ശ്രീലങ്ക: വമ്പിച്ച നാശനഷ്ടങ്ങൾക്ക് ഇടയാക്കിക്കൊണ്ട് ഈ ദ്വീപിലെ കടൽത്തീരത്തിന്റെ മൂന്നിൽ രണ്ടുഭാഗം കടലാക്രമണത്തിന് ഇരയായി. മിക്കവാറും സഹോദരങ്ങൾ അപകട മേഖലയ്ക്കു പുറത്തു സഭായോഗങ്ങളിൽ ആയിരിക്കുമ്പോഴാണു ഞായറാഴ്ച രാവിലെ സുനാമി ഉണ്ടായത്. പത്തു സഭകളെ ഇതു ബാധിച്ചു. ഒരു സഹോദരിയുടെ വീടു കടലിലേക്കു അടിച്ചുകൊണ്ടുപോയി, സഹോദരി മരിച്ചു. ഈ പ്രിയസഹോദരിയുടെ മരണത്തിൽ സഹോദരങ്ങൾ ആഴമായി ദുഃഖിക്കുന്നു. താത്പര്യക്കാരിൽ പലരുടെയും ജീവൻ നഷ്ടപ്പെട്ടു, അതുപോലെതന്നെ നിരവധി സഹോദരങ്ങളുടെ ബന്ധുക്കൾക്കും ജീവഹാനി സംഭവിച്ചു. 27 കുടുംബാംഗങ്ങളെയാണ് ഒരു മൂപ്പൻ സഹോദരനു നഷ്ടമായത്! “എന്നുവരികിലും ആത്മീയതയ്ക്കു തെല്ലും കോട്ടംതട്ടാതെ ഈ സഹോദരങ്ങൾ ദുരന്തത്തിന്റെ ആഘാതത്തിൽനിന്നും മോചിതരായി,” ബ്രാഞ്ച് ഓഫീസ് എഴുതുന്നു.
ബെഥേൽ നിറയെ ദുരിതാശ്വാസ സാധനങ്ങൾ ആയിരുന്നു, ബെഥേൽ കുടുംബാംഗങ്ങൾ എല്ലാവരുംതന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വാഹനങ്ങളുള്ള സഹോദരങ്ങൾ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ചുകൊണ്ടിരുന്നു. നാലു ദിവസങ്ങൾക്കുള്ളിൽ എല്ലാ സഹോദരങ്ങൾക്കും ആഹാരവും വസ്ത്രവും പ്രദാനംചെയ്തു. മറ്റെന്താണു നിങ്ങൾക്കു വേണ്ടത് എന്നു ചോദിച്ചപ്പോൾ, “ബൈബിളും പുസ്തകങ്ങളും! അവയെല്ലാം വെള്ളത്തിൽ ഒലിച്ചുപോയി” എന്നായിരുന്നു അവരുടെ മറുപടി. താമസംവിനാ അവരുടെ ആവശ്യങ്ങൾ നിറവേറ്റി.
സർക്കിട്ട് മേൽവിചാരകനായ ജെരാഡ് കുക്ക് അപ്പോൾ കൊളംബോയിൽ ആയിരുന്നു. ഇരുട്ടായാൽ കാട്ടാന ഇറങ്ങുന്ന അപകടം നിറഞ്ഞ ഒരു റോഡിലൂടെ അദ്ദേഹം ഏഴു മണിക്കൂർ വാഹനം ഓടിച്ചു. രാത്രി 10:30-ന് എത്തിച്ചേർന്ന അദ്ദേഹവും അവിടെയുള്ള മറ്റൊരു സഹോദരനും—ഈ സഹോദരന്റെ വീടും മുങ്ങിപ്പോയിരുന്നു—അപ്പോൾ മുതൽ വെളുക്കുന്നതുവരെ സഹോദരങ്ങളെ സന്ദർശിക്കുന്നതിലും അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിലും ഏർപ്പെട്ടു.
