ലോകവ്യാപക റിപ്പോർട്ട്
ലോകവ്യാപക റിപ്പോർട്ട്
▪ഏഷ്യ, മധ്യപൂർവദേശം
ദേശങ്ങളുടെ എണ്ണം: 47
ജനസംഖ്യ: 389,61,82,946
പ്രസാധകരുടെ എണ്ണം: 5,82,360
ബൈബിളധ്യയനങ്ങളുടെ എണ്ണം: 4,53,069
കിർഗിസ്ഥാൻ: സ്യെറ്റ്ലാനാ ഒരു സഹായ പയനിയറാണ്. തന്റെ നിയമനപ്രദേശത്തുള്ള ഒരു വീട്ടിൽ ഒരിക്കലും സഹോദരിക്കു താമസക്കാരെ കണ്ടുമുട്ടാൻ കഴിഞ്ഞിരുന്നില്ല. ഒരു ദിവസം അതുവഴി പോകുമ്പോൾ, ആ വീട്ടിൽ ആരുമില്ലാത്ത സ്ഥിതിക്ക് അവിടെ പോകുന്നതുകൊണ്ടു പ്രയോജനമില്ലെന്ന് സ്യെറ്റ്ലാനാ ചിന്തിച്ചു. എങ്കിലും ഒന്നു പോയിനോക്കാമെന്നു തീരുമാനിച്ച് ചെന്ന സഹോദരി അവിടെ ഒരു ചെറുപ്പക്കാരിയെ കണ്ടുമുട്ടി, സഹോദരിക്ക് ആശ്ചര്യമായി. യഹോവയുടെ സാക്ഷികളിൽ ഒരാളെ കണ്ടതിൽ ആ സ്ത്രീക്കു വളരെ സന്തോഷംതോന്നി. താൻ ബൈബിൾ പഠിച്ചിരുന്നെന്നും പക്ഷേ പിന്നീട് സാക്ഷികളുമായുള്ള സമ്പർക്കം ഇല്ലാതായതാണെന്നും അവർ പറഞ്ഞു. മാസികകൾ ക്രമമായി വായിക്കാൻ താത്പര്യമുണ്ടോയെന്നു സഹോദരി
അവരോടു ചോദിച്ചു. മാസികകൾ മാത്രമല്ല പതിവായി ഒരു ബൈബിളധ്യയനവും വേണമെന്ന് അവർ പറഞ്ഞു! പെട്ടെന്നുതന്നെ അധ്യയനം തുടങ്ങി, ഈ താത്പര്യക്കാരി ഇപ്പോൾ ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്.ജപ്പാൻ: ഒരു ബിസിനസ് പ്രദേശത്ത് വയൽസേവനത്തിൽ ഏർപ്പെട്ടിരിക്കെ രണ്ടു സഹോദരിമാർ ഒരു വക്കീലിന്റെ ഓഫീസിൽ ചെല്ലാനിടയായി. അധഃസ്ഥിതരെ സഹായിക്കുന്നതിനു പേരുകേട്ട ആളായിരുന്നു അദ്ദേഹം. എന്നാൽ അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ താൻ വളരെ തിരക്കിലാണെന്നു പറഞ്ഞ് ഒന്നും കേൾക്കാൻ കൂട്ടാക്കിയില്ല, പക്ഷേ അവർ മാസികകൾ സ്വീകരിച്ചു. സഹോദരിമാർ വീണ്ടും ഈ സ്ത്രീയെ കാണാൻ ചെന്നപ്പോൾ അവർ ഒറ്റയ്ക്കായിരുന്നു. അഭിവാദനം ചെയ്യാൻ കഴിയുന്നതിനു മുമ്പുതന്നെ അവർ കോപത്തോടെ ചോദിച്ചു: “പാപമൊന്നും ചെയ്യാത്ത കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് എന്തുകൊണ്ടാണ്? ഈ ലോകം എന്താണ് ഇങ്ങനെ? എനിക്ക് ബോധ്യംവരുത്തുന്ന വിശദീകരണം വേണം! നിങ്ങൾക്ക് ഉത്തരമുണ്ടെങ്കിൽ പറയൂ!” അടുത്ത ഒരുമണിക്കൂറുകൊണ്ട് സഹോദരിമാർ സാർവത്രിക പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തെക്കുറിച്ച് ആ സ്ത്രീയോടു സംസാരിച്ചു, അവരുടെ മനോഭാവത്തിനു മെല്ലെ മാറ്റംവന്നു. ആർക്കും ഇതിനൊന്നും ഉത്തരമില്ല എന്നാണ് അവർ കരുതിയത്. ബൈബിൾ ഉപയോഗിച്ച് ഉത്തരം നൽകിയതിന് അവർ സഹോദരിമാർക്കു നന്ദിപറഞ്ഞു. സഹോദരിമാർ പോകാനിറങ്ങിയപ്പോൾ ആ സ്ത്രീ തന്റെ മേൽവിലാസവും ഫോൺ നമ്പരും കൊടുത്തിട്ടു പറഞ്ഞു: “എനിക്കു വളരെ അടുത്തറിയാവുന്നവർക്കു മാത്രമേ ഞാൻ ഇതു നൽകാറുള്ളൂ, എന്നാൽ നിങ്ങൾ വ്യത്യസ്തരാണ്. എനിക്കു നിങ്ങളോട് ഇനിയും സംസാരിക്കണം. നമ്മൾ ഇപ്പോൾ ചർച്ചചെയ്തത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.” ആ സ്ത്രീയോടൊത്ത് ഒരു ബൈബിളധ്യയനം തുടങ്ങി.
നേപ്പാൾ: അനേക വർഷങ്ങളായി ഒരു ക്രൈസ്തവ സഭയിൽ സംബന്ധിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ അതിലെ അംഗങ്ങൾക്കിടയിലുള്ള അത്യാഗ്രഹവും കലഹവും കണ്ട് മനസ്സുമടുത്തിരിക്കുകയായിരുന്നു. അവരുടെ ഭർത്താവ് ഒരു പാസ്റ്ററായിത്തീർന്നെങ്കിലും സംഭാവനകളുടെ പേരിൽ വാക്കുതർക്കമുണ്ടാകുകയും അദ്ദേഹം പുറത്താക്കപ്പെടുകയും ചെയ്തു. തുടർന്ന് മദ്യപാനിയായി മാറിയ അദ്ദേഹം കുടുംബത്തിന്റെ കാര്യങ്ങൾ അവഗണിക്കാൻ തുടങ്ങി. സത്യത്തിനായി അന്വേഷിച്ചു വലഞ്ഞ ഈ സ്ത്രീ നിത്യവും പ്രാർഥിക്കുമായിരുന്നു. കുടുംബത്തെ പോറ്റാനായി അവർ ഉപയോഗശൂന്യമായ കടലാസ്സുകൾ ശേഖരിക്കുന്ന ഒരിടത്തു ജോലിക്കു പോയിത്തുടങ്ങി. ഒരു ദിവസം പുസ്തകങ്ങളും മാസികകളും പത്രങ്ങളും വേർതിരിച്ചുകൊണ്ടിരിക്കവേ
അവർ ഏക സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ എന്ന പുസ്തകം കണ്ടു. അത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് വീട്ടിൽ കൊണ്ടുവന്ന അവർ എന്നും അതു വായിക്കുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒരു ദിവസം ഒരു പ്രത്യേക പയനിയർ സഹോദരിയായ ബിഷ്ണു ഈ സ്ത്രീയുടെ വീട്ടുവാതിൽക്കലെത്തി. ബിഷ്ണു പറഞ്ഞത് അവർക്കിഷ്ടപ്പെട്ടു, സഹോദരിയെ അകത്തേക്കു ക്ഷണിച്ചു. ബിഷ്ണു പറയുന്ന കാര്യങ്ങളും താൻ ആ പുസ്തകത്തിൽ വായിച്ചതും തമ്മിൽ സാമ്യമുണ്ടെന്ന കാര്യം ആ സ്ത്രീ ശ്രദ്ധിച്ചു. ഒടുവിൽ അവർ സഹോദരിയെ പുസ്തകം കാണിച്ചു, അത് നമ്മുടെ പുസ്തകങ്ങളിലൊന്നാണെന്ന് അറിഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. ഇപ്പോൾ അവർ ക്രമമായി ബൈബിൾ പഠിക്കുകയും കുട്ടികളോടൊപ്പം എല്ലാ യോഗങ്ങൾക്കും ഹാജരാകുകയും ചെയ്യുന്നുണ്ട്.ശ്രീലങ്ക: പ്രസാധകനായിട്ടില്ലെങ്കിലും, അനൗപചാരികമായി മറ്റുള്ളവരോടു രാജ്യസന്ദേശം പങ്കുവെക്കാൻ പൂൻചിബാൻഡാ തീരുമാനിച്ചു. തെരുവിലെ ഒരു ഭിക്ഷക്കാരനോട് അദ്ദേഹം സംസാരിച്ചു. തന്റെ മൂത്തമകൾ രോഗശയ്യയിലായി വളരെ ദുരിതമനുഭവിച്ചു മരിച്ചുപോയെന്ന് അയാൾ അദ്ദേഹത്തോടു പറഞ്ഞു. അത്ഭുതരോഗശാന്തി പ്രതീക്ഷിച്ച് അവർ അസംബ്ലീസ് ഓഫ് ഗോഡ് എന്ന സഭയിൽ പോയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഇപ്പോൾ ദൈവം അത്ഭുതരോഗശാന്തിയൊന്നും നടത്തുന്നില്ലെന്നും രോഗനിവാരണം ദൈവരാജ്യത്തിൻ കീഴിൽ സാധ്യമാകുമെന്നുമുള്ള കാര്യം അദ്ദേഹം ആ ഭിക്ഷക്കാരനോടു വിശദീകരിച്ചു, ഈ കാര്യങ്ങൾ വിശേഷവത്കരിക്കുന്ന മാസികകളും അയാൾക്കു നൽകി. പിന്നീട് അദ്ദേഹം അയാളെ രാജ്യഹാളിലേക്കു ക്ഷണിച്ചു. അയാൾ വീട്ടിൽച്ചെന്ന് തന്നെ രാജ്യഹാളിലേക്കു ക്ഷണിച്ചകാര്യം കുടുംബത്തോടു പറഞ്ഞു, മാസികകളും കാണിച്ചു. തനിക്കും മാസികകൾ കിട്ടിയെന്നും രാജ്യഹാളിലേക്കു ക്ഷണം ലഭിച്ചെന്നും അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും പറഞ്ഞു. ആദ്യം അയാൾ ഒറ്റയ്ക്കു രാജ്യഹാളിൽ പോകാമെന്നു തീരുമാനിച്ചു. അവിടെ ചെന്നപ്പോൾ സഹോദരീസഹോദരന്മാർ അയാളെ ഹൃദ്യമായി സ്വാഗതംചെയ്തു. ഇപ്പോൾ അയാളും ഭാര്യയും രണ്ടു പെൺമക്കളും മകനും യോഗങ്ങൾക്കു ഹാജരാകുകയും യഹോവയുടെ ജനവുമായുള്ള സഹവാസത്തിൽ സന്തോഷിക്കുകയും ചെയ്യുന്നു.
