റൊമേനിയ
റൊമേനിയ
സത്യക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനം അന്ത്യനാളുകളിൽ പാരമ്യത്തിലെത്തുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (ഉല്പ. 3:15; വെളി. 12:13, 17) ആ പ്രവചനത്തിനു ശ്രദ്ധാർഹമായ നിവൃത്തിയുണ്ടായിട്ടുള്ള ദേശങ്ങളിൽ ഒന്നാണ് റൊമേനിയ. എന്നിരുന്നാലും ഹൃദയങ്ങളിൽ തീക്ഷ്ണമായി കത്തിനിൽക്കുന്ന സത്യത്തിന്റെ തീജ്വാലകൾ കെടുത്തിക്കളയാൻ റൊമേനിയയിലെ യഹോവയുടെ സാക്ഷികൾ യാതൊന്നിനെയും അനുവദിച്ചിട്ടില്ലെന്ന് ഈ വിവരണം നമുക്കു കാണിച്ചുതരും. (യിരെ. 20:9) മറിച്ച് “ബഹു സഹിഷ്ണുത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു, തടവു” എന്നിവയിലൂടെയെല്ലാം അവർ ദൈവത്തിന്റെ ശുശ്രൂഷകരാണെന്നു പ്രകടമാക്കിയിരിക്കുന്നു. (2 കൊരി. 6:4, 5) ക്ലേശപൂർണമായ ഈ നാളുകളിൽ ദൈവത്തോടുകൂടെ നടക്കാൻ ആഗ്രഹിക്കുന്ന സകലർക്കും അവരുടെ നിർമലതയുടെ ചരിത്രം പ്രോത്സാഹനമാകട്ടെ.
മനുഷ്യചരിത്രത്തിലെ ഏറ്റവും വിപത്കരവും അസ്ഥിരവുമായ കാലഘട്ടത്തിനു തുടക്കം കുറിച്ച വർഷമാണ് 1914. പല യൂറോപ്യൻ നാടുകളിലും നിർദയരായ സ്വേച്ഛാധിപതികളും അതിരുകടന്ന രാഷ്ട്രീയ ആദർശവാദങ്ങളും തലപൊക്കുകയും മൃഗീയമായ കൊലപാതകങ്ങൾ അരങ്ങേറുകയും ചെയ്ത ഒരു കാലഘട്ടമാണത്. ഇതിന്റെയെല്ലാം ഇടയിൽപ്പെട്ടുപോയ റൊമേനിയക്കാർക്കു വളരെ കഷ്ടം സഹിക്കേണ്ടിവന്നു. യേശുക്രിസ്തുവിനെ അനുസരിച്ചുകൊണ്ട് “ദൈവത്തിന്നുളളതു ദൈവത്തിന്നു” കൊടുക്കാനും രാഷ്ട്രത്തിന് ആരാധന അർപ്പിക്കുന്നതിൽനിന്നു വിട്ടുനിൽക്കാനും ദൃഢചിത്തർ ആയിരുന്നവരുടെ അവസ്ഥയും അതുതന്നെ ആയിരുന്നു.—മത്താ. 22:21.
1945-നു മുമ്പ് യഹോവയുടെ ജനത്തെ ആക്രമിക്കുന്നതിൽ റൊമേനിയയിലെ ഓർത്തഡോക്സ്, കത്തോലിക്കാ പുരോഹിതന്മാർ
ചുക്കാൻപിടിച്ചു. ആ ലക്ഷ്യത്തിൽ അവർ രാഷ്ട്രീയക്കാരെയും പോലീസുകാരെയും സ്വാധീനിക്കുകയും പള്ളിപ്രസംഗങ്ങൾ നടത്തുകയും ചെയ്തു. പിന്നീട് പീഡനത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ടത് കമ്മ്യൂണിസ്റ്റുകാർ ആയിരുന്നു. മൃഗീയവും വ്യവസ്ഥാപിതവുമായ പീഡന മുറകൾ നാലു പതിറ്റാണ്ടോളം അവർ തുടർന്നു.അത്തരം പ്രതികൂല സാഹചര്യങ്ങളിലും സുവാർത്താപ്രസംഗം പുരോഗമിച്ചത് എന്തുകൊണ്ടാണ്? “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” എന്ന തന്റെ വാക്കുകൾക്കു ചേർച്ചയിൽ യേശു പ്രവർത്തിച്ചതായിരുന്നു അതിന്റെ കാരണം. (മത്താ. 28:20) റൊമേനിയ ഉൾപ്പെടുന്നതും ഇന്നു പൂർവയൂറോപ്പ് എന്ന പേരിൽ അറിയപ്പെടുന്നതുമായ ഭൂപ്രദേശത്ത് ഏകദേശം നൂറു വർഷംമുമ്പ് ദൈവരാജ്യത്തിന്റെ വിത്ത് ആദ്യമായി വിതയ്ക്കപ്പെട്ട കാലത്തേക്ക് നമുക്കിപ്പോൾ തിരികെപ്പോകാം.
റൊമേനിയക്കാർ സ്വദേശത്തേക്കു മടങ്ങുന്നു
ബൈബിൾ വിദ്യാർഥിയായിരുന്ന ചാൾസ് റ്റെയ്സ് റസ്സൽ 1891-ൽ തന്റെ പ്രസംഗ പര്യടനത്തിന്റെ ഭാഗമായി പൂർവയൂറോപ്പിലെ ചില ഭാഗങ്ങൾ സന്ദർശിച്ചു. അദ്ദേഹത്തിനു ലഭിച്ച പ്രതികരണം അത്ര പ്രോത്സാഹജനകം ആയിരുന്നില്ല. “സത്യത്തോടുള്ള താത്പര്യമോ അതു കേൾക്കാനുള്ള മനസ്സൊരുക്കമോ ഞങ്ങൾക്കു കാണാനായില്ല,” അദ്ദേഹം റിപ്പോർട്ടു ചെയ്തു. എന്നാൽ റൊമേനിയയിൽ ആ സാഹചര്യത്തിനു പെട്ടെന്നുതന്നെ മാറ്റംവരാനിരിക്കുകയായിരുന്നു. നേരിട്ടല്ലെങ്കിലും അവിടത്തെ വേലയ്ക്കു തുടക്കം കുറിക്കുന്നതിൽ റസ്സൽ സഹോദരൻതന്നെ ഒരു നിർണായക പങ്കുവഹിക്കുമായിരുന്നു. എങ്ങനെ?
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ റൊമേനിയയിൽ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളിലുണ്ടായ മാറ്റം നിമിത്തം അനേകരും ഐക്യനാടുകൾ ഉൾപ്പെടെയുള്ള മറ്റു ദേശങ്ങളിൽ ജോലി തേടിപ്പോയി. ഭൗതിക നേട്ടത്തോടൊപ്പം ബൈബിൾസത്യം സംബന്ധിച്ച സൂക്ഷ്മ പരിജ്ഞാനം സമ്പാദിക്കാനും ചിലർക്ക് അത് അവസരമൊരുക്കി. കാരോളി സാബോയും യോഷെഫ് കിസും അതിന് ഉദാഹരണമാണ്. ആത്മീയ മനസ്കരായ ആ പുരുഷന്മാർ റസ്സൽ സഹോദരൻ നടത്തിയ പല ബൈബിൾ പ്രഭാഷണങ്ങളും കേൾക്കുകയുണ്ടായി.
അവർക്കു ബൈബിളിൽ യഥാർഥ താത്പര്യം ഉണ്ടെന്നു മനസ്സിലാക്കിയ റസ്സൽ സഹോദരൻ അവരോടു നേരിട്ടു സംസാരിക്കാൻ തീരുമാനിച്ചു. ചർച്ചയ്ക്കിടയിൽ, ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യദൂത് അറിയിക്കാൻ റൊമേനിയയിലേക്കു മടങ്ങിപ്പോകുന്നതിനെക്കുറിച്ചു ചിന്തിക്കാൻ അദ്ദേഹം കാരോളിയോടും യോഷെഫിനോടും പറഞ്ഞു. രണ്ടുപേർക്കും അതിനു സമ്മതമായിരുന്നു. 1911-ൽ റൊമേനിയയിലേക്കു
കപ്പൽകയറിയ അവർ ട്രാൻസിൽവേനിയയിലെ റ്റിർഗു-മൂറെഷ് എന്ന നഗരത്തിൽ താമസമുറപ്പിച്ചു.സ്വദേശത്തേക്കു മടങ്ങവേ, കുടുംബാംഗങ്ങളിൽ ആരെങ്കിലും സത്യം സ്വീകരിക്കണമേയെന്ന് കാരോളി സഹോദരൻ പ്രാർഥിച്ചു. വീട്ടിൽ എത്തിയപ്പോൾ ബന്ധുക്കളോടു സാക്ഷീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിനു താമസസൗകര്യം ഒരുക്കിക്കൊടുത്ത കത്തോലിക്കാ വിശ്വാസിയായ സഹോദരപുത്രി ഷൂഷന എന്യെഡിയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഷൂഷനയുടെ ഭർത്താവിന്റെ തൊഴിൽ പൂക്കൃഷി ആയിരുന്നു. പൂക്കൾ ചന്തയിൽ കൊണ്ടുപോയി വിറ്റിരുന്നത് ഷൂഷനയായിരുന്നു.
ജോലി തുടങ്ങുന്നതിനുമുമ്പായി എല്ലാ പ്രഭാതത്തിലും ഷൂഷന കുർബാനയിൽ സംബന്ധിച്ചിരുന്നു. അതുപോലെതന്നെ, കുടുംബാംഗങ്ങൾ എല്ലാവരും ഉറങ്ങാൻപോയതിനുശേഷം എല്ലാ രാത്രിയിലും പൂന്തോട്ടത്തിൽച്ചെന്ന് അവൾ പ്രാർഥിക്കുമായിരുന്നു. കാരോളി ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം രാത്രിയിൽ പൂന്തോട്ടത്തിൽ ആയിരുന്ന ഷൂഷനയെ സമീപിച്ച്, തോളത്തു മെല്ലെ കൈവെച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഷൂഷന, നിന്റെ ഹൃദയം ശുദ്ധമാണ്. നീ സത്യം കണ്ടെത്തും.” അദ്ദേഹത്തിന്റെ വാക്കുകൾ എത്ര സത്യമായിരുന്നു! ഷൂഷന പൂർണഹൃദയത്തോടെ രാജ്യദൂത് സ്വീകരിച്ചു. യഹോവയ്ക്കു ജീവിതം സമർപ്പിച്ച റ്റിർഗു-മൂറെഷിലെ ആദ്യ വ്യക്തിയായിരുന്നു അവൾ. 87-ാം വയസ്സിൽ മരണമടയുന്നതുവരെയും ഷൂഷന തന്റെ വിശ്വസ്തഗതി തുടർന്നു.
എന്യെഡി കുടുംബത്തിൽ ജോലിക്കു നിന്നിരുന്ന ചെറുപ്പക്കാരനായ ഷാൻഡോർ യോഷയോടും കാരോളി സഹോദരൻ സാക്ഷീകരിച്ചു. സഹോദരന്മാർ ഇരുവരും ചേർന്നു നടത്തിയ എല്ലാ യോഗങ്ങളിലും ഷാൻഡോർ പങ്കെടുക്കുകയും പെട്ടെന്നു പുരോഗമിക്കുകയും ചെയ്തു. 2 കൊരി. 3:1, 2.
അധികം താമസിയാതെ ഈ പതിനെട്ടുകാരൻ മൂറെഷ് എന്ന പ്രവിശ്യയിലുള്ള സ്വന്തം ഗ്രാമമായ സററ്റ്സെനിയിൽ സാക്ഷീകരിക്കാനും മികച്ച തിരുവെഴുത്തു പ്രഭാഷണങ്ങൾ നടത്താനും തുടങ്ങി. കാലക്രമത്തിൽ ഷാൻഡോറിന്റെ “ശ്ലാഘ്യപത്ര”ങ്ങളിൽ 24 കുട്ടികളും—13 പെൺകുട്ടികളും 11 ആൺകുട്ടികളും—ആറു ദമ്പതികളും ഉൾപ്പെട്ടു.—റ്റിർഗു-മൂറെഷിൽ പ്രവർത്തനം ആരംഭിച്ച യോഷെഫ് സഹോദരനും കാരോളി സഹോദരനും ട്രാൻസിൽവേനിയയിലുടനീളം പ്രസംഗിച്ചു. ക്ലൂഷ്-നാപോക്കയിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഡൂംബ്രാവാ പ്രവിശ്യയിലായിരിക്കെ അവർ വാസിലെ കോസ്റ്റ്യാ എന്ന ഒരു ബാപ്റ്റിസ്റ്റ് സഭക്കാരനെ കണ്ടുമുട്ടി. ഉയരംകുറഞ്ഞ, ദൃഢചിത്തനായ വാസിലെ ബൈബിളിന്റെ തീക്ഷ്ണതയുള്ള ഒരു പഠിതാവ് ആയിരുന്നു. ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ച സംബന്ധിച്ച് ആശയക്കുഴപ്പത്തിലായിരുന്ന അദ്ദേഹം, യോഷെഫ് സഹോദരനും കാരോളി സഹോദരനും തിരുവെഴുത്തുകൾ വിശദീകരിച്ചുകൊടുക്കവേ ഏകാഗ്രതയോടെ ശ്രദ്ധിച്ചു. ഹംഗേറിയൻ ഭാഷയും അറിയാമായിരുന്ന വാസിലെ സ്നാപനത്തെത്തുടർന്ന് തന്റെ പ്രവിശ്യയിലുള്ള റൊമേനിയക്കാർക്കും ഹംഗറിക്കാർക്കും സമഗ്രമായ ഒരു സാക്ഷ്യം നൽകി. പിന്നീട് ഒരു കോൽപോർട്ടർ (മുഴുസമയ ശുശ്രൂഷകൻ) ആയി സേവിച്ച അദ്ദേഹം മരണംവരെ ആ പദവിയിൽ തുടർന്നു.
അങ്ങു ദൂരെ റൊമേനിയയുടെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സാറ്റൂ-മാറേ നഗരത്തിലേക്കും കാരോളി സഹോദരൻ സുവാർത്ത വ്യാപിപ്പിച്ചു. അവിടെ അദ്ദേഹം പാറസ്കിവ കോൽമാർ എന്ന ദൈവഭക്തയായ ഒരു സ്ത്രീയെ കണ്ടുമുട്ടി. അവർ വളരെ പെട്ടെന്നു സത്യം സ്വീകരിച്ചു. പാറസ്കിവ അവരുടെ ഒമ്പതു മക്കളെ യഹോവയെ സ്നേഹിക്കാൻ പഠിപ്പിച്ചു. സാക്ഷികളുടെ അഞ്ചു തലമുറകൾ അടങ്ങിയതാണ് ഇന്ന് അവരുടെ കുടുംബം!
ഐക്യനാടുകളിൽവെച്ചു ബൈബിൾസത്യം പഠിക്കുകയും ഒന്നാം ലോകമഹായുദ്ധത്തിനുമുമ്പ് സ്വദേശത്തേക്കു മടങ്ങുകയും ചെയ്ത മറ്റൊരു റൊമേനിയക്കാരനായിരുന്നു അലെക്സ റോമോച്ചിയ. വടക്കു പടിഞ്ഞാറൻ ട്രാൻസിൽവേനിയയിലുള്ള ബെനെസാറ്റ് എന്ന സ്വന്തം ഗ്രാമത്തിലേക്കാണ് അലെക്സ പോയത്. അധികം താമസിയാതെ, ബൈബിൾ വിദ്യാർഥികളുടെ (അങ്ങനെയാണ് യഹോവയുടെ സാക്ഷികൾ അന്ന് അറിയപ്പെട്ടിരുന്നത്) ഒരു ചെറിയ കൂട്ടം ആ പ്രദേശത്ത് ഒന്നിച്ചു കൂടിവരാൻ തുടങ്ങി. അലെക്സയുടെ സഹോദരന്റെ പുത്രന്മാരായ എലെക് റോമോച്ചിയയും ഗാവ്റില റോമോച്ചിയയും അതിൽ ഉൾപ്പെട്ടിരുന്നു. ഇന്ന് അലെക്സയുടെ വലിയ കുടുംബവും സാക്ഷികളുടെ അഞ്ചു തലമുറകൾ ഉൾപ്പെട്ടതാണ്.
ക്രിസ്തീയ നിഷ്പക്ഷതയുടെ പേരിൽ കഠിനമായി പീഡിപ്പിക്കപ്പെട്ട എലെക് ഐക്യനാടുകളിലേക്കു കുടിയേറി. 1922-ൽ ഒഹായോയിലെ സീഡാർ പോയിന്റിൽവെച്ചു നടന്ന ബൈബിൾ വിദ്യാർഥികളുടെ ഒരു പ്രത്യേക കൺവെൻഷനിൽ അദ്ദേഹം സംബന്ധിച്ചു. യഥാർഥത്തിൽ, റൊമേനിയൻ
സംസാരിക്കുന്നവർക്കായി പരിപാടികൾ ആ ഭാഷയിലേക്കു തർജമ ചെയ്യാനുള്ള പദവി അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. റൊമേനിയയിൽത്തന്നെ തുടർന്ന ഗാവ്റില, കാരോളി സഹോദരനോടും യോഷെഫ് സഹോദരനോടുമൊപ്പം ട്രാൻസിൽവേനിയയിൽ പ്രസംഗിക്കുകയും തഴച്ചു വളർന്നുകൊണ്ടിരുന്ന സഭകളെയും കൂട്ടങ്ങളെയും സന്ദർശിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം റൊമേനിയയിലെ ആദ്യത്തെ ബ്രാഞ്ച് ഓഫീസിൽ സേവിച്ചു.ഒന്നാം ലോകമഹായുദ്ധകാലത്ത് അറസ്റ്റുചെയ്യപ്പെട്ട ഇമാനോയിൽ കിന്റ്സ എന്ന റൊമേനിയക്കാരനെ ദൂരെ ഇറ്റലിയിലുള്ള ഒരു സൈനിക ജയിലിലേക്ക് അയച്ചു. സായുധ സേവനത്തിനു വിസമ്മതിച്ചതിനാൽ തടവിലാക്കപ്പെട്ടിരുന്ന ചില ബൈബിൾ വിദ്യാർഥികളെ അദ്ദേഹം അവിടെ കണ്ടുമുട്ടി. അവർ നൽകിയ തിരുവെഴുത്തധിഷ്ഠിത സന്ദേശം ഇമാനോയിൽ ഹൃദയപൂർവം കൈക്കൊണ്ടു. 1919-ൽ സ്വതന്ത്രനായതിനെത്തുടർന്ന് സ്വദേശമായ മാറാമുറെഷ് പ്രവിശ്യയിലുള്ള ബായാ-മാറേയിലേക്കു മടങ്ങിയ അദ്ദേഹം തീക്ഷ്ണതയോടെ സുവാർത്ത പ്രസംഗിക്കുകയും ബൈബിൾ വിദ്യാർഥികളുടെ മറ്റൊരു കൂട്ടം രൂപംകൊള്ളുന്നതിന് സഹായിക്കുകയും ചെയ്തു.
സുവാർത്തയുടെ ആദ്യകാല മുന്നണിപ്രവർത്തകരുടെയും അവരുടെ സന്ദേശം ശ്രദ്ധിച്ചവരുടെയും തീക്ഷ്ണതയും ആത്മത്യാഗ മനഃസ്ഥിതിയും നിമിത്തം ശിഷ്യന്മാരുടെ എണ്ണം വർധിക്കുകയും ബൈബിൾ വിദ്യാർഥികളുടെ അനേകം ചെറിയ കൂട്ടങ്ങൾ രാജ്യത്തുടനീളം നിലവിൽ വരുകയും ചെയ്തു. യഥാർഥത്തിൽ, 1919 ആയപ്പോഴേക്കും, അതായത് കാരോളി സാബോയും യോഷെഫ് കിസും റൊമേനിയയിൽ തിരിച്ചെത്തി വെറും എട്ടു വർഷം കഴിഞ്ഞപ്പോഴേക്കും, 150 ബൈബിൾ പഠനക്ലാസ്സുകളിലായി (ഇന്നു കൂട്ടങ്ങൾ അഥവാ സഭകൾ എന്നു വിളിക്കപ്പെടുന്നു) 1,700-ലധികം രാജ്യപ്രസാധകരും താത്പര്യക്കാരും കൂടിവന്നിരുന്നു. 86-ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ യോഷെഫ് സഹോദരൻ സ്വദേശത്ത് ഒരു പയനിയറായി സേവിച്ചു. കാരോളി സഹോദരൻ ഐക്യനാടുകളിലുള്ള ഹംഗേറിയൻ വയലിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് 1924-ൽ അവിടേക്കു മടങ്ങിപ്പോയി.
ആത്മീയ ഭക്ഷണം ഉത്പാദിപ്പിക്കുന്നു
രാജ്യദൂത് വ്യാപിപ്പിക്കുന്നതിലും ആളുകളുടെ ആത്മീയ വിശപ്പു ശമിപ്പിക്കുന്നതിലും അച്ചടിച്ച പ്രസിദ്ധീകരണങ്ങൾ ഒരു മുഖ്യ പങ്കുവഹിച്ചു. ആത്മീയ ഭക്ഷണത്തിനായുള്ള ആവശ്യം നിറവേറ്റുന്നതിന് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രാദേശിക പ്രസ്സുകളിൽ സാഹിത്യം അച്ചടിക്കാൻ സഹോദരങ്ങൾ തീരുമാനിച്ചു. 1914 മുതൽ,
റ്റിർഗു-മൂറെഷിലുള്ള സ്വകാര്യ അച്ചടിശാലയായ ഓഗ്ലിൻഡ (“കണ്ണാടി” എന്ന് അർഥം) വീക്ഷാഗോപുരവും ക്രിസ്തുസാന്നിദ്ധ്യ ഘോഷകനും എന്ന മാസികയുടെ 16 പേജുള്ള പ്രതിമാസ പതിപ്പും പുസ്തകങ്ങളും ലഘുലേഖകളും ഹംഗേറിയൻ ഭാഷയിൽ അച്ചടിച്ചു.1916-ൽ റൊമേനിയൻ ഭാഷയിലുള്ള സാഹിത്യങ്ങൾ പ്രാദേശിക പ്രസ്സുകളിൽ അച്ചടിക്കാൻ തുടങ്ങി. “മെച്ചപ്പെട്ട യാഗങ്ങളുടെ” തിരുനിവാസ നിഴലുകൾ എന്ന ചെറുപുസ്തകം, “വീക്ഷാഗോപുര”ത്തിൽനിന്നു തിരഞ്ഞെടുത്ത ഭാഗങ്ങൾ എന്ന എട്ടു പേജുള്ള മാസിക, വിശ്വാസഭവനക്കാർക്കുള്ള ദൈനംദിന സ്വർഗീയ മന്ന (ഇപ്പോഴത്തെ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ) എന്ന പുസ്തകം, സഹസ്രാബ്ദോദയ ഗീതങ്ങൾ എന്ന പാട്ടുപുസ്തകം എന്നിവ അവയിൽ ഉൾപ്പെട്ടിരുന്നു. യു.എസ്.എ. മിഷിഗണിലെ ഡിട്രൊയിറ്റിലുള്ള ഒരു അച്ചടിശാല 1918 മുതൽ, വ്യാജമതത്തെ സധൈര്യം തുറന്നുകാട്ടിയ പീപ്പിൾസ് പൾപ്പിറ്റ് എന്ന പ്രതിമാസ ലഘുലേഖയും വീക്ഷാഗോപുരവും ക്രിസ്തുസാന്നിദ്ധ്യ ഘോഷകനും എന്ന പ്രസിദ്ധീകരണവും റൊമേനിയൻ ഭാഷയിൽ അച്ചടിച്ച് റൊമേനിയയിലേക്കു കയറ്റിയയച്ചു.
സുവാർത്താ പ്രസംഗം നന്നായി പുരോഗമിക്കുന്നുണ്ടായിരുന്നതിനാൽ വേല ഏകോപിപ്പിക്കാനും അതിനു നിയമാംഗീകാരം നേടിയെടുക്കാനും വേണ്ടി റൊമേനിയൻ വംശജനായ യാക്കോബ് ബി. ഷിമാ എന്ന ബൈബിൾ വിദ്യാർഥിയെ നിയമിച്ചു. 1920-ൽ ക്ലൂഷ്-നാപോക്കയിൽ എത്തിച്ചേർന്ന് അധികം താമസിയാതെ യാക്കോബ് ബി. ഷിമാ, കാരോളി സാബോയുമായും തുടർന്ന് യോഷെഫ് കിസുമായും കൂടിക്കാഴ്ച നടത്തി. ക്ലൂഷ്-നാപോക്കയിൽ ബ്രാഞ്ച് ഓഫീസിനു യോജിച്ച ഒരു വീട് കണ്ടെത്തുക എന്നതായിരുന്നു അടിയന്തിരമായി ആവശ്യമായിരുന്നത്. എന്നാൽ വീടു കിട്ടാനില്ലായിരുന്നതിനാൽ ഒരു സഹോദരന്റെ അപ്പാർട്ടുമെന്റിൽ താത്കാലികമായി ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. അങ്ങനെ 1920 ഏപ്രിലിൽ ആദ്യത്തെ ബ്രാഞ്ചും വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി എന്ന നിയമ കോർപ്പറേഷനും സ്ഥാപിതമായി. കുറെക്കാലത്തേക്ക് റൊമേനിയയിലെ ബ്രാഞ്ച് അൽബേനിയ, ബൾഗേറിയ, ഹംഗറി, മുൻ യൂഗോസ്ലാവിയ എന്നിവിടങ്ങളിലെ വേലയ്ക്കും മേൽനോട്ടം വഹിച്ചു.
ബാൾക്കൻസിൽ അലയടിച്ചുകൊണ്ടിരുന്ന വിപ്ലവത്തിന്റെ തിരമാലകൾ അക്കാലത്തു റൊമേനിയയെ ഗ്രസിക്കാൻ തുടങ്ങി. രാഷ്ട്രീയ അനിശ്ചിതത്വത്തിനുപുറമേ, യഹൂദവിരോധം പ്രത്യേകിച്ച് യൂണിവേഴ്സിറ്റികളിൽ കാട്ടുതീപോലെ പടർന്നുപിടിച്ചു. പല നഗരങ്ങളിലും വിദ്യാർഥികൾ ലഹളയുണ്ടാക്കി. തത്ഫലമായി ഗവൺമെന്റ് പൊതുയോഗങ്ങൾ നിരോധിച്ചു. കോൽപോർട്ടർമാർ യാതൊരു കുഴപ്പങ്ങളിലും ഏർപ്പെട്ടിരുന്നില്ലെങ്കിലും അവരിൽ 20-ലധികം പേരെ പോലീസ്
അറസ്റ്റു ചെയ്യുകയും സാഹിത്യങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വളരെ മോശമായിട്ടാണ് പോലീസ് അവരോട് ഇടപെട്ടത്.എന്നിരുന്നാലും സഹോദരങ്ങൾ വയലിൽ കഠിനമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. അതോടൊപ്പം കൂടുതൽ സാഹിത്യങ്ങളും ആവശ്യമായിവന്നു. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രസ്സുകളിൽ സാഹിത്യം അച്ചടിക്കുന്നതിന്റെ ചെലവു വർധിച്ചുകൊണ്ടിരുന്നതിനാൽ ബ്രാഞ്ച് വേറെ ഉപാധികൾ തേടി. ക്ലൂഷ്-നാപോക്കയിൽ 36-റെജിനാ മാറിയാ തെരുവിലുള്ള ഒരു അച്ചടിശാല വിൽക്കാൻ തീരുമാനിച്ചത് ആ സമയത്തായിരുന്നു. സഹോദരങ്ങൾ അപ്പോൾത്തന്നെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു അച്ചടിശാലയായിരുന്നു അത്. ഹെഡ്ക്വാർട്ടേഴ്സിന്റെ അനുമതി നേടിയശേഷം ബ്രാഞ്ച് ഈ അച്ചടിശാല വിലയ്ക്കുവാങ്ങി. നാലും രണ്ടും നിലകളുള്ള രണ്ടു കെട്ടിടങ്ങൾ അടങ്ങിയ അനുയോജ്യമായ ഒരു സമുച്ചയം ആയിരുന്നു അത്.
1924 മാർച്ചിൽ അതു പുതുക്കിപ്പണിയാൻ തുടങ്ങി. ദൂരെയുള്ള ബായാ-മാറേ, ബിസ്ട്രിറ്റ്സാ, റോഡ്നാ എന്നിവിടങ്ങളിൽനിന്നെല്ലാം സ്വമേധാസേവകർ എത്തിച്ചേർന്നു. സ്വകാര്യ വസ്തുവകകൾ വിറ്റുകൊണ്ട് പല സഹോദരങ്ങളും പദ്ധതിയെ പിന്തുണച്ചപ്പോൾ ചിലർ ഭക്ഷണവും നിർമാണ സാമഗ്രികളും സംഭാവന ചെയ്തു. ഡെസാജി എന്ന പേരിൽ അറിയപ്പെടുന്ന പ്രത്യേക തരം ബാഗുകളിൽ, തോളത്തു ചുമന്നും കുതിരപ്പുറത്തും ഒക്കെയായിട്ടാണ് ഇവയിൽ പലതും അവർ എത്തിച്ചത്.
അച്ചടിശാല സുസജ്ജമാക്കുന്നതിനായി മറ്റു സംഗതികളുടെ കൂട്ടത്തിൽ ബ്രാഞ്ച് ഓഫീസ് മൂന്നു ലൈനൊടൈപ്പ് യന്ത്രങ്ങൾ, രണ്ടു ഫ്ളാറ്റ്ബെഡ് പ്രസ്സുകൾ, ഒരു റോട്ടറി പ്രസ്, ഒരു ഓട്ടോമാറ്റിക് ഫോൾഡിങ് മെഷീൻ, ഗോൾഡ്-ഇമ്പോസിങ്ങിനുള്ള ഒരു മെഷീൻ എന്നിവ വിലയ്ക്കുവാങ്ങി. അങ്ങനെ, രാജ്യത്തെ ഏറ്റവും മികച്ച അച്ചടി സംരംഭം നിലവിൽവന്നു.
എട്ടു പേരടങ്ങുന്ന ബെഥേൽ കുടുംബത്തിലെ ഒരംഗം, അച്ചടിശാലയിൽ മൂന്നു ഷിഫ്റ്റുകളിലായി ജോലി ചെയ്തിരുന്ന സാക്ഷികളല്ലാത്ത 40 തൊഴിലാളികൾക്കു മേൽനോട്ടം വഹിച്ചു. അവർ കഠിനമായി അധ്വാനിച്ചെന്ന് ആദ്യവർഷമായ 1924-ലെ ഉത്പാദന റിപ്പോർട്ടു പ്രകടമാക്കുന്നു. റൊമേനിയനിലും ഹംഗേറിയനിലും ആയി സഹോദരങ്ങൾ 2,26,075 പുസ്തകങ്ങളും 1,00,000 ചെറുപുസ്തകങ്ങളും 1,75,000 മാസികകളും അച്ചടിച്ചു! പുസ്തകങ്ങളിൽ, ദൈവത്തിന്റെ കിന്നരം എന്ന ബൈബിൾ പഠനസഹായിയും യുഗങ്ങളുടെ ദൈവിക നിർണയം എന്ന ശീർഷകത്തിലുള്ള വേദാധ്യയന പത്രികയുടെ ഏഴു വാല്യങ്ങളിൽ ആദ്യത്തേതും ഉൾപ്പെട്ടിരുന്നു.
സെനെറിയോ ഓഫ് ദ ഫോട്ടോ ഡ്രാമ ഓഫ് ക്രിയേഷൻ എന്ന പുസ്തകത്തിന്റെ റൊമേനിയൻ പതിപ്പും ബ്രാഞ്ച് അച്ചടിച്ചു. അതിന്റെ പരിഭാഷയ്ക്കും മറ്റുമായി രണ്ടു വർഷം വേണ്ടിവന്നു. പേരു സൂചിപ്പിക്കുന്നതുപോലെ അത്, കളർ സ്ലൈഡുകളും ചലച്ചിത്രങ്ങളും ശബ്ദവും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രഭാഷണ പരിപാടിയായ “ഫോട്ടോ നാടക”ത്തെ ആസ്പദമാക്കി നിർമിച്ചതായിരുന്നു. ഭൂമിയുടെ സൃഷ്ടിമുതൽ ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയുടെ അവസാനംവരെയുള്ള സംഭവങ്ങളായിരുന്നു അതിൽ ചിത്രീകരിച്ചിരുന്നത്. “ഫോട്ടോ നാടക”ത്തെപ്പോലെ അത്ര ഹൃദയാവർജകം ആയിരുന്നില്ലെങ്കിലും സെനെറിയോയിൽ ഉപദേശപരവും ചരിത്രപരവും ശാസ്ത്രീയവുമായ കാര്യങ്ങളെക്കുറിച്ചുള്ള ചെറിയ പാഠങ്ങളും 400 ചിത്രങ്ങളും അടങ്ങിയിരുന്നു. ബൈബിൾ അടുത്തു പരിശോധിക്കാൻ അവ അനേകം വായനക്കാരെ പ്രേരിപ്പിച്ചു.
കൂടുതൽ ബൈബിൾ പഠനക്ലാസ്സുകൾ
1922-ൽ യു.എസ്.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിൽ നടന്ന കൺവെൻഷനിൽ ജോസഫ് റഥർഫോർഡ് പിൻവരുന്ന ആഹ്വാനം നൽകി: “രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ!” പ്രോത്സാഹജനകമായ ഈ ഉദ്ബോധനം ലോകമെങ്ങുമുള്ള ദൈവജനത്തിന് ആവേശം പകരുകയും അവരുടെ തീക്ഷ്ണതയ്ക്ക് ആക്കംകൂട്ടുകയും ചെയ്തു. റൊമേനിയയിലെ സഹോദരങ്ങൾ അവിടെയുള്ള പുതിയ
പ്രദേശങ്ങളിൽ സുവാർത്ത എത്തിക്കുകയും നിരവധി പുതിയ ശിഷ്യരെ ഉളവാക്കുകയും ചെയ്തു.അന്നാളുകളിൽ പുതിയവർ ബൈബിൾ പഠിച്ചത് എങ്ങനെയാണ്? ‘ബെരിയൻ ബൈബിൾ സ്റ്റഡീസ്’ എന്നറിയപ്പെട്ടിരുന്ന ക്ലാസ്സുകളാണ് അതിന് അവരെ സഹായിച്ചത്. ചോദ്യങ്ങൾ പ്രത്യേകം നൽകിയിരുന്നു. വിവിധ പ്രസിദ്ധീകരണങ്ങളിൽനിന്ന് എടുത്തിരുന്ന അച്ചടിച്ച പാഠ്യവിവരങ്ങൾ തപാലിൽ വരുത്താൻ കഴിയുമായിരുന്നു. അധ്യയനത്തിന്റെ പട്ടിക വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കൂടുതൽ പുരോഗമിച്ച വിദ്യാർഥികൾ, ദൈവവചനം പഠിപ്പിക്കാൻ തങ്ങളെ യോഗ്യരാക്കിയ ‘ഇന്റർനാഷണൽ സൺഡേ സ്കൂൾ ലെസൺസ്’ എന്ന കോഴ്സിലൂടെയും പ്രയോജനം നേടി.
ബ്രാഞ്ച് പ്രതിനിധികൾ അധ്യയനക്കൂട്ടങ്ങൾ സന്ദർശിച്ച് പ്രസംഗങ്ങൾ നടത്തുകയും ആവശ്യമായ മറ്റ് ആത്മീയ സഹായം നൽകുകയും ചെയ്യുമായിരുന്നു. എന്നാൽ ക്രമമായ അടിസ്ഥാനത്തിൽ ഇടയവേല നിർവഹിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നത് പിൽഗ്രിമുകൾ എന്നറിയപ്പെട്ടിരുന്ന സഞ്ചാര മേൽവിചാരകന്മാർ ആയിരുന്നു. 1921-ൽ ആറു പേരും വെറും രണ്ടു വർഷത്തിനുശേഷം എട്ടുപേരും ആ പദവിയിൽ സേവിച്ചിരുന്നു. തീക്ഷ്ണതയുള്ള ഈ വേലക്കാർ നൂറുകണക്കിനു നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും യോഗങ്ങൾ നടത്തുകയും ആത്മീയമായി ദരിദ്രരായ പതിനായിരങ്ങളോടു സംസാരിക്കുകയും ചെയ്തു.
ഈ പിൽഗ്രിമുകളിൽ ഉൾപ്പെട്ടവരായിരുന്നു ഓനിസിം ഫിലിപ്പോയൂവും മുമ്പു പരാമർശിച്ച ഇമാനോയിൽ കിന്റ്സയും. ഒരിക്കൽ അനേകം അഡ്വെന്റിസ്റ്റുകളും ബാപ്റ്റിസ്റ്റുകാരും ഉൾപ്പെട്ട ഒരു ജനക്കൂട്ടം വടക്കുള്ള ബൂക്കോവിനയിൽ ഇമാനോയിൽ സഹോദരൻ നടത്തിയ പ്രസംഗം കേൾക്കുകയും അവരിൽ ചിലർ സത്യത്തോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. തുടർന്ന് രണ്ടു സഹോദരന്മാർക്കും ബൂക്കറെസ്റ്റിൽ നിയമനം ലഭിച്ചു. ദൈവവചനത്തിന്റെ സൂക്ഷ്മ പരിജ്ഞാനം പ്രാപിക്കാൻ അവിടെയും അവർ അനേകരെ സഹായിച്ചു. കൃതജ്ഞതാപൂർവം ഒരു വ്യക്തി ഇങ്ങനെ എഴുതി: “ഇമാനോയിൽ, ഓനിസിം എന്നീ സഹോദരന്മാരെ ഇവിടേക്ക് അയച്ചതിന് ഞാൻ ദൈവത്തോടു നന്ദി പറയുന്നു. എനിക്കു ബോധ്യംവരുമാറ് കാര്യങ്ങൾ വിശദീകരിച്ചുതരാൻ അവർക്കു വളരെ പ്രയാസപ്പെടേണ്ടിവന്നു. കർത്താവ് ഈ നഗരത്തിൽ വലിയ ഒരു വേല ചെയ്യും, എന്നാൽ അതിനായി നാം ക്ഷമയോടെ കാത്തിരിക്കണം.”
1920-ലാണ് റൊമേനിയയിൽ ആദ്യമായി സമ്മേളനം നടന്നത്—ഒന്ന് സലാഷ് പ്രവിശ്യയിലെ ബ്രെബിയിലും മറ്റൊന്ന് ക്ലൂഷ് പ്രവിശ്യയിലെ ഓക്നാ ഡെഷൂലൂവിലും. രണ്ടു സ്ഥലത്തും ട്രെയിനിൽ
എത്തിച്ചേരാൻ കഴിയുമായിരുന്നു. സന്നിഹിതരായവർക്ക് പ്രാദേശിക സഹോദരങ്ങളും താത്പര്യക്കാരും താമസസൗകര്യം പ്രദാനം ചെയ്തു. റൊമേനിയയുടെ എല്ലാ ഭാഗങ്ങളിൽനിന്നുമായി ഏകദേശം 500 പ്രതിനിധികൾ സംബന്ധിച്ചു. അവരുടെ നല്ല പെരുമാറ്റം ഒരു വലിയ സാക്ഷ്യമായി ഉതകി.എന്നാൽ എതിർപ്പുകളിന്മധ്യേയാണ് രാജ്യഘോഷകരുടെ എണ്ണം ത്വരിതഗതിയിൽ വർധിച്ചത്. യഥാർഥത്തിൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ ആരംഭംമുതൽത്തന്നെ മത-രാഷ്ട്രീയ ഘടകങ്ങളിൽനിന്നു സഹോദരങ്ങൾക്ക് പീഡനം നേരിട്ടിരുന്നു.
ശത്രുക്കൾ യുദ്ധജ്വരത്തെ മുതലെടുക്കുന്നു
ദേശീയത്വത്തിന്റെ ആവേശവും മതനേതാക്കളുടെ പ്രേരണയും ഉൾക്കൊണ്ട രാഷ്ട്രീയാധികാരികൾ, പതാക വന്ദിക്കാനും രാജ്യത്തിനുവേണ്ടി കൊലചെയ്യാനും വിസമ്മതിച്ചവരോടു കടുത്ത വിദ്വേഷം പ്രകടമാക്കി. അങ്ങനെ, ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അനേകം സഹോദരന്മാരെ അറസ്റ്റുചെയ്ത് ശിക്ഷയ്ക്കു വിധിച്ചു. ചിലർ വധിക്കപ്പെടുകപോലും ചെയ്തു. ക്ലൂഷ്-നാപോക്കയുടെ തെക്കുള്ള പെട്രെഷ്റ്റി ഡെ മിഷ്ലോക് എന്ന ഗ്രാമത്തിൽ പാർത്തിരുന്ന ആയിടെ വിവാഹിതനായ യ്വാൺ റൂസ് അതിലൊരാളായിരുന്നു.
യ്വാണിന്റെ സഹോദരീപൗത്രനായ ഡാനിയെൽ വിവരിക്കുന്നു: “1914-ൽ യ്വാൺ റൂസ് നിർബന്ധിത സൈനിക സേവനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ യുദ്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനാൽ അദ്ദേഹത്തെ ബൂക്കറെസ്റ്റിലേക്കു കൊണ്ടുപോകുകയും വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. വധിക്കുന്നതിനുമുമ്പ് അദ്ദേഹത്തെക്കൊണ്ട് സ്വന്തം ശവക്കുഴി കുഴിപ്പിക്കുകയും തുടർന്ന് അതിനടുത്ത് ഫയറിങ് സ്ക്വാഡിന് അഭിമുഖമായി നിറുത്തുകയും ചെയ്തു. അവസാനമായി എന്തെങ്കിലും പറയാനുണ്ടോയെന്ന് മേലുദ്യോഗസ്ഥൻ യ്വാണിനോടു ചോദിച്ചു. അപ്പോൾ അദ്ദേഹം ഉച്ചത്തിൽ പ്രാർഥിക്കുകയാണു ചെയ്തത്. യ്വാണിന്റെ പ്രാർഥന കേട്ട സൈനികർ തരിച്ചുനിന്നു. അദ്ദേഹത്തെ വധിക്കാൻ അവർക്കു മനസ്സുവന്നില്ല. മേലുദ്യോഗസ്ഥൻ അവരിൽ ഒരാളെ മാറ്റിനിറുത്തി, തടവുകാരനെ വെടിവെച്ചാൽ മൂന്നു മാസത്തേക്കു ശമ്പളത്തോടുകൂടിയ അവധി നൽകാമെന്നു വാഗ്ദാനം ചെയ്തു. അയാൾ അതിനു സമ്മതിച്ചു.”
1916-ൽ യോഷെഫ് സഹോദരനെയും കാരോളി സഹോദരനെയും അറസ്റ്റു ചെയ്യുകയും അഞ്ചു വർഷത്തെ തടവിനു വിധിക്കുകയും ചെയ്തു. “അപകടകാരികൾ” എന്നു മുദ്രകുത്തി അവരെ 18 മാസം ആയൂഡിലെ കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഒരു ജയിലിൽ പ്രത്യേകം മാറ്റിപ്പാർപ്പിച്ചു. ഏതു വിധത്തിലായിരുന്നു യോഷെഫും കാരോളിയും “അപകടകാരികൾ” ആയിരുന്നത്? “ഔദ്യോഗികമായി
അംഗീകരിക്കപ്പെട്ടിട്ടുള്ള ഉപദേശങ്ങളിൽനിന്നു വ്യത്യസ്തമായ ഉപദേശങ്ങൾ അവർ പ്രസംഗിച്ചു” എന്ന് ജഡ്ജി പ്രസ്താവിച്ചു. ലളിതമായി പറഞ്ഞാൽ, മറ്റുള്ളവരെ കൊല്ലാൻ വിസമ്മതിച്ചതുകൊണ്ടുമാത്രമല്ല, പരമ്പരാഗതമായ ദൈവശാസ്ത്രത്തിനു വിരുദ്ധമായ ബൈബിൾ സത്യങ്ങൾ പഠിപ്പിച്ചതുകൊണ്ടുമാണ് അവരെ തുറങ്കിലടച്ചത്.സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇരുവരും ജയിലിൽനിന്നു സഭകൾക്കും കൂട്ടങ്ങൾക്കും കത്തുകളെഴുതി. ഒരു കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “നാം നന്ദിയും സ്തുതിയും ബഹുമാനവും കൊടുക്കാൻ കടപ്പെട്ടിരിക്കുന്ന നമ്മുടെ കരുണാമയനാം സ്വർഗീയ പിതാവ് വീക്ഷാഗോപുരത്തിൽനിന്നുള്ള വെളിച്ചം പ്രകാശിക്കാൻ ഇടയാക്കിയിരിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. സഹോദരങ്ങൾ വീക്ഷാഗോപുരത്തെ വിലമതിക്കുന്നുണ്ടെന്നും കൊടുങ്കാറ്റിൽ പാളിക്കത്തുന്ന ഒരു മെഴുകുതിരിയെന്നപോലെ അതിനെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നു.” 1919-ൽ രണ്ടുപേരും സ്വതന്ത്രരായി. അതു കൃത്യസമയത്തുതന്നെ ആയിരുന്നു. കാരണം തൊട്ടടുത്ത വർഷം ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കുന്നതിൽ സഹായിക്കാൻ അതുവഴി അവർക്കു കഴിഞ്ഞു.
വൈദികരുടെ എതിർപ്പ് ശക്തമാകുന്നു
1918-ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോഴും പുരോഹിതന്മാർ ദൈവജനത്തെ എതിർക്കുന്നതിൽ തുടർന്നു. ആത്മാവിന്റെ അമർത്യതയും മറിയാരാധനയും സംബന്ധിച്ച ബൈബിൾ വിദ്യാർഥികളുടെ വീക്ഷണത്തെ ഒരു പുരോഹിതൻ പരസ്യമായി വിമർശിച്ചു. “ഭൂമിയിലെ മെച്ചപ്പെട്ട ഒരു ജീവിതത്തിനായുള്ള വാഞ്ഛ [ബൈബിൾ വിദ്യാർഥികളുടെ] സമനില തെറ്റിച്ചിരിക്കുന്നു. നമ്മളെല്ലാവരും സഹോദരീസഹോദരന്മാർ ആണെന്നും എല്ലാ ജനതകളിലെയും ആളുകൾ തുല്യരാണെന്നും ആണ് അവരുടെ അഭിപ്രായം” എന്ന് അദ്ദേഹം എഴുതി. “സത്യസ്നേഹികളും ദൈവഭക്തരും സമാധാനപ്രിയരും താഴ്മയുള്ളവരും ആയി നടിക്കുന്നതിനാൽ” അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പ്രയാസമാണെന്ന് തുടർന്ന് അദ്ദേഹം പരാതിപ്പെട്ടു.
ബൈബിൾ വിദ്യാർഥികളുടെ വേല നിരോധിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് 1921-ൽ ബൂക്കോവിനയിലെ പുരോഹിതന്മാർ മിനിസ്ട്രീസ് ഓഫ് ഇന്റേർണൽ അഫെയർസ് ആൻഡ് ജസ്റ്റിസിലേക്കു കത്തയച്ചു. യഥാർഥത്തിൽ, സത്യം എത്തിച്ചേർന്ന എല്ലാ സ്ഥലങ്ങളിലുംതന്നെ കുപിതരായ വൈദികർ രോഷം ആളിക്കത്തുന്ന മനസ്സുമായി ദൈവജനത്തിനെതിരെ രംഗത്തുവന്നു. സഹോദരങ്ങളെ ആക്രമിക്കാൻ വ്യക്തികളെയും ജനക്കൂട്ടങ്ങളെയും പ്രേരിപ്പിച്ചുകൊണ്ട് ഓർത്തഡോക്സ്, കത്തോലിക്കാ സഭകളും മറ്റു സഭകളും വിദ്വേഷ
പ്രചാരണങ്ങൾ സംഘടിപ്പിച്ചു. ഹെഡ്ക്വാർട്ടേഴ്സിനുള്ള ഒരു കത്തിൽ ബ്രാഞ്ച് ഓഫീസ് ഇങ്ങനെ എഴുതി: “ഈ രാജ്യത്തെ പുരോഹിതന്മാർ ഒട്ടനവധി ഗവൺമെന്റ് പദവികൾ വഹിക്കുന്നവരാണ്. നമ്മുടെ വേല ഒരു പരിധിവരെ അവരുടെ സന്മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. അവർ നിയമാനുസൃതം പ്രവർത്തിച്ചിരുന്നെങ്കിൽ എല്ലാം ഭംഗിയായി നടക്കുമായിരുന്നു, എന്നാൽ അവർ അധികാരം ദുർവിനിയോഗം ചെയ്യുകയാണ്.”പുരോഹിതന്മാരുടെ എണ്ണമറ്റ പരാതികൾക്കു പ്രതികരണമായി, യഹോവയുടെ ജനത്തിന്റെ പ്രസംഗപ്രവർത്തനവും യോഗങ്ങളും “പോലീസിനെ ഉപയോഗിച്ചു” തടസ്സപ്പെടുത്താൻ മിനിസ്ട്രി ഓഫ് റിലിജൻസ് അനുമതി നൽകി. അങ്ങനെ, സമാധാനത്തിനു തുരങ്കം വെക്കുന്നുവെന്ന വ്യാജമായ കുറ്റം ആരോപിച്ച് സഹോദരങ്ങളെ അറസ്റ്റു ചെയ്തുകൊണ്ട് പോലീസ് സഭകളുടെ ഒരു ആയുധമായി പ്രവർത്തിച്ചു. എന്നിരുന്നാലും, വ്യക്തമായ നിയമം ഇല്ലായിരുന്നതിനാൽ ശിക്ഷാവിധികൾ വ്യത്യസ്തങ്ങളായിരുന്നു. സഹോദരങ്ങളുടെ നല്ല പെരുമാറ്റവും ഒരു പ്രശ്നമായിരുന്നു. “മിക്കപ്പോഴും ഏറ്റവും സമാധാനപ്രിയരായ മനുഷ്യർ ആയിരിക്കുന്നതിനാൽ . . . ബൈബിൾ വിദ്യാർഥികളെ കുറ്റംവിധിക്കാനാകുന്നില്ല,” ഒരു ജഡ്ജി പറഞ്ഞു.