തായ്ലൻഡ്: അവിടെയുള്ള സഹോദരങ്ങൾക്കാർക്കും പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ഉപജീവനമാർഗം നഷ്ടമാവുകയോ ചെയ്തില്ല. എന്നാൽ അവധിക്കാലം ചെലവഴിക്കാനെത്തിയ ചില വിദേശികളെ കാണാതായിട്ടുണ്ട്, ഒരുപക്ഷേ അവർക്കു ജീവഹാനി സംഭവിച്ചിരിക്കാം. ഫിൻലൻഡിൽനിന്നുള്ള ഒരു സഹോദരനും സ്വീഡനിൽനിന്നുള്ള ഒരു ദമ്പതികളും ഓസ്ട്രിയയിൽനിന്നുള്ള ഒരു സഹോദരനും ഒരു സഹോദരിയുടെ അവിശ്വാസിയായ ഭർത്താവും അവരിൽപ്പെടുന്നു. സ്വീഡനിൽനിന്നുള്ള രണ്ടു ദമ്പതിമാർ തീരത്തുനിന്നു കുറച്ചു ദൂരെയായി ഒരു പ്രാദേശിക കൂട്ടത്തോടൊപ്പം വയൽസേവനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അവർ അവരുടെ ഹോട്ടലിലേക്കു തിരിച്ചുചെന്നപ്പോൾ കണ്ടതു ശവശരീരങ്ങളും നാശശിഷ്ടങ്ങളും മാത്രമാണ്.
ഭൂകമ്പത്തിന്റെ പിറ്റേന്നു തിങ്കളാഴ്ച രാവിലെ, അവിടത്തെ ഒരു ആശുപത്രിയിൽ ഫിൻലൻഡിൽനിന്നു വന്ന ക്രിസ്റ്റിന സഹോദരി ഉണ്ടെന്നു പൂക്കെറ്റ് സഭയുടെ അധ്യക്ഷ മേൽവിചാരകനെ തായ്ലൻഡ് ബ്രാഞ്ച് ഫോൺചെയ്ത് അറിയിച്ചു. അദ്ദേഹവും മറ്റൊരു സഹോദരനും ഉടനടി ആശുപത്രിയിലേക്കു തിരിച്ചു, ഒന്നര മണിക്കൂർകൊണ്ട് അവർ അവിടെ എത്തി. ആ അധ്യക്ഷ മേൽവിചാരകൻ ഇപ്രകാരം എഴുതുന്നു: “ഇത്രമാത്രം യാതന ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല—ഇണകളെ നഷ്ടപ്പെട്ടവർ, കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കൾ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ. ചിലർ സഹായത്തിനായി നിലവിളിക്കുന്നു; മറ്റുചിലർ തറയിലും മച്ചിലും ഒക്കെ കണ്ണുംനട്ടിരിക്കുന്നു. മനോബലം വീണ്ടെടുക്കുന്നതിനും ശക്തി ലഭിക്കാൻ പ്രാർഥിക്കുന്നതിനുമായി ഞങ്ങൾക്ക് ഇടയ്ക്കിടെ പുറത്തുപോകേണ്ടിവന്നു, അത്രയ്ക്കും ഹൃദയഭേദകമായിരുന്നു അവിടെ കണ്ട കാഴ്ചകൾ.”
ക്രിസ്റ്റിനയുടെ ഒടിഞ്ഞ കാലിന്റെ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പു നടക്കുന്ന സമയത്താണു സഹോദരങ്ങൾ അവരെ തേടിക്കണ്ടെത്തിയത്. എല്ലാ രേഖകളും സഹോദരിയുടെ കയ്യിൽനിന്നു നഷ്ടമായിരുന്നു. ശസ്ത്രകിയയ്ക്കു ശേഷം ആ രണ്ടു സഹോദരങ്ങൾ ക്രിസ്റ്റിനയോടൊത്തു പ്രാർഥിച്ചു. അർധരാത്രിവരെ അവർ കൂടെയുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം സഹോദരി ഫിൻലൻഡിലേക്കു