ലബനോൻ: ഫിലിപ്പീൻസുകാരിയായ ഒരു പ്രത്യേക പയനിയർ സഹോദരി പറയുന്നു: “തെരുവു സാക്ഷീകരണം നടത്തവേ ഞാൻ ഒരു ഫിലിപ്പീനോ സ്ത്രീയെ കണ്ടുമുട്ടി. ഞാൻ അവരുടെ ജോലിസ്ഥലത്തുചെന്ന് അവരോടൊത്തു ബൈബിളധ്യയനം തുടങ്ങി. അവർക്കു പല ചോദ്യങ്ങളുണ്ടായിരുന്നു; ചിലപ്പോൾ, ഞാൻ ഒരെണ്ണത്തിന് ഉത്തരം പറഞ്ഞുതീരുന്നതിനു മുമ്പേ അവർ മറ്റൊന്നു
ചോദിക്കുമായിരുന്നു. ക്രമേണ അവരുടെ പള്ളിയിലെ സജീവ അംഗങ്ങളായ ചില അടുത്ത സുഹൃത്തുക്കളിൽനിന്ന് അവർക്ക് എതിർപ്പു നേരിടാൻ തുടങ്ങി. സങ്കടകരമെന്നു പറയട്ടെ, പഠനം നിറുത്തിക്കളയരുതെന്നു ഞാൻ പറഞ്ഞെങ്കിലും എതിർപ്പു വന്നപ്പോൾ ആ സ്ത്രീ പഠനം നിറുത്തി. എങ്കിലും ‘അവർ ചെമ്മരിയാടുതുല്യയാണെങ്കിൽ, ഒരു ദിവസം വീണ്ടും പഠനം തുടങ്ങും,’ ഞാൻ സ്വയം പറഞ്ഞു. ഒരു വർഷം കടന്നുപോയി, അവരുടെ കാര്യം അപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. ഞാൻ അവരെക്കുറിച്ചു ചിന്തിക്കുന്നുണ്ടെന്നും കാണാൻ ആഗ്രഹിക്കുന്നെന്നും അറിയിച്ചുകൊണ്ട് ഒരു കത്തെഴുതാൻ ഞാൻ തീരുമാനിച്ചു. കത്തുകിട്ടിയപ്പോൾ അവർ എനിക്കു ഫോൺ ചെയ്തു, ഞാൻ മടങ്ങിച്ചെന്നു. ഇത്തവണ മുമ്പത്തെക്കാൾ താത്പര്യം എനിക്ക് അവരിൽ കാണാൻ കഴിഞ്ഞു. ഞങ്ങൾ മുമ്പു ചർച്ചചെയ്തിരുന്ന കാര്യങ്ങളെല്ലാം അവരുടെ ഹൃദയത്തിലുണ്ടായിരുന്നു, അതെല്ലാം അവർ ആഴമായി വിലമതിച്ചിരുന്നു. താൻ നിരവധി സഭകൾ സന്ദർശിച്ചെന്നും അവിടെയൊന്നും സത്യം പഠിപ്പിക്കുന്നില്ലെന്നും അവർ എന്നോടു പറഞ്ഞു. ഒടുവിൽ അവർ പഠനം പുനരാരംഭിച്ചു, പുരോഗമിച്ചു, സ്നാപനമേറ്റു. അവരുടെ 12 വയസ്സുള്ള മകൻ ഇപ്പോൾ സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകനാണ്.”ഇന്ത്യ: ഒരു സഹോദരി എഴുതുന്നു: “ഞങ്ങൾ വീടുതോറുമുള്ള ശുശ്രൂഷയിലേർപ്പെട്ടിരിക്കെ, ഒരു പെൺകുട്ടി ഞങ്ങളെ കണ്ട് വീടിനകത്തേക്കു കയറിപ്പോകുന്നതു കണ്ടു. പെട്ടെന്നുതന്നെ ഒരു മനുഷ്യൻ വന്നിട്ട് ഞങ്ങളോടു സ്ഥലംവിട്ടുകൊള്ളാൻ പറഞ്ഞു. ഞങ്ങൾ പോകാൻ തുടങ്ങിയപ്പോൾ ആ പെൺകുട്ടിവന്ന് അയാളോടു സംസാരിക്കുന്നതു കണ്ടു. പിന്നീട് ഞങ്ങൾ ബസ് കാത്തുനിൽക്കുമ്പോൾ ആ കുട്ടി സൈക്കിളിൽ വന്നിട്ടു പറഞ്ഞു: ‘യഹോവയാണ് സത്യദൈവമെന്ന് എനിക്കറിയാം. എന്നെ ബൈബിൾ പഠിപ്പിക്കാമോ? നിങ്ങളെ അകത്തേക്കു ക്ഷണിക്കാനാണു ഞാൻ വീട്ടിലേക്കു കയറിയത്, പക്ഷേ വീട്ടുടമസ്ഥന് ഇതിനോട് എതിർപ്പാണ്.’ യഹോവയാണ് സത്യദൈവമെന്ന് എങ്ങനെ അറിഞ്ഞുവെന്ന് ഞങ്ങൾ അവളോടു ചോദിച്ചു. രണ്ടുവർഷം മുമ്പ് അവൾ ബസ്സിൽ യാത്രചെയ്യവേ ഒരിടത്ത് വലിയ ഒരു ക്രിസ്തീയ യോഗം നടക്കുന്നതായി കണ്ടു. അത് നമ്മുടെ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷൻ ആയിരുന്നു. അവൾ ബസ്സിൽനിന്നിറങ്ങി പരിപാടികളിൽ സംബന്ധിച്ചു, മൂന്നുദിവസത്തെ പരിപാടികൾക്കും അവൾ ഹാജരായി. യഹോവയുടെ സാക്ഷികൾ വീട്ടിൽ വരുന്നതുംകാത്ത് ഇരിക്കുകയായിരുന്നു അവൾ. അവളുടെ താത്പര്യം കണ്ടപ്പോൾ ഞങ്ങൾ അവളെയും കൂട്ടി ഒരു സഹോദരിയുടെ വീട്ടിൽച്ചെന്ന് അവിടെവെച്ച് ബൈബിളധ്യയനം തുടങ്ങി. അവൾ ക്രമമായി യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി, നല്ല ആത്മീയ പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു.”
▪ആഫ്രിക്ക
ദേശങ്ങളുടെ എണ്ണം: 56
ജനസംഖ്യ: 78,17,67,134
പ്രസാധകരുടെ എണ്ണം: 10,15,718
ബൈബിളധ്യയനങ്ങളുടെ എണ്ണം: 18,20,540
ഉഗാണ്ട: വലിയ ഒരു ഡിസ്പെൻസറിയിൽ ജോലിനോക്കുന്ന ഒരു സാക്ഷിയാണ് ലൂസി. ഒരു തവണ ഓഡിറ്റ് കഴിഞ്ഞപ്പോൾ വലിയൊരു തുക നഷ്ടപ്പെട്ടതായി അധികാരികൾ കണ്ടെത്തി. ജോലിക്കാരെയെല്ലാം വിളിപ്പിച്ച് തങ്ങൾ നിരപരാധികളാണെങ്കിൽ ബൈബിളിൽ തൊട്ട് സത്യം ചെയ്യാൻ ആവശ്യപ്പെട്ടു, ലൂസിയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ലൂസിയുടെ ഊഴംവന്നു, അവൾ പക്ഷേ ബൈബിൾ തുറന്ന് സദൃശവാക്യങ്ങൾ 15:3 ഉറക്കെ വായിക്കാൻ തുടങ്ങി: “യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.” ഒരു നിമിഷത്തേക്ക് ആ മുറിയിൽ നിശ്ശബ്ദത പരന്നു. അപ്പോൾ കുറ്റംചെയ്തയാൾ നേരെ സൂപ്പർവൈസറുടെ അടുത്തുചെന്ന് കുറ്റം ഏറ്റുപറഞ്ഞു. ഭാവിയിൽ എല്ലാവരും “ലൂസിയുടെ തിരുവെഴുത്ത്” ഓർമയിൽ വെക്കണമെന്ന് സൂപ്പർവൈസർ നിർദേശിച്ചു. പിന്നീട് ലൂസിയുടെ ശമ്പളം വർധിപ്പിച്ചു, ഡിസ്പെൻസറിയുടെ താക്കോൽക്കൂട്ടം സൂക്ഷിക്കാനുള്ള ചുമതല ലൂസിയെ ഏൽപ്പിക്കുകയും ചെയ്തു.
ബെനിൻ: ഷോവെ എന്ന വിദ്യാർഥിക്ക് സ്കൂളിൽ ഒട്ടേറെ പരിഹാസം സഹിക്കേണ്ടിവന്നിട്ടുണ്ട്. ഒരിക്കൽ ക്ലാസ്സിൽ പറഞ്ഞ ഉത്തരം തെറ്റിപ്പോയപ്പോൾ സഹപാഠികൾ അവനെ പരിഹസിച്ചുകൊണ്ടു ചോദിച്ചു: “യഹോവയുടെ പുരോഹിതനല്ലേ നീ, നിനക്ക് എങ്ങനെയാ തെറ്റുപറ്റുക?” “ബ്രീഫ്കേസുമെടുത്തു ചുറ്റിനടക്കാനല്ലേ അവനു സമയമുള്ളൂ,” മറ്റു കുട്ടികളും ഇങ്ങനെ ഓരോന്നു പറഞ്ഞ് അവനെ കളിയാക്കി.
ഷോവെ പറയുന്നു: “വാരാന്തങ്ങളിൽ സേവനത്തിനു പോകുമ്പോൾ സഹപാഠികളെ ആരെയെങ്കിലും കണ്ടുമുട്ടുമോ എന്നുള്ള ഭയമായിരുന്നു എനിക്ക്.” അവൻ ഇക്കാര്യത്തെക്കുറിച്ചു പ്രാർഥിച്ചു, എന്നിട്ട് ഒരു മൂപ്പൻ സഹോദരനെ സമീപിച്ചു. വയൽസേവനത്തിൽ കൂടുതൽ സമയം ഏർപ്പെട്ടുകൊണ്ടും സഹപാഠികൾക്കു ധൈര്യപൂർവം സാഹിത്യങ്ങൾ സമർപ്പിച്ചുകൊണ്ടും കൂടുതൽ മണിക്കൂർ സേവിക്കാൻ അദ്ദേഹം ഷോവെയെ പ്രോത്സാഹിപ്പിച്ചു. ഷോവെക്കു മൂന്നുമടങ്ങു വിജയമാണു ലഭിച്ചത്. അവൻ പറയുന്നു: “ഇപ്പോൾ ഞാൻ പലപ്പോഴും ഒരു സഹായ പയനിയറായി സേവിക്കുന്നു. എന്നെ കളിയാക്കുമായിരുന്ന രണ്ട് സഹപാഠികൾ ഇപ്പോൾ എന്റെ ബൈബിൾ വിദ്യാർഥികളാണ്. ക്ലാസ്സിൽ എനിക്ക് ഉയർന്ന ഗ്രേഡും കിട്ടിത്തുടങ്ങി.”