എന്നിരുന്നാലും പീഡനം ശക്തിപ്പെട്ടു. 1926-ന്റെ ഒടുവിൽ വീക്ഷാഗോപുരം നിരോധിക്കപ്പെട്ടു. എന്നാൽ ആത്മീയ ആഹാരത്തിന്റെ ഒഴുക്കു തടയാൻ അതിനായില്ല. സഹോദരങ്ങൾ ആ മാസിക മറ്റു പേരുകളിൽ അച്ചടിച്ചു! 1927 ജനുവരി 1 ലക്കം മുതൽ കൊയ്ത്ത് എന്ന പേരിലും പിന്നീട് ബൈബിളിന്റെ വെളിച്ചം എന്ന പേരിലും ഒടുവിൽ പുലരി
എന്ന പേരിലും ആണ് റൊമേനിയനിൽ വീക്ഷാഗോപുരം പ്രസിദ്ധീകരിച്ചത്. അതേസമയം ഹംഗേറിയനിൽ അതിന്റെ പേര്, ക്രിസ്തീയ തീർഥാടകൻ എന്നും പിന്നീട് സുവിശേഷം എന്നും ഒടുവിൽ ക്രിസ്തുവിന്റെ രക്തത്തിൽ വിശ്വസിക്കുന്നവരുടെ മാസിക എന്നും ആയിരുന്നു.സങ്കടകരമെന്നു പറയട്ടെ, ഏതാണ്ട് ഈ സമയമായപ്പോഴേക്കും യാക്കോബ് ബി. ഷിമാ അവിശ്വസ്തൻ ആയിത്തീർന്നു. യഥാർഥത്തിൽ, അദ്ദേഹത്തിന്റെ പ്രവൃത്തികളുടെ ഫലമായി 1928-ൽ ബ്രാഞ്ചിന് അതിന്റെ സകല ആസ്തികളും നഷ്ടപ്പെട്ടു! സഹോദരങ്ങൾ “ചിതറിപ്പോകുകയും അവരുടെ വിശ്വാസത്തിനു കാര്യമായ ഇളക്കം തട്ടുകയും ചെയ്തു” എന്ന് വാർഷികപുസ്തകം 1930 (ഇംഗ്ലീഷ്) റിപ്പോർട്ടു ചെയ്യുന്നു. ഉത്കണ്ഠാജനകമായ ഇത്തരം സംഭവങ്ങളെത്തുടർന്ന് 1929 മുതൽ വേലയുടെ മേൽനോട്ടം ജർമനി ബ്രാഞ്ചും പിന്നീട് സ്വിറ്റ്സർലൻഡിലെ ബെർണിലുള്ള മധ്യ യൂറോപ്യൻ ഓഫീസും ഏറ്റെടുത്തു. സഹോദരങ്ങൾ ബൂക്കറെസ്റ്റിൽ സ്ഥാപിച്ച ഒരു ഓഫീസ് മുഖാന്തരമായിരുന്നു ഈ രണ്ടു ബ്രാഞ്ചുകളും പ്രവർത്തിച്ചിരുന്നത്.
‘എന്റെ പുസ്തകം കത്തിക്കരുതേ!’
ഇത്തരം കൂടുതലായ പരിശോധനകളിന്മധ്യേയും, വിശ്വസ്തരായവർ സാക്ഷ്യവേല പുനഃസംഘടിപ്പിക്കുകയും തുടരുകയും പുതിയ പ്രദേശങ്ങളിലേക്കു കടന്നുചെല്ലുകപോലും ചെയ്തു. 1933 ആഗസ്റ്റ് 24-ന് റൊമേനിയയിലെ ഓഫീസ് ഇങ്ങനെ എഴുതി: “ആളുകൾ സത്യത്തിനായി ദാഹിക്കുകയാണ്. സഹോദരീസഹോദരന്മാർ സാക്ഷ്യവേലയിൽ ഏർപ്പെട്ടിരിക്കുമ്പോൾ, സത്യം പിന്നെയും കേൾക്കാൻ അവസരം ലഭിക്കേണ്ടതിന് ഗ്രാമവാസികൾ കൂട്ടമായി വീടുതോറും അവരെ അനുഗമിക്കുന്നുവെന്ന് അവർ ഞങ്ങൾക്ക് എഴുതുന്നു.”
ദരിദ്രയായ ഒരു സ്ത്രീ ഒരിക്കൽ, നാം വയലിൽ സമർപ്പിച്ചുകൊണ്ടിരുന്ന ഒരു പുസ്തകം ആവശ്യപ്പെടുകയും രാജ്യവേലയ്ക്കായി ഒരു ചെറിയ സംഭാവന നൽകുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞ ഉടനെ ആ ഗ്രാമത്തിലെ പുരോഹിതൻ അവരുടെ വീട്ടിൽ പാഞ്ഞെത്തി. “ആ പുസ്തകം ഇങ്ങു തരൂ,” അദ്ദേഹം ആജ്ഞാപിച്ചു. “അതു കത്തിച്ചുകളഞ്ഞിട്ടുതന്നെ ബാക്കി കാര്യം!”
“അച്ചോ, ഇതു കത്തിക്കരുതേ . . . ഇതു ഞങ്ങൾക്ക് ഒരു ആശ്വാസമാണ്. കഷ്ടങ്ങളിൽ സഹിച്ചുനിൽക്കാൻ ഇതു ഞങ്ങളെ സഹായിക്കും!” ആ സ്ത്രീ കേണുപറഞ്ഞു. തന്റെ പുസ്തകം വിട്ടുകൊടുക്കാൻ അവർക്കു മനസ്സുവന്നില്ല.
നമ്മുടെ പ്രസിദ്ധീകരണങ്ങൾ വളരെയേറെ വിലമതിച്ച ഒരു പ്രഭ്വിയുടെ വേലക്കാർ യഹോവയുടെ സാക്ഷികൾ ആയിരുന്നു. ഒരു ദിവസം വേലക്കാരോട് അവർ ഇങ്ങനെ പറഞ്ഞു: “ഇനിമേൽ നിങ്ങൾ
എന്റെ വേലക്കാർ അല്ല, സഹോദരന്മാർ ആണ്!” മറ്റൊരു ഗ്രാമത്തിൽ, താൻ ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുകയാണെന്ന് ഒരു സഹോദരൻ ജിജ്ഞാസുക്കളായ ഒരു കൂട്ടം കുട്ടികളോടു പറഞ്ഞു. അതോടെ, അതുവഴി കടന്നുപോകുന്നവരെയെല്ലാം സാഹിത്യം വാങ്ങിക്കൊണ്ടുപോകാൻ ആ കുട്ടികൾ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. “ദൈവത്തെക്കുറിച്ചുള്ള പുസ്തകങ്ങളാണ് ഇവ,” അവർ വിളിച്ചുപറഞ്ഞു. കുട്ടികൾ സ്വമനസ്സാലേ പ്രകടമാക്കിയ ഉത്സാഹപൂർവകമായ ഈ സഹകരണ മനഃസ്ഥിതി കണ്ട് സഹോദരൻ നിശ്ശബ്ദനായിപ്പോയി. പെട്ടെന്നുതന്നെ എല്ലാ പ്രസിദ്ധീകരണങ്ങളും സമർപ്പിച്ചുതീരുകയും ചെയ്തു!വേലയെ പിന്തുണയ്ക്കാൻ നികൂ പാലൂയെസ് എന്ന മൃദുഭാഷിയായ ഒരു പയനിയർ ഗ്രീസിൽനിന്നു റൊമേനിയയിലെത്തി. ബൂക്കറെസ്റ്റിൽ സേവിച്ചശേഷം അദ്ദേഹം ഡാന്യൂബിലെ ഒരു പ്രമുഖ തുറമുഖമായ ഗാലാറ്റ്സിയിലേക്കു പോയി. 1933-ന്റെ ഒടുവിൽ അദ്ദേഹം ഇങ്ങനെ എഴുതി: “രണ്ടരമാസത്തോളം ഞാൻ റൊമേനിയക്കാർക്കിടയിൽ പ്രവർത്തിച്ചു. അവരുടെ ഭാഷ വശമില്ലാതിരുന്നിട്ടും യഹോവയാം ദൈവം എന്നെ വളരെ അനുഗ്രഹിച്ചു. പിന്നീട്, ഗ്രീക്കുകാരുടെയും അർമേനിയക്കാരുടെയും ഇടയിൽ പ്രവർത്തിച്ച ഞാൻ യഹോവയുടെ സഹായത്താൽ 20 പട്ടണങ്ങൾ സന്ദർശിച്ചു. സന്ദേശം വിശേഷാൽ ഗ്രീക്കുകാർക്കു സന്തോഷം പകർന്നു.”
അതേ, പുരോഹിതന്മാരുടെ വിദ്വേഷ പ്രചാരണങ്ങളിന്മധ്യേയും ആത്മാർഥഹൃദയരായ അനേകർ സുവാർത്തയ്ക്കു കാതോർത്തു. അക്കൂട്ടത്തിൽ ഒരു പട്ടണ മേയറും ഉണ്ടായിരുന്നു. ലഘുപത്രികകൾ പലതും ആവേശത്തോടെ വായിച്ചുതീർത്ത അദ്ദേഹം, താൻ പുതിയ ലോകത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പിന്നീടു പറയുകയുണ്ടായി. മറ്റൊരു പട്ടണത്തിൽ, ഒരു വ്യക്തി നമ്മുടെ കുറെയേറെ പ്രസിദ്ധീകരണങ്ങൾ ആവശ്യപ്പെട്ടു. വായിക്കാൻ താത്പര്യം ഉള്ളവർക്കെല്ലാം അവ വിതരണം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം.
വേല പുനഃസംഘടിപ്പിക്കപ്പെടുന്നു
യാക്കോബ് അവിശ്വസ്തനായിത്തീർന്ന് രണ്ടുവർഷത്തിനുശേഷം 1930-ൽ, വേലയ്ക്കു മേൽനോട്ടം വഹിക്കാൻ മാർട്ടിൻ മജറോഷിയെ നിയമിച്ചു. ട്രാൻസിൽവേനിയയിലെ ബിസ്ട്രിറ്റ്സായിൽനിന്നുള്ള ഹംഗേറിയൻ വംശജനായ ഒരു റൊമേനിയക്കാരൻ ആയിരുന്നു അദ്ദേഹം. ജർമനിയിലെ ബ്രാഞ്ചിൽനിന്ന് ആറ് ആഴ്ചത്തെ പരിശീലനം നേടിയശേഷം മാർട്ടിൻ സഹോദരൻ ബൂക്കറെസ്റ്റിൽ ഒരു ഓഫീസ് സ്ഥാപിച്ചു. ഓസ്ട്രിയയിലും ജർമനിയിലും താത്കാലികമായി പ്രസിദ്ധീകരിച്ചിരുന്ന റൊമേനിയൻ ഭാഷയിലുള്ള വീക്ഷാഗോപുരം പെട്ടെന്നുതന്നെ റൊമേനിയയിൽ വീണ്ടും അച്ചടിക്കാൻ തുടങ്ങി. ഇപ്രാവശ്യം ആ വേല ഏറ്റെടുത്തത് ബൂക്കറെസ്റ്റിലെ ദ ഗോൾഡൻ ബുക്ക് എന്നറിയപ്പെട്ട ഒരു പ്രസിദ്ധീകരണസ്ഥാപനമാണ്.
വളരെയേറെ പരിശ്രമിച്ചശേഷം 1933-ൽ, ദ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ജെഹോവാസ് വിറ്റ്നസസ് എന്ന പേരിൽ ഒരു പുതിയ നിയമ കോർപ്പറേഷൻ സ്ഥാപിക്കാൻ സഹോദരങ്ങൾക്കു കഴിഞ്ഞു. 33 ക്രിഷാനാ സ്ട്രീറ്റ്, ബൂക്കറെസ്റ്റ് എന്നായിരുന്നു അതിന്റെ മേൽവിലാസം. എന്നാൽ മതപരവും രാഷ്ട്രീയവുമായ ശത്രുത നിമിത്തം വാണിജ്യസംബന്ധമായ ഒരു രജിസ്ട്രേഷൻ സമ്പാദിക്കാനേ സഹോദരങ്ങൾക്കു കഴിഞ്ഞുള്ളൂ.
എങ്കിൽപ്പോലും, സഹോദരങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും പ്രസംഗവേല ഉന്നമിപ്പിക്കാനും ഈ ശ്രമങ്ങൾ സഹായകമായി. അനേകം പ്രസാധകർ പയനിയറിങ് ആരംഭിക്കുകയും മറ്റു ചിലർ വയലിൽ കൂടുതൽ പ്രവർത്തിക്കുകയും ചെയ്തു. ഗ്രാമവാസികൾക്കു കൂടുതൽ ഒഴിവുസമയം ഉള്ള ശീതകാലത്താണ് അവർ പ്രത്യേകിച്ചും അങ്ങനെ ചെയ്തത്. വിദേശത്തുനിന്ന് പബ്ലിക് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തിരുന്ന ബൈബിളധിഷ്ഠിത പ്രഭാഷണങ്ങളും സഹോദരങ്ങൾ ശ്രദ്ധിച്ചു. അയൽക്കാരെയോ പുരോഹിതന്മാരെയോ പേടിച്ച് യോഗങ്ങൾക്കു പോകാതിരുന്നവർക്ക് ഈ പ്രഭാഷണങ്ങൾ വിശേഷാൽ സഹായകമായിരുന്നു. പരിപാടിയുടെ സമയവും വിഷയവും റേഡിയോ ഫ്രീക്വൻസിയും അറിയിച്ചിരുന്നത് വീക്ഷാഗോപുരത്തിലൂടെ ആയിരുന്നു.
യഹോവയുടെ സംഘടന നിർമിച്ച, കൊണ്ടുനടക്കാവുന്ന തരത്തിലുള്ള ചെറിയ ഗ്രാമഫോൺ ആയിരുന്നു സുവാർത്തയുടെ ഉന്നമനത്തിനു സഹായിച്ച മറ്റൊരു കരുതൽ. 1930-കളിൽ ഇവയും റെക്കോർഡ് ചെയ്ത ബൈബിൾ പ്രസംഗങ്ങളും ഓർഡർ അയച്ചു വരുത്താൻ സഭകൾക്കും വ്യക്തികൾക്കും കഴിയുമായിരുന്നു. “സഹോദരങ്ങൾക്കു പുറമേ, ഗ്രാമഫോൺ ഉള്ള, സത്യത്തെ സ്നേഹിച്ച കുടുംബങ്ങൾക്കും” പ്രോത്സാഹനം പകരാൻ ആ പ്രസംഗങ്ങൾ ഉപകരിച്ചുവെന്ന് ബുള്ളറ്റിനിലെ (ഇപ്പോൾ നമ്മുടെ രാജ്യ ശുശ്രൂഷ) ഒരു അറിയിപ്പു പ്രസ്താവിക്കുകയുണ്ടായി.
കൂടുതലായ ആഭ്യന്തര പരിശോധന
1920-കളിലും 1930-കളിലും ദൈവവചനം സംബന്ധിച്ചും ഓരോ ക്രിസ്ത്യാനിയും സത്യത്തിനു സാക്ഷ്യംവഹിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ചും ഉള്ള ഗ്രാഹ്യം ആഴമുള്ളതായിത്തീർന്നു. 1931-ൽ ഉജ്ജ്വലമായ ഒരു ഒളിമിന്നലുണ്ടായി. ബൈബിൾ വിദ്യാർഥികൾ യഹോവയുടെ സാക്ഷികൾ എന്ന പേരു സ്വീകരിച്ചത് അന്നാണ്. അത് വെറും ഒരു ലേബൽ അല്ല. ബൈബിളധിഷ്ഠിതമായ ആ പേരു വഹിക്കുന്ന ഒരു വ്യക്തി യഹോവയുടെ ദൈവത്വം ഉയർത്തിപ്പിടിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് അതു സൂചിപ്പിക്കുന്നത്. (യെശ. 43:10-12) പ്രസംഗവേലയെ എതിർത്തിരുന്ന ബൈബിൾ വിദ്യാർഥികൾക്ക് ഇത് ഒരു ഇടർച്ചയായി. അവർ സംഘടന വിട്ടുപോയി. ചിലർ വിശ്വാസത്യാഗികൾ ആയിത്തീരുകപോലും ചെയ്തു, അവർ സഹസ്രാബ്ദക്കാർ എന്ന പേരു സ്വീകരിച്ചു. വിശ്വസ്തർ ഈ പരിശോധനയെ അചഞ്ചലമായി നേരിടുമായിരുന്നോ? പുരോഹിതന്മാരുടെയും വിശ്വാസത്യാഗികളുടെയും എതിർപ്പിന്മധ്യേയും, പ്രസംഗിക്കാനുള്ള നിയോഗം നിറവേറ്റുന്നതിൽ അവർ തുടരുമായിരുന്നോ?
ചിലർ സമ്മർദങ്ങൾക്കു വഴിപ്പെട്ടെങ്കിലും അനേകരും വിശ്വസ്തതയോടെയും തീക്ഷ്ണതയോടെയും യഹോവയെ സേവിക്കുന്നതിൽ തുടർന്നു. 1931-ലെ ഒരു റിപ്പോർട്ട് ഭാഗികമായി ഇങ്ങനെ പറഞ്ഞു:
“റൊമേനിയയിൽ ഇപ്പോൾ ഏകദേശം 2,000 സഹോദരീസഹോദരന്മാർ ഉണ്ട്. ഒട്ടേറെ ക്ലേശങ്ങൾ സഹിച്ചുകൊണ്ട് അവർ ഈ വർഷം 5,549 പുസ്തകങ്ങളും 39,811 ചെറുപുസ്തകങ്ങളും വിതരണം ചെയ്തു.” പിറ്റേ വർഷം മൊത്തം 55,632 പുസ്തകങ്ങളും ചെറുപുസ്തകങ്ങളും സമർപ്പിച്ചുകൊണ്ട് സഹോദരങ്ങൾ കൂടുതൽ മെച്ചമായി പ്രവർത്തിച്ചു.ഇനിയും, ചിലപ്പോഴൊക്കെ പീഡനം പ്രതീക്ഷിച്ചതിനു നേരെ വിപരീതമായ ഫലങ്ങൾ ഉളവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ‘മഹാബാബിലോണിൽ’ നിന്നുള്ള വിച്ഛേദനം പരസ്യമായി അറിയിക്കണമെന്ന് ഒരു പ്രദേശത്തെ എല്ലാ സാക്ഷികളും ഒരു കൂട്ടമെന്ന നിലയിൽ തീരുമാനമെടുത്തു. (വെളി. 18:2, 4) മുൻ സഭയിൽനിന്നു വിട്ടുപോരുന്നതിന് ആവശ്യമായ രേഖകൾ തയ്യാറാക്കാൻ ധൈര്യശാലികളായ ഈ സഹോദരീസഹോദരന്മാർ തുടർച്ചയായി അഞ്ചു ദിവസം അവിടത്തെ ടൗൺഹാളിൽ കയറിയിറങ്ങി.
ഇത് സാമുദായിക നേതാക്കന്മാരെ ഞെട്ടിച്ചുകളഞ്ഞു. സ്ഥലത്തെ പുരോഹിതൻ വിഭ്രാന്തി പൂണ്ട് സഹായത്തിനായി പോലീസ് സ്റ്റേഷനിലേക്ക് ഓടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അദ്ദേഹം നേരെ ടൗൺഹാളിലേക്കു ചെന്നു. രേഖകൾ സാക്ഷ്യപ്പെടുത്താൻ അധികാരമുള്ള അവിടത്തെ ഉദ്യോഗസ്ഥനെ, സാക്ഷികളെ സഹായിച്ചതിന്റെ പേരിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണെന്ന് പുരോഹിതൻ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥന് അതു തീരെ രസിച്ചില്ല. സഭയുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ എല്ലാ വിശ്വാസികളും തന്നെ സമീപിച്ചാൽപ്പോലും അവരെയെല്ലാം താൻ സഹായിക്കുമെന്ന് അദ്ദേഹം തുറന്നടിച്ചു. വഴിമുട്ടിയ പുരോഹിതൻ പിൻവാങ്ങി, സഹോദരങ്ങൾ രേഖാസംബന്ധമായ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു.
“എന്നെ വെടിവെക്കാനാണോ താങ്കളുടെ ഉദ്ദേശ്യം?”
പുരോഹിതന്മാർ പള്ളിപ്രഭാഷണങ്ങളിൽ യഹോവയുടെ സാക്ഷികൾക്കെതിരെ വിമർശനത്തിന്റെ കൂരമ്പുകൾ എയ്തുവിട്ടു. സാക്ഷികളുടെ വേല നിരോധിക്കാൻ അവർ ഗവൺമെന്റിനെ തുടർച്ചയായി നിർബന്ധിക്കുകയും ചെയ്തു. വൈദികവൃന്ദത്തിന്റെ രാഷ്ട്രീയ ഉപകരണമായ മിനിസ്ട്രി ഓഫ് റിലിജൻസ് പോലീസിനെ ഉപയോഗിച്ചുകൊണ്ട് സഹോദരങ്ങളെ തുടർന്നും ദ്രോഹിച്ചു. ഒരിക്കൽ ഒരു പോലീസ് മേധാവിയും സഹ ഉദ്യോഗസ്ഥനും ക്രിസ്തീയ യോഗങ്ങൾ നടന്നുകൊണ്ടിരുന്ന ഒരു ഭവനത്തിലേക്ക് അനധികൃതമായി കടന്നുചെന്നു.
“മതചടങ്ങുകൾ നടത്തുന്നതിനുള്ള നിങ്ങളുടെ അനുമതിപത്രം എനിക്കൊന്നു കാണണം,” പോലീസ് മേധാവി വീട്ടുകാരനോട്—നമുക്ക് ഈ സഹോദരനെ ജോർജ് എന്നു വിളിക്കാം—ആവശ്യപ്പെട്ടു.
വാറണ്ട് ഇല്ലാതെയായിരിക്കണം പോലീസ് വന്നിട്ടുള്ളതെന്നു മനസ്സിലാക്കിയ ജോർജ് ഇങ്ങനെ ചോദിച്ചു: “എന്ത് അധികാരത്തിലാണ് താങ്കൾ എന്റെ വീട്ടിൽ പ്രവേശിച്ചത്?”
ഉത്തരം മുട്ടിപ്പോയ അദ്ദേഹത്തോടു തിരിച്ചുപോകാൻ ജോർജ് ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെ വാതിൽക്കലേക്കു നീങ്ങിയ അദ്ദേഹം പുറത്തേക്കിറങ്ങവേ സഹ ഉദ്യോഗസ്ഥന് ഒരു ആജ്ഞ നൽകി. ജോർജ് പുറത്തു കടക്കാൻ ശ്രമിക്കുന്നപക്ഷം അദ്ദേഹത്തെ അറസ്റ്റു ചെയ്യേണ്ടതിന് മുൻവശത്തുള്ള ഗെയ്റ്റിൽ കാവൽ നിൽക്കണമെന്നതായിരുന്നു അത്. പിന്നീട് ജോർജ് പുറത്തിറങ്ങിയപ്പോൾ “നിയമത്തിന്റെ പേരിൽ” ഉദ്യോഗസ്ഥൻ അദ്ദേഹത്തെ അറസ്റ്റു ചെയ്തു.
“എന്തു നിയമം?” ജോർജ് ചോദിച്ചു.
“നിങ്ങളെ അറസ്റ്റു ചെയ്യാനുള്ള വാറണ്ട് എന്റെ കൈവശമുണ്ട്,” അദ്ദേഹം അവകാശപ്പെട്ടു.
ഒരു മുൻ പോലീസ് ഓഫീസർ ആയിരുന്ന ജോർജിന് നിയമം അറിയാമായിരുന്നു. അതുകൊണ്ട് വാറണ്ട് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോർജ് സംശയിച്ചതുപോലെതന്നെ ഉദ്യോഗസ്ഥന്റെ കൈവശം വാറണ്ട് ഇല്ലായിരുന്നു. നിയമപരമായി അറസ്റ്റു ചെയ്യാൻ സാധിക്കാതെവന്നപ്പോൾ ജോർജിനെ പേടിപ്പിക്കാനായി അദ്ദേഹം തോക്കിൽ തിര നിറച്ചു.
“എന്നെ വെടിവെക്കാനാണോ താങ്കളുടെ ഉദ്ദേശ്യം?” ജോർജ് ചോദിച്ചു.
“ഞാൻ അത്രയ്ക്കു വിഡ്ഢിയല്ല,” ഉദ്യോഗസ്ഥൻ പ്രതിവചിച്ചു.
“എങ്കിൽപ്പിന്നെ എന്തിനാണ് തോക്കിൽ തിര നിറച്ചത്?” ജോർജ് ആരാഞ്ഞു.
ഇളിഭ്യനായ ഓഫീസർ അതോടെ സ്ഥലംവിട്ടു. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ, സ്വകാര്യ സ്ഥലത്ത് അതിക്രമിച്ചുകടന്നതിന് പോലീസ് മേധാവിക്കെതിരെ ജോർജ് കേസു കൊടുത്തു. ആശ്ചര്യകരമെന്നു പറയട്ടെ, അദ്ദേഹത്തെ 15 ദിവസത്തെ തടവിനു വിധിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
മറ്റൊരു സന്ദർഭത്തിൽ, പ്രായമേറിയ ഒരു സഹോദരൻ ഒരു കോടതിയിൽ നല്ല സാക്ഷ്യം നൽകി. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങൾ സഹോദരന്റെ മുമ്പാകെ ജഡ്ജി ഉയർത്തിക്കാണിച്ചു. എന്നിട്ട് സഹോദരൻ മതപ്രചാരണം നടത്തുന്നതായി ആരോപിച്ചു.
സഹോദരൻ ഇങ്ങനെ പ്രതിവചിച്ചു: “ദൈവവചനത്തിലെ സത്യം പ്രസംഗിക്കുന്നതിന്റെ പേരിൽ കോടതി എനിക്കു ശിക്ഷ വിധിച്ചാൽ ഞാൻ അതിനെ ഒരു ശിക്ഷയായിട്ടല്ല, പകരം ഒരു ബഹുമതി ആയിട്ടായിരിക്കും വീക്ഷിക്കുക. നീതിനിമിത്തം പീഡിപ്പിക്കപ്പെടുമ്പോൾ
സന്തോഷിക്കാൻ കർത്താവായ യേശു തന്റെ അനുഗാമികളോടു പറഞ്ഞു. എന്തെന്നാൽ മുൻകാലങ്ങളിലെ പ്രവാചകന്മാരുടെയും അനുഭവം ഇതുതന്നെ ആയിരുന്നു. യഥാർഥത്തിൽ, യേശുവിനെപ്പോലും ജനം പീഡിപ്പിക്കുകയും സ്തംഭത്തിലേറ്റുകയും ചെയ്തു. എന്തെങ്കിലും തെറ്റു ചെയ്തിട്ടല്ല, ദൈവത്തിൽനിന്നു തനിക്കു ലഭിച്ച സത്യത്തെക്കുറിച്ചു സംസാരിച്ചതിന്റെ പേരിൽ.”തുടർന്ന് സഹോദരൻ ഇങ്ങനെ പറഞ്ഞു: “ആ സ്ഥിതിക്ക്, ഈ രണ്ടു പുസ്തകങ്ങൾ ഉപയോഗിച്ചുകൊണ്ട് ദൈവരാജ്യത്തെക്കുറിച്ചുള്ള യേശുവിന്റെ സന്ദേശം ഘോഷിക്കുന്നതിന്റെ പേരിൽ ഈ കോടതി എന്നെ ശിക്ഷിച്ചാൽ ഒരു നിരപരാധിയെ ആയിരിക്കും അതു ശിക്ഷിക്കുന്നത്.” ജഡ്ജി അദ്ദേഹത്തെ വെറുതെവിട്ടു.
‘മറ്റെവിടെയുമുള്ള സഹോദരങ്ങൾ അനുഭവിക്കുന്നതിനെക്കാൾ കൂടുതൽ ക്ലേശങ്ങൾ’
1929-നുശേഷം കാർഷികവിഭവങ്ങൾക്കുണ്ടായ വിലയിടിവും വിപുലവ്യാപകമായ തൊഴിലില്ലായ്മയും രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഫാസിസ്റ്റുകാർ ഉൾപ്പെടെയുള്ള തീവ്രവാദി രാഷ്ട്രീയ സംഘടനകൾ തഴച്ചുവളരാൻ കാരണമായി. കൂടാതെ, 1930-കളിൽ റൊമേനിയ ക്രമേണ നാസി ജർമനിയുടെ സ്വാധീനത്തിൽ അമർന്നു. ഇത്തരം സംഭവവികാസങ്ങൾ യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം അശുഭസൂചകങ്ങളായിരുന്നു. വാർഷികപുസ്തകം 1936 (ഇംഗ്ലീഷ്) ഇങ്ങനെ പറയുകയുണ്ടായി: “ലോകത്തിലെ മറ്റേതൊരു ഭാഗത്തുള്ള സഹോദരങ്ങൾ അനുഭവിക്കുന്നതിനെക്കാൾ കൂടുതൽ ക്ലേശങ്ങൾ സഹിച്ചുകൊണ്ടാണ് റൊമേനിയയിലെ സഹോദരങ്ങൾ പ്രവർത്തിക്കുന്നത്.” 1933 മുതൽ 1939 വരെയുള്ള കാലഘട്ടത്തിൽ യഹോവയുടെ സാക്ഷികൾക്കെതിരെ 530 കേസുകളാണു ഫയൽചെയ്തത്. അവരുടെ വേല നിരോധിക്കുന്നതിനും ബൂക്കറെസ്റ്റിലെ ബ്രാഞ്ച് ഓഫീസ് അടച്ചുപൂട്ടുന്നതിനും പ്രോസിക്യൂട്ടർമാർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു!
ഒടുവിൽ, 1935 ജൂൺ 19-ാം തീയതി രാത്രി 8 മണിക്ക് പോലീസുകാർ ബ്രാഞ്ചിൽ എത്തി. അവരുടെ കൈവശമുണ്ടായിരുന്ന വാറണ്ട് നിയമവിരുദ്ധമായിരുന്നെന്ന് പിന്നീടു കണ്ടുപിടിക്കുകയുണ്ടായി. ഫയലുകളും 12,000-ത്തിലധികം ചെറുപുസ്തകങ്ങളും അവർ കണ്ടുകെട്ടി, ഒപ്പം ഒരു കാവൽക്കാരനെ നിയമിക്കുകയും ചെയ്തു. എന്നാൽ ഒരു സഹോദരൻ പിൻവശത്തെ വാതിലിലൂടെ പുറത്തുചാടുകയും സെനറ്റർ പദവി വഹിക്കുന്ന സഹാനുഭൂതിയുള്ള ഒരു വക്കീലിനെ സമീപിക്കുകയും ചെയ്തു. അദ്ദേഹം ബന്ധപ്പെട്ട അധികാരികളുമായി ഫോണിൽ സംസാരിച്ചു. ബ്രാഞ്ച് അടച്ചുപൂട്ടാനുള്ള നിയമവിരുദ്ധ ഉത്തരവ്
അവർ റദ്ദാക്കുകയും എല്ലാ ഫയലുകളും തിരിച്ചുനൽകുകയും ചെയ്തു. എന്നാൽ ഈ സ്വസ്ഥത ഏറെ നാൾ നീണ്ടുനിന്നില്ല.1937 ഏപ്രിൽ 21-ന് മിനിസ്ട്രി ഓഫ് റിലിജൻസ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ഔദ്യോഗിക ഗസറ്റിലും പത്രങ്ങളിലും അത് അച്ചടിച്ചുവന്നു. റൊമേനിയയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം കർശനമായി നിരോധിച്ചിരിക്കുന്നുവെന്നും അവരുടെ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുകയോ വായിക്കുകയോപോലും ചെയ്യുന്നവരെ അറസ്റ്റു ചെയ്യുകയും ശിക്ഷിക്കുകയും പ്രസിദ്ധീകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്യുമെന്നും ആയിരുന്നു ഉത്തരവ്.
സഹോദരങ്ങൾ അതിനെതിരെ അപ്പീൽ കൊടുത്തു. എന്നാൽ ആ ഉത്തരവുമായി ബന്ധപ്പെട്ട മന്ത്രി, തന്റെ വാദങ്ങൾക്കു ശക്തമായ അടിസ്ഥാനം ഇല്ലെന്നു മനസ്സിലാക്കിക്കൊണ്ട് കേസിന്റെ വിസ്താരം മൂന്നു പ്രാവശ്യം മാറ്റിവെച്ചു. പക്ഷേ അവസാന അവധിക്കുമുമ്പായി കരോൾ രണ്ടാമൻ രാജാവ് റൊമേനിയയിൽ സ്വേച്ഛാധിപത്യം തുടങ്ങി. 1938 ജൂണിൽ യഹോവയുടെ സാക്ഷികൾക്കെതിരായി ഒരു പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. വീണ്ടും സഹോദരങ്ങൾ കോടതിയെ സമീപിച്ചു. സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ വിദ്യാഭ്യാസമൂല്യമുള്ളവയാണെന്നും ഗവൺമെന്റിനെ അട്ടിമറിക്കുന്നവയോ പൊതു ക്രമസമാധാനം തകർക്കുന്നവയോ അല്ലെന്നും കാണിച്ചുകൊണ്ട് അവർ രാജാവിന് ഒരു ഔദ്യോഗിക മെമ്മോറാണ്ടം എഴുതുകയും ചെയ്തു. ഇക്കാര്യത്തിൽ സുപ്പീരിയർ കോടതി മുമ്പു പ്രസ്താവിച്ചിരുന്ന ഒരു വിധിയെക്കുറിച്ച് മെമ്മോറാണ്ടം സൂചിപ്പിക്കുകപോലും ചെയ്തു. രാജാവ് ആ മെമ്മോറാണ്ടം മിനിസ്ട്രി ഓഫ് റിലിജൻസിനു കൈമാറി. എന്തായിരുന്നു ഫലം? 1938 ആഗസ്റ്റ് 2-ന് മിനിസ്ട്രി ബൂക്കറെസ്റ്റിലെ ഓഫീസ് അടച്ചുപൂട്ടി മുദ്രവെച്ചു.
പ്രയാസകരമായ നാളുകളായിരുന്നു അവ. അനേകം സഹോദരങ്ങളെ, എന്തിന് മുഴു കുടുംബങ്ങളെത്തന്നെയും, അറസ്റ്റുചെയ്ത് തടവുശിക്ഷയ്ക്കു വിധിച്ചു. സ്വന്തം വീട്ടിലിരുന്ന് രാജ്യഗീതങ്ങൾ പാടിയതിനാണ് ചിലരെ അറസ്റ്റു ചെയ്തത്! മൂന്നു മാസംമുതൽ രണ്ടു വർഷംവരെ ആയിരുന്നു തടവ്. എന്നാൽ അധികാരികൾ എങ്ങനെയാണ് ഈ സഹോദരങ്ങളെ കണ്ടുപിടിച്ചത്? പുരോഹിതന്മാരുടെ ഏജന്റുമാർ അവരിൽ പലരുടെയും നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചിരുന്നു. ഈ ചാരന്മാർ വേലക്കാരും വിൽപ്പനക്കാരും ഒക്കെയായി വേഷമിട്ടു.
നമ്മുടെ പ്രസിദ്ധീകരണം കൈവശമുള്ള എല്ലാവരെയും അറസ്റ്റുചെയ്തിരുന്നു. മരംവെട്ടുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ഒരു സഹോദരൻ ഒരിക്കൽ വനത്തിലേക്കു പോയപ്പോൾ ബൈബിളും വാർഷികപുസ്തകവും ഒപ്പം കൊണ്ടുപോയി. ഒരു ദിവസം എല്ലാവരുടെയും സ്വകാര്യ സാധനങ്ങൾ പരിശോധിച്ച പോലീസ് സഹോദരന്റെ
പ്രസിദ്ധീകരണങ്ങൾ കണ്ടെടുത്തു. അവർ അദ്ദേഹത്തെ അറസ്റ്റുചെയ്ത് അകലെയുള്ള ഒരു കോടതിയിലേക്കു കൊണ്ടുപോയി. 200 കിലോമീറ്റർ നടന്ന് അവിടെ എത്തിച്ചേർന്ന സഹോദരനെ ആറുമാസത്തെ തടവിനു വിധിച്ചു. തടവുകാർ തിങ്ങിനിറഞ്ഞതും വൃത്തിഹീനവുമായ ജയിൽമുറികളിൽ പേനിന്റെ ശല്യം ഭയങ്കരമായിരുന്നു. ആകെക്കൂടി കിട്ടിയിരുന്ന ഭക്ഷണം സൂപ്പായിരുന്നു, അതാണെങ്കിലോ വെള്ളം ചേർത്തു വല്ലാതെ നേർപ്പിച്ചതും.രണ്ടാം ലോകമഹായുദ്ധം കൂടുതൽ പരിശോധനകൾ കൊണ്ടുവരുന്നു
1939 സെപ്റ്റംബർ 1-ാം തീയതി രാവിലെ ജർമൻ പട്ടാളം പോളണ്ടിനെ ആക്രമിച്ചതോടെ മറ്റൊരു ആഗോള പോരാട്ടത്തിനു തിരശ്ശീല ഉയർന്നു. അതു റൊമേനിയയിൽ സമഗ്രവും നീണ്ടുനിൽക്കുന്നതുമായ ഫലങ്ങൾ ഉളവാക്കുമായിരുന്നു. അനാക്രമണ ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്ന സോവിയറ്റ് യൂണിയനും ജർമനിയും അധികാര വടംവലിയിൽ പൂർവ യൂറോപ്പിനെ തങ്ങളുടെ സ്വാധീനത്തിലുള്ള പല പ്രദേശങ്ങളായി വിഭജിക്കുകയും റൊമേനിയയെ പല കഷണങ്ങളായി വെട്ടിമുറിക്കുകയും ചെയ്തു. ഹംഗറി ഉത്തര ട്രാൻസിൽവേനിയയും സോവിയറ്റ് യൂണിയൻ ബെസറേബിയയും ഉത്തര ബൂക്കോവിനയും ബൾഗേറിയ തെക്കൻ ഡൊബ്രൂജായും സ്വന്തമാക്കി. തത്ഫലമായി ജനസംഖ്യയുടെയും ഭൂപ്രദേശത്തിന്റെയും ഏകദേശം മൂന്നിലൊന്ന് റൊമേനിയയ്ക്കു നഷ്ടപ്പെട്ടു. 1940-ൽ ഒരു ഫാസിസ്റ്റ് സ്വേച്ഛാധികാരി അധികാരമേറ്റു.
പുതിയ ഗവൺമെന്റ് ഭരണഘടന താത്കാലികമായി മരവിപ്പിക്കുകയും ഒമ്പതു മതങ്ങളെമാത്രം അംഗീകരിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഓർത്തഡോക്സ്, കത്തോലിക്കാ, ലൂഥറിൻ സഭകളായിരുന്നു അവയിൽ പ്രമുഖം. യഹോവയുടെ സാക്ഷികൾക്കുള്ള നിരോധനത്തിനു മാറ്റമില്ലായിരുന്നു. ഘോരകൃത്യങ്ങൾ എങ്ങും അരങ്ങേറി. 1940 ഒക്ടോബറിൽ ജർമൻ സേന രാജ്യം പിടിച്ചടക്കി. അങ്ങേയറ്റം ദുഷ്കരമായ ഈ സാഹചര്യങ്ങളിൽ റൊമേനിയയ്ക്കും സ്വിറ്റ്സർലൻഡിലുള്ള മധ്യ യൂറോപ്യൻ ഓഫീസിനും ഇടയിലുള്ള ബന്ധം മിക്കവാറും നിലച്ചുപോയി.
ഈ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളിൽ അധികംപേരും വസിച്ചിരുന്നത് ട്രാൻസിൽവേനിയയിൽ ആയിരുന്നതിനാൽ മാർട്ടിൻ മജറോഷി ബൂക്കറെസ്റ്റിൽനിന്ന് അവിടേക്കു മാറുകയും റ്റിർഗു-മൂറെഷിൽ താമസമാക്കുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങൾ നിമിത്തം അദ്ദേഹത്തിന്റെ ഭാര്യ മാരിയ നേരത്തേതന്നെ അവിടേക്കു പോയിരുന്നു. ബൂക്കറെസ്റ്റിലെ ഓഫീസിൽ സേവിച്ചിരുന്ന പാംഫിൽ ആൽബൂവും ഭാര്യ യിലെനായും കുറെക്കൂടെ വടക്കു
മാറിയുള്ള ബായാ-മാറേയിലേക്കു താമസം മാറ്റി. മാർട്ടിൻ സഹോദരനും പാംഫിൽ സഹോദരനും ഈ രണ്ടു നഗരങ്ങളിൽ താമസിച്ചുകൊണ്ട് പ്രസംഗവേലയും വീക്ഷാഗോപുരത്തിന്റെ രഹസ്യ അച്ചടിയും പുനഃസംഘടിപ്പിച്ചു. അവരോടൊപ്പം പ്രവർത്തിച്ചിരുന്ന റ്റിയോഡോർ മോറസാഷ് ബൂക്കറെസ്റ്റിൽ താമസിക്കുകയും റൊമേനിയയുടെ അവശേഷിച്ച ഭാഗങ്ങളിലെ പ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്തു. 1941-ൽ അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു.അതേസമയം സഹോദരങ്ങൾ ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ടിരുന്നു. വളരെ ജാഗ്രതയോടെയെങ്കിലും സാധ്യമായ എല്ലാ അവസരങ്ങളിലും അവർ പ്രസിദ്ധീകരണങ്ങൾ സമർപ്പിച്ചു. ഉദാഹരണത്തിന്, താത്പര്യം തോന്നുന്നവർ എടുത്തു വായിക്കട്ടെ എന്നു കരുതി അവർ റെസ്റ്ററന്റുകളിലും ട്രെയിനുകളിലും പൊതുജനങ്ങളുള്ള മറ്റു സ്ഥലങ്ങളിലും ചെറുപുസ്തകങ്ങൾ വെക്കുമായിരുന്നു. ആത്മീയ പ്രോത്സാഹനത്തിനായി കൂടിവരുന്നതിനുള്ള തിരുവെഴുത്ത് ഉദ്ബോധനം അനുസരിക്കുന്നതിലും അവർ തുടർന്നു. സംശയത്തിന് ഇടംകൊടുക്കാതവണ്ണം വളരെ ശ്രദ്ധയോടെയാണ് അവർ അങ്ങനെ ചെയ്തത്. (എബ്രാ. 10:24, 25) ഉദാഹരണത്തിന്, ഗ്രാമപ്രദേശങ്ങളിൽ വസിക്കുന്ന സഹോദരങ്ങൾ കൊയ്ത്തുകാലത്തെ പരമ്പരാഗതമായ ഉല്ലാസവേളകൾ അതിനായി പ്രയോജനപ്പെടുത്തി. കൃഷിഭൂമിയിൽനിന്നു വിളകളും മറ്റും കൊണ്ടുവരാൻ കർഷകർ പരസ്പരം സഹായിക്കുകയും അതിനുശേഷം തമാശകളും കഥകളും ഒക്കെ പറഞ്ഞ് സന്തോഷിക്കുകയും ചെയ്യുന്ന ഒരു അവസരമാണ് അത്. സഹോദരങ്ങളാകട്ടെ ആ സമയത്ത് യോഗങ്ങൾ നടത്തി.
‘സകലവിധത്തിലും കഷ്ടം സഹിക്കുന്നു’
1942 സെപ്റ്റംബറിൽ മാർട്ടിൻ സഹോദരനെ അറസ്റ്റു ചെയ്തെങ്കിലും ജയിലിൽനിന്നുതന്നെ അദ്ദേഹം തുടർന്നും പ്രസംഗവേലയ്ക്കു നേതൃത്വംവഹിച്ചു. ആയിരത്തോളംവരുന്ന മറ്റു സഹോദരീസഹോദരന്മാരോടൊപ്പം പാംഫിൽ ദമ്പതിയും അറസ്റ്റു ചെയ്യപ്പെട്ടു. ആറ് ആഴ്ചയോളം തടവിലിടുകയും അടിക്കുകയും ചെയ്തശേഷം അവരിൽ അനേകരെയും വിട്ടയച്ചു. ക്രിസ്തീയ നിഷ്പക്ഷത നിമിത്തം നൂറു സാക്ഷികളെ 2 മുതൽ 15 വരെ വർഷം തടവുശിക്ഷയ്ക്കു വിധിച്ചു. അക്കൂട്ടത്തിൽ ചില സഹോദരിമാരും ഉണ്ടായിരുന്നു. മരണത്തിനു വിധിക്കപ്പെട്ട അഞ്ചു സഹോദരന്മാരുടെ ശിക്ഷ പിന്നീട് ജീവപര്യന്ത തടവായി മാറ്റുകയുണ്ടായി. സായുധ പോലീസ് രാത്രിയുടെ മറപിടിച്ച് അമ്മമാരെയും കൊച്ചു കുട്ടികളെയും പിടിച്ചുകൊണ്ടുപോകുകപോലും ചെയ്തു. അവരുടെ വളർത്തുമൃഗങ്ങളെ നോക്കാൻ ആരുമില്ലാതെയായി. വീടുകൾ കൊള്ളയടിക്കപ്പെടുന്നതിനും വലിയ സാധ്യതയുണ്ടായിരുന്നു.
ജയിൽക്യാമ്പുകളിലെ ഗാർഡുകൾ സഹോദരങ്ങൾക്കു നൽകിയ “സ്വീകരണം” വേദനാകരമായിരുന്നു. ആദ്യമായി ഓരോരുത്തരുടെയും പാദങ്ങൾ കൂട്ടിക്കെട്ടിയ ശേഷം അവരെ നിലത്തു കിടത്തി. എന്നിട്ട് മറ്റൊരാൾ, കമ്പികൾ പാകിയ റബ്ബർ നിർമിതമായ കുറുവടികൊണ്ട് അവരുടെ നഗ്നപാദങ്ങളിൽ അടിച്ചു. എല്ലുകൾ നുറുങ്ങുകയും കാൽനഖങ്ങൾ തെറിച്ചുപോകുകയും ചെയ്തു. കരിവാളിച്ചുപോയ ത്വക്ക് ഇടയ്ക്കൊക്കെ ഒരു മരത്തിന്റെ തൊലിയെന്നപോലെ ഉരിഞ്ഞുപോന്നു. പാളയങ്ങളിൽ ചുറ്റിനടന്ന് ഈ ഹീനകൃത്യങ്ങൾ നേരിൽക്കണ്ട പുരോഹിതന്മാർ “ഞങ്ങളുടെ കൈയിൽനിന്നു നിങ്ങളെ രക്ഷിക്കാൻ യഹോവ എന്തേ വരാത്തത്?” എന്നു ചോദിച്ചുകൊണ്ട് സഹോദരങ്ങളെ പരിഹസിച്ചു.
“സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ” ആയിരുന്നെങ്കിലും സഹോദരങ്ങൾ “ഉപേക്ഷിക്കപ്പെ”ട്ടില്ല. (2 കൊരി. 4:8, 9) യഥാർഥത്തിൽ, രാജ്യപ്രത്യാശയെക്കുറിച്ചു സംസാരിച്ചുകൊണ്ട് അവർ മറ്റു തടവുകാരെ ആശ്വസിപ്പിച്ചു. ചിലർ അതിൽ ആകൃഷ്ടരായി. വടക്കുകിഴക്കൻ ട്രാൻസിൽവേനിയയിലെ റ്റോപ്ലിറ്റ്സാ ഗ്രാമത്തിൽനിന്നുള്ള റ്റിയോഡോർ മിറോണിന്റെ ഉദാഹരണം നോക്കുക. മനുഷ്യരെ കൊല്ലുന്നത് ദൈവം വിലക്കുന്ന ഒരു കാര്യമാണെന്ന് രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പുതന്നെ റ്റിയോഡോർ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് അദ്ദേഹം സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചു. തത്ഫലമായി അദ്ദേഹത്തെ 1943 മേയിൽ അഞ്ചു വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചു. അതിനുശേഷം പെട്ടെന്നുതന്നെ അദ്ദേഹം മാർട്ടിൻ മജറോഷിയെയും പാംഫിൽ ആൽബൂവിനെയും സാക്ഷികളായ മറ്റു തടവുകാരെയും കണ്ടുമുട്ടുകയും ഒരു ബൈബിളധ്യയനം സ്വീകരിക്കുകയും ചെയ്തു. ത്വരിതഗതിയിൽ ആത്മീയപുരോഗതി കൈവരിച്ച റ്റിയോഡോർ ഏതാനും ആഴ്ചകൾക്കുള്ളിൽ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു. എങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ സ്നാപനം?