തിരികെപ്പോയി. പ്രതിസന്ധികളുടെ മധ്യേയും “ക്രിസ്റ്റിന ബലവും ധൈര്യവും പ്രകടമാക്കി” എന്ന് സഹോദരങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ദുഃഖകരമെന്നു പറയട്ടെ, ക്രിസ്റ്റിനയുടെ ഭർത്താവിനു സുനാമിയിൽ ജീവഹാനി സംഭവിച്ചു.ബ്രാഞ്ചുകളുടെ സമർപ്പണം
അംഗോള, 2005 ജനുവരി 8: ഏതാണ്ടു 40 വർഷത്തെ ആഭ്യന്തര യുദ്ധത്താൽ താറുമാറായ അംഗോളയിൽ ഈ പ്രത്യേക ദിനം അവിടത്തെ പ്രസംഗവേലയിലെ ഒരു നാഴികക്കല്ലായിരുന്നു. അംഗോളയിലെ ബെഥേലിന്റെ സമർപ്പണ പ്രസംഗം നടത്തുന്നതിനും അവിടം സന്ദർശിക്കുന്ന ഭരണസംഘത്തിലെ ആദ്യ അംഗമായിരിക്കുന്നതിനും ഉള്ള ഇരട്ട പദവി ലഭിച്ചതു സ്റ്റീഫൻ ലെറ്റിനാണ്. 11 രാജ്യങ്ങളിൽനിന്നുള്ള ഏതാണ്ട് 730 പേർ ഈ പരിപാടിക്കു ഹാജരായിരുന്നു. എന്തുകൊണ്ടാണ് ഒരു പുതിയ ബ്രാഞ്ച് സമുച്ചയം ആവശ്യമായിവന്നത്? 1975-ൽ 3,055 പ്രസാധകരുടെ അത്യുച്ചം ബ്രാഞ്ച് റിപ്പോർട്ടുചെയ്തു. 2004-ന്റെ അവസാനം ആയപ്പോഴേക്കും ഈ സംഖ്യ 18 മടങ്ങായി വർധിച്ച് 54,000-ത്തിലധികം ആയിത്തീർന്നു!
ബൾഗേറിയ, 2004 ഒക്ടോബർ 9: സോഫിയ എന്ന സ്ഥലത്തെ പുതിയ ബ്രാഞ്ച് നിർമാണത്തിനു കഴിഞ്ഞ മൂന്നു വർഷത്തിലധികമായി 150 രാജ്യാന്തര സ്വമേധാ സേവകരും 300 പ്രാദേശിക സഹോദരങ്ങളും സഹായിച്ചു. ഭരണസംഘാംഗമായ ഗെരിറ്റ് ലോഷ് സമർപ്പണപ്രസംഗം നടത്തി. 24 രാജ്യങ്ങളെ പ്രതിനിധാനംചെയ്തു വന്ന 364 പേർ സന്നിഹിതരായിരുന്നു.
എത്യോപ്യ, 2004 നവംബർ 20: അറുപതു പേരുള്ള ബെഥേൽകുടുംബം 2004-ന്റെ തുടക്കംവരെ ഒമ്പതിലേറെ സ്ഥലങ്ങളിലായിട്ടാണു താമസിച്ചിരുന്നത്. തികച്ചും അഭികാമ്യമല്ലാത്ത ഒരു അവസ്ഥയായിരുന്നു അത്! അവരുടെ മനോഹരമായ ഈ ബെഥേൽ സ്ഥിതിചെയ്യുന്നതു സമുദ്രനിരപ്പിൽനിന്ന് 8,000-ത്തിലധികം അടി ഉയരത്തിലുള്ള തലസ്ഥാനമായ ആഡിസ് ആബാബയുടെ കിഴക്കേയറ്റത്തുള്ള ചരിവിലാണ്. കഴുതപ്പുലിയുടെ കരച്ചിൽ മാത്രമാണു ചില രാത്രികളുടെ നിശ്ശബ്ദതയെ ഭേദിക്കുന്നത്. ഗെരിറ്റ് ലോഷ് ആണു സമർപ്പണ പ്രസംഗം നടത്തിയത്. ഹാജരായ 2,230 പേരിൽ 29 രാജ്യങ്ങളിൽനിന്നുള്ള 200 പേരും ഉണ്ടായിരുന്നു. അഭിമുഖം നടത്തിയവരിൽ പലരും വിശ്വാസത്തിനുവേണ്ടി തടവുശിക്ഷ അനുഭവിച്ചിട്ടുള്ളവരും ക്രൂരമായ പീഡനം പോലും സഹിച്ചിട്ടുള്ളവരുമാണ്. വധിക്കപ്പെട്ട ഒരു സഹോദരന്റെ മകൾ പറഞ്ഞു, “പുനരുത്ഥാനത്തിൽ വരുമ്പോൾ എന്റെ പിതാവിനു വലിയ സന്തോഷമാകും, ഞാൻ അദ്ദേഹത്തിന്റെ ദൈവഭക്തിയുടെ മാതൃക പിൻപറ്റുകയും ബെഥേലിൽ സേവിക്കുകയും ചെയ്തെന്ന് അറിയുമ്പോൾ.”