എത്യോപ്യ: ഏകദേശം രണ്ടുവർഷത്തിനുമുമ്പ് അസ്നക്കെയ്ക്ക് എൽസ എന്നുപേരുള്ള ഒരു സ്ത്രീയുടെ ഡ്രൈവിങ് ലൈസൻസ് കളഞ്ഞുകിട്ടി, അതു തിരികെ ഉടമയെ ഏൽപ്പിക്കാനുള്ള ക്രമീകരണം ചെയ്തു. അസ്നക്കെയുടെ സത്യസന്ധതയിൽ ആശ്ചര്യംതോന്നിയ ഉടമ അവൾക്കു കുറച്ചു പണം പ്രതിഫലമായി നൽകാൻ ആഗ്രഹിച്ചു. അസ്നക്കെ പണം നിരസിച്ചു, എന്നിട്ട് ആ സ്ത്രീക്ക് ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക നൽകി. അടുത്ത ദിവസംതന്നെ എൽസ ബൈബിൾ പഠനം തുടങ്ങി. പുരോഹിതനായ തന്റെ പിതാവ് യഹോവ എന്ന പേരിനെക്കുറിച്ചു തന്നോടു പറഞ്ഞിട്ടുള്ളതിനാൽ ആ പേര് തനിക്ക് അത്ര പുതുമയല്ലെന്ന് എൽസ പറഞ്ഞു. അവരുടെ കുടുംബം മുഴുവനും ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിച്ചശേഷം ഭർത്താവും ബൈബിൾ പഠനം ആരംഭിച്ചു. എന്നിരുന്നാലും എൽസയുടെ പിതാവ് ഇതേക്കുറിച്ചു കേട്ടപ്പോൾ കോപാകുലനായി, യഹോവയുടെ സാക്ഷികളെ ഒന്നിനും കൊള്ളാത്തവരെന്നു വിളിച്ച് അധിക്ഷേപിച്ചു. പഠനം തുടരാൻ തീരുമാനിച്ച എൽസ, സാക്ഷികൾ അദ്ദേഹം വിചാരിക്കുന്നതുപോലുള്ള ആളുകളേയല്ലെന്ന് അദ്ദേഹത്തോട് ആദരപൂർവം വ്യക്തമാക്കി. അങ്ങനെ വിചാരിച്ചതിൽ വിഷമംതോന്നിയ
അദ്ദേഹം ആവശ്യം ലഘുപത്രിക മകൾ കാണാതെ പലതവണ എടുത്തു വായിച്ചു. അത് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു. അതിനുശേഷം വഴിപോക്കർക്ക് അനുഗ്രഹം നൽകുമ്പോൾ അദ്ദേഹം അത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ചെയ്യുന്നതു നിറുത്തി. പെട്ടെന്നുതന്നെ അദ്ദേഹം “വിശ്വാസത്യാഗി” എന്നു മുദ്രകുത്തപ്പെട്ടു, ചിലർ അദ്ദേഹത്തെ തല്ലാനും പദ്ധതിയിട്ടു. അതുനിമിത്തം അദ്ദേഹം അഡിസ് അബാബയിലേക്കു താമസംമാറി. അവിടെവെച്ച് ബൈബിൾ പഠിക്കാൻ തുടങ്ങി. എൽസയും ഏഴു കുടുംബാംഗങ്ങളും സ്നാപനമേറ്റു സാക്ഷികളായി. അവരുടെ ഭർത്താവും കുട്ടിയും നല്ല പുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നു.കോറ്റ് ഡീവ്വോർ: പതിവായി ബൈബിൾ വായിക്കുന്ന ഒരു കടയുടമയ്ക്ക് ആൻഡേഴ്സൺ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക നൽകി. താമസിയാതെ ഒരു ബൈബിളധ്യയനം തുടങ്ങി. “ദൈവത്തിനു പ്രസാദകരമായ കുടുംബജീവിതം” എന്ന അധ്യായം അയാൾക്കു വിശേഷാൽ ഇഷ്ടമായി. അയാൾ പറഞ്ഞു: “വിവാഹജീവിതത്തിൽ ഓരോ ഇണയ്ക്കും തങ്ങളുടേതായ ഉത്തരവാദിത്വങ്ങളുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ വീട്ടിൽ വൈകിയെത്തുമ്പോൾ ഭാര്യ എന്തെങ്കിലും പറഞ്ഞാൽ എനിക്കതു സഹിക്കാൻ കഴിയില്ലായിരുന്നു. ഞാൻ അവളോടു പറയും, ‘ഞാൻ പുരുഷനാണ്, എനിക്ക് ഇഷ്ടമുള്ളപ്പോൾ ഇറങ്ങിപ്പോകാം; നീ ഭാര്യയാണ്, നീയാണ് വീട്ടുകാര്യം നോക്കേണ്ടത്.’ പക്ഷേ ഇപ്പോൾ ഞാൻ ജോലികഴിഞ്ഞാൽ ഉടൻതന്നെ വീട്ടിലെത്തും, എന്നിട്ട് വീട്ടുജോലികളിൽ ഭാര്യയെ സഹായിക്കും.”
കെനിയ: രണ്ടാം ഗ്രേഡിൽ പഠിക്കുന്ന ഒരു ഏഴുവയസ്സുകാരൻ തന്റെ സഭയിലെ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനത്തെക്കുറിച്ചു കേട്ടു. ഒരു ആഴ്ച മുമ്പേ അവൻ ഹെഡ്മാസ്റ്ററെ സമീപിച്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞത്തെ യോഗത്തിനു സംബന്ധിക്കാനുള്ള അനുമതി ചോദിച്ചു. അനുമതി കിട്ടി. എന്നാൽ പിറ്റേന്ന്, മാതാപിതാക്കളെയും സന്ദർശകനെന്നു പറയുന്ന ആളെയും കൂട്ടിക്കൊണ്ടു ചെല്ലാനുള്ള നിർദേശവുമായിട്ടാണ് കുട്ടിയെ വീട്ടിലേക്കയച്ചത്. സന്ദർശനവാരത്തിൽ സർക്കിട്ട് മേൽവിചാരകൻ കുട്ടിയുടെ പിതാവിനൊപ്പം സ്കൂളിൽ ചെന്നു. സന്ദർശകൻ സ്കൂളിൽ വന്നതുകണ്ടപ്പോൾ ഹെഡ്മാസ്റ്റർ അതിശയിച്ചുപോയി, കാരണം ഹെഡ്മാസ്റ്ററെ കാണാനായി ഒരുമണിക്കൂറിലേറെ കുത്തനെയുള്ള കുന്നുകയറിയാണ് അദ്ദേഹം വന്നിരിക്കുന്നത്. ഹെഡ്മാസ്റ്റർ സാഹിത്യങ്ങൾ സ്വീകരിച്ചു, അന്നുമുതൽ അദ്ദേഹം കുറെക്കൂടി സൗഹാർദതയും സഹകരണവും കാണിക്കുന്നു.
മലാവി: വയൽസേവനത്തിൽ ആയിരിക്കെ ഒരു സഹോദരനെ ഒരാൾ പലപ്പോഴും ശല്യപ്പെടുത്തുമായിരുന്നു. സഹോദരൻ
പ്രസംഗിക്കുന്നതു കാണുമ്പോൾ അയാൾ തന്റെ സൈക്കിൾ നിറുത്തിയിട്ട് സഹോദരനോടു വാഗ്വാദത്തിനു ശ്രമിക്കും. സഹോദരന്റെ ബൈബിൾ പിടിച്ചുവാങ്ങാൻപോലും അയാൾ ശ്രമിച്ചു. ഒരു ദിവസം സഹോദരൻ ഒരു ബൈബിളധ്യയനം നടത്തിക്കൊണ്ടിരിക്കുമ്പോൾ ഈ മനുഷ്യൻ അതുവഴി പോയി. സൈക്കിളിന്റെ ഏതോ ഭാഗം നന്നാക്കാൻ ശ്രമിക്കുന്നതിനിടെ അയാളുടെ കൈ മുൻചക്രത്തിന്റെ കമ്പികൾക്കിടയിൽ കുടുങ്ങിപ്പോയി, വിരലുകൾക്കു ഗുരുതരമായി ക്ഷതംപറ്റി. അയാൾ വേദനകൊണ്ടു പുളഞ്ഞു, പക്ഷേ കണ്ടുനിന്നവരിൽ അയാളെ സഹായിക്കാൻ മുന്നോട്ടുവന്നത് ഈ സഹോദരനായിരുന്നു. സഹോദരൻ അയാളുടെ വിരലുകൾ കെട്ടിവെച്ചിട്ട് ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ക്രമീകരണം ചെയ്തു. പിന്നീട് സഹോദരൻ ഈ മനുഷ്യന്റെ വീട്ടിൽ ചെന്നു. തന്റെ മുൻ പെരുമാറ്റത്തിൽ ജാള്യംതോന്നിയ അയാൾ തന്റെ തെറ്റുകൾക്കു ക്ഷമചോദിച്ചു. ഓരോരോ കിംവദന്തി കേട്ടിട്ടാണ് താൻ അങ്ങനെയൊക്കെ പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. “നിങ്ങൾ ശരിക്കും ഏക സത്യദൈവത്തെ ആരാധിക്കുന്ന ആളുകളാണ്. ഞാൻ നിങ്ങളോടു നീചമായിട്ട് ഇടപെട്ടെങ്കിലും നിങ്ങൾ ഇത്ര ദയാപുരസ്സരം എന്നോടു പെരുമാറുമെന്നു ഞാൻ ഒരിക്കലും ചിന്തിച്ചില്ല,” അയാൾ പറഞ്ഞു.കാമറൂൺ: ഒരു ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്തിരിക്കുന്നവർക്കുവേണ്ടിയുള്ള ഇരിപ്പിടങ്ങൾ നിറഞ്ഞിരുന്നു. ഒരു യുവസഹോദരിയും അക്കൂട്ടത്തിൽ ഇരിപ്പുണ്ടായിരുന്നു. അപ്പോൾ പ്രായംചെന്ന ഒരു രോഗി അവിടേക്കു വന്നു. ഇരിപ്പിടങ്ങൾ ഒന്നും ഒഴിവുണ്ടായിരുന്നില്ല, ആ മനുഷ്യനു നിൽക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. സഹോദരി ഓർമിക്കുന്നു: “എനിക്ക് പാവംതോന്നി, ഞാൻ എന്റെ സീറ്റ് അദ്ദേഹത്തിനു കൊടുത്തു. ഇതുകണ്ടപ്പോൾ അവിടെ ഇരുന്നവരെല്ലാം തമ്മിൽ എന്തൊക്കെയോ അടക്കംപറയാൻ തുടങ്ങി. എന്റെ സീറ്റ് കൊടുക്കുന്നതിലൂടെ ഡോക്ടറെ കാണാനുള്ള എന്റെ ഊഴവും അദ്ദേഹത്തിനു കൊടുക്കേണ്ടിവരുമായിരുന്നു. പെട്ടെന്ന് ഒരു സ്ത്രീ എന്റെ അടുത്തുവന്നിട്ട് എന്റെ മതം ഏതാണെന്നു ചോദിച്ചു. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാൾ ആണെന്നു പറഞ്ഞു. അവർ എന്നെ പ്രശംസിച്ചു, യുവജനങ്ങൾക്കിടയിൽ ഇത്തരം പെരുമാറ്റം വളരെ വിരളമാണെന്നാണ് അവർക്കു തോന്നുന്നതെന്ന് അവർ പറഞ്ഞു. ഞാൻ ആ അവസരം മുതലെടുത്ത് എന്റെ പക്കലുണ്ടായിരുന്ന ചില ലഘുലേഖകൾ ഉപയോഗിച്ച് അവരോടും മറ്റുള്ളവരോടും സാക്ഷീകരിച്ചു. അവരുടെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എനിക്കു കഴിഞ്ഞു. അവരിൽ ചിലർക്ക് യഹോവയുടെ സാക്ഷികളെക്കുറിച്ച് ഉണ്ടായിരുന്ന വീക്ഷണത്തിനു മാറ്റംവന്നു, സാക്ഷികൾ ഇനിയും വീട്ടിൽവന്നാൽ സ്വീകരിക്കാൻ അവർ കൂടുതൽ മനസ്സൊരുക്കം കാട്ടി.”