റ്റിയോഡോറിനെയും റൊമേനിയക്കാരായ ഏകദേശം 50 സാക്ഷികളെയും സെർബിയയിലെ ബോർ പട്ടണത്തിലുള്ള നാസി തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയപ്പോൾ അതിനുള്ള അവസരം കൈവന്നു. എളുപ്പമുള്ള വഴിയിലൂടെ പോകുന്നതിനുപകരം ദൂരംകൂടിയ ഒരു വഴിയിലൂടെയുള്ള യാത്രയായിരുന്നു അത്. യാത്രാമധ്യേ അവർ ഹംഗറിയിലെ യാസ്ബെറേനിൽ അൽപ്പനേരം തങ്ങി. ഹംഗേറിയൻ ഭാഷ സംസാരിക്കുന്ന നൂറിലധികം സഹോദരന്മാർ അവിടെവെച്ച് അവരോടൊപ്പം ചേർന്നു. ആ സമയത്ത്, ഒരു വീപ്പയിൽ വെള്ളം നിറച്ചുകൊണ്ടുവരാനായി ഗാർഡുകൾ കുറെ സഹോദരന്മാരെ നദിക്കരയിലേക്കു വിട്ടു. ഗാർഡുകൾക്ക് സഹോദരന്മാരെ വിശ്വാസമായിരുന്നതിനാൽ അവർ കൂടെ പോയില്ല. ആ സഹോദരന്മാരോടൊപ്പം പുറപ്പെട്ട റ്റിയോഡോർ നദിയിൽവെച്ചു സ്നാപനമേറ്റു. യാസ്ബെറേനിൽനിന്ന് തടവുകാരെ ട്രെയിനിലും ബോട്ടിലുമായി ബോറിലേക്കു കൊണ്ടുപോയി.
അപ്പോൾ ബോറിലെ ക്യാമ്പിൽ 6,000 യഹൂദരും 14 അഡ്വെന്റിസ്റ്റുകളും 152 സാക്ഷികളും ഉണ്ടായിരുന്നു. റ്റിയോഡോർ സഹോദരൻ അനുസ്മരിക്കുന്നു: “സാഹചര്യം അങ്ങേയറ്റം ദുഷ്കരം ആയിരുന്നെങ്കിലും യഹോവ ഞങ്ങൾക്കായി കരുതി. ഔദ്യോഗിക ആവശ്യങ്ങൾക്കായി മിക്കപ്പോഴും ഹംഗറിയിലേക്കു പോകുമായിരുന്ന സഹാനുഭൂതിയുള്ള ഒരു ഗാർഡ് ക്യാമ്പിലുള്ള സഹോദരങ്ങൾക്ക് പ്രസിദ്ധീകരണങ്ങൾ എത്തിച്ചുതന്നു. അദ്ദേഹത്തിന് അറിയാവുന്നവരും അദ്ദേഹം വിശ്വാസം അർപ്പിച്ചിരുന്നവരുമായ ചില സാക്ഷികൾ അദ്ദേഹം ഇല്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തുപോന്നു. അങ്ങനെ ആ ഗാർഡ് അവർക്ക് ഒരു സഹോദരനെപ്പോലെ ആയിത്തീർന്നു. ഒരു ലെഫ്റ്റനന്റ് ആയിരുന്ന അദ്ദേഹം സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഞങ്ങളെ മുൻകൂട്ടി അറിയിക്കുമായിരുന്നു. ക്യാമ്പിൽ ഉണ്ടായിരുന്ന 15 മേൽവിചാരകന്മാർ (ഇന്ന് മൂപ്പന്മാർ എന്നറിയപ്പെടുന്നു) ആഴ്ചയിൽ മൂന്നു യോഗങ്ങൾ നടത്താൻ ക്രമീകരണം ചെയ്തു. ജോലിയുടെ ഷിഫ്റ്റനുസരിച്ച് ശരാശരി ഏകദേശം 80 പേർ സംബന്ധിച്ചിരുന്നു. സ്മാരകവും ഞങ്ങൾ ആചരിച്ചു.”
തടവിൽ കഴിയുന്ന സഹോദരങ്ങൾക്കു ഭക്ഷണവും മറ്റു വസ്തുക്കളും എത്തിച്ചുകൊടുക്കാൻ ചില ക്യാമ്പുകളിലെ ഗാർഡുകൾ പുറത്തുള്ള സാക്ഷികളെ അനുവദിച്ചിരുന്നു. 1941-നും 1945-നും ഇടയ്ക്ക് ട്രാൻസിൽവേനിയ, ബെസറേബിയ, മൊൾഡോവ എന്നിവിടങ്ങളിൽനിന്നുള്ള ഏകദേശം 40 സാക്ഷികളെ ട്രാൻസിൽവേനിയയിലെ ഷിബോട്ടിലുള്ള തടങ്കൽപ്പാളയത്തിലേക്ക് അയച്ചു. ഓരോ ദിവസവും അവർ സമീപത്തുള്ള ഒരു തടിമില്ലിൽ പണിയെടുത്തു. ക്യാമ്പിൽ നൽകിയിരുന്ന ഭക്ഷണം പരിമിതമായിരുന്നതിനാൽ അടുത്തു താമസിച്ചിരുന്ന സാക്ഷികൾ ഓരോ ആഴ്ചയിലും ഭക്ഷണവും വസ്ത്രവുമായി മില്ലിൽ ചെന്നിരുന്നു. സഹോദരങ്ങൾ അവ ആവശ്യാനുസരണം വിതരണം ചെയ്തു.
ഇത്തരം നല്ല പ്രവൃത്തികൾ സഹ തടവുകാർക്കും ഗാർഡുകൾക്കും ഒരു മികച്ച സാക്ഷ്യം പ്രദാനം ചെയ്തു. യഹോവയുടെ സാക്ഷികൾ ഉത്തരവാദിത്വബോധമുള്ളവരും ആശ്രയയോഗ്യരും ആണെന്നും ഗാർഡുകൾ മനസ്സിലാക്കി. അതുകൊണ്ടുതന്നെ തടവുകാർക്കു സാധാരണമായി നൽകാത്ത സ്വാതന്ത്ര്യം അവർ സാക്ഷികൾക്കു നൽകി. ഷിബോട്ടിലെ ഗാർഡുകളിൽ ഒരാൾ സത്യത്തിൽ വരുകപോലും ചെയ്തു.
യുദ്ധാനന്തര അനുഗ്രഹങ്ങൾ
1945 മേയിൽ യൂറോപ്പിൽ യുദ്ധം അവസാനിച്ചപ്പോൾ ജയിലുകളിൽനിന്നും തൊഴിൽപ്പാളയങ്ങളിൽനിന്നും യഹോവയുടെ സാക്ഷികളെ കൂട്ടമായി മോചിപ്പിച്ചു. മാർട്ടിൻ മജറോഷി—അന്ന് അദ്ദേഹത്തിന് 62 വയസ്സായിരുന്നു—ബൂക്കറെസ്റ്റിൽ മടങ്ങിയെത്തിയപ്പോൾ അവിടത്തെ ഓഫീസ് പൂർണമായും ശൂന്യമായിക്കിടക്കുന്നതാണു കണ്ടത്. ഒരു ടൈപ്പ്റൈറ്റർപോലും ബാക്കിയുണ്ടായിരുന്നില്ല! ഒരു റിപ്പോർട്ടനുസരിച്ച്, “ഒന്നുമില്ലാത്ത അവസ്ഥയിൽനിന്നാണ് കർത്താവിന്റെ വേല പുനരാരംഭിച്ചത്.” വേല സംഘടിപ്പിക്കുന്നതിനു പുറമേ, നിയമാംഗീകാരം നേടിയെടുക്കാനും സഹോദരങ്ങൾ ശ്രമിച്ചു. അതു പെട്ടെന്നുതന്നെ ഫലം കണ്ടു. 1945 ജൂലൈ 11-ന് റൊമേനിയയിലെ യഹോവയുടെ സാക്ഷികളുടെ അസോസിയേഷൻ രജിസ്റ്റർ ചെയ്യപ്പെട്ടു.
പരസ്യയോഗങ്ങൾ, സമ്മേളനങ്ങൾ, സാഹിത്യ ഉത്പാദനം എന്നിവയ്ക്കുള്ള ക്രമീകരണം എളുപ്പത്തിൽ നടത്താൻ ഇത് ഉപകരിച്ചു. വേലയ്ക്കു പുതു ചൈതന്യം പകരാനും വികാസം പ്രാപിച്ചിരുന്ന ആശയക്കുഴപ്പങ്ങളും അനൈക്യവും വലിയ അളവിൽ ദൂരികരിക്കാനും അതെല്ലാം ഉതകുമായിരുന്നു. യഥാർഥത്തിൽ യുദ്ധംകഴിഞ്ഞുള്ള ആദ്യവർഷത്തിൽ, കടലാസ്സിനു ക്ഷാമം ഉണ്ടായിരുന്നിട്ടുകൂടി ഏകദേശം 8,70,000 ചെറുപുസ്തകങ്ങളും വീക്ഷാഗോപുരത്തിന്റെ 85,500-ലധികം പ്രതികളും സഹോദരങ്ങൾ പുറത്തിറക്കി. 1,630 പേർ സ്നാപനമേൽക്കുകയും ചെയ്തു.
വേലയ്ക്കു നിയമാംഗീകാരം ലഭിക്കുന്നതിനുമുമ്പുപോലും സഹോദരങ്ങൾ പരസ്യമായി പ്രസംഗിക്കാൻ തുടങ്ങുകയും യോഗങ്ങളും പ്രത്യേക പരസ്യപ്രസംഗങ്ങളും ക്രമീകരിക്കുകയും ചെയ്തു. മാറാമുറെഷ് പ്രവിശ്യയിലുള്ള സാക്ഷികളെക്കുറിച്ച് ഒരു ദൃക്സാക്ഷി ഇങ്ങനെ പറയുന്നു: “പട്ടാളക്കാരുടെ പിൻവാങ്ങൽ പൂർത്തിയാകുന്നതിനുമുമ്പുതന്നെ സഹോദരങ്ങൾ കൂടിവരാൻ തുടങ്ങി. പ്രദേശത്തെ എല്ലാ ഗ്രാമങ്ങളിൽനിന്നുമായി തെല്ലും ഭയംകൂടാതെ അവർ വന്നുചേരുന്നതു കാണാൻ കഴിയുമായിരുന്നു. പുളകപ്രദമായ ഒരു സമയമായിരുന്നു അത്. 80 കിലോമീറ്റർ നടന്നാണ് ചിലർ യോഗത്തിൽ സംബന്ധിക്കാനെത്തിയത്. മാർഗമധ്യേ അവർ ഗീതങ്ങൾ ആലപിക്കുകയും സാക്ഷീകരിക്കുകയും ചെയ്തു. ഓരോ ഞായറാഴ്ചയും അധ്യക്ഷൻ പിറ്റേ ഞായറാഴ്ചത്തെ യോഗസ്ഥലം അറിയിക്കുമായിരുന്നു.”
സാക്ഷികൾ ആരും ഇല്ലാത്തതോ തീരെ കുറവുള്ളതോ ആയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പരസ്യപ്രസംഗങ്ങൾ പരസ്യപ്പെടുത്തുകയും നടത്തുകയും ചെയ്തു. പാതിരാത്രിയോടടുത്ത് യാത്ര പുറപ്പെട്ട് 100 കിലോമീറ്റർവരെ നടന്നാണ് സഹോദരങ്ങൾ അത്തരം പ്രദേശങ്ങളിൽ എത്തിപ്പെട്ടിരുന്നത്. ഷൂസിനു വളരെ വിലക്കൂടുതൽ ആയിരുന്നതിനാൽ കാലിൽ ഇടാതെ മിക്കപ്പോഴും അതു ചുമന്നുംകൊണ്ട് അവർ
നടന്നു! കൊടുംതണുപ്പുപോലുള്ള തികച്ചും മോശമായ സന്ദർഭങ്ങളിൽമാത്രമാണ് അവർ അതു ധരിച്ചിരുന്നത്. യോഗത്തിന്റെ തലേന്ന് സഹോദരങ്ങൾ പൊതുജനത്തിന് സാഹിത്യം സമർപ്പിക്കുകയും പ്രസംഗവിഷയം പരസ്യപ്പെടുത്തുകയും അതിൽ സംബന്ധിക്കാൻ ആളുകളെ ക്ഷണിക്കുകയും ചെയ്തു. പ്രസംഗത്തിനുശേഷം അവർ സ്വന്തം വീടുകളിലേക്കു മടങ്ങിപ്പോയി.ബായാ-മാറേ, ക്ലൂഷ്-നാപോക്ക, റ്റിർഗു-മൂറെഷ്, ഓക്നാ മൂറെഷ് എന്നിവിടങ്ങളിൽ സഹോദരങ്ങൾ നടത്തിയ ഒട്ടേറെ സമ്മേളനങ്ങളിൽ നൂറുകണക്കിനു സാക്ഷികളും താത്പര്യക്കാരും സംബന്ധിച്ചു. 1945 ജൂണിൽ ബായാ-മാറേയിൽ നടന്ന സമ്മേളനത്തിന്റെ ഒരു സവിശേഷത ആയിരുന്നു തദവസരത്തിൽ പട്ടണത്തിൽനിന്ന് പത്തു കിലോമീറ്റർ അകലെയായി നടന്ന സ്നാപനം. ഒരു സഹോദരന്റെ പൂന്തോട്ടത്തിൽവെച്ചു നടത്തപ്പെട്ട പ്രസംഗത്തിനുശേഷം, തോട്ടത്തിനരികിലൂടെ ഒഴുകിയിരുന്ന ലപൂഷൂൾ നദിയിൽ 118 പേർ സ്നാപനമേറ്റു. മനോഹരമായ ചുറ്റുപാടിൽ നടന്ന ആ സ്നാപനച്ചടങ്ങ് സഹോദരങ്ങളുടെ മനസ്സിൽ ഇന്നും പച്ചപിടിച്ചുനിൽക്കുന്നു.
റ്റിർഗു-മൂറെഷിൽ 3,000 പേർക്ക് ഇരിക്കാവുന്ന ഒരു തീയേറ്റർ സഹോദരങ്ങൾ വാടകയ്ക്കെടുത്തു. സമ്മേളനത്തിന്റെ തലേന്ന് പ്രതിനിധികൾ ട്രെയിനിലും കുതിരവണ്ടികളിലും സൈക്കിളിലും കാൽനടയായും വന്നുചേരാൻ തുടങ്ങി. ചിലർ പെട്ടെന്നുതന്നെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാനും പരസ്യപ്രസംഗത്തിന് ആളുകളെ ക്ഷണിക്കാനും
തുടങ്ങി. നോഹയുടെ പെട്ടകം സംബന്ധിച്ചായിരുന്നു പ്രസംഗം. പ്രസംഗം പരസ്യപ്പെടുത്തുന്ന വാക്കുകൾ ഭംഗിയായി എഴുതിയ ആകർഷകമായ പ്ലാക്കാർഡുകൾ പട്ടണത്തിലെങ്ങും പ്രത്യക്ഷപ്പെട്ടപ്പോൾ സഹോദരങ്ങളിൽ പലരും സന്തോഷത്താൽ വിതുമ്പിപ്പോയി. സുവാർത്ത പ്രസംഗിക്കാൻ ഇത്രയും സ്വാതന്ത്ര്യം ലഭിക്കുമെന്ന് അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല!സഹോദരങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം വിസ്മയാവഹമായിരുന്നു. തീയേറ്റർ ആളുകളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞതിനാൽ പുറത്തുള്ളവർക്കായി തീയേറ്ററിനു വെളിയിൽ രണ്ടു ഉച്ചഭാഷിണികൾ ഘടിപ്പിക്കേണ്ടിവന്നു. തത്ഫലമായി സമീപത്തുള്ള അനേകർക്കും സ്വന്തം വീടിന്റെ ജനാലയ്ക്കൽ ഇരുന്ന് പരിപാടികൾ കേൾക്കാൻ കഴിഞ്ഞു. യഹോവയുടെ സാക്ഷികളെ നേരിൽക്കാണാനും അവരുടെ പരിപാടികൾ ശ്രദ്ധിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തിൽ നഗരാധികൃതരെയും മറ്റു പ്രമുഖരെയും സമ്മേളനത്തിനു ക്ഷണിച്ചിരുന്നു. ആശ്ചര്യകരമെന്നു പറയട്ടെ, അവർക്കായി വേർതിരിച്ചിരുന്ന ഇരിപ്പിടങ്ങളൊന്നുപോലും ഒഴിഞ്ഞുകിടന്നില്ല. ഗീതാലാപനത്തിലും അവർ പങ്കുചേർന്നു.
ആദ്യത്തെ ദേശീയ കൺവെൻഷൻ
റൊമേനിയയിൽ യഹോവയുടെ സാക്ഷികളുടെ ഏറ്റവും ആദ്യത്തെ ദേശീയ കൺവെൻഷൻ നടന്നത് 1946 സെപ്റ്റംബറിലെ ഒരു വാരാന്തമായ 28, 29 തീയതികളിലാണ്. ബൂക്കറെസ്റ്റിലുള്ള റോമൻ അരിനാസ് (ആരെനെലെ റോമാനെ) ആയിരുന്നു കൺവെൻഷൻസ്ഥലം. സാക്ഷികൾക്കായി ഒരു പ്രത്യേക ട്രെയിൻ ഓടിക്കാൻ മാത്രമല്ല, യാത്രക്കൂലി പകുതിയാക്കാനും റൊമേനിയൻ റെയിൽവേ സമ്മതിച്ചു! രാജ്യത്തിന്റെ ചില അതിവിദൂര ഭാഗങ്ങളിൽനിന്നുള്ള ആയിരത്തിലേറെ പ്രതിനിധികൾ ട്രെയിനിൽ യാത്രചെയ്ത് തലസ്ഥാനത്ത് എത്തിച്ചേർന്നു. പ്ലാക്കാർഡുകൾ പിടിച്ചുകൊണ്ടായിരുന്നു അനേകരും സഞ്ചരിച്ചത്. യാത്രയിലുടനീളം അതു നിരീക്ഷകരെ ജിജ്ഞാസാഭരിതരാക്കി. എന്നാൽ ഒപ്പം ചില പ്രശ്നങ്ങളും തലപൊക്കി.
കൺവെൻഷനെക്കുറിച്ചു വിവരം ലഭിച്ച പുരോഹിതന്മാർ ട്രെയിൻ തടയാൻ ശ്രമിച്ചു. കൺവെൻഷന്റെ തലേന്നു വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്ഥലത്തെ സാക്ഷികൾ തങ്ങളുടെ സഹോദരങ്ങളെ സ്വാഗതം ചെയ്യാൻ സ്റ്റേഷനിൽ എത്തിച്ചേരാൻ തുടങ്ങി. അടുത്ത ഒരു മണിക്കൂറിനുള്ളിൽ അവർ എത്തുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. വൈകിട്ട് 6 മണിക്ക് ട്രെയിൻ വന്നുചേരുന്നതുവരെ അവർ ക്ഷമാപൂർവം കാത്തുനിന്നു. സന്ദർശകരും ആതിഥേയരും പരസ്പരം ആലിംഗനം ചെയ്യവേ സഹോദരങ്ങൾക്ക് അനുഭവപ്പെട്ട അത്യാഹ്ലാദം അവർണനീയമായിരുന്നു. ക്രമസമാധാനപാലനത്തിന് സായുധ പോലീസ് എത്തിയിരുന്നെങ്കിലും അവർക്ക് ഒന്നുംതന്നെ ചെയ്യാനുണ്ടായിരുന്നില്ല.
12,000-ത്തോളം വീടുകൾ ഉൾപ്പെടെ ബൂക്കറെസ്റ്റിന്റെ വലിയൊരു ഭാഗവും യുദ്ധത്തിൽ തകർന്നിരുന്നതിനാൽ താമസസൗകര്യങ്ങൾ പരിമിതമായിരുന്നു. എന്നാൽ സഹോദരങ്ങൾ അതിനു പരിഹാരം കണ്ടെത്തി. “കിടക്കകളുടെ” എണ്ണം വർധിപ്പിക്കാനായി അവർ വലിയ അളവിൽ വൈക്കോൽ വാങ്ങി ബെർച്ചെനി എന്ന പട്ടണപ്രാന്തത്തിൽ വസിച്ചിരുന്ന ഒരു സഹോദരന്റെ സ്ഥലത്തുള്ള പുൽപ്പുറങ്ങളിൽ നിരത്തി. സെപ്റ്റംബർ ഒടുവിൽ കാലാവസ്ഥ അസാധാരണമാംവിധം ചൂടുള്ളതായിരുന്നതിനാൽ, താരനിബിഢമായ ആകാശത്തിനുകീഴെ ഒരുക്കിയ വൈക്കോൽ മെത്തകളിലെ കിടപ്പ് കൺവെൻഷനിൽ സംബന്ധിക്കാൻ കുട്ടികളുമായെത്തിയ കുടുംബങ്ങൾക്ക് സുഖകരമായ ഉറക്കം പ്രദാനം ചെയ്തു. ഇന്ന് ആ സ്ഥാനത്ത് മനോഹരമായ ഒരു പുത്തൻ രാജ്യഹാൾ കാണാം.
ശനിയാഴ്ച രാവിലെ കൺവെൻഷനിൽ സംബന്ധിച്ചവരുടെ എണ്ണം 3,400 ആയിരുന്നു. റൊമേനിയനിലും ഹംഗേറിയനിലും വീക്ഷാഗോപുരം വീണ്ടും പ്രസിദ്ധീകരിക്കാൻ തുടങ്ങിയെന്നും അത് അർധമാസ പതിപ്പായിരിക്കുമെന്നും ഉള്ള അറിയിപ്പു കേട്ടപ്പോൾ അവർ ഒന്നടങ്കം പുളകിതരായി. യഥാർഥത്തിൽ, മാസികയുടെ ആദ്യപതിപ്പിന്റെ ആയിരം പ്രതികൾ അന്നു രാവിലെ സഹോദരങ്ങൾക്കു വിതരണം ചെയ്യുകയുണ്ടായി. യുദ്ധകാലത്ത് സഹോദരങ്ങൾക്കു ലഭിക്കാതെപോയ വിവരങ്ങളുംകൂടി ഉൾക്കൊള്ളിച്ചിരുന്നതിനാൽ കുറെനാളത്തേക്ക് മാസികയിൽ നാല് അധ്യയനലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ഞായറാഴ്ച രാവിലെയായിരുന്നു സാക്ഷീകരണത്തിനായി പട്ടികപ്പെടുത്തിയിരുന്നത്. പ്രസാധകർ കൂട്ടംകൂട്ടമായി എല്ലായിടങ്ങളിലും പരസ്യപ്രസംഗം പരസ്യപ്പെടുത്തുന്നതു കാണാമായിരുന്നു. ഒരു ചുറ്റികയും വാളും അടകല്ലും (കൊല്ലൻ ലോഹംവെച്ച് അടിച്ചുപരത്താൻ ഉപയോഗിക്കുന്ന ഇരുമ്പുകല്ല്) ചിത്രീകരിച്ച പ്ലാക്കാർഡുകൾ അവർ വഹിച്ചിരുന്നു. “‘വാളുകളെ കൊഴുക്കളാക്കി മാറ്റും’—ഈ വാക്കുകൾ ദൈവനിശ്വസ്തമാണ്. രണ്ടു പ്രവാചകന്മാർ അവ രേഖപ്പെടുത്തി. എന്നാൽ ആർ അതു പ്രാവർത്തികമാക്കും?” എന്ന് അതിൽ എഴുതിയിരുന്നു. വെളുത്ത തുണികൊണ്ടുള്ള തോൾസഞ്ചികളിൽ കരുതിയിരുന്ന ക്ഷണക്കുറിപ്പുകളും മാസികകളും പ്രസാധകർ വിതരണം ചെയ്തു. “യഹോവയുടെ സാക്ഷികൾ” എന്നോ “ദൈവരാജ്യഘോഷകർ” എന്നോ “ദിവ്യാധിപത്യഘോഷകർ” എന്നോ സഞ്ചികളിൽ രേഖപ്പെടുത്തിയിരുന്നു.
അന്ന് ഉച്ചകഴിഞ്ഞ് മാർട്ടിൻ മജറോഷി പരസ്യപ്രസംഗം നടത്തി. അദ്ദേഹം ഇങ്ങനെ പറഞ്ഞുകൊണ്ടാണു തുടങ്ങിയത്: “ഇന്നേ ദിവസം വൻശക്തികൾ പാരീസിൽ സമാധാന സമ്മേളനം നടത്തുകയാണ്. ഇവിടെ, ഈ കൺവെൻഷനിൽ കൂടിവന്നിരിക്കുന്നത് 15,000 പേരാണ്. സന്നിഹിതരായിരിക്കുന്ന യഹോവയുടെ സാക്ഷികളെ മുഴുവൻ പരിശോധിച്ചാലും ഒരു വാളോ തോക്കോ കണ്ടെടുക്കാൻ നിങ്ങൾക്കാവില്ല. എന്തുകൊണ്ട്?
എന്തുകൊണ്ടെന്നാൽ ഞങ്ങൾ വാളുകളെ കൊഴുക്കളാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു!” യുദ്ധത്തിന്റെ മുറിപ്പാടുകൾ എല്ലായിടങ്ങളിലും ദൃശ്യമായിരുന്നതിനാൽ ആ പ്രസംഗം പ്രഭാവം ചെലുത്തുന്നതും കാലോചിതവും ആയിരുന്നു.അറ്റോർണി ജനറൽ, ആഭ്യന്തരമന്ത്രിയുടെ ഒരു സെക്രട്ടറി, കുറെ പോലീസ് ഓഫീസർമാർ, ഒരു സംഘം ഓർത്തഡോക്സ് പുരോഹിതന്മാർ എന്നിവർ ഞായറാഴ്ച സന്നിഹിതരായിരുന്നു. കുഴപ്പം സൃഷ്ടിക്കുമെന്ന് പുരോഹിതന്മാർ ഭീഷണി മുഴക്കിയിരുന്നതിനാൽ സഹോദരങ്ങളും സന്നിഹിതരായിരുന്ന ഉദ്യോഗസ്ഥരും അതു പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു പുരോഹിതൻമാത്രമേ പരിപാടി തടസ്സപ്പെടുത്താൻ മുതിർന്നുള്ളൂ. പരസ്യപ്രസംഗം നടക്കുന്നതിനിടയിൽ, പ്രസംഗകൻ നിന്നിരുന്ന പ്ലാറ്റ്ഫാറത്തിലേക്ക് അദ്ദേഹം നടന്നുനീങ്ങി. അതു നിരീക്ഷിച്ച സഹോദരന്മാർ അദ്ദേഹത്തെ തടയുകയും ബലമായി പിടിച്ചുകൊണ്ടുവന്ന് ഇരിപ്പിടത്തിൽ ഇരുത്തുകയും ചെയ്തു. എന്നിട്ട് കാതിൽ ഇങ്ങനെ മന്ത്രിച്ചു: “ഒരു ഓർത്തഡോക്സ് പുരോഹിതൻ ഇവിടെ പ്രസംഗിക്കേണ്ട യാതൊരു ആവശ്യവും ഇല്ല. എന്നാൽ ഒരിടത്തിരുന്ന് പ്രസംഗം ശ്രദ്ധിക്കുന്നതിൽ ഞങ്ങൾക്കു സന്തോഷമേയുള്ളൂ.” പിന്നെ അദ്ദേഹം അതിനു മുതിർന്നില്ല. പ്രസംഗങ്ങൾ ഇഷ്ടമായെന്നും യഹോവയുടെ സാക്ഷികളുടെ അടുക്കും ചിട്ടയും തന്നിൽ മതിപ്പുളവാക്കിയെന്നും അറ്റോർണി ജനറൽ പിന്നീടു പറയുകയുണ്ടായി.
കൺവെൻഷനെക്കുറിച്ച് ഒരു സഹോദരൻ പിന്നീട് ഇങ്ങനെ എഴുതി: “ശത്രുക്കളുടെ ഗൂഢാലോചനകൾ അപ്പാടെ പൊളിഞ്ഞുപോയി. സഹോദരങ്ങൾ സന്തോഷഭരിതരായിട്ടാണു വീടുകളിലേക്കു മടങ്ങിയത്.” സമാധാനത്തിന്റെയും ഐക്യത്തിന്റെയും വികാരങ്ങളും അവരിൽ പൂർവാധികം പ്രകടമായിരുന്നു. അതു പ്രോത്സാഹജനകമായിരുന്നു. എന്തുകൊണ്ടെന്നാൽ, യുദ്ധകാലത്ത് സഹോദരങ്ങൾക്കിടയിൽ വികാസംപ്രാപിച്ച ഭിന്നിപ്പുകൾ നിമിത്തം സമ്മിശ്ര വികാരങ്ങളോടെയായിരുന്നു പലരും കൺവെൻഷന് എത്തിയത്.
എന്നാൽ പുരോഹിതന്മാരെ സംബന്ധിച്ചിടത്തോളം സാഹചര്യം
അത്ര അനുകൂലമല്ലാത്തതായി കാണപ്പെട്ടു. എന്തെന്നാൽ യഹോവയുടെ സാക്ഷികളോടു ബന്ധപ്പെട്ട പല കാര്യങ്ങളിലും ലൗകിക അധികാരികൾ മേലാൽ അവരുടെ ആജ്ഞാനുവർത്തികൾ അല്ലാതായിത്തീർന്നു. എന്നിരുന്നാലും, പള്ളിപ്രസംഗങ്ങളിൽ സഹോദരങ്ങളെ കരിവാരിത്തേക്കുന്നതിൽനിന്ന് ഇത് അവരെ തടഞ്ഞില്ല. ചില പുരോഹിതന്മാർ ഒരു പടികൂടി കടന്നു പ്രവർത്തിച്ചു. പ്രസംഗപ്രവർത്തനം നടത്തുന്ന രാജ്യപ്രസാധകരെ—പുരുഷന്മാരെയും സ്ത്രീകളെയും—തല്ലിച്ചതയ്ക്കാൻ അവർ റൗഡിസംഘങ്ങളെ ചട്ടംകെട്ടി. ഒരു സന്ദർഭത്തിൽ, ഒരു ഓർത്തഡോക്സ് പുരോഹിതന്റെ ഭാര്യ ഒരു പയനിയർ സഹോദരിയെ കയ്യേറ്റം ചെയ്തു. കയ്യിലുണ്ടായിരുന്ന വടി ഒടിയുന്നതുവരെ അവർ സഹോദരിയെ തല്ലി! “അത്തരം പുരോഹിതന്മാർക്കെതിരെ ഞങ്ങളുടെ അനേകം കേസുകൾ നിലവിലുണ്ട്” എന്ന് അക്കാലത്തെ ഒരു റിപ്പോർട്ട് പ്രസ്താവിച്ചു.ഐക്യം പുനഃസ്ഥാപിക്കാൻ കൂടുതലായ ശ്രമം
1947-ൽ സ്വിറ്റ്സർലൻഡ് ബ്രാഞ്ചിൽനിന്ന് എത്തിയ ആൽഫ്രഡ് റൂട്ടിമാൻ റൊമേനിയയിൽ രണ്ടു മാസം ചെലവഴിച്ചു. ഒരു കൺവെൻഷൻ നടത്തുകയും ഹെഡ്ക്വാർട്ടേഴ്സിൽ സേവിച്ചിരുന്ന ഹെയ്ഡെൻ സി. കൊവിങ്റ്റൊണിന് അദ്ദേഹത്തോടൊപ്പം സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുകയും ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാൽ കൺവെൻഷൻ നടത്താൻ സഹോദരങ്ങളെ അധികാരികൾ അനുവദിച്ചില്ല. ഹെയ്ഡെൻ സഹോദരനു വീസ നൽകാനും അവർ വിസമ്മതിച്ചു. എന്നാൽ ആൽഫ്രഡ് സഹോദരന് രണ്ടു മാസത്തേക്കുള്ള ഒരു വീസ അവർ അനുവദിച്ചു. തത്ഫലമായി ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ റൊമേനിയയിൽ ചെലവഴിക്കാൻ അദ്ദേഹത്തിനു സാധിച്ചു.
സഹോദരൻ ആദ്യം സന്ദർശിച്ചത് ബൂക്കറെസ്റ്റ് ആയിരുന്നു. ഒരു കൂട്ടം സഹോദരീസഹോദരന്മാർ പരമ്പരാഗത രീതിയിൽ മനോഹരമായ ഒരു പൂച്ചെണ്ടും പിടിച്ച് നിറഞ്ഞ പുഞ്ചിരിയോടെയാണ് വിമാനത്താവളത്തിൽ അദ്ദേഹത്തെ എതിരേറ്റത്. 38 ആല്യോൺ സ്ട്രീറ്റിൽ, ഒരു താത്പര്യക്കാരന്റെ വീട്ടിൽ പ്രവർത്തിക്കുന്ന ബൂക്കറെസ്റ്റ് ഓഫീസിലേക്ക് അവർ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. 1947 ജനുവരിയിലായിരുന്നു ഓഫീസ് അവിടേക്കു മാറ്റിയത്. എന്നിരുന്നാലും, കമ്മ്യൂണിസ്റ്റുകാരുടെ ഭീഷണി വർധിച്ചുവന്നിരുന്നതിനാൽ 38 ബെസറേബിയ സ്ട്രീറ്റിലുണ്ടായിരുന്ന ഓഫീസിന്റെ വിലാസമാണ് സഹോദരങ്ങൾ തുടർന്നും ഔദ്യോഗിക മേൽവിലാസമായി ഉപയോഗിച്ചത്. 1945 ജൂലൈയിൽ സ്വന്തമാക്കിയ ആ ഓഫീസിൽ ഒരു പഴയ മേശ, സോഫ, കേടുവന്ന ഒരു ടൈപ്പ്റൈറ്റർ, നിറംമങ്ങിയ ചെറുപുസ്തകങ്ങളും മാസികകളും നിറഞ്ഞ ഒരു അലമാര എന്നിവയാണ് ഉണ്ടായിരുന്നത്. അവയെല്ലാം കണ്ടുകെട്ടിയാലും വേലയ്ക്കു യാതൊരു തടസ്സവും നേരിടുമായിരുന്നില്ല. അവിടത്തെ
ജോലികൾക്കായി വല്ലപ്പോഴുമൊക്കെ ഒരു സഹോദരി അവിടം സന്ദർശിക്കുമായിരുന്നു.നിയമ കോർപറേഷന്റെ പ്രസിഡന്റ് ആയിരുന്ന പാംഫിൽ ആൽബൂവിനെയും റൊമേനിയയിൽ വേലയ്ക്കു മേൽനോട്ടം വഹിച്ചിരുന്ന മാർട്ടിൻ മജറോഷിയെയും ആൽഫ്രഡ് സഹോദരൻ നേരിൽക്കണ്ടു. ആ രണ്ടു സഹോദരന്മാരും ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാരായും സേവിക്കുകയായിരുന്നു. കുറെ വർഷത്തേക്ക് ആശയവിനിമയം പരിമിതമായിരുന്നു. സഭകളിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും മിഷനറിമാർക്കായി ഗിലെയാദ് സ്കൂളും ആരംഭിച്ചത് ഉൾപ്പെടെ യഹോവയുടെ സംഘടനയിൽ ആയിടെയുണ്ടായ പുരോഗതികളെക്കുറിച്ചു കേട്ടപ്പോൾ റൊമേനിയയിലെ സഹോദരങ്ങൾ പുളകംകൊണ്ടു. റൊമേനിയയിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ആരംഭിക്കുന്നതു കാണാൻ എല്ലാവർക്കും വലിയ ഉത്സാഹമായിരുന്നു. യഥാർഥത്തിൽ, തിയോക്രാറ്റിക് എയ്ഡ് റ്റു കിങ്ഡം പബ്ലിഷേഴ്സ് എന്ന സ്കൂൾ പാഠപുസ്തകത്തിലെ 90 പാഠങ്ങൾ റൊമേനിയനിലും ഹംഗേറിയനിലും ഘട്ടംഘട്ടമായി അച്ചടിക്കാൻ സഹോദരങ്ങൾ പെട്ടെന്നുതന്നെ ക്രമീകരിക്കുകയുണ്ടായി.
എന്നിരുന്നാലും കഴിയുന്നത്ര സഭകളും കൂട്ടങ്ങളും സന്ദർശിച്ച്, കൺവെൻഷനിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന മുഖ്യപ്രസംഗങ്ങൾ നടത്തുക എന്നതായിരുന്നു ആൽഫ്രഡ് സഹോദരന്റെ പ്രധാന ലക്ഷ്യം.
അങ്ങനെ അദ്ദേഹവും, പരിഭാഷകനായി സേവിച്ച മാർട്ടിൻ സഹോദരനും സത്യം വേരുറച്ചിരുന്ന പ്രദേശങ്ങളിൽ പര്യടനം ആരംഭിച്ചു. രണ്ടു ഘട്ടങ്ങളുള്ള ആ പര്യടനം തുടങ്ങിയത് ട്രാൻസിൽവേനിയയിൽ ആയിരുന്നു.ട്രാൻസിൽവേനിയയിലും അതിനപ്പുറത്തേക്കും
ഈ പ്രത്യേക യോഗങ്ങളിൽ സംബന്ധിക്കാൻ മിക്ക സ്ഥലങ്ങളിലുള്ളവരെയുംപോലെതന്നെ ട്രാൻസിൽവേനിയയിലെ പ്രസാധകരും വളരെ ശ്രമം ചെയ്തു. സന്ദർശനം നടത്തുന്ന സഹോദരന്മാർ രണ്ടുപേരും അങ്ങേയറ്റം തിരക്കിലായിരുന്നതിനാൽ രാത്രിയിൽ ഏറെ നേരം ഉറങ്ങാതിരുന്ന് പ്രസംഗങ്ങളും മറ്റും ശ്രദ്ധിക്കാൻ അവർ സന്നദ്ധരായിരുന്നു. ഉദാഹരണത്തിന്, വാമാ ബൂസവൂലൂയി എന്ന ഗ്രാമത്തിൽ, രാത്രി പത്തു മണിക്ക് ആരംഭിച്ച പരിപാടി രണ്ടു മണിക്കാണ് അവസാനിച്ചത്. എന്നാൽ സന്നിഹിതരായിരുന്ന 75 പേരിൽ ആർക്കും അതിൽ ഒരു പരാതിയും ഉണ്ടായിരുന്നില്ല.
ആൽഫ്രഡ് റൂട്ടിമാൻ പിന്നീട് ഇങ്ങനെ എഴുതി: “സമയത്തെക്കുറിച്ച് ആളുകൾക്ക് നമ്മുടേതിൽനിന്നു വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണുള്ളത്. സന്ദർശകരെപ്രതി രണ്ടു മണിക്കോ മൂന്നു മണിക്കോ എഴുന്നേൽക്കുകയെന്നത് അവർക്ക് ഒരു പ്രശ്നമല്ല. നമ്മെപ്പോലെ മിനിട്ടുകളും മണിക്കൂറുകളുമൊന്നും കണക്കാക്കിയല്ല അവർ കാര്യങ്ങൾ ചെയ്യുന്നത്. അവർ സഞ്ചരിക്കുന്നത് കാൽനടയായിട്ടാണെങ്കിലും നമുക്കുള്ളതിലും കൂടുതൽ സമയം അവർക്കുള്ളതായി കാണപ്പെടുന്നു. ചിലപ്പോഴൊക്കെ അവർ വളരെ ദൂരം ചെരിപ്പില്ലാതെ നടക്കാറുണ്ട്. അവർക്കു പിരിമുറക്കവും കുറവാണ്. രാത്രിയിൽ ഇത്ര വൈകി യോഗങ്ങൾ ക്രമീകരിച്ചപ്പോൾ ഞങ്ങൾക്കു കിറുക്കാണോയെന്ന് ആദ്യം എനിക്കു തോന്നിപ്പോയി. എന്നാൽ അങ്ങനെ ചിന്തിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നു പറഞ്ഞുകൊണ്ട് മാർട്ടിൻ സഹോദരൻ എന്നെ സമാധാനപ്പെടുത്തി.”
അടുത്തതായി ഞങ്ങൾ പോയത് റ്റിർഗു-മൂറെഷിലേക്കായിരുന്നു. അന്ന് 31,000 പേർ വസിച്ചിരുന്ന ആ നഗരത്തെയും യുദ്ധം താറുമാറാക്കിയിരുന്നു. പാലങ്ങൾ എല്ലാംതന്നെ തകർന്നിരുന്നു. എന്നിട്ടും 25 സഭകളിൽനിന്നായി 700 സഹോദരങ്ങൾ 50 കിലോമീറ്ററോളം സഞ്ചരിച്ച് യോഗസ്ഥലത്ത് എത്തിച്ചേർന്നു. നഗരപ്രാന്തത്തിലുള്ള വനത്തിലെ ഒരു തുറസ്സായ സ്ഥലത്തായിരുന്നു യോഗം ക്രമീകരിച്ചിരുന്നത്.
സഹോദരന്മാർ ക്ലൂഷ്-നാപോക്കയും സന്ദർശിച്ചു. 48 സഭകളിൽനിന്നായി 300 പേർ തദവസരത്തിൽ സന്നിഹിതരായിരുന്നു. യാക്കോബ് ഷിമായുടെ അവിശ്വസ്തത നിമിത്തം 1928-ൽ കൈവിട്ടുപോയ നഗരത്തിലുള്ള അച്ചടിശാല മാർട്ടിൻ സഹോദരൻ ആൽഫ്രഡ് സഹോദരനെ കാണിച്ചുകൊടുത്തു. യാക്കോബിന് എന്തു സംഭവിച്ചു? “കഴിഞ്ഞ
വർഷം അദ്ദേഹം മരിച്ചു. ആളൊരു മദ്യപാനി ആയിത്തീർന്നിരുന്നു,” ആൽഫ്രഡ് സഹോദരൻ തന്റെ റിപ്പോർട്ടിൽ എഴുതി.യൂക്രെയിനിനു സമീപമുള്ള സിഗെറ്റ് മാർമാറ്റ്യേ, സാറ്റൂ-മാറേ എന്നിവയായിരുന്നു പിന്നീട് അവർ സന്ദർശിച്ച സ്ഥലങ്ങളിൽ രണ്ടെണ്ണം. റൊമേനിയൻ, ഹംഗേറിയൻ, യൂക്രേനിയൻ ഭാഷകളിലുള്ള 40-ലധികം സഭകൾ അവിടെ ഉണ്ടായിരുന്നു. അവിടത്തെ കർഷകരും ഗ്രാമവാസികളും പുറംലോകത്തെ ഒട്ടുംതന്നെ ആശ്രയിച്ചിരുന്നില്ല. ആവശ്യമായ എല്ലാ ഭക്ഷ്യവിളകളും ചണവും മറ്റും സ്വന്തമായി കൃഷി ചെയ്തിരുന്നതിനുപുറമേ മൃഗങ്ങളെയും, പ്രത്യേകിച്ച് ആടുകളെ, അവർ വളർത്തിയിരുന്നു. കൂടാതെ, വസ്ത്രങ്ങളും കമ്പിളിയും നിർമിക്കുകയും മൃഗചർമം സ്വന്തമായി സംസ്കരിക്കുകയും ചെയ്തിരുന്നു. ഗ്രാമത്തിലുള്ള ചെരുപ്പുകുത്തികളായിരുന്നു ആവശ്യമായ ഷൂസുകൾ നിർമിച്ചിരുന്നത്. ചണനൂൽകൊണ്ട് ഉണ്ടാക്കിയ പരമ്പരാഗതവും ചിത്രത്തുന്നലുകളോടുകൂടിയതും ആയ നാടൻ വേഷങ്ങൾ അണിഞ്ഞാണ് സഹോദരീസഹോദരന്മാരിൽ പലരും പ്രത്യേക യോഗങ്ങളിൽ പങ്കെടുത്തത്.
പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിൽ ആൽഫ്രഡ് സഹോദരനും മാർട്ടിൻ സഹോദരനും റൊമേനിയയുടെ വടക്കുകിഴക്കുള്ള മൊൾഡേവിയയിലേക്കു പോയി. ആദ്യം അവർ സന്ദർശിച്ചത് ഫ്രറ്റവൂട്സി എന്ന പ്രവിശ്യ ആയിരുന്നു. ദരിദ്രരായിരുന്നെങ്കിലും അവിടത്തെ സഹോദരങ്ങൾ അങ്ങേയറ്റം അതിഥിപ്രിയരായിരുന്നു. എണ്ണവിളക്കുകളുടെ അരണ്ട വെളിച്ചത്തിൽ സന്ദർശകർക്ക് അവർ പാലും റൊട്ടിയും ധാന്യക്കുറുക്കും വെണ്ണയിൽ ഭാഗികമായി മുങ്ങിക്കിടക്കുന്ന പുഴുങ്ങിയ മുട്ടയും വിളമ്പിക്കൊടുത്തു. ചെറിയ കുഴിയൻ പാത്രങ്ങളിലാണ് എല്ലാവരും ഭക്ഷിച്ചത്. “ഭക്ഷണം കേമമായിരുന്നു,” ആൽഫ്രഡ് സഹോദരൻ എഴുതി. ചൂടു കിട്ടാനായി അടുക്കളയിൽ അടുപ്പിനരുകിലേക്കു നീക്കിയിട്ട കട്ടിലുകളിലാണ് അന്നു രാത്രി രണ്ടുപേരും ഉറങ്ങിയത്. ആതിഥേയർ അടുത്തുതന്നെ വയ്ക്കോൽ നിറച്ച ചാക്കുകളുടെ പുറത്തും കിടന്നുറങ്ങി.
ഈ പ്രദേശത്തെ സാക്ഷികൾ ശുശ്രൂഷയിൽ തീക്ഷ്ണതയുള്ളവർ ആയിരുന്നു. രേഖ പ്രകടമാക്കുന്നതുപോലെ, യഹോവയിൽനിന്ന് അവർക്ക് സമൃദ്ധമായ അനുഗ്രഹങ്ങളും ലഭിച്ചു. 1945-ലെ വസന്തത്തിൽ 33 പ്രസാധകർ ഉണ്ടായിരുന്ന സ്ഥാനത്ത് 1947-ൽ അവരുടെ എണ്ണം 350 ആയിത്തീർന്നു. രണ്ടു വർഷത്തിനുള്ളിലെ വർധന പത്തു മടങ്ങായിരുന്നു!
തുടർന്ന്, 120 കിലോമീറ്റർ ദൂരെയുള്ള ബാൽകവൂട്സി, ഇവൻകവൂട്സി ഗ്രാമങ്ങളിലേക്ക് സഹോദരന്മാർ ഒരു കുതിരവണ്ടിയിൽ സഞ്ചരിച്ചപ്പോൾ അവരുടെ യാത്രയ്ക്ക് ശരിക്കും ഒരു ഗ്രാമീണസ്പർശം കൈവന്നു. “റൊമേനിയയിലെ ലക്ഷണമൊത്ത കൊച്ചുകുതിരകൾക്ക് എത്ര ദുർഘടമായ പാതകളിലൂടെയും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതു നേരത്തും സഞ്ചരിക്കാൻ കഴിയും” എന്ന് ഒരു
സഹോദരൻ എഴുതി. 1945-ൽ സ്ഥാപിതമായ ബാൽകവൂട്സി സഭയിലെ പ്രസാധകർ മുമ്പ് ഒരു ഇവാഞ്ചലിക്കൽ സഭയിലെ അംഗങ്ങൾ ആയിരുന്നു, സഭാദാസൻ അവിടത്തെ അൽമായ പ്രസംഗകൻ ആയിരുന്നു. മഴ നിമിത്തം, ഇവൻകവൂട്സിൽ യോഗം നടത്തിയത് ഒരു സഹോദരന്റെ വീട്ടിലാണ്. എന്നാൽ സന്നിഹിതരായിരുന്ന 170 പേർക്ക് അത് കാര്യമായ ഒരു അസൗകര്യം ആയിരുന്നില്ല. നഗ്നപാദരായി 30 കിലോമീറ്റർ സഞ്ചരിച്ചാണ് അവരിൽ ചിലർ അവിടെയെത്തിയത്.മൊത്തത്തിൽ നോക്കുമ്പോൾ ഈ രണ്ടു സഹോദരന്മാർ, 259 സഭകളിൽനിന്നെത്തിയ 4,504 പ്രസാധകരോടും താത്പര്യക്കാരോടുമായി 19 സ്ഥലങ്ങളിൽ പ്രസംഗിച്ചു. സ്വിറ്റ്സർലൻഡിലേക്കുള്ള മടക്കയാത്രയിൽ ആൽഫ്രഡ് റൂട്ടിമാൻ ഓറഷ്റ്റിയ, ആറാഡ് എന്നീ നഗരങ്ങളിലും പ്രസംഗങ്ങൾ നടത്തി. 60 മുതൽ 80 വരെ കിലോമീറ്റർ നടന്നാണ് സഹോദരങ്ങളിൽ പലരും പ്രസംഗം കേൾക്കാനെത്തിയത്. യഥാർഥത്തിൽ, 100 കിലോമീറ്റർ നഗ്നപാദനായി നടന്നാണ് 60 വയസ്സായ ഒരു കർഷകൻ അവിടെ എത്തിയത്! ഈ യോഗത്തെ അദ്ദേഹം അത്രയ്ക്കും വിലമതിച്ചിരുന്നു.