ഘാന, 2005 മാർച്ച് 5: നൈജീരിയ ബ്രാഞ്ചിലെ മാൽക്കോം ജെ. വിഗോ നടത്തിയ സമർപ്പണപ്രസംഗത്തിന് 3,243 പേർ ഹാജരുണ്ടായിരുന്നു. താമസത്തിനുള്ള മൂന്നു കെട്ടിടങ്ങൾ, 50 ഓഫീസുകൾ, ഒരു മെയിന്റനൻസ് കെട്ടിടം, ഒരു രാജ്യഹാൾ, ഒരു ഊണുമുറി, അടുക്കള, അലക്കുശാല തുടങ്ങിയവയുടെ സമർപ്പണമാണു നടന്നത്. ഇവ നേരത്തേയുണ്ടായിരുന്ന ബ്രാഞ്ച് സൗകര്യങ്ങളോടു കൂട്ടിച്ചേർത്ത് വിപുലീകരിച്ചതാണ്.
ഗ്വാം, 2005 ജൂൺ 25: ഗ്വാമിൽ ഒരു സഭ മാത്രം ഉണ്ടായിരുന്ന 1980-നു ശേഷം നടക്കുന്ന മൂന്നാമത്തെ സമർപ്പണ പരിപാടിയാണിത്. ഇപ്പോൾ അവിടെ പത്തു സഭകളുണ്ട്. ചില പുതുക്കുപണികൾ കൂടാതെ, പുതിയ പദ്ധതിയിൽ ഒരു രാജ്യഹാളും പാർപ്പിട സൗകര്യത്തിനായി ഒരു ഇരുനിലക്കെട്ടിടവുമുണ്ട്. സ്വന്തം ചെലവിൽ ഓസ്ട്രേലിയയിൽനിന്നും ഐക്യനാടുകളിൽനിന്നും 100 അന്താരാഷ്ട്ര സ്വമേധാ സേവകർ വന്നു. ഇതു കേട്ട് പണിയുടെ ഗുണമേന്മ കാണാനെത്തിയ ഒരു പ്രാദേശിക നിർമാണ ഇൻസ്പെക്ടർ “അത്ഭുതത്തോടെ തല കുലുക്കി” എന്ന് ബ്രാഞ്ച് എഴുതുന്നു. പെറു ബ്രാഞ്ചിലെ ലോറെൻസ് ഷെപ് ആണു സമർപ്പണ പ്രസംഗം നടത്തിയത്.
മൗറീഷ്യസ്, 2004 നവംബർ 6: നിലവിലുള്ള ബ്രാഞ്ച് വിപുലീകരിച്ചപ്പോൾ സമർപ്പണ പ്രസംഗം നടത്തുന്നതിനുള്ള പദവി ഗെരിറ്റ് ലോഷിനാണു ലഭിച്ചത്. പരിഭാഷാ വിഭാഗത്തിന്റെ 12 ഓഫീസുകളും ഒരു പുതിയ മെയിന്റനൻസ് കെട്ടിടവും ആണു പുതുതായി ചേർത്തത്. യൂറോപ്പ്, മഡഗാസ്കർ, മായോട്ട്, റിയൂൺയൻ, സെയ്ഷൽസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള സന്ദർശകർ ഉണ്ടായിരുന്നു.
നിക്കരാഗ്വ, 2004 ഡിസംബർ 4: 330 അന്താരാഷ്ട്ര സ്വമേധാ സേവകരും നൂറുകണക്കിനു പ്രാദേശിക സഹോദരങ്ങളും ചേർന്ന് 2,400 പേർക്ക് ഇരിക്കാവുന്ന വശങ്ങൾ മറച്ചിട്ടില്ലാത്ത ഒരു സമ്മേളനഹാളും ബ്രാഞ്ചിൽ പുതിയ ഓഫീസുകളും പാർപ്പിട സൗകര്യങ്ങളും നിർമിച്ചു. ഭരണസംഘത്തിലെ സാമുവെൽ ഹെർഡ് ആണു സമർപ്പണ പ്രസംഗം നടത്തിയത്. സന്നിഹിതരായിരുന്നവരിൽ നിക്കരാഗ്വയിൽ മിഷനറിമാരായി മുമ്പു സേവിച്ചിരുന്നവരും ഉണ്ടായിരുന്നു. തങ്ങളുടെ മുൻ ബൈബിൾ വിദ്യാർഥികളെ മാത്രമല്ല അവരുടെ മക്കളെയും, ചിലരുടെ കാര്യത്തിൽ, മക്കളുടെ മക്കളെയും കാണുന്നത് അവർക്ക് എത്ര പുളകപ്രദമായിരുന്നിരിക്കും!