ടോഗോ: ചില സഹോദരങ്ങൾ ഒറ്റപ്പെട്ട ഒരു പ്രദേശത്തു പ്രവർത്തിക്കവേ ഒരു യുവാവിനെ കണ്ടുമുട്ടി. അവരെ കണ്ടുമുട്ടിയതിൽ ആ യുവാവിനു സന്തോഷംതോന്നി. അദ്ദേഹം സഹോദരങ്ങളെ രണ്ടു നോട്ടുബുക്കുകൾ കാണിച്ചു. അതിൽ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം മുഴുവനും “സകലതും നിശ്ചയപ്പെടുത്തുക” (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ഒരു ഭാഗവും അദ്ദേഹം പകർത്തിയെഴുതിയിരുന്നു. ഇവാഞ്ചലിക്കൽ സഭയിലെ ഒരു പാസ്റ്ററുടെ വീട്ടിൽ കുറെനാൾ താമസിച്ചപ്പോൾ അവിടെവെച്ചാണ് അദ്ദേഹം ഈ പുസ്തകങ്ങൾ കണ്ടത്. പാസ്റ്ററിന് രണ്ട് പുസ്തക അലമാരകളുണ്ട്. ഒന്ന് ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങൾ വെക്കുന്നത്, മറ്റൊന്ന് “അത്ര പ്രാധാന്യമില്ലാത്തവ” വെക്കുന്നതും. രണ്ടാമത്തെ അലമാരയിലായിരുന്നു ഈ രണ്ടു പുസ്തകങ്ങളും. അതിലൊരെണ്ണം എടുത്തു വായിക്കാൻ തുടങ്ങിയപ്പോൾ അതിലെ സന്ദേശത്തിൽ ഈ യുവാവ് ആകൃഷ്ടനായി. പുസ്തകം എടുത്തുകൊണ്ടുപോകാൻ കഴിയാത്തതിനാലും ഇനി ഈ പുസ്തകങ്ങൾ എവിടെ കിട്ടുമെന്ന് അറിയില്ലാത്തതിനാലും അവ പകർത്തിയെഴുതാൻ തീരുമാനിക്കുകയായിരുന്നു. വായിച്ച കാര്യങ്ങളെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ അമ്മയും ആ പാസ്റ്ററും എതിർക്കാൻ തുടങ്ങി. സഹോദരങ്ങൾ കുറെ സാഹിത്യങ്ങൾ അദ്ദേഹത്തിനു കൊടുത്തിട്ടുപോന്നു, ആത്മീയമായി പുരോഗമിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നുമുണ്ട്.
ദക്ഷിണാഫ്രിക്ക: റ്റാൻഡെ ഒരു സാക്ഷിയാണ്. കൂടെ ജോലിചെയ്യുന്ന, വൈവാഹിക പ്രശ്നങ്ങളുള്ള ബെല്ല എന്ന സ്ത്രീയോടു സംസാരിക്കാൻ തൊഴിലുടമ റ്റാൻഡെയോട് ആവശ്യപ്പെട്ടു. ബെല്ലയുടെ ഭർത്താവ് ഒരു പോലീസുകാരനാണ്. അയാൾ അവളെ ശാരീരികവും വൈകാരികവുമായി ആക്രമിക്കുന്നതിനാൽ വിവാഹമോചനം നേടാൻ ബെല്ല തീരുമാനിച്ചിരുന്നു. റ്റാൻഡെ ബെല്ലയ്ക്ക് കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിന്റെ രണ്ടു പ്രതികൾ നൽകിയിട്ട് അതിൽ ഒന്ന് ഭർത്താവിനു കൊടുക്കാൻ പറഞ്ഞു. ഒരു ആഴ്ചയ്ക്കുശേഷം റ്റാൻഡെ ബെല്ലയോടു സംസാരിച്ചപ്പോൾ, ഭർത്താവ് പുസ്തകം വായിക്കുന്നുണ്ടെന്നും അതിന്റെ ശാന്തത അവരുടെ വീട്ടിൽ പ്രകടമാണെന്നും ബെല്ല പറഞ്ഞു. പ്രാർഥനയും കുടുംബസന്തുഷ്ടി പുസ്തകവും വഴി ദൈവം തന്റെ വിവാഹജീവിതം സംരക്ഷിച്ചുവെന്ന് മൂന്നു മാസം കഴിഞ്ഞപ്പോൾ ബെല്ല റ്റാൻഡെയോടു പറഞ്ഞു. ബെല്ലയുടെ തൊഴിലുടമ ഈ വാർത്തകളൊക്കെ അറിഞ്ഞപ്പോൾ ജോലിചെയ്യുന്ന 2,000 പേർക്കും ഈ പുസ്തകത്തിന്റെ ഓരോ പ്രതി ആവശ്യപ്പെട്ടു. ഇപ്പോൾവരെ, സഹോദരി കുടുംബസന്തുഷ്ടി പുസ്തകത്തിന്റെ 96 പ്രതികൾ സഹജോലിക്കാർക്കു സമർപ്പിച്ചുകഴിഞ്ഞു. ആ കമ്പനി യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയ്ക്കുവേണ്ടി സംഭാവനയും നൽകുകയുണ്ടായി.
▪അമേരിക്കകൾ
ദേശങ്ങളുടെ എണ്ണം: 56
ജനസംഖ്യ: 87,90,73,403
പ്രസാധകരുടെ എണ്ണം: 31,99,835
ബൈബിളധ്യയനങ്ങളുടെ എണ്ണം: 30,22,276
വെനെസ്വേല: ഒരു സാക്ഷിക്കുടുംബത്തിന് അടുത്തയിടെ ഒരു ടെലിഫോൺ കണക്ഷൻ കിട്ടി, ഒരു പുതിയ നമ്പറും. എന്നാൽ ഒരു സാങ്കേതിക തകരാറു നിമിത്തം അവരുടെ വീട്ടിലേക്ക് ഒരു ജ്യോത്സ്യക്കാരിയെ അന്വേഷിച്ചുള്ള ഫോൺവിളികൾ വരാൻ തുടങ്ങി. ജോത്സ്യക്കാരിയുമായി സംസാരിക്കാൻ അവസരമൊരുക്കുന്ന പ്രാദേശിക ടെലിവിഷൻ സ്റ്റേഷനിലേക്കുള്ള ഫോൺവിളികളായിരുന്നു അതെല്ലാം. ഈ അവസരം തക്കത്തിൽ ഉപയോഗിക്കാൻ സാക്ഷിക്കുടുംബം തീരുമാനിച്ചു. ആളുകളോടു പറയാനായി അവർ തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തിന്റെ സഹായത്തോടെ ചില വിവരങ്ങൾ തയ്യാറാക്കി, ഏതാനും ബൈബിൾ വാക്യങ്ങളും കണ്ടുപിടിച്ചുവെച്ചു. ആ കുടുംബത്തിലെ അമ്മ ഗ്രേസ്യെലാ, ഇത്തരം ഫോൺകോളുകൾ കൈകാര്യം
ചെയ്യുന്നതിൽ വിദഗ്ധയായിത്തീർന്നു. ഒരു ദിവസം ഒരാൾ വിളിച്ചു: “ഹലോ, നിങ്ങളാണോ നക്ഷത്രങ്ങളുടെ ദേവത?”“ഹലോ, എന്റെ പേര് ഗ്രേസ്യെലാ, എന്താണ് നിങ്ങളുടെ പേര്?”
“കാർമൻ.”
“കാർമൻ, നിങ്ങളെന്തിനാണ് നക്ഷത്രദേവതയോടു സംസാരിക്കാൻ ആഗ്രഹിക്കുന്നത്? നിങ്ങൾക്കു സഹായമോ ഉപദേശമോ വല്ലതും ആവശ്യമാണോ?”
കാർമൻ ഈ സഹോദരിയോടു തന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ പറയാൻ തുടങ്ങി. അപ്പോൾ, ഏറ്റവും മെച്ചപ്പെട്ട ഉപദേശം എവിടെ കിട്ടുമെന്നു വളരെ ദയാപൂർവം ഗ്രേസ്യെലാ സഹോദരി വിശദീകരിച്ചു. എന്നിട്ട് ബൈബിളിൽനിന്ന് ഒരു ഭാഗം കാർമനെ വായിച്ചുകേൾപ്പിച്ചു. സഹോദരി അവരോടു ചോദിച്ചു: “ഇപ്പോഴും ഭാവിയിലും ആശ്രയയോഗ്യമായ മാർഗനിർദേശത്തിനായി നാം സ്രഷ്ടാവിനെയല്ലേ സമീപിക്കേണ്ടത്?” അപ്പോൾ കാർമൻ താൻ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചകാര്യം തുറന്നു സമ്മതിച്ചു. തുടർന്ന് പഠനം തുടരാനുള്ള ക്രമീകരണം ചെയ്തു. രസകരമെന്നു പറയട്ടെ, സഹായം അഭ്യർഥിച്ചു വിളിച്ച നിരവധി ആളുകളോട് ഈ കുടുംബം സംസാരിച്ചു, പലപ്പോഴും അവർക്കു നല്ല സാക്ഷ്യം നൽകി, സാക്ഷികൾ വീട്ടിൽ വരുമ്പോൾ അവർ പറയുന്നതു കേൾക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും അവരെ പ്രാദേശിക രാജ്യഹാളിലേക്കു ക്ഷണിക്കുകയും ചെയ്തു.
കൊളംബിയ: കാലിയിൽ താമസിക്കുന്ന ഒരു സഹോദരിയുടെ കാർ 2005 മാർച്ചിൽ മോഷണം പോയി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ അത് എവിടെയാണെന്നു കണ്ടെത്തി. സഹോദരിയും വിശ്വാസിയല്ലാത്ത ഭർത്താവുംകൂടെ പോലീസ് വരുന്നതും കാത്തു കാറിനുസമീപം നിന്നു. എങ്കിലും പോലീസ് വരാൻ താമസിച്ചപ്പോൾ ഈ ദമ്പതികൾ കാർ കൊണ്ടുപോകാൻ തീരുമാനിച്ചു. എന്നാൽ ഈ വാഹനം കുറ്റകൃത്യം നടത്താൻ ഉപയോഗിച്ചത് ആയതിനാൽ പോലീസ് അവരെ തടഞ്ഞുനിറുത്തി, അറസ്റ്റു ചെയ്ത് ജയിലിലേക്കു കൊണ്ടുപോയി. ജയിലിൽ കടന്ന ഉടൻതന്നെ സഹോദരി പ്രസംഗപ്രവർത്തനം ആരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ നിരവധി ബൈബിളധ്യയനങ്ങൾ തുടങ്ങാൻ സഹോദരിക്കു കഴിഞ്ഞു. അതിൽ ഒരു തടവുപുള്ളി മോചിതയായി, സഹോദരി മോചിതയായിക്കഴിഞ്ഞാലുടൻ ബൈബിളധ്യയനം തുടരണമെന്ന് അവർ പറഞ്ഞിട്ടുപോയി. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനു നിയമപരമായി വിവാഹിതരാകണമെന്ന് കൂടെ താമസിക്കുന്ന പുരുഷനോട് ഈ സ്ത്രീ പറയുകപോലും ചെയ്തു.