സഹോദരങ്ങൾക്കു പ്രോത്സാഹനം ആവശ്യമായിരുന്നതിനാൽ മാത്രമല്ല, ആത്മീയ കൊയ്ത്തിന് വയൽ വിളഞ്ഞിരുന്നതിനാലും റൊമേനിയയിലെ വേലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്ന ഈ പ്രത്യേക യോഗങ്ങൾ ശരിക്കും കാലാനുസൃതമായിരുന്നു. മർദകരായ ഭരണാധിപരും യുദ്ധക്കെടുതികളും നിമിത്തം റൊമേനിയക്കാർ പൊറുതിമുട്ടിയിരുന്നു. മതം അനേകരെയും നിരാശരാക്കി. കൂടാതെ 1947 ആഗസ്റ്റിൽ, റൊമേനിയൻ കറൻസിയായ ലേയൂവിനുണ്ടായ ഗണ്യമായ മൂല്യശോഷണം ഒട്ടേറെപ്പേരെ ഒറ്റ രാത്രികൊണ്ടു പാപ്പരാക്കി. തത്ഫലമായി, രാജ്യദൂതിനെ എതിർത്തിരുന്ന അനേകരും അതിനു ശ്രദ്ധകൊടുക്കാൻ മനസ്സൊരുക്കം കാണിച്ചു.
ഈ പ്രത്യേക യോഗങ്ങൾ കാലാനുസൃതം ആയിരുന്നതിന് മറ്റൊരു കാരണവും ഉണ്ടായിരുന്നു. കൂടുതൽ ശക്തമായ പീഡനത്തിന്റെ ഒരു കൊടുങ്കാറ്റ് അപ്പോൾ രൂപംകൊള്ളുന്നുണ്ടായിരുന്നു. നിർദയരും അസഹിഷ്ണുക്കളുമായ നേതാക്കളും നിരീശ്വരവാദപരമായ പ്രത്യയശാസ്ത്രവും കരുത്തുപകർന്ന ആ കൊടുങ്കാറ്റ് നാലു പതിറ്റാണ്ടോളം വീശിയടിക്കുമായിരുന്നു!
റൊമേനിയ ഇരുമ്പുമറയ്ക്കുള്ളിൽ
ആൽഫ്രഡ് റൂട്ടിമാന്റെ സന്ദർശനത്തിന്റെ തലേവർഷം, 1946 നവംബറിൽ, കമ്മ്യൂണിസ്റ്റുകാർ റൊമേനിയയിൽ അധികാരമേറ്റു. തുടർന്നുള്ള ഏതാനും വർഷങ്ങളിൽ അവരുടെ പാർട്ടി, അവശേഷിച്ച എല്ലാ എതിർപ്പിനെയും തട്ടിത്തെറിപ്പിച്ചു. കൂടാതെ, റൊമേനിയയിലെ സാംസ്കാരികവും രാഷ്ട്രീയവുമായ സ്ഥാപനങ്ങളെ സോവിയറ്റ്
മാതൃകയിൽ ഉടച്ചുവാർത്തുകൊണ്ട് രാജ്യത്തെ ഇരുമ്പുമറയ്ക്കുള്ളിൽ—സോവിയറ്റ് ഭരണത്തിൻകീഴിൽ—കൊണ്ടുവരുന്ന പ്രക്രിയയ്ക്ക് ആക്കംകൂട്ടുകയും ചെയ്തു.കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത സഹോദരങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തി. അവർ ലക്ഷക്കണക്കിന് മാസികകളും ചെറുപുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും അച്ചടിക്കുകയും രാജ്യത്തുടനീളമുള്ള 20 ഡിപ്പോകളിൽ അവ എത്തിക്കുകയും ചെയ്തു. അതേസമയം, അനേകരും തങ്ങളുടെ പ്രസംഗപ്രവർത്തനം ഊർജിതപ്പെടുത്തി. മിഹൈ നിസ്റ്റോർ, വാസിലി സാബാഡഷ് എന്നിവർ ഉൾപ്പെടെയുള്ള ചിലർ പയനിയറിങ് ആരംഭിച്ചു.
ട്രാൻസിൽവേനിയയുടെ വടക്കുപടിഞ്ഞാറും മധ്യട്രാൻസിൽവേനിയയിലും ആയിരുന്നു മിഹൈയുടെ നിയമനം. കമ്മ്യൂണിസ്റ്റ് നിരോധനം പ്രാബല്യത്തിൽ വരുകയും ശത്രുക്കൾ ഏറെക്കാലം വേട്ടയാടുകയും ചെയ്തപ്പോൾപ്പോലും അദ്ദേഹം അവിടെ പയനിയറിങ് തുടർന്നു. എങ്ങനെയാണ് അദ്ദേഹം പിടികൊടുക്കാതെ രക്ഷപ്പെട്ടത്? “ജനൽപ്പാളികൾ വിൽക്കുന്നവർ ഉപയോഗിച്ചിരുന്നതിനു സമാനമായ ഒരു ബാഗ് ഞാൻ ഉണ്ടാക്കിയെടുത്തു. ജോലിക്ക് ഉപയോഗിക്കുന്ന വസ്ത്രം ധരിച്ച് ജനൽപ്പാളികളും ഉപകരണങ്ങളും ചുമന്നുകൊണ്ട്, പ്രസംഗിക്കാൻ നിയമിക്കപ്പെട്ടിരുന്ന ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും നടുവിലൂടെ ഞാൻ നടന്നുനീങ്ങി. പോലീസിനെയോ സംശയത്തോടെ നോക്കുന്നവരെയോ കാണുമ്പോഴെല്ലാം ‘ജനലുകൾ വിൽക്കാനുണ്ടേ, ജനലുകൾ . . .’ എന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചുപറയുമായിരുന്നു. മറ്റു സഹോദരങ്ങൾ ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാൻ വ്യത്യസ്ത മാർഗങ്ങൾ അവലംബിച്ചു. വേല ആവേശകരമായിരുന്നെങ്കിലും പയനിയർമാരായ ഞങ്ങളും ഞങ്ങളെ വീടുകളിൽ സ്വീകരിച്ചവരും ഏതു സമയത്തും പിടിക്കപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നു. എങ്കിലും, ബൈബിൾ വിദ്യാർഥികൾ പുരോഗമിക്കുകയും പ്രസാധകരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നതു കാണുന്നതിൽ ഞങ്ങൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി,” അദ്ദേഹം വിവരിച്ചു.
മിക്കപ്പോഴും യാത്ര ചെയ്യേണ്ടതുണ്ടായിരുന്നിട്ടും വാസിലി സാബാഡഷും പയനിയറിങ്ങിൽ തുടർന്നു. പുതിയ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഒരു വൻ സെക്യൂരിറ്റി ശൃംഖലയുടെ കേന്ദ്രഘടകം ആയിരുന്ന
സെക്യൂരിറ്റേറ്റിന്റെ ആക്രമണഫലമായി പലയിടങ്ങളിലായി ചിതറിക്കപ്പെട്ടിരുന്ന സഹോദരങ്ങളെ കണ്ടെത്തി വേണ്ടതു ചെയ്യുന്നതിൽ പ്രത്യേകിച്ചും അദ്ദേഹം ഒരു വലിയ സഹായമായിരുന്നു. വാസിലി പറയുന്നു: “അറസ്റ്റു ചെയ്യപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്നു മാത്രമല്ല, പുതിയ പുതിയ മാർഗങ്ങൾ കണ്ടുപിടിക്കുകയും ചെയ്യേണ്ടിയിരുന്നു. ഉദാഹരണത്തിന് രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്കു സഞ്ചരിക്കുമ്പോഴെല്ലാം, അങ്ങനെ ചെയ്യുന്നതിന് സാധുവായ ഒരു കാരണമുണ്ടെന്നു ഞാൻ ഉറപ്പുവരുത്തി. ചിലപ്പോഴൊക്കെ, ആരോഗ്യസ്നാന കേന്ദ്രത്തിലെ ചികിത്സയ്ക്കുള്ള ഡോക്ടറുടെ ശുപാർശക്കത്തുപോലുള്ള എന്തെങ്കിലും കയ്യിൽ കരുതാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.“സംശയത്തിന് ഇടംകൊടുക്കാതെ പ്രവർത്തിച്ചതിനാൽ, സഹോദരങ്ങൾക്ക് ആത്മീയ ഭക്ഷണം ക്രമമായി ലഭിക്കാൻ തക്കവണ്ണം അവർക്കിടയിൽ ആശയവിനിമയബന്ധം സ്ഥാപിക്കാൻ എനിക്കു സാധിച്ചു. യെശയ്യാവു 6:8-ലെ ‘അടിയൻ ഇതാ അടിയനെ അയക്കേണമേ,’ മത്തായി 6:33-ലെ ‘മുമ്പെ രാജ്യം അന്വേഷിപ്പിൻ’ എന്നിവ ആയിരുന്നു എന്റെ ആപ്തവാക്യങ്ങൾ. സന്തോഷവും പിടിച്ചുനിൽക്കാനുള്ള ശക്തിയും ഈ വാക്യങ്ങൾ എനിക്കു പ്രദാനം ചെയ്തു.” ഈ ഗുണങ്ങൾ വാസിലിക്ക് ആവശ്യമായിരുന്നു. എന്തുകൊണ്ടെന്നാൽ ജാഗ്രത പാലിച്ചെങ്കിലും മറ്റു പലരെയുംപോലെ അദ്ദേഹവും ഒടുവിൽ അറസ്റ്റുചെയ്യപ്പെടുമായിരുന്നു.
ദൈവത്തിന്റെ സംഘടന ഉഗ്രമായ ആക്രമണങ്ങൾ നേരിടുന്നു
1948 ആയപ്പോഴേക്കും, ഹെഡ്ക്വാർട്ടേഴ്സുമായി കത്തിടപാടുകൾ നടത്തുന്നത് വളരെ ദുഷ്കരമായിത്തീർന്നു. അതുകൊണ്ട് സഹോദരങ്ങൾ മിക്കപ്പോഴും പോസ്റ്റുകാർഡുകളിൽ ഗൂഢഭാഷാ സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. 1949 മേയിൽ മാർട്ടിൻ മജറോഷി, ബൂക്കറെസ്റ്റിലെ ഓഫീസിൽ തന്നോടൊപ്പം പ്രവർത്തിച്ചിരുന്ന പെട്രെ റാൻകായുടെ ഒരു സന്ദേശം അയച്ചുകൊടുത്തത് ഈ രൂപത്തിലായിരുന്നു: “കുടുംബത്തിൽ എല്ലാവർക്കും സുഖംതന്നെ. ശക്തമായ കാറ്റും കൊടുംശൈത്യവും നിമിത്തം വയലിൽ പണിയെടുക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല.” മറ്റൊരു സഹോദരൻ പിന്നീട് ഇങ്ങനെ എഴുതി: “കുടുംബാംഗങ്ങൾക്കു മധുരപലഹാരങ്ങളൊന്നും കിട്ടുന്നില്ല, പലർക്കും അസുഖമാണ്.” റൊമേനിയയിലേക്ക്
ആത്മീയ ഭക്ഷണം അയച്ചുകൊടുക്കാൻ സാധിക്കുന്നില്ലെന്നും പല സഹോദരന്മാരും ജയിലിൽ ആണെന്നുമായിരുന്നു അദ്ദേഹം അർഥമാക്കിയത്.1949 ആഗസ്റ്റ് 8-ന് ജസ്റ്റിസ് മിനിസ്ട്രി ഒരു തീർപ്പ് പുറപ്പെടുവിച്ചതിനെ തുടർന്ന് ബൂക്കറെസ്റ്റിലെ ഓഫീസും താമസസൗകര്യങ്ങളും അടച്ചുപൂട്ടുകയും സ്വകാര്യ സാധനങ്ങൾ ഉൾപ്പെടെ എല്ലാ സാമഗ്രികളും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്നുവന്ന വർഷങ്ങളിൽ നൂറുകണക്കിന് സഹോദരങ്ങളെ അറസ്റ്റു ചെയ്ത് ശിക്ഷയ്ക്കു വിധിച്ചു. ഫാസിസ്റ്റുകൾ ഭരിച്ചപ്പോൾ, യഹോവയുടെ സാക്ഷികളെ അവർ കമ്മ്യൂണിസ്റ്റുകളെന്നു കുറ്റപ്പെടുത്തി. എന്നാൽ കമ്മ്യൂണിസ്റ്റുകാർ ഭരണത്തിൽ വന്നപ്പോൾ, “സാമ്രാജ്യവാദികൾ” എന്നും “അമേരിക്കൻ പ്രചാരകർ” എന്നും അവർ സഹോദരങ്ങളെ മുദ്രകുത്തി.
ചാരന്മാരും വിവരങ്ങൾ എത്തിച്ചുകൊടുക്കുന്നവരും എല്ലായിടത്തും പതിയിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ നിയന്ത്രണ വ്യവസ്ഥകൾ “ഇപ്പോൾ അങ്ങേയറ്റം കർശനമായിത്തീർന്നിരിക്കുന്നു. റൊമേനിയയിലുള്ള ആർക്കെങ്കിലും പാശ്ചാത്യനാടുകളിൽനിന്ന് കത്തുകൾ ലഭിച്ചാൽ ആ വ്യക്തിയെ കുഴപ്പക്കാരുടെ പട്ടികയിൽപ്പെടുത്തുകയും അദ്ദേഹത്തിന്റെ നീക്കങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും ചെയ്യുന്നു” എന്ന് വാർഷികപുസ്തകം 1953 (ഇംഗ്ലീഷ്) പറഞ്ഞു. “അവിടെ നിലവിലിരിക്കുന്ന ഭീതിയുടെ അന്തരീക്ഷം വിഭാവന ചെയ്യുക ഏതാണ്ട് അസാധ്യമാണ്. സ്വന്ത കുടുംബത്തിൽപ്പെട്ടവരെപ്പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ. സ്വാതന്ത്ര്യം പൊയ്പോയിരിക്കുന്നു,” ആ റിപ്പോർട്ട് തുടർന്നുപറഞ്ഞു.
1950-ന്റെ പ്രാരംഭത്തിൽ പാംഫിൽ ആൽബൂ, യിലെനാ ആൽബൂ, പെട്രെ റാൻകാ, മാർട്ടിൻ മജറോഷി എന്നിവരെയും മറ്റു പലരെയും അറസ്റ്റു ചെയ്യുകയും പാശ്ചാത്യനാടുകൾക്കായി ചാരവേല ചെയ്തെന്ന് അവരുടെമേൽ വ്യാജമായി കുറ്റം ആരോപിക്കുകയും ചെയ്തു. രഹസ്യവിവരങ്ങൾ വെളിപ്പെടുത്താനും “ചാരവേല” ചെയ്തതായി ഏറ്റുപറയാനും നിർബന്ധിച്ചുകൊണ്ട് ചിലരെ പീഡനത്തിനു വിധേയരാക്കി. എന്നാൽ, യഹോവയെ ആരാധിക്കുകയും അവന്റെ രാജ്യതാത്പര്യങ്ങൾക്കായി സേവനമനുഷ്ഠിക്കുകയും ചെയ്തെന്നുമാത്രമായിരുന്നു അവർക്ക് ഏറ്റുപറയാനുണ്ടായിരുന്നത്. ഈ കഠിന പരിശോധനകളെല്ലാം സഹിച്ചശേഷം ചില സഹോദരങ്ങൾ ജയിലിലേക്കും മറ്റു ചിലർ തൊഴിൽപ്പാളയങ്ങളിലേക്കും പോയി. ഈ പീഡനതരംഗം വേലയെ എങ്ങനെയാണു ബാധിച്ചത്? അതേവർഷം, 1950-ൽ, റൊമേനിയയിലെ പ്രസാധകരുടെ എണ്ണത്തിൽ 8 ശതമാനം വർധന ഉണ്ടായി. ദൈവാത്മാവിന്റെ ശക്തിക്ക് മികച്ച ഒരു സാക്ഷ്യംതന്നെ!
അപ്പോൾ 60-കളുടെ അന്ത്യത്തിൽ ആയിരുന്ന മാർട്ടിൻ സഹോദരനെ ട്രാൻസിൽവേനിയയിലുള്ള ഗെർലാ ജയിലിലേക്കയച്ചു. അവിടെവെച്ച്, 1951-ന്റെ ഒടുവിൽ അദ്ദേഹം മരണമടഞ്ഞു. “സത്യത്തെപ്രതി 2 തിമൊ. 4:7) അദ്ദേഹത്തിന്റെ ഭാര്യ മാരിയയ്ക്കു തടവുശിക്ഷ അനുഭവിക്കേണ്ടിവന്നില്ലെങ്കിലും ക്ലേശങ്ങൾ സഹിച്ചുനിൽക്കുന്നതിൽ അവരും ഒരു ഉത്തമ ദൃഷ്ടാന്തം ആയിരുന്നു. “കർത്താവിന്റെ വേലയിൽ പൂർണമായി അർപ്പിതയായ ബുദ്ധിസാമർഥ്യമുള്ള ഒരു സഹോദരി” എന്നാണ് ഒരു സഹോദരൻ അവരെക്കുറിച്ചു പറഞ്ഞത്. മാർട്ടിന്റെ അറസ്റ്റിനുശേഷം ദത്തുപുത്രിയായ മരിവാറാ ഉൾപ്പെടെയുള്ള ബന്ധുക്കളാണ് മാരിയയുടെ കാര്യങ്ങൾ നോക്കിയത്. മരിവാറായും ജയിലിലായെങ്കിലും 1955-ലെ ശരത്കാലത്തു സ്വതന്ത്രയായി.
കഠിനമായ നിരവധി കഷ്ടങ്ങൾ അദ്ദേഹം സഹിച്ചു, പ്രത്യേകിച്ച് 1950 ജനുവരിയിൽ അറസ്റ്റു ചെയ്യപ്പെട്ടതിനെത്തുടർന്ന്. ഇപ്പോൾ ആ കഷ്ടങ്ങളെല്ലാം തീർന്നു” എന്ന് ഒരു റിപ്പോർട്ട് പ്രസ്താവിച്ചു. അതേ, പുരോഹിതന്മാരുടെയും ഫാസിസ്റ്റുകളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും മൃഗീയ ആക്രമണങ്ങൾ 20 വർഷത്തോളം മാർട്ടിൻ സഹോദരൻ സഹിച്ചുനിന്നു. നിർമലത പാലിക്കുന്നതിൽ അദ്ദേഹം വെച്ച ദൃഷ്ടാന്തം പൗലൊസ് അപ്പൊസ്തലന്റെ പിൻവരുന്ന വാക്കുകൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു: “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.” (“യഹോവയുടെ സാക്ഷികൾ നല്ലവരാണ്”
1955-ൽ ഗവൺമെന്റ് പൊതുമാപ്പ് നൽകിയതിനെത്തുടർന്ന് മിക്ക സഹോദരങ്ങളും സ്വതന്ത്രരായി. എന്നാൽ ആ സ്വാതന്ത്ര്യം താത്കാലികമായിരുന്നു. 1957 മുതൽ 1964 വരെ യഹോവയുടെ സാക്ഷികളെ വീണ്ടും വേട്ടയാടുകയും അറസ്റ്റു ചെയ്യുകയും ചെയ്തു. ചിലരെ ജീവപര്യന്തം തടവിനു വിധിച്ചു. എന്നാൽ, നിരാശയിൽ ആണ്ടുപോകുന്നതിനു പകരം തടവിലാക്കപ്പെട്ട സഹോദരങ്ങൾ ഉറച്ചുനിൽക്കാൻ അന്യോന്യം പ്രോത്സാഹിപ്പിച്ചു. യഥാർഥത്തിൽ, ക്രിസ്തീയ തത്ത്വങ്ങളും നിർമലതയും നിമിത്തം അവർ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. “യഹോവയുടെ സാക്ഷികൾ നല്ലവരാണ്. സ്വന്തം മതത്തെ തള്ളിപ്പറഞ്ഞുകൊണ്ട് വിട്ടുവീഴ്ച ചെയ്യുന്നവരല്ല അവർ,” ഒരു രാഷ്ട്രീയ തടവുകാരൻ അനുസ്മരിച്ചു. താൻ തടവിലാക്കപ്പെട്ടിരുന്ന സ്ഥലത്ത് “ഏറെ പ്രിയം പിടിച്ചുപറ്റിയ തടവുകാർ” സാക്ഷികളായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1964-ൽ വീണ്ടുമൊരു പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ അതും നീണ്ടുനിന്നില്ല. 1968-നും 1974-നും ഇടയ്ക്കായി കൂട്ട അറസ്റ്റുകൾ നടന്നു. ഒരു സഹോദരൻ ഇങ്ങനെ എഴുതി: “സുവിശേഷം അറിയിക്കുന്നതിന്റെ പേരിൽ ഞങ്ങൾ പീഡനത്തിനും അധിക്ഷേപത്തിനും ഇരകളായിത്തീർന്നിരിക്കുന്നു. തടവിലാക്കപ്പെട്ട സഹോദരങ്ങളെ നിങ്ങളുടെ പ്രാർഥനകളിൽ അനുസ്മരിക്കാൻ ഞങ്ങൾ അപേക്ഷിക്കുകയാണ്. ഈ പരിശോധനകളെല്ലാം സഹിച്ചുനിൽക്കേണ്ടതാണെന്നു ഞങ്ങൾക്കറിയാം. മത്തായി 24:14-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതിനു ചേർച്ചയിൽ തുടർന്നും ഞങ്ങൾ സധൈര്യം സുവാർത്ത ഘോഷിക്കും. എന്നാൽ ഞങ്ങളെ മറക്കരുതേയെന്ന് ഒരിക്കൽക്കൂടി ഞങ്ങൾ നിങ്ങളോട് ആത്മാർഥമായി അപേക്ഷിക്കുന്നു!” നാം കാണാൻ പോകുന്നതുപോലെ യഹോവ തന്റെ വിശ്വസ്തരുടെ, കണ്ണുനീരോടെയുള്ള ആത്മാർഥമായ പ്രാർഥനകൾ കേൾക്കുകയും പല വിധങ്ങളിൽ അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
സാത്താൻ അവിശ്വാസത്തിന്റെ വിത്തുകൾ വിതയ്ക്കുന്നു
പുറമേനിന്നുമാത്രമല്ല പിശാച് ദൈവദാസരെ ദ്രോഹിക്കുന്നത്, അവർക്കിടയിൽനിന്നുതന്നെയും അവൻ ആക്രമണം അഴിച്ചുവിടുന്നു. ഉദാഹരണത്തിന് 1955-ൽ സ്വതന്ത്രരായ ചില സഹോദരന്മാരെ, അറസ്റ്റുചെയ്യപ്പെടുന്നതിനുമുമ്പ് അവർ വഹിച്ചിരുന്ന മേൽവിചാരകസ്ഥാനങ്ങളിൽ വീണ്ടും നിയമിച്ചില്ല. ഉള്ളിൽ നീരസം നുരഞ്ഞുപൊന്തിയ അവർ സഹോദരങ്ങൾക്കിടയിൽ ഭിന്നതയുടെ വിത്തു വിതച്ചു. ജയിലറകളിൽ ഉറച്ച നിലപാടു കാത്തുസൂക്ഷിച്ച അവർ, സ്വതന്ത്രരാക്കപ്പെട്ടശേഷം അഹങ്കാരത്തിലേക്കു കൂപ്പുകുത്തിയത് എത്ര ശോചനീയമാണ്! കുറഞ്ഞപക്ഷം പ്രമുഖനായ ഒരു സഹോദരനെങ്കിലും ശിക്ഷയിൽനിന്നു രക്ഷപ്പെടാൻ സെക്യൂരിറ്റേറ്റുമായി സഹകരിക്കുകപോലും ചെയ്തു. വിശ്വസ്തരായവർക്കും പ്രസംഗവേലയ്ക്കും അതു വലിയ ദ്രോഹം കൈവരുത്തി.—മത്താ. 24:10.
മനസ്സാക്ഷിപരമായ കാര്യങ്ങൾ സംബന്ധിച്ച വ്യത്യസ്ത വീക്ഷണങ്ങളും ദൈവജനത്തിനു പ്രയാസം സൃഷ്ടിച്ചു. ഉദാഹരണത്തിന് അറസ്റ്റിലായശേഷം, ജയിൽശിക്ഷയോ ഉപ്പുഖനികളിലെ വേലയോ തിരഞ്ഞെടുക്കാൻ മിക്കപ്പോഴും സഹോദരങ്ങൾക്ക് അവസരമുണ്ടായിരുന്നു. ഖനികളിൽ വേല ചെയ്യാൻ തീരുമാനിച്ചവർ ബൈബിൾ തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്തതായി ചിലർ വീക്ഷിച്ചു. സിനിമയോ മറ്റു കലാപരിപാടികളോ കാണാൻ പോകുന്നതോ ഒരു റേഡിയോ ഉണ്ടായിരിക്കുന്നതുപോലുമോ അനുചിതമാണെന്നു മറ്റു ചിലർ കരുതി. അവരുടെ വീക്ഷണത്തിൽ സഹോദരിമാർ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നതും തെറ്റായിരുന്നു.
ഏതായിരുന്നാലും, ദൈവത്തോടു വിശ്വസ്തരായി നിലകൊള്ളുകയെന്ന സുപ്രധാന സംഗതി മിക്ക സഹോദരങ്ങളും മറന്നുകളഞ്ഞില്ല. ഇക്കാര്യം വെളിപ്പെടുത്തുന്നതായിരുന്നു സേവനവർഷം 1958-ലെ റിപ്പോർട്ട്. 5,288 പേരാണ് വയൽശുശ്രൂഷയിൽ ഏർപ്പെട്ടത്—മുൻ വർഷത്തെക്കാൾ 1,000-ത്തിലേറെ പേർ കൂടുതലായിരുന്നു അത്! കൂടാതെ, 8,549 പേർ സ്മാരകത്തിൽ സംബന്ധിക്കുകയും 395 പേർ സ്നാപനമേൽക്കുകയും ചെയ്തു.
റോമർ 13:1-ൽ പരാമർശിച്ചിരിക്കുന്ന “ശ്രേഷ്ഠാധികാരങ്ങൾ” മാനുഷ ഭരണാധികാരികളാണെന്ന് 1962-ൽ വീക്ഷാഗോപുരം വിശദീകരിച്ചതിനെത്തുടർന്ന് മറ്റൊരു പരിശോധന തലപൊക്കി. ശ്രേഷ്ഠാധികാരങ്ങൾ യഹോവയാം ദൈവവും യേശുക്രിസ്തുവും ആണെന്നായിരുന്നു മുമ്പു മനസ്സിലാക്കിയിരുന്നത്. നിർദയരായ ഭരണാധികാരികൾ റൊമേനിയയിലെ സഹോദരങ്ങളെ ഏറെ ദ്രോഹിച്ചിരുന്നതിനാൽ ഈ പുതിയ ഗ്രാഹ്യം ഉൾക്കൊള്ളാൻ അവരിൽ അനേകർക്കും പ്രയാസമായിരുന്നു. യഥാർഥത്തിൽ ഈ വിശദീകരണം, മത്തായി 22:21-ലെ തത്ത്വത്തിനു വിരുദ്ധമായി തങ്ങളെ സമ്പൂർണമായും രാഷ്ട്രത്തിനു കീഴ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ കൗശലപൂർവം മെനഞ്ഞെടുത്ത ഒരു ചതിയാണെന്നും ചിലർ ആത്മാർഥമായി വിശ്വസിച്ചു.
ബെർലിനിലും റോമിലും മറ്റു നഗരങ്ങളിലും സന്ദർശനം കഴിഞ്ഞെത്തിയ ഒരു സാക്ഷിയുമായി ഒരു സഹോദരൻ സംസാരിച്ചു. അദ്ദേഹം പറയുന്നു: “ഈ പുതിയ തിരിച്ചറിവ് ഒരു കമ്മ്യൂണിസ്റ്റ് തന്ത്രം അല്ലെന്നും അടിമവർഗത്തിൽനിന്നുള്ള ആത്മീയ ഭക്ഷണമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. എനിക്ക് എന്നിട്ടും സംശയമായിരുന്നു. അതുകൊണ്ട്, എന്താണു ചെയ്യേണ്ടതെന്ന് ഞാൻ ഡിസ്ട്രിക്റ്റ് മേൽവിചാരകനോട് ആരാഞ്ഞു.”
“പ്രസംഗിക്കുന്നതിൽ തുടരുക—അതാണു നാം ചെയ്യേണ്ടത്!” അദ്ദേഹം പറഞ്ഞു.
“അതു തികച്ചും നല്ല ബുദ്ധിയുപദേശം ആയിരുന്നു. ഇന്നും ഞാൻ പ്രസംഗവേല ‘തുടരുന്നു’ എന്നു പറയാൻ എനിക്കു സന്തോഷമുണ്ട്.”
ആശയവിനിമയം നടത്തുന്നതിൽ വൻതടസ്സങ്ങൾ നേരിട്ടെങ്കിലും, വെളിപ്പെടുത്തപ്പെട്ട സത്യം സഹോദരങ്ങളെ അതതുസമയത്ത് അറിയിക്കാനും ഏകീകൃതമായ ഒരു ആത്മീയ കുടുംബത്തെപ്പോലെ കൂട്ടായി പ്രവർത്തിക്കുന്നതിന് അവരെ സഹായിക്കാനും വേണ്ടി ഹെഡ്ക്വാർട്ടേഴ്സും റൊമേനിയയിൽ വേലയ്ക്കു മേൽനോട്ടം വഹിക്കുന്ന ബ്രാഞ്ചും പരമാവധി പ്രവർത്തിച്ചു. അതിനായി അവർ കത്തുകൾ എഴുതുകയും ഉചിതമായ ലേഖനങ്ങൾ രാജ്യ ശുശ്രൂഷയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഈ ആത്മീയ ഭക്ഷണം യഹോവയുടെ ജനത്തിനു ലഭ്യമാക്കിയത് എങ്ങനെയാണ്? കൺട്രി കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും, സഞ്ചാരമേൽവിചാരകന്മാരും സഭാമൂപ്പന്മാരുമായി രഹസ്യമായി ബന്ധപ്പെട്ടിരുന്നു. വിശ്വസ്തരായ സന്ദേശവാഹകരാണ് അവർക്കിടയിൽ കണ്ണികളായി സേവിച്ചത്. സ്വിറ്റ്സർലൻഡിലെ ഓഫീസിൽനിന്നും അവിടേക്കും ഉള്ള കത്തുകളും റിപ്പോർട്ടുകളും എത്തിച്ചുകൊടുത്തിരുന്നതും അവരായിരുന്നു. തത്ഫലമായി കുറെയെങ്കിലും ആത്മീയ ഭക്ഷണവും ദിവ്യാധിപത്യ മാർഗനിർദേശവും സഹോദരങ്ങൾക്കു ലഭ്യമായി.
സ്വന്തം സഭകളിലും കൂട്ടങ്ങളിലും ഐക്യത്തിന്റെ ആത്മാവ് ഊട്ടിയുറപ്പിക്കാനും വിശ്വസ്തരായ സഹോദരീസഹോദരന്മാർ പരിശ്രമിച്ചു. അങ്ങനെ ചെയ്ത ഒരു സഹോദരനാണ് യോസിഫ് ഷോക്കാൻ.
മിക്കപ്പോഴും അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു: “ക്രമമായി ആത്മീയ ഭക്ഷണം കഴിക്കുകയും ‘അമ്മ’യുമായി അടുത്ത ബന്ധം നിലനിറുത്തുകയും ചെയ്യാത്തപക്ഷം അർമഗെദോനിൽ രക്ഷപ്പെടാമെന്ന് നമുക്കു പ്രതീക്ഷിക്കാനാവില്ല.” യഹോവയുടെ സംഘടനയുടെ ഭൗമിക ഭാഗവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിനെയാണ് അദ്ദേഹം അർഥമാക്കിയത്. അത്തരം സഹോദരങ്ങൾ ദൈവജനത്തിന് വിലതീരാത്ത ഒരു മുതൽക്കൂട്ടും ഐക്യം തകർക്കാൻ ശ്രമിക്കുന്നവരിൽനിന്ന് ശക്തമായ ഒരു സംരക്ഷണവും ആയിരുന്നു.ശത്രുക്കളുടെ തന്ത്രങ്ങൾ
യഹോവയുടെ ദാസരുടെ വിശ്വാസം ദുർബലമാക്കാനും അവരെ കാൽക്കീഴാക്കാനും ലക്ഷ്യമിട്ടുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ ചാരന്മാരെയും ഒറ്റുകാരെയും ഉപയോഗിച്ചു. കൂടാതെ, പീഡനവും നുണപ്രചാരണങ്ങളും വധഭീഷണിയും അവർ ആയുധങ്ങളാക്കി. ചാരന്മാരും വിവരങ്ങൾ എത്തിച്ചുകൊടുക്കുന്നവരും ആയി പ്രവർത്തിച്ചവരിൽ അയൽക്കാർ, സഹജോലിക്കാർ, വിശ്വാസത്യാഗികൾ, കുടുംബാംഗങ്ങൾ, സെക്യൂരിറ്റേറ്റ് ഏജന്റുമാർ എന്നിവർ ഉൾപ്പെട്ടിരുന്നു. സത്യത്തിൽ താത്പര്യമുള്ളവരായി നടിക്കുകയും ദിവ്യാധിപത്യ പദങ്ങൾ പഠിച്ചെടുക്കുകയും ചെയ്തുകൊണ്ട് സെക്യൂരിറ്റേറ്റ് ഏജന്റുമാർ സഭകളിൽ നുഴഞ്ഞുകയറുകപോലും ചെയ്തു. ഈ “കളളസ്സഹോദരന്മാർ” വളരെ ദ്രോഹം ചെയ്യുകയും അനേകർ അറസ്റ്റുചെയ്യപ്പെടാൻ ഇടയാക്കുകയും ചെയ്തു. അവരിലൊരാളായ ഷാവൂ ഗാബോർ ഒരു ഉത്തരവാദിത്വ സ്ഥാനം അലങ്കരിക്കുകപോലും ചെയ്തിരുന്നു. 1969-ൽ അദ്ദേഹത്തിന്റെ തനിനിറം പുറത്തായി.—ഗലാ. 2:4.
രഹസ്യമായി മൈക്രോഫോണുകൾ സ്ഥാപിച്ചുകൊണ്ടും ഗവൺമെന്റ് ഏജന്റുമാർ വ്യക്തികളെയും കുടുംബങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ചോർത്താൻ ശ്രമിച്ചു. റ്റിമോറ്റെയ് ലാസർ പറയുന്നു: “ക്രിസ്തീയ നിഷ്പക്ഷതയുടെ പേരിൽ ഞാൻ ജയിലിൽക്കഴിഞ്ഞ കാലത്ത് സെക്യൂരിറ്റേറ്റ് ഉദ്യോഗസ്ഥർ എന്റെ മാതാപിതാക്കളെയും അനുജനെയും അവരുടെ ഹെഡ്ക്വാർട്ടേഴ്സിലേക്കു വിളിപ്പിച്ച് ആറു മണിക്കൂർവരെ ചോദ്യംചെയ്യുക പതിവായിരുന്നു. അത്തരമൊരു സന്ദർഭത്തിൽ വീട്ടിൽ ഒരു മൈക്രോഫോൺ അവർ ഒളിപ്പിച്ചുവെച്ചു. അന്നു
വൈകുന്നേരം വീട്ടിലെ ഇലക്ട്രിക് മീറ്റർ വളരെ വേഗത്തിൽ കറങ്ങുന്നത് ഒരു ഇലക്ട്രീഷ്യൻ ആയിരുന്ന എന്റെ അനുജന്റെ ശ്രദ്ധയിൽപ്പെട്ടു. എല്ലായിടവും പരിശോധിച്ചപ്പോൾ സംഭാഷണങ്ങൾ ചോർത്താനുള്ള രണ്ട് ഉപകരണങ്ങൾ കണ്ടെത്തി. അവയുടെ ഫോട്ടോ എടുത്തശേഷം അനുജൻ അവ നീക്കംചെയ്തു. അടുത്ത ദിവസം വീട്ടിലെത്തിയ സെക്യൂരിറ്റേറ്റ് ഏജന്റുമാർ അവരുടെ കളിപ്പാട്ടങ്ങൾ—അതായിരുന്നു അവർ അതിനു കൊടുത്തിരുന്ന പേര്—ആവശ്യപ്പെട്ടു.”മറ്റു കമ്മ്യൂണിസ്റ്റ് ദേശങ്ങളിൽ അതിനോടകം പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങൾ പുനഃപ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു മിക്കപ്പോഴും കുപ്രചാരണങ്ങൾ അരങ്ങേറിയത്. ഉദാഹരണത്തിന്, “ദ ജെഹോവിസ്റ്റ് സെക്റ്റ് ആൻഡ് ഇറ്റ്സ് റിയാക്ഷനറി കാരക്ടർ” എന്ന ലേഖനം റഷ്യയിൽ പ്രസിദ്ധീകരിച്ച ഒരു വർത്തമാനപ്പത്രത്തിൽനിന്ന് എടുത്തതായിരുന്നു. “സോഷ്യലിസ്റ്റ് രാജ്യങ്ങളെ അട്ടിമറിക്കുക” എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന “ഒരു രാഷ്ട്രീയ സംഘടനയുടെ സ്വഭാവ”മാണ് യഹോവയുടെ സാക്ഷികൾക്കുള്ളതെന്ന് ആ ലേഖനം കുറ്റപ്പെടുത്തി. ആരെങ്കിലും യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകൾ ഉന്നമിപ്പിക്കുന്നതായി കണ്ടാൽ അക്കാര്യം റിപ്പോർട്ടു ചെയ്യണമെന്നും അതു വായനക്കാരോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും ഇത്തരം രാഷ്ട്രീയ മുറവിളിയിലൂടെ എതിരാളികൾ പരോക്ഷമായി പരാജയം സമ്മതിക്കുകയാണെന്ന്, ചിന്തിക്കുന്ന വ്യക്തികൾ തിരിച്ചറിഞ്ഞു. എന്തുകൊണ്ടെന്നാൽ യഹോവയുടെ സാക്ഷികൾ തീർച്ചയായും നിശ്ശബ്ദരായി കഴിയുകയല്ലെന്നും അപ്പോഴും വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാവരും അറിയാൻ അത് ഇടയാക്കി.
കസ്റ്റഡിയിലെടുത്ത സഹോദരീസഹോദരന്മാരെ സെക്യൂരിറ്റേറ്റ് ഏജന്റുമാർ കൊടുംക്രൂരതകൾക്കു വിധേയരാക്കി. വിദഗ്ധമായ രീതികളാണ് അവർ അതിനായി അവലംബിച്ചിരുന്നത്. സഹോദരങ്ങളെക്കൊണ്ടു സംസാരിപ്പിക്കുന്നതിനായി മനസ്സിനെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്ന രാസപദാർഥങ്ങൾപോലും അവർ പ്രയോഗിച്ചു. അത്തരം ദ്രോഹത്തിനു വിധേയനായ സാമോയില ബറയാൻ ഇങ്ങനെ പറയുന്നു: “ചോദ്യംചെയ്യൽ ആരംഭിച്ചശേഷം അവർ എനിക്കു ചില മരുന്നുകൾ തന്നു. അവ പ്രഹരങ്ങളെക്കാൾ ഹാനികരമായിരുന്നു. പെട്ടെന്നുതന്നെ എന്തൊക്കെയോ എനിക്കു സംഭവിക്കുന്നതായി ഞാൻ മനസ്സിലാക്കി. നേരെ നടക്കാനോ പടികൾ കയറാനോ എനിക്കു സാധിക്കാതെയായി. വിട്ടുമാറാത്ത ഉറക്കമില്ലായ്മയും ശ്രദ്ധാശൈഥില്യവും എന്നെ പിടികൂടുകയും നേരെചൊവ്വെ സംസാരിക്കാൻ കഴിയാതാകുകയും ചെയ്തു.
“എന്റെ ശാരീരിക നില ഒന്നിനൊന്നു ക്ഷയിച്ചുകൊണ്ടിരുന്നു. ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ സ്വാദറിയാനുള്ള പ്രാപ്തി നഷ്ടമായി. ദഹനവ്യവസ്ഥയുടെ പ്രവർത്തനം നിലയ്ക്കുകയും ശരീരത്തിലെ സന്ധികളെല്ലാം അയയുന്നതുപോലെ അനുഭവപ്പെടുകയും ചെയ്തു. ശക്തമായ
വേദന എന്നെ വരിഞ്ഞുമുറുക്കി. പാദങ്ങൾ അമിതമായി വിയർക്കാൻ തുടങ്ങിയതിനാൽ രണ്ടു മാസത്തിനുള്ളിൽ എന്റെ ഷൂസ് പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായിത്തീർന്നു. എന്നെ ചോദ്യം ചെയ്തിരുന്ന ആൾ ഇങ്ങനെ പറഞ്ഞുകൊണ്ട് എന്റെനേരെ ആക്രോശിക്കുമായിരുന്നു: ‘നീ എന്തിനാണ് ഇനിയും നുണ പറയുന്നത്? നിന്റെ അവസ്ഥ നിനക്കു കാണാൻ കഴിയുന്നില്ലേ?’ കോപത്താൽ പൊട്ടിത്തെറിക്കാൻ തോന്നിയെങ്കിലും വളരെ പാടുപെട്ട് ഞാൻ ആത്മസംയമനം പാലിച്ചു.” ഈ ഉഗ്രപരിശോധനയുടെ കെടുതികളിൽനിന്ന് ബറയാൻ സഹോദരൻ ഒടുവിൽ പൂർണമായി വിമുക്തനായി.സെക്യൂരിറ്റേറ്റ് ഏജന്റുമാർ മാനസിക പീഡനവും അഴിച്ചുവിട്ടു. അലക്സ ബോയിച്ചൂക്ക് അനുസ്മരിക്കുന്നു: “ഒരു രാത്രിയിൽ അവർ എന്നെ വിളിച്ചെഴുന്നേൽപ്പിച്ച് ഒരു ഹാളിലേക്കു കൊണ്ടുപോയി. അവിടെ ഒരു സഹോദരനെ അടിക്കുന്ന ശബ്ദമാണ് എനിക്കു കേൾക്കാൻ കഴിഞ്ഞത്. പിന്നീട് ഒരു സഹോദരി കരയുന്നതും തുടർന്ന് എന്റെ അമ്മയുടെ ശബ്ദവും ഞാൻ കേട്ടു. എന്നെ ഏറ്റവും നൊമ്പരപ്പെടുത്തിയ രാത്രിയായിരുന്നു അത്. ഇവയെല്ലാം സഹിക്കുന്നതിലും അവർ എന്നെ പ്രഹരിക്കുന്നതായിരുന്നു എനിക്കിഷ്ടം.”
മറ്റു സാക്ഷികളുടെ പേരുകളും യോഗസ്ഥലങ്ങളും സമയവും വെളിപ്പെടുത്തുന്നപക്ഷം മാപ്പുനൽകാമെന്നു സഹോദരങ്ങളോടു പറയുകയുണ്ടായി. മക്കളുടെ ഭാവിയോർത്ത്, തടവിൽ കഴിയുന്ന ഭർത്താക്കന്മാരെ ഉപേക്ഷിച്ചുപോകാൻ ഭാര്യമാരുടെമേൽ പ്രേരണ ചെലുത്തുകയും ചെയ്തു.
അനേകം സഹോദരങ്ങളുടെയും വസ്തുവകകൾ അധികാരികൾ പിടിച്ചെടുത്തിരുന്നതിനാൽ ഗവൺമെന്റിന്റെ കൂട്ടുകൃഷി പദ്ധതിയിൽ ചേർന്നു വേലചെയ്യാൻ അവർ നിർബന്ധിതരായി. വേല അത്ര മോശമല്ലായിരുന്നെങ്കിലും കൂടെക്കൂടെ നടത്തിയിരുന്ന രാഷ്ട്രീയ യോഗങ്ങളിൽ പുരുഷന്മാർ എല്ലാവരും പങ്കെടുക്കേണ്ടതുണ്ടായിരുന്നു. സംബന്ധിക്കാത്തവരെ പരിഹസിക്കുകയും പണിക്കൂലി ഏതാണ്ട് മുഴുവനായും വെട്ടിക്കുറയ്ക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികൾ യാതൊരു രാഷ്ട്രീയ യോഗങ്ങളിലോ നടപടികളിലോ പങ്കെടുക്കുകയില്ലായിരുന്നതിനാൽ സ്വാഭാവികമായും അവരെ സംബന്ധിച്ചിടത്തോളം ക്ലേശപൂർണമായ ഒരു സാഹചര്യമായിരുന്നു ഇത്.
സാക്ഷികളുടെ വീടുകൾ റെയ്ഡുചെയ്യവേ ഗവൺമെന്റ് ഏജന്റുമാർ അവരുടെ സ്വകാര്യ വസ്തുവകകളും, പ്രത്യേകിച്ച് വിൽക്കാൻ കഴിയുമായിരുന്നവ, പിടിച്ചെടുത്തു. ശൈത്യകാലത്തിന്റെ നടുവിൽ, വീടുകളിൽ ചൂടു പ്രദാനം ചെയ്തിരുന്ന ഒരേയൊരു ഉപാധിയായിരുന്ന സ്റ്റൗ അവർ മിക്കപ്പോഴും നശിപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ക്രൂരത കാട്ടിയത്? സാഹിത്യം ഒളിപ്പിച്ചുവെക്കാൻ പറ്റിയ സ്ഥലമാണ് അവ എന്നായിരുന്നു അവരുടെ ന്യായം. എന്നിരുന്നാലും ഇതുകൊണ്ടൊന്നും
സഹോദരങ്ങളുടെ വായടയ്ക്കാൻ കഴിഞ്ഞില്ല. നാം ഇപ്പോൾ കാണാൻ പോകുന്നതുപോലെ, തൊഴിൽപ്പാളയങ്ങളിലും ജയിലുകളിലും ദ്രോഹവും ദാരിദ്ര്യവും അനുഭവിച്ചവർപോലും തുടർന്നും യഹോവയ്ക്കു സാക്ഷ്യം വഹിക്കുകയും അന്യോന്യം ആശ്വസിപ്പിക്കുകയും ചെയ്തു.തൊഴിൽപ്പാളയങ്ങളിലും ജയിലുകളിലും യഹോവയ്ക്കു സ്തുതി ഉയരുന്നു
ജയിലുകൾക്കുപുറമേ റൊമേനിയയിൽ മൂന്നു വലിയ തൊഴിൽപ്പാളയങ്ങളും ഉണ്ടായിരുന്നു. അവയിലൊന്ന് ഡാന്യൂബ് നദീമുഖത്തുരുത്തിലും മറ്റൊന്ന് ബ്രയില വൻദ്വീപിലും മൂന്നാമത്തേത് ഡാന്യൂബിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന കനാലിന്റെ തീരത്തും ആയിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ആരംഭംമുതൽ, സാക്ഷികളെ മുമ്പു പീഡിപ്പിച്ചിരുന്ന പലരും അവരോടൊപ്പം തടവിലായി. മുൻസർക്കാരുമായുള്ള ബന്ധം നിമിത്തമാണ് അവരെ അറസ്റ്റു ചെയ്തത്. പലപ്പോഴും ഇരുകൂട്ടർക്കും ഒരുമിച്ച് ഒരേ ജയിലിൽ കഴിയേണ്ടിവന്നു. ഒരിക്കൽ, തടവിൽ കഴിഞ്ഞിരുന്ന ഒരു സർക്കിട്ട് മേൽവിചാരകന്റെ കൂടെയുണ്ടായിരുന്നത് 20 പുരോഹിതന്മാർ ആയിരുന്നു! ഇത്തരമൊരു സദസ്സ് രസകരമായ അനേകം ചർച്ചകൾക്കു വഴിതുറന്നു.
ഉദാഹരണത്തിന് ജയിലിലടയ്ക്കപ്പെട്ടിരുന്ന ഒരു സഹോദരൻ ഒരു ദൈവശാസ്ത്ര പ്രൊഫസറുമായി ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെട്ടു. മുമ്പ്, പൗരോഹിത്യത്തിനു ചേരാൻ ആഗ്രഹിക്കുന്നവരുടെ യോഗ്യത നിർണയിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു പ്രൊഫസർ. എന്നാൽ ബൈബിളിനെക്കുറിച്ച് അദ്ദേഹത്തിന് ഒന്നുംതന്നെ അറിയില്ലെന്ന് പെട്ടെന്നുതന്നെ സഹോദരനു മനസ്സിലായി. സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്ന
തടവുകാർക്കിടയിൽ, മുൻഭരണകാലത്തെ ഒരു പട്ടാള ജനറലും ഉണ്ടായിരുന്നു.“വെറുമൊരു തൊഴിലാളി നിങ്ങളെക്കാൾ മെച്ചമായി ബൈബിൾ മനസ്സിലാക്കിയിരിക്കുന്നത് എങ്ങനെയാണ്?” ജനറൽ പ്രൊഫസറോടു ചോദിച്ചു.
പ്രൊഫസർ മറുപടി പറഞ്ഞു: “ദൈവശാസ്ത്ര സെമിനാരികളിൽ ഞങ്ങളെ പഠിപ്പിക്കുന്നതു ബൈബിളല്ല, സഭാപാരമ്പര്യവും ബന്ധപ്പെട്ട കാര്യങ്ങളുമാണ്.”
ജനറൽക്ക് അതു തീരെ രസിച്ചില്ല. “നിങ്ങൾക്ക് എല്ലാം അറിയാമെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം. എന്നാൽ ഞങ്ങൾ ശരിക്കും വഴിതെറ്റിക്കപ്പെടുകയായിരുന്നെന്ന് ഇപ്പോൾ മനസ്സിലായി,” അദ്ദേഹം പറഞ്ഞു.