പാനമ, 2005 മാർച്ച് 19: സാമുവെൽ ഹെർഡ് നടത്തിയ പ്രസംഗം കേൾക്കുന്നതിനു 2,967 പേർ സന്നിഹിതരായിരുന്നു. അവരിൽ ബഹുഭൂരിപക്ഷവും 20-ലധികം വർഷങ്ങളായി യഹോവയെ സേവിക്കുന്നവരാണ്. ഈ പദ്ധതിയുടെ ആരംഭഘട്ടത്തിൽ, സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ചില ട്രെയ്ലറുകൾ നീക്കുന്നതിനായി
സഹോദരങ്ങൾ ഒരു ക്രെയിൻ വാടകയ്ക്കെടുത്തു. സ്ഥലം ശരിപ്പെടുത്തിയിട്ടില്ലെന്നു പറഞ്ഞു ക്രെയിൻ ഓപ്പറേറ്റർ ജോലിചെയ്യാൻ വിസമ്മതിച്ചു. സഹോദരങ്ങൾ അദ്ദേഹവുമായി എത്ര ന്യായവാദം ചെയ്തിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. അവസാനം അദ്ദേഹം പോകാൻ തുടങ്ങവേ സഹോദരങ്ങളോടു ചോദിച്ചു, “ആകട്ടെ, നിങ്ങൾ ഏതു മതത്തിൽപ്പെട്ടവരാണ്?”“യഹോവയുടെ സാക്ഷികൾ,” അവർ മറുപടി പറഞ്ഞു.
ഒരു നിമിഷം ചിന്തിച്ചിട്ട് അദ്ദേഹം പറഞ്ഞു, “ശരി, ഞാനിതു ചെയ്യാം.” പെട്ടെന്നുള്ള ഈ മനംമാറ്റത്തിനു കാരണം എന്തായിരുന്നു? രണ്ടു സഹോദരിമാർ അദ്ദേഹത്തിന്റെ കുട്ടികളെ ബൈബിൾ പഠിപ്പിച്ചിരുന്നു, അവർ ചെയ്തിരുന്നതിനെ അദ്ദേഹം വിലമതിച്ചു.
സ്ലൊവാക്യ, 2005 എപ്രിൽ 16: ഭരണസംഘത്തിലെ തിയോഡർ ജാരറ്റ്സ് ആണു സമർപ്പണ പ്രസംഗം നടത്തിയത്. 21 ദേശങ്ങളിൽനിന്നുള്ള 448 അതിഥികൾ സന്നിഹിതരായിരുന്നു. പിറ്റേദിവസം സ്പോർട്സ് സ്റ്റേഡിയത്തിൽവെച്ചു നടത്തിയ ഒരു പ്രത്യേക പ്രസംഗത്തിനു പലരും ബസ്സിൽ എത്തിച്ചേർന്നു. “നിങ്ങൾ എത്ര സന്തുഷ്ടരും പ്രസന്നതയുള്ളവരും ആണ്” എന്ന് ഒരു ഡ്രൈവർ പറഞ്ഞു. “എല്ലാവരും വന്ദനം പറയുന്നു! എന്തുകൊണ്ടാണെന്ന് എനിക്കറിയാം. നിങ്ങളുടെ വിശ്വാസമാണ് ഇതിനു കാരണം. സ്കൂൾ കുട്ടികളെയും അധ്യാപകരെയും ആണ് ഞാൻ സാധാരണ കൊണ്ടുപോകാറുള്ളത്. കുട്ടികളുടെ കാര്യത്തിൽ, ഞാൻ ആദ്യം അവരോടു വന്ദനം പറയണം; പിന്നെ അധ്യാപകർ—ഒന്നു ഹലോ പറയാൻപോലും അവർ മെനക്കെടാറില്ല!”