പ്രസംഗവേലയിൽ ഏർപ്പെടാൻ കൂടുതൽ സമയം കിട്ടണമേയെന്ന് സഹോദരി അടുത്തയിടെ പ്രാർഥിച്ചതേ ഉണ്ടായിരുന്നുള്ളൂ. അതു
ജയിലിൽവെച്ചായിരിക്കുമെന്ന് സഹോദരി സ്വപ്നേപി കരുതിയില്ല! ശിക്ഷയുടെ കാലാവധി കുറച്ചുതരാമെന്ന് ഒരു ആനുകൂല്യം വെച്ചുനീട്ടിയെങ്കിലും യഹോവയുടെ സംരക്ഷണം സഹോദരിക്ക് അനുഭവപ്പെട്ടതിനാൽ പ്രസംഗപ്രവർത്തനം തുടരുന്നതിനുവേണ്ടി ആ വാഗ്ദാനം സഹോദരി നിരസിച്ചു. 45 ദിവസത്തെ ജയിൽവാസത്തിനുശേഷം സഹോദരിയും ഭർത്താവും മോചിതരായി. തന്റെ വിശ്വാസം ഇപ്പോൾ കൂടുതൽ ബലിഷ്ഠമായെന്നു സഹോദരി പറഞ്ഞു. ഈ കാലയളവിൽ സഹോദരങ്ങൾ, സഹോദരിയുടെ ഭർത്താവിനെ സന്ദർശിക്കുകയും സഹായിക്കുകയും ചെയ്തു. 20 വർഷം ദൈവത്തെ സേവിക്കാൻ താത്പര്യമെടുക്കാതിരുന്ന അദ്ദേഹം ഇപ്പോൾ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. ബൈബിളധ്യയനം വേണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തടവിലുള്ള സ്ത്രീകളുമൊത്തു നാലു ബൈബിളധ്യയനങ്ങൾ നടത്തുന്നതിന് സഹോദരി ഇപ്പോൾ പതിവായി ജയിൽ സന്ദർശിക്കാറുണ്ട്. തന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകുകയും നിരവധി വിധങ്ങളിൽ അനുഗ്രഹിക്കുകയും ചെയ്തതിന് സഹോദരിക്ക് യഹോവയോടു നന്ദിയുണ്ട്.ബ്രസീൽ: രണ്ടുവർഷം മുമ്പുവരെ റെനിൽഡോ എന്ന അന്ധൻ തന്റെ പട്ടണത്തിലെ ചന്തകളിലും അടുത്തുള്ള നഗരങ്ങളിലുമൊക്കെ ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്നത് ഒരു പതിവു കാഴ്ചയായിരുന്നു. വികലാംഗ പെൻഷൻ തികയാതെവന്നപ്പോൾ തുടങ്ങിയതാണ് ഭിക്ഷാടനമെങ്കിലും അത് അയാൾക്കു വമ്പിച്ച വരുമാനമാർഗമായിത്തീർന്നു. സ്വന്തമായി വാഹനം വാങ്ങി, വീടും നല്ല വീട്ടുപകരണങ്ങളും ഉണ്ടാക്കി. ആ ദരിദ്ര മേഖലയിൽ ആളുകൾക്ക് സാധാരണഗതിയിൽ വാങ്ങാൻ കഴിയാതിരുന്ന ആഹാരപദാർഥങ്ങൾ അയാൾക്ക് ഇഷ്ടംപോലെ വാങ്ങിക്കഴിക്കാൻ പറ്റിയിരുന്നു. യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചപ്പോൾ അദ്ദേഹം തന്റെ ജീവിതത്തെ യഹോവയുടെ കാഴ്ചപ്പാടിൽ വീക്ഷിക്കാൻ തുടങ്ങി. ധൈര്യസമേതം ഒരു തീരുമാനമെടുക്കേണ്ട സമയമായിരുന്നു അത്. ഭാര്യയോടും മൂന്നു മക്കളോടും ചുരുങ്ങിയ വരുമാനത്തിൽ ജീവിക്കേണ്ടതിനെക്കുറിച്ചു ചർച്ചചെയ്തശേഷം റെനിൽഡോ ഭിക്ഷാടനം നിറുത്തി. താമസിയാതെ റെനിൽഡോയും കുടുംബവും ആത്മീയ പുരോഗതി വരുത്തി ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സ്നാപനമേറ്റു. ഇന്ന് റെനിൽഡോ അറിയപ്പെടുന്നത് ഭിക്ഷക്കാരനായിട്ടല്ല, സുവാർത്തയുടെ തീക്ഷ്ണതയുള്ള പ്രസാധകനായിട്ടാണ്. മാസംതോറും വയൽശുശ്രൂഷയിൽ അദ്ദേഹം ശരാശരി 40 മണിക്കൂർ ചെലവഴിക്കുന്നു.
ഇക്വഡോർ: ഒരു പയനിയർ ഒരു റെസ്റ്ററന്റ് ഉടമയ്ക്കു പതിവായി ചൈനീസ് ഭാഷയിലുള്ള മാസികകൾ സമർപ്പിക്കുമായിരുന്നു. മറ്റൊരു റെസ്റ്ററന്റ് നടത്തുന്ന ഒരു സുഹൃത്ത് അദ്ദേഹത്തെ കാണാൻ വരാറുണ്ടായിരുന്നു. അദ്ദേഹം ഈ മാസികകൾ കാണുകയും വായിക്കുകയും
ചെയ്തു. അതീവ താത്പര്യം തോന്നിയ ആ സുഹൃത്ത് കൂടുതൽ മാസികകളും ഒരു ബൈബിളും യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകവും ആവശ്യപ്പെട്ടുകൊണ്ട് ഹോങ്കോങ് ബ്രാഞ്ച് ഓഫീസിന് എഴുതി. ഒരു ബൈബിളധ്യയനവും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹോങ്കോങ് ബ്രാഞ്ച് ഇക്വഡോർ ബ്രാഞ്ചുമായി ബന്ധപ്പെട്ടു. പെട്ടെന്നുതന്നെ അദ്ദേഹം ആവശ്യപ്പെട്ട സാഹിത്യങ്ങളുമായി പയനിയർമാർ അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ എത്തുകയും ചെയ്തു. നാലു ദിവസത്തിനുശേഷം അവർ മടങ്ങിച്ചെന്നു. അദ്ദേഹം സാഹിത്യങ്ങൾ വായിച്ചോ? അദ്ദേഹം പറഞ്ഞു: “ഞാൻ ഉല്പത്തിമുതൽ വായിക്കാൻ തുടങ്ങി, ഇപ്പോൾ യെഹെസ്കേൽവരെ എത്തി, പക്ഷേ എനിക്കു ചില ചോദ്യങ്ങളുണ്ട്. യഹോവ എന്തുകൊണ്ടാണ് മനുഷ്യന് ഇത്രമാത്രം നന്മ ചെയ്യുന്നത്? എല്ലാം അവന്റേതല്ലേ, എന്നിട്ടും മനുഷ്യവർഗത്തെ സഹായിക്കാൻ അവൻ എന്തുകൊണ്ടാണ് ഇത്രയേറെ ശ്രമിക്കുന്നത്? ഇങ്ങനെ ചെയ്താൽ ദൈവത്തിന് എന്തു പ്രയോജനം കിട്ടും?” അദ്ദേഹവുമായി ഒരു ബൈബിളധ്യയനം ആരംഭിച്ചു. താമസിയാതെ അദ്ദേഹം യോഗങ്ങൾക്കു ഹാജരായിത്തുടങ്ങി, പുകവലിയും ചൂതാട്ടകേന്ദ്രങ്ങളിലെ സന്ദർശനവും നിറുത്തി. യോഗങ്ങളിൽ സംബന്ധിക്കാൻ പോകുമ്പോൾ അദ്ദേഹം റെസ്റ്ററന്റ് അടച്ചിടുകപോലും ചെയ്യുന്നു. സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനായിത്തീരാനുള്ള ലക്ഷ്യത്തിലാണ് അദ്ദേഹമിപ്പോൾ. ആ രാജ്യത്തെ ചൈനീസ് സംസാരിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുള്ള പ്രാദേശിക സഹോദരങ്ങളെ അദ്ദേഹം ആ ഭാഷ പഠിപ്പിക്കുന്നുണ്ട്.ഹോണ്ടുറാസ്: 2005 ജനുവരിയിൽ ഗ്വാട്ടിമാലയിൽവെച്ച് ഫ്ളോർ എന്നു പേരുള്ള ഒരു സഹോദരി 15 വയസ്സുള്ള ഒരു സർക്കസ് കോമാളിയോട് അനൗപചാരികമായി സംസാരിച്ചു. സെബാസ്റ്റ്യൻ എന്നായിരുന്നു അവന്റെ പേര്. അവനു താത്പര്യമുണ്ടായിരുന്നെങ്കിലും സംസാരിച്ചുനിൽക്കാൻ സമയമില്ലായിരുന്നു. ഒരു ദിവസം അവൻ വലിയൊരു കൂടാരത്തിന്റെ മുകളിൽനിന്നു വീണു, അവന് പ്ലാസ്റ്ററിട്ട് ഇരിക്കേണ്ടിവന്നു. ആത്മീയ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ അപ്പോൾ അവനു ധാരാളം സമയം കിട്ടി. അവന്റെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഫ്ളോർ സഹോദരി എന്നും അവിടെ ചെല്ലുമായിരുന്നു. പെട്ടെന്നുതന്നെ അവന്റെ അമ്മ ഡോറിസ് താത്പര്യം കാണിക്കാൻ തുടങ്ങി. വലിച്ചുകെട്ടിയ കയറിന്മേൽ നടക്കുന്നതായിരുന്നു അവരുടെ അഭ്യാസപ്രകടനം. സഹോദരി ആ സ്ത്രീയുമായി ബൈബിൾ പഠിക്കാൻ തുടങ്ങി. എന്നാൽ അവിടത്തെ ഒരു ട്രപ്പീസ് കളിക്കാരിയായ ഡാലിലായും നർത്തകിയായ സോഫിയയും മുമ്പ് സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചവരാണ്. ഇപ്പോൾ അവരും പെൺമക്കളും അധ്യയനത്തിൽ സംബന്ധിക്കാൻ തുടങ്ങി. അങ്ങനെ അത് ഏഴുപേരുടെ ഒരു കൂട്ടമായി. ആഴ്ചയിൽ അഞ്ചുമുതൽ ഏഴുവരെ തവണ വീതം രണ്ടുമാസക്കാലം സഹോദരി അവർക്കെല്ലാവർക്കും അധ്യയനമെടുത്തു.
അപ്പോൾ സർക്കസ് കമ്പനിക്ക് ഹോണ്ടുറാസ് വിടാൻ സമയമായി. അടുത്ത പട്ടണത്തിൽ ചെല്ലുമ്പോൾ സാക്ഷികളെ അന്വേഷിച്ചു കണ്ടുപിടിക്കണമെന്നും അങ്ങനെ അധ്യയനം തുടരുകയും യോഗങ്ങൾക്കു ഹാജരാകുകയും ചെയ്യണമെന്നും സഹോദരി അവരോടു പറഞ്ഞു. അവർ കോപാൻ എന്ന പട്ടണത്തിൽ ചെന്നപ്പോൾ ആ പ്രദേശത്തു സേവിക്കുന്ന ഒരു പ്രത്യേക പയനിയർ ദമ്പതികൾ ഇവരെ ഒന്നിച്ചുകൂട്ടി ബൈബിളധ്യയനം തുടർന്നു. പിന്നീട് കമ്പനി ഗ്രാസ്യാസ് പട്ടണത്തിലേക്കു മാറിയപ്പോൾ മറ്റൊരു പ്രത്യേക പയനിയർ അവർക്ക് അധ്യയനമെടുത്തു. തുടർന്ന് അവർക്ക് സാന്റാ റോസാ താ കോപാൻ എന്ന പട്ടണത്തിലേക്കു പോകേണ്ട സമയമായപ്പോൾ, അടുത്ത മൂന്ന് ആഴ്ചത്തേക്ക് അധ്യയനം തുടരണമെന്ന് അഭ്യർഥിച്ചുകൊണ്ട് ആ പട്ടണത്തിലെ ഒരു മിഷനറി ദമ്പതികൾക്കു ഫോൺവന്നു.