കാലക്രമത്തിൽ അനേകം തടവുകാർ സത്യത്തിന്റെ സൂക്ഷ്മ പരിജ്ഞാനം നേടുകയും ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും ചെയ്തു. മോഷണക്കുറ്റത്തിന് 75 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചിരുന്ന ഒരു വ്യക്തിയും അക്കൂട്ടത്തിൽപ്പെട്ടിരുന്നു. യഥാർഥത്തിൽ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ അസാധാരണമായ മാറ്റം സംഭവിച്ചു, ജയിൽ അധികാരികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പോന്നതായിരുന്നു അത്. അതേത്തുടർന്ന് അദ്ദേഹത്തെ അവർ ഒരു പുതിയ ജോലിയിൽ നിയമിച്ചു. കാവൽക്കാരാരും കൂടെയില്ലാതെ സ്വതന്ത്രനായി പട്ടണത്തിൽപ്പോയി ജയിലിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുകയെന്ന ആ നിയമനം, മോഷണക്കുറ്റത്തിന് ജയിലിലടയ്ക്കപ്പെടുന്ന ഒരു വ്യക്തിക്ക് സാധാരണഗതിയിൽ ലഭിക്കാത്ത ഒന്നായിരുന്നു!
എന്നിരുന്നാലും തടവറയിലെ ജീവിതം ക്ലേശപൂർണമായിരുന്നു. ഭക്ഷണം ഒട്ടുംതന്നെ ലഭിച്ചിരുന്നില്ല. ഉരുളക്കിഴങ്ങ് തൊലി കളയാതെ നൽകിയാൽ മതിയെന്ന് തടവുകാർ ആവശ്യപ്പെടുകപോലും ചെയ്തു. കാരണം, ആ വിധത്തിൽ അവർക്ക് അൽപ്പംകൂടെ ഭക്ഷിക്കാൻ ലഭിക്കുമായിരുന്നു. വയറു നിറയ്ക്കാൻ ബീറ്റ്റൂട്ട്, പുല്ല്, ഇലകൾ, മറ്റു ചെടികൾ എന്നിവയും അവർ ഭക്ഷിച്ചു. കുറെക്കഴിഞ്ഞപ്പോൾ ഏതാനുംപേർ വികലപോഷണത്താൽ മരണമടഞ്ഞു. എല്ലാവർക്കും വയറുകടി പിടിപെടുകയും ചെയ്തു.
വേനൽക്കാലത്ത് ഡാന്യൂബ് നദീമുഖത്തുരുത്തിലുള്ള സഹോദരങ്ങൾ, പണിനടന്നുകൊണ്ടിരുന്ന ഒരു അണക്കെട്ടിനുവേണ്ടി മണ്ണെടുക്കുകയും അതു പണിസ്ഥലത്ത് എത്തിക്കുകയും ചെയ്യുന്ന വേലയിൽ ഏർപ്പെട്ടു. ശൈത്യകാലത്ത് അവരുടെ ജോലി വെള്ളത്തിൽ വളരുന്ന ഞാങ്ങണ വെട്ടിമാറ്റുന്നത് ആയിരുന്നു. തണുത്തുറഞ്ഞ മഞ്ഞുപാളികളിൽ നിന്നുകൊണ്ടാണ് അവർ അതു മുറിച്ചെടുത്തിരുന്നത്. ഇരുമ്പുകൊണ്ടുണ്ടാക്കിയ വൃത്തിഹീനവും ചെള്ളുകൾ നിറഞ്ഞതുമായ ഒരു പഴയ കടത്തുബോട്ടിൽ തണുപ്പിനോടു മല്ലിട്ട് അവർ അന്തിയുറങ്ങി. ഒരു
തടവുപുള്ളിക്കു ജീവൻ നഷ്ടമാകുമ്പോൾപ്പോലും യാതൊരു കുലുക്കവുമില്ലാതെ നിലകൊണ്ട ഹൃദയശൂന്യരായ ഗാർഡുകളെയും അവർക്കു സഹിച്ചുനിൽക്കണമായിരുന്നു. എന്നാൽ സാഹചര്യം എന്തുതന്നെ ആയിരുന്നാലും ആത്മീയമായി ശക്തരായി നിലകൊള്ളാൻ സഹോദരങ്ങൾ പരസ്പരം പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തു. ഡിയോനിസിയ വർച്ചൂവിന്റെ അനുഭവം പരിചിന്തിക്കുക.ഡിയോനിസിയയെ വിട്ടയയ്ക്കുന്നതിനു തൊട്ടുമുമ്പ് ഒരു ഓഫീസർ അദ്ദേഹത്തോടു ചോദിച്ചു: “നിന്റെ വിശ്വാസത്തിനു മാറ്റം വരുത്താൻ തടവുശിക്ഷയ്ക്കു കഴിഞ്ഞിട്ടുണ്ടോ വർച്ചൂ?”
“സാർ, തരംതാണ ഒരു സൂട്ടിനുവേണ്ടി ഗുണമേന്മയേറിയ ഒന്ന് അങ്ങു കൈമാറുമോ?” ഡിയോനിസിയ ചോദിച്ചു.
“ഇല്ല,” ഓഫീസർ പ്രതിവചിച്ചു.
അപ്പോൾ ഡിയോനിസിയ പറഞ്ഞു: “തടവിൽക്കഴിഞ്ഞ കാലമത്രയും എന്റെ വിശ്വാസത്തെക്കാൾ ശ്രേഷ്ഠമായ യാതൊന്നും ആരും എനിക്കു വാഗ്ദാനം ചെയ്തില്ല. പിന്നെന്തിനു ഞാനതു വെച്ചുമാറണം?”
ഡിയോനിസിയയ്ക്കു കൈകൊടുത്തുകൊണ്ട് ഓഫീസർ പറഞ്ഞു: “നിങ്ങൾക്കു പോകാം, വർച്ചൂ. നിന്റെ വിശ്വാസം ഒരിക്കലും കൈവിടരുത്.”
ഡിയോനിസിയയെപ്പോലുള്ള സഹോദരങ്ങൾ അമാനുഷവ്യക്തികൾ ആയിരുന്നില്ല. യഹോവയിലുള്ള വിശ്വാസമാണ് അവർക്കു ധൈര്യവും ആത്മീയ ബലവും പകർന്നുകൊടുത്തത്. പ്രശംസനീയമായ വിധങ്ങളിൽ അവർ ആ വിശ്വാസം കാത്തുപരിപാലിക്കുകയും ചെയ്തു.—സദൃ. 3:5, 6; ഫിലി. 4:13.
ഓർമയിൽനിന്നു പഠിക്കുന്നു
“ജയിൽവാസം എനിക്ക് ദിവ്യാധിപത്യ പരിശീലനത്തിന്റെ ഒരു കാലമായിരുന്നു,” ആൻഡ്രാഷ് മോൾനോഷ് അനുസ്മരിക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന് അങ്ങനെ പറയാൻ കഴിഞ്ഞത്? ദൈവവചനം പഠിക്കാൻ എല്ലാ ആഴ്ചയിലും സഹോദരങ്ങളോടൊപ്പം കൂടിവരുന്നതിന്റെ മൂല്യം മനസ്സിലാക്കാൻ അദ്ദേഹത്തിനു സാധിച്ചതായിരുന്നു അതിന്റെ കാരണം. “വിവരങ്ങൾ മിക്കപ്പോഴും കടലാസ്സിലല്ല, മനസ്സിലാണ് ഉണ്ടായിരുന്നത്. തടവിലാക്കപ്പെടുന്നതിനുമുമ്പു പഠിച്ചിരുന്ന വീക്ഷാഗോപുര ലേഖനങ്ങൾ ഓർമയിൽനിന്നു ചികഞ്ഞെടുക്കാൻ സഹോദരങ്ങൾക്കു കഴിഞ്ഞു. അധ്യയന ലേഖനങ്ങളുടെ ചോദ്യങ്ങൾ ഉൾപ്പെടെ ചില ലക്കങ്ങളുടെ മുഴു ഉള്ളടക്കവും ഓർത്തെടുക്കാൻപോലും സഹോദരങ്ങളിൽ ചിലർക്കു സാധിച്ചു!” ആൻഡ്രാഷ് പറയുന്നു. ചില തടവുകാർ അറസ്റ്റിനുമുമ്പ് ആത്മീയ വിവരങ്ങളുടെ പകർപ്പുകൾ കൈകൊണ്ട് എഴുതി ഉണ്ടാക്കിയിരുന്നു എന്നതാണ് അസാധാരണമായ ഈ ഓർമശക്തിക്കു ചിലപ്പോഴൊക്കെ കാരണമായിരുന്നത്.
—132-3 പേജുകളിലുള്ള “പകർപ്പെടുക്കുന്ന വിധങ്ങൾ” എന്ന ചതുരം കാണുക.ക്രിസ്തീയ യോഗങ്ങൾ ക്രമീകരിക്കുമ്പോൾ, ഏതു വിഷയമാണ് പരിചിന്തിക്കാൻ പോകുന്നതെന്ന് ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ എല്ലാവരെയും അറിയിക്കുമായിരുന്നു. തടവിൽക്കഴിയുന്ന ഓരോരുത്തരും അതുസംബന്ധിച്ച് തങ്ങൾക്കറിയാവുന്നതെല്ലാം ഓർമിക്കാൻ ശ്രമിച്ചു. തിരുവെഴുത്തുകളും ക്രിസ്തീയ ബൈബിൾ പഠനസഹായികളിൽനിന്നു മനസ്സിലാക്കിയിട്ടുള്ള ആശയങ്ങളും ഒക്കെ അവർ ഓർത്തെടുക്കുമായിരുന്നു. ഒടുവിൽ ചർച്ചയ്ക്കായി എല്ലാവരും ഒത്തുചേരും. തുടർന്ന് നിർവാഹകനെ തിരഞ്ഞെടുക്കും. പ്രാരംഭ പ്രാർഥനയ്ക്കുശേഷം, ഉചിതമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ചർച്ചയ്ക്കു നേതൃത്വം വഹിക്കുന്നത് അദ്ദേഹമായിരുന്നു. എല്ലാവരും അഭിപ്രായം പറഞ്ഞുകഴിയുമ്പോൾ നിർവാഹകൻ തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും തുടർന്ന് അടുത്ത ആശയം പരിചിന്തിക്കുകയും ചെയ്തിരുന്നു.
ചില ജയിലുകളിൽ ഒന്നിച്ചുള്ള ചർച്ചകൾ വിലക്കിയിരുന്നു. എന്നാൽ സഹോദരങ്ങൾക്ക് എല്ലാറ്റിനും ഒരു പരിഹാരമുണ്ടായിരുന്നു. ഒരു സഹോദരൻ അനുസ്മരിക്കുന്നു: “കുളിമുറിയിലെ ജനലിന്റെ ചട്ടത്തിൽനിന്ന് ചില്ല് ഊരിയെടുത്തശേഷം സോപ്പും ചുവരിൽനിന്നു ചുരണ്ടിയെടുത്ത കുമ്മായവും ചേർത്ത ഒരു കൂട്ട് ഞങ്ങൾ അതിൽ പൂശുമായിരുന്നു. ഉണങ്ങിക്കഴിയുമ്പോൾ ഒരു എഴുത്തു പലകയായി ഉപയോഗിച്ചുകൊണ്ട് അതാതു ദിവസത്തേക്കുള്ള പാഠം ഞങ്ങൾ അതിൽ രേഖപ്പെടുത്തും. ഒരു സഹോദരൻ വാക്കുകൾ ശബ്ദം താഴ്ത്തി പറഞ്ഞുകൊടുക്കുകയും മറ്റൊരു സഹോദരൻ അത് എഴുതുകയും ചെയ്യുമായിരുന്നു.
“വിവിധ അറകളിലാണ് ഞങ്ങളെ ഇട്ടിരുന്നത്. അവ ഓരോന്നും ഓരോ അധ്യയനക്കൂട്ടങ്ങളായിത്തീർന്നു. അറയിലുള്ള സഹോദരന്മാർ ഓരോ പാഠവും പരസ്പരം കൈമാറി. എഴുത്തുപലക ഒരു അറയിൽമാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ, മറ്റ് അറകളിലുള്ളവർക്ക് മോഴ്സ് കോഡ് വഴിയാണ് വിവരം കൈമാറിയത്. അതെങ്ങനെയാണ്? കഴിയുന്നത്ര ശബ്ദം കുറച്ച് ഞങ്ങളിലൊരാൾ ഭിത്തിയിലോ മുറി ചൂടാക്കാനുള്ള സംവിധാനത്തിന്റെ പൈപ്പുകളിലോ കോഡുഭാഷയിൽ മുട്ടിക്കൊണ്ട് വിവരങ്ങൾ പ്രക്ഷേപണം ചെയ്യുമ്പോൾ മറ്റ് അറകളിലുള്ള സഹോദരന്മാർ അവരുടെ കൈവശമുള്ള കപ്പുകൾ ഭിത്തിയിലോ പൈപ്പിലോ ചേർത്തുപിടിച്ചുകൊണ്ട് കപ്പിന്റെ വായിൽ കാതുവെച്ചു കേൾക്കുമായിരുന്നു. മോഴ്സ് കോഡ് അറിയില്ലാത്തവർ തീർച്ചയായും അതു പഠിക്കേണ്ടിയിരുന്നു.”
ചില ജയിലുകളിലുള്ള സഹോദരന്മാർക്ക് കാലാനുസൃതമായ ആത്മീയ ഭക്ഷണം പുറത്തുനിന്നു ലഭിച്ചിരുന്നു. സാഹചര്യാനുസൃതം വേണ്ടതു ചിന്തിച്ചു പ്രവർത്തിച്ചുകൊണ്ട് സഹോദരന്മാരെപ്പോലെതന്നെ
ബുദ്ധിവൈഭവം പ്രകടമാക്കിയ സഹോദരിമാരായിരുന്നു അതിന്റെ പിന്നിൽ. ഉദാഹരണത്തിന് റൊട്ടിയുണ്ടാക്കുന്ന മാവിനുള്ളിൽ അവർ സാഹിത്യം ഒളിപ്പിച്ചുവെക്കുമായിരുന്നു. സഹോദരന്മാർ ഈ ആഹാരത്തെ സ്വർഗീയ അപ്പം എന്നാണു വിളിച്ചിരുന്നത്. ബൈബിളിന്റെ ചില ഭാഗങ്ങൾപോലും സഹോദരിമാർ ജയിലുകളിൽ എത്തിച്ചിരുന്നു. അതിനായി അവർ ബൈബിളിന്റെ താളുകൾ പല പ്രാവശ്യം മടക്കി ചെറിയ കട്ടകൾപോലെ ആക്കിയശേഷം ചെറിയ പ്ലാസ്റ്റിക് പന്തുകളിൽ തിരുകിവെക്കുകയും തുടർന്ന് ചോക്കലേറ്റും കൊക്കോപ്പൊടിയും ചേർത്ത ഒരു കുഴമ്പിൽ പന്തുകൾ പൊതിയുകയും ചെയ്തിരുന്നു.എന്നിരുന്നാലും ഈ ക്രമീകരണത്തിന് ഒരു കുഴപ്പമുണ്ടായിരുന്നു. ഗാർഡുകളുടെ മേൽനോട്ടമില്ലാതെ സഹോദരന്മാർക്ക് അൽപ്പനേരം തനിച്ചായിരിക്കാൻ കഴിയുമായിരുന്നത് ടോയ്ലെറ്റിലായിരുന്നതിനാൽ അവിടെവെച്ചു മാത്രമേ അവർക്കു വായിക്കാൻ കഴിയുമായിരുന്നുള്ളൂ. ഓരോ സഹോദരനും, വായിച്ചുകഴിയുമ്പോൾ അച്ചടിച്ച വിവരങ്ങൾ ഫ്ളഷ്ടാങ്കിനു പുറകിൽ ഒളിച്ചുവെക്കും. സാക്ഷികളല്ലാത്ത ജയിൽപ്പുള്ളികൾക്കും ഈ ഒളിസ്ഥലം അറിയാമായിരുന്നു. അവരിൽ പലരും ടോയ്ലെറ്റിൽ ചെന്ന് അതെടുത്ത് സ്വസ്ഥമായി വായിക്കുമായിരുന്നു.
സ്ത്രീകളും കുട്ടികളും നിർമലത പാലിക്കുന്നു
മറ്റു പല സാക്ഷികളുടെയും കാര്യത്തിലെന്നപോലെ, ജഡിക സഹോദരിമാരായ വിയോറിക്കാ ഫിലിപ്പിനും ആവൂറിക്കാ ഫിലിപ്പിനും കുടുംബാംഗങ്ങളിൽനിന്നു പീഡനം നേരിട്ടു. അവർക്ക് ഏഴു സഹോദരന്മാരും ഒരു ചേച്ചിയും ഉണ്ടായിരുന്നു. വിയോറിക്കാ വിവരിക്കുന്നു: “യഹോവയെ സേവിക്കാനുള്ള ആഗ്രഹത്താൽ 1973-ൽ ആവൂറിക്കാ ക്ലൂഷ്-നാപോക്കയിലുള്ള യൂണിവേഴ്സിറ്റി പഠനം നിറുത്തുകയും തുടർന്നു പെട്ടെന്നുതന്നെ സ്നാപനമേൽക്കുകയും ചെയ്തു. അവളുടെ ആത്മാർഥതയും തീക്ഷ്ണതയും എന്റെ താത്പര്യം തൊട്ടുണർത്തി. ഞാനും ദൈവവചനം പരിശോധിക്കാൻ തുടങ്ങി. പറുദീസാഭൂമിയിലെ നിത്യജീവൻ സംബന്ധിച്ചുള്ള ദൈവിക വാഗ്ദാനത്തെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ ‘ഇതിനെക്കാൾ മെച്ചമായി വേറെ എന്താണുള്ളത്?’ എന്നു ഞാൻ ചിന്തിച്ചു. പഠനം പുരോഗമിച്ചപ്പോൾ, ക്രിസ്തീയ നിഷ്പക്ഷത സംബന്ധിച്ചുള്ള ബൈബിൾ തത്ത്വങ്ങൾ ഞാൻ ബാധകമാക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു അംഗമായിത്തീരാൻ വിസമ്മതിക്കുകയും ചെയ്തു.”
വിയോറിക്കാ തുടർന്നുപറയുന്നു: “1975-ൽ ഞാൻ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു. അപ്പോൾ ഞാൻ വീട്ടിൽനിന്നകന്ന്, സിഗെറ്റ് മാർമാറ്റ്യേ എന്ന നഗരത്തിലുള്ള ഒരു ബന്ധുവിനോടൊപ്പം താമസിച്ച് ഒരു സ്കൂൾടീച്ചറായി ജോലിനോക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ ഉൾപ്പെടാതെ മാറിനിന്നതിനാൽ അധ്യയനവർഷത്തിന്റെ ഒടുവിൽ എന്നെ പിരിച്ചുവിടുമെന്ന് സ്കൂൾ അധികൃതർ എന്നെ അറിയിച്ചു. അതു സംഭവിക്കാതിരിക്കാൻ കുടുംബാംഗങ്ങൾ എന്നെയും ചേച്ചിയെയും പീഡിപ്പിക്കാൻ തുടങ്ങി!”
സ്കൂൾക്കുട്ടികളെപ്പോലും എതിരാളികൾ വിരട്ടിയിരുന്നു. ചിലപ്പോഴൊക്കെ സെക്യൂരിറ്റേറ്റ് ഏജന്റുമാരാണ് അങ്ങനെ ചെയ്തിരുന്നത്. ദേഹോപദ്രവവും ചീത്തപറച്ചിലും സഹിക്കേണ്ടിവന്നതു കൂടാതെ പലരും സ്കൂളിൽനിന്നു പുറത്താക്കപ്പെടുകയും ചെയ്തു. അവർക്ക് മറ്റൊരു സ്കൂളിൽ ചേരേണ്ടതായിവന്നു. മറ്റു ചിലർക്ക് തുടർന്നു പഠിക്കാനേ കഴിയാതായി. ഏജന്റുമാർ കുട്ടികളെ ചാരന്മാരായി നിയമിക്കാൻ ശ്രമിക്കുകപോലും ചെയ്തു!
ഇപ്പോൾ ഒരു പയനിയറായി സേവിക്കുന്ന ഡാനിയലാ മലൂറ്റ്സാൻ അനുസ്മരിക്കുന്നു: “കുട്ടികളിൽ രാഷ്ട്രീയ ചിന്താഗതി ഉൾനടാനുള്ള ഒരു ഉപാധിയായിരുന്ന യൂണിയൻ ഓഫ് കമ്മ്യൂണിസ്റ്റ് യൂത്തിൽ ചേരാൻ ഞാൻ വിസമ്മതിച്ചതിനാൽ സഹപാഠികളുടെ മുമ്പിൽവെച്ച് എന്നെ മിക്കപ്പോഴും അപമാനിച്ചിരുന്നു. ഒമ്പതാം ക്ലാസ്സിൽ പഠിക്കാൻ തുടങ്ങിയപ്പോൾ സെക്യൂരിറ്റേറ്റ് ഏജന്റുമാരും ഒറ്റുകാരായി പ്രവർത്തിച്ച അധ്യാപകരും മറ്റു സ്റ്റാഫ് അംഗങ്ങളും എന്നെ വളരെ കഷ്ടപ്പെടുത്തി.
1980 മുതൽ 1982 വരെ, ഒന്നിടവിട്ടുള്ള എല്ലാ ബുധനാഴ്ചകളിലുംതന്നെ എന്നെ പ്രിൻസിപ്പാളിന്റെ ഓഫീസിൽ വിളിപ്പിച്ച് ചോദ്യം ചെയ്യുമായിരുന്നു. ആ സന്ദർഭത്തിൽ സന്നിഹിതനായിരിക്കാൻ പ്രിൻസിപ്പാളിന് അനുവാദം ഇല്ലായിരുന്നു. സെക്യൂരിറ്റേറ്റിലെ ഒരു കേണൽ ആയിരുന്നു എന്നെ ചോദ്യം ചെയ്തത്. ഞങ്ങളെ വളരെയധികം വെറുക്കുകയും ഭ്രാന്തമായി വേട്ടയാടുകയും ചെയ്തിരുന്ന അദ്ദേഹത്തെ ബിസ്ട്രിറ്റ്സാ-നസവൂഡ് പ്രവിശ്യയിലുള്ള സഹോദരങ്ങൾക്കു നന്നായി അറിയാമായിരുന്നു. ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി ആരോപിക്കുന്ന കത്തുകൾപോലും അദ്ദേഹം എന്നെ കാണിക്കാനായി കൊണ്ടുവന്നു. സഹോദരങ്ങളിലുള്ള എന്റെ വിശ്വാസത്തിനു തുരങ്കം വെക്കുക, ഞാൻ വിശ്വാസം ഉപേക്ഷിക്കാൻ ഇടവരുത്തുക, സെക്യൂരിറ്റേറ്റിനു ചാരവേല ചെയ്യാൻ സ്കൂൾവിദ്യാർഥിനിയായ എന്നെ പ്രേരിപ്പിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ. എല്ലാറ്റിലും അദ്ദേഹം പരാജയപ്പെട്ടു.“എന്നിരുന്നാലും എനിക്കുണ്ടായ എല്ലാ അനുഭവങ്ങളും മോശമല്ലായിരുന്നു. ഉദാഹരണത്തിന്, കൂടെക്കൂടെ എന്നെ ചോദ്യംചെയ്യുന്നതിന്റെ കാരണം എന്താണെന്നറിയാൻ ഒരു പാർട്ടി അംഗംകൂടെയായിരുന്ന എന്റെ ചരിത്ര അധ്യാപകൻ ആഗ്രഹിച്ചു. ഒരുദിവസം അദ്ദേഹം ക്ലാസ് എടുക്കാതെ എല്ലാ കുട്ടികളുടെയും മുമ്പാകെ രണ്ടു മണിക്കൂർനേരം എന്റെ വിശ്വാസത്തെക്കുറിച്ച് എന്നോട് അനേകം ചോദ്യങ്ങൾ ചോദിച്ചു. എന്റെ ഉത്തരങ്ങളിൽ മതിപ്പുതോന്നിയ അദ്ദേഹത്തിന്, ഇത്ര ദയാരഹിതമായി എന്നോടു പെരുമാറുന്നതു ശരിയല്ലെന്നു മനസ്സിലായി. ഈ ചർച്ചയ്ക്കുശേഷം, അദ്ദേഹം നമ്മുടെ വീക്ഷണങ്ങളോട് ആദരവു പ്രകടമാക്കാൻ തുടങ്ങിയെന്നുമാത്രമല്ല നമ്മുടെ പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കുകപോലും ചെയ്തു.
“പക്ഷേ, സ്കൂൾ അധികാരികൾ തുടർന്നും എന്നെ എതിർത്തു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അവർ എന്നെ സ്കൂളിൽനിന്നു പറഞ്ഞുവിടുകപോലും ചെയ്തു. എങ്കിലും പെട്ടെന്നുതന്നെ എനിക്കൊരു ജോലി ലഭിച്ചു. യഹോവയോടു വിശ്വസ്തയായി നിലകൊണ്ടതിന്റെ പേരിൽ എനിക്ക് ഒരിക്കലും ഖേദം തോന്നിയിട്ടില്ല. കമ്മ്യൂണിസ്റ്റ് ഭരണത്തിൻകീഴിൽ ഏറെ ദ്രോഹം അനുഭവിക്കേണ്ടിവന്നിട്ടും നിർമലത കാത്തുസൂക്ഷിച്ച ക്രിസ്തീയ മാതാപിതാക്കളുടെ മകളായി വളർന്നുവരാൻ കഴിഞ്ഞതിന് ഞാൻ അവനോടു നന്ദി പറയുന്നു. അവരുടെ ഉത്തമ മാതൃക ഇന്നും എന്റെ ഓർമയിൽ തങ്ങിനിൽക്കുന്നു.”
യുവാക്കന്മാർ പരിശോധനയെ അഭിമുഖീകരിക്കുന്നു
ക്രിസ്തീയ നിഷ്പക്ഷത കാത്തുസൂക്ഷിക്കാൻ ശ്രമിച്ച യുവസഹോദരന്മാരെ പ്രത്യേകാൽ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു സെക്യൂരിറ്റേറ്റ് ഏജന്റുമാർ യഹോവയുടെ സാക്ഷികൾക്കെതിരെ പടനീക്കം
നടത്തിയത്. ഈ ചെറുപ്പക്കാരെ അവർ അറസ്റ്റുചെയ്യുകയും തടവിലാക്കുകയും മോചിപ്പിക്കുകയും ചെയ്തശേഷം വീണ്ടും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുമായിരുന്നു. അവരുടെ മനോവീര്യം കെടുത്തുക എന്നതായിരുന്നു ലക്ഷ്യം. അക്കൂട്ടത്തിൽപ്പെട്ട ഒരു സഹോദരനായിരുന്ന യോഷെഫ് സാബോയ്ക്ക് സ്നാപനമേറ്റ ഉടൻതന്നെ നാലു വർഷത്തെ തടവുശിക്ഷ ലഭിക്കുകയുണ്ടായി.രണ്ടുവർഷത്തെ തടവിനുശേഷം 1976-ൽ സ്വതന്ത്രനായ യോഷെഫ് പെട്ടെന്നുതന്നെ തന്റെ ഭാവിവധുവിനെ കണ്ടെത്തി. അദ്ദേഹം പറയുന്നു: “ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹത്തിനുള്ള തീയതിയും നിശ്ചയിച്ചു. അപ്പോഴാണ് ക്ലൂഷിലുള്ള സൈനിക കോടതിയിൽനിന്ന് എനിക്കു മറ്റൊരു സമൻസ് ലഭിച്ചത്. എന്നോട് അവിടെ ഹാജരാകാൻ ആവശ്യപ്പെട്ടത് ഞങ്ങളുടെ വിവാഹം നടത്താനിരുന്ന തീയതിയിൽത്തന്നെയായിരുന്നു! എന്നാൽ അതു ഞങ്ങളുടെ തീരുമാനത്തിനു മാറ്റംവരുത്തിയില്ല. ദാമ്പത്യജീവിതത്തിലേക്കു കാലെടുത്തുവെച്ച് അൽപ്പസമയത്തിനുശേഷം ഞാൻ കോടതിയിൽ ഹാജരായി. വിവാഹം കഴിച്ചിട്ട് ഒരു ദിവസംപോലും കഴിയുന്നതിനുമുമ്പ് എനിക്ക് അവർ മൂന്നു വർഷംകൂടി തടവുശിക്ഷ വിധിച്ചു. ആ മൂന്നു വർഷത്തെ വേർപാട് എന്നിലുളവാക്കിയ വേദന വാക്കുകളിൽ വർണിക്കാനാവില്ല.”
മറ്റൊരു യുവസാക്ഷിയായ റ്റിമോത്തേ ലാസർ അനുസ്മരിക്കുന്നു: “1977-ൽ ഞാനും അനുജനും ജയിൽമോചിതരായി. തദവസരത്തിൽ, ഒരു വർഷംമുമ്പു ജയിലിൽനിന്ന് മോചിതനായിരുന്ന ജ്യേഷ്ഠൻ ഞങ്ങളെ കൺകുളുർക്കെ കാണാനും സന്തോഷം പങ്കിടാനുമായി വീട്ടിൽ ഓടിയെത്തി. എന്നാൽ അദ്ദേഹം നേരെ വന്നുചാടിയത് സെക്യൂരിറ്റേറ്റിന്റെ വലയിലായിരുന്നു. അവർ അദ്ദേഹത്തെ പിടികൂടാൻ കാത്തിരിക്കുകയായിരുന്നു. രണ്ടുവർഷവും ഏഴു മാസവും 15 ദിവസവും ആണ് ഞങ്ങൾ ജ്യേഷ്ഠനെ പിരിഞ്ഞുകഴിഞ്ഞത്. ക്രിസ്തീയ നിഷ്പക്ഷത പാലിച്ചതിന്റെ പേരിൽ വീണ്ടും തുറുങ്കിലടയ്ക്കാൻ അദ്ദേഹത്തെ ഞങ്ങളുടെ പക്കൽനിന്നു പറിച്ചുമാറ്റിയപ്പോൾ അനുജനും ഞാനും വിങ്ങിപ്പൊട്ടി.”
സ്മാരകാചരണം
സ്മാരകം ആചരിക്കുന്ന രാത്രികളിൽ യഹോവയുടെ സാക്ഷികളെ പിടികൂടാനുള്ള ശ്രമം എതിരാളികൾ ഊർജിതപ്പെടുത്തിയിരുന്നു. പ്രസ്തുത സന്ദർഭങ്ങളിൽ റെയ്ഡും പിഴ ചുമത്തലും അറസ്റ്റും സാധാരണമായിരുന്നതിനാൽ മുൻകരുതലെന്ന നിലയ്ക്ക് ചെറിയ കൂട്ടങ്ങളായിട്ടാണ് സഹോദരങ്ങൾ യേശുവിന്റെ മരണത്തിന്റെ സ്മാരകം ആചരിച്ചത്. ചില കൂട്ടങ്ങളിൽ ഒരു കുടുംബത്തിലെ അംഗങ്ങൾമാത്രമേ ഉണ്ടായിരുന്നുള്ളൂ.
റ്റിയോഡോർ പാംഫില്യെ വിവരിക്കുന്നു: “ഒരു സ്മാരക ദിവസം, സ്ഥലത്തെ പോലീസ് മേധാവി സുഹൃത്തുക്കളോടൊപ്പം വൈകുംവരെ മദ്യപിച്ച് ഇരിക്കുകയായിരുന്നു. ഒടുവിൽ, സഹോദരങ്ങളുടെ വീടുകൾ റെയ്ഡു ചെയ്യാനായി അദ്ദേഹം പുറപ്പെട്ടു. തന്നെ കൊണ്ടുപോകാൻ അപരിചിതനായ ഒരു കാറുടമയോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ കാർ സ്റ്റാർട്ടാക്കാൻ കഴിയാതെപോയി. അവസാനം എഞ്ചിൻ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ അവർ നേരെ ഞങ്ങളുടെ വീട്ടിലേക്കു തിരിച്ചു. അവിടെ ഒരു ചെറിയ കൂട്ടമായി സ്മാരകം ആചരിക്കുകയായിരുന്നു ഞങ്ങൾ. എന്നാൽ ജനലുകളെല്ലാം ഭദ്രമായി മറച്ചിരുന്നതിനാൽ ഇരുട്ടല്ലാതെ മറ്റൊന്നും കാണാൻ അവർക്കു കഴിഞ്ഞില്ല. ആരും അകത്തില്ലെന്നു കരുതിയ അവർ മറ്റൊരു വീടിനെ ലക്ഷ്യമാക്കി നീങ്ങി. എന്നാൽ അപ്പോഴേക്കും, അവിടെ കൂടിവന്നിരുന്നവർ സ്മാരകാചരണം കഴിഞ്ഞു പിരിഞ്ഞുപോയിരുന്നു.
“അതിനിടെ ഞങ്ങളുടെ പരിപാടിയും കഴിഞ്ഞു. ഒട്ടും സമയം കളയാതെ സഹോദരങ്ങൾ മടങ്ങിപ്പോയി. ജ്യേഷ്ഠനും ഞാനും മാത്രമേ ശേഷിച്ചിരുന്നുള്ളൂ. പെട്ടെന്ന് രണ്ടു പോലീസുകാർ വീട്ടിലേക്ക് ഇരച്ചുകയറി. ‘എന്താണിവിടെ പരിപാടി?’ മുറിയുടെ മധ്യത്തിൽ നിന്നുകൊണ്ട് അവർ അലറി.
“‘ഒന്നുമില്ല, ചേട്ടനും ഞാനും സംസാരിച്ചിരിക്കുകയായിരുന്നു,’ ഞാൻ പറഞ്ഞു.
“അവരിലൊരാൾ ചോദിച്ചു: ‘ഇവിടെ ഒരു യോഗം നടന്നല്ലോ, മറ്റുള്ളവരൊക്കെ എവിടെപ്പോയി?’ ജ്യേഷ്ഠനെ നോക്കിക്കൊണ്ട് അദ്ദേഹം തുടർന്നു: ‘താനെന്താണിവിടെ ചെയ്യുന്നത്?’
“‘ഞാൻ എന്റെ അനുജനെ കാണാൻ വന്നതാണ്,’ എന്റെ നേരെ കൈചൂണ്ടിക്കൊണ്ട് ജ്യേഷ്ഠൻ പ്രതിവചിച്ചു. വന്നവർ എന്തു ചെയ്യണമെന്നറിയാതെ ക്ഷോഭിച്ച് മുറിവിട്ട് ഇറങ്ങിപ്പോയി. ഇത്രയൊക്കെ പരാക്രമം കാണിച്ചെങ്കിലും ഒരാളെപ്പോലും അറസ്റ്റു ചെയ്യാൻ പോലീസിനു സാധിച്ചില്ലെന്നു പിറ്റേന്നു ഞങ്ങൾ മനസ്സിലാക്കി!”
ഹെഡ്ക്വാർട്ടേഴ്സ് റൊമേനിയൻ അധികാരികളുമായി ബന്ധപ്പെടുന്നു
യഹോവയുടെ സാക്ഷികൾ ക്രൂരമായ പെരുമാറ്റങ്ങൾക്കു വിധേയരാകുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോൾ ഹെഡ്ക്വാർട്ടേഴ്സ് അധികാരികളുമായി ബന്ധപ്പെട്ടു. 1970 മാർച്ചിൽ ഐക്യനാടുകളിലെ റൊമേനിയൻ സ്ഥാനപതിക്കും 1971 ജൂണിൽ റൊമേനിയൻ പ്രസിഡന്റായിരുന്ന നിക്കൊലൈ ചൗഷെസ്കൂവിനും, യഥാക്രമം നാലും ആറും പേജുള്ള കത്തുകൾ അവർ അയച്ചു. “റൊമേനിയയിലെ ഞങ്ങളുടെ സഹോദരങ്ങളോടുള്ള ക്രിസ്തീയ സ്നേഹവും അവരുടെ ക്ഷേമത്തിലുള്ള താത്പര്യവുമാണ് നിങ്ങൾക്ക് എഴുതാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്”
എന്ന് അംബാസഡർക്കുള്ള കത്തിൽ സഹോദരന്മാർ പറഞ്ഞു. വിശ്വാസത്തിന്റെ പേരിൽ ജയിലിലായ ഏഴു വ്യക്തികളുടെ പേരുകൾ നൽകിയശേഷം കത്ത് ഇങ്ങനെ തുടർന്നു: “മുകളിൽപ്പറഞ്ഞിരിക്കുന്നവരിൽ ചിലർ ജയിലിനുള്ളിൽ അതിക്രൂരമായ പെരുമാറ്റത്തിന് ഇരയായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. . . . യഹോവയുടെ സാക്ഷികൾ ക്രിമിനലുകളല്ല. ലോകത്തൊരിടത്തും യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലോ അട്ടിമറി പ്രസ്ഥാനങ്ങളിലോ അവർ ഏർപ്പെടുന്നില്ല. അവരുടെ മതപരമായ ആരാധനയോടുമാത്രം ബന്ധപ്പെട്ടവയാണ് അവരുടെ പ്രവർത്തനങ്ങൾ.” “യാതന അനുഭവിക്കുന്ന യഹോവയുടെ സാക്ഷികൾക്ക് ആശ്വാസം പ്രദാനംചെയ്യണമെന്ന്” കത്തിന്റെ ഒടുവിൽ ഗവൺമെന്റിനോട് അഭ്യർഥിച്ചിരുന്നു.“റൊമേനിയൻ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം അവിടെയുള്ള യഹോവയുടെ സാക്ഷികൾക്കു ലഭിക്കുന്നില്ല” എന്നും അവരുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോഴും ബൈബിൾ പഠിക്കാൻ കൂടിവരുമ്പോഴും അവരെ അറസ്റ്റു ചെയ്യുകയും ക്രൂരമായ പെരുമാറ്റത്തിനു വിധേയരാക്കുകയും ചെയ്യുന്നുവെന്നും, പ്രസിഡന്റ് നിക്കൊലൈക്കുള്ള കത്തിൽ എഴുതിയിരുന്നു. അനേകം സഹോദരങ്ങൾ സ്വതന്ത്രരാകുന്നതിന് ഇടയാക്കിക്കൊണ്ട് ഗവൺമെന്റ് ആയിടെ പ്രഖ്യാപിച്ച പൊതുമാപ്പിനെക്കുറിച്ചും കത്ത് എടുത്തുപറഞ്ഞു. “യഹോവയുടെ സാക്ഷികൾക്കും . . . നല്ല കാലം പിറക്കുമെന്നാണ് ഞങ്ങൾ വിചാരിച്ചത്. എന്നാൽ സങ്കടകരമെന്നുപറയട്ടെ, ആ പ്രതീക്ഷ അസ്ഥാനത്തായിരുന്നു. മുമ്പത്തെപ്പോലെതന്നെ രാഷ്ട്രം തുടർന്നും യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കുന്നു എന്ന ദുഃഖസത്യമാണ് റൊമേനിയയുടെ എല്ലാ ഭാഗങ്ങളിൽനിന്നും ഞങ്ങൾക്കു ലഭിക്കുന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അവരുടെ വീടുകളിൽ തിരച്ചിൽ നടത്തുകയും സാഹിത്യം കണ്ടുകെട്ടുകയും സ്ത്രീപുരുഷന്മാരെ അറസ്റ്റുചെയ്തു വിചാരണ നടത്തുകയും ചെയ്യുന്നു. ചിലർക്കു വർഷങ്ങളോളമുള്ള തടവുശിക്ഷ വിധിക്കുകയും മറ്റു ചിലരെ മൃഗീയമായി പീഡിപ്പിക്കുകയും ചെയ്യുന്നു. യഹോവയാം ദൈവത്തിന്റെ വചനം വായിക്കുന്നതുകൊണ്ടും അതേക്കുറിച്ചു പ്രസംഗിക്കുന്നതുകൊണ്ടുമാണ് ഇങ്ങനെ ചെയ്യുന്നതെന്നോർക്കണം. ഇതൊന്നും ഒരു രാഷ്ട്രത്തിന്റെ സത്പേരിനു മാറ്റുകൂട്ടുന്നില്ല. റൊമേനിയയിലെ യഹോവയുടെ സാക്ഷികൾക്കു സംഭവിക്കുന്ന കാര്യങ്ങളിൽ ഞങ്ങൾക്ക് ആഴമായ ഉത്കണ്ഠയുണ്ട്.”
പിൻവരുന്ന രണ്ടു പുസ്തകങ്ങളും കത്തിനോടൊപ്പം ഉണ്ടായിരുന്നു: നിത്യജീവനിലേക്കു നയിക്കുന്ന സത്യം (റൊമേനിയൻ); നിത്യജീവൻ—ദൈവപുത്രന്മാരുടെ സ്വാതന്ത്ര്യത്തിൽ (ജർമൻ).
1975-നുശേഷം യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം സാഹചര്യം അൽപ്പമൊന്നു മെച്ചപ്പെട്ടുതുടങ്ങി. ആ വർഷം റൊമേനിയ,
യൂറോപ്പിലെ സുരക്ഷിതത്വവും സഹകരണവും സംബന്ധിച്ച ഹെൽസിങ്കി സമ്മേളനത്തിൽ സംബന്ധിക്കുകയും ഹെൽസിങ്കി ഉടമ്പടിയിൽ ഒപ്പുവെക്കുകയുമുണ്ടായി. മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങളും ഉറപ്പുനൽകുന്നതായിരുന്നു ഈ സമ്മേളനം. പിന്നീടങ്ങോട്ട്, സൈനികസേവനത്തിനു വിസമ്മതിച്ചവരെമാത്രമേ അറസ്റ്റുചെയ്ത് തടവിലിട്ടിരുന്നുള്ളൂ.തുടർന്ന്, നിയമം അനുവദിക്കുന്ന ചുരുക്കം ചില സാഹചര്യങ്ങളിലൊഴികെ അധികാരികൾ ഉൾപ്പെടെ ആരും വീട്ടുടമയുടെ അനുവാദമില്ലാതെ സ്വകാര്യ ഭവനങ്ങളിൽ പ്രവേശിക്കാൻ പാടില്ലെന്ന് 1986-ൽ നിലവിൽവന്ന പുതിയ ഭരണഘടന അനുശാസിച്ചു. അങ്ങനെ ഏറെക്കാലത്തിനുശേഷം, സഹോദരങ്ങൾക്കു സ്വകാര്യ ഭവനങ്ങളിൽ സ്മാരകം ഉൾപ്പെടെയുള്ള ക്രിസ്തീയ യോഗങ്ങൾ കൂടുതൽ സുരക്ഷിതത്വ ബോധത്തോടെ നടത്താൻ കഴിയുമെന്ന സ്ഥിതി സംജാതമായി.
രഹസ്യമായി സാഹിത്യം അച്ചടിക്കുന്നു
നിരോധനകാലത്ത്, അച്ചടിച്ച താളുകളുടെയും സ്റ്റെൻസിലുകളുടെയും മറ്റും രൂപത്തിൽ ആത്മീയ ഭക്ഷണം റൊമേനിയയിലേക്ക് ഒളിച്ചുകടത്തുകയും പ്രാദേശികമായി അവയുടെ പകർപ്പുകളെടുക്കുകയും ചെയ്തിരുന്നു. ചിലപ്പോഴൊക്കെ വിവരങ്ങൾ റൊമേനിയനിലേക്കും ഹംഗേറിയനിലേക്കും പരിഭാഷപ്പെടുത്തി ലഭിച്ചിരുന്നെങ്കിലും മിക്കപ്പോഴും ഇറ്റാലിയൻ, ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച് എന്നീ ഭാഷകളിൽ ഏതിൽനിന്നെങ്കിലും അതു പ്രാദേശികമായി പരിഭാഷപ്പെടുത്തേണ്ടിയിരുന്നു. വിദേശ ടൂറിസ്റ്റുകൾ, പഠനത്തിനായി എത്തുന്ന വിദ്യാർഥികൾ, യാത്ര കഴിഞ്ഞെത്തുന്ന റൊമേനിയക്കാർ എന്നിവരെല്ലാം കുരിയർമാർ അഥവാ സന്ദേശവാഹകർ ആയി സേവിച്ചു.
സന്ദേശവാഹകരെ തടയാനും റൊമേനിയയിൽ സാഹിത്യം ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങൾ കണ്ടുപിടിക്കാനുമായി സെക്യൂരിറ്റേറ്റ് അക്ഷീണം പ്രവർത്തിച്ചു. അതുകൊണ്ട് സഹോദരങ്ങൾ ബുദ്ധിപൂർവം വിവിധ പട്ടണങ്ങളിലും നഗരങ്ങളിലുമായി, ശബ്ദം പുറത്തുകടക്കാതിരിക്കാൻ ക്രമീകരണങ്ങൾ ചെയ്ത സ്വകാര്യ ഭവനങ്ങളിൽവെച്ചാണ് സാഹിത്യങ്ങൾ ഉത്പാദിപ്പിച്ചിരുന്നത്. പകർപ്പെടുക്കുന്നതിനുള്ള യന്ത്രം സ്ഥാപിക്കാൻ, പ്രസ്തുത ഭവനങ്ങൾക്കുള്ളിൽ അവർ രഹസ്യ അറകൾ നിർമിച്ചു. സാധാരണഗതിയിൽ ഭിത്തിയോടു ചേർന്നു സജ്ജീകരിക്കാറുള്ള നെരിപ്പോടുകൾക്കു പുറകിലായിരുന്നു ചിലപ്പോഴൊക്കെ അത്തരം അറകൾ ഉണ്ടാക്കിയിരുന്നത്. അവയിലേക്കു പ്രവേശിക്കാൻ കഴിയേണ്ടതിന്, സ്വസ്ഥാനത്തുനിന്ന് നീക്കാവുന്ന രീതിയിലുള്ള നെരിപ്പോടുകളാണ് സഹോദരങ്ങൾ ഉണ്ടാക്കിയിരുന്നത്.
റ്റിർഗു-മൂറെഷിലുള്ള ഒരു രഹസ്യ അച്ചടികേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ഷാൻഡോർ പോറോയിഡി ദിനവാക്യപ്പുസ്തകം, രാജ്യ
ശുശ്രൂഷ, വീക്ഷാഗോപുരം, ഉണരുക! എന്നിവ അച്ചടിച്ചിരുന്നു. അദ്ദേഹം അനുസ്മരിക്കുന്നു: “വാരാന്തങ്ങളിൽ 40 മണിക്കൂർവരെ ഞങ്ങൾ വേല ചെയ്തിരുന്നു. അതിനിടെ, ഓരോരുത്തരും മാറിമാറി ഒരു മണിക്കൂർനേരം ഉറങ്ങിയിരുന്നു. ഞങ്ങളുടെ വസ്ത്രങ്ങൾക്കും ശരീരത്തിനും രാസവസ്തുക്കളുടെ മണമായിരുന്നു. ഒരിക്കൽ ഞാൻ വീട്ടിൽച്ചെന്നപ്പോൾ മൂന്നു വയസ്സുള്ള എന്റെ മകൻ ഇങ്ങനെ പറഞ്ഞു: ‘ഡാഡീ, ഡാഡിക്കിന്ന് ദിനവാക്യത്തിന്റെ മണമാണ്!’”ഭാര്യയും കുട്ടികളും ഉണ്ടായിരുന്ന ട്രായാൻ കിറാ, ക്ലൂഷ് പ്രവിശ്യയിൽ സാഹിത്യങ്ങളുടെ പകർപ്പെടുത്ത് വിവിധ സ്ഥലങ്ങളിൽ എത്തിച്ചിരുന്നു. ദ മിൽ എന്ന ഓമനപ്പേരിലുള്ള, കാലഹരണപ്പെട്ടതും കൈകൊണ്ടു പ്രവർത്തിപ്പിക്കുന്നതുമായ ഒരു പഴയ പകർപ്പെടുപ്പുയന്ത്രമാണ് അതിനായി അദ്ദേഹത്തിനു നൽകിയിരുന്നത്.