ഐക്യനാടുകളിലെ ന്യൂയോർക്കിലുള്ള വാൾക്കിൽ, 2005 മേയ് 16: “മനോഹരമായ ഈ പുതിയ അച്ചടിശാലയും താമസത്തിനുള്ള എ, സി, ഡി എന്നീ മൂന്നു കെട്ടിടങ്ങളും ഒരേയൊരു സത്യദൈവമായ യഹോവയ്ക്കു സമർപ്പിക്കുവാൻ നാം നിശ്ചയിച്ചുറച്ചിരിക്കുന്നു” എന്ന് ഭരണസംഘാംഗമായ ജോൺ ബാർ തന്റെ സമർപ്പണ പ്രസംഗത്തിൽ പറഞ്ഞു. പുതിയ അച്ചടിശാലയുടെ അടിസ്ഥാനം ഇടുന്നതിനുള്ള പണി 2003 മേയ് 1-നായിരുന്നു ആരംഭിച്ചത്. വെറും എട്ടു മാസത്തിനുശേഷം നിലവിലുള്ള പ്രസ്സുകളിൽ ആദ്യത്തേത് ഈ പുതിയ അച്ചടിശാലയിലേക്കു മാറ്റി സ്ഥാപിച്ചു.
ഐക്യനാടുകളിൽ ഉടനീളമുള്ള, വിശേഷാൽ സമീപ സംസ്ഥാനങ്ങളിലുള്ള മേഖലാ നിർമാണ കമ്മിറ്റികൾ തൊഴിൽവിദഗ്ധരെ നൽകി. ചില പണികൾ ചെയ്യുന്നതിനു പുറത്തെ കോൺട്രാക്റ്റർമാരെ ഉപയോഗിച്ചു. “എത്രയായാലും എന്റെ ശമ്പളക്കാർ നിങ്ങളെപ്പോലെ പണിയെടുക്കില്ല” എന്ന് അവരിലൊരാൾ പറഞ്ഞു, “നിങ്ങൾ നിങ്ങളുടെ ഹൃദയംകൊണ്ടാണു വേല ചെയ്യുന്നത്.” ഒരു പ്രൊജക്ട് മാനേജർ അഭിപ്രായപ്പെട്ടു, “എന്റെ തൊഴിലിനെപ്പറ്റി അഞ്ചു വർഷം സ്കൂളിൽ പഠിച്ചതിനെക്കാൾ
കൂടുതൽ വാച്ച്ടവറിൽനിന്ന് ഏതാനും മാസങ്ങൾകൊണ്ടു ഞാൻ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തു!” ഒരു കൺവെയർ സിസ്റ്റം കൊണ്ടുവന്ന കമ്പനിയുടെ പ്രതിനിധി പറഞ്ഞു: “ഇതിനുമുമ്പു ഞങ്ങൾ ഒരിക്കലും ചെയ്തിട്ടില്ലാത്തത്ര വേഗത്തിൽ ഇതിവിടെ ഇൻസ്റ്റോൾ ചെയ്യാൻ ഞങ്ങൾക്കു സാധിച്ചതു നിങ്ങളുടെ സഹായത്താലാണ്. ഇവിടെയുള്ള എല്ലാവരും സന്തോഷമുള്ളവർ ആയിരിക്കുന്നത് എന്നെയും സന്തോഷിപ്പിക്കുന്നു! ഇവിടം എത്ര മനോഹരമാണ്!”ഏതാനും വർഷങ്ങൾക്കുമുമ്പ് ഐക്യനാടുകളിലെ ബ്രാഞ്ചിൽ 15 വെബ്-ഓഫ്സെറ്റ് പ്രസ്സുകളാണ് ഉണ്ടായിരുന്നത്, 11 എണ്ണം ബ്രുക്ലിനിലും 4 എണ്ണം വാൾക്കിലിലും. കൂടുതൽ കാര്യക്ഷമമായ സാങ്കേതിക വിദ്യയുടെ ഫലമായും മേഖലാ അച്ചടി ക്രമീകരണത്തിന്റെ ഭാഗമായി അച്ചടിപ്രവർത്തനം മറ്റു ബ്രാഞ്ചുകളിലേക്കു വിഭജിച്ചു കൊടുത്തതിനാലും ഇപ്പോൾ അഞ്ചു പ്രസ്സുകൾ മാത്രമേ ഇവിടെയുള്ളൂ. ബയൻഡറിയിൽനിന്നും പ്രസ്സ്റൂമിൽനിന്നും ഉള്ള പേപ്പർശകലങ്ങൾ കെട്ടുകളാക്കി മാറ്റുന്ന ഒരു യന്ത്രത്തിൽ എത്തിക്കുന്ന ഒരു പേപ്പർ ശേഖരണ ക്രമീകരണവും പുതിയ അച്ചടിശാലയിൽ ഉണ്ട്; ഈ പേപ്പർ ശകലങ്ങൾ മുകളിലൂടെയുള്ള ഒരു കുഴൽവഴിയാണ് ഈ യന്ത്രത്തിൽ എത്തുന്നത്. പുറത്തെ ഒരു കമ്പനി ഈ പാഴ്കടലാസുകൾ വീണ്ടും ഉപയോഗപ്രദമായ പേപ്പറാക്കി മാറ്റിക്കൊണ്ട് ഓരോ വർഷവും ഏകദേശം 2,00,000 ഡോളറാണു ബ്രാഞ്ചിനു നേടിക്കൊടുക്കുന്നത്!