ഒരു സവിശേഷ ബൈബിളധ്യയനമാണിത്, ഏഴുമുതൽ പത്തുവരെ പേർ വലിയൊരു സർക്കസ് കൂടാരത്തിനു കീഴെ ബൈബിൾ പഠിക്കാൻ കൂടിവരുന്നു. ആഴ്ചയിൽ രണ്ടുതവണ അധ്യയനമെടുക്കും. ഒരു ട്രപ്പീസ് കളിക്കാരിയായ ഒമ്പതു വയസ്സുകാരി ഹൂൾയെറ്റ് ഉൾപ്പെടെ അവരെല്ലാവരും നന്നായി തയ്യാറായി ഇരിക്കും. ഈ കൂട്ടം യോഗങ്ങൾക്കു ഹാജരാകുകയും ചെയ്യുന്നു. പലപ്പോഴും അവർക്കു യോഗം കഴിയുമ്പോൾത്തന്നെ ഇറങ്ങി ശീഘ്രം എത്തിയാലേ അടുത്ത ഷോ തുടങ്ങുമ്പോഴേക്ക് ഒരുങ്ങിനിൽക്കാൻ പറ്റുകയുള്ളൂ. എങ്കിലും അവർ സന്തോഷത്തോടെ അതു ചെയ്യുന്നു.
▪ഓഷ്യാനിയ
ദേശങ്ങളുടെ എണ്ണം: 30
ജനസംഖ്യ: 3,52,37,787
പ്രസാധകരുടെ എണ്ണം: 93,961
ബൈബിളധ്യയനങ്ങളുടെ എണ്ണം: 47,864
ന്യൂസിലൻഡ്: സിസിലിയ എന്ന യുവ സഹോദരി ഉച്ചയ്ക്കത്തെ ഇടവേളയിൽ ഒരു ബൈബിളധിഷ്ഠിത ലഘുപത്രിക വായിക്കുകയായിരുന്നു. ഒരു സഹജോലിക്കാരി അതു കണ്ടിട്ട് എന്തിനെക്കുറിച്ചുള്ളതാണെന്നു ചോദിച്ചു. സിസിലിയ അതിനെക്കുറിച്ചു വിശദീകരിക്കവേ, 15 പേർ അടുത്തുവന്ന് പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. അവളുടെ ബോസും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു, അതിനുശേഷം അദ്ദേഹം അവളെ തന്റെ ഓഫീസിലേക്കു വിളിപ്പിച്ചു. അവൾ പറഞ്ഞ കാര്യങ്ങൾ തനിക്കു വളരെ ഇഷ്ടപ്പെട്ടെന്ന് അദ്ദേഹം അവളോടു പറഞ്ഞു. തുടർന്ന് അവർ ഉച്ചഭക്ഷണം കഴിക്കുന്ന മുറി ബൈബിൾ ചർച്ചകൾക്കുവേണ്ടിയുള്ള ഒരു മുറിയായിരിക്കുമെന്ന് അദ്ദേഹം ജോലിക്കാരോടെല്ലാം പറഞ്ഞു. സിസിലിയയ്ക്ക് ഭക്ഷണം കഴിക്കുന്നതിനും ബൈബിൾ
ചർച്ച നടത്തുന്നതിനും കഴിയത്തക്കവിധം അവളുടെ ഉച്ചയ്ക്കത്തെ ഇടവേളസമയം 30 മിനിട്ട് എന്നത് 60 മിനിട്ടാക്കി കൂട്ടുകയും ചെയ്തു. നാല് ആഴ്ചകളിൽ ഈ ചർച്ചയിൽ പങ്കെടുത്തവരുടെ എണ്ണം 9-നും 15-നും ഇടയ്ക്കായിരുന്നു. അതിൽ രണ്ടുപേർ ഇപ്പോൾ ക്രമമായി ബൈബിൾ പഠിക്കുകയും നല്ല പുരോഗതി വരുത്തുകയും പഠിച്ച കാര്യങ്ങൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറയുകയും ചെയ്യുന്നുണ്ട്.ടുവാലു: ഏതാണ്ട് പൂർണമായിത്തന്നെ ബധിരയായ ഒരു പെൺകുട്ടിയാണ് 14 വയസ്സുള്ള പെറ്റെലി. അവളുടെ പേരിന്റെ അർഥം “ബെഥേൽ” എന്നാണ്. അവളുടെ ചില ബന്ധുക്കൾ യഹോവയുടെ സാക്ഷികളാണ്. അവൾ അവരോടൊപ്പം ചില യോഗങ്ങളിൽ സംബന്ധിച്ചിട്ടുണ്ടെങ്കിലും കേൾക്കാനും വായിക്കാനും കഴിയാത്തതിനാൽ അതിൽനിന്നു കാര്യമായ പ്രയോജനം നേടാനായില്ല. പെറ്റെലി പക്ഷേ സ്വന്തം ശ്രമത്താൽ അധരചലനം വായിക്കാൻ പഠിച്ചു. കുറെക്കൂടി അടുത്തകാലത്ത് ഡേൽ എന്നു പേരുള്ള ഒരു മിഷനറി സഹോദരി ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! എന്ന ലഘുപത്രിക ഉപയോഗിച്ച് അവളോടൊത്ത് അധ്യയനം തുടങ്ങി. അതിലെ ചിത്രം ഉപയോഗിച്ച് സഹോദരി അവളെ ബൈബിളിനെക്കുറിച്ചു പഠിപ്പിക്കുകയും പാഠഭാഗങ്ങൾ ഉപയോഗിച്ച് വായിക്കാൻ പഠിപ്പിക്കുകയും ചെയ്തു. മിഷനറി സഹോദരിയാകട്ടെ അടുത്തകാലത്ത് എത്തിയതായതിനാൽ ഭാഷ പഠിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ, പെറ്റെലിക്കാണെങ്കിൽ വാക്കുകൾ ശരിയായി ഉച്ചരിക്കാൻ നാക്ക് എങ്ങനെ ചലിപ്പിക്കണമെന്നു പറഞ്ഞുകൊടുക്കാൻ സഹായം ആവശ്യമായിരുന്നുതാനും. ശരിക്കും ഒരു വെല്ലുവിളിയായിരുന്നു ഇത്. പക്ഷേ പെറ്റെലിക്ക് പഠിക്കാൻ അതീവതാത്പര്യമായിരുന്നു, ഒപ്പം അവൾ പ്രയത്നശാലിയും ആയിരുന്നു. മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും അവൾ വായിക്കാൻ തുടങ്ങി. അവളും മിഷനറി അധ്യാപികയും കൂടിയാണ് യോഗങ്ങളിൽ പറയാനുള്ള അഭിപ്രായങ്ങൾ തയ്യാറാകുന്നത്. അവൾ മുന്നമേതന്നെ പരിശീലിക്കുകയും യോഗങ്ങളിൽ അഭിമാനത്തോടെ തന്റെ അഭിപ്രായങ്ങൾ പറയുകയും ചെയ്യും. പ്രസംഗകന്റെ അധരചലനം എളുപ്പത്തിൽ വായിച്ചെടുക്കാൻ യെശയ്യാവു 35:5.
പാകത്തിന് അവൾ രാജ്യഹാളിൽ മുൻനിരയിലാണ് ഇരിക്കുന്നത്. ഡേൽ എഴുതുന്നു: “പെറ്റെലിക്ക് യഹോവ ഒരു യഥാർഥ സുഹൃത്തായിക്കൊണ്ടിരിക്കുകയാണ്, ‘ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്ക’യില്ലാത്ത കാലത്തെക്കുറിച്ചു ഞങ്ങൾ സംസാരിക്കുമ്പോൾ പലപ്പോഴും അവളുടെ കണ്ണുനിറയും.”—സമോവ: എലെന ഒരു പയനിയറാണ്. മെഥഡിസ്റ്റ് വിശ്വാസിയായ ഒരു സ്ത്രീയോടൊത്ത് സഹോദരി ബൈബിളധ്യയനം നടത്തുന്നുണ്ടായിരുന്നു. ആ സ്ത്രീയുടെ വീടിന്റെ എതിർവശത്താണ് അവിടത്തെ പാസ്റ്ററുടെ വീട്. വീടിന്റെ പൂമുഖത്തിരുന്നാണ് അധ്യയനം നടത്തിയിരുന്നത്, പാസ്റ്ററിന് ഇതെല്ലാം കാണാമായിരുന്നു. ഒരു ദിവസം അവർ പഠിച്ചുകൊണ്ടിരിക്കുമ്പോൾ പാസ്റ്റർ വന്നു. വന്നകാര്യമെന്താണെന്നു ബൈബിൾ വിദ്യാർഥിനി പാസ്റ്ററോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: “ഞാൻ എന്റെ പന്നിക്കുഞ്ഞിനെ തിരഞ്ഞിറങ്ങിയതാണ്. ഒരു മാസമായിട്ട് അവളെ കാണുന്നില്ല.” എന്നിട്ട് എലെനയുടെ നേർക്കു തിരിഞ്ഞ് അദ്ദേഹം ചോദിച്ചു: “എന്റെ പന്നിക്കുഞ്ഞ് എന്റെ അടുത്തുനിന്ന് ഓടിപ്പോയത് എന്തിനാണെന്നു നിങ്ങൾക്കറിയാമോ?” ശരിക്കുള്ള പന്നിക്കുഞ്ഞിന്റെ കാര്യമാണു പറയുന്നതെന്നു ധരിച്ച സഹോദരി, എപ്പോഴും ഒരേ ഭക്ഷണം കൊടുക്കുന്നതുകൊണ്ടായിരിക്കും അത് ഓടിക്കളഞ്ഞതെന്നും അതുകൊണ്ട് ഇനിമുതൽ വേറെ എന്തെങ്കിലും കൊടുത്തുനോക്കാനും പറഞ്ഞു. എന്നാൽ ആ ബൈബിൾ വിദ്യാർഥിനിയെ ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ഇതാണ് എന്റെ പന്നിക്കുഞ്ഞ്!” “നിങ്ങൾ ഇതിനെ മോഷ്ടിച്ചു. ഈ പഠനം ഇപ്പോൾ നിറുത്തിക്കൊള്ളണം, മേലിൽ ഇത് ആവർത്തിക്കുകയും അരുത്,” അദ്ദേഹം കൂട്ടിച്ചേർത്തു. (സമോവയിലെ ഗ്രാമപ്രദേശങ്ങളിൽ പാസ്റ്റർമാർക്ക് വലിയ അധികാരവും സ്വാധീനവും ഉണ്ട്.) ആ സ്ത്രീ കരയാൻ തുടങ്ങി. എന്നാൽ ബൈബിൾ പഠിക്കുന്നവർക്ക് ഇത്തരം പെരുമാറ്റമൊക്കെ സഹിക്കേണ്ടിവരുമെന്ന് ബൈബിൾതന്നെ മുൻകൂട്ടിപ്പറയുന്നുണ്ടെന്നു പറഞ്ഞ് എലെന അവരെ ആശ്വസിപ്പിച്ചു.
എലെന, അധ്യയന ദിവസവും സമയവും സ്ഥലവും മാറ്റിമാറ്റി അധ്യയനം തുടർന്നു. സഹോദരി പറയുന്നു: “വീടിന്റെ പൂമുഖത്തു നടത്താതെ അധ്യയനം അവരുടെ വീടിന്റെ പുറകിലുള്ള ഒരു കൊച്ചുമുറിയിലേക്കു മാറ്റി. ഭയങ്കര ചൂടായിരുന്നു അവിടെ, പക്ഷേ ഞങ്ങൾക്ക് അധ്യയനം തുടരാൻ കഴിഞ്ഞു. രണ്ടുമാസം ഞങ്ങൾ അങ്ങനെ ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ പഠിക്കാൻ തുടങ്ങി, പ്രാരംഭപ്രാർഥന കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി പാസ്റ്റർ വന്നു. അധ്യയനം നിറുത്താനുള്ള വരവാണെന്നു ഞാൻ വിചാരിച്ചു, പക്ഷേ അദ്ദേഹം ആളാകെ മാറിയിരുന്നു.”