പകർപ്പെടുപ്പ് നടക്കുമായിരുന്നെങ്കിലും പകർപ്പുകൾ അത്ര മെച്ചമല്ലായിരുന്നു. അതുകൊണ്ട് അതൊന്നു വിശദമായി പരിശോധിക്കാൻ, മെക്കാനിക്കായ ഒരു സഹോദരനോട് ട്രായാൻ ആവശ്യപ്പെട്ടു. യന്ത്രം പരിശോധിച്ച മെക്കാനിക്കിന്റെ മുഖം വിഷണ്ണമായി. റിപ്പയർ ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അത്. എന്നാൽ പെട്ടെന്നുതന്നെ, പ്രസന്നമായ മുഖഭാവത്തോടെ അദ്ദേഹം പറഞ്ഞു: “വേണമെങ്കിൽ ഞാൻ പുതിയ ഒരെണ്ണം ഉണ്ടാക്കിത്തരാം!” ഒരു സഹോദരിയുടെ കെട്ടിടത്തിന്റെ ബേസ്മെന്റിൽ അദ്ദേഹം ഒരു വർക്ക്ഷോപ്പ് സ്ഥാപിക്കുകയും സ്വന്തമായി ഒരു ലെയ്ത്ത് (കടയൽ യന്ത്രം) നിർമിച്ചെടുക്കുകയും ചെയ്തു. അങ്ങനെ, ഒന്നിനുപകരം പത്തിലധികം പകർപ്പെടുപ്പുയന്ത്രങ്ങൾ അദ്ദേഹം ഉണ്ടാക്കി! രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ പുത്തൻ മില്ലുകൾ അയച്ചുകൊടുത്തു. അതോടെ പകർപ്പുകളുടെ ഗുണമേന്മയും മെച്ചപ്പെട്ടു.1980-കളിൽ, ഓഫ്സെറ്റ് പകർപ്പെടുപ്പുയന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം പല സഹോദരങ്ങൾക്കും നൽകുകയുണ്ടായി. ഈ യന്ത്രങ്ങൾ കൂടുതൽ മെച്ചപ്പെട്ടവയായിരുന്നു. ആദ്യം പരിശീലനം
ലഭിച്ച നിക്കോലൈയെ ബെന്റാറൂ, പിന്നീടു മറ്റുള്ളവരെ പരിശീലിപ്പിച്ചു. മിക്ക കേന്ദ്രങ്ങളുടെയും കാര്യത്തിലെന്നപോലെ നിക്കോലൈയെയുടെ വീട്ടിലെ സാഹിത്യനിർമാണവും ഒരു കുടുംബസംരംഭം ആയിരുന്നു. ഓരോ അംഗവും ചില പ്രത്യേക വേലകൾ നിർവഹിച്ചിരുന്നു. ഈ പ്രവർത്തനങ്ങൾ രഹസ്യമായി തുടരുകയെന്നത് തീർച്ചയായും ഒരു വെല്ലുവിളിയായിരുന്നു. പ്രത്യേകിച്ച് സെക്യൂരിറ്റേറ്റ് ഏജന്റുമാർ രഹസ്യനിരീക്ഷണം നടത്തുകയും വീടുകൾ റെയ്ഡു ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന സമയത്ത്. അതുകൊണ്ട് അതിവേഗം ജോലി ചെയ്തുതീർക്കേണ്ടത് അനിവാര്യമായിരുന്നു. തന്നിമിത്തം സാഹിത്യം അച്ചടിച്ചു കയറ്റിയയ്ക്കാൻ വാരാന്തം മുഴുവനും സഹോദരങ്ങൾ മണിക്കൂറുകളോളം പ്രയത്നിച്ചു. എന്തുകൊണ്ട് വാരാന്തങ്ങളിൽ? എന്തുകൊണ്ടെന്നാൽ, ശേഷം ദിവസങ്ങളിൽ അവർക്കു ലൗകിക തൊഴിൽ ചെയ്യേണ്ടതുണ്ടായിരുന്നു.പകർപ്പെടുക്കാനുള്ള കടലാസ് വാങ്ങുമ്പോഴും സഹോദരങ്ങൾ ജാഗ്രത പാലിക്കേണ്ടിയിരുന്നു. 500-ഓളം ഷീറ്റുകളുള്ള ഒരു കെട്ട് ആവശ്യപ്പെടുമ്പോൾപ്പോലും അത് എന്തിനുവേണ്ടിയാണെന്നു കടയുടമകൾ ചോദിച്ചിരുന്നു. എന്നാൽ ഓരോ മാസവും 40,000 ഷീറ്റുകളാണ് പകർപ്പെടുപ്പുകേന്ദ്രങ്ങൾക്ക് ആവശ്യമായിരുന്നത്! അതുകൊണ്ട് കടയിലുള്ളവരുമായി ഇടപെടുന്നതു വളരെ ശ്രദ്ധിച്ചുവേണമായിരുന്നു. റോഡുകളിൽ പരിശോധന സാധാരണമായിരുന്നതിനാൽ സാമഗ്രികൾ കയറ്റിക്കൊണ്ടുപോകുമ്പോഴും സഹോദരങ്ങൾക്കു ജാഗ്രത പാലിക്കേണ്ടിവന്നു.
വിവർത്തനം—ഒരു വെല്ലുവിളി
റൊമേനിയയുടെ വിവിധ ഭാഗങ്ങളിൽ വസിച്ചിരുന്ന ഏതാനും സഹോദരീസഹോദരന്മാരാണ് പ്രസിദ്ധീകരണങ്ങൾ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയത്. വടക്കുള്ള ഒരു ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ സംസാരിച്ചിരുന്ന യൂക്രേനിയൻ ഭാഷയും അതിൽ ഉൾപ്പെട്ടിരുന്നു. സത്യം സ്വീകരിച്ച ഭാഷാപ്രൊഫസർമാരായിരുന്നു പരിഭാഷകരിൽ ചിലർ. മറ്റുള്ളവർ, ഒരു ഭാഷാപഠനകോഴ്സിന്റെയോ മറ്റോ സഹായത്തോടെ മറ്റൊരു ഭാഷ സ്വയം പഠിച്ചെടുക്കുകയായിരുന്നു.
നോട്ടുബുക്കുകളിൽ എഴുതിയാണ് ആദ്യമൊക്കെ പരിഭാഷ നിർവഹിച്ചിരുന്നത്. തുടർന്ന് പ്രൂഫ്വായനയ്ക്കായി അത്, വടക്കുള്ള ബിസ്ട്രിറ്റ്സാ നഗരത്തിൽ കൊണ്ടുപോകും. വേലയുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ പരിഭാഷകരും പ്രൂഫ്വായനക്കാരും വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം കൂടിക്കാഴ്ച നടത്തിയിരുന്നു. വിവരം പുറത്തറിഞ്ഞാൽ, ഇവരെ തിരഞ്ഞുപിടിച്ച് ചോദ്യം ചെയ്യുകയും മർദിക്കുകയും അറസ്റ്റുചെയ്യുകയും ഒക്കെ ചെയ്യുമായിരുന്നു. അറസ്റ്റിലാകുന്നവരെ ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ കസ്റ്റഡിയിൽ
വെച്ചശേഷം മോചിപ്പിക്കുകയും വീണ്ടും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സഹോദരങ്ങളെ ഭീതിയിലാഴ്ത്താനുള്ള ഒരു മാർഗമെന്ന നിലയിൽ പല പ്രാവശ്യം ഇത് ആവർത്തിച്ചു. മറ്റു ചിലർ വീട്ടുതടങ്കലിലായപ്പോൾ വേറെ ചിലർ ദിവസവും പോലീസ് സ്റ്റേഷനിൽ ഹാജരാകണമായിരുന്നു. ഡൂമിട്രൂ ചെപനാരൂ, ഡോയിനാ ചെപനാരൂ, പെട്രെ റാൻകാ എന്നിവർ ഉൾപ്പെടെ അനേകരെ ജയിലിലടയ്ക്കുകയും ചെയ്തു.ഡൂമിട്രൂ ചെപനാരൂ ചരിത്രത്തിന്റെയും റൊമേനിയൻ ഭാഷയുടെയും പ്രൊഫസറായിരുന്നു. ഭാര്യ ഡോയിനാ ഒരു ഡോക്ടറും. സെക്യൂരിറ്റേറ്റ് ഏജന്റുമാർ ഒടുവിൽ അവരെ പിടികൂടി അറസ്റ്റു ചെയ്യുകയും ഏഴര വർഷത്തെ തടവുശിക്ഷയ്ക്കായി വ്യത്യസ്ത ജയിലുകളിലേക്ക് അയയ്ക്കുകയും ചെയ്തു. അതിൽ അഞ്ചു വർഷവും ഡോയിനാ ഏകാന്തതടവിലായിരുന്നു. ഐക്യനാടുകളിലെ റൊമേനിയൻ അംബാസഡർക്ക് ഹെഡ്ക്വാർട്ടേഴ്സ് അയച്ചതായി മുമ്പു പരാമർശിച്ച കത്തിൽ ഇവരുടെ പേരുകളും ഉണ്ടായിരുന്നു. തടവിലായിരിക്കെ, ഭർത്താവിനും തടവിലായിരുന്ന സഹോദരിമാർക്കും പ്രോത്സാഹനം പകരാൻ ഡോയിനാ 500 കത്തുകൾ അയയ്ക്കുകയുണ്ടായി.
ഡൂമിട്രൂവിനെയും ഡോയിനായെയും അറസ്റ്റു ചെയ്ത് ഒരു വർഷത്തിനുശേഷം ഡൂമിട്രൂവിന്റെ അമ്മ സാബിനാ ചെപനാരൂവിനെയും അറസ്റ്റു ചെയ്തു. അഞ്ചു വർഷവും പത്തു മാസവും
അവർ ജയിലിൽക്കഴിഞ്ഞു. കുടുംബാംഗങ്ങളിൽ അറസ്റ്റു ചെയ്യപ്പെടാതെ ശേഷിച്ചിരുന്നത് സാബിനായുടെ ഭർത്താവു മാത്രമായിരുന്നു. അദ്ദേഹവും യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു. സെക്യൂരിറ്റേറ്റ് ഏജന്റുമാർ അടുത്തു നിരീക്ഷിച്ചുകൊണ്ടിരുന്നെങ്കിലും, അപകടങ്ങൾ തൃണവത്കരിച്ചുകൊണ്ട് കുടുംബാംഗങ്ങൾ മൂന്നുപേരെയും അദ്ദേഹം ക്രമമായി സന്ദർശിച്ചു.1938-ൽ പെട്രെ റാൻകായെ, യഹോവയുടെ സാക്ഷികളുടെ റൊമേനിയയിലുള്ള ഓഫീസിന്റെ സെക്രട്ടറിയായി നിയമിച്ചു. പരിഭാഷയോടൊപ്പം ഈ നിയമനം കൂടിയായപ്പോൾ അദ്ദേഹം സെക്യൂരിറ്റേറ്റ് ഏജന്റുമാരുടെ പ്രധാന പിടികിട്ടാപ്പുള്ളികളിൽ ഒരുവനായിത്തീർന്നു. 1948-ൽ അവർ അദ്ദേഹത്തെ പിടികൂടി, തുടർന്ന് പല പ്രാവശ്യം അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും പിന്നീട് 1950-ൽ മാർട്ടിൻ മജറോഷി, പാംഫിൽ ആൽബൂ എന്നിവരോടൊപ്പം വിചാരണ ചെയ്യുകയും ചെയ്തു. പെട്രെ ഒരു ആംഗ്ലോ അമേരിക്കൻ ചാരസംഘടനയിലെ അംഗമാണെന്നു കുറ്റം വിധിക്കുകയും ആയൂഡ്, ഗെർലാ, ഷൈലാവ എന്നീ ജയിലുകളിലായി 17 വർഷം അദ്ദേഹത്തെ തടവിലിടുകയും ചെയ്തു. റൊമേനിയയിലെ ഏറ്റവും മോശം ജയിലുകളിൽ ചിലതായിരുന്നു ഇവ. കൂടാതെ 3 വർഷം ഗാലാറ്റ്സി പ്രവിശ്യയിൽ അദ്ദേഹത്തെ വീട്ടുതടങ്കലിൽ പാർപ്പിക്കുകയുമുണ്ടായി. ഇതൊക്കെയായിരുന്നിട്ടും, 1991 ആഗസ്റ്റ് 11-ന് തന്റെ ഭൗമിക ജീവിതഗതി പൂർത്തിയാക്കുന്നതുവരെയും ഈ വിശ്വസ്ത സഹോദരൻ പൂർണ ഹൃദയത്തോടെ യഹോവയെ സേവിച്ചു.
ഇത്തരം നിർമലതാപാലകരുടെ സ്നേഹപുരസ്സരമായ അധ്വാനം പിൻവരുന്ന വാക്കുകൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”—എബ്രാ. 6:10.
വെളിമ്പ്രദേശങ്ങളിൽ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നു
1980-കൾ ആയപ്പോഴേക്കും, വിവാഹമോ ശവസംസ്കാരമോ പോലുള്ള സന്ദർഭങ്ങളിൽ സഹോദരങ്ങൾ വലിയ കൂട്ടങ്ങളായി കൂടിവരാൻ തുടങ്ങി. ചിലപ്പോഴൊക്കെ അവരുടെ സംഖ്യ ഏതാനും ആയിരങ്ങൾവരെ എത്തിയിരുന്നു. വിവാഹ വേളകളിൽ അവർ, നാട്ടിൻപുറത്തെ അനുയോജ്യമായ ഒരു സ്ഥലത്ത് വലിയ കൂടാരം നിർമിച്ച് ബൈബിൾ ചിത്രങ്ങളും തിരുവെഴുത്തുകളും തുന്നിച്ചേർത്ത മനോഹരമായ പരവതാനികൾകൊണ്ട് അതിന്റെ അകമെല്ലാം അലങ്കരിക്കുമായിരുന്നു.
‘അതിഥികൾ’ക്കായി മേശകളും കസേരകളും സജ്ജീകരിക്കുകയും വാർഷികവാക്യവും വീക്ഷാഗോപുരത്തിന്റെ വലുതാക്കിയ ചിഹ്നവും അടങ്ങിയ പോസ്റ്റർ പ്രസംഗവേദിക്കു പിമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്യുമായിരുന്നു. സാധാരണഗതിയിൽ പ്രാദേശിക സഹോദരങ്ങൾ തങ്ങളുടെ പ്രാപ്തിക്കനുസരിച്ച് എല്ലാവർക്കുമായി ഭക്ഷണവും കൊണ്ടുവന്നിരുന്നു. അങ്ങനെ എല്ലാവരും ഒന്നിച്ച്, ആത്മീയവും ഭൗതികവുമായ സദ്യയുണ്ടു.വിവാഹപ്രസംഗമോ ചരമപ്രസംഗമോ ആയിരിക്കും പരിപാടിയിൽ ആദ്യം. എന്നാൽ അതിനെ തുടർന്ന്, വിവിധ ബൈബിൾ വിഷയങ്ങൾ ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങൾ നടത്തുമായിരുന്നു. കൃത്യസമയത്ത് എത്തിച്ചേരാൻ പ്രസംഗകർക്കു ചിലപ്പോഴൊക്കെ തടസ്സം നേരിട്ടിരുന്നു. അതുകൊണ്ട് വേണ്ടിവന്നാൽ, അവരുടെ ഭാഗം നിർവഹിക്കാൻ യോഗ്യതയുള്ള മറ്റു സഹോദരന്മാർ എല്ലായ്പോഴും തയ്യാറായിരിക്കുമായിരുന്നു. പ്രസംഗ ബാഹ്യരേഖയുടെ പകർപ്പുകൾ ഇല്ലാതിരുന്നതിനാൽ ബൈബിൾമാത്രം ഉപയോഗിച്ചുകൊണ്ടാണ് സാധാരണമായി അവർ അങ്ങനെ ചെയ്തിരുന്നത്.
വേനൽക്കാലത്ത് നഗരവാസികൾ കൂട്ടമായി ഗ്രാമപ്രദേശങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നു. യഹോവയുടെ സാക്ഷികളും അങ്ങനെ ചെയ്തു. എന്നാൽ കുന്നിൻപുറങ്ങളിലും കാടുകളിലും
ചെറിയ കൺവെൻഷനുകൾ നടത്താൻ അവർ ആ സന്ദർഭം വിനിയോഗിച്ചു. പുരാതന വേഷവിധാനങ്ങളോടുകൂടിയ ബൈബിൾ നാടകങ്ങൾപോലും അവർ നടത്തി.അവധിക്കാലം ചെലവഴിക്കാൻ പറ്റിയ മറ്റൊരു പ്രസിദ്ധ സ്ഥലമായിരുന്നു കരിങ്കടൽ. സ്നാപനപ്പെടുന്നതിനും യോജിച്ച ഒരിടമായിരുന്നു അത്. ശ്രദ്ധയാകർഷിക്കാതെ പുതിയവരെ സ്നാപനപ്പെടുത്താൻ സഹോദരങ്ങൾക്ക് എങ്ങനെയാണു കഴിഞ്ഞത്? അതിനുള്ള ഒരു വിധം ഒരു ‘കളി’യിൽ ഏർപ്പെടുന്നതായിരുന്നു. സ്നാപനമേറ്റ ചില പ്രസാധകരും സ്നാപനാർഥികളും വെള്ളത്തിനുള്ളിൽ വട്ടത്തിൽ നിന്ന് പരസ്പരം പന്ത് എറിഞ്ഞു കളിക്കുമ്പോൾ, പ്രസംഗകൻ മധ്യത്തിൽനിന്നുകൊണ്ട് സ്നാപനപ്രസംഗം നടത്തും. തുടർന്ന് സ്നാപനാർഥികളെ സ്നാപനപ്പെടുത്തുകയും ചെയ്യും. വളരെ ജാഗ്രതയോടെയായിരുന്നു ഇതു ചെയ്തത്.
തേനീച്ചക്കൃഷിക്കാർക്കുള്ള ഒരു ഹാൾ
1980-ൽ റൊമേനിയയുടെ വടക്കുപടിഞ്ഞാറുള്ള നെഗ്രെഷ്റ്റി-വാഷ് പട്ടണത്തിലെ സഹോദരന്മാർ, ഒരു രാജ്യഹാൾ നിർമിക്കുന്നതിനുള്ള നിയമാംഗീകാരം സമ്പാദിക്കാൻ സമർഥമായ ഒരു മാർഗം കണ്ടുപിടിച്ചു. അന്നാളുകളിൽ ഗവൺമെന്റ് തേനീച്ചക്കൃഷി പ്രോത്സാഹിപ്പിച്ചിരുന്നു. അതിനാൽ തേനീച്ചക്കൂടുകൾ ഉണ്ടായിരുന്ന ഒരു കൂട്ടം സഹോദരന്മാർ, തേനീച്ചക്കൃഷിക്കാരുടെ ഒരു പ്രാദേശിക അസോസിയേഷൻ സ്ഥാപിക്കുകയെന്ന ആശയവുമായി മുന്നോട്ടുവന്നു. അങ്ങനെയാകുമ്പോൾ, കൂടിവരുന്നതിനുള്ള ഒരു ഹാൾ പണിയുന്നതിനു നിയമപരമായ ഒരു കാരണം ചൂണ്ടിക്കാട്ടാൻ അവർക്കു കഴിയുമായിരുന്നു.
സർക്കിട്ടിലെ മൂപ്പന്മാരുമായി ആലോചിച്ചശേഷം സഹോദരന്മാർ, റൊമേനിയയിലെ തേനീച്ചക്കൃഷിക്കാരുടെ അസോസിയേഷനിൽ പേര് രജിസ്റ്റർ ചെയ്തു. തുടർന്ന്, ഒരു യോഗസ്ഥലം നിർമിക്കാനുള്ള നിർദേശം അവതരിപ്പിക്കുന്നതിനായി അവർ ടൗൺഹാളിലേക്കു പോയി. 34 മീറ്റർ നീളവും 14 മീറ്റർ വീതിയുമുള്ള ഒരു തടിക്കെട്ടിടം നിർമിക്കാനായിരുന്നു പ്ലാൻ. യാതൊരു മടിയും കൂടാതെ അധികാരികൾ അതിനു സമ്മതിച്ചു. ആഹ്ലാദചിത്തരായ ആ തേനീച്ചക്കൃഷിക്കാർ അനേകം സഹായികളുമൊത്ത് മൂന്നു മാസത്തിനുള്ളിൽ കെട്ടിടനിർമാണം പൂർത്തിയാക്കി. ടൗൺ അധികാരികൾ ഇതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുകപോലും ചെയ്തു!
ഉദ്ഘാടനയോഗത്തിൽ ധാരാളം പേർ സംബന്ധിക്കുകയും പരിപാടികൾ മണിക്കൂറുകളോളം ദീർഘിക്കുകയും ചെയ്യുമായിരുന്നതിനാൽ, ധാന്യവിളവെടുപ്പുമായി ബന്ധപ്പെട്ട് ഒരു പാർട്ടി നടത്താൻ ഹാൾ ഉപയോഗിക്കുന്നതിനു സഹോദരന്മാർ അനുവാദം അഭ്യർഥിച്ചു. അങ്ങനെ, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമായി
3,000-ത്തിലധികം സാക്ഷികൾ തദവസരത്തിൽ കൂടിവന്നു. വിളവെടുപ്പിനും തുടർന്നുള്ള ‘ആഘോഷ’ത്തിനുമായി ഇത്രയുംപേർ എത്തിച്ചേർന്നതുകണ്ട് ടൗൺ അധികാരികൾ അത്ഭുതപ്പെട്ടുപോയി.തീർച്ചയായും, ആത്മീയ നവോന്മേഷം പ്രദാനം ചെയ്യുന്ന ഒരു സമ്മേളനമാണ് ഈ ആഘോഷവേളയിൽ നടന്നത്. എന്നിരുന്നാലും, കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ദേശ്യം കണക്കിലെടുത്ത് പരിപാടികളിൽ മിക്കപ്പോഴും തേനീച്ചയ്ക്കു വളരെ പ്രാധാന്യം കൊടുത്തു സംസാരിച്ചിരുന്നു. എന്നാൽ ഒരു ആത്മീയ അർഥത്തിലായിരുന്നെന്നുമാത്രം. ഉദാഹരണത്തിന്, തേനീച്ചയുടെ അധ്വാനശീലത്തെയും സഞ്ചാര-സംഘാടന വൈദഗ്ധ്യങ്ങളെയും കൂടു സംരക്ഷിക്കുന്നതിലുള്ള ആത്മത്യാഗപരമായ ധൈര്യത്തെയും മറ്റനേകം ഗുണങ്ങളെയും കുറിച്ചു പ്രസംഗകർ എടുത്തുപറഞ്ഞു.
തേനീച്ചഹാൾ എന്നു വിളിക്കപ്പെട്ട ഈ കെട്ടിടം അതിന്റെ ഉദ്ഘാടനയോഗം കഴിഞ്ഞ്, നിരോധനത്തിനുകീഴിലുള്ള ശേഷംവർഷങ്ങളിലും നിരോധനം നീങ്ങിയതിനുശേഷമുള്ള മൂന്നു വർഷങ്ങളിലും സഹോദരങ്ങൾ ഉപയോഗിച്ചു.
മേഖലാമേൽവിചാരകന്മാർ ഐക്യം ഉന്നമിപ്പിക്കുന്നു
ദൈവജനത്തിനിടയിൽ സംശയത്തിന്റെയും അനൈക്യത്തിന്റെയും വിത്തു വിതയ്ക്കാനും ആശയവിനിമയം തകർക്കാനുമായി കമ്മ്യൂണിസ്റ്റുകാർ പതിറ്റാണ്ടുകളോളം അങ്ങേയറ്റം പണിപ്പെട്ടു. മുമ്പു പരാമർശിച്ചതുപോലെ, ഇക്കാര്യത്തിൽ അവർ കുറെയൊക്കെ വിജയിച്ചു. യഥാർഥത്തിൽ, ചില ഭിന്നതകൾ 1980-കൾവരെപോലും നിലനിന്നിരുന്നു. മേഖലാമേൽവിചാരകന്മാരുടെ സന്ദർശനങ്ങളും രാഷ്ട്രീയ രംഗത്തുണ്ടായ മാറ്റങ്ങളും ഈ പ്രശ്നം പരിഹരിക്കാൻ സഹായിച്ചു.
ഇന്നു ഭരണസംഘത്തിലെ ഒരു അംഗവും അന്ന് ഓസ്ട്രിയയിലെ ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്ന ഗെരിറ്റ് ലോഷ് 1970-കളുടെ മധ്യത്തിൽത്തുടങ്ങി പല പ്രാവശ്യം റൊമേനിയ സന്ദർശിച്ചു. ഭരണസംഘത്തിന്റെ പ്രതിനിധികളായ തിയോഡർ ജാരറ്റ്സും മിൽട്ടൺ ഹെൻഷലും 1988-ൽ രണ്ടു പ്രാവശ്യം റൊമേനിയയിൽ സന്ദർശനം നടത്തി. അന്ന് ഐക്യനാടുകളിലെ ഒരു ബെഥേൽ കുടുംബാംഗമായിരുന്ന പരിഭാഷകൻ ജോൺ ബ്രെൻകായും ഗെരിറ്റ് സഹോദരനും അവരോടൊപ്പം ഉണ്ടായിരുന്നു. പ്രോത്സാഹജനകമായ ഈ സന്ദർശനങ്ങളെത്തുടർന്ന്, യഹോവയുടെ ജനത്തോടൊപ്പം സജീവമായി പ്രവർത്തിക്കാതിരുന്ന ആയിരക്കണക്കിനു സഹോദരങ്ങൾ തികഞ്ഞ വിശ്വാസത്തോടെ വീണ്ടും ഒരു കുടക്കീഴിൽ അണിനിരന്നു.
അതേസമയം രാഷ്ട്രീയ കോളിളക്കങ്ങൾ, കമ്മ്യൂണിസ്റ്റ് യൂറോപ്പിലാകെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അതിനെ ഒന്നടങ്കം പിടിച്ചുകുലുക്കുകയും ചെയ്തു. 1980-കളുടെ അവസാനമായപ്പോഴേക്കും മിക്കയിടങ്ങളിലും ആ ഭരണവ്യവസ്ഥ നിലംപൊത്തി. 1989-ൽ റൊമേനിയക്കാർ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ മത്സരിച്ചപ്പോൾ അവിടെ സ്ഥിതിഗതികൾ വഷളായി. പാർട്ടി നേതാവായ നിക്കൊലൈ ചൗഷെസ്കൂവും ഭാര്യയും ഡിസംബർ 25-നു കൊല്ലപ്പെട്ടു. പിറ്റേവർഷം പുതിയ ഗവൺമെന്റ് അധികാരത്തിൽ വരുകയും ചെയ്തു.
ഒടുവിൽ ഇതാ സ്വാതന്ത്ര്യം!
റൊമേനിയയിലെ രാഷ്ട്രീയ രംഗം മാറിമറിഞ്ഞപ്പോൾ യഹോവയുടെ സാക്ഷികൾ എന്നത്തെയുംപോലെതന്നെ കർശനമായ നിഷ്പക്ഷത പാലിച്ചു. എന്നിരുന്നാലും അന്ന് അവിടെയുണ്ടായിരുന്ന 17,000 സാക്ഷികൾക്ക് ആ മാറ്റങ്ങൾ സ്വാതന്ത്ര്യം കൈവരുത്തി. ഒരുകാലത്ത് അവർക്ക് അതേക്കുറിച്ചു സ്വപ്നം കാണാൻമാത്രമേ കഴിഞ്ഞിരുന്നുള്ളൂ! കൺട്രി കമ്മിറ്റി ഇപ്രകാരം എഴുതി: “42 വർഷത്തെ ദീർഘമായ ഒരു കാലഘട്ടത്തിനുശേഷം, റൊമേനിയയിലെ പ്രവർത്തനങ്ങളെക്കുറിച്ചു പ്രോത്സാഹജനകമായ ഒരു റിപ്പോർട്ട് അയച്ചുതരാൻ ഞങ്ങൾക്കു സന്തോഷമുണ്ട്. ലക്ഷക്കണക്കിനു സഹോദരങ്ങളുടെ ഉള്ളുരുകിയുള്ള
പ്രാർഥനകൾക്കു ചെവികൊടുത്തുകൊണ്ട് നിർദയമായ പീഡനത്തിന് അന്തംവരുത്തിയ സ്നേഹവാനായ നമ്മുടെ പിതാവായ യഹോവയാം ദൈവത്തോടു ഞങ്ങൾ നന്ദിയുള്ളവരാണ്.”1990 ഏപ്രിൽ 9-ന് റൊമേനിയയിലെ സാക്ഷികൾക്ക് ‘യഹോവയുടെ സാക്ഷികളുടെ മതസംഘടന’ എന്ന നിലയിൽ നിയമാംഗീകാരം ലഭിച്ചു. ഉടൻതന്നെ രാജ്യത്തുടനീളം സർക്കിട്ട് സമ്മേളനങ്ങൾ നടത്താൻ സഹോദരന്മാർ ക്രമീകരണം ചെയ്തു. 44,000-ത്തിലുമധികം പേരാണ് ഈ സമ്മേളനങ്ങളിൽ കൂടിവന്നത്. 19,000-ത്തോളം എത്തിയിരുന്ന പ്രസാധകരുടെ എണ്ണത്തിന്റെ ഇരട്ടിയിൽ കൂടുതലായിരുന്നു ഈ സംഖ്യ. യഥാർഥത്തിൽ, 1989 സെപ്റ്റംബർ മുതൽ 1990 സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിൽ യഹോവയുടെ സാക്ഷികളുടെ എണ്ണത്തിൽ 15 ശതമാനം വർധനയുണ്ടായതായി വയൽസേവന റിപ്പോർട്ടു പ്രകടമാക്കി!
അക്കാലത്ത് ഓസ്ട്രിയ ബ്രാഞ്ചിനു കീഴിലുള്ള ഒരു കൺട്രി കമ്മിറ്റിയാണ് വേലയ്ക്കു മേൽനോട്ടം വഹിച്ചിരുന്നത്. എന്നാൽ 66 വർഷത്തെ ഒരു ഇടവേളയ്ക്കുശേഷം 1995-ൽ റൊമേനിയയിൽ വീണ്ടും ഒരു ബ്രാഞ്ച് ഓഫീസ് പ്രവർത്തനം ആരംഭിച്ചു.
ഞെരുക്കകാലങ്ങളിൽ പരിപാലിക്കപ്പെട്ട വിധം
1980-കളിൽ റൊമേനിയയുടെ സമ്പദ്ഘടന ദുർബലമായിത്തീരുകയും ഉപഭോക്തൃ വസ്തുക്കൾ ദുർലഭമായിത്തീരുകയും ചെയ്തിരുന്നു. തുടർന്ന്, കമ്മ്യൂണിസ്റ്റ് ഭരണം നിലംപതിക്കുകയും അതോടൊപ്പം സമ്പദ്ഘടന തകരുകയും ചെയ്തപ്പോൾ ജനം വറുതിയിലായി. അന്ന് ചെക്കോസ്ലോവാക്യ-യൂഗോസ്ലാവിയ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തും ഓസ്ട്രിയയിലും ഹംഗറിയിലുമുള്ള യഹോവയുടെ സാക്ഷികൾ പെട്ടെന്നുതന്നെ 70 ടണ്ണിലധികം ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും റൊമേനിയയിലുള്ള സഹോദരങ്ങൾക്ക് അയച്ചുകൊടുത്തു. അവയിൽ ചിലതൊക്കെ സാക്ഷികളല്ലാത്ത അയൽക്കാരുമായി പങ്കുവെക്കാൻപോലും അവർക്കു സാധിച്ചു. “സഹായം ലഭിച്ച എല്ലാ സന്ദർഭങ്ങളും സമഗ്രമായ സാക്ഷ്യം നൽകുന്നതിന് സഹോദരങ്ങൾ നന്നായി പ്രയോജനപ്പെടുത്തി” എന്ന് ഒരു റിപ്പോർട്ടു പറയുന്നു.
ഭൗതിക വസ്തുക്കൾക്കുപുറമേ ആത്മീയ ഭക്ഷണവും ട്രക്കുകളിൽ എത്തിച്ചേർന്നു. മുമ്പൊക്കെ ഒരുപക്ഷേ ഒരു കൂട്ടത്തിലെ എല്ലാവർക്കുംകൂടി ഒരു വീക്ഷാഗോപുരമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് ഈ ആത്മീയ സമൃദ്ധി കണ്ടപ്പോൾ അനേകരുടെയും കണ്ണുകൾ ഈറനണിഞ്ഞു. 1991 ജനുവരി 1 ലക്കം മുതൽ വീക്ഷാഗോപുരം മുഴുവർണത്തിൽ ഇംഗ്ലീഷ് പതിപ്പിനൊപ്പംതന്നെ റൊമേനിയനിൽ പ്രസിദ്ധീകരിക്കാനും തുടങ്ങി! പ്രദേശത്ത് മാസികകളുടെ സമർപ്പണം കുത്തനെ ഉയരാൻ ഇത്തരം മാറ്റങ്ങൾ ഇടയാക്കി.
ചർച്ചാക്കൂട്ടങ്ങൾ ക്രമമായ യോഗങ്ങൾക്കു വഴിമാറുന്നു
പീഡനകാലത്ത് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പോലെയുള്ള ചില യോഗങ്ങൾ ശരിയായ രീതിയിൽ നടത്താൻ സഹോദരങ്ങൾക്കു കഴിഞ്ഞിരുന്നില്ല. പകരം, ചെറിയ കൂട്ടങ്ങളായി കൂടിവന്ന് അവർ വിവരങ്ങൾ വായിച്ചു ചർച്ചചെയ്തിരുന്നു. പരിചിന്തിക്കുന്ന വിവരങ്ങളുടെ ചുരുക്കം ചില പകർപ്പുകളോ ഒരു പകർപ്പു മാത്രമോ ആയിരുന്നു മിക്കപ്പോഴും അവർക്കുണ്ടായിരുന്നത്.
ഇപ്പോൾ റൊമേനിയ ബ്രാഞ്ച് കമ്മിറ്റിയംഗമായ ജോൺ ബ്രെൻകാ പറയുന്നു: “ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഗൈഡ്ബുക്ക് റൊമേനിയനിൽ അച്ചടിച്ചത് 1992-ലാണ്. അതിനുമുമ്പ് ആ പുസ്തകത്തിന്റെ, പ്രാദേശികമായി അച്ചടിച്ച ഒരു പതിപ്പ് ചുരുക്കം ചില സഹോദരന്മാർക്ക്
ഉണ്ടായിരുന്നു. 1991-ൽ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്താനും വിദ്യാർഥികൾക്കു ബുദ്ധിയുപദേശം നൽകാനും ഞങ്ങൾ മൂപ്പന്മാരെ പരിശീലിപ്പിച്ചു തുടങ്ങി. എന്നാൽ ബുദ്ധിയുപദേശം കൊടുക്കാൻ മൂപ്പന്മാർക്ക് പലപ്പോഴും മടിയായിരുന്നു. അന്നൊക്കെ പ്ലാറ്റ്ഫാറത്തിൽ നിന്നുകൊണ്ടാണ് അതു നൽകിയിരുന്നത്. ‘മറ്റുള്ളവരുടെ മുമ്പിൽവെച്ചു ബുദ്ധിയുപദേശം നൽകുന്നത് സഹോദരങ്ങൾക്ക് അനിഷ്ടമാകും,’ ചിലർ പറഞ്ഞു.”സഹോദരങ്ങൾക്കു ചില തെറ്റിദ്ധാരണകളും ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ശുശ്രൂഷാ പരിശീലന സ്കൂളിൽനിന്നു ബിരുദം നേടിയ ഒരു സഹോദരൻ 1993-ൽ ഒരു സഭ സന്ദർശിച്ചപ്പോൾ ഒരു മൂപ്പൻ സ്കൂൾ പട്ടികയുടെ പ്രതിയുമായി അദ്ദേഹത്തെ സമീപിച്ചു. വലിയ സഭകളിൽ രണ്ടാമതൊരു സ്കൂൾകൂടി നടത്താവുന്നതാണെന്ന് അതിൽ പരാമർശിച്ചിരുന്നു. രണ്ടാമത്തെ സ്കൂൾ കൂടുതൽ പുരോഗതി പ്രാപിച്ച വിദ്യാർഥികൾക്കുള്ളതാണെന്നു വിചാരിച്ചുകൊണ്ട് മൂപ്പൻ ചോദിച്ചു: “ആ സ്കൂളിൽ പ്രസംഗങ്ങൾ നടത്തി തുടങ്ങാൻ ഞങ്ങൾക്ക് എപ്പോഴായിരിക്കും സാധിക്കുന്നത്? ഉയർന്ന ഒരു തലത്തിലേക്കു പുരോഗമിക്കാൻ കഴിയുന്ന യോഗ്യരായ സഹോദരന്മാർ ഇവിടെയുണ്ട്.” സന്ദർശകൻ ദയാപൂർവം അദ്ദേഹത്തിനു കാര്യം പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു.
“സർക്കിട്ട് സമ്മേളനങ്ങളിൽ ഡിസ്ട്രിക്റ്റ് മേൽവിചാരകൻ നടത്തുന്ന ഒരു മാതൃകാ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ഉള്ളതിനാൽ സഹോദരങ്ങൾക്ക് അവയിൽനിന്നു വളരെ കാര്യങ്ങൾ പഠിക്കാനായി. എങ്കിലും
സ്കൂളിന്റെ ക്രമീകരണവുമായി പൂർണമായി പൊരുത്തപ്പെടാൻ സഹോദരങ്ങൾക്ക് ഏതാനും വർഷങ്ങൾ വേണ്ടിവന്നു,” ജോൺ സഹോദരൻ വിശദീകരിക്കുന്നു.1993-ൽ റൊമേനിയയിൽ ആരംഭിച്ച പയനിയർ സേവന സ്കൂൾ, ആത്മീയമായി പുരോഗതി പ്രാപിക്കാനും ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരാകാനും ആയിരക്കണക്കിനു പയനിയർമാരെ സഹായിച്ചിരിക്കുന്നു. റൊമേനിയയിൽ അംശകാല ജോലി കണ്ടെത്തുക മിക്കവാറും അസാധ്യമായതിനാൽ പയനിയറിങ് ഒരു വെല്ലുവിളിതന്നെയാണ്. എന്നിരുന്നാലും 2004-ൽ, 3,500-ലധികം സഹോദരീസഹോദരന്മാർ പയനിയർ സേവനത്തിന്റെ ഏതെങ്കിലും വശത്തു പങ്കുപറ്റുകയുണ്ടായി.
സഞ്ചാരമേൽവിചാരകന്മാരെ സഹായിക്കുന്നു
ഇറ്റലി ബ്രാഞ്ചിൽ സേവിച്ചിരുന്ന റോബെർട്ടോ ഫ്രാൻചെസ്കെറ്റെ, ആൻഡ്രെയാ ഫാബി എന്നീ സഹോദരന്മാർക്ക് 1990-ൽ റൊമേനിയയിൽ നിയമനം ലഭിച്ചു. വേല പുനഃസംഘടിപ്പിക്കാൻ സഹായിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. റോബെർട്ടോ സഹോദരൻ വിശദീകരിക്കുന്നു: “അന്നെനിക്ക് 57 വയസ്സായിരുന്നു. റൊമേനിയയുടെ ശോച്യമായ സാമ്പത്തികാവസ്ഥ നിമിത്തം പുതിയ നിയമനം എനിക്കും ഭാര്യ ഇമെൽഡായ്ക്കും എളുപ്പമായിരുന്നില്ല.
“1990 ഡിസംബർ 7-ന് വൈകുന്നേരം 7 മണിക്ക് ഞങ്ങൾ ബൂക്കറെസ്റ്റിൽ എത്തി. നഗരം മുഴുവൻ മഞ്ഞുമൂടിക്കിടന്നിരുന്നു. താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസും. നഗരമധ്യത്തിൽ കണ്ടുമുട്ടിയ ചില സഹോദരന്മാരോട് താമസസൗകര്യത്തെക്കുറിച്ച് അന്വേഷിച്ചു. ‘എവിടെയാണു ക്രമീകരിച്ചിരിക്കുന്നതെന്നു ഞങ്ങൾക്കറിയില്ല’ എന്നായിരുന്നു അവരുടെ മറുപടി. എന്നാൽ, ഞങ്ങളുടെ സംഭാഷണം കേൾക്കാനിടയായ ഒരു ചെറുപ്പക്കാരി—അവളുടെ അമ്മയും വല്യമ്മയും യഹോവയുടെ സാക്ഷികളായിരുന്നു—ഉടൻതന്നെ ഞങ്ങളെ അവളുടെ വീട്ടിലേക്കു ക്ഷണിച്ചു. നഗരത്തിൽ അനുയോജ്യമായ ഒരു അപ്പാർട്ട്മെന്റ് കണ്ടെത്തുന്നതുവരെ ഏതാനും ആഴ്ചകൾ ഞങ്ങൾ അവിടെ താമസിച്ചു. പ്രദേശത്തെ സഹോദരങ്ങൾ ഞങ്ങൾക്കു വൈകാരിക പിന്തുണയും പ്രോത്സാഹനവും പ്രദാനം ചെയ്തു. നിയമനവുമായി പൊരുത്തപ്പെടാൻ അതു ഞങ്ങളെ സഹായിച്ചു.”
1967-ൽ ഗിലെയാദ് സ്കൂളിന്റെ 43-ാമത്തെ ക്ലാസ്സിൽനിന്നു ബിരുദം നേടിയ റോബെർട്ടോ, ഭാര്യയുമൊത്ത് ഒമ്പതു വർഷത്തോളം റൊമേനിയയിൽ ചെലവഴിച്ചു. യഹോവയുടെ സേവനത്തിൽ തങ്ങൾക്കുണ്ടായിരുന്ന പതിറ്റാണ്ടുകളുടെ അനുഭവപരിചയത്തിൽനിന്നു പ്രയോജനം നേടാൻ അവർ സഹോദരങ്ങളെ വളരെയേറെ സഹായിച്ചു. റോബെർട്ടോ തുടർന്നു പറയുന്നു: “1991 ജനുവരിയിൽ കൺട്രി കമ്മിറ്റി
എല്ലാ സഞ്ചാരമേൽവിചാരകന്മാരോടുമൊപ്പം ഒരു യോഗം നടത്താനുള്ള ക്രമീകരണം ചെയ്തു. അവർ 42 പേരുണ്ടായിരുന്നു. ആറോ ഏഴോ സഭകൾ വീതമുള്ള ചെറിയ സർക്കിട്ടുകളിലായിരുന്നു മിക്കവരും സേവിച്ചിരുന്നത്. അടുത്തടുത്ത രണ്ടു വാരാന്തങ്ങളിൽ ഓരോ സഭയിലും സേവിക്കുക എന്നതായിരുന്നു അവരുടെ പതിവ്. മിക്കപ്പോഴും ഭാര്യമാരെ കൂടാതെയാണു സന്ദർശനം നടത്തിയിരുന്നത്. കുടുംബത്തെ പിന്തുണയ്ക്കാനും അധികാരികൾക്കു സംശയത്തിന് ഇടം നൽകാതിരിക്കാനും അന്നാളുകളിൽ സർക്കിട്ട് മേൽവിചാരകന്മാർ ഒരു ലൗകിക തൊഴിൽ ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, ചൊവ്വാഴ്ച മുതൽ ഞായറാഴ്ചവരെ സഭകളെ സഹായിച്ചുകൊണ്ട് മറ്റു ദേശങ്ങളിലെ സർക്കിട്ട് മേൽവിചാരകന്മാരെപ്പോലെതന്നെ പ്രവർത്തിക്കാൻ അവർക്കു കഴിയുമായിരുന്നു.“ഈ ക്രമീകരണത്തെക്കുറിച്ചു വിശദീകരിച്ചശേഷം, ആ 42 പേരോടുമായി ഞാൻ ഇങ്ങനെ പറഞ്ഞു: ‘സഞ്ചാരമേൽവിചാരകന്മാരായി തുടർന്നും പ്രവർത്തിക്കാൻ മനസ്സൊരുക്കമുണ്ടെങ്കിൽ ദയവായി കൈ ഉയർത്തുക.’ എന്നാൽ അവരിൽ ഒരാൾപോലും കൈ ഉയർത്തിയില്ല! അങ്ങനെ മിനിട്ടുകൾക്കുള്ളിൽ, രാജ്യത്തെ എല്ലാ സഞ്ചാരമേൽവിചാരകന്മാരെയും ഞങ്ങൾക്കു നഷ്ടമായി! എന്നിരുന്നാലും, ഇക്കാര്യത്തെക്കുറിച്ചു പ്രാർഥനാപൂർവം ചിന്തിച്ച ചിലർ അവരുടെ തീരുമാനത്തിനു മാറ്റംവരുത്തി. ഇറ്റലി, ഐക്യനാടുകൾ, ഓസ്ട്രിയ, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്ന് ശുശ്രൂഷാ പരിശീലന സ്കൂൾ ബിരുദധാരികൾ എത്തിയത് കൂടുതലായ സഹായം പ്രദാനംചെയ്തു.”
പത്തു വർഷം ബ്രുക്ലിൻ ബെഥേലിൽ സേവിച്ച, റൊമേനിയൻ വംശജനായിരുന്ന ജോൺ ബ്രെൻകായ്ക്ക് റൊമേനിയയിലേക്കു മാറ്റം കിട്ടി. അദ്ദേഹം അവിടെ ആദ്യം സർക്കിട്ട് മേൽവിചാരകനും ഡിസ്ട്രിക്റ്റ് മേൽവിചാരകനുമായി സേവിച്ചു. അദ്ദേഹം അനുസ്മരിക്കുന്നു: “1991 ജൂണിൽ ഡിസ്ട്രിക്റ്റ് മേൽവിചാരകനെന്ന നിലയിൽ, പുതിയ ക്രമീകരണത്തിനു ചേർച്ചയിൽ മുഴുസമയം സേവിക്കാൻ മനസ്സൊരുക്കമുള്ള സർക്കിട്ട് മേൽവിചാരകന്മാരുമൊത്തു ഞാൻ പ്രവർത്തിക്കാൻ
തുടങ്ങി. എന്നാൽ, ചിന്താഗതിയിൽ വലിയ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിയിരുന്നതു സഞ്ചാരമേൽവിചാരകന്മാർ മാത്രമല്ലെന്ന് എനിക്കു പെട്ടെന്നുതന്നെ മനസ്സിലായി. പുതിയ ക്രമീകരണവുമായി പൊരുത്തപ്പെടുകയെന്നത് സഭകൾക്കും ഒരു പ്രശ്നമായിരുന്നു. ‘ദിവസവും വയൽസേവനത്തിൽ സംബന്ധിക്കുന്നത് പ്രസാധകർക്ക് അസാധ്യമായ ഒരു കാര്യമായിരിക്കും’ എന്ന് ചില മൂപ്പന്മാർ പറയുകയുണ്ടായി. എങ്കിലും എല്ലാവരും സഹകരിച്ചു പ്രവർത്തിക്കുകയും ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തുകയും ചെയ്തു.”സഹോദരന്മാർക്കു പ്രബോധനം നൽകാൻ രാജ്യശുശ്രൂഷാസ്കൂളും ശുശ്രൂഷാ പരിശീലന സ്കൂളും സഹായകമായിരുന്നു. ബായാ-മാറേയിൽ ഒരു രാജ്യശുശ്രൂഷാസ്കൂൾ നടക്കവേ ഒരു മൂപ്പൻ, ക്ലാസ്സെടുത്തിരുന്ന ഒരു സഹോദരനെ സമീപിച്ച് വിതുമ്പിക്കൊണ്ടു പറഞ്ഞു: “ഞാൻ ഒരു മൂപ്പനായിട്ട് പല വർഷങ്ങളായി. എന്നാൽ ഇപ്പോഴാണ് ഇടയസന്ദർശനം നടത്തേണ്ടത് എങ്ങനെയാണെന്ന് എനിക്ക് ശരിക്കും മനസ്സിലാകുന്നത്. മഹത്തായ ഈ വിവരങ്ങൾക്കായി ഞാൻ ഭരണസംഘത്തോടു നന്ദി പറയുന്നു.”
ശുശ്രൂഷാ പരിശീലന സ്കൂളിനെക്കുറിച്ചു സഹോദരങ്ങൾ കേട്ടിട്ടുണ്ടായിരുന്നെങ്കിലും, സ്വന്തം രാജ്യത്ത് അതു നടത്തുമെന്ന കാര്യം സ്വപ്നം കാണാൻമാത്രമേ അവർക്കു കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് 1999-ൽ ആ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് ആദ്യത്തെ ക്ലാസ് നടത്തിയപ്പോൾ അവർക്കുണ്ടായ ആവേശം നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയും! അതിനുശേഷം എട്ടു ക്ലാസ്സുകൾകൂടി നടത്തുകയുണ്ടായി. സമീപത്തുള്ള മൊൾഡോവ, യൂക്രെയിൻ എന്നിവിടങ്ങളിൽനിന്നുള്ള, റൊമേനിയൻ സംസാരിക്കുന്ന സഹോദരന്മാരും അവയിൽ പങ്കെടുത്തു.
“ഞാൻ സത്യം കണ്ടെത്തി!”
അനേകർക്കും ഇപ്പോൾ ക്രമമായി സാക്ഷ്യം ലഭിക്കുന്നുണ്ടെങ്കിലും ജനസംഖ്യയുടെ മൂന്നിലൊന്ന്—ഏകദേശം 70 ലക്ഷംപേർ—നിയമിച്ചുകൊടുത്തിട്ടില്ലാത്ത പ്രദേശങ്ങളിലാണു വസിക്കുന്നത്. പല പ്രദേശങ്ങളിലും സുവാർത്ത ഒരിക്കൽപ്പോലും കടന്നുചെന്നിട്ടില്ലാത്തതിനാൽ ഇപ്പോഴും കൊയ്ത്തു വളരെയുണ്ട്! (മത്താ. 9:37) നിയമിച്ചുകൊടുത്തിട്ടില്ലാത്ത പ്രദേശങ്ങളിലുള്ളവരെ സഹായിക്കാൻ സാധാരണ പയനിയർമാരും പ്രത്യേക പയനിയർമാരും സഭാമൂപ്പന്മാരും അവിടങ്ങളിലേക്കു മാറിത്താമസിച്ചിരിക്കുന്നു. തത്ഫലമായി കൂടുതൽ കൂട്ടങ്ങൾ രൂപപ്പെടുകയും സഭകൾ സ്ഥാപിതമാകുകയും ചെയ്തിരിക്കുന്നു. കൂടാതെ, നിയമിച്ചുകൊടുത്തിട്ടില്ലാത്ത പ്രദേശങ്ങളിൽ സേവിക്കാനുള്ള പ്രത്യേക പ്രസ്ഥാനങ്ങളിൽ പങ്കുചേരാൻ ബ്രാഞ്ച് സഭകളെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സംരംഭങ്ങൾ, മറ്റു ദേശങ്ങളിലെന്നപോലെ വളരെ ഫലം ചെയ്തിരിക്കുന്നു.