സാംബിയ, 2004 ഡിസംബർ 25: വിപുലീകരിച്ച ബ്രാഞ്ചിന്റെ സമർപ്പണത്തിനു ഹാജരായ ഏകദേശം 700 പേരിൽ 374 പേർ 40-ലേറെ വർഷമായി യഹോവയെ സേവിക്കുന്നവരാണ്! യേശുവിന്റെ ഒരു ഉപമയിലെ ദാസന്മാരെപ്പോലെ ഈ നിർമാണ പദ്ധതിയിൽ പങ്കെടുത്ത എല്ലാവരും ഹാർദമായ അഭിനന്ദനം അർഹിക്കുന്നുവെന്ന് തന്റെ സമർപ്പണ പ്രസംഗത്തിൽ സ്റ്റീഫൻ ലെറ്റ് പറഞ്ഞു.—മത്താ. 25:33.
നിർമാണ പ്രവർത്തനങ്ങൾക്കിടയിലും സഹോദരങ്ങൾ നല്ല സാക്ഷ്യം നൽകി. “നിങ്ങൾ ഒരു പറുദീസയിലാണു ജീവിക്കുന്നത്” എന്ന് ഒരു കോൺട്രാക്റ്റർ പറഞ്ഞു.
“നിങ്ങൾ അർഥമാക്കുന്നത് ആത്മീയ പറുദീസയാണോ അതോ ഭൗതിക പറുദീസയാണോ?” എന്ന് സഹോദരങ്ങൾ ചോദിച്ചു.
“രണ്ടും” എന്നായിരുന്നു മറുപടി.
[അടിക്കുറിപ്പ്]
a കാട്രിന ചുഴലിക്കൊടുങ്കാറ്റിനെപ്പറ്റിയുള്ള വിവരങ്ങൾ പിന്നീടു പ്രദാനംചെയ്യുന്നതായിരിക്കും.
[29-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
“ദൈവിക അനുസരണം” കൺവെൻഷനുകൾ
“ദൈവിക അനുസരണം” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ വ്യക്തമാക്കിയതുപോലെ ‘ദൈവത്തെ അറിയുന്നവരും’ ‘സുവിശേഷം അനുസരിക്കുന്നവരും’ മാത്രമേ ദൈവത്തിന്റെ പ്രതികാര ദിവസത്തെ അതിജീവിക്കുകയുള്ളൂ. (2 തെസ്സ. 1:6-9) അതുകൊണ്ട്, ഇന്നത്തെ ക്ലേശങ്ങൾ നിമിത്തം ദൈവത്തെപ്പറ്റി ആശയക്കുഴപ്പത്തിലായിരിക്കുന്നവരെയും അക്കാരണത്താൽ അവനെ പകയ്ക്കുക പോലും ചെയ്യുന്നവരെയും സഹായിക്കുന്നതിനു നമ്മാലാവുന്നതെല്ലാം ചെയ്യാൻ നാം ആഗ്രഹിക്കുന്നു. ഇതിൽ നമ്മെ സഹായിക്കാനാണു സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം! എന്ന ലഘുലേഖയും ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകവും.