അദ്ദേഹം അധ്യയനത്തിന് ഇരുന്നു, ഏതാനും ചോദ്യങ്ങളും ചോദിച്ചു. അധ്യയനം കഴിഞ്ഞപ്പോൾ അദ്ദേഹം ആ സ്ത്രീയുടെ നേർക്കു തിരിഞ്ഞു പറഞ്ഞു: “എനിക്കു നിന്നോടൊരു കാര്യം പറയാനുണ്ട്. കഴിഞ്ഞ രാത്രി ഞങ്ങൾ പട്ടണത്തിൽ പോയി. പക്ഷേ തിരിച്ചുവരുമ്പോൾ വണ്ടി കേടായി, മറ്റൊരു ഗ്രാമത്തിനു സമീപത്തുവെച്ചായിരുന്നു സംഭവം. അപ്പോൾ ഒരു യുവ ദമ്പതിമാരും വേറൊരു യുവാവും വണ്ടി നന്നാക്കുന്നതിൽ സഹായത്തിനെത്തി. പക്ഷേ വണ്ടി സ്റ്റാർട്ടുചെയ്യാൻ പറ്റിയില്ല. വാഹനം അവരുടെ വീട്ടിൽ കൊണ്ടുചെന്ന് ഇട്ടിട്ട്, ഞങ്ങളെ വീട്ടിലെത്തിക്കാമെന്ന് അവർ പറഞ്ഞു. ഞാൻ അവരുടെ വാഹനത്തിൽ കയറിയപ്പോൾ വീക്ഷാഗോപുരം മാസികകളും മറ്റു പ്രസിദ്ധീകരണങ്ങളും കണ്ടു. ഒരുപക്ഷേ നിന്നെ പഠിപ്പിക്കാൻ വരുന്ന സ്ത്രീയുടെ അതേ സഭയിലുള്ളവരായിരിക്കും ഇവരുമെന്ന് ഞാൻ വിചാരിച്ചു.”
അപ്പോൾ ആ സ്ത്രീ പറഞ്ഞു: “ശരിയാണ്. അവർ എലെനയുടെ മക്കളാണ്.” അദ്ദേഹം മാപ്പുപറഞ്ഞിട്ട് തുടർന്നു: “നിങ്ങൾ ചെയ്യുന്ന കാര്യം തുടരുക. യഹോവയുടെ സാക്ഷികൾ വളരെ നല്ലവരും സ്നേഹമുള്ളവരുമാണെന്ന് എനിക്കിപ്പോൾ മനസ്സിലായി. ഞാൻ പറഞ്ഞതിനൊക്കെ മാപ്പ്. എന്റെ സഭയിലുള്ളവരുടെ മനോഭാവങ്ങളിൽ മാറ്റംവരുത്താൻ ഇത്തരം പരിപാടികൾ സഹായിക്കും.” അന്നുതന്നെ, ചുട്ടുപൊള്ളുന്ന കുടുസ്സുമുറിയിലെ പഠനം വീടിന്റെ തുറന്ന, ശീതളമായ പൂമുഖത്തേക്കു മാറ്റി. പാസ്റ്റർക്ക് എല്ലാം കാണാം, പക്ഷേ അദ്ദേഹമിപ്പോൾ അതൊന്നും ശ്രദ്ധിക്കാറേയില്ല.
സയ്പാൻ: ഈ ദ്വീപിലെ ഹെലെൻ എന്ന സ്ത്രീക്ക് ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം അത്യധികം ഹൃദ്യമായി തോന്നി. ഒരു മിഷനറിയോടൊത്താണ് അവർ ബൈബിൾ പഠിച്ചിരുന്നത്, പഠിക്കുന്ന കാര്യങ്ങളോടുള്ള വിലമതിപ്പ് പ്രകടമാക്കാൻ അവർ ആഗ്രഹിച്ചു. ഒരു ദിവസം അധ്യയനം കഴിഞ്ഞപ്പോൾ ഹെലെൻ തുണികൊണ്ടുള്ള ഒരു കൊച്ചുബാഗ് മിഷനറി സഹോദരിയുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു: “എന്റെ പക്കൽ അധികമൊന്നുമില്ല, പക്ഷേ ഇത് പ്രസംഗവേലയ്ക്കുള്ള സംഭാവനയായി തരാൻ ഞാൻ ആഗ്രഹിക്കുന്നു.” ആ കൊച്ചുബാഗിൽ മനോഹരമായ ഒരു മുത്ത് ഉണ്ടായിരുന്നു, അവരുടെ സ്വന്തം നാടായ പോൺപെ ദ്വീപിൽനിന്നും കൊണ്ടുവന്നതായിരുന്നു അത്. ആ മുത്ത് വിറ്റ് സംഭാവനയിടാൻ ഹെലെൻ പറഞ്ഞു. ഉത്കൃഷ്ട ഗുണമേന്മയുള്ള മുത്തായിരുന്നതിനാൽ ഒരു ജ്വല്ലറിയുടമ 100 യുഎസ് ഡോളർ നൽകി സന്തോഷത്തോടെ അതു വാങ്ങി. ആ തുക മുഴുവനും സഹോദരി ഹെലെന്റെ കൈയിൽ കൊടുത്തു, സംഭാവന ചെയ്യേണ്ടത് എത്രയെന്ന് അവർതന്നെ തീരുമാനിക്കാൻവേണ്ടിയായിരുന്നു അത്. പക്ഷേ അവർ ആ തുക നീക്കിവെച്ചുകൊണ്ടു പറഞ്ഞു: “ഇതു മുഴുവനും സംഭാവനപ്പെട്ടിയിൽ ഇട്ടേക്കൂ.” ഇത്രയും ഉദാരമനസ്കത കാണിക്കാൻ ഹെലെനെ പ്രേരിപ്പിച്ചത് എന്താണ്? യേശു ഒരിക്കൽ പറഞ്ഞ ഉപമയിലേതുപോലെ അതിലും വിലയേറിയ ഒരു മുത്ത്, രാജ്യപ്രത്യാശ അവർ കണ്ടെത്തിക്കഴിഞ്ഞിരുന്നു.—മത്താ. 13:45, 46.
▪യൂറോപ്പ്
ദേശങ്ങളുടെ എണ്ണം: 46
ജനസംഖ്യ: 73,15,36,437
പ്രസാധകരുടെ എണ്ണം: 14,98,142
ബൈബിളധ്യയനങ്ങളുടെ എണ്ണം: 7,17,797
ബിലേറസ്: പ്രത്യേക പയനിയർ ദമ്പതിമാരായ പവലും മയ്യയും ഒരു പയനിയർ സ്കൂളിൽ സംബന്ധിക്കുകയായിരുന്നു. ഒരു വൈകുന്നേരം അവർ ഒന്നിച്ചു നടക്കാനിറങ്ങി, പ്രസംഗവേലയിൽ ഏർപ്പെടാനുള്ള തയ്യാറെടുപ്പൊന്നും ഇല്ലായിരുന്നെങ്കിലും സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്തകം അവർ കൈയിലെടുത്തു. വഴിക്ക് അവർ രണ്ടു വിദേശികളെ കണ്ടപ്പോൾ അവരോടു സാക്ഷീകരിക്കാൻ തീരുമാനിച്ചു. ആ പുരുഷന്മാർ പാകിസ്ഥാനിൽനിന്നാണെന്നും ഉർദുവാണു സംസാരിക്കുന്നതെന്നും അവർ മനസ്സിലാക്കിയപ്പോൾ കൈയിലുള്ള ആ ചെറുപുസ്തകം അവർക്കു വായിക്കാൻ കൊടുത്തു. അവരിൽ ഒരാൾ താത്പര്യം കാണിക്കുകയും ബൈബിളധ്യയനത്തിനു സമ്മതിക്കുകയും ചെയ്തു. ആ
ആഴ്ചതന്നെ അദ്ദേഹം സഭയിലെ യോഗത്തിനു വന്നു. യഹോവയുടെ ജനത്തോടൊപ്പമുള്ള സഹവാസം അദ്ദേഹത്തിന് പ്രോത്സാഹനത്തിന്റെ വലിയൊരു ഉറവായിരുന്നു, അദ്ദേഹം ഇങ്ങനെ പറഞ്ഞു: “മിൻസ്കിലെ ഈ മൂന്നു വർഷത്തിനിടെ യഥാർഥ ക്രിസ്ത്യാനികളെ ഞാൻ കാണുന്നത് ഇതാദ്യമായിട്ടാണ്.” ഈ വ്യക്തി ബൈബിൾ പഠനം തുടരുന്നു.ബ്രിട്ടൻ: റിച്ചാർഡ് എന്ന മൂപ്പൻ സഹോദരൻ അന്ധനാണ്. അദ്ദേഹത്തിന് ഇർവിൻ എന്നു പേരുള്ള ഒരു വഴികാട്ടിപ്പട്ടിയുണ്ട്. യജമാനൻ സന്ദർശിക്കുന്ന ഓരോ മുക്കും മൂലയും ഓർത്തുവെക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രത്യേക പരിശീലനമാണ് ഈ നായയ്ക്കു നൽകിയിട്ടുള്ളത്. പക്ഷേ വീടുതോറുമുള്ള പ്രസംഗവേല ഇർവിന് ഒരു പ്രശ്നമാണ്. ഈ നായയെ നൽകിയവരുടെ മുമ്പാകെ സഹോദരൻ പ്രശ്നം അവതരിപ്പിച്ചപ്പോൾ ഇർവിന് ഇത്തരം പ്രവർത്തനം വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അവർ പറഞ്ഞു. എന്നാൽ ബിസിനസ് പ്രദേശത്തു പോകുകയാണെങ്കിൽ അത്രയും പ്രശ്നം ഉണ്ടാകുകയില്ല, സഹോദരൻ പതിവായി സന്ദർശിക്കുന്ന വ്യത്യസ്ത സ്ഥലങ്ങളുമായി നായ പരിചിതനായിക്കൊള്ളുമെന്ന് അവർ നിർദേശിച്ചു. റിച്ചാർഡ് സഹോദരന് ബിസിനസ് പ്രദേശത്തു പ്രസംഗവേല ചെയ്യുന്നതു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നാൽ ഇർവിന്റെ സഹായത്തോടെ അദ്ദേഹം ഈ രീതിയിലുള്ള സാക്ഷ്യവേലയുമായി പെട്ടെന്നുതന്നെ പരിചിതനായിക്കഴിഞ്ഞു.