ഒരു വിദൂര ഗ്രാമത്തിൽ വസിച്ചിരുന്ന, 83 വയസ്സുള്ള ഒരു സ്ത്രീക്ക് അവരുടെ പെൺമക്കളിൽ ഒരാൾ വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി നൽകി. ബൂക്കറെസ്റ്റിൽവെച്ച് ഒരു ചവറ്റുകുട്ടയിൽനിന്നായിരുന്നു മകൾക്ക് അതു ലഭിച്ചത്. മാസിക വായിച്ചെന്നു മാത്രമല്ല അതിൽക്കൊടുത്തിരുന്ന എല്ലാ തിരുവെഴുത്തുകളും ആ വൃദ്ധ ബൈബിൾ തുറന്നു പരിശോധിക്കുകയും ചെയ്തു. ദൈവനാമം അടങ്ങിയ വാക്യങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തുടർന്നു മകളോടു സംസാരിച്ചപ്പോൾ ആവേശത്തോടെ അവർ ഇങ്ങനെ പറഞ്ഞു: “മോളേ, ഞാൻ സത്യം കണ്ടെത്തി!”
ഗ്രാമത്തിലെ പുരോഹിതനോടും അവർ സംസാരിച്ചു. ആളുകളെ ദൈവനാമം അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു. ഉത്തരമൊന്നും പറയാതെ നിന്ന പുരോഹിതൻ, പരിശോധിച്ചുനോക്കാനായി അവരുടെ ബൈബിളും മാസികയും തനിക്കൊന്നു തരാൻ ആവശ്യപ്പെട്ടു. ആദരവോടെ അവർ അതനുസരിച്ചു. എന്നാൽ ആ ബൈബിളും വീക്ഷാഗോപുരവും പിന്നീടൊരിക്കലും അവർക്കു തിരിച്ചുകിട്ടിയില്ല. പിന്നീട് യഹോവയുടെ സാക്ഷികൾ പ്രസംഗവേലയ്ക്കായി ആ ഗ്രാമത്തിൽ എത്തിയപ്പോൾ അവർ അവരെ വീട്ടിലേക്കു ക്ഷണിച്ചു. പരിജ്ഞാനം പുസ്തകത്തിന്റെ സഹായത്താൽ ദൈവവചനം പഠിക്കാൻ ആരംഭിച്ച അവർ നല്ല നിലയിൽ പുരോഗമിച്ചു. ഇന്ന് അവരും പെൺമക്കളും എല്ലാം സത്യത്തിലാണ്.
സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം ഒടുവിൽ!
1990-ൽ റൊമേനിയയിലെ സാക്ഷികൾ, അടക്കാനാവാത്ത സന്തോഷത്തോടെയാണ് “നിർമല ഭാഷ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾക്കു കൂടിവന്നത്. അനേകരും ആദ്യമായിട്ടായിരുന്നു ഒരു കൺവെൻഷനിൽ സംബന്ധിക്കുന്നത്. ബ്രാഷൊവ്, ക്ലൂഷ്-നാപോക്ക എന്നിവയായിരുന്നു ആതിഥേയ നഗരങ്ങൾ. രണ്ടാഴ്ച മുമ്പ്, ഹംഗറിയിലെ ബൂഡാപെസ്റ്റിൽ റൊമേനിയൻ ഭാഷയിൽ നടന്ന കൺവെൻഷനിൽ 2,000-ത്തിലധികം പ്രതിനിധികൾ സംബന്ധിച്ചിരുന്നു. റൊമേനിയയിലെ കൺവെൻഷനുകൾ ഒറ്റ ദിവസത്തേക്കുള്ളവ ആയിരുന്നെങ്കിലും, ഭരണസംഘത്തിന്റെ പ്രതിനിധികളായ മിൽട്ടൺ ഹെൻഷലിന്റെയും തിയോഡർ ജാരറ്റ്സിന്റെയും പ്രസംഗങ്ങൾ സഹോദരങ്ങളെ പുളകംകൊള്ളിച്ചു. 36,000-ത്തിലധികമായിരുന്നു ഹാജർ. 1,445 പേർ—പ്രസാധകരുടെ ഏകദേശം 8 ശതമാനം—സ്നാപനമേൽക്കുകയും ചെയ്തു!
1996-ൽ “ദൈവസമാധാന സന്ദേശവാഹകർ” അന്താരാഷ്ട്ര കൺവെൻഷനുകളിൽ ഒന്ന് ബൂക്കറെസ്റ്റിൽ നടത്താൻ പട്ടികപ്പെടുത്തിയിരുന്നു. എന്നാൽ കൺവെൻഷൻ തടയാൻ ഓർത്തഡോക്സ് പുരോഹിതന്മാർ പഠിച്ച പണിയൊക്കെ നോക്കി. അവരും അനുഗാമികളും ചേർന്ന് നഗരത്തിലുടനീളം വിദ്വേഷപൂരിതമായ വാക്കുകളോടു കൂടിയ പോസ്റ്ററുകൾ പതിച്ചു. പള്ളിവക സ്ഥലത്തും കെട്ടിടങ്ങളുടെ പുറത്തും ചുവരുകളിലും വഴികളിലും അതു കാണാമായിരുന്നു. “ഓർത്തഡോക്സ് മതം അല്ലെങ്കിൽ മരണം,” “ഈ കൺവെൻഷൻ നിരോധിക്കാൻ ഞങ്ങൾ അധികാരികളോട് ആവശ്യപ്പെടും. വരൂ, നമ്മുടെ പൂർവപിതാക്കന്മാരുടെ വിശ്വാസം കാക്കൂ. ദൈവം നമുക്കു തുണ!” എന്നൊക്കെ അവർ എഴുതിപ്പിടിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിൽ കാര്യങ്ങൾ ഒന്നുകൂടി വിലയിരുത്തിയ നഗരാധികൃതർ ബൂക്കറെസ്റ്റിൽ കൺവെൻഷൻ നടത്താൻ അനുവദിച്ചില്ല. എന്നിരുന്നാലും, ജൂലൈ 19 മുതൽ 21 വരെ ബ്രാഷൊവിലും ക്ലൂഷ്-നാപോക്കയിലും കൺവെൻഷൻ നടത്താൻ സഹോദരങ്ങൾ സൗകര്യം തരപ്പെടുത്തി. കൂടാതെ, അവിടങ്ങളിലേക്കു പോകാൻ കഴിയാതിരുന്നവർക്കുവേണ്ടി ബൂക്കറെസ്റ്റിലും ബായാ-മാറേയിലും ചെറിയ കൺവെൻഷനുകൾ നടത്താനും അവർക്കു സാധിച്ചു.
ശാന്തരായി നിലകൊള്ളാനും ചുരുങ്ങിയ സമയത്തിനുള്ളിൽ കാര്യങ്ങൾ പുനഃക്രമീകരിക്കാനും സഹോദരങ്ങൾക്കു കഴിഞ്ഞത് പത്ര റിപ്പോർട്ടർമാരിൽ മതിപ്പുളവാക്കി. അതിനാൽ, കൺവെൻഷനു തലേന്നു പ്രത്യക്ഷപ്പെട്ട വാർത്തകൾ നമുക്ക് അനുകൂലമായിരുന്നു. പുരോഹിതന്മാർ ഒച്ചവെച്ചതെല്ലാം വെറുതെയായിപ്പോയി. എന്നാൽ നേരത്തേ വന്നിരുന്ന മോശമായ റിപ്പോർട്ടുകൾക്കുപോലും നല്ല ഫലമുണ്ടായി. യഹോവയുടെ നാമം പ്രസിദ്ധമാകാൻ അതു സഹായിച്ചു. ബൂക്കറെസ്റ്റിലെ ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “വർഷങ്ങളോളം
രാജ്യത്തൊട്ടാകെ സാക്ഷീകരിച്ചാലുണ്ടാകുന്നത്ര പ്രചാരമാണ് മൂന്ന് ആഴ്ചകൊണ്ട് ഞങ്ങൾക്കു ലഭിച്ചത്. ഞങ്ങൾക്കു തടസ്സം സൃഷ്ടിക്കാനായി റൊമേനിയയിലെ ഓർത്തഡോക്സ് സഭക്കാർ ചെയ്ത കാര്യങ്ങൾ യഥാർഥത്തിൽ സുവാർത്തയുടെ ഉന്നമനത്തിന് ഇടയാക്കുകയാണു ചെയ്തത്.” മൊത്തം 40,206 പേർ കൺവെൻഷനുകളിൽ സംബന്ധിക്കുകയും 1,679 പേർ സ്നാപനമേൽക്കുകയും ചെയ്തു.2000-ത്തിൽ നടന്ന “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം റൊമേനിയൻ ഭാഷയിൽ ലഭിച്ചപ്പോൾ സഹോദരങ്ങൾ പുളകിതരായി. ഒരു യുവസഹോദരൻ വിലമതിപ്പോടെ ഇങ്ങനെ പറഞ്ഞു: “ഈ ബൈബിൾ ഭാഷാന്തരത്തിൽ, അതും എന്റെ സ്വന്തം പ്രതിയിൽ, യഹോവയുടെ നാമം വായിക്കാൻ കഴിഞ്ഞപ്പോൾ അവനുമായുള്ള എന്റെ ബന്ധം ഒന്നുകൂടി ശക്തമായിത്തീർന്നു. യഹോവയ്ക്കും അവന്റെ സംഘടനയ്ക്കും എന്റെ ഹൃദയംനിറഞ്ഞ നന്ദി.”
തേനീച്ചഹാൾ മാത്രം ഉണ്ടായിരുന്നിടത്ത് സമ്മേളനഹാൾ ഉയർന്നുവരുന്നു
മുമ്പു പരാമർശിച്ച തേനീച്ചഹാൾ ഒഴികെ ഒറ്റ രാജ്യഹാൾപോലും കമ്മ്യൂണിസ്റ്റ് ഭരണകാലത്തു നിർമിച്ചിരുന്നില്ല. അതുകൊണ്ട് നിരോധനം നീങ്ങിയപ്പോൾ രാജ്യഹാളുകളുടെ അടിയന്തിര ആവശ്യം നേരിട്ടു. എന്നിരുന്നാലും അടുത്ത കാലത്ത് ശരാശരി 10 ദിവസത്തിൽ 1 എന്ന കണക്കിൽ രാജ്യഹാളുകൾ നിർമിക്കാൻ സഹോദരങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്! ഏറെയും ‘രാജ്യഹാൾ ഫണ്ട്’ ക്രമീകരണത്തിന്റെ ഫലമായിരുന്നു അത്. ഉപയോഗപ്രദവും അതേസമയംതന്നെ ലളിതവും അനാർഭാടവുമായ ഈ കെട്ടിടങ്ങൾ ഒരേ രൂപമാതൃകയിലും എളുപ്പത്തിൽ ലഭ്യമായ വസ്തുക്കൾക്കൊണ്ടു നിർമിക്കുന്നവയും ആണ്. മറ്റു ദേശങ്ങളിലെന്നപോലെ, നിർമാണവേളയിൽ—പ്രത്യേകിച്ച് ശീഘ്ര-നിർമിത ഹാളുകളുടെ കാര്യത്തിൽ—പ്രകടമായിക്കാണുന്ന സുഗമമായ സംഘാടനവും സേവനസന്നദ്ധതയും അയൽക്കാർക്കും ബിസിനസ്സുകാർക്കും നഗരാധികൃതർക്കും ഒരു നല്ല സാക്ഷ്യം പ്രദാനം ചെയ്തു.
മൂറെഷ് പ്രവിശ്യയിൽ നിർമാണത്തിലിരുന്ന ഒരു രാജ്യഹാളിന് വൈദ്യുതി കണക്ഷനുള്ള പെർമിറ്റിനുവേണ്ടി സഹോദരങ്ങൾ അധികാരികളെ സമീപിച്ചു. അധികാരികളിൽ ഒരാൾ അവരോടു ചോദിച്ചു: “എന്താണു നിങ്ങൾക്കിത്ര ധൃതി? പെർമിറ്റു ശരിയാകാൻ കുറഞ്ഞത് ഒരു മാസമെങ്കിലും വേണ്ടിവരും. അതിനുള്ളിൽ നിങ്ങളുടെ പണി ഒരിടത്തും എത്തിയിട്ടുണ്ടാകില്ല.” അപ്പോൾ സഹോദരന്മാർ ഇക്കാര്യവുമായി ഡയറക്ടറെ സമീപിച്ചു.
“എന്തിനാണിത്ര തിരക്കുകൂട്ടുന്നത്? തറ കെട്ടിയതല്ലേ ഉള്ളൂ,” അദ്ദേഹവും ചോദിച്ചു.
“അതേ, എന്നാൽ അതു കഴിഞ്ഞ ആഴ്ചയായിരുന്നു. ഇപ്പോൾ ഞങ്ങൾ മേൽക്കൂരയുടെ പണി നടത്തിക്കൊണ്ടിരിക്കുകയാണ്!” സഹോദരന്മാർ പറഞ്ഞു. കാര്യം പിടികിട്ടിയ ഡയറക്ടർ പിറ്റേ ദിവസംതന്നെ പെർമിറ്റു നൽകി.
റൊമേനിയയിലെ ആദ്യത്തെ സമ്മേളന ഹാൾ പണിതത് നെഗ്രെഷ്റ്റി-വാഷ് എന്ന സ്ഥലത്താണ്. പ്രധാന ഹാളിൽ 2,000 പേർക്കും ചുറ്റുമുള്ള തുറസ്സായ വൃത്താകാര സ്റ്റേഡിയത്തിൽ 6,000 പേർക്കും ഇരിക്കാം. സമർപ്പണ പ്രസംഗം നടത്താൻ ക്ഷണിക്കപ്പെട്ടതിൽ ഗെരിറ്റ് ലോഷ് സഹോദരന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. റൊമേനിയൻ ഭാഷയിലാണ് അദ്ദേഹം പ്രസംഗിച്ചത്. അഞ്ചു സർക്കിട്ടുകളിൽനിന്നുള്ള 90-ലധികം സഭകൾ നിർമാണവേലയിൽ പങ്കെടുത്തു. ഹാളിന്റെ സമർപ്പണത്തിനുമുമ്പായി 2003 ജൂലൈയിൽ അവിടെ നടന്ന ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ 8,572 പേർ സംബന്ധിച്ചു. സമ്മേളന ഹാൾ, സ്ഥലത്തെ ഓർത്തഡോക്സുകാരുടെ ഇടയിൽ ഒരു പ്രധാന
സംസാരവിഷയമായിരുന്നെന്നു പറയേണ്ടതില്ലല്ലോ. എന്നാൽ എല്ലാ അഭിപ്രായങ്ങളും പ്രതികൂലമായിരുന്നില്ല. യഥാർഥത്തിൽ, സഹോദരങ്ങളുടെ സേവനസന്നദ്ധതയെപ്രതി ചില പുരോഹിതന്മാർ അവരെ അഭിനന്ദിക്കുകപോലും ചെയ്തു.ദൈവദാസർക്കെതിരായ യാതൊരു ആയുധവും ഫലിക്കയില്ല
കാരോളി സാബോയും യോഷെഫ് കിസും 1911-ൽ സ്വദേശത്തേക്കു മടങ്ങിയപ്പോൾ, തങ്ങൾ തുടങ്ങിവെക്കുന്ന വേലയെ യഹോവ എത്രമാത്രം അനുഗ്രഹിക്കുമായിരുന്നെന്ന് അവർക്കു യാതൊരു ഊഹവും ഇല്ലായിരുന്നു. ഇതു പരിചിന്തിക്കുക: കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഏകദേശം 18,500 പുതിയവർ റൊമേനിയയിൽ സ്നാപനമേറ്റു. അങ്ങനെ അവിടത്തെ പ്രസാധകരുടെ എണ്ണം 38,423 ആയിത്തീർന്നിരിക്കുന്നു. 2005-ൽ സ്മാരകത്തിനു ഹാജരായത് 79,370 പേരാണ്! ഈ വളർച്ചയ്ക്കൊത്തുയരാൻ 1998-ൽ മനോഹരമായ ഒരു പുതിയ ബെഥേൽ ഭവനം സമർപ്പിക്കുകയും 2000-ത്തിൽ അതു കൂടുതൽ വികസിപ്പിക്കുകയും ചെയ്തു. ബ്രാഞ്ചിനോടു ചേർന്ന് മൂന്നു രാജ്യഹാളുകളുള്ള ഒരു കോംപ്ലക്സും പണികഴിച്ചു.
എന്നാൽ വിവരിക്കാനാവാത്തത്ര ഭയങ്കരമായ മൃഗീയ പീഡനം ആഞ്ഞടിച്ച കാലങ്ങളിലായിരുന്നു മഹത്തായ ഈ വളർച്ചയ്ക്ക് അടിസ്ഥാനമിടപ്പെട്ടത് സങ്കീ. 91:1, 2) തന്റെ വിശ്വസ്ത ദാസരെ സംബന്ധിച്ച് അവൻ ഈ വാഗ്ദാനം നൽകി: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാനാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും . . . ഇതു തന്നേ.”—യെശ. 54:17.
എന്നോർക്കണം. അതുകൊണ്ട് പുരോഗതിക്കുള്ള എല്ലാ മഹത്ത്വവും യഹോവയ്ക്കുള്ളതാണ്. അവന്റെ സംരക്ഷണാത്മക നിഴലിലാണ് അവന്റെ വിശ്വസ്ത സാക്ഷികൾ അഭയം കണ്ടെത്തിയത്. (നീതിക്കായി നിരവധി കഷ്ടതകൾ സഹിച്ച സകലരുടെയും മൂല്യവത്തായ വിശ്വാസം അനുകരിച്ചുകൊണ്ട് അവർ അനുഭവിച്ച കഷ്ടപ്പാടുകൾ ആദരവോടെ ഓർമിക്കുന്നുവെന്നു പ്രകടമാക്കാനും അങ്ങനെ മേൽപ്പറഞ്ഞ അമൂല്യമായ ആ ‘അവകാശം’ കാത്തുസൂക്ഷിക്കാനും റൊമേനിയയിലെ യഹോവയുടെ സാക്ഷികൾ ദൃഢചിത്തരാണ്.—യെശ. 43:10; എബ്രാ. 13:7.
[72-ാം പേജിലെ ചതുരം]
റൊമേനിയ—ഒരു ആകമാന വീക്ഷണം
ഭൂപ്രകൃതി: ഏതാണ്ട് ദീർഘവൃത്താകൃതിയിൽ 2,38,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന റൊമേനിയയ്ക്ക് കിഴക്കുനിന്നു പടിഞ്ഞോറോട്ട് 720 കിലോമീറ്ററോളം ദൈർഘ്യമുണ്ട്. യൂക്രെയിൻ, മൊൾഡോവ, ബൾഗേറിയ, സെർബിയ, മോണ്ടേനേഗ്രോ, ഹംഗറി എന്നിവയാണ് വടക്കുനിന്നു ഘടികാര ദിശയിൽ വരുന്ന അയൽദേശങ്ങൾ.
ജനങ്ങൾ: റൊമേനിയക്കാർ, ഹംഗറിക്കാർ, ജർമൻകാർ, യഹൂദർ, യൂക്രെയിൻകാർ, ജിപ്സികൾ എന്നിവരും മറ്റുള്ളവരും ഉൾപ്പെടെ വിദേശീയരും തദ്ദേശീയരുമായ 2 കോടി 20 ലക്ഷം പേരാണ് റൊമേനിയയിൽ വസിക്കുന്നത്. ജനസംഖ്യയുടെ 70 ശതമാനമെങ്കിലും റൊമേനിയൻ ഓർത്തഡോക്സുകാരാണ്.
ഭാഷ: റൊമേനിയനാണ് ഔദ്യോഗിക ഭാഷ. പുരാതന റോമാക്കാരുടെ ഭാഷയായ ലത്തീനിൽനിന്നാണ് ഇതു വികാസം പ്രാപിച്ചത്.
ഉപജീവന മാർഗം: ഏകദേശം 40 ശതമാനം തൊഴിലാളികളും കൃഷി, മരംമുറിക്കൽ അല്ലെങ്കിൽ മീൻപിടിത്തം എന്നിവയിലും 25 ശതമാനം ഉത്പാദനം, ഖനനം, അല്ലെങ്കിൽ നിർമാണം എന്നിവയിലും 30 ശതമാനം പൊതുജന സേവനവുമായി ബന്ധപ്പെട്ട തൊഴിലുകളിലും ഏർപ്പെട്ടിരിക്കുന്നു.
ആഹാരം: ചോളം, ഉരുളക്കിഴങ്ങ്, ഷുഗർബീറ്റ്, ഗോതമ്പ്, മുന്തിരി എന്നിവയാണ് കാർഷിക വിളകൾ. പ്രധാന മൃഗസമ്പത്തായ ആടിനു പുറമേ കന്നുകാലി, പന്നി, കോഴി എന്നിവയെയും വളർത്തുന്നു.
കാലാവസ്ഥ: താപനിലയും മഴയും ഓരോ പ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. മൊത്തത്തിൽ നാലു ഋതുക്കളിലും കാലാവസ്ഥ മിതമാണ്.
[74-ാം പേജിലെ ചതുരം]
റൊമേനിയയിലെ വൈവിധ്യമാർന്ന പ്രദേശങ്ങൾ
ഏറെയും ഗ്രാമപ്രദേശങ്ങൾ നിറഞ്ഞ രാജ്യമാണ് റൊമേനിയ. മാറാമുറെഷ്, മൊൾഡേവിയ, ട്രാൻസിൽവേനിയ, ഡൊബ്രൂജാ എന്നിവ ഉൾപ്പെടെ ചരിത്രപരവും വൈവിധ്യമാർന്നതുമായ പല പ്രദേശങ്ങളായി അതു വിഭജിക്കപ്പെട്ടിരിക്കുന്നു. റോമാക്കാർ ഒരിക്കലും ആക്രമിച്ചിട്ടില്ലാത്ത ഒരേയൊരു ഭാഗമാണ് വടക്കുള്ള മാറാമുറെഷ്. അവിടെ, വിദൂരത്തുള്ള മലയോര ഗ്രാമങ്ങളിലാണ് ആളുകൾ പാർക്കുന്നത്. ഡേഷിയക്കാരായിരുന്ന മുൻതലമുറക്കാരുടെ സംസ്കാരം ഇന്നും അവർ കാത്തുസൂക്ഷിക്കുന്നു. കിഴക്കുള്ള മൊൾഡേവിയ വീഞ്ഞുത്പാദന ശാലകൾക്കും ധാതുജല ഉറവുകൾക്കും 15-ാം നൂറ്റാണ്ടിലെ സന്ന്യാസ ആശ്രമങ്ങൾക്കും പേരുകേട്ടതാണ്. തെക്കൻ മേഖലയായ വാലേക്കിയയിലാണ് റൊമേനിയയിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ ബൂക്കറെസ്റ്റ് സ്ഥിതിചെയ്യുന്നത്.
റൊമേനിയയുടെ മധ്യഭാഗത്ത്, കാർപാത്തിയൻ പർവതനിരകളുടെ വൻ കമാനത്താൽ പൂർണമായും ചുറ്റപ്പെട്ടുകിടക്കുന്ന ട്രാൻസിൽവേനിയ ശരിക്കും ഒരു പീഠഭൂമിയാണ്. മധ്യകാലഘട്ടത്തിലെ രമ്യഹർമ്യങ്ങളും നഗരങ്ങളും നാശാവശിഷ്ടങ്ങളും സമൃദ്ധമായി കാണപ്പെടുന്ന ട്രാൻസിൽവേനിയ ലോകപ്രസിദ്ധി നേടിയ ഡ്രാക്കുള എന്ന സാങ്കൽപ്പിക രക്തരക്ഷസ്സിന്റെ ജന്മസ്ഥാനമാണ്. 15-ാം നൂറ്റാണ്ടിലെ വ്ളാഡ് ഡ്രാക്കൂൾ അഥവാ വ്ളാഡ് ദ ഡെവിൾ, വ്ളാഡ് റ്റ്സെപെഷ് (ശത്രുക്കളെ സ്തംഭത്തിലേറ്റി വധിച്ചിരുന്നതിനാൽ ഇദ്ദേഹം വ്ളാഡ് ഇംപേലർ എന്നും അറിയപ്പെട്ടിരുന്നു) എന്നീ രാജകുമാരന്മാരാണ് ഡ്രാക്കുളയുടെ പൂർവ മാതൃകകൾ. ഇവിടം സന്ദർശിക്കുന്നവർക്ക് ഒരുകാലത്ത് അവരുടെ സങ്കേതങ്ങളായിരുന്നുവെന്നു കരുതപ്പെടുന്ന പല സ്ഥലങ്ങളും കാണാനാകും.
ഏതാണ്ട് 250 കിലോമീറ്റർ ദൂരത്തിൽ കരിങ്കടലിനെ പുണർന്നുകിടക്കുന്ന ഡൊബ്രൂജായുടെ അഭിമാനമാണ് മനോഹരമായ ഡാന്യൂബ് നദീമുഖത്തുരുത്ത്. യൂറോപ്പിലെ ഏറ്റവും നീളംകൂടിയ നദികളിൽ രണ്ടാമത്തേതും റൊമേനിയയുടെ തെക്കേ അതിർ തീർക്കുന്നതുമായ ഡാന്യൂബ് രാജ്യത്തിന്റെ നല്ലൊരു ഭാഗത്തെയും പോഷിപ്പിക്കുന്നു. 4,300 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ളതും പാരിസ്ഥിതികമായി വൈവിധ്യമാർന്നതുമായ അതിന്റെ ഡെൽറ്റ അഥവാ നദീമുഖത്തുരുത്ത് യൂറോപ്പിലെ ഏറ്റവും വലിയ ചതുപ്പുനില സംരക്ഷണ മേഖലയാണ്. കൂടാതെ 300-ലധികം ഇനം പക്ഷികളും 150 തരം മത്സ്യങ്ങളും വില്ലോ വൃക്ഷംമുതൽ ആമ്പൽവരെയുള്ള 1,200 ഇനം സസ്യങ്ങളും ഇവിടെയുണ്ട്.
[87-ാം പേജിലെ ചതുരം]
സാമോൾസിസ് ഭക്തിപ്രസ്ഥാനത്തിൽനിന്ന് റൊമേനിയൻ ഓർത്തഡോക്സ് മതത്തിലേക്ക്
ഇന്നു റൊമേനിയ എന്നറിയപ്പെടുന്ന ദേശത്ത് നമ്മുടെ പൊതുയുഗത്തിനുമുമ്പുള്ള നൂറ്റാണ്ടുകളിൽ വസിച്ചിരുന്നത് ഗെറ്റേകളും ഡേഷിയരും ആയിരുന്നു. പരസ്പര ബന്ധമുള്ള രണ്ടു ഗോത്രങ്ങളായിരുന്നു അവ. ആകാശത്തിന്റെയും മരിച്ചവരുടെയും ദൈവമായി കരുതപ്പെട്ടിരുന്ന സാമോൾസിസിനെയാണ് അവർ ആരാധിച്ചിരുന്നത്. ഇന്ന് മിക്കവാറും എല്ലാ റൊമേനിയക്കാരും ക്രിസ്ത്യാനിത്വം ആചരിക്കുന്നു. എങ്ങനെയാണ് ഈ മാറ്റം സംഭവിച്ചത്?
ബാൾക്കൻ ഉപദ്വീപിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിച്ച റോമിന് ഗെറ്റോ-ഡേഷിയൻ സഖ്യം വലിയ ഒരു ഭീഷണിയായിരുന്നു. യഥാർഥത്തിൽ, ആ സഖ്യത്തിന്റെ രാജാവായിരുന്ന ഡിസെബ്ലുസ് രണ്ടു പ്രാവശ്യം റോമൻ സൈന്യത്തെ തോൽപ്പിച്ചു. എന്നിരുന്നാലും, പൊതുയുഗം (പൊ.യു.) രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ റോം ജയം നേടുകയും ആ ദേശത്തെ റോമിന്റെ ഒരു പ്രവിശ്യയാക്കുകയും ചെയ്തു. വലിയ ഐശ്വര്യസമൃദ്ധി ആസ്വദിച്ചിരുന്ന ഡേഷിയ (അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) അനേകം റോമൻ അധിനിവേശകരെ അവിടേക്ക് ആകർഷിച്ചു. അവർ ഡേഷിയരുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയും അവരെ ലത്തീൻ ഭാഷ പഠിപ്പിക്കുകയും ഇന്നുള്ള റൊമേനിയക്കാരുടെ പൂർവികർക്കു ജന്മം നൽകുകയും ചെയ്തു.
കുടിയേറ്റക്കാർക്കു പുറമേ, വ്യാപാരികളും കച്ചവടക്കാരും നാമധേയ ക്രിസ്ത്യാനിത്വത്തെ ഈ ദേശത്തേക്കു കൊണ്ടുവന്നു. പൊ.യു. 332-ൽ കോൺസ്റ്റന്റയ്ൻ ചക്രവർത്തി ഡാന്യൂബിന്റെ വടക്കു ഭാഗത്തു പാർത്തിരുന്ന ജർമാനിക് ഗോത്രങ്ങളുടെ സഖ്യമായിരുന്ന ഗോഥുകളുമായി ഒരു സമാധാന ഉടമ്പടി ഉണ്ടാക്കിയപ്പോൾ ക്രൈസ്തവലോകത്തിന്റെ സ്വാധീനം പടർന്നുപിടിച്ചു.
1054-ലെ മതപരമായ പിളർപ്പിനെത്തുടർന്ന്, അതായത് പൗരസ്ത്യ സഭ റോമൻ സഭയിൽനിന്നു വേർപെട്ടതിനെ തുടർന്ന്, ഈ പ്രദേശം റൊമേനിയൻ ഓർത്തഡോക്സ് സഭയുടെ ജനയിതാവായ പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെ സ്വാധീനത്തിൻകീഴിലായി. 20-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും റൊമേനിയൻ ഓർത്തഡോക്സ് സഭയിൽ 1 കോടി 60 ലക്ഷത്തിലധികം അംഗങ്ങൾ ഉണ്ടായിരുന്നു. അങ്ങനെ അത് ബാൾക്കൻസിലെ ഏറ്റവും വലിയ സ്വതന്ത്ര ഓർത്തഡോക്സ് സഭ ആയിത്തീർന്നു.
[98-100 പേജുകളിലെ ചതുരം/ചിത്രം]
ബോംബുവർഷത്തിനിടെ ഗീതാലാപനം
റ്റിയോഡോർ മിറോൺ
ജനനം: 1909
സ്നാപനം: 1943
സംക്ഷിപ്ത വിവരം: ജയിലിൽവെച്ച് ബൈബിൾ പഠിച്ചു. നാസി തടങ്കൽപ്പാളയങ്ങളിലും കമ്മ്യൂണിസ്റ്റ് തൊഴിൽപ്പാളയങ്ങളിലും ജയിലുകളിലും 14 വർഷം ചെലവഴിച്ചു.
ജർമൻ സേന പിൻവാങ്ങവേ 1944 സെപ്റ്റംബർ 1-ന്, ഞാൻ ഉൾപ്പെടെ 152 സഹോദരന്മാരെയും മറ്റു ജയിൽപ്പുള്ളികളെയും സെർബിയയിലെ ബോറിലുള്ള തടങ്കൽപ്പാളയത്തിൽനിന്നു ജർമനിയിലേക്കു കൊണ്ടുപോയി. ചില ദിവസങ്ങളിൽ ഞങ്ങൾക്കു ഭക്ഷിക്കാൻ ഒന്നും ലഭിച്ചില്ല. വയലുകൾക്കു സമീപം വഴിയോരത്തു കിടന്നിരുന്ന ബീറ്റ്റൂട്ടും മറ്റും ലഭിച്ച അവസരങ്ങളിൽ അതു ഞങ്ങൾ തുല്യമായി പങ്കുവെച്ചു. നടക്കാൻ കഴിയാത്തവിധം ആരെങ്കിലും തളർന്നുപോയാൽ ശക്തരായവർ അവരെ ഒരു ഉന്തുവണ്ടിയിൽ തള്ളിക്കൊണ്ടുപോകുമായിരുന്നു.
ഒടുവിൽ ഞങ്ങൾ ഒരു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെ ഏകദേശം നാലു മണിക്കൂർ വിശ്രമിച്ചശേഷം ഒരു ട്രെയിനിന്റെ ചരക്കു കൊണ്ടുപോകുന്ന രണ്ടു കമ്പാർട്ടുമെന്റുകൾ ഞങ്ങൾ കാലിയാക്കി. മേൽക്കൂര ഇല്ലാത്ത ആ കമ്പാർട്ടുമെന്റുകളിൽ ആയിരുന്നു തുടർന്നുള്ള ഞങ്ങളുടെ യാത്ര. ഇരിക്കാൻ സൗകര്യം ഇല്ലായിരുന്നതിനാൽ നിന്നു യാത്രചെയ്യണമായിരുന്നു. തണുപ്പകറ്റാൻ പറ്റിയ വസ്ത്രങ്ങൾ ഞങ്ങൾക്കില്ലായിരുന്നു. എല്ലാവർക്കും ഓരോ പുതപ്പുമാത്രമാണ് ഉണ്ടായിരുന്നത്. മഴ തുടങ്ങിയപ്പോൾ ഞങ്ങൾ അതുകൊണ്ട് തല മൂടി. രാത്രിയിലുടനീളം ആ നിലയിൽ യാത്ര ചെയ്തു. പിറ്റേന്ന് രാവിലെ പത്തു മണിക്ക് ഒരു ഗ്രാമത്തിലൂടെ കടന്നുപോകവേ, രണ്ടു വിമാനങ്ങൾ ഞങ്ങളുടെ ട്രെയിനിന്റെ എഞ്ചിനുനേരെ ബോംബാക്രമണം നടത്തി. ട്രെയിൻ നിശ്ചലമായി. ഞങ്ങളുടെ കമ്പാർട്ടുമെന്റുകൾ എഞ്ചിന്റെ തൊട്ടുപിന്നിലായിരുന്നിട്ടും ഞങ്ങളിൽ ആരും കൊല്ലപ്പെട്ടില്ല. ഈ
സംഭവം പക്ഷേ, യാത്രയ്ക്കു തടസ്സമായില്ല. മറ്റൊരു എഞ്ചിൻ ഘടിപ്പിച്ചശേഷം ട്രെയിൻ മുന്നോട്ടുനീങ്ങി.ഏകദേശം 100 കിലോമീറ്റർ പിന്നിട്ട ട്രെയിൻ ഒരു സ്റ്റേഷനിൽ രണ്ടു മണിക്കൂർ നിറുത്തിയിട്ടു. അവിടെ ചില സ്ത്രീപുരുഷന്മാർ ഉരുളക്കിഴങ്ങു നിറച്ച കുട്ടകളുമായി നിൽക്കുന്നതു ഞങ്ങൾ കണ്ടു. അവർ ‘ഉരുളക്കിഴങ്ങു വിൽക്കുന്നവർ’ ആയിരിക്കുമെന്നു ഞങ്ങൾ കരുതി. എന്നാൽ വാസ്തവം അതല്ലായിരുന്നു. ഞങ്ങൾക്കു സംഭവിച്ച കാര്യങ്ങൾ കേട്ടറിഞ്ഞ ആത്മീയ സഹോദരീസഹോദരന്മാർ ആയിരുന്നു അവർ. ഞങ്ങൾ വിശന്നുപൊരിഞ്ഞിരിക്കുകയാകുമെന്ന് അറിഞ്ഞുകൊണ്ട് ഭക്ഷണവുമായി എത്തിയതാണ് അവർ. പുഴുങ്ങിയ വലിയ മൂന്നു ഉരുളക്കിഴങ്ങുകളും ഒരു കഷണം റൊട്ടിയും അൽപ്പം ഉപ്പും അവർ ഞങ്ങൾക്ക് ഓരോരുത്തർക്കും തന്നു. ‘സ്വർഗത്തിൽനിന്നുള്ള ഈ മന്ന’ ആയിരുന്നു അടുത്ത 48 മണിക്കൂർ ഞങ്ങളെ പുലർത്തിയത്. അപ്പോഴേക്കും ഞങ്ങൾ ഹംഗറിയിലെ സോംബോറ്റ്ഹേയിൽ എത്തിയിരുന്നു. അത് ഡിസംബർ ആരംഭമായിരുന്നു.
സോംബോറ്റ്ഹേയിൽ ശൈത്യകാലം ചെലവഴിച്ച ഞങ്ങൾ, മഞ്ഞിനടിയിൽ കിടന്നിരുന്ന ചോളം ഭക്ഷിച്ചാണ് പ്രധാനമായും ജീവൻ നിലനിറുത്തിയത്. 1945 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സുന്ദരമായ ഈ പട്ടണത്തിൽ ബോംബുവർഷം നടന്നു. അംഗച്ഛേദം സംഭവിച്ച മനുഷ്യ ശരീരങ്ങൾ തെരുവുകളിൽ ചിതറിക്കിടന്നു. അനേകർ നാശശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയി. സഹായത്തിനായി അവർ നിലവിളിക്കുന്നത് ചിലപ്പോഴൊക്കെ ഞങ്ങൾക്കു കേൾക്കാൻ കഴിഞ്ഞു. മൺവെട്ടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ചിലരെയെല്ലാം പുറത്തെടുക്കാൻ ഞങ്ങൾക്കു സാധിച്ചു.
ഞങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് അടുത്തുള്ള കെട്ടിടങ്ങൾ ബോംബാക്രമണത്തിനു വിധേയമായെങ്കിലും ഞങ്ങളുടെ കെട്ടിടത്തിന് ഒരു കുഴപ്പവും സംഭവിച്ചില്ല. ബോംബാക്രമണം മുന്നറിയിച്ചുകൊണ്ട് സൈറൺ മുഴങ്ങുമ്പോഴെല്ലാം എല്ലാവരും സംഭ്രാന്തരായി ഒളിക്കാനൊരിടം തേടി പരക്കംപായുമായിരുന്നു. ആദ്യം ഞങ്ങളും അങ്ങനെ ചെയ്തിരുന്നെങ്കിലും ഉചിതമായ ഒരു സുരക്ഷിത സ്ഥാനം ഇല്ലാതിരുന്നതിനാൽ ഓടിനടക്കുന്നതിൽ യാതൊരു കാര്യവും ഇല്ലെന്നു പെട്ടെന്നുതന്നെ ഞങ്ങൾ തിരിച്ചറിഞ്ഞു. അതുകൊണ്ട് നിൽക്കുന്നിടത്തുതന്നെ ശാന്തരായി നിലകൊള്ളാൻ ഞങ്ങൾ ശ്രമിച്ചു. താമസിയാതെ ഗാർഡുകളും ഞങ്ങളോടൊപ്പം തങ്ങി. നമ്മുടെ ദൈവം അവരെയും രക്ഷിച്ചേക്കുമെന്ന് അവർ പറഞ്ഞു! സോംബോറ്റ്ഹേയിൽ താമസിച്ച അവസാന ദിനമായ ഏപ്രിൽ 1 രാത്രിയിൽ മുമ്പെന്നത്തേതിലും അധികം ബോംബുവർഷം നടന്നു. എന്നിട്ടും, ഞങ്ങൾ ഞങ്ങളുടെ കെട്ടിടത്തിൽത്തന്നെ തങ്ങിക്കൊണ്ട് യഹോവയെ പാട്ടുപാടി സ്തുതിക്കുകയും ഞങ്ങൾക്ക് അനുഭവവേദ്യമായ ശാന്തതയ്ക്കായി അവനോടു നന്ദി പറയുകയും ചെയ്തു.—ഫിലി. 4:6, 7.
അടുത്ത ദിവസം ജർമനിയിലേക്കു പോകാൻ ഞങ്ങൾക്ക് ഉത്തരവു ലഭിച്ചു. ഞങ്ങൾക്കു രണ്ടു കുതിരവണ്ടികൾ ഉണ്ടായിരുന്നു. അതിൽ കയറിയും നടന്നും ഞങ്ങൾ 100 കിലോമീറ്ററോളം സഞ്ചരിച്ചു. അങ്ങനെ റഷ്യൻ സേനാമുഖത്തുനിന്ന് 13 കിലോമീറ്റർ അകലെയുള്ള ഒരു വനത്തിൽ എത്തിച്ചേർന്ന ഞങ്ങൾ ധനികനായ ഒരു ഭൂവുടമയുടെ വക സ്ഥലത്ത് രാത്രി തങ്ങി. പിറ്റേ ദിവസം ഗാർഡുകൾ ഞങ്ങളെ സ്വതന്ത്രരാക്കി. അത്രയും നാൾ ഭൗതികമായും ആത്മീയമായും പുലർത്തിയതിൽ ഞങ്ങൾ യഹോവയോടു നന്ദിയുള്ളവർ ആയിരുന്നു. നിറകണ്ണുകളോടെ ഞങ്ങൾ പരസ്പരം വിടപറഞ്ഞു. ചിലർ കാൽനടയായും മറ്റുള്ളവർ ട്രെയിനിലും സ്വന്ത ഭവനങ്ങളിലേക്കു യാത്രയായി.
[107-ാം പേജിലെ ചതുരം]
ക്രിസ്തീയ സ്നേഹം പ്രവർത്തനത്തിൽ
1946-ൽ റൊമേനിയയുടെ കിഴക്കൻ ഭാഗം ക്ഷാമത്തിന്റെ പിടിയിലമർന്നു. രണ്ടാം ലോകമഹായുദ്ധവും അതിന്റെ പരിണതഫലങ്ങളും റൊമേനിയയുടെ ചില ഭാഗങ്ങളെ അത്ര മോശമായി ബാധിച്ചിരുന്നില്ല. ദരിദ്രരെങ്കിലും അവിടങ്ങളിൽ വസിച്ചിരുന്ന യഹോവയുടെ സാക്ഷികൾ, പട്ടിണിയാൽ വലയുന്ന സഹോദരങ്ങൾക്കു ഭക്ഷണവും വസ്ത്രവും പണവും സംഭാവന ചെയ്തു. ഉദാഹരണത്തിന്, യൂക്രെയിനിന്റെ അതിർത്തിക്കു സമീപത്തുള്ള സിഗെറ്റ് മാർമാറ്റ്യേ എന്ന പട്ടണത്തിലെ ഒരു ഉപ്പുഖനിയിൽ വേല ചെയ്തിരുന്ന സാക്ഷികൾ ഖനികളിൽനിന്ന് ഉപ്പു വാങ്ങി അടുത്തുള്ള നഗരങ്ങളിലും പട്ടണങ്ങളിലും കൊണ്ടുപോയി വിൽക്കുകയും അതിലൂടെ ലഭിച്ച ലാഭംകൊണ്ട് ചോളം വാങ്ങുകയും ചെയ്തു. അതേസമയം, ഐക്യനാടുകൾ, സ്വിറ്റ്സർലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലും മറ്റു ദേശങ്ങളിലുമുള്ള യഹോവയുടെ സാക്ഷികളും സഹായഹസ്തം നീട്ടിക്കൊടുത്തു. അഞ്ചു ടൺ ഭക്ഷ്യവസ്തുക്കളാണ് അവർ സംഭാവന ചെയ്തത്.
[124, 125 പേജുകളിലെ ചതുരം/ചിത്രം]
1,600 ബൈബിൾ വാക്യങ്ങൾ ഓർത്തെടുക്കാൻ ഞങ്ങൾക്കു കഴിഞ്ഞു
ഡിയോനിസിയ വർച്ചൂ
ജനനം: 1926
സ്നാപനം: 1948
സംക്ഷിപ്ത വിവരം: 1959 മുതൽ പല ജയിലുകളിലും തൊഴിൽപ്പാളയങ്ങളിലുമായി അഞ്ചു വർഷത്തിലധികം ചെലവഴിച്ചു. 2002-ൽ മരണമടഞ്ഞു.
തടവിലായിരിക്കെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താൻ ഞങ്ങൾക്ക് അനുവാദം ഉണ്ടായിരുന്നു. ഓരോ മാസവും 5 കിലോയുടെ ഒരു സമ്മാനപ്പൊതി ഞങ്ങൾക്ക് അയച്ചുതരാൻ കുടുംബാംഗങ്ങളെ അനുവദിക്കുകയും ചെയ്തിരുന്നു. നിയമിച്ചുകൊടുത്തിരുന്ന ജോലി പൂർത്തിയാക്കുന്നവർക്കുമാത്രമേ സമ്മാനപ്പൊതികൾ കൈമാറിയിരുന്നുള്ളൂ. എല്ലായ്പോഴും ഞങ്ങൾ ഭക്ഷണം തുല്യമായി പങ്കിട്ടുകഴിച്ചിരുന്നു. സാധാരണമായി ഏകദേശം 30 പേർക്കു ഭാഗം വെക്കണമായിരുന്നു. ഒരിക്കൽ രണ്ട് ആപ്പിൾ ഞങ്ങൾ ഈ വിധത്തിൽ പങ്കുവെക്കുകയുണ്ടായി. കഷണങ്ങൾ തീരെച്ചെറുതായിരുന്നു എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. എങ്കിലും ഞങ്ങളുടെ വിശപ്പു ശമിപ്പിക്കാൻ അതു സഹായിച്ചു.
ബൈബിളോ ബൈബിൾ പഠനസഹായികളോ ഇല്ലായിരുന്നെങ്കിൽപ്പോലും, തടവിലാകുന്നതിനുമുമ്പു ഞങ്ങൾ പഠിച്ചിരുന്ന കാര്യങ്ങൾ ഓർത്തുകൊണ്ടും പരസ്പരം അവ പങ്കുവെച്ചുകൊണ്ടും ഞങ്ങൾ ആത്മീയ ബലം നിലനിറുത്തി. ഞങ്ങളുടെ ക്രമീകരണമനുസരിച്ച്, എല്ലാ ദിവസവും രാവിലെ ഒരു സഹോദരൻ ഒരു ബൈബിൾ വാക്യം ഓർമയിൽനിന്നു പറയണമായിരുന്നു. തുടർന്ന് ഞങ്ങളെല്ലാവരും ആ വാക്യം മന്ദസ്വരത്തിൽ ആവർത്തിക്കുകയും രാവിലെ 15 മുതൽ 20 വരെ മിനിട്ടുനേരത്തെ നിർബന്ധിത നടപ്പുവേളയിൽ അതേക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുമായിരുന്നു. സെല്ലിൽ തിരിച്ചെത്തിയശേഷം 30 മിനിട്ടു നേരത്തോളം ഞങ്ങൾ ആ വാക്യത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്യും. 4 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള ഒരു മുറിയിൽ ഞങ്ങൾ 20 പേർ ഉണ്ടായിരുന്നു. ഞങ്ങൾക്കെല്ലാവർക്കുംകൂടി മൊത്തം 1,600 വാക്യങ്ങൾ ഓർക്കാൻ കഴിഞ്ഞു. വിവിധ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട 20-ഓ 30-ഓ വാക്യങ്ങളും ഉച്ചസമയത്ത് ഞങ്ങൾ പരിചിന്തിച്ചു. എല്ലാവരും അത് ഓർമയിൽ സൂക്ഷിച്ചു.
ഏറെ ബൈബിൾ വാക്യങ്ങൾ ഓർത്തുവെക്കാനുള്ള പ്രായമൊക്കെ കഴിഞ്ഞെന്നായിരുന്നു ഒരു സഹോദരന് ആദ്യമൊക്കെ തോന്നിയത്. എന്നാൽ സ്വന്തം പ്രാപ്തിയെക്കുറിച്ച് അദ്ദേഹത്തിനു ശരിയായ അവബോധം ഉണ്ടായിരുന്നില്ല. ഞങ്ങൾ ഏകദേശം 20 പ്രാവശ്യം വാക്യങ്ങൾ ഉച്ചത്തിൽ ആവർത്തിക്കുന്നതു കേട്ടുകഴിഞ്ഞപ്പോൾ ധാരാളം തിരുവെഴുത്തുകൾ ഓർമിക്കാനും പറയാനും അദ്ദേഹത്തിനും സാധിച്ചു. അതു സഹോദരന് എന്തെന്നില്ലാത്ത സന്തോഷം കൈവരുത്തി!
ഞങ്ങൾ വിശന്നു തളർന്നിരുന്നെങ്കിലും യഹോവ ഞങ്ങളെ ആത്മീയമായി പോഷിപ്പിക്കുകയും ശക്തരായി നിലനിറുത്തുകയും ചെയ്തു. ജയിൽമോചിതരായശേഷവും വിശ്വാസം തകർക്കുകയെന്ന ഉദ്ദേശ്യത്തിൽ സെക്യൂരിറ്റേറ്റ് ഏജന്റുമാർ ഞങ്ങളെ ഉപദ്രവിച്ചിരുന്നു. അതുകൊണ്ട് തുടർന്നും ഞങ്ങൾ ആത്മീയത കാത്തുസൂക്ഷിക്കേണ്ടിയിരുന്നു.