യുദ്ധം, ദാരിദ്ര്യം, പ്രകൃതിവിപത്ത്, അനീതി, രോഗം എന്നിവയ്ക്കു കാരണം ദൈവമല്ല എന്നു മനസ്സിലാക്കാൻ അവയ്ക്ക് ഇരയായ പലരെയും സഹായിച്ചുകൊണ്ട് ഈ പുതിയ ലഘുലേഖ അവർക്ക് ആശ്വാസം പകരും എന്നതിനു സംശയമില്ല. സമാനമായി, ആത്മീയ സത്യത്തിനായി വാഞ്ഛിക്കുന്നവരെ ഈ പുതിയ പുസ്തകം ഹഠാദാകർഷിക്കും. ഹൃദ്യവും ലളിതവും വ്യക്തവും ആയ രീതിയിലാണ് ഇതു രചിച്ചിരിക്കുന്നത്. വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും മുഖ്യാശയങ്ങൾ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. അധ്യയനം നടത്താൻ ഈ പുസ്തകം ഉപയോഗിക്കുന്നതിനുമുമ്പ് ഇതിന്റെ അനുബന്ധത്തിലുള്ള 14 വിഷയങ്ങൾകൂടെ നിശ്ചയമായും നിങ്ങൾ വായിച്ചിരിക്കണം.
[12, 13 പേജുകളിലെ ചാർട്ട്/ചിത്രങ്ങൾ]
ചില സംഭവങ്ങൾ—2005 സേവനവർഷത്തിൽ നടന്നത്
2004 സെപ്റ്റംബർ 1:
ഒക്ടോബർ 8: യഹോവയുടെ സാക്ഷികൾ അർമേനിയയിൽ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെടുന്നു.
ഒക്ടോബർ 9: ബൾഗേറിയ ബ്രാഞ്ചിന്റെ സമർപ്പണം.
ഒക്ടോബർ 18: ജാഗരൂകർ ലഘുപത്രികയുടെ വിതരണ പരിപാടി ആരംഭിക്കുന്നു.
നവംബർ 6: മൗറിഷ്യസ് ബ്രാഞ്ചിന്റെ സമർപ്പണം.
നവംബർ 20: എത്യോപ്യ ബ്രാഞ്ചിന്റെ സമർപ്പണം.
ഡിസംബർ 4: നിക്കരാഗ്വ ബ്രാഞ്ചിന്റെ സമർപ്പണം.
ഡിസംബർ 25: സാംബിയ ബ്രാഞ്ചിന്റെ സമർപ്പണം.
ഡിസംബർ 26: ഇന്തൊനീഷ്യയിലെ സുമാട്രയ്ക്കടുത്തുണ്ടായ 9.0 രേഖപ്പെടുത്തിയ ഒരു ഭൂകമ്പം, രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സുനാമിക്കു തിരികൊളുത്തി.
2005 ജനുവരി 1
ജനുവരി 8: അംഗോള ബ്രാഞ്ചിന്റെ സമർപ്പണം.
മാർച്ച് 5: ഘാന ബ്രാഞ്ചിന്റെ സമർപ്പണം.
മാർച്ച് 19: പാനമ ബ്രാഞ്ചിന്റെ സമർപ്പണം.
മാർച്ച് 24: ബെർലിനിലെ യഹോവയുടെ സാക്ഷികൾക്കു നിയമാനുസൃതമായ ഒരു കോർപ്പറേഷന്റെ അവകാശം അനുവദിച്ചുകൊടുക്കാൻ 2005 മാർച്ച് 4-ന് അവിടത്തെ ഉയർന്ന അഡ്മിനിസ്ട്രേറ്റിവ് കോടതി പ്രാദേശിക ഗവൺമെന്റിന് ഉത്തരവു നൽകുന്നു.
ഏപ്രിൽ 16: സ്ലോവാക്യ ബ്രാഞ്ച് സമർപ്പണം.
2005 മേയ് 1
മേയ് 16: ന്യൂയോർക്കിലെ വാൾക്കിലിലുള്ള അച്ചടിശാലയുടെയും താമസത്തിനുള്ള കെട്ടിടങ്ങളുടെയും സമർപ്പണം.
ജൂൺ 25: ഗ്വാം ബ്രാഞ്ചിന്റെ സമർപ്പണം.
2005 ഓഗസ്റ്റ് 31
[20-ാം പേജിലെ ചിത്രം]
വെള്ളപ്പൊക്കത്തിൽ കേടുപറ്റിയ ജപ്പാനിലെ നിഗാട്ടായിലുള്ള ഒരു രാജ്യഹാൾ വൃത്തിയാക്കുന്നു
[24-ാം പേജിലെ ചിത്രം]
ശ്രീലങ്കയിൽ ദുരിതാശ്വാസ സാധനങ്ങൾ കൈകാര്യം ചെയ്യുന്നു