ഹംഗറി: ഒരു സർക്കിട്ട് മേൽവിചാരകൻ എഴുതുന്നു: “2004 മേയ് മാസത്തിൽ ഞങ്ങൾ ചാബാ എന്നു പേരുള്ള ഒരാളെ കണ്ടുമുട്ടി, അദ്ദേഹം പൂന്തോട്ടത്തിൽ പണിചെയ്യുകയായിരുന്നു. അദ്ദേഹം ഒരു ചർച്ച് കൗൺസിലിലെ അംഗമാണെന്നു ഞങ്ങളോടു പറഞ്ഞു. ഒരു ഹ്രസ്വസംഭാഷണത്തിനുശേഷം ഞങ്ങൾ അവിടെനിന്നു പോന്നു. രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങൾ പരിജ്ഞാനം പുസ്തകവുമായി മടങ്ങിച്ചെന്ന് അദ്ദേഹവുമായി ഒരു ബൈബിളധ്യയനം തുടങ്ങി. ഞങ്ങൾ പോരാറായപ്പോൾ, തന്റെ സ്റ്റൗവിന് എന്തോ കുഴപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇതൊക്കെ നന്നാക്കാൻ അറിയാവുന്ന ഒരു സഹോദരനെ എനിക്കറിയാമെന്നും അദ്ദേഹത്തിന്റെ ഫോൺനമ്പർ ആ സഹോദരന് കൊടുത്തേക്കാമെന്നും ഞാൻ പറഞ്ഞു. സഹോദരങ്ങൾ വീണ്ടും മടങ്ങിച്ചെന്നപ്പോൾ ചാബാ പുസ്തകം തിരികെ നൽകി ബൈബിൾ പഠനം അവസാനിപ്പിച്ചു. എന്നാൽ ഏതാണ്ട് ആ സമയത്താണ് സ്റ്റൗ നന്നാക്കാനായി ഞാൻ ഏർപ്പാടു ചെയ്ത സഹോദരൻ അതിനുവേണ്ടി അദ്ദേഹത്തെ സന്ദർശിച്ചത്. ചാബായുടെ സ്റ്റൗ നന്നാക്കാൻ സഹോദരൻ മൂന്നു ദിവസമെടുത്തു. ആ സമയത്ത്
സഹോദരൻ ചാബായോട് ബൈബിൾ സത്യത്തെപ്പറ്റി മണിക്കൂറുകളോളം സംസാരിച്ചു. അദ്ദേഹം വീണ്ടും ബൈബിളധ്യയനം ആവശ്യപ്പെട്ടു, ഇത്തവണ ഭാര്യയും അധ്യയനത്തിനിരുന്നു. 2005 മേയ് ആയപ്പോൾ അദ്ദേഹം സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകനായി. സർക്കിട്ടു സന്ദർശന വേളയിൽ അദ്ദേഹം ആദ്യമായി പ്രസംഗപ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പം പോയി. സഹോദരങ്ങളുടെ സൗഹാർദതയും സഹായ മനഃസ്ഥിതിയും യഹോവയുടെ സാക്ഷികളുടെയും തന്റെ പള്ളിയിലെ ആളുകളുടെയും പെരുമാറ്റ ശീലങ്ങളിലുള്ള അന്തരവും ആണ് അദ്ദേഹത്തിന്റെ ആത്മീയ പുരോഗതിയിൽ വലിയ അളവുവരെ സ്വാധീനം ചെലുത്തിയത്.”ബെൽജിയം: തെരുവിന്റെ അറ്റത്തുള്ള ഒരു വീട്ടിലെ സ്ത്രീക്ക് ഒരു സഹോദരൻ മടക്കസന്ദർശനം നടത്തുന്നുണ്ടായിരുന്നു, വാതിൽക്കൽത്തന്നെ നിന്നുകൊണ്ടായിരുന്നു എപ്പോഴും അവരുടെ സംഭാഷണം. ഒരു ദിവസം സഹോദരൻ ആ വീട്ടുവാതിൽക്കൽനിന്നു പോരുമ്പോൾ ഒരാൾ അടുത്തുവന്നിട്ടു പറഞ്ഞു: “യഹോവയുടെ സാക്ഷികൾ ഇടപഴകാൻ കൊള്ളാത്തവരാണ് എന്നാണല്ലോ എന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടുള്ളത്. എന്നാൽ അതു ശരിയല്ലെന്നു പറഞ്ഞ് ഞാൻ അതിനെ എതിർത്തു. ഞാൻ സത്യം പറയാം. ഞാൻ എന്റെ നായയെ നടത്തിക്കാൻ ഇറങ്ങുമ്പോഴായിരിക്കും നിങ്ങൾ ആ വീട്ടിലെ സ്ത്രീയോടു സംസാരിച്ചുകൊണ്ടുനിൽക്കുന്നത്. പല തവണ ഞാൻ അവിടെയൊരു മൂലയിൽ നിന്ന് നിങ്ങളുടെ സംഭാഷണം ശ്രദ്ധിക്കുകയുണ്ടായി. പലപ്പോഴും നിങ്ങൾ പുനരുത്ഥാനത്തെയും പറുദീസയെയും കുറിച്ചു സംസാരിച്ചതു കേട്ടു. എനിക്ക് കൂടുതൽ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. എന്റെ ഭാര്യ ആശുപത്രിയിലാണ്, ഒരു ആക്രമണത്തിൽ അവൾക്കു 17 കുത്തേറ്റു, അവൾ സുഖം പ്രാപിച്ചുവരുന്നു. ഞാൻ ആകെ നിരാശയിലാണ്, എന്തു ചെയ്യണമെന്ന് എനിക്കറിഞ്ഞുകൂടാ.” ഈ വ്യക്തിയുമായി ഒരു ബൈബിളധ്യയനം തുടങ്ങി.
ഇറ്റലി: സമയം ഉച്ചകഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ, ഒരു സഹോദരൻ ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു. വീടിന് അടുത്ത് എത്താറായപ്പോൾ രണ്ടുപേർ മോട്ടോർസൈക്കിളിൽ വന്ന് അദ്ദേഹത്തിന്റെ വാഹനത്തെ മറികടന്നുനിന്നു. പുറകിലിരുന്നയാൾ ഒരു തോക്കു പുറത്തെടുത്ത് കാറു നിറുത്താൻവേണ്ടി സഹോദരന്റെ നേർക്കു ചൂണ്ടി, സഹോദരൻ വണ്ടി നിറുത്തി. തോക്കുധാരി കാറിന്റെ വാതിൽതുറന്നിട്ട്, സഹോദരനോടു പുറത്തിറങ്ങാൻ പറഞ്ഞു. തുടർന്ന് കൈയിലുള്ള പണമെല്ലാം ആവശ്യപ്പെട്ടു. സഹോദരൻ അത് അനുസരിച്ചു. തോക്കുധാരി ഡ്രൈവറുടെ സീറ്റിലേക്കു തെന്നിനീങ്ങി കാർ ഡ്രൈവ് ചെയ്യാൻ തയ്യാറെടുത്തു. എന്നാൽ കാറിന്റെ
ഡാഷ് ബോർഡിൽ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം കണ്ട് അയാൾ ചോദിച്ചു: “താങ്കൾ യഹോവയുടെ സാക്ഷിയാണോ?”“അതേ, എന്താണ്?” സഹോദരൻ ചോദിച്ചു. മറുപടിയൊന്നും പറയാതെ അയാൾ കാറിൽനിന്ന് ഇറങ്ങി, സംഭവിച്ചതിനെല്ലാം മാപ്പു ചോദിച്ചു. സഹോദരനോട് കാറിൽ കയറിക്കൊള്ളാൻ പറയുകയും ചെയ്തു. അതിനിടെ മറ്റേയാൾ തന്റെ സുഹൃത്തിനോട്, എടുത്ത പണമെല്ലാം തിരികെ ഏൽപ്പിക്കാനും പറഞ്ഞു.
“ഒരിക്കൽക്കൂടി ഞങ്ങൾ ക്ഷമ ചോദിക്കുന്നു.” കാറിൽ ഇരിക്കുന്ന സഹോദരനോട് തോക്കുധാരി പറഞ്ഞു, എന്നിട്ട് കാറിന്റെ ഡോർ അടച്ചു. ഇങ്ങനെയൊരു മനംമാറ്റത്തിനു കാരണമെന്താണെന്നൊന്നും അവർ പറഞ്ഞില്ല. പക്ഷേ അവർ സാക്ഷികളെ ആദരിച്ചിരുന്നെന്നു തോന്നുന്നു.
സ്വീഡൻ: 2003 ഏപ്രിലിൽ ഒരു പ്രസാധകൻ ഏകദേശം 90 വയസ്സുള്ള ഒരാളെ കണ്ടുമുട്ടി. അദ്ദേഹം പരിജ്ഞാനം പുസ്തകം സ്വീകരിച്ചിരുന്നു. മുൻകാലങ്ങളിൽ അദ്ദേഹം രാജ്യത്തുടനീളം യാത്രചെയ്ത് നിരവധി പള്ളികളുടെ ചിത്രങ്ങൾ എടുത്തിരുന്നു. അതുകൊണ്ടുതന്നെ സ്വീഡിഷ് സഭയിലെ ഒരു കൂട്ടം അംഗങ്ങൾക്കിടയിൽ അദ്ദേഹത്തിന് ഉന്നതമായ ഒരു സ്ഥാനം ഉണ്ടായിയിരുന്നു. എന്നാൽ ഈ പള്ളികളിലെവിടെയെങ്കിലും ദൈവത്തിന്റെ നാമം കണ്ടിട്ടുണ്ടോ എന്ന് പ്രസാധകൻ ചോദിച്ചു, എന്നിട്ട് സ്വീഡനിലെ ഒരു പള്ളിയുടെ ചിത്രത്തിലെ ദൈവനാമം അദ്ദേഹത്തെ കാണിച്ചുകൊടുത്തു. ഇത് അദ്ദേഹത്തിൽ താത്പര്യമുണർത്തി. അദ്ദേഹം ഒരു ബൈബിളധ്യയനം സ്വീകരിച്ചു, അത് വളരെയധികം ആസ്വദിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: “ഞാൻ ചെറുപ്പം മുതൽ ബൈബിൾ വായിച്ചിട്ടുള്ള ആളാണ്, എനിക്ക് ഒരുപാടു കാര്യങ്ങൾ അറിയാമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. എന്നാൽ എന്റെ ഇപ്പോഴത്തെ അറിവിനോടുള്ള താരതമ്യത്തിൽ അത് ഒന്നുമല്ലായിരുന്നു.” അദ്ദേഹം താമസിയാതെ രാജ്യഹാളിലെ യോഗങ്ങൾക്കു വന്നു. 2005 ജൂണിൽ 91-ാമത്തെ വയസ്സിൽ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിലെ ആദ്യ നിയമനം അദ്ദേഹം നിർവഹിച്ചു, ബൈബിൾ വായനയായിരുന്നു അത്. ഇപ്പോൾ അദ്ദേഹം സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകനായി, സ്നാപനത്തിന്റെ പടിയിലേക്കു പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 2003-ൽ അദ്ദേഹം യഹോവയുടെ സാക്ഷികൾ പറയുന്നതു കേൾക്കാൻ തയ്യാറായത് ഒരു ടിവി പരിപാടി നമുക്കെതിരെ സംസാരിച്ചതുകൊണ്ടാണ്. നമ്മെക്കുറിച്ചുള്ള വാസ്തവം അറിയാൻ അദ്ദേഹം ആഗ്രഹിച്ചു, അദ്ദേഹത്തിന് ഇപ്പോൾ അത് അറിയാം.
[43-ാം പേജിലെ ചിത്രം]
സ്യെറ്റ്ലാനാ, കിർഗിസ്ഥാൻ
[47-ാം പേജിലെ ചിത്രം]
ലൂസി, ഉഗാണ്ട
[52-ാം പേജിലെ ചിത്രം]
ഗ്രേസ്യെലാ, വെനെസ്വേല
[55-ാം പേജിലെ ചിത്രം]
റെനിൽഡോയും കുടുംബവും, ബ്രസീൽ
[57-ാം പേജിലെ ചിത്രം]
ഡേലും പെറ്റെലിയും, ടുവാലു
[57-ാം പേജിലെ ചിത്രം]
സിസിലിയ, ന്യൂസിലൻഡ്
[58-ാം പേജിലെ ചിത്രം]
എലെന, സമോവ
[61-ാം പേജിലെ ചിത്രം]
പവലും മയ്യയും, ബിലേറസ്
[61-ാം പേജിലെ ചിത്രം]
റിച്ചാർഡും അദ്ദേഹത്തിന്റെ നായ ഇർവിനും, ബ്രിട്ടൻ