[132, 133 പേജുകളിലെ ചതുരം]
പകർപ്പെടുക്കുന്ന വിധങ്ങൾ
കൈകൊണ്ട് പകർപ്പുകൾ എഴുതിയുണ്ടാക്കുന്നതായിരുന്നു 1950-കളിൽ ബൈബിൾ പഠന സഹായികളുടെ പകർപ്പെടുക്കാൻ അവലംബിച്ചിരുന്ന ഏറ്റവും ലളിതവും സൗകര്യപ്രദവുമായ വിധം. കാർബൺ പേപ്പറിന്റെ സഹായത്താലാണ് മിക്കപ്പോഴും ഇതു ചെയ്തിരുന്നത്. ഏറെ സമയമെടുക്കുന്നതും മടുപ്പിക്കുന്നതും ആയിരുന്നെങ്കിലും ഈ രീതിക്ക് വിശേഷാൽ ഗുണകരമായ മറ്റൊരു ഫലം ഉണ്ടായിരുന്നു—വിവരങ്ങളിൽ മിക്കതും പകർപ്പെഴുത്തുകാർ ഓർത്തിരുന്നു. അതുകൊണ്ട് പിന്നീട്, തടവിലാക്കപ്പെട്ടപ്പോൾ മറ്റുള്ളവർക്ക് വർധിച്ച ആത്മീയ പ്രോത്സാഹനം നൽകാൻ അവർക്കു കഴിഞ്ഞു. ടൈപ്പ്റൈറ്ററുകളും സഹോദരങ്ങൾ ഉപയോഗിച്ചിരുന്നു. എന്നാൽ അവ പോലീസിൽ രജിസ്റ്റർ ചെയ്യണമായിരുന്നു. അതൊട്ട് എളുപ്പവുമല്ലായിരുന്നു.
1950-കളുടെ ഒടുവിൽ, മിമിയോഗ്രാഫ് അഥവാ സ്റ്റെൻസിൽ പകർപ്പെടുപ്പു സംവിധാനം പ്രചാരത്തിൽ വന്നു. സ്റ്റെൻസിൽ ഉണ്ടാക്കാൻ സഹോദരങ്ങൾ ആദ്യംതന്നെ പശ, ജലാറ്റിൻ, മെഴുക് എന്നിവ കൂട്ടിച്ചേർത്തുണ്ടാക്കിയ ഒരു മിശ്രിതം ദീർഘചതുരാകൃതിയിലുള്ള മിനുസമുള്ള ഒരു പ്രതലത്തിൽ—ചില്ലാണ് ഇതിന് ഉത്തമം—കട്ടികുറച്ചു പുരട്ടുന്നു. സ്വന്തമായി നിർമിച്ചെടുത്ത ഒരു പ്രത്യേക മഷിയുപയോഗിച്ച് പാഠഭാഗം കടലാസ്സിൽ ഇംബോസ് ചെയ്യുന്നു. മഷി ഉണങ്ങിക്കഴിയുമ്പോൾ, മെഴുകുപുരണ്ട പ്രതലത്തിൽ കടലാസ് ഒരേപോലെ അമർത്തി സ്റ്റെൻസിൽ തയ്യാറാക്കുന്നു. എന്നാൽ ഈ സ്റ്റെൻസിലുകൾക്ക് അധികം ആയുസ്സില്ലാതിരുന്നതിനാൽ സഹോദരങ്ങൾക്ക് എപ്പോഴും പുതിയവ ഉണ്ടാക്കേണ്ടിവന്നു. കൈയെഴുത്തുപ്രതികളുടെ കാര്യത്തിലെന്നപോലെ സ്റ്റെൻസിലുകൾക്കും ഒരു പ്രശ്നമുണ്ടായിരുന്നു, ആരാണ് എഴുതിയതെന്നു കൈയെഴുത്തുനോക്കി മനസ്സിലാക്കാൻ കഴിയുമായിരുന്നു.
1970-കൾ മുതൽ നിരോധനം നിലവിലിരുന്ന അവസാന വർഷങ്ങൾവരെ സഹോദരങ്ങൾ, കൊണ്ടുനടക്കാവുന്നതും കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്നതുമായ പത്തിലധികം പകർപ്പെടുപ്പു യന്ത്രങ്ങൾ നിർമിച്ച് ഉപയോഗിച്ചു. ഓസ്ട്രിയയിൽനിന്നുള്ള ഒരു മോഡലിനെ അടിസ്ഥാനമാക്കി നിർമിച്ച ആ മെഷീനുകളിൽ പ്ലാസ്റ്റിക് കോട്ടിങ്ങുള്ള കടലാസാണ് പ്രിന്റിങ് പ്ലേറ്റായി ഉപയോഗിച്ചിരുന്നത്. സഹോദരങ്ങൾ ആ മെഷീന് ദ മിൽ എന്നു പേരിട്ടു. 1970-കളുടെ ഒടുക്കംമുതൽ ചുരുക്കം ചില ഷീറ്റ്ഫെഡ് ഓഫ്സെറ്റ് പകർപ്പെടുപ്പു യന്ത്രങ്ങൾ ലഭിച്ചെങ്കിലും പ്ലേറ്റുകൾ നിർമിക്കാൻ കഴിയാതെപോയതിനാൽ അവ ഉപയോഗശൂന്യമായിക്കിടന്നു. എന്നിരുന്നാലും 1985 മുതൽ, അന്ന് ചെക്കോസ്ലോവാക്യ എന്നറിയപ്പെട്ടിരുന്ന സ്ഥലത്തുനിന്നെത്തിയ കെമിക്കൽ എഞ്ചിനീയറായ ഒരു സഹോദരൻ പ്ലേറ്റുകൾ നിർമിക്കുന്നത് എങ്ങനെയെന്നു സഹോദരങ്ങളെ പഠിപ്പിച്ചു. അതേത്തുടർന്ന് പകർപ്പുകളുടെ ഗുണമേന്മയും ഉത്പാദനനിരക്കും ഗണ്യമായി മെച്ചപ്പെട്ടു.
[136, 137 പേജുകളിലെ ചതുരം/ചിത്രം]
യഹോവ എന്നെ പരിശീലിപ്പിച്ചു
നിക്കോലൈയെ ബെന്റാറൂ
ജനനം: 1957
സ്നാപനം: 1976
സംക്ഷിപ്ത വിവരം: കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഒരു പ്രിന്ററായി പ്രവർത്തിച്ചു. ഇപ്പോൾ ഭാര്യ വെറോനിക്കായുമൊത്ത് ഒരു പ്രത്യേക പയനിയറായി സേവിക്കുന്നു.
സസിലി പട്ടണത്തിൽവെച്ച് 1972-ലാണ് ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങിയത്. നാലു വർഷങ്ങൾക്കുശേഷം, 18 വയസ്സുള്ളപ്പോൾ ഞാൻ സ്നാപനമേറ്റു. വേല നിരോധിക്കപ്പെട്ടിരുന്നതിനാൽ പുസ്തകാധ്യയന കൂട്ടത്തിലെ അംഗങ്ങൾ ഉൾക്കൊള്ളുന്ന ചെറിയ കൂട്ടങ്ങളിലാണ് അന്നു യോഗങ്ങൾ നടത്തിയിരുന്നത്. എന്നിരുന്നാലും ആത്മീയ ഭക്ഷണം ഞങ്ങൾക്കു ക്രമമായി ലഭിച്ചിരുന്നു. റെക്കോർഡ് ചെയ്ത ശബ്ദവും കളർസ്ലൈഡുകളും കോർത്തിണക്കി അവതരിപ്പിച്ചിരുന്ന ബൈബിൾ നാടകങ്ങൾപോലും അക്കൂട്ടത്തിൽപ്പെട്ടിരുന്നു.
സ്നാപനത്തിനുശേഷം എനിക്കു ലഭിച്ച ആദ്യനിയമനം സ്ലൈഡ് പ്രൊജക്ടർ പ്രവർത്തിപ്പിക്കുക എന്നതായിരുന്നു. രണ്ടു വർഷത്തിനുശേഷം, പ്രാദേശികമായ ഞങ്ങളുടെ രഹസ്യ അച്ചടിക്ക് ആവശ്യമായ കടലാസ് വാങ്ങുകയെന്ന കൂടുതലായ പദവിയും എനിക്കു ലഭിച്ചു. 1980-ൽ ഞാൻ അച്ചടി പഠിക്കുകയും വീക്ഷാഗോപുരവും ഉണരുക!യും മറ്റു പ്രസിദ്ധീകരണങ്ങളും ഉത്പാദിപ്പിക്കുന്നതിൽ സഹായിക്കുകയും ചെയ്തു. അതിനായി ഞങ്ങൾ ഒരു മിമിയോഗ്രാഫും കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന മറ്റൊരു ചെറിയ പ്രസ്സും ഉപയോഗിച്ചു.
അതിനിടെ, ഞാൻ വെറോനിക്കായെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. യഹോവയോടുള്ള വിശ്വസ്തത തെളിയിച്ചിരുന്ന ഒരു ഉത്തമ സഹോദരിയായിരുന്ന വെറോനിക്കാ വേലയിൽ എനിക്കു വളരെ സഹായമായിരുന്നു. 1981-ൽ ഓസ്ട്രിയ ബ്രാഞ്ചിൽനിന്നെത്തിയ ഓട്ടോ കൂഗ്ലിച്ച് ഞങ്ങളുടെ ഏറ്റവും ആദ്യത്തെ ഷീറ്റ്ഫെഡ് ഓഫ്സെറ്റ് പകർപ്പെടുപ്പു യന്ത്രം പ്രവർത്തിപ്പിക്കാൻ എന്നെ പഠിപ്പിച്ചു. 1987-ൽ ക്ലൂഷ്-നാപോക്കയിൽ രണ്ടാമത്തെ പ്രസ് സ്ഥാപിച്ചപ്പോൾ അതു പ്രവർത്തിപ്പിക്കുന്നവരെ പരിശീലിപ്പിക്കാൻ എന്നെ നിയമിച്ചു.
1990-ൽ നിരോധനം നീങ്ങിയശേഷം, വെറോനിക്കായും ഞാനും ഞങ്ങളുടെ പുത്രൻ ഫ്ളോറിനും സാഹിത്യം അച്ചടിച്ചു വിതരണം ചെയ്യുന്ന വേലയിൽ എട്ടു മാസം തുടർന്നു. അച്ചടിച്ച താളുകൾ അവയുടെ ക്രമത്തിൽ അടുക്കിവെക്കുന്ന ചുമതല ഫ്ളോറിനായിരുന്നു. അതിനുശേഷമാണ് അത് അമർത്തി, അരികു മുറിച്ച്, പിൻ ചെയ്ത്, പായ്ക്കിങ് നടത്തി കയറ്റി അയയ്ക്കുന്നതെല്ലാം. 2002-ൽ ഞങ്ങൾ മൂന്നു പേരെയും മിസിൽ പട്ടണത്തിൽ പയനിയർമാരായി നിയമിച്ചു. ബൂക്കറെസ്റ്റിൽനിന്ന് ഏകദേശം 80 കിലോമീറ്റർ വടക്കുമാറിയുള്ള മിസിലിലെ ജനസംഖ്യ 15,000 ആണ്. വെറോനിക്കായും ഞാനും പ്രത്യേക പയനിയർമാരായും ഫ്ളോറിൻ സാധാരണ പയനിയറായും സേവിക്കുന്നു.
[139, 140 പേജുകളിലെ ചതുരം/ചിത്രം]
യഹോവ ശത്രുവിനെ അന്ധനാക്കി
എനാ വിയൂസെൻകൂ
ജനനം: 1951
സ്നാപനം: 1965
സംക്ഷിപ്ത വിവരം: കൗമാരത്തിന്റെ പ്രാരംഭംമുതൽക്കേ സാഹിത്യങ്ങളുടെ പകർപ്പെടുക്കാൻ മാതാപിതാക്കളെ സഹായിച്ചു. പിന്നീട്, പ്രസിദ്ധീകരണങ്ങൾ യൂക്രേനിയനിലേക്കു പരിഭാഷപ്പെടുത്തുന്നതിൽ പങ്കുപറ്റി.
വർഷം 1968. ഒരു ദിവസം, വീക്ഷാഗോപുരത്തിന്റെ പകർപ്പെടുക്കാനായി ഞാൻ അതു സ്റ്റെൻസിൽ പേപ്പറുകളിൽ എഴുതുകയായിരുന്നു. ക്രിസ്തീയ യോഗത്തിനു പോകുന്നതിനുമുമ്പായി സ്റ്റെൻസിൽ പേപ്പറുകൾ ഒളിച്ചുവെക്കാൻ മറന്നുപോയി. പാതിരാത്രിക്ക് വീട്ടിൽ തിരിച്ചെത്തിയ ഉടൻതന്നെ ഒരു കാർ വന്നുനിൽക്കുന്ന ശബ്ദം ഞാൻ കേട്ടു. ആരാണെന്നു നോക്കാൻ കഴിയുന്നതിനുമുമ്പ്, വീടു പരിശോധിക്കാനുള്ള വാറണ്ടുമായി അഞ്ചു സെക്യൂരിറ്റേറ്റ് ഏജന്റുമാർ വീട്ടിലേക്കു കയറിവന്നു. ഭയപ്പെട്ടുപോയെങ്കിലും ഞാൻ ഒരു വിധത്തിൽ ആത്മസംയമനം പാലിച്ചുനിന്നു. അതേസമയം, എന്റെ അശ്രദ്ധയ്ക്ക് എന്നോടു ക്ഷമിക്കാൻ അപേക്ഷിച്ചുകൊണ്ടും ജോലിസാമഗ്രികൾ ഇനിയൊരിക്കലും വെളിയിലിട്ടിട്ടു പോകുകയില്ലെന്നു വാക്കുകൊടുത്തുകൊണ്ടും ഞാൻ യഹോവയോടു പ്രാർഥിച്ചു.
കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ടയുടൻതന്നെ ഞാൻ പെട്ടെന്ന് ഒരു തുണികൊണ്ട് പേപ്പറുകൾ മൂടിയിട്ടിരുന്നു. അതിനു തൊട്ടടുത്തുള്ള മേശയ്ക്കരുകിലാണ് ഓഫീസർ പോയി ഇരുന്നത്. പരിശോധന കഴിയുന്നതുവരെ ഏതാനും മണിക്കൂറുകൾ അദ്ദേഹം അവിടെത്തന്നെ ഇരുന്നു. സ്റ്റെൻസിൽ പേപ്പറുകൾക്ക് ഏതാനും ഇഞ്ചുകൾ അകലെയിരുന്നുകൊണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനിടെ പല പ്രാവശ്യം അദ്ദേഹം അതിനുമുകളിലുള്ള തുണി നേരെയാക്കിയിരുന്നു. ഏജന്റുമാർ, വീട്ടിനുള്ളിലോ ഏതെങ്കിലും വ്യക്തിയുടെ പക്കലോ നിരോധിക്കപ്പെട്ട സാഹിത്യങ്ങൾ കണ്ടെത്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
എങ്കിലും അവർ ഡാഡിയെ ബായാ-മാറേയിലേക്കു കൂട്ടിക്കൊണ്ടുപോയി. മമ്മിയും ഞാനും അദ്ദേഹത്തെപ്രതി ഉള്ളുരുകി പ്രാർഥിക്കുകയും ആ രാത്രിയിൽ ഞങ്ങളെ സംരക്ഷിച്ചതിന് യഹോവയ്ക്കു നന്ദി പറയുകയും ചെയ്തു. ആശ്വാസകരമെന്നു പറയട്ടെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡാഡി തിരിച്ചെത്തി.
ഏറെക്കാലം കഴിയുന്നതിനുമുമ്പ്, ചില പ്രസിദ്ധീകരണങ്ങളുടെ പകർപ്പെഴുതിക്കൊണ്ടിരുന്ന സമയത്ത് വീണ്ടും ഒരു കാർ വീടിനു വെളിയിൽ വന്നുനിൽക്കുന്ന ശബ്ദം ഞാൻ കേട്ടു. ലൈറ്റുകൾ അണച്ചശേഷം ഞാൻ ഓടിച്ചെന്ന് ജനലിന്റെ കർട്ടനിടയിലൂടെ പുറത്തേക്ക് ഒളിഞ്ഞു നോക്കി. കുറെ ഉദ്യോഗസ്ഥർ കാറിൽനിന്നിറങ്ങി റോഡിന്റെ എതിർവശത്തുള്ള ഒരു വീട്ടിലേക്കു പ്രവേശിക്കുന്നതാണു ഞാൻ കണ്ടത്. തോൾഭാഗത്ത് തിളങ്ങുന്ന പദവിമുദ്രകൾ പതിച്ച യൂണിഫോറം അവരെല്ലാവരും ധരിച്ചിരുന്നു. പിറ്റേ രാത്രിയിൽ മറ്റൊരു കൂട്ടം ഉദ്യോഗസ്ഥരാണ് എത്തിയത്. അവരെല്ലാം സെക്യൂരിറ്റേറ്റ് ചാരന്മാരായിരിക്കാമെന്ന ഞങ്ങളുടെ സംശയം അതോടെ ഉറപ്പായി. എങ്കിലും ഞങ്ങൾ തുടർന്നും പകർപ്പെടുപ്പു വേല ചെയ്തുകൊണ്ടിരുന്നു. എന്നാൽ പിടിക്കപ്പെടാതിരിക്കാൻ വീടിന്റെ പുറകിലുള്ള തോട്ടത്തിലൂടെയാണ് ഞങ്ങൾ സാഹിത്യം പുറത്തു കടത്തിയിരുന്നത്.
“ശത്രുവിനും നമുക്കുമിടയിലുള്ള വഴി, ഇസ്രായേല്യർക്കും ഈജിപ്തുകാർക്കും മധ്യേ നിന്നിരുന്ന മേഘസ്തംഭംപോലെയാണ്” എന്ന് ഡാഡി പറയുമായിരുന്നു. (പുറ. 14:19, 20) ഡാഡിയുടെ അഭിപ്രായം എത്ര ശരിയായിരുന്നെന്ന് സ്വന്തം അനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കി!
[143, 144 പേജുകളിലെ ചതുരം/ചിത്രം]
പൊട്ടിയ പുകക്കുഴൽ രക്ഷയായപ്പോൾ
ട്രായാൻ കിറാ
ജനനം: 1946
സ്നാപനം: 1965
സംക്ഷിപ്ത വിവരം: നിരോധനകാലത്ത് സാഹിത്യം ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നതിൽ ഉത്തരവാദിത്വം വഹിച്ചിരുന്ന സഹോദരന്മാരിൽ ഒരാൾ.
വേനൽക്കാലത്തെ ഒരു ഞായറാഴ്ച ദിവസം. രാവിലെതന്നെ സാഹിത്യങ്ങളുടെ എട്ടു കെട്ടുകൾ ഞാൻ കാറിൽ നിറച്ചു. ഡിക്കിക്കുള്ളിൽ എല്ലാ കെട്ടുകൾക്കും സ്ഥലം ഇല്ലാതിരുന്നതിനാൽ, പിൻസീറ്റ് എടുത്തുമാറ്റിയശേഷം മിച്ചമുള്ള കെട്ടുകൾ അവിടെ വെക്കുകയും അതിനുമുകളിൽ പുതപ്പു വിരിക്കുകയും ചെയ്തു. കൂടാതെ ഏറ്റവും മുകളിലായി ഒരു തലയിണയും ഇട്ടു. ആരെങ്കിലും ഉള്ളിലേക്കെത്തി നോക്കിയാൽ ഞങ്ങൾ കുടുംബസമേതം ബീച്ചിൽ പോകുന്നതാണെന്നേ വിചാരിക്കുമായിരുന്നുള്ളൂ. കൂടുതലായ മുൻകരുതലെന്നവണ്ണം, ഡിക്കിക്കുള്ളിലുള്ള കെട്ടുകളും ഞാൻ ഒരു പുതപ്പുകൊണ്ടു മൂടിയിരുന്നു.
യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിച്ചശേഷം ഭാര്യയും രണ്ട് ആൺമക്കളും മകളും ഉൾപ്പെടെ ഞങ്ങൾ അഞ്ചു പേർ യാത്ര തിരിച്ചു. റ്റിർഗു-മൂറെഷിലും ബ്രാഷൊവിലുമായിരുന്നു സാഹിത്യം എത്തിച്ചുകൊടുക്കേണ്ടിയിരുന്നത്. യാത്രാമധ്യേ ഞങ്ങൾ ഒരുമിച്ചു രാജ്യഗീതങ്ങൾ പാടിക്കൊണ്ടിരുന്നു. ഏകദേശം 100 കിലോമീറ്റർ സഞ്ചരിച്ചശേഷം, കുറെദൂരം കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഞങ്ങൾക്കു പോകേണ്ടിയിരുന്നു. കാറിനുള്ളിൽ നല്ല ഭാരമുണ്ടായിരുന്നതിനാൽ, പുകക്കുഴൽ റോഡിൽ എവിടെയോ തട്ടി പൊട്ടിപ്പോയി. കാർ ഓരംചേർത്തു നിറുത്തിയശേഷം കുഴലിന്റെ പൊട്ടിയ ഭാഗം എടുത്ത് ഡിക്കിക്കുള്ളിലുള്ള സ്റ്റെപ്പിനി ടയറിന്റെ അടുത്ത് പുതപ്പിനു മുകളിലായി ഇട്ടു. തുടർന്നുള്ള യാത്രയിലുടനീളം ഞങ്ങളുടെ കാറിനു ഭയങ്കര ശബ്ദമായിരുന്നു.
ലൂഡോഷ് പട്ടണത്തിലെത്തിയപ്പോൾ ഒരു പോലീസുകാരൻ ഞങ്ങളെ തടഞ്ഞു. വാഹനം നല്ല നിലയിലാണോയെന്നു പരിശോധിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എഞ്ചിൻ നമ്പർ നോക്കുകയും ഹോണും വൈപ്പറുകളും ലൈറ്റുകളും മറ്റും പരിശോധിക്കുകയും ചെയ്തശേഷം, സ്റ്റെപ്പിനി ടയർ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാറിന്റെ പുറകിലേക്കു നീങ്ങുന്നതിനിടയിൽ കുനിഞ്ഞ് ഭാര്യയോടും മക്കളോടുമായി ഞാൻ മന്ത്രിച്ചു: “എല്ലാവരും പ്രാർഥിച്ചോളൂ. യഹോവയ്ക്കുമാത്രമേ നമ്മെ രക്ഷിക്കാനാകൂ.”
ഞാൻ ഡിക്കി തുറന്നതും പൊട്ടിയ പുകക്കുഴൽ പോലീസുകാരന്റെ ദൃഷ്ടിയിൽപ്പെട്ടു. “എന്താണിത്? നിങ്ങൾ ഇതിനു പിഴകെട്ടിയിട്ടു പോയാൽ മതി!” അദ്ദേഹം പറഞ്ഞു. ഒരു കുഴപ്പം കണ്ടുപിടിച്ചതിലുള്ള ചാരിതാർഥ്യത്തോടെ അദ്ദേഹം പരിശോധന മതിയാക്കി. ഡിക്കി അടച്ചിട്ട് ആശ്വാസപൂർവം ഞാൻ ദീർഘനിശ്വാസം ഉതിർത്തു. പിഴയടയ്ക്കാൻ ഇത്രയും സന്തോഷം തോന്നിയ ഒരവസരം ജീവിതത്തിലുണ്ടായിട്ടില്ല! തലനാരിഴയ്ക്കുള്ള ആ രക്ഷപ്പെടലിനുശേഷം മറ്റു തടസ്സങ്ങളൊന്നുംതന്നെ ഞങ്ങൾക്കു നേരിട്ടില്ല. അങ്ങനെ, സാഹിത്യം കൃത്യസ്ഥലങ്ങളിൽ എത്തിക്കാൻ ഞങ്ങൾക്കു സാധിച്ചു.
[147-149 പേജുകളിലെ ചതുരം/ചിത്രം]
സെക്യൂരിറ്റേറ്റുമായി ഒരു കൂടിക്കാഴ്ച
വിയോറിക്കാ ഫിലിപ്പ്
ജനനം: 1953
സ്നാപനം: 1975
സംക്ഷിപ്ത വിവരം: 1986-ൽ മുഴുസമയ സേവനം ആരംഭിച്ചു. ഒരു ബെഥേൽ കുടുംബാംഗമായി സേവിക്കുന്നു.
ഞാനും ചേച്ചി ആവൂറിക്കായും യഹോവയുടെ സാക്ഷികളായിത്തീർന്നപ്പോൾ കുടുംബാംഗങ്ങൾ ഞങ്ങളോടു വളരെ മോശമായി പെരുമാറാൻ തുടങ്ങി. അതു വേദനാകരമായിരുന്നു. എന്നാൽ പിൽക്കാലത്തു സെക്യൂരിറ്റേറ്റിനെ നേരിടാൻ അതു ഞങ്ങളെ ശക്തരാക്കി. 1988 ഡിസംബറിലെ ഒരു ദിവസം വൈകുന്നേരം അത്തരമൊരു അനുഭവമുണ്ടായി. അന്നു ഞാൻ ആവൂറിക്കായോടും അവളുടെ കുടുംബത്തോടുമൊപ്പം ഹംഗറിയുടെ അതിർത്തിക്കു സമീപമുള്ള ഒറേഡിയ നഗരത്തിലാണു താമസിച്ചിരുന്നത്.
പരിഭാഷാ വേലയ്ക്കു മേൽനോട്ടം വഹിച്ചിരുന്ന സഹോദരന്റെ വീട്ടിലേക്കു പോയതാണു ഞാൻ. പ്രൂഫ്വായന നടത്തിക്കൊണ്ടിരുന്ന ഒരു മാസിക എന്റെ ഹാൻഡ്ബാഗിൽ ഉണ്ടായിരുന്നു. ആ സമയത്ത്, സെക്യൂരിറ്റേറ്റ് ഏജന്റുമാർ സഹോദരന്റെ വീട്ടിൽ പരിശോധന നടത്തുകയും വീട്ടുകാരെയും സന്ദർശകരായെത്തുന്നവരെയും ചോദ്യം ചെയ്യുകയുമായിരുന്നു. ഞാൻ അത് അറിഞ്ഞിരുന്നില്ല. എന്നാൽ സംഭവിക്കുന്നത് എന്താണെന്നു കണ്ടപ്പോൾ, എന്റെ കൈവശമുള്ള മാസിക അവർ കാണാതെ കത്തിച്ചുകളയാൻ എനിക്കു സാധിച്ചു. അതിനുശേഷം ഏജന്റുമാർ എന്നെയും മറ്റു സാക്ഷികളെയും കൂടുതലായ ചോദ്യംചെയ്യലിനായി സെക്യൂരിറ്റേറ്റിലേക്കു കൊണ്ടുപോയി.
രാത്രിയിലെല്ലാം അവർ എന്നെ ചോദ്യം ചെയ്തുകൊണ്ടിരുന്നു. പിറ്റേന്ന്, അവർ എന്റെ ഔദ്യോഗിക മേൽവിലാസത്തിലുള്ള വീട്ടിൽ പരിശോധന നടത്തി. ഊയ്ലിയാക്കൂ ഡെ മൂൺടെ എന്ന സമീപ ഗ്രാമത്തിലുള്ള ഒരു കൊച്ചുഭവനമായിരുന്നു അത്. ഞാൻ അവിടെ താമസിച്ചിരുന്നില്ലെങ്കിലും വേല
രഹസ്യമായി ചെയ്യുന്നതിന് ആവശ്യമായ സാമഗ്രികൾ സഹോദരങ്ങൾ അവിടെ സൂക്ഷിച്ചിരുന്നു. അവ കണ്ടെത്തിയശേഷം ഏജന്റുമാർ വീണ്ടും എന്നെ സെക്യൂരിറ്റേറ്റിലേക്കു കൊണ്ടുവന്ന്, റബ്ബർനിർമിതമായ ഒരു കുറുവടികൊണ്ട് അടിക്കാൻ തുടങ്ങി. കണ്ടെടുത്ത സാമഗ്രികളുടെ ഉടമസ്ഥർ അല്ലെങ്കിൽ അവയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നവർ ആരാണെന്ന് എന്നെക്കൊണ്ടു പറയിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. പ്രഹരം സഹിച്ചുനിൽക്കാൻ സഹായിക്കണമേയെന്ന് യഹോവയോടു ഞാൻ അപേക്ഷിച്ചു. പെട്ടെന്ന് ഒരു ശാന്തത കൈവന്നതായി എനിക്ക് അനുഭവപ്പെട്ടു. ഓരോ അടിക്കുംശേഷം ഏതാനും സെക്കൻഡുകൾമാത്രമേ എനിക്കു വേദനിച്ചുള്ളൂ. എന്നാൽ അധികം താമസിയാതെ എന്റെ കൈകൾ രണ്ടും നീരുവെച്ചു വല്ലാതെ വീങ്ങി. ഇനി എനിക്ക് എഴുതാനാകുമോയെന്നുപോലും ഞാൻ ചിന്തിച്ചുപോയി. അന്നു വൈകുന്നേരം എന്നെ വിട്ടയച്ചപ്പോൾ വിശപ്പും ക്ഷീണവും സഹിക്കവയ്യാതെ ഞാൻ ആകപ്പാടെ തളർന്നിരുന്നു. കൈയിലാണെങ്കിൽ ചില്ലിക്കാശുപോലും ഉണ്ടായിരുന്നില്ല.ഞാൻ പ്രധാന ബസ് സ്റ്റാൻഡിലേക്കു നടക്കുമ്പോൾ ഒരു സെക്യൂരിറ്റേറ്റ് ഏജന്റ് എന്നെ പിന്തുടരുന്നുണ്ടായിരുന്നു. ചോദ്യം ചെയ്തവർക്ക് എന്റെ താമസസ്ഥലം ഞാൻ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ നേരെ ആവൂറിക്കായുടെ വീട്ടിലേക്കു പോകാൻ എനിക്കു സാധിക്കുമായിരുന്നില്ല. അവൾക്കും കുടുംബത്തിനും അത് അപകടമായിരിക്കുമായിരുന്നു. എവിടേക്കു പോകണമെന്നോ എന്തു ചെയ്യണമെന്നോ നിശ്ചയമില്ലാതെ ഞാൻ യഹോവയോടു പ്രാർഥിച്ചു. എനിക്കു വല്ലാതെ വിശക്കുന്നെന്നും സ്വന്തം കിടക്കയിൽ കിടന്നൊന്നുറങ്ങാൻ ആഗ്രഹിക്കുന്നെന്നും ഞാൻ അവനോടു പറഞ്ഞു. എന്റെ അപേക്ഷ അതിരുകടന്നതായിരുന്നോയെന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചുപോയി.
ബസ് സ്റ്റാൻഡിൽ ചെന്നപ്പോൾ ഒരു ബസ് പുറപ്പെടാൻ തുടങ്ങുകയായിരുന്നു. ടിക്കറ്റിനുള്ള കാശില്ലായിരുന്നിട്ടും ഞാൻ ഓടിച്ചെന്ന് അതിൽ കയറി. ഏതായാലും, എന്റെ വീടു സ്ഥിതി ചെയ്തിരുന്ന ഗ്രാമത്തിലേക്കുള്ളതായിരുന്നു ആ ബസ്. സെക്യൂരിറ്റേറ്റ് ഏജന്റും പിന്നാലെ വന്ന് ബസ്സിൽ കയറി. ബസ് എവിടേക്കാണെന്ന് എന്നോടു ചോദിച്ചറിഞ്ഞശേഷം അദ്ദേഹം ചാടിയിറങ്ങി. മറ്റൊരു ഏജന്റ് എന്നെയും കാത്ത് ഊയ്ലിയാക്കൂ ഡെ മൂൺടെയിൽ നിൽപ്പുണ്ടാകുമെന്ന് ഇതിൽനിന്നു ഞാൻ ഊഹിച്ചെടുത്തു. കാശില്ലാതിരുന്നിട്ടും യാത്രചെയ്യാൻ ഡ്രൈവർ എന്നെ അനുവദിച്ചപ്പോൾ എനിക്ക് ആശ്വാസമായി. ‘എന്നാൽ എന്തിനാണ് ഊയ്ലിയാക്കൂ ഡെ മൂൺടെയിലേക്കു പോകുന്നത്?’ ഞാൻ പിന്നെയും ചിന്തിച്ചു. എന്തെങ്കിലും ഭക്ഷണമോ ഒരു കിടക്കയോപോലും എന്റെ വീട്ടിൽ ഇല്ലാതിരുന്നതിനാൽ അവിടേക്കു പോകാൻ ഞാൻ ആഗ്രഹിച്ചില്ല.
എല്ലാ ആകുലതകളും യഹോവയോടു പറഞ്ഞുംകൊണ്ട് ഞാൻ ബസ്സിലിരുന്നു. ഒറേഡിയയുടെ പ്രാന്തപ്രദേശങ്ങളിലെത്തിയപ്പോൾ ഡ്രൈവർ വണ്ടി നിറുത്തി. അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന് അവിടെ ഇറങ്ങേണ്ടതുണ്ടായിരുന്നു. ആ തക്കത്തിൽ ഞാനും ബസ്സിൽനിന്നിറങ്ങി. ബസ് മുന്നോട്ടു നീങ്ങിയപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവിടെ, എനിക്കു പരിചയമുണ്ടായിരുന്ന ഒരു സഹോദരന്റെ അപ്പാർട്ട്മെന്റിലേക്കു ഞാൻ ജാഗ്രതയോടെ നടന്നുനീങ്ങി. അവിടെ എത്തിയപ്പോൾ സഹോദരന്റെ ഭാര്യ, എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഗൂലാഷ്—മാംസവും പച്ചക്കറികളും മറ്റും ചേർത്തുണ്ടാക്കുന്ന ഒരുതരം സ്റ്റ്യൂ—അടുപ്പത്തുനിന്ന് ഇറക്കിവെക്കുകയായിരുന്നു. അവരോടൊപ്പം ഭക്ഷണം കഴിക്കാൻ അവർ എന്നെ ക്ഷണിച്ചു.
സാഹചര്യം സുരക്ഷിതമാണെന്നു തോന്നിയപ്പോൾ അന്നു രാത്രിതന്നെ ഞാൻ ആവൂറിക്കായുടെ വീട്ടിലേക്കു പോയി. അവിടെ, എന്റെ സ്വന്തം കിടക്കയിൽ കിടന്നു ഞാൻ ഉറങ്ങി. തീർച്ചയായും, ഞാൻ അപേക്ഷിച്ച രണ്ടു കാര്യങ്ങളും യഹോവ എനിക്കു നൽകി—നല്ല ഭക്ഷണവും സ്വന്തം കിടക്കയും. എത്ര കരുതലുള്ള ഒരു പിതാവാണ് നമുക്കുള്ളത്!
[155-ാം പേജിലെ ചതുരം]
യുവപ്രായക്കാർ തുടർന്നും ആത്മീയ കാര്യങ്ങളിൽ ദൃഷ്ടി കേന്ദ്രീകരിക്കുന്നു
പീഡനകാലത്ത് യുവക്രിസ്ത്യാനികൾ നിർമലതയുടെ പ്രശംസനീയമായ ഒരു രേഖ സൃഷ്ടിച്ചു. സുവാർത്തയ്ക്കുവേണ്ടി അനേകരും അവരുടെ സ്വാതന്ത്ര്യം പണയം വെക്കുകയും ചെയ്തു. ഇപ്പോൾ മറ്റു പരിശോധനകൾ അഭിമുഖീകരിക്കവേ അവരിൽ ചിലർ ജാഗ്രത കൈവെടിഞ്ഞിരിക്കുന്നുവെന്നതു സങ്കടകരമാണ്. എന്നാൽ മറ്റുള്ളവർ ഇന്നും ആത്മീയ കാര്യങ്ങളിൽ അവരുടെ ദൃഷ്ടി കേന്ദ്രീകരിച്ചിരിക്കുന്നു. ഉദാഹരണത്തിന്, കമ്പ്യാ ടൂർസി പട്ടണത്തിലുള്ള ഒരു കൂട്ടം ഹൈസ്കൂൾ വിദ്യാർഥികൾ രാവിലെയുള്ള ഇടവേളയിൽ ഒന്നിച്ചിരുന്ന് ദിനവാക്യം പരിചിന്തിക്കുന്നു. സ്കൂൾ അങ്കണത്തിലോ കളിസ്ഥലത്തോ ഇരുന്നാണ് അവർ അങ്ങനെ ചെയ്യുന്നത്. ചിലപ്പോഴൊക്കെ മറ്റു കുട്ടികളും അവരുടെ കൂടെ കൂടാറുണ്ട്.
ഒരു യുവസഹോദരി ഇങ്ങനെ അഭിപ്രായപ്പെട്ടു: “സുഹൃത്തുക്കളുമൊത്തു ദിനവാക്യം പരിചിന്തിക്കുന്നത് എനിക്കൊരു സംരക്ഷണമാണ്, യഹോവയെ സേവിക്കാത്ത വിദ്യാർഥികളുടെ ഇടയിൽനിന്നു കുറച്ചുനേരത്തേക്കു വിട്ടുനിൽക്കാൻ അതെന്നെ സഹായിക്കുന്നു. യഹോവയുടെ സാക്ഷിയായി ഞാൻ മാത്രമല്ല ഉള്ളതെന്നു കാണുന്നതും എനിക്കു പ്രോത്സാഹനമേകുന്നു.” ഉത്തമ മാതൃക വെക്കുന്ന ഈ യുവപ്രായക്കാർ ഹെഡ്മിസ്ട്രസിന്റെയും ചില അധ്യാപകരുടെയും അനുമോദനത്തിനു പാത്രമായിരിക്കുന്നു.
[160-ാം പേജിലെ ചതുരം]
സുവാർത്ത നിയമപരമായി സ്ഥാപിക്കുന്നു
2003 മേയ് 22 വ്യാഴാഴ്ച, റൊമേനിയയിലെ മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് റിലിജൻസ് ഒരു ഔദ്യോഗിക ഉത്തരവു പുറത്തിറക്കി. 1990 ഏപ്രിൽ 9-നു സ്ഥാപിതമായ യഹോവയുടെ സാക്ഷികളുടെ മതസംഘടന രാഷ്ട്രാംഗീകാരമുള്ള ഒരു നിയമാനുസൃത സംഘടനയാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ളതായിരുന്നു ആ ഉത്തരവ്. അങ്ങനെ, അംഗീകൃത മതങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിയമപരമായ എല്ലാ ആനുകൂല്യങ്ങൾക്കും യഹോവയുടെ സാക്ഷികൾ അർഹരായിത്തീർന്നു. രാജ്യഹാളുകൾ പണിയാനും സുവാർത്ത പ്രസംഗിക്കാനുമുള്ള അവകാശം അതിൽ ഉൾപ്പെടുന്നു. വർഷങ്ങളോളം നടത്തിയ നിരവധി നിയമ യുദ്ധങ്ങളുടെ അന്തിമ ഫലമാണ് ഈ അംഗീകാരം.
[80, 81 പേജുകളിലെ ചാർട്ട്/ഗ്രാഫ്]
റൊമേനിയ സുപ്രധാന സംഭവങ്ങൾ
1910
1911: കാരോളി സാബോയും യോഷെഫ് കിസും ഐക്യനാടുകളിൽനിന്നു മടങ്ങിയെത്തുന്നു.
1920: ക്ലൂഷ്-നാപോക്കയിൽ ബ്രാഞ്ച് ഓഫീസ് സ്ഥാപിക്കുന്നു. അൽബേനിയ, ബൾഗേറിയ, മുൻ യൂഗോസ്ലാവിയ, ഹംഗറി, റൊമേനിയ എന്നിവിടങ്ങളിലെ വേലയ്ക്ക് അതു മേൽനോട്ടം വഹിക്കുന്നു.
1924: ക്ലൂഷ്-നാപോക്കയിൽ ഒരു അച്ചടിശാല ഉൾപ്പെടെയുള്ള സ്ഥലം ബ്രാഞ്ചിനുവേണ്ടി വാങ്ങുന്നു.
1929: ജർമനിയിലെ ബ്രാഞ്ചും പിന്നീട് സ്വിറ്റ്സർലൻഡിലുള്ള മധ്യ യൂറോപ്യൻ ഓഫീസും വേലയുടെ മേൽനോട്ടം ഏറ്റെടുക്കുന്നു.
1938: ഇപ്പോൾ ബൂക്കറെസ്റ്റിലുള്ള റൊമേനിയൻ ഓഫീസ് ഗവൺമെന്റ് അടച്ചുപൂട്ടി മുദ്രവെക്കുന്നു.
1940
1945: റൊമേനിയയിൽ യഹോവയുടെ സാക്ഷികളുടെ അസോസിയേഷൻ രജിസ്റ്റർ ചെയ്യപ്പെടുന്നു.
1946: ബൂക്കറെസ്റ്റിൽവെച്ചു നടന്ന ആദ്യത്തെ ദേശീയ കൺവെൻഷനിൽ ഏകദേശം 15,000 പേർ സംബന്ധിക്കുന്നു.
1947: ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആൽഫ്രഡ് റൂട്ടിമാനും മാർട്ടിൻ മജറോഷിയും റൊമേനിയയിൽ പര്യടനം നടത്തുന്നു.
1949: കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് യഹോവയുടെ സാക്ഷികളെ നിരോധിക്കുകയും ബ്രാഞ്ചിന്റെ മുഴുവൻ വസ്തുവകകളും പിടിച്ചെടുക്കുകയും ചെയ്യുന്നു.
1970
1973: വേലയുടെ മേൽനോട്ടം സ്വിറ്റ്സർലൻഡിലെ ബ്രാഞ്ചിൽനിന്ന് ഓസ്ട്രിയയിലെ ബ്രാഞ്ചിന് കൈമാറുന്നു.
1988: ഭരണസംഘത്തിന്റെ പ്രതിനിധികൾ റൊമേനിയ സന്ദർശിക്കുന്നു.
1989: കമ്മ്യൂണിസ്റ്റ് ഭരണകൂടം തകരുന്നു.
1990: യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം ലഭിക്കുന്നു. സമ്മേളനങ്ങൾ നടത്തപ്പെടുന്നു.
1991: വീക്ഷാഗോപുരം റൊമേനിയനിൽ മുഴുവർണത്തിൽ ഇംഗ്ലീഷ് പതിപ്പിനൊപ്പംതന്നെ പ്രസിദ്ധീകരിക്കുന്നു.
1995: ബൂക്കറെസ്റ്റിൽ റൊമേനിയ ബ്രാഞ്ച് ഓഫീസ് വീണ്ടും സ്ഥാപിതമാകുന്നു.
1999: റൊമേനിയയിൽ ആദ്യമായി ശുശ്രൂഷാ പരിശീലന സ്കൂൾ നടക്കുന്നു.
2000
2000: ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം റൊമേനിയനിൽ പ്രസിദ്ധീകരിക്കുന്നു.
2004: നെഗ്രെഷ്റ്റി വാഷിൽ ആദ്യത്തെ സമ്മേളന ഹാളിന്റെ സമർപ്പണം നടക്കുന്നു.
2005: റൊമേനിയയിലെ സജീവ പ്രസാധകരുടെ എണ്ണം 38,423 ആയിത്തീരുന്നു.
[ഗ്രാഫ്]
(പ്രസിദ്ധീകരണം കാണുക)
മൊത്തം പ്രസാധകർ
മൊത്തം പയനിയർമാർ
40,000
20,000
1910 1940 1970 2000
[73-ാം പേജിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
പോളണ്ട്
സ്ലൊവാക്യ
ഹംഗറി
യൂക്രെയിൻ
മൊൾഡോവ
റൊമേനിയ
സാറ്റൂ-മാറേ
ഒറേഡിയ
ആറാഡ്
നെഗ്രെഷ്റ്റി-വാഷ്
ബായാ-മാറേ
മാറാമുറെഷ്
ബ്രെബി
ബിസ്ട്രിറ്റ്സാ
റ്റോപ്ലിറ്റ്സാ
ക്ലൂഷ്-നാപോക്ക
റ്റിർഗു-മൂറെഷ്
ഓക്നാ മൂറെഷ്
ട്രാൻസിൽവേനിയ
കാർപാത്തിയൻ പർവതനിരകൾ
ഫ്രറ്റവൂട്സി
ബാൽകവൂട്സി
ഇവൻകവൂട്സി
പ്രൂട്ട്
മൊൾഡേവിയ
ബ്രാഷൊവ്
സസിലി
മിസിൽ
ബൂക്കറെസ്റ്റ്
വാലേക്കിയ
ഗാലാറ്റ്സി
ബ്രയില
ഡാന്യൂബ്
ഡൊബ്രൂജാ
സെർബിയ & മോണ്ടേനേഗ്രോ
ബൾഗേറിയ
മാസിഡോണിയ
[66-ാം പേജിലെ ചിത്രം]
[69-ാം പേജിലെ ചിത്രങ്ങൾ]
രാജ്യദൂതു പങ്കുവെക്കാൻ കാരോളി സാബോയും യോഷെഫ് കിസും 1911-ൽ സ്വദേശത്തേക്കു മടങ്ങി
[70-ാം പേജിലെ ചിത്രം]
പാറസ്കിവ കോൽമാർ (ഇരിക്കുന്നത്) ഭർത്താവിനോടും അവരുടെ എട്ടു മക്കളോടും ഒപ്പം
[71-ാം പേജിലെ ചിത്രം]
ഗാവ്റില റോമോച്ചിയ
[71-ാം പേജിലെ ചിത്രം]
എലെക് റോമോച്ചിയയും എലിസബത്തും
[77-ാം പേജിലെ ചിത്രം]
ക്ലൂഷ്-നാപോക്കയിൽ പുതിയ ഓഫീസ് പണിയുന്നു, 1924
[84-ാം പേജിലെ ചിത്രം]
പീഡനം രൂക്ഷമായതോടെ വിവിധ പേരുകളിൽ പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചു
[86-ാം പേജിലെ ചിത്രം]
വേലയെ പിന്തുണയ്ക്കാൻ നികൂ പാലൂയെസ് ഗ്രീസിൽനിന്നു വന്നു
[89-ാം പേജിലെ ചിത്രം]
റെക്കോർഡ് ചെയ്ത ഒരു ബൈബിൾ പ്രസംഗം ശ്രദ്ധിക്കുന്നു, 1937
[95-ാം പേജിലെ ചിത്രം]
മാർട്ടിൻ മജറോഷിയും മാരിയയും (മുമ്പിൽ) യിലെനാ ആൽബൂവിനോടും പാംഫിലിനോടുമൊപ്പം
[102-ാം പേജിലെ ചിത്രം]
1945-ൽ ബായാ-മാറേയിൽ ഒരു സർക്കിട്ട് സമ്മേളനം നടന്നപ്പോൾ
[105-ാം പേജിലെ ചിത്രം]
1946-ൽ നടന്ന ദേശീയ കൺവെൻഷന്റെ പോസ്റ്റർ
[111-ാം പേജിലെ ചിത്രം]
മിഹൈ നിസ്റ്റോർ
[112-ാം പേജിലെ ചിത്രം]
വാസിലി സാബാഡഷ്
[117-ാം പേജിലെ ചിത്രം]
സംഭാഷണം ചോർത്താൻ സെക്യൂരിറ്റേറ്റ് ഏജന്റുമാർ ഉപയോഗിച്ച ഉപകരണം
[120-ാം പേജിലെ ചിത്രം]
പെരിപ്രാവാ—ഡാന്യൂബ് നദീമുഖത്തുരുത്തിലുള്ള ഒരു തൊഴിൽപ്പാളയം
[133-ാം പേജിലെ ചിത്രം]
ദ മിൽ
[134-ാം പേജിലെ ചിത്രം]
വെറോനിക്കാ ബെന്റാറൂവും ഭർത്താവ് നിക്കോലൈയെയും അവരുടെ വീടിനടിയിലുള്ള രഹസ്യ സങ്കേതത്തിൽ
[138-ാം പേജിലെ ചിത്രം]
ഡോയിനാ ചെപനാരൂവും ഭർത്താവ് ഡൂമിട്രൂവും
[138-ാം പേജിലെ ചിത്രം]
പെട്രെ റാൻകാ
[141-ാം പേജിലെ ചിത്രങ്ങൾ]
1980-കളിൽ നടന്ന സമ്മേളനങ്ങൾ
[150-ാം പേജിലെ ചിത്രം]
1993-ൽ റൊമേനിയയിൽ ആദ്യമായി നടത്തിയ പയനിയർ സേവന സ്കൂൾ
[152-ാം പേജിലെ ചിത്രം]
റോബെർട്ടോ ഫ്രാൻചെസ്കെറ്റെയും ഭാര്യ ഇമെൽഡായും
[156, 157 പേജുകളിലെ ചിത്രങ്ങൾ]
പുരോഹിതന്മാരുടെ എതിർപ്പുണ്ടായിരുന്നിട്ടും, 1996-ൽ നടന്ന “ദൈവസമാധാന സന്ദേശവാഹകർ” അന്താരാഷ്ട്ര കൺവെൻഷനുകളിൽ ആയിരങ്ങൾ സംബന്ധിച്ചു
[158-ാം പേജിലെ ചിത്രങ്ങൾ]
(1) ഏഴു രാജ്യഹാളുകളുള്ള കോംപ്ലക്സ്, റ്റിർഗു-മൂറെഷ്
(2) റൊമേനിയ ബ്രാഞ്ച്, ബൂക്കറെസ്റ്റ്
(3) സമ്മേളനഹാൾ, നെഗ്രെഷ്റ്റി-വാഷ്
[161-ാം പേജിലെ ചിത്രം]
ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ, മുകളിൽ ഇടത്തുനിന്നു ഘടികാര ദിശയിൽ: ഡാനിയേലെ ഡി നിക്കോലാ, ജോൺ ബ്രെൻകാ, ഗബ്രിയെൽ നെഗ്റോയിയൂ, ഡൂമിട്രൂ ഓവൂൾ, യോൻ റോമൻ